Malayalam: Unlocked Literal Bible for 1 . കൊരിന്ത്യർ, 1 . തിമൊഥെയൊസ്, 1 . തെസ്സലോനിക്യർ, 1 . പത്രൊസ്, 1 . യോഹന്നാൻ, 2 . തിമൊഥെയൊസ്, 2 . തെസ്സലോനിക്യർ, 2 . യോഹന്നാൻ, 3 . യോഹന്നാൻ, അപ്പൊ. പ്രവൃത്തികൾ, ആമോസ്, ആവർത്തനപുസ്തകം, ഇയ്യോബ്, ഉത്തമഗീതം, ഉല്പത്തിപുസ്തകം, എഫെസ്യർ, എബ്രായർ, എസ്ഥേർ, എസ്രാ, ഓബദ്യാവു, കൊലൊസ്സ്യർ, ഗലാത്യർ, തീത്തൊസ്, ദാനീയേലിന്റെ പുസ്തകം, ദിനവൃത്താന്തം: ഒന്നാം പുസ്തകം, ദിനവൃത്താന്തം: രണ്ടാം പുസ്തകം, നഹൂം, നെഹെമ്യാവു, ന്യായാധിപന്മാർ, പുറപ്പാടുപുസ്തകം, ഫിലിപ്യർ, ഫിലേമോൻ, മത്തായി, മലാഖി, മീഖാ, മർക്കൊസ്, യാക്കോബ്, യിരെമ്യാപ്രവാചകന്റെ പുസ്തകം, യൂദാ, യെശയ്യാപ്രവാചകന്റെ പുസ്തകം, യെഹെസ്കേൽപ്രവാചകന്റെ പുസ്തകം, യോനാ, യോവേൽ, യോശുവ, യോഹന്നാൻ, രാജാക്കന്മാർ: ഒന്നാം പുസ്തകം, രാജാക്കന്മാർ: രണ്ടാം പുസ്തകം, രൂത്ത് .1, റോമർ, ലൂക്കോസ്, ലേവ്യപുസ്തകം, വിലാപങ്ങൾ, വെളിപാട്, ശമൂവേൽ: ഒന്നാം പുസ്തകം, ശമൂവേൽ: രണ്ടാം പുസ്തകം, സംഖ്യാപുസ്തകം, സങ്കീർത്തനങ്ങൾ, സദൃശവാക്യങ്ങൾ, സഭാപ്രസംഗി, സെഖര്യാവ്, സെഫന്യാവു, ഹഗ്ഗായി, ഹബക്കൂൿ, ഹോശേയ, ൨. കൊരിന്ത്യർ, ൨. പത്രൊസ്

Formatted for Translators

©2022 Wycliffe Associates
Released under a Creative Commons Attribution-ShareAlike 4.0 International License.
Bible Text: The English Unlocked Literal Bible (ULB)
©2017 Wycliffe Associates
Available at https://bibleineverylanguage.org/translations
The English Unlocked Literal Bible is based on the unfoldingWord® Literal Text, CC BY-SA 4.0. The original work of the unfoldingWord® Literal Text is available at https://unfoldingword.bible/ult/.
The ULB is licensed under the Creative Commons Attribution-ShareAlike 4.0 International License.
Notes: English ULB Translation Notes
©2017 Wycliffe Associates
Available at https://bibleineverylanguage.org/translations
The English ULB Translation Notes is based on the unfoldingWord translationNotes, under CC BY-SA 4.0. The original unfoldingWord work is available at https://unfoldingword.bible/utn.
The ULB Notes is licensed under the Creative Commons Attribution-ShareAlike 4.0 International License.
To view a copy of the CC BY-SA 4.0 license visit http://creativecommons.org/licenses/by-sa/4.0/
Below is a human-readable summary of (and not a substitute for) the license.
You are free to:
The licensor cannot revoke these freedoms as long as you follow the license terms.
Under the following conditions:
Notices:
You do not have to comply with the license for elements of the material in the public domain or where your use is permitted by an applicable exception or limitation.
No warranties are given. The license may not give you all of the permissions necessary for your intended use. For example, other rights such as publicity, privacy, or moral rights may limit how you use the material.

ഉല്പത്തിപുസ്തകം

1

1ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.2ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവ് വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു.

3വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി.4വെളിച്ചം നല്ലതു എന്നു ദൈവം കണ്ടു; ദൈവം വെളിച്ചവും ഇരുളും തമ്മിൽ വേർപിരിച്ചു.5ദൈവം വെളിച്ചത്തിന് പകൽ എന്നും ഇരുളിന് രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം. ദൈവം വെളിച്ചത്തിനു “പകൽ” എന്നും ഇരുളിനു “രാത്രി” എന്നും പേർ വിളിച്ചു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം.
6ദൈവം: “വെള്ളങ്ങളുടെ മദ്ധ്യേ ഒരു വിതാനം ഉണ്ടാകട്ടെ; അത് വെള്ളത്തിനും വെള്ളത്തിനും തമ്മിൽ വേർതിരിവായിരിക്കട്ടെ” എന്നു കല്പിച്ചു.7വിതാനം ഉണ്ടാക്കീട്ടു ദൈവം വിതാനത്തിൻ കീഴുള്ള വെള്ളവും വിതാനത്തിൻ മീതെയുള്ള വെള്ളവും തമ്മിൽ വേർപിരിച്ചു; അങ്ങനെ സംഭവിച്ചു.8ദൈവം വിതാനത്തിന് “ആകാശം” എന്ന് പേർ വിളിച്ചു. സന്ധ്യയായി ഉഷസ്സുമായി, രണ്ടാം ദിവസം.
9ദൈവം: “ആകാശത്തിൻ കീഴുള്ള വെള്ളം ഒരു സ്ഥലത്തു കൂടട്ടെ; ഉണങ്ങിയ നിലം കാണട്ടെ” എന്ന് കല്പിച്ചു; അങ്ങനെ സംഭവിച്ചു.10ഉണങ്ങിയ നിലത്തിന്നു ദൈവം ഭൂമി എന്നും വെള്ളത്തിന്റെ കൂട്ടത്തിന്നു സമുദ്രം എന്നും പേരിട്ടു; നല്ലതു എന്നു ദൈവം കണ്ടു.
11ഭൂമിയിൽനിന്നു പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയിൽ അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവരട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.12ഭൂമിയിൽ നിന്നു പുല്ലും അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവന്നു; നല്ലതു എന്നു ദൈവം കണ്ടു.13സന്ധ്യയായി ഉഷസ്സുമായി, മൂന്നാം ദിവസം.
14“പകലും രാവും തമ്മിൽ വേർതിരിവാൻ ആകാശവിതാനത്തിൽ വെളിച്ചങ്ങൾ ഉണ്ടാകട്ടെ; അവ അടയാളങ്ങളായും കാലങ്ങളും, ദിവസങ്ങളും, വർഷങ്ങളും എന്നിവ തിരിച്ചറിവാനായും ഇരിക്കട്ടെ;15ഭൂമിയെ പ്രകാശിപ്പിപ്പാൻ ആകാശവിതാനത്തിൽ അവ വെളിച്ചങ്ങളായിരിക്കട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
16പകൽ വാഴേണ്ടതിന് വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന് വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി.17ഭൂമിയെ പ്രകാശിപ്പിപ്പാനും പകലും രാത്രിയും വാഴുവാനും വെളിച്ചത്തെയും ഇരുളിനെയും തമ്മിൽ വേർപിരിപ്പാനുമായി18ദൈവം അവയെ ആകാശവിതാനത്തിൽ നിൎത്തി; നല്ലതു എന്നു ദൈവം കണ്ടു.19സന്ധ്യയായി ഉഷസ്സുമായി, നാലാം ദിവസം.
20“വെള്ളത്തിൽ ചരിക്കുന്ന 1 ജീവികൾ ധാരാളമായി ഉണ്ടാകട്ടെ; ഭൂമിയുടെ മീതെ ആകാശവിതാനത്തിൽ പറവജാതി പറക്കട്ടെ” എന്ന് ദൈവം കല്പിച്ചു.21ദൈവം വലിയ തിമിംഗലങ്ങളെയും വെള്ളത്തിൽ കൂട്ടമായി ജനിച്ചു ചലിക്കുന്ന അതതു തരം ജീവജന്തുക്കളെയും അതതു തരം പറവജാതിയെയും സൃഷ്ടിച്ചു; അതു നല്ലത് എന്നു ദൈവം കണ്ടു.
22“നിങ്ങൾ വർദ്ധിച്ചു പെരുകി സമുദ്രത്തിലെ വെള്ളത്തിൽ നിറയുവിൻ; പറവജാതി ഭൂമിയിൽ പെരുകട്ടെ” എന്നു കല്പിച്ചു ദൈവം അവയെ അനുഗ്രഹിച്ചു.23സന്ധ്യയായി ഉഷസ്സുമായി, അഞ്ചാം ദിവസം.
24“അതതു തരം കന്നുകാലി, ഇഴജാതി, കാട്ടുമൃഗം ഇങ്ങനെ അതതുതരം ജീവജന്തുക്കൾ ഭൂമിയിൽ നിന്നുണ്ടാകട്ടെ” എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.25ഇങ്ങനെ ദൈവം അതതു തരം കാട്ടുമൃഗങ്ങളെയും അതതു തരം കന്നുകാലികളെയും അതതു തരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി; നല്ലതു എന്നു ദൈവം കണ്ടു.
26അനന്തരം ദൈവം: “നാം2 നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും കന്നുകാലികളിന്മേലും സർവ്വഭൂമിയിന്മേലും3 ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും അവർക്ക് ആധിപത്യം ഉണ്ടായിരിക്കട്ടെ” എന്നു കല്പിച്ചു.27ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.
28ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു.29“ഭൂമിയിൽ എങ്ങും വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്റെ വിത്തുള്ള ഫലം കായിക്കുന്ന സകലവൃക്ഷങ്ങളും ഇതാ, ഞാൻ നിങ്ങൾക്കു തന്നിരിക്കുന്നു; അവ നിങ്ങൾക്ക് ആഹാരമായിരിക്കട്ടെ;
30ഭൂമിയിലെ സകലമൃഗങ്ങൾക്കും ആകാശത്തിലെ എല്ലാ പറവകൾക്കും ഭൂമിയിൽ ഇഴയുന്ന സകല ജന്തുക്കൾക്കും ജീവനുള്ള സകലത്തിനും ആഹാരമായിട്ടു പച്ചസസ്യം ഒക്കെയും ഞാൻ കൊടുത്തിരിക്കുന്നു” എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.31ദൈവം ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലത് എന്നു കണ്ടു. സന്ധ്യയായി ഉഷസ്സുമായി, ആറാം ദിവസം.


1 1:20 ചരിക്കുന്ന അല്ലെങ്കിൽ ചലിക്കുന്ന.
2 1:26 നാം പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ്
3 1:26 സർവ്വഭൂമിയിന്മേലും ഭൂമിയിലെ സർവ്വ വന്യജന്തുക്കളുടെമേലും എന്നുമാകാം.


1:2 പാഴായുംയിരെമ്യാവ് 4:23-25, യെശയ്യാവ് 14:12-15, യെഹെസ്കേൽ 28:11-19, ഇയ്യോബ് 9:7.
2

1ഇങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള ചരാചരങ്ങളൊക്കെയും തികഞ്ഞു.2ദൈവം ചെയ്ത പ്രവൃത്തി ഒക്കെയും അവിടുന്ന് തീർത്തശേഷം ദൈവം ചെയ്ത സകലപ്രവൃത്തിയിൽനിന്നും ഏഴാം ദിവസം വിശ്രമിച്ചു.3താൻ സൃഷ്ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയിൽനിന്നും അന്ന് അവിടുന്ന് വിശ്രമിച്ചതുകൊണ്ട് ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു.

4യഹോവയായ ദൈവം ഭൂമിയും ആകാശവും സൃഷ്ടിച്ച നാളിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചതിന്റെ ഉല്പത്തിവിവരം: വയലിലെ ചെടി ഒന്നും അതുവരെ ഭൂമിയിൽ ഉണ്ടായിരുന്നില്ല; വയലിലെ സസ്യം ഒന്നും മുളച്ചിരുന്നതുമില്ല.5യഹോവയായ ദൈവം ഭൂമിയിൽ മഴ പെയ്യിച്ചിരുന്നില്ല; നിലത്ത് വേല ചെയ്‌വാൻ മനുഷ്യനും ഉണ്ടായിരുന്നില്ല.6ഭൂമിയിൽ നിന്നു മഞ്ഞു പൊങ്ങി, നിലം ഒക്കെയും നനച്ചുവന്നു.
7യഹോവയായ ദൈവം നിലത്തെ പൊടികൊണ്ട് മനുഷ്യനെ നിർമ്മിച്ചിട്ട് അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, അങ്ങനെ മനുഷ്യൻ ജീവനുള്ളവനായിതീർന്നു.8അനന്തരം യഹോവയായ ദൈവം കിഴക്ക് ഏദെനിൽ ഒരു തോട്ടം ഉണ്ടാക്കി, അവിടുന്ന് സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി.
9കാണാൻ ഭംഗിയുള്ളതും ഭക്ഷണതിനു നല്ലതുമായ എല്ലാ വൃക്ഷങ്ങളും തോട്ടത്തിന്റെ നടുവിൽ ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും യഹോവയായ ദൈവം നിലത്തുനിന്നു മുളപ്പിച്ചു.10തോട്ടം നനയ്ക്കുവാൻ ഒരു നദി ഏദെനിൽനിന്നു പുറപ്പെട്ടു; അത് അവിടെനിന്ന് നാലു കൈവഴിയായി പിരിഞ്ഞു.
11ഒന്നാമത്തേതിന് പീശോൻ എന്ന് പേർ; അത് ഹവീലാദേശമൊക്കെയും ചുറ്റുന്നു; അവിടെ പൊന്നുണ്ട്.12ആ ദേശത്തിലെ പൊന്ന് മേൽത്തരമാകുന്നു; അവിടെ ഗുല്ഗുലുവും1 ഗോമേദകവും ഉണ്ട്.
13രണ്ടാം നദിക്ക് ഗീഹോൻ എന്നു പേർ; അത് കൂശ്‌ദേശമൊക്കെയും ചുറ്റുന്നു.14മൂന്നാം നദിക്ക് ഹിദ്ദേക്കെൽ എന്ന് പേർ; അത് അശ്ശൂരിനു കിഴക്കോട്ട് ഒഴുകുന്നു; നാലാം നദി ഫ്രാത്ത് ആകുന്നു.
15യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടു പോയി ഏദെൻ തോട്ടത്തിൽ വേല ചെയ്യുവാനും അതിനെ സൂക്ഷിക്കുവാനും അവിടെ ആക്കി.16യഹോവയായ ദൈവം മനുഷ്യനോട് കല്പിച്ചത് എന്തെന്നാൽ: “തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്ക് ഇഷ്ടംപോലെ തിന്നാം.17എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുത്; തിന്നുന്ന നാളിൽ നീ നിശ്ചയമായി മരിക്കും.”

18അനന്തരം യഹോവയായ ദൈവം: “മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ല; ഞാൻ അവന് തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും” എന്ന് അരുളിച്ചെയ്തു.19യഹോവയായ ദൈവം ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തുനിന്നു നിർമ്മിച്ചിട്ട് ആദാം അവയ്ക്ക് എന്ത് പേരിടുമെന്ന് കാണുവാൻ അവന്റെ മുമ്പിൽ വരുത്തി; സകല ജീവജന്തുക്കൾക്കും ആദാം ഇട്ടത് അവയ്ക്ക് പേരായി.20ആദാം എല്ലാകന്നുകാലികൾക്കും ആകാശത്തിലെ പറവകൾക്കും എല്ലാകാട്ടുമൃഗങ്ങൾക്കും പേരിട്ടു; എങ്കിലും മനുഷ്യനു തക്കതായൊരു തുണ കണ്ടുകിട്ടിയില്ല.
21ആകയാൽ യഹോവയായ ദൈവം മനുഷ്യന് ഒരു ഗാഢനിദ്ര വരുത്തി; അവൻ ഉറങ്ങിയപ്പോൾ അവന്റെ വാരിയെല്ലുകളിൽ ഒന്ന് എടുത്ത് അതിനു പകരം മാംസം പിടിപ്പിച്ചു.22യഹോവയായ ദൈവം മനുഷ്യനിൽനിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്റെ അടുക്കൽ കൊണ്ടുവന്നു.23അപ്പോൾ ആദാം; “ഇത് ഇപ്പോൾ എന്റെ അസ്ഥിയിൽ നിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു. ഇവളെ നരനിൽനിന്ന് എടുത്തിരിക്കയാൽ ഇവൾക്ക് നാരി എന്ന് പേരാകും” എന്നു പറഞ്ഞു.
24അതുകൊണ്ട് പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞ് ഭാര്യയോടു പറ്റിച്ചേരും; അവർ ഒരുദേഹമായി തീരും.25മനുഷ്യനും ഭാര്യയും ഇരുവരും നഗ്നരായിരുന്നു; അവർക്ക് നാണം തോന്നിയതുമില്ല.


1 2:12 ഗുല്ഗുലുവും ഒരു പ്രത്യേക വൃക്ഷത്തിൽനിന്നു ലഭിക്കുന്ന സൗഭ്യവാസനയുള്ള കറ അല്ലെങ്കിൽ വിലയേറിയ രത്നം എന്നും ആകാം.

3

1യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പ് കൗശലമേറിയതായിരുന്നു. അതു സ്ത്രീയോട്: “തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ?” എന്നു ചോദിച്ചു.2സ്ത്രീ പാമ്പിനോട്: “തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങൾക്കു തിന്നാം;3എന്നാൽ നിങ്ങൾ മരിക്കാതിരിക്കേണ്ടതിനു തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിന്റെ ഫലം തിന്നരുത്, തൊടുകയും അരുത് എന്ന് ദൈവം കല്പിച്ചിട്ടുണ്ട്” എന്നു പറഞ്ഞു.

4പാമ്പ് സ്ത്രീയോട്: “നിങ്ങൾ മരിക്കയില്ല നിശ്ചയം;5അത് തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണ് തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്ന് ദൈവം അറിയുന്നു” എന്നു പറഞ്ഞു.6ആ വൃക്ഷഫലം തിന്നുവാൻ നല്ലതും കാണുവാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാൻ ആഗ്രഹിക്കതക്കതും എന്നു സ്ത്രീ കണ്ട് ഫലം പറിച്ചു തിന്നു ഭർത്താവിനും കൊടുത്തു; അവനും തിന്നു.
7ഉടനെ രണ്ടുപേരുടെയും കണ്ണ് തുറന്നു തങ്ങൾ നഗ്നരെന്ന് അറിഞ്ഞ്, അത്തിയില കൂട്ടിത്തുന്നി തങ്ങൾക്ക് അരയാട1 ഉണ്ടാക്കി.8വെയിലാറിയപ്പോൾ യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ഒച്ച2 അവർ കേട്ടു; മനുഷ്യനും ഭാര്യയും യഹോവയായ ദൈവത്തിന്റെ സന്നിധിയിൽനിന്ന് തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒളിച്ചു.
9യഹോവയായ ദൈവം മനുഷ്യനെ വിളിച്ചു: “നീ എവിടെ? എന്നു ചോദിച്ചു.10“തോട്ടത്തിൽ അവിടുത്തെ ഒച്ച കേട്ടിട്ട് ഞാൻ നഗ്നനാകകൊണ്ട് ഭയപ്പെട്ട് ഒളിച്ചു” എന്ന് അവൻ പറഞ്ഞു.11“നീ നഗ്നനെന്നു നിന്നോട് ആര് പറഞ്ഞു? തിന്നരുതെന്ന് ഞാൻ നിന്നോട് കല്പിച്ച വൃക്ഷഫലം നീ തിന്നുവോ?എന്നു അവൻ ചോദിച്ചു.
12അതിന് മനുഷ്യൻ: “എന്നോടു കൂടെ ഇരിക്കുവാൻ അവിടുന്ന് തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു; ഞാൻ തിന്നുകയും ചെയ്തു” എന്നു പറഞ്ഞു.13യഹോവയായ ദൈവം സ്ത്രീയോട്: “നീ എന്താണ് ഈ ചെയ്തത്? എന്നു ചോദിച്ചതിന്: “പാമ്പ് എന്നെ വഞ്ചിച്ചു, ഞാൻ തിന്നുപോയി” എന്ന് സ്ത്രീ പറഞ്ഞു.
14യഹോവയായ ദൈവം പാമ്പിനോട് കല്പിച്ചത്: “നീ ഇത് ചെയ്തതുകൊണ്ട് എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവച്ച് നീ ശപിക്കപ്പെട്ടിരിക്കുന്നു; നീ ഉരസ്സുകൊണ്ടു ഇഴഞ്ഞ് നിന്റെ ജീവിതകാലമൊക്കെയും പൊടി തിന്നും.15ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.”
16സ്ത്രീയോട് കല്പിച്ചത്: “ഞാൻ നിനക്ക് കഷ്ടവും ഗർഭധാരണവും ഏറ്റവും വർദ്ധിപ്പിക്കും; നീ വേദനയോടെ മക്കളെ പ്രസവിക്കും; നിന്റെ ആഗ്രഹം നിന്റെ ഭർത്താവിനോട് ആകും; അവൻ നിന്നെ ഭരിക്കും.”
17ആദാമിനോട് കല്പിച്ചതോ: “നീ നിന്റെ ഭാര്യയുടെ വാക്ക് അനുസരിക്കയും തിന്നരുതെന്ന് ഞാൻ കല്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ട് നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു; നിന്റെ ജീവകാലമൊക്കെയും നീ കഷ്ടതയോടെ അതിൽനിന്നു ഭക്ഷണം കഴിക്കും.18മുള്ളും പറക്കാരയും3 നിനക്ക് അതിൽനിന്നു മുളയ്ക്കും; വയലിലെ സസ്യം നീ ഭക്ഷിക്കും.19നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു; അതിൽ തിരികെ ചേരുംവരെ മുഖത്തെ വിയർപ്പോടെ നീ അപ്പം ഭക്ഷിക്കും; നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും.”
20ജീവനുള്ള എല്ലാവർക്കും മാതാവായതുകൊണ്ട് ആദാം തന്റെ ഭാര്യയ്ക്കു ഹവ്വാ എന്നു പേരിട്ടു.21യഹോവയായ ദൈവം ആദാമിനും അവന്റെ ഭാര്യയ്ക്കും തോൽകൊണ്ട് വസ്ത്രം ഉണ്ടാക്കി അവരെ ധരിപ്പിച്ചു.

22യഹോവയായ ദൈവം: “നോക്കൂ, മനുഷ്യൻ നന്മതിന്മകളെ അറിയുവാനായി നമ്മിൽ ഒരുവനെപ്പോലെ ആയിത്തീർന്നിരിക്കുന്നു; ഇപ്പോൾ അവൻ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലം കൂടെ പറിച്ചുതിന്ന് എന്നേക്കും ജീവിക്കുവാൻ ഇടവവരരുത്” എന്നു കല്പിച്ചു.23അവനെ എടുത്തിരുന്ന നിലത്ത് കൃഷി ചെയ്യേണ്ടതിന് യഹോവയായ ദൈവം അവനെ ഏദെൻതോട്ടത്തിൽനിന്നു പുറത്താക്കി.24ഇങ്ങനെ ദൈവം മനുഷ്യനെ ഇറക്കിവിട്ടു; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴി കാവൽചെയ്യുവാൻ അവിടുന്ന് ഏദെൻ തോട്ടത്തിന് കിഴക്ക് കെരൂബുകളെ എല്ലാ വശത്തേക്കും തിരിഞ്ഞുകൊണ്ടിരിക്കുന്ന ജ്വാലയുള്ള ഒരു വാളുമായി നിർത്തി.


1 3:7 അരയാട അര മറയ്ക്കന്ന വസ്ത്രം.
2 3:8 ഒച്ച ശബ്ദം എന്നുമാകാം.
3 3:18 പറക്കാരയും മൂലഭാഷയിൽ മുൾച്ചെടി, കാരമുള്ള് എന്നുമാകാം.

4

1ആദാം തന്റെ ഭാര്യയായ ഹവ്വയെ പരിഗ്രഹിച്ചു; അവൾ ഗർഭം ധരിച്ചു കയീനെ പ്രസവിച്ചു: “യഹോവയാൽ എനിക്കു ഒരു പുരുഷസന്തതിയെ ലഭിച്ചു” എന്നു പറഞ്ഞു.2പിന്നെ അവൾ അവന്റെ അനുജനായ ഹാബെലിനെ പ്രസവിച്ചു. ഹാബെൽ ആട്ടിടയനും കയീൻ കൃഷിക്കാരനും ആയിത്തീർന്നു.

3കുറെക്കാലം കഴിഞ്ഞിട്ട് കയീൻ നിലത്തെ ഫലത്തിൽനിന്ന് യഹോവയ്ക്ക് ഒരു വഴിപാട് കൊണ്ടുവന്നു.4ഹാബെലും ആട്ടിൻ കൂട്ടത്തിലെ ആദ്യം ജനിച്ചവയിൽനിന്ന്, അവയുടെ കൊഴുപ്പുള്ള ഭാഗങ്ങളിൽനിന്ന് ഒരു വഴിപാടു കൊണ്ടുവന്നു. യഹോവ ഹാബെലിലും അവന്റെ വഴിപാടിലും പ്രസാദിച്ചു.5കയീനിലും അവന്റെ വഴിപാടിലും അവിടുന്ന് പ്രസാദിച്ചില്ല. കയീൻ വളരെ കോപിച്ചു, അവന്റെ മുഖം വാടി.
6അപ്പോൾ യഹോവ കയീനോട്: “നീ കോപിക്കുന്നത് എന്തിന്? നിന്റെ മുഖം വാടുന്നതും എന്ത്?7നീ നന്മചെയ്യുന്നു എങ്കിൽ നീയും സ്വീകാര്യനാവുകയില്ലയോ? നീ നന്മ ചെയ്യുന്നില്ലെങ്കിലോ പാപം വാതില്ക്കൽ കിടക്കുന്നു; അതിന്റെ ആഗ്രഹം നിന്നോടാകുന്നു; നീയോ അതിനെ കീഴടക്കേണം” എന്നു കല്പിച്ചു.
8അപ്പോൾ കയീൻ തന്റെ അനുജനായ ഹാബെലിനോട്“നാം വയലിലേക്കു പോക” എന്നു പറഞ്ഞു. അവർ വയലിൽ ആയിരുന്നപ്പോൾ കയീൻ തന്റെ അനുജനായ ഹാബെലിനെതിരായി എഴുന്നേറ്റ് അവനെ കൊന്നു.9പിന്നെ യഹോവ കയീനോട്: “നിന്റെ അനുജനായ ഹാബെൽ എവിടെ?എന്നു ചോദിച്ചതിന്: “എനിക്ക് അറിഞ്ഞുകൂടാ; ഞാൻ എന്റെ അനുജന്റെ കാവൽക്കാരനോ?എന്നു അവൻ പറഞ്ഞു.
10അതിന് അവിടുന്ന് അരുളിച്ചെയ്തത്. “നീ എന്തു ചെയ്തു? നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദം ഭൂമിയിൽനിന്ന് എന്നോടു നിലവിളിക്കുന്നു.11ഇപ്പോൾ നിന്റെ കൈയിൽനിന്ന് നിന്റെ അനുജന്റെ രക്തം സ്വീകരിക്കുവാൻ വായ് തുറന്ന ദേശം വിട്ട് നീ ശാപഗ്രസ്തനായി പോകേണം.12നീ കൃഷി ചെയ്യുമ്പോൾ നിലം ഇനി ഒരിക്കലും അതിന്റെ വീര്യം നിനക്ക് തരികയില്ല; നീ ഭൂമിയിൽ അലഞ്ഞുതിരിയുന്നവൻ ആകും.”
13കയീൻ യഹോവയോട്: “എന്റെ ശിക്ഷ എനിക്ക് വഹിക്കുവാൻ കഴിയുന്നതിനെക്കാൾ വലുതാണ്.14ഇതാ, അങ്ങ് ഇന്ന് എന്നെ പുറത്താക്കികളയുന്നു; ഞാൻ തിരുസന്നിധിവിട്ട് ഒളിച്ചു ഭൂമിയിൽ അലഞ്ഞുതിരിയുന്നവൻ ആകും; ആരെങ്കിലും എന്നെ കണ്ടാൽ, എന്നെ കൊല്ലും” എന്നു പറഞ്ഞു.15യഹോവ അവനോട്: “അതുകൊണ്ട് ആരെങ്കിലും കയീനെ കൊന്നാൽ അവന്റെമേൽ ഏഴിരട്ടിയായി പ്രതികാരംചെയ്യും” എന്ന് അരുളിച്ചെയ്തു; കയീനെ കാണുന്നവർ ആരും അവനെ കൊല്ലാതിരിക്കേണ്ടതിനു യഹോവ കയീന്റെമേൽ ഒരു അടയാളം പതിച്ചു.

16അങ്ങനെ കയീൻ യഹോവയുടെ സന്നിധിയിൽ നിന്നു പുറപ്പെട്ട് ഏദെന് കിഴക്ക് നോദ് ദേശത്ത് ചെന്നു പാർത്തു.17കയീൻ തന്റെ ഭാര്യയെ പരിഗ്രഹിച്ചു; അവൾ ഗർഭം ധരിച്ചു ഹാനോക്കിനെ പ്രസവിച്ചു. കയീൻ ഒരു പട്ടണം പണിതു, ഹാനോക്ക് എന്നു തന്റെ മകന്റെ പേരിട്ടു.
18ഹാനോക്കിന് ഈരാദ് ജനിച്ചു; ഈരാദ് മെഹൂയയേലിനെ ജനിപ്പിച്ചു; മെഹൂയയേൽ മെഥൂശയേലിനെ ജനിപ്പിച്ചു; മെഥൂശയേൽ ലാമെക്കിനെ ജനിപ്പിച്ചു.19ലാമെക്ക് രണ്ടു ഭാര്യമാരെ എടുത്തു; ഒരുവൾക്ക് ആദാ എന്നും മറ്റവൾക്കു സില്ലാ എന്നും പേർ.
20ആദാ യാബാലിനെ പ്രസവിച്ചു; അവൻ കൂടാരങ്ങളിൽ വസിക്കുന്നവർക്കും പശുകളെ സംരക്ഷിക്കുന്നവർക്കും പിതാവായിരുന്നു.21അവന്റെ സഹോദരന് യൂബാൽ എന്നു പേർ. ഇവൻ കിന്നരവും ഓടക്കുഴലും വായിക്കുന്ന എല്ലാവർക്കും പിതാവായിരുന്നു.22സില്ലാ തൂബൽകയീനെ പ്രസവിച്ചു; അവൻ ചെമ്പുപണിക്കാരുടെയും ഇരിമ്പുപണിക്കാരുടെയും ഗുരുവായിരുന്നു; നയമാ ആയിരുന്നു തൂബൽകയീന്റെ സഹോദരി .
23ലാമെക്ക് തന്റെ ഭാര്യമാരോടു പറഞ്ഞത്:
“ആദയും സില്ലയും ആയുള്ളോരേ, എന്റെ വാക്കു കേൾക്കുവിൻ;
ലാമെക്കിൻ ഭാര്യമാരേ, എന്റെ വചനത്തിനു ചെവി തരുവിൻ!
എന്നെ മുറിപ്പെടുത്തിയ ഒരു പുരുഷനെയും
എന്നെ പരിക്കേൽപ്പിച്ച ഒരു യുവാവിനെയും ഞാൻ കൊന്നു.
24കയീനുവേണ്ടി ഏഴിരട്ടി പകരം ചെയ്യുമെങ്കിൽ
ലാമെക്കിനുവേണ്ടി എഴുപത്തേഴു ഇരട്ടി പകരം ചെയ്യും.”

25ആദാം തന്റെ ഭാര്യയെ പിന്നെയും പരിഗ്രഹിച്ചു; അവൾ ഒരു മകനെ പ്രസവിച്ചു: “കയീൻ കൊന്ന ഹാബെലിനു പകരം ദൈവം എനിക്ക് മറ്റൊരു സന്തതിയെ തന്നു” എന്നു പറഞ്ഞ് അവന് ശേത്ത് എന്നു പേരിട്ടു.26ശേത്തിനും ഒരു മകൻ ജനിച്ചു; അവന് എനോശ് എന്നു പേരിട്ടു. ആ കാലത്ത് യഹോവയുടെ നാമത്തിലുള്ള ആരാധന തുടങ്ങി.

5

1ആദാമിന്റെ വംശപാരമ്പര്യമാണിത്: ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ദൈവത്തിന്റെ സാദൃശ്യത്തിൽ അവനെ ഉണ്ടാക്കി; ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു;2സൃഷ്ടിച്ച നാളിൽ അവരെ അനുഗ്രഹിക്കയും അവർക്കു ആദാമെന്നു പേരിടുകയും ചെയ്തു.

3ആദാമിന് നൂറ്റിമുപ്പത് വയസ്സായപ്പോൾ അവൻ തന്റെ സാദൃശ്യത്തിൽ തന്റെ സ്വരൂപപ്രകാരം ഒരു മകനെ ജനിപ്പിച്ചു; അവന് ശേത്ത് എന്നു പേരിട്ടു.4ശേത്തിനെ ജനിപ്പിച്ചശേഷം ആദാം എണ്ണൂറു വർഷം ജീവിച്ചിരുന്നു;അവന് പുത്രന്മാരും പുത്രിമാരും ഉണ്ടായിരുന്നു.5ആദാമിന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തി മുപ്പത് വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.

6ശേത്തിന് നൂറ്റഞ്ച് വയസ്സായപ്പോൾ അവൻ എനോശിനെ ജനിപ്പിച്ചു.7എനോശിനെ ജനിപ്പിച്ച ശേഷം ശേത്ത് എണ്ണൂറ്റേഴ് വർഷം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.8ശേത്തിന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തി പന്ത്രണ്ട് വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.

9എനോശിന് തൊണ്ണൂറു വയസ്സായപ്പോൾ അവൻ കേനാനെ ജനിപ്പിച്ചു.10കേനാനെ ജനിപ്പിച്ച ശേഷം എനോശ് എണ്ണൂറ്റി പതിനഞ്ച് വർഷം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.11എനോശിന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തഞ്ച് വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.

12കേനാന് എഴുപത് വയസ്സായപ്പോൾ അവൻ മഹലലേലിനെ ജനിപ്പിച്ചു.13മഹലലേലിനെ ജനിപ്പിച്ച ശേഷം കേനാൻ എണ്ണൂറ്റിനാല്പത് വർഷം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.14കേനാന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തിപത്ത് വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.

15മഹലലേലിന് അറുപത്തഞ്ച് വയസ്സായപ്പോൾ അവൻ യാരെദിനെ ജനിപ്പിച്ചു.16യാരെദിനെ ജനിപ്പിച്ച ശേഷം മഹലലേൽ എണ്ണൂറ്റി മുപ്പത് വർഷം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.17മഹലലേലിന്റെ ആയുഷ്കാലം ആകെ എണ്ണൂറ്റി തൊണ്ണൂറ്റഞ്ച് വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.

18യാരെദിന് നൂറ്ററുപത്തിരണ്ട് വയസ്സായപ്പോൾ അവൻ ഹാനോക്കിനെ ജനിപ്പിച്ചു.19ഹാനോക്കിനെ ജനിപ്പിച്ച ശേഷം യാരെദ് എണ്ണൂറ് വർഷം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.20യാരെദിന്റെ ആയൂഷ്കാലം ആകെ തൊള്ളായിരത്തറുപത്തിരണ്ട് വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.

21ഹാനോക്കിന് അറുപത്തഞ്ച് വയസ്സായപ്പോൾ അവൻ മെഥൂശലഹിനെ ജനിപ്പിച്ചു.22മെഥൂശലഹിനെ ജനിപ്പിച്ച ശേഷം ഹാനോക്ക് മൂന്നൂറ് വർഷം ദൈവത്തോടുകൂടെ നടക്കുകയും പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കുകയും ചെയ്തു.23ഹാനോക്കിന്റെ ആയുഷ്കാലം ആകെ മുന്നൂറ്ററുപത്തഞ്ച് വർഷമായിരുന്നു.24ഹാനോക്ക് ദൈവത്തോടുകൂടെ നടന്നു, ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി.

25മെഥൂശലഹിന് നൂറ്റെൺപത്തേഴ് വയസ്സായപ്പോൾ അവൻ ലാമേക്കിനെ ജനിപ്പിച്ചു.26ലാമേക്കിനെ ജനിപ്പിച്ച ശേഷം മെഥൂശലഹ് എഴുനൂറ്റെൺപത്തിരണ്ട് വർഷം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.27മെഥൂശലഹിന്റെ ആയൂഷ്കാലം ആകെ തൊള്ളായിരത്തറുപത്തൊമ്പത് വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.

28ലാമേക്കിന് നൂറ്റെൺപത്തിരണ്ട് വയസ്സായപ്പോൾ അവൻ ഒരു മകനെ ജനിപ്പിച്ചു.29“യഹോവ ശപിച്ച ഭൂമിയിൽ നമ്മുടെ പ്രവൃത്തിയിലും നമ്മുടെ കൈകളുടെ അദ്ധ്വാനത്തിലും ഇവൻ നമ്മെ ആശ്വസിപ്പിക്കും” എന്നു പറഞ്ഞ് അവന് നോഹ എന്നു പേർ ഇട്ടു.
30നോഹയെ ജനിപ്പിച്ചശേഷം ലാമേക്ക് അഞ്ഞൂറ്റി തൊണ്ണൂറ്റഞ്ച് വർഷം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.31ലാമേക്കിന്റെ ആയൂഷ്കാലം ആകെ എഴുനൂറ്റെഴുപത്തേഴ് വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.

32നോഹയ്ക്ക് അഞ്ഞൂറ് വയസ്സായശേഷം നോഹ ശേമിനെയും ഹാമിനെയും യാഫെത്തിനെയും ജനിപ്പിച്ചു.

6

1മനുഷ്യർ ഭൂമിയിൽ പെരുകിത്തുടങ്ങി. അവർക്ക് പുത്രിമാർ ജനിച്ചപ്പോൾ2ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരെ സൗന്ദര്യമുള്ളവരെന്ന് കണ്ടിട്ട് തങ്ങൾക്ക് ഇഷ്ടമുള്ള ഏവരെയും ഭാര്യമാരായി എടുത്തു.3അപ്പോൾ യഹോവ: “മനുഷ്യനിൽ എന്റെ ആത്മാവ് എന്നേക്കും വാദിച്ചുകൊണ്ടിരിക്കുകയില്ല; അവൻ ജഡം1 തന്നേയല്ലോ; എങ്കിലും അവന്റെ ആയുസ്സ് നൂറ്റിരുപത് വർഷമാകും” എന്ന് അരുളിച്ചെയ്തു.

4അക്കാലത്ത് ഭൂമിയിൽ മല്ലന്മാർ ഉണ്ടായിരുന്നു; അതിന്റെ ശേഷവും ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരുടെ അടുക്കൽ ചെന്നിട്ട് അവർ മക്കളെ പ്രസവിച്ചു; ഇവരാകുന്നു പുരാതനകാലത്തെ വീരന്മാർ, പ്രശസ്തരായ പുരുഷന്മാർ തന്നെ.
5ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പോഴും ദോഷമുള്ളതത്രേ എന്നും യഹോവ കണ്ടു.6അവിടുന്ന് ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കിയതുകൊണ്ട് യഹോവ അനുതപിച്ചു; അത് അവിടുത്തെ ഹൃദയത്തിന് ദുഃഖമായി:
7“ഞാൻ സൃഷ്ടിച്ചിട്ടുള്ള മനുഷ്യനെ ഭൂമിയിൽനിന്ന് നശിപ്പിച്ചുകളയും; മനുഷ്യനെയും മൃഗത്തെയും ഇഴജാതിയെയും ആകാശത്തിലെ പക്ഷികളെയും തന്നെ; അവയെ ഉണ്ടാക്കിയതുകൊണ്ട് ഞാൻ അനുതപിക്കുന്നു” എന്നു യഹോവ അരുളിച്ചെയ്തു.8എന്നാൽ നോഹയ്ക്ക് യഹോവയുടെ ദൃഷ്ടിയിൽ കൃപ ലഭിച്ചു.

9നോഹയുടെ വംശാവലി ഇതാണ്: നോഹ നീതിമാനും തന്റെ തലമുറയിൽ നിഷ്കളങ്കനുമായിരുന്നു; നോഹ ദൈവത്തോടുകൂടെ നടന്നു.10ശേം, ഹാം, യാഫെത്ത് എന്ന മൂന്ന് പുത്രന്മാരെ നോഹ ജനിപ്പിച്ചു.
11എന്നാൽ ഭൂമി ദൈവത്തിന്റെ മുമ്പാകെ വഷളായി; ഭൂമി അതിക്രമംകൊണ്ട് നിറഞ്ഞിരുന്നു.12ദൈവം ഭൂമിയെ നോക്കി, അതു വഷളായി എന്നു കണ്ടു; സകലജഡവും2 ഭൂമിയിൽ തന്റെ വഴി വഷളാക്കിയിരുന്നു.

13ദൈവം നോഹയോട് കല്പിച്ചതെന്തെന്നാൽ: “സകലജഡത്തിന്റെയും അവസാനം എന്റെ മുമ്പിൽ വന്നിരിക്കുന്നു; ഭൂമി അവരാൽ അതിക്രമംകൊണ്ട് നിറഞ്ഞിരിക്കുന്നു; നോക്കൂ, ഞാൻ അവരെ ഭൂമിയോടുകൂടെ നശിപ്പിക്കും.14നീ ഗോഫർമരംകൊണ്ട് ഒരു പെട്ടകം ഉണ്ടാക്കുക; പെട്ടകത്തിന് മുറികൾ ഉണ്ടാക്കി, അകത്തും പുറത്തും കീൽ തേക്കേണം.15അത് ഉണ്ടാക്കേണ്ടത് എങ്ങനെ എന്നാൽ: പെട്ടകത്തിന്റെ നീളം മുന്നൂറ് മുഴം3 ; വീതി അമ്പത് മുഴം4 ; ഉയരം മുപ്പത് മുഴം5 .
16പെട്ടകത്തിന് ജനൽ ഉണ്ടാക്കേണം; മുകളിൽനിന്ന് ഒരു മുഴം താഴെ അതിനെ വയ്ക്കേണം; പെട്ടകത്തിന്റെ വാതിൽ പെട്ടകത്തിന്റെ വശത്തു വയ്ക്കേണം: താഴത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും നിലയായി അതിനെ ഉണ്ടാക്കേണം.17നോക്കൂ, ആകാശത്തിൻ കീഴിൽനിന്നു ജീവശ്വാസമുള്ള സർവ്വജഡത്തെയും നശിപ്പിക്കുവാൻ ഞാൻ ഭൂമിയിൽ ഒരു ജലപ്രളയം വരുത്തും; ഭൂമിയിലുള്ളതൊക്കെയും നശിച്ചുപോകും.
18എന്നാൽ നിന്നോട് എന്റെ ഉടമ്പടി ഞാൻ സ്ഥാപിക്കും; നീയും നിന്റെ പുത്രന്മാരും ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും പെട്ടകത്തിൽ കടക്കേണം.19സകല ജീവികളിൽനിന്നും, സർവ്വജഡത്തിൽനിന്നും തന്നെ, രണ്ടുവീതം നിന്നോടുകൂടെ ജീവരക്ഷയ്ക്കായിട്ട് പെട്ടകത്തിൽ കയറ്റേണം; അവ ആണും പെണ്ണുമായിരിക്കേണം.
20അതതു തരം പക്ഷികളിൽനിന്നും അതതു തരം മൃഗങ്ങളിൽനിന്നും ഭൂമിയിലെ അതതു തരം ഇഴജാതികളിൽനിന്നൊക്കെയും രണ്ടുവീതം ജീവരക്ഷയ്ക്കായിട്ട് നിന്റെ അടുക്കൽ വരേണം.21നീയോ സകലഭക്ഷണസാധനങ്ങളിൽനിന്നും വേണ്ടുന്നത് എടുത്ത് ശേഖരിച്ചുകൊള്ളേണം; അത് നിനക്കും അവയ്ക്കും ആഹാരമായിരിക്കേണം.”22ദൈവം തന്നോട് കല്പിച്ചതൊക്കെയും അനുസരിച്ച് നോഹ ചെയ്തു; അങ്ങനെ തന്നെ അവൻ ചെയ്തു.


1 6:3 ജഡം പാപത്തിൽ ജനിച്ച് ദൈവത്തിൽനിന്ന് അകന്ന് പാപത്തിൽ ജീവിക്കുന്ന അവസ്ഥ.
2 6:12 സകലജഡവും സകലമനുഷ്യരും.
3 6:15 മുന്നൂറ് മുഴം 138 മീറ്റർ.
4 6:15 അമ്പത് മുഴം 23 മീറ്റർ.
5 6:15 മുപ്പത് മുഴം 14 മീറ്റർ.

7

1അനന്തരം യഹോവ നോഹയോട് കല്പിച്ചതെന്തെന്നാൽ: “നീയും നിന്റെ സർവ്വകുടുംബവുമായി പെട്ടകത്തിൽ പ്രവേശിക്കുക; ഞാൻ നിന്നെ ഈ തലമുറയിൽ എന്റെ മുമ്പാകെ നീതിമാനായി കണ്ടിരിക്കുന്നു.2ശുദ്ധിയുള്ള സകലമൃഗങ്ങളിൽനിന്നും ആണും പെണ്ണുമായി ഏഴു ജോഡിയും, ശുദ്ധിയില്ലാത്ത മൃഗങ്ങളിൽനിന്ന് ആണും പെണ്ണുമായി ഒരു ജോഡിയും,3ആകാശത്തിലെ പറവകളിൽനിന്നും പൂവനും പിടയുമായി ഏഴു ജോഡിയും, ഭൂമിയിലൊക്കെയും അവയുടെ വർഗ്ഗം ജീവനോടുനിലനിർത്തേണ്ടതിന് നീ ചേർത്തുകൊള്ളേണം.

4ഇനി ഏഴുദിവസം കഴിഞ്ഞിട്ട് ഞാൻ ഭൂമിയിൽ നാല്പത് രാവും നാല്പത് പകലും മഴ പെയ്യിക്കും; ഞാൻ ഉണ്ടാക്കിയിട്ടുള്ള സകല ജീവജാലങ്ങളെയും ഭൂമിയിൽനിന്ന് നശിപ്പിക്കും.”5യഹോവ തന്നോട് കല്പിച്ചതൊക്കെയും അനുസരിച്ച് നോഹ ചെയ്തു.

6ഭൂമിയിൽ ജലപ്രളയം ഉണ്ടായപ്പോൾ നോഹയ്ക്ക് അറുനൂറു വയസ്സായിരുന്നു.7നോഹയും പുത്രന്മാരും അവന്റെ ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും ജലപ്രളയം നിമിത്തം പെട്ടകത്തിൽ കടന്നു.
8ശുദ്ധിയുള്ള മൃഗങ്ങളിൽനിന്നും ശുദ്ധിയില്ലാത്ത മൃഗങ്ങളിൽനിന്നും പറവകളിൽനിന്നും ഭൂമിയിലുള്ള ഇഴജാതിയിൽനിന്നൊക്കെയും,9ദൈവം നോഹയോട് കല്പിച്ചപ്രകാരം രണ്ടുവീതം ആണും പെണ്ണുമായി നോഹയുടെ അടുക്കൽ വന്നു പെട്ടകത്തിൽ പ്രവേശിച്ചു.10ഏഴു ദിവസം കഴിഞ്ഞശേഷം ഭൂമിയിൽ ജലപ്രളയം തുടങ്ങി.
11നോഹയുടെ ആയുസ്സിന്റെ അറുനൂറാം വർഷത്തിൽ രണ്ടാം മാസം പതിനേഴാം തീയതി, അന്നുതന്നെ അത്യഗാധത്തിന്റെ ഉറവുകൾ ഒക്കെയും പിളർന്നു; ആകാശത്തിന്റെ ജാലകങ്ങളും തുറന്നു.12നാല്പത് രാവും നാല്പത് പകലും ഭൂമിയിൽ മഴ പെയ്തു.
13അന്നുതന്നെ നോഹയും നോഹയുടെ പുത്രന്മാരായ ശേമും ഹാമും യാഫേത്തും നോഹയുടെ ഭാര്യയും അവരോടുകൂടെ അവന്റെ പുത്രന്മാരുടെ മൂന്നു ഭാര്യമാരും പെട്ടകത്തിൽ പ്രവേശിച്ചു.14അവരും എല്ലാ ഇനം കാട്ടുമൃഗങ്ങളും എല്ലാ ഇനം കന്നുകാലികളും നിലത്ത് ഇഴയുന്ന എല്ലാ ഇനം ഇഴജാതിയും എല്ലാ ഇനം പറവകളും എല്ലാ ഇനം പക്ഷികളും തന്നെ.
15ജീവശ്വാസമുള്ള സർവ്വജഡത്തിൽനിന്നും രണ്ടുവീതം നോഹയുടെ അടുക്കൽ വന്നു പെട്ടകത്തിൽ പ്രവേശിച്ചു.16ദൈവം അവനോട് കല്പിച്ചതുപോലെ അകത്തു പ്രവേശിച്ചവ സർവ്വജീവകളിൽനിന്നും1 ആണും പെണ്ണുമായി പ്രവേശിച്ചു; യഹോവ വാതിൽ അടച്ചു.
17ഭൂമിയിൽ നാല്പത് ദിവസം ജലപ്രളയം ഉണ്ടായി, വെള്ളം വർദ്ധിച്ചു പെട്ടകം പൊങ്ങി, നിലത്തുനിന്ന് ഉയർന്നു.18വെള്ളം പൊങ്ങി ഭൂമിയിൽ ഏറ്റവും പെരുകി; പെട്ടകം വെള്ളത്തിൽ ഒഴുകിത്തുടങ്ങി.
19വെള്ളം ഭൂമിയിൽ അത്യധികം പൊങ്ങി, ആകാശത്തിൻ കീഴെങ്ങുമുള്ള ഉയർന്ന പർവ്വതങ്ങളൊക്കെയും മൂടിപ്പോയി.20പർവ്വതങ്ങൾ മൂടുവാൻ തക്കവണ്ണം വെള്ളം പതിനഞ്ച് മുഴം അവയ്ക്കു മീതെ പൊങ്ങി.
21പറവകളും കന്നുകാലികളും കാട്ടുമൃഗങ്ങളും നിലത്ത് ഇഴയുന്ന എല്ലാ ഇഴജാതിയുമായി ഭൂമിയിൽ ചലിക്കുന്ന ജഡമൊക്കെയും2 സകലമനുഷ്യരും ചത്തുപോയി.22കരയിലുള്ള സകലത്തിലും മൂക്കിൽ ജീവശ്വാസമുള്ളതൊക്കെയും ചത്തു.
23അങ്ങനെ ദൈവം ഭൂമിയിൽ മനുഷ്യനും മൃഗങ്ങളും ഇഴജാതിയും ആകാശത്തിലെ പറവകളുമായി ഭൂമിയിൽ ഉണ്ടായിരുന്ന സകലജീവജാലങ്ങളെയും നശിപ്പിച്ചു; അവ ഭൂമിയിൽനിന്നു നശിച്ചുപോയി; നോഹയും അവനോടുകൂടെ പെട്ടകത്തിൽ ഉണ്ടായിരുന്നവരും മാത്രം ജീവനോടു ശേഷിച്ചു.24വെള്ളം ഭൂമിയിൽ നൂറ്റമ്പത് ദിവസം പൊങ്ങിക്കൊണ്ടിരുന്നു.


1 7:16 സർവ്വജീവകളിൽനിന്നും സർവ്വജഡത്തിൽനിന്നും എന്നും അർത്ഥം ഉണ്ട്.
2 7:21 ജഡമൊക്കെയും ജീവികളൊക്കെയും.

8

1ദൈവം നോഹയെയും അവനോടുകൂടെ പെട്ടകത്തിൽ ഉള്ള സകല ജീവികളെയും സകലമൃഗങ്ങളെയും ഓർത്തു; ദൈവം ഭൂമിമേൽ ഒരു കാറ്റ് അടിപ്പിച്ചു; വെള്ളം നിലച്ചു.2അഗാധത്തിലെ ഉറവുകളും ആകാശത്തിന്റെ ജാലകങ്ങളും അടഞ്ഞു; ആകാശത്തുനിന്നുള്ള മഴയും നിന്നു.3വെള്ളം തുടർച്ചയായി ഭൂമിയിൽനിന്നു ഇറങ്ങിക്കൊണ്ടിരുന്നു; നൂറ്റമ്പത് ദിവസം കഴിഞ്ഞശേഷം വെള്ളം കുറഞ്ഞുതുടങ്ങി.

4ഏഴാം മാസം പതിനേഴാം തീയതി പെട്ടകം അരരാത്ത് പർവ്വതത്തിൽ ഉറച്ചു.5പത്താം മാസം വരെ വെള്ളം തുടർച്ചയായി കുറഞ്ഞു; പത്താം മാസം ഒന്നാം തീയതി പർവ്വതശിഖരങ്ങൾ കാണുവാൻ തുടങ്ങി.
6നാല്പത് ദിവസം കഴിഞ്ഞശേഷം നോഹ താൻ പെട്ടകത്തിന് ഉണ്ടാക്കിയിരുന്ന ജനാല തുറന്നു.7അവൻ ഒരു മലങ്കാക്കയെ പുറത്തു വിട്ടു; അത് പുറപ്പെട്ട് ഭൂമിയിൽനിന്ന് വെള്ളം വറ്റിപ്പോയതുവരെ പോയും വന്നും കൊണ്ടിരുന്നു.
8ഭൂമുഖത്തുനിന്ന് വെള്ളം കുറഞ്ഞുവോ എന്ന് അറിയേണ്ടതിന് അവൻ ഒരു പ്രാവിനെയും തന്റെ അടുക്കൽനിന്ന് പുറത്തു വിട്ടു.9എന്നാൽ സർവ്വഭൂമുഖത്തും വെള്ളം കിടന്നിരുന്നതിനാൽ പ്രാവ് കാൽ വയ്ക്കുവാൻ സ്ഥലം കാണാതെ അവന്റെ അടുക്കൽ പെട്ടകത്തിലേക്കു മടങ്ങിവന്നു; അവൻ കൈനീട്ടി അതിനെ പിടിച്ചു തന്റെ അടുക്കൽ പെട്ടകത്തിൽ ആക്കി.
10ഏഴ് ദിവസം കഴിഞ്ഞിട്ട് അവൻ വീണ്ടും ആ പ്രാവിനെ പെട്ടകത്തിൽ നിന്നു പുറത്തു വിട്ടു.11പ്രാവ് വൈകുന്നേരത്ത് അവന്റെ അടുക്കൽ വന്നു; അതിന്റെ വായിൽ അതാ, ഒരു പച്ച ഒലിവില; അതിനാൽ ഭൂമിയിൽനിന്ന് വെള്ളം കുറഞ്ഞു എന്ന് നോഹ അറിഞ്ഞു.12പിന്നെയും ഏഴ് ദിവസം കഴിഞ്ഞിട്ട് അവൻ ആ പ്രാവിനെ പുറത്തു വിട്ടു; അത് പിന്നെ അവന്റെ അടുക്കൽ മടങ്ങി വന്നില്ല.
13ആറുനൂറ്റൊന്നാം വർഷം ഒന്നാം മാസം ഒന്നാം തീയതി ഭൂമിയിൽനിന്ന് വെള്ളം വറ്റിപ്പോയിരുന്നു; നോഹ പെട്ടകത്തിന്റെ മേല്ത്തട്ടു നീക്കി, ഭൂതലം ഉണങ്ങിയിരിക്കുന്നു എന്ന് കണ്ടു.14രണ്ടാം മാസം ഇരുപത്തേഴാം തീയതി ഭൂമി ഉണങ്ങിയിരുന്നു.

15ദൈവം നോഹയോട് അരുളിച്ചെയ്തത്:16“നീയും നിന്റെ ഭാര്യയും നിന്നോടുകൂടെയുള്ള പുത്രന്മാരും പുത്രന്മാരുടെ ഭാര്യമാരും പെട്ടകത്തിൽനിന്നു പുറത്തിറങ്ങുവിൻ.17പറവകളും മൃഗങ്ങളും നിലത്ത് ഇഴയുന്ന ഇഴജാതിയുമായ സർവ്വജഡത്തിൽനിന്നും നിന്നോടുകൂടെയുള്ള സകല ജീവികളെയും പുറത്ത് കൊണ്ടുവരിക; അവ ഭൂമിയിൽ ധാരാളമായി വർദ്ധിക്കുകയും പെറ്റു പെരുകുകയും ചെയ്യട്ടെ.”
18അങ്ങനെ നോഹയും അവനോടുകൂടെയുള്ള അവന്റെ പുത്രന്മാരും അവന്റെ ഭാര്യയും അവന്റെ പുത്രന്മാരുടെ ഭാര്യമാരും പുറത്തിറങ്ങി.19സകലമൃഗങ്ങളും ഇഴജാതികൾ ഒക്കെയും എല്ലാ പറവകളും ഭൂമിയിൽ സഞ്ചരിക്കുന്നതൊക്കെയും ഇനം ഇനമായി പെട്ടകത്തിന് പുറത്ത് ഇറങ്ങി.
20നോഹ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു, ശുദ്ധിയുള്ള സകല മൃഗങ്ങളിലും ശുദ്ധിയുള്ള എല്ലാപറവകളിലും ചിലത് എടുത്ത് യാഗപീഠത്തിന്മേൽ ഹോമയാഗം അർപ്പിച്ചു.21യഹോവ സൗരഭ്യവാസന മണത്തപ്പോൾ യഹോവ തന്റെ ഹൃദയത്തിൽ പറഞ്ഞത്: “ഞാൻ മനുഷ്യന്റെ നിമിത്തം ഇനി ഭൂമിയെ ശപിക്കയില്ല; മനുഷ്യന്റെ മനസിന്റെ നിരൂപണം ബാല്യം മുതൽ ദോഷമുള്ളത് ആകുന്നു; ഞാൻ ചെയ്തതുപോലെ സകലജീവികളെയും ഇനി നശിപ്പിക്കുകയില്ല.22ഭൂമിയുള്ള കാലത്തോളം വിതയും കൊയ്ത്തും, ശീതവും ഉഷ്ണവും, വേനലും വർഷവും, രാവും പകലും നിന്നുപോകയുമില്ല.”

9

1ദൈവം നോഹയെയും അവന്റെ പുത്രന്മാരെയും അനുഗ്രഹിച്ച് അവരോട് അരുളിച്ചെയ്തത്: “നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറയുവിൻ.2ഭൂമിയിലെ സകലമൃഗങ്ങൾക്കും ആകാശത്തിലെ എല്ലാപറവകൾക്കും ഭൂമിയിൽ സഞ്ചരിക്കുന്ന സകലത്തിനും സമുദ്രത്തിലെ സകലമത്സ്യങ്ങൾക്കും നിങ്ങളെപറ്റിയുള്ള പേടിയും നടുക്കവും ഉണ്ടാകും; അവയെ നിങ്ങളുടെ കൈയിൽ ഏല്പിച്ചിരിക്കുന്നു.

3സഞ്ചരിക്കുന്ന ജീവിക്കളൊക്കെയും നിങ്ങൾക്കു ആഹാരം ആയിരിക്കട്ടെ; പച്ചസസ്യംപോലെ ഞാൻ സകലവും നിങ്ങൾക്കു തന്നിരിക്കുന്നു.4ജീവനായിരിക്കുന്ന രക്തത്തോടുകൂടെ നിങ്ങൾ മാംസം ഭക്ഷിക്കരുത്.
5നിങ്ങളുടെ ജീവനായിരിക്കുന്ന രക്തത്തിന് ഞാൻ നിശ്ചയമായും പകരം ചോദിക്കും; സകലമൃഗത്തോടും മനുഷ്യനോടും ചോദിക്കും; ഓരോ മനുഷ്യന്റെ സഹോദരനോടും ഞാൻ മനുഷ്യന്റെ ജീവന് പകരം ചോദിക്കും.6ദൈവത്തിന്റെ സ്വരൂപത്തിൽ മനുഷ്യനെ ഉണ്ടാക്കിയതുകൊണ്ട് ആരെങ്കിലും മനുഷ്യന്റെ രക്തം ചൊരിയിച്ചാൽ മനുഷ്യനാൽ അവന്റെ രക്തം ചൊരിയപ്പെടണം.7ആകയാൽ നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകുവിൻ; ഭൂമിയിൽ ധാരാളമായി പെറ്റു പെരുകുവിൻ.”

8ദൈവം പിന്നെയും നോഹയോടും അവനോടുകൂടെയുള്ള അവന്റെ പുത്രന്മാരോടും അരുളിച്ചെയ്തത്:9“ഞാൻ, ഇതാ, നിങ്ങളോടും നിങ്ങൾക്കുശേഷമുള്ള നിങ്ങളുടെ സന്തതിയോടും10ഭൂമിയിൽ നിങ്ങളോടുകൂടെ ഉള്ള പക്ഷികളും കന്നുകാലികളും കാട്ടുമൃഗങ്ങളുമായ സകലജീവജന്തുക്കളോടും പെട്ടകത്തിൽനിന്നു പുറപ്പെട്ട സകലവുമായി ഭൂമിയിലെ സകലമൃഗങ്ങളോടും എന്റെ ഉടമ്പടി സ്ഥാപിക്കുന്നു.
11ഇനി സകലജഡവും ജലപ്രളയത്താൽ നശിക്കയില്ല; ഭൂമിയെ നശിപ്പിപ്പാൻ ഇനി ജലപ്രളയം ഉണ്ടാകയുമില്ല എന്നു ഞാൻ നിങ്ങളോടു എന്റെ ഉടമ്പടി സ്ഥാപിക്കുന്നു.”12പിന്നെയും ദൈവം അരുളിച്ചെയ്തത്: “ഞാനും നിങ്ങളും നിങ്ങളോടുകൂടെ ഉള്ള സകലജീവജന്തുക്കളും തമ്മിൽ തലമുറതലമുറയോളം സദാകാലത്തേക്കും ചെയ്യുന്ന ഉടമ്പടിയുടെ അടയാളം ആകുന്നു ഇത്:13ഞാൻ എന്റെ വില്ല് മേഘത്തിൽ വയ്ക്കുന്നു; അത് ഞാനും ഭൂമിയും തമ്മിലുള്ള ഉടമ്പടിയ്ക്ക് അടയാളമായിരിക്കും.
14ഞാൻ ഭൂമിയുടെ മീതെ മേഘം വരുത്തുമ്പോൾ മേഘത്തിൽ വില്ല് കാണും.15അപ്പോൾ ഞാനും നിങ്ങളും സർവ്വജഡവുമായ സകലജീവജന്തുക്കളും തമ്മിലുള്ള എന്റെ ഉടമ്പടി ഞാൻ ഓർക്കും; ഇനി സകലജഡത്തെയും നശിപ്പിക്കുവാൻ വെള്ളം ഒരു പ്രളയമായി തീരുകയുമില്ല.
16വില്ല് മേഘത്തിൽ ഉണ്ടാകും; ദൈവവും ഭൂമിയിലെ സർവ്വജഡവുമായ സകലജീവികളും തമ്മിൽ എന്നേക്കുമുള്ള ഉടമ്പടി ഓർക്കേണ്ടതിന് ഞാൻ അതിനെ നോക്കും.17എനിക്കും ഭൂമിയിലുള്ള സർവ്വ ജഡത്തിനും മദ്ധ്യേ ഞാൻ സ്ഥാപിച്ചിരിക്കുന്ന ഉടമ്പടിയ്ക്ക് ഇത് അടയാളം” എന്നും ദൈവം നോഹയോട് അരുളിച്ചെയ്തു.

18പെട്ടകത്തിന് പുറത്തു വന്ന നോഹയുടെ പുത്രന്മാർ ശേമും ഹാമും യാഫെത്തും ആയിരുന്നു; ഹാം കനാന്റെ പിതാവായിരുന്നു.19ഇവർ മൂന്നുപേരും നോഹയുടെ പുത്രന്മാർ; അവരെക്കൊണ്ടു ഭൂമി ഒക്കെയും നിറഞ്ഞു.
20നോഹ കൃഷിചെയ്‌വാൻ തുടങ്ങി; ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി.21അവൻ അതിലെ വീഞ്ഞുകുടിച്ച് ലഹരിപിടിച്ചു തന്റെ കൂടാരത്തിൽ വസ്ത്രം നീങ്ങി കിടന്നു.
22കനാന്റെ പിതാവായ ഹാം പിതാവിന്റെ നഗ്നത കണ്ടു വെളിയിൽ ചെന്ന് തന്റെ രണ്ട് സഹോദരന്മാരെയും അറിയിച്ചു.23ശേമും യാഫെത്തും ഒരു വസ്ത്രം എടുത്ത്, ഇരുവരുടെയും തോളിൽ ഇട്ടു, പിറകോട്ടു നടന്നു ചെന്ന് പിതാവിന്റെ നഗ്നത മറച്ചു; അവരുടെ മുഖം തിരിഞ്ഞിരുന്നതുകൊണ്ട് അവർ പിതാവിന്റെ നഗ്നത കണ്ടില്ല.
24നോഹ ലഹരിവിട്ടുണർന്നപ്പോൾ തന്റെ ഇളയമകൻ ചെയ്തത് അറിഞ്ഞു.25അപ്പോൾ അവൻ: “കനാൻ ശപിക്കപ്പെട്ടവൻ; അവൻ തന്റെ സഹോദരന്മാർക്ക് ദാസന്മാരിൽ ദാസനായിരിക്കും” എന്നു പറഞ്ഞു.
26“ശേമിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെട്ടവൻ; കനാൻ ശേമിന് ദാസനായിരിക്കട്ടെ.27ദൈവം യാഫെത്തിനെ വർദ്ധിപ്പിക്കട്ടെ; അവൻ ശേമിന്റെ കൂടാരങ്ങളിൽ വസിക്കട്ടെ; കനാൻ അവരുടെ ദാസനാകട്ടെ” എന്നും അവൻ പറഞ്ഞു.

28ജലപ്രളയത്തിനുശേഷം നോഹ മുന്നൂറ്റിഅമ്പത് വർഷം ജീവിച്ചിരുന്നു.29നോഹയുടെ ആയുഷ്കാലം ആകെ തൊള്ളായിരത്തിഅമ്പത് വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.

10

1നോഹയുടെ പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നിവരുടെ വംശാവലി: ജലപ്രളയത്തിനുശേഷം അവർക്ക് പുത്രന്മാർ ജനിച്ചു.

2യാഫെത്തിന്റെ പുത്രന്മാർ: ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബൽ, മേശെക്, തീരാസ്.3ഗോമെരിന്റെ പുത്രന്മാർ: അസ്കെനാസ്, രീഫത്ത്, തോഗർമ്മാ.4യാവാന്റെ പുത്രന്മാർ: എലീശാ, തർശീശ്, കിത്തീം, ദോദാനീം.5ഇവരിൽനിന്ന് ജാതികളുടെ തീരദേശജനതകൾ അതത് ദേശത്തിൽ ഭാഷഭാഷയായും ജനതജനതയായും കുടുംബംകുടുംബമായും വേർപിരിഞ്ഞു.

6ഹാമിന്റെ പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ.7കൂശിന്റെ പുത്രന്മാർ: സെബാ, ഹവീലാ, സബ്താ, രാമാ, സബ്തെക്കാ; രാമായുടെ പുത്രന്മാർ: ശെബയും ദെദാനും.
8കൂശ് നിമ്രോദിനെ ജനിപ്പിച്ചു; അവൻ ഭൂമിയിൽ ആദ്യവീരനായിരുന്നു.9അവൻ യഹോവയുടെ മുമ്പാകെ നായാട്ടു വീരനായിരുന്നു; അതുകൊണ്ട്: “യഹോവയുടെ മുമ്പാകെ നിമ്രോദിനെപ്പോലെ നായാട്ടുവീരൻ” എന്നു പഴഞ്ചൊല്ലുണ്ടായി.10ആരംഭത്തിൽ അവന്റെ രാജ്യം ശിനാർദേശത്ത് ബാബേൽ, ഏരെക്ക്, അക്കാദ്, കൽനേ എന്നിവ ആയിരുന്നു.
11ആ ദേശത്തനിന്ന് നിമ്രോദ് അശ്ശൂരിലേക്ക് പുറപ്പെട്ടു നീനവേ, രെഹോബൊത്ത് ഇർ, കാലഹ്,12നീനവേയ്ക്കും കാലഹിനും മദ്ധ്യേ മഹാനഗരമായ രേസെൻ എന്നിവ പണിതു.13മിസ്രയീമോ; ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം,14പത്രൂസീം, കസ്ളൂഹീം (ഇവരിൽനിന്നു ഫെലിസ്ത്യരും കഫ്തോരീമും ഉത്ഭവിച്ചു) എന്നിവരെ ജനിപ്പിച്ചു.

15കനാൻ തന്റെ ആദ്യജാതനായ സീദോൻ, ഹേത്ത്,16യെബൂസ്യൻ, അമോര്യൻ,17ഗിർഗ്ഗശ്യൻ, ഹിവ്യൻ, അർക്ക്യൻ, സീന്യൻ,18അർവ്വാദ്യൻ, സെമാര്യൻ, ഹമാത്യൻ എന്നിവരെ ജനിപ്പിച്ചു. പിന്നീട് കനാന്യരുടെ കുടുംബങ്ങൾ പരന്നു.
19കനാന്യരുടെ അതിർ സീദോൻ തുടങ്ങി ഗെരാരിലേക്കു പോകുന്ന വഴിയായി ഗസ്സാവരെയും സൊദോമിലേക്കും ഗൊമോരയിലേക്കും ആദ്മയിലേക്കും സെബോയീമിലേക്കും പോകുന്ന വഴിയായി ലാശവരെയും ആയിരുന്നു.20അവരവരുടെ ദേശത്തിലും അവരവരുടെ രാജ്യത്തിലും അതത് കുടുംബംകുടുംബമായും ഭാഷഭാഷയായും ഇവരായിരുന്നു ഹാമിന്റെ പുത്രന്മാർ.

21യാഫെത്തിന്റെ ജ്യേഷ്ഠനും ഏബെരിന്റെ സന്തതികൾക്കെല്ലാം പിതാവുമായ ശേമിനും മക്കൾ ജനിച്ചു.22ശേമിന്റെ പുത്രന്മാർ: ഏലാം, അശ്ശൂർ, അർപ്പക്ഷാദ്, ലൂദ്, അരാം.23അരാമിന്റെ പുത്രന്മാർ: ഊസ്, ഹൂൾ, ഗേഥെർ, മശ്.
24അർപ്പക്ഷാദ് ശാലഹിനെ ജനിപ്പിച്ചു; ശാലഹ് ഏബെരിനെ ജനിപ്പിച്ചു.25ഏബെരിന് രണ്ടു പുത്രന്മാർ ജനിച്ചു; ഒരുവന് പേലെഗ് എന്നു പേർ; അവന്റെ കാലത്തായിരുന്നു ഭൂവാസികൾ പിരിഞ്ഞുപോയത്; അവന്റെ സഹോദരന് യൊക്താൻ എന്നു പേർ.
26യൊക്താനോ: അല്മോദാദ്,27ശാലെഫ്, ഹസർമ്മാവെത്ത്, യാരഹ്, ഹദോരാം,28ഊസാൽ, ദിക്ലാ, ഓബാൽ, അബീമയേൽ,29ശെബാ, ഓഫീർ, ഹവീലാ, യോബാബ് എന്നിവരെ ജനിപ്പിച്ചു; ഇവർ എല്ലാവരും യൊക്താന്റെ പുത്രന്മാർ ആയിരുന്നു.
30അവരുടെ വാസസ്ഥലം മേശാതുടങ്ങി കിഴക്കൻമലയായ സെഫാർവരെ ആയിരുന്നു.31അതത് ദേശത്തിൽ ജനതജനതയായും കുടുംബംകുടുംബമായും ഭാഷഭാഷയായും ശേമിന്റെ പുത്രന്മാർ ഇവരായിരുന്നു.

32നോഹയുടെ പുത്രന്മാരുടെ കുടുംബങ്ങൾ ജനതജനതയായും തലമുറതലമുറയായും ഇവർ തന്നെ. ഇവരിൽനിന്നാകുന്നു ജലപ്രളയത്തിനുശേഷം ഭൂമിയിൽ ജനതകൾ പിരിഞ്ഞുപോയത്.

11

1ഭൂമിയിലൊക്കെയും ഒരേ ഭാഷയും ഒരേ വാക്കുകളുമാണ് ഉണ്ടായിരുന്നത്.2എന്നാൽ അവർ കിഴക്കുനിന്ന് യാത്ര ചെയ്തു, ശിനാർദേശത്ത് ഒരു സമതലഭൂമി കണ്ടെത്തി, അവിടെ പാർത്തു.

3അവർ തമ്മിൽ: “വരുവിൻ, നമുക്ക് ഇഷ്ടിക ഉണ്ടാക്കി നന്നായി ചുട്ടെടുക്കാം” എന്നു പറഞ്ഞു. അങ്ങനെ അവർ കല്ലിനു പകരം ഇഷ്ടികയും കുമ്മായത്തിനു പകരം പശമണ്ണും ഉപയോഗിച്ചു.4“വരുവിൻ; നാം ഭൂതലത്തിൽ ഒക്കെയും ചിതറിപ്പോകാതിരിപ്പാൻ നമുക്കായി ഒരു പട്ടണവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണിയുക; നമുക്കുവേണ്ടി ഒരു പേരുമുണ്ടാക്കുക” എന്ന് അവർ പറഞ്ഞു.
5മനുഷ്യന്റെ പുത്രന്മാർ പണിത പട്ടണവും ഗോപുരവും കാണേണ്ടതിന് യഹോവ ഇറങ്ങിവന്നു.6അപ്പോൾ യഹോവ: “ഇതാ, ജനം ഒന്ന്, അവർക്കെല്ലാവർക്കും ഭാഷയും ഒന്ന്; അവർ ചെയ്യുവാൻ പോകുന്നതിന്റെ തുടക്കം മാത്രമാണ് ഇത്; അവർ ചെയ്യുവാൻ ഉദ്ദേശിക്കുന്നതൊന്നും അവർക്കു അസാദ്ധ്യമാവുകയില്ല.7വരുവിൻ; നമുക്ക് ഇറങ്ങിച്ചെന്ന്, അവർ തമ്മിൽ സംസാരിക്കുന്നത് മനസ്സിലാകാതിരിപ്പാൻ അവരുടെ ഭാഷ കലക്കിക്കളക” എന്നു അരുളിച്ചെയ്തു.
8അങ്ങനെ യഹോവ അവരെ അവിടെനിന്ന് ഭൂതലത്തിലെങ്ങും ചിതറിച്ചു; അവർ പട്ടണം പണിയുന്നത് വിട്ടുകളഞ്ഞു.9സർവ്വഭൂമിയിലെയും ഭാഷ യഹോവ അവിടെവച്ചു കലക്കിക്കളഞ്ഞതുകൊണ്ട് അതിന് ബാബേൽ എന്നു പേരുവിളിച്ചു; യഹോവ അവരെ അവിടെനിന്ന് ഭൂതലത്തിൽ എങ്ങും ചിതറിച്ചുകളഞ്ഞു.

10ശേമിന്റെ വംശപാരമ്പര്യം ഇതാണ്: ശേമിന് നൂറു വയസ്സായപ്പോൾ ജലപ്രളയത്തിനു ശേഷം രണ്ട് വർഷം കഴിഞ്ഞ് അർപ്പക്ഷാദിനെ ജനിപ്പിച്ചു.11അർപ്പക്ഷാദിനെ ജനിപ്പിച്ചശേഷം ശേം അഞ്ഞൂറു വർഷം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.

12അർപ്പക്ഷാദിന് മുപ്പത്തഞ്ച് വയസ്സായപ്പോൾ അവൻ ശാലഹിനെ ജനിപ്പിച്ചു.13ശാലഹിനെ ജനിപ്പിച്ചശേഷം അർപ്പക്ഷാദ് നാനൂറ്റിമൂന്ന് വർഷം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.

14ശാലഹിന് മുപ്പത് വയസ്സായപ്പോൾ അവൻ ഏബെരിനെ ജനിപ്പിച്ചു.15ഏബെരിനെ ജനിപ്പിച്ചശേഷം ശാലഹ് നാനൂറ്റി മൂന്നു വർഷം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.

16ഏബെരിനു മുപ്പത്തിനാല് വയസ്സായപ്പോൾ അവൻ പേലെഗിനെ ജനിപ്പിച്ചു.17പേലെഗിനെ ജനിപ്പിച്ചശേഷം ഏബെർ നാനൂറ്റിമുപ്പത് വർഷം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.

18പേലെഗിന് മുപ്പതു വയ്സായപ്പോൾ അവൻ രെയൂവിനെ ജനിപ്പിച്ചു.19രെയൂവിനെ ജനിപ്പിച്ചശേഷം പേലെഗ് ഇരൂനൂറ്റിഒമ്പത് വർഷം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.

20രെയൂവിന് മുപ്പത്തിരണ്ട് വയസ്സായപ്പോൾ അവൻ ശെരൂഗിനെ ജനിപ്പിച്ചു.21ശെരൂഗിനെ ജനിപ്പിച്ചശേഷം രെയൂ ഇരുനൂറ്റിഏഴ് വർഷം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.

22ശെരൂഗിന് മുപ്പതു വയസ്സായപ്പോൾ അവൻ നാഹോരിനെ ജനിപ്പിച്ചു.23നാഹോരിനെ ജനിപ്പിച്ചശേഷം ശെരൂഗ് ഇരുനൂറു വർഷം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.

24നാഹോരിന് ഇരുപത്തൊമ്പതു വയസ്സായപ്പോൾ അവൻ തേരഹിനെ ജനിപ്പിച്ചു.25തേരഹിനെ ജനിപ്പിച്ചശേഷം നാഹോർ നൂറ്റിപ്പത്തൊമ്പതു വർഷം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.

26തേരഹിന് എഴുപതു വയസ്സായപ്പോൾ അവൻ അബ്രാം, നാഹോർ, ഹാരാൻ എന്നിവരെ ജനിപ്പിച്ചു.

27തേരഹിന്റെ വംശപാരമ്പര്യം ഇതാണ്: തേരഹ് അബ്രാമിനെയും നാഹോരിനെയും ഹാരാനെയും ജനിപ്പിച്ചു; ഹാരാൻ ലോത്തിനെ ജനിപ്പിച്ചു.28എന്നാൽ ഹാരാൻ തന്റെ ജന്മദേശത്തുവച്ചു, കൽദയരുടെ ഊരിൽവച്ചു1 തന്നെ, തന്റെ അപ്പനായ തേരഹിനു മുമ്പേ മരിച്ചുപോയി.
29അബ്രാമും നാഹോരും വിവാഹം കഴിച്ചു; അബ്രാമിന്റെ ഭാര്യക്കു സാറായി എന്നും നാഹോരിന്റെ ഭാര്യക്കു മിൽക്കാ എന്നും പേർ. മിൽക്കയുടെയും യിസ്കയുടെയും2 അപ്പനായ ഹാരാന്റെ മകളാണ് മിൽക്ക.30സാറായി മച്ചിയായിരുന്നു; അവൾക്കു കുട്ടികൾ ഉണ്ടായിരുന്നില്ല.
31തേരഹ് തന്റെ മകനായ അബ്രാമിനെയും ഹാരാന്റെ മകനായ തന്റെ കൊച്ചുമകൻ ലോത്തിനെയും തന്റെ മകനായ അബ്രാമിന്റെ ഭാര്യയായ, മരുമകളായ സാറായിയെയും കൂട്ടി കൽദയരുടെ ഊരിൽനിന്നു കനാൻദേശത്തേക്കു പോകുവാൻ പുറപ്പെട്ടു; അവർ ഹാരാൻ വരെ വന്ന് അവിടെ പാർത്തു.32തേരഹിന്റെ ആയുഷ്കാലം ഇരുനൂറ്റിയഞ്ച് വർഷം ആയിരുന്നു; തേരഹ് ഹാരാനിൽവച്ചു മരിച്ചു.


1 11:28 ഊരിൽവച്ചു കൽദയരുടെ ഒരു പട്ടണമാണ് ഊർ.
2 11:29 മിൽക്കയുടെയും യിസ്കയുടെയും ഹാരാന്റെ പുത്രിമാരായിരുന്നു മിൽക്കയും യിസ്കയും.

12

1യഹോവ അബ്രാമിനോട് അരുളിച്ചെയ്തത്: “നീ നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ടു ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോകുക.2ഞാൻ നിന്നെ വലിയോരു ജനതയാക്കും; ഞാൻ നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും.3നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും; നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; നിന്നിൽ ഭൂമിയിലെ സകലകുടുംബങ്ങളും1 അനുഗ്രഹിക്കപ്പെടും.”

4യഹോവ തന്നോട് കല്പിച്ചതുപോലെ അബ്രാം പുറപ്പെട്ടു; ലോത്തും അവനോടുകൂടെ പോയി; ഹാരാനിൽനിന്നു പുറപ്പെടുമ്പോൾ അബ്രാമിന് എഴുപത്തിഅഞ്ച് വയസ്സായിരുന്നു.5അബ്രാം തന്റെ ഭാര്യയായ സാറായിയെയും സഹോദരന്റെ മകനായ ലോത്തിനെയും തങ്ങൾ ഉണ്ടാക്കിയ സമ്പത്തുകളെയൊക്കെയും തങ്ങൾ ഹാരാനിൽവച്ചു സമ്പാദിച്ച ആളുകളെയും കൂട്ടിക്കൊണ്ട് കനാൻദേശത്തേക്കു പോകുവാൻ പുറപ്പെട്ടു. അങ്ങനെ അവർ കനാൻദേശത്ത് എത്തി.
6അബ്രാം ശേഖേമെന്ന സ്ഥലംവരെയും ഏലോൻമോരെവരെയും ദേശത്തുകൂടി സഞ്ചരിച്ചു. അന്ന് കനാന്യർ ദേശത്തു പാർത്തിരുന്നു.7യഹോവ അബ്രാമിനു പ്രത്യക്ഷനായി: “നിന്റെ സന്തതിക്കു ഞാൻ ഈ ദേശം കൊടുക്കും” എന്ന് അരുളിച്ചെയ്തു. തനിക്കു പ്രത്യക്ഷനായ യഹോവയ്ക്ക് അവൻ അവിടെ ഒരു യാഗപീഠം പണിതു.
8അവൻ അവിടെനിന്ന് ബേഥേലിനു കിഴക്കുള്ള മലയ്ക്ക് പുറപ്പെട്ടു; ബേഥേൽ പടിഞ്ഞാറും ഹായി കിഴക്കുമായി അവൻ തന്റെ കൂടാരം അടിച്ചു; അവിടെ അവൻ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു യഹോവയുടെ നാമത്തിൽ ആരാധിച്ചു.9അബ്രാം പിന്നെയും തെക്കോട്ടു യാത്രചെയ്തുകൊണ്ടിരുന്നു.

10ദേശത്ത് ക്ഷാമം ഉണ്ടായി; ദേശത്ത് ക്ഷാമം കഠിനമായി തീർന്നതുകൊണ്ട് അബ്രാം ഈജിപ്റ്റിൽ ചെന്നുപാർക്കുവാൻ അവിടേക്കു പോയി.11ഈജിപ്റ്റിൽ എത്താറായപ്പോൾ അവൻ തന്റെ ഭാര്യ സാറായിയോടു പറഞ്ഞത്: “ഇതാ, നീ സൗന്ദര്യമുള്ള സ്ത്രീയെന്ന് ഞാൻ അറിയുന്നു.12ഈജിപ്റ്റുകാർ നിന്നെ കാണുമ്പോൾ: ‘ഇവൾ അവന്റെ ഭാര്യ’ എന്നു പറഞ്ഞ് എന്നെകൊല്ലുകയും നിന്നെ ജീവിക്കുവാൻ അനുവദിക്കുകയും ചെയ്യും.13നിന്റെ നിമിത്തം എനിക്കു നന്മവരുവാനും ഞാൻ ജീവിച്ചിരിക്കുവാനും നീ എന്റെ സഹോദരിയെന്നു പറയേണം.”
14അങ്ങനെ അബ്രാം ഈജിപ്റ്റിൽ എത്തിയപ്പോൾ സ്ത്രീ അതിസുന്ദരി എന്ന് ഈജിപ്റ്റുകാർ കണ്ടു.15ഫറവോന്റെ പ്രഭുക്കന്മാരും അവളെ കണ്ടു, ഫറവോന്റെ മുമ്പാകെ അവളെ പ്രശംസിച്ചു; സ്ത്രീയെ ഫറവോന്റെ അരമനയിലേക്കു കൊണ്ടുപോയി.16അവളുടെ നിമിത്തം ഫറവോൻ അബ്രാമിന് നന്മ ചെയ്തു; അബ്രാമിന് ആടുമാടുകളും ആൺകഴുതകളും ദാസന്മാരും ദാസിമാരും പെൺകഴുതകളും ഒട്ടകങ്ങളും ഉണ്ടായിരുന്നു.
17അബ്രാമിന്റെ ഭാര്യയായ സാറായി നിമിത്തം യഹോവ ഫറവോനെയും അവന്റെ കുടുംബത്തെയും മഹാരോഗങ്ങളാൽ പീഡിപ്പിച്ചു.18അപ്പോൾ ഫറവോൻ അബ്രാമിനെ വിളിച്ചു: “നീ എന്നോട് ഈ ചെയ്തത് എന്ത്? അവൾ നിന്റെ ഭാര്യയെന്ന് നീ എന്നെ അറിയിക്കാഞ്ഞത് എന്ത്?19ഞാൻ അവളെ എന്റെ ഭാര്യയായിട്ട് എടുക്കത്തക്കവിധം അവൾ എന്റെ സഹോദരിയെന്ന് നീ എന്തിനു പറഞ്ഞു? ഇപ്പോൾ ഇതാ, നിന്റെ ഭാര്യ; അവളെ കൂട്ടിക്കൊണ്ടു നിന്റെ വഴിക്കുപോകുക” എന്നു പറഞ്ഞു.20ഫറവോൻ അബ്രാമിനെക്കുറിച്ചു തന്റെ ആളുകളോടു കല്പിച്ചു; അവർ അവനെയും അവന്റെ ഭാര്യയെയും അവനുള്ള സകലവുമായി പറഞ്ഞയച്ചു.


1 12:3 സകലകുടുംബങ്ങളും സകല വംശങ്ങളും എന്നുമാകാം.

13

1ഇങ്ങനെ അബ്രാമും ഭാര്യയും അവനുള്ളതൊക്കെയും അവനോടുകൂടെ ലോത്തും ഈജിപ്റ്റിൽനിന്നു പുറപ്പെട്ടു തെക്കെ ദേശത്തു വന്നു.2കന്നുകാലിയിലും, വെള്ളിയിലും, പൊന്നിലും അബ്രാം ബഹുസമ്പന്നനായിരുന്നു.

3അവൻ തന്റെ യാത്രയിൽ തെക്കുനിന്ന് ബേഥേൽവരെയും ബേഥേലിനും ഹായിക്കും മദ്ധ്യേ തനിക്ക് ആദിയിൽ കൂടാരം ഉണ്ടായിരുന്നതും താൻ ആദ്യമായി ഉണ്ടാക്കിയ യാഗപീഠമിരുന്നതുമായ സ്ഥലംവരെയും ചെന്നു.4അവിടെ അബ്രാം യഹോവയുടെ നാമത്തിൽ ആരാധിച്ചു.
5അബ്രാമിനോടുകൂടെവന്ന ലോത്തിനും ആടുമാടുകളും കൂടാരങ്ങളും ഉണ്ടായിരുന്നു.6അവർ ഒന്നിച്ചുപാർക്കുവാൻ തക്കവണ്ണം ദേശത്തിനു അവരെ താങ്ങുവാൻ കഴിയുമായിരുന്നില്ല; സമ്പത്ത് വളരെ ഉണ്ടായിരുന്നതുകൊണ്ട് അവർക്ക് ഒന്നിച്ചുപാർക്കുവാൻ കഴിഞ്ഞില്ല.7അബ്രാമിന്റെ കന്നുകാലികളുടെ ഇടയന്മാർക്കും ലോത്തിന്റെ കന്നുകാലികളുടെ ഇടയന്മാർക്കും തമ്മിൽ ശണ്ഠയുണ്ടായി; കനാന്യരും പെരീസ്യരും അന്ന് ദേശത്തു പാർത്തിരുന്നു.
8അതുകൊണ്ട് അബ്രാം ലോത്തിനോട്: “എനിക്കും നിനക്കും എന്റെ ഇടയന്മാർക്കും നിന്റെ ഇടയന്മാർക്കും തമ്മിൽ ശണ്ഠ ഉണ്ടാകരുതേ; നാം സഹോദരന്മാരല്ലോ.9ദേശം മുഴുവൻ നിന്റെ മുമ്പാകെ ഇല്ലയോ? എന്നെ വിട്ടുപിരിഞ്ഞാലും. നീ ഇടത്തോട്ടെങ്കിൽ ഞാൻ വലത്തോട്ടു പൊയ്ക്കൊള്ളാം; നീ വലത്തോട്ടു പോകുന്നുവെങ്കിൽ ഞാൻ ഇടത്തോട്ടു പൊയ്ക്കൊള്ളാം” എന്നു പറഞ്ഞു.
10അപ്പോൾ ലോത്ത് നോക്കി യോർദ്ദാനരികെയുള്ള പ്രദേശം ഒക്കെയും (യഹോവ സൊദോമിനെയും ഗൊമോരയെയും നശിപ്പിച്ചതിനു മുമ്പ്) യഹോവയുടെ തോട്ടം പോലെയും സോവർ വരെ ഈജിപ്റ്റുദേശംപോലെയും എല്ലായിടത്തും നീരോട്ടമുള്ളതെന്നു കണ്ടു.11ലോത്ത് യോർദ്ദാനരികെയുള്ള പ്രദേശം ഒക്കെയും തിരഞ്ഞെടുത്തു; ഇങ്ങനെ ലോത്ത് കിഴക്കോട്ടു യാത്രയായി; അവർ തമ്മിൽ പിരിഞ്ഞു.
12അബ്രാം കനാൻദേശത്തു പാർത്തു; ലോത്ത് ആ പ്രദേശത്തിലെ പട്ടണങ്ങളിൽ പാർത്തു സൊദോംവരെ കൂടാരം നീക്കി നീക്കി അടിച്ചു.13സൊദോംനിവാസികൾ യഹോവയുടെ മുമ്പാകെ മഹാദുഷ്ടന്മാരും പാപികളും ആയിരുന്നു.
14ലോത്ത് അബ്രാമിനെ വിട്ടുപിരിഞ്ഞശേഷം യഹോവ അബ്രാമിനോട് അരുളിച്ചെയ്തത്: “ഇപ്പോൾ തല ഉയർത്തി, നീ ആയിരിക്കുന്ന സ്ഥലത്തുനിന്നു വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കുക.15നീ കാണുന്ന ഭൂമി ഒക്കെയും ഞാൻ നിനക്കും നിന്റെ സന്തതിക്കും എന്നെന്നേക്കുമായി തരും.
16ഞാൻ നിന്റെ സന്തതിയെ ഭൂമിയിലെ പൊടിപോലെ ആക്കും: ഭൂമിയിലെ പൊടിയെ എണ്ണുവാൻ കഴിയുമെങ്കിൽ നിന്റെ സന്തതിയെയും എണ്ണുവാൻ കഴിയും.17എഴുന്നേറ്റ്, ദേശത്ത് നെടുകെയും കുറുകെയും നടക്കുക; ഞാൻ അത് നിനക്കു തരും.”18അപ്പോൾ അബ്രാം കൂടാരം നീക്കി ഹെബ്രോനിൽ മമ്രേയുടെ തോപ്പിൽ വന്നു പാർത്തു; അവിടെ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു.

14

1ശിനാർരാജാവായ അമ്രാഫെൽ, എലാസാർരാജാവായ അര്യോക്, ഏലാംരാജാവായ കെദൊർലായോമെർ, ജനതകളുടെ രാജാവായ തീദാൽ എന്നിവരുടെ കാലത്ത്2ഇവർ സൊദോംരാജാവായ ബേരാ, ഗൊമോറാരാജാവായ ബിർശാ, ആദ്മാരാജാവായ ശിനാബ്, സെബോയീംരാജാവായ ശെമേബെർ, സോവർ എന്ന ബേലയിലെ രാജാവ് എന്നിവരോട് യുദ്ധം ചെയ്തു.

3ഇവരെല്ലാവരും സിദ്ദീംതാഴ്വരയിൽ ഒന്നിച്ചുകൂടി. (അത് ഇപ്പോൾ ഉപ്പുകടലാകുന്നു).4അവർ പന്ത്രണ്ടു വർഷം കെദൊർലായോമെരിനെ സേവിച്ചു ; പതിമൂന്നാം വർഷത്തിൽ അവർ മത്സരിച്ചു.5അതുകൊണ്ട് പതിനാലാം വർഷത്തിൽ കെദൊർലായോമെരും അവനോടു കൂടെയുള്ള രാജാക്കന്മാരും വന്ന്, അസ്തെരോത്ത് കർന്നയീമിലെ രെഫായികളെയും ഹാമിലെ സൂസ്യരെയും ശാവേകിര്യാത്തായീമിലെ ഏമ്യരെയും6സേയീർമലയിലെ ഹോര്യരെയും മരുഭൂമിക്കു സമീപമുള്ള ഏൽ പാരാൻ വരെ തോല്പിച്ചു.
7പിന്നെ അവർ തിരിഞ്ഞു കാദേശ് എന്ന ഏൻമിശ്പാത്തിൽ വന്ന് അമാലേക്യരുടെ ദേശമൊക്കെയും ഹസെസോൻ-താമാരിൽ പാർത്തിരുന്ന അമോര്യരെയും കൂടെ തോല്പിച്ചു.8അപ്പോൾ സൊദോംരാജാവും ഗൊമോറാരാജാവും ആദ്മാരാജാവും സെബോയീംരാജാവും സോവർ എന്ന ബേലയിലെ രാജാവും പുറപ്പെട്ട് സിദ്ദീംതാഴ്വരയിൽവച്ച് യുദ്ധത്തിൽ ഒരുമിച്ചുകൂടി9ഏലാംരാജാവായ കെദൊർലായോമെർ, ജനതകളുടെ രാജാവായ തീദാൽ, ശിനാർരാജാവായ അമ്രാഫെൽ, എലാസാർരാജാവായ അര്യോക്ക് എന്നിവർക്കെതിരെ; നാല് രാജാക്കന്മാർ അഞ്ച് രാജാക്കന്മാരുടെ എതിരെ തന്നെ.
10സിദ്ദീംതാഴ്വരയിൽ കീൽകുഴികൾ1 വളരെയുണ്ടായിരുന്നു; സൊദോംരാജാവും ഗൊമോരാരാജാവും ഓടിപ്പോയി; ചിലർ കീൽകുഴിയിൽ വീണു; ശേഷിച്ചവർ പർവ്വതത്തിലേക്ക് ഓടിപ്പോയി.11സൊദോമിലും ഗൊമോരയിലും ഉള്ള സമ്പത്തും അവരുടെ ഭക്ഷണ സാധനങ്ങളും എല്ലാം അവർ എടുത്തുകൊണ്ട് അവരുടെ വഴിക്കുപോയി.12അബ്രാമിന്റെ സഹോദരന്റെ മകനായ സൊദോമിൽ പാർത്തിരുന്ന ലോത്തിനെയും അവന്റെ സമ്പത്തിനെയും അവർ പിടിച്ചുകൊണ്ടുപോയി.
13രക്ഷപ്പെട്ട ഒരുവൻ വന്നു എബ്രായനായ അബ്രാമിനെ അറിയിച്ചു. അവൻ എശ്ക്കോലിന്റെയും ആനേരിന്റെയും സഹോദരനായ അമോര്യനായ മമ്രേയുടെ തോപ്പിൽ പാർത്തിരുന്നു; അവർ അബ്രാമിനോടു സഖ്യത ചെയ്തവർ ആയിരുന്നു.14തന്റെ സഹോദരനെ ബദ്ധനാക്കി കൊണ്ടുപോയി എന്ന് അബ്രാം കേട്ടപ്പോൾ അവൻ തന്റെ വീട്ടിൽ ജനിച്ചവരും അഭ്യാസികളുമായ മുന്നൂറ്റിപതിനെട്ടു പേരെ കൂട്ടിക്കൊണ്ട് ദാൻവരെ പിന്തുടർന്നു.
15രാത്രിയിൽ അബ്രാം തന്റെ കൂട്ടങ്ങളെ അവർക്കെതിരെ വിഭാഗിച്ചു അവനും അവന്റെ ദാസന്മാരും അവരെ തോല്പിച്ചു ദമ്മേശെക്കിന്റെ വടക്കുഭാഗത്തുള്ള ഹോബാവരെ അവരെ പിന്തുടർന്നു.16അവൻ സമ്പത്തൊക്കെയും തിരികെക്കൊണ്ടു വന്നു; തന്റെ സഹോദരനായ ലോത്തിനെയും അവന്റെ സമ്പത്തിനെയും സ്ത്രീകളെയും ജനത്തെയും കൂടെ തിരികെക്കൊണ്ടുവന്നു.
17അബ്രാം കെദൊർലായോമെരിനെയും അവനോടുകൂടെ ഉണ്ടായിരുന്ന രാജാക്കന്മാരെയും തോല്പിച്ചിട്ട് മടങ്ങിവന്നപ്പോൾ സൊദോംരാജാവ് രാജതാഴ്വര എന്ന ശാവേതാഴ്വരവരെ അവനെ എതിരേറ്റുചെന്നു.18ശാലേംരാജാവായ മൽക്കീസേദെക്ക് അപ്പവും വീഞ്ഞുംകൊണ്ടുവന്നു; അവൻ അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു.
19അവൻ അബ്രാമിനെ അനുഗ്രഹിച്ചു: “സ്വർഗ്ഗത്തിനും ഭൂമിക്കും നാഥനായ അത്യുന്നതനായ ദൈവത്താൽ അബ്രാം അനുഗ്രഹിക്കപ്പെടുമാറാകട്ടെ;20നിന്റെ ശത്രുക്കളെ നിന്റെ കൈയിൽ ഏല്പിച്ച അത്യുന്നതനായ ദൈവം സ്തുതിക്കപ്പെടുമാറാകട്ടെ” എന്നു പറഞ്ഞു. മൽക്കീസേദെക്കിന് അബ്രാം സകലത്തിലും ദശാംശം കൊടുത്തു.
21സൊദോംരാജാവ് അബ്രാമിനോട്: “ആളുകളെ എനിക്ക് തരിക; സമ്പത്ത് നീ എടുത്തുകൊൾക” എന്നു പറഞ്ഞു.22അതിന് അബ്രാം സൊദോംരാജാവിനോട് പറഞ്ഞത്: “ഞാൻ അബ്രാമിനെ സമ്പന്നനാക്കിയെന്ന് നീ പറയാതിരിക്കുവാൻ ഞാൻ ഒരു ചരടാകട്ടെ ഒരു ചെരിപ്പുവാറാകട്ടെ നിനക്കുള്ളതിൽ യാതൊന്നുമാകട്ടെ എടുക്കയില്ല എന്നു ഞാൻ23സ്വർഗ്ഗത്തിനും ഭൂമിക്കും നാഥനായ അത്യുന്നതദൈവമായ യഹോവയിങ്കലേക്ക് കൈ ഉയർത്തി സത്യം ചെയ്യുന്നു.24യുവാക്കൾ ഭക്ഷിച്ചതും എന്നോടുകൂടെ വന്ന ആനേർ, എശ്ക്കോൽ, മമ്രേ എന്നീ പുരുഷന്മാരുടെ ഓഹരിയും മാത്രമേ വേണ്ടു; ഇവർ തങ്ങളുടെ ഓഹരി എടുത്തുകൊള്ളട്ടെ.”


1 14:10 കീൽകുഴികൾ ടാർക്കുഴികൾ

15

1അതിന്റെ ശേഷം അബ്രാമിന് ദർശനത്തിൽ യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ: “അബ്രാമേ, ഭയപ്പെടേണ്ടാ; ഞാൻ നിന്റെ പരിചയും നിന്റെ അതിമഹത്തായ പ്രതിഫലവും ആകുന്നു.”2അതിന് അബ്രാം: “കർത്താവായ യഹോവേ, നീ എനിക്കു എന്തു തരും? ഞാൻ മക്കളില്ലാത്തവനായി നടക്കുന്നുവല്ലോ; എന്റെ വീടിന്റെ അവകാശി ദമ്മേശെക്കുകാരനായ എല്യേസെർ അത്രേ” എന്നു പറഞ്ഞു.3“നോക്കൂ, നീ എനിക്കു സന്തതിയെ തന്നിട്ടില്ല, എന്റെ വീട്ടിൽ ജനിച്ച ദാസൻ എന്റെ അവകാശിയാകുന്നു” എന്നും അബ്രാം പറഞ്ഞു.

4ഇതാ, യഹോവയുടെ അരുളപ്പാട് അവന് ഉണ്ടായതെന്തെന്നാൽ: “അവൻ നിന്റെ അവകാശിയാകയില്ല; നിന്റെ ശരീരത്തിൽനിന്നു പുറപ്പെടുന്നവൻ തന്നെ നിന്റെ അവകാശിയാകും.”5പിന്നെ അവിടുന്ന് അബ്രാമിനെ പുറത്തു കൊണ്ടുചെന്നു: “നീ ആകാശത്തേക്കു നോക്കുക; നക്ഷത്രങ്ങളെ എണ്ണുവാൻ കഴിയുമെങ്കിൽ എണ്ണുക” എന്ന് കല്പിച്ചു.“നിന്റെ സന്തതി ഇങ്ങനെ ആകും” എന്നും അവിടുന്ന് അവനോട് കല്പിച്ചു.
6അവൻ യഹോവയിൽ വിശ്വസിച്ചു; അത് അവിടുന്ന് അബ്രാമിന് നീതിയായി കണക്കിട്ടു.7പിന്നെ അവനോട്: “ഈ ദേശത്തെ നിനക്ക് അവകാശമായി തരുവാൻ കൽദയരുടെ ഊരിൽനിന്നു1 നിന്നെ കൂട്ടിക്കൊണ്ടുവന്ന യഹോവ ഞാൻ ആകുന്നു” എന്ന് അരുളിച്ചെയ്തു.8“കർത്താവായ യഹോവേ, ഞാൻ അതിനെ അവകാശമാക്കുമെന്നുള്ളത് എനിക്കു എങ്ങനെ അറിയാം? എന്നു അവൻ ചോദിച്ചു.
9അവിടുന്ന് അവനോട്: “മൂന്നു വയസ്സുള്ള ഒരു പശുക്കിടാവിനെയും മൂന്നുവയസ്സുള്ള ഒരു പെൺകോലാടിനെയും മൂന്നു വയസ്സുള്ള ഒരു ആണാടിനെയും ഒരു കുറുപ്രാവിനെയും ഒരു പ്രാവിൻകുഞ്ഞിനെയും കൊണ്ടുവരിക” എന്നു കല്പിച്ചു.10ഇവയെയൊക്കെയും അവൻ കൊണ്ടുവന്ന് ഒത്തനടുവെ രണ്ടായിപിളർന്ന് ഭാഗങ്ങളെ നേർക്കു നേരേ വച്ചു; പക്ഷികളെയോ അവൻ രണ്ടായി പിളർന്നില്ല.11ഉടലുകളിന്മേൽ കഴുകന്മാർ ഇറങ്ങി വന്നപ്പോൾ അബ്രാം അവയെ ഓടിച്ചുകളഞ്ഞു.
12സൂര്യൻ അസ്തമിക്കുമ്പോൾ അബ്രാമിന് ഒരു ഗാഢനിദ്ര വന്നു;അതാ, ഭീതിയും കൂരിരുട്ടും അവന്റെ മേൽ വീണു.13അപ്പോൾ അവിടുന്ന് അബ്രാമിനോട്: “നിന്റെ സന്തതി സ്വന്തമല്ലാത്ത ദേശത്ത് പ്രവാസികളായിരുന്ന് ആ ദേശക്കാരെ സേവിക്കും; അവർ നാനൂറ് വർഷം അവരെ പീഡിപ്പിക്കുമെന്ന് അറിഞ്ഞുകൊൾക.
14എന്നാൽ അവർ സേവിക്കുന്ന ജനതയെ ഞാൻ വിധിക്കും; അതിനുശേഷം അവർ വളരെ സമ്പത്തോടുംകൂടെ പുറപ്പെട്ടുപോരും.15നീയോ സമാധാനത്തോടെ നിന്റെ പിതാക്കന്മാരോടു ചേരും; നല്ല വാർദ്ധക്യത്തിൽ അടക്കപ്പെടും.16നാലാം തലമുറക്കാർ ഇവിടേക്ക് മടങ്ങിവരും; അമോര്യരുടെ അകൃത്യം ഇതുവരെ തികഞ്ഞിട്ടില്ല” എന്ന് അരുളിച്ചെയ്തു.
17സൂര്യൻ അസ്തമിച്ചു ഇരുട്ടായശേഷം ഇതാ, പുകയുന്ന ഒരു തീച്ചൂളയും ആ ഭാഗങ്ങളുടെ നടുവിലൂടെ കടന്നുപോകുന്ന ഒരു ജ്വലിക്കുന്ന പന്തവും അവിടെ കാണപ്പെട്ടു .18അന്നേ ദിവസം യഹോവ അബ്രാമിനോട് ഒരു ഉടമ്പടി ചെയ്തു: “നിന്റെ സന്തതിക്ക് ഞാൻ ഈജിപ്റ്റുനദി മുതൽ ഫ്രാത്ത് നദിയായ മഹാനദിവരെയുള്ള ഈ ദേശത്തെ,19കേന്യർ, കെനിസ്യർ, കദ്മോന്യർ, ഹിത്യർ,20പെരിസ്യർ, രെഫായീമ്യർ, അമോര്യർ,21കനാന്യർ, ഗിർഗ്ഗശ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തെതന്നെ, തന്നിരിക്കുന്നു” എന്ന് അരുളിച്ചെയ്തു.


1 15:7 ഊർ കൽദയപട്ടണമാണ് ഊർ.

16

1അബ്രാമിന്റെ ഭാര്യയായ സാറായി മക്കളെ പ്രസവിച്ചിരുന്നില്ല; എന്നാൽ അവൾക്ക് ഹാഗാർ എന്നു പേരുള്ള ഒരു ഈജിപ്റ്റുകാരിയായ ദാസി ഉണ്ടായിരുന്നു.2സാറായി അബ്രാമിനോട്: “നോക്കൂ, മക്കളെ പ്രസവിക്കുന്നതിൽനിന്ന് യഹോവ എന്നെ തടഞ്ഞിരിക്കുന്നുവല്ലോ. എന്റെ ദാസിയുടെ അടുക്കൽ ചെന്നാലും; പക്ഷേ അവളാൽ ഞാൻ മക്കളെ കരസ്ഥമാക്കും” എന്നു പറഞ്ഞു. അബ്രാം സാറായിയുടെ വാക്ക് അനുസരിച്ചു.3അബ്രാം കനാൻദേശത്ത് പാർത്ത് പത്തു വർഷം കഴിഞ്ഞപ്പോൾ അബ്രാമിന്റെ ഭാര്യയായ സാറായി ഈജിപ്റ്റുദാസിയായ ഹാഗാറിനെ തന്റെ ഭർത്താവായ അബ്രാമിനു ഭാര്യയായി കൊടുത്തു.4അവൻ ഹാഗാരിന്റെ അടുക്കൽ ചെന്നു; അവൾ ഗർഭം ധരിച്ചു; താൻ ഗർഭം ധരിച്ചു എന്ന് ഹാഗാർ കണ്ടപ്പോൾ യജമാനത്തി അവളുടെ കണ്ണിനു നിന്ദിതയായി.

5അപ്പോൾ സാറായി അബ്രാമിനോട്: “എനിക്കു നേരിട്ട അന്യായത്തിന് നീ ഉത്തരവാദി; ഞാൻ എന്റെ ദാസിയെ നിന്റെ മാർവ്വിടത്തിൽ തന്നു; എന്നാൽ താൻ ഗർഭം ധരിച്ചു എന്ന് അവൾ കണ്ടപ്പോൾ ഞാൻ അവളുടെ കണ്ണിനു നിന്ദിതയായി; യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ” എന്നു പറഞ്ഞു.6അബ്രാം സാറായിയോട്: “നിന്റെ ദാസി നിന്റെ കൈയിൽ ഇരിക്കുന്നു; ഇഷ്ടംപോലെ അവളോടു ചെയ്തുകൊൾക” എന്നു പറഞ്ഞു. സാറായി അവളോടു കഠിനമായി പെരുമാറിയപ്പോൾ ഹാഗാർ അവളുടെ അടുക്കൽനിന്ന് ഓടിപ്പോയി.
7പിന്നെ യഹോവയുടെ ദൂതൻ മരുഭൂമിയിൽ ഒരു നീരുറവിന്റെ അരികെ, ശൂരിനു പോകുന്ന വഴിയിലെ നീരുറവിന്റെ അരികെവച്ചുതന്നെ, അവളെ കണ്ടു.8“സാറായിയുടെ ദാസിയായ ഹാഗാറേ, നീ എവിടെ നിന്നു വരുന്നു? എങ്ങോട്ടു പോകുന്നു?എന്നു ചോദിച്ചു. അതിന് അവൾ: “ഞാൻ എന്റെ യജമാനത്തി സാറായിയുടെ അടുക്കൽനിന്ന് ഓടിപ്പോകയാകുന്നു” എന്നു പറഞ്ഞു.
9യഹോവയുടെ ദൂതൻ അവളോട്: “നിന്റെ യജമാനത്തിയുടെ അടുക്കൽ മടങ്ങിച്ചെന്ന് അവൾക്ക് കീഴടങ്ങിയിരിക്ക” എന്നു കല്പിച്ചു.10യഹോവയുടെ ദൂതൻ പിന്നെയും അവളോട്: “ഞാൻ നിന്റെ സന്തതിയെ ഏറ്റവും വർദ്ധിപ്പിക്കും; അതുകൊണ്ട് അവർ എണ്ണിക്കൂടാതവണ്ണം പെരുപ്പമുള്ളതായിരിക്കും.
11നോക്കൂ, നീ ഗർഭിണിയല്ലോ; നീ ഒരു മകനെ പ്രസവിക്കും; യഹോവ നിന്റെ സങ്കടം കേട്ടതുകൊണ്ട് അവന് യിശ്മായേൽ എന്നു പേർ വിളിക്കേണം;12അവൻ കാട്ടുകഴുതയെപ്പോലെയുള്ള മനുഷ്യൻ ആയിരിക്കും: അവന്റെ കൈ എല്ലാവർക്കും വിരോധമായും എല്ലാവരുടെയും കൈകൾ അവന് വിരോധമായും ഇരിക്കും; അവൻ തന്റെ സകല സഹോദരന്മാർക്കും എതിരെ പാർക്കും” എന്ന് അരുളിച്ചെയ്തു.
13അപ്പോൾ അവൾ: “എന്നെ കാണുന്നവനെ ഞാൻ ഇവിടെയും കണ്ടുവോ?എന്ന് പറഞ്ഞ് തന്നോട് അരുളിച്ചെയ്ത യഹോവയ്ക്ക്: “നീ കാണുന്നവനായ ദൈവമാകുന്നു” എന്ന് പേർ വിളിച്ചു.14അതുകൊണ്ട് ആ കിണർ ബേർ-ലഹയീ-രോയീ എന്ന് വിളിക്കപ്പെട്ടു; അത് കാദേശിനും ബേരെദിനും മദ്ധ്യേ ഇരിക്കുന്നു.
15പിന്നെ ഹാഗാർ അബ്രാമിന് ഒരു മകനെ പ്രസവിച്ചു: ഹാഗാർ പ്രസവിച്ച തന്റെ മകന് അബ്രാം യിശ്മായേൽ എന്നു പേരിട്ടു.16ഹാഗാർ അബ്രാമിനു യിശ്മായേലിനെ പ്രസവിച്ചപ്പോൾ അബ്രാമിന് എൺപത്തിയാറ് വയസ്സായിരുന്നു.

17

1അബ്രാമിനു തൊണ്ണൂറ്റിഒമ്പതു വയസ്സായപ്പോൾ യഹോവ അബ്രാമിനു പ്രത്യക്ഷനായി അവനോട്: “ഞാൻ സർവ്വശക്തിയുള്ള ദൈവം ആകുന്നു; നീ എന്റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക.2എനിക്കും നിനക്കും മദ്ധ്യേ ഞാൻ എന്റെ ഉടമ്പടി ഉണ്ടാക്കും; നിന്നെ അധികമധികമായി വർദ്ധിപ്പിക്കും” എന്ന് അരുളിച്ചെയ്തു.

3അപ്പോൾ അബ്രാം സാഷ്ടാംഗം വീണു; ദൈവം അവനോട് അരുളിച്ചെയ്തതെന്തെന്നാൽ:4“നോക്കൂ, എനിക്ക് നിന്നോട് എന്റെ ഉടമ്പടിയുണ്ട്; നീ അനേകം ജനതകൾക്ക് പിതാവാകും;5ഇനി നിന്നെ അബ്രാം എന്നല്ല വിളിക്കേണ്ടത്; ഞാൻ നിന്നെ അനേകം ജനതകൾക്ക് പിതാവാക്കിയിരിക്കയാൽ നിന്റെ പേർ അബ്രാഹാം എന്നായിരിക്കേണം.6ഞാൻ നിന്നെ അധികമധികമായി വർദ്ധിപ്പിച്ചു, അനേകജാതികളാക്കും; നിന്നിൽ നിന്ന് രാജാക്കന്മാരും ജനിക്കും.
7ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും ദൈവമായിരിക്കേണ്ടതിന് ഞാൻ എനിക്കും നിനക്കും നിന്റെ ശേഷം തലമുറതലമുറയായി നിന്റെ സന്തതിക്കും മദ്ധ്യേ എന്റെ ഉടമ്പടിയെ നിത്യഉടമ്പടിയായി സ്ഥാപിക്കും.8ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും നീ പ്രവാസം ചെയ്യുന്ന ദേശമായ കനാൻദേശം ഒക്കെയും ശാശ്വതാവകാശമായി തരും; ഞാൻ അവർക്ക് ദൈവമായുമിരിക്കും.”
9ദൈവം പിന്നെയും അബ്രാഹാമിനോടു അരുളിച്ചെയ്തത്: “നീയും നിന്റെ ശേഷം തലമുറതലമുറയായി നിന്റെ സന്തതിയും എന്റെ ഉടമ്പടി പ്രമാണിക്കേണം.10എനിക്കും നിങ്ങൾക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും മദ്ധ്യേയുള്ളതും നിങ്ങൾ പ്രമാണിക്കേണ്ടതുമായ എന്റെ ഉടമ്പടി ഇതാകുന്നു: നിങ്ങളുടെ ഇടയിലുള്ള ആൺകുഞ്ഞുങ്ങളൊക്കെയും പരിച്ഛേദന ഏൽക്കേണം.11നിങ്ങളുടെ അഗ്രചർമ്മം പരിച്ഛേദന ചെയ്യേണം; അത് എനിക്കും നിങ്ങൾക്കും മദ്ധ്യേയുള്ള ഉടമ്പടിയുടെ അടയാളം ആകും.
12തലമുറതലമുറയായി നിങ്ങളുടെ ഇടയിലെ ആൺകുഞ്ഞുങ്ങളൊക്കെയും എട്ടുദിവസം പ്രായമാകുമ്പോൾ പരിച്ഛേദന ഏൽക്കേണം; വീട്ടിൽ ജനിച്ച ദാസനായാലും നിന്റെ സന്തതിയല്ലാത്തവനായി അന്യനോട് വിലയ്ക്കു വാങ്ങിയവനായാലും ശരി.13നിന്റെ വീട്ടിൽ ജനിച്ച ദാസനും നീ വിലകൊടുത്തു വാങ്ങിയവനും പരിച്ഛേദന ഏറ്റേ മതിയാവൂ; എന്റെ ഉടമ്പടി നിങ്ങളുടെ ദേഹത്തിൽ ഒരു നിത്യഉടമ്പടിയായിരിക്കേണം.14അഗ്രചർമ്മിയായ പുരുഷൻ പരിച്ഛേദന ഏൽക്കാതിരുന്നാൽ ജനത്തിൽനിന്ന് ആ വ്യക്തിയെപുറത്താക്കേണം; അവൻ എന്റെ ഉടമ്പടി ലംഘിച്ചിരിക്കുന്നു.”

15ദൈവം പിന്നെയും അബ്രാഹാമിനോട്: “നിന്റെ ഭാര്യയായ സാറായിയെ സാറായി എന്നല്ല വിളിക്കേണ്ടത്; അവളുടെ പേർ സാറാ എന്നായിരിക്കേണം.16ഞാൻ അവളെ അനുഗ്രഹിച്ച് അവളിൽനിന്നു നിനക്ക് ഒരു മകനെ തരും; ഞാൻ അവളെ അനുഗ്രഹിക്കയും അവൾ ജനതകൾക്ക് മാതാവായി തീരുകയും ജനതകളുടെ രാജാക്കന്മാർ അവളിൽനിന്ന് ജനിക്കുകയും ചെയ്യും” എന്നു അരുളിച്ചെയ്തു.
17അപ്പോൾ അബ്രാഹാം കവിണ്ണുവീണു ചിരിച്ചു: “നൂറു വയസ്സുള്ളവന് മകൻ ജനിക്കുമോ? തൊണ്ണൂറു വയസ്സുള്ള സാറാ പ്രസവിക്കുമോ?എന്ന് തന്റെ ഹൃദയത്തിൽ പറഞ്ഞു.18“ഓ, യിശ്മായേൽ നിന്റെ മുമ്പാകെ ജീവിച്ചിരുന്നാൽ മതി” എന്ന് അബ്രാഹാം ദൈവത്തോട് പറഞ്ഞു.
19അതിന് ദൈവം അരുളിച്ചെയ്തത്: “അല്ല, നിന്റെ ഭാര്യയായ സാറാ തന്നെ നിനക്കൊരു മകനെ പ്രസവിക്കും; നീ അവന് യിസ്ഹാക്ക് എന്ന് പേരിടേണം; ഞാൻ അവനോടും അവന്റെ ശേഷം അവന്റെ സന്തതിയോടും എന്റെ ഉടമ്പടിയെ ഒരു നിത്യഉടമ്പടിയായി സ്ഥാപിക്കും20യിശ്മായേലിനെ കുറിച്ചും ഞാൻ നിന്റെ അപേക്ഷ കേട്ടിരിക്കുന്നു; ഇതാ, ഞാൻ അവനെ അനുഗ്രഹിച്ച് അത്യന്തം സന്താനപുഷ്ടിയുള്ളവനാക്കി വർദ്ധിപ്പിക്കും. അവൻ പന്ത്രണ്ട് പ്രഭുക്കന്മാരെ ജനിപ്പിക്കും; ഞാൻ അവനെ വലിയോരു ജനതയാക്കും.21എന്നാൽ, എന്റെ ഉടമ്പടി ഞാൻ സ്ഥാപിക്കുന്നതോ, അടുത്തവർഷം ഈ നിശ്ചിത സമയത്ത് സാറാ നിനക്ക് പ്രസവിപ്പാനുള്ള യിസ്ഹാക്കിനോട് ആകുന്നു.”
22ദൈവം അബ്രാഹാമിനോട് അരുളിച്ചെയ്തു തീർന്നശേഷം അവനെ വിട്ട് കയറിപ്പോയി.23അനന്തരം അബ്രാഹാം തന്റെ മകനായ യിശ്മായേലിനെയും തന്റെ വീട്ടിൽ ജനിച്ച സകലദാസന്മാരെയും താൻ വിലയ്ക്കു വാങ്ങിയവരെ ഒക്കെയും അബ്രാഹാമിന്റെ വീട്ടിലുള്ള സകലപുരുഷന്മാരെയും കൂട്ടി ദൈവം തന്നോട് കല്പിച്ചതുപോലെ അവരുടെ അഗ്രചർമ്മത്തെ അന്നുതന്നെ പരിച്ഛേദന കഴിച്ചു.
24അബ്രാഹാം പരിച്ഛേദനയേറ്റപ്പോൾ അവന് തൊണ്ണൂറ്റൊമ്പതു വയസ്സായിരുന്നു.25അവന്റെ മകനായ യിശ്മായേൽ പരിച്ഛേദനയേറ്റപ്പോൾ അവന് പതിമൂന്നു വയസ്സായിരുന്നു.26അബ്രാഹാമും അവന്റെ മകനായ യിശ്മായേലും ഒരേ ദിവസത്തിൽ പരിച്ഛേദന ഏറ്റു.27അബ്രഹാമിന്റെ വീട്ടിലെ എല്ലാ ദാസന്മാരും, ആ വീട്ടിൽ ജനിച്ചവരും, അന്യരിൽനിന്ന് വിലയ്ക്കു വാങ്ങിയവരും അവനോടുകൂടെ പരിച്ഛേദന ഏറ്റു.

18

1അനന്തരം യഹോവ അവന് മമ്രേയുടെ തോപ്പിൽവച്ച്1 പ്രത്യക്ഷനായി; വെയിലുറച്ചപ്പോൾ അവൻ കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു.2അവൻ തലയുയർത്തി നോക്കിയപ്പോൾ അതാ, മൂന്നു പുരുഷന്മാർ തന്റെ നേരെ നില്ക്കുന്നു; അവൻ അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽനിന്ന് അവരെ എതിരേൽക്കുവാൻ ഓടിച്ചെന്ന് നിലംവരെ കുനിഞ്ഞു:

3“യജമാനനേ, എന്നോട് കൃപയുണ്ടെങ്കിൽ അടിയനെ കടന്നുപോകരുതേ.4കുറച്ചു വെള്ളം കൊണ്ടുവന്നു നിങ്ങളുടെ കാലുകളെ കഴുകട്ടെ; വൃക്ഷത്തിൻ കീഴിൽ വിശ്രമിച്ചാലും.5ഞാൻ ഒരു മുറി അപ്പം കൊണ്ടുവരാം; വിശപ്പ് അടക്കീട്ട് നിങ്ങൾക്കു പോകാം; ഇതിനായിട്ടല്ലോ നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നത്” എന്നു പറഞ്ഞു.
6“നീ പറഞ്ഞതുപോലെ ചെയ്യുക” എന്ന് അവർ പറഞ്ഞു. അബ്രഹാം ധൃതിവച്ച് കൂടാരത്തിൽ സാറയുടെ അടുക്കൽ ചെന്നു: “വേഗത്തിൽ മൂന്നിടങ്ങഴി2 മാവ് എടുത്തു കുഴച്ചു അപ്പമുണ്ടാക്കുക” എന്നു പറഞ്ഞു.7അബ്രാഹാം പശുക്കൂട്ടത്തിൽ ഓടിച്ചെന്ന് ഇളയതും നല്ലതുമായൊരു കാളക്കുട്ടിയെ പിടിച്ച് ഒരു യൗവനക്കാരന്റെ കൈവശം കൊടുത്തു; അവൻ അതിനെ വേഗത്തിൽ പാകം ചെയ്തു.8പിന്നെ അവൻ വെണ്ണയും പാലും താൻ പാകം ചെയ്യിച്ച കാളക്കുട്ടിയെയും കൊണ്ടുവന്ന് അവരുടെ മുമ്പിൽ വച്ചു. അവർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ അബ്രഹാം അവരുടെ അടുക്കൽ വൃക്ഷത്തിൻ കീഴിൽ ശുശ്രൂഷിച്ചു നിന്നു.
9അവർ അവനോട്: “നിന്റെ ഭാര്യ സാറാ എവിടെ?എന്നു ചോദിച്ചതിന്: “ഇവിടെ, കൂടാരത്തിൽ ഉണ്ട്” എന്നു അവൻ പറഞ്ഞു.10“ഒരു വർഷം കഴിഞ്ഞിട്ട് ഞാൻ നിന്റെ അടുക്കൽ തീർച്ചയായും മടങ്ങിവരും; അപ്പോൾ നിന്റെ ഭാര്യ സാറായ്ക്ക് ഒരു മകൻ ഉണ്ടാകും” എന്ന് യഹോവ പറഞ്ഞു. സാറാ കൂടാരവാതിൽക്കൽ അവന്റെ പുറകിൽ കേട്ടുകൊണ്ടു നിന്നു.
11എന്നാൽ അബ്രാഹാമും സാറയും വയസ്സു ചെന്നു വൃദ്ധരായിരുന്നു.സാറായിക്ക് ഗർഭധാരണത്തിനുള്ള പ്രായം കഴിഞ്ഞിരുന്നു.12ആകയാൽ സാറാ ഉള്ളിൽ ചിരിച്ചുകൊണ്ട്: “വൃദ്ധയായിരിക്കുന്ന എനിക്കു സുഖഭോഗമുണ്ടാകുമോ? എന്റെ ഭർത്താവും വൃദ്ധനായിരിക്കുന്നു” എന്നു പറഞ്ഞു.
13യഹോവ അബ്രാഹാമിനോട് “വൃദ്ധയായ ഞാൻ പ്രസവിക്കുന്നത് ഉള്ളതുതന്നെയോ’ എന്നു പറഞ്ഞ് സാറാ ചിരിച്ചത് എന്തുകൊണ്ട്?14യഹോവയാൽ കഴിയാത്ത കാര്യം ഉണ്ടോ? ഒരു വർഷം കഴിഞ്ഞിട്ട് നിശ്ചയിച്ച സമയത്ത് ഞാൻ നിന്റെ അടുക്കൽ മടങ്ങിവരും; സാറായ്ക്ക് ഒരു മകൻ ഉണ്ടാകും” എന്ന് അരുളിച്ചെയ്തു.15സാറാ ഭയപ്പെട്ടു: “ഞാൻ ചിരിച്ചില്ല” എന്നു നിരസിച്ചു പറഞ്ഞു.“അല്ല, നീ ചിരിച്ചു” എന്ന് അവിടുന്ന് അരുളിച്ചെയ്തു.

16ആ പുരുഷന്മാർ അവിടെനിന്നു എഴുന്നേറ്റ് സൊദോമിനു നേരേ നോക്കി; അബ്രാഹാം അവരെ യാത്ര അയയ്ക്കുവാൻ അവരോടുകൂടെ പോയി.17അപ്പോൾ യഹോവ അരുളിച്ചെയ്തത്: “അബ്രാഹാം നിശ്ചയമായി വലിയതും ബലമുള്ളതുമായ ജനതയായി തീരുകയും അവനിൽ ഭൂമിയിലെ ജനതകളൊക്കെയും അനുഗ്രഹിക്കപ്പെടുകയും ചെയ്യുമെന്നിരിക്കെ18ഞാൻ ചെയ്യുവാൻ പോകുന്നത് അബ്രാഹാമിനോട് മറച്ചുവയ്ക്കുമോ?19യഹോവ അബ്രാഹാമിനെക്കുറിച്ച് അരുളിച്ചെയ്തത് അവന് നിവൃത്തിച്ചുകൊടുക്കുവാൻ തക്കവണ്ണം അബ്രാഹാം തന്റെ മക്കളോടും തനിക്കു ശേഷമുള്ള കുടുംബത്തോടും നീതിയും ന്യായവും പ്രവൃത്തിച്ചുകൊണ്ട് യഹോവയുടെ വഴിയിൽ നടക്കുവാൻ കല്പിക്കേണ്ടതിന് ഞാൻ അവനെ തിരഞ്ഞെടുത്തിരിക്കുന്നു.”
20പിന്നെ യഹോവ: “സൊദോമിനും ഗൊമോരയ്ക്കുമെതിരെയുള്ള നിലവിളി വലിയതും അവരുടെ പാപം അതികഠിനവും ആകുന്നതുകൊണ്ട്21ഞാൻ ചെന്ന് സൊദോമിനും ഗൊമോരയ്ക്കുമെതിരെ എന്റെ അടുക്കൽ വന്നെത്തിയ നിലവിളിപോലെ അവർ അങ്ങനെ പ്രവൃത്തിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് നോക്കി അറിയും” എന്ന് അരുളിച്ചെയ്തു.
22അങ്ങനെ ആ പുരുഷന്മാർ അവിടെനിന്നു തിരിഞ്ഞു സൊദോമിലേക്ക് പോയി. അബ്രാഹാമോ യഹോവയുടെ സന്നിധിയിൽ തന്നെ നിന്നു.23അബ്രാഹാം അടുത്തുചെന്ന് പറഞ്ഞത്: “ദുഷ്ടനോടുകൂടെ നീതിമാനെയും അവിടുന്ന്സംഹരിക്കുമോ?
24ഒരുപക്ഷേ ആ പട്ടണത്തിൽ അമ്പത് നീതിമാന്മാർ ഉണ്ടെങ്കിൽ അവിടുന്ന് അതിനെ സംഹരിക്കുമോ? അതിലെ അമ്പത് നീതിമാന്മാർ നിമിത്തം ആ സ്ഥലത്തോട് ക്ഷമിക്കയില്ലയോ?25നീതിമാൻ ദുഷ്ടനെപ്പോലെ ആകത്തക്കവണ്ണം ദുഷ്ടനോടുകൂടെ നീതിമാനെയും സംഹരിക്കുന്ന ഇങ്ങനെയുള്ള കാര്യം ചെയ്യുവാൻ അങ്ങയ്ക്ക് ഇടവരാതിരിക്കട്ടെ. അത് ചെയ്യുവാൻ അങ്ങയ്ക്ക് ഇടവരാതിരിക്കട്ടെ! സർവ്വ ഭൂമിക്കും ന്യായാധിപതിയായവൻ നീതി പ്രവൃത്തിക്കാതിരിക്കുമോ”26അതിന് യഹോവ: “ഞാൻ സൊദോമിൽ, പട്ടണത്തിനകത്ത്, അമ്പത് നീതിമാന്മാരെ കണ്ടെത്തുന്നു എങ്കിൽ അവരുടെ നിമിത്തം ആ സ്ഥലത്തോടൊക്കെയും ക്ഷമിക്കും” എന്ന് അരുളിച്ചെയ്തു.
27“പൊടിയും ചാരവുമായ ഞാൻ കർത്താവിനോട് സംസാരിക്കുവാൻ ശ്രമിച്ചുവല്ലോ.28അമ്പത് നീതിമാന്മാരിൽ പക്ഷേ അഞ്ചുപേർ കുറഞ്ഞു പോയെങ്കിലോ? അഞ്ചുപേർ കുറഞ്ഞതുകൊണ്ട് അങ്ങ് ആ പട്ടണം മുഴുവനും നശിപ്പിക്കുമോ?എന്ന് അബ്രാഹാം പറഞ്ഞതിന്: “നാല്പത്തഞ്ച് പേരെ ഞാൻ അവിടെ കണ്ടെത്തിയാൽ അതിനെ നശിപ്പിക്കയില്ല” എന്ന് അവൻ അരുളിച്ചെയ്തു.
29അവൻ പിന്നെയും യഹോവയോട് സംസാരിച്ചു: “പക്ഷേ നാല്പതുപേരെ അവിടെ കണ്ടെത്തിയാലോ? എന്നു പറഞ്ഞതിന്: “ഞാൻ നാല്പതുപേരുടെ നിമിത്തം നശിപ്പിക്കുകയില്ല” എന്ന് അവൻ അരുളിച്ചെയ്തു.30അതിനു അവൻ: “ഞാൻ പിന്നെയും സംസാരിക്കുന്നു; കർത്താവ് കോപിക്കരുതേ; പക്ഷേ മുപ്പതുപേരെ അവിടെ കണ്ടെത്തിയാലോ?എന്നു പറഞ്ഞു.“ഞാൻ മുപ്പതുപേരെ അവിടെ കണ്ടെത്തിയാൽ നശിപ്പിക്കയില്ല” എന്ന് അവൻ അരുളിച്ചെയ്തു.31“ഞാൻ കർത്താവിനോട് സംസാരിപ്പാൻ ശ്രമിച്ചുവല്ലോ; പക്ഷേ ഇരുപതുപേരെ അവിടെ കണ്ടെത്തിയാലോ? എന്ന് അവൻ പറഞ്ഞതിന്: “ഞാൻ ഇരുപതുപേരുടെ നിമിത്തം അത് നശിപ്പിക്കുകയില്ല” എന്ന് അവൻ അരുളിച്ചെയ്തു.
32അപ്പോൾ അവൻ: “കർത്താവ് കോപിക്കരുതേ; ഞാൻ ഇനി ഒരു പ്രാവശ്യം മാത്രം സംസാരിക്കും; പക്ഷേ പത്തുപേരെ അവിടെ കണ്ടെത്തിയാലോ? എന്നു പറഞ്ഞു. “ഞാൻ പത്തുപേരുടെ നിമിത്തം അത് നശിപ്പിക്കയില്ല” എന്ന് അവൻ അരുളിച്ചെയ്തു.33യഹോവ അബ്രാഹാമിനോട് അരുളിച്ചെയ്തു തീർന്നശേഷം അവിടെനിന്ന് പോയി. അബ്രാഹാമും തന്റെ സ്ഥലത്തേക്ക് മടങ്ങിപ്പോയി.


1 18:1 തോപ്പിൽ ഓക്കുമരത്തൊപ്പെന്ന് ULB യിൽ കൊടുത്തിട്ടുണ്ട്.
2 18:6 മൂന്നിടങ്ങഴി ഒരിടങ്ങഴി പറയുടെ പത്തിലൊന്നാണു. ഒരു ലിറ്ററിൽ അല്പം കൂടുതലാണ് ഇടങ്ങഴി.

19

1ആ രണ്ടു ദൂതന്മാർ വൈകുന്നേരത്ത് സൊദോമിൽ എത്തി; ലോത്ത് സൊദോംപട്ടണവാതിൽക്കൽ ഇരിക്കുകയായിരുന്നു; ലോത്ത് അവരെ കണ്ടപ്പോൾ എഴുന്നേറ്റ് എതിരേറ്റുചെന്ന് നിലംവരെ കുനിഞ്ഞ് നമസ്കരിച്ചു:2“യജമാനന്മാരേ, അടിയന്റെ വീട്ടിൽ വന്നു നിങ്ങളുടെ കാലുകളെ കഴുകി രാപാർക്കുവിൻ1 ; രാവിലെ എഴുന്നേറ്റ് നിങ്ങളുടെ വഴിക്ക് പോകയുമാകാം” എന്ന് പറഞ്ഞതിന്: “അല്ല, ഞങ്ങൾ തെരുവിൽ തന്നെ രാപാർക്കും” എന്ന് അവർ പറഞ്ഞു.3അവൻ ഏറ്റവും നിർബന്ധിച്ചു; അപ്പോൾ അവർ അവന്റെ അടുക്കൽ തിരിഞ്ഞു അവന്റെ വീട്ടിൽ ചെന്നു; അവൻ അവർക്ക് വിരുന്നൊരുക്കി, പുളിപ്പില്ലാത്ത അപ്പം ചുട്ടു; അവർ ഭക്ഷണം കഴിച്ചു.

4അവർ ഉറങ്ങുവാൻ പോകുന്നതിനുമുമ്പേ സൊദോംപട്ടണത്തിലെ പുരുഷന്മാർ സകല ഭാഗത്തുനിന്നും വൃദ്ധന്മാരും യൗവനക്കാരും എല്ലാവരും വന്നു വീടു വളഞ്ഞു.5അവർ ലോത്തിനെ വിളിച്ചു: “ഈ രാത്രി നിന്റെ അടുക്കൽ വന്ന പുരുഷന്മാർ എവിടെ? ഞങ്ങൾ അവരുമായി സുഖഭോഗങ്ങളിലേർപ്പെടേണ്ടതിന് അവരെ ഞങ്ങളുടെ അടുക്കൽ പുറത്തു കൊണ്ടുവരൂ” എന്ന് അവനോട് പറഞ്ഞു.
6ലോത്ത് വാതിലിലൂടെ അവരുടെ അടുക്കൽ പുറത്തു ചെന്നു, കതകു അടച്ച്:7“സഹോദരന്മാരേ, ഇങ്ങനെ ദോഷം ചെയ്യരുതേ.8നോക്കൂ, പുരുഷസംസർഗം ഉണ്ടായിട്ടില്ലാത്ത രണ്ട് പുത്രിമാർ എനിക്കുണ്ട്; അവരെ ഞാൻ നിങ്ങളുടെ അടുക്കൽ പുറത്തു കൊണ്ടുവരാം; നിങ്ങളുടെ ഇഷ്ടംപോലെ അവരോട് ചെയ്തുകൊൾവിൻ; ഈ പുരുഷന്മാരോടു മാത്രം ഒന്നും ചെയ്യരുതേ; ഇതിനായിട്ടല്ലോ അവർ എന്റെ വീടിന്റെ നിഴലിൽ കീഴിൽ വന്നത് എന്നു പറഞ്ഞു.
9“മാറിനിൽക്ക” എന്ന് അവർ പറഞ്ഞു.“ഇവനൊരുത്തൻ പരദേശിയായി വന്നു പാർക്കുന്നു; ന്യായംവിധിക്കുവാനും ഭാവിക്കുന്നു. ഇപ്പോൾ ഞങ്ങൾ അവരോട് ഭാവിച്ചതിലധികം നിന്നോട് ദോഷം ചെയ്യും” എന്നും അവർ പറഞ്ഞ് ലോത്തിനെ ശക്തിയായി തള്ളി വാതിൽ പൊളിക്കുവാൻ അടുത്തു.
10അപ്പോൾ ആ പുരുഷന്മാർ കൈ പുറത്തോട്ടു നീട്ടി ലോത്തിനെ തങ്ങളുടെ അടുക്കൽ അകത്തു കയറ്റി വാതിൽ അടച്ചു,11വാതിൽക്കൽ ഉണ്ടായിരുന്ന പുരുഷന്മാർക്ക് ആബാലവൃദ്ധം അന്ധത പിടിപ്പിച്ചു. അതുകൊണ്ട് അവർ വാതിൽ തപ്പിനടന്നു വിഷമിച്ചു.
12ആ പുരുഷന്മാർ ലോത്തിനോട്: “ഇവിടെ നിനക്കു മറ്റു വല്ലവരുമുണ്ടോ? മരുമക്കളോ പുത്രന്മാരോ പുത്രിമാരോ ഇങ്ങനെ പട്ടണത്തിൽ നിനക്കുള്ളവരെയൊക്കെയും ഈ സ്ഥലത്തുനിന്ന് കൊണ്ടുപൊയ്ക്കെൾക;13ഇവർക്കെതിരെയുള്ള നിലവിളി യഹോവയുടെ മുമ്പാകെ വലുതായിത്തീർന്നിരിക്കകൊണ്ട് ഞങ്ങൾ ഈ സ്ഥലത്തെ നശിപ്പിക്കും. അതിനെ നശിപ്പിക്കുവാൻ യഹോവ ഞങ്ങളെ അയച്ചിരിക്കുന്നു” എന്നു പറഞ്ഞു.
14അങ്ങനെ ലോത്ത് ചെന്ന് തന്റെ പുത്രിമാരെ വിവാഹം ചെയ്യുവാനുള്ള മരുമക്കളോടു സംസാരിച്ചു: “നിങ്ങൾ എഴുന്നേറ്റ് ഈ സ്ഥലം വിട്ട് പുറപ്പെടുവിൻ; യഹോവ ഈ പട്ടണം നശിപ്പിക്കും” എന്നു പറഞ്ഞു. എന്നാൽ അവൻ തമാശ പറയുന്നു എന്ന് അവന്റെ മരുമക്കൾക്കു തോന്നി.15ഉഷസ്സായപ്പോൾ ദൂതന്മാർ ലോത്തിനെ ധൃതികൂട്ടി: “ഈ പട്ടണത്തിന്റെ ശിക്ഷയിൽ ദഹിക്കാതിരിക്കുവാൻ എഴുന്നേറ്റു നിന്റെ ഭാര്യയെയും ഇവിടെയുള്ള നിന്റെ രണ്ട് പുത്രിമാരെയും കൂട്ടിക്കൊണ്ട് പൊയ്ക്കൾക” എന്നു പറഞ്ഞു.
16അവൻ താമസിച്ചപ്പോൾ, യഹോവ അവനോടു കരുണ ചെയ്യുകയാൽ, ആ പുരുഷന്മാർ അവനെയും ഭാര്യയെയും രണ്ട് പുത്രിമാരെയും കൈക്കു പിടിച്ചു പട്ടണത്തിന്റെ പുറത്തു കൊണ്ടുപോയി ആക്കി.17അവരെ പുറത്തുകൊണ്ടുവന്ന ശേഷം അവൻ: “ജീവരക്ഷയ്ക്കായി ഓടിപ്പോക; പുറകോട്ട് നോക്കരുത്; ഈ പ്രദേശത്തെങ്ങും നിൽക്കയുമരുത്; നിനക്ക് നാശം സംഭവിക്കാതിരിക്കുവാൻ പർവ്വതത്തിലേക്ക് ഓടിപ്പോക” എന്നു പറഞ്ഞു.
18ലോത്ത് അവരോട് പറഞ്ഞത്: “അങ്ങനെയല്ല കർത്താവേ;19അങ്ങയ്ക്ക് അടിയനോടു കൃപ തോന്നിയല്ലോ; എന്റെ ജീവനെ രക്ഷിപ്പാൻ എനിക്കു വലിയ കൃപ അങ്ങ് കാണിച്ചിരിക്കുന്നു; പർവ്വതത്തിൽ ഓടി എത്തുവാൻ എനിക്കു കഴിയുകയില്ല; പക്ഷേ എനിക്കു ദോഷം തട്ടി മരണം സംഭവിക്കും.20ഇതാ, ഈ പട്ടണം ഓടിരക്ഷപ്പെടുവാൻ കഴിയുന്നത്ര സമീപമാകുന്നു; അത് ചെറിയതുമാകുന്നു; ഞാൻ അവിടേക്ക് ഓടിപ്പേകട്ടെ. അത് ചെറിയതല്ലോ; എന്നാൽ എനിക്ക് ജീവരക്ഷ ഉണ്ടാകും.”
21അവൻ അവനോട്: “ഇതാ, ഇക്കാര്യത്തിലും ഞാൻ നിന്നെ കടാക്ഷിച്ചിരിക്കുന്നു; നീ പറഞ്ഞ ഈ പട്ടണം ഞാൻ നശിപ്പിച്ചുകളയുകയില്ല.22വേഗമാകട്ടെ! അവിടേക്ക് ഓടിപ്പോക; നീ അവിടെ എത്തുംവരെ എനിക്ക് ഒന്നും ചെയ്യുവാൻ കഴിയുകയില്ല” എന്നു പറഞ്ഞു. അതുകൊണ്ട് ആ പട്ടണത്തിന് സോവർ എന്നു പേരായി.
23ലോത്ത് സോവരിൽ കടന്നപ്പോൾ സൂര്യൻ ഉദിച്ചിരുന്നു.24യഹോവ സൊദോമിന്റെയും ഗൊമോറായുടെയും മേൽ യഹോവയുടെ സന്നിധിയിൽനിന്നു, ആകാശത്തു നിന്നു തന്നെ, ഗന്ധകവും തീയും പെയ്യിപ്പിച്ചു.25ആ പട്ടണങ്ങൾക്കും പ്രദേശത്തിനു മുഴുവനും ആ പട്ടണങ്ങളിലെ സകലനിവാസികൾക്കും നിലത്തെ സസ്യങ്ങൾക്കും ഉന്മൂലനാശം വരുത്തി.
26ലോത്തിന്റെ ഭാര്യ അവന്റെ പിന്നിൽനിന്നു തിരിഞ്ഞുനോക്കി ഉപ്പുതൂണായിത്തീർന്നു .27അബ്രാഹാം അതിരാവിലെ എഴുന്നേറ്റ് താൻ യഹോവയുടെ സന്നിധിയിൽ നിന്നിരുന്ന സ്ഥലത്തുചെന്നു,28സൊദോമിനും ഗൊമോറായ്ക്കും ആ പ്രദേശത്തിലെ സകലദിക്കിനും നേരെ നോക്കി, അതാ, ദേശത്തിലെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങുന്നത് കണ്ടു.

29എന്നാൽ ആ പ്രദേശത്തിലെ പട്ടണങ്ങളെ നശിപ്പിക്കുമ്പോൾ ദൈവം അബ്രാഹാമിനെ ഓർത്തു. ലോത്ത് പാർത്ത പട്ടണങ്ങൾക്ക് ഉന്മൂലനാശം വരുത്തുകയിൽ ലോത്തിനെ ആ ഉന്മൂലനാശത്തിൽനിന്നു വിടുവിച്ചു.

30അനന്തരം ലോത്ത് സോവർ വിട്ടുപോയി പർവ്വതത്തിൽ ചെന്നു പാർത്തു; അവന്റെ രണ്ട് പുത്രിമാരും അവനോടുകൂടെ ഉണ്ടായിരുന്നു; സോവരിൽ പാർക്കുവാൻ അവൻ ഭയപ്പെട്ടു; അവനും അവന്റെ രണ്ട് പുത്രിമാരും ഒരു ഗുഹയിൽ പാർത്തു.
31അങ്ങനെയിരിക്കുമ്പോൾ മൂത്തവൾ ഇളയവളോട്: “നമ്മുടെ അപ്പൻ വൃദ്ധനായിരിക്കുന്നു; ഭൂമിയിൽ എല്ലായിടവും ഉള്ള നടപ്പുപോലെ നമ്മുടെ അടുക്കൽ വരുവാൻ ഭൂമിയിൽ ഒരു പുരുഷനും ഇല്ല.32വരിക; നമ്മുടെ അപ്പന്റെ വംശപാരമ്പര്യം നമ്മൾ സംരക്ഷിക്കേണ്ടതിന് അവനെ വീഞ്ഞുകുടിപ്പിച്ച് അവനോടുകൂടെ നമുക്ക് ശയിക്കാം” എന്നു പറഞ്ഞു.33അങ്ങനെ അന്ന് രാത്രി അവർ അപ്പനെ വീഞ്ഞുകുടിപ്പിച്ചു; മൂത്തവൾ അകത്തു ചെന്ന് അപ്പനോടുകൂടെ ശയിച്ചു; അവൾ ശയിച്ചതും എഴുന്നേറ്റതും അവൻ അറിഞ്ഞില്ല.
34പിറ്റെന്നാൾ മൂത്തവൾ ഇളയവളോട്: “ഇന്നലെ രാത്രി ഞാൻ അപ്പനോടുകൂടെ ശയിച്ചു; നാം അവനെ ഇന്നു രാത്രിയും വീഞ്ഞു കുടിപ്പിക്ക;നമ്മുടെ അപ്പന്റെ വംശപാരമ്പര്യം നമ്മൾ സംരക്ഷിക്കേണ്ടതിന് നീയും അകത്തുചെന്ന് അവനോടുകൂടെ ശയിക്ക” എന്നു പറഞ്ഞു.35അങ്ങനെ അന്ന് രാത്രിയും അവർ അപ്പനെ വീഞ്ഞു കുടിപ്പിച്ചു; ഇളയവൾ ചെന്ന് അവനോടുകൂടെ ശയിച്ചു; അവൾ ശയിച്ചതും എഴുന്നേറ്റതും അവൻ അറിഞ്ഞില്ല.
36ഇങ്ങനെ ലോത്തിന്റെ രണ്ട് പുത്രിമാരും അപ്പനാൽ ഗർഭം ധരിച്ചു.37മൂത്തവൾ ഒരു മകനെ പ്രസവിച്ചു അവന് മോവാബ് എന്നു പേരിട്ടു; അവൻ ഇന്നുള്ള മോവാബ്യർക്ക് പിതാവ്.38ഇളയവളും ഒരു മകനെ പ്രസവിച്ചു; അവന് ബെൻ-അമ്മീ എന്നു പേരിട്ടു; അവൻ ഇന്നുള്ള അമ്മോന്യർക്ക് പിതാവ്.


1 19:2 രാപാർക്കുവിൻ രാത്രി പാർക്കുവിൻ.

20

1അനന്തരം അബ്രാഹാം അവിടെനിന്ന് തെക്കെ ദേശത്തേക്ക് യാത്ര പുറപ്പെട്ട് കാദേശിനും സൂരിനും മദ്ധ്യേ താമസിച്ചു ഗെരാരിൽ പരദേശിയായി പാർത്തു.2അബ്രാഹാം തന്റെ ഭാര്യയായ സാറായെക്കുറിച്ച്: “അവൾ എന്റെ പെങ്ങൾ” എന്നു പറഞ്ഞു. ഗെരാർ രാജാവായ അബീമേലെക്ക് ആളയച്ചു സാറായെ കൊണ്ടുപോയി.3എന്നാൽ രാത്രിയിൽ ദൈവം സ്വപ്നത്തിൽ അബീമേലെക്കിന്റെ അടുക്കൽ വന്ന് അവനോട്: “നീ എടുത്ത സ്ത്രീയുടെ നിമിത്തം നീ മരിക്കും; അവൾ ഒരു പുരുഷന്റെ ഭാര്യ” എന്ന് അരുളിച്ചെയ്തു.

4എന്നാൽ അബീമേലെക്ക് അവളുടെ അടുക്കൽ ചെന്നിരുന്നില്ല; ആകയാൽ അവൻ: “കർത്താവേ, നീതിയുള്ള ജനതയെയും നീ കൊല്ലുമോ5‘ഇവൾ എന്റെ പെങ്ങളാകുന്നു’ എന്ന് അവൻ എന്നോടു പറഞ്ഞുവല്ലോ. ‘അവൻ എന്റെ ആങ്ങള’ എന്ന് അവളും പറഞ്ഞു. ഹൃദയപരമാർത്ഥതയോടും കൈയ്യുടെ നിർമ്മലതയോടും കൂടെ ഞാൻ ഇത് ചെയ്തിരിക്കുന്നു” എന്നു പറഞ്ഞു.
6അതിന് ദൈവം സ്വപ്നത്തിൽ അവനോട്: “അതേ, നീ ഇത് ഹൃദയപരമാർത്ഥതയോടെ ചെയ്തിരിക്കുന്നു” എന്ന് ഞാൻ അറിയുന്നു; “എനിക്കെതിരെ പാപം ചെയ്യുന്നതിൽനിന്ന് ഞാൻ നിന്നെ തടഞ്ഞു; അതുകൊണ്ടാകുന്നു അവളെ തൊടുവാൻ ഞാൻ നിന്നെ സമ്മതിക്കാതിരുന്നത്.7ഇപ്പോൾ ആ പുരുഷന്റെ ഭാര്യയെ തിരിച്ചുക്കൊടുക്കുക; അവൻ ഒരു പ്രവാചകൻ ആകുന്നു; നീ ജീവനോടിരിക്കേണ്ടതിന് അവൻ നിനക്കുവേണ്ടി പ്രാർത്ഥിക്കും. അവളെ തിരികെക്കൊടുക്കാതിരുന്നാലോ, നീയും നിനക്കുള്ളവരൊക്കെയും മരിക്കേണ്ടിവരും എന്ന് അറിഞ്ഞുകൊൾക” എന്ന് അരുളിച്ചെയ്തു.
8അബീമേലെക്ക് അതിരാവിലെ എഴുന്നേറ്റ് തന്റെ സകലസേവകന്മാരെയും വരുത്തി ഈ കാര്യം ഒക്കെയും അവരോടു പറഞ്ഞു; അവർ ഏറ്റവും ഭയപ്പെട്ടു.9അബീമേലെക്ക് അബ്രാഹാമിനെ വിളിപ്പിച്ചു അവനോട്: “നീ ഞങ്ങളോട് ചെയ്തത് എന്ത്? നീ എന്റെ മേലും എന്റെ രാജ്യത്തിന്മേലും ഒരു മഹാപാപം വരുത്തുവാൻ തക്കവണ്ണം ഞാൻ നിന്നോട് എന്തു കുറ്റം ചെയ്തു? ചെയ്യരുതാത്ത കാര്യം നീ എന്നോട് ചെയ്തുവല്ലോ” എന്നു പറഞ്ഞു.
10“നീ എന്ത് കണ്ടിട്ടാകുന്നു ഇക്കാര്യം ചെയ്തത്?എന്ന് അബീമേലെക്ക് അബ്രാഹാമിനോട് ചോദിച്ചതിന് അബ്രാഹാം പറഞ്ഞത്:11“ ‘ഈ സ്ഥലത്ത് ദൈവഭയം ഇല്ല നിശ്ചയം; എന്റെ ഭാര്യനിമിത്തം അവർ എന്നെ കൊല്ലും’ എന്ന് ഞാൻ വിചാരിച്ചു.12വാസ്തവത്തിൽ അവൾ എന്റെ പെങ്ങളാകുന്നു; എന്റെ അപ്പന്റെ മകൾ; എന്റെ അമ്മയുടെ മകളല്ല താനും; അവൾ എനിക്ക് ഭാര്യയാവുകയും ചെയ്തു.
13എന്നാൽ ദൈവം എന്നെ എന്റെ പിതൃഭവനത്തിൽനിന്ന് പുറപ്പെടുവിച്ചപ്പോൾ ഞാൻ അവളോട്: ‘നീ എനിക്ക് ഒരു ദയ ചെയ്യേണം; ഏതൊരു സഥലത്ത് നാം എവിടെയൊക്കെപോയാലും: “അവൻ എന്റെ ആങ്ങള” എന്ന് എന്നെക്കുറിച്ച് പറയേണം എന്ന് പറഞ്ഞിരുന്നു.”14അബീമേലെക്ക് അബ്രാഹാമിന് ആടുമാടുകളെയും ദാസീദാസന്മാരെയും കൊടുത്തു; അവന്റെ ഭാര്യയായ സാറായെയും അവന് തിരികെക്കൊടുത്തു:
15“ഇതാ, എന്റെ രാജ്യം നിന്റെ മുമ്പാകെ ഇരിക്കുന്നു; നിനക്ക് ഇഷ്ടമുള്ളടത്ത് പാർത്തുകൊൾക” എന്ന് അബീമേലെക്ക് പറഞ്ഞു.16സാറയോടു അവൻ: “നിന്റെ ആങ്ങളയ്ക്ക് ഞാൻ ആയിരം വെള്ളിക്കാശു കൊടുത്തിട്ടുണ്ട്; നിന്നോടുകൂടെയുള്ള എല്ലാവരുടെയും മുമ്പാകെ ഇതു നിനക്കു ഒരു പരിഹാരം; നീ എല്ലാവർക്കും മുമ്പാകെ നീതീകരിക്കപ്പെട്ടുമിരിക്കുന്നു” എന്നു പറഞ്ഞു.
17അബ്രാഹാം ദൈവത്തോടു പ്രാർത്ഥിച്ചു; അപ്പോൾ ദൈവം അബീമേലെക്കിനെയും അവന്റെ ഭാര്യയെയും അവന്റെ ദാസിമാരെയും സൗഖ്യമാക്കി, അവർ പ്രസവിച്ചു.18അബ്രാഹാമിന്റെ ഭാര്യയായ സാറായുടെ നിമിത്തം യഹോവ അബീമേലെക്കിന്റെ ഭവനത്തിലെ ഗർഭം ഒക്കെയും അടച്ചിരുന്നു.

21

1അനന്തരം യഹോവ അവിടുന്ന് അരുളിച്ചെയ്തിരുന്നതുപോലെ സാറായെ സന്ദർശിച്ചു; അവിടുന്ന് വാഗ്ദത്തം ചെയ്തിരുന്നതുപോലെ യഹോവ സാറായ്ക്ക് നിവൃത്തിച്ചുകൊടുത്തു.2അബ്രാഹാമിന്റെ വാർദ്ധക്യത്തിൽ ദൈവം അവനോട് അരുളിച്ചെയ്തിരുന്ന ആ നിശ്ചിതസമയത്ത് സാറാ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു.3സാറാ അബ്രാഹാമിന് പ്രസവിച്ച മകന് യിസ്ഹാക്ക് എന്ന് അബ്രഹാം പേരിട്ടു.4ദൈവം അബ്രാഹാമിനോട് കല്പിച്ചിരുന്നതുപോലെ അവൻ തന്റെ മകനായ യിസ്ഹാക്കിനെ എട്ടാം ദിവസം പരിച്ഛേദന കഴിച്ചു.

5തന്റെ മകനായ യിസ്ഹാക്ക് ജനിച്ചപ്പോൾ അബ്രാഹാമിന് നൂറു വയസ്സായിരുന്നു.6“ദൈവം എനിക്ക് ചിരിയുണ്ടാക്കി; കേൾക്കുന്നവരെല്ലാം എന്നോടുകൂടെ ചിരിക്കും” എന്ന് സാറാ പറഞ്ഞു.7“സാറാ മക്കൾക്ക് മുലകൊടുക്കുമെന്ന് അബ്രാഹാമിനോട് ആർ പറയുമായിരുന്നു? അവന്റെ വാർദ്ധക്യത്തിലല്ലോ ഞാൻ അവന് ഒരു മകനെ പ്രസവിച്ചത്എന്നും അവൾ പറഞ്ഞു.

8പൈതൽ വളർന്നു മുലകുടി മാറി; യിസ്ഹാക്കിന്റെ മുലകുടി മാറിയ അന്നേ ദിവസം അബ്രാഹാം ഒരു വലിയ വിരുന്നു കഴിച്ചു.9ഈജിപ്റ്റുകാരിയായ ദാസി ഹാഗാർ അബ്രാഹാമിനു പ്രസവിച്ച മകൻ പരിഹാസി എന്നു സാറാ കണ്ട് അബ്രാഹാമിനോട്:
10“ഈ ദാസിയെയും മകനെയും പുറത്താക്കിക്കളയുക; ഈ ദാസിയുടെ മകൻ എന്റെ മകൻ യിസ്ഹാക്കിനോടുകൂടെ അവകാശിയാകരുത്” എന്നു പറഞ്ഞു.11തന്റെ മകൻ നിമിത്തം ഈ കാര്യം അബ്രാഹാമിന് ഏറെ അനിഷ്ടമായി.
12എന്നാൽ ദൈവം അബ്രാഹാമിനോട്: “ബാലന്റെ നിമിത്തവും ദാസിയുടെ നിമിത്തവും നിനക്കു അനിഷ്ടം തോന്നരുത്; സാറാ നിന്നോടു പറഞ്ഞതിലൊക്കെയും അവളുടെ വാക്ക് കേൾക്ക; യിസ്ഹാക്കിൽനിന്നുള്ളവരല്ലോ നിന്റെ സാക്ഷാൽ സന്തതിയെന്ന് വിളിക്കപ്പെടുന്നത്.13ദാസിയുടെ മകനെയും ഞാൻ ഒരു ജനതയാക്കും; അവൻ നിന്റെ സന്തതിയല്ലോ” എന്ന് അരുളിച്ചെയ്തു.
14അബ്രാഹാം അതിരാവിലെ എഴുന്നേറ്റ് അപ്പവും ഒരു തുരുത്തി വെള്ളവും എടുത്ത് ഹാഗാറിന്റെ തോളിൽവച്ചു, കുട്ടിയെയും കൊടുത്തു അവളെ അയച്ചു; അവൾ പുറപ്പെട്ടുപോയി ബേർ-ശേബ മരുഭൂമിയിൽ അലഞ്ഞുനടന്നു.15തുരുത്തിയിലെ വെള്ളം ചെലവായശേഷം അവൾ കുട്ടിയെ ഒരു കുറ്റിക്കാട്ടിൻ തണലിൽ കിടത്തി.16അവൾ പോയി അതിനെതിരെ ഒരു അമ്പെയ്ത്തു ദൂരത്തിരുന്നു: കുട്ടിയുടെ മരണം എനിക്ക് കാണേണ്ടാ എന്നു പറഞ്ഞ് എതിരെ ഇരുന്ന് ഉറക്കെ കരഞ്ഞു.
17ദൈവം ബാലന്റെ നിലവിളി കേട്ടു; ദൈവത്തിന്റെ ദൂതൻ ആകാശത്തുനിന്ന് ഹാഗാറിനെ വിളിച്ച് അവളോട്: “ഹാഗാറേ, നിനക്കു എന്ത്? നീ ഭയപ്പെടേണ്ടാ; ബാലൻ ആയിരിക്കുന്നിടത്തുനിന്ന് അവന്റെ നിലവിളി ദൈവം കേട്ടിരിക്കുന്നു.18എഴുന്നേറ്റ് ബാലനെ താങ്ങി എഴുന്നേല്പിച്ചുകൊൾക; ഞാൻ അവനെ ഒരു വലിയ ജനതയാക്കും” എന്ന് അരുളിച്ചെയ്തു.
19ദൈവം അവളുടെ കണ്ണു തുറന്നു; അവൾ ഒരു നീരുറവു കണ്ടു, ചെന്ന് തുരുത്തിയിൽ വെള്ളം നിറച്ചു ബാലനെ കുടിപ്പിച്ചു.20ദൈവം ബാലനോടുകൂടെ ഉണ്ടായിരുന്നു; അവൻ മരുഭൂമിയിൽ പാർത്തു, മുതിർന്നപ്പോൾ ഒരു വില്ലാളിയായി തീർന്നു.21അവൻ പാരാൻമരുഭൂമിയിൽ പാർത്തു; അവന്റെ അമ്മ ഈജിപ്റ്റുദേശത്തുനിന്ന് അവന് ഒരു ഭാര്യയെ കൊണ്ടുവന്നു.

22അക്കാലത്ത് അബിമേലെക്കും അവന്റെ സൈന്യാധിപനായ പീക്കോലും അബ്രാഹാമിനോട് സംസാരിച്ചു: “നിന്റെ സകലപ്രവൃത്തിയിലും ദൈവം നിന്നോടുകൂടെയുണ്ട്;23അതുകൊണ്ട് നീ എന്നോടോ എന്റെ സന്തതിയോടോ എന്റെ ഭാവിതലമുറയോടോ വ്യാജം പ്രവൃത്തിക്കാതെ ഞാൻ നിന്നോടു ദയ കാണിച്ചതുപോലെ നീ എന്നോടും നീ പാർത്തുവരുന്ന ദേശത്തോടും ദയകാണിക്കുമെന്ന് ദൈവത്തെച്ചൊല്ലി ഇവിടെവച്ച് എന്നോട് സത്യം ചെയ്ക” എന്നു പറഞ്ഞു.24“ഞാൻ സത്യം ചെയ്യാം” എന്ന് അബ്രാഹാം പറഞ്ഞു.
25എന്നാൽ അബീമേലെക്കിന്റെ ദാസന്മാർ പിടിച്ചെടുത്ത കിണർ നിമിത്തം അബ്രാഹാം അബീമേലെക്കിനോട് പരാതിപറഞ്ഞു.26അതിന് അബീമേലെക്ക്: “ഇക്കാര്യം ചെയ്തത് ആരെന്ന് ഞാൻ അറിയുന്നില്ല; നീ എന്നെ അറിയിച്ചിട്ടില്ല; ഇന്നല്ലാതെ ഞാൻ അതിനെക്കുറിച്ച് കേട്ടിട്ടുമില്ല” എന്നു പറഞ്ഞു.27പിന്നെ അബ്രാഹാം അബീമേലെക്കിന് ആടുമാടുകളെ കൊടുത്തു; അവർ ഇരുവരും തമ്മിൽ ഉടമ്പടി ചെയ്തു.
28അബ്രാഹാം ഏഴു പെണ്ണാട്ടിൻകുട്ടികളെ വേറിട്ടു നിർത്തി.29അപ്പോൾ അബീമേലെക്ക് അബ്രാഹാമിനോട്: “നീ വേറിട്ടു നിർത്തിയ ഈ ഏഴു പെണ്ണാട്ടിൻകുട്ടികൾ എന്തിന്? എന്നു ചോദിച്ചു.30“ഞാൻ ഈ കിണർ കുഴിച്ചു എന്നതിന് സാക്ഷിയായി നീ ഈ ഏഴു പെണ്ണാട്ടിൻകുട്ടികളെ എന്നോടു വാങ്ങേണം” എന്ന് അവൻ പറഞ്ഞു.
31അവർ ഇരുവരും അവിടെവച്ച് സത്യം ചെയ്തതിനാൽ അവൻ ആ സ്ഥലത്തിന് ബേർ-ശേബ എന്നു പേരിട്ടു.32ഇങ്ങനെ അവർ ബേർ-ശേബയിൽവച്ച് ഉടമ്പടി ചെയ്തു. അബീമേലെക്കും അവന്റെ സൈന്യാധിപനായ പീക്കോലും എഴുന്നേറ്റ് ഫെലിസ്ത്യരുടെ ദേശത്തേക്ക് മടങ്ങിപ്പോയി.
33അബ്രാഹാം ബേർ-ശേബയിൽ ഒരു പിചുലവൃക്ഷം നട്ടു, നിത്യദൈവമായ യഹോവയുടെ നാമത്തിൽ അവിടെവച്ച് ആരാധന കഴിച്ചു.34അബ്രാഹാം കുറേക്കാലം ഫെലിസ്ത്യരുടെ ദേശത്തു പാർത്തു.

22

1അതിന്റെ ശേഷം ദൈവം അബ്രാഹാമിനെ പരിശോധിച്ചത് എങ്ങനെയെന്നാൽ: “അബ്രാഹാമേ,” എന്നു വിളിച്ചതിന്: “ഞാൻ ഇതാ” എന്ന് അവൻ പറഞ്ഞു.2അപ്പോൾ അവിടുന്ന്: “നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ യിസ്ഹാക്കിനെ തന്നെ കൂട്ടിക്കൊണ്ട് മോറിയാദേശത്തു ചെന്ന്, അവിടെ ഞാൻ നിന്നോട് കല്പിക്കുന്ന ഒരു മലയിൽ അവനെ ഹോമയാഗം അർപ്പിക്ക” എന്ന് അരുളിച്ചെയ്തു.3അബ്രാഹാം അതിരാവിലെ എഴുന്നേറ്റ് കഴുതയ്ക്കു കോപ്പിട്ടു കെട്ടി യൗവനക്കാരിൽ രണ്ടുപേരെയും തന്റെ മകൻ യിസ്ഹാക്കിനെയും കൂട്ടി ഹോമയാഗത്തിനു വിറകു കീറി എടുത്തുംകൊണ്ട് പുറപ്പെട്ടു, ദൈവം തന്നോട് കല്പിച്ച സ്ഥലത്തേക്കു പോയി.

4മൂന്നാം ദിവസം അബ്രാഹാം നോക്കി ദൂരത്തുനിന്ന് ആ സ്ഥലം കണ്ടു.5അബ്രാഹാം യൗവനക്കാരോട്: “നിങ്ങൾ കഴുതയുമായി ഇവിടെ ഇരിപ്പിൻ; ഞാനും ബാലനും അവിടെവരെ ചെന്ന് ആരാധന കഴിച്ചു മടങ്ങിവരാം” എന്നു പറഞ്ഞു.6അബ്രാഹാം ഹോമയാഗത്തിനുള്ള വിറക് എടുത്ത് തന്റെ മകനായ യിസ്ഹാക്കിന്റെ ചുമലിൽ വച്ചു; തീയും കത്തിയും താൻ എടുത്തു; ഇരുവരും ഒന്നിച്ചു നടന്നു.
7അപ്പോൾ യിസ്ഹാക്ക് തന്റെ അപ്പനായ അബ്രാഹാമിനോട്: “അപ്പാ,” എന്നു പറഞ്ഞതിന് അവൻ: “എന്താകുന്നു മകനേ” എന്നു പറഞ്ഞു. “ഇതാ, തീയും വിറകുമുണ്ട്; എന്നാൽ ഹോമയാഗത്തിന് ആട്ടിൻകുട്ടി എവിടെ? എന്ന് അവൻ ചോദിച്ചു.8“ദൈവം അവിടുത്തേക്കു ഹോമയാഗത്തിന് ഒരു ആട്ടിൻകുട്ടിയെ കരുതിക്കൊള്ളും, മകനേ,” എന്ന് അബ്രാഹാം പറഞ്ഞു. അങ്ങനെ അവർ ഇരുവരും ഒന്നിച്ചു നടന്നു.
9ദൈവം കല്പിച്ചിരുന്ന സ്ഥലത്ത് അവർ എത്തി; അവിടെ അബ്രാഹാം ഒരു യാഗപീഠം പണിതു, വിറക് അടുക്കി, തന്റെ മകൻ യിസ്ഹാക്കിനെ കെട്ടി യാഗപീഠത്തിന്മേൽ വിറകിന്മീതെ കിടത്തി.10പിന്നെ അബ്രാഹാം കൈ നീട്ടി തന്റെ മകനെ അറുക്കേണ്ടതിന് കത്തി എടുത്തു.
11ഉടനെ യഹോവയുടെ ദൂതൻ ആകാശത്തുനിന്ന്: “അബ്രാഹാമേ, അബ്രാഹാമേ,” എന്നു വിളിച്ചു; “ഞാൻ ഇതാ,” എന്ന് അവൻ പറഞ്ഞു.12“ബാലന്റെ മേൽ കൈവയ്ക്കരുത്; അവനോട് ഒന്നും ചെയ്യരുത്; നിന്റെ ഏകജാതനായ മകനെ തരുവാൻ നീ മടിക്കായ്കകൊണ്ട് നീ ദൈവത്തെ ഭയപ്പെടുന്നു എന്ന് ഞാൻ ഇപ്പോൾ അറിയുന്നു” എന്ന് അവിടുന്ന് അരുളിച്ചെയ്തു.
13അബ്രാഹാം തലപൊക്കി നോക്കിയപ്പോൾ തന്റെ പിന്നിൽ ഒരു ആട്ടുകൊറ്റൻ കൊമ്പ് കാട്ടിൽ1 പിടിപെട്ടു കിടക്കുന്നത് കണ്ടു; അബ്രാഹാം ചെന്ന് ആട്ടുകൊറ്റനെ പിടിച്ചു തന്റെ മകനു പകരം ഹോമയാഗം കഴിച്ചു.14അബ്രാഹാം ആ സ്ഥലത്തിന് യഹോവ യിരേ എന്നു പേരിട്ടു. “യഹോവയുടെ പർവ്വതത്തിൽ അവൻ പ്രത്യക്ഷനാകും2 ” എന്ന് ഇന്നുവരെയും പറഞ്ഞുവരുന്നു.
15യഹോവയുടെ ദൂതൻ രണ്ടാമതും ആകാശത്തുനിന്ന് അബ്രാഹാമിനോട് വിളിച്ചു അരുളിച്ചെയ്തത്:16“നീ ഈ കാര്യം ചെയ്തു, നിന്റെ ഏകജാതനായ മകനെ തരുവാൻ മടിക്കായ്കകൊണ്ട്17ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും; നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിപ്പിക്കും; നിന്റെ സന്തതി ശത്രുക്കളുടെ പട്ടണവാതിലുകൾ കൈവശമാക്കും.
18നീ എന്റെ വാക്ക് അനുസരിച്ചതുകൊണ്ട് നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടുതന്നെ സത്യം ചെയ്തിരിക്കുന്നു എന്ന് യഹോവ അരുളിച്ചെയ്യുന്നു.”19പിന്നെ അബ്രാഹാം യൗവനക്കാരുടെ അടുക്കൽ മടങ്ങിവന്നു; അവർ ഒന്നിച്ചു പുറപ്പെട്ട് ബേർ-ശേബയിലേക്കു പോന്നു; അബ്രാഹാം ബേർ-ശേബയിൽ പാർത്തു.

20അനന്തരം “മിൽക്കയും നിന്റെ സഹോദരനായ നാഹോരിനു മക്കളെ പ്രസവിച്ചിരിക്കുന്നു.21അവർ ആരെന്നാൽ: ആദ്യജാതൻ ഊസ്, അവന്റെ അനുജൻ ബൂസ്, അരാമിന്റെ പിതാവായ കെമൂവേൽ,22കേശെദ്, ഹസോ, പിൽദാശ്, യിദലാഫ്, ബെഥൂവേൽ” എന്ന് അബ്രാഹാമിനു അറിവ് കിട്ടി.
23ബെഥൂവേൽ റിബെക്കയെ ജനിപ്പിച്ചു. ഈ എട്ടുപേരെ മിൽക്കാ അബ്രാഹാമിന്റെ സഹോദരനായ നാഹോരിനു പ്രസവിച്ചു.24നാഹോരിന്റെ വെപ്പാട്ടി രെയൂമാ എന്നവളും തേബഹ്, ഗഹാം, തഹശ്, മാഖാ എന്നിവരെ പ്രസവിച്ചു.


1 22:13 കാട്ടിൽ കുറ്റിക്കാട്, ചെറിയകാട്,നിബിഡവനം എന്നുമാകാം.
2 22:14 അവൻ പ്രത്യക്ഷനാകും “വേണ്ടത് നൽകപ്പെടും” എന്നുമാകാം.

23

1സാറായ്ക്ക് നൂറ്റിരുപത്തേഴ് വയസ്സ് ആയിരുന്നു: ഇത് സാറായുടെ ആയുഷ്കാലം.2സാറാ കനാൻദേശത്ത് ഹെബ്രോൻ എന്ന കിര്യത്തർബ്ബയിൽവച്ച് മരിച്ചു; അബ്രാഹാം സാറായെക്കുറിച്ച് വിലപിച്ചു കരയുവാൻ വന്നു.

3പിന്നെ അബ്രാഹാം മരിച്ചവളുടെ അടുക്കൽനിന്ന് എഴുന്നേറ്റ് ഹിത്യരോട് സംസാരിച്ചു:4“ഞാൻ നിങ്ങളുടെ ഇടയിൽ പരദേശിയും വന്നു പാർക്കുന്നവനും ആകുന്നു; ഞാൻ എന്റെ മരിച്ചവളെ കൊണ്ടുപോയി അടക്കേണ്ടതിന് എനിക്ക് നിങ്ങളുടെ ഇടയിൽ ഒരു ശ്മശാനഭൂമി അവകാശമായി തരുവിൻ” എന്നു പറഞ്ഞു.
5ഹിത്യർ അബ്രാഹാമിനോട്: “യജമാനനേ, കേട്ടാലും:6അങ്ങ് ഞങ്ങളുടെ ഇടയിൽ ശക്തനായ ഒരു പ്രഭുവാകുന്നു; ഞങ്ങളുടെ ശ്മശാനസ്ഥലങ്ങളിൽവച്ചു വിശേഷമായതിൽ മരിച്ചവളെ സംസ്കരിച്ചുക്കൊൾക; മരിച്ചവളെ അടക്കുവാൻ ഞങ്ങളിൽ ആരും ശ്മശാനസ്ഥലം അങ്ങയ്ക്കു തരാതിരിക്കയില്ല” എന്ന് ഉത്തരം പറഞ്ഞു.
7അപ്പോൾ അബ്രാഹാം എഴുന്നേറ്റ് ആ ദേശക്കാരായ ഹിത്യരെ വന്ദിച്ച് അവരോട് സംസാരിച്ചു:8“ഞാൻ എന്റെ മരിച്ചവളെ കൊണ്ടുപോയി സംസ്കരിക്കുവാൻ നിങ്ങൾക്ക് സമ്മതമുണ്ടെങ്കിൽ എന്റെ അപേക്ഷ കേട്ട് എനിക്കുവേണ്ടി സോഹരിന്റെ മകനായ എഫ്രോനോട്,9അദേഹം തന്റെ നിലത്തിന്റെ അതിർത്തിയിൽ തനിക്കുള്ള മക്പേലാ എന്ന ഗുഹ എനിക്കു തരേണ്ടതിന് അപേക്ഷിപ്പിൻ; നിങ്ങളുടെ ഇടയിൽ ശ്മശാനാവകാശമായിട്ട് അദേഹം അതിനെ യഥാർത്ഥ വിലയ്ക്ക് എനിക്ക് തരേണം” എന്നു പറഞ്ഞു.
10എന്നാൽ എഫ്രോൻ ഹിത്യരുടെ നടുവിൽ ഇരിക്കുകയായിരുന്നു; ഹിത്യനായ എഫ്രോൻ ഹിത്യരും നഗരവാതിൽക്കൽക്കൂടി പ്രവേശിച്ച എല്ലാവരും കേൾക്കെ അബ്രാഹാമിനോട്:11“അങ്ങനെയല്ല, യജമാനനേ, കേൾക്കേണമേ; നിലവും അതിലെ ഗുഹയും ഞാൻ അങ്ങയ്ക്ക് തരുന്നു; എന്റെ ജനത്തിന്റെ സാന്നിദ്ധ്യത്തിൽ ഞാൻ അത് അങ്ങയ്ക്ക് തരുന്നു; അങ്ങയുടെ മരിച്ചവളെ അടക്കം ചെയ്താലും” എന്നുത്തരം പറഞ്ഞു.
12അപ്പോൾ അബ്രാഹാം ദേശത്തിലെ ജനത്തെ വന്ദിച്ചു.13ദേശത്തിലെ ജനം കേൾക്കെ അവൻ എഫ്രോനോട്: “അങ്ങ് അത് തരുമെങ്കിൽ ദയ ചെയ്ത് കേൾക്കേണം; നിലത്തിന്റെ വില ഞാൻ അങ്ങയ്ക്കു തരുന്നത് എന്നോടു വാങ്ങേണം; എന്നാൽ ഞാൻ എന്റെ മരിച്ചവളെ അവിടെ അടക്കം ചെയ്യും” എന്നു പറഞ്ഞു.
14എഫ്രോൻ അബ്രാഹാമിനോട്: “യജമാനനേ, കേട്ടാലും:15നാനൂറു ശേക്കെൽ വെള്ളി വിലയുള്ള ഒരു ഭൂമി, അത് എനിക്കും അങ്ങയ്ക്കും എന്തുള്ളു? അങ്ങയുടെ മരിച്ചവളെ അടക്കം ചെയ്തുകൊൾക” എന്നു ഉത്തരം പറഞ്ഞു.16അബ്രാഹാം എഫ്രോന്റെ വാക്ക് സമ്മതിച്ചു ഹിത്യർ കേൾക്കെ എഫ്രോൻ പറഞ്ഞതുപോലെ കച്ചവടക്കാരുടെ നാണയവ്യവസ്ഥ അനുസരിച്ച് നാനൂറു ശേക്കെൽ വെള്ളി അവന് തൂക്കിക്കൊടുത്തു.
17ഇങ്ങനെ മമ്രേക്കരികെ എഫ്രോനുള്ള മക്പേലാനിലവും അതിലെ ഗുഹയും നിലത്തിന്റെ അതിരിനകത്തുള്ള സകലവൃക്ഷങ്ങളും18ഹിത്യരുടെയും നഗരവാതിൽക്കൽക്കൂടി കടന്നുപോയ എല്ലാവരുടെയും മുമ്പാകെ അബ്രാഹാമിന് അവകാശമായി ഉറച്ചുകിട്ടി.
19അതിന്റെ ശേഷം അബ്രാഹാം തന്റെ ഭാര്യയായ സാറായെ കനാൻദേശത്തിലെ ഹെബ്രോൻ എന്ന മമ്രേക്കരികെയുള്ള മക്പേലാ നിലത്തിലെ ഗുഹയിൽ അടക്കം ചെയ്തു.20ഇങ്ങനെ ഹിത്യർ ആ നിലവും അതിലെ ഗുഹയും അബ്രാഹാമിന് ശ്മശാനാവകാശമായി ഉറപ്പിച്ചുകൊടുത്തു.

24

1അബ്രാഹാം വയസ്സുചെന്നു വൃദ്ധനായി; യഹോവ അബ്രാഹാമിനെ സകലത്തിലും അനുഗ്രഹിച്ചിരുന്നു.2തന്റെ വീട്ടിൽ മൂപ്പനും തനിക്കുള്ളതിനൊക്കെയും വിചാരകനുമായ ദാസനോട് അബ്രാഹാം പറഞ്ഞത്: “നിന്റെ കൈ എന്റെ തുടയിൻ കീഴിൽ വയ്ക്കുക;3ചുറ്റും പാർക്കുന്ന കനാന്യരുടെ കന്യകമാരിൽനിന്നു നീ എന്റെ മകന് ഭാര്യയെ എടുക്കാതെ,4എന്റെ ദേശത്തും എന്റെ കുടുംബക്കാരുടെ അടുക്കലും ചെന്ന് എന്റെ മകനായ യിസ്ഹാക്കിന് ഭാര്യയെ എടുക്കുമെന്ന് സ്വർഗ്ഗത്തിനും ഭൂമിക്കും ദൈവമായ യഹോവയുടെ നാമത്തിൽ ഞാൻ നിന്നെക്കൊണ്ട് സത്യം ചെയ്യിക്കും.”

5ദാസൻ അവനോട്: “പക്ഷേ സ്ത്രീക്ക് എന്നോടുകൂടെ ഈ ദേശത്തേക്ക് വരുവാൻ മനസ്സില്ലെങ്കിലോ? നീ വിട്ടുപോന്ന ദേശത്തേക്ക് ഞാൻ നിന്റെ മകനെ മടക്കിക്കൊണ്ടുപോകേണമോ? എന്നു ചോദിച്ചു.6അബ്രാഹാം അവനോട് പറഞ്ഞത്: “എന്റെ മകനെ അവിടേക്കു മടക്കിക്കൊണ്ടു പോകാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.7എന്റെ പിതൃഭവനത്തിൽനിന്നും ജന്മദേശത്തുനിന്നും എന്നെ കൊണ്ടുവന്നവനും എന്നോട് അരുളിച്ചെയ്തവനും നിന്റെ സന്തതിക്ക് ഞാൻ ഈ ദേശം കൊടുക്കുമെന്ന് എന്നോടു സത്യം ചെയ്തവനുമായി സ്വർഗ്ഗത്തിന്റെ ദൈവമായ യഹോവ എന്റെ മകന് നീ ഒരു ഭാര്യയെ അവിടെനിന്നു കൊണ്ടുവരുവാൻ തക്കവണ്ണം നിനക്കു മുമ്പായി തന്റെ ദൂതനെ അയക്കും.
8എന്നാൽ സ്ത്രീക്ക് നിന്നോടുകൂടെ വരുവാൻ മനസ്സില്ലെങ്കിൽ നീ ഈ സത്യത്തിൽനിന്ന് ഒഴിഞ്ഞിരിക്കും; എന്റെ മകനെ അവിടേക്കു മടക്കിക്കൊണ്ടുപോവുക മാത്രം അരുത്.”9അപ്പോൾ ദാസൻ തന്റെ യജമാനനായ അബ്രാഹാമിന്റെ തുടയിൻകീഴിൽ കൈവച്ച് ഈ കാര്യത്തെക്കുറിച്ച് അവനോടു സത്യം ചെയ്തു.
10അനന്തരം ആ ദാസൻ തന്റെ യജമാനന്റെ ഒട്ടകങ്ങളിൽ പത്ത് ഒട്ടകങ്ങളെയും യജമാനനുള്ള വിവിധമായ വിശേഷവസ്തുക്കളെയും കൊണ്ടു പുറപ്പെട്ട് മെസൊപ്പൊത്താമ്യയിൽ നാഹോരിന്റെ പട്ടണത്തിൽ ചെന്നു.11വൈകുന്നേരം സ്ത്രീകൾ വെള്ളം കോരുവാൻ വരുന്ന സമയത്ത് അവൻ ഒട്ടകങ്ങളെ പട്ടണത്തിന് പുറത്ത് ഒരു കിണറിനരികെ നിറുത്തി പറഞ്ഞതെന്തെന്നാൽ:
12“എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവേ, എന്റെ യജമാനനായ അബ്രാഹാമിനോടു കൃപചെയ്ത് ഇന്നുതന്നെ കാര്യം സാധിപ്പിച്ചുതരേണമേ.13ഇതാ, ഞാൻ കിണറിനരികെ നില്ക്കുന്നു; ഈ പട്ടണക്കാരുടെ കന്യകമാർ വെള്ളം കോരുവാൻ വരുന്നു.14‘നിന്റെ പാത്രം ഇറക്കി എനിക്കു കുടിക്കുവാൻ തരേണം’ എന്നു ഞാൻ പറയുമ്പോൾ: ‘കുടിക്ക; നിന്റെ ഒട്ടകങ്ങൾക്കും കുടിപ്പാൻ ഞാൻ കൊടുക്കാം’ എന്നു പറയുന്ന സ്ത്രീ തന്നെ അവിടുന്ന് അവിടുത്തെ ദാസനായ യിസ്ഹാക്കിന് നിയമിച്ചവളായിരിക്കട്ടെ; അവിടുന്ന് എന്റെ യജമാനനോട് കൃപ ചെയ്തു എന്നു ഞാൻ അതിനാൽ ഗ്രഹിക്കും.”
15അവൻ പറഞ്ഞു തീരുംമുമ്പേ അബ്രാഹാമിന്റെ സഹോദരനായ നാഹോരിന്റെ ഭാര്യ മിൽക്കയുടെ മകൻ ബെഥൂവേലിന്റെ മകൾ റിബെക്കാ തോളിൽ പാത്രവുമായി വന്നു.16ബാല അതിസുന്ദരിയും പുരുഷൻ തൊടാത്ത കന്യകയും ആയിരുന്നു; അവൾ കിണറ്റിൽ ഇറങ്ങി പാത്രം നിറച്ച് കയറിവന്നു.
17ദാസൻ അവളെ കാണുവാനായി ഓടിച്ചെന്ന്: “നിന്റെ പാത്രത്തിലെ വെള്ളം കുറച്ച് എനിക്കു കുടിപ്പാൻ തരേണം” എന്നു പറഞ്ഞു.18“യജമാനനേ, കുടിക്ക” എന്ന് അവൾ പറഞ്ഞു വേഗം പാത്രം അവളുടെ കൈയിൽ ഇറക്കി അവന് കുടിപ്പാൻ കൊടുത്തു.
19അവന് കുടിപ്പാൻ കൊടുത്ത ശേഷം: “അങ്ങയുടെ ഒട്ടകങ്ങൾക്കും വേണ്ടുവോളം ഞാൻ കോരിക്കൊടുക്കാം” എന്നു പറഞ്ഞു,20പാത്രത്തിലെ വെള്ളം വേഗം തൊട്ടിയിൽ ഒഴിച്ചു, പിന്നെയും കോരിക്കൊണ്ടുവരുവാൻ കിണറ്റിലേക്ക് ഓടി ഇറങ്ങി അവന്റെ ഒട്ടകങ്ങൾക്കും എല്ലാം കോരിക്കൊടുത്തു.
21ആ പുരുഷൻ അവളെ ആശ്ചര്യത്തോടെ നോക്കി, യഹോവ തന്റെ യാത്രയെ സഫലമാക്കിയോ ഇല്ലയോ എന്ന് അറിയേണ്ടതിന് മിണ്ടാതിരുന്നു.22ഒട്ടകങ്ങൾ കുടിച്ചു തീർന്നപ്പോൾ അവൻ അര ശേക്കെൽ തൂക്കമുള്ള ഒരു പൊന്മൂക്കുത്തിയും അവളുടെ കൈയ്യിലിടുവാൻ പത്തു ശേക്കെൽ തൂക്കമുള്ള രണ്ടു പൊൻവളയും എടുത്ത് അവളോട്:23“നീ ആരുടെ മകൾ? പറയുക; നിന്റെ അപ്പന്റെ വീട്ടിൽ ഞങ്ങൾക്കു രാപാർക്കുവാൻ സ്ഥലമുണ്ടോ?എന്നു ചോദിച്ചു.
24അവൾ അവനോട്: “നാഹോരിന് മിൽക്കാ പ്രസവിച്ച മകനായ ബെഥൂവേലിന്റെ മകൾ ആകുന്നു ഞാൻ” എന്നു പറഞ്ഞു.25“ഞങ്ങൾക്ക് വയ്ക്കോലും കാലിത്തീറ്റയും വേണ്ടുവോളം ഉണ്ട്; രാപാർക്കുവാൻ സ്ഥലവും ഉണ്ട്” എന്നും അവൾ പറഞ്ഞു.
26അപ്പോൾ ആ പുരുഷൻ കുനിഞ്ഞു യഹോവയെ നമസ്കരിച്ചു:27“എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ; അവിടുന്ന് എന്റെ യജമാനനോടുള്ള ദയയും വിശ്വസ്തതയും ഉപേക്ഷിച്ചിട്ടില്ല. ഈ യാത്രയിൽ യഹോവ എന്നെ എന്റെ യജമാനന്റെ സഹോദരന്മാരുടെ വീട്ടിലേക്ക് നടത്തിക്കൊണ്ടുവന്നുവല്ലോ” എന്നു പറഞ്ഞു.
28ബാല ഓടിച്ചെന്ന് അമ്മയുടെ വീട്ടുകാരെ ഈ കാര്യങ്ങൾ അറിയിച്ചു.29റിബെക്കായ്ക്ക് ഒരു സഹോദരൻ ഉണ്ടായിരുന്നു; അവന് ലാബാൻ എന്നു പേർ. ലാബാൻ പുറത്തു കിണറിനരികെ ആ പുരുഷന്റെ അടുക്കൽ ഓടിച്ചെന്നു.30അവൻ മൂക്കുത്തിയും സഹോദരിയുടെ കൈമേൽ വളയും കാണുകയും “ആ പുരുഷൻ ഇപ്രകാരം എന്നോടു പറഞ്ഞു” എന്ന് തന്റെ സഹോദരിയായ റിബെക്കയുടെ വാക്കു കേൾക്കുകയും ചെയ്തപ്പോൾ ആ പുരുഷന്റെ അടുക്കൽ ചെന്നു; അവൻ കിണറിനരികെ ഒട്ടകങ്ങളുടെ സമീപത്ത് നിൽക്കുകയായിരുന്നു.
31അപ്പോൾ ലാബാൻ: “യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവനേ, അകത്തു വരിക; എന്തിന് പുറത്തു നില്ക്കുന്നു? വീടും ഒട്ടകങ്ങൾക്കു സ്ഥലവും ഞാൻ ഒരുക്കിയിരിക്കുന്നു” എന്നു പറഞ്ഞു.32അങ്ങനെ ആ പുരുഷൻ വീട്ടിൽ ചെന്നു. അവൻ ഒട്ടകങ്ങളെ ജീനിയഴിച്ചു ഒട്ടകങ്ങൾക്ക് വയ്ക്കോലും കാലിത്തീറ്റയും, അവനും കൂടെയുള്ളവർക്കും കാലുകളെ കഴുകുവാൻ വെള്ളവും കൊടുത്തു. അവന്റെ മുമ്പിൽ ഭക്ഷണം വച്ചു.
33എന്നാൽ അവൻ: “ഞാൻ വന്ന കാര്യം അറിയിക്കും മുമ്പേ ഭക്ഷണം കഴിക്കുകയില്ല” എന്നു പറഞ്ഞു. “പറക” എന്ന് ലാബാനും പറഞ്ഞു.34അപ്പോൾ അവൻ പറഞ്ഞത്: “ഞാൻ അബ്രാഹാമിന്റെ ദാസൻ.35യഹോവ എന്റെ യജമാനനെ ഏറ്റവും അനുഗ്രഹിച്ചു; അവൻ മഹാനായിത്തീർന്നു; അവൻ അവന് ആട്, മാട്, പൊന്ന്, വെള്ളി, ദാസീദാസന്മാർ, ഒട്ടകങ്ങൾ, കഴുതകൾ എന്നിവയൊക്കെയും കൊടുത്തിരിക്കുന്നു.
36എന്റെ യജമാനന്റെ ഭാര്യയായ സാറാ വൃദ്ധയായപ്പോൾ എന്റെ യജമാനന് ഒരു മകനെ പ്രസവിച്ചു; അവൻ തനിക്കുള്ളതൊക്കെയും അവന് കൊടുത്തിരിക്കുന്നു.37‘ഞാൻ പാർക്കുന്ന കനാൻദേശത്തിലെ കനാന്യകന്യകമാരിൽനിന്നു നീ എന്റെ മകനു ഭാര്യയെ എടുക്കാതെ,38എന്റെ പിതൃഭവനത്തിലും കുടുംബക്കാരുടെ അടുക്കലും ചെന്ന് എന്റെ മകനു ഭാര്യയെ എടുക്കണം’ എന്നു പറഞ്ഞ് എന്റെ യജമാനൻ എന്നെക്കൊണ്ടു സത്യം ചെയ്യിച്ചു.
39ഞാൻ എന്റെ യജമാനനോട്: ‘ഒരുപക്ഷേ സ്ത്രീ എന്നോടുകൂടെ പോരുന്നില്ലെങ്കിലോ’ എന്നു പറഞ്ഞതിന് അവൻ എന്നോട്:40‘ഞാൻ സേവിച്ചുപോരുന്ന യഹോവ തന്റെ ദൂതനെ നിന്നോടുകൂടെ അയച്ച്, നീ എന്റെ കുടുംബത്തിൽനിന്നും പിതൃഭവനത്തിൽനിന്നും എന്റെ മകനു ഭാര്യയെ എടുപ്പാൻ തക്കവണ്ണം നിന്റെ യാത്രയെ സഫലമാക്കും;41എന്റെ കുടുംബക്കാരുടെ അടുക്കൽ ചെന്നാൽ നീ ഈ സത്യത്തിൽനിന്ന് ഒഴിഞ്ഞിരിക്കും; അവർ അവളെ നിനക്കു തരുന്നില്ല എന്നു വരികിലും നീ ഈ സത്യത്തിൽനിന്ന് ഒഴിഞ്ഞിരിക്കും’ എന്നു പറഞ്ഞു.
42ഞാൻ ഇന്നു കിണറിനരികെ വന്നപ്പോൾ പറഞ്ഞത്: ‘എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവേ, ഞാൻ വന്നിരിക്കുന്ന ഈ യാത്രയെ നീ സഫലമാക്കി എങ്കിൽ43ഇതാ, ഞാൻ കിണറിനരികെ നില്ക്കുന്നു; വെള്ളം കോരുവാൻ ഒരു കന്യക വരികയും ഞാൻ അവളോട്: “നിന്റെ പാത്രത്തിലെ വെള്ളം കുറച്ച് എനിക്കു കുടിപ്പാൻ തരിക” എന്നു പറയുമ്പോൾ,44അവൾ എന്നോട്: “കുടിക്ക, ഞാൻ നിന്റെ ഒട്ടകങ്ങൾക്കും കോരി കൊടുക്കാം” എന്നു പറയുകയും ചെയ്താൽ അവൾ തന്നെ യഹോവ എന്റെ യജമാനന്റെ മകനു നിയമിച്ച സ്ത്രീയായിരിക്കട്ടെ.
45ഞാൻ ഇങ്ങനെ ഹൃദയത്തിൽ പറഞ്ഞു തീരുംമുമ്പേ ഇതാ, റിബെക്കാ തോളിൽ പാത്രവുമായി വന്നു കിണറ്റിൽ ഇറങ്ങി വെള്ളം കോരി; ഞാൻ അവളോട്: ‘എനിക്കു കുടിപ്പാൻ തരേണം’ എന്നു പറഞ്ഞു.46അവൾ വേഗം തോളിൽനിന്നു പാത്രം ഇറക്കി: ‘കുടിക്ക, ഞാൻ നിന്റെ ഒട്ടകങ്ങൾക്കും കുടിപ്പാൻ കൊടുക്കാം’ എന്നു പറഞ്ഞു. അങ്ങനെ ഞാൻ കുടിച്ചു; അവൾ ഒട്ടകങ്ങൾക്കും കുടിപ്പാൻ കൊടുത്തു.
47ഞാൻ അവളോട്: ‘നീ ആരുടെ മകൾ’ എന്നു ചോദിച്ചതിന് അവൾ: ‘മിൽക്കാ നാഹോരിനു പ്രസവിച്ച മകനായ ബെഥൂവേലിന്റെ മകൾ’ എന്നു പറഞ്ഞു. ഞാൻ അവളുടെ മൂക്കിനു മൂക്കുത്തിയും കൈകൾക്കു വളയും ഇട്ടു.48ഞാൻ കുനിഞ്ഞു യഹോവയെ നമസ്കരിച്ചു, എന്റെ യജമാനന്റെ സഹോദരന്റെ മകളെ അവന്റെ മകനുവേണ്ടി എടുപ്പാൻ എന്നെ നേർവ്വഴിക്കു കൊണ്ടുവന്നവനായ എന്റെ യജമാനൻ അബ്രാഹാമിന്റെ ദൈവമായ യഹോവയെ വാഴ്ത്തുകയും ചെയ്തു.
49ആകയാൽ നിങ്ങൾ എന്റെ യജമാനനോടു ദയയും വിശ്വസ്തതയും കാണിക്കുമെങ്കിൽ എന്നോടു പറവിൻ; അല്ല എന്നു വരികിൽ അതും പറവിൻ; എന്നാൽ ഞാൻ ഇടത്തോട്ടോ വലത്തോട്ടോ തിരിഞ്ഞുകൊള്ളാം.”
50അപ്പോൾ ലാബാനും ബെഥൂവേലും: “ഈ കാര്യം യഹോവയാൽ വരുന്നു; നിന്നോടു ഗുണമെങ്കിലും ദോഷമെങ്കിലും പറയുവാൻ ഞങ്ങൾക്കു കഴിയുകയില്ല.51ഇതാ, റിബെക്കാ നിന്റെ മുമ്പാകെ ഉണ്ടല്ലോ; അവളെ കൂട്ടിക്കൊണ്ടുപോക; യഹോവ കല്പിച്ചതുപോലെ അവൾ നിന്റെ യജമാനന്റെ മകനു ഭാര്യയാകട്ടെ” എന്നു ഉത്തരം പറഞ്ഞു.
52അബ്രാഹാമിന്റെ ദാസൻ അവരുടെ വാക്കു കേട്ടപ്പോൾ യഹോവയെ സാഷ്ടാംഗം നമസ്കരിച്ചു.53പിന്നെ ദാസൻ വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും എടുത്തു റിബെക്കായ്ക്കു കൊടുത്തു; അവളുടെ സഹോദരനും അമ്മയ്ക്കും വിശേഷവസ്തുക്കൾ കൊടുത്തു.
54അവനും കൂടെയുള്ളവരും ഭക്ഷിച്ചു പാനം ചെയ്തു രാപാർത്തു. രാവിലെ അവർ എഴുന്നേറ്റശേഷം അവൻ: “എന്റെ യജമാനന്റെ അടുക്കൽ എന്നെ അയക്കേണം” എന്നു പറഞ്ഞു.55അതിനു അവളുടെ സഹോദരനും അമ്മയും: “ബാല ഒരു പത്തുദിവസമെങ്കിലും ഞങ്ങളോടുകൂടെ പാർത്തിട്ടു പിന്നെ പോരട്ടെ” എന്നു പറഞ്ഞു.
56അവൻ അവരോട്: “എന്നെ താമസിപ്പിക്കരുതേ; യഹോവ എന്റെ യാത്ര സഫലമാക്കിയിരിക്കുന്നുവല്ലോ; യജമാനന്റെ അടുക്കൽ പോകുവാൻ എന്നെ പറഞ്ഞയക്കേണം” എന്നു പറഞ്ഞു.57“ഞങ്ങൾ ബാലയെ വിളിച്ചു അവളോടു ചോദിക്കട്ടെ” എന്ന് അവർ പറഞ്ഞു.58അവർ റിബെക്കയെ വിളിച്ച് അവളോട്: “നീ ഈ പുരുഷനോടുകൂടെ പോകുന്നുവോ” എന്നു ചോദിച്ചു. “ഞാൻ പോകുന്നു” എന്ന് അവൾ പറഞ്ഞു.
59അങ്ങനെ അവർ തങ്ങളുടെ സഹോദരിയായ റിബെക്കയെയും അവളുടെ പരിചാരികയെയും അബ്രാഹാമിന്റെ ദാസനെയും അവന്റെ ആളുകളെയും പറഞ്ഞയച്ചു.60അവർ റിബെക്കയെ അനുഗ്രഹിച്ചു അവളോട്: “സഹോദരീ, നീ ആയിരം പതിനായിരങ്ങളുടെ അമ്മയായി തീരുക; നിന്റെ സന്തതികൾ, അവരെ വെറുക്കുന്നവരുടെ പടിവാതിൽ കൈവശമാക്കട്ടെ” എന്നു പറഞ്ഞു.
61പിന്നെ റിബെക്കയും അവളുടെ ദാസിമാരും എഴുന്നേറ്റ് ഒട്ടകപ്പുറത്തു കയറി ആ പുരുഷനോടുകൂടെ പോയി; അങ്ങനെ ദാസൻ റിബെക്കയെ കൂട്ടിക്കൊണ്ടുപോയി.62എന്നാൽ യിസ്ഹാക്ക് ബേർലഹയിരോയീവരെ വന്നു; അവൻ തെക്കേദേശത്തു പാർക്കുകയായിരുന്നു.
63വൈകുന്നേരത്തു യിസ്ഹാക്ക് ധ്യാനിപ്പാൻ വിജനസ്ഥലത്തു പോയിരുന്നു; അവൻ തലപൊക്കി നോക്കി ഒട്ടകങ്ങൾ വരുന്നതു കണ്ടു.64റിബെക്കായും തലപൊക്കി യിസ്ഹാക്കിനെ കണ്ടിട്ട് ഒട്ടകപ്പുറത്തുനിന്ന് ഇറങ്ങി.65അവൾ ദാസനോട്: “വിജനസ്ഥലത്തു നമ്മെ എതിരേറ്റു വരുന്ന പുരുഷൻ ആർ” എന്നു ചോദിച്ചതിന് “എന്റെ യജമാനൻ തന്നെ” എന്നു ദാസൻ പറഞ്ഞു. അപ്പോൾ അവൾ ഒരു മൂടുപടം എടുത്തു തന്നെ മൂടി.
66താൻ ചെയ്ത കാര്യം ഒക്കെയും ദാസൻ യിസ്ഹാക്കിനോടു വിവരിച്ചു പറഞ്ഞു.67യിസ്ഹാക്ക് അവളെ തന്റെ അമ്മയായ സാറയുടെ കൂടാരത്തിൽ കൊണ്ടുപോയി. അവൻ റിബെക്കയെ സ്വീകരിച്ചു 1 അവൾ അവന് ഭാര്യയായിത്തീർന്നു; അവൻ അവളെ സ്നേഹിച്ചു. ഇങ്ങനെ യിസ്ഹാക്കിനു തന്റെ അമ്മയുടെ മരണദുഃഖത്തിന് ആശ്വാസം ലഭിച്ചു.


1 24:67 സ്വീകരിച്ചു

25

1അബ്രാഹാം വേറൊരു ഭാര്യയെ സ്വീകരിച്ചു; അവൾക്കു കെതൂറാ എന്നു പേർ.2അവൾ അവന് സിമ്രാൻ, യൊക്ശാൻ, മെദാൻ, മിദ്യാൻ, യിശ്ബാക്, ശൂവഹ് എന്നിവരെ പ്രസവിച്ചു.3യൊക്ശാൻ ശെബയെയും ദെദാനെയും ജനിപ്പിച്ചു; ദെദാന്റെ പുത്രന്മാർ അശ്ശൂരീം, ലെത്തൂശീം, ലെയുമ്മീം എന്നിവർ.4മിദ്യാന്റെ പുത്രന്മാർ ഏഫാ, ഏഫെർ, ഹനോക്, അബീദാ, എൽദാഗാ എന്നിവർ. ഇവർ എല്ലാവരും കെതൂറയുടെ മക്കൾ.

5എന്നാൽ അബ്രാഹാം തനിക്കുള്ളതൊക്കെയും യിസ്ഹാക്കിനു കൊടുത്തു.6അബ്രാഹാമിനു ഉണ്ടായിരുന്ന വെപ്പാട്ടികളുടെ മക്കൾക്കോ അബ്രാഹാം ദാനങ്ങൾ കൊടുത്തു; താൻ ജീവനോടിരിക്കുമ്പോൾ തന്നെ അവരെ തന്റെ മകനായ യിസ്ഹാക്കിന്റെ അടുക്കൽനിന്നു കിഴക്കോട്ട്, കിഴക്കുദേശത്തേക്ക് അയച്ചു.
7അബ്രാഹാമിന്റെ ആയുഷ്കാലം നൂറ്റെഴുപത്തഞ്ചു വർഷം ആയിരുന്നു.8അബ്രാഹാം വയോധികനും കാലസമ്പൂർണ്ണനുമായി നല്ല വാർദ്ധക്യത്തിൽ പ്രാണനെ വിട്ടു മരിച്ചു, തന്റെ ജനത്തോടു ചേർന്നു.
9അവന്റെ പുത്രന്മാരായ യിസ്ഹാക്കും യിശ്മായേലും കൂടി മമ്രേക്കരികെ സോഹരിന്റെ മകനായ എഫ്രോനെന്ന ഹിത്യന്റെ നിലത്ത് മക്പേലാഗുഹയിൽ അവനെ അടക്കം ചെയ്തു.10അബ്രാഹാം ഹിത്യരോടു വിലയ്ക്കു വാങ്ങിയ നിലത്തു തന്നെ; അവിടെ അബ്രാഹാമിനെയും അവന്റെ ഭാര്യയായ സാറായെയും അടക്കം ചെയ്തു.11അബ്രാഹാം മരിച്ചശേഷം ദൈവം അവന്റെ മകനായ യിസ്ഹാക്കിനെ അനുഗ്രഹിച്ചു; യിസ്ഹാക്ക് ബേർലഹയിരോയീക്കരികെ പാർത്തു.

12സാറായുടെ ഈജിപ്റ്റുകാരിയായ ദാസി ഹാഗാർ അബ്രാഹാമിനു പ്രസവിച്ച മകനായ യിശ്മായേലിന്റെ വംശപാരമ്പര്യം:
13അവരുടെ ജനനക്രമം അനുസരിച്ച് പേരുപേരായി യിശ്മായേലിന്റെ പുത്രന്മാരുടെ പേരുകൾ ഇവയാണ്: യിശ്മായേലിന്റെ ആദ്യജാതൻ നെബായോത്ത്,14കേദാർ, അദ്ബെയേൽ, മിബ്ശാം, മിശ്മാ, ദൂമാ,15മശ്ശാ, ഹദാദ്, തേമാ, യെതൂർ, നാഫീശ്, കേദെമാ.16പന്ത്രണ്ടു പ്രഭുക്കന്മാരായ യിശ്മായേലിന്റെ പുത്രന്മാർ അവരുടെ ഗ്രാമങ്ങളിലും പാളയങ്ങളിലും വംശംവംശമായി ഇവർ ആകുന്നു; അവരുടെ പേരുകൾ ഇവ തന്നെ.
17യിശ്മായേലിന്റെ ആയുഷ്കാലം നൂറ്റി മുപ്പത്തേഴു വർഷം ആയിരുന്നു; അവൻ പ്രാണനെ വിട്ടു മരിച്ചു, തന്റെ ജനത്തോടു ചേർന്നു.18ഹവീലായിൽ നിന്ന് അശ്ശൂരിലേക്കു പോകുന്ന വഴിയിൽ ഈജിപ്റ്റിനു കിഴക്കുള്ള ശൂർവരെ അവർ പാർത്തിരുന്നു; അവൻ തന്റെ സകലസഹോദരന്മാർക്കും എതിരെ പാർത്തു.

19അബ്രാഹാമിന്റെ മകനായ യിസ്ഹാക്കിന്റെ വംശപാരമ്പര്യമാണിത്: അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു.20യിസ്ഹാക്കിനു നാല്പതു വയസ്സായപ്പോൾ അവൻ പദ്ദൻ-അരാമിലുള്ള അരാമ്യനായ ബെഥൂവേലിന്റെ പുത്രിയും അരാമ്യനായ ലാബാന്റെ സഹോദരിയുമായ റിബെക്കയെ ഭാര്യയായി സ്വീകരിച്ചു.
21തന്റെ ഭാര്യ മച്ചിയായിരുന്നതുകൊണ്ട് യിസ്ഹാക്ക് അവൾക്കുവേണ്ടി യഹോവയോടു പ്രാർത്ഥിച്ചു; യഹോവ അവന്റെ പ്രാർത്ഥന കേട്ടു; അവന്റെ ഭാര്യ റിബെക്കാ ഗർഭംധരിച്ചു.22അവളുടെ ഉള്ളിൽ ശിശുക്കൾ തമ്മിൽ തിക്കിയപ്പോൾ അവൾ: “ഇങ്ങനെയായാൽ ഞാൻ എന്തിനു ജീവിക്കുന്നു” എന്നു പറഞ്ഞ്, യഹോവയോടു ചോദിപ്പാൻ പോയി.
23യഹോവ അവളോട്:
“രണ്ടു ജനതകൾ നിന്റെ ഗർഭത്തിൽ ഉണ്ട്.
രണ്ടു വംശങ്ങൾ നിന്റെ ഉദരത്തിൽനിന്നു തന്നെ പിരിയും;
ഒരു വംശം മറ്റേ വംശത്തിലും ശക്തിപ്പെടും
മൂത്തവൻ ഇളയവനെ സേവിക്കും” എന്ന് അരുളിച്ചെയ്തു.
24അവൾക്കു പ്രസവകാലം തികഞ്ഞപ്പോൾ ഇരട്ടകുട്ടികൾ അവളുടെ ഗർഭത്തിൽ ഉണ്ടായിരുന്നു.25ഒന്നാമത്തവൻ ചുവന്നവനായി പുറത്തുവന്നു, ശരീരം മുഴുവനും രോമംകൊണ്ടുള്ള വസ്ത്രംപോലെ ഇരുന്നു; അവർ അവന് ഏശാവ് എന്നു പേരിട്ടു.26പിന്നെ അവന്റെ സഹോദരൻ പുറത്തുവന്നു; അവന്റെ കൈ ഏശാവിന്റെ കുതികാൽ 1 പിടിച്ചിരുന്നു; അവന് യാക്കോബ് എന്നു പേരിട്ടു. അവൾ അവരെ പ്രസവിച്ചപ്പോൾ യിസ്ഹാക്കിന് അറുപതു വയസ്സായിരുന്നു.
27കുട്ടികൾ വളർന്നു; ഏശാവ് വേട്ടയിൽ സമർത്ഥനും വനസഞ്ചാരിയും യാക്കോബ് ശാന്തശീലനും കൂടാരവാസിയും ആയിരുന്നു.28ഏശാവിന്റെ വേട്ടയിറച്ചിയിൽ രുചി പിടിച്ചിരുന്നതുകൊണ്ട് യിസ്ഹാക്ക് അവനെ സ്നേഹിച്ചു; റിബെക്കയോ യാക്കോബിനെ സ്നേഹിച്ചു.
29ഒരിക്കൽ യാക്കോബ് ഒരു പായസം വച്ചു; ഏശാവ് വെളിമ്പ്രദേശത്തുനിന്നു വന്നു; അവൻ നന്നാ ക്ഷീണിച്ചിരുന്നു.30ഏശാവ് യാക്കോബിനോട്: “ആ ചുവന്ന പായസം കുറെ എനിക്കു തരേണം; ഞാൻ വളരെ ക്ഷീണിച്ചിരിക്കുന്നു” എന്നു പറഞ്ഞു. അതുകൊണ്ട് അവന് ഏദോം (ചുവന്നവൻ) എന്നു പേരായി.
31“നിന്റെ ജ്യേഷ്ഠാവകാശം ഇന്ന് എനിക്കു വില്ക്കുക” എന്നു യാക്കോബ് പറഞ്ഞു.32അതിന് ഏശാവ്: “ഞാൻ മരിക്കേണ്ടിവരുമല്ലോ; ഈ ജ്യേഷ്ഠാവകാശം എനിക്ക് എന്തിന് എന്നു പറഞ്ഞു.33“ഇന്ന് എന്നോട് സത്യം ചെയ്ക” എന്നു യാക്കോബ് പറഞ്ഞു. അവൻ അവനോട് സത്യം ചെയ്തു; തന്റെ ജ്യേഷ്ഠാവകാശം യാക്കോബിനു വിറ്റു.34യാക്കോബ് ഏശാവിന് അപ്പവും പയറുകൊണ്ടുള്ള പായസവും കൊടുത്തു; അവൻ ഭക്ഷിച്ചു പാനം ചെയ്ത്, എഴുന്നേറ്റുപോയി; ഇങ്ങനെ ഏശാവ് ജ്യേഷ്ഠാവകാശത്തെ അലക്ഷ്യമാക്കിക്കളഞ്ഞു


1 25:26 കുതികാൽ ക‍ാലിന്റെ ഉപ്പൂറ്റി.

26

1അബ്രാഹാമിന്റെ കാലത്തുണ്ടായ മുമ്പിലത്തെ ക്ഷാമം കൂടാതെ പിന്നെയും ആ ദേശത്ത് ഒരു ക്ഷാമം ഉണ്ടായി. അപ്പോൾ യിസ്ഹാക്ക് ഗെരാരിൽ ഫെലിസ്ത്യരുടെ രാജാവായ അബീമേലെക്കിന്റെ അടുക്കൽ പോയി.

2യഹോവ അവന് പ്രത്യക്ഷനായി അരുളിച്ചെയ്തതെന്തെന്നാൽ: “ ഈജിപ്റ്റിലേക്കു പോകരുത്; ഞാൻ നിന്നോടു കല്പിക്കുന്ന ദേശത്തു പാർക്കുക.3ഈ ദേശത്ത് താമസിക്ക; ഞാൻ നിന്നോടുകൂടെ ഇരുന്ന് നിന്നെ അനുഗ്രഹിക്കും; നിനക്കും നിന്റെ സന്തതിക്കും ഈ ദേശം ഒക്കെയും തരും; നിന്റെ പിതാവായ അബ്രാഹാമിനോടു ഞാൻ ചെയ്ത സത്യം നിവർത്തിക്കും.
4അബ്രാഹാം എന്റെ വാക്കു കേട്ട് എന്റെ ആജ്ഞയും കല്പനകളും ചട്ടങ്ങളും നിയമങ്ങളും അനുസരിച്ചതുകൊണ്ട്5ഞാൻ നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിച്ച് നിന്റെ സന്തതിക്ക് ഈ ദേശമൊക്കെയും കൊടുക്കും; നിന്റെ സന്തതി മുഖാന്തരം ഭൂമിയിലെ സകല ജനതകളും അനുഗ്രഹിക്കപ്പെടും.”
6അങ്ങനെ യിസ്ഹാക്ക് ഗെരാരിൽ പാർത്തു.7ആ സ്ഥലത്തെ ജനം അവന്റെ ഭാര്യയെക്കുറിച്ച് അവനോടു ചോദിച്ചു; “അവൾ എന്റെ സഹോദരി” എന്ന് അവൻ പറഞ്ഞു; റിബെക്കാ സൗന്ദര്യമുള്ളവളാകകൊണ്ട് ആ സ്ഥലത്തെ ജനം അവളുടെ നിമിത്തം തന്നെ കൊല്ലാതിരിക്കേണ്ടതിന് അവൾ എന്റെ ഭാര്യ എന്നു പറയുവാൻ അവൻ ഭയപ്പെട്ടു.8അവൻ അവിടെ ഏറെക്കാലം പാർത്തശേഷം ഫെലിസ്ത്യരുടെ രാജാവായ അബീമേലെക്ക് ജനാലയിൽക്കൂടി നോക്കി യിസ്ഹാക്ക് തന്റെ ഭാര്യയായ റിബെക്കയോടുകൂടെ വിനോദിക്കുന്നതു കണ്ടു.
9അബീമേലെക്ക് യിസ്ഹാക്കിനെ വിളിച്ചു: “അവൾ നിന്റെ ഭാര്യയാകുന്നു നിശ്ചയം; പിന്നെ ‘അവൾ എന്റെ സഹോദരി’ എന്നു നീ പറഞ്ഞത് എന്തിന്? എന്നു ചോദിച്ചതിന് യിസ്ഹാക്ക് അവനോട്: “അവളുടെ നിമിത്തം മരിക്കാതിരിപ്പാൻ ആകുന്നു ഞാൻ അങ്ങനെ പറഞ്ഞത്” എന്നു പറഞ്ഞു.10അപ്പോൾ അബീമേലെക്ക്: “നീ ഞങ്ങളോടു ഈ ചെയ്തത് എന്ത്? ജനത്തിൽ ആരെങ്കിലും നിന്റെ ഭാര്യയോടുകൂടെ ശയിപ്പാനും നീ ഞങ്ങളുടെ മേൽ കുറ്റം വരുത്തുവാനും ഇട വരുമായിരുന്നുവല്ലോ” എന്നു പറഞ്ഞു.11പിന്നെ അബീമേലെക്ക്: “ഈ പുരുഷനെയോ അവന്റെ ഭാര്യയെയോ തൊടുന്നവനു മരണശിക്ഷ ഉണ്ടാകും” എന്ന് സകലജനത്തോടും കല്പിച്ചു.
12യിസ്ഹാക്ക് ആ ദേശത്തു വിതച്ചു; ആ വർഷംതന്നെ നൂറുമേനി വിളവു കിട്ടി; യഹോവ അവനെ അനുഗ്രഹിച്ചു.13അവൻ വർദ്ധിച്ചു വർദ്ധിച്ചു മഹാധനവാനായിത്തീർന്നു.14അവന് ആട്ടിൻ കൂട്ടങ്ങളും മാട്ടിൻ കൂട്ടങ്ങളും വളരെ ദാസീദാസന്മാരും ഉണ്ടായിരുന്നതുകൊണ്ട് ഫെലിസ്ത്യർക്ക് അവനോട് അസൂയ തോന്നി.
15എന്നാൽ അവന്റെ പിതാവായ അബ്രാഹാമിന്റെ കാലത്ത് അവന്റെ പിതാവിന്റെ ദാസന്മാർ കുഴിച്ചിരുന്ന കിണറൊക്കെയും ഫെലിസ്ത്യർ മണ്ണിട്ടു നികത്തിക്കളഞ്ഞിരുന്നു.16അബീമേലെക്ക് യിസ്ഹാക്കിനോട്: “നീ ഞങ്ങളെക്കാൾ ഏറ്റവും ബലവാനാകകൊണ്ട് ഞങ്ങളെ വിട്ടുപോവുക” എന്നു പറഞ്ഞു.17അങ്ങനെ യിസ്ഹാക്ക് അവിടെനിന്ന് പുറപ്പെട്ട് ഗേരാർതാഴ്വരയിൽ കൂടാരമടിച്ചു, അവിടെ പാർത്തു.
18തന്റെ പിതാവായ അബ്രാഹാമിന്റെ കാലത്തു കുഴിച്ചതും അബ്രാഹാം മരിച്ചശേഷം ഫെലിസ്ത്യർ നികത്തിക്കളഞ്ഞതുമായ കിണറുകൾ യിസ്ഹാക്ക് പിന്നെയും കുഴിച്ച്, തന്റെ പിതാവ് അവയ്ക്ക് ഇട്ടിരുന്ന പേർ തന്നെ ഇട്ടു.
19യിസ്ഹാക്കിന്റെ ദാസന്മാർ ആ താഴ്വരയിൽ കുഴിച്ചു അവിടെ നീരുറവുള്ള ഒരു കിണറ് കണ്ടു.20അപ്പോൾ ഗെരാരിലെ ഇടയന്മാർ: “ഈ വെള്ളം ഞങ്ങൾക്കുള്ളത് ”എന്നു പറഞ്ഞു യിസ്ഹാക്കിന്റെ ഇടയന്മാരോടു വഴക്കിട്ടു; അവർ തന്നോട് വഴക്കിട്ടതുകൊണ്ട് അവൻ ആ കിണറിന് ഏശെക് എന്നു പേർ വിളിച്ചു.
21അവർ മറ്റൊരു കിണറ് കുഴിച്ചു; അതിനെക്കുറിച്ചും അവർ വഴക്കിട്ടതുകൊണ്ട് അവൻ അതിന് സിത്നാ എന്നു പേർ വിളിച്ചു.22അവൻ അവിടെനിന്നു മാറിപ്പോയി മറ്റൊരു കിണറ് കുഴിച്ചു; അതിനെക്കുറിച്ച് അവർ വഴക്കിട്ടില്ല. “യഹോവ ഇപ്പോൾ നമുക്ക് ഇടം ഉണ്ടാക്കി നാം ദേശത്തു വർദ്ധിക്കും” എന്നു പറഞ്ഞു അവൻ അതിനു രെഹോബോത്ത് എന്നു പേരിട്ടു.
23അവിടെനിന്ന് അവൻ ബേർ-ശേബയ്ക്കു പോയി.24അന്നു രാത്രി യഹോവ അവന് പ്രത്യക്ഷനായി: “ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവം ആകുന്നു; നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ട്; എന്റെ ദാസനായ അബ്രാഹാം നിമിത്തം ഞാൻ നിന്നെ അനുഗ്രഹിച്ചു നിന്റെ സന്തതിയെ വർദ്ധിപ്പിക്കും” എന്ന് അരുളിച്ചെയ്തു.25അവിടെ അവൻ ഒരു യാഗപീഠം പണിതു, യഹോവയുടെ നാമത്തിൽ ആരാധിച്ചു. അവിടെ തന്റെ കൂടാരം അടിച്ചു; അവിടെയും യിസ്ഹാക്കിന്റെ ദാസന്മാർ ഒരു കിണറ് കുഴിച്ചു.
26അനന്തരം അബീമേലെക്കും സ്നേഹിതനായ അഹൂസത്തും സൈന്യാധിപനായ ഫീക്കോലും ഗെരാരിൽനിന്ന് അവന്റെ അടുക്കൽ വന്നു.27യിസ്ഹാക്ക് അവരോട്: “നിങ്ങൾ എന്തിന് എന്റെ അടുക്കൽ വന്നു? നിങ്ങൾ എന്നെ വെറുത്ത് നിങ്ങളുടെ ഇടയിൽനിന്ന് പറഞ്ഞയച്ചതല്ലേ”എന്നു പറഞ്ഞു.
28അതിന് അവർ: “യഹോവ നിന്നോടുകൂടെയുണ്ട് എന്നു ഞങ്ങൾ സ്പഷ്ടമായി കണ്ടു; അതുകൊണ്ട് നമുക്കു തമ്മിൽ, ഞങ്ങൾക്കും നിനക്കും തമ്മിൽ തന്നെ, ഒരു സത്യബന്ധമുണ്ടായിരിക്കേണം.29ഞങ്ങൾ നിന്നെ തൊട്ടിട്ടില്ലാത്തതുപോലെയും നന്മമാത്രം നിനക്കു ചെയ്തു നിന്നെ സമാധാനത്തോടെ അയച്ചതുപോലെയും നീ ഞങ്ങളോട് ഒരു ദോഷവും ചെയ്കയില്ല എന്നു ഞങ്ങളും നീയും തമ്മിൽ ഒരു ഉടമ്പടി ചെയ്ക. നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവനല്ലോ” എന്നു പറഞ്ഞു.
30അവൻ അവർക്ക് ഒരു വിരുന്നൊരുക്കി; അവർ ഭക്ഷിച്ചു പാനം ചെയ്തു.31അവർ അതിരാവിലെ എഴുന്നേറ്റ്, തമ്മിൽ സത്യം ചെയ്തശേഷം യിസ്ഹാക്ക് അവരെ യാത്രയയച്ചു അവർ സമാധാനത്തോടെ പിരിഞ്ഞുപോയി.
32ആ ദിവസം തന്നെ യിസ്ഹാക്കിന്റെ ദാസന്മാർ വന്നു തങ്ങൾ കുഴിച്ച കിണറിന്റെ വിവരം അവനെ അറിയിച്ചു:33“ഞങ്ങൾ വെള്ളം കണ്ടു” എന്നു പറഞ്ഞു. അവൻ അതിനു ശിബാ എന്നു പേരിട്ടു; അതുകൊണ്ട് ആ പട്ടണത്തിന് ഇന്നുവരെ ബേർ-ശേബ എന്നു പേർ.

34ഏശാവിനു നാല്പതു വയസ്സായപ്പോൾ അവൻ ഹിത്യനായ ബേരിയുടെ മകൾ യെഹൂദീത്തിനെയും ഹിത്യനായ ഏലോന്റെ മകൾ ബാസമത്തിനെയും ഭാര്യമാരായി സ്വീകരിച്ചു.35ഇവർ യിസ്ഹാക്കിനും റിബെക്കായ്ക്കും മനോവ്യസനകാരണമായിരുന്നു.

27

1യിസ്ഹാക്ക് വൃദ്ധനായി അവന്റെ കണ്ണ് കാണുവാൻ കഴിയാതവണ്ണം മങ്ങിയപ്പോൾ അവൻ മൂത്ത മകനായ ഏശാവിനെ വിളിച്ച് അവനോട്: “മകനേ,” എന്നു പറഞ്ഞു. അവൻ അവനോട്: “ഞാൻ ഇതാ” എന്നു പറഞ്ഞു.2അപ്പോൾ അവൻ: “ഞാൻ വൃദ്ധനായിരിക്കുന്നു; എന്റെ മരണദിവസം അറിയുന്നതുമില്ല.

3നീ ഇപ്പോൾ നിന്റെ ആയുധങ്ങളായ വില്ലും പൂണിയും1 എടുത്തു കാട്ടിൽ ചെന്ന് എനിക്കുവേണ്ടി വേട്ടയാടി4എനിക്കു ഇഷ്ടവും രുചികരവുമായ ഭക്ഷണം ഉണ്ടാക്കി, ഞാൻ മരിക്കുംമുമ്പേ തിന്നു നിന്നെ അനുഗ്രഹിക്കേണ്ടതിന് എന്റെ അടുക്കൽ കൊണ്ടുവരിക” എന്നു പറഞ്ഞു.
5യിസ്ഹാക്ക് തന്റെ മകനായ ഏശാവിനോടു പറയുമ്പോൾ റിബെക്കാ കേട്ടു. ഏശാവോ വേട്ടയാടി കൊണ്ടുവരുവാൻ കാട്ടിൽ പോയി.6റിബെക്കാ തന്റെ മകനായ യാക്കോബിനോടു പറഞ്ഞത്: “നിന്റെ അപ്പൻ നിന്റെ സഹോദരനായ ഏശാവിനോടു സംസാരിച്ചു:7‘ഞാൻ എന്റെ മരണത്തിനു മുമ്പേ തിന്നു നിന്നെ യഹോവയുടെ മുമ്പാകെ അനുഗ്രഹിക്കേണ്ടതിനു നീ വേട്ടയിറച്ചി കൊണ്ടുവന്ന് രുചികരമായ ഭക്ഷണം ഉണ്ടാക്കിത്തരിക’ എന്നു പറയുന്നത് ഞാൻ കേട്ടു.
8അതുകൊണ്ട് മകനേ, നീ എന്റെ വാക്ക് കേട്ട് ഞാൻ നിന്നോടു കല്പിക്കുന്നത് ചെയ്ക.9ആട്ടിൻകൂട്ടത്തിൽ ചെന്ന് അവിടെനിന്ന് രണ്ടു നല്ല കോലാട്ടിൻകുട്ടികളെ കൊണ്ടുവരിക; ഞാൻ അവയെക്കൊണ്ട് നിന്റെ അപ്പന് ഇഷ്ടവും രുചികരവുമായ ഭക്ഷണം ഉണ്ടാക്കും.10നിന്റെ അപ്പൻ തിന്നു തന്റെ മരണത്തിനു മുമ്പേ നിന്നെ അനുഗ്രഹിക്കേണ്ടതിനു നീ അത് അപ്പന്റെ അടുക്കൽ കൊണ്ടുചെല്ലേണം.”
11അതിനു യാക്കോബ് തന്റെ അമ്മയായ റിബെക്കയോട്: “എന്റെ സഹോദരനായ ഏശാവ് രോമമുള്ളവനും ഞാൻ രോമമില്ലാത്തവനും ആകുന്നുവല്ലോ.12ഒരുപക്ഷേ അപ്പൻ എന്നെ തപ്പിനോക്കും; ഞാൻ ഉപായി എന്ന് അപ്പന് തോന്നീട്ട് ഞാൻ എന്റെ മേൽ അനുഗ്രഹമല്ല ശാപം തന്നെ വരുത്തും” എന്നു പറഞ്ഞു.
13അവന്റെ അമ്മ അവനോട്: “മകനേ, നിന്റെ ശാപം എന്റെ മേൽ വരട്ടെ; എന്റെ വാക്കു മാത്രം അനുസരിക്ക; പോയി കൊണ്ടുവാ” എന്നു പറഞ്ഞു.14അവൻ ചെന്നു പിടിച്ച് അമ്മയുടെ അടുക്കൽ കൊണ്ടുവന്നു; അമ്മ അവന്റെ അപ്പന് ഇഷ്ടവും രുചികരവുമായ ഭക്ഷണം ഉണ്ടാക്കി.
15പിന്നെ റിബെക്കാ വീട്ടിൽ തന്റെ കൈവശം ഉള്ളതായ മൂത്തമകൻ ഏശാവിന്റെ വിശേഷവസ്ത്രങ്ങൾ എടുത്ത് ഇളയമകൻ യാക്കോബിനെ ധരിപ്പിച്ചു.16അവൾ കോലാട്ടിൻ കുട്ടികളുടെ തോൽകൊണ്ട് അവന്റെ കൈകളും രോമമില്ലാത്ത കഴുത്തും പൊതിഞ്ഞു.17താൻ ഉണ്ടാക്കിയ രുചികരമായ ഭക്ഷണവും അപ്പവും തന്റെ മകനായ യാക്കോബിന്റെ കൈയിൽ കൊടുത്തു.
18അവൻ അപ്പന്റെ അടുക്കൽ ചെന്ന്: “അപ്പാ” എന്നു പറഞ്ഞതിന്: “ഞാൻ ഇതാ; നീ ആർ, മകനേ” എന്ന് അവൻ ചോദിച്ചു.19യാക്കോബ് അപ്പനോട്: “ഞാൻ നിന്റെ ആദ്യജാതൻ ഏശാവ്; എന്നോടു കല്പിച്ചത് ഞാൻ ചെയ്തിരിക്കുന്നു; എഴുന്നേറ്റിരുന്ന് എന്റെ വേട്ടയിറച്ചി തിന്ന് എന്നെ അനുഗ്രഹിക്കേണമേ” എന്നു പറഞ്ഞു.
20യിസ്ഹാക്ക് തന്റെ മകനോട്: “മകനേ, നിനക്ക് ഇത്ര വേഗത്തിൽ കിട്ടിയത് എങ്ങനെ” എന്ന് ചോദിച്ചതിന് “അങ്ങയുടെ ദൈവമായ യഹോവ എന്റെ നേർക്കു വരുത്തിത്തന്നു” എന്ന് അവൻ പറഞ്ഞു.21യിസ്ഹാക്ക് യാക്കോബിനോട്: “മകനേ, അടുത്തുവരിക; നീ എന്റെ മകനായ ഏശാവ് തന്നെയോ അല്ലയോ എന്നു ഞാൻ തപ്പിനോക്കട്ടെ” എന്നു പറഞ്ഞു.
22യാക്കോബ് തന്റെ അപ്പനായ യിസ്ഹാക്കിനോട് അടുത്തുചെന്നു; അവൻ യാക്കോബിനെ തപ്പിനോക്കി: “ശബ്ദം യാക്കോബിന്റെ ശബ്ദം; പക്ഷേ കൈകൾ ഏശാവിന്റെ കൈകൾ തന്നെ” എന്നു പറഞ്ഞു.23അവന്റെ കൈകൾ സഹോദരനായ ഏശാവിന്റെ കൈകൾപോലെ രോമമുള്ളവയാകകൊണ്ട് അവൻ തിരിച്ചറിയാതെ അവനെ അനുഗ്രഹിച്ചു.
24“നീ എന്റെ മകൻ ഏശാവ് തന്നേയോ” എന്ന് അവൻ ചോദിച്ചതിന്: “അതേ” എന്ന് അവൻ പറഞ്ഞു.25അപ്പോൾ യിസ്ഹാക്ക്: “എന്റെ അടുക്കൽ കൊണ്ടുവാ; ഞാൻ നിന്നെ അനുഗ്രഹിക്കേണ്ടതിന് എന്റെ മകന്റെ വേട്ടയിറച്ചി ഞാൻ ഭക്ഷിക്കാം” എന്നു പറഞ്ഞു; യാക്കോബ് അടുക്കൽ കൊണ്ടുചെന്നു, യിസ്ഹാക്ക് തിന്നു; വീഞ്ഞും കൊണ്ടുചെന്നു, യിസ്ഹാക്ക് കുടിച്ചു.
26പിന്നെ അവന്റെ അപ്പനായ യിസ്ഹാക്ക് അവനോട്: “മകനേ, നീ അടുത്തുവന്ന് എന്നെ ചുംബിക്ക” എന്നു പറഞ്ഞു.27അവൻ അടുത്തുചെന്ന് അവനെ ചുംബിച്ചു; അവൻ അവന്റെ വസ്ത്രങ്ങളുടെ വാസന മണത്ത് അവനെ അനുഗ്രഹിച്ചു പറഞ്ഞത്:
“ഇതാ, എന്റെ മകന്റെ വാസന
യഹോവ അനുഗ്രഹിച്ചിരിക്കുന്ന വയലിലെ വാസനപോലെ.
28ദൈവം ആകാശത്തിന്റെ മഞ്ഞും ഭൂമിയുടെ പുഷ്ടിയും
ധാരാളം ധാന്യവും വീഞ്ഞും നിനക്കു തരുമാറാകട്ടെ.
29വംശങ്ങൾ നിന്നെ സേവിക്കട്ടെ;
ജനതകൾ നിന്നെ വണങ്ങട്ടെ;
നിന്റെ സഹോദരന്മാർക്കു നീ പ്രഭുവായിരിക്ക;
നിന്റെ മാതാവിന്റെ പുത്രന്മാർ നിന്നെ വണങ്ങട്ടെ.
നിന്നെ ശപിക്കുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ;
നിന്നെ അനുഗ്രഹിക്കുന്നവൻ എല്ലാം അനുഗ്രഹിക്കപ്പെട്ടവൻ.”
30യിസ്ഹാക്ക് യാക്കോബിനെ അനുഗ്രഹിച്ചു കഴിഞ്ഞപ്പോൾ യാക്കോബ് തന്റെ അപ്പനായ യിസ്ഹാക്കിന്റെ മുമ്പിൽനിന്നു പുറപ്പെട്ടു; ഉടനെ അവന്റെ സഹോദരൻ ഏശാവ് വേട്ട കഴിഞ്ഞു മടങ്ങിവന്നു.

31അവനും രുചികരമായ ഭക്ഷണം ഉണ്ടാക്കി അപ്പന്റെ അടുക്കൽ കൊണ്ടുചെന്ന് അപ്പനോട്: “അപ്പൻ എഴുന്നേറ്റ് മകന്റെ വേട്ടയിറച്ചി ഭക്ഷിച്ച് എന്നെ അനുഗ്രഹിക്കേണമേ” എന്നു പറഞ്ഞു.
32അവന്റെ അപ്പനായ യിസ്ഹാക്ക് അവനോട്: “നീ ആർ” എന്നു ചോദിച്ചതിന്: “ഞാൻ അങ്ങയുടെ മകൻ, അങ്ങയുടെ ആദ്യജാതൻ ഏശാവ്” എന്ന് അവൻ പറഞ്ഞു.33അപ്പോൾ യിസ്ഹാക്ക് അത്യധികം ഭ്രമിച്ചു നടുങ്ങി: “എന്നാൽ വേട്ടയാടി എന്റെ അടുക്കൽ കൊണ്ടുവന്നവൻ ആർ? നീ വരുന്നതിനുമുമ്പെ ഞാൻ സകലവും ഭക്ഷിച്ച് അവനെ അനുഗ്രഹിച്ചിരിക്കുന്നു; അവൻ അനുഗ്രഹിക്കപ്പെട്ടവനുമാകും” എന്നു പറഞ്ഞു.
34ഏശാവ് അപ്പന്റെ വാക്കു കേട്ടപ്പോൾ അതിദുഃഖിതനായി ഉറക്കെ നിലവിളിച്ചു: “അപ്പാ, എന്നെ, എന്നെയും കൂടെ അനുഗ്രഹിക്കേണമേ” എന്ന് അപ്പനോടു പറഞ്ഞു.35അതിന് അവൻ: “നിന്റെ സഹോദരൻ ഉപായത്തോടെ വന്നു നിന്റെ അനുഗ്രഹം തട്ടിയെടുത്തു” എന്നു പറഞ്ഞു.
36“ശരി, യാക്കോബ് എന്നല്ലോ അവന്റെ പേർ; ഈ രണ്ടാം പ്രാവശ്യവും അവൻ എന്നെ ചതിച്ചു; അവൻ എന്റെ ജ്യേഷ്ഠാവകാശം തട്ടിയെടുത്തു; ഇപ്പോൾ ഇതാ, എന്റെ അനുഗ്രഹവും തട്ടിയെടുത്തിരിക്കുന്നു” എന്ന് അവൻ പറഞ്ഞു. “അങ്ങ് എനിക്ക് ഒരു അനുഗ്രഹവും കരുതിവച്ചിട്ടില്ലയോ” എന്ന് അവൻ ചോദിച്ചു.37യിസ്ഹാക്ക് ഏശാവിനോട്: “ഞാൻ അവനെ നിനക്കു പ്രഭുവാക്കി അവന്റെ സഹോദരന്മാരെ ഒക്കെയും അവന് ദാസന്മാരാക്കി; അവന് ധാന്യവും വീഞ്ഞും കൊടുത്തു; ഇനി നിനക്കുവേണ്ടി ഞാൻ എന്തു ചെയ്യേണ്ടു മകനേ” എന്ന് ഉത്തരം പറഞ്ഞു.
38ഏശാവ് പിതാവിനോട്: “അപ്പാ, അങ്ങയ്ക്ക് ഒരു അനുഗ്രഹം മാത്രമേ ഉള്ളുവോ? എന്നെ, എന്നെയുംകൂടെ അനുഗ്രഹിക്കേണമേ, അപ്പാ” എന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞു.
39അപ്പോൾ അവന്റെ അപ്പനായ യിസ്ഹാക്ക് ഉത്തരമായിട്ട് അവനോടു പറഞ്ഞത്:
“നിന്റെ വാസസ്ഥലം ഭൂമിയിലെ പുഷ്ടികൂടാതെയും
മീതെ ആകാശത്തിലെ മഞ്ഞുകൂടാതെയും ഇരിക്കും.
40നിന്റെ വാളുകൊണ്ടു നീ ഉപജീവിക്കും;
നിന്റെ സഹോദരനെ നീ സേവിക്കും.
നിന്റെ കെട്ട് അഴിഞ്ഞുപോകുമ്പോൾ നീ അവന്റെ നുകം കഴുത്തിൽനിന്ന് കുടഞ്ഞുകളയും.”
41തന്റെ അപ്പൻ യാക്കോബിനെ അനുഗ്രഹിച്ച അനുഗ്രഹം നിമിത്തം ഏശാവ് അവനെ വെറുത്തു: “അപ്പനെക്കുറിച്ചു ദുഃഖിക്കുന്ന കാലം അടുത്തിരിക്കുന്നു; അപ്പോൾ ഞാൻ എന്റെ സഹോദരനായ യാക്കോബിനെ കൊല്ലും” എന്ന് ഏശാവ് ഹൃദയത്തിൽ പറഞ്ഞു.42മൂത്തമകനായ ഏശാവിന്റെ വാക്ക് റിബെക്കാ അറിഞ്ഞപ്പോൾ, അവൾ ഇളയമകനായ യാക്കോബിനെ ആളയച്ചു വിളിപ്പിച്ച് അവനോടു പറഞ്ഞത്: “നിന്റെ സഹോദരൻ ഏശാവ് നിന്നെ കൊന്നു പകവീട്ടുവാൻ ഭാവിക്കുന്നു.
43അതുകൊണ്ട് മകനേ, എന്റെ വാക്ക് അനുസരിക്ക: നീ എഴുന്നേറ്റു ഹാരാനിൽ എന്റെ സഹോദരനായ ലാബാന്റെ അടുക്കലേക്ക് ഓടിപ്പോക.44നിന്റെ സഹോദരന്റെ ക്രോധം തീരുവോളം കുറെദിവസം അവന്റെ അടുക്കൽ പാർക്കുക.45നിന്റെ സഹോദരനു നിന്നോടുള്ള കോപം മാറി നീ അവനോടു ചെയ്തത് അവൻ മറക്കുന്നതുവരെ തന്നെ; പിന്നെ ഞാൻ ആളയച്ചു നിന്നെ അവിടെനിന്നു വരുത്തിക്കൊള്ളാം; ഒരു ദിവസംതന്നെ നിങ്ങൾ ഇരുവരും എനിക്ക് ഇല്ലാതെയാകുന്നത് എന്തിന്”

46പിന്നെ റിബെക്കാ യിസ്ഹാക്കിനോട്: “ഈ ഹിത്യസ്ത്രീകൾ നിമിത്തം ഞാൻ എന്റെ ജീവിതം മടുത്തു; ഈ ദേശക്കാരത്തികളായ ഇവരെപ്പോലെയുള്ള ഒരു ഹിത്യസ്ത്രീയെ യാക്കോബ് വിവാഹം കഴിച്ചാൽ ഞാൻ എന്തിനു ജീവിക്കുന്നു?” എന്നു പറഞ്ഞു.


1 27:3 പൂണിയും അമ്പിന്റെ ഉറ.

28

1അനന്തരം യിസ്ഹാക്ക് യാക്കോബിനെ വിളിച്ച്, അവനെ അനുഗ്രഹിച്ച്, അവനോട് ആജ്ഞാപിച്ചു പറഞ്ഞത്: “നീ കനാന്യസ്ത്രീകളിൽനിന്നു ഭാര്യയെ എടുക്കരുത്.2എഴുന്നേറ്റ്, പദ്ദൻ-അരാമിൽ നിന്റെ അമ്മയുടെ അപ്പനായ ബെഥൂവേലിന്റെ വീട്ടിൽ ചെന്നു നിന്റെ അമ്മയുടെ സഹോദരനായ ലാബാന്റെ പുത്രിമാരിൽനിന്നു നിനക്ക് ഒരു ഭാര്യയെ എടുക്ക.

3സർവ്വശക്തനായ ദൈവം നിന്നെ അനുഗ്രഹിക്കുകയും നീ ജനസമൂഹമായി തീരത്തക്കവണ്ണം നിന്നെ സന്താനപുഷ്ടിയുള്ളവനായി വർദ്ധിപ്പിക്കുകയും4ദൈവം അബ്രാഹാമിനു കൊടുത്തതും നീ പരദേശിയായി പാർക്കുന്നതുമായ ദേശം നീ കൈവശമാക്കേണ്ടതിന് അബ്രാഹാമിന്റെ അനുഗ്രഹം നിനക്കും നിന്റെ സന്തതിക്കും തരികയും ചെയ്യുമാറാകട്ടെ.”
5അങ്ങനെ യിസ്ഹാക്ക് യാക്കോബിനെ പറഞ്ഞയച്ചു; അവൻ പദ്ദൻ-അരാമിൽ അരാമ്യനായ ബെഥൂവേലിന്റെ മകനും യാക്കോബിന്റെയും ഏശാവിന്റെയും അമ്മയായ റിബെക്കയുടെ സഹോദരനുമായ ലാബാന്റെ അടുക്കൽ പോയി.
6യിസ്ഹാക്ക് യാക്കോബിനെ അനുഗ്രഹിച്ച് പദ്ദൻ-അരാമിൽനിന്ന് ഒരു ഭാര്യയെ എടുപ്പാൻ അവനെ അവിടേക്ക് അയച്ചതും, അവനെ അനുഗ്രഹിക്കുമ്പോൾ: നീ കനാന്യസ്ത്രീകളിൽനിന്നു ഭാര്യയെ എടുക്കരുത്” എന്ന് അവനോടു കല്പിച്ചതും7യാക്കോബ് അപ്പനെയും അമ്മയെയും അനുസരിച്ച് പദ്ദൻ-അരാമിലേക്കു പോയതും ഏശാവ് അറിഞ്ഞപ്പോൾ,
8കനാന്യസ്ത്രീകൾ തന്റെ അപ്പനായ യിസ്ഹാക്കിന് ഇഷ്ടമുള്ളവരല്ല എന്നു കണ്ട്9ഏശാവ് യിശ്മായേലിന്റെ അടുക്കൽ ചെന്നു തനിക്കുള്ള ഭാര്യമാരെ കൂടാതെ അബ്രാഹാമിന്റെ മകനായ യിശ്മായേലിന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ മഹലത്തിനെയും വിവാഹം കഴിച്ചു.

10എന്നാൽ യാക്കോബ് ബേർ-ശേബയിൽ നിന്നു പുറപ്പെട്ടു ഹാരാനിലേക്കു പോയി.11അവൻ ഒരു സ്ഥലത്ത് എത്തിയപ്പോൾ സൂര്യൻ അസ്തമിക്കകൊണ്ട് അവിടെ രാപാർത്തു; അവൻ ആ സ്ഥലത്തെ കല്ലുകളിൽ ഒന്നെടുത്ത് തലയണയായി വച്ച് അവിടെ കിടന്നുറങ്ങി.
12അവൻ ഒരു സ്വപ്നം കണ്ടു: ഇതാ, ഭൂമിയിൽ വച്ചിരിക്കുന്ന ഒരു ഗോവണി; അതിന്റെ മുകളറ്റം സ്വർഗ്ഗത്തോളം എത്തിയിരുന്നു; ദൈവത്തിന്റെ ദൂതന്മാർ അതിന്മേൽകൂടി കയറുകയും ഇറങ്ങുകയുമായിരുന്നു.13അതിനുമീതെ യഹോവ നിന്നു അരുളിച്ചെയ്തത്: “ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവവും, യിസ്ഹാക്കിന്റെ ദൈവവുമായ യഹോവ ആകുന്നു; നീ കിടക്കുന്ന ഭൂമിയെ ഞാൻ നിനക്കും നിന്റെ സന്തതിക്കും തരും.
14നിന്റെ സന്തതി ഭൂമിയിലെ പൊടിപോലെ ആകും; നീ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും വ്യാപിക്കും; നീ മുഖാന്തരവും നിന്റെ സന്തതി മുഖാന്തരവും ഭൂമിയിലെ സകലകുടുംബങ്ങളും അനുഗ്രഹിക്കപ്പെടും.15ഇതാ, ഞാൻ നിന്നോടുകൂടെയുണ്ട്; നീ പോകുന്നേടത്തൊക്കെയും നിന്നെ കാത്ത് ഈ ദേശത്തേക്കു നിന്നെ മടക്കിവരുത്തും; ഞാൻ നിന്നോട് അരുളിച്ചെയ്തത് നിവർത്തിക്കുന്നതുവരെ ഞാൻ നിന്നെ കൈവിടുകയില്ല.”
16അപ്പോൾ യാക്കോബ് ഉറക്കമുണർന്നു: “യഹോവ ഈ സ്ഥലത്തുണ്ട് സത്യം; ഞാനോ അത് അറിഞ്ഞില്ല” എന്നു പറഞ്ഞു.17അവൻ ഭയപ്പെട്ടു: “ഈ സ്ഥലം എത്ര ഭയങ്കരം! ഇത് ദൈവത്തിന്റെ ആലയമല്ലാതെ മറ്റൊന്നുമല്ല; ഇത് സ്വർഗ്ഗത്തിന്റെ വാതിൽ തന്നെ” എന്നു പറഞ്ഞു.
18യാക്കോബ് അതിരാവിലെ എഴുന്നേറ്റ് തലയണയായി വച്ചിരുന്ന കല്ല് എടുത്തു തൂണായി നിർത്തി, അതിന്മേൽ എണ്ണ ഒഴിച്ചു.19അവൻ ആ സ്ഥലത്തിനു ബേഥേൽ എന്നു പേർവിളിച്ചു; ആദ്യം ആ പട്ടണത്തിനു ലൂസ് എന്നു പേരായിരുന്നു.
20യാക്കോബ് ഒരു നേർച്ചനേർന്നു: “ദൈവം എന്നോടുകൂടെ ഇരിക്കുകയും ഞാൻ പോകുന്ന ഈ യാത്രയിൽ എന്നെ കാക്കുകയും ഭക്ഷിപ്പാൻ ആഹാരവും ധരിപ്പാൻ വസ്ത്രവും എനിക്കു തരികയും21എന്നെ എന്റെ അപ്പന്റെ വീട്ടിലേക്ക് സമാധാനത്തോടെ മടക്കിവരുത്തുകയും ചെയ്യുമെങ്കിൽ യഹോവ എനിക്കു ദൈവമായിരിക്കും.22ഞാൻ തൂണായി നിർത്തിയ ഈ കല്ല് ദൈവത്തിന്റെ ആലയവും ആകും. നീ എനിക്കു തരുന്ന സകലത്തിലും ഞാൻ നിനക്കു ദശാംശം തരും” എന്നു പറഞ്ഞു.

29

1പിന്നെ യാക്കോബ് യാത്ര തുടർന്നു കിഴക്കരുടെ ദേശത്ത് എത്തി.2അവൻ വെളിമ്പ്രദേശത്ത് ഒരു കിണറ് കണ്ടു. അതിനരികെ മൂന്ന് ആട്ടിൻ കൂട്ടം കിടക്കുന്നു. ആ കിണറ്റിൽനിന്നായിരുന്നു ആട്ടിൻ കൂട്ടങ്ങൾക്കു വെള്ളം കൊടുക്കുന്നത്; എന്നാൽ കിണറിന്റെ വായ്ക്കലുള്ള കല്ല് വലുതായിരുന്നു.3ആ സ്ഥലത്ത് കൂട്ടങ്ങൾ ഒക്കെ കൂടുകയും അവർ കിണറിന്റെ വായ്ക്കൽനിന്നു കല്ലുരുട്ടി ആടുകൾക്കു വെള്ളം കൊടുക്കുകയും കല്ല് കിണറിന്റെ വായ്ക്കൽ അതിന്റെ സ്ഥലത്തുതന്നെ തിരികെ വയ്ക്കുകയും ചെയ്യും.

4യാക്കോബ് അവരോട്: “സഹോദരന്മാരേ, നിങ്ങൾ എവിടെനിന്നു വരുന്നു” എന്നു ചോദിച്ചതിന്: “ഞങ്ങൾ ഹാരാനിൽനിന്ന് വരുന്നു” എന്ന് അവർ പറഞ്ഞു.5അവൻ അവരോട്: “നിങ്ങൾ നാഹോരിന്റെ മകനായ ലാബാനെ അറിയുമോ” എന്നു ചോദിച്ചതിന്: “അറിയും” എന്ന് അവർ പറഞ്ഞു.6അവൻ അവരോട്: “അവൻ സുഖമായിരിക്കുന്നുവോ” എന്നു ചോദിച്ചു. “സുഖം തന്നെ; അവന്റെ മകൾ റാഹേൽ അതാ ആടുകളോടുകൂടെ വരുന്നു” എന്ന് അവർ അവനോടു പറഞ്ഞു.
7“പകൽ ഇനിയും വളരെയുണ്ടല്ലോ; കൂട്ടം ഒന്നിച്ചു കൂടുന്ന സമയമായിട്ടില്ല; ആടുകൾക്കു വെള്ളം കൊടുത്തു കൊണ്ടുപോയി തീറ്റുവിൻ” എന്ന് അവൻ പറഞ്ഞതിന്8അവർ: “കൂട്ടങ്ങൾ ഒക്കെയും കൂടുവോളം ഞങ്ങൾക്കു സാദ്ധ്യമല്ല; അവർ കിണറിന്റെ വായ്ക്കൽനിന്നു കല്ലുരുട്ടും; പിന്നെ ഞങ്ങൾ ആടുകൾക്കു വെള്ളം കൊടുക്കും” എന്നു പറഞ്ഞു.
9അവൻ അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ റാഹേൽ തന്റെ അപ്പന്റെ ആടുകളോടുകൂടെ വന്നു. അവളായിരുന്നു അവയെ മേയിച്ചിരുന്നത്.10തന്റെ അമ്മയുടെ സഹോദരനായ ലാബാന്റെ മകൾ റാഹേലിനെയും അമ്മയുടെ സഹോദരനായ ലാബാന്റെ ആടുകളെയും കണ്ടപ്പോൾ യാക്കോബ് അടുത്തുചെന്നു കിണറിന്റെ വായ്ക്കൽനിന്നു കല്ലുരുട്ടി, അമ്മയുടെ സഹോദരനായ ലാബാന്റെ ആടുകൾക്കു വെള്ളം കൊടുത്തു.
11യാക്കോബ് റാഹേലിനെ ചുംബിച്ചു പൊട്ടിക്കരഞ്ഞു.12താൻ അവളുടെ അപ്പന്റെ സഹോദരൻ എന്നും റിബെക്കായുടെ മകനെന്നും യാക്കോബ് റാഹേലിനോടു പറഞ്ഞു. അവൾ ഓടിച്ചെന്നു തന്റെ അപ്പനെ അറിയിച്ചു.
13ലാബാൻ തന്റെ സഹോദരിയുടെ മകനായ യാക്കോബിന്റെ വിവരം കേട്ടപ്പോൾ അവനെ എതിരേല്പാൻ ഓടിച്ചെന്ന് അവനെ ആലിംഗനം ചെയ്തു ചുംബിച്ചു വീട്ടിൽ കൂട്ടിക്കൊണ്ടുപോയി; അവൻ ലാബാനോടു വിവരം ഒക്കെയും പറഞ്ഞു.14ലാബാൻ അവനോട്: “നീ എന്റെ അസ്ഥിയും മാംസവും തന്നെ” എന്നു പറഞ്ഞു. അവൻ ഒരു മാസക്കാലം അവന്റെ അടുക്കൽ പാർത്തു.
15പിന്നെ ലാബാൻ യാക്കോബിനോട്: “നീ എന്റെ സഹോദരനാകകൊണ്ട് വെറുതെ എന്നെ സേവിക്കേണമോ? നിനക്ക് എന്തു പ്രതിഫലം വേണം? എന്നോടു പറക” എന്നു പറഞ്ഞു.16എന്നാൽ ലാബാന് രണ്ടു പുത്രിമാർ ഉണ്ടായിരുന്നു: മൂത്തവൾക്കു ലേയാ എന്നും ഇളയവൾക്കു റാഹേൽ എന്നും പേർ.17ലേയയുടെ കണ്ണുകൾ ശോഭ കുറഞ്ഞതായിരുന്നു; റാഹേലോ സുന്ദരിയും മനോഹരരൂപിണിയും ആയിരുന്നു.18യാക്കോബ് റാഹേലിനെ സ്നേഹിച്ചു; “നിന്റെ ഇളയമകൾ റാഹേലിനുവേണ്ടി ഞാൻ ഏഴു വർഷം നിന്നെ സേവിക്കാം” എന്ന് അവൻ പറഞ്ഞു.
19അതിനു ലാബാൻ: “ഞാൻ അവളെ അന്യപുരുഷനു കൊടുക്കുന്നതിലും നിനക്കു തരുന്നതു നല്ലത്; എന്നോടുകൂടെ പാർക്കുക” എന്നു പറഞ്ഞു.20അങ്ങനെ യാക്കോബ് റാഹേലിനുവേണ്ടി ഏഴു വർഷം സേവനം ചെയ്തു; അവൻ അവളെ സ്നേഹിക്കകൊണ്ട് അത് അവന് അല്പകാലംപോലെ തോന്നി.
21അനന്തരം യാക്കോബ് ലാബാനോട്: “എന്റെ സമയം തികഞ്ഞിരിക്കയാൽ ഞാൻ എന്റെ ഭാര്യയുടെ അടുക്കൽ ചെല്ലുവാൻ അവളെ തരേണം” എന്നു പറഞ്ഞു.22അപ്പോൾ ലാബാൻ ആ സ്ഥലത്തെ ജനങ്ങളെ എല്ലാം ഒന്നിച്ചുകൂട്ടി ഒരു വിരുന്നു കഴിച്ചു.
23എന്നാൽ രാത്രിയിൽ അവൻ തന്റെ മകൾ ലേയയെ കൂട്ടി യാക്കോബിന്റെ അടുക്കൽ കൊണ്ടുപോയി ആക്കി; അവൻ അവളുടെ അടുക്കൽ ചെന്നു.24ലാബാൻ തന്റെ മകൾ ലേയായ്ക്ക് തന്റെ ദാസി സില്പയെ ദാസിയായി കൊടുത്തു.25നേരം വെളുത്തപ്പോൾ അതു ലേയാ എന്നു കണ്ട് അവൻ ലാബാനോട്: “നീ എന്നോടു ഈ ചെയ്തത് എന്ത്? റാഹേലിനുവേണ്ടി അല്ലയോ ഞാൻ നിന്നെ സേവിച്ചത്? പിന്നെ നീ എന്തിന് എന്നെ ചതിച്ചു” എന്നു പറഞ്ഞു.
26അതിനു ലാബാൻ: “മൂത്തവൾക്കു മുമ്പേ ഇളയവളെ കൊടുക്കുക ഞങ്ങളുടെ നാട്ടിൽ പതിവില്ല.27ഇവളുടെ ആഴ്ചവട്ടം പൂർത്തിയാക്കുക; എന്നാൽ നീ ഇനിയും ഏഴു വർഷം എന്റെ അടുക്കൽ ചെയ്യുന്ന സേവനത്തിനുവേണ്ടി ഞങ്ങൾ അവളെയും നിനക്കു തരാം” എന്നു പറഞ്ഞു.
28യാക്കോബ് അങ്ങനെതന്നെ ചെയ്തു, അവളുടെ ആഴ്ചവട്ടം പൂർത്തിയാക്കി; ലാബാൻ തന്റെ മകൾ റാഹേലിനെയും അവന് ഭാര്യയായി കൊടുത്തു.29തന്റെ മകൾ റാഹേലിന് ലാബാൻ തന്റെ ദാസി ബിൽഹയെ ദാസിയായി കൊടുത്തു.30യാക്കോബ് റാഹേലിന്റെ അടുക്കലും ചെന്നു; റാഹേലിനെ ലേയായെക്കാൾ അധികം സ്നേഹിച്ചു; പിന്നെയും ഏഴു വർഷം ലാബാന്റെ അടുക്കൽ സേവനം ചെയ്തു.

31ലേയാ അനിഷ്ടയെന്നു യഹോവ കണ്ടപ്പോൾ അവളുടെ ഗർഭത്തെ തുറന്നു; റാഹേലോ മച്ചിയായിരുന്നു.32ലേയാ ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു: “യഹോവ എന്റെ സങ്കടം കണ്ടു; ഇപ്പോൾ എന്റെ ഭർത്താവ് എന്നെ സ്നേഹിക്കും” എന്നു പറഞ്ഞ് അവൾ അവന് രൂബേൻ എന്നു പേരിട്ടു.
33അവൾ പിന്നെയും ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു: “ഞാൻ അനിഷ്ട എന്നു യഹോവ കേട്ടതുകൊണ്ട് ഇവനെയും എനിക്കു തന്നു” എന്നു പറഞ്ഞ് അവന് ശിമെയോൻ എന്നു പേരിട്ടു.34അവൾ പിന്നെയും ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു: “ഇപ്പോൾ ഈ സമയം എന്റെ ഭർത്താവ് എന്നോടു പറ്റിച്ചേരും; ഞാൻ അവന് മൂന്നു പുത്രന്മാരെ പ്രസവിച്ചുവല്ലോ” എന്നു പറഞ്ഞു; അതുകൊണ്ട് അവന് ലേവി എന്നു പേരിട്ടു.
35അവൾ പിന്നെയും ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു; “ഇപ്പോൾ ഞാൻ യഹോവയെ സ്തുതിക്കും” എന്ന് അവൾ പറഞ്ഞു; അതുകൊണ്ട് അവൾ അവന് യെഹൂദാ എന്നു പേരിട്ടു. പിന്നെ അവൾക്കു പ്രസവം നിന്നു.

30

1താൻ യാക്കോബിന് മക്കളെ പ്രസവിക്കുന്നില്ല എന്നു റാഹേൽ കണ്ടു തന്റെ സഹോദരിയോട് അസൂയപ്പെട്ടു യാക്കോബിനോട്: “എനിക്കു മക്കളെ തരേണം; അല്ലെങ്കിൽ ഞാൻ മരിച്ചുപോകും” എന്നു പറഞ്ഞു.2അപ്പോൾ യാക്കോബിന് റാഹേലിനോടു കോപം ജ്വലിച്ചു: “നിനക്കു ഗർഭഫലം തരാതിരിക്കുന്ന ദൈവത്തിന്റെ സ്ഥാനത്തോ ഞാൻ” എന്നു പറഞ്ഞു.

3അതിന് അവൾ: “എന്റെ ദാസി ബിൽഹാ ഉണ്ടല്ലോ; അവളുടെ അടുക്കൽ ചെല്ലുക; അവൾ എന്റെ മടിയിൽ പ്രസവിക്കട്ടെ; അവളാൽ എനിക്കും മക്കൾ ഉണ്ടാകും” എന്നു പറഞ്ഞു.4അങ്ങനെ അവൾ തന്റെ ദാസി ബിൽഹായെ അവന് ഭാര്യയായി കൊടുത്തു; യാക്കോബ് അവളുടെ അടുക്കൽ ചെന്നു.
5ബിൽഹാ ഗർഭംധരിച്ചു യാക്കോബിന് ഒരു മകനെ പ്രസവിച്ചു.6അപ്പോൾ റാഹേൽ: “ദൈവം എനിക്കു ന്യായം നടത്തി എന്റെ അപേക്ഷ കേട്ട് എനിക്ക് ഒരു മകനെ തന്നു” എന്നു പറഞ്ഞു; അതുകൊണ്ട് അവൾ അവന് ദാൻ എന്നു പേരിട്ടു.
7റാഹേലിന്റെ ദാസി ബിൽഹാ പിന്നെയും ഗർഭംധരിച്ചു യാക്കോബിനു രണ്ടാമതൊരു മകനെ പ്രസവിച്ചു.8“ഞാൻ എന്റെ സഹോദരിയോടു വലിയൊരു മല്ലിട്ടു, ജയിച്ചുമിരിക്കുന്നു” എന്നു റാഹേൽ പറഞ്ഞ് അവൾ അവന് നഫ്താലി എന്നു പേരിട്ടു.
9തനിക്കു പ്രസവം നിന്നുപോയി എന്നു ലേയാ കണ്ടപ്പോൾ തന്റെ ദാസി സില്പയെ വിളിച്ച് അവളെ യാക്കോബിനു ഭാര്യയായി കൊടുത്തു.10ലേയായുടെ ദാസി സില്പാ യാക്കോബിന് ഒരു മകനെ പ്രസവിച്ചു.11അപ്പോൾ ലേയാ: “ഭാഗ്യം” എന്നു പറഞ്ഞ് അവൾ അവന് ഗാദ് എന്നു പേരിട്ടു.
12ലേയായുടെ ദാസി സില്പാ യാക്കോബിനു രണ്ടാമത് ഒരു മകനെ പ്രസവിച്ചു.13“ഞാൻ ഭാഗ്യവതി; സ്ത്രീകൾ എന്നെ ഭാഗ്യവതിയെന്നു പറയും” എന്നു ലേയാ പറഞ്ഞ് അവൾ അവന് ആശേർ എന്നു പേരിട്ടു.
14ഗോതമ്പുകൊയ്ത്തുകാലത്തു രൂബേൻ പുറപ്പെട്ട് വയലിൽ ദൂദായിപ്പഴം കണ്ടു തന്റെ അമ്മയായ ലേയായുടെ അടുക്കൽ കൊണ്ടുവന്നു. റാഹേൽ ലേയായോട്: “നിന്റെ മകന്റെ ദൂദായിപ്പഴം കുറച്ച് എനിക്കു തരേണം” എന്നു പറഞ്ഞു.15ലേയാ അവളോട്: “നീ എന്റെ ഭർത്താവിനെ എടുത്തതു പോരായോ? എന്റെ മകന്റെ ദൂദായിപ്പഴവുംകൂടെ വേണമോ” എന്നു പറഞ്ഞതിനു റാഹേൽ: “ആകട്ടെ; നിന്റെ മകന്റെ ദൂദായിപ്പഴത്തിനുവേണ്ടി ഇന്ന് രാത്രി അവൻ നിന്നോടുകൂടെ ശയിച്ചുകൊള്ളട്ടെ” എന്നു പറഞ്ഞു.
16യാക്കോബ് വൈകുന്നേരം വയലിൽനിന്നു വരുമ്പോൾ ലേയാ അവനെ എതിരേറ്റു ചെന്നു: “നീ എന്റെ അടുക്കൽ വരേണം; എന്റെ മകന്റെ ദൂദായിപ്പഴംകൊണ്ട് ഞാൻ നിന്നെ കൂലിക്കു വാങ്ങിയിരിക്കുന്നു” എന്നു പറഞ്ഞു; അന്നു രാത്രി അവൻ അവളോടുകൂടെ ശയിച്ചു.17ദൈവം ലേയായുടെ അപേക്ഷ കേട്ടു; അവൾ ഗർഭം ധരിച്ചു യാക്കോബിന് അഞ്ചാമത് ഒരു മകനെ പ്രസവിച്ചു.18അപ്പോൾ ലേയാ: “ഞാൻ എന്റെ ദാസിയെ എന്റെ ഭർത്താവിനു കൊടുത്തതുകൊണ്ടു ദൈവം എനിക്കു പ്രതിഫലം തന്നു” എന്നു പറഞ്ഞ് അവൾ അവന് യിസ്സാഖാർ എന്നു പേരിട്ടു.
19ലേയാ പിന്നെയും ഗർഭം ധരിച്ചു, യാക്കോബിന് ആറാമത് ഒരു മകനെ പ്രസവിച്ചു;20“ദൈവം എനിക്ക് ഒരു നല്ലദാനം തന്നിരിക്കുന്നു; ഇപ്പോൾ എന്റെ ഭർത്താവ് എന്നോടുകൂടെ വസിക്കും; ഞാൻ അവന് ആറു മക്കളെ പ്രസവിച്ചുവല്ലോ” എന്നു ലേയാ പറഞ്ഞ് അവൾ അവന് സെബൂലൂൻ എന്നു പേരിട്ടു.21അതിന്റെശേഷം അവൾ ഒരു മകളെ പ്രസവിച്ചു അവൾക്കു ദീനാ എന്നു പേരിട്ടു.
22ദൈവം റാഹേലിനെ ഓർത്തു; ദൈവം അവളുടെ അപേക്ഷ കേട്ട് അവളുടെ ഗർഭത്തെ തുറന്നു.23അവൾ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു: “ദൈവം എന്റെ നിന്ദ നീക്കിക്കളഞ്ഞിരിക്കുന്നു” എന്നു പറഞ്ഞു.24“യഹോവ എനിക്കു ഇനിയും ഒരു മകനെ തരും” എന്നും പറഞ്ഞ് അവൾ അവന് യോസേഫ് എന്നു പേരിട്ടു.

25റാഹേൽ യോസേഫിനെ പ്രസവിച്ചശേഷം യാക്കോബ് ലാബാനോട്: “ഞാൻ എന്റെ സ്ഥലത്തേക്കും ദേശത്തേക്കും പോകുവാൻ എന്നെ അയയ്ക്കേണം.26ഞാൻ നിന്നെ സേവിച്ചതിന്റെ പ്രതിഫലമായ എന്റെ ഭാര്യമാരെയും മക്കളെയും എനിക്കു തരേണം; ഞാൻ പോകട്ടെ; ഞാൻ നിനക്കു ചെയ്ത സേവനം നീ അറിയുന്നുവല്ലോ” എന്നു പറഞ്ഞു.
27ലാബാൻ അവനോട്: “നിനക്ക് എന്നോടു ദയ ഉണ്ടെങ്കിൽ പോകരുതേ; നിന്റെ നിമിത്തം യഹോവ എന്നെ അനുഗ്രഹിച്ചു എന്ന് എനിക്ക് ബോദ്ധ്യമായിരിക്കുന്നു.28നിനക്ക് എന്തു പ്രതിഫലം വേണം എന്നു പറയുക; ഞാൻ തരാം” എന്നു പറഞ്ഞു.
29യാക്കോബ് അവനോട്: “ഞാൻ നിന്നെ എങ്ങനെ സേവിച്ചു എന്നും നിന്റെ ആട്ടിൻകൂട്ടം എന്റെ പക്കൽ എങ്ങനെ ഇരുന്നു എന്നും നീ അറിയുന്നു.30ഞാൻ വരുംമുമ്പേ നിനക്ക് അല്പമേ ഉണ്ടായിരുന്നുള്ളു; ഇപ്പോൾ അത് അത്യന്തം വർദ്ധിച്ചിരിക്കുന്നു; ഞാൻ കാൽ വച്ചിടത്തൊക്കെയും യഹോവ നിന്നെ അനുഗ്രഹിച്ചിരിക്കുന്നു. ഇനി എന്റെ സ്വന്തഭവനത്തിനുവേണ്ടി ഞാൻ എപ്പോൾ കരുതും” എന്നും പറഞ്ഞു.
31“ഞാൻ നിനക്ക് എന്തു തരേണം” എന്ന് ലാബാൻ ചോദിച്ചതിന് യാക്കോബ് പറഞ്ഞത്: “നീ ഒന്നും തരേണ്ടാ; ഈ കാര്യം നീ ചെയ്തുതന്നാൽ ഞാൻ നിന്റെ ആട്ടിൻ കൂട്ടത്തെ ഇനിയും മേയിച്ചു പാലിക്കാം.32ഞാൻ ഇന്നു നിന്റെ എല്ലാകൂട്ടങ്ങളിലുംകൂടി കടന്ന്, അവയിൽനിന്ന് പുള്ളിയും മറുകുമുള്ള ആടുകളെ ഒക്കെയും ചെമ്മരിയാടുകളിൽ കറുത്തതിനെയൊക്കെയും കോലാടുകളിൽ പുള്ളിയും മറുകുമുള്ളതിനെയും വേർതിരിക്കാം; അത് എന്റെ പ്രതിഫലമായിരിക്കട്ടെ.
33നാളെ ഒരിക്കൽ എന്റെ പ്രതിഫലം സംബന്ധിച്ച് നീ നോക്കുവാൻ വരുമ്പോൾ എന്റെ നീതി തെളിവായിരിക്കും; കോലാടുകളിൽ പുള്ളിയും മറുകുമില്ലാത്തതും ചെമ്മരിയാടുകളിൽ കറുത്തനിറമില്ലാത്തതും എല്ലാം എന്റെ പക്കൽ ഉണ്ടു എങ്കിൽ മോഷ്ടിച്ചതായി എണ്ണാം.”34അതിനു ലാബാൻ: “ശരി, നീ പറഞ്ഞതുപോലെ ആകട്ടെ” എന്നു പറഞ്ഞു.
35അന്നുതന്നെ അവൻ വരയും മറുകുമുള്ള മുട്ടാടുകളെയും പുള്ളിയും മറുകുമുള്ള പെൺകോലാടുകളെ ഒക്കെയും വെണ്മയുള്ളതിനെ ഒക്കെയും ചെമ്മരിയാടുകളിൽ കറുത്തനിറമുള്ളതിനെ ഒക്കെയും വേർതിരിച്ച് അവന്റെ പുത്രന്മാരുടെ കൈയിൽ ഏല്പിച്ചു.36അവൻ തനിക്കും യാക്കോബിനും ഇടയിൽ മൂന്നു ദിവസത്തെ യാത്രാദൂരം വച്ചു; ലാബാന്റെ ബാക്കിയുള്ള ആട്ടിൻകൂട്ടങ്ങളെ യാക്കോബ് മേയിച്ചു.
37എന്നാൽ യാക്കോബ് പുന്നവൃക്ഷത്തിന്റെയും ബദാംവൃക്ഷത്തിന്റെയും അരിഞ്ഞിൽവൃക്ഷത്തിന്റെയും പച്ചക്കൊമ്പുകളെ എടുത്ത് അവയിൽ വെള്ള കാണത്തക്കവണ്ണം വെള്ളവരയായി തോലുരിച്ചു.38ആടുകൾ കുടിപ്പാൻ വന്നപ്പോൾ അവൻ, താൻ തോലുരിച്ച കൊമ്പുകളെ പാത്തികളിലും വെള്ളം പകരുന്ന തൊട്ടികളിലും ആടുകളുടെ മുമ്പിൽ വച്ചു; അവ വെള്ളം കുടിപ്പാൻ വന്നപ്പോൾ ചനയേറ്റു.
39ആടുകൾ കൊമ്പുകളെ കണ്ടുകൊണ്ട് ചനയേറ്റു വരയും പുള്ളിയും മറുകുമുള്ള കുട്ടികളെ പെറ്റു.40ആ ആട്ടിൻകുട്ടികളെ യാക്കോബ് വേർതിരിച്ച് ആടുകളെ ലാബാന്റെ ആടുകളിൽ വരയും മറുകുമുള്ള എല്ലാറ്റിനും അഭിമുഖമായി നിർത്തി; തന്റെ സ്വന്തകൂട്ടങ്ങളെ ലാബാന്റെ ആടുകളോടു ചേർക്കാതെ വേറെയാക്കി.
41ബലമുള്ള ആടുകൾ ചനയേല്ക്കുമ്പോഴൊക്കെയും കൊമ്പുകളെ കണ്ടുകൊണ്ട് ചനയേൽക്കേണ്ടതിനു യാക്കോബ് ആ കൊമ്പുകളെ പാത്തികളിൽ ആടുകളുടെ കണ്ണിനു മുമ്പിൽ വച്ചു.42ബലമില്ലാത്ത ആടുകൾ ചനയേല്ക്കുമ്പോൾ കൊമ്പുകളെ വച്ചില്ല; അങ്ങനെ ബലമില്ലാത്തവ ലാബാനും ബലമുള്ളവ യാക്കോബിനും ആയിത്തീർന്നു.
43അവൻ മഹാസമ്പന്നനായി അവന് വളരെ ആടുകളും ദാസീദാസന്മാരും ഒട്ടകങ്ങളും കഴുതകളും ഉണ്ടാകുകയും ചെയ്തു.

31

1എന്നാൽ “ഞങ്ങളുടെ അപ്പനുള്ളതൊക്കെയും യാക്കോബ് എടുത്തുകളഞ്ഞു ഞങ്ങളുടെ അപ്പന്റെ വകകൊണ്ട് അവൻ ഈ ധനം ഒക്കെയും സമ്പാദിച്ചു” എന്നു ലാബാന്റെ പുത്രന്മാർ പറഞ്ഞ വാക്കുകളെ യാക്കോബ് കേട്ടു.2യാക്കോബ് ലാബാന്റെ മുഖത്തു നോക്കിയപ്പോൾ അതു തന്റെ നേരെ മുൻപെന്നപോലെ അല്ല എന്നു കണ്ടു.3അപ്പോൾ യഹോവ യാക്കോബിനോട്: “നിന്റെ പിതാക്കന്മാരുടെ ദേശത്തേക്കും നിന്റെ കുടുംബക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോക; ഞാൻ നിന്നോടുകൂടെ ഇരിക്കും” എന്ന് അരുളിച്ചെയ്തു.

4യാക്കോബ് ആളയച്ചു റാഹേലിനേയും ലേയായെയും വയലിൽ തന്റെ ആട്ടിൻ കൂട്ടത്തിന്റെ അടുക്കൽ വിളിപ്പിച്ചു,5അവരോടു പറഞ്ഞത്: “നിങ്ങളുടെ അപ്പന്റെ മുഖം എന്റെ നേരെ മുൻപെന്നപോലെ അല്ല എന്നു ഞാൻ കാണുന്നു; എങ്കിലും എന്റെ അപ്പന്റെ ദൈവം എന്നോടുകൂടെ ഉണ്ടായിരുന്നു.6നിങ്ങളുടെ അപ്പനെ ഞാൻ എന്റെ സർവ്വബലത്തോടുംകൂടെ സേവിച്ചു എന്നു നിങ്ങൾക്കു തന്നെ അറിയാമല്ലോ.
7നിങ്ങളുടെ അപ്പനോ എന്നെ ചതിച്ച് എന്റെ പ്രതിഫലം പത്തു പ്രാവശ്യം മാറ്റി; എങ്കിലും എന്നോടു ദോഷം ചെയ്യുവാൻ ദൈവം അവനെ സമ്മതിച്ചില്ല.8‘പുള്ളിയുള്ളവ നിന്റെ പ്രതിഫലം ആയിരിക്കട്ടെ’ എന്ന് അവൻ പറഞ്ഞു എങ്കിൽ കൂട്ടമൊക്കെയും പുള്ളിയുള്ള കുട്ടികളെ പെറ്റു; ‘വരയുള്ളവ നിന്റെ പ്രതിഫലം ആയിരിക്കട്ടെ’ എന്നു അവൻ പറഞ്ഞു എങ്കിൽ കൂട്ടമൊക്കെയും വരയുള്ള കുട്ടികളെ പെറ്റു.9ഇങ്ങനെ ദൈവം നിങ്ങളുടെ അപ്പന്റെ ആട്ടിൻകൂട്ടത്തെ എടുത്ത് എനിക്കു തന്നിരിക്കുന്നു.
10ആടുകൾ ചനയേല്ക്കുന്ന കാലത്തു ഞാൻ സ്വപ്നത്തിൽ ആടുകളിന്മേൽ കയറുന്ന മുട്ടാടുകൾ വരയും പുള്ളിയും മറുകും ഉള്ളവ എന്നു കണ്ടു.11ദൈവത്തിന്റെ ദൂതൻ സ്വപ്നത്തിൽ എന്നോട്: ‘യാക്കോബേ’ എന്നു വിളിച്ചു; ‘ഞാൻ ഇതാ’ എന്നു ഞാൻ പറഞ്ഞു.
12അപ്പോൾ ദൂതൻ: ‘നീ തലപൊക്കി നോക്കുക; ആടുകളുടെമേൽ കയറുന്ന മുട്ടാടുകൾ ഒക്കെയും വരയും പുള്ളിയും മറുകുമുള്ളവയല്ലോ; ലാബാൻ നിന്നോടു ചെയ്യുന്നതൊക്കെയും ഞാൻ കണ്ടിരിക്കുന്നു.13നീ തൂണിനെ അഭിഷേകം ചെയ്യുകയും എന്നോടു നേർച്ചനേരുകയും ചെയ്ത സ്ഥലമായ ബേഥേലിന്റെ ദൈവം ആകുന്നു ഞാൻ; ആകയാൽ നീ എഴുന്നേറ്റ്, ഈ ദേശംവിട്ട് നിന്റെ ജന്മദേശത്തേക്കു മടങ്ങിപ്പോക’ എന്നു കല്പിച്ചിരിക്കുന്നു.”
14റാഹേലും ലേയായും അവനോട് ഉത്തരം പറഞ്ഞത്: “അപ്പന്റെ വീട്ടിൽ ഞങ്ങൾക്ക് ഇനി ഓഹരിയും അവകാശവും ഉണ്ടോ?15അവൻ ഞങ്ങളെ അന്യരായിട്ടല്ലയോ വിചാരിക്കുന്നത്? ഞങ്ങളെ വിറ്റു വിലയും എല്ലാം തിന്നു കളഞ്ഞുവല്ലോ.16ദൈവം ഞങ്ങളുടെ അപ്പന്റെ പക്കൽനിന്ന് എടുത്തുകളഞ്ഞ സമ്പത്തൊക്കെയും ഞങ്ങൾക്കും ഞങ്ങളുടെ മക്കൾക്കും ഉള്ളതല്ലോ; ആകയാൽ ദൈവം നിന്നോടു കല്പിച്ചതൊക്കെയും ചെയ്തുകൊൾക.”
17അങ്ങനെ യാക്കോബ് എഴുന്നേറ്റ് തന്റെ ഭാര്യമാരെയും പുത്രന്മാരെയും ഒട്ടകപ്പുറത്തു കയറ്റി.18തന്റെ കന്നുകാലികളെ ഒക്കെയും താൻ സമ്പാദിച്ച സമ്പത്തൊക്കെയും താൻ പദ്ദൻ-അരാമിൽ സമ്പാദിച്ച മൃഗസമ്പത്തൊക്കെയും ചേർത്തുകൊണ്ട് കനാൻദേശത്തു തന്റെ അപ്പനായ യിസ്ഹാക്കിന്റെ അടുക്കൽ പോകുവാൻ പുറപ്പെട്ടു.
19ലാബാൻ തന്റെ ആടുകളെ രോമം കത്രിപ്പാൻ പോയിരുന്നു; റാഹേൽ തന്റെ അപ്പനുള്ള ഗൃഹവിഗ്രഹങ്ങളെ മോഷ്ടിച്ചു.20താൻ ഓടിപ്പോകുന്നതു യാക്കോബ് അരാമ്യനായ ലാബാനോടു അറിയിക്കായ്കയാൽ അവനെ തോല്പിച്ചായിരുന്നു പോയത്.21ഇങ്ങനെ അവൻ തനിക്കുള്ള സകലവുമായി ഓടിപ്പോയി; അവൻ പുറപ്പെട്ടു നദി കടന്നു, ഗിലെയാദ്പർവ്വതത്തിനു നേരെ തിരിഞ്ഞു.

22യാക്കോബ് ഓടിപ്പോയി എന്നു ലാബാനു മൂന്നാം ദിവസം അറിവു കിട്ടി.23ഉടനെ അവൻ തന്റെ സഹോദരന്മാരെ കൂട്ടിക്കൊണ്ട് ഏഴു ദിവസത്തെ വഴി അവനെ പിന്തുടർന്നു ഗിലെയാദ്പർവ്വതത്തിൽ അവനോടൊപ്പം എത്തി.
24എന്നാൽ ദൈവം രാത്രി സ്വപ്നത്തിൽ അരാമ്യനായ ലാബാന്റെ അടുക്കൽ വന്ന് അവനോട്: “നീ യാക്കോബിനോട് ഗുണമെങ്കിലും ദോഷമെങ്കിലും പറയാതിരിപ്പാൻ സൂക്ഷിച്ചുകൊൾക” എന്നു കല്പിച്ചു.25ലാബാൻ യാക്കോബിനോടൊപ്പം എത്തി; യാക്കോബ് പർവ്വതത്തിൽ കൂടാരം അടിച്ചിരുന്നു; ലാബാനും തന്റെ സഹോദരന്മാരുമായി ഗിലെയാദ്പർവ്വതത്തിൽ കൂടാരം അടിച്ചു.
26ലാബാൻ യാക്കോബിനോടു പറഞ്ഞത്: “നീ എന്നെ ഒളിച്ചു പൊയ്ക്കളയുകയും എന്റെ പുത്രിമാരെ വാളാൽ പിടിച്ചവരെപ്പോലെ കൊണ്ടുപോകുകയും ചെയ്തത് എന്ത്?27നീ എന്നെ തോല്പിച്ചു രഹസ്യമായിട്ട് ഓടിപ്പോകുകയും ഞാൻ സന്തോഷത്തോടും സംഗീതത്തോടും മുരജത്തോടും വീണയോടുംകൂടെ നിന്നെ അയയ്ക്കുവാൻ തക്കവണ്ണം എന്നെ അറിയിക്കാതിരിക്കുകയും28എന്റെ പുത്രന്മാരെയും പുത്രിമാരെയും ചുംബിപ്പാൻ എനിക്ക് അവസരം തരാതിരിക്കുകയും ചെയ്തത് എന്ത്? ബുദ്ധിശൂന്യതയാണ് നീ ചെയ്തത്.
29നിങ്ങളോട് ദോഷം ചെയ്യുവാൻ എന്റെ പക്കൽ ശക്തിയുണ്ട്; എങ്കിലും ‘നീ യാക്കോബിനോടു ഗുണമെങ്കിലും ദോഷമെങ്കിലും പറയാതിരിപ്പാൻ സൂക്ഷിച്ചുകൊൾക’ എന്നു നിങ്ങളുടെ പിതാവിന്റെ ദൈവം കഴിഞ്ഞ രാത്രി എന്നോട് കല്പിച്ചിരിക്കുന്നു.30ആകട്ടെ, നിന്റെ പിതൃഭവനത്തിനായുള്ള അതിവാഞ്ഛയാൽ നീ പുറപ്പെട്ടുപോന്നു; എന്നാൽ എന്റെ ദേവന്മാരെ മോഷ്ടിച്ചത് എന്തിന്”
31യാക്കോബ് ലാബാനോട്: “പക്ഷെ നിന്റെ പുത്രിമാരെ നീ എന്റെ പക്കൽനിന്ന് ബലമായി പിടിച്ചുവയ്ക്കും എന്നു ഞാൻ ഭയപ്പെട്ടു.32എന്നാൽ നീ ആരുടെ പക്കൽ എങ്കിലും നിന്റെ ദേവന്മാരെ കണ്ടാൽ അവൻ ജീവനോടിരിക്കരുത്; എന്റെ പക്കൽ നിന്റെ വക വല്ലതും ഉണ്ടോ എന്നു നീ നമ്മുടെ സഹോദരന്മാർ കാൺകെ നോക്കി എടുക്ക” എന്നുത്തരം പറഞ്ഞു. റാഹേൽ അവയെ മോഷ്ടിച്ചത് യാക്കോബ് അറിഞ്ഞില്ല.
33അങ്ങനെ ലാബാൻ യാക്കോബിന്റെ കൂടാരത്തിലും ലേയായുടെ കൂടാരത്തിലും രണ്ടു ദാസിമാരുടെ കൂടാരത്തിലും ചെന്നു നോക്കി, ഒന്നും കണ്ടില്ല താനും; അവൻ ലേയായുടെ കൂടാരത്തിൽനിന്ന് ഇറങ്ങി റാഹേലിന്റെ കൂടാരത്തിൽ ചെന്നു.
34എന്നാൽ റാഹേൽ വിഗ്രഹങ്ങളെ എടുത്ത് ഒട്ടകത്തിന്റെ ജീനിക്കുള്ളിൽ ഇട്ട് അതിന്മേൽ ഇരിക്കുകയായിരുന്നു. ലാബാൻ കൂടാരത്തിൽ ഒക്കെയും തിരഞ്ഞുനോക്കി, കണ്ടില്ല താനും.35അവൾ അപ്പനോട്: “യജമാനൻ കോപിക്കരുതേ; നിന്റെ മുമ്പാകെ എഴുന്നേൽക്കുവാൻ എനിക്കു കഴിയുകയില്ല; സ്ത്രീകൾക്കുള്ള പതിവ് എനിക്കു വന്നിരിക്കുന്നു” എന്നു പറഞ്ഞു. അങ്ങനെ അവൻ പരിശോധിച്ചു; ഗൃഹവിഗ്രഹങ്ങളെ കണ്ടില്ല താനും.
36അപ്പോൾ യാക്കോബിനു കോപം ജ്വലിച്ചു, അവൻ ലാബാനോടു വാദിച്ചു. യാക്കോബ് ലാബാനോടു പറഞ്ഞത് എന്തെന്നാൽ: “എന്റെ കുറ്റം എന്ത്? നീ ഇത്ര ഉഗ്രതയോടെ എന്റെ പിന്നാലെ ഓടി വരേണ്ടതിന് എന്റെ തെറ്റ് എന്ത്?37നീ എന്റെ സാധനങ്ങളൊക്കെയും പരിശോധിച്ചുവല്ലോ; നിന്റെ വീട്ടിലെ സാധനം വല്ലതും കണ്ടുവോ? എന്റെ സഹോദരന്മാർക്കും നിന്റെ സഹോദരന്മാർക്കും മുമ്പാകെ ഇവിടെ വയ്ക്കുക; അവർ നമുക്കിരുവർക്കും മദ്ധ്യേ വിധിക്കട്ടെ.
38ഈ ഇരുപതു വർഷം ഞാൻ നിന്റെ അടുക്കൽ പാർത്തു; നിന്റെ ചെമ്മരിയാടുകൾക്കും കോലാടുകൾക്കും ചനനാശം വന്നിട്ടില്ല. നിന്റെ കൂട്ടത്തിലെ ആട്ടുകൊറ്റന്മാരെ ഞാൻ തിന്നുകളഞ്ഞിട്ടുമില്ല.39ദുഷ്ടമൃഗം കടിച്ചുകീറിയതിനെ നിന്റെ അടുക്കൽ കൊണ്ടുവരാതെ ഞാൻ അതിന് ഉത്തരവാദിയായിരുന്നു; പകൽ മോഷണം പോയതിനെയും രാത്രി മോഷണം പോയതിനെയും നീ എന്നോടു ചോദിച്ചു.40ഇതായിരുന്നു എന്റെ അനുഭവം; പകൽ വെയിൽകൊണ്ടും രാത്രി തണുപ്പുകൊണ്ടും ഞാൻ ക്ഷയിച്ചു; എന്റെ കണ്ണിന് ഉറക്കമില്ലാതെയായി.
41ഈ ഇരുപതു വർഷം ഞാൻ നിന്റെ വീട്ടിൽ പാർത്തു; പതിന്നാലു വർഷം നിന്റെ രണ്ടു പുത്രിമാർക്കായിട്ടും ആറു വർഷം നിന്റെ ആട്ടിൻകൂട്ടത്തിനായിട്ടും നിന്നെ സേവിച്ചു; പത്തു പ്രാവശ്യം നീ എന്റെ പ്രതിഫലം മാറ്റി.42എന്റെ പിതാവിന്റെ ദൈവമായ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ഭയവുമായവൻ എനിക്ക് ഇല്ലാതിരുന്നു എങ്കിൽ നീ ഇപ്പോൾ എന്നെ വെറുതെ അയച്ചുകളയുമായിരുന്നു; ദൈവം എന്റെ കഷ്ടതയും എന്റെ കൈകളുടെ അധ്വാനവും കണ്ടു കഴിഞ്ഞ രാത്രി ന്യായം വിധിച്ചു.”
43ലാബാൻ യാക്കോബിനോട്: “പുത്രിമാർ എന്റെ പുത്രിമാർ, മക്കൾ എന്റെ മക്കൾ, ആട്ടിൻകൂട്ടം എന്റെ ആട്ടിൻകൂട്ടം; നീ കാണുന്നതൊക്കെയും എനിക്കുള്ളതുതന്നെ; ഈ എന്റെ പുത്രിമാരോടോ അവർ പ്രസവിച്ച മക്കളോടോ ഞാൻ ഇന്ന് എന്തു ചെയ്യും?44അതുകൊണ്ട് വരിക, ഞാനും നീയും തമ്മിൽ ഒരു ഉടമ്പടി ചെയ്യുക; അത് എനിക്കും നിനക്കും മദ്ധ്യേ സാക്ഷിയായിരിക്കട്ടെ” എന്ന് ഉത്തരം പറഞ്ഞു.
45അപ്പോൾ യാക്കോബ് ഒരു കല്ല് എടുത്തു തൂണായി നിർത്തി.46“കല്ലുകൾ കൂട്ടുവിൻ” എന്നു യാക്കോബ് തന്റെ സഹോദരന്മാരോടു പറഞ്ഞു; അവർ കല്ലുകൾ എടുത്ത് ഒരു കൂമ്പാരമുണ്ടാക്കി; കൂമ്പാരത്തിന്മേൽവച്ച് അവർ ഭക്ഷണം കഴിച്ചു.47ലാബാൻ അതിന് യെഗർ-സഹദൂഥാ (സാക്ഷ്യത്തിന്റെ കൂമ്പാരം) എന്നു പേരിട്ടു; എന്നാൽ യാക്കോബ് അതിനു ഗലേദ് (സാക്ഷ്യത്തിന്റെ കൂമ്പാരം) എന്നു പേരിട്ടു.
48“ഈ കൂമ്പാരം ഇന്ന് എനിക്കും നിനക്കും മദ്ധ്യേ സാക്ഷി” എന്ന് ലാബാൻ പറഞ്ഞു. അതുകൊണ്ട് അതിനു ഗലേദ് എന്നും മിസ്പാ (കാവൽ മാടം) എന്നും പോരായി:49“നാം തമ്മിൽ അകന്നിരിക്കുമ്പോൾ യഹോവ എനിക്കും നിനക്കും മദ്ധ്യേ കാവലായിരിക്കട്ടെ.50നീ എന്റെ പുത്രിമാരെ ഉപദ്രവിക്കുകയോ എന്റെ പുത്രിമാരെയല്ലാതെ വേറെ സ്ത്രീകളെ സ്വീകരിക്കുകയോ ചെയ്യുമെങ്കിൽ നമ്മോടുകൂടെ ആരും ഇല്ല; നോക്കുക, ദൈവം തന്നെ എനിക്കും നിനക്കും മദ്ധ്യേ സാക്ഷി” എന്ന് അവൻ പറഞ്ഞു.
51ലാബാൻ പിന്നെയും യാക്കോബിനോട്: “ഇതാ, ഈ കൂമ്പാരം; ഇതാ, എനിക്കും നിനക്കും മദ്ധ്യേ നിർത്തിയ തൂൺ.52ദോഷത്തിനായി ഞാൻ ഈ കൂമ്പാരം കടന്നു നിന്റെ അടുക്കൽ വരാതെയും നീ ഈ കൂമ്പാരവും ഈ തൂണും കടന്ന് എന്റെ അടുക്കൽ വരാതെയും ഇരിക്കേണ്ടതിന് ഈ കൂമ്പാരവും സാക്ഷി, ഈ തൂണും സാക്ഷി.53അബ്രാഹാമിന്റെ ദൈവവും നാഹോരിന്റെ ദൈവവും അവരുടെ പിതാവിന്റെ ദൈവവുമായവൻ നമുക്കു മദ്ധ്യേ വിധിക്കട്ടെ” എന്നു പറഞ്ഞു. യാക്കോബ് തന്റെ പിതാവായ യിസ്ഹാക്കിന്റെ ഭയമായവനെച്ചൊല്ലി സത്യം ചെയ്തു.
54പിന്നെ യാക്കോബ് പർവ്വതത്തിൽ യാഗം അർപ്പിച്ചു ഭക്ഷണം കഴിപ്പാൻ തന്റെ സഹോദരന്മാരെ വിളിച്ചു; അവർ ഭക്ഷണം കഴിച്ചു പർവ്വതത്തിൽ രാപാർത്തു.55ലാബാൻ അതിരാവിലെ എഴുന്നേറ്റ് തന്റെ പുത്രന്മാരെയും പുത്രിമാരെയും ചുംബിക്കുകയും അനുഗ്രഹിക്കുകയും ചെയ്തശേഷം അവിടെനിന്നു പുറപ്പെട്ടു സ്വദേശത്തേക്കു മടങ്ങിപ്പോയി.

32

1യാക്കോബ് തന്റെ വഴിക്കു പോയി; ദൈവത്തിന്റെ ദൂതന്മാർ അവന്റെ എതിരെ വന്നു.2യാക്കോബ് അവരെ കണ്ടപ്പോൾ: “ഇതു ദൈവത്തിന്റെ സൈന്യം” എന്നു പറഞ്ഞു. ആ സ്ഥലത്തിനു അവൻ മഹനയീം എന്നു പേർ ഇട്ടു.

3അനന്തരം യാക്കോബ് എദോംനാടായ സേയീർദേശത്ത് തന്റെ സഹോദരനായ ഏശാവിന്റെ അടുക്കൽ തനിക്കു മുമ്പായി സന്ദേശവാഹകരെ അയച്ചു.4അവരോടു കല്പിച്ചത് എന്തെന്നാൽ: “എന്റെ യജമാനനായ ഏശാവിനോട് ഇങ്ങനെ പറയുക: ‘നിന്റെ ദാസൻ യാക്കോബ് ഇപ്രകാരം പറയുന്നു: ഞാൻ ലാബാന്റെ അടുക്കൽ പരദേശിയായി പാർത്ത് ഇന്നുവരെ അവിടെ താമസിച്ചു.5എനിക്കു കാളയും കഴുതയും ആടും ദാസീദാസന്മാരും ഉണ്ട്; നിനക്ക് എന്നോട് കൃപ തോന്നേണ്ടതിനാകുന്നു യജമാനനെ അറിയിപ്പാൻ ഞാൻ ആളയക്കുന്നത്.
6ദൂതന്മാർ യാക്കോബിന്റെ അടുക്കൽ മടങ്ങി വന്നു: “ഞങ്ങൾ നിന്റെ സഹോദരനായ ഏശാവിന്റെ അടുക്കൽ പോയി വന്നു; അവൻ നാനൂറ് ആളുകളുമായി നിന്നെ എതിരേല്പാൻ വരുന്നു” എന്നു പറഞ്ഞു.7അപ്പോൾ യാക്കോബ് ഏറ്റവും ഭയപ്പെട്ട് അസ്വസ്ഥനായി, തന്നോടുകൂടെ ഉണ്ടായിരുന്ന ജനത്തെയും ആടുകളെയും കന്നുകാലികളെയും ഒട്ടകങ്ങളെയും രണ്ടു കൂട്ടമായി വിഭാഗിച്ചു,8“ഏശാവ് ഒരു കൂട്ടത്തിന്റെ നേരേ വന്ന് അതിനെ നശിപ്പിച്ചാൽ മറ്റേ കൂട്ടത്തിന് ഓടിപ്പോകാമല്ലോ” എന്നു പറഞ്ഞു.
9പിന്നെ യാക്കോബ് പ്രാർത്ഥിച്ചത്: “എന്റെ പിതാവായ അബ്രാഹാമിന്റെ ദൈവവും എന്റെ പിതാവായ യിസ്ഹാക്കിന്റെ ദൈവവുമായുള്ളോവേ, ‘നിന്റെ ദേശത്തേക്കും നിന്റെ കുടുംബക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോക; ഞാൻ നിനക്ക് നന്മ ചെയ്യും’ എന്ന് എന്നോടു അരുളിച്ചെയ്ത യഹോവേ,10അടിയനോട് കാണിച്ചിരിക്കുന്ന സകലദയയ്ക്കും സകലവിശ്വസ്തതയ്ക്കും ഞാൻ ഒട്ടും യോഗ്യനല്ല; ഒരു വടിയോടുകൂടി മാത്രമല്ലോ ഞാൻ ഈ യോർദ്ദാൻ കടന്നത്; ഇപ്പോഴോ ഞാൻ രണ്ടു കൂട്ടമായി തീർന്നിരിക്കുന്നു.
11എന്റെ സഹോദരനായ ഏശാവിന്റെ കൈയിൽനിന്ന് എന്നെ രക്ഷിക്കേണമേ എന്നു ഞാൻ പ്രാർഥിക്കുന്നു; പക്ഷേ അവൻ വന്ന് എന്നെയും മക്കളോടുകൂടെ അമ്മമാരെയും നശിപ്പിക്കും എന്നു ഞാൻ ഭയപ്പെടുന്നു.12അവിടുന്നോ: ‘ഞാൻ നിന്നോടു നന്മ ചെയ്യും; നിന്റെ സന്തതിയെ പെരുപ്പംകൊണ്ട് എണ്ണുവാൻ കഴിയാത്ത കടൽകരയിലെ മണൽപോലെ ആക്കും’ എന്ന് അരുളിച്ചെയ്തുവല്ലോ.”
13അന്നു രാത്രി അവൻ അവിടെ പാർത്തു; തന്റെ കൈവശം ഉള്ളതിൽ തന്റെ സഹോദരനായ ഏശാവിനു സമ്മാനമായിട്ട്14ഇരുനൂറു പെൺകോലാടുകളെയും ഇരുപതു ആൺകോലാടുകളെയും ഇരുനൂറു പെൺചെമ്മരിയാടുകളെയും ഇരുപതു ആൺചെമ്മരിയാടുകളെയും15കറവുള്ള മുപ്പത് ഒട്ടകങ്ങളെയും അവയുടെ കുട്ടികളെയും നാല്പതു പശുക്കളെയും പത്തു കാളകളെയും ഇരുപതു പെൺകഴുതകളെയും പത്തു കഴുതക്കുട്ടികളെയും വേർതിരിച്ചു.16തന്റെ ദാസന്മാരുടെ കൈവശം ഓരോ കൂട്ടത്തെ പ്രത്യേകം പ്രത്യേകമായി ഏല്പിച്ചു, തന്റെ ദാസന്മാരോട്: “നിങ്ങൾ എനിക്കു മുമ്പായി കടന്നുപോയി അതാതു കൂട്ടത്തിനു മദ്ധ്യേ കുറച്ച് അകലം ഇടുവിൻ” എന്നു പറഞ്ഞു.
17ഒന്നാമതു പോകുന്നവനോട് അവൻ: “എന്റെ സഹോദരനായ ഏശാവ് നിന്നെ കണ്ട്: ‘നീ ആരുടെ ആൾ? എവിടെ പോകുന്നു? നിന്റെ മുമ്പിൽ പോകുന്ന ഇവ ആരുടെ വക’ എന്നിങ്ങനെ നിന്നോടു ചോദിച്ചാൽ:18‘നിന്റെ ദാസൻ യാക്കോബിന്റെ വക ആകുന്നു; ഇത് യജമാനനായ ഏശാവിന് അയച്ചിരിക്കുന്ന സമ്മാനം; അതാ, അവനും പിന്നാലെ വരുന്നു’ എന്നു നീ പറയേണം” എന്നു കല്പിച്ചു.
19രണ്ടാമത്തവനോടും മൂന്നാമത്തവനോടും കൂട്ടങ്ങളെ നടത്തിക്കൊണ്ടുപോകുന്ന എല്ലാവരോടും: “നിങ്ങൾ ഏശാവിനെ കാണുമ്പോൾ ഇപ്രകാരം അവനോടു പറയുവിൻ;20‘അതാ, നിന്റെ ദാസൻ യാക്കോബ് പിന്നാലെ വരുന്നു’ എന്നും പറയുവിൻ” എന്ന് അവൻ കല്പിച്ചു. “എനിക്കു മുമ്പായിപോകുന്ന സമ്മാനംകൊണ്ട് അവനെ ശാന്തമാക്കീട്ടു പിന്നെ ഞാൻ അവന്റെ മുഖം കണ്ടുകൊള്ളാം; ഒരുപക്ഷേ അവൻ എന്നെ സ്വീകരിച്ചേക്കും” എന്നു പറഞ്ഞു.21അങ്ങനെ സമ്മാനം അവന്റെ മുമ്പായി പോയി; അവനോ അന്നു രാത്രി കൂട്ടത്തോടുകൂടെ പാർത്തു.

22ആ രാത്രിയിൽ അവൻ എഴുന്നേറ്റു, തന്റെ രണ്ടു ഭാര്യമാരെയും രണ്ടു ദാസിമാരെയും പതിനൊന്നു പുത്രന്മാരെയും കൂട്ടി യാബ്ബോക്ക്കടവു കടന്നു.23അങ്ങനെ അവൻ അവരെ കൂട്ടി ആറ്റിനക്കരെ കടത്തി; തനിക്കുള്ളതൊക്കെയും അക്കരെ കടത്തിയശേഷം യാക്കോബ് തനിയേ ശേഷിച്ചു;
24അപ്പോൾ ഒരു പുരുഷൻ പുലരുന്നതുവരെ അവനോടു മല്ലുപിടിച്ചു.25അവനെ ജയിക്കയില്ല എന്നു കണ്ടപ്പോൾ അവൻ അവന്റെ ഇടുപ്പുസന്ധിയിൽ തൊട്ടു; ആകയാൽ അവനോടു മല്ലുപിടിക്കുകയിൽ യാക്കോബിന്റെ ഇടുപ്പുസന്ധി ഉളുക്കിപ്പോയി.26“എന്നെ വിടുക; നേരം പുലരുന്നുവല്ലോ” എന്ന് അവൻ പറഞ്ഞതിന്: “നീ എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ നിന്നെ വിടുകയില്ല” എന്ന് അവൻ പറഞ്ഞു.
27“നിന്റെ പേർ എന്ത്” എന്ന് അവൻ അവനോടു ചോദിച്ചതിന്: “യാക്കോബ്” എന്ന് അവൻ പറഞ്ഞു.28“നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേർ ഇനി യാക്കോബ് എന്നല്ല യിസ്രായേൽ എന്നു വിളിക്കപ്പെടും” എന്ന് അവൻ പറഞ്ഞു.
29യാക്കോബ് അവനോട്: “നിന്റെ പേർ എനിക്കു പറഞ്ഞുതരേണം” എന്ന് അപേക്ഷിച്ചു: “നീ എന്റെ പേർ ചോദിക്കുന്നത് എന്ത്” എന്ന് അവൻ പറഞ്ഞു, അവിടെവച്ച് അവൻ യാക്കോബിനെ അനുഗ്രഹിച്ചു.30“ഞാൻ ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും എനിക്കു ജീവഹാനി വന്നില്ല” എന്നു യാക്കോബ് പറഞ്ഞ്, ആ സ്ഥലത്തിനു പെനീയേൽ എന്നു പേരിട്ടു.
31അവൻ പെനീയേൽ കടന്നുപോകുമ്പോൾ സൂര്യൻ ഉദിച്ചു; എന്നാൽ ഇടുപ്പിന്റെ ഉളുക്കുനിമിത്തം അവൻ മുടന്തിനടന്നു.32അവൻ യാക്കോബിന്റെ ഇടുപ്പുസന്ധിയിലെ ഞരമ്പു തൊടുകകൊണ്ടു യിസ്രായേൽമക്കൾ ഇന്നുവരെയും ഇടുപ്പുസന്ധിയിലെ ഞരമ്പു തിന്നാറില്ല.

33

1അനന്തരം യാക്കോബ് തലപൊക്കി നോക്കി, ഏശാവും അവനോടുകൂടെ നാനൂറ് ആളുകളും വരുന്നതു കണ്ടു; തന്റെ മക്കളെ ലേയായുടെ അടുക്കലും റാഹേലിന്റെ അടുക്കലും രണ്ടു ദാസിമാരുടെ അടുക്കലും വിഭാഗിച്ചുനിർത്തി.2അവൻ ദാസിമാരെയും അവരുടെ മക്കളെയും മുൻപായും ലേയായെയും അവളുടെ മക്കളെയും പിന്നാലെയും റാഹേലിനെയും യോസേഫിനെയും അവസാനമായും നിർത്തി.3അവൻ അവർക്കു മുൻപായി കടന്ന് ഏഴു പ്രാവശ്യം സാഷ്ടാംഗം നമസ്കരിച്ചുകൊണ്ട് തന്റെ സഹോദരനോട് അടുത്തുചെന്നു.

4ഏശാവ് ഓടിവന്ന് അവനെ എതിരേറ്റ്, ആലിംഗനം ചെയ്തു; അവന്റെ കഴുത്തിൽ വീണ് അവനെ ചുംബിച്ചു, രണ്ടുപേരും കരഞ്ഞു.5പിന്നെ ഏശാവ് തലപൊക്കി സ്ത്രീകളെയും കുഞ്ഞുങ്ങളെയും കണ്ടു: “നിന്നോടുകൂടെയുള്ള ഇവർ ആർ” എന്നു ചോദിച്ചുതിന്: “ദൈവം അടിയനു കൃപയാൽ നല്കിയിരിക്കുന്ന മക്കൾ” എന്ന് അവൻ പറഞ്ഞു.
6അപ്പോൾ ദാസിമാരും മക്കളും അടുത്തുവന്നു നമസ്കരിച്ചു;7ലേയായും മക്കളും അടുത്തുവന്ന് നമസ്കരിച്ചു; അവസാനം യോസേഫും റാഹേലും അടുത്തുവന്നു നമസ്കരിച്ചു.8“ഞാൻ വഴിക്കു കണ്ട ആ കൂട്ടമൊക്കെയും എന്തിന്” എന്ന് ഏശാവ് ചോദിച്ചതിന്: “യജമാനന് എന്നോടു കൃപതോന്നേണ്ടതിന് ആകുന്നു” എന്ന് യാക്കോബ് പറഞ്ഞു.
9അതിന് ഏശാവ്: “സഹോദരാ, എനിക്കു വേണ്ടത്ര ഉണ്ട്; നിനക്കുള്ളതു നിനക്ക് ഇരിക്കട്ടെ” എന്നു പറഞ്ഞു.10അതിനു യാക്കോബ്: “അങ്ങനെയല്ല, എന്നോടു കൃപ ഉണ്ടെങ്കിൽ എന്റെ സമ്മാനം എന്റെ കൈയിൽനിന്നു വാങ്ങേണമേ; ദൈവത്തിന്റെ മുഖം കാണുന്നതുപോലെ ഞാൻ നിന്റെ മുഖം കാണുകയും നിനക്ക് എന്നോടു ദയ തോന്നുകയും ചെയ്തുവല്ലോ;11ഞാൻ അയച്ചിരിക്കുന്ന സമ്മാനം വാങ്ങേണമേ; ദൈവം എന്നോടു കൃപ ചെയ്തിരിക്കുന്നു; എനിക്കു വേണ്ടത്ര ഉണ്ട്” എന്നു പറഞ്ഞ് ഏശാവിനെ നിർബ്ബന്ധിച്ചു; അങ്ങനെ അവൻ അതു വാങ്ങി.
12പിന്നെ ഏശാവ്: “നമ്മുക്കുയാത്ര തുടരാം; ഞാൻ നിനക്കു മുൻപായി നടക്കാം” എന്നു പറഞ്ഞു.13അതിന് യാക്കോബ് അവനോട്: “കുട്ടികൾ നന്നാ ഇളയവർ എന്നും കറവുള്ള ആടുകളും കന്നുകാലികളും കൂടെ ഉണ്ടെന്നും യജമാനൻ അറിയുന്നുവല്ലോ; അവയെ ഒരു ദിവസം അധികമായി ഓടിച്ചാൽ കൂട്ടമെല്ലാം ചത്തുപോകും.14യജമാനൻ അടിയനു മുൻപായി പോയാലും; എന്റെ കൂടെയുള്ള കന്നുകാലികളുടെയും കുഞ്ഞുങ്ങളുടെയും പ്രാപ്തിക്ക് ഒത്തവണ്ണം ഞാൻ സാവധാനത്തിൽ അവയെ നടത്തിക്കൊണ്ടു സേയീരിൽ യജമാനന്റെ അടുക്കൽ വന്നുകൊള്ളാം” എന്നു പറഞ്ഞു.
15“എന്റെ ആളുകളിൽ ചിലരെ ഞാൻ നിന്റെ അടുക്കൽ നിർത്തട്ടെ” എന്ന് ഏശാവ് പറഞ്ഞതിന്: “എന്തിന്? യജമാനന്റെ കൃപയുണ്ടായാൽ മതി” എന്ന് അവൻ പറഞ്ഞു.16അങ്ങനെ ഏശാവ് അന്നു തന്റെ വഴിക്കു സേയീരിലേക്കു മടങ്ങിപ്പോയി.17യാക്കോബോ സുക്കോത്തിലേക്കു യാത്ര പുറപ്പെട്ടു; തനിക്ക് ഒരു വീടു പണിതു; കന്നുകാലിക്കൂട്ടത്തിനു തൊഴുത്തുകളും കെട്ടി; അതുകൊണ്ട് ആ സ്ഥലത്തിന് സുക്കോത്ത് എന്നു പേർ പറയുന്നു.

18യാക്കോബ് പദ്ദൻ-അരാമിൽനിന്നു വന്നശേഷം കനാൻദേശത്തിലെ ശേഖേംപട്ടണത്തിൽ സുരക്ഷിതമായി എത്തി പട്ടണത്തിനരികെ കൂടാരമടിച്ചു.19താൻ കൂടാരമടിച്ച സ്ഥലത്തിന്റെ ഒരു ഭാഗം ശെഖേമിന്റെ അപ്പനായ ഹമോരിന്റെ പുത്രന്മാരോടു നൂറു വെള്ളിക്കാശിനു വാങ്ങി.20അവിടെ അവൻ ഒരു യാഗപീഠം പണിതു, അതിന് ഏൽ-എലോഹേ-യിസ്രായേൽ എന്നു പേർ ഇട്ടു.

34

1ലേയാ യാക്കോബിനു പ്രസവിച്ച മകളായ ദീനാ ദേശത്തിലെ കന്യകമാരെ കാണ്മാൻ പോയി.2അപ്പോൾ ഹിവ്യനായ ഹമോരിന്റെ മകനായ ദേശത്തിന്റെ പ്രഭുവായ ശെഖേം അവളെ കണ്ടിട്ടു പിടിച്ചുകൊണ്ടുപോയി അവളോടുകൂടെ ശയിച്ച് അവൾക്കു കളങ്കം വരുത്തി.3അവന്റെ ഉള്ളം യാക്കോബിന്റെ മകളായ ദീനായോടു പറ്റിച്ചേർന്നു; അവൻ ബാലയെ സ്നേഹിച്ചു, ബാലയോടു ഹൃദ്യമായി സംസാരിച്ചു.

4ശെഖേം തന്റെ അപ്പനായ ഹമോരിനോട്: “ഈ ബാലയെ എനിക്കു ഭാര്യയായിട്ട് എടുക്കേണം” എന്നു പറഞ്ഞു.5തന്റെ മകളായ ദീനായെ അവൻ മാനഭംഗപ്പെടുത്തി എന്നു യാക്കോബ് കേട്ടു; അവന്റെ പുത്രന്മാർ ആട്ടിൻകൂട്ടത്തോടുകൂടെ വയലിൽ ആയിരുന്നു; അവർ വരുവോളം യാക്കോബ് മിണ്ടാതിരുന്നു.
6ശെഖേമിന്റെ അപ്പനായ ഹമോർ യാക്കോബിനോടു സംസാരിപ്പാൻ അവന്റെ അടുക്കൽ വന്നു.7യാക്കോബിന്റെ പുത്രന്മാർ വിവരം അറിഞ്ഞു വയലിൽനിന്നു വന്നു. അവൻ യാക്കോബിന്റെ മകളോടുകൂടെ ശയിച്ചു, അങ്ങനെ അരുതാത്ത കാര്യം ചെയ്തു യിസ്രായേലിൽ വഷളത്വം പ്രവർത്തിച്ചതുകൊണ്ട് ആ പുരുഷന്മാർക്ക് വ്യസനം തോന്നി മഹാകോപവും ജ്വലിച്ചു.
8ഹമോർ അവരോടു സംസാരിച്ചു: “എന്റെ മകൻ ശെഖേമിന്റെ ഉള്ളം നിങ്ങളുടെ മകളോട് പറ്റിയിരിക്കുന്നു; അവളെ അവന് ഭാര്യയായി കൊടുക്കേണം.9ഞങ്ങളുമായി വിവാഹബന്ധത്തിൽ ഏർപ്പെട്ട് നിങ്ങളുടെ പുത്രിമാരെ ഞങ്ങൾക്കു തരികയും ഞങ്ങളുടെ പുത്രിമാരെ നിങ്ങൾക്ക് എടുക്കുകയും ചെയ്യുവിൻ.10നിങ്ങൾക്കു ഞങ്ങളോടുകൂടെ പാർക്കാം; ദേശത്തു നിങ്ങൾക്കു സ്വാതന്ത്ര്യമുണ്ടാകും; അതിൽ പാർത്തു വ്യാപാരം ചെയ്തു വസ്തു സമ്പാദിപ്പിൻ” എന്നു പറഞ്ഞു.
11ശെഖേമും അവളുടെ അപ്പനോടും സഹോദരന്മാരോടും: “നിങ്ങൾക്ക് എന്നോടു കൃപ തോന്നിയാൽ നിങ്ങൾ പറയുന്നതു ഞാൻ തരാം.12എന്നോട് സ്ത്രീധനവും സമ്മാനവും എത്രയെങ്കിലും ചോദിപ്പിൻ; നിങ്ങൾ പറയുന്നതുപോലെ ഞാൻ തരാം; ബാലയെ എനിക്കു ഭാര്യയായിട്ടു തരേണം” എന്നു പറഞ്ഞു.13തങ്ങളുടെ സഹോദരിയായ ദീനായെ ഇവൻ മാനഭംഗപ്പെടുത്തിയതുകൊണ്ട് യാക്കോബിന്റെ പുത്രന്മാർ ശെഖേമിനോടും അവന്റെ അപ്പനായ ഹമോരിനോടും സംസാരിച്ചു വ്യാജമായി ഉത്തരം പറഞ്ഞത്:
14“ഞങ്ങളുടെ സഹോദരിയെ അഗ്രചർമ്മിയായ പുരുഷന് കൊടുക്കുന്ന കാര്യം ഞങ്ങൾക്കു സാദ്ധ്യമല്ല; അതു ഞങ്ങൾക്ക് അപമാനമാകുന്നു. എങ്കിലും ഒന്നു ചെയ്താൽ ഞങ്ങൾ സമ്മതിക്കാം.15നിങ്ങളിലുള്ള ആണെല്ലാം പരിച്ഛേദന ഏറ്റു നിങ്ങൾ ഞങ്ങളെപ്പോലെ ആയ്തീരുമെങ്കിൽ16ഞങ്ങളുടെ പുത്രിമാരെ നിങ്ങൾക്കു തരികയും നിങ്ങളുടെ പുത്രിമാരെ ഞങ്ങൾ എടുക്കുകയും നിങ്ങളോടുകൂടെ പാർത്ത് ഒരു ജനമായ്തീരുകയും ചെയ്യാം.17പരിച്ഛേദന ഏല്ക്കുന്നതിൽ ഞങ്ങളുടെ വാക്ക് സമ്മതിക്കാതിരുന്നാലോ ഞങ്ങൾ ഞങ്ങളുടെ ബാലയെ കൂട്ടിക്കൊണ്ടുപോരും.”
18അവരുടെ വാക്കുകൾ ഹമോരിനും ഹാമോരിന്റെ മകനായ ശെഖേമിനും ബോധിച്ചു.19ആ യൗവനക്കാരന് യാക്കോബിന്റെ മകളോട് അനുരാഗം വർദ്ധിച്ചതുകൊണ്ട് അവൻ ആ കാര്യം നടത്തുവാൻ താമസം വരുത്തിയില്ല; അവൻ തന്റെ പിതൃഭവനത്തിൽ എല്ലാവരെക്കാളും ബഹുമാന്യനായിരുന്നു.
20അങ്ങനെ ഹമോരും അവന്റെ മകനായ ശെഖേമും തങ്ങളുടെ പട്ടണവാതില്ക്കൽ ചെന്നു, പട്ടണത്തിലെ പുരുഷന്മാരോടു സംസാരിച്ചു:21“ഈ മനുഷ്യർ നമ്മോടു സമാധാനമായിരിക്കുന്നു; അതുകൊണ്ട് അവർ ദേശത്തു പാർത്തു വ്യാപാരം ചെയ്യട്ടെ; അവർക്കും നമുക്കും മതിയാകംവണ്ണം ദേശം വിസ്താരമുള്ളതല്ലോ; അവരുടെ പുത്രിമാരെ നമ്മുക്ക് ഭാര്യമാരായി എടുക്കുകയും നമ്മുടെ പുത്രിമാരെ അവർക്കു കൊടുക്കുകയും ചെയ്ക.
22എങ്കിലും അവർ പരിച്ഛേദനയുള്ളവരായിരിക്കുംപോലെ നമ്മുടെയിടയിലുള്ള ആണെല്ലാം പരിച്ഛേദന ഏറ്റാൽ മാത്രമേ അവർ നമ്മോടുകൂടെ പാർത്ത് ഒരു ജനമായിരിപ്പാൻ സമ്മതിക്കുകയുള്ളു.23അവരുടെ ആട്ടിൻകൂട്ടവും സമ്പത്തും മൃഗങ്ങളൊക്കെയും നമുക്ക് ആകയില്ലയോ? അവർ പറയുംപോലെ സമ്മതിച്ചാൽ മതി; എന്നാൽ അവർ നമ്മോടുകൂടെ പാർക്കും” എന്നു പറഞ്ഞു.
24അപ്പോൾ ഹമോരിന്റെ പട്ടണക്കാർ എല്ലാവരും അവന്റെയും മകൻ ശെഖേമിന്റെയും വാക്കു കേട്ടു പട്ടണക്കാരിൽ ആണെല്ലാം പരിച്ഛേദന ഏറ്റു.25മൂന്നാം ദിവസം അവർ വേദനപ്പെട്ടിരിക്കുമ്പോൾ യാക്കോബിന്റെ രണ്ടു പുത്രന്മാരായി ദീനായുടെ സഹോദരന്മാരായ ശിമെയോനും ലേവിയും അവരവരുടെ വാൾ എടുത്തു നിർഭയമായിരുന്ന പട്ടണത്തിന്റെ നേരെ ചെന്ന് ആണിനെയൊക്കെയും കൊന്നുകളഞ്ഞു.26അവർ ഹമോരിനെയും അവന്റെ മകനായ ശേഖേമിനെയും വാളിന്റെ വായ്ത്തലയാൽ കൊന്നു ദീനായെ ശെഖേമിന്റെ വീട്ടിൽനിന്നു കൂട്ടിക്കൊണ്ടു പോന്നു.
27പിന്നെ യാക്കോബിന്റെ പുത്രന്മാർ കൊല്ലപ്പെട്ടവരുടെ ഇടയിൽ ചെന്നു, തങ്ങളുടെ സഹോദരിയെ അവർ മാനഭംഗപ്പെടുത്തിയതുകൊണ്ടു പട്ടണത്തെ കൊള്ളയിട്ടു.28യാക്കോബിന്റെ പുത്രന്മാർ കൊല്ലപ്പെട്ടവരുടെ ആട്, കന്നുകാലി, കഴുത ഇങ്ങനെ പട്ടണത്തിലും വെളിയിലുമുള്ളവയൊക്കെയും അപഹരിച്ചു.29അവരുടെ സമ്പത്തൊക്കെയും എല്ലാ പൈതങ്ങളെയും ഭാര്യമാരെയും അവർ കൊണ്ടുപോയി; വീടുകളിലുള്ളതൊക്കെയും കൊള്ളയിട്ടു.
30അപ്പോൾ യാക്കോബ് ശിമെയോനോടും ലേവിയോടും: “ഈ ദേശനിവാസികളായ കനാന്യരുടെയും പെരിസ്യരുടെയും ഇടയിൽ നിങ്ങൾ എന്നെ നാറ്റിച്ചു വിഷമത്തിലാക്കിയിരിക്കുന്നു; ഞാൻ ആൾബലം കുറവുള്ളവനല്ലോ; അവർ എനിക്കു വിരോധമായി കൂട്ടംകൂടി എന്നെ തോല്പിക്കുകയും ഞാനും എന്റെ ഭവനവും നശിക്കുകയും ചെയ്യും” എന്നു പറഞ്ഞു.31അതിന് അവർ: “ഞങ്ങളുടെ സഹോദരിയോട് അവന് ഒരു വേശ്യയോട് എന്നപോലെ പെരുമാറാമോ” എന്നു പറഞ്ഞു.

35

1അനന്തരം ദൈവം യാക്കോബിനോട്: “എഴുന്നേറ്റ് ബേഥേലിൽ ചെന്നു അവിടെ പാർക്കുക; നിന്റെ സഹോദരനായ ഏശാവിന്റെ മുമ്പിൽനിന്ന് നീ ഓടിപ്പോകുമ്പോൾ നിനക്കു പ്രത്യക്ഷനായ ദൈവത്തിന് അവിടെ ഒരു യാഗപീഠം ഉണ്ടാക്കുക” എന്നു കല്പിച്ചു.2അപ്പോൾ യാക്കോബ് തന്റെ കുടുംബത്തോടും കൂടെയുള്ള എല്ലാവരോടും: “നിങ്ങളുടെ ഇടയിലുള്ള അന്യദേവന്മാരെ നീക്കിക്കളഞ്ഞു നിങ്ങളെ ശുദ്ധീകരിച്ചു വസ്ത്രം മാറുവിൻ.3നാം പുറപ്പെട്ടു ബേഥേലിലേക്കു പോക; എന്റെ കഷ്ടകാലത്ത് എന്റെ പ്രാർത്ഥന കേൾക്കുകയും ഞാൻ പോയ വഴിയിൽ എന്നോടു കൂടെയിരിക്കുകയും ചെയ്ത ദൈവത്തിന് ഞാൻ അവിടെ ഒരു യാഗപീഠം ഉണ്ടാക്കും” എന്നു പറഞ്ഞു.

4അങ്ങനെ അവർ തങ്ങളുടെ കൈവശമുള്ള അന്യദേവന്മാരെ ഒക്കെയും കാതുകളിലെ ആഭരണങ്ങളെയും യാക്കോബിന്റെ പക്കൽ കൊടുത്തു; യാക്കോബ് അവയെ ശെഖേമിനരികെയുള്ള കരുവേലകത്തിൻ കീഴിൽ കുഴിച്ചിട്ടു.5പിന്നെ അവർ യാത്രപുറപ്പെട്ടു; അവരുടെ ചുറ്റുമിരുന്ന പട്ടണങ്ങളുടെ മേൽ ദൈവത്തിന്റെ ഭീതി വീണതുകൊണ്ട് യാക്കോബിന്റെ പുത്രന്മാരെ ആരും പിന്തുടർന്നില്ല.
6യാക്കോബും കൂടെയുള്ള ജനമൊക്കെയും കനാൻദേശത്തിലെ ലൂസ് എന്ന ബേഥേലിൽ എത്തി.7അവിടെ അവൻ ഒരു യാഗപീഠം പണിതു; തന്റെ സഹോദരന്റെ മുമ്പിൽനിന്ന് ഓടിപ്പോകുമ്പോൾ അവന് അവിടെവച്ചു ദൈവം പ്രത്യക്ഷനായതുകൊണ്ട് അവൻ ആ സ്ഥലത്തിന് ഏൽ-ബേഥേൽ എന്നു പേർ വിളിച്ചു.8റിബെക്കയുടെ പോറ്റമ്മയായ ദെബോരാ മരിച്ചു, അവളെ ബേഥേലിനു താഴെ ഒരു കരുവേലകത്തിൻ കീഴിൽ സംസ്കരിച്ചു; അതിന് അല്ലോൻ-ബാഖൂത്ത് (വിലാപവൃക്ഷം) എന്നു പേരിട്ടു.

9യാക്കോബ് പദ്ദൻ-അരാമിൽനിന്നു വന്നശേഷം ദൈവം അവനു പിന്നെയും പ്രത്യക്ഷനായി അവനെ അനുഗ്രഹിച്ചു.10ദൈവം അവനോട്: “നിന്റെ പേർ യാക്കോബ് എന്നല്ലോ; ഇനി നിനക്ക് യാക്കോബ് എന്നല്ല യിസ്രായേൽ എന്നുതന്നെ പേരാകേണം” എന്നു കല്പിച്ച് അവന് യിസ്രായേൽ എന്നു പേരിട്ടു.
11ദൈവം പിന്നെയും അവനോട്: “ഞാൻ സർവ്വശക്തിയുള്ള ദൈവം ആകുന്നു; നീ സന്താനപുഷ്ടിയുള്ളവനായി പെരുകുക; ഒരു ജനതയും ജനതകളുടെ കൂട്ടവും നിന്നിൽനിന്ന് ഉത്ഭവിക്കും; രാജാക്കന്മാരും നിന്നിൽനിന്നു പുറപ്പെടും.12ഞാൻ അബ്രാഹാമിനും യിസ്ഹാക്കിനും കൊടുത്തദേശം നിനക്കു തരും; നിന്റെ ശേഷം നിന്റെ സന്തതിക്കും ഈ ദേശം കൊടുക്കും” എന്ന് അരുളിച്ചെയ്തു.13അവനോടു സംസാരിച്ച സ്ഥലത്തുനിന്ന് ദൈവം അവനെ വിട്ടു കയറിപ്പോയി.
14അവിടുന്ന് തന്നോടു സംസാരിച്ച സ്ഥലത്ത് യാക്കോബ് ഒരു കൽത്തൂൺ നിർത്തി; അതിന്മേൽ ഒരു പാനീയയാഗം ഒഴിച്ച് എണ്ണയും പകർന്നു.15ദൈവം തന്നോട് സംസാരിച്ച സ്ഥലത്തിന് യാക്കോബ് ബേഥേൽ എന്നു പേരിട്ടു.
16അവർ ബേഥേലിൽനിന്നു യാത്ര പുറപ്പെട്ടു; എഫ്രാത്തയിൽ എത്തുവാൻ അല്പദൂരം മാത്രമുള്ളപ്പോൾ റാഹേൽ പ്രസവിച്ചു; പ്രസവിക്കുമ്പോൾ അവൾക്കു കഠിന വേദനയുണ്ടായി.17അങ്ങനെ പ്രസവത്തിൽ അവൾക്കു കഠിനവേദനയായിരിക്കുമ്പോൾ സൂതികർമ്മിണി1 അവളോട്: “ഭയപ്പെടേണ്ടാ; ഇതും ഒരു മകനായിരിക്കും” എന്നു പറഞ്ഞു.18എന്നാൽ അവൾ മരിച്ചുപോയി; ജീവൻ പോകുന്ന സമയം അവൾ അവനു ബെനോനീ എന്നു പേർ ഇട്ടു; അവന്റെ അപ്പനോ അവന് ബെന്യാമീൻ എന്നു പേരിട്ടു.19റാഹേൽ മരിച്ചിട്ട് അവളെ ബേത്ലഹേം എന്ന എഫ്രാത്തിനു പോകുന്ന വഴിയിൽ അടക്കം ചെയ്തു.20അവളുടെ കല്ലറയിന്മേൽ യാക്കോബ് ഒരു തൂൺ നിർത്തി അതു റാഹേലിന്റെ കല്ലറത്തൂൺ എന്ന പേരോടെ ഇന്നുവരെയും നില്ക്കുന്നു.
21പിന്നെ യിസ്രായേൽ യാത്ര പുറപ്പെട്ടു, ഏദെർഗോപുരത്തിന് അപ്പുറം കൂടാരം അടിച്ചു.22യിസ്രായേൽ ആ ദേശത്തു പാർത്തിരിക്കുമ്പോൾ രൂബേൻ ചെന്നു തന്റെ അപ്പന്റെ വെപ്പാട്ടിയായ2 ബിൽഹായോടുകൂടെ ശയിച്ചു; യിസ്രായേൽ അതുകേട്ടു.

23യാക്കോബിന്റെ പുത്രന്മാർ പന്ത്രണ്ടു പേരായിരുന്നു. ലേയായുടെ പുത്രന്മാർ: യാക്കോബിന്റെ ആദ്യജാതൻ രൂബേൻ, ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, സെബൂലൂൻ.24റാഹേലിന്റെ പുത്രന്മാർ: യോസേഫും ബെന്യാമീനും.25റാഹേലിന്റെ ദാസിയായ ബിൽഹായുടെ പുത്രന്മാർ: ദാനും നഫ്താലിയും.
26ലേയായുടെ ദാസിയായ സില്പായുടെ പുത്രന്മാർ ഗാദും ആശേരും. ഇവർ യാക്കോബിനു പദ്ദൻ-അരാമിൽവച്ചു ജനിച്ച പുത്രന്മാർ.27പിന്നെ യാക്കോബ് കിര്യാത്തർബ്ബാ എന്ന മമ്രേയിൽ തന്റെ അപ്പനായ യിസ്ഹാക്കിന്റെ അടുക്കൽ വന്നു; അബ്രാഹാമും യിസ്ഹാക്കും പാർത്തിരുന്ന ഹെബ്രോൻ ഇതുതന്നെ.
28യിസ്ഹാക്കിന്റെ ആയുസ്സ് നൂറ്റെൺപതു വർഷമായിരുന്നു.29യിസ്ഹാക്ക് വളരെ പ്രായംചെന്നവനും കാലസമ്പൂർണ്ണനുമായി പ്രാണനെ വിട്ടു മരിച്ചു തന്റെ ജനത്തോടു ചേർന്നു; അവന്റെ പുത്രന്മാരായ ഏശാവും യാക്കോബും കൂടി അവനെ സംസ്കരിച്ചു.


1 35:17 സൂതികർമ്മിണി പ്രസവശുശ്രൂഷിക.
2 35:22 വെപ്പാട്ടിയായ കല്യാണം കഴിക്കാതെ പുരുഷനോടുകൂടെ താമസിക്കുന്ന സ്ത്രീ.

36

1എദോം എന്ന ഏശാവിന്റെ വംശപാരമ്പര്യമാണിത്:2ഏശാവ് ഹിത്യനായ ഏലോന്റെ മകൾ ആദാ, ഹിവ്യനായ സിബെയോന്റെ മകളായ അനായുടെ മകൾ ഒഹൊലീബാമാ എന്നീ കനാന്യകന്യകമാരെയും3യിശ്മായേലിന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ ബാസമത്തിനെയും ഭാര്യമാരായി സ്വീകരിച്ചു.

4ആദാ ഏശാവിന് എലീഫാസിനെ പ്രസവിച്ചു; ബാസമത്ത് രെയൂവേലിനെ പ്രസവിച്ചു;5ഒഹൊലീബാമാ യെയൂശിനെയും യലാമിനെയും കോരഹിനെയും പ്രസവിച്ചു; ഇവർ ഏശാവിനു കനാൻദേശത്തുവച്ചു ജനിച്ച പുത്രന്മാർ.
6എന്നാൽ ഏശാവ് തന്റെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും വീട്ടിലുള്ളവരെയൊക്കെയും തന്റെ ആടുമാടുകളെയും സകലമൃഗങ്ങളെയും കനാൻദേശത്തു സമ്പാദിച്ച സമ്പത്തൊക്കെയുംകൊണ്ടു തന്റെ സഹോദരനായ യാക്കോബിന്റെ സമീപത്തുനിന്നു ദൂരെ ഒരു ദേശത്തേക്കു പോയി.7അവർക്ക് ഒന്നിച്ചു പാർപ്പാൻ കഴിയാതവണ്ണം അവരുടെ സമ്പത്ത് അധികമായിരുന്നു; അവരുടെ ആടുമാടുകൾ നിമിത്തം അവർ പരദേശികളായി പാർത്തിരുന്ന ദേശത്തിന് അവരെ വഹിച്ചുകൂടായിരുന്നു.8അങ്ങനെ എദോം എന്നും പേരുള്ള ഏശാവ് സേയീർപർവ്വതത്തിൽ പാർത്തു.
9സേയീർപർവ്വതത്തിലുള്ള എദോമ്യരുടെ പിതാവായ ഏശാവിന്റെ വംശപാരമ്പര്യമാണിത്:10ഏശാവിന്റെ പുത്രന്മാരുടെ പേരുകൾ ഇവ: ഏശാവിന്റെ ഭാര്യയായ ആദായുടെ മകൻ എലീഫാസ്, ഏശാവിന്റെ ഭാര്യയായ ബാസമത്തിന്റെ മകൻ രെയൂവേൽ.11എലീഫാസിന്റെ പുത്രന്മാർ: തേമാൻ, ഓമാർ, സെഫോ, ഗത്ഥാം, കെനസ്.12തിമ്നാ എന്നവൾ ഏശാവിന്റെ മകനായ എലീഫാസിന്റെ വെപ്പാട്ടി ആയിരുന്നു. അവൾ എലീഫാസിന് അമാലേക്കിനെ പ്രസവിച്ചു; ഇവർ ഏശാവിന്റെ ഭാര്യയായ ആദായുടെ കൊച്ചുമക്കൾ.
13രെയൂവേലിന്റെ പുത്രന്മാർ: നഹത്ത്, സേറഹ്, ശമ്മാ, മിസ്സാ; ഇവർ ഏശാവിന്റെ ഭാര്യയായ ബാസമത്തിന്റെ കൊച്ചുമക്കൾ.14സിബെയോന്റെ മകളായ അനായുടെ മകൾ ഒഹൊലീബാമാ എന്ന ഏശാവിന്റെ ഭാര്യയുടെ പുത്രന്മാർ ആരെന്നാൽ: അവൾ ഏശാവിനു യെയൂശ്, യലാം, കോരഹ് എന്നിവരെ പ്രസവിച്ചു.
15ഏശാവിന്റെ പുത്രന്മാരിലെ പ്രഭുക്കന്മാർ ആരെന്നാൽ: ഏശാവിന്റെ ആദ്യജാതൻ എലീഫാസിന്റെ പുത്രന്മാർ: തേമാൻപ്രഭു, ഓമാർപ്രഭു, സെഫോപ്രഭു, കെനസ്പ്രഭു,16കോരഹ്പ്രഭു, ഗത്ഥാംപ്രഭു, അമാലേക്പ്രഭു; ഇവർ എദോംദേശത്ത് എലീഫാസിൽനിന്നു ഉത്ഭവിച്ച പ്രഭുക്കന്മാർ; ഇവർ ആദായുടെ കൊച്ചുമക്കൾ.
17ഏശാവിന്റെ മകനായ രെയൂവേലിന്റെ പുത്രന്മാർ ആരെന്നാൽ: നഹത്ത്പ്രഭു, സേരഹ്പ്രഭു, ശമ്മാപ്രഭു, മിസ്സാപ്രഭു, ഇവർ എദോംദേശത്ത് രെയൂവേലിൽനിന്ന് ഉത്ഭവിച്ച പ്രഭുക്കന്മാർ; ഇവർ ഏശാവിന്റെ ഭാര്യ ബാസമത്തിന്റെ കൊച്ചുമക്കൾ.18ഏശാവിന്റെ ഭാര്യയായ ഒഹൊലീബാമായുടെ പുത്രന്മാർ ആരെന്നാൽ: യെയൂശ്പ്രഭു, യലാംപ്രഭു, കോരഹ്പ്രഭു; ഇവർ അനായുടെ മകളായി ഏശാവിന്റെ ഭാര്യയായ ഒഹൊലീബാമായിൽ നിന്ന് ഉത്ഭവിച്ച പ്രഭുക്കന്മാർ.19ഇവർ എദോം എന്നും പേരുള്ള ഏശാവിന്റെ പുത്രന്മാരും അവരിൽനിന്ന് ഉത്ഭവിച്ച പ്രഭുക്കന്മാരും ആകുന്നു.

20ഹോര്യനായ സേയീരിന്റെ പുത്രന്മാരായ ദേശത്തിലെ പൂർവ്വനിവാസികളായവർ ആരെന്നാൽ: ലോതാൻ, ശോബാൽ, സിബെയോൻ,21അനാ, ദീശോൻ, ഏസെർ, ദീശാൻ; ഇവർ എദോംദേശത്ത് സേയീരിന്റെ പുത്രന്മാരായ ഹോര്യപ്രഭുക്കന്മാർ.22ലോതാന്റെ പുത്രന്മാർ ഹോരിയും ഹേമാമും ആയിരുന്നു. ലോതാന്റെ സഹോദരി തിമ്നാ.
23ശോബാലിന്റെ പുത്രന്മാർ ആരെന്നാൽ: അൽവാൻ, മാനഹത്ത്, ഏബാൽ, ശെഫോ, ഓനാം.24സിബെയോന്റെ പുത്രന്മാർ: അയ്യാവും അനാവും ആയിരുന്നു; മരുഭൂമിയിൽ തന്റെ അപ്പനായ സിബെയോന്റെ കഴുതകളെ മേയ്ക്കുമ്പോൾ ചൂടുറവുകൾ കണ്ടെത്തിയ അനാ ഇവൻതന്നെ.
25അനാവിന്റെ മക്കൾ ഇവർ: ദീശോനും അനാവിന്റെ മകൾ ഒഹൊലീബാമായും ആയിരുന്നു.26ദീശോന്റെ പുത്രന്മാർ ആരെന്നാൽ: ഹെംദാൻ, എശ്ബാൻ, യിത്രാൻ, കെരാൻ.27ഏസെരിന്റെ പുത്രന്മാർ: ബിൽഹാൻ, സാവാൻ, അക്കാൻ.28ദീശാന്റെ പുത്രന്മാർ ഊസും അരാനും ആയിരുന്നു.
29ഹോര്യപ്രഭുക്കന്മാർ ആരെന്നാൽ: ലോതാൻപ്രഭു, ശോബാൽപ്രഭു, സിബെയോൻപ്രഭു, അനാപ്രഭു,30ദീശോൻപ്രഭു, ഏസെർപ്രഭു, ദീശാൻ പ്രഭു; സേയീർദേശത്തിലെ അവരുടെ പ്രധാനികൾക്ക് അനുസാരമായി ഇവർ ആകുന്നു ഹോര്യപ്രഭുക്കന്മാർ.

31യിസ്രായേൽമക്കൾക്കു രാജാവുണ്ടാകുംമുമ്പേ എദോംദേശത്തു ഭരിച്ച രാജാക്കന്മാർ ആരെന്നാൽ:32ബെയോരിന്റെ പുത്രനായ ബേല എദോമിൽ രാജാവായിരുന്നു; അവന്റെ പട്ടണത്തിന് ദിൻഹാബാ എന്നു പേർ.33ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരഹിന്റെ മകൻ യോബാബ് അവനു പകരം രാജാവായി.
34യോബാബ് മരിച്ചശേഷം തേമാന്യദേശക്കാരനായ ഹൂശാം അവനു പകരം രാജാവായി.35ഹൂശാം മരിച്ചശേഷം മോവാബ് സമഭൂമിയിൽവച്ചു മിദ്യാനെ തോല്പിച്ച ബെദദിന്റെ മകൻ ഹദദ് അവന് പകരം രാജാവായി; അവന്റെ പട്ടണത്തിന് അവീത്ത് എന്നു പേർ.36ഹദദ് മരിച്ചശേഷം മസ്രേക്കക്കാരൻ സമ്ലാ അവനു പകരം രാജാവായി.
37സമ്ലാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരനായ ശൗൽ അവനു പകരം രാജാവായി.38ശൗൽ മരിച്ചശേഷം അക്ബോരിന്റെ മകൻ ബാൽഹാനാൻ അവനു പകരം രാജാവായി.39അക്ബോരിന്റെ മകനായ ബാൽഹാനാൻ മരിച്ചശേഷം ഹദർ അവനു പകരം രാജാവായി. അവന്റെ പട്ടണത്തിന് പാവൂ എന്നു പേർ. അവന്റെ ഭാര്യക്ക് മെഹെതബേൽ എന്നു പേർ; അവൾ മേസാഹാബിന്റെ മകളായ മത്രേദിന്റെ മകൾ ആയിരുന്നു.
40കുടുംബംകുടുംബമായും ദേശംദേശമായും പേരുപേരായും ഏശാവിൽനിന്ന് ഉത്ഭവിച്ച പ്രഭുക്കന്മാരുടെ പേരുകൾ ഇവയാകുന്നു: തിമ്നാപ്രഭു, അൽവാപ്രഭു, യെഥേത്ത്പ്രഭു, ഒഹൊലീബാമാപ്രഭു;41ഏലാപ്രഭു, പീനോൻപ്രഭു, കെനസ്പ്രഭു, തേമാൻപ്രഭു;42മിബ്സാർപ്രഭു, മഗ്ദീയേൽപ്രഭു, ഈരാംപ്രഭു;43തങ്ങൾ അവകാശമാക്കിയ ദേശത്തുള്ള വാസസ്ഥലങ്ങളുടെ അടിസ്ഥാനത്തിൽ എദോമ്യപ്രഭുക്കന്മർ ഇവർ ആകുന്നു; എദോമ്യരുടെ പിതാവ് ഏശാവ് തന്നെ.

37

1യാക്കോബ് തന്റെ പിതാവ് പരദേശിയായി പാർത്ത ദേശമായ കനാൻദേശത്തു വസിച്ചു.2യാക്കോബിന്റെ വംശപരമ്പര ഇതാകുന്നു: യോസേഫിനു പതിനേഴു വയസ്സായപ്പോൾ അവൻ തന്റെ സഹോദരന്മാരോടുകൂടെ ആടുകളെ മേയിച്ചുകൊണ്ട് ഒരു ബാലനായി തന്റെ അപ്പന്റെ ഭാര്യമാരായ ബിൽഹായുടെയും സില്പായുടെയും പുത്രന്മാരോടുകൂടെ ഇരുന്ന് അവരെക്കുറിച്ചുള്ള ദുർവാർത്ത യോസേഫ് അപ്പനോടു വന്നു പറഞ്ഞു.

3യോസേഫ് വാർദ്ധക്യത്തിലെ മകനാകകൊണ്ട് യിസ്രായേൽ എല്ലാമക്കളിലുംവച്ച് അവനെ അധികം സ്നേഹിച്ച് ഒരു നിലയങ്കി അവന് ഉണ്ടാക്കിച്ചു കൊടുത്തു.4അപ്പൻ തങ്ങളെ എല്ലാവരെക്കാളും അവനെ അധികം സ്നേഹിക്കുന്നു എന്ന് അവന്റെ സഹോദരന്മാർ കണ്ടിട്ട് അവനെ വെറുത്തു; അവനോടു സമാധാനമായി സംസാരിപ്പാൻ അവർക്കു കഴിഞ്ഞില്ല.
5യോസേഫ് ഒരു സ്വപ്നം കണ്ടു; അതു തന്റെ സഹോദരന്മാരോടു അറിയിച്ചതുകൊണ്ടു അവർ അവനെ പിന്നെയും അധികം വെറുത്തു.6യോസേഫ് സഹോദരന്മാരോടു പറഞ്ഞത്: “ഞാൻ കണ്ട സ്വപ്നം കേട്ടുകൊൾവിൻ.
7നാം വയലിൽ കറ്റ കെട്ടിക്കൊണ്ടിരുന്നു; അപ്പോൾ ഇതാ, എന്റെ കറ്റ എഴുന്നേറ്റു നിവിർന്നുനിന്നു; നിങ്ങളുടെ കറ്റകൾ ചുറ്റുംനിന്ന് എന്റെ കറ്റയെ നമസ്കരിച്ചു.”8അവന്റെ സഹോദരന്മാർ അവനോട്: “നീ ഞങ്ങളുടെ രാജാവാകുമോ? നീ ഞങ്ങളെ ഭരിക്കുമോ” എന്നു പറഞ്ഞു, അവന്റെ സ്വപ്നങ്ങൾ നിമിത്തവും അവന്റെ വാക്കുകൾ നിമിത്തവും അവർ അവനെ പിന്നെയും അധികം വെറുത്തു.
9അവൻ മറ്റൊരു സ്വപ്നം കണ്ടു തന്റെ സഹോദരന്മാരോട് അറിയിച്ചു: “ഇതാ, ഞാൻ പിന്നെയും ഒരു സ്വപ്നം കണ്ടു; സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും എന്നെ നമസ്കരിച്ചു” എന്നു പറഞ്ഞു.10അവൻ അത് അപ്പനോടും സഹോദരന്മാരോടും അറിയിച്ചപ്പോൾ അപ്പൻ അവനെ ശാസിച്ച് അവനോട്: “നീ ഈ കണ്ട സ്വപ്നം എന്ത്? ഞാനും നിന്റെ അമ്മയും നിന്റെ സഹോദരന്മാരും സാഷ്ടാംഗം വീണു നിന്നെ നമസ്കരിപ്പാൻ വരുമോ” എന്നു പറഞ്ഞു.11അവന്റെ സഹോദരന്മാർക്ക് അവനോട് അസൂയ തോന്നി; അപ്പനോ ഈ വാക്ക് മനസ്സിൽ സൂക്ഷിച്ചു.
12അവന്റെ സഹോദരന്മാർ അപ്പന്റെ ആടുകളെ മേയിക്കുവാൻ ശെഖേമിൽ പോയിരുന്നു.13യിസ്രായേൽ യോസേഫിനോട്: “നിന്റെ സഹോദരന്മാർ ശെഖേമിൽ ആടുമേയിക്കുന്നുണ്ടല്ലോ; വരിക, ഞാൻ നിന്നെ അവരുടെ അടുക്കൽ അയയ്ക്കും” എന്നു പറഞ്ഞതിന് അവൻ അവനോട്: “ഞാൻ പോകാം” എന്നു പറഞ്ഞു.14യിസ്രായേൽ അവനോട്: “നീ ചെന്നു നിന്റെ സഹോദരന്മാർക്ക് സുഖം തന്നെയോ? ആടുകൾ നന്നായിരിക്കുന്നുവോ എന്നു നോക്കി, വന്നു വിവരം അറിയിക്കേണം” എന്നു പറഞ്ഞ് ഹെബ്രോൻതാഴ്വരയിൽ നിന്നു അവനെ അയച്ചു; അവൻ ശെഖേമിൽ എത്തി.
15അവൻ മേച്ചിൽസ്ഥലത്തു ചുറ്റി നടക്കുന്നത് ഒരുവൻ കണ്ടു: “നീ എന്ത് അന്വേഷിക്കുന്നു” എന്ന് അവനോടു ചോദിച്ചു.16അതിന് അവൻ: “ഞാൻ എന്റെ സഹോദരന്മാരെ അന്വേഷിക്കുന്നു; അവർ എവിടെ ആടു മേയിക്കുന്നു എന്ന് എന്നോട് അറിയിക്കേണമേ” എന്നു പറഞ്ഞു.17“അവർ ഇവിടെനിന്നു പോയി; ‘നാം ദോഥാനിലേക്ക് പോക’ എന്ന് അവർ പറയുന്നതു ഞാൻ കേട്ടു” എന്ന് അവൻ പറഞ്ഞു. അങ്ങനെ യോസേഫ് തന്റെ സഹോദരന്മാരെ അന്വേഷിച്ചു ചെന്നു ദോഥാനിൽവച്ചു കണ്ടു.
18സഹോദരന്മാർ യോസേഫിനെ ദൂരത്തുനിന്ന് കണ്ടിട്ട് അവനെ കൊല്ലേണ്ടതിന് അവൻ അടുത്തുവരുംമുമ്പേ അവനു വിരോധമായി ഗൂഢാലോചന ചെയ്തു:19“അതാ, സ്വപ്നക്കാരൻ വരുന്നു; വരുവിൻ, നാം അവനെ കൊന്ന് ഒരു കുഴിയിൽ ഇട്ടുകളക;20‘ഒരു കാട്ടുമൃഗം അവനെ തിന്നുകളഞ്ഞു’ എന്നു പറയാം; അവന്റെ സ്വപ്നങ്ങൾ എന്താകുമെന്നു നമുക്കു കാണാമല്ലോ” എന്നു തമ്മിൽ തമ്മിൽ പറഞ്ഞു.
21രൂബേൻ അതു കേട്ടിട്ട്: “നാം അവനു ജീവഹാനി വരുത്തരുത്” എന്നു പറഞ്ഞ് അവനെ അവരുടെ കൈയിൽനിന്നു വിടുവിച്ചു.22അവരുടെ കൈയിൽനിന്ന് അവനെ വിടുവിച്ച് അപ്പന്റെ അടുക്കൽ കൊണ്ടുപോകേണമെന്ന് കരുതിക്കൊണ്ടു രൂബേൻ അവരോട്: “രക്തം വീഴ്ത്തരുത്; നിങ്ങൾ അവന്റെമേൽ കൈ വയ്ക്കാതെ മരുഭൂമിയിലുള്ള ഈ കുഴിയിൽ അവനെ ഇടുവിൻ” എന്നു പറഞ്ഞു.
23യോസേഫ് തന്റെ സഹോദരന്മാരുടെ അടുക്കൽ വന്നപ്പോൾ അവൻ ഉടുത്തിരുന്ന നിലയങ്കി അവർ ഊരി, അവനെ എടുത്ത് ഒരു കുഴിയിൽ ഇട്ടു.24അതു വെള്ളമില്ലാത്ത പൊട്ടക്കുഴി ആയിരുന്നു.
25അവർ ഭക്ഷണം കഴിപ്പാൻ ഇരുന്നപ്പോൾ തലപൊക്കി നോക്കി, ഗിലെയാദിൽനിന്ന് സാമ്പ്രാണിയും സുഗന്ധപ്പശയും സന്നിനായകവും ഒട്ടകപ്പുറത്തു കയറ്റി ഈജിപ്റ്റിലേക്കു1 കൊണ്ടുപോകുന്ന യിശ്മായേല്യരുടെ ഒരു യാത്രക്കൂട്ടം വരുന്നതു കണ്ടു.26അപ്പോൾ യെഹൂദാ തന്റെ സഹോദരന്മാരോട്: “നാം നമ്മുടെ സഹോദരനെ കൊന്ന് അവന്റെ രക്തം മറച്ചിട്ട് എന്ത് ഉപകാരം?
27വരുവിൻ, നാം അവനെ യിശ്മായേല്യർക്കു വില്ക്കുക; നാം അവന്റെ മേൽ കൈ വെക്കരുത്; അവൻ നമ്മുടെ സഹോദരനും നമ്മുടെ മാംസവുമല്ലോ” എന്നു പറഞ്ഞു; അവന്റെ സാഹോദരന്മാർ അതിനു സമ്മതിച്ചു.28മിദ്യാന്യകച്ചവടക്കാർ കടന്നുപോകുമ്പോൾ അവർ യോസേഫിനെ കുഴിയിൽനിന്നു വലിച്ചു കയറ്റി, യിശ്മായേല്യർക്ക് ഇരുപതു വെള്ളിക്കാശിനു വിറ്റു. അവർ യോസേഫിനെ ഈജിപ്റ്റിലേക്കു കൊണ്ടുപോയി.
29രൂബേൻ തിരികെ കുഴിയുടെ അടുക്കൽ ചെന്നപ്പോൾ യോസേഫ് കുഴിയിൽ ഇല്ല എന്നു കണ്ടു തന്റെ വസ്ത്രം കീറി,30സഹോദരന്മാരുടെ അടുക്കൽ വന്നു: “ബാലനെ കാണുന്നില്ലല്ലോ; ഞാൻ ഇനി എവിടെ പോകേണ്ടു” എന്നു പറഞ്ഞു.
31പിന്നെ അവർ ഒരു കോലാട്ടിൻകുട്ടിയെ കൊന്ന്, യോസേഫിന്റെ അങ്കി എടുത്തു രക്തത്തിൽ മുക്കി.32അവർ നിലയങ്കി തങ്ങളുടെ അപ്പന്റെ അടുക്കൽ കൊടുത്തയച്ചു: “ഇതു ഞങ്ങൾക്കു കണ്ടുകിട്ടി; ഇതു നിന്റെ മകന്റെ അങ്കിയോ അല്ലയോ എന്ന് നോക്കേണം” എന്നു പറഞ്ഞു.33അവൻ അതു തിരിച്ചറിഞ്ഞു: “ഇത് എന്റെ മകന്റെ അങ്കി തന്നെ; ഒരു കാട്ടുമൃഗം അവനെ തിന്നുകളഞ്ഞു: യോസേഫിനെ പറിച്ചുകീറികളഞ്ഞു, സംശയമില്ല” എന്നു പറഞ്ഞു.
34യാക്കോബ് വസ്ത്രം കീറി, അരയിൽ ചാക്കുശീല ചുറ്റി ഏറിയനാൾ തന്റെ മകനെച്ചൊല്ലി ദുഃഖിച്ചുകൊണ്ടിരുന്നു.35അവന്റെ പുത്രന്മാരും പുത്രിമാരും എല്ലാം അവനെ ആശ്വസിപ്പിക്കുവാൻ വന്നു; അവനോ ആശ്വാസം കൈക്കൊൾവാൻ മനസ്സില്ലാതെ: “ഞാൻ ദുഃഖത്തോടെ എന്റെ മകന്റെ അടുക്കൽ പാതാളത്തിൽ ഇറങ്ങും” എന്നു പറഞ്ഞു. ഇങ്ങനെ അവന്റെ അപ്പൻ അവനെക്കുറിച്ചു കരഞ്ഞുകൊണ്ടിരുന്നു.36എന്നാൽ മിദ്യാന്യർ അവനെ ഈജിപ്റ്റിൽ ഫറവോന്റെ ഒരു ഉദ്യോഗസ്ഥനായി അംഗരക്ഷകരുടെ നായകനായ പോത്തീഫറിനു വിറ്റു.


1 37:25 ഈജിപ്റ്റിലേക്കു ഈജിപ്റ്റ്

38

1അക്കാലത്ത് യെഹൂദാ തന്റെ സഹോദരന്മാരെ വിട്ട് ഹീരാ എന്നു പേരുള്ള ഒരു അദുല്ലാമ്യന്റെ അടുക്കൽ ചെന്നു;2അവിടെ ശൂവാ എന്നു പേരുള്ള ഒരു കനാന്യന്റെ മകളെ കണ്ടു; അവളെ വിവാഹം ചെയ്ത് അവളുടെ അടുക്കൽ ചെന്നു.

3അവൾ ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു; യെഹൂദാ അവന് ഏർ എന്നു പേരിട്ടു.4അവൾ പിന്നെയും ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു; അവൾ അവന് ഓനാൻ എന്നു പേരിട്ടു.5അവൾ പിന്നെയും ഗർഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു; അവന് ശേലാ എന്നു പേരിട്ടു. അവൾ ഇവനെ പ്രസവിച്ചപ്പോൾ യെഹൂദാ കെസീബിൽ ആയിരുന്നു.
6യെഹൂദാ തന്റെ ആദ്യജാതനായ ഏരിനു താമാർ എന്നു പേരുള്ള ഒരു ഭാര്യയെ എടുത്തു.7യെഹൂദായുടെ ആദ്യജാതനായ ഏർ യഹോവയ്ക്ക് അനിഷ്ടനായിരുന്നതുകൊണ്ട് യഹോവ അവനെ മരണത്തിനിരയാക്കി.
8അപ്പോൾ യെഹൂദാ ഓനാനോട്: “നിന്റെ ജ്യേഷ്ഠന്റെ ഭാര്യയുടെ അടുക്കൽ ചെന്ന് അവളോടു ദേവരധർമ്മം1 അനുഷ്ഠിച്ച്, ജ്യേഷ്ഠന്റെ പേർക്കു സന്തതിയെ ജനിപ്പിക്കുക” എന്നു പറഞ്ഞു.9എന്നാൽ ആ സന്തതി തന്റേതായിരിക്കുകയില്ല എന്ന് ഓനാൻ അറിയുകകൊണ്ട് ജ്യേഷ്ഠന്റെ ഭാര്യയുടെ അടുക്കൽ ചെന്നപ്പോൾ ജ്യേഷ്ഠനു സന്തതിയെ കൊടുക്കാതിരിക്കേണ്ടതിന് നിലത്തു വീഴ്ത്തിക്കളഞ്ഞു.10അവൻ ചെയ്തതു യഹോവയ്ക്ക് അനിഷ്ടമായിരുന്നതുകൊണ്ട് യഹോവ ഇവനെയും മരണത്തിനിരയാക്കി.
11അപ്പോൾ യെഹൂദാ തന്റെ മരുമകളായ താമാറോട്: “എന്റെ മകൻ ശേലാ പ്രാപ്തിയാകുവോളം നീ അപ്പന്റെ വീട്ടിൽ വിധവയായി പാർക്കുക” എന്നു പറഞ്ഞു; ഇവനും സഹോദരന്മാരെപ്പോലെ മരിച്ചുപോകരുത് എന്ന് അവൻ വിചാരിച്ചു; അങ്ങനെ താമാർ അപ്പന്റെ വീട്ടിൽപോയി പാർത്തു.
12കുറെ കാലം കഴിഞ്ഞിട്ട് ശൂവയുടെ മകൾ യെഹൂദായുടെ ഭാര്യ മരിച്ചു; യെഹൂദായുടെ ദുഃഖം മാറിയശേഷം അവൻ തന്റെ സ്നേഹിതൻ അദുല്ലാമ്യനായ ഹീരയോടുകൂടെ തിമ്നായിൽ തന്റെ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിനുപോയി.13“നിന്റെ അമ്മായപ്പൻ തന്റെ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിനു തിമ്നായ്ക്കു പോകുന്നു” എന്നു താമാറിന് അറിവു കിട്ടി.14ശേലാ പ്രാപ്തിയായിട്ടും തന്നെ അവന് ഭാര്യയായി കൊടുത്തില്ല എന്നു കണ്ടിട്ട് അവൾ വിധവാവസ്ത്രം മാറ്റിവച്ച്, ഒരു മൂടുപടം മൂടി പുതച്ച് തിമ്നായ്ക്കു പോകുന്ന വഴിക്കുള്ള എനയീംപട്ടണത്തിന്റെ വാതിൽക്കൽ ഇരുന്നു.
15യെഹൂദാ അവളെ കണ്ടപ്പോൾ അവൾ മുഖം മൂടിയിരുന്നതുകൊണ്ട് ഒരു വേശ്യ എന്നു വിചാരിച്ചു.16അവൻ വഴിയരികെ അവളുടെ അടുക്കലേക്കു തിരിഞ്ഞു തന്റെ മരുമകൾ എന്നു അറിയാതെ: “വരിക, ഞാൻ നിന്റെ അടുക്കൽ വരട്ടെ” എന്നു പറഞ്ഞു. “എന്റെ അടുക്കൽ വരുന്നതിനു നീ എനിക്ക് എന്തു തരും” എന്ന് അവൾ ചോദിച്ചു.
17“ഞാൻ ആട്ടിൻകൂട്ടത്തിൽനിന്ന് ഒരു ആട്ടിൻകുട്ടിയെ നിനക്കു കൊടുത്തയക്കാം” എന്ന് അവൻ പറഞ്ഞു. “നീ കൊടുത്തയക്കുന്നതുവരെ ഒരു പണയം തരുമോ” എന്ന് അവൾ ചോദിച്ചു.18“ഞാൻ നിനക്ക് എന്തു പണയം തരേണം” എന്ന് അവൻ ചോദിച്ചതിനു “നിന്റെ മുദ്രമോതിരവും മോതിരച്ചരടും നിന്റെ കൈയിലെ വടിയും” എന്ന് അവൾ പറഞ്ഞു. ഇവ അവൾക്കു കൊടുത്തു, അവൻ അവളുടെ അടുക്കൽ ചെന്നു; അവൾ ഗർഭം ധരിക്കയും ചെയ്തു.
19പിന്നെ അവൾ എഴുന്നേറ്റു പോയി, തന്റെ മൂടുപടം നീക്കി വിധവാവസ്ത്രം ധരിച്ചു.20സ്ത്രീയുടെ കൈയിൽനിന്നും പണയം മടക്കി വാങ്ങേണ്ടതിനു യെഹൂദാ അദുല്ലാമ്യനായ സ്നേഹിതന്റെ കൈവശം ആട്ടിൻകുട്ടിയെ കൊടുത്തയച്ചു; അവൻ അവളെ കണ്ടില്ലതാനും.
21അവൻ ആ സ്ഥലത്തെ ആളുകളോട്: “ഏനയീമിൽ വഴിയരികെ ഇരുന്ന വേശ്യ എവിടെ” എന്നു ചോദിച്ചതിന്: “ഇവിടെ ഒരു വേശ്യയും ഉണ്ടായിരുന്നില്ല” എന്ന് അവർ പറഞ്ഞു.22അവൻ യെഹൂദായുടെ അടുക്കൽ മടങ്ങിവന്നു: “ഞാൻ അവളെ കണ്ടില്ല; ‘ഈ സ്ഥലത്ത് ഒരു വേശ്യയും ഉണ്ടായിരുന്നില്ല’ എന്ന് അവിടെയുള്ള ആളുകൾ പറഞ്ഞു” എന്നു പറഞ്ഞു.23“അപ്പോൾ യെഹൂദാ നമുക്ക് അപകീർത്തി ഉണ്ടാകാതിരിപ്പാൻ അവൾ അത് എടുത്തുകൊള്ളട്ടെ; ഞാൻ ഈ ആട്ടിൻകുട്ടിയെ കൊടുത്തയച്ചുവല്ലോ; നീ അവളെ കണ്ടില്ലതാനും” എന്നു പറഞ്ഞു.
24ഏകദേശം മൂന്നുമാസം കഴിഞ്ഞിട്ട്: “നിന്റെ മരുമകൾ താമാർ പരസംഗംചെയ്തു, പരസംഗത്താൽ ഗർഭിണിയായിരിക്കുന്നു” എന്നു യെഹൂദായ്ക്ക് അറിവുകിട്ടി. അപ്പോൾ യെഹൂദാ: “അവളെ പുറത്തുകൊണ്ടുവരുവിൻ; അവളെ ചുട്ടുകളയേണം” എന്നു പറഞ്ഞു.25അവളെ പുറത്തു കൊണ്ടുവന്നപ്പോൾ അവൾ അമ്മായപ്പന്റെ അടുക്കൽ ആളയച്ചു: “ഇവയുടെ ഉടമസ്ഥനായ പുരുഷനാൽ ആകുന്നു ഞാൻ ഗർഭിണിയായിരിക്കുന്നത്; ഈ മുദ്രമോതിരവും മോതിരച്ചരടും വടിയും ആർക്കുള്ളത് എന്നു നോക്കി അറിയേണം” എന്നു പറയിച്ചു.26യെഹൂദാ അവയെ അറിഞ്ഞു: “അവൾ എന്നിലും നീതിയുള്ളവൾ; ഞാൻ അവളെ എന്റെ മകൻ ശേലാവിനു കൊടുത്തില്ല” എന്നു പറഞ്ഞു; അതിൽ പിന്നെ അവളെ പ്രാപിച്ചതുമില്ല.
27അവൾക്കു പ്രസവകാലം ആയപ്പോൾ അവളുടെ ഗർഭത്തിൽ ഇരട്ടക്കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു.28അവൾ പ്രസവിക്കുമ്പോൾ ഒരു കുഞ്ഞ് കൈ പുറത്തു നീട്ടി; അപ്പോൾ സൂതികർമ്മിണി ഒരു ചുവന്ന നൂൽ എടുത്ത് അവന്റെ കൈയ്ക്കു കെട്ടി; “ഇവൻ ആദ്യം പുറത്തുവന്നു” എന്നു പറഞ്ഞു.
29അവനോ കൈ പിന്നെയും അകത്തേക്കു വലിച്ചു. അവനോ അപ്പോൾ അവന്റെ സഹോദരൻ പുറത്തുവന്നു: “നീ ഛിദ്രം ഉണ്ടാക്കിയതു എന്ത് ”എന്ന് അവൾ പറഞ്ഞു. അതുകൊണ്ട് അവന് പേരെസ്സ് എന്നു പേരിട്ടു.30അതിന്റെ ശേഷം കൈമേൽ ചുവന്ന നൂലുള്ള അവന്റെ സഹോദരൻ പുറത്തുവന്നു; അവന് സേരഹ് എന്നു പേരിട്ടു.


1 38:8 ദേവരധർമ്മം ഭർത്തൃസഹോദരന്റെ ധർമം.

39

1എന്നാൽ യോസേഫിനെ ഈജിപ്റ്റിലേക്കു കൊണ്ടുപോയി; അവനെ അവിടെ കൊണ്ടുവന്ന യിശ്മായേല്യരുടെ കൈയിൽനിന്നു ഫറവോന്റെ ഒരു ഉദ്യോഗസ്ഥനായി അംഗരക്ഷാനായകനായ പോത്തീഫർ എന്ന ഒരു ഈജിപ്റ്റുകാരൻ അവനെ വിലയ്ക്കു വാങ്ങി.2യഹോവ യോസേഫിനോടുകൂടെ ഉണ്ടായിരുന്നതുകൊണ്ട് അവൻ ജയാളിയായി, ഈജിപ്റ്റുകാരനായ യജമാനന്റെ വീട്ടിൽ പാർത്തു.

3യഹോവ അവനോടുകൂടെ ഉണ്ടെന്നും അവൻ ചെയ്യുന്നതൊക്കെയും യഹോവ സാധിപ്പിക്കുന്നു എന്നും അവന്റെ യജമാനൻ കണ്ടു.4അതുകൊണ്ടു യോസേഫ് അവന് ഇഷ്ടനായി ശുശ്രൂഷചെയ്തു; അവൻ അവനെ ഗൃഹവിചാരകനാക്കി, തനിക്കുള്ളതൊക്കെയും അവന്റെ കൈയിൽ ഏല്പിച്ചു.
5അവൻ തന്റെ വീട്ടിനും തനിക്കുള്ള സകലത്തിനും അവനെ വിചാരകനാക്കിയതുമുതൽ യഹോവ യോസേഫിന്റെ നിമിത്തം ഈജിപ്റ്റുകാരന്റെ വീടിനെ അനുഗ്രഹിച്ചു; വീട്ടിലും വയലിലും അവനുള്ള സകലത്തിന്മേലും യഹോവയുടെ അനുഗ്രഹം ഉണ്ടായി.6അവൻ തനിക്കുള്ളതൊക്കെയും യോസേഫിന്റെ കൈയിൽ ഏല്പിച്ചു; താൻ ഭക്ഷിക്കുന്ന ഭക്ഷണം ഒഴികെ അവന്റെ കൈവശം ഉള്ള മറ്റു യാതൊന്നും അവൻ അറിഞ്ഞില്ല.
7യോസേഫ് കോമളനും മനോഹരരൂപിയും ആയിരുന്നതുകൊണ്ട് യജമാനന്റെ ഭാര്യ യോസേഫിന്മേൽ കണ്ണു പതിച്ചു: “എന്നോടുകൂടെ ശയിക്ക” എന്ന് അവൾ പറഞ്ഞു.8അവൻ അതിനു സമ്മതിക്കാതെ യജമാനന്റെ ഭാര്യയോട്: “ഇതാ, വീട്ടിൽ എന്റെ കൈവശമുള്ള യാതൊന്നും എന്റെ യജമാനൻ അറിയുന്നില്ല; തനിക്കുള്ളതൊക്കെയും എന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു.9ഈ വീട്ടിൽ എന്നെക്കാൾ വലിയവനില്ല; നീ അവന്റെ ഭാര്യയാകയാൽ നിന്നെയല്ലാതെ മറ്റു യാതൊന്നും അവൻ എനിക്കു വിരോധിച്ചിട്ടുമില്ല; അതുകൊണ്ട് ഞാൻ ഈ മഹാദോഷം പ്രവർത്തിച്ച് ദൈവത്തോടു പാപം ചെയ്യുന്നത് എങ്ങനെ” എന്നു പറഞ്ഞു.
10അവൾ ദിനംതോറും യോസേഫിനോടു പറഞ്ഞിട്ടും അവളോടുകൂടെ ശയിപ്പാനോ അവളുടെ അരികെ ഇരിപ്പാനോ അവൻ അവളെ അനുസരിച്ചില്ല.11ഒരു ദിവസം യോസേഫ് തന്റെ ജോലി ചെയ്യുവാൻ വീട്ടിന്നകത്തു ചെന്നു; വീട്ടിലുള്ളവർ ആരും അവിടെ ഇല്ലായിരുന്നു.12അവൾ അവന്റെ വസ്ത്രം പിടിച്ചു: “എന്നോടു കൂടെ ശയിക്ക” എന്നു പറഞ്ഞു: എന്നാൽ അവൻ തന്റെ വസ്ത്രം അവളുടെ കൈയിൽ വിട്ടിട്ട് പുറത്തേക്ക് ഓടിക്കളഞ്ഞു.
13അവൻ വസ്ത്രം തന്റെ കൈയിൽ വിട്ടിട്ട് പുറത്തേക്ക് ഓടിപ്പോയി എന്നു കണ്ടപ്പോൾ,14അവൾ വീട്ടിലുള്ളവരെ വിളിച്ച് അവരോട്: “കണ്ടോ, നമ്മെ അപമാനിക്കേണ്ടതിന് അദ്ദേഹം ഒരു എബ്രായനെ കൊണ്ടുവന്നിരിക്കുന്നു; അവൻ എന്നോടുകൂടെ ശയിക്കേണ്ടതിന് എന്റെ അടുക്കൽ വന്നു; എന്നാൽ ഞാൻ ഉറക്കെ നിലവിളിച്ചു.15ഞാൻ ഉറക്കെ നിലവിളിച്ചതു കേട്ടപ്പോൾ അവൻ തന്റെ വസ്ത്രം എന്റെ അടുക്കൽ വിട്ടിട്ട് ഓടി പൊയ്ക്കളഞ്ഞു” എന്നു പറഞ്ഞു.
16യജമാനൻ വീട്ടിൽ വരുവോളം അവൾ ആ വസ്ത്രം തന്റെ കൈവശം വച്ചുകൊണ്ടിരുന്നു.17അവനോട് അവൾ അതുപോലെതന്നെ സംസാരിച്ചു: “അങ്ങ് കൊണ്ടുവന്നിരിക്കുന്ന എബ്രായദാസൻ എന്നെ അപമാനിക്കുവാൻ എന്റെ അടുക്കൽ വന്നു.18ഞാൻ ഉറക്കെ നിലവിളിച്ചപ്പോൾ അവൻ തന്റെ വസ്ത്രം എന്റെ അടുക്കൽ വിട്ടിട്ട് പുറത്തേക്ക് ഓടിപ്പോയി” എന്നു പറഞ്ഞു.
19“അങ്ങയുടെ ദാസൻ ഇങ്ങനെ എന്നോടു ചെയ്തു” എന്നു തന്റെ ഭാര്യ പറഞ്ഞ വാക്ക് യജമാനൻ കേട്ടപ്പോൾ അവനു കോപം ജ്വലിച്ചു.20യോസേഫിന്റെ യജമാനൻ അവനെ പിടിച്ച് രാജാവിന്റെ തടവുകാർ കിടക്കുന്ന കാരാഗൃഹത്തിൽ ആക്കി; അങ്ങനെ അവൻ കാരാഗൃഹത്തിൽ കിടന്നു.
21എന്നാൽ യഹോവ യോസേഫിനോടുകൂടെ ഇരുന്നു, കാരാഗൃഹപ്രമാണിക്കു അവനോടു ദയ തോന്നത്തക്കവണ്ണം യോസേഫിന് കൃപ നല്കി.22കാരാഗൃഹത്തിലെ സകലതടവുകാരെയും കാരാഗൃഹപ്രമാണി യോസേഫിന്റെ കൈയിൽ ഏല്പിച്ചു; അവരുടെ പ്രവൃത്തിക്കൊക്കെയും അവൻ വിചാരകനായിരുന്നു.23യഹോവ അവനോടുകൂടെ ഇരുന്ന് അവൻ ചെയ്തതൊക്കെയും സഫലമാക്കുകകൊണ്ട് അവന്റെ കൈക്കീഴുള്ള യാതൊന്നും കാരാഗൃഹ പ്രമാണി നോക്കിയില്ല.

40

1അനന്തരം ഈജിപ്റ്റുരാജാവിന്റെ പാനപാത്രവാഹകനും അപ്പക്കാരനും ഈജിപ്റ്റുരാജാവായ തങ്ങളുടെ യജമാനനോടു കുറ്റം ചെയ്തു.2ഫറവോൻ പാനപാത്രവാഹകന്മാരുടെ പ്രധാനിയും അപ്പക്കാരുടെ പ്രധാനിയുമായ തന്റെ രണ്ട് ഉദ്യോഗസ്ഥന്മാരോടു കോപിച്ചു.3അവരെ അംഗരക്ഷാനായകന്റെ വീട്ടിൽ യോസേഫ് ബദ്ധനായി കിടന്ന കാരാഗൃഹത്തിൽ ആക്കി.

4അംഗരക്ഷാനായകൻ അവരെ യോസേഫിന്റെ പക്കൽ ഏല്പിച്ചു; അവൻ അവർക്കു ശുശ്രൂഷചെയ്തു; അവർ കുറെക്കാലം തടവിൽ കിടന്നു.5ഈജിപ്റ്റുരാജാവിന്റെ പാനപാത്രവാഹകനും അപ്പക്കാരനും ഇങ്ങനെ കാരാഗൃഹത്തിൽ തടവുകാരായിരുന്ന രണ്ടുപേരും ഒരു രാത്രിയിൽ തന്നെ വേറെവേറെ അർത്ഥമുള്ള ഓരോ സ്വപ്നം കണ്ടു.
6രാവിലെ യോസേഫ് അവരുടെ അടുക്കൽ വന്നു നോക്കിയപ്പോൾ അവർ വിഷാദിച്ചിരിക്കുന്നതു കണ്ടു.7അവൻ യജമാനന്റെ വീട്ടിൽ തന്നോടുകൂടെ തടവിൽ കിടക്കുന്നവരായ ഫറവോന്റെ ഉദ്യോഗസ്ഥന്മാരോട്: “നിങ്ങൾ ഇന്നു വിഷാദഭാവത്തോടിരിക്കുന്നത് എന്ത്” എന്നു ചോദിച്ചു.8അവർ അവനോട്: “ഞങ്ങൾ സ്വപ്നം കണ്ടു; വ്യാഖ്യാനിച്ചുതരുവാൻ ആരുമില്ല” എന്നു പറഞ്ഞു. യോസേഫ് അവരോട്: “സ്വപ്നവ്യാഖ്യാനം ദൈവത്തിന്നുള്ളതല്ലയോ? അത് എന്നോടു പറവിൻ” എന്നു പറഞ്ഞു.
9അപ്പോൾ പാനപാത്രവാഹകന്മാരുടെ പ്രധാനി യോസേഫിനെ തന്റെ സ്വപ്നം അറിയിച്ചു പറഞ്ഞത്: “എന്റെ സ്വപ്നത്തിൽ ഇതാ, എന്റെ മുമ്പിൽ ഒരു മുന്തിരി വള്ളി.10മുന്തിരിവള്ളിയിൽ മൂന്നു ശാഖ; അതു തളിർത്തു പൂത്തു; കുലകളിൽ മുന്തിരിങ്ങാ പഴുത്തു.11ഫറവോന്റെ പാനപാത്രം എന്റെ കൈയിൽ ഉണ്ടായിരുന്നു; ഞാൻ മുന്തിരിപ്പഴം പറിച്ചു ഫറവോന്റെ പാനപാത്രത്തിൽ പിഴിഞ്ഞു: പാനപാത്രം ഫറവോന്റെ കൈയിൽ കൊടുത്തു.”
12യോസേഫ് അവനോടു പറഞ്ഞത്: “അതിന്റെ അർത്ഥം ഇതാകുന്നു: മൂന്ന് ശാഖ മൂന്നു ദിവസം.13മൂന്നു ദിവസത്തിനകം ഫറവോൻ നിന്നെ കടാക്ഷിച്ച്, വീണ്ടും നിന്റെ സ്ഥാനത്ത് ആക്കും. നീ പാനപാത്രവാഹകനായി മുമ്പിലത്തെ പതിവുപോലെ ഫറവോന്റെ കൈയിൽ പാനപാത്രം കൊടുക്കും.
14എന്നാൽ നിനക്ക് നല്ലകാലം വരുമ്പോൾ എന്നെ ഓർത്ത് എന്നോടു ദയ ചെയ്ത് ഫറവോനെ എന്റെ വിവരം ബോധിപ്പിച്ച് എന്നെ ഈ കാരാഗൃഹത്തിൽനിന്നും വിടുവിക്കേണമേ.15എന്നെ എബ്രായരുടെ ദേശത്തുനിന്നു അപഹരിച്ചുകൊണ്ടുപോന്നതാകുന്നു; ഈ ഇരുട്ടറയിൽ എന്നെ ഇടേണ്ടതിന് ഞാൻ ഇവിടെയും യാതൊന്നും ചെയ്തിട്ടില്ല.”
16അർത്ഥം നല്ലതെന്ന് അപ്പക്കാരുടെ പ്രധാനി കണ്ടിട്ടു യോസേഫിനോട്: “ഞാനും സ്വപ്നത്തിൽ എന്റെ തലയിൽ വെളുത്ത അപ്പമുള്ള മൂന്നു കൊട്ട കണ്ടു.17ഏറ്റവും മുകളിലത്തെ കൊട്ടയിൽ ഫറവോനുവേണ്ടി എല്ലാത്തരം അപ്പവും ഉണ്ടായിരുന്നു; പക്ഷികൾ എന്റെ തലയിലെ കൊട്ടയിൽനിന്ന് അവയെ തിന്നുകളഞ്ഞു” എന്നു പറഞ്ഞു.
18അതിനു യോസേഫ്: “അതിന്റെ അർത്ഥം ഇതാകുന്നു: മൂന്നു കൊട്ട മൂന്നു ദിവസം.19മൂന്നു ദിവസത്തിനകം ഫറവോൻ നിന്റെ തല വെട്ടി നിന്നെ ഒരു മരത്തിന്മേൽ തൂക്കും; പക്ഷികൾ നിന്റെ മാംസം തിന്നുകളയും” എന്ന് ഉത്തരം പറഞ്ഞു.
20മൂന്നാം ദിവസം ഫറവോന്റെ ജന്മദിവസത്തിൽ അവൻ തന്റെ സകലദാസന്മാർക്കും ഒരു വിരുന്നുകഴിച്ചു. തന്റെ ദാസന്മാരുടെ മദ്ധ്യേ പാനപാത്ര വാഹകന്മാരുടെ പ്രധാനിയെയും അപ്പക്കാരുടെ പ്രധാനിയെയും ഓർത്തു.21പാനപാത്രവാഹകന്മാരുടെ പ്രധാനിയെ ഫറവോന്റെ കൈയിൽ പാനപാത്രം കൊടുക്കേണ്ടതിനു വീണ്ടും അവന്റെ സ്ഥാനത്ത് ആക്കി.22അപ്പക്കാരുടെ പ്രധാനിയെയോ അവൻ തൂക്കികൊന്നു; യോസേഫ് അർത്ഥം പറഞ്ഞതുപോലെതന്നെ.23എങ്കിലും പാനപാത്രവാഹകന്മാരുടെ പ്രധാനി യോസേഫിനെ ഓർക്കാതെ അവനെ മറന്നുകളഞ്ഞു.

41

1രണ്ടു വർഷം കഴിഞ്ഞശേഷം ഫറവോൻ ഒരു സ്വപ്നം കണ്ടതെന്തെന്നാൽ:2അവൻ നദീതീരത്തു നിന്നു. അപ്പോൾ രൂപഗുണവും മാംസപുഷ്ടിയുമുള്ള ഏഴു പശു നദിയിൽനിന്നു കയറി, ഞാങ്ങണയുടെ ഇടയിൽ മേഞ്ഞുകൊണ്ടിരുന്നു.3അവയുടെ പിന്നാലെ മെലിഞ്ഞും വിരൂപമായുമുള്ള വേറെ ഏഴു പശു നദിയിൽനിന്നു കയറി, നദീതീരത്തു മറ്റേ പശുക്കളുടെ അരികെ നിന്നു.

4മെലിഞ്ഞും വിരൂപമായുമുള്ള പശുക്കൾ രൂപഗുണവും മാംസപുഷ്ടിയുമുള്ള ഏഴു പശുക്കളെ തിന്നുകളഞ്ഞു; അപ്പോൾ ഫറവോൻ ഉണർന്നു.5അവൻ പിന്നെയും ഉറങ്ങി, രണ്ടാമതും ഒരു സ്വപ്നം കണ്ടു; പുഷ്ടിയുള്ളതും നല്ലതുമായ ഏഴു കതിർ ഒരു തണ്ടിൽനിന്നു പൊങ്ങി വന്നു.6അവയുടെ പിന്നാലെ ശോഷിച്ചും കിഴക്കൻ കാറ്റിനാൽ കരിഞ്ഞുമിരിക്കുന്ന ഏഴു കതിർ പൊങ്ങിവന്നു.
7ശോഷിച്ച ഏഴു കതിരുകൾ പുഷ്ടിയും മണിക്കരുത്തുമുള്ള ഏഴു കതിരുകളെ വിഴുങ്ങിക്കളഞ്ഞു. അപ്പോൾ ഫറവോൻ ഉണർന്നു, അതു സ്വപ്നം എന്ന് അറിഞ്ഞു.8പ്രഭാതത്തിൽ അവൻ വ്യാകുലപ്പെട്ടു ഈജിപ്റ്റിലെ മന്ത്രവാദികളെയും ജ്ഞാനികളെയും എല്ലാം ആളയച്ചു വരുത്തി അവരോട് തന്റെ സ്വപ്നം പറഞ്ഞു. എന്നാൽ വ്യാഖ്യാനിപ്പാൻ ആർക്കും കഴിഞ്ഞില്ല.
9അപ്പോൾ പാനപാത്രവാഹകന്മാരുടെ പ്രധാനി ഫറവോനോടു പറഞ്ഞത്: “ഇന്നു ഞാൻ എന്റെ കുറ്റം ഓർക്കുന്നു.10ഫറവോൻ അടിയങ്ങളോടു കോപിച്ചു, എന്നെയും അപ്പക്കാരുടെ പ്രധാനിയെയും അംഗരക്ഷാനായകന്റെ വീട്ടിൽ തടവിലാക്കിയിരുന്നുവല്ലോ.11അവിടെവച്ച് ഞാനും അവനും ഒരു രാത്രിയിൽതന്നെ സ്വപ്നം കണ്ടു; വേറെവേറെ അർത്ഥമുള്ള സ്വപ്നം ആയിരുന്നു ഓരോരുത്തൻ കണ്ടത്.
12അവിടെ അംഗരക്ഷാനായകന്റെ ദാസനായ ഒരു എബ്രായ യൗവനക്കാരൻ ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു; ഞങ്ങൾ അവനോട് അറിയിച്ചപ്പോൾ അവൻ സ്വപ്നങ്ങളെ വ്യാഖ്യാനിച്ചു; ഓരോരുത്തനു അവനവന്റെ സ്വപ്നത്തിന്റെ അർത്ഥം പറഞ്ഞുതന്നു.13അവൻ അർത്ഥം പറഞ്ഞതുപോലെ തന്നെ സംഭവിച്ചു; എന്നെ വീണ്ടും യഥാസ്ഥാനത്ത് ആക്കുകയും മറ്റവനെ തൂക്കിക്കൊല്ലുകയും ചെയ്തുവല്ലോ.”
14ഉടനെ ഫറവോൻ ആളയച്ചു യോസേഫിനെ വിളിപ്പിച്ചു. അവർ അവനെ വേഗത്തിൽ ഇരുട്ടറയിൽനിന്ന് ഇറക്കി; അവൻ ക്ഷൗരം ചെയ്തു, വസ്ത്രം മാറി, ഫറവോന്റെ അടുക്കൽ ചെന്നു.15ഫറവോൻ യോസേഫിനോട്: “ഞാൻ ഒരു സ്വപ്നം കണ്ടു; അതിനെ വ്യാഖ്യനിപ്പാൻ ആരുമില്ല; എന്നാൽ നീ ഒരു സ്വപ്നം കേട്ടാൽ വ്യാഖ്യാനിക്കുമെന്നു നിന്നെക്കുറിച്ചു ഞാൻ കേട്ടിരിക്കുന്നു” എന്നു പറഞ്ഞു.16അതിനു യോസേഫ് ഫറവോനോട്: “ഞാനല്ല ദൈവം തന്നെ ഫറവോന് ശുഭമായൊരു ഉത്തരം നല്കും” എന്നു പറഞ്ഞു.
17പിന്നെ ഫറവോൻ യോസേഫിനോടു പറഞ്ഞത്: “എന്റെ സ്വപ്നത്തിൽ ഞാൻ നദീതീരത്തു നിന്നു.18അപ്പോൾ മാംസപുഷ്ടിയും രൂപഗുണവുമുള്ള ഏഴു പശു നദിയിൽനിന്നു കയറി ഞാങ്ങണയുടെ ഇടയിൽ മേഞ്ഞുകൊണ്ടിരുന്നു.
19അവയുടെ പിന്നാലെ ക്ഷീണിച്ചും മെലിഞ്ഞും വളരെ വിരൂപമായുമുള്ള വേറെ ഏഴു പശു കയറി വന്നു; അത്ര വിരൂപമായവയെ ഞാൻ ഈജിപ്റ്റുദേശത്ത് എങ്ങും കണ്ടിട്ടില്ല.20എന്നാൽ മെലിഞ്ഞും വിരൂപമായുമുള്ള പശുക്കൾ പുഷ്ടിയുള്ള മുമ്പിലത്തെ ഏഴു പശുക്കളെ തിന്നുകളഞ്ഞു;21ഇവ അവയുടെ വയറ്റിൽ ചെന്നിട്ടും വയറ്റിൽ ചെന്നു എന്ന് അറിയുവാനില്ലായിരന്നു; അവ മുമ്പിലത്തെപ്പോലെ തന്നെ വിരൂപമുള്ളവ ആയിരുന്നു. അപ്പോൾ ഞാൻ ഉണർന്നു.
22പിന്നെയും ഞാൻ സ്വപ്നത്തിൽ കണ്ടത്: നിറഞ്ഞതും നല്ലതുമായ ഏഴു കതിർ ഒരു തണ്ടിൽ പെട്ടെന്ന് പൊങ്ങിവന്നു.23അവയുടെ പിന്നാലെ ഉണങ്ങിയും ശോഷിച്ചും കിഴക്കൻ കാറ്റിനാൽ കരിഞ്ഞുമിരിക്കുന്ന ഏഴു കതിർ പൊങ്ങിവന്നു.24ശോഷിച്ച കതിരുകൾ ഏഴു നല്ല കതിരുകളെ വിഴുങ്ങിക്കളഞ്ഞു. ഇതു ഞാൻ മന്ത്രവാദികളോടു പറഞ്ഞു; എന്നാൽ വ്യാഖ്യാനിപ്പാൻ ആർക്കും കഴിഞ്ഞില്ല.”
25അപ്പോൾ യോസേഫ് ഫറവോനോടു പറഞ്ഞത്: “ഫറവോന്റെ സ്വപ്നം ഒന്നുതന്നെ; ദൈവം ചെയ്യുവാൻ പോകുന്നത് ദൈവം ഫറവോനു വെളിപ്പെടുത്തിയിരിക്കുന്നു.26ഏഴു നല്ല പശു ഏഴു വർഷം; ഏഴു നല്ല കതിരും ഏഴു വർഷം; സ്വപ്നം ഒന്നുതന്നെ.
27അവയുടെ പിന്നാലെ കയറിവന്ന മെലിഞ്ഞും വിരൂപമായുമുള്ള ഏഴു പശുവും കിഴക്കൻ കാറ്റിനാൽ കരിഞ്ഞു പതിരായുള്ള ഏഴു കതിരും ഏഴു വർഷം; അവ ക്ഷാമമുള്ള ഏഴു വർഷം ആകുന്നു.28ദൈവം ചെയ്യുവാൻ പോകുന്നത് ഫറവോനു അവിടുന്ന് കാണിച്ചു തന്നിരിക്കുന്നു. അതാകുന്നു ഞാൻ ഫറവോനോടു പറഞ്ഞത്.29ഈജിപ്റ്റുദേശത്തൊക്കെയും അതിസമൃദ്ധിയുള്ള ഏഴു വർഷം വരും.
30അതു കഴിഞ്ഞിട്ട് ക്ഷാമമുള്ള ഏഴു വർഷം വരും; അപ്പോൾ ഈജിപ്റ്റുദേശത്ത് ആ സമൃദ്ധിയൊക്കെയും മറന്നിരിക്കും; ക്ഷാമത്താൽ ദേശം ഒക്കെയും ക്ഷയിച്ചുപോകും.31പിൻവരുന്ന ക്ഷാമം അതികഠിനമായിരിക്കയാൽ ദേശത്തുണ്ടായിരുന്ന സമൃദ്ധി അറിയാതെയായിപ്പോകും.32ഫറവോനു സ്വപ്നം രണ്ടുവട്ടം ഉണ്ടായതോ കാര്യം ദൈവത്തിന്റെ മുമ്പാകെ സ്ഥിരമായിരിക്കകൊണ്ടും ദൈവം അതിനെ വേഗത്തിൽ വരുത്തുവാനിരിക്കകൊണ്ടും ആകുന്നു.
33ആകയാൽ ഫറവോൻ വിവേകവും ജ്ഞാനവുമുള്ള ഒരുവനെ അന്വേഷിച്ച് ഈജിപ്റ്റുദേശത്തിനു മേലധികാരി ആക്കി വയ്ക്കേണം.34അതുകൂടാതെ ഫറവോൻ ദേശത്തിന്മേൽ വിചാരകന്മാരെ നിയമിച്ച്, സമൃദ്ധിയുള്ള ഏഴു വർഷത്തിൽ ഈജിപ്റ്റുദേശത്തിലെ വിളവിൽ അഞ്ചിലൊന്നു വാങ്ങേണം.
35ഈ വരുന്ന നല്ല വർഷങ്ങളിലെ വിളവൊക്കെയും ശേഖരിച്ചു പട്ടണങ്ങളിൽ ഫറവോന്റെ അധികാരത്തിൻ കീഴിൽ ധാന്യം സൂക്ഷിച്ചുവയ്ക്കേണം.36ആ ധാന്യം ഈജിപ്റ്റുദേശത്തു വരുവാൻ പോകുന്ന ക്ഷാമമുള്ള ഏഴുവർഷത്തേക്കു ദേശത്തിനു കരുതൽശേഖരമായിരിക്കേണം; എന്നാൽ ദേശം ക്ഷാമംകൊണ്ടു നശിക്കയില്ല.”
37ഈ നിർദേശം ഫറവോനും അവന്റെ സകലഭൃത്യന്മാർക്കും ബോധിച്ചു.38ഫറവോൻ തന്റെ ഭൃത്യന്മാരോട്: “ദൈവാത്മാവുള്ള ഈ മനുഷ്യനെപ്പോലെ ഒരുത്തനെ കണ്ടുകിട്ടുമോ” എന്നു പറഞ്ഞു.
39പിന്നെ ഫറവോൻ യോസേഫിനോട്: “ദൈവം ഇതൊക്കെയും നിനക്കു വെളിപ്പെടുത്തി തന്നതുകൊണ്ടു നിന്നെപ്പോലെ വിവേകവും ജ്ഞാനവുമുള്ളവൻ ഒരുത്തനുമില്ല.40നീ എന്റെ ഭവനത്തിനു മേലധികാരിയാകും; നിന്റെ വാക്ക് എന്റെ ജനമെല്ലാം അനുസരിച്ചു നടക്കും; സിംഹാസനംകൊണ്ടു മാത്രം ഞാൻ നിന്നെക്കാൾ വലിയവനായിരിക്കും” എന്നു പറഞ്ഞു.41“ഇതാ, ഈജിപ്റ്റുദേശത്തിനൊക്കെയും ഞാൻ നിന്നെ മേലധികാരി ആക്കിയിരിക്കുന്നു,” എന്നും ഫറവോൻ യോസേഫിനോടു പറഞ്ഞു.
42ഫറവോൻ തന്റെ കൈയിൽനിന്ന് മുദ്രമോതിരം ഊരി, യോസേഫിന്റെ കൈയ്ക്ക് ഇട്ടു, അവനെ നേർമ്മയുള്ള വസ്ത്രംധരിപ്പിച്ചു, ഒരു സ്വർണ്ണമാലയും അവന്റെ കഴുത്തിൽ ഇട്ടു.43തന്റെ രണ്ടാം രഥത്തിൽ അവനെ കയറ്റി: “മുട്ടുകുത്തുവിൻ” എന്ന് അവന്റെ മുമ്പിൽ വിളിച്ചു പറയിച്ചു; ഇങ്ങനെ അവനെ ഈജിപ്റ്റുദേശത്തിനൊക്കെയും മേലധികാരിയാക്കി.
44പിന്നെ ഫറവോൻ യോസേഫിനോട്: “ഞാൻ ഫറവോൻ ആകുന്നു; നിന്റെ കല്പന കൂടാതെ ഈജിപ്റ്റുദേശത്ത് എങ്ങും യാതൊരുത്തനും കൈയോ കാലോ അനക്കുകയില്ല” എന്നു പറഞ്ഞു.45ഫറവോൻ യോസേഫിനു സാപ്നത്ത് പനേഹ് എന്നു പേരിട്ടു; ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകൾ ആസ്നത്തിനെ അവന് ഭാര്യയായി കൊടുത്തു. പിന്നെ യോസേഫ് ഈജിപ്റ്റുദേശത്തു സഞ്ചരിച്ചു.
46യോസേഫ് ഈജിപ്റ്റുരാജാവായ ഫറവോന്റെ മുമ്പാകെ നില്ക്കുമ്പോൾ അവന് മുപ്പതു വയസ്സായിരുന്നു. യോസേഫ് ഫറവോന്റെ സന്നിധാനത്തിൽനിന്നു പുറപ്പെട്ട് ഈജിപ്റ്റുദേശത്തൊക്കെയും സഞ്ചരിച്ചു.47എന്നാൽ സമൃദ്ധമായ ഏഴു വർഷവും ദേശം ധാരാളമായി വിളഞ്ഞു.
48ഈജിപ്റ്റുദേശത്തു സുഭിക്ഷത ഉണ്ടായ ഏഴു വർഷത്തിലെ ധാന്യം ഒക്കെയും അവൻ ശേഖരിച്ചു പട്ടണങ്ങളിൽ സൂക്ഷിച്ചു; ഓരോ പട്ടണത്തിൽ ചുറ്റിലുമുള്ള നിലത്തിലെ ധാന്യം സൂക്ഷിച്ചു.49അങ്ങനെ യോസേഫ് കടൽകരയിലെ മണൽപോലെ വളരെയധികം ധാന്യം ശേഖരിച്ചു വച്ചു; അളക്കുവാൻ കഴിയായ്കയാൽ അളവു നിർത്തിക്കളഞ്ഞു.
50ക്ഷാമകാലം വരുംമുമ്പേ യോസേഫിനു രണ്ടു പുത്രന്മാർ ജനിച്ചു; അവരെ ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകൾ ആസ്നത്ത് പ്രസവിച്ചു.51“എന്റെ സകല കഷ്ടതയും എന്റെ പിതൃഭവനം ഒക്കെയും ദൈവം എന്നെ മറക്കുമാറാക്കി” എന്നു പറഞ്ഞു യോസേഫ് തന്റെ ആദ്യജാതനു മനശ്ശെ എന്നു പേരിട്ടു.52“സങ്കടദേശത്തു ദൈവം എന്നെ വർദ്ധിപ്പിച്ചു” എന്നു പറഞ്ഞ്, അവൻ രണ്ടാമത്തവന് എഫ്രയീം എന്നു പേരിട്ടു.
53ഈജിപ്റ്റുദേശത്തുണ്ടായ സമൃദ്ധിയുള്ള ഏഴു വർഷം കഴിഞ്ഞപ്പോൾ54യോസേഫ് പറഞ്ഞതുപോലെ ക്ഷാമമുള്ള ഏഴു വർഷം തുടങ്ങി; സകലദേശങ്ങളിലും ക്ഷാമമുണ്ടായി; എന്നാൽ ഈജിപ്റ്റുദേശത്ത് എല്ലായിടത്തും ആഹാരം ഉണ്ടായിരുന്നു.
55പിന്നെ ഈജിപ്റ്റുദേശത്ത് എല്ലായിടത്തും ക്ഷാമം ഉണ്ടായപ്പോൾ ജനങ്ങൾ ആഹാരത്തിനായി ഫറവോനോട് നിലവിളിച്ചു; ഫറവോൻ ഈജിപ്റ്റുകാരോടൊക്കെയും: “നിങ്ങൾ യോസേഫിന്റെ അടുക്കൽ ചെല്ലുവിൻ; അവൻ നിങ്ങളോടു പറയുന്നതുപോലെ ചെയ്യുവിൻ” എന്നു പറഞ്ഞു.56ക്ഷാമം ഭൂതലത്തിലൊക്കെയും ഉണ്ടായി; യോസേഫ് പാണ്ടികശാലകൾ ഒക്കെയും തുറന്നു, ഈജിപ്റ്റുകാർക്കു ധാന്യം വിറ്റു; ക്ഷാമം ഈജിപ്റ്റുദേശത്തും കഠിനമായ്തീർന്നു.57ഭൂമിയിൽ എങ്ങും ക്ഷാമം കഠിനമായയ്തീർന്നതുകൊണ്ട് സകലദേശക്കാരും ധാന്യം വാങ്ങുവാൻ ഈജിപ്റ്റിൽ യോസേഫിന്റെ അടുക്കൽ വന്നു.

42

1ഈജിപ്റ്റിൽ ധാന്യം ഉണ്ടെന്നു യാക്കോബ് അറിഞ്ഞപ്പോൾ തന്റെ പുത്രന്മാരോട്: “നിങ്ങൾ തമ്മിൽ തമ്മിൽ നോക്കിനില്ക്കുന്നതെന്ത്?2ഈജിപ്റ്റിൽ ധാന്യം ഉണ്ടെന്ന് ഞാൻ കേട്ടിരിക്കുന്നു; നാം മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന് അവിടെ ചെന്ന് അവിടെ നിന്നു നമുക്കു ധാന്യം വാങ്ങുവിൻ” എന്നു പറഞ്ഞു.3യോസേഫിന്റെ സഹോദരന്മാർ പത്തു പേർ ഈജിപ്റ്റിൽ ധാന്യം വാങ്ങുവാൻ പോയി.4എന്നാൽ യോസേഫിന്റെ അനുജനായ ബെന്യാമീനു “ഒരുപക്ഷേ വല്ല ആപത്തും സംഭവിക്കും” എന്നുപറഞ്ഞ് യാക്കോബ് അവനെ സഹോദരന്മാരോടുകൂടെ അയച്ചില്ല.

5അങ്ങനെ ധാന്യം വാങ്ങുവാൻ വന്നവരുടെ ഇടയിൽ യിസ്രായേലിന്റെ പുത്രന്മാരും വന്നു; കനാൻദേശത്തും ക്ഷാമം ഉണ്ടായിരുന്നുവല്ലോ.6യോസേഫ് ദേശത്തിന് അധിപതിയായിരുന്നു; അവൻ തന്നെയായിരുന്നു ദേശത്തിലെ സകല ജനങ്ങൾക്കും ധാന്യം വിറ്റത്; യോസേഫിന്റെ സഹോദരന്മാരും വന്ന് അവനെ സാഷ്ടാംഗം നമസ്കരിച്ചു.
7യോസഫ് തന്റെ സഹോദരന്മാരെ കണ്ടപ്പോൾ അവരെ അറിഞ്ഞു എങ്കിലും അറിയാത്ത ഭാവം നടിച്ച് അവരോടു കഠിനമായി സംസാരിച്ചു: “നിങ്ങൾ എവിടെനിന്നു വരുന്നു” എന്ന് അവരോടു ചോദിച്ചതിന്: “ആഹാരം വാങ്ങുവാൻ കനാൻദേശത്തുനിന്നു വരുന്നു” എന്ന് അവർ പറഞ്ഞു.8യോസേഫ് സഹോദരന്മാരെ അറിഞ്ഞു എങ്കിലും അവർ അവനെ അറിഞ്ഞില്ല.
9യോസേഫ് അവരെക്കുറിച്ചു കണ്ടിരുന്ന സ്വപ്നങ്ങൾ ഓർത്ത് അവരോട്: “നിങ്ങൾ ചാരന്മാരാകുന്നു; ദേശത്തിന്റെ ദുർബ്ബലഭാഗം നോക്കുവാൻ നിങ്ങൾ വന്നിരിക്കുന്നു” എന്ന് പറഞ്ഞു.10അവർ അവനോട്: “അല്ല, യജമാനനേ, അടിയങ്ങൾ ആഹാരം വാങ്ങുവാൻ വന്നിരിക്കുന്നു;11ഞങ്ങൾ എല്ലാവരും ഒരാളുടെ മക്കൾ; ഞങ്ങൾ സത്യസന്ധരാകുന്നു; അടിയങ്ങൾ ചാരന്മാരല്ല” എന്നു പറഞ്ഞു.
12അവൻ അവരോട്: “അല്ല, നിങ്ങൾ ദേശത്തിന്റെ ദുർബ്ബലഭാഗം നോക്കുവാൻ വന്നിരിക്കുന്നു” എന്നു പറഞ്ഞു.13അതിന് അവർ: “അടിയങ്ങൾ കനാൻദേശത്തുള്ള ഒരാളുടെ മക്കൾ; പന്ത്രണ്ടു സഹോദരന്മാർ ആകുന്നു; ഇളയവൻ ഇന്നു ഞങ്ങളുടെ അപ്പന്റെ അടുക്കൽ ഉണ്ട്; ഒരുവൻ ഇപ്പോൾ ഇല്ല” എന്നു പറഞ്ഞു.
14യോസേഫ് അവരോടു പറഞ്ഞത്: “ഞാൻ പറഞ്ഞതുപോലെ നിങ്ങൾ ചാരന്മാർ തന്നെ.15ഇതിനാൽ ഞാൻ നിങ്ങളെ പരീക്ഷിക്കും; നിങ്ങളുടെ ഇളയസഹോദരൻ ഇവിടെ വന്നല്ലാതെ, ഫറവോനാണ, നിങ്ങൾ ഇവിടെനിന്നു പുറപ്പെടുകയില്ല.16നിങ്ങളുടെ സഹോദരനെ കൂട്ടിക്കൊണ്ടുവരുവാൻ നിങ്ങളിൽ ഒരുവനെ അയപ്പിൻ; നിങ്ങളോ തടവുകാരായിരിക്കേണം; നിങ്ങൾ നേരുള്ളവരോ എന്നു നിങ്ങളുടെ വാക്കു പരീക്ഷിച്ചറിയാമല്ലോ; അല്ലെന്നുവരികിൽ; ഫറവോനാണ, നിങ്ങൾ ചാരന്മാർ തന്നെ.”17അങ്ങനെ അവൻ അവരെ മൂന്നു ദിവസം തടവിൽ ആക്കി.
18മൂന്നാം ദിവസം യോസേഫ് അവരോടു പറഞ്ഞത്: “ഞാൻ ദൈവത്തെ ഭയപ്പെടുന്നു; നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന് ഇതു ചെയ്‌വിൻ:19നിങ്ങൾ സത്യസന്ധരെങ്കിൽ നിങ്ങളുടെ ഒരു സഹോദരൻ തടവിൽ കിടക്കട്ടെ; നിങ്ങൾ പുറപ്പെട്ട്, നിങ്ങളുടെ വീടുകളിലെ ബുദ്ധിമുട്ടിനു ധാന്യം കൊണ്ടുപോകുവിൻ.20എന്നാൽ നിങ്ങളുടെ ഇളയസഹോദരനെ എന്റെ അടുക്കൽ കൊണ്ടുവരേണം; അതിനാൽ നിങ്ങളുടെ വാക്ക് സത്യം എന്നു തെളിയും; നിങ്ങൾ മരിക്കേണ്ടിവരികയില്ല” അവർ അങ്ങനെ സമ്മതിച്ചു
21“നമ്മുടെ സഹോദരന്റെ കാര്യത്തിൽ നാം സത്യത്തിൽ കുറ്റക്കാരാകുന്നു; അവൻ നമ്മോടു കെഞ്ചിയപ്പോൾ നാം അവന്റെ പ്രാണസങ്കടം കണ്ടിട്ടും അവന്റെ അപേക്ഷ കേട്ടില്ലല്ലോ; അതുകൊണ്ട് ഈ സങ്കടം നമുക്കു വന്നിരിക്കുന്നു” എന്ന് അവർ തമ്മിൽ പറഞ്ഞു.22അതിനു രൂബേൻ: “ബാലനോടു ദോഷം ചെയ്യരുതെന്നു ഞാൻ നിങ്ങളോടു പറഞ്ഞില്ലയോ? എന്നിട്ടും നിങ്ങൾ കേട്ടില്ല; ഇപ്പോൾ ഇതാ, അവന്റെ രക്തം നമ്മോടു ചോദിക്കുന്നു” എന്ന് അവരോടു പറഞ്ഞു.
23യോസേഫ് അവരോടു സംസാരിച്ചതു പരിഭാഷകൻമുഖാന്തരം ആയിരുന്നതുകൊണ്ട് അവൻ ഇതു മനസ്സിലാക്കി എന്ന് അവർ അറിഞ്ഞില്ല.24യോസേഫ് അവരെ വിട്ടു മാറിപ്പോയി കരഞ്ഞു; പിന്നെ അവരുടെ അടുക്കൽ വന്ന് അവരോടു സംസാരിച്ച് അവരുടെ കൂട്ടത്തിൽ നിന്നു ശിമെയോനെ പിടിച്ച് അവർ കാൺകെ ബന്ധിച്ചു.25അവരുടെ ചാക്കിൽ ധാന്യം നിറയ്ക്കുവാനും അവരുടെ പണം അവനവന്റെ ചാക്കിൽ തിരികെ വയ്ക്കുവാനും വഴിക്കു വേണ്ടിയ ആഹാരം അവർക്കു കൊടുക്കുവാനും യോസേഫ് കല്പിച്ചു; അങ്ങനെ തന്നെ അവർക്കു ചെയ്തുകൊടുത്തു.
26അവർ ധാന്യം കഴുതപ്പുറത്ത് കയറ്റി അവിടെനിന്നു പുറപ്പെട്ടു.27വഴിയമ്പലത്തിൽവച്ച് അവരിൽ ഒരുവൻ കഴുതയ്ക്കു തീറ്റ കൊടുക്കുവാൻ ചാക്ക് അഴിച്ചപ്പോൾ തന്റെ പണം ചാക്കിന്റെ വായ്ക്കൽ ഇരിക്കുന്നതു കണ്ട്,28തന്റെ സഹോദരന്മാരോട്: “എന്റെ പണം എനിക്കു തിരികെ കിട്ടി അത് ഇതാ, എന്റെ ചാക്കിൽ ഇരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ അവരുടെ ഉള്ളം തളർന്നു, അവർ വിറച്ചു: “ദൈവം നമ്മോട് ഈ ചെയ്തത് എന്ത്” എന്ന് തമ്മിൽ തമ്മിൽ പറഞ്ഞു.
29അവർ കനാൻദേശത്തു തങ്ങളുടെ അപ്പനായ യാക്കോബിന്റെ അടുക്കൽ എത്തിയപ്പോൾ, തങ്ങൾക്കു സംഭവിച്ചതൊക്കെയും അവനോട് അറിയിച്ചു പറഞ്ഞത്:30“ദേശത്തിലെ അധിപതിയായവൻ ഞങ്ങൾ ദേശത്തെ ചാരന്മാർ എന്നു വിചാരിച്ചു ഞങ്ങളോടു കഠിനമായി സംസാരിച്ചു.31ഞങ്ങൾ അവനോട്: ‘ഞങ്ങൾ സത്യസന്ധരാകുന്നു, ഞങ്ങൾ ചാരന്മാരല്ല.32ഞങ്ങൾ ഒരു അപ്പന്റെ മക്കൾ; പന്ത്രണ്ടു സഹോദരന്മാരാകുന്നു; ഒരുവൻ ഇപ്പോൾ ഇല്ല; ഇളയവൻ കനാൻദേശത്ത് ഞങ്ങളുടെ അപ്പന്റെ അടുക്കൽ ഉണ്ട് എന്നു പറഞ്ഞു.
33അതിന് ദേശത്തിലെ അധിപതിയായവൻ ഞങ്ങളോടു പറഞ്ഞത്: ‘നിങ്ങൾ സത്യസന്ധർ എന്നു ഞാൻ ഇതിനാൽ അറിയും: നിങ്ങളുടെ ഒരു സഹോദരനെ എന്റെ അടുക്കൽ വിട്ടിട്ടു നിങ്ങളുടെ വീടുകളിലെ ബുദ്ധിമുട്ടിനു ധാന്യം വാങ്ങി കൊണ്ടുപോകുവിൻ.34നിങ്ങളുടെ ഇളയസഹോദരനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ; അതിനാൽ നിങ്ങൾ ചാരന്മാരല്ല, സത്യസന്ധർ തന്നെ എന്നു ഞാൻ അറിയും; നിങ്ങളുടെ സഹോദരനെ നിങ്ങൾക്ക് ഏല്പിച്ചുതരും; നിങ്ങൾക്കു ദേശത്തു വ്യാപാരവും ചെയ്യാം.
35പിന്നെ അവർ ചാക്ക് ഒഴിക്കുമ്പോൾ ഇതാ, ഓരോരുത്തന്റെ ചാക്കിൽ അവനവന്റെ പണക്കെട്ട് ഇരിക്കുന്നു; അവരും അവരുടെ അപ്പനും പണക്കെട്ട് കണ്ടപ്പോൾ ഭയപ്പെട്ടുപോയി.36അവരുടെ അപ്പനായ യാക്കോബ് അവരോട്: “നിങ്ങൾ എന്നെ മക്കളില്ലാത്തവനാക്കുന്നു; യോസേഫ് ഇല്ല, ശിമെയോൻ ഇല്ല; ബെന്യാമീനെയും നിങ്ങൾ കൊണ്ടുപോകും; സകലവും എനിക്കു പ്രതികൂലം തന്നെ” എന്നു പറഞ്ഞു.
37അതിനു രൂബേൻ അപ്പനോട്: “എന്റെ കൈയിൽ അവനെ ഏല്പിക്ക; ഞാൻ അവനെ നിന്റെ അടുക്കൽ മടക്കി കൊണ്ടുവരും; ഞാൻ അവനെ നിന്റെ അടുക്കൽ കൊണ്ടുവരാത്തപക്ഷം എന്റെ രണ്ടു പുത്രന്മാരെ കൊന്നുകളക” എന്നു പറഞ്ഞു.38എന്നാൽ അവൻ: “എന്റെ മകൻ നിങ്ങളോടുകൂടെ വരുകയില്ല; അവന്റെ ജ്യേഷ്ഠൻ മരിച്ചുപോയി, അവൻ ഒരുവനേ ശേഷിപ്പുള്ളു; നിങ്ങൾ പോകുന്ന വഴിയിൽ അവന് വല്ല ആപത്തും വന്നാൽ തലനരച്ച എന്നെ നിങ്ങൾ ദുഃഖത്തോടെ പാതാളത്തിലേക്ക് ഇറങ്ങുമാറാക്കും” എന്നു പറഞ്ഞു.

43

1എന്നാൽ ക്ഷാമം ദേശത്തു കഠിനമായി തീർന്നു.2അവർ ഈജിപ്റ്റിൽനിന്നു കൊണ്ടുവന്ന ധാന്യം ഭക്ഷിച്ചു തീർന്നപ്പോൾ അവരുടെ അപ്പൻ അവരോട്: “നിങ്ങൾ ഇനിയും പോയി കുറെ ആഹാരംകൂടെ വാങ്ങുവിൻ” എന്നു പറഞ്ഞു.

3അതിനു യെഹൂദാ അപ്പനോടു പറഞ്ഞത് ‘നിങ്ങളുടെ സഹോദരൻ നിങ്ങളോടുകൂടെ ഇല്ലാതിരുന്നാൽ നിങ്ങൾ എന്റെ മുഖം കാണുകയില്ല’ എന്ന് അദ്ദേഹം തീർച്ചയായി ഞങ്ങളോടു പറഞ്ഞിരിക്കുന്നു.4അപ്പൻ ഞങ്ങളുടെ സഹോദരനെ ഞങ്ങളുടെകൂടെ അയച്ചാൽ ഞങ്ങൾ ചെന്ന് ആഹാരം വാങ്ങി കൊണ്ടുവരാം;5അയക്കാതിരുന്നാലോ ഞങ്ങൾ പോകയില്ല. ‘നിങ്ങളുടെ സഹോദരൻ നിങ്ങളോടുകൂടെ ഇല്ല എങ്കിൽ നിങ്ങൾ എന്റെ മുഖം കാണുകയില്ല’ എന്ന് അദ്ദേഹം ഞങ്ങളോടു പറഞ്ഞിരിക്കുന്നു.”
6“നിങ്ങൾക്ക് ഇനിയും ഒരു സഹോദരൻ ഉണ്ടെന്ന് നിങ്ങൾ അദ്ദേഹത്തോടു പറഞ്ഞ് എനിക്ക് ഈ ദോഷം വരുത്തിയത് എന്തിന്?” എന്നു യിസ്രായേൽ പറഞ്ഞു.7അതിന് അവർ “ ‘നിങ്ങളുടെ അപ്പൻ ജീവിച്ചിരിക്കുന്നുവോ? നിങ്ങൾക്ക് ഇനിയും ഒരു സഹോദരൻ ഉണ്ടോ?’ എന്നിങ്ങനെ അദ്ദേഹം ഞങ്ങളെയും നമ്മുടെ കുടുംബത്തെയുംകുറിച്ചു താല്പര്യമായി ചോദിച്ചതുകൊണ്ട് ഞങ്ങൾ ഇതൊക്കെയും അറിയിക്കേണ്ടിവന്നു; ‘നിങ്ങളുടെ സഹോദരനെ ഇവിടെ കൂട്ടിക്കൊണ്ടുവരുവിൻ’ എന്ന് അദ്ദേഹം പറയുമെന്നു ഞങ്ങൾ അറിഞ്ഞിരുന്നുവോ” എന്നു പറഞ്ഞു.
8പിന്നെ യെഹൂദാ തന്റെ അപ്പനായ യിസ്രായേലിനോടു പറഞ്ഞത് “ഞങ്ങളും അങ്ങും ഞങ്ങളുടെ കുഞ്ഞുകുട്ടികളും മരിക്കാതെ ജീവിച്ചിരിക്കേണ്ടതിനു ബാലനെ എന്നോടുകൂടെ അയയ്ക്കേണം; എന്നാൽ ഞങ്ങൾ പോകാം.9ഞാൻ അവന് വേണ്ടി ഉത്തരവാദിയായിരിക്കാം; നീ അവനെ എന്റെ കൈയിൽനിന്നു ചോദിക്കേണം; ഞാൻ അവനെ നിന്റെ അടുക്കൽ കൊണ്ടുവന്ന് അവനെ നിന്റെ മുമ്പിൽ നിർത്തുന്നില്ലെങ്കിൽ ഞാൻ സദാകാലം നിനക്കു കുറ്റക്കാരനായിക്കൊള്ളാം.10ഞങ്ങൾ താമസിക്കാതിരുന്നെങ്കിൽ ഇപ്പോൾ രണ്ടു പ്രാവശ്യം പോയിവരുമായിരുന്നു.”
11അപ്പോൾ അവരുടെ അപ്പനായ യിസ്രായേൽ അവരോടു പറഞ്ഞത്: “അങ്ങനെയെങ്കിൽ ഇതു ചെയ്യുവിൻ: നിങ്ങളുടെ പാത്രങ്ങളിൽ കുറെ സുഗന്ധപ്പശ, കുറെ തേൻ, സാംപ്രാണി, സന്നിനായകം, ബോടനണ്ടി, ബദാമണ്ടി എന്നിങ്ങനെ ദേശത്തിലെ വിശേഷവസ്തുക്കളിൽ ചിലതൊക്കെയും കൊണ്ടുപോയി അദ്ദേഹത്തിനു കാഴ്ചവയ്ക്കുവിൻ.12ഇരട്ടിപണവും കൈയിൽ എടുത്തുകൊൾവിൻ; നിങ്ങളുടെ ചാക്കിന്റെ വായ്ക്കൽ മടങ്ങിവന്ന പണവും കൈയിൽ തിരികെ കൊണ്ടുപോകുവിൻ; ഒരുപക്ഷേ അതു നോട്ടപ്പിശകായിരിക്കാം.
13നിങ്ങളുടെ സഹോദരനെയും കൂട്ടി പുറപ്പെട്ട് അദ്ദേഹത്തിന്റെ അടുക്കൽ വീണ്ടും ചെല്ലുവിൻ.14അവൻ നിങ്ങളുടെ മറ്റേ സഹോദരനെയും ബെന്യാമീനെയും നിങ്ങളോടുകൂടെ അയക്കേണ്ടതിന് സർവ്വശക്തിയുള്ള ദൈവം അവനു നിങ്ങളോടു കരുണ തോന്നിക്കട്ടെ; എന്നാൽ ഞാൻ മക്കളില്ലാത്തവനാകേണമെങ്കിൽ ആകട്ടെ.”15അങ്ങനെ അവർ ആ കാഴ്ചയും ഇരട്ടിപണവും എടുത്തു ബെന്യാമീനെയും കൂട്ടി പുറപ്പെട്ടു ഈജിപ്റ്റിൽ ചെന്നു യോസേഫിന്റെ മുമ്പിൽനിന്നു.
16അവരോടുകൂടെ ബെന്യാമീനെ കണ്ടപ്പോൾ യോസേഫ് തന്റെ ഗൃഹവിചാരകനോട്: “നീ ഈ പുരുഷന്മാരെ വീട്ടിൽ കൂട്ടിക്കൊണ്ടു പോക; അവർ ഉച്ചയ്ക്ക് എന്നോടുകൂടെ ഭക്ഷണം കഴിക്കേണ്ടതാകയാൽ മൃഗത്തെ അറുത്ത് ഒരുക്കിക്കൊൾക” എന്നു കല്പിച്ചു.17യോസേഫ് കല്പിച്ചതുപോലെ അവൻ ചെയ്തു; അവരെ യോസേഫിന്റെ വീട്ടിൽ കൂട്ടിക്കൊണ്ടു പോയി.
18തങ്ങളെ യോസേഫിന്റെ വീട്ടിൽ കൊണ്ടുപോകയാൽ അവർ ഭയപ്പെട്ടു: “ആദ്യത്തെ പ്രാവശ്യം നമ്മുടെ ചാക്കിൽ മടങ്ങിവന്ന പണം നിമിത്തം നമ്മെ പിടിച്ച് അടിമകളാക്കി നമ്മുടെ കഴുതകളെയും എടുത്തുകൊള്ളേണ്ടതിനാകുന്നു നമ്മെ കൊണ്ടുവന്നിരിക്കുന്നത് എന്നു പറഞ്ഞു.19അവർ യോസേഫിന്റെ ഗൃഹവിചാരകന്റെ അടുക്കൽ ചെന്ന്, വീട്ടുവാതിൽക്കൽവച്ച് അവനോടു സംസാരിച്ചു:20“യജമാനനേ, ആഹാരം വാങ്ങുവാൻ ഞങ്ങൾ മുമ്പേ വന്നിരുന്നു.
21ഞങ്ങൾ വഴിയമ്പലത്തിൽ ചെന്നു ചാക്ക് അഴിച്ചപ്പോൾ ഓരോരുത്തന്റെ പണം മുഴുവനും അവനവന്റെ ചാക്കിന്റെ വായ്ക്കൽ ഉണ്ടായിരുന്നു; അതു ഞങ്ങൾ വീണ്ടും കൊണ്ടുവന്നിരിക്കുന്നു.22ആഹാരം വാങ്ങുവാൻ വേറെ പണവും ഞങ്ങൾ കൊണ്ടുവന്നിട്ടുണ്ട്; പണം ഞങ്ങളുടെ ചാക്കിൽ വച്ചത് ആരെന്നു ഞങ്ങൾക്ക് അറിഞ്ഞുകൂടാ” എന്നു പറഞ്ഞു.23അതിന് അവൻ: “നിങ്ങൾക്കു സമാധാനം; നിങ്ങൾ ഭയപ്പെടേണ്ടാ; നിങ്ങളുടെ ദൈവം, നിങ്ങളുടെ അപ്പന്റെ ദൈവം തന്നെ, നിങ്ങളുടെ ചാക്കിൽ നിങ്ങൾക്കു നിക്ഷേപം തന്നിരിക്കുന്നു; നിങ്ങളുടെ പണം എനിക്കു കിട്ടി” എന്നു പറഞ്ഞ്, ശിമെയോനെയും അവരുടെ അടുക്കൽ പുറത്തു കൊണ്ടുവന്നു.
24പിന്നെ അവൻ അവരെ യോസേഫിന്റെ വീട്ടിന്നകത്തു കൊണ്ടുപോയി; അവർക്കു വെള്ളം കൊടുത്തു, അവർ കാലുകളെ കഴുകി; അവരുടെ കഴുതകൾക്ക് അവൻ തീറ്റ കൊടുത്തു.25ഉച്ചയ്ക്കു യോസേഫ് വരുമ്പോഴേക്ക് അവർ കാഴ്ച ഒരുക്കിവച്ചു; തങ്ങൾക്കു ഭക്ഷണം അവിടെ എന്ന് അവർ കേട്ടിരുന്നു.
26യോസേഫ് വീട്ടിൽ വന്നപ്പോൾ അവർ കൈവശമുള്ള കാഴ്ച അകത്തുകൊണ്ടുചെന്ന് അവന്റെ മുമ്പാകെവച്ച് അവനെ സാഷ്ടാംഗം നമസ്കരിച്ചു.27അവൻ അവരോടു ക്ഷേമാന്വേഷണം നടത്തി: “നിങ്ങൾ പറഞ്ഞ വൃദ്ധൻ, നിങ്ങളുടെ അപ്പൻ സൗഖ്യമായിരിക്കുന്നുവോ? അവൻ ജീവനോടിരിക്കുന്നുവോ” എന്നു ചോദിച്ചു.
28അതിന് അവർ: “ഞങ്ങളുടെ അപ്പനായ അങ്ങയുടെ അടിയാനു സുഖം തന്നെ; അവൻ ജീവനോടിരിക്കുന്നു” എന്ന് ഉത്തരം പറഞ്ഞു കുനിഞ്ഞു നമസ്കരിച്ചു.29പിന്നെ യോസേഫ് തല ഉയർത്തി, തന്റെ അമ്മയുടെ മകനും തന്റെ അനുജനുമായ ബെന്യാമീനെ കണ്ടു: “നിങ്ങൾ എന്നോടു പറഞ്ഞ നിങ്ങളുടെ ഇളയസഹോദരനോ ഇവൻ” എന്നു ചോദിച്ചു: “ദൈവം നിനക്കു കൃപ നല്കട്ടെ മകനേ” എന്നു പറഞ്ഞു.
30അനുജനെ കണ്ടിട്ടു യോസേഫിന്റെ മനസ്സ് ഉരുകിയതുകൊണ്ട് അവൻ കരയേണ്ടതിനു ബദ്ധപ്പെട്ടു സ്ഥലം അന്വേഷിച്ച്, സ്വകാര്യമുറിയിൽചെന്ന് അവിടെവച്ചു കരഞ്ഞു.31പിന്നെ അവൻ മുഖം കഴുകി പുറത്തു വന്നു തന്നെത്താൻ അടക്കി: “ഭക്ഷണം കൊണ്ടുവരുവിൻ” എന്നു കല്പിച്ചു.
32അവർ യോസേഫിന് പ്രത്യേകവും സഹോദരന്മാർക്കു പ്രത്യേകവും, അവനോടുകൂടെ ഭക്ഷിക്കുന്ന ഈജിപ്റ്റുകാർക്കു പ്രത്യേകവും കൊണ്ടുവന്നുവച്ചു; ഈജിപ്റ്റുകാർ എബ്രായരോടുകൂടെ ഭക്ഷണം കഴിക്കയില്ല; അതു ഈജിപ്റ്റുകാർക്കു വെറുപ്പാകുന്നു.33മൂത്തവൻ മുതൽ ഇളയവൻ വരെ പ്രായത്തിനൊത്തവണ്ണം അവരെ അവന്റെ മുമ്പാകെ ഇരുത്തി; അവർ അന്യോന്യം നോക്കി ആശ്ചര്യപ്പെട്ടു.34അവൻ തന്റെ മുമ്പിൽനിന്ന് അവർക്ക് ഓഹരികൊടുത്തയച്ചു; ബെന്യാമീന്റെ ഓഹരി മറ്റവരുടെ ഓഹരിയുടെ അഞ്ചിരട്ടിയായിരുന്നു; അവർ പാനംചെയ്ത് അവനോടുകൂടെ ആഹ്ലാദിച്ചു.

44

1അനന്തരം അവൻ തന്റെ ഗൃഹവിചാരകനോട്: “നീ ഇവരുടെ ചാക്കിൽ അവർക്ക് എടുക്കാവുന്നിടത്തോളം ധാന്യം നിറച്ച്, ഓരോരുത്തന്റെ പണം അവനവന്റെ ചാക്കിന്റെ വായ്ക്കൽ വയ്ക്കുക.2ഇളയവന്റെ ചാക്കിന്റെ വായ്ക്കൽ വെള്ളികൊണ്ടുള്ള എന്റെ പാനപാത്രവും അവന്റെ ധാന്യവിലയും വയ്ക്കുക” എന്നു കല്പിച്ചു; യോസേഫ് കല്പിച്ചതുപോലെ അവൻ ചെയ്തു.

3നേരം വെളുത്തപ്പോൾ അവരുടെ കഴുതകളുമായി അവരെ യാത്ര അയച്ചു.4അവർ പട്ടണത്തിൽനിന്നു പുറപ്പെട്ടു ദൂരത്താകുംമുമ്പെ, യോസേഫ് തന്റെ ഗൃഹവിചാരകനോടു: “എഴുന്നേറ്റു ആ പുരുഷന്മാരുടെ പിന്നാലെ ഓടിച്ചെല്ലുക; ഒപ്പം എത്തുമ്പോൾ അവരോടു: ‘നിങ്ങൾ നന്മയ്ക്കു പകരം തിന്മ ചെയ്തത് എന്ത്?5അതിലല്ലയോ എന്റെ യജമാനൻ കുടിക്കുന്നത്? അതിനാലല്ലയോ ലക്ഷണം നോക്കുന്നത്1 ? നിങ്ങൾ ഈ ചെയ്തത് ഒട്ടും നന്നല്ല’ എന്നു പറയുക” എന്നു കല്പിച്ചു.
6അവൻ അവരുടെ അടുക്കൽ എത്തിയപ്പോൾ ഈ വാക്കുകൾ അവരോടു പറഞ്ഞു.7അവർ അവനോടു പറഞ്ഞത്: “യജമാനൻ ഇങ്ങനെ പറയുന്നത് എന്ത്? ഈ വക കാര്യം അടിയങ്ങൾ ഒരുനാളും ചെയ്കയില്ല.
8ഞങ്ങളുടെ ചാക്കിന്റെ വായ്ക്കൽ കണ്ട പണം ഞങ്ങൾ കനാൻദേശത്തുനിന്ന് അങ്ങയുടെ അടുക്കൽ വീണ്ടും കൊണ്ടുവന്നുവല്ലോ; പിന്നെ ഞങ്ങൾ അങ്ങയുടെ യജമാനന്റെ വീട്ടിൽനിന്ന് വെള്ളിയും പൊന്നും മോഷ്ടിക്കുമോ?9അടിയങ്ങളിൽ ആരുടെ എങ്കിലും കൈവശം അതു കണ്ടാൽ അവൻ മരിക്കട്ടെ; ഞങ്ങളും യജമാനന് അടിമകളായിക്കൊള്ളാം.”10അതിന് അവൻ: “നിങ്ങൾ പറഞ്ഞതുപോലെ ആകട്ടെ; അത് ആരുടെ കൈവശം കാണുന്നുവോ അവൻ എനിക്ക് അടിമയാകും; നിങ്ങളോ കുറ്റമില്ലാത്തവരായിരിക്കും.”
11അവർ വേഗത്തിൽ ചാക്ക് നിലത്തിറക്കി: ഓരോരുത്തൻ താന്താന്റെ ചാക്ക് അഴിച്ചു.12അവൻ മൂത്തവന്റെ ചാക്കുതുടങ്ങി ഇളയവന്റേതുവരെ പരിശോധിച്ചു. ബെന്യാമീന്റെ ചാക്കിൽ പാനപാത്രം കണ്ടുപിടിച്ചു.13അപ്പോൾ അവർ വസ്ത്രം കീറി, ചുമടു കഴുതപ്പുറത്തു കയറ്റി പട്ടണത്തിലേക്കു മടങ്ങിച്ചെന്നു.
14യെഹൂദയും അവന്റെ സഹോദരന്മാരും യോസേഫിന്റെ വീട്ടിൽ ചെന്നു; അവൻ അതുവരെയും അവിടെത്തന്നെ ആയിരുന്നു; അവർ അവന്റെ മുമ്പാകെ സാഷ്ടാംഗം വീണു.15യോസേഫ് അവരോട്: “നിങ്ങൾ ഈ ചെയ്ത പ്രവൃത്തി എന്ത്? എന്നെപ്പോലെയുള്ള ഒരുത്തനു ഭാവി പ്രവചിക്കുവാൻ2 അറിയാമെന്നു നിങ്ങൾ അറിഞ്ഞിട്ടില്ലയോ” എന്നു ചോദിച്ചു.
16അതിനു യെഹൂദാ: “യജമാനനോടു ഞങ്ങൾ എന്തു പറയേണ്ടു? എന്തു ബോധിപ്പിക്കേണ്ടു? എങ്ങനെ ഞങ്ങളെത്തന്നെ നീതീകരിക്കേണ്ടു? ദൈവം അടിയങ്ങളുടെ അകൃത്യം കണ്ടെത്തി; ഇതാ ഞങ്ങൾ യജമാനന് അടിമകൾ; ഞങ്ങളും ആരുടെ കൈയിൽ പാത്രം കണ്ടുവോ അവനും തന്നെ” എന്നു പറഞ്ഞു.17അതിന് യോസേഫ്: “അങ്ങനെ ഞാൻ ഒരുനാളും ചെയ്കയില്ല; ആരുടെ കൈവശം പാത്രം കണ്ടുവോ അവൻ തന്നെ എനിക്ക് അടിമയായിരിക്കും; നിങ്ങളോ സമാധാനത്തോടെ നിങ്ങളുടെ അപ്പന്റെ അടുക്കൽ പൊയ്ക്കൊൾവിൻ” എന്നു പറഞ്ഞു.

18അപ്പോൾ യെഹൂദാ അടുത്തുചെന്നു പറഞ്ഞത്: “യജമാനനേ, അടിയൻ യജമാനനോട് ഒന്നു ബോധിപ്പിച്ചുകൊള്ളട്ടേ; അടിയന്റെ നേരെ കോപം ജ്വലിക്കരുതേ;19യജമാനൻ ഫറവോനെപ്പോലെയല്ലോ; ‘നിങ്ങൾക്ക് അപ്പനോ സഹോദരനോ ഉണ്ടോ?’ എന്നു യജമാനൻ അടിയങ്ങളോടു ചോദിച്ചു.
20അതിനു ഞങ്ങൾ യജമാനനോട്: ‘ഞങ്ങൾക്കു വൃദ്ധനായ ഒരു അപ്പനും അവന് വാർദ്ധക്യത്തിൽ ജനിച്ച ഒരു മകനും ഉണ്ട്; അവന്റെ ജ്യേഷ്ഠൻ മരിച്ചുപോയി; അവന്റെ അമ്മ പ്രസവിച്ചിട്ട് അവൻ ഒരുത്തനെ ശേഷിപ്പുള്ളു; അവൻ അപ്പന്റെ ഇഷ്ടനാകുന്നു’ എന്നു പറഞ്ഞു.21അപ്പോൾ യജമാനൻ അടിങ്ങളോട്: ‘എനിക്കു കാണേണ്ടതിന് അവനെ എന്റെ അടുക്കൽ കൂട്ടിക്കൊണ്ടുവരുവിൻ’ എന്നു കല്പിച്ചുവല്ലോ.22ഞങ്ങൾ യജമാനനോട്: ‘ബാലന് അപ്പനെ പിരിഞ്ഞുകൂടാ; പിരിഞ്ഞാൽ അപ്പൻ മരിച്ചുപോകും’ എന്നു പറഞ്ഞു.
23അതിനു യജമാനൻ അടിയങ്ങളോട്: ‘നിങ്ങളുടെ ഇളയസഹോദരൻ നിങ്ങളോടുകൂടെ വരാതിരുന്നാൽ നിങ്ങൾ എന്റെ മുഖം ഇനി കാണുകയില്ല’ എന്നു കല്പിച്ചു.24അവിടത്തെ അടിയാനായ അപ്പന്റെ അടുക്കൽ ഞങ്ങൾ ചെന്ന് യജമാനന്റെ വാക്കുകളെ അറിയിച്ചു.25അനന്തരം ഞങ്ങളുടെ അപ്പൻ: ‘നിങ്ങൾ ഇനിയും പോയി നമുക്കു കുറെ ധാന്യം വാങ്ങുവിൻ’ എന്നു പറഞ്ഞു.26അതിനു ഞങ്ങൾ: ‘ഞങ്ങൾക്കു പൊയ്ക്കൂടാ; അനുജൻ കൂടെ ഉണ്ടെങ്കിൽ ഞങ്ങൾ പോകാം; അനുജൻ ഇല്ലാതെ ഞങ്ങൾക്ക് അദ്ദേഹത്തിന്റെ മുഖം കാണുവാൻ സാദ്ധ്യമല്ല’ എന്നു പറഞ്ഞു.
27അപ്പോൾ അവിടത്തെ അടിയാനായ അപ്പൻ ഞങ്ങളോടു പറഞ്ഞത്: ‘എന്റെ ഭാര്യ എനിക്കു രണ്ടു പുത്രന്മാരെ പ്രസവിച്ചു എന്നു നിങ്ങൾക്ക് അറിയാമല്ലോ.28അവരിൽ ഒരുത്തൻ എന്റെ അടുക്കൽനിന്നു പോയി; അവനെ പറിച്ചു കീറിപ്പോയി നിശ്ചയം എന്നു ഞാൻ ഉറച്ചു; ഇതുവരെ ഞാൻ അവനെ കണ്ടിട്ടുമില്ല.29നിങ്ങൾ ഇവനെയും കൊണ്ടുപോയിട്ട് അവനു വല്ല ആപത്തും വന്നാൽ തലനരച്ച എന്നെ നിങ്ങൾ ദുഃഖത്തോടെ പാതാളത്തിൽ ഇറങ്ങുമാറാക്കും.
30അതുകൊണ്ട് ഇപ്പോൾ ബാലൻ കൂടെയില്ലാതെ ഞാൻ അവിടത്തെ അടിയാനായ അപ്പന്റെ അടുക്കൽ ചെല്ലുമ്പോൾ, അപ്പന്റെ പ്രാണൻ ബാലന്റെ പ്രാണനോടു പറ്റിയിരിക്കകൊണ്ട്,31ബാലൻ ഇല്ലെന്നു കണ്ടാൽ അവൻ മരിച്ചുപോകും; അങ്ങനെ അടിയങ്ങൾ അവിടെത്തെ അടിയാനായ തലനരച്ച അപ്പനെ ദുഃഖത്തോടെ പാതാളത്തിൽ ഇറങ്ങുമാറാക്കും.32അടിയൻ അപ്പനോട്: ‘അവനെ നിന്റെ അടുക്കൽ കൊണ്ടുവരാതിരുന്നാൽ ഞാൻ എന്നും അപ്പനു കുറ്റക്കാരനായിക്കൊളാം’ എന്നു പറഞ്ഞു, അപ്പനോടു ബാലനുവേണ്ടി ഉത്തരവാദിയായിരിക്കുന്നു.
33ആകയാൽ ബാലനു പകരം അടിയൻ യജമാനന് അടിമയായിരിപ്പാനും ബാലൻ സഹോദരന്മാരോടുകൂടെ പൊയ്ക്കൊൾവാനും അനുവദിക്കേണമേ.34ബാലൻ കൂടെ ഇല്ലാതെ ഞാൻ എങ്ങനെ അപ്പന്റെ അടുക്കൽ പോകും? അപ്പനു ഭവിക്കുന്ന ദോഷം ഞാൻ കാണേണ്ടിവരുമല്ലോ.”


1 44:5 ലക്ഷണം നോക്കുന്നതു ഭാവി പറയുക
2 44:15 ഭാവി പ്രവചിക്കുവാൻ എന്നതിന്ലക്ഷണവിദ്യ, ഭവിഷ്യജ്ഞാനം, മുന്‍കൂട്ടിപ്പറയല്‍ എന്നും അർത്ഥം ഉണ്ട്.

45

1അപ്പോൾ ചുറ്റും നില്ക്കുന്നവരുടെ മുമ്പിൽ തന്നെത്താൻ നിയന്ത്രിക്കുവാൻ കഴിയാതെ: “എല്ലാവരെയും എന്റെ അടുക്കൽനിന്നു പുറത്താക്കുവിൻ” എന്നു യോസേഫ് വിളിച്ചുപറഞ്ഞു. ഇങ്ങനെ യോസേഫ് തന്റെ സഹോദരന്മാർക്കു തന്നെ വെളിപ്പെടുത്തിയപ്പോൾ ആരും അവന്റെ അടുക്കൽ ഉണ്ടായിരുന്നില്ല.2അവൻ ഉച്ചത്തിൽ കരഞ്ഞു; ഈജിപ്റ്റുകാരും ഫറവോന്റെ കുടുംബവും അതു കേട്ടു.3യോസേഫ് സഹോദരന്മാരോട്: “ഞാൻ യോസേഫ് ആകുന്നു; എന്റെ അപ്പൻ ജീവനോടിരിക്കുന്നുവോ” എന്നു പറഞ്ഞു. അവന്റെ സഹോദരന്മാർ അവന്റെ സന്നിധിയിൽ ഭ്രമിച്ചുപോയതുകൊണ്ട് അവനോട് ഉത്തരം പറയുവാൻ അവർക്കു കഴിഞ്ഞില്ല.

4യോസേഫ് സഹോദരന്മാരോട്: “ഇങ്ങോട്ട് അടുത്തുവരുവിൻ” എന്നു പറഞ്ഞു; അവർ അടുത്തുചെന്നപ്പോൾ അവൻ പറഞ്ഞത്; “നിങ്ങൾ ഈജിപ്റ്റിലേക്കു വിറ്റുകളഞ്ഞ നിങ്ങളുടെ സഹോദരൻ യോസേഫ് ആകുന്നു ഞാൻ.5എന്നെ ഇവിടെ വിറ്റതുകൊണ്ടു നിങ്ങൾ വ്യസനിക്കേണ്ടാ, വിഷാദിക്കയും വേണ്ടാ; ജീവരക്ഷയ്ക്കായി ദൈവം എന്നെ നിങ്ങൾക്കു മുമ്പേ അയച്ചതാകുന്നു.6ദേശത്തു ക്ഷാമം ഉണ്ടായിട്ട് ഇപ്പോൾ രണ്ടു വർഷമായി; ഉഴവും കൊയ്ത്തും ഇല്ലാത്ത അഞ്ചു വർഷം ഇനിയും ഉണ്ട്.
7ഭൂമിയിൽ നിങ്ങൾക്കു സന്തതി ശേഷിക്കേണ്ടതിനും വലിയോരു രക്ഷയാൽ നിങ്ങളുടെ ജീവനെ രക്ഷിക്കേണ്ടതിനും ദൈവം എന്നെ നിങ്ങൾക്കു മുമ്പേ അയച്ചിരിക്കുന്നു.8ആകയാൽ നിങ്ങൾ അല്ല, ദൈവം അത്രേ എന്നെ ഇവിടെ അയച്ചത്; അവിടുന്ന് എന്നെ ഫറവോനു പിതാവും അവന്റെ കുടുംബത്തിനൊക്കെയും യജമാനനും ഈജിപ്റ്റുദേശത്തിനൊക്കെയും അധിപതിയും ആക്കിയിരിക്കുന്നു.
9നിങ്ങൾ ബദ്ധപ്പെട്ട് എന്റെ അപ്പന്റെ അടുക്കൽ ചെന്ന് അപ്പനോടു പറയേണ്ടത് എന്തെന്നാൽ: ‘അങ്ങയുടെ മകനായ യോസേഫ് ഇപ്രകാരം പറയുന്നു: ദൈവം എന്നെ ഈജിപ്റ്റിനൊക്കെയും അധിപതിയാക്കിയിരിക്കുന്നു; അങ്ങ് താമസിക്കാതെ എന്റെ അടുക്കൽ വരേണം.10അങ്ങ് ഗോശെൻദേശത്തു പാർത്ത് എനിക്കു സമീപമായിരിക്കും; അങ്ങും മക്കളും മക്കളുടെ മക്കളും അങ്ങയുടെ ആടുകളും കന്നുകാലികളും അങ്ങയ്ക്കുള്ളതൊക്കെയും തന്നെ.11അങ്ങയ്ക്കും കുടുംബത്തിനും അങ്ങയ്ക്കുള്ള സകലത്തിനും ദാരിദ്ര്യം നേരിടാതവണ്ണം ഞാൻ അവിടെ അങ്ങയെ പോഷിപ്പിക്കും; ക്ഷാമം ഇനിയും അഞ്ചു വർഷം നില്ക്കും’
12ഇതാ, ഞാൻ തന്നെ നിങ്ങളോടു സംസാരിക്കുന്നു എന്നു നിങ്ങളും എന്റെ അനുജൻ ബെന്യാമീനും കണ്ണാലെ കാണുന്നുവല്ലോ.13ഈജിപ്റ്റിൽ എനിക്കുള്ള മഹത്വവും നിങ്ങൾ കണ്ടതൊക്കെയും അപ്പനെ അറിയിക്കേണം; എന്റെ അപ്പനെ വേഗത്തിൽ ഇവിടെ കൊണ്ടുവരികയും വേണം.”
14അവൻ തന്റെ അനുജൻ ബെന്യാമീനെ കെട്ടിപ്പിടിച്ചു കരഞ്ഞു; ബെന്യാമീൻ അവനെയും കെട്ടിപ്പിടിച്ചു കരഞ്ഞു.15അവൻ സഹോദരന്മാരെ ഒക്കെയും ചുംബിച്ചു കെട്ടിപ്പിടിച്ചു കരഞ്ഞു; അതിന്റെ ശേഷം സഹോദരന്മാർ അവനുമായി സല്ലപിച്ചു.

16യോസേഫിന്റെ സഹോദരന്മാർ വന്നിരിക്കുന്നു എന്നുള്ള കേൾവി ഫറവോന്റെ അരമനയിൽ എത്തി; അതു ഫറവോനും അവന്റെ ഭൃത്യന്മാർക്കും സന്തോഷമായി.17ഫറവോൻ യോസേഫിനോടു പറഞ്ഞത്: “നിന്റെ സഹോദരന്മാരോടു നീ പറയേണ്ടത് എന്തെന്നാൽ: ‘നിങ്ങൾ ഇതു ചെയ്‌വിൻ; നിങ്ങളുടെ മൃഗങ്ങളുടെ പുറത്തു ചുമടു കയറ്റി പുറപ്പെട്ടു കനാൻദേശത്തു ചെന്ന്18നിങ്ങളുടെ അപ്പനെയും കുടുംബങ്ങളെയും കൂട്ടിക്കൊണ്ട് എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങൾക്കു ഈജിപ്റ്റുരാജ്യത്തിലെ നന്മ തരും; ദേശത്തിന്റെ പുഷ്ടി നിങ്ങൾ അനുഭവിക്കും.
19നിനക്കു കല്പന തന്നിരിക്കുന്നു; ‘ഇതാകുന്നു നിങ്ങൾ ചെയ്യേണ്ടത്: നിങ്ങളുടെ പൈതങ്ങൾക്കും ഭാര്യമാർക്കും വേണ്ടി ഈജിപ്റ്റുദേശത്തുനിന്ന് രഥങ്ങൾ കൊണ്ടുപോയി നിങ്ങളുടെ അപ്പനെ കയറ്റി കൊണ്ടുവരേണം.20നിങ്ങളുടെ വസ്തുവകകളെക്കുറിച്ചു ചിന്തിക്കേണ്ടാ; ഈജിപ്റ്റുദേശത്തെങ്ങുമുള്ള നന്മ നിങ്ങൾക്കുള്ളതാകുന്നു
21യിസ്രായേലിന്റെ പുത്രന്മാർ അങ്ങനെതന്നെ ചെയ്തു; യോസേഫ് അവർക്കു ഫറവോന്റെ കല്പനപ്രകാരം രഥങ്ങൾ കൊടുത്തു; വഴിക്കു വേണ്ടുന്ന ആഹാരവും കൊടുത്തു.22അവരിൽ ഓരോരുത്തന് ഓരോ വസ്ത്രവും ബെന്യാമീനോ മുന്നൂറു വെള്ളിക്കാശും അഞ്ചു വസ്ത്രവും കൊടുത്തു.23അങ്ങനെതന്നെ അവൻ തന്റെ അപ്പന് പത്തു കഴുതപ്പുറത്തു ഈജിപ്റ്റിലെ വിശേഷസാധനങ്ങളും പത്തു പെൺകഴുതപ്പുറത്തു വഴിച്ചെലവിനു ധാന്യവും ആഹാരവും കയറ്റി അയച്ചു.
24അങ്ങനെ അവൻ തന്റെ സഹോദരന്മാരെ യാത്ര അയച്ചു; അവർ പുറപ്പെടുമ്പോൾ: “നിങ്ങൾ വഴിയിൽവച്ചു ശണ്ഠകൂടരുത്” എന്ന് അവരോടു പറഞ്ഞു.25അവർ ഈജിപ്റ്റിൽനിന്നു പുറപ്പെട്ടു കനാൻദേശത്ത് അപ്പനായ യാക്കോബിന്റെ അടുക്കൽ എത്തി.26അവനോട്: “യോസേഫ് ജീവനോടിരിക്കുന്നു; അവൻ ഈജിപ്റ്റുദേശത്തിനൊക്കെയും അധിപതിയാകുന്നു” എന്നു പറഞ്ഞു. അപ്പോൾ യാക്കോബ് സ്തംഭിച്ചുപോയി; അവർ പറഞ്ഞതു വിശ്വസിച്ചതുമില്ല.
27യോസേഫ് തങ്ങളോടു പറഞ്ഞവാക്കുകളൊക്കെയും അവർ അവനോടു പറഞ്ഞു; തന്നെ കയറ്റികൊണ്ടു പോകുവാൻ യോസേഫ് അയച്ച രഥങ്ങളെ കണ്ടപ്പോൾ അവരുടെ അപ്പനായ യാക്കോബിനു വീണ്ടും ചൈതന്യം വന്നു.28“മതി; എന്റെ മകൻ യോസേഫ് ജീവനോടിരിക്കുന്നു; ഞാൻ മരിക്കുംമുമ്പേ അവനെ പോയി കാണും” എന്നു യിസ്രായേൽ പറഞ്ഞു.

46

1അനന്തരം യിസ്രായേൽ തനിക്കുള്ള സകലവുമായി യാത്ര പുറപ്പെട്ടു ബേർ-ശേബയിൽ എത്തി തന്റെ പിതാവായ യിസ്ഹാക്കിന്റെ ദൈവത്തിനു യാഗം കഴിച്ചു.2ദൈവം യിസ്രായേലിനോടു രാത്രി ദർശനങ്ങളിൽ: “യാക്കോബേ, യാക്കോബേ” എന്നു വിളിച്ചതിനു “ഞാൻ ഇതാ” എന്ന് അവൻ പറഞ്ഞു.3അപ്പോൾ അവിടുന്ന്: “ഞാൻ ദൈവം ആകുന്നു; നിന്റെ പിതാവിന്റെ ദൈവം തന്നെ; ഈജിപ്റ്റിലേക്കു പോകുവാൻ ഭയപ്പെടേണ്ടാ; അവിടെ ഞാൻ നിന്നെ വലിയ ജനതയാക്കും” എന്ന് അരുളിച്ചെയ്തു.4“ഞാൻ നിന്നോടുകൂടെ ഈജിപ്റ്റിലേക്കു പോരും; ഞാൻ നിന്നെ മടക്കി വരുത്തും; യോസേഫ് സ്വന്തകൈകൊണ്ട് നിന്റെ കണ്ണു അടയ്ക്കും” എന്നും അരുളിച്ചെയ്തു.

5പിന്നെ യാക്കോബ് ബേർ-ശേബയിൽനിന്നു പുറപ്പെട്ടു; യിസ്രായേലിന്റെ പുത്രന്മാർ അപ്പനായ യാക്കോബിനെ കയറ്റുവാൻ ഫറവോൻ അയച്ച രഥങ്ങളിൽ അവനെയും തങ്ങളുടെ മക്കളെയും ഭാര്യമാരെയും കയറ്റി കൊണ്ടുപോയി.6തങ്ങളുടെ ആടുമാടുകളെയും കനാൻദേശത്തുവച്ചു സമ്പാദിച്ച സമ്പത്തുകളെയും കൊണ്ടുപോയി; അങ്ങനെ യാക്കോബും സന്തതികളുമെല്ലാം ഈജിപ്റ്റിൽ എത്തി.7അവന്റെ പുത്രന്മാർ, പുത്രന്മാരുടെ പുത്രന്മാർ, തന്റെ പുത്രിമാർ, പുത്രന്മാരുടെ പുത്രിമാർ തന്റെ സന്തതികളെയൊക്കെയും കൂട്ടി ഈജിപ്റ്റിലേക്കു കൊണ്ടുപോയി.

8ഈജിപ്റ്റിൽ വന്ന യിസ്രായേൽമക്കളുടെ പേരുകൾ ഇവയാണ്: യാക്കോബും അവന്റെ പുത്രന്മാരും; യാക്കോബിന്റെ ആദ്യജാതനായ രൂബേൻ.9രൂബേന്റെ പുത്രന്മാർ: ഹനോക്, ഫല്ലൂ, ഹെസ്രോൻ, കർമ്മി.10ശിമെയോന്റെ പുത്രന്മാർ: യെമൂവേൽ, യാമീൻ, ഓഹദ്, യാഖീൻ, സോഹർ, കനാന്യക്കാരത്തിയുടെ മകനായ ശൗൽ.11ലേവിയുടെ പുത്രന്മാർ: ഗേർശോൻ, കഹാത്ത്, മെരാരി.
12യെഹൂദയുടെ പുത്രന്മാർ: ഏർ, ഓനാൻ, ശേലാ, പേരെസ്, സേരഹ്; എന്നാൽ ഏർ, ഓനാൻ എന്നിവർ കനാൻദേശത്തുവച്ചു മരിച്ചുപോയി. പേരെസിന്റെ പുത്രന്മാർ: ഹെസ്രോൻ, ഹാമൂൽ.13യിസ്സാഖാരിന്റെ പുത്രന്മാർ: തോലാ, പുവ്വാ, യോബ്, ശിമ്രോൻ.14സെബൂലൂന്റെ പുത്രന്മാർ: സേരെദ്, ഏലോൻ, യഹ്ലെയേൽ.15ഇവർ ലേയായുടെ പുത്രന്മാർ; അവൾ അവരെയും യാക്കോബിന്റെ മകളായ ദീനയെയും അവന് പദ്ദൻ-അരാമിൽവച്ചു പ്രസവിച്ചു; അവന്റെ പുത്രന്മാരും പുത്രിമാരും എല്ലാം കൂടെ മുപ്പത്തിമൂന്നു പേർ ആയിരുന്നു.
16ഗാദിന്റെ പുത്രന്മാർ: സിഫ്യോൻ, ഹഗ്ഗീ, ശൂനീ, എസ്ബോൻ, ഏരി, അരോദീ, അരേലീ.17ആശേരിന്റെ പുത്രന്മാർ: യിമ്നാ, യിശ്വാ, യിശ്വീ, ബെരീയാ; ഇവരുടെ സഹോദരി സേരഹ്. ബെരീയാവിന്റെ പുത്രന്മാർ:18ഹേബെർ, മൽക്കീയേൽ. ഇവർ ലാബാൻ തന്റെ മകളായ ലേയായ്ക്കു കൊടുത്ത സില്പായുടെ പുത്രന്മാർ; അവൾ യാക്കോബിന് ഈ പതിനാറു പേരെ പ്രസവിച്ചു.
19യാക്കോബിന്റെ ഭാര്യയായ റാഹേലിന്റെ പുത്രന്മാർ: യോസേഫ്, ബെന്യാമീൻ.20യോസേഫിന് ഈജിപ്റ്റുദേശത്തു മനശ്ശെയും എഫ്രയീമും ജനിച്ചു; അവരെ ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകളായ ആസ്നത്ത് അവന് പ്രസവിച്ചു.21ബെന്യാമീന്റെ പുത്രന്മാർ: ബേല, ബേഖെർ, അശ്ബെൽ, ഗേരാ, നാമാൻ, ഏഹീ, രോശ്, മുപ്പീം, ഹുപ്പീം, ആരെദ്.22ഇവർ റാഹേൽ യാക്കോബിനു പ്രസവിച്ച പുത്രന്മാർ; എല്ലാംകൂടെ പതിന്നാലു പേർ.
23ദാന്റെ പുത്രൻ: ഹൂശീം.24നഫ്താലിയുടെ പുത്രന്മാർ: യഹസേൽ, ഗൂനീ, യേസെർ, ശില്ലേം.25ഇവർ ലാബാൻ തന്റെ മകളായ റാഹേലിനു കൊടുത്ത ബിൽഹായുടെ പുത്രന്മാർ; അവൾ യാക്കോബിന് ഇവരെ പ്രസവിച്ചു; എല്ലാംകൂടെ ഏഴുപേർ.
26യാക്കോബിന്റെ പുത്രന്മാരുടെ ഭാര്യമാരെ കൂടാതെ അവനിൽനിന്നു ജനിച്ചവരായി അവനോടുകൂടെ ഈജിപ്റ്റിൽ വന്നവർ ആകെ അറുപത്താറു പേർ.27യോസേഫിനു ഈജിപ്റ്റിൽവച്ചു ജനിച്ച പുത്രന്മാർ രണ്ടുപേർ; ഈജിപ്റ്റിൽ വന്നവരായ യാക്കോബിന്റെ കുടുംബം ആകെ എഴുപതു പേർ.

28എന്നാൽ ഗോശെനിലേക്കു യാക്കോബിന് വഴി കാണിക്കേണ്ടതിന് യാക്കോബ് യെഹൂദയെ യോസഫിന്റെ അടുക്കൽ മുൻകൂട്ടി അയച്ചു; ഇങ്ങനെ യാക്കോബും സന്തതികളും ഗോശെൻദേശത്ത് എത്തി.29യോസേഫ് രഥം കെട്ടിച്ച് അപ്പനായ യിസ്രായേലിനെ എതിരേല്പാൻ ഗോശെനിലേക്കു പോയി, അവനെ കണ്ടപ്പോൾ കെട്ടിപ്പിടിച്ച് ഏറെനേരം കരഞ്ഞു.30യിസ്രായേൽ യോസേഫിനോട്: “നീ ജീവനോടിരിക്കുന്നു എന്നു ഞാൻ നിന്റെ മുഖം കണ്ടറിഞ്ഞതുകൊണ്ട് ഞാൻ ഇപ്പോൾ തന്നെ മരിച്ചാലും വേണ്ടില്ല” എന്നു പറഞ്ഞു.
31പിന്നെ യോസേഫ് സഹോദരന്മാരോടും അപ്പന്റെ കുടുംബത്തോടും പറഞ്ഞത്: “ഞാൻ ചെന്നു ഫറവോനോട്: ‘കനാൻദേശത്തുനിന്ന് എന്റെ സഹോദരന്മാരും അപ്പന്റെ കുടുംബവും എന്റെ അടുക്കൽ വന്നിരിക്കുന്നു എന്ന് അറിയിക്കും.32അവർ ഇടയന്മാർ ആകുന്നു; കന്നുകാലികളെ മേയിക്കുന്നത് അവരുടെ തൊഴിൽ; അവർ തങ്ങളുടെ ആടുകളെയും കന്നുകാലികളെയും തങ്ങൾക്കുള്ളതൊക്കെയും കൊണ്ടുവന്നിട്ടുണ്ട്’ എന്ന് ഫറവോനോടു പറയും.
33അതുകൊണ്ട് ഫറവോൻ നിങ്ങളെ വിളിച്ച്: ‘നിങ്ങളുടെ തൊഴിൽ എന്ത്?’ എന്നു ചോദിക്കുമ്പോൾ:34‘അടിയങ്ങൾ ബാല്യംമുതൽ ഇന്നുവരെയും, ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും ഗോപാലകന്മാരാകുന്നു’ എന്നു പറയുവിൻ; എന്നാൽ നിങ്ങൾക്കു ഗോശെനിൽ പാർക്കുവാൻ ഇടയാകും; ഇടയന്മാരെല്ലാം ഈജിപ്റ്റുകാർക്കു വെറുപ്പല്ലോ.”

47

1അങ്ങനെ യോസേഫ് ചെന്ന്: “എന്റെ അപ്പനും സഹോദരന്മാരും അവരുടെ ആടുകളും കന്നുകാലികളും അവർക്കുള്ളതൊക്കെയും കനാൻദേശത്തുനിന്നു വന്നു; ഗോശെൻദേശത്ത് ഇരിക്കുന്നു” എന്നു ഫറവോനെ ബോധിപ്പിച്ചു.2പിന്നെ അവൻ തന്റെ സഹോദരന്മാരിൽ അഞ്ചുപേരെ കൂട്ടിക്കൊണ്ടുചെന്നു ഫറവോന്റെ സന്നിധിയിൽ നിർത്തി.

3അപ്പോൾ ഫറവോൻ അവന്റെ സഹോദരന്മാരോട്: “നിങ്ങളുടെ തൊഴിൽ എന്ത്” എന്നു ചോദിച്ചതിന് അവർ ഫറവോനോട്: “അടിയങ്ങളും അടിയങ്ങളുടെ പിതാക്കന്മാരും ഇടയന്മാരാകുന്നു” എന്നു പറഞ്ഞു.4“ദേശത്തു പാർക്കുവാൻ ഞങ്ങൾ വന്നിരിക്കുന്നു; കനാൻദേശത്തു ക്ഷാമം കഠിനമായിരിക്കയാൽ അടിയങ്ങളുടെ ആടുകൾക്കു മേച്ചിലില്ല; അടിയങ്ങൾ ഗോശെൻദേശത്തു പാർത്തുകൊള്ളട്ടെ” എന്നും അവർ ഫറവോനോടു പറഞ്ഞു.
5ഫറവോൻ യോസേഫിനോട്: “നിന്റെ അപ്പനും സഹോദരന്മാരും നിന്റെ അടുക്കൽ വന്നിരിക്കുന്നുവല്ലോ.6ഈജിപ്റ്റുദേശം നിന്റെ മുമ്പാകെ ഇരിക്കുന്നു; ദേശത്തിലേക്കും നല്ലഭാഗത്ത് നിന്റെ അപ്പനെയും സഹോദരന്മാരെയും പാർപ്പിക്കുക; അവർ ഗോശെൻദേശത്തുതന്നെ പാർത്തുകൊള്ളട്ടെ. അവരിൽ പ്രാപ്തന്മാർ ഉണ്ടെന്നു നീ അറിയുന്നു എങ്കിൽ അവരെ എന്റെ ആടുമാടുകളുടെ മേൽവിചാരകന്മാരാക്കി വയ്ക്കുക” എന്നു കല്പിച്ചു.
7യോസേഫ് തന്റെ അപ്പനായ യാക്കോബിനെയും അകത്തു കൊണ്ടുചെന്നു, അവനെ ഫറവോന്റെ സന്നിധിയിൽ നിർത്തി,8യാക്കോബ് ഫറവോനെ അനുഗ്രഹിച്ചു. ഫറവോൻ യാക്കോബിനോട്: “എത്രവയസ്സായി” എന്നു ചോദിച്ചു.9യാക്കോബ് ഫറവോനോട്: “എന്റെ പരദേശപ്രയാണത്തിന്റെ കാലം നൂറ്റിമുപ്പത് വർഷം ആയിരിക്കുന്നു. എന്റെ ആയുഷ്കാലം ചുരുക്കവും കഷ്ടമുള്ളതും അത്രേ; എന്റെ പിതാക്കന്മാരുടെ പരദേശപ്രയാണമായ ആയുഷ്കാലത്തോളം എത്തീട്ടുമില്ല” എന്നു പറഞ്ഞു.10യാക്കോബ് ഫറവോനെ പിന്നെയും അനുഗ്രഹിച്ചു ഫറവോന്റെ സന്നിധിയിൽനിന്നു പോയി.
11അനന്തരം യോസേഫ് തന്റെ അപ്പനെയും സഹോദരന്മാരെയും പാർപ്പിച്ചു; ഫറവോൻ കല്പിച്ചതുപോലെ അവർക്കു ഈജിപ്റ്റുദേശത്തിലേക്കും നല്ല ഭാഗമായ രമെസേസ് ദേശത്ത് അവകാശവും കൊടുത്തു.12യോസേഫ് തന്റെ അപ്പനെയും സഹോദരന്മാരെയും അപ്പന്റെ കുടുംബത്തെ ഒക്കെയും കുടുംബത്തിലെ എണ്ണത്തിന് ഒത്തവണ്ണം ആഹാരം കൊടുത്തു രക്ഷിച്ചു.

13എന്നാൽ ക്ഷാമം ഏറ്റവും കഠിനമായിരുന്നതുകൊണ്ടു ദേശത്തെങ്ങും ആഹാരമില്ലാതെയായി ഈജിപ്റ്റുദേശവും കനാൻദേശവും ക്ഷാമംകൊണ്ടു വലഞ്ഞു.14ജനങ്ങൾ വാങ്ങിയ ധാന്യത്തിനു വിലയായി യോസേഫ് ഈജിപ്റ്റുദേശത്തും കനാൻദേശത്തുമുള്ള പണം ഒക്കെയും ശേഖരിച്ചു; പണം യോസേഫ് ഫറവോന്റെ അരമനയിൽ കൊണ്ടുവന്നു.
15ഈജിപ്റ്റുദേശത്തും കനാൻദേശത്തും പണം ഇല്ലാതെയായപ്പോൾ ഈജിപ്റ്റുകാർ ഒക്കെയും യോസേഫിന്റെ അടുക്കൽ ചെന്ന്: “ഞങ്ങൾക്ക് ആഹാരം തരേണം; ഞങ്ങൾ നിന്റെ മുമ്പിൽ കിടന്നു മരിക്കുന്നത് എന്തിന്? പണം തീർന്നുപോയി” എന്നു പറഞ്ഞു.16അതിനു യോസേഫ്: “നിങ്ങളുടെ ആടുമാടുകളെ തരുവിൻ; പണം തീർന്നുപോയെങ്കിൽ നിങ്ങളുടെ ആടുമാടുകളെ വിലയായി വാങ്ങി ഞാൻ ആഹാരം തരാം” എന്നു പറഞ്ഞു.17അങ്ങനെ അവർ തങ്ങളുടെ കന്നുകാലികളെ യോസേഫിന്റെ അടുക്കൽ കൊണ്ടുവന്നു; കുതിര, ആട്, കന്നുകാലി, കഴുത എന്നിവയെ യോസേഫ് വിലയായി വാങ്ങി അവർക്ക് ആഹാരം കൊടുത്തു; ആ വർഷം അവരുടെ കന്നുകാലികളെ എല്ലാം വാങ്ങി ആഹാരം കൊടുത്തു അവരെ രക്ഷിച്ചു.
18ആ വർഷം കഴിഞ്ഞ് പിറ്റെ വർഷം അവർ അവന്റെ അടുക്കൽ ചെന്ന് അവനോടു പറഞ്ഞത്: “ഞങ്ങളുടെ പണം ചെലവായി, മൃഗക്കൂട്ടങ്ങളും യജമാനന്റെതായി; ഞങ്ങളുടെ ശരീരങ്ങളും നിലങ്ങളുമല്ലാതെ യജമാനന്റെ മുമ്പാകെ ഒന്നും ശേഷിപ്പില്ല എന്നുള്ളതു യജമാനനെ ഞങ്ങൾ മറയ്ക്കുന്നില്ല.19ഞങ്ങളും ഞങ്ങളുടെ നിലവും നിന്റെ കണ്ണിനു മുമ്പിൽ എന്തിനു നശിക്കുന്നു? നീ ഞങ്ങളെയും നിലത്തെയും ആഹാരത്തിനു വിലയായി വാങ്ങേണം. ഞങ്ങൾ നിലവുമായി ഫറവോന് അടിമകൾ ആകട്ടെ. ഞങ്ങൾ മരിക്കാതെ ജീവനോടിരിക്കേണ്ടതിനും നിലം ശൂന്യമായി പോകാതിരിക്കേണ്ടതിനും ഞങ്ങൾക്കു വിത്ത് തരേണം.”
20അങ്ങനെ യോസേഫ് ഈജിപ്റ്റിലെ നിലം ഒക്കെയും ഫറവോനു വിലയ്ക്കു വാങ്ങി; ക്ഷാമം പ്രബലപ്പെടുകകൊണ്ടു ഈജിപ്റ്റുകാർ തങ്ങളുടെ നിലം വിറ്റു; നിലമെല്ലാം ഫറവോന്റേതായി.21ജനങ്ങളേയോ അവൻ ഈജിപ്റ്റുദേശത്തിന്റെ ഒരറ്റംമുതൽ മറ്റേയറ്റംവരെ പട്ടണങ്ങളിലേക്കു മാറ്റി പാർപ്പിച്ചു.22പുരോഹിതന്മാരുടെ നിലം മാത്രം അവൻ വാങ്ങിയില്ല; പുരോഹിതന്മാർക്കു ഫറവോൻ ഒരു വിഹിതം നിശ്ചയിച്ചിട്ടുണ്ടായിരുന്നു; ഫറവോൻ അവർക്കു കൊടുത്ത വിഹിതംകൊണ്ട് അവർ ഉപജീവനം കഴിച്ചതിനാൽ അവർ തങ്ങളുടെ നിലം വിറ്റില്ല.
23യോസേഫ് ജനങ്ങളോട്: “ഞാൻ ഇന്നു നിങ്ങളെയും നിങ്ങളുടെ നിലത്തെയും ഫറവോനു വിലയ്ക്കു വാങ്ങിയിരിക്കുന്നു; നിങ്ങൾക്ക് വിത്ത് ഇതാ; നിലം വിതച്ചുകൊൾവിൻ.24വിളവെടുക്കുമ്പോൾ നിങ്ങൾ ഫറവോന് അഞ്ചിലൊന്നു കൊടുക്കേണം; നാലോഹരിയോ, വിതയ്ക്കാനുള്ള വിത്തായിട്ടും നിങ്ങൾക്കും നിങ്ങളുടെ വീടുകളിലുള്ളവർക്കും നിങ്ങളുടെ കുഞ്ഞുകുട്ടികൾക്കും ആഹാരമായിട്ടും നിങ്ങൾക്കുതന്നെ ഇരിക്കട്ടെ” എന്നു പറഞ്ഞു.
25അതിന് അവർ: “നീ ഞങ്ങളുടെ ജീവനെ രക്ഷിച്ചിരിക്കുന്നു; യജമാനനു ഞങ്ങളോടു ദയയുണ്ടായാൽ മതി; ഞങ്ങൾ ഫറവോന് അടിമകളായിക്കൊള്ളാം” എന്നു പറഞ്ഞു.26അഞ്ചിലൊന്നു ഫറവോനു ചെല്ലേണം എന്നിങ്ങിനെ യോസേഫ് ഈജിപ്റ്റിലെ നിലങ്ങളെ സംബന്ധിച്ചുവച്ച നിയമം ഇന്നുവരെയും നിലനിൽക്കുന്നു. പുരോഹിതന്മാരുടെ നിലം മാത്രം ഫറവോന്റേതായിട്ടില്ല.
27യിസ്രായേൽ ഈജിപ്റ്റുരാജ്യത്തിലെ ഗോശെൻദേശത്തു പാർത്തു; അവിടെ കൈവശാവകാശം സമ്പാദിച്ച്, ഏറ്റവും സന്താനപുഷ്ടിയുള്ളവരായി പെരുകിവന്നു.

28യാക്കോബ് ഈജിപ്റ്റുദേശത്തു വന്നിട്ടു പതിനേഴു വർഷം ജീവിച്ചിരുന്നു; യാക്കോബിന്റെ ആയുഷ്കാലം ആകെ നൂറ്റിനാല്പത്തേഴു വർഷം ആയിരുന്നു.
29യിസ്രായേൽ മരിപ്പാനുള്ള കാലം അടുത്തപ്പോൾ അവൻ തന്റെ മകനായ യോസേഫിനെ വിളിപ്പിച്ച് അവനോട്: “നിനക്ക് എന്നോടു കൃപയുണ്ടെങ്കിൽ നിന്റെ കൈ എന്റെ തുടയിൻകീഴിൽ വയ്ക്കുക; എന്നോടു ദയയും വിശ്വസ്തതയും കാണിച്ച് എന്നെ ഈജിപ്റ്റിൽ അടക്കാതെ,30ഞാൻ എന്റെ പിതാക്കന്മാരെപ്പോലെ നിദ്രകൊള്ളുമ്പോൾ എന്നെ ഈജിപ്റ്റിൽനിന്ന് എടുത്തുകൊണ്ടുപോയി അവരുടെ ശ്മശാനഭൂമിയിൽ അടക്കേണം” എന്നു പറഞ്ഞു.നിന്റെ കല്പനപ്രകാരം ഞാൻ ചെയ്യാം” എന്ന് യോസേഫ് പറഞ്ഞു.31“എന്നോടു സത്യം ചെയ്ക” എന്ന് യിസ്രായേൽ പറഞ്ഞു; യോസേഫ് സത്യവും ചെയ്തു; അപ്പോൾ യിസ്രായേൽ കട്ടിലിന്റെ തലയ്ക്കൽ നമസ്കരിച്ചു.

48

1അനന്തരം യോസേഫിന്: “നിന്റെ അപ്പൻ ദീനമായി കിടക്കുന്നു” എന്നു വാർത്ത ലഭിച്ചു; ഉടനെ അവൻ മനശ്ശെ, എഫ്രയീം എന്ന രണ്ടു പുത്രന്മാരെയും കൂട്ടിക്കൊണ്ടു ചെന്നു:2“നിന്റെ മകൻ യോസേഫ് ഇതാ വരുന്നു” എന്നു യാക്കോബിനെ അറിയിച്ചു; അപ്പോൾ യിസ്രായേൽ ശക്തി സംഭരിച്ച് കട്ടിലിന്മേൽ എഴുന്നേറ്റിരുന്നു.

3യാക്കോബ് യോസേഫിനോടു പറഞ്ഞത്: “സർവ്വശക്തിയുള്ള ദൈവം കനാൻദേശത്തിലെ ലൂസ്സിൽവച്ച് എനിക്കു പ്രത്യക്ഷനായി എന്നെ അനുഗ്രഹിച്ചു,4എന്നോട്: ‘ഞാൻ നിന്നെ സന്താനപുഷ്ടിയുള്ളവനാക്കി പെരുക്കി നിന്നെ ജനസമൂഹമാക്കുകയും നിന്റെ ശേഷം നിന്റെ സന്തതിക്ക് ഈ ദേശം ശാശ്വതാവകാശമായി കൊടുക്കുകയും ചെയ്യും’ എന്ന് അരുളിച്ചെയ്തു.
5ഈജിപ്റ്റിൽ നിന്റെ അടുക്കൽ ഞാൻ വരുംമുമ്പേ നിനക്കു ഈജിപ്റ്റുദേശത്തുവച്ചു ജനിച്ച രണ്ടു പുത്രന്മാരായ മനശ്ശെയും എഫ്രയീമും എനിക്കുള്ളവർ ആയിരിക്കട്ടെ; രൂബേനും ശിമെയോനും എന്നപോലെ അവർ എനിക്കുള്ളവരായിരിക്കട്ടെ.6ഇവരുടെ ശേഷം നിനക്കു ജനിക്കുന്ന സന്തതിയോ നിനക്കുള്ളവരായിരിക്കട്ടെ; അവർ തങ്ങളുടെ അവകാശത്തിൽ തങ്ങളുടെ സഹോദരന്മാരുടെ പേരിൻപ്രകാരം വിളിക്കപ്പെടട്ടെ.7ഞാൻ പദ്ദനിൽനിന്നു വരുമ്പോൾ, കനാൻദേശത്ത് എഫ്രാത്തിൽ എത്തുവാൻ അല്പം ദൂരം മാത്രമുള്ളപ്പോൾ വഴിയിൽവച്ചു റാഹേൽ മരിച്ചു; ഞാൻ അവളെ അവിടെ (ബേത്ത്ലേഹെം എന്ന) എഫ്രാത്തിനുള്ള വഴിയരികെ അടക്കം ചെയ്തു.”
8യിസ്രായേൽ യോസേഫിന്റെ പുത്രന്മാരെ കണ്ടപ്പോൾ: “ഇവർ ആർ?” എന്നു ചോദിച്ചു.9“ദൈവം ഇവിടെ എനിക്കു തന്നിട്ടുള്ള പുത്രന്മാർ” എന്നു യോസേഫ് അപ്പനോടു പറഞ്ഞു. “അവരെ എന്റെ അടുക്കൽ കൊണ്ടുവരിക; ഞാൻ അവരെ അനുഗ്രഹിക്കും” എന്ന് അവൻ പറഞ്ഞു.10എന്നാൽ യിസ്രായേലിന്റെ കണ്ണു വയസ്സുകൊണ്ടു മങ്ങി കാണുവാൻ കഴിയാതിരുന്നു; അവരെ അടുക്കൽ കൊണ്ടുചെന്നപ്പോൾ അവൻ അവരെ ചുംബിച്ച് ആലിംഗനം ചെയ്തു.
11യിസ്രായേൽ യോസേഫിനോട്: “നിന്റെ മുഖം കാണുമെന്നു ഞാൻ വിചാരിച്ചിരുന്നില്ല; എന്നാൽ നിന്റെ സന്തതിയെയും കാണുവാൻ ദൈവം എനിക്കു ഇടവരുത്തിയല്ലോ” എന്നു പറഞ്ഞു.12യോസേഫ് അവരെ അവന്റെ മുഴങ്കാലുകൾക്കിടയിൽനിന്നു മാറ്റി; സാഷ്ടാംഗം നമസ്കരിച്ചു.13പിന്നെ യോസേഫ് എഫ്രയീമിനെ വലംകൈകൊണ്ടു പിടിച്ച് യിസ്രായേലിന്റെ ഇടംകൈയ്ക്കു നേരെയും മനശ്ശെയെ ഇടംകൈകൊണ്ടു പിടിച്ച് യിസ്രായേലിന്റെ വലംകൈയ്ക്കു നേരെയുമായി ഇങ്ങനെ രണ്ടുപേരെയും അവന്റെ അടുക്കൽ കൊണ്ടുചെന്നു.
14യിസ്രായേൽ വലംകൈ നീട്ടി ഇളയവനായ എഫ്രയീമിന്റെ തലയിലും ഇടംകൈ ആദ്യജാതനായ മനശ്ശെയുടെ തലയിലുമായി അങ്ങനെ തന്റെ കൈകളെ പിണച്ചുവച്ചു.15പിന്നെ അവൻ യോസേഫിനെ അനുഗ്രഹിച്ചു: “എന്റെ പിതാക്കന്മാരായ അബ്രാഹാമും യിസ്ഹാക്കും ആരാധിച്ചുപോന്ന ദൈവം, ഞാൻ ജനിച്ച നാൾമുതൽ ഇന്നുവരെയും എന്നെ പുലർത്തിയിരിക്കുന്ന ദൈവം,16എന്നെ സകലദോഷങ്ങളിൽനിന്നും വിടുവിച്ച ദൂതൻ ഈ കുട്ടികളെ അനുഗ്രഹിക്കുമാറാകട്ടെ; എന്റെ പേരും എന്റെ പിതാക്കന്മാരായ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും പേരും ഇവരിൽ നിലനില്ക്കുമാറാകട്ടെ; ഇവർ ഭൂമിയിൽ കൂട്ടമായി വർദ്ധിക്കട്ടെ” എന്നു പറഞ്ഞു.
17അപ്പൻ വലംകൈ എഫ്രയീമിന്റെ തലയിൽവച്ചു എന്നു യോസേഫ് കണ്ടപ്പോൾ അവന് അനിഷ്ടം തോന്നി; അപ്പന്റെ കൈ എഫ്രയീമിന്റെ തലയിൽനിന്നു മനശ്ശെയുടെ തലയിൽ മാറ്റിവയ്ക്കുവാൻ പിടിച്ചു.18യോസേഫ് അപ്പനോട്: “അങ്ങനെയല്ല, എന്റെ അപ്പാ; ഇവനല്ലോ ആദ്യജാതൻ; ഇവന്റെ തലയിൽ വലംകൈ വയ്ക്കണം” എന്നു പറഞ്ഞു.
19എന്നാൽ അവന്റെ അപ്പൻ സമ്മതിക്കാതെ: “എനിക്ക് അറിയാം; മകനേ, എനിക്ക് അറിയാം; ഇവനും ഒരു വലിയ ജനമായിത്തീരും, ഇവനും വർദ്ധിക്കും; എങ്കിലും അനുജൻ അവനെക്കാൾ അധികം വർദ്ധിക്കും; അവന്റെ സന്തതികളോ ജനസമൂഹമായ്തീരും” എന്നു പറഞ്ഞു.20അങ്ങനെ അവൻ അന്ന് അവരെ അനുഗ്രഹിച്ചു: ദൈവം നിന്നെ എഫ്രയീമിനെയും മനശ്ശെയെയുംപോലെ ആക്കുമാറാകട്ടെ’ എന്ന് യിസ്രായേല്യർ നിന്റെ പേർ ചൊല്ലി അനുഗ്രഹിക്കും” എന്നു പറഞ്ഞ് എഫ്രയീമിനെ മനശ്ശെയ്ക്കു മുൻപാക്കി.
21യോസേഫിനോടു യിസ്രായേൽ പറഞ്ഞത്: “ഇതാ, ഞാൻ മരിക്കുന്നു; ദൈവം നിങ്ങളോടുകൂടെ ഇരുന്നു നിങ്ങളെ നിങ്ങളുടെ പിതാക്കന്മാരുടെ ദേശത്തേക്കു മടക്കി കൊണ്ടുപോകും.22എന്റെ വാളും വില്ലുംകൊണ്ട് ഞാൻ അമോര്യരുടെ കൈയിൽനിന്നു പിടിച്ചടക്കിയ മലഞ്ചരിവ് ഞാൻ നിന്റെ സഹോദരന്മാരുടെ ഓഹരിയിൽ കവിഞ്ഞതായി നിനക്കു തന്നിരിക്കുന്നു.”

49

1അനന്തരം യാക്കോബ് തന്റെ പുത്രന്മാരെ വിളിച്ച് അവരോടു പറഞ്ഞത്: “കൂടിവരുവിൻ, ഭാവികാലത്തു നിങ്ങൾക്കു സംഭവിപ്പാനുള്ളതു ഞാൻ നിങ്ങളെ അറിയിക്കും.

2യാക്കോബിന്റെ പുത്രന്മാരേ: കൂടിവന്നു കേൾപ്പിൻ;
നിങ്ങളുടെ അപ്പനായ യിസ്രായേലിന്റെ മൊഴിക്കു ചെവിതരുവിൻ!
3രൂബേനേ, നീ എന്റെ ആദ്യജാതൻ, എന്റെ വീര്യവും എന്റെ ശക്തിയുടെ ആദ്യഫലവും
ശ്രേഷ്ഠതയുടെ വൈശിഷ്ട്യവും
ബലത്തിന്റെ വൈശിഷ്ട്യവും തന്നെ.
4വെള്ളംപോലെ തുളുമ്പുന്നവനേ, നീ ശ്രേഷ്ഠനാകയില്ല;
നീ അപ്പന്റെ കിടക്കമേൽ കയറി അതിനെ അശുദ്ധമാക്കി;
എന്റെ ശയ്യമേൽ അവൻ കയറിയല്ലോ.
5ശിമയോനും ലേവിയും സഹോദരന്മാർ; അവരുടെ വാളുകൾ സാഹസത്തിന്റെ ആയുധങ്ങൾ.
6എൻ ഉള്ളമേ, അവരുടെ ഗൂഢാലോചനകളിൽ കൂടരുതേ;
എൻ മനമേ, അവരുടെ യോഗത്തിൽ ചേരരുതേ;
തങ്ങളുടെ കോപത്തിൽ അവർ പുരുഷന്മാരെ കൊന്നു;
തങ്ങളുടെ ശാഠ്യത്തിൽ അവർ കാളകളുടെ വരിയുടച്ചു.
7അവരുടെ ഉഗ്രകോപവും കഠിനക്രോധവും ശപിക്കപ്പെട്ടത്;
ഞാൻ അവരെ യാക്കോബിൽ വിഭജിക്കുകയും യിസ്രായേലിൽ ചിതറിക്കുകയും ചെയ്യും.
8യെഹൂദയേ, സഹോദരന്മാർ നിന്നെ പുകഴ്ത്തും;
നിന്റെ കൈ ശത്രുക്കളുടെ കഴുത്തിൽ ഇരിക്കും;
അപ്പന്റെ മക്കൾ നിന്റെ മുമ്പിൽ നമസ്കരിക്കും.
9യഹൂദാ ഒരു ബാലസിംഹം;
മകനേ, നീ ഇരപിടിച്ചു കയറിയിരിക്കുന്നു;
അവൻ കുനിഞ്ഞു, സിംഹംപോലെയും സിംഹിപോലെയും പതുങ്ങിക്കിടക്കുന്നു; ആർ അവനെ എഴുന്നേല്പിക്കും?
10അവകാശമുള്ളവൻ വരുവോളം ചെങ്കോൽ യെഹൂദയിൽനിന്നും
രാജദണ്ഡ് അവന്റെ കാലുകളുടെ ഇടയിൽനിന്നും നീങ്ങിപ്പോകയില്ല;
ജനതകളുടെ അനുസരണം അവനോട് ആകും.
11അവൻ മുന്തിരിവള്ളിയോടു ചെറുകഴുതയെയും
വിശിഷ്ടമുന്തിരിവള്ളിയോടു കഴുതക്കുട്ടിയെയും കെട്ടുന്നു;
അവൻ വീഞ്ഞിൽ തന്റെ ഉടുപ്പും മുന്തിരിച്ചാറിൽ തന്റെ വസ്ത്രവും അലക്കുന്നു.
12അവന്റെ കണ്ണു വീഞ്ഞുകൊണ്ടു ചുവന്നും അവന്റെ പല്ല് പാലുകൊണ്ടു വെളുത്തും ഇരിക്കുന്നു.

13സെബൂലൂൻ സമുദ്രതീരത്തു വസിക്കും; അവൻ കപ്പലുകൾക്ക് ഒരു അഭയകേന്ദ്രമായിത്തീരും;
അവന്റെ അതിർത്തി സീദോൻ വരെ ആകും.

14യിസ്സാഖാർ കരുത്തുള്ള കഴുത; അവൻ തൊഴുത്തുകളുടെ മദ്ധ്യേ കിടക്കുന്നു.15വിശ്രമസ്ഥലം നല്ലതെന്നും ദേശം ആനന്ദപ്രദമെന്നും കണ്ടു,
അവൻ ഭാരം കയറ്റാൻ തോൾ കുനിച്ചുകൊടുത്തു നിർബന്ധവേലയ്ക്ക് അടിമയായിത്തീർന്നു.
16ദാൻ ഏതൊരു യിസ്രായേല്യഗോത്രവുംപോലെ
സ്വജനത്തിനു ന്യായപാലനം ചെയ്യും.
17ദാൻ വഴിയിൽ ഒരു പാമ്പും
പാതയിൽ ഒരു സർപ്പവും ആകുന്നു;
അവൻ കുതിരയുടെ കുതികാൽ കടിക്കും; പുറത്തു കയറിയവൻ മലർന്നു വീഴും.
18യഹോവേ, ഞാൻ നിന്റെ രക്ഷയ്ക്കായി കാത്തിരിക്കുന്നു.

19ഗാദോ, കവർച്ചപ്പട അവനെ ഞെരുക്കും; എന്നാൽ അവൻ അവസാനം ജയം പ്രാപിക്കും.

20ആശേരോ, അവന്റെ ആഹാരം പുഷ്ടിയുള്ളത്;
അവൻ രാജകീയസ്വാദുഭോജനം നല്കും.

21നഫ്താലി സ്വതന്ത്രയായി നടക്കുന്ന പേടമാൻ;
അവൻ ലാവണ്യവാക്കുകൾ സംസാരിക്കുന്നു.

22യോസേഫ് ഫലപ്രദമായൊരു വൃക്ഷം,
നീരുറവിനരികെ ഫലപ്രദമായൊരു വൃക്ഷം തന്നെ;
അതിന്റെ ശാഖകൾ മതിലിന്മേൽ പടരുന്നു.
23വില്ലാളികൾ അവനെ വിഷമിപ്പിച്ചു;
അവർ എയ്തു,
അവനോടു പൊരുതി.
24അവന്റെ വില്ല് ഉറപ്പോടെ നിന്നു;
അവന്റെ ഭുജം യാക്കോബിൻ വല്ലഭന്റെ കൈയാൽ ബലപ്പെട്ടു;
യിസ്രായേലിന്റെ പാറയായ ഇടയന്റെ നാമത്താൽ തന്നെ.
25നിൻ പിതാവിന്റെ ദൈവത്താൽ അവൻ നിന്നെ സഹായിക്കും
സർവ്വശക്തനാൽ തന്നെ അവൻ മീതെ ആകാശത്തിന്റെ അനുഗ്രഹങ്ങളാലും
താഴെ കിടക്കുന്ന ആഴത്തിന്റെ അനുഗ്രങ്ങളാലും
മുലയുടെയും ഗർഭത്തിന്റെയും അനുഗ്രഹങ്ങളാലും നിന്നെ അനുഗ്രഹിക്കും.
26നിൻ പിതാവിന്റെ അനുഗ്രഹങ്ങൾ
എൻ പിതാകന്മാരുടെ അനുഗ്രഹങ്ങൾക്കു മീതെ
ശാശ്വതഗിരികളുടെ അറ്റത്തോളം പ്രബലപ്പെട്ടു.
അവ യോസേഫിന്റെ തലയിലും
തന്റെ സഹോദരന്മാരിൽ പ്രഭുവായവന്റെ നെറുകയിലും വരും.

27ബെന്യാമീൻ കടിച്ചു കീറുന്ന ചെന്നായ്; രാവിലേ അവൻ ഇരപിടിച്ചു വിഴുങ്ങും; വൈകുന്നേരത്ത് അവൻ കവർച്ച പങ്കിടും.”
28യിസ്രായേൽ ഗോത്രം പന്ത്രണ്ടും ഇവ ആകുന്നു; അവരുടെ പിതാവ് അവരോടു പറഞ്ഞത് ഇതു തന്നെ; അവൻ അവരിൽ ഓരോരുത്തന് അവനവന്റെ അനുഗ്രഹം കൊടുത്ത് അവരെ അനുഗ്രഹിച്ചു.29അവൻ അവരോട് ആജ്ഞാപിച്ചു പറഞ്ഞത്: “ഞാൻ എന്റെ ജനത്തോടു ചേരുമ്പോൾ ഹിത്യനായ എഫ്രോന്റെ നിലത്തിലെ ഗുഹയിൽ എന്റെ പിതാക്കന്മാരുടെ അടുക്കൽ എന്നെ സംസ്കരിക്കേണം.30കനാൻദേശത്തു മമ്രേക്കു സമീപം, അബ്രാഹാം ഹിത്യനായ എഫ്രോനോടു നിലത്തോടുകൂടെ ശ്മശാനഭൂമിയായി അവകാശം വാങ്ങിയ മക്പേലാ എന്ന നിലത്തിലെ ഗുഹയിൽ തന്നെ.
31അവിടെ അവർ അബ്രാഹാമിനെയും അവന്റെ ഭാര്യയായ സാറായെയും യിസ്ഹാക്കിനെയും അവന്റെ ഭാര്യയായ റിബെക്കായെയും സംസ്കരിച്ചു; അവിടെ ഞാൻ ലേയായെയും സംസ്കരിച്ചു.32ആ നിലവും അതിലെ ഗുഹയും ഹിത്യരോടു വിലയ്ക്കു വാങ്ങിയതാകുന്നു.”33യാക്കോബ് തന്റെ പുത്രന്മാരോട് ആജ്ഞാപിച്ചു തീർന്നശേഷം അവൻ കാൽ കട്ടിലിന്മേൽ എടുത്തു വച്ചിട്ടു പ്രാണനെ വിട്ടു തന്റെ ജനത്തോടു ചേർന്നു.

50

1അപ്പോൾ യോസേഫ് തന്റെ അപ്പന്റെ മുഖത്തു വീണു കരഞ്ഞ് അവനെ ചുംബിച്ചു.2പിന്നെ തന്റെ അപ്പനു സുഗന്ധവർഗ്ഗം ഇടുവാൻ യോസേഫ് തന്റെ ദാസന്മാരായ വൈദ്യന്മാരോടു കല്പിച്ചു; വൈദ്യന്മാർ യിസ്രായേലിനു സുഗന്ധവർഗ്ഗം ഇട്ടു.3അങ്ങനെ നാല്പതു ദിവസം കഴിഞ്ഞു; സുഗന്ധവർഗ്ഗം ഇടുവാൻ അത്ര ദിവസം വേണ്ടിവരും. ഈജിപ്റ്റുകാർ അവനെക്കുറിച്ച് എഴുപതു ദിവസം വിലാപം കഴിച്ചു.

4അവനായുള്ള വിലാപകാലം കഴിഞ്ഞപ്പോൾ യോസേഫ് ഫറവോന്റെ കുടുംബക്കാരോടു സംസാരിച്ചു: “നിങ്ങൾക്ക് എന്നോടു ദയ ഉണ്ടെങ്കിൽ നിങ്ങൾ ഫറവോനോട്:5‘എന്റെ അപ്പൻ: “ഇതാ, ഞാൻ മരിക്കുന്നു; ഞാൻ കനാൻദേശത്ത് എനിക്കുവേണ്ടി വെട്ടിയിരിക്കുന്ന കല്ലറയിൽ തന്നെ നീ എന്നെ സംസ്കരിക്കേണം” എന്നു പറഞ്ഞ് എന്നെക്കൊണ്ടു സത്യം ചെയ്യിച്ചിട്ടുണ്ട്. ആകയാൽ ഞാൻ പോയി എന്റെ അപ്പനെ സംസ്കരിച്ചു മടങ്ങിവരുവാൻ അനുവാദത്തിന് അപേക്ഷിക്കുന്നു’ എന്ന് ഉണർത്തിപ്പിൻ” എന്നു പറഞ്ഞു.6“നിന്റെ അപ്പൻ നിന്നെക്കൊണ്ടു സത്യം ചെയ്യിച്ചതുപോലെ നീ പോയി അവനെ സംസ്കരിക്കുക” എന്നു ഫറവോൻ കല്പിച്ചു.
7അങ്ങനെ യോസേഫ് അപ്പനെ സംസ്കരിക്കുവാൻ പോയി; ഫറവോന്റെ ഭൃത്യന്മാരും കൊട്ടാരത്തിലെ അധികാരികളും8ഈജിപ്റ്റുദേശത്തിലെ പ്രമാണികളും യോസേഫിന്റെ കുടുംബം ഒക്കെയും അവന്റെ സഹോദരന്മാരും പിതൃഭവനവും അവനോടുകൂടെ പോയി; തങ്ങളുടെ കുഞ്ഞുകുട്ടികളെയും ആടുമാടുകളെയും മാത്രം അവർ ഗോശെൻദേശത്തു വിട്ടേച്ചുപോയി.9രഥങ്ങളും കുതിരക്കാരും അവനോടുകൂടെ പോയി; അത് ഏറ്റവും വലിയ ജനകൂട്ടമായിരുന്നു.
10അവർ യോർദ്ദാനക്കരെയുള്ള ആതാദിലെ മെതികളത്തിൽ എത്തിയപ്പോൾ അവിടെവച്ച് എത്രയും ഗൗരവമായ പ്രലാപം കഴിച്ചു; ഇങ്ങനെ അവൻ ഏഴു ദിവസം തന്റെ അപ്പനെക്കുറിച്ചു വിലാപം കഴിച്ചു.11ദേശനിവാസികളായ കനാന്യർ ആതാദിൽ മെതിക്കളത്തിലെ വിലാപം കണ്ടിട്ട്: “ഇതു ഈജിപ്റ്റുകാരുടെ മഹാവിലാപം” എന്നു പറഞ്ഞു; അതുകൊണ്ട് ആ സ്ഥലത്തിന് ആബേൽ-മിസ്രയീം എന്നു പേരായി; അതു യോർദ്ദാനക്കരെ ആകുന്നു.
12യാക്കോബ് കല്പിച്ചിരുന്നതുപോലെ അവന്റെ പുത്രന്മാർ അവനു ചെയ്തു.13അവന്റെ പുത്രന്മാർ അവനെ കനാൻദേശത്തേക്കു കൊണ്ടുപോയി, മമ്രേക്കു സമീപം അബ്രാഹാം ഹിത്യനായ എഫ്രോനോടു നിലത്തോടുകൂടെ ശ്മശാനഭൂമിയായി അവകാശം വാങ്ങിയ മക്പേലയെന്ന നിലത്തിലെ ഗുഹയിൽ അവനെ സംസ്കരിച്ചു.

14യോസേഫ് അപ്പനെ സംസ്കരിച്ചശേഷം അവനും സഹോദരന്മാരും അവന്റെ അപ്പനെ സംസ്കരിക്കുവാൻ കൂടെ പോയിരുന്ന എല്ലാവരും ഈജിപ്റ്റിലേക്ക് മടങ്ങിപ്പോന്നു.
15അപ്പൻ മരിച്ചുപോയി എന്നു യോസേഫിന്റെ സഹോദരന്മാർ കണ്ടിട്ട്: “ഒരുപക്ഷേ യോസേഫ് നമ്മെ വെറുത്തു, നാം അവനോടു ചെയ്ത സകലദോഷത്തിനും നമ്മോടു പ്രതികാരം ചെയ്യും” എന്നു പറഞ്ഞു.16അവർ യോസേഫിന്റെ അടുക്കൽ ആളയച്ചു: “അപ്പൻ മരിക്കും മുമ്പേ: ‘നിന്റെ സഹോദരന്മാർ നിന്നോടു ദോഷം ചെയ്തു; അവർ ചെയ്ത അതിക്രമവും പാപവും നീ ക്ഷമിക്കേണം എന്നു യോസേഫിനോടു പറയുവിൻ’ എന്നു കല്പിച്ചിരിക്കുന്നു.17ആകയാൽ അപ്പന്റെ ദൈവത്തിന്റെ ദാസന്മാരുടെ ദ്രോഹം ക്ഷമിക്കേണമേ” എന്നു പറയിച്ചു. അവർ യോസേഫിനോടു സംസാരിക്കുമ്പോൾ അവൻ കരഞ്ഞു.
18അവന്റെ സഹോദരന്മാർ ചെന്ന് അവന്റെ മുമ്പാകെ വീണു: “ഇതാ, ഞങ്ങൾ നിനക്ക് അടിമകൾ” എന്നു പറഞ്ഞു.19യോസേഫ് അവരോട്: “നിങ്ങൾ ഭയപ്പെടേണ്ടാ; ഞാൻ ദൈവത്തിന്റെ സ്ഥാനത്ത് ഇരിക്കുന്നുവോ?20നിങ്ങൾ എന്റെ നേരെ ദോഷം വിചാരിച്ചു; ദൈവമോ, ഇന്നുള്ളതുപോലെ ബഹുജനത്തിനു ജീവരക്ഷ വരുത്തേണ്ടതിന് അതിനെ ഗുണമാക്കിത്തീർത്തു.21ആകയാൽ നിങ്ങൾ ഭയപ്പെടേണ്ടാ; ഞാൻ നിങ്ങളെയും നിങ്ങളുടെ കുഞ്ഞുകുട്ടികളെയും സംരക്ഷിക്കും” എന്നു പറഞ്ഞ് അവരെ ആശ്വസിപ്പിച്ചു ധൈര്യപ്പെടുത്തി.

22യോസേഫും അവന്റെ പിതൃഭവനവും ഈജിപ്റ്റിൽ പാർത്തു, യോസേഫ് നൂറ്റിപ്പത്തു വർഷം ജീവിച്ചിരുന്നു.23എഫ്രയീമിന്റെ മൂന്നാം തലമുറയിലെ മക്കളെയും യോസേഫ് കണ്ടു; മനശ്ശെയുടെ മകനായ മാഖീരിന്റെ മക്കളും യോസേഫിന്റെ മടിയിൽ വളർന്നു.
24അനന്തരം യോസേഫ് തന്റെ സഹോദരന്മാരോട്: “ഞാൻ മരിക്കുന്നു; എന്നാൽ ദൈവം നിങ്ങളെ സന്ദർശിക്കുകയും ഈ ദേശത്തുനിന്നു താൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യംചെയ്ത ദേശത്തേക്കു കൊണ്ടുപോകുകയും ചെയ്യും” എന്നു പറഞ്ഞു.25“ദൈവം നിങ്ങളെ സന്ദർശിക്കുമ്പോൾ നിങ്ങൾ എന്റെ അസ്ഥികളെ ഇവിടെനിന്നു കൊണ്ടുപോകേണം” എന്നു പറഞ്ഞ് യോസേഫ് യിസ്രായേൽമക്കളെക്കൊണ്ടു സത്യം ചെയ്യിച്ചു.26യോസേഫ് നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു. അവർ അവന് സുഗന്ധവർഗ്ഗം ഇട്ട് അവനെ ഈജിപ്റ്റിൽ ഒരു ശവപ്പെട്ടിയിൽ വച്ചു.

പുറപ്പാടുപുസ്തകം

1

1യാക്കോബിനോടുകൂടെ കുടുംബസഹിതം ഈജിപ്റ്റിൽ വന്ന യിസ്രായേൽമക്കളുടെ പേരുകൾ :2രൂബേൻ, ശിമെയോൻ, ലേവി,3യെഹൂദാ, യിസ്സാഖാർ, സെബൂലൂൻ, ബെന്യാമീൻ4ദാൻ, നഫ്താലി, ഗാദ്, ആശേർ.5യാക്കോബിന്റെ സന്താനപരമ്പരകൾ എല്ലാം കൂടി എഴുപതു പേർ ആയിരുന്നു; യോസേഫ് മുമ്പെ തന്നെ ഈജിപ്റ്റിൽ ആയിരുന്നു.

6പിന്നീട് യോസേഫും സഹോദരന്മാരെല്ലാവരും ആ തലമുറ ഒക്കെയും മരിച്ചു.7യിസ്രായേൽമക്കൾ സന്താനസമ്പന്നരായി അത്യന്തം വർദ്ധിച്ചു പെരുകി ബലപ്പെട്ടു; ദേശം അവരെക്കൊണ്ടു നിറഞ്ഞു.

8അതിനുശേഷം യോസേഫിനെ അറിയാത്ത ഒരു പുതിയ രാജാവ് ഈജിപ്റ്റിൽ ഉണ്ടായി.9അവൻ തന്റെ ജനത്തോട്: “യിസ്രായേൽജനം നമ്മെക്കാൾ ശക്തരും എണ്ണത്തിൽ അധികവും ആകുന്നു.10ഈ നിലയിൽ വർദ്ധിച്ചിട്ട് ഒരു യുദ്ധം ഉണ്ടായാൽ, നമ്മുടെ ശത്രുക്കളോട് ചേർന്ന് നമ്മോടു യുദ്ധം ചെയ്യുകയും ഈ രാജ്യം വിട്ടു പോകുകയും ചെയ്യും. അങ്ങനെ വരാതിരിക്കേണ്ടതിന് നാം അവരോടു ബുദ്ധിപൂർവം പെരുമാറുക.”
11അങ്ങനെ കഠിനവേലകളാൽ അവരെ പീഡിപ്പിക്കേണ്ടതിന് അവരുടെമേൽ 1 ഊഴിയവിചാരകന്മാരെ ആക്കി; അവർ പീഥോം, റയംസേസ് എന്ന ധാന്യസംഭരണനഗരങ്ങൾ ഫറവോന് പണിതു.12എന്നാൽ അവർ പീഡിപ്പിക്കുന്തോറും ജനം വർദ്ധിച്ച് ദേശമെല്ലായിടവും വ്യാപിച്ചു; അതുകൊണ്ട് ഈജിപ്റ്റുകാർ യിസ്രായേൽമക്കൾ നിമിത്തം പേടിച്ചു.
13ഈജിപ്റ്റുകാർ യിസ്രായേൽമക്കളെക്കൊണ്ടു കഠിനവേല ചെയ്യിച്ചു.14കളിമണ്ണുകൊണ്ടുള്ള ഇഷ്ടിക നിർമാണത്തിലും, വയലിലെ എല്ലാവിധ കഠിനപ്രവർത്തിയിലും അവർ അവരുടെ ജീവനെ കയ്പാക്കി. അവർ ചെയ്ത എല്ലാ ജോലിയും കാഠിന്യം ഉള്ളതായിരുന്നു.

15എന്നാൽ ഈജിപ്റ്റിലെ രാജാവ് ശിപ്രാ എന്നും പൂവാ എന്നും പേരുള്ള എബ്രായ 2 സൂതികർമ്മിണികളോട്:16“എബ്രായസ്ത്രീകളുടെ അടുക്കൽ നിങ്ങൾ സൂതികർമ്മത്തിന് ചെന്ന് പ്രസവശയ്യയിൽ അവരെ കാണുമ്പോൾ കുട്ടി ആണാകുന്നു എങ്കിൽ നിങ്ങൾ അതിനെ കൊല്ലണം; പെണ്ണാകുന്നു എങ്കിൽ ജീവനോടിരിക്കട്ടെ” എന്നു കല്പിച്ചു.17എന്നാൽ സൂതികർമ്മിണികൾ ദൈവത്തെ ഭയപ്പെട്ടു, ഈജിപ്റ്റ് രാജാവ് തങ്ങളോടു കല്പിച്ചതുപോലെ ചെയ്യാതെ ആൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിച്ചു.
18അപ്പോൾ ഈജിപ്റ്റിലെ രാജാവ് സൂതികർമ്മിണികളെ വരുത്തി; “ഇങ്ങനെയുള്ള പ്രവൃത്തിചെയ്ത് നിങ്ങൾ ആൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിക്കുന്നത് എന്ത് ?” എന്നു ചോദിച്ചു.19സൂതികർമ്മിണികൾ ഫറവോനോട്: “എബ്രായസ്ത്രീകൾ ഈജിപ്റ്റിലെ സ്ത്രീകളെപ്പോലെ അല്ല; അവർ നല്ല ശക്തിയുള്ളവർ; സൂതികർമ്മിണികൾ അവരുടെ അടുക്കൽ എത്തുന്നതിന് മുമ്പെ അവർ പ്രസവിച്ചുകഴിയും” എന്നു പറഞ്ഞു.
20അതുകൊണ്ട് ദൈവം സൂതികർമ്മിണികൾക്കു നന്മചെയ്തു; ജനം വർദ്ധിച്ച് ഏറ്റവും ബലപ്പെട്ടു.21സൂതി കർമ്മിണികൾ ദൈവത്തെ ഭയപ്പെടുന്നത് കൊണ്ട് അവൻ അവർക്കു കുടുംബവർദ്ധന നല്കി.22പിന്നെ ഫറവോൻ തന്റെ സകലജനത്തോടും: “ജനിക്കുന്ന ഏത് ആൺകുട്ടിയെയും നദിയിൽ ഇട്ടുകളയണമെന്നും ഏത് പെൺകുട്ടിയെയും ജീവനോടെ രക്ഷിക്കണം” എന്നും കല്പിച്ചു.


1 1:11 ഊഴിയവിചാരകന്മാർ = യിസായേൽജനങ്ങളെ കഠിനവേല ചെയ്യിക്കുവാൻ മേൽനോട്ടം വഹിക്കുന്ന ഈജിപ്റ്റുകാർ
2 1:15 സൂതികർമ്മിണികൾ = പ്രസവശുശ്രൂഷയിൽ സഹായിക്കുന്നവൾ

2

1എന്നാൽ ലേവികുടുംബത്തിലെ ഒരു പുരുഷൻ ഒരു ലേവ്യകന്യകയെ വിവാഹം കഴിച്ചു.2അവൾ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു. അവൻ സൗന്ദര്യമുള്ളവൻ എന്നു കണ്ടിട്ട് അവനെ മൂന്നു മാസം ഒളിപ്പിച്ചുവെച്ചു.

3അവനെ പിന്നെ ഒളിച്ചുവയ്ക്കുവാൻ കഴിയാതെ ആയപ്പോൾ അവൾ ഒരു 1 ഞാങ്ങണപ്പെട്ടകം വാങ്ങി, അതിന് പശയും 2 കീലും തേച്ചു, പൈതലിനെ അതിൽ കിടത്തി, നദിയുടെ അരികിൽ ഞാങ്ങണയുടെ ഇടയിൽ വെച്ചു.4അവന് എന്ത് സംഭവിക്കുമെന്ന് അറിയുവാൻ അവന്റെ സഹോദരി ദൂരത്ത് നിന്നു.
5അപ്പോൾ ഫറവോന്റെ പുത്രി നദിയിൽ കുളിക്കുവാൻ വന്നു; അവളുടെ ദാസിമാർ നദീതീരത്തുകൂടി നടന്നു; അവൾ ഞാങ്ങണയുടെ ഇടയിൽ പെട്ടകം കണ്ടപ്പോൾ അത് എടുത്തുകൊണ്ടുവരുവാൻ ദാസിയെ അയച്ചു.6അവൾ അത് തുറന്നപ്പോൾ പൈതലിനെ കണ്ടു. കുട്ടി ഇതാ, കരയുന്നു. അവൾക്ക് അതിനോടു അലിവുതോന്നി: “ഇത് എബ്രായരുടെ പൈതങ്ങളിൽ ഒന്നാകുന്നു ”എന്ന് പറഞ്ഞു.
7അവന്റെ പെങ്ങൾ ഫറവോന്റെ പുത്രിയോട്: “ഈ പൈതലിന് മുലപ്പാൽ കൊടുക്കേണ്ടതിന് ഒരു എബ്രായസ്ത്രീയെ ഞാൻ ചെന്നു വിളിച്ചുകൊണ്ടുവരണമോ” എന്ന് ചോദിച്ചു.8ഫറവോന്റെ പുത്രി അവളോട്: “ചെന്ന് കൊണ്ടുവരുക” എന്ന് പറഞ്ഞു. കന്യക ചെന്ന് പൈതലിന്റെ അമ്മയെ വിളിച്ചുകൊണ്ടുവന്നു.
9ഫറവോന്റെ പുത്രി അവളോട്: “നീ ഈ പൈതലിനെ കൊണ്ടുപോയി മുലപ്പാൽ കൊടുത്തു വളർത്തണം; ഞാൻ നിനക്ക് ശമ്പളം തരാം” എന്ന് പറഞ്ഞു. സ്ത്രീ പൈതലിനെ എടുത്തുകൊണ്ടുപോയി മുലപ്പാൽകൊടുത്തു വളർത്തി.10പൈതൽ വളർന്നശേഷം അവൾ അവനെ ഫറവോന്റെ പുത്രിയുടെ അടുക്കൽ കൊണ്ടു പോയി, അവൻ അവൾക്കു മകനായി: “ഞാൻ അവനെ വെള്ളത്തിൽ നിന്ന് വലിച്ചെടുത്തു”എന്ന് പറഞ്ഞ് അവൾ അവന് മോശെ എന്നു പേരിട്ടു.

11മോശെ മുതിർന്നശേഷം അവൻ തന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്ന് അവരുടെ കഠിനവേല കണ്ടു. തന്റെ സഹോദരന്മാരിൽ ഒരു എബ്രായനെ ഒരു ഈജിപ്ത്കാരൻ അടിക്കുന്നത് കണ്ടു.12അവൻ അങ്ങോട്ടും ഇങ്ങോട്ടും നോക്കീട്ട് ആരും ഇല്ലെന്നു കണ്ടപ്പോൾ ഈജിപ്ത്കാരനെ അടിച്ചു കൊന്ന് മണലിൽ മറവുചെയ്തു.
13പിറ്റേ ദിവസവും അവൻ ചെന്നപ്പോൾ രണ്ട് എബ്രായ പുരുഷന്മാർ തമ്മിൽ ശണ്ഠയിടുന്നത് കണ്ടു, അന്യായം ചെയ്തവനോട്: “നിന്റെ കൂട്ടുകാരനെ അടിക്കുന്നത് എന്ത് ?”എന്നു ചോദിച്ചു.14അതിന് അവൻ: “നിന്നെ ഞങ്ങൾക്ക് പ്രഭുവും ന്യായാധിപതിയും ആക്കിയവൻ ആർ? ഈജിപ്ത്കാരനെ കൊന്നതുപോലെ എന്നെയും കൊല്ലുവാൻ ഭാവിക്കുന്നുവോ” എന്നു ചോദിച്ചു. അപ്പോൾ കാര്യം പരസ്യമായിപ്പോയല്ലോ എന്ന് പറഞ്ഞ് മോശെ പേടിച്ചു.
15ഫറവോൻ ഈ കാര്യം കേട്ടപ്പോൾ മോശെയെ കൊല്ലുവാൻ അന്വേഷിച്ചു. മോശെ ഫറവോന്റെ സന്നിധിയിൽനിന്ന് ഓടിപ്പോയി, മിദ്യാൻദേശത്ത് ചെന്നു താമസിച്ചു; അവൻ ഒരു കിണറിനരികെ ഇരുന്നു.16മിദ്യാനിലെ പുരോഹിതന് ഏഴു പുത്രിമാർ ഉണ്ടായിരുന്നു. അവർ വന്ന് അപ്പന്റെ ആടുകൾക്കു കുടിക്കുവാൻ വെള്ളം കോരി തൊട്ടികൾ നിറച്ചു.17എന്നാൽ ഇടയന്മാർ വന്ന് അവരെ ഓടിച്ചു: അപ്പോൾ മോശെ എഴുന്നേറ്റ് അവരെ സഹായിച്ച് അവരുടെ ആടുകളെ കുടിപ്പിച്ചു.
18അവർ തങ്ങളുടെ അപ്പനായ റെഗൂവേലിന്റെ അടുക്കൽ വന്നപ്പോൾ: “നിങ്ങൾ ഇന്ന് ഇത്ര വേഗം വന്നത് എങ്ങനെ?” എന്ന് അവൻ ചോദിച്ചു.19“ഒരു ഈജിപ്റ്റുകാരൻ ഇടയന്മാരുടെ കയ്യിൽനിന്ന് ഞങ്ങളെ വിടുവിച്ച്, ഞങ്ങൾക്കു വെള്ളം കോരിത്തന്ന് ആടുകളെ കുടിപ്പിച്ചു” എന്ന് അവർ പറഞ്ഞു.20അവൻ തന്റെ പുത്രിമാരോട്: “അവൻ എവിടെ? നിങ്ങൾ അവനെ അവിടെ വിട്ടേച്ചു വന്നതെന്ത്? ഭക്ഷണം കഴിക്കുവാൻ അവനെ വിളിക്കുവിൻ” എന്നു പറഞ്ഞു.
21മോശെയ്ക്ക് അവനോടുകൂടെ താമസിക്കുവാൻ സമ്മതമായി; അവൻ മോശെയ്ക്ക് തന്റെ മകൾ സിപ്പോറയെ കൊടുത്തു.22അവൾ ഒരു മകനെ പ്രസവിച്ചു: “ഞാൻ അന്യദേശത്തു പരദേശി ആയിരിക്കുന്നു” എന്നു പറഞ്ഞ് മോശെ അവന് ഗേർശോം എന്നു പേരിട്ടു.

23കുറെ നാൾ കഴിഞ്ഞപ്പോൾ ഈജിപ്റ്റിലെ രാജാവ് മരിച്ചു. യിസ്രായേൽമക്കൾ അടിമവേല നിമിത്തം നെടുവീർപ്പിട്ടു നിലവിളിച്ചു; അടിമവേല ഹേതുവായുള്ള നിലവിളി ദൈവസന്നിധിയിൽ എത്തി.24ദൈവം അവരുടെ നിലവിളി കേട്ടു; ദൈവം അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും തനിക്കുള്ള നിയമം ഓർത്തു.25ദൈവം യിസ്രായേൽമക്കളെ കടാക്ഷിച്ചു; ദൈവം അവരുടെ സാഹചര്യം അറിഞ്ഞു.


1 2:3 ഞാങ്ങണപെട്ടകം = ഒരു തരം വലിയപുല്ല് കൊണ്ടുള്ള വലിയപെട്ടി
2 2:3 വെള്ളം പെട്ടിക്കകത്ത് പ്രവേശിക്കാതെ അതിനുള്ളിൽ ടാർ തേച്ചു

3

1മോശെ മിദ്യാനിലെ പുരോഹിതനും തന്റെ അമ്മായപ്പനുമായ യിത്രോവിന്റെ ആടുകളെ മേയിച്ചുകൊണ്ടിരുന്നു; അവൻ ആടുകളെ മരുഭൂമിക്ക് അപ്പുറത്ത് കൊണ്ട് ചെന്നു.അങ്ങനെ ദൈവത്തിന്റെ പർവ്വതമായ ഹോരേബ് വരെ എത്തി.2അവിടെ യഹോവയുടെ ദൂതൻ ഒരു മുൾപടർപ്പിന്റെ നടുവിൽനിന്ന് അഗ്നിജ്വാലയിൽ അവന് പ്രത്യക്ഷനായി. അവൻ നോക്കിയപ്പോൾ മുൾപടർപ്പ് തീ പിടിച്ചു കത്തുന്നതും മുൾപടർപ്പ് എരിഞ്ഞുപോകാതിരിക്കുന്നതും കണ്ടു.3“മുൾപടർപ്പ് എരിഞ്ഞുപോകാതിരിക്കുന്ന ഈ വലിയ കാഴ്ച എന്താണ് എന്ന് ഞാൻ ചെന്ന് നോക്കട്ടെ” എന്ന് മോശെ പറഞ്ഞു.

4അത് നോക്കേണ്ടതിന് മോശെ വരുന്നത് യഹോവ കണ്ടപ്പോൾ ദൈവം മുൾപടർപ്പിന്റെ നടുവിൽ നിന്ന്, അവനെ “മോശെ, മോശെ” എന്ന് വിളിച്ചു. അതിന് അവൻ: “ഇതാ, ഞാൻ” എന്ന് പറഞ്ഞു.5അപ്പോൾ അവൻ: “ഇങ്ങോട്ടടുത്ത് വരരുത്; നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്ന് ചെരിപ്പ് അഴിച്ചുകളയുക” എന്ന് കല്പിച്ചു.6“ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി, നിന്റെ പിതാവിന്റെ ദൈവം ആകുന്നു” എന്നും അവൻ അരുളിച്ചെയ്തു. മോശെ ദൈവത്തെ നോക്കുവാൻ ഭയപ്പെട്ട് മുഖം മൂടി.
7യഹോവ ഇപ്രകാരം അരുളിച്ചെയ്തു:“ ഈജിപ്റ്റിൽ താമസിക്കുന്ന എന്റെ ജനത്തിന്റെ കഷ്ടത ഞാൻ കണ്ടു കണ്ടു; ഊഴിയവിചാരകന്മാർ നിമിത്തമുള്ള അവരുടെ നിലവിളിയും കേട്ടു; ഞാൻ അവരുടെ സങ്കടങ്ങൾ അറിയുന്നു.8അവരെ ഈജിപ്റ്റുകാരുടെ കയ്യിൽനിന്ന് വിടുവിക്കുവാനും ആ ദേശത്ത് നിന്ന് നല്ലതും വിശാലവുമായ ദേശത്തേക്ക്, പാലും തേനും ഒഴുകുന്ന ദേശത്തേക്ക്, കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ സ്ഥലത്തേക്ക് അവരെ കൊണ്ടുപോകുവാനും ഞാൻ ഇറങ്ങിവന്നിരിക്കുന്നു.
9യിസ്രായേൽമക്കളുടെ നിലവിളി എന്റെ അടുക്കൽ എത്തിയിരിക്കുന്നു; ഈജിപ്റ്റുകാർ അവരെ ഞെരുക്കുന്ന ഞെരുക്കവും ഞാൻ കണ്ടിരിക്കുന്നു.10ആകയാൽ വരുക; നീ എന്റെ ജനമായ യിസ്രായേൽമക്കളെ ഈജിപ്റ്റിൽ നിന്ന് വിടുവിക്കേണ്ടതിന് ഞാൻ നിന്നെ ഫറവോന്റെ അടുക്കൽ അയയ്ക്കും.”
11മോശെ ദൈവത്തോട്: “ഫറവോന്റെ അടുക്കൽ പോകുവാനും യിസ്രായേൽമക്കളെ ഈജിപ്റ്റിൽനിന്ന് വിടുവിക്കുവാനും ഞാൻ ആര് ?” എന്ന് പറഞ്ഞു.12അതിന് അവൻ: “ഞാൻ നിന്നോടുകൂടെ ഇരിക്കും; നീ ജനത്തെ ഈജിപ്റ്റിൽനിന്ന് കൂട്ടിക്കൊണ്ട് വരുമ്പോൾ, നിങ്ങൾ ഈ പർവ്വതത്തിൽ ദൈവത്തെ ആരാധിക്കുമെന്നുള്ളത് ഞാൻ നിന്നെ അയച്ചതിന് അടയാളം ആകും” എന്ന് അരുളിച്ചെയ്തു.
13മോശെ ദൈവത്തോട്: “ഞാൻ യിസ്രായേൽമക്കളുടെ അടുക്കൽ ചെന്ന്: ‘നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു’ എന്ന് പറയുമ്പോൾ: ‘അവന്റെ നാമം എന്തെന്ന് ’ അവർ എന്നോട് ചോദിച്ചാൽ ഞാൻ അവരോട് എന്ത് പറയണം” എന്ന് ചോദിച്ചു.14അതിന് ദൈവം മോശെയോട്: “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേൽമക്കളോട് പറയണം” എന്ന് കല്പിച്ചു.15ദൈവം പിന്നെയും മോശെയോട് അരുളിച്ചെയ്തതെന്തെന്നാൽ:“ നീ യിസ്രായേൽമക്കളോട് ഇപ്രകാരം പറയണം: അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇത് എന്നേക്കും എന്റെ നാമവും, തലമുറതലമുറയായി ഞാൻ ഈ പേരിൽ ഓർമ്മിക്കപ്പെടുകയും ചെയ്യും.”
16നീ ചെന്ന് യിസ്രായേൽമൂപ്പന്മാരെ കൂട്ടി അവരോട്: “അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായി, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എനിക്ക് പ്രത്യക്ഷനായി കല്പിച്ചത്: “ഞാൻ നിങ്ങളെ സന്ദർശിക്കുകയും ഈജിപ്റ്റിൽ അവർ നിങ്ങളോട് ചെയ്യുന്നത് കാണുകയും ചെയ്തിരിക്കുന്നു.17ഈജിപ്റ്റിലെ കഷ്ടതയിൽനിന്ന് കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തേക്ക് പാലും തേനും ഒഴുകുന്ന ദേശത്തേക്ക് നിങ്ങളെ കൊണ്ടുപോകുവാൻ ഞാൻ നിശ്ചയിച്ചിരിക്കുന്നു” എന്ന് പറയുക.18എന്നാൽ യിസ്രായേൽമൂപ്പന്മാർ നിന്റെ വാക്ക് കേൾക്കും. അപ്പോൾ നീയും യിസ്രായേൽമൂപ്പന്മാരും ഈജിപ്റ്റിലെ രാജാവിന്റെ അടുക്കൽ ചെന്ന് അവനോട്: “എബ്രായരുടെ ദൈവമായ യഹോവ ഞങ്ങൾക്ക് പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ആകയാൽ ഞങ്ങൾ മൂന്ന് ദിവസത്തെ വഴി മരുഭൂമിയിൽ ചെന്ന് ഞങ്ങളുടെ ദൈവമായ യഹോവയ്ക്ക് യാഗം കഴിക്കട്ടെ എന്ന് പറയുവിൻ.
19എന്നാൽ ഈജിപ്റ്റിലെ രാജാവ് 1 ഭുജബലംകൊണ്ടല്ലാതെ നിങ്ങളെ പോകുവാൻ സമ്മതിക്കയില്ല എന്ന് ഞാൻ അറിയുന്നു.20അതുകൊണ്ട് ഞാൻ എന്റെ കൈ നീട്ടി ഈജിപ്റ്റിന്റെ നടുവിൽ ചെയ്യുവാനിരിക്കുന്ന അത്ഭുതങ്ങൾ കൊണ്ട് അവരെ ശിക്ഷിക്കും; അതിന്റെ ശേഷം ഈജിപ്റ്റിലെ രാജാവ് നിങ്ങളെ വിട്ടയയ്ക്കും.21ഞാൻ ഈജിപ്റ്റുകാർക്ക് ഈ ജനത്തോട് ദയ തോന്നുമാറാക്കും; നിങ്ങൾ പോരുമ്പോൾ വെറുങ്കയ്യായി പോകേണ്ടിവരുകയില്ല.22ഓരോ സ്ത്രീയും തന്റെ അയൽക്കാരത്തിയോടും വീട്ടിൽ അതിഥിയായി പാർക്കുന്നവളോടും, വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചുവാങ്ങി നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും ധരിപ്പിക്കുകയും ഈജിപ്റ്റുകാരെ കൊള്ളയിടുകയും വേണം”.


1 3:19 ഭുജം = കൈ

4

1അതിന് മോശെ: “അവർ എന്നെ വിശ്വസിക്കാതെയും എന്റെ വാക്ക് കേൾക്കാതെയും: ‘യഹോവ നിനക്ക് പ്രത്യക്ഷനായിട്ടില്ല’ എന്ന് പറയും” എന്നുത്തരം പറഞ്ഞു.2യഹോവ അവനോട് : “നിന്റെ കയ്യിൽ ഇരിക്കുന്നത് എന്ത്?”എന്ന് ചോദിച്ചു. “ഒരു വടി” എന്ന് അവൻ പറഞ്ഞു.3“അതു നിലത്തിടുക” എന്ന് കല്പിച്ചു. അവൻ നിലത്തിട്ടു; അത് ഒരു സർപ്പമായിത്തീർന്നു; മോശെ അതിനെ കണ്ട് ഓടിപ്പോയി.

4യഹോവ മോശെയോട് : “നിന്റെ കൈ നീട്ടി അതിന്റെ വാലിൽ പിടിക്കുക്ക” എന്ന് കല്പിച്ചു. അവൻ കൈ നീട്ടി അതിനെ പിടിച്ചു; അത് അവന്റെ കയ്യിൽ വടിയായിത്തീർന്നു.5“ഇത് അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആയി അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്ക് പ്രത്യക്ഷനായി എന്ന് അവർ വിശ്വസിക്കേണ്ടതിന് ആകുന്നു.”
6യഹോവ പിന്നെയും അവനോട് : “നിന്റെ കൈ മാറിടത്തിൽ ഇടുക” എന്ന് കല്പിച്ചു. അവൻ കൈ മാറിടത്തിൽ ഇട്ടു; പുറത്ത് എടുത്തപ്പോൾ കൈ മഞ്ഞുപോലെ വെളുത്ത് കുഷ്ഠമുള്ളതായി കണ്ടു.7“നിന്റെ കൈ വീണ്ടും മാറിടത്തിൽ ഇടുക” എന്ന് കല്പിച്ചു. അവൻ കൈ വീണ്ടും മാറിടത്തിൽ ഇട്ടു, മാറിടത്തിൽനിന്ന് പുറത്തെടുത്തപ്പോൾ, അത് വീണ്ടും അവന്റെ ശരീരത്തിന്റെ മാംസംപോലെ ആയി കണ്ടു.
8എന്നാൽ അവർ വിശ്വസിക്കാതെയും ആദ്യത്തെ അടയാളം സമ്മതിക്കാതെയും ഇരുന്നാൽ അവർ പിന്നത്തെ അടയാളം വിശ്വസിക്കും.9ഈ രണ്ടടയാളങ്ങളും അവർ വിശ്വസിക്കാതെയും നിന്റെ വാക്ക് കേൾക്കാതെയും ഇരുന്നാൽ നീ നദിയിലെ വെള്ളം കോരി ഉണങ്ങിയ നിലത്ത് ഒഴിക്കണം; നദിയിൽ നിന്ന് കോരിയ വെള്ളം ഉണങ്ങിയ നിലത്ത് രക്തമായിത്തീരും.
10മോശെ യഹോവയോട് : “കർത്താവേ, നീ അടിയനോട് സംസാരിച്ചതിന് മുമ്പും അതിനുശേഷവും ഞാൻ വാക്സാമർത്ഥ്യമുള്ളവനല്ല; ഞാൻ വിക്കനും തടിച്ച നാവുള്ളവനും ആകുന്നു” എന്ന് പറഞ്ഞു.11അതിന് യഹോവ അവനോട്: “മനുഷ്യന് വായ് കൊടുത്തത് ആർ? അല്ല, ഊമനെയും ചെകിടനെയും കാഴ്ചയുള്ളവനെയും കുരുടനെയും ഉണ്ടാക്കിയത് ആർ? യഹോവയായ ഞാൻ അല്ലയോ? ആകയാൽ നീ ചെല്ലുക;12ഞാൻ നിന്റെ വായോടുകൂടെ ഇരുന്ന് നീ സംസാരിക്കേണ്ടത് നിനക്ക് ഉപദേശിച്ചുതരും” എന്ന് അരുളിച്ചെയ്തു.13എന്നാൽ മോശെ: “കർത്താവേ, നിനക്ക് പ്രിയമുള്ള മറ്റാരെയെങ്കിലും അയയ്ക്കണമേ” എന്ന് പറഞ്ഞു.
14അപ്പോൾ യഹോവ മോശെയുടെ നേരെ കോപിച്ച് പറഞ്ഞത് : “ലേവ്യനായ അഹരോൻ നിന്റെ സഹോദരനല്ലയോ? അവൻ നല്ലവണ്ണം സംസാരിക്കുമെന്ന് ഞാൻ അറിയുന്നു. അവൻ നിന്നെ എതിരേല്ക്കുവാൻ പുറപ്പെട്ടുവരുന്നു; നിന്നെ കാണുമ്പോൾ അവൻ ഹൃദയത്തിൽ ആനന്ദിക്കും.15നീ അവനോട് സംസാരിച്ച് അവന് വാക്ക് പറഞ്ഞുകൊടുക്കണം. ഞാൻ നിന്റെ വായോടും അവന്റെ വായോടുംകൂടി ഇരിക്കും; നിങ്ങൾ ചെയ്യേണ്ടത് ഉപദേശിച്ചു തരും.16നിനക്ക് പകരം അവൻ ജനത്തോട് സംസാരിക്കും; അവൻ നിനക്ക് വായായിരിക്കും, നീ അവന് ദൈവവും ആയിരിക്കും.17അടയാളങ്ങൾ പ്രവർത്തിക്കേണ്ടതിന് ഈ വടിയും നിന്റെ കയ്യിൽ എടുത്തുകൊൾള്ളുക.
18പിന്നെ മോശെ തന്റെ അമ്മായിയപ്പനായ യിത്രോവിന്റെ അടുക്കൽ ചെന്ന് അവനോട്: “ഞാൻ പുറപ്പെട്ട്, ഈജിപ്റ്റിലെ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്ന്, അവർ ജീവനോടിരിക്കുന്നുവോ ”എന്ന് നോക്കട്ടെ എന്ന് പറഞ്ഞു. യിത്രോ മോശെയോട്: “സമാധാനത്തോടെ പോകുക” എന്ന് പറഞ്ഞു.19യഹോവ മിദ്യാനിൽവച്ച് മോശെയോട്: “ഈജിപ്റ്റിലേക്ക് മടങ്ങിപ്പോകുക; നിന്നെ കൊല്ലുവാൻ നോക്കിയവർ എല്ലാവരും മരിച്ചുപോയി” എന്ന് അരുളിച്ചെയ്തു.20അങ്ങനെ മോശെ തന്റെ ഭാര്യയെയും പുത്രന്മാരെയും കൂട്ടി കഴുതപ്പുറത്ത് കയറ്റി ഈജിപ്റ്റിലേക്ക് മടങ്ങി; ദൈവത്തിന്റെ വടിയും മോശെ കയ്യിൽ എടുത്തു.
21യഹോവ മോശെയോട് അരുളിച്ചെയ്തത്:“ നീ ഈജിപ്റ്റിൽ എത്തുമ്പോൾ ഞാൻ നിന്നെ ഭരമേല്പിച്ചിട്ടുള്ള അത്ഭുതങ്ങളൊക്കെയും ഫറവോന്റെ മുമ്പാകെ ചെയ്യുവാൻ ഓർത്തുകൊള്ളുക; എന്നാൽ അവൻ ജനത്തെ വിട്ടയയ്ക്കാതിരിപ്പാൻ ഞാൻ അവന്റെ ഹൃദയം കഠിനമാക്കും.22നീ ഫറവോനോട്: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നെ.23എനിക്ക് ശുശ്രൂഷ ചെയ്യുവാൻ എന്റെ പുത്രനെ വിട്ടയയ്ക്കണമെന്ന് ഞാൻ നിന്നോട് കല്പിക്കുന്നു; അവനെ വിട്ടയയ്ക്കുവാൻ സമ്മതിക്കുന്നില്ലെങ്കിൽ ഞാൻ നിന്റെ പുത്രനെ, നിന്റെ ആദ്യജാതനെ തന്നെ കൊന്നുകളയും” എന്ന് പറയുക.
24എന്നാൽ വഴിയിൽ 1 സത്രത്തിൽവച്ച് യഹോവ അവനെ എതിരിട്ട് കൊല്ലുവാൻ ഭാവിച്ചു.25അപ്പോൾ സിപ്പോറാ ഒരു കൽക്കത്തി എടുത്തു തന്റെ മകന്റെ അഗ്രചർമ്മം മുറിച്ച് അവന്റെ കാൽക്കൽ ഇട്ടു: “നീ എനിക്ക് രക്തമണവാളൻ” എന്ന് പറഞ്ഞു.26ഇങ്ങനെ യഹോവ അവനെ വിട്ടൊഴിഞ്ഞു; ആ സമയത്ത് ആകുന്നു അവൾ പരിച്ഛേദന നിമിത്തം “നീ എനിക്ക് രക്തമണവാളൻ” എന്ന് പറഞ്ഞത്.

27എന്നാൽ യഹോവ അഹരോനോട്:“ നീ മരുഭൂമിയിൽ മോശെയെ എതിരേല്ക്കുവാൻ ചെല്ലുക” എന്ന് കല്പിച്ചു; അവൻ ചെന്ന് ദൈവത്തിന്റെ പർവ്വതത്തിൽവച്ച് അവനെ എതിരേറ്റ് ചുംബിച്ചു.28യഹോവ തന്നെ ഏല്പിച്ച് അയച്ച വചനങ്ങളൊക്കെയും തന്നോട് കല്പിച്ച അടയാളങ്ങളൊക്കെയും മോശെ അഹരോനെ അറിയിച്ചു.
29പിന്നെ മോശെയും അഹരോനും പോയി, യിസ്രായേൽമക്കളുടെ മൂപ്പന്മാരെ ഒക്കെയും കൂട്ടിവരുത്തി.30യഹോവ മോശെയോട് കല്പിച്ച വചനങ്ങളെല്ലാം അഹരോൻ പറഞ്ഞു കേൾപ്പിച്ചു, ജനം കാൺകെ ആ അടയാളങ്ങളും പ്രവർത്തിച്ചു.31അപ്പോൾ ജനം വിശ്വസിച്ചു; യഹോവ യിസ്രായേൽമക്കളെ സന്ദർശിച്ചു എന്നും തങ്ങളുടെ കഷ്ടത കണ്ടു എന്നും കേട്ടിട്ട് അവർ കുമ്പിട്ട് നമസ്കരിച്ചു.


1 4:24 സത്രം = യാത്രാമദ്ധ്യേ തമസിക്കുവാനുള്ള സ്ഥലം

5

1അതിന്റെശേഷം മോശെയും അഹരോനും ഫറവോനോട്: “മരുഭൂമിയിൽ എനിക്ക് ഉത്സവം നടത്തേണ്ടതിന് എന്റെ ജനത്തെ വിട്ടയയ്ക്കണം എന്ന് യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു” എന്ന് പറഞ്ഞു.2അതിന് ഫറവോൻ:“ യിസ്രായേലിനെ വിട്ടയയ്ക്കുവാൻ തക്കവണ്ണം ഞാൻ യഹോവയുടെ വാക്ക് കേൾക്കേണ്ടതിന് അവൻ ആർ? ഞാൻ യഹോവയെ അറിയുകയില്ല; ഞാൻ യിസ്രായേലിനെ വിട്ടയയ്ക്കയുമില്ല” എന്ന് പറഞ്ഞു.

3അതിന് അവർ: “എബ്രായരുടെ ദൈവം ഞങ്ങൾക്ക് പ്രത്യക്ഷപ്പെട്ടു; അവൻ മഹാമാരിയാലോ വാളാലോ ഞങ്ങളെ ദണ്ഡിപ്പിക്കാതിരിക്കേണ്ടതിന് ഞങ്ങൾ മൂന്ന് ദിവസത്തെ വഴി മരുഭൂമിയിൽ പോയി, ഞങ്ങളുടെ ദൈവമായ യഹോവയ്ക്ക് യാഗം കഴിക്കട്ടെ” എന്ന് പറഞ്ഞു.4ഈജിപ്റ്റിലെ രാജാവ് അവരോട്: “മോശേ, അഹരോനേ, നിങ്ങൾ ജനങ്ങളുടെ വേല മിനക്കെടുത്തുന്നത് എന്തിനാണ്? നിങ്ങൾ നിങ്ങളുടെ വേലയ്ക്ക് പോകുവിൻ” എന്ന് പറഞ്ഞു.5“ദേശത്ത് ജനം ഇപ്പോൾ വളരെ ആകുന്നു; നിങ്ങൾ അവരെ അവരുടെ ഊഴിയവേല മിനക്കെടുത്തുന്നു” എന്നും ഫറവോൻ പറഞ്ഞു.
6അന്ന് ഫറവോൻ ജനത്തിന്റെ ഊഴിയവിചാരകന്മാരോടും പ്രമാണികളോടും ഇപ്രകാരം കല്പിച്ചു:7“ഇഷ്ടിക ഉണ്ടാക്കുവാൻ ജനത്തിന് മുമ്പിലത്തെപ്പോലെ ഇനി വൈക്കോൽ കൊടുക്കരുത്; അവർ തന്നെ പോയി വൈക്കോൽ ശേഖരിക്കട്ടെ.8എങ്കിലും ഇഷ്ടികയുടെ കണക്ക് മുമ്പിലത്തെപ്പോലെ തന്നെ ആയിരിക്കണം; ഒട്ടും കുറയ്ക്കരുത്. അവർ മടിയന്മാർ; അതുകൊണ്ടാകുന്നു: ‘ഞങ്ങൾ പോയി ഞങ്ങളുടെ ദൈവത്തിന് യാഗം കഴിക്കട്ടെ’ എന്ന് നിലവിളിക്കുന്നത്.9അവരുടെ വേല അതിഭാരമായിരിക്കട്ടെ; അവർ അതിൽ കഷ്ടപ്പെടട്ടെ;
10അവർ വ്യാജവാക്കുകൾ കേൾക്കരുത്. അങ്ങനെ ജനത്തിന്റെ ഊഴിയവിചാരകന്മാരും പ്രമാണികളും ചെന്ന് ജനത്തോട്: “നിങ്ങൾക്ക് വൈക്കോൽ തരുകയില്ല;11നിങ്ങൾ തന്നെ പോയി കിട്ടുന്നിടത്തുനിന്ന് വൈക്കോൽ ശേഖരിപ്പിൻ; എങ്കിലും നിങ്ങളുടെ വേലയിൽ ഒട്ടും കുറയ്ക്കകയില്ല” എന്ന് ഫറവോൻ കല്പിക്കുന്നു എന്ന് പറഞ്ഞു.
12അങ്ങനെ ജനം വൈക്കോലിന് പകരം 1 താളടി ശേഖരിക്കുവാൻ ഈജിപ്റ്റിൽ എല്ലായിടവും ചിതറി നടന്നു.13ഊഴിയവിചാരകന്മാർ അവരെ നിർബ്ബന്ധിച്ച്:“വൈക്കോൽ നൽകിയപ്പോൾ ചെയ്തിരുന്നത്രയും വേല ദിവസവും തികയ്ക്കണം” എന്ന് പറഞ്ഞു.14ഫറവോന്റെ ഊഴിയവിചാരകന്മാർ യിസ്രായേൽ മക്കളുടെ മേൽ ആക്കിയിരുന്ന പ്രമാണികളെ അടിച്ചു: “നിങ്ങൾ ഇന്നലെയും ഇന്നും മുമ്പിലത്തെപ്പോലെ ഇഷ്ടിക നിർമ്മിക്കാഞ്ഞത് എന്ത് ?” എന്ന് ചോദിച്ചു.
15അതുകൊണ്ട് യിസ്രായേൽമക്കളുടെ പ്രമാണികൾ ചെന്ന് ഫറവോനോട് നിലവിളിച്ചു ;“ അടിയങ്ങളോട് ഇങ്ങനെ ചെയ്യുന്നത് എന്ത്?16അടിയങ്ങൾക്ക് വൈക്കോൽ തരാതെ ഇഷ്ടിക ഉണ്ടാക്കുവിൻ എന്ന് അവർ പറയുന്നു; അടിയങ്ങളെ തല്ലുന്നു; അത് നിന്റെ ജനത്തിന്റെ കുറ്റമാകുന്നു” എന്ന് പറഞ്ഞു.17അതിന് അവൻ: “മടിയന്മാരാകുന്നു നിങ്ങൾ, മടിയന്മാർ; അതുകൊണ്ട്:‘ ഞങ്ങൾ പോയി യഹോവയ്ക്ക് യാഗം കഴിക്കട്ടെ’ എന്ന് നിങ്ങൾ പറയുന്നു.18പോയി വേല ചെയ്യുവിൻ; വൈക്കോൽ തരുകയില്ല, ഇഷ്ടിക കണക്കുപോലെ ഏല്പിക്കുകയും വേണം” എന്ന് കല്പിച്ചു.
19“ദിവസംതോറുമുള്ള ഇഷ്ടികക്കണക്കിൽ ഒന്നും കുറയ്ക്കരുത്” എന്ന് കല്പിച്ചപ്പോൾ തങ്ങൾ വിഷമത്തിലായി എന്ന് യിസ്രായേൽമക്കളുടെ പ്രമാണികൾ കണ്ടു.20അവർ ഫറവോനെ വിട്ട് പുറപ്പെടുമ്പോൾ മോശെയും അഹരോനും വഴിയിൽ നില്ക്കുന്നത് കണ്ടു,21അവരോട്: “നിങ്ങൾ ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ ഞങ്ങളെ നിന്ദിതരാക്കി. ഞങ്ങളെ കൊല്ലുവാൻ അവരുടെ കയ്യിൽ വാൾ കൊടുത്തതുകൊണ്ട് യഹോവ നിങ്ങളെ നോക്കി ന്യായം വിധിക്കട്ടെ” എന്ന് പറഞ്ഞു.
22അപ്പോൾ മോശെ യഹോവയുടെ അടുക്കൽ ചെന്ന്: “കർത്താവേ, നീ ഈ ജനത്തിന് ദോഷം വരുത്തിയത് എന്ത്? നീ എന്നെ അയച്ചത് എന്തിന്?23ഞാൻ നിന്റെ നാമത്തിൽ സംസാരിപ്പാൻ ഫറവോന്റെ അടുക്കൽ ചെന്നത് മുതൽ അവൻ ഈ ജനത്തോട് ദോഷം ചെയ്തിരിക്കുന്നു; നിന്റെ ജനത്തെ നീ വിടുവിച്ചതുമില്ല” എന്ന് പറഞ്ഞു.


1 5:12 താളടി = കൊയ്ത്തിന് ശേഷം വയലിൽ ശേഷിക്കുന്ന കുറ്റി

6

1യഹോവ മോശെയോട്:“ ഞാൻ ഫറവോനോട് ചെയ്യുന്നത് എന്താണ് എന്ന് നീ ഇപ്പോൾ കാണും: ശക്തിയുള്ള കൈ കണ്ടിട്ട് ഫറാവോൻ അവരെ വിട്ടയയ്ക്കും; ശക്തിയുള്ള കൈ കണ്ടിട്ട് അവരെ തന്റെ ദേശത്തുനിന്ന് ഓടിച്ചുകളയും” എന്ന് അരുളിച്ചെയ്തു.

2ദൈവം പിന്നെയും മോശെയോട് അരുളിച്ചെയ്തതെന്തെന്നാൽ:“ ഞാൻ യഹോവ ആകുന്നു.3ഞാൻ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും സർവ്വശക്തിയുള്ള ദൈവമായിട്ട് പ്രത്യക്ഷനായി; എന്നാൽ യഹോവ എന്ന നാമത്തിൽ ഞാൻ അവർക്ക് വെളിപ്പെട്ടില്ല.4അവർ പരദേശികളായി പാർത്ത കനാൻദേശം അവർക്ക് കൊടുക്കുമെന്ന് ഞാൻ അവരോട് ഒരു നിയമം ചെയ്തിരിക്കുന്നു.5ഈജിപ്റ്റുകാർ അടിമകളാക്കിയിരിക്കുന്ന യിസ്രായേൽമക്കളുടെ ഞരക്കം ഞാൻ കേട്ട് എന്റെ നിയമം ഓർത്തിരിക്കുന്നു.
6അതുകൊണ്ട് നീ യിസ്രായേൽമക്കളോട് ഇപ്രകാരം പറയണം : ഞാൻ യഹോവ ആകുന്നു; ഞാൻ നിങ്ങളെ ഈജിപ്റ്റുകാരുടെ ഊഴിയവേലയിൽനിന്ന് രക്ഷിച്ച് അവരുടെ അടിമത്തത്തിൽനിന്ന് നിങ്ങളെ വിടുവിക്കും; നീട്ടിയിരിക്കുന്ന ഭുജംകൊണ്ടും മഹാശിക്ഷാവിധികൾകൊണ്ടും നിങ്ങളെ വീണ്ടെടുക്കും.7ഞാൻ നിങ്ങളെ എനിക്ക് ജനമാക്കുകയും ഞാൻ നിങ്ങൾക്ക് ദൈവമായിരിക്കുകയും ചെയ്യും. ഈജിപ്റ്റുകാരുടെ ഊഴിയവേലയിൽനിന്ന് നിങ്ങളെ രക്ഷിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാൻ ആകുന്നു എന്ന് നിങ്ങൾ അറിയും.
8ഞാൻ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും നല്കുമെന്ന് സത്യം ചെയ്ത ദേശത്തേക്ക് നിങ്ങളെ കൊണ്ടുപോയി, അത് നിങ്ങൾക്ക് അവകാശമായി തരും.9ഞാൻ യഹോവ ആകുന്നു.” മോശെ ഇങ്ങനെതന്നെ യിസ്രായേൽമക്കളോട് പറഞ്ഞു; എന്നാൽ അവർ മനോവ്യസനംകൊണ്ടും കഠിനമായ അടിമവേലകൊണ്ടും മോശെയുടെ വാക്ക് കേട്ടില്ല.

10യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:11“നീ ചെന്ന് ഈജിപ്റ്റ് രാജാവായ ഫറവോനോട് യിസ്രായേൽമക്കളെ തന്റെ ദേശത്തുനിന്ന് വിട്ടയയ്ക്കുവാൻ പറയുക” എന്ന് കല്പിച്ചു.12അതിന് മോശെ: “യിസ്രായേൽമക്കൾ എന്റെ വാക്ക് കേട്ടില്ല; പിന്നെ ഫറവോൻ എങ്ങനെ കേൾക്കും? ഞാൻ വാക്സാമർത്ഥ്യമുള്ളവനല്ലല്ലോ” എന്ന് യഹോവയുടെ സന്നിധിയിൽ പറഞ്ഞു.13അതിനുശേഷം യഹോവ മോശെയോടും അഹരോനോടും സംസാരിച്ചു. യിസ്രായേൽമക്കളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിക്കേണ്ടതിന് അവരെ യിസ്രായേൽമക്കളുടെ അടുക്കലേക്കും ഈജിപ്റ്റിലെ രാജാവായ ഫറവോന്റെ അടുക്കലേക്കും നിയോഗിച്ചയച്ചു.

14അവരുടെ കുടുംബത്തലവന്മാർ : യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാർ: ഹനോക്, ഫല്ലൂ, ഹെസ്രോൻ, കർമ്മി; ഇവർ രൂബേന്റെ കുലങ്ങൾ.15ശിമെയോന്റെ മക്കൾ: യെമൂവേൽ, യാമീൻ, ഓഹദ്, യാഖീൻ, സോഹർ, കനാന്യസ്ത്രീയുടെ മകനായ ശൌൽ; ഇവർ ശിമെയോന്റെ കുലങ്ങൾ.
16വംശപാരമ്പര്യപ്രകാരം ലേവിയുടെ പുത്രന്മാരുടെ പേരുകൾ : ഗേർശോൻ, കഹാത്ത്, മെരാരി; ലേവിയുടെ ആയുഷ്കാലം നൂറ്റിമുപ്പത്തേഴ് (137) സംവത്സരം ആയിരുന്നു.17ഗേർശോന്റെ പുത്രന്മാർ: കുടുംബസഹിതം ലിബ്നിയും ശിമെയിയും ആയിരുന്നു.18കഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ; കഹാത്തിന്റെ ആയുഷ്കാലം നൂറ്റി മുപ്പത്തിമൂന്ന് (133) സംവത്സരം.19മെരാരിയുടെ പുത്രന്മാർ; മഹ്ലി, മൂശി, ഇവർ വംശപാരമ്പര്യപ്രകാരം ലേവിയുടെ കുലങ്ങൾ ആകുന്നു.
20അമ്രാം തന്റെ പിതാവിന്റെ സഹോദരിയായ യോഖേബെദിനെ വിവാഹം കഴിച്ചു; അവൾ അവന് അഹരോനെയും മോശെയെയും പ്രസവിച്ചു: അമ്രാമിന്റെ ആയുഷ്കാലം നൂറ്റി മുപ്പത്തേഴ് സംവത്സരം ആയിരുന്നു.21യിസ്ഹാരിന്റെ പുത്രന്മാർ: കോരഹ്, നേഫെഗ്, സിക്രി.22ഉസ്സീയേലിന്റെ പുത്രന്മാർ: മീശായേൽ, എൽസാഫാൻ, സിത്രി.
23അഹരോൻ അമ്മീനാദാബിന്റെ മകളും നഹശോന്റെ സഹോദരിയുമായ എലീശേബയെ ഭാര്യയായി പരിഗ്രഹിച്ചു; അവൾ അവന് നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവരെ പ്രസവിച്ചു.24കോരഹിന്റെ പുത്രന്മാർ, അസ്സൂർ, എൽക്കാനാ അബിയാസാഫ്. ഇവ കോരഹ്യകുലങ്ങൾ.25അഹരോന്റെ മകനായ എലെയാസാർ ഫൂതീയേലിന്റെ പുത്രിമാരിൽ ഒരുവളെ വിവാഹം കഴിച്ചു. അവൾ അവന് ഫീനെഹാസിനെ പ്രസവിച്ചു; ഇവർ കുലം കുലമായി ലേവ്യകുടുംബത്തലവന്മാർ ആകുന്നു.
26“നിങ്ങൾ യിസ്രായേൽമക്കളെ ഗണം ഗണമായി ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിക്കുവിൻ” എന്ന് യഹോവ കല്പിച്ച അഹരോനും മോശെയും ഇവർ തന്നെ.27യിസ്രായേൽമക്കളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിക്കുവാൻ ഈജിപ്റ്റിലെ രാജാവായ ഫറവോനോട് സംസാരിച്ചവർ ഈ മോശെയും അഹരോനും തന്നെ.
28യഹോവ ഈജിപ്റ്റിൽ വച്ച് മോശെയോട് അരുളിച്ചെയ്ത ദിവസം: “ഞാൻ യഹോവ ആകുന്നു;29ഞാൻ നിന്നോട് കല്പിക്കുന്നതൊക്കെയും നീ ഈജിപ്റ്റിലെ രാജാവായ ഫറവോനോട് പറയണം” എന്ന് യഹോവ മോശെയോട് കല്പിച്ചു.30അതിന് മോശെ: “ഞാൻ വാക്സാമർത്ഥ്യമില്ലാത്തവൻ; ഫറവോൻ എന്റെ വാക്ക് എങ്ങനെ കേൾക്കും” എന്ന് യഹോവയുടെ സന്നിധിയിൽ പറഞ്ഞു.

7

1യഹോവ മോശെയോട് അരുളിച്ചെയ്തത്: “നോക്കു, ഞാൻ നിന്നെ ഫറവോന് ദൈവം ആക്കിയിരിക്കുന്നു; നിന്റെ സഹോദരൻ അഹരോൻ നിനക്ക് പ്രവാചകനായിരിക്കും.2ഞാൻ നിന്നോട് കല്പിക്കുന്നതൊക്കെയും നീ പറയണം; നിന്റെ സഹോദരനായ അഹരോൻ യിസ്രായേൽമക്കളെ തന്റെ ദേശത്തുനിന്ന് വിട്ടയക്കുവാൻ ഫറവോനോട് പറയണം.

3എന്നാൽ ഞാൻ ഫറവോന്റെ ഹൃദയം കഠിനമാക്കും; ഈജിപ്റ്റിൽ ഞാൻ വളരെ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും.4ഫറവോൻ നിങ്ങളുടെ വാക്ക് കേൾക്കുകയില്ല; ഞാൻ ഈജിപ്റ്റിന്മേൽ എന്റെ കൈവെച്ച് വലിയ ശിക്ഷാവിധികളാൽ എന്റെ ഗണങ്ങളെ, എന്റെ ജനമായ യിസ്രായേൽമക്കളെ തന്നെ, ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിക്കും.5അങ്ങനെ ഞാൻ എന്റെ കൈ ഈജിപ്റ്റിന്മേൽ നീട്ടി, യിസ്രായേൽമക്കളെ അവരുടെ ഇടയിൽനിന്ന് പുറപ്പെടുവിക്കുമ്പോൾ ഞാൻ യഹോവ എന്ന് ഈജിപ്റ്റുകാർ അറിയും.”
6മോശെയും അഹരോനും യഹോവ അവരോട് കല്പിച്ചതുപോലെ ചെയ്തു. അവർ അങ്ങനെ തന്നെ ചെയ്തു.7അവർ ഫറവോനോട് സംസാരിച്ച കാലത്ത് മോശെയ്ക്ക് എൺപത് വയസ്സും അഹരോന് എൺപത്തിമൂന്ന് വയസ്സും ആയിരുന്നു.

8യഹോവ മോശെയോടും അഹരോനോടും:9“ഫറവോൻ നിങ്ങളോട് ഒരു അത്ഭുതം കാണിക്കുവീൻ” എന്ന് പറഞ്ഞാൽ നീ അഹരോനോട്: ‘നിന്റെ വടി എടുത്ത് ഫറവോന്റെ മുമ്പാകെ നിലത്തിടുക’ എന്ന് പറയണം; അത് ഒരു സർപ്പമായിത്തീരും” എന്ന് കല്പിച്ചു.10അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കൽ ചെന്ന് യഹോവ അവരോട് കല്പിച്ചത് പോലെ ചെയ്തു. അഹരോൻ തന്റെ വടി ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ നിലത്തിട്ടു; അത് സർപ്പമായിത്തീർന്നു.
11അപ്പോൾ ഫറവോൻ വിദ്വാന്മാരെയും മന്ത്രവാദികളെയും വിളിപ്പിച്ചു; ഈജിപ്റ്റിലെ മന്ത്രവാദികളായ ഇവരും അവരുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു.12അവർ ഓരോരുത്തൻ അവനവന്റെ വടി നിലത്തിട്ടു; അവയും സർപ്പങ്ങളായിത്തീർന്നു; എന്നാൽ അഹരോന്റെ വടി അവരുടെ വടികളെ വിഴുങ്ങിക്കളഞ്ഞു.13ഫറവോന്റെ ഹൃദയമോ, യഹോവ അരുളിച്ചെയ്തതുപോലെ കഠിനപ്പെട്ടു; അവൻ അവരെ ശ്രദ്ധിച്ചതുമില്ല.

14അപ്പോൾ യഹോവ മോശെയോട് അരുളിച്ചെയ്തത്: “ഫറവോന്റെ ഹൃദയം കഠിനപ്പെട്ടിരിക്കുന്നു; ജനത്തെ വിട്ടയക്കുവാൻ അവന് മനസ്സില്ല.15രാവിലെ നീ ഫറവോന്റെ അടുക്കൽ ചെല്ലുക; അവൻ വെള്ളത്തിന്റെ അടുക്കൽ ഇറങ്ങിവരും; നീ അവനെ കാണുവാൻ നദീതീരത്ത് നില്ക്കണം; സർപ്പങ്ങളായിത്തീർന്ന വടിയും കയ്യിൽ എടുത്തുകൊള്ളണം.
16അവനോട് പറയേണ്ടത് എന്തെന്നാൽ: ‘മരുഭൂമിയിൽ എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയയ്ക്കുക’ എന്ന് കല്പിച്ച് എബ്രായരുടെ ദൈവമായ യഹോവ എന്നെ നിന്റെ അടുക്കൽ അയച്ചു; നീയോ ഇതുവരെ കേട്ടില്ല.17ഞാൻ യഹോവ എന്ന് നീ ഇതിനാൽ അറിയും എന്നിങ്ങനെ യഹോവ കല്പിക്കുന്നു; ഇതാ, എന്റെ കയ്യിലുള്ള വടികൊണ്ട് ഞാൻ നദിയിലെ വെള്ളത്തിൽ അടിക്കും; അത് രക്തമായിത്തീരും;18നദിയിലെ മത്സ്യം ചാകും. നദി നാറും; നദിയിലെ വെള്ളം കുടിക്കുവാൻ ഈജിപ്റ്റുകാർക്ക് അറപ്പ് തോന്നും.”
19യഹോവ പിന്നെയും മോശെയോട്:“ നീ അഹരോനോട് പറയേണ്ടത് എന്തെന്നാൽ: നിന്റെ വടി എടുത്ത് ഈജിപ്റ്റിലെ വെള്ളത്തിന്മേൽ, അവരുടെ നദി, പുഴ, കുളം ഇങ്ങനെ അവരുടെ സകലജലാശയങ്ങളുടെ മേലും നീട്ടുക; അവ രക്തമായിത്തീരും; ഈജിപ്റ്റിൽ എല്ലായിടത്തും മരപ്പാത്രങ്ങളിലും കല്പാത്രങ്ങളിലും രക്തം ഉണ്ടാകും” എന്ന് കല്പിച്ചു.
20മോശെയും അഹരോനും യഹോവ കല്പിച്ചതുപോലെ ചെയ്തു. അവൻ ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ വടി ഉയർത്തി നദിയിലുള്ള വെള്ളത്തിൽ അടിച്ചു; നദിയിലുള്ള വെള്ളം രക്തമായിത്തീർന്നു.21നദിയിലെ മത്സ്യം ചത്ത് നാറുകയാൽ നദിയിലെ വെള്ളം കുടിക്കുവാൻ ഈജിപ്റ്റുകാർക്ക് കഴിഞ്ഞില്ല; ഈജിപ്റ്റിൽ എല്ലായിടത്തും രക്തം ഉണ്ടായിരുന്നു.22ഈജിപ്റ്റിലെ മന്ത്രവാദികളും അവരുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു; എന്നാൽ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു; അവൻ അവരെ ശ്രദ്ധിച്ചതുമില്ല.
23ഫറവോൻ തന്റെ അരമനയിലേക്ക് പോയി; ഇതും അവൻ ഗണ്യമാക്കിയില്ല.24നദിയിലെ വെള്ളം കുടിക്കുവാൻ യോഗ്യമല്ലാത്തതുകൊണ്ട് ഈജിപ്റ്റുകാർ എല്ലാവരും കുടിക്കുവാൻ വെള്ളത്തിനായി നദിക്കരയിൽ പലയിടത്തും കുഴികൾ കുഴിച്ചു.25യഹോവ നദിയെ അടിച്ചിട്ട് ഏഴ് ദിവസം കഴിഞ്ഞപ്പോൾ

8

1മോശെയോട് കല്പിച്ചത്:“ നീ ഫറവോന്റെ അടുക്കൽ ചെന്ന് പറയേണ്ടത്` എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിക്കുവാൻ എന്റെ ജനത്തെ വിട്ടയയ്ക്കുക.2നീ അവരെ വിട്ടയയ്ക്കുവാൻ സമ്മതിക്കുകയില്ലെങ്കിൽ ഞാൻ നിന്റെ രാജ്യത്തെ ഒക്കെയും തവളയെക്കൊണ്ട് ബാധിക്കും.3നദിയിൽ തവള അത്യധികമായി പെരുകും; അതു കയറി നിന്റെ അരമനയിലും കിടപ്പുമുറിയിലും കട്ടിലിന്മേലും നിന്റെ ഭൃത്യന്മാരുടെ വീടുകളിലും നിന്റെ ജനത്തിന്മേലും അപ്പം ചുടുന്ന അടുപ്പുകളിലും മാവു കുഴയ്ക്കുന്ന തൊട്ടികളിലും വരും.4തവള നിന്റെ മേലും നിന്റെ ജനത്തിന്മേലും നിന്റെ സകലഭൃത്യന്മാരുടെ മേലും കയറും.”

5യഹോവ പിന്നെയും മോശെയോട്:“ ഈജിപ്റ്റിൽ തവള കയറുവാൻ നദികളിൻമേലും പുഴകളിൻമേലും കുളങ്ങളിൻമേലും വടിയോടുകൂടി കൈ നീട്ടുക എന്ന് നീ അഹരോനോട് പറയണം” എന്ന് കല്പിച്ചു.6അങ്ങനെ അഹരോൻ ഈജിപ്റ്റിലെ എല്ലാ വെള്ളത്തിൻമേലും കൈ നീട്ടി, തവള കയറി ഈജിപ്റ്റ് ദേശം മൂടി.7മന്ത്രവാദികളും അവരുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു, ഈജിപ്റ്റിൽ തവള കയറുമാറാക്കി.
8അപ്പോൾ ഫറവോൻ മോശെയെയും അഹരോനെയും വിളിപ്പിച്ചു:“ തവള എന്നെയും എന്റെ ജനത്തെയും വിട്ട് നീങ്ങേണ്ടതിന് യഹോവയോട് പ്രാർത്ഥിക്കുവിൻ. എന്നാൽ യഹോവയ്ക്ക് യാഗം അർപ്പിക്കുവാൻ ഞാൻ ജനത്തെ വിട്ടയയ്ക്കാം” എന്ന് പറഞ്ഞു.9മോശെ ഫറവോനോട്: “തവള നിന്നെയും നിന്റെ ഗൃഹങ്ങളെയും വിട്ട് നീങ്ങി നദിയിൽ മാത്രം ഇരിക്കേണ്ടതിന് ഞാൻ നിനക്കും നിന്റെ ഭൃത്യന്മാർക്കും നിന്റെ ജനത്തിനും വേണ്ടി എപ്പോൾ പ്രാർത്ഥിക്കണം എന്ന് എനിക്ക് സമയം നിശ്ചയിച്ചാലും” എന്ന് പറഞ്ഞു.
10“നാളെ”എന്ന് അവൻ പറഞ്ഞു; “ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല എന്ന് നീ അറിയേണ്ടതിന് നിന്റെ വാക്കുപോലെ ആകട്ടെ;11തവള നിന്നെയും നിന്റെ ഗൃഹങ്ങളെയും നിന്റെ ഭൃത്യന്മാരെയും ജനത്തെയും വിട്ടുമാറി നദിയിൽ മാത്രം ഇരിക്കും” എന്ന് അവൻ പറഞ്ഞു.12അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കൽനിന്ന് ഇറങ്ങി. ഫറവോന്റെ മേൽ വരുത്തിയ തവള നിമിത്തം മോശെ യഹോവയോട് പ്രാർത്ഥിച്ചു.
13മോശെയുടെ പ്രാർത്ഥനപ്രകാരം യഹോവ ചെയ്തു; ഗൃഹങ്ങളിലും മുറ്റങ്ങളിലും പറമ്പുകളിലും ഉള്ള തവള ചത്തുപോയി.14അവർ അതിനെ കൂമ്പാരങ്ങളായി കൂട്ടി; ദേശം നാറുകയും ചെയ്തു.15എന്നാൽ ആശ്വാസം വന്നു എന്ന് ഫറവോൻ കണ്ടപ്പോൾ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അവൻ തന്റെ ഹൃദയത്തെ കഠിനമാക്കി; അവരെ ശ്രദ്ധിച്ചതുമില്ല.

16അപ്പോൾ യഹോവ മോശെയോട്: “നിന്റെ വടി നീട്ടി നിലത്തിലെ പൊടിയെ അടിക്കുക ”എന്ന് അഹരോനോട് പറയുക. “അത് ഈജിപ്റ്റിൽ എല്ലായിടത്തും പേൻ ആയിത്തീരും” എന്ന് കല്പിച്ചു.17അവർ അങ്ങനെ ചെയ്തു; അഹരോൻ വടിയോടുകൂടി കൈ നീട്ടി നിലത്തിലെ പൊടിയെ അടിച്ചു; അത് മനുഷ്യരുടെ മേലും മൃഗങ്ങളിൻമേലും പേൻ ആയിത്തീർന്നു; ഈജിപ്റ്റിൽ എല്ലായിടത്തും നിലത്തിലെ പൊടിയെല്ലാം പേൻ ആയിത്തീർന്നു.
18മന്ത്രവാദികളും അവരുടെ മന്ത്രവാദത്താൽ പേൻ ഉണ്ടാക്കുവാൻ അതുപോലെ ചെയ്തു; അവർക്ക് കഴിഞ്ഞില്ല . മനുഷ്യരുടെയും മൃഗങ്ങളുടെയും മേൽ പേൻ ഉണ്ടായതുകൊണ്ട് മന്ത്രവാദികൾ ഫറവോനോട് :19“ഇത് ദൈവത്തിന്റെ വിരൽ ആകുന്നു” എന്ന് പറഞ്ഞു; എന്നാൽ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു. അവൻ അവരെ ശ്രദ്ധിച്ചതുമില്ല.

20പിന്നെ യഹോവ മോശെയോട് കല്പിച്ചത് : “നീ നാളെ അതിരാവിലെ എഴുന്നേറ്റ് ഫറവോന്റെ മുമ്പാകെ നില്ക്കുക; അവൻ വെള്ളത്തിന്റെ അടുക്കൽ വരും. നീ അവനോട് പറയേണ്ടത് എന്തെന്നാൽ: ‘യഹോവ ഇപ്രകാരം കല്പിക്കുന്നു: എന്നെ ആരാധിക്കുവാൻ എന്റെ ജനത്തെ വിട്ടയയ്ക്കുക.21നീ എന്റെ ജനത്തെ വിട്ടയയ്ക്കുകയില്ല എങ്കിൽ ഞാൻ നിന്റെമേലും നിന്റെ ഭൃത്യന്മാരുടെമേലും നിന്റെ ജനത്തിൻമേലും നിന്റെ ഗൃഹങ്ങളിലും നായീച്ചയെ അയയ്ക്കും. ഈജിപ്റ്റുകാരുടെ വീടുകളും അവർ പാർക്കുന്ന ദേശവും നായീച്ചകൊണ്ട് നിറയും.
22ഭൂമിയിൽ ഞാൻ തന്നെ യഹോവ എന്ന് നീ അറിയേണ്ടതിന് എന്റെ ജനം പാർക്കുന്ന ഗോശെൻദേശത്തെ അന്ന് ഞാൻ നായീച്ച വരാതെ വേർതിരിക്കും.23എന്റെ ജനത്തിനും നിന്റെ ജനത്തിനും മദ്ധ്യേ ഞാൻ ഒരു വ്യത്യാസം വയ്ക്കും; നാളെ ഈ അടയാളം ഉണ്ടാകും”.24യഹോവ അങ്ങനെ തന്നെ ചെയ്തു. ധാരാളം നായീച്ച ഫറവോന്റെ അരമനയിലും അവന്റെ ഭൃത്യന്മാരുടെ വീടുകളിലും ഈജിപ്റ്റിൽ എല്ലായിടത്തും വന്നു; നായീച്ചയാൽ ദേശം നശിച്ചു.
25അപ്പോൾ ഫറവോൻ മോശെയെയും അഹരോനെയും വിളിച്ചു.“നിങ്ങൾ പോയി നിങ്ങൾ പാർക്കുന്ന ദേശത്തുവച്ച് തന്നെ നിങ്ങളുടെ ദൈവത്തിന് യാഗം കഴിക്കുവിൻ” എന്ന് പറഞ്ഞു.26അതിന് മോശെ: “അങ്ങനെ ചെയ്തുകൂടാ; ഈജിപ്റ്റുകാർക്ക് വെറുപ്പായുള്ളത് ഞങ്ങളുടെ ദൈവമായ യഹോവയ്ക്ക് യാഗം കഴിക്കേണ്ടിവരുമല്ലോ; ഈജിപ്റ്റുകാർക്ക് വെറുപ്പായുള്ളത് അവർ കാൺകെ ഞങ്ങൾ യാഗം കഴിച്ചാൽ അവർ ഞങ്ങളെ കല്ലെറിയുകയില്ലേ?27ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങളോട് കല്പിച്ചതുപോലെ ഞങ്ങൾ മൂന്ന് ദിവസത്തെ യാത്രാദൂരം മരുഭൂമിയിൽ പോയി അവന് യാഗം കഴിക്കണം” എന്ന് പറഞ്ഞു.
28അപ്പോൾ ഫറവോൻ: “നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് മരുഭൂമിയിൽവച്ച് യാഗം കഴിക്കേണ്ടതിന് നിങ്ങളെ വിട്ടയയ്ക്കാം; പക്ഷെ,വളരെ ദൂരെ പോകരുത്; എനിക്കുവേണ്ടി പ്രാർത്ഥിക്കുവിൻ” എന്ന് പറഞ്ഞു.29അതിന് മോശെ: “ഞാൻ നിന്റെ അടുക്കൽ നിന്ന് പോയിട്ട് യഹോവയോട് പ്രാർത്ഥിക്കും; നാളെ നായീച്ച ഫറവോനെയും ഭൃത്യന്മാരെയും ജനത്തെയും വിട്ട് മാറിപ്പോകും. പക്ഷേ യഹോവയ്ക്ക് യാഗം കഴിക്കുവാൻ ജനത്തെ വിട്ടയയ്ക്കാതെ ഫറവോൻ ഇനി വഞ്ചിക്കരുത്” എന്ന് പറഞ്ഞു.
30അങ്ങനെ മോശെ ഫറവോന്റെ അടുക്കൽനിന്ന് പോയി യഹോവയോട് പ്രാർത്ഥിച്ചു.31യഹോവ മോശെയുടെ പ്രാർത്ഥനപോലെ ചെയ്തു: നായീച്ച ഒന്നുപോലും ഇല്ലാതെ ഫറവോനെയും ഭൃത്യന്മാരെയും ജനത്തെയും വിട്ട് മാറിപ്പോയി.32എന്നാൽ ഫറവോൻ ഈ പ്രാവശ്യവും തന്റെ ഹൃദയം കഠിനമാക്കി; ജനത്തെ വിട്ടയച്ചതുമില്ല.

9

1യഹോവ പിന്നെയും മോശെയോട് കല്പിച്ചത് : “നീ ഫറവോന്റെ അടുക്കൽ ചെന്ന് അവനോട് പറയേണ്ടത് : എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിക്കുവാൻ എന്റെ ജനത്തെ വിട്ടയയ്ക്കുക.2വിട്ടയയ്ക്കുവാൻ സമ്മതിക്കാതെ ഇനിയും അവരെ തടഞ്ഞു നിർത്തിയാൽ,3യഹോവയുടെ കൈ കുതിര, കഴുത, ഒട്ടകം, കന്നുകാലി, ആട് എന്നിങ്ങനെ വയലിൽ നിനക്കുള്ള മൃഗങ്ങളിന്മേൽ വരും; അതികഠിനമായ രോഗമുണ്ടാകും.4യഹോവ യിസ്രായേല്യരുടെ മൃഗങ്ങൾക്കും ഈജിപ്റ്റുകാരുടെ മൃഗങ്ങൾക്കും തമ്മിൽ വ്യത്യാസം വയ്ക്കും; യിസ്രായേൽമക്കളുടെ മൃഗങ്ങളിൽ ഒന്നും ചാകുകയുമില്ല.

5യഹോവ, ദേശത്ത് ഈ കാര്യം ചെയ്യുവാൻ നാളെത്തേക്ക് സമയം കുറിച്ചിരിക്കുന്നു.6അങ്ങനെ പിറ്റേദിവസം യഹോവ ഈ കാര്യം ചെയ്തു. ഈജിപ്റ്റുകാരുടെ മൃഗങ്ങൾ എല്ലാം ചത്തു; യിസ്രായേൽമക്കളുടെ മൃഗങ്ങളോ ഒന്നുപോലും ചത്തില്ല.7ഫറവോൻ അന്വേഷിച്ചു; യിസ്രായേല്യരുടെ മൃഗങ്ങൾ ഒന്നുപോലും ചത്തില്ല എന്ന് കണ്ടെങ്കിലും ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു അവൻ ജനത്തെ വിട്ടയച്ചതുമില്ല.

8പിന്നെ യഹോവ മോശെയോടും അഹരോനോടും:“ അടുപ്പിലെ വെണ്ണീർ കൈനിറച്ച് വാരുവീൻ; മോശെ അത് ഫറവോന്റെ മുമ്പാകെ ആകാശത്തേക്ക് വിതറട്ടെ.9അത് ഈജിപ്റ്റിൽ എല്ലായിടത്തും ധൂളിയായി പാറി മനുഷ്യരുടെമേലും മൃഗങ്ങളുടെമേലും പുണ്ണായി പൊങ്ങുന്ന പരുവാകും1 ” എന്ന് കല്പിച്ചു.10അങ്ങനെ അവർ അടുപ്പിലെ വെണ്ണീർ വാരി ഫറവോന്റെ മുമ്പാകെ നിന്നു. മോശെ അത് ആകാശത്തേക്ക് വിതറിയപ്പോൾ അത് മനുഷ്യരുടെ മേലും മൃഗങ്ങളുടെമേലും പുണ്ണായി പൊങ്ങുന്ന പരുവായിത്തീർന്നു.
11പരുനിമിത്തം മന്ത്രവാദികൾക്ക് മോശെയുടെ മുമ്പാകെ നില്പാൻ കഴിഞ്ഞില്ല; പരു മന്ത്രവാദികൾക്കും എല്ലാ ഈജിപ്റ്റുകാർക്കും ഉണ്ടായിരുന്നു.12എന്നാൽ യഹോവ മോശെയോട് അരുളിച്ചെയ്തിരുന്നതുപോലെ അവൻ ഫറവോന്റെ ഹൃദയത്തെ കഠിനമാക്കി; അവൻ അവരെ ശ്രദ്ധിച്ചതുമില്ല.

13അപ്പോൾ യഹോവ മോശെയോട് കല്പിച്ചത്: “നീ നാളെ അതിരാവിലെ എഴുന്നേറ്റ്, ഫറവോന്റെ മുമ്പാകെ നിന്ന് അവനോട് പറയേണ്ടത് എന്തെന്നാൽ: എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിക്കുവാൻ എന്റെ ജനത്തെ വിട്ടയയ്ക്ക.14സർവ്വഭൂമിയിലും എന്നെപ്പോലെ വേറാരുമില്ല എന്ന് നീ അറിയേണ്ടതിന് ഈ പ്രാവശ്യം ഞാൻ എന്റെ ബാധകളൊക്കെയും നിന്റെ മേലും നിന്റെ ഭൃത്യന്മാരുടെ മേലും നിന്റെ ജനത്തിന്മേലും അയയ്ക്കും.
15ഇപ്പോൾ തന്നേ ഞാൻ എന്റെ കൈ നീട്ടി നിന്നെയും നിന്റെ ജനത്തെയും മാരകമായ പകർച്ചവ്യാധികളാൽ പീഡിപ്പിച്ച് നിന്നെ ഭൂമിയിൽ നിന്ന് ഛേദിച്ചുകളയുമായിരുന്നു.16എങ്കിലും എന്റെ ശക്തി നിന്നെ കാണിക്കേണ്ടതിനും എന്റെ നാമം സർവ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിനും ഞാൻ നിന്നെ നിർത്തിയിരിക്കുന്നു.17എന്റെ ജനത്തെ അയയ്ക്കാതെ നീ ഇപ്പോഴും ഗർവ്വോടുകൂടി അവരെ തടഞ്ഞു നിർത്തുന്നു.
18ഈജിപ്റ്റ് സ്ഥാപിതമായ നാൾമുതൽ ഇന്നുവരെ അതിൽ ഉണ്ടായിട്ടില്ലാത്ത അതികഠിനമായ കല്മഴ ഞാൻ നാളെ ഈ നേരത്ത് പെയ്യിക്കും.19അതുകൊണ്ട് ഇപ്പോൾ ആളയച്ച് നിന്റെ മൃഗങ്ങളെയും വയലിൽ നിനക്കുള്ള സകലത്തെയും അകത്ത് വരുത്തിക്കൊള്ളുക. വീട്ടിൽ വരുത്താതെ വയലിൽ കാണുന്ന സകലമനുഷ്യന്റെയും മൃഗത്തിന്റെയും മേൽ കല്മഴ പെയ്യുകയും എല്ലാം ചാവുകയും ചെയ്യും.
20ഫറവോന്റെ ഭൃത്യന്മാരിൽ യഹോവയുടെ വചനത്തെ ഭയപ്പെട്ടവർ ദാസന്മാരെയും മൃഗങ്ങളെയും വീടുകളിൽ വരുത്തി രക്ഷിച്ചു.21എന്നാൽ യഹോവയുടെ വചനത്തെ പ്രമാണിക്കാതിരുന്നവർ ദാസന്മാരെയും മൃഗങ്ങളെയും വയലിൽ തന്നെ നിർത്തിയിരുന്നു.

22പിന്നെ യഹോവ മോശെയോട്:“ഈജിപ്റ്റിൽ എല്ലായിടത്തും മനുഷ്യരുടെയും മൃഗങ്ങളുടെയും മേലും ഈജിപ്റ്റിലെ സകലസസ്യത്തിന്മേലും കല്മഴ വരുവാൻ നിന്റെ കൈ ആകാശത്തേക്ക് നീട്ടുക” എന്ന് കല്പിച്ചു.23മോശെ തന്റെ വടി ആകാശത്തേക്ക് നീട്ടി; അപ്പോൾ യഹോവ ഇടിയും കല്മഴയും അയച്ചു; തീ ഭൂമിയിലേക്ക് പാഞ്ഞിറങ്ങി; യഹോവ ഈജിപ്റ്റിന്മേൽ കല്മഴ പെയ്യിച്ചു.24ഇങ്ങനെ കല്മഴയും കല്മഴയോടു കൂടി വിടാതെ ഇറങ്ങുന്ന തീയും അതികഠിനമായിരുന്നു; ഈജിപ്റ്റിൽ ജനവാസം തുടങ്ങിയതുമുതൽ ഇതുപോലെ ഉണ്ടായിട്ടില്ല.
25ഈജിപ്റ്റിൽ എല്ലായിടത്തും മനുഷ്യരെയും മൃഗങ്ങളെയും വയലിൽ ആയിരുന്ന സകലത്തെയും കല്മഴ സംഹരിച്ചു; കല്മഴ വയലിലുള്ള സകലസസ്യത്തെയും നശിപ്പിച്ചു; പറമ്പിലെ വൃക്ഷത്തെ ഒക്കെയും തകർത്തുകളഞ്ഞു.26യിസ്രായേൽമക്കൾ പാർത്ത ഗോശെൻദേശത്ത് മാത്രം കല്മഴ ഉണ്ടായില്ല.
27അപ്പോൾ ഫറവോൻ ആളയച്ച് മോശെയെയും അഹരോനെയും വിളിപ്പിച്ച് അവരോട്:“ ഈ പ്രാവശ്യം ഞാൻ പാപം ചെയ്തു; യഹോവ നീതിയുള്ളവൻ; ഞാനും എന്റെ ജനവും ദുഷ്ടന്മാർ.28യഹോവയോട് പ്രാർത്ഥിപ്പിൻ; ഈ ഭയങ്കരമായ ഇടിയും കല്മഴയും മതിയായി.. ഞാൻ നിങ്ങളെ വിട്ടയയ്ക്കാം; ഇനി താമസിപ്പിക്കുകയില്ല” എന്ന് പറഞ്ഞു.
29മോശെ അവനോട്: “ഞാൻ പട്ടണത്തിൽനിന്ന് പുറപ്പെടുമ്പോൾ യഹോവയിങ്കലേക്ക് കൈ മലർത്തും; ഭൂമി യഹോവയ്ക്കുള്ളത് എന്ന് നീ അറിയേണ്ടതിന് ഇടിമുഴക്കം നിന്നുപോകും; കല്മഴയും പിന്നെ ഉണ്ടാവുകയില്ല.30എന്നാൽ നീയും നിന്റെ ഭൃത്യന്മാരും യഹോവയായ ദൈവത്തെ ഭയപ്പെടുകയില്ല എന്ന് ഞാൻ അറിയുന്നു” എന്ന് പറഞ്ഞു.
31അങ്ങനെ ചണവും യവവും 2 നശിച്ചുപോയി; യവകൃഷി കതിരിടുകയും3 ചണം പുഷ്പിക്കുകയും ചെയ്തിരുന്നു.32എന്നാൽ ഗോതമ്പും ചോളവും വളർന്നിട്ടില്ലായിരുന്നു. അതുകൊണ്ട് നശിച്ചില്ല.33മോശെ ഫറവോനെ വിട്ട് പട്ടണത്തിൽനിന്ന് പുറപ്പെട്ട് യഹോവയിങ്കലേക്ക് കൈ മലർത്തിയപ്പോൾ ഇടിമുഴക്കവും കല്മഴയും നിന്നു. മഴ ഭൂമിയിൽ പെയ്തതുമില്ല.
34എന്നാൽ മഴയും കല്മഴയും ഇടിമുഴക്കവും നിന്നുപോയി എന്ന് ഫറവോൻ കണ്ടപ്പോൾ അവൻ പിന്നെയും പാപം ചെയ്തു; അവനും ഭൃത്യന്മാരും ഹൃദയം കഠിനമാക്കി.35യഹോവ മോശെ മുഖാന്തരം അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു, അവൻ യിസ്രായേൽമക്കളെ വിട്ടയച്ചതുമില്ല.


1 9:9 പുണ്ണായി പൊങ്ങുന്ന പരുവാകും = തീപ്പൊള്ളൽ മൂലം ഉണ്ടാകുന്ന വ്രണം പോലെ വേദനയുള്ള വ്രണം
2 9:31 യവം = ബാർലി
3 9:31 കതിരായും = വിളഞ്ഞിരുന്നു /ഫലം ഉണ്ടാവുകയും

10

1യഹോവ പിന്നെയും മോശെയോട്: “നീ ഫറവോന്റെ അടുക്കൽ ചെല്ലുക. ഞാൻ അവന്റെ മുമ്പിൽ എന്റെ അടയാളങ്ങൾ ചെയ്യേണ്ടതിനും,2ഞാൻ ഈജിപ്റ്റിൽ പ്രവർത്തിച്ച കാര്യങ്ങളും അവരുടെ മദ്ധ്യത്തിൽ ചെയ്ത അടയാളങ്ങളും നീ നിന്റെ പുത്രന്മാരോടും 1 പൌത്രന്മാരോടും വിവരിക്കേണ്ടതിനും ഞാൻ യഹോവ ആകുന്നു എന്ന് നിങ്ങൾ അറിയേണ്ടതിനും ഞാൻ അവന്റെയും ഭൃത്യന്മാരുടെയും ഹൃദയം കഠിനമാക്കിയിരിക്കുന്നു” എന്ന് കല്പിച്ചു.

3അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കൽ ചെന്ന് അവനോട് പറഞ്ഞതെന്തെന്നാൽ: “എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ സന്നിധിയിൽ തന്നെത്താൻ താഴ്ത്തുവാൻ എത്രത്തോളം നിനക്ക് മനസ്സില്ലാതിരിക്കും? എന്നെ ആരാധിക്കുവാൻ എന്റെ ജനത്തെ വിട്ടയയ്ക്കുക.4എന്റെ ജനത്തെ വിട്ടയയ്ക്കുവാൻ നിനക്ക് മനസ്സില്ലെങ്കിൽ ഞാൻ നാളെ നിന്റെ രാജ്യത്ത് 2 വെട്ടുക്കിളിയെ വരുത്തും.
5നിലം കാണുവാൻ കഴിയാത്തവിധം അവ ഭൂതലത്തെ മൂടും. കല്മഴയിൽ നശിക്കാതെ ശേഷിച്ചിരിക്കുന്നതും പറമ്പിൽ തളിർത്ത് വളരുന്നതുമായ എല്ലാ വൃക്ഷവും തിന്നുകളയുകയും ചെയ്യും.6നിന്റെ ഗൃഹങ്ങളും നിന്റെ സകലഭൃത്യന്മാരുടെയും സകല ഈജിപ്റ്റുകാരുടെയും വീടുകളും അവയെക്കൊണ്ട് നിറയും; നിന്റെ പിതാക്കന്മാരുടെയോ പിതാമഹന്മാരുടെയോ കാലം മുതൽ ഇന്നുവരെ അങ്ങനെയുള്ള കാര്യം കണ്ടിട്ടില്ല” പിന്നെ അവൻ ഫറവോന്റെ അടുക്കൽനിന്ന് മടങ്ങിപ്പോയി.
7അപ്പോൾ ഭൃത്യന്മാർ ഫറവോനോട്: “എത്ര നാൾ ഇവൻ നമുക്ക് ഉപദ്രവകാരിയായിരിക്കും? ആ മനുഷ്യരെ അവരുടെ ദൈവമായ യഹോവയെ ആരാധിക്കേണ്ടതിന് വിട്ടയയ്ക്കണം; ഈജിപ്റ്റ് നശിച്ചു എന്ന് ഇപ്പോഴും നീ അറിയുന്നില്ലയോ” എന്ന് പറഞ്ഞു.8അപ്പോൾ ഫറവോൻ മോശെയെയും അഹരോനെയും വീണ്ടും വരുത്തി അവരോട്: “നിങ്ങൾ പോയി നിങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കുവിൻ.
9എന്നാൽ നിങ്ങൾ ആരെല്ലമാണ് പോകുന്നത്?” എന്ന് ചോദിച്ചു അതിന് മോശെ “ഞങ്ങൾക്ക് യഹോവയുടെ ഉത്സവമുള്ളതുകൊണ്ട് ഞങ്ങളുടെ ബാലന്മാരും വൃദ്ധന്മാരും പുത്രന്മാരും പുത്രിമാരുമായി ഞങ്ങൾ പോകും; ഞങ്ങളുടെ ആടുകളെയും കന്നുകാലികളെയും കൂടെ കൊണ്ടുപോകും” എന്ന് പറഞ്ഞു.10അവൻ അവരോട്: “ഞാൻ നിങ്ങളെയും നിങ്ങളുടെ കുട്ടികളെയും വിട്ടയച്ചാൽ യഹോവ നിങ്ങളോടുകൂടെ ഇരിക്കട്ടെ; നോക്കുവിൻ; നിങ്ങളുടെ മനസ്സിൽ ദുരുദ്ദേശ്യമുണ്ടോ ?.11അങ്ങനെയല്ല, നിങ്ങൾ പുരുഷന്മാർ പോയി യഹോവയെ ആരാധിച്ചുകൊൾവിൻ; ഇതാണല്ലോ നിങ്ങൾ അപേക്ഷിച്ചത്” എന്ന് പറഞ്ഞ് അവരെ ഫറവോന്റെ സന്നിധിയിൽനിന്ന് അകറ്റിക്കളഞ്ഞു.

12അപ്പോൾ യഹോവ മോശെയോട്: “നിലത്തിലെ സകലസസ്യങ്ങളും കല്മഴയിൽ ശേഷിച്ചത് ഒക്കെയും തിന്നുകളയേണ്ടതിന് വെട്ടുക്കിളി ഈജിപ്റ്റിൽ വരുവാൻ നിന്റെ കൈ ദേശത്തിന്മേൽ നീട്ടുക” എന്ന് പറഞ്ഞു.13അങ്ങനെ മോശെ തന്റെ വടി ഈജിപ്റ്റിന്മേൽ നീട്ടി; യഹോവ അന്ന് പകലും രാത്രിയും മുഴുവൻ ദേശത്തിന്മേൽ കിഴക്കൻകാറ്റ് അടിപ്പിച്ചു; പ്രഭാതം ആയപ്പോൾ കിഴക്കൻകാറ്റ് വെട്ടുക്കിളിയെ കൊണ്ടുവന്നു.
14വെട്ടുക്കിളി ഈജിപ്റ്റിന്റെ അതിർക്കകത്ത് മുഴുവനും വ്യാപിച്ചു; അത്രയും വെട്ടുക്കിളി ഇതുവരെ ഉണ്ടായിട്ടില്ല, ഇനി അതുപോലെ ഉണ്ടാവുകയുമില്ല.15അത് ഭൂതലത്തെ മുഴുവനും മൂടി. ദേശം അതിനാൽ ഇരുണ്ടുപോയി; കല്മഴയിൽ ശേഷിച്ച നിലത്തിലെ സകലസസ്യവും വൃക്ഷങ്ങളുടെ സകലഫലവും അത് തിന്നുത്തീർത്തു; ഈജിപ്റ്റിൽ എങ്ങും വൃക്ഷങ്ങളിലോ നിലത്തിലെ സസ്യങ്ങളിലോ പച്ചയായ യാതൊന്നും ശേഷിച്ചില്ല.
16ഫറവോൻ മോശെയെയും അഹരോനെയും വേഗത്തിൽ വിളിപ്പിച്ചു:“ നിങ്ങളുടെ ദൈവമായ യഹോവയോടും നിങ്ങളോടും ഞാൻ പാപം ചെയ്തിരിക്കുന്നു.17അതുകൊണ്ട് ഈ പ്രാവശ്യം മാത്രം നീ എന്റെ പാപം ക്ഷമിച്ച് ഈ 3 മരണം എന്നെ വിട്ടു നീങ്ങുവാൻ നിങ്ങളുടെ ദൈവമായ യഹോവയോട് പ്രാർത്ഥിക്കുവിൻ” എന്ന് പറഞ്ഞു.18മോശെ ഫറവോന്റെ അടുക്കൽ നിന്ന് പോയി യഹോവയോട് പ്രാർത്ഥിച്ചു.
19യഹോവ മഹാശക്തിയുള്ള ഒരു പടിഞ്ഞാറൻ കാറ്റ് അടിപ്പിച്ചു; അത് വെട്ടുക്കിളിയെ എടുത്ത് ചെങ്കടലിൽ ഇട്ടുകളഞ്ഞു. ഈജിപ്റ്റിൽ എങ്ങും ഒരു വെട്ടുക്കിളിപോലും ശേഷിച്ചില്ല.20എന്നാൽ യഹോവ ഫറവോന്റെ ഹൃദയത്തെ കഠിനമാക്കി; അവൻ യിസ്രായേൽമക്കളെ വിട്ടയച്ചതുമില്ല.

21അപ്പോൾ യഹോവ മോശെയോട്: “ഈജിപ്റ്റിനെ സ്പർശിക്കുന്ന വിധം ഇരുൾ ഉണ്ടാകേണ്ടതിന് നിന്റെ കൈ ആകാശത്തേക്ക് നീട്ടുക” എന്ന് കല്പിച്ചു.22മോശെ തന്റെ കൈ ആകാശത്തേക്ക് നീട്ടി, ഈജിപ്റ്റിൽ എല്ലാം മൂന്ന് ദിവസത്തേക്ക് കൂരിരുട്ടുണ്ടായി.23മൂന്ന് ദിവസത്തേക്ക് ആരും അന്യോന്യം കണ്ടില്ല;; ആരും തന്റെ സ്ഥലം വിട്ട് എഴുന്നേറ്റതുമില്ല. എന്നാൽ യിസ്രായേൽമക്കൾക്ക് എല്ലാവർക്കും അവരുടെ വാസസ്ഥലങ്ങളിൽ വെളിച്ചം ഉണ്ടായിരുന്നു.
24അപ്പോൾ ഫറവോൻ മോശെയെ വിളിപ്പിച്ചു. “നിങ്ങൾ പോയി യഹോവയെ ആരാധിക്കുവിൻ; നിങ്ങളുടെ ആടുകളും കന്നുകാലികളും മാത്രം ഇവിടെ നില്ക്കട്ടെ; നിങ്ങളുടെ കുഞ്ഞുകുട്ടികളും നിങ്ങളോടുകൂടി പോരട്ടെ” എന്ന് പറഞ്ഞു.25അതിന് മോശെ പറഞ്ഞത് : “ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയ്ക്ക് അർപ്പിക്കേണ്ടതിന് യാഗങ്ങൾക്കും സർവ്വാംഗഹോമങ്ങൾക്കും വേണ്ടി മൃഗങ്ങളെയും നീ ഞങ്ങൾക്ക് തരണം.26ഞങ്ങളുടെ മൃഗങ്ങളും ഞങ്ങളോടുകൂടെ പോരണം; ഒരു 4 കുളമ്പുപോലും ഇവിടെ ശേഷിക്കരുത്; ഞങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കണ്ടതിന് അവയിൽനിന്നല്ലോ ഞങ്ങൾ എടുക്കേണ്ടത്; ഏതിനെ അർപ്പിച്ച് യഹോവയെ ആരാധിക്കേണമെന്ന് അവിടെ എത്തുന്നതുവരെ ഞങ്ങൾ അറിയുന്നില്ല.
27എന്നാൽ യഹോവ ഫറവോന്റെ ഹൃദയം കഠിനമാക്കി; അവരെ വിട്ടയയ്ക്കുവാൻ അവന് മനസ്സായില്ല.28ഫറവോൻ അവനോട്: “എന്റെ അടുക്കൽനിന്ന് പോകുക. ഇനി എന്റെ മുഖം കാണാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുക. എന്റെ മുഖം കാണുന്ന നാളിൽ നീ മരിക്കും” എന്ന് പറഞ്ഞതിന് മോശെ:29“നീ പറഞ്ഞതുപോലെ ആകട്ടെ; ഞാൻ ഇനി നിന്റെ മുഖം കാണുകയില്ല ”എന്ന് പറഞ്ഞു.


1 10:2 പൗത്രന്മാർ = മക്കളുടെ മക്കൾ
2 10:4 വെട്ടുക്കിളി= പച്ചിലകളും വിളകളും നശിപ്പിക്കുന്ന ഒരു തരം ചെറിയ കിളി.
3 10:17 മരണം = വെട്ടുക്കിളിയാലുണ്ടായ നാശമാണ് ഇവിടെ ഉദ്ദേശിക്കുന്നത്
4 10:26 കുളമ്പ് = മൄഗങ്ങളുടെ കാൽച്ചുവട്ടിലെ നഖരൂപമായ ഉറച്ചബ്

11

1അതിനുശേഷം യഹോവ മോശെയോട്: “ഞാൻ ഒരു ബാധകൂടെ ഫറവോന്റെമേലും ഈജിപ്റ്റിന്മേലും വരുത്തും; അതുകഴിയുമ്പോൾ അവൻ നിങ്ങളെ ഇവിടെനിന്ന് വിട്ടയയ്ക്കും; വിട്ടയയ്ക്കുമ്പോൾ നിങ്ങളെ എല്ലാവരെയും ഇവിടെ നിന്ന് ഓടിച്ചുകളയും.2ഓരോ പുരുഷനും തന്റെ അയൽക്കാരനോടും ഓരോ സ്ത്രീയും തന്റെ അയൽക്കാരിയോടും വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും ചോദിക്കുവാൻ നീ ജനത്തോട് പറയുക” എന്ന് കല്പിച്ചു.3യഹോവ ഈജിപ്റ്റുകാർക്ക് യിസ്രായേൽ ജനത്തോട് കൃപ തോന്നുമാറാക്കി. വിശേഷാൽ മോശെ എന്ന പുരുഷനെ ഈജിപ്റ്റിൽ ഫറവോന്റെ ഭൃത്യന്മാരും പ്രജകളും മഹാശ്രേഷ്ഠനായി വിചാരിച്ചു.

4മോശെ ഇപ്രകാരം പറഞ്ഞു:“യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അർദ്ധരാത്രിയിൽ ഞാൻ ഈജിപ്റ്റിന്റെ നടുവിൽകൂടി പോകും.5അപ്പോൾ സിംഹാസനത്തിൽ ഇരിക്കുന്ന ഫറവോന്റെ ആദ്യജാതൻ മുതൽ 1 തിരികല്ലിൽ ധാന്യം പൊടിക്കുന്ന ദാസിയുടെ ആദ്യജാതൻ വരെയും, ഈജിപ്റ്റിലുള്ള കടിഞ്ഞൂലുകൾ ഒക്കെയും എല്ലാ മൃഗങ്ങളുടെയും 2 കടിഞ്ഞൂലുകളും ചത്തുപോകും.
6ഈജിപ്റ്റിൽ എങ്ങും മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തതും ഇനി ഉണ്ടാകാത്തതുമായ വലിയൊരു നിലവിളി ഉണ്ടാകും.7എന്നാൽ യഹോവ ഈജിപ്റ്റുകാർക്കും യിസ്രായേല്യർക്കും മദ്ധ്യേ വ്യത്യാസം വയ്ക്കുന്നു എന്ന് നിങ്ങൾ അറിയേണ്ടതിന് യിസ്രായേൽമക്കളിൽ യാതൊരു മനുഷ്യന്റെയോ മൃഗത്തിന്റെയോ നേരെ ഒരു നായ് പോലും നാവ് അനക്കുകയില്ല.8അപ്പോൾ നിന്റെ ഈ സകലഭൃത്യന്മാരും എന്റെ അടുക്കൽ വന്ന്: നീയും നിന്റെ കീഴിൽ ഇരിക്കുന്ന സർവ്വജനവുംകൂടെ പുറപ്പെടുക എന്ന് പറഞ്ഞ് എന്നെ നമസ്കരിക്കും; അതിന്റെ ശേഷം ഞാൻ പുറപ്പെടും”. അങ്ങനെ അവൻ ഉഗ്രകോപത്തോടെ ഫറവോന്റെ അടുക്കൽ നിന്ന് പുറപ്പെട്ടുപോയി.

9യഹോവ മോശെയോട്: “ഈജിപ്റ്റിൽ എന്റെ അത്ഭുതങ്ങൾ വർദ്ധിക്കേണ്ടതിന് ഫറവോൻ നിങ്ങളുടെ വാക്ക് കേൾക്കുകയില്ല“ എന്ന് അരുളിച്ചെയ്തു.10മോശെയും അഹരോനും ഈ അത്ഭുതങ്ങളെല്ലാം ഫറവോന്റെ മുമ്പിൽ ചെയ്തു എങ്കിലും യഹോവ ഫറവോന്റെ ഹൃദയം കഠിനമാക്കി; അവൻ യിസ്രായേൽമക്കളെ തന്റെ ദേശത്ത് നിന്ന് വിട്ടയച്ചതുമില്ല.


1 11:5 തിരികല്ല് = ധാന്യങ്ങൾ പൊടിക്കുന്നതിന് കരിങ്കല്ലുകൊണ്ടുണ്ടാക്കുന്ന ഉപകരണം
2 11:5 കടിഞ്ഞൂൽ = ആദ്യജാതൻ

12

1യഹോവ മോശെയോടും അഹരോനോടും ഈജിപ്റ്റിൽ വച്ച് അരുളിച്ചെയ്തത് എന്തെന്നാൽ:2“ഈ മാസം നിങ്ങൾക്ക് മാസങ്ങളുടെ ആരംഭമായി വർഷത്തിന്റെ ഒന്നാം മാസം ആയിരിക്കണം.

3നിങ്ങൾ യിസ്രായേലിന്റെ സർവ്വസംഘത്തോടും പറയേണ്ടത് എന്തെന്നാൽ: ഈ മാസം പത്താം തീയതി ഓരോ കുടുംബത്തിനും ഓരോ ആട്ടിൻകുട്ടി വീതം ഓരോരുത്തൻ ഓരോ ആട്ടിൻകുട്ടിയെ എടുക്കണം.4ആട്ടിൻകുട്ടിയെ തിന്നുവാൻ വീട്ടിലുള്ളവർ പോരായെങ്കിൽ ആളുകളുടെ എണ്ണം അനുസരിച്ച് അവനും അവന്റെ അയൽക്കാരനും കൂടി അതിനെ എടുക്കണം. ഓരോരുത്തൻ കഴിക്കുന്നതിന് അനുസരിച്ച് കണക്ക് നോക്കി നിങ്ങൾ ആട്ടിൻകുട്ടിയെ എടുക്കണം.
5ആട്ടിൻകുട്ടി 1 ഊനമില്ലാത്തതും ഒരു വയസ്സ് പ്രായമുള്ള ആണും ആയിരിക്കേണം; അത് ചെമ്മരിയാടോ കോലാടോ ആകാം.6ഈ മാസം പതിനാലാം തീയതിവരെ അതിനെ സൂക്ഷിക്കണം. യിസ്രായേൽസഭയുടെ കൂട്ടമെല്ലാം സന്ധ്യാസമയത്ത് അതിനെ അറുക്കണം.7അതിന്റെ രക്തം കുറെ എടുത്ത് നിങ്ങൾ മാംസം ഭക്ഷിക്കുവാൻ കൂടിയിരിക്കുന്ന വീടുകളുടെ വാതിലിന്റെ കട്ടളക്കാൽ രണ്ടിന്മേലും കുറുമ്പടിമേലുംപുരട്ടണം.8അന്ന് രാത്രി അവർ തീയിൽ ചുട്ടതായ ആ മാംസവും പുളിപ്പില്ലാത്ത അപ്പവും തിന്നണം; കൈപ്പുചീരയോടുകൂടി അത് തിന്നണം.
9തലയും കാലും അന്തർഭാഗങ്ങളുമായി തീയിൽ ചുട്ടിട്ടല്ലാതെ പച്ചയായോ വെള്ളത്തിൽ പുഴുങ്ങിയോ തിന്നരുത്.10പിറ്റെന്നാൾ കാലത്തേക്ക് അതിൽ ഒട്ടും ശേഷിപ്പിക്കരുത്; ബാക്കി വരുന്നത് പിറ്റെന്നാൾ നിങ്ങൾ തീയിലിട്ട് ചുട്ടുകളയണം.11അരയിൽ തോൽവാർ കെട്ടിയും കാലിൽ ചെരുപ്പിട്ടും കയ്യിൽ വടി പിടിച്ചുംകൊണ്ട് നിങ്ങൾ തിന്നണം; തിടുക്കത്തിൽ നിങ്ങൾ തിന്നണം; അത് യഹോവയുടെ പെസഹ ആകുന്നു.
12ഈ രാത്രിയിൽ ഞാൻ ഈജിപ്റ്റിൽകൂടി കടന്ന് ഈജിപ്റ്റിലുള്ള മനുഷ്യന്റെയും മൃഗത്തിന്റെയും കടിഞ്ഞൂലിനെ ഒക്കെയും സംഹരിക്കും; ഈജിപ്റ്റിലെ സകലദേവന്മാരിലും ഞാൻ ന്യായവിധി നടത്തും; ഞാൻ യഹോവ ആകുന്നു.13നിങ്ങൾ പാർക്കുന്ന വീടുകളിന്മേൽ രക്തം അടയാളമായിരിക്കും; ഞാൻ രക്തം കാണുമ്പോൾ നിങ്ങളെ വിട്ട് ഒഴിഞ്ഞ് പോകും; ഞാൻ ഈജിപ്റ്റിനെ ബാധിക്കുന്ന ബാധ നിങ്ങൾക്ക് നാശകാരണമായി തീരുകയില്ല.14ഈ ദിവസം നിങ്ങൾക്ക് ഓർമ്മദിവസമായിരിക്കണം; നിങ്ങൾ അത് യഹോവയ്ക്ക് ഉത്സവമായി ആചരിക്കണം. ഇത് നിങ്ങൾ തലമുറതലമുറയായി നിത്യനിയമമായി ആചരിക്കണം.
15ഏഴു ദിവസം നിങ്ങൾ പുളിപ്പില്ലാത്ത അപ്പം തിന്നണം; ഒന്നാം ദിവസം തന്നെ പുളിച്ച മാവ് നിങ്ങളുടെ വീടുകളിൽനിന്ന് മാറ്റണം; ഒന്നാം ദിവസംമുതൽ ഏഴാം ദിവസംവരെ ആരെങ്കിലും പുളിപ്പുള്ള അപ്പം തിന്നാൽ അവനെ യിസ്രായേലിൽനിന്ന് ഛേദിച്ചുകളയണം.16ഒന്നാം ദിവസത്തിലും ഏഴാം ദിവസത്തിലും നിങ്ങൾക്ക് വിശുദ്ധ ആരാധന ഉണ്ടാകണം; അന്ന് അവരവർക്ക് വേണ്ടുന്ന ഭക്ഷണം ഒരുക്കുകയല്ലാതെ ഒരു വേലയും ചെയ്യരുത്.
17പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ നിങ്ങൾ ആചരിക്കണം; ഈ ദിവസത്തിൽ തന്നെയാകുന്നു ഞാൻ നിങ്ങളുടെ ഗണങ്ങളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചിരിക്കുന്നത്; അതുകൊണ്ട് ഈ ദിവസം തലമുറതലമുറയായി നിത്യനിയമമായി നിങ്ങൾ ആചരിക്കണം.18ഒന്നാം മാസം പതിനാലാം തീയതി വൈകുന്നേരംമുതൽ ആ മാസം ഇരുപത്തൊന്നാം തീയതി വൈകുന്നേരംവരെ നിങ്ങൾ പുളിപ്പില്ലാത്ത അപ്പം തിന്നണം.
19ഏഴ് ദിവസം നിങ്ങളുടെ വീടുകളിൽ പുളിച്ചമാവ് കാണരുത്. ആരെങ്കിലും പുളിച്ചത് തിന്നാൽ പരദേശിയായാലും സ്വദേശിയായാലും അവനെ യിസ്രായേൽസഭയിൽ നിന്ന് പുറത്താക്കണം.20പുളിച്ചത് യാതൊന്നും നിങ്ങൾ തിന്നരുത്; നിങ്ങളുടെ താമസസ്ഥലങ്ങളിലെല്ലാം പുളിപ്പില്ലാത്ത അപ്പം തിന്നണം.”

21അനന്തരം മോശെ യിസ്രായേൽമൂപ്പന്മാരെ ഒക്കെയും വിളിച്ച് അവരോട് പറഞ്ഞു: “നിങ്ങൾ നിങ്ങളുടെ കുടുംബാംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് ഓരോ ആട്ടിൻകുട്ടിയെ തിരഞ്ഞെടുത്ത് പെസഹയെ അറുക്കുവിൻ.22ഈസോപ്പുചെടിയുടെ ഒരു കെട്ട് എടുത്ത് പാത്രത്തിലുള്ള രക്തത്തിൽ മുക്കി കുറുമ്പടിമേലും കട്ടളക്കാൽ രണ്ടിന്മേലും പുരട്ടണം; പിറ്റെന്നാൾ വെളുക്കുംവരെ നിങ്ങളിൽ ആരും വീട്ടിന്റെ വാതിലിന് പുറത്തിറങ്ങരുത്.
23യഹോവ ഈജിപ്റ്റുകാരെ നശിപ്പിക്കേണ്ടതിന് കടന്നുവരും; എന്നാൽ കുറുമ്പടിമേലും കട്ടളക്കാൽ രണ്ടിന്മേലും രക്തം കാണുമ്പോൾ യഹോവ വാതിൽ ഒഴിഞ്ഞ് കടന്ന് പോകും; നിങ്ങളുടെ വീടുകളിൽ നിങ്ങളെ നശിപ്പിക്കേണ്ടതിന് സംഹാരകൻ വരുവാൻ സമ്മതിക്കുകയുമില്ല.
24ഈ കാര്യം നീയും പുത്രന്മാരും ഒരു നിത്യനിയമമായി ആചരിക്കണം.25യഹോവ അരുളിച്ചെയ്തതുപോലെ നിങ്ങൾക്ക് തരുവാനിരിക്കുന്ന ദേശത്ത് നിങ്ങൾ എത്തിയശേഷം നിങ്ങൾ ഇത് ആചരിക്കണം.
26ഈ ആചാരം എന്തെന്ന് നിങ്ങളുടെ മക്കൾ നിങ്ങളോട് ചോദിക്കുമ്പോൾ:27ഈജിപ്റ്റുകാരെ നശിപ്പിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന യിസ്രായേൽമക്കളുടെ വീടുകളെ ഒഴിവാക്കി നമ്മെ രക്ഷിച്ച യഹോവയുടെ പെസഹായാഗം ആകുന്നു ഇത് എന്ന് നിങ്ങൾ പറയണം.” അപ്പോൾ ജനം കുമ്പിട്ട് നമസ്കരിച്ചു.28യിസ്രായേൽമക്കൾ പോയി അങ്ങനെ ചെയ്തു. യഹോവ മോശെയോടും അഹരോനോടും കല്പിച്ചതുപോലെ തന്നെ അവർ ചെയ്തു.

29അർദ്ധരാത്രിയിൽ, സിംഹാസനത്തിലിരുന്ന ഫറവോന്റെ ആദ്യജാതൻ മുതൽ തടവറയിൽ കിടന്ന തടവുകാരന്റെ ആദ്യജാതൻ വരെയും ഈജിപ്റ്റിലെ ആദ്യജാതന്മാരെയും മൃഗങ്ങളുടെ കടിഞ്ഞൂലുകളെയും എല്ലാം യഹോവ സംഹരിച്ചു.30ഫറവോനും അവന്റെ സകലഭൃത്യന്മാരും സകലഈജിപ്റ്റുകാരും രാത്രിയിൽ എഴുന്നേറ്റു; ഈജിപ്റ്റിൽ വലിയൊരു നിലവിളി ഉണ്ടായി; ഒരാളെങ്കിലും മരിക്കാത്ത ഒരു വീടും ഉണ്ടായിരുന്നില്ല.
31അപ്പോൾ അവൻ മോശെയെയും അഹരോനെയും രാത്രിയിൽ വിളിപ്പിച്ചു:“ നിങ്ങൾ യിസ്രായേൽമക്കളുമായി എഴുന്നേറ്റ് എന്റെ ജനത്തിന്റെ നടുവിൽനിന്ന് പുറപ്പെട്ട്, നിങ്ങൾ പറഞ്ഞതുപോലെ പോയി യഹോവയെ ആരാധിക്കുവിൻ.32നിങ്ങൾ പറഞ്ഞതുപോലെ നിങ്ങളുടെ ആടുകളെയും കന്നുകാലികളെയും കൂടെ കൊണ്ടുപോയിക്കൊള്ളുവിൻ; എന്നെയും അനുഗ്രഹിക്കുവിൻ” എന്ന് പറഞ്ഞു.33ഈജിപ്റ്റുകാർ ജനത്തെ നിർബന്ധിച്ച് വേഗത്തിൽ ദേശത്തുനിന്ന് അയച്ചു:“ ഞങ്ങൾ എല്ലാവരും മരിച്ചുപോകുന്നു” എന്ന് അവർ പറഞ്ഞു.
34അതുകൊണ്ട് ജനം കുഴച്ച മാവ് പുളിക്കുന്നതിന് മുമ്പ് തൊട്ടികളോടുകൂടി തുണിയിൽകെട്ടി ചുമലിൽ എടുത്ത് കൊണ്ടുപോയി.35യിസ്രായേൽമക്കൾ മോശെയുടെ വചനം അനുസരിച്ച് ഈജിപ്റ്റുകാരോട് വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചു.36യഹോവ ഈജിപ്റ്റുകാർക്ക് ജനത്തോട് കൃപ തോന്നിച്ചതുകൊണ്ട് അവർ ചോദിച്ചതൊക്കെയും അവർ അവർക്ക് കൊടുത്തു; അങ്ങനെ അവർ ഈജിപ്റ്റുകാരെ കൊള്ള ചെയ്തു.

37എന്നാൽ യിസ്രായേൽമക്കൾ, കുട്ടികൾ ഒഴികെ ഏകദേശം ആറ് ലക്ഷം (6,00,000) പുരുഷന്മാർ കാൽനടയായി റമസേസിൽനിന്ന് സുക്കോത്തിലേക്ക് യാത്ര പുറപ്പെട്ടു.38യിസ്രായേല്യരല്ലാത്ത ഒരു വലിയ കൂട്ടം ജനങ്ങളും ആടുകളും കന്നുകാലികളും അനവധി മൃഗങ്ങമായി അവരോട് കൂടെ പോന്നു.39ഈജിപ്റ്റിൽ നിന്ന് കൊണ്ടുവന്ന കുഴച്ച മാവുകൊണ്ട് അവർ പുളിപ്പില്ലാത്ത ദോശ ചുട്ടു; അവരെ ഈജിപ്റ്റിൽ ഒട്ടും താമസിപ്പിക്കാതെ ഓടിച്ചുകളഞ്ഞതിനാൽ അത് പുളിച്ചിരുന്നില്ല; അവർ വഴിക്ക് ആഹാരം ഒന്നും ഒരുക്കിയിരുന്നതുമില്ല.40യിസ്രായേൽമക്കൾ ഈജിപ്റ്റിൽ കഴിച്ച പരദേശവാസം നാനൂറ്റി മുപ്പത് (430) വർഷമായിരുന്നു.
41നാനൂറ്റി മുപ്പത് (430) വർഷം കഴിഞ്ഞിട്ട്, ആ ദിവസം തന്നെ, യഹോവയുടെ ഗണങ്ങൾ ഒക്കെയും ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടു.42യഹോവ അവരെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചതിനാൽ ഇത് യഹോവയ്ക്ക് പ്രത്യേകമായി ആചരിക്കേണ്ട രാത്രി ആകുന്നു; ഇതു തന്നെ യിസ്രായേൽ മക്കൾ ഒക്കെയും തലമുറതലമുറയായി യഹോവയ്ക്ക് പ്രത്യേകം ആചരിക്കേണ്ട രാത്രി.

43യഹോവ പിന്നെയും മോശെയോടും അഹരോനോടും കല്പിച്ചത്: “പെസഹയുടെ ചട്ടം ഇത് ആകുന്നു: അന്യജാതിക്കാരനായ ഒരുവനും അത് തിന്നരുത്.44എന്നാൽ ദ്രവ്യം കൊടുത്ത് വാങ്ങിയ ദാസന്മാരെല്ലാം പരിച്ഛേദന ഏറ്റശേഷം അത് തിന്നാം.
45പരദേശിയും കൂലിക്കാരനും അത് തിന്നരുത്.46അതത് വീട്ടിൽവെച്ച് തന്നെ അത് തിന്നണം; ആ മാംസം ഒട്ടും വീടിന് പുറത്ത് കൊണ്ടുപോകരുത്. അതിൽ ഒരു അസ്ഥിയും ഒടിക്കരുത്.
47യിസ്രായേൽസഭ മുഴുവനും അത് ആചരിക്കണം.48ഒരു അന്യജാതിക്കാരൻ നിന്നോടുകൂടെ വസിച്ച് യഹോവയ്ക്ക് പെസഹ ആചരിക്കണമെങ്കിൽ, അവനുള്ള പുരുഷന്മാരെല്ലാവരും പരിച്ഛേദന ഏല്ക്കണം. അതിന്റെ ശേഷം അത് ആചരിക്കേണ്ടതിന് അവന് അടുത്തുവരാം; അവൻ സ്വദേശിയെപ്പോലെ ആകും. പരിച്ഛേദനയില്ലാത്ത ഒരുവനും അത് തിന്നരുത്.
49സ്വദേശിക്കും നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശിക്കും ഒരു ന്യായപ്രമാണം തന്നെ ആയിരിക്കണം.50യിസ്രായേൽമക്കൾ എല്ലാവരും അങ്ങനെ ചെയ്തു; യഹോവ മോശെയോടും അഹരോനോടും കല്പിച്ചതുപോലെ തന്നെ അവർ ചെയ്തു.51അന്നു തന്നെ യഹോവ യിസ്രായേൽമക്കളെ ഗണം ഗണമായി ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചു.


1 12:5 ഊനമില്ലാത്തത് = കളങ്കമില്ലാത്തതും യാതൊരു അടയാളമോ പുള്ളിയോ ഇല്ലാത്തതും

13

1യഹോവ പിന്നെയും മോശെയോട് :2“യിസ്രായേൽമക്കളുടെ ഇടയിൽ മനുഷ്യരിലും മൃഗങ്ങളിലും കടിഞ്ഞൂലായി പിറക്കുന്നതിനെ ഒക്കെയും എനിക്കായി ശുദ്ധീകരിക്കുക; അത് എനിക്കുള്ളതാകുന്നു”എന്ന് കല്പിച്ചു;

3അപ്പോൾ മോശെ ജനത്തോട് പറഞ്ഞത് :“ നിങ്ങൾ അടിമവീടായ ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ടുപോന്ന ഈ ദിവസത്തെ ഓർത്തുകൊള്ളുവിൻ; യഹോവ ബലമുള്ള കൈകൊണ്ട് നിങ്ങളെ അവിടെനിന്ന് പുറപ്പെടുവിച്ചു; അതുകൊണ്ട് പുളിപ്പുള്ള അപ്പം തിന്നരുത്.4ആബീബ് മാസം ഈ തീയതി നിങ്ങൾ പുറപ്പെട്ട് പോന്നു.5എന്നാൽ കനാന്യർ, ഹിത്യർ, അമോര്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശമായി യഹോവ നിനക്ക് തരുമെന്ന് നിന്റെ പിതാക്കന്മാരോട് സത്യം ചെയ്തതും പാലും തേനും ഒഴുകുന്നതുമായ ദേശത്തേക്ക് നിന്നെ കൊണ്ടുചെന്നശേഷം നീ ഈ മാസത്തിൽ ഈ കർമ്മം ആചരിക്കണം.
6ഏഴ് ദിവസം നീ പുളിപ്പില്ലാത്ത അപ്പം തിന്നണം; ഏഴാം ദിവസം യഹോവയ്ക്ക് ഒരു ഉത്സവം ആയിരിക്കണം.7ഏഴ് ദിവസവും പുളിപ്പില്ലാത്ത അപ്പം തിന്നണം; നിന്റെ പക്കൽ പുളിപ്പുള്ള അപ്പം കാണരുത്; നിന്റെ ദേശത്തെങ്ങും പുളിച്ചമാവും കാണരുത്.
8ഞാൻ ഈജിപ്റ്റിൽനിന്ന് പുറപ്പെടുമ്പോൾ യഹോവ എനിക്കുവേണ്ടി പ്രവർത്തിച്ച കാര്യം നിമിത്തം ആകുന്നു ഇങ്ങനെ ചെയ്യുന്നത് എന്ന് നീ ആ ദിവസത്തിൽ നിന്റെ മകനോട് അറിയിയ്ക്കണം.9യഹോവയുടെ ന്യായപ്രമാണം നിന്റെ വായിൽ ഉണ്ടായിരിക്കേണ്ടതിന് ഇത് നിനക്ക് നിന്റെ കൈമേലും നെറ്റിമേലും അടയാളമായിരിക്കണം. ബലമുള്ള കൈകൊണ്ടാണ് യഹോവ നിന്നെ ഈജിപ്റ്റിൽ നിന്ന് പുറപ്പെടുവിച്ചത്.10അതുകൊണ്ട് നീ വർഷംതോറും നിശ്ചയിക്കപ്പെട്ട സമയത്ത് ഈ നിയമം ആചരിക്കണം.

11യഹോവ നിന്നോടും നിന്റെ പിതാക്കന്മാരോടും സത്യം ചെയ്തതുപോലെ നിന്നെ കനാന്യരുടെ ദേശത്ത് കൊണ്ടുചെന്ന് അത് നിനക്ക് തരുമ്പോൾ12കടിഞ്ഞൂലിനെ ഒക്കെയും, നിനക്കുള്ള മൃഗങ്ങളുടെ കടിഞ്ഞൂൽപിറവിയെ ഒക്കെയും നീ യഹോവയ്ക്കായി വേർതിരിയക്കണം;അതിലെ ആൺകുട്ടികൾ എല്ലാം യഹോവയ്ക്കുള്ളതാകുന്നു.13എന്നാൽ കഴുതയുടെ കടിഞ്ഞൂലിനെ എല്ലാം ആട്ടിൻകുട്ടിയെക്കൊണ്ട് 1 വീണ്ടുകൊള്ളണം; അതിനെ വീണ്ടുകൊള്ളുന്നില്ലെങ്കിൽ അതിന്റെ കഴുത്ത് ഒടിച്ചുകളയണം. നിന്റെ പുത്രന്മാരിൽ ആദ്യജാതനെ ഒക്കെയും നീ വീണ്ടുകൊള്ളണം.
14എന്നാൽ ഇതെന്തെന്ന് നാളെ നിന്റെ മകൻ നിന്നോട് ചോദിക്കുമ്പോൾ: യഹോവ ബലമുള്ള കൈകൊണ്ട് അടിമവീടായ ഈജിപ്റ്റിൽനിന്ന് ഞങ്ങളെ പുറപ്പെടുവിച്ചു;15ഫറവോന്റെ ഹൃദയം കഠിനപ്പെട്ട് ഞങ്ങളെ വിട്ടയയ്ക്കാതിരുന്നപ്പോൾ യഹോവ ഈജിപ്റ്റിൽനിന്ന് മനുഷ്യന്റെ കടിഞ്ഞൂൽ മുതൽ മൃഗത്തിന്റെ കടിഞ്ഞൂൽവരെയുള്ള കടിഞ്ഞൂൽ പിറവിയെ ഒക്കെയും കൊന്നുകളഞ്ഞു. അതുകൊണ്ട് കടിഞ്ഞൂലായ ആണിനെ ഒക്കെയും ഞാൻ യഹോവയ്ക്ക് യാഗം അർപ്പിക്കുന്നു; എന്നാൽ എന്റെ മക്കളിൽ കടിഞ്ഞൂലിനെ ഒക്കെയും ഞാൻ വീണ്ടുകൊള്ളുന്നു.16ഇത് നിന്റെ കൈമേലും നെറ്റിമേലും അടയാളമായിരിക്കണം. യഹോവ ഞങ്ങളെ ബലമുള്ള കൈകൊണ്ട് ഈജിപ്റ്റിൽ നിന്ന് പുറപ്പെടുവിച്ചു എന്ന് നീ അവനോട് പറയണം.”

17ഫറവോൻ ജനത്തെ വിട്ടയച്ച ശേഷം ഫെലിസ്ത്യരുടെ ദേശത്ത് കൂടിയുള്ള വഴി എളുപ്പമായിരുന്നു.എങ്കിലും ജനം യുദ്ധം കാണുമ്പോൾ അനുതപിച്ച് ഈജിപ്റ്റിലേയ്ക്ക് മടങ്ങിപ്പോകുമെന്ന് വിചാരിച്ച് ദൈവം അവരെ അതിലെ കൊണ്ടുപോയില്ല;18ചെങ്കടലിനരികെയുള്ള മരുഭൂമിയിൽകൂടെ ദൈവം ജനത്തെ ചുറ്റിനടത്തി. യിസ്രായേൽമക്കൾ ഈജിപ്റ്റിൽനിന്ന് യുദ്ധസന്നദ്ധരായി പുറപ്പെട്ടു.
19മോശെ യോസേഫിന്റെ അസ്ഥികളും എടുത്തുകൊണ്ടുപോന്നു.“ ദൈവം നിങ്ങളെ സന്ദർശിക്കും നിശ്ചയം; അപ്പോൾ എന്റെ അസ്ഥികളും നിങ്ങൾ ഇവിടെനിന്ന് എടുത്തുകൊണ്ടു പോകണം” എന്ന് പറഞ്ഞ് അവൻ യിസ്രായേൽമക്കളെക്കൊണ്ട് ഉറപ്പായി സത്യം ചെയ്യിച്ചിരുന്നു.20അവർ സുക്കോത്തിൽനിന്ന് യാത്രപുറപ്പെട്ട് മരുഭൂമിക്കരികെ ഏഥാമിൽ പാളയമിറങ്ങി.21അവർ പകലും രാവും യാത്രചെയ്യുവാൻ തക്കവിധത്തിൽ വഴികാണിക്കേണ്ടതിന് പകൽ മേഘസ്തംഭത്തിലും വെളിച്ചം കൊടുക്കേണ്ടതിന് രാത്രി അഗ്നിസ്തംഭത്തിലും യഹോവ അവർക്ക് മുമ്പായി പൊയ്ക്കൊണ്ടിരുന്നു.22പകൽ മേഘസ്തംഭവും രാത്രി അഗ്നിസ്തംഭവും ജനത്തിന്റെ മുമ്പിൽനിന്ന് മാറിയതുമില്ല.


1 13:13 വീണ്ടുകൊള്ളുക = തക്കതായ മൂല്യം നൽകി നഷ്ടമായതിനെ തിരിച്ചെടുക്കുക

14

1യഹോവ പിന്നെയും മോശെയോട് കല്പിച്ചത് എന്തെന്നാൽ:2“നിങ്ങൾ തിരിഞ്ഞ് മിഗ്ദോലിനും കടലിനും മദ്ധ്യേ ബാൽസെഫോന് സമീപത്തുള്ള പീഹഹീരോത്തിനരികെ പാളയം അടിക്കണമെന്ന് യിസ്രായേൽമക്കളോട് പറയുക; അതിന്റെ സമീപത്ത് സമുദ്രത്തിനരികെ നിങ്ങൾ പാളയം അടിക്കണം.3എന്നാൽ അവർ ദേശത്ത് അലഞ്ഞുതിരിയുന്നു; അവർ മരുഭൂമിയിൽ കുടുങ്ങിയിരിക്കുന്നു എന്ന് ഫറവോൻ യിസ്രായേൽമക്കളെക്കുറിച്ചു പറയും.

4ഫറവോൻ അവരെ പിന്തുടരുവാൻ തക്കവണ്ണം ഞാൻ അവന്റെ ഹൃദയം കഠിനമാക്കും. ഞാൻ യഹോവ ആകുന്നു എന്ന് ഈജിപ്റ്റുകാർ അറിയേണ്ടതിന് ഫറവോനിലും അവന്റെ സകലസൈന്യങ്ങളിലും ഞാൻ എന്നെ തന്നെ മഹത്വപ്പെടുത്തും.”5അവർ അങ്ങനെ ചെയ്തു. ജനം ഓടിപ്പോയി എന്ന് ഈജിപ്റ്റുരാജാവിന് അറിവ് കിട്ടിയപ്പോൾ ജനത്തെ സംബന്ധിച്ച് ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മനസ്സുമാറി: “യിസ്രായേല്യരെ നമ്മുടെ അടിമവേലയിൽനിന്ന് വിട്ടയച്ചുകളഞ്ഞുവല്ലോ; നാം ഈ ചെയ്തത് എന്താണ് ?”എന്ന് അവർ പറഞ്ഞു.
6പിന്നെ അവൻ രഥങ്ങളെയും പടജ്ജനത്തെയും സജ്ജമാക്കി.7വിശേഷപ്പെട്ട അറുനൂറ് രഥങ്ങളും (600) ഈജിപ്റ്റിലെ സകലരഥങ്ങളും അവയ്ക്ക് വേണ്ടുന്ന തേരാളികളെയും കൂട്ടി.8യഹോവ ഈജിപ്റ്റുരാജാവായ ഫറവോന്റെ ഹൃദയം കഠിനമാക്കിയതിനാൽ അവൻ യിസ്രായേൽമക്കളെ പിന്തുടർന്നു. എന്നാൽ യിസ്രായേൽമക്കൾ യുദ്ധസന്നദ്ധരായി പുറപ്പെട്ടിരുന്നു.9ഫറവോന്റെ എല്ലാ കുതിരയും രഥവും കുതിരപ്പടയും സൈന്യവുമായി ഈജിപ്റ്റുകാർ അവരെ പിന്തുടർന്നു; കടൽക്കരയിൽ ബാൽസെഫോന് സമീപത്തുള്ള പീഹഹീരോത്തിന് അരികെ അവർ പാളയമിറങ്ങിയിരിക്കുമ്പോൾ ഈജിപ്റ്റുകാർ അവരോട് അടുത്തു.
10ഫറവോൻ അടുത്തുവരുമ്പോൾ യിസ്രായേൽമക്കൾ തല ഉയർത്തി ഈജിപ്റ്റുകാർ പിന്നാലെ വരുന്നത് കണ്ട് ഏറ്റവും ഭയപ്പെട്ടു; യിസ്രായേൽമക്കൾ യഹോവയോട് നിലവിളിച്ചു.11അവർ മോശെയോട്:“ഈജിപ്റ്റിൽ ശവക്കുഴിയില്ലാഞ്ഞിട്ടാണോ നീ ഞങ്ങളെ മരുഭൂമിയിൽ മരിക്കുവാൻ കൂട്ടിക്കൊണ്ടുവന്നത്? നീ ഞങ്ങളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചതിനാൽ ഞങ്ങളോട് ഈ ചെയ്തത് എന്താണ്?12ഈജിപ്റ്റുകാർക്ക് വേല ചെയ്യുവാൻ ഞങ്ങളെ വിടണം എന്ന് ഞങ്ങൾ ഈജിപ്റ്റിൽവെച്ച് നിന്നോട് പറഞ്ഞില്ലയോ? മരുഭൂമിയിൽ മരിക്കുന്നതിനേക്കാൾ ഈജിപ്റ്റുകാർക്ക് വേല ചെയ്യുന്നതായിരുന്നു ഞങ്ങൾക്ക് നല്ലത്” എന്ന് പറഞ്ഞു.
13അതിന് മോശെ ജനത്തോട്: “ഭയപ്പെടണ്ടാ; ഉറച്ചുനില്ക്കുവിൻ; യഹോവ ഇന്ന് നിങ്ങൾക്ക് ചെയ്യുവാനിരിക്കുന്ന രക്ഷ കണ്ടുകൊള്ളുവിൻ; നിങ്ങൾ ഇന്ന് കണ്ട ഈജിപ്റ്റുകാരെ ഇനി ഒരുനാളും കാണുകയില്ല.14യഹോവ നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്യും; നിങ്ങൾ നിശ്ശബ്ബ്ദരായിരിക്കുവിൻ” എന്ന് പറഞ്ഞു.

15അപ്പോൾ യഹോവ മോശെയോട് അരുളിച്ചെയ്തു:“ നീ എന്നോട് നിലവിളിക്കുന്നത് എന്തിന് ? മുമ്പോട്ടു പോകുവാൻ യിസ്രായേൽമക്കളോടു പറയുക.16വടി എടുത്ത് നിന്റെ കൈ കടലിന്മേൽ നീട്ടി അതിനെ വിഭാഗിക്കുക; യിസ്രായേൽമക്കൾ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നുപോകും.17എന്നാൽ ഞാൻ ഈജിപ്റ്റുകാരുടെ ഹൃദയം കഠിനമാക്കും; അവർ യിസ്രായേൽമക്കളുടെ പിന്നാലെ ചെല്ലും; ഞാൻ ഫറവോനിലും അവന്റെ സകല സൈന്യത്തിലും അവന്റെ രഥങ്ങളിലും കുതിരപ്പടയിലും എന്നെ തന്നെ മഹത്വപ്പെടുത്തും.18ഇങ്ങനെ ഞാൻ ഫറവോനിലും അവന്റെ രഥങ്ങളിലും കുതിരപ്പടയിലും എന്നെത്തന്നെ മഹത്വപ്പെടുത്തുമ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് ഈജിപ്റ്റുകാർ അറിയും.”
19അതിനുശേഷം യിസ്രായേല്യരുടെ സൈന്യത്തിനു മുമ്പായി നടന്ന ദൈവദൂതൻ അവിടെനിന്ന് മാറി, അവരുടെ പിന്നാലെ നടന്നു; മേഘസ്തംഭവും അവരുടെ മുമ്പിൽ നിന്ന് മാറി അവരുടെ പിമ്പിൽ പോയി നിന്നു.20രാത്രി മുഴുവനും ഈജിപ്റ്റുകാരുടെ സൈന്യവും യിസ്രായേല്യരുടെ സൈന്യവും തമ്മിൽ അടുക്കാത്ത വിധം അത് അവരുടെ മദ്ധ്യേ വന്നു;ഈജിപ്റ്റുകാർക്ക് മേഘവും അന്ധകാരവും ആയിരുന്നു; യിസ്രായേല്യർക്കോ രാത്രിയെ പ്രകാശമാക്കിക്കൊടുത്തു.
21മോശെ കടലിന്മേൽ കൈനീട്ടി; യഹോവ അന്ന് രാത്രി മുഴുവനും മഹാശക്തിയുള്ള ഒരു കിഴക്കൻകാറ്റുകൊണ്ട് കടലിനെ പുറകിലേക്ക് മാറ്റി ഉണങ്ങിയ നിലം ആക്കി; അങ്ങനെ വെള്ളം തമ്മിൽ വേർപിരിഞ്ഞു.22യിസ്രായേൽമക്കൾ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി നടന്നുപോയി; അവരുടെ ഇടത്തും വലത്തും വെള്ളം മതിലായി നിന്നു.
23ഈജിപ്റ്റുകാർ പിന്തുടർന്നു; ഫറവോന്റെ കുതിരകളും രഥങ്ങളും കുതിരപ്പടയും എല്ലാം അവരുടെ പിന്നാലെ കടലിന്റെ നടുവിലേക്ക് ചെന്നു.24പ്രഭാതയാമത്തിൽ യഹോവ അഗ്നിമേഘസ്തംഭത്തിൽനിന്ന് ഈജിപ്റ്റുസൈന്യത്തെ നോക്കി അവരെ പരിഭ്രാന്തരാക്കി.25അവരുടെ രഥചക്രങ്ങളെ തെറ്റിച്ച് ഓട്ടം പ്രയാസമാക്കി. അതുകൊണ്ട് ഈജിപ്റ്റുകാർ :“ നാം യിസ്രായേലിനെ വിട്ട് ഓടിപ്പോകുക; യഹോവ അവർക്ക് വേണ്ടി ഈജിപ്റ്റുകാരോട് യുദ്ധം ചെയ്യുന്നു” എന്ന് പറഞ്ഞു.

26അപ്പോൾ യഹോവ മോശെയോട്: “വെള്ളം ഈജിപ്റ്റുകാരുടെ മേലും അവരുടെ രഥങ്ങളിൻ മേലും കുതിരപ്പടയുടെമേലും മടങ്ങിവരേണ്ടതിന് കടലിന്മേൽ കൈനീട്ടുക” എന്ന് കല്പിച്ചു.27മോശെ കടലിന്മേൽ കൈ നീട്ടി; പുലർച്ചയ്ക്ക് കടൽ അതിന്റെ പൂർവ്വസ്ഥിതിയിലേക്ക് മടങ്ങിവന്നു. ഈജിപ്റ്റുകാർ അതിന് എതിരായി ഓടി; യഹോവ ഈജിപ്റ്റുകാരെ കടലിന്റെ നടുവിൽ തള്ളിയിട്ടു.28വെള്ളം മടങ്ങിവന്ന് അവരുടെ പിന്നാലെ കടലിലേക്ക് ചെന്നിരുന്ന രഥങ്ങളെയും കുതിരപ്പടയെയും ഫറവോന്റെ സൈന്യത്തെയും എല്ലാം മുക്കിക്കളഞ്ഞു; അവരിൽ ഒരുവൻ പോലും ശേഷിച്ചില്ല.
29യിസ്രായേൽമക്കൾ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നുപോയി; വെള്ളം അവരുടെ ഇടത്തും വലത്തും മതിലായി നിന്നു.30ഇങ്ങനെ യഹോവ ആ ദിവസം യിസ്രായേല്യരെ ഈജിപ്റ്റുകാരുടെ കയ്യിൽനിന്ന് രക്ഷിച്ചു; ഈജിപ്റ്റുകാർ കടൽക്കരയിൽ ചത്തടിഞ്ഞ് കിടക്കുന്നത് യിസ്രായേല്യർ കാണുകയും ചെയ്തു.31യഹോവ ഈജിപ്റ്റുകാരിൽ ചെയ്ത ഈ മഹാപ്രവൃത്തി യിസ്രായേല്യർ കണ്ടു; ജനം യഹോവയെ ഭയപ്പെട്ടു, യഹോവയിലും അവന്റെ ദാസനായ മോശെയിലും വിശ്വസിച്ചു.

15

1മോശെയും യിസ്രായേൽമക്കളും അന്ന് യഹോവയ്ക്ക് സങ്കീർത്തനം പാടി ചൊല്ലിയത് എന്തെന്നാൽ:

“ഞാൻ യഹോവയ്ക്ക് പാട്ടുപാടും, അവൻ മഹോന്നതൻ:
കുതിരയെയും അതിന്മേൽ ഇരുന്നവനെയും അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു.
2എന്റെ ബലവും എന്റെ ഗീതവും യഹോവയത്രേ;
അവൻ എനിക്ക് രക്ഷയായിത്തീർന്നു.
അവൻ എന്റെ ദൈവം; ഞാൻ അവനെ സ്തുതിക്കും;
അവൻ എന്റെ പിതാവിൻ ദൈവം; ഞാൻ അവനെ പുകഴ്ത്തും.
3യഹോവ യുദ്ധവീരൻ; യഹോവ എന്ന് അവന്റെ നാമം.
4ഫറവോന്റെ രഥങ്ങളെയും സൈന്യത്തെയും അവൻ കടലിൽ തള്ളിയിട്ടു;
അവന്റെ ധീരരായ തേരാളികൾ ചെങ്കടലിൽ മുങ്ങിപ്പോയി.
5സമുദ്രം അവരെ മൂടി; അവർ കല്ലുപോലെ ആഴത്തിൽ താണു.
6യഹോവേ, നിന്റെ വലങ്കൈ ബലത്തിൽ മഹത്വപ്പെട്ടു;
യഹോവേ, നിന്റെ വലങ്കൈ ശത്രുവിനെ തകർത്തുകളഞ്ഞു.
7നീ എതിരാളികളെ മഹാശക്തിയാൽ സംഹരിക്കുന്നു;
നീ നിന്റെ ക്രോധം അയയ്ക്കുന്നു; അത് അവരെ 1 താളടിയെപ്പോലെ ദഹിപ്പിക്കുന്നു.
8നിന്റെ മൂക്കിലെ ശ്വാസത്താൽ വെള്ളം ഒന്നിച്ചുകൂടി;
പ്രവാഹങ്ങൾ ചിറപോലെ നിന്നു;
ആഴങ്ങൾ കടലിന്റെ ഉള്ളിൽ ഉറച്ചുപോയി.
9“ഞാൻ പിന്തുടരും, പിടിക്കും, കൊള്ള പങ്കിടും;
എന്റെ ആഗ്രഹം അവരാൽ പൂർത്തിയാകും;
ഞാൻ എന്റെ വാൾ ഊരും; എന്റെ കൈ അവരെ നിഗ്രഹിക്കും” എന്ന് ശത്രു പറഞ്ഞു.
10നിന്റെ കാറ്റിനെ നീ ഊതിച്ചു, കടൽ അവരെ മൂടി;
അവർ 2 ഈയംപോലെ പെരുവെള്ളത്തിൽ താണു.
11യഹോവേ, ദേവന്മാരിൽ നിനക്ക് തുല്യൻ ആർ?
വിശുദ്ധിയിൽ മഹിമയുള്ളവനേ, സ്തുതികളിൽ ഭയങ്കരനേ,
അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനേ, നിനക്ക് തുല്യൻ ആർ?
12നീ വലങ്കൈ നീട്ടി, ഭൂമി അവരെ വിഴുങ്ങി.
13നീ വീണ്ടെടുത്ത ജനത്തെ ദയയാൽ നടത്തി;
നിന്റെ വിശുദ്ധനിവാസത്തിലേക്ക് നിന്റെ ബലത്താൽ അവരെ കൊണ്ടുവന്നു.
14ജാതികൾ കേട്ട് നടുങ്ങുന്നു.
ഫെലിസ്ത്യനിവാസികൾക്ക് ഭീതിപിടിച്ചിരിക്കുന്നു.
15എദോമ്യപ്രഭുക്കന്മാർ സംഭ്രമിച്ചു;
മോവാബ്യവീരന്മാർ ഭയന്നുവിറച്ചു;
കനാന്യ നിവാസികളെല്ലാം അധൈര്യപ്പെട്ടു.
16ഭയവും ഭീതിയും അവരുടെമേൽ വീണു,
നിൻ ഭുജമാഹാത്മ്യത്താൽ അവർ ശിലാതുല്യരായി;
അങ്ങനെ, യഹോവേ, നിന്റെ ജനം കടന്നു,
നീ സമ്പാദിച്ച ജനം കടന്നു പോയി.
17നീ അവരെ കൊണ്ടുചെന്ന് തിരുനിവാസത്തിനായി ഒരുക്കിയ സ്ഥാനത്ത്,
യഹോവേ, നിന്നവകാശപർവ്വതത്തിൽ നീ അവരെ നട്ടു,
കർത്താവേ, തൃക്കൈ സ്ഥാപിച്ച വിശുദ്ധ മന്ദിരത്തിങ്കൽ തന്നേ.
18യഹോവ എന്നും എന്നേക്കും രാജാവായി വാഴും.”

19എന്നാൽ ഫറവോന്റെ കുതിരകൾ അവന്റെ രഥവും കുതിരപ്പടയുമായി കടലിന്റെ നടുവിൽ ഇറങ്ങിച്ചെന്നപ്പോൾ യഹോവ കടലിലെ വെള്ളം അവരുടെ മേൽ മടക്കി വരുത്തി; യിസ്രായേൽമക്കളോ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നുപോന്നു.20അഹരോന്റെ സഹോദരി മിര്യാം എന്ന പ്രവാചകി കയ്യിൽ തപ്പ് എടുത്തു; സ്ത്രീകൾ എല്ലാവരും തപ്പുകളോടും നൃത്തങ്ങളോടും കൂടെ അവളുടെ പിന്നാലെ ചെന്നു.21മിര്യാം അവരോടു പ്രതിഗാനമായി ചൊല്ലിയത്:
“യഹോവയ്ക്ക് പാട്ടുപാടുവിൻ, അവൻ മഹോന്നതൻ:
കുതിരയെയും അതിന്മേൽ ഇരുന്നവനെയും അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു.”

22അതിനുശേഷം മോശെ യിസ്രായേലിനെ ചെങ്കടലിൽനിന്ന് മുമ്പോട്ട് നയിച്ചു; അവർ ശൂർമരുഭൂമിയിൽ ചെന്ന്, മൂന്നു ദിവസം മരുഭൂമിയിൽ വെള്ളം കിട്ടാതെ സഞ്ചരിച്ചു.23മാറയിൽ എത്തിയപ്പോൾ, മാറയിലെ വെള്ളം കുടിക്കുവാൻ അവർക്കു കഴിഞ്ഞില്ല; അതു കയ്പുപ്പുള്ളതായിരുന്നു. അതുകൊണ്ടു അതിന് മാറാ എന്ന് പേരിട്ടു.
24അപ്പോൾ ജനം: “ഞങ്ങൾ എന്ത് കുടിക്കും” എന്ന് പറഞ്ഞ് മോശെയുടെ നേരെ പിറുപിറുത്തു.25അവൻ യഹോവയോട് അപേക്ഷിച്ചു; യഹോവ അവന് ഒരു വൃക്ഷം കാണിച്ചുകൊടുത്തു. അവൻ അത് വെള്ളത്തിൽ ഇട്ടപ്പോൾ വെള്ളം മധുരമായി തീർന്നു. അവിടെവച്ച് അവൻ അവർക്ക് ഒരു ചട്ടവും പ്രമാണവും നിയമിച്ചു; അവിടെവച്ച് അവൻ അവരെ പരീക്ഷിച്ചു:26“നിന്റെ ദൈവമായ യഹോവയുടെ വാക്ക് നീ ശ്രദ്ധയോടെ കേട്ട് അവന് പ്രസാദമുള്ളതു ചെയ്യുകയും അവന്റെ കല്പനകൾ അനുസരിച്ച് അവന്റെ സകലവിധികളും പ്രമാണിക്കുകയും ചെയ്താൽ ഞാൻ ഈജിപ്റ്റുകാരുടെമേൽ വരുത്തിയ വ്യാധികളിൽ ഒന്നും നിനക്ക് വരുത്തുകയില്ല; ഞാൻ നിന്നെ സൗഖ്യമാക്കുന്ന യഹോവ ആകുന്നു” എന്ന് അരുളിച്ചെയ്തു.
27പിന്നെ അവർ ഏലീമിൽ എത്തി; അവിടെ പന്ത്രണ്ട് നീരുറവും എഴുപത് ഈത്തപ്പനയും ഉണ്ടായിരുന്നു; അവർ അവിടെ വെള്ളത്തിനരികെ പാളയമിറങ്ങി.


1 15:7 താളാടി = വയ്ക്കോൽ,കൊയ്ത്തുകഴിഞ്ഞ് അവശേഷിക്കുന്ന ചെടി
2 15:10 ഈയം = വെള്ളത്തിനടിയിൽ താഴുന്ന വസ്തുക്കൾ ഉണ്ടാക്കുവാനുപയോഗിക്കുന്ന ഒരു ലോഹം

16

1അവർ ഏലീമിൽനിന് യാത്രപുറപ്പെട്ടു; യിസ്രായേൽമക്കൾ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ട രണ്ടാം മാസം പതിനഞ്ചാം തീയതി അവരുടെ സംഘം പൂർണ്ണമായി ഏലീമിനും സീനായിക്കും മദ്ധ്യേ ഉള്ള സീൻമരുഭൂമിയിൽ വന്നു.2ആ മരുഭൂമിയിൽവച്ച് യിസ്രായേൽമക്കളുടെ സമൂഹം മോശെയ്ക്കും അഹരോനും വിരോധമായി പിറുപിറുത്തു.3യിസ്രായേൽമക്കൾ അവരോട്: “ഞങ്ങൾ ഇറച്ചിക്കലങ്ങളുടെ അടുക്കൽ ഇരിക്കുകയും തൃപ്തിയാകുംവരെ ഭക്ഷണം കഴിക്കുകയും ചെയ്ത ഈജിപ്റ്റിൽ വച്ച് യഹോവയുടെ കയ്യാൽ മരിച്ചിരുന്നു എങ്കിൽ കൊള്ളാമായിരുന്നു. നിങ്ങൾ ഈ സംഘത്തെ മുഴുവനും പട്ടിണിയിട്ട് കൊല്ലുവാൻ ഈ മരുഭൂമിയിലേക്ക് കൂട്ടിക്കൊണ്ടു വന്നിരിക്കുന്നു” എന്ന് പറഞ്ഞു.

4അപ്പോൾ യഹോവ മോശെയോട്: “ഞാൻ നിങ്ങൾക്ക് ആകാശത്തുനിന്ന് അപ്പം വർഷിപ്പിക്കും; ജനം എന്റെ ന്യായപ്രമാണം അനുസരിക്കുമോ ഇല്ലയോ എന്ന് ഞാൻ അവരെ പരീക്ഷിക്കേണ്ടതിന് അവർ പുറപ്പെട്ട് ഓരോ ദിവസത്തേക്ക് വേണ്ടത് അന്നന്ന് ശേഖരിക്കട്ടെ.5എന്നാൽ ആറാം ദിവസം അവർ കൊണ്ടുവരുന്നത് പാകം ചെയ്യുമ്പോൾ ദിവസംപ്രതി ശേഖരിക്കുന്നതിന്റെ ഇരട്ടി കാണും” എന്ന് അരുളിച്ചെയ്തു.
6മോശെയും അഹരോനും യിസ്രായേൽമക്കളോട് : “നിങ്ങളെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്നത് യഹോവ തന്നെ എന്ന് ഇന്ന് വൈകുന്നേരം നിങ്ങൾ അറിയും.7പ്രഭാതകാലത്ത് നിങ്ങൾ യഹോവയുടെ തേജസ്സു കാണും; യഹോവയുടെ നേരെയുള്ള നിങ്ങളുടെ പിറുപിറുപ്പ് അവൻ കേട്ടിരിക്കുന്നു; നിങ്ങൾ ഞങ്ങളുടെ നേരെ പിറുപിറുക്കുവാൻ ഞങ്ങൾ ആരാണ്? ”എന്ന് പറഞ്ഞു.8മോശെ പിന്നെയും: “യഹോവ നിങ്ങൾക്ക് തിന്നുവാൻ വൈകുന്നേരത്ത് മാംസവും പ്രഭാതകാലത്ത് തൃപ്തിയാകുംവരെ അപ്പവും തരുമ്പോൾ നിങ്ങൾ അറിയും; യഹോവയുടെ നേരെ നിങ്ങൾ പിറുപിറുക്കുന്നത് അവൻ കേൾക്കുന്നു; ഞങ്ങൾ ആരാണ്? നിങ്ങളുടെ പിറുപിറുപ്പ് ഞങ്ങളുടെ നേരെയല്ല, യഹോവയുടെ നേരെയത്രേ ”എന്ന് പറഞ്ഞു.
9അഹരോനോട് മോശെ: “യഹോവയുടെ മുമ്പാകെ അടുത്തുവരുവിൻ; അവൻ നിങ്ങളുടെ പിറുപിറുപ്പ് കേട്ടിരിക്കുന്നു എന്ന് യിസ്രായേൽമക്കളുടെ സർവ്വസംഘത്തോടും പറയുക” എന്ന് പറഞ്ഞു.10അഹരോൻ യിസ്രായേൽമക്കളുടെ സർവ്വസംഘത്തോടും സംസാരിക്കുമ്പോൾ അവർ മരുഭൂമിക്ക് നേരെ തിരിഞ്ഞുനോക്കി, യഹോവയുടെ തേജസ്സ് മേഘത്തിൽ വെളിപ്പെട്ടിരിക്കുന്നത് കണ്ടു.11യഹോവ മോശെയോട് : “യിസ്രായേൽമക്കളുടെ പിറുപിറുപ്പ് ഞാൻ കേട്ടിരിക്കുന്നു.12നീ അവരോട് സംസാരിച്ചു: നിങ്ങൾ വൈകുന്നേരം മാംസം തിന്നും; പ്രഭാതത്തിൽ അപ്പംകൊണ്ട് തൃപ്തരാകും; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു എന്ന് നിങ്ങൾ അറിയും എന്ന് പറയുക” എന്ന് കല്പിച്ചു.
13വൈകുന്നേരം കാടകൾ വന്ന് പാളയത്തെ മൂടി; പ്രഭാതത്തിൽ പാളയത്തിന്റെ ചുറ്റും മഞ്ഞ് വീണുകിടന്നു.14വീണുകിടന്ന മഞ്ഞ് മാറിയ ശേഷം മരുഭൂമിയിൽ എല്ലായിടവും ചെതുമ്പൽ പോലെ ഒരു നേരിയ വസ്തു ഉറച്ച മഞ്ഞുപോലെ നിലത്ത് കിടക്കുന്നത് കണ്ടു.15യിസ്രായേൽമക്കൾ അത് കണ്ടപ്പോൾ എന്താണ് എന്ന് അറിയാഞ്ഞതുകൊണ്ട് “ഇതെന്ത് ” എന്ന് തമ്മിൽ തമ്മിൽ ചോദിച്ചു. മോശെ അവരോട്: “ഇത് യഹോവ നിങ്ങൾക്ക് ഭക്ഷിപ്പാൻ തന്നിരിക്കുന്ന ആഹാരം ആകുന്നു.
16ഓരോരുത്തർക്കും ഭക്ഷിക്കാവുന്നേടത്തോളം ശേഖരിക്കുവിൻ; അവരവരുടെ കൂടാരത്തിലുള്ളവരുടെ എണ്ണത്തിനനുസരിച്ച് ഒരാൾക്ക് 1 ഇടങ്ങഴിവീതം എടുത്തുകൊള്ളണം എന്ന് യഹോവ കല്പിച്ചിരിക്കുന്നു” എന്ന് പറഞ്ഞു.17യിസ്രായേൽമക്കൾ അങ്ങനെ ചെയ്തു. ചിലർ കൂടുതലും ചിലർ കുറവും പെറുക്കി.182 ഇടങ്ങഴികൊണ്ട് അളന്നപ്പോൾ കൂടുതൽ ശേഖരിച്ചവന് കൂടുതലും കുറവ് ശേഖരിച്ചവന് കുറവും കണ്ടില്ല; ഓരോരുത്തരും അവരവർക്ക് ഭക്ഷിക്കാവുന്നേടത്തോളം പെറുക്കിയിരുന്നു.
19“പിറ്റേ ദിവസത്തേക്ക് ആരും ഒട്ടും ശേഷിപ്പിക്കരുത്” എന്ന് മോശെ പറഞ്ഞു.20എങ്കിലും ചിലർ മോശെയെ അനുസരിക്കാതെ പിറ്റേ ദിവസത്തേക്ക് കുറെ ശേഷിപ്പിച്ചു; അത് കൃമിച്ച് നാറി; മോശെ അവരോട് കോപിച്ചു.21അവർ രാവിലെതോറും അവനവന് ഭക്ഷിക്കാവുന്നേടത്തോളം പെറുക്കും; വെയിൽ ഉറയ്ക്കുമ്പോൾ അത് ഉരുകിപ്പോകും.
22എന്നാൽ ആറാം ദിവസം അവർ ഒരാൾക്ക് രണ്ടിടങ്ങഴിവീതം ഇരട്ടി ആഹാരം ശേഖരിച്ചു. അപ്പോൾ സംഘപ്രമാണികൾ എല്ലാവരും വന്ന് മോശെയോട് അറിയിച്ചു.23അവൻ അവരോട്: “അത് യഹോവ കല്പിച്ചത് തന്നെ; നാളെ സ്വസ്ഥത ആകുന്നു; യഹോവയ്ക്ക് വിശുദ്ധമായ ശബ്ബത്ത്. ചുടുവാനുള്ളത് ചുടുവിൻ; പാകം ചെയ്യുവാനുള്ളത് പാകം ചെയ്യുവിൻ; ശേഷിക്കുന്നത് നാളത്തേക്ക് സൂക്ഷിച്ചുവയ്ക്കുവീൻ.”
24മോശെ കല്പിച്ചതുപോലെ അവർ അത് പിറ്റേ ദിവസത്തേക്ക് സൂക്ഷിച്ച് വച്ചു; അത് നാറിപ്പോയില്ല, കൃമിച്ചതുമില്ല.25അപ്പോൾ മോശെ പറഞ്ഞത്: “ഇത് ഇന്ന് ഭക്ഷിക്കുവിൻ; ഇന്ന് യഹോവയുടെ ശബ്ബത്ത് ആകുന്നു; ഇന്ന് അത് പാളയത്തിന് പുറത്ത് കാണുകയില്ല.
26ആറ് ദിവസം നിങ്ങൾ അത് പെറുക്കണം; ശബ്ബത്തായ ഏഴാം ദിവസത്തിൽ അത് ഉണ്ടാവുകയില്ല.”27എന്നാൽ ഏഴാംദിവസം ജനത്തിൽ ചിലർ പെറുക്കുവാൻ പോയപ്പോൾ കണ്ടില്ല.
28അപ്പോൾ യഹോവ മോശെയോട്: “എന്റെ കല്പനകളും ന്യായപ്രമാണങ്ങളും പ്രമാണിക്കുവാൻ നിങ്ങൾക്ക് എത്രനാൾ മനസ്സില്ലാതെയിരിക്കും?29നോക്കുവിൻ, യഹോവ നിങ്ങൾക്ക് ശബ്ബത്ത് തന്നിരിക്കുന്നു; അതുകൊണ്ട് ആറാം ദിവസം അവൻ നിങ്ങൾക്ക് രണ്ട് ദിവസത്തേക്കുള്ള ആഹാരം തരുന്നു; നിങ്ങൾ അവരവരുടെ സ്ഥലത്ത് ഇരിക്കുവിൻ; ഏഴാം ദിവസം ആരും തന്റെ സ്ഥലത്തുനിന്ന് പുറപ്പെടരുത്” എന്ന് കല്പിച്ചു.30അങ്ങനെ ജനം ഏഴാം ദിവസം സ്വസ്ഥമായിരുന്നു.
31യിസ്രായേല്യർ ആ സാധനത്തിന് ‘മന്നാ’ എന്ന് പേരിട്ടു; അത് കൊത്തമല്ലിയുടെ അരിപോലെയും വെള്ളനിറമുള്ളതും തേൻകൂട്ടിയ ദോശയുടെ രുചിയുള്ളതും ആയിരുന്നു.32പിന്നെ മോശെ: “യഹോവ ഇപ്രകാരം കല്പിക്കുന്നു : ഞാൻ നിങ്ങളെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവരുമ്പോൾ നിങ്ങൾക്ക് മരുഭൂമിയിൽ ഭക്ഷിക്കുവാൻ തന്ന ആഹാരം നിങ്ങളുടെ തലമുറകൾ കാണേണ്ടതിന് സൂക്ഷിച്ചുവയ്ക്കുവാൻ അതിൽനിന്ന് ഒരിടങ്ങഴി നിറച്ചെടുക്കണം” എന്ന് പറഞ്ഞു.
33അഹരോനോട് മോശെ:“ ഒരു പാത്രം എടുത്ത് അതിൽ ഒരു ഇടങ്ങഴി മന്നാ ഇട്ട് നിങ്ങളുടെ തലമുറകൾക്കുവേണ്ടി സൂക്ഷിക്കുവാൻ യഹോവയുടെ മുമ്പാകെ വച്ചുകൊള്ളുക” എന്ന് പറഞ്ഞു.34യഹോവ മോശെയോട് കല്പിച്ചതുപോലെ അഹരോൻ അത് സാക്ഷ്യസന്നിധിയിൽ സൂക്ഷിച്ചുവച്ചു.35താമസയോഗ്യമായ ദേശത്ത് എത്തുന്നതുവരെ യിസ്രായേൽമക്കൾ നാല്പത് സംവത്സരം മന്നാ ഭക്ഷിച്ചു. കനാൻദേശത്തിന്റെ അതിരിൽ എത്തുന്നതുവരെ അവർ മന്നാ ഭക്ഷിച്ചു.36ഒരു ഇടങ്ങഴി (ഓമെർ) പറ (ഏഫ)യുടെ പത്തിൽ ഒന്ന് ആകുന്നു.


1 16:16 ഇടങ്ങഴി = ഒരു ലിറ്ററിനേക്കാൾ അല്പം കൂടുതൽ
2 16:18 ഇടങ്ങഴി = അളവുപാത്രം

17

1അതിനുശേഷം യിസ്രായേൽമക്കളുടെ സംഘം എല്ലാം യഹോവയുടെ കല്പനപ്രകാരം സീൻമരുഭൂമിയിൽനിന്ന് പുറപ്പെട്ടു. അവർ രെഫീദീമിൽ പാളയമിറങ്ങി; അവിടെ ജനത്തിന് കുടിക്കുവാൻ വെള്ളമില്ലായിരുന്നു.2അതുകൊണ്ട് ജനം മോശെയോട്: “ഞങ്ങൾക്ക് കുടിക്കുവാൻ വെള്ളം തരുക” എന്ന് കലഹിച്ചു പറഞ്ഞതിന് മോശെ അവരോട്: “നിങ്ങൾ എന്നോട് എന്തിന് കലഹിക്കുന്നു? നിങ്ങൾ യഹോവയെ പരീക്ഷിക്കുന്നത് എന്ത്?” എന്ന് പറഞ്ഞു.3ജനത്തിന് അവിടെവച്ച് വളരെ ദാഹിച്ചതുകൊണ്ട് ജനം മോശെയുടെ നേരെ പിറുപിറുത്തു: “ഞങ്ങളും മക്കളും ഞങ്ങളുടെ മൃഗങ്ങളും ദാഹംകൊണ്ട് ചാകേണ്ടതിന് നീ ഞങ്ങളെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്നത് എന്തിന്?” എന്ന് പറഞ്ഞു.

4മോശെ യഹോവയോട് നിലവിളിച്ചു: “ഈ ജനത്തോട് ഞാൻ എന്താണ് ചെയ്യേണ്ടത്? അവർ എന്നെ കല്ലെറിയുവാൻ പോകുന്നുവല്ലോ” എന്ന് പറഞ്ഞു.5യഹോവ മോശെയോട്: “യിസ്രായേൽമൂപ്പന്മാരിൽ ചിലരെ കൂട്ടിക്കൊണ്ട് നീ നദിയെ അടിച്ച വടിയും കയ്യിൽ എടുത്ത് ജനത്തിന്റെ മുമ്പാകെ കടന്നുപോകുക.6ഞാൻ ഹോരേബിൽ നിന്റെ മുമ്പിൽ പാറയുടെ മേൽ നില്ക്കും; നീ പാറയെ അടിക്കണം; ഉടനെ ജനത്തിന് കുടിക്കുവാൻ വെള്ളം അതിൽനിന്ന് പുറപ്പെടും” എന്ന് കല്പിച്ചു. യിസ്രായേൽമൂപ്പന്മാർ കാൺകെ മോശെ അങ്ങനെ ചെയ്തു.7യിസ്രായേൽമക്കൾ കലഹിച്ചതിനാലും “യഹോവ ഞങ്ങളുടെ ഇടയിൽ ഉണ്ടോ ഇല്ലയോ ”എന്ന് അവർ യഹോവയെ പരീക്ഷിച്ചതിനാലും അവൻ ആ സ്ഥലത്തിന് മസ്സാ (പരീക്ഷ) എന്നും മെരീബാ (കലഹം) എന്നും പേരിട്ടു.

8രെഫീദീമിൽവെച്ച് അമാലേക്ക് വന്ന് യിസ്രായേലിനോട് യുദ്ധംചെയ്തു.9അപ്പോൾ മോശെ യോശുവയോട്: “നീ ആളുകളെ തിരഞ്ഞെടുത്ത് നാളെ ചെന്ന് അമാലേക്കിനോടു യുദ്ധം ചെയ്യുക; ഞാൻ നാളെ കുന്നിൻ മുകളിൽ ദൈവത്തിന്റെ വടി കയ്യിൽ പിടിച്ചുംകൊണ്ടു നില്ക്കും” എന്ന് പറഞ്ഞു.10മോശെ തന്നോട് പറഞ്ഞതുപോലെ യോശുവ ചെയ്തു, അമാലേക്കിനോട് പൊരുതി; എന്നാൽ മോശെയും അഹരോനും ഹൂരും കുന്നിൻമുകളിൽ കയറി.
11മോശെ കൈ ഉയർത്തിയിരിക്കുമ്പോൾ യിസ്രായേൽ ജയിക്കും; കൈ താഴ്ത്തിയിരിക്കുമ്പോൾ അമാലേക്ക് ജയിക്കും.12എന്നാൽ മോശെയുടെ കൈയ്ക്ക് ഭാരം തോന്നിയപ്പോൾ അവർ ഒരു കല്ല് എടുത്തുവച്ചു, അവൻ അതിന്മേൽ ഇരുന്നു; അഹരോനും ഹൂരും ഒരുവൻ ഇപ്പുറത്തും ഒരുവൻ അപ്പുറത്തും നിന്ന് അവന്റെ കൈ താങ്ങി; അങ്ങനെ അവന്റെ കൈ സൂര്യൻ അസ്തമിക്കുംവരെ ഉയർന്നുനിന്നു.13യോശുവ അമാലേക്കിനെയും അവന്റെ ജനത്തെയും വാൾ കൊണ്ട് തോല്പിച്ചു.
14യഹോവ മോശെയോട്: “നീ ഇത് ഓർമ്മയ്ക്കായിട്ട് ഒരു പുസ്തകത്തിൽ എഴുതി യോശുവയെ കേൾപ്പിക്കുക; ഞാൻ അമാലേക്കിന്റെ ഓർമ്മ ആകാശത്തിന്റെ കീഴിൽനിന്ന് അശേഷം മായിച്ചുകളയും” എന്ന് കല്പിച്ചു.15പിന്നെ മോശെ ഒരു യാഗപീഠം പണിതു. അതിന് യഹോവ നിസ്സി (യഹോവ എന്റെ കൊടി) എന്ന് പേരിട്ടു.16എന്തെന്നാൽ “യഹോവയ്ക്ക് അമാലേക്കിനോട് തലമുറതലമുറയായി യുദ്ധം ഉണ്ട് എന്ന് യഹോവ ആണയിട്ടിട്ടുണ്ട്” എന്ന് മോശെ പറഞ്ഞു.

18

1ദൈവം മോശെയ്ക്കും തന്റെ ജനമായ യിസ്രായേലിനും വേണ്ടി ചെയ്ത എല്ലാകാര്യങ്ങളും യഹോവ യിസ്രായേലിനെ ഈജിപ്റ്റിൽ നിന്ന് പുറപ്പെടുവിച്ചതും മിദ്യാനിലെ പുരോഹിതനും മോശെയുടെ അമ്മായിയപ്പനുമായ യിത്രോ കേട്ടു.2അപ്പോൾ മോശെയുടെ അമ്മായിയപ്പനായ യിത്രോ, മോശെ മടക്കി അയച്ചിരുന്ന അവന്റെ ഭാര്യ സിപ്പോറയെയും അവളുടെ രണ്ട് പുത്രന്മാരെയും കൂട്ടിക്കൊണ്ട് പുറപ്പെട്ടു.3ഞാൻ അന്യദേശത്ത് പരദേശിയായി എന്ന് അവൻ പറഞ്ഞതുകൊണ്ട് അവരിൽ ഒരു മകന് ഗേർഷോം എന്ന് പേരിട്ടു.4എന്റെ പിതാവിന്റെ ദൈവം എനിക്ക് തുണയായി എന്നെ ഫറവോന്റെ വാളിൽനിന്ന് രക്ഷിച്ചു എന്ന് അവൻ പറഞ്ഞതുകൊണ്ട് രണ്ടാമത്തെ മകന് എലീയേസെർ എന്ന് പേരിട്ടു.

5എന്നാൽ മോശെയുടെ അമ്മായിയപ്പനായ യിത്രോ അവന്റെ പുത്രന്മാരോടും അവന്റെ ഭാര്യയോടുംകൂടി, മോശെ പാളയമിറങ്ങിയിരുന്ന മരുഭൂമിയിൽ, ദൈവത്തിന്റെ പർവ്വതത്തിൽ, അവന്റെ അടുക്കൽ വന്നു.6നിന്റെ അമ്മായിയപ്പൻ യിത്രോ എന്ന ഞാനും നിന്റെ ഭാര്യയും രണ്ടു പുത്രന്മാരും നിന്റെ അടുക്കൽ വന്നിരിക്കുന്നു എന്ന് അവൻ മോശെയോട് പറയിച്ചു.
7മോശെ തന്റെ അമ്മായിയപ്പനെ എതിരേല്പാൻ പുറത്തേക്ക് ചെന്നു; അവനെ വണങ്ങി ചുംബിച്ചു; അവർ തമ്മിൽ കുശലപ്രശ്നം ചെയ്ത് കൂടാരത്തിൽ വന്നു.8മോശെ തന്റെ അമ്മായിയപ്പനോട് യഹോവ യിസ്രായേലിന് വേണ്ടി ഫറവോനോടും ഈജിപ്റ്റുകാരോടും ചെയ്തതും വഴിയിൽ അവർക്കു നേരിട്ട പ്രയാസവും യഹോവ അവരെ രക്ഷിച്ചതും വിവരിച്ചു പറഞ്ഞു.
9യഹോവ ഈജിപ്റ്റുകാരുടെ കയ്യിൽനിന്ന് യിസ്രായേലിനെ വിടുവിച്ചതിനാലും അവർക്ക് ചെയ്ത എല്ലാ നന്മകൾ നിമിത്തവും യിത്രോ സന്തോഷിച്ചു.10യിത്രോ പറഞ്ഞത്:“ നിങ്ങളെ ഈജിപ്റ്റുകാരുടെ കയ്യിൽനിന്നും ഫറവോന്റെ കയ്യിൽനിന്നും രക്ഷിച്ച് അവരുടെ കൈക്കീഴിൽനിന്ന് ജനത്തെ വിടുവിച്ചിരിക്കുന്ന യഹോവ സ്തുതിക്കപ്പെടുമാറാകട്ടെ.11യഹോവ സകലദേവന്മാരിലും വലിയവൻ എന്നു ഞാൻ ഇപ്പോൾ അറിയുന്നു.കാരണം ഈജിപ്റ്റുകാർ അവരോടു അഹങ്കാരപൂർവ്വം പെരുമാറിയപ്പോൾ അവിടുന്ന് തന്റെ ജനത്തെ വിടുവിച്ചു..
12മോശെയുടെ അമ്മായിയപ്പനായ യിത്രോ ദൈവത്തിന് ഹോമയാഗവും ഹനനയാഗവും കഴിച്ചു; അഹരോനും യിസ്രായേൽമൂപ്പന്മാരെല്ലാവരും വന്ന് മോശെയുടെ അമ്മായിയപ്പനോടുകൂടെ ദൈവസന്നിധിയിൽ ഭക്ഷണം കഴിച്ചു.
13പിറ്റേദിവസം മോശെ ജനത്തിന് ന്യായം വിധിക്കുവാൻ ഇരുന്നു; ജനം രാവിലെ തുടങ്ങി വൈകുന്നേരം വരെ മോശെയുടെ ചുറ്റും നിന്നു.14അവൻ ജനത്തിനു വേണ്ടി ചെയ്യുന്നതെല്ലാം മോശെയുടെ അമ്മായപ്പൻ കണ്ടപ്പോൾ: “നീ ജനത്തിന് വേണ്ടി ചെയ്യുന്ന ഈ കാര്യം എന്താണ്? നീ ഏകനായി വിസ്തരിക്കുവാൻ ഇരിക്കുകയും ജനങ്ങൾ രാവിലെ തുടങ്ങി വൈകുന്നേരം വരെ നിന്റെ ചുറ്റും നില്ക്കുകയും ചെയ്യുന്നത് എന്ത് എന്ന് അവൻ ചോദിച്ചു.
15മോശെ തന്റെ അമ്മായിയപ്പനോട് :“ ദൈവത്തോട് ആലോചന ചോദിക്കുവാൻ ജനം എന്റെ അടുക്കൽ വരുന്നു.16അവർക്ക് ഒരു തർക്കം ഉണ്ടാകുമ്പോൾ അവർ എന്റെ അടുക്കൽ വരും. അവർ തമ്മിലുള്ള തർക്കം ഞാൻ കേട്ടു വിധിക്കുകയും ദൈവത്തിന്റെ കല്പനകളും പ്രമാണങ്ങളും അവരെ അറിയിക്കുകയും ചെയ്യും” എന്ന് പറഞ്ഞു.
17അതിന് മോശെയുടെ അമ്മായിയപ്പൻ അവനോടു പറഞ്ഞത്:18“നീ ചെയ്യുന്ന കാര്യം നന്നല്ല; നീയും നിന്നോടുകൂടിയുള്ള ഈ ജനവും ക്ഷീണിച്ചുപോകും; ഈ കാര്യം നിനക്ക് അതിഭാരമാകുന്നു; ഏകനായി അത് നിവർത്തിക്കുവാൻ നിനക്ക് കഴിയുന്നതല്ല.19ആകയാൽ എന്റെ വാക്ക് കേൾക്കുക; ഞാൻ ഒരാലോചന പറഞ്ഞുതരാം. ദൈവം നിന്നോടുകൂടെ ഇരിക്കും; നീ ജനത്തിന് വേണ്ടി ദൈവസന്നിധിയിൽ ഇരിക്കുക; നീ കാര്യങ്ങളെ ദൈവസന്നിധിയിൽ കൊണ്ടുചെല്ലുക.20അവർക്ക് കല്പനകളും പ്രമാണങ്ങളും ഉപദേശിക്കുകയും നടക്കേണ്ട വഴിയും ചെയ്യേണ്ട പ്രവൃത്തിയും അവരെ അറിയിക്കുകയും ചെയ്ക.
21അതുകൂടാതെ, ദൈവഭക്തന്മാരും സത്യവാന്മാരും കൈക്കൂലി വെറുക്കുന്നവരുമായ പ്രാപ്തിയുള്ള പുരുഷന്മാരെ സകലജനത്തിൽനിന്നും തിരഞ്ഞെടുത്ത് അവരെ ആയിരംപേർക്ക് അധിപതിമാരായും, നൂറുപേർക്ക് അധിപതിമാരായും, അമ്പതുപേർക്ക് അധിപതിമാരായും പത്തുപേർക്ക് അധിപതിമാരായും നിയമിക്കുക.22അവർ എല്ലാസമയത്തും ജനത്തിന് ന്യായം വിധിക്കട്ടെ; വലിയ കാര്യം അവർ നിന്റെ അടുക്കൽ കൊണ്ടുവരട്ടെ; ചെറിയ കാര്യം അവർ തന്നെ തീർക്കട്ടെ; ഇങ്ങനെ അവർ നിന്നോടുകൂടെ വഹിക്കുന്നതിനാൽ നിനക്ക് ഭാരം കുറയും.23നീ ഈ കാര്യം ചെയ്യുകയും ദൈവം അത് അനുവദിക്കയും ചെയ്താൽ നിനക്ക് നിലനില്ക്കാം. ഈ ജനങ്ങൾക്കെല്ലാം സമാധാനത്തോടെ അവരുടെ സ്ഥലത്തേക്ക് പോകുകയും ചെയ്യാം.”
24മോശെ തന്റെ അമ്മായിയപ്പന്റെ വാക്ക് കേട്ട്, അവൻ പറഞ്ഞതുപോലെ എല്ലാം ചെയ്തു.25മോശെ എല്ലായിസ്രായേലിൽനിന്നും പ്രാപ്തിയുള്ള പുരുഷന്മാരെ തിരഞ്ഞെടുത്ത് അവരെ ആയിരംപേർക്ക് അധിപതിമാരായും നൂറുപേർക്ക് അധിപതിമാരായും അമ്പതുപേർക്ക് അധിപതിമാരായും പത്തുപേർക്ക് അധിപതിമാരായും ജനത്തിന് തലവന്മാരാക്കി.26അവർ എല്ലാസമയത്തും ജനത്തിന് ന്യായംവിധിച്ചു വന്നു; വിഷമമുള്ള കാര്യം അവർ മോശെയുടെ അടുക്കൽ കൊണ്ടുവരും; ചെറിയ കാര്യം അവർ തന്നെ തീർക്കും.27അതിന്റെ ശേഷം മോശെ തന്റെ അമ്മായിയപ്പനെ യാത്ര അയച്ചു; അവൻ സ്വദേശത്തേക്ക് മടങ്ങിപ്പോയി.

19

1യിസ്രായേൽമക്കൾ ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ടതിന്റെ മൂന്നാം മാസത്തിൽ അവർ സീനായിമരുഭൂമിയിൽ എത്തി.2അവർ രെഫീദീമിൽനിന്ന് യാത്ര തിരിച്ച് സീനായിമരുഭൂമിയിൽ വന്നു. അവിടെ പർവ്വതത്തിന് മുമ്പിൽ പാളയമിറങ്ങി.

3മോശെ ദൈവസന്നിധിയിൽ കയറിച്ചെന്നു; യഹോവ പർവ്വതത്തിൽനിന്ന് അവനോട് കല്പിച്ചത്: “നീ യാക്കോബ് ഗൃഹത്തോട് പറയുകയും യിസ്രായേൽമക്കളോട് അറിയിക്കുകയും ചെയ്യേണ്ടത്:4“ഞാൻ ഈജിപ്റ്റുകാരോട് ചെയ്തതും നിങ്ങളെ കഴുകന്മാരുടെ ചിറകിന്മേൽ വഹിച്ച് എന്റെ അടുക്കൽ കൊണ്ടുവന്നതും നിങ്ങൾ കണ്ടുവല്ലോ.5അതുകൊണ്ട് നിങ്ങൾ എന്റെ വാക്ക് കേട്ട് അനുസരിക്കുകയും എന്റെ നിയമം പ്രമാണിക്കയും ചെയ്താൽ നിങ്ങൾ എനിക്കു സകല ജനതകളിലുംവച്ചു പ്രത്യേക സമ്പത്തായിരിക്കും; കാ‍രണം ഭൂമി ഒക്കെയും എനിക്കുള്ളതാണല്ലോ.6നിങ്ങൾ എനിക്ക് ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും. ഇവ നീ യിസ്രായേൽമക്കളോട് പറയേണ്ട വചനങ്ങൾ ആകുന്നു.”
7മോശെ വന്ന് ജനത്തിന്റെ മൂപ്പന്മാരെ വിളിച്ച്, യഹോവ തന്നോടു കല്പിച്ച ഈ വചനങ്ങളെല്ലാം അവരെ പറഞ്ഞു കേൾപ്പിച്ചു.8“യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ ചെയ്യും” എന്ന് ജനം ഉത്തരം പറഞ്ഞു. മോശെ ജനത്തിന്റെ വാക്ക് യഹോവയെ അറിയിച്ചു.9യഹോവ മോശെയോട്:“ ഞാൻ നിന്നോട് സംസാരിക്കുമ്പോൾ ജനം കേൾക്കേണ്ടതിനും നിന്നെ എന്നേക്കും വിശ്വസിക്കേണ്ടതിനും ഞാൻ ഇതാ, മേഘതമസ്സിൽ നിന്റെ അടുക്കൽ വരുന്നു” എന്ന് അരുളിച്ചെയ്തു, ജനത്തിന്റെ വാക്ക് മോശെ യഹോവയോട് അറിയിച്ചു.
10യഹോവ പിന്നെയും മോശെയോട് കല്പിച്ചത്: “നീ ജനത്തിന്റെ അടുക്കൽ ചെന്ന് ഇന്നും നാളെയും അവരെ ശുദ്ധീകരിക്കുക;11അവർ വസ്ത്രം അലക്കി, മൂന്നാം ദിവസത്തേക്ക് ഒരുങ്ങിയിരിക്കട്ടെ; മൂന്നാം ദിവസം യഹോവ സകല ജനവും കാൺകെ സീനായിപർവ്വതത്തിൽ ഇറങ്ങും.
12ജനം പർവ്വതത്തിൽ കയറാതെയും അതിന്റെ അതിരിൽ തൊടാതെയും സൂക്ഷിക്കണം എന്നു പറഞ്ഞ് നീ അവർക്കായി ചുറ്റും അതിര് തിരിക്കണം; പർവ്വതം തൊടുന്നവൻ എല്ലാം മരണശിക്ഷ അനുഭവിക്കണം.13ആരും അവനെ തൊടാതെ അവനെ കല്ലെറിഞ്ഞോ എയ്തോ കൊന്നുകളയണം; മൃഗമായാലും മനുഷ്യനായാലും ജീവനോടിരിക്കരുത്. കാഹളം ദീർഘമായി ധ്വനിക്കുമ്പോൾ അവർ പർവ്വതത്തിന് അടുത്തുവരട്ടെ. ”
14മോശെ പർവ്വതത്തിൽനിന്ന് ജനത്തിന്റെ അടുക്കൽ ഇറങ്ങിച്ചെന്ന് ജനത്തെ ശുദ്ധീകരിച്ചു; അവർ വസ്ത്രം അലക്കുകയും ചെയ്തു.15അവൻ ജനത്തോട്: “മൂന്നാം ദിവസത്തേക്ക് ഒരുങ്ങിയിരിക്കുവിൻ; നിങ്ങളുടെ ഭാര്യമാരുടെ അടുക്കൽ ചെല്ലരുത്” എന്നു പറഞ്ഞു.
16മൂന്നാം ദിവസം നേരം വെളുത്തപ്പോൾ ഇടിമുഴക്കവും മിന്നലും പർവ്വതത്തിൽ കാർമേഘവും മഹാഗംഭീരമായ കാഹളധ്വനിയും ഉണ്ടായി; പാളയത്തിലുള്ള ജനം എല്ലാവരും നടുങ്ങി.17ദൈവത്തെ എതിരേല്ക്കുവാൻ മോശെ ജനത്തെ പാളയത്തിൽനിന്ന് പുറപ്പെടുവിച്ചു; അവർ പർവ്വതത്തിന്റെ അടിവാരത്തു നിന്നു.18യഹോവ തീയിൽ സീനായി പർവ്വതത്തിൽ ഇറങ്ങുകയാൽ അതു മുഴുവനും പുകകൊണ്ട് മൂടി; അതിന്റെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങി; പർവ്വതം ഒക്കെയും ഏറ്റവും കുലുങ്ങി.
19കാഹളധ്വനി ദീർഘമായി ഉറച്ചുറച്ചു വന്നപ്പോൾ മോശെ സംസാരിച്ചു; ദൈവം ഉച്ചത്തിൽ അവനോട് ഉത്തരം അരുളി.20യഹോവ സീനായി പർവ്വതത്തിൽ പർവ്വതത്തിന്റെ കൊടുമുടിയിൽ ഇറങ്ങി; യഹോവ മോശെയെ പർവ്വതത്തിന്റെ കൊടുമുടിയിലേക്ക് വിളിച്ചു; മോശെ കയറിച്ചെന്നു.21യഹോവ മോശെയോട് കല്പിച്ചത്: “യഹോവയെ കാണേണ്ടതിന് ജനം യഹോവയുടെ അടുക്കൽ കടന്നുവന്നിട്ട് അവരിൽ പലരും നശിച്ചുപോകാതിരിക്കുവാൻ നീ ഇറങ്ങിച്ചെന്ന് അവർക്ക് മുന്നറിയിപ്പ് നൽകുക.22യഹോവയുടെ അടുത്ത് വരുന്ന പുരോഹിതന്മാരും യഹോവ അവർക്ക് ഹാനി വരുത്താതിരിക്കേണ്ടതിന് തങ്ങളെ ശുദ്ധീകരിക്കട്ടെ.”
23മോശെ യഹോവയോട്: “ജനത്തിന് സീനായിപർവ്വതത്തിൽ കയറുവാൻ പാടില്ല; പർവ്വതത്തിന് അതിര് തിരിച്ച് അതിനെ ശുദ്ധമാക്കുക എന്ന് ഞങ്ങളോട് കർശനമായി കല്പിച്ചിട്ടുണ്ടല്ലോ” എന്നു പറഞ്ഞു.24യഹോവ അവനോട്: “ഇറങ്ങിപ്പോകുക; നീ അഹരോനുമായി കയറിവരിക; എന്നാൽ പുരോഹിതന്മാരും ജനവും യഹോവ അവർക്ക് നാശം വരുത്താതിരിക്കേണ്ടതിന് അവന്റെ അടുക്കൽ കയറുവാൻ അതിര് കടക്കരുത്.25അങ്ങനെ മോശെ ജനത്തിന്റെ അടുക്കൽ ഇറങ്ങിച്ചെന്ന് അവരോടു പറഞ്ഞു.

20

1ദൈവം ഈ വചനങ്ങളൊക്കെയും അരുളിച്ചെയ്തു:2“അടിമവീടായ ഈജിപ്റ്റിൽ നിന്ന് നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു.3ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്ക് ഉണ്ടാകരുതു.

4ഒരു വിഗ്രഹവും ഉണ്ടാക്കരുത്; മുകളിൽ സ്വർഗ്ഗത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിൽ വെള്ളത്തിലോ ഉള്ള യാതൊന്നിന്റെ പ്രതിമയും അരുത്.5അവയെ നമസ്കരിക്കുകയോ സേവിക്കുകയോ ചെയ്യരുത്. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; അനീതി കാണിക്കുന്ന പിതാക്കന്മാരുടെ ശിക്ഷ മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ നിലനിൽക്കുകയും6എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്ക് ആയിരം തലമുറ വരെ ദയ കാണിക്കുകയും ചെയ്യുന്നു.

7നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു1 ; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കും.

8ശബ്ബത്ത് നാളിനെ ശുദ്ധീകരിക്കുവാൻ ഓർക്കുക.9ആറ് ദിവസം അദ്ധ്വാനിച്ച് നിന്റെ വേല ഒക്കെയും ചെയ്യുക.10ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു; അന്ന് നീയും നിന്റെ പുത്രനും പുത്രിയും നിന്റെ വേലക്കാരനും വേലക്കാരിയും നിന്റെ കന്നുകാലികളും നിന്റെ പടിവാതിൽക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുത്.11ആറ് ദിവസംകൊണ്ട് യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ട് യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു.

12നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് നിനക്കു ദീർഘായുസ്സുണ്ടാകുവാൻ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക.
13കൊല ചെയ്യരുത്.
14വ്യഭിചാരം ചെയ്യരുത്.
15മോഷ്ടിക്കരുത്.
16കൂട്ടുകാരന്റെ നേരെ കള്ളസാക്ഷ്യം പറയരുത്.

17കൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുത്; കൂട്ടുകാരന്റെ ഭാര്യയെയും അവന്റെ ദാസനെയും ദാസിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുത്.”

18ജനം എല്ലാം ഇടിമുഴക്കവും മിന്നലും കാഹളധ്വനിയും കേൾക്കുകയും പർവ്വതം പുകയുന്നത് കാണുകയും ചെയ്തു; അത് കണ്ടപ്പോൾ അവർ ഭയന്നു വിറച്ചുകൊണ്ട് ദൂരത്ത് നിന്നു.19അവർ മോശെയോട്: “നീ ഞങ്ങളോടു സംസാരിക്കുക; ഞങ്ങൾ കേട്ടുകൊള്ളാം; ഞങ്ങൾ മരിക്കാതിരിക്കേണ്ടതിന് ദൈവം ഞങ്ങളോടു സംസാരിക്കരുതേ ”എന്നു പറഞ്ഞു.20മോശെ ജനത്തോട്: “ഭയപ്പെടേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിനും നിങ്ങൾ പാപം ചെയ്യാതിരിക്കുവാൻ അവനിലുള്ള ഭയം നിങ്ങൾക്ക് ഉണ്ടായിരിക്കേണ്ടതിനും അത്രേ ദൈവം വന്നിരിക്കുന്നത് ”എന്ന് പറഞ്ഞു.21അങ്ങനെ ജനം ദൂരത്തു നിന്നു; മോശെയോ ദൈവം ഇരുന്ന ഇരുളിന്റെ അടുത്തുചെന്നു.

22അപ്പോൾ യഹോവ മോശെയോട് കല്പിച്ചത്: “നീ യിസ്രായേൽമക്കളോട് ഇപ്രകാരം പറയണം: ഞാൻ സ്വർഗ്ഗത്തിൽനിന്ന് നിങ്ങളോട് സംസാരിച്ചത് നിങ്ങൾ കണ്ടുവല്ലോ.23എന്റെ സന്നിധിയിൽ വെള്ളികൊണ്ടുള്ള ദേവന്മാരെയോ പൊന്നുകൊണ്ടുള്ള ദേവന്മാരെയോ നിങ്ങൾ ഉണ്ടാക്കരുത്.
24എനിക്കു മണ്ണുകൊണ്ടു ഒരു യാഗപീഠം ഉണ്ടാക്കി അതിന്മേൽ നിന്റെ ഹോമയാഗങ്ങളെയും സമാധാനയാഗങ്ങളെയും നിന്റെ ആടുകളെയും കന്നുകാലികളെയും അർപ്പിക്കണം. ഞാൻ എന്റെ നാമത്തിന്റെ സ്മരണ സ്ഥാപിക്കുന്ന ഏതു സ്ഥലത്തും ഞാൻ നിന്റെ അടുക്കൽ വന്ന് നിന്നെ അനുഗ്രഹിക്കും.25കല്ലുകൊണ്ട് എനിക്ക് യാഗപീഠം ഉണ്ടാക്കുന്നു എങ്കിൽ ചെത്തിയ കല്ലുകൊണ്ട് അത് പണിയരുത്; നിന്റെ ആയുധംകൊണ്ട് അതിനെ തൊട്ടാൽ നീ അത് അശുദ്ധമാക്കും.26എന്റെ യാഗപീഠത്തിൽ നിന്റെ നഗ്നത കാണാതിരിക്കുവാൻ നീ അതിന്റെ പടികളിലൂടെ കയറരുത്.


1 20:7 വൃഥാ എടുക്കരുതു = വെറുതെ ഉപയോഗിക്കരുത്

21

1നീ അവരുടെ മുമ്പാകെ അറിയിക്കേണ്ട നിയമങ്ങൾ ഇവയാണ്:

2ഒരു എബ്രായദാസനെ വിലയ്ക്ക് വാങ്ങിയാൽ ആറുവർഷം സേവിച്ചിട്ട് ഏഴാം വർഷം അവൻ പ്രതിഫലം ഒന്നും ഇല്ലാതെ സ്വതന്ത്രനായി പൊയ്ക്കൊള്ളട്ടെ.3ഏകനായി വന്നു എങ്കിൽ ഏകനായി പോകട്ടെ; അവന് ഭാര്യ ഉണ്ടായിരുന്നു എങ്കിൽ ഭാര്യയും അവനോടുകൂടെ പോകട്ടെ.4അവന്റെ യജമാനൻ അവന് ഭാര്യയെ കൊടുക്കുകയും അവൾ അവന് പുത്രന്മാരെയോ പുത്രിമാരെയോ പ്രസവിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ ഭാര്യയും മക്കളും യജമാനന് ആയിരിക്കേണം; അവൻ ഏകനായി പോകണം.
5എന്നാൽ ദാസൻ: ഞാൻ എന്റെ യജമാനനെയും എന്റെ ഭാര്യയെയും മക്കളെയും സ്നേഹിക്കുന്നു; ഞാൻ സ്വതന്ത്രനായി പോകുകയില്ല എന്ന് ഉറപ്പിച്ച് പറഞ്ഞാൽ6യജമാനൻ അവനെ ദൈവസന്നിധിയിൽ കൂട്ടിക്കൊണ്ട് ചെന്ന് കതകിന്റെയോ കട്ടളക്കാലിന്റെയോ അടുക്കൽ നിറുത്തി സൂചികൊണ്ട് അവന്റെ 1 കാത് കുത്തി തുളയ്ക്കണം; പിന്നെ അവൻ എന്നേക്കും അവന് ദാസനായിരിക്കണം.

7ഒരാൾ തന്റെ പുത്രിയെ ദാസിയായി വിറ്റാൽ അവൾ ദാസന്മാരെ പോലെ സ്വതന്ത്രയായി പോകരുത്.8അവൾക്ക് വിവാഹവാഗ്ദാനം നൽകിയ യജമാനന് അവളെ ഇഷ്ടപ്പെടാതിരുന്നാൽ അവളെ വീണ്ടെടുക്കുവാൻ അവൻ അനുവദിക്കണം; അവളെ ചതിച്ചതുകൊണ്ട് അന്യജാതിക്കാർക്ക് വില്ക്കുവാൻ അവന് അധികാരമില്ല.
9അവൻ അവളെ തന്റെ പുത്രന് ഭാര്യയായി നിശ്ചയിച്ചാൽ പുത്രിമാരോട് എന്ന പോലെ അവളോടു പെരുമാറണം.10അവൻ മറ്റൊരുവളെ ഭാര്യയായി സ്വീകരിക്കുന്നുവെങ്കിൽ ആദ്യഭാര്യയുടെ ഉപജീവനവും ഉടുപ്പും വിവാഹമുറയും കുറയ്ക്കരുത്.11ഈ മൂന്ന് കാര്യവും അവൻ അവൾക്ക് ചെയ്യാതിരുന്നാൽ അവളെ പണം വാങ്ങാതെ വെറുതെ വിട്ടയയ്ക്കണം.

12ഒരു മനുഷ്യനെ അടിച്ചുകൊല്ലുന്നവൻ മരണശിക്ഷ അനുഭവിക്കണം.13അവൻ മുൻകൂട്ടി ആലോചിക്കാതെ പെട്ടെന്ന് അവന്റെ കയ്യാൽ സംഭവിച്ചതിനാൽ അവൻ ഓടിപ്പോകേണ്ട സ്ഥലം ഞാൻ നിശ്ചയിക്കും.14എന്നാൽ ഒരാൾ മുൻകൂട്ടി തീരുമനിച്ചു കൂട്ടുകാരനെ ചതിച്ചു കൊന്നെങ്കിൽ അവൻ മരിക്കേണ്ടതിന് നീ അവനെ എന്റെ യാഗപീഠത്തിൽ നിന്നും പിടിച്ച് കൊണ്ടുപോകണം.

15തന്റെ അപ്പനെയോ അമ്മയെയോ അടിക്കുന്നവൻ മരണശിക്ഷ അനുഭവിക്കണം.

16ഒരുവൻ ഒരാളെ മോഷ്ടിച്ചിട്ടു അവനെ വില്ക്കുകയോ അവന്റെ കൈവശം അവനെ കണ്ടു പിടിക്കുകയോ ചെയ്താൽ അവൻ മരണശിക്ഷ അനുഭവിക്കണം.

17തന്റെ അപ്പനെയോ അമ്മയെയോ ശപിക്കുന്നവൻ മരണശിക്ഷ അനുഭവിക്കണം.

18മനുഷ്യർ തമ്മിൽ വഴക്കുകൂടി ഒരുവൻ മറ്റവനെ കല്ലുകൊണ്ടോ മുഷ്ടികൊണ്ടോ കുത്തിയതിനാൽ അവൻ മരിച്ചുപോകാതെ കിടപ്പിലാകുകയും19പിന്നെയും എഴുന്നേറ്റ് വടി ഊന്നി വെളിയിൽ നടക്കുകയും ചെയ്താൽ കുത്തിയവനെ ശിക്ഷിക്കരുത്; എങ്കിലും കുത്തിയവൻ സമയനഷ്ടത്തിന് പരിഹാരം നൽകുകയും പൂർണ്ണസുഖം ആകുന്നതുവരെ കുത്തേറ്റവനെ നല്ലവണ്ണം ചികിത്സിപ്പിക്കുകയും ചെയ്യണം.

20ഒരുവൻ തന്റെ ദാസനെയോ ദാസിയെയോ തൽക്ഷണം മരിച്ചുപോകത്തക്കവണ്ണം വടികൊണ്ട് അടിച്ചാൽ അടിച്ചവൻ നിശ്ചയമായി ശിക്ഷ അനുഭവിക്കണം.21എങ്കിലും ദാസൻ ഒന്നു രണ്ടു ദിവസം ജീവിച്ചിരുന്നാൽ അവനെ ശിക്ഷിക്കരുതു; ദാസൻ അവന്റെ മുതലല്ലോ.

22മനുഷ്യർ തമ്മിൽ വഴക്കുകൂടിയിട്ടു ഗർഭിണിയായ ഒരു സ്ത്രീയെ അടിച്ചതിനാൽ ഗർഭം അലസിയതല്ലാതെ അവൾക്ക് മറ്റൊരു ദോഷവും വന്നില്ലെങ്കിൽ അടിച്ചവൻ ആ സ്ത്രീയുടെ ഭർത്താവു ചുമത്തുന്ന പിഴ കൊടുക്കണം; ന്യായാധിപന്മാർ വിധിക്കുന്നതുപോലെ അവൻ കൊടുക്കണം.23മറ്റു ദോഷം വന്നിട്ടുണ്ടെങ്കിൽ ജീവന് പകരം ജീവൻ കൊടുക്കണം.24കണ്ണിന് പകരം കണ്ണ്; പല്ലിന് പകരം പല്ല്; കൈയ്ക്കു പകരം കൈ; കാലിന് പകരം കാൽ;25പൊള്ളലിന് പകരം പൊള്ളൽ; മുറിവിന് പകരം മുറിവ്; ചതവിന് പകരം ചതവ്.

26ഒരുവൻ അടിച്ച് തന്റെ ദാസന്റെയോ ദാസിയുടെയോ കണ്ണ് കളഞ്ഞാൽ അവൻ കണ്ണിന് പകരം അവനെ സ്വതന്ത്രനായി വിട്ടയയ്ക്കണം.27അവൻ തന്റെ ദാസന്റെയോ ദാസിയുടെയോ പല്ല് അടിച്ചു തകർത്താൽ അവൻ പല്ലിന് പകരം അവനെ സ്വതന്ത്രനായി വിട്ടയയ്ക്കണം.

28ഒരു കാള ഒരു പുരുഷനെയോ സ്ത്രീയെയോ കുത്തിക്കൊന്നാൽ ആ കാളയെ കല്ലെറിഞ്ഞു കൊല്ലണം; അതിന്റെ മാംസം തിന്നരുത്; കാളയുടെ ഉടമസ്ഥനോ കുറ്റമില്ലാത്തവൻ.29എന്നാൽ ആ കാളയ്ക്ക് കുത്തുന്ന ശീലം ഉണ്ടെന്ന് ഉടമസ്ഥൻ അറിഞ്ഞിട്ടും അവൻ അതിനെ സൂക്ഷിക്കാഞ്ഞതിനാൽ അത് ഒരു പുരുഷനെയോ സ്ത്രീയെയോ കൊന്നുകളഞ്ഞാൽ ആ കാളയെ കല്ലെറിഞ്ഞു കൊല്ലണം; അതിന്റെ ഉടമസ്ഥനും മരണശിക്ഷ അനുഭവിക്കണം.30മോചനദ്രവ്യം അവന്റെ മേൽ ചുമത്തിയാൽ തന്റെ ജീവന്റെ വീണ്ടെടുപ്പിനായി തന്റെ മേൽ ചുമത്തിയതു ഒക്കെയും അവൻ കൊടുക്കണം.
31അത് ഒരു ബാലനെ കുത്തിയാലും ഒരു ബാലയെ കുത്തിയാലും ഈ നിയമപ്രകാരം അവനോടു ചെയ്യണം.32കാള ഒരു ദാസനെയോ ദാസിയെയോ കുത്തിയാൽ അവൻ അവരുടെ ഉടമസ്ഥന് മുപ്പതു ശേക്കെൽ വെള്ളി കൊടുക്കണം; കാളയെ കൊന്നുകളയുകയും വേണം.

33ഒരുവൻ ഒരു കുഴി തുറന്നുവെയ്ക്കുകയോ കുഴി കുഴിച്ചശേഷം അതു മൂടാതിരിയ്ക്കുകയോ ചെയ്തിട്ട് അതിൽ ഒരു കാളയോ കഴുതയോ വീണാൽ,34കുഴിയുടെ ഉടമസ്ഥൻ വിലകൊടുത്ത് അതിന്റെ യജമാനന് തൃപ്തിവരുത്തണം; എന്നാൽ ചത്തുപോയതു കുഴിയുടെ ഉടമസ്ഥനുള്ളതായിരിക്കണം.

35ഒരാളുടെ കാള മറ്റൊരാളുടെ കാളയെ കുത്തുകയും അതു ചത്തുപോകുകയും ചെയ്താൽ അവർ ജീവനോടിരിക്കുന്ന കാളയെ വിറ്റു അതിന്റെ വില പകുത്തെടുക്കണം; ചത്തുപോയതിനെയും പകുത്തെടുക്കണം.36അല്ലെങ്കിൽ ആ കാളയ്ക്ക് കുത്തുന്ന ശീലം ഉണ്ടെന്ന് അറിഞ്ഞിട്ടും ഉടമസ്ഥൻ അതിനെ സൂക്ഷിക്കാതിരുന്നു എങ്കിൽ അവൻ കാളയ്ക്കു പകരം കാളയെ കൊടുക്കണം; എന്നാൽ ചത്തുപോയതു അവനുള്ളതായിരിക്കണം.


1 21:6 കാത് = ചെവി

22

1ഒരാൾ ഒരു കാളയെയോ ആടിനെയോ മോഷ്ടിച്ച് അറുക്കുകയോ വില്ക്കുകയോ ചെയ്താൽ അവൻ ഒരു കാളയ്ക്കു് അഞ്ച് കാളകളെയും, ഒരു ആടിന് നാല് ആടുകളെയും പകരം കൊടുക്കണം.2രാത്രിയിൽ കള്ളൻ വീട് തുരക്കുമ്പോൾ പിടിക്കപ്പെട്ട് അടികൊണ്ട് മരിച്ചുപോയാൽ പിടിച്ചവൻ കുറ്റക്കാരനല്ല.3എന്നാൽ പിടിക്കപ്പെടുന്നത് പകൽനേരമാകുന്നു എങ്കിൽ അവൻ കുറ്റക്കാരനാണ്. കള്ളൻ ശരിയായ പ്രതിവിധി ചെയ്യണം; അവൻ വകയില്ലാത്തവനെങ്കിൽ തന്റെ മോഷണം നിമിത്തം അവനെ വില്ക്കണം.4മോഷണവസ്തുവായ കാളയെയോ കഴുതയെയോ ആടിനെയോ ജീവനോടെ അവന്റെ കൈവശം കണ്ടുപിടിച്ചാൽ അവൻ ഇരട്ടി പകരം കൊടുക്കണം.

5ഒരാൾ ഒരു വയലിലോ മുന്തിരിത്തോട്ടത്തിലോ തന്റെ കന്നുകാലിയെ അഴിച്ചുവിട്ട് തീറ്റിക്കുകയോ അത് മറ്റൊരാളുടെ വയലിൽ മേയുകയോ ചെയ്താൽ അവൻ തന്റെ വയലിലോ മുന്തിരിത്തോട്ടത്തിലോ ഉള്ളതിൽ നിന്നും ഉത്തമമായത് പകരം കൊടുക്കണം.

6തീ വീണ് കാട് കത്തിയിട്ട് കറ്റക്കൂട്ടമോ വിളവോ നിലമോ വെന്തുപോയെങ്കിൽ തീ കത്തിച്ചവൻ പകരം കൊടുക്കണം.

7ഒരാൾ കൂട്ടുകാരന്റെ അടുക്കൽ പണമോ വല്ല സാധനമോ സൂക്ഷിക്കുവാൻ ഏല്പിച്ചിരിക്കെ അത് അവന്റെ വീട്ടിൽനിന്ന് കളവുപോയാൽ കള്ളനെ പിടികിട്ടി എന്നുവരികിൽ കള്ളൻ ഇരട്ടി പകരം കൊടുക്കണം.8കള്ളനെ പിടികിട്ടാതിരുന്നാൽ ആ വീട്ടുകാരൻ കൂട്ടുകാരന്റെ വസ്തു അപഹരിച്ചിട്ടുണ്ടോ എന്ന് അറിയുവാൻ അവനെ ദൈവസന്നിധിയിൽ കൊണ്ടുപോകണം.9കാണാതെപോയ കാള, കഴുത, ആട്, വസ്ത്രം മുതലായ എന്തിനെയെങ്കിലും സംബന്ധിച്ച് “ഇത് എനിക്കുള്ളത്” എന്ന് ഒരാൾ പറഞ്ഞ് കുറ്റം ചുമത്തിയാൽ രണ്ട് പേരുടെയും കാര്യം ദൈവസന്നിധിയിൽ വരണം; കുറ്റക്കാരനെന്ന് ദൈവം വിധിക്കുന്നവൻ കൂട്ടുകാരന് ഇരട്ടി പകരം കൊടുക്കണം.

10ഒരാൾ അയൽക്കാരന്റെ പക്കൽ കഴുത, കാള, ആട് എന്നിങ്ങനെ ഏതെങ്കിലും ഒരു മൃഗത്തെ സൂക്ഷിപ്പാൻ ഏല്പിച്ചിരിക്കെ, അത് ചത്തുപോകുകയോ അതിന് വല്ല കേട് സംഭവിക്കുകയോ ആരും കാണാതെ കളവുപോകുകയോ ചെയ്താൽ11ഉടമസ്ഥന്റെ വസ്തു താൻ അപഹരിച്ചിട്ടില്ല എന്ന് യഹോവയെക്കൊണ്ടുള്ള സത്യം രണ്ട് പേർക്കും സമ്മതം ആയിരിക്കണം; ഉടമസ്ഥൻ അത് സമ്മതിക്കണം; മറ്റവൻ പകരം കൊടുക്കണ്ട.12എന്നാൽ അത് അവന്റെ പക്കൽനിന്ന് കളവുപോയെങ്കിൽ അവൻ അതിന്റെ ഉടമസ്ഥന് പകരം കൊടുക്കണം.13അതു കടിച്ചു കീറിപ്പോയെങ്കിൽ അവൻ അതിന് തെളിവ് കൊണ്ടുവരണം; കടിച്ചു കീറിപ്പോയതിന് അവൻ പകരം കൊടുക്കേണ്ട.

14ഒരാൾ കൂട്ടുകാരനോട് ഏതെങ്കിലും മൃഗത്തെ വായ്പ വാങ്ങിയിട്ട് ഉടമസ്ഥൻ അരികെ ഇല്ലാതിരിക്കുമ്പോൾ വല്ല കേട് സംഭവിക്കുകയോ ചത്തുപോവുകയോ ചെയ്താൽ അവൻ പകരം കൊടുക്കണം.15ഉടമസ്ഥൻ അരികെ ഉണ്ടായിരുന്നാൽ അവൻ പകരം കൊടുക്കണ്ട; അത് കൂലിക്ക് വാങ്ങിയതെങ്കിൽ അതിന് കൂലിയുണ്ടല്ലോ.

16വിവാഹനിശ്ചയം കഴിഞ്ഞിട്ടില്ലാത്ത ഒരു കന്യകയെ ഒരാൾ വശീകരിച്ച് അവളോടുകൂടെ ശയിച്ചാൽ അവൻ സ്ത്രീധനം കൊടുത്ത് അവളെ വിവാഹം കഴിക്കണം.17അവളെ അവന് കൊടുക്കുവാൻ അവളുടെ അപ്പന് അശേഷം മനസ്സില്ലെങ്കിൽ അവൻ കന്യകമാരുടെ സ്ത്രീധനത്തിന് ഒത്തവണ്ണം പണം കൊടുക്കണം.

181 ക്ഷുദ്രക്കാരത്തിയെ നീ ജീവനോടെ വയ്ക്കരുത്.

19മൃഗത്തോടുകൂടി ശയിക്കുന്ന ഏവനും മരണശിക്ഷ അനുഭവിക്കണം.

20യഹോവയ്ക്ക് മാത്രമല്ലാതെ വേറെ ദൈവങ്ങൾക്ക് യാഗം കഴിക്കുന്നവനെ നിർമ്മൂലമാക്കണം.21പരദേശിയെ പീഡിപ്പിക്കരുത്, ഉപദ്രവിക്കയുമരുത്; നിങ്ങൾ ഈജിപ്റ്റിൽ പരദേശികൾ ആയിരുന്നുവല്ലോ.
22വിധവയെയും അനാഥനെയും നിങ്ങൾ ക്ലേശിപ്പിക്കരുത്.23അവരെ ഏതെങ്കിലും വിധത്തിൽ ക്ലേശിപ്പിക്കുകയും അവർ എന്നോട് നിലവിളിക്കുകയും ചെയ്താൽ ഞാൻ അവരുടെ നിലവിളി കേൾക്കും;24എന്റെ കോപം ജ്വലിച്ച് ഞാൻ വാൾകൊണ്ട് നിങ്ങളെ കൊല്ലും; നിങ്ങളുടെ സ്ത്രീകൾ വിധവമാരും നിങ്ങളുടെ പൈതങ്ങൾ അനാഥരുമായിത്തീരും

25എന്റെ ജനത്തിൽ നിന്റെ അടുക്കലുള്ള ഒരു ദരിദ്രന് പണം വായ്പ കൊടുത്താൽ കടക്കാരനെപ്പോലെ പെരുമാറരുത്; അവനോട് പലിശ വാങ്ങുകയും അരുത്.26നീ കൂട്ടുകാരന്റെ വസ്ത്രം പണയം വാങ്ങിയാൽ സൂര്യൻ അസ്തമിക്കുംമുമ്പെ മടക്കിക്കൊടുക്കണം.27അതുമാത്രമാണല്ലോ അവന്റെ പുതപ്പ്; അതുമാത്രമാണല്ലോ അവന്റെ ശരീരം മൂടുന്ന വസ്ത്രം; അവൻ പിന്നെ എന്ത് പുതച്ച് കിടക്കും? അവൻ എന്നോട് നിലവിളിക്കുമ്പോൾ ഞാൻ കേൾക്കും; ഞാൻ കൃപയുള്ളവനല്ലോ.

28നീ ദൈവത്തെ ദുഷിക്കരുത്; നിന്റെ ജനത്തിന്റെ അധിപതിയെ ശപിക്കയുമരുത്.
29നിന്റെ വിളവും 2 ദ്രാവകവർഗ്ഗവും അർപ്പിക്കുവാൻ താമസിക്കരുത്; നിന്റെ പുത്രന്മാരിൽ ആദ്യജാതനെ എനിക്ക് തരണം.30നിന്റെ കാളകളിലും ആടുകളിലും അങ്ങനെ തന്നെ; അത് ഏഴ് ദിവസം തള്ളയോട് കൂടി ഇരിക്കട്ടെ; എട്ടാം ദിവസം അതിനെ എനിക്ക് തരണം.31നിങ്ങൾ എനിക്ക് വിശുദ്ധന്മാരായിരിക്കണം; കാട്ടുമൃഗം കടിച്ചുകീറിയ മാംസം തിന്നരുത്. നിങ്ങൾ അതിനെ നായ്ക്കൾക്ക് ഇട്ടുകളയണം.


1 22:18 ക്ഷുദ്രക്കാരത്തി = ദുർമന്ത്രവാദം ചെയ്യുന്നവൾ
2 22:29 ദ്രാവകവർഗ്ഗം =ചക്കുകളിൽ നിന്ന് ലഭിക്കുന്ന വീഞ്ഞോ എണ്ണയോ

23

1നിങ്ങൾ വ്യാജവർത്തമാനം പ്രചരിപ്പിക്കരുത്; കള്ളസ്സാക്ഷിയായിരിക്കുവാൻ ദുഷ്ടനോടുകൂടെ ചേരരുത്.2ഭൂരിപക്ഷത്തോട് ചേർന്ന് ദോഷം ചെയ്യരുത്; ന്യായത്തിന് എതിരായി ഭൂരിപക്ഷത്തോട് ചേർന്ന് വ്യവഹാരത്തിൽ സാക്ഷ്യം പറയരുത്.3ദരിദ്രന്റെ വ്യവഹാരത്തിൽ അവനോട് പക്ഷഭേദം കാണിക്കരുത്.

4നിന്റെ ശത്രുവിന്റെ കാളയോ കഴുതയോ വഴിതെറ്റിയതായി കണ്ടാൽ അതിനെ അവന്റെ അടുക്കൽ തിരികെ എത്തിക്കണം.5നിന്നെ ദ്വേഷിക്കുന്നവന്റെ കഴുത ചുമടുമായി വീണുകിടക്കുന്നത് കണ്ടാൽ അവനെ വിചാരിച്ച് അതിനെ അഴിച്ചുവിടുവാൻ മടിയ്ക്കരുത്. അതിനെ അഴിച്ചുവിടുവാൻ അവനെ സഹായിക്കണം.

6ദരിദ്രന്റെ വ്യവഹാരത്തിൽ അവന് നീതി നിഷേധിക്കരുത്.7തെറ്റായ കുറ്റാരോപണം വിട്ട് അകന്നിരിക്കുക; കുറ്റമില്ലാത്തവനെയും നീതിമാനെയും കൊല്ലരുത്; ഞാൻ ദുഷ്ടനെ നീതീകരിക്കുകയില്ലല്ലോ.8കൈക്കൂലി കാഴ്ചയുള്ളവരെ കുരുടരാക്കുകയും നീതിമാന്മാരുടെ വാക്കുകളെ മറിച്ചുകളയുകയും ചെയ്യുന്നതുകൊണ്ട് നീ കൈക്കൂലി വാങ്ങരുത്.9പരദേശിയെ ഉപദ്രവിക്കരുത്: നിങ്ങൾ ഈജിപ്റ്റിൽ പരദേശികളായിരുന്നതുകൊണ്ട് പരദേശിയുടെ അനുഭവം അറിയുന്നുവല്ലോ.

10ആറ് വർഷം നിന്റെ നിലം വിതച്ച് വിളവ് എടുത്തുകൊള്ളുക.11ഏഴാം വർഷത്തിലോ അത് ഉഴവുചെയ്യാതെ വെറുതെ ഇടുക; നിന്റെ ജനത്തിലെ ദരിദ്രന്മാർ അതിൽ നിന്ന് കഴിക്കട്ടെ; അവർ ശേഷിപ്പിക്കുന്നത് കാട്ടുമൃഗങ്ങൾ തിന്നട്ടെ. നിന്റെ മുന്തിരിത്തോട്ടവും ഒലിവുതോട്ടവും സംബന്ധിച്ചും അങ്ങനെ തന്നെ ചെയ്യുക.
12ആറ് ദിവസം വേല ചെയ്യുക; ഏഴാം ദിവസം നിന്റെ കാളയും കഴുതയും വിശ്രമിക്കുവാനും നിന്റെ ദാസിയുടെ പുത്രനും പരദേശിയും ആശ്വസിപ്പിക്കുവാനും വേണ്ടി നീ സ്വസ്ഥമായിരിക്കണം.13ഞാൻ നിങ്ങളോട് കല്പിച്ച എല്ലാ കാര്യങ്ങളിലും ശ്രദ്ധ വയ്ക്കണം; അന്യദൈവങ്ങളോട് പ്രാർത്ഥിക്കരുത്; അത് നിന്റെ വായിൽനിന്ന് കേൾക്കുകയും അരുത്.

14വർഷത്തിൽ മൂന്ന് പ്രാവശ്യം എനിക്ക് ഉത്സവം ആചരിക്കണം.15പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആചരിക്കണം; ഞാൻ നിന്നോട് കല്പിച്ചതുപോലെ ആബീബ് മാസത്തിൽ നിശ്ചയിച്ച സമയത്ത് ഏഴ് ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നുക; അന്നല്ലോ നീ ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ട് പോന്നത്. എന്നാൽ വെരും കയ്യോടെ നിങ്ങൾ എന്റെ മുമ്പാകെ വരരുത്.
16വയലിൽ വിതച്ച വിതയുടെ ആദ്യഫലമെടുക്കുന്ന കൊയ്ത്തുപെരുനാളും വർഷാവസാനത്തിൽ വയലിൽ നിന്ന് നിന്റെ വേലയുടെ ഫലം ശേഖരിക്കുമ്പോൾ കായ്കനിപ്പെരുനാളും ആചരിക്കണം.17വർഷത്തിൽ മൂന്ന് പ്രാവശ്യം പുരുഷന്മാർ എല്ലാവരും കർത്താവായ യഹോവയുടെ മുമ്പാകെ വരണം.

18യാഗരക്തം പുളിപ്പുള്ള അപ്പത്തോടുകൂടി അർപ്പിക്കരുത്; യാഗമേദസ്സ് പ്രഭാതംവരെ ഇരിക്കുകയുമരുത്.19നിന്റെ ഭൂമിയുടെ ആദ്യവിളവുകളിലെ ഏറ്റവും നല്ലഫലങ്ങൾ നിന്റെ ദൈവമായ യഹോവയുടെ ആലയത്തിൽ കൊണ്ടുവരണം. ആട്ടിൻകുട്ടിയെ തള്ളയുടെ പാലിൽ പാകം ചെയ്യരുത്.

20ഇതാ, വഴിയിൽ നിന്നെ കാക്കേണ്ടതിനും ഞാൻ നിയമിച്ചിരിക്കുന്ന സ്ഥലത്തേക്ക് നിന്നെ കൊണ്ടുപോകേണ്ടതിനും ഞാൻ ഒരു ദൂതനെ നിന്റെ മുമ്പിൽ അയക്കുന്നു.21നീ അവനെ ശ്രദ്ധിച്ച് അവന്റെ വാക്ക് കേൾക്കണം; അവനെ പ്രകോപിപ്പിക്കരുത്; എന്റെ നാമം അവനിൽ ഉള്ളതുകൊണ്ട് അവൻ നിങ്ങളുടെ അതിക്രമങ്ങൾ ക്ഷമിക്കുകയില്ല; .22എന്നാൽ നീ അവന്റെ വാക്ക് ശ്രദ്ധയോടെ കേട്ട് ഞാൻ കല്പിക്കുന്നതൊക്കെയും ചെയ്താൽ നിന്നെ പകയ്ക്കുന്നവരെ ഞാൻ പകയ്ക്കും; നിന്നെ ഞെരുക്കുന്നവരെ ഞാൻ ഞെരുക്കും.
23എന്റെ ദൂതൻ നിനക്ക് മുമ്പായി നടന്ന് നിന്നെ അമോര്യർ, ഹിത്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തേക്ക് കൊണ്ടുപോകും; അവരെ ഞാൻ നിർമ്മൂലമാക്കും.24അവരുടെ ദേവന്മാരെ നമസ്കരിക്കരുത്; അവയെ സേവിക്കരുത്; അവരുടെ പ്രവൃത്തികൾപോലെ പ്രവർത്തിക്കരുത്; അവരെ അശേഷം നശിപ്പിച്ച് അവരുടെ വിഗ്രഹങ്ങളെ തകർത്തുകളയണം.25നിങ്ങളുടെ ദൈവമായ യഹോവയെ തന്നെ സേവിക്കുവിൻ; എന്നാൽ അവൻ നിന്റെ അപ്പത്തെയും വെള്ളത്തെയും അനുഗ്രഹിക്കും; ഞാൻ രോഗങ്ങളെ നിന്റെ നടുവിൽനിന്ന് അകറ്റിക്കളയും.
26ഗർഭം അലസുന്നവളും 1 മച്ചിയും നിന്റെ ദേശത്ത് ഉണ്ടാവുകയില്ല; നിനക്ക് ഞാൻ ദീർഘായുസ്സ് തരും .27എന്നെക്കുറിച്ചുള്ള ഭയം നീ ചെല്ലുന്നിടത്തുള്ള ജാതികളുടെ മുൻമ്പിൽ അയച്ച് അവരെ അമ്പരപ്പിക്കും. അങ്ങനെ നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പിൽനിന്ന് ഓടിക്കുകയും ചെയ്യും.28നിന്റെ മുമ്പിൽനിന്ന് ഹിവ്യനെയും കനാന്യനെയും ഹിത്യനെയും ഓടിച്ചുകളവാൻ ഞാൻ നിനക്ക് മുമ്പായി കടന്നലിനെ അയയ്ക്കും.29ദേശം ശൂന്യമാകാതെയും കാട്ടുമൃഗം നിനക്ക് ബാധയായി പെരുകാതെയും ഇരിക്കുവാൻ ഒരു വർഷംകൊണ്ട് ഞാൻ അവരെ നിന്റെ മുമ്പിൽ നിന്ന് ഓടിച്ചുകളയുകയില്ല.
30നീ സന്താനസമ്പന്നരായി ദേശം കൈവശമാക്കുന്നതുവരെ ഞാൻ അവരെ ക്രമേണ നിന്റെ മുമ്പിൽ നിന്ന് ഓടിച്ചുകളയും.31ഞാൻ നിന്റെ ദേശം ചെങ്കടൽ തുടങ്ങി ഫെലിസ്ത്യരുടെ കടൽവരെയും മരുഭൂമി തുടങ്ങി നദിവരെയും വ്യാപിപ്പിയ്ക്കും; ദേശത്തിലെ നിവാസികളെ നിങ്ങളുടെ കയ്യിൽ ഏല്പിക്കും; നീ അവരെ നിന്റെ മുമ്പിൽ നിന്ന് ഓടിച്ചുകളയണം.32അവരോടും അവരുടെ ദേവന്മാരോടും നീ ഉടമ്പടി ചെയ്യരുത്.33നീ എന്നോട് പാപം ചെയ്യുവാൻ അവർ കാരണം ആകാതിരിക്കേണ്ടതിന് അവർ നിന്റെ ദേശത്ത് വസിക്കരുത്. നീ അവരുടെ ദേവന്മാരെ സേവിച്ചാൽ അത് നിനക്ക് കെണിയായി തീരും.


1 23:26 മച്ചി = പ്രസവിക്കാൻ കഴിയാത്ത സ്ത്രീ

24

1യഹോവ പിന്നെയും മോശെയോട് പറഞ്ഞു: “നീയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപത് പേരും യഹോവയുടെ അടുക്കൽ കയറിവന്ന് ദൂരത്തുനിന്ന് നമസ്കരിക്കുവിൻ.2മോശെ മാത്രം യഹോവയുടെ അടുത്തുവരട്ടെ. മറ്റുള്ളവർ അടുത്തുവരരുത്; ജനം അവനോടുകൂടി കയറി വരുകയുമരുത്” എന്ന് കല്പിച്ചു.

3അപ്പോൾ മോശെ വന്ന് യഹോവയുടെ വചനങ്ങളും ന്യായങ്ങളും എല്ലാം ജനത്തെ അറിയിച്ചു. “യഹോവ കല്പിച്ച സകലകാര്യങ്ങളും ഞങ്ങൾ ചെയ്യും” എന്ന് ജനമൊക്കെയും ഏകസ്വരത്തോടെ ഉത്തരം പറഞ്ഞു.4മോശെ യഹോവയുടെ കല്പ്നകളെല്ലാം എഴുതി അതികാലത്ത് എഴുന്നേറ്റ് പർവ്വതത്തിന്റെ അടിവാരത്ത് ഒരു യാഗപീഠവും യിസ്രായേലിന്റെ പന്ത്രണ്ട് ഗോത്രങ്ങളുടെ എണ്ണത്തിനനുസരിച്ച് പന്ത്രണ്ട് തൂണുകളും പണിതു.
5പിന്നെ അവർ യിസ്രായേൽമക്കളിൽ ചില ബാല്യക്കാരെ അയച്ചു; അവർ ഹോമയാഗങ്ങൾ കഴിച്ച് യഹോവയ്ക്ക് സമാധാനയാഗങ്ങളായി കാളകളെയും അർപ്പിച്ചു.6മോശെ രക്തത്തിൽ പകുതി എടുത്ത് പാത്രങ്ങളിൽ ഒഴിച്ചു; രക്തത്തിൽ പാതി യാഗപീഠത്തിന്മേൽ തളിച്ചു.
7അവൻ നിയമപുസ്തകം എടുത്ത് ജനം കേൾക്കെ വായിച്ചു. യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ അനുസരിച്ചു നടക്കുമെന്ന് അവർ പറഞ്ഞു.8അപ്പോൾ മോശെ രക്തം എടുത്ത് ജനത്തിന്മേൽ തളിച്ചു; “ഈ സകലവചനങ്ങളും ആധാരമാക്കി യഹോവ നിങ്ങളോട് ചെയ്തിരിക്കുന്ന നിയമത്തിന്റെ രക്തം ഇതാ” എന്ന് പറഞ്ഞു.
9അനന്തരം മോശെയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപത് പേരുംകൂടി കയറിച്ചെന്നു.10അവർ യിസ്രായേലിന്റെ ദൈവത്തെ കണ്ടു; അവന്റെ പാദങ്ങൾക്ക് കീഴെ നീലക്കല്ല് പാകിയ തളം പോലെയും ആകാശത്തിന്റെ സ്വച്ഛതപോലെയും ആയിരുന്നു.11യിസ്രായേൽമക്കളുടെ പ്രമാണികൾക്ക് തൃക്കയ്യാൽ ഒന്നും ഭവിച്ചില്ല; അവർ ദൈവത്തെ കണ്ട് ഭക്ഷണ പാനീയങ്ങൾ കഴിച്ചു.

12പിന്നെ യഹോവ മോശെയോട്: “നീ എന്റെ അടുക്കൽ പർവ്വതത്തിൽ കയറിവന്ന് അവിടെ ഇരിയ്ക്കുക; ഞാൻ നിനക്ക് കല്പലകകളും നീ അവരെ ഉപദേശിക്കേണ്ടതിന് ഞാൻ എഴുതിയ ന്യായപ്രമാണവും കല്പനകളും തരും” എന്ന് അരുളിച്ചെയ്തു.13അങ്ങനെ മോശെയും അവന്റെ ശുശ്രൂഷക്കാരനായ യോശുവയും എഴുന്നേറ്റ്, മോശെ ദൈവത്തിന്റെ പർവ്വത്തിൽ കയറി.
14അവൻ മൂപ്പന്മാരോട്: “ഞങ്ങൾ നിങ്ങളുടെ അടുക്കൽ മടങ്ങിവരുവോളം ഇവിടെ താമസിക്കുവിൻ; അഹരോനും ഹൂരും നിങ്ങളോടുകൂടി ഉണ്ടല്ലോ; ആർക്കെങ്കിലും വല്ല കാര്യവുമുണ്ടായാൽ അവൻ അവരുടെ അടുക്കൽ ചെല്ലട്ടെ” എന്ന് പറഞ്ഞു.15അങ്ങനെ മോശെ പർവ്വതത്തിൽ കയറിപ്പോയി; ഒരു മേഘം പർവ്വതത്തെ മൂടി.
16യഹോവയുടെ തേജസ്സും സീനായിപർവ്വതത്തിൽ ആവസിച്ചു. മേഘം ആറുദിവസം അതിനെ മൂടിയിരുന്നു; അവൻ ഏഴാം ദിവസം മേഘത്തിന്റെ നടുവിൽ നിന്ന് മോശെയെ വിളിച്ചു.17യഹോവയുടെ തേജസ്സിന്റെ കാഴ്ച പർവ്വതത്തിന്റെ മുകളിൽ കത്തുന്ന തീപോലെ യിസ്രായേൽമക്കൾക്ക് തോന്നി.18മോശെയോ മേഘത്തിന്റെ നടുവിൽ പർവ്വതത്തിൽ കയറി. മോശെ നാല്പത് പകലും നാല്പത് രാവും പർവ്വതത്തിൽ ആയിരുന്നു.

25

1യഹോവ മോശെയോട് കല്പിച്ചത് എന്തെന്നാൽ:2എനിക്ക് വഴിപാട് കൊണ്ടുവരുവാൻ യിസ്രായേൽമക്കളോട് പറയുക; നല്ല മനസ്സോടെ തരുന്ന ഏവനോടും നിങ്ങൾ എനിക്കുവേണ്ടി വഴിപാട് വാങ്ങണം.

3അവരോട് വാങ്ങേണ്ട വഴിപാടുകൾ: പൊന്ന്, വെള്ളി, താമ്രം, നീലനൂൽ, ധൂമ്രനൂൽ,4ചുവപ്പുനൂൽ, പഞ്ഞിനൂൽ, കോലാട്ടുരോമം,5ചുവപ്പിച്ച ആട്ടുകൊറ്റന്തോൽ, തഹശുതോൽ, ഖദിരമരം;6വിളക്കിന് എണ്ണ, അഭിഷേക തൈലത്തിനും പരിമളധൂപത്തിനും സുഗന്ധവർഗ്ഗം,7ഏഫോദിനും 1 മാർപതക്കത്തിനും പതിക്കുവാൻ ഗോമേദകക്കല്ല്, രത്നങ്ങൾ എന്നിവ തന്നെ.
8ഞാൻ അവരുടെ നടുവിൽ വസിക്കുവാൻ അവർ എനിക്ക് ഒരു വിശുദ്ധ മന്ദിരം ഉണ്ടാക്കണം.9തിരുനിവാസവും അതിന്റെ ഉപകരണങ്ങളും ഞാൻ കാണിക്കുന്ന മാതൃകപ്രകാരം ഉണ്ടാക്കണം.

10ഖദിരമരംകൊണ്ട് ഒരു പെട്ടകം ഉണ്ടാക്കണം; അതിന് രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഒന്നര മുഴം ഉയരവും വേണം.11അത് മുഴുവനും തങ്കംകൊണ്ട് പൊതിയണം; അകത്തും പുറത്തും പൊതിയണം; അതിന്റെ ചുറ്റും പൊന്നുകൊണ്ടുള്ള ഒരു വക്കും ഉണ്ടാക്കണം.
12അതിനു നാല് പൊൻവളയങ്ങൾ വാർപ്പിച്ച് നാല് കാലിലും ഇപ്പുറത്ത് രണ്ട് വളയങ്ങളും അപ്പുറത്ത് രണ്ട് വളയങ്ങളുമായി തറയ്ക്കണം.13ഖദിരമരംകൊണ്ട് തണ്ടുകൾ ഉണ്ടാക്കി പൊന്നുകൊണ്ട് പൊതിയണം.14തണ്ടുകളാൽ പെട്ടകം ചുമക്കേണ്ടതിന് പെട്ടകത്തിന്റെ വശങ്ങളിലുള്ള വളയങ്ങളിലൂടെ അവ കടത്തണം.
15തണ്ടുകൾ പെട്ടകത്തിന്റെ വളയങ്ങളിൽ ഇരിക്കണം; അവയെ അതിൽ നിന്ന് ഊരരുത്.16ഞാൻ തരുവാനിരിക്കുന്ന സാക്ഷ്യം പെട്ടകത്തിൽ വയ്ക്കണം.17തങ്കംകൊണ്ട് കൃപാസനം ഉണ്ടാക്കണം; അതിന്റെ നീളം രണ്ടര മുഴവും വീതി ഒന്നര മുഴവും ആയിരിക്കണം.18പൊന്നുകൊണ്ട് രണ്ട് കെരൂബുകളെ ഉണ്ടാക്കണം; കൃപാസനത്തിന്റെ രണ്ട് അറ്റത്തും അടിച്ചുപരത്തിയ പൊന്നുകൊണ്ട് അവയെ ഉണ്ടാക്കണം.
19ഒരു കെരൂബിനെ ഒരറ്റത്തും രണ്ടാമട്ത്തെ കെരൂബിനെ മറ്റെ അറ്റത്തും ഉണ്ടാക്കണം. കെരൂബുകൾ കൃപാസനത്തിന്റെ ഭാഗമായി തോന്നേണ്ടതിന് അതിന്റെ രണ്ട് അറ്റവുമായി ബന്ധിപ്പിച്ചിരിക്കണം.20കെരൂബുകൾ മുക്ളിലേക്കു ചിറകുവിടർത്തി ചിറകുകൊണ്ട് കൃപാസനത്തെ മൂടുകയും തമ്മിൽ അഭിമുഖമായിരിക്കുകയും വേണം. കെരൂബുകളുടെ മുഖം കൃപാസനത്തിന് നേരെ ഇരിക്കണം.21കൃപാസനത്തെ പെട്ടകത്തിന്മീതെ വയ്ക്കണം; ഞാൻ തരുവാനിരിക്കുന്ന സാക്ഷ്യം പെട്ടകത്തിനകത്ത് വയ്ക്കണം.
22അവിടെ ഞാൻ കൃപാസനത്തിന് മുകളിൽനിന്ന്, സാക്ഷ്യപ്പെട്ടകത്തിന്മേൽ നില്ക്കുന്ന, രണ്ട് കെരൂബുകളുടെ നടുവിൽ, നിനക്ക് പ്രത്യക്ഷനാകും. യിസ്രായേൽമക്കൾക്കായി ഞാൻ നിന്നോട് കല്പിക്കുവാനിരിക്കുന്ന സകലവും നിന്നോട് അരുളിച്ചെയ്യും.

23ഖദിരമരംകൊണ്ട് ഒരു മേശ ഉണ്ടാക്കണം. അതിന്റെ നീളം രണ്ട് മുഴവും വീതി ഒരു മുഴവും ഉയരം ഒന്നര മുഴവും ആയിരിക്കണം.24അത് തങ്കംകൊണ്ട് പൊതിഞ്ഞ് ചുറ്റും പൊന്നുകൊണ്ട് ഒരു വക്കും ഉണ്ടാക്കണം.
25ചുറ്റും അതിന് നാല് വിരൽ വീതിയുള്ള ഒരു ചട്ടവും ചട്ടത്തിന് ചുറ്റും പൊന്നുകൊണ്ട് ഒരു വക്കും ഉണ്ടാക്കണം.26അതിന് നാല് പൊൻവളയങ്ങൾ ഉണ്ടാക്കണം; വളയം നാല് കാലിന്റെയും പാർശ്വങ്ങളിൽ തറയ്ക്കണം.27മേശ ചുമക്കേണ്ടതിന് തണ്ട് ഇടുവാൻ വേണ്ടി വളയം ചട്ടത്തോട് ചേർന്നിരിക്കേണം.
28തണ്ടുകൾ ഖദരിമരംകൊണ്ട് ഉണ്ടാക്കി പൊന്നുകൊണ്ട് പൊതിയേണം; അവകൊണ്ട് മേശ ചുമക്കണം.29അതിന്റെ തളികകളും കരണ്ടികളും പകരുന്നതിനുള്ള കുടങ്ങളും കിണ്ടികളും ഉണ്ടാക്കണം; തങ്കംകൊണ്ട് അവയെ ഉണ്ടാക്കണം.30മേശമേൽ നിത്യം കാഴ്ചയപ്പം എന്റെ മുമ്പാകെ വയ്ക്കണം.

31തങ്കംകൊണ്ട് ഒരു നിലവിളക്ക് ഉണ്ടാക്കണം. നിലവിളക്ക് അടിച്ചുപരത്തിയ തങ്കം കൊണ്ടായിരിക്കണം. അതിന്റെ ചുവടും തണ്ടും പുഷ്പപുടങ്ങളും മുട്ടുകളും പൂക്കളും അതിൽ നിന്ന് തന്നെ ആയിരിക്കണം.32നിലവിളക്കിന്റെ മൂന്ന് ശാഖ ഒരു വശത്തുനിന്നും നിലവിളക്കിന്റെ മൂന്ന് ശാഖ മറ്റെ വശത്ത് നിന്നും ഇങ്ങനെ ആറ് ശാഖ അതിന്റെ വശങ്ങളിൽനിന്ന് പുറപ്പെടണം.
33ഒരു ശാഖയിൽ ഓരോ മുട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്ന് പുഷ്പപുടങ്ങളും മറ്റൊരു ശാഖയിൽ ഓരോ മുട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്ന് പുഷ്പപുടങ്ങളും ഉണ്ടായിരിക്കണം; നിലവിളക്കിൽനിന്ന് പുറപ്പെടുന്ന ആറു ശാഖയ്ക്കും അങ്ങനെ തന്നെ വേണം.34വിളക്കുതണ്ടിലോ, മുട്ടുകളോടും പൂക്കളോടും കൂടിയ ബദാംപൂപോലെ നാലു പുഷ്പപുടങ്ങളും ഉണ്ടായിരിക്കണം.
35അതിൽനിന്നുള്ള രണ്ടു ശാഖയ്ക്ക് കീഴെ ഒരു മുട്ടും മറ്റു രണ്ടു ശാഖയ്ക്ക് കീഴെ ഒരു മുട്ടും മറ്റു രണ്ടു ശാഖയ്ക്ക് കീഴെ ഒരു മുട്ടും ഇങ്ങനെ നിലവിളക്കിൽ നിന്ന് പുറപ്പെടുന്ന ആറ് ശാഖകൾക്കും വേണം.36അവയുടെ മുട്ടുകളും ശാഖകളും അതിൽനിന്ന് തന്നെ ആയിരിക്കണം; മുഴുവനും അടിച്ചുപരത്തിയ തങ്കം കൊണ്ട് ഒറ്റ പണി ആയിരിക്കണം.
37അതിന് ഏഴ് ദീപങ്ങൾ ഉണ്ടാക്കി നേരെ മുമ്പോട്ട് പ്രകാശിക്കുവാൻ തക്കവണ്ണം ദീപങ്ങളെ കൊളുത്തണം.38അതിന്റെ ചവണകളും കരിന്തിരിപ്പാത്രങ്ങളും തങ്കംകൊണ്ട് ആയിരിക്കണം.39അതും ഈ ഉപകരണങ്ങൾ ഒക്കെയും ഒരു താലന്ത് തങ്കം കൊണ്ട് ഉണ്ടാക്കണം.40പർവ്വതത്തിൽവച്ച് കാണിച്ചുതന്ന മാതൃകപ്രകാരം അവയെ ഉണ്ടാക്കുവാൻ സൂക്ഷിച്ചുകൊള്ളണം.


1 25:7 മാർപതക്കം =നെഞ്ചിൽ ധരിക്കുന്ന വസ്ത്രം

26

1പിരിച്ച പഞ്ഞിനൂൽ, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവ കൊണ്ടുണ്ടാക്കിയ പത്ത് 1 മൂടുശീലകൊണ്ട് തിരുനിവാസം നിർമ്മിക്കണം. നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകൾ അവയിൽ ഉണ്ടായിരിക്കണം.2ഓരോ മൂടുശീലയ്ക്കും ഇരുപത്തെട്ട് മുഴം നീളവും നാല് മുഴം വീതിയും ഇങ്ങനെ മൂടുശീലയ്ക്കെല്ലാം ഒരേ അളവ് ആയിരിക്കണം.3അഞ്ച് മൂടുശീല ഒന്നോടൊന്ന് ബന്ധിപ്പിച്ചിരിക്കണം; മറ്റെ അഞ്ച് മൂടുശീലയും ഒന്നോടൊന്ന് ബന്ധിപ്പിച്ചിരിക്കണം.

4ഇങ്ങനെ ഇണച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ നീലനൂൽകൊണ്ട് കണ്ണി ഉണ്ടാക്കണം; രണ്ടാമത്തെ വിരിയുടെ പുറത്തെ മൂടുശീലയുടെ വിളുമ്പിലും അങ്ങനെ തന്നെ ഉണ്ടാക്കണം.5ഒരു മൂടുശീലയിൽ അമ്പത് കണ്ണി ഉണ്ടാക്കണം; രണ്ടാമത്തെ വിരിയിലുള്ള മൂടുശീലയുടെ വിളുമ്പിലും അമ്പത് കണ്ണി ഉണ്ടാക്കണം; കണ്ണി നേർക്കുനേരെ ആയിരിക്കണം.6പൊന്നുകൊണ്ട് അമ്പത് കൊളുത്തും ഉണ്ടാക്കണം; തിരുനിവാസം ഒന്നായിരിക്കുവാൻ തക്കവണ്ണം മൂടുശീലകളെ കൊളുത്തുകൊണ്ട് ഒന്നിച്ച് യോജിപ്പിക്കണം.
7തിരുനിവാസത്തിന്മേൽ മൂടുവിരിയായി കോലാട്ടുരോമം കൊണ്ട് മൂടുശീല ഉണ്ടാക്കണം; പതിനൊന്ന് മൂടുശീല വേണം.8ഓരോ മൂടുശീലയ്ക്കും മുപ്പത് മുഴം നീളവും നാല് മുഴം വീതിയും വേണം. ഇങ്ങനെ മൂടുശീല പതിനൊന്നിനും ഒരേ അളവ് ആയിരിക്കണം.9അഞ്ച് മൂടുശീല ഒന്നായും ആറ് മൂടുശീല ഒന്നായും യോജിപ്പിച്ച് ആറാമത്തെ മൂടുശീല കൂടാരത്തിന്റെ മുൻവശത്ത് മടക്കി ഇടണം.
10യോജിപ്പിച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ അമ്പത് കണ്ണിയും രണ്ടാമത്തെ വിരിയിലെ മൂടുശീലയുടെ വിളുമ്പിൽ അമ്പത് കണ്ണിയും ഉണ്ടാക്കണം.11താമ്രംകൊണ്ട് അമ്പത് കൊളുത്ത് ഉണ്ടാക്കി കൊളുത്ത് കണ്ണിയിൽ ഇട്ട് കൂടാരം ഒന്നായിരിക്കത്തക്കവണ്ണം യോജിപ്പിക്കണം.
12മൂടുവിരിയുടെ മൂടുശീലയിൽ മിച്ചമായി കവിഞ്ഞുകിടക്കുന്ന പാതി മൂടുശീല തിരുനിവാസത്തിന്റെ പിൻവശത്ത് തൂക്കിയിടണം.13മൂടുവിരിയുടെ മൂടുശീല നീളത്തിൽ അവശേഷിക്കുന്നത് ഇപ്പുറത്ത് ഒരു മുഴവും അപ്പുറത്ത് ഒരു മുഴവും ഇങ്ങനെ തിരുനിവാസത്തെ മൂടത്തക്കവണ്ണം അതിന്റെ രണ്ടു വശങ്ങളിലും തൂങ്ങിക്കിടക്കണം.14ചുവപ്പിച്ച ആട്ടുകൊറ്റന്തോൽകൊണ്ട് മൂടുവിരിക്ക് ഒരു പുറമൂടിയും അതിന്റെ മീതെ തഹശുതോൽകൊണ്ട് ഒരു പുറമൂടിയും ഉണ്ടാക്കണം.

15തിരുനിവാസത്തിന് ഖദിരമരംകൊണ്ട് നിവർന്ന് നില്ക്കുന്ന പലകകളും ഉണ്ടാക്കണം.16ഓരോ പലകയ്ക്കും പത്തുമുഴം നീളവും ഒന്നര മുഴം വീതിയും ഉണ്ടായിരിക്കണം.17ഓരോ പലകയ്ക്കും ഒന്നോടൊന്ന് ചേർന്നിരിക്കുന്ന രണ്ടു 2 കുടുമ ഉണ്ടായിരിക്കണം, തിരുനിവാസത്തിന്റെ എല്ലാ പലകയ്ക്കും അങ്ങനെ തന്നെ ഉണ്ടാക്കണം.18തിരുനിവാസത്തിന് പലകകൾ ഉണ്ടാക്കണം; തെക്ക് വശത്തേക്ക് ഇരുപത് പലക.
19ഇരുപത് പലകയ്ക്കും താഴെ വെള്ളികൊണ്ട് നാല്പത് 3 ചുവട്, ഒരു പലകയുടെ അടിയിൽ രണ്ട് കുടുമയ്ക്ക് രണ്ട് ചുവടും മറ്റൊരു പലകയുടെ അടിയിൽ രണ്ട് കുടുമയ്ക്ക് രണ്ട് ചുവടും ഇങ്ങനെ ഇരുപത് പലകയുടെയും അടിയിൽ വെള്ളികൊണ്ട് നാല്പത് ചുവട് ഉണ്ടാക്കണം.20തിരുനിവാസത്തിന്റെ മറുപുറത്ത് വടക്കുവശത്തേക്ക് ഇരുപത് പലകയും ഒരു പലകയുടെ താഴെ രണ്ട് ചുവട്,21മറ്റൊരു പലകയുടെ താഴെ രണ്ട് ചുവട്, ഇങ്ങനെ അവയ്ക്ക് നാല്പത് വെള്ളിച്ചുവടും ഉണ്ടാക്കണം.
22തിരുനിവാസത്തിന്റെ പിൻവശത്ത് പടിഞ്ഞാറോട്ട് ആറ് പലക ഉണ്ടാക്കണം.23തിരുനിവാസത്തിന്റെ രണ്ട് വശത്തുമുള്ള മൂലയ്ക്ക് ഈരണ്ട് പലക ഉണ്ടാക്കണം.24ഇവ താഴെ ഇരട്ടിയായിരിക്കണം; മേലറ്റത്ത് ഒന്നാം വളയംവരെ തമ്മിൽ ചേർന്ന് ഒറ്റയായിരിക്കണം; രണ്ടിലും അങ്ങനെ തന്നെ വേണം; അവ രണ്ട് മൂലയ്ക്കും ഇരിക്കണം.25ഇങ്ങനെ എട്ട് പലകയും അവയുടെ വെള്ളിച്ചുവട്, ഒരു പലകയുടെ അടിയിൽ രണ്ട് ചുവട് മറ്റൊരു പലകയുടെ അടിയിൽ രണ്ട് ചുവട് ഇങ്ങനെ പതിനാറ് വെള്ളിച്ചുവടും വേണം.
26ഖദിരമരംകൊണ്ടു 4 അന്താഴങ്ങൾ ഉണ്ടാക്കണം; തിരുനിവാസത്തിന്റെ ഒരു ഭാഗത്തെ പലകയ്ക്ക് അഞ്ച് അന്താഴം27തിരുനിവാസത്തിന്റെ മറുഭാഗത്തെ പലകയ്ക് അഞ്ച് അന്താഴം, തിരുനിവാസത്തിന്റെ പടിഞ്ഞാറെ ഭാഗത്ത് പിൻവശത്തെ പലകയ്ക് അഞ്ച് അന്താഴം.28നടുവിലത്തെ അന്താഴം പലകയുടെ നടുവിൽ ഒരു അറ്റത്തുനിന്ന് മറ്റെ അറ്റത്തോളം ചെല്ലുന്നതായിരിക്കണം.
29പലക പൊന്നുകൊണ്ട് പൊതിയുകയും അന്താഴം ഇടുവാനുള്ള അവയുടെ വളയങ്ങൾ പൊന്നുകൊണ്ട് ഉണ്ടാക്കുകയും വേണം; അന്താഴങ്ങൾ പൊന്നുകൊണ്ട് പൊതിയണം.30അങ്ങനെ പർവ്വതത്തിൽവച്ച് കാണിച്ചുതന്ന പ്രമാണപ്രകാരം നീ തിരുനിവാസം നിർമ്മിക്കണം.

31നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ഒരു തിരശ്ശീല ഉണ്ടാക്കണം; നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകളുള്ളതായി അതിനെ ഉണ്ടാക്കണം.32പൊന്ന് പൊതിഞ്ഞതും പൊൻകൊളുത്തുള്ളതും വെള്ളികൊണ്ടുള്ള നാല് ചുവടിന്മേൽ നില്ക്കുന്നതുമായ നാല് ഖദിരസ്തംഭങ്ങളിന്മേൽ അത് തൂക്കിയിടണം.33കൊളുത്തുകളിൽ തിരശ്ശീല തൂക്കി സാക്ഷ്യപ്പെട്ടകം തിരശ്ശീലയ്ക്കകത്ത് കൊണ്ടുചെന്ന് വയ്ക്കണം; തിരശ്ശീല വിശുദ്ധസ്ഥലവും അതിവിശുദ്ധസ്ഥലവും തമ്മിൽ വേർതിരിക്കുന്നതായിരിക്കണം.
34അതിവിശുദ്ധസ്ഥലത്ത് സാക്ഷ്യപ്പെട്ടകത്തിൻ മീതെ കൃപാസനം വയ്ക്കണം.35തിരശ്ശീലയുടെ പുറമെ മേശയും മേശയ്ക്ക് എതിരെ തിരുനിവാസത്തിന്റെ തെക്കുഭാഗത്ത് നിലവിളക്കും വയ്ക്കണം; മേശ വടക്കുഭാഗത്ത് വയ്ക്കണം.
36നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ചിത്രത്തയ്യൽ പണിയായ ഒരു മറയും കൂടാരത്തിന്റെ വാതിലിന് ഉണ്ടാക്കണം.37മറശ്ശീലയ്ക്ക് ഖദിരമരംകൊണ്ട് അഞ്ച് തൂണുണ്ടാക്കി പൊന്നുകൊണ്ട് പൊതിയണം. അവയുടെ കൊളുത്ത് പൊന്നുകൊണ്ട് ആയിരിക്കണം; അവയ്ക്ക് താമ്രംകൊണ്ട് അഞ്ച് ചുവടും വാർപ്പിക്കണം.


1 26:1 മൂടുശീല = രണ്ട് ഭാഗങ്ങളെയും വേർതിരിക്കുന്ന മറ
2 26:17 കുടുമ = ഒരു പലക മറ്റൊന്നിലേക്ക് ചേർക്കുന്നതിനായി പലകയുടെ അഗ്രത്തിലുള്ള മുഴച്ചിരിക്കുന്ന ഭാഗം
3 26:19 ചുവട് = കുടുമ ഉറപ്പിക്കുന്നതിനുള്ള തുള
4 26:26 അന്താഴം = കുറുകെയുള്ള അഴി, സാക്ഷ

27

1അഞ്ച് മുഴം നീളവും അഞ്ച് മുഴം വീതിയുമായി ഖദിരമരംകൊണ്ട് യാഗപീഠം ഉണ്ടാക്കണം; യാഗപീഠം സമചതുരവും മൂന്ന് മുഴം ഉയരവും ഉള്ളതായിരിക്കണം.2അതിന്റെ നാല് കോണിലും കൊമ്പുണ്ടാക്കണം; കൊമ്പ് അതിൽനിന്ന് തന്നേ ആയിരിക്കണം; അത് താമ്രംകൊണ്ട് പൊതിയണം.

3അതിലെ വെണ്ണീർ എടുക്കേണ്ടതിന് ചട്ടികളും അതിന്റെ ചട്ടുകങ്ങളും കിണ്ണങ്ങളും മുൾകൊളുത്തുകളും തീക്കലശങ്ങളും ഉണ്ടാക്കണം; അതിന്റെ ഉപകരണങ്ങളൊക്കെയും താമ്രംകൊണ്ട് ഉണ്ടാക്കണം.4അതിന് താമ്രംകൊണ്ട് വലപ്പണിയായി ഒരു 1 ജാലവും ഉണ്ടാക്കണം; ജാലത്തിന്മേൽ നാല് കോണിലും നാല് താമ്രവളയം ഉണ്ടാക്കണം.
5ജാലം യാഗപീഠത്തിന്റെ പകുതിയോളം എത്തുന്ന വിധത്തിൽ താഴെ യാഗപീഠത്തിന്റെ ചുറ്റുപടിക്ക് കീഴായി വയ്ക്കണം.6യാഗപീഠത്തിന് ഖദിരമരംകൊണ്ട് തണ്ടുകൾ ഉണ്ടാക്കി താമ്രംകൊണ്ട് പൊതിയണം.
7തണ്ടുകൾ വളയങ്ങളിൽ ഇടണം; യാഗപീഠം ചുമക്കുമ്പോൾ തണ്ടുകൾ അതിന്റെ രണ്ട് ഭാഗത്തും ഉണ്ടായിരിക്കണം.8പലകകൊണ്ട് പൊള്ളയായി അത് ഉണ്ടാക്കണം; പർവ്വതത്തിൽവച്ച് കാണിച്ചുതന്നപ്രകാരം തന്നെ അത് ഉണ്ടാക്കണം.

9തിരുനിവാസത്തിന് പ്രാകാരവും ഉണ്ടാക്കണം; തെക്കെ ഭാഗത്തേക്ക് പ്രാകാരത്തിന് പിരിച്ച പഞ്ഞിനൂൽകൊണ്ട് ഒരു ഭാഗത്തേക്ക് നൂറ് മുഴം നീളത്തിൽ മറശ്ശീല വേണം.10അതിന്റെ ഇരുപത് തൂണും അവയുടെ ഇരുപത് ചുവടും താമ്രംകൊണ്ടും തൂണുകളുടെ കൊളുത്തും മേൽചുറ്റുപടികളും വെള്ളികൊണ്ടും ആയിരിക്കണം.
11അങ്ങനെ തന്നെ വടക്കെ ഭാഗത്തേക്ക് നൂറ് മുഴം നീളത്തിൽ മറശ്ശീല വേണം; അതിന്റെ ഇരുപത് തൂണും അവയുടെ ഇരുപത് ചുവടും താമ്രംകൊണ്ടും തൂണുകളുടെ കൊളുത്തും മേൽചുറ്റുപടികളും വെള്ളികൊണ്ടും ആയിരിക്കണം.12പടിഞ്ഞാറെ ഭാഗത്തേക്ക് പ്രാകാരത്തിന്റെ വീതിക്ക് അമ്പത് മുഴം നീളത്തിൽ മറശ്ശീലയും അതിന് പത്ത് തൂണും അവയ്ക്ക് പത്ത് ചുവടും വേണം.13കിഴക്കെ ഭാഗത്തേക്കും പ്രാകാരത്തിന്റെ വീതി അമ്പത് മുഴം ആയിരിക്കണം.
14ഒരു ഭാഗത്തേക്ക് പതിനഞ്ച് മുഴം നീളമുള്ള മറശ്ശീലയും അതിന് മൂന്ന് തൂണും അവയ്ക്ക് മൂന്ന് ചുവടും വേണം.15മറ്റെ ഭാഗത്തേക്കും പതിനഞ്ച് മുഴം നീളമുള്ള മറശ്ശീലയും അതിന് മൂന്ന് തൂണും അവയ്ക്ക് മൂന്ന് ചുവടും വേണം.16എന്നാൽ പ്രാകാരത്തിന്റെ വാതിലിന് നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ചിത്രത്തയ്യൽപ്പണിയായി ഇരുപത് മുഴം നീളമുള്ള ഒരു മറയും അതിന് നാല് തൂണും അവയ്ക്ക് നാല് ചുവടും വേണം.
17പ്രാകാരത്തിന്റെ എല്ലാ തൂണുകൾക്കും വെള്ളികൊണ്ട് മേൽചുറ്റുപടി വേണം; അവയുടെ കൊളുത്ത് വെള്ളികൊണ്ടും അവയുടെ ചുവട് താമ്രംകൊണ്ടും ആയിരിക്കണം.18പ്രാകാരത്തിന് നാനൂറ് മുഴം നീളവും എല്ലാടവും അമ്പത് മുഴം വീതിയും അഞ്ച് മുഴം ഉയരവും ഉണ്ടായിരിക്കണം; അത് പിരിച്ച പഞ്ഞിനൂൽകൊണ്ടും ചുവട് താമ്രംകൊണ്ടും ആയിരിക്കണം.19തിരുനിവാസത്തിലെ സകലശുശ്രൂഷയ്ക്കുമുള്ള ഉപകരണങ്ങളൊക്കെയും അതിന്റെ എല്ലാകുറ്റികളും പ്രാകാരത്തിന്റെ എല്ലാകുറ്റികളും താമ്രംകൊണ്ട് ആയിരിക്കണം.

20വിളക്ക് നിരന്തരം കത്തിക്കൊണ്ടിരിക്കേണ്ടതിന് യിസ്രായേൽമക്കൾ വിളക്കിന് ഇടിച്ചെടുത്ത ശുദ്ധമായ ഒലിവെണ്ണ നിന്റെ അടുക്കൽ കൊണ്ടുവരുവാൻ അവരോട് കല്പിക്കുക.21സമാഗമനകൂടാരത്തിൽ സാക്ഷ്യത്തിന് മുമ്പിലുള്ള തിരശ്ശീലയ്ക്ക് പുറത്ത് അഹരോനും അവന്റെ പുത്രന്മാരും അത് വൈകുന്നേരം മുതൽ പ്രഭാതം വരെ യഹോവയുടെ മുമ്പാകെ കത്തുവാൻ തക്കവണ്ണം വയ്ക്കണം; ഇത് യിസ്രായേൽമക്കൾക്ക് തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കണം.


1 27:4 ജാലം = ഒരു കൂട്

28

1നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരെയും എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് യിസ്രായേൽമക്കളുടെ ഇടയിൽനിന്ന് നിന്റെ അടുക്കൽ വരുത്തുക; അഹരോനെയും അഹരോന്റെ പുത്രന്മാരായ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവരെയും തന്നെ.2നിന്റെ സഹോദരനായ അഹരോന് മഹത്വത്തിനും അലങ്കാരത്തിനും വേണ്ടി വിശുദ്ധവസ്ത്രം ഉണ്ടാക്കണം.3അഹരോൻ എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യുവാൻ തക്കവണ്ണം അവനെ ശുദ്ധീകരിക്കേണ്ടതിന് അവന് വസ്ത്രം ഉണ്ടാക്കണമെന്ന് ഞാൻ ജ്ഞാനാത്മാവുകൊണ്ട് നിറച്ചിരിക്കുന്ന സകലജ്ഞാനികളോടും നീ പറയണം.

4അവർ ഉണ്ടാക്കേണ്ട വസ്ത്രങ്ങൾ: പതക്കം, ഏഫോദ്, നീളക്കുപ്പായം, ചിത്രത്തയ്യലുള്ള നിലയങ്കി, തലപ്പാവ്, നടുക്കെട്ട് എന്നിവയാണ്. നിന്റെ സഹോദരനായ അഹരോൻ എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് അവർ അവനും അവന്റെ പുത്രന്മാർക്കും വിശുദ്ധവസ്ത്രം ഉണ്ടാക്കണം.5അതിന് പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവ എടുക്കണം.

6പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് നെയ്ത്തുകാരന്റെ ചിത്രപ്പണിയായി ഏഫോദ് ഉണ്ടാക്കണം.7അതിന്റെ രണ്ട് അറ്റത്തോട് ചേർന്നതായി രണ്ട് തോൾപ്പട്ട ഉണ്ടായിരിക്കണം. അത് തമ്മിൽ ബന്ധിപ്പിച്ചിരിക്കണം.8അത് കെട്ടിമുറുക്കുവാൻ ഏഫോദ് പോലെ ചിത്രപ്പണിയുള്ള നടുക്കെട്ട് വേണം. അതിന്റെ പണിപോലെ പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ആയിരിക്കണം.9അത് കൂടാതെ രണ്ട് ഗോമേദകക്കല്ല് എടുത്ത് അവയിൽ യിസ്രായേൽമക്കളുടെ പേര് കൊത്തണം.
10ആറ് പേരുകൾ ഒരു കല്ലിലും ശേഷമുള്ള ആറ് പേരുകൾ മറ്റേ കല്ലിലും അവരുടെ ജനനക്രമത്തിൽ ആയിരിക്കണം.11രത്നശില്പി മുദ്ര കൊത്തുന്നതുപോലെ രണ്ട് കല്ലിലും യിസ്രായേൽ മക്കളുടെ പേര് കൊത്തണം; അവ പൊൻ തടങ്ങളിൽ പതിക്കണം;12കല്ല് രണ്ടും ഏഫോദിന്റെ തോൾപ്പട്ടയുടെമേൽ യിസ്രായേൽമക്കളുടെ ഓർമ്മയ്ക്കായി വയ്ക്കണം; അഹരോൻ യഹോവയുടെ മുമ്പാകെ അവരുടെ പേരുകൾ ഓർമ്മയ്ക്കായി തന്റെ രണ്ട് ചുമലിന്മേലും വഹിക്കണം.
13പൊന്ന് കൊണ്ട് തടങ്ങൾ ഉണ്ടാക്കണം.14തങ്കംകൊണ്ട് പിരിച്ചെടുത്ത ചരടുകൾ പോലെ രണ്ട് സരപ്പളി നിർമിച്ച് അവ തടങ്ങളിൽ ചേർക്കണം.
15ന്യായവിധിപ്പതക്കം ചിത്രപ്പണികളോടുകൂടി ഉണ്ടാക്കണം; അത് ഏഫോദിന്റെ പണി പോലെ പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവ കൊണ്ട് ഉണ്ടാക്കണം.16അത് സമചതുരവും രണ്ട് മടക്കുള്ളതും ഒരു ചാൺ നീളമുള്ളതും ഒരു ചാൺ വീതിയുള്ളതും ആയിരിക്കണം.
17അതിൽ നാല് നിര കല്ല് പതിക്കണം; താമ്രമണി, പീതരത്നം, മരതകം എന്നിവ ഒന്നാമത്തെ നിര.18രണ്ടാമത്തെ നിര: മാണിക്യം, നീലക്കല്ല്, വജ്രം.19മൂന്നാമത്തെ നിര: പത്മരാഗം, വൈഡൂര്യം, സുഗന്ധിക്കല്ല്.20നാലാമത്തെ നിര: പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം. അവ അതത് തടത്തിൽ പൊന്നിൽ പതിച്ചിരിക്കണം.
21ഇവ ക്രമമായി യിസ്രായേൽമക്കളുടെ പേരുകൾ കൊത്തിയ പന്ത്രണ്ട് കല്ലുക്ൾ ആയിരിക്കണം; പന്ത്രണ്ട് ഗോത്രങ്ങളുടെയും പേരുകൾ അവയിൽ മുദ്രയായി കൊത്തിയിരിക്കണം.22പതക്കത്തിന് തങ്കംകൊണ്ട് പിരിച്ചെടുത്ത ചരടുകൾ പോലെ രണ്ട് സരപ്പളി നിർമ്മിക്കണം.23പതക്കത്തിന് പൊന്നുകൊണ്ട് രണ്ട് വളയങ്ങൾ ഉണ്ടാക്കി പതക്കത്തിന്റെ രണ്ട് അറ്റത്തും വയ്ക്കണം.24പൊന്നുകൊണ്ട് പിരിച്ചെടുത്ത ചരടുകൾ പോലെയുള്ള ചങ്ങലകൾ രണ്ടും പതക്കത്തിന്റെ അറ്റങ്ങളിൽ ഉള്ള വളയങ്ങൾ രണ്ടിലും കൊളുത്തേണം.
25പിരിച്ചെടുത്ത രണ്ട് ചങ്ങലകളുടെയും മറ്റേ അറ്റം രണ്ടും രണ്ട് തടത്തിൽ കൊളുത്തി ഏഫോദിന്റെ തോൾപ്പട്ടയുടെ മുൻഭാഗത്ത് വയ്ക്കണം.26പൊന്നുകൊണ്ട് രണ്ട് വളയങ്ങൾ ഉണ്ടാക്കി പതക്കത്തിന്റെ മറ്റെ രണ്ട് അറ്റത്തും ഏഫോദിന്റെ കീഴറ്റത്തിന് നേരെ അതിന്റെ വിളുമ്പിൽ അകത്തായി വയ്ക്കണം.
27പൊന്നുകൊണ്ട് വേറെ രണ്ട് വളയങ്ങൾ ഉണ്ടാക്കി, ഏഫോദിന്റെ മുൻഭാഗത്ത് അതിന്റെ രണ്ട് തോൾപ്പട്ടയുടെ താഴെ അതിന്റെ ചേർപ്പിനരികെ ഏഫോദിന്റെ നടുക്കെട്ടിന് മേലായി വയ്ക്കണം.28പതക്കം ഏഫോദിന്റെ നടുക്കെട്ടിന് മേലായിരിക്കേണ്ടതിനും ഏഫോദിൽ ആടാതിരിക്കേണ്ടതിനും അതിന്റെ വളയങ്ങളാൽ ഏഫോദിന്റെ വളയങ്ങളോട് നീലനാടകൊണ്ട് കെട്ടണം.
29അങ്ങനെ അഹരോൻ വിശുദ്ധമന്ദിരത്തിൽ കടക്കുമ്പോൾ ന്യായവിധിപ്പതക്കത്തിൽ യിസ്രായേൽമക്കളുടെ പേരുകൾ എപ്പോഴും യഹോവയുടെ മുമ്പാകെ ഓർമ്മയ്ക്കായിട്ട് തന്റെ ഹൃദയത്തിന്മേൽ വഹിക്കണം.30ന്യായവിധിപ്പതക്കത്തിനകത്ത് ഊറീമും തുമ്മീമും (വെളിപ്പാടും സത്യവും) വയ്ക്കണം; അഹരോൻ യഹോവയുടെ സന്നിധാനത്തിൽ കടക്കുമ്പോൾ അവന്റെ ഹൃദയത്തിന്മേൽ ഇരിക്കണം; അഹരോൻ യിസ്രായേൽമക്കൾക്കുള്ള ന്യായവിധി എപ്പോഴും യഹോവയുടെ മുമ്പാകെ തന്റെ ഹൃദയത്തിന്മേൽ വഹിക്കണം.

31ഏഫോദിന്റെ അങ്കി മുഴുവനും നീലനൂൽകൊണ്ട് ഉണ്ടാക്കണം.32അതിന്റെ നടുവിൽ തല കടത്തുവാൻ ഒരു ദ്വാരം വേണം; ദ്വാരത്തിന് നെയ്ത്തുപണിയായ ഒരു നാട ചുറ്റിലും വേണം; അത് കീറിപ്പോകാതിരിക്കുവാൻ കവചത്തിന്റെ ദ്വാരംപോലെ അതിന് ഉണ്ടായിരിക്കണം.
33നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ട് അതിന്റെ വിളുമ്പിൽ ചുറ്റും മാതളപ്പഴങ്ങളും അവയുടെ ഇടയിൽ പൊന്നുകൊണ്ട് മണികളും ഉണ്ടാക്കണം.34അങ്കിയുടെ വിളുമ്പിൽ ചുറ്റും ഒരു പൊന്മണി ഒരു മാതളപ്പഴം, ഒരു പൊന്മണി, ഒരു മാതളപ്പഴം, ഇങ്ങനെ വേണം.35അഹരോൻ ശുശ്രൂഷ ചെയ്യുമ്പോൾ അത് ധരിക്കണം. യഹോവയുടെ മുമ്പാകെ വിശുദ്ധമന്ദിരത്തിൽ കടക്കുമ്പോഴും പുറത്ത് വരുമ്പോഴും അവൻ മരിക്കാതിരിക്കേണ്ടതിന് അതിന്റെ ശബ്ദം കേൾക്കണം.

36തങ്കംകൊണ്ട് ഒരു തകിട് ഉണ്ടാക്കി അതിൽ “യഹോവയ്ക്ക് വിശുദ്ധം” എന്ന് മുദ്ര കൊത്തണം.37അത് തലപ്പാവിൽ നീലച്ചരടുകൊണ്ട് കെട്ടെണം; അത് തലപ്പാവിന്റെ മുൻഭാഗത്ത് ഇരിക്കണം.38യിസ്രായേൽമക്കൾ തങ്ങളുടെ സകല വിശുദ്ധവഴിപാടുകളിലും ശുദ്ധീകരിക്കുന്ന വിശുദ്ധവസ്തുക്കളുടെ കുറ്റം അഹരോൻ വഹിക്കേണ്ടതിന് അത് അഹരോന്റെ നെറ്റിയിൽ ഇരിക്കണം; യഹോവയുടെ മുമ്പാകെ അവർക്ക് പ്രസാദം ലഭിക്കേണ്ടതിന് അത് എപ്പോഴും അവന്റെ നെറ്റിയിൽ ഇരിക്കണം.
39പഞ്ഞിനൂൽകൊണ്ട് ഉള്ളങ്കിയും ചിത്രപ്പണിയായി നെയ്യണം; പഞ്ഞിനൂൽകൊണ്ട് തലപ്പാവും ഉണ്ടാക്കണം; നടുക്കെട്ടും ചിത്രത്തയ്യൽപണിയായിട്ട് ഉണ്ടാക്കണം.
40അഹരോന്റെ പുത്രന്മാർക്ക് മഹത്വത്തിനും അലങ്കാരത്തിനും വേണ്ടി അങ്കി, നടുക്കെട്ട്, തലപ്പാവ് എന്നിവ ഉണ്ടാക്കണം.41അവ നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരെയും ധരിപ്പിക്കണം; അവർ എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് അവരെ അഭിഷേകവും 1 കരപൂരണവും ചെയ്ത് ശുദ്ധീകരിക്കണം.
42അവരുടെ നഗ്നത മറയ്ക്കുവാൻ അവർക്ക് ചണനൂൽകൊണ്ട് കാൽചട്ടയും ഉണ്ടാക്കണം; അത് അര തുടങ്ങി തുടവരെ എത്തണം.43അഹരോനും അവന്റെ പുത്രന്മാരും വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷ ചെയ്യുവാൻ സമാഗമനകൂടാരത്തിൽ കടക്കുമ്പോഴോ യാഗപീഠത്തിന്റെ അടുക്കൽ ചെല്ലുമ്പോഴോ കുറ്റം വഹിച്ച് മരിക്കാതിരിക്കേണ്ടതിന് അവർ അത് ധരിക്കണം. അവനും അവന്റെ സന്തതിക്കും അത് എന്നേക്കുമുള്ള ചട്ടം ആയിരിക്കണം.


1 28:41 കരപൂരണം = പ്രതിഷ്ഠിക്കുക

29

1അവർ എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യുവാൻ അവരെ ശുദ്ധീകരിക്കേണ്ടതിന് നീ അവർക്കുവേണ്ടി ഇപ്രകാരം ചെയ്യണം : ഒരു കാളക്കിടാവിനെയും ഊനമില്ലാത്ത രണ്ട് ആട്ടുകൊറ്റനെയും2പുളിപ്പില്ലാത്ത അപ്പവും എണ്ണ ചേർത്ത പുളിപ്പില്ലാത്ത ദോശകളും എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളും എടുക്കണം; ഗോതമ്പുമാവുകൊണ്ട് അവ ഉണ്ടാക്കണം.

3അവ ഒരു കുട്ടയിൽ വച്ച് കാളയോടും രണ്ട് ആട്ടുകൊറ്റനോടുംകൂടെ കൊണ്ടുവരണം.4അഹരോനെയും അവന്റെ പുത്രന്മാരെയും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ വരുത്തി വെള്ളംകൊണ്ട് കഴുകണം.
5പിന്നെ വസ്ത്രം എടുത്ത് അഹരോനെ മേലങ്കിയും ഏഫോദിന്റെ അങ്കിയും ഏഫോദും പതക്കവും ധരിപ്പിച്ച് അവന്റെ അരയ്ക്ക് ഏഫോദിന്റെ നടുക്കെട്ട് കെട്ടണം.6അവന്റെ തലയിൽ തലപ്പാവ് വച്ച് വിശുദ്ധപട്ടം അതിന്മേൽ വയ്ക്കണം.7പിന്നെ അഭിഷേകതൈലം തലയിൽ ഒഴിച്ച് അവനെ അഭിഷേകം ചെയ്യണം.
8അവന്റെ പുത്രന്മാരെയും കൊണ്ടുവന്ന് അങ്കി ധരിപ്പിക്കണം.9അഹരോന്റെയും പുത്രന്മാരുടെയും അരയ്ക്ക് നടുക്കെട്ട് കെട്ടി അവർക്ക് തലപ്പാവ് വയ്ക്കണം. പൗരോഹിത്യം അവർക്ക് നിത്യാവകാശമായിരിക്കണം. പിന്നെ നീ അഹരോനും അവന്റെ പുത്രന്മാർക്കും കരപൂരണം ചെയ്യണം.
10നീ കാളയെ സമാഗമനകൂടാരത്തിന്റെ മുമ്പാകെ വരുത്തണം; അഹരോനും അവന്റെ പുത്രന്മാരും കാളയുടെ തലമേൽ കൈവയ്ക്കണം.11പിന്നെ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ മുമ്പാകെ കാളയെ അറുക്കണം.
12കാളയുടെ രക്തം കുറെ നിന്റെ വിരൽകൊണ്ട് യാഗപീഠത്തിന്റെ കൊമ്പുകളിന്മേൽ പുരട്ടി ശേഷമുള്ള രക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കണം.13കുടൽ പൊതിഞ്ഞിരിക്കുന്ന 1 മേദസ്സ് ഒക്കെയും കരളിന്മേൽ ഉള്ള 2 വപയും വൃക്കകൾ രണ്ടും അവയുടെ മേലുള്ള മേദസ്സും യാഗപീഠത്തിന്മേൽ വച്ച് ദഹിപ്പിക്കണം.14കാളയുടെ മാംസവും തോലും ചാണകവും പാളയത്തിന് പുറത്ത് തീയിൽ ഇട്ട് ചുട്ടുകളയണം.
15ഇത് പാപയാഗം. പിന്നെ ഒരു ആട്ടുകൊറ്റനെ എടുക്കണം; അഹരോനും അവന്റെ പുത്രന്മാരും ആട്ടുകൊറ്റന്റെ തലമേൽ കൈവയ്ക്കണം.16ആട്ടുകൊറ്റനെ അറുത്ത് അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം.17ആട്ടുകൊറ്റനെ കഷണങ്ങളായി മുറിച്ച് അതിന്റെ കുടലും കാലും കഴുകി കഷണങ്ങളുടെ മേലും അതിന്റെ തലയുടെ മേലും വയ്ക്കണം.18ആട്ടുകൊറ്റനെ മുഴുവനും യാഗപീഠത്തിന്മേൽ വച്ച് ദഹിപ്പിക്കണം. ഇത് യഹോവയ്ക്ക് ഹോമയാഗം, യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗം തന്നേ.
19പിന്നെ നീ മറ്റെ ആട്ടുകൊറ്റനെ എടുക്കണം; അഹരോനും അവന്റെ പുത്രന്മാരും ആട്ടുകൊറ്റന്റെ തലമേൽ കൈ വയ്ക്കണം.20ആട്ടുകൊറ്റനെ അറുത്ത് അതിന്റെ രക്തം കുറെ എടുത്ത് അഹരോന്റെ വലത്തെ കാതിലും അവന്റെ പുത്രന്മാരുടെ വലത്തെ കാതിലും അവരുടെ വലത്തെ കയ്യുടെ പെരുവിരലിലും വലത്തെ കാലിന്റെ പെരുവിരലിലും പുരട്ടി രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം.
21പിന്നെ നീ യാഗപീഠത്തിന്മേലുള്ള രക്തവും അഭിഷേകതൈലവും കുറച്ചെടുത്ത് അഹരോന്റെമേലും അവന്റെ വസ്ത്രത്തിന്മേലും അവന്റെ പുത്രന്മാരുടെമേലും അവരുടെ വസ്ത്രത്തിന്മേലും തളിക്കണം; ഇങ്ങനെ അവനും അവന്റെ വസ്ത്രവും അവന്റെ പുത്രന്മാരും അവരുടെ വസ്ത്രവും ശുദ്ധീകരിക്കപ്പെടും.
22അത് കരപൂരണത്തിന്റെ ആട്ടുകൊറ്റൻ ആകയാൽ നീ അതിന്റെ മേദസ്സും തടിച്ച വാലും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കരളിന്മേലുള്ള വപയും വൃക്കകൾ രണ്ടും അവയുടെ മേലുള്ള മേദസ്സും23വലത്തെ 3 കൈക്കുറകും യഹോവയുടെ മുമ്പാകെ വച്ചിരിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ കുട്ടയിൽനിന്ന് ഒരു അപ്പവും എണ്ണ പകർന്ന അപ്പമായ ഒരു ദോശയും ഒരു വടയും എടുക്കണം.
24അത് എല്ലാം അഹരോന്റെ കയ്യിലും അവന്റെ പുത്രന്മാരുടെ കയ്യിലും വച്ച് യഹോവയുടെ സന്നിധിയിൽ 4 നീരാജനാർപ്പണമായി നീരാജനം ചെയ്യണം.25പിന്നെ അവരുടെ കയ്യിൽ നിന്ന് അവ വാങ്ങി യാഗപീഠത്തിന്മേൽ ഹോമയാഗത്തിന് മീതെ യഹോവയുടെ സന്നിധിയിൽ സൗരഭ്യവാസനയായി ദഹിപ്പിക്കണം; ഇത് യഹോവയ്ക്ക് ദഹനയാഗം.
26പിന്നെ അഹരോന്റെ കരപൂരണത്തിനുള്ള ആട്ടുകൊറ്റന്റെ നെഞ്ച് യഹോവയുടെ സന്നിധിയിൽ നീരാജനാർപ്പണമായി നീരാജനം ചെയ്യണം; അത് നിന്റെ ഓഹരിയായിരിക്കും.27അഹരോന്റെയും അവന്റെ പുത്രന്മാരുടെയും കരപൂരണത്തിനുള്ള ആട്ടുകൊറ്റന്റെ നീരാജനവും ഉദർച്ചയുമായി നീരാജനാർപ്പണമായ നെഞ്ചും 5 ഉദർച്ചാർപ്പണമായ കൈക്കുറകും നീ ശുദ്ധീകരിക്കണം.28അത് ഉദർച്ചാർപ്പണമാകയാൽ യിസ്രായേൽമക്കളുടെ പക്കൽനിന്ന് നിത്യാവകാശമായിട്ട് അഹരോനും അവന്റെ പുത്രന്മാർക്കും ഉള്ളതായിരിക്കണം; അത് യിസ്രായേൽമക്കൾ അർപ്പിക്കുന്ന സമാധാനയാഗത്തിന്റെ ഉദർച്ചാർപ്പണമായി, യഹോവയ്ക്കുള്ള ഉദർച്ചാർപ്പണം തന്നെ ആയിരിക്കണം.
29അഹരോന്റെ വിശുദ്ധവസ്ത്രം അവന്റെ ശേഷം അവന്റെ പുത്രന്മാർക്കുള്ളതാകണം; അത് ധരിച്ച് അവർ അഭിഷേകവും കരപൂരണവും പ്രാപിക്കണം.30അവന്റെ പുത്രന്മാരിൽ അവന് പകരം പുരോഹിതനായി വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷ ചെയ്യുവാൻ സമാഗമനകൂടാരത്തിൽ കടക്കുന്നവൻ ഏഴ് ദിവസം അത് ധരിക്കണം
31കരപൂരണത്തിന്റെ ആട്ടുകൊറ്റന്റെ മാംസം വിശുദ്ധമായ ഒരു സ്ഥലത്ത് വച്ച് പാകം ചെയ്യണം.32ആട്ടുകൊറ്റന്റെ മാംസവും കുട്ടയിലുള്ള അപ്പവും അഹരോനും അവന്റെ പുത്രന്മാരും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽവച്ച് തിന്നണം.33അവരുടെ കരപൂരണത്തിനും വിശുദ്ധീകരണത്തിനും വേണ്ടി പ്രായശ്ചിത്തം കഴിക്കുന്ന വസ്തുക്കളെ അവർ തിന്നണം; അവ വിശുദ്ധമായിരിക്കുകയാൽ അന്യൻ തിന്നരുത്.34കരപൂരണയാഗത്തിന്റെ മാംസത്തിലും അപ്പത്തിലും വല്ലതും പ്രഭാതകാലംവരെ ശേഷിച്ചിരുന്നാൽ ആ ശേഷിപ്പ് തീയിൽ ഇട്ട് ചുട്ടുകളയണം; അത് വിശുദ്ധമാകയാൽ തിന്നരുത്.
35അങ്ങനെ ഞാൻ നിന്നോട് കല്പിച്ചതുപോലെ ഒക്കെയും നീ അഹരോനും അവന്റെ പുത്രന്മാർക്കും ചെയ്യണം; ഏഴ് ദിവസം അവർക്ക് കരപൂരണം ചെയ്യണം.36പ്രായശ്ചിത്തത്തിനായി ദിവസേന ഓരോ കാളയെ പാപയാഗമായി അർപ്പിക്കണം; യാഗപീഠത്തിനും പ്രായശ്ചിത്തം കഴിച്ച് പാപശുദ്ധി വരുത്തുകയും അതിനെ ശുദ്ധീകരിക്കേണ്ടതിന് അഭിഷേകം ചെയ്യുകയും വേണം.37ഏഴ് ദിവസം നീ യാഗപീഠത്തിനായി പ്രായശ്ചിത്തം കഴിച്ച് അതിനെ ശുദ്ധീകരിക്കണം; യാഗപീഠം അതിവിശുദ്ധമായിരിക്കണം; യാഗപീഠത്തെ തൊടുന്നവനൊക്കെയും വിശുദ്ധനായിരിക്കണം.

38യാഗപീഠത്തിന്മേൽ അർപ്പിക്കേണ്ടത് ഇവയാണ്: ഒരു വയസ്സുപ്രായമുള്ള രണ്ട് ആട്ടിൻകുട്ടി വീതം എല്ലാദിവസവും നിരന്തരം അർപ്പിക്കണം;39ഒരു ആട്ടിൻകുട്ടിയെ രാവിലെ അർപ്പിക്കേണം; മറ്റെ ആട്ടിൻകുട്ടിയെ വൈകുന്നേരത്ത് അർപ്പിക്കണം.
40ഇടിച്ചെടുത്ത 6 കാൽഹീൻ എണ്ണ പകർന്നിരിക്കുന്ന ഒരു ഇടങ്ങഴി നേരിയ മാവും പാനീയയാഗമായി കാൽഹീൻ വീഞ്ഞും ആട്ടിൻകുട്ടിയോടുകൂടി അർപ്പിക്കണം.
41മറ്റെ ആട്ടിൻകുട്ടിയെ രാവിലത്തെ ഭോജനയാഗവും അതിന്റെ പാനീയയാഗവും പോലെ ഒരുക്കി സൗരഭ്യവാസനയായി യഹോവയ്ക്ക് ദഹനയാഗമായി വൈകുന്നേരത്ത് അർപ്പിക്കണം.42ഞാൻ നിന്നോട് സംസാരിക്കേണ്ടതിന് നിങ്ങൾക്ക് വെളിപ്പെടുവാനുള്ള സമാഗമനകൂടാരത്തിന്റെ വാതിൽക്കൽവച്ച് യഹോവയുടെ മുമ്പാകെ ഇത് നിങ്ങൾക്ക് തലമുറതലമുറയായി നിരന്തരഹോമയാഗമായിരിക്കണം.
43അവിടെ ഞാൻ യിസ്രായേൽമക്കൾക്ക് വെളിപ്പെടും. അത് എന്റെ തേജസ്സിനാൽ ശുദ്ധീകരിക്കപ്പെടും.44ഞാൻ സമാഗമനകൂടാരവും യാഗപീഠവും ശുദ്ധീകരിക്കും. ഞാൻ അഹരോനെയും അവന്റെ പുത്രന്മാരെയും എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് ശുദ്ധീകരിക്കും.
45ഞാൻ യിസ്രായേൽമക്കളുടെ മദ്ധ്യത്തിൽ വസിക്കുകയും അവർക്ക് ദൈവമായിരിക്കയും ചെയ്യും.46അവരുടെ മദ്ധ്യത്തിൽ വസിക്കേണ്ടതിന് അവരെ ഈജിപ്റ്റിൽ നിന്ന് കൊണ്ടുവന്ന അവരുടെ ദൈവമായ യഹോവ ഞാൻ ആകുന്നു എന്ന് അവർ അറിയും; ഞാൻ അവരുടെ ദൈവമായ യഹോവ തന്നെ.


1 29:13 മേദസ്സ് = മാംസക്കൊഴുപ്പ്
2 29:13 വപ = തൊലിമേലുള്ള കൊഴുപ്പ്
3 29:23 കൈക്കുറക് = കൈയുടെ മാംസമുള്ള ഭാഗം
4 29:24 നീരാജനം = ഉഴിയുക,നീരാജനത്തോടുകൂടിയ യാഗമാണ് നീരാജനാർപ്പണം
5 29:27 ഉദർച്ചാർപ്പണം = ഉയർത്തി അർപ്പിക്കുക
6 29:40 ഹീൻ = 7.5 ലിറ്റർ

30

1ധൂപം കാട്ടുവാൻ ഒരു ധൂപപീഠം ഖദിരമരംകൊണ്ട് ഉണ്ടാക്കണം.2അത് ഒരു മുഴം നീളവും ഒരു മുഴം വീതിയുമായി സമചതുരവും രണ്ടു മുഴം ഉയരവും ആയിരിക്കണം. അതിന്റെ കൊമ്പുകൾ അതിൽനിന്ന് തന്നെ ആയിരിക്കണം.

3അതിന്റെ മേല്പലകയും വശങ്ങളും കൊമ്പുകളും അത് മുഴുവനും തങ്കംകൊണ്ട് പൊതിയണം. അതിന് ചുറ്റും പൊന്നുകൊണ്ട് ഒരു വക്കും ഉണ്ടാക്കണം.4ചുമക്കേണ്ടതിന് തണ്ട് ഇടുവാൻ അതിന്റെ വക്കിന് കീഴെ ഇരുപുറത്തും രണ്ട് പൊൻവളയവും ഉണ്ടാക്കണം. അതിന്റെ രണ്ട് വശത്തിഅവയെ ഉണ്ടാക്കണം.
5തണ്ടുകൾ ഖദിരമരംകൊണ്ട് ഉണ്ടാക്കി പൊന്ന് പൊതിയണം.6സാക്ഷ്യപെട്ടകത്തിന്റെ മുമ്പിലും ഞാൻ നിനക്ക് വെളിപ്പെടുവാനുള്ള ഇടമായ സാക്ഷ്യത്തിന്മീതെയുള്ള കൃപാസനത്തിന്റെ മുമ്പിലും ഇരിക്കുന്ന തിരശ്ശീലയ്ക്ക് മുമ്പാകെ അത് വയ്ക്കണം.
7അഹരോൻ അതിന്മേൽ സുഗന്ധധൂപം കാട്ടണം; അവൻ ദിനംപ്രതി കാലത്ത് ദീപം തുടയ്ക്കുമ്പോൾ അങ്ങനെ ധൂപം കാട്ടണം.8അഹരോൻ വൈകുന്നേരം ദീപം കൊളുത്തുമ്പോഴും അങ്ങനെ സുഗന്ധധൂപം കാട്ടണം. അത് തലമുറതലമുറയായി യഹോവയുടെ മുമ്പാകെ നിരന്തരധൂപം ആയിരിക്കണം.9നിങ്ങൾ അതിന്മേൽ അന്യധൂപമോ ഹോമയാഗമോ ഭോജനയാഗമോ അർപ്പിക്കരുത്; അതിന്മേൽ പാനീയയാഗം ഒഴിക്കയുമരുത്.
10സംവത്സരത്തിൽ ഒരിക്കൽ അഹരോൻ അതിന്റെ കൊമ്പുകൾക്ക് വേണ്ടി പ്രായശ്ചിത്തം കഴിക്കണം; പ്രായശ്ചിത്തത്തിനുള്ള പാപയാഗത്തിന്റെ രക്തംകൊണ്ട് അവൻ തലമുറതലമുറയായി വർഷാന്തരപ്രായശ്ചിത്തം കഴിക്കണം; ഇത് യഹോവയ്ക്ക് അതിവിശുദ്ധം.

11യഹോവ പിന്നെയും മോശെയോട് ഇപ്രകാരം കല്പിച്ചു:12“യിസ്രായേൽമക്കളുടെ ജനസംഖ്യ എടുക്കേണ്ടതിന് അവരെ എണ്ണുമ്പോൾ അവരുടെ മദ്ധ്യത്തിൽ ബാധ ഉണ്ടാകാതിരിക്കുവാൻ അവരിൽ ഓരോരുത്തനും അവനവന്റെ ജീവനുവേണ്ടി യഹോവയ്ക്ക് വീണ്ടെടുപ്പുവില കൊടുക്കണം.13എണ്ണപ്പെടുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്ന ഏവനും വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അര ശേക്കെൽ കൊടുക്കണം. ശേക്കെൽ എന്നത് ഇരുപത് 1 ഗേരാ. ആ അര ശേക്കെൽ യഹോവയ്ക്ക് വഴിപാട് ആയിരിക്കണം.14എണ്ണപ്പെടുന്നവരുടെ കൂട്ടത്തിൽ ഇരുപത് വയസ്സും അതിൽ കൂടുതൽ ഉള്ളവരെല്ലാം യഹോവയ്ക്ക് വഴിപാട് കൊടുക്കണം.
15നിങ്ങളുടെ ജിവനുവേണ്ടി പ്രായശ്ചിത്തം കഴിക്കുവാൻ നിങ്ങൾ യഹോവയ്ക്ക് വഴിപാട് കൊടുക്കുമ്പോൾ ധനവാൻ അരശേക്കെലിൽ അധികം കൊടുക്കരുത്; ദരിദ്രൻ കുറച്ചു കൊടുക്കുകയും അരുത്.16ഈ പ്രായശ്ചിത്തദ്രവ്യം നീ യിസ്രായേൽമക്കളോട് വാങ്ങി സമാഗമനകൂടാരത്തിന്റെ ശുശ്രൂഷയ്ക്കായി കൊടുക്കണം. നിങ്ങളുടെ ജീവനുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന് അത് യഹോവയുടെ മുമ്പാകെ യിസ്രായേൽമക്കൾക്ക് വേണ്ടി ഒരു സ്മാരകം ആയിരിക്കണം.”

17യഹോവ പിന്നെയും മോശെയോട് ഈവിധം കല്പിച്ചു:18“കഴുകേണ്ടതിന് ഒരു താമ്രത്തൊട്ടിയും അതിന് താമ്രക്കാലുകളും ഉണ്ടാക്കണം; അത് സമാഗമനകൂടാരത്തിനും യാഗപീഠത്തിനും മദ്ധ്യേ വച്ച് അതിൽ വെള്ളം ഒഴിക്കണം.
19അതിൽ അഹരോനും അവന്റെ പുത്രന്മാരും കയ്യും കാലും കഴുകണം.20അവർ സമാഗമനകൂടാരത്തിൽ പ്രവേശിക്കുകയോ യഹോവയ്ക്ക് ദഹനയാഗം കഴിക്കുന്നതിന് യാഗപീഠത്തിൽ ശുശ്രൂഷിപ്പാൻ ചെല്ലുകയോ ചെയ്യുമ്പോൾ മരിക്കാതിരിക്കേണ്ടതിന് വെള്ളംകൊണ്ട് കഴുകണം.21അവർ മരിക്കാതിരിക്കേണ്ടതിന് കയ്യും കാലും കഴുകണം; അത് അവർക്ക് തലമുറതലമുറയായി എന്നേക്കുമുള്ള നിയമം ആയിരിക്കണം.”

22യഹോവ പിന്നെയും മോശെയോട് കല്പിച്ചത്:23“മേൽത്തരം സുഗന്ധവർഗ്ഗമായ വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അഞ്ഞൂറ് ശേക്കെൽ അയഞ്ഞ മൂരും അതിൽ പകുതി ഇരുനൂറ്റമ്പത് ശേക്കെൽ സുഗന്ധലവംഗവും24അഞ്ഞൂറ് ശേക്കെൽ വഴനത്തൊലിയും ഒരു ഹീൻ ഒലിവെണ്ണയും ചേർത്ത്25തൈലക്കാരന്റെ വിദ്യപ്രകാരം സംയോജിപ്പിച്ച് വിശുദ്ധമായ അഭിഷേക തൈലമാക്കേണം; അത് വിശുദ്ധമായ അഭിഷേകതൈലമായിരിക്കണം.
26അതിനാൽ നീ സമാഗമനകൂടാരവും സാക്ഷ്യപെട്ടകവും മേശയും27അതിന്റെ ഉപകരണങ്ങളൊക്കെയും നിലവിളക്കും അതിന്റെ ഉപകരണങ്ങളും28ധൂപപീഠവും ഹോമയാഗപീഠവും അതിന്റെ ഉപകരണങ്ങളൊക്കെയും തൊട്ടിയും അതിന്റെ കാലുകളും അഭിഷേകം ചെയ്യണം.
29അവ അതിവിശുദ്ധമായിരിക്കേണ്ടതിന് അവയെ ശുദ്ധീകരിക്കണം; അവയെ തൊടുന്നവനൊക്കെയും വിശുദ്ധനായിരിക്കണം.30അഹരോനെയും അവന്റെ പുത്രന്മാരെയും എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് നീ അഭിഷേകം ചെയ്ത് ശുദ്ധീകരിക്കണം.”31യിസ്രായേൽമക്കളോട് നീ പറയേണ്ടത്:“ ഇത് നിങ്ങളുടെ തലമുറകളിൽ എനിക്ക് വിശുദ്ധമായ അഭിഷേകതൈലം ആയിരിക്കണം.
32അത് മനുഷ്യന്റെമേൽ ഒഴിക്കരുത്; അതിന്റെ യോഗപ്രകാരം അതുപോലെയുള്ളത് നിങ്ങൾ ഉണ്ടാക്കുകയും അരുത്; അത് വിശുദ്ധമാകുന്നു; അത് നിങ്ങൾക്ക് വിശുദ്ധമായിരിക്കണം.33അതുപോലെയുള്ള തൈലം ഉണ്ടാക്കുന്നവനെയും അതിൽനിന്ന് അന്യന് കൊടുക്കുന്നവനെയും അവന്റെ ജനത്തിൽനിന്ന് ഛേദിച്ചുകളയണം.”

34യഹോവ പിന്നെയും മോശെയോട് കല്പിച്ചത്:“ നീ നറുംപശ, ഗുല്ഗുലു, ഹൽബാനപ്പശ എന്നീ സുഗന്ധവർഗ്ഗവും നിർമ്മലസാമ്പ്രാണിയും എടുക്കണം; എല്ലാം ഒരുപോലെ തൂക്കം ആയിരിക്കണം.35അതിൽ ഉപ്പ് ചേർത്ത് തൈലക്കാരന്റെ വിദ്യപ്രകാരം നിർമ്മലവും വിശുദ്ധവുമായ ധൂപവർഗ്ഗമാക്കണം.36നീ അതിൽ ഏതാനും ഇടിച്ചു പൊടിയാക്കി, ഞാൻ നിനക്ക് വെളിപ്പെടുവാനുള്ള സമാഗമനകൂടാരത്തിലെ സാക്ഷ്യത്തിന് മുമ്പാകെ വയ്ക്കണം; അത് നിങ്ങൾക്ക് അതിവിശുദ്ധമായിരിക്കണം.
37ഇങ്ങനെ ഉണ്ടാക്കുന്ന ധൂപവർഗത്തിന്റെ വിധിപ്രകാരം നിങ്ങൾക്കായി ധൂപവർഗം ഉണ്ടാക്കരുത്; അത് യഹോവയ്ക്ക് വിശുദ്ധമായിരിക്കണം.38മണം ഉണ്ടാകേണ്ടതിന് അതുപോലെയുള്ളത് ആരെങ്കിലും ഉണ്ടാക്കിയാൽ അവനെ അവന്റെ ജനത്തിൽനിന്ന് ഛേദിച്ചുകളയണം.


1 30:13 ഗേരാ = 6 ഗ്രാം

31

1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:2“ഇതാ, ഞാൻ യെഹൂദാഗോത്രത്തിൽ ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേലിനെ പേര് ചൊല്ലി വിളിച്ചിരിക്കുന്നു.

3അവൻ കൗശലപ്പണികൾ ചെയ്യുവാനും പൊന്ന്, വെള്ളി, താമ്രം എന്നിവകൊണ്ടുള്ള പണി ചെയ്യുവാനും രത്നം വെട്ടി പതിക്കുവാനും4മരത്തിൽ കൊത്തുപണികൾ ചെയ്യുവാനും സകലവിധമായ ശില്പവേലകൾ ചെയ്യുവാനും ഞാൻ അവനെ5ദിവ്യാത്മാവിനാൽ ജ്ഞാനവും ബുദ്ധിയും അറിവും സകലവിധ സാമർത്ഥ്യവുംകൊണ്ട് നിറച്ചിരിക്കുന്നു.
6ഞാൻ ദാൻഗോത്രത്തിൽ അഹീസാമാക്കിന്റെ മകനായ ഒഹൊലിയാബിനെ അവനോടുകൂടെ നിയോഗിക്കുകയും സകല ജ്ഞാനികളുടെ ഹൃദയത്തിലും ജ്ഞാനം നല്കുകയും ചെയ്തിരിക്കുന്നു. ഞാൻ നിന്നോട് കല്പിച്ചതെല്ലാം അവർ ഉണ്ടാക്കും.7സമാഗമനകൂടാരവും സാക്ഷ്യപെട്ടകവും അതിന്മീതെയുള്ള കൃപാസനവും കൂടാരത്തിന്റെ ഉപകരണങ്ങളെല്ലാം8മേശയും അതിന്റെ ഉപകരണങ്ങളും തങ്കംകൊണ്ടുള്ള നിലവിളക്കും അതിന്റെ ഉപകരണങ്ങളെല്ലാം9ധൂപപീഠവും ഹോമയാഗപീഠവും അതിന്റെ ഉപകരണങ്ങളെല്ലം തൊട്ടിയും അതിന്റെ കാലുകളും വിശേഷവസ്ത്രങ്ങളും
10പുരോഹിതനായ അഹരോന്റെ വിശുദ്ധവസ്ത്രങ്ങളും പുരോഹിതശുശ്രൂഷയ്ക്കായിട്ട്11അവന്റെ പുത്രന്മാരുടെ വസ്ത്രങ്ങളും അഭിഷേകതൈലവും വിശുദ്ധമന്ദിരത്തിനുള്ള സുഗന്ധധൂപവർഗ്ഗവും ഞാൻ നിന്നോട് കല്പിച്ചതുപോലെ ഒക്കെയും അവർ ഉണ്ടാക്കും”.

12യഹോവ പിന്നെയും മോശെയോട് :“നീ യിസ്രായേൽമക്കളോട് ഇപ്രകാരം പറയണം: നിങ്ങൾ എന്റെ ശബ്ബത്ത് ആചരിക്കണം. ഞാൻ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവയാകുന്നു എന്നറിയേണ്ടതിന് അത് തലമുറതലമുറയായി എനിക്കും നിങ്ങൾക്കും മദ്ധ്യേ ഒരു അടയാളം ആകുന്നു.13അതുകൊണ്ട് നിങ്ങൾ ശബ്ബത്ത് ആചരിക്കണം; അത് നിങ്ങൾക്ക് വിശുദ്ധം ആകുന്നു.14അതിനെ അശുദ്ധമാക്കുന്നവൻ മരണശിക്ഷ അനുഭവിക്കണം. ആരെങ്കിലും അന്ന് വേല ചെയ്താൽ അവനെ അവന്റെ ജനത്തിന്റെ ഇടയിൽനിന്ന് ഛേദിച്ചുകളയണം.15ആറ് ദിവസം വേല ചെയ്യണം; എന്നാൽ ഏഴാം ദിവസം പൂർണ്ണവിശ്രമത്തിനുള്ള ശബ്ബത്താണ്; അത് യഹോവയ്ക്കു വിശുദ്ധം ആകുന്നു; ആരെങ്കിലും ശബ്ബത്ത് നാളിൽ വേല ചെയ്താൽ അവൻ മരണശിക്ഷ അനുഭവിക്കണം.
16ആകയാൽ യിസ്രായേൽമക്കൾ തലമുറതലമുറയായി ശബ്ബത്തിനെ നിത്യനിയമമായി ആചരിക്കേണ്ടതിന് ശബ്ബത്തിനെ പ്രമാണിക്കണം.17അത് എനിക്കും യിസ്രായേൽമക്കൾക്കും മദ്ധ്യേ എന്നേക്കും ഒരു അടയാളം ആകുന്നു; ആറ് ദിവസംകൊണ്ടാണ് യഹോവ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയത്; ഏഴാംദിവസം അവൻ സ്വസ്ഥമായിരുന്ന് വിശ്രമിച്ചു.”

18ദൈവം സീനായി പർവ്വതത്തിൽ വച്ച് മോശെയോട് അരുളിച്ചെയ്തു കഴിഞ്ഞശേഷം ദൈവത്തിന്റെ വിരൽകൊണ്ട് എഴുതിയ കല്പലകകളായ സാക്ഷ്യപലക രണ്ടും അവന്റെ പക്കൽ കൊടുത്തു.

32

1എന്നാൽ മോശെ പർവ്വതത്തിൽനിന്ന് ഇറങ്ങിവരുവാൻ താമസിക്കുന്നു എന്ന് ജനം കണ്ടപ്പോൾ ജനം അഹരോന്റെ അടുക്കൽ വന്നുകൂടി അവനോട്: “നീ എഴുന്നേറ്റ്, ഞങ്ങളെ നയിക്കാൻ ഒരു ദൈവത്തെ ഉണ്ടാക്കി തരുക; ഞങ്ങളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചു കൊണ്ടുവന്ന മോശെയ്ക്ക് എന്തു സംഭവിച്ചു എന്ന് ഞങ്ങൾ അറിയുന്നില്ല” എന്ന് പറഞ്ഞു.2അഹരോൻ അവരോട്: “നിങ്ങളുടെ ഭാര്യമാരുടെയും പുത്രന്മാരുടെയും പുത്രിമാരുടെയും കാതിലെ പൊൻകുണുക്ക് അഴിച്ച് എടുത്ത് എന്റെ അടുക്കൽ കൊണ്ടുവരുവിൻ” എന്ന് പറഞ്ഞു.

3ജനം തങ്ങളുടെ കാതുകളിൽ നിന്ന് പൊൻകുണുക്ക് അഴിച്ച് എടുത്ത് അഹരോന്റെ അടുക്കൽ കൊണ്ടുവന്നു.4അവൻ അത് അവരുടെ കയ്യിൽനിന്ന് വാങ്ങി, മൂശയിലുരുക്കി കൊത്തുളികൊണ്ട് ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി. അപ്പോൾ അവർ: “യിസ്രായേലേ, ഇത് നിന്നെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന നിന്റെ ദൈവം ആകുന്നു” എന്ന് പറഞ്ഞു.
5അഹരോൻ അത് കണ്ടപ്പോൾ അതിന് മുമ്പിൽ ഒരു യാഗപീഠം പണിതു: “നാളെ യഹോവയ്ക്ക് ഒരു ഉത്സവം” എന്ന് വിളിച്ചു പറഞ്ഞു.6പിറ്റേന്ന് അവർ അതിരാവിലെ എഴുന്നേറ്റ് ഹോമയാഗങ്ങൾ കഴിച്ചു, സമാധാനയാഗങ്ങളും അർപ്പിച്ചു; ജനം ഭക്ഷിക്കുവാനും കുടിക്കുവാനും ഉല്ലസിക്കുവാനും തുടങ്ങി.

7അപ്പോൾ യഹോവ മോശെയോട്:“ നീ ഇറങ്ങിച്ചെല്ലുക; നീ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന നിന്റെ ജനം സ്വയം ദുഷിച്ചിരിക്കുന്നു.8ഞാൻ അവരോട് കല്പിച്ച വഴി അവർ വേഗത്തിൽ വിട്ടുമാറി ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി അതിനെ നമസ്കരിച്ച് യാഗം കഴിച്ചു: യിസ്രായേലേ, ഇത് നിന്നെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന നിന്റെ ദൈവം ആകുന്നു എന്ന് പറയുന്നു” എന്ന് അരുളിച്ചെയ്തു.
9“ഞാൻ ഈ ജനത്തെ നോക്കി, അത് ദുശ്ശാഠ്യമുള്ള ജനം ആകുന്നു എന്ന് കണ്ടു.10അതുകൊണ്ട് എന്റെ കോപം അവർക്ക് വിരോധമായി ജ്വലിച്ച് ഞാൻ അവരെ ദഹിപ്പിക്കേണ്ടതിന് എന്നെ വിടുക; നിന്നെ ഞാൻ വലിയൊരു ജാതിയാക്കും” എന്നും യഹോവ മോശെയോട് അരുളിച്ചെയ്തു.11എന്നാൽ മോശെ തന്റെ ദൈവമായ യഹോവയോട് അപേക്ഷിച്ചു: “യഹോവേ, അങ്ങ് മഹാബലംകൊണ്ടും ഭുജവീര്യംകൊണ്ടും ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന നിന്റെ ജനത്തിന് വിരോധമായി നിന്റെ കോപം ജ്വലിക്കുന്നത് എന്ത്?
12മലകളിൽവച്ച് കൊന്നുകളയുവാനും ഭൂതലത്തിൽനിന്ന് നശിപ്പിക്കുവാനും അവരെ ദോഷത്തിനായി അവൻ കൊണ്ടുപോയി എന്ന് ഈജിപ്റ്റികാരെക്കൊണ്ട് പറയിക്കുന്നത് എന്തിന്? നിന്റെ ഉഗ്രകോപം വിട്ടുതിരിഞ്ഞ് നിന്റെ ജനത്തിന് വരുവാനുള്ള ഈ അനർത്ഥത്തെക്കുറിച്ച് അനുതപിക്കണമേ.13നിന്റെ ദാസന്മാരായ അബ്രാഹാമിനെയും യിസ്ഹാക്കിനെയും യിസ്രായേലിനെയും ഓർക്കണമേ. ഞാൻ നിങ്ങളുടെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിക്കുകയും ഞാൻ അരുളിച്ചെയ്ത ഈ ദേശം നിങ്ങളുടെ സന്തതിക്ക് കൊടുക്കുകയും അവർ അതിനെ എന്നേക്കും അവകാശമായി പ്രാപിക്കുകയും ചെയ്യുമെന്ന് അങ്ങ് സ്വന്ത നാമത്തിൽ അവരോട് സത്യംചെയ്തുവല്ലോ.”14അപ്പോൾ യഹോവ തന്റെ ജനത്തിന് വരുത്തും എന്ന് കല്പിച്ച അനർത്ഥത്തെക്കുറിച്ച് അനുതപിച്ചു.

15മോശെ തിരിഞ്ഞ് പർവ്വതത്തിൽനിന്ന് ഇറങ്ങി; സാക്ഷ്യത്തിന്റെ പലക രണ്ടും അവന്റെ കയ്യിൽ ഉണ്ടായിരുന്നു. ആ പലക ഇപ്പുറവും അപ്പുറവുമായി ഇരുവശത്തും എഴുതിയതായിരുന്നു.16പലക ദൈവത്തിന്റെ പണിയും പലകയിൽ പതിഞ്ഞ എഴുത്ത് ദൈവത്തിന്റെ എഴുത്തും ആയിരുന്നു.
17ജനം ആർത്തുവിളിക്കുന്ന ഘോഷം യോശുവ കേട്ടപ്പോൾ അവൻ മോശെയോട്: “പാളയത്തിൽ യുദ്ധഘോഷം ഉണ്ട്” എന്ന് പറഞ്ഞു.18അതിന് അവൻ: “ജയിച്ച് ആർക്കുന്നവരുടെ ഘോഷമല്ല, തോറ്റ് നിലവിളിക്കുന്നവരുടെ നിലവിളിയുമല്ല, പ്രതിഗാനം ചെയ്യുന്നവരുടെ ഘോഷമാണ് ഞാൻ കേൾക്കുന്നത്” എന്ന് പറഞ്ഞു.
19അവൻ പാളയത്തിന് അടുത്തെത്തിയപ്പോൾ കാളക്കുട്ടിയെയും നൃത്തങ്ങളെയും കണ്ടു. അപ്പോൾ മോശെയുടെ കോപം ജ്വലിച്ചു. അവൻ പലകകളെ കയ്യിൽനിന്ന് എറിഞ്ഞ് പർവ്വതത്തിന്റെ അടിവാരത്തുവച്ച് പൊട്ടിച്ചുകളഞ്ഞു.20അവർ ഉണ്ടാക്കിയിരുന്ന കാളക്കുട്ടിയെ അവൻ എടുത്ത് തീയിൽ ഇട്ട് ചുട്ട് അരച്ചു പൊടിയാക്കി വെള്ളത്തിൽ വിതറി യിസ്രായേൽമക്കളെ കുടിപ്പിച്ചു.
21മോശെ അഹരോനോടു: “ഈ ജനത്തിന്മേൽ ഇത്രവലിയ പാപം വരുത്തുവാൻ അവർ നിന്നോട് എന്ത് ചെയ്തു” എന്ന് ചോദിച്ചു.22അതിന് അഹരോൻ പറഞ്ഞത്: “യജമാനന്റെ കോപം ജ്വലിക്കരുതേ; ഈ ജനം ദോഷത്തിലേക്ക് ചാഞ്ഞിരിക്കുന്നു എന്ന് നീ അറിയുന്നുവല്ലോ.23‘ഞങ്ങളെ നയിക്കേണ്ടതിന് ഒരു ദൈവത്തെ ഉണ്ടാക്കി തരണം; ഞങ്ങളെ മിസ്രയീംദേശത്തുനിന്ന് കൊണ്ടുവന്ന മോശെയ്ക്ക് എന്തു സംഭവിച്ചു എന്ന് ഞങ്ങൾ അറിയുന്നില്ലല്ലോ’ എന്ന് അവർ എന്നോട് പറഞ്ഞു.24ഞാൻ അവരോട്: ‘പൊന്നുള്ളവർ അത് അഴിച്ചെടുക്കട്ടെ’ എന്ന് പറഞ്ഞു. അവർ അത് എന്റെ പക്കൽ തന്നു; ഞാൻ അത് തീയിൽ ഇട്ടു ഈ കാളക്കുട്ടി പുറത്തു വന്നു.
25അവരുടെ ശത്രുക്കൾക്കു മുമ്പിൽ അവർ പരിഹാസ്യരാകുവാൻ അഹരോൻ അവരെ അനുവദിച്ചതിനാൽ ജനം കെട്ടഴിഞ്ഞവരായി എന്നു കണ്ടിട്ട് മോശെ പാളയത്തിന്റെ വാതില്ക്കൽ നിന്നുകൊണ്ടു:26“യഹോവയുടെ പക്ഷത്ത് ഉള്ളവർ എന്റെ അടുക്കൽ വരട്ടെ” എന്ന് പറഞ്ഞു. അപ്പോൾ ലേവ്യർ എല്ലാവരും അവന്റെ അടുക്കൽ വന്നുകൂടി.27അവൻ അവരോട്: “നിങ്ങൾ ഓരോരുത്തരും അവനവന്റെ വാൾ അരയ്ക്കു കെട്ടി പാളയത്തിൽകൂടി വാതിൽതോറും കടന്ന് ഓരോരുത്തൻ തന്റെ സഹോദരനെയും, സ്നേഹിതനെയും അയല്ക്കാരനെയും കൊന്നുകളയുവിൻ എന്നിങ്ങനെ യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു” എന്ന് പറഞ്ഞു.
28മോശെ പറഞ്ഞതുപോലെ ലേവ്യർ ചെയ്തു. അന്ന് ഏകദേശം മൂവായിരം (3000) പേർ വീണു.29“യഹോവ ഇന്ന് നിങ്ങൾക്ക് അനുഗ്രഹം നല്കേണ്ടതിന് നിങ്ങൾ ഇന്ന് ഓരോരുത്തനും സ്വന്തം മകനും സഹോദരനും വിരോധമായി യഹോവയ്ക്ക് നിങ്ങളെ തന്നേ ഏല്പിച്ചുകൊടുക്കുവിൻ” എന്ന് മോശെ പറഞ്ഞു.
30പിറ്റെന്നാൾ മോശെ: “നിങ്ങൾ ഒരു മഹാപാപം ചെയ്തിരിക്കുന്നു; ഇപ്പോൾ ഞാൻ യഹോവയുടെ അടുക്കൽ കയറിച്ചെല്ലും; നിങ്ങളുടെ പാപത്തിനുവേണ്ടി പ്രായശ്ചിത്തം ചെയ്യുവാൻ എനിക്ക് കഴിഞ്ഞേക്കും” എന്ന് പറഞ്ഞു.31അങ്ങനെ മോശെ യഹോവയുടെ അടുക്കൽ മടങ്ങിച്ചെന്ന് പറഞ്ഞത് എന്തെന്നാൽ: “അയ്യോ, ഈ ജനം മഹാപാതകം ചെയ്തു പൊന്നുകൊണ്ട് തങ്ങൾക്ക് ഒരു ദൈവത്തെ ഉണ്ടാക്കിയിരിക്കുന്നു.32എങ്കിലും നീ അവരുടെ പാപം ക്ഷമിക്കണമേ; അല്ലെങ്കിൽ അങ്ങ് എഴുതിയ അങ്ങയുടെ പുസ്തകത്തിൽനിന്ന് എന്റെ പേര് മായിച്ചുകളയണമേ.
33യഹോവ മോശെയോട്: “എന്നോടു പാപം ചെയ്തവന്റെ പേര് ഞാൻ എന്റെ പുസ്തകത്തിൽനിന്ന് മായിച്ചുകളയും.34ആകയാൽ നീ പോയി ഞാൻ നിന്നോട് അരുളിച്ചെയ്ത ദേശത്തേക്ക് ജനത്തെ കൂട്ടിക്കൊണ്ടു പോകുക; എന്റെ ദൂതൻ നിന്റെ മുമ്പിൽ നടക്കും. എന്നാൽ എന്റെ സന്ദർശനദിവസത്തിൽ ഞാൻ അവരുടെ പാപം അവരുടെമേൽ സന്ദർശിക്കും” എന്ന് അരുളിച്ചെയ്തു.35ഒരു കാളക്കുട്ടിയെ ഉണ്ടാക്കുവാൻ ജനം അഹരോനെ നിർബന്ധിച്ചതുകൊണ്ട് യഹോവ അവരെ ദണ്ഡിപ്പിച്ചു.

33

1അതിനുശേഷം യഹോവ മോശെയോട് ഇപ്രകാരം കല്പിച്ചു: “നീയും ഈജിപ്റ്റിൽനിന്ന് നീ കൊണ്ടുവന്ന ജനവും ഇവിടെ നിന്ന് യാത്രതുടർന്ന് നിന്റെ സന്തതിക്ക് കൊടുക്കുമെന്ന് ഞാൻ അബ്രാഹാമിനോടും യിസ്സഹാക്കിനോടും യാക്കോബിനോടും സത്യംചെയ്ത ദേശത്തേക്ക്,2പാലും തേനും ഒഴുകുന്ന ദേശത്തേക്ക് തന്നേ, പോകുവിൻ. ഞാൻ ഒരു ദൂതനെ നിനക്ക് മുമ്പ് അയക്കും; കനാന്യൻ, അമോര്യൻ, ഹിത്യൻ, പെരിസ്യൻ, ഹിവ്യൻ, യെബൂസ്യൻ എന്നിവരെ ഞാൻ ഓടിച്ചുകളയും.3വഴിയിൽവച്ച് ഞാൻ നിങ്ങളെ നശിപ്പിക്കാതിരിക്കേണ്ടതിന് ഞാൻ നിങ്ങളുടെ നടുവിൽ നടക്കുകയില്ല; നിങ്ങൾ ദുശ്ശാഠ്യമുള്ള ജനം ആകുന്നു.”

4ദോഷകരമായ ഈ വചനം കേട്ടപ്പോൾ ജനം ദുഃഖിച്ചു; ആരും തന്റെ ആഭരണം ധരിച്ചതുമില്ല.5നിങ്ങൾ ദുശ്ശാഠ്യമുള്ള ജനം ആകുന്നു; ഞാൻ ഒരു നിമിഷനേരം നിങ്ങളുടെ നടുവിൽ നടന്നാൽ നിങ്ങളെ സംഹരിച്ചുകളയും; അതുകൊണ്ട് ഞാൻ നിന്നോട് എന്തു ചെയ്യണം എന്നറിയേണ്ടതിന് നീ നിന്റെ ആഭരണം നീക്കിക്കളയുക എന്നിങ്ങനെ യിസ്രായേൽ മക്കളോട് പറയണം എന്ന് യഹോവ മോശെയോട് കല്പിച്ചിരുന്നു.6അങ്ങനെ ഹോരേബ് പർവ്വതത്തിൽ തുടങ്ങി യിസ്രായേൽമക്കൾ ആഭരണം ധരിച്ചില്ല.

7മോശെ കൂടാരം എടുത്ത് പാളയത്തിന് പുറത്ത് പാളയത്തിൽനിന്ന് ദൂരത്ത് അടിച്ചു; അതിന് സമാഗമനകൂടാരം എന്ന് പേർ ഇട്ടു. യഹോവയെ അന്വേഷിക്കുന്നവനെല്ലാം പാളയത്തിന് പുറത്തുള്ള സമാഗമനകൂടാരത്തിലേക്ക് ചെന്നു.8മോശെ കൂടാരത്തിലേക്ക് പോകുമ്പോൾ ജനം ഒക്കെയും എഴുന്നേറ്റ് ഒരോരുത്തൻ സ്വന്തം കൂടാരവാതില്ക്കൽ നിന്നു. മോശെ കൂടാരത്തിൽ പ്രവേശിക്കുന്നതുവരെ അവനെ നോക്കിക്കൊണ്ടിരുന്നു.9മോശെ കൂടാരത്തിൽ പ്രവേശിക്കുമ്പോൾ മേഘസ്തംഭം ഇറങ്ങി കൂടാരവാതിൽക്കൽ നില്ക്കയും യഹോവ മോശെയോട് സംസാരിക്കുകയും ചെയ്തു.
10കൂടാരവാതിൽക്കൽ മേഘസ്തംഭം നില്ക്കുന്നത് കാണുമ്പോൾ ജനങ്ങൾ എല്ലാവരും എഴുന്നേറ്റ് ഓരോരുത്തൻ അവനവന്റെ കൂടാരവാതിൽക്കൽ നിന്ന് നമസ്കരിച്ചു.11തന്റെ സ്നേഹിതനോട് ഒരാൾ സംസാരിക്കുന്നതുപോലെ യഹോവ മോശെയോട് അഭിമുഖമായി സംസാരിച്ചു. പിന്നെ അവൻ പാളയത്തിലേക്ക് മടങ്ങിവന്നു; അവന്റെ ശുശ്രൂഷക്കാരനായ നൂന്റെ പുത്രനായ യോശുവ എന്ന യൗവനക്കാരൻ സമാഗമനകൂടാരം വിട്ടുപിരിയാതിരുന്നു.

12മോശെ യഹോവയോട് : “ഈ ജനത്തെ കൂട്ടിക്കൊണ്ട് പോകുക എന്ന് അങ്ങ് എന്നോട് കല്പിച്ചുവല്ലോ; എങ്കിലും ആരെ എന്നോടുകൂടി അയയ്ക്കുമെന്ന് അറിയിച്ചുതന്നില്ല; എന്നാൽ: ഞാൻ നിന്നെ അറിഞ്ഞിരിക്കുന്നു; എനിക്ക് നിന്നോട് കൃപ തോന്നിയിരിക്കുന്നു എന്ന് അങ്ങ് അരുളിച്ചെയ്തിട്ടുണ്ടല്ലോ.13ആകയാൽ എന്നോട് കൃപയുണ്ടെങ്കിൽ അങ്ങയുടെ വഴി എന്നെ അറിയിക്കണമേ; അങ്ങയ്ക്ക് എന്നോട് കൃപയുണ്ടാകുവാൻ തക്കവണ്ണം ഞാൻ അങ്ങയെ അറിയുമാറാകട്ടെ; ഈ ജാതി അങ്ങയുടെ ജനം എന്ന് ഓർക്കണമേ.”
14അതിന് അവൻ: “എന്റെ സാന്നിദ്ധ്യം നിന്നോടുകൂടെ പോരും; ഞാൻ നിനക്ക് സ്വസ്ഥത നൽകും” എന്ന് അരുളിച്ചെയ്തു.15അവൻ അവനോട്: “തിരുസാന്നിദ്ധ്യം എന്നോടുകൂടെ പോരുന്നില്ല എങ്കിൽ ഞങ്ങളെ ഇവിടെനിന്ന് പുറപ്പെടുവിക്കരുതേ.16എന്നോടും നിന്റെ ജനത്തോടും കൃപ ഉണ്ടെന്ന് ഞാൻ എപ്രകാരം അറിയും? അങ്ങ് ഞങ്ങളോടുകൂടെ പോരുന്നതിനാൽ ഞാനും അങ്ങയുടെ ജനവും ഭൂതലത്തിലുള്ള സകലജാതികളിലുംവച്ച് വിശേഷതയുള്ളവരായിരിക്കും” എന്ന് പറഞ്ഞു.

17യഹോവ മോശെയോട്: “നീ പറഞ്ഞ ഈ വാക്കുപോലെ ഞാൻ ചെയ്യും; എനിക്ക് നിന്നോടു കൃപ തോന്നിയിരിക്കുന്നു; ഞാൻ നിന്നെ അറിഞ്ഞിരിക്കുന്നു” എന്ന് അരുളിച്ചെയ്തു.18അപ്പോൾ അവൻ: “അങ്ങയുടെ തേജസ്സ് എനിക്ക് കാണിച്ചു തരണമേ” എന്നപേക്ഷിച്ചു.
19അതിന് യഹോവ: “ഞാൻ എന്റെ മഹിമ ഒക്കെയും നിന്റെ മുമ്പിൽ പ്രദർശിപ്പിക്കും. യഹോവയുടെ നാമത്തെ നിന്റെ മുമ്പിൽ ഘോഷിക്കുകയും ചെയ്യും; കൃപ ചെയ്യുവാൻ എനിക്ക് മനസ്സുള്ളവനോട് ഞാൻ കൃപ ചെയ്യും; കരുണ കാണിക്കുവാൻ എനിക്ക് മനസ്സുള്ളവന് ഞാൻ കരുണ കാണിക്കും” എന്നരുളിച്ചെയ്തു.20“നിനക്ക് എന്റെ മുഖം കാണുവാൻ കഴിയുകയില്ല; ഒരു മനുഷ്യനും എന്നെ കണ്ട് ജീവനോടുകൂടി ഇരിക്കയില്ല” എന്നും അവൻ കല്പിച്ചു.
21“ഇതാ, എന്റെ അടുക്കൽ ഒരു സ്ഥലം ഉണ്ട്; അവിടെ ആ പാറമേൽ നീ നിൽക്കണം.22എന്റെ തേജസ്സ് കടന്നുപോകുമ്പോൾ ഞാൻ നിന്നെ പാറയുടെ ഒരു പിളർപ്പിൽ ആക്കും. ഞാൻ കടന്നുപോകുവോളം എന്റെ കൈകൊണ്ട് നിന്നെ മറയ്ക്കും.23പിന്നെ എന്റെ കൈ നീക്കും; നീ എന്റെ പിൻഭാഗം കാണും; എന്റെ മുഖം കാണുവാൻ സാധ്യമാവുകയില്ല” എന്നും യഹോവ അരുളിച്ചെയ്തു.

34

1യഹോവ പിന്നെയും മോശെയോട് ഇപ്രകാരം കല്പിച്ചു: “ആദ്യത്തേതുപോലെ രണ്ട് കല്പലകൾ ചെത്തിക്കൊള്ളുക; നീ പൊട്ടിച്ചുകളഞ്ഞ ആദ്യത്തെ പലകകളിൽ ഉണ്ടായിരുന്ന വചനങ്ങൾ ഞാൻ ആ പലകകളിൽ എഴുതും.2നീ രാവിലെ തയ്യാറായി സീനായിപർവ്വതത്തിൽ കയറി, പർവ്വതത്തിന്റെ മുകളിൽ എന്റെ സന്നിധിയിൽ വരണം.

3നിന്നോടുകൂടി ആരും കയറരുത്. പർവ്വതത്തിലെങ്ങും ആരെയും കാണരുത്. പർവ്വതത്തിനരികിൽ ആടുകളോ കന്നുകാലികളോ മേയുകയും അരുത്.”4അങ്ങനെ മോശെ ആദ്യത്തേതുപോലെ രണ്ട് കല്പ്ലകകൾ ചെത്തി, അതികാലത്ത് എഴുന്നേറ്റ് യഹോവ തന്നോട് കല്പിച്ചതുപോലെ സീനായിപർവ്വതത്തിൽ കയറി; കല്പ്ലകകൾ രണ്ടും കയ്യിൽ എടുത്തുകൊണ്ടു പോയി.
5അപ്പോൾ യഹോവ മേഘത്തിൽ ഇറങ്ങി അവിടെ അവന്റെ അടുക്കൽനിന്ന് യഹോവയുടെ നാമത്തെ ഘോഷിച്ചു.6യഹോവ അവന്റെ മുമ്പാകെ വന്ന് ഘോഷിച്ചത് : “യഹോവ, യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ.7ആയിരം ആയിരത്തിന് ദയ പാലിക്കുന്നവൻ; അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവൻ; കുറ്റമുള്ളവനെ വെറുതെ വിടാതെ പിതാക്കന്മാരുടെ അകൃത്യം മക്കളുടെമേലും മക്കളുടെ മക്കളുടെമേലും മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം സന്ദർശിക്കുന്നവൻ.”
8അപ്പോൾ മോശെ ബദ്ധപ്പെട്ട് സാഷ്ടാംഗം വീണ് നമസ്കരിച്ചു:9“കർത്താവേ, നിനക്ക് എന്നോട് കൃപയുണ്ടെങ്കിൽ കർത്താവ് ഞങ്ങളുടെ മദ്ധ്യത്തിൽ നടക്കേണമേ. ഇത് ദുശ്ശാഠ്യമുള്ള ജനം ആണെങ്കിലും ഞങ്ങളുടെ അകൃത്യവും പാപവും ക്ഷമിച്ച് ഞങ്ങളെ നിന്റെ അവകാശമാക്കണമേ” എന്ന് പറഞ്ഞു.
10അതിന് അവൻ അരുളിച്ചെയ്തത്: “ഞാൻ ഒരു നിയമം ഉണ്ടാക്കുന്നു. ഭൂമിയിലെങ്ങും ഒരു ജാതിയിലും സംഭവിച്ചിട്ടില്ലാത്ത അത്ഭുതങ്ങൾ നിന്റെ സർവ്വജനത്തിനും മുമ്പിൽ ഞാൻ ചെയ്യും; നീ സഹവാസം ചെയ്തുപോരുന്ന ജനം ഒക്കെയും യഹോവയുടെ പ്രവൃത്തിയെ കാണും; ഞാൻ നിന്നോട് ചെയ്യുവാൻ പോകുന്നത് ഭയങ്കരമായ ഒരു കാര്യമാണ്.11ഇന്ന് ഞാൻ നിന്നോട് കല്പിക്കുന്നത് സൂക്ഷിച്ചുകൊള്ളുക; അമോര്യൻ, കനാന്യൻ, ഹിത്യൻ, പെരിസ്യൻ, ഹിവ്യൻ, യെബൂസ്യൻ എന്നിവരെ ഞാൻ നിന്റെ മുമ്പിൽ നിന്ന് ഓടിച്ചുകളയും.
12നീ ചെല്ലുന്ന ദേശത്തിലെ നിവാസികളോട് നീ ഒരു ഉടമ്പടി ചെയ്യാതിരിക്കുവാൻ കരുതിക്കൊള്ളുക; അല്ലെങ്കിൽ അത് നിന്റെ മദ്ധ്യത്തിൽ ഒരു കെണിയായിരിക്കും.13നിങ്ങൾ അവരുടെ ബലിപീഠങ്ങൾ ഇടിച്ച് വിഗ്രഹങ്ങളെ തകർത്ത് അശേരാപ്രതിഷ്ഠകൾ വെട്ടിക്കളയണം.14അന്യദൈവത്തെ നമസ്കരിക്കരുത്; യഹോവയുടെ നാമം 1 തീക്ഷ്ണൻ എന്നാകുന്നു; അവൻ തീക്ഷ്ണതയുള്ള ദൈവം തന്നെ.
15ആ ദേശത്തിലെ നിവാസികളോട് ഉടമ്പടി ചെയ്യരുത്. അവരുടെ ദേവന്മാരോട് അവർ പരസംഗം ചെയ്ത്, അവരുടെ ദേവന്മാർക്ക് ബലി കഴിക്കുമ്പോൾ നിന്നെ വിളിക്കുകയും നീ ചെന്ന് അവരുടെ ബലികൾ തിന്നുകയും അരുത്.16അവരുടെ പുത്രിമാരിൽനിന്ന് നിന്റെ പുത്രന്മാർക്ക് ഭാര്യമാരെ എടുക്കരുത്. അവരുടെ പുത്രിമാർ തങ്ങളുടെ ദേവന്മാരോട് പരസംഗം ചെയ്യുമ്പോൾ നിന്റെ പുത്രന്മാരെക്കൊണ്ട് അവരുടെ ദേവന്മാരോട് പരസംഗം ചെയ്യുവാൻ ഇടവരരുത്.17ദേവന്മാരെ വാർത്തുണ്ടാക്കരുത്.
18പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം നീ ആചരിക്കണം. ഞാൻ നിന്നോട് കല്പിച്ചതുപോലെ ആബീബ് മാസത്തിൽ നിശ്ചയിച്ച സമയത്ത് ഏഴ് ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നണം; ആബീബ് മാസത്തിലാണല്ലോ നീ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുപോന്നത്.
19ആദ്യം ജനിക്കുന്നതെല്ലാം നിന്റെ ആടുകളുടെയും കന്നുകാലികളുടെയും കൂട്ടത്തിൽ കടിഞ്ഞൂലായ ആൺ എല്ലാം എനിക്കുള്ളത് ആകുന്നു.20എന്നാൽ കഴുതയുടെ കടിഞ്ഞൂലിനെ ആട്ടിൻകുട്ടിയെക്കൊണ്ട് വീണ്ടുകൊള്ളണം. വീണ്ടുകൊള്ളുന്നില്ലെങ്കിൽ അതിന്റെ കഴുത്ത് ഒടിച്ചുകളയണം. നിന്റെ പുത്രന്മാരിൽ ആദ്യജാതരെ എല്ലാം വീണ്ടുകൊള്ളണം. വെറുംകൈയോടെ നിങ്ങൾ എന്റെ മുമ്പാകെ വരരുത്.
21ആറ് ദിവസം വേല ചെയ്യണം; ഏഴാം ദിവസം സ്വസ്ഥമായിരിക്കണം; ഉഴവുകാലമോ കൊയ്ത്തുകാലമോ ആയാലും സ്വസ്ഥമായിരിക്കണം.22ഗോതമ്പുകൊയ്ത്തിലെ ആദ്യഫലം കൊണ്ട് വാരോത്സവവും ആണ്ടവസാനം കായ്കനിപ്പെരുനാളും നീ ആചരിക്കണം.
23വർഷത്തിൽ മൂന്ന് പ്രാവശ്യം പുരുഷന്മാരെല്ലാവരും യിസ്രായേലിന്റെ ദൈവമായി യഹോവയായ കർത്താവിന്റെ മുമ്പാകെ വരണം.24ഞാൻ ജാതികളെ നിന്റെ മുമ്പിൽനിന്ന് ഓടിച്ചുകളഞ്ഞ് നിന്റെ അതിർത്തികൾ വിശാലമാക്കും; നീ വർഷത്തിൽ മൂന്ന് പ്രാവശ്യം നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിലേക്ക് കയറിപ്പോകുമ്പോൾ ഒരു മനുഷ്യനും നിന്റെ ദേശം മോഹികക്കുകയില്ല.
25എനിക്കുള്ള യാഗരക്തം പുളിപ്പുള്ള അപ്പത്തോടുകൂടി അർപ്പിക്കരുത്. പെസഹപെരുനാളിലെ യാഗം പ്രഭാതകാലംവരെ വച്ചേക്കരുത്.26നിന്റെ നിലത്തിലെ ആദ്യവിളവിന്റെ ആദ്യഫലം നിന്റെ ദൈവമായ യഹോവയുടെ ആലയത്തിൽ കൊണ്ടുവരണം. കോലാട്ടിൻകുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ പാകം ചെയ്യരുത്.
27യഹോവ പിന്നെയും മോശെയോട്: “ഈ വചനങ്ങൾ എഴുതിക്കൊള്ളുക; ഈ വചനങ്ങൾ ആധാരമാക്കി ഞാൻ നിന്നോടും യിസ്രായേലിനോടും നിയമം ചെയ്തിരിക്കുന്നു” എന്ന് അരുളിച്ചെയ്തു.28അവൻ അവിടെ ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും നാല്പത് പകലും നാല്പത് രാവും യഹോവയോടുകൂടി ആയിരുന്നു; അവൻ പത്ത് കല്പനയായ നിയമത്തിന്റെ വചനങ്ങൾ പലകയിൽ എഴുതിക്കൊടുത്തു.

29യഹോവ തന്നോട് സംസാരിച്ചതിനാൽ തന്റെ മുഖത്തിന്റെ ത്വക്ക് പ്രകാശിച്ചു എന്ന് മോശെ സാക്ഷ്യത്തിന്റെ പലകകൾ രണ്ടും കയ്യിൽ പടിച്ചുകൊണ്ട് സീനായിപർവ്വതത്തിൽനിന്ന് ഇറങ്ങുമ്പോൾ അറിഞ്ഞില്ല.30അഹരോനും യിസ്രായേൽമക്കൾ എല്ലാവരും മോശെയെ നോക്കിയപ്പോൾ അവന്റെ മുഖത്തിന്റെ ത്വക്ക് പ്രകാശിക്കുന്നത് കണ്ടു; അതുകൊണ്ട് അവർ അവന്റെ അടുക്കൽ ചെല്ലുവാൻ ഭയപ്പെട്ടു.31മോശെ അവരെ വിളിച്ചു; അപ്പോൾ അഹരോനും സഭയിലെ പ്രമാണികൾ എല്ലാവരും അവന്റെ അടുക്കൽ മടങ്ങി വന്നു; മോശെ അവരോട് സംസാരിച്ചു.
32അതിന്റെ ശേഷം യിസ്രായേൽമക്കൾ എല്ലാവരും അവന്റെ അടുക്കൽ ചെന്നു. സീനായിപർവ്വതത്തിൽവച്ച് യഹോവ തന്നോട് അരുളിച്ചെയ്ത സകലവും അവൻ അവരോട് ആജ്ഞാപിച്ചു.33മോശെ അവരോട് സംസാരിച്ചു കഴിഞ്ഞപ്പോൾ അവൻ തന്റെ മുഖത്ത് ഒരു മൂടുപടം ഇട്ടു.
34മോശെ യഹോവയോട് സംസാരിക്കേണ്ടതിന് അവന്റെ സന്നിധാനത്തിൽ പ്രവേശിക്കുമ്പോൾ പുറത്ത് വരുവോളം മൂടുപടം നീക്കിയിരിക്കും; തന്നോട് കല്പിച്ചത് അവൻ പുറത്തുവന്ന് യിസ്രായേൽമക്കളോട് പറയും.35യിസ്രായേൽമക്കൾ മോശെയുടെ മുഖത്തിന്റെ ത്വക്ക് പ്രകാശിക്കുന്നതായി കണ്ടതുകൊണ്ട് മോശെ അവനോട് സംസാരിക്കേണ്ടതിന് അകത്ത് പ്രവേശിക്കുന്നതുവരെ മൂടുപടം പിന്നെയും തന്റെ മുഖത്ത് ഇട്ടുകൊള്ളും.


1 34:14 തീക്ഷ്ണത = അസൂയ,സ്പർദ്ധ,ഉഗ്രത

35

1അതിനുശേഷം മോശെ യിസ്രായേൽമക്കളുടെ സംഘത്തെ വിളിച്ചുകൂട്ടി അവരോട് പറഞ്ഞത്: “നിങ്ങൾ പ്രമാണിക്കുവാൻ യഹോവ കല്പിച്ച വചനങ്ങൾ ഇവയാണ്:2ആറ് ദിവസം വേല ചെയ്യണം; ഏഴാം ദിവസം നിങ്ങൾക്ക് വിശുദ്ധമായി യഹോവയുടെ മഹാസ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കണം; അന്ന് വേല ചെയ്യുന്നവൻ എല്ലാം മരണ ശിക്ഷ അനുഭവിക്കണം.3ശബ്ബത്ത് നാളിൽ നിങ്ങളുടെ വാസസ്ഥലങ്ങളിൽ എങ്ങും തീ കത്തിക്കരുത്.”

4മോശെ പിന്നെയും യിസ്രായേൽമക്കളുടെ സർവ്വസഭയോടും പറഞ്ഞത്: “യഹോവ ഇപ്രകാരം കല്പിച്ചു :5നിങ്ങളുടെ ഇടയിൽനിന്ന് യഹോവയ്ക്ക് ഒരു വഴിപാട് എടുക്കുവിൻ. നല്ല മനസ്സുള്ളവനെല്ലാം യഹോവയ്ക്ക് വഴിപാട് കൊണ്ടുവരണം.6പൊന്ന്, വെള്ളി, താമ്രം, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ, കോലാട്ടുരോമം,7ചുവപ്പിച്ച ആട്ടുകൊറ്റന്തോൽ, തഹശുതോൽ, ഖദിരമരം,8വിളക്കിന് എണ്ണ, അഭിഷേകതൈലത്തിനും പരിമളധൂപത്തിനും സുഗന്ധവർഗ്ഗം,9ഗോമേദകക്കല്ല്, ഏഫോദിനും പതക്കത്തിനും പതിക്കേണ്ട കല്ല് എന്നിവ തന്നെ.
10നിങ്ങളിൽ ജ്ഞാനികളായ എല്ലാവരും വന്ന് യഹോവ കല്പിച്ചിരിക്കുന്നത് എല്ലാം ഉണ്ടാക്കണം.11തിരുനിവാസം, അതിന്റെ മൂടുവിരി, പുറമൂടി, കൊളുത്തുകൾ, പലകകൾ, അന്താഴങ്ങൾ,12തൂണുകൾ, ചുവടുകൾ, പെട്ടകം, അതിന്റെ തണ്ടുകൾ, കൃപാസനം, മറയുടെ തിരശ്ശീല,
13മേശ, അതിന്റെ തണ്ടുകൾ, ഉപകരണങ്ങൾ ഒക്കെയും, കാഴ്ചയപ്പം,14വെളിച്ചത്തിന് നിലവിളക്ക്, അതിന്റെ ഉപകരണങ്ങൾ, അതിന്റെ ദീപങ്ങൾ, വിളക്കിന് എണ്ണ,15ധൂപപീഠം, അതിന്റെ തണ്ടുകൾ, അഭിഷേകതൈലം, സുഗന്ധധൂപവർഗ്ഗം, തിരുനിവാസത്തിലേക്കുള്ള പ്രവേശന വാതിലിന്റെ മറശ്ശീല,16ഹോമയാഗപീഠം, അതിന്റെ താമ്രജാലം, തണ്ടുകൾ, അതിന്റെ ഉപകരണങ്ങളെല്ലാം, തൊട്ടി, അതിന്റെ കാൽ,
17പ്രാകാരത്തിന്റെ മറശ്ശീലകൾ, അതിന്റെ തൂണുകൾ, ചുവടുകൾ, പ്രാകാരവാതിലിന്റെ മറ,18തിരുനിവാസത്തിന്റെ കുറ്റികൾ, പ്രാകാരത്തിന്റെ കുറ്റികൾ,19അവയുടെ കയറുകൾ, വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷ ചെയ്യുവാൻ വിശേഷവസ്ത്രങ്ങൾ, പുരോഹിതനായ അഹരോന്റെ വിശുദ്ധവസ്ത്രം, പുരോഹിതശുശ്രൂഷയ്ക്കായി അവന്റെ പുത്രന്മാരുടെ വസ്ത്രങ്ങൾ എന്നിവ തന്നെ.”
20അപ്പോൾ യിസ്രായേൽമക്കളുടെ സർവ്വസഭയും മോശെയുടെ അടുക്കൽ നിന്ന് പുറപ്പെട്ടു.21ഹൃദയത്തിൽ ഉത്സാഹവും മനസ്സിൽ താത്പര്യവും തോന്നിയവർ എല്ലാം സമാഗമനകൂടാരത്തിന്റെ പ്രവൃത്തിയ്ക്കും അതിന്റെ സകലശുശ്രൂഷയ്ക്കും വിശുദ്ധവസ്ത്രങ്ങൾക്കും വേണ്ടി യഹോവയ്ക്ക് വഴിപാട് കൊണ്ടുവന്നു.22പുരുഷന്മാരും സ്ത്രീകളുമായി ഔദാര്യമനസ്സുള്ളവർ എല്ലാവരും യഹോവയ്ക്ക് പൊൻവഴിപാട് കൊടുക്കുവാൻ നിശ്ചയിച്ചവരെല്ലാം വള, കുണുക്ക്, മോതിരം, മാല മുതലായ സകലവിധ പൊന്നാഭരണങ്ങളും കൊണ്ടുവന്നു.
23നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ, കോലാട്ടുരോമം, ചുവപ്പിച്ച ആട്ടുകൊറ്റന്തോൽ, തഹശൂതോൽ എന്നിവ കൈവശമുള്ളവർ അത് കൊണ്ടു വന്നു.24വെള്ളിയും താമ്രവും വഴിപാടുകൊടുക്കുവാൻ നിശ്ചയിച്ചവരെല്ലാം യഹോവയ്ക്ക് വഴിപാട് കൊണ്ടുവന്നു. ശുശ്രൂഷയിലെ എല്ലാപണിക്കുമായി ഖദിരമരം കൈവശമുള്ളവൻ അതുകൊണ്ടുവന്നു.
25സാമർത്ഥ്യമുള്ള സ്ത്രീകൾ എല്ലാം തങ്ങളുടെ കൈകൊണ്ട് നെയ്തെടുത്ത നീലനൂലും ധൂമ്രനൂലും ചുവപ്പുനൂലും പഞ്ഞിനൂലും കൊണ്ടുവന്നു.26ഹൃദയത്തിൽ ഉത്സാഹം തോന്നിയ സാമർത്ഥ്യമുള്ള സ്ത്രീകൾ എല്ലാം കോലാട്ടുരോമം കൊണ്ട് നൂലുണ്ടാക്കി.
27പ്രമാണികൾ ഏഫോദിനും പതക്കത്തിനും പതിക്കേണ്ട കല്ലുകളും ഗോമേദകക്കല്ലുകളും28വെളിച്ചത്തിനും അഭിഷേകതൈലത്തിനും സുഗന്ധധൂപത്തിനുമായി പരിമളവർഗ്ഗവും എണ്ണയും കൊണ്ടു വന്നു.29മോശെ മുഖാന്തരം യഹോവ കല്പിച്ച സകലപ്രവൃത്തിക്കുമായി കൊണ്ടുവരുവാൻ യിസ്രായേൽമക്കളിൽ ഔദാര്യമനസ്സുള്ള സകല പുരുഷന്മാരും സ്ത്രീകളും യഹോവയ്ക്ക് സ്വമേധാദാനം കൊണ്ടുവന്നു.

30എന്നാൽ മോശെ യിസ്രായേൽമക്കളോട് പറഞ്ഞത്: “നോക്കുവിൻ; യഹോവ യെഹൂദാഗോത്രത്തിൽ ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേലിനെ പേരുചൊല്ലി വിളിച്ചിരിക്കുന്നു.31കൗശലപ്പണികൾ സങ്കല്പിച്ച് ഉണ്ടാക്കുവാനും പൊന്ന്, വെള്ളി, താമ്രം എന്നിവകൊണ്ട് പണി ചെയ്യുവാനും32രത്നം വെട്ടി പതിക്കുവാനും മരത്തിൽ കൊത്തുപണിയായ സകലവിധ കൗശലപ്പണികളും ചെയ്യുവാനും33അവൻ ദിവ്യാത്മാവിനാൽ അവനെ ജ്ഞാനവും ബുദ്ധിയും അറിവും സകലവിധ സാമർത്ഥ്യവുംകൊണ്ട് നിറച്ചിരിക്കുന്നു.
34അവന്റെ മനസ്സിലും ദാൻഗോത്രത്തിൽ അഹീസാമാക്കിന്റെ മകനായ ഒഹൊലീയാബിന്റെ മനസ്സിലും മറ്റുള്ളവരെ പഠിപ്പിക്കുവാൻ അവൻ തോന്നിച്ചിരിക്കുന്നു.35കൊത്തുപണിക്കാരന്റെയും കൗശലപ്പണിക്കാരന്റെയും നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവകൊണ്ട് പണിചെയ്യുന്ന തയ്യൽക്കാരന്റെയും നെയ്ത്തുകാരന്റെയും ഏതുതരം ശില്പവേല ചെയ്യുന്നവരുടെയും കൗശലപ്പണികൾ സങ്കല്പിച്ച് ഉണ്ടാക്കുന്നവരുടെയും സകലവിധപ്രവൃത്തിയും ചെയ്യുവാൻ അവൻ അവരെ മനസ്സിൽ ജ്ഞാനം കൊണ്ട് നിറച്ചിരിക്കുന്നു.

36

1ബെസലേലും, ഒഹൊലീയാബും, യഹോവ ജ്ഞാനവും ബുദ്ധിയും നല്കിയ സകലജ്ഞാനികളും, വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്ക് യഹോവ കല്പിച്ചതുപോലെ സകലപ്രവൃത്തികളും ചെയ്യണം.

2അങ്ങനെ മോശെ ബെസലേലിനെയും ഒഹൊലീയാബിനെയും യഹോവ മനസ്സിൽ ജ്ഞാനം നല്കിയിരുന്ന എല്ലാവരെയും പ്രവൃത്തിയിൽ ചേരുവാൻ മനസ്സിൽ ഉത്സാഹം തോന്നിയ എല്ലാവരെയും വിളിച്ചുവരുത്തി.3വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയുടെ പ്രവൃത്തി ചെയ്യുവാൻ യിസ്രായേൽമക്കൾ കൊണ്ടുവന്ന വഴിപാട് ഒക്കെയും അവർ മോശെയുടെ പക്കൽനിന്ന് വാങ്ങി; എന്നാൽ അവർ പിന്നെയും രാവിലെതോറും സ്വമേധാദാനങ്ങൾ അവന്റെ അടുക്കൽ കൊണ്ടുവന്നു.4അപ്പോൾ വിശുദ്ധമന്ദിരത്തിന്റെ പണിയിൽ ഏർപ്പെട്ടിരുന്ന ജ്ഞാനികൾ എല്ലാവരും അവർ ചെയ്തുകൊണ്ടിരുന്ന പണി നിർത്തി വന്ന് മോശെയോട്:
5“യഹോവ ചെയ്യുവാൻ കല്പിച്ച ശുശ്രൂഷയ്ക്ക് വേണ്ടതിലധികമായി ജനം കൊണ്ടുവരുന്നു” എന്ന് പറഞ്ഞു.6അതിന് മോശെ: “പുരുഷന്മാരാകട്ടെ സ്ത്രീകളാകട്ടെ വിശുദ്ധമന്ദിരത്തിന്റെ ശുശ്രൂഷയുടെ ആവശ്യത്തിന് ഇനി വഴിപാട് കൊണ്ടുവരേണ്ട” എന്ന് കല്പിച്ചു; അവർ അത് പാളയത്തിൽ പ്രസിദ്ധമാക്കി. അങ്ങനെ ജനം കൊണ്ടുവരുന്നത് നിർത്തിവച്ചു .7കൊണ്ടുവന്ന സാമാനങ്ങൾ സകല പ്രവൃത്തിയും ചെയ്യുവാൻ വേണ്ടുവോളവും അധികവും ഉണ്ടായിരുന്നു.

8പണി ചെയ്യുന്നവരിൽ ജ്ഞാനികളായ എല്ലാവരും പഞ്ഞിനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ടുള്ള പത്ത് മൂടുശീലകൊണ്ട് തിരുനിവാസം ഉണ്ടാക്കി; നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകൾ മൂടുശീലകളിൽ ഉണ്ടാക്കിയിരുന്നു.9ഓരോ മൂടുശീലയ്ക്കും ഇരുപത്തെട്ട് മുഴം നീളവും നാല് മുഴം വീതിയും ഉണ്ടായിരുന്നു; എല്ലാ മൂടുശീലകൾക്കും ഒരേ അളവ് ആയിരുന്നു.10അഞ്ച് മൂടുശീലകൾ ഒന്നോടൊന്ന് ബന്ധിപ്പിച്ചു; മറ്റെ അഞ്ച് മൂടുശീലകളും ഒന്നോടൊന്ന് ബന്ധിപ്പിച്ചു.
11അങ്ങനെ ബന്ധിപ്പിച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ നീലനൂൽ കൊണ്ട് കണ്ണികൾ ഉണ്ടാക്കി; രണ്ടാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിലും അങ്ങനെ തന്നെ ഉണ്ടാക്കി.12ഒരു മൂടുശീലയിൽ അമ്പത് കണ്ണികൽ ഉണ്ടാക്കി; രണ്ടാമത്തെ വിരിയുടെ പുറത്തെ മൂടുശീലയുടെ വിളുമ്പിലും അമ്പത് കണ്ണികൾ ഉണ്ടാക്കി; കണ്ണികൾ നേർക്കുനേരെ ആയിരുന്നു.13അവൻ പൊന്നുകൊണ്ട് അമ്പത് കൊളുത്തുകളും ഉണ്ടാക്കി; കൊളുത്തുകൊണ്ട് മൂടുശീലകൾ ഒന്നോടൊന്ന് ബന്ധിപ്പിച്ചു; അങ്ങനെ തിരുനിവാസം ഒന്നായി തീർന്നു.
14തിരുനിവാസത്തിന്മേൽ മൂടുവരിയായി കോലാട്ടുരോമംകൊണ്ടുള്ള മൂടുശീലകൾ ഉണ്ടാക്കി, പതിനൊന്ന് മൂടുശീലകൾ ഉണ്ടാക്കി.15ഓരോ മൂടുശീലയ്ക്കും മുപ്പത് മുഴം നീളവും നാല് മുഴം വീതിയും ഉണ്ടായിരുന്നു; മൂടുശീല പതിനൊന്നിന്നും ഒരേ അളവ് ആയിരുന്നു.16അവൻ അഞ്ചു മൂടുശീല ഒന്നായും ആറു മൂടുശീല ഒന്നായും ബന്ധിപ്പിച്ചു.17ഇങ്ങനെ ബന്ധിപ്പിച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ അമ്പത് കണ്ണികളും രണ്ടാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ അമ്പത് കണ്ണികളും ഉണ്ടാക്കി.
18കൂടാരം ഒന്നായിരിക്കേണ്ടതിന് അത് ബന്ധിപ്പിക്കുവാൻ താമ്രംകൊണ്ട് അമ്പത് കൊളുത്തുകളും ഉണ്ടാക്കി.19ചുവപ്പിച്ച ആട്ടുകൊറ്റന്തോൽകൊണ്ട് കൂടാരത്തിന് ഒരു പുറമൂടിയും അതിന്റെ മീതെ തഹശൂതോൽകൊണ്ട് ഒരു പുറമൂടിയും അവൻ ഉണ്ടാക്കി.

20ഖദിരമരംകൊണ്ട് തിരുനിവാസത്തിന് നേരെ നില്ക്കുന്ന പലകകളും ഉണ്ടാക്കി.21ഓരോ പലകയ്ക്കും പത്തുമുഴം നീളവും ഒന്നര മുഴം വീതിയും ഉണ്ടായിരുന്നു.22ഓരോ പലകയ്ക്കും തമ്മിൽ ചേർന്നിരിക്കുന്ന രണ്ട് കുടുമകൾ ഉണ്ടായിരുന്നു; ഇങ്ങനെ തിരുനിവാസത്തിന്റെ എല്ലാ പലകയ്ക്കും ഉണ്ടാക്കി.23അവൻ തിരുനിവാസത്തിനായി തെക്കുവശത്തേക്ക് ഇരുപത് പലക ഊണ്ടാക്കി.
24ഒരു പലകയുടെ അടിയിൽ രണ്ട് കുടുമയ്ക്ക് രണ്ട് ചുവടും മറ്റൊരു പലകയുടെ അടിയിൽ രണ്ടു കുടുമയ്ക്ക് രണ്ട് ചുവടും ഇങ്ങനെ ഇരുപത് പലകകളുടെയും അടിയിൽ വെള്ളികൊണ്ട് നാല്പത് ചുവടുകൾ അവൻ ഉണ്ടാക്കി.25തിരുനിവാസത്തിന്റെ മറുപുറത്ത് വടക്കുവശത്തേക്കും ഇരുപത് പലകകൾ ഉണ്ടാക്കി.26ഒരു പലകയുടെ അടിയിൽ രണ്ട് ചുവടും മറ്റൊരു പലകയുടെ അടിയിൽ രണ്ട് ചുവടും ഇങ്ങനെ അവയ്ക്ക് നാല്പത് വെള്ളിച്ചുവടുകൾ ഉണ്ടാക്കി.
27തിരുനിവാസത്തിന്റെ പടിഞ്ഞാറെ വശത്തേക്ക് ആറ് പലകകൾ ഉണ്ടാക്കി.28തിരുനിവാസത്തിന്റെ ഇരുവശത്തുമുള്ള കോണുകൾക്ക് ഈരണ്ട് പലകകൾ ഉണ്ടാക്കി.
29അവ താഴെ രണ്ടായും മേലറ്റത്ത് ഒന്നാമത്തെ വളയംവരെ തമ്മിൽ ചേർന്ന് ഒറ്റയായും ഇരുന്നു. രണ്ട് മൂലയിലുള്ള രണ്ടിനും അങ്ങനെ ചെയ്തു.30ഇങ്ങനെ എട്ട് പലകകളും ഓരോ പലകയുടെ അടിയിൽ രണ്ട് ചുവട് വീതം പതിനാറ് വെള്ളിച്ചുവടുകളും ഉണ്ടായിരുന്നു.
31അവൻ ഖദിരമരംകൊണ്ട് അന്താഴങ്ങളും ഉണ്ടാക്കി; തിരുനിവാസത്തിന്റെ ഒരു വശത്തെ പലകയ്ക്ക് അഞ്ച് അന്താഴങ്ങൾ;32തിരുനിവാസത്തിന്റെ മറുവശത്തെ പലകയ്ക്ക് അഞ്ച് അന്താഴങ്ങൾ; തിരുനിവാസത്തിന്റെ പടിഞ്ഞാറെ ഭാഗത്ത് പിൻവശത്തെ പലകയ്ക്ക് അഞ്ച് അന്താഴങ്ങൾ.33നടുവിലത്തെ അന്താഴം പലകയുടെ ഒത്ത നടുവിൽ ഒരു അറ്റത്തുനിന്ന് മറ്റെ അറ്റം വരെ ചെല്ലുവാൻ തക്കവണ്ണം ഉണ്ടാക്കി.34പലകകൾ പൊന്നുകൊണ്ട് പൊതിഞ്ഞു; അന്താഴം ഇടുവാനുള്ള അവയുടെ വളയങ്ങൾ പൊന്നുകൊണ്ട് ഉണ്ടാക്കി, അന്താഴം പൊന്നുകൊണ്ട് പൊതിഞ്ഞു.

35നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവകൊണ്ട് അവൻ ഒരു തിരശ്ശീലയും ഉണ്ടാക്കി: നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകൾ അവയിൽ ഉള്ളതായി അതിനെ ഉണ്ടാക്കി.36അതിന് ഖദിരമരംകൊണ്ട് നാല് തൂണുകളും ഉണ്ടാക്കി, പൊന്നുകൊണ്ട് പൊതിഞ്ഞു; അവയുടെ കൊളുത്തുകൾ പൊന്നുകൊണ്ട് ആയിരുന്നു; അവയ്ക്ക് വെള്ളികൊണ്ട് നാല് ചുവടുകൾ വാർപ്പിച്ചു.
37കൂടാരത്തിന്റെ വാതിലിന് നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവകൊണ്ട് ചിത്രത്തയ്യൽക്കാരന്റെ പണിയുള്ള ഒരു മറശ്ശീലയും38അതിന് അഞ്ച് തൂണുകളും അവയ്ക്ക് കൊളുത്തും ഉണ്ടാക്കി; അവയുടെ കുമിഴുകളും മേൽചുറ്റുപടികളും പൊന്നുകൊണ്ട് പൊതിഞ്ഞു; എന്നാൽ അവയുടെ ചുവട് അഞ്ചും താമ്രം കൊണ്ട് ആയിരുന്നു.

37

1ബെസലേൽ ഖദിരമരംകൊണ്ട് പെട്ടകം ഉണ്ടാക്കി. അതിന് രണ്ടരമുഴം നീളവും ഒന്നരമുഴം വീതിയും ഒന്നരമുഴം ഉയരവും ഉണ്ടായിരുന്നു.2അതിന്റെ അകവും പുറവും പൊന്നുകൊണ്ട് പൊതിഞ്ഞു, അതിന് ചുറ്റും പൊന്നുകൊണ്ട് ഒരു വക്ക് ഉണ്ടാക്കി.3അതിന്റെ നാലു കാലിനും ഇപ്പുറത്ത് രണ്ട് വളയങ്ങൾ അപ്പുറത്ത് രണ്ട് വളയങ്ങൾ ഇങ്ങനെ നാല് പൊൻവളയങ്ങൾ വാർപ്പിച്ചു.

4അവൻ ഖദിരമരംകൊണ്ട് തണ്ടുകൾ ഉണ്ടാക്കി പൊന്നുകൊണ്ട് പൊതിഞ്ഞു.5പെട്ടകം ചുമക്കേണ്ടതിന് ആ തണ്ട് പെട്ടകത്തിന്റെ പാർശ്വങ്ങളിലുള്ള വളയങ്ങളിൽ ചെലുത്തി.6അവൻ തങ്കം കൊണ്ട് കൃപാസനം ഉണ്ടാക്കി; അതിന് രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഉണ്ടായിരുന്നു.
7അവൻ പൊന്നുകൊണ്ട് രണ്ട് കെരൂബുകളെ ഉണ്ടാക്കി കൃപാസനത്തിന്റെ രണ്ട് അറ്റത്തും അവയെ അടിപ്പുപണിയായി ഉണ്ടാക്കി.8ഒരു കെരൂബ് ഒരു അറ്റത്തും മറ്റെ കെരൂബ് മറ്റെ അറ്റത്തും ഇങ്ങനെ കെരൂബുകളെ കൃപാസനത്തിന്റെ രണ്ട് അറ്റത്തും അതിൽ നിന്ന് തന്നെ ഉള്ളവയായി ഉണ്ടാക്കി.9കെരൂബുകൾ മുകളിലേക്ക് ചിറക് വിടർത്തി ചിറകുകൊണ്ട് കൃപാസനത്തെ മൂടുകയും തമ്മിൽ അഭിമുഖമായിരിക്കുകയും ചെയ്തു; കെരൂബുകളുടെ മുഖം കൃപാസനത്തിന് നേരെ ആയിരുന്നു.

10അവൻ ഖദിരമരംകൊണ്ട് മേശ ഉണ്ടാക്കി. അതിന് രണ്ട് മുഴം നീളവും ഒരു മുഴം വീതിയും ഒന്നര മുഴം ഉയരവും ഉണ്ടായിരുന്നു.11അത് തങ്കംകൊണ്ട് പൊതിഞ്ഞ് ചുറ്റും പൊന്നുകൊണ്ട് ഒരു വക്ക് ഉണ്ടാക്കി.12അതിന് ചുറ്റും നാല് വിരൽ വീതിയുള്ള ഒരു ചട്ടവും ഉണ്ടാക്കി. ചട്ടത്തിന് ചുറ്റും പൊന്നുകൊണ്ട് ഒരു വക്ക് ഉണ്ടാക്കി.13അതിന് നാല് പൊൻവളയം വാർത്ത് നാല് കാലിന്റെയും ഓരോ പാർശ്വത്തിൽ തറച്ചു.
14മേശ ചുമക്കേണ്ടതിന് തണ്ടുകൾ ഇടുവാൻ വളയങ്ങൾ ചട്ടത്തോട് ചേർന്നിരുന്നു.15മേശ ചുമക്കേണ്ടതിനുള്ള തണ്ടുകൾ ഖദിരമരംകൊണ്ട് ഉണ്ടാക്കി പൊന്നുകൊണ്ട് പൊതിഞ്ഞു.16മേശമേലുള്ള ഉപകരണങ്ങളായ തളികകളും കരണ്ടികളും കിണ്ടികളും പകരുവാൻ ഉപയോഗിക്കുന്ന കുടങ്ങളും തങ്കംകൊണ്ട് ഉണ്ടാക്കി.

17അവൻ തങ്കംകൊണ്ട് നിലവിളക്ക് ഉണ്ടാക്കി; വിളക്ക് അടിപ്പുപണിയായി ഉണ്ടാക്കി; അതിന്റെ ചുവടും തണ്ടും പുഷ്പപുടങ്ങളും മുട്ടുകളും പൂക്കളും അതിൽനിന്ന് തന്നെ ആയിരുന്നു.18നിലവിളക്കിന്റെ ഒരു വശത്തുനിന്ന് മൂന്ന് ശാഖകൾ, അതിന്റെ മറ്റെ വശത്ത് നിന്ന് മൂന്ന് ശാഖകൾ, ഇങ്ങനെ ആറ് ശാഖകൾ അതിന്റെ പാർശ്വങ്ങളിൽനിന്ന് പുറപ്പെട്ടു.19ഒരു ശാഖയിൽ ഓരോ മുട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്ന് പുഷ്പപുടവും മറ്റൊരു ശാഖയിൽ ഓരോ മുട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്ന് പുഷ്പപുടങ്ങളും ഇങ്ങനെ നിലവിളക്കിൽനിന്ന് പുറപ്പെട്ട ആറു ശാഖകളിലും ഉണ്ടായിരുന്നു.
20വിളക്കുതണ്ടിൽ മുട്ടുകളും പൂക്കളുമായി ബദാം പൂപോലെ നാല് പുഷ്പപുടങ്ങളും ഉണ്ടായിരുന്നു.21അതിൽ നിന്നുള്ള രണ്ട് ശാഖയ്ക്ക് കീഴെ ഒരു മുട്ടും, അതിൽനിന്നുള്ള മറ്റെ രണ്ട് ശാഖയ്ക്ക് കീഴെ ഒരു മുട്ടും, അതിൽനിന്നുള്ള ശേഷം രണ്ട് ശാഖയ്ക്ക് കീഴെ ഒരു മുട്ടും, ഇങ്ങനെ അതിൽനിന്ന് പുറപ്പെടുന്ന ആറ് ശാഖകളിലും ഉണ്ടായിരുന്നു.22മുട്ടുകളും ശാഖകളും അതിൽനിന്നു തന്നെ ആയിരുന്നു; അത് മുഴുവനും തങ്കം കൊണ്ടുള്ള ഒറ്റ അടിപ്പുപണിയായിരുന്നു.
23അവൻ അതിന്റെ ഏഴ് ദീപങ്ങളും അതിന്റെ ചവണകളും കരിന്തിരിപ്പാത്രങ്ങളും തങ്കംകൊണ്ട് ഉണ്ടാക്കി.24ഒരു താലന്ത് തങ്കംകൊണ്ട് അവൻ അതും അതിന്റെ ഉപകരണങ്ങളൊക്കെയും ഉണ്ടാക്കി.

25അവൻ ഖദിരമരംകൊണ്ട് ധൂപപീഠം ഉണ്ടാക്കി; അത് ഒരു മുഴം നീളവും ഒരു മുഴം വീതിയും ഇങ്ങനെ സമചതുരം ആയിരുന്നു. അതിന് ഉയരം രണ്ട് മുഴം ആയിരുന്നു. അതിന്റെ കൊമ്പുകൾ അതിൽനിന്ന് തന്നെ ആയിരുന്നു.26അവൻ അതും അതിന്റെ മേല്പലകയും അതിന്റെ പാർശ്വങ്ങളും കൊമ്പുകളും തങ്കംകൊണ്ട് പൊതിഞ്ഞു; അതിന് ചുറ്റും പൊന്നുകൊണ്ട് ഒരു വക്ക് ഉണ്ടാക്കി.
27അത് ചുമക്കേണ്ടതിന് തണ്ട് ചെലുത്തുവാൻ വക്കിന് കീഴെ രണ്ട് പാർശ്വത്തിലുള്ള ഓരോ കോണിലും ഓരോ പൊൻവളയം ഉണ്ടാക്കി.28ഖദിരമരംകൊണ്ട് തണ്ടുകളും ഉണ്ടാക്കി പൊന്നുകൊണ്ട് പൊതിഞ്ഞു.29അവൻ വിശുദ്ധമായ അഭിഷേകതൈലവും നല്ല സുഗന്ധമുള്ള നിർമ്മല ധൂപവർഗ്ഗവും തൈലക്കാരന്റെ വിദ്യപ്രകാരം ഉണ്ടാക്കി.

38

1അവൻ ഖദിരമരംകൊണ്ട് ഹോമയാഗപീഠം ഉണ്ടാക്കി; അത് അഞ്ച് മുഴം നീളവും അഞ്ച് മുഴം വീതിയും ഉള്ള സമചതുരമായിരുന്നു. അതിന്റെ ഉയരം മൂന്ന് മുഴം ആയിരുന്നു.2അതിന്റെ നാല് കോണിലും നാല് കൊമ്പ് ഉണ്ടാക്കി; കൊമ്പുകൾ അതിൽനിന്ന് തന്നെ ആയിരുന്നു. താമ്രംകൊണ്ട് അത് പൊതിഞ്ഞു.3ചട്ടി, ചട്ടുകം, കലശം, മുൾകൊളുത്ത്, തീക്കലശം ഇങ്ങനെ പീഠത്തിന്റെ ഉപകരണങ്ങളൊക്കെയും ഉണ്ടാക്കി; അതിന്റെ ഉപകരണങ്ങൾ എല്ലാം താമ്രംകൊണ്ട് ഉണ്ടാക്കി.

4അവൻ യാഗപീഠത്തിന് വലപ്പണിയായ ഒരു താമ്രജാലം ഉണ്ടാക്കി; അത് താഴെ അതിന്റെ ചുറ്റുപടിക്ക് കീഴെ അതിന്റെ പകുതിയോളം എത്തി.5താമ്രജാലത്തിന്റെ നാല് അറ്റത്തിനും തണ്ട് ഇടുവാൻ നാല് വളയം വാർത്തു.
6ഖദിരമരംകൊണ്ട് തണ്ടുകൾ ഉണ്ടാക്കി താമ്രംകൊണ്ട് പൊതിഞ്ഞു.7യാഗപീഠം ചുമക്കേണ്ടതിന് അതിന്റെ പാർശ്വങ്ങളിലുള്ള വളയങ്ങളിൽ ആ തണ്ടുകൾ കടത്തി; യാഗപീഠം പലകകൊണ്ട് പൊള്ളയായി ഉണ്ടാക്കി.

8സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ സേവ ചെയ്തുവന്ന സ്ത്രീകളുടെ 1 ദർപ്പണങ്ങൾ കൊണ്ട് അവൻ താമ്രത്തൊട്ടിയും അതിന്റെ താമ്രക്കാലും ഉണ്ടാക്കി.

9അവൻ പ്രാകാരവും ഉണ്ടാക്കി; തെക്കുവശത്തെ പ്രാകാരത്തിന് പിരിച്ച പഞ്ഞിനൂൽകൊണ്ടുള്ള നൂറ് മുഴം മറശ്ശീല ഉണ്ടായിരുന്നു.10അതിന് ഇരുപത് തൂണുകളും തൂണുകൾക്ക് ഇരുപത് താമ്രച്ചുവടും ഉണ്ടായിരുന്നു. തൂണുകളുടെ കൊളുത്തും മേൽചുറ്റുപടിയും വെള്ളി ആയിരുന്നു.
11വടക്കുവശത്ത് നൂറ് മുഴം മറശ്ശീലയും അതിന് ഇരുപത് തൂണും തൂണുകൾക്ക് ഇരുപത് താമ്രച്ചുവടും ഉണ്ടായിരുന്നു; തൂണുകളുടെ കൊളുത്തും മേൽചുറ്റുപടിയും വെള്ളി ആയിരുന്നു.12പടിഞ്ഞാറുവശത്ത് അമ്പത് മുഴം മറശ്ശീലയും അതിന് പത്ത് തൂണും തൂണുകൾക്ക് പത്ത് ചുവടും ഉണ്ടായിരുന്നു; തൂണുകളുടെ കൊളുത്തും മേൽചുറ്റുപടിയും വെള്ളി ആയിരുന്നു.
13കിഴക്കുവശത്ത് മറശ്ശീല അമ്പത് മുഴം ആയിരുന്നു.14വാതിലിന്റെ ഒരു വശത്ത് മറശ്ശീല പതിനഞ്ച് മുഴവും അതിന് മൂന്ന് തൂണും അവയ്ക്ക് മൂന്ന് ചുവടുകളും ഉണ്ടായിരുന്നു.15മറ്റെവശത്തും അങ്ങനെ തന്നെ; ഇങ്ങനെ പ്രാകാരവാതിലിന്റെ ഇപ്പുറത്തും അപ്പുറത്തും പതിനഞ്ച് മുഴം മറശ്ശീലയും അവയ്ക്ക് മൂന്ന് തൂണുകളും തൂണുകൾക്ക് മൂന്ന് ചുവടും ഉണ്ടായിരുന്നു.16ചുറ്റും പ്രാകാരത്തിന്റെ മറശ്ശീല ഒക്കെയും പിരിച്ച പഞ്ഞിനൂൽകൊണ്ട് ആയിരുന്നു.
17തൂണുകൾക്കുള്ള ചുവട് താമ്രംകൊണ്ടും തൂണുകളുടെ കൊളുത്തും മേൽചുറ്റുപടിയും വെള്ളികൊണ്ടും കുമിഴുകൾ വെള്ളിപൊതിഞ്ഞവയും പ്രാകാരത്തിന്റെ തൂണുകൾ ഒക്കെയും വെള്ളികൊണ്ട് മേൽചുറ്റുപടിയുള്ളവയും ആയിരുന്നു.18എന്നാൽ പ്രാകാരവാതിലിന്റെ മറശ്ശീല നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ചിത്രത്തയ്യൽപണി ആയിരുന്നു; അതിന്റെ നീളം ഇരുപത് മുഴവും അതിന്റെ ഉയരം അഞ്ച് മുഴവും ആയിരുന്നു.19അതിന്റെ തൂണ് നാലും അവയുടെ ചുവട് നാലും താമ്രമായിരുന്നു; കൊളുത്തും കുമിഴുകൾ പൊതിഞ്ഞിരുന്ന തകിടും മേൽചുറ്റുപടിയും വെള്ളി ആയിരുന്നു.20തിരുനിവാസത്തിനും പ്രാകാരത്തിനും നാല് പുറവുമുള്ള കുറ്റികൾ എല്ലാം താമ്രം ആയിരുന്നു.

21മോശെയുടെ കല്പന അനുസരിച്ച് പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാർ മുഖാന്തരം ലേവ്യരുടെ ശുശ്രൂഷയാൽ കണക്ക് കൂട്ടിയതുപോലെ സാക്ഷ്യകൂടാരമെന്ന തിരുനിവാസത്തിനുണ്ടായ ചെലവ് എന്തെന്നാൽ:22യെഹൂദാഗോത്രത്തിൽ ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേൽ മോശെയോട് യഹോവ കല്പിച്ചതൊക്കെയും ഉണ്ടാക്കി.23അവനോടുകൂടി ദാൻഗോത്രത്തിൽ അഹീസാമാക്കിന്റെ മകനായി കൊത്തുപണിക്കാരനും കൌശലപ്പണിക്കാരനും നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവ കൊണ്ട് ചിത്രത്തയ്യൽപണി ചെയ്യുന്നവനുമായ ഒഹൊലീയാബും ഉണ്ടായിരുന്നു.

24വിശുദ്ധമന്ദിരത്തിന്റെ സകലപ്രവൃത്തിയുടെയും പണിക്ക് വഴിപാടായി ഉപയോഗിച്ച പൊന്ന് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ആകെ ഇരുപത്തൊമ്പതു താലന്തും എഴുനൂറ്റിമുപ്പതു ശേക്കെലും ആയിരുന്നു.25സഭയിൽ എണ്ണമെടുക്കപ്പെട്ടവരുടെ വെള്ളി വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറു താലന്തും ആയിരത്തെഴുനൂറ്റെഴുപത്തഞ്ച് (1775) ശേക്കെലും ആയിരുന്നു.26ഇരുപത് വയസ്സും അതിനു മുകളിൽ പ്രായമുള്ളവരായി എണ്ണമെടുക്കപ്പെട്ടവരുടെ കൂട്ടത്തിൽ ഉൾപ്പെട്ട ആറുലക്ഷത്തിമൂവായിരത്തഞ്ഞൂറ്റമ്പത് (603,550) പേരിൽ ഓരോരുത്തർക്കും ഓരോ ബെക്കാ വീതമായിരുന്നു; അത് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അര ശേക്കെൽ ആകുന്നു.
27വിശുദ്ധമന്ദിരത്തിന്റെ ചുവടുകളും മറശ്ശീലയുടെ ചുവടുകളും വാർക്കുന്നതിന് ഒരു ചുവടിന് ഒരു താലന്ത് വീതം നൂറ് ചുവടിന് നൂറ് താലന്ത് വെള്ളി ചെലവായി.28ശേഷിച്ച ആയിരത്തെഴുനൂറ്റെഴുപത്തഞ്ച് (1775) ശേക്കെൽകൊണ്ട് അവൻ തൂണുകൾക്ക് കൊളുത്ത് ഉണ്ടാക്കുകയും കുമിഴ് പൊതികയും മേൽചുറ്റുപടി ഉണ്ടാക്കുകയും ചെയ്തു.29വഴിപാടായി ലഭിച്ച താമ്രം എഴുപത് താലന്തും രണ്ടായിരത്തിനാനൂറ് (2400) ശേക്കെലും ആയിരുന്നു.
30അതുകൊണ്ട് അവൻ സമാഗമനകൂടാരത്തിന്റെ വാതിലിനുള്ള ചുവടുകളും താമ്രയാഗപീഠവും അതിന്റെ താമ്രജാലവും യാഗപീഠത്തിന്റെ എല്ലാ ഉപകരണങ്ങളും31ചുറ്റും പ്രാകാരത്തിന്റെ ചുവടുകളും പ്രാകാരവാതിലിനുള്ള ചുവടുകളും തിരുനിവാസത്തിന്റെ എല്ലാകുറ്റികളും ചുറ്റും പ്രാകാരത്തിന്റെ കുറ്റികളും ഉണ്ടാക്കി.


1 38:8 ദർപ്പണം = കണ്ണാടി

39

1യഹോവ മോശെയോട് കല്പിച്ചതുപോലെ അവർ നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ട് വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കായി വിശേഷവസ്ത്രവും അഹരോന് വിശുദ്ധവസ്ത്രവും ഉണ്ടാക്കി.

2പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ഏഫോദ് ഉണ്ടാക്കി.3നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവയുടെ ഇടയിൽ ചിത്രപ്പണിയായി നെയ്യേണ്ടതിന് അവർ പൊന്ന് അടിച്ചു നേരിയ തകിടാക്കി നൂലായി മുറിച്ചു.
4അവർ തോൾപ്പട്ട ഉണ്ടാക്കി ഏഫോദിന്റെ രണ്ട് അറ്റത്തും ബന്ധിപ്പിച്ചിരുന്നു.5അത് കെട്ടിമുറുക്കുവാൻ ഏഫോദ് പോലെ ചിത്രപ്പണിയുള്ള നടുക്കെട്ട് വേണം. ഏഫോദിന്റെ പണിപോലെ പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ആയിരിക്കണം നടുക്കെട്ട് ഉണ്ടാക്കുന്നത്.

6മുദ്ര കൊത്തുന്നതു പോലെ യിസ്രായേൽമക്കളുടെപേര് കൊത്തിയ ഗോമേദകക്കല്ലുകൾ അവർ പൊൻ തടങ്ങളിൽ പതിച്ചു.7യഹോവ മോശെയോട് കല്പിച്ചതുപോലെ അവൻ യിസ്രായേൽമക്കൾക്കുവേണ്ടി ഏഫോദിന്റെ തോൾപ്പട്ടയുടെ മേൽ ഓർമ്മക്കല്ലുകൾ വച്ചു.

8അവൻ ഏഫോദിന്റെ ചിത്രപ്പണിപോലെ പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് പതക്കവും ഉണ്ടാക്കി.9പതക്കം സമചതുരത്തിൽ രണ്ടുമടക്കായി ഉണ്ടാക്കി; അത് ഒരു ചാൺ നീളവും ഒരു ചാൺ വീതിയും ഉള്ളതായിരുന്നു.
10അവർ അതിൽ നാല് നിര രത്നം പതിച്ചു: താമ്രമണി, പീതരത്നം, മരതകം; ഇത് ഒന്നാമത്തെ നിര.11രണ്ടാമത്തെ നിര: മാണിക്യം, നിലക്കല്ല്, വജ്രം,12മൂന്നാമത്തെ നിര: പത്മരാഗം, വൈഡൂര്യം, സുഗന്ധിക്കല്ല്.13നാലാമത്തെ നിര: ഗോമേദകം, പുഷ്പരാഗം, സൂര്യകാന്തം; അവ അതത് തടത്തിൽ പൊന്നിൽ പതിച്ചിരുന്നു.
14ഈ കല്ലുകൾ യിസ്രായേൽമക്കളുടെ പേരുകളോടുകൂടി അവരുടെ ഗോത്രസംഖ്യയ്ക്കു ഒത്തവണ്ണം പന്ത്രണ്ട് ആയിരുന്നു; പന്ത്രണ്ട് ഗോത്രങ്ങളിൽ ഓരോന്നിന്റെ പേര് അവയിൽ മുദ്ര കൊത്തിയിരുന്നു.15പതക്കത്തിന് തങ്കം കൊണ്ട് പിരിച്ചെടുത്ത ചരടുകൾ പോലെ രണ്ട് ചങ്ങലകൾ നിർമ്മിച്ചു.16പൊന്ന് കൊണ്ട് രണ്ട് വളയങ്ങളും കണ്ണികളും ഉണ്ടാക്കി; രണ്ട് വളയങ്ങളും പതക്കത്തിന്റെ രണ്ട് അറ്റത്തും വച്ചു.
17പൊന്നുകൊണ്ടുള്ള രണ്ട് സരപ്പളി അവർ പതക്കത്തിന്റെ അറ്റത്ത് രണ്ട് വളയത്തിലും കൊളുത്തി.18രണ്ട് സരപ്പളിയുടെയും അറ്റം രണ്ടും അവർ കണ്ണികളിൽ കൊളുത്തി ഏഫോദിന്റെ തോൾപ്പട്ടയുടെ മുൻഭാഗത്തുവച്ചു.
19അവർ പൊന്നുകൊണ്ട് വേറെ രണ്ട് കണ്ണി ഉണ്ടാക്കി പതക്കത്തിന്റെ മറ്റെ രണ്ട് അറ്റത്തും ഏഫോദിന്റെ കീഴറ്റത്തിനു നേരെ അകത്തെ വിളുമ്പിലും വച്ചു.20അവർ വേറെ രണ്ട് പൊൻകണ്ണി ഉണ്ടാക്കി ഏഫോദിന്റെ മുൻഭാഗത്ത് രണ്ട് തോൾപ്പട്ടയുടെ താഴെ അതിന്റെ ചേർപ്പിനരികെ ഏഫോദിന്റെ നടുക്കെട്ടിന് മുകളിലായി വച്ചു.
21പതക്കം ഏഫോദിന്റെ നടുക്കെട്ടിന് മുകളിലായി ഇരിക്കണ്ടതിനും അത് ഏഫോദിൽ ആടാതിരിക്കണ്ടതിനും ദൈവം മോശെയോട് കല്പിച്ചതുപോലെ അവർ അത് കണ്ണികളാൽ ഏഫോദിന്റെ കണ്ണികളോട് നീലനാടകൊണ്ട് കെട്ടി.

22അവൻ ഏഫോദിന്റെ അങ്കി മുഴുവനും നീലനൂൽകൊണ്ട് നെയ്ത്തുപണിയായി ഉണ്ടാക്കി.23അങ്കിയുടെ നടുവിൽ കവചത്തിന്റെ ദ്വാരംപോലെ ഒരു ദ്വാരവും അത് കീറാതിരിക്കണ്ടതിന് ചുറ്റും ഒരു നാടയും വച്ചു.24അങ്കിയുടെ വിളുമ്പിൽ നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ, എന്നിവ കൊണ്ട് മാതളപ്പഴങ്ങൾ ഉണ്ടാക്കി.
25തങ്കം കൊണ്ട് മണികളും ഉണ്ടാക്കി; മണികൾ അങ്കിയുടെ വിളുമ്പിൽ ചുറ്റും മാതളപ്പഴങ്ങളുടെ ഇടയിൽ വച്ചു.26ശുശ്രൂഷയ്ക്കുള്ള അങ്കിയുടെ വിളുമ്പിൽ ചുറ്റും ഒരു മണിയും ഒരു മാതളപ്പഴവും ഒരു മണിയും ഒരു മാതളപ്പഴവും ഇങ്ങനെ യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ വച്ചു.

27അഹരോനും പുത്രന്മാർക്കും പഞ്ഞിനൂൽകൊണ്ട് നെയ്ത്തുപണിയായ അങ്കിയും28പഞ്ഞിനൂൽകൊണ്ട് മുടിയും പഞ്ഞിനൂൽകൊണ്ട് അലങ്കാരമുള്ള തലപ്പാവും പിരിച്ച പഞ്ഞിനൂൽകൊണ്ട് കാൽച്ചട്ടയും29പിരിച്ച പഞ്ഞിനൂൽ, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ട് ചിത്രത്തയ്യൽപണിയായ നടുക്കെട്ടും യഹോവ മോശെയോട് കല്പിച്ചതുപോലെ ഉണ്ടാക്കി.

30അവർ തങ്കംകൊണ്ട് വിശുദ്ധമുടിയുടെ നെറ്റിപ്പട്ടം ഉണ്ടാക്കി, അതിൽ “യഹോവയ്ക്ക് വിശുദ്ധം” എന്ന് മുദ്ര കൊത്തി.31അതു മുടിമേൽ കെട്ടേണ്ടതിന് അതിൽ നീലനൂൽനാട കോർത്തു: യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ.

32ഇങ്ങനെ സമാഗമനകൂടാരമെന്ന തിരുനിവാസത്തിന്റെ പണി തീർന്നു; യഹോവ മോശെയോട് കല്പിച്ചതുപോലെ യിസ്രായേൽമക്കൾ ചെയ്തു. അങ്ങനെ തന്നെ അവർ ചെയ്തു.

33അവർ തിരുനിവാസം മോശെയുടെ അടുക്കൽ കൊണ്ടുവന്നു; കൂടാരവും അതിന്റെ ഉപകരണങ്ങൾ കൊളുത്ത്, പലക,34അന്താഴം, തൂൺ, ചുവട്, ചുവപ്പിച്ച ആട്ടുകൊറ്റന്തോൽകൊണ്ടുള്ള പുറമൂടി, തഹശൂതോൽകൊണ്ടുള്ള പുറമൂടി, മറയുടെ തിരശ്ശീല,35സാക്ഷ്യപെട്ടകം, അതിന്റെ തണ്ട്,
36കൃപാസനം, മേശ, അതിന്റെ ഉപകരണങ്ങളെല്ലാം,37കാഴ്ചയപ്പം, തങ്കംകൊണ്ടുള്ള നിലവിളക്ക്, കത്തിച്ചുവയ്ക്കുവാനുള്ള ദീപങ്ങൾ, അതിന്റെ ഉപകരണങ്ങൾ,38വെളിച്ചത്തിന് എണ്ണ, പൊന്നുകൊണ്ടുള്ള ധൂപപീഠം, അഭിഷേകതൈലം, സുഗന്ധ ധൂപവർഗ്ഗം, കൂടാരവാതിലിനുള്ള മറശ്ശീല,39താമ്രംകൊണ്ടുള്ള യാഗപീഠം, അതിന്റെ താമ്രജാലം, തണ്ട്, അതിന്റെ ഉപകരണങ്ങൾ, തൊട്ടി, അതിന്റെ കാൽ,
40പ്രാകാരത്തിന്റെ മറശ്ശീല, തൂൺ, അതിന്റെ ചുവട്, പ്രാകാരവാതിലിന്റെ മറശ്ശീല, അതിന്റെ കയറ്, കുറ്റി, സമാഗമനകൂടാരമെന്ന തിരുനിവാസത്തിലെ ശുശ്രൂഷയ്ക്കുള്ള എല്ലാ ഉപകരണങ്ങളും,41വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കു വിശേഷവസ്ത്രം, പുരോഹിതശുശ്രൂഷയ്ക്കുള്ള അഹരോന്റെ വിശുദ്ധവസ്ത്രം, അവന്റെ പുത്രന്മാരുടെ വസ്ത്രം
42ഇങ്ങനെ യഹോവ മോശെയോട് കല്പിച്ചതുപോലെ യിസ്രായേൽമക്കൾ എല്ലാപണിയും തീർത്തു.43മോശെ നിർമ്മിതികൾ എല്ലാം പരിശോധിച്ചു നോക്കി, യഹോവ കല്പിച്ചതുപോലെ അവർ അത് ചെയ്തു തീർത്തിരുന്നു എന്ന് കണ്ട് മോശെ അവരെ അനുഗ്രഹിച്ചു.

40

1അതിനുശേഷം യഹോവ മോശെയോട് അരുളിച്ചെയ്തതു:2“ഒന്നാം മാസം ഒന്നാം തീയതി നീ സമാഗമനകൂടാരമെന്ന തിരുനിവാസം നിവിർക്കണം.

3സാക്ഷ്യപെട്ടകം അതിൽ വച്ച് തിരശ്ശീലകൊണ്ട് പെട്ടകം മറയ്ക്കണം.4മേശ കൊണ്ടുവന്ന് അതിന്റെ സാധനങ്ങൾ ക്രമത്തിൽ വയ്ക്കണം. നിലവിളക്ക് കൊണ്ടുവന്ന് അതിന്റെ ദീപം കൊളുത്തണം.
5ധൂപത്തിനുള്ള പൊൻപീഠം സാക്ഷ്യപെട്ടകത്തിന് മുമ്പിൽ വച്ച് തിരുനിവാസ വാതിലിന്റെ മറശ്ശീല തൂക്കിയിടണം.6സമാഗമനകൂടാരമെന്ന തിരുനിവാസത്തിന്റെ വാതിലിന് മുമ്പിൽ ഹോമയാഗപീഠം വയ്ക്കണം.7സമാഗമനകൂടാരത്തിനും യാഗപീഠത്തിനും നടുവിൽ തൊട്ടി വച്ച് അതിൽ വെള്ളം ഒഴിക്കണം.
8ചുറ്റും പ്രാകാരം നിവിർത്ത് പ്രാകാരവാതിലിന്റെ മറശ്ശീല തൂക്കിയിടണം.9അഭിഷേകതൈലം എടുത്ത് തിരുനിവാസവും അതിലുള്ള സകലവും അഭിഷേകം ചെയ്ത് അതും അതിന്റെ ഉപകരണങ്ങളൊക്കെയും ശുദ്ധീകരിക്കണം; അതു വിശുദ്ധമായിരിക്കണം.10ഹോമയാഗപീഠവും അതിന്റെ എല്ലാ ഉപകരണങ്ങളും അഭിഷേകം ചെയ്ത് യാഗപീഠം ശുദ്ധീകരിക്കണം; യാഗപീഠം അതിവിശുദ്ധമായിരിക്കണം.11തൊട്ടിയും അതിന്റെ കാലും അഭിഷേകം ചെയ്ത് ശുദ്ധീകരിക്കണം.
12അഹരോനെയും പുത്രന്മാരെയും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ കൊണ്ടുവന്ന് അവരെ വെള്ളംകൊണ്ടു കഴുകണം.13അഹരോനെ വിശുദ്ധവസ്ത്രം ധരിപ്പിച്ച്, എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് അവനെ അഭിഷേകം ചെയ്ത് ശുദ്ധീകരിക്കണം.
14അവന്റെ പുത്രന്മാരെ വരുത്തി അങ്കി ധരിപ്പിച്ച്,15എനിക്ക് പുരോഹിത ശുശ്രൂഷ ചെയ്യേണ്ടതിന് അവരുടെ അപ്പനെ അഭിഷേകം ചെയ്തതുപോലെ അവരെയും അഭിഷേകം ചെയ്യണം; അവരുടെ അഭിഷേകം ഹേതുവായി അവർക്ക് തലമുറതലമുറയോളം നിത്യപൌരോഹിത്യം ഉണ്ടായിരിക്കണം.”16മോശെ അങ്ങനെ ചെയ്തു; യഹോവ തന്നോട് കല്പിച്ചതുപോലെ എല്ലാം അവൻ ചെയ്തു.

17ഇങ്ങനെ രണ്ടാം വർഷം ഒന്നാം മാസം ഒന്നാം തീയതി തിരുനിവാസം നിവർത്തി.18മോശെ തിരുനിവാസം നിവർക്കുകയും അതിന്റെ ചുവട് ഉറപ്പിക്കുകയും പലക നിറുത്തുകയും അന്താഴം ചെലുത്തുകയും തൂൺ നാട്ടുകയും ചെയ്തു.19അവൻ മൂടുവിരി തിരുനിവാസത്തിന്മേൽ വിരിച്ചു. അതിന്മീതെ മൂടുവിരിയുടെ പുറമൂടിയും വിരിച്ചു; യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ.20അവൻ സാക്ഷ്യം എടുത്ത് പെട്ടകത്തിൽ വച്ചു; പെട്ടകത്തിന് തണ്ടുകൾ ഇട്ടു.പെട്ടകത്തിന് മീതെ കൃപാസനം വച്ചു.
21പെട്ടകം തിരുനിവാസത്തിൽ കൊണ്ടുവന്നു. മറയുടെ തിരശ്ശീല തൂക്കി സാക്ഷ്യപെട്ടകം മറച്ചു; യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ ചെയ്തു.22സമാഗമനകൂടാരത്തിൽ തിരുനിവാസത്തിന്റെ വടക്കുവശത്ത് തിരശ്ശീലയ്ക്ക് പുറത്തായി മേശവച്ചു.23അതിന്മേൽ യഹോവയുടെ സന്നിധിയിൽ അപ്പം അടുക്കിവച്ചു; യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ ചെയ്തു.
24സമാഗമനകൂടാരത്തിൽ മേശയ്ക്ക് നേരെ തിരുനിവാസത്തിന്റെ തെക്കുവശത്ത് നിലവിളക്ക് വയ്ക്കുകയും യഹോവയുടെ സന്നിധിയിൽ ദീപം കൊളുത്തുകയും ചെയ്തു;25യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ ചെയ്തു.
26സമാഗമനകൂടാരത്തിൽ തിരശ്ശീലയുടെ മുൻവശത്ത് പൊന്നുകൊണ്ടുള്ള ധൂപപീഠം വയ്ക്കുകയും അതിന്മേൽ സുഗന്ധധൂപവർഗ്ഗം പുകയ്ക്കുകയും ചെയ്തു;27യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ ചെയ്തു.
28അവൻ തിരുനിവാസത്തിന്റെ വാതിലിനുള്ള മറശ്ശീല തൂക്കിയിട്ടു.29ഹോമയാഗപീഠം സമാഗമനകൂടാരമെന്ന തിരുനിവാസത്തിന്റെ വാതിലിന് മുൻവശത്ത് വയ്ക്കുകയും അതിന്മേൽ ഹോമയാഗവും ഭോജനയാഗവും അർപ്പിക്കുകയും ചെയ്തു. യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ ചെയ്തു.30സമാഗമനകൂടാരത്തിനും യാഗപീഠത്തിനും നടുവിൽ അവൻ തൊട്ടിവയ്ക്കുകയും കഴുകേണ്ടതിന് അതിൽ വെള്ളം ഒഴിക്കുകയും ചെയ്തു.
31മോശെയും അഹരോനും അവന്റെ പുത്രന്മാരും അതിൽ കയ്യും കാലും കഴുകി.32അവർ സമാഗമനകൂടാരത്തിൽ കടക്കുമ്പോഴും യാഗപീഠത്തിൽ ചെല്ലുമ്പോഴും കൈകാലുകൾ കഴുകും; യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ ചെയ്തു.33അവൻ തിരുനിവാസത്തിനും യാഗപീഠത്തിനും ചുറ്റം പ്രാകാരം നിർമ്മിച്ചു; പ്രാകാരവാതിലിന്റെ മറശ്ശീല തൂക്കിയിട്ടു. ഇങ്ങനെ മോശെയുടെ പ്രവൃത്തി സമാപിച്ചു.

34അപ്പോൾ മേഘം സമാഗമനകൂടാരത്തെ മൂടി, യഹോവയുടെ തേജസ്സ് തിരുനിവാസത്തെ നിറച്ചു.35മേഘം സമാഗമനകൂടാരത്തിന്മേൽ അധിവസിക്കുകയും യഹോവയുടെ തേജസ്സ് തിരുനിവാസത്തെ നിറയ്ക്കുകയും ചെയ്തതുകൊണ്ട് മോശെയ്ക്ക് അകത്ത് കടക്കുവാൻ കഴിഞ്ഞില്ല.
36മേഘം തിരുനിവാസത്തിന്മേൽനിന്ന് ഉയരുമ്പോൾ യിസ്രായേൽമക്കൾ യാത്ര പുറപ്പെടും.37മേഘം ഉയരാതിരുന്നാൽ അത് ഉയരുന്നതുവരെ അവർ യാത്ര പുറപ്പെടാതിരിക്കും.38യിസ്രായേല്യരുടെ സകലയാത്രകളിലും അവരെല്ലാവരും കാൺകെ പകൽ സമയത്ത് തിരുനിവാസത്തിന്മേൽ യഹോവയുടെ മേഘവും രാത്രിസമയത്ത് അതിൽ അഗ്നിയും ഉണ്ടായിരുന്നു.

ലേവ്യപുസ്തകം

1

1യഹോവ സമാഗമനകൂടാരത്തിൽവച്ചു മോശെയെ വിളിച്ച് അവനോട് അരുളിച്ചെയ്തത്:2“നീ യിസ്രായേൽമക്കളോടു സംസാരിച്ച് അവരോടു പറയേണ്ടത് എന്തെന്നാൽ: ‘നിങ്ങളിൽ ആരെങ്കിലും യഹോവയ്ക്കു വഴിപാടു കൊണ്ടുവരുന്നു എങ്കിൽ കന്നുകാലികളോ ആടുകളോ ആയ മൃഗങ്ങളെ വഴിപാടു കൊണ്ടുവരണം.

3“ ‘അവൻ വഴിപാടായി കന്നുകാലികളിൽ ഒന്നിനെ ഹോമയാഗം കഴിക്കുന്നുവെങ്കിൽ ഊനമില്ലാത്ത ആണിനെ അർപ്പിക്കണം; യഹോവയുടെ പ്രസാദം ലഭിക്കുവാൻ തക്കവണ്ണം അവൻ അതിനെ സമാഗമനകൂടാരത്തിന്റെ വാതില്ക്കൽവച്ച് അർപ്പിക്കണം.4അവൻ ഹോമയാഗമൃഗത്തിന്റെ തലയിൽ കൈ വയ്ക്കണം; എന്നാൽ ഹോമയാഗമൃഗം അവനുവേണ്ടി പ്രായശ്ചിത്തം വരുത്തുവാൻ അവന്റെ പേർക്കു സ്വീകാര്യമാകും.
5അവൻ യഹോവയുടെ സന്നിധിയിൽ കാളക്കിടാവിനെ അറുക്കണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം കൊണ്ടുവന്നു സമാഗമനകൂടാരത്തിന്റെ വാതിക്കൽ ഉള്ള യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം.6അവൻ ഹോമയാഗമൃഗത്തെ തോലുരിച്ചു കഷണംകഷണമായി മുറിക്കണം.
7പുരോഹിതനായ അഹരോന്റെ പുത്രന്മാർ യാഗപീഠത്തിന്മേൽ വിറക് അടുക്കി തീ കത്തിക്കണം.8പിന്നെ അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ കഷണങ്ങളും തലയും കൊഴുപ്പും യാഗപീഠത്തിൽ തീയുടെമേലുള്ള വിറകിന്മീതെ അടുക്കിവയ്ക്കണം.9അതിന്റെ കുടലും കാലും അവൻ വെള്ളത്തിൽ കഴുകണം. പുരോഹിതൻ സകലവും യാഗപീഠത്തിന്മേൽ ഹോമയാഗമായി ദഹിപ്പിക്കണം; അത് യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം.

10“ ‘ഹോമയാഗത്തിനുള്ള അവന്റെ വഴിപാടു ആട്ടിൻകൂട്ടത്തിലെ ഒരു ചെമ്മരിയാടോ കോലാടോ ആകുന്നുവെങ്കിൽ ഊനമില്ലാത്ത ആണിനെ അവൻ അർപ്പിക്കണം.11അവൻ യഹോവയുടെ സന്നിധിയിൽ യാഗപീഠത്തിന്റെ വടക്കുവശത്തുവച്ച് അതിനെ അറുക്കണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം.
12അവൻ അതിനെ തലയോടും മേദസ്സോടുംകൂടി കഷണംകഷണമായി മുറിക്കണം; പുരോഹിതൻ അവയെ യാഗപീഠത്തിൽ തീയുടെമേലുള്ള വിറകിന്മീതെ അടുക്കിവയ്ക്കണം.13കുടലും കാലും അവൻ വെള്ളത്തിൽ കഴുകണം; പുരോഹിതൻ സകലവും കൊണ്ടുവന്നു ഹോമയാഗമായി യഹോവയ്ക്കു സൗരഭ്യവാസനയുള്ള ദഹനയാഗമായി യാഗപീഠത്തിന്മേൽ ദഹിപ്പിക്കണം.

14“ ‘യഹോവയ്ക്ക് അവന്റെ വഴിപാടു പറവജാതിയിൽ ഒന്നിനെക്കൊണ്ടുള്ള ഹോമയാഗമാകുന്നു എങ്കിൽ അവൻ കുറുപ്രാവിനെയോ പ്രാവിൻകുഞ്ഞിനെയോ വഴിപാടായി അർപ്പിക്കണം.15പുരോഹിതൻ അതിനെ യാഗപീഠത്തിന്റെ അടുക്കൽ കൊണ്ടുവന്നു തല പിരിച്ചുപറിച്ചു യാഗപീഠത്തിന്മേൽ ദഹിപ്പിക്കണം; അതിന്റെ രക്തം യാഗപീഠത്തിന്റെ വശത്ത് പിഴിഞ്ഞുകളയണം.
16അതിന്റെ ആമാശയം മലത്തോടുകൂടി പറിച്ചെടുത്ത് യാഗപീഠത്തിന്റെ അരികിൽ കിഴക്കുവശത്തു ചാരമിടുന്ന സ്ഥലത്ത് ഇടണം.17അതിനെ രണ്ടാക്കാതെ ചിറകോടുകൂടി പിളർക്കണം; പുരോഹിതൻ അതിനെ യാഗപീഠത്തിൽ തീയുടെമേലുള്ള വിറകിന്മീതെ ദഹിപ്പിക്കണം; അതു ഹോമയാഗമായി യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം.

2

1“ ‘ആരെങ്കിലും യഹോവയ്ക്കു ഭോജനയാഗമായ വഴിപാടു കഴിക്കുമ്പോൾ അവന്റെ വഴിപാടു നേരിയ മാവ് ആയിരിക്കണം; അവൻ അതിന്മേൽ എണ്ണ ഒഴിച്ചു കുന്തുരുക്കവും ഇടണം.2അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരുടെ അടുക്കൽ അവൻ അതു കൊണ്ടുവരണം. പുരോഹിതൻ മാവും എണ്ണയും ഒരു കൈ നിറച്ചു കുന്തുരുക്കം മുഴുവനും എടുക്കണം; പുരോഹിതൻ അതു സ്മരണാംശമായി യാഗപീഠത്തിന്മേൽ ദഹിപ്പിക്കണം; അതു യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം.3എന്നാൽ ഭോജനയാഗത്തിന്റെ ശേഷിപ്പ് അഹരോനും പുത്രന്മാർക്കും ആയിരിക്കണം. യഹോവയ്ക്കുള്ള ദഹനയാഗങ്ങളിൽ ഇത് അതിവിശുദ്ധം.

4“ ‘അടുപ്പത്തുവച്ചു ചുട്ടതു നീ ഭോജനയാഗമായി കഴിക്കുന്നു എങ്കിൽ അതു നേരിയ മാവു കൊണ്ടുണ്ടാക്കിയ എണ്ണ ചേർത്ത പുളിപ്പില്ലാത്ത ദോശകളോ എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളോ ആയിരിക്കണം.5നിന്റെ വഴിപാടു ചട്ടിയിൽ ചുട്ട ഭോജനയാഗം ആകുന്നുഎങ്കിൽ അത് എണ്ണ ചേർത്ത പുളിപ്പില്ലാത്ത നേരിയ മാവുകൊണ്ട് ആയിരിക്കണം.
6അതു കഷണംകഷണമായി നുറുക്കി അതിന്മേൽ എണ്ണ ഒഴിക്കണം; അതു ഭോജനയാഗം.7നിന്റെ വഴിപാടു ഉരുളിയിൽ ചുട്ട ഭോജനയാഗം ആകുന്നുവെങ്കിൽ അത് എണ്ണ ചേർത്ത നേരിയ മാവുകൊണ്ട് ഉണ്ടാക്കണം.
8ഇവകൊണ്ട് ഉണ്ടാക്കിയ ഭോജനയാഗം നീ യഹോവയ്ക്കു കൊണ്ടുവരണം; അതു പുരോഹിതന്റെ അടുക്കൽ കൊണ്ടുചെല്ലുകയും അവൻ അതു യാഗപീഠത്തിങ്കൽ കൊണ്ടുപോവുകയും വേണം.9പുരോഹിതൻ ഭോജനയാഗത്തിന്റെ സ്മരണാംശം എടുത്തു യാഗപീഠത്തിന്മേൽ യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗമായി ദഹിപ്പിക്കണം.10ഭോജനയാഗത്തിന്റെ ശേഷിപ്പ് അഹരോനും പുത്രന്മാർക്കും ആയിരിക്കണം; അത് യഹോവയ്ക്കുള്ള ദഹനയാഗങ്ങളിൽ അതിവിശുദ്ധം.
11നിങ്ങൾ യഹോവയ്ക്കു കഴിക്കുന്ന യാതൊരു ഭോജനയാഗവും പുളിപ്പുള്ളതായി ഉണ്ടാക്കരുത്; പുളിപ്പുള്ളതും യാതൊരു വക തേനും യഹോവയ്ക്കു ദഹനയാഗമായി ദഹിപ്പിക്കരുത്.12അവ ആദ്യഫലങ്ങളുടെ വഴിപാടായി യഹോവയ്ക്ക് അർപ്പിക്കാം. എങ്കിലും സൗരഭ്യവാസനയായി യാഗപീഠത്തിന്മേൽ അവ ദഹിപ്പിക്കരുത്.13നിന്റെ ഭോജനയാഗത്തിനു ഒക്കെയും ഉപ്പു ചേർക്കണം; നിന്റെ ദൈവത്തിന്റെ നിയമത്തിൻ ഉപ്പു ഭോജനയാഗത്തിന് ഇല്ലാതിരിക്കരുത്; എല്ലാ വഴിപാടിനും ഉപ്പു ചേർക്കേണം.

14“ ‘നിന്റെ ആദ്യഫലങ്ങളുടെ ഭോജനയാഗം യഹോവയ്ക്കു കഴിക്കുന്നു എങ്കിൽ കതിർ വറുത്ത് ഉതിർത്ത മണികൾ ആദ്യഫലങ്ങളുടെ ഭോജനയാഗമായി അർപ്പിക്കണം.15അതിന്മേൽ എണ്ണ ഒഴിച്ച് അതിൻമീതെ കുന്തുരുക്കവും ഇടണം; അത് ഒരു ഭോജനയാഗം.16ഉതിർത്ത മണിയിലും എണ്ണയിലും അല്പവും കുന്തുരുക്കം മുഴുവനും പുരോഹിതൻ സ്മരണാംശമായി ദഹിപ്പിക്കണം; അത് യഹോവയ്ക്ക് ഒരു ദഹനയാഗം.

3

1“ ‘ഒരുവന്റെ വഴിപാടു സമാധാനയാഗം ആകുന്നുവെങ്കിൽ കന്നുകാലികളിൽ ഒന്നിനെ അർപ്പിക്കുന്നെങ്കിൽ ആണാകട്ടെ പെണ്ണാകട്ടെ ഊനമില്ലാത്തതിനെ അവൻ യഹോവയുടെ സന്നിധിയിൽ അർപ്പിക്കണം.2തന്റെ വഴിപാടിന്റെ തലയിൽ അവൻ കൈവച്ചു സമാഗമനകൂടാരത്തിന്റെ വാതില്ക്കൽവച്ച് അതിനെ അറുക്കണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം.

3അവൻ സമാധാനയാഗത്തിൽനിന്നു കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലിരിക്കുന്ന സകലമേദസ്സും വൃക്ക രണ്ടും4അവയുടെ മേൽ കടിപ്രദേശത്തുള്ള മേദസ്സും വൃക്കയോടുകൂടി കരളിന്മേലുള്ള കൊഴുപ്പും നീക്കി യഹോവയ്ക്കു ദഹനയാഗമായി അർപ്പിക്കണം.5അഹരോന്റെ പുത്രന്മാർ യാഗപീഠത്തിൽ തീയുടെ മേലുള്ള വിറകിന്മേൽ ഹോമയാഗത്തിന്മീതെ അതു ദഹിപ്പിക്കണം; അത് യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം.

6“ ‘യഹോവയ്ക്കു സമാധാനയാഗമായുള്ള വഴിപാട് ആട് ആകുന്നു എങ്കിൽ ആണാകട്ടെ പെണ്ണാകട്ടെ ഊനമില്ലാത്തതിനെ അർപ്പിക്കണം.7ഒരു കുഞ്ഞാടിനെ വഴിപാടായിട്ട് അർപ്പിക്കുന്നു എങ്കിൽ അതിനെ യഹോവയുടെ സന്നിധിയിൽ അർപ്പിക്കണം.8തന്റെ വഴിപാടിന്റെ തലയിൽ അവൻ കൈവച്ചു സമാഗമനകൂടാരത്തിന്റെ മുമ്പിൽ അതിനെ അറുക്കണം; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം.
9അവൻ സമാധാനയാഗത്തിൽനിന്നു അതിന്റെ മേദസ്സും തടിച്ചവാൽ മുഴുവനും - ഇതു നട്ടെല്ലിൽനിന്നു പറിച്ചുകളയണം - കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകലമേദസ്സും10വൃക്ക രണ്ടും അവയുടെ മേൽ കടിപ്രദേശത്തുള്ള മേദസ്സും വൃക്കയോടുകൂടി കരളിന്മേലുള്ള കൊഴുപ്പും നീക്കി യഹോവയ്ക്കു ദഹനയാഗമായി അർപ്പിക്കണം.11പുരോഹിതൻ അതു യാഗപീഠത്തിന്മേൽ ദഹിപ്പിക്കണം; അതു യഹോവയ്ക്കു ദഹനയാഗഭോജനം.

12“ ‘അവന്റെ വഴിപാട് കോലാട് ആകുന്നു എങ്കിൽ അവൻ അതിനെ യഹോവയുടെ സന്നിധിയിൽ അർപ്പിക്കണം.13അതിന്റെ തലയിൽ അവൻ കൈവച്ചു സമാഗമനകൂടാരത്തിന്റെ മുമ്പിൽ അതിനെ അറുക്കണം; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം.14അതിൽനിന്നു കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകല മേദസ്സും വൃക്ക രണ്ടും
15അവയുടെ മേൽ കടിപ്രദേശത്തുള്ള മേദസ്സും വൃക്കകളോടുകൂടി കരളിന്മേലുള്ള കൊഴുപ്പും നീക്കി അവൻ യഹോവയ്ക്കു ദഹനയാഗമായി തന്റെ വഴിപാട് അർപ്പിക്കണം.16പുരോഹിതൻ അതു യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; അതു സൗരഭ്യവാസനയായ ദഹനയാഗഭോജനം; മേദസ്സൊക്കെയും യഹോവയ്ക്കുള്ളത് ആകുന്നു.17മേദസ്സും രക്തവും തിന്നരുത് എന്നുള്ളതു നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും നിങ്ങൾക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.’ ”

4

1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:2“യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ‘ചെയ്യരുതെന്ന് യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും ഒരുവൻ അബദ്ധവശാൽ പാപം ചെയ്ത് ആ വക വല്ലതും പ്രവർത്തിച്ചാൽ -3അഭിഷിക്തനായ പുരോഹിതൻ ജനത്തിന്മേൽ കുറ്റം വരത്തക്കവണ്ണം പാപം ചെയ്തു എങ്കിൽ താൻ ചെയ്ത പാപം നിമിത്തം അവൻ യഹോവയ്ക്കു പാപയാഗമായി ഊനമില്ലാത്ത ഒരു കാളക്കിടാവിനെ അർപ്പിക്കണം.

4അവൻ ആ കാളയെ സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്നു കാളയുടെ തലയിൽ കൈവച്ചു യഹോവയുടെ സന്നിധിയിൽ കാളയെ അറുക്കണം.5അഭിഷിക്തനായ പുരോഹിതൻ കാളയുടെ രക്തം കുറെ എടുത്തു സമാഗമനകൂടാരത്തിൽ കൊണ്ടുവരണം.
6പുരോഹിതൻ രക്തത്തിൽ വിരൽ മുക്കി യഹോവയുടെ സന്നിധിയിൽ വിശുദ്ധമന്ദിരത്തിന്റെ തിരശ്ശീലയ്ക്കു മുമ്പിൽ ഏഴു പ്രാവശ്യം തളിക്കണം.7പുരോഹിതൻ രക്തം കുറെ യഹോവയുടെ സന്നിധിയിൽ സമാഗമനകൂടാരത്തിലുള്ള സുഗന്ധവർഗ്ഗത്തിൻ ധൂപപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടണം; കാളയുടെ ശേഷം രക്തം മുഴുവനും സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ ഉള്ള ഹോമയാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചുകളയണം.
8പാപയാഗത്തിനുള്ള കാളയുടെ സകലമേദസ്സും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകലമേദസ്സും അതിൽനിന്നു നീക്കണം.9വൃക്ക രണ്ടും അവയുടെ മേൽ കടിപ്രദേശത്തുള്ള മേദസ്സും വൃക്കകളോടുകൂടി കരളിന്മേലുള്ള കൊഴുപ്പും അവൻ എടുക്കണം.10സമാധാനയാഗത്തിനുള്ള കാളയിൽനിന്ന് എടുത്തതുപോലെ തന്നെ; പുരോഹിതൻ ഹോമയാഗപീഠത്തിന്മേൽ അതു ദഹിപ്പിക്കണം.
11കാളയുടെ തോലും മാംസം മുഴുവനും തലയും കാലുകളും കുടലും ചാണകവുമായി കാളയെ മുഴുവനും12അവൻ പാളയത്തിനു പുറത്തു ചാരം ഇടുന്ന ശുദ്ധിയുള്ള സ്ഥലത്തുകൊണ്ടുപോയി വിറകിന്മേൽ വച്ചു തീയിട്ടു ചുട്ടുകളയണം; ചാരം ഇടുന്നിടത്തുവച്ചുതന്നെ അതു ചുട്ടുകളയണം.

13“ ‘യിസ്രായേൽസഭ മുഴുവനും അബദ്ധവശാൽ പാപം ചെയ്യുകയും ആ കാര്യം സഭയുടെ കണ്ണിനു മറഞ്ഞിരിക്കുകയും, ചെയ്യരുതെന്ന് യഹോവ കല്പിച്ചിട്ടുള്ള വല്ലകാര്യത്തിലും അവർ പാപം ചെയ്തു കുറ്റക്കാരായി തീരുകയും ചെയ്താൽ,14ചെയ്ത പാപം അവർ അറിയുമ്പോൾ സഭ ഒരു കാളക്കിടാവിനെ പാപയാഗമായി അർപ്പിക്കണം; സമാഗമനകൂടാരത്തിന്റെ മുമ്പാകെ അതിനെ കൊണ്ടുവന്നിട്ട്15സഭയുടെ മൂപ്പന്മാർ യഹോവയുടെ സന്നിധിയിൽ കാളയുടെ തലയിൽ കൈ വയ്ക്കണം; യഹോവയുടെ സന്നിധിയിൽ കാളയെ അറുക്കുകയും വേണം.
16അഭിഷിക്തനായ പുരോഹിതൻ കാളയുടെ രക്തം കുറെ സമാഗമനകൂടാരത്തിൽ കൊണ്ടുവരണം.17പുരോഹിതൻ രക്തത്തിൽ വിരൽ മുക്കി യഹോവയുടെ സന്നിധിയിൽ തിരശ്ശീലയ്ക്കു മുമ്പിൽ ഏഴു പ്രാവശ്യം തളിക്കണം.
18അവൻ സമാഗമനകൂടാരത്തിൽ യഹോവയുടെ സന്നിധിയിലുള്ള പീഠത്തിന്റെ കൊമ്പുകളിൽ രക്തം കുറെ പുരട്ടണം; ശേഷിച്ച രക്തം മുഴുവനും സമാഗമനകൂടാരത്തിന്റെ വാതില്ക്കലുള്ള ഹോമയാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചുകളയണം.19കാളക്കിടാവിന്റെ മേദസ്സൊക്കെയും അഭിഷിക്തനായ പുരോഹിതൻ അതിൽനിന്ന് എടുത്ത് യാഗപീഠത്തിന്മേൽ ദഹിപ്പിക്കണം.
20പാപയാഗത്തിനുള്ള കാളയെ അഭിഷിക്തനായ പുരോഹിതൻ ചെയ്തതുപോലെ തന്നെ ഈ കാളയെയും ചെയ്യണം; അങ്ങനെ തന്നെ ഇതിനെയും ചെയ്യണം; ഇങ്ങനെ പുരോഹിതൻ യിസ്രായേൽസഭയ്ക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അത് സഭയോടു ക്ഷമിക്കും.21പിന്നെ അവൻ കാളയെ പാളയത്തിനു പുറത്തുകൊണ്ടുപോയി മുമ്പിലത്തെ കാളയെ ചുട്ടുകളഞ്ഞതുപോലെ ഇതിനെയും ചുട്ടുകളയണം; ഇതു സഭയ്ക്കുവേണ്ടിയുള്ള പാപയാഗം.

22“ ‘ഒരു ഭരണാധികാരി പാപം ചെയ്യുകയും, ചെയ്യരുതെന്നു തന്റെ ദൈവമായ യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും അബദ്ധവശാൽ പാപം ചെയ്ത് കുറ്റക്കാരനായി തീരുകയും ചെയ്താൽ23അവൻ ചെയ്ത പാപം അവന് ബോദ്ധ്യമായി എങ്കിൽ അവൻ ഊനമില്ലാത്ത ഒരു ആൺകോലാടിനെ വഴിപാടായി കൊണ്ടുവരണം.
24അവൻ ആടിന്റെ തലയിൽ കൈവച്ചു യഹോവയുടെ സന്നിധിയിൽ ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവച്ച് അതിനെ അറുക്കണം; അത് ഒരു പാപയാഗം.25പിന്നെ പുരോഹിതൻ പാപയാഗത്തിന്റെ രക്തം വിരൽകൊണ്ട് കുറെ എടുത്ത് ഹോമയാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടി ശേഷിച്ച രക്തം ഹോമയാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചുകളയണം.
26ആൺകോലാടിന്റെ മേദസ്സൊക്കെയും അവൻ സമാധാനയാഗത്തിന്റെ മേദസ്സുപോലെ യാഗപീഠത്തിന്മേൽ ദഹിപ്പിക്കണം; ഇങ്ങനെ പുരോഹിതൻ ഭരണാധികാരിയുടെ പാപം നിമിത്തം അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അത് അവനോടു ക്ഷമിക്കും.

27“ ‘സാധാരണ ജനങ്ങളിൽ ഒരുവൻ ചെയ്യരുതെന്ന് യഹോവ കല്പിച്ചിട്ടുള്ള വല്ലകാര്യത്തിലും അബദ്ധവശാൽ പാപം ചെയ്ത് കുറ്റക്കാരനായി തീർന്നാൽ28പാപം അവന് ബോദ്ധ്യമായി എങ്കിൽ അവൻ ചെയ്ത പാപംനിമിത്തം ഊനമില്ലാത്ത ഒരു പെൺകോലാട്ടിനെ വഴിപാടായി കൊണ്ടുവരണം.
29പാപയാഗമൃഗത്തിന്റെ തലയിൽ അവൻ കൈവച്ച ശേഷം ഹോമയാഗത്തിന്റെ സ്ഥലത്തുവച്ചു പാപയാഗമൃഗത്തെ അറുക്കണം.30പുരോഹിതൻ അതിന്റെ രക്തം വിരൽകൊണ്ടു കുറെ എടുത്തു ഹോമയാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടി, ശേഷിച്ച രക്തം ഒക്കെയും യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചുകളയണം.
31അതിന്റെ മേദസ്സൊക്കെയും സമാധാനയാഗത്തിൽനിന്നു മേദസ്സു എടുക്കുന്നതുപോലെ എടുത്ത് പുരോഹിതൻ യാഗപീഠത്തിന്മേൽ യഹോവയ്ക്കു സൗരഭ്യവാസനയായി ദഹിപ്പിക്കണം; ഇങ്ങനെ പുരോഹിതൻ അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അത് അവനോടു ക്ഷമിക്കും.

32“ ‘അവൻ പാപയാഗമായി ഒരു ആട്ടിൻകുട്ടിയെ കൊണ്ടുവരുന്നു എങ്കിൽ ഊനമില്ലാത്ത പെണ്ണാടിനെ കൊണ്ടുവരണം.33പാപയാഗമൃഗത്തിന്റെ തലയിൽ അവൻ കൈവച്ചു ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവച്ച് അതിനെ പാപയാഗമായി അറുക്കണം.
34പുരോഹിതൻ പാപയാഗത്തിന്റെ രക്തം വിരൽകൊണ്ടു കുറെ എടുത്ത് ഹോമയാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടി, ശേഷിച്ച രക്തം ഒക്കെയും യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചുകളയണം.35അതിന്റെ മേദസ്സൊക്കെയും സമാധാനയാഗത്തിൽനിന്ന് ആട്ടിൻകുട്ടിയുടെ മേദസ്സ് എടുക്കുന്നതുപോലെ അവൻ എടുക്കണം; പുരോഹിതൻ യാഗപീഠത്തിന്മേൽ യഹോവയുടെ ദഹനയാഗങ്ങളെപ്പോലെ അവയെ ദഹിപ്പിക്കണം; അവൻ ചെയ്ത പാപത്തിനു പുരോഹിതൻ ഇങ്ങനെ പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അത് അവനോടു ക്ഷമിക്കും.

5

1“ ‘ഒരുവൻ സത്യവാചകം കേട്ടിട്ട്, താൻ സാക്ഷിയായി കാണുകയോ അറിയുകയോ ചെയ്തത് അറിയിക്കാതെ അങ്ങനെ പാപം ചെയ്താൽ അവൻ തന്റെ കുറ്റം വഹിക്കേണം.2ശുദ്ധിയില്ലാത്ത കാട്ടുമൃഗത്തിന്റെ ശവമോ ശുദ്ധിയില്ലാത്ത നാട്ടുമൃഗത്തിന്റെ ശവമോ ശുദ്ധിയില്ലാത്ത ഇഴജാതിയുടെ ശവമോ ഇങ്ങനെ വല്ല അശുദ്ധവസ്തുവും ഒരുവൻ തൊടുകയും അത് അവൻ അറിയാതിരിക്കുകയും ചെയ്താൽ അവൻ അശുദ്ധനും കുറ്റക്കാരനും ആകുന്നു.

3അല്ലെങ്കിൽ ഏതെങ്കിലും അശുദ്ധിയാലെങ്കിലും അശുദ്ധനായ ഒരു മനുഷ്യന്റെ അശുദ്ധിയെ ഒരുവൻ തൊടുകയും അത് അവൻ അറിയാതിരിക്കുകയും ചെയ്താൽ അത് അറിയുമ്പോൾ അവൻ കുറ്റക്കാരനാകും.4അല്ലെങ്കിൽ ഒരു മനുഷ്യൻ ചിന്തിക്കാതെ സത്യം ചെയ്യുന്നതുപോലെ ദോഷം ചെയ്യുവാനോ ഗുണം ചെയ്യുവാനോ ഒരുവൻ തന്റെ അധരങ്ങൾ കൊണ്ടു നിർവ്വിചാരമായി സത്യം ചെയ്കയും അത് അവൻ അറിയാതിരിക്കുകയും ചെയ്താൽ അവൻ അത് അറിയുമ്പോൾ അങ്ങനെയുള്ള കാര്യത്തിൽ അവൻ കുറ്റക്കാരനാകും.
5ആ വക കാര്യത്തിൽ അവൻ കുറ്റക്കാരനാകുമ്പോൾ താൻ പാപം ചെയ്തു എന്ന് അവൻ ഏറ്റുപറയണം.6താൻ ചെയ്ത പാപം നിമിത്തം അവൻ യഹോവയ്ക്ക് അകൃത്യയാഗമായി ചെമ്മരിയാട്ടിൻകുട്ടിയോ കോലാട്ടിൻകുട്ടിയോ ആയ ഒരു പെണ്ണാടിനെ പാപയാഗമായി കൊണ്ടുവരണം; പുരോഹിതൻ അവനുവേണ്ടി അവന്റെ പാപംനിമിത്തം പ്രായശ്ചിത്തം കഴിക്കണം.
7ആട്ടിൻകുട്ടിക്ക് അവനു വകയില്ലെങ്കിൽ താൻ ചെയ്ത പാപംനിമിത്തം അവൻ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ ഒന്നിനെ പാപയാഗമായും മറ്റതിനെ ഹോമയാഗമായും യഹോവയ്ക്കു കൊണ്ടുവരണം.8അവൻ അവയെ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം; അവൻ പാപയാഗത്തിനുള്ളതിനെ മുമ്പേ അർപ്പിച്ച് അതിന്റെ തല കഴുത്തിൽനിന്നു പിരിച്ചുപറിക്കണം; എന്നാൽ തല ശരീരത്തിൽനിന്ന് പൂർണ്ണമായി വേർപെടുത്തരുത്.9അവൻ പാപയാഗത്തിന്റെ രക്തം കുറെ യാഗപീഠത്തിന്റെ പാർശ്വത്തിൽ തളിക്കണം; ശേഷിച്ച രക്തം യാഗപീഠത്തിന്റെ ചുവട്ടിൽ പിഴിഞ്ഞുകളയണം; ഇതു പാപയാഗം.
10രണ്ടാമത്തതിനെ അവൻ നിയമപ്രകാരം ഹോമയാഗമായി അർപ്പിക്കണം; ഇങ്ങനെ പുരോഹിതൻ അവൻ ചെയ്ത പാപംനിമിത്തം അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അത് അവനോടു ക്ഷമിക്കും.

11“ ‘രണ്ടു കുറുപ്രാവിനോ രണ്ടു പ്രാവിൻകുഞ്ഞിനോ അവനു വകയില്ലെങ്കിൽ പാപം ചെയ്തവൻ പാപയാഗത്തിന് ഒരിടങ്ങഴി നേരിയ മാവ് വഴിപാടായി കൊണ്ടുവരണം; അതു പാപയാഗം ആകുകകൊണ്ട് അതിന്മേൽ എണ്ണ ഒഴിക്കരുത്; കുന്തുരുക്കം ഇടുകയും അരുത്.
12അവൻ അതു പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം: പുരോഹിതൻ സ്മരണാംശമായി1 അതിൽനിന്നു കൈ നിറച്ചെടുത്ത് യാഗപീഠത്തിന്മേൽ യഹോവയ്ക്കുള്ള ദഹനയാഗങ്ങളെപ്പോലെ ദഹിപ്പിക്കണം; ഇതു പാപയാഗം.13ഇങ്ങനെ പുരോഹിതൻ ആ വക കാര്യത്തിൽ അവൻ ചെയ്ത പാപംനിമിത്തം അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അത് അവനോടു ക്ഷമിക്കും; ശേഷിപ്പുള്ളത് ഭോജനയാഗംപോലെ പുരോഹിതന് ഇരിക്കണം.’ ”

14യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ:15“ഒരുവൻ യഹോവയുടെ വിശുദ്ധവസ്തുക്കളെ സംബന്ധിച്ച് അബദ്ധവശാൽ അതിക്രമം പ്രവർത്തിച്ചു പാപം ചെയ്തു എങ്കിൽ അവൻ തന്റെ അകൃത്യത്തിനു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നീ നിശ്ചയിക്കുന്നത്ര വെള്ളിവിലയ്ക്കുള്ളതായി ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെ അകൃത്യയാഗമായി യഹോവയ്ക്കു കൊണ്ടുവരണം.16വിശുദ്ധവസ്തുക്കളെ സംബന്ധിച്ചു താൻ ചെയ്ത തെറ്റിനു പകരം മുതലും അതിനോട് അഞ്ചിലൊന്നു കൂട്ടിയും അവൻ പുരോഹിതനു കൊടുക്കണം; പുരോഹിതൻ അകൃത്യയാഗത്തിനുള്ള ആട്ടുകൊറ്റനെക്കൊണ്ട് അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അത് അവനോടു ക്ഷമിക്കും.

17“ചെയ്യരുതെന്ന് യഹോവ കല്പിച്ചിട്ടുള്ള വല്ലകാര്യത്തിലും ഒരുവൻ പാപംചെയ്തിട്ട് അവൻ അറിയാതിരുന്നാലും കുറ്റക്കാരനാകുന്നു; അവൻ തന്റെ കുറ്റം വഹിക്കണം.18അവൻ അകൃത്യയാഗത്തിനായി നിന്റെ2 വിലനിർണ്ണയം പോലെ ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം; അവൻ അബദ്ധവശാൽ തെറ്റുചെയ്തതും അറിയാതിരുന്നതുമായ തെറ്റിനായി പുരോഹിതൻ അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അത് അവനോടു ക്ഷമിക്കും.19ഇത് അകൃത്യയാഗം; അവൻ യഹോവയോട് അകൃത്യം ചെയ്തുവല്ലോ.”


1 5:12 സ്മരണാംശമായി എബ്രായ ഭാഷയിൽ സ്മരണാംശം എന്നുമാകാം.
2 5:18 നിന്റെ മോശെ.

6

1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ:2“ഒരുവൻ പാപം ചെയ്തു യഹോവയോട് അതിക്രമം പ്രവർത്തിച്ചു തന്റെ പക്കൽ ഏല്പിച്ച വസ്തുവിനെയോ പണയം വച്ചതിനെയോ മോഷണകാര്യമോ സംബന്ധിച്ച് കൂട്ടുകാരനോടു വ്യാജം പറയുകയോ കൂട്ടുകാരനോടു വഞ്ചന ചെയ്യുകയോ3കാണാതെപോയ വസ്തു കണ്ടിട്ടും അതിനെക്കുറിച്ചു വ്യാജം പറഞ്ഞു മനുഷ്യൻ പാപം ചെയ്യുന്ന ഈ വക വല്ല കാര്യത്തിലും കള്ളസ്സത്യം ചെയ്യുകയോ ചെയ്തിട്ട്4അവൻ പാപം ചെയ്ത് കുറ്റക്കാരനായാൽ താൻ മോഷ്ടിച്ചതോ വഞ്ചിച്ചെടുത്തതോ തന്റെ പക്കൽ ഏല്പിച്ചതോ കാണാതെപോയിട്ടു താൻ കണ്ടതോ

5താൻ കള്ളസ്സത്യം ചെയ്ത് എടുത്തതോ ആയതൊക്കെയും മുതലിനോട് അഞ്ചിലൊന്നു കൂട്ടി പകരം കൊടുക്കണം; അകൃത്യയാഗം കഴിക്കുന്ന നാളിൽ അവൻ അത് ഉടമസ്ഥനു കൊടുക്കണം.6അകൃത്യയാഗത്തിനായിട്ട് അവൻ നിന്റെ വിലനിർണ്ണയംപോലെ ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെ യഹോവയ്ക്ക് അകൃത്യയാഗമായി പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം.7പുരോഹിതൻ യഹോവയുടെ സന്നിധിയിൽ അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അവൻ അകൃത്യമായി ചെയ്തതൊക്കെയും അവനോടു ക്ഷമിക്കും.”

8യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:9“നീ അഹരോനോടും അവന്റെ പുത്രന്മാരോടും കല്പിക്കേണ്ടത് എന്തെന്നാൽ: ‘ഹോമയാഗത്തിന്റെ പ്രമാണമാണിത്: ഹോമയാഗം രാത്രി മുഴുവനും ഉഷസ്സുവരെ യാഗപീഠത്തിന്മേലുള്ള വിറകിന്മേൽ ഇരിക്കുകയും യാഗപീഠത്തിലെ തീ അതിൽ കത്തിക്കൊണ്ടിരിക്കുകയും വേണം.
10പുരോഹിതൻ പഞ്ഞിനൂൽകൊണ്ടുള്ള അങ്കി ധരിച്ച് പഞ്ഞിനൂൽകൊണ്ടുള്ള കാൽ ചട്ടയാൽ തന്റെ നഗ്നത മറച്ചുകൊണ്ട് യാഗപീഠത്തിന്മേൽ ഹോമയാഗം ദഹിപ്പിച്ചുണ്ടായ ചാരം എടുത്ത് യാഗപീഠത്തിന്റെ ഒരു വശത്ത് ഇടണം.11അവൻ വസ്ത്രം മാറി വേറെ വസ്ത്രം ധരിച്ചു പാളയത്തിനു പുറത്തു വൃത്തിയുള്ള ഒരു സ്ഥലത്തു ചാരം കൊണ്ടുപോകണം.
12യാഗപീഠത്തിൽ തീ അണഞ്ഞുപോകാതെ കത്തിക്കൊണ്ടിരിക്കണം; പുരോഹിതൻ ഉഷസ്സുതോറും അതിന്മേൽ വിറകു കത്തിച്ച് ഹോമയാഗം അടുക്കിവച്ച് അതിനുമീതെ സമാധാനയാഗങ്ങളുടെ മേദസ്സു ദഹിപ്പിക്കണം.13യാഗപീഠത്തിന്മേൽ തീ അണഞ്ഞുപോകാതെ എപ്പോഴും കത്തിക്കൊണ്ടിരിക്കണം.

14“ ‘ഭോജനയാഗത്തിന്റെ പ്രമാണം ഇതാണ്: അഹരോന്റെ പുത്രന്മാർ യഹോവയുടെ സന്നിധിയിൽ യാഗപീഠത്തിന്റെ മുമ്പിൽ അത് അർപ്പിക്കണം.15പുരോഹിതൻ ഭോജനയാഗത്തിന്റെ നേരിയ മാവിൽനിന്നും എണ്ണയിൽനിന്നും കൈനിറച്ചും ഭോജനയാഗത്തിന്മേലുള്ള കുന്തുരുക്കം മുഴുവനും എടുത്ത് സ്മരണയായി യാഗപീഠത്തിന്മേൽ യഹോവയ്ക്കു സൗരഭ്യവാസനയായി ദഹിപ്പിക്കണം.
16അതിന്റെ ശേഷിപ്പ് അഹരോനും പുത്രന്മാരും തിന്നണം; വിശുദ്ധിയുള്ള ഒരു സ്ഥലത്തുവച്ച് അതു പുളിപ്പില്ലാത്തതായി തിന്നണം; സമാഗമനകൂടാരത്തിന്റെ പ്രാകാരത്തിൽവച്ച് അതു തിന്നണം.17അതു പുളിച്ച മാവു കൂട്ടി ചുടരുത്; എന്റെ ദഹനയാഗങ്ങളിൽനിന്ന് അതു ഞാൻ അവരുടെ ഓഹരിയായി കൊടുത്തിരിക്കുന്നു; അത് പാപയാഗംപോലെയും അകൃത്യയാഗംപോലെയും അതിവിശുദ്ധം.18അഹരോന്റെ മക്കളിൽ ആണുങ്ങൾക്ക് അതു തിന്നാം; യഹോവയുടെ ദഹനയാഗങ്ങളിൽ അതു നിങ്ങൾക്കു തലമുറതലമുറയായി ശാശ്വതാവകാശം ആകുന്നു; അതിനെ തൊടുന്നവൻ എല്ലാം വിശുദ്ധനായിരിക്കണം.’ ”

19യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ:20“അഹരോൻ അഭിഷിക്തനാകുന്ന ദിവസം അവനും പുത്രന്മാരും യഹോവയ്ക്കു കഴിക്കേണ്ട വഴിപാടാണിത്: ഒരു ഇടങ്ങഴി നേരിയ മാവിൽ പാതി രാവിലെയും പാതി വൈകുന്നേരവും നിരന്തരഭോജനയാഗമായി അർപ്പിക്കണം.
21അത് എണ്ണ ചേർത്ത് ചട്ടിയിൽ ചുടണം; അതു കുതിർത്ത് അകത്തു കൊണ്ടുവരണം; ചുട്ട കഷണങ്ങൾ ഭോജനയാഗമായി യഹോവയ്ക്കു സൗരഭ്യവാസനയായി അർപ്പിക്കണം.22അവന്റെ പുത്രന്മാരിൽ അവനു പകരം അഭിഷിക്തനാകുന്ന പുരോഹിതനും അത് അർപ്പിക്കണം; എന്നേക്കുമുള്ള ചട്ടമായി അതു മുഴുവനും യഹോവയ്ക്കു ദഹിപ്പിക്കണം;23പുരോഹിതന്റെ ഓരോ ഭോജനയാഗവും മുഴുവനായി ദഹിപ്പിക്കണം; അതു തിന്നരുത്.”

24യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:25“നീ അഹരോനോടും പുത്രന്മാരോടും പറയേണ്ടത് എന്തെന്നാൽ: ‘പാപയാഗത്തിന്റെ പ്രമാണമാണിത്: ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവച്ചു പാപയാഗമൃഗത്തെയും യഹോവയുടെ സന്നിധിയിൽ അറുക്കണം; അത് അതിവിശുദ്ധം.26പാപത്തിനുവേണ്ടി അത് അർപ്പിക്കുന്ന പുരോഹിതൻ അതു തിന്നണം; സമാഗമനകൂടാരത്തിന്റെ പ്രാകാരത്തിൽ ഒരു വിശുദ്ധസ്ഥലത്തുവച്ച് അത് തിന്നണം.
27അതിന്റെ മാംസം തൊടുന്നവൻ എല്ലാം വിശുദ്ധനായിരിക്കണം; അതിന്റെ രക്തം ഒരു വസ്ത്രത്തിൽ തെറിച്ചാൽ അതു ഒരു വിശുദ്ധസ്ഥലത്തുവച്ചു കഴുകണം.28അതു വേവിച്ച മൺപാത്രം ഉടച്ചുകളയണം; ചെമ്പുകലത്തിൽ വേവിച്ചു എങ്കിൽ അതു തേച്ചു വഴക്കി വെള്ളംകൊണ്ടു കഴുകണം.
29പുരോഹിതകുലത്തിലെ ആണുങ്ങളൊക്കെയും അതു തിന്നണം; അത് അതിവിശുദ്ധം.30എന്നാൽ വിശുദ്ധമന്ദിരത്തിൽ പ്രായശ്ചിത്തം കഴിക്കുവാൻ സമാഗമനകൂടാരത്തിനകത്തു രക്തം കൊണ്ടുവരുന്ന പാപയാഗമൃഗത്തിന്റെ മാംസം തിന്നരുത്; അതു തീയിൽ ഇട്ടു ചുട്ടുകളയണം.

7

1“ ‘അകൃത്യയാഗത്തിന്റെ പ്രമാണമാണിത്: അത് അതിവിശുദ്ധം.2ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവച്ച് അകൃത്യയാഗമൃഗത്തെയും അറുക്കണം; അതിന്റെ രക്തം പുരോഹിതൻ യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം.3അതിന്റെ സകലമേദസ്സും തടിച്ചവാലും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും വൃക്ക രണ്ടും4അവയുടെ മേൽ കടിപ്രദേശത്തുള്ള മേദസ്സും വൃക്കകളോടുകൂടി കരളിന്മേലുള്ള കൊഴുപ്പും എടുത്ത്

5പുരോഹിതൻ യാഗപീഠത്തിന്മേൽ യഹോവയ്ക്കു ദഹനയാഗമായി ദഹിപ്പിക്കണം; അത് അകൃത്യയാഗം.6പുരോഹിതകുലത്തിലെ ആണുങ്ങളൊക്കെയും അതു തിന്നണം; ഒരു വിശുദ്ധസ്ഥലത്തുവച്ചു അതു തിന്നണം; അത് അതിവിശുദ്ധം.
7പാപയാഗംപോലെ തന്നെ അകൃത്യയാഗവും ആകുന്നു; അവയ്ക്കു പ്രമാണവും ഒന്നു തന്നെ; അത് പ്രായശ്ചിത്തം കഴിക്കുന്ന പുരോഹിതനുള്ളതായിരിക്കണം.8പുരോഹിതൻ ഒരുവന്റെ ഹോമയാഗം അർപ്പിക്കുമ്പോൾ അർപ്പിച്ച ഹോമയാഗമൃഗത്തിന്റെ തോല് പുരോഹിതനുള്ളതായിരിക്കണം.
9അടുപ്പത്തുവച്ചു ചുടുന്ന ഭോജനയാഗം ഒക്കെയും ഉരുളിയിലും ചട്ടിയിലും ഉണ്ടാക്കുന്നതൊക്കെയും അത് അർപ്പിക്കുന്ന പുരോഹിതനുള്ളതായിരിക്കണം.10എണ്ണ ചേർത്തതോ ചേർക്കാത്തതോ ആയ സകലഭോജനയാഗവും അഹരോന്റെ സകലപുത്രന്മാർക്കും തുല്യമായിരിക്കണം.

11“ ‘യഹോവയ്ക്ക് അർപ്പിക്കുന്ന സമാധാനയാഗത്തിന്റെ പ്രമാണം ആണിത്:12അതിനെ സ്തോത്രമായി അർപ്പിക്കുന്നു എങ്കിൽ അവൻ സ്തോത്രയാഗത്തോടുകൂടി എണ്ണ ചേർത്ത പുളിപ്പില്ലാത്ത ദോശകളും എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളും എണ്ണ ചേർത്തു കുതിർത്ത നേരിയ മാവുകൊണ്ടുണ്ടാക്കിയ ദോശകളും അർപ്പിക്കണം.
13സ്തോത്രമായുള്ള സമാധാനയാഗത്തോടുകൂടെ പുളിച്ച മാവുകൊണ്ടുള്ള ദോശകളും ഭോജനയാഗമായി അർപ്പിക്കണം.14ആ എല്ലാവഴിപാടിലും അതതു വകയിൽ നിന്ന് ഒരോന്ന് യഹോവയ്ക്ക് നീരാജനാർപ്പണമായി അർപ്പിക്കണം; അത് സമാധാനയാഗത്തിന്റെ രക്തം തളിക്കുന്ന പുരോഹിതനുള്ളതായിരിക്കണം.
15എന്നാൽ സ്തോത്രമായുള്ള സമാധാനയാഗത്തിന്റെ മാംസം, അർപ്പിക്കുന്ന ദിവസം തന്നെ തിന്നണം; അതിൽ ഒട്ടും പ്രഭാതംവരെ ശേഷിപ്പിക്കരുത്.16അർപ്പിക്കുന്ന യാഗം ഒരു നേർച്ചയോ സ്വമേധാദാനമോ ആകുന്നു എങ്കിൽ യാഗം അർപ്പിക്കുന്ന ദിവസം തന്നെ അതു തിന്നണം; അതിൽ ശേഷിപ്പുള്ളത് അടുത്ത ദിവസവും തിന്നാം.
17യാഗമാംസത്തിൽ മൂന്നാം ദിവസംവരെ ശേഷിക്കുന്നതു തീയിൽ ഇട്ടു ചുട്ടുകളയണം.18സമാധാനയാഗത്തിന്റെ മാംസത്തിൽ ഏതാനും മൂന്നാം ദിവസം തിന്നാൽ അതു പ്രസാദമായിരിക്കുകയില്ല; അർപ്പിക്കുന്നവന്റെ പേരിൽ കണക്കിടുകയുമില്ല; അത് അറപ്പായിരിക്കും; അതു തിന്നുന്നവൻ കുറ്റം വഹിക്കണം.
19ഏതെങ്കിലും അശുദ്ധവസ്തുവിനെ തൊട്ടുപോയ മാംസം തിന്നരുത്; അതു തീയിൽ ഇട്ടു ചുട്ടുകളയണം; ശേഷം മാംസമോ ശുദ്ധിയുള്ളവനെല്ലാം തിന്നാം.20എന്നാൽ അശുദ്ധി തന്റെ മേൽ ഇരിക്കുമ്പോൾ ആരെങ്കിലും യഹോവയ്ക്കുള്ള സമാധാനയാഗങ്ങളുടെ മാംസം തിന്നാൽ അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയണം.
21മനുഷ്യന്റെ അശുദ്ധിയെയോ അശുദ്ധമൃഗത്തെയോ ശുദ്ധിയില്ലാത്ത വല്ല അറയ്ക്കപ്പെട്ടതിനെയോ ഇങ്ങനെ ശുദ്ധിയില്ലാത്ത യാതൊന്നിനെയും ഒരുവൻ തൊട്ടിട്ടു യഹോവയ്ക്കുള്ള സമാധാനയാഗങ്ങളുടെ മാംസം തിന്നാൽ അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയണം.’ ”

22യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:23“നീ യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: ‘ചെമ്മരിയാടിന്റെയോ കോലാടിന്റെയോ കാളയുടെയോ മേദസ്സു നിങ്ങൾ അല്പംപോലും തിന്നരുത്.24സ്വാഭാവികമായി ചത്തതിന്റെ മേദസ്സും വന്യമൃഗങ്ങൾ പറിച്ചുകീറിപ്പോയതിന്റെ മേദസ്സും മറ്റ് എന്തിനെങ്കിലും ഉപയോഗിക്കാം; തിന്നുക മാത്രം അരുത്.
25യഹോവയ്ക്കു ദഹനയാഗമായി അർപ്പിച്ച മൃഗത്തിന്റെ മേദസ്സു ആരെങ്കിലും തിന്നാൽ അവനെ അവന്റെ ജനത്തിൽ നിന്നു ഛേദിച്ചുകളയണം.26നിങ്ങളുടെ വാസസ്ഥലങ്ങളിൽ എങ്ങും യാതൊരു പക്ഷിയുടെയും മൃഗത്തിന്റെയും രക്തം നിങ്ങൾ ഭക്ഷിക്കരുത്.27വല്ല രക്തവും ഭക്ഷിക്കുന്നത് ആരു തന്നെയായാലും അവന്റെ ജനത്തിൽനിന്നു അവനെ ഛേദിച്ചുകളയണം.’ ”

28യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:29“നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ‘യഹോവയ്ക്കു സമാധാനയാഗം അർപ്പിക്കുന്നവൻ തന്റെ സമാധാനയാഗത്തിൽനിന്ന് യഹോവയ്ക്കു വഴിപാടു കൊണ്ടുവരണം.30സ്വന്തകൈയാൽ അവൻ അതു യഹോവയുടെ ദഹനയാഗമായി കൊണ്ടുവരണം; നെഞ്ചോടുകൂടി മേദസ്സും അവൻ കൊണ്ടുവരണം. നെഞ്ച് യഹോവയുടെ സന്നിധിയിൽ നീരാജനാർപ്പണമായി നീരാജനം ചെയ്യണം.
31പുരോഹിതൻ മേദസ്സു യാഗപീഠത്തിന്മേൽ ദഹിപ്പിക്കണം; എന്നാൽ നെഞ്ച് അഹരോനും പുത്രന്മാർക്കും ഉള്ളതായിരിക്കണം.32നിങ്ങളുടെ സമാധാനയാഗങ്ങളിൽ വലത്തെ കൈക്കുറക് ഉദർച്ചാർപ്പണത്തിനായി നിങ്ങൾ പുരോഹിതന്റെ പക്കൽ കൊടുക്കണം.
33അഹരോന്റെ പുത്രന്മാരിൽ സമാധാനയാഗങ്ങളുടെ രക്തവും മേദസ്സും അർപ്പിക്കുന്നവനു തന്നെ വലത്തെ കൈക്കുറക് ഓഹരിയായിരിക്കണം.34യിസ്രായേൽമക്കളുടെ സമാധാനയാഗങ്ങളിൽനിന്നു നീരാജനത്തിന്റെ നെഞ്ചും ഉദർച്ചയുടെ കൈക്കുറകും ഞാൻ എടുത്ത് പുരോഹിതനായ അഹരോനും പുത്രന്മാർക്കും യിസ്രായേൽമക്കളിൽനിന്നുള്ള ശാശ്വതാവകാശമായി കൊടുത്തിരിക്കുന്നു.’ ”

35ഇത് അഹരോനെയും പുത്രന്മാരെയും മോശെ യഹോവയ്ക്കു പുരോഹിതശുശ്രൂഷ ചെയ്യുവാൻ പ്രതിഷ്ഠിച്ച നാൾമുതൽ യഹോവയുടെ ദഹനയാഗങ്ങളിൽനിന്ന് അഹരോനുള്ള ഓഹരിയും അവന്റെ പുത്രന്മാർക്കുള്ള ഓഹരിയും ആകുന്നു.36യിസ്രായേൽമക്കൾ നെഞ്ചും കൈക്കുറകും അവർക്കു കൊടുക്കണമെന്നു താൻ അവരെ അഭിഷേകം ചെയ്തനാളിൽ യഹോവ കല്പിച്ചു; അത് അവർക്കു തലമുറതലമുറയായി ശാശ്വതാവകാശം ആകുന്നു.
37ദഹനയാഗം, ഭോജനയാഗം, പാപയാഗം, അകൃത്യയാഗം, കരപൂരണയാഗം, സമാധാനയാഗം എന്നിവയെ സംബന്ധിച്ചുള്ള പ്രമാണം ഇതുതന്നെ.38യഹോവയ്ക്കു തങ്ങളുടെ വഴിപാടുകൾ കഴിക്കുവാൻ അവിടുന്ന് യിസ്രായേൽമക്കളോടു സീനായിമരുഭൂമിയിൽവച്ച് അരുളിച്ചെയ്ത നാളിൽ യഹോവ മോശെയോടു സീനായിപർവ്വതത്തിൽവച്ച് ഇവ കല്പിച്ചു.

8

1യഹോവ പിന്നെയും മോശെയോട്: “നീ അഹരോനെയും അവനോടുകൂടെ2അവന്റെ പുത്രന്മാരെയും വസ്ത്രം, അഭിഷേകതൈലം, പാപയാഗത്തിനുള്ള കാള, രണ്ട് ആട്ടുകൊറ്റന്മാർ, കൊട്ടയിൽ പുളിപ്പില്ലാത്ത അപ്പം എന്നിവയുമായി വരുകയും3സഭയെ മുഴുവനും സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ കൂട്ടുകയും ചെയ്യുക” എന്നു കല്പിച്ചു.

4യഹോവ തന്നോടു കല്പിച്ചതുപോലെ മോശെ ചെയ്തു; സഭ സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ വന്നുകൂടി.5മോശെ സഭയോട്: “ചെയ്യണമെന്ന് യഹോവ കല്പിച്ച കാര്യം ഇതാകുന്നു” എന്നു പറഞ്ഞു.
6മോശെ അഹരോനെയും പുത്രന്മാരെയും അടുക്കൽ വരുത്തി അവരെ വെള്ളംകൊണ്ടു കഴുകി.7അവനെ ഉള്ളങ്കി ഇടുവിച്ചു നടുക്കെട്ടു കെട്ടിച്ച് അങ്കി ധരിപ്പിച്ച് ഏഫോദ് ഇടുവിച്ച് ഏഫോദിന്റെ ചിത്രപ്പണിയായ നടുക്കെട്ടു കെട്ടിച്ച് അതിനാൽ അതു മുറുക്കി.
8അവനെ പതക്കം1 ധരിപ്പിച്ചു; പതക്കത്തിൽ ഊറീമും തുമ്മീമും വച്ചു.9അവന്റെ തലയിൽ തലപ്പാവ് വച്ചു; തലപ്പാവിന്മേൽ അതിന്റെ മുൻവശത്തു വിശുദ്ധകിരീടമായ പൊൻപട്ടം വച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ.
10മോശെ അഭിഷേകതൈലം എടുത്ത് കൂടാരവും അതിലുള്ളതൊക്കെയും അഭിഷേകം ചെയ്തു അവരെ ശുദ്ധീകരിച്ചു.11അവരെ ശുദ്ധീകരിക്കാൻ2 അവൻ അതിൽ കുറെ യാഗപീഠത്തിന്മേൽ ഏഴു പ്രാവശ്യം തളിച്ചു യാഗപീഠവും അതിന്റെ ഉപകരണങ്ങളൊക്കെയും തൊട്ടിയും അതിന്റെ കാലും അഭിഷേകം ചെയ്തു.
12മോശെ അഹരോന്റെ തലയിൽ അഭിഷേകതൈലം ഒഴിച്ച് അവനെ അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു.13മോശെ അഹരോന്റെ പുത്രന്മാരെ വരുത്തി, അങ്കി ധരിപ്പിച്ചു നടുക്കെട്ട് കെട്ടിച്ചു തലപ്പാവും ഇടുവിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ.
14മോശെ പാപയാഗത്തിനുള്ള കാളയെ കൊണ്ടുവന്നു; പാപയാഗത്തിനുള്ള കാളയുടെ തലയിൽ അഹരോനും പുത്രന്മാരും കൈവച്ചു.15മോശെ കാളയെ അറുത്തു; അവൻ അതിന്റെ രക്തം എടുത്തു വിരൽകൊണ്ടു യാഗപീഠത്തിന്റെ കൊമ്പുകളിൽ ചുറ്റും പുരട്ടി യാഗപീഠം ശുദ്ധീകരിച്ചു; ശേഷിച്ച രക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ച്, യാഗപീഠത്തിനുവേണ്ടി പ്രാശ്ചിത്തം കഴിച്ച് അതിനെ ശുദ്ധീകരിച്ചു;
16കുടലിന്മേലുള്ള സകലമേദസ്സും കരളിന്മേലുള്ള കൊഴുപ്പും3 വൃക്ക രണ്ടും അവയുടെ മേദസ്സും മോശെ എടുത്തു യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു.17എന്നാൽ കാളയെയും അതിന്റെ തോൽ, മാംസം, ചാണകം എന്നിവയും അവൻ പാളയത്തിനു പുറത്തു തീയിൽ ഇട്ടു ചുട്ടുകളഞ്ഞു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ.
18അവൻ ഹോമയാഗത്തിനുള്ള ആട്ടുകൊറ്റനെയും കൊണ്ടുവന്നു; അഹരോനും പുത്രന്മാരും ആട്ടുകൊറ്റന്റെ തലയിൽ കൈവച്ചു.19മോശെ ആട്ടുകൊറ്റനെ അറുത്തു; അവൻ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു.
20ആട്ടുകൊറ്റനെ കഷണംകഷണമായി മുറിച്ചു; മോശെ തലയും കഷണങ്ങളും മേദസ്സും ദഹിപ്പിച്ചു.21അവൻ അതിന്റെ കുടലും കാലും വെള്ളംകൊണ്ടു കഴുകി; മോശെ ആട്ടുകൊറ്റനെ മുഴുവനും യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു; ഇതു സൗരഭ്യവാസനയായ ഹോമയാഗമായി യഹോവയ്ക്കുള്ള ദഹനയാഗം; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ.
22അവൻ കരപൂരണത്തിനുള്ള4 ആട്ടുകൊറ്റനായ മറ്റേ ആട്ടുകൊറ്റനെയും കൊണ്ടുവന്നു; അഹരോനും പുത്രന്മാരും ആട്ടുകൊറ്റന്റെ തലയിൽ കൈവച്ചു.23മോശെ അതിനെ അറുത്തു; അവൻ അതിന്റെ രക്തം കുറെ എടുത്ത് അഹരോന്റെ വലത്തെ കാതിന്മേലും വലത്തെ കൈയുടെ പെരുവിരലിന്മേലും വലത്തെ കാലിന്റെ പെരുവിരലിന്മേലും പുരട്ടി.24മോശെ അഹരോന്റെ പുത്രന്മാരെയും വരുത്തി; അവൻ രക്തം കുറെ അവരുടെ വലത്തെ കാതിന്മേലും വലത്തെ കൈയുടെ പെരുവിരലിന്മേലും വലത്തെ കാലിന്റെ പെരുവിരലിന്മേലും പുരട്ടി; ശേഷിച്ച രക്തം മോശെ യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു.
25മേദസ്സും തടിച്ചവാലും കുടലിന്മേലുള്ള സകലമേദസ്സും കരളിന്മേലുള്ള കൊഴുപ്പും വൃക്ക രണ്ടും അവയുടെ മേദസ്സും വലത്തെ കൈക്കുറകും അവൻ എടുത്തു,26യഹോവയുടെ സന്നിധിയിലുള്ള പുളിപ്പില്ലാത്ത അപ്പം ഇരിക്കുന്ന കുട്ടയിൽ നിന്നു പുളിപ്പില്ലാത്ത ഒരു അപ്പവും എണ്ണയപ്പമായ ഒരു ദോശയും ഒരു വടയും എടുത്തു മേദസ്സിന്മേലും കൈക്കുറകിന്മേലും വച്ചു.27അവയെല്ലാം അഹരോന്റെ കൈയിലും അവന്റെ പുത്രന്മാരുടെ കൈയിലും വച്ച് യഹോവയുടെ സന്നിധിയിൽ നീരാജനാർപ്പണമായി നീരാജനം ചെയ്തു.
28പിന്നെ മോശെ അവയെ അവരുടെ കൈയിൽനിന്ന് എടുത്ത് യാഗപീഠത്തിന്മേൽ യാഗത്തിൻമീതെ ദഹിപ്പിച്ചു. ഇതു സൗരഭ്യവാസനയായ കരപൂരണയാഗം, യഹോവയ്ക്കുള്ള ദഹനയാഗം തന്നെ.29മോശെ ആട്ടുകൊറ്റന്റെ നെഞ്ച് എടുത്ത് യഹോവയുടെ സന്നിധിയിൽ നീരാജനാർപ്പണമായി നീരാജനം ചെയ്തു; അതു കരപൂരണത്തിന്റെ ആട്ടുകൊറ്റനിൽ മോശെക്കുള്ള ഓഹരി ആയിരുന്നു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ.
30മോശെ അഭിഷേകതൈലവും യാഗപീഠത്തിന്മേലുള്ള രക്തവും അല്പാല്പം എടുത്ത് അഹരോന്റെ മേലും അവന്റെ വസ്ത്രത്തിന്മേലും അവന്റെ പുത്രന്മാരുടെ മേലും പുത്രന്മാരുടെ വസ്ത്രത്തിന്മേലും തളിച്ചു; അഹരോനെയും അവന്റെ വസ്ത്രത്തെയും അവന്റെ പുത്രന്മാരെയും പുത്രന്മാരുടെ വസ്ത്രങ്ങളെയും ശുദ്ധീകരിച്ചു.
31അഹരോനോടും അവന്റെ പുത്രന്മാരോടും മോശെ പറഞ്ഞത് എന്തെന്നാൽ: “മാംസം നിങ്ങൾ സമാഗമനകൂടാരത്തിന്റെ വാതില്ക്കൽവച്ചു പാകംചെയ്ത്, ‘അഹരോനും പുത്രന്മാരും അതു തിന്നണം’ എന്ന് എനിക്കു കല്പനയുണ്ടായതുപോലെ അവിടെവച്ച് അതും കരപൂരണത്തിന്റെ കൊട്ടയിൽ ഇരിക്കുന്ന അപ്പവും തിന്നുവിൻ.32മാംസത്തിലും അപ്പത്തിലും ശേഷിക്കുന്നതു നിങ്ങൾ തീയിൽ ഇട്ടു ചുട്ടുകളയണം.33നിങ്ങളുടെ കരപൂരണദിവസങ്ങൾ തികയുവോളം നിങ്ങൾ ഏഴു ദിവസത്തേക്കു സമാഗമനകൂടാരത്തിന്റെ വാതിൽ വിട്ടു പുറത്തു പോകരുത്; ഏഴു ദിവസം യഹോവ നിങ്ങൾക്കു കരപൂരണം ചെയ്യും.
34നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കുവാൻ ഇന്നു ചെയ്തതുപോലെ ഇനിയും ചെയ്യേണ്ടതിന് യഹോവ കല്പിച്ചിരിക്കുന്നു.35ആകയാൽ നിങ്ങൾ മരിക്കാതിരിക്കുവാൻ ഏഴു ദിവസം രാവും പകലും സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ വസിച്ച് യഹോവയുടെ കല്പന അനുസരിക്കണം; ഇങ്ങനെ എന്നോടു കല്പിച്ചിരിക്കുന്നു.”36യഹോവ മോശെ മുഖാന്തരം കല്പിച്ച സകലകാര്യങ്ങളും അഹരോനും അവന്റെ പുത്രന്മാരും ചെയ്തു.


1 8:8 പതക്കം മാര്‍ച്ചട്ട.
2 8:11 അവരെ ശുദ്ധീകരിക്കാൻ മൂല ഗ്രന്ഥത്തിലും ന്യൂ കിങ്ജെയിംസ് വേർഷനിലും മുകളിൽ കൊടുത്തിരിക്കുന്നതുപോലെ ആകുന്നു. മറ്റ് വിവർത്തനത്തിൽ അവരെ ശുദ്ധീകരിക്കാൻ എന്നതിനു പകരം ശുദ്ധീകരിച്ചു എന്നു മാത്രമേയുള്ളൂ.
3 8:16 കൊഴുപ്പും നെയ്വലയും.
4 8:22 കരപൂരണം പ്രതിഷ്ഠിക്കുക.

9

1എട്ടാം ദിവസം മോശെ അഹരോനെയും പുത്രന്മാരെയും യിസ്രായേൽമൂപ്പന്മാരെയും വിളിച്ച്,2അഹരോനോടു പറഞ്ഞതെന്തെന്നാൽ: “നീ പാപയാഗത്തിനായി ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ഹോമയാഗത്തിനായി ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെയും എടുത്ത് യഹോവയുടെ സന്നിധിയിൽ അർപ്പിക്കണം.

3എന്നാൽ യിസ്രായേൽമക്കളോടു നീ പറയേണ്ടത് എന്തെന്നാൽ: ‘യഹോവയുടെ സന്നിധിയിൽ യാഗം കഴിക്കേണ്ടതിനു നിങ്ങൾ പാപയാഗത്തിനായി ഊനമില്ലാത്ത ഒരു കോലാട്ടിൻകുട്ടിയെയും ഹോമയാഗത്തിനായി ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു ചെമ്മരിയാട്ടിൻകുട്ടിയെയും4സമാധാനയാഗത്തിനായി ഒരു കാളയെയും ഒരു ചെമ്മരിയാട്ടുകൊറ്റനെയും എണ്ണ ചേർത്ത ഭോജനയാഗത്തെയും എടുക്കുവിൻ; യഹോവ ഇന്നു നിങ്ങൾക്കു പ്രത്യക്ഷനാകും.’ ”5മോശെ കല്പിച്ചവ എല്ലാം അവർ സമാഗമനകൂടാരത്തിനു മുമ്പിൽ കൊണ്ടുവന്നു; സഭ മുഴുവനും അടുത്തുവന്നു യഹോവയുടെ സന്നിധിയിൽ നിന്നു.
6അപ്പോൾ മോശെ: “നിങ്ങൾ ചെയ്യണമെന്ന് യഹോവ കല്പിച്ച കാര്യം ഇതാകുന്നു; യഹോവയുടെ തേജസ്സ് നിങ്ങൾക്കു പ്രത്യക്ഷമാകും”എന്നു പറഞ്ഞു.7അഹരോനോട് മോശെ: “നീ യാഗപീഠത്തിന്റെ അടുക്കൽ ചെന്നു യഹോവ കല്പിച്ചതുപോലെ നിന്റെ പാപയാഗവും ഹോമയാഗവും അർപ്പിച്ചു നിനക്കും ജനത്തിനുംവേണ്ടി പ്രായശ്ചിത്തം കഴിച്ചു ജനത്തിന്റെ വഴിപാട് അർപ്പിച്ച് അവർക്കായിട്ടും പ്രായശ്ചിത്തം കഴിക്കുക എന്നു പറഞ്ഞു.
8അങ്ങനെ അഹരോൻ യാഗപീഠത്തിന്റെ അടുക്കൽ ചെന്നു തനിക്കുവേണ്ടി പാപയാഗത്തിനുള്ള കാളക്കുട്ടിയെ അറുത്തു;9അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം അഹരോന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ രക്തത്തിൽ വിരൽ മുക്കി യാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടി ശേഷം രക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചു.
10പാപയാഗത്തിന്റെ മേദസ്സും വൃക്കകളും കരളിന്മേലുള്ള കൊഴുപ്പും അവൻ യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ.11അതിന്റെ മാംസവും തോലും അവൻ പാളയത്തിനു പുറത്ത് തീയിൽ ഇട്ടു ചുട്ടുകളഞ്ഞു.
12അവൻ ഹോമയാഗത്തെയും അറുത്തു; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ അതു യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു.13അവർ കഷണംകഷണമായി ഹോമയാഗവും അതിന്റെ തലയും അവന്റെ അടുക്കൽ കൊണ്ടുവന്നു അവൻ അവയെ യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു.14അവൻ അതിന്റെ കുടലും കാലും കഴുകി യാഗപീഠത്തിന്മേൽ ഹോമയാഗത്തിൻ മീതെ ദഹിപ്പിച്ചു.
15അവൻ ജനത്തിന്റെ വഴിപാട് കൊണ്ടുവന്നു: ജനത്തിനുവേണ്ടി പാപയാഗത്തിനുള്ള കോലാടിനെ പിടിച്ച് അറുത്തു മുമ്പിലത്തേതിനെപ്പോലെ പാപയാഗമായി അർപ്പിച്ചു.16അവൻ ഹോമയാഗംകൊണ്ടു വന്ന് അതും നിയമപ്രകാരം അർപ്പിച്ചു.17അവൻ ഭോജനയാഗം കൊണ്ടുവന്ന് അതിൽ നിന്നു കൈനിറച്ച് എടുത്തു പ്രഭാതത്തിലെ ഹോമയാഗത്തിനു പുറമെ യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു.
18പിന്നെ അവൻ ജനത്തിനുവേണ്ടി സമാധാനയാഗത്തിനുള്ള കാളയെയും ചെമ്മരിയാട്ടുകൊറ്റനെയും അറുത്തു; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ അതു യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു.19കാളയുടെയും ആട്ടുകൊറ്റന്റെയും മേദസ്സും തടിച്ചവാലും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും വൃക്കകളും കരളിന്മേലുള്ള കൊഴുപ്പും കൊണ്ടുവന്നു.
20അവർ മേദസ്സു നെഞ്ചിന്റെ കഷണങ്ങളുടെമേൽ വച്ചു; അവൻ മേദസ്സു യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു.21എന്നാൽ നെഞ്ചിന്റെ കഷണങ്ങളും വലത്തെ കൈക്കുറകും മോശെ കല്പിച്ചതുപോലെ അഹരോൻ യഹോവയുടെ സന്നിധിയിൽ നീരാജാനാർപ്പണമായി നീരാജനം ചെയ്തു.
22പിന്നെ അഹരോൻ ജനത്തിനു നേരെ കൈ ഉയർത്തി അവരെ ആശീർവ്വദിച്ചു; പാപയാഗവും ഹോമയാഗവും സമാധാനയാഗവും അർപ്പിച്ചിട്ട് അവൻ ഇറങ്ങിപ്പോന്നു.23മോശെയും അഹരോനും സമാഗമനകൂടാരത്തിൽ കടന്നിട്ടു പുറത്തുവന്നു ജനത്തെ ആശീർവ്വദിച്ചു; അപ്പോൾ യഹോവയുടെ തേജസ്സ് സകല ജനത്തിനും പ്രത്യക്ഷമായി.24യഹോവയുടെ സന്നിധിയിൽനിന്നു തീ പുറപ്പെട്ടു യാഗപീഠത്തിന്മേൽ ഉള്ള ഹോമയാഗവും മേദസ്സും ദഹിപ്പിച്ചു; ജനമെല്ലാം അതു കണ്ടപ്പോൾ ആർത്തു സാഷ്ടാംഗം വീണു.

10

1അനന്തരം അഹരോന്റെ പുത്രന്മാരായ നാദാബും അബീഹൂവും ഓരോ ധൂപകലശം എടുത്ത് അതിൽ തീ ഇട്ട് അതിന്മേൽ ധൂപവർഗ്ഗവും ഇട്ടു, അങ്ങനെ തങ്ങളോടു കല്പിച്ചതല്ലാത്ത അന്യാഗ്നി യഹോവയുടെ സന്നിധിയിൽ അർപ്പിച്ചു.2ഉടനെ യഹോവയുടെ സന്നിധിയിൽനിന്നു തീ പുറപ്പെട്ട് അവരെ ദഹിപ്പിച്ചുകളഞ്ഞു; അവർ യഹോവയുടെ സന്നിധിയിൽ മരിച്ചുപോയി.

3അപ്പോൾ മോശെ അഹരോനോട്: “യഹോവ അരുളിച്ചെയ്തത് ഇതു തന്നെ: എന്നോട് അടുക്കുന്നവരിൽ ഞാൻ ശുദ്ധീകരിക്കപ്പെടും; സർവ്വജനത്തിന്റെയും മുമ്പാകെ ഞാൻ മഹത്വപ്പെടും” എന്ന് പറഞ്ഞു. അഹരോനോ മിണ്ടാതിരുന്നു.4പിന്നെ മോശെ അഹരോന്റെ ഇളയപ്പൻ ഉസ്സീയേലിന്റെ പുത്രന്മാരായ മീശായേലിനെയും എത്സാഫാനെയും വിളിച്ച് അവരോട്: “നിങ്ങൾ അടുത്തുചെന്നു നിങ്ങളുടെ സഹോദരന്മാരെ വിശുദ്ധമന്ദിരത്തിന്റെ മുമ്പിൽനിന്നു പാളയത്തിനു പുറത്ത് കൊണ്ടുപോകുവിൻ” എന്നു പറഞ്ഞു.
5മോശെ പറഞ്ഞതുപോലെ അവർ അടുത്തുചെന്ന് അവരെ അവരുടെ അങ്കികളോടുകൂടി പാളയത്തിനു പുറത്തു കൊണ്ടുപോയി.6പിന്നെ മോശെ അഹരോനോടും അവന്റെ പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും “നിങ്ങൾ മരിക്കാതെയും സർവ്വസഭയുടെയും മേൽ കോപം വരാതെയും ഇരിക്കുവാൻ നിങ്ങളുടെ തലമുടി പിച്ചിപ്പറിക്കരുത്1 ; നിങ്ങളുടെ വസ്ത്രം കീറുകയും അരുത്; നിങ്ങളുടെ സഹോദരന്മാരായ യിസ്രായേൽഗൃഹം ഒക്കെയും യഹോവ ദഹിപ്പിച്ച ദഹനംനിമിത്തം കരയട്ടെ.7നിങ്ങളോ മരിച്ചുപോകാതിരിക്കേണ്ടതിനു സമാഗമനകൂടാരത്തിന്റെ വാതിൽ വിട്ടു പുറത്തു പോകരുത്; യഹോവയുടെ അഭിഷേകതൈലം നിങ്ങളുടെ മേൽ ഇരിക്കുന്നുവല്ലോ” എന്നു പറഞ്ഞു. അവർ മോശെയുടെ വചനംപോലെ തന്നെ ചെയ്തു.

8യഹോവ അഹരോനോട് അരുളിച്ചെയ്തത്:9“നീയും നിന്റെ പുത്രന്മാരും മരിച്ചു പോകാതിരിക്കേണ്ടതിനു സമാഗമനകൂടാരത്തിൽ കടക്കുമ്പോൾ വീഞ്ഞും മദ്യവും കുടിക്കരുത്. ഇതു നിങ്ങൾക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കണം.10ശുദ്ധവും അശുദ്ധവും മലിനവും നിർമ്മലവും തമ്മിൽ നിങ്ങൾ വേർതിരിക്കേണ്ടതിനും11യഹോവ മോശെമുഖാന്തരം യിസ്രായേൽമക്കളോടു കല്പിച്ച സകലപ്രമാണങ്ങളും അവരെ ഉപദേശിക്കേണ്ടതിനും തന്നെ.”

12അഹരോനോടും അവന്റെ ശേഷിച്ച പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും മോശെ പറഞ്ഞതെന്തെന്നാൽ: “യഹോവയുടെ ദഹനയാഗങ്ങളിൽ ശേഷിപ്പുള്ള ഭോജനയാഗം നിങ്ങൾ എടുത്തു യാഗപീഠത്തിന്റെ അടുക്കൽ വച്ചു പുളിപ്പില്ലാത്തതായി ഭക്ഷിക്കുവിൻ; അത് അതിവിശുദ്ധം.13അത് ഒരു വിശുദ്ധസ്ഥലത്തു വച്ചു ഭക്ഷിക്കണം; യഹോവയുടെ ദഹനയാഗങ്ങളിൽ അതു നിനക്കുള്ള അവകാശവും നിന്റെ പുത്രന്മാർക്കുള്ള അവകാശവും ആകുന്നു; ഇങ്ങനെ എന്നോടു കല്പിച്ചിരിക്കുന്നു.
14നിരാജനത്തിന്റെ നെഞ്ചും ഉദർച്ചയുടെ കൈക്കുറകും നീയും നിന്റെ പുത്രന്മാരും പുത്രിമാരും ശുദ്ധിയുള്ള ഒരു സ്ഥലത്തു വച്ചു തിന്നണം; യിസ്രായേൽമക്കളുടെ സമാധാനയാഗങ്ങളിൽ അവ നിനക്കുള്ള അവകാശവും നിന്റെ മക്കൾക്കുള്ള അവകാശവുമായി നല്കിയിരിക്കുന്നു.15മേദസ്സിന്റെ ദഹനയാഗങ്ങളോടുകൂടെ അവർ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണ്ടതിന് ഉദർച്ചയുടെ കൈക്കുറകും നീരാജനത്തിന്റെ നെഞ്ചും കൊണ്ടുവരണം; അതു യഹോവ കല്പിച്ചതുപോലെ ശാശ്വതാവകാശമായി നിനക്കും നിന്റെ മക്കൾക്കും ഉള്ളതായിരിക്കണം.”

16പിന്നെ പാപയാഗമായ കോലാടിനെക്കുറിച്ചു മോശെ താത്പര്യമായി അന്വേഷിച്ചു; എന്നാൽ അതു ചുട്ടുകളഞ്ഞിരുന്നു; അപ്പോൾ അവൻ അഹരോന്റെ ശേഷിച്ച പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും കോപിച്ചു:17“പാപയാഗം അതിവിശുദ്ധവും സഭയുടെ അകൃത്യം നീക്കിക്കളയുവാനും അവർക്കുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തം കഴിക്കുവാനും നിങ്ങൾക്കു തന്നതും ആയിരിക്കെ നിങ്ങൾ അത് ഒരു വിശുദ്ധ സ്ഥലത്തുവച്ചു ഭക്ഷിക്കാഞ്ഞത് എന്ത്?18അതിന്റെ രക്തം വിശുദ്ധമന്ദിരത്തിനകത്തു കൊണ്ടുവന്നില്ലല്ലോ; ഞാൻ ആജ്ഞാപിച്ചതുപോലെ നിങ്ങൾ അത് ഒരു വിശുദ്ധസ്ഥലത്തുവച്ചു ഭക്ഷിക്കേണ്ടതായിരുന്നു” എന്നു പറഞ്ഞു.
19അപ്പോൾ അഹരോൻ മോശെയോട്: “ഇന്ന് അവർ അവരുടെ പാപയാഗവും ഹോമയാഗവും യഹോവയുടെ സന്നിധിയിൽ അർപ്പിച്ചു; എനിക്ക് ഇങ്ങനെ ഭവിച്ചുവല്ലോ. ഇന്നു ഞാൻ പാപയാഗം ഭക്ഷിച്ചു എങ്കിൽ അതു യഹോവയ്ക്കു പ്രസാദമായിരിക്കുമോ?” എന്നു പറഞ്ഞു.20ഇതു കേട്ടപ്പോൾ മോശെ സംതൃപ്തനായി.


1 10:6 തലമുടി പിച്ചിപ്പറിക്കരുതു തല മൂടാതിരികരുത് എന്നും ആകാം (എബ്രായ ബൈബിളിൽ).

11

1യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്:2“നിങ്ങൾ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ‘ഭൂമിയിലുള്ള സകലമൃഗങ്ങളിലും നിങ്ങൾക്കു ഭക്ഷിക്കാവുന്ന മൃഗങ്ങൾ ഇവയാണ്

3മൃഗങ്ങളിൽ കുളമ്പു പിളർന്നിരിക്കുന്നതും കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതും അയവിറക്കുന്നതുമായതിനെയെല്ലാം നിങ്ങൾക്കു ഭക്ഷിക്കാം.4എന്നാൽ അയവിറക്കുന്നവയിലും കുളമ്പു പിളർന്നിരിക്കുന്നവയിലും നിങ്ങൾ ഭക്ഷിക്കരുതാത്ത മൃഗങ്ങൾ ഇവയാണ്: ഒട്ടകം; അയവിറക്കുന്നു എങ്കിലും കുളമ്പു പിളർന്നതല്ലാത്തതിനാൽ അതു നിങ്ങൾക്ക് അശുദ്ധം.
5കുഴിമുയൽ; അയവിറക്കുന്നു എങ്കിലും കുളമ്പു പിളർന്നതല്ലായ്കയാൽ അതു നിങ്ങൾക്ക് അശുദ്ധം.6മുയൽ; അയവിറക്കുന്നു എങ്കിലും കുളമ്പു പിളന്നതല്ലായ്കയാൽ അതു നിങ്ങൾക്ക് അശുദ്ധം.7പന്നി; കുളമ്പു പിളർന്നതായി കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതു തന്നെ എങ്കിലും അയവിറക്കുന്നതല്ലായ്കയാൽ അതു നിങ്ങൾക്ക് അശുദ്ധം.8ഇവയുടെ മാംസം നിങ്ങൾ ഭക്ഷിക്കരുത്; ഇവയുടെ ശവം തൊടുകയും അരുത്; ഇവ നിങ്ങൾക്ക് അശുദ്ധം.

9“ ‘വെള്ളത്തിലുള്ള എല്ലാറ്റിലുംവച്ചു നിങ്ങൾക്കു ഭക്ഷിക്കാവുന്നവ ഇവയാണ്: കടലുകളിലും നദികളിലും ഉള്ള വെള്ളത്തിൽ ചിറകും ചെതുമ്പലും ഉള്ളവ എല്ലാം നിങ്ങൾക്കു ഭക്ഷിക്കാം.10എന്നാൽ കടലുകളിലും നദികളിലും ഉള്ള വെള്ളത്തിൽ ചലിക്കുന്ന എല്ലാറ്റിലും വെള്ളത്തിലുള്ള സകലജന്തുക്കളിലും ചിറകും ചെതുമ്പലുമില്ലാത്തതൊക്കെയും നിങ്ങൾക്ക് അറപ്പായിരിക്കണം.
11അവ നിങ്ങൾക്ക് അറപ്പായി തന്നെ ഇരിക്കണം. അവയുടെ മാംസം തിന്നരുത്; അവയുടെ ശവം നിങ്ങൾക്ക് അറപ്പായിരിക്കണം.12ചിറകും ചെതുമ്പലും ഇല്ലാതെ വെള്ളത്തിൽ ഉള്ളതൊക്കെയും നിങ്ങൾക്ക് അറപ്പായിരിക്കണം.

13“ ‘പക്ഷികളിൽ നിങ്ങൾക്ക് അറപ്പായിരിക്കേണ്ടുന്നവ ഇവയാണ്: അവയെ തിന്നരുത്; അവ അറപ്പാകുന്നു: കഴുകൻ, ചെമ്പരുന്ത്,14കടൽറാഞ്ചൻ, ഗൃദ്ധ്രം, അതതു വിധം പരുന്ത്,15അതതു വിധം കാക്ക, ഒട്ടകപ്പക്ഷി,16പുള്ള്, കടൽകാക്ക, അതതു വിധം പ്രാപ്പിടിയൻ,
17നത്ത്, നീർക്കാക്ക, കൂമൻ, മൂങ്ങ,18വേഴാമ്പൽ, കുടുമ്മച്ചാത്തൻ, പെരുഞാറ,19അതതതു വിധം കൊക്ക്, കുളക്കോഴി, നരിച്ചീർ എന്നിവയും
20ചിറകുള്ള ഇഴജാതിയിൽ നാലുകാലുകൊണ്ടു നടക്കുന്നവയെല്ലാം നിങ്ങൾക്ക് അറപ്പായിരിക്കണം.21എങ്കിലും ചിറകുള്ള ഇഴജാതിയിൽ നാലുകാലു കൊണ്ടു നടക്കുന്ന എല്ലാ ജീവികളിലും നിലത്തു കുതിക്കേണ്ടതിനു കാലിന്മേൽ തുട ഉള്ളവയെ നിങ്ങൾക്കു ഭക്ഷിക്കാം.22ഇവയിൽ അതതു വിധം വെട്ടുക്കിളി, അതതു വിധം വിട്ടിൽ, അതതു വിധം ചീവീട്, അതതു വിധം തുള്ളൻ എന്നിവയെ നിങ്ങൾക്കു ഭക്ഷിക്കാം.23ചിറകും നാലുകാലുമുള്ള ശേഷം ഇഴജാതികൾ എല്ലാം നിങ്ങൾക്ക് അറപ്പായിരിക്കണം.

24“ ‘അവയാൽ നിങ്ങൾ അശുദ്ധരാകും: അവയുടെ ശവം തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധൻ ആയിരിക്കണം.25അവയുടെ ശവം വഹിക്കുന്നവനെല്ലാം വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കണം.
26കുളമ്പു പിളർന്നതെങ്കിലും കുളമ്പു രണ്ടായി പിരിയാതെയും അയവിറക്കാതെയും ഇരിക്കുന്ന സകലമൃഗങ്ങളും നിങ്ങൾക്ക് അശുദ്ധം; അവയെ തൊടുന്നവനെല്ലാം അശുദ്ധൻ ആയിരിക്കണം.27നാലുകാലുകൊണ്ടു നടക്കുന്ന സകലമൃഗങ്ങളിലും ഉള്ളങ്കാൽ പതിച്ചു നടക്കുന്നവ ഒക്കെയും നിങ്ങൾക്ക് അശുദ്ധം; അവയുടെ ശവം തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധൻ ആയിരിക്കണം.28അവയുടെ ശവം വഹിക്കുന്നവൻ വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കണം; അവ നിങ്ങൾക്ക് അശുദ്ധം.

29“ ‘നിലത്ത് ഇഴയുന്ന ഇഴജാതിയിൽ നിങ്ങൾക്ക് അശുദ്ധമായവ ഇവയാണ്:30പെരിച്ചാഴി, എലി, അതതു വിധം ഉടുമ്പ്, അളുങ്ക്, ഓന്ത്, പല്ലി, അരണ, തുരവൻ.
31എല്ലാ ഇഴജാതികളിലുംവച്ച് ഇവ നിങ്ങൾക്ക് അശുദ്ധം; അവ ചത്തശേഷം അവയെ തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധൻ ആയിരിക്കണം.32ചത്തശേഷം അവയിൽ ഒന്ന് ഏതിന്മേൽ എങ്കിലും വീണാൽ അതൊക്കെയും അശുദ്ധമാകും; അതു മരപ്പാത്രമോ വസ്ത്രമോ തോലോ ചാക്കുശീലയോ വേലയ്ക്ക് ഉപയോഗിക്കുന്ന പാത്രമോ എന്തായാലും വെള്ളത്തിൽ ഇടണം; അതു സന്ധ്യവരെ അശുദ്ധമായിരിക്കണം; പിന്നെ ശുദ്ധമാകും.33അവയിൽ യാതൊന്നെങ്കിലും ഒരു മൺപാത്രത്തിനകത്തു വീണാൽ അതിനകത്തുള്ളറതെല്ലാം അശുദ്ധമാകും; നിങ്ങൾ അത് ഉടച്ചുകളയണം.
34തിന്നുന്ന വല്ല സാധനത്തിന്മേലും ആ വെള്ളം വീണാൽ അത് അശുദ്ധമാകും; കുടിക്കുന്ന വല്ല പാനീയവും ആ വക പാത്രത്തിൽ ഉണ്ടെങ്കിൽ അത് അശുദ്ധമാകും;35അവയിൽ ഒന്നിന്റെ ശവം1 വല്ലതിന്മേലും വീണാൽ അതൊക്കെയും അശുദ്ധമാകും: അടുപ്പോ തീച്ചട്ടിയോ ഇങ്ങനെ എന്തായാലും അതു തകർത്തുകളയണം; അവ അശുദ്ധം ആകുന്നു; അവ നിങ്ങൾക്ക് അശുദ്ധം ആയിരിക്കണം.
36എന്നാൽ നീരുറവും വെള്ളമുള്ള കിണറും ശുദ്ധമായിരിക്കും; ശവം തൊടുന്നവൻ അശുദ്ധനാകും.37വിതയ്ക്കുന്ന വിത്തായ വല്ല ധാന്യത്തിന്മേലും അവയിൽ ഒന്നിന്റെ ശവം വീണാലും അതു ശുദ്ധമായിരിക്കും.38എന്നാൽ വിത്തിൽ വെള്ളം ഒഴിച്ചിട്ട് അവയിൽ ഒന്നിന്റെ ശവം അതിന്മേൽ വീണാൽ അത് അശുദ്ധം.

39“ ‘നിങ്ങൾക്കു ഭക്ഷിക്കാവുന്ന ഒരു മൃഗം ചത്താൽ അതിന്റെ ശവം തൊടുന്നവൻ സന്ധ്യവരെ അശുദ്ധൻ ആയിരിക്കണം.40അതിന്റെ ശവം ഭക്ഷിക്കുന്നവൻ വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കണം; അതിന്റെ ശവം വഹിക്കുന്നവനും വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കണം.

41“ ‘നിലത്ത് ഇഴയുന്ന ഇഴജാതിയെല്ലാം അറപ്പാകുന്നു; അതിനെ ഭക്ഷിക്കരുത്.42ഉരസ്സുകൊണ്ടു ചരിക്കുന്നതും നാലുകാലുകൊണ്ടു നടക്കുന്നതും അല്ലെങ്കിൽ അനേകം കാലുള്ളതായി നിലത്ത് ഇഴയുന്നതുമായ യാതൊരു ഇഴജാതിയെയും നിങ്ങൾ ഭക്ഷിക്കരുത്; അവ അറപ്പാകുന്നു.
43യാതൊരു ഇഴജാതിയെക്കൊണ്ടും നിങ്ങളെത്തന്നെ അറപ്പാക്കരുത്; അവയാൽ നിങ്ങൾ മലിനപ്പെടുംവിധം നിങ്ങളെത്തന്നെ അശുദ്ധമാക്കുകയും അരുത്.44ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; ഞാൻ വിശുദ്ധനാകയാൽ നിങ്ങൾ നിങ്ങളെത്തന്നെ വിശുദ്ധീകരിച്ച് വിശുദ്ധരായിരിക്കണം2 ; ഭൂമിയിൽ ഇഴയുന്ന യാതൊരു ഇഴജാതിയാലും നിങ്ങളെത്തന്നെ അശുദ്ധമാക്കരുത്.45ഞാൻ നിങ്ങൾക്കു ദൈവമായിരിക്കേണ്ടതിനു നിങ്ങളെ ഈജിപ്റ്റിൽനിന്നു പുറപ്പെടുവിച്ച യഹോവ ആകുന്നു; ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിക്കണം.

46“ ‘ശുദ്ധവും അശുദ്ധവും തമ്മിലും ഭക്ഷിക്കാവുന്ന മൃഗത്തെയും ഭക്ഷിക്കരുതാത്ത മൃഗത്തെയും തമ്മിലും47വേർതിരിക്കേണ്ടതിന് ഇതു മൃഗങ്ങളെയും പക്ഷികളെയും വെള്ളത്തിൽ ചലിക്കുന്ന സകലജന്തുക്കളെയും നിലത്ത് ഇഴയുന്ന സകജീവികളെയും പറ്റിയുള്ള പ്രമാണം ആകുന്നു.’ ”


1 11:35 ശവം ശവത്തിന്റെ അംശം എന്നുമാകാം.
2 11:44 വിശുദ്ധന്മാരായിരിക്കേണം വിശുദ്ധരായിരിക്കേണം എന്നുമാകാം.

12

1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:2“നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ‘ഒരു സ്ത്രീ ഗർഭംധരിച്ച് ആൺകുഞ്ഞിനെ പ്രസവിച്ചാൽ അവൾ ഏഴു ദിവസം അശുദ്ധയായിരിക്കണം; ഋതുവിന്റെ മാലിന്യകാലത്തെന്നപോലെ അവൾ അശുദ്ധയായിരിക്കണം.3എട്ടാം ദിവസം അവന്റെ അഗ്രചർമ്മം പരിച്ഛേദന ചെയ്യണം.

4പിന്നെ അവൾ മുപ്പത്തിമൂന്നു ദിവസം തന്റെ രക്തശുദ്ധീകരണത്തിൽ ഇരിക്കണം; അവളുടെ ശുദ്ധീകരണകാലം തികയുന്നതുവരെ അവൾ യാതൊരു വിശുദ്ധവസ്തുവും തൊടരുത്; വിശുദ്ധമന്ദിരത്തിലേക്കു വരുകയും അരുത്.5പെൺകുഞ്ഞിനെ പ്രസവിച്ചാൽ അവൾ രണ്ട് ആഴ്ചവട്ടം ഋതുകാലത്തെന്നപോലെ അശുദ്ധയായിരിക്കണം; പിന്നെ അറുപത്താറു ദിവസം തന്റെ രക്തശുദ്ധീകരണത്തിൽ ഇരിക്കണം.
6മകനുവേണ്ടിയോ മകൾക്കുവേണ്ടിയോ അവളുടെ ശുദ്ധീകരണകാലം തികഞ്ഞശേഷം അവൾ ഒരു വയസ്സുപ്രായമുള്ള ആട്ടിൻകുട്ടിയെ ഹോമയാഗത്തിനായിട്ടും ഒരു പ്രാവിൻകുഞ്ഞിനെയോ ഒരു കുറുപ്രാവിനെയോ പാപയാഗത്തിനായിട്ടും സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം.
7പുരോഹിതൻ അത് യഹോവയുടെ സന്നിധിയിൽ അർപ്പിച്ചു പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അവളുടെ രക്തസ്രവം നിന്നിട്ട് അവൾ ശുദ്ധയാകും. ഇത് ആൺകുഞ്ഞിനെയോ പെൺകുഞ്ഞിനെയോ പ്രസവിച്ചവൾക്കുള്ള പ്രമാണം.8ആട്ടിൻകുട്ടിക്ക് അവളുടെ പക്കൽ വകയില്ല എങ്കിൽ അവൾ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ ഒന്നിനെ ഹോമയാഗത്തിനും മറ്റതിനെ പാപയാഗത്തിനുമായി കൊണ്ടുവരണം; പുരോഹിതൻ അവൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അവൾ ശുദ്ധയാകും.’ ”

13

1യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത് എന്തെന്നാൽ:2“ഒരു മനുഷ്യന്റെ ത്വക്കിന്മേൽ തിണർപ്പോ ചുണങ്ങോ വെളുത്ത പുള്ളിയോ ഇങ്ങനെ കുഷ്ഠത്തിന്റെ വടു കണ്ടാൽ അവനെ പുരോഹിതനായ അഹരോന്റെ അടുക്കലോ പുരോഹിതന്മാരായ അവന്റെ പുത്രന്മാരിൽ ഒരുവന്റെ അടുക്കലോ കൊണ്ടുവരണം.

3പുരോഹിതൻ ത്വക്കിന്മേൽ ഉള്ള വടു പരിശോധിക്കണം; വടുവിനകത്തുള്ള രോമം വെളുത്തതും വടു ത്വക്കിനെക്കാൾ കുഴിഞ്ഞതും ആയി കണ്ടാൽ അതു കുഷ്ഠലക്ഷണം; പുരോഹിതൻ അവനെ പരിശോധിച്ച് അശുദ്ധനെന്നു വിധിക്കണം.4അവന്റെ ത്വക്കിന്മേൽ ഉള്ള പുള്ളി വെളുത്തതും ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാത്തതും അതിനകത്തുള്ള രോമം വെളുത്തിരിക്കാത്തതും ആയി കണ്ടാൽ പുരോഹിതൻ ആ ലക്ഷണമുള്ളവനെ ഏഴു ദിവസത്തേക്ക് അകത്താക്കി അടയ്ക്കേണം.
5ഏഴാം ദിവസം പുരോഹിതൻ അവനെ പരിശോധിക്കണം. വടു ത്വക്കിന്മേൽ പരക്കാതെ, കണ്ട സ്ഥിതിയിൽ നില്ക്കുന്നു എങ്കിൽ പുരോഹിതൻ രണ്ടാം പ്രാവശ്യം അവനെ ഏഴു ദിവസത്തേക്ക് അകത്താക്കി അടയ്ക്കേണം.6ഏഴാം ദിവസം പുരോഹിതൻ അവനെ വീണ്ടും പരിശോധിക്കണം; വടു മങ്ങിയതായും ത്വക്കിന്മേൽ പരക്കാതെയും1 കണ്ടാൽ പുരോഹിതൻ അവനെ ശുദ്ധിയുള്ളവൻ എന്നു വിധിക്കണം; അതു ചുണങ്ങത്രേ. അവൻ വസ്ത്രം അലക്കി ശുദ്ധിയുള്ളവനായിരിക്കണം.
7അവൻ ശുദ്ധീകരണത്തിനായി തന്നെത്താൻ പുരോഹിതനെ കാണിച്ചശേഷം ചുണങ്ങ് ത്വക്കിന്മേൽ അധികമായി പരന്നാൽ അവൻ പിന്നെയും സ്വയം പുരോഹിതനെ കാണിക്കണം.8ചുണങ്ങു ത്വക്കിന്മേൽ പരക്കുന്നു എന്നു പുരോഹിതൻ കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കണം; അതു കുഷ്ഠം തന്നെ.

9“കുഷ്ഠത്തിന്റെ ലക്ഷണം ഒരു മനുഷ്യനിൽ ഉണ്ടായാൽ അവനെ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം.10പുരോഹിതൻ അവനെ പരിശോധിക്കണം; ത്വക്കിന്മേൽ വെളുത്ത തിണർപ്പു2 ണ്ടായിരിക്കുകയും അതിലെ രോമം വെളുത്തിരിക്കുകയും തിണർപ്പിൽ പച്ചമാംസത്തിന്റെ ലക്ഷണം ഉണ്ടായിരിക്കുകയും ചെയ്താൽ11അത് അവന്റെ ത്വക്കിൽ പഴകിയ കുഷ്ഠം ആകുന്നു; പുരോഹിതൻ അവനെ അശുദ്ധൻ എന്നു വിധിക്കണം; അവൻ അശുദ്ധനായതുകൊണ്ട് അവനെ അകത്താക്കി അടയ്ക്കരുത്.
12കുഷ്ഠം ത്വക്കിൽ അധികമായി പരന്നു രോഗിയുടെ തലതൊട്ടു കാൽവരെ പുരോഹിതൻ കാണുന്നേടത്തൊക്കെയും വടു ത്വക്കിൽ ആസകലം മൂടിയിരിക്കുന്നു എങ്കിൽ പുരോഹിതൻ പരിശോധിക്കണം;13കുഷ്ഠം അവന്റെ ദേഹത്തെ മുഴുവനും മൂടിയിരുന്നാൽ പുരോഹിതൻ വടുവുള്ളവനെ ശുദ്ധിയുള്ളവനെന്നു വിധിക്കണം; ആസകലം വെള്ളയായി തീർന്നു; അവൻ ശുദ്ധിയുള്ളവൻ ആകുന്നു.14എന്നാൽ പച്ചമാംസം അവനിൽ കണ്ടാൽ അവൻ അശുദ്ധൻ.
15പുരോഹിതൻ പച്ചമാംസം പരിശോധിച്ച് അവനെ അശുദ്ധനെന്നു വിധിക്കണം. പച്ചമാംസം അശുദ്ധം; അതു കുഷ്ഠം തന്നെ.16എന്നാൽ പച്ചമാംസം മാറി വീണ്ടും വെള്ളയായി തീർന്നാൽ അവൻ പുരോഹിതന്റെ അടുക്കൽ വരണം.17പുരോഹിതൻ അവനെ പരിശോധിക്കണം; വടു വെള്ളയായി തീർന്നു എങ്കിൽ പുരോഹിതൻ വടുവുള്ളവനെ ശുദ്ധിയുള്ളവനെന്നു വിധിക്കണം; അവൻ ശുദ്ധിയുള്ളവൻ തന്നെ.

18“ദേഹത്തിന്റെ ത്വക്കിൽ പരുവുണ്ടായിരുന്നിട്ട്19സൗഖ്യമായശേഷം പരുവിന്റെ സ്ഥലത്തു വെളുത്ത തിണർപ്പോ ചുവപ്പോടുകൂടിയ വെളുത്ത പുള്ളിയോ ഉണ്ടായാൽ അതു പുരോഹിതനെ കാണിക്കണം.20പുരോഹിതൻ അതു നോക്കണം; അതു ത്വക്കിനെക്കാൾ കുഴിഞ്ഞതും അതിലെ രോമം വെളുത്തതുമായി കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കണം; അതു പരുവിൽനിന്നുണ്ടായ കുഷ്ഠരോഗം.
21എന്നാൽ പുരോഹിതൻ അതു പരിശോധിച്ച് അതിൽ വെളുത്ത രോമം ഇല്ലാതെയും അതു ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും നിറം മങ്ങിയും കണ്ടാൽ പുരോഹിതൻ അവനെ ഏഴു ദിവസത്തേക്ക് അകത്താക്കി അടയ്ക്കണം.22അതു ത്വക്കിന്മേൽ അധികം പരന്നാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കണം; അതു കുഷ്ഠലക്ഷണം തന്നെ.23എന്നാൽ വെളുത്ത പുള്ളി പരക്കാതെ, കണ്ട നിലയിൽത്തന്നെ നിന്നു എങ്കിൽ അതു പരുവിന്റെ വടു അത്രേ. പുരോഹിതൻ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കണം.

24“അല്ലെങ്കിൽ ദേഹത്തിന്റെ ത്വക്കിൽ തീപ്പൊള്ളൽ ഉണ്ടായി പൊള്ളലിന്റെ വടു ചുവപ്പോടുകൂടി വെളുത്തോ വെളുത്തു തന്നെയോ ഇരിക്കുന്ന പുള്ളിയായിത്തീർന്നാൽ25പുരോഹിതൻ അതു പരിശോധിക്കണം; പുള്ളിയിലെ രോമം വെള്ളയായി തീർന്നു ത്വക്കിനെക്കാൾ കുഴിഞ്ഞുകണ്ടാൽ പൊള്ളലിൽ ഉണ്ടായ കുഷ്ഠം; ആകയാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കണം; അതു കുഷ്ഠലക്ഷണം തന്നെ.
26എന്നാൽ പുരോഹിതൻ അതു പരിശോധിച്ചിട്ട് പുള്ളിയിൽ വെളുത്തരോമം ഇല്ലാതെയും അതു ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും നിറം മങ്ങിയും കണ്ടാൽ പുരോഹിതൻ അവനെ ഏഴു ദിവസത്തേക്ക് അകത്താക്കി അടയ്ക്കണം.27ഏഴാം ദിവസം പുരോഹിതൻ അവനെ പരിശോധിക്കണം: അതു ത്വക്കിന്മേൽ പരന്നിരുന്നാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കണം; അതു കുഷ്ഠലക്ഷണം തന്നെ.28എന്നാൽ പുള്ളി ത്വക്കിന്മേൽ പരക്കാതെ, കണ്ട നിലയിൽ തന്നെ നില്ക്കുകയും നിറം മങ്ങിയിരിക്കുകയും ചെയ്താൽ അതു തീപ്പൊള്ളലിന്റെ തിണർപ്പ് ആകുന്നു; പുരോഹിതൻ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കണം; അതു തീപ്പൊള്ളലിന്റെ തിണർപ്പാകുന്നു.

29“ഒരു പുരുഷനെങ്കിലും ഒരു സ്ത്രീക്കെങ്കിലും തലയിലോ താടിയിലോ ഒരു വടു ഉണ്ടായാൽ പുരോഹിതൻ വടു പരിശോധിക്കണം.30അതു ത്വക്കിനെക്കാൾ കുഴിഞ്ഞും അതിൽ പൊൻനിറമായ നേർമ്മയുള്ള രോമം ഉള്ളതായും കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കണം; അതു പുറ്റാകുന്നു; തലയിലോ താടിയിലോ ഉള്ള കുഷ്ഠം തന്നെ.
31പുരോഹിതൻ പുറ്റിന്റെ വടുവ് പരിശോധിക്കുമ്പോൾ അതു ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും അതിൽ കറുത്ത രോമം ഇല്ലാതെയും കണ്ടാൽ പുരോഹിതൻ പുറ്റുവടുവുള്ളവനെ ഏഴുദിവസത്തേക്ക് അകത്താക്കി അടയ്ക്കേണം.
32ഏഴാം ദിവസം പുരോഹിതൻ വടുവ് പരിശോധിക്കണം; പുറ്റു പരക്കാതെയും അതിൽ പൊൻനിറമുള്ള രോമം ഇല്ലാതെയും പുറ്റ് ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും ഇരുന്നാൽ അവൻ ക്ഷൗരം ചെയ്യിക്കണം;33എന്നാൽ പുറ്റിൽ ക്ഷൗരം ചെയ്യരുത്; പുരോഹിതൻ പുറ്റുള്ളവനെ പിന്നെയും ഏഴു ദിവസത്തേക്ക് അകത്താക്കി അടയ്ക്കേണം.
34ഏഴാം ദിവസം പുരോഹിതൻ പുറ്റു പരിശോധിക്കണം; പുറ്റു ത്വക്കിന്മേൽ പരക്കാതെയും കാഴ്ചയ്ക്കു ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും ഇരുന്നാൽ പുരോഹിതൻ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കണം; അവൻ വസ്ത്രം അലക്കി ശുദ്ധിയുള്ളവനായിരിക്കണം.
35എന്നാൽ അവന്റെ ശുദ്ധീകരണത്തിന്റെ ശേഷം പുറ്റു ത്വക്കിന്മേൽ പരന്നാൽ36പുരോഹിതൻ അവനെ പരിശോധിക്കണം; പുറ്റു ത്വക്കിന്മേൽ വ്യാപിച്ചാൽ പുരോഹിതൻ പൊൻനിറമുള്ള രോമം അന്വേഷിക്കേണ്ടാ; അവൻ അശുദ്ധൻ തന്നെ.37എന്നാൽ പുറ്റു കണ്ട നിലയിൽ തന്നെ നില്ക്കുന്നതായും അതിൽ കറുത്ത രോമം മുളച്ചതായും കണ്ടാൽ പുറ്റു സൗഖ്യമായി; അവൻ ശുദ്ധിയുള്ളവൻ; പുരോഹിതൻ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കണം.

38“ഒരു പുരുഷനോ സ്ത്രീക്കോ ദേഹത്തിന്റെ ത്വക്കിൽ വെളുത്ത പുള്ളി ഉണ്ടായാൽ39പുരോഹിതൻ പരിശോധിക്കണം; ദേഹത്തിന്റെ ത്വക്കിൽ മങ്ങിയ വെള്ളപ്പുള്ളി ഉണ്ടായാൽ അതു ത്വക്കിൽ ഉണ്ടാകുന്ന ചുണങ്ങ്; അവൻ ശുദ്ധിയുള്ളവൻ.

40“തലമുടി കൊഴിഞ്ഞവനോ കഷണ്ടിക്കാരനത്രേ; അവൻ ശുദ്ധിയുള്ളവൻ.41തലയിൽ മുൻവശത്തെ രോമം കൊഴിഞ്ഞവൻ മുൻകഷണ്ടിക്കാരൻ; അവൻ ശുദ്ധിയുള്ളവൻ.
42പിൻകഷണ്ടിയിലോ മുൻകഷണ്ടിയിലോ ചുവപ്പോടുകൂടിയ വെള്ളപ്പുള്ളിയുണ്ടായാൽ അത് അവന്റെ പിൻകഷണ്ടിയിലോ മുൻകഷണ്ടിയിലോ ഉത്ഭവിക്കുന്ന കുഷ്ഠം.43പുരോഹിതൻ അതു പരിശോധിക്കണം; അവന്റെ പിൻകഷണ്ടിയിലോ മുൻകഷണ്ടിയിലോ ത്വക്കിൽ കുഷ്ഠത്തിന്റെ കാഴ്ചപോലെ വടുവിന്റെ തിണർപ്പ് ചുവപ്പോടുകൂടി വെളുത്തതായിരുന്നാൽ അവൻ കുഷ്ഠരോഗി;44അവൻ അശുദ്ധൻ തന്നെ; പുരോഹിതൻ അവനെ അശുദ്ധൻ എന്നു തീർത്തു വിധിക്കണം; അവന് തലയിൽ കുഷ്ഠരോഗം ഉണ്ട്.

45“വടുവുള്ള കുഷ്ഠരോഗിയുടെ വസ്ത്രം കീറിക്കളയണം: അവന്റെ തല മൂടാതിരിക്കണം; അവൻ അധരം മൂടിക്കൊണ്ടിരിക്കയും3 അശുദ്ധൻ അശുദ്ധൻ എന്നു വിളിച്ചുപറയുകയും വേണം.46അവന് രോഗം ഉള്ള നാൾ ഒക്കെയും അവൻ അശുദ്ധനായിരിക്കണം; അവൻ അശുദ്ധൻ തന്നെ; അവൻ എകനായി താമസിക്കണം; അവന്റെ താമസം പാളയത്തിനു പുറത്തായിരിക്കണം.

47“ആട്ടുരോമവസ്ത്രമോ ചണവസ്ത്രമോ ആയ ഏതു വസ്ത്രത്തിലെങ്കിലും48ചണംകൊണ്ടോ ആട്ടുരോമംകൊണ്ടോ ഉള്ള പാവിൽ എങ്കിലും ഊടയിലെങ്കിലും തോലിലെങ്കിലും തോൽകൊണ്ടു ഉണ്ടാക്കിയ യാതൊരു സാധനത്തിൽ എങ്കിലും49കുഷ്ഠത്തിന്റെ വടുവായി വസ്ത്രത്തിൽ എങ്കിലും തോലിലെങ്കിലും പാവിലെങ്കിലും ഊടയിലെങ്കിലും തോൽകൊണ്ടുള്ള യാതൊരു സാധനത്തിലെങ്കിലും വടു ഇളം പച്ചയോ ഇളം ചുവപ്പോ ആയിരുന്നാൽ അതു കുഷ്ഠലക്ഷണം ആകുന്നു; അതു പുരോഹിതനെ കാണിക്കണം.
50പുരോഹിതൻ വടു പരിശോധിച്ച് വടുവുള്ളതിനെ ഏഴു ദിവസത്തേക്ക് അകത്തിട്ട് അടയ്ക്കണം.51അവൻ ഏഴാം ദിവസം വടു പരിശോധിക്കണം; വസ്ത്രത്തിലോ പാവിലോ ഊടയിലോ തോലിലോ തോൽകൊണ്ട് ഉണ്ടാക്കിയ യാതൊരു വസ്തുവിലോ വടു വ്യാപിച്ചിട്ടുണ്ടെങ്കിൽ ആ വടു കഠിന കുഷ്ഠം; അത് അശുദ്ധമാകുന്നു.52വടുവുള്ള സാധനം ആട്ടിൻരോമംകൊണ്ടോ ചണംകൊണ്ടോ ഉള്ള വസ്ത്രമോ പാവോ ഊടയോ തോൽകൊണ്ടുള്ള യാതൊന്നെങ്കിലുമോ ആയിരുന്നാലും അതു ചുട്ടുകളയണം; അതു കഠിന കുഷ്ഠം; അതു തീയിൽ ഇട്ടു ചുട്ടുകളയണം.
53എന്നാൽ പുരോഹിതൻ അതു പരിശോധിക്കുമ്പോൾ വടു വസ്ത്രത്തിലോ പാവിലോ ഊടയിലോ തോൽകൊണ്ടുള്ള യാതൊരു സാധനത്തിലോ പരന്നിട്ടില്ല എങ്കിൽ54പുരോഹിതൻ വടുവുള്ള സാധനം കഴുകുവാൻ കല്പിക്കണം; അതു പിന്നെയും ഏഴു ദിവസത്തേക്ക് അകത്തിട്ട് അടയ്ക്കണം.55കഴുകിയശേഷം പുരോഹിതൻ വടു പരിശോധിക്കണം: വടു നിറം മാറാതെയും പരക്കാതെയും ഇരുന്നാൽ അത് അശുദ്ധം ആകുന്നു; അതു തീയിൽ ഇട്ടു ചുട്ടുകളയണം; അത് അതിന്റെ അകത്തോ പുറത്തോ തിന്നെടുക്കുന്ന വ്രണം.
56പിന്നെ പുരോഹിതൻ പരിശോധിക്കണം; കഴുകിയശേഷം വടുവിന്റെ നിറം മങ്ങി എങ്കിൽ അവൻ അതിനെ വസ്ത്രത്തിൽനിന്നോ തോലിൽനിന്നോ പാവിൽനിന്നോ ഊടയിൽനിന്നോ കീറിക്കളയണം.57അതു വസ്ത്രത്തിലോ പാവിലോ ഊടയിലോ തോൽകൊണ്ടുള്ള യാതൊരു സാധനത്തിലോ കാണുന്നു എങ്കിൽ അതു പടരുന്നതാകുന്നു; വടുവുള്ളതു തീയിൽ ഇട്ടു ചുട്ടുകളയണം.58എന്നാൽ വസ്ത്രമോ പാവോ ഊടയോ തോൽകൊണ്ടുള്ള യാതൊരു സാധനമോ കഴുകിയശേഷം വടു അവയിൽ നിന്നു നീങ്ങിപ്പോയി എങ്കിൽ അത് രണ്ടാം പ്രാവശ്യം കഴുകണം; അപ്പോൾ അതു ശുദ്ധമാകും.
59ആട്ടുരോമമോ ചണമോ കൊണ്ടുള്ള വസ്ത്രത്തിൽ എങ്കിലും പാവിൽ എങ്കിലും ഊടയിൽ എങ്കിലും തോൽകൊണ്ടുള്ള യാതൊന്നിലെങ്കിലും ഉള്ള കുഷ്ഠത്തിന്റെ വടുവിനെക്കുറിച്ച് അതു ശുദ്ധമെന്നോ അശുദ്ധമെന്നോ വിധിക്കുവാനുള്ള പ്രമാണം ഇതു തന്നെ.”


1 13:6 പരക്കുക വ്യാപിക്കുക.
2 13:10 തിണർപ്പു തടിപ്പ്,ചെറിയമുഴ.
3 13:45 അവൻ അധരം മൂടിക്കൊണ്ടിരിക്കയും അവൻ മേൽച്ചുണ്ട് മൂടുകയും എന്നുമാകാം (ന്യൂ കിംഗ് ജെയിംസ് വേർഷൻ).

14

1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:2“കുഷ്ഠരോഗിയുടെ ശുദ്ധീകരണദിവസത്തിൽ അവനെ സംബന്ധിച്ചുള്ള പ്രമാണം ഇണ്: അവനെ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം.

3പുരോഹിതൻ പാളയത്തിനു പുറത്ത് ചെല്ലണം; കുഷ്ഠരോഗിയുടെ കുഷ്ഠം സുഖമായി എന്നു പുരോഹിതൻ കണ്ടാൽ4ശുദ്ധീകരണം കഴിയുവാനുള്ളവനുവേണ്ടി ജീവനും ശുദ്ധിയുമുള്ള രണ്ടു പക്ഷി, ദേവദാരു, ചുവപ്പുനൂൽ, ഈസോപ്പ് എന്നിവ കൊണ്ടുവരുവാൻ കല്പിക്കണം.5പുരോഹിതൻ ഒരു പക്ഷിയെ ഒരു മൺപാത്രത്തിലെ ഉറവ ജലത്തിന്മീതെ അറുക്കുവാൻ കല്പിക്കണം.
6ജീവനുള്ള പക്ഷി, ദേവദാരു, ചുവപ്പുനൂൽ, ഈസോപ്പ് എന്നിവ അവൻ എടുത്ത് ഇവയും ജീവനുള്ള പക്ഷിയെയും ഉറവ ജലത്തിന്മീതെ അറുത്ത പക്ഷിയുടെ രക്തത്തിൽ മുക്കി7കുഷ്ഠശുദ്ധീകരണം കഴിക്കുവാനുള്ളവന്റെ മേൽ ഏഴു പ്രാവശ്യം തളിച്ച് അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കുകയും ജീവനുള്ള പക്ഷിയെ വെളിയിൽ വിടുകയും വേണം.
8ശുദ്ധീകരണം കഴിയുന്നവൻ വസ്ത്രം അലക്കി രോമം ഒക്കെയും ക്ഷൗരം ചെയ്യിച്ചു വെള്ളത്തിൽ കുളിക്കണം; എന്നാൽ അവൻ ശുദ്ധിയുള്ളവനാകും; അതിന്റെ ശേഷം അവൻ പാളയത്തിൽ ചെന്നു തന്റെ കൂടാരത്തിനു പുറത്ത് ഏഴു ദിവസം പാർക്കണം.9ഏഴാം ദിവസം അവൻ തലയും താടിയും പുരികവും എല്ലാം വെടിപ്പാക്കണം; ഇങ്ങനെ അവൻ സകലരോമവും ക്ഷൗരം ചെയ്യിച്ച് വസ്ത്രം അലക്കുകയും ദേഹം വെള്ളത്തിൽ കഴുകുകയും വേണം; എന്നാൽ അവൻ ശുദ്ധിയുള്ളവനാകും.
10എട്ടാം ദിവസം അവൻ ഊനമില്ലാത്ത രണ്ട് ആൺകുഞ്ഞാടിനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു പെൺകുഞ്ഞാടിനെയും ഭോജനയാഗമായിട്ട് എണ്ണ ചേർത്ത മൂന്നിടങ്ങഴി നേരിയ മാവും ഒരു കുറ്റി എണ്ണയും കൊണ്ടുവരണം.11ശുദ്ധീകരണം കഴിക്കുന്ന പുരോഹിതൻ ശുദ്ധീകരണം കഴിയുന്നവനെ അവയുമായി യഹോവയുടെ സന്നിധിയിൽ സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ നിർത്തണം.
12പുരോഹിതൻ ആൺകുഞ്ഞാടുകളിൽ ഒന്നിനെയും എണ്ണയും എടുത്ത് അകൃത്യയാഗമായി അർപ്പിച്ച് യഹോവയുടെ സന്നിധിയിൽ നീരാജനാർപ്പണമായി നീരാജനം ചെയ്യണം.13അവൻ വിശുദ്ധമന്ദിരത്തിൽ പാപയാഗത്തെയും ഹോമയാഗത്തെയും അറുക്കുന്ന സ്ഥലത്തുവച്ച് കുഞ്ഞാടിനെ അറുക്കണം; അകൃത്യയാഗം പാപയാഗംപോലെ പുരോഹിതനുള്ളത് ആകുന്നു; അത് അതിവിശുദ്ധം.
14പുരോഹിതൻ അകൃത്യയാഗത്തിന്റെ രക്തം കുറെ എടുത്തു ശുദ്ധീകരണം കഴിയുന്നവന്റെ വലതുകാതിന്റെ അഗ്രത്തിന്മേലും വലതുകൈയുടെ പെരുവിരലിന്മേലും വലത്തുകാലിന്റെ പെരുവിരലിന്മേലും പുരട്ടണം.15പിന്നെ പുരോഹിതൻ ആ എണ്ണ കുറെ തന്റെ ഇടത്തെ ഉള്ളംകൈയിൽ ഒഴിക്കണം.16പുരോഹിതൻ ഇടംകൈയിൽ ഉള്ള എണ്ണയിൽ വലംകൈയുടെ വിരൽ മുക്കി വിരൽകൊണ്ട് ഏഴു പ്രാവശ്യം യഹോവയുടെ സന്നിധിയിൽ എണ്ണ തളിക്കണം.
17ഉള്ളംകൈയിൽ ശേഷിച്ച എണ്ണ കുറെ പുരോഹിതൻ ശുദ്ധീകരണം കഴിയുന്നവന്റെ വലതുകാതിന്റെ അഗ്രത്തിന്മേലും വലതുകൈയുടെ പെരുവിരലിന്മേലും വലതുകാലിന്റെ പെരുവിരലിന്മേലും അകൃത്യയാഗത്തിന്റെ രക്തത്തിന്മീതെ പുരട്ടണം.18പുരോഹിതന്റെ ഉള്ളംകൈയിൽ ശേഷിപ്പുള്ള എണ്ണ അവൻ ശുദ്ധീകരണം കഴിയുന്നവന്റെ തലയിൽ ഒഴിച്ച് യഹോവയുടെ സന്നിധിയിൽ അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം.
19പുരോഹിതൻ പാപയാഗം അർപ്പിച്ച് അശുദ്ധി നീക്കി ശുദ്ധീകരിക്കപ്പെടുന്നവനുവേണ്ടി പ്രായശ്ചിത്തം കഴിച്ചശേഷം ഹോമയാഗമൃഗത്തെ അറുക്കണം.20പുരോഹിതൻ ഹോമയാഗവും ഭോജനയാഗവും യാഗപീഠത്തിന്മേൽ അർപ്പിക്കണം; അങ്ങനെ പുരോഹിതൻ അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അവൻ ശുദ്ധിയുള്ളവൻ ആകും.
21അവൻ ദരിദ്രനും അത്രയ്ക്കു വകയില്ലാത്തവനും ആകുന്നു എങ്കിൽ തനിക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിനു നീരാജനത്തിനായി അകൃത്യയാഗമായിട്ട് ഒരു കുഞ്ഞാടിനെയും ഭോജനയാഗമായിട്ട് എണ്ണ ചേർത്ത ഒരിടങ്ങഴി നേരിയ മാവും22ഒരു കുറ്റി എണ്ണയും പ്രാപ്തിപോലെ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ ഒന്നിനെ പാപയാഗമായിട്ടും മറ്റതിനെ ഹോമയാഗമായിട്ടും എടുത്ത് തന്റെ ശുദ്ധീകരണത്തിനായി23എട്ടാം ദിവസം സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ യഹോവയുടെ സന്നിധിയിൽ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം.
24പുരോഹിതൻ അകൃത്യയാഗത്തിനുള്ള ആട്ടിൻകുട്ടിയെയും എണ്ണയും എടുത്ത് യഹോവയുടെ സന്നിധിയിൽ നീരാജനാർപ്പണമായി നീരാജനം ചെയ്യണം;25അവൻ അകൃത്യയാഗത്തിനുള്ള ആട്ടിൻകുട്ടിയെ അറുക്കണം; പുരോഹിതൻ അകൃത്യയാഗത്തിന്റെ രക്തം കുറെ എടുത്തു ശുദ്ധീകരണം കഴിയുന്നവന്റെ വലതു കാതിന്റെ അഗ്രത്തിന്മേലും വലതു കൈയുടെ പെരുവിരലിന്മേലും വലത്തു കാലിന്റെ പെരുവിരലിന്മേലും പുരട്ടണം.
26പുരോഹിതൻ എണ്ണ കുറെ തന്റെ ഇടത്തെ ഉള്ളംകൈയിൽ ഒഴിക്കണം.27പുരോഹിതൻ ഇടത്തുകൈയിൽ ഉള്ള എണ്ണ കുറെ വലത്തുകൈയുടെ വിരൽകൊണ്ട് യഹോവയുടെ സന്നിധിയിൽ ഏഴു പ്രാവശ്യം തളിക്കണം.
28പുരോഹിതൻ ഉള്ളംകൈയിലുള്ള എണ്ണ കുറെ ശുദ്ധികരണം കഴിയുന്നവന്റെ വലത്തുകാതിന്റെ അഗ്രത്തിന്മേലും വലത്തുകൈയുടെ പെരുവിരലിന്മേലും വലത്തു കാലിന്റെ പെരുവിരലിന്മേലും അകൃത്യയാഗത്തിന്റെ രക്തം ഉള്ളിടത്തു പുരട്ടണം.29പുരോഹിതൻ ഉള്ളംകൈയിൽ ശേഷിക്കുന്ന എണ്ണ അവൻ ശുദ്ധീകരണം കഴിയുന്നവന്റെ തലയിൽ ഒഴിച്ച് അവനുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തം കഴിക്കണം.
30അവൻ പ്രാപ്തിപോലെ കുറുപ്രാവുകളിലോ31പ്രാവിൻകുഞ്ഞുങ്ങളിലോ ഒന്നിനെ പാപയാഗമായിട്ടും മറ്റതിനെ ഹോമയാഗമായിട്ടും ഭോജനയാഗത്തോടുകൂടി അർപ്പിക്കണം; ഇങ്ങനെ പുരോഹിതൻ ശുദ്ധീകരണം കഴിയുന്നവനുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തം കഴിക്കണം.32ഇതു ശുദ്ധീകരണത്തിനുവേണ്ടി വകയില്ലാത്ത കുഷ്ഠരോഗിക്കുള്ള പ്രമാണം.”

33യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത് എന്തെന്നാൽ:34“ഞാൻ നിങ്ങൾക്ക് അവകാശമായി തരുന്ന കനാൻദേശത്തു നിങ്ങൾ എത്തിയശേഷം ഞാൻ നിങ്ങളുടെ അവകാശദേശത്ത് ഒരു വീട്ടിൽ കുഷ്ഠബാധ വരുത്തുമ്പോൾ35വീട്ടുടമസ്ഥൻ വന്നു ‘വീട്ടിൽ കുഷ്ഠലക്ഷണമുള്ളതായി എനിക്കു തോന്നുന്നു’ എന്നു പുരോഹിതനെ അറിയിക്കണം.
36അപ്പോൾ വീട്ടിലുള്ള സകലവും അശുദ്ധമാകാതിരിക്കുവാൻ പുരോഹിതൻ വടു പരിശോധിക്കേണ്ടതിനു ചെല്ലുന്നതിനു മുമ്പ് വീട് ഒഴിച്ചിടുവാൻ കല്പിക്കണം; പിന്നെ പുരോഹിതൻ വീടു പരിശോധിക്കുവാൻ അകത്തു ചെല്ലണം.37അവൻ വടു പരിശോധിക്കണം; വീടിന്റെ ചുവരിൽ ഇളംപച്ചയും ഇളംചുവപ്പുമായ കുത്തുകൾ ഉണ്ടായിട്ട് അവ കാഴ്ചയ്ക്കു ചുവരിനെക്കാൾ കുഴിഞ്ഞതായി കണ്ടാൽ പുരോഹിതൻ വീടു വിട്ടു38വാതില്ക്കൽ വന്നു വീട് ഏഴുദിവസത്തേക്ക് അടച്ചിടണം.
39ഏഴാം ദിവസം പുരോഹിതൻ വീണ്ടും ചെന്നു പരിശോധിക്കണം; വടു വീടിന്റെ ചുവരിൽ പരന്നിട്ടുണ്ടെങ്കിൽ40വടുവുള്ള കല്ലു നീക്കി പട്ടണത്തിനു പുറത്ത് ഒരു അശുദ്ധസ്ഥലത്ത് ഇടുവാൻ പുരോഹിതൻ കല്പിക്കണം.
41പിന്നെ വീടിന്റെ അകം ഒക്കെയും ചുരണ്ടിക്കണം; ചുരണ്ടിയ മണ്ണ് പട്ടണത്തിനു പുറത്ത് ഒരു അശുദ്ധസ്ഥലത്തു കളയണം.42പിന്നെ വേറെ കല്ലെടുത്ത് ആ കല്ലിനു പകരം വയ്ക്കണം; വേറെ കുമ്മായം വീടിനു തേക്കുകയും വേണം.
43അങ്ങനെ കല്ലു നീക്കുകയും വീട് ചുരണ്ടുകയും കുമ്മായം തേക്കുകയും ചെയ്തശേഷം വടു പിന്നെയും വീട്ടിൽ ഉണ്ടായി വന്നാൽ പുരോഹിതൻ ചെന്നു പരിശോധിക്കണം;44വടു വീട്ടിൽ വ്യാപിച്ചാൽ അതു വീട്ടിൽ തിന്നെടുക്കുന്ന കുഷ്ഠം തന്നെ; അത് അശുദ്ധം ആകുന്നു.
45വീടിന്റെ കല്ലും മരവും കുമ്മായവും ഇടിച്ചുപൊളിച്ച് പട്ടണത്തിനു പുറത്ത് ഒരു അശുദ്ധസ്ഥലത്തു കൊണ്ടുപോയി കളയണം.46വീട് അടച്ചിരുന്ന കാലത്ത് എപ്പോഴെങ്കിലും അതിനകത്തു കടക്കുന്നവൻ സന്ധ്യവരെ അശുദ്ധിയുള്ളവനായിരിക്കണം.47വീട്ടിൽ കിടക്കുന്നവൻ വസ്ത്രം അലക്കണം; ആ വീട്ടിൽ വച്ചു ഭക്ഷണം കഴിക്കുന്നവനും വസ്ത്രം അലക്കണം.
48വീടിനു കുമ്മായം തേച്ചശേഷം പുരോഹിതൻ അകത്തു ചെന്നു പരിശോധിച്ച് വീട്ടിൽ വടു പരന്നിട്ടില്ല എന്നു കണ്ടാൽ വടു മാറിപ്പോയതുകൊണ്ട് പുരോഹിതൻ ആ വീടു ശുദ്ധിയുള്ളത് എന്നു വിധിക്കണം.
49അപ്പോൾ അവൻ വീടു ശുദ്ധീകരിക്കേണ്ടതിനു രണ്ടു പക്ഷി, ദേവദാരു, ചുവപ്പുനൂൽ, ഈസോപ്പ് എന്നിവ എടുത്ത്50ഒരു പക്ഷിയെ മൺപാത്രത്തിലുള്ള ഉറവുവെള്ളത്തിന്മീതെ അറുക്കണം.51പിന്നെ ദേവദാരു, ഈസോപ്പ്, ചുവപ്പുനൂൽ, ജീവനുള്ള പക്ഷി എന്നിവ എടുത്ത് അറുത്ത പക്ഷിയുടെ രക്തത്തിലും ഉറവുവെള്ളത്തിലും മുക്കി വീടിന്മേൽ ഏഴു പ്രാവശ്യം തളിക്കണം.
52പക്ഷിയുടെ രക്തം, ഉറവുവെള്ളം, ജിവനുള്ള പക്ഷി, ദേവദാരു, ഈസോപ്പ്, ചുവപ്പുനൂൽ എന്നിവകൊണ്ടു വീടു ശുദ്ധീകരിക്കണം.53ജീവനുള്ള പക്ഷിയെ പട്ടണത്തിനു പുറത്ത് വെളിയിൽ വിടണം; അങ്ങനെ വീടിനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അതു ശുദ്ധമാകും.
54ഇതു സകല കുഷ്ഠത്തിനും വടുവിനും55പുറ്റിനും വസ്ത്രത്തിന്റെയും വീടിന്റെയും56കുഷ്ഠത്തിനും തിണർപ്പിനും ചുണങ്ങിനും ചിരങ്ങിനും വെളുത്തപുള്ളിക്കും ഉള്ള പ്രമാണം.57എപ്പോൾ അശുദ്ധമെന്നും എപ്പോൾ ശുദ്ധമെന്നും അറിയേണ്ടതിന് ഇതു കുഷ്ഠത്തെക്കുറിച്ചുള്ള പ്രമാണം.”

15

1യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്:2“നിങ്ങൾ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ‘ആർക്കെങ്കിലും തന്റെ അംഗത്തിൽ ശുക്ലസ്രവം ഉണ്ടായാൽ അവൻ സ്രവത്താൽ അശുദ്ധൻ ആകുന്നു.3ഇത് അവന്റെ സ്രവത്താലുള്ള അശുദ്ധിയാകുന്നു: അവന്റെ അംഗം സ്രവിച്ചുകൊണ്ടിരുന്നാലും അവന്റെ അംഗം സ്രവിക്കാതെ അടഞ്ഞിരുന്നാലും അതു അശുദ്ധി തന്നെ.

4സ്രവക്കാരൻ കിടക്കുന്ന കിടക്ക ഒക്കെയും അശുദ്ധം; അവൻ ഇരിക്കുന്ന സാധനമൊക്കെയും അശുദ്ധം.5അവന്റെ കിടക്ക തൊടുന്ന മനുഷ്യൻ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കുകയും സന്ധ്യവരെ അശുദ്ധനായിരിക്കുകയും വേണം.
6സ്രവക്കാരൻ ഇരുന്ന സാധനത്തിന്മേൽ ഇരിക്കുന്നവൻ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കുകയും സന്ധ്യവരെ അശുദ്ധൻ ആയിരിക്കുകയും വേണം.7സ്രവക്കാരന്റെ ദേഹം തൊടുന്നവൻ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കുകയും സന്ധ്യവരെ അശുദ്ധനായിരിക്കുകയും വേണം.
8സ്രവക്കാരൻ ശുദ്ധിയുള്ളവന്റെമേൽ തുപ്പിയാൽ അവൻ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കുകയും സന്ധ്യവരെ അശുദ്ധനായിരിക്കുകയും വേണം.9സ്രവക്കാരൻ ഇരുന്നു യാത്രചെയ്യുന്ന ഏതു ജീനിയും1 അശുദ്ധമാകും.
10സ്രവക്കാരന്റെ കീഴെ ഇരുന്ന ഏതിനെയും തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധനായിരിക്കണം; അവയെ വഹിക്കുന്നവൻ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കുകയും സന്ധ്യവരെ അശുദ്ധനായിരിക്കുകയും വേണം.11സ്രവക്കാരൻ വെള്ളംകൊണ്ടു കൈകഴുകാതെ ആരെ എങ്കിലും തൊട്ടാൽ അവൻ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കുകയും സന്ധ്യവരെ അശുദ്ധനായിരിക്കുകയും വേണം.12സ്രവക്കാരൻ തൊട്ട മൺപാത്രം ഉടച്ചുകളയേണം; മരപ്പാത്രമെല്ലാം വെള്ളംകൊണ്ടു കഴുകണം.
13സ്രവക്കാരൻ സ്രവം മാറി ശുദ്ധിയുള്ളവൻ ആകുമ്പോൾ ശുദ്ധീകരണത്തിനായി ഏഴുദിവസം എണ്ണിയിട്ട് വസ്ത്രം അലക്കി ദേഹം ഒഴുക്കുവെള്ളത്തിൽ കഴുകണം; എന്നാൽ അവൻ ശുദ്ധിയുള്ളവൻ ആകും.14എട്ടാം ദിവസം അവൻ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ എടുത്ത് സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ യഹോവയുടെ സന്നിധിയിൽ വന്ന് അവയെ പുരോഹിതന്റെ പക്കൽ കൊടുക്കണം.15പുരോഹിതൻ അവയിൽ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അർപ്പിക്കണം; ഇങ്ങനെ പുരോഹിതൻ അവനുവേണ്ടി യഹോവയുടെ സന്നിധിയിൽ അവന്റെ സ്രവത്തിനു പ്രായശ്ചിത്തം കഴിക്കണം.
16ഒരുവന് ബീജം പോയാൽ അവൻ തന്റെ ദേഹം മുഴുവനും വെള്ളത്തിൽ കഴുകുകയും സന്ധ്യവരെ അശുദ്ധൻ ആയിരിക്കുകയും വേണം.17ബീജം വീണ സകല വസ്ത്രവും എല്ലാ തോലും വെള്ളത്തിൽ കഴുകുകയും അതു സന്ധ്യവരെ അശുദ്ധമായിരിക്കുകയും വേണം.18പുരുഷനും സ്ത്രീയും തമ്മിൽ ബീജസ്ഖലനത്തോടുകൂടി ശയിച്ചാൽ ഇരുവരും വെള്ളത്തിൽ കുളിക്കുകയും സന്ധ്യവരെ അശുദ്ധരായിരിക്കുകയും വേണം.

19“ ‘ഒരു സ്ത്രീക്കു സ്രവമുണ്ടായി അവളുടെ അംഗസ്രവം രക്തം ആയിരുന്നാൽ അവൾ ഏഴു ദിവസം അശുദ്ധയായിരിക്കണം; അവളെ തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധനായിരിക്കണം.20അവളുടെ അശുദ്ധിയിൽ അവൾ ഏതിന്മേലെങ്കിലും കിടന്നാൽ അതൊക്കെയും അശുദ്ധമായിരിക്കേണം; അവൾ ഏതിന്മേലെങ്കിലും ഇരുന്നാൽ അതൊക്കെയും അശുദ്ധമായിരിക്കണം.
21അവളുടെ കിടക്ക തൊടുന്നവനെല്ലാം വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കുകയും സന്ധ്യവരെ അശുദ്ധനായിരിക്കുകയും വേണം.22അവൾ ഇരുന്ന ഏതൊരു സാധനവും തൊടുന്നവനെല്ലാം വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കുകയും സന്ധ്യവരെ അശുദ്ധനായിരിക്കുകയും വേണം.23അവളുടെ കിടക്കമേലോ അവൾ ഇരുന്നതിന്മേലോ ഉള്ള ഏതൊന്നെങ്കിലും തൊടുന്നവൻ സന്ധ്യവരെ അശുദ്ധനായിരിക്കണം.
24ഒരുവൻ അവളോടുകൂടി ശയിക്കുകയും അവളുടെ അശുദ്ധി അവന്റെമേൽ ആകുകയും ചെയ്താൽ അവൻ ഏഴു ദിവസം അശുദ്ധനായിരിക്കണം; അവൻ കിടക്കുന്ന കിടക്ക ഒക്കെയും അശുദ്ധമാകും.
25ഒരു സ്ത്രീക്ക് ഋതുകാലത്തല്ലാതെ രക്തസ്രവം ഏറെ ദിവസം ഉണ്ടാകുകയോ ഋതുകാലത്തിനുമപ്പുറം സ്രവിക്കുകയോ ചെയ്താൽ അവളുടെ അശുദ്ധിയുടെ സ്രവകാലം എല്ലാം ഋതുകാലംപോലെ ഇരിക്കണം; അവൾ അശുദ്ധയായിരിക്കണം.26രക്തസ്രവമുള്ള കാലത്തെല്ലാം അവൾ കിടക്കുന്ന കിടക്കയൊക്കെയും ഋതുകാലത്തിലെ കിടക്കപോലെ ഇരിക്കണം; അവൾ ഇരിക്കുന്ന സാധനമെല്ലാം ഋതുകാലത്തിലെ അശുദ്ധിപോലെ അശുദ്ധമായിരിക്കണം.27അവ തൊടുന്നവനെല്ലാം അശുദ്ധനാകും; അവൻ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കുകയും സന്ധ്യവരെ അശുദ്ധനായിരിക്കുകയും വേണം.
28രക്തസ്രവം മാറി ശുദ്ധിയുള്ളവളായാൽ അവൾ ഏഴു ദിവസം എണ്ണിക്കൊള്ളണം; അതിന്റെ ശേഷം അവൾ ശുദ്ധിയുള്ളവളാകും.29എട്ടാം ദിവസം അവൾ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ എടുത്ത് സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം.30പുരോഹിതൻ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അർപ്പിക്കണം; ഇങ്ങനെ പുരോഹിതൻ അവൾക്കുവേണ്ടി യഹോവയുടെ സന്നിധിയിൽ അവളുടെ അശുദ്ധിയുടെ രക്തസ്രവംനിമിത്തം പ്രായശ്ചിത്തം കഴിക്കണം.

31“ ‘യിസ്രായേൽമക്കളുടെ നടുവിലുള്ള എന്റെ നിവാസം അവർ അശുദ്ധമാക്കിയിട്ടു അവരുടെ അശുദ്ധികളിൽ മരിക്കാതിരിക്കേണ്ടതിനു നിങ്ങൾ യിസ്രായേൽമക്കളെ അവരുടെ അശുദ്ധികളിൽനിന്ന് ഇങ്ങനെ അകറ്റണം.

32“ ‘ഇതു സ്രവക്കാരനും ബീജസ്ഖലനത്താൽ അശുദ്ധനായവനും33ഋതുസംബന്ധമായ ദീനമുള്ളവൾക്കും സ്രവമുള്ള പുരുഷനും സ്ത്രീക്കും അശുദ്ധയോടുകൂടി ശയിക്കുന്നവനും ഉള്ള പ്രമാണം.’ ”


1 15:9 ജീനിയും മനുഷ്യൻ സഞ്ചരിക്കുവാൻ ഉപയോഗിക്കുന്ന മൄഗങ്ങളുടെ പുറത്തിടുന്ന ഇരിപ്പിടം.

16

1അഹരോന്റെ രണ്ടു പുത്രന്മാർ യഹോവയുടെ സന്നിധിയിൽ അടുത്തു ചെന്നിട്ടു മരിച്ചുപോയശേഷം യഹോവ മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ:2“കൃപാസനത്തിന്മീതെ മേഘത്തിൽ ഞാൻ വെളിപ്പെടുന്നതുകൊണ്ടു നിന്റെ സഹോദരനായ അഹരോൻ മരിക്കാതിരിക്കേണ്ടതിനു വിശുദ്ധമന്ദിരത്തിൽ തിരശ്ശീലയ്ക്കകത്തു പെട്ടകത്തിന്മേലുള്ള കൃപാസനത്തിന്റെ മുമ്പിൽ എല്ലാസമയത്തും വരരുത് എന്ന് അവനോടു പറയണം.

3പാപയാഗത്തിന് ഒരു കാളക്കിടാവിന്റെ രക്തത്തോടും ഹോമയാഗത്തിന് ഒരു ആട്ടുകൊറ്റന്റെ രക്തത്തോടുംകൂടി അഹരോൻ വിശുദ്ധമന്ദിരത്തിൽ കടക്കണം1 .4അവൻ പഞ്ഞിനൂൽകൊണ്ടുള്ള വിശുദ്ധമായ അങ്കി ധരിച്ചു ദേഹത്തിൽ പഞ്ഞിനൂൽകൊണ്ടുള്ള കാൽചട്ട ഇട്ടു പഞ്ഞിനൂൽകൊണ്ടുള്ള നടുക്കെട്ടു കെട്ടി പഞ്ഞിനൂൽകൊണ്ടുള്ള മുടിയും2 വയ്ക്കണം; ഇവ വിശുദ്ധവസ്ത്രം ആകയാൽ അവൻ ദേഹം വെള്ളത്തിൽ കഴുകിയ ശേഷം അവ ധരിക്കണം.5അവൻ യിസ്രായേൽമക്കളുടെ സഭയുടെ പക്കൽനിന്നു പാപയാഗത്തിനു രണ്ടു കോലാട്ടുകൊറ്റനെയും ഹോമയാഗത്തിന് ഒരു ആട്ടുകൊറ്റനെയും വാങ്ങണം.
6തനിക്കുവേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അഹരോൻ അർപ്പിച്ചു തനിക്കും കുടുംബത്തിനുംവേണ്ടി പ്രായശ്ചിത്തം കഴിക്കണം.7അവൻ ആ രണ്ടു കോലാട്ടുകൊറ്റനെ കൊണ്ടുവന്നു സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ യഹോവയുടെ സന്നിധിയിൽ നിർത്തണം.
8പിന്നെ അഹരോൻ യഹോവയ്ക്ക് എന്ന് ഒരു ചീട്ടും അസസ്സേലിന് എന്ന് മറ്റൊരു ചീട്ടും ഇങ്ങനെ രണ്ടു കോലാട്ടുകൊറ്റനും ചീട്ടിടണം.9യഹോവയ്ക്കുള്ള ചീട്ടു വീണ കോലാട്ടുകൊറ്റനെ അഹരോൻ കൊണ്ടുവന്നു പാപയാഗമായി അർപ്പിക്കണം.10അസസ്സേലിനു ചീട്ടു വീണ കോലാട്ടുകൊറ്റനെ, അതിനാൽ പ്രായശ്ചിത്തം കഴിക്കേണ്ടതിന് അതിനെ അസസ്സേലിനു മരുഭൂമിയിലേക്കു വിട്ടയയ്ക്കേണ്ടതിനുമായി യഹോവയുടെ സന്നിധിയിൽ ജീവനോടെ നിർത്തണം.
11പിന്നെ തനിക്കുവേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അഹരോൻ അർപ്പിച്ച് തനിക്കും കുടുംബത്തിനുംവേണ്ടി പ്രായശ്ചിത്തം കഴിച്ചു തനിക്കുവേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അറുക്കണം.
12അവൻ യഹോവയുടെ സന്നിധിയിൽ യാഗപീഠത്തിന്മേൽ ഉള്ള തീക്കനൽ ഒരു ധൂപകലശത്തിൽ നിറച്ച് സൗരഭ്യമുള്ള ധൂപവർഗ്ഗചൂർണ്ണം കൈ നിറയെ എടുത്തു തിരശ്ശീലയ്ക്കകത്ത് കൊണ്ടുവരണം.13താൻ മരിക്കാതിരിക്കേണ്ടതിനു ധൂപത്തിന്റെ മേഘം സാക്ഷ്യത്തിന്മേലുള്ള കൃപാസനത്തെ മറയ്ക്കുവാൻ തക്കവണ്ണം അവൻ യഹോവയുടെ സന്നിധിയിൽ ധൂപവർഗ്ഗം തീയിൽ ഇടണം.
14അവൻ കാളയുടെ രക്തം കുറെ എടുത്തു വിരൽകൊണ്ടു കിഴക്കോട്ടു കൃപാസനത്തിന്മേൽ തളിക്കണം; അവൻ രക്തം കുറെ തന്റെ വിരൽകൊണ്ടു കൃപാസനത്തിന്റെ മുമ്പിലും ഏഴു പ്രാവശ്യം തളിക്കണം.
15പിന്നെ അഹരോൻ ജനത്തിനുവേണ്ടിയുള്ള പാപയാഗത്തിന്റെ കോലാട്ടുകൊറ്റനെ അറുത്തു രക്തം തിരശ്ശീലയ്ക്കകത്തു കൊണ്ടുവന്നു കാളയുടെ രക്തംകൊണ്ടു ചെയ്തതുപോലെ ഇതിന്റെ രക്തംകൊണ്ടും ചെയ്ത് രക്തം കൃപാസനത്തിന്മേലും കൃപാസനത്തിന്റെ മുമ്പിലും തളിക്കണം.16യിസ്രായേൽമക്കളുടെ അശുദ്ധികൾ നിമിത്തവും അവരുടെ സകലപാപവുമായ ലംഘനങ്ങൾ നിമിത്തവും അവൻ വിശുദ്ധമന്ദിരത്തിനു പ്രായശ്ചിത്തം കഴിക്കണം; അവരുടെ ഇടയിൽ അവരുടെ അശുദ്ധിയുടെ നടുവിൽ ഇരിക്കുന്ന സമാഗമനകൂടാരത്തിനും അവൻ അങ്ങനെതന്നെ ചെയ്യണം.
17അവൻ വിശുദ്ധമന്ദിരത്തിൽ പ്രായശ്ചിത്തം കഴിക്കുവാൻ കടന്നിട്ടു പുറത്തു വരുന്നതുവരെ സമാഗമനകൂടാരത്തിൽ ആരും ഉണ്ടായിരിക്കരുത്; ഇങ്ങനെ അവൻ തനിക്കും കുടുംബത്തിനും യിസ്രായേലിന്റെ സർവ്വസഭയ്ക്കും വേണ്ടി പ്രായശ്ചിത്തം കഴിക്കണം.18പിന്നെ അഹരോൻ യഹോവയുടെ സന്നിധിയിലുള്ള യാഗപീഠത്തിങ്കൽ ചെന്ന് അതിനുവേണ്ടിയും പ്രായശ്ചിത്തം കഴിക്കണം. കാളയുടെ രക്തവും കോലാട്ടുകൊറ്റന്റെ രക്തവും കുറേശ്ശ എടുത്തു യാഗപീഠത്തിന്റെ കൊമ്പുകളിൽ ചുറ്റും പുരട്ടണം.19അവൻ രക്തം കുറെ വിരൽകൊണ്ട് ഏഴു പ്രാവശ്യം യാഗപീഠത്തിന്മേൽ തളിച്ച് യിസ്രായേൽമക്കളുടെ അശുദ്ധികൾ നീക്കി വെടിപ്പാക്കി ശുദ്ധീകരിക്കണം.
20അവൻ വിശുദ്ധമന്ദിരത്തിനും സമാഗമനകൂടാരത്തിനും യാഗപീഠത്തിനും ഇങ്ങനെ പ്രായശ്ചിത്തം കഴിച്ചു തീർന്നശേഷം ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റനെ കൊണ്ടുവരണം.21ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റന്റെ തലയിൽ അഹരോൻ കൈ രണ്ടും വച്ച് യിസ്രായേൽമക്കളുടെ എല്ലാകുറ്റങ്ങളും സകലപാപങ്ങളുമായ ലംഘനങ്ങളൊക്കെയും ഏറ്റുപറഞ്ഞ് കോലാട്ടുകൊറ്റന്റെ തലയിൽ ചുമത്തി, നിയമിക്കപ്പെട്ട ഒരു ആളുടെ കൈവശം അതിനെ മരുഭൂമിയിലേക്ക് അയയ്ക്കണം.22കോലാട്ടുകൊറ്റൻ അവരുടെ കുറ്റങ്ങൾ സർവ്വവും ശൂന്യപ്രദേശത്തേക്കു ചുമന്നുകൊണ്ടുപോകണം; അവൻ കോലാട്ടുകൊറ്റനെ മരുഭൂമിയിൽ വിടണം.
23പിന്നെ അഹരോൻ സമാഗമനകൂടാരത്തിൽ വന്നു താൻ വിശുദ്ധമന്ദിരത്തിൽ കടന്നപ്പോൾ ധരിച്ചിരുന്ന പഞ്ഞിനൂൽവസ്ത്രം നീക്കി അവിടെ വച്ചേക്കണം.24അവൻ ഒരു വിശുദ്ധസ്ഥലത്തുവച്ചു വെള്ളംകൊണ്ടു ദേഹം കഴുകി സ്വന്തവസ്ത്രം ധരിച്ചു പുറത്തുവന്ന് തന്റെ ഹോമയാഗവും ജനത്തിന്റെ ഹോമയാഗവും അർപ്പിച്ചു തനിക്കും ജനത്തിനുംവേണ്ടി പ്രായശ്ചിത്തം കഴിക്കണം.
25അവൻ പാപയാഗത്തിന്റെ മേദസ്സു യാഗപീഠത്തിന്മേൽ ദഹിപ്പിക്കണം.26ആട്ടുകൊറ്റനെ അസസ്സേലിന് കൊണ്ടുപോയി വിട്ടവൻ വസ്ത്രം അലക്കി ദേഹം വെള്ളത്തിൽ കഴുകിയതിനുശേഷം വേണം പാളയത്തിൽ വരുന്നത്.
27വിശുദ്ധമന്ദിരത്തിൽ പ്രായശ്ചിത്തം കഴിക്കേണ്ടതിനു രക്തം കൊണ്ടുപോയ പാപയാഗത്തിന്റെ കാളയെയും കോലാട്ടുകൊറ്റനെയും പാളയത്തിനു പുറത്തു കൊണ്ടുപോകണം; അവയുടെ തോലും മാംസവും ചാണകവും തീയിൽ ഇട്ടു ചുട്ടുകളയണം.28അവയെ ചുട്ടുകളഞ്ഞവൻ പളയത്തിൽ വരുന്നത് വസ്ത്രം അലക്കി ദേഹം വെള്ളത്തിൽ കഴുകിയതിനുശേഷം വേണം.

29“ഇതു നിങ്ങൾക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കണം; ഏഴാം മാസം പത്താം തീയതി നിങ്ങൾ ആത്മതപനം ചെയ്യണം3 ; സ്വദേശിയും നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശിയും യാതൊരു വേലയും ചെയ്യരുത്.30ആ ദിവസത്തിൽ ആണല്ലോ യഹോവയുടെ സന്നിധിയിൽ നിങ്ങളെ ശുദ്ധീകരിക്കേണ്ടതിനു നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കുകയും നിങ്ങളുടെ സകലപാപങ്ങളും നീക്കി നിങ്ങളെ ശുദ്ധീകരിക്കുകയും ചെയ്യുന്നത്.31അതു നിങ്ങൾക്ക് വിശുദ്ധസ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കണം. നിങ്ങൾ ആത്മതപനം ചെയ്യണം; അതു നിങ്ങൾക്ക് എന്നേക്കുമുള്ള ചട്ടമാകുന്നു.
32അപ്പനു പകരം പുരോഹിതശുശ്രൂഷചെയ്യുവാൻ അഭിഷിക്തനാകുകയും പ്രതിഷ്ഠിക്കപ്പെടുകയും ചെയ്ത പുരോഹിതൻതന്നെ പ്രായശ്ചിത്തം കഴിക്കണം.33അവൻ വിശുദ്ധവസ്ത്രമായ പഞ്ഞിനൂൽവസ്ത്രം ധരിച്ച് വിശുദ്ധമന്ദിരത്തിനു പ്രായശ്ചിത്തം കഴിക്കണം; സമാഗമനകൂടാരത്തിനും യാഗപീഠത്തിനും പ്രായശ്ചിത്തം കഴിക്കണം; പുരോഹിതന്മാർക്കും സഭയിലെ സകലജനത്തിനുംവേണ്ടി പ്രായശ്ചിത്തം കഴിക്കണം.
34വർഷത്തിൽ ഒരിക്കൽ യിസ്രായേൽമക്കൾക്കുവേണ്ടി അവരുടെ സകലപാപങ്ങൾക്കായിട്ടു പ്രായശ്ചിത്തം കഴിക്കേണ്ടതിന് ഇതു നിങ്ങൾക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കണം;” യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ അവൻ ചെയ്തു.


1 16:3 പാപയാഗത്തിന് ഒരു കാളക്കിടാവിന്റെ രക്തത്തോടും ഹോമയാഗത്തിന് ഒരു ആട്ടുകൊറ്റന്റെ രക്തത്തോടുംകൂടെ അഹരോൻ വിശുദ്ധമന്ദിരത്തിൽ കടക്കേണം (ന്യൂ കിംഗ് ജെയിംസ് വേർഷൻ).
2 16:4 മുടിയും തലപ്പാവ്, ശിരോവസ്ത്രം.
3 16:29 ആത്മതപനം ചെയ്യേണം ഉപവസിക്കേണം എന്നുമാകാം.

17

1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:2“നീ അഹരോനോടും പുത്രന്മാരോടും എല്ലായിസ്രായേൽമക്കളോടും പറയേണ്ടത് എന്തെന്നാൽ: ‘യഹോവ കല്പിച്ച കാര്യം ഇതാകുന്നു:3യിസ്രായേൽഗൃഹത്തിൽ ആരെങ്കിലും കാളയെയോ ആട്ടിൻകുട്ടിയെയോ കോലാടിനെയോ പാളയത്തിൽവച്ചെങ്കിലും പാളയത്തിനു പുറത്തുവച്ചെങ്കിലും അറുക്കുകയും4അതിനെ യഹോവയുടെ കൂടാരത്തിന്റെ മുമ്പിൽ യഹോവയ്ക്കു വഴിപാടായി അർപ്പിക്കേണ്ടതിനു സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ കൊണ്ടുവരാതിരിക്കുകയും ചെയ്താൽ അത് അവനു രക്തപാതകമായി എണ്ണണം; അവൻ രക്തം ചൊരിയിച്ചു; ആ മനുഷ്യനെ അവന്റെ ജനത്തിന്റെ നടുവിൽനിന്നു ഛേദിച്ചുകളയണം.

5യിസ്രായേൽമക്കൾ വെളിമ്പ്രദേശത്തുവച്ച് അർപ്പിച്ചുവരുന്ന യാഗങ്ങളെ യഹോവയ്ക്കു സമാധാനയാഗങ്ങളായി അർപ്പിക്കേണ്ടതിനു സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ പുരോഹിതന്റെ അടുക്കൽ യഹോവയുടെ സന്നിധിയിൽ കൊണ്ടുവരേണ്ടതാകുന്നു.6പുരോഹിതൻ അവയുടെ രക്തം സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ യഹോവയുടെ യാഗപീഠത്തിന്മേൽ തളിച്ചു മേദസ്സു യഹോവയ്ക്കു സൗരഭ്യവാസനയായി ദഹിപ്പിക്കണം.
7അവർ പരസംഗമായി പിന്തുടരുന്ന ഭൂതങ്ങൾക്ക് ഇനി തങ്ങളുടെ ബലികൾ അർപ്പിക്കരുത്; ഇതു തലമുറതലമുറയായി അവർക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കണം.’

8“നീ അവരോടു പറയേണ്ടത് എന്തെന്നാൽ: ‘യിസ്രായേൽഗൃഹത്തിലോ നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശികളിലോ ആരെങ്കിലും ഹോമയാഗമോ ഹനനയാഗമോ അർപ്പിക്കുകയും9അത് യഹോവയ്ക്ക് അർപ്പിക്കേണ്ടതിനു സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ കൊണ്ടുവരാതിരിക്കുകയും ചെയ്താൽ അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയണം.
10യിസ്രായേൽഗൃഹത്തിലോ നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശികളിലോ ആരെങ്കിലും വല്ല രക്തവും ഭക്ഷിച്ചാൽ രക്തം ഭക്ഷിച്ചവന്റെ നേരെ ഞാൻ ദൃഷ്ടിവച്ച് അവനെ അവന്റെ ജനത്തിന്റെ ഇടയിൽനിന്നു ഛേദിച്ചുകളയും.11മാംസത്തിന്റെ ജീവൻ രക്തത്തിൽ അല്ലോ ഇരിക്കുന്നത്; യാഗപീഠത്തിന്മേൽ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കുവാൻ ഞാൻ അതു നിങ്ങൾക്കു തന്നിരിക്കുന്നു; രക്തമാണല്ലോ ജീവൻമൂലമായി പ്രായശ്ചിത്തം ആകുന്നത്.
12അതുകൊണ്ടത്രേ “നിങ്ങളിൽ യാതൊരുത്തനും രക്തം ഭക്ഷിക്കരുത്; നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശിയും രക്തം ഭക്ഷിക്കരുത് ”എന്നു ഞാൻ യിസ്രായേൽ മക്കളോടു കല്പിച്ചത്.

13“ ‘യിസ്രായേൽമക്കളിലോ നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശികളിലോ ആരെങ്കിലും ഭക്ഷിക്കാകുന്ന ഒരു മൃഗത്തെയോ പക്ഷിയെയോ വേട്ടയാടി പിടിച്ചാൽ അവൻ അതിന്റെ രക്തം കളഞ്ഞു മണ്ണിട്ടു മൂടണം.
14സകലജഡത്തിന്റെയും ജീവൻ അതിന്റെ ജീവന് ആധാരമായ രക്തം തന്നെ. അതുകൊണ്ടത്രേ ഞാൻ യിസ്രായേൽമക്കളോട്: “യാതൊരു ജഡത്തിന്റെ രക്തവും നിങ്ങൾ ഭക്ഷിക്കരുത്” എന്നു കല്പിച്ചത്; സകലജഡത്തിന്റെയും ജീവൻ അതിന്റെ രക്തമല്ലോ; അതു ഭക്ഷിക്കുന്നവനെയെല്ലാം ഛേദിച്ചുകളയണം.
15സ്വാഭാവികമായി ചത്തതിനെയോ പറിച്ചുകീറിപ്പോയതിനെയോ ഭക്ഷിക്കുന്നവനെല്ലാം സ്വദേശിയായാലും പരദേശിയായാലും വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കുകയും സന്ധ്യവരെ അശുദ്ധനായിരിക്കുകയും വേണം; പിന്നെ അവൻ ശുദ്ധിയുള്ളവനാകും.16വസ്ത്രം അലക്കാതെയും ദേഹം കഴുകാതെയും ഇരുന്നാൽ അവൻ കുറ്റം വഹിക്കണം.’ ”

18

1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:2“നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ‘ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു;3നിങ്ങൾ പാർത്തിരുന്ന ഈജിപ്റ്റിലെ നടപ്പുപോലെ നിങ്ങൾ നടക്കരുത്; ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന കനാൻദേശത്തിലെ നടപ്പുപോലെയും അരുത്; അവരുടെ ചട്ടങ്ങളിൽ നിങ്ങൾ നടക്കുകയുമരുത്.

4എന്റെ വിധികളെ അനുസരിച്ച് എന്റെ ചട്ടങ്ങളെ പ്രമാണിച്ചു നടക്കണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.5ആകയാൽ എന്റെ ചട്ടങ്ങളും ന്യായങ്ങളും നിങ്ങൾ പ്രമാണിക്കണം; അവയെ ചെയ്യുന്ന മനുഷ്യൻ അവയാൽ ജീവിക്കും; ഞാൻ യഹോവ ആകുന്നു.

6“ ‘നിങ്ങളിൽ ആരും തനിക്കു രക്തസംബന്ധമുള്ള യാതൊരുത്തരുടെയും നഗ്നത അനാവൃതമാക്കുവാൻ1 തക്കവണ്ണം അവരോട് അടുക്കരുത്; ഞാൻ യഹോവ ആകുന്നു.7നിന്റെ അപ്പന്റെ നഗ്നതയും അമ്മയുടെ നഗ്നതയും അനാവൃതമാക്കരുത്. അവൾ നിന്റെ അമ്മയാകുന്നു; അവളുടെ നഗ്നത അനാവൃതമാക്കരുത്.8അപ്പന്റെ ഭാര്യയുടെ നഗ്നത അനാവൃതമാക്കരുത്; അതു നിന്റെ അപ്പന്റെ നഗ്നതയല്ലോ.
9അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ നിന്റെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുത്; വീട്ടിൽ ജനിച്ചവരായാലും അന്യദേശത്ത് ജനിച്ചവരായാലും അവരുടെ നഗ്നത അനാവൃതമാക്കരുത്.10നിന്റെ മകന്റെ മകളുടെ നഗ്നതയോ മകളുടെ മകളുടെ നഗ്നതയോ അനാവൃതമാക്കരുത്; അവരുടെ നഗ്നത നിന്റേതു തന്നെയല്ലോ.11നിന്റെ അപ്പനു ജനിച്ചവളും അവന്റെ ഭാര്യയുടെ മകളുമായവളുടെ നഗ്നത അനാവൃതമാക്കരുത്; അവൾ നിന്റെ സഹോദരിയല്ലോ.
12അപ്പന്റെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുത്; അവൾ അപ്പന്റെ അടുത്ത ചാർച്ചക്കാരത്തിയല്ലോ.13അമ്മയുടെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുത്; അവൾ നിന്റെ അമ്മയുടെ അടുത്ത ചാർച്ചക്കാരത്തിയല്ലോ.14അപ്പന്റെ സഹോദരന്റെ നഗ്നത അനാവൃതമാക്കരുത്; അവന്റെ ഭാര്യയോട് അടുക്കയുമരുത്; അവൾ നിന്റെ ഇളയമ്മയല്ലോ.
15നിന്റെ മരുമകളുടെ നഗ്നത അനാവൃതമാക്കരുത്; അവൾ നിന്റെ മകന്റെ ഭാര്യ അല്ലോ; അവളുടെ നഗ്നത അനാവൃതമാക്കരുത്.16സഹോദരന്റെ ഭാര്യയുടെ നഗ്നത അനാവൃതമാക്കരുത്; അതു നിന്റെ സഹോദരന്റെ നഗ്നതയല്ലോ.
17ഒരു സ്ത്രീയുടെയും അവളുടെ മകളുടെയും നഗ്നത അനാവൃതമാക്കരുത്; അവളുടെ മകന്റെ മകളുടെയോ അല്ലെങ്കിൽ അവളുടെ മകളുടെ മകളുടെയോ നഗ്നത അനാവൃതമാക്കുമാറ് അവരെ പരിഗ്രഹിക്കരുത്: അവർ അടുത്ത ചാർച്ചക്കാരല്ലോ; അതു ദുഷ്കർമ്മം.18ഭാര്യ ജീവനോടിരിക്കുമ്പോൾ അവളെ ദുഃഖിപ്പിക്കുവാൻ അവളുടെ സഹോദരിയുടെ നഗ്നത അനാവൃതമാക്കുമാറ് അവളെക്കൂടി പരിഗ്രഹിക്കരുത്.
19ഒരു സ്ത്രീ ഋതു നിമിത്തം അശുദ്ധയായിരിക്കുമ്പോൾ അവളുടെ നഗ്നത അനാവൃതമാക്കുമാറ് അവളോട് അടുക്കരുത്.20കൂട്ടുകാരന്റെ ഭാര്യയോടുകൂടി ശയിച്ച് അവളെക്കൊണ്ടു നിന്നെ അശുദ്ധനാക്കരുത്.
21നിന്റെ സന്തതിയിൽ ഒന്നിനെയും മോലേക്കിന് അർപ്പിച്ച് നിന്റെ ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കരുത്; ഞാൻ യഹോവ ആകുന്നു.
22സ്ത്രീയോട് എന്നപോലെ പുരുഷനോടുകൂടി ശയിക്കരുത്; അതു മ്ലേച്ഛത.23യാതൊരു മൃഗത്തോടുംകൂടി ശയിച്ച് അതിനാൽ നിന്നെ അശുദ്ധനാക്കരുത്; യാതൊരു സ്ത്രീയും ഒരു മൃഗത്തോടു കൂടി ശയിക്കേണ്ടതിന് അതിന്റെ മുമ്പിൽ നില്ക്കുകയും അരുത്; അത് നികൃഷ്ടം.

24“ ‘ഇവയിൽ ഒന്നുകൊണ്ടും നിങ്ങളെ തന്നെ അശുദ്ധരാക്കരുത്; ഞാൻ നിങ്ങളുടെ മുമ്പിൽ നിന്നു നീക്കിക്കളയുന്ന ജനതകൾ ഇവയാൽ ഒക്കെയും തങ്ങളെത്തന്നെ അശുദ്ധരാക്കിയിരിക്കുന്നു.25ദേശവും അശുദ്ധമായിത്തീർന്നു; അതുകൊണ്ടു ഞാൻ അതിന്റെ അകൃത്യം അതിന്മേൽ സന്ദർശിക്കുന്നു; ദേശം തന്റെ നിവാസികളെ ഛർദ്ദിച്ചുകളയുന്നു.
26ഈ മ്ലേച്ഛത സകലവും നിങ്ങൾക്കു മുമ്പേ ആ ദേശത്തുണ്ടായിരുന്ന മനുഷ്യർ ചെയ്തു, ദേശം അശുദ്ധമായി തീർന്നു.27നിങ്ങൾക്കു മുമ്പ് ഉണ്ടായിരുന്ന ജനതകളെ ദേശം ഛർദ്ദിച്ചുകളഞ്ഞതുപോലെ നിങ്ങൾ അതിനെ അശുദ്ധമാക്കിയിട്ടു നിങ്ങളെയും ഛർദ്ദിച്ചുകളയാതിരിക്കുവാൻ നിങ്ങൾ എന്റെ ചട്ടങ്ങളും വിധികളും പ്രമാണിക്കണം;28ഈ മ്ലേച്ഛതകളിൽ യാതൊന്നും സ്വദേശിയാകട്ടെ നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശിയാകട്ടെ ചെയ്യരുത്.
29ആരെങ്കിലും ഈ സകലമ്ലേച്ഛതകളിൽ ഏതെങ്കിലും ചെയ്താൽ അങ്ങനെ ചെയ്യുന്നവരെ അവരുടെ ജനത്തിൽനിന്നു ഛേദിച്ചുകളയണം.30ആകയാൽ നിങ്ങൾക്കു മുമ്പ് നടന്ന ഈ മ്ലേച്ഛമായ ആചാരങ്ങളിൽ യാതൊന്നും ചെയ്യാതെയും അവയാൽ നിങ്ങളെത്തന്നെ അശുദ്ധരാകാതെയും ഇരിക്കുവാൻ നിങ്ങൾ എന്റെ കൽപ്പനകൾ പ്രമാണിക്കണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.’ ”


1 18:6 അനാവൃതമാക്കുവാൻ നഗ്നമാക്കുക.

19

1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:2“നീ യിസ്രായേൽമക്കളുടെ സർവ്വസഭയോടും പറയേണ്ടത് എന്തെന്നാൽ: ‘നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിക്കുവീൻ.3നിങ്ങൾ ഓരോരുത്തനും താന്താന്റെ അമ്മയെയും അപ്പനെയും ഭയപ്പെടണം; എന്റെ ശബ്ബത്തുകൾ പ്രമാണിക്കണം: ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.4വിഗ്രഹങ്ങളുടെ അടുക്കലേക്കു തിരിയരുത്; ദേവന്മാരെ നിങ്ങൾക്ക് വാർത്തുണ്ടാക്കരുത്; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

5യഹോവയ്ക്കു സമാധാനയാഗം അർപ്പിക്കുന്നു എങ്കിൽ നിങ്ങൾക്കു പ്രസാദം ലഭിക്കുവാൻ തക്കവണ്ണം അർപ്പിക്കണം.6അർപ്പിക്കുന്ന ദിവസവും പിറ്റെന്നാളും അതു ഭക്ഷിക്കാം; മൂന്നാം ദിവസംവരെ ശേഷിക്കുന്നതു തീയിൽ ഇട്ടു ചുട്ടുകളയണം.7മൂന്നാം ദിവസം ഭക്ഷിച്ചു എന്നു വരികിൽ അത് അറപ്പാകുന്നു; പ്രസാദമാകുകയില്ല.8അതു ഭക്ഷിക്കുന്നവൻ കുറ്റം വഹിക്കും; യഹോവയ്ക്കു വിശുദ്ധമായത് അവൻ അശുദ്ധമാക്കിയല്ലോ; അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയണം.

9“ ‘നിങ്ങളുടെ നിലത്തിലെ ധാന്യം നിങ്ങൾ കൊയ്യുമ്പോൾ വയലിന്റെ അരികു തീർത്തുകൊയ്യരുത്; നിന്റെ കൊയ്ത്തിൽ കാലാ പെറുക്കുകയും അരുത്.10നിന്റെ മുന്തിരിത്തോട്ടത്തിൽ കാലാ പറിക്കരുത്; നിന്റെ മുന്തിരിത്തോട്ടത്തിൽ വീണുകിടക്കുന്ന പഴം പെറുക്കുകയും അരുത്. അവയെ ദരിദ്രനും പരദേശിക്കും വിട്ടേക്കണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
11മോഷ്ടിക്കരുത്, ചതിക്കരുത്, ഒരുവനോട് ഒരുവൻ ഭോഷ്കുപറയരുത്.12എന്റെ നാമത്തെക്കൊണ്ടു കള്ളസ്സത്യം ചെയ്തു നിന്റെ ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കരുത്; ഞാൻ യഹോവ ആകുന്നു.
13കൂട്ടുകാരനെ പീഡിപ്പിക്കരുത്; അവനെ കൊള്ളയടിക്കുകയും അരുത്; കൂലിക്കാരന്റെ കൂലി പിറ്റേന്നു രാവിലെവരെ നിന്റെ പക്കൽ ഇരിക്കരുത്.14ചെകിടനെ ശപിക്കരുത്; കുരുടന്റെ മുമ്പിൽ തടസ്സം വയ്ക്കരുത്; നിന്റെ ദൈവത്തെ ഭയപ്പെടണം; ഞാൻ യഹോവ ആകുന്നു.
15ന്യായവിസ്താരത്തിൽ അന്യായം ചെയ്യരുത്; എളിയവന്റെ മുഖം നോക്കാതെയും വലിയവന്റെ മുഖം ആദരിക്കാതെയും നിന്റെ കൂട്ടുകാരനു1 നീതിയോടെ ന്യായം വിധിക്കണം.16നിന്റെ ജനത്തിന്റെ ഇടയിൽ ഏഷണി പറഞ്ഞു നടക്കരുത്; നിന്റെ കൂട്ടുകാരന്റെ ജീവനെതിരായി നീ നിലപാടെടുക്കുകരുത്; ഞാൻ യഹോവ ആകുന്നു.
17സഹോദരനെ നിന്റെ ഹൃദയത്തിൽ ദ്വേഷിക്കരുത്; കൂട്ടുകാരന്റെ പാപം നിന്റെ മേൽ വരാതിരിക്കുവാൻ അവനെ നിശ്ചയമായി ശാസിക്കണം. പ്രതികാരം ചെയ്യരുത്.18നിന്റെ ജനത്തിന്റെ മക്കളോടു പക വയ്ക്കരുത്; കൂട്ടുകാരനെ2 നിന്നെപ്പോലെ തന്നെ സ്നേഹിക്കണം; ഞാൻ യഹോവ ആകുന്നു.
19നിങ്ങൾ എന്റെ ചട്ടങ്ങൾ പ്രമാണിക്കണം. രണ്ടുതരം മൃഗങ്ങളെ തമ്മിൽ ഇണ ചേർക്കരുത്; നിന്റെ വയലിൽ കൂട്ടുവിത്തു വിതയ്ക്കരുത്; രണ്ടു വക സാധനം കലർന്ന വസ്ത്രം ധരിക്കരുത്.
20ഒരു പുരുഷനു നിയമിച്ചവളും വീണ്ടെടുക്കപ്പെടുകയോ സ്വാതന്ത്ര്യം കിട്ടുകയോ ചെയ്യാത്തവളുമായ ഒരു ദാസിയോടുകൂടി ഒരുവൻ ശയിച്ചാൽ അവരെ ശിക്ഷിക്കണം. എന്നാൽ അവൾ സ്വാതന്ത്ര്യമില്ലാത്തവളായതുകൊണ്ട് അവരെ കൊല്ലരുത്;21അവൻ യഹോവയ്ക്ക് അകൃത്യയാഗത്തിനായി സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ ഒരു ആട്ടുകൊറ്റനെ കൊണ്ടുവരണം.22അവൻ ചെയ്ത പാപത്തിനായി പുരോഹിതൻ അകൃത്യയാഗത്തിന്റെ ആട്ടുകൊറ്റനെക്കൊണ്ട് അവനുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അവൻ ചെയ്ത പാപം അവനോടു ക്ഷമിക്കും.
23നിങ്ങൾ ദേശത്ത് എത്തി ഭക്ഷണത്തിന് ഉതകുന്ന സകലവിധവൃക്ഷങ്ങളും നട്ടശേഷം നിങ്ങൾക്ക് അവയുടെ ഫലം പരിച്ഛേദന കഴിയാത്തതുപോലെ ആയിരിക്കണം; അതു മൂന്നു വർഷത്തേക്കു പരിച്ഛേദനയില്ലാത്തതുപോലെ ആയിരിക്കണം; അതു ഭക്ഷിക്കരുത്.24നാലാം വർഷത്തിൽ അതിന്റെ ഫലമെല്ലാം യഹോവയുടെ സ്തോത്രത്തിന്നായിട്ടു ശുദ്ധമായിരിക്കണം.25അഞ്ചാം വർഷത്തിൽ നിങ്ങൾക്ക് അതിന്റെ ഫലം ഭക്ഷിക്കാം; അങ്ങനെ അതിന്റെ അനുഭവം നിങ്ങൾക്കു വർദ്ധിച്ചുവരും; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
26രക്തത്തോടുകൂടിയുള്ളതു തിന്നരുത്; ആഭിചാരം ചെയ്യരുത്; മുഹൂർത്തം നോക്കരുത്;27നിങ്ങളുടെ തലമുടി ചുറ്റും വിളുമ്പു വടിക്കരുത്; താടിയുടെ അറ്റം വിരൂപമാക്കരുത്.28മരിച്ചവനുവേണ്ടി നിങ്ങളുടെ ശരീരത്തിൽ മുറിവുണ്ടാക്കരുത്; ശരീരത്തിന്മേൽ പച്ചകുത്തരുത്; ഞാൻ യഹോവ ആകുന്നു.
29ദേശം വേശ്യാവൃത്തി ചെയ്തു ദുഷ്കർമ്മംകൊണ്ടു നിറയാതിരിക്കേണ്ടതിനു നിന്റെ മകളെ വേശ്യാവൃത്തിക്ക് ഏല്പിക്കരുത്.30നിങ്ങൾ എന്റെ ശബ്ബത്തുകൾ പ്രമാണിക്കുകയും എന്റെ വിശുദ്ധമന്ദിരത്തോടു ഭയഭക്തിയുള്ളവരായിരിക്കുകയും വേണം; ഞാൻ യഹോവ ആകുന്നു.
31വെളിച്ചപ്പാടന്മാരുടെയും മന്ത്രവാദികളുടെയും അടുക്കൽ പോകരുത്. അവരാൽ അശുദ്ധരായ്തീരുവാൻ തക്കവണ്ണം അവരെ അന്വേഷിക്കുകയും അരുത്. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
32നരച്ചവന്റെ മുമ്പാകെ എഴുന്നേല്ക്കുകയും വൃദ്ധന്റെ മുഖം ബഹുമാനിക്കയും നിന്റെ ദൈവത്തെ ഭയപ്പെടുകയും വേണം; ഞാൻ യഹോവ ആകുന്നു.
33പരദേശി നിന്നോടുകൂടി നിങ്ങളുടെ ദേശത്തു പാർത്താൽ അവനെ ഉപദ്രവിക്കരുത്.34നിങ്ങളോടുകൂടി പാർക്കുന്ന പരദേശി നിങ്ങൾക്കു സ്വദേശിയെപ്പോലെ ആയിരിക്കണം; അവനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കണം; നിങ്ങളും ഈജിപ്റ്റിൽ പരദേശികളായിരുന്നുവല്ലോ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
35ന്യായവിസ്താരത്തിലും അളവിലും തൂക്കത്തിലും നിങ്ങൾ അന്യായം ചെയ്യരുത്.36ശരിയായ തുലാസ്സും ശരിയായ കട്ടിയും ശരിയായ പറയും ശരിയായ ഇടങ്ങഴിയും നിങ്ങൾക്ക് ഉണ്ടായിരിക്കണം; ഞാൻ നിങ്ങളെ ഈജിപ്റ്റിൽനിന്നു പുറപ്പെടുവിച്ച നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.37നിങ്ങൾ എന്റെ എല്ലാചട്ടങ്ങളും സകലവിധികളും പ്രമാണിച്ച് അനുസരിക്കണം; ഞാൻ യഹോവ ആകുന്നു.’ ”


1 19:15 കൂട്ടുകാരനു അയൽക്കാരനു (എന്ന് മൂലഭാഷയിൽ).
2 19:18 കൂട്ടുകാരനെ അയൽക്കാരനെ (മൂലഭാഷയിൽ).

20

1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:2“നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ‘യിസ്രായേൽമക്കളിലോ യിസ്രായേലിൽ വന്നു പാർക്കുന്ന പരദേശികളിലോ ആരെങ്കിലും തന്റെ സന്തതിയിൽ ഒന്നിനെ മോലെക്കിനു കൊടുത്താൽ അവൻ മരണശിക്ഷ അനുഭവിക്കണം; ദേശത്തിലെ ജനം അവനെ കല്ലെറിയണം.

3അവൻ തന്റെ സന്തതിയെ മോലെക്കിനു കൊടുത്തതിനാൽ എന്റെ വിശുദ്ധമന്ദിരം മലിനമാക്കുകയും എന്റെ വിശുദ്ധനാമം അശുദ്ധമാക്കുകയും ചെയ്തതുകൊണ്ട് ഞാൻ അവനെതിരെ ദൃഷ്ടിവച്ച് അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയും.4അവൻ തന്റെ സന്തതിയെ മോലെക്കിനു കൊടുക്കുമ്പോൾ ദേശത്തിലെ ജനം അവനെ കൊല്ലാതെ കണ്ണടച്ചുകളഞ്ഞാൽ5ഞാൻ അവനും കുടുംബത്തിനും എതിരെ ദൃഷ്ടിവച്ച് അവനെയും അവന്റെ പിന്നാലെ മോലെക്കിനോടു പരസംഗം ചെയ്യുവാൻ പോകുന്ന എല്ലാവരെയും അവരുടെ ജനത്തിന്റെ നടുവിൽനിന്നു ഛേദിച്ചുകളയും.
6വെളിച്ചപ്പാടന്മാരുടെയും മന്ത്രവാദികളുടെയും പിന്നാലെ പരസംഗം ചെയ്യുവാൻ പോകുന്നവന് എതിരെയും ഞാൻ ദൃഷ്ടിവച്ച് അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയും.7ആകയാൽ നിങ്ങൾ നിങ്ങളെത്തന്നെ ശുദ്ധീകരിച്ചു വിശുദ്ധന്മാരായിരിക്കുവിൻ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
8എന്റെ ചട്ടങ്ങൾ പ്രമാണിച്ച് ആചരിക്കുവിൻ; ഞാൻ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.9അപ്പനെയോ അമ്മയെയോ ശപിക്കുന്നവൻ മരണശിക്ഷ അനുഭവിക്കണം; അവൻ അപ്പനെയും അമ്മയെയും ശപിച്ചു; അവന്റെ രക്തം അവന്റെ മേൽ ഇരിക്കും.
10ഒരുവന്റെ ഭാര്യയുമായി വ്യഭിചാരം ചെയ്യുന്നവൻ, കൂട്ടുകാരന്റെ ഭാര്യയുമായി വ്യഭിചാരം ചെയ്യുന്ന വ്യഭിചാരിയും വ്യഭിചാരിണിയും തന്നെ, മരണശിക്ഷ അനുഭവിക്കണം.11അപ്പന്റെ ഭാര്യയോടുകൂടി ശയിക്കുന്നവൻ അപ്പന്റെ നഗ്നത അനാവൃതമാക്കുന്നു; ഇരുവരും മരണശിക്ഷ അനുഭവിക്കണം; അവരുടെ രക്തം അവരുടെമേൽ ഇരിക്കും.12ഒരുവൻ മരുമകളോടുകൂടി ശയിച്ചാൽ ഇരുവരും മരണശിക്ഷ അനുഭവിക്കണം; അവർ നികൃഷ്ടകർമ്മം ചെയ്തു; അവരുടെ രക്തം അവരുടെമേൽ ഇരിക്കും.
13സ്ത്രീയോടുകൂടി ശയിക്കുന്നതുപോലെ ഒരുവൻ പുരുഷനോടുകൂടെ ശയിച്ചാൽ ഇരുവരും മ്ലേച്ഛത ചെയ്തു; അവർ മരണശിക്ഷ അനുഭവിക്കണം; അവരുടെ രക്തം അവരുടെമേൽ ഇരിക്കും.14ഒരു പുരുഷൻ ഒരു സ്ത്രീയെയും അവളുടെ അമ്മയെയും പരിഗ്രഹിച്ചാൽ1 അത് ദുഷ്കർമ്മം; നിങ്ങളുടെ ഇടയിൽ ദുഷ്കർമ്മം ഇല്ലാതിരിക്കേണ്ടതിന് അവനെയും അവരെയും തീയിൽ ഇട്ടു ചുട്ടുകളയണം.
15ഒരു പുരുഷൻ മൃഗത്തോടുകൂടി ശയിച്ചാൽ അവൻ മരണശിക്ഷ അനുഭവിക്കണം; മൃഗത്തെയും കൊല്ലണം.16ഒരു സ്ത്രീ യാതൊരു മൃഗത്തോടെങ്കിലും ചേർന്നു ശയിച്ചാൽ സ്ത്രീയെയും മൃഗത്തെയും കൊല്ലണം; അവർ മരണശിക്ഷ അനുഭവിക്കണം; അവരുടെ രക്തം അവരുടെമേൽ ഇരിക്കും.
17ഒരു പുരുഷൻ തന്റെ അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ തന്റെ സഹോദരിയെ പരിഗ്രഹിച്ച് അവളുടെ നഗ്നത കാണുകയും അവൾ അവന്റെ നഗ്നത കാണുകയും ചെയ്താൽ അതു ലജ്ജാകരം; അവരെ അവരുടെ ജനത്തിന്റെ മുമ്പിൽ ഒറ്റപ്പെടുത്തണം; അവൻ സഹോദരിയുടെ നഗ്നത അനാവൃതമാക്കി; അവൻ തന്റെ കുറ്റം വഹിക്കും.18ഒരു പുരുഷൻ ഋതുവായ സ്ത്രീയോടുകൂടി ശയിച്ച് അവളുടെ നഗ്നത അനാവൃതമാക്കിയാൽ അവൻ അവളുടെ സ്രവം അനാവൃതമാക്കി; അവളും തന്റെ രക്തസ്രവം അനാവൃതമാക്കി; ഇരുവരെയും അവരുടെ ജനത്തിന്റെ ഇടയിൽനിന്നു പുറംതള്ളണം.
19നിന്റെ അമ്മയുടെ സഹോദരിയുടെയോ അപ്പന്റെ സഹോദരിയുടെയോ നഗ്നത അനാവൃതമാക്കരുത്; അങ്ങനെയുള്ളവൻ തന്റെ അടുത്ത ചാർച്ചക്കാരത്തിയെ അനാവൃതയാക്കുന്നുവല്ലോ; അവർ തങ്ങളുടെ കുറ്റം വഹിക്കും.20ഒരു പുരുഷൻ ഇളയപ്പന്റെ ഭാര്യയോടുകൂടി ശയിച്ചാൽ അവൻ ഇളയപ്പന്റെ നഗ്നത അനാവൃതമാക്കി; അവർ തങ്ങളുടെ പാപം വഹിക്കും; അവർ സന്തതിയില്ലാത്തവരായി മരിക്കണം.21ഒരുവൻ സഹോദരന്റെ ഭാര്യയെ പരിഗ്രഹിച്ചാൽ അതു മാലിന്യം; അവൻ സഹോദരന്റെ നഗ്നത അനാവൃതമാക്കി; അവർ സന്തതിയില്ലാത്തവർ ആയിരിക്കണം.

22“ ‘ആകയാൽ നിങ്ങൾ പാർക്കേണ്ടതിന് ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന ദേശം നിങ്ങളെ ഛർദ്ദിച്ചുകളയാതിരിക്കുവാൻ എന്റെ എല്ലാചട്ടങ്ങളും സകലവിധികളും പ്രമാണിച്ച് ആചരിക്കണം.23ഞാൻ നിങ്ങളുടെ മുമ്പിൽ നിന്നു നീക്കിക്കളയുന്ന ജനതയുടെ ചട്ടങ്ങളെ അനുസരിച്ചു നടക്കരുത്; ഈ കാര്യങ്ങൾ ഒക്കെയും ചെയ്തതുകൊണ്ട് അവർ എനിക്ക് അറപ്പായി തീർന്നു.
24“നിങ്ങൾ അവരുടെ ദേശത്തെ കൈവശമാക്കും” എന്നു ഞാൻ നിങ്ങളോടു കല്പിച്ചുവല്ലോ; “പാലും തേനും ഒഴുകുന്ന ആ ദേശം നിങ്ങൾ കൈവശമാക്കേണ്ടതിനു ഞാൻ അതിനെ നിങ്ങൾക്കു തരും;” ഞാൻ നിങ്ങളെ ജനതകളിൽനിന്നു വേർതിരിച്ചവനായ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.25ആകയാൽ ശുദ്ധിയുള്ള മൃഗവും ശുദ്ധിയില്ലാത്ത മൃഗവും തമ്മിലും, ശുദ്ധിയില്ലാത്ത പക്ഷിയും ശുദ്ധിയുള്ള പക്ഷിയും തമ്മിലും നിങ്ങൾ വ്യത്യാസം വയ്ക്കണം; ഞാൻ നിങ്ങൾക്ക് അശുദ്ധമെന്നു വേർതിരിച്ചിട്ടുള്ള മൃഗത്തെക്കൊണ്ടും പക്ഷിയെക്കൊണ്ടും നിലത്ത് ഇഴയുന്ന യാതൊരു ജന്തുവിനെക്കൊണ്ടും നിങ്ങളെത്തന്നെ അറപ്പാക്കരുത്.
262 യഹോവയായ ഞാൻ വിശുദ്ധനാകുകകൊണ്ടു നിങ്ങളും എനിക്കു വിശുദ്ധന്മാരായിരിക്കണം; നിങ്ങൾ എനിക്കുള്ളവരായിരിക്കേണ്ടതിനു ഞാൻ നിങ്ങളെ ജനതകളിൽനിന്നു വേർതിരിച്ചിരിക്കുന്നു.

27“ ‘വെളിച്ചപ്പാടോ മന്ത്രവാദമോ ഉള്ള പുരുഷൻ ആകട്ടെ സ്ത്രീയാകട്ടെ മരണശിക്ഷ അനുഭവിക്കണം; അവരെ കല്ലെറിഞ്ഞു കൊല്ലണം; അവരുടെ രക്തം അവരുടെമേൽ ഇരിക്കും.’ ”


1 20:14 പരിഗ്രഹിച്ചാൽ വിവാഹം കഴിച്ചാൽ (ന്യൂ കിംഗ് ജെയിംസ് വേർഷൻ).
2 20:26 നിങ്ങൾ എനിക്കു വിശുദ്ധന്മാരായിരിക്കേണം; (ഈ വരി പല തർജ്ജിമയിലും കാണുന്നില്ല).

21

1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: “അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരോടു പറയേണ്ടതെന്തെന്നാൽ: ‘പുരോഹിതൻ തന്റെ ജനത്തിൽ ഒരുവന്റെ ശവത്താൽ തന്നെത്താൻ മലിനമാക്കരുത്.2എന്നാൽ തന്റെ അമ്മ, അപ്പൻ, മകൻ, മകൾ, സഹോദരൻ,3തനിക്കടുത്തവളും ഭർത്താവില്ലാത്ത കന്യകയുമായ സഹോദരി എന്നിങ്ങനെയുള്ള ഉററ ചാർച്ചക്കാരാൽ അവനു മലിനനാകാം.

4പുരോഹിതൻ തന്റെ ജനത്തിൽ പ്രമാണിയായിരിക്കുകയാൽ തന്നെത്താൻ മലിനമാക്കി അശുദ്ധനാക്കരുത്.5പുരോഹിതന്മാർ തലമുടി വടിക്കുകയും താടിയുടെ അറ്റം കത്രിക്കുകയും ശരീരത്തിൽ മുറിവുണ്ടാക്കുകയും അരുത്;6തങ്ങളുടെ ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കാതെ തങ്ങളുടെ ദൈവത്തിനു വിശുദ്ധന്മാരായിരിക്കണം; അവർ തങ്ങളുടെ ദൈവത്തിന്റെ ഭോജനമായ യഹോവയുടെ ദഹനയാഗങ്ങൾ അർപ്പിക്കുന്നു; ആകയാൽ അവർ വിശുദ്ധന്മാരായിരിക്കണം.
7വേശ്യയെയോ ദുർന്നടപ്പുകാരത്തിയെയോ പുരോഹിതന്മാർ വിവാഹം കഴിക്കരുത്; ഭർത്താവ് ഉപേക്ഷിച്ചവളെയും വിവാഹം കഴിക്കരുത്; പുരോഹിതൻ തന്റെ ദൈവത്തിനു വിശുദ്ധൻ ആകുന്നു.8അതുകൊണ്ട് നീ അവനെ ശുദ്ധീകരിക്കണം; അവൻ നിന്റെ ദൈവത്തിനു ഭോജനം അർപ്പിക്കുന്നവനാകയാൽ നീ അവനെ ശുദ്ധീകരിക്കണം; അവൻ നിനക്കു വിശുദ്ധനായിരിക്കണം; നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവയായ ഞാൻ വിശുദ്ധൻ ആകുന്നു.9പുരോഹിതന്റെ മകൾ ദുർന്നടപ്പു ചെയ്തു തന്നെത്താൻ അശുദ്ധയാക്കിയാൽ അവൾ തന്റെ അപ്പനെ അശുദ്ധനാക്കുന്നു; അവളെ തീയിൽ ഇട്ടു ചുട്ടുകളയണം.

10“ ‘അഭിഷേകതൈലം തലയിൽ ഒഴിക്കപ്പെട്ടവനും വസ്ത്രം ധരിക്കുവാൻ പ്രതിഷ്ഠിക്കപ്പെട്ടവനുമായി തന്റെ സഹോദരന്മാരിൽ മഹാപുരോഹിതനായവൻ തന്റെ തല നഗ്നമാക്കുകയോ വസ്ത്രം കീറുകയോ അരുത്.11അവൻ യാതൊരു ശവത്തോടും അടുക്കുകയും തന്റെ അപ്പനാലും അമ്മയാലും അശുദ്ധനാകുകയും അരുത്.12വിശുദ്ധമന്ദിരം വിട്ട് അവൻ പുറത്തിറങ്ങുകയും തന്റെ ദൈവത്തിന്റെ വിശുദ്ധമന്ദിരം അശുദ്ധമാക്കുകയും അരുത്; അവന്റെ ദൈവത്തിന്റെ അഭിഷേകതൈലമായ സംസ്കാരം1 അവന്റെ മേൽ ഇരിക്കുന്നു; ഞാൻ യഹോവ ആകുന്നു.
13കന്യകയായ സ്ത്രീയെ മാത്രമേ അവൻ വിവാഹം കഴിക്കാവൂ.14വിധവ, ഉപേക്ഷിക്കപ്പെട്ടവൾ, ദുർന്നടപ്പുകാരത്തി, വേശ്യ ഇങ്ങനെയുള്ളവരെ അവൻ വിവാഹം കഴിക്കരുത്; സ്വജനത്തിലുള്ള കന്യകയെ മാത്രമേ വിവാഹം കഴിക്കാവു.15അവൻ തന്റെ സന്തതിയെ തന്റെ ജനത്തിന്റെ ഇടയിൽ അശുദ്ധമാക്കരുത്; ഞാൻ അവനെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.’ ”

16യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: “നീ അഹരോനോടു പറയേണ്ടത് എന്തെന്നാൽ:17‘നിന്റെ സന്തതിപരമ്പരയിൽ അംഗഹീനനായവൻ തന്റെ ദൈവത്തിന്റെ ഭോജനം അർപ്പിക്കുവാൻ അടുത്തു വരരുത്.
18അംഗഹീനനായ യാതൊരുത്തനും അടുത്തുവരരുത്; കുരുടൻ, മുടന്തൻ,19പതിമൂക്കൻ, അധികാംഗൻ, കാലൊടിഞ്ഞവൻ, കൈയൊടിഞ്ഞവൻ,20കൂനൻ, മുണ്ടൻ, നേത്രരോഗി, ചൊറിയൻ, പൊരിച്ചുണങ്ങൻ, ഷണ്ഡൻ എന്നിങ്ങനെയുള്ളവരും അരുത്.21പുരോഹിതനായ അഹരോന്റെ സന്തതിയിൽ അംഗഹീനനായ ഒരുവനും യഹോവയുടെ ദഹനയാഗങ്ങൾ അർപ്പിക്കുവാൻ അടുത്തുവരരുത്; അവൻ അംഗഹീനൻ; അവൻ തന്റെ ദൈവത്തിന്റെ ഭോജനം അർപ്പിക്കുവാൻ അടുത്തുവരരുത്.
22തന്റെ ദൈവത്തിന്റെ ഭോജനമായ അതിപരിശുദ്ധമായവയും വിശുദ്ധമായവയും അവനു ഭക്ഷിക്കാം.23എങ്കിലും തിരശ്ശീലയുടെ അടുക്കൽ ചെല്ലുകയും യാഗപീഠത്തിന്റെ അടുത്തുവരികയും അരുത്; അവൻ അംഗഹീനനല്ലോ; അവൻ എന്റെ വിശുദ്ധസാധനങ്ങളെ അശുദ്ധമാക്കരുത്; ഞാൻ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.’ ”24മോശെ ഇത് അഹരോനോടും പുത്രന്മാരോടും എല്ലായിസ്രായേൽമക്കളോടും പറഞ്ഞു.


1 21:12 സംസ്കാരം ‘പവിത്രത’ എന്ന് ന്യൂ കിംഗ് ജെയിംസ് വേർഷനിലും ‘കിരീടം’ എന്ന് മൂല ഭാഷയിലും കാണുന്നു.

22

1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ:2“യിസ്രായേൽമക്കൾ എനിക്കു ശുദ്ധീകരിക്കുന്ന വിശുദ്ധസാധനങ്ങളെ സംബന്ധിച്ച് അഹരോനും അവന്റെ പുത്രന്മാരും സൂക്ഷിച്ചുനില്ക്കേണമെന്നും എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കരുതെന്നും അവരോടു പറയണം. ഞാൻ യഹോവ ആകുന്നു.3“നീ അവരോടു പറയേണ്ടത് എന്തെന്നാൽ: ‘നിങ്ങളുടെ തലമുറകളിൽ നിങ്ങളുടെ സകലസന്തതിയിലും ആരെങ്കിലും അശുദ്ധനായിരിക്കുമ്പോൾ യിസ്രായേൽമക്കൾ യഹോവയ്ക്കു ശുദ്ധീകരിക്കുന്ന വിശുദ്ധസാധനങ്ങളോട് അടുത്താൽ അവനെ എന്റെ സന്നിധിയിൽനിന്നു വിച്ഛേദിച്ചുകളയണം; ഞാൻ യഹോവ ആകുന്നു.

4അഹരോന്റെ സന്തതിയിൽ ആരെങ്കിലും കുഷ്ഠരോഗിയോ ശുക്ലസ്രവക്കാരനോ ആയാൽ അവൻ ശുദ്ധനായിത്തീരുംവരെ വിശുദ്ധസാധനങ്ങൾ ഭക്ഷിക്കരുത്; ശവത്താൽ അശുദ്ധമായ യാതൊന്നെങ്കിലും തൊടുന്നവനും ബീജസ്ഖലനം ഉണ്ടായവനും5അശുദ്ധിവരുത്തുന്ന യാതൊരു ഇഴജാതിയെ എങ്കിലും വല്ല അശുദ്ധിയുമുണ്ടായിട്ട് അശുദ്ധിവരുത്തുന്ന മനുഷ്യനെ എങ്കിലും തൊടുന്നവനും6ഇങ്ങനെ വല്ലതും സ്പർശിക്കുന്നവൻ സന്ധ്യവരെ അശുദ്ധനായിരിക്കണം; അവൻ ദേഹം വെള്ളത്തിൽ കഴുകിയശേഷം അല്ലാതെ വിശുദ്ധസാധനങ്ങൾ ഭക്ഷിക്കരുത്.
7സൂര്യൻ അസ്തമിച്ചശേഷം അവൻ ശുദ്ധനാകും; പിന്നെ അവനു വിശുദ്ധസാധനങ്ങൾ ഭക്ഷിക്കാം; അത് അവന്റെ ആഹാരമല്ലോ.8സ്വാഭാവികമായി ചത്തതിനെയും പറിച്ചുകീറിപ്പോയതിനെയും തിന്നിട്ട് തന്നെത്താൽ അശുദ്ധമാക്കരുത്; ഞാൻ യഹോവ ആകുന്നു.9ആകയാൽ അവർ എന്റെ പ്രമാണങ്ങളെ അശുദ്ധമാക്കി തങ്ങളുടെ മേൽ പാപം വരുത്തുകയും അതിനാൽ മരിക്കുകയും ചെയ്യാതിരിക്കുവാൻ അവ പ്രമാണിക്കണം; ഞാൻ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
10യാതൊരു അന്യനും വിശുദ്ധസാധനം ഭക്ഷിക്കരുത്; പുരോഹിതന്റെ അടുക്കൽ വന്നുപാർക്കുന്നവനും കൂലിക്കാരനും വിശുദ്ധസാധനം ഭക്ഷിക്കരുത്.11എന്നാൽ പുരോഹിതൻ ഒരുവനെ വിലയ്ക്കു വാങ്ങിയാൽ അവനും വീട്ടിൽ പിറന്നുണ്ടായവനും ഭക്ഷിക്കാം; ഇവർക്ക് അവന്റെ ആഹാരം ഭക്ഷിക്കാം.
12പുരോഹിതന്റെ മകൾ പുരോഹിതേതര കുടുംബക്കാരനു ഭാര്യയായാൽ അവൾ വിശുദ്ധസാധനങ്ങളായ വഴിപാട് ഒന്നും ഭക്ഷിക്കരുത്.13പുരോഹിതന്റെ മകൾ വിധവയോ ഉപേക്ഷിക്കപ്പെട്ടവളോ ആയി സന്തതിയില്ലാതെ അപ്പന്റെ വീട്ടിലേക്കു തന്റെ യൗവനത്തിൽ എന്നപോലെ മടങ്ങിവന്നാൽ അവൾക്ക് അപ്പന്റെ ആഹാരം ഭക്ഷിക്കാം; എന്നാൽ യാതൊരു അന്യനും അതു ഭക്ഷിക്കരുത്.
14ഒരുവൻ അബദ്ധവശാൽ വിശുദ്ധസാധനം ഭക്ഷിച്ചുപോയാൽ അവൻ വിശുദ്ധസാധനം അഞ്ചിൽ ഒരംശവും കൂട്ടി പുരോഹിതനു കൊടുക്കണം.15യിസ്രായേൽമക്കൾ യഹോവയ്ക്ക് അർപ്പിക്കുന്ന വിശുദ്ധസാധനങ്ങൾ പുരോഹിതന്മാർ അശുദ്ധമാക്കരുത്.16യിസ്രായേൽമക്കളുടെ വിശുദ്ധസാധനങ്ങൾ ഭക്ഷിക്കുന്നതിൽ അവരുടെമേൽ അകൃത്യത്തിന്റെ കുറ്റം വരുത്തരുത്; ഞാൻ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.’ ”

17യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:18“നീ അഹരോനോടും പുത്രന്മാരോടും എല്ലായിസ്രായേൽമക്കളോടും പറയേണ്ടത് എന്തെന്നാൽ: ‘യിസ്രായേൽഗൃഹത്തിലോ യിസ്രായേലിൽ ഉള്ള പരദേശികളിലോ ആരെങ്കിലും യഹോവയ്ക്കു ഹോമയാഗമായിട്ട് അർപ്പിക്കുന്ന വല്ല നേർച്ചകളാകട്ടെ സ്വമേധാദാനങ്ങളാകട്ടെ ഇവയിൽ ഏതെങ്കിലും ഒരു വഴിപാടു കഴിക്കുന്നു എങ്കിൽ19നിങ്ങൾക്കു പ്രസാദം ലഭിക്കുവാൻ തക്കവണ്ണം അത് മാടുകളിൽനിന്നോ ചെമ്മരിയാടുകളിൽനിന്നോ കോലാടുകളിൽനിന്നോ ഊനമില്ലാത്ത ഒരു ആണായിരിക്കണം.
20ഊനമുള്ള യാതൊന്നിനെയും നിങ്ങൾ അർപ്പിക്കരുത്; അതിനാൽ നിങ്ങൾക്കു പ്രസാദം ലഭിക്കുകയില്ല.21ഒരുവൻ നേർച്ചനിവ്രുത്തിക്കായോ സ്വമേധാദാനമായിട്ടോ യഹോവയ്ക്കു മാടുകളിൽനിന്നാകട്ടെ ആടുകളിൽനിന്നാകട്ടെ ഒന്നിനെ സമാധാനയാഗമായി അർപ്പിക്കുമ്പോൾ അതു പ്രസാദമാകുവാൻ തക്കവണ്ണം ഊനമില്ലാത്തത് ആയിരിക്കേണം; അതിന് ഒരു കുറവും ഉണ്ടായിരിക്കരുത്.
22കുരുട്, ചതവ്, മുറിവ്, മുഴ, ചൊറി, പുഴുക്കടി എന്നിവയുള്ള യാതൊന്നിനെയും യഹോവയ്ക്ക് അർപ്പിക്കരുത്; ഇവയിൽ ഒന്നിനെയും യഹോവയ്ക്ക് യാഗപീഠത്തിന്മേൽ ദഹനയാഗമായി അർപ്പിക്കരുത്;23അവയവങ്ങളിൽ ഏതെങ്കിലും നീളം കൂടിയോ കുറഞ്ഞോ ഇരിക്കുന്ന കാളയെയും കുഞ്ഞാടിനെയും സ്വമേധാദാനമായിട്ട് അർപ്പിക്കാം; എന്നാൽ നേർച്ചയായിട്ട് അതു പ്രസാദമാകുകയില്ല.
24വൃഷണങ്ങൾ ചതച്ചതോ എടുത്തുകളഞ്ഞതോ ഉടച്ചതോ മുറിച്ചുകളഞ്ഞതോ ആയതിനെ നിങ്ങൾ യഹോവയ്ക്ക് അർപ്പിക്കരുത്; നിങ്ങൾ ഇവയെകൊണ്ട് നിങ്ങളുടെ ദേശത്ത് ഒരു യാഗവും ചെയ്യരുത്.25അന്യന്റെ കൈയിൽനിന്ന് ഇങ്ങനെയുള്ള ഒന്നിനെയും വാങ്ങി നിങ്ങളുടെ ദൈവത്തിന്റെ ഭോജനമായിട്ട് അർപ്പിക്കരുത്; അവയ്ക്കു കേടും കുറവും ഉള്ളതുകൊണ്ട് അവയാൽ നിങ്ങൾക്കു പ്രസാദം ലഭിക്കുകയില്ല.’ ”

26യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ:27“ഒരു കാളയോ ചെമ്മരിയാടോ കോലാടോ പിറന്നാൽ ഏഴു ദിവസം തള്ളയുടെ അടുക്കൽ ആയിരിക്കേണം; എട്ടാം ദിവസംമുതൽ അതു യഹോവയ്ക്കു ദഹനയാഗമായി പ്രസാദമാകും.
28പശുവിനെയോ പെണ്ണാടിനെയോ അതിനെയും കുട്ടിയെയും ഒരു ദിവസത്തിൽ അറുക്കരുത്.29യഹോവയ്ക്കു സ്തോത്രയാഗം അർപ്പിക്കുമ്പോൾ അതു പ്രസാദമാകത്തക്കവണ്ണം അർപ്പിക്ണം.30അന്നു തന്നെ അതിനെ ഭക്ഷിക്കേണം; രാവിലെവരെ അതിൽ ഒട്ടും ശേഷിപ്പിക്കരുത്; ഞാൻ യഹോവ ആകുന്നു.
31ആകയാൽ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ച് ആചരിക്കണം; ഞാൻ യഹോവ ആകുന്നു.32എന്റെ വിശുദ്ധനാമത്തെ നിങ്ങൾ അശുദ്ധമാക്കരുത്; യിസ്രായേൽമക്കളുടെ ഇടയിൽ ഞാൻ ശുദ്ധീകരിക്കപ്പെടണം; ഞാൻ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.33നിങ്ങൾക്കു ദൈവമായിരിക്കേണ്ടതിനു ഈജിപ്റ്റിൽനിന്നു നിങ്ങളെ കൊണ്ടുവന്ന ഞാൻ യഹോവ ആകുന്നു.”

23

1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:2“നീ യിസ്രായേൽമക്കളോടു പറയേണ്ടത്: ‘എന്റെ ഉത്സവങ്ങൾ, വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണ്ട യഹോവയുടെ ഉത്സവങ്ങൾ ഇവയാകുന്നു:

3ആറു ദിവസം ജോലി ചെയ്യണം; ഏഴാം ദിവസം വിശുദ്ധസഭായോഗം കൂടേണ്ടുന്ന സ്വസ്ഥതയ്ക്കുള്ള ശബ്ബത്ത്. അന്ന് ഒരു ജോലിയും ചെയ്യരുത്; നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും അത് യഹോവയുടെ ശബ്ബത്ത് ആകുന്നു.

4“ ‘അതതുകാലത്തു വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങൾ ഇവയാകുന്നു:5ഒന്നാംമാസം പതിനാലാം തീയതി സന്ധ്യാസമയത്ത് യഹോവയുടെ പെസഹ.6ആ മാസം പതിനഞ്ചാം തീയതി യഹോവയ്ക്കു പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ; ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം.
7ഒന്നാം ദിവസം നിങ്ങൾക്കു വിശുദ്ധസഭായോഗം ഉണ്ടാകണം; പതിവുള്ളജോലി യാതൊന്നും ചെയ്യരുത്.8നിങ്ങൾ ഏഴു ദിവസം യഹോവയ്ക്കു ദഹനയാഗം അർപ്പിക്കണം; ഏഴാം ദിവസം വിശുദ്ധസഭായോഗം; അന്ന് പതിവുള്ളജോലി യാതൊന്നും ചെയ്യരുത്.’ ”

9യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:10“നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ‘ഞാൻ നിങ്ങൾക്കു തരുന്ന ദേശത്തു നിങ്ങൾ എത്തിയശേഷം അതിലെ വിളവെടുക്കുമ്പോൾ നിങ്ങളുടെ കൊയ്ത്തിലെ ആദ്യത്തെ കറ്റ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം.11നിങ്ങൾക്കു പ്രസാദം ലഭിക്കേണ്ടതിന് അവൻ ആ കറ്റ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യണം. ശബ്ബത്തിന്റെ പിറ്റെ ദിവസം പുരോഹിതൻ അതു നീരാജനം ചെയ്യണം.
12കറ്റ നീരാജനം ചെയ്യുന്ന ദിവസം നിങ്ങൾ യഹോവയ്ക്കു ഹോമയാഗമായി ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു ആണാട്ടിൻകുട്ടിയെ അർപ്പിക്കണം.13അതിന്റെ ഭോജനയാഗം എണ്ണ ചേർത്ത രണ്ടിടങ്ങഴി1 നേരിയ മാവ് ആയിരിക്കണം; അതു യഹോവയ്ക്കു സൗരഭ്യവാസനയായുള്ള ദഹനയാഗം; അതിന്റെ പാനീയയാഗം ഒരു നാഴി2 വീഞ്ഞ് ആയിരിക്കണം.14നിങ്ങളുടെ ദൈവത്തിനു വഴിപാടു കൊണ്ടുവരുന്ന ദിവസംവരെ നിങ്ങൾ അപ്പമാകട്ടെ മലരാകട്ടെ കതിരാകട്ടെ തിന്നരുത്; നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും ഇതു തലമുറതലമുറയായി നിങ്ങൾക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കണം.

15“ ‘ശബ്ബത്തിന്റെ പിറ്റെന്നാൾമുതൽ നിങ്ങൾ നീരാജനത്തിന്റെ കറ്റ കൊണ്ടുവന്ന ദിവസംമുതൽ തന്നെ, എണ്ണി ഏഴു ശബ്ബത്ത് തികയണം.16ഏഴാമത്തെ ശബ്ബത്തിന്റെ പിറ്റെന്നാൾവരെ അമ്പതു ദിവസം എണ്ണി യഹോവയ്ക്കു പുതിയ ധാന്യംകൊണ്ട് ഒരു ഭോജനയാഗം അർപ്പിക്കണം.
17നീരാജനത്തിന് രണ്ടിടങ്ങഴി മാവുകൊണ്ട് രണ്ടപ്പം നിങ്ങളുടെ വാസസ്ഥലങ്ങളിൽ നിന്നു കൊണ്ടുവരണം; അത് നേരിയ മാവുകൊണ്ടുള്ളതും പുളിപ്പിച്ചു ചുട്ടതും ആയിരിക്കണം; അത് യഹോവയ്ക്ക് ആദ്യവിളവ്.18അപ്പത്തോടുകൂടി ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു ചെമ്മരിയാട്ടിൻകുട്ടികളെയും ഒരു കാളക്കുട്ടിയെയും രണ്ടു മുട്ടാടിനെയും അർപ്പിക്കണം; അവയും അവയുടെ ഭോജനയാഗവും പാനീയയാഗവും യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗമായി യഹോവയ്ക്കു ഹോമയാഗമായിരിക്കണം.
19ഒരു കോലാട്ടുകൊറ്റനെ പാപയാഗമായും ഒരു വയസ്സു പ്രായമുള്ള രണ്ട് ആട്ടിൻകുട്ടിയെ സമാധാനയാഗമായും അർപ്പിക്കണം.20പുരോഹിതൻ അവയെ ആദ്യവിളവിന്റെ അപ്പത്തോടും രണ്ട് ആട്ടിൻകുട്ടിയോടുംകൂടി യഹോവയുടെ സന്നിധിയിൽ നീരാജനാർപ്പണമായി നീരാജനം ചെയ്യണം; അവ പുരോഹിതനുവേണ്ടി യഹോവയ്ക്കു വിശുദ്ധമായിരിക്കണം.21അന്നു തന്നെ നിങ്ങൾ വിശുദ്ധസഭായോഗം വിളിച്ചുകൂട്ടണം; അന്നു പതിവുള്ളജോലി യാതൊന്നും ചെയ്യരുത്; ഇതു നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും തലമുറതലമുറയായി നിങ്ങൾക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കണം.

22“ ‘നിങ്ങളുടെ നിലത്തിലെ വിളവ് എടുക്കുമ്പോൾ വയലിന്റെ അരികു തീർത്തു കൊയ്യരുത്; കാലാ പെറുക്കുകയുമരുത്; അതു ദരിദ്രനും പരദേശിക്കും വിട്ടേക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.’ ”

23യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:24“നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ‘ഏഴാം മാസം ഒന്നാം തീയതി നിങ്ങൾക്കു കാഹളധ്വനിയുടെ അനുസ്മരണവും വിശുദ്ധസഭായോഗമുള്ള സ്വസ്ഥ3 ദിവസവുമായിരിക്കണം.25അന്നു പതിവുള്ളജോലി യാതൊന്നും ചെയ്യാതെ യഹോവയ്ക്കു ദഹനയാഗം അർപ്പിക്കണം.’ ”

26യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:27“ഏഴാം മാസം പത്താം തീയതി പാപപരിഹാരദിവസം ആകുന്നു. അന്നു നിങ്ങൾക്കു വിശുദ്ധസഭായോഗം ഉണ്ടാകണം; നിങ്ങൾ ആത്മതപനം ചെയ്യുകയും4 യഹോവയ്ക്കു ദഹനയാഗം അർപ്പിക്കുകയും വേണം.
28അന്നു നിങ്ങൾ യാതൊരു ജോലിയും ചെയ്യരുത്; അതു നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിനുള്ള പാപപരിഹാരദിവസം.29അന്ന് ആത്മതപനം ചെയ്യാത്ത ഏവനെയും അവന്റെ ജനത്തിൽനിന്നു പുറത്താക്കണം.
30അന്ന് ആരെങ്കിലും വല്ല ജോലിയും ചെയ്താൽ അവനെ ഞാൻ അവന്റെ ജനത്തിന്റെ ഇടയിൽനിന്നു നശിപ്പിക്കും.31യാതൊരു ജോലിയും ചെയ്യരുത്; ഇതു നിങ്ങൾക്കു തലമുറതലമുറയായി നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും എന്നേക്കുമുള്ള ചട്ടം ആയിരിക്കണം.32അതു നിങ്ങൾക്കു സ്വസ്ഥതയ്ക്കുള്ള ശബ്ബത്ത്; അന്നു നിങ്ങൾ ആത്മതപനം ചെയ്യണം. ആ മാസം ഒമ്പതാം തീയതി വൈകുന്നേരം മുതൽ പിറ്റെന്നാൾ വൈകുന്നേരംവരെ നിങ്ങൾ ശബ്ബത്ത് ആചരിക്കണം.”

33യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:34“നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ‘ഏഴാം മാസം പതിനഞ്ചാം തീയതിമുതൽ ഏഴു ദിവസം യഹോവയ്ക്ക് കൂടാരപ്പെരുനാൾ ആകുന്നു.
35ഒന്നാം ദിവസത്തിൽ വിശുദ്ധസഭായോഗം ഉണ്ടാകണം; അന്നു പതിവുള്ളജോലി യാതൊന്നും ചെയ്യരുത്.36ഏഴു ദിവസം യഹോവയ്ക്ക് ദഹനയാഗം അർപ്പിക്കണം; എട്ടാംദിവസം നിങ്ങൾക്ക് വിശുദ്ധസഭായോഗം ഉണ്ടാകണം; യഹോവയ്ക്കു ദഹനയാഗവും അർപ്പിക്കണം; അന്ന് പരിശുദ്ധമായസഭായോഗം5 ; പതിവുള്ളജോലി യാതൊന്നും ചെയ്യരുത്.

37“ ‘യഹോവയുടെ ശബ്ബത്തുകളും നിങ്ങളുടെ വഴിപാടുകളും നിങ്ങളുടെ എല്ലാ നേർച്ചകളും നിങ്ങൾ യഹോവയ്ക്കു കൊടുക്കുന്ന സകല സ്വമേധാദാനങ്ങളും കൂടാതെ38അതതു ദിവസത്തിൽ യഹോവയ്ക്കു ദഹനയാഗവും ഹോമയാഗവും ഭോജനയാഗവും പാനീയയാഗവും അർപ്പിക്കേണ്ടതിന് വിശുദ്ധസഭായോഗങ്ങൾ വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങൾ ഇവ തന്നെ.

39“ ‘ഭൂമിയുടെ ഫലം ശേഖരിച്ചശേഷം ഏഴാം മാസം പതിനഞ്ചാം തീയതി യഹോവയ്ക്ക് ഏഴു ദിവസം ഉത്സവം ആചരിക്കണം; ആദ്യദിവസം വിശുദ്ധസ്വസ്ഥത; എട്ടാം ദിവസവും വിശുദ്ധസ്വസ്ഥത.
40ആദ്യദിവസം ഭംഗിയുള്ള വൃക്ഷങ്ങളുടെ ഫലവും ഈത്തപ്പനയുടെ കുരുത്തോലയും തഴച്ചിരിക്കുന്ന വൃക്ഷങ്ങളുടെ കൊമ്പും ആറ്റലരിയും എടുത്തുകൊണ്ടു നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ ഏഴു ദിവസം സന്തോഷിക്കണം.41വർഷംതോറും ഏഴു ദിവസം യഹോവയ്ക്ക് ഈ ഉത്സവം ആചരിക്കണം; ഇതു തലമുറതലമുറയായി നിങ്ങൾക്ക് എന്നേക്കുമുള്ള നിയമം; ഏഴാം മാസത്തിൽ അത് ആചരിക്കണം.
42ഞാൻ യിസ്രായേൽമക്കളെ ഈജിപ്റ്റിൽനിന്നു കൊണ്ടുവന്നപ്പോൾ43അവരെ കൂടാരങ്ങളിൽ പാർപ്പിച്ചു എന്നു നിങ്ങളുടെ സന്തതികൾ അറിയുവാൻ നിങ്ങൾ ഏഴു ദിവസം കൂടാരങ്ങളിൽ പാർക്കണം; യിസ്രായേലിലെ സ്വദേശികൾ ഒക്കെയും കൂടാരങ്ങളിൽ പാർക്കണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.’ ”44അങ്ങനെ മോശെ യഹോവയുടെ ഉത്സവങ്ങളെ യിസ്രായേൽമക്കളോട് അറിയിച്ചു.


1 23:13 രണ്ടിടങ്ങഴി പത്തിൽ രണ്ട് ഏഫാ (എബ്രായ അളവ്).
2 23:13 നാഴി നാലിലൊന്നു ഹിൻ (എബ്രായ അളവ്).
3 23:24 സ്വസ്ഥ ശബത്ത് എന്നുമാകാം.
4 23:27 ആത്മതപനം ചെയ്കയും ഉപവാസിക്കുകയും എന്നുമാകാം.
5 23:36 പരിശുദ്ധമായസഭായോഗം അന്ത്യസഭായോഗം എന്നും മലയാളം ബൈബിളിൽ കൊടുത്തിട്ടുണ്ട്.

24

1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ:2“ദീപങ്ങൾ നിത്യം കത്തിക്കൊണ്ടിരിക്കേണ്ടതിന് യിസ്രായേൽമക്കൾ നിലവിളക്കിന് ഇടിച്ചെടുത്ത തെളിവുള്ള ഒലിവെണ്ണ നിന്റെ അടുക്കൽ കൊണ്ടുവരണമെന്ന് അവരോടു കല്പിക്കുക.

3സമാഗമനകൂടാരത്തിൽ സാക്ഷ്യത്തിന്റെ തിരശ്ശീലയ്ക്കു പുറത്തു വൈകുന്നേരംമുതൽ രാവിലെവരെ കത്തേണ്ടതിന് അഹരോൻ അത് യഹോവയുടെ സന്നിധിയിൽ നിത്യം ഒരുക്കിവയ്ക്കണം; ഇത് തലമുറതലമുറയായി നിങ്ങൾക്ക് എന്നേക്കുമുള്ള നിയമം ആകുന്നു.4അവൻ നിത്യവും യഹോവയുടെ സന്നിധിയിൽ തങ്കനിലവിളക്കിന്മേൽ ദീപങ്ങൾ ഒരുക്കിവയ്ക്കണം.

5“നീ നേരിയ മാവ് എടുത്ത് അതുകൊണ്ടു പന്ത്രണ്ടു ദോശ ചുടണം; ഓരോ ദോശ രണ്ടിടങ്ങഴി1 മാവുകൊണ്ട് ആയിരിക്കണം.6അവയെ യഹോവയുടെ സന്നിധിയിൽ തങ്കമേശമേൽ രണ്ട് അടുക്കായിട്ട് ഓരോ അടുക്കിൽ ആറുവീതം വയ്ക്കണം.
7ഓരോ അടുക്കിന്മേൽ നിർമ്മലമായ കുന്തുരുക്കം വയ്ക്കേണം; അത് അപ്പത്തിന്മേൽ നിവേദ്യമായി2 യഹോവയ്ക്കു ദഹനയാഗമായിരിക്കണം.8അവൻ അതു നിത്യനിയമമായിട്ടു യിസ്രായേൽമക്കളോടു വാങ്ങി ശബ്ബത്തുതോറും യഹോവയുടെ സന്നിധിയിൽ നിരന്തരമായി അടുക്കിവയ്ക്കണം.9അത് അഹരോനും പുത്രന്മാർക്കും ഉള്ളതായിരിക്കണം; അവർ അത് ഒരു വിശുദ്ധസ്ഥലത്തുവച്ച് ഭക്ഷിക്കണം; അത് അവനു ശാശ്വതാവകാശമായി യഹോവയുടെ ദഹനയാഗങ്ങളിൽ അതിവിശുദ്ധം ആകുന്നു.”

10അനന്തരം ഒരു യിസ്രായേല്യസ്ത്രീയുടെയും ഒരു ഈജിപ്റ്റുകാരന്റെയും മകനായ ഒരുവൻ യിസ്രായേൽമക്കളുടെ മദ്ധ്യേ ചെന്ന്; യിസ്രായേല്യസ്ത്രീയുടെ ഈ മകനും ഒരു യിസ്രായേല്യേനും തമ്മിൽ പാളയത്തിൽവച്ചു ശണ്ഠകൂടി.11യിസ്രയേല്യസ്ത്രീയുടെ മകൻ തിരുനാമം ദുഷിച്ചു ശപിച്ചു; അതുകൊണ്ട് അവർ അവനെ മോശെയുടെ അടുക്കൽ കൊണ്ടുവന്നു; അവന്റെ അമ്മയ്ക്കു ശെലോമീത്ത് എന്നു പേര്. അവൾ ദാൻഗോത്രത്തിൽ ദിബ്രി എന്നൊരുവന്റെ മകളായിരുന്നു.12യഹോവയുടെ അരുളപ്പാട് കിട്ടേണ്ടതിന് അവർ അവനെ തടവിൽവച്ചു.

13അപ്പോൾ യഹോവ മോശെയോട് അരുളിച്ചെയ്തത്:14“ശപിച്ചവനെ പാളയത്തിനു പുറത്തു കൊണ്ടുപോകുക; കേട്ടവർ എല്ലാവരും അവന്റെ തലയിൽ കൈവച്ചശേഷം സഭയൊക്കെയും അവനെ കല്ലെറിഞ്ഞു കൊല്ലണം.
15എന്നാൽ യിസ്രായേൽമക്കളോടു നീ പറയേണ്ടത് എന്തെന്നാൽ: ‘ആരെങ്കിലും തന്റെ ദൈവത്തെ ശപിച്ചാൽ അവൻ തന്റെ പാപം വഹിക്കും.16യഹോവയുടെ നാമം ദുഷിക്കുന്നവൻ മരണശിക്ഷ അനുഭവിക്കണം; സഭയൊക്കെയും അവനെ കല്ലെറിയണം; പരദേശിയാകട്ടെ സ്വദേശിയാകട്ടെ തിരുനാമത്തെ ദുഷിക്കുന്നവൻ മരണശിക്ഷ അനുഭവിക്കണം.
17മനുഷ്യനെ കൊല്ലുന്നവൻ മരണശിക്ഷ അനുഭവിക്കണം.18മൃഗത്തെ കൊല്ലുന്നവൻ മൃഗത്തിനു പകരം മൃഗത്തെ കൊടുക്കണം.
19ഒരുവൻ കൂട്ടുകാരനു കേടു3 വരുത്തിയാൽ അവൻ ചെയ്തതുപോലെ തന്നെ അവനോടു ചെയ്യണം.20ഒടിവിനു പകരം ഒടിവ്, കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്; ഇങ്ങനെ അവൻ മറ്റേയാളിനു കേടുവരുത്തിയതുപോലെതന്നെ അവനും വരുത്തണം.21മൃഗത്തെ കൊല്ലുന്നവൻ അതിനു പകരം കൊടുക്കണം; എന്നാൽ മനുഷ്യനെ കൊല്ലുന്നവൻ മരണശിക്ഷ അനുഭവിക്കണം.
22നിങ്ങൾക്കു പരദേശിക്കും സ്വദേശിക്കും ഒരു പ്രമാണം തന്നെ ആയിരിക്കണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.’ ”23ദുഷിച്ചവനെ പാളയത്തിനു പുറത്തുകൊണ്ടുപോയി കല്ലെറിയണമെന്നു മോശെ യിസ്രായേൽമക്കളോടു പറഞ്ഞു. യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേൽമക്കൾ ചെയ്തു.


1 24:5 രണ്ടിടങ്ങഴി പത്തിൽരണ്ട് ഏഫാ.
2 24:7 നിവേദ്യമായി സമരണയ്ക്കായി എന്നുമാകാം.
3 24:19 കേടു മുറിവ്, വിരൂപം എന്നും അർത്ഥം ഉണ്ട്.

25

1യഹോവ സീനായിപർവ്വതത്തിൽവച്ചു മോശെയോട് അരുളിച്ചെയ്തത്:2“നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ‘ഞാൻ നിങ്ങൾക്കു തരുന്ന ദേശത്തു നിങ്ങൾ എത്തിയശേഷം ദേശം യഹോവയ്ക്കു ശബ്ബത്ത് ആചരിക്കണം.

3ആറു വർഷം നിന്റെ നിലം വിതയ്ക്കണം; അവ്വണ്ണം ആറു വർഷം നിന്റെ മുന്തിരിത്തോട്ടം വള്ളിത്തല മുറിച്ച് അനുഭവം എടുക്കണം.4ഏഴാം വർഷത്തിൽ ദേശത്തിനു സ്വസ്ഥതയുള്ള ശബ്ബത്തായ യഹോവയുടെ ശബ്ബത്ത് ആയിരിക്കണം; നിന്റെ നിലം വിതയ്ക്കുകയും മുന്തിരിത്തോട്ടം വള്ളിത്തല മുറിക്കുകയും ചെയ്യരുത്.
5നിന്റെ കൊയ്ത്തിന്റെ പടു വിളവു കൊയ്യുകയും വള്ളിത്തല മുറിക്കാത്ത മുന്തിരിത്തോട്ടത്തിലെ പഴം പറിക്കുകയും അരുത്; അതു ദേശത്തിനു ശബ്ബത്ത് വർഷം ആകുന്നു.6ദേശത്തിന്റെ ശബ്ബത്തിൽ തനിയെ വിളയുന്നതു നിങ്ങളുടെ ആഹാരമായിരിക്കണം; നിനക്കും നിന്റെ ദാസനും ദാസിക്കും കൂലിക്കാരനും നിന്നോടുകൂടി പാർക്കുന്ന പരദേശിക്കും7നിന്റെ കന്നുകാലിക്കും നിന്റെ ദേശത്തിലെ കാട്ടുമൃഗത്തിനും അതിന്റെ അനുഭവം ഒക്കെയും ആഹാരമായിരിക്കണം.

8“ ‘പിന്നെ ഏഴു ശബ്ബത്തുവർഷമായ ഏഴേഴുവർഷം എണ്ണണം; അങ്ങനെ ഏഴു ശബ്ബത്തുവർഷമായ നാല്പത്തൊമ്പതു വർഷം കഴിയണം.9അപ്പോൾ ഏഴാം മാസം പത്താം തീയതി മഹാധ്വനികാഹളം ധ്വനിപ്പിക്കണം; പാപപരിഹാരദിവസത്തിൽ നിങ്ങൾ നിങ്ങളുടെ ദേശത്ത് എല്ലായിടവും കാഹളം ധ്വനിപ്പിക്കണം.
10അമ്പതാം വർഷത്തെ ശുദ്ധീകരിച്ചു ദേശത്തെല്ലായിടവും സകലനിവാസികൾക്കും സ്വാതന്ത്ര്യം പ്രസിദ്ധമാക്കണം; അതു നിങ്ങൾക്കു യോബേൽവർഷമായിരിക്കണം: നിങ്ങൾ താന്താന്റെ അവകാശത്തിലേക്കു മടങ്ങിപ്പോകണം; ഓരോരുത്തൻ താന്താന്റെ കുടുംബത്തിലേക്കും മടങ്ങിപ്പോകണം.
11അമ്പതാം വർഷം നിങ്ങൾക്കു യോബേൽ വർഷമായിരിക്കണം; അതിൽ നിങ്ങൾ വിതയ്ക്കുകയോ തനിയെ മുളച്ചുവന്ന വിളവ് കൊയ്യുകയോ വള്ളിത്തല മുറിക്കാത്ത മുന്തിരിവള്ളിയുടെ പഴം പറിക്കുകയോ ചെയ്യരുത്.12അതു യോബേൽവർഷം ആകുന്നു; അതു നിങ്ങൾക്കു വിശുദ്ധമായിരിക്കണം; ആ വർഷത്തെ അനുഭവം നിങ്ങൾ വയലിൽ നിന്നുതന്നെ എടുത്തു ഭക്ഷിക്കണം.
13ഇങ്ങനെയുള്ള യോബേൽ വർഷത്തിൽ നിങ്ങൾ താന്താന്റെ അവകാശത്തിലേക്കു മടങ്ങിപ്പോകണം.14കൂട്ടുകാരന് എന്തെങ്കിലും വില്ക്കുകയോ കൂട്ടുകാരനോട് എന്തെങ്കിലും വാങ്ങുകയോ ചെയ്താൽ നിങ്ങൾ തമ്മിൽ തമ്മിൽ അന്യായം ചെയ്യരുത്.
15യോബേൽവർഷത്തിന്റെ ശേഷമുള്ള വർഷങ്ങളുടെ സംഖ്യക്ക് ഒത്തവണ്ണം നിന്റെ കൂട്ടുകാരനോടു വാങ്ങണം; അനുഭവമുള്ള വർഷങ്ങളുടെ സംഖ്യക്ക് ഒത്തവണ്ണം അവൻ നിനക്കു വിൽക്കണം.16വർഷങ്ങൾ ഏറിയിരുന്നാൽ വില ഉയർത്തണം; വർഷങ്ങൾ കുറഞ്ഞിരുന്നാൽ വില താഴ്ത്തണം; അനുഭവത്തിന്റെ കാലസംഖ്യക്ക് ഒത്തവണ്ണം അവൻ നിനക്കു വില്ക്കുന്നു.17ആകയാൽ നിങ്ങൾ തമ്മിൽ തമ്മിൽ അന്യായം ചെയ്യരുത്; നിന്റെ ദൈവത്തെ ഭയപ്പെടണം: ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
18അതുകൊണ്ട് നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ച് എന്റെ വിധികൾ പ്രമാണിച്ച് ആചരിക്കണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും.19ഭൂമി അതിന്റെ ഫലം തരും; നിങ്ങൾ തൃപ്തിയായി ഭക്ഷിച്ച് അതിൽ നിർഭയം വസിക്കും.
20എന്നാൽ “ഏഴാം വർഷത്തിൽ ഞങ്ങൾ എന്തു ഭക്ഷിക്കും? ഞങ്ങൾ വിതയ്ക്കുകയും ഞങ്ങളുടെ അനുഭവമെടുക്കുകയും ചെയ്യരുതല്ലോ” എന്നു നിങ്ങൾ പറയുന്നുവെങ്കിൽ21ഞാൻ ആറാം വർഷത്തിൽ നിങ്ങൾക്ക് എന്റെ അനുഗ്രഹം അരുളുകയും അതു മൂന്നു വർഷത്തേക്കുള്ള അനുഭവം തരുകയും ചെയ്യും.22എട്ടാം വർഷത്തിൽ നിങ്ങൾ വിതയ്ക്കുകയും ഒമ്പതാം വർഷംവരെ പഴയ അനുഭവംകൊണ്ട് ഉപജീവിക്കുകയും വേണം; അതിന്റെ അനുഭവം വരുന്നതു വരെ പഴയതുകൊണ്ട് ഉപജീവിച്ചുകൊള്ളണം.
23നിലം എന്നേക്കുമായി വില്ക്കരുത്; ദേശം എനിക്കുള്ളത് ആകുന്നു; നിങ്ങൾ എന്റെ അടുക്കൽ പരദേശികളും വന്നു പാർക്കുന്നവരും അത്രേ.24നിങ്ങളുടെ അവകാശമായ ദേശത്തെല്ലാം നിലത്തിനു വീണ്ടെടുപ്പു സമ്മതിക്കണം.

25“ ‘നിന്റെ സഹോദരൻ ദിരദ്രനായിത്തീർന്നു തന്റെ അവകാശത്തിൽ ഏതാനും വിറ്റാൽ അവന്റെ അടുത്ത ചാർച്ചക്കാരൻ വന്നു സഹോദരൻ വിറ്റതു വീണ്ടുകൊള്ളണം.
26എന്നാൽ വീണ്ടുകൊള്ളുവാൻ അവന് ആരും ഇല്ലാതെ ഇരിക്കുകയും താൻതന്നെ വകയുള്ളവനായി വീണ്ടുകൊള്ളുവാൻ പ്രാപ്തനാകുകയും ചെയ്താൽ27അതു വിറ്റതിനുശേഷമുള്ള വർഷങ്ങൾ കണക്കാക്കി വാങ്ങിയവന് അധികതുക തിരികെക്കൊടുത്ത് അവൻ തന്റെ അവകാശത്തിലേക്കു മടങ്ങിവരണം.28എന്നാൽ മടക്കിക്കൊടുക്കുവാൻ അവനു പ്രാപ്തിയില്ല എങ്കിൽ വിറ്റുപോയതു യോബേൽ വർഷംവരെ വാങ്ങിയവന്റെ കൈയിൽ ഇരിക്കണം; യോബേൽവർഷത്തിൽ അത് ഒഴിഞ്ഞുകൊടുക്കുകയും അവൻ തന്റെ അവകാശത്തിലേക്കു മടങ്ങിവരുകയും വേണം.

29“ ‘ഒരുവൻ മതിലുള്ള പട്ടണത്തിൽ ഒരു വീടു വിറ്റാൽ വിറ്റശേഷം ഒരു വർഷത്തിനകം അവന് അതു വീണ്ടുകൊള്ളാം; വീണ്ടുകൊള്ളുവാൻ ഒരു വർഷത്തെ അവധി ഉണ്ട്.30ഒരു വർഷം മുഴുവൻ തികയുവോളം വീണ്ടുകൊണ്ടില്ലെങ്കിൽ മതിലുള്ള പട്ടണത്തിലെ വീട്, വാങ്ങിയവനു തലമുറതലമുറയായി എന്നും സ്ഥിരമായിരിക്കണം; യോബേൽവർഷത്തിൽ അത് ഒഴിഞ്ഞുകൊടുക്കണ്ടാ.
31മതിലില്ലാത്ത ഗ്രാമങ്ങളിലെ വീടുകൾ ദേശത്തുള്ള നിലത്തിനു സമമായി കണക്കാക്കപ്പെടണം; അവയ്ക്കു വീണ്ടെടുപ്പ് ഉണ്ട്; യോബേൽവർഷത്തിൽ അവയെ ഒഴിഞ്ഞുകൊടുക്കണം.32എന്നാൽ ലേവ്യരുടെ പട്ടണങ്ങളും അവരുടെ അവകാശമായ പട്ടണങ്ങളിലെ വീടുകളും ലേവ്യർക്ക് എപ്പോൾ വേണമെങ്കിലും വീണ്ടുകൊള്ളാം.
33ലേവ്യരിൽ ഒരുവൻ താൻ വിറ്റ വീട് വീണ്ടുകൊള്ളുന്നില്ലെങ്കിൽ അവന്റെ അവകാശമായ പട്ടണത്തിലുള്ള വിറ്റുപോയ വീട് യോബേൽവർഷത്തിൽ ഒഴിഞ്ഞുകൊടുക്കണം; ലേവ്യരുടെ പട്ടണങ്ങളിലെ വീടുകൾ യിസ്രായേൽ മക്കളുടെ ഇടയിൽ അവർക്കുള്ള അവകാശമാണല്ലോ.34എന്നാൽ അവരുടെ പട്ടണങ്ങളോടു ചേർന്നിരിക്കുന്ന പുല്പുറമായ ഭൂമി വില്ക്കരുത്; അത് അവർക്കു ശാശ്വതാവകാശം ആകുന്നു.

35“ ‘നിന്റെ സഹോദരൻ ദരിദ്രനായിത്തീർന്നു നിന്റെ അടുക്കൽവച്ചു ക്ഷയിച്ചുപോയാൽ നീ അവനെ താങ്ങണം; അന്യനും പരദേശിയും എന്നപോലെ അവൻ നിന്റെ അടുക്കൽ പാർക്കണം.36അവനോടു പലിശയും ലാഭവും വാങ്ങരുത്; നിന്റെ ദൈവത്തെ ഭയപ്പെടണം; നിന്റെ സഹോദരൻ നിന്റെ അടുക്കൽ പാർക്കണം.37നിന്റെ പണം അവന് പലിശയ്ക്കു കൊടുക്കരുത്; നിന്റെ ആഹാരം അവന് ലാഭത്തിനായി കൊടുക്കുകയും അരുത്.38ഞാൻ നിങ്ങൾക്കു കനാൻദേശം തരുവാനും നിങ്ങളുടെ ദൈവമായിരിക്കുവാനും നിങ്ങളെ ഈജിപ്റ്റിൽനിന്നു കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

39“ ‘നിന്റെ സഹോദരൻ ദരിദ്രനായിത്തീതീർന്നു തന്നെത്താൻ നിനക്കു വിറ്റാൽ അവനെക്കൊണ്ട് അടിമവേല ചെയ്യിക്കരുത്.40കൂലിക്കാരൻ എന്നപോലെയും വന്നുപാർക്കുന്നവൻ എന്നപോലെയും അവൻ നിന്റെ അടുക്കൽ ഇരുന്നു യോബേൽസംവത്സരംവരെ നിന്നെ സേവിക്കണം.41പിന്നെ അവൻ തന്റെ മക്കളുമായി നിന്നെ വിട്ടു തന്റെ കുടുംബത്തിലേക്ക് മടങ്ങിപ്പോകണം; തന്റെ പിതാക്കന്മാരുടെ അവകാശത്തിലേക്ക് അവൻ മടങ്ങിപ്പോകണം.
42അവർ ഈജിപ്റ്റിൽനിന്നു ഞാൻ കൊണ്ടുവന്ന എന്റെ ദാസന്മാർ ആകുക കൊണ്ട് അവരെ അടിമകളായി വില്ക്കരുത്.43അവനോടു കാഠിന്യം പ്രവർത്തിക്കരുത്; നിന്റെ ദൈവത്തെ ഭയപ്പെടണം.44നിന്റെ അടിമകളായ പുരുഷന്മാരും സ്ത്രീകളും നിങ്ങൾക്കു ചുറ്റുമുള്ള ജനതകളിൽനിന്ന് ആയിരിക്കണം; അവരിൽനിന്ന് അടിമകളായ പുരുഷന്മാരെയും സ്ത്രീകളെയും വാങ്ങണം.
45അപ്രകാരം നിങ്ങളുടെ ഇടയിൽ വന്നു പാർക്കുന്ന അന്യജാതിക്കാരുടെ മക്കളിൽനിന്നും അവർ നിങ്ങളുടെ ദേശത്തു ജനിപ്പിച്ചവരും നിങ്ങളോടുകൂടി ഇരിക്കുന്നവരുമായ അവരുടെ കുടുംബങ്ങളിൽനിന്നും നിങ്ങൾ വാങ്ങണം; അവർ നിങ്ങൾക്ക് അവകാശമായിരിക്കണം;46നിങ്ങളുടെ ശേഷം നിങ്ങളുടെ മക്കൾക്കും അവകാശമായിരിക്കേണ്ടതിനു നിങ്ങൾ അവരെ അവകാശമാക്കിക്കൊള്ളണം; അവർ എന്നും നിങ്ങൾക്ക് അടിമകളായിരിക്കണം; യിസ്രായേൽമക്കളായ നിങ്ങളുടെ സഹോദരന്മാരോടോ നിങ്ങൾ കാഠിന്യം പ്രവർത്തിക്കരുത്.

47“ ‘നിന്നോടുകൂടെയുള്ള പരദേശിയോ അന്യനോ സമ്പന്നനാവുകയും അവന്റെ അടുക്കലുള്ള നിന്റെ സഹോദരൻ ദരിദ്രനായിത്തീർന്നു അന്യനോ പരദേശിക്കോ അന്യന്റെ സന്തതിക്കോ തന്നെത്താൻ വില്ക്കുകയും ചെയ്താൽ48അവൻ തന്നെത്താൻ വിറ്റശേഷം അവനെ വീണ്ടെടുക്കാം; അവന്റെ സഹോദരന്മാരിൽ ഒരുവന് അവനെ വീണ്ടെടുക്കാം.
49അവന്റെ പിതാവിന്റെ സഹോദരനോ പിതാവിന്റെ സഹോദരന്റെ പുത്രനോ അവനെ വീണ്ടെടുക്കാം; അല്ലെങ്കിൽ അവന്റെ കുടുംബത്തിൽ അവന്റെ അടുത്ത ചാർച്ചക്കാരിൽ ഒരുവന് അവനെ വീണ്ടെടുക്കാം; അവനു പ്രാപ്തിയുണ്ടെങ്കിൽ തന്നെത്താൻ വീണ്ടെടുക്കാം.50അടിമ തന്നെ വിറ്റ വർഷംമുതൽ യോബേൽവർഷംവരെയുള്ള കാലക്കണക്കു തന്നെ വാങ്ങിയവനുമായി കൂട്ടിനോക്കണം; അടിമയുടെ വില വർഷത്തിന്റെ സംഖ്യക്ക് ഒത്തവണ്ണം ആയിരിക്കണം; അടിമ ഒരു കൂലിക്കാരന്റെ കാലത്തിന് ഒത്തവണ്ണം ഉടമയുടെ അടുക്കൽ പാർക്കണം.
51വർഷങ്ങൾ ഏറെയുണ്ടെങ്കിൽ അതിനു തക്കവണ്ണം ഉടമ തന്റെ വീണ്ടെടുപ്പുവില തനിക്കു കിട്ടിയ പണത്തിൽനിന്നു മടക്കിക്കൊടുക്കണം.52യോബേൽവർഷംവരെ ശേഷിക്കുന്ന വർഷം കുറെ മാത്രം എങ്കിൽ ഉടമയുമായി കണക്കുകൂട്ടി വർഷങ്ങൾക്ക് ഒത്തവണ്ണം ഉടമ വീണ്ടെടുപ്പുവില മടക്കിക്കൊടുക്കണം.
53അടിമ വഷം തോറും കൂലിക്കാരൻ എന്നപോലെ ഉടമയുടെ അടുക്കൽ ഇരിക്കണം; നീ1 കാൺകെ ഉടമ അവനോടു കാഠിന്യം പ്രവർത്തിക്കരുത്.54ഇങ്ങനെ അടിമ വീണ്ടെടുക്കപ്പെടാതെയിരുന്നാൽ അടിമയും അവനോടുകൂടി അവന്റെ മക്കളും യോബേൽ വർഷത്തിൽ പുറപ്പെട്ടുപോകണം.55യിസ്രായേൽമക്കൾ എനിക്കു ദാസന്മാർ ആകുന്നു; അവർ ഈജിപ്റ്റിൽനിന്നു ഞാൻ കൊണ്ടുവന്ന എന്റെ ദാസന്മാർ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.


1 25:53 നീ വീണ്ടെടുപ്പുകാരൻ.

26

1“ ‘വിഗ്രഹങ്ങളെ ഉണ്ടാക്കരുത്; ബിംബമോ സ്തംഭമോ നാട്ടരുത്; രൂപം കൊത്തിയ യാതൊരു കല്ലും നമസ്കരിക്കുവാൻ നിങ്ങളുടെ ദേശത്തു നാട്ടുകയും അരുത്; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.2നിങ്ങൾ എന്റെ ശബ്ബത്തുകൾ ആചരിക്കുകയും എന്റെ വിശുദ്ധമന്ദിരം ബഹുമാനിക്കുകയും വേണം; ഞാൻ യഹോവ ആകുന്നു.

3“ ‘എന്റെ ചട്ടം ആചരിച്ച് എന്റെ കല്പന പ്രമാണിച്ച് അനുസരിച്ചാൽ4ഞാൻ തക്കസമയത്തു നിങ്ങൾക്കു മഴ തരും; ഭൂമി വിളവു തരും; ഭൂമിയിലുള്ള വൃക്ഷവും ഫലം തരും.
5നിങ്ങളുടെ കറ്റമെതിക്കൽ മുന്തിരിപ്പഴം പറിക്കുന്നതുവരെ നില്ക്കും; മുന്തിരിപ്പഴം പറിക്കുന്നതു വിതയ്ക്കുന്നകാലംവരെയും നില്ക്കും; നിങ്ങൾ തൃപ്തരായി നിത്യവൃത്തികഴിച്ചു ദേശത്തു നിർഭയം വസിക്കും.6ഞാൻ ദേശത്തു സമാധാനം തരും; നിങ്ങൾ കിടക്കും; ആരും നിങ്ങളെ ഭയപ്പെടുത്തുകയില്ല; ഞാൻ ദേശത്തുനിന്നു ദുഷ്ടമൃഗങ്ങളെ നീക്കിക്കളയും; വാൾ നിങ്ങളുടെ ദേശത്തുകൂടി കടക്കുകയുമില്ല.
7നിങ്ങളുടെ ശത്രുക്കളെ നിങ്ങൾ ഓടിക്കും; അവർ നിങ്ങളുടെ മുമ്പിൽ വാളിനാൽ വീഴും.8നിങ്ങളിൽ അഞ്ചുപേർ നൂറുപേരെ ഓടിക്കും; നിങ്ങളിൽ നൂറുപേർ പതിനായിരംപേരെ ഓടിക്കും; നിങ്ങളുടെ ശത്രുക്കൾ നിങ്ങളുടെ മുമ്പിൽ വാളിനാൽ വീഴും.
9ഞാൻ നിങ്ങളെ കടാക്ഷിച്ചു സന്താനസമ്പന്നരാക്കി പെരുക്കുകയും നിങ്ങളോടുള്ള എന്റെ നിയമം സ്ഥിരമാക്കുകയും ചെയ്യും.10നിങ്ങൾ പഴയ ധാന്യം ഭക്ഷിക്കുകയും പുതിയതിന്റെ നിമിത്തം പഴയതു പുറത്ത് ഇറക്കുകയും ചെയ്യും.
11ഞാൻ എന്റെ നിവാസം നിങ്ങളുടെ ഇടയിൽ ആക്കും; എന്റെ ഉള്ളം നിങ്ങളെ വെറുക്കുകയില്ല.12ഞാൻ നിങ്ങളുടെ ഇടയിൽ സഞ്ചരിച്ചുകൊണ്ടിരിക്കും; ഞാൻ നിങ്ങൾക്കു ദൈവവും നിങ്ങൾ എനിക്കു ജനവും ആയിരിക്കും.13നിങ്ങൾ ഈജിപ്റ്റുകാർക്ക് അടിമകളാകാതിരിക്കുവാൻ അവരുടെ ദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാൻ ആകുന്നു; ഞാൻ നിങ്ങളുടെ നുകക്കൈകളെ ഒടിച്ചു നിങ്ങളെ നിവിർന്നു നടക്കുമാറാക്കിയിരിക്കുന്നു.

14“ ‘എന്നാൽ നിങ്ങൾ എന്റെ വാക്ക് കേൾക്കാതെയും ഈ കല്പനകളൊക്കെയും പ്രമാണിക്കാതെയും15എന്റെ ചട്ടങ്ങൾ ധിക്കരിച്ചു നിങ്ങളുടെ ഉള്ളം എന്റെ വിധികളെ വെറുത്തു നിങ്ങൾ എന്റെ കല്പനകളൊക്കെയും പ്രമാണിക്കാതെ എന്റെ നിയമം ലംഘിച്ചാൽ
16ഞാനും ഇങ്ങനെ നിങ്ങളോടു ചെയ്യും; കണ്ണിന് മങ്ങലുണ്ടാക്കുന്നതും ജീവനെ ക്ഷയിപ്പിക്കുന്നതുമായ ഭീതി, ക്ഷയരോഗം, ജ്വരം എന്നിവ ഞാൻ നിങ്ങളുടെ മേൽ വരുത്തും; നിങ്ങളുടെ വിത്ത് നിങ്ങൾ വെറുതെ വിതയ്ക്കും; ശത്രുക്കൾ അതു ഭക്ഷിക്കും.17ഞാൻ നിങ്ങളുടെ നേരെ ദൃഷ്ടിവയ്ക്കും; നിങ്ങൾ ശത്രുക്കളോടു തോറ്റുപോകും; നിങ്ങളെ വെറുക്കുന്നവർ നിങ്ങളെ ഭരിക്കും; ഓടിക്കുന്നവർ ഇല്ലാതെ നിങ്ങൾ ഓടും.
18ഇതെല്ലാം ആയിട്ടും നിങ്ങൾ എന്റെ വാക്ക് കേൾക്കാതിരുന്നാൽ നിങ്ങളുടെ പാപങ്ങൾനിമിത്തം ഞാൻ നിങ്ങളെ ഏഴുമടങ്ങു ശിക്ഷിക്കും.19ഞാൻ നിങ്ങളുടെ ബലത്തിലുള്ള അഹങ്കാരം തകർക്കും; നിങ്ങളുടെ ആകാശത്തെ ഇരിമ്പുപോലെയും ഭൂമിയെ ചെമ്പുപോലെയും ആക്കും.20നിങ്ങളുടെ ശക്തി വെറുതെ ക്ഷയിച്ചുപോകും; നിങ്ങളുടെ ദേശം വിളവു തരാതെയും ദേശത്തിലെ വൃക്ഷം ഫലം കായ്ക്കാതെയും ഇരിക്കും.
21നിങ്ങൾ എനിക്കു വിരോധമായി നടന്ന് എന്റെ വാക്കു കേൾക്കാതിരുന്നാൽ ഞാൻ നിങ്ങളുടെ പാപങ്ങൾക്കു തക്കവണ്ണം ഏഴു മടങ്ങ് ബാധ നിങ്ങളുടെമേൽ വരുത്തും.22ഞാൻ നിങ്ങളുടെ ഇടയിൽ കാട്ടുമൃഗങ്ങളെ അയയ്ക്കും; അവ നിങ്ങളെ മക്കളില്ലാത്തവരാക്കുകയും നിങ്ങളുടെ കന്നുകാലികളെ നശിപ്പിക്കുകയും നിങ്ങളെ എണ്ണത്തിൽ കുറയ്ക്കുകയും ചെയ്യും; നിങ്ങളുടെ വഴികൾ വിജനമായി കിടക്കും.
23ഇവകൊണ്ടും നിങ്ങൾക്കു ബോധംവരാതെ നിങ്ങൾ എനിക്കു വിരോധമായി നടന്നാൽ24ഞാനും നിങ്ങൾക്കു വിരോധമായി നടന്നു നിങ്ങളുടെ പാപങ്ങൾ നിമിത്തം ഏഴുമടങ്ങു നിങ്ങളെ ദണ്ഡിപ്പിക്കും.
25എന്റെ നിയമത്തിന്റെ പ്രതികാരം നടത്തുന്ന വാൾ ഞാൻ നിങ്ങളുടെ മേൽ വരുത്തും; നിങ്ങൾ നിങ്ങളുടെ പട്ടണങ്ങളിൽ ഒന്നിച്ചുകൂടുമ്പോൾ ഞാൻ നിങ്ങളുടെ ഇടയിൽ മഹാമാരി അയയ്ക്കുകയും നിങ്ങളെ ശത്രുവിന്റെ കൈയിൽ ഏല്പിക്കുകയും ചെയ്യും.26ഞാൻ നിങ്ങളുടെ അപ്പമെന്ന കോൽ ഒടിച്ചിരിക്കുമ്പോൾ പത്തു സ്ത്രീകൾ ഒരടുപ്പിൽ നിങ്ങളുടെ അപ്പം ചുട്ടു നിങ്ങൾക്കു തിരികെ തൂക്കിത്തരും; നിങ്ങൾ ഭക്ഷിച്ചാലും തൃപ്തരാവുകയില്ല.

27“ ‘ഇതെല്ലാമായിട്ടും നിങ്ങൾ എന്റെ വാക്ക് കേൾക്കാതെ എനിക്കു വിരോധമായി നടന്നാൽ28ഞാനും ക്രോധത്തോടെ നിങ്ങൾക്കു വിരോധമായി നടക്കും; നിങ്ങളുടെ പാപങ്ങൾനിമിത്തം നിങ്ങളെ ഏഴുമടങ്ങു ശിക്ഷിക്കും.
29നിങ്ങളുടെ പുത്രന്മാരുടെ മാംസം നിങ്ങൾ തിന്നും; നിങ്ങളുടെ പുത്രിമാരുടെ മാംസവും തിന്നും.30ഞാൻ നിങ്ങളുടെ പൂജാഗിരികളെ നശിപ്പിച്ചു നിങ്ങളുടെ വിഗ്രഹങ്ങളെ വെട്ടിക്കളയുകയും നിങ്ങളുടെ ശവം നിങ്ങളുടെ വിഗ്രഹങ്ങളുടെ ഉടലിന്മേൽ ഇട്ടുകളയുകയും എന്റെ ഉള്ളം നിങ്ങളെ വെറുക്കുകയും ചെയ്യും.
31ഞാൻ നിങ്ങളുടെ പട്ടണങ്ങളെ പാഴ്നിലവും നിങ്ങളുടെ വിശുദ്ധമന്ദിരങ്ങളെ ശൂന്യവും ആക്കും; നിങ്ങളുടെ സൗരഭ്യവാസന ഞാൻ മണക്കുകയില്ല.32ഞാൻ ദേശത്തെ ശൂന്യമാക്കും; അതിൽ വസിക്കുന്ന നിങ്ങളുടെ ശത്രുക്കൾ അതിങ്കൽ ആശ്ചര്യപ്പെടും.33ഞാൻ നിങ്ങളെ ജനതകളുടെ ഇടയിൽ ചിതറിച്ചു നിങ്ങളുടെ പിന്നാലെ വാൾ ഊരും; നിങ്ങളുടെ ദേശം ശൂന്യമായും നിങ്ങളുടെ പട്ടണങ്ങൾ പാഴ്നിലമായും കിടക്കും.
34അങ്ങനെ ദേശം ശൂന്യമായി കിടക്കുകയും നിങ്ങൾ ശത്രുക്കളുടെ ദേശത്ത് ഇരിക്കുകയും ചെയ്യുന്ന നാളെല്ലാം അതു തന്റെ ശബ്ബത്തുകൾ അനുഭവിക്കും; അപ്പോൾ ദേശം സ്വസ്ഥമായിക്കിടന്നു തന്റെ ശബ്ബത്തുകൾ അനുഭവിക്കും.35നിങ്ങൾ അവിടെ വസിച്ചിരുന്നപ്പോൾ നിങ്ങളുടെ ശബ്ബത്തുകളിൽ അതിന് അനുഭവമാകാതിരുന്ന സ്വസ്ഥത അതു ശൂന്യമായി കിടക്കുന്ന നാളെല്ലാം അനുഭവിക്കും.36ശേഷിച്ചിരിക്കുന്നവരുടെ ഹൃദയത്തിൽ ഞാൻ ശത്രുക്കളുടെ ദേശത്തുവച്ച് ഭീരുത്വം വരുത്തും; ഇല പറക്കുന്ന ശബ്ദം കേട്ടിട്ട് അവർ ഓടും; വാളിന്റെ മുമ്പിൽനിന്ന് ഓടുന്നതുപോലെ അവർ ഓടും; ആരും ഓടിക്കാതെ അവർ ഓടി വീഴും.
37ആരും ഓടിക്കാതെ അവർ വാളിന്റെ മുമ്പിൽനിന്ന് എന്നപോലെ ഓടി ഒരുവന്റെ മേൽ ഒരുവൻ വീഴും; ശത്രുക്കളുടെ മുമ്പിൽ നില്ക്കുവാൻ നിങ്ങൾക്കു ശക്തി ഉണ്ടാവുകയുമില്ല.38നിങ്ങൾ ജനതകളുടെ ഇടയിൽ നശിക്കും; ശത്രുക്കളുടെ ദേശം നിങ്ങളെ തിന്നുകളയും.39നിങ്ങളിൽ ശേഷിച്ചിരിക്കുന്നവർ ശത്രുക്കളുടെ ദേശത്തുവച്ച് തങ്ങളുടെ അകൃത്യങ്ങളാൽ ക്ഷയിച്ചുപോകും; തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങളാലും അവർ അവരോടുകൂടി ക്ഷയിച്ചുപോകും.
40അവർ തങ്ങളുടെ അകൃത്യവും തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യവും അവർ എന്നോടു ദ്രോഹിച്ച ദ്രോഹവും അവർ എനിക്കു വിരോധമായി നടന്നതുകൊണ്ട്41ഞാനും അവർക്കു വിരോധമായി നടന്ന് അവരെ ശത്രുക്കളുടെ ദേശത്തു വരുത്തിയതും ഏറ്റുപറയുകയും അവരുടെ പരിച്ഛേദനയില്ലാത്ത ഹൃദയം അപ്പോൾ താഴുകയും അവർ തങ്ങളുടെ അകൃത്യത്തിനുള്ള ശിക്ഷ അനുഭവിക്കുകയും ചെയ്താൽ42ഞാൻ യാക്കോബിനോടുള്ള എന്റെ നിയമം ഓർക്കും; യിസ്ഹാക്കിനോടുള്ള എന്റെ നിയമവും അബ്രാഹാമിനോടുള്ള എന്റെ നിയമവും ഞാൻ ഓർക്കും; ദേശത്തെയും ഞാൻ ഓർക്കും.
43അവർ ദേശം വിട്ടുപോയിട്ട് അവരില്ലാതെ അതു ശൂന്യമായി കിടന്നു തന്റെ ശബ്ബത്തുകൾ അനുഭവിക്കും. അവർ എന്റെ വിധികളെ ധിക്കരിക്കുകയും അവർക്ക് എന്റെ ചട്ടങ്ങളോടു വെറുപ്പുതോന്നുകയും ചെയ്തതുകൊണ്ട് അവർ തങ്ങളുടെ അകൃത്യത്തിനുള്ള ശിക്ഷ അനുഭവിക്കും.
44എങ്കിലും അവർ ശത്രുക്കളുടെ ദേശത്ത് ഇരിക്കുമ്പോൾ അവരെ നിർമ്മൂലമാക്കുവാനും അവരോടുള്ള എന്റെ നിയമം ലംഘിക്കുവാനും തക്കവണ്ണം ഞാൻ അവരെ ഉപേക്ഷിക്കുകയില്ല, അവരെ വെറുക്കുകയുമില്ല; ഞാൻ അവരുടെ ദൈവമായ യഹോവ ആകുന്നു.45ഞാൻ അവരുടെ ദൈവമായിരിക്കേണ്ടതിനു ജനതകൾ കാൺകെ ഈജിപ്റ്റിൽനിന്നു ഞാൻ കൊണ്ടുവന്ന അവരുടെ പൂർവ്വികന്മാരോടു ചെയ്ത നിയമം ഞാൻ അവർക്കുവേണ്ടി ഓർക്കും; ഞാൻ യഹോവ ആകുന്നു.’ ”

46യഹോവ സീനായി പർവ്വതത്തിൽവച്ചു തനിക്കും യിസ്രായേൽമക്കൾക്കും തമ്മിൽ മോശെമുഖാന്തരം വച്ചിട്ടുള്ള നിയമങ്ങളും വിധികളും പ്രമാണങ്ങളും ഇവ ആകുന്നു.

27

1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:2“യിസ്രായേൽമക്കളോടു നീ പറയേണ്ടത്: ‘ഒരുവൻ യഹോവയ്ക്ക് ഒരു നേർച്ച നിവർത്തിക്കുമ്പോൾ ആൾ നിന്റെ മതിപ്പുപോലെ യഹോവയ്ക്കുള്ളവൻ ആകണം.

3ഇരുപതു വയസ്സുമുതൽ അറുപതു വയസ്സുവരെയുള്ള ആണിന് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നിന്റെ മതിപ്പ്1 അമ്പതു ശേക്കെൽ വെള്ളി ആയിരിക്കണം.4പെണ്ണായിരുന്നാൽ നിന്റെ മതിപ്പു മുപ്പതു ശേക്കെൽ ആയിരിക്കണം.
5അഞ്ചു വയസ്സുമുതൽ ഇരുപതു വയസ്സുവരെ എങ്കിൽ നിന്റെ മതിപ്പ് ആണിന് ഇരുപതു ശേക്കെലും പെണ്ണിന് പത്തു ശേക്കെലും ആയിരിക്കണം.6ഒരു മാസം മുതൽ അഞ്ചു വയസ്സുവരെയുള്ളതായാൽ നിന്റെ മതിപ്പ് ആണിന് അഞ്ചു ശേക്കെൽ വെള്ളിയും പെണ്ണിന് മൂന്നു ശേക്കെൽ വെള്ളിയും ആയിരിക്കണം.
7അറുപതു വയസ്സുമുതൽ മേലോട്ടെങ്കിൽ നിന്റെ മതിപ്പ് ആണിന് പതിനഞ്ചു ശേക്കെലും പെണ്ണിന് പത്തു ശേക്കെലും ആയിരിക്കണം.8നിന്റെ മതിപ്പുപോലെ കൊടുക്കുവാൻ കഴിയാതെ ഒരുവൻ ദരിദ്രനായിരുന്നാൽ അവനെ പുരോഹിതന്റെ മുമ്പാകെ കൊണ്ടുവന്നു നിർത്തണം; പുരോഹിതൻ അവന്റെ വിലമതിക്കണം; നേർന്നവന്റെ പ്രാപ്തിക്കൊത്തവണ്ണം പുരോഹിതൻ അവനെ വിലമതിക്കണം.

9“ ‘അത് യഹോവയ്ക്കു വഴിപാടു കഴിക്കുവാൻ തക്ക മൃഗം ആകുന്നു എങ്കിൽ ആ വകയിൽനിന്ന് യഹോവയ്ക്കു കൊടുക്കുന്നതൊക്കെയും വിശുദ്ധമായിരിക്കണം.10മോശമായതിനു പകരം നല്ലത്, നല്ലതിനു പകരം മോശമായത് ഇങ്ങനെ മാറ്റുകയോ വ്യത്യാസം വരുത്തുകയോ ചെയ്യരുത്; മൃഗത്തിനു മൃഗത്തെ വച്ചുമാറുന്നു എങ്കിൽ അതും വച്ചുമാറിയതും വിശുദ്ധമായിരിക്കണം.
11അത് യഹോവയ്ക്കു വഴിപാടു കഴിക്കാൻ പാടില്ലാത്ത അശുദ്ധമൃഗമാകുന്നു എങ്കിൽ ആ മൃഗത്തെ പുരോഹിതന്റെ മുമ്പാകെ നിർത്തണം.12അതു നല്ലതോ മോശമായതോ ആയിരിക്കുന്നതിന് ഒത്തവണ്ണം പുരോഹിതൻ അതിനെ മതിക്കണം; പുരോഹിതനായ നീ അതിനെ മതിക്കുന്നതുപോലെ തന്നെ ആയിരിക്കണം.13അതിനെ വീണ്ടെടുക്കുന്നു എങ്കിൽ നീ മതിച്ച തുകയോട് അഞ്ചിലൊന്നു കൂട്ടണം.

14“ ‘ഒരുവൻ തന്റെ വീട് യഹോവയ്ക്കു വിശുദ്ധമായിരിക്കേണ്ടതിനു വിശുദ്ധീകരിച്ചാൽ അതു നല്ലതെങ്കിലും മോശമായതെങ്കിലും പുരോഹിതൻ അതു മതിക്കണം; പുരോഹിതൻ മതിക്കുന്നതുപോലെ തന്നെ അത് ആയിരിക്കണം.15തന്റെ വീടു വിശുദ്ധീകരിച്ചാൽ അതു വീണ്ടെടുക്കുന്നെങ്കിൽ അവൻ നിന്റെ മതിപ്പുവിലയുടെ അഞ്ചിലൊന്ന് അതിനോടു കൂട്ടണം; എന്നാൽ അത് അവനുള്ളതാകും.

16“ ‘ഒരുവൻ തന്റെ അവകാശനിലത്തിൽ ഏതാനും യഹോവയ്ക്കു വിശുദ്ധീകരിച്ചാൽ നിന്റെ മതിപ്പ് അതിനുവേണ്ട വിത്തിന്റെ അളവിനു ഒത്തവണ്ണം ആയിരിക്കണം; ഒരു ഹോമെർ യവം വിതയ്ക്കുന്ന നിലത്തിന് അമ്പതു ശേക്കെൽ വെള്ളി മതിക്കണം.
17യോബേൽവർഷംമുതൽ അവൻ തന്റെ നിലം വിശുദ്ധീകരിച്ചാൽ അതു നിന്റെ മതിപ്പുപോലെ ആയിരിക്കണം.18യോബേൽവർഷത്തിന്റെ ശേഷം അവൻ അതിനെ വിശുദ്ധീകരിക്കുന്നു എങ്കിൽ യോബേൽവർഷംവരെ ശേഷിക്കുന്ന വർഷങ്ങൾക്ക് ഒത്തവണ്ണം പുരോഹിതൻ അതിന്റെ വില കണക്കാക്കണം; അതു നിന്റെ മതിപ്പിൽനിന്നു കുറയ്ക്കണം.
19നിലം വിശുദ്ധീകരിച്ചവൻ അതു വീണ്ടെടുക്കുന്നെങ്കിൽ അവൻ നിന്റെ മതിപ്പുവിലയുടെ അഞ്ചിലൊന്ന് അതിനോടു കൂട്ടണം; എന്നാൽ അത് അവനു സ്ഥിരമായിരിക്കും.20അവൻ നിലം വീണ്ടെടുക്കാതെ മറ്റൊരുത്തനു വിറ്റു എങ്കിൽ പിന്നെ അത് വീണ്ടെടുത്തുകൂടാ.21ആ നിലം യൊബേൽവർഷത്തിൽ ഒഴിഞ്ഞുകൊടുക്കുമ്പോൾ സമർപ്പിതഭൂമിപോലെ യഹോവയ്ക്കു വിശുദ്ധമായിരിക്കണം; അതിന്റെ അനുഭവം പുരോഹിതന് ഇരിക്കണം.
22തന്റെ അവകാശനിലങ്ങളിൽ ഉൾപ്പെടാതെ സ്വയം വാങ്ങിയ ഒരു നിലം ഒരുവൻ യഹോവയ്ക്കു ശുദ്ധീകരിച്ചാൽ23പുരോഹിതൻ യോബേൽവർഷംവരെ മതിപ്പുവില കണക്കാക്കണം; നിന്റെ മതിപ്പുവില അവൻ അന്നുതന്നെ യഹോവയ്ക്കു വിശുദ്ധമായി കൊടുക്കണം.
24ആ നിലം മുന്നുടമസ്ഥനു യോബേൽവർഷത്തിൽ തിരികെ ചേരണം.25നിന്റെ മതിപ്പൊക്കെയും ശേക്കെലിന് ഇരുപതു ഗേരാവച്ച് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ആയിരിക്കണം.

26“ ‘കടിഞ്ഞൂൽപിറവിയാൽ യഹോവയ്ക്കു ഉള്ളതായ മൃഗത്തെ മാത്രം ആരും വിശുദ്ധീകരിക്കരുത്; മാടായാലും ആടായാലും അതു യഹോവയ്ക്കുള്ളത് ആകുന്നു.27അത് അശുദ്ധമൃഗമാകുന്നു എങ്കിൽ മതിപ്പുവിലയും അതിന്റെ അഞ്ചിലൊന്നും കൂടി കൊടുത്ത് അതിനെ വീണ്ടെടുക്കണം; വീണ്ടെടുക്കുന്നില്ലെങ്കിൽ നിന്റെ മതിപ്പുവിലയ്ക്ക് അതിനെ വില്ക്കണം.

28“ ‘എന്നാൽ ഒരുവൻ തനിക്കുള്ള ആൾ, മൃഗം, അവകാശനിലം മുതലായി യഹോവയ്ക്കു കൊടുക്കുന്ന യാതൊരു സമർപ്പിതവസ്തുവും വില്ക്കുകയോ വീണ്ടെടുക്കുകയോ ചെയ്തുകൂടാ; സമർപ്പിതവസ്തു ഏല്ലാം യഹോവയ്ക്ക് അതിവിശുദ്ധം ആകുന്നു.29മനുഷ്യവർഗ്ഗത്തിൽനിന്നു സമർപ്പിതവസ്തുവായി കൊടുക്കുന്ന ആരെയും വീണ്ടെടുക്കാതെ കൊന്നുകളയണം2 .

30“ ‘നിലത്തിലെ വിത്തിലും വൃക്ഷത്തിന്റെ ഫലത്തിലും ദേശത്തിലെ ദശാംശം സകലവും യഹോവയ്ക്കുള്ളത് ആകുന്നു; അത് യഹോവയ്ക്കു വിശുദ്ധം.31ഒരുവൻ തന്റെ ദശാംശത്തിൽ ഏതാനും വീണ്ടെടുക്കുന്നു എങ്കിൽ അതിനോട് അഞ്ചിലൊന്നുകൂടി ചേർത്തുകൊടുക്കണം.
32മാടാകട്ടെ ആടാകട്ടെ കോലിൻ കീഴെ കടന്നുപോകുന്ന എല്ലാറ്റിലും പത്തിലൊന്ന് യഹോവയ്ക്കു വിശുദ്ധമായിരിക്കണം.33അതു നല്ലതോ മോശമായതോ എന്നു ശോധനചെയ്യരുത്; വച്ചുമാറുകയും അരുത്; വച്ചുമാറുന്നു എങ്കിൽ അതും വച്ചുമാറിയതും വിശുദ്ധമായിരിക്കണം. അവയെ വീണ്ടെടുത്തുകൂടാ.’ ”
34യിസ്രായേൽമക്കൾക്കുവേണ്ടി യഹോവ സീനായിപർവ്വതത്തിൽവച്ചു മോശെയോടു കല്പിച്ച കല്പനകൾ ഇവ ആകുന്നു.


1 27:3 മതിപ്പു വിലനിർണ്ണയം.
2 27:29 കൊന്നുകളയേണം മനുഷ്യരിൽനിന്നു നിർമൂലനം ചെയ്യാൻ ഉഴിഞ്ഞിട്ട ഒരുവനെയും വീണ്ടടുക്കരുത്. അവനെ കൊന്നുകളയണം (എന്ന് മറ്റൊരു പരിഭാഷയിൽ കാണാം).

സംഖ്യാപുസ്തകം

1

1യിസ്രായേൽമക്കൾ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടതിന്റെ രണ്ടാം സംവത്സരം രണ്ടാം മാസം ഒന്നാം തീയതി യഹോവ സീനായിമരുഭൂമിയിൽ സമാഗമനകൂടാരത്തിൽവച്ച് മോശെയോട് ഇപ്രകാരം അരുളിച്ചെയ്തു :2“നിങ്ങൾ യിസ്രായേൽമക്കളെ എല്ലാം ഗോത്രംഗോത്രമായും കുടുംബംകുടുംബമായും സകലപുരുഷന്മാരുടേയും പേര് ആളാംപ്രതി പട്ടികയിൽ ചേർത്ത് സംഘത്തിന്റെ കണക്കെടുക്കണം .3നീയും അഹരോനും യിസ്രായേലിൽ ഇരുപത് വയസ്സുമുതൽ മുകളിലേക്ക്, യുദ്ധം ചെയ്യുവാൻ പ്രാപ്തിയുള്ള എല്ലാവരെയും ഗണംഗണമായി എണ്ണണം.

4ഓരോ ഗോത്രത്തിൽനിന്നും പിതൃഭവനത്തലവനായ ഒരാൾ നിങ്ങളോടുകൂടി ഉണ്ടായിരിക്കണം.5നിങ്ങളോടുകൂടി നില്ക്കേണ്ടുന്ന പുരുഷന്മാർ ഇവരാണ്: രൂബേൻഗോത്രത്തിൽ ശെദേയൂരിന്റെ മകൻ എലീസൂർ;6ശിമെയോൻ ഗോത്രത്തിൽ സൂരീശദ്ദായിയുടെ മകൻ ശെലൂമീയേൽ;
7യെഹൂദാഗോത്രത്തിൽ അമ്മീനാദാബിന്റെ മകൻ നഹശോൻ;8യിസ്സാഖാർഗോത്രത്തിൽ സൂവാരിന്റെ മകൻ നെഥനയേൽ;9സെബൂലൂൻഗോത്രത്തിൽ ഹോലോന്റെ മകൻ എലീയാബ്;
10യോസേഫിന്റെ മക്കളിൽ എഫ്രയീംഗോത്രത്തിൽ അമ്മീഹൂദിന്റെ മകൻ എലീശാമാ; മനശ്ശെഗോത്രത്തിൽ പെദാസൂരിന്റെ മകൻ ഗമലീയേൽ;11ബെന്യാമീൻഗോത്രത്തിൽ ഗിദെയോനിയുടെ മകൻ അബീദാൻ;
12ദാൻഗോത്രത്തിൽ അമ്മീശദ്ദായിയുടെ മകൻ അഹീയേസെർ;13ആശേർഗോത്രത്തിൽ ഒക്രാന്റെ മകൻ പഗീയേൽ;14ഗാദ്ഗോത്രത്തിൽ ദെയൂവേലിന്റെ മകൻ എലീയാസാഫ്;15നഫ്താലിഗോത്രത്തിൽ ഏനാന്റെ മകൻ അഹീര.
16ഇവർ സംഘത്തിൽനിന്ന് വിളിക്കപ്പെട്ടവരും തങ്ങളുടെ പിതൃഗോത്രങ്ങളിൽ പ്രഭുക്കന്മാരും യിസ്രായേലിൽ സഹസ്രാധിപന്മാരും ആയിരുന്നു.
17നാമനിർദ്ദേശം ചെയ്യപ്പെട്ട ഈ പുരുഷന്മാരെ മോശെയും അഹരോനും കൂട്ടിക്കൊണ്ടുപോയി.18രണ്ടാം മാസം ഒന്നാം തീയതി അവർ സർവ്വസഭയെയും വിളിച്ചുകൂട്ടി; അവർ ഗോത്രം ഗോത്രമായും കുടുംബംകുടുംബമായും ആളാംപ്രതിഇരുപത് വയസ്സുമുതൽ മുകളിലേക്ക് പ്രായമുള്ള ഓരോരുത്തരുടേയും പേര് പട്ടികയിൽ ചേർത്ത് താന്താങ്ങളുടെ വംശവിവരം അറിയിക്കുകയും ചെയ്തു.19യഹോവ മോശെയോട് കല്പിച്ചതുപോലെ അവൻ സീനായിമരുഭൂമിയിൽവച്ച് അവരുടെ എണ്ണമെടുത്തു.

20യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ മക്കളുടെ സന്തതികൾ കുലംകുലമായും കുടുംബംകുടുംബമായും ഇരുപത് വയസ്സുമുതൽ , മുകളിലേക്ക് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും21പേരുപേരായി എണ്ണപ്പെട്ടവർ നാല്പത്താറായിരത്തി അഞ്ഞൂറ് പേർ.

22ശിമെയോന്റെ മക്കളുടെ സന്തതികളിൽ ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപത് വയസ്സുമുതൽ മുകളിലേക്ക് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും23പേരുപേരായി എണ്ണപ്പെട്ടവർ അമ്പത്തൊമ്പതിനായിരത്തി മുന്നൂറ് പേർ.

24ഗാദ് ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപത് വയസ്സുമുതൽ മുകളിലേക്ക് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി25എണ്ണപ്പെട്ടവർ നാല്പത്തയ്യായിരത്തി അറുനൂറ്റി അമ്പത് പേർ.

26യെഹൂദാ ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപത് വയസ്സുമുതൽ മുകളിലേക്ക് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി27എണ്ണപ്പെട്ടവർ എഴുപത്തിനാലായിരത്തി അറുനൂറ് പേർ.

28യിസ്സാഖാർ ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപത് വയസ്സുമുതൽ മേലോട്ട് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി29എണ്ണപ്പെട്ടവർ അമ്പത്തിനാലായിരത്തി നാനൂറ് പേർ.

30സെബൂലൂൻ ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപത് വയസ്സുമുതൽ മേലോട്ട് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും31പേരുപേരായി എണ്ണപ്പെട്ടവർ അമ്പത്തേഴായിരത്തി നാനൂറ് പേർ.

32യോസേഫിന്റെ മക്കളിൽ എഫ്രയീം ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപത് വയസ്സുമുതൽ മുകളിലേക്ക് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും33പേരുപേരായി എണ്ണപ്പെട്ടവർ നാല്പതിനായിരത്തി അഞ്ഞൂറ് പേർ.

34മനശ്ശെ ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപത് വയസ്സുമുതൽ മുകളിലേക്ക് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി35എണ്ണപ്പെട്ടവർ മുപ്പത്തീരായിരത്തിരുനൂറ് പേർ.

36ബെന്യാമീൻ ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപത് വയസ്സുമുതൽ മുകളിലേക്ക് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി37എണ്ണപ്പെട്ടവർ മുപ്പത്തയ്യായിരത്തി നാനൂറ് പേർ.

38ദാൻ ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപത് വയസ്സുമുതൽ മേലോട്ട് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി39എണ്ണപ്പെട്ടവർ അറുപത്തീരായിരത്തി എഴുനൂറ് പേർ.

40ആശേർ ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപത് വയസ്സുമുതൽ യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി41എണ്ണപ്പെട്ടവർ നാല്പത്തോരായിരത്തി അഞ്ഞൂറ് പേർ.

42നഫ്താലി ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപത് വയസ്സുമുതൽ മേലോട്ട് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി43എണ്ണപ്പെട്ടവർ അമ്പത്തിമൂവായിരത്തി നാനൂറ് പേർ.

44മോശെയും അഹരോനും ഗോത്രത്തിന് ഒരാൾ വീതം യിസ്രായേൽപ്രഭുക്കന്മാരായ പന്ത്രണ്ട് പുരുഷന്മാരുംകൂടി എണ്ണമെടുത്തവർ ഇവർ തന്നേ.45യിസ്രായേൽമക്കളിൽ ഗോത്രംഗോത്രമായി ഇരുപത് വയസ്സുമുതൽ മേലോട്ട് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരുമായി46എണ്ണപ്പെട്ടവർ ആകെ ആറുലക്ഷത്തി മൂവായിരത്തി അഞ്ഞൂറ്റി അമ്പത് പേർ ആയിരുന്നു.

47ഇവരുടെ കൂട്ടത്തിൽ ലേവ്യരെ പിതൃഗോത്രമായി എണ്ണിയില്ല.48“ലേവിഗോത്രത്തെ മാത്രം എണ്ണരുത്;49യിസ്രായേൽമക്കളുടെ ഇടയിൽ അവരുടെ സംഖ്യ എടുക്കുകയും അരുത് ”എന്ന് യഹോവ മോശെയോട് കല്പിച്ചിരുന്നു.
50‘ലേവ്യരെ സാക്ഷ്യനിവാസത്തിനും അതിന്റെ ഉപകരണങ്ങൾക്കും വസ്തുക്കൾക്കും ഒക്കെ വിചാരകന്മാരായി നിയമിക്കണം; അവർ തിരുനിവാസവും അതിന്റെ ഉപകരണങ്ങളൊക്കെയും വഹിക്കണം; അവർ അതിന് ശുശ്രൂഷ ചെയ്യുകയും തിരുനിവാസത്തിന്റെ ചുറ്റും പാളയമടിച്ച് പാർക്കുകയും വേണം.
51തിരുനിവാസം പുറപ്പെടുമ്പോൾ ലേവ്യർ അത് അഴിച്ചെടുക്കണം; തിരുനിവാസം അടിക്കുമ്പോൾ ലേവ്യർ അത് നിവിർത്തണം; ഒരന്യൻ അടുത്തുവന്നാൽ മരണശിക്ഷ അനുഭവിക്കണം.52യിസ്രായേൽമക്കൾ ഗണംഗണമായി ഓരോരുത്തൻ അവരവരുടെ പാളയത്തിലും സ്വന്തം കൊടിക്കരികെയും ഇങ്ങനെ കൂടാരം അടിക്കണം.
53എന്നാൽ യിസ്രായേൽമക്കളുടെ സംഘത്തിന്മേൽ ക്രോധം ഉണ്ടാകാതിരിക്കേണ്ടതിന് ലേവ്യർ സാക്ഷ്യനിവാസത്തിന് ചുറ്റം പാളയമിറങ്ങണം; ലേവ്യർ സാക്ഷ്യനിവാസത്തിന്റെ കാര്യം നോക്കണം ’54എന്ന് യഹോവ മോശെയോട് കല്പിച്ചതുപോലെ എല്ലാം യിസ്രായേൽമക്കൾ ചെയ്തു; അതുപോലെ തന്നെ അവർ ചെയ്തു.

2

1യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്:2യിസ്രായേൽമക്കൾ എല്ലാവരും അവരവരുടെ ഗോത്രത്തിന്റെ ചിഹ്നമുള്ള കൊടിക്കരികിൽ പാളയമിറങ്ങണം; സമാഗമനകൂടാരത്തിനെതിരായി ചുറ്റും അവർ പാളയമിറങ്ങണം.

3യെഹൂദാപാളയത്തിന്റെ കൊടിക്കീഴിലുള്ളവർ ഗണംഗണമായി കിഴക്ക് സൂര്യോദയത്തിന് അഭിമുഖമായി പാളയമിറങ്ങണം; യെഹൂദയുടെ മക്കൾക്ക് അമ്മീനാദാബിന്റെ മകൻ നഹശോൻ പ്രഭു ആയിരിക്കണം.4അവന്റെ ഗണം ആകെ എഴുപത്തി നാലായിരത്തി അറുനൂറ് പേർ.
5അവന്റെ അരികെ യിസ്സാഖാർഗോത്രം പാളയമിറങ്ങണം; യിസ്സാഖാരിന്റെ മക്കൾക്ക് സൂവാരിന്റെ മകൻ നെഥനയേൽ പ്രഭു ആയിരിക്കണം.6അവന്റെ ഗണം ആകെ അമ്പത്തിനാലായിരത്തി നാനൂറ് പേർ.
7പിന്നെ സെബൂലൂൻ ഗോത്രം; സെബൂലൂന്റെ മക്കൾക്ക് ഹേലോന്റെ മകൻ എലീയാബ് പ്രഭു ആയിരിക്കണം.8അവന്റെ ഗണം ആകെ അമ്പത്തേഴായിരത്തി നാനൂറ് പേർ.
9യെഹൂദാപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരുലക്ഷത്തി എൺപത്താറായിരത്തി നാനൂറ് പേർ. ഇവർ ആദ്യം പുറപ്പെടണം.

10രൂബേൻപാളയത്തിന്റെ കൊടിക്കീഴിലുള്ളവർ ഗണംഗണമായി തെക്കുഭാഗത്ത് പാളയമിറങ്ങണം; രൂബേന്റെ മക്കൾക്ക് ശെദേയൂരിന്റെ മകൻ എലീസൂർ പ്രഭു ആയിരിക്കണം.11അവന്റെ ഗണം ആകെ നാല്പത്താറായിരത്തി അഞ്ഞൂറ് പേർ.
12അവന്റെ അരികെ ശിമെയോൻഗോത്രം പാളയമിറങ്ങണം; ശിമെയോന്റെ മക്കൾക്ക് സൂരീശദ്ദായിയുടെ മകൻ ശെലൂമീയേൽ പ്രഭു ആയിരിക്കണം.13അവന്റെ ഗണം ആകെ അമ്പത്തൊമ്പതിനായിരത്തി മുന്നൂറ് പേർ.
14പിന്നെ ഗാദ്ഗോത്രം; ഗാദിന്റെ മക്കൾക്ക് രെയൂവേലിന്റെ മകൻ എലീയാസാഫ് പ്രഭു ആയിരിക്കണം.15അവന്റെ ഗണം ആകെ നാല്പത്തയ്യായിരത്തി അറുനൂറ്റി അമ്പത് പേർ.
16രൂബേൻ പാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരു ലക്ഷത്തി അമ്പത്തോരായിരത്തി നാനൂറ്റി അമ്പത് പേർ. അവർ രണ്ടാമതായി പുറപ്പെടണം.

17പിന്നെ സമാഗമനകൂടാരം പാളയത്തിന്റെ നടുവിൽ ലേവ്യരുടെ പാളയവുമായി യാത്ര ചെയ്യണം; അവർ പാളയമിറങ്ങുന്നതുപോലെ തന്നെ അവരവരുടെ കൊടിക്കരികിൽ യഥാക്രമം പുറപ്പെടണം.

18എഫ്രയീംപാളയത്തിന്റെ കൊടിക്കീഴുള്ളവർ ഗണംഗണമായി പടിഞ്ഞാറെഭാഗത്ത് പാളയമിറങ്ങണം; എഫ്രയീമിന്റെ മക്കൾക്ക് അമ്മീഹൂദിന്റെ മകൻ എലീശാമാ പ്രഭു ആയിരിക്കണം.19അവന്റെ ഗണം ആകെ നാല്പതിനായിരത്തി അഞ്ഞൂറ് പേർ.
20അവന്റെ അരികെ മനശ്ശെഗോത്രം പാളയമിറങ്ങണം; മനശ്ശെയുടെ മക്കൾക്ക് പെദാസൂരിന്റെ മകൻ ഗമലീയേൽ പ്രഭു ആയിരിക്കണം.21അവന്റെ ഗണം ആകെ മുപ്പത്തീരായിരത്തി ഇരുനൂറ് പേർ.
22പിന്നെ ബെന്യാമീൻ ഗോത്രം പാളയമിറങ്ങണം; ബെന്യാമീന്റെ മക്കൾക്ക് ഗിദെയോനിയുടെ മകൻ അബീദാൻ പ്രഭു ആയിരിക്കണം.23അവന്റെ ഗണം ആകെ മുപ്പത്തയ്യായിരത്തി നാനൂറ് പേർ.
24എഫ്രയീംപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരു ലക്ഷത്തി എണ്ണായിരത്തി ഒരുനൂറ് പേർ. അവർ മൂന്നാമതായി പുറപ്പെടണം.

25ദാൻപാളയത്തിന്റെ കൊടിക്കീഴിലുള്ളവർ ഗണംഗണമായി വടക്കെഭാഗത്ത് പാളയമിറങ്ങണം; ദാന്റെ മക്കൾക്ക് അമ്മീശദ്ദായിയുടെ മകൻ അഹീയേസർ പ്രഭു ആയിരിക്കണം.26അവന്റെ ഗണം ആകെ അറുപത്തീരായിരത്തി എഴുനൂറ് പേർ.
27അവന്റെ അരികിൽ ആശേർഗോത്രം പാളയമിറങ്ങണം; ആശേരിന്റെ മക്കൾക്ക് ഒക്രാന്റെ മകൻ പഗീയേൽ പ്രഭു ആയിരിക്കണം.28അവന്റെ ഗണം ആകെ നാല്പത്തോരായിരത്തി അഞ്ഞൂറ് പേർ.
29പിന്നെ നഫ്താലിഗോത്രം പാളയമിറങ്ങണം; നഫ്താലിയുടെ മക്കൾക്ക് ഏനാന്റെ മകൻ അഹീര പ്രഭു ആയിരിക്കണം.30അവന്റെ ഗണം ആകെ അമ്പത്തിമൂവായിരത്തി നാനൂറ് പേർ.
31ദാൻപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരുലക്ഷത്തി അമ്പത്തേഴായിരത്തി അറുനൂറ് പേർ. അവർ അവരുടെ കൊടികളോടുകൂടി ഒടുവിൽ പുറപ്പെടണം.

32യിസ്രായേൽമക്കളിൽ ഗോത്രംഗോത്രമായി എണ്ണപ്പെട്ടവർ ഇവർ തന്നെ. പാളയങ്ങളിൽ ഗണംഗണമായി എണ്ണപ്പെട്ടവർ ആകെ ആറുലക്ഷത്തി മൂവായിരത്തി അഞ്ഞുറ്റി അമ്പത് പേർ ആയിരുന്നു.33എന്നാൽ യഹോവ മോശെയോട് കല്പിച്ചതുപോലെ യിസ്രായേൽമക്കളുടെ കൂട്ടത്തിൽ ലേവ്യരെ എണ്ണിയില്ല.
34യഹോവ മോശെയോട് കല്പിച്ചതുപോലെ എല്ലാം യിസ്രായേൽമക്കൾ ചെയ്തു; അങ്ങനെ തന്നെ അവർ അവരവരുടെ കൊടിക്കരികിൽ പാളയമിറങ്ങി; അങ്ങനെ അവർ കുടുംബംകുടുംബമായും കുലംകുലമായും പുറപ്പെട്ടു.

3

1യഹോവ സീനായിപർവ്വതത്തിൽവച്ച് മോശെയോട് അരുളിച്ചെയ്ത കാലത്ത് അഹരോന്റെയും മോശെയുടെയും വംശപാരമ്പര്യം ഇപ്രകാരമാണ്:2അഹരോന്റെ പുത്രന്മാർ ഇവരാണ്: ആദ്യജാതൻ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ.

3പുരോഹിതശുശ്രൂഷ ചെയ്യുവാൻ പ്രതിഷ്ഠിക്കപ്പെട്ട് , അഭിഷേകം ലഭിച്ച പുരോഹിതന്മാരായ അഹരോന്റെ പുത്രന്മാരുടെ പേരുകൾ ഇവ തന്നെ.4എന്നാൽ നാദാബും അബീഹൂവും സീനായിമരുഭൂമിയിൽവച്ച് യഹോവയുടെ സന്നിധിയിൽ അന്യാഗ്നി കത്തിച്ചപ്പോൾ യഹോവയുടെ സന്നിധിയിൽ വച്ച് മരിച്ചുപോയി; അവർക്ക് മക്കൾ ഉണ്ടായിരുന്നില്ല; എലെയാസാരും ഈഥാമാരും അപ്പനായ അഹരോന്റെ മുമ്പാകെ പുരോഹിതശുശ്രൂഷ ചെയ്തുപോന്നു.

5യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:6“നീ ലേവിഗോത്രത്തെ അടുക്കൽ വരുത്തി പുരോഹിതനായ അഹരോന് ശുശ്രൂഷ ചെയ്യേണ്ടതിന് അവന്റെ മുമ്പാകെ നിർത്തുക.
7അവർ സമാഗമനകൂടാരത്തിന്റെ മുമ്പിൽ അവന്റെ കാര്യവും സർവ്വസഭയുടെ കാര്യവും നോക്കി തിരുനിവാസത്തിലെ വേല ചെയ്യണം.8അവർ സമാഗമനകൂടാരത്തിനുള്ള ഉപകരണങ്ങളും എല്ലാ യിസ്രായേൽമക്കളുടെ കാര്യവും നോക്കി കൂടാരം സംബന്ധിച്ച വേല ചെയ്യണം.
9നീ ലേവ്യരെ അഹരോനും അവന്റെ പുത്രന്മാർക്കും കൊടുക്കണം; യിസ്രായേൽമക്കളിൽനിന്ന് അവർ അവന് സാക്ഷാൽ ദാനമായുള്ളവർ ആകുന്നു.10അഹരോനെയും പുത്രന്മാരെയും പൗരോഹിത്യം നടത്തുവാൻ നിയമിക്കണം; അടുത്തുവരുന്ന അന്യൻ മരണശിക്ഷ അനുഭവിക്കണം”.

11യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:12“യിസ്രായേൽമക്കളുടെ ഇടയിൽ പിറക്കുന്ന എല്ലാകടിഞ്ഞൂലിനും പകരം ഞാൻ ലേവ്യരെ യിസ്രായേൽമക്കളിൽനിന്ന് എടുത്തിരിക്കുന്നു; ലേവ്യർ എനിക്കുള്ളവർ ആയിരിക്കണം.13കടിഞ്ഞൂലെല്ലാം എനിക്കുള്ളത്; ഞാൻ മിസ്രയീംദേശത്ത് അവരുടെ എല്ലാം കടിഞ്ഞൂലിനെ കൊന്നനാളിൽ യിസ്രായേലിൽ മനുഷ്യന്റെയും മൃഗത്തിന്റെയും കടിഞ്ഞൂലിനെയെല്ലാം എനിക്കായിട്ട് ശുദ്ധീകരിച്ചു; അത് എനിക്കുള്ളതായിരിക്കണം; ഞാൻ യഹോവ ആകുന്നു”.

14യഹോവ പിന്നെയും സീനായിമരുഭൂമിയിൽവച്ച് മോശെയോട് അരുളിച്ചെയ്തത്:15“ലേവ്യരെ കുലംകുലമായും കുടുംബംകുടുംബമായും എണ്ണുക; അവരിൽ ഒരു മാസംമുതൽ മുകളിലേക്ക് പ്രായമുള്ള എല്ലാ ആണിനെയും നീ എണ്ണണം”.16തന്നോട് കല്പിച്ചതുപോലെ മോശെ യഹോവയുടെ വചനപ്രകാരം അവരെ എണ്ണി.
17ലേവിയുടെ പുത്രന്മാരുടെ പേരുകൾ: ഗേർശോൻ, കെഹാത്ത്, മെരാരി.18കുടുംബംകുടുംബമായി ഗേർശോന്റെ പുത്രന്മാരുടെ പേരുകൾ:19ലിബ്നി, ശിമെയി. കുടുംബംകുടുംബമായി കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.20കുടുംബംകുടുംബമായി മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി. ഇവർതന്നെ കുലംകുലമായി ലേവിയുടെ കുടുംബങ്ങൾ.
21ഗേർശോനിൽനിന്ന് ലിബ്നിയരുടെ കുടുംബവും ശിമ്യരുടെ കുടുംബവും ഉത്ഭവിച്ചു; ഇവ ഗേർശോന്യകുടുംബങ്ങൾ.22അവരിൽ ഒരു മാസം മുതൽ മുകളിലേക്ക് പ്രായമുള്ള ആണുങ്ങളുടെ ഗണത്തിൽ എണ്ണപ്പെട്ടവർ ആകെ ഏഴായിരത്തഞ്ഞൂറ്.23ഗേർശോന്യകുടുംബങ്ങൾ തിരുനിവാസത്തിന്റെ പുറകിൽ പടിഞ്ഞാറു ഭാഗത്ത് പാളയമിറങ്ങണം.
24ഗേർശോന്യരുടെ പിതൃഭവനത്തിന് ലായേലിന്റെ മകൻ എലീയാസാഫ് പ്രഭു ആയിരിക്കണം.25സമാഗമനകൂടാരത്തിൽ ഗേർശോന്യർ നോക്കേണ്ടത് തിരുനിവാസവും കൂടാരവും അതിന്റെ പുറമൂടിയും സമാഗമനകൂടാരത്തിന്റെ വാതിലിനുള്ള മറശ്ശീലയും26തിരുനിവാസത്തിനും യാഗപീഠത്തിനും ചുറ്റുമുള്ള പ്രാകാരത്തിന്റെ മറശ്ശീലയും പ്രാകാരവാതിലിന്റെ മറശ്ശീലയും അതിന്റെ എല്ലാ വേലയ്ക്കും ഉള്ള കയറുകളും ആകുന്നു.

27കെഹാത്തിൽനിന്ന് അമ്രാമ്യരുടെ കുടുംബവും യിസ്ഹാര്യരുടെ കുടുംബവും ഹെബ്രോന്യരുടെ കുടുംബവും ഉസ്സീയേല്യരുടെ കുടുംബവും ഉത്ഭവിച്ചു.28ഇവ കെഹാത്യരുടെ കുടുംബങ്ങൾ. ഒരു മാസംമുതൽ മുകളിലേക്ക് പ്രായമുള്ള എല്ലാ ആണുങ്ങളുടെയും സംഖ്യയിൽ വിശുദ്ധമന്ദിരത്തിന്റെ കാര്യം നോക്കുന്നവർ എണ്ണായിരത്തി അറുനൂറ് പേർ.29കെഹാത്യകുടുംബങ്ങൾ തിരുനിവാസത്തിന്റെ തെക്കു ഭാഗത്ത് പാളയമിറങ്ങണം.
30കെഹാത്യകുടുംബങ്ങളുടെ പിതൃഭവനത്തിന് ഉസ്സീയേലിന്റെ മകൻ എലീസാഫാൻ പ്രഭു ആയിരിക്കണം.31അവർ നോക്കേണ്ടത് പെട്ടകം, മേശ, നിലവിളക്ക്, പീഠങ്ങൾ, വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങൾ, തിരശ്ശീല എന്നിവയും അവയ്ക്കുള്ള വേല ഒക്കെയും ആകുന്നു.32പുരോഹിതനായ അഹരോന്റെ മകൻ എലെയാസാർ ലേവ്യർക്ക് പ്രധാനപ്രഭുവും വിശുദ്ധമന്ദിരത്തിലെ കാര്യം നോക്കുന്നവരുടെ മേൽവിചാരകനും ആയിരിക്കണം.

33മെരാരിയിൽനിന്ന് മഹ്ലിയരുടെ കുടുംബവും മൂശ്യരുടെ കുടുംബവും ഉത്ഭവിച്ചു; മെരാര്യകുടുംബങ്ങൾ ഇവ തന്നേ.34അവരിൽ ഒരു മാസംമുതൽ മുകളിലേക്ക് പ്രായമുള്ള ആണുങ്ങളുടെ ഗണത്തിൽ എണ്ണപ്പെട്ടവർ ആറായിരത്തി ഇരുനൂറ് പേർ.35മെരാര്യകുടുംബങ്ങളുടെ പിതൃഭവനത്തിന് അബീഹയിലിന്റെ മകൻ സൂരിയേൽ പ്രഭു ആയിരിക്കണം; ഇവർ തിരുനിവാസത്തിന്റെ വടക്കു ഭാഗത്ത് പാളയമിറങ്ങണം.
36മെരാര്യർക്ക് നിയമിച്ചിട്ടുള്ള ഉത്തരവാദിത്വം തിരുനിവാസത്തിന്റെ പലക, അന്താഴം, തൂൺ, ചുവട്, അതിന്റെ ഉപകരണങ്ങൾ എന്നിവയും, അത് സംബന്ധിച്ചുള്ള എല്ലാവേലയും,37പ്രാകാരത്തിന്റെ ചുറ്റും ഉള്ള തൂൺ, അവയുടെ ചുവട്, കുറ്റി, കയറ് എന്നിവയും ആകുന്നു.
38എന്നാൽ തിരുനിവാസത്തിന്റെ മുൻവശത്ത് കിഴക്ക്, സമാഗമനകൂടാരത്തിന്റെ മുൻവശത്ത് തന്നെ, സൂര്യോദയത്തിന് അഭിമുഖമായി മോശെയും അഹരോനും അവന്റെ പുത്രന്മാരും പാളയമിറങ്ങുകയും യിസ്രായേൽമക്കൾക്കു വേണ്ടി വിശുദ്ധമന്ദിരത്തിന്റെ ചുമതല ഏറ്റെടുത്ത് ആവശ്യങ്ങൾ നിർവ്വഹിക്കുകയും വേണം; അന്യൻ അടുത്തുവന്നാൽ മരണശിക്ഷ അനുഭവിക്കണം.39മോശെയും അഹരോനും യഹോവയുടെ വചനപ്രകാരം കുടുംബംകുടുംബമായി എണ്ണിയ ലേവ്യരിൽ ഒരു മാസംമുതൽ മുകളിലേക്ക് പ്രായമുള്ള ആണുങ്ങൾ ആകെ ഇരുപത്തിരണ്ട് ആയിരം പേർ.

40യഹോവ പിന്നെയും മോശെയോട് കല്പിച്ചത്: “യിസ്രായേൽമക്കളിൽ ഒരു മാസംമുതൽ മുകളിലേക്ക് പ്രായമുള്ള ആദ്യജാതന്മാരായ ആണുങ്ങളുടെ പേരുവിവരപ്രകാരം എണ്ണി അവരുടെ സംഖ്യ എടുക്കുക.41യിസ്രായേൽമക്കളിലെ എല്ലാകടിഞ്ഞൂലുകൾക്കും പകരം ലേവ്യരുടെ മൃഗങ്ങളെയും എനിക്കായി എടുക്കണം; ഞാൻ യഹോവ ആകുന്നു”.
42യഹോവ തന്നോട് കല്പിച്ചതുപോലെ മോശെ യിസ്രായേൽമക്കളുടെ എല്ലാകടിഞ്ഞൂലുകളെയും എണ്ണി.43ഒരു മാസംമുതൽ മുകളിലേക്ക് പ്രായമുള്ള ആദ്യജാതന്മാരായ എല്ലാ ആണുങ്ങളെയും പേരുവിവരപ്രകാരം എണ്ണിയ ആകെ സംഖ്യ ഇരുപത്തീരായിരത്തി ഇരുനൂറ്റി എഴുപത്തിമൂന്ന് ആയിരുന്നു.

44യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:45“യിസ്രായേൽമക്കളിൽ എല്ലാകടിഞ്ഞൂലുകൾക്കും പകരം ലേവ്യരെയും അവരുടെ മൃഗങ്ങൾക്ക് പകരം ലേവ്യരുടെ മൃഗങ്ങളെയും എടുക്കുക; ലേവ്യർ എനിക്കുള്ളവരായിരിക്കണം; ഞാൻ യഹോവ ആകുന്നു.
46യിസ്രായേൽമക്കളുടെ കടിഞ്ഞൂലുകളിൽ ലേവ്യരുടെ എണ്ണത്തിൽ കവിഞ്ഞുള്ള ഇരുനൂറ്റി എഴുപത്തിമൂന്ന് പേരുടെ വീണ്ടെടുപ്പിനായി തലയ്ക്ക് അഞ്ച് ശേക്കെൽ വീതം വാങ്ങണം;47വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ശേക്കെൽ ഒന്നിന് ഇരുപത് ഗേരാവച്ച് വാങ്ങണം.48അവരുടെ എണ്ണത്തിൽ കവിയുന്നവരുടെ വീണ്ടെടുപ്പുവില അഹരോനും അവന്റെ മക്കൾക്കും കൊടുക്കണം.49ലേവ്യരെക്കൊണ്ട് വീണ്ടെടുത്തവരുടെ എണ്ണത്തിൽ കവിഞ്ഞുള്ളവരുടെ വീണ്ടെടുപ്പുവില മോശെ വാങ്ങി.50യിസ്രായേൽമക്കളുടെ ആദ്യജാതന്മാരോട് അവൻ വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ആയിരത്തി മൂന്നൂറ്ററുപത്തഞ്ച് ശേക്കെൽ പണം വാങ്ങി.51യഹോവ മോശെയോട് കല്പിച്ചതുപോലെ വീണ്ടെടുത്തവരുടെ വില മോശെ അഹരോനും അവന്റെ മക്കൾക്കും യഹോവയുടെ വചനപ്രകാരം കൊടുത്തു.

4

1യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്:2“ലേവ്യഗോത്രത്തിൽ കെഹാത്യകുലത്തിൽ മുപ്പത് വയസ്സുമുതൽ അമ്പത് വയസ്സുവരെ പ്രായമുള്ള,സമാഗമനകൂടാരത്തിൽ3വേല ചെയ്യുവാൻ സേവയിൽ പ്രവേശിക്കുന്ന എല്ലാവരെയും കുടുംബംകുടുംബമായും കുലംകുലമായും എണ്ണി സംഖ്യ എടുക്കുവിൻ.4സമാഗമനകൂടാരത്തിൽ അതിവിശുദ്ധകാര്യങ്ങളെ സംബന്ധിച്ച് കെഹാത്യരുടെ വേല ഇപ്രകാരമാണ്:

5പാളയം യാത്രപുറപ്പെടുമ്പോൾ അഹരോനും പുത്രന്മാരും വന്ന് തിരശ്ശീല ഇറക്കി അതുകൊണ്ട് സാക്ഷ്യപെട്ടകം മൂടണം.6തഹശൂതോൽകൊണ്ടുള്ള മൂടി അതിന്മേൽ ഇട്ട് അതിന് മീതെ നീലശ്ശീല വിരിച്ച് തണ്ട് യഥാസ്ഥാനത്ത് ഇടുകയും വേണം.
7കാഴ്ചയപ്പത്തിന്റെ മേശമേലും ഒരു നീലശ്ശീല വിരിച്ച് അതിന്മേൽ തളികകളും കരണ്ടികളും കിണ്ടികളും പകരുന്നതിനുള്ള കുടങ്ങളും വയ്ക്കണം; നിരന്തരമായി അപ്പവും അതിന്മേൽ ഇരിക്കണം.8അവയുടെമേൽ ഒരു ചുവപ്പുശീല വിരിച്ച് തഹശൂതോൽകൊണ്ടുള്ള മൂടുവിരിയാൽ അത് മൂടുകയും തണ്ട് യഥാസ്ഥാനത്ത് ഇടുകയും വേണം.
9ഒരു നീലശ്ശീല എടുത്ത് വെളിച്ചത്തിനുള്ള നിലവിളക്കും അതിന്റെ ദീപങ്ങളും ചവണകളും കരിന്തിരി മുറിച്ചിടുന്ന പാത്രങ്ങളും അതിന്റെ ഉപയോഗത്തിനുള്ള എല്ലാ എണ്ണക്കുടങ്ങളും മൂടണം.10അതും അതിന്റെ പാത്രങ്ങളൊക്കെയും തഹശൂതോൽകൊണ്ടുള്ള ഒരു വിരിയിൽ പൊതിഞ്ഞ് ഒരു തണ്ടിന്മേൽ വച്ചുകെട്ടണം.11സ്വർണ്ണ പീഠത്തിന്മേലും അവർ ഒരു നീലശ്ശീല വിരിച്ച് തഹശൂതോൽകൊണ്ടുള്ള ഒരു വിരിയാൽ മൂടുകയും തണ്ട് യഥാസ്ഥാനത്ത് ഇടുകയും വേണം.
12വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങളെല്ലാം അവർ എടുത്ത് ഒരു നീലശ്ശീലയിൽ പൊതിഞ്ഞ് തഹശൂതോൽകൊണ്ടുള്ള ഒരു വിരികൊണ്ട് മൂടുകയും ഒരു തണ്ടിന്മേൽ വെച്ചുകെട്ടുകയും വേണം.13അവർ യാഗപീഠത്തിൽനിന്ന് വെണ്ണീർ നീക്കി അതിന്മേൽ ഒരു ധൂമ്രശീല വിരിക്കണം.14അവർ അതിന്മേൽ ശുശ്രൂഷചെയ്യേണ്ടതിനുള്ള ഉപകരണങ്ങളായ കലശം, മുൾക്കൊളുത്ത്, ചട്ടുകം, കലം എന്നിങ്ങനെ യാഗപീഠത്തിന്റെ ഉപകരണങ്ങളൊക്കെയും അതിന്മേൽ വയ്ക്കണം; തഹശൂതോൽകൊണ്ടുള്ള ഒരു വിരി അതിന്മേൽ വിരിക്കുകയും തണ്ട് യഥാസ്ഥാനത്ത് ഇടുകയും വേണം.
15പാളയം യാത്രപുറപ്പെടുമ്പോൾ അഹരോനും പുത്രന്മാരും വിശുദ്ധമന്ദിരവും വിശുദ്ധമന്ദിരത്തിലെ സകല ഉപകരണങ്ങളും ആവരണം ചെയ്തു തീർന്നശേഷം കെഹാത്യർ ചുമക്കുവാൻ വരണം; എന്നാൽ അവർ മരിക്കാതിരിക്കേണ്ടതിന് വിശുദ്ധമായതൊന്നും തൊടരുത്; സമാഗമനകൂടാരത്തിൽ കെഹാത്യർ ചുമക്കേണ്ടത് ഇവ തന്നേ.16പുരോഹിതനായ അഹരോന്റെ മകൻ എലെയാസാർ നോക്കേണ്ടത്: വെളിച്ചത്തിനുള്ള എണ്ണ, സുഗന്ധധൂപവർഗ്ഗം, നിരന്തരഭോജനയാഗം, അഭിഷേകതൈലം എന്നിവയും തിരുനിവാസം മുഴുവനും അതിലുള്ളതൊക്കെയും വിശുദ്ധമന്ദിരവും അതിന്റെ ഉപകരണങ്ങളും തന്നെ.

17യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്:18“നിങ്ങൾ കെഹാത്യകുടുംബങ്ങളുടെ ഗോത്രത്തെ ലേവ്യരിൽനിന്ന് ഛേദിച്ചുകളയരുത്.19അവർ അതിവിശുദ്ധവസ്തുക്കളോട് അടുക്കുമ്പോൾ മരിക്കാതെ ജീവനോടിരിക്കേണ്ടതിന് ഇങ്ങനെ ചെയ്യുവിൻ: അഹരോനും പുത്രന്മാരും അകത്ത് കടന്ന് അവരിൽ ഓരോരുത്തനെ അവനവന്റെ വേലയ്ക്കും അവനവന്റെ ചുമടിനും നിയോഗിക്കണം.20എന്നാൽ അവർ വിശുദ്ധമന്ദിരം കണ്ടിട്ട് മരിച്ചുപോകാതിരിക്കേണ്ടതിന് ക്ഷണനേരംപോലും അകത്ത് കടക്കരുത്”.

21യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:22“ഗേർശോന്യരെയും കുലംകുലമായും കുടുംബംകുടുംബമായും എണ്ണി സംഖ്യ എടുക്കുക.23മുപ്പത് വയസ്സുമുതൽ അമ്പത് വയസ്സുവരെ സമാഗമനകൂടാരത്തിൽ വേല ചെയ്യുവാൻ പ്രവേശിക്കുന്ന എല്ലാവരെയും എണ്ണണം.
24ശുശ്രൂഷ ചെയ്യുന്നതിലും ചുമടെടുക്കുന്നതിലും ഗേർശോന്യകുടുംബങ്ങൾക്കുള്ള വേല ഇപ്രകാരമാണ്:25തിരുനിവാസത്തിന്റെ തിരശ്ശീല, സമാഗമനകൂടാരം, അതിന്റെ മൂടുവിരി, തഹശുതോൽകൊണ്ട് അതിന്മേലുള്ള പുറമൂടി, സമാഗമനകൂടാരത്തിന്റെ വാതിലിനുള്ള മറശ്ശീല,26പ്രാകാരത്തിന്റെ മറശ്ശീല, തിരുനിവാസത്തിനും യാഗപീഠത്തിനും ചുറ്റുമുള്ള പ്രാകാരത്തിന്റെ വാതിലിനുമുള്ള മറശ്ശീല, അവയുടെ കയറ് എന്നിവയും അവയുടെ ഉപയോഗത്തിനുള്ള ഉപകരണങ്ങൾ എല്ലാം അവർ ചുമക്കണം; അവയെ സംബന്ധിച്ച് ചെയ്യുവാനുള്ള ജോലികളെല്ലാം അവർ ചെയ്യണം.
27ഗേർശോന്യരുടെ എല്ലാ ചുമടുകളും എല്ലാജോലികളും സംബന്ധിച്ചുള്ള സകലവും അഹരോന്റെയും പുത്രന്മാരുടെയും കല്പനപ്രകാരം ആയിരിക്കണം; അവരുടെ എല്ലാ ചുമടും നിങ്ങൾ അവരുടെ വിചാരണയിൽ ഏല്പിയ്ക്കണം.28സമാഗമനകൂടാരത്തിൽ ഗേർശോന്യരുടെ കുടുംബങ്ങൾക്കുള്ള വേല ഇത് തന്നെ; അവരുടെ സേവനം പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാരിന്റെ നിർദേശപ്രകാരം ആയിരിക്കണം.

29മെരാര്യരെയും കുലംകുലമായും കുടുംബംകുടുംബമായും എണ്ണണം.30മുപ്പത് വയസ്സുമുതൽ അമ്പത് വയസ്സുവരെ സമാഗമനകൂടാരത്തിലെ ശുശ്രൂഷ ചെയ്യുവാൻ പ്രവേശിക്കുന്ന എല്ലാവരെയും നീ എണ്ണണം.
31സമാഗമനകൂടാരത്തിൽ അവർക്കുള്ള എല്ലാവേലയുടെയും മുറയ്ക്ക് അവർ എടുക്കേണ്ട ചുമട് ഇവയാണ്: തിരുനിവാസത്തിന്റെ പലക, അന്താഴം, തൂണ്, ചുവട്,32ചുറ്റുമുള്ള പ്രാകാരത്തിന്റെ തൂണ്, ചുവട്, കുറ്റി, കയറ് എന്നിവയും അവയുടെ ഉപകരണങ്ങളും അവ സംബന്ധിച്ചുള്ള എല്ലാജോലിയും തന്നെ; അവർ എടുക്കേണ്ട ഉപകരണങ്ങൾ നിങ്ങൾ പേരുവിവരമായി അവരെ ഏല്പിക്കണം.
33പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാരിന്റെ നിർദ്ദേശപ്രകാരം സമാഗമനകൂടാരത്തിൽ മെരാര്യരുടെ കുടുംബങ്ങൾക്കുള്ള സകല ശുശ്രൂഷയുടെയും മുറയ്ക്ക് അവർ ചെയ്യേണ്ട വേല ഇതു തന്നെ.

34മോശെയും അഹരോനും സഭയിലെ പ്രഭുക്കന്മാരും കെഹാത്യരിൽ മുപ്പത് വയസ്സുമുതൽ അമ്പത് വയസ്സുവരെ35സമാഗമനകൂടാരത്തിൽ ശുശ്രൂഷ ചെയ്യുവാൻ പ്രവേശിക്കുന്ന എല്ലാവരെയും കുടുംബംകുടുംബമായും കുലംകുലമായും എണ്ണി.36അവരിൽ കുടുംബംകുടുംബമായി എണ്ണപ്പെട്ടവർ രണ്ടായിരത്തി എഴുനൂറ്റി അമ്പത് പേർ.
37മോശെമുഖാന്തരം യഹോവ കല്പിച്ചതുപോലെ മോശെയും അഹരോനും കെഹാത്യകുടുംബങ്ങളിൽ എണ്ണിയവരായി സമാഗമനകൂടാരത്തിൽ വേല ചെയ്യുവാനുള്ളവർ എല്ലാം ഇവർ തന്നെ.

38ഗേർശോന്യരിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവർ39മുപ്പത് വയസ്സുമുതൽ അമ്പത് വയസ്സുവരെ സമാഗമനകൂടാരത്തിൽ ശുശ്രൂഷ ചെയ്യുവാൻ പ്രവേശിക്കുന്നവരായി40കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവർ രണ്ടായിരത്തി അറുനൂറ്റി മുപ്പത് പേർ.
41യഹോവ കല്പിച്ചതുപോലെ മോശെയും അഹരോനും ഗേർശോന്യകുടുംബങ്ങളിൽ എണ്ണിയവരായി സമാഗമനകൂടാരത്തിൽ വേല ചെയ്യുവാനുള്ളവർ എല്ലാം ഇവർ തന്നെ.
42മെരാര്യകുടുംബങ്ങളിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവർ43മുപ്പത് വയസ്സുമുതൽ അമ്പത് വയസ്സുവരെ സമാഗമനകൂടാരത്തിൽ ശുശ്രൂഷ ചെയ്യുവാൻ പ്രവേശിക്കുന്നവരായി44അവരിൽ കുടുംബംകുടുംബമായി എണ്ണപ്പെട്ടവർ ആകെ മൂവായിരത്തിയിരുനൂറ് പേർ.
45യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ മോശെയും അഹരോനും മെരാര്യകുടുംബങ്ങളിൽ എണ്ണിയവർ ഇവർ തന്നെ.

46മോശെയും അഹരോനും യിസ്രായേൽ പ്രഭുക്കന്മാരും ലേവ്യരിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണിയവരായി മുപ്പത് വയസ്സുമുതൽ അമ്പത് വയസ്സുവരെ47സമാഗമനകൂടാരത്തിലെ ശുശ്രൂഷയും ചുമട്ടുവേലയും ചെയ്യുവാൻ പ്രവേശിച്ചവർ ആകെ48എണ്ണായിരത്തി അഞ്ഞൂറ്റി എൺപത് പേർ ആയിരുന്നു.
49യഹോവയുടെ കല്പനപ്രകാരം അവർ മോശെ മുഖാന്തരം ഓരോരുത്തൻ അവനവന്റെ വേലയ്ക്കും താന്താന്റെ ചുമടിനും തക്കവണ്ണം എണ്ണപ്പെട്ടു; യഹോവ മോശെയോട് കല്പിച്ചതുപോലെ അവൻ അവരെ എണ്ണി.

5

1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:2“സകല കുഷ്ഠരോഗികളെയും, സ്രവക്കാരെയും ശവത്താൽ അശുദ്ധരായവരെയും പാളയത്തിൽനിന്ന് പുറത്താക്കുവാൻ യിസ്രായേൽമക്കളോട് കല്പിക്കുക.3ആണായാലും പെണ്ണായാലും അവരെ പാളയത്തിൽനിന്ന് പുറത്താക്കണം; ഞാൻ അവരുടെ മദ്ധ്യത്തിൽ വസിക്കുന്നതിനാൽ അവർ അവരുടെ പാളയം അശുദ്ധമാക്കരുത്”.4യിസ്രായേൽമക്കൾ അങ്ങനെ ചെയ്തു ; അവരെ പാളയത്തിൽനിന്ന് പുറത്താക്കി; യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ യിസ്രായേൽമക്കൾ ചെയ്തു.

5യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:6“നീ യിസ്രായേൽമക്കളോട് ഇപ്രകാരം പറയുക: ഒരു പുരുഷനോ സ്ത്രീയോ യഹോവയോട് ദ്രോഹിച്ച് മനുഷ്യരുടെ ഇടയിൽ നടപ്പുള്ള വല്ല പാപവും ചെയ്തിട്ട് കുറ്റക്കാരായാൽ, ചെയ്ത പാപം7അവർ ഏറ്റുപറയുകയും തങ്ങളുടെ അകൃത്യത്തിന് പ്രായശ്ചിത്തമായി മുതലും അതിന്റെ അഞ്ചിലൊന്നും കൂട്ടി, അകൃത്യം ചെയ്തവന് പകരം കൊടുക്കുകയും വേണം.
8എന്നാൽ അകൃത്യത്തിന് പ്രായശ്ചിത്തം വാങ്ങുവാൻ അവന് ചാർച്ചക്കാരൻ ഇല്ലെങ്കിൽ അകൃത്യത്തിനുള്ള പ്രായശ്ചിത്തം യഹോവയ്ക്ക് കൊടുക്കുന്നത് , പുരോഹിതന് ആയിരിക്കണം; അതുകൂടാതെ അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കുവാനുള്ള പ്രായശ്ചിത്തത്തിന്റെ ആട്ടുകൊറ്റനെയും അർപ്പിക്കണം.9യിസ്രായേൽമക്കൾ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരുന്ന സകല വിശുദ്ധവസ്തുക്കളിലും മേന്മയായതൊക്കെയും അവന് ആയിരിക്കണം.10ആരെങ്കിലും ശുദ്ധീകരിച്ചർപ്പിക്കുന്ന വസ്തുക്കളും പുരോഹിതന് കൊടുക്കുന്നതെല്ലാം അവനുള്ളതായിരിക്കണം”.

11യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്.12“നീ യിസ്രായേൽമക്കളോട് പറയേണ്ടത് എന്തെന്നാൽ: ഏതെങ്കിലും ഒരു പുരുഷന്റെ ഭാര്യ വഞ്ജിച്ച് അവനെ ദ്രോഹിച്ച് ,
13അവളോടുകൂടി ഒരാൾ ശയിക്കുകയും അത് അവളുടെ ഭർത്താവിന് മറവായിരിക്കുകയും അവൾ അശുദ്ധയാകുകയും അവൾക്ക് വിരോധമായി സാക്ഷിയില്ലാതിരിക്കുകയും14അവൾ ക്രിയയിൽ പിടിക്കപ്പെടാതിരിക്കുകയും, ജാരശങ്ക അവനെ ബാധിച്ച് അവൻ ഭാര്യയെ സംശയിക്കുകയും അവൾ അശുദ്ധയായിരിക്കുകയും ചെയ്യുകയോ, ജാരശങ്ക അവനെ ബാധിച്ച് അവൻ ഭാര്യയെ സംശയിക്കുകയും അവൾ അശുദ്ധയല്ലാതിരിക്കുകയും ചെയ്താൽ
15ആ പുരുഷൻ ഭാര്യയെ പുരോഹിതന്റെ അടുക്കൽ കൊണ്ടുചെല്ലണം; അവൾക്കുവേണ്ടി വഴിപാടായിട്ട് ഒരിടങ്ങഴി യവപ്പൊടിയും കൊണ്ടുചെല്ലണം; അതിന്മേൽ എണ്ണ ഒഴിക്കരുത്; കുന്തുരുക്കം ഇടുകയും അരുത്; അത് സംശയത്തിന്റെ ഭോജനയാഗമല്ലോ; അപരാധസ്മാരകമായ ഭോജനയാഗം തന്നേ.
16പുരോഹിതൻ അവളെ അടുക്കൽ വരുത്തി യഹോവയുടെ സന്നിധിയിൽ നിർത്തണം.17പുരോഹിതൻ ഒരു മൺപാത്രത്തിൽ വിശുദ്ധജലം എടുക്കണം; പുരോഹിതൻ തിരുനിവാസത്തിന്റെ നിലത്തെ പൊടി കുറെ എടുത്ത് ആ വെള്ളത്തിൽ ഇടണം.
18പുരോഹിതൻ സ്ത്രീയെ യഹോവയുടെ സന്നിധിയിൽ നിർത്തി അവളുടെ തലമുടി അഴിച്ച് അപരാധസ്മാരകത്തിന്റെ ഭോജനയാഗം അവളുടെ കയ്യിൽ വയ്ക്കണം; പുരോഹിതന്റെ കയ്യിൽ ശാപകരമായ കൈപ്പുവെള്ളവും ഉണ്ടായിരിക്കണം.19പുരോഹിതൻ അവളെക്കൊണ്ട് സത്യം ചെയ്യിച്ച് അവളോട് പറയേണ്ടത്: ‘ആരും നിന്നോടുകൂടി ശയിക്കുകയും നിനക്ക് ഭർത്താവുണ്ടായിരിക്കെ നീ അശുദ്ധിയിലേക്ക് തിരിയുകയും ചെയ്തിട്ടില്ല എങ്കിൽ ശാപകരമായ ഈ കൈപ്പുവെള്ളത്തിന്റെ ദോഷം നിനക്ക് വരാതിരിക്കട്ടെ.
20എന്നാൽ നിനക്ക് ഭർത്താവുണ്ടായിരിക്കെ നീ പിഴച്ച് അശുദ്ധയാകുകയും നിന്റെ ഭർത്താവല്ലാതെ മറ്റൊരു പുരുഷൻ നിന്നോടുകൂടി ശയിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ’ -21അപ്പോൾ പുരോഹിതൻ സ്ത്രീയെക്കൊണ്ട് ശാപസത്യം ചെയ്യിച്ച് അവളോട്: ‘യഹോവ നിന്റെ നിതംബം ക്ഷയിപ്പിക്കുകയും ഉദരം വീർപ്പിക്കുകയും ചെയ്ത് നിന്റെ ജനത്തിന്റെ ഇടയിൽ നിന്നെ ശാപവും ആക്ഷേപവും ആക്കി തീർക്കട്ടെ.22ശാപകരമായ ഈ വെള്ളം നിന്റെ കുടലിൽ ചെന്ന് നിന്റെ ഉദരം വീർപ്പിക്കുകയും നിന്റെ നിതംബം ക്ഷയിപ്പിക്കുകയും ചെയ്യും ’എന്ന് പറയേണം. അതിന് സ്ത്രീ: ‘ആമേൻ, ആമേൻ ’എന്ന് പറയണം.
23പുരോഹിതൻ ഈ ശാപങ്ങൾ ഒരു പുസ്തകത്തിൽ എഴുതി കൈപ്പുവെള്ളത്തിൽ കഴുകി കലക്കണം.
24അവൻ ശാപകരമായ കൈപ്പുവെള്ളം സ്ത്രീയെ കുടിപ്പിക്കണം; ശാപകരമായ വെള്ളം അവളുടെ ഉള്ളിൽ ചെന്ന് കൈപ്പായ്തീരും;25പുരോഹിതൻ സ്ത്രീയുടെ കയ്യിൽനിന്ന് സംശയത്തിന്റെ ഭോജനയാഗം വാങ്ങി യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്ത് യാഗപീഠത്തിന്മേൽ അർപ്പിക്കണം.26പിന്നെ പുരോഹിതൻ ഭോജനയാഗത്തിൽ ഒരു പിടി എടുത്ത് യാഗപീഠത്തിന്മേൽ നിവേദ്യമായി ദഹിപ്പിക്കണം; അതിന്റെ ശേഷം സ്ത്രീയെ ആ വെള്ളം കുടിപ്പിക്കണം.
27അവൾ അശുദ്ധയായി തന്റെ ഭർത്താവിനോട് ദ്രോഹം ചെയ്തിട്ടുണ്ടെങ്കിൽ അവളെ വെള്ളം കുടിപ്പിച്ച ശേഷം ശാപകരമായ വെള്ളം അവളുടെ ഉള്ളിൽ ചെന്ന് കൈപ്പായ്തീരും; അവളുടെ ഉദരം വീർക്കുകയും നിതംബം ക്ഷയിക്കുകയും സ്ത്രീ തന്റെ ജനത്തിന്റെ ഇടയിൽ ശാപഗ്രസ്തയായിരിക്കുകയും ചെയ്യും.28എന്നാൽ സ്ത്രീ അശുദ്ധയാകാതെ നിർമ്മല ആകുന്നു എങ്കിൽ അവൾക്ക് ദോഷം വരുകയില്ല; അവൾ ഗർഭം ധരിക്കും.
29ഇതാകുന്നു പാതിവ്രത്യസംശയം സംബന്ധിച്ചുള്ള പ്രമാണം;30ഒരു സ്ത്രീ ഭർത്താവുണ്ടായിരിക്കെ പിഴച്ച് അശുദ്ധയാകുകയോ ജാരശങ്ക അവനെ ബാധിച്ച്, അവൻ ഭാര്യയെ സംശയിക്കുകയോ ചെയ്തിട്ട് അവളെ യഹോവയുടെ സന്നിധിയിൽ നിർത്തുമ്പോൾ പുരോഹിതൻ ഈ പ്രമാണമെല്ലാം അവളിൽ നടത്തണം.
31എന്നാൽ പുരുഷൻ അകൃത്യത്തിൽ ഓഹരിക്കാരനാകുകയില്ല; സ്ത്രീയോ തന്റെ അകൃത്യം വഹിക്കും”.

6

1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:2“നീ യിസ്രായേൽമക്കളോട് പറയേണ്ടതെന്തെന്നാൽ: ഒരു പുരുഷനോ സ്ത്രീയോ യഹോവയ്ക്ക് സ്വയം സമർപ്പിക്കേണ്ടതിന് നാസീർവ്രതം എന്ന വിശേഷ വിധിയായുള്ള വ്രതം അനുഷ്ഠിക്കുമ്പോൾ3വീഞ്ഞും മദ്യവും വർജ്ജിച്ചിരിക്കണം: വീഞ്ഞിന്റെയോ മദ്യത്തിന്റെയോ കാടി കുടിക്കരുത്; മുന്തിരിപ്പഴത്തിന്റെ യാതൊരു രസവും കുടിക്കരുത്; പഴുത്തതോ ഉണങ്ങിയതോ ആയ മുന്തിരിങ്ങ തിന്നുകയുമരുത്.4തന്റെ നാസീർവ്രതകാലത്ത് ആദ്യവസാനം കുരുതൊട്ട് തൊലിവരെ മുന്തിരിങ്ങാകൊണ്ട് ഉണ്ടാക്കുന്നത് ഒന്നും അവൻ തിന്നരുത്.

5നാസീർവ്രതകാലത്തൊക്കെയും ക്ഷൗരക്കത്തി അവന്റെ തലയിൽ തൊടരുത്; യഹോവയ്ക്ക് തന്നെത്താൻ സമർപ്പിച്ചിരിക്കുന്ന കാലം തികയുവോളം അവൻ വിശുദ്ധനായിരിക്കണം: തലമുടി വളർത്തണം.
6അവൻ യഹോവയ്ക്ക് തന്നെത്താൻ സമർപ്പിച്ചിരിക്കുന്ന കാലത്തൊക്കെയും ശവത്തിന്റെ അടുക്കൽ ചെല്ലരുത്;7അപ്പൻ, അമ്മ, സഹോദരൻ, സഹോദരി എന്നിവരിൽ ആരെങ്കിലും മരിക്കുമ്പോൾ അവരാൽ അവൻ തന്നെത്താൻ അശുദ്ധനാകരുത്; അവന്റെ ദൈവത്തിന്റെ നാസീർവ്രതം അവന്റെ തലയിൽ ഇരിക്കുന്നു;8നാസീർവ്രതകാലത്ത് ആദ്യവസാനം അവൻ യഹോവയ്ക്ക് വിശുദ്ധൻ ആകുന്നു.
9അവന്റെ അടുക്കൽവച്ച് ആരെങ്കിലും പെട്ടെന്ന് മരിക്കുകയും അവന്റെ നാസീർവ്രതമുള്ള തലയെ അശുദ്ധമാക്കുകയും ചെയ്താൽ അവൻ തന്റെ ശുദ്ധീകരണദിവസത്തിൽ തല ക്ഷൗരം ചെയ്യണം; ഏഴാം ദിവസം അവൻ ക്ഷൗരം ചെയ്യണം.
10എട്ടാം ദിവസം അവൻ രണ്ട് കുറുപ്രാവിനെയോ രണ്ട് പ്രാവിൻകുഞ്ഞിനെയോ പുരോഹിതന്റെ അടുക്കൽ സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ കൊണ്ടുവരണം.11പുരോഹിതൻ ഒന്നിനെ പാപയാഗമായിട്ടും മറ്റെതിനെ ഹോമയാഗമായിട്ടും അർപ്പിച്ച് ശവത്താൽ അവൻ അശുദ്ധനായതുകൊണ്ട് അവന് വേണ്ടി പ്രായശ്ചിത്തം കഴിച്ച് അവന്റെ തല അന്നുതന്നെ ശുദ്ധീകരിക്കണം.
12അവൻ വീണ്ടും തന്റെ നാസീർ വ്രതത്തിന്റെ കാലം യഹോവയ്ക്ക് വേർതിരിച്ച് ഒരു വയസ്സ് പ്രായമുള്ള ഒരു ആട്ടിൻകുട്ടിയെ അകൃത്യയാഗമായി കൊണ്ടുവരണം. അവന്റെ നാസീർവ്രതം അശുദ്ധമായിപ്പോയതുകൊണ്ട് മുമ്പിലത്തെ കാലം കണക്കിലെടുക്കരുത്.

13വ്രതസ്ഥന്റെ പ്രമാണം ഇതാണ്: അവന്റെ നാസീർവ്രതത്തിന്റെ കാലം തികയുമ്പോൾ അവനെ സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ കൊണ്ടുവരണം.14അവൻ യഹോവയ്ക്ക് വഴിപാടായി ഹോമയാഗത്തിന് ഒരു വയസ്സ് പ്രായമുള്ള ഊനമില്ലാത്ത ഒരു ആണാട്ടിൻകുട്ടി, പാപയാഗത്തിന് ഒരു വയസ്സ് പ്രായമുള്ള ഒരു പെണ്ണാട്ടിൻകുട്ടി, സമാധാനയാഗത്തിന് ഊനമില്ലാത്ത ഒരു ആട്ടുകൊറ്റൻ,15ഒരു കൊട്ടയിൽ, എണ്ണചേർത്ത് നേരിയ മാവുകൊണ്ടുണ്ടാക്കിയ പുളിപ്പില്ലാത്ത ദോശ, എണ്ണപുരട്ടിയ പുളിപ്പില്ലാത്ത വട എന്നിവയും അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും അർപ്പിക്കണം.
16പുരോഹിതൻ അവയെ യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്ന് അവന്റെ പാപയാഗവും ഹോമയാഗവും അർപ്പിക്കണം.17അവൻ ആട്ടുകൊറ്റനെ കൊട്ടയിലെ പുളിപ്പില്ലാത്ത അപ്പത്തോടുകൂടി യഹോവയ്ക്ക് സമാധാനയാഗമായി അർപ്പിക്കണം; പുരോഹിതൻ അതിന്റെ ഭോജനയാഗവും പാനീയയാഗവും കൂടെ അർപ്പിക്കണം.
18പിന്നെ വ്രതസ്ഥൻ സമാഗമനകൂടാരത്തിന്റെ വാതില്ക്കൽവച്ച് തന്റെ വ്രതമുള്ള തല ക്ഷൗരം ചെയ്ത് തന്റെ വ്രതമുള്ള തലമുടി എടുത്ത് സമാധാനയാഗത്തിന്റെ കീഴിലുള്ള തീയിൽ ഇടണം;
19വ്രതസ്ഥൻ തന്റെ വ്രതമുള്ള തല ക്ഷൗരം ചെയ്തശേഷം പുരോഹിതൻ ആട്ടുകൊറ്റന്റെ വേവിച്ച കൈക്കുറകും കൊട്ടയിൽനിന്ന് പുളിപ്പില്ലാത്ത ഒരു ദോശയും പുളിപ്പില്ലാത്ത ഒരു വടയും എടുത്ത് അവയെ വ്രതസ്ഥന്റെ കൈയിൽ വയ്ക്കണം.20പുരോഹിതൻ അവയെ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യണം; ഇത് നീരാജനം ചെയ്ത നെഞ്ചോടും ഉദർച്ച1 ചെയ്ത കൈക്കുറകോടും കൂടി പുരോഹിതനുവേണ്ടി വിശുദ്ധമാകുന്നു; അതിന്റെ ശേഷം വ്രതസ്ഥന് വീഞ്ഞ് കുടിക്കാം.
21നാസീർവ്രതം അനുഷ്ഠിക്കുന്ന വ്രതസ്ഥന്റെയും അവൻ തന്റെ പ്രാപ്തിപോലെ കൊടുക്കുന്നത് കൂടാതെ തന്റെ നാസീർവ്രതം ഹേതുവായി യഹോവയ്ക്ക് കഴിക്കേണ്ടുന്ന വഴിപാടിന്റെയും പ്രമാണം ഇതു തന്നേ. അവൻ അനുഷ്ഠിച്ച വ്രതം പോലെ തന്റെ നാസീർവ്രതത്തിന്റെ പ്രമാണത്തിന് അനുസരണമായി തന്നേ അവൻ ചെയ്യെണം”.

22യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:23“നീ അഹരോനോടും പുത്രന്മാരോടും പറയേണ്ടത്: നിങ്ങൾ യിസ്രായേൽമക്കളെ അനുഗ്രഹിച്ച് ചൊല്ലേണ്ടത് :
24യഹോവ നിന്നെ അനുഗ്രഹിച്ച് കാക്കുമാറാകട്ടെ;
25യഹോവ തിരുമുഖം നിന്റെമേൽ പ്രകാശിപ്പിച്ച് നിന്നോട് കൃപയുള്ളവനാകട്ടെ;
26യഹോവ തിരുമുഖം നിന്റെമേൽ ഉയർത്തി നിനക്ക് സമാധാനം നല്കുമാറാകട്ടെ.

27ഇങ്ങനെ അവർ യിസ്രായേൽമക്കളുടെ മേൽ എന്റെ നാമം വയ്ക്കണം; ഞാൻ അവരെ അനുഗ്രഹിക്കും”.


1 6:20 ഉദർച്ച ഉയർത്തി ർപ്പിക്കുന്നത്

7

1മോശെ തിരുനിവാസം നിവിർത്തിയശേഷം അതും അതിന്റെ ഉപകരണങ്ങളൊക്കെയും , യാഗപീഠവും അതിന്റെ സകലപാത്രങ്ങളും അഭിഷേകം ചെയ്ത് ശുദ്ധീകരിച്ചു .2അന്ന് തങ്ങളുടെ പിതൃഭവനങ്ങളിൽ പ്രധാനികളും ഗോത്രപ്രഭുക്കന്മാരും എണ്ണപ്പെട്ടവരുടെ മേൽവിചാരകന്മാരും ആയ യിസ്രായേൽപ്രഭുക്കന്മാർ വഴിപാട് കഴിച്ചു.3അവർ വഴിപാടായിട്ട് ഈരണ്ടു പ്രഭുക്കന്മാർ ഓരോ വണ്ടിയും ഓരോരുത്തൻ ഓരോ കാളയും ഇങ്ങനെ മൂടിയുള്ള ആറ് വണ്ടികളും പന്ത്രണ്ട് കാളകളും യഹോവയുടെ സന്നിധിയിൽ തിരുനിവാസത്തിന്റെ മുമ്പിൽ കൊണ്ടുവന്നു.

4അപ്പോൾ യഹോവ മോശെയോട്:5“അവരുടെ പക്കൽനിന്ന് അവയെ വാങ്ങുക. അവ സമാഗമനകൂടാരത്തിന്റെ ഉപയോഗത്തിന് ഇരിക്കട്ടെ; അവയെ ലേവ്യരിൽ ഓരോരുത്തന് അവനവന്റെ ശുശ്രൂഷക്ക് തക്കവണ്ണം കൊടുക്കണം” എന്ന് കല്പിച്ചു.
6മോശെ വണ്ടികളെയും കാളകളെയും വാങ്ങി ലേവ്യർക്ക് കൊടുത്തു.7രണ്ട് വണ്ടികളും നാല് കാളകളെയും അവൻ ഗേർശോന്യർക്ക് അവരുടെ ശുശ്രൂഷയ്ക്ക് തക്കവണ്ണം കൊടുത്തു.8നാല് വണ്ടികളും എട്ട് കാളകളെയും അവൻ മെരാര്യർക്ക് പുരോഹിതനായ അഹരോന്റെ പുത്രൻ ഈഥാമാരിന്റെ നേതൃത്വത്തിൽ അവർക്കുള്ള ശുശ്രൂഷക്ക് തക്കവണ്ണം കൊടുത്തു.
9കെഹാത്യർക്ക് അവൻ ഒന്നും കൊടുത്തില്ല; അവരുടെ ശുശ്രൂഷ വിശുദ്ധമന്ദിരം സംബന്ധിച്ചുള്ളതും വിശുദ്ധവസ്തുക്കൾ തോളിൽ ചുമക്കുന്നതും ആയിരുന്നു.
10യാഗപീഠം അഭിഷേകം ചെയ്ത ദിവസം പ്രഭുക്കന്മാർ പ്രതിഷ്ഠയ്ക്കുള്ള വഴിപാട് യാഗപീഠത്തിന്റെ മുമ്പാകെ കൊണ്ടുവന്നു.11അപ്പോൾ യഹോവ മോശെയോട്: “യാഗപീഠത്തിന്റെ പ്രതിഷ്ഠയ്ക്കായി ഓരോ ദിവസം ഓരോ പ്രഭു അവരവരുടെ വഴിപാട് കൊണ്ടുവരണം” എന്ന് കല്പിച്ചു.
12ഒന്നാം ദിവസം യെഹൂദാഗോത്രത്തിൽ അമ്മീനാദാബിന്റെ മകനായ നഹശോൻ വഴിപാട് കഴിച്ചു.13അവന്റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - അവ രണ്ടും ഭോജനയാഗത്തിനായി എണ്ണചേർത്ത നേരിയ മാവുകൊണ്ട് നിറഞ്ഞിരുന്നു -14ധൂപവർഗ്ഗം നിറഞ്ഞതും പത്ത് ശേക്കെൽ തൂക്കം ഉള്ളതുമായ ഒരു പൊൻകലശം,
15ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാട്,16പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ, സമാധാനയാഗത്തിനായി രണ്ട് കാളകൾ,17അഞ്ച് ആട്ടുകൊറ്റൻ, അഞ്ച് കോലാട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള അഞ്ച് ചെമ്മരിയാട്ടിൻകുട്ടി; ഇത് അമ്മീനാദാബിന്റെ മകനായ നഹശോന്റെ വഴിപാട്.

18രണ്ടാം ദിവസം യിസ്സാഖാരിന്റെ മക്കളുടെ പ്രഭുവായ സൂവാരിന്റെ മകൻ നെഥനയേൽ വഴിപാട് കഴിച്ചു.19അവൻ വഴിപാട് കഴിച്ചത്: വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണചേർത്ത നേരിയ മാവുകൊണ്ട് നിറഞ്ഞിരുന്നു -
20ധൂപവർഗ്ഗം നിറഞ്ഞതും പത്ത് ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം,21ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള ഒരു കുഞ്ഞാട്,22പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,23സമാധാനയാഗത്തിനായി രണ്ട് കാളകൾ, അഞ്ച് ആട്ടുകൊറ്റൻ, അഞ്ച് കോലാട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള അഞ്ച് കുഞ്ഞാട്; ഇത് സൂവാരിന്റെ മകനായ നെഥനയേലിന്റെ വഴിപാട്.

24മൂന്നാം ദിവസം സെബൂലൂന്റെ മക്കളുടെ പ്രഭുവായ ഹേലോന്റെ മകൻ എലീയാബ് വഴിപാട് കഴിച്ചു.25അവന്റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണചേർത്ത നേരിയമാവുകൊണ്ട് നിറഞ്ഞിരുന്നു -26ധൂപവർഗ്ഗം നിറഞ്ഞതും പത്ത് ശേക്കെൽ തൂക്കം ഉള്ളതുമായ ഒരു പൊൻകലശം,
27ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ; ഒരു വയസ്സ് പ്രായമുള്ള ഒരു കുഞ്ഞാട്,28പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,29സമാധാനയാഗത്തിനായി രണ്ട് കാളകൾ, അഞ്ച് ആട്ടുകൊറ്റൻ, അഞ്ച് കോലാട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള അഞ്ച് കുഞ്ഞാട്; ഇത് ഹേലോന്റെ മകൻ എലീയാബിന്റെ വഴിപാട്.

30നാലാം ദിവസം രൂബേന്റെ മക്കളുടെ പ്രഭുവായ ശെദേയൂരിന്റെ മകൻ എലീസൂർ വഴിപാട് കഴിച്ചു.31അവന്റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റി മുപ്പത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണചേർത്ത നേരിയ മാവുകൊണ്ട് നിറഞ്ഞിരുന്നു -32ധൂപവർഗ്ഗം നിറഞ്ഞതും പത്ത് ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം,
33ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള ഒരു കുഞ്ഞാട്,34പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,35സമാധാനയാഗത്തിനായി രണ്ട് കാളകൾ , അഞ്ച് ആട്ടുകൊറ്റൻ, അഞ്ച് കോലാട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള അഞ്ച് കുഞ്ഞാട്; ഇത് ശെദേയൂരിന്റെ മകൻ എലീസൂരിന്റെ വഴിപാട്.

36അഞ്ചാം ദിവസം ശിമെയോന്റെ മക്കളുടെ പ്രഭുവായ സൂരീശദ്ദായിയുടെ മകൻ ശെലൂമീയേൽ വഴിപാട് കഴിച്ചു.37അവന്റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണചേർത്ത നേരിയ മാവുകൊണ്ട് നിറഞ്ഞിരുന്നു -38ധൂപവർഗ്ഗം നിറഞ്ഞതും പത്ത് ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം,
39ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാട്,40പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ, സമാധാനയാഗത്തിനായി രണ്ട് കാളകൾ,41അഞ്ച് ആട്ടുകൊറ്റൻ, അഞ്ച് കോലാട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള അഞ്ച് കുഞ്ഞാട്. ഇത് സൂരീശദ്ദായിയുടെ മകൻ ശെലൂമീയേലിന്റെ വഴിപാട്.

42ആറാം ദിവസം ഗാദിന്റെ മക്കളുടെ പ്രഭുവായ ദെയൂവേലിന്റെ മകൻ എലീയാസാഫ് വഴിപാട് കഴിച്ചു.43അവന്റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണചേർത്ത നേരിയ മാവുകൊണ്ട് നിറഞ്ഞിരുന്നു -44ധൂപവർഗ്ഗം നിറഞ്ഞതും പത്ത് ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം,
45ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാട്,46പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,47സമാധാനയാഗത്തിനായി രണ്ട് കാളകൾ, അഞ്ച് ആട്ടുകൊറ്റൻ, അഞ്ച് കോലാട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള അഞ്ച് കുഞ്ഞാട്. ഇത് ദെയൂവേലിന്റെ മകൻ എലീയാസാഫിന്റെ വഴിപാട്.

48ഏഴാം ദിവസം എഫ്രയീമിന്റെ മക്കളുടെ പ്രഭുവായ അമ്മീഹൂദിന്റെ മകൻ എലീശാമാ വഴിപാട് കഴിച്ചു.49അവന്റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണചേർത്ത നേരിയമാവുകൊണ്ട് നിറഞ്ഞിരുന്നു -50ധൂപവർഗ്ഗം നിറഞ്ഞതും പത്ത് ശേക്കെൽ തൂക്കം ഉള്ളതുമായ ഒരു പൊൻകലശം,
51ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സുപ്രായമുള്ള ഒരു കുഞ്ഞാട്,52പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,53സമാധാനയാഗത്തിനായി രണ്ട് കാളകൾ, അഞ്ച് ആട്ടുകൊറ്റൻ, അഞ്ച് കോലാട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള അഞ്ച് കുഞ്ഞാട്. ഇത് അമ്മീഹൂദിന്റെ മകൻ എലീശാമായുടെ വഴിപാട്.

54എട്ടാം ദിവസം മനശ്ശെയുടെ മക്കളുടെ പ്രഭുവായ പെദാസൂരിന്റെ മകൻ ഗമലീയേൽ വഴിപാട് കഴിച്ചു.55അവന്റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവരണ്ടും ഭോജനയാഗത്തിനായി എണ്ണ ചേർത്ത നേരിയ മാവുകൊണ്ട് നിറഞ്ഞിരുന്നു -56ധൂപവർഗ്ഗം നിറഞ്ഞതും പത്ത് ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം,
57ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള ഒരു കുഞ്ഞാട്,58പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,59സമാധാനയാഗത്തിനായി രണ്ട് കാളകൾ, അഞ്ച് ആട്ടുകൊറ്റൻ, അഞ്ച് കോലാട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള അഞ്ച് കുഞ്ഞാട്; ഇത് പെദാസൂരിന്റെ മകൻ ഗമലീയേലിന്റെ വഴിപാട്.

60ഒമ്പതാം ദിവസം ബെന്യാമീന്റെ മക്കളുടെ പ്രഭുവായ ഗിദെയോനിയുടെ മകൻ അബീദാൻ വഴിപാട് കഴിച്ചു.61അവന്റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണ ചേർത്ത നേരിയ മാവുകൊണ്ട് നിറഞ്ഞിരുന്നു -62ധൂപവർഗ്ഗം നിറഞ്ഞതും പത്ത് ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം,
63ഹോമയാഗത്തിനായി, ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള ഒരു കുഞ്ഞാട്,64പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,65സമാധാനയാഗത്തിനായി രണ്ട് കാളകൾ, അഞ്ച് ആട്ടുകൊറ്റൻ, അഞ്ച് കോലാട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള അഞ്ച് കുഞ്ഞാട്. ഇത് ഗിദെയോനിയുടെ മകൻ അബീദാന്റെ വഴിപാട്.

66പത്താം ദിവസം ദാന്റെ മക്കളുടെ പ്രഭുവായ അമ്മീശദ്ദായിയുടെ മകൻ അഹീയേസെർ വഴിപാട് കഴിച്ചു.67അവന്റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണ ചേർത്ത നേരിയ മാവുകൊണ്ട് നിറഞ്ഞിരുന്നു -68ധൂപവർഗ്ഗം നിറഞ്ഞതും പത്ത് ശേക്കെൽ തൂക്കം ഉള്ളതുമായ ഒരു പൊൻകലശം,
69ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള ഒരു കുഞ്ഞാട്,70പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,71സമാധാനയാഗത്തിനായി രണ്ട് കാളകൾ, അഞ്ച് ആട്ടുകൊറ്റൻ, അഞ്ച് കോലാട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള അഞ്ച് കുഞ്ഞാട്. ഇത് അമ്മീശദ്ദായിയുടെ മകൻ അഹീയേസെരിന്റെ വഴിപാട്.

72പതിനൊന്നാം ദിവസം ആശേരിന്റെ മക്കളുടെ പ്രഭുവായ ഒക്രാന്റെ മകൻ പഗീയേൽ വഴിപാട് കഴിച്ചു.73അവന്റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണചേർത്ത നേരിയ മാവുകൊണ്ട് നിറഞ്ഞിരുന്നു -74ധൂപവർഗ്ഗം നിറഞ്ഞതും പത്ത് ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം,
75ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള ഒരു കുഞ്ഞാട്,76പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,77സമാധാനയാഗത്തിനായി രണ്ട് കാളകൾ, അഞ്ച് ആട്ടുകൊറ്റൻ, അഞ്ച് കോലാട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള അഞ്ച് കുഞ്ഞാട്. ഇത് ഒക്രാന്റെ മകനായ പഗീയേലിന്റെ വഴിപാട്.

78പന്ത്രണ്ടാം ദിവസം നഫ്താലിയുടെ മക്കളുടെ പ്രഭുവായ ഏനാന്റെ മകൻ അഹീര വഴിപാട് കഴിച്ചു.79അവന്റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവരണ്ടും ഭോജനയാഗത്തിനായി എണ്ണചേർത്ത നേരിയ മാവുകൊണ്ട് നിറഞ്ഞിരുന്നു -80ധൂപവർഗ്ഗം നിറഞ്ഞതും പത്ത് ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം,
81ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള ഒരു കുഞ്ഞാട്,82പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,83സമാധാനയാഗത്തിനായി രണ്ട് കാളകൾ, അഞ്ച് ആട്ടുകൊറ്റൻ, അഞ്ച് കോലാട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള അഞ്ച് കുഞ്ഞാട്. ഇത് ഏനാന്റെ മകൻ അഹീരയുടെ വഴിപാട്.

84യാഗപീഠം അഭിഷേകം ചെയ്ത ദിവസം പ്രതിഷ്ഠയ്ക്കായി യിസ്രായേൽ പ്രഭുക്കന്മാർ കൊണ്ടുവന്ന വഴിപാട് ഇത് ആയിരുന്നു; വെള്ളിത്തളിക പന്ത്രണ്ട്, വെള്ളിക്കിണ്ണം പന്ത്രണ്ട്,85പൊൻകലശം പന്ത്രണ്ട്, വെള്ളിത്തളിക ഒന്നിന് തൂക്കം നൂറ്റിമുപ്പത് ശേക്കെൽ; കിണ്ണം ഒന്നിന് എഴുപത് ശേക്കെൽ; ഇങ്ങനെ വെള്ളിപ്പാത്രങ്ങൾ ആകെ വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം രണ്ടായിരത്തി നാനൂറ് ശേക്കെൽ.86ധൂപവർഗ്ഗം നിറഞ്ഞ പൊൻകലശം പന്ത്രണ്ട്; ഓരോന്ന് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം പത്ത് ശേക്കെൽ വീതം കലശങ്ങളുടെ പൊന്ന് ആകെ നൂറ്റിരുപത് ശേക്കെൽ.
87ഹോമയാഗത്തിനുള്ള നാൽക്കാലികൾ എല്ലാംകൂടി കാളക്കിടാവ് പന്ത്രണ്ട്, ആട്ടുകൊറ്റൻ പന്ത്രണ്ട്, ഒരു വയസ്സ് പ്രായമുള്ള കുഞ്ഞാട് പന്ത്രണ്ട്, അവയുടെ ഭോജനയാഗം, പാപയാഗത്തിനായി കോലാട്ടുകൊറ്റൻ പന്ത്രണ്ട്;88സമാധാനയാഗത്തിനായി നാൽക്കാലികൾ എല്ലാംകൂടി കാളകൾ ഇരുപത്തിനാല്, ആട്ടുകൊറ്റൻ അറുപത്, കോലാട്ടുകൊറ്റൻ അറുപത്, ഒരു വയസ്സ് പ്രായമുള്ള കുഞ്ഞാട് അറുപത്; യാഗപീഠത്തെ അഭിഷേകം ചെയ്തശേഷം അതിന്റെ പ്രതിഷ്ഠയ്ക്കുള്ള വഴിപാട് ഇത് തന്നെ.
89മോശെ തിരുമുമ്പിൽ സംസാരിക്കുവാൻ സമാഗമനകൂടാരത്തിൽ കടക്കുമ്പോൾ അവൻ സാക്ഷ്യപെട്ടകത്തിന്മേലുള്ള കൃപാസനത്തിങ്കൽ നിന്ന് രണ്ട് കെരൂബുകളുടെ നടുവിൽനിന്ന് തന്നോട് സംസാരിക്കുന്ന തിരുശബ്ദം കേട്ടു; അങ്ങനെ അവിടുന്ന് അവനോട് സംസാരിച്ചു.

8

1യഹോവ മോശെയോട് അരുളിച്ചെയ്തത്:2“ദീപം കൊളുത്തുമ്പോൾ അവ ഏഴും നിലവിളക്കിന്റെ മുൻഭാഗത്തേക്ക് വെളിച്ചം കൊടുക്കണം എന്ന് അഹരോനോട് പറയുക”.

3അഹരോൻ അങ്ങനെ ചെയ്തു; യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ അവൻ നിലവിളക്കിന്റെ ദീപം മുൻഭാഗത്തേക്ക് തിരിച്ചുകൊളുത്തി.4നിലവിളക്ക് പണിതത് അടിച്ചുപരത്തിയ പൊന്നുകൊണ്ട് ആയിരുന്നു; അതിന്റെ ചുവടുമുതൽ പുഷ്പംവരെ അടിപ്പുപണി തന്നെ; യഹോവ മോശെയെ കാണിച്ച മാതൃകപോലെ തന്നെ അവൻ നിലവിളക്ക് ഉണ്ടാക്കി.

5യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തതെന്തെന്നാൽ:6“ലേവ്യരെ യിസ്രായേൽമക്കളുടെ ഇടയിൽനിന്ന് എടുത്ത് ശുദ്ധീകരിക്കുക.
7അവരെ ശുദ്ധീകരിക്കേണ്ടത് ഇപ്രകാരമാണ്: പാപപരിഹാരജലം അവരുടെ മേൽ തളിക്കണം; അവർ സർവാംഗം ക്ഷൗരം ചെയ്ത് വസ്ത്രം അലക്കി തങ്ങളെത്തന്നെ ശുദ്ധീകരിക്കണം.8അതിന്റെ ശേഷം അവർ ഒരു കാളക്കിടാവിനെയും അതിന്റെ ഭോജനയാഗമായി എണ്ണചേർത്ത നേരിയ മാവും എടുക്കണം; പാപയാഗത്തിനായി നീ വേറെ ഒരു കാളക്കിടാവിനെയും എടുക്കണം.
9ലേവ്യരെ സമാഗമനകൂടാരത്തിന്റെ മുമ്പാകെ വരുത്തണം; യിസ്രായേൽമക്കളുടെ സഭയെ മുഴുവനും ഒരുമിച്ച് കൂട്ടണം.10പിന്നെ ലേവ്യരെ യഹോവയുടെ സന്നിധിയിൽ നിർത്തണം; യിസ്രായേൽമക്കൾ ലേവ്യരുടെ മേൽ കൈ വയ്ക്കണം.11യഹോവയുടെ വേല ചെയ്യേണ്ടതിന് അഹരോൻ ലേവ്യരെ യഹോവയുടെ സന്നിധിയിൽ യിസ്രായേൽമക്കളുടെ നീരാജനയാഗമായി അർപ്പിക്കണം.
12ലേവ്യർ കാളക്കിടാക്കളുടെ തലയിൽ കൈ വയ്ക്കണം; പിന്നെ ലേവ്യർക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന് നീ യഹോവയ്ക്ക് ഒന്നിനെ പാപയാഗമായും മറ്റേതിനെ ഹോമയാഗമായും അർപ്പിക്കണം.13നീ ലേവ്യരെ അഹരോന്റെയും പുത്രന്മാരുടെയും മുമ്പിൽ നിർത്തി യഹോവയ്ക്ക് നീരാജനയാഗമായി അർപ്പിക്കണം.
14ഇങ്ങനെ ലേവ്യരെ യിസ്രായേൽമക്കളുടെ ഇടയിൽനിന്ന് വേർതിരിക്കുകയും ലേവ്യർ എനിക്കുള്ളവരായിരിക്കുകയും വേണം.15അതിന്റെ ശേഷം സമാഗമനകൂടാരം സംബന്ധിച്ചുള്ള വേല ചെയ്യേണ്ടതിന് ലേവ്യർക്ക് അടുത്തുചെല്ലാം; നീ അവരെ ശുദ്ധീകരിച്ച് നീരാജനയാഗമായി അർപ്പിക്കണം.
16അവർ യിസ്രായേൽമക്കളുടെ ഇടയിൽനിന്ന് എനിക്ക് സാക്ഷാൽ ദാനമായുള്ളവർ; എല്ലായിസ്രായേൽമക്കളിലുമുള്ള ആദ്യജാതന്മാർക്ക് പകരം ഞാൻ അവരെ എനിക്കായി എടുത്തിരിക്കുന്നു.17മനുഷ്യരിലാകട്ടെ മൃഗങ്ങളിലാകട്ടെ യിസ്രായേൽമക്കൾക്കുള്ള കടിഞ്ഞൂൽ എല്ലാം എനിക്കുള്ളത്; ഞാൻ മിസ്രയീംദേശത്തുള്ള കടിഞ്ഞൂലുകളെ എല്ലാം സംഹരിച്ച നാളിൽ അവയെ എനിക്കായി ശുദ്ധീകരിച്ചു.
18എന്നാൽ യിസ്രായേൽമക്കളിൽ ഉള്ള എല്ലാ കടിഞ്ഞൂലുകൾക്കും പകരം ഞാൻ ലേവ്യരെ എടുത്തിരിക്കുന്നു.19യിസ്രായേൽമക്കൾ വിശുദ്ധമന്ദിരത്തിന് അടുത്തുവരുമ്പോൾ അവരുടെ ഇടയിൽ ബാധയുണ്ടാകാതിരിക്കേണ്ടതിന് സമാഗമനകൂടാരത്തിൽ യിസ്രായേൽമക്കളുടെ വേല ചെയ്യുവാനും യിസ്രായേൽമക്കൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കുവാനും ലേവ്യരെ ഞാൻ യിസ്രായേൽമക്കളുടെ ഇടയിൽനിന്ന് അഹരോനും പുത്രന്മാർക്കും ദാനം ചെയ്തിരിക്കുന്നു”.
20അങ്ങനെ മോശെയും അഹരോനും യിസ്രായേൽമക്കളുടെ സഭ മുഴുവനും ലേവ്യരെക്കുറിച്ച് യഹോവ മോശെയോട് കല്പിച്ചതുപോലെയൊക്കെയും ലേവ്യർക്ക് ചെയ്തു; അങ്ങനെ തന്നെ യിസ്രായേൽമക്കൾ അവർക്ക് ചെയ്തു.21ലേവ്യർ അവർക്ക് തന്നെ പാപശുദ്ധിവരുത്തി വസ്ത്രം അലക്കി; അഹരോൻ അവരെ യഹോവയുടെ സന്നിധിയിൽ നീരാജനയാഗമായി അർപ്പിച്ചു; അവരെ ശുദ്ധീകരിക്കേണ്ടതിന് അഹരോൻ അവർക്കുവേണ്ടി പ്രായശ്ചിത്തം കഴിച്ചു.
22അതിന്റെ ശേഷം ലേവ്യർ അഹരോന്റെയും പുത്രന്മാരുടെയും മുമ്പിൽ സമാഗമനകൂടാരത്തിൽ അവരുടെ വേലചെയ്യുവാൻ അടുത്തുചെന്നു; യഹോവ ലേവ്യരെക്കുറിച്ച് മോശെയോട് കല്പിച്ചതുപോലെ തന്നെ അവർ അവർക്ക് ചെയ്തു.

23യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:24ലേവ്യർക്കുള്ള പ്രമാണം ഇതാകുന്നു: ഇരുപത്തഞ്ച് വയസ്സുമുതൽ അവർ സമാഗമനകൂടാരത്തിലെ വേലചെയ്യുന്ന സേവയിൽ പ്രവേശിക്കണം.
25അമ്പതാം വയസ്സിൽ അവർ പതിവായ വേലയിൽനിന്ന് വിരമിക്കണം; പിന്നെ ശുശ്രൂഷയിൽ തുടരണ്ട;26എങ്കിലും സമാഗമനകൂടാരത്തിലെ കർത്തവ്യം നിർവ്വഹിക്കുന്നതിൽ, അവർ അവരുടെ സഹോദരന്മാരെ സഹായിക്കണം; വേല ഒന്നും ചെയ്യണ്ടാ. ലേവ്യരുടെ കാര്യം സംബന്ധിച്ച് നീ ഇങ്ങനെ അവർക്ക് ചെയ്യണം.

9

1അവർ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുപോന്നതിന്റെ രണ്ടാം സംവത്സരം ഒന്നാം മാസം യഹോവ സീനായിമരുഭൂമിയിൽവച്ച് മോശെയോട് ഇപ്രകാരം അരുളിച്ചെയ്തു:2“യിസ്രായേൽമക്കൾ പെസഹ അതിന് നിശ്ചയിച്ച സമയത്ത് ആചരിക്കണം.3അതിന് നിശ്ചയിച്ച സമയമായ ഈ മാസം പതിനാലാം തീയതി വൈകുന്നേരം അത്ആചരിക്കണം; അതിന്റെ എല്ലാചട്ടങ്ങൾക്കും നിയമങ്ങൾക്കും വിധേയമായി നിങ്ങൾ അത് ആചരിക്കണം”.

4‘പെസഹ ആചരിക്കണമെന്ന് ’മോശെ യിസ്രായേൽമക്കളോട് പറഞ്ഞു.5അങ്ങനെ അവർ ഒന്നാം മാസം പതിനാലാം തീയതി സന്ധ്യാസമയത്ത് സീനായിമരുഭൂമിയിൽവച്ച് പെസഹ ആചരിച്ചു; യഹോവ മോശെയോട് കല്പിച്ചതുപോലെ യിസ്രായേൽമക്കൾ ചെയ്തു.
6എന്നാൽ ഒരു മനുഷ്യന്റെ ശവത്താൽ അശുദ്ധരായിത്തീർന്നിട്ട് ആ നാളിൽ പെസഹ ആചരിക്കുവാൻ കഴിയാത്ത ചിലർ ഉണ്ടായിരുന്നു; അവർ അന്നു തന്നെ മോശെയുടെയും അഹരോന്റെയും മുമ്പാകെ വന്ന് അവനോട്:7“ഞങ്ങൾ ഒരുത്തന്റെ ശവത്താൽ അശുദ്ധരായിരിക്കുന്നു; നിശ്ചയിക്കപ്പെട്ട സമയത്ത് യിസ്രായേൽമക്കളുടെ ഇടയിൽ യഹോവയുടെ വഴിപാട് കഴിക്കാതിരിക്കുവാൻ ഞങ്ങളെ ഒഴിവാക്കുന്നത് എന്ത് ”എന്ന് ചോദിച്ചു.8മോശെ അവരോട്: “നില്പിൻ; യഹോവ നിങ്ങളെക്കുറിച്ച് കല്പിക്കുന്നത് എന്ത് എന്ന് ഞാൻ കേൾക്കട്ടെ ”എന്ന് പറഞ്ഞു.

9അപ്പോൾ യഹോവ മോശെയോട് അരുളിച്ചെയ്തത്10“നീ യിസ്രായേൽമക്കളോട് പറയേണ്ടത് എന്തെന്നാൽ: ‘നിങ്ങളിലോ നിങ്ങളുടെ സന്തതികളിലോ ആരെങ്കിലും ശവത്താൽ അശുദ്ധനാകുകയോ ദൂരയാത്രയിൽ ആയിരിക്കുകയോ ചെയ്താലും അവൻ യഹോവയ്ക്ക് പെസഹ ആചരിക്കണം.
11രണ്ടാം മാസം പതിനാലാം തീയതി സന്ധ്യാസമയത്ത് അവർ അത് ആചരിച്ച് പുളിപ്പില്ലാത്ത അപ്പത്തോടും കൈപ്പുചീരയോടും കൂടി അത് ഭക്ഷിക്കണം.12രാവിലത്തേക്ക് അതിൽ ഒന്നും ശേഷിപ്പിക്കരുത്; അതിന്റെ അസ്ഥിയൊന്നും ഒടിക്കുകയും അരുത്; പെസഹയുടെ ചട്ടപ്രകാരം അവർ അത് ആചരിക്കണം.
13എന്നാൽ ശുദ്ധിയുള്ളവനും യാത്രയിൽ അല്ലാത്തവനുമായ ഒരുത്തൻ പെസഹ ആചരിക്കുന്നതിൽ വീഴ്ച വരുത്തിയാൽ അവനെ അവന്റെ ജനത്തിൽനിന്ന് ഛേദിച്ചുകളയണം; നിശ്ചയിച്ച സമയത്ത് യഹോവയുടെ വഴിപാട് കഴിക്കായ്കകൊണ്ട് അവൻ തന്റെ പാപം വഹിക്കണം.14നിങ്ങളുടെ ഇടയിൽ വന്നുപാർക്കുന്ന ഒരു പരദേശിക്ക് യഹോവയുടെ പെസഹ ആചരിക്കണമെങ്കിൽ പെസഹയുടെ ചട്ടത്തിനും നിയമത്തിനും വിധേയമായി അവൻ ആചരിക്കണം; പരദേശിക്കാകട്ടെ സ്വദേശിക്കാകട്ടെ നിങ്ങൾക്ക് ഒരു ചട്ടം തന്നെ ആയിരിക്കണം.

15തിരുനിവാസം ഉയർത്തി നിർത്തിയ നാളിൽ മേഘം സാക്ഷ്യകൂടാരമെന്ന തിരുനിവാസത്തെ മൂടി; സന്ധ്യാസമയംതൊട്ട് രാവിലെവരെ അത് തിരുനിവാസത്തിന്മേൽ അഗ്നിപ്രകാശംപോലെ ആയിരുന്നു.16അത് എല്ലായ്പോഴും അങ്ങനെതന്നെ ആയിരുന്നു; പകൽ മേഘമായും രാത്രി അഗ്നിപ്രകാശമായും അതിനെ മൂടിയിരുന്നു.17മേഘം കൂടാരത്തിന്മേൽനിന്ന് പൊങ്ങുമ്പോൾ യിസ്രായേൽമക്കൾ യാത്ര പുറപ്പെടും; മേഘം നില്ക്കുന്നയിടത്ത് അവർ പാളയമിറങ്ങും.
18യഹോവയുടെ കല്പനപോലെ യിസ്രായേൽമക്കൾ യാത്ര പുറപ്പെടുകയും , പാളയമിറങ്ങുകയും ചെയ്തു; മേഘം തിരുനിവാസത്തിന്മേൽ നില്ക്കുമ്പോൾ എല്ലാം അവർ പാളയമടിച്ച് താമസിക്കും.19മേഘം തിരുനിവാസത്തിന്മേൽ ഏറെനാൾ നിലകൊണ്ടപ്പോൾ യിസ്രായേൽമക്കൾ യാത്ര പുറപ്പെടാതെ യഹോവയുടെ കല്പനയ്ക്കായി കാത്തിരുന്നു.
20ചിലപ്പോൾ മേഘം തിരുനിവാസത്തിന്മേൽ കുറെനാൾ ഇരിക്കും; അപ്പോൾ അവർ യഹോവയുടെ കല്പനപോലെ പാളയമിറങ്ങിയിരിക്കും; പിന്നെ യഹോവയുടെ കല്പനപോലെ യാത്ര പുറപ്പെടും.21ചിലപ്പോൾ മേഘം സന്ധ്യമുതൽ ഉഷസ്സുവരെ ഇരിക്കും; പ്രഭാതകാലത്ത് മേഘം പൊങ്ങി എങ്കിൽ അവർ യാത്ര പുറപ്പെടും. ചിലപ്പോൾ പകലും രാവും ഇരിക്കും; പിന്നെ മേഘം പൊങ്ങിയെങ്കിൽ അവർ യാത്ര പുറപ്പെടും.
22രണ്ടു ദിവസമോ ഒരു മാസമോ ഒരു സംവത്സരമോ മേഘം തിരുനിവാസത്തിന്മേൽ നിലയുറപ്പിച്ചാൽ യിസ്രായേൽമക്കൾ പുറപ്പെടാതെ പാളയമടിച്ച് താമസിക്കും; അത് പൊങ്ങുമ്പോഴോ അവർ പുറപ്പെടും.23യഹോവയുടെ കല്പനപോലെ അവർ പാളയമിറങ്ങുകയും , യാത്ര പുറപ്പെടുകയും ചെയ്യും; മോശെ മുഖാന്തരം യഹോവ കല്പിച്ചതുപോലെ അവർ യഹോവയുടെ ആജ്ഞ പ്രമാണിച്ചു.

10

1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ :2“വെള്ളികൊണ്ട് രണ്ട് കാഹളം ഉണ്ടാക്കുക; അടിപ്പുപണിയായി അവയെ ഉണ്ടാക്കണം; സഭയെ വിളിച്ചുകൂട്ടുവാനും പാളയത്തെ പുറപ്പെടുവിക്കുവാനും നീ അവ ഉപയോഗിക്കണം.

3അവ ഊതുമ്പോൾ സഭ മുഴുവനും സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ നിന്റെ അടുക്കൽ കൂടണം.4ഒരു കാഹളം മാത്രം ഊതിയാൽ യിസ്രായേലിന്റെ സഹസ്രാധിപന്മാരായ പ്രഭുക്കന്മാർ നിന്റെ അടുക്കൽ കൂടണം.5ഗംഭീരധ്വനി ഊതുമ്പോൾ കിഴക്കെ പാളയങ്ങൾ യാത്ര പുറപ്പെടണം.
6രണ്ടാം പ്രാവശ്യം ഗംഭീരധ്വനി ഊതുമ്പോൾ തെക്കെ പാളയങ്ങൾ യാത്ര പുറപ്പെടണം; ഇങ്ങനെ ഇവരുടെ പുറപ്പാടിനുള്ള അടയാളമായി ഗംഭീരധ്വനി ഊതണം:7സഭയെ ഒന്നിച്ചുകൂട്ടേണ്ടതിന് ഊതുമ്പോൾ ഗംഭീരധ്വനി ഊതരുത്.8അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരാണ് കാഹളം ഊതേണ്ടത്; ഇത് നിങ്ങൾക്ക് തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കണം.
9നിങ്ങളുടെ ദേശത്ത് നിങ്ങളെ ഞെരുക്കുന്ന ശത്രുവിന്റെ നേരെ നിങ്ങൾ യുദ്ധത്തിന് പോകുമ്പോൾ ഗംഭീരധ്വനിയായി കാഹളം ഊതണം; എന്നാൽ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ ഓർത്ത് ശത്രുക്കളുടെ കൈയിൽനിന്ന് രക്ഷിക്കും.
10നിങ്ങളുടെ സന്തോഷദിവസങ്ങളിലും ഉത്സവങ്ങളിലും മാസാരംഭങ്ങളിലും നിങ്ങൾ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിക്കുമ്പോൾ കാഹളം ഊതണം; അവ നിങ്ങൾക്ക് ദൈവത്തിന്റെ സന്നിധിയിൽ സ്മാരകമായിരിക്കും; യഹോവയായ ഞാൻ നിങ്ങളുടെ ദൈവം ആകുന്നു.

11അനന്തരം രണ്ടാം സംവത്സരം രണ്ടാം മാസം ഇരുപതാം തീയതി മേഘം സാക്ഷ്യനിവാസത്തിന്മേൽനിന്ന് പൊങ്ങി.12അപ്പോൾ യിസ്രായേൽമക്കൾ സീനായിമരുഭൂമിയിൽനിന്ന് യാത്രപുറപ്പെട്ടു; മേഘം പാറാൻമരുഭൂമിയിൽ വന്നുനിന്നു.13യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ അവർ ഇങ്ങനെ ആദ്യമായി യാത്ര പുറപ്പെട്ടു.
14യെഹൂദാമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി ആദ്യം പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീനാദാബിന്റെ മകൻ നഹശോൻ.15യിസ്സാഖാർമക്കളുടെ ഗോത്രത്തിന്റെ സേനാപതി സൂവാരിന്റെ മകൻ നെഥനയേൽ.16സെബൂലൂൻ മക്കളുടെ ഗോത്രത്തിന്റെ സേനാപതി ഹേലോന്റെ മകൻ എലീയാബ്.
17അപ്പോൾ തിരുനിവാസം അഴിച്ച് താഴ്ത്തി; ഗേർശോന്യരും മെരാര്യരും തിരുനിവാസം ചുമന്നുകൊണ്ട് പുറപ്പെട്ടു.18പിന്നെ രൂബേന്റെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി ശെദേയൂരിന്റെ മകൻ എലീസൂർ.19ശിമെയോൻമക്കളുടെ ഗോത്രത്തിന്റെ സേനാപതി സൂരിശദ്ദായിയുടെ മകൻ ശെലൂമിയേൽ.20ഗാദ്മക്കളുടെ ഗോത്രത്തിന്റെ സേനാപതി ദെയൂവേലിന്റെ മകൻ എലീയാസാഫ്.
21അപ്പോൾ കെഹാത്യർ വിശുദ്ധവസ്തുക്കൾ ചുമന്നുകൊണ്ട് പുറപ്പെട്ടു; ഇവർ എത്തുമ്പോഴേക്ക് തിരുനിവാസം നിവർത്തിക്കഴിയും.22പിന്നെ എഫ്രയീംമക്കളുടെ കൊടിക്കീഴിലുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീഹൂദിന്റെ മകൻ എലീശാമാ.23മനശ്ശെമക്കളുടെ ഗോത്രത്തിന്റെ സേനാപതി പെദാസൂരിന്റെ മകൻ ഗമലീയേൽ.24ബെന്യാമീൻമക്കളുടെ ഗോത്രത്തിന്റെ സേനാപതി ഗിദെയോനിയുടെ മകൻ അബീദാൻ.
25പിന്നെ അവരുടെ എല്ലാ പാളയങ്ങളിലും ഒടുവിലായി ദാൻമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീശദ്ദായിയുടെ മകനായ അഹീയേസേർ.26ആശേർമക്കളുടെ ഗോത്രത്തിന്റെ സേനാപതി ഒക്രാന്റെ മകൻ പഗീയേൽ.27നഫ്താലിമക്കളുടെ ഗോത്രത്തിന്റെ സേനാപതി ഏനാന്റെ മകൻ അഹീര.28യിസ്രായേൽമക്കൾ യാത്ര പുറപ്പെട്ടപ്പോൾ ഗണംഗണമായുള്ള അവരുടെ യാത്ര ഇങ്ങനെ ആയിരുന്നു.

29പിന്നെ മോശെ തന്റെ അമ്മായിയപ്പനായ രെയൂവേൽ എന്ന മിദ്യാന്യന്റെ മകനായ ഹോബാബിനോട്: “നിങ്ങൾക്ക് ഞാൻ തരുമെന്ന് യഹോവ അരുളിച്ചെയ്ത ദേശത്തേക്ക് ഞങ്ങൾ യാത്രചെയ്യുന്നു; യഹോവ യിസ്രായേലിന് നന്മ വാഗ്ദാനം ചെയ്തിരിക്കുകകൊണ്ട് നീ ഞങ്ങളോടുകൂടി വരുക; ഞങ്ങൾ നിനക്കു നന്മ ചെയ്യും” എന്ന് പറഞ്ഞു.30അവൻ അവനോട്:“ ഞാൻ വരുന്നില്ല; എന്റെ സ്വദേശത്തേക്കും ചാർച്ചക്കാരുടെ അടുക്കലേക്കും ഞാൻ പോകുന്നു” എന്ന് പറഞ്ഞു.
31അതിന് അവൻ: “ഞങ്ങളെ വിട്ടുപോകരുതേ; മരുഭൂമിയിൽ ഞങ്ങൾ പാളയമിറങ്ങേണ്ടത് എങ്ങനെ എന്ന് നീ അറിയുന്നു; നീ ഞങ്ങൾക്ക് കണ്ണായിരിക്കും.32ഞങ്ങളോടുകൂടി പോന്നാൽ യഹോവ ഞങ്ങൾക്ക് ചെയ്യുന്ന നന്മപോലെ തന്നെ ഞങ്ങൾ നിനക്കും ചെയ്യും ”എന്ന് പറഞ്ഞു.

33അനന്തരം അവർ യഹോവയുടെ പർവതം വിട്ട് മൂന്ന് ദിവസത്തെ വഴി പോയി; യഹോവയുടെ നിയമപെട്ടകം അവർക്ക് വിശ്രാമസ്ഥലം അന്വേഷിക്കേണ്ടതിന് മൂന്ന് ദിവസത്തെ വഴി മുമ്പോട്ട് പോയി.34പാളയം പുറപ്പെട്ടപ്പോൾ യഹോവയുടെ മേഘം പകൽസമയം അവർക്ക് മീതെ ഉണ്ടായിരുന്നു.

35പെട്ടകം പുറപ്പെടുമ്പോൾ മോശെ: “യഹോവേ, എഴുന്നേല്ക്കണമേ; അവിടുത്തെ ശത്രുക്കൾ ചിതറുകയും അങ്ങയെ പകയ്ക്കുന്നവർ അവിടുത്തെ മുമ്പിൽനിന്ന് ഓടിപ്പോകുകയും ചെയ്യട്ടെ ” എന്ന് പറയും.36അത് വിശ്രമിക്കുമ്പോൾ അവൻ: “യഹോവേ, അനേകായിരമായ യിസ്രായേലിന്റെ അടുക്കലേക്ക് മടങ്ങിവരണമേ ” എന്ന് പറയും.

11

1അനന്തരം യഹോവയ്ക്ക് അനിഷ്ടമാകത്തക്കവിധം ജനം പിറുപിറുത്തു; യഹോവ അത് കേട്ട് അവിടുത്തെ കോപം ജ്വലിച്ചു; യഹോവയുടെ തീ അവരുടെ ഇടയിൽ കത്തി പാളയത്തിന്റെ അറ്റങ്ങളിലുള്ളവരെ ദഹിപ്പിച്ചുകളഞ്ഞു.2ജനം മോശെയോടു നിലവിളിച്ചു; മോശെ യഹോവയോട് പ്രാർത്ഥിച്ചു: അപ്പോൾ തീ കെട്ടുപോയി.3യഹോവയുടെ തീ അവരുടെ ഇടയിൽ കത്തുകയാൽ ആ സ്ഥലത്തിന് തബേരാ എന്ന് പേരായി.

4പിന്നെ അവരുടെ ഇടയിലുള്ള സമ്മിശ്രജാതി ദുരാഗ്രഹികളായി; യിസ്രായേൽമക്കളും വീണ്ടും കരഞ്ഞുകൊണ്ട്: “ഞങ്ങൾക്ക് തിന്നുവാൻ ഇറച്ചി ആരു തരും?5ഞങ്ങൾ ഈജിപ്റ്റിൽവച്ച് വിലകൂടാതെ തിന്നിട്ടുള്ള മത്സ്യം, വെള്ളരിക്കാ, മത്തങ്ങാ, ഉള്ളി, ചുവന്നുള്ളി, ചിറ്റുള്ളി എന്നിവ ഞങ്ങൾ ഓർക്കുന്നു.6ഇപ്പോഴോ ഞങ്ങളുടെ പ്രാണൻ ഉണങ്ങിവരണ്ടിരിക്കുന്നു; ഈ മന്നാ അല്ലാതെ ഒന്നും കാണ്മാനില്ല എന്ന് പറഞ്ഞു.
7മന്നയോ കൊത്തമല്ലി പോലെയും അതിന്റെ നിറം ഗുല്ഗുലുവിന്റേതുപോലെയും ആയിരുന്നു.8ജനം നടന്ന് പെറുക്കി തിരികല്ലിൽ പൊടിച്ചിട്ടോ ഉരലിൽ ഇടിച്ചിട്ടോ കലത്തിൽ പുഴുങ്ങി അപ്പം ഉണ്ടാക്കും. അതിന്റെ രുചി എണ്ണചേർത്തുണ്ടാക്കിയ ദോശപോലെ ആയിരുന്നു.
9രാത്രി പാളയത്തിൽ മഞ്ഞ് പൊഴിയുമ്പോൾ മന്നയും പൊഴിയും.10ജനം കുടുംബംകുടുംബമായി ഓരോരുത്തൻ സ്വന്തം കൂടാരവാതിൽക്കൽവച്ച് കരയുന്നത് മോശെ കേട്ടു; യഹോവയുടെ കോപം ഏറ്റവും ജ്വലിച്ചു; മോശെക്കും അനിഷ്ടമായി.
11അപ്പോൾ മോശെ യഹോവയോട് പറഞ്ഞത്: “അങ്ങ് അടിയനെ വലച്ചത് എന്ത്? എന്നോട് കൃപ തോന്നാതെ ഈ സർവജനത്തിന്റെയും ഭാരം അങ്ങ് എന്റെമേൽ വച്ചതെന്ത്?12മുലകുടിക്കുന്ന കുഞ്ഞിനെ ഒരു ധാത്രി എടുക്കുന്നതുപോലെ ഞാൻ അവരെ അങ്ങ് അവരുടെ പിതാക്കന്മാരോട് സത്യം ചെയ്ത ദേശത്തേക്ക് എന്റെ മാറത്തെടുത്തുകൊണ്ട് പോകണമെന്ന് എന്നോട് കല്പിക്കുവാൻ ഈ ജനത്തെ ഒക്കെയും ഞാൻ ഗർഭംധരിച്ചുവോ? ഞാൻ അവരെ പ്രസവിച്ചുവോ?
13ഈ ജനത്തിന് ഒക്കെയും കൊടുക്കുവാൻ എനിക്ക് എവിടെനിന്ന് ഇറച്ചി കിട്ടും? അവർ ഇതാ: ‘ഞങ്ങൾക്ക് തിന്നുവാൻ ഇറച്ചി തരിക’ എന്ന് എന്നോട് പറഞ്ഞ് കരയുന്നു.14ഏകനായി ഈ സർവജനത്തെയും വഹിക്കുവാൻ എന്നെക്കൊണ്ട് കഴിയുന്നതല്ല; അത് എനിക്ക് അതിഭാരം ആകുന്നു.15ഇങ്ങനെ എന്നോടു ചെയ്യുന്ന പക്ഷം ദയവിചാരിച്ച് എന്നെ കൊന്നുകളയണമേ. എന്റെ അരിഷ്ടത ഞാൻ കാണരുതേ”.

16അപ്പോൾ യഹോവ മോശെയോട് കല്പിച്ചത്: “യിസ്രായേൽമൂപ്പന്മാരിൽവച്ച് ജനത്തിന് പ്രമാണികളും മേൽവിചാരകന്മാരും ആയി നീ അറിയുന്ന എഴുപത് പുരുഷന്മാരെ സമാഗമനകൂടാരത്തിനരികെ നിന്നോടുകൂടെ നിൽക്കേണ്ടതിന് എന്റെ അടുക്കൽ കൂട്ടിക്കൊണ്ടു വരിക.17അവിടെ ഞാൻ ഇറങ്ങിവന്ന് നിന്നോട് അരുളിച്ചെയ്യും; ഞാൻ നിന്റെമേലുള്ള ആത്മാവിൽ കുറെ എടുത്ത് അവരുടെ മേൽ പകരും. നീ ഏകനായി വഹിക്കാതിരിക്കേണ്ടതിന് അവർ നിന്നോടുകൂടെ ജനത്തിന്റെ ഭാരം വഹിക്കും.
18എന്നാൽ ജനത്തോട് നീ പറയേണ്ടത്: ‘നാളത്തേക്ക് നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിൻ; എന്നാൽ നിങ്ങൾ ഇറച്ചി തിന്നും; ഞങ്ങൾക്ക് തിന്നുവാൻ ഇറച്ചി ആരു തരും? ഈജിപ്റ്റിൽ ഞങ്ങൾക്ക് നന്നായിരുന്നു എന്ന് നിങ്ങൾ പറഞ്ഞ് യഹോവ കേൾക്കെ കരഞ്ഞുവല്ലോ; ആകയാൽ യഹോവ നിങ്ങൾക്ക് ഇറച്ചി തരികയും നിങ്ങൾ തിന്നുകയും ചെയ്യും.19ഒരു ദിവസമല്ല, രണ്ട് ദിവസമല്ല, അഞ്ച് ദിവസമല്ല, പത്ത് ദിവസമല്ല, ഇരുപത് ദിവസവുമല്ല, ഒരു മാസം മുഴുവനും തന്നെ;20അത് നിങ്ങളുടെ മൂക്കിൽകൂടി പുറപ്പെട്ട് നിങ്ങൾക്ക് ഓക്കാനം വരുവോളം നിങ്ങൾ തിന്നും; നിങ്ങളുടെ ഇടയിൽ ഉള്ള യഹോവയെ നിങ്ങൾ നിരസിക്കുകയും: ‘ഞങ്ങൾ ഈജിപ്റ്റിൽനിന്ന് എന്തിനു പുറപ്പെട്ടുപോന്നു ’എന്ന് പറഞ്ഞ് അവിടുത്തെ മുമ്പാകെ കരയുകയും ചെയ്തിരിക്കുന്നുവല്ലോ”.
21അപ്പോൾ മോശെ: “എന്നോടുകൂടെയുള്ള ജനം ആറുലക്ഷം കാലാൾ ഉണ്ട്; ഒരു മാസം മുഴുവൻ തിന്നുവാൻ ഞാൻ അവർക്ക് ഇറച്ചി കൊടുക്കുമെന്ന് അങ്ങ് അരുളിച്ചെയ്യുന്നു.22അവർക്ക് മതിയാകുംവണ്ണം ആടുകളെയും മാടുകളെയും അവർക്കുവേണ്ടി അറുക്കുമോ? അവർക്ക് മതിയാകുംവണ്ണം സമുദ്രത്തിലെ മത്സ്യം ഒക്കെയും അവർക്കുവേണ്ടി പിടിച്ചുകൂട്ടുമോ ”എന്ന് ചോദിച്ചു.

23യഹോവ മോശെയോട്: “യഹോവയുടെ കൈ കുറുതായിപ്പോയോ? എന്റെ വചനം നിവൃത്തിയാകുമോ ഇല്ലയോ എന്ന് നീ ഇപ്പോൾ കാണും ”എന്ന് കല്പിച്ചു.
24അങ്ങനെ മോശെ ചെന്ന് യഹോവയുടെ വചനങ്ങൾ ജനത്തോട് പറഞ്ഞ്, ജനത്തിന്റെ മൂപ്പന്മാരിൽ എഴുപത് പുരുഷന്മാരെ കൂട്ടി കൂടാരത്തിന്റെ ചുറ്റിലും നിറുത്തി.25അനന്തരം യഹോവ ഒരു മേഘത്തിൽ ഇറങ്ങി അവനോട് അരുളിച്ചെയ്തു, അവന്മേലുള്ള ആത്മാവിൽ കുറെ എടുത്ത് മൂപ്പന്മാരായ ആ എഴുപത് പുരുഷന്മാർക്കു കൊടുത്തു; ആത്മാവ് അവരുടെ മേൽ ആവസിച്ചപ്പോൾ അവർ പ്രവചിച്ചു; പിന്നീട് അങ്ങനെ ചെയ്തില്ല .
26എന്നാൽ ആ പുരുഷന്മാരിൽ രണ്ടുപേർ പാളയത്തിൽ തന്നെ താമസിച്ചിരുന്നു; ഒരുത്തന് എൽദാദ് എന്നും മറ്റവന് മേദാദ് എന്നും പേർ. ആത്മാവ് അവരുടെമേലും ആവസിച്ചു; അവരും പേരെഴുതിയവരിൽ ഉള്ളവർ ആയിരുന്നു എങ്കിലും കൂടാരത്തിലേക്ക് ചെന്നിരുന്നില്ല; അവർ പാളയത്തിൽവച്ച് പ്രവചിച്ചു.27അപ്പോൾ ഒരു ബാല്യക്കാരൻ മോശെയുടെ അടുക്കൽ ഓടിച്ചെന്നു: “എൽദാദും മേദാദും പാളയത്തിൽവച്ച് പ്രവചിക്കുന്നു ”എന്ന് അറിയിച്ചു.
28അനന്തരം നൂന്റെ മകനും ബാല്യംമുതൽ മോശെയുടെ ശുശ്രൂഷക്കാരനും ആയിരുന്ന യോശുവ: “എന്റെ യജമാനനായ മോശെയേ, അവരെ വിരോധിക്കണമേ” എന്ന് പറഞ്ഞു.29മോശെ അവനോട്: “എന്നെ വിചാരിച്ച് നീ അസൂയപ്പെടുന്നുവോ? യഹോവയുടെ ജനം ഒക്കെയും പ്രവാചകന്മാരാകുകയും യഹോവ തന്റെ ആത്മാവിനെ അവരുടെമേൽ പകരുകയും ചെയ്തെങ്കിൽ കൊള്ളായിരുന്നു ”എന്ന് പറഞ്ഞു.30പിന്നെ മോശെയും യിസ്രായേൽമൂപ്പന്മാരും പാളയത്തിൽ വന്നുചേർന്നു.

31അനന്തരം യഹോവ അയച്ച ഒരു കാറ്റ് ഊതി കടലിൽനിന്ന് കാടയെ കൊണ്ടുവന്ന് പാളയത്തിന്റെ സമീപത്ത് ഒരു ദിവസത്തെ വഴി ഇങ്ങോട്ടും ഒരു ദിവസത്തെ വഴി അങ്ങോട്ടും ഇങ്ങനെ പാളയത്തിന്റെ ചുറ്റിലും നിലത്തോട് ഏകദേശം രണ്ടു മുഴം അടുത്ത് പറന്നുനില്ക്കുമാറാക്കി.32ജനം എഴുന്നേറ്റ് അന്ന് പകൽ മുഴുവനും രാത്രി മുഴുവനും പിറ്റന്നാൾ മുഴുവനും കാടയെ പിടിച്ചുകൂട്ടി; നന്നാ കുറച്ച് പിടിച്ചവൻ പത്ത് പറ പിടിച്ചുകൂട്ടി; അവർ അവയെ പാളയത്തിന്റെ ചുറ്റിലും നിരത്തി.
33എന്നാൽ ഇറച്ചി അവരുടെ പല്ലിനിടയിൽ ഇരിക്കുമ്പോൾ അത് ചവച്ചിറക്കും മുമ്പെ തന്നെ യഹോവയുടെ കോപം ജനത്തിന്റെ നേരെ ജ്വലിച്ചു, യഹോവ ജനത്തെ ഒരു മഹാബാധകൊണ്ടു സംഹരിച്ചു.34ദുരാഗ്രഹികളുടെ കൂട്ടത്തെ അവിടെ കുഴിച്ചിട്ടതുകൊണ്ട് ആ സ്ഥലത്തിന് കിബ്രോത്ത്-ഹത്താവ എന്ന് പേരായി.35കിബ്രോത്ത്-ഹത്താവ വിട്ട് ജനം ഹസേരോത്തിലേക്ക് പുറപ്പെട്ടുചെന്ന് ഹസേരോത്തിൽ പാർത്തു.

12

1മോശെ ഒരു കൂശ്യസ്ത്രീയെ വിവാഹം ചെയ്തിരുന്നതുകൊണ്ട് കൂശ്യസ്ത്രീനിമിത്തം മിര്യാമും അഹരോനും അവനു വിരോധമായി സംസാരിച്ചു:2“യഹോവ മോശെമുഖാന്തരം മാത്രമേ അരുളിച്ചെയ്തിട്ടുള്ളുവോ? ഞങ്ങൾമുഖാന്തരവും അരുളിച്ചെയ്തിട്ടില്ലയോ ”എന്ന് പറഞ്ഞു; യഹോവ അത് കേട്ടു.3മോശെ എന്ന പുരുഷനോ ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതിസൗമ്യനായിരുന്നു.

4പെട്ടെന്ന് യഹോവ മോശെയോടും അഹരോനോടും മിര്യാമിനോടും: “നിങ്ങൾ മൂവരും സമാഗമനകൂടാരത്തിൽ വരുവിൻ” എന്ന് കല്പിച്ചു; അവർ മൂവരും ചെന്നു.5യഹോവ മേഘസ്തംഭത്തിൽ ഇറങ്ങി കൂടാരവാതിൽക്കൽ നിന്ന് അഹരോനെയും മിര്യാമിനെയും വിളിച്ചു; അവർ ഇരുവരും അങ്ങോട്ട് ചെന്നു.
6പിന്നെ അവൻ അരുളിച്ചെയ്തത്: “എന്റെ വചനങ്ങൾ കേൾക്കുവിൻ; നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടെങ്കിൽ യഹോവയായ ഞാൻ അവന് ദർശനത്തിൽ എന്നെ വെളിപ്പെടുത്തുകയും സ്വപ്നത്തിൽ അവനോട് അരുളിച്ചെയ്യുകയും ചെയ്യും.7എന്റെ ദാസനായ മോശെയോ അങ്ങനെയല്ല; അവൻ എന്റെ ഗൃഹത്തിൽ ഒക്കെയും വിശ്വസ്തൻ ആകുന്നു.8അവനോട് ഞാൻ അരുളിച്ചെയ്യുന്നത് അവ്യക്തമായിട്ടല്ല അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും അത്രേ; അവൻ യഹോവയുടെ രൂപം കാണുകയും ചെയ്യും. അങ്ങനെയിരിക്കെ നിങ്ങൾ എന്റെ ദാസനായ മോശെക്ക് വിരോധമായി സംസാരിക്കുവാൻ ഭയപ്പെടാതിരുന്നത് എന്ത്?
9യഹോവയുടെ കോപം അവരുടെ നേരെ ജ്വലിച്ച് അവിടുന്ന് അവരെ വിട്ടുപോയി.10മേഘവും കൂടാരത്തിന്മേൽനിന്ന് നീങ്ങിപ്പോയി. മിര്യാം ഹിമംപോലെ വെളുത്ത് കുഷ്ഠരോഗിണിയായി; അഹരോൻ മിര്യാമിനെ നോക്കിയപ്പോൾ അവൾ കുഷ്ഠരോഗിണി എന്ന് കണ്ടു.
11അഹരോൻ മോശെയോട്: “അയ്യോ യജമാനനേ, ഞങ്ങൾ ഭോഷത്വമായി ചെയ്തുപോയ ഈ പാപം ഞങ്ങളുടെമേൽ വയ്ക്കരുതേ.12അമ്മയുടെ ഗർഭത്തിൽനിന്ന് പുറപ്പെടുമ്പോൾ മാംസം പകുതി അഴുകിയിരിക്കുന്ന ചാപിള്ളയെപ്പോലെ ഇവൾ ആകരുതേ” എന്ന് പറഞ്ഞു.
13അപ്പോൾ മോശെ യഹോവയോട്: “ദൈവമേ, അവളെ സൗഖ്യമാക്കണമേ” എന്ന് നിലവിളിച്ചു.14യഹോവ മോശെയോട്: “അവളുടെ അപ്പൻ അവളുടെ മുഖത്ത് തുപ്പിയെങ്കിൽ അവൾ ഏഴുദിവസം ലജ്ജിച്ചിരിക്കുകയില്ലയോ? അവളെ ഏഴ് ദിവസത്തേക്ക് പാളയത്തിന് പുറത്ത് അടച്ചിടണം; പിന്നത്തേതിൽ അവളെ ചേർത്തുകൊള്ളാം” എന്ന് കല്പിച്ചു.15ഇങ്ങനെ മിര്യാമിനെ ഏഴ് ദിവസം പാളയത്തിന് പുറത്ത് ആക്കി അടച്ചിട്ടു; അവളെ വീണ്ടും സ്വീകരിക്കുന്നതുവരെ ജനം യാത്ര ചെയ്യാതിരുന്നു.
16അതിന്റെ ശേഷം ജനം ഹസേരോത്തിൽനിന്ന് പുറപ്പെട്ട് പാരാൻമരുഭൂമിയിൽ പാളയമിറങ്ങി.

13

1യഹോവ മോശെയോട് അരുളിച്ചെയ്തത്:2“യിസ്രായേൽമക്കൾക്ക് ഞാൻ കൊടുക്കുവാനിരിക്കുന്ന കനാൻദേശം ഒറ്റുനോക്കേണ്ടതിന് , ഓരോ ഗോത്രത്തിൽനിന്ന് പ്രഭുക്കന്മാരായ ഓരോ ആളെ വീതം അയക്കണം”.

3അങ്ങനെ മോശെ യഹോവ കല്പിച്ചപ്രകാരം പാരാൻമരുഭൂമിയിൽനിന്ന് അവരെ അയച്ചു; ആ പുരുഷന്മാർ ഒക്കെയും യിസ്രായേൽമക്കളിൽ തലവന്മാർ ആയിരുന്നു.4അവരുടെ പേരുകൾ ഇവയാണ്: രൂബേൻ ഗോത്രത്തിൽ സക്കൂറിന്റെ മകൻ ശമ്മൂവ.
5ശിമേയോൻ ഗോത്രത്തിൽ ഹോരിയുടെ മകൻ ശഫാത്ത്.6യെഹൂദാഗോത്രത്തിൽ യെഫുന്നയുടെ മകൻ കാലേബ്.7യിസ്സാഖാർഗോത്രത്തിൽ യോസേഫിന്റെ മകൻ ഈഗാൽ.8എഫ്രയീംഗോത്രത്തിൽ നൂന്റെ മകൻ ഹോശേയ.
9ബെന്യാമീൻഗോത്രത്തിൽ രാഫൂവിന്റെ മകൻ പൽതി.10സെബൂലൂൻഗോത്രത്തിൽ സോദിയുടെ മകൻ ഗദ്ദീയേൽ11യോസേഫിന്റെ ഗോത്രമായ മനശ്ശെഗോത്രത്തിൽ സൂസിയുടെ മകൻ ഗദ്ദി.12ദാൻഗോത്രത്തിൽ ഗെമല്ലിയുടെ മകൻ അമ്മീയേൽ.
13ആശേർഗോത്രത്തിൽ മിഖായേലിന്റെ മകൻ സെഥൂർ.14നഫ്താലിഗോത്രത്തിൽ വൊപ്സിയുടെ മകൻ നഹ്ബി.15ഗാദ്ഗോത്രത്തിൽ മാഖിയുടെ മകൻ ഗയൂവേൽ.16ദേശം ഒറ്റുനോക്കുവാൻ മോശെ അയച്ച പുരുഷന്മാരുടെ പേരുകൾ ഇവ തന്നേ. എന്നാൽ മോശെ നൂന്റെ മകനായ ഹോശേയയ്ക്ക് യോശുവ എന്ന് പേരിട്ടു.
17കനാൻദേശം ഒറ്റുനോക്കുവാൻ അയച്ചപ്പോൾ മോശെ അവരോട്:“നിങ്ങൾ ഈ വഴി തെക്കെ ദേശത്ത് ചെന്ന് മലയിൽ കയറുക;18ദേശം ഏതുവിധമുള്ളത് എന്നും, അതിൽ കുടിയിരിക്കുന്ന ജനം ബലവാന്മാരോ ബലഹീനരോ, ചുരുക്കമോ അധികമോ;19അവർ പാർക്കുന്ന ദേശം നല്ലതോ ആകാത്തതോ, അവർ വസിക്കുന്ന പട്ടണങ്ങൾ പാളയങ്ങളോ കോട്ടകളോ,20പുഷ്ടിയുള്ളതോ പുഷ്ടിയില്ലാത്തതോ, അതിൽ വൃക്ഷം ഉണ്ടോ ഇല്ലയോ എന്നിങ്ങനെ നോക്കിയറിയുവിൻ; നിങ്ങൾ ധൈര്യപ്പെട്ട് ദേശത്തിലെ ഫലങ്ങളും കൊണ്ടുവരുവിൻ ”എന്ന് പറഞ്ഞു. അത് മുന്തിരിങ്ങ പഴുത്തുതുടങ്ങുന്ന കാലം ആയിരുന്നു.
21അങ്ങനെ അവർ കയറിപ്പോയി, സീൻമരുഭൂമിമുതൽ ഹാമാത്തിനുപോകുന്ന വഴിയായി രഹോബ് വരെ ദേശത്തെ ഒറ്റുനോക്കി.22അവർ തെക്കെദേശത്തുകൂടി ചെന്ന് ഹെബ്രോനിൽ എത്തി; അവിടെ അനാക്കിന്റെ പുത്രന്മാരായ അഹീമാനും ശേശായിയും തൽമായിയും ഉണ്ടായിരുന്നു; ഹെബ്രോൻ ഈജിപ്റ്റിലെ സോവാരിന് ഏഴ് സംവത്സരം മുമ്പെ പണിതതായിരുന്നു.
23അവർ എസ്കോൽതാഴ്വരയോളം ചെന്ന് അവിടെനിന്ന് ഒരു മുന്തിരിവള്ളി കുലയോടെ പറിച്ചെടുത്ത് ഒരു തണ്ടിന്മേൽ കെട്ടി രണ്ടുപേർകൂടി ചുമന്നു; അവർ മാതളപ്പഴവും അത്തിപ്പഴവും കൂടെ കൊണ്ടുപോന്നു.24യിസ്രായേൽമക്കൾ അവിടെനിന്ന് മുറിച്ചെടുത്ത മുന്തിരിക്കുലനിമിത്തം ആ സ്ഥലത്തിന് എസ്കോൽതാഴ്വര എന്ന് പേരായി.
25അവർ നാല്പത് ദിവസംകൊണ്ട് ദേശം ഒറ്റുനോക്കിക്കഴിഞ്ഞ് മടങ്ങിവന്നു.26അവർ യാത്രചെയ്ത് പാറാൻമരുഭൂമിയിലെ കാദേശിൽ മോശെയുടെയും അഹരോന്റെയും യിസ്രായേൽമക്കളുടെ സർവ്വസഭയുടെയും അടുക്കൽ വന്ന് അവരോടും സർവ്വസഭയോടും വർത്തമാനം അറിയിച്ചു; ദേശത്തിലെ ഫലങ്ങളും അവരെ കാണിച്ചു.
27അവർ അവനോട് വിവരിച്ചു പറഞ്ഞതെന്തെന്നാൽ: “നീ ഞങ്ങളെ അയച്ച ദേശത്തേക്ക് ഞങ്ങൾ പോയി; അത് പാലും തേനും ഒഴുകുന്ന ദേശം തന്നെ; ഇതാ അതിലെ ഫലങ്ങൾ .28എങ്കിലും ദേശത്ത് പാർക്കുന്ന ജനങ്ങൾ ബലവാന്മാരും പട്ടണങ്ങൾ ഏറ്റവും ഉറപ്പും വലിപ്പവും ഉള്ളവയും ആകുന്നു. ഞങ്ങൾ അനാക്കിന്റെ പുത്രന്മാരെയും അവിടെ കണ്ടു.29അമാലേക്യർ തെക്കെ ദേശത്ത് പാർക്കുന്നു; ഹിത്യരും യെബൂസ്യരും അമോര്യരും പർവ്വതങ്ങളിൽ പാർക്കുന്നു; കനാന്യർ കടൽക്കരയിലും യോർദ്ദാൻനദീതീരത്തും പാർക്കുന്നു”.
30എന്നാൽ കാലേബ് മോശെയുടെ മുമ്പാകെ ജനത്തെ അമർത്തി: “നാം ചെന്ന് അത് കൈവശമാക്കുക; അത് ജയിക്കുവാൻ നമുക്കു കഴിയും ”എന്ന് പറഞ്ഞു.31എങ്കിലും അവനോടുകൂടെ പോയ പുരുഷന്മാർ: “ആ ജനത്തിന്റെ നേരെ ചെല്ലുവാൻ നമുക്ക് കഴികയില്ല; അവർ നമ്മിലും ബലവാന്മാർ ആകുന്നു” എന്ന് പറഞ്ഞു.
32തങ്ങൾ ഒറ്റുനോക്കിയ ദേശത്തെക്കുറിച്ച് അവർ യിസ്രായേൽമക്കളോട് ദുർവ്വർത്തമാനം പറഞ്ഞതെന്തെന്നാൽ: “ഞങ്ങൾ സഞ്ചരിച്ച് ഒറ്റുനോക്കിയ ദേശം നിവാസികളെ തിന്നുകളയുന്ന ദേശം ആകുന്നു; ഞങ്ങൾ അവിടെ കണ്ട ജനം ഒക്കെയും അതികായന്മാർ;33അവിടെ ഞങ്ങൾ മല്ലന്മാരുടെ സന്തതികളായ അനാക്യമല്ലന്മാരെയും കണ്ടു; ഞങ്ങൾക്ക് തന്നെ ഞങ്ങൾ വെട്ടുക്കിളികളെപ്പോലെ തോന്നി; അവരുടെ കാഴ്ചയ്ക്കും ഞങ്ങൾ അങ്ങനെതന്നെ ആയിരുന്നു.

14

1അപ്പോൾ സഭയൊക്കെയും ഉറക്കെ നിലവിളിച്ചു; ജനം ആ രാത്രി മുഴുവനും കരഞ്ഞു.2യിസ്രായേൽമക്കൾ എല്ലാവരും മോശെക്കും അഹരോനും വിരോധമായി പിറുപിറുത്തു; സഭ ഒക്കെയും അവരോട്: “ഈജിപ്റ്റിൽവച്ചോ ഈ മരുഭൂമിയിൽവച്ചോ ഞങ്ങൾ മരിച്ചുപോയിരുന്നു എങ്കിൽ കൊള്ളാമായിരുന്നു.3വാളാൽ വീഴേണ്ടതിന് യഹോവ ഞങ്ങളെ ആ ദേശത്തിലേക്ക് കൊണ്ടുപോകുന്നത് എന്തിന്? ഞങ്ങളുടെ ഭാര്യമാരും മക്കളും കൊള്ളയായിപ്പോകുമല്ലോ; ഈജിപ്റ്റിലേക്ക് മടങ്ങിപ്പോകുകയല്ലയോ ഞങ്ങൾക്ക് നല്ലത്?” എന്ന് പറഞ്ഞു.

4നാം ഒരു നായകനെ തിരഞ്ഞെടുത്ത് ഈജിപ്റ്റിലേക്ക് മടങ്ങിപ്പോകുക” എന്നും അവർ തമ്മിൽതമ്മിൽ പറഞ്ഞു.5അപ്പോൾ മോശെയും അഹരോനും യിസ്രായേൽസഭയുടെ സർവ്വസംഘത്തിന്റെയും മുമ്പാകെ കവിണ്ണുവീണു.
6ദേശത്തെ ഒറ്റുനോക്കിയവരിൽ നൂന്റെ മകൻ യോശുവയും യെഫുന്നയുടെ മകൻ കാലേബും വസ്ത്രം കീറി,7യിസ്രായേൽമക്കളുടെ സർവ്വസഭയോടും പറഞ്ഞത് എന്തെന്നാൽ: “ഞങ്ങൾ സഞ്ചരിച്ച് ഒറ്റു നോക്കിയ ദേശം എത്രയും നല്ലദേശം ആകുന്നു.8യഹോവ നമ്മിൽ പ്രസാദിക്കുന്നു എങ്കിൽ അവൻ നമ്മെ പാലും തേനും ഒഴുകുന്ന ആ ദേശത്തേക്ക് കൊണ്ടുചെന്ന് അത് നമുക്ക് തരും.
9യഹോവയോട് നിങ്ങൾ മത്സരിക്കുകമാത്രം അരുത്; ആ ദേശത്തിലെ ജനത്തെ ഭയപ്പെടരുത്; അവർ നമുക്ക് ഇരയാകുന്നു; അവരുടെ ശരണം പോയ്പോയിരിക്കുന്നു; നമ്മോടുകൂടെ യഹോവ ഉള്ളതുകൊണ്ട് അവരെ ഭയപ്പെടരുത്.10എന്നാൽ ‘അവരെ കല്ലെറിയണം ’എന്ന് സഭയെല്ലാം പറഞ്ഞു. അപ്പോൾ യഹോവയുടെ തേജസ്സ് സമാഗമനകൂടാരത്തിൽ എല്ലായിസ്രായേൽമക്കളും കാൺകെ പ്രത്യക്ഷമായി.
11യഹോവ മോശെയോട്: “ഈ ജനം എത്രത്തോളം എന്നെ നിരസിക്കും? ഞാൻ അവരുടെ മദ്ധ്യേ ചെയ്തിട്ടുള്ള അടയാളങ്ങളൊക്കെയും കണ്ടിട്ടും അവർ എത്രത്തോളം എന്നെ വിശ്വസിക്കാതിരിക്കും?12ഞാൻ അവരെ മഹാമാരിയാൽ ദണ്ഡിപ്പിച്ച് സംഹരിച്ചുകളയുകയും നിന്നെ അവരെക്കാൾ വലിപ്പവും ബലവുമുള്ള ജാതിയാക്കുകയും ചെയ്യും” എന്ന് അരുളിച്ചെയ്തു.
13മോശെ യഹോവയോട് പറഞ്ഞത്: “എന്നാൽ ഈജിപ്റ്റുകാർ അത് കേൾക്കും; അങ്ങ് ഈ ജനത്തെ അവരുടെ ഇടയിൽനിന്ന് അങ്ങയുടെ ശക്തിയാൽ പുറപ്പെടുവിച്ച് കൊണ്ടുവന്നുവല്ലോ.14അവർ അത് ഈ ദേശനിവാസികളോടും പറയും; യഹോവയായ അങ്ങ് ഈ ജനത്തിന്റെ മദ്ധ്യേ ഉണ്ടെന്നും അവർ അങ്ങയെ അഭിമുഖമായി കണ്ടു എന്നും ഈജിപ്റ്റുകാർ കേട്ടിരിക്കുന്നു; അവിടുത്തെ മേഘം ഇവർക്ക് മീതെ നില്ക്കുകയും പകൽ മേഘസ്തംഭത്തിലും രാത്രി അഗ്നിസ്തംഭത്തിലും അങ്ങ് ഇവർക്ക് മുമ്പായി നടക്കുകയും ചെയ്യുന്നുവല്ലോ.
15അങ്ങ് ഇപ്പോൾ ഈ ജനത്തെ ഒക്കെയും ഒരു ഒറ്റമനുഷ്യനെപ്പോലെ കൊന്നുകളഞ്ഞാൽ അവിടുത്തെ കീർത്തി കേട്ടിരിക്കുന്ന ജാതികൾ:16‘ഈ ജനത്തോട് സത്യം ചെയ്ത ദേശത്തേക്ക് അവരെ കൊണ്ടുപോകുവാൻ യഹോവയ്ക്ക് കഴിയായ്കകൊണ്ട് അവൻ അവരെ മരുഭൂമിയിൽവച്ച് കൊന്നുകളഞ്ഞു ’ എന്ന് പറയും.
17യഹോവ ദീർഘക്ഷമയും മഹാദയയും ഉള്ളവൻ; അകൃത്യവും ലംഘനവും ക്ഷമിക്കുന്നവൻ; കുറ്റക്കാരനെ വെറുതെ വിടാതെ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം മക്കളുടെ മേൽ സന്ദർശിക്കുന്നവൻ18എന്നിങ്ങനെ അങ്ങ് അരുളിച്ചെയ്തതുപോലെ കർത്താവേ, ഇപ്പോൾ അങ്ങയുടെ ശക്തി വലുതായിരിക്കേണമേ.19അങ്ങയുടെ മഹാദയയ്ക്കു തക്കവണ്ണം ഈജിപ്റ്റ്മുതൽ ഇവിടംവരെ ഈ ജനത്തോട് അങ്ങ് ക്ഷമിച്ചുവന്നതുപോലെ ഈ ജനത്തിന്റെ അകൃത്യം ക്ഷമിക്കണമേ”.
20അതിന് യഹോവ അരുളിച്ചെയ്തത്: “നിന്റെ അപേക്ഷപ്രകാരം ഞാൻ ക്ഷമിച്ചിരിക്കുന്നു.21എങ്കിലും എന്നാണ, ഭൂമിയെല്ലാം യഹോവയുടെ തേജസ്സുകൊണ്ട് നിറഞ്ഞിരിക്കും.22എന്റെ തേജസ്സും മിസ്രയീമിലും മരുഭൂമിയിലുംവച്ച് ഞാൻ ചെയ്ത അടയാളങ്ങളും കണ്ടിട്ടുള്ള പുരുഷന്മാർ എല്ലാവരും ഇപ്പോൾ പത്ത് പ്രാവശ്യം എന്നെ പരീക്ഷിക്കുകയും എന്റെ വാക്ക് അനുസരിക്കാതിരിക്കുകയും ചെയ്തതുകൊണ്ട്
23അവരുടെ പിതാക്കന്മാരോട് ഞാൻ സത്യം ചെയ്തിട്ടുള്ള ദേശം അവർ കാണുകയില്ല; എന്നെ നിരസിച്ചവർ ആരും അത് കാണുകയില്ല.24എന്റെ ദാസനായ കാലേബോ, അവന് വേറൊരു സ്വഭാവമുള്ളതുകൊണ്ടും എന്നെ പൂർണ്ണമായി അനുസരിച്ചതുകൊണ്ടും അവൻ പോയിരുന്ന ദേശത്തേക്ക് ഞാൻ അവനെ എത്തിക്കും; അവന്റെ സന്തതി അത് കൈവശമാക്കും.25എന്നാൽ അമാലേക്യരും കനാന്യരും താഴ്വരയിൽ പാർക്കുന്നതുകൊണ്ട് നിങ്ങൾ നാളെ ചെങ്കടലിലേക്കുള്ള വഴിയായി മരുഭൂമിയിലേക്ക് മടങ്ങിപ്പോകുവിൻ”.

26യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്:27“ഈ ദുഷ്ടസഭ എത്രത്തോളം എനിക്ക് വിരോധമായി പിറുപിറുക്കും? യിസ്രായേൽമക്കൾ എനിക്ക് വിരോധമായി പിറുപിറുക്കുന്നത് ഞാൻ കേട്ടിരിക്കുന്നു.
28ഞാൻ കേൾക്കെ നിങ്ങൾ പറഞ്ഞതുപോലെ തന്നെ, എന്നാണ, ഞാൻ നിങ്ങളോട് ചെയ്യുമെന്ന് യഹോവ അരുളിച്ചെയ്യുന്നു എന്ന് അവരോട് പറയുവിൻ.29ഈ മരുഭൂമിയിൽ നിങ്ങളുടെ ശവം വീഴും; യെഫുന്നയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും ഒഴികെ ഇരുപത് വയസ്സുമുതൽ മേലോട്ട് എണ്ണപ്പെട്ടവരായി30എന്റെ നേരെ പിറുപിറുത്ത നിങ്ങളിൽ ആരും ഞാൻ നിങ്ങളെ പാർപ്പിക്കുമെന്ന് സത്യം ചെയ്ത ദേശത്ത് കടക്കുകയില്ല.
31എന്നാൽ കൊള്ളയായിപ്പോകുമെന്ന് നിങ്ങൾ പറഞ്ഞിട്ടുള്ള നിങ്ങളുടെ കുഞ്ഞുകുട്ടികളെ ഞാൻ അതിൽ കടക്കുമാറാക്കും; നിങ്ങൾ നിരസിച്ചിരിക്കുന്ന ദേശം അവർ അറിയും.32എന്നാൽ നിങ്ങളോ, നിങ്ങളുടെ ശവം ഈ മരുഭൂമിയിൽ വീഴും.33നിങ്ങളിൽ അവസാനത്തെ ആൾ ഈ മരുഭൂമിയിൽ മരിച്ചുവീഴുന്നതുവരെ നിങ്ങളുടെ അവിശ്വസ്തതക്ക് പ്രായശ്ചിത്തം ചെയ്തുകൊണ്ട് നിങ്ങളുടെ മക്കൾ നാല്പത് സംവത്സരം മരുഭൂമിയിൽ ഇടയരായി സഞ്ചരിക്കും;
34ദേശം ഒറ്റു നോക്കിയ നാല്പത് ദിവസത്തിന്റെ എണ്ണത്തിനൊത്തവണ്ണം, ഒരു ദിവസത്തിന് ഒരു സംവത്സരം വീതം, നാല്പത് സംവത്സരം നിങ്ങൾ നിങ്ങളുടെ അകൃത്യങ്ങൾ വഹിച്ച് എന്റെ അകല്ച അറിയും.35എനിക്ക് വിരോധമായി കൂട്ടംകൂടിയ ഈ ദുഷ്ടസഭയോട് ഞാൻ ഇങ്ങനെ ചെയ്യും: ഈ മരുഭൂമിയിൽ അവർ ഒടുങ്ങും; ഇവിടെ അവർ മരിക്കും എന്ന് യഹോവയായ ഞാൻ കല്പിച്ചിരിക്കുന്നു”.
36ദേശം ഒറ്റുനോക്കുവാൻ മോശെ അയച്ചവരും, മടങ്ങിവന്ന് ദേശത്തെക്കുറിച്ച് ദുർവ്വർത്തമാനം പറഞ്ഞ് സഭ മുഴുവനും അവന് വിരോധമായി പിറുപിറുക്കുവാൻ സംഗതി വരുത്തിയവരും,37ദേശത്തെക്കുറിച്ച് ദുർവ്വർത്തമാനം പറഞ്ഞവരുമായ പുരുഷന്മാർ യഹോവയുടെ മുമ്പാകെ ഒരു ബാധകൊണ്ട് മരിച്ചു.38എന്നാൽ ദേശം ഒറ്റുനോക്കുവാൻ പോയ പുരുഷന്മാരിൽ നൂന്റെ മകൻ യോശുവയും യെഫുന്നയുടെ പുത്രൻ കാലേബും മരിച്ചില്ല.
39പിന്നെ മോശെ ഈ വാക്കുകൾ യിസ്രായേൽമക്കളോടൊക്കെയും പറഞ്ഞു; ജനം ഏറ്റവും ദുഃഖിച്ചു.

40പിറ്റേന്ന് അവർ അതികാലത്ത് എഴുന്നേറ്റ്: “ഇതാ, യഹോവ ഞങ്ങൾക്കു വാഗ്ദാനം ചെയ്തിരിക്കുന്ന സ്ഥലത്തേക്ക് ഞങ്ങൾ കയറിപ്പോകുന്നു: ഞങ്ങൾ പാപം ചെയ്തുപോയി” എന്ന് പറഞ്ഞ് മലമുകളിൽ കയറി.
41അപ്പോൾ മോശെ: “നിങ്ങൾ എന്തിന് യഹോവയുടെ കല്പന ലംഘിക്കുന്നു? അത് സാദ്ധ്യമാകുകയില്ല.42ശത്രുക്കളാൽ തോൽക്കാതിരിക്കേണ്ടതിന് നിങ്ങൾ കയറരുത്; യഹോവ നിങ്ങളുടെ മദ്ധ്യേ ഇല്ല.43അമാലേക്യരും കനാന്യരും അവിടെ നിങ്ങളുടെ മുമ്പിൽ ഉണ്ട്; നിങ്ങൾ വാളാൽ വീഴും; നിങ്ങൾ യഹോവയെ വിട്ട് പിന്തിരിഞ്ഞിരിക്കുകകൊണ്ട് യഹോവ നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല ” എന്ന് പറഞ്ഞു.
44എന്നിട്ടും അവർ ധാർഷ്ട്യം പൂണ്ട് മലമുകളിൽ കയറി; യഹോവയുടെ നിയമപെട്ടകവും മോശെയും പാളയത്തിൽനിന്ന് പുറപ്പെട്ടില്ലതാനും.45അനന്തരം മലയിൽ പാർത്തിരുന്ന അമാലേക്യരും കനാന്യരും ഇറങ്ങിവന്ന് അവരെ തോല്പിച്ച് ഹോർമ്മാവരെ അവരെ ഛിന്നിച്ച് ഓടിച്ചുകളഞ്ഞു.

15

1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:2“നീ യിസ്രായേൽമക്കളോട് പറയേണ്ടത്: ‘ഞാൻ നിങ്ങൾക്ക് തരുന്ന നിങ്ങളുടെ നിവാസദേശത്ത് നിങ്ങൾ പ്രവേശിച്ചശേഷം3ഒരു നേർച്ച നിവർത്തിക്കുവാനോ , സ്വമേധാദാനമായോ , നിങ്ങളുടെ ഉത്സവങ്ങളിലോ , മാടിനെയോ ആടിനെയോ ഹോമയാഗമായിട്ടോ ഹനനയാഗമായിട്ടോ യഹോവയ്ക്ക് സൌരഭ്യവാസനയായി ഒരു ദഹനയാഗം അർപ്പിക്കുമ്പോൾ ,

4യഹോവയ്ക്ക് വഴിപാട് കഴിക്കുന്നവൻ കാൽഹീൻ എണ്ണ ചേർത്ത ഒരിടങ്ങഴി മാവ് ഭോജനയാഗമായി കൊണ്ടുവരണം.5ഹോമയാഗത്തിനും ഹനനയാഗത്തിനും പാനീയയാഗമായി നീ ആടൊന്നിന് കാൽഹീൻ വീഞ്ഞ് കൊണ്ടുവരണം.
6ആട്ടുകൊറ്റനായാൽ ഹീനിൽ മൂന്നിലൊന്ന് എണ്ണ ചേർത്ത രണ്ടിടങ്ങഴി മാവ് ഭോജനയാഗമായി കൊണ്ടുവരണം.7അതിന്റെ പാനീയയാഗത്തിന് ഹീനിൽ മൂന്നിലൊന്ന് വീഞ്ഞും യഹോവയ്ക്ക് സൌരഭ്യവാസനയായി അർപ്പിക്കണം.
8നേർച്ച നിവർത്തിക്കുവാനോ യഹോവയ്ക്ക് സമാധാനയാഗം കഴിക്കുവാനോ ഹോമയാഗത്തിനോ ഹനനയാഗത്തിനോ ഒരു കാളക്കിടാവിനെ കൊണ്ടുവരുമ്പോൾ9അതിനോടുകൂടെ അരഹീൻ എണ്ണ ചേർത്ത മൂന്നിടങ്ങഴി മാവ് ഭോജനയാഗമായി അർപ്പിക്കണം.10അതിന്റെ പാനീയയാഗമായി അരഹീൻ വീഞ്ഞ് യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗമായി അർപ്പിക്കണം.
11കാളക്കിടാവ്, ആട്ടുകൊറ്റൻ, കുഞ്ഞാട്, കോലാട്ടിൻകുട്ടി എന്നിവയിൽ ഓരോന്നിനും ഇങ്ങനെ തന്നെ വേണം.12നിങ്ങൾ അർപ്പിക്കുന്ന യാഗമൃഗങ്ങളുടെ എണ്ണത്തിന് ഒത്തവണ്ണം ഓരോന്നിനും ഇങ്ങനെ തന്നെ വേണം.13സ്വദേശിയായവനൊക്കെയും യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗം അർപ്പിക്കുമ്പോൾ ഇതെല്ലാം ഇങ്ങനെതന്നെ അനുഷ്ഠിക്കണം.
14നിങ്ങളോടുകൂടെ പാർക്കുന്ന പരദേശിയോ നിങ്ങളുടെ ഇടയിൽ സ്ഥിരവാസം ചെയ്യുന്ന ഒരുവനോ യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗം കഴിക്കുന്നുവെങ്കിൽ നിങ്ങൾ അനുഷ്ഠിക്കുന്നതുപോലെ തന്നെ അവനും അനുഷ്ഠിക്കണം.15നിങ്ങൾക്കും വന്നുപാർക്കുന്ന പരദേശിയ്ക്കും സർവ്വസഭയ്ക്കും തലമുറതലമുറയായി എന്നേക്കും ഒരു ചട്ടം തന്നെ ആയിരിക്കണം; യഹോവയുടെ സന്നിധിയിൽ പരദേശി നിങ്ങളെപ്പോലെ തന്നെ ഇരിക്കണം.16നിങ്ങൾക്കും വന്നുപാർക്കുന്ന പരദേശിയ്ക്കും പ്രമാണവും നിയമവും ഒന്നുതന്നെ ആയിരിക്കണം”.

17യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:18“യിസ്രായേൽമക്കളോട് പറയേണ്ടത്: ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന ദേശത്ത് നിങ്ങൾ പ്രവേശിച്ചശേഷം,19ദേശത്തിലെ ആഹാരം ഭക്ഷിക്കുമ്പോൾ നിങ്ങൾ യഹോവയ്ക്ക് ഉദർച്ചാർപ്പണം1 കഴിക്കണം.
20ആദ്യത്തെ തരിമാവുകൊണ്ടുള്ള ഒരു വട ഉദർച്ചാർപ്പണമായി കഴിക്കണം; മെതിക്കളത്തിന്റെ ഉദർച്ചാർപ്പണംപോലെ തന്നെ അത് ഉദർച്ച ചെയ്യണം.21ഇങ്ങനെ നിങ്ങൾ തലമുറതലമുറയായി ആദ്യത്തെ തരിമാവുകൊണ്ട് യഹോവയ്ക്ക് ഉദർച്ചാർപ്പണം കഴിക്കണം.

22യഹോവ മോശെയോട് കല്പിച്ച ഈ സകലകല്പനകളിൽ23ഏതെങ്കിലും പ്രമാണിക്കാതെ വീഴ്ച വരുത്തുകയോ ,കല്പിച്ച നാൾമുതൽ തലമുറതലമുറയായി മോശെമുഖാന്തരം കല്പിച്ച സകലത്തിലും ഏതെങ്കിലും നിങ്ങൾ പ്രമാണിക്കാതെ തെറ്റ് ചെയ്യുകയോ ചെയ്താൽ,24അറിയാതെ അബദ്ധവശാൽ സഭ വല്ലതും ചെയ്തുപോയാൽ സഭയെല്ലാം കൂടെ ഹോമയാഗത്തിനായി ഒരു കാളക്കിടാവിനെയും പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനെയും ചട്ടപ്രകാരം അതിനുള്ള ഭോജനയാഗത്തോടും പാനീയയാഗത്തോടുംകൂടെ യഹോവയ്ക്ക് സൗരഭ്യവാസനയായി അർപ്പിക്കണം.
25ഇങ്ങനെ പുരോഹിതൻ യിസ്രായേൽമക്കളുടെ സർവ്വസഭയ്ക്കുംവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അത് അവരോട് ക്ഷമിക്കും; അത് അബദ്ധവശാൽ സംഭവിക്കുകയും അവർ തങ്ങളുടെ അബദ്ധത്തിനായി യഹോവയ്ക്ക് ദഹനയാഗമായി തങ്ങളുടെ വഴിപാടും പാപയാഗവും യഹോവയുടെ സന്നിധിയിൽ അർപ്പിക്കുകയും ചെയ്തുവല്ലോ.26എന്നാൽ അത് യിസ്രായേൽമക്കളുടെ സർവ്വസഭയോടും അവരുടെ ഇടയിൽ വന്നുപാർക്കുന്ന പരദേശിയോടും ക്ഷമിക്കും; തെറ്റ് സർവ്വജനത്തിനുമുള്ളതായിരുന്നുവല്ലോ.
27ഒരാൾ അബദ്ധവശാൽ പാപം ചെയ്താൽ അവൻ തനിക്കുവേണ്ടി പാപയാഗത്തിനായി ഒരു വയസ്സ് പ്രായമുള്ള ഒരു പെൺകോലാട്ടിനെ അർപ്പിക്കണം.28അബദ്ധവശാൽ പാപം ചെയ്തവന് പാപപരിഹാരം വരുത്തുവാൻ പുരോഹിതൻ അവനുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തകർമ്മം അനുഷ്ഠിക്കണം; എന്നാൽ അത് അവനോടു ക്ഷമിക്കും.29യിസ്രായേൽമക്കളുടെ ഇടയിൽ അബദ്ധവശാൽ പാപം ചെയ്യുന്നവൻ സ്വദേശിയോ വന്നുപാർക്കുന്ന പരദേശിയോ ആയാലും പ്രമാണം ഒന്നുതന്നെ ആയിരിക്കണം.
30എന്നാൽ സ്വദേശികളിലോ പരദേശികളിലോ ആരെങ്കിലും കരുതിക്കൂട്ടി ചെയ്താൽ അവൻ യഹോവയെ ദുഷിക്കുന്നു; അവനെ അവന്റെ ജനത്തിൽനിന്ന് ഛേദിച്ചുകളയണം.31അവൻ യഹോവയുടെ വചനം ധിക്കരിച്ച് അവിടുത്തെ കല്പന ലംഘിച്ചു; അവനെ നിർമ്മൂലമാക്കിക്കളയണം; അവന്റെ അകൃത്യം അവന്റെമേൽ ഇരിക്കും”.

32യിസ്രായേൽമക്കൾ മരുഭൂമിയിൽ ഇരിക്കുമ്പോൾ ശബ്ബത്തുനാളിൽ ഒരുത്തൻ വിറക് പെറുക്കുന്നത് കണ്ടു.33അവൻ വിറക് പെറുക്കുന്നത് കണ്ടവർ അവനെ മോശെയുടെയും അഹരോന്റെയും സർവ്വസഭയുടെയും അടുക്കൽ കൊണ്ടുവന്നു.34അവനോട് ചെയ്യേണ്ടത് എന്തെന്ന് വിധിച്ചിട്ടില്ലാതിരുന്നതുകൊണ്ട് അവർ അവനെ തടവിൽ വച്ചു.
35പിന്നെ യഹോവ മോശെയോട്: “ആ മനുഷ്യൻ മരണശിക്ഷ അനുഭവിക്കണം; സർവ്വസഭയും പാളയത്തിന് പുറത്തുവച്ച് അവനെ കല്ലെറിയണം” എന്ന് കല്പിച്ചു.36യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ സർവ്വസഭയും അവനെ പാളയത്തിന് പുറത്ത് കൊണ്ടുപോയി കല്ലെറിഞ്ഞ് കൊന്നു.

37യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:38“നീ യിസ്രായേൽമക്കളോട് പറയേണ്ടത്: അവർ തലമുറതലമുറയായി വസ്ത്രത്തിന്റെ കോണുകളിൽ തൊങ്ങലുകൾ ഉണ്ടാക്കുകയും ഓരോ തൊങ്ങലിലും നീലച്ചരട് കെട്ടുകയും വേണം.39നിങ്ങൾ യഹോവയുടെ സകലകല്പനകളും ഓർത്ത് അനുസരിക്കേണ്ടതിനും നിങ്ങളുടെ സ്വന്തഹൃദയത്തെയും കണ്ണിനെയും അനുസരിച്ച് പരസംഗമായി നടക്കാതിരിക്കേണ്ടതിനും ആ തൊങ്ങൽ സ്മാരകം ആയിരിക്കണം.
40നിങ്ങൾ എന്റെ സകലകല്പനകളും ഓർത്ത് അനുസരിച്ച് നിങ്ങളുടെ ദൈവത്തിന് വിശുദ്ധരായിരിക്കേണ്ടതിനു തന്നെ.41നിങ്ങളുടെ ദൈവമായിരിക്കേണ്ടതിന് നിങ്ങളെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ തന്നെ.


1 15:19 ഉദർച്ചാർപ്പണം ഉയർത്തി അർപ്പിക്കുക

16

1എന്നാൽ ലേവിയുടെ മകനായ കെഹാത്തിന്റെ മകനായ യിസ്ഹാരിന്റെ മകൻ കോരഹ്, രൂബേൻഗോത്രത്തിൽ എലീയാബിന്റെ പുത്രന്മാരായ ദാഥാൻ, അബീരാം, പേലെത്തിന്റെ മകനായ ഓൻ എന്നിവർ2യിസ്രായേൽമക്കളിൽ സഭാപ്രധാനികളും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും പ്രമാണികളുമായ ഇരുനൂറ്റമ്പത് പുരുഷന്മാരെ കൂട്ടി മോശെയോട് മത്സരിച്ചു.3അവർ മോശെക്കും അഹരോനും വിരോധമായി കൂട്ടംകൂടി അവരോട്: “മതി, മതി; സഭയിൽ എല്ലാവരും വിശുദ്ധരാകുന്നു; യഹോവ അവരുടെ മദ്ധ്യേ ഉണ്ട്; പിന്നെ നിങ്ങൾ യഹോവയുടെ സഭയ്ക്ക് മീതെ നിങ്ങളെത്തന്നെ ഉയർത്തുന്നത് എന്ത്?” എന്ന് പറഞ്ഞു.

4ഇത് കേട്ടപ്പോൾ മോശെ കവിണ്ണുവീണു.5അവൻ കോരഹിനോടും എല്ലാ കൂട്ടരോടും പറഞ്ഞത്: “നാളെ രാവിലെ യഹോവ അവിടുത്തേക്കുള്ളവർ ആരെന്നും തിരുസന്നിധിയോടടുക്കുവാൻ യോഗ്യതയുള്ള വിശുദ്ധൻ ആരെന്നും കാണിക്കും; അവിടുന്ന് തിരഞ്ഞെടുക്കുന്നവനെ അവിടുത്തോട് അടുക്കുമാറാക്കും.
6കോരഹും അവന്റെ എല്ലാ കൂട്ടരുമായുള്ളോരേ, ഇതു ചെയ്യുവിൻ:7നാളെ യഹോവയുടെ സന്നിധിയിൽ ധൂപകലശം എടുത്ത് അതിൽ തീയിട്ട് ധൂപവർഗ്ഗം ഇടുവിൻ; യഹോവ തിരഞ്ഞെടുക്കുന്നവൻ തന്നെ വിശുദ്ധൻ; ലേവിപുത്രന്മാരേ, മതി, മതി! ”
8പിന്നെ മോശെ കോരഹിനോട് പറഞ്ഞത്: “ലേവിപുത്രന്മാരേ, കേൾക്കുവിൻ.9യഹോവയുടെ തിരുനിവാസത്തിലെ വേലചെയ്യുവാനും സഭയുടെ ശുശ്രൂഷയ്ക്കായി അവരുടെ മുമ്പാകെ നിൽക്കുവാനും യിസ്രായേലിന്റെ ദൈവം നിങ്ങളെ തന്റെ അടുക്കൽ വരുത്തേണ്ടതിന് യിസ്രായേൽസഭയിൽനിന്ന് നിങ്ങളെ വേറുതിരിച്ചത് നിങ്ങൾക്ക് പോരായോ?10അവിടുന്ന് നിന്നെയും ലേവിപുത്രന്മാരായ നിന്റെ സകലസഹോദരന്മാരെയും തന്നോട് അടുക്കുമാറാക്കിയല്ലോ; നിങ്ങൾ പൗരോഹിത്യംകൂടെ കാംക്ഷിക്കുന്നുവോ?11ഇത് കാരണം നീയും നിന്റെ കൂട്ടരെല്ലാവരും യഹോവയ്ക്ക് വിരോധമായി കൂട്ടംകൂടിയിരിക്കുന്നു; നിങ്ങൾ അഹരോന്റെ നേരെ പിറുപിറുക്കുവാൻ തക്കവണ്ണം അവൻ എന്തുള്ളു?”

12പിന്നെ മോശെ എലിയാബിന്റെ പുത്രന്മാരായ ദാഥാനെയും അബീരാമിനെയും വിളിക്കുവാൻ ആളയച്ചു; അതിന് അവർ:13“ഞങ്ങൾ വരികയില്ല; മരുഭൂമിയിൽ ഞങ്ങളെ കൊല്ലുവാൻ നീ ഞങ്ങളെ പാലും തേനും ഒഴുകുന്ന ദേശത്തുനിന്ന് കൊണ്ടുവന്നത് കൂടാതെ നിന്നെത്തന്നെ ഞങ്ങൾക്ക് അധിപതിയും ആക്കുന്നുവോ?14അത്രയുമല്ല, നീ ഞങ്ങളെ പാലും തേനും ഒഴുകുന്ന ദേശത്തേക്ക് കൊണ്ടുവരികയോ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും അവകാശമായി തരികയോ ചെയ്തിട്ടില്ല; നീ ഇവരുടെ കണ്ണു ചുഴന്നെടുക്കുമോ? ഞങ്ങൾ വരികയില്ല ”എന്ന് പറഞ്ഞു.
15അപ്പോൾ മോശെ ഏറ്റവും കോപിച്ചു. അവൻ യഹോവയോട്: “അവരുടെ വഴിപാട് കടാക്ഷിക്കരുതേ; ഞാൻ അവരുടെ പക്കൽനിന്ന് ഒരു കഴുതയെപ്പോലും വാങ്ങിയിട്ടില്ല; അവരിൽ ഒരുത്തനോടും ഒരു ദോഷം ചെയ്തിട്ടുമില്ല ”എന്ന് പറഞ്ഞു.16മോശെ കോരഹിനോട്: “നീയും നിന്റെ എല്ലാകൂട്ടരും നാളെ യഹോവയുടെ സന്നിധിയിൽ വരണം; നീയും അവരും അഹരോനും കൂടെ തന്നേ.17നിങ്ങൾ ഓരോരുത്തൻ താന്താന്റെ ധൂപകലശം എടുത്ത് അവയിൽ ധൂപവർഗ്ഗം ഇട്ട് ഒരോരുത്തൻ ഓരോ ധൂപകലശമായി ഇരുനൂറ്റമ്പത് കലശവും യഹോവയുടെ സന്നിധിയിൽ കൊണ്ടുവരുവിൻ; നീയും അഹരോനും കൂടെ താന്താന്റെ ധൂപകലശവുമായി വരണം ”എന്ന് പറഞ്ഞു.
18അങ്ങനെ അവർ ഓരോരുത്തൻ താന്താന്റെ ധൂപകലശം എടുത്ത് തീയിട്ട് അതിൽ ധൂപവർഗ്ഗവും ഇട്ട് മോശെയും അഹരോനുമായി സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ നിന്നു.19കോരഹ് അവർക്ക് വിരോധമായി സർവ്വസഭയെയും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ കൂട്ടിവരുത്തി; അപ്പോൾ യഹോവയുടെ തേജസ്സ് സർവ്വസഭയ്ക്കും പ്രത്യക്ഷമായി.

20യഹോവ മോശെയോടും അഹരോനോടും:21“ഈ സഭയുടെ മദ്ധ്യേനിന്ന് മാറിപ്പോകുവിൻ; ഞാൻ അവരെ ക്ഷണത്തിൽ സംഹരിക്കും” എന്ന് കല്പിച്ചു.22അപ്പോൾ അവർ കവിണ്ണുവീണു: “സകലജനത്തിന്റെയും ആത്മാക്കൾക്ക് ഉടയവനാകുന്ന ദൈവമേ, ഒരു മനുഷ്യൻ പാപം ചെയ്തതിന് അങ്ങ് സർവ്വസഭയോടും കോപിക്കുമോ ”എന്ന് പറഞ്ഞു.
23അതിന് യഹോവ മോശെയോട്:24“കോരഹ്, ദാഥാൻ, അബീരാം എന്നിവരുടെ കൂടാരങ്ങളുടെ സമീപത്തുനിന്ന് മാറിക്കൊൾവിൻ എന്ന് സഭയോട് പറക ”എന്ന് കല്പിച്ചു.
25മോശെ എഴുന്നേറ്റ് ദാഥാന്റെയും അബീരാമിന്റെയും അടുക്കൽ ചെന്നു; യിസ്രായേൽമൂപ്പന്മാരും അവന്റെ പിന്നാലെ ചെന്നു.

26അവൻ സഭയോട്: “ഈ ദുഷ്ടമനുഷ്യരുടെ സകലപാപങ്ങളാലും നിങ്ങൾ സംഹരിക്കപ്പെടാതിരിക്കേണ്ടതിന് അവരുടെ കൂടാരങ്ങളുടെ അടുക്കൽനിന്ന് മാറിപ്പോകുവിൻ; അവർക്കുള്ള യാതൊന്നിനെയും തൊടരുത്” എന്ന് പറഞ്ഞു.27അങ്ങനെ അവർ കോരഹ്, ദാഥാൻ, അബീരാം എന്നിവരുടെ കൂടാരങ്ങളുടെ സമീപത്തുനിന്ന് മാറിപ്പോയി. എന്നാൽ ദാഥാനും അബീരാമും പുറത്ത് വന്നു: അവരും അവരുടെ ഭാര്യമാരും പുത്രന്മാരും കുഞ്ഞുങ്ങളും അവരവരുടെ കൂടാരവാതിൽക്കൽനിന്നു.
28അപ്പോൾ മോശെ പറഞ്ഞത്:“ ഈ സകലപ്രവൃത്തികളും ചെയ്യേണ്ടതിന് യഹോവ എന്നെ അയച്ചു; ഞാൻ സ്വമേധയായി ഒന്നും ചെയ്തിട്ടില്ല എന്ന് നിങ്ങൾ ഇതിനാൽ അറിയും:29സകലമനുഷ്യരും മരിക്കുന്നതുപോലെ ഇവർ മരിക്കുകയോ സകലമനുഷ്യർക്കും ഭവിക്കുന്നതുപോലെ ഇവർക്ക് ഭവിക്കുകയോ ചെയ്താൽ യഹോവ എന്നെ അയച്ചിട്ടില്ല.30എന്നാൽ യഹോവ ഒരു അപൂർവ്വകാര്യം പ്രവർത്തിക്കുകയും ഭൂമി വായ് പിളർന്ന് അവരെയും അവർക്കുള്ള സകലത്തെയും വിഴുങ്ങിക്കളയുകയും അവർ ജീവനോട് പാതാളത്തിലേക്ക് ഇറങ്ങുകയും ചെയ്താൽ അവർ യഹോവയെ നിരസിച്ചു എന്ന് നിങ്ങൾ അറിയും”.
31അവൻ ഈ വാക്കുകളെല്ലാം പറഞ്ഞുതീർന്നപ്പോൾ അവരുടെ കീഴെ ഭൂമി പിളർന്നു.32ഭൂമി വായ് തുറന്ന് അവരെയും അവരുടെ കുടുംബങ്ങളെയും കോരഹിനോട് ചേർന്നിട്ടുള്ള എല്ലാവരെയും അവരുടെ സർവ്വസമ്പത്തിനെയും വിഴുങ്ങിക്കളഞ്ഞു.
33അവരും അവരോട് ചേർന്ന എല്ലാവരും ജീവനോടെ പാതാളത്തിലേക്ക് ഇറങ്ങി; ഭൂമി അവരുടെമേൽ അടയുകയും അവർ സഭയുടെ ഇടയിൽനിന്ന് നശിക്കുകയും ചെയ്തു.34അവരുടെ ചുറ്റും ഇരുന്ന യിസ്രായേല്യർ ഒക്കെയും അവരുടെ നിലവിളി കേട്ടു: “ഭൂമി നമ്മെയും വിഴുങ്ങിക്കളയരുതേ” എന്ന് പറഞ്ഞ് ഓടിപ്പോയി.35അപ്പോൾ യഹോവയിൽനിന്ന് തീ പുറപ്പെട്ട് ധൂപം കാട്ടിയ ഇരുനൂറ്റമ്പതുപേരെയും ദഹിപ്പിച്ചു.

36യഹോവ മോശെയോട് അരുളിച്ചെയ്തത്:37“എരിതീയുടെ ഇടയിൽനിന്ന് ധൂപകലശങ്ങൾ എടുക്കുവാൻ പുരോഹിതനായ അഹരോന്റെ മകൻ എലെയാസാരിനോട് പറയുക; അവ വിശുദ്ധമാകുന്നു; തീ തട്ടിക്കളയുകയും ചെയ്യുക;38പാപം ചെയ്ത് തങ്ങൾക്ക് ജീവനാശം വരുത്തിയ ഇവരുടെ ധൂപകലശങ്ങൾ യാഗപീഠം പൊതിയുവാൻ അടിച്ച് തകിടാക്കണം; അത് യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്നതിനാൽ വിശുദ്ധമാകുന്നു; യിസ്രായേൽമക്കൾക്ക് അത് ഒരു അടയാളമായിരിക്കട്ടെ”.
39വെന്തുപോയവർ ധൂപം കാട്ടിയ താമ്രകലശങ്ങൾ പുരോഹിതനായ എലെയാസാർ എടുത്ത്,40അഹരോന്റെ സന്തതിയിൽപെട്ടവരല്ലാത്ത ആരും യഹോവയുടെ സന്നിധിയിൽ ധൂപം കാണിക്കുവാൻ അടുത്തുവന്ന് , കോരഹിനെയും അവന്റെ കൂട്ടുകാരെയുംപോലെ ആകാതിരിക്കുവാൻ , യിസ്രായേൽമക്കൾക്ക് സ്മാരകമായി അവ യാഗപീഠം പൊതിയുവാൻ തകിടായി അടിപ്പിച്ചു; യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെതന്നേ.

41പിറ്റെന്നാൾ യിസ്രായേൽമക്കളുടെ സഭയെല്ലാം മോശെക്കും അഹരോനും വിരോധമായി പിറുപിറുത്തു: “നിങ്ങൾ യഹോവയുടെ ജനത്തെ കൊന്നുകളഞ്ഞു ”എന്ന് പറഞ്ഞു.42ഇങ്ങനെ മോശെക്കും അഹരോനും വിരോധമായി സഭ കൂടിവന്ന് സമാഗമനകൂടാരത്തിന്റെ നേരെ നോക്കിയപ്പോൾ , മേഘം അതിനെ മൂടിയതായും യഹോവയുടെ തേജസ്സ് പ്രത്യക്ഷമായിരിക്കുന്നതും കണ്ടു.43അപ്പോൾ മോശെയും അഹരോനും സമാഗമനകൂടാരത്തിന്റെ മുമ്പിൽ ചെന്നു.
44യഹോവ മോശെയോട്: “ഈ സഭയുടെ മദ്ധ്യേനിന്ന് മാറിപ്പോകുവിൻ;45ഞാൻ അവരെ ക്ഷണത്തിൽ സംഹരിക്കും” എന്നരുളിച്ചെയ്തു. അപ്പോൾ അവർ കവിണ്ണുവീണു.46മോശെ അഹരോനോട്: “നീ ധൂപകലശം എടുത്ത് അതിൽ യാഗപീഠത്തിലെ തീയും ധൂപവർഗ്ഗവും ഇട്ട് വേഗത്തിൽ സഭയുടെ മദ്ധ്യേ ചെന്ന് അവർക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കുക; യഹോവയുടെ സന്നിധിയിൽനിന്ന് ക്രോധം പുറപ്പെട്ട് ബാധ തുടങ്ങിയിരിക്കുന്നു ”എന്ന് പറഞ്ഞു.
47മോശെ കല്പിച്ചതുപോലെ അഹരോൻ കലശം എടുത്ത് സഭയുടെ നടുവിലേക്ക് ഓടി, ബാധ ജനത്തിന്റെ ഇടയിൽ തുടങ്ങിയിരിക്കുന്നത് കണ്ടു, ധൂപം കാട്ടി ജനത്തിനുവേണ്ടി പ്രായശ്ചിത്തം കഴിച്ച്,48മരിച്ചവർക്കും ജീവനുള്ളവർക്കും നടുവിൽ നിന്നപ്പോൾ ബാധ അടങ്ങി.
49കോരഹിന്റെ നിമിത്തം മരിച്ചവരെ കൂടാതെ ബാധയാൽ മരിച്ചവർ പതിനാലായിരത്തിഎഴുനൂറുപേർ ആയിരുന്നു50പിന്നെ അഹരോൻ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ മോശെയുടെ അടുക്കൽ മടങ്ങിവന്നു; അങ്ങനെ ബാധ നിന്നുപോയി.

17

1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:2“യിസ്രായേൽമക്കളോട് സംസാരിച്ച് , ഓരോ ഗോത്രത്തിൽനിന്നുള്ള ഗോത്രപ്രഭുക്കന്മാരിൽ ഓരോരുത്തരിൽ നിന്ന് ഓരോ വടിവീതം പന്ത്രണ്ട് വടി വാങ്ങി ഓരോരുത്തന്റെ വടിമേൽ അവരവരുടെ പേരെഴുതുക.

3ലേവിയുടെ വടിമേലോ അഹരോന്റെ പേരെഴുതണം; ഓരോ ഗോത്രത്തലവന് ഓരോ വടി ഉണ്ടായിരിക്കണം.4സമാഗമനകൂടാരത്തിൽ ഞാൻ നിങ്ങൾക്ക് വെളിപ്പെടുന്ന സ്ഥാനമായ സാക്ഷ്യത്തിന്റെ മുമ്പാകെ അവ വെക്കണം.5ഞാൻ തിരഞ്ഞെടുക്കുന്നവന്റെ വടി തളിർക്കും; ഇങ്ങനെ യിസ്രായേൽമക്കൾ നിങ്ങൾക്ക് വിരോധമായി പിറുപിറുക്കുന്നത് ഞാൻ നിർത്തലാക്കും”.
6മോശെ യിസ്രായേൽമക്കളോട് സംസാരിച്ചു; അവരുടെ സകലപ്രഭുക്കന്മാരും ഗോത്രംഗോത്രമായി ഓരോരുത്തരും ഓരോ വടിവീതം പന്ത്രണ്ട് വടി അവന്റെ പക്കൽ കൊടുത്തു; വടികളുടെ കൂട്ടത്തിൽ അഹരോന്റെ വടിയും ഉണ്ടായിരുന്നു.7മോശെ വടികൾ സാക്ഷ്യകൂടാരത്തിൽ യഹോവയുടെ സന്നിധിയിൽ വച്ചു.
8പിറ്റെന്നാൾ മോശെ സാക്ഷ്യകൂടാരത്തിൽ കടന്നപ്പോൾ ലേവിഗൃഹത്തിനുള്ള അഹരോന്റെ വടി തളിർത്തിരിക്കുന്നത് കണ്ടു; അത് തളിർത്ത് പൂത്ത് ബദാം ഫലം കായിച്ചിരുന്നു.9മോശെ വടികളെല്ലാം യഹോവയുടെ സന്നിധിയിൽനിന്ന് എടുത്ത് യിസ്രായേൽമക്കളുടെ അടുക്കൽ പുറത്ത് കൊണ്ടുവന്നു; അവർ ഓരോരുത്തൻ അവരവരുടെ വടി നോക്കിയെടുത്തു.
10യഹോവ മോശെയോട്: “അഹരോന്റെ വടി മത്സരികൾക്ക് ഒരു അടയാളമായി സൂക്ഷിക്കേണ്ടതിന് സാക്ഷ്യത്തിന്റെ മുമ്പിൽ തിരികെ കൊണ്ടുവരിക; അവർ മരിക്കാതിരിക്കേണ്ടതിന് എനിക്ക് വിരോധമായുള്ള അവരുടെ പിറുപിറുപ്പ് നീ ഇങ്ങനെ നിർത്തലാക്കും” എന്ന് കല്പിച്ചു.11മോശെ അങ്ങനെ തന്നെ ചെയ്തു: യഹോവ തന്നോട് കല്പിച്ചതുപോലെ അവൻ ചെയ്തു.

12അപ്പോൾ യിസ്രായേൽമക്കൾ മോശെയോട്: “ഇതാ, ഞങ്ങൾ ചത്തൊടുങ്ങുന്നു; ഞങ്ങൾ നശിക്കുന്നു; ഞങ്ങൾ എല്ലാവരും നശിക്കുന്നു.13യഹോവയുടെ തിരുനിവാസത്തോട് അടുക്കുന്നവനെല്ലാം ചാകുന്നു; ഞങ്ങൾ ഒക്കെയും ചത്തൊടുങ്ങണമോ ”എന്ന് പറഞ്ഞു.

18

1പിന്നെ യഹോവ അഹരോനോട് അരുളിച്ചെയ്തതെന്തെന്നാൽ: “നീയും നിന്റെ പുത്രന്മാരും നിന്റെ പിതൃഭവനവും വിശുദ്ധമന്ദിരം സംബന്ധിച്ചുണ്ടാകുന്ന അകൃത്യവും , നിങ്ങളുടെ പൗരോഹിത്യം സംബന്ധിച്ചുണ്ടാകുന്ന അകൃത്യവും വഹിക്കണം.2നിന്റെ പിതൃഗോത്രമായ ലേവിഗോത്രത്തിലെ നിന്റെ സഹോദരന്മാരും നിന്നോടുകൂടെ അടുത്തുവരണം. അവർ നിന്നോട് ചേർന്ന് നിനക്ക് ശുശ്രൂഷ ചെയ്യണം; നീയും നിന്റെ പുത്രന്മാരും സാക്ഷ്യകൂടാരത്തിൽ ശുശ്രൂഷ ചെയ്യണം.

3അവർ നിനക്കും കൂടാരത്തിലെ ശുശ്രൂഷയ്ക്കും ആവശ്യമുള്ള ചുമതലകൾ നിർവഹിക്കണം; എന്നാൽ അവരും നിങ്ങളും മരിക്കാതിരിക്കേണ്ടതിന് അവർ വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളോടും യാഗപീഠത്തോടും അടുക്കരുത്.4അവർ നിന്നോട് ചേർന്ന് സമാഗമനകൂടാരം സംബന്ധിച്ച സകലവേലയ്ക്കുമായി കൂടാരത്തിന്റെ കാര്യം നോക്കണം; ഒരു അന്യനും നിങ്ങളോട് അടുക്കരുത്.5യിസ്രായേൽമക്കളുടെ മേൽ ഇനി ക്രോധം വരാതിരിക്കേണ്ടതിന് വിശുദ്ധമന്ദിരത്തിന്റെയും യാഗപീഠത്തിന്റെയും ചുമതലകൾ നിങ്ങൾ നിർവഹിക്കണം.
6ലേവ്യരായ നിങ്ങളുടെ സഹോദരന്മാരെയോ ഞാൻ യിസ്രായേൽമക്കളുടെ ഇടയിൽനിന്ന് എടുത്തിരിക്കുന്നു; യഹോവയ്ക്ക് ദാനമായിരിക്കുന്ന അവരെ സമാഗമനകൂടാരം സംബന്ധിച്ച വേല ചെയ്യേണ്ടതിന് ഞാൻ നിങ്ങൾക്ക് ദാനമായി നൽകിയിരിക്കുന്നു.7ആകയാൽ നീയും നിന്റെ പുത്രന്മാരും യാഗപീഠത്തിലും തിരശ്ശീലയ്ക്കകത്തും ഉള്ള സകലകാര്യത്തിലും നിങ്ങളുടെ പൗരോഹിത്യം അനുഷ്ഠിച്ച് ശുശ്രൂഷചെയ്യണം; പൗരോഹിത്യം ഞാൻ നിങ്ങൾക്ക് ദാനം ചെയ്തിരിക്കുന്നു; അന്യൻ അടുത്ത് വന്നാൽ മരണശിക്ഷ അനുഭവിക്കണം”.

8യഹോവ പിന്നെയും അഹരോനോട് അരുളിച്ചെയ്തത്: “ഇതാ, എന്റെ ഉദർച്ചാർപ്പണങ്ങളുടെ കാര്യം ഞാൻ നിന്നെ ഭരമേല്പിച്ചിരിക്കുന്നു; യിസ്രായേൽമക്കളുടെ സകലവസ്തുക്കളിലും അവയെ ഞാൻ നിനക്കും നിന്റെ പുത്രന്മാർക്കും ഓഹരിയായും ശാശ്വതാവകാശമായും തന്നിരിക്കുന്നു.9തീയിൽ ദഹിപ്പിക്കാത്തതായി അതിവിശുദ്ധവസ്തുക്കളിൽവച്ച് ഇത് നിനക്കുള്ളതായിരിക്കേണം; അവർ എനിക്ക് അർപ്പിക്കുന്ന അവരുടെ എല്ലാവഴിപാടും , ഭോജനയാഗവും, പാപയാഗവും , അകൃത്യയാഗവും അതിവിശുദ്ധമായി നിനക്കും നിന്റെ പുത്രന്മാർക്കും ഇരിക്കണം.
10അതിവിശുദ്ധവസ്തുവായിട്ട് അത് ഭക്ഷിക്കണം; ആണുങ്ങളെല്ലാം അത് ഭക്ഷിക്കണം. അത് നിനക്കുവേണ്ടി വിശുദ്ധമായിരിക്കണം.11യിസ്രായേൽമക്കൾ ദാനമായി നൽകുന്ന ഉദർച്ചാർപ്പണമായ ഇതും, അവരുടെ സകലനീരാജനയാഗങ്ങളും നിനക്കുള്ളതാകുന്നു; ഇവയെ ഞാൻ നിനക്കും നിന്റെ പുത്രന്മാർക്കും പുത്രിമാർക്കും ശാശ്വതാവകാശമായി തന്നിരിക്കുന്നു; നിന്റെ വീട്ടിൽ ശുദ്ധിയുള്ളവനെല്ലാം അത് ഭക്ഷിക്കാം.
12എണ്ണയിലും പുതുവീഞ്ഞിലും ധാന്യത്തിലും വിശേഷമായതൊക്കെയും ഇങ്ങനെ അവർ യഹോവയ്ക്ക് അർപ്പിക്കുന്ന ആദ്യഫലമൊക്കെയും ഞാൻ നിനക്ക് തന്നിരിക്കുന്നു.13അവർ തങ്ങളുടെ ദേശത്തെ എല്ലാറ്റിൽനിന്നും യഹോവയ്ക്ക് കൊണ്ടുവരുന്ന ആദ്യഫലങ്ങൾ നിനക്ക് ആയിരിക്കണം; നിന്റെ വീട്ടിൽ ശുദ്ധിയുള്ളവനെല്ലാം അത് ഭക്ഷിക്കാം.
14യിസ്രായേലിൽ ശപഥാർപ്പിതമായത് ഒക്കെയും നിനക്ക് ഇരിക്കണം.15മനുഷ്യരിൽ നിന്നോ മൃഗങ്ങളിൽ നിന്നോ അവർ യഹോവയ്ക്ക് കൊണ്ടുവരുന്ന കടിഞ്ഞൂൽ ഒക്കെയും നിനക്ക് ഇരിക്കണം; മനുഷ്യന്റെ കടിഞ്ഞൂലിനെയോ വീണ്ടെടുക്കണം; അശുദ്ധമൃഗങ്ങളുടെ കടിഞ്ഞൂലിനെയും വീണ്ടെടുക്കണം.16വീണ്ടെടുപ്പുവിലയോ: ഒരു മാസംമുതൽ മേലോട്ട് പ്രായമുള്ളതിനെ നിന്റെ മതിപ്പുപ്രകാരം അഞ്ച് ശേക്കെൽ ദ്രവ്യംകൊടുത്ത് വീണ്ടെടുക്കണം. ശേക്കെൽ ഒന്നിന് ഇരുപത് ഗേരപ്രകാരം വിശുദ്ധമന്ദിരത്തിലെ തൂക്കം തന്നെ.
17എന്നാൽ പശു, ആട്, കോലാട് എന്നിവയുടെ കടിഞ്ഞൂലിനെ വീണ്ടെടുക്കരുത്; അവ വിശുദ്ധമാകുന്നു; അവയുടെ രക്തം യാഗപീഠത്തിന്മേൽ തളിച്ച് മേദസ്സ് യഹോവയ്ക്ക് സൌരഭ്യവാസനയായ ദഹനയാഗമായി ദഹിപ്പിക്കണം.18നീരാജനം ചെയ്ത നെഞ്ചും വലത്തെ കൈക്കുറകും നിനക്കുള്ളതായിരിക്കുന്നതുപോലെ തന്നെ അവയുടെ മാംസവും നിനക്ക് ഇരിക്കണം.
19യിസ്രായേൽമക്കൾ യഹോവയ്ക്ക് അർപ്പിക്കുന്ന വിശുദ്ധവസ്തുക്കളിൽ ഉദർച്ചാർപ്പണങ്ങളെല്ലാം ഞാൻ നിനക്കും നിന്റെ പുത്രന്മാർക്കും പുത്രിമാർക്കും ശാശ്വതാവകാശമായി തന്നിരിക്കുന്നു; യഹോവയുടെ സന്നിധിയിൽ നിനക്കും നിന്റെ സന്തതിക്കും ഇത് എന്നേക്കും ഒരു ലവണനിയമം ആകുന്നു”.20യഹോവ പിന്നെയും അഹരോനോട്: “നിനക്ക് അവരുടെ ഭൂമിയിൽ ഒരു അവകാശവും ഉണ്ടാകരുത്; അവരുടെ ഇടയിൽ നിനക്ക് ഒരു ഓഹരിയും അരുത്; യിസ്രായേൽമക്കളുടെ ഇടയിൽ ഞാൻ തന്നെ നിന്റെ ഓഹരിയും അവകാശവും ആകുന്നു ”എന്ന് അരുളിച്ചെയ്തു.

21ലേവ്യർക്കോ ഞാൻ സമാഗമനകൂടാരം സംബന്ധിച്ച് അവർ ചെയ്യുന്ന വേലയ്ക്ക് യിസ്രായേലിൽ ഉള്ള ദശാംശം എല്ലാം അവകാശമായി കൊടുത്തിരിക്കുന്നു.22യിസ്രായേൽമക്കൾ പാപം വഹിച്ചു മരിക്കാതിരിക്കേണ്ടതിന് മേലാൽ സമാഗമനകൂടാരത്തോട് അടുക്കരുത്.
23ലേവ്യർ സമാഗമനകൂടാരം സംബന്ധിച്ച വേല ചെയ്യുകയും അവരുടെ അകൃത്യം വഹിക്കുകയും വേണം; അത് തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കണം; അവർക്ക് യിസ്രായേൽമക്കളുടെ ഇടയിൽ അവകാശം ഉണ്ടാകരുത്.24യിസ്രായേൽമക്കൾ യഹോവയ്ക്ക് ഉദർച്ചാർപ്പണമായി അർപ്പിക്കുന്ന ദശാംശം ഞാൻ ലേവ്യർക്ക് അവകാശമായി കൊടുത്തിരിക്കുന്നു; അതുകൊണ്ട് അവർക്ക് യിസ്രായേൽമക്കളുടെ ഇടയിൽ അവകാശം അരുത് ”എന്ന് ഞാൻ അവരോട് കല്പിച്ചിരിക്കുന്നു.

25യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:26“നീ ലേവ്യരോട് ഇപ്രകാരം പറയണം: യിസ്രായേൽമക്കളുടെ പക്കൽനിന്ന് ഞാൻ നിങ്ങളുടെ അവകാശമായി നിങ്ങൾക്ക് തന്നിരിക്കുന്ന ദശാംശം അവരോട് വാങ്ങുമ്പോൾ ദശാംശത്തിന്റെ പത്തിലൊന്ന് നിങ്ങൾ യഹോവയ്ക്ക് ഉദർച്ചാർപ്പണമായി അർപ്പിക്കണം.27നിങ്ങളുടെ ഈ ഉദർച്ചാർപ്പണം കളത്തിലെ ധാന്യംപോലെയും മുന്തിരിച്ചക്കിലെ നിറവുപോലെയും നിങ്ങളുടെ പേർക്ക് കണക്കിടും.
28ഇങ്ങനെ യിസ്രായേൽ മക്കളോട് നിങ്ങൾ വാങ്ങുന്ന സകലദശാംശത്തിൽനിന്നും യഹോവയ്ക്ക് ഒരു ഉദർച്ചാർപ്പണം അർപ്പിക്കുകയും അത് പുരോഹിതനായ അഹരോന് കൊടുക്കുകയും വേണം.29നിങ്ങൾക്ക് ലഭിച്ച സകലദാനങ്ങളിലും ഉത്തമമായ എല്ലാറ്റിന്റെയും വിശുദ്ധഭാഗം നിങ്ങൾ യഹോവയ്ക്ക് ഉദർച്ചാർപ്പണമായി അർപ്പിക്കണം.
30ആകയാൽ നീ അവരോട് പറയേണ്ടതെന്തെന്നാൽ: ‘നിങ്ങൾ അതിന്റെ ഉത്തമഭാഗം ഉദർച്ചാർപ്പണമായി അർപ്പിക്കുമ്പോൾ അത് കളത്തിലെയും മുന്തിരിച്ചക്കിലെയും അനുഭവംപോലെ ലേവ്യർക്ക് കണക്കിടും.31അത് നിങ്ങൾക്കും നിങ്ങളുടെ കുടുംബാഗങ്ങൾക്കും എവിടെവച്ചും ഭക്ഷിക്കാം; അത് സമാഗമനകൂടാരത്തിൽ നിങ്ങൾ ചെയ്യുന്ന വേലയ്ക്കുള്ള ശമ്പളം ആകുന്നു.32അതിന്റെ ഉത്തമഭാഗം ഉദർച്ചചെയ്താൽ പിന്നെ നിങ്ങൾ അതുനിമിത്തം പാപം വഹിക്കുകയില്ല; നിങ്ങൾ യിസ്രായേൽമക്കളുടെ വിശുദ്ധവസ്തുക്കൾ അശുദ്ധമാക്കുകയും അതിനാൽ മരിച്ചുപോകുവാൻ ഇടവരികയുമില്ല”.

19

1യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്:2“യഹോവ കല്പിച്ച ന്യായപ്രമാണമിതാണ്: കളങ്കവും ഊനവുമില്ലാത്തതും നുകം വയ്ക്കാത്തതുമായ ഒരു ചുവന്ന പശുക്കിടാവിനെ നിന്റെ അടുക്കൽ കൊണ്ടുവരുവാൻ യിസ്രായേൽമക്കളോട് പറയുക.

3നിങ്ങൾ അതിനെ പുരോഹിതനായ എലെയാസാരിന്റെ പക്കൽ ഏല്പിക്കണം; അവൻ അതിനെ പാളയത്തിന് പുറത്തുകൊണ്ടുപോകുകയും ഒരുവൻ അതിനെ അവന്റെ മുമ്പിൽവച്ച് അറുക്കുകയും വേണം.4പുരോഹിതനായ എലെയാസാർ വിരൽ കൊണ്ട് അതിന്റെ രക്തം കുറെ എടുത്ത് സമാഗമനകൂടാരത്തിന്റെ മുൻഭാഗത്തിന് നേരെ ഏഴുപ്രാവശ്യം തളിക്കണം.5അതിന്റെ ശേഷം പശുക്കിടാവിനെ അവന്റെ മുമ്പിൽവച്ച് ചുട്ട് ഭസ്മീകരിക്കണം; അതിന്റെ തോലും മാംസവും രക്തവും ചാണകവും കൂടെ ചുടണം.6പിന്നെ പുരോഹിതൻ ദേവദാരു, ഈസോപ്പ്, ചുവപ്പുനൂൽ എന്നിവ എടുത്ത് പശുക്കിടാവിനെ ചുടുന്ന തീയുടെ നടുവിൽ ഇടണം.
7അനന്തരം പുരോഹിതൻ വസ്ത്രം അലക്കി ദേഹം വെള്ളത്തിൽ കഴുകിയശേഷം പാളയത്തിലേക്ക് വരികയും സന്ധ്യവരെ അശുദ്ധനായിരിക്കുകയും വേണം.8അതിനെ ചുട്ടവനും വസ്ത്രം അലക്കി ദേഹം വെള്ളത്തിൽ കഴുകുകയും സന്ധ്യവരെ അശുദ്ധനായിരിക്കുകയും വേണം.
9പിന്നെ ശുദ്ധിയുള്ള ഒരുത്തൻ പശുക്കിടാവിന്റെ ഭസ്മം വാരി പാളയത്തിനു പുറത്ത് വെടിപ്പുള്ള ഒരു സ്ഥലത്ത് വയ്ക്കണം; അത് യിസ്രായേൽമക്കളുടെ സഭയ്ക്കുവേണ്ടി ശുദ്ധീകരണജലത്തിനായി സൂക്ഷിച്ചുവയ്ക്കണം; അത് ഒരു പാപയാഗം.10പശുക്കിടാവിന്റെ ഭസ്മം വാരിയവനും വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കണം; യിസ്രായേൽമക്കൾക്കും അവരുടെ ഇടയിൽ വന്നുപാർക്കുന്ന പരദേശിക്കും ഇത് എന്നേക്കുമുള്ള ചട്ടം ആയിരിക്കണം.
11ഏതൊരു മനുഷ്യന്റെയും ശവം തൊടുന്നവൻ ഏഴ് ദിവസം അശുദ്ധൻ ആയിരിക്കണം.12അവൻ മൂന്നാം ദിവസവും ഏഴാം ദിവസവും ആ വെള്ളംകൊണ്ട് സ്വയം ശുദ്ധീകരിക്കണം; അങ്ങനെ അവൻ ശുദ്ധിയുള്ളവനാകും; എന്നാൽ മൂന്നാം ദിവസം അവൻ സ്വയം ശുദ്ധീകരിക്കാഞ്ഞാൽ ഏഴാം ദിവസം അവൻ ശുദ്ധിയുള്ളവനാകുകയില്ല.13മരിച്ചുപോയ ഒരു മനുഷ്യന്റെ ശവം ആരെങ്കിലും തൊട്ടിട്ട് സ്വയം ശുദ്ധീകരിക്കാഞ്ഞാൽ അവൻ യഹോവയുടെ തിരുനിവാസത്തെ അശുദ്ധമാക്കുന്നു; അവനെ യിസ്രായേലിൽ നിന്ന് ഛേദിച്ചുകളയണം; എന്തെന്നാൽ ശുദ്ധീകരണജലം അവന്റെമേൽ തളിച്ചില്ല; അവൻ അശുദ്ധൻ. അവന്റെ അശുദ്ധി അവന്റെമേൽ നില്ക്കുന്നു.
14കൂടാരത്തിൽവച്ച് ഒരുത്തൻ മരിച്ചാലുള്ള ന്യായപ്രമാണം ഇതാണ്: ആ കൂടാരത്തിൽ കടക്കുന്നവനും കൂടാരത്തിൽ ഇരിക്കുന്നവനും ഏഴ് ദിവസം അശുദ്ധൻ ആയിരിക്കണം.15മൂടിക്കെട്ടാതെ തുറന്നിരിക്കുന്ന പാത്രമെല്ലാം അശുദ്ധമാകും.16വെളിയിൽവച്ച് വാളാൽ കൊല്ലപ്പെട്ടവനെയോ , മരിച്ചുപോയവനെയോ, മനുഷ്യന്റെ അസ്ഥിയോ, ഒരു ശവക്കുഴിയോ തൊടുന്നവൻ എല്ലാം ഏഴ് ദിവസം അശുദ്ധനായിരിക്കണം.
17അശുദ്ധനായിത്തീരുന്നവനുവേണ്ടി പാപയാഗം ചുട്ട ഭസ്മം എടുത്ത് ഒരു പാത്രത്തിൽ ഇട്ട് അതിൽ ഉറവുവെള്ളം ഒഴിക്കണം.18പിന്നെ ശുദ്ധിയുള്ള ഒരുവൻ ഈസോപ്പ് എടുത്ത് വെള്ളത്തിൽ മുക്കി കൂടാരത്തെയും അതിലെ സകലപാത്രങ്ങളെയും അവിടെ ഉണ്ടായിരുന്ന ആളുകളെയും , അസ്ഥിയാലോ ഒരു ശവക്കുഴിയാലോ കൊല്ലപ്പെട്ടവനാലോ മരിച്ചുപോയവനാലോ അശുദ്ധനായവനെയും തളിക്കണം.19ശുദ്ധിയുള്ളവൻ അശുദ്ധനായ്തീർന്നവനെ മൂന്നാം ദിവസവും ഏഴാം ദിവസവും തളിക്കണം; ഏഴാം ദിവസം അവൻ സ്വയം ശുദ്ധീകരിച്ച് വസ്ത്രം അലക്കി വെള്ളത്തിൽ സ്വയം കഴുകണം; സന്ധ്യയ്ക്ക് അവൻ ശുദ്ധിയുള്ളവനാകും.
20എന്നാൽ ആരെങ്കിലും അശുദ്ധനായ്തീർന്നിട്ട് സ്വയം ശുദ്ധീകരിക്കാഞ്ഞാൽ അവനെ സഭയിൽനിന്ന് ഛേദിച്ചുകളയണം; എന്തെന്നാൽ അവൻ യഹോവയുടെ വിശുദ്ധമന്ദിരം അശുദ്ധമാക്കി; ശുദ്ധീകരണജലംകൊണ്ട് അവനെ തളിക്കാതിരുന്നതിനാൽ അവൻ അശുദ്ധൻ.21ഇത് അവർക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കണം; ശുദ്ധീകരണ ജലം തളിക്കുന്നവൻ വസ്ത്രം അലക്കണം; ശുദ്ധീകരണ ജലം തൊടുന്നവനും സന്ധ്യവരെ അശുദ്ധൻ ആയിരിക്കണം.22അശുദ്ധൻ തൊടുന്നത് എല്ലാം അശുദ്ധമാകും; അത് തൊടുന്നവനും സന്ധ്യവരെ അശുദ്ധനായിരിക്കണം.

20

1അനന്തരം യിസ്രായേൽമക്കളുടെ സർവ്വസഭയും ഒന്നാം മാസം സീൻമരുഭൂമിയിൽ എത്തി, ജനം കാദേശിൽ പാർത്തു; അവിടെവച്ച് മിര്യാം മരിച്ചു; അവിടെ അവളെ അടക്കം ചെയ്തു.

2ജനത്തിന് കുടിക്കുവാൻ വെള്ളം ഉണ്ടായിരുന്നില്ല; അപ്പോൾ അവർ മോശെക്കും അഹരോനും വിരോധമായി കൂട്ടം കൂടി.3ജനം മോശെയോട് കലഹിച്ചു: “ഞങ്ങളുടെ സഹോദരന്മാർ യഹോവയുടെ സന്നിധിയിൽ മരിച്ചപ്പോൾ അവരോടൊപ്പം ഞങ്ങളും മരിച്ചുപോയിരുന്നുവെങ്കിൽ കൊള്ളായിരുന്നു.
4ഞങ്ങളും ഞങ്ങളുടെ മൃഗങ്ങളും ഇവിടെ കിടന്ന് ചാകേണ്ടതിന് നിങ്ങൾ യഹോവയുടെ സഭയെ ഈ മരുഭൂമിയിൽ കൊണ്ടുവന്നത് എന്ത്?5ഈ ദുഷിച്ച സ്ഥലത്തേക്ക് കൊണ്ടുവരുവാൻ നിങ്ങൾ ഈജിപ്റ്റിൽനിന്ന് ഞങ്ങളെ പുറപ്പെടുവിച്ചത് എന്തിന്? ഇവിടെ വിത്തും അത്തിപ്പഴവും മുന്തിരിപ്പഴവും മാതളപ്പഴവും ഇല്ല; കുടിക്കുവാൻ വെള്ളവുമില്ല” എന്ന് പറഞ്ഞു.
6അനന്തരം മോശെയും അഹരോനും സഭയുടെമുമ്പിൽനിന്ന് സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ ചെന്ന് കവിണ്ണുവീണു; യഹോവയുടെ തേജസ്സ് അവർക്ക് പ്രത്യക്ഷമായി.
7യഹോവ മോശെയോട്: “നിന്റെ വടി എടുത്ത് നീയും നിന്റെ സഹോദരൻ അഹരോനും സഭയെ വിളിച്ചുകൂട്ടി അവർ കാൺകെ പാറയോട് കല്പിക്കുക.8എന്നാൽ അത് വെള്ളം തരും; പാറയിൽ നിന്ന് അവർക്ക് വെള്ളം പുറപ്പെടുവിച്ച് ജനത്തിനും അവരുടെ കന്നുകാലികൾക്കും കുടിക്കുവാൻ കൊടുക്കണം ”എന്ന് അരുളിച്ചെയ്തു.9തന്നോട് കല്പിച്ചതുപോലെ മോശെ യഹോവയുടെ സന്നിധിയിൽനിന്ന് വടി എടുത്തു.
10മോശെയും അഹരോനും പാറയുടെ അടുക്കൽ സഭയെ വിളിച്ചുകൂട്ടി അവരോട്: “മത്സരികളേ, കേൾപ്പിൻ; ഈ പാറയിൽനിന്ന് ഞങ്ങൾ നിങ്ങൾക്കുവേണ്ടി വെള്ളം പുറപ്പെടുവിക്കുമോ” എന്ന് പറഞ്ഞു.11മോശെ കൈ ഉയർത്തി വടികൊണ്ട് പാറയെ രണ്ട് പ്രാവശ്യം അടിച്ചു; വളരെ വെള്ളം പുറപ്പെട്ടു; ജനവും അവരുടെ കന്നുകാലികളും കുടിച്ചു.
12പിന്നെ യഹോവ മോശെയോടും അഹരോനോടും: “നിങ്ങൾ യിസ്രായേൽമക്കൾ കാൺകെ എന്നെ ശുദ്ധീകരിക്കുവാൻ തക്കവണ്ണം എന്നെ വിശ്വസിക്കാതിരുന്നതുകൊണ്ട് നിങ്ങൾ ഈ സഭയെ ഞാൻ അവർക്ക് കൊടുത്തിരിക്കുന്ന ദേശത്തേക്ക് കൊണ്ടുപോകുകയില്ല” എന്ന് അരുളിച്ചെയ്തു.13ഇത് യിസ്രായേൽമക്കൾ യഹോവയോട് കലഹിച്ചതും അവർ അവരിൽ ശുദ്ധീകരിക്കപ്പെട്ടതുമായ കലഹജലം.

14അനന്തരം മോശെ കാദേശിൽനിന്ന് എദോംരാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ച് പറയിച്ചത്: നിന്റെ സഹോദരനായ യിസ്രായേൽ ഇപ്രകാരം പറയുന്നു:15“ഞങ്ങൾക്കുണ്ടായ കഷ്ടതയൊക്കെയും നീ അറിഞ്ഞിരിക്കുന്നുവല്ലോ; ഞങ്ങളുടെ പിതാക്കന്മാർ ഈജിപ്റ്റിൽ പോയി ഏറിയ കാലം പാർത്തു: ഈജിപ്റ്റിലുള്ളവർ ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും പീഡിപ്പിച്ചു.16ഞങ്ങൾ യഹോവയോട് നിലവിളിച്ചപ്പോൾ അവിടുന്ന് ഞങ്ങളുടെ നിലവിളി കേട്ട് ഒരു ദൂതനെ അയച്ച് ഞങ്ങളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചു; ഞങ്ങൾ നിന്റെ അതിർത്തി പട്ടണമായ കാദേശിൽ എത്തിയിരിക്കുന്നു.
17ഞങ്ങൾ നിന്റെ ദേശത്തുകൂടി കടന്നുപോകുവാൻ അനുവദിക്കണമേ. ഞങ്ങൾ വയലിലോ, മുന്തിരിത്തോട്ടത്തിലോ കയറുകയില്ല; കിണറ്റിലെ വെള്ളം കുടിക്കുകയുമില്ല. ഞങ്ങൾ രാജപാതയിൽ കൂടി തന്നെ നടക്കും;
18നിന്റെ അതിർത്തി കഴിയുന്നതുവരെ ഇടത്തോട്ടോ വലത്തോട്ടോ തിരിയുകയുമില്ല”. എദോം അവനോട്: “നീ എന്റെ നാട്ടിൽ കൂടി കടക്കരുത്: കടന്നാൽ ഞാൻ വാളുമായി നിന്റെ നേരെ പുറപ്പെടും ”എന്ന് പറഞ്ഞു.19അതിന് യിസ്രായേൽമക്കൾ അവനോട്: “ഞങ്ങൾ പ്രധാനനിരത്തിൽക്കൂടി പൊയ്ക്കൊള്ളാം; ഞാനും എന്റെ കന്നുകാലിയും നിന്റെ വെള്ളം കുടിച്ചാൽ അതിന്റെ വില തരാം; കാൽനടയായി കടന്ന് പോകണമെന്നല്ലാതെ മറ്റൊന്നും എനിക്ക് വേണ്ടാ” എന്ന് പറഞ്ഞു.
20അതിന് അവൻ “നീ കടന്നുപോകരുത് ”എന്ന് പറഞ്ഞു. എദോം ബഹുസൈന്യത്തോടും ബലമുള്ള കൈയോടുംകൂടെ അവന്റെ നേരെ പുറപ്പെട്ടു.21ഇങ്ങനെ എദോം തന്റെ അതിർത്തിയിൽകൂടി കടന്നുപോകുവാൻ യിസ്രായേലിനെ സമ്മതിച്ചില്ല. യിസ്രായേൽ അവിടെ നിന്ന് പിന്തിരിഞ്ഞു .

22പിന്നെ യിസ്രായേൽമക്കളുടെ സർവ്വസഭയും കാദേശിൽനിന്ന് യാത്ര പുറപ്പെട്ട് ഹോർപർവ്വതത്തിൽ എത്തി.23എദോമിന്റെ അതിർത്തിയിലുള്ള ഹോർപർവ്വതത്തിൽവച്ച് യഹോവ മോശെയോടും അഹരോനോടും അരുളിച്ചെയ്തത്:24“അഹരോൻ തന്റെ ജനത്തോട് ചേരും; കലഹജലത്തിൽ നിങ്ങൾ എന്റെ കല്പന മറുത്തതുകൊണ്ട് ഞാൻ യിസ്രായേൽമക്കൾക്ക് കൊടുത്തിരിക്കുന്ന ദേശത്തേക്ക് അവൻ കടക്കുകയില്ല.
25അഹരോനെയും അവന്റെ മകനായ എലെയാസാരിനെയും കൂട്ടി അവരെ ഹോർപർവ്വതത്തിൽ കൊണ്ടുചെന്ന്26അഹരോന്റെ വസ്ത്രം ഊരി അവന്റെ മകനായ എലെയാസാരിനെ ധരിപ്പിക്കണം; അഹരോൻ അവിടെവച്ച് മരിച്ച് തന്റെ ജനത്തോടു ചേരും”.
27യഹോവ കല്പിച്ചതുപോലെ മോശെ ചെയ്തു; സർവ്വസഭയുടെയും മുമ്പിൽ അവർ ഹോർപർവ്വത്തിൽ കയറി.28മോശെ അഹരോന്റെ വസ്ത്രം ഊരി അവന്റെ മകനായ എലെയാസാരിനെ ധരിപ്പിച്ചു; അഹരോൻ അവിടെ പർവ്വതത്തിന്റെ മുകളിൽവച്ച് മരിച്ചു; മോശെയും എലെയാസാരും പർവ്വതത്തിൽനിന്ന് ഇറങ്ങിവന്നു.29‘അഹരോൻ മരിച്ചുപോയി’ എന്ന് സഭയെല്ലാം അറിഞ്ഞപ്പോൾ യിസ്രായേൽഗൃഹം ഒക്കെയും അഹരോനെക്കുറിച്ച് മുപ്പത് ദിവസം വിലപിച്ചുകൊണ്ടിരുന്നു

21

1യിസ്രായേൽ അഥാരീംവഴിയായി വരുന്നു എന്ന് തെക്കെ ദേശത്ത് വസിച്ചിരുന്ന കനാന്യനായ അരാദ്‌രാജാവ് കേട്ടപ്പോൾ അവൻ യിസ്രായേലിനോട് യുദ്ധം തുടങ്ങി ചിലരെ പിടിച്ചുകൊണ്ടുപോയി.2അപ്പോൾ യിസ്രായേൽ :“ഈ ജനത്തെ അവിടുന്ന് എന്റെ കയ്യിൽ ഏല്പിച്ചുതരുമെങ്കിൽ ഞാൻ അവരുടെ പട്ടണങ്ങൾ ശപഥാർപ്പിതമായി നശിപ്പിക്കും”എന്ന് യഹോവയോട് ശപഥം ചെയ്തു.3യഹോവ യിസ്രായേലിന്റെ അപേക്ഷ കേട്ട് കനാന്യരെ ഏല്പിച്ചുകൊടുത്തു; അവർ അവരെയും അവരുടെ പട്ടണങ്ങളെയും ശപഥാർപ്പിതമായി നശിപ്പിച്ചു; ആ സ്ഥലത്തിന് ഹോർമ്മാ എന്ന് പേരായി.

4പിന്നെ അവർ എദോംദേശത്തെ ചുറ്റിപ്പോകുവാൻ ഹോർപർവ്വതത്തിൽ നിന്ന് ചെങ്കടൽവഴിയായി യാത്ര പുറപ്പെട്ടു; വഴിമദ്ധ്യേ ജനത്തിന്റെ മനസ്സ് ക്ഷീണിച്ചു.5ജനം ദൈവത്തിനും മോശെക്കും വിരോധമായി സംസാരിച്ചു: “മരുഭൂമിയിൽ മരിക്കേണ്ടതിന് നിങ്ങൾ ഞങ്ങളെ മിസ്രയീംദേശത്തുനിന്ന് കൊണ്ടുവന്നത് എന്തിന്? ഇവിടെ അപ്പവുമില്ല, വെള്ളവുമില്ല; ഈ സാരമില്ലാത്ത ആഹാരം ഞങ്ങൾക്ക് വെറുപ്പാകുന്നു” എന്ന് പറഞ്ഞു.
6അപ്പോൾ യഹോവ ജനത്തിന്റെ ഇടയിൽ അഗ്നിസർപ്പങ്ങളെ അയച്ചു; അവ ജനത്തെ കടിച്ചു; യിസ്രായേലിൽ വളരെ ജനം മരിച്ചു.7ആകയാൽ ജനം മോശെയുടെ അടുക്കൽ വന്നു; “ഞങ്ങൾ യഹോവയ്ക്കും നിനക്കും വിരോധമായി സംസാരിച്ചതിനാൽ പാപം ചെയ്തിരിക്കുന്നു. സർപ്പങ്ങളെ ഞങ്ങളുടെ ഇടയിൽനിന്ന് നീക്കിക്കളയുവാൻ യഹോവയോട് പ്രാർത്ഥിക്കണം ”എന്ന് പറഞ്ഞു; മോശെ ജനത്തിനുവേണ്ടി പ്രാർത്ഥിച്ചു.
8യഹോവ മോശെയോട്: “ഒരു അഗ്നിസർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കുക; കടിയേല്ക്കുന്ന വ്യക്തി അതിനെ നോക്കിയാൽ ജീവിക്കും” എന്ന് പറഞ്ഞു.9അങ്ങനെ മോശെ താമ്രംകൊണ്ട് ഒരു സർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കി; പിന്നെ സർപ്പത്തിന്റെ കടിയേറ്റ ആരെങ്കിലും താമ്രസർപ്പത്തെ നോക്കിയാൽ അവൻ ജീവിക്കും.
10അനന്തരം യിസ്രായേൽമക്കൾ പുറപ്പെട്ട് ഓബോത്തിൽ പാളയമിറങ്ങി.11ഓബോത്തിൽനിന്ന് യാത്ര പുറപ്പെട്ട് സൂര്യോദയത്തിന് നേരെ മോവാബിന്റെ കിഴക്കുള്ള മരുഭൂമിയിൽ ഇയ്യെ-അബാരീമിൽ പാളയമിറങ്ങി.
12അവിടെനിന്ന് പുറപ്പെട്ട് സാരേദ് താഴ്വരയിൽ പാളയമിറങ്ങി.13അവിടെനിന്ന് പുറപ്പെട്ട് അമോര്യരുടെ ദേശത്തുനിന്ന് ഉത്ഭവിച്ച് മരുഭൂമിയിൽകൂടി ഒഴുകുന്ന അർന്നോൻതോട്ടിനക്കരെ പാളയമിറങ്ങി; അർന്നോൻ മോവാബിനും അമോര്യർക്കും മദ്ധ്യേ മോവാബിന്റെ അതിരായിരുന്നു. അതുകൊണ്ട്:
14“സൂഫയിലെ വാഹേബും അർന്നോൻ താഴ്വരകളും
ആരിന്റെ നിവാസത്തോളം നീണ്ടു.
15മോവാബിന്റെ അതിരോട് ചാഞ്ഞിരിക്കുന്ന താഴ്വരച്ചരിവ്”

എന്നിങ്ങനെ യഹോവയുടെ യുദ്ധപുസ്തകത്തിൽ പറഞ്ഞിരിക്കുന്നു.

16അവിടെനിന്ന് അവർ ബേരിലേക്ക് പോയി; യഹോവ മോശെയോട്: “ജനത്തെ ഒന്നിച്ചുകൂട്ടുക: ഞാൻ അവർക്ക് വെള്ളം കൊടുക്കുമെന്നു കല്പിച്ച കിണർ അത് തന്നേ”.
17ആ സമയത്ത് യിസ്രായേൽ:
“കിണറേ, പൊങ്ങിവാ; അതിനു പാടുവിൻ.
18പ്രഭുക്കന്മാർ കുഴിച്ച കിണർ; ജനശ്രേഷ്ഠന്മാർ ചെങ്കോൽകൊണ്ടും
തങ്ങളുടെ ദണ്ഡുകൾകൊണ്ടും കുത്തിയ കിണർ”
എന്നുള്ള പാട്ട് പാടി.
19പിന്നെ അവർ മരുഭൂമിയിൽനിന്ന് മത്ഥാനയ്ക്കും മത്ഥാനയിൽനിന്ന് നഹലീയേലിനും നഹലീയേലിൽനിന്ന്20ബാമോത്തിനും ബാമോത്തിൽനിന്ന് മോവാബിലെ താഴ്വരയിലേക്കും മരുഭൂമിക്കെതിരെയുള്ള പിസ്ഗമുകളിലേക്കും യാത്ര ചെയ്തു.

21അവിടെനിന്ന് യിസ്രായേൽ അമോര്യരുടെ രാജാവായ സീഹോന്റെ അടുക്കൽ ദൂതന്മാരെ അയച്ചു:22“ഞാൻ നിന്റെ ദേശത്തുകൂടി കടന്നുപോകുവാൻ അനുവദിക്കണമേ; ഞങ്ങൾ വയലിലോ മുന്തിരിത്തോട്ടത്തിലോ കയറുകയില്ല, കിണറ്റിലെ വെള്ളം കുടിക്കുകയുമില്ല; ഞങ്ങൾ നിന്റെ അതിർത്തി കഴിയുന്നതുവരെ രാജപാതയിൽകൂടി തന്നെ പൊയ്ക്കൊള്ളാം ”എന്ന് പറയിച്ചു.23എന്നാൽ സീഹോൻ തന്റെ ദേശത്തുകൂടി യിസ്രായേൽ കടന്നുപോകുവാൻ സമ്മതിക്കാതെ തന്റെ ജനത്തെയെല്ലാം ഒന്നിച്ചുകൂട്ടി യിസ്രായേലിന്റെ നേരെ മരുഭൂമിയിലേക്ക് പുറപ്പെട്ടു; അവൻ യാഹാസിൽ വന്ന് യിസ്രായേലിനോട് യുദ്ധം ചെയ്തു.
24യിസ്രായേൽ അവനെ വാളിന്റെ വായ്ത്തലകൊണ്ട് വെട്ടി, അർന്നോൻ മുതൽ യബ്ബോക്ക്‌വരെയും അമ്മോന്യരുടെ അതിർത്തിവരെയും ഉള്ള അവന്റെ ദേശത്തെ കൈവശമാക്കി; അമ്മോന്യരുടെ അതിരോ ഉറപ്പുള്ളത് ആയിരുന്നു.25ഈ പട്ടണങ്ങൾ എല്ലാം യിസ്രായേൽ പിടിച്ചു; അങ്ങനെ യിസ്രായേൽ അമോര്യരുടെ എല്ലാ പട്ടണങ്ങളിലും താമസിച്ചു; ഹെശ്ബോനിലും അതിന്റെ സകല ഗ്രാമങ്ങളിലും തന്നേ.26ഹെശ്ബോൻ അമോര്യരുടെ രാജാവായ സീഹോന്റെ നഗരം ആയിരുന്നു; അവൻ മുമ്പിലത്തെ മോവാബ് രാജാവിനോട് യുദ്ധം ചെയ്ത് അർന്നോൻ വരെയുള്ള അവന്റെ ദേശമൊക്കെയും പിടിച്ചെടുത്തിരുന്നു.
27അതുകൊണ്ട് കവിവരന്മാർ പറയുന്നത്:
“ഹെശ്ബോനിൽ വരുവിൻ; സീഹോന്റെ നഗരം പണിതുറപ്പിക്കട്ടെ.
28ഹെശ്ബോനിൽനിന്ന് തീയും
സീഹോന്റെ നഗരത്തിൽനിന്ന് ജ്വാലയും പുറപ്പെട്ട്,
മോവാബിലെ ആരിനെയും
അർന്നോൻ തീരത്തെ ഗിരിനിവാസികളെയും ദഹിപ്പിച്ചു.
29മോവാബേ, നിനക്ക് ഹാ കഷ്ടം!
കെമോശിന്റെ ജനമേ, നീ മുടിഞ്ഞിരിക്കുന്നു.
അവൻ തന്റെ പുത്രന്മാരെ പലായനത്തിനും
പുത്രിമാരെ അമോര്യരാജാവായ സീഹോന് അടിമയായും കൊടുത്തു.
30ഞങ്ങൾ അവരെ അമ്പെയ്തു; ദീബോൻവരെ ഹെശ്ബോൻ നശിച്ചു;
മെദബവരെയുള്ള നോഫയോളം അവരെ ശൂന്യമാക്കി.”
31ഇങ്ങനെ യിസ്രായേൽ അമോര്യരുടെ ദേശത്ത് താമസിച്ചു.32അനന്തരം മോശെ യസേരിനെ ഒറ്റുനോക്കുവാൻ ആളയച്ചു; അവർ അതിന്റെ ഗ്രാമങ്ങളെ പിടിച്ച് അവിടെയുള്ള അമോര്യരെ ഓടിച്ചുകളഞ്ഞു.
33പിന്നെ അവർ തിരിഞ്ഞ് ബാശാൻ വഴിയായി പോയി; ബാശാൻ രാജാവായ ഓഗ് തന്റെ സകലജനവുമായി അവരുടെനേരെ പുറപ്പെട്ട് എദ്രെയിൽ വച്ച് യുദ്ധം ചെയ്തു.34അപ്പോൾ യഹോവ മോശെയോട്: “അവനെ ഭയപ്പെടേണ്ടാ; അവനെയും അവന്റെ സകലജനത്തെയും അവന്റെ ദേശത്തെയും ഞാൻ നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; നീ ഹെശ്ബോനിൽ പാർത്ത അമോര്യരാജാവായ സീഹോനോട് ചെയ്തതുപോലെ അവനോടും ചെയ്യും ”എന്ന് അരുളിച്ചെയ്തു.35അങ്ങനെ അവർ അവനെയും അവന്റെ പുത്രന്മാരെയും അവന്റെ സകലജനത്തെയും നിശ്ശേഷം കൊന്നൊടുക്കി, അവന്റെ ദേശത്തെ കൈവശമാക്കുകയും ചെയ്തു.

22

1യിസ്രായേൽമക്കൾ യാത്ര പുറപ്പെട്ട് യെരീഹോവിന്റെ സമീപത്ത് യോർദ്ദാനക്കരെ മോവാബ് സമഭൂമിയിൽ പാളയമിറങ്ങി.

2യിസ്രായേൽ അമോര്യരോട് ചെയ്തതൊക്കെയും സിപ്പോരിന്റെ മകനായ ബാലാക്ക് അറിഞ്ഞു.3ജനം വളരെയധികം ആയിരുന്നതുകൊണ്ട് മോവാബ് ഏറ്റവും ഭയപ്പെട്ടു; യിസ്രായേൽമക്കൾ നിമിത്തം മോവാബ് പരിഭ്രമിച്ചു.4മോവാബ് മിദ്യാന്യമൂപ്പന്മാരോട്: “കാള വയലിലെ പുല്ല് നക്കിക്കളയുന്നതുപോലെ ഈ കൂട്ടം നമ്മുടെ ചുറ്റുമുള്ള എല്ലാവരെയും നക്കിക്കളയും ”എന്ന് പറഞ്ഞു. അക്കാലത്ത് മോവാബ്‌രാജാവ് സിപ്പോരിന്റെ മകനായ ബാലാക്ക് ആയിരുന്നു.
5അവൻ ബെയോരിന്റെ മകനായ ബിലെയാമിനെ വിളിക്കുവാൻ , നദീതീരത്തുള്ള അവന്റെ സ്വന്തജാതിക്കാരുടെ ദേശമായ പെഥോരിലേക്ക് ദൂതന്മാരെ അയച്ചു: “ഒരു ജനം ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുവന്ന് ഭൂതലത്തെ മൂടിയിരിക്കുന്നു; അവർ എനിക്കെതിരെ പാർക്കുന്നു.6നീ വന്ന് എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കണമേ; അവർ എന്നെക്കാൾ ഏറ്റവും ബലവാന്മാർ ആയിരിക്കുകയാൽ ഒരു പക്ഷേ അവരെ തോല്പിച്ച് ദേശത്തുനിന്ന് ഓടിച്ചുകളയുവാൻ എനിക്ക് കഴിവുണ്ടാകുമായിരിക്കും; ‘നീ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ, നീ ശപിക്കുന്നവൻ ശപിക്കപ്പെട്ടവൻ’ എന്ന് ഞാൻ അറിയുന്നു ”എന്ന് പറയിച്ചു.
7മോവാബിലേയും മിദ്യാനിലേയും മൂപ്പന്മാർ ഒന്നിച്ച് കയ്യിൽ പ്രശ്നദക്ഷിണയുമായി ബിലെയാമിന്റെ അടുക്കൽ ചെന്ന് ബാലാക്കിന്റെ വാക്കുകളെ അവനോട് പറഞ്ഞു.8അവൻ അവരോട്: “ഇന്ന് രാത്രി ഇവിടെ പാർക്കുവിൻ; യഹോവ എന്നോട് അരുളിച്ചെയ്യുന്നതുപോലെ ഞാൻ നിങ്ങളോട് ഉത്തരം പറയാം” എന്ന് പറഞ്ഞു. മോവാബ്യപ്രഭുക്കന്മാർ ബിലെയാമിനോടുകൂടെ പാർത്തു.
9ദൈവം ബിലെയാമിന്റെ അടുക്കൽ വന്നു: “നിന്നോടുകൂടെയുള്ള ഈ മനുഷ്യർ ആരാകുന്നു ”എന്ന് ചോദിച്ചു.10ബിലെയാം ദൈവത്തോട്: “ഒരു ജനം ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുവന്ന് ഭൂതലത്തെ മൂടിയിരിക്കുന്നു; നീ വന്ന് എനിക്കുവേണ്ടി അവരെ ശപിക്കണം.11പക്ഷേ അവരോട് യുദ്ധം ചെയ്ത് അവരെ ഓടിച്ചുകളയുവാൻ എനിക്ക് കഴിയും എന്നിങ്ങനെ മോവാബ്‌രാജാവായി സിപ്പോരിന്റെ മകനായ ബാലാക്ക് എന്റെ അടുക്കൽ പറഞ്ഞയച്ചിരിക്കുന്നു ”എന്ന് പറഞ്ഞു.
12ദൈവം ബിലെയാമിനോട്: “നീ അവരോടുകൂടെ പോകരുത്; ആ ജനത്തെ ശപിക്കുകയും അരുത്; അവർ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു ”എന്ന് കല്പിച്ചു.13ബിലെയാം രാവിലെ എഴുന്നേറ്റ് ബാലാക്കിന്റെ പ്രഭുക്കന്മാരോട്: “നിങ്ങളുടെ ദേശത്തേക്ക് പോകുവിൻ; നിങ്ങളോടുകൂടെ പോരുവാൻ യഹോവ എനിക്ക് അനുവാദം തരുന്നില്ല ”എന്ന് പറഞ്ഞു.14മോവാബ്യപ്രഭുക്കന്മാർ പുറപ്പെട്ട് ബാലാക്കിന്റെ അടുക്കൽ ചെന്ന്;“ ബിലെയാമിന് ഞങ്ങളോടുകൂടെ വരുവാൻ മനസ്സില്ല ” എന്ന് പറഞ്ഞു.
15ബാലാക്ക് വീണ്ടും അവരെക്കാൾ മാന്യരായ അധികം പ്രഭുക്കന്മാരെ അയച്ചു.16അവർ ബിലെയാമിന്റെ അടുക്കൽ വന്ന് അവനോട്: “എന്റെ അടുക്കൽ വരുന്നതിന് തടസ്സം ഒന്നും പറയരുതേ.17ഞാൻ നിന്നെ ഏറ്റവും ബഹുമാനിക്കും; നീ എന്നോട് പറയുന്നതൊക്കെയും ഞാൻ ചെയ്യാം; എനിക്കുവേണ്ടി വന്ന് ഈ ജനത്തെ ശപിക്കണമേ എന്ന് സിപ്പോരിന്റെ മകനായ ബാലാക്ക് പറയുന്നു” എന്ന് പറഞ്ഞു.
18ബിലെയാം ബാലാക്കിന്റെ ഭൃത്യന്മാരോട്: “ബാലാക്ക് തന്റെ ഗൃഹം നിറച്ച് വെള്ളിയും പൊന്നും എനിക്ക് തന്നാലും എന്റെ ദൈവമായ യഹോവയുടെ കല്പന ലംഘിച്ച് കൂടുതലോ കുറവോ ചെയ്യുവാൻ എനിക്ക് കഴിയുന്നതല്ല.19ആകയാൽ യഹോവ ഇനിയും എന്നോട് എന്ത് അരുളിച്ചെയ്യും എന്ന് ഞാൻ അറിയട്ടെ; നിങ്ങളും ഈ രാത്രി ഇവിടെ പാർക്കുവിൻ” എന്ന് ഉത്തരം പറഞ്ഞു.20രാത്രിയിൽ ദൈവം ബിലെയാമിന്റെ അടുക്കൽ വന്ന്: “ഇവർ നിന്നെ വിളിക്കുവാൻ വന്നിരിക്കുന്നുവെങ്കിൽ അവരോടുകൂടെ പോകുക; എന്നാൽ ഞാൻ നിന്നോട് കല്പിക്കുന്ന കാര്യം മാത്രം ചെയ്യുക” എന്ന് കല്പിച്ചു.
21ബിലെയാം രാവിലെ എഴുന്നേറ്റ് കഴുതയ്ക്ക് കോപ്പിട്ട് മോവാബ്യപ്രഭുക്കന്മാരോടുകൂടെ പോയി.22അവൻ പോകുന്നതുകൊണ്ട് ദൈവത്തിന്റെ കോപം ജ്വലിച്ചു; യഹോവയുടെ ദൂതൻ വഴിയിൽ അവന് എതിരാളിയായി നിന്നു; അവനോ കഴുതപ്പുറത്ത് കയറി യാത്ര ചെയ്യുകയായിരുന്നു; അവന്റെ രണ്ട് ബാല്യക്കാരും കൂടെ ഉണ്ടായിരുന്നു.23യഹോവയുടെ ദൂതൻ വാൾ ഊരിപ്പിടിച്ചുകൊണ്ട് വഴിയിൽ നില്ക്കുന്നത് കഴുത കണ്ട് വഴിയിൽ നിന്ന് മാറി വയലിലേക്ക് പോയി; കഴുതയെ വഴിയിലേക്ക് തിരിക്കേണ്ടതിന് ബിലെയാം അതിനെ അടിച്ചു.
24പിന്നെ യഹോവയുടെ ദൂതൻ ഇരുവശവും മതിലുള്ള മുന്തിരിത്തോട്ടങ്ങളുടെ ഇടയിലെ ഒരു ഇടുങ്ങിയ വഴിയിൽനിന്നു.25കഴുത യഹോവയുടെ ദൂതനെ കണ്ടപ്പോൾ മതിലിനരികെ ഒതുങ്ങി ബിലെയാമിന്റെ കാൽ മതിലിനോട് ചേർത്ത് ഞെരുക്കി; അവൻ അതിനെ വീണ്ടും അടിച്ചു.
26പിന്നെ യഹോവയുടെ ദൂതൻ മുമ്പോട്ടു ചെന്ന് ഇടത്തോട്ടും വലത്തോട്ടും മാറുവാൻ വഴിയില്ലാത്ത ഒരു ഇടുങ്ങിയ സ്ഥലത്ത് നിന്നു.27യഹോവയുടെ ദൂതനെ കണ്ടപ്പോൾ കഴുത ബിലെയാമിന്റെ കീഴിൽ കിടന്നു; ബിലെയാമിന്റെ കോപം ജ്വലിച്ചു ; അവൻ കഴുതയെ വടികൊണ്ട് അടിച്ചു.
28അപ്പോൾ യഹോവ കഴുതയുടെ വായ് തുറന്നു; അത് ബിലെയാമിനോട്: “നീ എന്നെ ഈ മൂന്ന് പ്രാവശ്യം അടിക്കുവാൻ ഞാൻ നിന്നോട് എന്ത് ചെയ്തു ”എന്ന് ചോദിച്ചു.29ബിലെയാം കഴുതയോട്: “നീ എന്നെ കളിയാക്കിയതുകൊണ്ടത്രേ; എന്റെ കയ്യിൽ ഒരു വാൾ ഉണ്ടായിരുന്നുവെങ്കിൽ ഞാൻ ഇപ്പോൾ തന്നെ നിന്നെ കൊന്നുകളയുമായിരുന്നു” എന്ന് പറഞ്ഞു.30കഴുത ബിലെയാമിനോട്: “ഞാൻ നിന്റെ കഴുതയല്ലയോ? ഇത്രയും കാലം എന്റെ പുറത്തല്ലയോ നീ കയറി നടന്നത്? ഞാൻ എപ്പോഴെങ്കിലും ഇങ്ങനെ നിന്നോട് കാണിച്ചിട്ടുണ്ടോ” എന്ന് ചോദിച്ചു; “ ഇല്ല ”എന്ന് അവൻ പറഞ്ഞു.
31അപ്പോൾ യഹോവ ബിലെയാമിന്റെ കണ്ണ് തുറന്നു; യഹോവയുടെ ദൂതൻ വാളൂരിപ്പിടിച്ചുകൊണ്ട് നില്ക്കുന്നത് അവൻ കണ്ട് സാഷ്ടാംഗം വീണ് നമസ്കരിച്ചു. യഹോവയുടെ ദൂതൻ അവനോട്:32“ഈ മൂന്ന് പ്രാവശ്യം നീ കഴുതയെ അടിച്ചത് എന്ത്? ഇതാ, ഞാൻ നിനക്ക് എതിരാളിയായി പുറപ്പെട്ടിരിക്കുന്നു: ‘നിന്റെ വഴി നാശകരം’ എന്ന് ഞാൻ കാണുന്നു.33കഴുത എന്നെ കണ്ട് ഈ മൂന്ന് പ്രാവശ്യം എന്റെ മുമ്പിൽനിന്ന് മാറിപ്പോയി; അത് മാറിപ്പോയിരുന്നില്ലെങ്കിൽ ഞാൻ ഇപ്പോൾ തന്നെ നിന്നെ കൊന്നുകളയുകയും അതിനെ ജീവനോടെ രക്ഷിക്കുകയും ചെയ്യുമായിരുന്നു” എന്ന് പറഞ്ഞു.
34ബിലെയാം യഹോവയുടെ ദൂതനോട്: “ഞാൻ പാപം ചെയ്തിരിക്കുന്നു: അങ്ങ് എനിക്ക് എതിരായി വഴിയിൽനിന്നിരുന്നു എന്ന് ഞാൻ അറിഞ്ഞില്ല; ഇത് അങ്ങേയ്ക്ക് അനിഷ്ടമാണെങ്കിൽ ഞാൻ മടങ്ങിപ്പൊയ്ക്കൊള്ളാം ”എന്ന് പറഞ്ഞു.35യഹോവയുടെ ദൂതൻ ബിലെയാമിനോട്:“ ഇവരോടുകൂടെ പോകുക; എങ്കിലും ഞാൻ നിന്നോട് കല്പിക്കുന്ന വചനം മാത്രം പറയുക ” എന്ന് പറഞ്ഞു; ബിലെയാം ബാലാക്കിന്റെ പ്രഭുക്കന്മാരോടുകൂടെ പോകുകയും ചെയ്തു.
36ബിലെയാം വരുന്നു എന്ന് ബാലാക്ക് കേട്ടപ്പോൾ അർന്നോൻതീരത്ത് ദേശത്തിന്റെ അതിർത്തിയിലുള്ള ഈർമോവാബ് വരെ അവനെ എതിരേറ്റുചെന്നു.37ബാലാക്ക് ബിലെയാമിനോട്: “ഞാൻ നിന്നെ വിളിക്കുവാൻ ആളയച്ചില്ലയോ? നീ വരാതിരുന്നത് എന്ത്? നിന്നെ ബഹുമാനിക്കുവാൻ എനിക്ക് കഴിയുകയില്ലയോ“ എന്ന് പറഞ്ഞതിന് ബിലെയാം ബാലാക്കിനോട്:
38“ഞാൻ വന്നിരിക്കുന്നുവല്ലോ; എന്നാൽ എന്തെങ്കിലും പറയുവാൻ എനിക്ക് കഴിയുമോ? ദൈവം എന്റെ നാവിന്മേൽ ആക്കിത്തരുന്ന വചനമേ ഞാൻ പ്രസ്താവിക്കുകയുള്ളു ”എന്ന് പറഞ്ഞു.39അങ്ങനെ ബിലെയാം ബാലാക്കിനോടുകൂടെ പോയി; അവർ കിര്യത്ത് - ഹൂസോത്തിൽ എത്തി.40ബാലാക്ക് കാളകളെയും ആടുകളെയും അറുത്ത് ബിലെയാമിനും അവനോടുകൂടെയുള്ള പ്രഭുക്കന്മാർക്കും കൊടുത്തയച്ചു.
41പിറ്റെന്നാൾ ബാലാക്ക് ബിലെയാമിനെ ബാമോത്ത്-ബാലിലേക്ക് കൂട്ടിക്കൊണ്ടുപോയി; അവിടെനിന്ന് അവൻ ജനത്തിന്റെ ഒരു അറ്റം കണ്ടു.

23

1അനന്തരം ബിലെയാം ബാലാക്കിനോട്: “ഇവിടെ ഏഴ് യാഗപീഠം പണിത്, ഏഴ് കാളയെയും ഏഴ് ആട്ടുകൊറ്റനെയും എനിക്കായി ഒരുക്കിനിർത്തുക ”എന്ന് പറഞ്ഞു.2ബിലെയാം പറഞ്ഞതുപോലെ ബാലാക്ക് ചെയ്തു; ബാലാക്കും ബിലെയാമും ഓരോ യാഗപീഠത്തിന്മേൽ ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും വീതം യാഗം കഴിച്ചു;3പിന്നെ ബിലെയാം ബാലാക്കിനോട്: “നിന്റെ ഹോമയാഗത്തിന്റെ അടുക്കൽ നിൽക്കുക; ഞാൻ അങ്ങോട്ടു ചെല്ലട്ടെ; പക്ഷേ യഹോവ എനിക്ക് പ്രത്യക്ഷനാകും; അവിടുന്ന് എനിക്ക് എന്ത് വെളിപ്പെടുത്തുന്നുവോ അത് ഞാൻ നിന്നോട് അറിയിക്കും ”എന്ന് പറഞ്ഞ് കുന്നിന്മേൽ കയറി.

4ദൈവം ബിലെയാമിന് പ്രത്യക്ഷനായി; ബിലെയാം അവനോട്: “ഞാൻ ഏഴ് യാഗപീഠം ഒരുക്കി ഓരോന്നിലും ഓരോ കാളയെയും ഓരോ ആട്ടുകൊറ്റനെയും യാഗം കഴിച്ചിരിക്കുന്നു” എന്ന് പറഞ്ഞു.5അനന്തരം യഹോവ ഒരു വചനം ബിലെയാമിന്റെ നാവിന്മേൽ കൊടുത്തു: “നീ ബാലാക്കിന്റെ അടുക്കൽ മടങ്ങിച്ചെന്ന് ഇപ്രകാരം പറയണം ” എന്ന് കല്പിച്ചു.6അവൻ അവന്റെ അടുക്കൽ മടങ്ങിച്ചെന്നു; അവനും മോവാബ്യപ്രഭുക്കന്മാർ എല്ലാവരും ഹോമയാഗത്തിന്റെ അടുക്കൽ നിൽക്കുകയായിരുന്നു.
7അപ്പോൾ ബിലെയാം സുഭാഷിതം ചൊല്ലിത്തുടങ്ങിയത്:
“ബാലാക്ക് എന്നെ അരാമിൽനിന്നും
മോവാബ്‌രാജാവ് പൂർവ്വപർവ്വതങ്ങളിൽനിന്നും വരുത്തി:
‘ചെന്ന് യാക്കോബിനെ ശപിക്കുക;
ചെന്ന് യിസ്രായേലിനെ ഭത്സിക്കുക’ എന്ന് പറഞ്ഞു.
8ദൈവം ശപിക്കാത്തവനെ ഞാൻ എങ്ങനെ ശപിക്കും?
യഹോവ ഭത്സിക്കാത്തവനെ ഞാൻ എങ്ങനെ ഭത്സിക്കും?
9ശിലാഗ്രങ്ങളിൽനിന്ന് ഞാൻ അവനെ കാണുന്നു;
ഗിരികളിൽനിന്ന് ഞാൻ അവനെ ദർശിക്കുന്നു;
ഇതാ തനിച്ചുപാർക്കുന്നോരു ജനം;
ജാതികളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്നതുമില്ല.
10യാക്കോബിന്റെ പൊടിയെ ആർക്ക് എണ്ണാം?
യിസ്രായേലിൽ കാൽ ഭാഗത്തെ ആർക്ക് ഗണിക്കാം?
ഭക്തന്മാർ മരിക്കുമ്പോലെ ഞാൻ മരിക്കട്ടെ;
എന്റെ അവസാനം അവന്റേതുപോലെ ആകട്ടെ.

11ബാലാക്ക് ബിലെയാമിനോട്: “നീ എന്നോട് ഈ ചെയ്തത് എന്ത്? എന്റെ ശത്രുക്കളെ ശപിക്കുവാനല്ലോ ഞാൻ നിന്നെ വരുത്തിയത്? നീയോ അവരെ അനുഗ്രഹിക്കുകയത്രേ ചെയ്തിരിക്കുന്നു” എന്ന് പറഞ്ഞു.12അതിന് അവൻ: “യഹോവ എന്റെ നാവിന്മേൽ തന്നത് പറയുവാൻ ഞാൻ ശ്രദ്ധിക്കണ്ടായോ” എന്ന് ഉത്തരം പറഞ്ഞു.
13ബാലാക്ക് അവനോട്: “നീ അവരെ മറ്റൊരു സ്ഥലത്തുനിന്ന് കാണേണ്ടതിന് എന്നോടുകൂടെ വരിക; എന്നാൽ അവരുടെ ഒരറ്റം മാത്രമല്ലാതെ എല്ലാവരെയും കാണുകയില്ല; അവിടെനിന്ന് അവരെ ശപിക്കണം” എന്ന് പറഞ്ഞു.14ഇങ്ങനെ അവൻ പിസ്ഗകൊടുമുടിയിൽ സോഫീം എന്ന മുകൾപ്പരപ്പിലേക്ക് അവനെ കൊണ്ടുപോയി ഏഴ് യാഗപീഠം പണിത് ഓരോന്നിലും ഓരോ കാളയെയും ഓരോ ആട്ടുകൊറ്റനെയും യാഗം കഴിച്ചു.15പിന്നെ അവൻ ബാലാക്കിനോട്: “ഇവിടെ നിന്റെ ഹോമയാഗത്തിന്റെ അടുക്കൽ നിൽക്കുക; ഞാൻ അങ്ങോട്ട് ചെന്ന് കാണട്ടെ ”എന്ന് പറഞ്ഞു.
16യഹോവ ബിലെയാമിന് പ്രത്യക്ഷനായി അവന്റെ നാവിന്മേൽ ഒരു വചനം കൊടുത്തു: “ബാലാക്കിന്റെ അടുക്കൽ മടങ്ങിച്ചെന്ന് ഇപ്രകാരം പറയുക ”എന്ന് കല്പിച്ചു.17അവൻ അവന്റെ അടുക്കൽ വന്നപ്പോൾ അവൻ മോവാബ്യപ്രഭുക്കന്മാരോടുകൂടെ തന്റെ ഹോമയാഗത്തിന്റെ അടുക്കൽ നിന്നിരുന്നു. അപ്പോൾ ബാലാക്ക് അവനോട്: “യഹോവ അരുളിച്ചെയ്തത് എന്ത് ”എന്ന് ചോദിച്ചു.18അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയത്:
“ബാലാക്കേ, എഴുന്നേറ്റ് കേൾക്കുക;
സിപ്പോരിന്റെ പുത്രാ, എനിക്ക് ചെവി തരിക.
19വ്യാജം പറയുവാൻ ദൈവം മനുഷ്യനല്ല;
അനുതപിക്കുവാൻ അവിടുന്ന് മനുഷ്യപുത്രനുമല്ല;
അവിടുന്ന് ചെയ്യാതിരിക്കുമോ?
അവിടുന്ന് അരുളിച്ചെയ്തത് നിവർത്തിക്കാതിരിക്കുമോ?
20അനുഗ്രഹിക്കുവാൻ എനിക്ക് കല്പന ലഭിച്ചിരിക്കുന്നു;
അവിടുന്ന് അനുഗ്രഹിച്ചിരിക്കുന്നു; എനിക്കു അത് മറിച്ചുകൂടാ.
21യാക്കോബിൽ തിന്മ കാണുവാനില്ല;
യിസ്രായേലിൽ കഷ്ടത ദർശിപ്പാനുമില്ല;
അവന്റെ ദൈവമായ യഹോവ അവനോടുകൂടെ ഇരിക്കുന്നു;
രാജകോലാഹലം അവരുടെ മദ്ധ്യേ ഉണ്ട്.
22ദൈവം അവരെ ഈജിപ്റ്റിൽ നിന്ന് കൊണ്ടുവരുന്നു;
കാട്ടുപോത്തിനു തുല്യമായ ബലം അവനുണ്ട്.
23ആഭിചാരം യാക്കോബിന് പറ്റുകയില്ല;
ലക്ഷണവിദ്യ യിസ്രായേലിനോട് ഫലിക്കുകയുമില്ല;
ഇപ്പോൾ യാക്കോബിനെക്കുറിച്ചും യിസ്രായേലിനെക്കുറിച്ചും:
ദൈവം എന്തെല്ലാം പ്രവർത്തിച്ചിരിക്കുന്നു എന്നേ പറയാവു.
24ഇതാ, ജനം സിംഹിയെപ്പോലെ എഴുന്നേല്ക്കുന്നു;
ബാലസിംഹത്തെപ്പോലെ എഴുന്നേറ്റുനില്ക്കുന്നു;
അവൻ ഇര പിടിച്ച് തിന്നാതെയും
നിഹതന്മാരുടെ രക്തം കുടിക്കാതെയും കിടക്കുകയില്ല.
25അപ്പോൾ ബാലാക്ക് ബിലെയാമിനോട്: “അവരെ ശപിക്കുകയും വേണ്ടാ അനുഗ്രഹിക്കുകയും വേണ്ടാ ”എന്ന് പറഞ്ഞു.26ബിലെയാം ബാലാക്കിനോട്: “യഹോവ കല്പിക്കുന്നതൊക്കെയും ഞാൻ ചെയ്യും എന്ന് നിന്നോട് പറഞ്ഞില്ലയോ” എന്നുത്തരം പറഞ്ഞു.27ബാലാക്ക് ബിലെയാമിനോട്: “വരിക, ഞാൻ നിന്നെ മറ്റൊരു സ്ഥലത്ത് കൊണ്ടുപോകും; അവിടെനിന്ന് നീ എനിക്കുവേണ്ടി അവരെ ശപിക്കുവാൻ ദൈവത്തിന് പക്ഷേ സമ്മതമാകും ” എന്ന് പറഞ്ഞു.
28അങ്ങനെ ബാലാക്ക് ബിലെയാമിനെ മരുഭൂമിക്ക് എതിരെയുള്ള പെയോർമലയുടെ മുകളിൽ കൊണ്ടുപോയി.29ബിലെയാം ബാലാക്കിനോട്: “ഇവിടെ എനിക്ക് ഏഴ് യാഗപീഠം പണിത് ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും ഒരുക്കിനിർത്തുക” എന്ന് പറഞ്ഞു.30ബിലെയാം പറഞ്ഞതുപോലെ ബാലാക്ക് ചെയ്തു; ഓരോ യാഗപീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു.

24

1യിസ്രായേലിനെ അനുഗ്രഹിക്കുന്നത് യഹോവയ്ക്ക് പ്രസാദമെന്ന് ബിലെയാം കണ്ടപ്പോൾ അവൻ മുമ്പിലത്തെപ്പോലെ ലക്ഷണം നോക്കുവാൻ പോകാതെ മരുഭൂമിക്കുനേരെ മുഖം തിരിച്ചു.

2ബിലെയാം തല ഉയർത്തി യിസ്രായേൽ ഗോത്രംഗോത്രമായി പാർക്കുന്നത് കണ്ടു; ദൈവത്തിന്റെ ആത്മാവ് അവന്റെമേൽ വന്നു;3അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയത്:
“ബെയോരിന്റെ മകനായ ബിലെയാം പറയുന്നു.
4കണ്ണടച്ചിരിക്കുന്ന പുരുഷൻ പറയുന്നു;
ദൈവത്തിന്റെ അരുളപ്പാട് കേൾക്കുന്നവൻ,
സർവ്വശക്തന്റെ ദർശനം ദർശിക്കുന്നവൻ,
വീഴുമ്പോൾ കണ്ണു തുറന്നിരിക്കുന്നവൻ പറയുന്നത്:
5യാക്കോബേ, നിന്റെ കൂടാരങ്ങൾ,
യിസ്രായേലേ, നിന്റെ നിവാസങ്ങൾ എത്ര മനോഹരം!
6താഴ്വരപോലെ അവ പരന്നിരിക്കുന്നു;
നദീതീരത്തെ ഉദ്യാനങ്ങൾപോലെ,
യഹോവ നട്ടിരിക്കുന്ന ചന്ദനവൃക്ഷങ്ങൾപോലെ,
ജലാന്തികേയുള്ള ദേവദാരുക്കൾപോലെ തന്നെ.
7അവന്റെ തൊട്ടികളിൽനിന്ന് വെള്ളം ഒഴുകുന്നു;
അവന്റെ വിത്തിന് വെള്ളം ധാരാളം;
അവന്റെ രാജാവ് ആഗാഗിലും ശ്രേഷ്ഠൻ;
അവന്റെ രാജത്വം ഉന്നതം തന്നെ.
8ദൈവം അവനെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവരുന്നു;
കാട്ടുപോത്തിന് തുല്യമായ ബലം അവനുണ്ട്;
ശത്രുജാതികളെ അവൻ തിന്നുകളയുന്നു; അവരുടെ അസ്ഥികളെ അവൻ തകർക്കുന്നു;
അസ്ത്രം എയ്ത് അവരെ തുളയ്ക്കുന്നു.
9അവൻ സിംഹംപോലെ പതുങ്ങിക്കിടക്കുന്നു;
ഒരു സിംഹിപോലെ തന്നെ; ആരവനെ ഉണർത്തും?
നിന്നെ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ;
നിന്നെ ശപിക്കുന്നവൻ ശപിക്കപ്പെട്ടവൻ.
10അപ്പോൾ ബാലാക്കിന്റെ കോപം ബിലെയാമിന്റെ നേരെ ജ്വലിച്ചു; അവൻ കൈഞെരിച്ച് ബിലെയാമിനോട്: “എന്റെ ശത്രുക്കളെ ശപിക്കുവാൻ ഞാൻ നിന്നെ വിളിപ്പിച്ചു; നീയോ ഇവരെ ഈ മൂന്ന് പ്രാവശ്യവും ആശീർവ്വദിക്കുകയത്രേ ചെയ്തിരിക്കുന്നു.11ഇപ്പോൾ നിന്റെ സ്ഥലത്തേക്ക് ഓടിപ്പോകുക; നിന്നെ ഏറ്റവും ബഹുമാനിക്കുവാൻ ഞാൻ വിചാരിച്ചിരുന്നു; എന്നാൽ യഹോവ നിനക്ക് ബഹുമാനം മുടക്കിയിരിക്കുന്നു ”എന്ന് പറഞ്ഞു.
12അതിന് ബിലെയാം ബാലാക്കിനോട് പറഞ്ഞത്: “ബാലാക്ക് തന്റെ ഗൃഹം നിറച്ച് വെള്ളിയും പൊന്നും തന്നാലും യഹോവയുടെ കല്പന ലംഘിച്ച് ഗുണമെങ്കിലും ദോഷമെങ്കിലും സ്വമേധയായി ചെയ്യുവാൻ എനിക്ക് കഴിയുന്നതല്ല;13‘യഹോവ അരുളിച്ചെയ്യുന്നത് മാത്രമേ ഞാൻ പറയുകയുള്ളു ’എന്ന് എന്റെ അടുക്കൽ നീ അയച്ച ദൂതന്മാരോട് ഞാൻ പറഞ്ഞില്ലയോ?14ഇപ്പോൾ ഇതാ, ഞാൻ എന്റെ ജനത്തിന്റെ അടുക്കലേക്ക് പോകുന്നു; വരിക, ഭാവികാലത്ത് ഈ ജനം നിന്റെ ജനത്തോട് എന്ത് ചെയ്യുമെന്ന് ഞാൻ നിന്നെ അറിയിക്കാം.
15പിന്നെ അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയതെന്തെന്നാൽ:
ബെയോരിന്റെ മകൻ ബിലെയാം പറയുന്നു;
കണ്ണടച്ചിരിക്കുന്ന പുരുഷൻ പറയുന്നു;
16ദൈവത്തിന്റെ അരുളപ്പാട് കേൾക്കുന്നവൻ,
അത്യുന്നതന്റെ പരിജ്ഞാനം പ്രാപിച്ചവൻ,
സർവ്വശക്തന്റെ ദർശനം ദർശിക്കുന്നവൻ,
വീഴുമ്പോൾ കണ്ണു തുറന്നിരിക്കുന്നവൻ പറയുന്നത്:
17ഞാൻ അവിടുത്തെ കാണും, ഇപ്പോൾ അല്ലതാനും;
ഞാൻ അവിടുത്തെ ദർശിക്കും, അടുത്തല്ലതാനും.
യാക്കോബിൽനിന്ന് ഒരു നക്ഷത്രം ഉദിക്കും;
യിസ്രായേലിൽനിന്ന് ഒരു ചെങ്കോൽ ഉയരും.
അത് മോവാബിന്റെ പാർശ്വങ്ങളെയെല്ലാം തകർക്കുകയും
തുമുലപുത്രന്മാരെ1 ഒക്കെയും സംഹരിക്കുകയും ചെയ്യും.
18എദോം ഒരു അധീനദേശമാകും;
ശത്രുവായ സെയീരും അധീനദേശമാകും;
യിസ്രായേലോ വീര്യം പ്രവർത്തിക്കും.
19യാക്കോബിൽനിന്ന് ഒരുത്തൻ ഭരിക്കും;
ശേഷിച്ചവരെ അവൻ നഗരത്തിൽനിന്ന് നശിപ്പിക്കും”.
20അവൻ അമാലേക്കിനെ നോക്കി സുഭാഷിതം ചൊല്ലിയത്:
“അമാലേക്ക് ജാതികളിൽ മുമ്പൻ;
അവന്റെ അവസാനമോ നാശം അത്രേ”.
21അവൻ കേന്യരെ നോക്കി സുഭാഷിതം ചൊല്ലിയത്:
“നിന്റെ നിവാസം ഉറപ്പുള്ളത്:
നിന്റെ കൂട് പാറയിൽ വച്ചിരിക്കുന്നു.
22എങ്കിലും കേന്യന് നിർമ്മൂലനാശം ഭവിക്കും;
അശ്ശൂർ നിന്നെ പിടിച്ചുകൊണ്ടുപോവാൻ ഇനിയെത്ര?”
23പിന്നെ അവൻ ഈ സുഭാഷിതം ചൊല്ലിയത്:
“ഹാ, ദൈവം ഇത് നിവർത്തിക്കുമ്പോൾ ആർ ജീവിച്ചിരിക്കും?
24കിത്തീംതീരത്തുനിന്ന് കപ്പലുകൾ വരും;
അവ അശ്ശൂരിനെ താഴ്ത്തും, ഏബെരിനെയും താഴ്ത്തും.
അവനും നിർമ്മൂലനാശം ഭവിക്കും.
25അതിന്റെ ശേഷം ബിലെയാം പുറപ്പെട്ട് തന്റെ സ്ഥലത്തേക്ക് മടങ്ങിപ്പോയി; ബാലാക്കും തന്റെ വഴിക്ക് പോയി.


1 24:17 തുമുലപുത്രന്മാരെ ശേത്തിന്റെ പുത്രന്മാർ

25

1യിസ്രായേൽ ശിത്തീമിൽ പാർക്കുമ്പോൾ ജനം മോവാബ്യസ്ത്രീകളുമായി പരസംഗം തുടങ്ങി.2അവർ ജനത്തെ തങ്ങളുടെ ദേവന്മാരുടെ ബലികൾക്ക് ക്ഷണിച്ചു; ജനം ഭക്ഷിക്കുകയും അവരുടെ ദേവന്മാരെ നമസ്കരിക്കുകയും ചെയ്തു.3യിസ്രായേൽ ബാൽപെയോരിനോടു ചേർന്നു; അതിനാൽ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു.

4യഹോവ മോശെയോട്: “യഹോവയുടെ ഉഗ്രകോപം യിസ്രായേലിനെ വിട്ടുമാറേണ്ടതിന് ജനത്തിന്റെ തലവന്മാരെയൊക്കെയും കൂട്ടി അവരെ യഹോവയുടെ മുമ്പാകെ പരസ്യമായി തൂക്കിക്കളയുക ”എന്ന് കല്പിച്ചു.5മോശെ യിസ്രായേൽ ന്യായാധിപന്മാരോട്: “നിങ്ങളുടെ ആളുകളിൽ ബാൽപെയോരിനോട് ചേർന്നവരെ നിങ്ങൾ തന്നെ കൊല്ലുവിൻ” എന്ന് പറഞ്ഞു.
6എന്നാൽ മോശെയും യിസ്രായേൽ സഭ ഒക്കെയും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ കരഞ്ഞുകൊണ്ടിരിക്കുമ്പോൾ അവർ കാൺകെ, ഒരു യിസ്രായേല്യൻ തന്റെ സഹോദരന്മാരുടെ മദ്ധ്യത്തിലേക്ക് ഒരു മിദ്യാന്യസ്ത്രീയെ കൊണ്ടുവന്നു.7അഹരോൻപുരോഹിതന്റെ മകനായ എലെയാസാരിന്റെ മകൻ ഫീനെഹാസ് അത് കണ്ടപ്പോൾ സഭയുടെ മദ്ധ്യേനിന്ന് എഴുന്നേറ്റ് കയ്യിൽ ഒരു കുന്തം എടുത്ത്,
8ആ യിസ്രായേല്യന്റെ പിന്നാലെ കൂടാരത്തിലേക്ക് ചെന്ന് ഇരുവരെയും, ആ യിസ്രായേല്യനെയും ആ സ്ത്രീയെയും തന്നെ, അവളുടെ ഉദരം തുളയുംവണ്ണം കുത്തി; അപ്പോൾ ബാധ യിസ്രായേൽ മക്കളെ വിട്ടുമാറി.9ബാധകൊണ്ട് മരിച്ചുപോയവർ ഇരുപത്തിനാലായിരം പേർ.

10പിന്നെ യഹോവ മോശെയോട് അരുളിച്ചെയ്തത്:11“ഞാൻ എന്റെ തീക്ഷ്ണതയിൽ യിസ്രായേൽമക്കളെ സംഹരിക്കാതിരിക്കേണ്ടതിന് അഹരോൻപുരോഹിതന്റെ മകനായ എലെയാസാരിന്റെ മകൻ ഫീനെഹാസ് അവരുടെ ഇടയിൽ എനിക്കുവേണ്ടി തീക്ഷ്ണതയുള്ളവനായി പ്രവർത്തിച്ച് എന്റെ ക്രോധം അവരെ വിട്ടുപോകുവാൻ ഇടയാക്കിയിരിക്കുന്നു.
12ആകയാൽ ഇതാ, ഞാൻ അവന് എന്റെ സമാധാനനിയമം കൊടുക്കുന്നു.13‘അവൻ തന്റെ ദൈവത്തിനുവേണ്ടി തീക്ഷ്ണതയുള്ളവനായി യിസ്രായേൽമക്കൾക്കുവേണ്ടി പ്രായശ്ചിത്തം കഴിച്ചതുകൊണ്ട് അത് അവനും അവന്റെ സന്തതിക്കും നിത്യപൗരോഹിത്യത്തിന്റെ നിയമമാകും’ എന്ന് നീ പറയുക”.
14മിദ്യാന്യസ്ത്രീയോടുകൂടെ കൊന്ന യിസ്രായേല്യന് സിമ്രി എന്ന് പേർ; അവൻ ശിമെയോൻ ഗോത്രത്തിൽ ഒരു പ്രഭുവായ സാലൂവിന്റെ മകൻ ആയിരുന്നു.15കൊല്ലപ്പെട്ട മിദ്യാന്യസ്ത്രീക്ക് കൊസ്ബി എന്ന് പേർ; അവൾ ഒരു മിദ്യാന്യഗോത്രത്തിൽ ജനാധിപനായിരുന്ന സൂരിന്റെ മകളായിരുന്നു.

16പെയോരിന്റെ സംഗതിയിലും പെയോർ നിമിത്തം ഉണ്ടായ ബാധയുടെ നാളിൽ കൊല്ലപ്പെട്ട അവരുടെ സഹോദരിയായി മിദ്യാന്യപ്രഭുവിന്റെ മകൾ കൊസ്ബിയുടെ സംഗതിയിലും മിദ്യാന്യർ നിങ്ങളെ ചതിച്ച് ഉപായങ്ങളാൽ ബുദ്ധുമുട്ടിച്ചിരിക്കുകകൊണ്ട്,17നിങ്ങൾ അവരെ ബുദ്ധിമുട്ടിച്ച് സംഹരിക്കുവിൻ18എന്ന് യഹോവ മോശെയോട് അരുളിച്ചെയ്തു.

26

1ബാധക്കുശേഷം യഹോവ മോശെയോടും പുരോഹിതനായ അഹരോന്റെ മകൻ എലെയാസാരിനോടും:2“യിസ്രായേൽമക്കളുടെ സർവ്വസഭയെയും ഇരുപത് വയസ്സുമുതൽ മേലോട്ട് യുദ്ധത്തിന് പ്രാപ്തിയുള്ള എല്ലാവരെയും ഗോത്രം ഗോത്രമായി എണ്ണി സംഖ്യ എടുക്കുവിൻ ”എന്ന് കല്പിച്ചു.

3അങ്ങനെ മോശെയും പുരോഹിതനായ എലെയാസാരും യെരീഹോവിന്റെ സമീപത്ത് യോർദ്ദാനരികെയുള്ള മോവാബ് സമഭൂമിയിൽവച്ച് അവരോട്:4“യഹോവ മോശെയോടും ഈജിപ്തിൽനിന്ന് പുറപ്പെട്ട യിസ്രായേൽമക്കളോടും കല്പിച്ചതുപോലെ ഇരുപത് വയസ്സുമുതൽ മേലോട്ടുള്ളവരുടെ സംഖ്യയെടുപ്പിൻ ” എന്ന് പറഞ്ഞു.

5യിസ്രായേലിന്റെ ആദ്യജാതൻ രൂബേൻ; രൂബേന്റെ പുത്രന്മാർ: ഹനോക്കിൽനിന്ന് ഹനോക്ക്യകുടുംബം; പല്ലൂവിൽനിന്ന് പല്ലൂവ്യകുടുംബം;6ഹെസ്രോനിൽനിന്ന് ഹെസ്രോന്യകുടുംബം; കർമ്മിയിൽനിന്ന് കർമ്മ്യകുടുംബം.7ഇവയാകുന്നു രൂബേന്യകുടുംബങ്ങൾ; അവരിൽ എണ്ണപ്പെട്ടവർ നാല്പത്തി മൂവായിരത്തി എഴുനൂറ്റിമുപ്പത് പേർ.
8പല്ലൂവിന്റെ പുത്രന്മാർ: എലീയാബ്.9എലീയാബിന്റെ പുത്രന്മാർ: നെമൂവേൽ, ദാഥാൻ, അബീരാം. യഹോവയ്ക്ക് വിരോധമായി കലഹിച്ചപ്പോൾ കോരഹിന്റെ കൂട്ടത്തിൽ മോശെക്കും അഹരോനും വിരോധമായി കലഹിച്ച സംഘപ്രമാണിമാരായ ദാഥാനും അബീരാമും ഇവർ തന്നേ;
10ഭൂമി വായ് തുറന്ന് അവരെയും കോരഹിനെയും വിഴുങ്ങിക്കളയുകയും തീ ഇരുനൂറ്റമ്പത് പേരെ ദഹിപ്പിക്കുകയും ചെയ്ത സമയം ആ കൂട്ടം മരിച്ചു; അവർ ഒരു അടയാളമായിത്തീർന്നു.11എന്നാൽ കോരഹിന്റെ പുത്രന്മാർ മരിച്ചില്ല.

12ശിമെയോന്റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: നെമൂവേലിൽനിന്ന് നെമൂവേല്യകുടുംബം; യാമീനിൽനിന്ന് യാമീന്യകുടുംബം; യാഖീനിൽനിന്ന് യാഖീന്യകുടുംബം;13സേരഹിൽനിന്ന് സേരഹ്യകുടുംബം; ശാവൂലിൽനിന്ന് ശാവൂല്യകുടുംബം.14ശിമെയോന്യകുടുംബങ്ങളായ ഇവർ ഇരുപത്തി രണ്ടായിരത്തി ഇരുനൂറ് പേർ.

15ഗാദിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: സെഫോനിൽനിന്ന് സെഫോന്യകുടുംബം; ഹഗ്ഗിയിൽനിന്ന് ഹഗ്ഗീയകുടുംബം; ശൂനിയിൽനിന്ന് ശൂനീയകുടുംബം;16ഒസ്നിയിൽനിന്ന് ഒസ്നീയകുടുംബം; ഏരിയിൽനിന്ന് ഏര്യകുടുംബം;17അരോദിൽനിന്ന് അരോദ്യകുടുംബം; അരേലിയിൽനിന്ന് അരേല്യകുടുംബം.18അവരിൽ എണ്ണപ്പെട്ടവരായി ഗാദ്പുത്രന്മാരുടെ കുടുംബങ്ങളായ ഇവർ നാല്പതിനായിരത്തി അഞ്ഞൂറ് പേർ.

19യെഹൂദയുടെ പുത്രന്മാർ ഏരും ഓനാനും ആയിരുന്നു; ഏരും ഒനാനും കനാൻദേശത്തുവച്ച് മരിച്ചുപോയി.20യെഹൂദയുടെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: ശേലയിൽനിന്ന് ശേലാന്യകുടുംബം; ഫേരെസിൽനിന്ന് ഫേരെസ്യകുടുംബം; സേരഹിൽനിന്ന് സേരഹ്യകുടുംബം.21ഫേരെസിന്റെ പുത്രന്മാർ: ഹെസ്രോനിൽനിന്ന് ഹെസ്രോന്യകുടുംബം; ഹാമൂലിൽനിന്ന് ഹാമൂല്യകുടുംബം.22അവരിൽ എണ്ണപ്പെട്ടവരായി യെഹൂദാകുടുംബങ്ങളായ ഇവർ എഴുപത്തി ആറായിരത്തി അഞ്ഞൂറ് പേർ.

23യിസ്സാഖാരിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: തോലാവിൽ നിന്ന് തോലാവ്യകുടുംബം; പൂവയിൽനിന്ന് പൂവ്യകുടുംബം;24യാശൂബിൽനിന്ന് യാശൂബ്യകുടുംബം; ശിമ്രോനിൽനിന്ന് ശിമ്രോന്യകുടുംബം.25അവരിൽ എണ്ണപ്പെട്ടവരായി യിസ്സാഖാർകുടുംബങ്ങളായ ഇവർ അറുപത്തിനാലായിരത്തിമുന്നൂറ് പേർ.

26സെബൂലൂന്റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: സേരെദിൽനിന്ന് സേരെദ്യകുടുംബം; ഏലോനിൽനിന്ന് ഏലോന്യകുടുംബം; യഹ്ലേലിൽനിന്ന് യഹ്ലേല്യകുടുംബം.27അവരിൽ എണ്ണപ്പെട്ടവരായി സെബൂലൂന്യകുടുംബങ്ങളായ ഇവർ അറുപതിനായിരത്തി അഞ്ഞൂറ് പേർ.

28യോസേഫിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: മനശ്ശെയും എഫ്രയീമും.29മനശ്ശെയുടെ പുത്രന്മാർ: മാഖീരിൽനിന്ന് മാഖീര്യകുടുംബം; മാഖീർ ഗിലെയാദിനെ ജനിപ്പിച്ചു; ഗിലെയാദിൽനിന്ന് ഗിലെയാദ്യകുടുംബം.
30ഗിലെയാദിന്റെ പുത്രന്മാർ ഇവരാണ്: ഈയേസെരിൽ നിന്ന് ഈയേസെര്യകുടുംബം; ഹേലെക്കിൽനിന്ന് ഹേലെക്ക്യകുടുംബം.31അസ്രീയേലിൽനിന്ന് അസ്രീയേല്യകുടുംബം; ശേഖെമിൽനിന്ന് ശേഖെമ്യകുടുംബം;32ശെമീദാവിൽനിന്ന് ശെമീദാവ്യകുടുംബം; ഹേഫെരിൽനിന്ന് ഹേഫെര്യകുടുംബം.
33ഹേഫെരിന്റെ മകനായ സെലോഫഹാദിന് പുത്രിമാർ അല്ലാതെ പുത്രന്മാർ ഉണ്ടായിരുന്നില്ല; സെലോഫഹാദിന്റെ പുത്രിമാർ മഹ്ലാ, നോവാ, ഹൊഗ്ല, മിൽക്കാ, തിർസാ എന്നിവരായിരുന്നു.34അവരിൽ എണ്ണപ്പെട്ടവരായി മനശ്ശെകുടുംബങ്ങളായ ഇവർ അമ്പത്തി രണ്ടായിരത്തി എഴുനൂറ് പേർ.
35എഫ്രയീമിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: ശൂഥേലഹിൽനിന്ന് ശൂഥേലഹ്യകുടുംബം; ബേഖെരിൽനിന്ന് ബേഖെര്യകുടുംബം; തഹനിൽനിന്ന് തഹന്യകുടുംബം,36ശൂഥേലഹിന്റെ പുത്രന്മാർ ഇവരാണ്: ഏരാനിൽനിന്ന് ഏരാന്യകടുംബം.37അവരിൽ എണ്ണപ്പെട്ടവരായി എഫ്രയീമ്യകുടുംബങ്ങളായ ഇവർ മുപ്പത്തി രണ്ടായിരത്തി അഞ്ഞൂറ് പേർ. ഇവർ കുടുംബംകുടുംബമായി യോസേഫിന്റെ പുത്രന്മാർ.

38ബെന്യാമീന്റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: ബേലയിൽനിന്ന് ബേലാവ്യകുടുംബം; അസ്ബേലിൽനിന്ന് അസ്ബേല്യകുടുംബം; അഹീരാമിൽനിന്ന് അഹീരാമ്യകുടുംബം;39ശെഫൂമിൽനിന്ന് ശെഫൂമ്യകുടുംബം; ഹൂഫാമിൽനിന്ന് ഹൂഫാമ്യകുടുംബം.40ബേലിയുടെ പുത്രന്മാർ അർദ്ദും നാമാനും ആയിരുന്നു; അർദ്ദിൽനിന്ന് അർദ്ദ്യകുടുംബം; നാമാനിൽനിന്ന് നാമാന്യകുടുംബം.41ഇവർ കുടുംബംകുടുംബമായി ബെന്യാമീന്റെ പുത്രന്മാർ; അവരിൽ എണ്ണപ്പെട്ടവർ നാല്പത്തി അയ്യായിരത്തി അറുനൂറ് പേർ.

42ദാന്റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: ശൂഹാമിൽനിന്ന് ശൂഹാമ്യ കുടുംബം; ഇവർ കുടുംബംകുടുംബമായി ദാന്യകുടുംബങ്ങൾ ആകുന്നു.43ശൂഹാമ്യകുടുംബങ്ങളിൽ എണ്ണപ്പെട്ടവർ എല്ലാംകൂടി അറുപത്തിനാലായിരത്തിനാനൂറ് പേർ.

44ആശേരിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: യിമ്നയിൽനിന്ന് യിമ്നീയകുടുംബം; യിശ്വയിൽനിന്ന് യിശ്വീയ കുടുംബം; ബെരീയാവിൽനിന്ന് ബെരീയാവ്യകുടുംബം.45ബെരീയാവിന്റെ പുത്രന്മാരുടെ കുടുംബംങ്ങൾ ആരെന്നാൽ: ഹേബെരിൽനിന്ന് ഹേബെര്യകുടുംബം; മൽക്കീയേലിൽനിന്ന് മൽക്കീയേല്യകുടുംബം.46ആശേരിന്റെ പുത്രിക്ക് സാറാ എന്ന് പേർ.47ഇവർ ആശേർപുത്രന്മാരുടെ കുടുംബങ്ങൾ. അവരിൽ എണ്ണപ്പെട്ടവർ അമ്പത്തിമൂവായിരത്തിനാനൂറ് പേർ.

48നഫ്താലിയുടെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: യഹ്സേലിൽനിന്ന് യഹ്സേല്യകുടുംബം; ഗൂനിയിൽനിന്ന് ഗൂന്യകുടുംബം;49യേസെരിൽനിന്ന് യേസെര്യകുടുംബം. ശില്ലോമിൽനിന്ന് ശില്ലോമ്യകുടുംബം.50ഇവർ കുടുംബംകുടുംബമായി നഫ്താലികുടുംബങ്ങൾ ആകുന്നു; അവരിൽ എണ്ണപ്പെട്ടവർ നാല്പത്തയ്യായിരത്തിനാനൂറ് പേർ.
51യിസ്രായേൽമക്കളിൽ എണ്ണപ്പെട്ട ഇവർ ആറുലക്ഷത്തി ഓരായിരത്തി എഴുനൂറ്റിമുപ്പത് പേർ.

52പിന്നെ യഹോവ മോശെയോട് അരുളിച്ചെയ്തത്:53ഇവർക്ക് ആളെണ്ണം അനുസരിച്ച് ദേശത്തെ അവകാശമായി വിഭാഗിച്ച് കൊടുക്കണം.
54ആളേറെയുള്ളവർക്ക് അവകാശം ഏറെയും കുറവുള്ളവർക്ക് അവകാശം കുറച്ചും കൊടുക്കണം; ഓരോരുത്തന് അവനവന്റെ ആളെണ്ണം അനുസരിച്ച് അവകാശം കൊടുക്കണം.55ദേശത്തെ ചീട്ടിട്ട് വിഭാഗിക്കണം; അതത് പിതൃഗോത്രത്തിന്റെ പേരിനൊത്തവണ്ണം അവർക്ക് അവകാശം ലഭിക്കണം.56ആൾ ഏറെയുള്ളവർക്കും കുറവുള്ളവർക്കും അവകാശം ചീട്ടിട്ട് വിഭാഗിക്കണം.

57ലേവ്യരിൽ എണ്ണപ്പെട്ടവർ കുടുംബംകുടുംബമായി ഇവരാണ്: ഗേർശോനിൽനിന്ന് ഗേർശോന്യകുടുംബം; കെഹാത്തിൽനിന്ന് കെഹാത്യകുടുംബം; മെരാരിയിൽനിന്ന് മെരാര്യകുടുംബം.58ലേവ്യകുടുംബങ്ങൾ ഇതാണ്: ലിബ്നീയകുടുംബം; ഹെബ്രോന്യകുടുംബം; മഹ്ലീയകുടുംബം; മൂശ്യകുടുംബം; കോരഹ്യകുടുംബം. കെഹാത്ത് അമ്രാമിനെ ജനിപ്പിച്ചു.59അമ്രാമിന്റെ ഭാര്യക്ക് യോഖേബേദ് എന്ന് പേർ; അവൾ ഈജിപ്റ്റിൽ വെച്ച് ലേവിക്ക് ജനിച്ച മകൾ; അവൾ അമ്രാമിന് അഹരോനെയും മോശെയെയും അവരുടെ സഹോദരിയായ മിര്യാമിനെയും പ്രസവിച്ചു.
60അഹരോന് നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവർ ജനിച്ചു.61എന്നാൽ നാദാബും അബീഹൂവും യഹോവയുടെ സന്നിധിയിൽ അന്യാഗ്നി കത്തിച്ച് മരിച്ചുപോയി.62ഒരു മാസം പ്രായംമുതൽ മേലോട്ട് അവരിൽ എണ്ണപ്പെട്ട പുരുഷന്മാർ ആകെ ഇരുപത്തിമൂവായിരം പേർ; യിസ്രായേൽമക്കളുടെ ഇടയിൽ അവർക്ക് അവകാശം കൊടുക്കായ്കകൊണ്ട് അവരെ യിസ്രായേൽമക്കളുടെ കൂട്ടത്തിൽ എണ്ണിയില്ല.

63യെരീഹോവിന്റെ സമീപത്ത് യോർദ്ദാനരികെ മോവാബ്സമഭൂമിയിൽവച്ച് യിസ്രായേൽമക്കളെ എണ്ണിയപ്പോൾ മോശെയും പുരോഹിതനായ എലെയാസാരും എണ്ണിയവർ ഇവർ തന്നെ.64എന്നാൽ മോശെയും അഹരോൻപുരോഹിതനും സീനായിമരുഭൂമിയിൽവച്ച് യിസ്രായേൽമക്കളെ എണ്ണിയപ്പോൾ അവർ എണ്ണിയവരിൽ ആരും ഇവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല.
65‘അവർ മരുഭൂമിയിൽവച്ച് മരിച്ചുപോകും’ എന്ന് യഹോവ അവരെക്കുറിച്ച് അരുളിച്ചെയ്തിരുന്നു. യെഫുന്നെയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും ഒഴികെ അവരിൽ ഒരുത്തനും ശേഷിച്ചില്ല.

27

1അനന്തരം യോസേഫിന്റെ മകനായ മനശ്ശെയുടെ കുടുംബങ്ങളിൽ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മകനായ ഹേഫെരിന്റെ മകനായ സെലോഫഹാദിന്റെ പുത്രിമാർ അടുത്തുവന്നു. അവന്റെ പുത്രിമാർ മഹ്ലാ, നോവ, ഹോഗ്ല, മിൽക്കാ, തിർസാ എന്നിവരായിരുന്നു.

2അവർ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ മോശെയുടെയും എലെയാസാർപുരോഹിതന്റെയും പ്രഭുക്കന്മാരുടെയും സർവ്വസഭയുടെയും മുമ്പാകെ നിന്ന് പറഞ്ഞത് എന്തെന്നാൽ:3“ഞങ്ങളുടെ അപ്പൻ മരുഭൂമിയിൽവച്ച് മരിച്ചുപോയി; എന്നാൽ അവൻ യഹോവയ്ക്ക് വിരോധമായി കോരഹിനോട് കൂടിയവരുടെ കൂട്ടത്തിൽ ചേർന്നിരുന്നില്ല; അവൻ സ്വന്തപാപത്താൽ അത്രേ മരിച്ചത്; അവന് പുത്രന്മാർ ഉണ്ടായിരുന്നില്ല.
4ഞങ്ങളുടെ അപ്പന് പുത്രന്മാർ ഇല്ലായ്കകൊണ്ട് അവന്റെ പേർ കുടുംബത്തിൽനിന്ന് ഇല്ലാതെയാകുന്നത് എന്തിന്? അപ്പന്റെ സഹോദരന്മാരുടെ ഇടയിൽ ഞങ്ങൾക്ക് ഒരു അവകാശം തരണം”.5മോശെ അവരുടെ കാര്യം യഹോവയുടെ മുമ്പാകെ കൊണ്ടുവന്നു.
6യഹോവ മോശെയോട് അരുളിച്ചെയ്തത്:7“സെലോഫഹാദിന്റെ പുത്രിമാർ പറയുന്നത് ശരിതന്നെ; അവരുടെ അപ്പന്റെ സഹോദരന്മാരുടെ ഇടയിൽ അവർക്ക് ഒരു അവകാശം കൊടുക്കണം; അവരുടെ അപ്പന്റെ അവകാശം അവർക്ക് കൊടുക്കണം.8നീ യിസ്രായേൽമക്കളോട് പറയേണ്ടത് എന്തെന്നാൽ: ‘ഒരുത്തൻ മകനില്ലാതെ മരിച്ചാൽ അവന്റെ അവകാശം അവന്റെ മകൾക്ക് കൊടുക്കണം.
9അവന് മകൾ ഇല്ലാതിരുന്നാൽ അവന്റെ അവകാശം അവന്റെ സഹോദരന്മാർക്ക് കൊടുക്കണം.10അവന് സഹോദരന്മാർ ഇല്ലാതിരുന്നാൽ അവന്റെ അവകാശം അവന്റെ അപ്പന്റെ സഹോദരന്മാർക്ക് കൊടുക്കണം.11അവന്റെ അപ്പന് സഹോദരന്മാർ ഇല്ലാതിരുന്നാൽ നിങ്ങൾ അവന്റെ കുടുംബത്തിൽ അവന്റെ അടുത്ത ചാർച്ചക്കാരന് അവന്റെ അവകാശം കൊടുക്കണം; അവൻ അത് കൈവശമാക്കണം;’ ഇത് യഹോവ മോശെയോട് കല്പിച്ചതുപോലെ യിസ്രായേൽമക്കൾക്ക് ന്യായപ്രമാണം ആയിരിക്കണം”.

12അനന്തരം യഹോവ മോശെയോട് കല്പിച്ചത്: “ഈ അബാരീംമലയിൽ കയറി ഞാൻ യിസ്രായേൽമക്കൾക്ക് കൊടുത്തിരിക്കുന്ന ദേശം നോക്കുക.13അത് കണ്ടതിനുശേഷം നിന്റെ സഹോദരനായ അഹരോനെപ്പോലെ നീയും നിന്റെ ജനത്തോട് ചേരും.14സഭയുടെ കലഹത്തിൽ നിങ്ങൾ സീൻമരുഭൂമിയിൽവച്ച് അവർ കാൺകെ വെള്ളത്തിന്റെ കാര്യത്തിൽ എന്നെ ശുദ്ധീകരിക്കാതെ എന്റെ കല്പനയെ മറുത്തതുകൊണ്ട് തന്നെ. സീൻമരുഭൂമിയിൽ കാദേശിലെ കലഹജലം അത് തന്നെ”.
15അപ്പോൾ മോശെ യഹോവയോട്:16“യഹോവയുടെ സഭ ഇടയനില്ലാത്ത ആടുകളെപ്പോലെ ആകാതിരിക്കുവാൻ അവർക്ക് മുമ്പായി പോകുവാനും വരുവാനും അവരെ പുറത്ത് കൊണ്ടുപോകുവാനും17അകത്ത് കൊണ്ടുവരുവാനും സകലജഡത്തിന്റെയും ആത്മാക്കളുടെ ദൈവമായ യഹോവ സഭയുടെമേൽ ഒരാളെ നിയമിക്കുമാറാകട്ടെ ”എന്ന് പറഞ്ഞു.
18യഹോവ മോശെയോട് കല്പിച്ചത്: “ നൂന്റെ മകനും എന്റെ ആത്മാവുള്ള പുരുഷനുമായ യോശുവയെ വിളിച്ച് അവന്റെ മേൽ കൈവച്ച്19അവനെ പുരോഹിതനായ എലെയാസാരിന്റെയും സർവ്വസഭയുടെയും മുമ്പാകെ നിർത്തി അവർ കാൺകെ അവന് ആജ്ഞ കൊടുക്കുക.
20യിസ്രായേൽമക്കളുടെ സഭയെല്ലാം അനുസരിക്കേണ്ടതിന് നിന്റെ മഹിമയിൽ ഒരംശം അവന്റെ മേൽ വയ്ക്കണം.21അവൻ പുരോഹിതനായ എലെയാസാരിന്റെ മുമ്പാകെ നില്ക്കണം; അവൻ അവനുവേണ്ടി യഹോവയുടെ സന്നിധിയിൽ ഊരീംമുഖാന്തരം അരുളപ്പാട് ചോദിക്കണം; അവനും യിസ്രായേൽമക്കളുടെ സർവ്വസഭയും അവന്റെ വാക്കുപ്രകാരം പോകുകയും വരികയും വേണം”.
22യഹോവ തന്നോട് കല്പിച്ചതുപോലെ മോശെ ചെയ്തു; അവൻ യോശുവയെ വിളിച്ച് പുരോഹിതനായ എലെയാസാരിന്റെയും സർവ്വസഭയുടെയു മുമ്പാകെ നിർത്തി.23അവന്റെമേൽ കൈവച്ച് യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ അവന് ആജ്ഞ കൊടുത്തു.

28

1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:2“എനിക്കു സൗരഭ്യവാസനയായ ദഹനയാഗങ്ങൾക്കുള്ള എന്റെ ഭോജനമായ വഴിപാട് തക്കസമയത്ത് എനിക്ക് അർപ്പിക്കേണ്ടതിന് ശ്രദ്ധിക്കുവാൻ യിസ്രായേൽമക്കളോട് കല്പിക്കണം.

3നീ അവരോട് പറയേണ്ടത്: ‘നിങ്ങൾ യഹോവയ്ക്ക് അർപ്പിക്കേണ്ടുന്ന ദഹനയാഗം ഇതാണ്: നാൾതോറും നിരന്തരഹോമയാഗത്തിനായി ഒരു വയസ്സ് പ്രായമുള്ള ഊനമില്ലാത്ത രണ്ട് കുഞ്ഞാട്.4ഒരു കുഞ്ഞാടിനെ രാവിലെയും മറ്റേതിനെ വൈകുന്നേരത്തും യാഗം കഴിക്കണം.5ഇടിച്ചെടുത്ത എണ്ണ കാൽ ഹീൻ ചേർത്ത ഒരിടങ്ങഴി മാവ് ഭോജനയാഗമായും അർപ്പിക്കണം.
6ഇത് യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗമായി സീനായിപർവ്വതത്തിൽവച്ച് നിയമിക്കപ്പെട്ട നിരന്തരഹോമയാഗം.7അതിന്റെ പാനീയയാഗം കുഞ്ഞാടൊന്നിന് കാൽ ഹീൻ മദ്യം ആയിരിക്കണം; അത് യഹോവയ്ക്ക് പാനീയയാഗമായി വിശുദ്ധമന്ദിരത്തിൽ ഒഴിക്കണം.8രണ്ടാമത്തെ കുഞ്ഞാടിനെ വൈകുന്നേരം യാഗം കഴിക്കണം; അതിനെ രാവിലത്തെ ഭോജനയാഗവും അതിന്റെ പാനീയയാഗവുംപോലെ യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗമായി അർപ്പിക്കണം.

9ശബ്ബത്ത്നാളിലോ ഒരു വയസ്സ് പ്രായമുള്ള ഊനമില്ലാത്ത രണ്ട് കുഞ്ഞാടിനെയും ഭോജനയാഗത്തിനായി എണ്ണചേർത്ത രണ്ടിടങ്ങഴി മാവും അതിന്റെ പാനീയയാഗവും അർപ്പിക്കണം.10നിരന്തരഹോമയാഗത്തിനും അതിന്റെ പാനീയയാഗത്തിനും പുറമെ ഇത് ശബ്ബത്തുതോറുമുള്ള ഹോമയാഗം.

11നിങ്ങളുടെ മാസാരംഭങ്ങളിൽ നിങ്ങൾ യഹോവയ്ക്ക് ഹോമയാഗത്തിനായി രണ്ട് കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സ് പ്രായമുള്ള ഊനമില്ലാത്ത ഏഴ് കുഞ്ഞാടിനെയും12കാള ഒന്നിന് ഭോജനയാഗമായി എണ്ണചേർത്ത മൂന്നിടങ്ങഴി മാവും ആട്ടുകൊറ്റന് ഭോജനയാഗമായി എണ്ണചേർത്ത രണ്ടിടങ്ങഴി മാവും13കുഞ്ഞാടൊന്നിന് ഭോജനയാഗമായി എണ്ണചേർത്ത ഒരിടങ്ങഴി മാവും അർപ്പിക്കണം. അത് ഹോമയാഗം; യഹോവയ്ക്ക് സൌരഭ്യവാസനയായ ദഹനയാഗം തന്നെ.
14അവയുടെ പാനീയയാഗം കാളയൊന്നിന് അര ഹീൻ വീഞ്ഞും ആട്ടുകൊറ്റന് ഹീനിന്റെ മൂന്നിൽ ഒന്നും കുഞ്ഞാടൊന്നിന് കാൽ ഹീനും ആയിരിക്കണം; ഇത് മാസംതോറും എല്ലാ 1 അമാവാസിയിലുമുള്ള ഹോമയാഗം.15നിരന്തരഹോമയാഗത്തിനും അതിന്റെ പാനീയയാഗത്തിനും പുറമെ പാപയാഗമായി യഹോവയ്ക്ക് ഒരു കോലാട്ടുകൊറ്റനെയും അർപ്പിക്കണം.

16ഒന്നാം മാസം പതിനാലാം തീയതി യഹോവയുടെ പെസഹ ആകുന്നു.17ആ മാസം പതിനഞ്ചാം തീയതി പെരുനാൾ ആയിരിക്കണം. ഏഴ് ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നണം.18ഒന്നാം ദിവസം വിശുദ്ധസഭായോഗം കൂടണം; അന്ന് സാമാന്യവേലയൊന്നും ചെയ്യരുത്.
19എന്നാൽ നിങ്ങൾ യഹോവയ്ക്ക് ഹോമയാഗത്തിനായി ഊനമില്ലാത്തവയായ രണ്ട് കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സ് പ്രായമുള്ള ഏഴ് കുഞ്ഞാടിനെയും ദഹനയാഗമായി അർപ്പിക്കണം.20അവയുടെ ഭോജനയാഗം എണ്ണ ചേർത്ത മാവ് ആയിരിക്കണം; കാള ഒന്നിന് മൂന്നിടങ്ങഴിയും ആട്ടുകൊറ്റന് രണ്ടിടങ്ങഴിയും21ഏഴ് കുഞ്ഞാടുകളിൽ ഓരോന്നിന് ഓരോ ഇടങ്ങഴിയും അർപ്പിക്കണം.22നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കുവാൻ പാപയാഗത്തിനായി ഒരു കോലാടിനെയും അർപ്പിക്കണം.
23നിരന്തരഹോമയാഗമായ രാവിലത്തെ ഹോമയാഗത്തിന് പുറമെ ഇവ അർപ്പിക്കണം.24ഇങ്ങനെ ഏഴു നാളും യഹോവയ്ക്ക് സൗരഭ്യവാസനയായി ദഹനയാഗത്തിന്റെ ഭോജനം ദിവസംപ്രതി അർപ്പിക്കണം. നിരന്തരഹോമയാഗത്തിനും അതിന്റെ പാനീയയാഗത്തിനും പുറമെ ഇത് അർപ്പിക്കണം.25ഏഴാം ദിവസം വിശുദ്ധസഭായോഗം കൂടണം; അന്ന് സാമാന്യവേലയൊന്നും ചെയ്യരുത്.

26വാരോത്സവമായ ആദ്യഫലദിവസത്തിൽ പുതിയധാന്യംകൊണ്ട് ഒരു ഭോജനയാഗം കൊണ്ടുവരുമ്പോഴും വിശുദ്ധസഭായോഗം കൂടണം. അന്ന് സാമാന്യവേലയൊന്നും ചെയ്യരുത്.27എന്നാൽ നിങ്ങൾ യഹോവയ്ക്ക് സൗരഭ്യവാസനയായ ഹോമയാഗത്തിനായി രണ്ട് കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സ് പ്രായമുള്ള ഏഴ് കുഞ്ഞാടിനെയും അർപ്പിക്കണം.28അവയുടെ ഭോജനയാഗമായി എണ്ണചേർത്ത മാവ്, കാള ഒന്നിന് ഇടങ്ങഴി മൂന്നും ആട്ടുകൊറ്റന് ഇടങ്ങഴി രണ്ടും
29ഏഴ് കുഞ്ഞാടുകളിൽ ഓരോന്നിന് ഇടങ്ങഴി ഓരോന്നും30നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കുവാൻ ഒരു കോലാട്ടുകൊറ്റനും വേണം.31നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും അവയുടെ പാനീയയാഗത്തിനും പുറമെ നിങ്ങൾ ഇവ അർപ്പിക്കണം; അവ ഊനമില്ലാത്തവ ആയിരിക്കണം.


1 28:14 അമാവാസി എന്നാൽ കറുത്തവാവ്

29

1“ഏഴാം മാസം ഒന്നാം തീയതി വിശുദ്ധസഭായോഗം കൂടണം; അന്ന് സാമാന്യവേലയൊന്നും ചെയ്യരുത്; അത് നിങ്ങൾക്ക് കാഹളനാദോത്സവം ആകുന്നു.

2അന്ന് നിങ്ങൾ യഹോവയ്ക്ക് സൗരഭ്യവാസനയായി ഊനമില്ലാത്ത ഒരു കാളക്കിടാവ് , ഒരു ആട്ടുകൊറ്റൻ , ഒരു വയസ്സ് പ്രായമുള്ള ഏഴ് കുഞ്ഞാട് എന്നിവയെ ഹോമയാഗമായി അർപ്പിക്കണം.
3അവയുടെ ഭോജനയാഗം എണ്ണചേർത്ത മാവ് കാളയ്ക്ക് മൂന്നിടങ്ങഴിയും ആട്ടുകൊറ്റന് രണ്ടിടങ്ങഴിയും ,4ഏഴ് കുഞ്ഞാടുകളിൽ ഓരോന്നിന് ഓരോ ഇടങ്ങഴി വീതവും ആയിരിക്കണം.5നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കുവാൻ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.
6അമാവാസിയിലെ ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും ദിവസേനയുള്ള ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും അവയുടെ നിയമപ്രകാരമുള്ള പാനീയയാഗങ്ങൾക്കും പുറമെ യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗമായി ഇവ അർപ്പിക്കണം.

7ഏഴാം മാസം പത്താം തീയതി വിശുദ്ധസഭായോഗം കൂടണം; അന്ന് നിങ്ങൾ ആത്മതപനം ചെയ്യണം; വേലയൊന്നും ചെയ്യരുത്.8എന്നാൽ യഹോവയ്ക്ക് സുഗന്ധവാസനയായ ഹോമയാഗമായി ഊനമില്ലാത്ത ഒരു കാളക്കിടാവ് , ഒരു ആട്ടുകൊറ്റൻ , ഒരു വയസ്സ് പ്രായമുള്ള ഏഴ് കുഞ്ഞാട് എന്നിവ അർപ്പിക്കണം.
9അവയുടെ ഭോജനയാഗം എണ്ണചേർത്ത മാവ് കാളയ്ക്ക് മൂന്നിടങ്ങഴിയും ആട്ടുകൊറ്റന് രണ്ടിടങ്ങഴിയും10ഏഴ് കുഞ്ഞാടുകളിൽ ഓരോന്നിന് ഓരോ ഇടങ്ങഴി വീതവും ആയിരിക്കണം.11പ്രായശ്ചിത്തയാഗത്തിനും നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.

12ഏഴാം മാസം പതിനഞ്ചാം തീയതി വിശുദ്ധസഭായോഗം കൂടണം; അന്ന് സാമാന്യവേലയൊന്നും ചെയ്യരുത്; ഏഴ് ദിവസം യഹോവയ്ക്ക് ഉത്സവം ആചരിക്കണം.13നിങ്ങൾ യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗമായി ഊനമില്ലാത്ത പതിമൂന്ന് കാളക്കിടാവിനെയും രണ്ട് ആട്ടുകൊറ്റനെയും ഒരു വയസ്സ് പ്രായമുള്ള പതിനാല് കുഞ്ഞാടിനെയും ഹോമയാഗമായി അർപ്പിക്കണം.
14അവയുടെ ഭോജനയാഗം പതിമൂന്ന് കാളകളിൽ ഓരോന്നിന് എണ്ണചേർത്ത മാവ് മൂന്നിടങ്ങഴി വീതവും രണ്ട് ആട്ടുകൊറ്റനിൽ ഓരോന്നിന് രണ്ടിടങ്ങഴി വീതവും15പതിനാല് കുഞ്ഞാടുകളിൽ ഓരോന്നിനും ഓരോ ഇടങ്ങഴി വീതവും ആയിരിക്കണം.16നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും അതിന്റെ പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.

17രണ്ടാം ദിവസം നിങ്ങൾ പന്ത്രണ്ട് കാളക്കിടാവിനെയും രണ്ട് ആട്ടുകൊറ്റനെയും ഒരു വയസ്സ് പ്രായമുള്ള ഊനമില്ലാത്ത പതിനാല് കുഞ്ഞാടിനെയും അർപ്പിക്കണം.18അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാട് എന്നിവയുടെ എണ്ണവും നിയമവും പോലെ ആയിരിക്കണം.19നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.

20മൂന്നാം ദിവസം ഊനമില്ലാത്ത പതിനൊന്ന് കാളയെയും രണ്ട് ആട്ടുകൊറ്റനെയും ഒരു വയസ്സ് പ്രായമുള്ള പതിനാല് കുഞ്ഞാടിനെയും അർപ്പിക്കണം.21അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാട് എന്നിവയുടെ എണ്ണവും നിയമവും പോലെ ആയിരിക്കണം.22നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.

23നാലാം ദിവസം ഊനമില്ലാത്ത പത്ത് കാളയെയും രണ്ട് ആട്ടുകൊറ്റനെയും ഒരു വയസ്സ് പ്രായമുള്ള പതിനാല് കുഞ്ഞാടിനെയും അർപ്പിക്കണം.24അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാട് എന്നിവയുടെ എണ്ണവും നിയമവും പോലെ ആയിരിക്കണം.25നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.

26അഞ്ചാം ദിവസം ഊനമില്ലാത്ത ഒമ്പത് കാളയെയും രണ്ട് ആട്ടുകൊറ്റനെയും ഒരു വയസ്സ് പ്രായമുള്ള പതിനാല് കുഞ്ഞാടിനെയും അർപ്പിക്കണം.27അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാട് എന്നിവയുടെ എണ്ണവും നിയമവും പോലെ ആയിരിക്കണം.28നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.

29ആറാം ദിവസം ഊനമില്ലാത്ത എട്ട് കാളയെയും രണ്ട് ആട്ടുകൊറ്റനെയും ഒരു വയസ്സ് പ്രായമുള്ള പതിനാല് കുഞ്ഞാടിനെയും അർപ്പിക്കണം.30അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാട് എന്നിവയുടെ എണ്ണവും നിയമവും പോലെ ആയിരിക്കണം.31നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.

32ഏഴാം ദിവസം ഊനമില്ലാത്ത ഏഴ് കാളയെയും രണ്ട് ആട്ടുകൊറ്റനെയും ഒരു വയസ്സ് പ്രായമുള്ള പതിനാല് കുഞ്ഞാടിനെയും അർപ്പിക്കണം.33അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാട് എന്നിവയുടെ എണ്ണവും നിയമവും പോലെ ആയിരിക്കണം.34നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.

35എട്ടാം ദിവസം നിങ്ങൾ വിശുദ്ധസഭായോഗം കൂടണം; അന്ന് സാമാന്യവേലയൊന്നും ചെയ്യരുത്.36എന്നാൽ യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗമായി ഊനമില്ലാത്ത ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഏഴ് കുഞ്ഞാടിനെയും ഹോമയാഗം കഴിക്കണം.
37അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാട് എന്നിവയുടെ എണ്ണവും നിയമവും പോലെ ആയിരിക്കണം.38നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.

39ഇവയെ നിങ്ങൾ നിങ്ങളുടെ നേർച്ചകളും സ്വമേധാദാനങ്ങളുമായ ഹോമയാഗങ്ങൾക്കും ഭോജനയാഗങ്ങൾക്കും പാനീയയാഗങ്ങൾക്കും പുറമെ നിങ്ങളുടെ ഉത്സവങ്ങളിൽ യഹോവയ്ക്ക് അർപ്പിക്കണം”.40യഹോവ മോശെയോട് കല്പിച്ചത് ഒക്കെയും മോശെ യിസ്രായേൽമക്കളോട് പറഞ്ഞു.

30

1മോശെ യിസ്രായേൽമക്കളുടെ ഗോത്രപ്രധാനികളോട് പറഞ്ഞത്: ”യഹോവ ഇപ്രകാരം കല്പിച്ചിരിക്കുന്നു :2‘ആരെങ്കിലും യഹോവയ്ക്ക് ഒരു നേർച്ച നേരുകയോ ഒരു പരിവർജ്ജനവ്രതം1 അനുഷ്ഠിക്കുവാൻ ശപഥം ചെയ്യുകയോ ചെയ്താൽ അവൻ വാക്കിന് ഭംഗം വരുത്താതെ തന്റെ വായിൽനിന്ന് പുറപ്പെട്ടതുപോലെ ഒക്കെയും അവൻ നിവർത്തിക്കണം.

3ഒരു സ്ത്രീ ബാല്യപ്രായത്തിൽ അപ്പന്റെ വീട്ടിൽ ഇരിക്കുമ്പോൾ യഹോവയ്ക്ക് ഒരു നേർച്ചനേർന്ന് ഒരു പരിവർജ്ജനവ്രതം നിശ്ചയിക്കുകയും4അവളുടെ അപ്പൻ അവളുടെ നേർച്ചയെയും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതത്തെയും കുറിച്ച് കേട്ടിട്ട് മിണ്ടാതിരിക്കുകയും ചെയ്താൽ അവളുടെ എല്ലാനേർച്ചകളും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതമൊക്കെയും സ്ഥിരമായിരിക്കും.
5എന്നാൽ അവളുടെ അപ്പൻ അവളുടെ എല്ലാ നേർച്ചയെയും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതത്തെയും കുറിച്ച് കേൾക്കുന്ന നാളിൽ അവളെ വിലക്കിയാൽ അവ സ്ഥിരമായിരിക്കുകയില്ല; അവളുടെ അപ്പൻ അവളെ വിലക്കുകകൊണ്ട് യഹോവ അവളോട് ക്ഷമിക്കും.
6അവൾക്ക് ഒരു നേർച്ചയോ വിചാരിക്കാതെ നിശ്ചയിച്ച പരിവർജ്ജനവ്രതമോ ഉള്ളപ്പോൾ7അവൾ ഒരുത്തന് ഭാര്യയാകുകയും ഭർത്താവ് അതിനെക്കുറിച്ച് കേൾക്കുന്ന നാളിൽ മിണ്ടാതിരിക്കുകയും ചെയ്താൽ അവളുടെ നേർച്ചകളും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതവും സ്ഥിരമായിരിക്കും.
8എന്നാൽ ഭർത്താവ് അത് കേട്ട നാളിൽ അവളെ വിലക്കിയാൽ അവളുടെ നേർച്ചയും അവൾ വിചാരിക്കാതെ നിശ്ചയിച്ച പരിവർജ്ജനവ്രതവും അവൻ ദുർബ്ബലപ്പെടുത്തുന്നു; യഹോവ അവളോട് ക്ഷമിക്കും.
9വിധവയോ ഉപേക്ഷിക്കപ്പെട്ടവളോ ചെയ്യുന്ന നേർച്ചയും പരിവർജ്ജനവ്രതവും എല്ലാം അവളുടെ മേൽ സ്ഥിരമായിരിക്കും.10അവൾ ഭർത്താവിന്റെ വീട്ടിൽവച്ച് നേരുകയോ ഒരു പരിവർജ്ജനശപഥം ചെയ്യുകയോ ചെയ്തിട്ട്11ഭർത്താവ് അതിനെക്കുറിച്ച് കേൾക്കുമ്പോൾ മിണ്ടാതെയും അവളെ വിലക്കാതെയും ഇരുന്നാൽ അവളുടെ നേർച്ചകൾ ഒക്കെയും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതവും എല്ലാം സ്ഥിരമായിരിക്കും.
12എന്നാൽ ഭർത്താവ് കേട്ട നാളിൽ അവയെ ദുർബ്ബലപ്പെടുത്തിയെങ്കിൽ നേർച്ചകളോ പരിവർജ്ജനവ്രതമോ സംബന്ധിച്ച് അവളുടെ നാവിൽനിന്ന് വീണതൊന്നും സ്ഥിരമായിരിക്കുകയില്ല; അവളുടെ ഭർത്താവ് അതിനെ ദുർബ്ബലപ്പെടുത്തിയിരിക്കുന്നു; യഹോവ അവളോട് ക്ഷമിക്കും.
13ആത്മതപനം ചെയ്യുവാനുള്ള ഏത് നേർച്ചയും പരിവർജ്ജനശപഥവും സ്ഥിരപ്പെടുത്തുവാനോ ദുർബ്ബലപ്പെടുത്തുവാനോ ഭർത്താവിന് അധികാരം ഉണ്ട്.14എന്നാൽ ഭർത്താവ് ഒരിക്കലും ഒന്നും മിണ്ടിയില്ലെങ്കിൽ അവൻ അവളുടെ എല്ലാനേർച്ചയും അവൾ നിശ്ചയിച്ച സകലപരിവർജ്ജനവ്രതവും സ്ഥിരപ്പെടുത്തുന്നു. കേട്ട നാളിൽ മിണ്ടാതിരിക്കുകകൊണ്ട് അവൻ അവയെ സ്ഥിരപ്പെടുത്തിയിരിക്കുന്നു.
15എന്നാൽ കേട്ടിട്ട് കുറെ കഴിഞ്ഞശേഷം അവയെ ദുർബ്ബലപ്പെടുത്തിയാൽ അവൻ അവളുടെ കുറ്റം വഹിക്കും”.16ഭാര്യാഭർത്താക്കന്മാർ തമ്മിലും അപ്പന്റെ വീട്ടിൽ കന്യകയായി പാർക്കുന്ന മകളും അപ്പനും തമ്മിലും പ്രമാണിക്കേണ്ടതിന് യഹോവ മോശെയോട് കല്പിച്ച ചട്ടങ്ങൾ ഇവ തന്നെ.


1 30:2 ഒരു പ്രത്യേക കാര്യം ചെയ്യാതിരിക്കാമെന്ന നേർച്ച

31

1അനന്തരം യഹോവ മോശെയോട് അരുളിച്ചെയ്തത്:2“യിസ്രായേൽമക്കൾക്ക് വേണ്ടി മിദ്യാന്യരോട് പ്രതികാരം നടത്തുക; അതിന്റെ ശേഷം നീ നിന്റെ ജനത്തോട് ചേരും”.

3അപ്പോൾ മോശെ ജനത്തോട് സംസാരിച്ചു: “മിദ്യാന്യരുടെ നേരെ പുറപ്പെട്ട് , യഹോവയ്ക്കുവേണ്ടി അവരോട് പ്രതികാരം നടത്തേണ്ടതിന് നിങ്ങളിൽ നിന്ന് ആളുകളെ യുദ്ധത്തിന് ഒരുക്കുവിൻ.4നിങ്ങൾ യിസ്രായേലിന്റെ ഓരോ ഗോത്രത്തിൽ നിന്നും ആയിരംപേരെ വീതം യുദ്ധത്തിന് അയക്കണം ”എന്ന് പറഞ്ഞു.5അങ്ങനെ യിസ്രായേല്യസഹസ്രങ്ങളിൽ നിന്ന് ഓരോ ഗോത്രത്തിൽ ആയിരം പേർ വീതം പന്തീരായിരം പേരെ യുദ്ധസന്നദ്ധരായി വേർതിരിച്ചു.
6മോശെ , ഓരോ ഗോത്രത്തിൽനിന്ന് ആയിരം പേർ വീതം വേർതിരിച്ചവരെയും പുരോഹിതനായ എലെയാസാരിന്റെ മകൻ ഫീനെഹാസിനെയും യുദ്ധത്തിന് അയച്ചു; അവന്റെ കൈവശം വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളും ഗംഭീരനാദകാഹളങ്ങളും ഉണ്ടായിരുന്നു.7യഹോവ മോശെയോട് കല്പിച്ചതുപോലെ അവർ മിദ്യാന്യരോട് യുദ്ധം ചെയ്ത് ആണുങ്ങളെ ഒക്കെയും കൊന്നു.8നിഹതന്മാരുടെ കൂട്ടത്തിൽ അവർ മിദ്യാന്യരാജാക്കന്മാരായ ഏവി, രേക്കെം, സൂർ, ഹൂർ, രേബ എന്നീ അഞ്ച് രാജാക്കന്മാരെയും കൊന്നു; ബെയോരിന്റെ മകനായ ബിലെയാമിനെയും അവർ വാളുകൊണ്ട് കൊന്നു.
9യിസ്രായേൽമക്കൾ മിദ്യാന്യസ്ത്രീകളെയും അവരുടെ കുഞ്ഞുങ്ങളെയും ബദ്ധരാക്കി; അവരുടെ സകലവാഹനമൃഗങ്ങളെയും ആടുമാടുകളെയും അവരുടെ സമ്പത്തൊക്കെയും കൊള്ളയിട്ടു.10അവർ പാർത്തിരുന്ന എല്ലാ പട്ടണങ്ങളും എല്ലാ പാളയങ്ങളും തീയിട്ട് ചുട്ടുകളഞ്ഞു.
11അവർ എല്ലാകൊള്ളയും മനുഷ്യരും മൃഗങ്ങളുമായ കവർച്ചവസ്തുക്കളൊക്കെയും എടുത്തു;12ബദ്ധന്മാരെ കവർച്ചയോടും കൊള്ളയോടുംകൂടെ യെരീഹോവിന്റെ സമീപത്ത് യോർദ്ദാനരികെയുള്ള മോവാബ്സമഭൂമിയിൽ പാളയത്തിലേക്ക് , മോശെയുടെയും പുരോഹിതനായ എലെയാസാരിന്റെയും യിസ്രായേൽസഭയുടെയും അടുക്കൽ കൊണ്ടുവന്നു.

13മോശെയും പുരോഹിതൻ എലെയാസാരും സഭയുടെ സകലപ്രഭുക്കന്മാരും പാളയത്തിന് പുറത്ത് അവരെ എതിരേറ്റുചെന്നു.14എന്നാൽ മോശെ യുദ്ധത്തിൽനിന്ന് മടങ്ങിവന്ന സഹസ്രാധിപന്മാരും ശതാധിപന്മാരുമായ സൈന്യനായകന്മാരോട് കോപിച്ച് പറഞ്ഞതെന്തെന്നാൽ:15“നിങ്ങൾ സ്ത്രീകളെയെല്ലാം ജീവനോടെ വച്ചിരിക്കുന്നു.
16ഇവരത്രേ പെയോരിന്റെ സംഗതിയിൽ ബിലെയാമിന്റെ ഉപദേശത്താൽ യിസ്രായേൽമക്കൾ യഹോവയോട് ദ്രോഹം ചെയ്യുവാനും യഹോവയുടെ സഭയിൽ ബാധ ഉണ്ടാകുവാനും ഇടയാക്കിയത്.17ആകയാൽ ഇപ്പോൾ കുഞ്ഞുങ്ങളിലുള്ള ആണിനെയൊക്കെയും പുരുഷനോടുകൂടെ ശയിച്ചിട്ടുള്ള സകലസ്ത്രീകളെയും കൊന്നുകളയുവിൻ.
18പുരുഷനോടുകൂടെ ശയിക്കാത്ത പെൺകുഞ്ഞുങ്ങളെ ജീവനോട് രക്ഷിക്കുവിൻ.19നിങ്ങൾ ഏഴ് ദിവസം പാളയത്തിന് പുറത്ത് പാർക്കണം; ഒരുത്തനെ കൊന്നവനും കൊല്ലപ്പെട്ടവനെ തൊട്ടവനുമെല്ലാം മൂന്നാം ദിവസവും ഏഴാം ദിവസവും തങ്ങളെയും തങ്ങളുടെ ബദ്ധന്മാരെയും ശുദ്ധീകരിക്കണം.20സകലവസ്ത്രവും തോൽകൊണ്ടും കോലാട്ടുരോമംകൊണ്ടും ഉണ്ടാക്കിയതൊക്കെയും മരംകൊണ്ടുള്ള സകലസാധനവും ശുദ്ധീകരിക്കുവിൻ”.
21പുരോഹിതനായ എലെയാസാർ യുദ്ധത്തിന് പോയിരുന്ന യോദ്ധാക്കളോട് പറഞ്ഞത്: “യഹോവ മോശെയോട് കല്പിച്ചിട്ടുള്ള ന്യായപ്രമാണം ഇതാണ്:22‘പൊന്ന്, വെള്ളി, ചെമ്പ്, ഇരിമ്പ്,23വെള്ളീയം, കാരീയം, മുതലായ തീയിൽ നശിച്ചുപോകാത്ത സാധനമൊക്കെയും തീയിൽ ഇട്ടെടുക്കണം; എന്നാൽ അത് ശുദ്ധമാകും; എങ്കിലും ശുദ്ധീകരണജലത്താലും അത് ശുദ്ധീകരിക്കണം. തീയിൽ നശിച്ചുപോകുന്നതെല്ലാം നിങ്ങൾ വെള്ളത്തിൽ മുക്കിയെടുക്കണം.24ഏഴാം ദിവസം വസ്ത്രം അലക്കി ശുദ്ധിയുള്ളവരായശേഷം നിങ്ങൾക്ക് പാളയത്തിലേക്ക് വരാം”.

25പിന്നെ യഹോവ മോശെയോട് അരുളിച്ചെയ്തത്:26നീയും പുരോഹിതനായ എലെയാസാരും സഭയിലെ ഗോത്രപ്രധാനികളും കൊള്ളയായി പിടിക്കപ്പെട്ട മനുഷ്യരുടെയും മൃഗങ്ങളുടെയും എണ്ണം നോക്കി27പടയ്ക്കുപോയ യോദ്ധാക്കൾക്കും സഭയ്ക്കും ഇങ്ങനെ രണ്ട് ഓഹരിയായി കൊള്ള വിഭാഗിക്കുവിൻ.
28യുദ്ധത്തിന് പോയ യോദ്ധാക്കളോട് മനുഷ്യരിലും മാട്, കഴുത, ആട് എന്നിവയിലും അഞ്ഞൂറിൽ ഒന്ന് യഹോവയുടെ ഓഹരിയായി വാങ്ങണം.29അവർക്കുള്ള പകുതിയിൽനിന്ന് അത് എടുത്ത് യഹോവയ്ക്ക് ഉദർച്ചാർപ്പണമായി പുരോഹിതനായ എലെയാസാരിന് കൊടുക്കണം.
30എന്നാൽ യിസ്രായേൽമക്കൾക്കുള്ള പകുതിയിൽനിന്ന് മനുഷ്യരിലും മാട്, കഴുത, ആട് മുതലായ സകലവിധമൃഗത്തിലും അമ്പതിൽ ഒന്ന് എടുത്ത് യഹോവയുടെ തിരുനിവാസത്തിലെ വേലചെയ്യുന്ന ലേവ്യർക്ക് കൊടുക്കണം”.31യഹോവ മോശെയോട് കല്പിച്ചതുപോലെ മോശെയും എലെയാസാരും ചെയ്തു.
32യോദ്ധാക്കൾ കൈവശമാക്കിയതിന് പുറമെയുള്ള കൊള്ള ആറ് ലക്ഷത്തി എഴുപത്തി അയ്യായിരം ആടും33എഴുപത്തി രണ്ടായിരം മാടും34അറുപത്തിഒന്ന് ആയിരം കഴുതയും35പുരുഷനോടുകൂടെ ശയിക്കാത്ത സ്ത്രീകൾ എല്ലാംകൂടി മുപ്പത്തി രണ്ടായിരംപേരും ആയിരുന്നു.
36യുദ്ധത്തിന് പോയവരുടെ ഓഹരിക്കുള്ള പകുതിയിൽ ആട് മൂന്നുലക്ഷത്തി മുപ്പത്തി ഏഴായിരത്തി അഞ്ഞൂറ്.37ആടിൽ യഹോവയ്ക്കുള്ള ഓഹരി അറുനൂറ്റി എഴുപത്തഞ്ച്;38കന്നുകാലി മുപ്പത്താറായിരം; അതിൽ യഹോവയ്ക്കുള്ള ഓഹരി എഴുപത്തിരണ്ട്;
39കഴുത മുപ്പതിനായിരത്തഞ്ഞൂറ്; അതിൽ യഹോവെക്കുള്ള ഓഹരി അറുപത്തൊന്ന്;40ആളുകൾ പതിനാറായിരം; അവരിൽ യഹോവയ്ക്കുള്ള ഓഹരി മുപ്പത്തിരണ്ട്.41യഹോവയ്ക്ക് ഉദർച്ചാർപ്പണമായിരുന്ന ഓഹരി യഹോവ മോശെയോട് കല്പിച്ചതുപോലെ മോശെ പുരോഹിതനായ എലെയാസാരിന് കൊടുത്തു.
42മോശെ പടയാളികളുടെ പക്കൽ നിന്ന് യിസ്രായേൽമക്കൾക്ക് വിഭാഗിച്ചുകൊടുത്ത പകുതിയിൽനിന്ന് -43സഭയ്ക്കുള്ള പകുതി മൂന്നുലക്ഷത്തിമുപ്പത്തി ഏഴായിരത്തി അഞ്ഞൂറ് ആടും44മുപ്പത്താറായിരം മാടും45മുപ്പതിനായിരത്തി അഞ്ഞൂറ് കഴുതയും46പതിനാറായിരം ആളുകളും ആയിരുന്നു -
47യിസ്രായേൽമക്കളുടെ പകുതിയിൽനിന്ന് മോശെ മനുഷ്യരിലും മൃഗങ്ങളിലും അമ്പതിൽ ഒന്ന് എടുത്ത് യഹോവ മോശെയോട് കല്പിച്ചതുപോലെ യഹോവയുടെ തിരുനിവാസത്തിലെ വേല ചെയ്യുന്ന ലേവ്യർക്ക് കൊടുത്തു.
48പിന്നെ സൈന്യസഹസ്രങ്ങൾക്ക് നായകന്മാരായ സഹസ്രാധിപന്മാരും ശതാധിപന്മാരും മോശെയുടെ അടുക്കൽ വന്ന് മോശെയോട്:49“അടിയങ്ങൾ അടിയങ്ങളുടെ കീഴിലുള്ള യോദ്ധാക്കളുടെ എണ്ണം നോക്കി, ഒരുത്തനും കുറഞ്ഞുപോയിട്ടില്ല.
50അതുകൊണ്ട് ഞങ്ങൾക്ക് ഓരോരുത്തന് കിട്ടിയ പൊന്നാഭരണങ്ങളായ മാല, കൈവള, മോതിരം, കുണുക്ക്, കടകം എന്നിവ യഹോവയുടെ സന്നിധിയിൽ ഞങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന് ഞങ്ങൾ യഹോവയ്ക്ക് വഴിപാടായി കൊണ്ടുവന്നിരിക്കുന്നു” എന്ന് പറഞ്ഞു.51മോശെയും പുരോഹിതനായ എലെയാസാരും വിചിത്രപ്പണിയുള്ള ആഭരണങ്ങളായ പൊന്ന് അവരോട് വാങ്ങി.
52സഹസ്രാധിപന്മാരും ശതാധിപന്മാരും യഹോവയ്ക്ക് ഉദർച്ചാർപ്പണം ചെയ്ത പൊന്ന് എല്ലാംകൂടെ പതിനാറായിരത്തി എഴുനൂറ്റമ്പത് ശേക്കെൽ ആയിരുന്നു.53യോദ്ധാക്കളിൽ ഒരോരുത്തനും തനിക്കുവേണ്ടി കൊള്ളമുതൽ എടുത്തിട്ടുണ്ടായിരുന്നു.54മോശെയും പുരോഹിതനായ എലെയാസാരും സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും ആ പൊന്ന് വാങ്ങി യഹോവയുടെ സന്നിധിയിൽ യിസ്രായേൽമക്കളുടെ ഓർമ്മയ്ക്കായി സമാഗമനകൂടാരത്തിൽ കൊണ്ടുപോയി.

32

1എന്നാൽ രൂബേന്യർക്കും ഗാദ്യർക്കും വളരെയധികം ആടുമാടുകൾ ഉണ്ടായിരുന്നു; അവർ യസേർദേശവും ഗിലെയാദ്‌ദേശവും ആടുമാടുകൾക്ക് അനുയോജ്യമായ സ്ഥലം എന്നു കണ്ട്2മോശെയോടും പുരോഹിതനായ എലെയാസാരിനോടും സഭയിലെ പ്രഭുക്കന്മാരോടും സംസാരിച്ചു:3“അതാരോത്ത്, ദീബോൻ, യസേർ, നിമ്രാ, ഹെശ്ബോൻ, എലെയാലേ, സെബാം, നെബോ, ബെയോൻ

4എന്നിങ്ങനെ യഹോവ യിസ്രായേൽസഭയുടെ മുമ്പിൽ ജയിച്ചടക്കിയ ദേശം ആടുമാടുകൾക്ക് അനുയോജ്യമായ പ്രദേശം; അടിയങ്ങൾക്കോ ആടുമാടുകൾ ഉണ്ട്.5അതുകൊണ്ട് നിനക്ക് അടിയങ്ങളോട് കൃപയുണ്ടെങ്കിൽ ഈ ദേശം അടിയങ്ങൾക്ക് അവകാശമായി നൽകണം; ഞങ്ങളെ യോർദ്ദാനക്കരെ കൊണ്ടുപോകരുതേ” എന്ന് പറഞ്ഞു.
6മോശെ ഗാദ്യരോടും രൂബേന്യരോടും പറഞ്ഞത്: “നിങ്ങളുടെ സഹോദരന്മാർ യുദ്ധത്തിനു പോകുമ്പോൾ നിങ്ങൾക്ക് ഇവിടെ ഇരിക്കണമെന്നോ?7യഹോവ യിസ്രായേൽമക്കൾക്ക് കൊടുത്തിട്ടുള്ള ദേശത്തേക്ക് അവർ കടക്കാതിരിക്കുവാൻ തക്കവണ്ണം നിങ്ങൾ അവരെ അധൈര്യപ്പെടുത്തുന്നത് എന്തിന്?
8ഒറ്റുനോക്കേണ്ടതിന് ഞാൻ നിങ്ങളുടെ പിതാക്കന്മാരെ കാദേശ്ബർന്നേയയിൽനിന്ന് അയച്ചപ്പോൾ അവർ ഇങ്ങനെ തന്നെ ചെയ്തു.9അവർ എസ്കോൽ താഴ്വര വരെ ചെന്ന് ദേശം കണ്ടശേഷം യഹോവ യിസ്രായേൽമക്കൾക്ക് കൊടുത്തിട്ടുള്ള ദേശത്തേക്ക് പോകാതിരിക്കത്തക്കവണ്ണം അവരെ അധൈര്യപ്പെടുത്തി.
10അന്ന് യഹോവയുടെ കോപം ജ്വലിച്ചു; അവിടുന്ന് സത്യംചെയ്ത് കല്പിച്ചത്:11“കെനിസ്യനായ യെഫുന്നെയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും യഹോവയോട് പൂർണ്ണമായി പറ്റിനിന്നതുകൊണ്ട്12അവരല്ലാതെ ഈജിപ്റ്റിൽനിന്നു പുറപ്പെട്ടുവന്നവരിൽ ഇരുപതും അതിനുമുകളിൽ പ്രായമുള്ള ആരും, ഞാൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യം ചെയ്ത ദേശം കാണുകയില്ല; അവർ എന്നോട് പൂർണ്ണമായി പറ്റിനില്ക്കായ്കകൊണ്ട് തന്നെ”.
13അങ്ങനെ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; യഹോവയ്ക്ക് അനിഷ്ടമായത് ചെയ്ത തലമുറ എല്ലാം നശിച്ചുപോകുവോളം അവൻ നാല്പത് സംവത്സരം അവരെ മരുഭൂമിയിൽ അലയുമാറാക്കി.14എന്നാൽ യിസ്രായേലിന്റെ നേരെ യഹോവയുടെ ഉഗ്രകോപം ഇനിയും വർദ്ധിക്കുന്നതിന് നിങ്ങളുടെ പിതാക്കന്മാർക്ക് പകരം നിങ്ങൾ പാപികളുടെ ഒരു കൂട്ടമായി എഴുന്നേറ്റിരിക്കുന്നു.15നിങ്ങൾ അവിടുത്തെ വിട്ട് മാറിപ്പോയാൽ അവിടുന്ന് ഇനിയും അവരെ മരുഭൂമിയിൽ വിട്ടുകളയും; അങ്ങനെ നിങ്ങൾ ഈ ജനത്തെയെല്ലാം നശിപ്പിക്കും”.
16അപ്പോൾ അവർ അടുത്തുചെന്ന് പറഞ്ഞത്: “ഞങ്ങൾ ഇവിടെ ഞങ്ങളുടെ ആടുമാടുകൾക്ക് തൊഴുത്തുകളും ഞങ്ങളുടെ കുഞ്ഞുകുട്ടികൾക്ക് പട്ടണങ്ങളും പണിയട്ടെ.17എങ്കിലും യിസ്രായേൽമക്കളെ അവരുടെ സ്ഥലത്ത് കൊണ്ടുപോയി ആക്കുന്നതുവരെ ഞങ്ങൾ യുദ്ധസന്നദ്ധരായി അവർക്ക് മുമ്പായി നടക്കും; ഞങ്ങളുടെ കുഞ്ഞുകുട്ടികളോ ദേശത്തിലെ നിവാസികൾ നിമിത്തം ഉറപ്പുള്ള പട്ടണങ്ങളിൽ പാർക്കട്ടെ.
18യിസ്രായേൽമക്കൾ ഓരോരുത്തൻ താന്താന്റെ അവകാശം കൈവശമാക്കുംവരെ ഞങ്ങൾ ഞങ്ങളുടെ വീടുകളിലേക്ക് മടങ്ങിപ്പോരികയില്ല.19യോർദ്ദാനക്കരെയും അതിനപ്പുറവും ഞങ്ങൾ അവരോടുകൂടെ അവകാശം വാങ്ങുകയില്ല; കിഴക്ക് യോർദ്ദാനിക്കരെ ഞങ്ങൾക്ക് അവകാശം ഉണ്ടല്ലോ”.
20അതിന് മോശെ അവരോട് പറഞ്ഞത്: “നിങ്ങൾ ഈ കാര്യം ചെയ്യുമെങ്കിൽ, യഹോവയുടെ മുമ്പാകെ യുദ്ധസന്നദ്ധരായി പുറപ്പെട്ട്21യഹോവ തന്റെ മുമ്പിൽനിന്ന് ശത്രുക്കളെ നീക്കിക്കളയുവോളം നിങ്ങൾ എല്ലാവരും അവിടുത്തെ മുമ്പാകെ യുദ്ധസന്നദ്ധരായി യോർദ്ദാനക്കരെ കടന്നുപോകുമെങ്കിൽ22ദേശം യഹോവയുടെ മുമ്പാകെ അധീനമായശേഷം നിങ്ങൾ മടങ്ങിപ്പോരികയും യഹോവയുടെയും യിസ്രായേലിന്റെയും മുമ്പാകെ കുറ്റമില്ലാത്തവരായിരിക്കുകയും ചെയ്യും; അപ്പോൾ ഈ ദേശം യഹോവയുടെ മുമ്പാകെ നിങ്ങളുടെ അവകാശമാകും.
23എന്നാൽ നിങ്ങൾ അങ്ങനെ ചെയ്യുകയില്ല എങ്കിൽ നിങ്ങൾ യഹോവയോട് പാപം ചെയ്തിരിക്കുന്നു; നിങ്ങളുടെ പാപഫലം നിങ്ങൾ അനുഭവിക്കും.24നിങ്ങളുടെ കുട്ടികൾക്കായി പട്ടണങ്ങളും നിങ്ങളുടെ ആടുകൾക്കായി തൊഴുത്തുകളും പണിത് നിങ്ങൾ പറഞ്ഞതുപോലെ ചെയ്തുകൊള്ളുവിൻ”.25ഗാദ്യരും രൂബേന്യരും മോശെയോട്: “യജമാനൻ കല്പിക്കുന്നതുപോലെ അടിയങ്ങൾ ചെയ്തുകൊള്ളാം.
26ഞങ്ങളുടെ കുഞ്ഞുങ്ങളും ഭാര്യമാരും ഞങ്ങളുടെ കന്നുകാലികളും മൃഗങ്ങളൊക്കെയും ഗിലെയാദിലെ പട്ടണങ്ങളിൽ ഇരിക്കട്ടെ.27അടിയങ്ങളോ യജമാനൻ കല്പിക്കുന്നതുപോലെ എല്ലാവരും യുദ്ധസന്നദ്ധരായി യഹോവയുടെ മുമ്പാകെ യുദ്ധത്തിന് കടന്നുപോകാം” എന്ന് പറഞ്ഞു.

28ആകയാൽ മോശെ അവരെക്കുറിച്ച് പുരോഹിതനായ എലെയാസാരിനോടും നൂന്റെ മകനായ യോശുവയോടും യിസ്രായേൽമക്കളുടെ ഗോത്രപ്രധാനികളോടും കല്പിച്ചതെന്തെന്നാൽ:29“ഗാദ്യരും രൂബേന്യരും ഓരോരുത്തൻ യുദ്ധസന്നദ്ധനായി യഹോവയുടെ മുമ്പാകെ നിങ്ങളോടുകൂടെ യോർദ്ദാനക്കരെ കടന്നുപോരികയും ദേശം നിങ്ങളുടെ മുമ്പാകെ കീഴടങ്ങുകയും ചെയ്താൽ നിങ്ങൾ അവർക്കു ഗിലെയാദ്‌ദേശം അവകാശമായി കൊടുക്കണം.30എന്നാൽ അവർ നിങ്ങളോടുകൂടെ യുദ്ധസന്നദ്ധരായി അക്കരയ്ക്ക് കടക്കാതിരുന്നാൽ അവരുടെ അവകാശം നിങ്ങളുടെ ഇടയിൽ കനാൻദേശത്തുതന്നെ ആയിരിക്കണം”.
31ഗാദ്യരും രൂബേന്യരും അതിന്: “യഹോവ അടിയങ്ങളോട് അരുളിച്ചെയ്തതുപോലെ ചെയ്തുകൊള്ളാം.32ഞങ്ങളുടെ അവകാശം ലഭിക്കേണ്ടതിന് ഞങ്ങൾ യഹോവയുടെ മുമ്പാകെ യുദ്ധസന്നദ്ധരായി കനാൻദേശത്തേക്ക് കടന്നുപോകാം ”എന്ന് പറഞ്ഞു.
33അപ്പോൾ മോശെ ഗാദ്യർക്കും രൂബേന്യർക്കും യോസേഫിന്റെ മകനായ മനശ്ശെയുടെ പാതിഗോത്രത്തിനും അമോര്യരാജാവായ സീഹോന്റെയും ബാശാൻ രാജാവായ ഓഗിന്റെയും രാജ്യവും അതിന്റെ അതിരുകളിൽ ഉള്ള ദേശത്തിലെ പട്ടണങ്ങളും കൊടുത്തു.
34അങ്ങനെ ഗാദ്യർ ദീബോൻ, അതാരോത്ത്,35അരോയേർ, അത്രോത്ത്, ശോഫാൻ, യസേർ, യൊഗ്ബെഹാ,36ബേത്ത്-നിമ്രാ, ബേത്ത്-ഹാരാൻ എന്നിവയെ ഉറപ്പുള്ള പട്ടണങ്ങളായും ആടുകൾക്ക് തൊഴുത്തുകളായും പണിതു.
37രൂബേന്യർ ഹെശ്ബോനും എലെയാലേയും കിര്യത്തയീമും, പിന്നീട് പേരുമാറ്റിയ നെബോ,38ബാൽമെയോൻ എന്നിവയും സിബ്മയും പണിതു; അവർ പണിത പട്ടണങ്ങൾക്ക് പുതിയ പേരിട്ടു.39മനശ്ശെയുടെ മകനായ മാഖീരിന്റെ പുത്രന്മാർ ഗിലെയാദിൽ ചെന്ന് അതിനെ പിടിച്ചടക്കി, അവിടെ പാർത്തിരുന്ന അമോര്യരെ ഓടിച്ചുകളഞ്ഞു.
40മോശെ ഗിലെയാദ്‌ദേശം മനശ്ശെയുടെ മകനായ മാഖീരിനു കൊടുത്തു; അവൻ അവിടെ പാർത്തു.41മനശ്ശെയുടെ പുത്രനായ യായീർ ചെന്ന് അതിലെ ചെറുപട്ടണങ്ങളെ കീഴടക്കി, അവയ്ക്ക് ഹവവോത്ത്-യായീർ (യായീരിന്റെ ഊരുകൾ) എന്ന് പേരിട്ടു.42നോബഹ് ചെന്ന് കെനാത്ത് പട്ടണവും അതിന്റെ ഗ്രാമങ്ങളും കീഴടക്കി; അതിന് തന്റെ പേരിൻപ്രകാരം നോബഹ് എന്ന് പേരിട്ടു.

33

1മോശെയുടെയും അഹരോന്റെയും നേതൃത്വത്തിൽ ഗണംഗണമായി ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ട യിസ്രായേൽമക്കളുടെ പ്രയാണങ്ങൾ ഇപ്രകാ‍രമാണ്:2മോശെ യഹോവയുടെ കല്പനപ്രകാരം പ്രയാണക്രമത്തിൽ അവരുടെ താവളങ്ങൾ രേഖപ്പെടുത്തി; താവളം താവളമായി അവർ ചെയ്ത പ്രയാണങ്ങൾ ഇപ്രകാരമാണ്:

3ഒന്നാം മാസം പതിനഞ്ചാം തീയതി അവർ രമെസേസിൽനിന്ന് പുറപ്പെട്ടു; പെസഹ കഴിഞ്ഞ പിറ്റെന്നാൾ യിസ്രായേൽമക്കൾ എല്ലാ ഈജിപ്റ്റുകാരും കാൺകെ യുദ്ധസന്നദ്ധരായി പുറപ്പെട്ടു.4ഈജിപ്റ്റുകാരോ, യഹോവ തങ്ങളുടെ ഇടയിൽ സംഹരിച്ച കടിഞ്ഞൂലുകളെ എല്ലാം കുഴിച്ചിടുകയായിരുന്നു; അവരുടെ ദേവന്മാരുടെമേലും യഹോവ ന്യായവിധി നടത്തിയിരുന്നു.
5യിസ്രായേൽമക്കൾ രമെസേസിൽനിന്ന് പുറപ്പെട്ട് സുക്കോത്തിൽ പാളയമിറങ്ങി.6സുക്കോത്തിൽനിന്ന് അവർ പുറപ്പെട്ട് മരുഭൂമിയുടെ അറ്റത്തുള്ള ഏഥാമിൽ പാളയമിറങ്ങി.7ഏഥാമിൽനിന്ന് പുറപ്പെട്ട് ബാൽ-സെഫോനെതിരെയുള്ള പീഹഹീരോത്തിന് തിരിഞ്ഞുവന്നു; അവർ മിഗ്ദോലിന് കിഴക്ക് പാളയമിറങ്ങി.
8പീഹഹീരോത്തിന് കിഴക്കുനിന്ന് പുറപ്പെട്ട് കടലിന്റെ നടുവിൽകൂടി മരുഭൂമിയിൽ കടന്ന് ഏഥാമരുഭൂമിയിൽ മൂന്ന് ദിവസത്തെ വഴിനടന്ന് മാറയിൽ പാളയമിറങ്ങി.9മാറയിൽനിന്ന് പുറപ്പെട്ട് ഏലീമിൽ എത്തി; ഏലീമിൽ പന്ത്രണ്ട് നീരുറവും എഴുപത് ഈത്തപ്പനയും ഉണ്ടായിരുന്നതുകൊണ്ട് അവർ അവിടെ പാളയമിറങ്ങി.10ഏലീമിൽനിന്ന് പുറപ്പെട്ട് ചെങ്കടലിനരികെ പാളയമിറങ്ങി.
11ചെങ്കടലിനരികെനിന്ന് പുറപ്പെട്ട് സീൻമരുഭൂമിയിൽ പാളയമിറങ്ങി.12സീൻമരുഭൂമിയിൽനിന്ന് പുറപ്പെട്ട് ദൊഫ്കയിൽ പാളയമിറങ്ങി.13ദൊഫ്കയിൽ നിന്ന് പുറപ്പെട്ട് ആലൂശിൽ പാളയമിറങ്ങി.14ആലൂശിൽ നിന്ന് പുറപ്പെട്ട് രെഫീദീമിൽ പാളയമിറങ്ങി; അവിടെ ജനത്തിന് കുടിക്കുവാൻ വെള്ളമില്ലായിരുന്നു.
15രെഫീദീമിൽ നിന്ന് പുറപ്പെട്ട് സീനായിമരുഭൂമിയിൽ പാളയമിറങ്ങി.16സീനായിമരുഭൂമിയിൽനിന്ന് പുറപ്പെട്ട് കിബ്രോത്ത്-ഹത്താവയിൽ പാളയമിറങ്ങി.17കിബ്രോത്ത്-ഹത്താവയിൽനിന്ന് പുറപ്പെട്ട് ഹസേരോത്തിൽ പാളയമിറങ്ങി.18ഹസേരോത്തിൽനിന്ന് പുറപ്പെട്ട് രിത്ത്മയിൽ പാളയമിറങ്ങി.
19രിത്ത്മയിൽനിന്ന് പുറപ്പെട്ട് രിമ്മോൻ-പേരെസിൽ പാളയമിറങ്ങി.20രിമ്മോൻ-പേരെസിൽനിന്ന് പുറപ്പെട്ട് ലിബ്നയിൽ പാളയമിറങ്ങി.21ലിബ്നയിൽനിന്ന് പുറപ്പെട്ട് രിസ്സയിൽ പാളയമിറങ്ങി.22രിസ്സയിൽനിന്ന് പുറപ്പെട്ട് കെഹേലാഥയിൽ പാളയമിറങ്ങി.
23കെഹേലാഥയിൽനിന്ന് പുറപ്പെട്ട് ശാഫേർമലയിൽ പാളയമിറങ്ങി.24ശാഫേർമലയിൽനിന്ന് പുറപ്പെട്ട് ഹരാദയിൽ പാളയമിറങ്ങി.25ഹരാദയിൽനിന്ന് പുറപ്പെട്ട് മകഹേലോത്തിൽ പാളയമിറങ്ങി.26മകഹേലോത്തിൽനിന്ന് പുറപ്പെട്ട് തഹത്തിൽ പാളയമിറങ്ങി.
27തഹത്തിൽനിന്ന് പുറപ്പെട്ട് താരഹിൽ പാളയമിറങ്ങി.28താരഹിൽനിന്ന് പുറപ്പെട്ട് മിത്ത്ക്കയിൽ പാളയമിറങ്ങി.29മിത്ത്ക്കയിൽനിന്ന് പുറപ്പെട്ട് ഹശ്മോനയിൽ പാളയമിറങ്ങി.30ഹശ്മോനയിൽനിന്ന് പുറപ്പെട്ട് മോസേരോത്തിൽ പാളയമിറങ്ങി.
31മോസേരോത്തിൽനിന്ന് പുറപ്പെട്ട് ബെനേയാക്കാനിൽ പാളയമിറങ്ങി.32ബെനേയാക്കാനിൽനിന്ന് പുറപ്പെട്ട് ഹോർ-ഹഗ്ഗിദ്ഗാദിൽ പാളയമിറങ്ങി.33ഹോർ-ഹഗ്ഗിദ്ഗാദിൽനിന്ന് പുറപ്പെട്ട് യൊത്ബാഥയിൽ പാളയമിറങ്ങി.34യൊത്ബാഥയിൽനിന്ന് പുറപ്പെട്ട് അബ്രോനയിൽ പാളയമിറങ്ങി.
35അബ്രോനയിൽനിന്ന് പുറപ്പെട്ട് എസ്യോൻ-ഗേബെരിൽ പാളയമിറങ്ങി.36എസ്യോൻ-ഗേബെരിൽനിന്ന് പുറപ്പെട്ട് സീൻമരുഭൂമിയിൽ പാളയമിറങ്ങി. അതാകുന്നു കാദേശ്.37അവർ കാദേശിൽനിന്ന് പുറപ്പെട്ട് എദോംദേശത്തിന്റെ അതിരിൽ ഹോർപർവ്വതത്തിൽ പാളയമിറങ്ങി.
38പുരോഹിതനായ അഹരോൻ യഹോവയുടെ കല്പനപ്രകാരം ഹോർപർവ്വതത്തിൽ കയറി, യിസ്രായേൽമക്കൾ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുപോന്നതിന്റെ നാല്പതാം സംവത്സരം അഞ്ചാം മാസം ഒന്നാം തീയതി അവിടെവച്ച് മരിച്ചു.39അഹരോൻ ഹോർപർവ്വതത്തിൽവച്ച് മരിച്ചപ്പോൾ അവന് നൂറ്റിരുപത്തിമൂന്ന് വയസ്സായിരുന്നു.
40എന്നാൽ കനാൻദേശത്തിനു തെക്ക് പാർത്തിരുന്ന കനാന്യനായ അരാദ് രാജാവ് യിസ്രായേൽമക്കളുടെ വരവിനെക്കുറിച്ച് കേട്ടു.
41ഹോർപർവ്വതത്തിൽനിന്ന് അവർ പുറപ്പെട്ട് സല്മോനയിൽ പാളയമിറങ്ങി.42സല്മോനയിൽനിന്ന് പറപ്പെട്ട് പൂനോനിൽ പാളയമിറങ്ങി.43പൂനോനിൽനിന്ന് പുറപ്പെട്ട് ഓബോത്തിൽ പാളയമിറങ്ങി.
44ഓബോത്തിൽനിന്ന് പുറപ്പെട്ട് മോവാബിന്റെ അതിർത്തിയിലുള്ള ഈയേ-അബാരീമിൽ പാളയമിറങ്ങി.45ഈയീമിൽനിന്ന് പുറപ്പെട്ട് ദീബോൻഗാദിൽ പാളയമിറങ്ങി.46ദീബോൻഗാദിൽനിന്ന് പുറപ്പെട്ട് അല്മോദിബ്ളാഥയീമിൽ പാളയമിറങ്ങി.
47അല്മോദിബ്ളാഥയീമിൽനിന്ന് പുറപ്പെട്ട് നെബോവിന് കിഴക്ക് അബാരീംപർവ്വതത്തിൽ പാളയമിറങ്ങി.48അബാരീംപർവ്വതത്തിൽ നിന്ന് പുറപ്പെട്ട് യെരീഹോവിനെതിരെ യോർദ്ദാനരികെ മോവാബ്സമഭൂമിയിൽ പാളയമിറങ്ങി.49യോർദ്ദാനരികെ മോവാബ്സമഭൂമിയിൽ ബേത്ത്-യെശീമോത്ത് മുതൽ ആബേൽ-ശിത്തീംവരെ പാളയമിറങ്ങി.

50യെരീഹോവിനെതിരെ യോർദ്ദാനരികെ മോവാബ് സമഭൂമിയിൽവച്ച് യഹോവ മോശെയോട് അരുളിച്ചെയ്തത്:51“നീ യിസ്രായേൽമക്കളോട് ഇപ്രകാരം പറയണം: ‘നിങ്ങൾ യോർദ്ദാനക്കരെ കനാൻദേശത്തേക്ക് പ്രവേശിച്ചശേഷം52ദേശത്തിലെ സകലനിവാസികളെയും നിങ്ങളുടെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞ് അവരുടെ വിഗ്രഹങ്ങളെയും ബിംബങ്ങളെയും എല്ലാം തകർത്ത് അവരുടെ സകലപൂജാഗിരികളെയും നശിപ്പിച്ചുകളയണം.
53നിങ്ങൾ ദേശം കൈവശമാക്കി അതിൽ പാർക്കണം; നിങ്ങൾ കൈവശമാക്കേണ്ടതിന് ഞാൻ ആ ദേശം നിങ്ങൾക്ക് തന്നിരിക്കുന്നു.54നിങ്ങൾ കുടുംബംകുടുംബമായി ദേശം ചീട്ടിട്ട് അവകാശമാക്കണം; ആളേറെയുള്ളവർക്ക് ഏറെയും കുറെയുള്ളവർക്ക് കുറവും അവകാശം കൊടുക്കണം; അവനവന് ചീട്ട് എവിടെ വീഴുന്നുവോ അവിടെ അവന്റെ അവകാശം ആയിരിക്കണം; പിതൃഗോത്രം പിതൃഗോത്രമായി നിങ്ങൾക്ക് അവകാശം ലഭിക്കണം.
55എന്നാൽ ദേശത്തെ നിവാസികളെ നിങ്ങളുടെ മുമ്പിൽനിന്ന് നീക്കിക്കളയാതിരുന്നാൽ നിങ്ങൾ അവരിൽ ശേഷിപ്പിക്കുന്നവർ, നിങ്ങളുടെ കണ്ണുകളിൽ മുള്ളുകളും പാർശ്വങ്ങളിൽ മുൾച്ചെടികളുമായി നിങ്ങൾ പാർക്കുന്ന ദേശത്ത് നിങ്ങളെ ഉപദ്രവിക്കും.56അത്രയുമല്ല, ഞാൻ അവരോട് ചെയ്യുവാൻ നിരൂപിച്ചതുപോലെ നിങ്ങളോട് ചെയ്യും.

34

1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:2“യിസ്രായേൽമക്കളോട് നീ കല്പിക്കേണ്ടതെന്തെന്നാൽ: ‘നിങ്ങൾ കനാൻദേശത്ത് എത്തുമ്പോൾ നിങ്ങൾക്ക് അവകാശമായി നൽകുവാനിരിക്കുന്ന ദേശത്തിന്റെ അതിരുകൾ ഇങ്ങനെ ആയിരിക്കണം.3തെക്കെ ഭാഗം സീൻമരുഭൂമി തുടങ്ങി ഏദോമിന്റെ വശത്തുകൂടിയായിരിക്കണം; നിങ്ങളുടെ തെക്കെ അതിർത്തി കിഴക്ക് ഉപ്പുകടലിന്റെ അറ്റം തുടങ്ങി ആയിരിക്കണം.

4പിന്നെ നിങ്ങളുടെ അതിർ അക്രബ്ബീംകയറ്റത്തിന് തെക്കോട്ട് തിരിഞ്ഞ് സീനിലേക്ക് കടന്ന് കാദേശ്ബർന്നേയയുടെ തെക്ക് അവസാനിക്കണം. അവിടെനിന്ന് ഹസർ-അദ്ദാർവരെ ചെന്ന് അസ്മോനിലേക്ക് കടക്കണം.5പിന്നെ അസ്മോൻതുടങ്ങി ഈജിപ്റ്റ്തോട്ടിലേക്ക് തിരിഞ്ഞ് സമുദ്രത്തിൽ അവസാനിക്കണം.
6പടിഞ്ഞാറോ മഹാസമുദ്രം അതിരായിരിക്കണം. അത് നിങ്ങളുടെ പടിഞ്ഞാറെ അതിർ.
7വടക്കോ മഹാസമുദ്രംതുടങ്ങി ഹോർപർവ്വതം വരെയും8അവിടെ നിന്ന് ഹമാത്ത്‌വരെയും നിങ്ങളുടെ അതിരായിരിക്കണം. സെദാദിൽ ആ അതിർ അവസാനിക്കണം;9പിന്നെ അതിർ സിഫ്രോൻവരെ ചെന്ന് ഹസാർ-ഏനാനിൽ അവസാനിക്കണം; ഇത് നിങ്ങളുടെ വടക്കെ അതിർ.
10കിഴക്കോ ഹസാർ-എനാൻതുടങ്ങി ശെഫാംവരെ നിങ്ങളുടെ അതിരാക്കണം.11ശെഫാംതുടങ്ങി ആ അതിർ അയീന്റെ കിഴക്കു ഭാഗത്ത് രിബ്ളാവരെ ഇറങ്ങിച്ചെന്ന് കിന്നേരെത്ത്കടലിന്റെ കിഴക്കെ കരയോട് ചേർന്നിരിക്കണം.12അവിടെനിന്ന് യോർദ്ദാൻവഴിയായി ഇറങ്ങിച്ചെന്ന് ഉപ്പുകടലിൽ അവസാനിക്കണം. ഇത് നിങ്ങളുടെ ദേശത്തിന്റെ ചുറ്റുമുള്ള അതിരായിരിക്കണം”.
13മോശെ യിസ്രായേൽമക്കളോട് കല്പിച്ചത്: “നിങ്ങൾക്ക് ചീട്ടിട്ട് അവകാശമായി ലഭിക്കുവാനുള്ളതും യഹോവ ഒമ്പതര ഗോത്രങ്ങൾക്ക് കൊടുക്കുവാൻ കല്പിച്ചിട്ടുള്ളതുമായ ദേശം ഇതു തന്നെ.14രൂബേൻഗോത്രക്കാരുടെ കുടുംബങ്ങൾക്കും ഗാദ്ഗോത്രക്കാരുടെ കുടുംബങ്ങൾക്കും മനശ്ശെയുടെ പാതി ഗോത്രത്തിനും അവരവരുടെ അവകാശം ലഭിച്ചുവല്ലോ”.15ഈ രണ്ടര ഗോത്രത്തിന് അവകാശം ലഭിച്ചത് കിഴക്കൻപ്രദേശത്ത് യെരീഹോവിന് കിഴക്ക് യോർദ്ദാനക്കരെ ആയിരുന്നു.

16പിന്നെ യഹോവ മോശെയോട് അരുളിച്ചെയ്തത്:17“ദേശം നിങ്ങൾക്ക് അവകാശമായി ഭാഗിച്ചു തരേണ്ടവരുടെ പേരുകൾ ഇവയാണ്: പുരോഹിതനായ എലെയാസാരും നൂന്റെ മകനായ യോശുവയും.18ദേശത്തെ അവകാശമായി വിഭാഗിക്കേണ്ടതിന് നിങ്ങൾ ഓരോ ഗോത്രത്തിൽനിന്ന് ഓരോ പ്രഭുവിനെയും കൂട്ടിക്കൊള്ളണം.
19അവർ ആരെന്നാൽ: യെഹൂദാഗോത്രത്തിൽ യെഫുന്നെയുടെ മകൻ കാലേബ്.20ശിമെയോൻഗോത്രത്തിൽ അമ്മീഹൂദിന്റെ മകൻ ശെമൂവേൽ.
21ബെന്യാമീൻഗോത്രത്തിൽ കിസ്ളോന്റെ മകൻ എലീദാദ്.22ദാൻഗോത്രത്തിനുള്ള പ്രഭു യൊഗ്ലിയുടെ മകൻ ബുക്കി.23യോസേഫിന്റെ പുത്രന്മാരിൽ മനശ്ശെയുടെ ഗോത്രത്തിനുള്ള പ്രഭു എഫോദിന്റെ മകൻ ഹാന്നീയേൽ.
24എഫ്രയീംഗോത്രത്തിനുള്ള പ്രഭു ശിഫ്താന്റെ മകൻ കെമൂവേൽ.25സെബൂലൂൻഗോത്രത്തിനുള്ള പ്രഭു പർന്നാക്കിന്റെ മകൻ എലീസാഫാൻ.26യിസ്സാഖാർഗോത്രത്തിനുള്ള പ്രഭു അസ്സാന്റെ മകൻ പൽത്തീയേൽ.
27ആശേർഗോത്രത്തിനുള്ള പ്രഭു ശെലോമിയുടെ പുത്രൻ അഹീഹൂദ്.28നഫ്താലിഗോത്രത്തിനുള്ള പ്രഭു അമ്മീഹൂദിന്റെ മകൻ പെദഹേൽ.29യിസ്രായേൽമക്കൾക്ക് കനാൻദേശത്ത് അവകാശം വിഭാഗിച്ചുകൊടുക്കേണ്ടതിന് യഹോവ നിയമിച്ചവർ ഇവർ തന്നേ.

35

1യഹോവ പിന്നെയും യെരീഹോവിനെതിരെ യോർദ്ദാനരികെ മോവാബ് സമഭൂമിയിൽവച്ച് മോശെയോട് അരുളിച്ചെയ്തത്:2“യിസ്രായേൽമക്കൾ തങ്ങളുടെ അവകാശത്തിൽനിന്ന് ലേവ്യർക്ക് വസിക്കുവാൻ പട്ടണങ്ങൾ കൊടുക്കണമെന്ന് അവരോട് കല്പിക്കുക; പട്ടണങ്ങളോടുകൂടെ അവയുടെ പുല്പുറവും നിങ്ങൾ ലേവ്യർക്ക് കൊടുക്കണം.

3പട്ടണങ്ങൾ അവർക്ക് പാർപ്പിടവും , അവയുടെ പുല്പുറങ്ങൾ ആടുമാടുകൾക്കും സകല മൃഗസമ്പത്തിനും ആയിരിക്കണം.4നിങ്ങൾ ലേവ്യർക്ക് നൽകേണ്ടുന്ന പുല്പുറങ്ങൾ: പട്ടണത്തിന്റെ മതിലിൽതുടങ്ങി പുറത്തോട്ട് ചുറ്റും ആയിരം മുഴം വിസ്താരം ആയിരിക്കണം.
5പട്ടണം മദ്ധ്യത്തിലാക്കി അതിന് പുറമെ കിഴക്കോട്ട് രണ്ടായിരം മുഴവും തെക്കോട്ട് രണ്ടായിരം മുഴവും പടിഞ്ഞാറോട്ട് രണ്ടായിരം മുഴവും വടക്കോട്ട് രണ്ടായിരം മുഴവും അളക്കണം; ഇത് അവർക്ക് പട്ടണങ്ങളുടെ പുല്പുറം ആയിരിക്കണം.
6നിങ്ങൾ ലേവ്യർക്ക് കൊടുക്കുന്ന പട്ടണങ്ങളിൽ ആറ് സങ്കേതനഗരങ്ങളായിരിക്കണം; കൊലചെയ്തവൻ അവിടേക്ക് ഓടിപ്പോകേണ്ടതിന് നിങ്ങൾ അവയെ അവനുവേണ്ടി വേർതിരിക്കണം; ഇവ കൂടാതെ നിങ്ങൾ വേറെയും നാല്പത്തിരണ്ട് പട്ടണങ്ങളെ കൊടുക്കണം.7അങ്ങനെ നിങ്ങൾ ലേവ്യർക്ക് കൊടുക്കുന്ന പട്ടണങ്ങൾ എല്ലാംകൂടെ നാല്പത്തിയെട്ട് ആയിരിക്കണം; അവയും അവയുടെ പുല്പുറങ്ങളും കൊടുക്കണം.
8യിസ്രായേൽമക്കളുടെ അവകാശത്തിൽനിന്ന് ജനമേറെയുള്ളവർക്ക് ഏറെയും ജനം കുറഞ്ഞവർക്ക് കുറവും പട്ടണങ്ങൾ കൊടുക്കണം; ഓരോ ഗോത്രം തനിക്ക് ലഭിക്കുന്ന അവകാശത്തിന് ഒത്തവണ്ണം ലേവ്യർക്ക് പട്ടണങ്ങളെ കൊടുക്കണം”.

9യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:10“നീ യിസ്രായേൽമക്കളോട് പറയേണ്ടതെന്തെന്നാൽ: ‘നിങ്ങൾ യോർദ്ദാൻ കടന്ന് കനാൻദേശത്ത് എത്തിയശേഷം11ചില പട്ടണങ്ങൾ സങ്കേതനഗരങ്ങളായി വേർതിരിക്കണം; അബദ്ധവശാൽ ഒരുത്തനെ കൊന്നുപോയവൻ അവിടേക്ക് ഓടിപ്പോകണം.
12കൊലചെയ്തവൻ സഭയുടെ മുമ്പാകെ വിസ്താരത്തിന് നില്ക്കുംവരെ അവൻ പ്രതികാരകന്റെ കയ്യാൽ മരിക്കാതിരിക്കേണ്ടതിന് അവ സങ്കേതനഗരങ്ങൾ ആയിരിക്കണം.13നിങ്ങൾ കൊടുക്കുന്ന പട്ടണങ്ങളിൽ ആറെണ്ണം സങ്കേതനഗരം ആയിരിക്കണം.
14യോർദ്ദാനക്കരെ മൂന്ന് പട്ടണവും കനാൻദേശത്ത് മൂന്ന് പട്ടണവും കൊടുക്കണം; അവ സങ്കേതനഗരങ്ങൾ ആയിരിക്കണം.15അബദ്ധവശാൽ ഒരുത്തനെ കൊല്ലുന്നവൻ ഏതൊരുവനും അവിടേക്ക് ഓടിപ്പോകേണ്ടതിന് ഈ ആറ് പട്ടണം യിസ്രായേൽമക്കൾക്കും പരദേശിക്കും വന്നുപാർക്കുന്നവനും സങ്കേതം ആയിരിക്കണം.
16എന്നാൽ ആരെങ്കിലും ഇരുമ്പായുധംകൊണ്ട് ഒരുത്തനെ അടിച്ചിട്ട് അവൻ മരിച്ചുപോയാൽ അവൻ കൊലപാതകൻ; കൊലപാതകൻ മരണശിക്ഷ അനുഭവിക്കണം.17മരിക്കുവാൻ തക്കവണ്ണം ആരെങ്കിലും ഒരുത്തനെ കല്ലെറിഞ്ഞിട്ട് അവൻ മരിച്ചുപോയാൽ അവൻ കൊലപാതകൻ; കൊലപാതകൻ മരണശിക്ഷ അനുഭവിക്കണം.18അല്ലെങ്കിൽ മരിക്കുവാൻ തക്കവണ്ണം ആരെങ്കിലും കയ്യിലിരുന്ന മരയായുധംകൊണ്ട് ഒരുത്തനെ അടിച്ചിട്ട് അവൻ മരിച്ചുപോയാൽ അവൻ കൊലപാതകൻ; കൊലപാതകൻ മരണശിക്ഷ അനുഭവിക്കണം.
19രക്തപ്രതികാരകൻ തന്നെ കൊലപാതകനെ കൊല്ലേണം; അവനെ കണ്ടുമുട്ടുമ്പോൾ അവനെ കൊല്ലേണം.20ആരെങ്കിലും വിദ്വേഷം നിമിത്തം ഒരുത്തനെ കുത്തുകയോ കരുതിക്കൂട്ടി അവന്റെമേൽ വല്ലതും എറിയുകയോ ചെയ്തിട്ട് അവൻ മരിച്ചുപോയാൽ,21അല്ലെങ്കിൽ ശത്രുതയാൽ കൈകൊണ്ട് അവനെ അടിച്ചിട്ട് അവൻ മരിച്ചുപോയാൽ അവനെ കൊന്നവൻ മരണശിക്ഷ അനുഭവിക്കണം. അവൻ കൊലപാതകൻ; രക്തപ്രതികാരകൻ കൊലപാതകനെ കണ്ടുമുട്ടുമ്പോൾ കൊന്നുകളയണം.
22എന്നാൽ ആരെങ്കിലും ശത്രുതകൂടാതെ പെട്ടെന്ന് ഒരുത്തനെ കുത്തുകയോ കരുതാതെ വല്ലതും അവന്റെമേൽ എറിഞ്ഞുപോകുകയോ,23അവന് ശത്രുവായിരിക്കാതെയും അവന് ദോഷം വിചാരിക്കാതെയും അവൻ മരിക്കുവാൻ തക്കവണ്ണം അവനെ കാണാതെ കല്ല് എറിയുകയോ ചെയ്തിട്ട് അവൻ മരിച്ചുപോയാൽ
24കൊലചെയ്തവനും രക്തപ്രതികാരകനും മദ്ധ്യേ ഈ ന്യായങ്ങളെ അനുസരിച്ച് സഭ വിധിക്കണം.25കൊലചെയ്തവനെ സഭ രക്തപ്രതികാരകന്റെ കൈയിൽനിന്ന് രക്ഷിക്കണം; അവൻ ഓടിപ്പോയിരുന്ന സങ്കേതനഗരത്തിലേക്ക് അവനെ മടക്കി അയക്കണം; വിശുദ്ധതൈലത്താൽ അഭിഷിക്തനായ മഹാപുരോഹിതന്റെ മരണംവരെ അവൻ അവിടെ പാർക്കണം.
26എന്നാൽ കൊലചെയ്തവൻ ഓടിപ്പോയിരുന്ന സങ്കേതനഗരത്തിന്റെ അതിരു വിട്ട് പുറത്തുവരികയും27അവനെ അവന്റെ സങ്കേതനഗരത്തിന്റെ അതിരിനു പുറത്തുവച്ച് കണ്ട് രക്തപ്രതികാരകൻ കൊലചെയ്തവനെ കൊല്ലുകയും ചെയ്താൽ അവന് രക്തപാതകം ഇല്ല.28അവൻ മഹാപുരോഹിതന്റെ മരണംവരെ തന്റെ സങ്കേതനഗരത്തിൽ പാർക്കേണ്ടിയിരുന്നു; എന്നാൽ കൊലചെയ്തവന് മഹാപുരോഹിതന്റെ മരണശേഷം തന്റെ അവകാശഭൂമിയിലേക്ക് മടങ്ങിപ്പോകാം.
29ഇത് നിങ്ങൾക്ക് തലമുറതലമുറയായി നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും ന്യായവിധിക്കുള്ള പ്രമാണം ആയിരിക്കണം.30ആരെങ്കിലും ഒരുത്തനെ കൊന്നാൽ കൊലപാതകൻ സാക്ഷികളുടെ വാമൊഴിപ്രകാരം മരണശിക്ഷ അനുഭവിക്കണം; എന്നാൽ ഒരു മനുഷ്യന്റെ നേരെ മരണശിക്ഷയ്ക്ക് ഏകസാക്ഷിയുടെ മൊഴി മതിയാകുന്നതല്ല.
31മരണയോഗ്യനായ കൊലപാതകന്റെ ജീവനുവേണ്ടി നിങ്ങൾ വീണ്ടെടുപ്പുവില വാങ്ങരുത്; അവൻ മരണശിക്ഷ തന്നെ അനുഭവിക്കണം.32സങ്കേതനഗരത്തിലേക്ക് ഓടിപ്പോയവൻ പുരോഹിതന്റെ മരണത്തിനു മുമ്പെ നാട്ടിൽ മടങ്ങിവന്ന് പാർക്കേണ്ടതിനും നിങ്ങൾ വീണ്ടെടുപ്പുവില വാങ്ങരുത്.
33നിങ്ങൾ പാർക്കുന്ന ദേശം അങ്ങനെ അശുദ്ധമാക്കരുത്; രക്തം ദേശത്തെ അശുദ്ധമാക്കുന്നു; ദേശത്ത് ചൊരിഞ്ഞ രക്തത്തിനുവേണ്ടി രക്തം ചൊരിയിച്ചവന്റെ രക്തത്താൽ അല്ലാതെ ദേശത്തിന് പ്രായശ്ചിത്തം സാദ്ധ്യമല്ല.34അതുകൊണ്ട് ഞാൻ അധിവസിക്കുന്ന നിങ്ങളുടെ പാർപ്പിടമായ ദേശം അശുദ്ധമാക്കരുത്; യിസ്രായേൽമക്കളുടെ മദ്ധ്യേ യഹോവയായ ഞാൻ അധിവസിക്കുന്നു.”

36

1യോസേഫിന്റെ മക്കളുടെ കുടുംബങ്ങളിൽ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മക്കളുടെ കുടുംബത്തലവന്മാർ അടുത്തുവന്ന് മോശെയുടെയും യിസ്രായേൽമക്കളുടെ ഗോത്രപ്രധാനികളായ പ്രഭുക്കന്മാരുടെയും മുമ്പാകെ പറഞ്ഞത്:2“യിസ്രായേൽമക്കൾക്ക് ദേശം ചീട്ടിട്ട് അവകാശമായി കൊടുക്കുവാൻ യഹോവ യജമാനനോട് കല്പിച്ചു; ഞങ്ങളുടെ സഹോദരനായ ശെലോഫഹാദിന്റെ അവകാശം അവന്റെ പുത്രിമാർക്ക് കൊടുക്കുവാൻ യജമാനന് യഹോവയുടെ കല്പന ഉണ്ടായി.

3എന്നാൽ അവർ യിസ്രായേൽമക്കളുടെ മറ്റു ഗോത്രങ്ങളിലെ പുരുഷന്മാരിൽ ആർക്കെങ്കിലും ഭാര്യമാരായാൽ അവരുടെ അവകാശം ഞങ്ങളുടെ പിതാക്കന്മാരുടെ അവകാശത്തിൽനിന്നു വിട്ടുപോകുകയും അവർ ചേരുന്ന ഗോത്രത്തിന്റെ അവകാശത്തോട് കൂടുകയും ചെയ്യും; ഇങ്ങനെ അത് ഞങ്ങളുടെ അവകാശത്തിന്റെ ഓഹരിയിൽനിന്ന് പൊയ്പോകും.4യിസ്രായേൽമക്കളുടെ യോബേൽസംവത്സരം വരുമ്പോൾ അവരുടെ അവകാശം അവർ ചേരുന്ന ഗോത്രത്തിന്റെ അവകാശത്തോട് ചേരുകയും അങ്ങനെ അവരുടെ അവകാശം ഞങ്ങളുടെ പിതൃഗോത്രത്തിന്റെ അവകാശത്തിൽനിന്ന് വിട്ടുപോകുകയും ചെയ്യും”.
5അപ്പോൾ മോശെ യഹോവയുടെ വചനപ്രകാരം യിസ്രായേൽമക്കളോട് കല്പിച്ചത്: “യോസേഫിന്റെ പുത്രന്മാരുടെ ഗോത്രം പറഞ്ഞത് ശരി തന്നേ.6യഹോവ ശെലോഫഹാദിന്റെ പുത്രിമാരെക്കുറിച്ച് കല്പിക്കുന്ന കാര്യം എന്തെന്നാൽ: ‘അവർ തങ്ങൾക്ക് ബോധിച്ചവർക്ക് ഭാര്യമാരായിരിക്കട്ടെ; എങ്കിലും തങ്ങളുടെ പിതൃഗോത്രത്തിലെ കുടുംബത്തിലുള്ളവർക്ക് മാത്രമേ ആകാവു’.
7യിസ്രായേൽമക്കളുടെ അവകാശം ഒരു ഗോത്രത്തിൽ നിന്ന് മറ്റൊരു ഗോത്രത്തിലേക്ക് മാറരുത്; യിസ്രായേൽമക്കളിൽ ഓരോരുത്തൻ അവരവരുടെ പിതൃഗോത്രത്തിന്റെ അവകാശത്തോട് ചേർന്നിരിക്കണം;
8യിസ്രായേൽമക്കൾ ഓരോരുത്തൻ തങ്ങളുടെ പിതാക്കന്മാരുടെ അവകാശം കൈവശമാക്കേണ്ടതിന് യിസ്രായേൽമക്കളിലെ ഏതൊരു ഗോത്രത്തിലും അവകാശം ലഭിക്കുന്ന ഏതുകന്യകയും തന്റെ പിതൃഗോത്രത്തിലെ ഒരു കുടുംബത്തിൽ ഒരുത്തന് ഭാര്യയാകണം.9അങ്ങനെ അവകാശം ഒരു ഗോത്രത്തിൽനിന്ന് മറ്റൊരു ഗോത്രത്തിലേക്ക് മാറാതെ യിസ്രായേൽമക്കളുടെ ഗോത്രങ്ങളിൽ ഓരോരുത്തൻ തങ്ങളുടെ അവകാശത്തോട് ചേർന്നിരിക്കണം”.
10യഹോവ മോശെയോട് കല്പിച്ചതുപോലെ ശെലോഫഹാദിന്റെ പുത്രിമാർ ചെയ്തു.11ശെലോഫഹാദിന്റെ പുത്രിമാരായ മഹ്ലാ, തിർസാ, ഹൊഗ്ല, മിൽക്കാ, നോവാ എന്നിവർ തങ്ങളുടെ അപ്പന്റെ സഹോദരന്മാരുടെ പുത്രന്മാർക്ക് ഭാര്യമാരായി.12യോസേഫിന്റെ മകനായ മനശ്ശെയുടെ പുത്രന്മാരുടെ കുടുംബങ്ങളിൽ അവർ ഭാര്യമാരാകുകയും അവരുടെ അവകാശം അവരുടെ പിതൃകുടുംബത്തിന്റെ ഗോത്രത്തിൽതന്നെ ഇരിക്കുകയും ചെയ്തു.

13യെരീഹോവിനെതിരെ യോർദ്ദാനരികെ മോവാബ് സമഭൂമിയിൽവച്ച് യഹോവ മോശെമുഖാന്തരം യിസ്രായേൽമക്കളോട് കല്പിച്ച കല്പനകളും വിധികളും ഇവ തന്നെ.

ആവർത്തനപുസ്തകം

1

1സൂഫിനെതിരെ, പാരാനും തോഫെലിനും ലാബാനും ഹസേരോത്തിനും ദീസാഹാബിനും മദ്ധ്യത്തിൽ യോർദ്ദാനക്കരെ മരുഭൂമിയിലുള്ള അരാബയിൽവെച്ച് മോശെ യിസ്രായേൽ ജനത്തോട് പറഞ്ഞ വചനങ്ങൾ:2സേയീർപർവ്വതം വഴിയായി ഹോരേബിൽനിന്ന് കാദേശ്ബർന്നേയയിലേക്ക് പതിനൊന്ന് ദിവസത്തെ വഴി ഉണ്ട്.

3നാല്പതാം സംവത്സരം പതിനൊന്നാം മാസം ഒന്നാം തീയതി മോശെ യിസ്രായേൽമക്കളോട് യഹോവ അവർക്കുവേണ്ടി തന്നോട് കല്പിച്ചതുപോലെ പറഞ്ഞു തുടങ്ങി.4ഹെശ്ബോനിൽ പാർത്തിരുന്ന അമോര്യരാജാവായ സീഹോനെയും അസ്താരോത്തിൽ പാർത്തിരുന്ന ബാശാൻ രാജാവായ ഓഗിനെയും എദ്രെയിൽവെച്ച് സംഹരിച്ചശേഷം
5യോർദ്ദാനക്കരെ മോവാബ് ദേശത്തുവെച്ച് മോശെ ഈ ന്യായപ്രമാണം വിവരിച്ചുതുടങ്ങിയത് എങ്ങനെയെന്നാൽ:6ഹോരേബിൽവെച്ച് നമ്മുടെ ദൈവമായ യഹോവ നമ്മോട് കല്പിച്ചത്: “നിങ്ങൾ ഈ പർവ്വതത്തിൽ പാർത്തത് മതി.
7തിരിഞ്ഞ് യാത്രചെയ്ത് അമോര്യരുടെ പർവ്വതത്തിലേക്കും അതിന്റെ അയൽപ്രദേശങ്ങളായ അരാബാ, മലനാട്, താഴ്വീതി, തെക്കേദേശം, കടൽക്കര തുടങ്ങിയ കനാന്യദേശത്തേക്കും ലെബാനോനിലേക്കും യൂഫ്രട്ടീസ് എന്ന മഹാനദിവരെയും പോകുവിൻ.8ഇതാ, ഞാൻ ആ ദേശം നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്നു; നിങ്ങൾ കടന്നുചെന്ന് യഹോവ നിങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും അവരുടെ സന്തതിക്കും കൊടുക്കുമെന്ന് അവരോട് സത്യംചെയ്ത ദേശം കൈവശമാക്കുവിൻ.
9അക്കാലത്ത് ഞാൻ നിങ്ങളോട് പറഞ്ഞത്: “എനിക്ക് തനിയെ നിങ്ങളെ വഹിക്കുവാൻ കഴികയില്ല.10നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ വർദ്ധിപ്പിച്ചിരിക്കുന്നു; ഇതാ നിങ്ങൾ ഇന്ന് ആകാശത്തിലെ നക്ഷത്രങ്ങൾ പോലെ അസംഖ്യം ആയിരിക്കുന്നു.11നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങളെ ഇപ്പോഴുള്ളതിനെക്കാൾ ഇനിയും ആയിരം ഇരട്ടിയാക്കി, താൻ നിങ്ങളോട് അരുളിച്ചെയ്തതുപോലെ അനുഗ്രഹിക്കുമാറാകട്ടെ.
12ഞാൻ ഏകനായി നിങ്ങളുടെ പ്രശ്നങ്ങളും ഭാരങ്ങളും വ്യവഹാരങ്ങളും വഹിക്കുന്നത് എങ്ങനെ?13ഓരോ ഗോത്രത്തിൽനിന്നും ജ്ഞാനവും വിവേകവും പ്രസിദ്ധിയുമുള്ള പുരുഷന്മാരെ തെരഞ്ഞെടുപ്പിൻ; അവരെ ഞാൻ നിങ്ങൾക്ക് തലവന്മാരാക്കും.“14അതിന് നിങ്ങൾ എന്നോട്: “നീ പറഞ്ഞ കാര്യം നല്ലത്” എന്ന് ഉത്തരം പറഞ്ഞു.
15ആകയാൽ ഞാൻ നിങ്ങളുടെ ഗോത്രത്തലവന്മാരായി ജ്ഞാനവും പ്രസിദ്ധിയുമുള്ള പുരുഷന്മാരെ ആയിരംപേർക്ക്, നൂറുപേർക്ക്, അമ്പതുപേർക്ക്, പത്തുപേർക്ക് ഇങ്ങനെ അധിപതിമാരും തലവന്മാരും ഗോത്രപ്രമാണികളുമായി നിയമിച്ചു.16അന്ന് ഞാൻ നിങ്ങളുടെ ന്യായാധിപന്മാരോട് ആജ്ഞാപിച്ചത്: “നിങ്ങളുടെ സഹോദരന്മാർക്ക് ആർക്കെങ്കിലും സഹോദരനോടോ പരദേശിയോടോ വല്ല വ്യവഹാരവും ഉണ്ടായാൽ അത് കേട്ട് നീതിയോടെ വിധിപ്പിൻ.
17ന്യായവിസ്താരത്തിൽ മുഖം നോക്കാതെ ചെറിയവന്റെ കാര്യവും വലിയവന്റെ കാര്യവും ഒരുപോലെ കേൾക്കേണം; മനുഷ്യനെ ഭയപ്പെടരുത്; ന്യായവിധി ദൈവത്തിനുള്ളതല്ലോ? നിങ്ങൾക്ക് അധികം പ്രയാസമുള്ള കാര്യം എന്റെ അടുക്കൽ കൊണ്ടുവരുവിൻ; അത് ഞാൻ തീർക്കാം18അങ്ങനെ നിങ്ങൾ ചെയ്യേണ്ട കാര്യങ്ങളെല്ലാം ഞാൻ അക്കാലത്ത് നിങ്ങളോട് കല്പിച്ചുവല്ലോ.

19പിന്നെ, നമ്മുടെ ദൈവമായ യഹോവ നമ്മോടു കല്പിച്ചതുപോലെ നാം ഹോരേബിൽനിന്ന് പുറപ്പെട്ടശേഷം, നിങ്ങൾ കണ്ട ഭയങ്കരമായ മഹാമരുഭൂമിയിൽകൂടി അമോര്യരുടെ മലനാട്ടിലേക്കുള്ള വഴിയിലൂടെ സഞ്ചരിച്ച് കാദേശ്ബർന്നേയയിൽ എത്തി.
20അപ്പോൾ ഞാൻ നിങ്ങളോട്: “നമ്മുടെ ദൈവമായ യഹോവ നമുക്ക് തരുന്ന അമോര്യരുടെ മലനാടുവരെ നിങ്ങൾ എത്തിയിരിക്കുന്നുവല്ലോ.21ഇതാ, നിന്റെ ദൈവമായ യഹോവ ആ ദേശം നിന്റെ മുമ്പിൽ വെച്ചിരിക്കുന്നു; നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിന്നോട് അരുളിച്ചെയ്തതുപോലെ നീ ചെന്ന് അത് കൈവശമാക്കിക്കൊൾക; ഭയപ്പെടരുത്; അധൈര്യപ്പെടുകയും അരുത്” എന്ന് പറഞ്ഞു.
22എന്നാൽ നിങ്ങൾ എല്ലാവരും അടുത്തുവന്ന്: “നാം ചില ആളുകളെ മുമ്പേ അയക്കുക; അവർ ദേശം ഒറ്റുനോക്കി, നാം പോകേണ്ട വഴിയെയും പട്ടണങ്ങളെയും കുറിച്ച് വർത്തമാനം കൊണ്ടുവരട്ടെ” എന്ന് പറഞ്ഞു.23ആ പദ്ധതി എനിക്ക് സ്വീകാര്യമായി തോന്നി; ഞാൻ ഓരോ ഗോത്രത്തിൽനിന്നും ഓരോ ആൾ വീതം പന്ത്രണ്ടുപേരെ നിങ്ങളുടെ കൂട്ടത്തിൽനിന്ന് തെരഞ്ഞെടുത്തു.24അവർ പുറപ്പെട്ട് പർവ്വതത്തിൽ കയറി എസ്കോൽതാഴ്വര വരെ ചെന്ന് ദേശം ഒറ്റുനോക്കി.
25ദേശത്തിലെ ചില ഫലങ്ങൾ അവർ നമ്മുടെ അടുക്കൽ കൊണ്ടുവന്ന്, വർത്തമാനമെല്ലാം അറിയിച്ചു; ‘നമ്മുടെ ദൈവമായ യഹോവ നമുക്ക് തരുന്ന ദേശം നല്ലത്’ എന്ന് പറഞ്ഞു.
26എന്നാൽ ആ ദേശത്തേക്ക് പോകുവാൻ നിങ്ങൾക്ക് മനസ്സില്ലാതെ നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പന നിങ്ങൾ നിരസിച്ചു.27“യഹോവ നമ്മെ വെറുക്കുന്നതുകൊണ്ട് അമോര്യരുടെ കയ്യിൽ ഏല്പിച്ച് നശിപ്പിക്കേണ്ടതിന് ഈജിപ്റ്റ്ദേശത്തുനിന്ന് കൊണ്ടുവന്നിരിക്കുന്നു.28എവിടേക്കാകുന്നു നാം കയറിപ്പോകുന്നത്?അവിടെയുള്ള ജനങ്ങൾ നമ്മെക്കാൾ വലിയവരും ദീർഘകായന്മാരും പട്ടണങ്ങൾ വലിയവയും ആകാശത്തോളം എത്തുന്ന മതിലുള്ളവയും ആകുന്നു; ഞങ്ങൾ അവിടെ അനാക്യരെയും കണ്ടു” എന്ന് പറഞ്ഞു.ഇങ്ങനെ നമ്മുടെ സഹോദരന്മാർ നമ്മുടെ ഹൃദയം ക്ഷീണിപ്പിച്ചിരിക്കുന്നു എന്ന് നിങ്ങൾ നിങ്ങളുടെ കൂടാരങ്ങളിൽ വെച്ച് പിറുപിറുത്തു.
29അപ്പോൾ ഞാൻ നിങ്ങളോട്: “നിങ്ങൾ ഭ്രമിക്കരുത്, അവരെ ഭയപ്പെടുകയും അരുത്.30നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ മുമ്പിൽ നടക്കുന്നു. നിങ്ങൾ കാൺകെ അവൻ ഈജിപ്റ്റിലും മരുഭൂമിയിലും ചെയ്തതുപോലെ നിങ്ങൾക്കുവേണ്ടി ഇനിയും യുദ്ധം ചെയ്യും.31ഒരു മനുഷ്യൻ തന്റെ മകനെ വഹിക്കുന്നതുപോലെ നിങ്ങൾ നടന്ന് ഈ സ്ഥലത്ത് എത്തുവോളം എല്ലാ വഴിയിലും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ വഹിച്ചു എന്ന് നിങ്ങൾ കണ്ടുവല്ലോ“ എന്ന് പറഞ്ഞു.
32ഇങ്ങനെയെല്ലാമായിട്ടും, പാളയമിറങ്ങേണ്ടതിന് നിങ്ങൾക്ക് സ്ഥലം അന്വേഷിപ്പാനും നിങ്ങൾ പോകേണ്ട വഴി കാണിച്ചുതരുവാനും33രാത്രി അഗ്നിയിലും പകൽ മേഘത്തിലും നിങ്ങൾക്ക് മുമ്പായി നടന്ന നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ വിശ്വസിച്ചില്ല.
34ആകയാൽ യഹോവ നിങ്ങളുടെ വാക്ക് കേട്ട് കോപിച്ചു:35ഞാൻ നിങ്ങളുടെ പിതാക്കന്മാർക്ക് കൊടുക്കുമെന്ന് സത്യം ചെയ്ത നല്ല ദേശം ഈ ദുഷ്ടതലമുറയിലെ പുരുഷന്മാർ ആരും കാണുകയില്ല.36യെഫുന്നെയുടെ മകനായ കാലേബ് മാത്രം അത് കാണുകയും അവൻ യഹോവയെ പൂർണ്ണമായി പറ്റിനിന്നതുകൊണ്ട് അവനും അവന്റെ പുത്രന്മാർക്കും അവന്റെ കാൽ ചവിട്ടിയ ദേശം ഞാൻ കൊടുക്കയും ചെയ്യുമെന്ന് സത്യം ചെയ്ത് കല്പിച്ചു.
37യഹോവ നിങ്ങളുടെ നിമിത്തം എന്നോടും കോപിച്ച് കല്പിച്ചത്: “നീയും അവിടെ ചെല്ലുകയില്ല.38നിന്റെ ശുശ്രൂഷകനായ നൂന്റെ മകൻ യോശുവ അവിടെ ചെല്ലും; അവനെ ധൈര്യപ്പെടുത്തുക; അവനാകുന്നു യിസ്രായേലിന് അത് കൈവശമാക്കിക്കൊടുക്കേണ്ടത്.
39ശത്രുവിന് കൊള്ളയാകുമെന്ന് നിങ്ങൾ പറഞ്ഞ, ഇന്നു ഗുണദോഷങ്ങൾ തിരിച്ചറിയാത്ത നിങ്ങളുടെ കുഞ്ഞുങ്ങൾ, അവിടെ ചെല്ലും; അവർക്കു ഞാൻ അത് കൊടുക്കും; അവർ അത് കൈവശമാക്കും.40നിങ്ങൾ തിരിഞ്ഞ് ചെങ്കടൽവഴിയായി മരുഭൂമിയിലേക്ക് യാത്ര ചെയ്‌വിൻ.
41അതിന് നിങ്ങൾ എന്നോട്: “ഞങ്ങൾ യഹോവയോട് പാപം ചെയ്തിരിക്കുന്നു. നമ്മുടെ ദൈവമായ യഹോവ ഞങ്ങളോടു കല്പിച്ചതുപോലെ ഞങ്ങൾ പോയി യുദ്ധം ചെയ്യും” എന്ന് ഉത്തരം പറഞ്ഞു. അങ്ങനെ നിങ്ങൾ ഓരോരുത്തൻ അവരവരുടെ യുദ്ധായുധം ധരിച്ച് പർവ്വതത്തിൽ കയറുവാൻ തുനിഞ്ഞു.42എന്നാൽ യഹോവ എന്നോട്: “നിങ്ങൾ പോകരുത്; യുദ്ധം ചെയ്യരുത്; ഞാൻ നിങ്ങളുടെ ഇടയിൽ ഇല്ല; ശത്രുക്കളോട് നിങ്ങൾ തോറ്റുപോകും“ എന്ന് അവരോട് പറയുക എന്ന് കല്പിച്ചു.
43അങ്ങനെ ഞാൻ നിങ്ങളോട് പറഞ്ഞു; എന്നാൽ നിങ്ങൾ കേൾക്കാതെ യഹോവയുടെ കല്പന നിരസിച്ച് അഹങ്കാരത്തോടെ പർവ്വതത്തിൽ കയറി.44ആ പർവ്വതത്തിൽ താമസിച്ചിരുന്ന അമോര്യർ നിങ്ങളുടെ നേരെ പുറപ്പെട്ടുവന്ന് തേനീച്ചപോലെ നിങ്ങളെ പിന്തുടർന്ന്, സേയീരിൽ ഹൊർമ്മാവരെ ചിതറിച്ചുകളഞ്ഞു.
45നിങ്ങൾ മടങ്ങിവന്ന് യഹോവയുടെ മുമ്പാകെ കരഞ്ഞു; എന്നാൽ യഹോവ നിങ്ങളുടെ നിലവിളി കേട്ടില്ല; നിങ്ങളുടെ അപേക്ഷയ്ക്ക് ചെവി തന്നതുമില്ല.46അങ്ങനെ നിങ്ങൾ കാദേശിൽ ദീർഘകാലം താമസിക്കേണ്ടിവന്നു.

2

1അനന്തരം യഹോവ എന്നോട് കല്പിച്ചതുപോലെ നാം തിരിഞ്ഞ് ചെങ്കടൽവഴിയായി മരുഭൂമിയിലേക്ക് യാത്രപുറപ്പെട്ടു; നാം വളരെനാൾ സേയീർപർവ്വതം ചുറ്റിനടന്നു.2പിന്നെ യഹോവ എന്നോട് കല്പിച്ചത്:3നിങ്ങൾ ഈ പർവ്വതം ചുറ്റിനടന്നതു മതി; വടക്കോട്ട് തിരിവീൻ.

4നീ ജനത്തോട് കല്പിക്കേണ്ടത് എന്തെന്നാൽ: “സേയീരിൽ പാർക്കുന്ന ഏശാവിന്റെ മക്കളായ നിങ്ങളുടെ സഹോദരന്മാരുടെ അതിരിൽകൂടി നിങ്ങൾ കടപ്പാൻ പോകുന്നു. അവർ നിങ്ങളെ പേടിക്കും; ആകയാൽ നിങ്ങൾ ഏറ്റവും അധികം സൂക്ഷിച്ചുകൊള്ളേണം.5നിങ്ങൾ അവരോട് പോരാടരുത്; അവരുടെ ദേശത്ത് ഞാൻ നിങ്ങൾക്ക് ഒരു കാൽ വെപ്പാൻപോലും ഇടം തരികയില്ല; സേയീർപർവ്വതം ഞാൻ ഏശാവിന് അവകാശമായി കൊടുത്തിരിക്കുന്നു.
6നിങ്ങൾ അവരോട് ആഹാരം വിലയ്ക്ക് വാങ്ങി കഴിക്കേണം; വെള്ളവും വിലയ്ക്ക് വാങ്ങി കുടിക്കേണം.7നിന്റെ ദൈവമായ യഹോവ നിന്റെ കൈകളുടെ സകലപ്രവൃത്തിയിലും നിന്നെ അനുഗ്രഹിച്ചിരിക്കുന്നു; ഈ മഹാമരുഭൂമിയിൽ നീ സഞ്ചരിക്കുന്നത് അവൻ അറിഞ്ഞിരിക്കുന്നു; ഈ നാല്പത് സംവത്സരം നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഇരുന്നു; നിനക്ക് യാതൊന്നിനും കുറവ് വന്നിട്ടില്ല.“
8അങ്ങനെ നാം സേയീരിൽ പാർത്തിരുന്ന ഏശാവിന്റെ മക്കളായ നമ്മുടെ സഹോദരന്മാരെ ഒഴിവാക്കി, അരാബവഴിയായി, ഏലാത്തിന്റെയും എസ്യോൻ-ഗേബെരിന്റെയും അരികത്തുകൂടി കടന്ന്,വീണ്ടും തിരിഞ്ഞ് മോവാബ് മരുഭൂമിയിലേക്കുള്ള വഴിയായി യാത്ര ചെയ്തു.

9അപ്പോൾ യഹോവ എന്നോട് കല്പിച്ചത്: “മോവാബ്യരെ ഞെരുക്കരുത്; അവരോട് യുദ്ധം ചെയ്കയും അരുത്. ഞാൻ അവരുടെ ദേശത്ത് നിനക്ക് ഒരു അവകാശവും തരികയില്ല; ആർദേശം ഞാൻ ലോത്തിന്റെ മക്കൾക്ക് അവകാശമായി കൊടുത്തിരിക്കുന്നു.“
10വലിപ്പവും പെരുപ്പവും അനാക്യരെപ്പോലെ പൊക്കവുമുള്ള ജാതിയായ ഏമ്യർ പണ്ട് അവിടെ പാർത്തിരുന്നു.11ഇവരെ അനാക്യരെപ്പോലെ മല്ലന്മാർ എന്ന് വിചാരിച്ചുവരുന്നു; മോവാബ്യരോ അവർക്ക് ഏമ്യർ എന്ന് പേർ പറയുന്നു.
12ഹോര്യരും പണ്ട് സേയീരിൽ പാർത്തിരുന്നു; എന്നാൽ ഏശാവിന്റെ മക്കൾ അവരെ തങ്ങളുടെ മുമ്പിൽനിന്ന് നീക്കിക്കളകയും സംഹരിക്കയും അവർക്ക് പകരം ആ ദേശത്ത് പാർക്കുകയും ചെയ്തു; യിസ്രായേലിന് യഹോവ കൊടുത്ത അവകാശദേശത്ത് അവർ ചെയ്തതുപോലെ തന്നേ.
13ഇപ്പോൾ എഴുന്നേറ്റ് സേരെദ് തോട് കടപ്പീൻ എന്ന് യഹോവ കല്പിച്ചപ്പോൾ നാം സേരെദ് തോട് കടന്നു;14നാം കാദേശ് ബർന്നേയയിൽനിന്ന് പുറപ്പെട്ടതുമുതൽ സേരെദ് തോടു കടക്കുംവരെയുള്ള കാലം മുപ്പത്തെട്ട് സംവത്സരം ആയിരുന്നു; അതിനിടയിൽ യോദ്ധാക്കളായിരുന്ന തലമുറ മുഴുവൻ യഹോവ അവരെക്കുറിച്ച് സത്യം ചെയ്തതുപോലെ പാളയത്തിൽനിന്ന് നശിച്ചുപോയി.15അവർ മരിച്ചുതീരും വരെ യഹോവയുടെ കൈ അവരെ പാളയത്തിൽനിന്ന് നശിപ്പിപ്പാൻ തക്കവണ്ണം അവർക്ക് വിരോധമായിരുന്നു.

16ഇങ്ങനെ യോദ്ധാക്കൾ ഒക്കെയും ജനത്തിന്റെ ഇടയിൽനിന്ന് മരിച്ച് ഒടുങ്ങിയശേഷം17യഹോവ എന്നോട് കല്പിച്ചത്:18നീ ഇന്ന് ആർ എന്ന മോവാബ്യദേശത്തുകൂടി കടപ്പാൻ പോകുന്നു.19അമ്മോന്യരോട് അടുത്തുചെല്ലുമ്പോൾ അവരെ ഞെരുക്കരുത്; അവരോട് യുദ്ധം ചെയ്യുകയും അരുത്; ഞാൻ അമ്മോന്യരുടെ ദേശത്ത് നിനക്ക് അവകാശം തരികയില്ല; അതു ഞാൻ ലോത്തിന്റെ മക്കൾക്ക് അവകാശമായി കൊടുത്തിരിക്കുന്നു.
20അതും മല്ലന്മാരുടെ ദേശമെന്ന് വിചാരിച്ചുവരുന്നു; മല്ലന്മാർ പണ്ട് അവിടെ പാർത്തിരുന്നു; അമ്മോന്യർ അവരെ സംസുമ്മ്യർ എന്ന് പറയുന്നു.21അവർ വലിപ്പവും പെരുപ്പവും അനാക്യരെപ്പോലെ പൊക്കവുമുള്ള ജാതിയായിരുന്നു; എങ്കിലും യഹോവ അവരെ അവരുടെ മുമ്പിൽനിന്ന് നശിപ്പിച്ചു; ഇങ്ങനെ അവർ അവരുടെ ദേശം കൈവശമാക്കി അവിടെ കുടിയേറിപ്പാർത്തു.22യഹോവ സേയീരിൽ പാർക്കുന്ന ഏശാവിന്റെ മക്കൾക്കുവേണ്ടി ചെയ്തതുപോലെ തന്നേ, അവൻ ഹോര്യരെ അവരുടെ മുമ്പിൽനിന്ന് നശിപ്പിച്ചു. അവർ അവരുടെ ദേശം കൈവശമാക്കി ഇന്നുവരെ അവിടെ പാർക്കുന്നു.
23കഫ്തോരിൽനിന്നു വന്ന കഫ്തോര്യരും ഗസ്സാവരെയുള്ള ഗ്രാമങ്ങളിൽ പാർത്തിരുന്ന അവ്യരെ നശിപ്പിച്ച് അവരുടെ സ്ഥലത്ത് കുടിയേറി.
24നിങ്ങൾ എഴുന്നേറ്റ് യാത്രപുറപ്പെട്ട് അർന്നോൻതാഴ്വര കടക്കുവിൻ; ഇതാ, ഞാൻ ഹെശ്ബോനിലെ അമോര്യരാജാവായ സീഹോനെയും അവന്റെ ദേശത്തെയും നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; അവനോട് പടവെട്ടി അത് കൈവശമാക്കുവാൻ തുടങ്ങുക.25നിന്നെക്കുറിച്ചുള്ള പേടിയും ഭീതിയും ആകാശത്തിന്റെ കീഴെ ഉള്ള ജനതകളുടെമേൽ വരുത്തുവാൻ ഞാൻ ഇടയാക്കും; അവർ നിന്റെ ശ്രുതി കേട്ട് നിന്റെ നിമിത്തം വിറക്കുകയും നടുങ്ങുകയും ചെയ്യും.

26പിന്നെ ഞാൻ കെദേമോത്ത് മരുഭൂമിയിൽനിന്ന് ഹെശ്ബോനിലെ രാജാവായ സീഹോന്റെ അടുക്കൽ സമാധാനസന്ദേശവുമായി ദൂതന്മാരെ അയച്ചു:27“ഞാൻ നിന്റെ ദേശത്തു കൂടി കടന്നുപോകുവാൻ അനുവദിക്കേണമേ; ഞാൻ ഇടത്തോട്ടോ വലത്തോട്ടോ മാറാതെ പെരുവഴിയിൽകൂടി മാത്രം നടക്കും.
28സേയീരിൽ പാർക്കുന്ന ഏശാവിന്റെ മക്കളും ആരിൽ പാർക്കുന്ന മോവാബ്യരും എനിക്ക് തന്നതുപോലെ നീ വിലയ്ക്ക് തരുന്ന ആഹാരം ഞാൻ കഴിക്കയും വിലയ്ക്ക് തരുന്ന വെള്ളം കുടിക്കയും ചെയ്തുകൊള്ളാം.29യോർദ്ദാൻ കടന്ന് ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങൾക്ക് തരുന്ന ദേശത്ത് എത്തുവോളം കാൽനടയായി പോകുവാൻ മാത്രം അനുവദിക്കേണം“ എന്ന് പറയിച്ചു.
30എന്നാൽ നാം തന്റെ ദേശത്തുകൂടി കടന്നുപോകുവാൻ ഹെശ്ബോനിലെ രാജാവായ സീഹോൻ സമ്മതിച്ചില്ല; ഇന്ന് കാണുന്നതുപോലെ നിന്റെ ദൈവമായ യഹോവ അവനെ നിന്റെ കയ്യിൽ ഏല്പിക്കേണ്ടതിന് അവന്റെ മനസ്സും ഹൃദയവും കഠിനമാക്കി.31യഹോവ എന്നോട്: “ഞാൻ സീഹോനെയും അവന്റെ ദേശത്തെയും നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; അവന്റെ ദേശം കൈവശമാക്കേണ്ടതിന് അത് കീഴടക്കുവാൻ തുടങ്ങുക“ എന്ന് കല്പിച്ചു.
32അങ്ങനെ സീഹോനും അവന്റെ സർവ്വജനവും നമ്മുടെനേരെ പുറപ്പെട്ടുവന്ന് യാഹാസിൽവെച്ച് യുദ്ധം ചെയ്തു.33നമ്മുടെ ദൈവമായ യഹോവ അവനെ നമ്മുടെ കയ്യിൽ ഏല്പിച്ചു; നാം അവനെയും അവന്റെ പുത്രന്മാരെയും അവന്റെ സർവ്വജനത്തെയും സംഹരിച്ചു.
34അക്കാലത്ത് നാം അവന്റെ എല്ലാപട്ടണങ്ങളും പിടിച്ച്, പട്ടണംതോറും പുരുഷന്മാരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഉന്മൂലനാശം ചെയ്തു; ഒരുത്തനെയും ശേഷിപ്പിച്ചില്ല.35നാം പിടിച്ച പട്ടണങ്ങളിലെ നാൽക്കാലികളെയും കൊള്ളയും മാത്രം നാം നമുക്കായിട്ട് എടുത്തു.
36അർന്നോൻ താഴ്വരയുടെ അറ്റത്തുള്ള അരോവേരും താഴ്വരയിലെ പട്ടണവും മുതൽ ഗിലെയാദ് വരെ നമുക്ക് കൈവശമാക്കാൻ കഴിയാഞ്ഞ ഒരു പട്ടണവും ഉണ്ടായിരുന്നില്ല; നമ്മുടെ ദൈവമായ യഹോവ സകലവും നമ്മുടെ കയ്യിൽ ഏല്പിച്ചു.37അമ്മോന്യരുടെ ദേശവും യബ്ബോക്ക്നദിയുടെ ഒരു വശത്തുള്ള സ്ഥലങ്ങളും മലനാട്ടിലെ പട്ടണങ്ങളും നമ്മുടെ ദൈവമായ യഹോവ വിലക്ക് കൽപ്പിച്ച ഇടങ്ങളും മാത്രം നീ ആക്രമിച്ചില്ല.

3

1അനന്തരം നാം തിരിഞ്ഞ് ബാശാനിലേക്കുള്ള വഴിയിലൂടെ പോയി; അപ്പോൾ ബാശാൻരാജാവായ ഓഗും അവന്റെ സർവ്വജനവും നമ്മുടെ നേരെ പുറപ്പെട്ട് എദ്രെയിൽവെച്ച് യുദ്ധം ചെയ്തു.2അപ്പോൾ യഹോവ എന്നോട്: “അവനെ ഭയപ്പെടരുത്; ഞാൻ അവനെയും അവന്റെ സർവ്വജനത്തെയും ദേശത്തെയും നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു: ഹെശ്ബോനിൽ പാർത്തിരുന്ന അമോര്യരാജാവായ സീഹോനോട് ചെയ്തതുപോലെ നീ അവനോടും ചെയ്യും” എന്ന് കല്പിച്ചു.

3അങ്ങനെ നമ്മുടെ ദൈവമായ യഹോവ ബാശാൻരാജാവായ ഓഗിനെയും അവന്റെ സകലജനത്തെയും നമ്മുടെ കയ്യിൽ ഏല്പിച്ചു; ആരും ശേഷിക്കാതെ നാം അവരെ സംഹരിച്ചുകളഞ്ഞു.4അക്കാലത്ത് നാം അവന്റെ എല്ലാപട്ടണങ്ങളും പിടിച്ചു; നാം അവരുടെ പക്കൽനിന്ന് പിടിക്കാത്ത ഒരു പട്ടണവും ഉണ്ടായിരുന്നില്ല; ബാശാനിലെ ഓഗിന്റെ രാജ്യമായ അറുപത് പട്ടണങ്ങളുള്ള അർഗ്ഗോബ് ദേശവും
5നാട്ടുമ്പുറങ്ങളിലെ അനവധി ഗ്രാമങ്ങളും പിടിച്ചടക്കി; ആ പട്ടണങ്ങൾ എല്ലാം ഉയർന്ന മതിലുകളും വാതിലുകളും ഓടാമ്പലുകളുംകൊണ്ട് ഉറപ്പിച്ചിരുന്നു.6ഹെശ്ബോൻ രാജാവായ സീഹോനോട് ചെയ്തതുപോലെ നാം അവയെ നിർമ്മൂലമാക്കി; പട്ടണംതോറും പുരുഷന്മാരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും നശിപ്പിച്ചു.7എന്നാൽ നാൽക്കാലികൾ ഉൾപ്പെടെ പട്ടണങ്ങളിലെ സമ്പത്തെല്ലാം നാം കൊള്ളയിട്ടു.
8ഇങ്ങനെ അക്കാലത്ത് അമോര്യരുടെ രണ്ടു രാജാക്കന്മാരുടെയും കയ്യിൽനിന്ന് യോർദ്ദാന്നക്കരെ അർന്നോൻതാഴ്വരതുടങ്ങി ഹെർമ്മോൻപർവ്വതംവരെയുള്ള ദേശവും -9സീദോന്യർ ഹെർമ്മോന് സീര്യോൻ എന്നും അമോര്യർ അതിന് സെനീർ എന്നും പേർ പറയുന്നു -10സമഭൂമിയിലെ എല്ലാപട്ടണങ്ങളും ഗിലെയാദ് മുഴുവനും ബാശാനിലെ ഓഗിന്റെ രാജ്യത്തുള്ള സൽക്കാ, എദ്രെയി എന്നീ പട്ടണങ്ങൾവരെയുള്ള ബാശാൻ മുഴുവനും നാം പിടിച്ചടക്കി. -
11ബാശാൻരാജാവായ ഓഗ് മാത്രമേ മല്ലന്മാരിൽ ശേഷിച്ചിരുന്നുള്ളു; ഇരിമ്പുകൊണ്ടുള്ള അവന്റെ കട്ടിൽ അമ്മോന്യനഗരമായ രബ്ബയിൽ ഉണ്ടല്ലോ? അതിന് ഒമ്പത് മുഴം നീളവും നാല് മുഴം വീതിയും ഉണ്ട്. -
12ഈ ദേശം നാം അക്കാലത്ത് കൈവശമാക്കി. അർന്നോൻ താഴ്വരയുടെ അരികെയുള്ള അരോവേർ മുതൽ ഗിലെയാദ് മലനാടിന്റെ പാതിയും അവിടെയുള്ള പട്ടണങ്ങളും ഞാൻ രൂബേന്യർക്കും ഗാദ്യർക്കും കൊടുത്തു.13ഗിലെയാദിന്റെ മറ്റെ പാതിയും ഓഗിന്റെ രാജ്യമായ ബാശാൻ മുഴുവനും അർഗ്ഗോബ് ദേശം മുഴുവനും ഞാൻ മനശ്ശെയുടെ പാതിഗോത്രത്തിന് കൊടുത്തു. - ബാശാന് മല്ലന്മാരുടെ ദേശം എന്ന് പേർ പറയുന്നു.
14മനശ്ശെയുടെ മകനായ യായീർ ഗെശൂര്യരുടെയും മാഖാത്യരുടെയും അതിർവരെ അർഗ്ഗോബ്ദേശം മുഴുവനും പിടിച്ച് തന്റെ പേരിൻ പ്രകാരം ബാശാന് ഹവോത്ത് - യായീർ എന്ന് പേർ ഇട്ടു; ഇന്നുവരെ ആ പേർ നിലനിൽക്കുന്നു. -
15മാഖീരിന് ഞാൻ ഗിലെയാദ്‌ദേശം കൊടുത്തു.16രൂബേന്യർക്കും ഗാദ്യർക്കും ഗിലെയാദ് മുതൽ അർന്നോൻതാഴ്വരയുടെ മദ്ധ്യപ്രദേശവും അതിരും അമ്മോന്യരുടെ അതിരായ യബ്ബോക്ക്തോടുവരെയും
17കിന്നേറെത്ത് തുടങ്ങി കിഴക്കോട്ട് പിസ്ഗയുടെ ചരിവിന് താഴെ അരാബയിലെ ഉപ്പുകടൽവരെ അരാബയും യോർദ്ദാൻപ്രദേശവും ഞാൻ കൊടുത്തു.

18അക്കാലത്ത് ഞാൻ നിങ്ങളോട് ആജ്ഞാപിച്ചത്: “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് ഈ ദേശം അവകാശമായി തന്നിരിക്കുന്നു; നിങ്ങളിൽ യുദ്ധപ്രാപ്തന്മാരായ എല്ലാവരും യിസ്രായേല്യരായ നിങ്ങളുടെ സഹോദരന്മാർക്ക് മുമ്പായി യുദ്ധസന്നദ്ധരായി കടന്നുപോകേണം
19നിങ്ങളുടെ ഭാര്യമാരും മക്കളും ആടുമാടുകളും ഞാൻ നിങ്ങൾക്ക് തന്നിട്ടുള്ള പട്ടണങ്ങളിൽ പാർക്കട്ടെ; നിങ്ങൾക്ക് ആടുമാടുകൾ വളരെ ഉണ്ട് എന്ന് എനിക്ക് അറിയാം.20യഹോവ നിങ്ങളെപ്പോലെ നിങ്ങളുടെ സഹോദരന്മാർക്കും സ്വസ്ഥത നല്കുകയും യോർദ്ദാനക്കരെ നിങ്ങളുടെ ദൈവമായ യഹോവ അവർക്ക് കൊടുക്കുന്ന ദേശം അവർ കൈവശമാക്കുകയും ചെയ്യുവോളം തന്നേ. പിന്നെ നിങ്ങൾ ഓരോരുത്തൻ ഞാൻ നിങ്ങൾക്ക് തന്നിട്ടുള്ള അവകാശത്തിലേക്ക് മടങ്ങിപ്പോരേണം.“
21അക്കാലത്ത് ഞാൻ യോശുവയോട് ആജ്ഞാപിച്ചത്: “നിങ്ങളുടെ ദൈവമായ യഹോവ ആ രണ്ടു രാജാക്കന്മാരോട് ചെയ്തതൊക്കെയും നീ കണ്ണാലെ കണ്ടുവല്ലോ; നീ കൈവശമാക്കുവാൻ ചെല്ലുന്ന സകലരാജ്യങ്ങളോടും യഹോവ അങ്ങനെ തന്നേ ചെയ്യും.22നിങ്ങൾ അവരെ ഭയപ്പെടരുത്; നിങ്ങളുടെ ദൈവമായ യഹോവയല്ലോ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യുന്നത്.“

23അക്കാലത്ത് ഞാൻ യഹോവയോട് അപേക്ഷിച്ചു:24“കർത്താവായ യഹോവേ, നിന്റെ മഹത്വവും നിന്റെ ഭുജവീര്യവും അടിയനെ കാണിച്ചുതുടങ്ങിയല്ലോ; നിന്റെ ക്രിയകൾപോലെയും നിന്റെ വീര്യപ്രവൃത്തികൾപോലെയും ചെയ്യുവാൻ കഴിയുന്ന ദൈവം സ്വർഗ്ഗത്തിലാകട്ടെ ഭൂമിയിലാകട്ടെ ആരുള്ളു?25ഞാൻ കടന്നുചെന്ന് യോർദ്ദാനക്കരെയുള്ള നല്ല ദേശവും മനോഹരമായ പർവ്വതവും ലെബാനോനും ഒന്ന് കണ്ടുകൊള്ളട്ടെ” എന്ന് പറഞ്ഞു.
26എന്നാൽ യഹോവ നിങ്ങളുടെ നിമിത്തം എന്നോട് കോപിച്ചിരുന്നു; എന്റെ അപേക്ഷ കേട്ടതുമില്ല. യഹോവ എന്നോട്: “മതി; ഈ കാര്യത്തെക്കുറിച്ച് ഇനി എന്നോട് സംസാരിക്കരുത്;27പിസ്ഗയുടെ മുകളിൽ കയറി തല ഉയർത്തി പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും നോക്കിക്കാണുക;
28ഈ യോർദ്ദാൻ നീ കടക്കയില്ല; യോശുവയോട് കല്പിച്ച് അവനെ ധൈര്യപ്പെടുത്തി ഉറപ്പിക്ക; അവൻ നായകനായി ഈ ജനത്തെ അക്കരെ കടത്തും; നീ കാണുന്ന ദേശം അവൻ അവർക്ക് അവകാശമായി പങ്കിട്ടു കൊടുക്കും” എന്ന് അരുളിച്ചെയ്തു.29അങ്ങനെ നാം ബേത്ത്--പെയോരിനെതിരെ താഴ്വരയിൽ പാർത്തു.

4

1ഇപ്പോൾ യിസ്രായേലേ, നിങ്ങൾ ജീവിച്ചിരിപ്പാനും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങൾക്ക് തരുന്ന ദേശം കൈവശമാക്കുവാൻ തക്കവണ്ണം നിങ്ങൾ അനുസരിച്ച് നടക്കേണ്ടതിനും ഞാൻ നിങ്ങളോട് ഉപദേശിക്കുന്ന ചട്ടങ്ങളും വിധികളും കേൾപ്പീൻ.2ഞാൻ നിങ്ങളോട് കല്പിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ നിങ്ങൾ പ്രമാണിക്കേണം. ഞാൻ നിങ്ങളോട് കല്പിക്കുന്ന വചനത്തോട് കൂട്ടുകയോ അതിൽനിന്ന് കുറയ്ക്കുകയോ ചെയ്യരുത്.

3ബാൽ-പെയോരിൽ യഹോവ ചെയ്തത് നിങ്ങൾ കണ്ണാലെ കണ്ടിരിക്കുന്നു. ബാൽ-പെയോരിനെ പിന്തുടർന്നവരെ ഒക്കെയും ദൈവമായ യഹോവ നിങ്ങളുടെ ഇടയിൽനിന്ന് നശിപ്പിച്ചുകളഞ്ഞുവല്ലോ.4എന്നാൽ നിങ്ങളുടെ ദൈവമായ യഹോവയോട് പറ്റിച്ചേർന്നിരുന്ന നിങ്ങൾ എല്ലാം ഇന്ന് ജീവനോടിരിക്കുന്നു.
5നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്ത്, നിങ്ങൾ അനുസരിച്ച് നടക്കുവാൻ, ദൈവമായ യഹോവ എന്നോട് കല്പിച്ചതുപോലെ ഞാൻ നിങ്ങളോട് ചട്ടങ്ങളും വിധികളും ഉപദേശിച്ചിരിക്കുന്നു.6അവ പ്രമാണിച്ച് നടപ്പീൻ; ഇത് തന്നെയല്ലോ ചുറ്റുമുള്ള ജനതകളുടെ ദൃഷ്ടിയിൽ നിങ്ങളുടെ ജ്ഞാനവും വിവേകവും ആയിരിക്കുന്നത്. അവർ ഈ കല്പനകൾ കേട്ടിട്ട്, ‘ഈ ശ്രേഷ്ഠജാതി ജ്ഞാനവും വിവേകവും ഉള്ള ജനം തന്നേ’ എന്ന് പറയും.
7നാം നമ്മുടെ ദൈവമായ യഹോവയെ വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും അവൻ നമ്മോട് അടുത്തിരിക്കുന്നു. ഇതുപോലെ ദൈവം അടുത്തിരിക്കുന്ന ശ്രേഷ്ഠജാതി ഏതുള്ളു?8ഞാൻ ഇന്ന് നിങ്ങളുടെ മുമ്പിൽ വയ്ക്കുന്ന സകല ന്യായപ്രമാണവും പോലെ ഇത്ര നീതിയുള്ള ചട്ടങ്ങളും വിധികളും ഉള്ള ശ്രേഷ്ഠജാതി ഏതുള്ളു?
9കണ്ണാലെ കണ്ട കാര്യങ്ങൾ നീ മറക്കാതെയും നിന്റെ ആയുഷ്കാലത്തൊരിക്കലും അവ നിന്റെ മനസ്സിൽനിന്ന് വിട്ടുപോകാതെയും ഇരിപ്പാൻ സൂക്ഷിച്ച് നിന്നെത്തന്നേ ജാഗ്രതയോടെ കാത്തുകൊൾക; നിന്റെ മക്കളോടും മക്കളുടെ മക്കളോടും അവ ഉപദേശിക്കേണം.10വിശേഷാൽ ഹോരേബിൽ നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നിന്ന ദിവസം സംഭവിച്ച കാര്യം മറക്കരുത്. അന്ന് യഹോവ എന്നോട്: “ജനത്തെ എന്റെ അടുക്കൽ വിളിച്ചുകൂട്ടുക; ഞാൻ എന്റെ വചനങ്ങൾ അവരെ കേൾപ്പിക്കും; അവർ ഭൂമിയിൽ ജീവിച്ചിരിക്കുന്ന കാലമെല്ലാം എന്നെ ഭയപ്പെടുവാൻ പഠിക്കയും തങ്ങളുടെ മക്കളെ പഠിപ്പിക്കയും വേണം” എന്ന് കല്പിച്ചുവല്ലോ.
11അങ്ങനെ നിങ്ങൾ അടുത്തുവന്ന് പർവ്വതത്തിന്റെ അടിവാരത്ത് നിന്നു; അന്ധകാരവും മേഘവും കൂരിരുളും ഉണ്ടായിരിക്കെ പർവ്വതം ആകാശമദ്ധ്യത്തോളം തീ ആളിക്കത്തിക്കൊണ്ടിരുന്നു.12യഹോവ തീയുടെ നടുവിൽനിന്ന് നിങ്ങളോട് അരുളിച്ചെയ്തു; നിങ്ങൾ വാക്കുകളുടെ ശബ്ദം കേട്ടതല്ലാതെ രൂപം ഒന്നും കണ്ടില്ല.
13നിങ്ങൾ അനുസരിച്ച് നടക്കേണ്ടതിന് അവൻ നിങ്ങളോട് കല്പിച്ച തന്റെ നിയമമായ പത്ത് കല്പനകൾ അവൻ നിങ്ങളെ അറിയിക്കയും രണ്ട് കല്പലകകളിൽ എഴുതുകയും ചെയ്തു.14നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്ത് അനുസരിച്ച് നടക്കേണ്ട ചട്ടങ്ങളും വിധികളും നിങ്ങളെ ഉപദേശിക്കേണമെന്ന് യഹോവ അക്കാലത്ത് എന്നോട് കല്പിച്ചു.
15നിങ്ങൾ നന്നായി സൂക്ഷിച്ചുകൊൾവിൻ; യഹോവ ഹോരേബിൽ തീയുടെ നടുവിൽ നിന്ന് നിങ്ങളോട് അരുളിച്ചെയ്ത നാളിൽ നിങ്ങൾ രൂപം ഒന്നും കണ്ടില്ലല്ലോ.16അതുകൊണ്ട് നിങ്ങൾ ആണിന്റെയോ പെണ്ണിന്റെയോ സാദൃശ്യമോ,17ഭൂമിയിലുള്ള യാതൊരു മൃഗത്തിന്റെ സാദൃശ്യമോ, ആകാശത്ത് പറക്കുന്ന യാതൊരു പക്ഷിയുടെ സാദൃശ്യമോ,18ഭൂമിയിലുള്ള യാതൊരു ഇഴജാതിയുടെ സാദൃശ്യമോ, ഭൂമിക്ക് കീഴെ വെള്ളത്തിലുള്ള യാതൊരു മത്സ്യത്തിന്റെ സാദൃശ്യമോ, ഇങ്ങനെ യാതൊന്നിന്റെയും പ്രതിമയായ വിഗ്രഹം ഉണ്ടാക്കി വഷളത്വം പ്രവർത്തിക്കരുത്.
19ആകാശസൈന്യമായ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും കാണുമ്പോൾ അവയെ നമസ്കരിപ്പാനും സേവിപ്പാനും നീ വശീകരിക്കപ്പെടരുത്; അവയെ നിന്റെ ദൈവമായ യഹോവ ആകാശത്തിന്റെ കീഴിലുള്ള സർവ്വ ജാതികൾക്കും പങ്കിട്ട് കൊടുത്തിരിക്കുന്നു.20നിങ്ങളെയോ തനിക്ക് അവകാശജനമായിരിക്കേണ്ടതിന് യഹോവ തെരഞ്ഞെടുത്ത് ഈജിപ്റ്റ് എന്ന ഇരിമ്പുലയിൽ നിന്ന് പുറപ്പെടുവിച്ച് കൊണ്ടുവന്നിരിക്കുന്നു.
21എന്നാൽ യഹോവ നിങ്ങളുടെ നിമിത്തം എന്നോട് കോപിച്ചു; ഞാൻ യോർദ്ദാൻ കടക്കയില്ലെന്നും നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി തരുന്ന നല്ല ദേശത്ത് ഞാൻ ചെല്ലുകയില്ലെന്നും സത്യംചെയ്തു.22ആകയാൽ ഞാൻ യോർദ്ദാൻ കടക്കാതെ ഈ ദേശത്തുവെച്ച് മരിക്കും; നിങ്ങൾ ചെന്ന് ആ നല്ലദേശം കൈവശമാക്കും.
23നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു ചെയ്ത അവന്റെ നിയമം നിങ്ങൾ മറന്ന് യഹോവ നിരോധിച്ച യാതൊന്നിന്റെയും സാദൃശ്യമായ വിഗ്രഹം ഉണ്ടാക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.24നിന്റെ ദൈവമായ യഹോവ ദഹിപ്പിക്കുന്ന അഗ്നിയല്ലോ; തീക്ഷ്ണതയുള്ള ദൈവം തന്നേ.

25നിനക്ക് മക്കളും മക്കളുടെ മക്കളും ജനിച്ച് ദേശത്ത് ഏറെനാൾ പാർത്ത് നിങ്ങളുടെ ഹൃദയം വഷളായിത്തീർന്ന് വല്ലതിന്റെയും സാദൃശ്യമായ വിഗ്രഹം ഉണ്ടാക്കി നിന്റെ ദൈവമായ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്ത് അവനെ കോപിപ്പിച്ചാൽ26നിങ്ങൾ കൈവശമാക്കുവാൻ യോർദ്ദാൻ കടന്നുചെല്ലുന്ന ദേശത്തുനിന്ന് നിങ്ങൾ വേഗത്തിൽ നശിച്ചുപോകുമെന്ന് ഞാൻ ഇന്ന് ആകാശത്തെയും ഭൂമിയെയും നിങ്ങൾക്ക് വിരോധമായി സാക്ഷി നിർത്തി പറയുന്നു; നിങ്ങൾ അവിടെ ദീർഘായുസ്സോടിരിക്കാതെ നിർമ്മൂലമായ്പോകും.
27യഹോവ നിങ്ങളെ ജാതികളുടെ ഇടയിൽ ചിതറിക്കും; യഹോവ നിങ്ങളെ കൊണ്ടുപോയി താമസിപ്പിക്കുന്ന ജനതകളുടെ ഇടയിൽ നിങ്ങൾ ചുരുക്കം പേരായി ശേഷിക്കും.28കാണ്മാനും കേൾപ്പാനും ഭക്ഷിപ്പാനും മണക്കുവാനും പ്രാപ്തിയില്ലാത്ത, മരവും കല്ലുംകൊണ്ടുള്ളതും മനുഷ്യരുടെ കൈപ്പണിയായതുമായ ദേവന്മാരെ നിങ്ങൾ അവിടെ സേവിക്കും.
29എങ്കിലും അവിടെവെച്ച് നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ അന്വേഷിച്ചാൽ അവനെ കണ്ടെത്തും.
30നീ ക്ലേശത്തിലാകയും ഇവ ഒക്കെയും നിന്റെ മേൽ വരികയും ചെയ്യുമ്പോൾ നീ ഭാവികാലത്ത് നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്ക് തിരിഞ്ഞ് അവന്റെ വാക്ക് അനുസരിക്കും.31നിന്റെ ദൈവമായ യഹോവ കരുണയുള്ള ദൈവമല്ലോ; അവൻ നിന്നെ ഉപേക്ഷിക്കയില്ല, നശിപ്പിക്കയില്ല, നിന്റെ പിതാക്കന്മാരോട് സത്യംചെയ്ത തന്റെ നിയമം മറക്കുകയുമില്ല.
32ദൈവം മനുഷ്യനെ ഭൂമിയിൽ സൃഷ്ടിച്ച നാൾമുതൽ പൂർവ്വകാലത്ത് ആകാശത്തിന്റെ ഒരറ്റം മുതൽ മറ്റെ അറ്റം വരെ എവിടെയെങ്കിലും ഇങ്ങനെയുള്ള മഹാകാര്യം നടന്നിട്ടുണ്ടോ, കേട്ടിട്ടുണ്ടോ എന്ന് നീ അന്വേഷിക്കുക.33ഏതെങ്കിലും ജനത നീ കേട്ടതുപോലെ തീയുടെ നടുവിൽ നിന്ന് സംസാരിക്കുന്ന ദൈവത്തിന്റെ ശബ്ദം കേൾക്കയും ജീവനോടിരിക്കയും ചെയ്തിട്ടുണ്ടോ?
34അല്ലെങ്കിൽ നിന്റെ ദൈവമായ യഹോവ ഈജിപ്റ്റിൽ വെച്ച് നീ കാൺകെ നിനക്കുവേണ്ടി ചെയ്ത പരീക്ഷകൾ, അടയാളങ്ങൾ, അത്ഭുതങ്ങൾ, യുദ്ധം, ബലമുള്ള കൈ, നീട്ടിയ ഭുജം, ഭയങ്കരപ്രവൃത്തികൾ എന്നിവയാൽ ഏതെങ്കിലും ഒരു ജനതയെ മറ്റൊരു ജനതയുടെ നടുവിൽ നിന്ന് തനിക്കായി വേർതിരിക്കാൻ ശ്രമിച്ചിട്ടുണ്ടോ?
35നിനക്കോ ഇതു കാണ്മാൻ സംഗതിവന്നു; യഹോവതന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല എന്ന് നീ അറിയേണ്ടതിന് തന്നേ.36അവൻ നിനക്ക് ബുദ്ധിയുപദേശിക്കേണ്ടതിന് ആകാശത്തുനിന്ന് തന്റെ ശബ്ദം നിന്നെ കേൾപ്പിച്ചു; ഭൂമിയിൽ തന്റെ മഹത്തായ തീയും നിന്നെ കാണിച്ചു; നീ അവന്റെ വചനവും തീയുടെ നടുവിൽനിന്ന് കേട്ടു.
37നിന്റെ പിതാക്കന്മാരെ സ്നേഹിച്ചതുകൊണ്ട് അവൻ അവരുടെ സന്തതിയെ തെരഞ്ഞെടുത്തു.38നിന്നെക്കാൾ വലിപ്പവും ബലവുമുള്ള ജനതകളെ നിന്റെ മുമ്പിൽനിന്ന് നീക്കിക്കളയുവാനും ഇന്നുള്ളതുപോലെ അവരുടെ ദേശം നിനക്ക് അവകാശമായി തരേണ്ടതിന് നിന്നെ അവിടെ കൊണ്ടുപോകുവാനും തന്റെ സാന്നിദ്ധ്യവും മഹാശക്തിയും കൊണ്ട് ഈജിപ്റ്റിൽ നിന്ന് നിന്നെ പുറപ്പെടുവിച്ചു.
39ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്ന് നീ ഇന്ന് അറിഞ്ഞ് മനസ്സിൽ വെച്ചുകൊൾക.40നിനക്കും നിന്റെ മക്കൾക്കും നന്നായിരിക്കേണ്ടതിനും നിന്റെ ദൈവമായ യഹോവ നിനക്ക് സദാകാലത്തേക്കും നല്കുന്ന ദേശത്ത് നീ ദീർഘായുസ്സോടിരിക്കേണ്ടതിനും ഞാൻ ഇന്ന് നിന്നോട് കല്പിക്കുന്ന അവന്റെ ചട്ടങ്ങളും കല്പനകളും പ്രമാണിക്കുക.

41അക്കാലത്ത് മോശെ യോർദ്ദാന്നക്കരെ കിഴക്കുഭാഗത്തായി മൂന്ന് പട്ടണങ്ങൾ വേർതിരിച്ചു.42പൂർവ്വദ്വേഷം കൂടാതെ അബദ്ധവശാൽ കൂട്ടുകാരനെ കൊന്നവൻ ആ പട്ടണങ്ങളിൽ ഒന്നിൽ ഓടിക്കയറി അവിടെ ജീവിച്ചിരിക്കേണ്ടതിന് തന്നേ.43അങ്ങനെ മരുഭൂമിയിൽ മലനാട്ടിലുള്ള ബേസെർ രൂബേന്യർക്കും, ഗിലെയാദിലെ രാമോത്ത് ഗാദ്യർക്കും, ബാശാനിലെ ഗോലാൻ മനശ്ശെയർക്കും നിശ്ചയിച്ചു.

44മോശെ യിസ്രായേൽമക്കളുടെ മുമ്പിൽ വെച്ച ന്യായപ്രമാണം ഇത് തന്നേ.45യിസ്രായേൽമക്കൾ ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ടശേഷം മോശെ യോർദ്ദാന്നക്കരെ ഹെശ്ബോനിൽ പാർത്തിരുന്ന അമോര്യരാജാവായ സീഹോന്റെ ദേശത്ത്, ബേത്ത്--പെയോരിനെതിരെയുള്ള താഴ്വരയിൽവെച്ച്, അവരോട് പറഞ്ഞ സാക്ഷ്യങ്ങളും ചട്ടങ്ങളും വിധികളും ഇവതന്നേ.46മോശെയും യിസ്രായേൽമക്കളും ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടശേഷം ആ രാജാവിനെ തോല്പിച്ചു.
47അവന്റെ ദേശവും ബാശാൻരാജാവായ ഓഗിന്റെ ദേശവുമായി48അർന്നോൻ താഴ്വരയുടെ അറ്റത്തുള്ള അരോവേർ മുതൽ ഹെർമ്മോനെന്ന സീയോൻപർവ്വതംവരെയും49യോർദ്ദാന്നക്കരെ കിഴക്ക് പിസ്ഗയുടെ ചരിവിന് താഴെ അരാബയിലെ കടൽവരെയുള്ള താഴ്വര ഒക്കെയും, ഇങ്ങനെ യോർദ്ദാന്നക്കരെ കിഴക്കുള്ള രണ്ട് അമോര്യ രാജാക്കന്മാരുടെയും ദേശം കൈവശമാക്കി.

5

1മോശെ യിസ്രായേൽ ജനത്തെയെല്ലാം വിളിച്ചുകൂട്ടി അവരോട് പറഞ്ഞത് എന്തെന്നാൽ: “യിസ്രായേലേ, ഞാൻ ഇന്ന് നിങ്ങളെ കേൾപ്പിക്കുന്ന ചട്ടങ്ങളും വിധികളും ശ്രദ്ധിച്ച് പഠിക്കയും അവ പ്രമാണിച്ച് നടക്കുകയും ചെയ്‌വിൻ.2നമ്മുടെ ദൈവമായ യഹോവ ഹോരേബിൽവെച്ച് നമ്മോട് ഒരു നിയമം ചെയ്തുവല്ലോ.3ഈ നിയമം യഹോവ നമ്മുടെ പിതാക്കന്മാരോടല്ല, നമ്മോട്, ഇന്ന് ജീവനോടിരിക്കുന്ന നമ്മോടത്രേ ചെയ്തത്.

4യഹോവ പർവ്വതത്തിൽ തീയുടെ നടുവിൽനിന്ന് നിങ്ങളോട് അഭിമുഖമായി അരുളിച്ചെയ്തു.5തീ ഹേതുവായി നിങ്ങൾ ഭയപ്പെട്ട് പർവ്വതത്തിൽ കയറാഞ്ഞതുകൊണ്ട് യഹോവയുടെ വചനം നിങ്ങളോട് അറിയിക്കേണ്ടതിന് ഞാൻ അപ്പോൾ യഹോവെക്കും നിങ്ങൾക്കും മദ്ധ്യേ നിന്നു. അവൻ കല്പിച്ചത് എന്തെന്നാൽ:

6‘അടിമവീടായ ഈജിപ്റ്റ് ദേശത്തുനിന്ന് നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു.

7ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്ക് ഉണ്ടാകരുത്.

8വിഗ്രഹം ഉണ്ടാക്കരുത്; മീതെ സ്വർഗ്ഗത്തിലോ, താഴെ ഭൂമിയിലോ, ഭൂമിക്കു കിഴെ വെള്ളത്തിലോ ഉള്ള യാതൊന്നിന്റെയും പ്രതിമ അരുത്.
9അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുത്; നിന്റെ ദൈവമായ യഹോവ എന്ന ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറ വരെയുള്ള മക്കളുടെമേൽ കണക്കിടുകയും10എന്നെ സ്നേഹിച്ച് എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്ക് ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു.

11നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുത്; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.

12നിന്റെ ദൈവമായ യഹോവ നിന്നോട് കല്പിച്ചതുപോലെ ശബ്ബത്തുനാൾ ശുദ്ധീകരിച്ച് ആചരിക്ക.13ആറുദിവസം അദ്ധ്വാനിച്ച് നിന്റെ വേല ഒക്കെയും ചെയ്യുക.14ഏഴാം ദിവസമോ നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്താകുന്നു; അന്ന് നീയും നിന്റെ മകനും മകളും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കാളയും കഴുതയും നിനക്കുള്ള എല്ലാ നാല്ക്കാലികളും നിന്റെ പടിവാതിലുകൾക്കകത്തുള്ള അന്യനും ഒരു വേലയും ചെയ്യരുത്; നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്നെപ്പോലെ സ്വസ്ഥമായിരിക്കേണ്ടതാകുന്നു.
15നീ ഈജിപ്റ്റ്ദേശത്ത് അടിമയായിരുന്നു എന്നും അവിടെനിന്നു ദൈവമായ യഹോവ നിന്നെ ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും പുറപ്പെടുവിച്ചു എന്നും ഓർക്കുക; അതുകൊണ്ടാകുന്നു ശബ്ബത്തുനാൾ ആചരിപ്പാൻ നിന്റെ ദൈവമായ യഹോവ നിന്നോട് കല്പിച്ചത്.

16നിനക്ക് ദീർഘായുസ്സ് ഉണ്ടാകുവാനും നിന്റെ ദൈവമായ യഹോവ നിനക്ക് തരുന്ന ദേശത്ത് നിനക്ക് നന്നായിരിപ്പാനും നിന്റെ ദൈവമായ യഹോവ നിന്നോട് കല്പിച്ചതുപോലെ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക.

17കുല ചെയ്യരുത്.

18വ്യഭിചാരം ചെയ്യരുത്.

19മോഷ്ടിക്കരുത്.

20കൂട്ടുകാരന്റെ നേരെ കള്ളസ്സാക്ഷ്യം പറയരുത്.

21കൂട്ടുകാരന്റെ ഭാര്യയെ മോഹിക്കരുത്; കൂട്ടുകാരന്റെ ഭവനത്തെയും നിലത്തെയും അവന്റെ വേലക്കാരനെയും വേലക്കാരത്തിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നും മോഹിക്കരുത്.‘

22ഈ വചനങ്ങൾ യഹോവ പർവ്വതത്തിൽ തീ, മേഘം, അന്ധകാരം എന്നിവയുടെ നടുവിൽനിന്ന് നിങ്ങളുടെ സർവ്വസഭയോടും അത്യുച്ചത്തിൽ അരുളിച്ചെയ്തു; ഇതിനപ്പുറം ഒന്നും കല്പിച്ചില്ല; അവ രണ്ട് കല്പലകകളിൽ എഴുതി എന്റെ പക്കൽ തന്നു.
23എന്നാൽ പർവ്വതത്തിൽ തീ ആളിക്കത്തിക്കൊണ്ടിരിക്കവെ, അന്ധകാരത്തിന്റെ നടുവിൽനിന്നുള്ള ശബ്ദംകേട്ടപ്പോൾ നിങ്ങൾ നിങ്ങളുടെ ഗോത്രത്തലവന്മാരും മൂപ്പന്മാരുമായി എന്റെ അടുക്കൽ വന്ന് പറഞ്ഞത്.24‘ഞങ്ങളുടെ ദൈവമായ യഹോവ തന്റെ തേജസ്സും മഹത്വവും ഞങ്ങളെ കാണിച്ചിരിക്കുന്നുവല്ലോ; തീയുടെ നടുവിൽനിന്ന് അവന്റെ ശബ്ദം ഞങ്ങൾ കേട്ടിരിക്കുന്നു; ദൈവം മനുഷ്യരോട് സംസാരിച്ചിട്ടും അവർ ജീവനോടിരിക്കുമെന്ന് ഞങ്ങൾ ഇന്ന് കണ്ടുമിരിക്കുന്നു.
25ആകയാൽ ഞങ്ങൾ എന്തിന് മരിക്കുന്നു? ഈ മഹത്തായ തീക്ക് ഞങ്ങൾ ഇരയായിത്തീരും; ഞങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ദം ഇനിയും കേട്ടാൽ ഞങ്ങൾ മരിച്ചുപോകും.26ഞങ്ങളെപ്പോലെ മറ്റാരെങ്കിലും തീയുടെ നടുവിൽനിന്ന് സംസാരിക്കുന്ന ജീവനുള്ള ദൈവത്തിന്റെ ശബ്ദം കേട്ടിട്ട് ജീവനോടെ ഇരുന്നിട്ടുണ്ടോ?27നീ അടുത്തുചെന്ന് നമ്മുടെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നത് ഒക്കെയും കേൾക്ക; നമ്മുടെ ദൈവമായ യഹോവ നിന്നോട് അരുളിച്ചെയ്യുന്നത് ഞങ്ങളോട് പറയുക: ഞങ്ങൾ കേട്ട് അനുസരിച്ചുകൊള്ളാം.‘
28നിങ്ങൾ എന്നോട് സംസാരിച്ച വാക്കുകൾ യഹോവ കേട്ട് എന്നോട് കല്പിച്ചത്: ‘ഈ ജനം നിന്നോട് പറഞ്ഞവാക്ക് ഞാൻ കേട്ടു; അവർ പറഞ്ഞത് നല്ല കാര്യം.29അവരും അവരുടെ മക്കളും എന്നേക്കും ശുഭമായിരിപ്പാൻ അവർ എന്നെ ഭയപ്പെടേണ്ടതിനും എന്റെ കല്പനകളൊക്കെയും പ്രമാണിക്കേണ്ടതിനും ഇങ്ങനെയുള്ള ഹൃദയം അവർക്ക് എപ്പോഴും ഉണ്ടായിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു.30നിങ്ങളുടെ കൂടാരങ്ങളിലേക്ക് മടങ്ങിപ്പോകുവീൻ എന്ന് അവരോട് പറയുക.
31നീയോ ഇവിടെ എന്റെ അടുക്കൽ നിൽക്കുക; ഞാൻ അവർക്ക് അവകാശമായി കൊടുക്കുന്ന ദേശത്ത് അവർ എന്നെ അനുസരിച്ച് നടപ്പാൻ നീ അവരെ ഉപദേശിക്കേണ്ട സകല കല്പനകളും ചട്ടങ്ങളും വിധികളും ഞാൻ നിന്നോട് കല്പിക്കും.‘
32ആകയാൽ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോട് കല്പിച്ചതുപോലെ ചെയ്യുവാൻ ജാഗ്രത കാണിക്കുക; ഇടത്തോട്ടോ വലത്തോട്ടോ മാറരുത്.33നിങ്ങൾ ജീവിച്ചിരിക്കേണ്ടതിനും നിങ്ങൾക്ക് നന്നായിരിക്കേണ്ടതിനും നിങ്ങൾ കൈവശമാക്കുന്ന ദേശത്ത് ദീർഘായുസ്സോടിരിക്കേണ്ടതിനും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചിട്ടുള്ള എല്ലാവഴികളിലും നടന്നുകൊൾവീൻ. “

6

1നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്ത് നിങ്ങൾ അനുസരിച്ച് നടക്കേണ്ടതിനും നിന്റെ ജീവകാലം ഒക്കെയും നീയും നിങ്ങൾക്കുശേഷം നിങ്ങളുടെ സന്താനപരമ്പരകളും ദൈവമായ യഹോവയെ ഭയപ്പെട്ട് ഞാൻ നിങ്ങളോട് അറിയിക്കുന്ന എല്ലാചട്ടങ്ങളും കല്പനകളും പ്രമാണിക്കുവാനും2നിങ്ങൾ ദീർഘായുസ്സോടിരിക്കുവാനും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് ഉപദേശിച്ചുതരുവാൻ നൽകിയ കല്പനകളും ചട്ടങ്ങളും വിധികളും ഇവ ആകുന്നു.

3ആകയാൽ യിസ്രായേലേ, നിനക്ക് നന്മയുണ്ടാകുവാനും നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിന്നോട് അരുളിച്ചെയ്തതുപോലെ പാലും തേനും ഒഴുകുന്ന ദേശത്ത് നിങ്ങൾ ഏറ്റവും വർദ്ധിക്കേണ്ടതിനും നീ കേട്ട് ജാഗ്രതയോടെ അനുസരിച്ചു നടക്കുക.

4യിസ്രായേലേ, കേൾക്കുക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നെ.5നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം.
6ഇന്ന് ഞാൻ നിന്നോട് കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം.7നീ അവയെ നിന്റെ മക്കൾക്ക് ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ച് സംസാരിക്കയും വേണം.
8അവ അടയാളമായി നിന്റെ കൈമേൽ കെട്ടേണം; അവ നിന്റെ കണ്ണുകൾക്കു മദ്ധ്യേ നെറ്റിപ്പട്ടമായി ധരിക്കേണം.9അവ നിന്റെ വീടിന്റെ കട്ടിളകളിലും പടിവാതിലുകളിലും എഴുതേണം.
10നിന്റെ ദൈവമായ യഹോവ നിനക്ക് തരുമെന്ന് അബ്രാഹാം, യിസ്ഹാക്, യാക്കോബ്, എന്നീ പിതാക്കന്മാരോട് സത്യം ചെയ്ത ദേശത്തേക്ക് നിന്നെ കൊണ്ടുചെന്ന്, നീ പണിയാത്ത വലുതും നല്ലതുമായ പട്ടണങ്ങളും,11നീ നിറക്കാതെ സകലസമ്പത്തും നിറഞ്ഞിരിക്കുന്ന വീടുകളും, നീ കുഴിക്കാത്ത കിണറുകളും, നീ നട്ടുണ്ടാക്കാത്ത മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും, നിനക്ക് തരികയും നീ തിന്ന് തൃപ്തിപ്രാപിക്കയും ചെയ്യുമ്പോൾ12നിന്നെ അടിമവീടായ ഈജിപ്റ്റ് ദേശത്തുനിന്ന് കൊണ്ടുവന്ന യഹോവയെ മറക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.
13നിന്റെ ദൈവമായ യഹോവയെ ഭയപ്പെട്ട് അവനെ സേവിക്കേണം; അവന്റെ നാമത്തിൽ സത്യം ചെയ്യേണം.14നിന്റെ ദൈവമായ യഹോവയുടെ കോപം നിനക്ക് വിരോധമായി ജ്വലിച്ച്, നിന്നെ ഭൂമിയിൽനിന്ന് നശിപ്പിക്കാതിരിപ്പാൻ ചുറ്റുമുള്ള ജനതകളുടെ ദേവന്മാരായ അന്യദൈവങ്ങളുടെ പിന്നാലെ നീ പോകരുത്;15നിന്റെ ദൈവമായ യഹോവ നിന്റെ മദ്ധ്യേ തീക്ഷ്ണതയുള്ള ദൈവം ആകുന്നു.
16നിങ്ങൾ മസ്സയിൽവെച്ച് പരീക്ഷിച്ചതുപോലെ നിങ്ങളുടെ ദൈവമായ യഹോവയെ പരീക്ഷിക്കരുത്.17നിങ്ങളുടെ ദൈവമായ യഹോവ നൽകിയിട്ടുള്ള കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും നിങ്ങൾ ജാഗ്രതയോടെ പ്രമാണിക്കേണം.
18നിനക്ക് നന്മയുണ്ടാകേണ്ടതിനും യഹോവ നിന്റെ പിതാക്കന്മാരോട് സത്യം ചെയ്ത നല്ലദേശം നീ ചെന്ന് കൈവശമാക്കേണ്ടതിനും യഹോവ അരുളിച്ചെയ്തതുപോലെ19നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പിൽനിന്ന് ഓടിച്ചുകളയേണ്ടതിനും നീ യഹോവയുടെ മുമ്പാകെ ന്യായവും ഹിതകരവും ആയ കാര്യങ്ങൾ ചെയ്യേണം.
20നമ്മുടെ ദൈവമായ യഹോവ നിന്നോട് കല്പിച്ചിട്ടുള്ള സാക്ഷ്യങ്ങളും ചട്ടങ്ങളും വിധികളും എന്ത് എന്ന് നാളെ നിന്റെ മകൻ ചോദിക്കുമ്പോൾ, നീ നിന്റെ മകനോട് പറയേണ്ടത് എന്തെന്നാൽ:21“ഞങ്ങൾ ഈജിപ്റ്റിൽ ഫറവോന് അടിമകൾ ആയിരുന്നു; എന്നാൽ യഹോവ ബലമുള്ള കൈകൊണ്ട് ഞങ്ങളെ അവിടെനിന്ന് പുറപ്പെടുവിച്ചു.22ഈജിപ്റ്റിന്റെയും ഫറവോന്റെയും അവന്റെ സകല കുടുംബത്തിന്റെയും മേൽ ഞങ്ങൾ കാൺകെ യഹോവ മഹത്തായതും തീവ്രതയുള്ളതും ആയ അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ചു.23ഞങ്ങളേയോ, താൻ നമ്മുടെ പിതാക്കന്മാരോട് സത്യം ചെയ്ത ദേശത്തേക്ക് കൊണ്ടുവന്നാക്കേണ്ടതിന് അവിടെനിന്ന് പുറപ്പെടുവിച്ചു
24എല്ലായ്പോഴും നാം ശുഭമായിരിക്കേണ്ടതിനും ഇന്നത്തെപ്പോലെ നമ്മെ ജീവനോടെ രക്ഷിക്കേണ്ടതിനുമായി നാം നമ്മുടെ ദൈവമായ യഹോവയെ ഭയപ്പെടുവാനും ഈ ചട്ടങ്ങളെല്ലാം ആചരിപ്പാനും യഹോവ നമ്മോട് കല്പിച്ചു.25നമ്മുടെ ദൈവമായ യഹോവ നമ്മോട് കല്പിച്ചതുപോലെ അവന്റെ മുമ്പാകെ ഈ കല്പനകളെല്ലാം ആചരിപ്പാൻ ശ്രദ്ധിക്കുമെങ്കിൽ നാം നീതിയുള്ളവരായിരിക്കും.“

7

1നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തേക്ക് യഹോവ നിന്നെ കൊണ്ടുപോകയും നിന്നെക്കാൾ എണ്ണവും ബലവുമുള്ള ഹിത്യർ, ഗിർഗ്ഗശ്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നീ ഏഴ് ജനതകളെ നിന്റെ മുമ്പിൽനിന്ന് നീക്കിക്കളകയും ചെയ്യും.

2നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കയ്യിൽ ഏല്പിക്കയും നീ അവരെ തോല്പിക്കയും ചെയ്യുമ്പോൾ അവരെ നിർമ്മൂലമാക്കിക്കളയേണം; അവരോട് ഉടമ്പടി ചെയ്കയോ കൃപ കാണിക്കുകയോ അരുത്.3അവരുമായി വിവാഹബന്ധം അരുത്; നിന്റെ പുത്രിമാരെ അവരുടെ പുത്രന്മാർക്ക് കൊടുക്കയോ അവരുടെ പുത്രിമാരെ നിന്റെ പുത്രന്മാർക്ക് എടുക്കയോ ചെയ്യരുത്.
4അന്യദൈവങ്ങളെ സേവിപ്പാൻ തക്കവണ്ണം അവർ നിന്റെ മക്കളെ എന്നോട് അകറ്റിക്കളയും; യഹോവയുടെ കോപം നിങ്ങൾക്ക് വിരോധമായി ജ്വലിച്ച് നിങ്ങളെ വേഗത്തിൽ നശിപ്പിക്കും.5ആകയാൽ നിങ്ങൾ അവരോട് ഇങ്ങനെ ചെയ്യേണം; അവരുടെ ബലിപീഠങ്ങൾ ഇടിക്കേണം; അവരുടെ ബിംബങ്ങൾ തകർക്കേണം; അവരുടെ അശേരപ്രതിഷ്ഠകൾ വെട്ടിക്കളയേണം; അവരുടെ വിഗ്രഹങ്ങൾ തീയിൽ ഇട്ട് ചുട്ടുകളയേണം.
6നിന്റെ ദൈവമായ യഹോവക്ക് നീ ഒരു വിശുദ്ധജനം ആകുന്നു; ഭൂതലത്തിലുള്ള സകല ജനതകളിലുംവെച്ച് നിന്നെ സ്വന്തജനമായിരിക്കേണ്ടതിന് നിന്റെ ദൈവമായ യഹോവ തെരഞ്ഞെടുത്തിരിക്കുന്നു.
7നിങ്ങൾ എണ്ണത്തിൽ സകലജാതികളെക്കാളും പെരുപ്പമുള്ളവരാകകൊണ്ടല്ല യഹോവ നിങ്ങളെ പ്രിയപ്പെട്ട് തെരഞ്ഞെടുത്തത്; നിങ്ങൾ സകലജാതികളെക്കാളും എണ്ണത്തിൽ കുറഞ്ഞവരായിരുന്നല്ലോ.8യഹോവ നിങ്ങളെ സ്നേഹിക്കുന്നതുകൊണ്ടും നിങ്ങളുടെ പിതാക്കന്മാരോട് താൻ ചെയ്ത സത്യം പാലിക്കുന്നതുകൊണ്ടും അത്രേ നിങ്ങളെ ബലമുള്ള കയ്യാൽ പുറപ്പെടുവിച്ച് അടിമവീടായ ഈജിപ്റ്റിലെ രാജാവായ ഫറവോന്റെ കയ്യിൽനിന്ന് വീണ്ടെടുത്തത്.
9ആകയാൽ നിന്റെ ദൈവമായ യഹോവ തന്നേ ദൈവം; അവൻ തന്നേ സത്യദൈവം എന്ന് നീ അറിയേണം; അവൻ, തന്നെ സ്നേഹിച്ച് തന്റെ കല്പനകളെ പ്രമാണിക്കുന്നവരോട് ആയിരം തലമുറവരെ നിയമവും ദയയും കാണിക്കുന്നു.10തന്നെ പകക്കുന്നവരെ നശിപ്പിപ്പാൻ അവർക്ക് നേരിട്ട് പകരം കൊടുക്കുന്നു; തന്നെ പകക്കുന്ന ഏവനും അവൻ താമസിയാതെ നേരിട്ട് പകരം കൊടുക്കും.11ആകയാൽ ഞാൻ ഇന്ന് നിനക്ക് നൽകുന്ന കല്പനകളും ചട്ടങ്ങളും വിധികളും നീ പ്രമാണിച്ച് നടക്കേണം.
12നിങ്ങൾ ഈ വിധികൾ കേട്ട് പ്രമാണിച്ചാൽ നിന്റെ ദൈവമായ യഹോവ നിന്റെ പിതാക്കന്മാരോട് സത്യംചെയ്ത ഉടമ്പടിയും ദയയും നിന്നോട് കാണിക്കും.13അവൻ നിന്നെ സ്നേഹിച്ച് അനുഗ്രഹിച്ച് വർദ്ധിപ്പിക്കും; അവൻ നിനക്ക് തരുമെന്ന് നിന്റെ പിതാക്കന്മാരോട് സത്യം ചെയ്ത ദേശത്ത് നിന്റെ ഗർഭഫലവും കൃഷിഫലവും ധാന്യവും വീഞ്ഞും എണ്ണയും കന്നുകാലികളും ആടുകളും അനുഗ്രഹിക്കപ്പെട്ടിരിക്കും.
14നീ സകല ജനതകളെക്കാളും അനുഗ്രഹിക്കപ്പെട്ടിരിക്കും; വന്ധ്യനും,വന്ധ്യയും നിങ്ങളിലോ നിങ്ങളുടെ നാൽക്കാലികളിലോ ഉണ്ടാകയില്ല.15യഹോവ സകലരോഗവും നിന്നിൽ നിന്ന് അകറ്റിക്കളയും; നീ അറിഞ്ഞിരിക്കുന്ന ഈജിപ്റ്റുകാരുടെ വ്യാധികളിൽ ഒന്നും അവൻ നിനക്ക് വരുത്താതെ, നിന്നെ ദ്വേഷിക്കുന്ന എല്ലാവർക്കും അവ കൊടുക്കും.
16നിന്റെ ദൈവമായ യഹോവ നിന്റെ കയ്യിൽ ഏല്പിക്കുന്ന സകല ജനതകളെയും നീ നശിപ്പിച്ചുകളയും; നിനക്ക് അവരോട് കനിവ് തോന്നരുത്; അവരുടെ ദേവന്മാരെ നീ സേവിക്കരുത്; അത് നിനക്ക് കെണിയായിത്തീരും.
17“ഈ ജനതകൾ എന്നെക്കാൾ പെരുപ്പം ഉള്ളവർ; അവരെ നീക്കിക്കളയുവാൻ എനിക്ക് എങ്ങനെ കഴിയും?“ എന്ന് നീ നിന്റെ ഹൃദയത്തിൽ പറയുമായിരിക്കും; എന്നാൽ അവരെ ഭയപ്പെടരുത്;18നിന്റെ ദൈവമായ യഹോവ ഫറവോനോടും എല്ലാ ഈജിപ്റ്റുകാരോടും ചെയ്തതും,19നിന്റെ കണ്ണാലെ കണ്ടതുമായ വലിയ പരിശോധനകളും അടയാളങ്ങളും അത്ഭുതങ്ങളും, നിന്നെ പുറപ്പെടുവിച്ച യഹോവയുടെ ബലമുള്ള കയ്യും നീട്ടിയ ഭുജവും നീ നല്ലവണ്ണം ഓർക്കേണം; നീ പേടിക്കുന്ന സകലജാതികളോടും നിന്റെ ദൈവമായ യഹോവ അങ്ങനെ ചെയ്യും.
20അത്രയുമല്ല, ശേഷിച്ചിരിക്കുന്നവരും നിന്റെ മുമ്പിൽ ഒളിച്ചിരിക്കുന്നവരും നശിച്ചുപോകുംവരെ നിന്റെ ദൈവമായ യഹോവ അവരുടെ ഇടയിൽ കടന്നലിനെ അയക്കും.21നീ അവരെക്കണ്ട് ഭ്രമിക്കരുത്; നിന്റെ ദൈവമായ യഹോവ എന്ന വലിയവനും ഭയങ്കരനുമായ ദൈവം നിങ്ങളുടെ മദ്ധ്യേ ഉണ്ട്.22നിന്റെ ദൈവമായ യഹോവ, ആ ജനതകളെ ഘട്ടം ഘട്ടമായി നിന്റെ മുമ്പിൽനിന്ന് നീക്കിക്കളയും; കാട്ടുമൃഗങ്ങൾ പെരുകി നിനക്ക് ഉപദ്രവമാകാതിരിപ്പാൻ അവരെ ക്ഷണത്തിൽ നശിപ്പിച്ചുകൂടാ.
23നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കയ്യിൽ ഏല്പിക്കയും അവർ നശിച്ചുപോകുംവരെ അവർക്കു മഹാപരിഭ്രമം വരുത്തുകയും ചെയ്യും. അവരുടെ രാജാക്കന്മാരെ നിന്റെ കയ്യിൽ ഏല്പിക്കും; നീ അവരുടെ പേരുകൾ ആകാശത്തിൻകീഴിൽനിന്ന് ഇല്ലാതെയാക്കേണം.24അവരെ സംഹരിച്ചുതീരുവോളം ഒരു മനുഷ്യനും നിന്റെ മുമ്പിൽ നിൽക്കയില്ല.
25അവരുടെ ദേവപ്രതിമകൾ തീയിൽ ഇട്ട് ചുട്ടുകളയേണം; നീ വശീകരിക്കപ്പെടാതിരിപ്പാൻ അവയുടെ മേൽ ഉള്ള വെള്ളിയും പൊന്നും മോഹിച്ച് എടുക്കരുത്; അത് നിന്റെ ദൈവമായ യഹോവക്ക് അറപ്പാകുന്നു.26നീയും അതുപോലെ ശാപപാത്രം ആകാതിരിക്കേണ്ടതിന് അറപ്പായുള്ളത് ഒന്നും നിന്റെ വീട്ടിൽ കൊണ്ടുപോകരുത്; അത് നിനക്ക് അറപ്പും വെറുപ്പുമായിരിക്കേണം; അത് ശാപഗ്രസ്തമല്ലോ.

8

1നിങ്ങൾ ജീവിച്ചിരിക്കയും വർദ്ധിക്കയും യഹോവ നിങ്ങളുടെ പിതാക്കന്മാരോട് സത്യം ചെയ്ത ദേശം കൈവശമാക്കുകയും ചെയ്യേണ്ടതിന് ഞാൻ ഇന്ന് നിങ്ങളോട് കല്പിക്കുന്ന സകലകല്പനകളും പ്രമാണിച്ച് നടക്കേണം.2നിന്റെ ദൈവമായ യഹോവ നിന്നെ താഴ്ത്തുവാനും തന്റെ കല്പനകൾ പ്രമാണിക്കുമോ ഇല്ലയോ എന്ന് നിന്നെ പരീക്ഷിച്ച് നിന്റെ ഹൃദയത്തിൽ ഇരിക്കുന്നത് അറിയുവാനുമായി ഈ നാല്പത് സംവത്സരം മരുഭൂമിയിൽ നടത്തിയ വിധമൊക്കെയും നീ ഓർക്കേണം.

3അവൻ നിന്നെ താഴ്ത്തുകയും വിശപ്പിക്കയും ‘മനുഷ്യൻ അപ്പംകൊണ്ട് മാത്രമല്ല യഹോവയുടെ വായിൽനിന്ന് പുറപ്പെടുന്ന സകല വചനംകൊണ്ടും ജീവിക്കുന്നു’ എന്ന് നിന്നെ ഗ്രഹിപ്പിക്കേണ്ടതിനും നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത മന്ന കൊണ്ട് നിന്നെ പോഷിപ്പിക്കയും ചെയ്തു.
4ഈ നാല്പത് സംവത്സരം നീ ധരിച്ച വസ്ത്രം ജീർണ്ണിച്ചുപോയില്ല; നിന്റെ കാൽ വീങ്ങിയതുമില്ല.5ഒരു മനുഷ്യൻ തന്റെ മകനെ ശിക്ഷിച്ച് വളർത്തുന്നതുപോലെ നിന്റെ ദൈവമായ യഹോവ നിന്നെ ശിക്ഷിച്ച് വളർത്തുന്നു എന്ന് നീ മനസ്സിൽ ധ്യാനിച്ചുകൊള്ളേണം.6ആകയാൽ നിന്റെ ദൈവമായ യഹോവയുടെ വഴികളിൽ നടന്ന് അവനെ ഭയപ്പെട്ട് അവന്റെ കല്പനകൾ പ്രമാണിക്കേണം.
7നിന്റെ ദൈവമായ യഹോവ നല്ലോരു ദേശത്തേക്കല്ലോ നിന്നെ കൊണ്ടുപോകുന്നത്; അത് താഴ്വരയിൽനിന്നും മലയിൽനിന്നും പുറപ്പെടുന്ന നീരൊഴുക്കുകളും ഉറവുകളും തടാകങ്ങളും ഉള്ള ദേശം;8ഗോതമ്പും യവവും മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളനാരകവും ഉള്ള ദേശം;
9ഒലിവുവൃക്ഷവും തേനും ഉള്ള ദേശം; സുഭിക്ഷമായി ഉപജീവനം കഴിക്കുവാൻ തക്കവണ്ണം ഒന്നിനും കുറവില്ലാത്ത ദേശം; കല്ല് ഇരുമ്പായിരിക്കുന്നതും മലകളിൽനിന്ന് താമ്രം വെട്ടി എടുക്കുന്നതുമായ ദേശം.10നീ ഭക്ഷിച്ച് തൃപ്തിപ്രാപിക്കുമ്പോൾ നിന്റെ ദൈവമായ യഹോവ നിനക്ക് തന്നിരിക്കുന്ന നല്ല ദേശത്തെക്കുറിച്ച് നീ അവന് സ്തോത്രം ചെയ്യേണം.
11നിന്റെ ദൈവമായ യഹോവയെ നീ മറക്കാതിരിപ്പാനും, ഞാൻ ഇന്ന് നിന്നോട് കല്പിക്കുന്ന അവന്റെ കല്പനകളും വിധികളും ചട്ടങ്ങളും അലക്ഷ്യമാക്കാതിരിപ്പാനും ശ്രദ്ധിക്കുക.12നീ ഭക്ഷിച്ച് തൃപ്തിപ്രാപിക്കുമ്പോഴും നല്ല വീടുകൾ പണിത് അവയിൽ പാർക്കുമ്പോഴും
13നിന്റെ ആടുമാടുകൾ പെരുകി, നിനക്ക് വെള്ളിയും പൊന്നും ഏറി, നിനക്കുള്ളത് ഒക്കെയും വർദ്ധിക്കുമ്പോഴും നിന്റെ ഹൃദയം നിഗളിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.14നിന്നെ അടിമവീടായ ഈജിപ്റ്റിൽ നിന്ന് പുറപ്പെടുവിക്കയും
15അഗ്നിസർപ്പവും തേളും വെള്ളമില്ലാതെ വരൾച്ചയും ഉള്ള വലിയതും ഭയങ്കരവുമായ മരുഭൂമിയിൽ കൂടി നിന്നെ കൊണ്ടുവരികയും, തീക്കൽ പാറയിൽനിന്ന് നിനക്ക് വേണ്ടി വെള്ളം പുറപ്പെടുവിക്കയും16നിന്നെ താഴ്ത്തി പരീക്ഷിച്ച് ഭാവികാലത്ത് നിനക്ക് നന്മ ചെയ്യേണ്ടതിന് മരുഭൂമിയിൽ, നിന്റെ പിതാക്കന്മാർ അറിയാത്ത മന്ന കൊണ്ട് പോഷിപ്പിക്കയും ചെയ്ത നിന്റെ ദൈവമായ യഹോവയെ നീ മറക്കരുത്.17“എന്റെ ശക്തിയും എന്റെ കയ്യുടെ ബലവും ഈ സമ്പത്തുണ്ടാക്കി”എന്ന് നിന്റെ ഹൃദയത്തിൽ പറയാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളേണം.
18നിന്റെ ദൈവമായ യഹോവയെ നീ ഓർക്കേണം; നിന്റെ പിതാക്കന്മാരോട് സത്യം ചെയ്ത തന്റെ നിയമം ഇന്നുള്ളതുപോലെ ഉറപ്പിക്കേണ്ടതിന് അവനല്ലോ നിനക്ക് സമ്പത്തുണ്ടാക്കുവാൻ ശക്തി തരുന്നത്.19“നിന്റെ ദൈവമായ യഹോവയെ നീ മറക്കയും അന്യദൈവങ്ങളെ പിന്തുടർന്ന് അവയെ സേവിച്ച് നമസ്കരിക്കയും ചെയ്താൽ നീ നശിച്ചുപോകും” എന്ന് ഞാൻ ഇന്ന് നിന്നോട് സാക്ഷീകരിക്കുന്നു.20നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്ക് നിങ്ങൾ കേൾക്കാതിരുന്നതുകൊണ്ട് യഹോവ നിങ്ങളുടെ മുമ്പിൽനിന്ന് നശിപ്പിക്കുന്ന ജാതികളെപ്പോലെ നിങ്ങളും നശിച്ചുപോകും.

9

1യിസ്രായേലേ, കേൾക്ക; നീ ഇന്ന് യോർദ്ദാൻ കടന്ന് നിന്നെക്കാൾ വലിപ്പവും ബലവുമുള്ള ജനതകളെയും ആകാശത്തോളം ഉയർന്ന മതിലുള്ള വലിയ പട്ടണങ്ങളെയും2വലിപ്പവും പൊക്കവുമുള്ള അനാക്യരെന്ന ജനതയെയും ജയിച്ചടക്കുവാൻ പോകുന്നു; നീ അവരെ അറിയുന്നുവല്ലോ? ‘അനാക്യരുടെ മുമ്പാകെ നിൽക്കാൻ കഴിയുന്നവൻ ആർ?‘ എന്നിങ്ങനെയുള്ള ചൊല്ല് നീ കേട്ടിരിക്കുന്നു.

3എന്നാൽ നിന്റെ ദൈവമായ യഹോവ ദഹിപ്പിക്കുന്ന അഗ്നിയായി നിനക്കു മുമ്പിൽ കടന്നുപോകുന്നു എന്ന് നീ ഇന്ന് അറിഞ്ഞുകൊൾക. അവൻ അവരെ നശിപ്പിക്കയും നിന്റെ മുമ്പിൽ താഴ്ത്തുകയും ചെയ്യും; അങ്ങനെ യഹോവ നിന്നോട് അരുളിച്ചെയ്തതുപോലെ നീ അവരെ നീക്കിക്കളകയും ക്ഷണത്തിൽ നശിപ്പിക്കയും ചെയ്യും.
4നിന്റെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞശേഷം: ‘എന്റെ നീതിനിമിത്തം ഈ ദേശം കൈവശമാക്കുവാൻ യഹോവ എന്നെ കൊണ്ടുവന്നു’ എന്ന് നിന്റെ ഹൃദയത്തിൽ പറയരുത്; ആ ജനതയുടെ ദുഷ്ടത നിമിത്തമത്രേ യഹോവ അവരെ നിന്റെ മുമ്പിൽനിന്ന് നീക്കിക്കളയുന്നത്.
5നീ അവരുടെ ദേശം കൈവശമാക്കുവാൻ ചെല്ലുന്നത് നിന്റെ നീതിയും ഹൃദയപരമാർത്ഥതയും നിമിത്തം അല്ല; ആ ജനതയുടെ ദുഷ്ടതനിമിത്തവും അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്നീ നിന്റെ പിതാക്കന്മാരോട് യഹോവ സത്യംചെയ്ത വചനം നിവർത്തിക്കേണ്ടതിനും അത്രേ നിന്റെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പിൽനിന്ന് നീക്കിക്കളയുന്നത്.
6ആകയാൽ നിന്റെ ദൈവമായ യഹോവ നിനക്ക് ആ നല്ലദേശം അവകാശമായി തരുന്നത് നിന്റെ നീതിനിമിത്തം അല്ലെന്ന് അറിഞ്ഞുകൊൾക; നീ ദുശ്ശാഠ്യമുള്ള ജനമല്ലോ;
7നീ മരുഭൂമിയിൽവെച്ച് നിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചു എന്ന് ഓർക്കുക; മറന്നുകളയരുത്; ഈജിപ്റ്റ് ദേശത്തുനിന്ന് പുറപ്പെട്ട നാൾമുതൽ ഈ സ്ഥലത്ത് വന്നതുവരെ നിങ്ങൾ യഹോവയോട് മത്സരിക്കുന്നവരായിരുന്നു.8ഹോരേബിലും നിങ്ങൾ യഹോവയെ കോപിപ്പിച്ചു; അതുകൊണ്ട് നിങ്ങളെ നശിപ്പിച്ചു കളയുവാൻ തോന്നും വിധം യഹോവ നിങ്ങളോട് കോപിച്ചു.
9യഹോവ നിങ്ങളോട് ചെയ്ത നിയമം എഴുതിയ കല്പലകകൾ വാങ്ങുവാൻ ഞാൻ പർവ്വതത്തിൽ കയറി, നാല്പത് രാവും നാല്പത് പകലും പർവ്വതത്തിൽ താമസിച്ചു; ഞാൻ ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തില്ല.10ദൈവത്തിന്റെ വിരൽകൊണ്ട് എഴുതിയ രണ്ടു കല്പലകകൾ യഹോവ എന്റെ പക്കൽ തന്നു; മഹായോഗം ഉണ്ടായിരുന്ന നാളിൽ യഹോവ പർവ്വതത്തിൽവെച്ച് തീയുടെ നടുവിൽനിന്ന് നിങ്ങളോട് അരുളിച്ചെയ്ത സകലവചനങ്ങളും അവയിൽ എഴുതിയിരുന്നു.
11നാല്പതുരാവും നാല്പതുപകലും കഴിഞ്ഞപ്പോഴായിരുന്നു യഹോവ എന്റെ പക്കൽ നിയമം എഴുതിയ ആ രണ്ട് കല്പലകകൾ തന്നത്.12അപ്പോൾ യഹോവ എന്നോട്: “നീ എഴുന്നേറ്റ് ക്ഷണത്തിൽ ഇവിടെനിന്ന് ഇറങ്ങിച്ചെല്ലുക; നീ ഈജിപ്റ്റിൽ നിന്ന് കൊണ്ടുവന്ന നിന്റെ ജനം തങ്ങളെത്തന്നെ വഷളാക്കി, ഞാൻ അവരോട് കല്പിച്ച വഴി വേഗത്തിൽ വിട്ടുമാറി ഒരു വിഗ്രഹം വാർത്തുണ്ടാക്കിയിരിക്കുന്നു” എന്ന് കല്പിച്ചു.
13ഞാൻ ഈ ജനത ദുശ്ശാഠ്യമുള്ളവർ എന്ന് കാണുന്നു;14“എന്നെ വിടുക; ഞാൻ അവരെ നശിപ്പിച്ച് അവരുടെ പേർ ആകാശത്തിൻ കീഴിൽനിന്ന് മായിച്ചുകളയും; നിന്നെ അവരെക്കാൾ ബലവും വലിപ്പവുമുള്ള ജനതയാക്കും” എന്നും യഹോവ എന്നോട് അരുളിച്ചെയ്തു.
15അങ്ങനെ ഞാൻ തിരിഞ്ഞ് പർവ്വതത്തിൽനിന്ന് ഇറങ്ങി; പർവ്വതത്തിൽ തീ ആളിക്കത്തുകയായിരുന്നു; നിയമത്തിന്റെ രണ്ട് പലകകളും എന്റെ കയ്യിൽ ഉണ്ടായിരുന്നു.16ഞാൻ നോക്കിയപ്പോൾ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയോട് പാപം ചെയ്ത് ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി, യഹോവ നിങ്ങളോട് കല്പിച്ച വഴി വേഗത്തിൽ വിട്ടുമാറിയിരുന്നത് കണ്ടു.
17അപ്പോൾ ഞാൻ രണ്ടു പലകകളും എന്റെ കയ്യിൽ നിന്ന് നിങ്ങൾ കാൺകെ എറിഞ്ഞ് ഉടെച്ചുകളഞ്ഞു.18പിന്നെ യഹോവയെ കോപിപ്പിപ്പാൻ തക്കവണ്ണം നിങ്ങൾ അവന് അനിഷ്ടമായി പ്രവർത്തിച്ച നിങ്ങളുടെ സകലപാപങ്ങളും നിമിത്തം ഞാൻ യഹോവയുടെ സന്നിധിയിൽ മുമ്പിലത്തെപ്പോലെ നാല്പത് രാവും നാല്പത് പകലും വീണ് കിടന്നു; ഞാൻ ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തില്ല.
19നിങ്ങളെ നശിപ്പിക്കുമാറ് നിങ്ങളുടെ നേരെ ജ്വലിച്ച യഹോവയുടെ കോപവും ക്രോധവും കണ്ട് ഞാൻ ഭയപ്പെട്ടു; എന്നാൽ യഹോവ ആ പ്രാവശ്യവും എന്റെ അപേക്ഷ കേട്ടു.20അഹരോനെ നശിപ്പിക്കുവാൻ തക്കവണ്ണം അവന്റെ നേരെയും യഹോവ ഏറ്റവും കോപിച്ചു; എന്നാൽ ഞാൻ അന്ന് അഹരോനുവേണ്ടിയും അപേക്ഷിച്ചു.
21നിങ്ങൾ ഉണ്ടാക്കിയ, നിങ്ങൾക്ക് പാപകാരണമായ, കാളക്കുട്ടിയെ ഞാൻ എടുത്ത് തീയിൽ ഇട്ട് ചുട്ട് നന്നായി അരച്ച് നേരിയ പൊടിയാക്കി, ആ പൊടി പർവ്വതത്തിൽനിന്ന് പുറപ്പെടുന്ന തോട്ടിൽ വിതറി.
22തബേരയിലും മസ്സയിലും കിബ്രോത്ത്-ഹത്താവയിലും വെച്ച് നിങ്ങൾ യഹോവയെ കോപിപ്പിച്ചു.23‘നിങ്ങൾ ചെന്ന് ഞാൻ നിങ്ങൾക്ക് തന്നിട്ടുള്ള ദേശം കൈവശമാക്കുവിൻ’ എന്ന് കല്പിച്ച് യഹോവ നിങ്ങളെ കാദേശ്--ബർന്നേയയിൽ നിന്ന് അയച്ചപ്പോഴും നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനയോട് മറുത്തുനിന്നു; അവനെ വിശ്വസിച്ചില്ല; അവന്റെ വാക്ക് അനുസരിച്ചതുമില്ല.24ഞാൻ നിങ്ങളെ അറിഞ്ഞ നാൾമുതൽ നിങ്ങൾ യഹോവയോട് മത്സരിച്ചിരിക്കുന്നു.
25യഹോവ നിങ്ങളെ നശിപ്പിക്കുമെന്ന് അരുളിച്ചെയ്തിരുന്നതുകൊണ്ട് ഞാൻ യഹോവയുടെ സന്നിധിയിൽ നാല്പത് രാവും നാല്പത് പകലും വീണു കിടന്നു;26ഞാൻ യഹോവയോട് അപേക്ഷിച്ചുപറഞ്ഞത്: ‘കർത്താവായ യഹോവേ, നിന്റെ മഹത്വം കൊണ്ട് നീ വീണ്ടെടുത്ത് ബലമുള്ള കയ്യാൽ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന നിന്റെ ജനത്തെയും നിന്റെ അവകാശത്തെയും നശിപ്പിക്കരുതേ.
27അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്നീ നിന്റെ ദാസന്മാരെ ഓർക്കേണമേ; താൻ അവർക്ക് വാഗ്ദത്തം ചെയ്തിരുന്ന ദേശത്ത് അവരെ എത്തിപ്പാൻ യഹോവക്ക് കഴിയായ്കകൊണ്ടും അവൻ അവരെ പകച്ചതു കൊണ്ടും അവരെ കൊണ്ടുപോയി മരുഭൂമിയിൽവെച്ച് കൊന്നുകളഞ്ഞു എന്ന് നീ ഞങ്ങളെ വിടുവിച്ച് കൊണ്ടുപോന്ന ദേശക്കാർ പറയാതിരിപ്പാൻ28ഈ ജനത്തിന്റെ ശാഠ്യവും അകൃത്യവും പാപവും നോക്കരുതേ.29അവർ നിന്റെ മഹാബലംകൊണ്ടും നീട്ടിയ ഭുജംകൊണ്ടും നീ പുറപ്പെടുവിച്ച് കൊണ്ടുവന്ന നിന്റെ ജനവും നിന്റെ അവകാശവും അല്ലോ?”

10

1അക്കാലത്ത് യഹോവ എന്നോട്: “നീ ആദ്യത്തെപ്പോലെ രണ്ട് കല്പലകകൾ വെട്ടിയെടുത്ത് എന്റെ അടുക്കൽ പർവ്വതത്തിൽ കയറിവരിക; മരം കൊണ്ട് ഒരു പെട്ടകവും ഉണ്ടാക്കുക.2നീ ഉടച്ചുകളഞ്ഞ ആദ്യത്തെ പലകകളിൽ ഉണ്ടായിരുന്ന വചനങ്ങൾ ഞാൻ ആ പലകകളിൽ എഴുതും; നീ അവയെ ആ പെട്ടകത്തിൽ വെക്കേണം” എന്ന് കല്പിച്ചു.

3അങ്ങനെ ഞാൻ ഖദിരമരം കൊണ്ട് ഒരു പെട്ടകം ഉണ്ടാക്കി;ആദ്യത്തെപ്പോലെ രണ്ട് കല്പലകകൾ വെട്ടിയെടുത്ത് കയ്യിൽ ആ പലകകളുമായി പർവ്വതത്തിൽ കയറി.4മഹായോഗം ഉണ്ടായിരുന്ന നാളിൽ യഹോവ പർവ്വതത്തിൽ തീയുടെ നടുവിൽ നിന്ന് നിങ്ങളോട് അരുളിച്ചെയ്ത പത്ത് കല്പനകളും യഹോവ ആദ്യത്തെപ്പോലെ പലകകളിൽ എഴുതി, അവ എന്റെ പക്കൽ തന്നു.
5അനന്തരം ഞാൻ തിരിഞ്ഞ് പർവ്വതത്തിൽ നിന്ന് ഇറങ്ങി; ഞാൻ ഉണ്ടാക്കിയിരുന്ന പെട്ടകത്തിൽ പലകകൾ വെച്ചു; യഹോവ എന്നോട് കല്പിച്ചതുപോലെ അവ അവിടെത്തന്നെ ഉണ്ട്.
6യിസ്രായേൽമക്കൾ ബെനേ-ആക്കാൻ എന്ന ബേരോത്തിൽനിന്ന് മോസരയിലേക്ക് യാത്രചെയ്തു. അവിടെവെച്ച് അഹരോൻ മരിച്ചു; അവിടെ അവനെ അടക്കംചെയ്തു; അവന്റെ മകൻ എലെയാസാർ അവന് പകരം പുരോഹിതനായി.7അവിടെനിന്ന് അവർ ഗുദ്ഗോദെക്കും ഗുദ്ഗോദയിൽനിന്ന് നീരൊഴുക്കുള്ള ദേശമായ യൊത്-ബത്തെക്കും യാത്രചെയ്തു.
8അക്കാലത്ത് യഹോവ ലേവിഗോത്രത്തെ യഹോവയുടെ നിയമപ്പെട്ടകം ചുമക്കുവാനും ഇന്നത്തെപ്പോലെ യഹോവയുടെ സന്നിധിയിൽ നിന്ന് ശുശ്രൂഷ ചെയ്യുവാനും അവന്റെ നാമത്തിൽ അനുഗ്രഹിപ്പാനും വേർതിരിച്ചു.9അതുകൊണ്ട് ലേവിക്ക് അവന്റെ സഹോദരന്മാരോടുകൂടെ ഓഹരിയും അവകാശവും ഇല്ല; നിന്റെ ദൈവമായ യഹോവ അവന് വാഗ്ദത്തം ചെയ്തതു പോലെ യഹോവ തന്നേ അവന്റെ അവകാശം.
10ഞാൻ ആദ്യത്തെപ്പോലെ നാല്പത് രാവും നാല്പത് പകലും പർവ്വതത്തിൽ താമസിച്ചു; ആ പ്രാവശ്യവും യഹോവ എന്റെ അപേക്ഷ കേട്ടു; നിന്നെ നശിപ്പിക്കാതിരിപ്പാൻ യഹോവക്ക് സമ്മതമായി.11പിന്നെ യഹോവ എന്നോട്: “നീ എഴുന്നേറ്റ് യാത്രപുറപ്പെട്ട് ജനത്തിന് മുമ്പേ നടക്കുക; അവർക്ക് കൊടുക്കുമെന്ന് ഞാൻ അവരുടെ പിതാക്കന്മാരോട് സത്യംചെയ്ത ദേശം അവർ ചെന്ന് കൈവശമാക്കട്ടെ” എന്ന് കല്പിച്ചു.

12ആകയാൽ യിസ്രായേലേ, നിന്റെ ദൈവമായ യഹോവയെ ഭയപ്പെടുകയും അവന്റെ എല്ലാവഴികളിലും നടക്കുകയും അവനെ സ്നേഹിക്കയും, പൂർണ്ണ ഹൃദയത്തോടും പൂർണ്ണ മനസ്സോടുംകൂടെ സേവിക്കയും13ഞാൻ ഇന്ന് നിന്നോട് ആജ്ഞാപിക്കുന്ന യഹോവയുടെ കല്പനകളും ചട്ടങ്ങളും നിന്റെ നന്മക്കായി പ്രമാണിക്കയും വേണം എന്നല്ലാതെ വേറെ എന്താണ് നിന്റെ ദൈവമായ യഹോവ നിന്നോട് ചോദിക്കുന്നത്?
14ഇതാ, സ്വർഗ്ഗവും സ്വർഗ്ഗാധിസ്വർഗ്ഗവും ഭൂമിയും അതിലുള്ളതൊക്കെയും നിന്റെ ദൈവമായ യഹോവക്കുള്ളവ ആകുന്നു.15നിന്റെ പിതാക്കന്മാരോട് മാത്രം യഹോവക്ക് പ്രീതി തോന്നി അവരെ സ്നേഹിച്ചു; അവരുടെ കാലശേഷം അവരുടെ സന്തതികളായ നിങ്ങളെ ഇന്നത്തെപ്പോലെ അവൻ സകലജാതികളിലുംവച്ച് തെരഞ്ഞെടുത്തു.
16ആകയാൽ നിങ്ങൾ നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചർമ്മം പരിച്ഛേദന ചെയ്‌വീൻ; ഇനിമേൽ ദുശ്ശാഠ്യമുള്ളവരാകരുത്.17നിങ്ങളുടെ ദൈവമായ യഹോവ ദേവാധിദൈവവും കർത്താധികർത്താവുമായി വല്ലഭനും ഭയങ്കരനുമായ മഹാദൈവമല്ലോ; അവൻ മുഖപക്ഷം കാണിക്കുന്നില്ല, പ്രതിഫലം വാങ്ങുന്നതുമില്ല.
18അവൻ അനാഥർക്കും വിധവമാർക്കും ന്യായം നടത്തിക്കൊടുക്കുന്നു; പരദേശിയെ സ്നേഹിച്ച്, അവന് അന്നവും വസ്ത്രവും നല്കുന്നു.19ആകയാൽ നിങ്ങൾ പരദേശിയെ സ്നേഹിപ്പീൻ; നിങ്ങളും ഈജിപ്റ്റ്ദേശത്ത് പരദേശികളായിരുന്നുവല്ലോ.
20നിന്റെ ദൈവമായ യഹോവയെ നീ ഭയപ്പെടേണം; അവനെ സേവിക്കേണം; അവനോട് ചേർന്നിരിക്കേണം; അവന്റെ നാമത്തിൽ സത്യം ചെയ്യേണം.21അവനാകുന്നു നിന്റെ പുകഴ്ച; അവനാകുന്നു നിന്റെ ദൈവം; നീ സ്വന്ത കണ്ണുകൊണ്ട് കണ്ടിട്ടുള്ള മഹത്തും ഭയങ്കരവുമായ കാര്യങ്ങൾ നിനക്കുവേണ്ടി ചെയ്തത് അവൻ തന്നേ.
22നിന്റെ പിതാക്കന്മാർ എഴുപത് പേരായി ഈജിപ്റ്റിലേക്ക് ഇറങ്ങിപ്പോയി; ഇപ്പോഴോ നിന്റെ ദൈവമായ യഹോവ നിന്നെ വർദ്ധിപ്പിച്ച് ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ആക്കിയിരിക്കുന്നു.

11

1ആകയാൽ നിന്റെ ദൈവമായ യഹോവയെ നീ സ്നേഹിച്ച് അവന്റെ ചട്ടങ്ങളും വിധികളും കല്പനകളും എല്ലായ്പ്പോഴും പ്രമാണിക്കേണം.

2നിങ്ങളുടെ ദൈവമായ യഹോവയുടെ മഹാപ്രവർത്തികൾ അറിയാത്ത നിങ്ങളുടെ മക്കളോടല്ല ഞാൻ സംസാരിക്കുന്നത്.3അവന്റെ ശിക്ഷണം,മഹത്വം,ബലമുള്ള കൈ,നീട്ടിയ ഭുജം,അവൻ ഈജിപ്റ്റിന്റെ മദ്ധ്യേ ഈജിപ്റ്റ് രാജാവായ ഫറവോനോടും അവന്റെ സകലദേശത്തോടും ചെയ്ത അവന്റെ അടയാളങ്ങൾ, അവന്റെ പ്രവൃത്തികൾ,
4അവൻ ഈജിപ്റ്റുകാരുടെ സൈന്യത്തോടും കുതിരകളോടും രഥങ്ങളോടും ചെയ്തത്, അവർ നിങ്ങളെ പിന്തുടർന്നപ്പോൾ അവൻ ചെങ്കടലിലെ വെള്ളം അവരുടെമേൽ ഒഴുകുമാറാക്കി അവരെ നശിപ്പിച്ചത്,5നിങ്ങൾ ഇവിടെ വരുവോളം മരുഭൂമിയിൽ അവൻ നിങ്ങളെ നടത്തിയത്,എല്ലാം നിങ്ങൾ അറിയുന്നു.
6അവൻ രൂബേന്റെ മകനായ എലീയാബിന്റെ മക്കളായ ദാഥാനോടും അബീരാമിനോടും ചെയ്തത്, ഭൂമി വാ പിളർന്ന് അവരെയും കുടുംബങ്ങളെയും കൂടാരങ്ങളെയും യിസ്രായേൽ ജനത്തിന്റെ മദ്ധ്യേ അവർക്കുള്ള സകലജീവികളെയും വിഴുങ്ങിക്കളഞ്ഞത് എന്നിങ്ങനെയുള്ള കാര്യങ്ങളും അറിയാത്തവരല്ല നിങ്ങൾ എന്ന് ഓർത്തുകൊൾവീൻ.7യഹോവ ചെയ്ത മഹാപ്രവൃത്തികൾ നിങ്ങൾ കണ്ണാലെ കണ്ടിരിക്കുന്നുവല്ലോ.
8ആകയാൽ നിങ്ങൾ ബലപ്പെടുവാനും നിങ്ങൾ കൈവശമാക്കുവാൻ പോകുന്ന ദേശം കീഴടക്കുവാനും9യഹോവ നിങ്ങളുടെ പിതാക്കന്മാർക്കും അവരുടെ സന്തതിക്കും കൊടുക്കുമെന്ന് അവരോട് സത്യംചെയ്ത, പാലും തേനും ഒഴുകുന്ന ദേശത്ത്, നിങ്ങൾ ദീർഘായുസ്സോടിരിക്കുവാൻ, ഇന്ന് ഞാൻ നിങ്ങളോട് ആജ്ഞാപിക്കുന്ന കല്പനകളൊക്കെയും പ്രമാണിച്ച് നടപ്പീൻ.
10നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശം നീ വിട്ടുപോന്ന ഈജിപ്റ്റ്ദേശംപോലെയല്ല; അവിടെ നീ വിത്തു വിതച്ചിട്ട് പച്ചക്കറിത്തോട്ടം പോലെ നിന്റെ കാലുകൊണ്ട് നനയ്ക്കേണ്ടിയിരുന്നു.11നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശമോ, മലകളും താഴ്വരകളും ഉള്ളതും ആകാശത്തുനിന്ന് പെയ്യുന്ന മഴവെള്ളം ലഭിക്കുന്നതും12നിന്റെ ദൈവമായ യഹോവ പരിപാലിക്കുന്നതുമായ ദേശമാകുന്നു. ആണ്ടിന്റെ ആരംഭംമുതൽ അവസാനംവരെ നിന്റെ ദൈവമായ യഹോവയുടെ ദൃഷ്ടി എപ്പോഴും അതിന്മേൽ ഇരിക്കുന്നു.

13നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ സ്നേഹിക്കയും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും കൂടെ അവനെ സേവിക്കയും ചെയ്തുകൊണ്ട് ഞാൻ ഇന്ന് നിങ്ങളോട് കല്പിക്കുന്ന എന്റെ കല്പനകൾ ജാഗ്രതയോടെ അനുസരിച്ചാൽ14ധാന്യവും വീഞ്ഞും എണ്ണയും ശേഖരിക്കേണ്ടതിന് ഞാൻ തക്കസമയത്ത് നിങ്ങളുടെ ദേശത്തിന് ആവശ്യമായ മുൻമഴയും പിൻമഴയും പെയ്യിക്കും.15ഞാൻ നിന്റെ നിലത്ത് നിന്റെ നാൽക്കാലികൾക്ക് പുല്ലും തരും; നീ തൃപ്തിയാകുംവണ്ണം ഭക്ഷിക്കും.
16നിങ്ങളുടെ ഹൃദയത്തിന് ഭോഷത്തം പറ്റുകയും നിങ്ങൾ നേർവഴി വിട്ട് അന്യദൈവങ്ങളെ സേവിച്ച് നമസ്കരിക്കയും ചെയ്യാതിരിപ്പാൻ സൂക്ഷിച്ചുകൊൾവീൻ.17അല്ലെങ്കിൽ യഹോവയുടെ ക്രോധം നിങ്ങളുടെ നേരെ ജ്വലിച്ച് മഴ പെയ്യാതെ അവൻ ആകാശം അടച്ചുകളകയും ഭൂമി അനുഭവം തരാതിരിക്കയും യഹോവ നിങ്ങൾക്ക് തരുന്ന നല്ല ദേശത്തുനിന്ന് നിങ്ങൾ വേഗം നശിച്ചുപോകയും ചെയ്യും.
18ആകയാൽ നിങ്ങൾ എന്റെ ഈ വചനങ്ങളെ നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും സംഗ്രഹിച്ച് നിങ്ങളുടെ കൈമേൽ അടയാളമായി കെട്ടുകയും അവ നിങ്ങളുടെ കണ്ണുകൾക്കു മദ്ധ്യേ നെറ്റിപ്പട്ടമായി ധരിക്കയും വേണം.19വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും നിങ്ങൾ അവയെക്കുറിച്ച് സംസാരിച്ചുകൊണ്ട് നിങ്ങളുടെ മക്കൾക്ക് അവ ഉപദേശിച്ചുകൊടുക്കേണം.
20യഹോവ നിങ്ങളുടെ പിതാക്കന്മാർക്ക് കൊടുക്കുമെന്ന് അവരോട് സത്യംചെയ്ത ദേശത്ത് നിങ്ങളും നിങ്ങളുടെ മക്കളും ഭൂമിക്കുമീതെ ആകാശമുള്ള കാലത്തോളം ദീർഘായുസ്സോടിരിക്കേണ്ടതിന്21അവ നിന്റെ വീടിന്റെ കട്ടിളകളിൻ മേലും പടിവാതിലുകളിലും എഴുതേണം.
22ഞാൻ നിങ്ങളോട് ആജ്ഞാപിക്കുന്ന ഈ സകലകല്പനകളും ജാഗ്രതയോടെ പ്രമാണിച്ച് നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ എല്ലാവഴികളിലും നടന്ന് അവനോട് ചേർന്നിരിക്കയും ചെയ്താൽ23യഹോവ ഈ ജനതകളെയെല്ലാം നിങ്ങളുടെ മുമ്പിൽനിന്ന് നീക്കിക്കളയും; നിങ്ങളെക്കാൾ വലിപ്പവും ബലവുമുള്ള ജാതികളുടെ ദേശം നിങ്ങൾ കൈവശമാക്കും.
24നിങ്ങളുടെ ഉള്ളങ്കാൽ ചവിട്ടുന്ന ഇടമൊക്കെയും നിങ്ങളുടേതാകും.നിങ്ങളുടെ അതിർ മരുഭൂമി മുതൽ ലെബാനോൻ വരെയും യൂഫ്രട്ടീസ് നദി മുതൽ പടിഞ്ഞാറേ കടൽ വരെയും ആകും.25ഒരു മനുഷ്യനും നിങ്ങളുടെ മുമ്പിൽ നിൽക്കയില്ല. നിങ്ങളുടെ ദൈവമായ യഹോവ അരുളിച്ചെയ്തതുപോലെ അവൻ നിങ്ങളെക്കുറിച്ചുള്ള പേടിയും ഭീതിയും നിങ്ങൾ ചെല്ലുന്ന സകലദിക്കിലും വരുത്തും.

26ഇതാ, ഞാൻ ഇന്ന് അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വയ്ക്കുന്നു.27ഇന്ന് ഞാൻ നിങ്ങളോട് ആജ്ഞാപിക്കുന്ന ദൈവമായ യഹോവയുടെ കല്പനകൾ നിങ്ങൾ അനുസരിക്കുന്നു എങ്കിൽ അനുഗ്രഹവും28അവന്റെ കല്പനകൾ അനുസരിക്കാതെ ഇന്ന് ഞാൻ നിങ്ങളോട് കല്പിക്കുന്ന വഴി വിട്ടുമാറി നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അന്യ ദൈവങ്ങളുടെ പിന്നാലെ ചെല്ലുന്നു എങ്കിൽ ശാപവും വരും.

29നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്ത് നിന്റെ ദൈവമായ യഹോവ നിന്നെ എത്തിച്ചശേഷം, ഗെരിസീം മലയിൽവെച്ച് അനുഗ്രഹവും ഏബാൽ മലയിൽവെച്ച് ശാപവും പ്രസ്താവിക്കേണം.30ആ മലകൾ ഗില്ഗാലിനെതിരായി മോരെ തോപ്പിനരികെ അരാബയിൽ പാർക്കുന്ന കനാന്യരുടെ ദേശത്ത് യോർദ്ദാനക്കരെ പടിഞ്ഞാറുഭാഗത്തല്ലോ ഉള്ളത്.
31നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തരുന്ന ദേശം കൈവശമാക്കേണ്ടതിന് നിങ്ങൾ യോർദ്ദാൻ കടന്നുചെന്ന് അതിനെ കീഴടക്കി അവിടെ പാർക്കും.32ഞാൻ ഇന്ന് നിങ്ങളുടെ മുമ്പിൽ വയ്ക്കുന്ന എല്ലാചട്ടങ്ങളും വിധികളും നിങ്ങൾ പ്രമാണിച്ചു നടക്കേണം.

12

1നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്ക് അവകാശമായി തരുന്ന ദേശത്ത് നിങ്ങളുടെ ജീവകാലമെല്ലാം പ്രമാണിക്കേണ്ട ചട്ടങ്ങളും വിധികളും ഇവയാകുന്നു:2നിങ്ങൾ കൈവശമാക്കുവാൻ പോകുന്ന ദേശത്തെ ജനതകൾ ഉയർന്ന പർവ്വതങ്ങളിലും കുന്നുകളിലും പച്ചമരങ്ങളുടെ കീഴിലും തങ്ങളുടെ ദേവന്മാരെ സേവിച്ച സ്ഥലങ്ങളൊക്കെയും നിങ്ങൾ അശേഷം നശിപ്പിക്കണം.

3അവരുടെ ബലിപീഠങ്ങൾ ഇടിച്ചുകളയണം; അവരുടെ ബിംബങ്ങൾ തകർക്കണം; അവരുടെ അശേരപ്രതിഷ്ഠകൾ തീയിൽ ഇട്ട് ചുട്ടുകളയണം; അവരുടെ ദേവപ്രതിമകൾ വെട്ടിക്കളഞ്ഞ് അവയുടെ പേർ ആ സ്ഥലത്തുനിന്ന് മായിച്ചു കളയണം.4നിങ്ങളുടെ ദൈവമായ യഹോവയെ ആ വിധത്തിൽ അല്ല സേവിക്കേണ്ടത്.
5നിങ്ങളുടെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിക്കുവാൻ നിങ്ങളുടെ സകലഗോത്രങ്ങളിൽ നിന്നും തെരഞ്ഞെടുക്കുന്ന സ്ഥലത്ത് നിങ്ങൾ തിരുനിവാസ ദർശനത്തിനായി ചെല്ലണം.6അവിടെ തന്നെ നിങ്ങളുടെ ഹോമയാഗങ്ങൾ, ഹനനയാഗങ്ങൾ, ദശാംശങ്ങൾ, നിങ്ങളുടെ കൈയിലെ അർപ്പണങ്ങൾ, നേർച്ചകൾ, സ്വമേധാദാനങ്ങൾ, ആടുമാടുകളുടെ കടിഞ്ഞൂലുകൾ എന്നിവ നിങ്ങൾ കൊണ്ടുചെല്ലണം.
7അവിടെ, നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ച്, നിങ്ങൾ ഭക്ഷിക്കയും, നിങ്ങളുടെ സകലപ്രവൃത്തിയിലും ദൈവമായ യഹോവ നിങ്ങളെ അനുഗ്രഹിച്ചതിനെക്കുറിച്ച് നിങ്ങളും നിങ്ങളുടെ കടുംബങ്ങളും സന്തോഷിക്കയും വേണം.
8ഇവിടെ ഓരോരുത്തൻ തനിക്ക് ബോധിച്ചപ്രകാരം ഇന്ന് ചെയ്യുന്നതുപോലെ നിങ്ങൾ ചെയ്യരുത്.9നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് വാഗ്ദാനം ചെയ്ത സ്വസ്ഥതയിലേക്കും അവകാശത്തിലേക്കും നിങ്ങൾ ഇതുവരെ എത്തിയിട്ടില്ലല്ലോ.
10എന്നാൽ നിങ്ങൾ യോർദ്ദാൻ കടന്ന് നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി തരുന്ന ദേശത്ത് പ്രവേശിക്കയും, ചുറ്റുമുള്ള സകലശത്രുക്കളെയും നീക്കി യഹോവ നിങ്ങൾക്ക് സ്വസ്ഥത തരികയും നിങ്ങൾ നിർഭയമായി വസിക്കയും ചെയ്യുമ്പോൾ11നിങ്ങളുടെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് നിങ്ങളുടെ ഹോമയാഗങ്ങൾ, ഹനനയാഗങ്ങൾ, ദശാംശങ്ങൾ, നിങ്ങളുടെ കൈയിലെ അർപ്പണങ്ങൾ, നിങ്ങൾ യഹോവക്ക് നേരുന്ന വിശേഷമായ നേർച്ചകൾ എന്നിങ്ങനെ ഞാൻ നിങ്ങളോട് ആജ്ഞാപിക്കുന്നതൊക്കെയും കൊണ്ടുവരേണം.
12നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നിങ്ങളും നിങ്ങളുടെ പുത്രന്മാരും പുത്രിമാരും ദാസന്മാരും ദാസിമാരും നിങ്ങളുടെ പട്ടണങ്ങളിൽ ഉള്ള ലേവ്യനും സന്തോഷിക്കേണം; അവന് നിങ്ങളോടുകൂടെ ഓഹരിയും അവകാശവും ഇല്ലല്ലോ.
13നിനക്ക് ബോധിക്കുന്നിടത്തെല്ലാം നിന്റെ ഹോമയാഗങ്ങൾ അർപ്പിക്കാതിരിക്കുവാൻ സൂക്ഷിച്ചുകൊൾക.14യഹോവ നിന്റെ ഗോത്രങ്ങളിൽ നിന്ന് തെരഞ്ഞെടുക്കുന്ന സ്ഥലത്ത് നീ നിന്റെ ഹോമയാഗങ്ങൾ അർപ്പിക്കേണം; ഞാൻ നിന്നോട് ആജ്ഞാപിക്കുന്നതൊക്കെയും നീ ചെയ്യേണം.
15എന്നാൽ നിന്റെ ദൈവമായ യഹോവ നിനക്ക് തന്നിരിക്കുന്ന അനുഗ്രഹത്തിന് തക്കവണ്ണം നിന്റെ ഏതു പട്ടണത്തിൽവെച്ചും നിന്റെ ആഗ്രഹപ്രകാരം മൃഗങ്ങളെ അറുത്ത് മാംസം തിന്നാം; കലമാനിനെയും പുള്ളിമാനിനെയും പോലെ ശുദ്ധനും അശുദ്ധനും ആ മാംസം തിന്നാം; രക്തം മാത്രം നിങ്ങൾ ഭക്ഷിക്കരുത്;16അത് വെള്ളംപോലെ നിലത്ത് ഒഴിച്ചുകളയേണം.
17എന്നാൽ നിന്റെ ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ദശാംശം, നിന്റെ ആടുമാടുകളുടെ കടിഞ്ഞൂലുകൾ, നീ നേരുന്ന എല്ലാനേർച്ചകൾ, നിന്റെ സ്വമേധാദാനങ്ങൾ നിന്റെ കൈയിലെ അർപ്പണങ്ങൾ എന്നിവ നിന്റെ പട്ടണങ്ങളിൽവെച്ച് തിന്നരുത്.
18അവ നിന്റെ ദൈവമായ യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്ത്, യഹോവയുടെ സന്നിധിയിൽവെച്ച്, നീയും നിന്റെ മകനും മകളും ദാസനും ദാസിയും നിന്റെ പട്ടണങ്ങളിൽ ഉള്ള ലേവ്യനും തിന്ന്, നിന്റെ സകലപ്രയത്നത്തെക്കുറിച്ചും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ സന്തോഷിക്കേണം.19നീ ഭൂമിയിൽ ജീവിക്കുന്ന കാലത്തോളം ലേവ്യനെ ഉപേക്ഷിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.

20നിന്റെ ദൈവമായ യഹോവ നിനക്ക് വാഗ്ദത്തം ചെയ്തതുപോലെ അവൻ നിന്റെ അതിർ വിശാലമാക്കുമ്പോൾ നീ മാംസം തിന്മാൻ ആഗ്രഹിച്ചാൽ, നിന്റെ ഇഷ്ടംപോലെ നിനക്ക് മാംസം തിന്നാം.
21നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തെരഞ്ഞെടുത്ത സ്ഥലം ഏറെ ദൂരത്താകുന്നു എങ്കിൽ യഹോവ നിനക്ക് തന്നിട്ടുള്ള നിന്റെ ആടുമാടുകളിൽ ഏതിനെ എങ്കിലും ഞാൻ നിന്നോട് കല്പിച്ചതുപോലെ അറുക്കുകയും നിന്റെ പട്ടണങ്ങളിൽവെച്ച് ഇഷ്ടംപോലെ തിന്നുകയും ചെയ്യാം.22കലമാനിനെയും പുള്ളിമാനിനെയും തിന്നുന്നതുപോലെ നിനക്ക് അവയെ തിന്നാം; ശുദ്ധനും അശുദ്ധനും ഒരുപോലെ തിന്നാം.
23രക്തം മാത്രം ഭക്ഷിക്കാതിരിപ്പാൻ സൂക്ഷിക്ക; രക്തം ജീവൻ ആകുന്നുവല്ലോ; മാംസത്തോടുകൂടെ ജീവനെ തിന്നരുത്.24അത് നീ ഭക്ഷിക്കാതെ വെള്ളംപോലെ നിലത്ത് ഒഴിച്ചുകളയേണം.25യഹോവക്ക് ഹിതകരമായത് ചെയ്ത് നിനക്കും മക്കൾക്കും നന്നായിരിക്കേണ്ടതിന് നീ രക്തം ഭക്ഷിക്കരുത്.
26നിന്റെ പക്കലുള്ള വിശുദ്ധവസ്തുക്കളും നിന്റെ നേർച്ചകളും മാത്രം നീ എടുത്തുകൊണ്ട് യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്തേക്ക് പോകേണം.27അവിടെ നിന്റെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്മേൽ നിന്റെ ഹോമയാഗങ്ങൾ മാംസത്തോടും രക്തത്തോടും കൂടെ അർപ്പിക്കേണം; നിന്റെ ഹനനയാഗങ്ങളുടെ രക്തം നിന്റെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്മേൽ ഒഴിക്കേണം; അതിന്റെ മാംസം നിനക്ക് തിന്നാം.
28നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ ഹിതകരവും ഉത്തമമായതും ചെയ്ത് നിനക്കും മക്കൾക്കും നന്നായിരിക്കേണ്ടതിന് ഞാൻ നിന്നോട് കല്പിക്കുന്ന സകലവചനങ്ങളും ശ്രദ്ധയോട് കേട്ട്,അവ പ്രമാണിക്കുക.

29നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തുള്ള ജനതകളെ നിന്റെ ദൈവമായ യഹോവ നിന്റെ മുമ്പിൽനിന്ന് ഛേദിച്ചുകളയുമ്പോഴും നീ അവരെ നീക്കിക്കളഞ്ഞ് അവരുടെ ദേശത്ത് പാർക്കുമ്പോഴും30അവർ നിന്റെ മുമ്പിൽനിന്ന് നശിച്ചുപോയതിന് ശേഷം നീ അവരുടെ നടപടി അനുസരിച്ച് കെണിയിൽ അകപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾക. “ഈ ജനതകൾ തങ്ങളുടെ ദേവന്മാരെ സേവിച്ചതുപോലെ ഞാനും ചെയ്യും” എന്ന് പറഞ്ഞ് അവരുടെ ദേവന്മാരെക്കുറിച്ച് അന്വേഷിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളേണം.
31നിന്റെ ദൈവമായ യഹോവയെ അങ്ങനെ അല്ല സേവിക്കേണ്ടത്; യഹോവ വെറുക്കുന്ന സകലമ്ലേച്ഛതയും തങ്ങളുടെ ദേവപൂജയിൽ ചെയ്ത് തങ്ങളുടെ പുത്രീപുത്രന്മാരെപ്പോലും അവർ തങ്ങളുടെ ദേവന്മാർക്ക് അഗ്നിപ്രവേശം ചെയ്യിച്ചുവല്ലോ.32ഞാൻ നിങ്ങളോട് ആജ്ഞാപിക്കുന്നതൊക്കെയും പ്രമാണിച്ചു നടപ്പീൻ; അതിനോട് കൂട്ടരുത്; അതിൽനിന്ന് കുറയ്ക്കയും അരുത്.

13

1നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകനോ സ്വപ്നക്കാരനോ എഴുന്നേറ്റ്:2“നീ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്ന് സേവിക്ക” എന്ന് പറഞ്ഞുകൊണ്ട് ഒരു അടയാളമോ അത്ഭുതമോ മുന്നറിയിക്കയും, അവൻ പറഞ്ഞ അടയാളമോ അത്ഭുതമോ സംഭവിക്കയും ചെയ്താൽ3ആ പ്രവാചകന്റെയോ സ്വപ്നക്കാരന്റെയോ വാക്ക് നീ കേട്ടനുസരിക്കരുത്; നിങ്ങളുടെ ദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ നിങ്ങൾ സ്നേഹിക്കുന്നുവോ എന്ന് അറിയേണ്ടതിന് യഹോവ നിങ്ങളെ പരീക്ഷിക്കയാകുന്നു.

4നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ അനുസരിച്ച് ഭയപ്പെടുകയും, അവന്റെ കല്പന പ്രമാണിച്ച് അവന്റെ വാക്ക് കേൾക്കുകയും അവനെ സേവിച്ച് അവനോട് ചേർന്നിരിക്കയും വേണം.

5ആ പ്രവാചകനോ സ്വപ്നക്കാരനോ ഈജിപ്റ്റ്ദേശത്തുനിന്ന് നിങ്ങളെ കൊണ്ടുവന്നവനും അടിമവീട്ടിൽ നിന്ന് വീണ്ടെടുത്തവനുമായ നിങ്ങളുടെ ദൈവമായ യഹോവക്ക് വിരോധമായി ദ്രോഹം സംസാരിച്ച്, നിന്റെ ദൈവമായ യഹോവ നീ നടക്കുവാൻ കല്പിച്ച വഴിയിൽനിന്ന് നിന്നെ തെറ്റിപ്പാൻ നോക്കിയതുകൊണ്ട് അവനെ കൊല്ലേണം; അങ്ങനെ നിന്റെ മദ്ധ്യേ നിന്ന് ദോഷം നീക്കിക്കളയേണം.
6നീയോ നിന്റെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്ന് സേവിക്ക എന്ന് നിന്റെ അമ്മയുടെ മകനായ നിന്റെ സഹോദരനോ, നിന്റെ മകനോ മകളോ, നിന്റെ മാർവ്വിടത്തിലുള്ള ഭാര്യയോ, നിന്റെ പ്രാണസ്നേഹിതനോ, രഹസ്യമായി പറഞ്ഞ് നിന്നെ വശീകരിപ്പാൻ നോക്കിയാൽ7ദേശത്തിന്റെ ഒരു അറ്റം മുതൽ മറ്റേ അറ്റം വരെ, സമീപത്തോ ദൂരത്തോ,നിങ്ങളുടെ ചുറ്റും ഉള്ള ജനതകളുടെ ദേവന്മാരിൽവെച്ച്
8അതിനോട് യോജിക്കയോ അവരുടെ വാക്ക് കേൾക്കയോ ചെയ്യരുത്; അവരോട് കനിവു തോന്നുകയോ, ക്ഷമിച്ച് അവരെ ഒളിപ്പിക്കയോ ചെയ്യാതെ, കൊന്നുകളയേണം.9അവരെ കൊല്ലേണ്ടതിന് ആദ്യം നീയും പിന്നെ സർവ്വജനവും മുൻ കൈ എടുക്കേണം.
10അടിമവീടായ ഈജിപ്റ്റ് ദേശത്തുനിന്ന് നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവയോട് നിന്നെ അകറ്റിക്കളവാൻ അവർ അന്വേഷിച്ചതുകൊണ്ട് അവരെ കല്ലെറിഞ്ഞ് കൊല്ലേണം.

11മേലാൽ നിങ്ങളുടെ ഇടയിൽ ഈ അരുതാത്ത കാര്യം നടക്കാതിരിപ്പാൻ യിസ്രായേലെല്ലാം ഈ വർത്തമാനം കേട്ട് ഭയപ്പെടേണം.
12നിന്റെ ദൈവമായ യഹോവ നിനക്കു പാർപ്പാൻ തന്നിട്ടുള്ള ഏതെങ്കിലും ഒരു പട്ടണത്തെക്കുറിച്ച് കേട്ടാൽ13നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്ന് സേവിയ്ക്കണമെന്ന് പറയുന്ന നീചന്മാർ നിങ്ങളുടെ ഇടയിൽനിന്ന് പുറപ്പെട്ട് തങ്ങളുടെ പട്ടണത്തിലെ നിവാസികളെ വശീകരിച്ചിരിക്കുന്നു എന്ന്14നീ നല്ലവണ്ണം അന്വേഷിക്കയും പരിശോധിക്കയും ചോദ്യം ചെയ്യുകയും വേണം. അങ്ങനെയുള്ള മ്ലേച്ഛത നിങ്ങളുടെ ഇടയിൽ നടന്നു എന്ന കാര്യം വാസ്തവവും നിശ്ചയവും എങ്കിൽ
15നീ ആ പട്ടണത്തിലെ നിവാസികളെ വാളിന്റെ വായ്ത്തലയാൽ കൊന്ന് അതും, അതിലുള്ളത് ഒക്കെയും, അതിലെ മൃഗങ്ങളെയും വാളിന്റെ വായ്ത്തലയാൽ ശപഥാർപ്പിതമായി സംഹരിക്കേണം.16അതിലെ കൊള്ളമുതൽ വീഥിയുടെ നടുവിൽ കൂട്ടിയിട്ട് ആ പട്ടണവും അതിലെ കൊള്ളയും അശേഷം നിന്റെ ദൈവമായ യഹോവയ്ക്കായി തീയിട്ട് ചുട്ടുകളയേണം; ആ പട്ടണം എന്നും പാഴ്ക്കുന്നായിരിക്കേണം; അതിനെ പിന്നെ പണിയുകയുമരുത്.
17യഹോവ തന്റെ ഉഗ്രകോപം വിട്ടുതിരിഞ്ഞ് നിന്നോടു കരുണയും കനിവും കാണിക്കേണ്ടതിനും നിന്റെ പിതാക്കന്മാരോട് സത്യംചെയ്തതുപോലെ നിന്നെ വർദ്ധിപ്പിക്കേണ്ടതിനും ശപഥാർപ്പിതമായ യാതൊന്നും നിന്റെ കയ്യിൽ പറ്റിയിരിക്കരുത്.”18നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ട് ഞാൻ ഇന്ന് നിന്നോട് ആജ്ഞാപിക്കുന്ന അവന്റെ സകലകല്പനകളും പ്രമാണിച്ച് നിന്റെ ദൈവമായ യഹോവക്ക് ഹിതകരമായത് ചെയ്യുക.

14

1നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവക്ക് മക്കൾ ആകുന്നു; മരിച്ചവനുവേണ്ടി നിങ്ങളെ മുറിവേല്പിക്കയോ നിങ്ങൾക്ക് മുൻകഷണ്ടിയുണ്ടാക്കുകയോ ചെയ്യരുത്.2നിന്റെ ദൈവമായ യഹോവക്ക് നീ വിശുദ്ധജനമല്ലോ; ഭൂതലത്തിലുള്ള സകലജാതികളിലുംവച്ച് തനിക്ക് സ്വന്തജനമായിരിപ്പാൻ യഹോവ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു.

3മ്ലേച്ഛമായതൊന്നും തിന്നരുത്.4നിങ്ങൾക്ക് ഭക്ഷിക്കാവുന്ന മൃഗങ്ങൾ ഇവ ആകുന്നു:5കാള, ചെമ്മരിയാട്, കോലാട്, കലമാൻ, പുള്ളിമാൻ, കടമാൻ, കാട്ടാട്, ചെറുമാൻ, മലയാട്, കവരിമാൻ.
6കുളമ്പു പിളർന്ന് രണ്ടായി പിരിഞ്ഞതും അയവിറക്കുന്നതുമായ മൃഗങ്ങളെ നിങ്ങൾക്കു തിന്നാം.7എന്നാൽ അയവിറക്കുന്നവയിലും കുളമ്പു പിളർന്നവയിലും തിന്നരുതാത്തവ ശ്രദ്ധിക്കുക. ഒട്ടകം, മുയൽ, കുഴിമുയൽ,ഇവ അയവിറക്കുന്നു എങ്കിലും കുളമ്പു പിളർന്നവയല്ല; അവ നിങ്ങൾക്ക് അശുദ്ധം.
8പന്നിയുടെ കുളമ്പു പിളർന്നതെങ്കിലും അയവിറക്കുന്നില്ല; അത് നിങ്ങൾക്ക് അശുദ്ധം; ഇവയുടെ മാംസം തിന്നരുത്; ജഡം തൊടുകയും അരുത്.

9വെള്ളത്തിൽ ജീവിക്കുന്ന ചിറകും ചെതുമ്പലും ഉള്ളതൊക്കെയും നിങ്ങൾക്ക് തിന്നാം.10എന്നാൽ ചിറകും ചെതുമ്പലും ഇല്ലാത്തതൊന്നും തിന്നരുത്; അത് നിങ്ങൾക്ക് അശുദ്ധം.

11ശുദ്ധിയുള്ള സകലപക്ഷികളെയും നിങ്ങൾക്ക് തിന്നാം.12പക്ഷികളിൽ തിന്നരുതാത്തവ: കടൽറാഞ്ചൻ, ചെമ്പരുന്ത്, കഴുകൻ,13ചെങ്ങാലിപ്പരുന്ത്, ഗൃദ്ധൃം, അതതുവിധം പരുന്ത്
14അതതുവിധം കാക്ക,15ഒട്ടകപക്ഷി, പുള്ള്, കടൽക്കാക്ക, അതതുവിധം പ്രാപ്പിടിയൻ,16നത്ത്, കൂമൻ, മൂങ്ങാ, വേഴാമ്പൽ,17കുടുമ്മച്ചാത്തൻ, നീർക്കാക്ക,
18പെരുഞ്ഞാറ, അതതുവിധം കൊക്ക്, കുളക്കോഴി, നരിച്ചീർ, എന്നിവയാകുന്നു.19ചിറകുള്ള ഇഴജാതിയൊക്കെയും നിങ്ങൾക്ക് അശുദ്ധം; അവ തിന്നരുത്.20ശുദ്ധിയുള്ള പക്ഷികളെയൊക്കെയും നിങ്ങൾക്കു തിന്നാം.

21തനിയെ ചത്ത ഒന്നിനെയും തിന്നരുത്; അത് നിന്റെ പട്ടണങ്ങളിലുള്ള പരദേശിക്ക് തിന്മാൻ കൊടുക്കാം: അല്ലെങ്കിൽ അന്യജാതിക്കാരന് വില്ക്കാം; നിന്റെ ദൈവമായ യഹോവക്ക് നീ വിശുദ്ധജനമല്ലോ. ആട്ടിൻകുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ പാകം ചെയ്യരുത്.

22ആണ്ടുതോറും നിലത്ത് വിതച്ചുണ്ടാകുന്ന എല്ലാവിളവിലും ദശാംശം എടുത്തുവയ്ക്കേണം.23നിന്റെ ദൈവമായ യഹോവയെ എല്ലായ്പോഴും ഭയപ്പെടുവാൻ പഠിക്കേണ്ടതിന് നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് നീ നിന്റെ ധാന്യത്തിന്റെയും വീഞ്ഞിന്റെയും എണ്ണയുടെയും ദശാംശവും നിന്റെ ആടുമാടുകളുടെ കടിഞ്ഞൂലുകളെയും അവന്റെ സന്നിധിയിൽവച്ച് തിന്നേണം.
24നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചിരിക്കുമ്പോൾ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തെരഞ്ഞെടുക്കുന്ന സ്ഥലം വളരെ അകലെയും അത് കൊണ്ടുപോകുവാൻ കഴിയാതവണ്ണം വഴി അതിദൂരവുമായിരുന്നാൽ25അത് വിറ്റ് പണമാക്കി പണം കയ്യിൽ എടുത്ത് നിന്റെ ദൈവമായ യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് കൊണ്ടുപോകേണം.
26നിന്റെ ഇഷ്ടംപോലെ മാടോ ആടോ വീഞ്ഞോ മദ്യമോ ഇങ്ങനെ ഏതും ആ പണം കൊടുത്ത് വാങ്ങി നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ച് തിന്ന് നീയും നിന്റെ കുടുംബവും സന്തോഷിക്കേണം.27നിന്റെ പട്ടണങ്ങളിലുള്ള ലേവ്യനെ മറന്നുകളയരുത്; അവന് നിന്നോടുകൂടെ ഓഹരിയും അവകാശവും ഇല്ലല്ലോ.

28മൂന്ന് വർഷം കൂടുമ്പോൾ മൂന്നാം വർഷത്തെ വിളവിന്റെ ദശാംശം വേർതിരിച്ച് നിന്റെ പട്ടണങ്ങളിൽ സൂക്ഷിക്കേണം.29നീ ചെയ്യുന്ന സകല പ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന്, നിന്നോടുകൂടെ ഓഹരിയും അവകാശവും ഇല്ലാത്ത ലേവ്യനും, നിന്റെ പട്ടണങ്ങളിലുള്ള പരദേശിയും അനാഥനും വിധവയും വന്ന് ഭക്ഷിച്ച് തൃപ്തരാകേണം.

15

1ഏഴു വർഷത്തിൽ ഒരിക്കൽ നീ ഒരു വിമോചനം ആചരിക്കേണം.2വിമോചനത്തിന്റെ ക്രമം എന്തെന്നാൽ: കൂട്ടുകാരന് വായ്പ കൊടുത്തവരെല്ലാം അത് ഇളച്ച് കൊടുക്കേണം. യഹോവയുടെ വിമോചനം പ്രസിദ്ധമാക്കിയതുകൊണ്ട് നീ കൂട്ടുകാരനെയോ സഹോദരനെയോ ബുദ്ധിമുട്ടിക്കരുത്.3അന്യജാതിക്കാരനോട് നിനക്ക് ബുദ്ധിമുട്ടിച്ച് പിരിക്കാം; എന്നാൽ നിന്റെ സഹോദരൻ തരുവാനുള്ളത് നീ ഇളച്ചുകൊടുക്കേണം.

4ദരിദ്രൻ നിങ്ങളുടെ ഇടയിൽ ഉണ്ടാകയില്ല; നിന്റെ ദൈവമായ യഹോവയുടെ വാക്ക് നീ ശ്രദ്ധയോടെ കേട്ട് ഇന്ന് ഞാൻ നിന്നോട് ആജ്ഞാപിക്കുന്ന സകല കല്പനകളും പ്രമാണിച്ചു നടന്നാൽ5യഹോവ നിനക്ക് അവകാശമായി കൈവശമാക്കുവാൻ തരുന്ന ദേശത്ത് നിന്നെ ഏറ്റവും അധികം അനുഗ്രഹിക്കും.6നിന്റെ ദൈവമായ യഹോവ നിനക്ക് വാഗ്ദത്തം ചെയ്തതുപോലെ നിന്നെ അനുഗ്രഹിക്കുന്നതുകൊണ്ട് നീ അനേകം ജനതകൾക്ക് വായ്പ കൊടുക്കും; എന്നാൽ നീ വായ്പ വാങ്ങുകയില്ല; നീ അനേകം ജനതകളെ ഭരിക്കും; എന്നാൽ അവർ നിന്നെ ഭരിക്കയില്ല.

7നിന്റെ ദൈവമായ യഹോവ നിനക്ക് തരുന്ന ദേശത്ത് ഏതെങ്കിലും പട്ടണത്തിൽ ദരിദ്രനായ സഹോദരൻ നിങ്ങളുടെ ഇടയിൽ ഉണ്ടെങ്കിൽ അവന്റെ നേരെ നിന്റെ ഹൃദയം കഠിനമാക്കാതെ,8നിന്റെ കൈ അവനുവേണ്ടി തുറന്ന് അവന്റെ ബുദ്ധിമുട്ടിന് ആവശ്യമായ വായ്പ കൊടുക്കേണം.
9വിമോചനസംവത്സരമായ ഏഴാം ആണ്ട് അടുത്തിരിക്കുന്നു എന്ന് നിന്റെ ഹൃദയത്തിൽ ഒരു ദുർവ്വിചാരം തോന്നുകയും ദരിദ്രനായ സഹോദരനോട് നിന്റെ കണ്ണ് നിർദ്ദയമായിരിക്കയും അവന് ഒന്നും കൊടുക്കാതിരിക്കയും ചെയ്താൽ അവൻ നിനക്കു വിരോധമായി യഹോവയോട് നിലവിളിച്ചിട്ട് അത് നിനക്ക് പാപമായി തീരാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.10നീ അവന് കൊടുത്തേ മതിയാവൂ; കൊടുക്കുമ്പോൾ ഹൃദയത്തിൽ വ്യസനം തോന്നരുത്; നിന്റെ ദൈവമായ യഹോവ നിന്റെ സകല പ്രവൃത്തികളിലും പ്രയത്നത്തിലും അതുനിമിത്തം നിന്നെ അനുഗ്രഹിക്കും.
11ദരിദ്രൻ ദേശത്ത് അറ്റുപോകയില്ല; അതുകൊണ്ട് നിന്റെ ദേശത്ത് അഗതിയും ദരിദ്രനുമായ നിന്റെ സഹോദരന് നിന്റെ കൈ മനസ്സോടെ തുറന്നുകൊടുക്കേണമെന്ന് ഞാൻ നിന്നോട് ആജ്ഞാപിക്കുന്നു.

12നിന്റെ സഹോദരനായ ഒരു എബ്രായപുരുഷനോ എബ്രായസ്ത്രീയോ നിനക്ക് തന്നെത്താൻ വിറ്റ് ആറു സംവത്സരം നിന്നെ സേവിച്ചാൽ ഏഴാം സംവത്സരത്തിൽ നീ ആ അടിമയെ സ്വതന്ത്രനായി വിട്ടയയ്ക്കേണം.13അവനെ സ്വതന്ത്രനായി വിട്ടയയ്ക്കുമ്പോൾ അവനെ വെറുങ്കയ്യായി അയക്കരുത്.14നിന്റെ ആട്ടിൻ കൂട്ടത്തിൽനിന്നും കളത്തിൽനിന്നും മുന്തിരിച്ചക്കിൽനിന്നും അവന് ഔദാര്യമായി ദാനം ചെയ്യേണം; നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചതുപോലെ നീ അവന് കൊടുക്കേണം.
15നീ ഈജിപ്റ്റ് ദേശത്ത് അടിമയായിരുന്നു എന്നും, നിന്റെ ദൈവമായ യഹോവ നിന്നെ വീണ്ടെടുത്തു എന്നും ഓർക്കേണം. അതുകൊണ്ട് ഞാൻ ഇന്ന് ഈ കാര്യം നിന്നോട് ആജ്ഞാപിക്കുന്നു.16എന്നാൽ അവൻ നിന്നെയും നിന്റെ കുടുംബത്തെയും സ്നേഹിക്കകൊണ്ടും നിന്റെ അടുക്കൽ അവന് സുഖമുള്ളതുകൊണ്ടും: “ഞാൻ നിന്നെ വിട്ടുപോകയില്ല” എന്ന് നിന്നോട് പറഞ്ഞാൽ17നീ ഒരു സൂചി എടുത്ത് അവന്റെ കാത് വാതിലിനോട് ചേർത്ത് കുത്തിത്തുളയ്ക്കേണം; പിന്നെ അവൻ എന്നും നിനക്ക് ദാസനായിരിക്കേണം; നിന്റെ ദാസിയോടും അങ്ങനെ തന്നേ ചെയ്യേണം.
18അവൻ ഇരട്ടിക്കൂലിക്കു യോഗ്യനായ ഒരു കൂലിക്കാരനെപ്പോലെ ആറു സംവത്സരം നിന്നെ സേവിച്ചതുകൊണ്ട് അവനെ സ്വതന്ത്രനായി വിട്ടയയ്ക്കുമ്പോൾ നിനക്കു വ്യസനം തോന്നരുത്; നിന്റെ ദൈവമായ യഹോവ നീ ചെയ്യുന്ന സകലത്തിലും നിന്നെ അനുഗ്രഹിക്കും.

19നിന്റെ മാടുകളിലും ആടുകളിലും കടിഞ്ഞൂലായി പിറക്കുന്ന ആണിനെ ഒക്കെയും നിന്റെ ദൈവമായ യഹോവയ്ക്കായി ശുദ്ധീകരിക്കേണം; നിന്റെ മാടുകളുടെ കടിഞ്ഞൂലിനെക്കൊണ്ട് വേല ചെയ്യിക്കരുത്; നിന്റെ ആടുകളുടെ കടിഞ്ഞൂലിന്റെ രോമം കത്രിക്കയും അരുത്.20യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് നീയും നിന്റെ കുടുംബവും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ച് അതിനെ ആണ്ടുതോറും തിന്നേണം.21എന്നാൽ അതിന് മുടന്തോ അന്ധതയോ ഇങ്ങനെ വല്ല ഊനവും ഉണ്ടായിരുന്നാൽ നിന്റെ ദൈവമായ യഹോവക്ക് അതിനെ യാഗം കഴിക്കരുത്.
22നിന്റെ പട്ടണങ്ങളിൽവച്ച് അതു തിന്നാം; പുള്ളിമാനിനെയും കലമാനിനെയുംപോലെ അശുദ്ധനും ശുദ്ധനും ഒരുപോലെ തിന്നാം.23അതിന്റെ രക്തം മാത്രം ഭക്ഷിക്കരുത്; അത് വെള്ളംപോലെ നിലത്ത് ഒഴിച്ചുകളയേണം.

16

1ആബീബ് മാസം ആചരിച്ച് നിന്റെ ദൈവമായ യഹോവക്ക് പെസഹ കൊണ്ടാടണം; ആബീബ് മാസത്തിലല്ലോ നിന്റെ ദൈവമായ യഹോവ രാത്രിയിൽ നിന്നെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചത്.2യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് നിന്റെ ദൈവമായ യഹോവക്ക് പെസഹയാഗമായി ആടുകളെയും മാടുകളെയും അറുക്കേണം.

3നീ ഈജിപ്റ്റ്ദേശത്തുനിന്ന് പുറപ്പെട്ട ദിവസം നിന്റെ ആയുഷ്ക്കാലം ഒക്കെയും ഓർക്കേണ്ടതിന് മാംസത്തോടുകൂടെ പുളിച്ച അപ്പം തിന്നരുത്; നീ കഷ്ടതയുടെ ആഹാരമായ പുളിപ്പില്ലാത്ത അപ്പം ഏഴ് ദിവസം തിന്നേണം; തിടുക്കത്തോടാണല്ലോ നീ ഈജിപ്റ്റ്ദേശത്തുനിന്ന് പുറപ്പെട്ടത്.4ഏഴ് ദിവസം നിന്റെ ദേശത്ത് ഒരിടത്തും പുളിച്ച അപ്പം കാണരുത്; ആദ്യദിവസം വൈകുന്നേരം അറുത്ത മാംസം ഒട്ടും പ്രഭാതത്തിലേക്ക് ശേഷിപ്പിക്കരുത്.
5നിന്റെ ദൈവമായ യഹോവ നിനക്ക് തരുന്ന പട്ടണങ്ങളിൽ ഏതെങ്കിലും ഒന്നിൽ വച്ച് പെസഹ അറുത്തുകൂടാ.6നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തെരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ചു മാത്രം, സന്ധ്യാസമയത്ത്, നീ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ട നേരത്തു തന്നേ, സൂര്യൻ അസ്തമിക്കുമ്പോൾ പെസഹ അറുക്കേണം.
7നിന്റെ ദൈവമായ യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ച് അത് ചുട്ടുതിന്നേണം; രാവിലെ നിന്റെ കൂടാരത്തിലേക്ക് മടങ്ങിപ്പോകാം.8ആറു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം; ഏഴാംദിവസം നിന്റെ ദൈവമായ യഹോവക്ക് വിശുദ്ധസഭായോഗം കൂടേണം; അന്ന് വേലയൊന്നും ചെയ്യരുത്.

9പിന്നീട്, ഏഴ് ആഴ്ചകൾ എണ്ണുക; വയലിലെ വിളയിൽ അരിവാൾ വയ്ക്കുവാൻ ആരംഭിക്കുന്നതു മുതൽ ഏഴ് ആഴ്ചകൾ എണ്ണേണം.10അതിനുശേഷം നിന്റെ ദൈവമായ യഹോവക്ക് വാരോത്സവം ആചരിച്ച്, യഹോവ നിന്നെ അനുഗ്രഹിച്ചതിന് തക്കവണ്ണം നിന്റെ സ്വമേധാദാനങ്ങൾ അവന് അർപ്പിക്കേണം.
11നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തെരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ച് നീയും നിന്റെ പുത്രനും പുത്രിയും ദാസനും ദാസിയും നിന്റെ പട്ടണങ്ങളിലുള്ള ലേവ്യനും നിന്റെ ഇടയിലുള്ള പരദേശിയും അനാഥനും വിധവയും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ സന്തോഷിക്കേണം.12നീ ഈജിപ്റ്റിൽ അടിമയായിരുന്നു എന്ന് ഓർത്ത് ഈ ചട്ടങ്ങൾ പ്രമാണിച്ച് നടക്കേണം.

13കളത്തിലെ ധാന്യവും ചക്കിലെ വീഞ്ഞും ശേഖരിച്ചുകഴിയുമ്പോൾ നീ ഏഴ് ദിവസം കൂടാരപ്പെരുനാൾ ആചരിക്കേണം.14ഈ പെരുനാളിൽ നീയും നിന്റെ മകനും മകളും ദാസനും ദാസിയും നിന്റെ പട്ടണങ്ങളിലുള്ള ലേവ്യനും പരദേശിയും അനാഥനും വിധവയും സന്തോഷിക്കേണം.
15യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ച് നിന്റെ ദൈവമായ യഹോവക്ക് ഏഴുദിവസം പെരുനാൾ ആചരിക്കേണം; നിന്റെ എല്ലാ വിളവുകളിലും, നിന്റെ കൈകളുടെ സകലപ്രവൃത്തിയിലും, നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കും; അതുകൊണ്ട് നീ വളരെ സന്തോഷിക്കേണം.
16നിന്റെ ദൈവമായ യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് നിന്റെ പുരുഷന്മാരൊക്കെയും പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാളിലും, വാരോത്സവത്തിലും, കൂടാരപ്പെരുനാളിലും, ഇങ്ങനെ സംവത്സരത്തിൽ മൂന്നു പ്രാവശ്യം അവന്റെ സന്നിധിയിൽ വരേണം; എന്നാൽ യഹോവയുടെ സന്നിധിയിൽ വെറുങ്കയ്യോടെ വരരുത്.17നിന്റെ ദൈവമായ യഹോവ നിനക്ക് തന്നിട്ടുള്ള അനുഗ്രഹത്തിന് തക്കവണ്ണം ഓരോരുത്തൻ അവരവരുടെ പ്രാപ്തിപോലെ കൊണ്ടുവരേണം.

18നിന്റെ ദൈവമായ യഹോവ നിനക്ക് തരുന്ന എല്ലാപട്ടണങ്ങളിലും ഗോത്രംതോറും ന്യായാധിപതിമാരെയും പ്രമാണികളെയും നിയമിക്കേണം; അവർ ജനത്തിന് നീതിയോടെ ന്യായപാലനം ചെയ്യേണം.19ന്യായം മറിച്ചുകളയരുത്; മുഖപക്ഷം കാണിക്കരുത്; സമ്മാനം വാങ്ങരുത്; സമ്മാനം ജ്ഞാനികളുടെ കണ്ണ് കുരുടാക്കുകയും നീതിമാന്മാരുടെ കാര്യം മറിച്ചുകളകയും ചെയ്യുന്നു.20നീ ജീവിച്ചിരുന്ന് നിന്റെ ദൈവമായ യഹോവ നിനക്ക് തരുന്ന ദേശം കൈവശമാക്കേണ്ടതിന് നീതിയെ തന്നേ പിന്തുടരേണം.

21നിന്റെ ദൈവമായ യഹോവക്ക് നീ പണിയുന്ന യാഗപീഠത്തിനരികെ യാതൊരു അശേരപ്രതിഷ്ഠയും പ്രതിഷ്ഠിക്കരുത്.22നിന്റെ ദൈവമായ യഹോവ വെറുക്കുന്ന ഒരു ശിലാസ്തംഭം നാട്ടുകയും അരുത്.

17

1ഏതെങ്കിലും ഊനമോ വിരൂപതയോ ഉള്ള കാളയെയോ ആടിനെയോ നിന്റെ ദൈവമായ യഹോവക്ക് യാഗം കഴിക്കരുത്; അത് നിന്റെ ദൈവമായ യഹോവക്ക് വെറുപ്പാകുന്നു.

2നിന്റെ ദൈവമായ യഹോവ നിനക്ക് തരുന്ന ഏതൊരു പട്ടണത്തിലും ദൈവത്തിന് അനിഷ്ടമായത് ചെയ്ത് അവന്റെ നിയമം ലംഘിക്കയും3ഞാൻ കല്പിച്ചിട്ടില്ലാത്ത അന്യ ദൈവങ്ങളെയോ സൂര്യചന്ദ്രന്മാരെയോ,ശേഷമുള്ള ആകാശത്തിലെ സൈന്യത്തെയോ സേവിച്ച് നമസ്കരിക്കയും ചെയ്ത പുരുഷനോ സ്ത്രീയോ നിങ്ങളുടെ ഇടയിൽ ഉണ്ടെന്ന്4നിനക്ക് അറിവു കിട്ടിയാൽ നീ നല്ലവണ്ണം പരിശോധിച്ച് അങ്ങനെയുള്ള മ്ലേച്ഛത യിസ്രായേലിൽ നടന്നു എന്നുള്ളത് വാസ്തവവും കാര്യം യഥാർത്ഥവും എന്നു കണ്ടാൽ
5ആ ദുഷ്ടകാര്യം ചെയ്ത പുരുഷനെയോ സ്ത്രീയെയോ പട്ടണവാതിലിന് പുറത്ത് കൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലേണം.6മരണയോഗ്യനായവനെ കൊല്ലുന്നത് രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിമേൽ ആയിരിക്കേണം; ഏകസാക്ഷിയുടെ വാമൊഴിമേൽ അവനെ കൊല്ലരുത്.7അവനെ കൊല്ലേണ്ടതിന് ആദ്യം സാക്ഷികളുടെയും പിന്നെ സർവ്വജനത്തിന്റെയും കൈ അവന്റെമേൽ ചെല്ലേണം; ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്ന് ദോഷം നീക്കിക്കളയേണം.

8നിന്റെ പട്ടണങ്ങളിൽ കൊലപാതകമാകട്ടെ, വസ്തുസംബന്ധമായ വ്യവഹാരമാകട്ടെ, അടികലശലാകട്ടെ, ഇങ്ങനെയുള്ള ആവലാധികാര്യങ്ങളിൽ ഏതെങ്കിലും വിധിപ്പാൻ നിനക്ക് പ്രയാസം ഉണ്ടായാൽ നീ പുറപ്പെട്ട് നിന്റെ ദൈവമായ യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് പോകേണം.9ലേവ്യരായ പുരോഹിതന്മാരുടെ അടുക്കലും അന്നുള്ള ന്യായാധിപന്റെ അടുക്കലും ചെന്ന് ചോദിക്കേണം; അവർ നിനക്ക് വിധി പറഞ്ഞുതരും.
10യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്തുനിന്ന് അവർ പറഞ്ഞുതരുന്ന വിധിപോലെ നീ ചെയ്യേണം; അവർ ഉപദേശിച്ചുതരുന്നതുപോലെ ഒക്കെയും ചെയ്‌വാൻ ജാഗ്രതയായിരിക്കേണം.11അവർ ഉപദേശിച്ചുതരുന്ന പ്രമാണവും പറഞ്ഞുതരുന്ന വിധിയും അനുസരിച്ച് നീ ചെയ്യേണം; അവർ പറഞ്ഞുതരുന്ന വിധി വിട്ട് നീ ഇടത്തോട്ടോ വലത്തോട്ടോ മാറരുത്.
12നിന്റെ ദൈവമായ യഹോവക്ക് അവിടെ ശുശ്രൂഷ ചെയുതുനില്ക്കുന്ന പുരോഹിതന്റെയോ ന്യായാധിപന്റെയോ വാക്ക് കേൾക്കാതെ ആരെങ്കിലും അഹങ്കാരം കാണിച്ചാൽ അവൻ മരിക്കേണം; ഇങ്ങനെ യിസ്രായേലിൽനിന്ന് ദോഷം നീക്കിക്കളയേണം.13ഇനി അഹങ്കാരം കാണിക്കാതിരിക്കേണ്ടതിന് ജനമെല്ലാം കേട്ട് ഭയപ്പെടേണം.

14നിന്റെ ദൈവമായ യഹോവ നിനക്ക് തരുന്ന ദേശത്ത് നീ ചെന്ന് അത് കൈവശമാക്കി അവിടെ പാർത്ത ശേഷം: “എന്റെ ചുറ്റമുള്ള സകല ജനതകളെയുംപോലെ ഞാൻ ഒരു രാജാവിനെ എന്റെമേൽ ആക്കും”എന്ന് പറയുമ്പോൾ15നിന്റെ ദൈവമായ യഹോവ തെരഞ്ഞെടുക്കുന്ന രാജാവിനെ നിന്റെമേൽ ആക്കേണം; നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്ന് ഒരുവനെ നിന്റെമേൽ രാജാവാക്കേണം; നിന്റെ സഹോദരനല്ലാത്ത അന്യജാതിക്കാരനെ രാജാവാക്കരുത്.
16എന്നാൽ അവന് അനവധി കുതിരകൾ ഉണ്ടാകരുത്. അധികം കുതിരകളെ സമ്പാദിക്കേണ്ടതിന് ജനം ഈജിപ്റ്റിലേക്ക് മടങ്ങിപ്പോകുവാൻ അവൻ ഇടവരുത്തരുത്; ‘മേലാൽ ആ വഴിക്ക് തിരിയരുത്’ എന്ന് യഹോവ നിങ്ങളോട് കൽപ്പിച്ചിട്ടുണ്ടല്ലോ.17അവന്റെ ഹൃദയം തിരിഞ്ഞുപോകാതിരിപ്പാൻ അനേകം ഭാര്യമാരെ അവൻ എടുക്കരുത്; വെള്ളിയും പൊന്നും അധികമായി സമ്പാദിക്കയും അരുത്.
18അവൻ തന്റെ രാജാസനത്തിൽ ഇരിക്കുമ്പോൾ ലേവ്യരായ പുരോഹിതന്മാരുടെ പക്കൽനിന്ന് ഈ ന്യായപ്രമാണം വാങ്ങി അതിന്റെ ഒരു പകർപ്പ് ഒരു പുസ്തകത്തിൽ എഴുതി എടുക്കേണം.19ഈ ന്യായപ്രമാണത്തിലെ സകല വചനങ്ങളും ചട്ടങ്ങളും അവൻ പ്രമാണിച്ചുനടന്ന് തന്റെ ദൈവമായ യഹോവയെ ഭയപ്പെടുവാൻ പഠിക്കേണ്ടതിന് അത് അവന്റെ കൈവശം ഇരിക്കുകയും
20അവന്റെ ഹൃദയം സഹോദരന്മാർക്കു മീതെ അഹങ്കരിച്ചുയരാതെയും അവൻ കല്പന വിട്ട് ഇടത്തോട്ടോ വലത്തോട്ടോ തിരിയാതെയും ഇരിക്കേണ്ടതിനും അവനും അവന്റെ പുത്രന്മാരും യിസ്രായേലിന്റെ ഇടയിൽ ദീർഘകാലം രാജ്യഭാരം ചെയ്യേണ്ടതിനുമായി അവൻ തന്റെ ആയുഷ്ക്കാലം ഒക്കെയും അത് വായിക്കയും വേണം.

18

1ലേവ്യരായ പുരോഹിതന്മാർക്കും ലേവിഗോത്രത്തിനും യിസ്രായേലിനോടുകൂടെ ഓഹരിയും അവകാശവും ഉണ്ടാകരുത്; യഹോവയുടെ ദഹനയാഗങ്ങളും അവന്റെ അവകാശവുംകൊണ്ട് അവർ ഉപജീവനം കഴിക്കേണം.2ആകയാൽ അവരുടെ സഹോദരന്മാരുടെ ഇടയിൽ അവർക്ക് അവകാശം ഉണ്ടാകരുത്; യഹോവ അവരോട് അരുളിച്ചെയ്തതുപോലെ അവൻ തന്നേ അവരുടെ അവകാശം.

3ജനത്തിൽനിന്ന് പുരോഹിതന്മാർക്ക് ലഭിക്കേണ്ട അവകാശം എന്തെന്നാൽ: മാടിനെയോ ആടിനെയോ യാഗം കഴിക്കുന്നവൻ കൈക്കുറകും കവിൾ രണ്ടും ആമാശയവും കൊടുക്കേണം.4ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ആദ്യഫലവും നിന്റെ ആടുകളുടെ കത്രിക്കുന്ന ആദ്യരോമവും നീ അവന് കൊടുക്കേണം.5യഹോവയുടെ നാമത്തിൽ എപ്പോഴും ശുശ്രൂഷിപ്പാൻ നില്ക്കേണ്ടതിന് നിന്റെ ദൈവമായ യഹോവ നിന്റെ സകലഗോത്രങ്ങളിൽനിന്നും അവനെയും പുത്രന്മാരെയും അല്ലോ തെരഞ്ഞെടുത്തിരിക്കുന്നത്.

6ഏതെങ്കിലും യിസ്രായേല്യപട്ടണത്തിൽ പരദേശിയായി പാർത്തിരുന്ന ഒരു ലേവ്യൻ അവിടെനിന്ന് യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു വന്നാൽ-അവന് മനസ്സുപോലെ വരാം-7അവിടെ യഹോവയുടെ സന്നിധിയിൽ നില്ക്കുന്ന ലേവ്യരായ തന്റെ സകലസഹോദരന്മാരെയും പോലെ അവനും തന്റെ ദൈവമായ യഹോവയുടെ നാമത്തിൽ ശുശ്രൂഷ ചെയ്യാം.8അവന്റെ പിതൃസ്വത്ത് വിറ്റുകിട്ടിയ മുതലിനുപുറമെ അവരുടെ ഉപജീവനത്തിനുള്ളത് സമാംശമായിരിക്കേണം.

9നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് എത്തിയശേഷം അവിടുത്തെ ജനതകളുടെ മ്ലേച്ഛതകൾ നീ പഠിക്കരുത്.10തന്റെ മകനെയോ മകളെയോ അഗ്നിപ്രവേശം ചെയ്യിക്കുന്നവൻ, പ്രശ്നക്കാരൻ, മുഹൂർത്തക്കാരൻ, ആഭിചാരകൻ, ക്ഷുദ്രക്കാരൻ,11മന്ത്രവാദി, വെളിച്ചപ്പാട്, ലക്ഷണം പറയുന്നവൻ, അജ്ഞനക്കാരൻ എന്നിങ്ങനെയുള്ളവർ നിങ്ങളുടെ ഇടയിൽ കാണരുത്.
12ഈ കാര്യങ്ങൾ ചെയ്യുന്നവനെല്ലാം യഹോവയ്ക്ക് വെറുപ്പാകുന്നു; ഇങ്ങനെയുള്ള മ്ലേച്ഛതകൾനിമിത്തം നിന്റെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പിൽനിന്ന് നീക്കിക്കളയുന്നു.13നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നീ നിഷ്കളങ്കനായിരിക്കേണം.14നീ നീക്കിക്കളയുവാനിരിക്കുന്ന ജനതകൾ മുഹൂർത്തക്കാരുടെയും പ്രശ്നക്കാരുടെയും വാക്കു കേട്ട് നടന്നു; നീയോ അങ്ങനെ ചെയ്‌വാൻ നിന്റെ ദൈവമായ യഹോവ അനുവദിച്ചിട്ടില്ല.
15നിന്റെ ദൈവമായ യഹോവ നിനക്ക് എന്നെപ്പോലെ ഒരു പ്രവാചകനെ, നിന്റെ മദ്ധ്യേ, നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നുതന്നെ, എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം.16“ഞാൻ മരിക്കാതിരിക്കേണ്ടതിന് ഇനി എന്റെ ദൈവമായ യഹോവയുടെ ശബ്ദം കേൾപ്പാനും ഈ മഹത്തായ തീ കാണ്മാനും എനിക്കു് ഇടവരരുതേ” എന്നിങ്ങനെ ഹോരേബിൽവച്ച് മഹായോഗം കൂടിയ നാളിൽ നിന്റെ ദൈവമായ യഹോവയോട് നീ അപേക്ഷിച്ചതുപോലെ തന്നേ.
17അന്ന് യഹോവ എന്നോട് അരുളിച്ചെയ്തത് എന്തെന്നാൽ: “അവർ പറഞ്ഞത് ശരി.18നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്ക് അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ച് എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും.19അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ ആരെങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും.
20എന്നാൽ ഒരു പ്രവാചകൻ ഞാൻ അവനോടു കല്പിക്കാത്ത വചനം എന്റെ നാമത്തിൽ അഹങ്കാരത്തോടെ പ്രസ്താവിക്കയോ അന്യദൈവങ്ങളുടെ നാമത്തിൽ സംസാരിക്കയോ ചെയ്താൽ ആ പ്രവാചകൻ മരണശിക്ഷ അനുഭവിക്കണം.21അത് യഹോവ അരുളിച്ചെയ്യാത്ത വചനം എന്ന് ഞങ്ങൾ എങ്ങനെ അറിയും എന്നു നിന്റെ ഹൃദയത്തിൽ പറഞ്ഞാൽ
22ഒരു പ്രവാചകൻ യഹോവയുടെ നാമത്തിൽ സംസാരിക്കുന്ന കാര്യം സംഭവിക്കയോ ഒത്തുവരികയോ ചെയ്യാഞ്ഞാൽ അത് യഹോവ അരുളിച്ചെയ്തതല്ല; പ്രവാചകൻ അത് സ്വയമായി സംസാരിച്ചതത്രെ; അവനെ പേടിക്കരുത്.”

19

1നിന്റെ ദൈവമായ യഹോവ നിനക്ക് തരുന്ന ദേശത്തിലെ ജനതകളെ നിന്റെ ദൈവമായ യഹോവ ഛേദിച്ചുകളകയും നീ അവരുടെ ദേശം കീഴടക്കി അവരുടെ പട്ടണങ്ങളിലും വീടുകളിലും പാർക്കയും ചെയ്യുമ്പോൾ2നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി തരുന്ന ദേശത്തിൽ മൂന്ന് പട്ടണങ്ങൾ വേർതിരിക്കേണം.3ആരെങ്കിലും കൊലചെയ്തുപോയാൽ അവിടേക്ക് ഓടിപ്പോകേണ്ടതിന് നീ ഒരു വഴി ഉണ്ടാക്കുകയും നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി തരുന്ന ദേശം മൂന്നായി വിഭാഗിക്കയും വേണം;

4കൊല ചെയ്തിട്ട് അവിടേക്ക് ഓടിപ്പോകുന്ന ഒരുവൻ ജീവനോടിരിക്കാനുള്ള പ്രമാണം എന്തെന്നാൽ: ഒരുവൻ പൂർവ്വദ്വേഷം കൂടാതെ അബദ്ധവശാൽ കൂട്ടുകാരനെ കൊന്നുപോയെങ്കിൽ, ഉദാഹരണമായി:5ഒരുവൻ കൂട്ടുകാരനോടുകൂടെ കാട്ടിൽ പോയി മരംവെട്ടുവാൻ കോടാലി ഓങ്ങുമ്പോൾ കോടാലി ഊരി തെറിച്ച് കൂട്ടുകാരന്റെമേൽ കൊണ്ടിട്ട് അവൻ മരിച്ചുപോയാൽ,
6ഇങ്ങനെ കൊല ചെയ്തവനെ രക്തപ്രതികാരകൻ ഉഗ്രകോപത്തോടെ അതിദൂരം പിന്തുടർന്ന് അവനെ പിടിച്ച് കൊല്ലാതിരിപ്പാൻ അവൻ ആ പട്ടണങ്ങളിൽ ഒന്നിലേക്ക് ഓടിപ്പോയി ജീവനോടിരിക്കേണം; അവന് കൂട്ടുകാരനോട് പൂർവ്വദ്വേഷമില്ലാതിരുന്നതുകൊണ്ട് മരണശിക്ഷയ്ക്ക് കാരണമില്ല.7അതുകൊണ്ട് മൂന്ന് പട്ടണങ്ങൾ വേർതിരിക്കണമെന്ന് ഞാൻ നിന്നോട് ആജ്ഞാപിക്കുന്നു.
8നിന്റെ ദൈവമായ യഹോവയെ നീ സ്നേഹിച്ച് എല്ലാനാളും അവന്റെ വഴികളിൽ നടക്കയും ഞാൻ ഇന്ന് നിന്നോട് ആജ്ഞാപിക്കുന്ന സകലകല്പനകളും ജാഗ്രതയോടെ പ്രമാണിക്കയും ചെയ്താൽ നിന്റെ ദൈവമായ യഹോവ9നിന്റെ പിതാക്കന്മാരോട് സത്യം ചെയ്തതുപോലെ നിന്റെ അതിർ വിശാലമാക്കി നിന്റെ പിതാക്കന്മാർക്ക് കൊടുക്കുമെന്ന് വാഗ്ദത്തം ചെയ്ത ദേശം ഒക്കെയും നിനക്കു തരും. അപ്പോൾ ഈ മൂന്ന് പട്ടണങ്ങൾ കൂടാതെ വേറെ മൂന്ന് പട്ടണങ്ങൾ കൂടെ വേർതിരിക്കേണം.10നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി തരുന്ന ദേശത്ത് കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞിട്ട് നിന്റെമേൽ രക്തപാതകം ഉണ്ടാകരുത്.
11എന്നാൽ ഒരുവൻ കൂട്ടുകാരനെ ദ്വേഷിച്ച് അവസരം നോക്കി അവനോട് കയർത്ത് അവനെ അടിച്ചുകൊന്നശേഷം ഈ പട്ടണങ്ങളിൽ ഒന്നിലേക്ക് ഓടിപ്പോയാൽ,12അവന്റെ പട്ടണത്തിലെ മൂപ്പന്മാർ ആളയച്ച് അവനെ അവിടെനിന്നു വരുത്തി അവനെ കൊല്ലേണ്ടതിന് രക്തപ്രതികാരകന്റെ കയ്യിൽ ഏല്പിക്കേണം.13നിനക്ക് അവനോട് കനിവു തോന്നരുത്; നിനക്ക് നന്മ വരുവാൻ കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞ പാതകം യിസ്രായേലിൽനിന്ന് നീക്കിക്കളയേണം.

14നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി തരുന്ന ദേശത്ത് നീ കൈവശമാക്കുവാനിരിക്കുന്ന നിന്റെ അവകാശത്തിൽ പൂർവ്വികന്മാർ വച്ചിരിക്കുന്ന കൂട്ടുകാരന്റെ അതിർ നീക്കരുത്.

15മനുഷ്യൻ ചെയ്യുന്ന ഏത് അകൃത്യത്തിനോ പാപത്തിനോ അവന്റെ നേരെ ഏകസാക്ഷി നിൽക്കരുത്; രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിമേൽ കാര്യം ഉറപ്പാക്കേണം.16ഒരുവന്റെ നേരെ അകൃത്യം സാക്ഷീകരിപ്പാൻ ഒരു കള്ളസ്സാക്ഷി അവന് വിരോധമായി എഴുന്നേറ്റാൽ
17തമ്മിൽ വ്യവഹാരമുള്ള രണ്ടുപേരും യഹോവയുടെ സന്നിധിയിൽ അന്നുള്ള പുരോഹിതന്മാരുടെയും ന്യായാധിപന്മാരുടെയും മുമ്പാകെ നിൽക്കേണം.18ന്യായാധിപന്മാർ നല്ലവണ്ണം വിസ്താരം കഴിക്കേണം; സാക്ഷി കള്ളസ്സാക്ഷി എന്നും സഹോദരന്റെ നേരെ കള്ളസ്സാക്ഷ്യം പറഞ്ഞു എന്നും കണ്ടാൽ19അവൻ സഹോദരന് വരുത്തുവാൻ നിരൂപിച്ചതുപോലെ നിങ്ങൾ അവനോട് ചെയ്യേണം; ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്ന് ദോഷം നീക്കിക്കളയേണം.
20ഇനി നിങ്ങളുടെ ഇടയിൽ അതുപോലെയുള്ള ദോഷം നടക്കാതിരിക്കേണ്ടതിന് ശേഷമുള്ളവർ കേട്ട് ഭയപ്പെടേണം.21ഈ കാര്യത്തിൽ നിനക്ക് കനിവ് തോന്നരുത്; ജീവന് പകരം ജീവൻ, കണ്ണിന് പകരം കണ്ണ്, പല്ലിന് പകരം പല്ല്, കൈയ്ക്കു പകരം കൈ, കാലിന് പകരം കാൽ.

20

1നീ ശത്രുക്കളോട് യുദ്ധം ചെയ്യുവാൻ പുറപ്പെടുമ്പോൾ കുതിരകളെയും രഥങ്ങളെയും നിന്നിലും അധികം ജനത്തെയും കാണുമ്പോൾ പേടിക്കരുത്; ഈജിപ്റ്റ്ദേശത്തുനിന്ന് നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഉണ്ട്.

2നിങ്ങൾ യുദ്ധം ചെയ്യാൻ തുടങ്ങുമ്പോൾ പുരോഹിതൻ വന്ന് ജനത്തോട് ഇപ്രകാരം സംസാരിക്കേണം:3“യിസ്രായേലേ, കേൾക്ക; നിങ്ങൾ ഇന്ന് ശത്രുക്കളോട് യുദ്ധത്തിനായി ഒരുങ്ങുന്നു; അധൈര്യപ്പെടരുത്, പേടിക്കരുത്, നടുങ്ങിപ്പോകരുത്; അവരെ കണ്ട് ഭ്രമിക്കയുമരുത്.4നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കുവേണ്ടി ശത്രുക്കളോട് യുദ്ധം ചെയ്ത് നിങ്ങളെ രക്ഷിപ്പാൻ നിങ്ങളോടുകൂടെ പോരുന്നു.”
5പിന്നെ പ്രമാണികൾ ജനത്തോട് പറയേണ്ടത് എന്തെന്നാൽ: “ആരെങ്കിലും ഒരു പുതിയ വീട് പണിയിച്ച് ഗൃഹപ്രവേശം കഴിക്കാതെ ഇരിക്കുന്നുവെങ്കിൽ, അവൻ പടയിൽ മരിച്ചുപോകയും മറ്റൊരുവൻ ഗൃഹപ്രവേശം കഴിക്കയും ചെയ്യാതിരിക്കേണ്ടതിന് അവൻ വീട്ടിലേക്ക് മടങ്ങിപ്പോകട്ടെ.
6ആരെങ്കിലും ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കി അതിന്റെ ഫലം അനുഭവിക്കാതെ ഇരിക്കുന്നുവെങ്കിൽ അവൻ പടയിൽ മരിച്ചുപോകയും മറ്റൊരുവൻ അതിന്റെ ഫലം അനുഭവിക്കയും ചെയ്യാതിരിക്കേണ്ടതിന് അവൻ വീട്ടിലേക്ക് മടങ്ങിപ്പോകട്ടെ.7ആരെങ്കിലും ഒരു സ്ത്രീയെ വിവാഹത്തിന് നിശ്ചയിച്ചശേഷം അവളെ വിവാഹം കഴിക്കാതിരിക്കുന്നു എങ്കിൽ അവൻ പടയിൽ മരിച്ചുപോകയും മറ്റൊരുവൻ അവളെ വിവാഹം കഴിക്കയും ചെയ്യാതിരിക്കേണ്ടതിന് അവൻ വീട്ടിലേക്ക് മടങ്ങിപ്പോകട്ടെ.”
8പ്രമാണികൾ പിന്നെയും ജനത്തോടു പറയേണ്ടത്: “ആർക്കെങ്കിലും ഭയവും അധൈര്യവും ഉണ്ടെങ്കിൽ അവൻ വീട്ടിലേക്ക് മടങ്ങിപ്പോകട്ടെ. അവൻ തന്നെപ്പോലെ തന്റെ സഹോദരന്റെ ഹൃദയത്തേയും അധൈര്യപ്പെടുത്താതിരിക്കട്ടെ”9ഇങ്ങനെ പ്രമാണികൾ ജനത്തോട് പറഞ്ഞു തീർന്നശേഷം അവർ സൈന്യാധിപന്മാരെ സേനാമുഖത്ത് നിയോഗിക്കേണം.

10നീ ഒരു പട്ടണത്തോട് യുദ്ധം ചെയ്യുവാൻ അടുത്തുചെല്ലുമ്പോൾ ‘സമാധാനം’ എന്ന് വിളിച്ചുപറയേണം.11‘സമാധാനം’ എന്ന് മറുപടി പറഞ്ഞ് പട്ടണവാതിൽ തുറന്നുതന്നാൽ അതിലുള്ള ജനം എല്ലാം നിനക്ക് ഊഴിയവേലക്കാരായി സേവ ചെയ്യേണം.
12എന്നാൽ ആ പട്ടണം നിന്നോട് സമാധാനമാകാതെ യുദ്ധം ചെയ്യുന്നു എങ്കിൽ അതിനെ ഉപരോധിക്കേണം.13നിന്റെ ദൈവമായ യഹോവ അത് നിന്റെ കയ്യിൽ ഏല്പിച്ചശേഷം അതിലുള്ള പുരുഷപ്രജയെ ഒക്കെയും വാളിന്റെ വായ്ത്തലയാൽ കൊല്ലേണം.
14എന്നാൽ സ്ത്രീകളെയും കുട്ടികളെയും നാൽക്കാലികളെയും പട്ടണത്തിലുള്ള സകലവും അതിലെ കൊള്ളയും നിനക്കായി എടുക്കാം; നിന്റെ ദൈവമായ യഹോവ നിനക്ക് തന്ന നിന്റെ ശത്രുക്കളുടെ കൊള്ള നിനക്ക് അനുഭവിക്കാം.15ഈ ജനതകളുടെ പട്ടണങ്ങളല്ലാതെ വളരെ ദൂരയുള്ള എല്ലാപട്ടണങ്ങളോടും ഇങ്ങനെ ചെയ്യേണം.
16നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി തരുന്ന ജനതകളുടെ പട്ടണങ്ങളിൽ ശ്വാസമുള്ള ഒന്നിനെയും ജീവനോടെ വക്കാതെ17ഹിത്യർ, അമോര്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരെ നിന്റെ ദൈവമായ യഹോവ നിന്നോട് കല്പിച്ചതുപോലെ ശപഥാർപ്പിതമായി സംഹരിക്കേണം.18അവർ തങ്ങളുടെ ദേവപൂജയിൽ ചെയ്തുപോരുന്ന സകലമ്ലേച്ഛതളും ചെയ്യുവാൻ നിങ്ങളെ പഠിപ്പിച്ചിട്ട് നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയോട് പാപം ചെയ്യാതിരിക്കേണ്ടതിന് തന്നേ.

19യുദ്ധത്തിൽ ഒരു പട്ടണം പിടിപ്പാൻ അത് വളരെക്കാലം ഉപരോധിക്കേണ്ടിവന്നാൽ അതിലുള്ള വൃക്ഷങ്ങൾ കോടാലികൊണ്ട് വെട്ടി നശിപ്പിക്കരുത്; അവയുടെ ഫലം നിനക്കു തിന്നാവുന്നതെങ്കിൽ അവ വെട്ടിക്കളയരുത്; നീ ദേശത്തെ വൃക്ഷങ്ങളെ നിരോധിപ്പാൻ അവ മനുഷ്യരാകുന്നുവോ?20തിന്മാനുള്ള ഫലവൃക്ഷമല്ലാത്ത വൃക്ഷങ്ങൾ മാത്രം വെട്ടി, നിന്നോട് യുദ്ധം ചെയ്യുന്ന പട്ടണം കീഴടങ്ങുംവരെ അതിന്റെ നേരെ കൊത്തളം പണിയാൻ ഉപയോഗിക്കാം.

21

1നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി തരുന്ന ദേശത്ത് വയലിൽ ഒരുവനെ കൊന്നിട്ടിരിക്കുന്നത് കാണുകയും അവനെ കൊന്നവൻ ആരെന്ന് അറിയാതിരിക്കയും ചെയ്താൽ, നിന്റെ മൂപ്പന്മാരും2ന്യായധിപന്മാരും പുറത്ത് ചെന്ന് കൊല്ലപ്പെട്ടവന്റെ ചുറ്റുമുള്ള ഓരോ പട്ടണം വരെയുമുള്ള ദൂരം അളക്കേണം.

3കൊല്ലപ്പെട്ടവന് ഏറ്റവും അടുത്തിരിക്കുന്ന പട്ടണത്തിലെ മൂപ്പന്മാർ, വേല ചെയ്യിക്കാത്തതും നുകം വച്ചിട്ടില്ലാത്തതുമായ ഒരു പശുക്കിടാവിനെ കൊണ്ടുവരേണം.4ആ പട്ടണത്തിലെ മൂപ്പന്മാർ ഉഴവും വിതയും ഇല്ലാത്തതും നീരൊഴുക്കുള്ളതുമായ ഒരു താഴ്വരയിൽ പശുക്കിടാവിനെ കൊണ്ടുചെന്ന് അവിടെവെച്ച് അതിന്റെ കഴുത്ത് ഒടിച്ചുകളയേണം.
5പിന്നെ ലേവ്യരായ പുരോഹിതന്മാർ അടുത്തു ചെല്ലേണം; അവരെയല്ലോ നിന്റെ ദൈവമായ യഹോവ തനിക്ക് ശുശ്രൂഷ ചെയ്‌വാനും യഹോവയുടെ നാമത്തിൽ അനുഗ്രഹിപ്പാനും തെരഞ്ഞെടുത്തിരിക്കുന്നത്; അവരുടെ വാക്കനുസരിച്ച് സകലവ്യവഹാരവും അടികലശലും തീർക്കേണ്ടതാകുന്നു.
6കൊല്ലപ്പെട്ടവന്റെ അടുത്തുള്ള പട്ടണത്തിലെ മൂപ്പന്മാർ എല്ലാവരും താഴ്വരയിൽവച്ച് കഴുത്തൊടിച്ച പശുക്കിടാവിന്മേൽ തങ്ങളുടെ കൈ കഴുകി:7“ഞങ്ങളുടെ കൈകൾ ആ രക്തം ചൊരിഞ്ഞിട്ടില്ല, ഞങ്ങളുടെ കണ്ണ് അത് കണ്ടിട്ടുമില്ല.
8യഹോവേ, നീ വീണ്ടെടുത്ത നിന്റെ ജനമായ യിസ്രായേലിനോട് ക്ഷമിക്കേണമേ; നിന്റെ ജനമായ യിസ്രായേലിന്റെ മദ്ധ്യേ കുറ്റമില്ലാത്ത രക്തം ഇരിപ്പാൻ ഇടവരുത്തരുതേ” എന്ന് പറയേണം; എന്നാൽ ആ രക്തപാതകത്തിൽ നിന്ന് അവർ മോചിക്കപ്പെടും.9ഇങ്ങനെ യഹോവയ്ക്ക് ഹിതകരമായത് ചെയ്ത് കുറ്റമില്ലാത്ത രക്തം നിങ്ങളുടെ ഇടയിൽനിന്ന് നീക്കിക്കളയേണം.

10നീ ശത്രുക്കളോട് യുദ്ധം ചെയ്യുവാൻ പുറപ്പെട്ടിട്ട് നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കയ്യിൽ ഏല്പിക്കയും നീ അവരെ ബദ്ധന്മാരായി പിടിക്കയും ചെയ്താൽ11ആ ബദ്ധന്മാരുടെ കൂട്ടത്തിൽ സുന്ദരിയായൊരു സ്ത്രീയെ കണ്ട് അവളെ ഭാര്യയായി എടുപ്പാൻ ആഗ്രഹം തോന്നുന്നുവെങ്കിൽ,12നീ അവളെ വീട്ടിൽ കൊണ്ടുപോകേണം; അവൾ തല മുണ്ഡനം ചെയ്ത്, നഖം വെട്ടി, ബദ്ധന്മാരുടെ വസ്ത്രം മാറി,
13നിന്റെ വീട്ടിൽ പാർത്ത് ഒരു മാസം തന്റെ അപ്പനെയും അമ്മയെയും കുറിച്ച് ദുഃഖിക്കയും ചെയ്തശേഷം, നീ അവളുടെ അടുക്കൽ ചെന്ന് അവൾക്ക് ഭർത്താവായും അവൾ നിനക്ക് ഭാര്യയായും ഇരിക്കേണം.14എന്നാൽ നിനക്ക് അവളോട് ഇഷ്ടമില്ലാതായെങ്കിൽ അവളെ സ്വതന്ത്രയായി വിട്ടയക്കേണം; അവളെ ഒരിക്കലും വിലയ്ക്ക് വിൽക്കരുത്; നീ അവളെ പരിഗ്രഹിച്ചതുകൊണ്ട് അവളോട് ക്രൂരമായി ഇടപെടരുത്.

15രണ്ടു ഭാര്യമാർ ഉള്ള ഒരുവൻ ഒരാളെ ഇഷ്ടപ്പെടുകയും മറ്റെ ഭാര്യയോട് ഇഷ്ടമില്ലാതിരിക്കയും, അവർ ഇരുവരും അവന് പുത്രന്മാരെ പ്രസവിക്കയും ചെയ്താൽ16അവൻ തന്റെ സ്വത്ത് പുത്രന്മാർക്ക് ഭാഗിച്ചു കൊടുക്കുമ്പോൾ,ആദ്യജാതൻ അനിഷ്ടയുടെ മകനാണെങ്കിൽ അവനുപകരം ഇഷ്ടമുള്ള ഭാര്യയുടെ മകന് ജ്യേഷ്ഠാവകാശം കൊടുത്തുകൂടാ.17തനിക്കുള്ള സകലത്തിലും രണ്ടു പങ്ക് അനിഷ്ടയുടെ മകന് കൊടുത്ത് അവനെ ആദ്യജാതനായി സ്വീകരിക്കേണം;ആ മകൻ അവന്റെ ബലത്തിന്റെ ആരംഭമല്ലോ; ജ്യേഷ്ഠാവകാശം അവനുള്ളതാകുന്നു.

18അപ്പന്റെയോ അമ്മയുടെയോ വാക്കു കേൾക്കാതെയും അവർ ശാസിച്ചാൽ അനുസരിക്കാതെയുമിരിക്കുന്ന ശാഠ്യക്കാരനും മത്സരിയുമായ മകൻ ഒരുത്തന് ഉണ്ടെങ്കിൽ19അമ്മയപ്പന്മാർ അവനെ പിടിച്ച് പട്ടണത്തിലെ മൂപ്പന്മാരുടെ അടുക്കൽ പട്ടണവാതില്ക്കൽ കൊണ്ടുപോയി:
20“ഞങ്ങളുടെ ഈ മകൻ ശാഠ്യക്കാരനും മത്സരിയും ഞങ്ങളുടെ വാക്ക് കേൾക്കാത്തവനും ഭക്ഷണപ്രിയനും മദ്യപനും ആകുന്നു“ എന്ന് പട്ടണത്തിലെ മൂപ്പന്മാരോട് പറയേണം.21പിന്നെ അവന്റെ പട്ടണക്കാർ എല്ലാവരും അവനെ കല്ലെറിഞ്ഞു കൊല്ലേണം. ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്ന് ദോഷം നീക്കിക്കളയേണം; യിസ്രായേലെല്ലാം കേട്ട് ഭയപ്പെടേണം.

22ഒരുവൻ മരണയോഗ്യമായ ഒരു പാപം ചെയ്തിട്ട് അവനെ ഒരു മരത്തിൽ തൂക്കി കൊന്നാൽ23അവന്റെ ശവം മരത്തിന്മേൽ രാത്രി മുഴുവനും കിടക്കരുത്; അന്നുതന്നേ അത് കുഴിച്ചിടേണം; മരത്തിന്മേൽ തൂങ്ങി മരിച്ചവൻ ദൈവസന്നിധിയിൽ ശാപഗ്രസ്തൻ ആകുന്നു; നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി തരുന്ന ദേശം നീ അശുദ്ധമാക്കരുത്.

22

1സഹോദരന്റെ കാളയോ ആടോ വഴിതെറ്റി അലയുന്നത് നീ കണ്ടാൽ, ഒഴിഞ്ഞുകളയാതെ, അതിനെ സഹോദരന്റെ അടുക്കൽ എത്തിച്ചുകൊടുക്കേണം.2ആ സഹോദരൻ നിനക്ക് സമീപസ്ഥനല്ലെങ്കിലോ, നീ ഉടമസ്ഥനെ അറികയില്ലെങ്കിലോ അതിനെ നിന്റെ വീട്ടിൽ കൊണ്ടുപോകേണം; സഹോദരൻ അതിനെ അന്വേഷിച്ച് വരുംവരെ അത് നിന്റെ പക്കൽ ഇരിക്കേണം; പിന്നെ അവന് മടക്കിക്കൊടുക്കേണം.

3അങ്ങനെ തന്നേ അവന്റെ കഴുതയുടെയോ, വസ്ത്രത്തിന്റെയോ, അവന്റെ പക്കൽനിന്ന് കാണാതെ പോയതും നീ കണ്ടെത്തിയതുമായ ഏതു വസ്തുവിന്റെ കാര്യത്തിലോ ചെയ്യേണം;ഈ കാര്യത്തിൽ നിന്ന് നീ ഒഴിഞ്ഞുകളയരുത്.

4സഹോദരന്റെ കഴുതയോ കാളയോ വഴിയിൽ വീണുകിടക്കുന്നത് നീ കണ്ടാൽ ഒഴിഞ്ഞുകളയാതെ അതിനെ എഴുന്നേല്പിക്കാൻ അവനെ സഹായിക്കേണം.

5പുരുഷന്റെ വസ്ത്രം സ്ത്രീയും, സ്ത്രീയുടെ വസ്ത്രം പുരുഷനും ധരിക്കരുത്; അങ്ങനെ ചെയ്യുന്നവരെയൊക്കെയും നിന്റെ ദൈവമായ യഹോവയ്ക്ക് വെറുപ്പാകുന്നു.

6മരത്തിന്മേലോ നിലത്തോ, കുഞ്ഞുങ്ങളോ മുട്ടകളോ ഉള്ള ഒരു പക്ഷിക്കൂട് നീ വഴിയിൽവച്ച് കണ്ടാൽ, തള്ളപ്പക്ഷി കുഞ്ഞുങ്ങളുടെ മീതെയോ മുട്ടകളുടെ മീതെയോ ഇരിക്കുന്നു എങ്കിൽ നീ കുഞ്ഞുങ്ങളോടുകൂടെ തള്ളയെ പിടിക്കരുത്.7നിനക്ക് നന്നായിരിപ്പാനും ദീർഘായുസ്സുണ്ടാകുവാനും തള്ളയെ വിട്ടുകളയേണം; കുഞ്ഞുങ്ങളെ എടുക്കാം.

8ഒരു പുതിയ വീട് പണിതാൽ നിന്റെ വീടിന്റെ മുകളിൽ നിന്ന് ആരെങ്കിലും വീണ് വീടിന്മേൽ രക്തപാതകം വരാതിരിക്കേണ്ടതിന് നീ അതിന് കൈമതിൽ ഉണ്ടാക്കേണം.
9നിന്റെ മുന്തിരിത്തോട്ടത്തിൽ മറ്റേതെങ്കിലും വിത്ത് വിതയ്ക്കരുത്; അങ്ങനെ ചെയ്താൽ നീ വിതച്ച വിത്തിന്റെ വിളവും മുന്തിരിത്തോട്ടത്തിന്റെ അനുഭവവും വിശുദ്ധമന്ദിരം വകയ്ക്ക് ചേർന്നുപോകും.

10കാളയെയും കഴുതയെയും ഒന്നിച്ച് പൂട്ടി നിലം ഉഴരുത്.11ആട്ടുരോമവും ചണവും കൂടിക്കലർന്ന വസ്ത്രം ധരിക്കരുത്.

12നീ പുതക്കുന്ന പുതപ്പിന്റെ നാലു കോണുകളിലും തൊങ്ങലുണ്ടാക്കേണം.

13ഒരു പുരുഷൻ ഒരു സ്ത്രീയെ വിവാഹം കഴിച്ച് അവളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടശേഷം അവളോട് വെറുപ്പ് തോന്നി:14“ഞാൻ വിവാഹം കഴിച്ച ഈ സ്ത്രീയിൽ കന്യകാലക്ഷണം കണ്ടില്ല” എന്ന് പറഞ്ഞ്, അവൾക്ക് നാണക്കേട് വരുത്തി, അപവാദം പറഞ്ഞുണ്ടാക്കിയാൽ
15യുവതിയുടെ അമ്മയപ്പന്മാർ അവരുടെ മകൾ കന്യകയായിരുന്നു എന്നതിന്റെ തെളിവുമായി പട്ടണത്തിലെ മൂപ്പന്മാരുടെ അടുക്കൽ പട്ടണവാതില്ക്കൽ വരേണം.
16യുവതിയുടെ അപ്പൻ മൂപ്പന്മാരോട്: “ഞാൻ എന്റെ മകളെ ഈ പുരുഷന് ഭാര്യയായി കൊടുത്തു; എന്നാൽ അവന് അവളോടു അനിഷ്ടമായിരിക്കുന്നു.17എന്റെ മകളിൽ കന്യകാലക്ഷണം കണ്ടില്ല എന്ന് പറഞ്ഞ് അവൾക്ക് നാണക്കേട് വരുത്തുന്നു; എന്നാൽ എന്റെ മകൾ കന്യകയായിരുന്നു എന്നതിന് തെളിവ് ഇതാ” എന്ന് പറഞ്ഞ് പട്ടണത്തിലെ മൂപ്പന്മാരുടെ മുമ്പിൽ ആ വസ്ത്രം വിടർത്തേണം.
18അപ്പോൾ പട്ടണത്തിലെ മൂപ്പന്മാർ ആ പുരുഷനെ പിടിച്ച് ശിക്ഷിക്കേണം.19അവൻ യിസ്രായേലിൽ ഒരു കന്യകയെക്കുറിച്ച് അപവാദം പറഞ്ഞുണ്ടാക്കിയതിനാൽ അവർ അവനോട് നൂറ് വെള്ളിക്കാശ് പിഴ ഈടാക്കി യുവതിയുടെ അപ്പന് കൊടുക്കേണം; അവൾ അവന് തന്നേ ഭാര്യയായിരിക്കേണം; അവൻ തന്റെ ആയുഷ്കാലത്തൊരിക്കലും അവളെ ഉപേക്ഷിച്ചുകൂടാ.
20എന്നാൽ യുവതിയിൽ കന്യകാലക്ഷണം കണ്ടില്ല എന്ന വാക്ക് സത്യം ആയിരുന്നാൽ21അവർ യുവതിയെ അവളുടെ അപ്പന്റെ വീട്ടുവാതിൽക്കൽ കൊണ്ടുപോയി അവൾ യിസ്രായേലിൽ വഷളത്വം പ്രവർത്തിച്ച് അപ്പന്റെ വീട്ടിൽവച്ച് വേശ്യാദോഷം ചെയ്കകൊണ്ട് അവളുടെ പട്ടണക്കാർ അവളെ കല്ലെറിഞ്ഞു കൊല്ലേണം; ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്ന് ദോഷം നീക്കിക്കളയേണം.

22ഒരു പുരുഷന്റെ ഭാര്യയായ സ്ത്രീയോടുകൂടെ മറ്റൊരുവൻ ശയിക്കുന്നത് കണ്ടാൽ ആ പുരുഷനും സ്ത്രീയും ഇരുവരും മരണശിക്ഷ അനുഭവിക്കേണം; ഇങ്ങനെ യിസ്രായേലിൽനിന്ന് ദോഷം നീക്കിക്കളയേണം.

23വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്ന കന്യകയായ ഒരു യുവതിയെ ഒരുവൻ പട്ടണത്തിൽവച്ചു കണ്ട് അവളോടുകൂടെ ശയിച്ചാൽ24പട്ടണത്തിൽ ആയിരുന്നിട്ടും നിലവിളിക്കായ്കകൊണ്ട് യുവതിയും, കൂട്ടുകാരന്റെ ഭാര്യയ്ക്ക് അപമാനം വരുത്തിയതുകൊണ്ട് ആ പുരുഷനും മരണയോഗ്യർ.നിങ്ങൾ അവരെ ഇരുവരെയും പട്ടണവാതില്ക്കൽ കൊണ്ടുവന്ന് കല്ലെറിഞ്ഞു കൊല്ലേണം; ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്ന് ദോഷം നീക്കിക്കളയേണം.

25എന്നാൽ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്ന ഒരു യുവതിയെ ഒരുവൻ വയലിൽവച്ച് കണ്ട് ബലാൽക്കാരം ചെയ്ത് അവളോടുകൂടെ ശയിച്ചാൽ പുരുഷൻ മാത്രം മരണശിക്ഷ അനുഭവിക്കേണം.26യുവതിയെ ഒന്നും ചെയ്യരുത്; അവൾക്ക് മരണയോഗ്യമായ പാപമില്ല. ഒരുവൻ കൂട്ടുകാരന്റെ നേരെ കയർത്ത് അവനെ കൊല്ലുന്നതുപോലെയത്രേ ഈ കാര്യം.27വയലിൽവച്ചല്ലോ അവൻ അവളെ കണ്ടെത്തിയത്; യുവതി നിലവിളിച്ചാലും അവളെ രക്ഷിപ്പാൻ ആരും ഇല്ലായിരുന്നു.

28വിവാഹനിശ്ചയം കഴിയാത്ത കന്യകയായ ഒരു യുവതിയെ ഒരുവൻ കണ്ട് അവളെ പിടിച്ച് അവളോടുകൂടെ ശയിക്കയും അവരെ കണ്ടുപിടിക്കയും ചെയ്താൽ29അവളോടുകൂടെ ശയിച്ച പുരുഷൻ യുവതിയുടെ അപ്പന് അമ്പതു വെള്ളിക്കാശ് കൊടുക്കേണം; അവൾ അവന്റെ ഭാര്യയാകയും വേണം. അവൻ അവൾക്ക് അപമാനം വരുത്തിയല്ലോ; അവൻ തന്റെ ആയുഷ്കാലത്തൊരിക്കലും അവളെ ഉപേക്ഷിച്ചുകൂടാ.

30അപ്പന്റെ ഭാര്യയെ ആരും പരിഗ്രഹിക്കരുത്; അപ്പന്റെ വസ്ത്രം നീക്കുകയും അരുത്.

23

1ഷണ്ഡനോ ഛിന്നലിംഗനോ യഹോവയുടെ സഭയിൽ പ്രവേശിക്കരുത്.

2ജാരസന്തതി യഹോവയുടെ സഭയിൽ പ്രവേശിക്കരുത്; അവന്റെ പത്താം തലമുറപോലും യഹോവയുടെ സഭയിൽ പ്രവേശിക്കരുത്.

3ഒരു അമ്മോന്യനോ മോവാബ്യനോ യഹോവയുടെ സഭയിൽ പ്രവേശിക്കരുത്; അവരുടെ പത്താം തലമുറപോലും ഒരു നാളും യഹോവയുടെ സഭയിൽ പ്രവേശിക്കരുത്.4നിങ്ങൾ ഈജിപ്റ്റിൽനിന്നു വരുമ്പോൾ അവർ അപ്പവും വെള്ളവുമായി വഴിയിൽ നിങ്ങളെ സ്വീകരിക്കായ്കകൊണ്ടും നിന്നെ ശപിപ്പാൻ അവർ മെസൊപൊത്താമ്യയിലെ പെഥോരിൽനിന്ന് ബെയോരിന്റെ മകനായ ബിലെയാമിനെ നിങ്ങൾക്കു വിരോധമായി കൂലിയ്ക്കു വിളിപ്പിച്ചതുകൊണ്ടും തന്നേ.
5എന്നാൽ ബിലെയാമിന് ചെവികൊടുപ്പാൻ നിന്റെ ദൈവമായ യഹോവയ്ക്ക് മനസ്സില്ലായിരുന്നു; നിന്റെ ദൈവമായ യഹോവ നിന്നെ സ്നേഹിച്ചതുകൊണ്ട് ശാപം നിനക്ക് അനുഗ്രഹമാക്കിത്തീർത്തു.6ആകയാൽ നിന്റെ ആയുഷ്കാലത്തൊരിക്കലും അവരുടെ സമാധാനത്തിനും നന്മയ്ക്കും വേണ്ടി ചിന്തിക്കരുത്.

7ഏദോമ്യനെ വെറുക്കരുത്; അവൻ നിന്റെ സഹോദരനല്ലോ. ഈജിപ്റ്റുകാരെ വെറുക്കരുത്; നീ അവന്റെ ദേശത്ത് പരദേശി ആയിരുന്നുവല്ലോ.8അവർക്കു ജനിക്കുന്ന മൂന്നാം തലമുറയിലെ മക്കൾക്ക് യഹോവയുടെ സഭയിൽ പ്രവേശിക്കാം.

9ശത്രുക്കൾക്കു നേരെ പാളയമിറങ്ങുമ്പോൾ കൊള്ളരുതാത്ത കാര്യമൊന്നും ചെയ്യാതിരിപ്പാൻ നീ സൂക്ഷിച്ചുകൊള്ളേണം.10രാത്രിയിൽ സംഭവിച്ച ഏതെങ്കിലും കാര്യത്താൽ അശുദ്ധനായ്തീർന്ന ഒരുവൻ നിങ്ങളിൽ ഉണ്ടായിരുന്നാൽ അവൻ പാളയത്തിന് പുറത്തുപോകേണം; പാളയത്തിനകത്ത് വരരുത്.11സന്ധ്യയാകുമ്പോൾ അവൻ വെള്ളത്തിൽ കുളിക്കേണം; സൂര്യൻ അസ്തമിച്ചശേഷം അവന് പാളയത്തിനകത്തു വരാം.
12വിസർജനത്തിനു പോകുവാൻ നിനക്ക് പാളയത്തിനു പുറത്ത് ഒരു സ്ഥലം ഉണ്ടായിരിക്കേണം.13നിന്റെ ആയുധങ്ങളുടെ കൂട്ടത്തിൽ ഒരു പാരയും ഉണ്ടായിരിക്കേണം; വിസർജനത്തിന് ഇരിക്കുമ്പോൾ അതുകൊണ്ട് ഒരു കുഴി കുഴിച്ച് നിന്റെ വിസർജ്ജനം മൂടിക്കളയേണം.14നിന്റെ ദൈവമായ യഹോവ നിന്നെ രക്ഷിപ്പാനും ശത്രുക്കളെ നിനക്ക് ഏല്പിച്ചുതരുവാനും നിന്റെ പാളയത്തിന്റെ മദ്ധ്യേ നടക്കുന്നു; നിങ്ങളുടെ ഇടയിൽ വൃത്തികേടു കണ്ടിട്ട് അവൻ നിന്നെ വിട്ടകലാതിരിപ്പാൻ നിന്റെ പാളയം ശുദ്ധിയുള്ളതായിരിക്കേണം.

15യജമാനനെ വിട്ട് നിന്റെ അടുക്കൽ ശരണം പ്രാപിപ്പാൻ വന്ന ദാസനെ യജമാനന്റെ കയ്യിൽ ഏല്പിക്കരുത്.16അവൻ നിങ്ങളുടെ ഇടയിൽ ഏതെങ്കിലും പട്ടണത്തിൽ തനിക്കു ബോധിച്ചിടത്ത് നിന്നോടുകൂടെ പാർക്കട്ടെ; അവനെ ബുദ്ധിമുട്ടിക്കരുത്.

17യിസ്രായേൽപുത്രിമാരുടെ ഇടയിൽ ഒരു വേശ്യ ഉണ്ടാകരുത്; യിസ്രായേൽപുത്രന്മാരുടെ ഇടയിൽ ഒരു പുരുഷമൈഥുനക്കാരനും ഉണ്ടാകരുത്.18വേശ്യയുടെ കൂലിയും നായുടെ വിലയും നിന്റെ ദൈവമായ യഹോവയുടെ ആലയത്തിലേക്ക് യാതൊരു നേർച്ചയായും കൊണ്ടുവരരുത്; ഇവ രണ്ടും നിന്റെ ദൈവമായ യഹോവയ്ക്ക് അറപ്പാകുന്നു.

19പണത്തിനോ, ആഹാരത്തിനോ, വായ്പ്പ കൊടുക്കുന്ന ഏതെങ്കിലും വസ്തുവിനോ സഹോദരനോട് പലിശ വാങ്ങരുത്.20അന്യനോട് പലിശ വാങ്ങാം; എന്നാൽ നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്ത് നീ കൈവയ്ക്കുന്നതിലൊക്കെയും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന് സഹോദരനോട് പലിശ വാങ്ങരുത്.

21നിന്റെ ദൈവമായ യഹോവയ്ക്കു നേർച്ച നേർന്നാൽ അത് നിവർത്തിപ്പാൻ താമസം വരുത്തരുത്; അങ്ങനെ ചെയ്താൽ നിന്റെ ദൈവമായ യഹോവ നിന്നോടു ചോദിക്കും; അതു നിനക്ക് പാപമായിരിക്കും.22നേരാതിരിക്കുന്നത് പാപം ആകയില്ല.23നിന്റെ നാവിൽനിന്നു വീണത് നിവർത്തിക്കയും വായ് കൊണ്ടു പറഞ്ഞ സ്വമേധാദാനം നിന്റെ ദൈവമായ യഹോവക്ക് നേർന്നതുപോലെ നിവർത്തിക്കയും വേണം.

24കൂട്ടുകാരന്റെ മുന്തിരിത്തോട്ടത്തിലൂടെ പോകുമ്പോൾ ഇഷ്ടംപോലെ മുന്തിരിപ്പഴം തൃപ്തിയാംവണ്ണം നിനക്കു തിന്നാം; എങ്കിലും നിന്റെ പാത്രത്തിൽ ഇടരുത്.

25കൂട്ടുകാരന്റെ വിളഭൂമിയിൽകൂടി പോകുമ്പോൾ നിനക്കു കൈകൊണ്ട് കതിർ പറിക്കാം; എങ്കിലും കൂട്ടുകാരന്റെ വിളവിൽ അരിവാൾ വക്കരുത്.

24

1ഒരു പുരുഷൻ ഒരു സ്ത്രീയെ വിവാഹം ചെയ്തശേഷം അവളിൽ വല്ല അശുദ്ധിയും കണ്ട് അവന് അവളോട് അനിഷ്ടം തോന്നിയാൽ ഒരു ഉപേക്ഷണപത്രം എഴുതി കയ്യിൽ കൊടുത്ത് അവളെ വീട്ടിൽനിന്ന് അയക്കേണം.2അവന്റെ വീട്ടിൽനിന്ന് പുറപ്പെട്ടശേഷം അവൾക്ക് മറ്റൊരു പുരുഷന് ഭാര്യയായി ഇരിക്കാം.

3എന്നാൽ രണ്ടാമത്തെ ഭർത്താവും അവളെ വെറുത്ത് ഒരു ഉപേക്ഷണപത്രം എഴുതി കയ്യിൽ കൊടുത്ത് അവളെ വീട്ടിൽനിന്ന് അയക്കുകയോ, രണ്ടാമത്തെ ഭർത്താവു മരിച്ചുപോകയോ ചെയ്താൽ4അവളെ ഉപേക്ഷിച്ച ആദ്യത്തെ ഭർത്താവ് അവൾ അശുദ്ധയായശേഷം അവളെ പിന്നെയും ഭാര്യയായി സ്വീകരിച്ചുകൂടാ. അത് യഹോവയുടെ മുമ്പാകെ അറപ്പാകുന്നു; നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി തരുന്ന ദേശം നീ പാപംകൊണ്ട് മലിനമാക്കരുത്.

5ഒരു പുരുഷൻ ഒരു സ്ത്രീയെ വിവാഹം കഴിച്ച ഉടൻ യുദ്ധത്തിന് പോകരുത്; അവന്റെമേൽ യാതൊരു ഭാരവും വയ്ക്കരുത്; അവൻ ഒരു സംവത്സരം വീട്ടിൽ സ്വതന്ത്രനായിരുന്ന് താൻ വിവാഹം ചെയ്ത ഭാര്യയെ സന്തോഷിപ്പിക്കേണം.
6തിരികല്ലോ അതിന്റെ മേൽക്കല്ലോ ആരും പണയം വാങ്ങരുത്; അത് ജീവനെ പണയം വാങ്ങുകയല്ലോ.

7ആരെങ്കിലും തന്റെ സഹോദരന്മാരായ യിസ്രായേൽമക്കളിൽ ഒരുവനെ തട്ടിക്കൊണ്ടുപോയി അവനോട് കാഠിന്യം പ്രവർത്തിക്കയോ, അവനെ വിൽക്കുകയോ ചെയ്യുന്നതു കണ്ടാൽ മോഷ്ടാവ് മരണശിക്ഷ അനുഭവിക്കേണം. ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്നു ദോഷം നീക്കിക്കളയേണം.

8കുഷ്ഠരോഗം പടർന്നുപിടിക്കാതെ സൂക്ഷിക്കയും ലേവ്യരായ പുരോഹിതന്മാർ നിങ്ങൾക്ക് ഉപദേശിച്ചുതരുന്നതുപോലെ ഒക്കെയും ചെയ്യുവാനും ജാഗ്രതയായിരിക്കേണം; ഞാൻ അവരോടു കല്പിച്ചതുപോലെ തന്നേ നിങ്ങൾ ചെയ്യേണം.9നിങ്ങൾ ഈജിപ്റ്റിൽനിന്നു പുറപ്പെട്ടശേഷം നിന്റെ ദൈവമായ യഹോവ വഴിയിൽ വച്ച് മിര്യാമിനോടു ചെയ്തത് ഓർത്തുകൊൾക.

10കൂട്ടുകാരന് എന്തെങ്കിലും വായ്പ്പ കൊടുക്കുമ്പോൾ അവന്റെ പണയം വാങ്ങുവാൻ വീട്ടിനകത്തു കടക്കരുത്.11നീ പുറത്തു നില്ക്കേണം; വായ്പ്പ വാങ്ങിയവൻ പണയം നിന്റെ അടുക്കൽ പുറത്തു കൊണ്ടുവരേണം.
12അവൻ ദരിദ്രനെങ്കിൽ നീ അവന്റെ പണയം കൈവശം വച്ചുകൊണ്ട് ഉറങ്ങരുത്.13അവൻ തന്റെ വസ്ത്രം പുതച്ച്, ഉറങ്ങി, നിന്നെ അനുഗ്രഹിക്കേണ്ടതിന് സൂര്യൻ അസ്തമിക്കുമ്പോൾ പണയം നീ അവന് മടക്കിക്കൊടുക്കേണം; അതു നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നിനക്കു നീതിയായിരിക്കും.

14നിന്റെ സഹോദരന്മാരിലോ, നിന്റെ ദേശത്ത് നിന്റെ പട്ടണങ്ങളിലുള്ള പരദേശികളിലോ, ദരിദ്രനും അഗതിയുമായ കൂലിക്കാരനെ നീ പീഢിപ്പിക്കരുത്.15അവന്റെ കൂലി അന്നന്ന് കൊടുക്കേണം; സൂര്യൻ അതിന്മേൽ അസ്തമിക്കരുത്; അവൻ ദരിദ്രനും അതിനായി ആശിച്ചുകൊണ്ടിരിക്കുന്നവനുമല്ലോ. അവൻ നിനക്കു വിരോധമായി യഹോവയോടു നിലവിളിപ്പാനും അതു നിനക്ക് പാപമായിത്തീരുവാനും ഇടവരുത്തരുത്.

16മക്കൾക്കു പകരം അപ്പന്മാരും, അപ്പന്മാർക്കു പകരം മക്കളും മരണശിക്ഷ അനുഭവിക്കരുത്; അവനവന്റെ പാപത്തിന് അവനവൻ മരണശിക്ഷ അനുഭവിക്കേണം.

17പരദേശിയുടെയും അനാഥന്റെയും ന്യായം മറിച്ചുകളയരുത്; വിധവയുടെ വസ്ത്രം പണയം വാങ്ങുകയുമരുത്.18നീ ഈജിപ്റ്റിൽ അടിമയായിരുന്നു എന്നും നിന്റെ ദൈവമായ യഹോവ നിന്നെ അവിടെനിന്നു വീണ്ടെടുത്തു എന്നും ഓർക്കേണം; അതുകൊണ്ടാകുന്നു ഇക്കാര്യം ഞാൻ നിന്നോട് കല്പിക്കുന്നത്.

19നിന്റെ വയലിലെ വിളവു കൊയ്തിട്ട് ഒരു കറ്റ വയലിൽ മറന്നുപോയാൽ അത് എടുപ്പാൻ മടങ്ങിപ്പോകരുത്; നിന്റെ ദൈവമായ യഹോവ നിന്റെ സകലപ്രവൃത്തിയിലും നിന്നെ അനുഗ്രഹിക്കേണ്ടതിന് അത് പരദേശിക്കും അനാഥനും വിധവയ്ക്കും ഇരിക്കട്ടെ.

20ഒലിവുവൃക്ഷത്തിന്റെ ഫലം പറിക്കുമ്പോൾ കൊമ്പുകൾ തപ്പിപ്പറിക്കരുത്; അത് പരദേശിക്കും അനാഥനും വിധവയ്ക്കും ഇരിക്കട്ടെ.
21മുന്തിരിത്തോട്ടത്തിലെ പഴം അറുത്തെടുക്കുമ്പോൾ കാലാപെറുക്കരുത്; അത് പരദേശിക്കും അനാഥനും വിധവയ്ക്കും ഇരിക്കട്ടെ;22നീ ഈജിപ്റ്റ്ദേശത്ത് അടിമയായിരുന്നു എന്ന് ഓർക്കേണം; അതുകൊണ്ടാകുന്നു ഞാൻ ഇക്കാര്യം നിന്നോട് കല്പിക്കുന്നത്.

25

1മനുഷ്യർക്കു തമ്മിൽ തർക്കം ഉണ്ടാകുകയും, അവർ ന്യായാസനത്തിൽ വരികയും അവരുടെ കാര്യം വിസ്തരിക്കയും ചെയ്യുമ്പോൾ, നീതിമാനെ നീതീകരിക്കയും കുറ്റക്കാരനെ കുറ്റം വിധിക്കയും വേണം.2കുറ്റക്കാരൻ അടിക്ക് യോഗ്യനാകുന്നു എങ്കിൽ ന്യായാധിപൻ അവനെ നിലത്തു കിടത്തി അവന്റെ കുറ്റത്തിനു തക്കവണ്ണം എണ്ണി അടിപ്പിക്കേണം.

3നാല്പത് അടി അടിപ്പിക്കാം; അതിൽ കവിയരുത്; അതിൽ അധികമായി അടിപ്പിച്ചാൽ സഹോദരൻ നിന്റെ കണ്ണിന് നിന്ദിതനായിത്തീർന്നേക്കാം.

4കാള, ധാന്യം മെതിക്കുമ്പോൾ അതിന് മുഖക്കൊട്ട കെട്ടരുത്.

5സഹോദരന്മാർ ഒന്നിച്ചു പാർക്കുമ്പോൾ അവരിൽ ഒരുവൻ മകനില്ലാതെ മരിച്ചുപോയാൽ മരിച്ചവന്റെ ഭാര്യ പുറത്തുള്ള ഒരുവന് ഭാര്യയാകരുത്; ഭർത്താവിന്റെ സഹോദരൻ അവളുടെ അടുക്കൽ ചെന്ന് അവളെ ഭാര്യയായി പരിഗ്രഹിച്ച് അവളോട് ദേവരധർമ്മം നിവർത്തിക്കേണം.6മരിച്ചുപോയ സഹോദരന്റെ പേര് യിസ്രായേലിൽ മാഞ്ഞുപോകാതിരിക്കാൻ അവൾ പ്രസവിക്കുന്ന ആദ്യജാതനെ മരിച്ചവന്റെ അവകാശിയായി കണക്കാക്കേണം.
7സഹോദരന്റെ ഭാര്യയെ പരിഗ്രഹിപ്പാൻ അവന് മനസ്സില്ലെങ്കിൽ അവൾ പട്ടണവാതില്ക്കൽ മൂപ്പന്മാരുടെ അടുക്കൽ ചെന്ന്: “എന്റെ ഭർത്താവിന്റെ സഹോദരന് തന്റെ സഹോദരന്റെ പേര് യിസ്രായേലിൽ നിലനിർത്തുവാൻ ഇഷ്ടമില്ല; എന്നോട് ദേവരധർമ്മം നിവർത്തിപ്പാൻ അവന് മനസ്സില്ല“ എന്നു പറയേണം.8അപ്പോൾ അവന്റെ പട്ടണത്തിലെ മൂപ്പന്മാർ അവനെ വിളിപ്പിച്ച് അവനോടു സംസാരിക്കേണം; എന്നാൽ: “ഇവളെ പരിഗ്രഹിപ്പാൻ എനിക്കു മനസ്സില്ല" എന്ന് അവൻ ഉറപ്പിച്ചു പറഞ്ഞാൽ
9അവന്റെ സഹോദരന്റെ ഭാര്യ മൂപ്പന്മാർ കാൺകെ അവന്റെ അടുക്കൽ ചെന്ന്, അവന്റെ കാലിൽനിന്ന് ചെരിപ്പഴിച്ച് അവന്റെ മുഖത്തു തുപ്പി: “സഹോദരന്റെ വീടു പണിയാത്ത പുരുഷനോട് ഇങ്ങനെ ചെയ്യും''എന്ന് പ്രത്യുത്തരം പറയേണം.10‘ചെരിപ്പഴിഞ്ഞവന്റെ കുടുംബം' എന്ന് യിസ്രായേലിൽ അവന്റെ കുടുംബത്തിന് പേർ പറയും.

11പുരുഷന്മാർ തമ്മിൽ അടിപിടികൂടുമ്പോൾ ഒരുവന്റെ ഭാര്യ ഭർത്താവിനെ അടിക്കുന്നവന്റെ കയ്യിൽനിന്നു വിടുവിക്കേണ്ടതിന് അടുത്തുചെന്നു കൈ നീട്ടി അവന്റെ ലിംഗം പിടിച്ചാൽ12അവളുടെ കൈ വെട്ടിക്കളയേണം; അവളോട് കനിവു തോന്നരുത്.

13നിന്റെ സഞ്ചിയിൽ ഒരേ തൂക്കത്തിന് ഏറിയതും കുറഞ്ഞതുമായ രണ്ടുതരം പടി ഉണ്ടാകരുത്.14നിന്റെ വീട്ടിൽ ഒരേ അളവിന് ഏറിയതും കുറഞ്ഞതുമായ രണ്ടുതരം പറയും ഉണ്ടാകരുത്.
15നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത്, നീ ദീർഘായുസ്സോടിരിക്കേണ്ടതിന് നിന്റെ അളവുകൾ നേരുള്ളതും ന്യായവുമായിരിക്കേണം; അങ്ങനെതന്നേ നിന്റെ പറയും ഒത്തതും ന്യായവുമായിരിക്കേണം.16ഈ കാര്യങ്ങളിൽ അന്യായം ചെയ്യുന്നവനൊക്കെയും നിന്റെ ദൈവമായ യഹോവക്ക് വെറുപ്പാകുന്നു.

17നിങ്ങൾ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടു വരുമ്പോൾ വഴിയിൽവച്ച് അമാലേക്ക് നിന്നോടു ചെയ്തത്,18അവൻ ദൈവത്തെ ഭയപ്പെടാതെ വഴിയിൽ നിന്റെ നേരെ വന്ന്, നീ ക്ഷീണിച്ചും തളർന്നും ഇരിക്കുമ്പോൾ, നിന്റെ പിന്നണിയിലുള്ള ബലഹീനരെ ഒക്കെയും സംഹരിച്ച കാര്യം ഓർത്തുകൊൾക.19ആകയാൽ നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി കീഴടക്കുവാൻ തരുന്ന ദേശത്ത് ചുറ്റുമുള്ള നിന്റെ സകലശത്രുക്കളെയും നിന്റെ ദൈവമായ യഹോവ നീക്കി നിനക്കു സ്വസ്ഥത തന്നിരിക്കുമ്പോൾ നീ അമാലേക്കിന്റെ ഓർമ്മയെ ആകാശത്തിൻകീഴിൽനിന്നു മായിച്ചുകളയേണം; ഇത് മറന്നുപോകരുത്.

26

1നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി തരുന്ന ദേശത്തു നീ ചെന്ന് അതു കൈവശമാക്കി അവിടെ പാർക്കുമ്പോൾ2നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് നിന്റെ നിലത്തിൽ വിളയുന്ന എല്ലാ കൃഷിയുടെയും ആദ്യഫലം കുറെ ഒരു കൊട്ടയിൽ എടുത്തുകൊണ്ട് നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തെരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു പോകേണം.

3അന്ന് ശുശ്രൂഷ ചെയ്യുന്ന പുരോഹിതന്റെ അടുക്കൽ ചെന്ന് നീ അവനോട്: “നമുക്കു തരുമെന്ന് യഹോവ നമ്മുടെ പിതാക്കന്മാരോടു സത്യംചെയ്ത ദേശത്ത് ഞാൻ വന്നിരിക്കുന്നു എന്ന് നിന്റെ ദൈവമായ യഹോവയോട് ഞാൻ ഇന്ന് ഏറ്റുപറയുന്നു” എന്നു പറയേണം.4പുരോഹിതൻ ആ കൊട്ട നിന്റെ കയ്യിൽനിന്നു വാങ്ങി നിന്റെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്റെ മുമ്പിൽ വയ്ക്കേണം.
5പിന്നെ നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നീ പ്രസ്താവിക്കേണ്ടത് എന്തെന്നാൽ: “എന്റെ പിതാവ് ദേശാന്തരിയായ ഒരു അരാമ്യനായിരുന്നു; ചുരുക്കംപേരോടു കൂടി അവൻ ഈജിപ്റ്റിലേക്ക് ഇറങ്ങിച്ചെന്ന് പരദേശിയായി പാർത്തു; അവിടെ വലിപ്പവും ബലവും പെരുപ്പവുമുള്ള ജനമായിത്തീർന്നു.
6എന്നാൽ ഈജിപ്റ്റുകാർ ഞങ്ങളോടു തിന്മചെയ്ത്, ഞങ്ങളെ പീഢിപ്പിച്ച്, ഞങ്ങളെക്കൊണ്ട് കഠിനവേല ചെയ്യിച്ചു.7അപ്പോൾ ഞങ്ങൾ, ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോട് നിലവിളിച്ചു; യഹോവ ഞങ്ങളുടെ നിലവിളി കേട്ട് ഞങ്ങളുടെ കഷ്ടതയും പ്രയാസവും ഞെരുക്കവും കണ്ടു.
8യഹോവ ബലമുള്ള കയ്യാലും നീട്ടിയ ഭുജത്താലും മഹാഭയങ്കരപ്രവൃത്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടുംകൂടെ ഞങ്ങളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ച്9ഈ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുവന്നു; പാലും തേനും ഒഴുകുന്ന ഈ ദേശം ഞങ്ങൾക്കു തന്നുമിരിക്കുന്നു.
10ഇതാ, യഹോവേ, നീ എനിക്കു തന്നിട്ടുള്ള നിലത്തിലെ ആദ്യഫലം ഞാൻ ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നു.” പിന്നെ നീ അത് നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ അർപ്പിക്കുകയും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നമസ്കരിക്കുകയും വേണം.11നിന്റെ ദൈവമായ യഹോവ നിനക്കും നിന്റെ കുടുംബത്തിനും തന്നിട്ടുള്ള എല്ലാനന്മയിലും നീയും ലേവ്യനും നിങ്ങളുടെ മദ്ധ്യേയുള്ള പരദേശിയും സന്തോഷിക്കേണം.

12ദശാംശം എടുക്കുന്ന കാലമായ മൂന്നാം സംവത്സരത്തിൽ നിന്റെ നിലത്തിലെ എല്ലാ അനുഭവത്തിന്റെയും ദശാംശം എടുത്ത് ലേവ്യനും പരദേശിക്കും അനാഥനും വിധവയ്ക്കും നിന്റെ പട്ടണങ്ങളിൽവച്ച് തൃപ്തിയാംവണ്ണം തിന്മാൻ കൊടുക്കേണം.13അതിനുശേഷം നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നീ പറയേണ്ടത് എന്തെന്നാൽ: “നീ എന്നോടു കല്പിച്ചിരുന്ന കല്പനപ്രകാരം ഞാൻ വിശുദ്ധമായത് എന്റെ വീട്ടിൽനിന്നു കൊണ്ടുവന്ന് ലേവ്യനും പരദേശിക്കും അനാഥനും വിധവയ്ക്കും കൊടുത്തിരിക്കുന്നു; ഞാൻ നിന്റെ കല്പന ലംഘിക്കയോ മറന്നുകളകയോ ചെയ്തിട്ടില്ല.
14എന്റെ ദുഃഖത്തിൽ ഞാൻ അതിൽ നിന്നു തിന്നിട്ടില്ല; അശുദ്ധനായിരുന്നപ്പോൾ ഞാൻ അതിൽ ഒന്നും നീക്കിവെച്ചിട്ടില്ല; മരിച്ചവന് അതിൽനിന്ന് ഒന്നും കൊടുത്തിട്ടുമില്ല; ഞാൻ എന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ട് നീ എന്നോടു കല്പിച്ചതുപോലെ ഒക്കെയും ചെയ്തിരിക്കുന്നു.15നിന്റെ വിശുദ്ധവാസസ്ഥലമായ സ്വർഗ്ഗത്തിൽനിന്നു നോക്കി നിന്റെ ജനമായ യിസ്രായേലിനെയും നീ ഞങ്ങളുടെ പിതാക്കന്മാരോടു സത്യംചെയ്തതുപോലെ ഞങ്ങൾക്കു തന്ന ദേശമായി പാലും തേനും ഒഴുകുന്ന ദേശത്തെയും അനുഗ്രഹിക്കേണമേ.”

16ഈ ചട്ടങ്ങളും വിധികളും ആചരിപ്പാൻ നിന്റെ ദൈവമായ യഹോവ ഇന്നു നിന്നോടു കല്പിക്കുന്നു; നീ അവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും കൂടെ പ്രമാണിച്ചു നടക്കേണം.17യഹോവ നിനക്കു ദൈവമായിരിക്കുമെന്നും നീ അവന്റെ വഴികളിൽ നടന്ന് അവന്റെ ചട്ടങ്ങളും കല്പനകളും വിധികളും പ്രമാണിച്ച് അവന്റെ വചനം അനുസരിക്കണമെന്നും നീ ഇന്ന് അരുളപ്പാട് കേട്ടിരിക്കുന്നു.
18യഹോവ അരുളിച്ചെയ്തതുപോലെ നീ അവന് സ്വന്തജനമായി അവന്റെ സകലകല്പനകളും പ്രമാണിച്ചു നടക്കുമെന്നും19താൻ ഉണ്ടാക്കിയ സകല ജനതകൾക്കും മീതെ നിന്നെ പുകഴ്ചക്കും കീർത്തിക്കും മാനത്തിനുമായി ഉയർത്തേണ്ടതിന് താൻ കല്പിച്ചതുപോലെ നിന്റെ ദൈവമായ യഹോവയ്ക്ക് വിശുദ്ധജനമായിരിക്കുമെന്നും ഇന്നു നിന്റെ സമ്മതം വാങ്ങിയിരിക്കുന്നു.

27

1മോശെ യിസ്രായേൽമൂപ്പന്മാരോടൊപ്പം ജനത്തോടു കല്പിച്ചത് എന്തെന്നാൽ: “ഞാൻ ഇന്നു നിങ്ങളോട് ആജ്ഞാപിക്കുന്ന സകല കല്പനകളും പ്രമാണിപ്പീൻ.2നീ യോർദ്ദാൻ കടന്ന്, നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് എത്തുന്ന ദിവസം, നീ വലിയ കല്ലുകൾ നാട്ടി അവയുടെമേൽ കുമ്മായം തേക്കേണം:3നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്കു വാഗ്ദത്തം ചെയ്തതുപോലെ നിനക്കു തരുന്ന പാലും തേനും ഒഴുകുന്ന ദേശത്ത് കടന്നുചെന്നശേഷം നീ ഈ ന്യായപ്രമാണത്തിന്റെ വചനങ്ങളെല്ലാം ആ കല്ലുകളിൽ എഴുതേണം.

4ആകയാൽ നിങ്ങൾ യോർദ്ദാൻ കടന്ന് ഞാൻ ഇന്നു നിങ്ങളോട് ആജ്ഞാപിക്കുന്ന പ്രകാരം ഈ കല്ലുകൾ ഏബാൽപർവ്വത്തിൽ നാട്ടുകയും അവയുടെമേൽ കുമ്മായം തേക്കുകയും വേണം.5അവിടെ നിന്റെ ദൈവമായ യഹോവയ്ക്ക് കല്ലുകൊണ്ട് ഒരു യാഗപീഠം പണിയേണം; അതിന്മേൽ ഇരിമ്പുകൊണ്ടുള്ള ആയുധം പ്രയോഗിക്കരുത്.
6ചെത്താത്ത കല്ലുകൊണ്ട് നിന്റെ ദൈവമായ യഹോവയുടെ യാഗപീഠം പണിയേണം; അതിന്മേൽ നിന്റെ ദൈവമായ യഹോവയ്ക്ക് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കേണം.7അവിടെവെച്ച് തിന്നുകയും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ സന്തോഷിക്കയും വേണം;8ആ കല്ലുകളിൽ ഈ ന്യായപ്രമാണത്തിന്റെ വചനങ്ങളൊക്കെയും നല്ല തെളിവായി എഴുതേണം.

9മോശെയും ലേവ്യരായ പുരോഹിതന്മാരും എല്ലായിസ്രായേലിനോടും: “യിസ്രായേലേ, മിണ്ടാതിരുന്നു കേൾക്ക; ഇന്നു നീ, നിന്റെ ദൈവമായ യഹോവയുടെ ജനമായി തീർന്നിരിക്കുന്നു.10ആകയാൽ നിന്റെ ദൈവമായ യഹോവയുടെ വാക്കനുസരിച്ച്, ഞാൻ ഇന്നു നിന്നോട് ആജ്ഞാപിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും ആചരിക്കേണം” എന്നു പറഞ്ഞു.

11അന്ന് മോശെ ജനത്തോടു കല്പിച്ചത് എന്തെന്നാൽ:12“നിങ്ങൾ യോർദ്ദാൻ കടന്ന ശേഷം ജനത്തെ അനുഗ്രഹിപ്പാൻ ഗെരിസീംപർവ്വതത്തിൽ നില്ക്കേണ്ടവർ: ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, യോസേഫ്, ബേന്യാമീൻ.
13ശപിപ്പാൻ ഏബാൽപർവ്വതത്തിൽ നിൽക്കേണ്ടവർ: രൂബേൻ, ഗാദ്, ആശേർ, സെബൂലൂൻ, ദാൻ, നഫ്താലി.14അപ്പോൾ ലേവ്യർ എല്ലായിസ്രായേല്യരോടും ഉറക്കെ വിളിച്ചുപറയേണ്ടത് എന്തെന്നാൽ:

15‘ശില്പിയുടെ കൈപ്പണിയായി യഹോവയ്ക്ക് അറപ്പായ വല്ല വിഗ്രഹവും, കൊത്തിയോ വാർത്തോ ഉണ്ടാക്കി, രഹസ്യമായി പ്രതിഷ്ഠിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം ആമേൻ എന്ന് ഉത്തരം പറയേണം.

16അപ്പനെയോ അമ്മയെയോ നിന്ദിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

17കൂട്ടുകാരന്റെ അതിർ നീക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

18കുരുടനെ വഴി തെറ്റിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

19പരദേശിയുടെയും അനാഥന്റെയും വിധവയുടെയും ന്യായം മറിച്ചുകളയുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

20അപ്പന്റെ ഭാര്യയോടുകൂടെ ശയിക്കുന്നവൻ അപ്പന്റെ വസ്ത്രം നീക്കിയതുകൊണ്ട് ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

21വല്ല മൃഗത്തോടുംകൂടെ ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

22അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ സഹോദരിയോടുകൂടെ ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം ആമേൻ എന്നു പറയേണം.

23അമ്മാവിയമ്മയോടുകൂടെ ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

24കൂട്ടുകാരനെ രഹസ്യമായി കൊല്ലുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

25കുറ്റമില്ലാത്തവനെ കൊല്ലേണ്ടതിന് പ്രതിഫലം വാങ്ങുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

26ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ പ്രമാണമാക്കി,അവ അനുസരിച്ചു നടക്കാത്തവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

28

1നിന്റെ ദൈവമായ യഹോവയുടെ വാക്ക് ശ്രദ്ധയോടെ കേട്ട്, ഞാൻ ഇന്നു നിന്നോട് ആജ്ഞാപിക്കുന്ന അവന്റെ സകലകല്പനകളും പ്രമാണിച്ചു നടന്നാൽ നിന്റെ ദൈവമായ യഹോവ നിന്നെ ഭൂമിയിലുള്ള സർവ്വജാതികൾക്കും മീതെ ഉയർത്തും.2നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചാൽ ഈ അനുഗ്രഹങ്ങളെല്ലാം നിനക്കു ലഭിക്കും: പട്ടണത്തിൽ നീ അനുഗ്രഹിക്കപ്പെടും;

3വയലിൽ നീ അനുഗ്രഹിക്കപ്പെടും.4നിന്റെ ഗർഭഫലവും കൃഷിഫലവും മൃഗങ്ങളുടെ ഫലവും നിന്റെ കന്നുകാലികളുടെയും ആടുകളുടെയും പേറും പിറപ്പും അനുഗ്രഹിക്കപ്പെടും.
5നിന്റെ കൊട്ടയും മാവു കുഴക്കുന്ന തൊട്ടിയും അനുഗ്രഹിക്കപ്പെടും.6അകത്തു വരുമ്പോൾ നീ അനുഗ്രഹിക്കപ്പെടും. പുറത്തു പോകുമ്പോൾ നീ അനുഗ്രഹിക്കപ്പെടും.
7നിന്നോട് എതിർക്കുന്ന ശത്രുക്കളെ യഹോവ നിന്റെ മുമ്പിൽ തോല്ക്കുമാറാക്കും; അവർ ഒരു വഴിയായി നിന്റെ നേരെ വരും; ഏഴു വഴിയായി നിന്റെ മുമ്പിൽനിന്ന് ഓടിപ്പോകും.8യഹോവ നിന്റെ കളപ്പുരകളിലും നീ കൈവെക്കുന്ന എല്ലാറ്റിലും നിനക്ക് അനുഗ്രഹം കല്പിക്കും; നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് അവൻ നിന്നെ അനുഗ്രഹിക്കും.
9നിന്റെ ദൈവമായ യഹോവയുടെ കല്പനകൾ പ്രമാണിച്ച് അവന്റെ വഴികളിൽ നടന്നാൽ യഹോവ നിന്നോട് സത്യം ചെയ്തതുപോലെ നിന്നെ തനിക്ക് വിശുദ്ധജനമാക്കും.10യഹോവയുടെ നാമത്തിൽ നീ അറിയപ്പെടുന്നു എന്ന് ഭൂമിയിലുള്ള സകല ജനതകളും കണ്ട് നിന്നെ ഭയപ്പെടും.
11നിനക്കു തരുമെന്ന് യഹോവ നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്ത്, യഹോവ നിന്റെ നന്മയ്ക്കായി, ഗർഭഫലത്തിലും കന്നുകാലികളുടെ ഫലത്തിലും നിലത്തിലെ ഫലത്തിലും സമൃദ്ധിനല്കും.12തക്കസമയത്ത് നിന്റെ ദേശത്തിന് മഴ തരുവാനും നിന്റെ വേല ഒക്കെയും അനുഗ്രഹിപ്പാനും യഹോവ നിനക്ക് തന്റെ നല്ല ഭണ്ഡാരമായ ആകാശം തുറക്കും; നീ അനേകം ജനതകൾക്ക് വായ്പ്പ കൊടുക്കും; എന്നാൽ നീ വായ്പ്പ വാങ്ങുകയില്ല.
13ഞാൻ ഇന്ന് നിന്നോട് ആജ്ഞാപിക്കുന്ന നിന്റെ ദൈവമായ യഹോവയുടെ കല്പനകൾ കേട്ടു പ്രമാണിച്ചുനടന്നാൽ യഹോവ നിന്നെ വാലല്ല, തല ആക്കും; നീ ഉയർച്ച തന്നേ പ്രാപിക്കും;നിനക്ക് താഴ്ച ഉണ്ടാകയില്ല.14ഞാൻ ഇന്ന് നിന്നോട് ആജ്ഞാപിക്കുന്ന വചനങ്ങളിൽ ഏതെങ്കിലും ഉപേക്ഷിച്ച് അന്യദൈവങ്ങളെ പിന്തുടർന്ന് സേവിപ്പാൻ നീ ഇടത്തോട്ടോ വലത്തോട്ടോ മാറരുത്.

15എന്നാൽ നീ നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ട്, ഞാൻ ഇന്ന് നിന്നോട് ആജ്ഞാപിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിക്കതെയിരുന്നാൽ ഈ ശാപം ഒക്കെയും നിനക്ക് വന്നു ഭവിക്കും:
16പട്ടണത്തിൽ നീ ശപിക്കപ്പെട്ടിരിക്കും. വയലിലും ശപിക്കപ്പെട്ടിരിക്കും.17നിന്റെ കൊട്ടയും മാവു കുഴക്കുന്ന തൊട്ടിയും ശപിക്കപ്പെട്ടിരിക്കും.
18നിന്റെ ഗർഭഫലവും കൃഷിഫലവും കന്നുകാലികളുടെയും ആടുകളുടെയും പേറും പിറപ്പും ശപിക്കപ്പെട്ടിരിക്കും;19അകത്തു വരുമ്പോൾ നീ ശപിക്കപ്പെട്ടിരിക്കും; പുറത്തുപോകുമ്പോൾ നീ ശപിക്കപ്പെട്ടിരിക്കും.
20എന്നെ ഉപേക്ഷിച്ചു ചെയ്ത ദുഷ്പ്രവൃത്തികൾ നിമിത്തം നീ വേഗത്തിൽ മുടിഞ്ഞുപോകും വരെ നിന്റെ കൈ തൊടുന്ന എല്ലാറ്റിലും യഹോവ ശാപവും പരിഭ്രമവും പ്രാക്കും അയക്കും.21നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിന്നു നിന്നെ മുടിച്ചുകളയുംവരെ യഹോവ നിനക്ക് പകർച്ചവ്യാധി അയക്കും.
22ക്ഷയരോഗം, ജ്വരം, പുകച്ചൽ, അത്യുഷ്ണം, വരൾച്ച, വെൺകതിർ, വിഷമഞ്ഞ് എന്നിവയാൽ യഹോവ നിന്നെ ബാധിക്കും; നീ നശിക്കുംവരെ അവ നിന്നെ പിന്തുടരും.
23നിന്റെ തലയ്ക്കു മീതെയുള്ള ആകാശം ചെമ്പും നിനക്കു കീഴുള്ള ഭൂമി ഇരിമ്പും ആകും.24യഹോവ നിന്റെ ദേശത്ത് പൊടിയും പൂഴിയും മഴപോലെ വർഷിപ്പിക്കും; നീ നശിക്കുംവരെ അത് ആകാശത്തിൽനിന്ന് നിന്റെമേൽ പെയ്യും.
25ശത്രുക്കളുടെ മുമ്പിൽ യഹോവ നിന്നെ തോല്ക്കുമാറാക്കും. നീ ഒരു വഴിയായി അവരുടെ നേരെ ചെല്ലും; ഏഴു വഴിയായി അവരുടെ മുമ്പിൽനിന്ന് ഓടിപ്പോകും; നീ ഭൂമിയിലെ സകലരാജ്യങ്ങൾക്കും ഒരു ബാധയായിത്തീരും.26നിന്റെ ശവം ആകാശത്തിലെ സകലപക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇര ആകും; അവയെ ആട്ടികളവാൻ ആരും ഉണ്ടാകയില്ല. യഹോവ നിന്നെ ഈജിപ്റ്റിലെ
27പരുക്കൾ, മൂലവ്യാധി, ചൊറി, ചിരങ്ങ് എന്നിവയാൽ ബാധിക്കും; അവ സൌഖ്യമാകുകയുമില്ല.28ഭ്രാന്തും അന്ധതയും ചിത്തഭ്രമവും കൊണ്ട് യഹോവ നിന്നെ ബാധിക്കും.29കുരുടൻ അന്ധതമസ്സിൽ തപ്പിനടക്കുന്നതുപോലെ നീ ഉച്ചസമയത്ത് തപ്പിനടക്കും. നീ പോകുന്നേടത്തെങ്ങും നിനക്കു ഗുണംവരികയില്ല; നീ എപ്പോഴും പീഡിതനും കൊള്ളയടിക്കപ്പെടുന്നവനും ആയിരിക്കും; നിന്നെ രക്ഷിപ്പാൻ ആരുമുണ്ടാകയുമില്ല.
30നീ ഒരു സ്ത്രീയെ വിവാഹത്തിന് നിശ്ചയിക്കും; മറ്റൊരുത്തൻ അവളെ പരിഗ്രഹിക്കും. നീ ഒരു വിടു പണിയിക്കും; എങ്കിലും അതിൽ പാർക്കയില്ല. നീ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കും; ഫലം അനുഭവിക്കയില്ല.31നിന്റെ കാളയെ നിന്റെ മുമ്പിൽവെച്ച് അറുക്കും; എന്നാൽ നീ അതിന്റെ മാംസം തിന്നുകയില്ല. നിന്റെ കഴുതയെ നിന്റെ മുമ്പിൽനിന്നു പിടിച്ചു കൊണ്ടുപോകും; തിരികെ കിട്ടുകയില്ല. നിന്റെ ആടുകളെ ശത്രുക്കൾ കൈവശമാകും; അവയെ വിടുവിപ്പാൻ നിനക്ക് ആരും ഉണ്ടാകയില്ല.
32നിന്റെ പുത്രന്മാരും പുത്രിമാരും അന്യജനതയ്ക്ക് അടിമകളാകും; നിന്റെ കണ്ണ് ഇടവിടാതെ അവരെ കാത്തിരുന്ന് ക്ഷീണിക്കും; എങ്കിലും നിന്നാൽ ഒന്നും സാധിക്കയില്ല.
33നിന്റെ കൃഷിഫലവും നിന്റെ അദ്ധ്വാനമൊക്കെയും നീ അറിയാത്ത ജാതിക്കാർ അനുഭവിക്കും; നീ എല്ലാനാളും ബാധിതനും പീഡിതനും ആകും.34നിന്റെ കാണ്ണാലെ കാണുന്ന കാഴ്ചയാൽ നിനക്ക് ഭ്രാന്തു പിടിക്കും.35സൌഖ്യമാകാത്ത പരുക്കളാൽ യഹോവ നിന്നെ ഉള്ളങ്കാൽതുടങ്ങി നെറുകവരെ ബാധിക്കും.
36യഹോവ നിന്നെയും നീ നിന്റെ മേൽ ആക്കിയ രാജാവിനെയും നീയാകട്ടെ നിന്റെ പിതാക്കന്മാരാകട്ടെ അറിഞ്ഞിട്ടില്ലാത്ത ഒരു ജനതയുടെ അടുക്കൽ അയക്കും; അവിടെ നീ മരവും കല്ലും കൊണ്ടുള്ള അന്യദൈവങ്ങളെ സേവിക്കും.37യഹോവ നിന്നെ കൊണ്ടുപോകുന്ന സകല ജനതകളുടെയും ഇടയിൽ നീ സ്തംഭനത്തിനും പഴഞ്ചൊല്ലിനും പരിഹാസത്തിനും വിഷയമായിത്തീരും.
38നീ വളരെ വിത്ത് നിലത്തിലേക്ക് കൊണ്ടുപോകും; എന്നാൽ വെട്ടുക്കിളി തിന്നുകളകകൊണ്ട് കുറെ മാത്രം കൊയ്യും.39നീ മുന്തിരിത്തോട്ടങ്ങൾ നട്ട് പരിപാലിക്കും; എങ്കിലും പുഴു തിന്നുകളകകൊണ്ട് വീഞ്ഞു കുടിക്കയില്ല; പഴം ശേഖരിക്കയുമില്ല.
40ഒലിവുവൃക്ഷങ്ങൾ നിന്റെ നാട്ടിൽ എല്ലായിടത്തും ഉണ്ടാകും; എങ്കിലും നീ എണ്ണ തേക്കയില്ല; അതിന്റെ പിഞ്ചുകായ്കൾ പൊഴിഞ്ഞുപോകും.41നീ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കും; എങ്കിലും അവർ നിന്നോടൊപ്പം ഇരിക്കയില്ല; അവർ പ്രവാസത്തിലേക്ക് പോകേണ്ടിവരും.
42നിന്റെ വൃക്ഷങ്ങളും ഭൂമിയുടെ ഫലവും എല്ലാം പുഴു തിന്നുകളയും.43നിന്റെ ഇടയിലുള്ള പരദേശി നിനക്കു മീതെ ഉയർന്നുയർന്നു വരും; നീയോ താണുതാണുപോകും.44അവർ നിനക്കു വായ്പ്പ തരും; അവന് വായ്പ്പ കൊടുപ്പാൻ നിനക്ക് ഉണ്ടാകയില്ല; അവൻ തലയും നീ വാലുമായിരിക്കും.
45നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ട് അവൻ നിന്നോടു കല്പിച്ചിട്ടുള്ള കല്പനകളും ചട്ടങ്ങളും പ്രമാണിച്ചു നടക്കായ്കകൊണ്ടു ഈ ശാപം ഒക്കെയും നിന്റെ മേൽ വരികയും നീ നശിക്കുംവരെ നിന്നെ പിന്തുടർന്നു പിടിക്കയും ചെയ്യും.46അവ ഒരടയാളവും അത്ഭുതവുമായി നിന്നോടും നിന്റെ സന്തതിയോടും എന്നേക്കും പറ്റിയിരിക്കും.
47സകല വസ്തുക്കളും സമൃദ്ധിയായി ലഭിച്ചപ്പോൾ നിന്റെ ദൈവമായ യഹോവയെ നീ ഉന്മേഷത്തോടും ഹൃദയസന്തോഷത്തോടുംകൂടെ സേവിക്കായ്കകൊണ്ട്48യഹോവ നിന്റെ നേരെ അയക്കുന്ന ശത്രുക്കളെ നീ വിശപ്പോടും ദാഹത്തോടും നഗ്നതയോടും എല്ലാഞെരുക്കത്തോടും കൂടെ സേവിക്കും; നിന്നെ നശിപ്പിക്കുംവരെ അവൻ നിന്റെ കഴുത്തിൽ ഒരു ഇരിമ്പുനുകം വയ്ക്കും.
49യഹോവ ദൂരത്തുനിന്ന്, ഭൂമിയുടെ അറുതിയിൽനിന്ന്, ഒരു ജനതയെ, കഴുകൻ പറന്നു വരുന്നതുപോലെ നിന്റെമേൽ വരുത്തും. അവർ നീ അറിയാത്ത ഭാഷ പറയുന്ന ജനത;50വൃദ്ധനെ ആദരിക്കയോ ബാലനോടു കനിവു തോന്നുകയോ ചെയ്യാത്ത ഉഗ്രമുഖമുള്ള ജനത.51നീ നശിക്കുംവരെ അവർ നിന്റെ മൃഗഫലവും കൃഷിഫലവും തിന്നും; അവർ നിന്നെ നശിപ്പിക്കുംവരെ ധാന്യമോ വീഞ്ഞോ എണ്ണയോ നിന്റെ കന്നുകാലികളുടെയും ആടുകളുടെയും പേറോ പിറപ്പോ ഒന്നും ശേഷിപ്പിക്കയില്ല.
52നിന്റെ ദേശത്ത് എല്ലാടവും നീ ആശ്രയിച്ചിരിക്കുന്ന ഉയരവും ഉറപ്പുമുള്ള മതിലുകൾ വീഴുംവരെ അവർ നിന്റെ എല്ലാപട്ടണങ്ങളിലും നിന്നെ ഉപരോധിക്കും; നിന്റെ ദൈവമായ യഹോവ നിനക്കു തന്ന നിന്റെ ദേശത്തുള്ള എല്ലാപട്ടണങ്ങളിലും അവർ നിന്നെ ഉപരോധിക്കും.53ശത്രു നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും ഉപരോധത്തിലും നിന്റെ ദൈവമായ യഹോവ നിനക്കു തന്നിരിക്കുന്ന നിന്റെ ഗർഭഫലമായ പുത്രന്മാരുടെയും പുത്രിമാരുടെയും മാംസം നീ തിന്നും.
54നിന്റെ മദ്ധ്യേ മൃദുശരീരിയും മഹാസുഖഭോഗിയുമായ മനുഷ്യൻ തന്റെ സഹോദരനോടും തന്റെ മാർവ്വിടത്തിലെ ഭാര്യയോടും തനിക്കു ശേഷിക്കുന്ന മക്കളോടും55ലുബ്ധനായി അവരിൽ ആർക്കും താൻ തിന്നുന്ന തന്റെ മക്കളുടെ മാംസത്തിൽ ഒട്ടും കൊടുക്കയില്ല; ശത്രു നിന്റെ എല്ലാ പട്ടണങ്ങളിലും നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും ഉപരോധത്തിലും അവന് ഭക്ഷിപ്പാൻ ഒന്നും ശേഷിച്ചിരിക്കയില്ല.
56തന്റെ ഉള്ളങ്കാൽ നിലത്തുവയ്ക്കുവാൻ മടിക്കുന്ന മാർദ്ദവമേനിയുള്ള കോമളാംഗി, തന്റെ മാർവ്വിടത്തിലെ ഭർത്താവിനും തന്റെ മക്കൾക്കും തന്റെ കാലുകളുടെ ഇടയിൽനിന്നു പുറപ്പെടുന്ന മറുപ്പിള്ളയെയും താൻ പ്രസവിക്കുന്ന കുഞ്ഞുങ്ങളെയും കൊടുക്കാതവണ്ണം ലുബ്ധയാകും.57ശത്രു നിന്റെ പട്ടണങ്ങളിൽ നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും ഉപരോധത്തിലും സകലവസ്തുക്കളുടെയും ദൗർലഭ്യം നിമിത്തം അവൾ അവരെ രഹസ്യമായി തിന്നും.
58നിന്റെ ദൈവമായ യഹോവ എന്ന മഹത്തും ഭയങ്കരവുമായ നാമത്തെ നീ ഭയപ്പെട്ട് ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ന്യായപ്രമാണത്തിലെ സകലവചനങ്ങളും പ്രമാണിച്ചനുസരിച്ചു നടക്കാഞ്ഞാൽ59യഹോവ നിന്റെമേലും നിന്റെ സന്തതിയുടെമേലും സൗഖ്യം വരാത്ത അപൂർവ്വമായ മഹാബാധകളും വല്ലാത്ത രോഗങ്ങളും വരുത്തും.
60നീ പേടിക്കുന്ന ഈജിപ്റ്റിലെ വ്യാധികളൊക്കെയും അവൻ നിന്റെമേൽ വരുത്തും; അവ നിന്നെ പറ്റിപ്പിടിക്കും.61ഈ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിട്ടില്ലാത്ത62സകല രോഗവും ബാധയുംകൂടെ നീ നശിക്കുംവരെ യഹോവ നിന്റെമേൽ വരുത്തിക്കൊണ്ടിരിക്കും. ആകാശത്തിലെ നക്ഷത്രങ്ങൾ പോലെ പെരുകിയിരുന്ന നിങ്ങൾ നിന്റെ ദൈവമായ യഹോവയുടെ വാക്കു കേൾക്കായ്കകൊണ്ട് ചുരുക്കംപേരായി ശേഷിക്കും.
63നിങ്ങൾക്കു നന്മ ചെയ്‌വാനും നിങ്ങളെ വർദ്ധിപ്പിപ്പാനും യഹോവ നിങ്ങളുടെമേൽ പ്രസാദിച്ചിരുന്നതുപോലെ തന്നെ നിങ്ങളെ നശിപ്പിപ്പാനും നിർമ്മൂലമാക്കുവാനും യഹോവ നിർണയിച്ച്, നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തുനിന്നു നിങ്ങളെ പറിച്ചുകളയും.64യഹോവ നിന്നെ ഭൂമിയുടെ ഒരറ്റംമുതൽ മറ്റെ അറ്റംവരെ സർവ്വജനതകളുടെയും ഇടയിൽ ചിതറിക്കും; അവിടെ നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത മരവും കല്ലുംകൊണ്ടുള്ള അന്യദൈവങ്ങളെ നീ സേവിക്കും.
65ആ ജനതകളുടെ ഇടയിൽ നിനക്ക് സ്വസ്ഥത കിട്ടുകയില്ല; നിന്റെ കാലിന് വിശ്രാമസ്ഥലം ഉണ്ടാകയില്ല; അവിടെ യഹോവ നിനക്കു വിറയ്ക്കുന്ന ഹൃദയവും മങ്ങുന്ന കണ്ണും നിരാശയുള്ള മനസ്സും തരും.66നിന്റെ ജീവൻ ഏതു നിമിഷവും എടുക്കപ്പെടാം; രാവും പകലും നീ പേടിച്ചു പാർക്കും; പ്രാണഭയം നിന്നെ വിട്ടുമാറുകയില്ല.
67നിന്റെ ഹൃദയത്തിലെ പേടിനിമിത്തവും നീ കണ്ണാലെ കാണുന്ന കാഴ്ചനിമിത്തവും നേരം വെളുക്കുമ്പോൾ, സന്ധ്യ ആയെങ്കിൽ കൊള്ളായിരുന്നു എന്നും, സന്ധ്യാകാലത്ത്, നേരം വെളുത്തെങ്കിൽ കൊള്ളായിരുന്നു എന്നും നീ പറയും.68നീ ഇനി കാണുകയില്ല എന്നു ഞാൻ നിന്നോടു പറഞ്ഞ വഴിയായി യഹോവ നിന്നെ കപ്പൽ കയറ്റി ഈജിപ്റ്റിലേക്ക് മടക്കിക്കൊണ്ടുപോകും; അവിടെ നിങ്ങളെ അടിമകളായി ശത്രുക്കൾക്കു വിൽക്കാൻ നിർത്തും; എന്നാൽ നിങ്ങളെ വാങ്ങുവാൻ ആരും ഉണ്ടാകയില്ല.

29

1ഹോരേബിൽവെച്ച് യിസ്രായേൽമക്കളോട് ചെയ്ത നിയമത്തിന് പുറമെ മോവാബ് ദേശത്തുവെച്ച് അവരോടു ചെയ്‌വാൻ യഹോവ മോശെയോടു കല്പിച്ച നിയമത്തിന്റെ വചനങ്ങൾ ഇവ തന്നേ.

2മോശെ യിസ്രയേൽ ജനത്തെ വിളിച്ചുകൂട്ടി പറഞ്ഞത് എന്തെന്നാൽ: “യഹോവ ഈജിപ്റ്റിൽ വച്ച് നിങ്ങൾ കാൺകെ ഫറവോനോടും അവന്റെ സകലഭൃത്യന്മാരോടും അവന്റെ സർവ്വദേശത്തോടും ചെയ്തതെല്ലാം നിങ്ങൾ കണ്ടുവല്ലോ.3നിങ്ങൾ കണ്ണുകൊണ്ട് കണ്ട വലിയ പരീക്ഷകളും അടയാളങ്ങളും മഹാത്ഭുതങ്ങളും തന്നേ.4എങ്കിലും തിരിച്ചറിയുന്ന ഹൃദയവും കാണുന്ന കണ്ണും കേൾക്കുന്ന ചെവിയും യഹോവ നിങ്ങൾക്ക് ഇന്നുവരെയും തന്നിട്ടില്ല.
5ഞാൻ നാല്പതു സംവത്സരം നിങ്ങളെ മരുഭൂമിയിൽ നടത്തി; നിങ്ങൾ ധരിച്ചിരുന്ന വസ്ത്രം ജീർണ്ണിച്ചിട്ടില്ല; കാലിലെ ചെരിപ്പ് പഴകീട്ടുമില്ല.6യഹോവയായ ഞാൻ നിങ്ങളുടെ ദൈവം എന്ന് നിങ്ങൾ അറിയേണ്ടതിന് നിങ്ങൾ ഉണ്ടാക്കിയ അപ്പം തിന്നിട്ടില്ല, വീഞ്ഞും മദ്യവും കുടിച്ചിട്ടുമില്ല.
7നിങ്ങൾ ഈ സ്ഥലത്തു വന്നപ്പോൾ ഹെശ്ബോൻ രാജാവായ സീഹോനും ബാശാൻ രാജാവായ ഓഗും നമ്മുടെനേരെ യുദ്ധത്തിന് പുറപ്പെട്ടുവന്നു.8എന്നാൽ നാം അവരെ തോല്പിച്ച്, അവരുടെ രാജ്യം പിടിച്ചടക്കി രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ പാതിഗോത്രത്തിനും അവകാശമായി കൊടുത്തു.9ആകയാൽ നിങ്ങളുടെ പ്രവർത്തികളിലെല്ലാം വിജയം ഉണ്ടാകേണ്ടതിന് ഈ നിയമത്തിന്റെ വചനങ്ങൾ പ്രമാണിച്ചു നടപ്പീൻ.
10ഇന്ന്, നിങ്ങളുടെ ഗോത്രത്തലവന്മാരും മൂപ്പന്മാരും പ്രമാണികളും യിസ്രായേൽപുരുഷന്മാരും യഹോവയുടെ സന്നിധിയിൽ നിൽക്കുന്നു.

11നിങ്ങളോടൊപ്പം കുഞ്ഞുങ്ങൾ, ഭാര്യമാർ, പാളയത്തിൽ വിറകു കീറുകയും വെള്ളം കോരുകയും ചെയ്യുന്ന പരദേശി എന്നിങ്ങനെ എല്ലാവരും നിൽക്കുന്നു.
12ദൈവമായ യഹോവ നിന്നോട് അരുളിച്ചെയ്തതുപോലെയും, അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്നീ പിതാക്കന്മാരോട് സത്യം ചെയ്തതുപോലെയും ഇന്നു നിന്നെ തനിക്കു ജനമാക്കേണ്ടതിനും, യഹോവ നിനക്ക് ദൈവമായിരിക്കേണ്ടതിനും13യഹോവ ഇന്നു നിന്നോടു ചെയ്യുന്ന ഉടമ്പടിയിലേക്കും ആണയിലേക്കും പ്രവേശിക്കുവാൻ അവ്ന്റെ സന്നിധിയിൽ നിൽക്കുന്നു.”
14ഞാൻ ഈ ഉടമ്പടിയും ആണയും ചെയ്യുന്നത് നിങ്ങളോടു മാത്രമല്ല,15ഇന്നു നമ്മോടുകൂടെ നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നില്ക്കുന്ന എല്ലാവരോടും, ഇവിടെ നമ്മോടു കൂടെ ഇല്ലാത്തവരോടും കൂടെയാകുന്നു.16നാം ഈജിപ്റ്റ് ദേശത്ത് എങ്ങനെ പാർത്തു എന്നും നിങ്ങൾ കടന്നുവന്ന ജനതകളുടെ നടുവിൽകൂടെ എങ്ങനെ കടന്നു എന്നും നിങ്ങൾ അറിയുന്നുവല്ലോ?
17അവരുടെ മ്ലേച്ഛതകളും അവരുടെ ഇടയിൽ ഉള്ള മരവും കല്ലും വെള്ളിയും പൊന്നും കൊണ്ടുള്ള വിഗ്രഹങ്ങളും നിങ്ങൾ കണ്ടിട്ടുണ്ട്.18ആ ജനതകളുടെ ദേവന്മാരെ സേവിക്കുവാനായി നമ്മുടെ ദൈവമായ യഹോവയെ വിട്ടുമാറുന്ന മനസ്സുള്ള യാതൊരു പുരുഷനും സ്ത്രീയും കുലവും ഗോത്രവും നിങ്ങളിൽ ഉണ്ടാകരുത്; നഞ്ചും, കൈപ്പുമുള്ള ഫലം കായിക്കുന്ന യാതൊരുവേരും അരുത്.19അങ്ങനെയുള്ളവൻ ഈ ശാപവചനങ്ങൾ കേൾക്കുമ്പോൾ: “വരണ്ടതും നനവുള്ളതും ഒരുപോലെ നശിക്കേണ്ടതിന് ഞാൻ ഹൃദയകാഠിന്യത്തിൽ നടന്നാലും എനിക്കു സുഖം ഉണ്ടാകും”എന്നു പറഞ്ഞ് തന്റെ ഹൃദയത്തിൽ തന്നെത്താൻ അനുഗ്രഹിക്കും.
20അവനോടു ക്ഷമിപ്പാൻ മനസ്സുവരാതെ യഹോവയുടെ കോപവും തീക്ഷ്ണതയും ആ മനുഷ്യന്റെ നേരെ ജ്വലിക്കും; ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ശാപം ഒക്കെയും അവന്റെ മേൽ വരും; യഹോവ ആകാശത്തിൻകീഴിൽനിന്ന് അവന്റെ നാമം മായിച്ചുകളയും.21ഈ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്ന നിയമത്തിലെ സകലശാപങ്ങൾക്കും തക്കവണ്ണം യഹോവ യിസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നും അവനെ ദോഷത്തിനായി വേർതിരിക്കും.
22നിങ്ങളുടെ ഭാവിതലമുറയിലെ മക്കളും, ദൂരദേശത്തുനിന്നു വരുന്ന അന്യനും, ദേശത്തിലെ ബാധകളും യഹോവ അവിടെ വരുത്തിയ രോഗങ്ങളും കാണും.23യഹോവ തന്റെ കോപത്തിലും ക്രോധത്തിലും സോദോം, ഗൊമോര, അദമ, സെബോയീം എന്നീ പട്ടണങ്ങളെ മറിച്ചുകളഞ്ഞതുപോലെ വിതയും കൊയ്ത്തും ഇല്ലാതെയും പുല്ലുപോലും മുളെക്കാതെയും ഗന്ധകവും ഉപ്പും കത്തിയിരിക്കുന്ന ദേശമൊക്കെയും കാണുമ്പോൾ:24“യഹോവ ഈ ദേശത്തോട് ഇങ്ങനെ ചെയ്തതെന്ത്? ഈ മഹാക്രോധാഗ്നിയുടെ കാരണം എന്ത്?” എന്ന് സകലജനതകളും ചോദിക്കും.
25ആ ചോദ്യത്തിന് മറുപടി എന്തെന്നാൽ: “അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ അവരെ ഈജിപ്റ്റ് ദേശത്തുനിന്ന് പുറപ്പെടുവിച്ചപ്പോൾ അവരോടു ചെയ്തിരുന്ന നിയമം അവർ ഉപേക്ഷിച്ചു;26തങ്ങൾ അറിയുകയോ തങ്ങൾക്ക് നിയമിച്ചുകിട്ടുകയോ ചെയ്തിട്ടില്ലാത്ത അന്യദൈവങ്ങളെ അവർ സേവിക്കയും നമസ്കരിക്കയും ചെയ്തു.
27അതുകൊണ്ട് ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ശാപം ഒക്കെയും ഈ ദേശത്തിന്മേൽ വരത്തക്കവണ്ണം യഹോവയുടെ കോപം അതിന്റെനേരെ ജ്വലിച്ചു.28യഹോവ കോപത്തോടും ക്രോധത്തോടും വെറുപ്പോടുംകൂടെ അവരെ അവരുടെ ദേശത്തുനിന്ന് പറിച്ചുകളകയും ഇന്നത്തെപ്പോലെ അവരെ മറ്റൊരു ദേശത്തേക്ക് തള്ളിവിടുകയും ചെയ്തു.
29മറഞ്ഞിരിക്കുന്ന കാര്യങ്ങൾ നമ്മുടെ ദൈവമായ യഹോവയ്ക്കുള്ളതാകുന്നു; വെളിപ്പെട്ടിരിക്കുന്നവയോ നാം ഈ ന്യായപ്രമാണത്തിന്റെ സകലവചനങ്ങളും അനുസരിച്ചുനടക്കേണ്ടതിന് എന്നേക്കും നമുക്കും നമ്മുടെ മക്കൾക്കും ഉള്ളവയാകുന്നു.”

30

1ഞാൻ നിന്റെ മുമ്പിൽ വച്ചിരിക്കുന്ന അനുഗ്രഹത്തിന്റെയും ശാപത്തിന്റെയുമായ ഈ വചനങ്ങൾ ഒക്കെയും നിന്റെമേൽ നിവൃത്തിയാകും. നിന്റെ ദൈവമായ യഹോവ നിന്നെ തള്ളിക്കളഞ്ഞ് ചിതറിച്ച ജനതകളുടെ ഇടയിൽവച്ച് നീ അവ ഓർത്ത്2നീയും നിന്റെ മക്കളും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ, ഞാൻ ആജ്ഞാപിക്കുന്ന വാക്കു കേട്ടനുസരിച്ച് യഹോവയുടെ അടുക്കലേക്ക് മടങ്ങിവന്നാൽ3ദൈവമായ യഹോവ നിന്റെ സ്ഥിതി മാറ്റുകയും നിന്നോടു മനസ്സലിഞ്ഞ് നിങ്കലേക്കു തിരിയുകയും നിന്നെ ചിതറിച്ചിരുന്ന സകല ജനതകളിൽനിന്നും നിന്നെ കൂട്ടിച്ചേർക്കുകയും ചെയ്യും.

4നിനക്കുള്ളവർ ആകാശത്തിന്റെ അറുതിവരെ ചിതറിപ്പോയിരുന്നാലും നിന്റെ ദൈവമായ യഹോവ അവിടെനിന്നു നിന്നെ കൂട്ടിച്ചേർക്കും; അവിടെനിന്ന് അവൻ നിന്നെ കൊണ്ടുവരും.5നിന്റെ പിതാക്കന്മാർക്ക് കൊടുത്തിരുന്ന ദേശത്തേക്ക് നിന്റെ ദൈവമായ യഹോവ നിന്നെ കൊണ്ടുവരും; നീ അത് വീണ്ടും കൈവശമാക്കും; അവൻ നിനക്കു നന്മ ചെയ്ത് നിന്റെ പിതാക്കന്മാരെക്കാൾ നിന്നെ വർദ്ധിപ്പിക്കും.
6നീ ജീവിച്ചിരിക്കേണ്ടതിന് നിന്റെ ദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ സ്നേഹിപ്പാൻ തക്കവണ്ണം നിന്റെ ദൈവമായ യഹോവ നിന്റെ ഹൃദയവും നിന്റെ സന്തതിയുടെ ഹൃദയവും പരിച്ഛേദന ചെയ്യും.7ഈ ശാപങ്ങൾ ഒക്കെയും നിന്റെ ദൈവമായ യഹോവ നിന്റെ ശത്രുക്കളുടെമേലും നിന്നെ പകച്ച് ഉപദ്രവിക്കുന്നവരുടെമേലും വരുത്തും.8നീ മനസ്സു തിരിഞ്ഞ് യഹോവയുടെ വാക്കുകേട്ട് ഞാൻ ഇന്നു നിന്നോട് ആജ്ഞാപിക്കുന്ന സകലകല്പനകളും അനുസരിച്ചു നടക്കും.
9നിന്റെ ദൈവമായ യഹോവ നിന്റെ കൈകളുടെ സകലപ്രവൃത്തിയിലും നിന്റെ ഗർഭഫലത്തിലും മൃഗഫലത്തിലും കൃഷിഫലത്തിലും നിനക്ക് അഭിവൃദ്ധി നല്കുകയും ചെയ്യും.10നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ട് ഈ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിക്കയും നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്ക് പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും കൂടെ തിരിയുകയും ചെയ്താൽ യഹോവ നിന്റെ പിതാക്കന്മാരിൽ പ്രസാദിച്ചിരുന്നതുപോലെ നിന്നിലും പ്രസാദിച്ച് വീണ്ടും നന്മ ചെയ്യും.

11ഞാൻ ഇന്നു നിന്നോട് ആജ്ഞാപിക്കുന്ന ഈ കല്പന പ്രായസമുള്ളതോ,വിദൂരമായതോ അല്ല.12ഞങ്ങൾ കേട്ട് അനുസരിക്കേണ്ടതിന് അത് സ്വർഗ്ഗത്തിൽനിന്ന് ആരു കൊണ്ടുവന്നു തരും എന്നു പറയുവാൻ അത് സ്വർഗ്ഗത്തിലല്ല;
13ഞങ്ങൾ കേട്ട് അനുസരിക്കേണ്ടതിന് അത് സമുദ്രം കടന്ന് ആരു കൊണ്ടുവന്നു തരും എന്നു പറയുവാൻ അത് സമുദ്രത്തിനക്കരെയുമല്ല;14അനുസരിക്കുവാൻ തക്കവണ്ണം, വചനം, നിന്റെ ഏറ്റവും അടുത്ത്, നിന്റെ വായിലും ഹൃദയത്തിലും തന്നേ, ഇരിക്കുന്നു.

15ഇതാ, ഞാൻ ഇന്നു ജീവനും നന്മയും പോലെ, മരണവും തിന്മയും നിന്റെ മുമ്പിൽ വച്ചിരിക്കുന്നു.16എന്തുകൊണ്ടെന്നാൽ, നീ ജീവിച്ച് പെരുകി, കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്ത് ദൈവമായ യഹോവയുടെ അനുഗ്രഹം പ്രാപിക്കേണ്ടതിന് അവനെ സ്നേഹിപ്പാനും അവന്റെ വഴികളിൽ നടപ്പാനും അവന്റെ കല്പനകളും ചട്ടങ്ങളും വിധികളും പ്രമാണിപ്പാനും തന്നെ.
17എന്നാൽ നീ അനുസരിക്കാതെ നിന്റെ ഹൃദയം തിരിച്ച്, വശീകരിക്കപ്പെട്ട് അന്യദൈവങ്ങളെ നമസ്കരിച്ച് സേവിക്കയും ചെയ്താൽ18നീ യോർദ്ദാൻ കടന്ന് കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്ത് ദീർഘായുസ്സോടിരിക്കാതെ നിശ്ചയമായി നശിച്ചുപോകുമെന്ന് ഞാൻ ഇന്നു നിങ്ങളെ അറിയിക്കുന്നു.
19ജീവനും മരണവും, അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വച്ചിരിക്കുന്നു എന്നതിന് ഞാൻ ആകാശത്തെയും ഭൂമിയെയും ഇന്ന് സാക്ഷിയാക്കുന്നു; അതുകൊണ്ട് നീയും നിന്റെ സന്തതിയും ജീവിച്ചിരിക്കേണ്ടതിനും20യഹോവ നിന്റെ പിതാക്കന്മാരായ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും കൊടുക്കുമെന്നു സത്യംചെയ്ത ദേശത്ത് വസിക്കയും നിന്റെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ വാക്കു കേട്ടനുസരിക്കയും അവനോടു ചേർന്നിരിക്കയും ചെയ്യേണ്ടതിന് ജീവൻ തെരഞ്ഞെടുത്തുകൊൾക; അവനല്ലോ നിനക്ക് ജീവനും ദീർഘായുസ്സും നൽകുന്നത്.

31

1മോശെ യിസ്രായേൽ ജനത്തിന്റെ അടുക്കൽ ചെന്ന് ഈ വചനങ്ങൾ എല്ലാം കേൾപ്പിച്ചു.2പിന്നെ അവരോടു പറഞ്ഞത്: “എനിക്കിപ്പോൾ നൂറ്റിയിരുപത് വയസ്സായി; യാത്ര ചെയ്യാനും കാര്യാദികൾ നടത്തുവാനും എനിക്കു കഴിവില്ല; യഹോവ എന്നോട്, നീ യോർദ്ദാൻ കടക്കുകയില്ല, എന്ന് കല്പിച്ചിട്ടുണ്ട് താനും.3നിന്റെ ദൈവമായ യഹോവ തന്നെ നിനക്കു മുമ്പായി കടന്നുപോകും; ഈ ജനതകളെ അവൻ നിന്റെ മുമ്പിൽനിന്നു നശിപ്പിക്കയും നീ അവരുടെ ദേശം കൈവശമാക്കുകയും ചെയ്യും; യഹോവ അരുളിച്ചെയ്തതുപോലെ യോശുവ നിനക്കു നായകനായിരിക്കും.

4താൻ സംഹരിച്ചുകളഞ്ഞ അമോര്യരാജാക്കന്മാരായ സീഹോനോടും ഓഗിനോടും അവരുടെ ദേശത്തോടും ചെയ്തതുപോലെ യഹോവ ഇവരോടും ചെയ്യും.5യഹോവ അവരെ നിങ്ങളുടെ കയ്യിൽ ഏല്പിക്കും; ഞാൻ നിങ്ങളോട് ആജ്ഞാപിച്ചിട്ടുള്ള കല്പനപ്രകാരം നിങ്ങൾ അവരോടു ചെയ്യേണം.6ഉറപ്പും ധൈര്യവുമുള്ളവരായിരിപ്പീൻ; അവരെ പേടിക്കരുത്, ഭ്രമിക്കയുമരുത്; നിന്റെ ദൈവമായ യഹോവ തന്നേ നിന്നോടുകൂടെ പോരുന്നു; അവൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല.”
7പിന്നെ മോശെ യോശുവയെ വിളിച്ച് എല്ലായിസ്രായേലും കാൺകെ അവനോട് പറഞ്ഞതെന്തെന്നാൽ: “ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക; യഹോവ ഈ ജനത്തിന് കൊടുക്കുമെന്ന് അവരുടെ പിതാക്കന്മാരോടു സത്യംചെയ്ത ദേശത്തേക്ക് നീ അവരോടുകൂടെ ചെല്ലും; അതിനെ അവർക്ക് വിഭാഗിച്ചുകൊടുക്കും.8യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുത്”.

9അനന്തരം മോശെ ഈ ന്യായപ്രമാണം എഴുതി യഹോവയുടെ നിയമപെട്ടകം ചുമക്കുന്ന ലേവ്യരായ പുരോഹിതന്മാരെയും യിസ്രായേലിന്റെ എല്ലാമൂപ്പന്മാരെയും ഏല്പിച്ചു.10മോശെ അവരോട് കല്പിച്ചതെന്തെന്നാൽ: “ഏഴ് സംവത്സരം കൂടുമ്പോൾ ഉള്ള വിമോചനസംവത്സരത്തിലെ കൂടാരപ്പെരുനാളിൽ11യിസ്രായേൽ മുഴുവനും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ അവൻ തെരഞ്ഞെടുക്കുന്ന സ്ഥലത്തു വരുമ്പോൾ ഈ ന്യായപ്രമാണം എല്ലാവരും കേൾക്കത്തക്കവണ്ണം അവരുടെ മുമ്പാകെ വായിക്കേണം.
12പുരുഷന്മാരും സ്ത്രീകളും കുട്ടികളും നിന്റെ പട്ടണത്തിലുള്ള പരദേശിയും കേട്ട് പഠിച്ച് ദൈവമായ യഹോവയെ ഭയപ്പെട്ട് ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ ഒക്കെയും പ്രമാണിച്ചുനടക്കേണം13അവ അറിഞ്ഞിട്ടില്ലാത്ത അവരുടെ മക്കൾ കേൾക്കേണ്ടതിനും നിങ്ങൾ യോർദ്ദാൻ കടന്ന് കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്ത് ആയുഷ്കാലമൊക്കെയും നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടുവാൻ പഠിക്കേണ്ടതിനും ജനത്തെ വിളിച്ചുകൂട്ടേണം.”

14അനന്തരം യഹോവ മോശെയോട്: “നീ മരിപ്പാനുള്ള സമയം അടുത്തിരിക്കുന്നു; ഞാൻ യോശുവയ്ക്ക് കല്പന കൊടുക്കേണ്ടതിന് അവനെയും കൂട്ടി നിങ്ങൾ ഇരുവരും സമാഗമനകൂടാരത്തിങ്കൽ വന്നുനിൽപ്പീൻ” എന്നു കല്പിച്ചു. അങ്ങനെ മോശെയും യോശുവയും ചെന്ന് സമാഗമനകൂടാരത്തിങ്കൽ നിന്നു.15അപ്പോൾ യഹോവ മേഘസ്തംഭത്തിൽ കൂടാരത്തിങ്കൽ പ്രത്യക്ഷനായി; മേഘസ്തംഭം കൂടാരവാതിലിന് മീതെ നിന്നു.
16യഹോവ മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ: “നീ നിന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിക്കും; എന്നാൽ ഈ ജനം പാർപ്പാൻ ചെല്ലുന്ന ദേശത്തിലെ നിവാസികളുടെ അന്യദൈവങ്ങളെ പിൻചെന്ന് പരസംഗം ചെയ്കയും, എന്നെ ഉപേക്ഷിച്ച് ഞാൻ അവരോടു ചെയ്തിട്ടുള്ള എന്റെ നിയമം ലംഘിക്കയും ചെയ്യും.
17എന്റെ കോപം അവരുടെ നേരെ ജ്വലിച്ച് ഞാൻ അവരെ ഉപേക്ഷിക്കയും എന്റെ മുഖം അവർക്കു മറയ്ക്കയും ചെയ്യും; അവർ നാശത്തിനിരയായ്തീരും;നിരവധി അനർത്ഥങ്ങളും കഷ്ടങ്ങളും അവർക്കു ഭവിക്കും; ‘നമ്മുടെ ദൈവം നമ്മുടെ ഇടയിൽ ഇല്ലാത്തതുകൊണ്ടല്ലേ ഈ അനർത്ഥങ്ങൾ നമുക്കു ഭവിച്ചത്’ എന്ന് അവർ അന്നു പറയും.18എങ്കിലും അന്യദൈവങ്ങളുടെ അടുക്കലേക്കു തിരിഞ്ഞ് അവർ ചെയ്തിട്ടുള്ള സകലദോഷവും നിമിത്തം ഞാൻ അന്ന് എന്റെ മുഖം മറച്ചുകളയും.
19ആകയാൽ ഈ പാട്ടെഴുതി യിസ്രായേൽമക്കളെ പഠിപ്പിക്ക; യിസ്രായേൽമക്കളുടെ നേരെ ഈ പാട്ട് എനിക്കു സാക്ഷിയായിരിക്കേണ്ടതിന് അത് അവർക്ക് മനപാഠമാക്കിക്കൊടുക്കുക.20ഞാൻ അവരുടെ പിതാക്കന്മാരോടു സത്യംചെയ്ത പാലും തേനും ഒഴുകുന്ന ദേശത്ത് അവരെ എത്തിച്ചശേഷം അവർ തിന്നു തൃപ്തരായി പുഷ്ടിവച്ചിരിക്കുമ്പോൾ, അന്യദൈവങ്ങളുടെ അടുക്കലേക്കു തിരിഞ്ഞ് അവയെ സേവിക്കയും എന്റെ നിയമം ലംഘിച്ച് എന്നെ പ്രകോപിപ്പിക്കയും ചെയ്യും.
21എന്നാൽ നിരവധി അനർത്ഥങ്ങളും കഷ്ടങ്ങളും അവർക്കു ഭവിക്കുമ്പോൾ അവരുടെ സന്തതിയുടെ വായിൽനിന്ന് മറന്നുപോകാത്ത ഈ പാട്ട് അവരുടെ നേരെ സാക്ഷ്യം പറയും; ഞാൻ സത്യംചെയ്ത ദേശത്ത് അവരെ എത്തിക്കുന്നതിന് മുമ്പേ, ഇന്നു തന്നേ അവരുടെ നിരൂപണങ്ങൾ ഞാൻ അറിയുന്നു.”
22ആകയാൽ മോശെ അന്നു തന്നേ ഈ പാട്ടെഴുതി യിസ്രായേൽമക്കളെ പഠിപ്പിച്ചു.23പിന്നെ അവൻ നൂന്റെ മകനായ യോശുവയോട്:“ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക; ഞാൻ യിസ്രായേൽമക്കളോട് സത്യംചെയ്ത ദേശത്ത് നീ അവരെ എത്തിക്കും; ഞാൻ നിന്നോടുകൂടെ ഇരിക്കും” എന്നരുളിച്ചെയ്തു.

24മോശെ ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ മുഴുവനും ഒരു പുസ്തകത്തിൽ എഴുതിത്തീർന്നപ്പോൾ25യഹോവയുടെ നിയമപെട്ടകം ചുമക്കുന്ന ലേവ്യരോട് കല്പിച്ചതെ ന്തെന്നാൽ:26“ഈ ന്യായപ്രമാണപുസ്തകം എടുത്ത് നിങ്ങളുടെ ദൈവമായ യഹോവയുടെ നിയമ പെട്ടകത്തിനരികെ വെപ്പീൻ; അവിടെ അത് നിന്റെ നേരെ സാക്ഷിയായിരിക്കും.
27നിന്റെ മത്സരസ്വഭാവവും ദുശ്ശാഠ്യവും എനിക്കറിയാം; ഇതാ, ഇന്നു ഞാൻ നിങ്ങളോടു കൂടെ, ജീവനോടിരിക്കുമ്പോൾ തന്നേ, നിങ്ങൾ യഹോവയോട് മത്സരികളായിരിക്കുന്നുവല്ലോ? എന്റെ മരണശേഷം എത്ര അധികം?28നിങ്ങളുടെ ഗോത്രങ്ങളിലെ എല്ലാമൂപ്പന്മാരെയും പ്രമാണികളെയും എന്റെ അടുക്കൽ വിളിച്ചുകൂട്ടുവീൻ;അപ്പോൾ ഞാൻ ഈ വചനങ്ങൾ അവരെ പറഞ്ഞു കേൾപ്പിച്ച് അവരുടെ നേരെ ആകാശത്തെയും ഭൂമിയെയും സാക്ഷിയാക്കും.29എന്റെ മരണശേഷം നിങ്ങൾ വഷളത്വം പ്രവൃത്തിക്കും എന്നും ഞാൻ നിങ്ങളോട് ആജ്ഞാപിച്ച വഴി വിട്ടു മാറിക്കളയും എന്നും എനിക്കറിയാം; അങ്ങനെ നിങ്ങൾ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്ത് നിങ്ങളുടെ പ്രവൃത്തികളാൽ അവനെ പ്രകോപിപ്പിക്കുന്നതുകൊണ്ട് ഭാവികാലത്ത് നിങ്ങൾക്ക് അനർത്ഥം ഭവിക്കും.”

30അങ്ങനെ മോശെ യിസ്രായേലിന്റെ സർവ്വസഭയെയും ഈ പാട്ടിന്റെ വചനങ്ങളെല്ലാം ചൊല്ലിക്കേൾപ്പിച്ചു.

32

1ആകാശമേ, ചെവിതരിക; ഞാൻ സംസാരിക്കും;

ഭൂമി എന്റെ വായിൻ വാക്കുകളെ കേൾക്കട്ടെ.
2മഴപോലെ എന്റെ ഉപദേശം പൊഴിയും;
എന്റെ വചനം മഞ്ഞുപോലെയും ഇളമ്പുല്ലിന്മേൽ പൊടിമഴപോലെയും സസ്യത്തിന്മേൽ മാരിപോലെയും ചൊരിയും.
3ഞാൻ യഹോവയുടെ നാമം ഘോഷിക്കും; നമ്മുടെ ദൈവത്തിന് മഹത്വം കൊടുപ്പീൻ.
4യഹോവയാകുന്നു പാറ; അവന്റെ പ്രവൃത്തി അത്യുത്തമം.
അവന്റെ വഴികൾ ഒക്കെയും ന്യായം; അവൻ വിശ്വസ്തതയുള്ള ദൈവം, വ്യാജമില്ലാത്തവൻ;
നീതിയും നേരുമുള്ളവൻ തന്നേ.
5അവർ അവനോട് വഷളത്തം കാണിച്ചു: അവർ സ്വയം കളങ്കപ്പെടുത്തിയതിനാൽ അവന്റെ മക്കളല്ല;
വക്രതയും കോട്ടവുമുള്ള തലമുറ തന്നെ.
6ഭോഷത്തവും അജ്ഞതയുമുള്ള ജനമേ, ഇങ്ങനെയോ നിങ്ങൾ യഹോവയ്ക്കു പകരം കൊടുക്കുന്നത്?
അവനല്ലോ നിന്റെ പിതാവ്, നിന്റെ ഉടയവൻ.
അവനല്ലോ നിന്നെ സൃഷ്ടിക്കയും രക്ഷിക്കയും ചെയ്തവൻ.
7പൂർവ്വദിവസങ്ങളെ ഓർക്കുക: മുൻ തലമുറകളുടെ സംവത്സരങ്ങളെ ചിന്തിക്കുക;
നിന്റെ പിതാവിനോടു ചോദിക്കുക, അവൻ അറിയിച്ചുതരും;
നിന്റെ വൃദ്ധന്മാരോട് ചോദിക്കുക, അവർ പറഞ്ഞുതരും.
8മഹോന്നതൻ ജാതികൾക്ക് അവകാശം വിഭാഗിക്കയും
മനുഷ്യപുത്രന്മാരെ വേർപിരിക്കയും ചെയ്തപ്പോൾ
അവൻ യിസ്രായേൽമക്കളുടെ എണ്ണത്തിനു തക്കവണ്ണം
ജനതകളുടെ അതിർത്തികൾ നിശ്ചയിച്ചു.
9യഹോവയുടെ ഓഹരി അവന്റെ ജനവും, യാക്കോബ് അവന്റെ അവകാശവും ആകുന്നു.
10താൻ അവനെ മരുഭൂമിയിലും ഓളി കേൾക്കുന്ന ശൂന്യപ്രദേശത്തിലും കണ്ടെത്തി.
അവനെ ചുറ്റി പരിപാലിച്ചു; കണ്മണിപോലെ അവനെ സൂക്ഷിച്ചു.
11കഴുകൻ തന്റെ കൂടനക്കി
കുഞ്ഞുങ്ങൾക്കു മീതെ പറക്കുമ്പോലെ
താൻ ചിറകു വിരിച്ച് അവനെ എടുത്ത് തന്റെ ചിറകിന്മേൽ അവനെ വഹിച്ചു.
12യഹോവ തനിയേ അവനെ നടത്തി; അവനോടുകൂടെ അന്യദൈവം ഉണ്ടായിരുന്നില്ല.
13അവൻ ഭൂമിയുടെ ഉന്നതങ്ങളിൽ അവനെ വാഹനമേറ്റി;
നിലത്തെ അനുഭവംകൊണ്ട് അവൻ ഉപജീവിച്ചു.
അവനെ പാറയിൽനിന്നുള്ള തേനും തീക്കല്ലിൽനിന്നുള്ള എണ്ണയും കുടിപ്പിച്ചു.
14പശുക്കളുടെ വെണ്ണയും ആടുകളുടെ പാലും
ആട്ടിൻകുട്ടികളുടെ മേദസ്സും ബാശാനിലെ ആട്ടുകൊറ്റന്മാരെയും കോലാടുകളെയും
ഗോതമ്പിൻ കാമ്പും അവന് കൊടുത്തു;
നീ മുന്തിരിയുടെ രക്തമായ വീഞ്ഞു കുടിച്ചു.
15യെശൂരൂനോ പുഷ്ടിവച്ചപ്പോൾ മത്സരിച്ചു; നീ പുഷ്ടിവച്ച്, കനത്തു തടിച്ചിരിക്കുന്നു.
തന്നെ ഉണ്ടാക്കിയ ദൈവത്തെ അവൻ ത്യജിച്ചു;
തന്റെ രക്ഷയുടെ പാറയെ നിരസിച്ചു.
16അവർ അന്യദൈവങ്ങളാൽ അവനെ കോപിപ്പിച്ചു,
മ്ലേച്ഛതകളാൽ അവനെ പ്രകോപിപ്പിച്ചു.
17അവർ ദുർഭൂതങ്ങൾക്ക്, ദൈവമല്ലാത്തവയ്ക്ക്, തങ്ങൾ അറിയാത്ത ദേവന്മാർക്കു തന്നെ ബലികഴിച്ചു;
അവരുടെ പിതാക്കന്മാർ അവയെ ഭജിച്ചിട്ടില്ല,
അവ നൂതനമായി ഉത്ഭവിച്ച മൂർത്തികൾ അത്രേ.
18നിന്നെ ജനിപ്പിച്ച പാറയെ നീ വിസ്മരിച്ചു;
നിന്നെ ഉല്പാദിപ്പിച്ച ദൈവത്തെ മറന്നു കളഞ്ഞു.
19യഹോവ അത് കണ്ട് അവരെ തള്ളിക്കളഞ്ഞു; തന്റെ പുത്രീപുത്രന്മാരോടുള്ള നീരസത്താൽ തന്നേ.
20അവൻ അരുളിച്ചെയ്തത്: “ഞാൻ എന്റെ മുഖം അവർക്കു മറയ്ക്കും;
അവരുടെ അന്തം എന്തെന്ന് ഞാൻ നോക്കും.
അവർ വക്രതയുള്ള തലമുറ, നേരില്ലാത്ത മക്കൾ.
21ദൈവമല്ലാത്തതിനെക്കൊണ്ട് എനിക്ക് എരിവുവരുത്തി,
മിത്ഥ്യാമൂർത്തികളാൽ എന്നെ മുഷിപ്പിച്ചു.
ഞാനും ഒരു ജനതയല്ലാത്തവരെക്കൊണ്ടു അവർക്ക് എരിവുവരുത്തും;
മൂഢജനതയെക്കൊണ്ട് അവരെ മുഷിപ്പിക്കും
22എന്റെ കോപത്താൽ തീ ജ്വലിച്ച് പാതാളത്തിന്റെ ആഴത്തോളം കത്തും; ഭൂമിയെയും അതിന്റെ അനുഭവത്തെയും ദഹിപ്പിച്ചു
പർവ്വതങ്ങളുടെ അടിസ്ഥാനങ്ങളെ കത്തിച്ചുകളയും.
23ഞാൻ അനർത്ഥങ്ങൾ അവരുടെമേൽ കൂമ്പാരമായി കൂട്ടും.
എന്റെ അസ്ത്രങ്ങൾ അവരുടെ നേരെ തൊടുക്കും.
24അവർ വിശപ്പുകൊണ്ടു ക്ഷയിക്കും; ഉഷ്ണരോഗത്തിനും വിഷവ്യാധിക്കും ഇരയാകും.
മൃഗങ്ങളുടെ പല്ലും സർപ്പങ്ങളുടെ വിഷവും
ഞാൻ അവരുടെ ഇടയിൽ അയക്കും.
25വീഥികളിൽ വാളും അറകളിലെ ഭീതിയും, യുവാവിനെയും യുവതിയെയും ശിശുവിനെയും നരച്ചവനെയും സംഹരിക്കും.
26“ഞങ്ങളുടെ കൈകൊണ്ട് ഞങ്ങൾ ജയിച്ചു; യഹോവയല്ല ഇതൊക്കെയും ചെയ്തത്” എന്ന് അവരുടെ വൈരികൾ തെറ്റായി വിചാരിക്കയും
ശത്രു എനിക്കു ക്രോധം വരുത്തുകയും ചെയ്യും
എന്ന് ഞാൻ ശങ്കിച്ചിരുന്നില്ലെങ്കിൽ,
27ഞാൻ അവരെ തകർത്തുകളഞ്ഞ്, മനുഷ്യരുടെ ഇടയിൽനിന്ന് അവരുടെ ഓർമ്മ ഇല്ലാതാക്കുമായിരുന്നു.
28അവർ ആലോചനയില്ലാത്ത ജനം; അവർക്ക് വിവേകബുദ്ധിയില്ല.
29ഹാ, അവർ ജ്ഞാനികളായി ഇതു ഗ്രഹിച്ച് തങ്ങളുടെ ഭാവിയെപ്പറ്റി ചിന്തിച്ചെങ്കിൽ കൊള്ളായിരുന്നു.
30അവരുടെ പാറ അവരെ വിറ്റുകളകയും
യഹോവ അവരെ ഏല്പിച്ചുകൊടുക്കയും ചെയ്തിട്ടല്ലാതെ
ഒരുവൻ ആയിരംപേരെ പിന്തുടരുന്നതും
ഇരുവർ പതിനായിരംപേരെ ഓടിക്കുന്നതുമെങ്ങനെ?
31അവരുടെ പാറ നമ്മുടെ പാറപോലെയല്ല, അതിന് നമ്മുടെ ശത്രുക്കൾ തന്നേ സാക്ഷികൾ.
32അവരുടെ മുന്തിരിവള്ളി സൊദോംവള്ളിയിൽനിന്നും
ഗൊമോരനിലങ്ങളിൽനിന്നും ഉള്ളതു;
അവരുടെ മുന്തിരിപ്പഴം നഞ്ചും
മുന്തിരിക്കുല കൈപ്പുമാകുന്നു;
33അവരുടെ വീഞ്ഞ് മഹാസർപ്പത്തിൻ വിഷവും
മൂർഖന്റെ കാളകൂടവും ആകുന്നു.
34ഇതു എന്റെ അടുക്കൽ സംഗ്രഹിച്ചും എന്റെ ഭണ്ഡാരത്തിൽ മുദ്രയിട്ടും ഇരിക്കുന്നില്ലയോ?
35അവരുടെ കാൽ വഴുതുന്ന കാലത്തേക്കുള്ള പ്രതികാരവും പ്രതിഫലവും എന്റെ പക്കൽ ഉണ്ട്;
അവരുടെ അനർത്ഥദിവസം അടുത്തിരിക്കുന്നു;
അവർക്കു ഭവിപ്പാനുള്ളത് ബദ്ധപ്പെടുന്നു.
36യഹോവ തന്റെ ജനത്തെ ന്യായം വിധിക്കും;
അവരുടെ ബലം ക്ഷയിച്ചുപോയി;
അടിമയോ സ്വതന്ത്രനോ ഇല്ലാതെയായി എന്ന് കണ്ടിട്ട്
അവന് തന്റെ ദാസന്മാരോട് സഹതാപം തോന്നും.
37അവരുടെ ബലികളുടെ മേദസ്സ് തിന്നുകയും
പാനീയബലിയുടെ വീഞ്ഞു കുടിക്കയും ചെയ്ത ദേവന്മാരും
അവർ ആശ്രയിച്ച പാറയും എവിടെ?
38‘അവർ എഴുന്നേറ്റ്, നിങ്ങളെ സഹായിച്ച്, നിങ്ങൾക്കു ശരണമായിരിക്കട്ടെ’ എന്ന് അവൻ അരുളിച്ചെയ്യും.
39ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല
എന്നു ഇപ്പോൾ കണ്ടുകൊൾവിൻ.
ഞാൻ കൊല്ലുന്നു; ഞാൻ ജീവിപ്പിക്കുന്നു; ഞാൻ തകർക്കുന്നു; ഞാൻ സൌഖ്യമാക്കുന്നു; എന്റെ കയ്യിൽനിന്നു വിടുവിക്കുന്നവൻ ഇല്ല.
40ഞാൻ ആകാശത്തേക്കു കൈ ഉയർത്തി സത്യം ചെയ്യുന്നത്:
“നിത്യനായിരിക്കുന്ന എന്നാണ,
41എന്റെ മിന്നലാം വാൾ ഞാൻ മൂർച്ചയാക്കി
എൻ കൈ ന്യായവിധി തുടങ്ങുമ്പോൾ, ഞാൻ ശത്രുക്കളിൽ പ്രതികാരം നടത്തും; എന്നെ ദ്വേഷിക്കുന്നവരോട് പകരം വീട്ടും.
42ഹതന്മാരുടെയും ബദ്ധന്മാരുടെയും രക്തത്താലും
ശത്രുനായകന്മാരുടെ ശിരസ്സിൽനിന്ന് ഒലിക്കുന്ന രക്തത്താലും
ഞാൻ എന്റെ അസ്ത്രങ്ങളെ ലഹരിപിടിപ്പിക്കും; എന്റെ വാൾ മാംസം തിന്നുകയും ചെയ്യും.
43ജനതകളേ, അവന്റെ ജനത്തോടുകൂടെ ഉല്ലസിപ്പിൻ;
അവൻ സ്വദാസന്മാരുടെ രക്തത്തിന് പ്രതികാരം ചെയ്യും;
തന്റെ ശത്രുക്കളോട് അവൻ പകരം വീട്ടും;
തന്റെ ദേശത്തിനും ജനത്തിനും പാപ പരിഹാരം വരുത്തും.”

44അനന്തരം മോശെയും നൂന്റെ മകനായ യോശുവയും ഈ പാട്ടിന്റെ വചനങ്ങൾ ഒക്കെയും ജനത്തെ ചൊല്ലിക്കേൾപ്പിച്ചു.45മോശെ വചനങ്ങളെല്ലാം യിസ്രായേൽജനത്തോട് സംസാരിച്ചുതീർന്നപ്പോൾ അവൻ അവരോട് പറഞ്ഞത്:
46ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ ഒക്കെയും പ്രമാണിച്ചു നടക്കേണം എന്ന് നിങ്ങൾ നിങ്ങളുടെ മക്കളോടു കല്പിക്കുവാൻ, ഞാൻ ഇന്നു നിങ്ങളോട് സാക്ഷീകരിക്കുന്ന സകലവചനങ്ങളും മനസ്സിൽ സൂക്ഷിച്ചുകൊൾവിൻ.47ഇതു നിങ്ങൾക്ക് വ്യർത്ഥകാര്യമല്ല, നിങ്ങളുടെ ജീവൻതന്നേ ആകുന്നു; നിങ്ങൾ കൈവശമാക്കുവാൻ യോർദ്ദാൻ കടന്നു ചെല്ലുന്ന ദേശത്ത് നിങ്ങൾക്ക് ഇതിനാൽ ദീർഘായുസ്സുണ്ടാകും.

48അന്നു തന്നേ യഹോവ മോശെയോട് അരുളിച്ചെയ്തത്:49നീ യെരീഹോവിനെതിരെ മോവാബ്ദേശത്തുള്ള ഈ അബാരീംപർവ്വതത്തിൽ, നെബോമലമുകളിൽ കയറി, ഞാൻ യിസ്രായേൽമക്കൾക്ക് അവകാശമായി കൊടുക്കുന്ന കനാൻദേശം നോക്കി കാണുക.
50നിന്റെ സഹോദരനായ അഹരോൻ ഹോർ പർവ്വതത്തിൽവച്ച് മരിച്ച് തന്റെ ജനത്തോട് ചേർന്നതുപോലെ നീ കയറുന്ന പർവ്വതത്തിൽവെച്ച് നീയും മരിച്ച് നിന്റെ ജനത്തോടു ചേരും.51നിങ്ങൾ സീൻമരുഭൂമിയിൽ കാദേശിലെ കലഹജലത്തിങ്കൽ യിസ്രായേൽമക്കളുടെ മദ്ധ്യേവച്ച് എന്നോട് അകൃത്യം ചെയ്കകൊണ്ടും യിസ്രായേൽമക്കളുടെ മദ്ധ്യേവച്ച് എന്നെ മഹത്വീകരിക്കാതിരുന്നതിനാലും തന്നെ.52ഞാൻ യിസ്രായേൽമക്കൾക്കു കൊടുക്കുന്ന ദേശം നീ കാണും.എങ്കിലും നീ അവിടെ കടക്കുകയില്ല.

33

1ദൈവപുരുഷനായ മോശെ തന്റെ മരണത്തിനു മുമ്പെ യിസ്രായേൽമക്കളെ അനുഗ്രഹിച്ചു പറഞ്ഞ വചനങ്ങൾ എന്തെന്നാൽ:

2“യഹോവ സീനായിൽനിന്നു വന്നു,
അവർക്കു മീതെ സേയീരിൽനിന്ന് ഉദിച്ചു,
പാറാൻ പർവ്വതത്തിൽനിന്ന് അവരുടെമേൽ പ്രകാശിച്ചു. എണ്ണമില്ലാത്ത വിശുദ്ധന്മാരുടെ നടുവിൽ നിന്നു വന്നു;
അവർക്കുവേണ്ടി അഗ്നിമയമായോരു പ്രമാണം അവന്റെ വലങ്കയ്യിൽ ഉണ്ടായിരുന്നു.
3അതേ, അവൻ ജനത്തെ സ്നേഹിക്കുന്നു; അവന്റെ സകലവിശുദ്ധന്മാരും തൃക്കയ്യിൽ ഇരിക്കുന്നു.
അവർ തൃക്കാൽക്കൽ ഇരുന്നു; അവർ തിരുവചനങ്ങൾ പ്രാപിച്ചു.
4യാക്കോബിന്റെ സഭക്ക് അവകാശമായി മോശെ നമുക്ക് ന്യായപ്രമാണം കല്പിച്ചു തന്നു.
5ജനത്തിന്റെ തലവന്മാരും
യിസ്രായേൽഗോത്രങ്ങളും ഒത്തുകൂടിയപ്പോൾ അവൻ യെശൂരുനിൽ രാജാവായിരുന്നു.
6രൂബേനെക്കുറിച്ച് അവൻ പറഞ്ഞത് “രൂബേൻ മരിക്കാതെ ജീവിച്ചിരിക്കട്ടെ;
അവന്റെ പുരുഷന്മാർ കുറയാതിരിക്കട്ടെ.”
7യെഹൂദക്കുള്ള അനുഗ്രഹമായി അവൻ പറഞ്ഞത്:
“യഹോവേ, യെഹൂദയുടെ അപേക്ഷ കേട്ട് അവനെ സ്വജനത്തിലേക്കു കൊണ്ടുവരേണമേ.
തന്റെ കൈകളുടെ ശക്തിയാൽ അവൻ പോരാടേണ്ടതിന്,
ശത്രുക്കളുടെ നേരെ നീ അവന് തുണയായിരിക്കേണമേ.”

8ലേവിയെക്കുറിച്ച് അവൻ പറഞ്ഞത്:
“നിന്റെ തുമ്മീമും ഊറീമും നിന്റെ ഭക്തന്റെ പക്കൽ ഇരിക്കുന്നു;
നീ മസ്സയിൽവച്ചു പരീക്ഷിക്കയും
മെരീബാ വെള്ളത്തിനരികെ മത്സരിക്കുകയും
ചെയ്തവന്റെ പക്കൽ തന്നെ.
9അവൻ അപ്പനെയും അമ്മയെയും കുറിച്ച്,
‘ഞാൻ അവരെ കണ്ടില്ല’ എന്നു പറഞ്ഞു;
സഹോദരന്മാരെ അവൻ ആദരിച്ചില്ല; സ്വന്തമക്കളെന്നോർത്തതുമില്ല.
നിന്റെ വചനം അവർ പ്രമാണിച്ചു; നിന്റെ നിയമം കാത്തുകൊൾകയും ചെയ്തു.
10അവർ യാക്കോബിന് നിന്റെ വിധികളും
യിസ്രായേലിന് ന്യായപ്രമാണവും ഉപദേശിക്കും;
അവർ നിന്റെ സന്നിധിയിൽ സുഗന്ധ ധൂപവും
യാഗപീഠത്തിന്മേൽ സർവ്വാംഗഹോമവും അർപ്പിക്കും.
11യഹോവേ, അവന്റെ ധനത്തെ അനുഗ്രഹിക്കേണമേ;
അവന്റെ പ്രവൃത്തിയിൽ പ്രസാദിക്കേണമേ.
അവന്റെ ശത്രുക്കളും അവനെ ദ്വേഷിക്കുന്നവരും എഴുന്നേൽക്കാതവണ്ണം
അവരുടെ അരക്കെട്ടുകളെ തകർത്തുകളയേണമേ.”
12ബെന്യാമിനെക്കുറിച്ച് അവൻ പറഞ്ഞത്:
“അവൻ യഹോവയ്ക്ക് പ്രിയൻ; തിരുസന്നിധിയിൽ നിർഭയം വസിക്കും;
യഹോവ അവനെ എല്ലായ്പ്പോഴും മറച്ചുകൊള്ളുന്നു;
അവന്റെ ഭുജങ്ങളുടെ മദ്ധ്യേ വസിക്കുന്നു.”
13യോസേഫിനെക്കുറിച്ച് അവൻ പറഞ്ഞത്:
“ആകാശത്തിലെ വിശിഷ്ടവസ്തുവായ, മഞ്ഞുകൊണ്ടും
താഴെയുള്ള അഗാധമായ സമുദ്രം കൊണ്ടും
14സൂര്യനാൽ ഉളവാകുന്ന വിശേഷഫലം കൊണ്ടും
മാസംതോറും ചന്ദ്രനാൽ ഉളവാകുന്ന വിശിഷ്ടഫലംകൊണ്ടും
15പുരാതനപർവ്വതങ്ങളുടെ ശ്രേഷ്ഠനിക്ഷേപങ്ങൾ കൊണ്ടും
ശാശ്വതശൈലങ്ങളുടെ വിശിഷ്ടവസ്തുക്കൾ കൊണ്ടും
ഭൂമിയിലെ വിശേഷവസ്തുക്കളുടെ സമൃദ്ധികൊണ്ടും
അവന്റെ ദേശം യഹോവയാൽ അനുഗ്രഹിക്കപ്പെടുമാറാകട്ടെ.
16മുൾപ്പടർപ്പിൽ വസിച്ചവന്റെ പ്രസാദം യോസേഫിന്റെ ശിരസ്സിന്മേലും
തന്റെ സഹോദരന്മാരിൽ പ്രഭുവായവന്റെ നെറുകമേലും വരുമാറാകട്ടെ.
17അവന്റെ മഹത്വം കടിഞ്ഞൂൽകൂറ്റൻ പോലെ;
അവന്റെ കൊമ്പുകൾ കാട്ടുപോത്തിന്റെ കൊമ്പുകൾ;
അവയാൽ അവൻ സകലജനതകളെയും ഭൂമിയുടെ സീമ വരെയും ഓടിക്കും;
അവർ എഫ്രയീമിന്റെ പതിനായിരങ്ങളും മനശ്ശെയുടെ ആയിരങ്ങളും തന്നേ.”
18സെബൂലൂനെക്കുറിച്ചും യിസ്സഖാരിനെക്കുറിച്ചും അവൻ പറഞ്ഞത്:
“സെബൂലൂനേ, നിന്റെ പ്രയാണത്തിലും,
യിസ്സാഖാരേ, നിന്റെ കൂടാരങ്ങളിലും സന്തോഷിക്ക.
19അവർ ജനതകളെ പർവ്വതത്തിലേക്കു വിളിക്കും;
അവിടെ നീതിയാഗങ്ങളെ കഴിക്കും.
അവർ സമുദ്രങ്ങളുടെ സമൃദ്ധിയും മണലിലെ നിക്ഷേപങ്ങളും വലിച്ചു കുടിക്കും.”
20ഗാദിനെക്കുറിച്ച് അവൻ പറഞ്ഞത്:
“ഗാദിനെ വിസ്താരമാക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ.
ഒരു സിംഹത്തെപ്പോലെ അവൻ പതുങ്ങിക്കിടന്ന്
ഭുജവും നെറുകയും പറിച്ചുകീറുന്നു.
21അവൻ ആദ്യഭാഗം തെരഞ്ഞെടുത്തു;
അവിടെ നായകന്റെ ഓഹരി വേർതിരിച്ച് വെച്ചിരുന്നു;
അവൻ ജനത്തിന്റെ തലവന്മാരോടുകൂടെ വന്നു.യിസ്രായേലിൽ യഹോവയുടെ നീതിയും
അവന്റെ വിധികളും നടത്തി.”
22ദാനെക്കുറിച്ച് അവൻ പറഞ്ഞത്:
“ദാൻ ബാലസിംഹം ആകുന്നു;
അവൻ ബാശാനിൽനിന്നു ചാടുന്നു.”
23നഫ്താലിയെക്കുറിച്ച് അവൻ പറഞ്ഞത്:
“നഫ്താലിയേ, ദൈവപ്രസാദംകൊണ്ട് തൃപ്തനും യഹോവയുടെ അനുഗ്രഹം നിറഞ്ഞവനുമായി
പടിഞ്ഞാറും തെക്കും കൈവശമാക്കുക.”
24ആശേരിനെക്കുറിച്ച് അവൻ പറഞ്ഞത്:
“ആശേർ പുത്രസമ്പത്തുകൊണ്ട് ഏറ്റവും അനുഗ്രഹിക്കപ്പെട്ടവൻ;
അവൻ സഹോദരന്മാർക്ക് ഇഷ്ടനായിരിക്കട്ടെ;
അവൻ കാൽ എണ്ണയിൽ മുക്കട്ടെ.
25നിന്റെ ഓടാമ്പൽ ഇരിമ്പും താമ്രവും ആയിരിക്കട്ടെ.
നിന്റെ ബലം ജീവപര്യന്തം നിൽക്കട്ടെ.”
26യെശൂരൂന്റെ ദൈവത്തെപ്പോലെ മറ്റൊരുദൈവവുമില്ല.
നിന്റെ സഹായത്തിനായി അവൻ ആകാശത്തിലൂടെ
തന്റെ മഹിമയിൽ മേഘാരൂഢനായി വരുന്നു.
27നിത്യനായ ദൈവം നിന്റെ സങ്കേതം; കീഴെ ശാശ്വതഭുജങ്ങൾ ഉണ്ട്;
അവൻ ശത്രുവിനെ നിന്റെ മുമ്പിൽ നിന്നു നീക്കിക്കളഞ്ഞു.
‘സംഹരിക്ക’ എന്ന് കല്പിച്ചിരിക്കുന്നു.
28ധാന്യവും വീഞ്ഞുമുള്ള ദേശത്ത് യിസ്രായേൽ നിർഭയമായും
യാക്കോബിന്റെ ഉറവ് തനിച്ചും വസിക്കുന്നു;
ആകാശം അവന് മഞ്ഞു പൊഴിക്കുന്നു.
29യിസ്രായേലേ, നീ ഭാഗ്യവാൻ; നിനക്കു തുല്യൻ ആർ?
യഹോവയാൽ സംരക്ഷിക്കപ്പെട്ട ജനമേ, അവൻ നിന്റെ സഹായത്തിൻ പരിചയും
നിന്റെ മഹിമയുടെ വാളും ആകുന്നു.
നിന്റെ ശത്രുക്കൾ നിനക്ക് കീഴടങ്ങും.
നീ അവരുടെ ഉന്നതസ്ഥലങ്ങളിൽ നടകൊള്ളും.”

34

1അനന്തരം മോശെ മോവാബ്സമഭൂമിയിൽനിന്ന് യെരീഹോവിനെതിരെയുള്ള നെബോപർവ്വതത്തിൽ പിസ്ഗായുടെ കൊടുമുടിയിൽ കയറി; യഹോവ ദാൻവരെയുള്ള ഗിലെയാദ്‌ദേശം ഒക്കെയും2നഫ്താലിദേശമൊക്കെയും എഫ്രയീമിന്റെയും മനശ്ശെയുടെയും ദേശവും പടിഞ്ഞാറെ കടൽവരെ യെഹൂദാദേശം ഒക്കെയും3തെക്കെദേശവും ഈന്തപ്പനകളുടെ നഗരമായ യെരീഹോവിന്റെ താഴ്വര മുതൽ സോവാർവരെയുള്ള സമഭൂമിയും അവനെ കാണിച്ചു.

4“അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും സന്തതിക്കു കൊടുക്കുമെന്ന് സത്യംചെയ്ത ദേശം ഇതു തന്നേ; ഞാൻ അത് നിന്റെ കണ്ണിന് കാണിച്ചുതന്നു എങ്കിലും നീ അവിടേക്കു കടന്നുപോകയില്ല” എന്ന് യഹോവ അവനോടു കല്പിച്ചു.5അങ്ങനെ യഹോവയുടെ ദാസനായ മോശെ, യഹോവയുടെ വചനപ്രകാരം, അവിടെ, മോവാബ് ദേശത്തുവച്ച് മരിച്ചു.6അവൻ അവനെ മോവാബ് ദേശത്ത് ബെത്ത്-പെയോരിനെതിരെയുള്ള താഴ്വരയിൽ അടക്കി; എങ്കിലും ഇന്നുവരെയും അവന്റെ ശവക്കുഴിയുടെ സ്ഥലം ആരും അറിയുന്നില്ല.
7മോശെ മരിക്കുമ്പോൾ അവന് നൂറ്റിയിരുപത് വയസ്സായിരുന്നു. അവന്റെ കണ്ണു മങ്ങാതെയും അവന്റെ ദേഹബലം ക്ഷയിക്കാതെയും ഇരുന്നു.8യിസ്രായേൽമക്കൾ മോശെയെക്കുറിച്ച് മോവാബ് സമഭൂമിയിൽ മുപ്പതു ദിവസം കരഞ്ഞുകൊണ്ടിരുന്നു; അങ്ങനെ മോശെയെക്കുറിച്ച് കരഞ്ഞു വിലപിക്കുന്ന കാലം തികഞ്ഞു.
9നൂന്റെ മകനായ യോശുവയെ മോശെ കൈവെച്ച് അനുഗ്രഹിച്ചിരുന്നതുകൊണ്ട് അവൻ ജ്ഞാനാത്മപൂർണ്ണനായ്ത്തീർന്നു; യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേൽമക്കൾ അവനെ അനുസരിച്ചു.
10എന്നാൽ ഈജിപ്റ്റ്ദേശത്ത് ഫറവോനോടും അവന്റെ സകലഭൃത്യന്മാരോടും അവന്റെ സർവ്വദേശത്തോടും യഹോവയുടെ നിയോഗപ്രകാരം മോശെ പ്രവർത്തിച്ച അത്ഭുതങ്ങളും ഭുജവീര്യവും11യിസ്രായേൽ ജനം കാൺകെ അവൻ പ്രവർത്തിച്ച ഭയങ്കര കാര്യങ്ങളും വിചാരിച്ചാൽ12യഹോവ അഭിമുഖമായി അറിഞ്ഞ മോശെയെപ്പോലെ ഒരു പ്രവാചകൻ യിസ്രായേലിൽ പിന്നെ ഉണ്ടായിട്ടില്ല.

യോശുവ

1

1യഹോവയുടെ ദാസനായ മോശെയുടെ മരണശേഷം യഹോവ നൂന്റെ മകനും മോശെയുടെ ശുശ്രൂഷകനുമായ യോശുവയോടു അരുളിച്ചെയ്തത്:2എന്റെ ദാസനായ മോശെ മരിച്ചു; ആകയാൽ നീയും ഈ ജനമൊക്കെയും പുറപ്പെട്ട് ഞാൻ യിസ്രായേൽമക്കൾക്ക് കൊടുക്കുന്ന ദേശത്തേക്ക് യോർദ്ദാൻ കടന്നുപോകുവിൻ.3ഞാൻ മോശെയോട് കല്പിച്ചതുപോലെ, നിങ്ങളുടെ ഉള്ളങ്കാൽ ചവിട്ടുന്ന സ്ഥലമൊക്കെയും നിങ്ങൾക്ക് തന്നിരിക്കുന്നു .

4നിങ്ങളുടെ അതിരുകൾ മരുഭൂമിയും ഈ ലെബാനോനും തുടങ്ങി ഫ്രാത്ത് എന്ന മഹാനദിവരെയും ഹിത്യരുടെ ദേശം ഒക്കെയും പടിഞ്ഞാറ് മെഡിറ്ററേനിയൻ സമുദ്രംവരെയും ആയിരിക്കും.5നിന്റെ ജീവകാലത്ത് ഒരിക്കലും ഒരു മനുഷ്യനും നിന്റെ നേരെ നില്ക്കയില്ല; ഞാൻ മോശെയോടുകൂടെ ഇരുന്നതു പോലെ നിന്നോടുകൂടെയും ഇരിക്കും; ഞാൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയും ഇല്ല.
6ഉറപ്പും ധൈര്യവും ഉള്ളവനായിരിക്ക; ഞാൻ അവർക്ക് കൊടുക്കുമെന്ന് അവരുടെ പിതാക്കന്മാരോട് സത്യം ചെയ്ത ദേശം നീ ഈ ജനത്തിന് അവകാശമായി വിഭാഗിക്കും.7നല്ല ഉറപ്പും ധൈര്യവും ഉള്ളവനായിരിക്ക. എന്റെ ദാസനായ മോശെ നിന്നോട് കല്പിച്ചിട്ടുള്ള ന്യായപ്രമാണമൊക്കെയും അനുസരിച്ച് നടക്കേണം. ചെല്ലുന്നേടത്തൊക്കെയും നീ ശുഭമായിരിക്കേണ്ടതിന് അത് വിട്ട് ഇടത്തോട്ടോ വലത്തോട്ടോ മാറരുത്.
8ഈ ന്യായപ്രമാണ പുസ്തകത്തിലുള്ളത് നിന്റെ വായിൽനിന്ന് നീങ്ങിപ്പോകരുത്. അതിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ച് നടക്കേണ്ടതിന് നീ രാവും പകലും അത് ധ്യാനിച്ചുകൊണ്ടിരിക്കേണം; എന്നാൽ നിന്റെ പ്രവൃത്തി സാധിക്കും. നീ കൃതാർഥനായും ഇരിക്കും.

9നിന്റെ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ട് ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക; ഭയപ്പെടരുത്, ഭ്രമിക്കയും അരുത്. ഞാൻ തന്നെ നിന്നോട് കല്പിച്ചുവല്ലോ.

10അപ്പോൾ യോശുവ ജനത്തിന്റെ പ്രമാണികളോട് കല്പിച്ചത്:11“നിങ്ങൾ പാളയത്തിൽ കൂടി കടന്ന് ജനത്തോട് പറയേണ്ടത്: ‘ഭക്ഷണ സാധനങ്ങൾ ഒരുക്കിക്കൊൾവീൻ. ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി തരുന്ന ദേശം കൈവശമാക്കുവാൻ ചെല്ലേണ്ടതിന് നിങ്ങൾ മൂന്നു ദിവസം കഴിഞ്ഞിട്ട് യോർദ്ദാൻ കടക്കേണ്ടതാകുന്നു.‘“

12പിന്നെ യോശുവ രൂബേന്യരോടും ഗാദ്യരോടും മനശ്ശെയുടെ പാതിഗോത്രത്തോടും പറഞ്ഞത് എന്തെന്നാൽ:13“യഹോവയുടെ ദാസനായ മോശെ നിങ്ങളോട് കല്പിച്ച വചനം ഓർത്തുകൊൾവിൻ; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് സ്വസ്ഥത നല്കി ഈ ദേശം തന്നിരിക്കുന്നു.
14നിങ്ങളുടെ ഭാര്യമാരും കുഞ്ഞുങ്ങളും കന്നുകാലികളും യോർദ്ദാനിക്കരെ മോശെ നിങ്ങൾക്ക് തന്നിട്ടുള്ള ദേശത്ത് വസിക്കട്ടെ; എന്നാൽ നിങ്ങളിൽ യുദ്ധപ്രാപ്തന്മാരായവർ ഒക്കെയും നിങ്ങളുടെ സഹോദരന്മാർക്കു മുമ്പായി കടന്നുചെന്ന് അവരെ സഹായിക്കേണം.15യഹോവ നിങ്ങൾക്കും നിങ്ങളുടെ സഹോദരന്മാർക്കും സ്വസ്ഥത നല്കുകയും നിങ്ങളുടെ ദൈവമായ യഹോവ അവർക്കു കൊടുക്കുന്ന ദേശം അവർ കൈവശമാക്കുകയും ചെയ്യുവോളം അവരെ സഹായിക്കേണം; അതിന്റെ ശേഷം നിങ്ങൾ യഹോവയുടെ ദാസനായ മോശെ കിഴക്കു യോർദ്ദാനിക്കരെ നിങ്ങൾക്ക് തന്നിട്ടുള്ള അവകാശദേശത്തേക്ക് മടങ്ങി വന്ന് അത് അനുഭവിച്ചുകൊള്ളേണം.“
16അവർ യോശുവയോട്: “നീ ഞങ്ങളോട് കല്പിക്കുന്നതൊക്കെയും ഞങ്ങൾ ചെയ്യും; ഞങ്ങളെ അയക്കുന്നേടത്തൊക്കെയും ഞങ്ങൾ പോകും.17ഞങ്ങൾ മോശെയെ സകലത്തിലും അനുസരിച്ചതുപോലെ നിന്നെയും അനുസരിക്കും; നിന്റെ ദൈവമായ യഹോവ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കട്ടെ.18ആരെങ്കിലും നിന്റെ കല്പനകളോട് മത്സരിക്കയും നിന്റെ വാക്കു അനുസരിക്കാതിരിക്കയും ചെയ്താൽ അവൻ മരിക്കേണം; ഉറപ്പും ധൈര്യവും ഉള്ളവനായി ഇരുന്നാലും“ എന്ന് ഉത്തരം പറഞ്ഞു.

2

1അനന്തരം നൂന്റെ മകനായ യോശുവ ദേശം ഒറ്റുനോക്കേണ്ടതിന് രഹസ്യമായി ശിത്തീമിൽനിന്ന് രണ്ടുപേരെ അയച്ചു: “നിങ്ങൾ പോയി ദേശവും യെരീഹോപട്ടണവും നോക്കിവരുവിൻ“ എന്ന് പറഞ്ഞു. അവർ പുറപ്പെട്ട് രാഹാബ് എന്ന വേശ്യയുടെ വീട്ടിൽ ചെന്ന് അവിടെ പാർത്തു.2യിസ്രായേൽമക്കളിൽ ചിലർ ദേശം ഒറ്റുനോക്കുവാൻ ഇവിടെ വന്നിരിക്കുന്നു എന്ന് യെരീഹോരാജാവിന് അറിവു കിട്ടി.3രാജാവ് രാഹാബിന്റെ അടുക്കൽ ആളയച്ചു: “നിന്റെ വീട്ടിൽ വന്നിരിക്കുന്ന മനുഷ്യരെ പുറത്തിറക്കിത്തരിക; അവർ ദേശമൊക്കെയും ഒറ്റുനോക്കുവാൻ വന്നവരാകുന്നു“ എന്ന് പറയിപ്പിച്ചു.

4ആ സ്ത്രീ അവരെ രണ്ടുപേരെയും കൂട്ടിക്കൊണ്ടുപോയി ഒളിപ്പിച്ചിട്ട്: അവർ എന്റെ അടുക്കൽ വന്നിരുന്നു എങ്കിലും എവിടത്തുകാർ എന്നു ഞാൻ അറിഞ്ഞില്ല;5ഇരുട്ടായപ്പോൾ, പട്ടണവാതിൽ അടെക്കുന്ന സമയത്ത്, അവർ പുറപ്പെട്ടുപോയി; എവിടേക്ക് പോയി എന്നു ഞാൻ അറിയുന്നില്ല; വേഗത്തിൽ അവരുടെ പിന്നാലെ ചെല്ലുവിൻ; എന്നാൽ അവരെ കണ്ടുപിടിക്കാം“ എന്ന് പറഞ്ഞു.
6എന്നാൽ അവൾ അവരെ വീടടിന്റെ മുകളിൽ കൊണ്ടുപോയി അവിടെ അടുക്കിവെച്ചിരുന്ന ചണത്തണ്ടുകളുടെ ഇടയിൽ ഒളിപ്പിച്ചിരുന്നു.7രാജാവിന്റെ ആളുകൾ യോർദ്ദാനിലേക്കുള്ള വഴിയായി കടവുകൾ വരെ അവരെ തിരഞ്ഞുചെന്നു; അവർ പുറപ്പെട്ട ഉടനെ പട്ടണവാതിൽ അടച്ചു.
8എന്നാൽ ഒറ്റുകാർ കിടപ്പാൻ പോകുംമുമ്പെ അവൾ മുകളിൽ അവരുടെ അടുക്കൽ ചെന്ന് അവരോട് പറഞ്ഞത്:9“യഹോവ ഈ ദേശം നിങ്ങൾക്ക് തന്നിരിക്കുന്നു; നിങ്ങളെക്കുറിച്ചുള്ള ഭീതി ഞങ്ങളുടെമേൽ വീണിരിക്കുന്നു; ഈ ദേശത്തിലെ നിവാസികൾ എല്ലാവരും നിങ്ങളുടെ നിമിത്തം ഉരുകിപ്പോകുന്നു എന്ന് ഞാൻ അറിയുന്നു.
10നിങ്ങൾ മിസ്രയീമിൽനിന്ന് പുറപ്പെട്ടുവരുമ്പോൾ യഹോവ നിങ്ങൾക്കു വേണ്ടി ചെങ്കടലിലെ വെള്ളം വറ്റിച്ചതും യോർദ്ദാനക്കരെവെച്ച് നിങ്ങൾ നിർമ്മൂലമാക്കിയ സീഹോൻ, ഓഗ് എന്ന രണ്ടു അമോര്യരാജാക്കന്മാരോട് ചെയ്തതും ഞങ്ങൾ കേട്ടു.11കേട്ടപ്പോൾ ഞങ്ങളുടെ ഹൃദയം ഉരുകി; നിങ്ങളുടെ നിമിത്തം എല്ലാവർക്കും ധൈര്യം ചോർന്നുപോയി; നിങ്ങളുടെ ദൈവമായ യഹോവ തന്നെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും ദൈവം ആകുന്നു.
12ആകയാൽ ഞാൻ നിങ്ങളോട് ദയ ചെയ്കകൊണ്ട് നിങ്ങളും എന്റെ പിതൃഭവനത്തോട് ദയ ചെയ്ത്13എന്റെ അപ്പനെയും അമ്മയെയും സഹോദരന്മാരെയും സഹോദരിമാരെയും അവർക്കുള്ള സകലത്തെയും ജീവനോടെ രക്ഷിച്ച് ഞങ്ങളെ മരണത്തിൽനിന്ന് വിടുവിക്കുമെന്ന് യഹോവയെച്ചൊല്ലി എന്നോട് സത്യംചെയ്കയും ഉറപ്പുള്ള ഒരു അടയാളംതരികയും വേണം.“
14അവർ അവളോട്: “ഞങ്ങളുടെ ഈ കാര്യം നിങ്ങൾ അറിയിക്കാതെയിരുന്നാൽ നിങ്ങളുടെ ജീവന് പകരം ഞങ്ങളുടെ ജീവൻ വച്ചുകൊടുക്കും. യഹോവ ഈ ദേശം ഞങ്ങൾക്ക് തരുമ്പോൾ ഞങ്ങൾ നിന്നോട് ദയയും വിശ്വസ്തതയും കാണിക്കും“ എന്ന് ഉത്തരം പറഞ്ഞു.
15അപ്പോൾ അവൾ അവരെ കിളിവാതിലിലൂടെ ഒരു കയറുകെട്ടി ഇറക്കി; അവളുടെ വീട് കോട്ടമതിലിന്മേൽ ആയിരുന്നു;16അവൾ അവരോട്: “തിരഞ്ഞുപോയവർ നിങ്ങളെ കണ്ടുപിടിക്കാതിരിക്കേണ്ടതിന് നിങ്ങൾ പർവതത്തിൽ കയറി അവർ മടങ്ങിപ്പോരുവോളം മൂന്നു ദിവസം ഒളിച്ചിരിപ്പീൻ; അതിന്റെ ശേഷം നിങ്ങളുടെ വഴിക്കു പോകാം“ എന്ന് പറഞ്ഞു.17അവർ അവളോട് പറഞ്ഞത്: “ഞങ്ങൾ ഈ ദേശത്ത് വരുമ്പോൾ നീ ഞങ്ങളെ ഇറക്കിവിട്ട കിളിവാതില്ക്കൽ ഈ ചുവപ്പു ചരട് കെട്ടുകയും
18നിന്റെ അപ്പനെയും അമ്മയെയും സഹോദരന്മാരെയും പിതൃഭവനത്തെയൊക്കെയും നിന്റെ വീട്ടിൽ വരുത്തിക്കൊള്ളുകയും വേണം.19അല്ലെങ്കിൽ നീ ഞങ്ങളെക്കൊണ്ട് ചെയ്യിച്ച സത്യത്തിൽനിന്ന് ഞങ്ങൾ ഒഴിവുള്ളവരാകും. ആരെങ്കിലും വീട്ടുവാതിലിന് പുറത്തിറങ്ങിയാൽ അവന്റെ മരണത്തിന് അവൻ കുറ്റക്കാരനായിരിക്കും; ഞങ്ങൾ കുറ്റമില്ലാത്തവർ ആകും; നിന്നോടുകൂടെ വീട്ടിൽ ഇരിക്കുമ്പോൾ ആരെങ്ങിലും അവന്റെ മേൽ കൈവെച്ചാൽ ഞങ്ങൾ ഉത്തരവാദികളായിരിക്കും
20എന്നാൽ നീ ഞങ്ങളുടെ കാര്യം അറിയിച്ചാൽ നീ ഞങ്ങളെക്കൊണ്ട് ചെയ്യിച്ച സത്യത്തിൽ നിന്ന് ഞങ്ങൾ ഒഴിവുള്ളവർ ആകും.“21അതിന് അവൾ: “നിങ്ങൾ പറഞ്ഞതുപോലെ ആകട്ടെ“ എന്ന് പറഞ്ഞ് അവരെ അയച്ചു; അങ്ങനെ അവർ പോയി; അവൾ ആ ചുവപ്പുചരട് കിളിവാതില്ക്കൽ കെട്ടി.
22അവർ പുറപ്പെട്ട് പർവതത്തിൽ ചെന്നു; തിരഞ്ഞുപോയവർ മടങ്ങിപ്പോരുംവരെ മൂന്നു ദിവസം അവിടെ താമസിച്ചു; തിരഞ്ഞുപോയവർ വഴിനീളെ അവരെ അന്വേഷിച്ചു; കണ്ടില്ല താനും.
23അങ്ങനെ അവർ ഇരുവരും പർവതത്തിൽനിന്ന് ഇറങ്ങി അക്കരെ കടന്ന് നൂന്റെ മകനായ യോശുവയുടെ അടുക്കൽ ചെന്ന് തങ്ങൾക്ക് സംഭവിച്ചത് ഒക്കെയും അവനെ അറിയിച്ചു.24“യഹോവ നിശ്ചയമായും ദേശമൊക്കെയും നമ്മുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു. ദേശത്തിലെ നിവാസികൾ എല്ലാവരും നമ്മുടെ നിമിത്തം ഉരുകിപ്പോകുന്നു“ എന്ന് അവർ യോശുവയോട് പറഞ്ഞു.

3

1യോശുവ അതികാലത്ത് എഴുന്നേറ്റ്,യിസ്രായേൽമക്കൾ എല്ലാവരുമായി ശിത്തീമിൽനിന്ന് പുറപ്പെട്ട് യോർദ്ദാന്നരികെ വന്ന് മറുകര കടക്കുംമുമ്പെ അവിടെ താമസിച്ചു.

2മൂന്നു ദിവസം കഴിഞ്ഞിട്ട് പ്രമാണികൾ പാളയത്തിൽകൂടി നടന്ന് ജനത്തോട് കല്പിച്ചതെന്തെന്നാൽ:3“നിങ്ങളുടെ ദൈവമായ യഹോവയുടെ നിയമപെട്ടകവും അത് ചുമക്കുന്ന ലേവ്യരായ പുരോഹിതന്മാരെയും കാണുമ്പോൾ നിങ്ങൾ പുറപ്പെട്ട് അതിന്റെ പിന്നാലെ ചെല്ലേണം.4എന്നാൽ നിങ്ങൾക്കും പെട്ടകത്തിനും ഇടയിൽ രണ്ടായിരം മുഴം അകലം ഉണ്ടായിരിക്കേണം;അതിനോട് അടുക്കരുത്.നിങ്ങൾ പോകേണ്ട വഴി അറിയേണ്ടതിന് അത് നിങ്ങളെ നയിക്കും; ഈ വഴിക്ക് നിങ്ങൾ മുമ്പെ പോയിട്ടില്ലല്ലോ.
5പിന്നെ യോശുവ ജനത്തോട്: “നിങ്ങളെത്തന്നെ ശുദ്ധീകരിപ്പീൻ; യഹോവ നാളെ നിങ്ങളുടെ ഇടയിൽ അതിശയം പ്രവർത്തിക്കും“ എന്ന് പറഞ്ഞു.6പുരോഹിതന്മാരോട് യോശുവ: “നിങ്ങൾ നിയമപെട്ടകം എടുത്ത് ജനത്തിന് മുമ്പായി നടപ്പീൻ“ എന്ന് പറഞ്ഞു. അങ്ങനെ അവർ നിയമപ്പെട്ടകം എടുത്ത് ജനത്തിന് മുമ്പായി നടന്നു.
7പിന്നെ യഹോവ യോശുവയോട് പറഞ്ഞത്: “ഞാൻ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കും എന്ന് യിസ്രായേൽ എല്ലാം അറിയേണ്ടതിന് ഞാൻ ഇന്ന് അവർ കാൺകെ നിന്നെ വലിയവനാക്കുവാൻ തുടങ്ങും.“8“നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാർ യോർദ്ദാനിലെ വെള്ളത്തിന്റെ വക്കത്ത് എത്തുമ്പോൾ യോർദ്ദാനിൽ നില്പാൻ കല്പിക്ക“ എന്നും അരുളിച്ചെയ്തു.

9യോശുവ യിസ്രായേൽമക്കളോട്: “ഇവിടെ വന്ന് നിങ്ങളുടെ ദൈവമായ യഹോവയുടെ വചനം കേൾപ്പിൻ“ എന്ന് പറഞ്ഞു.10യോശുവ പറഞ്ഞതെന്തെന്നാൽ: “ജീവനുള്ള ദൈവം നിങ്ങളുടെ ഇടയിൽ ഉണ്ട്; അവൻ നിങ്ങളുടെ മുമ്പിൽനിന്ന് കനാന്യർ, ഹിത്യർ, ഹിവ്യർ, പെരിസ്യർ, ഗിർഗ്ഗശ്യർ, അമോര്യർ, യെബൂസ്യർ എന്നിവരെ നീക്കിക്കളയും എന്ന് നിങ്ങൾ ഇതിനാൽ അറിയും.11ഇതാ, സർവ്വഭൂമിക്കും നാഥനായവന്റെ നിയമപെട്ടകം നിങ്ങൾക്കു മുമ്പായി യോർദ്ദാനിലേക്ക് കടക്കുന്നു.
12ആകയാൽ ഓരോ ഗോത്രത്തിൽനിന്ന് ഓരോ ആൾവീതം യിസ്രായേൽഗോത്രങ്ങളിൽനിന്ന് പന്ത്രണ്ടു പേരെ തെരഞ്ഞെടുക്കുവീൻ13സർവ്വഭൂമിയുടെയും നാഥനായ യഹോവയുടെ പെട്ടകം ചുമക്കുന്ന പുരോഹിതന്മാരുടെ ഉള്ളങ്കാൽ യോർദ്ദാനിലെ വെള്ളത്തിൽ ചവിട്ടുമ്പോൾ യോർദ്ദാനിലെ വെള്ളം രണ്ടായി പിരിഞ്ഞ് മേൽനിന്ന് ഒഴുകുന്ന വെള്ളം ചിറപോലെ നില്ക്കും.“
14അങ്ങനെ ജനം യോർദ്ദാൻ കടപ്പാൻ തങ്ങളുടെ കൂടാരങ്ങളിൽനിന്ന് പുറപ്പെട്ടു; നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാർ ജനത്തിന് മുമ്പായി പെട്ടകം ചുമന്നുകൊണ്ട് യോർദ്ദാനരികെ വന്നു.15കൊയ്ത്തുകാലത്തൊക്കെയും യോർദ്ദാൻ തീരമെല്ലാം കവിഞ്ഞ് ഒഴുകും. പെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാൽ വെള്ളത്തിന്റെ വക്കത്ത് മുങ്ങിയപ്പോൾ മേൽ വെള്ളത്തിന്റെ ഒഴുക്ക് നിന്നു;16സാരെഥാന് സമീപത്തുള്ള ആദാംപട്ടണത്തിന്നരികെ ബഹുദൂരത്തോളം ചിറപോലെ പൊങ്ങി; അരാബയിലെ കടലായ ഉപ്പുകടലിലേക്ക് വെള്ളം വാർന്നുപോയി; ജനം യെരീഹോവിന് സമീപം മറുകര കടന്നു.
17യിസ്രായേൽജനമൊക്കെയും യോർദ്ദാൻ കടന്നുതീരുവോളം യഹോവയുടെ നിയമപെട്ടകം ചുമന്ന പുരോഹിതന്മാർ യോർദ്ദാന്റെ നടുവിൽ ഉണങ്ങിയ നിലത്ത് ഉറച്ചുനിന്നു.

4

1ജനമൊക്കെയും യോർദ്ദാൻ കടന്നുതീർന്നശേഷം യഹോവ യോശുവയോട് കല്പിച്ചതു് :2നീ ഓരോ ഗോത്രത്തിൽനിന്നും ഓരോ ആൾ വീതം ജനത്തിൽനിന്ന് പന്ത്രണ്ടുപേരെ കൂട്ടി അവരോട് ഇപ്രകാരം പറയേണം:3യോർദ്ദാന്റെ നടുവിൽ പുരോഹിതന്മാരുടെ കാൽ ഉറച്ചുനിന്ന സ്ഥലത്തുനിന്നു് പന്ത്രണ്ട് കല്ലുകൾ ചുമന്നു കൊണ്ടുവന്നു് ഈ രാത്രി നിങ്ങൾ പാർക്കുന്ന സ്ഥലത്ത് വെക്കേണം.

4അങ്ങനെ യോശുവ യിസ്രായേൽമക്കളുടെ ഓരോ ഗോത്രത്തിൽനിന്ന് നിയമിച്ചിരുന്ന പന്ത്രണ്ടുപേരെ വിളിച്ചു.5അവരോട് പറഞ്ഞത്: “യോർദ്ദാന്റെ നടുവിൽ നിങ്ങളുടെ ദൈവമായ യഹോവയുടെ പെട്ടകത്തിന് മുമ്പിൽ ചെന്ന് യിസ്രായേൽമക്കളുടെ ഗോത്രസംഖ്യക്ക് ഒത്തവണ്ണം നിങ്ങളിൽ ഓരോരുത്തൻ ഓരോ കല്ല് ചുമലിൽ എടുക്കേണം.
6ഇത് നിങ്ങളുടെ ഇടയിൽ ഒരു അടയാളമായിരിക്കേണം; ഈ കല്ല് എന്ത് എന്ന് നിങ്ങളുടെ മക്കൾ വരും കാലത്ത് ചോദിക്കുമ്പോൾ:7‘യോർദ്ദാനിലെ വെള്ളം യഹോവയുടെ നിയമപെട്ടകത്തിന്റെ മുമ്പിൽ രണ്ടായി പിരിഞ്ഞതുനിമിത്തം തന്നേ‘ എന്ന് അവരോട് പറയേണം. ഈ കല്ലുകൾ യിസ്രായേൽമക്കൾക്ക് എന്നേക്കും അടയാളമായിരിക്കേണം.“
8യോശുവ കല്പിച്ചതുപോലെ യിസ്രായേൽമക്കൾ ചെയ്തു; യിസ്രായേൽമക്കളുടെ ഗോത്രസംഖ്യക്ക് ഒത്തവണ്ണം പന്ത്രണ്ട് കല്ലുകൾ യോർദ്ദാന്റെ നടുവിൽനിന്ന് എടുത്ത് തങ്ങൾ പാർത്ത സ്ഥലത്ത് കൊണ്ടുപോയി വെച്ചു.9യോർദ്ദാന്റെ നടുവിൽ നിയമപെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാൽ നിന്ന സ്ഥലത്ത് യോശുവ പന്ത്രണ്ട് കല്ലുകൾ നാട്ടി; അവ ഇന്നുവരെ അവിടെ ഉണ്ട്.
10മോശെ യോശുവയോട് കല്പിച്ചത് ഒക്കെയും ജനത്തോട് പറഞ്ഞു. യഹോവ കല്പിച്ചതൊക്കെയും ചെയ്തുതീരുവോളം പെട്ടകം ചുമന്ന പുരോഹിതന്മാർ യോർദ്ദാന്റെ നടുവിൽനിന്നു; ജനം വേഗത്തിൽ മറുകര കടന്നു.11ജനമൊക്കെയും കടന്നു തീർന്നപ്പോൾ അവർ കാൺകെ യഹോവയുടെ പെട്ടകവും പുരോഹിതന്മാരും മറുകര കടന്നു.
12മോശെ കല്പിച്ചിരുന്നതുപോലെ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും യിസ്രായേൽമക്കൾക്ക് മുമ്പായി യുദ്ധസന്നദ്ധരായി കടന്നു.13ഏകദേശം നാല്പതിനായിരംപേർ യുദ്ധസന്നദ്ധരായി യഹോവയുടെ മുമ്പാകെ യെരീഹോസമഭൂമിയിൽ കടന്നു.14അന്ന് യഹോവ യോശുവയെ എല്ലായിസ്രായേലിന്റെയും മുമ്പാകെ വലിയവനാക്കി;
15അവർ മോശെയെ ബഹുമാനിച്ചതുപോലെ അവനെയും ആയുഷ്കാലമൊക്കെയും ബഹുമാനിച്ചു.

16യഹോവ യോശുവയോട്: “സാക്ഷ്യപെട്ടകം ചുമക്കുന്ന പുരോഹിതന്മാരോട് യോർദ്ദാനിൽനിന്ന് കയറുവാൻ കല്പിക്ക“ എന്ന് അരുളിച്ചെയ്തു.
17യോശുവ പുരോഹിതന്മാരോട് യോർദ്ദാനിൽനിന്ന് കയറുവാൻ കല്പിച്ചു.18യഹോവയുടെ സാക്ഷ്യപെട്ടകം ചുമക്കുന്ന പുരോഹിതന്മാർ യോർദ്ദാന്റെ നടുവിൽനിന്ന് കയറി; അവരുടെ ഉള്ളങ്കാൽ കരെക്ക് വെച്ച ഉടനെ യോർദ്ദാനിലെ വെള്ളം വീണ്ടും മടങ്ങിവന്ന് മുമ്പിലത്തെപ്പോലെ തീരം കവിഞ്ഞ് ഒഴുകി.
19ഒന്നാം മാസം പത്താം തിയ്യതി ജനം യോർദ്ദാനിൽനിന്ന് കയറി യെരീഹോവിന്റെ കിഴക്കെ അതിരിലുള്ള ഗില്ഗാലിൽ പാളയം ഇറങ്ങി.20യോർദ്ദാനിൽനിന്ന് എടുത്ത പന്ത്രണ്ട് കല്ലുകൾ യോശുവ ഗില്ഗാലിൽ നാട്ടി,21യിസ്രായേൽമക്കളോട് പറഞ്ഞത് എന്തെന്നാൽ: “ഈ കല്ലുകൾ എന്ത് എന്ന് വരും കാലത്ത് നിങ്ങളുടെ മക്കൾ പിതാക്കന്മാരോട് ചോദിച്ചാൽ:
22‘യിസ്രായേൽ ഉണങ്ങിയ നിലത്തുകൂടി യോർദ്ദാന്നിക്കരെ കടന്നു എന്ന് നിങ്ങളുടെ മക്കളോട് പറയേണം.23ഭൂമിയിലെ സകലജാതികളും യഹോവയുടെ കൈ ശക്തിയുള്ളതെന്ന് അറിഞ്ഞ് നിങ്ങളുടെ ദൈവമായ യഹോവയെ എന്നേക്കും ഭയപ്പെടേണ്ടതിന്24നിങ്ങളുടെ ദൈവമായ യഹോവ മുമ്പ് ചെങ്കടൽ വറ്റിച്ചുകളഞ്ഞതുപോലെ നിങ്ങൾ ഇക്കരെ കടപ്പാൻ തക്കവണ്ണം നിങ്ങളുടെ മുമ്പിൽ യോർദ്ദാനിലെ വെള്ളവും വറ്റിച്ചുകളഞ്ഞു.

5

1യിസ്രായേൽമക്കൾ ഇക്കരെ കടപ്പാൻ തക്കവണ്ണം യഹോവ യോർദ്ദാനിലെ വെള്ളം വറ്റിച്ചുകളഞ്ഞു എന്ന് യോർദ്ദാന്റെ പടിഞ്ഞാറെ ഭാഗത്തുള്ള അമോര്യരാജാക്കന്മാരും സമുദ്രതീരത്തുള്ള കനാന്യരാജാക്കന്മാരും കേട്ടപ്പോൾ അവരുടെ ഹൃദയം ഉരുകി; യിസ്രായേൽമക്കൾ നിമിത്തം അവരിൽ അശേഷം ചൈതന്യമില്ലാതെയായി.

2അക്കാലത്ത് യഹോവ യോശുവയോട്: “തീക്കല്ലുകൊണ്ട് കത്തി ഉണ്ടാക്കി യിസ്രായേൽമക്കളെ രണ്ടാമതും പരിച്ഛേദന ചെയ്ക എന്ന് കല്പിച്ചു.3യോശുവ തീക്കല്ലുകൊണ്ട് കത്തി ഉണ്ടാക്കി യിസ്രായേൽമക്കളിലുള്ള പുരുഷന്മാരെ അഗ്രചർമ്മഗിരിയിൽവെച്ച് പരിച്ഛേദന ചെയ്തു.
4യോശുവ പരിച്ഛേദന ചെയ്‌വാനുള്ള കാരണമോ, മിസ്രയീമിൽനിന്ന് പുറപ്പെട്ട യോദ്ധാക്കൾ ഉൾപ്പെടെ പുരുഷന്മാരൊക്കെയും മരുഭൂമിയിൽവെച്ച് മരിച്ചുപോയിരുന്നു;5ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ടുപോന്ന പുരുഷന്മാർക്കെല്ലാം പരിച്ഛേദന കഴിഞ്ഞിരുന്നു എങ്കിലും മരുഭൂമിയിൽവെച്ച് പ്രയാണത്തിൽ ജനിച്ചവരിൽ ആരെയും പരിച്ഛേദന ചെയ്തിരുന്നില്ല.
6ഈജിപ്റ്റിൽനിന്ന് പുറപ്പെട്ട യോദ്ധാക്കളായവരൊക്കെയും യഹോവയുടെ വാക്ക് അനുസരിക്കായ്കകൊണ്ട് അവരുടെ മരണം വരെ യിസ്രായേൽമക്കൾ നാല്പത് സംവത്സരം മരുഭൂമിയിൽ സഞ്ചരിക്കേണ്ടിവന്നു; യഹോവ നമുക്കു തരുമെന്ന് പിതാക്കന്മാരോട് സത്യംചെയ്ത, പാലും തേനും ഒഴുകുന്ന ദേശം അവരെ കാണിക്കയില്ല എന്ന് യഹോവ അവരോട് സത്യം ചെയ്തിരുന്നു.7എന്നാൽ അവർക്ക് പകരം അവൻ എഴുന്നേല്പിച്ച പുത്രന്മാരെ യോശുവ പരിച്ഛേദന ചെയ്തു; പ്രയാണത്തിൽ പരിച്ഛേദന ചെയ്യായ്കകൊണ്ട് അവർ അഗ്രചർമ്മികളായിരുന്നു.
8സർവ്വജനത്തെയും പരിച്ഛേദനചെയ്ത് തീർന്നശേഷം അവർക്ക് സൌഖ്യമായതുവരെ അവർ പാളയത്തിൽ താന്താങ്ങളുടെ സ്ഥലത്ത് പാർത്തു.9യഹോവ യോശുവയോട്: “ഇന്ന് ഞാൻ ഈജിപ്റ്റിന്റെ നിന്ദ നിങ്ങളിൽനിന്ന് ഉരുട്ടിക്കളഞ്ഞിരിക്കുന്നു“ എന്ന് അരുളിച്ചെയ്തു; അതുകൊണ്ട് ആ സ്ഥലത്തിന് ഇന്നുവരെ ഗില്ഗാൽ (ഉരുൾ) എന്ന് പേർ പറയുന്നു.

10യിസ്രായേൽമക്കൾ ഗില്ഗാലിൽ പാളയമിറങ്ങി; ആ മാസം പതിനാലാം തീയ്യതി സന്ധ്യാസമയത്ത് യെരീഹോസമഭൂമിയിൽ വെച്ച് പെസഹ കഴിച്ചു.11പെസഹയുടെ പിറ്റെ ദിവസം തന്നേ അവർ ദേശത്തെ വിളവുകൊണ്ടുള്ള പുളിപ്പില്ലാത്ത അപ്പവും മലരും തിന്നു.
12അവർ ദേശത്തെ വിളവ് അനുഭവിച്ചതിന്റെ പിറ്റെ ദിവസം മന്ന നിന്നുപോയി; യിസ്രായേൽമക്കൾക്ക് പിന്നെ മന്ന കിട്ടിയതുമില്ല; ആ വർഷം അവർ കനാൻദേശത്തെ വിളവുകൊണ്ട് ഉപജീവിച്ചു.

13യോശുവ യെരീഹോവിന് സമീപത്ത് ആയിരിക്കുമ്പോൾ തല ഉയർത്തി നോക്കി; ഒരാൾ കയ്യിൽ വാൾ ഊരിപ്പിടിച്ചുകൊണ്ട് അവന്റെ നേരെ നില്ക്കുന്നത് കണ്ടു; യോശുവ അവന്റെ അടുക്കൽ ചെന്ന് അവനോട്“: നീ ഞങ്ങളുടെ പക്ഷക്കാരനോ, ശത്രുപക്ഷക്കാരനോ?“ എന്ന് ചോദിച്ചു.
14അതിന് അവൻ: “അല്ല, ഞാൻ യഹോവയുടെ സൈന്യത്തിന്റെ അധിപതിയായി ഇപ്പോൾ വന്നിരിക്കുന്നു“ എന്ന് പറഞ്ഞു. അപ്പോൾ യോശുവ സാഷ്ടാംഗം വീണ് നമസ്കരിച്ച് അവനോട്: “കർത്താവിന് അടിയനോടുള്ള കല്പന എന്ത്? എന്ന് ചോദിച്ചു.15യഹോവയുടെ സൈന്യത്തിന്റെ അധിപതി യോശുവയോട്: “നീ നില്ക്കുന്ന സ്ഥലം വിശുദ്ധമാകയാൽ നിന്റെ കാലിൽ നിന്ന് ചെരിപ്പ് അഴിച്ചു കളക“ എന്ന് പറഞ്ഞു; യോശുവ അങ്ങനെ ചെയ്തു.

6

1എന്നാൽ യിസ്രായേൽമക്കൾ നിമിത്തം യെരീഹൊ പട്ടണത്തിലേക്കുള്ള വാതിലുകൾ അടച്ച് ഉറപ്പാക്കിയിരുന്നു; ആരും പുറത്തിറങ്ങിയില്ല, അകത്ത് കയറിയതുമില്ല.2യഹോവ യോശുവയോട് കല്പിച്ചത്: “ഞാൻ യെരീഹോവിനെയും അതിന്റെ രാജാവിനെയും യുദ്ധവീരന്മാരെയും നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു.

3നിങ്ങളിൽ യോദ്ധാക്കളായ എല്ലാവരും ദിവസം ഒരുവട്ടം വീതം ആറു ദിവസം പട്ടണത്തെ ചുറ്റിനടക്കേണം;4ഏഴു പുരോഹിതന്മാർ ആട്ടിൻ കൊമ്പുകൊണ്ടുള്ള കാഹളം പിടിച്ചുകൊണ്ട് പെട്ടകത്തിന്റെ മുമ്പിൽ നടക്കേണം; ഏഴാം ദിവസം ഏഴു പ്രാവശ്യം പട്ടണത്തെ ചുറ്റുകയും പുരോഹിതന്മാർ കാഹളം ഊതുകയും വേണം.
5പുരോഹിതന്മാർ നീട്ടിയൂതുന്ന കാഹളനാദം കേൾക്കുമ്പോൾ ജനമൊക്കെയും ഉച്ചത്തിൽ ആർപ്പിടേണം; അപ്പോൾ പട്ടണമതിൽ വീഴും; പടയാളികൾ ഓരോരുത്തൻ നേരെ കയറി ആക്രമിക്കുകയുംവേണം.
6നൂന്റെ മകനായ യോശുവ പുരോഹിതന്മാരെ വിളിച്ച് അവരോട്: “നിയമപെട്ടകം എടുപ്പിൻ; ഏഴ് പുരോഹിതന്മാർ യഹോവയുടെ പെട്ടകത്തിന് മുമ്പിൽ ആട്ടിൻ കൊമ്പുകൊണ്ടുള്ള കാഹളം പിടിച്ചുകൊണ്ട് നടക്കേണം“ എന്ന് പറഞ്ഞു.7ജനത്തോട് അവൻ: “നിങ്ങൾ ചെന്ന് പട്ടണത്തെ ചുറ്റിനടപ്പിൻ; ആയുധപാണികൾ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ നടക്കേണം“ എന്ന് പറഞ്ഞു.
8യോശുവ ജനത്തോട് പറഞ്ഞതിൻ പ്രകാരം ആട്ടിൻ കൊമ്പുകൊണ്ടുള്ള കാഹളം പിടിച്ചുകൊണ്ട് ഏഴ് പുരോഹിതന്മാർ യഹോവയുടെ മുമ്പിൽ നടന്നു കാഹളം ഊതി; യഹോവയുടെ നിയമപ്പെട്ടകം അവരുടെ പിന്നാലെ ചെന്നു.9ആയുധപാണികൾ കാഹളം ഊതുന്ന പുരോഹിതന്മാരുടെ മുമ്പിൽ നടന്നു; ശേഷമുള്ള കൂട്ടം പെട്ടകത്തിന്റെ പിന്നാലെ ചെന്നു; ഇങ്ങനെ അവർ കാഹളം ഊതിക്കൊണ്ട് നടന്നു.
10യോശുവ ജനത്തോട്: “ആർപ്പിടുവിൻ എന്ന് ഞാൻ നിങ്ങളോട് കല്പിക്കുന്ന നാൾവരെ നിങ്ങൾ ആർപ്പിടരുത്; വായിൽനിന്ന് ഒരു വാക്കും പുറപ്പെടുകയും അരുത്“ എന്ന് കല്പിച്ചു.11അങ്ങനെ യഹോവയുടെ പെട്ടകം ഒരു പ്രാവശ്യം പട്ടണത്തെ ചുറ്റിനടന്നു; പിന്നെ അവർ പാളയത്തിലേക്ക് വന്ന് രാപാർത്തു.

12യോശുവ അതികാലത്ത് എഴുന്നേറ്റു; പുരോഹിതന്മാർ യഹോവയുടെ പെട്ടകം എടുത്തു.13ഏഴു പുരോഹിതന്മാർ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ ആട്ടിൻ കൊമ്പുകൊണ്ടുള്ള കാഹളം ഊതിക്കൊണ്ട് നടന്നു; ആയുധപാണികൾ അവരുടെ മുമ്പിൽ നടന്നു; ശേഷമുള്ള കൂട്ടം യഹോവയുടെ പെട്ടകത്തിന്റെ പിന്നാലെ നടന്നു; ഇങ്ങനെ അവർ കാഹളം ഊതിക്കൊണ്ട് നടന്നു.14രണ്ടാം ദിവസവും അവർ പട്ടണത്തെ ഒരു പ്രാവശ്യം ചുറ്റി പാളയത്തിലേക്ക് മടങ്ങിപ്പോന്നു. ഇങ്ങനെ അവർ ആറു ദിവസം ചെയ്തു;
15ഏഴാം ദിവസമോ അവർ അതികാലത്ത് എഴുന്നേറ്റ് പട്ടണത്തെ ആ വിധത്തിൽ തന്നേ ഏഴുപ്രാവശ്യംചുറ്റി; അന്നുമാത്രം അവർ പട്ടണത്തെ ഏഴു പ്രാവശ്യം ചുറ്റി.16ഏഴാംപ്രാവശ്യം പുരോഹിതന്മാർ കാഹളം ഊതിയപ്പോൾ യോശുവ ജനത്തോട് പറഞ്ഞതെന്തെന്നാൽ: “ആർപ്പിടുവിൻ; യഹോവ പട്ടണം നിങ്ങൾക്കു തന്നിരിക്കുന്നു.
17ഈ പട്ടണവും അതിലുള്ളതൊക്കെയും യഹോവയ്ക്ക് ശപഥാർപ്പിതമായിരിക്കുന്നു; എങ്കിലും രാഹാബ് എന്ന വേശ്യ നാം അയച്ച ദൂതന്മാരെ ഒളിപ്പിച്ചതിനാൽ അവളും അവളോടുകൂടെ വീട്ടിലുള്ള എല്ലാവരും ജീവനോടിരിക്കട്ടെ.18എന്നാൽ നിങ്ങൾ ശപഥംചെയ്തിരിക്കെ ശപഥാർപ്പിതത്തിൽ വല്ലതും എടുത്തിട്ട് യിസ്രായേൽപാളയത്തിന്നു ശാപവും അനർത്ഥവും വരുത്താതിരിക്കേണ്ടതിന് ശപഥാർപ്പിതമായ വസ്തുവൊന്നും തൊടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.19വെള്ളിയും പൊന്നും ചെമ്പും ഇരിമ്പും കൊണ്ടുള്ള പാത്രങ്ങളും യഹോവയ്ക്ക് വിശുദ്ധം; അവ യഹോവയുടെ ഭണ്ഡാരത്തിലേക്ക് കൊണ്ടുവരേണം.
20അനന്തരം ജനം ആർപ്പിടുകയും പുരോഹിതന്മാർ കാഹളം ഊതുകയും ചെയ്തു; ജനം കാഹളനാദം കേട്ട് അത്യുച്ചത്തിൽ ആർപ്പിട്ടപ്പോൾ മതിൽ വീണു; ജനം ഓരോരുത്തൻ നേരെ മുമ്പോട്ട് കടന്ന് പട്ടണം പിടിച്ചു.21പുരുഷൻ, സ്ത്രീ, ബാലൻ, വൃദ്ധൻ, ആട്, മാട്, കഴുത എന്നിങ്ങനെ പട്ടണത്തിലുള്ള സകലത്തെയും അവർ വാളിന്റെ വായ്ത്തലയാൽ അശേഷം സംഹരിച്ചു.
22എന്നാൽ രാജ്യം ഒറ്റുനോക്കിയ രണ്ട് പുരുഷന്മാരോട് യോശുവ: “വേശ്യയുടെ വീട്ടിൽ ചെന്ന് അവിടെ നിന്ന് ആ സ്ത്രീയെയും അവൾക്കുള്ള സകലത്തെയും നിങ്ങൾ അവളോട് സത്യംചെയ്തതുപോലെ പുറത്തുകൊണ്ടുവരുവീൻ“ എന്ന് പറഞ്ഞു.
23അങ്ങനെ ഒറ്റുകാരായിരുന്ന യൌവനക്കാർ ചെന്ന് രാഹാബിനെയും അവളുടെ അപ്പനെയും അമ്മയെയും സഹോദരന്മാരെയും അവൾക്കുള്ള സകലത്തെയും പുറത്ത് കൊണ്ടുവന്ന് യിസ്രായേൽപാളയത്തിന് പുറത്ത് പാർപ്പിച്ചു.24പിന്നെ അവർ പട്ടണവും അതിലുള്ളതൊക്കെയും തീവെച്ച് ചുട്ടുകളഞ്ഞു; എന്നാൽ വെള്ളിയും പൊന്നും ചെമ്പുകൊണ്ടും ഇരിമ്പുകൊണ്ടുമുള്ള പാത്രങ്ങളും അവർ യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽ വെച്ചു.
25യെരീഹോ പട്ടണം ഒറ്റുനോക്കുവാൻ അയച്ച ദൂതന്മാരെ രാഹാബ് എന്ന വേശ്യ ഒളിപ്പിച്ചതുകൊണ്ട് യോശുവ അവളെയും അവളുടെ പിതൃഭവനത്തെയും അവൾക്കുള്ള സകലത്തെയും ജീവനോടെ രക്ഷിച്ചു; അവൾ ഇന്നുവരെയും യിസ്രായേലിൽ പാർക്കുന്നു.
26അക്കാലത്ത് യോശുവ ശപഥം ചെയ്തു: “ഈ യെരീഹോ പട്ടണം പണിയുവാൻ തുനിയുന്ന മനുഷ്യൻ യഹോവയുടെ മുമ്പാകെ ശപിക്കപ്പെട്ടവൻ; അവൻ അതിന്റെ അടിസ്ഥാനമിടുമ്പോൾ അവന്റെ മൂത്ത മകൻ നഷ്ടമാകും; അതിന്റെ കവാടങ്ങൾ ഉറപ്പിക്കുമ്പോൾ ഇളയ മകനും നഷ്ടമാകും” എന്ന് പറഞ്ഞു. 27 യഹോവ യോശുവയോടുകൂടെ ഉണ്ടായിരുന്നു; അവന്റെ കീർത്തി ദേശത്ത് എല്ലാടവും പരന്നു.27യഹോവ യോശുവയോടുകൂടെ ഉണ്ടായിരുന്നു; അവന്റെ കീർത്തി ദേശത്തു എല്ലാടവും പരന്നു.

7

1എന്നാൽ യിസ്രായേൽമക്കൾ ശപഥാർപ്പിതവസ്തുക്കൾ സംബന്ധിച്ച് അവിശ്വസ്തത കാണിച്ചു; യെഹൂദാഗോത്രത്തിൽ സേരഹിന്റെ മകനായ സബ്ദിയുടെ മകനായ കർമ്മിയുടെ മകൻ ആഖാൻ ശപഥാർപ്പിതവസ്തുവിൽ ചിലത് എടുത്തു; യഹോവയുടെ കോപം യിസ്രായേൽമക്കളുടെ നേരെ ജ്വലിച്ചു.

2യോശുവ യെരീഹോവിൽനിന്ന് ദേശം ഒറ്റുനോക്കുവാൻ ബേഥേലിന് കിഴക്ക് ബേഥാവെന്റെ സമീപത്തുള്ള ഹായിയിലേക്ക് ആളുകളെ അയച്ചു. അവർ ചെന്ന് ഹായിയെ ഒറ്റുനോക്കി,3യോശുവയുടെ അടുക്കൽ മടങ്ങിവന്ന് അവനോട്: “ഹായിയെ ജയിച്ചടക്കുവാൻ രണ്ടായിരമോ മൂവായിരമോ പേർ പോയാൽ മതി; സർവ്വജനത്തെയും അവിടേക്ക് അയച്ച് കഷ്ടപ്പെടുത്തേണ്ടാ; അവർ ആൾ ചുരുക്കമത്രേ“ എന്ന് പറഞ്ഞു.
4അങ്ങനെ ഏകദേശം മൂവായിരം പേർ അവിടേക്ക് പോയി; എന്നാൽ അവർ ഹായിപട്ടണക്കാരുടെ മുമ്പിൽ നിന്ന് തോറ്റോടി.5ഹായി പട്ടണക്കാർ അവരിൽ മുപ്പത്താറോളം പേരെ കൊന്നു; അവരെ പട്ടണവാതിൽക്കൽ തുടങ്ങി ശെബാരീം വരെ പിന്തുടർന്ന് മലഞ്ചരിവിൽവെച്ച് അവരെ തോല്പിച്ചു. അതുകൊണ്ട് ജനത്തിന്റെ ഹൃദയം ഉരുകി ധൈര്യം നഷ്ടപ്പെട്ടു പോയി.
6യോശുവ വസ്ത്രം കീറി യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ അവനും യിസ്രായേൽമൂപ്പന്മാരും തലയിൽ മണ്ണുവാരിയിട്ടുകൊണ്ട് സന്ധ്യവരെ സാഷ്ടാംഗം വീണ് കിടന്നു:7“അയ്യോ യഹോവയായ കർത്താവേ അമോര്യരുടെ കയ്യാൽ നശിക്കേണ്ടതിന് നീ ഈ ജനത്തെ യോർദ്ദാന്നിക്കരെ കൊണ്ടുവന്നത് എന്തിന്? ഞങ്ങൾ യോർദ്ദാന്നക്കരെ പാർത്തിരുന്നെങ്കിൽ മതിയായിരുന്നു.
8യഹോവേ, യിസ്രായേൽ ശത്രുക്കളുടെ മുമ്പിൽ തോറ്റോടിയശേഷം ഞാൻ എന്തു പറയേണ്ടു!9കനാന്യരും ദേശനിവാസികൾ ഒക്കെയും അത് കേട്ടിട്ട് ഞങ്ങളെ ചുറ്റിവളഞ്ഞ് ഭൂമിയിൽനിന്ന് ഞങ്ങളുടെ പേർ മായിച്ചുകളയുമല്ലോ; എന്നാൽ നീ നിന്റെ മഹത്തായ നാമത്തിന്നുവേണ്ടി എന്തുചെയ്യും?“ എന്ന് യോശുവ പറഞ്ഞു.
10യഹോവ യോശുവയോട് പറഞ്ഞത്: “എഴുന്നേൽക്ക; നീ ഇങ്ങനെ സാഷ്ടാംഗം വീണുകിടക്കുന്നത് എന്തിന്?11യിസ്രായേൽ പാപം ചെയ്തിരിക്കുന്നു; ഞാൻ അവരോട് കല്പിച്ചിട്ടുള്ള എന്റെ നിയമം അവർ ലംഘിച്ചിരിക്കുന്നു; അവർ ശപഥാർപ്പിതം എടുത്തിരിക്കുന്നു; അവർ മോഷ്ടിച്ചത് മറയ്ക്കുവാൻ തങ്ങളുടെ സാമാനങ്ങൾക്കിടയിൽ അത് വെച്ചിരിക്കുന്നു.12യിസ്രായേൽമക്കൾ ശാപഗ്രസ്തരായി തീർന്നതുകൊണ്ട് ശത്രുക്കളുടെ മുമ്പിൽ നില്പാൻ കഴിയാതെ തോറ്റോടേണ്ടിവന്നു. ശാപം നിങ്ങളുടെ ഇടയിൽനിന്ന് നീക്കാതിരുന്നാൽ ഞാൻ നിങ്ങളോടുകൂടെ ഇരിക്കയില്ല.
13നീ എഴുന്നേറ്റ് ജനത്തെ ശുദ്ധീകരിച്ച് അവരോടു പറക: ‘നാളത്തേക്ക് നിങ്ങളെത്തന്നേ ശുദ്ധീകരിപ്പിൻ; യിസ്രായേലേ, നിന്റെ നടുവിൽ ഒരു ശാപം ഉണ്ട്; ശാപം നിന്റെ ഇടയിൽനിന്ന് നീക്കിക്കളയും വരെ ശത്രുക്കളുടെ മുമ്പിൽ നില്പാൻ നിനക്ക് കഴികയില്ല എന്ന് യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു.‘
14നിങ്ങൾ രാവിലെ ഗോത്രം ഗോത്രമായി അടുത്തുവരേണം; യഹോവ പിടിക്കുന്ന ഗോത്രം കുലംകുലമായി അടുത്തുവരേണം; യഹോവ പിടിക്കുന്ന കുലം കുടുംബംകുടുംബമായി അടുത്തുവരേണം; യഹോവ പിടിക്കുന്ന കുടുംബം ആളാംപ്രതി അടുത്തുവരേണം.15ശപഥാർപ്പിതവസ്തുവോടുകൂടെ പിടിക്കപ്പെടുന്നവനെയും അവനുള്ള സകലത്തെയും ചുട്ടുകളയേണം; അവൻ യഹോവയുടെ നിയമം ലംഘിച്ച് യിസ്രായേലിൽ വഷളത്തം പ്രവർത്തിച്ചിരിക്കുന്നു.“

16അങ്ങനെ യോശുവ അതികാലത്ത് എഴുന്നേറ്റ് യിസ്രായേലിനെ ഗോത്രംഗോത്രമായി വരുത്തി; യെഹൂദാഗോത്രം പിടിക്കപ്പെട്ടു.17അവൻ യെഹൂദാഗോത്രത്തെ കുലംകുലമായി വരുത്തി; സർഹ്യകുലം പിടിക്കപ്പെട്ടു; അവൻ സർഹ്യകുലത്തെ കുടുംബംകുടുംബമായി വരുത്തി; സബ്ദി പിടിക്കപ്പെട്ടു.18അവന്റെ കുടുംബത്തെ ആളാംപ്രതി വരുത്തി; സേരഹിന്റെ മകനായ സബ്ദിയുടെ മകനായ കർമ്മിയുടെ മകൻ ആഖാൻ പിടിക്കപ്പെട്ടു.
19യോശുവ ആഖാനോട്: “മകനേ, യിസ്രായേലിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ ഒന്നും മറയ്ക്കാതെ അവനോട് ഏറ്റുപറക; നീ എന്ത് ചെയ്തു എന്ന് എന്നോട് പറയുക.“20ആഖാൻ യോശുവയോട്: “ഞാൻ യിസ്രായേലിന്റെ ദൈവമായ യഹോവയോട് പാപം ചെയ്തിരിക്കുന്നു; സത്യം.21ഞാൻ കൊള്ളയുടെ കൂട്ടത്തിൽ വിശേഷമായോരു ബാബിലോണ്യ മേലങ്കിയും, ഇരുനൂറ് ശേക്കെൽ വെള്ളിയും, അമ്പത് ശേക്കെൽ തൂക്കമുള്ള ഒരു പൊൻകട്ടിയും കണ്ട് മോഹിച്ച് എടുത്തു; അവ എന്റെ കൂടാരത്തിന്റെ നടുവിൽ നിലത്ത് കുഴിച്ചിട്ടിരിക്കുന്നു; വെള്ളി അടിയിൽ ആകുന്നു“ എന്ന് ഉത്തരം പറഞ്ഞു.
22യോശുവ ദൂതന്മാരെ അയച്ചു; അവർ ഓടിച്ചെന്നു; കൂടാരത്തിൽ ആ വസ്തുക്കൾ കുഴിച്ചിട്ടിരിക്കുന്നത് കണ്ടു.23അവർ അവയെ കൂടാരത്തിൽനിന്ന് എടുത്ത് യോശുവയുടെയും എല്ലായിസ്രായേൽ മക്കളുടെയും അടുക്കൽ കൊണ്ടുവന്ന് യഹോവയുടെ സന്നിധിയിൽ വെച്ചു.
24അപ്പോൾ യോശുവയും എല്ലായിസ്രായേലും സേരെഹിന്റെ പുത്രനായ ആഖാനെ വെള്ളി, മേലങ്കി, പൊൻകട്ടി, അവന്റെ പുത്രന്മാർ, പുത്രിമാർ, കാള, കഴുത, ആട്, കൂടാരം ഇങ്ങനെ അവനുള്ള സകലവുമായി ആഖോർതാഴ്‌വരയിൽ കൊണ്ടുപോയി:
25“നീ ഞങ്ങളെ കഷ്ടപ്പെടുത്തിയത് എന്തിന്? യഹോവ ഇന്നു നിന്നെ വലക്കും“ എന്ന് യോശുവ പറഞ്ഞു. പിന്നെ യിസ്രായേൽമക്കൾ അവരെ കല്ലെറിയുകയും തീയിൽ ഇട്ട് ചുട്ടുകളകയും ചെയ്തു.26അവന്റെമേൽ അവർ ഒരു വലിയ കല്ക്കുന്ന് കൂട്ടി; അത് ഇന്നും ഇരിക്കുന്നു. ഇങ്ങനെ യഹോവയുടെ ഉഗ്രകോപം മാറി; അതുകൊണ്ട് ആ സ്ഥലത്തിന് ആഖോർതാഴ്‌വര എന്ന് പേർ പറഞ്ഞുവരുന്നു.

8

1യഹോവ യോശുവയോട് അരുളിച്ചെയ്തത്: “ഭയപ്പെടരുത്, വിഷാദിക്കയും അരുത്; പടയാളികളുമായി ഹായിയിലേക്ക് ചെല്ലുക; ഞാൻ ഹായിരാജാവിനെയും അവന്റെ ജനത്തെയും പട്ടണത്തെയും ദേശത്തെയും നിന്റെ കയ്യിൽ തന്നിരിക്കുന്നു.2യെരീഹോവിനോടും അതിന്റെ രാജാവിനോടും ചെയ്തതുപോലെ നീ ഹായിയോടും അതിന്റെ രാജാവിനോടും ചെയ്യേണം: എന്നാൽ അതിലെ കൊള്ളയെയും കന്നുകാലികളെയും നിങ്ങൾക്ക് എടുക്കാം. പട്ടണത്തിന്റെ പിൻഭാഗത്ത് പതിയിരിപ്പുകാരെ ആക്കേണം.

3അങ്ങനെ യോശുവ പരാക്രമശാലികളായ മുപ്പതിനായിരം പടയാളികളെ തിരഞ്ഞെടുത്ത് രാത്രിയിൽ ഹായിയിലേക്ക് അയച്ചു,4അവരോട് പറഞ്ഞത് എന്തെന്നാൽ: “നിങ്ങൾ പട്ടണത്തിന്റെ പിൻഭാഗത്ത് പതിയിരിക്കേണം; പട്ടണത്തോട് ഏറെ അകലാതെ എല്ലാവരും ഒരുങ്ങിയിരിപ്പീൻ.
5ഞാനും എന്നോടുകൂടെയുള്ള പുരുഷന്മാരും പട്ടണത്തോട് അടുക്കും; അവർ ഞങ്ങളുടെ നേരെ പുറപ്പെട്ടുവരുമ്പോൾ മുമ്പിലത്തെപ്പൊലെ ഞങ്ങൾ അവരുടെ മുമ്പിൽ നിന്ന് ഓടും.6അവർ ഞങ്ങളെ പിന്തുടർന്ന് പട്ടണം വിട്ട് പുറത്താകും. ‘അവർ മുമ്പിലത്തെപ്പൊലെ നമ്മുടെ മുമ്പിൽനിന്ന് ഓടിപ്പോകുന്നു‘ എന്ന് അവർ പറയും.7അപ്പോൾ പതിയിരിയ്ക്കുന്ന നിങ്ങൾ എഴുന്നേറ്റ് പട്ടണം പിടിക്കേണം; നിങ്ങളുടെ ദൈവമായ യഹോവ അത് നിങ്ങളുടെ കയ്യിൽ ഏല്പിക്കും.
8പട്ടണം പിടിച്ചശേഷം നിങ്ങൾ യഹോവയുടെ കല്പനപ്രകാരം അതിന് തീ വെക്കേണം. ഞാൻ തന്നെ നിങ്ങളോട് കല്പിച്ചിരിക്കുന്നു.“9അങ്ങനെ യോശുവ അയച്ച അവർ ചെന്ന് ബേഥേലിനും ഹായിക്കും മദ്ധ്യേ ഹായിക്ക് പടിഞ്ഞാറ് പതിയിരുന്നു; യോശുവ ആ രാത്രി ജനത്തിന്റെ ഇടയിൽ താമസിച്ചു.

10യോശുവ അതികാലത്ത് എഴുന്നേറ്റ് പടയാളികളെ സജ്ജരാക്കി. അവനും യിസ്രായേൽ മൂപ്പന്മാരും ഹായി നിവാസികളെ ആക്രമിക്കാൻ ചെന്നു.11അവനോടുകൂടെ ഉണ്ടായിരുന്ന പടയാളികൾ പട്ടണത്തിന് മുമ്പിൽ എത്തി ഹായിക്ക് വടക്ക് പാളയമിറങ്ങി; അവർക്കും ഹായിക്കും മദ്ധ്യേ ഒരു താഴ്‌വര ഉണ്ടായിരുന്നു.12അവൻ ഏകദേശം അയ്യായിരം പേരെ തെരഞ്ഞെടുത്ത് ബേഥേലിനും ഹായിക്കും മദ്ധ്യേ പട്ടണത്തിന് പടിഞ്ഞാറുഭാഗത്ത് പതിയിരുത്തി.
13അവർ പട്ടണത്തിന് വടക്ക് പ്രധാന സൈന്യത്തെയും പട്ടണത്തിന് പടിഞ്ഞാറ് പതിയിരിപ്പുകാരെയും നിറുത്തി; യോശുവ ആ രാത്രി താഴ്‌വരയിൽ പാർത്തു.14ഹായിരാജാവ് അത് കണ്ടപ്പോൾ പടയാളികളുമായി ബദ്ധപ്പെട്ട് സമഭൂമിക്കു മുമ്പിൽ യിസ്രായേൽ സൈന്യത്തെ ആക്രമിക്കാൻ പുറപ്പെട്ടു. പട്ടണത്തിന്റെ പിൻവശത്ത് തനിക്കു വിരോധമായി പതിയിരിപ്പ് ഉണ്ടെന്ന് അവൻ അറിഞ്ഞില്ല.
15യോശുവയും എല്ലായിസ്രായേലും അവരോട് തോറ്റ ഭാവത്തിൽ മരുഭൂമിവഴിയായി ഓടി.16അവരെ പിന്തുടരേണ്ടതിന് പട്ടണത്തിലെ ജനത്തെ ഒക്കെയും വിളിച്ചുകൂട്ടി അവർ യോശുവയെ പിന്തുടർന്ന് പട്ടണം വിട്ട് പുറത്തായി.17ഹായിയിലും ബേഥേലിലും ഉള്ള ജനമൊക്കെയും പട്ടണം തുറന്നിട്ടേച്ച് യിസ്രായേലിനെ പിന്തുടർന്നു.
18അപ്പോൾ യഹോവ യോശുവയോട്: “നിന്റെ കയ്യിലുള്ള കുന്തം ഹായിക്കു നേരെ നീട്ടുക; ഞാൻ അത് നിന്റെ കയ്യിൽ ഏല്പിക്കും“ എന്ന് അരുളിച്ചെയ്തു. അങ്ങനെ യോശുവ തന്റെ കയ്യിലുള്ള കുന്തം ഹായിക്കു നേരെ നീട്ടി.19അവൻ കൈ നീട്ടിയ ഉടനെ പതിയിരിപ്പുകാർ തങ്ങളുടെ സ്ഥലത്തു നിന്ന് എഴുന്നേറ്റ് ഓടി പട്ടണത്തിൽ കയറി അത് പിടിച്ച് ക്ഷണത്തിൽ പട്ടണത്തിന് തീ വെച്ചു.
20ഹായിപട്ടണക്കാർ പുറകോട്ട് നോക്കിയപ്പോൾ പട്ടണത്തിലെ പുക ആകാശത്തേക്ക് പൊങ്ങുന്നത് കണ്ടു; അവർക്ക് ഇങ്ങോട്ടോ അങ്ങോട്ടോ ഓടുവാൻ കഴിവില്ലാതെയായി; മരുഭൂമിവഴിയായി ഓടിയ യിസ്രായേൽ സൈന്യം തങ്ങളെ പിന്തുടരുന്നവരുടെ നേരെ തിരിഞ്ഞു.21പതിയിരിപ്പുകാർ പട്ടണം പിടിച്ചു. പട്ടണത്തിലെ പുക മേലോട്ട് പൊങ്ങുന്നു എന്ന് യോശുവയും എല്ലായിസ്രായേലും കണ്ടപ്പോൾ മടങ്ങിവന്ന് ഹായി പട്ടണക്കാരെ കൊന്നു.
22മറ്റവരും പട്ടണത്തിൽനിന്ന് അവരുടെ നേരെ പുറപ്പെട്ടു; ഇങ്ങനെ യിസ്രായേൽ ഇപ്പുറത്തും അപ്പുറത്തും അവർ നടുവിലും ആയി; ഒരുത്തനും ശേഷിക്കയോ വഴുതിപ്പോകയോ ചെയ്യാതവണ്ണം അവരെ കൊന്നുകളഞ്ഞു.23ഹായിരാജാവിനെ അവർ ജീവനോടെ പിടിച്ചു യോശുവയുടെ അടുക്കൽ കൊണ്ടുവന്നു.
24യിസ്രായേൽ തങ്ങളെ പിന്തുടർന്ന ഹായിപട്ടണക്കാരെ മരുഭൂമിയിൽ വെളിമ്പ്രദേശത്തുവെച്ച് കൊന്നുതീർത്തശേഷം ഹായിയിലേക്ക് മടങ്ങിച്ചെന്ന് വാളിന്റെ വായ്ത്തലയാൽ അതിലെ ജനത്തേയും സംഹരിച്ചു.25അന്ന് പുരുഷന്മാരും സ്ത്രീകളുമായി മരിച്ചുവീണ ഹായിപട്ടണക്കാർ ആകെ പന്തീരായിരം പേർ.26ഹായിപട്ടണക്കാരെ ഒക്കെയും നിർമ്മൂലമാക്കുംവരെ കുന്തം ഏന്തിയ കൈ യോശുവ പിൻവലിച്ചില്ല.
27യഹോവ യോശുവയോട് കല്പിച്ച പ്രകാരം യിസ്രായേല്യർ പട്ടണത്തിലെ കന്നുകാലികളെയും കൊള്ളയും തങ്ങൾക്കായിട്ട് എടുത്തു.28പിന്നെ യോശുവ ഹായിപട്ടണം ചുട്ട് സദാകാലത്തേക്കും ഒരു മൺകുന്നും ശൂന്യഭൂമിയുമാക്കിത്തീർത്തു; അത് ഇന്നുവരെയും അങ്ങനെ കിടക്കുന്നു.
29ഹായിരാജാവിനെ അവൻ സന്ധ്യവരെ ഒരു മരത്തിൽ തൂക്കി; സൂര്യൻ അസ്തമിച്ചപ്പോൾ യോശുവയുടെ കല്പനപ്രകാരം ശവം മരത്തിൽനിന്ന് ഇറക്കി പട്ടണവാതില്ക്കൽ ഇടുകയും അതിന്മേൽ ഇന്നുവരെ നില്ക്കുന്ന ഒരു വലിയ കല്ക്കുന്ന് കൂട്ടുകയും ചെയ്തു.

30അനന്തരം യോശുവ യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് ഏബാൽപർവ്വതത്തിൽ ഒരു യാഗപീഠം പണിതു.31യഹോവയുടെ ദാസനായ മോശെ യിസ്രായേൽമക്കളോട് കല്പിച്ചതുപോലെയും മോശെയുടെ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെയും ചെത്തുകയോ ഇരിമ്പു തൊടുവിക്കയൊ ചെയ്യാത്ത കല്ലുകൊണ്ടുള്ള ഒരു യാഗപീഠം തന്നേ. അവർ അതിന്മേൽ യഹോവെക്ക് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു.32മോശെയുടെ ന്യായപ്രമാണത്തിന്റെ ഒരു പകർപ്പ് അവൻ അവിടെ യിസ്രായേൽമക്കൾ കാൺകെ ആ കല്ലുകളിൽ എഴുതി.
33എല്ലായിസ്രായേലും അവരുടെ മൂപ്പന്മാരും പ്രമാണികളും ന്യായാധിപന്മാരും യഹോവയുടെ നിയമപ്പെട്ടകം ചുമന്ന ലേവ്യരായ പുരോഹിതന്മാരുടെ മുമ്പാകെ സ്വദേശിയും പരദേശിയും ഒരു പോലെ പെട്ടകത്തിന് ഇപ്പുറത്തും അപ്പുറത്തും നിന്നു; അവരിൽ പാതിപേർ ഗെരിസീംപർവ്വതത്തിന്റെ വശത്തും പാതിപേർ ഏബാൽപർവ്വതത്തിന്റെ വശത്തും നിന്ന് യഹോവയുടെ ദാസനായ മോശെ മുമ്പെ കല്പിച്ചിരുന്നതുപോലെ യിസ്രായേൽ ജനത്തെഅനുഗ്രഹിച്ചു.
34അതിന്റെ ശേഷം യോശുവ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയരിക്കുന്നതുപോലെ അനുഗ്രഹവും ശാപവുമായ വചനങ്ങളെല്ലാം വായിച്ചു.35സ്ത്രീകളും കുട്ടികളും ഉൾപ്പെടെ യിസ്രായേൽസഭമുഴുവനും അവരോടുകൂടെ വന്നിരുന്ന പരദേശികളും കേൾക്കെ യോശുവ, മോശെ കല്പിച്ച സകല വചനങ്ങളും വായിച്ചു;യാതൊന്നും വായിക്കാതെ വിട്ടുകളഞ്ഞില്ല.

9

1എന്നാൽ ഹിത്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിങ്ങനെ യോർദ്ദാനിക്കരെ മലകളിലും താഴ്‌വരകളിലും ലെബാനോനെതിരെ വലിയ കടലിന്റെ തീരങ്ങളിലുള്ള രാജാക്കന്മാർ ഒക്കെയും2ഈ വസ്തുത കേട്ടപ്പോൾ യോശുവയോടും യിസ്രായേലിനോടും യുദ്ധം ചെയ്‌വാൻ ഏകമനസ്സോടെ യോജിച്ചു.

3യോശുവ യെരീഹോവിനോടും ഹായിയോടും ചെയ്തത് ഗിബെയോൻ നിവാസികൾ കേട്ടപ്പോൾ അവർ ഒരു ഉപായം പ്രയോഗിച്ചു.4ഭക്ഷണസാധനങ്ങളൊരുക്കി പഴയ ചാക്കുകളും പഴയതും കീറിയതും തുന്നിക്കെട്ടിയതുമായ വീഞ്ഞുതുരുത്തികളും കഴുതപ്പുറത്തു കയറ്റി,5പഴക്കംചെന്ന് കണ്ടംവെച്ച ചെരിപ്പുകളും പഴയവസ്ത്രങ്ങളും ധരിച്ച് പുറപ്പെട്ടു.

അവരുടെ ഭക്ഷണത്തിനുള്ള അപ്പം ഉണങ്ങി പൂത്തിരുന്നു.
6അവർ ഗില്ഗാൽ പാളയത്തിൽ യോശുവയുടെ അടുക്കൽ ചെന്ന് അവനോടും യിസ്രായേൽപുരഷന്മാരോടും: “ഞങ്ങൾ ദൂരദേശത്തുനിന്ന് വന്നിരിക്കുന്നു; ആകയാൽ ഞങ്ങളോട് ഒരു ഉടമ്പടി ചെയ്യേണം“ എന്ന് പറഞ്ഞു.7യിസ്രായേൽപുരുഷന്മാർ അവരോട്: “പക്ഷേ നിങ്ങൾ ഞങ്ങളുടെ ഇടയിൽ പാർക്കുന്നവരായിരിക്കും; ഞങ്ങൾ നിങ്ങളോട് ഉടമ്പടി ചെയ്യുന്നത് എങ്ങനെ?” എന്ന് പറഞ്ഞു.8അവർ യോശുവയോട്: “ഞങ്ങൾ നിന്റെ ദാസന്മാരാകുന്നു“ എന്ന് പറഞ്ഞു. അപ്പോൾ യോശുവ അവരോട്: “നിങ്ങൾ ആർ? എവിടെനിന്ന് വരുന്നു?“ എന്ന് ചോദിച്ചു.
9അവർ അവനോട് പറഞ്ഞത്: “അടിയങ്ങൾ നിന്റെ ദൈവമായ യഹോവയുടെ നാമംനിമിത്തം ഏറ്റവും ദൂരത്തുനിന്ന് വന്നിരിക്കുന്നു; അവന്റെ കീർത്തിയും അവൻ ഈജിപ്റ്റിൽ ചെയ്തതൊക്കെയും10ഹെശ്ബോൻ രാജാവായ സീഹോൻ, അസ്തരോത്തിലെ ബാശാൻ രാജാവായ ഓഗ് ഇങ്ങനെ യോർദ്ദാന്നക്കരെയുള്ള അമോര്യരുടെ രണ്ട് രാജാക്കന്മാരോടും അവൻ ചെയ്തതൊക്കെയും ഞങ്ങൾ കേട്ടിരിക്കുന്നു.
11അതുകൊണ്ട് ഞങ്ങളുടെ മൂപ്പന്മാരും ദേശനിവാസികളും ഞങ്ങളോട് നിങ്ങളെ വന്നു കണ്ട്,ഞങ്ങൾ നിങ്ങളുടെ ദാസന്മാർ ആയിക്കൊള്ളാം എന്ന് പറയണമെന്ന് പറഞ്ഞു; ആകയാൽ നിങ്ങൾ ഞങ്ങളോട് ഉടമ്പടിചെയ്യേണം.12ഞങ്ങൾ പുറപ്പെട്ട നാളിൽ ഈ അപ്പം ചൂടോടെ ഞങ്ങളുടെ വീടുകളിൽനിന്ന് എടുത്തതാകുന്നു; ഇപ്പോൾ ഇതാ, അത് ഉണങ്ങി പൂത്തിരിക്കുന്നു.13ഞങ്ങൾ വീഞ്ഞു നിറെച്ച് കൊണ്ടുപോന്ന ഈ തുരുത്തികൾ പുത്തനായിരുന്നു; ഇപ്പോൾ ഇതാ, അവ കീറിയിരിക്കുന്നു; ഞങ്ങളുടെ ഈ വസ്ത്രവും ചെരിപ്പും അതിദീർഘയാത്രയാൽ പഴക്കമായിരിക്കുന്നു.
14അപ്പോൾ യിസ്രായേൽപുരുഷന്മാർ യഹോവയോട് ചോദിക്കാതെ അവരുടെ ഭക്ഷണസാധനങ്ങളിൽ ചിലത് വാങ്ങി .15യോശുവ അവരോട് സഖ്യതയും അവരെ ജീവനോടെ രക്ഷിക്കുമെന്ന് ഉടമ്പടിയും ചെയ്തു; സഭയിലെ പ്രഭുക്കന്മാരും അവരോട് സത്യംചെയ്തു.
16ഉടമ്പടി ചെയ്ത് മൂന്ന് ദിവസം കഴിഞ്ഞശേഷം അവർ സമീപസ്ഥർ എന്നും തങ്ങളുടെ ദേശത്ത് പാർക്കുന്നവർ എന്നും അവർ കേട്ടു.17യിസ്രായേൽമക്കൾ യാത്രപുറപ്പെട്ട് മൂന്നാം ദിവസം അവരുടെ പട്ടണങ്ങളായ ഗിബെയോൻ, കെഫീര, ബേരോത്ത്, കിര്യത്ത്-യെയാരീം എന്നിവയിൽ എത്തി.
18അവരുടെപ്രഭുക്കന്മാർ യിസ്രായേലിന്റെ ദൈവമായ യഹോവയെക്കൊണ്ട് അവരോട് സത്യംചെയ്തിരിക്കയാൽ യിസ്രായേൽമക്കൾ അവരെ സംഹരിച്ചില്ല; എന്നാൽ സഭമുഴുവനും പ്രഭുക്കന്മാരുടെ നേരെ പിറുപിറുത്തു.19പ്രഭുക്കന്മാർ സർവ്വസഭയോടും യിസ്രായേലിന്റെ ദൈവമായ യഹോവയെക്കൊണ്ട് ഞങ്ങൾ അവരോട് സത്യംചെയ്തിരിക്കയാൽ നമുക്ക് അവരെ തൊട്ടുകൂടാ.
20നാം അവരെ ജീവനോട് രക്ഷിക്കേണം. അല്ലാഞ്ഞാൽ ചെയ്തുപോയ സത്യംനിമിത്തം കോപം നമ്മുടെമേൽ വരും എന്ന് പറഞ്ഞു.21പ്രഭുക്കന്മാർ അവരോട്: “ഇവർ ജീവനോട് ഇരിക്കട്ടെ; എങ്കിലും അവർ സർവ്വസഭെക്കും വിറകുകീറുന്നവരും വെള്ളംകോരുന്നവരും ആയിരിക്കേണം“ എന്ന് പറഞ്ഞു.
22പിന്നെ യോശുവ അവരെ വിളിച്ച് അവരോട്: “നിങ്ങൾ ഞങ്ങളുടെ ഇടയിൽ പാർത്തിരിക്കെ ബഹുദൂരസ്ഥന്മാർ എന്ന് പറഞ്ഞ് ഞങ്ങളെ വഞ്ചിച്ചത് എന്ത് ?23ആകയാൽ നിങ്ങൾ ശപിക്കപ്പെട്ടവർ; എന്റെ ദൈവത്തിന്റെ ആലയത്തിനുവേണ്ടി വിറകുകീറുന്നവരും വെള്ളംകോരുന്നവരുമായ അടിമകൾ നിങ്ങളിൽ ഒരിക്കലും ഇല്ലാതിരിക്കയില്ല“ എന്ന് പറഞ്ഞു.
24അവർ യോശുവയോട്: “നിന്റെ ദൈവമായ യഹോവ തന്റെ ദാസനായ മോശെയോട്, നിങ്ങൾക്ക് ഈ ദേശമെല്ലാം തരുമെന്നും നിങ്ങളുടെ മുമ്പിൽനിന്ന് ഈ ദേശനിവാസികളെ ഒക്കെയും നശിപ്പിക്കുമെന്നും കല്പിച്ചത് അടിയങ്ങൾ അറിഞ്ഞതിനാൽ ഞങ്ങളുടെ ജീവനെക്കുറിച്ച് ഞങ്ങൾ ഭയപ്പെട്ട് ഈ കാര്യം ചെയ്തിരിക്കുന്നു.25ഇപ്പോൾ ഇതാ, ഞങ്ങൾ നിന്റെ കയ്യിൽ ഇരിക്കുന്നു; നിനക്ക് നല്ലതും യുക്തവുമായി തോന്നുന്നത് ഞങ്ങളോട് ചെയ്തുകൊൾക“ എന്ന് ഉത്തരം പറഞ്ഞു.
26അങ്ങനെ യോശുവ, യിസ്രായേൽമക്കൾ അവരെ കൊല്ലാതെ, അവരുടെ കയ്യിൽനിന്ന് രക്ഷിച്ചു.27അന്ന് യോശുവ അവരെ സഭെക്കും യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്തുള്ള യാഗപീഠത്തിനും വേണ്ടി വിറകുകീറുന്നവരും വെള്ളംകോരുന്നവരുമായി നിയമിച്ചു;അത് ഇന്നുവരെയും തുടരുന്നു.

10

1യെരുശലേം രാജാവായ അദോനീസേദെക്, യോശുവ ഹായിപട്ടണം പിടിച്ച് നിർമ്മൂലമാക്കി എന്നും അവൻ യെരീഹോവിനോടും അതിന്റെ രാജാവിനോടും ചെയ്തതുപോലെ ഹായിയോടും അതിന്റെ രാജാവിനോടും ചെയ്തു എന്നും കേട്ടു. ഗിബെയോൻ നിവാസികൾ യിസ്രായേലിനോട് സഖ്യത ചെയ്ത് അവരുടെ കൂട്ടത്തിലായി എന്നും അവൻ കേട്ടു.2ഗിബെയോൻ രാജനഗരങ്ങളിൽ ഒന്നുപോലെ വലിയ പട്ടണമായിരുന്നു.അത് ഹായിയെക്കാൾ വലിയതും അവിടത്തെ പുരുഷന്മാർ എല്ലാവരും പരാക്രമശാലികളും ആയിരുന്നതുകൊണ്ട് അവർ ഏറ്റവും ഭയപ്പെട്ടു.

3ആകയാൽ യെരൂശലേംരാജാവായ അദോനീ-സേദെക്ക് ഹെബ്രോൻരാജാവായ ഹോഹാമിന്റെയും യർമ്മൂത്ത്‌രാജാവായ പിരാമിന്റെയും ലാഖീശ്‌രാജാവായ യാഹീയയുടെയും എഗ്ലോൻ രാജാവായ ദെബീരിന്റെയും അടുക്കൽ ആളയച്ച്:4“ഗിബെയോൻ യോശുവയോടും യിസ്രായേൽമക്കളോടും സഖ്യത ചെയ്കകൊണ്ട് നാം അതിനെ നശിപ്പിക്കേണ്ടതിന് എന്നെ സഹായിപ്പീൻ“ എന്ന് പറയിപ്പിച്ചു.
5ഇങ്ങനെ ഈ അഞ്ചു അമോര്യരാജാക്കന്മാരും ഒരുമിച്ചുകൂടി; അവരും അവരുടെ സൈന്യങ്ങളും ഗിബെയോന് നേരെ പാളയം ഇറങ്ങി അതിനോട് യുദ്ധംചെയ്തു.
6അപ്പോൾ ഗിബെയോന്യർ ഗില്ഗാലിൽ പാളയത്തിലേക്ക് യോശുവയുടെ അടുക്കൽ ആളയച്ചു: “അടിയങ്ങളെ കൈവിടാതെ വേഗം ഞങ്ങളുടെ അടുക്കൽ വന്ന് ഞങ്ങളെ സഹായിച്ച് രക്ഷിക്കേണമേ; പർവ്വതങ്ങളിൽ പാർക്കുന്ന അമോര്യരാജാക്കന്മാർ ഞങ്ങൾക്ക് വിരോധമായി ഒന്നിച്ച് കൂടിയിരിക്കുന്നു“ എന്ന് പറയിപ്പിച്ചു.7അപ്പോൾ യോശുവയും എല്ലാ പടയാളികളും പരാക്രമശാലികളും ഗില്ഗാലിൽനിന്ന് പുറപ്പെട്ടു.
8യഹോവ യോശുവയോട്: “അവരെ ഭയപ്പെടരുത്; ഞാൻ അവരെ നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; അവരിൽ ഒരുത്തനും നിന്റെ മുമ്പിൽ നിൽക്കയില്ല“ എന്ന് അരുളിച്ചെയ്തു.
9യോശുവ ഗില്ഗാലിൽനിന്ന് പുറപ്പെട്ട് രാത്രി മുഴുവനും നടന്ന്, പെട്ടെന്ന് അവരെ ആക്രമിച്ചു.10യഹോവ അവരെ ചിന്താക്കുഴപ്പത്തിലാക്കി. ഗിബെയോനിൽവെച്ച് യിസ്രായേൽ അവരെ കഠിനമായി തോല്പിച്ച് ബേത്ത്-ഹോരോനിലേക്കുള്ള കയറ്റംവഴി അവരെ ഓടിച്ച് അസേക്കവരെയും മക്കേദവരെയും അവരെ വെട്ടി.
11അങ്ങനെ അവർ യിസ്രായേലിന്റെ മുമ്പിൽനിന്ന് ഓടി; ബേത്ത്-ഹോരോൻ ഇറക്കം മുതൽ അസേക്കവരെ യഹോവ ആകാശത്തിൽ നിന്ന് അവരുടെ മേൽ വലിയ കൽമഴ പെയ്യിച്ച് അവരെ കൊന്നു. യിസ്രായേൽമക്കൾ വാൾകൊണ്ട് കൊന്നവരെക്കാൾ കല്മഴയാൽ മരിച്ചുപോയവർ അധികം ആയിരുന്നു.

12എന്നാൽ യഹോവ അമോര്യരെ യിസ്രായേൽമക്കളുടെ കയ്യിൽ ഏല്പിച്ചുകൊടുത്ത ദിവസം യോശുവ യഹോവയോട് സംസാരിച്ചു. യിസ്രായേൽമക്കൾ കേൾക്കെ: “സൂര്യാ, നീ ഗിബെയോനിലും ചന്ദ്രാ, നീ അയ്യാലോൻ താഴ്‌വരയിലും നില്ക്ക“ എന്ന് പറഞ്ഞു.
13ജനം തങ്ങളുടെ ശത്രുക്കളോട് പ്രതികാരം ചെയ്യുവോളം സൂര്യൻ നിന്നു, ചന്ദ്രനും നിശ്ചലമായി . ഇങ്ങനെ സൂര്യൻ ആകാശമദ്ധ്യേ ഒരു ദിവസം മുഴുവൻ അസ്തമിക്കാതെ നിന്നത് ശൂരന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നു.14യഹോവ ഒരു മനുഷ്യന്റെ വാക്ക് കേട്ടനുസരിച്ച ആ ദിവസം പോലെ ഒരു ദിവസം അതിന് മുമ്പും പിമ്പും ഉണ്ടായിട്ടില്ല; യഹോവ തന്നെയായിരുന്നു യിസ്രായേലിനു വേണ്ടി യുദ്ധം ചെയ്തത്.

15യോശുവയും യിസ്രായേൽ ജനമൊക്കെയും ഗില്ഗാലിൽ പാളയത്തിലേക്ക് മടങ്ങിവന്നു.

16എന്നാൽ ആ രാജാക്കന്മാർ അഞ്ചുപേരും രക്ഷപെട്ട് മക്കേദയിലെ ഗുഹയിൽ ചെന്ന് ഒളിച്ചു.17രാജാക്കന്മാർ മക്കേദയിലെ ഗുഹയിൽ ഒളിച്ചിരിക്കുന്നതായി യോശുവെക്ക് അറിവുകിട്ടി.
18യോശുവ: “ഗുഹയുടെ ദ്വാരത്തിൽ വലിയ കല്ലുകൾ ഉരുട്ടിവെച്ച് അവരെ കാക്കേണ്ടതിന് അവിടെ ആളെയാക്കുവീൻ;19നിങ്ങൾ ശത്രുക്കളെ പിന്തുടർന്ന് അവരുടെ പിൻപടയെ ആക്രമിക്കുക. പട്ടണങ്ങളിൽ കടപ്പാൻ അവരെ സമ്മതിക്കരുത്; നിങ്ങളുടെ ദൈവമായ യഹോവ അവരെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു“ എന്ന് പറഞ്ഞു.
20അങ്ങനെ യോശുവയും യിസ്രായേൽമക്കളും ഒരു മഹാസംഹാരം നടത്തി.ജീവനോടെ ശേഷിച്ചവർ ഉറപ്പുള്ള പട്ടണങ്ങളിൽ ശരണം പ്രാപിച്ചു.21പടയാളികൾ സമാധാനത്തോടെ മക്കേദയിലെ പാളയത്തിൽ യോശുവയുടെ അടുക്കൽ മടങ്ങിവന്നു; യിസ്രായേൽമക്കളുടെ നേരെ ആരും നാവനക്കിയില്ല.
22പിന്നെ യോശുവ: “ഗുഹയുടെ വായ്തുറന്ന് രാജാക്കന്മാരെ അഞ്ചുപേരേയും എന്റെ അടുക്കൽ കൊണ്ടുവരുവീൻ“ എന്ന് പറഞ്ഞു.23അവർ യെരൂശലേംരാജാവ്, ഹെബ്രോൻരാജാവ്, യർമ്മൂത്ത്‌രാജാവ്, ലാഖീശ്‌രാജാവ്, എഗ്ലോൻരാജാവ് എന്നീ അഞ്ചുരാജാക്കന്മാരെയും ഗുഹയിൽനിന്ന് അവന്റെ അടുക്കൽ കൊണ്ടുവന്നു.
24അപ്പോൾ യോശുവ യിസ്രായേൽപുരുഷന്മാരെ എല്ലാം വിളിപ്പിച്ചു. തന്നോടുകൂടെ പോയ പടയാളികളുടെ അധിപതിമാരോടു: “ഈ രാജാക്കന്മാരുടെ കഴുത്തിൽ കാൽ വെക്കുവീൻ“ എന്ന് പറഞ്ഞു. അവർ അടുത്തുചെന്ന് അവരുടെ കഴുത്തിൽ കാൽവെച്ചു.25യോശുവ അവരോട്: “ഭയപ്പെടരുത്, ശങ്കിക്കരുത്; ഉറപ്പും ധൈര്യവും ഉള്ളവരായിരിപ്പീൻ; നിങ്ങൾ യുദ്ധംചെയ്യുന്ന സകലശത്രുക്കളോടും യഹോവ ഇങ്ങനെ തന്നെ ചെയ്യും“ എന്ന് പറഞ്ഞു.
26അതിനു ശേഷം യോശുവ ആ അഞ്ച് രാജാക്കന്മരെ വെട്ടിക്കൊന്ന് മരത്തിന്മേൽ തൂക്കി27സൂര്യൻ അസ്തമിക്കുന്ന സമയത്ത് യോശുവയുടെ കല്പനപ്രകാരം അവരെ മരത്തിൽനിന്ന് ഇറക്കി അവർ ഒളിച്ചിരുന്ന ഗുഹയിൽ ഇട്ടു; ഗുഹയുടെ വായിൽ വലിയ കല്ല് ഉരുട്ടിവെച്ചു; അത് ഇന്നുവരെയും അവിടെ ഇരിക്കുന്നു.

28അന്ന് യോശുവ മക്കേദ പിടിച്ച് വാളിനാൽ അതിലെ രാജാവിനെയും അവിടെയുള്ള എല്ലാവരെയും നിർമ്മൂലമാക്കി; ഒരുത്തനെയും ശേഷിപ്പിച്ചില്ല; അവൻ യെരീഹോരാജാവിനോട് ചെയ്തതുപോലെ തന്നേ മക്കേദാരാജാവിനോടും ചെയ്തു.

29യോശുവയും യിസ്രായേൽ ജനവും മക്കേദയിൽനിന്ന് ലിബ്നെക്ക് ചെന്ന് അതിനോട് യുദ്ധം ചെയ്തു.30യഹോവ അതിനെയും അതിലെ രാജാവിനെയും യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചു; അവർ അതിലുള്ള എല്ലാവരെയും സംഹരിച്ചു; ഒരുത്തനെയും ശേഷിപ്പിച്ചില്ല; യെരീഹോരാജാവിനോട് ചെയ്തതുപോലെ അവർ അവിടത്തെ രാജാവിനോടും ചെയ്തു.
31യോശുവയും യിസ്രായേൽ ജനവും ലിബ്നയിൽനിന്ന് ലാഖീശിലേക്ക് ചെന്ന് പാളയം ഇറങ്ങി അതിനോട് യുദ്ധംചെയ്തു.32യഹോവ ലാഖീശിനെ യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചു; അവർ അതിനെ രണ്ടാം ദിവസം പിടിച്ചു; ലിബ്നയോട് ചെയ്തതുപോലെ അതിലുള്ള എല്ലാവരെയും വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു.

33അപ്പോൾ ഗേസെർരാജാവായ ഹോരാം ലാഖീശിനെ സഹായിപ്പാൻ വന്നു; എന്നാൽ യോശുവ അവനെയും അവന്റെ ജനത്തെയും ആരും ശേഷിക്കാതവണ്ണം സംഹരിച്ചു.

34യോശുവയും യിസ്രായേൽ ജനവും ലാഖീശിൽനിന്ന് എഗ്ലോനിലേക്ക് ചെന്ന് പാളയമിറങ്ങി അതിനോട് യുദ്ധം ചെയ്തു,35അവർ അന്നു തന്നേ അതിനെ പിടിച്ചു. വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു; ലാഖീശിനോട് ചെയ്തതുപോലെ അതിലുള്ള എല്ലാവരെയും അന്ന് നിർമ്മൂലമാക്കി.

36യോശുവയും യിസ്രായേൽ ജനവും എഗ്ലോനിൽനിന്ന് ഹെബ്രോനിലേക്ക് ചെന്ന് യുദ്ധംചെയ്തു.37അവർ അത് പിടിച്ച്, വാളിന്റെ വായ്ത്തലയാൽ അതിലെ രാജാവിനെയും എല്ലാപട്ടണങ്ങളും അതിലുള്ള എല്ലാവരെയും സംഹരിച്ചു; എഗ്ലോനോട് ചെയ്തതുപോലെ അതിനെയും അതിലുള്ള സകലമനുഷ്യരെയും ആരും ശേഷിക്കാതവണ്ണം നിർമ്മൂലമാക്കി.

38പിന്നെ യോശുവയും യിസ്രായേൽ ജനവും തിരിഞ്ഞ് ദെബീരിലേക്ക് ചെന്ന് യുദ്ധംചെയ്തു.39അവൻ അതിലെ രാജാവിനെയും അതിന്റെ എല്ലാ പട്ടണങ്ങളും പിടിച്ച് വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു; അതിലുള്ള എല്ലാവരെയും ആരും ശേഷിക്കാതെ നിർമ്മൂലമാക്കി; അവൻ ഹെബ്രോനിലെയും ലിബ്നയിലെയും രാജാക്കന്മാരോട് ചെയ്തതുപോലെ ദെബീരിനോടും അതിലെ രാജാവിനോടും ചെയ്തു.

40ഇങ്ങനെ യോശുവ, മലനാട്, തെക്കേ ദേശം, താഴ്‌വര, മലഞ്ചരിവുകൾ എന്നിങ്ങനെ ദേശം ഒക്കെയും സകലരാജാക്കന്മാരെയും ജയിച്ചടക്കി; യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിച്ചതുപോലെ അവൻ ഒരുത്തനെയും ശേഷിപ്പിക്കാതെ സകലജീവികളെയും നിർമ്മൂലമാക്കി.41യോശുവ കാദേശ്ബർന്നേയ മുതൽ ഗസ്സാ വരെയും ഗിബെയോൻ വരെ ഗോശെൻ ദേശം ഒക്കെയും ജയിച്ചടക്കി.
42യിസ്രായേലിന്റെ ദൈവമായ യഹോവ യിസ്രായേലിനു വേണ്ടി യുദ്ധം ചെയ്തതിനാൽ ഈ രാജാക്കന്മാരെയൊക്കെയും അവരുടെ ദേശവും യോശുവ ഒരേ സമയത്ത് പിടിച്ചു.43പിന്നെ യോശുവയും എല്ലായിസ്രായേലും ഗില്ഗാലിൽ പാളയത്തിലേക്ക് മടങ്ങിപ്പോന്നു.

11

1ഹാസോർരാജാവായ യാബീൻ ഇത് കേട്ടപ്പോൾ മാദോൻ രാജാവായ യോബാബ്, ശിമ്രോൻരാജാവ്, അക്ക്ശാഫ് രാജാവ് എന്നിവരുടെ അടുക്കലും2വടക്ക് മലമ്പ്രദേശത്തും കിന്നെരോത്തിന് തെക്ക് സമഭൂമിയിലും താഴ്‌വരയിലും പടിഞ്ഞാറ് ദോർമേടുകളിലുമുള്ള രാജാക്കന്മാരുടെ അടുക്കൽ ആളയച്ചു.3കിഴക്കും പടിഞ്ഞാറുമുള്ള കനാന്യർ, പർവ്വതങ്ങളിലെ അമോര്യർ, ഹിത്യർ, പെരിസ്യർ, യെബൂസ്യർ, മിസ്പെദേശത്ത് ഹെർമ്മോന്റെ അടിവാരത്തുള്ള ഹിവ്യർ എന്നിവരുടെ അടുക്കലും ആളയച്ചു.

4അവർ കടല്ക്കരയിലെ മണൽ പോലെ അനവധി പടയാളികളും വളരെ കുതിരകളും രഥങ്ങളും ഉള്ള സൈന്യമായി പുറപ്പെട്ടു.5ആ രാജാക്കന്മാർ എല്ലാവരും ഒന്നിച്ചുകൂടി യിസ്രായേലിനോട് യുദ്ധം ചെയ്‌വാൻ മേരോം തടാകത്തിന്നരികെ പാളയമിറങ്ങി.
6അപ്പോൾ യഹോവ യോശുവയോട്: “അവരെ പേടിക്കേണ്ടാ; ഞാൻ നാളെ ഈ നേരം അവരെ ഒക്കെയും യിസ്രായേലിന്റെ മുമ്പിൽ ചത്തു വീഴുമാറാക്കും; നീ അവരുടെ കുതിരകളുടെ കുതിഞരമ്പു വെട്ടി രഥങ്ങൾ തീയിട്ടു ചുട്ടുകളയേണം.“7അങ്ങനെ യോശുവയും സൈന്യവും മേരോ തടാകത്തിനരികെ പെട്ടെന്ന് അവരുടെ നേരെ വന്ന് അവരെ ആക്രമിച്ചു.
8യഹോവ അവരെ യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചു; അവർ അവരെ തോല്പിച്ചു; മഹാനഗരമായ സീദോൻവരെയും, മിസ്രെഫോത്ത്മയീം വരെയും കിഴക്ക് മിസ്പെതാഴ്‌വരവരെയും അവരെ ഓടിച്ച്, ആരും ശേഷിക്കാതെ സംഹരിച്ചുകളഞ്ഞു.9യഹോവ കല്പിച്ചതുപോലെ യോശുവ അവരോട് ചെയ്തു; കുതിരകളുടെ കുതിഞരമ്പു വെട്ടി രഥങ്ങൾ തീയിട്ട് ചുട്ടുകളഞ്ഞു.

10യോശുവ ആ സമയം തിരിഞ്ഞ് ഹാസോർ പിടിച്ച് അതിലെ രാജാവിനെ വാൾകൊണ്ട് കൊന്നു; അന്നുണ്ടായിരുന്ന രാജ്യങ്ങളിൽ ഹാസോർ ഏറ്റവും പ്രബലമായിരുന്നു.11അവർ അതിലെ സകല മനുഷ്യരെയും വാൾ കൊണ്ട് നിർമ്മൂലമാക്കി; ആരും ജീവനോടെ ശേഷിച്ചില്ല; അവൻ ഹാസോരിനെ തീകൊണ്ട് ചുട്ടുകളഞ്ഞു.
12ആ രാജാക്കന്മാരുടെ എല്ലാ പട്ടണങ്ങളെയും യോശുവ പിടിക്കുകയും രാജാക്കന്മാരെ ഒക്കെയും വാളിനാൽ നിർമ്മൂലമാക്കിക്കളയുകയും ചെയ്തു. യഹോവയുടെ ദാസനായ മോശെ കല്പിച്ചതുപോലെ തന്നേ.13ഹാസോർ ഒഴികെ കുന്നുകളിലെ പട്ടണങ്ങൾ ഒന്നും യിസ്രായേൽ ചുട്ടുകളഞ്ഞില്ല.
14ഈ പട്ടണങ്ങളിലെ കൊള്ളയും കന്നുകാലികളെയും യിസ്രായേൽമക്കൾ എടുത്തു; മനുഷ്യരെ ഒക്കെയും അവർ വാളുകൊണ്ട് സംഹരിച്ചു; ആരെയും ജീവനോടെ ശേഷിപ്പിച്ചില്ല.15യഹോവ തന്നോട് കല്പിച്ചതുപോലെ മോശെ യോശുവയോടു കല്പിച്ചിരുന്നു; അതിനാൽ യഹോവ മോശെയോട് കല്പിച്ചതിൽ ഒന്നും അവൻ ചെയ്യാതെ വിട്ടില്ല.

16ഇങ്ങനെ മലനാടും തെക്കേദേശവും ഗോശേൻദേശവും താഴ്‌വരയും അരാബയും യിസ്രായേൽമലനാടും അതിന്റെ താഴ്‌വരയും സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നു തുടങ്ങി ഹെർമ്മോൻ പർവ്വതത്തിന്റെ അടിവാരത്തുള്ള ലെബാനോൻതാഴ്‌വരയിലെ ബാൽ-ഗാദ് വരെയുള്ള ദേശവും യോശുവ പിടിച്ചു.17അവിടങ്ങളിലെ രാജാക്കന്മാരെയും അവൻ പിടിച്ച് വെട്ടിക്കൊന്നു.
18ആ രാജാക്കന്മാരോട് യോശുവ ദീർഘകാലം യുദ്ധം ചെയ്തിരുന്നു.19ഗിബയോൻ നിവാസികളായ ഹിവ്യർ ഒഴികെ ഒരു പട്ടണക്കാരും യിസ്രായേൽമക്കളോട് സഖ്യത ചെയ്തില്ല; ശേഷമുള്ള പട്ടണമൊക്കെയും അവർ യുദ്ധത്തിൽ പിടിച്ചടക്കി.20യഹോവ മോശെയോട് കല്പിച്ചതുപോലെ അവരെ നിർമ്മൂലമാക്കുകയും കരുണ കൂടാതെ നശിപ്പിക്കയും ചെയ്യേണ്ടതിന് അവർ യിസ്രായേലിനോട് യുദ്ധത്തിന് പുറപ്പെടാൻ തക്കവണ്ണം യഹോവ അവരുടെ മനസ്സ് കഠിനമാക്കിയിരുന്നു.

21അക്കാലത്ത് യോശുവ മലനാടായ ഹെബ്രോൻ, ദെബീർ, അനാബ്, യെഹൂദാമലനാട്, യിസ്രായേല്യമലനാട് എന്നിവിടങ്ങളിലെ അനാക്യരെ സംഹരിച്ചു; അവരുടെ പട്ടണങ്ങളോടുകൂടെ യോശുവ അവരെ നിർമ്മൂലമാക്കി.22ഗസ്സയിലും ഗത്തിലും അസ്തോദിലും മാത്രമല്ലാതെ യിസ്രായേൽമക്കളുടെ ദേശത്ത് ഒരു അനാക്യനും ശേഷിച്ചില്ല.
23യഹോവ മോശെയോട് കല്പിച്ചതുപോലെ യോശുവ ദേശം മുഴുവനും പിടിച്ചു; അതിനെ യിസ്രായേലിന് ഗോത്രവിഭാഗപ്രകാരം ഭാഗിച്ചു കൊടുത്തു; ഇങ്ങനെ യുദ്ധം തീർന്നു ദേശത്തിന് സ്വസ്ഥത വന്നു.

12

1യിസ്രായേൽമക്കൾ യോർദ്ദാനു കിഴക്ക് അർന്നോൻ താഴ്‌വര മുതൽ ഹെർമ്മോൻപർവ്വതം വരെയും കിഴക്കെ അരാബ മുഴുവനും കൈവശമാക്കി. അവർ കീഴടക്കിയ തദ്ദേശരാജാക്കന്മാർ ഇവർ ആകുന്നു.2ഹെശ്ബോനിൽ പാർത്തിരുന്ന അമോര്യരാജാവായ സീഹോൻ; അവൻ അരോവേർ മുതൽ താഴ്വരയുടെ മധ്യഭാഗവും ഗിലെയാദിന്റെ പാതിയും അമ്മോന്യരുടെ അതിരായ യബ്ബോക്ക് നദിവരെയും

3കിന്നെരോത്ത്കടൽ മുതൽ ഉപ്പുകടൽ വരെ ബേത്ത്-യെശീമോത്തോളം ഉള്ള കിഴക്കെ അരാബയും,തെക്ക് പിസ്ഗച്ചരിവിന്റെ താഴെ തേമാനും വാണിരുന്നു.4ബാശാൻ രാജാവായ ഓഗിന്റെ ദേശവും അവർ പിടിച്ചടക്കി;മല്ലന്മാരിൽ ശേഷിച്ച ഇവൻ അസ്തരോത്തിലും എദ്രെയിലും പാർത്തിരുന്നു.5അവൻ ഹെർമ്മോൻപർവ്വതവും സൽക്കയും ബാശാൻ ദേശം മുഴുവനും ഗെശൂര്യരുടെയും മാഖാത്യരുടെയും ദേശവും ഗിലെയാദിന്റെ പാതിയും ഹെശ്ബോൻ രാജാവായ സീഹോന്റെ അതിർവരെയും വാണിരുന്നു.
6അവരെ യഹോവയുടെ ദാസനായ മോശെയും യിസ്രായേൽമക്കളുംകൂടെ കീഴടക്കിയിരുന്നു; മോശെ അവരുടെ ദേശം രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ പാതി ഗോത്രത്തിനും അവകാശമായി കൊടുത്തു.

7യോശുവയും യിസ്രായേൽമക്കളും യോർദ്ദാന്റെ പടിഞ്ഞാറ് ലെബാനോൻ താഴ്‌വരയിലെ ബാൽ-ഗാദ് മുതൽ സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നുവരെ ജയിച്ചടക്കി. യോശുവ യിസ്രായേലിന് ഗോത്രവിഭാഗപ്രകാരം ഈ രാജാക്കന്മാരുടെ ദേശം അവകാശമായി കൊടുക്കയും ചെയ്തു.8മലനാട്ടിലും താഴ്‌വരയിലും അരാബയിലും മലഞ്ചരിവുകളിലും മരുഭൂമിയിലും തെക്കേ ദേശത്തും ഉള്ള ഹിത്യൻ, അമോര്യൻ, കനാന്യൻ, പെരിസ്യൻ, ഹിവ്യൻ, യെബൂസ്യൻ എന്നിവരുടെ ദേശം തന്നേ.
9യെരീഹോരാജാവ്,ബേഥേലിന്നരികെയുള്ള ഹായിരാജാവ്;10യെരൂശലേംരാജാവ്; ഹെബ്രോൻരാജാവ്;11യർമ്മൂത്ത് രാജാവ്; ലാഖീശിലെ രാജാവ്;12എഗ്ലോനിലെ രാജാവ്; ഗേസർരാജാവ്;
13ദെബീർരാജാവ്; ഗേദെർരാജാവ്;14ഹോർമ്മരാജാവ്; ആരാദ്‌രാജാവ്;15ലിബ്നരാജാവ്; അദുല്ലാംരാജാവ്;16മക്കേദാരാജാവ്; ബേഥേൽരാജാവ്;
17തപ്പൂഹരാജാവ്; ഹേഫെർരാജാവ്;18അഫേക് രാജാവ്; ശാരോൻരാജാവ്;19മാദോൻരാജാവ്; ഹാസോർരാജാവ്; ശിമ്രോൻ-മെരോൻരാജാവ്;20അക്ശാപ്പുരാജാവ്; താനാക് രാജാവ്;
21മെഗിദ്ദോരാജാവ്; കാദേശ് രാജാവ്;22കർമ്മേലിലെ യൊക്നെയാംരാജാവ്;23ദോർമേട്ടിലെ ദോർരാജാവ്; ഗില്ഗാലിലെ ജാതികളുടെ രാജാവ്;24തിർസാരാജാവ്;ഇങ്ങനെ ആകെ മുപ്പത്തൊന്നു രാജാക്കന്മാർ.

13

1യോശുവ വൃദ്ധനായപ്പോൾ യഹോവ അവനോട് അരുളിച്ചെയ്തു: “നീ വൃദ്ധനായിരിക്കുന്നു; ഇനി വളരെ ദേശം കൈവശമാക്കുവാനുണ്ട്.

2ഇനിയും കൈവശമാക്കാനുള്ള ദേശങ്ങൾ: ഈജിപ്റ്റിന്റെ കിഴക്കുള്ള സീഹോർമുതൽ വടക്കോട്ട് കനാന്യർക്കുള്ളതെന്ന് എണ്ണിവരുന്ന എക്രോന്റെ അതിർവരെയുള്ള ഫെലിസ്ത്യദേശവും ഗെശൂര്യരുടെ ദേശവും;3ഫെലിസ്ത്യ പ്രഭുക്കന്മാർ ഭരിച്ചിരുന്ന ഗസ്സ, അസ്തോദ്, അസ്കലോൻ, ഗത്ത്, എക്രോൻ എന്നീ അഞ്ചു ദേശങ്ങളും;
4തെക്ക് അവ്യരുടെ ദേശവും അമോര്യരുടെ അതിരിലുള്ള അഫേക്ക് ദേശവും കനാന്യരുടെ ദേശവും5സീദോന്യരുടെ മെയാരയും ഗിബെല്യരുടെ ദേശവും കിഴക്ക് ഹെർമ്മോൻ പർവ്വതത്തിന്റെ അടിവാരത്തിലെ ബാൽ-ഗാദ്മുതൽ ഹമാത്തിലേക്കു തിരിയുന്ന സ്ഥലംവരെയുള്ള ലെബാനോൻ പ്രദേശവും;
6ലെബാനോൻ മുതൽ മിസ്രെഫോത്ത്മയീംവരെയുള്ള പർവ്വത പ്രദേശങ്ങളും സീദോന്യരുടെ ദേശവും തന്നേ; ഇവരെ ഞാൻ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളയും; ഞാൻ നിന്നോട് കല്പിച്ചതുപോലെ നീ യിസ്രായേലിന് അത് അവകാശമായി വിഭാഗിച്ചാൽ മതി.7ആകയാൽ ഈ ദേശം ഒമ്പത് ഗോത്രങ്ങൾക്കും മനശ്ശെയുടെ പാതിഗോത്രത്തിനും അവകാശമായി വിഭാഗിക്ക.
8രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതി ഗോത്രവും മോശെ അവർക്ക് യോർദ്ദാനക്കരെ കിഴക്ക് കൊടുത്തിട്ടുള്ള അവകാശം പ്രാപിച്ചിരിക്കുന്നുവല്ലോ.9അർന്നോൻതാഴ്‌വരയുടെ അറ്റത്തുള്ള അരോവേരും, താഴ്‌വരയുടെ നടുവിലുള്ള പട്ടണം മുതൽ ദീബോൻവരെയുള്ള മേദെബാ സമഭൂമിയും;
10അമ്മോന്യരുടെ അതിർവരെ ഹെശ്ബോനിൽ നിന്ന് ഭരിച്ചിരുന്ന അമോര്യ രാജാവായ സീഹോന്റെ എല്ലാ പട്ടണങ്ങളും;11ഗിലെയാദും ഗെശൂര്യരുടെയും മാഖാത്യരുടെയും ദേശവും ഹെർമ്മോൻപർവ്വത പ്രദേശവും സൽക്കാവരെയുള്ള ബാശാൻ ദേശവും12അസ്താരോത്തിലും എദ്രെയിലും വാണവനും മല്ലന്മാരിൽ ശേഷിച്ചവനുമായ ബാശാനിലെ ഓഗിന്റെ രാജ്യവും.“ ഈ പ്രദേശങ്ങളിലുള്ള ജനത്തെ മോശെ തോല്പിച്ച് നീക്കിക്കളഞ്ഞിരുന്നു.
13എന്നാൽ യിസ്രായേൽമക്കൾ ഗെശൂര്യരെയും മാഖാത്യരെയും നീക്കിക്കളഞ്ഞില്ല; അവർ ഇന്നുവരെയും യിസ്രായേല്യരുടെ ഇടയിൽ പാർത്തുവരുന്നു.
14ലേവിഗോത്രത്തിന് അവൻ ഒരു അവകാശവും കൊടുത്തില്ല; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ദഹനയാഗങ്ങൾ താൻ അവരോട് കല്പിച്ചതുപോലെ അവരുടെ അവകാശം ആകുന്നു.

15എന്നാൽ മോശെ രൂബേൻഗോത്രത്തിന് കുടുംബംകുടുംബമായി അവകാശം കൊടുത്തു.16അവരുടെ ദേശം അർന്നോൻ താഴ്‌വരയുടെ അറ്റത്തെ അരോവേരും താഴ്‌വരയുടെ നടുവിലെ പട്ടണം മുതൽ മേദബയോട് ചേർന്ന സമഭൂമി മുഴുവനും ഹെശ്ബോനും സമഭൂമിയിലുള്ള
17അതിന്റെ എല്ലാപട്ടണങ്ങളും ദീബോനും ബാമോത്ത്-ബാലും ബേത്ത്-ബാൽ-മേയോനും18യഹ്സയും കെദേമോത്തും മേഫാത്തും കിര്യത്തയീമും19സിബ്മയും സമഭൂമിയിലെ മലയിലുള്ള സേരെത്ത്-ശഹരും
20ബേത്ത്-പെയോരും പിസ്ഗച്ചരിവുകളും ബേത്ത്-യെശീമോത്തും21സമഭൂമിയിലെ എല്ലാപട്ടണങ്ങളും ഹെശ്ബോനിൽ വാണിരുന്ന അമോര്യരാജാവായ സീഹോന്റെ രാജ്യവും തന്നെ; അവനെയും ദേശത്ത് പാർത്തിരുന്ന ഏവി, രേക്കെം, സൂർ, ഹൂർ, രേബ എന്നീ മിദ്യാന്യപ്രഭുക്കന്മാരെയും മോശെ സംഹരിച്ചു.
22യിസ്രായേൽമക്കൾ കൊന്നവരുടെ കൂട്ടത്തിൽ ബെയോരിന്റെ മകനായ ബിലെയാം എന്ന പ്രശ്നക്കാരനെയും വാൾ കൊണ്ട് കൊന്നു.23രൂബേന്യരുടെ അതിർ യോർദ്ദാൻ നദി ആയിരുന്നു; ഈ പട്ടണങ്ങൾ അവയുടെ ഗ്രാമങ്ങളുൾപ്പെടെ രൂബേന്യർക്ക് കുടുംബംകുടുംബമായി കിട്ടിയ അവകാശം ആകുന്നു.

24പിന്നെ മോശെ ഗാദ്ഗോത്രത്തിനും, കുടുംബംകുടുംബമായി അവകാശം കൊടുത്തു.25അവരുടെ ദേശം യസേരും ഗിലെയാദിലെ എല്ലാപട്ടണങ്ങളും രബ്ബയുടെ കിഴക്കുള്ള അരോവേർവരെ അമ്മോന്യരുടെ ദേശത്തിന്റെ പകുതിയും ആകുന്നു;26ഹെശ്ബോൻ മുതൽ രാമത്ത്-മിസ്പെയും ബെതോനീമും വരെയും മഹനയീം മുതൽ ദെബീരിന്റെ അതിർവരെയും;
27താഴ്‌വരയിൽ ഹെശ്ബോൻ രാജാവായ സീഹോന്റെ രാജ്യത്തിൽ ശേഷിപ്പുള്ള ബേത്ത്-ഹാരാം, ബേത്ത്-നിമ്രാം, സുക്കോത്ത്, സാഫോൻ എന്നിവയും യോർദ്ദാന് കിഴക്ക് കിന്നെരോത്ത് തടാകത്തിന്റെ അറുതിവരെയും അവരുടെ അതിരായിരുന്നു.28ഈ പട്ടണങ്ങൾ അവയുടെ ഗ്രാമങ്ങളുൾപ്പെടെ കുടുംബംകുടുംബമായി ഗാദ്യർക്ക് അവകാശമായി ലഭിച്ചു.

29മോശെ മനശ്ശെയുടെ പാതിഗോത്രത്തിന് കുടുംബംകുടുംബമായി അവകാശമായി കൊടുത്ത ദേശങ്ങൾ:30മഹനയീം മുതൽ ബാശാൻവരെയും ബാശാൻരാജാവായ ഓഗിന്റെ രാജ്യവും ബാശാനിൽ യായീരിന്റെ ഊരുകൾ എല്ലാംകൂടെ അറുപതു പട്ടണങ്ങളും31ഗിലെയാദിന്റെ പകുതിയും ബാശാനിലെ ഓഗിന്റെ രാജ്യത്തിലെ പട്ടണങ്ങളായ അസ്തരോത്ത്, എദ്രെയി എന്നിവയും തന്നേ; ഇവ മനശ്ശെയുടെ മകനായ മാഖീരിന്റെ മക്കളിൽ പാതിപ്പേർക്ക് , കുടുംബംകുടുംബമായി കിട്ടി.

32മോവാബ് സമതലത്തിൽ വച്ച് യോർദാനക്കരെ യെരീഹോവിനു കിഴക്കുവശത്തുള്ള ദേശം മോശെ ഭാഗിച്ചുകൊടുത്തത് ഇപ്രകാരം ആകുന്നു.33ലേവിഗോത്രത്തിന് മോശെ ഒരു അവകാശവും കൊടുത്തില്ല; യിസ്രായേലിന്റെ ദൈവമായ യഹോവ അവരോട് കല്പിച്ചതുപോലെ താൻ തന്നേ അവരുടെ അവകാശം ആകുന്നു.

14

1കനാൻദേശത്ത് യിസ്രായേൽമക്കൾക്ക് അവകാശമായി ലഭിച്ച ഭൂപ്രദേശങ്ങൾ പുരോഹിതനായ എലെയാസാരും നൂന്റെ മകനായ യോശുവയും യിസ്രായേൽഗോത്രപിതാക്കന്മാരിൽ തലവന്മാരും അവർക്ക് വിഭാഗിച്ചുകൊടുത്തു.

2യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ ഒമ്പതര ഗോത്രങ്ങൾക്കും ചീട്ടിട്ടായിരുന്നു അവകാശം വിഭാഗിച്ചുകൊടുത്തത്.3രണ്ടര ഗോത്രങ്ങൾക്ക് മോശെ യോർദ്ദാന്നക്കരെ അവകാശം കൊടുത്തിരുന്നു; ലേവ്യർക്കോ അവരുടെ ഇടയിൽ ഒരു അവകാശവും കൊടുത്തില്ല.4യോസേഫിന്റെ മക്കൾ മനശ്ശെ, എഫ്രയീം എന്നീ രണ്ടു ഗോത്രങ്ങൾ ആയിരുന്നു. ലേവ്യർക്കു പാർപ്പാൻ പട്ടണങ്ങളും അവരുടെ കന്നുകാലികൾക്കും മൃഗസമ്പത്തിന്നും വേണ്ടി പുല്പുറങ്ങളും അല്ലാതെ ദേശത്തിൽ ഓഹരിയൊന്നും കൊടുത്തില്ല.5യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേൽമക്കൾ ദേശം വിഭാഗിച്ചു.

6അനന്തരം യെഹൂദാ ഗോത്രക്കാർ ഗില്ഗാലിൽ യോശുവയുടെ അടുക്കൽ വന്നു; കെനിസ്യനായ യെഫുന്നെയുടെ മകൻ കാലേബ് അവനോടു പറഞ്ഞത്: യഹോവ നമ്മെക്കുറിച്ച് ദൈവപുരുഷനായ മോശെയോട് കാദേശ്ബർന്നേയയിൽവെച്ച് പറഞ്ഞ കാര്യം നീ അറിയുന്നുവല്ലോ.7യഹോവയുടെ ദാസനായ മോശെ കാദേശ്ബർന്നേയയിൽനിന്ന് ദേശം ഒറ്റുനോക്കുവാൻ അയച്ചപ്പോൾ എനിക്ക് നാല്പതു വയസ്സായിരുന്നു; ഞാൻ മടങ്ങിവന്ന് എന്റെ മനോബോധപ്രകാരം ദേശത്തെപ്പറ്റിയുള്ള വിവരണം നൽകി.
8എന്നോടുകൂടെ പോന്നിരുന്ന സഹോദരന്മാർ ജനത്തിന്റെ ഹൃദയം ഭയം കൊണ്ട് ഉരുകുമാറാക്കി; ഞാനോ എന്റെ ദൈവമായ യഹോവയോട് പൂർണ്ണമായി പറ്റിനിന്നു.9ദൈവമായ യഹോവയോട് പൂർണ്ണമായി പറ്റിനിന്നതുകൊണ്ട് നീ കാൽവെച്ച ദേശം നിനക്കും നിന്റെ മക്കൾക്കും എന്നേക്കും അവകാശമായിരിക്കും എന്ന് മോശെ അന്ന് സത്യംചെയ്ത് പറഞ്ഞിരുന്നു.
10യിസ്രായേൽ മരുഭൂമിയിൽ സഞ്ചരിച്ച നാല്പത്തഞ്ച് സംവത്സരങ്ങൾ ഇതാ യഹോവ, താൻ അരുളിച്ചെയ്തിരുന്നതു പോലെ എന്നെ ജീവനോടെ വെച്ചിരിക്കുന്നു; ഇപ്പോൾ എനിക്കു എണ്പത്തഞ്ച് വയസ്സായി.11മോശെ എന്നെ അയച്ച നാളിലെപ്പോലെ ഇന്നും എനിക്ക് പടവെട്ടുവാനും യാത്ര ചെയ്യാനും ആരോഗ്യം ഉണ്ട്.
12ആകയാൽ യഹോവ അന്ന് എനിക്ക് വാഗ്ദത്തം ചെയ്ത ഈ ഹെബ്രോൻ മല എനിക്കു തരിക; അനാക്യർ അവിടെ ഉണ്ടെന്നും പട്ടണങ്ങൾ വലിപ്പവും ഉറപ്പും ഉള്ളവ എന്നും നീ കേട്ടിട്ടുണ്ടല്ലോ; യഹോവ എന്നോടുകൂടെ ഉണ്ടെങ്കിൽ താൻ അരുളിച്ചെയ്തതുപോലെ ഞാൻ അവരെ ഓടിച്ചുകളയും.
13അപ്പോൾ യോശുവ അവനെ അനുഗ്രഹിച്ചു; ഹെബ്രോൻമല യെഫുന്നെയുടെ മകനായ കാലേബിന് അവകാശമായി കൊടുത്തു.14അങ്ങനെ ഹെബ്രോൻ ഇന്നുവരെ കെനിസ്യനായ യെഫുന്നെയുടെ മകൻ കാലേബിന് അവകാശമായിരിക്കുന്നു; അവൻ യിസ്രായേലിന്റെ ദൈവമായ യഹോവയെ പൂർണ്ണമായി പറ്റിനിന്നതുകൊണ്ടു തന്നേ.15ഹെബ്രോന് പണ്ട് കിര്യത്ത്-അർബ്ബാ എന്ന് പേരായിരുന്നു; അർബ്ബാ എന്നവൻ അനാക്യരിൽ വെച്ചു അതിമഹാൻ ആയിരുന്നു. അങ്ങനെ യുദ്ധം തീർന്നു ദേശത്ത് സ്വസ്ഥത വന്നു.

15

1യെഹൂദാഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ ഓഹരി തെക്കെ അറ്റത്ത് എദോമിന്റെ അതിരായ സീൻമരുഭൂമിവരെ ആയിരുന്നു.2അവരുടെ ദേശത്തിന്റെ തെക്കെ അതിർ ചാവുകടലിന്റെ തെക്കുവശത്തുള്ള ഉൾക്കടലിൽ നിന്നു ആരംഭിച്ച്

3അക്രബ്ബീം മലയിടുക്കിലൂടെ സീൻ മരുഭൂമിയിൽ കടന്ന് ഹെസ്രോനിലൂടെ ആദാരിലെത്തി അവിടെ നിന്ന് കാദേശ് ബർന്നേയയുടെ തെക്കുഭാഗത്തെത്തി കാർക്കയിലേക്കു തിരിഞ്ഞ്4അസ്മോനിലേക്ക് കടന്ന് ഈജിപ്റ്റിലെ തോടുവരെ ചെന്ന് സമുദ്രത്തിൽ അവസാനിക്കുന്നു; ഇതു നിങ്ങളുടെ തെക്കെ അതിർ ആയിരിക്കേണം.
5കിഴക്കെ അതിർ യോർദ്ദാൻ നദി ചെന്നുചേരുന്ന ചാവുകടൽ തന്നേ; വടക്കെ അതിർ യോർദ്ദാന്റെ നദീമുഖത്തുള്ള6ഉൾക്കടൽ തുടങ്ങി ബേത്ത്-ഹൊഗ്ലയിലേക്ക് കയറി ബേത്ത്-അരാബയുടെ വടക്കുകൂടി കടന്ന്, രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ കയറിച്ചെല്ലുന്നു.
7പിന്നെ ആ അതിർ ആഖോർ താഴ്‌വരമുതൽ ദെബീരിലേക്ക് കടന്ന് തോടിന്റെ തെക്കുവശത്തുള്ള അദുമ്മീം കയറ്റത്തിന്നെതിരെയുള്ള ഗില്ഗാലിൽ ചെന്ന് ഏൻ-ശേമെശ് അരുവിയുടെ അരികിലൂടെ ഏൻ-രോഗേലിൽ അവസാനിക്കുന്നു.8പിന്നെ ആ അതിർ ബെൻ-ഹിന്നോം താഴ്‌വരയിൽകൂടി കയറി യെരൂശലേം എന്ന യെബൂസ്യനഗരിയുടെ തെക്കോട്ട് കടന്ന് ഹിന്നോം താഴ്‌വരയുടെ മുമ്പിൽ പടിഞ്ഞാറോട്ടും രെഫായീം താഴ്‌വരയുടെ അറ്റത്ത് വടക്കോട്ടും ഉള്ള മലയുടെ മുകളിലേക്ക് കയറിച്ചെല്ലുന്നു.
9പിന്നെ ആ അതിർ മലയുടെ മുകളിൽനിന്ന് നെപ്തോഹയിലെ നീരുറവിലേക്ക് തിരിഞ്ഞ് എഫ്രോൻമലയിലെ പട്ടണങ്ങൾവരെ ചെന്ന് കിര്യത്ത്-യെയാരീം എന്ന ബാലയിലേക്ക് തിരിയുന്നു.10പിന്നെ ആ അതിർ ബാലാ മുതൽ പടിഞ്ഞാറോട്ട് സേയീർമല വരെ തിരിഞ്ഞ് കെസാലോൻ എന്ന യെയാരീം മലയുടെ പാർശ്വംവരെ വടക്കോട്ട് കടന്ന്, ബേത്ത്-ശേമെശിലേക്ക് ഇറങ്ങി തിമ്നയിലേക്ക് ചെല്ലുന്നു.
11പിന്നെ ആ അതിർ വടക്കോട്ട് തിരിഞ്ഞ് എക്രോന്റെ പാർശ്വംവരെ ചെന്ന് ശിക്രോനിലേക്ക് തിരിഞ്ഞ് ബാലാ മലയിലേക്ക് കടന്ന് യബ്നേലിൽ ചെന്ന് സമുദ്രത്തിൽ അവസാനിക്കുന്നു.12പടിഞ്ഞാറെ അതിർ മെഡിറ്ററേനിയൻസമുദ്രം തന്നേ; ഇതാകുന്നു യെഹൂദാമക്കൾക്ക് കുടുംബംകുടുംബമായി കിട്ടിയ ദേശത്തിന്റെ ചുറ്റുമുള്ള അതിരുകൾ.

13യഹോവ യോശുവയോട് കല്പിച്ചതുപോലെ അവൻ യെഫുന്നെയുടെ മകനായ കാലേബിന് യെഹൂദാമക്കളുടെ ഇടയിൽ ഓഹരിയായിട്ട് അനാക്കിന്റെ അപ്പനായ അർബ്ബയുടെ പട്ടണമായ ഹെബ്രോൻ കൊടുത്തു.14അവിടെ നിന്ന് കാലേബ് അനാക്കിന്റെ വംശജരായ ശേശായി, അഹീമാൻ, തൽമായി എന്നീ മൂന്നു അനാക്യരെ ഓടിച്ചുകളഞ്ഞു.15അവിടെ നിന്ന് അവൻ ദെബീർനിവാസികളുടെ നേരെ ചെന്നു; ദെബീരിന്റെ പേർ മുമ്പെ കിര്യത്ത്-സേഫെർ എന്നായിരുന്നു.
16കിര്യത്ത്-സേഫെർ ജയിക്കുന്നവന് ഞാൻ എന്റെ മകൾ അക്സയെ ഭാര്യയായി കൊടുക്കും എന്ന് കാലേബ് പറഞ്ഞു.17കാലേബിന്റെ സഹോദരനായ കെനസിന്റെ മകൻ ഒത്നീയേൽ അത് പിടിച്ചു; അവൻ തന്റെ മകൾ അക്സയെ അവന് ഭാര്യയായി കൊടുത്തു.
18അവൾ തന്റെ അപ്പനോട് ഒരു നിലം ചോദിപ്പാൻ ഭർത്താവിനെ ഉത്സാഹിപ്പിച്ചു; അവൾ കഴുതപ്പുറത്തുനിന്ന് ഇറങ്ങിയപ്പോൾ കാലേബ് അവളോട്: “നിനക്കു എന്തുവേണം?“ എന്ന് ചോദിച്ചു.
19“എനിക്ക് ഒരു അനുഗ്രഹം തരേണം; നീ എനിക്ക് തെക്കെ ദേശമാണല്ലൊ തന്നിരിക്കുന്നത്;ഏതാനും നീരുറവുകൾകൂടെ എനിക്കു തരേണം“ എന്ന് അവൾ ഉത്തരം പറഞ്ഞു. അവൻ അവൾക്ക് മലയിലും താഴ്‌വരയിലും ഉള്ള നീരുറവുകൾ കൊടുത്തു.

20യെഹൂദാഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശം ഇനി പറയുന്നു:

21തെക്കെ ദേശത്ത് ഏദോമിന്റെ അതിർത്തിയിൽ യഹൂദാഗോത്രത്തിനുള്ള പട്ടണങ്ങൾ: കെബ്സെയേൽ, ഏദെർ, യാഗൂർ,22കീന, ദിമോന, അദാദ,23കേദെശ്, ഹാസോർ, യിത്നാൻ,24സീഫ്, തേലെം, ബയാലോത്ത്,
25ഹാസോർ, ഹദത്ഥ, കെരീയോത്ത്-ഹാസോർ എന്ന കെരീയോത്ത്-ഹെസ്രോൻ,26അമാം, ശെമ, മോലാദ,27ഹസർ-ഗദ്ദ, ഹെശ്മോൻ, ബേത്ത്-പേലെത്,28ഹസർ-ശൂവാൽ, ബേർ-ശേബ, ബിസോത്യ,
29ബാല, ഇയ്യീം, ഏസെം,30എൽതോലദ്, കെസീൽ, ഹോർമ്മ,31സിക്ലാഗ്, മദ്മന്ന, സൻസന്ന,32ലെബായോത്ത്, ശിൽഹീം, ആയീൻ, രിമ്മോൻ; ഇങ്ങനെ ആകെ ഇരുപത്തൊമ്പത് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നേ.

33താഴ്‌വരയിൽ എസ്തായോൽ, സൊരാ, അശ്ന,34സനോഹ, ഏൻ-ഗന്നീം, തപ്പൂഹ, ഏനാം,35യർമ്മൂത്ത്, അദുല്ലാം, സോഖോ, അസേക്ക,36ശാരയീം, അദീഥയീം, ഗെദേരാ, ഗെദെരോഥയീം; ഇങ്ങനെ പതിനാല് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
37സെനാൻ, ഹദാശ, മിഗ്ദൽ-ഗാദ്,38ദിലാൻ, മിസ്പെ, യൊക്തെയേൽ,39ലാഖിശ്, ബൊസ്കത്ത്, എഗ്ലോൻ,
40കബ്ബോൻ, ലപ്മാസ്, കിത്ത്ളീശ്,41ഗെദേരോത്ത്, ബേത്ത്-ദാഗോൻ, നാമ, മക്കേദ; ഇങ്ങനെ പതിനാറ് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
42ലിബ്ന, ഏഥെർ, ആശാൻ,43യിപ്താഹ്, അശ്ന, നെസീബ്,44കെയില, അക്ലീബ്, മാരേശ; ഇങ്ങനെ ഒൻപത് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
45എക്രോനും അതിന്റെ ചുറ്റുമുള്ള നഗരങ്ങളും ഗ്രാമങ്ങളും;46എക്രോൻ മുതൽ മെഡിറ്ററേനിയൻ സമുദ്രംവരെ അസ്തോദിന് സമീപത്തുള്ള പട്ടണങ്ങളും ഗ്രാമങ്ങളും;47അസ്തോദും അതിന്റെ ചുറ്റുമുള്ള നഗരങ്ങളും ഗ്രാമങ്ങളും ഗസ്സയും, ഈജിപ്റ്റ്തോടുവരെ അതിന്റെ ചുറ്റുമുള്ള നഗരങ്ങളും ഗ്രാമങ്ങളും; മഹാസമുദ്രം അതിന് നെടുകെ അതിരായിരുന്നു.

48മലനാട്ടിൽ ശാമീർ, യത്ഥീർ, സോഖോ,49ദന്ന, ദെബീർ എന്ന കിര്യത്ത്-സന്ന,50അനാബ്, എസ്തെമോ, ആനീം,51ഗോശെൻ, ഹോലോൻ, ഗീലോ; ഇങ്ങനെ പതിനൊന്ന് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
52അരാബ്, ദൂമ, എശാൻ,53യാനീം, ബേത്ത്-തപ്പൂഹ, അഫേക്ക,54ഹുമ്ത, ഹെബ്രോൻ എന്ന കിര്യത്ത്-അർബ്ബ, സീയോർ ഇങ്ങനെ ഒമ്പത് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.

55മാവോൻ, കർമ്മേൽ, സീഫ്, യൂത,56യിസ്രെയേൽ, യോക്ക്ദെയാം, സാനോഹ,57കയീൻ, ഗിബെയ, തിമ്ന; ഇങ്ങനെ പത്ത് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
58ഹൽഹൂൽ, ബേത്ത്-സൂർ, ഗെദോർ,59മാരാത്ത്, ബേത്ത്-അനോത്ത്, എൽതെക്കോൻ; ഇങ്ങനെ ആറ് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
60കിര്യത്ത്-യെയാരീം എന്ന കിര്യത്ത്-ബാൽ, രബ്ബ; ഇങ്ങനെ രണ്ടു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;61മരുഭൂമിയിൽ ബേത്ത്-അരാബ, മിദ്ദീൻ, സെഖാഖ,62നിബ്ശാൻ, ഈർ-ഹമേലഹ്, ഏൻ-ഗെദി; ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും.

63യെരൂശലേമിൽ പാർത്തിരുന്ന യെബൂസ്യരെ യെഹൂദാമക്കൾക്ക് നീക്കിക്കളവാൻ കഴിഞ്ഞില്ല; അങ്ങനെ യെബൂസ്യർ ഇന്നുവരെ യെഹൂദാമക്കളോടുകൂടെ യെരൂശലേമിൽ പാർത്തുവരുന്നു.

16

1യോസേഫിന്റെ മക്കൾക്ക് കിട്ടിയ അവകാശ ദേശത്തിന്റെ അതിരുകൾ: കിഴക്ക് യെരീഹോ നീരുറവിനടുത്തുള്ള യോർദാനിൽ ആരംഭിച്ച്, മരുഭൂമിയിൽ കൂടെ യെരീഹോവിൽനിന്ന് മലനാടുവഴിയായി ബേഥേലിലേക്കു കയറി2ബേഥേലിൽനിന്ന് ലൂസിലേക്ക് ചെന്ന്, അർക്ക്യരുടെ അതിരായ അതാരോത്തിൽ കടന്ന്

3പടിഞ്ഞാറോട്ട് യഫ്ളേത്യരുടെ അതിരിലേക്ക്, താഴത്തെ ബേത്ത്-ഹോരോന്റെ അതിർവരെ, ഗേസെർവരെ തന്നേ, ഇറങ്ങിച്ചെന്ന് സമുദ്രത്തിൽ അവസാനിക്കുന്നു.4ഇങ്ങനെ യോസേഫിന്റെ പുത്രന്മാരായ മനശ്ശെക്കും എഫ്രയീമിനും അവകാശം ലഭിച്ചു.
5എഫ്രയീമിന്റെ മക്കൾക്ക് കുടുംബംകുടുംബമായി കിട്ടിയ ദേശത്തിന്റെ അതിരുകൾ: കിഴക്ക്, അതെരോത്ത്-അദ്ദാരിൽ നിന്നും ബേത്ത്-ഹോരോനിലെക്കും,അവിടെ നിന്ന് മെഡിറ്ററേനിയൻ സമുദ്രത്തിലേക്കും പോകുന്നു.6ആ അതിർ മിഖ്മെഥാത്തിന്റെ വടക്കുകൂടി പടിഞ്ഞാറോട്ട് ചെന്ന് താനത്ത്-ശീലോവരെ കിഴക്കോട്ട് തിരിഞ്ഞ് അതിനരികത്തുകൂടി7യാനോഹയുടെ കിഴക്കു വശത്തു കൂടി യാനോഹയും അതെരോത്തും നാരാത്തും കടന്ന് യോർദ്ദാന്റെ തീരത്ത് യെരിഹോവിൽ അവസാനിക്കുന്നു.
8തപ്പൂഹയിൽനിന്ന് ആ അതിർ പടിഞ്ഞാറോട്ട് കാനാതോടുവരെ ചെന്ന് സമുദ്രത്തിൽ അവസാനിക്കുന്നു. എഫ്രയീംഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ ഈ അവകാശം കൂടാതെ9മനശ്ശെമക്കളുടെ ഇടയിൽ എഫ്രയീംമക്കൾക്ക് വേർതിരിച്ചുകൊടുത്ത പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളുംകൂടെ ഉണ്ടായിരുന്നു.
10എന്നാൽ അവർ ഗെസേരിൽ പാർത്തിരുന്ന കനാന്യരെ അവിടെ നിന്ന് നീക്കിക്കളഞ്ഞില്ല; അവർ ഇന്നുവരെ എഫ്രയീമ്യർക്ക് അടിമവേല ചെയ്ത് അവിടെ തന്നെ പാർത്തു വരുന്നു.

17

1യോസേഫിന്റെ ആദ്യജാതനായ മനശ്ശെയുടെ ഗോത്രത്തിന് ഓഹരിയായി കിട്ടിയ ദേശങ്ങൾ; മനശ്ശെയുടെ ആദ്യജാതനും ഗിലെയാദിന്റെ അപ്പനും ആയ മാഖീർ യുദ്ധവീരനായിരുന്നതുകൊണ്ട് അവന് ഗിലെയാദും ബാശാനും ലഭിച്ചു.2മനശ്ശെയുടെ മറ്റ് പുത്രന്മാരായ അബീയേസെർ, ഹേലെക്, അസ്രീയേൽ, ശേഖെം, ഹേഫെർ, ശെമീദാവ് എന്നിവർക്കും കുടുംബംകുടുംബമായി ഓഹരി കിട്ടി; ഇവർ യോസേഫിന്റെ മകനായ മനശ്ശെയുടെ ആൺ മക്കൾ ആയിരുന്നു.

3എന്നാൽ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മകനായ ഹേഫെരിന്റെ മകൻ ശെലോഫഹാദിന് പുത്രന്മാർ ഇല്ലായിരുന്നു; അവന് മഹ്ല, നോവ, ഹൊഗ്ല, മിൽക്ക, തിർസ എന്നീ പുത്രിമാർ മാത്രമേ ഉണ്ടായിരുന്നുള്ളു.4അവർ പുരോഹിതനായ എലെയാസരിന്റെയും നൂന്റെ മകനായ യോശുവയുടെയും പ്രഭുക്കന്മാരുടെയും അടുത്ത് ചെന്ന്: “സഹോദരന്മാരുടെ കൂട്ടത്തിൽ ഒരു അവകാശം ഞങ്ങൾക്ക് തരുവാൻ യഹോവ മോശെയോട് കല്പിച്ചിട്ടുണ്ട്“ എന്ന് പറഞ്ഞു. അങ്ങനെ അവൻ യഹോവയുടെ കല്പനപ്രകാരം അവരുടെ അപ്പന്റെ സഹോദരന്മാരുടെ കൂട്ടത്തിൽ അവർക്ക് ഒരു അവകാശം കൊടുത്തു.
5ഇങ്ങനെ മനശ്ശെയുടെ പുത്രിമാർക്ക് അവന്റെ പുത്രന്മാരുടെ കൂട്ടത്തിൽ അവകാശം ലഭിച്ചതുകൊണ്ട് മനശ്ശെ ഗോത്രത്തിന് യോർദ്ദാനക്കരെ ഗിലെയാദ്‌ദേശവും ബാശാനും കൂടാതെ പത്ത് ഓഹരികൾകൂടി കിട്ടി.6മനശ്ശെയുടെ പുത്രന്മാർക്ക് ഗിലെയാദ്‌ദേശവും കിട്ടി.
7മനശ്ശെയുടെ അതിരോ, ആശേർമുതൽ ശേഖെമിന് കിഴക്കുള്ള മിഖ്മെഥാത്ത്‌വരെ ആയിരുന്നു . അത് തെക്കൊട്ട് തിരിഞ്ഞ് ഏൻ-തപ്പൂഹയിലെ നിവാസികളുടെ അടുക്കലോളം നീണ്ടു കിടക്കുന്നു.8തപ്പൂഹദേശം മനശ്ശെക്കുള്ളതായിരുന്നു; എങ്കിലും മനശ്ശെയുടെ അതിരിലുള്ള തപ്പൂഹപട്ടണം എഫ്രയീമ്യർക്ക് ഉള്ളതായിരുന്നു.
9പിന്നെ ആ അതിർ കാനാ തോടിന്റെ തെക്കുകൂടി ഇറങ്ങുന്നു. ഈ പട്ടണങ്ങൾ മനശ്ശെയുടെ പട്ടണങ്ങൾക്കിടയിൽ എഫ്രയീമിനുള്ളവ; മനശ്ശെയുടെ അതിർ തോട്ടിന്റെ വടക്കുവശത്തുകൂടി ചെന്ന് സമുദ്രത്തിൽ അവസാനിക്കുന്നു.10തെക്കുഭാഗം എഫ്രയീമിനും വടക്കുഭാഗം മനശ്ശെക്കും ഉള്ളത്. സമുദ്രം അവരുടെ അതിർ ആകുന്നു;
11അത് വടക്ക് ആശേരിന്റെയും കിഴക്ക് യിസ്സാഖാരിന്റെയും അവകാശഭൂമിയോട് ചേർന്നിരിക്കുന്നു. യിസ്സാഖാരിലും ആശേരിലും മനശ്ശെക്കു ബേത്ത്-ശെയാനും അതിന്റെ നഗരങ്ങളും യിബ്ളെയാമും അതിന്റെ നഗരങ്ങളും ദോർനിവാസികളും അതിന്റെ നഗരങ്ങളും ഏൻ-ദോർനിവാസികളും അതിന്റെ നഗരങ്ങളും താനാക്ക് നിവാസികളും അതിന്റെ നഗരങ്ങളും മെഗിദ്ദോനിവാസികളും അതിന്റെ നഗരങ്ങളും ഉണ്ടായിരുന്നു; ഇവ മൂന്ന് മലമ്പ്രദേശങ്ങൾ ആകുന്നു.12എന്നാൽ മനശ്ശെയുടെ മക്കൾക്ക് ആ പട്ടണങ്ങളിലെ നിവാസികളെ നീക്കിക്കളവാൻ കഴിഞ്ഞില്ല; കനാന്യർ ആ ദേശത്ത് തന്നേ പാർത്തു.
13എന്നാൽ യിസ്രായേൽമക്കൾ ബലവാന്മാരായി തീർന്നപ്പോൾ അവരെ നീക്കിക്കളയാതെ അവരെക്കൊണ്ട് അടിമവേല ചെയ്യിച്ചു.

14അനന്തരം യോസേഫിന്റെ മക്കൾ യോശുവയോട്: “യഹോവ ഞങ്ങളെ അനുഗ്രഹിച്ച് ഞങ്ങൾ ഒരു വലിയ ജനമായി തീർന്നിരിക്കെ ഒരു നറുക്കും ഓഹരിയും മാത്രം നീ ഞങ്ങൾക്ക് തന്നത് എന്ത്?“ എന്ന് ചോദിച്ചു.15യോശുവ അവരോട്: “നിങ്ങൾ വലിയൊരു ജനം എങ്കിൽ എഫ്രയീംപർവ്വതം നിങ്ങൾക്ക് വിസ്താരം പോരാത്തതുകൊണ്ട് പെരിസ്യരുടെയും മല്ലന്മാരുടെയും വനപ്രദേശത്ത് ചെന്ന് കാടുവെട്ടി സ്ഥലം എടുത്തു കൊൾവീൻ“ എന്ന് പറഞ്ഞു.
16അപ്പോൾ അവർ: “മലനാട് ഞങ്ങൾക്കു പോരാ; ബേത്ത്-ശെയാനിലും അതിന്റെ നഗരങ്ങളിലും യിസ്രയേൽ താഴ്‌വരയിലും പാർക്കുന്ന കനാന്യർക്ക് ഇരിമ്പുരഥങ്ങൾ ഉണ്ട്“ എന്ന് പറഞ്ഞു.17യോശുവ യോസേഫിന്റെ കുലമായ എഫ്രയീമിനോടും മനശ്ശെയോടും പറഞ്ഞത്: “നിങ്ങൾ വലിയോരു ജനം തന്നേ; മഹാശക്തിയും ഉണ്ട്; നിങ്ങൾക്ക് ഒരു ഓഹരിമാത്രമല്ല വരേണ്ടത്.18മലനാടും നിങ്ങൾക്കുള്ളതാകുന്നു; അത് കാടാകുന്നു എങ്കിലും നിങ്ങൾ അതു വെട്ടിത്തെളിക്കേണം അതിന്റെ അതിർത്തിപ്രദേശങ്ങൾ വരെ വെട്ടിത്തെളിച്ച് സ്വന്തമാക്കണം; കനാന്യർ ഇരിമ്പുരഥങ്ങൾ ഉള്ളവരും ബലവാന്മാരും ആകുന്നു എങ്കിലും നിങ്ങൾ അവരെ നീക്കിക്കളയും.“

18

1അനന്തരം യിസ്രായേൽമക്കൾ ശീലോവിൽ ഒന്നിച്ചുകൂടി, അവിടെ സമാഗമനകൂടാരം സ്ഥാപിച്ചു; ദേശം അവർ കീഴടക്കിയിരുന്നു.2എന്നാൽ യിസ്രായേൽമക്കളിൽ അവകാശം ഭാഗിച്ച് കിട്ടാതിരുന്ന ഏഴ് ഗോത്രങ്ങൾ ശേഷിച്ചിരുന്നു.

3യോശുവ യിസ്രായേൽമക്കളോട് പറഞ്ഞത്: “നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങൾക്ക് തന്നിരിക്കുന്ന ദേശം കൈവശമാക്കുന്നതിൽ നിങ്ങൾ എത്രത്തോളം അലസരായിരിക്കും?4ഓരോ ഗോത്രത്തിൽ നിന്ന് മൂന്നു പേരെ വീതം നിയമിപ്പീൻ; അവർ ദേശം ചുറ്റിനടന്ന് തങ്ങൾക്ക് അവകാശമായി കിട്ടേണ്ട ഭൂമി സംബന്ധിച്ചുള്ള വിവരങ്ങളുമായി എന്റെ അടുക്കൽ മടങ്ങിവരേണം.
5യെഹൂദാ ഗോത്രം ദേശത്തിന്റെ തെക്കുഭാഗത്തും യോസേഫ് ഗോത്രം വടക്കു ഭാഗത്തും പാർത്തുകൊള്ളട്ടെ;ശേഷിക്കുന്ന ദേശം ഏഴായി ഭാഗിക്കേണം6നിങ്ങൾ ദേശം ഏഴുഭാഗമായി വിഭാഗിച്ച രേഖ എന്റെ അടുക്കൽ കൊണ്ടുവരുവിൻ. ഞാൻ നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ വെച്ച് നിങ്ങൾക്കുവേണ്ടി ചീട്ടിടും.
7ലേവ്യർക്ക് നിങ്ങളുടെ ഇടയിൽ ഓഹരി ഇല്ല; യഹോവയുടെ പൌരോഹിത്യം അവരുടെ അവകാശം ആകുന്നു; ഗാദും രൂബേനും മനശ്ശെയുടെ പാതിഗോത്രവും അവരുടെ അവകാശം യോർദ്ദാന് കിഴക്ക് യഹോവയുടെ ദാസനായ മൊശെ പറഞ്ഞതുപോലെ വാങ്ങിയിരിക്കുന്നു.
8അങ്ങനെ ആ പുരുഷന്മാർ യാത്ര പുറപ്പെട്ടു. “നിങ്ങൾ ദേശത്തുകൂടി സഞ്ചരിച്ച് അവകാശഭൂമിയെപ്പറ്റി വിവരങ്ങളുമായി ശീലോവിൽ യഹോവയുടെ സന്നിധിയിൽ നിങ്ങൾക്കുവേണ്ടി ചീട്ടിടേണ്ടതിന് മടങ്ങിവരികയും ചെയ്‌വിൻ“ എന്ന് യോശുവ അവരോട് പറഞ്ഞിരുന്നു.9അവർ ദേശം ചുറ്റിസഞ്ചരിച്ച് പട്ടണങ്ങളുടെ വിവരത്തോടുകൂടെ ഒരു പുസ്തകത്തിൽ ഏഴു ഭാഗമായി എഴുതി ശീലോവിൽ യോശുവയുടെ അടുക്കൽ പാളയത്തിലേക്ക് മടങ്ങിവന്നു.
10യോശുവ ശീലോവിൽ യഹോവയുടെ സന്നിധിയിൽ വെച്ച് അവർക്കു വേണ്ടി ചീട്ടിട്ടു; അവിടെ വെച്ച് യോശുവ യിസ്രായേൽമക്കൾക്ക് ഗോത്രവിഭാഗ പ്രകാരം ദേശം വിഭാഗിച്ചു കൊടുത്തു.

11ബെന്യാമീൻ ഗോത്രത്തിന് കുടുംബംകുടുംബമായി നറുക്കു വീണു; അവരുടെ അവകാശദേശത്തിന്റെ അതിർ യെഹൂദയുടെ മക്കളുടെയും യോസേഫിന്റെ മക്കളുടെയും മദ്ധ്യേ ആയിരുന്നു.12അവരുടെ വടക്കെ അതിർ യോർദ്ദാനിൽ തുടങ്ങി യെരീഹോവിന്റെ പാർശ്വംവരെ ചെന്ന് പടിഞ്ഞാറോട്ട് മലനാട്ടിൽകൂടി കയറി ബേത്ത്-ആവെൻ മരുഭൂമിയിൽ അവസാനിക്കുന്നു.
13അവിടെനിന്ന് ആ അതിർ ബേഥേൽ എന്ന ലൂസിന്റെ തെക്കുവശംവരെ കടന്ന് താഴത്തെ ബേത്ത്-ഹോരോന്റെ തെക്കുവശത്തുള്ള മലവഴിയായി അതെരോത്ത്-അദാരിലേക്ക് ഇറങ്ങുന്നു.14പിന്നെ ആ അതിർ വളഞ്ഞ് പടിഞ്ഞാറെ വശത്ത് ബേത്ത്-ഹോരോന് എതിരെയുള്ള മല മുതൽ തെക്കോട്ട് തിരിഞ്ഞ് യെഹൂദാമക്കളുടെ പട്ടണമായ കിര്യത്ത്-യെയാരീം എന്ന കിര്യത്ത്-ബാലയിൽ അവസാനിക്കുന്നു. ഇതു തന്നെ പടിഞ്ഞാറെ അതിർ.
15തെക്കെ അതിർ കിര്യത്ത്-യെയാരീമിന്റെ സമീപത്തു നിന്ന് തുടങ്ങി പടിഞ്ഞാറോട്ട് നെപ്തോഹ ഉറവുവരെ ചെല്ലുന്നു.16പിന്നെ ആ അതിർ ബെൻ-ഹിന്നോം താഴ്‌വരക്കെതിരെയും രെഫായീംതാഴ്‌വരയുടെ വടക്കുവശത്തുള്ള മലയുടെ അറ്റംവരെ ചെന്ന് ഹിന്നോം താഴ്‌വരയിൽ കൂടെ തെക്കോട്ട് യെബൂസ്യപർവ്വതത്തിന്റെ പാർശ്വംവരെയും ഏൻ-രോഗേൽവരെയും ഇറങ്ങി
17വടക്കോട്ട് തിരിഞ്ഞ് ഏൻ-ശേമെശിലേക്കും അദുമ്മീം കയറ്റത്തിനെതിരെയുള്ള ഗെലീലോത്തിലേക്കും ചെന്ന് രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ ഇറങ്ങി18അരാബെക്കെതിരെയുള്ള മലഞ്ചരിവിലേക്ക് കടന്ന് അരാബയിലേക്ക് ഇറങ്ങുന്നു.
19പിന്നെ ആ അതിർ വടക്കോട്ട് ബേത്ത്-ഹൊഗ്ലയുടെ മലഞ്ചരിവുവരെ കടന്ന് തെക്ക് യോർദ്ദാന്റെ നദീമുഖത്ത് ചാവുകടലിന്റെ വടക്കെ അറ്റത്ത് അവസാനിക്കുന്നു. ഇതു തെക്കെ അതിർ.20കിഴക്കെ അതിർ യോർദ്ദാൻ ആകുന്നു; ഇതാകുന്നു ബെന്യാമീൻ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിന്റെ അതിരുകൾ.
21എന്നാൽ ബെന്യാമീൻ മക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ പട്ടണങ്ങൾ: യെരീഹോ, ബേത്ത്-ഹൊഗ്ല, ഏമെക്-കെസീസ്,22ബേത്ത്-അരാബ, സെമാറയീം, ബേഥേൽ,23അവ്വീം, പാര, ഒഫ്ര,24കെഫാർ-അമ്മോനീ, ഒഫ്നി, ഗേബ; ഇങ്ങനെ പന്ത്രണ്ട് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
25ഗിബെയോൻ, രാമ, ബേരോത്ത്,26മിസ്പെ, കെഫീര, മോസ,27രേക്കെം, യിർപ്പേൽ, തരല,28സേല, ഏലെഫ്, യെരൂശലേം എന്ന യെബൂസ്യനഗരം, ശിബെയത്ത്, കിര്യത്ത്; ഇങ്ങനെ പതിന്നാല് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും. ഇതാകുന്നു ബെന്യാമീൻ മക്കൾക്ക് കുടുംബംകുടുംബമായി കിട്ടിയ അവകാശം.

19

1രണ്ടാമത്തെ നറുക്ക് ശിമെയോൻ ഗോത്രത്തിന് വീണു. കുടുംബംകുടുംബമായി അവരുടെ അവകാശം യെഹൂദാ ഗോത്രത്തിന്റെ അവകാശഭൂമിയുടെ ഇടയിൽ ആയിരുന്നു.

2അവർക്ക് തങ്ങളുടെ അവകാശത്തിൽ3ബേർ-ശേബ, ശേബ, മോലാദ,4ഹസർ-ശൂവാൽ, ബാലാ, ഏസെം, എല്തോലദ്, ബേഥൂൽ, ഹൊർമ്മ, സിക്ലാഗ്, ബേത്ത്-മർക്കാബോത്ത്,
5ഹസർ-സൂസ, ബേത്ത്-ലെബായോത്ത്- ശാരൂഹെൻ;6ഇങ്ങനെ പതിമൂന്ന് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ലഭിച്ചു7കൂടാതെ അയീൻ, രിമ്മോൻ, ഏഥെർ, ആശാൻ; ഇങ്ങനെ നാല് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും അവർക്ക് ലഭിച്ചു;
8ഈ പട്ടണങ്ങൾക്ക് ചുറ്റും തെക്കെ ദേശത്തിലെ രാമ എന്ന ബാലത്ത്-ബേർ വരെയുള്ള സകലഗ്രാമങ്ങളും ഉണ്ടായിരുന്നു; ഇത് ശിമെയോൻ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശം.9ശിമയോൻ ഗോത്രത്തിന് ലഭിച്ച അവകാശം യെഹൂദാ ഗോത്രത്തിന്റെ ഓഹരിയിൽ ഉൾപ്പെട്ടിരുന്നു; യെഹൂദാ ഗോത്രക്കാർക്ക് ലഭിച്ച ഓഹരി അവർക്ക് അധികമായിരുന്നതുകൊണ്ടാണ് അവരുടെ അവകാശത്തിന്റെ ഇടയിൽ ശിമെയോൻമക്കൾക്ക് അവകാശം ലഭിച്ചത്.

10മൂന്നാമത്തെ നറുക്ക് സെബുലൂൻ ഗോത്രത്തിനായിരുന്നു. കുടുംബങ്ങളായി അവരുടെ അവകാശത്തിന്റെ അതിർ സാരീദ് വരെ ആയിരുന്നു.11അവരുടെ അതിർ പടിഞ്ഞാറോട്ട് മരലയിലേക്ക് കയറി ദബ്ബേശെത്ത്‌വരെ ചെന്ന് യൊക്നെയാമിനെതിരെയുള്ള തോടുവരെ എത്തുന്നു.
12സാരീദിൽനിന്ന് അത് കിഴക്കോട്ട് കിസ്ളോത്ത് താബോരിന്റെ അതിരിലേക്ക് തിരിഞ്ഞ് ദാബെരത്തിലേക്ക് ചെന്ന് യാഫീയയിലേക്ക് കയറുന്നു.13അവിടെനിന്ന് കിഴക്കോട്ട് ഗത്ത്-ഹേഫെരിലേക്കും ഏത്ത്-കാസീനിലേക്കും കടന്ന് നേയാ വരെ നീണ്ടുകിടക്കുന്ന രിമ്മോനിലേക്ക് ചെല്ലുന്നു.
14പിന്നെ ആ അതിർ ഹന്നാഥോന്റെ വടക്കുവശത്ത് തിരിഞ്ഞ് യിഫ്താഹ്-ഏൽ താഴ്‌വരയിൽ അവസാനിക്കുന്നു.15കത്താത്ത്, നഹല്ലാൽ, ശിമ്രോൻ, യിദല, ബേത്ത്-ലേഹെം മുതലായ പന്ത്രണ്ട് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും അവർക്കുണ്ടായിരുന്നു.16ഇവ സെബൂലൂൻ ഗോത്രത്തിന് കുടുംബംകുടുംബമായി അവകാശമായി കിട്ടിയ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നെ.

17നാലാമത്തെ നറുക്ക് യിസ്സാഖാർ ഗോത്രത്തിനായിരുന്നു. കുടുംബംകുടുംബമായി യിസ്സാഖാർഗോത്രത്തിന്18ലഭിച്ചദേശങ്ങൾ: യിസ്രെയേൽ, കെസുല്ലോത്ത്,19ശൂനേം, ഹഫാരയീം, ശീയോൻ,
20അനാഹരാത്ത്, രബ്ബീത്ത്, കിശ്യോൻ,21ഏബെസ്, രേമെത്ത്, ഏൻ-ഗന്നീം, ഏൻ-ഹദ്ദ, ബേത്ത്-പസ്സേസ് എന്നിവ ആയിരുന്നു.22അവരുടെ അതിർ താബോർ, ശഹസൂമ, ബേത്ത്-ശേമെശ് എന്നീ സ്ഥലങ്ങളിൽ കൂടി കടന്ന് യോർദ്ദാനിൽ അവസാനിക്കുന്നു. അവർക്ക് പതിനാറ് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ഉണ്ടായിരുന്നു.
23ഈ പട്ടണങ്ങളും ഗ്രാമങ്ങളും യിസ്സാഖാർ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശം ആകുന്നു.

24ആശേർമക്കളുടെ ഗോത്രത്തിനായിരുന്നു അഞ്ചാമത്തെ നറുക്കു വീണത്.25കുടുബം കുടുംബമായി അവർക്ക് ലഭിച്ച ദേശങ്ങൾ ഹെല്കത്ത്, ഹലി, ബേതെൻ,26അക്ശാഫ്, അല്ലമ്മേലെക്, അമാദ്, മിശാൽ എന്നിവ ആയിരുന്നു; അതിന്റെ അതിർ പടിഞ്ഞാറോട്ടു കർമ്മേലും ശീഹോർ-ലിബ്നാത്തും വരെ എത്തി,
27കിഴക്ക് ബേത്ത്-ദാഗോനിലേക്കു തിരിഞ്ഞ്, വടക്ക് സെബൂലൂനിലും ബേത്ത്-ഏമെക്കിലും നെയീയേലിലും യിഫ്താഹ്-ഏൽതാഴ്‌വരയിലും എത്തി, ഇടത്തോട്ട് കാബൂൽ,28ഹെബ്രോൻ, രെഹോബ്, ഹമ്മോൻ, കാനാ, എന്നിവയിലും മഹാനഗരമായ സീദോൻ വരെയും ചെല്ലുന്നു.
29പിന്നെ ആ അതിർ രാമയിലേക്കും ഉറപ്പുള്ള പട്ടണമായ സോരിലേക്കും തിരിയുന്നു. പിന്നെ അത് ഹോസയിലേക്ക് തിരിഞ്ഞ് അക്സീബ് ദേശത്ത് സമുദ്രത്തിൽ അവസാനിക്കുന്നു.30ഉമ്മ, അഫേക്, രെഹോബ് മുതലായ ഇരുപത്തിരണ്ട് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും അവർക്കുണ്ടായിരുന്നു.
31ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ആശേർ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശം ആകുന്നു.

32ആറാമത്തെ നറുക്ക് നഫ്താലി ഗോത്രത്തിലെ, കുടുംബങ്ങൾക്കു വീണു.33അവരുടെ അതിർ ഹേലെഫിൽ സാനന്നീമിലെ കരുവേലകച്ചുവട്ടിൽ തുടങ്ങി അദാമീ-നേക്കെബിലും യബ്നോലിലും കൂടെ ലക്കൂം വരെ ചെന്ന് യോർദ്ദാനിൽ അവസാനിക്കുന്നു.34പിന്നെ ആ അതിർ പടിഞ്ഞാറോട്ട് അസ്നോത്ത്-താബോരിലേക്ക് തിരിഞ്ഞ് അവിടെനിന്ന് ഹൂക്കോക്കിലേക്ക് ചെന്ന് തെക്കുവശത്ത് സെബൂലൂനോടും പടിഞ്ഞാറുവശത്ത് ആശേരിനോടും കിഴക്കുവശത്ത് യോർദ്ദാന് സമീപമുള്ള യെഹൂദയോടും ചേർന്നിരിക്കുന്നു.
35ഉറപ്പുള്ള പട്ടണങ്ങളായ സിദ്ദീം, സേർ, ഹമ്മത്ത്,36രക്കത്ത്, കിന്നേരത്ത്, അദമ, രാമ37ഹാസോർ, കേദെശ്, എദ്രെയി, ഏൻ-ഹാസോർ,
38യിരോൻ, മിഗ്ദൽ-ഏൽ, ഹൊരേം, ബേത്ത്-അനാത്ത്, ബേത്ത്-ശേമെശ് ഇങ്ങനെ പത്തൊമ്പത് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും39നഫ്താലി ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശദേശം ആകുന്നു.

40ദാൻ ഗോത്രത്തിന് കുടുംബംകുടുംബമായി ഏഴാമത്തെ നറുക്കു വീണു.41അവരുടെ അവകാശദേശം സൊരാ, എസ്തായോൽ, ഈർ-ശേമെശ്,42ശാലബ്ബീൻ, അയ്യാലോൻ, യിത്ല,
43ഏലോൻ, തിമ്ന, എക്രോൻ,44എൽതെക്കേ, ഗിബ്ബഥോൻ, ബാലാത്ത്,45യിഹൂദ്, ബെനേ-ബെരാക്, ഗത്ത്-രിമ്മോൻ,46മേയർക്കോൻ, രക്കോൻ എന്നിവയും യാഫോവിനെതിരെയുള്ള ദേശവും ആയിരുന്നു.
47എന്നാൽ ദാൻഗോത്രത്തിന്റെ ദേശം അവർക്ക് നഷ്ടമായപ്പോൾ അവർ പുറപ്പെട്ട് ലേശെമിനോട് യുദ്ധംചെയ്ത് അത് പിടിച്ചു. വാൾകൊണ്ട് ജനത്തെ സംഹരിച്ച് അവിടെ പാർത്തു; ലേശെമിന് തങ്ങളുടെ പൂർവപിതാവായ ദാനിന്റെ പേരിടുകയും ചെയ്തു.48ഇത് ദാൻമക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി അവകാശമായി കിട്ടിയ പട്ടണങ്ങളും ഗ്രാമങ്ങളും ആകുന്നു.

49ദേശം വിഭജിച്ചു കഴിഞ്ഞശേഷം യിസ്രായേൽമക്കൾ നൂന്റെ മകനായ യോശുവെക്കും തങ്ങളുടെ ഇടയിൽ ഒരു അവകാശം കൊടുത്തു.50എഫ്രയീംമലനാട്ടിലുള്ള തിമ്നത്ത്-സേരഹ് അവൻ ചോദിക്കയും അവർ യഹോവയുടെ കല്പനപ്രകാരം അത് അവന് കൊടുക്കുകയും ചെയ്തു; അവൻ ആ പട്ടണം വീണ്ടും പണിത് അവിടെ പാർത്തു.

51പുരോഹിതനായ ഏലെയാസാരും, നൂന്റെ മകനായ യോശുവയും, യിസ്രായേൽമക്കളുടെ ഗോത്രപിതാക്കന്മാരിൽ പ്രധാനികളും, ശീലോവിൽ സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ യഹോവയുടെ സന്നിധിയിൽ കൂടി, ദേശം ചീട്ടിട്ട് അവകാശമായി വിഭാഗിച്ചു കൊടുത്തു. ഇങ്ങനെ അവർ ദേശവിഭജനം പൂർത്തിയാക്കി.

20

1യഹോവ യിസ്രായേൽമക്കളോട് പറയുവാനായി യോശുവയോട് ഇപ്രകാരം അരുളിച്ചെയ്തു:2മന:പ്പൂർവമല്ലാതെ അബദ്ധവശാൽ ഒരാളെ കൊന്നുപോയവൻ ഓടിപ്പോയി അഭയം പ്രാപിക്കേണ്ടതിന് യഹോവ മോശെ മുഖാന്തരം നിങ്ങളോടു കല്പിച്ച സങ്കേതനഗരങ്ങൾ നിശ്ചയിപ്പീൻ.3രക്തപ്രതികാരകൻ കൊല്ലാതിരിപ്പാൻ അവ നിങ്ങൾക്കു സങ്കേതമായിരിക്കേണം.

4ആ പട്ടണങ്ങളിൽ ഒന്നിലേക്ക് ഓടിച്ചെല്ലുന്നവൻ പട്ടണത്തിന്റെ പടിവാതില്ക്കൽ നിന്നുകൊണ്ട് തന്റെ കാര്യം പട്ടണത്തിലെ മൂപ്പന്മാരെ അറിയിക്കുകയും അവർ അവനെ പട്ടണത്തിൽ കൈക്കൊണ്ട് തങ്ങളുടെ ഇടയിൽ പാർക്കേണ്ടതിന് അവന് ഒരു സ്ഥലം കൊടുക്കയും വേണം.
5രക്തപ്രതികാരകൻ അവനെ പിന്തുടർന്നുചെന്നാൽ കൊലചെയ്തവൻ മനസ്സറിയാതെയും പൂർവ്വദ്വേഷം കൂടാതെയും തന്റെ അയൽക്കാരനെ കൊന്നു പോയതാകയാൽ അവർ അവനെ അവന്റെ കയ്യിൽ ഏല്പിക്കരുത്.6അവൻ സഭയുടെ മുമ്പാകെ വിസ്താരത്തിന് നില്ക്കുംവരെയോ അന്നുള്ള മഹാപുരോഹിതന്റെ മരണംവരെയോ ആ പട്ടണത്തിൽ പാർക്കേണം; അതിന്റെ ശേഷം കൊലചെയ്തവന് താൻ വിട്ടോടിപ്പോന്ന സ്വന്ത പട്ടണത്തിലേക്കും സ്വന്ത വീട്ടിലേക്കും മടങ്ങിച്ചെല്ലാം.
7അങ്ങനെ അവർ നഫ്താലിമലനാട്ടിൽ ഗലീലയിലെ കേദെശും എഫ്രയീംമലനാട്ടിൽ ശെഖേമും യെഹൂദാമലനാട്ടിൽ ഹെബ്രോൻ എന്ന കിര്യത്ത്-അർബ്ബയും8കിഴക്ക് യെരീഹോവിനെതിരെ യോർദ്ദാനക്കരെ മരുഭൂമിയിൽ രൂബേൻ ഗോത്രത്തിൽ സമഭൂമിയിലുള്ള ബേസെരും ഗിലെയാദിൽ ഗാദ്ഗോത്രത്തിൽ രാമോത്തും ബാശാനിൽ മനശ്ശെഗോത്രത്തിൽ ഗോലാനും നിശ്ചയിച്ചു.
9അബദ്ധവശാൽ ഒരുത്തനെ കൊന്നുപോയവൻ സഭയുടെ മുമ്പാകെ നില്ക്കുംവരെ രക്തപ്രതികാരകന്റെ കയ്യാൽ മരിക്കാതെ ഓടിപ്പോയി അഭയം പ്രാപിക്കേണ്ടതിന് യിസ്രായേൽമക്കൾക്കും അവരുടെ ഇടയിൽ പാർക്കുന്ന പരദേശിക്കും വേണ്ടി നിശ്ചയിച്ച പട്ടണങ്ങൾ ഇവ തന്നേ.

21

1അനന്തരം ലേവ്യരുടെ കുടുംബത്തലവന്മാർ കനാൻ ദേശത്തുള്ള ശീലോവിൽ പുരോഹിതനായ എലെയാസാരിന്റെയും നൂന്റെ മകനായ യോശുവയുടെയും യിസ്രായേൽഗോത്രങ്ങളിലെ കുടുംബത്തലവന്മാരുടെയും അടുക്കൽ ചെന്നു പറഞ്ഞത്:2“യഹോവ ഞങ്ങൾക്ക് പാർപ്പാൻ പട്ടണങ്ങളും ഞങ്ങളുടെ കന്നുകാലികൾക്ക് മേച്ചിൽപ്പുറങ്ങളും തരുവാൻ മോശെമുഖാന്തരം കല്പിച്ചിട്ടുണ്ടല്ലോ?“

3അപ്പോൾ യിസ്രായേൽമക്കൾ തങ്ങളുടെ അവകാശത്തിൽനിന്ന് യഹോവയുടെ കല്പനപ്രകാരം താഴെപ്പറയുന്ന പട്ടണങ്ങളും അവയുടെ മേച്ചിൽപ്പുറങ്ങളും ലേവ്യർക്കു കൊടുത്തു.

4കെഹാത്യകുടുംബങ്ങൾക്കു നറുക്കുവീണതനുസരിച്ച് പുരോഹിതനായ അഹരോന്റെ പിൻ ഗാമികളായ ലേവ്യർക്ക് യെഹൂദാഗോത്രത്തിലും ശിമെയോൻ ഗോത്രത്തിലും ബെന്യാമീൻ ഗോത്രത്തിലും കൂടെ പതിമൂന്ന് പട്ടണങ്ങൾ കിട്ടി.

5കെഹാത്തിന്റെ ശേഷം മക്കൾക്ക് എഫ്രയീംഗോത്രത്തിലും ദാൻഗോത്രത്തിലും മനശ്ശെയുടെ പാതിഗോത്രത്തിലും നറുക്കുപ്രകാരം പത്ത് പട്ടണങ്ങൾ കിട്ടി.

6ഗേർശോന്റെ മക്കൾക്ക് യിസ്സാഖാർ ഗോത്രത്തിലും ആശേർഗോത്രത്തിലും നഫ്താലിഗോത്രത്തിലും ബാശാനിലെ മനശ്ശെയുടെ പാതിഗോത്രത്തിലും നറുക്കുപ്രകാരം പതിമൂന്ന് പട്ടണങ്ങൾ കിട്ടി.

7മെരാരിയുടെ മക്കൾക്ക് കുടുംബംകുടുംബമായി രൂബേൻ ഗോത്രത്തിലും ഗാദ്ഗോത്രത്തിലും സെബൂലൂൻ ഗോത്രത്തിലും കൂടെ പന്ത്രണ്ട് പട്ടണങ്ങൾ ലഭിച്ചു.

8അങ്ങനെ യഹോവ മോശെ മുഖാന്തരം കല്പിച്ചതുപോലെ യിസ്രായേൽമക്കൾ ലേവ്യർക്ക് ഈ പട്ടണങ്ങളും അവയുടെ മേച്ചിൽപ്പുറങ്ങളും നറുക്കുപ്രകാരം കൊടുത്തു.9അവർ യെഹൂദാ ഗോത്രത്തിൽനിന്നും ശിമെയോൻ ഗോത്രത്തിൽനിന്നും താഴെ പറയുന്ന പട്ടണങ്ങൾ കൊടുത്തു.10അവ ലേവിഗോത്രത്തിലെ കെഹാത്യരുടെ കുടുംബങ്ങളിലെ അഹരോന്റെ മക്കൾക്കു ലഭിച്ചു. അവർക്കായിരുന്നു ഒന്നാമത്തെ നറുക്കു വന്നത്.
11യെഹൂദാമലനാട്ടിൽ അനാക്കിന്റെ അപ്പനായ അർബ്ബയുടെ പട്ടണമായ കിര്യത്ത്-അർബ എന്നു പേരുള്ള ഹെബ്രോനും അതിനുചുറ്റുമുള്ള പുല്പുറങ്ങളും അവർക്കു കൊടുത്തു.12എന്നാൽ പട്ടണത്തോടു ചേർന്ന നിലങ്ങളും ഗ്രാമങ്ങളും അവർ യെഫുന്നെയുടെ മകനായ കാലേബിന് അവകാശമായി കൊടുത്തു.

13പുരോഹിതനായ അഹരോന്റെ മക്കൾക്ക് ലഭിച്ച അവകാശം: കൊലചെയ്തവന് സങ്കേതനഗരമായ ഹെബ്രോനും അതിന്റെ പുല്പുറങ്ങളും ലിബ്നയും അതിന്റെ പുല്പുറങ്ങളും14യത്ഥീരും അതിന്റെ പുല്പുറങ്ങളും15എസ്തെമോവയും അതിന്റെ പുല്പുറങ്ങളും ഹോലോനും അതിന്റെ പുല്പുറങ്ങളും ദെബീരും അതിന്റെ പുല്പുറങ്ങളും16അയീനും അതിന്റെ പുല്പുറങ്ങളും യുത്തയും അതിന്റെ പുല്പുറങ്ങളും ബേത്ത്-ശേമെശും അതിന്റെ പുല്പുറങ്ങളും. ഇങ്ങനെ ആ രണ്ടു ഗോത്രങ്ങളിൽ നിന്ന് ഒമ്പതു പട്ടണങ്ങളും,
17ബെന്യാമീൻ ഗോത്രത്തിൽ നിന്ന് ഗിബെയോനും അതിന്റെ പുല്പുറങ്ങളും18ഗേബയും അതിന്റെ പുല്പുറങ്ങളും അനാഥോത്തും അതിന്റെ പുല്പുറങ്ങളും അൽമോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാല് പട്ടണങ്ങളും.19അഹരോന്റെ മക്കളായ പുരോഹിതന്മാർക്ക് എല്ലാംകൂടി പതിമൂന്ന് പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും ലഭിച്ചു.

20ലേവിഗോത്രത്തിലെ കെഹാത്യകുടുംബങ്ങളിൽ ശേഷിച്ചവർക്ക്, നറുക്കു പ്രകാരം എഫ്രയീംഗോത്രത്തിൽ നിന്ന് കിട്ടിയ പട്ടണങ്ങൾ ഇവ ആയിരുന്നു:21എഫ്രയീംനാട്ടിൽ, കൊല ചെയ്തവന് സങ്കേതനഗരമായ ശെഖേമും അതിന്റെ പുല്പുറങ്ങളും ഗേസെരും അതിന്റെ പുല്പുറങ്ങളും22കിബ്സയീമും അതിന്റെ പുല്പുറങ്ങളും ബേത്ത്-ഹോരോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണങ്ങൾ.
23ദാൻഗോത്രത്തിൽ എൽ തെക്കേയും അതിന്റെ പുല്പുറങ്ങളും ഗിബ്ബെഥോനും അതിന്റെ പുല്പുറങ്ങളും24അയ്യാലോനും അതിന്റെ പുല്പുറങ്ങളും ഗത്ത്-രിമ്മോനും അതിന്റെ പുല്പുറങ്ങളും; ഇങ്ങനെ നാലു പട്ടണങ്ങൾ.
25മനശ്ശെയുടെ പാതിഗോത്രത്തിൽ താനാക്കും അതിന്റെ പുല്പുറങ്ങളും ഗത്ത്-രിമ്മോനും അതിന്റെ പുല്പുറങ്ങളും; ഇങ്ങനെ രണ്ടു പട്ടണങ്ങൾ.26ഇങ്ങനെ കെഹാത്തിന്റെ ശേഷിച്ച മക്കളുടെ കുടുംബങ്ങൾക്ക് എല്ലാംകൂടെ പത്ത് പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും ലഭിച്ചു.

27ലേവ്യ കുടുംബത്തിൽപ്പെട്ട ഗേർശോന്യർക്ക് മനശ്ശെയുടെ പാതിഗോത്രത്തിൽനിന്ന്, കൊല ചെയ്തവന് സങ്കേതനഗരമായ ബാശാനിലെ ഗോലാനും അതിന്റെ പുല്പുറങ്ങളും ബെയെസ്തെരയും അതിന്റെ പുല്പുറങ്ങളും
28ഇങ്ങനെ രണ്ടു പട്ടണങ്ങളും യിസ്സാഖാർഗോത്രത്തിൽ നിന്ന് കിശ്യോനും അതിന്റെ പുല്പുറങ്ങളും29ദാബെരത്തും അതിന്റെ പുല്പുറങ്ങളും യർമ്മൂത്തും അതിന്റെ പുല്പുറങ്ങളും ഏൻ-ഗന്നീമും അതിന്റെ പുല്പുറങ്ങളും; ഇങ്ങനെ നാലു പട്ടണങ്ങളും,30ആശേർഗോത്രത്തിൽ നിന്ന് മിശാലും അതിന്റെ പുല്പുറങ്ങളും അബ്ദോനും അതിന്റെ പുല്പുറങ്ങളും31ഹെല്ക്കത്തും അതിന്റെ പുല്പുറങ്ങളും രെഹോബും അതിന്റെ പുല്പുറങ്ങളും; ഇങ്ങനെ നാലു പട്ടണങ്ങളും,
32നഫ്താലിഗോത്രത്തിൽനിന്നു,കൊല ചെയ്തവന് സങ്കേതനഗരമായ ഗലീലയിലെ കേദെശും അതിന്റെ പുല്പുറങ്ങളും ഹമ്മോത്ത്-ദോരും അതിന്റെ പുല്പുറങ്ങളും കർത്ഥാനും അതിന്റെ പുല്പുറങ്ങളും; ഇങ്ങനെ മൂന്നു പട്ടണങ്ങളും കൊടുത്തു.33ഇങ്ങനെ ഗേർശോന്യർക്ക് കുടുംബംകുടുംബമായി പതിമൂന്ന് പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും ലഭിച്ചു.

34ലേവ്യഗോത്രത്തിൽ ശേഷിച്ച മെരാര്യകുടുംബങ്ങൾക്ക് സെബൂലൂൻ ഗോത്രത്തിൽ നിന്ന് യൊക്നെയാമും അതിന്റെ പുല്പുറങ്ങളും കർത്ഥയും അതിന്റെ പുല്പുറങ്ങളും35ദിമ്നിയും അതിന്റെ പുല്പുറങ്ങളും നഹലാലും അതിന്റെ പുല്പുറങ്ങളും; ഇങ്ങനെ നാലു പട്ടണങ്ങളും
36രൂബേൻ ഗോത്രത്തിൽ നിന്ന് ബേസെരും അതിന്റെ പുല്പുറങ്ങളും37യഹ്സയും അതിന്റെ പുല്പുറങ്ങളും കെദേമോത്തും അതിന്റെ പുല്പുറങ്ങളും മേഫാത്തും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണങ്ങളും,38ഗാദ്ഗോത്രത്തിൽനിന്നു, കൊല ചെയ്തവന് സങ്കേതനഗരമായ ഗിലെയാദിലെ രാമോത്തും അതിന്റെ പുല്പുറങ്ങളും മഹനയീമും അതിന്റെ പുല്പുറങ്ങളും
39ഹെശ്ബോനും അതിന്റെ പുല്പുറങ്ങളും യസേരും അതിന്റെ പുല്പുറങ്ങളും; ഇങ്ങനെ നാല് പട്ടണങ്ങളും കൊടുത്തു.40അങ്ങനെ ലേവ്യകുടുംബത്തിൽ ശേഷിച്ച മെരാര്യർക്ക് നറുക്കനുസരിച്ച് കുടുംബംകുടുംബമായി കിട്ടിയത് പന്ത്രണ്ട് പട്ടണങ്ങൾ ആയിരുന്നു.

41യിസ്രായേൽമക്കളുടെ അവകാശത്തിൽ നിന്ന് ലേവ്യർക്ക് എല്ലാംകൂടെ നാല്പത്തെട്ട് പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും ലഭിച്ചു.42ഈ പട്ടണങ്ങളിൽ ഓരോന്നിനും ചുറ്റും പുല്പുറങ്ങൾ ഉണ്ടായിരുന്നു.

43യഹോവ യിസ്രായേലിന് താൻ അവരുടെ പിതാക്കന്മാർക്ക് കൊടുക്കുമെന്ന് സത്യംചെയ്ത ദേശമെല്ലാം കൊടുത്തു; അവർ അത് കൈവശമാക്കി അവിടെ പാർത്തു.44യഹോവ അവരുടെ പിതാക്കന്മാരോടു സത്യം ചെയ്തതുപോലെ എല്ലായിടത്തും അവർക്ക് സ്വസ്ഥത നല്കി. ശത്രുക്കളിൽ ഒരുത്തനും അവരുടെ മുമ്പിൽ നിന്നിട്ടില്ല; യഹോവ സകല ശത്രുക്കളെയും അവരുടെ കയ്യിൽ ഏല്പിച്ചു.45യഹോവ യിസ്രായേൽഗൃഹത്തിന് നൽകിയ വാഗ്ദാനങ്ങളിൽ ഒന്നും വൃഥാവാകാതെ സകലവും നിവൃത്തിയായി.

22

1പിന്നീട് യോശുവ രൂബേന്യരേയും ഗാദ്യരെയും മനശ്ശെയുടെ പാതിഗോത്രത്തെയും വിളിച്ചു.2അവരോട് പറഞ്ഞത്: “യഹോവയുടെ ദാസനായ മോശെ നിങ്ങളോട് കല്പിച്ചതൊക്കെയും നിങ്ങൾ പ്രമാണിക്കയും ഞാൻ നിങ്ങളോട് കല്പിച്ച സകലത്തിലും എന്റെ വാക്ക് അനുസരിക്കയും ചെയ്തിരിക്കുന്നു.3നിങ്ങൾ ഈ കാലമെല്ലാം നിങ്ങളുടെ സഹോദരന്മാരെ വിട്ടുപിരിയാതെ ദൈവമായ യഹോവയുടെ കല്പന പ്രമാണിച്ചു നടന്നിരിക്കുന്നു.

4ഇപ്പോൾ ദൈവമായ യഹോവ നിങ്ങളുടെ സഹോദരന്മാർക്ക് താൻ വാഗ്ദത്തംചെയ്തതുപോലെ സ്വസ്ഥത നല്കിയിരിക്കുന്നു; ആകയാൽ നിങ്ങൾ ഇപ്പോൾ യഹോവയുടെ ദാസനായ മോശെ യോർദ്ദാനക്കരെ നിങ്ങൾക്ക് തന്നിട്ടുള്ള അവകാശദേശത്ത് നിങ്ങളുടെ ഭവനങ്ങളിലേക്ക് മടങ്ങിപ്പൊയ്ക്കൊൾവിൻ.5നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ എല്ലാവഴികളിലും നടന്ന് അവന്റെ കല്പനകൾ പ്രമാണിക്കയും അവനോട് പറ്റിച്ചേർന്ന് പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും കൂടെ അവനെ സേവിക്കയും ചെയ്യേണമെന്ന് യഹോവയുടെ ദാസനായ മോശെ നിങ്ങളോട് കല്പിച്ചിട്ടുണ്ടല്ലോ? ആ കല്പനകളും ന്യായപ്രമാണവും ആചരിപ്പാൻ ഏറ്റവും ജാഗ്രതയായിരിപ്പിൻ.“6ഇങ്ങനെ യോശുവ അവരെ അനുഗ്രഹിച്ച് യാത്ര അയച്ചു. അവർ തങ്ങളുടെ ഭവനങ്ങളിലേക്ക് പോകയും ചെയ്തു.

7മനശ്ശെയുടെ പാതിഗോത്രത്തിന് മോശെ ബാശാനിൽ അവകാശം കൊടുത്തിരുന്നു; മറ്റെ പാതിഗോത്രത്തിന് യോർദ്ദാന്നിക്കരെ പടിഞ്ഞാറ്, അവരുടെ സഹോദരന്മാരുടെ ഇടയിൽ, യോശുവ അവകാശം കൊടുത്തു; അവരെ അനുഗ്രഹിച്ച് അവരുടെ വീടുകളിലേക്ക് അയച്ചു.8യോശുവ അവരോട് പറഞ്ഞത്: “നാല്ക്കാലികൾ, വെള്ളി, പൊന്ന്, ചെമ്പ്, ഇരിമ്പ്, വസ്ത്രം എന്നിങ്ങനെ അനവധി സമ്പത്തോടുകൂടെ നിങ്ങൾ നിങ്ങളുടെ വീടുകളിലേക്ക് മടങ്ങിപ്പോകയും ശത്രുക്കളുടെ പക്കൽനിന്ന് കിട്ടിയ കൊള്ള നിങ്ങളുടെ സഹോദരന്മാരുമായി പങ്കിടുകയും ചെയ്‌വിൻ.“

9അങ്ങനെ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും മോശെമുഖാന്തരം യഹോവ കല്പിച്ചതുപോലെ അവർ കൈവശമാക്കിയിരുന്ന ഗിലെയാദ്‌ദേശത്തേക്ക് മടങ്ങിപ്പോകേണ്ടതിന് കനാൻദേശത്തിലെ ശീലോവിൽനിന്ന് യിസ്രായേൽ ജനത്തെ വിട്ട് പുറപ്പെട്ടു.
10കനാൻദേശത്തിലെ യോർദ്ദാൻപ്രദേശങ്ങളിൽ എത്തിയപ്പോൾ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും യോർദ്ദാന് സമീപത്ത്, കാഴ്ച്ചക്ക് വലുതായിരിക്കുന്ന ഒരു യാഗപീഠം പണിതു.11അവർ കനാൻദേശത്തിന്റെ കിഴക്ക് യോർദ്ദാൻപ്രദേശങ്ങളിൽ തങ്ങൾക്കെതിരെ, ഒരു യാഗപീഠം പണിതിരിക്കുന്നു എന്ന് യിസ്രായേൽമക്കൾ കേട്ടു.
12അപ്പോൾ യിസ്രായേൽമക്കളുടെ സഭ മുഴുവനും അവരോട് യുദ്ധത്തിന് പുറപ്പെടുവാൻ ശീലോവിൽ ഒന്നിച്ചുകൂടി.

13യിസ്രായേൽമക്കൾ ഗിലെയാദ്‌ദേശത്തുള്ള രൂബേന്യരുടെയും ഗാദ്യരുടെയും മനശ്ശെയുടെ പാതിഗോത്രത്തിന്റെയും അടുക്കൽ പുരോഹിതനായ എലെയാസാരിന്റെ മകനായ14ഫീനെഹാസിനെയും അവനോടുകൂടെ യിസ്രായേലിന്റെ മറ്റുഗോത്രങ്ങളിൽനിന്നും ഓരോ ഗോത്രത്തിന് ഓരോ പ്രഭുവീതം പത്ത് പ്രഭുക്കന്മാരേയും അയച്ചു; അവർ ഓരോരുത്തനും യിസ്രായേല്യസഹസ്രങ്ങൾക്ക് തലവന്മാരായിരുന്നു.
15അവർ ഗിലെയാദ്‌ദേശത്ത് രൂബേന്യരുടെയും ഗാദ്യരുടെയും മനശ്ശെയുടെ പാതിഗോത്രത്തിന്റെയും അടുക്കൽ ചെന്ന് അവരോട് പറഞ്ഞതെന്തെന്നാൽ:16“യിസ്രായേൽ മുഴുവനും ഇപ്രകാരം ചോദിക്കുന്നു: ‘നിങ്ങൾ യഹോവയോട് മത്സരിച്ച് ഒരു യാഗപീഠം പണിത് യഹോവയെ വിട്ടുമാറുവാൻ തക്കവണ്ണം യിസ്രായേലിന്റെ ദൈവത്തോട് ദ്രോഹം ചെയ്തതെന്ത്?
17പെയോരിൽ വച്ച് നാം ചെയ്ത പാപം പോരായോ? അതുനിമിത്തം യഹോവ ഒരു മഹാമാരി അയച്ചിട്ടും നാം ഇന്നുവരെ ആ പാപം നീക്കി നമ്മെത്തന്നെ ശുദ്ധീകരിച്ചു തീർന്നിട്ടില്ലല്ലോ?18നിങ്ങൾ ഇന്ന് യഹോവയെ വിട്ടുമാറുവാൻ പോകുന്നുവോ? നിങ്ങൾ ഇന്ന് യഹോവയോട് മത്സരിക്കുന്നു; നാളെ അവൻ എല്ലാ യിസ്രായേലിനോടും കോപിപ്പാൻ സംഗതിയാകും.
19നിങ്ങളുടെ അവകാശദേശം അശുദ്ധം എന്നുവരികിൽ യഹോവയുടെ തിരുനിവാസം ഇരിക്കുന്ന യഹോവയുടെ അവകാശദേശത്തേക്ക് വന്ന് ഞങ്ങളുടെ ഇടയിൽ അവകാശം വാങ്ങുവീൻ; നമ്മുടെ ദൈവമായ യഹോവയുടെ യാഗപീഠം ഒഴികെ മറ്റൊരു യാഗപീഠം പണിത് യഹോവയോടും ഞങ്ങളോടും മത്സരിക്കരുത്.20സേരഹിന്റെ മകനായ ആഖാൻ ശപഥാർപ്പിതവസ്തു സംബന്ധിച്ച് കുറ്റം ചെയ്കയാൽ ദൈവകോപം എല്ലാ യിസ്രായേലിന്റെയും മേൽ വീണില്ലയോ? അവൻ മാത്രമല്ലല്ലോ അവന്റെ അകൃത്യത്താൽ നശിച്ചത്?“

21അതിന് രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും യിസ്രായേല്യസഹസ്രങ്ങളുടെ തലവന്മാരോട് ഉത്തരം പറഞ്ഞത്:22“സർവ്വവല്ലഭനാകുന്ന ദൈവമായ യഹോവ ഈ കാര്യത്തിന്റെ സത്യാവസ്ഥ അറിയുന്നു; യിസ്രായേലും അത് അറിയട്ടെ! ഞങ്ങൾ യഹോവയോടുള്ള മത്സരത്താലോ ദ്രോഹത്താലോ അത് ചെയ്തു എങ്കിൽ നിന്റെ സംരക്ഷണം ഞങ്ങൾക്കില്ലാതെ പോകട്ടെ.23യഹോവയെ വിട്ടുമാറേണ്ടതിന് ഞങ്ങൾ ഒരു യാഗപീഠം പണിതു എങ്കിൽ, അല്ല അതിന്മേൽ ഹോമയാഗവും ഭോജനയാഗവും അർപ്പിപ്പാനോ സമാധാനയാഗങ്ങൾ കഴിപ്പാനോ ആകുന്നു എങ്കിൽ യഹോവ തന്നെ ചോദിച്ചുകൊള്ളട്ടെ.
24നാളെ നിങ്ങളുടെ മക്കൾ ഞങ്ങളുടെ മക്കളോട്: ‘യിസ്രായേലിന്റെ ദൈവമായ യഹോവയുമായി നിങ്ങൾക്ക് എന്തു കാര്യമുള്ളൂ?
25ഞങ്ങളുടെയും രൂബേന്യരും ഗാദ്യരുമായ നിങ്ങളുടെയും മദ്ധ്യേ യഹോവ യോർദ്ദാനെ അതിരാക്കിയിരിക്കുന്നു; നിങ്ങൾക്ക് യഹോവയിൽ ഒരു ഓഹരിയുമില്ല‘ എന്ന് പറഞ്ഞ് നിങ്ങളുടെ മക്കൾ ഞങ്ങളുടെ മക്കൾക്ക് യഹോവയെ ഭയപ്പെടാതിരിപ്പാൻ സംഗതിവരുത്തും എന്നുള്ള ആശങ്കകൊണ്ടത്രെ ഞങ്ങൾ ഇത് ചെയ്തത്.
26അതുകൊണ്ട് ‘നാം ഹോമയാഗത്തിനോ ഹനനയാഗത്തിനോ അല്ലാതെ ഒരു യാഗപീഠം പണിയുക‘ എന്ന് ഞങ്ങൾ പറഞ്ഞു.27ഞങ്ങൾ യഹോവയുടെ സമാഗമന കൂടാരത്തിൽ ഹോമയാഗങ്ങളും ഹനനയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ച് അവന്റെ ശുശ്രൂഷ അനുഷ്ഠിക്കയും നിങ്ങളുടെ മക്കൾ നാളെ ഞങ്ങളുടെ മക്കളോട്: ‘നിങ്ങൾക്ക് യഹോവയിൽ ഒരു ഓഹരിയുമില്ല‘ എന്ന് പറയാതിരിക്കയും ചെയ്യേണ്ടതിനും, ഞങ്ങൾക്കും നിങ്ങൾക്കും നമ്മുടെ ശേഷം നമ്മുടെ സന്തതികൾക്കും മദ്ധ്യേ ഒരു സാക്ഷിയായിരിക്കേണ്ടതിന്നുമത്രേ.
28അതുകൊണ്ട് ഞങ്ങൾ പറഞ്ഞത്: ‘നാളെ അവർ നമ്മോടോ, നമ്മുടെ സന്തതികളോടോ, അങ്ങനെ പറയുമ്പോൾ: ‘ഹോമയാഗത്തിനല്ല, മറ്റൊരു യാഗത്തിനുമല്ല ഞങ്ങൾക്കും നിങ്ങൾക്കും മദ്ധ്യേ സാക്ഷിയായിരിക്കേണ്ടതിന് തന്നേ ഞങ്ങളുടെ പിതാക്കന്മാർ ഉണ്ടാക്കീട്ടുള്ള യഹോവയുടെ യാഗപീഠത്തിന്റെ പ്രതിരൂപം കാണ്മീൻ‘ എന്ന് മറുപടി പറവാൻ ഇടയാകും.29നമ്മുടെ ദൈവമായ യഹോവയുടെ തിരുനിവാസത്തിന്റെ മുമ്പാകെയുള്ള അവന്റെ യാഗപീഠം ഒഴികെ ഹോമയാഗത്തിനോ ഭോജനയാഗത്തിനോ ഹനനയാഗത്തിനോ വേറൊരു യാഗപീഠം ഉണ്ടാക്കി യഹോവയോട് മത്സരിക്കയും യഹോവയെ വിട്ടുമാറുകയും ചെയ്‌വാൻ ഞങ്ങൾക്ക് ഒരിക്കലും ഇടയാകയില്ല.“

30രൂബേന്യരും ഗാദ്യരും മനശ്ശെയുടെ മക്കളും പറഞ്ഞ വാക്കുകൾ പുരോഹിതനായ ഫീനെഹാസും അവനോടുകൂടെ പ്രഭുക്കന്മാരായി യിസ്രായേല്യസഹസ്രങ്ങൾക്ക് തലവന്മാരായവരും കേട്ടപ്പോൾ അവർക്ക് സന്തോഷമായി.31പുരോഹിതനായ എലെയാസാരിന്റെ മകൻ ഫീനെഹാസ് അവരോട്: ‘നിങ്ങൾ യഹോവയോട് ഈ കാര്യത്തിൽ അകൃത്യം ചെയ്തിട്ടില്ലായ്കകൊണ്ട് യഹോവ നമ്മുടെ മദ്ധ്യേ ഉണ്ട് എന്ന് ഞങ്ങൾ അറിഞ്ഞിരിക്കുന്നു; അങ്ങനെ നിങ്ങൾ യിസ്രായേൽമക്കളെ യഹോവയുടെ കോപത്തിൽനിന്ന് രക്ഷിച്ചിരിക്കുന്നു‘ എന്ന് പറഞ്ഞു.
32പിന്നെ പുരോഹിതനായ എലെയാസാരിന്റെ മകൻ ഫീനെഹാസും പ്രഭുക്കന്മാരും രൂബേന്യരെയും ഗാദ്യരെയും വിട്ട് ഗിലെയാദ്‌ദേശത്തു നിന്ന് കനാൻദേശത്തേക്ക് മടങ്ങിച്ചെന്ന് യിസ്രായേൽ ജനത്തോട് വസ്തുത അറിയിച്ചു.33യിസ്രായേൽമക്കൾക്ക് ആ കാര്യം സന്തോഷമായി; അവർ ദൈവത്തെ സ്തുതിച്ചു; രൂബേന്യരും ഗാദ്യരും പാർത്ത ദേശം നശിപ്പിക്കേണ്ടതിന് അവരോടു യുദ്ധത്തിന് പുറപ്പെടുന്നതിനെക്കുറിച്ച് പിന്നെ സംസാരിച്ചതേയില്ല.
34രൂബേന്യരും ഗാദ്യരും “യഹോവ തന്നേ ദൈവം എന്നതിന്നു ഇതു നമ്മുടെ മദ്ധ്യേ സാക്ഷി” എന്ന് പറഞ്ഞ് ആ യാഗപീഠത്തിന് ഏദ് എന്ന് പേരിട്ടു.

23

1യഹോവ ചുറ്റുമുള്ള സകലശത്രുക്കളെയും അടക്കി യിസ്രായേലിന് സ്വസ്ഥത നല്കി, ഏറെക്കാലം കഴിഞ്ഞു. യോശുവയും വൃദ്ധനായി.2യോശുവ യിസ്രായേൽജനത്തെയും അവരുടെ മൂപ്പന്മാരെയും പ്രധാനികളെയും ന്യായാധിപന്മാരെയും പ്രമാണികളെയും വിളിച്ച് അവരോട് പറഞ്ഞത്: “ഞാൻ വൃദ്ധനായിരിക്കുന്നു.3നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ നിമിത്തം ഈ സകല ജനതകളോടും ചെയ്തതൊക്കെയും നിങ്ങൾ കണ്ടിരിക്കുന്നു; യഹോവ തന്നെയല്ലോ നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്തത്?.

4യോർദ്ദാൻ മുതൽ പടിഞ്ഞാറ് മെഡിറ്ററേനിയൻ സമുദ്രംവരെ കീഴടക്കാൻ ശേഷിച്ചിട്ടുള്ള ദേശവും ഞാൻ കീഴടക്കീട്ടുള്ള സകല ദേശവും നിങ്ങളുടെ ഗോത്രങ്ങൾക്ക് അവകാശമായി നറുക്കിട്ട് വിഭാഗിച്ച് തന്നിരിക്കുന്നു.5നിങ്ങളുടെ ദൈവമായ യഹോവ തന്നേ അവരെ നിങ്ങളുടെ മുമ്പിൽനിന്ന് ഓടിച്ച് നിങ്ങളുടെ ദൃഷ്ടിയിൽനിന്ന് നീക്കിക്കളയും; യഹോവ നിങ്ങളോട് വാഗ്ദാനം ചെയ്തതുപോലെ നിങ്ങൾ അവരുടെ ദേശം കൈവശമാക്കുകയും ചെയ്യും.
6ആകയാൽ മോശെയുടെ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതെല്ലാം പ്രമാണിച്ചുനടപ്പാനും അതിൽനിന്നു ഇടം വലം മാറാതിരിപ്പാനും ഉറപ്പും ധൈര്യവുമുള്ളവരായിരിപ്പീൻ.7നിങ്ങളുടെ ഇടയിൽ ശേഷിച്ചിരിക്കുന്ന ഈ ജനതകളോട് നിങ്ങൾ ഇടകലരരുത്; അവരുടെ ദേവന്മാരുടെ നാമം ഉച്ചരിക്കയും അത് ചൊല്ലി സത്യംചെയ്കയും അരുത്; അവരെ സേവിക്കയും നമസ്കരിക്കയും അരുത് .8നിങ്ങൾ ഇന്നുവരെ ചെയ്തതുപോലെ നിങ്ങളുടെ ദൈവമായ യഹോവയോട് പറ്റിച്ചേർന്നിരിപ്പിൻ.
9യഹോവ നിങ്ങളുടെ മുമ്പിൽനിന്ന് വലിപ്പവും ബലവുമുള്ള ജനതകളെ നീക്കിക്കളഞ്ഞു; ഒരു മനുഷ്യനും ഇന്നുവരെ നിങ്ങളുടെ മുമ്പിൽ നില്പാൻ കഴിഞ്ഞിട്ടില്ല.10നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു വാഗ്ദാനം ചെയ്തതുപോലെ താൻതന്നെ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്തതുകൊണ്ട് നിങ്ങളിൽ ഒരുത്തൻ ആയിരം പേരെ ഓടിച്ചിരിക്കുന്നു.11അതുകൊണ്ട് നിങ്ങളുടെ ദൈവമായ യഹോവയെ പൂർണമനസ്സോടെ സ്നേഹിപ്പാൻ ശ്രദ്ധിച്ചുകൊൾക.
12അല്ലാതെ നിങ്ങൾ പിന്തിരിഞ്ഞ് നിങ്ങളുടെ ഇടയിലുള്ള ഈ ശേഷം ജനതകളോട് ചേർന്നു വിവാഹം ചെയ്കയും ഇടകലരുകയും ചെയ്താൽ13നിങ്ങളുടെ ദൈവമായ യഹോവ ഈ ജനതകളെ നിങ്ങളുടെ മുമ്പിൽനിന്ന് നീക്കിക്കളകയില്ലെന്നും യഹോവ നിങ്ങൾക്കു തന്നിരിക്കുന്ന ഈ നല്ല ദേശത്തുനിന്ന് നിങ്ങൾ നശിച്ചുപോകുംവരെ അവർ നിങ്ങൾക്ക് കുടുക്കും കെണിയും മുതുകിൽ ചാട്ടയും കണ്ണിൽ മുള്ളും ആയിരിക്കുമെന്ന് അറിഞ്ഞുകൊൾവീൻ.
14ഇതാ, എനിക്ക് സകലഭൂവാസികളുടെയും വഴിയായി പോകുവാൻ സമയമായിരിക്കുന്നു; നിങ്ങളുടെ ദൈവമായ യഹോവ വാഗ്ദാനം ചെയ്തിട്ടുള്ള നന്മകളിൽ ഒന്നുപോലും ലഭിക്കാതെ പോയിട്ടില്ലെന്ന് നിങ്ങൾക്ക് പൂർണ്ണഹൃദയത്തിലും പൂർണ്ണമനസ്സിലും ബോധ്യമായിരിക്കുന്നു; ഒന്നിനും വീഴ്ചവരാതെ എല്ലാം നിറവേറിയിരിക്കുന്നു.15നിങ്ങൾ യഹോവയുടെ കൽപ്പനകൾ ലംഘിച്ചാൽ എല്ലാനന്മകളും നിങ്ങൾക്ക് ലഭിച്ചതുപോലെ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് തന്നിരിക്കുന്ന ഈ നല്ലദേശത്തുനിന്ന് നിങ്ങൾ നശിക്കുംവരെ യഹോവ എല്ലാ തിന്മകളും നിങ്ങളുടെമേൽ വരുത്തും.
16നിങ്ങളുടെ ദൈവമായ യഹോവയുടെ നിയമം നിങ്ങൾ ലംഘിക്കയും അന്യദൈവങ്ങളെ സേവിച്ച് നമസ്കരിക്കയും ചെയ്താൽ യഹോവയുടെ കോപം നിങ്ങളുടെ നേരെ ജ്വലിക്കും; അവൻ നിങ്ങൾക്ക് തന്നിട്ടുള്ള ഈ നല്ലദേശത്തുനിന്ന് നിങ്ങൾ വേഗം നശിച്ചുപോകയും ചെയ്യും.

24

1അനന്തരം യോശുവ യിസ്രായേൽ ഗോത്രങ്ങളെയെല്ലാം ശേഖേമിൽ കൂട്ടി;യിസ്രായേലിന്റെ മൂപ്പന്മാരെയും തലവന്മാരെയും ന്യായാധിപന്മാരെയും പ്രമാണികളെയും വിളിച്ചു; അവർ ദൈവത്തിന്റെ സന്നിധിയിൽ വന്നുനിന്നു.2യോശുവ സർവ്വജനത്തോടും യിസ്രായേലിന്റെ ദൈവമായ യഹോവയുടെ അരുളപ്പാടായി പറഞ്ഞത്: “അബ്രാഹാമിന്റെയും നാഹോരിന്റെയും പിതാവായ തേരഹ് തുടങ്ങി നിങ്ങളുടെ പിതാക്കന്മാർ പണ്ട് നദിക്കക്കരെ പാർത്ത് അന്യദൈവങ്ങളെ സേവിച്ചുപോന്നു.

3എന്നാൽ ഞാൻ നിങ്ങളുടെ പിതാവായ അബ്രാഹാമിനെ നദിക്കക്കരെനിന്ന് കൊണ്ടുവന്ന് കനാൻദേശത്തുകൂടെ നടത്തി അവന്റെ സന്തതിയെ വർദ്ധിപ്പിക്കയും അവന് യിസ്ഹാക്കിനെ കൊടുക്കയും ചെയ്തു.4യിസ്ഹാക്കിന് ഞാൻ യാക്കോബിനെയും ഏശാവിനെയും കൊടുത്തു; ഏശാവിന് ഞാൻ സേയീർപർവ്വതം അവകാശമായി കൊടുത്തു; എന്നാൽ യാക്കോബും അവന്റെ മക്കളും ഈജിപ്റ്റിലേക്ക് പോയി.
5പിന്നെ ഞാൻ മോശെയെയും അഹരോനെയും അയച്ചു; ഞാൻ ഈജിപ്റ്റിൽ ബാധകളെ അയച്ചു; അതിന്റെ ശേഷം നിങ്ങളെ അവിടെനിന്ന് പുറപ്പെടുവിച്ചു.6അങ്ങനെ ഞാൻ നിങ്ങളുടെ പിതാക്കന്മാരെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചു; അവർ ചെങ്കടലിന്നരികെ എത്തി; ഈജിപ്റ്റുകാർ രഥങ്ങളോടും കുതിരകളോടുംകൂടെ ചെങ്കടൽവരെ നിങ്ങളുടെ പിതാക്കന്മാരെ പിന്തുടർന്നു;
7അവർ യഹോവയോട് നിലവിളിച്ചപ്പോൾ അവൻ അവർക്കും ഈജിപ്റ്റുകാർക്കും മദ്ധ്യേ അന്ധകാരം വരുത്തി. എന്റെ കൽപ്പനയാൽ കടൽ അവരെ മൂടിക്കളഞ്ഞു; ഇങ്ങനെ ഞാൻ ഈജിപ്റ്റുകാരോട് ചെയ്തത് അവർ സ്വന്ത കണ്ണാലെ കണ്ടു;അവരുടെ സന്തതികളായ നിങ്ങൾ ഏറിയകാലം മരുഭൂമിയിൽ കഴിച്ചു.
8പിന്നെ ഞാൻ നിങ്ങളെ യോർദ്ദാനക്കരെ പാർത്തിരുന്ന അമോര്യരുടെ ദേശത്തേക്ക് കൊണ്ടുവന്നു; അവർ നിങ്ങളോട് യുദ്ധംചെയ്തു; നിങ്ങൾ അവരുടെ ദേശം കൈവശമാക്കേണ്ടതിന് ഞാൻ അവരെ നിങ്ങളുടെ കയ്യിൽ ഏല്പിച്ച് നശിപ്പിച്ചുകളഞ്ഞു.
9അനന്തരം സിപ്പോരിന്റെ മകൻ മോവാബ്യരാജാവായ ബാലാക്ക് പുറപ്പെട്ട് യിസ്രായേലിനോട് യുദ്ധംചെയ്തു; നിങ്ങളെ ശപിക്കുവാൻ ബെയോരിന്റെ മകനായ ബിലെയാമിനെ വിളിപ്പിച്ചു.10എങ്കിലും എനിക്ക് ബിലെയാമിന്റെ അപേക്ഷ കേൾപ്പാൻ മനസ്സില്ലായ്കയാൽ അവൻ നിങ്ങളെ അനുഗ്രഹിച്ചു; ഇങ്ങനെ ഞാൻ നിങ്ങളെ അവന്റെ കയ്യിൽനിന്ന് വിടുവിച്ചു.
11പിന്നെ നിങ്ങൾ യോർദ്ദാൻ കടന്ന് യെരീഹോവിലേക്ക് വന്നു; യെരീഹോനിവാസികൾ, അമോര്യർ, പെരിസ്യർ, കനാന്യർ, ഹിത്യർ, ഗിർഗ്ഗസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവർ നിങ്ങളോട് യുദ്ധം ചെയ്തു; ഞാൻ അവരെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചു.12ഞാൻ കടന്നലിനെ നിങ്ങൾക്കു മുമ്പെ അയച്ചു; അവ അമോര്യരുടെ ആ രണ്ടു രാജാക്കന്മാരെ ഓടിച്ചുകളഞ്ഞു; നിങ്ങൾ വാളുകൊണ്ടോ വില്ലുകൊണ്ടൊ അല്ല അവരെ ജയിച്ചത്.
13നിങ്ങൾ അധ്വാനിക്കാത്ത ഭൂമിയും നിങ്ങൾ പണിയാത്ത പട്ടണങ്ങളും ഞാൻ നിങ്ങൾക്ക് തന്നു; നിങ്ങൾ അവയിൽ പാർക്കുന്നു; നിങ്ങൾ നട്ടിട്ടില്ലാത്ത മുന്തിരിത്തോട്ടങ്ങളുടെയും ഒലിവുതോട്ടങ്ങളുടെയും ഫലം നിങ്ങൾ അനുഭവിക്കുന്നു.
14ആകയാൽ നിങ്ങൾ യഹോവയെ ഭയപ്പെട്ട് അവനെ പരമാർത്ഥതയോടും വിശ്വസ്തതയോടുംകൂടെ സേവിപ്പീൻ. നിങ്ങളുടെ പിതാക്കന്മാർ നദിക്കക്കരെയും ഈജിപ്റ്റിലുംവെച്ച് സേവിച്ച ദേവന്മാരെ ഉപേക്ഷിക്കയും യഹോവയെത്തന്നെ സേവിക്കയും ചെയ്‌വിൻ.15യഹോവയെ സേവിക്കുന്നതു നന്നല്ലെന്ന് നിങ്ങൾക്ക് തോന്നുന്നെങ്കിൽ നദിക്കക്കരെവെച്ച് നിങ്ങളുടെ പിതാക്കന്മാർ സേവിച്ച ദേവന്മാരെയോ നിങ്ങൾ പാർത്തുവരുന്ന ദേശത്തിലെ അമോര്യരുടെ ദേവന്മാരെയോ ആരെ സേവിക്കും എന്ന് ഇന്ന് തെരഞ്ഞെടുത്തുകൊൾവിൻ. ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും.“
16അതിന് ജനം ഉത്തരം പറഞ്ഞത്: “യഹോവയെ ഉപേക്ഷിച്ച് അന്യദൈവങ്ങളെ സേവിപ്പാൻ ഞങ്ങൾക്ക് ഒരുനാളും ഇടയാകാതിരിക്കട്ടെ.17ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും അടിമവീടായ ഈജിപ്റ്റിൽ നിന്ന് പുറപ്പെടുവിച്ച് ഞങ്ങൾക്കുവേണ്ടി വലിയ അടയാളങ്ങൾ പ്രവർത്തിക്കയും ഞങ്ങൾ നടന്ന എല്ലാവഴിയിലും ഞങ്ങൾ കടന്നുപോന്ന സകലജനതകളുടെ ഇടയിലും ഞങ്ങളെ കാത്തുരക്ഷിക്കയും ചെയ്തത് ദൈവമായ യഹോവ തന്നേയല്ലോ.18ദേശത്ത് പാർത്തിരുന്ന അമോര്യർ മുതലായ സകലജനതകളെയും യഹോവ ഞങ്ങളുടെ മുമ്പിൽനിന്ന് ഓടിച്ചുകളഞ്ഞു; ആകയാൽ ഞങ്ങളും യഹോവയെ സേവിക്കും; അവനത്രേ ഞങ്ങളുടെ ദൈവം.“
19യോശുവ ജനത്തോടു പറഞ്ഞത്: “നിങ്ങൾക്ക് യഹോവയെ സേവിപ്പാൻ കഴിയുന്നതല്ല; അവൻ പരിശുദ്ധദൈവം; അവൻ തീക്ഷ്ണതയുള്ള ദൈവം; അവൻ നിങ്ങളുടെ അതിക്രമങ്ങളെയും പാപങ്ങളെയും ക്ഷമിക്കയില്ല.20നിങ്ങൾ യഹോവയെ ഉപേക്ഷിച്ച് അന്യദൈവങ്ങളെ സേവിച്ചാൽ മുമ്പെ നിങ്ങൾക്ക് നന്മചെയ്തതുപോലെ അവൻ തിരിഞ്ഞ് നിങ്ങൾക്ക് തിന്മചെയ്ത് നിങ്ങളെ സംഹരിക്കും.“
21ജനം യോശുവയോട്: “അല്ല,നിശ്ചയമായും ഞങ്ങൾ യഹോവയെത്തന്നെ സേവിക്കും“ എന്ന് പറഞ്ഞു.22യോശുവ ജനത്തോട്: “യഹോവയെ സേവിക്കേണ്ടതിന് നിങ്ങൾ അവനെ തെരഞ്ഞെടുത്തിരിക്കുന്നു എന്നതിന് നിങ്ങൾ തന്നേ സാക്ഷികൾ“ എന്ന് പറഞ്ഞു. “അതേ, ഞങ്ങൾ തന്നേ സാക്ഷികൾ“ എന്ന് അവർ പറഞ്ഞു.23“ആകയാൽ ഇപ്പോൾ നിങ്ങളുടെ ഇടയിലുള്ള അന്യദൈവങ്ങളെ നീക്കിക്കളഞ്ഞ് യിസ്രായേലിന്റെ ദൈവമായ യഹോവയിങ്കലേക്ക് നിങ്ങളുടെ ഹൃദയം ചായിപ്പീൻ“ എന്ന് അവൻ പറഞ്ഞു.
24ജനം യോശുവയോട് “ഞങ്ങളുടെ ദൈവമായ യഹോവയെ ഞങ്ങൾ സേവിക്കും; അവന്റെ വാക്കു ഞങ്ങൾ അനുസരിക്കും“ എന്ന് പറഞ്ഞു.25അങ്ങനെ യോശുവ അന്ന് ശെഖേമിൽ വച്ച് യിസ്രായേൽ ജനവുമായി ഒരു ഉടമ്പടി ചെയ്തു; അവർക്ക് ചട്ടങ്ങളും നിയമങ്ങളും നൽകി.

26പിന്നെ യോശുവ ഈ വചനങ്ങൾ എല്ലാം ദൈവത്തിന്റെ ന്യായപ്രമാണപുസ്തകത്തിൽ എഴുതി; ഒരു വലിയ കല്ലെടുത്ത് അവിടെ യഹോവയുടെ വിശുദ്ധമന്ദിരത്തിനരികെയുള്ള കരുവേലകത്തിൻ കീഴെ നാട്ടി. യോശുവ സകലജനത്തോടും പറഞ്ഞത്:
27“ഇതാ, ഈ കല്ല് നമുക്കു മധ്യേ സാക്ഷിയായിരിക്കും; അത് യഹോവ നമ്മോട് കല്പിച്ചിട്ടുള്ള വചനങ്ങളൊക്കെയും കേട്ടിരിക്കുന്നു; ആകയാൽ നിങ്ങൾ ദൈവത്തെ നിഷേധിച്ചാൽ അത് നിങ്ങൾക്കെതിരെ സാക്ഷിയായിരിക്കും“28ഇങ്ങനെ യോശുവ ജനത്തെ താന്താങ്ങളുടെ അവകാശത്തിലേക്ക് പറഞ്ഞയച്ചു.

29യഹോവയുടെ ദാസനും നൂന്റെ പുത്രനുമായ യോശുവ നൂറ്റിപ്പത്ത് വയസ്സുള്ളപ്പോൾ മരിച്ചു.30യിസ്രായേൽജനം അവനെ എഫ്രയീംപർവ്വതത്തിലുള്ള തിമ്നാത്ത്-സേരഹിൽ ഗായശ് മലയുടെ വടക്കുവശത്ത് അവന്റെ അവകാശഭൂമിയിൽ അടക്കംചെയ്തു.
31യോശുവയുടെ കാലത്തും അവനുശേഷം യഹോവ യിസ്രായേലിന് വേണ്ടി ചെയ്ത സകലപ്രവൃത്തികളും അറിഞ്ഞവരായ മൂപ്പന്മാരുടെ കാലം വരെയും യിസ്രായേൽ യഹോവയെ സേവിച്ചു.
32യിസ്രായേൽമക്കൾ ഈജിപ്റ്റിൽ നിന്ന് കൊണ്ടുപോന്ന യോസേഫിന്റെ അസ്ഥികൾ അവർ ശെഖേമിൽ, യാക്കോബ് ശെഖേമിന്റെ അപ്പനായ ഹാമോരിന്റെ മക്കളോട് നൂറ് വെള്ളിക്കാശിന് വാങ്ങിയിരുന്ന നിലത്ത്, അടക്കംചെയ്തു; അത് യോസേഫിന്റെ മക്കൾക്ക് അവകാശമായിത്തീർന്നിരുന്നു.33അഹരോന്റെ മകൻ എലെയാസാരും മരിച്ചു; അവനെ അവന്റെ മകനായ ഫീനെഹാസിന് എഫ്രയീംപർവ്വതത്തിൽ കൊടുത്തിരുന്ന ഒരു കുന്നിൽ അടക്കം ചെയ്തു.

ന്യായാധിപന്മാർ

1

1യോശുവയുടെ മരണത്തെ തുടർന്നു “കനാന്യരോട് യുദ്ധംചെയ്‌വാൻ ഞങ്ങളിൽ ആദ്യം പുറപ്പെടേണ്ടത് ആരാകുന്നു” എന്ന് യിസ്രായേൽ മക്കൾ യഹോവയോട് ചോദിച്ചു.2അതിന് യഹോവ അരുളിച്ചെയ്തത് “യെഹൂദാ പുറപ്പെടട്ടെ; തീർച്ചയായും ഞാൻ ആ ദേശം അവന് കൊടുത്തിരിക്കുന്നു3യെഹൂദാ തന്റെ സഹോദരനായ ശിമെയോനോട് എനിക്ക് നൽകിയിരിക്കുന്ന പ്രദേശത്തേക്ക് കനാന്യരോട് യുദ്ധംചെയ്‌വാൻ നീ എന്നോടുകൂടെ പോരേണം; അതുപോലെതന്നെ ഞാനും നിന്നോടു കൂടെ നിന്റെ അവകാശദേശത്തേക്ക് വരാം “എന്ന് പറഞ്ഞു അങ്ങനെ ശിമെയോൻ അവനോടുകൂടെ പോയി.

4അങ്ങനെ യെഹൂദാ പുറപ്പെട്ടു; യഹോവ കനാന്യരെയും പെരിസ്യരെയും അവർക്ക് ഏല്പിച്ചുകൊടുത്തു; അവർ ബേസെക്കിൽവെച്ച് അവരിൽ പതിനായിരംപേരെ കൊന്നു.5ബേസെക്കിൽവെച്ച് അവർ അദോനി-ബേസെക്കിനെ കണ്ടു, അവനോട് യുദ്ധംചെയ്തു ; അങ്ങനെ അവർ കനാന്യരെയും പെരിസ്യരെയും പരാജയപ്പെടുത്തി.
6അപ്പോൾ അദോനീബേസെക്ക് ഓടിപ്പോയി; അവർ അവനെ പിന്തുടർന്നു പിടിച്ചു അവന്റെ കൈകാലുകളുടെ പെരുവിരൽ മുറിച്ചുകളഞ്ഞു.7കൈകാലുകളുടെ പെരുവിരൽ മുറിച്ച എഴുപതു രാജാക്കന്മാർ എന്റെ മേശയിൻകീഴിൽനിന്ന് ഭക്ഷണം പെറുക്കിത്തിന്നിരുന്നു; ഞാൻ ചെയ്തതുപോലെ തന്നേ ദൈവം എനിക്ക് പകരം ചെയ്തിരിക്കുന്നു എന്ന് അദോനീ-ബേസെക്ക് പറഞ്ഞു. അവർ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി; അവിടെവെച്ച് അവൻ മരിച്ചു.

8യെഹൂദാമക്കൾ യെരൂശലേമിന്റെ നേരെ യുദ്ധംചെയ്തു അവർ അതിനെ കൈവശമാക്കി ; വാൾ കൊണ്ട് വെട്ടി, നഗരം തീയിട്ട് ചുട്ടുകളഞ്ഞു.9അതിന്റെ ശേഷം യെഹൂദാമക്കൾ മലകളിലും തെക്കുഭാഗത്തും താഴ്വരകളിലും പാർത്തിരുന്ന കനാന്യരോടു യുദ്ധം ചെയ്‌വാൻ പോയി.10അനന്തരം യെഹൂദാ ഹെബ്രോനിൽ പാർത്തിരുന്ന കനാന്യർക്കു നേരെ ചെന്നു; ഹെബ്രോന്റെ പഴയ പേര് കിര്യത്ത്-അർബ്ബാ എന്നായിരുന്നു. അവർ ശേശായി, അഹിമാൻ, തൽമായി എന്നിവരെ കൊന്നു.
11അവിടെനിന്നു അവർ ദെബീർ നിവാസികളുടെ നേരെ ചെന്നു; ദെബീരിന്റെ പഴയ പേര് കിര്യത്ത്-സേഫെർ എന്നായിരുന്നു.12അപ്പോൾ കാലേബ്: യുദ്ധം ചെയ്തു കിര്യത്ത്-സേഫെർ കീഴടക്കുന്നവന് ഞാൻ എന്റെ മകൾ അക്സയെ ഭാര്യയായി കൊടുക്കും എന്ന് പറഞ്ഞു.13കാലേബിന്റെ അനുജനായ കെനസിന്റെ മകൻ ഒത്നീയേൽ അത് പിടിച്ചു; അവൻ തന്റെ മകൾ അക്സയെ അവന് ഭാര്യയായി കൊടുത്തു.
14അവൾ അവന്റെ അടുക്കൽ എത്തിയപ്പോൾ അവളുടെ അപ്പനോടു ഒരു വയൽ കൂടി ആവശ്യപ്പെടാൻ അവനെ ഉത്സാഹിപ്പിച്ചു; അവൾ കഴുതപ്പുറത്തുനിന്ന് ഇറങ്ങിയപ്പോൾ കാലേബ് അവളോട് നിന്റെ ആഗ്രഹം എന്ത് എന്ന് ചോദിച്ചു.15അവൾ അവനോട്: ഒരു അനുഗ്രഹം എനിക്ക് തരേണമേ; നീ എനിക്ക് തന്ന ഭൂമി തെക്കെ ദേശത്തായതുകൊണ്ട് , നീരുറവുകളും കൂടെ എനിക്ക് തരേണമേ എന്ന് പറഞ്ഞു; കാലേബ് അവൾക്ക് മലയിലും താഴ്വരയിലും നീരുറവുകൾ കൊടുത്തു.

16മോശെയുടെ ഭാര്യാപിതാവായ കേന്യന്റെ മക്കൾ യെഹൂദാമക്കളോടുകൂടെ ഈന്തപ്പന നഗരത്തിൽനിന്ന് അരാദിന്നു തെക്കുള്ള യെഹൂദാമരുഭൂമിയിലേക്ക് ചെന്ന്, ജനത്തോടുകൂടെ അവിടെ പാർത്തു.17പിന്നെ യെഹൂദാ തന്റെ സഹോദരനായ ശിമെയോനോടുകൂടെ പോയി, അവർ സെഫാത്തിൽ പാർത്തിരുന്ന കനാന്യരെ വെട്ടി അതിനെ പൂർണ്ണമായും നശിപ്പിച്ചു; അങ്ങനെ ആ പട്ടണത്തിന് ഹോർമ്മ എന്ന് പേരിട്ടു.
18ഗസ്സയും അസ്കലോനും, എക്രോനും ഇവയോടു ചേർന്നുള്ള ഭൂപ്രദേശങ്ങളും യെഹൂദാ പിടിച്ചു.19യഹോവ യെഹൂദയോടുകൂടെ ഉണ്ടായിരുന്നു; അവൻ മലനാട്ടിലെ നിവാസികളെ ഓടിച്ചുകളഞ്ഞു; എന്നാൽ താഴ്വരയിലെ നിവാസികൾക്ക് ഇരിമ്പുരഥങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് അവരെ നീക്കിക്കളവാൻ കഴിഞ്ഞില്ല.
20മോശെ കല്പിച്ചതുപോലെ അവർ കാലേബിന് ഹെബ്രോൻ കൊടുത്തു; അവൻ അവിടെനിന്ന് അനാക്കിന്റെ മൂന്നു പുത്രന്മാരെയും നീക്കിക്കളഞ്ഞു.21യെരൂശലേമിൽ പാർത്തിരുന്ന യെബൂസ്യരെ ബെന്യാമീൻ മക്കൾ നീക്കിക്കളയാതിരുന്നതുകൊണ്ട് അവർ ഇന്നുവരെ ബെന്യാമീൻ മക്കളോടു കൂടെ യെരൂശലേമിൽ പാർത്തുവരുന്നു.

22യോസേഫിന്റെ ഗൃഹം ബേഥേലിലേക്ക് കയറിച്ചെന്നു; യഹോവയും അവരോടുകൂടെ ഉണ്ടായിരുന്നു.23യോസേഫിന്റെ ഗൃഹം ബേഥേലിലേക്ക് ഒറ്റുകാരെ അയച്ചു; ആ പട്ടണത്തിന് മുമ്പെ ലൂസ് എന്ന് പേരായിരുന്നു.24ഒറ്റുകാർ പട്ടണത്തിൽ നിന്നു പുറത്തേക്ക് വന്ന ഒരുവനോട്“പട്ടണത്തിനകത്ത് പ്രവേശിക്കുവാനുള്ള വാതിൽ കാണിച്ചുതന്നാൽ ഞങ്ങൾ നിന്നോടു കരുണ കാണിക്കും” എന്ന് പറഞ്ഞു.
25അവൻ പട്ടണത്തിൽ കടപ്പാനുള്ള വഴി അവർക്ക് കാണിച്ചുകൊടുത്തു; അവർ പട്ടണത്തെ വാളാൽ വെട്ടി നശിപ്പിച്ചു എന്നാൽ ആ മനുഷ്യനെയും അവന്റെ സകല കുടുംബത്തെയും അവർ വിട്ടയച്ചു.26അവൻ ഹിത്യരുടെ ദേശത്ത് ചെന്ന് ഒരു പട്ടണം പണിതു ; അതിന് ലൂസ് എന്ന് പേരിട്ടു; അത് ഇന്നുവരെ അങ്ങനെ അറിയപ്പെടുന്നു.

27മനശ്ശെ ബേത്ത്-ശെയാൻ, താനാക്ക്, ദോർ യിബ്ളെയാം, മെഗിദ്ദോ എന്നിവിടങ്ങളിലും അവയുടെ ഗ്രാമങ്ങളിലും പാർത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല; അതിനാൽ, കനാന്യർ ആ ദേശത്ത് തന്നേ പാർപ്പാനുള്ള താല്പര്യം സാധിച്ചു.28എന്നാൽ യിസ്രായേൽ ശക്തരായപ്പോൾ അവർ കനാന്യരെ മുഴുവനും നീക്കിക്കളയാതെ അവരെ കൊണ്ട് കഠിനവേല ചെയ്യിച്ചു.

29ഗേസെരിൽ പാർത്തിരുന്ന കനാന്യരെ എഫ്രയീമും നീക്കിക്കളഞ്ഞില്ല; കനാന്യർ ഗേസെരിൽ അവരുടെ ഇടയിൽ പാർത്തു.

30കിത്രോനിലും നഹലോലിലും പാർത്തിരുന്നവരെ സെബൂലൂനും നീക്കിക്കളഞ്ഞില്ല; അങ്ങനെ കനാന്യർ കഠിനവേല ചെയ്ത് അവരുടെ ഇടയിൽ പാർത്തു.

31അക്കോ സീദോൻ , അഹ്ലാബ്, അക്സീബ് ഹെൽബ, അഫീക്, രെഹോബ് എന്നിവിടങ്ങളിൽ പാർത്തിരുന്നവരെ ആശേരും നീക്കിക്കളഞ്ഞില്ല.32അപ്രകാരം, അവരെ നീക്കിക്കളയാതെ, ആശേർ ഗോത്രക്കാർ ദേശനിവാസികളായ കനാന്യരുടെ ഇടയിൽ പാർത്തു.

33ബേത്ത്-ശേമെശിലും ബേത്ത്-അനാത്തിലും പാർത്തിരുന്നവരെ നഫ്താലിയും നീക്കിക്കളഞ്ഞില്ല; അങ്ങനെ അവർ കനാന്യരായ ദേശനിവാസികളുടെ ഇടയിൽ പാർത്തു; എന്നിരുന്നാലും ബേത്ത്-ശേമെശിലെയും ബേത്ത്-അനാത്തിലെയും നിവാസികളെകൊണ്ട് അവർ കഠിനവേല ചെയ്യിച്ചു .

34അമോര്യർ ദാൻമക്കളെ ബലപ്രയോഗത്താൽ പർവതങ്ങളിലേക്ക് ഓടിച്ചു കയറ്റി; താഴ്വരയിലേക്ക് ഇറങ്ങുവാൻ അവരെ സമ്മതിച്ചതുമില്ല.35അങ്ങനെ അമോര്യർ ഹർഹേരെസിലും അയ്യാലോനിലും ശാൽബീമിലും പാർക്കുവാൻ നിശ്ചയിച്ചുറച്ചു. എന്നാൽ യോസേഫ് ഗൃഹം ശക്തി പ്രാപിച്ചപ്പോൾ അവരെ കഠിനവേലയ്ക്കാക്കി.

.
36അമോര്യരുടെ അതിർ അക്രബ്ബിം കയറ്റത്തിൽ സേല മുതൽ മുകളിലേക്കായിരുന്നു.

2

1അനന്തരം യഹോവയുടെ ദൂതൻ ഗില്ഗാലിൽനിന്ന് ബോഖീമിലേക്ക് വന്ന് പറഞ്ഞത്: ഞാൻ നിങ്ങളെ “ഈജിപ്റ്റിൽ നിന്ന് മോചിപ്പിച്ച്, നിങ്ങളുടെ പിതാക്കന്മാരോട് സത്യംചെയ്ത ദേശത്തേക്ക് കൊണ്ടുവന്നുമിരിക്കുന്നു ; നിങ്ങളോടുള്ള എന്റെ ഉടമ്പടിക്ക് ഒരുനാളും മാറ്റം ഉണ്ടാകയില്ല2നിങ്ങൾ ഈ ദേശനിവാസികളോട് ഉടമ്പടി ചെയ്യാതെ അവരുടെ ബലിപീഠങ്ങളെ ഇടിച്ചുകളയേണമെന്ന് കല്പിച്ചിരുന്നു; എന്നാൽ നിങ്ങൾ എന്റെ വാക്ക് കേട്ടനുസരിച്ചില്ല; നിങ്ങൾ എന്തുകൊണ്ട് ഇങ്ങനെ ചെയ്തു?

3അതുകൊണ്ടു ഞാൻ ഇപ്രകാരം പറയുന്നു: ഞാൻ അവരെ നിങ്ങളുടെ മുമ്പിൽനിന്ന് നീക്കിക്കളകയില്ല; അവർ,നിങ്ങൾക്ക് ഒരു ഉപദ്രവവും അവരുടെ ദേവന്മാർനിങ്ങൾക്ക് ഒരു കെണിയും ആയിരിക്കും.4അങ്ങനെ യഹോവയുടെ ദൂതൻ ഈ വചനം എല്ലാ യിസ്രായേൽമക്കളോടും പറഞ്ഞപ്പോൾ ജനം ഉച്ചത്തിൽ കരഞ്ഞു.5അനന്തരം അവർ ആ സ്ഥലത്തിന്നു ബോഖീം (കരയുന്നവർ) എന്ന് പേരിട്ടു; അവിടെ യഹോവക്ക് യാഗം കഴിച്ചു.

6യോശുവ ജനത്തെ പറഞ്ഞയച്ച് കഴിഞ്ഞപ്പോൾ , യിസ്രായേൽമക്കൾ ദേശം കൈവശമാക്കുവാൻ ഓരോരുത്തരും അവരവരുടെ അവകാശത്തിലേക്ക് പോയി.7അങ്ങനെ യോശുവയുടെ ജീവകാലത്തും അവന്റെ ശേഷം ജീവിച്ചിരുന്നവരും, യഹോവ യിസ്രായേലിന്നു വേണ്ടി ചെയ്ത മഹാപ്രവൃത്തികളൊക്കെയും നേരിൽ കണ്ടിട്ടുള്ളവരുമായ മൂപ്പന്മാരുടെ കാലത്തും ജനം യഹോവയെ സേവിച്ചു.8അനന്തരം നൂനിന്റെ മകനും , യഹോവയുടെ ദാസനുമായ യോശുവ നൂറ്റിപ്പത്താമത്തെ വയസിൽ മരിച്ചു.
9അവർ അവനെ അവന്റെ അവകാശഭൂമിയുടെ അതിരായ എഫ്രയീംപർവ്വതത്തിലെ ഗായശ് മലയുടെ വടക്കുവശത്തുള്ള തിമ്നാത്ത്-ഹേരെസിൽ അടക്കം ചെയ്തു.10പിന്നെ ആ തലമുറ മരിച്ച് തങ്ങളുടെ പിതാക്കന്മാരോട് ചേർന്നു; അവരുടെ ശേഷം യഹോവയെയും അവിടുന്ന് യിസ്രായേലിന് വേണ്ടി ചെയ്തിട്ടുള്ള പ്രവൃത്തികളെയും അറിഞ്ഞിട്ടില്ലാത്ത വേറൊരു തലമുറ ഉണ്ടായി.

11അപ്പോൾ യിസ്രായേൽമക്കൾ യഹോവയ്ക്ക് ഇഷ്ടമല്ലാത്തവ ചെയ്ത് ബാൽവിഗ്രഹങ്ങളെ സേവിച്ചു,12തങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്ന് കൊണ്ടുവന്ന ദൈവമായ യഹോവയെ അവർ ഉപേക്ഷിച്ച്, ചുറ്റുമുള്ള ജാതികളുടെ ദേവന്മാരായ അന്യദൈവങ്ങളെ ചെന്ന് നമസ്കരിച്ചു, യഹോവയെ കോപിപ്പിച്ചു.13അവർ യഹോവയെ ഉപേക്ഷിച്ച് ബാലിനെയും അസ്തൊരെത്ത് പ്രതിഷ്ഠകളെയും സേവിച്ചു.
14യഹോവ യിസ്രായേലിന്റെ നേരെ ഏറ്റവുമധികം കോപിച്ചു ; അവരെ കവർച്ചചെയ്യേണ്ടതിന് അവിടുന്ന് അവരെ കവർച്ചക്കാരുടെ കയ്യിൽ ഏല്പിച്ചു; ചുറ്റുമുള്ള ശത്രുക്കൾക്കു അവരെ വിറ്റുകളഞ്ഞു; ശത്രുക്കളുടെ മുമ്പാകെ നില്പാൻ അവർക്ക് പിന്നെ കഴിഞ്ഞില്ല.15യഹോവ സത്യം ചെയ്ത് അവരോട് അരുളിച്ചെയ്തിരുന്നതുപോലെ , യഹോവയുടെ കൈ അവർ ചെന്നേടത്തൊക്കെയും, അനർത്ഥം വരത്തക്കവണ്ണം അവർക്ക് വിരോധമായിരുന്നു; അവർ മഹാകഷ്ടത്തിലാകുകയും ചെയ്തു.
16എന്നിരുന്നാലും യഹോവ ന്യായാധിപന്മാരെ എഴുന്നേല്പിച്ചു; അവർ കവർച്ചക്കാരിൽ നിന്ന് അവരെ രക്ഷിച്ചു.17എന്നാലും അവർ തങ്ങളുടെ ന്യായാധിപന്മാരെയും അനുസരിക്കാതെ അന്യദൈവങ്ങളോട് ഇടകലർന്ന് അവയെ നമസ്കരിച്ചു; യഹോവയുടെ കല്പനകൾ അനുസരിച്ച് നടന്ന തങ്ങളുടെ പിതാക്കന്മാരുടെ വഴികളിൽ നടക്കാതെ അതിൽ നിന്ന് വേഗം മാറിപ്പോയി.
18യഹോവ അവർക്ക് ന്യായാധിപന്മാരെ എഴുന്നേല്പിച്ചപ്പോൾ,അവിടുന്ന്, അതാത് ന്യായാധിപനോടു കൂടെയിരുന്ന് അവന്റെ കാലത്തൊക്കെയും അവരെ ശത്രുക്കളുടെ കയ്യിൽ നിന്ന് രക്ഷിച്ചിരുന്നു;എന്തെന്നാൽ തങ്ങളെ ഉപദ്രവിച്ച് പീഡിപ്പിക്കുന്നവരുടെ നിമിത്തമുള്ള അവരുടെ നിലവിളിയിങ്കൽ യഹോവെക്ക് മനസ്സലിവ്തോന്നിയിരുന്നു.19എന്നാൽ ആ ന്യായാധിപന്റെ മരണശേഷം അവർ വീണ്ടും അന്യദൈവങ്ങളെ സേവിച്ചും നമസ്കരിച്ചും കൊണ്ട് തങ്ങളുടെ പിതാക്കന്മാരെക്കാൾ അധികം വഷളത്വം പ്രവർത്തിച്ചിരുന്നു; അവർ തങ്ങളുടെ പ്രവൃത്തികളും ദുശ്ശാഠ്യനടപ്പും വിട്ടിരുന്നില്ല.
20അങ്ങനെ യഹോവ യിസ്രായേലിനോട് ഏറ്റവുമധികം കോപിച്ചു: ഈ ജനം അവരുടെ പിതാക്കന്മാരോട് ഞാൻ കല്പിച്ചിട്ടുള്ള എന്റെ നിയമം ലംഘിച്ച് എന്റെ വാക്ക് കേൾക്കായ്കയാൽ21അവരുടെ പിതാക്കന്മാർ അനുസരിച്ചു നടന്ന യഹോവയുടെ വഴിയിൽ ഇവരും നടക്കുമോ ഇല്ലയോ എന്ന് യിസ്രായേലിനെ പരീക്ഷിക്കേണ്ടതിന്,22യോശുവ മരിക്കുമ്പോൾ നശിപ്പിക്കാതെ വിട്ട ജാതികളിൽ ഒന്നിനെയും ഞാൻ ഇനി അവരുടെ മുമ്പിൽനിന്ന് നീക്കിക്കളകയില്ല എന്ന് അവൻ അരുളിച്ചെയ്തു.23അങ്ങനെ യഹോവ ആ ജനതകളെ വേഗത്തിൽ നീക്കിക്കളയാതെയും യോശുവയുടെ കയ്യിൽ ഏല്പിക്കാതെയുമിരുന്നു.

3

1കനാനിലെ യുദ്ധങ്ങളിലൊന്നും പങ്കെടുത്ത് യുദ്ധ പരിചയം ഇല്ലാതിരുന്ന യിസ്രായേലിന്റെ തലമുറകളെ പരീക്ഷിക്കേണ്ടതിനും2അവരെ യുദ്ധ മുറകൾ അഭ്യസിപ്പിക്കേണ്ടതിനുമായി യഹോവ ശേഷിപ്പിച്ചിരുന്ന ജാതികൾ,3ഫെലിസ്ത്യരുടെ അഞ്ച് പ്രഭുക്കന്മാരും എല്ലാ കനാന്യരും, സീദോന്യരും ബാൽ ഹെർമ്മോൻ പർവ്വതംമുതൽ ഹമാത്തിലേക്കുള്ള പ്രവേശനംവരെ ലെബാനോൻ പർവ്വതത്തിൽ പാർത്തിരുന്ന ഹിവ്യരും ആയിരുന്നു.

4മോശെമുഖാന്തരം യഹോവ അവരുടെ പിതാക്കന്മാർക്ക് കൊടുത്ത കല്പനകൾ അനുസരിക്കുമോ എന്ന് ഈ ജാതികളാൽ യിസ്രായേലിനെ പരീക്ഷിച്ചറിവാൻ ആയിരുന്നു ഇവരെ ശേഷിപ്പിച്ചിരുന്നത്.5അങ്ങനെ കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ഇടയിൽ യിസ്രായേൽമക്കൾ പാർത്തു.6അവരുടെ പുത്രിമാരെ യിസ്രയേൽമക്കൾ ഭാര്യമാരായി സ്വീകരിക്കയും, സ്വന്തം പുത്രിമാരെ അവരുടെ പുത്രന്മാർക്ക് കൊടുക്കയും , ആ ജാതികളുടെ ദേവന്മാരെ സേവിക്കയും ചെയ്തു.

7ഇങ്ങനെ യിസ്രായേൽമക്കൾ യഹോവയ്ക്ക് ഇഷ്ടമല്ലാത്തത് ചെയ്തു, തങ്ങളുടെ ദൈവമായ യഹോവയെ മറന്നു ; ബാൽവിഗ്രഹങ്ങളെയും അശേരപ്രതിഷ്ഠകളെയും സേവിച്ചു.8അതുകൊണ്ട് യഹോവ യിസ്രായേലിന്റെ നേരെ അത്യന്തം കോപിച്ചു; അവിടുന്ന് അവരെ മെസോപൊത്താമ്യയിലെ ഒരു രാജാവായ കൂശൻരിശാഥയീമിന് അടിമകളായി ഏല്പിച്ചു; അവർ അവനെ എട്ടു വർഷം സേവിച്ചു.
9യിസ്രായേൽമക്കൾ യഹോവയോട് നിലവിളിച്ചപ്പോൾ യഹോവ കാലേബിന്റെ അനുജനായ കെനസിന്റെ മകൻ ഒത്നിയേലിനെ അവർക്ക് രക്ഷകനായി എഴുന്നേല്പിച്ചു; അവൻ അവരെ രക്ഷിച്ചു.10അവന്റെ മേൽ യഹോവയുടെ ആത്മാവ് വന്നു; അവൻ യിസ്രായേലിന് ന്യായപാലനം ചെയ്തു.അവൻ യുദ്ധത്തിന് പോയപ്പോൾ മെസോപൊത്താമ്യയിലെ രാജാവായ കൂശൻരിശാഥയീമിനെ ജയിക്കുവാൻ യഹോവയാൽ അവന് സാധിച്ചു; അവൻ കൂശൻരിശാഥയീമിന്റെമേൽ ആധിപത്യം പ്രാപിച്ചു.11അങ്ങനെ ദേശത്തിന് നാല്പതു സംവത്സരം സ്വസ്ഥത ഉണ്ടായി.

12കെനസിന്റെ മകനായ ഒത്നീയേൽ മരിച്ചശേഷം യിസ്രായേൽമക്കൾ വീണ്ടും യഹോവയ്ക്ക് ഇഷ്ടമല്ലാത്തത് ചെയ്തു; അവർ അങ്ങനെ ചെയ്കകൊണ്ട് യഹോവ മോവാബ്‌രാജാവായ എഗ്ലോനെ യിസ്രായേലിന് വിരോധമായി ബലപ്പെടുത്തി.13അവൻ അമ്മോന്യരെയും അമാലേക്യരെയും ഒരുമിച്ചുകൂട്ടി യിസ്രായേലിനെ പരാജയപ്പെടുത്തി അവർ ഈന്തപ്പനകളുടെ നഗരം കൈവശമാക്കി14അങ്ങനെ യിസ്രായേൽ മക്കൾ മോവാബ്‌രാജാവായ എഗ്ലോനെ പതിനെട്ട് സംവത്സരം സേവിച്ചു.
15യിസ്രായേൽ മക്കൾ യഹോവയോട് നിലവിളിച്ചപ്പോൾ യഹോവ അവർക്ക് ബെന്യാമീന്യനായ ഗേരയുടെ മകൻ ഇടങ്കയ്യനായ ഏഹൂദിനെ രക്ഷകനായി എഴുന്നേല്പിച്ചു; അവന്റെ കൈവശം യിസ്രായേൽമക്കൾ മോവാബ്‌രാജാവായ എഗ്ലോന് കപ്പം കൊടുത്തയച്ചു.
16അനന്തരം ഏഹൂദ്,ഒരു മുഴം നീളവും ഇരുപുറവും മൂർച്ചയുമുള്ള ഒരു കഠാര ഉണ്ടാക്കി; അതു വസ്ത്രത്തിന്റെ ഉള്ളിൽ വലത്തെ തുടെക്കു കെട്ടി.17അങ്ങനെ അവൻ മോവാബ്‌രാജാവായ എഗ്ലോന്റെ അടുക്കൽ കപ്പം കൊണ്ടു ചെന്നു; എഗ്ലോൻ വളരെ തടിച്ച ശരീരമുള്ളവൻ ആയിരുന്നു.18കപ്പം കൊണ്ടുവന്നശേഷം അതു ചുമന്നുകൊണ്ടു വന്നവരെ അവൻ പറഞ്ഞയച്ചു
19എന്നാൽ അവൻ ഗില്ഗാലിലുള്ള ശിലാവിഗ്രഹങ്ങളുടെ അടുക്കൽനിന്നു മടങ്ങിച്ചെന്ന്: രാജാവേ, എനിക്ക് അങ്ങയോട് ഒരു രഹസ്യസന്ദേശം അറിയിപ്പാനുണ്ട് എന്ന് പറഞ്ഞു. നിശബ്ദമായിരിപ്പാൻ രാജാവ് ആവശ്യപ്പെട്ട ഉടനെ കൂടെ നിന്നിരുന്ന പരിചാരകരെല്ലാവരും അവനെ വിട്ടു പുറത്തുപോയി.20ഏഹൂദ് അടുത്തുചെന്നു. അപ്പോൾ അവൻ തന്റെ വേനൽക്കാലവസതിയുടെ മുകളിലത്തെ നിലയിലുള്ള സ്വകാര്യമുറിയിൽ തനിച്ച് ഇരിക്കയായിരുന്നു. എനിക്ക് ദൈവത്തിന്റെ അരുളപ്പാട് അറിയിപ്പാൻ ഉണ്ട് എന്ന് ഏഹൂദ് പറഞ്ഞു; ഉടനെ അവൻ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റു.
21അപ്പോൾ ഏഹൂദ് ഇടത്തു കൈ നീട്ടി വലത്തെ തുടയിൽ നിന്നു കഠാര ഊരി അവന്റെ വയറ്റിൽ കുത്തിയിറക്കി.22കഠാരയോടുകൂടെ പിടിയും അകത്ത് ചെന്നു; അവന്റെ വയറ്റിൽനിന്നു കഠാര അവൻ വലിച്ചെടുക്കാതിരുന്നതിനാൽ കൊഴുപ്പ് കഠാരമേൽ പൊതിഞ്ഞു; അവന്റെ കുടൽമാല പുറത്തുവന്നു.23പിന്നെ ഏഹൂദ് പൂമുഖത്ത് ഇറങ്ങി മാളികയുടെ വാതിൽ അടച്ചുപൂട്ടി.
24അവൻ പുറത്തു പോയശേഷം എഗ്ലോന്റെ ഭൃത്യന്മാർ വന്നു , അവരുടെ പ്രതീക്ഷക്ക് വിരുദ്ധമായി മാളികയുടെ വാതിൽ പൂട്ടിയിരിക്കുന്നത് കണ്ടു; അവൻ തന്റെ സ്വകാര്യമുറിയിൽ വിസർജ്ജനത്തിന് ഇരിക്കയായിരിക്കും എന്ന് അവർ പറഞ്ഞു.25അങ്ങനെ അവർ ഏറെനേരം കാത്തിരുന്നു വിഷമിച്ചിട്ടും മുറിയുടെ വാതിൽ തുറന്നുകണ്ടില്ല. അതുകൊണ്ട് അവർ താക്കോൽ എടുത്ത് വാതിൽ തുറന്നു;
26അപ്പോൾ അവരുടെ യജമാനൻ നിലത്ത് മരിച്ചു കിടക്കുന്നത് കണ്ടു. എന്നാൽ അവർ കാത്തിരുന്നതിന്നിടയിൽ ഏഹൂദ് ഓടി രക്ഷപ്പെട്ടു , ശിലാവിഗ്രഹങ്ങളെ കടന്ന് സെയീരയിൽ എത്തിച്ചേർന്നു.27അവിടെ എത്തിയശേഷം അവൻ എഫ്രയീംപർവ്വതത്തിൽ കാഹളം ഊതി; യിസ്രായേൽമക്കൾ അവനോടുകൂടെ പർവ്വതത്തിൽനിന്ന് ഇറങ്ങി; അവൻ അവരുടെ നായകനായി.
28അവൻ അവരോട്: എന്റെ പിന്നാലെ വരുവിൻ; ശത്രുക്കളായ മോവാബ്യരെ യഹോവ നിങ്ങളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്ന് പറഞ്ഞു; അവർ അവന്റെ പിന്നാലെ ഇറങ്ങിച്ചെന്നു മോവാബിന്നു നേരെയുള്ള യോർദ്ദാന്റെ കടവുകൾ പിടിച്ചു; ആരെയും കടപ്പാൻ സമ്മതിച്ചതുമില്ല.29അവർ ആ സമയം മോവാബ്യരിൽ ഏകദേശം പതിനായിരം പേരെ കൊന്നുകളഞ്ഞു; അവർ എല്ലാവരും ബലവാന്മാരും യുദ്ധവീരന്മാരും ആയിരുന്നു;30ഒരുത്തനും രക്ഷപെട്ടില്ല. അങ്ങനെ ആ കാലത്തു മോവാബ് യിസ്രായേലിന്നു കീഴടങ്ങി; ദേശത്ത് എണ്പതു സംവത്സരം സ്വസ്ഥതയുണ്ടാകയും ചെയ്തു.

31അവന്റെ ശേഷം അനാത്തിന്റെ മകനായ ശംഗർ ഒരു കൂർത്ത ചാട്ടകൊണ്ട് ഫെലിസ്ത്യരിൽ അറുനൂറുപേരെ കൊന്നു; അവനും അങ്ങനെ യിസ്രായേലിന്റെ രക്ഷകനായി.

4

1ഏഹൂദിന്റെ മരണശേഷം യിസ്രായേൽമക്കൾ വീണ്ടും യഹോവയ്ക്ക് ഇഷ്ടമില്ലാത്തത് ചെയ്തു.2അപ്പോൾ ഹാസോർ ഭരിച്ചിരുന്ന കനാന്യരാജാവായ യാബീന് യഹോവ അവരെ വിറ്റുകളഞ്ഞു; അവന്റെ സൈന്യാധിപനായ സീസെരാ മറ്റ് ജനതകൾ പാർത്തിരുന്ന ഹരോശെത്ത് ഹഗോമയിൽ നിന്നുള്ളവൻ ആയിരുന്നു.3യാബീന് തൊള്ളായിരം ഇരിമ്പുരഥങ്ങൾ ഉണ്ടായിരുന്നു. അവൻ യിസ്രായേൽമക്കളെ ഇരുപത് വർഷം അതികഠിനമായി കഷ്ടപ്പെടുത്തിയതിനാൽ അവർ യഹോവയോട് നിലവിളിച്ചു.

4ആ കാലത്തു ലപ്പീദോത്തിന്റെ ഭാര്യ പ്രവാചകിയായ ദെബോരാ ആയിരുന്നു യിസ്രായേലിൽ ന്യായപാലനം നടത്തിയിരുന്നത്5അവൾ എഫ്രയീംപർവ്വതത്തിൽ രാമെക്കും ബേഥേലിന്നും ഇടയിലുള്ള ദെബോരയുടെ ഈന്തപ്പനയുടെ കീഴിൽ ഇരിക്കുന്നതും യിസ്രായേൽമക്കൾ ന്യായവിസ്താരത്തിനായി അവളുടെ അടുക്കൽ ചെല്ലുന്നതും പതിവായിരുന്നു.
6അവൾ അബീനോവാമിന്റെ മകനായ ബാരാക്കിനെ നഫ്താലിയിലെ കേദെശിൽ നിന്ന് വിളിപ്പിച്ച് അവനോട്: “താബോർപർവ്വതത്തിൽ സൈന്യങ്ങളെ അണിനിരത്തുക; ആകയാൽ നീ പുറപ്പെട്ട് നഫ്താലിയുടെയും സെബൂലൂന്റെയും മക്കളിൽ പതിനായിരം പേരെ ചേർത്തുകൊള്ളുക;7ഞാൻ യാബീന്റെ സൈന്യാധിപൻ സീസെരയെയും അവന്റെ രഥങ്ങളെയും സൈന്യത്തെയും കീശോൻ തോട്ടിന്നരികെ നിനക്കെതിരെ അണിനിരത്തും;അവനെ നിന്റെ കയ്യിൽ ഏല്പിക്കുമെന്ന് യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിച്ചിരിക്കുന്നു” എന്ന് പറഞ്ഞു.
8ബാരാക്ക് അവളോട്: നീ എന്നോടുകൂടെ വരുന്നെങ്കിൽ ഞാൻ പോകാം; നീ വരുന്നില്ല എങ്കിൽ ഞാൻ പോകയില്ല എന്ന് പറഞ്ഞു.9അതിന് അവൾ: ഞാൻ നിന്നോടുകൂടെ പോരാം; എന്നിരുന്നാലും നിന്റെ ഈ യാത്രയാൽ ഉണ്ടാകുന്ന ബഹുമാനം നിനക്ക് ലഭിക്കയില്ല; എന്തുകൊണ്ടെന്നാൽ യഹോവ സീസെരയെ ഒരു സ്ത്രീയുടെ കയ്യിൽ ഏല്പിച്ചുകൊടുക്കും എന്ന് പറഞ്ഞു. അങ്ങനെ ദെബോരാ എഴുന്നേറ്റ് ബാരാക്കിനോടുകൂടെ കേദേശിലേക്ക് പോയി.
10ബാരാക്ക് സെബൂലൂനെയും നഫ്താലിയെയും കേദെശിൽ വിളിച്ചുകൂട്ടി; അവന്റെ ആജ്ഞപ്രകാരം പതിനായിരംപേർ കയറിച്ചെന്നു; ദെബോരയുംകൂടെച്ചെന്നു.
11എന്നാൽ കേന്യനായ ഹേബെർ , മോശെയുടെ അളിയൻ ഹോബാബിന്റെ മക്കളായ കേന്യരെ വിട്ടുപിരിഞ്ഞ്, കേദെശിന്നരികെയുള്ള സാനന്നീമിലെ കരുവേലകംവരെ കൂടാരം അടിച്ചിരുന്നു.
12അബീനോവാബിന്റെ മകനായ ബാരാക്ക് താബോർപർവ്വതത്തിൽ കയറിയിരിക്കുന്നു എന്ന് അവർ സീസെരെക്ക് അറിവ് കൊടുത്തു.13സീസെരാ തനിക്കുള്ള തൊള്ളായിരം ഇരിമ്പുരഥങ്ങളുമായി, പടജ്ജനത്തെ എല്ലാം ജാതികൾ പാർത്തിരുന്ന ഹരോശെത്തിൽനിന്നു കീശോൻ തോട്ടിന്നരികെ കൂട്ടിവരുത്തി.
14അപ്പോൾ ദെബോരാ ബാരാക്കിനോട്: “പുറപ്പെട്ടുചെല്ലുക; സീസെരയെ യഹോവ നിന്റെ കയ്യിൽ ഏല്പിക്കുന്ന ദിവസം ഇന്നാകുന്നു; യഹോവ നിനക്ക് മുമ്പായി പുറപ്പെട്ടിരിക്കുന്നു” എന്ന് പറഞ്ഞു. അങ്ങനെ ബാരാക്കും അവന്റെ പിന്നാലെ പതിനായിരംപേരും താബോർപർവ്വതത്തിൽ നിന്ന് ഇറങ്ങിച്ചെന്നു,
15യഹോവ സീസെരയെയും അവന്റെ സകലരഥങ്ങളെയും സൈന്യത്തെയും ബാരാക്കിന്റെ മുമ്പിൽ വാളാൽ തോല്പിച്ചു; സീസെരാ രഥത്തിൽനിന്നു ഇറങ്ങി കാൽനടയായി ഓടിപ്പോയി.16ബാരാക്ക് രഥങ്ങളെയും സൈന്യത്തെയും ജാതികൾ പാർത്തിരുന്ന ഹരോശെത്ത്‌വരെ ഓടിച്ചു; സീസെരയുടെ സൈന്യമൊക്കെയും വാളാൽ വീണു; ഒരുത്തനും ശേഷിച്ചില്ല.

17എന്നാൽ കേന്യനായ ഹേബെരിന്റെ കുടുംബവും ഹാസോർ രാജാവായ യാബീനും തമ്മിൽ സമാധാനം ആയിരുന്നതിനാൽ സീസെരാ കാൽനടയായി ഹേബെരിന്റെ ഭാര്യ യായേലിന്റെ കൂടാരത്തിലേക്ക് ഓടിച്ചെന്നു18യായേൽ സീസെരയെ എതിരേറ്റുചെന്ന് അവനോട് “ ഇങ്ങോട്ടു കയറിക്കൊൾക, യജമാനനേ, ഭയപ്പെടാതെ ഇങ്ങോട്ടു കയറിക്കൊൾക” എന്ന് പറഞ്ഞു. അവൻ അവളുടെ അടുക്കൽ കൂടാരത്തിൽ കയറിച്ചെന്നു; അവൾ അവനെ ഒരു പുതപ്പുകൊണ്ട് മൂടി.
19അവൻ അവളോട്: എനിക്ക് ദാഹിക്കുന്നു; കുടിപ്പാൻ കുറെ വെള്ളം തരേണമേ എന്ന് പറഞ്ഞു; അവൾ പാൽ പാത്രം തുറന്ന് അവന് കുടിപ്പാൻ കൊടുത്തു; പിന്നെയും അവനെ മൂടി.20അവൻ അവളോട്: “നീ കൂടാരവാതിൽക്കൽ നിൽക്ക; വല്ലവരും വന്ന് ഇവിടെ ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് പറയേണം എന്ന് പറഞ്ഞു.
21എന്നാൽ ഹേബെരിന്റെ ഭാര്യ യായേൽ, കൂടാരത്തിന്റെ ഒരു കുറ്റി എടുത്ത് കയ്യിൽ ചുറ്റികയും പിടിച്ച് പതുക്കെ അവന്റെ അടുക്കൽ ചെന്ന്, കുറ്റി അവന്റെ ചെന്നിയിൽ തറെച്ചു; അത് നിലത്തുചെന്ന് ഉറെച്ചു; അവൻ ക്ഷീണം കാരണം നല്ല ഉറക്കത്തിലായിരുന്നു; അങ്ങനെ അവൻ മരിച്ചുപോയി.22ബാരാക്ക് സീസെരയെ അന്വേഷിച്ച് ചെന്നപ്പോൾ യായേൽ അവനെ എതിരേറ്റ് അവനോട്: “വരിക, നീ അന്വേഷിക്കുന്ന ആളെ ഞാൻ കാണിച്ചുതരാം” എന്ന് പറഞ്ഞു. അവൻ അവളുടെ കൂടാരത്തിലെത്തിയപ്പോൾ സീസെരാ ചെന്നിയിൽ കുറ്റിയുമായി മരിച്ചുകിടക്കുന്നത് കണ്ടു.
23ഇങ്ങനെ ദൈവം അന്ന് കനാന്യരാജാവായ യാബീനെ യിസ്രായേൽമക്കളുടെ മുമ്പിൽ കീഴടങ്ങുമാറാക്കി24യിസ്രായേൽമക്കൾ കനാന്യരാജാവായ യാബീൻ നിശേഷം നശിക്കുന്നതുവരെ വരെ അവനെ പീഡിപ്പിച്ചു കൊണ്ടിരുന്നു.

5

1അന്ന് ദെബോരയും അബീനോവാമിന്റെ മകൻ ബാരാക്കും പാടിയ പാട്ട് എന്തെന്നാൽ:

2ന്യായാധിപന്മാർ യിസ്രായേലിനെ നയിച്ചതിനും
ജനം സ്വമേധയാ ഏല്പിച്ചതിനും യഹോവയെ വാഴ്ത്തുവിൻ.
3രാജാക്കന്മാരേ, കേൾപ്പീൻ; പ്രഭുക്കന്മാരേ, ചെവിതരുവീൻ;
ഞാൻ പാടും യഹോവയ്ക്ക് ഞാനും പാടും; യിസ്രായേലിൻ ദൈവമായ യഹോവയ്ക്ക് ഞാൻ കീർത്തനം പാടും.
4യഹോവേ, അങ്ങ് സേയീരിൽനിന്ന് പുറപ്പെട്ടപ്പോൾ,
ഏദോമ്യദേശത്തുകൂടി അങ്ങ് നടകൊണ്ടപ്പോൾ,
ഭൂമി കുലുങ്ങി, ആകാശം പൊഴിഞ്ഞു,
മേഘങ്ങൾ വെള്ളം ചൊരിഞ്ഞു,
5യഹോവാസന്നിധിയിൽ മലകൾ കുലുങ്ങി,
യിസ്രായേലിൻ ദൈവമായ യഹോവെക്കു മുമ്പിൽ ഈ സീനായി തന്നേ.
6അനാത്തിൻ പുത്രനാം ശംഗരിൻ നാളിലും, യായേലിൻ കാലത്തും പെരുവഴികൾ ശൂന്യമായി.
വഴിപോക്കർ ചെറു വഴികളിൽ നടന്നു.
7ദെബോരയായ ഞാൻ എഴുന്നേല്ക്കുംവരെ, യിസ്രായേലിൽ മാതാവായെഴുന്നേല്ക്കുംവരെ
നായകന്മാർ യിസ്രായേലിൽ അശേഷം അറ്റുപോയിരുന്നു.
8അവർ നൂതനദേവന്മാരെ നമിച്ചു; കവാടത്തിങ്കൽ യുദ്ധംഭവിച്ചു.
യിസ്രായേലിന്റെ നാല്പതിനായിരത്തിൻ മദ്ധ്യേ
പരിചയും കുന്തവും കണ്ടതേയില്ല.
9എന്റെ ഹൃദയം ജനത്തോടൊപ്പം സ്വമേധാസേവകരായ യിസ്രായേൽനായകന്മാരോട് ചേരുന്നു;
യഹോവയെ വാഴ്ത്തുവിൻ.
10വെള്ളക്കഴുതപ്പുറത്ത് കയറുന്നവരേ,
പരവതാനികളിൽ ഇരിക്കുന്നവരേ,
കാൽനടയായി പോകുന്നവരേ, വർണ്ണിപ്പിൻ!
11വില്ലാളികളുടെ ഞാണൊലികൾക്കകലെ നീർപ്പാതകൾക്കിടയിൽ
അവിടെ അവർ യഹോവയുടെ നീതികളെ വർണ്ണിക്കും.യിസ്രായേലിലെ ഗ്രാമവാസികളിൽ ചെയ്ത നീതികളെ വർണ്ണിക്കും.
യഹോവയുടെ ജനം അന്ന് കവാടത്തിങ്കൽ ചെന്നെത്തും.
12ഉണരുക, ഉണരുക, ദെബോരയേ, ഉണരുക, ഉണർന്നു, പാട്ടുപാടുക.
അബീനോവാമിൻപുത്രനാം ബാരാക്കേ എഴുന്നേല്ക്ക,
നിന്റെ ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോക.
13അന്നു ബലവാന്മാർക്കെതിരെ കർത്താവിന്റെ ജനവും പടജ്ജനവും ഇറങ്ങിവന്നു.
വീരന്മാരുടെ മദ്ധ്യേ യഹോവയും എനിക്കായി ഇറങ്ങിവന്നു.
14എഫ്രയീമിൽനിന്ന് അമാലേക്കിൽ വേരുള്ളവരും,
ബെന്യാമീനേ, നിന്റെ പിന്നാലെ നിന്റെ ജനസമൂഹത്തിൽ
മാഖീരിൽനിന്ന് അധിപന്മാരും സെബൂലൂനിൽനിന്ന് അധികാര ദണ്ഡ ധരിച്ചവരും താഴേക്ക് അണിയായി വന്നു.
15യിസ്സാഖാർപ്രഭുക്കന്മാർ ദെബോരയോടുകൂടെ
യിസ്സാഖാർ എന്നപോലെ ബാരാക്കിൻ സൈന്യവും
താഴ്വരയിൽ അവനോടുകൂടെ ചാടി പുറപ്പെട്ടു.
രൂബേന്യക്കൂട്ടരിൽ ഘനമേറിയ മനോനിർണ്ണയങ്ങൾ ഉണ്ടായി.
16ആട്ടിൻകൂട്ടങ്ങൾക്കരികെ കുഴലൂത്തു കേൾപ്പാൻ
നീ തൊഴുത്തുകൾക്കിടയിൽ പാർക്കുന്നതെന്തു?
രൂബേന്യക്കൂട്ടരിൽ ഘനമേറിയ ആശങ്കകൾ ഉണ്ടായി.
17ഗിലെയാദ് യോർദ്ദാന്നക്കരെ പാർത്തു.
ദാൻ കപ്പലുകൾക്കരികെ താമസിക്കുന്നതു എന്ത്?
ആശേർ സമുദ്രതീരത്ത് തുറമുഖങ്ങൾക്കരികെ പാർത്തുകൊണ്ടിരുന്നു.
18സെബൂലൂൻ പ്രാണനെ ത്യജിച്ച ജനം; നഫ്താലി പോർക്കളമേടുകളിൽ തന്നേ.
19രാജാക്കന്മാർ വന്ന് യുദ്ധം ചെയ്തു: താനാക്കിൽവെച്ച് മെഗിദ്ദോവെള്ളത്തിനരികെ
കനാന്യരാജാക്കന്മാർ അന്ന് പൊരുതി, വെള്ളി അവർക്ക് കൊള്ളയായില്ല.
20ആകാശത്തുനിന്ന് നക്ഷത്രങ്ങൾ അവയുടെ സഞ്ചാര വഴികളിൽ നിന്നും സീസെരയുമായി പൊരുതി.
21കീശോൻതോട് പുരാതനനദിയാം കീശോൻതോട് കുതിച്ചൊഴുകി
അവരെ ഒഴുക്കിക്കൊണ്ട് പോയി.
എൻ മനമേ, നീ ബലത്തോടെ നടകൊൾക.
22അന്ന് കുതിരകൾ പാഞ്ഞു, കുതിച്ചു പാഞ്ഞു; കുതിരക്കുളമ്പുകൾ ഇടിമുഴക്കം പോലെ മുഴങ്ങി
23മേരോസ് നഗരത്തെ ശപിച്ചുകൊൾവിൻ, അതിൻ നിവാസികളെ ഉഗ്രമായി ശപിപ്പിൻ
എന്നു യഹോവാദൂതൻ അരുളിച്ചെയ്തു.
അവർ യഹോവയ്ക്ക് തുണയായി വന്നില്ലല്ലോ;
ശൂരന്മാർക്കെതിരെ യഹോവയ്ക്ക് തുണയായി തന്നേ.
24കേന്യനാം ഹേബേരിൻ ഭാര്യയാം യായേലോ
നാരീജനത്തിൽ അനുഗ്രഹം ലഭിച്ചവൾ, കൂടാരവാസിനീ ജനത്തിൽ അനുഗ്രഹം ലഭിച്ചവൾ.
25തണ്ണീർ അവൻ ചോദിച്ചു, പാൽ അവൾ കൊടുത്തു;
രാജകീയപാത്രത്തിൽ അവൾ ക്ഷീരം കൊടുത്തു.
26കുറ്റിയെടുപ്പാൻ അവൾ കൈനീട്ടി തൻ വലങ്കൈ പണിക്കാരുടെ ചുറ്റികെക്ക് നീട്ടി;
സീസെരയെ തല്ലി അവന്റെ തല തകർത്തു
അവന്റെ ചെന്നി കുത്തിത്തുളെച്ചു.
27അവളുടെ കാൽക്കൽ അവൻ കുനിഞ്ഞുവീണു,
അവളുടെ കാൽക്കൽ അവൻ കുനിഞ്ഞുവീണു കിടന്നു; നിശ്ചലം കിടന്നു ,
കുനിഞ്ഞേടത്ത് തന്നേ അവൻ ചത്തുകിടന്നു.
28സീസെരയുടെ അമ്മ കിളിവാതിലൂടെ കുനിഞ്ഞ് നോക്കിക്കൊണ്ടിരുന്നു.
ജാലകത്തൂടെ വിളിച്ചുപറഞ്ഞിത്: അവന്റെ തേർ വരുവാൻ വൈകുന്നത് എന്ത്?
രഥചക്രങ്ങൾക്കു താമസം എന്ത്?
29ജ്ഞാനമേറിയവൾ അതിന്നുത്തരം പറഞ്ഞു;
താനും തന്നോടു തന്നെ മറുപടി ആവർത്തിച്ചു:
30കിട്ടിയ കൊള്ള അവർ പങ്കിടുകയല്ലയോ?
ഓരോ പുരുഷന് ഒന്നും രണ്ടും പെണ്ണുങ്ങൾ,
സീസെരെക്ക് ലഭിച്ചത് ചിത്രപണികളോടുകൂടിയ മനോഹര വസ്ത്രം .
കൊള്ളക്കാരുടെ കഴുത്തിൽ
വിശേഷരീതിയിൽ തയിച്ച തുണികൾ ഈരണ്ടു കാണും.
31യഹോവേ, നിന്റെ ശത്രുക്കൾ ഒക്കെയും ഇവ്വണ്ണം നശിക്കട്ടെ.
അവനെ സ്നേഹിക്കുന്നവരോ ഉദയ സൂര്യനെപോലെ പ്രതാപത്തോടെ ഇരിക്കട്ടെ.
പിന്നെ ദേശത്തിന് നാല്പത് സംവത്സരം സ്വസ്ഥത ഉണ്ടായി.

6

1അനന്തരം യിസ്രായേൽമക്കൾ പിന്നെയും യഹോവയ്ക്ക് ഇഷ്ടമില്ലാത്തത് ചെയ്തു: യഹോവ അവരെ ഏഴു വർഷം മിദ്യാന്റെ കയ്യിൽ ഏല്പിച്ചു.2മിദ്യാൻ യിസ്രായേലിൻമേൽ പ്രാബല്യം പ്രാപിച്ചു; യിസ്രായേൽമക്കൾ മിദ്യാന്യരുടെ നിമിത്തം മലയിടുക്കുകളും ഗുഹകളും കോട്ടകളും ശരണമാക്കി.

3യിസ്രായേൽ ധാന്യം വിതെച്ചിരിക്കുമ്പോൾ മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാരും അവർക്ക് എതിരായി വന്നിരുന്നു.4അവർ യിസ്രയേലിന് വിരോധമായി പാളയമിറങ്ങി ഗസ്സാവരെ നാട്ടിലെ വിള നശിപ്പിച്ചിരുന്നു . യിസ്രായേലിന് ആഹാരമോ ആടോ മാടോ കഴുതയോ ഒന്നും ശേഷിപ്പിച്ചിരുന്നില്ല.
5അവർ തങ്ങളുടെ കന്നുകാലികളും കൂടാരങ്ങളുമായി പുറപ്പെട്ട് വെട്ടുക്കിളിപോലെ കൂട്ടമായി വന്ന് ദേശത്ത് കടന്ന് നാശം ചെയ്തിരുന്നു.അവരും അവരുടെ ഒട്ടകങ്ങളും അസംഖ്യം ആയിരുന്നു.6ഇങ്ങനെ മിദ്യാന്യർ നിമിത്തം യിസ്രായേൽ ഏറ്റവും ക്ഷയിച്ചു; യിസ്രായേൽമക്കൾ യഹോവയോട് നിലവിളിച്ചു.

7യിസ്രായേൽമക്കൾ മിദ്യാന്യരുടെ നിമിത്തം യഹോവയോട് നിലവിളിച്ചപ്പോൾ8യഹോവ ഒരു പ്രവാചകനെ യിസ്രായേൽമക്കളുടെ അടുക്കൽ അയച്ചു; അവൻ അവരോട് പറഞ്ഞത്: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളെ മിസ്രയീമിൽനിന്ന് പുറപ്പെടുവിച്ചു, അടിമവീട്ടിൽനിന്ന് നിങ്ങളെ കൊണ്ടുവന്നു;
9മിസ്രയീമ്യരിൽ നിന്നും നിങ്ങളെ പീഡിപ്പിച്ച എല്ലാവരിൽ നിന്നും ഞാൻ നിങ്ങളെ വിടുവിച്ച് അവരെ നിങ്ങളുടെ മുമ്പിൽ നിന്ന് നീക്കിക്കളഞ്ഞു, അവരുടെ ദേശം നിങ്ങൾക്ക് തന്നു.10യഹോവയായ ഞാൻ നിങ്ങളുടെ ദൈവം ആകുന്നു എന്നും നിങ്ങൾ പാർക്കുന്ന ദേശത്തെ അമോര്യരുടെ ദേവന്മാരെ ഭജിക്കരുത് എന്നും ഞാൻ നിങ്ങളോട് കല്പിച്ചു; എന്നാൽ നിങ്ങളോ എന്റെ വാക്ക് കേട്ടനുസരിച്ചില്ല.

11അനന്തരം യഹോവയുടെ ഒരു ദൂതൻ വന്ന് ഒഫ്രയിൽ അബിയേസ്ര്യനായ യോവാശിന്റെ കരുവേലകത്തിൻ കീഴെ ഇരുന്നു; അവന്റെ മകനായ ഗിദെയോൻ ഗോതമ്പ് മിദ്യാന്യരുടെ കയ്യിൽ പെടാതിരിക്കേണ്ടതിന് മുന്തിരിച്ചക്കിന്നരികെവെച്ചു മെതിക്കയായിരുന്നു.12യഹോവയുടെ ദൂതൻ അവന് പ്രത്യക്ഷനായി: അല്ലയോ പരാക്രമശാലിയേ, യഹോവ നിന്നോടുകൂടെ ഉണ്ട് എന്ന് അവനോട് പറഞ്ഞു.
13ഗിദെയോൻ അവനോട്: അയ്യോ, യജമാനനേ, യഹോവ നമ്മോടുകൂടെ ഉണ്ടെങ്കിൽ നമുക്ക് ഇതൊക്കെയും ഭവിക്കുന്നത് എന്ത്? യഹോവ നമ്മെ മിസ്രയീമിൽനിന്ന് അത്ഭുതകരമായി കൊണ്ടുവന്നു എന്ന് നമ്മുടെ പിതാക്കന്മാർ നമ്മോട് അറിയിച്ചിട്ടുള്ള അവന്റെ അത്ഭുതങ്ങൾ എവിടെ? ഇപ്പോൾ യഹോവ നമ്മെ ഉപേക്ഷിച്ച് മിദ്യാന്യരുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നുവല്ലോ എന്ന് പറഞ്ഞു.
14അപ്പോൾ യഹോവ അവനെ നോക്കി: നിന്റെ ഈ ബലത്തോടെ പോക; നീ യിസ്രായേലിനെ മിദ്യാന്യരിൽ നിന്ന് രക്ഷിക്കും; ഞാനല്ലയോ നിന്നെ അയക്കുന്നത് എന്ന് പറഞ്ഞു.15അവൻ യഹോവയോട്: അയ്യോ, കർത്താവേ, ഞാൻ യിസ്രായേലിനെ എങ്ങനെ രക്ഷിക്കും? മനശ്ശെയിൽ എന്റെ കുലം എളിയതും എന്റെ കുടുംബത്തിൽവെച്ച് ഞാൻ ചെറിയവനും അല്ലോ എന്ന് പറഞ്ഞു.
16യഹോവ അവനോട്: ഞാൻ നിന്നോടുകൂടെ ഇരിക്കും; നീ മിദ്യാന്യരെ ഒരു ഒറ്റ മനുഷ്യനെ എന്ന പോലെ തോല്പിക്കും എന്ന് കല്പിച്ചു.17അതിന് അവൻ: അങ്ങേക്ക് എന്നോടു കൃപയുണ്ടെങ്കിൽ എന്നോട് സംസാരിക്കുന്നത് അവിടുന്ന് തന്നേ എന്നതിന് ഒരു അടയാളം കാണിച്ചുതരേണമേ.18ഞാൻ പോയി എന്റെ വഴിപാട് കൊണ്ടുവന്ന് അങ്ങയുടെ മുമ്പാകെ വെക്കുവോളം ഇവിടെനിന്ന് പോകരുതേ എന്ന് പറഞ്ഞു. നീ മടങ്ങിവരുവോളം ഞാൻ താമസിക്കാം എന്ന് യഹോവ അരുളിച്ചെയ്തു.
19അങ്ങനെ ഗിദെയോൻ ചെന്ന് ഒരു കോലാട്ടിൻകുട്ടിയെയും ഒരു പറ മാവുകൊണ്ട് പുളിപ്പില്ലാത്ത അപ്പവും ഒരുക്കി , മാംസം ഒരു കൊട്ടയിൽവെച്ച്, ചാറ് ഒരു പാത്രത്തിൽ പകർന്നു; കരുവേലകത്തിൻ കീഴെ കൊണ്ടുവന്ന് യഹോവയുടെ മുമ്പിൽ വെച്ചു.20അപ്പോൾ ദൈവത്തിന്റെ ദൂതൻ അവനോട്: മാംസവും പുളിപ്പില്ലാത്ത അപ്പവും എടുത്ത് ഈ പാറമേൽവെച്ച് ചാറ് അതിന്മേൽ ഒഴിക്ക എന്ന് കല്പിച്ചു; അവൻ അങ്ങനെ ചെയ്തു.
21യഹോവയുടെ ദൂതൻ കയ്യിലുള്ള വടിയുടെ അറ്റംകൊണ്ട് മാംസവും പുളിപ്പില്ലാത്ത അപ്പവും തൊട്ടു; ഉടനെ പാറയിൽനിന്ന് തീ പുറപ്പെട്ട് മാംസവും പുളിപ്പില്ലാത്ത അപ്പവും ദഹിപ്പിച്ചു; യഹോവയുടെ ദൂതൻ അവന്റെ കണ്ണിന് കാണാതായി.
22അവൻ യഹോവയുടെ ദൂതൻ എന്ന് ഗിദെയോൻ മനസ്സിലാക്കിയപ്പോൾ അയ്യോ, ദൈവമായ യഹോവേ, ഞാൻ യഹോവയുടെ ദൂതനെ അഭിമുഖമായി കണ്ടു പോയല്ലോ എന്ന് പറഞ്ഞു.23യഹോവ അവനോട്: നിനക്കു സമാധാനം: ഭയപ്പെടേണ്ടാ, നീ മരിക്കയില്ല എന്ന് അരുളിച്ചെയ്തു.24ഗിദെയോൻ അവിടെ യഹോവെക്കു ഒരു യാഗപീഠം പണിത് അതിന് യഹോവ ശലോം എന്ന് പേരിട്ടു; അത് ഇന്നുവരെയും അബീയേസ്ര്യർക്കുള്ള ഒഫ്രയിൽ ഉണ്ട്.

25അന്ന് രാത്രി യഹോവ അവനോട് കല്പിച്ചത്: നിന്റെ അപ്പന്റെ ഏഴുവയസ്സുള്ളതും ഇളയതുമായ രണ്ടാമത്തെ കാളയെ യാഗം കഴിക്കേണ്ടതിനു അപ്പന്റെ ബാൽ ബലിപീഠം ഇടിച്ചു, അതിന്നരികെയുള്ള മരവിഗ്രഹത്തെ വെട്ടിക്കളക.26അതിനുശേഷം ഈ പാറമേൽ നിന്റെ ദൈവമായ യഹോവയുടെ നിയമപ്രകാരം ഒരു യാഗപീഠം പണിത് ആ കാളയെ എടുത്ത് നീ വെട്ടിക്കളയുന്ന വിഗ്രഹത്തിന്റെ വിറകുകൊണ്ട് ഹോമയാഗം കഴിക്ക.
27ഗിദെയോൻ തന്റെ വേലക്കാരിൽ പത്തുപേരെ കൂട്ടി, യഹോവ തന്നോട് കല്പിച്ചതുപോലെ ചെയ്തു; എന്നാൽ അവൻ തന്റെ പിതാവിന്റെ ഭവനക്കാരെയും പട്ടണക്കാരെയും പേടിച്ചിട്ട് പകൽസമയത്ത് ചെയ്യാതെ രാത്രിയിൽ ചെയ്തു.
28പട്ടണക്കാർ രാവിലെ എഴുന്നേറ്റപ്പോൾ ബാലിന്റെ ബലിപീഠം ഇടിഞ്ഞിരിക്കുന്നതും അതിന്നരികെയുള്ള വിഗ്രഹം വെട്ടിക്കളഞ്ഞിരിക്കുന്നതും പണിതിരിക്കുന്ന യാഗപീഠത്തിന്മേൽ ആ രണ്ടാമത്തെ കാളയെ യാഗം കഴിച്ചിരിക്കുന്നതും കണ്ടു.29ഇതു ചെയ്തത് ആരെന്ന് അവർ തമ്മിൽ തമ്മിൽ ചോദിച്ചു; അന്വേഷിച്ചപ്പോൾ യോവാശിന്റെ മകനായ ഗിദെയോൻ ആകുന്നു എന്ന് മനസ്സിലായി.
30പട്ടണക്കാർ യോവാശിനോട്: നിന്റെ മകനെ പുറത്തുകൊണ്ടുവരിക; അവൻ മരിക്കേണം; അവൻ ബാലിന്റെ ബലിപീഠം ഇടിച്ച് അതിന്നരികെ ഉണ്ടായിരുന്ന വിഗ്രഹത്തെ വെട്ടിക്കളഞ്ഞിരിക്കുന്നു എന്ന് പറഞ്ഞു.
31യോവാശ് തനിക്ക് ചുറ്റും നില്ക്കുന്ന എല്ലാവരോടും പറഞ്ഞത്: ബാലിന് വേണ്ടി നിങ്ങളാണോ വാദിക്കുന്നത്? നിങ്ങളാണോ അവനെ രക്ഷിക്കുന്നത്? അവന് വേണ്ടി വാദിക്കുന്നവൻ ഇന്ന് രാവിലെ തന്നേ മരിക്കേണം; അവൻ ഒരു ദൈവം എങ്കിൽ തന്റെ ബലിപീഠം ഒരുത്തൻ ഇടിച്ചുകളഞ്ഞതുകൊണ്ട്, താൻ തന്നേ തന്റെ കാര്യം വാദിക്കട്ടെ.32“ഇവൻ അവന്റെ ബലിപീഠം ഇടിച്ചുകളഞ്ഞതിനാൽ ബാൽ ഇവന്റെ നേരെ വാദിക്കട്ടെ എന്ന് പറഞ്ഞ് അവന് അന്ന് യെരുബ്ബാൽ എന്ന് പേരിട്ടു.

33അനന്തരം മിദ്യാന്യരും അമാലേക്യരും കിഴക്കെദേശക്കാർ എല്ലാവരും ഒരുമിച്ചുകൂടി ഇക്കരെ കടന്നു യിസ്രായേൽതാഴ്വരയിൽ പാളയം ഇറങ്ങി.
34അപ്പോൾ യഹോവയുടെ ആത്മാവ് ഗിദെയോന്റെ മേൽ വന്നു, അവൻ കാഹളം ഊതി അബീയേസ്ര്യരെ തന്റെ അടുക്കൽ വിളിച്ചുകൂട്ടി.35അവൻ മനശ്ശെയിൽ എല്ലായിടവും ദൂതന്മാരെ അയച്ചു; അവരെയും തന്റെ അടുക്കൽ വിളിച്ചുകൂട്ടി; ആശേർ , സെബൂലൂൻ,നഫ്താലി എന്നിവിടങ്ങളിലും ദൂതന്മാരെ അയച്ചു; അവരും അവരോട് ചേർന്നു.
36അപ്പോൾ ഗിദെയോൻ ദൈവത്തോട്: അങ്ങ് അരുളിച്ചെയ്തതുപോലെ യിസ്രായേലിനെ എന്റെ കയ്യാൽ രക്ഷിക്കുമെങ്കിൽ ,37ഇതാ ഞാൻ രോമമുള്ള ഒരു ആട്ടിൻ തോൽ കളത്തിൽ നിവർത്തിയിടുന്നു; മഞ്ഞ് തോലിന്മേൽ മാത്രം ഇരിക്കയും നിലമൊക്കെയും ഉണങ്ങിയിരിക്കയും ചെയ്താൽ അങ്ങ് അരുളിച്ചെയ്തതുപോലെ യിസ്രായേലിനെ എന്റെ കയ്യാൽ രക്ഷിക്കുമെന്ന് ഞാൻ അറിയും എന്ന് പറഞ്ഞു.
38അങ്ങനെ തന്നേ സംഭവിച്ചു; അവൻ പിറ്റെന്ന് അതികാലത്ത് എഴുന്നേറ്റ് തോൽ പിഴിഞ്ഞു, മഞ്ഞുവെള്ളം ഒരു കിണ്ടി നിറെച്ചെടുത്തു.
39ഗിദെയോൻ പിന്നെയും ദൈവത്തോട്: അടിയനോട് കോപിക്കരുതേ; ഞാൻ ഒരിക്കൽ കൂടി സംസാരിച്ചുകൊള്ളട്ടെ; തോൽകൊണ്ടു ഒരു തവണ കൂടി പരീക്ഷിപ്പാൻ അനുവദിക്കേണമേ; തോൽ മാത്രം ഉണങ്ങിയും നിലമൊക്കെയും മഞ്ഞുകൊണ്ടു നനഞ്ഞുമിരിപ്പാൻ ഇടയാകേണമേ എന്ന് പറഞ്ഞു.40അന്ന് രാത്രി ദൈവം അങ്ങനെ തന്നെ ചെയ്തു; തോൽ മാത്രം ഉണങ്ങിയും നിലമൊക്കെയും മഞ്ഞുകൊണ്ട് നനെഞ്ഞുമിരുന്നു.

7

1അനന്തരം ഗിദെയോൻ എന്ന യെരുബ്ബാലും അവനോടുകൂടെയുള്ള ജനം ഒക്കെയും അതികാലത്ത് പുറപ്പെട്ട് ഹരോദ് ഉറവിന്നരികെ പാളയമിറങ്ങി; മോരേ കുന്നിന്നരികെ താഴ്വരയിൽ , മിദ്യാന്യരുടെ പാളയം അവർക്ക് വടക്ക് വരത്തക്കവണ്ണമായിരുന്നു അവർ പാളയമിറങ്ങിയത് .

2യഹോവ ഗിദെയോനോട്: നിന്റെ കൂടെയുള്ള ജനം അധികമാകുന്നു; എന്നെ ഞാൻ തന്നെ രക്ഷിച്ചു എന്ന് യിസ്രായേൽ എനിക്കെതിരായി മഹത്വം എടുക്കാതിരിക്കേണ്ടതിന് ഞാൻ മിദ്യാന്യരെ ഇവരുടെ കയ്യിൽ ഏല്പിക്കയില്ല.3ആകയാൽ നീ ചെന്ന് ഭയവും ഭീരുത്വവും ഉള്ളവർ ഗിലെയാദ് പർവ്വതത്തിൽനിന്ന് മടങ്ങിപ്പൊയ്ക്കൊള്ളട്ടെ എന്ന് ജനത്തിൽ പ്രസിദ്ധപ്പെടുത്തുക എന്ന് കല്പിച്ചു. അപ്പോൾ ജനത്തിൽ ഇരുപത്തീരായിരം പേർ മടങ്ങിപ്പോയി; പതിനായിരംപേർ ശേഷിച്ചു.

4യഹോവ പിന്നെയും ഗിദെയോനോട്: ജനം ഇനിയും അധികം ആകുന്നു; അവരെ വെള്ളത്തിങ്കലേക്ക് കൊണ്ടുപോക; അവിടെ വെച്ച് ഞാൻ അവരെ നിനക്കുവേണ്ടി പരീക്ഷിക്കും; നിന്നോടുകൂടെ പോരേണ്ടവൻ ആരെന്നും അല്ലാത്തവൻ ആരെന്നും ഞാൻ കല്പിക്കും എന്ന് പറഞ്ഞു.
5അങ്ങനെ അവൻ ജനത്തെ വെള്ളത്തിങ്കലേക്ക് കൊണ്ടുപോയി; യഹോവ ഗിദെയോനോട്: പട്ടി കുടിക്കുംപോലെ നാവുകൊണ്ട് വെള്ളം നക്കി കുടിക്കുന്നവരെയൊക്കെ വേറെയും , കുടിപ്പാൻ മുട്ടുകുത്തി കുനിയുന്നവരെയൊക്കെ വേറെയും മാറ്റിനിർത്തുക എന്ന് കല്പിച്ചു.6കൈ വായ്ക്കു വെച്ച് നക്കിക്കുടിച്ചവർ ആകെ മുന്നൂറുപേർ ആയിരുന്നു; ശേഷം ജനമൊക്കെയും വെള്ളം കുടിപ്പാൻ മുട്ടുകുത്തി കുനിഞ്ഞു.
7യഹോവ ഗിദെയോനോട്: നക്കിക്കുടിച്ച മുന്നൂറു പേരെക്കൊണ്ട് ഞാൻ നിങ്ങളെ രക്ഷിച്ച് മിദ്യാന്യരെ നിന്റെ കയ്യിൽ ഏല്പിക്കും; ശേഷം ജനമൊക്കെയും തങ്ങളുടെ സ്ഥലങ്ങളിലേക്ക് മടങ്ങി പോകട്ടെ എന്നു കല്പിച്ചു.8അങ്ങനെ ജനം ഭക്ഷണസാധനങ്ങളും കാഹളങ്ങളും എടുത്തു; ശേഷം യിസ്രായേല്യരെ അവൻ വീട്ടിലേക്കു പറഞ്ഞയക്കയും ആ മുന്നൂറുപേരെ കൂടെ നിർത്തുകയും ചെയ്തു. എന്നാൽ മിദ്യാന്യരുടെ പാളയം താഴെ സമഭൂമിയിൽ ആയിരുന്നു.

9അന്നു രാത്രി യഹോവ അവനോട് കല്പിച്ചത്: എഴുന്നേറ്റ് പാളയത്തിന്റെ നേരെ ഇറങ്ങിച്ചെല്ലുക; ഞാൻ അത് നിനക്ക് ഏല്പിച്ചിരിക്കുന്നു.10ഇറങ്ങിച്ചെല്ലുവാൻ നിനക്ക് പേടിയുണ്ടെങ്കിൽ നീ നിന്റെ ബാല്യക്കാരൻ പൂരയുമായി പാളയത്തിലേക്കു ഇറങ്ങിച്ചെല്ലുക.11എന്നാൽ അവർ സംസാരിക്കുന്നത് എന്തെന്ന് നീ കേൾക്കും; അതിന്റെ ശേഷം പാളയത്തിന്റെ നേരെ ഇറങ്ങിച്ചെല്ലുവാൻ നിനക്ക് ധൈര്യം ഉണ്ടാകും. അങ്ങനെ അവനും അവന്റെ ബാല്യക്കാരനായ പൂരയും കൂടി സൈനിക താവളത്തിന് സമീപത്തോളം ഇറങ്ങിച്ചെന്നു.
12എന്നാൽ മിദ്യാന്യരും അമാലേക്യരും കിഴക്കെ ദേശക്കാരൊക്കെയും വെട്ടുക്കിളി പോലെ അസംഖ്യമായി താഴ്വരയിൽ കിടന്നിരുന്നു; അവരുടെ ഒട്ടകങ്ങളും കടൽക്കരയിലെ മണൽപോലെ അനേകം ആയിരുന്നു.
13ഗിദെയോൻ ചെല്ലുമ്പോൾ ഒരാൾ മറ്റൊരാളോട് ഒരു സ്വപ്നം വിവരിക്കയായിരുന്നു: ഞാൻ ഒരു സ്വപ്നം കണ്ടു; ഒരു യവത്തപ്പം അപ്രതീക്ഷിതമായി മിദ്യാന്യരുടെ പാളയത്തിലേക്ക് ഉരുണ്ടു വന്ന് കൂടാരംവരെ എത്തി അതിനെ തള്ളി മറിച്ചിട്ടു അങ്ങനെ കൂടാരം വീണുകിടന്നു എന്ന് പറഞ്ഞു. അതിന്നു മറ്റവൻ:14ഇത് യിസ്രയേല്യൻ യോവാശിന്റെ മകനായ ഗിദെയോന്റെ വാളല്ലാതെ മറ്റൊന്നുമല്ല; ദൈവം മിദ്യാനെയും ഈ പാളയത്തെ ഒക്കെയും അവന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു.

15ഗിദെയോൻ സ്വപ്നവും അർഥവും കേട്ടപ്പോൾ നമസ്കരിച്ചു; യിസ്രായേലിന്റെ പാളയത്തിൽ മടങ്ങിച്ചെന്നു: എഴുന്നേല്പിൻ, യഹോവ മിദ്യാന്റെ പാളയത്തെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്ന് പറഞ്ഞു.16അനന്തരം അവൻ ആ മുന്നൂറുപേരെ മൂന്നു കൂട്ടമായി വിഭാഗിച്ചു ഓരോരുത്തന്റെ കയ്യിൽ ഓരോ കാഹളവും വെറും കുടവും, കുടത്തിന്നകത്തു ഓരോ പന്തവും കൊടുത്തു; അനന്തരം അവരോടു പറഞ്ഞത്;
17“ഞാൻ ചെയ്യുന്നത് നോക്കി അങ്ങനെതന്നെ ചെയ്‌വിൻ; പാളയത്തിന്റെ അറ്റത്തു എത്തുമ്പോൾ ഞാൻ ചെയ്യുന്നതുപോലെ നിങ്ങളും ചെയ്‌വിൻ.18ഞാനും എന്നോടുകൂടെയുള്ളവരും കാഹളം ഊതുമ്പോൾ , നിങ്ങളും പാളയത്തിന്റെ ചുറ്റും നിന്ന് കാഹളം ഊതി: ‘യഹോവയുടെയും ഗിദെയോന്റെയും വാൾ’ എന്ന് ആർക്കുവിൻ”.

19മദ്ധ്യയാമത്തിന്റെ ആരംഭത്തിൽ അവർ കാവൽ മാറി നിർത്തിയ ഉടനെ ഗിദെയോനും കൂടെയുള്ള നൂറുപേരും പാളയത്തിന്റെ അറ്റത്ത് എത്തി കാഹളം ഊതി കയ്യിൽ ഉണ്ടായിരുന്ന കുടങ്ങൾ ഉടെച്ചു.
20ഉടനെ മൂന്നു കൂട്ടവും കാഹളം ഊതി കുടങ്ങൾ ഉടെച്ചു; ഇടത്തു കയ്യിൽ പന്തവും വലത്തു കയ്യിൽ ഊതുവാൻ കാഹളവും പിടിച്ചു: യഹോവയുടെയും ഗിദെയോന്റെയും വാൾ എന്ന് ആർത്തു.21അവർ പാളയത്തിന്റെ ചുറ്റും ഓരോരുത്തൻ താന്താന്റെ നിലയിൽ തന്നേ നിന്നു; പാളയമെല്ലാം ഓട്ടം തുടങ്ങി; അവർ നിലവിളിച്ചുകൊണ്ട് ഓടിപ്പോയി.
22ആ മുന്നൂറുപേരും കാഹളം ഊതിയപ്പോൾ യഹോവ പാളയത്തിലൊക്കെയും ഓരോരുത്തന്റെ വാൾ താന്താന്റെ കൂട്ടുകാരന്റെ നേരെ തിരിപ്പിച്ചു; സൈന്യം സെരേരാ വഴിയായി ബേത്ത്--ശിത്താവരെയും തബ്ബത്തിന്നരികെയുള്ള ആബേൽ-മെഹോലയുടെ അതിർവരെയും ഓടിപ്പോയി.23യിസ്രായേല്യർ നഫ്താലിയിൽനിന്നും ആശേരിൽനിന്നും മനശ്ശെയിൽനിന്നൊക്കെയും ഒരുമിച്ചുകൂടി മിദ്യാന്യരെ പിന്തുടർന്നു.
24ഗിദെയോൻ എഫ്രയീംമലനാട്ടിൽ എല്ലായിടവും ദൂതന്മാരെ അയച്ചു: മിദ്യാന്യരുടെ നേരെ ഇറങ്ങിച്ചെന്നു ബേത്ത്-ബാരാ വരെയും യോർദ്ദാൻ വരെയും ഉള്ള ജലസ്രോതസ്സുകൾ അവർക്കു മുമ്പെ കൈവശമാക്കിക്കൊൾവിൻ എന്ന് പറയിച്ചു. അങ്ങനെ തന്നേ എഫ്രയീമ്യർ ഒക്കെയും ഒരുമിച്ചുകൂടി ബേത്ത്-ബാരാ വരെയുള്ള വെള്ളവും യോർദ്ദാനും കൈവശമാക്കി.25ഓരേബ്, സേബ് എന്ന രണ്ടു മിദ്യാന്യപ്രഭുക്കന്മാരെ അവർ പിടിച്ച്, ഓരേബിനെ ഓരേബ് പാറമേലും സേബിനെ സേബ് മുന്തിരിച്ചക്കിന്നരികെയും വെച്ച് കൊന്നിട്ട് , മിദ്യാന്യരെ പിന്തുടർന്നു; ഓരേബിന്റെയും സേബിന്റെയും തല യോർദ്ദാന്നക്കരെ ഗിദെയോന്റെ അടുക്കൽ കൊണ്ടുവന്നു.

8

1അപ്പോൾ എഫ്രയീമ്യർ: നീ മിദ്യാന്യരോട് യുദ്ധംചെയ്‌വാൻ പോയപ്പോൾ ഞങ്ങളെ എന്തു കൊണ്ട് വിളിച്ചില്ല? ഇങ്ങനെ ഞങ്ങളോടു ചെയ്‌വാൻ സംഗതി എന്ത് എന്നു പറഞ്ഞ് അവനെ ഉഗ്രമായി ശാസിച്ചു.

2അതിന്നു അവൻ: നിങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഞാൻ ഈ ചെയ്തത് എന്തുള്ളു? അബീയേസെരിന്റെ മുന്തിരിവിളവെടുപ്പിനേക്കാൾ എഫ്രയീമിന്റെ കാലാ പെറുക്കലല്ലയോ നല്ലത്?3നിങ്ങളുടെ കയ്യിലല്ലയോ ദൈവം മിദ്യാന്യപ്രഭുക്കളായ ഓരേബിനെയും സേബിനെയും ഏല്പിച്ചത്; നിങ്ങൾ ചെയ്തതുമായി താരതമ്യം ചെയ്യുമ്പോൾ ഞാൻ ചെയ്തത് ഒന്നുമില്ല എന്നു അവരോടു പറഞ്ഞു. ഇതു പറഞ്ഞപ്പോൾ അവർക്ക് അവനോടുള്ള കോപം ശമിച്ചു.
4അനന്തരം ഗിദെയോൻ യോർദ്ദാനരികെ എത്തി; അവനും കൂടെയുള്ള മുന്നൂറുപേരും ക്ഷീണിച്ചിരുന്നിട്ടും ശത്രുക്കളെ പിന്തുടരുവാൻ അക്കരെ കടന്നു.5അവൻ സുക്കോത്ത് നിവാസികളോട് എന്റെ കൂടെയുള്ള ജനത്തിന് അപ്പം കൊടുക്കേണമേ; അവർ ക്ഷീണിച്ചിരിക്കുന്നു; ഞാൻ മിദ്യാന്യരാജാക്കന്മാരായ സേബഹിനെയും സൽമുന്നയെയും പിന്തുടരുകയാകുന്നു എന്നു പറഞ്ഞു.
6നിന്റെ സൈന്യത്തിന് ഞങ്ങൾ അപ്പം കൊടുക്കേണ്ടതിന് സേബഹും സൽമുന്നയും നിന്റെ അധീനതയിൽ ആകുന്നുവോ എന്നു സുക്കോത്തിലെ പ്രഭുക്കന്മാർ ചോദിച്ചു.7അതിന് ഗിദെയോൻ: യഹോവ സേബഹിനെയും സൽമുന്നയെയും എന്റെ കയ്യിൽ ഏല്പിച്ചശേഷം ഞാൻ നിങ്ങളുടെ മാംസം മരുഭൂമിയിലെ മുള്ളുകൊണ്ടും കൂർത്ത മുൾച്ചെടി കൊണ്ടും ചീന്തിക്കളയും എന്ന് പറഞ്ഞു.
8അവിടെനിന്ന് അവൻ പെനൂവേലിലേക്ക് ചെന്ന് അവരോടും അപ്രകാരം ചോദിച്ചു; സുക്കോത്ത് നിവാസികൾ ഉത്തരം പറഞ്ഞതുപോലെ തന്നേ പെനൂവേൽനിവാസികളും പറഞ്ഞു.9അവൻ പെനൂവേൽനിവാസികളോട്: ഞാൻ സമാധാനത്തോടെ മടങ്ങിവരുമ്പോൾ ഈ ഗോപുരം ഇടിച്ചുകളയും എന്ന് പറഞ്ഞു.

10അപ്പോൾ സേബഹും സൽമുന്നയും , കിഴക്കുദേശക്കാരുടെ സൈന്യത്തിൽ ശേഷിച്ചിരുന്ന ഏകദേശം പതിനയ്യായിരം പേരായ അവരുടെ സൈന്യവുമായി കർക്കോരിൽ ആയിരുന്നു; എന്തെന്നാൽ, വാളൂരിപ്പിടിച്ചവരായ ഒരു ലക്ഷത്തിരുപതിനായിരം പേർ വീണുപോയിരുന്നു.
11ഗിദെയോൻ നോബഹിന്നും യൊഗ്ബെഹെക്കും കിഴക്കുള്ള കൂടാരവാസികളുടെ വഴിയായി ചെന്ന് നിർഭയമായിരുന്ന ആ സൈന്യത്തെ തോല്പിച്ചു.12സേബഹും സൽമുന്നയും ഓടിപ്പോയപ്പോൾ ഗിദെയോൻ അവരെ പിന്തുടർന്നു; ആ രണ്ട് മിദ്യാന്യരാജാക്കന്മാരെയും പിടിച്ച്, സൈന്യത്തെയൊക്കെയും ചിതറിച്ചുകളഞ്ഞു.
13അനന്തരം യോവാശിന്റെ മകനായ ഗിദെയോൻ യുദ്ധം കഴിഞ്ഞിട്ട് ഹേരെസ് കയറ്റത്തിൽനിന്ന് മടങ്ങിവന്നപ്പോൾ14സുക്കോത്ത് നിവാസികളിൽ ഒരു ബാല്യക്കാരനെ പിടിച്ച് അവനോട് അന്വേഷിച്ചപ്പോൾ, അവൻ സുക്കോത്തിലെ നായകന്മാരും മൂപ്പന്മാരുമായ എഴുപത്തേഴു പേരുടെ പേർ അവന് എഴുതിക്കൊടുത്തു.
15അവൻ സുക്കോത്ത് നിവാസികളുടെ അടുക്കൽ ചെന്ന് : “ക്ഷീണിച്ചിരിക്കുന്ന നിന്റെ ആളുകൾക്ക് ഞങ്ങൾ അപ്പം കൊടുക്കേണ്ടതിന് സേബഹും സൽമുന്നയും നിന്റെ അധികാരത്തിൻ കീഴിൽ ആകുന്നുവോ എന്ന് പറഞ്ഞ് നിങ്ങൾ എന്നെ പരിഹസിച്ച സേബഹും സൽമുന്നയും ഇതാ” എന്ന് പറഞ്ഞു.16അവൻ പട്ടണത്തിലെ മൂപ്പന്മാരെ പിടിച്ച് മരുഭൂമിയിലെ മുള്ളും മുൾച്ചെടിയും കൊണ്ട് സുക്കോത്ത്നിവാസികളെ ബുദ്ധിപഠിപ്പിച്ചു.17അവൻ പെനൂവേലിലെ ഗോപുരം ഇടിച്ച് പട്ടണക്കാരെ കൊന്നുകളഞ്ഞു.
18പിന്നെ അവൻ സേബഹിനോടും സൽമുന്നയോടും: നിങ്ങൾ താബോരിൽവെച്ചു കൊന്ന പുരുഷന്മാർ എങ്ങനെയുള്ളവർ ആയിരുന്നു എന്നു ചോദിച്ചു. അവർ നിന്നെപ്പോലെ തന്നെ ഓരോരുത്തൻ രാജകുമാരന് തുല്യൻ ആയിരുന്നു എന്ന് അവർ ഉത്തരം പറഞ്ഞു.19അതിന് അവൻ: അവർ എന്റെ സഹോദരന്മാർ; എന്റെ അമ്മയുടെ മക്കൾ തന്നേ . അവരെ നിങ്ങൾ ജീവനോടെ വെച്ചിരുന്നു എങ്കിൽ, യഹോവ ജീവിക്കുന്നതിനാൽ, ഞാൻ നിങ്ങളെ കൊല്ലുകയില്ലായിരുന്നു എന്ന് പറഞ്ഞു.
20പിന്നെ അവൻ തന്റെ ആദ്യജാതനായ യേഥെരിനോട്: എഴുന്നേറ്റ് അവരെ കൊല്ലുക എന്ന് പറഞ്ഞു; എന്നാൽ അവൻ യുവാവ് ആകകൊണ്ടു പേടിച്ച് വാൾ ഊരാതെ നിന്നു.21അപ്പോൾ സേബഹും സൽമുന്നയും: നീ തന്നേ എഴുന്നേറ്റ് ഞങ്ങളെ കൊല്ലുക; ആളെപ്പോലെയല്ലോ അവന്റെ ബലം എന്ന് പറഞ്ഞു. അങ്ങനെ ഗിദെയോൻ എഴുന്നേറ്റ് സേബഹിനെയും സൽമുന്നയെയും കൊന്നു; അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ ചന്ദ്രക്കലകൾ എടുത്തു.

22അനന്തരം യിസ്രായേല്യർ ഗിദെയോനോട്: നീ ഞങ്ങളെ മിദ്യാനരിൽ നിന്ന് രക്ഷിച്ചിരിക്കകൊണ്ട് നീ ഞങ്ങളെ ഭരിക്കേണം; അങ്ങനെ തന്നേ നിന്റെ മകനും മകന്റെ മകനും എന്ന് പറഞ്ഞു.23ഗിദെയോൻ അവരോട്: ഞാനോ എന്റെ മകനോ നിങ്ങളെ ഭരിക്കയില്ല; യഹോവയത്രേ നിങ്ങളുടെ ഭരണകർത്താവ് എന്ന് പറഞ്ഞു.
24പിന്നെ ഗിദെയോൻ അവരോട്: നിങ്ങളോടു എനിക്ക് ഒരു അപേക്ഷ ഉണ്ട്; നിങ്ങളിൽ ഓരോരുത്തൻ കൊള്ളയിൽ കിട്ടിയ കടുക്കൻ എനിക്കു തരേണം എന്ന് പറഞ്ഞു. അവർ യിശ്മായേല്യർ ആയിരുന്നതുകൊണ്ട് അവർക്ക് പൊൻകടുക്കൻ ഉണ്ടായിരുന്നു.25ഞങ്ങൾ സന്തോഷത്തോടെ തരാം എന്ന് അവർ പറഞ്ഞു; ഒരു വസ്ത്രം വിരിച്ച് ഒരോരുത്തന് കൊള്ളയിൽ കിട്ടിയ കടുക്കൻ അതിൽ ഇട്ടു.
26അവൻ ചോദിച്ചു വാങ്ങിയ പൊൻകടുക്കന്റെ തൂക്കം ആയിരത്തെഴുനൂറു ശേക്കെൽ ആയിരുന്നു; ഇതല്ലാതെ, ചന്ദ്രക്കലകളും പതക്കങ്ങളും മിദ്യാന്യരാജാക്കന്മാർ ധരിച്ചിരുന്ന രക്താംബരങ്ങളും അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ മാലകളും ഉണ്ടായിരുന്നു.
27ഗിദെയോൻ അതുകൊണ്ട് ഒരു എഫോദ് ഉണ്ടാക്കി തന്റെ പട്ടണമായ ഒഫ്രയിൽ പ്രതിഷ്ഠിച്ചു; യിസ്രായേലെല്ലാം യഹോവയെ വിട്ട് ആരാധനക്ക് അതിന്റെ അടുക്കൽ ചെന്നു; അത് ഗിദെയോനും അവന്റെ കുടുംബത്തിനും ഒരു കെണിയായി തീർന്നു.28എന്നാൽ മിദ്യാൻ തലപൊക്കാതവണ്ണം യിസ്രായേൽമക്കൾക്ക് കീഴടങ്ങിപ്പോയി. ഗിദെയോന്റെ കാലത്തു ദേശത്തിനു നാല്പതു വർഷം സ്വസ്ഥതയുണ്ടായി.

29യോവാശിന്റെ മകനായ യെരുബ്ബാൽ തന്റെ വീട്ടിൽ ചെന്ന് സുഖമായി പാർത്തു.30ഗിദെയോന് വളരെ ഭാര്യമാർ ഉണ്ടായിരുന്നതുകൊണ്ട് സ്വന്തമക്കളായിട്ടു തന്നേ എഴുപത് പുത്രന്മാർ ഉണ്ടായിരുന്നു.31ശെഖേമിലുള്ള അവന്റെ വെപ്പാട്ടിയും അവന് ഒരു മകനെ പ്രസവിച്ചു. അവന് അബീമേലെക്ക് എന്നു അവൻ പേരിട്ടു.
32യോവാശിന്റെ മകനായ ഗിദെയോൻ നല്ല വാർദ്ധക്യത്തിൽ മരിച്ചു; അവനെ അബീയേസ്രിയർക്കുള്ള ഒഫ്രയിൽ അവന്റെ അപ്പനായ യോവാശിന്റെ കല്ലറയിൽ അടക്കം ചെയ്തു.33ഗിദെയോൻ മരിച്ചശേഷം യിസ്രായേൽമക്കൾ വീണ്ടും യഹോവയെ വിട്ട് ബാൽവിഗ്രഹങ്ങളെ ആരാധിച്ചു; ബാൽബെരീത്തിനെ തങ്ങൾക്കു ദേവനായി പ്രതിഷ്ഠിച്ചു.
34യിസ്രായേൽമക്കൾ ചുറ്റുമുള്ള സകലശത്രുക്കളുടെയും കയ്യിൽനിന്നു തങ്ങളെ രക്ഷിച്ച തങ്ങളുടെ ദൈവമായ യഹോവയെ ഓർത്തില്ല.35ഗിദെയോൻ എന്ന യെരുബ്ബാൽ യിസ്രായേലിന്നു ചെയ്ത എല്ലാനന്മെക്കും തക്കവണ്ണം അവന്റെ കുടുംബത്തോട് ദയ ചെയ്തതുമില്ല.

9

1അനന്തരം യെരുബ്ബാലിന്റെ മകനായ അബീമേലെക്ക് ശെഖേമിൽ തന്റെ അമ്മയുടെ സഹോദരന്മാരുടെ അടുക്കൽ ചെന്ന് അവരോടും തന്റെ അമ്മയുടെ പിതൃഭവനമായ സർവ്വകുടുംബത്തോടും പറഞ്ഞത്:2യെരുബ്ബാലിന്റെ എഴുപത് പുത്രന്മാർ എല്ലാവരും ചേർന്നോ ഒരുത്തൻ തന്നെയോ നിങ്ങളെ ഭരിക്കുന്നത്, ഏതാകുന്നു നിങ്ങൾക്ക് നല്ലത്? ഞാൻ നിങ്ങളുടെ അസ്ഥിയും മാംസവും ആകുന്നു എന്ന് ഓർത്തുകൊൾവിൻ എന്ന് ശെഖേമിലെ സകലപൌരന്മാരോടും പറവിൻ .

3അങ്ങനെ അവന്റെ അമ്മയുടെ സഹോദരന്മാർ ശെഖേമിലെ സകലപൌരന്മാരോടും ഈ വാക്കുകളൊക്കെയും അവനു വേണ്ടി സംസാരിച്ചപ്പോൾ,അവരുടെ ഹൃദയം അബീമേലെക്കിന് അനുകൂലമായി തിരിഞ്ഞു: അവൻ നമ്മുടെ സഹോദരനല്ലോ എന്ന് അവർ പറഞ്ഞു.4പിന്നെ അവർ ബാൽബെരീത്തിന്റെ ക്ഷേത്രത്തിൽനിന്ന് എഴുപതു വെള്ളിക്കാശ് എടുത്ത് അവന് കൊടുത്തു; അതുകൊണ്ട് അബീമേലെക്ക് കലഹക്കാരും ബുദ്ധിശൂന്യരുമായ ആളുകളെ കൂലിക്കു വാങ്ങി അവർക്ക് നായകനായ്തീർന്നു.
5പിന്നെ അവൻ ഒഫ്രയിൽ തന്റെ അപ്പന്റെ വീട്ടിൽ ചെന്ന് യെരുബ്ബാലിന്റെ പുത്രന്മാരായി തന്റെ സഹോദരന്മാരായ എഴുപതുപേരെയും ഒരു കല്ലിന്മേൽ വെച്ച് കൊന്നു; എന്നാൽ യെരുബ്ബാലിന്റെ ഇളയമകനായ യോഥാം ഒളിവിൽ പോയതുകൊണ്ട് അവൻ മാത്രം ശേഷിച്ചു.

6അതിന്റെ ശേഷം ശെഖേമിലെയും ബേത് മില്ലോവിലേയും സകലപൌരന്മാരും ഒരുമിച്ചുകൂടി ശെഖേമിലെ തൂണിന്നരികെ, കരുവേലകത്തിനടുത്തുവച്ച് അബീമേലെക്കിനെ രാജാവാക്കി.
7ഇതിനെക്കുറിച്ച് യോഥാം അറിഞ്ഞപ്പോൾ, അവൻ ഗെരിസ്സീംമലമുകളിൽ ചെന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞതെന്തെന്നാൽ: ശെഖേംപൌരന്മാരേ, ദൈവം നിങ്ങൾക്ക് ചെവി തരേണ്ടതിന് നിങ്ങൾ എന്റെ വാക്ക് ശ്രദ്ധിപ്പിൻ8ഒരിക്കൽ വൃക്ഷങ്ങൾ തങ്ങൾക്ക് ഒരു രാജാവിനെ അഭിഷേകം ചെയ്‌വാൻ പോയി; അവ ഒലിവുവൃക്ഷത്തോട്: നീ ഞങ്ങൾക്ക് രാജാവായിരിക്ക എന്ന് പറഞ്ഞു.
9അതിന് ഒലിവുവൃക്ഷം: ദൈവവും മനുഷ്യരും എന്നെ പുകഴ്ത്തുവാൻ ഹേതുവായിരിക്കുന്ന എന്റെ തൈലം ഉപേക്ഷിച്ച് ഞാൻ വൃക്ഷങ്ങളുടെമേൽ ആടുവാൻ പോകുമോ എന്ന് പറഞ്ഞു.10പിന്നെ വൃക്ഷങ്ങൾ അത്തിവൃക്ഷത്തോട്: നീ വന്ന് ഞങ്ങൾക്ക് രാജാവായിരിക്ക എന്ന് പറഞ്ഞു.11അതിന് അത്തിവൃക്ഷം: എന്റെ മധുരമുള്ള വിശേഷപ്പെട്ട പഴവും ഉപേക്ഷിച്ച് വൃക്ഷങ്ങളുടെ മേൽ ആടുവാൻ ഞാൻ പോകുമോ എന്ന് പറഞ്ഞു.
12പിന്നെ വൃക്ഷങ്ങൾ മുന്തിരിവള്ളിയോട്: നീ വന്ന് ഞങ്ങൾക്ക് രാജാവായിരിക്ക എന്ന് പറഞ്ഞു.13മുന്തിരിവള്ളി അവയോട്: ദൈവത്തെയും മനുഷ്യനെയും ആനന്ദിപ്പിക്കുന്ന എന്റെ മുന്തിരിരസം ഞാൻ ഉപേക്ഷിച്ച് വൃക്ഷങ്ങളുടെമേൽ ആടുവാൻ പോകുമോ എന്ന് പറഞ്ഞു.14പിന്നെ വൃക്ഷങ്ങളെല്ലാം കൂടെ മുൾപടർപ്പിനോട്: നീ വന്ന് ഞങ്ങൾക്ക് രാജാവായിരിക്ക എന്ന് പറഞ്ഞു.
15മുൾപടർപ്പ് വൃക്ഷങ്ങളോട്: നിങ്ങൾ യഥാർത്ഥമായി എന്നെ നിങ്ങൾക്ക് രാജാവായി അഭിഷേകം ചെയ്യുന്നു എങ്കിൽ വന്ന് എന്റെ നിഴലിൽ ആശ്രയിപ്പിൻ; അല്ലെങ്കിൽ മുൾപടർപ്പിൽനിന്ന് തീ പുറപ്പെട്ട് ലെബാനോനിലെ ദേവദാരുക്കളെ ദഹിപ്പിക്കട്ടെ എന്ന് പറഞ്ഞു.16നിങ്ങൾ ഇപ്പോൾ അബീമേലെക്കിനെ രാജാവാക്കിയത് വിശ്വസ്തമായും പരമാർത്ഥമായും ആയിരുന്നോ? നിങ്ങൾ യെരുബ്ബാലിനോടും അവന്റെ കുടുംബത്തോടും നന്മയാണോ ചെയ്തത്? അവൻ അർഹിക്കുന്നതിന് തക്കവണ്ണമോ നിങ്ങൾ അവനോട് പ്രവർത്തിച്ചിട്ടുള്ളത്?
17എന്റെ അപ്പൻ തന്റെ ജീവനെ ഗണ്യമാക്കാതെ നിങ്ങൾക്കു വേണ്ടി യുദ്ധംചെയ്ത് മിദ്യാന്റെ കയ്യിൽനിന്ന് നിങ്ങളെ രക്ഷിച്ചിരിക്കെ18നിങ്ങൾ ഇന്ന് എന്റെ അപ്പന്റെ ഗൃഹത്തിന്നു വിരോധമായി എഴുന്നേറ്റ് അവന്റെ പുത്രന്മാരായ എഴുപത് പേരെയും ഒരു കല്ലിന്മേൽവെച്ച് കൊല്ലുകയും അവന്റെ ദാസിയുടെ മകനായ അബീമേലെക്ക് നിങ്ങളുടെ സഹോദരൻ ആയിരിക്കകൊണ്ട് അവനെ ശെഖേംപൌരന്മാർക്ക് രാജാവാക്കുകയും ചെയ്തുവല്ലോ.
19ഇങ്ങനെ നിങ്ങൾ ഇന്ന് യെരുബ്ബാലിനോടും അവന്റെ കുടുംബത്തോടും ചെയ്തത് വിശ്വസ്തതയും പരമാർത്ഥതയും ആണെങ്കിൽ നിങ്ങൾ അബീമേലെക്കിലും അവൻ നിങ്ങളിലും സന്തോഷിക്കട്ടെ.20അല്ലെങ്കിൽ അബീമേലെക്കിൽനിന്ന് തീ പുറപ്പെട്ട് ശെഖേമിലേയും ബേത് മില്ലൊവിലേയും പൗരന്മാരെയും ,നിങ്ങളിൽ നിന്ന് തീ പുറപ്പെട്ട് അവനെയും ദഹിപ്പിക്കട്ടെ.21ഇങ്ങനെ പറഞ്ഞിട്ട് യോഥാം ഓടിപ്പോയി ബേരിലേക്ക് ചെന്ന് തന്റെ സഹോദരനായ അബീമേലെക്കിനെ പേടിച്ച് അവിടെ പാർത്തു.

22അബിമേലെക്ക് യിസ്രായേലിനെ മൂന്നു വർഷം ഭരിച്ചശേഷം23ദൈവം അബീമേലെക്കിനും ശെഖേംപൌരന്മാർക്കും തമ്മിൽ ഭിന്നത വരുത്തി; ശെഖേംപൌരന്മാർ അബീമേലെക്കിനോട് വിശ്വാസവഞ്ചന കാണിക്കാൻ തുടങ്ങി;24അങ്ങനെ യെരുബ്ബാലിന്റെ എഴുപത് പുത്രന്മാരോടും ചെയ്ത കുറ്റത്തിന് പ്രതികാരം വരികയും,അതിന്റെ ഫലം അവരെ കൊന്നവനായ അവരുടെ സഹോദരൻ അബീമേലെക്കും , അതിന് അവനെ സഹായിച്ച ശെഖേം പൌരന്മാരും അനുഭവിക്കുകയും ചെയ്തു.
25ശെഖേംപൌരന്മാർ മലമുകളിൽ അവന് വിരോധമായി പതിയിരിപ്പുകാരെ ആക്കി, ഇവർ തങ്ങളുടെ സമീപത്തുകൂടി വഴിപോകുന്ന എല്ലാവരേയും കവർച്ച ചെയ്തു; ഇതിനെക്കുറിച്ച് അബീമേലെക്കിന് അറിവു കിട്ടി.

26അപ്പോൾ ഏബെദിന്റെ മകനായ ഗാലും അവന്റെ സഹോദരന്മാരും ശെഖേമിലേക്ക് വന്നു; ശെഖേംപൌരന്മാർ അവനെ വിശ്വസിച്ചു.27അവർ വയലിൽ ചെന്ന് തങ്ങളുടെ മുന്തിരിത്തോട്ടങ്ങളിലെ കുല അറുത്ത് ആഘോഷിച്ചു; തങ്ങളുടെ ദേവന്റെ ക്ഷേത്രത്തിൽ ചെന്ന്, തിന്നുകുടിച്ച് അബീമേലെക്കിനെ ശപിച്ചു
28ഏബെദിന്റെ മകനായ ഗാൽ പറഞ്ഞത്: അബീമേലെക്കിനെ നാം സേവിക്കേണ്ടതിന് അവൻ ആര്? ശെഖേം ആര്? അവൻ യെരുബ്ബാലിന്റെ മകനും സെബൂൽ അവന്റെ കാര്യസ്ഥനും അല്ലയോ? നാം അവനെ സേവിക്കുന്നത് എന്തിന് ?ശെഖേമിന്റെ അപ്പനായ ഹാമോരിന്റെ ആളുകളെ സേവിക്കാം29ഈ ജനം എന്റെ കൈക്കീഴായിരുന്നെങ്കിൽ ഞാൻ അബീമേലെക്കിനെ നീക്കിക്കളകയുമായിരുന്നു.പിന്നെ അവൻ അബീമേലെക്കിനോട്: നിന്റെ സൈന്യത്തെ വർദ്ധിപ്പിച്ച് പുറപ്പെട്ട് വരിക എന്ന് പറഞ്ഞു.
30ഏബേദിന്റെ മകനായ ഗാലിന്റെ വാക്കുകൾ നഗരാധിപനായ സെബൂൽ കേട്ടപ്പോൾ അവന്റെ കോപം ജ്വലിച്ചു.31അവൻ രഹസ്യമായി അബീമേലെക്കിന്റെ അടുക്കൽ ദൂതന്മാരെ അയച്ച്: ഇതാ, ഏബെദിന്റെ മകനായ ഗാലും അവന്റെ സഹോദരന്മാരും ശെഖേമിൽ വന്നിരിക്കുന്നു; അവർ പട്ടണത്തെ നിനക്കെതിരായി ബലപ്പെടുത്തുന്നു.
32ആകയാൽ നീയും നിന്നോടുകൂടെയുള്ള ജനവും രാത്രിയിൽ പുറപ്പെട്ട് വയലിൽ പതിയിരിപ്പിൻ.33രാവിലെ സൂര്യൻ ഉദിക്കുമ്പോൾ എഴുന്നേറ്റ് പട്ടണത്തെ ആക്രമിക്കുക; എന്നാൽ അവനും കൂടെയുള്ള ജനവും നിന്റെ നേരെ പുറപ്പെടുമ്പോൾ , തക്കം പോലെ അവരോടു പ്രവർത്തിക്കാം എന്ന് പറയിച്ചു.

34അങ്ങനെ അബീമേലെക്കും കൂടെയുള്ള ജനമൊക്കെയും രാത്രിയിൽ പുറപ്പെട്ട് ശെഖേമിന്നരികെ നാലു കൂട്ടമായി പതിയിരുന്നു.35ഏബെദിന്റെ മകൻ ഗാൽ പുറപ്പെട്ട് പട്ടണവാതിൽക്കൽ നിന്നപ്പോൾ അബീമേലെക്കും കൂടെ ഉള്ള ജനവും പതിയിരിപ്പിൽ നിന്ന് എഴുന്നേറ്റു.
36ഗാൽ ജനത്തെ കണ്ടപ്പോൾ: അതാ, പർവ്വതങ്ങളുടെ മുകളിൽനിന്ന് ജനങ്ങൾ ഇറങ്ങിവരുന്നു എന്ന് സെബൂലിനോടു പറഞ്ഞു. സെബൂൽ അവനോട്: പർവ്വതങ്ങളുടെ നിഴൽ കണ്ടിട്ട് മനുഷ്യരെന്നു് നിനക്ക് തോന്നുന്നതാകുന്നു എന്ന് പറഞ്ഞു.37ഗാൽ പിന്നെയും: അതാ, ജനം ദേശമദ്ധ്യേ ഇറങ്ങിവരുന്നു; മറ്റൊരു കൂട്ടം ലക്ഷണവിദ്യക്കാരുടെ കരുവേലകത്തിന്റെ സമീപത്തുകൂടി വരുന്നു എന്ന് പറഞ്ഞു.
38സെബൂൽ അവനോട്: നാം അബീമേലെക്കിനെ സേവിക്കേണ്ടതിന് അവൻ ആരെന്ന് പറഞ്ഞ നിന്റെ വായ് ഇപ്പോൾ എവിടെ? ഇത് നീ പുച്ഛിച്ച ജനം അല്ലയോ? ഇപ്പോൾ പുറപ്പെട്ടു അവരോട് പൊരുതുക എന്ന് പറഞ്ഞു.39അങ്ങനെ ഗാൽ ശെഖേംപൌരന്മാരെ നയിച്ച് അബീമേലെക്കിനോട് പടവെട്ടി.40അബീമേലെക്കിന്റെ മുമ്പിൽ അവൻ തോറ്റോടി; അവൻ അവനെ പിന്തുടർന്നു; പടിവാതിൽ വരെ അനേകർ മുറിവേറ്റ് വീണു.
41അബീമേലെക്ക് അരൂമയിൽ താമസിച്ചു; സെബൂൽ ഗാലിനെയും സഹോദരന്മാരെയും ശെഖേമിൽ പാർപ്പാൻ അനുവദിക്കാതെ അവരെ നീക്കിക്കളഞ്ഞു.42പിറ്റെന്നാൾ ജനം വയലിലേക്കു പുറപ്പെട്ടു; അബീമേലെക്കിന് അതിനെക്കുറിച്ചു അറിവുകിട്ടിയപ്പോൾ,43അവൻ തന്റെ ജനത്തെ കൂട്ടി മൂന്നായി ഭാഗിച്ചു വയലിൽ പതിയിരുന്നു; പട്ടണത്തിൽനിന്ന് ജനം പുറപ്പെട്ടുവരുന്നത് കണ്ട് അവരുടെ നേരെ ചെന്ന് അവരെ ആക്രമിച്ചു.
44പിന്നെ അബീമേലെക്കും കൂടെയുള്ള കൂട്ടവും പാഞ്ഞുചെന്ന് പട്ടണവാതിൽക്കൽ നിന്നു; മറ്റെ കൂട്ടം രണ്ടും വയലിലുള്ള സകലജനത്തിന്റെയും നേരെ പാഞ്ഞുചെന്ന് അവരെ സംഹരിച്ചു.45അബീമേലെക്ക് ആ ദിവസം മുഴുവനും പട്ടണത്തോട് പടവെട്ടി, പട്ടണം പിടിച്ചു അതിലെ ജനത്തെ കൊന്നു, പട്ടണത്തെ ഇടിച്ചുകളഞ്ഞു , അതിൽ ഉപ്പു വിതറി.

46ശെഖേംഗോപുരവാസികൾ എല്ലാവരും ഇത് കേട്ടപ്പോൾ ഏൽബെരീത്തിന്റെ ക്ഷേത്രമണ്ഡപത്തിൽ കടന്നു.47ശെഖേംഗോപുരവാസികൾ എല്ലാവരും ഒന്നിച്ചുകൂടിയിരിക്കുന്നു എന്ന് അബീമേലെക്കിന് അറിവുകിട്ടി.
48അബീമേലെക്കും കൂടെയുള്ള ജനമൊക്കെയും സല്മോൻമലയിൽ കയറി; അബീമേലെക്ക് കോടാലി എടുത്ത് ഒരു മരക്കൊമ്പ് വെട്ടി ചുമലിൽ വെച്ചു, തന്റെ ജനത്തോട്: ഞാൻ ചെയ്തത് നോക്കി നിങ്ങളും വേഗം അതുപോലെ ചെയ്‌വിൻ എന്ന് പറഞ്ഞു.49ജനമെല്ലാം അതുപോലെ ഓരോരുത്തൻ ഓരോ കൊമ്പ് വെട്ടി അബീമേലെക്കിന്റെ പിന്നാലെ ചെന്ന് മണ്ഡപത്തിന്നരികെ ഇട്ട് തീ കൊടുത്തു, മണ്ഡപത്തോടു കൂടെ അവരെ ചുട്ടുകളഞ്ഞു. അങ്ങനെ ശെഖേംഗോപുരവാസികളൊക്കെയും പുരുഷന്മാരും സ്ത്രീകളുമായി ഏകദേശം ആയിരംപേർ മരിച്ചുപോയി.

50അനന്തരം അബീമേലെക്ക് തേബെസിലേക്ക് ചെന്ന് തേബെസിന് വിരോധമായി പാളയമിറങ്ങി അതിനെ പിടിച്ചു.51പട്ടണത്തിന്നകത്ത് ഉറപ്പുള്ള ഒരു ഗോപുരം ഉണ്ടായിരുന്നു; അവിടേക്ക് സകല പുരുഷന്മാരും സ്ത്രീകളും , പട്ടണത്തിലുള്ളവർ ഒക്കെയും ഓടിക്കടന്ന് വാതിൽ അടെച്ച് ഗോപുരത്തിന്റെ മുകളിൽ കയറി.
52അബീമേലെക്ക് ഗോപുരത്തിന്നരികെ എത്തി അതിനെ ആക്രമിച്ചു; അതിന് തീ കൊടുത്ത് ചുട്ടുകളയേണ്ടതിന് ഗോപുരവാതിലിന്നടുത്ത് ചെന്നു.53അപ്പോൾ ഒരു സ്ത്രീ തിരികല്ലിന്റെ പിള്ള അബീമേലെക്കിന്റെ തലയിൽ ഇട്ട് അവന്റെ തലയോട് തകർത്തുകളഞ്ഞു.54ഉടനെ അവൻ തന്റെ ആയുധവാഹകനായ ബാല്യക്കാരനെ വിളിച്ച്: ഒരു സ്ത്രീ എന്നെ കൊന്നു എന്ന് പറയാതിരിക്കേണ്ടതിന് നിന്റെ വാൾ ഊരി എന്നെ കൊല്ലുക എന്ന് അവനോടു് പറഞ്ഞു. അവന്റെ ബാല്യക്കാരൻ അവനെ കുത്തി, അങ്ങനെ അവൻ മരിച്ചു.
55അബീമേലെക്ക് മരിച്ചുപോയി എന്ന് കണ്ടപ്പോൾ യിസ്രായേല്യർ താന്താങ്ങളുടെ സ്ഥലത്തേക്ക് മടങ്ങിപ്പോയി.56അബീമേലെക്ക് തന്റെ എഴുപത് സഹോദരന്മാരെ കൊന്നതിനാൽ തന്റെ അപ്പനോട് ചെയ്ത ദുഷ്ടതയ്ക്ക് ദൈവം ഇങ്ങനെ പകരം നൽകി.57ശെഖേംനിവാസികളുടെ സകല ദുഷ്ടതകൾക്കുമുള്ള അനുഭവം ദൈവം അവർക്ക് തിരികെ നൽകി ; അങ്ങനെ യെരുബ്ബാലിന്റെ മകനായ യോഥാമിന്റെ ശാപം അവരുടെമേൽ വന്നു.

10

1അബീമേലെക്കിന്റെ ശേഷം യിസ്സാഖാർ ഗോത്രത്തിൽ ദോദോവിന്റെ മകനായ പൂവാവിന്റെ മകൻ തോലാ യിസ്രായേലിനെ രക്ഷിപ്പാൻ എഴുന്നേറ്റു; അവൻ എഫ്രയീംനാട്ടിലെ ശാമീരിൽ ആയിരുന്നു പാർത്തത്.2അവൻ യിസ്രായേലിന് ഇരുപത്തുമൂന്നു വർഷം ന്യായപാലനം ചെയ്തു; പിന്നീട് അവൻ മരിച്ചു,ശാമീരിൽ അവനെ അടക്കംചെയ്തു.

3അവന്റെ ശേഷം ഗിലെയാദ്യനായ യായീർ എഴുന്നേറ്റ് യിസ്രായേലിന് ഇരുപത്തുരണ്ട് വർഷം ന്യായപാലനം ചെയ്തു.4അവന് , കഴുതപ്പുറത്ത് കയറി ഓടിക്കുന്ന മുപ്പത് പുത്രന്മാരും , അവർക്ക് മുപ്പത് പട്ടണങ്ങളും ഉണ്ടായിരുന്നു; ഗിലെയാദ് ദേശത്തുള്ള ഈ പട്ടണങ്ങൾ ഇന്നുവരെയും ഹവ്വോത്ത്-യായീർ എന്ന പേരിൽ അറിയപ്പെടുന്നു.5യായീർ മരിച്ചു , കാമോനിൽ അവനെ അടക്കംചെയ്തു.

6യിസ്രായേൽമക്കൾ പിന്നെയും യഹോവയ്ക്ക് ഇഷ്ടമില്ലാത്തത് ചെയ്തു ബാൽവിഗ്രഹങ്ങളെയും , അസ്തോരെത്ത് പ്രതിഷ്ഠകളെയും അരാമ്യരുടേയും സീദോന്യരുടേയും മോവാബ്യരുടേയും അമ്മോന്യരുടേയും ഫെലിസ്ത്യരുടേയും ദേവന്മാരെയും സേവിച്ചു; യഹോവയെ സേവിക്കാതെ ഉപേക്ഷിച്ചു.7അപ്പോൾ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; യഹോവ അവരെ ഫെലിസ്ത്യരുടെയും അമ്മോന്യരുടെയും കയ്യിൽ ഏല്പിച്ചു.
8അവർ ആ വർഷം മുതൽ പതിനെട്ട് വർഷം യോർദ്ദാന്നക്കരെ ഗിലെയാദ് എന്ന അമോര്യദേശത്തെ എല്ലാ യിസ്രായേൽമക്കളെയും , ഉപദ്രവിച്ചു ഞെരുക്കി.9കൂടാതെ, യിസ്രായേൽ വളരെ കഷ്ടത്തിൽ ആകത്തക്കവണ്ണം അമ്മോന്യർ, യെഹൂദയോടും ബെന്യാമീനോടും എഫ്രയീംഗൃഹത്തോടും യുദ്ധംചെയ്‌വാൻ യോർദ്ദാൻ കടന്നു.
10യിസ്രായേൽ മക്കൾ യഹോവയോട് നിലവിളിച്ചു: ഞങ്ങൾ ഞങ്ങളുടെ ദൈവത്തെ ഉപേക്ഷിക്കയും ബാൽവിഗ്രഹങ്ങളെ സേവിക്കയും ചെയ്തതുകൊണ്ട് അങ്ങയോട് പാപം ചെയ്തിരിക്കുന്നു എന്ന് പറഞ്ഞു.11യഹോവ യിസ്രായേൽമക്കളോട് അരുളിച്ചെയ്തത്: മിസ്രയീമ്യർ, അമോര്യർ, അമ്മോന്യർ, ഫെലിസ്ത്യർ എന്നിവരുടെ കയ്യിൽ നിന്ന് ഞാൻ നിങ്ങളെ രക്ഷിച്ചിട്ടില്ലയോ?12കൂടാതെ സീദോന്യരും അമാലേക്യരും മാവോന്യരും നിങ്ങളെ ഞെരുക്കി; നിങ്ങൾ എന്നോട് നിലവിളിച്ചു; ഞാൻ നിങ്ങളെ അവരുടെ കയ്യിൽനിന്നും രക്ഷിച്ചു.
13എന്നിട്ടും നിങ്ങൾ എന്നെ ഉപേക്ഷിച്ചു അന്യദൈവങ്ങളെ സേവിച്ചു; അതുകൊണ്ട് ഇനി ഞാൻ നിങ്ങളെ രക്ഷിക്കയില്ല.14നിങ്ങൾ തിരഞ്ഞെടുത്തിട്ടുള്ള ദേവന്മാരോട് നിലവിളിപ്പിൻ; അവർ നിങ്ങളുടെ കഷ്ടകാലത്ത് നിങ്ങളെ രക്ഷിക്കട്ടെ.
15യിസ്രായേൽമക്കൾ യഹോവയോട്: ഞങ്ങൾ പാപം ചെയ്തിരിക്കുന്നു; അങ്ങയുടെ ഇഷ്ടംപോലെയൊക്കെയും ഞങ്ങളോട് ചെയ്തുകൊൾക; ഇന്നു മാത്രം ഞങ്ങളെ വിടുവിക്കേണമേ എന്ന് പറഞ്ഞു.16അവർ തങ്ങളുടെ ഇടയിൽനിന്ന് അന്യദൈവങ്ങളെ നീക്കിക്കളഞ്ഞ്, യഹോവയെ സേവിച്ചു; ആകയാൽ അവരുടെ അരിഷ്ടതയിൽ യഹോവക്ക് സഹതാപം തോന്നി.

17അനന്തരം അമ്മോന്യർ ഒന്നിച്ചുകൂടി ഗിലെയാദിൽ പാളയമിറങ്ങി; യിസ്രായേൽമക്കൾ ഒരുമിച്ച് മിസ്പയിലും പാളയമിറങ്ങി.18ഗിലെയാദിലെ പ്രഭുക്കന്മാരും ജനവും തമ്മിൽ തമ്മിൽ: അമ്മോന്യരോട് യുദ്ധം ആരംഭിക്കുന്നവൻ ആർ? അവൻ ഗിലെയാദ്നിവാസികൾക്ക് തലവനാകും എന്ന് പറഞ്ഞു.

11

1ഗിലെയാദ്യനായ യിഫ്താഹ് പരാക്രമശാലി എങ്കിലും വേശ്യാപുത്രൻ ആയിരുന്നു; യിഫ്താഹിന്റെ പിതാവോ ഗിലെയാദ് ആയിരുന്നു.2ഗിലെയാദിന്റെ ഭാര്യയും അവന് പുത്രന്മാരെ പ്രസവിച്ചു; അവർ വളർന്നശേഷം യിഫ്താഹിനോട്: നീ ഞങ്ങളുടെ പിതൃഭവനത്തിൽ അവകാശം പ്രാപിക്കയില്ല; നീ പരസ്ത്രീയുടെ മകനല്ലോ എന്ന് പറഞ്ഞ് അവനെ ഓടിച്ചുകളഞ്ഞു.3അങ്ങനെ യിഫ്താഹ് തന്റെ സഹോദരന്മാരെ വിട്ട് തോബ് ദേശത്ത് ചെന്ന് പാർത്തു; നിസ്സാരന്മാരായ ചിലർ യിഫ്താഹിനോടു ചേർന്ന് അവനുമായി സഹവസിച്ചു.

4കുറെക്കാലം കഴിഞ്ഞിട്ട് അമ്മോന്യർ യിസ്രായേലിനോട് യുദ്ധംചെയ്തു.5അമ്മോന്യർ യിസ്രായേലിനോട് യുദ്ധം തുടങ്ങിയപ്പോൾ ഗിലെയാദിലെ മൂപ്പന്മാർ യിഫ്താഹിനെ തോബ് ദേശത്തുനിന്ന് കൊണ്ടുവരുവാൻ ചെന്നു.6അവർ യിഫ്താഹിനോട്: അമ്മോന്യരോട് യുദ്ധം ചെയ്യേണ്ടതിന് നീ വന്ന് ഞങ്ങളുടെ സൈന്യാധിപനായിരിക്ക എന്ന് പറഞ്ഞു.
7യിഫ്താഹ് ഗിലെയാദ്യരോട്: നിങ്ങൾ എന്നെ പകെച്ച് എന്റെ പിതൃഭവനത്തിൽ നിന്ന് എന്നെ നീക്കിക്കളഞ്ഞില്ലയോ? ഇപ്പോൾ നിങ്ങൾ കഷ്ടത്തിൽ ആയപ്പോൾ എന്റെ അടുക്കൽ എന്തിന് വരുന്നു എന്ന് പറഞ്ഞു.8ഗിലെയാദിലെ മൂപ്പന്മാർ യിഫ്താഹിനോട്: നീ ഞങ്ങളോടുകൂടെ വന്ന് അമ്മോന്യരോട് യുദ്ധംചെയ്കയും ഗിലെയാദിലെ സകല നിവാസികൾക്കും തലവനായിരിക്കയും ചെയ്യേണ്ടതിന് ഞങ്ങൾ ഇപ്പോൾ നിന്റെ അടുക്കൽ ഇങ്ങോട്ട് വന്നിരിക്കുന്നു എന്ന് പറഞ്ഞു.
9യിഫ്താഹ് ഗിലെയാദിലെ മൂപ്പന്മാരോട്: അമ്മോന്യരോട് യുദ്ധംചെയ്‌വാൻ നിങ്ങൾ എന്നെ കൊണ്ടുപോയിട്ട്, യഹോവ അവരെ എന്റെ കയ്യിൽ ഏല്പിച്ചാൽ , നിങ്ങൾ എന്നെ തലവനാക്കുമോ എന്ന് ചോദിച്ചു.10ഗിലെയാദിലെ മൂപ്പന്മാർ യിഫ്താഹിനോട് ;നീ പറഞ്ഞതുപോലെ ഞങ്ങൾ ചെയ്യുമെന്നുള്ളതിന് യഹോവ നമ്മുടെ മദ്ധ്യേ സാക്ഷി എന്ന് പറഞ്ഞു.11അങ്ങനെ യിഫ്താഹ് ഗിലെയാദിലെ മൂപ്പന്മാരോടുകൂടെ പോയി; ജനം അവനെ തലവനും സൈന്യാധിപനും ആക്കി; യിഫ്താഹ് മിസ്പയിൽവെച്ച് യഹോവയുടെ സന്നിധിയിൽ തന്റെ കാര്യമെല്ലാം പ്രസ്താവിച്ചു.

12അനന്തരം യിഫ്താഹ് അമ്മോന്യരുടെ രാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: നീ എന്നോട് യുദ്ധംചെയ്‌വാൻ എന്റെ ദേശത്ത് വരേണ്ടതിന് നിനക്കെന്തു കാര്യം എന്ന് പറയിച്ചു.13അമ്മോന്യരുടെ രാജാവ് യിഫ്താഹിന്റെ ദൂതന്മാരോട്: മിസ്രയീമിൽനിന്നു പുറപ്പെട്ടുവന്നപ്പോൾ യിസ്രായേൽ അർന്നോൻ മുതൽ യബ്ബോക്കോളവും യോർദ്ദാൻ വരെയും ഉള്ള എന്റെ ദേശം കൈവശമാക്കിയതിനാൽ തന്നേ; ഇപ്പോൾ ആ ദേശങ്ങളെ സമാധാനത്തോടെ മടക്കിത്തരിക എന്ന് പറഞ്ഞു.
14യിഫ്താഹ് പിന്നെയും അമ്മോന്യരുടെ രാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു,15അവനോട് പറയിച്ചതെന്തെന്നാൽ: യിഫ്താഹ് ഇപ്രകാരം പറയുന്നു:16യിസ്രായേൽ മോവാബ് ദേശമോ അമ്മോന്യരുടെ ദേശമോ കൈവശപ്പെടുത്തിയിട്ടില്ല; അവർ മിസ്രയീമിൽനിന്ന് പുറപ്പെട്ട് മരുഭൂമിയിൽകൂടി ചെങ്കടൽവരെ സഞ്ചരിച്ച് കാദേശിൽ എത്തി.
17യിസ്രായേൽ എദോം രാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ച് ദേശത്തുകൂടി കടന്നുപോകുവാൻ അനുവാദം ചോദിച്ചു എങ്കിലും എദോംരാജാവ് സമ്മതിച്ചില്ല; മോവാബ് രാജാവിന്റെ അടുക്കലും പറഞ്ഞയച്ചു, അവനും സമ്മതിച്ചില്ല; അങ്ങനെ യിസ്രായേൽ കാദേശിൽ പാർത്തു.18അവർ മരുഭൂമിയിൽകൂടി സഞ്ചരിച്ച് എദോം ദേശവും മോവാബ് ദേശവും ചുറ്റി മോവാബ് ദേശത്തിന്റെ കിഴക്ക് എത്തി അർന്നോന്നക്കരെ പാളയമിറങ്ങി; അർന്നോൻ മോവാബിന്റെ അതിരായിരുന്നതിനാൽ മോവാബിന്റെ അതിരിനകത്ത് അവർ കടന്നില്ല.
19പിന്നെ യിസ്രായേൽ ഹെശ്ബോനിൽ വാണിരുന്ന അമോര്യരാജാവായ സീഹോന്റെ അടുക്കൽ ദൂതന്മാരെ അയച്ച്“ നിന്റെ ദേശത്തുകൂടി ഞങ്ങളുടെ സ്ഥലത്തേക്കു കടന്നുപോകുവാൻ അനുവാദം തരേണം എന്ന് പറയിച്ചു.20എങ്കിലും സീഹോൻ യിസ്രായേലിനെ വിശ്വസിക്കാതിരുന്നതുകൊണ്ട് തന്റെ ദേശത്തുകൂടി കടന്നുപോകുവാൻ അനുവദിച്ചില്ല അവൻ ജനത്തെ ഒക്കെയും വിളിച്ചുകൂട്ടി, യഹസിൽ പാളയമിറങ്ങി, അവരോട് യുദ്ധം ചെയ്തു.
21യിസ്രായേലിന്റെ ദൈവമായ യഹോവ ,സീഹോനെയും അവന്റെ സകലജനത്തെയും യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചു; അങ്ങനെ അവർ അവരെ തോല്പിച്ച് ,ആ ദേശനിവാസികളായ അമോര്യരുടെ ദേശം ഒക്കെയും കൈവശമാക്കി.22അർന്നോൻ മുതൽ യബ്ബോക് വരെയും മരുഭൂമിമുതൽ യോർദ്ദാൻവരെയുമുള്ള അമോര്യരുടെ ദേശം ഒക്കെയും അവർ അധീനപ്പെടുത്തി.
23യിസ്രായേലിന്റെ ദൈവമായ യഹോവ തന്റെ ജനമായ യിസ്രായേലിന്റെ മുമ്പിൽ നിന്ന് അമോര്യരെ നീക്കിക്കളഞ്ഞിരിക്കെ നീ അത് വീണ്ടും കൈവശമാക്കുവാൻ പോകുന്നുവോ?24നിന്റെ ദേവനായ കെമോശ് അവകാശമായി തരുന്ന ദേശത്തെ നീ അനുഭവിക്കയില്ലയോ? അങ്ങനെ തന്നെ ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങൾക്ക് തരുന്ന അവകാശം ഞങ്ങളും അനുഭവിക്കും.25സിപ്പോരിന്റെ മകൻ ബാലാക്ക് എന്ന മോവാബ്‌രാജാവിനെക്കാൾ നീ യോഗ്യനോ? അവൻ യിസ്രായേലിനോട് എപ്പോഴെങ്കിലും മൽസരിച്ചിട്ടുണ്ടോ? യുദ്ധം ചെയ്തിട്ടുണ്ടോ?
26യിസ്രായേൽ ഹെശ്ബോനിലും അരോവേരിലും അവയുടെ ഗ്രാമങ്ങളിലും അർന്നോൻതീരത്തുള്ള എല്ലാ പട്ടണങ്ങളിലും മുന്നൂറു വർഷങ്ങളോളം പാർത്തിരിക്കെ,ആ കാലയളവിനുള്ളിൽ നിങ്ങൾ അവയെ എന്തുകൊണ്ട് വീണ്ടെടുത്തില്ല?27ആകയാൽ ഞാൻ നിന്നോടു അന്യായം ചെയ്തിട്ടില്ല; എന്നോട് യുദ്ധം ചെയ്യുന്നതിനാൽ നീ ആകുന്നു അന്യായം ചെയ്യുന്നത്; യഹോവ എന്ന ന്യായാധിപതി ഇന്ന് യിസ്രായേൽമക്കളുടെയും അമ്മോന്യരുടെയും മദ്ധ്യേ ന്യായം വിധിക്കട്ടെ.28എന്നാൽ യിഫ്താഹിന്റെ വാക്കുകൾ അമ്മോന്യരുടെ രാജാവ് വകവച്ചില്ല.

29അപ്പോൾ യഹോവയുടെ ആത്മാവ് യിഫ്താഹിന്റെ മേൽ വന്നു; അവൻ ഗിലെയാദിലും മനശ്ശെയിലും കൂടി കടന്ന് ഗിലെയാദിലെ മിസ്പയിൽ എത്തി ;അവിടെ നിന്ന് അമ്മോന്യരുടെ നേരെ ചെന്നു.30യിഫ്താഹ് യഹോവയ്ക്ക് ഒരു നേർച്ച നേർന്ന് പറഞ്ഞത്: നീ അമ്മോന്യരെ എന്റെ കയ്യിൽ ഏല്പിക്കുമെങ്കിൽ31ഞാൻ അമ്മോന്യരെ ജയിച്ചു സമാധാനത്തോടെ മടങ്ങിവരുമ്പോൾ ,എന്റെ വീട്ടുവാതില്ക്കൽനിന്ന് എന്നെ എതിരേറ്റുവരുന്നത് യഹോവെക്കുള്ളതാകും; അതിനെ ഞാൻ ഹോമയാഗമായി അർപ്പിക്കും.
32ഇങ്ങനെ യിഫ്താഹ് അമ്മോന്യരോട് യുദ്ധംചെയ്‌വാൻ അവരുടെ നേരെ ചെന്നു; യഹോവ അവരെ അവന്റെ കയ്യിൽ ഏല്പിച്ചു.33അവൻ അരോവേർ മുതൽ മിന്നീത്തോളവും, ആബേൽ-കെരാമീം വരെയും ഒരു മഹാസംഹാരം നടത്തി; ഇരുപത് പട്ടണം ജയിച്ചടക്കി.

34എന്നാൽ യിഫ്താഹ് മിസ്പയിൽ തന്റെ വീട്ടിലേക്കു ചെല്ലുമ്പോൾ,ഇതാ, അവന്റെ മകൾ തപ്പോടും നൃത്തത്തോടും കൂടെ അവനെ എതിരേറ്റുവരുന്നു; അവൾ അവന് ഏകപുത്രി ആയിരുന്നു; അവളല്ലാതെ അവന് വേറെ മക്കൾ ഉണ്ടായിരുന്നില്ല.35

അവളെ കണ്ടയുടനെ അവൻ വസ്ത്രം കീറി,“ അയ്യോ എന്റെ മകളേ, നീ എന്റെ തല കുനിയിച്ചു; നീയും എന്നെ വ്യസനിപ്പിക്കുന്നവരുടെ കൂട്ടത്തിൽ ആയിപ്പോയല്ലോ; യഹോവയോടു ഞാൻ പറഞ്ഞുപോയി; നേർച്ചയിൽ നിന്ന് എനിക്ക് പിന്മാറിക്കൂടാ “എന്ന് പറഞ്ഞു.
36അവൾ അവനോട്, “അപ്പാ, നീ യഹോവയോട് പറഞ്ഞുപോയിട്ടുണ്ടെങ്കിൽ , യഹോവ നിനക്ക് വേണ്ടി നിന്റെ ശത്രുക്കളായ അമ്മോന്യരോട് പ്രതികാരം നടത്തിയിരിക്കയാൽ നിന്റെ വായിൽനിന്ന് പുറപ്പെട്ടതുപോലെ എന്നോട് ചെയ്ക “എന്ന് പറഞ്ഞു.37“എന്നാൽ ഒരു കാര്യം എനിക്കു വേണ്ടി ചെയ്തു തരേണം; ഞാനും എന്റെ സഖിമാരും മാത്രമായി പർവ്വതങ്ങളിൽ ചെന്ന് എന്റെ കന്യാത്വത്തെക്കുറിച്ചു വിലാപം കഴിക്കേണ്ടതിന് എനിക്കു രണ്ടു മാസം തരേണം “ എന്ന് അവൾ തന്റെ അപ്പനോട് പറഞ്ഞു.
38അതിന് അവൻ : പോക എന്നു പറഞ്ഞ് അവളെ രണ്ടു മാസത്തേക്ക് അയച്ചു; അവൾ തന്റെ സഖിമാരുമായി ചെന്ന് തന്റെ കന്യാത്വത്തെക്കുറിച്ച് പർവ്വതങ്ങളിൽ വിലാപം കഴിച്ചു.39രണ്ടു മാസം കഴിഞ്ഞ് അവൾ തന്റെ അപ്പന്റെ അടുക്കൽ മടങ്ങിവന്നു; അവൻ നേർന്നിരുന്ന നേർച്ചപോലെ അവളോട് ചെയ്തു; അവൾ ഒരു പുരുഷനെയും അറിഞ്ഞിരുന്നില്ല.40പിന്നെ ആണ്ടുതോറും യിസ്രായേലിലെ കന്യകമാർ നാല് ദിവസം ഗിലെയാദ്യനായ യിഫ്താഹിന്റെ മകളെക്കുറിച്ച് വിലപിപ്പാൻ പോകുന്നത് യിസ്രായേലിൽ ഒരു ആചാരമായ്തീർന്നു.

12

1അനന്തരം എഫ്രയീമ്യർ ഒന്നിച്ചുകൂടി വടക്കോട്ടു ചെന്ന് യിഫ്താഹിനോട്: അമ്മോന്യരോടുള്ള യുദ്ധത്തിന് നീ ഞങ്ങളെ വിളിക്കാഞ്ഞത് എന്ത്? ഞങ്ങൾ നിന്നെ വീട്ടിനകത്തിട്ട് തീ വച്ച് ചുട്ടുകളയും എന്ന് പറഞ്ഞു.2യിഫ്താഹ് അവരോട്: എനിക്കും എന്റെ ജനത്തിനും അമ്മോന്യരോട് വലിയ കലഹം ഉണ്ടായപ്പോൾ ഞാൻ നിങ്ങളെ വിളിച്ചെങ്കിലും, നിങ്ങൾ അവരുടെ കയ്യിൽനിന്ന് എന്നെ രക്ഷിച്ചില്ല.

3നിങ്ങൾ എന്നെ രക്ഷിക്കയില്ലെന്ന് കണ്ടപ്പോൾ ഞാൻ എന്റെ ജീവനെ ഉപേക്ഷിച്ച് അമ്മോന്യരുടെ നേരെ ചെന്നു; യഹോവ അവരെ എന്റെ കയ്യിൽ ഏല്പിച്ചു. ഇങ്ങനെ ആയിരിക്കെ, നിങ്ങൾ ഇന്ന് എന്നോട് യുദ്ധത്തിന് വരുന്നത് എന്ത് എന്ന് പറഞ്ഞു.4അനന്തരം യിഫ്താഹ് ഗിലെയാദ്യരെ ഒക്കെയും കൂട്ടി, എഫ്രയീമ്യരോട് യുദ്ധംചെയ്ത് അവരെ തോല്പിച്ചു; “ഗിലെയാദ്യരായ നിങ്ങൾ എഫ്രയീമിന്റെയും മനശ്ശെയുടെയും ഇടയിൽ എഫ്രയീമ്യരിൽ നിന്ന് ഓടിപ്പോയവർ ആകുന്നു “എന്ന് എഫ്രയീമ്യർ പറയുകകൊണ്ട് ഗിലെയാദ്യർ അവരെ സംഹരിച്ചുകളഞ്ഞു.
5ഗിലെയാദ്യർ എഫ്രയീംഭാഗത്തുള്ള യോർദ്ദാന്റെ കടവുകൾ എഫ്രയീമ്യർ എത്തും മുമ്പ് പിടിച്ചു; രക്ഷപെട്ട എഫ്രയീമ്യരിൽ ആരെങ്കിലും “ഞാൻ അക്കരയ്ക്കു കടക്കട്ടെ “എന്ന് പറയുമ്പോൾ ഗിലെയാദ്യർ അവനോട്: നീ എഫ്രയീമ്യനോ എന്ന് ചോദിക്കും; “അല്ല “എന്ന് അവൻ പറഞ്ഞാൽ ,6അവർ അവനോട് “ ശിബ്ബോലെത്ത് “ എന്ന് പറയാൻ പറയും; അത് അവന് ശരിയായി ഉച്ചരിക്കുവാൻ കഴിയായ്കകൊണ്ട് അവൻ “സിബ്ബോലെത്ത് “ എന്ന് പറയും. അപ്പോൾ അവർ അവനെ പിടിച്ച് യോർദ്ദാന്റെ കടവുകളിൽവച്ച് കൊല്ലും; അങ്ങനെ ആ കാലത്ത് എഫ്രയീമ്യരിൽ നാല്പത്തീരായിരംപേർ മരിച്ചുവീണു.

7യിഫ്താഹ് യിസ്രായേലിന് ആറ് വർഷം ന്യായാധിപനായിരുന്നു; പിന്നെ ഗിലെയാദ്യനായ യിഫ്താഹ് മരിച്ചു, ഗിലെയാദ്യപട്ടണങ്ങളിൽ ഒന്നിൽ അവനെ അടക്കംചെയ്തു.

8അവന്റെ ശേഷം ബേത്ത്ലേഹെമ്യനായ ഇബ്സാൻ യിസ്രായേലിന് ന്യായാധിപനായിരുന്നു.9അവന് മുപ്പത് പുത്രന്മാർ ഉണ്ടായിരുന്നു; അവൻ മുപ്പത് പുത്രിമാരെ വിവാഹം ചെയ്തയക്കുകയും തന്റെ പുത്രന്മാർക്കു മുപ്പത് കന്യകമാരെ കൊണ്ടുവരികയും ചെയ്തു. അവൻ യിസ്രായേലിന് ഏഴ് വർഷം ന്യായാധിപനായിരുന്നു.
10പിന്നെ ഇബ്സാൻ മരിച്ചു ബേത്ത്ലേഹെമിൽ അവനെ അടക്കംചെയ്തു.

11അവന്റെ ശേഷം സെബൂലൂന്യനായ ഏലോൻ യിസ്രായേലിന് ന്യായാധിപനായി; പത്തു വർഷം യിസ്രായേലിൽ ന്യായപാലനം ചെയ്തു.12പിന്നെ സെബൂലൂന്യനായ ഏലോൻ മരിച്ചു; അവനെ സെബൂലൂൻ നാട്ടിൽ അയ്യാലോനിൽ അടക്കംചെയ്തു.

13അവന്റെശേഷം ഹില്ലേലിന്റെ മകൻ അബ്ദോൻ എന്ന പിരാഥോന്യൻ യിസ്രായേലിന് ന്യായാധിപനായിരുന്നു.14എഴുപത് കഴുതപ്പുറത്ത് കയറി ഓടിക്കുന്ന നാല്പത് പുത്രന്മാരും മുപ്പത് പൗത്രന്മാരും അവനുണ്ടായിരുന്നു; അവൻ യിസ്രായേലിന് എട്ട് വർഷം ന്യായാധിപനായിരുന്നു.15പിന്നെ ഹില്ലേലിന്റെ മകൻ അബ്ദോൻ എന്ന പിരാഥോന്യൻ മരിച്ചു; അവനെ എഫ്രയീംദേശത്ത് അമാലേക്യരുടെ മലനാട്ടിലെ പിരാഥോനിൽ അടക്കംചെയ്തു.

13

1യിസ്രായേൽമക്കൾ പിന്നെയും യഹോവയ്ക്ക് ഇഷ്ടമില്ലാത്തത് ചെയ്തു; യഹോവ അവരെ നാല്പത് വർഷം ഫെലിസ്ത്യരുടെ കയ്യിൽ ഏല്പിച്ചു.

2എന്നാൽ ദാൻഗോത്രത്തിൽ ,സോരഹിൽ നിന്നുള്ള ഒരു പുരുഷൻ ഉണ്ടായിരുന്നു; അവന്റെ പേർ മാനോഹ എന്നായിരുന്നു; അവന്റെ ഭാര്യ മച്ചിയായിരുന്നതിനാൽ പ്രസവിച്ചിരുന്നില്ല.
3ആ സ്ത്രീക്ക് യഹോവയുടെ ദൂതൻ പ്രത്യക്ഷനായി അവളോട് പറഞ്ഞത് ‘നീ മച്ചിയല്ലോ, പ്രസവിച്ചിട്ടുമില്ല; എങ്കിലും നീ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിക്കും.4ആകയാൽ നീ സൂക്ഷിച്ചുകൊൾക, വീഞ്ഞും മദ്യവും കുടിക്കരുത്; അശുദ്ധമായതൊന്നും തിന്നുകയുമരുത്.5നീ ഗർഭംധരിച്ച് ഒരു മകനെ പ്രസവിക്കും; അവന്റെ തലയിൽ ക്ഷൌരക്കത്തി തൊടുവിക്കരുത്; ബാലൻ ഗർഭം മുതൽ ദൈവത്തിന് നാസീരായിരിക്കും; അവൻ യിസ്രായേലിനെ ഫെലിസ്ത്യരുടെ കയ്യിൽനിന്ന് രക്ഷിപ്പാൻ തുടങ്ങും“ .
6സ്ത്രീ ചെന്ന് ഭർത്താവിനോട് പറഞ്ഞത് “ഒരു ദൈവപുരുഷൻ എന്റെ അടുക്കൽ വന്നു; അവന്റെ മുഖം ഒരു ദൈവദൂതന്റെ മുഖം പോലെ അതിഭയങ്കരം ആയിരുന്നു; അവൻ എവിടെനിന്നാണെന്ന് ഞാൻ അവനോട് ചോദിച്ചില്ല; തന്റെ പേർ അവൻ എന്നോട് പറഞ്ഞതും ഇല്ല.7അവൻ എന്നോട് നീ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിക്കും; ആകയാൽ നീ വീഞ്ഞും മദ്യവും കുടിക്കരുത്; അശുദ്ധമായതൊന്നും തിന്നുകയും അരുത്; ബാലൻ ഗർഭംമുതൽ ജീവപര്യന്തം ദൈവത്തിന് നാസീരായിരിക്കും“ എന്ന് പറഞ്ഞു.
8മാനോഹ യഹോവയോട് പ്രാർത്ഥിച്ചു: “കർത്താവേ, അങ്ങ് അയച്ച ദൈവപുരുഷൻ വീണ്ടും ഞങ്ങളുടെ അടുക്കൽ വന്ന്, ജനിപ്പാനിരിക്കുന്ന ബാലന്റെ കാര്യത്തിൽ ഞങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ ഞങ്ങൾക്ക് ഉപദേശിച്ച് തരേണമേ “ എന്ന് പറഞ്ഞു.9ദൈവം മാനോഹയുടെ പ്രാർത്ഥന കേട്ടു; അവൾ വയലിൽ ഇരിക്കുമ്പോൾ ദൈവദൂതൻ വീണ്ടും അവളുടെ അടുക്കൽ വന്നു; അപ്പോൾ അവളുടെ ഭർത്താവ് മാനോഹ കൂടെ ഉണ്ടായിരുന്നില്ല.
10ഉടനെ അവൾ ഓടിച്ചെന്ന് ഭർത്താവിനെ അറിയിച്ചു; “അന്ന് എന്റെ അടുക്കൽ വന്ന ആൾ ഇതാ, എനിക്ക് പ്രത്യക്ഷനായിരിക്കുന്നു“ എന്ന് അവനോട് പറഞ്ഞു.11മാനോഹ എഴുന്നേറ്റ് ഭാര്യയോടു കൂടെ ചെന്ന് ആ പുരുഷന്റെ അടുക്കൽ എത്തി; “അങ്ങാണോ ഈ സ്ത്രീയോടു സംസാരിച്ച ആൾ?“എന്ന് ചോദിച്ചപ്പോൾ “ഞാൻ തന്നേ“ എന്ന് ആ ആൾ മറുപടി പറഞ്ഞു.
12മാനോഹ അവനോട്: “അങ്ങയുടെ വചനം നിവൃത്തിയാകുമ്പോൾ ബാലന്റെ ജീവിതത്തെക്കുറിച്ചും അവന്റെ പ്രവൃത്തിയെക്കുറിച്ചും ഞങ്ങൾ ആചരിക്കേണ്ട ചട്ടങ്ങൾ എന്തെല്ലാമാണ്?“ എന്ന് ചോദിച്ചു.13യഹോവയുടെ ദൂതൻ മാനോഹയോട് “ഞാൻ സ്ത്രീയോട് പറഞ്ഞതൊക്കെയും അവൾ സൂക്ഷിച്ചുകൊള്ളട്ടെ.14മുന്തിരിവള്ളിയിൽ ഉണ്ടാകുന്ന യാതൊന്നും അവൾ തിന്നരുത്; വീഞ്ഞും മദ്യവും കുടിക്കരുത്; അശുദ്ധമായതൊന്നും തിന്നുകയും അരുത്; ഞാൻ അവളോട് കല്പിച്ചതൊക്കെയും അവൾ ആചരിക്കേണം “ എന്ന് പറഞ്ഞു.
15മാനോഹ യഹോവയുടെ ദൂതനോട്: “ഞങ്ങൾ ഒരു കോലാട്ടിൻകുട്ടിയെ അങ്ങേയ്ക്കായി പാകം ചെയ്യും വരെ താമസിക്കേണമേ “ എന്ന് പറഞ്ഞു.16യഹോവയുടെ ദൂതൻ മാനോഹയോട്: “നീ എന്നെ താമസിപ്പിച്ചാലും ഞാൻ നിന്റെ ആഹാരം കഴിക്കയില്ല; ഒരു ഹോമയാഗം കഴിക്കുമെങ്കിൽ , അതു യഹോവയ്ക്ക് കഴിച്ചുകൊൾക “ എന്ന് പറഞ്ഞു. അവൻ യഹോവയുടെ ദൂതൻ എന്ന് മാനോഹ അറിഞ്ഞിരുന്നില്ല.
17മാനോഹ യഹോവയുടെ ദൂതനോട്: “ഈ വചനം നിവൃത്തിയാകുമ്പോൾ ഞങ്ങൾ അങ്ങയെ ബഹുമാനിക്കേണ്ടതിന് അങ്ങയുടെ പേരെന്ത്“ എന്ന് ചോദിച്ചു.18യഹോവയുടെ ദൂതൻ അവനോട് “എന്റെ പേർ ചോദിക്കുന്നത് എന്ത്? അത് അതിശയമുള്ളത് “ എന്ന് പറഞ്ഞു.
19അങ്ങനെ മാനോഹ ഒരു കോലാട്ടിൻകുട്ടിയെയും ഭോജനയാഗത്തെയും കൊണ്ടുവന്ന് ഒരു പാറമേൽ യഹോവയ്ക്ക് യാഗം കഴിച്ചു; മാനോഹയും ഭാര്യയും നോക്കിക്കൊണ്ടിരിക്കെ യഹോവയുടെ ദൂതൻ ഒരു അതിശയം പ്രവർത്തിച്ചു.20അഗ്നിജ്വാല യാഗപീഠത്തിന്മേൽ നിന്ന് ആകാശത്തിലേക്ക് പൊങ്ങിയപ്പോൾ യഹോവയുടെ ദൂതൻ യാഗപീഠത്തിന്റെ ജ്വാലയോടുകൂടെ കയറിപ്പോയി; മാനോഹയും ഭാര്യയും കണ്ടു ,സാഷ്ടാംഗം വീണു.
21യഹോവയുടെ ദൂതൻ മാനോഹെക്കും ഭാര്യക്കും പിന്നെ പ്രത്യക്ഷനായില്ല; അങ്ങനെ അത് യഹോവയുടെ ദൂതൻ എന്ന് മാനോഹ അറിഞ്ഞു.22“ദൈവത്തെ കണ്ടതുകൊണ്ട് നാം മരിച്ചുപോകും “എന്ന് മാനോഹ ഭാര്യയോട് പറഞ്ഞു.
23ഭാര്യ അവനോട് “നമ്മെ കൊല്ലുവാൻ യഹോവയ്ക്ക് ഇഷ്ടമായിരുന്നു എങ്കിൽ , യഹോവ നമ്മുടെ ഹോമയാഗവും ഭോജനയാഗവും കൈക്കൊൾകയോ , ഇവ ഒക്കെയും നമുക്ക് കാണിച്ചുതരികയോ , ഇപ്പോൾ ഈ കാര്യങ്ങൾ നമ്മെ അറിയിക്കയോ ചെയ്കയില്ലായിരുന്നു“ എന്ന് പറഞ്ഞു.
24അനന്തരം സ്ത്രീ ഒരു മകനെ പ്രസവിച്ചു, അവന് ശിംശോൻ എന്ന് പേരിട്ടു ;ബാലൻ വളർന്നു; യഹോവ അവനെ അനുഗ്രഹിച്ചു.25സോരെക്കും എസ്തായോലിന്നും മദ്ധ്യേയുള്ള മഹനേ-ദാനിൽവെച്ച് യഹോവയുടെ ആത്മാവു അവനെ ഉദ്യമിപ്പിച്ചു തുടങ്ങി.

14

1അനന്തരം ശിംശോൻ തിമ്നയിലേക്ക് ചെന്ന് , അവിടെ ഒരു ഫെലിസ്ത്യയുവതിയെ കണ്ടു.2അവൻ വന്ന് തന്റെ അപ്പനോടും അമ്മയോടും പറഞ്ഞത്: “ഞാൻ തിമ്നയിൽ ഒരു ഫെലിസ്ത്യയുവതിയെ കണ്ടിരിക്കുന്നു; അവളെ എനിക്ക് ഭാര്യയായിട്ട് എടുക്കേണം” .

3അവന്റെ അപ്പനും അമ്മയും അവനോട്: “അഗ്രചർമ്മികളായ ഫെലിസ്ത്യരിൽനിന്ന് ഒരു ഭാര്യയെ എടുക്കാൻ തക്കവണ്ണം നിന്റെ സഹോദരന്മാരുടെ പുത്രിമാരിലും നമ്മുടെ സകലജനത്തിലും ആരുമില്ലയോ” എന്ന് ചോദിച്ചതിന് ശിംശോൻ തന്റെ അപ്പനോട്: “അവളെ എനിക്ക് ഭാര്യയായി വേണം; അവളെ എനിക്ക് ഇഷ്ടമായിരിക്കുന്നു ”എന്ന് പറഞ്ഞു.4ഇത് യഹോവയാൽ വന്നതാണെന്ന് അവന്റെ അപ്പനും അമ്മയും അറിഞ്ഞിരുന്നില്ല; ആ കാലത്ത് യിസ്രായേലിന്റെ മേൽ ഫെലിസ്ത്യർക്ക് ആധിപത്യം ഉണ്ടായിരുന്നതിനാൽ ,യഹോവ അവർക്കെതിരെ അവസരം അന്വേഷിക്കയായിരുന്നു.

5അങ്ങനെ ശിംശോൻ അവന്റെ അമ്മയപ്പന്മാരോടു കൂടെ തിമ്നയിലേക്ക് പോയി ; തിമ്നെക്കരികെയുള്ള മുന്തിരിത്തോട്ടങ്ങളിൽ എത്തിയപ്പോൾ അപ്രതീക്ഷിതമായി ഒരു ബാലസിംഹം അവന്റെ നേരെ അലറിവന്നു.6അപ്പോൾ യഹോവയുടെ ആത്മാവ് അവന്റെമേൽ വന്നു; അവന്റെ കയ്യിൽ ഒന്നും ഇല്ലാതിരുന്നിട്ടും അവൻ അതിനെ ഒരു ആട്ടിൻകുട്ടിയെപ്പോലെ കീറിക്കളഞ്ഞു; താൻ ചെയ്തത് അപ്പനോടും അമ്മയോടും പറഞ്ഞില്ല.
7പിന്നെ അവൻ ചെന്ന് ആ സ്ത്രീയോട് സംസാരിച്ചു; അവളെ ശീംശോന് ഇഷ്ടമായി.8കുറെക്കാലം കഴിഞ്ഞശേഷം അവൻ അവളെ വിവാഹം കഴിപ്പാൻ തിരികെ പോയപ്പോൾ ,സിംഹത്തിന്റെ ഉടൽ കാണേണ്ടതിന്, മാറിച്ചെന്ന് നോക്കി; സിംഹത്തിന്റെ ഉടലിന്നകത്ത് ഒരു തേനീച്ചക്കൂട്ടവും തേനും കണ്ടു.9അവൻ കുറച്ച് തേൻ കയ്യിൽ എടുത്ത് തിന്നുകൊണ്ട് നടന്ന്, അപ്പന്റെയും അമ്മയുടെയും അടുക്കൽ ചെന്ന് അവർക്കും കൊടുത്തു ; അവരും തിന്നു; എന്നാൽ തേൻ ഒരു സിംഹത്തിന്റെ ഉടലിൽനിന്ന് എടുത്തതാണെന്ന് അവൻ അവരോട് പറഞ്ഞില്ല.
10അങ്ങനെ അവന്റെ അപ്പൻ ആ സ്ത്രീയുടെ വീട്ടിൽ ചെന്നു; ശിംശോൻ അവിടെ ഒരു വിരുന്ന് കഴിച്ചു; യൗവനക്കാർ അങ്ങനെ ചെയ്ക പതിവായിരുന്നു.11അവർ അവനെ കണ്ടപ്പോൾ അവനോടുകൂടെ ഇരിപ്പാൻ മുപ്പത് തോഴന്മാരെ കൊണ്ടുവന്നു .
12ശിംശോൻ അവരോട്: “ഞാൻ നിങ്ങളോട് ഒരു കടങ്കഥ പറയാം; വിരുന്നിന്റെ ഏഴു ദിവസത്തിന്നകം നിങ്ങൾ അതിന്റെ ഉത്തരം ശരിയായി പറഞ്ഞാൽ, ഞാൻ നിങ്ങൾക്ക് മുപ്പത് ഉള്ളങ്കിയും മുപ്പത് വിശേഷവസ്ത്രവും തരാം.13ഉത്തരം നിങ്ങൾക്ക് പറവാൻ കഴിഞ്ഞില്ലെങ്കിലോ നിങ്ങൾ എനിക്ക് മുപ്പത് ഉള്ളങ്കിയും മുപ്പത് വിശേഷവസ്ത്രവും തരേണം”എന്ന് പറഞ്ഞു. അവർ അവനോട്: “നിന്റെ കടം പറക; ഞങ്ങൾ കേൾക്കട്ടെ” എന്ന് പറഞ്ഞു.
14അവൻ അവരോട്:
“ഭോക്താവിൽനിന്ന് ഭോജനവും
മല്ലനിൽനിന്ന് മധുരവും പുറപ്പെട്ടു ”എന്ന് പറഞ്ഞു. എന്നാൽ ഉത്തരം പറവാൻ മൂന്നു ദിവസത്തോളം അവർക്കു കഴിഞ്ഞില്ല.
15ഏഴാം ദിവസത്തിലോ അവർ ശിംശോന്റെ ഭാര്യയോട്: “ഞങ്ങൾക്ക് ഉത്തരം പറഞ്ഞുതരുവാൻ തക്കവണ്ണം നിന്റെ ഭർത്താവിനെ വശീകരിക്ക; അല്ലെങ്കിൽ ഞങ്ങൾ നിന്നെയും നിന്റെ പിതൃഭവനത്തെയും തീവെച്ച് ചുട്ടുകളയും; ഞങ്ങൾക്കുള്ളത് കൈവശപ്പെടുത്തേണ്ടതിനോ നിങ്ങൾ ഞങ്ങളെ വിളിച്ചുവരുത്തിയത്” എന്ന് പറഞ്ഞു.
16ശിംശോന്റെ ഭാര്യ അവന്റെ മുമ്പിൽ കരഞ്ഞുകൊണ്ട്: “നീ എന്നെ സ്നേഹിക്കുന്നില്ല, എന്നെ ദ്വേഷിക്കുന്നു; എന്റെ സ്വജനത്തിലെ യൗവനക്കാരോട് ഒരു കടം പറഞ്ഞിട്ട് എനിക്ക് അത് പറഞ്ഞുതന്നില്ലല്ലോ ” എന്ന് പറഞ്ഞു. അവൻ അവളോട്: “എന്റെ അപ്പനോടും അമ്മയോടും ഞാൻ അത് പറഞ്ഞുകൊടുത്തിട്ടില്ല; പിന്നെ നിനക്ക് പറഞ്ഞുതരുമോ?” എന്ന് പറഞ്ഞു.17വിരുന്നിന്റെ ഏഴ് ദിവസവും അവൾ അവന്റെ മുമ്പിൽ കരഞ്ഞുകൊണ്ടിരുന്നു; അവൾ അവനെ അസഹ്യപ്പെടുത്തുകകൊണ്ട് ,ഏഴാം ദിവസം അവൻ അവൾക്കും ,അവൾ ആ യൗവനക്കാർക്കും ഉത്തരം പറഞ്ഞു കൊടുത്തു.
18ഏഴാം ദിവസം സൂര്യൻ അസ്തമിക്കും മുമ്പെ പട്ടണക്കാർ അവനോട്: “തേനിനെക്കാൾ മധുരമുള്ളത് എന്ത്? സിംഹത്തെക്കാൾ ബലമുള്ളത് എന്ത് എന്ന` പറഞ്ഞു. അതിന് അവൻ അവരോട്“ നിങ്ങൾ എന്റെ പശുക്കിടാവിനെ പൂട്ടി ഉഴുതില്ലായിരുന്നുവെങ്കിൽ എന്റെ കടം വീട്ടുകയില്ലായിരുന്നു എന്ന് പറഞ്ഞു.
19പിന്നെ, യഹോവയുടെ ആത്മാവ് അവന്റെമേൽ ശക്തമായി വന്നു; അവൻ അസ്കലോനിലേക്ക് ചെന്ന് മുപ്പത് പേരെ കൊന്ന്, അവരുടെ ഉടുപ്പൂരി ഉത്തരം പറഞ്ഞവർക്ക് കൊടുത്തു. അവന്റെ കോപം ജ്വലിച്ചു; അവൻ തന്റെ അപ്പന്റെ വീട്ടിലേക്ക് മടങ്ങിപ്പോയി.20ശിംശോന്റെ ഭാര്യ അവന്റെ കൂട്ടുകാരനായിരുന്ന തോഴന് ഭാര്യയായിയ്തീർന്നു.

15

1കുറച്ച് നാൾ കഴിഞ്ഞ് ഗോതമ്പ് കൊയ്ത്തുകാലത്ത് ശിംശോൻ ഒരു കോലാട്ടിൻകുട്ടിയെയും കൊണ്ട് തന്റെ ഭാര്യയെ കാണ്മാൻ ചെന്നു: “ എന്റെ ഭാര്യയുടെ അടുക്കൽ അവളുടെ മുറിയിൽ ഞാൻ ചെല്ലട്ടെ” എന്ന് പറഞ്ഞു. അവളുടെ അപ്പനോ അവനെ അകത്ത് കടപ്പാൻ സമ്മതിക്കാതെ:2“നി അവളെ വാസ്തവമായും വെറുത്തു എന്ന് വിചാരിച്ച് ,അവളെ ഞാൻ നിന്റെ തോഴന് കൊടുത്തുപോയി; അവളുടെ അനുജത്തി അവളെക്കാൾ സുന്ദരിയല്ലോ? പകരം അവളെ സ്വീകരിക്കുക ”എന്ന് പറഞ്ഞു.

3അതിന് ശിംശോൻ: “ഇപ്പോൾ ഫെലിസ്ത്യർക്ക് ദോഷം ചെയ്താൽ ഞാൻ കുറ്റക്കാരനല്ല ”എന്ന് പറഞ്ഞു.4ശിംശോൻ പോയി മുന്നൂറ് കുറുക്കന്മാരെ പിടിച്ച് വാലോടുവാൽ ചേർത്ത് പന്തം എടുത്ത് ഈരണ്ട് വാലിനിടയിൽ ഓരോ പന്തം വെച്ച് കെട്ടി.
5പന്തത്തിന് തീ കൊളുത്തി ഫെലിസ്ത്യരുടെ വിളവിലേക്ക് വിട്ടു; കറ്റയും വിളവും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും ചുട്ടുകളഞ്ഞു.6“ഇതാരാണ് ചെയ്തത് ”എന്ന് ഫെലിസ്ത്യർ അന്വേഷിച്ചപ്പോൾ തിമ്നക്കാരന്റെ മരുമകൻ ശിംശോൻ ആണെന്നും ,ശിംശോന്റെ ഭാര്യയെ അവൻ തോഴന് കൊടുത്തതുകൊണ്ടാണെന്നും അവർക്ക് അറിവ് കിട്ടി; ഫെലിസ്ത്യർ ചെന്ന് അവളെയും അവളുടെ അപ്പനെയും തീയിലിട്ട് ചുട്ടുകളഞ്ഞു.
7അപ്പോൾ ശിംശോൻ അവരോട്: “നിങ്ങൾ ഇപ്രകാരം ചെയ്യുകയാണെങ്കിൽ ഞാൻ നിങ്ങളോട് പ്രതികാരം ചെയ്യാതിരിക്കയില്ല” എന്ന് പറഞ്ഞ്,8അവരെ കഠിനമായി അടിച്ച് തുടയും നടുവും തകർത്തുകളഞ്ഞു. പിന്നെ അവൻ ചെന്ന് ഏതാംപാറയുടെ പിളർപ്പിൽ പാർത്തു.

9എന്നാൽ , ഫെലിസ്ത്യർ ചെന്ന് യെഹൂദയിൽ പാളയമിറങ്ങി ലേഹിയ്ക്കെതിരെ അണിനിരന്നു.10“നിങ്ങൾ ഞങ്ങളുടെ നേരെ വന്നിരിക്കുന്നത് എന്ത്” എന്ന് യെഹൂദ്യർ ചോദിച്ചു. “ശിംശോൻ ഞങ്ങളോട് ചെയ്തതുപോലെ അവനോടും ചെയ്യേണ്ടതിന് അവനെ പിടിപ്പാൻ വന്നിരിക്കുന്നു” എന്ന് അവർ ഉത്തരം പറഞ്ഞു.
11അപ്പോൾ യെഹൂദയിൽനിന്ന് മൂവായിരംപേർ ഏതാംപാറയുടെ പിളർപ്പിങ്കൽ ചെന്ന് ശിംശോനോട്: “ഫെലിസ്ത്യർ നമ്മെ വാഴുന്നു എന്നു നീ അറിയുന്നില്ലയോ? നീ ഞങ്ങളോട് ചെയ്തത് എന്ത് ”എന്ന് ചോദിച്ചു. “അവർ എന്നോട് ചെയ്തതുപോലെ തന്നെ അവരോടും ചെയ്തു” എന്ന് അവൻ അവരോട് പറഞ്ഞു.
12അവർ അവനോട്: “ഫെലിസ്ത്യരുടെ കയ്യിൽ ഏല്പിക്കേണ്ടതിന് നിന്നെ പിടിപ്പാൻ ഞങ്ങൾ വന്നിരിക്കുന്നു ”എന്ന് പറഞ്ഞു. ശിംശോൻ അവരോട്: “നിങ്ങൾ എന്നെ കൊല്ലുകയില്ല എന്ന് എന്നോട് സത്യം ചെയ്‌വിൻ ”എന്ന് പറഞ്ഞു.13അവർ അവനോട്: “ഇല്ല; ഞങ്ങൾ നിന്നെ കൊല്ലുകയില്ല; നിന്നെ പിടിച്ചുകെട്ടി അവരുടെ കയ്യിൽ ഏല്പിക്കേയുള്ളു ”എന്ന് പറഞ്ഞു. അങ്ങനെ അവർ രണ്ട് പുതിയ കയർ കൊണ്ട് അവനെ കെട്ടി പാറയിൽനിന്ന് കൊണ്ടുപോയി.
14അവൻ ലേഹിയിൽ എത്തിയപ്പോൾ ഫെലിസ്ത്യർ അവനെ കണ്ടിട്ട് ആർത്തു. അപ്പോൾ യഹോവയുടെ ആത്മാവ് ശക്തിയായി അവന്റെമേൽ വന്നു ,അവന്റെ കൈ കെട്ടിയിരുന്ന കയർ തീയിൽ കരിഞ്ഞ ചണനൂൽപോലെ ആയി; അവന്റെ ബന്ധനങ്ങൾ അഴിഞ്ഞുപോയി.
15അവൻ ഒരു കഴുതയുടെ പച്ചത്താടിയെല്ല് കണ്ട് കൈ നീട്ടി എടുത്തു ;അതുകൊണ്ട് ആയിരം പേരെ കൊന്നുകളഞ്ഞു.
16“കഴുതയുടെ താടിയെല്ലുകൊണ്ട്
കുന്ന് ഒന്ന്, കുന്ന് രണ്ട്;
കഴുതയുടെ താടിയെല്ലുകൊണ്ട്
ആയിരം പേരെ ഞാൻ സംഹരിച്ചു ”എന്ന് ശിംശോൻ പറഞ്ഞു.
17ഇങ്ങനെ പറഞ്ഞുകഴിഞ്ഞ് അവൻ താടിയെല്ല് കയ്യിൽനിന്ന് എറിഞ്ഞുകളഞ്ഞു; ആ സ്ഥലത്തിന്നു രാമത്ത്--ലേഹി എന്ന് പേരായി.18പിന്നെ അവൻ വളരെ ദാഹിച്ചിട്ട് യഹോവയോട് നിലവിളിച്ചു: “അടിയന്റെ കയ്യാൽ ഈ മഹാജയം അങ്ങ് നല്കിയല്ലോ; ഇപ്പോൾ ഞാൻ ദാഹം കൊണ്ട് മരിച്ച് അഗ്രചർമ്മികളുടെ കയ്യിൽ വീഴേണമോ” എന്ന് പറഞ്ഞു.
19അപ്പോൾ ദൈവം ലേഹിയിൽ ഒരു കുഴി പിളരുമാറാക്കി, അതിൽനിന്ന് വെള്ളം പുറപ്പെട്ടു; അവൻ കുടിച്ചു ചൈതന്യം പ്രാപിച്ച്, വീണ്ടും ജീവിച്ചു. അതുകൊണ്ട് അതിന് അവൻ ഏൻ-ഹക്കോരേ എന്ന് പേരിട്ടു ; അത് ഇപ്പോഴും ലേഹിയിൽ ഉണ്ട്.20അവൻ ഫെലിസ്ത്യരുടെ കാലത്ത് യിസ്രായേലിന് ഇരുപത് വർഷം ന്യായപാലനം ചെയ്തു.

16

1അനന്തരം ശിംശോൻ ഗസ്സയിൽ ചെന്ന് അവിടെ ഒരു വേശ്യയെ കണ്ട് അവളുടെ അടുക്കൽ ചെന്നു.2“ശിംശോൻ ഇവിടെ വന്നിരിക്കുന്നു ”എന്ന് ഗസ്യർക്ക് അറിവ് കിട്ടിയപ്പോൾ ,അവർ വന്ന് ആ സ്ഥലം വളഞ്ഞ് അവനെ പിടിപ്പാൻ രാത്രി മുഴുവനും പട്ടണവാതില്ക്കൽ പതിയിരുന്നു; “നേരം വെളുക്കുമ്പോൾ അവനെ കൊന്നുകളയാം ”എന്ന് പറഞ്ഞ് രാത്രിമുഴുവനും അനങ്ങാതിരുന്നു.

3ശിംശോൻ അർദ്ധരാത്രിവരെ കിടന്നുറങ്ങി ;പിന്നീട് എഴുന്നേറ്റ് പട്ടണവാതിലിന്റെ കതകും കട്ടളക്കാൽ രണ്ടും ഓടാമ്പലോടുകൂടെ പറിച്ചെടുത്ത് ചുമലിൽ വെച്ച് ഹെബ്രോനെതിരെയുള്ള മലമുകളിൽ കൊണ്ടുപോയി.

4അതിന്റെശേഷം അവൻ സോരേക്ക് താഴ്വരയിൽ ദെലീലാ എന്ന് പേരുള്ള ഒരു സ്ത്രീയെ സ്നേഹിച്ചു.5ഫെലിസ്ത്യ പ്രഭുക്കന്മാർ അവളുടെ അടുക്കൽ വന്ന് അവളോട്: “നീ അവനെ വശീകരിച്ച് അവന്റെ മഹാശക്തി ഏതിൽ എന്നും അവനെ എങ്ങനെ കീഴ്പെടുത്താൻ സാധിക്കും എന്നും അറിഞ്ഞുകൊൾക; ഞങ്ങൾ ഓരോരുത്തൻ ആയിരത്തൊരുനൂറ് വെള്ളിപ്പണം വീതം നിനക്ക് തരാം ” എന്ന് പറഞ്ഞു.
6അങ്ങനെ ദെലീലാ ശിംശോനോട്: “നിന്റെ മഹാശക്തി ഏതിൽ ആകുന്നു? ഏതിനാൽ നിന്നെ ബന്ധിച്ച് കീഴ്പെടുത്താം? എനിക്ക് പറഞ്ഞുതരേണം ” എന്ന് പറഞ്ഞു.7ശിംശോൻ അവളോട്: ഉണങ്ങാത്ത , പച്ചയായ ഏഴ് ഞാൺ കൊണ്ട് എന്നെ ബന്ധിച്ചാൽ എന്റെ ബലം ക്ഷയിച്ച് ഞാൻ ശേഷം മനുഷ്യരെപ്പോലെ ആകും എന്ന് പറഞ്ഞു.
8ഫെലിസ്ത്യപ്രഭുക്കന്മാർ ഉണങ്ങാത്ത ഏഴു പച്ച ഞാൺ അവളുടെ അടുക്കൽ കൊണ്ടുവന്നു; അവകൊണ്ടു അവൾ അവനെ ബന്ധിച്ചു.9അവളുടെ ഉൾമുറിയിൽ പതിയിരിപ്പുകാർ പാർത്തിരുന്നു. അവൾ അവനോട്: “ശിംശോനേ, ഫെലിസ്ത്യർ ഇതാ വരുന്നു” എന്ന് പറഞ്ഞു. ഉടനെ അവൻ തീ തൊട്ട ചണനൂൽപോലെ ഞാണുകളെ പൊട്ടിച്ചുകളഞ്ഞു ; അവന്റെ ശക്തിയുടെ രഹസ്യം വെളിപ്പെട്ടതുമില്ല.
10പിന്നെ ദെലീലാ ശിംശോനോട്:“ നീ എന്നെ ചതിച്ച് എന്നോട് കള്ളം പറഞ്ഞിരിക്കുന്നു; നിന്നെ ഏതിനാൽ ബന്ധിക്കാം എന്ന് ഇപ്പോൾ പറഞ്ഞുതരേണം ”എന്ന് പറഞ്ഞു.11അവൻ അവളോട്: “ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത പുതിയ കയർ കൊണ്ട് എന്നെ ബന്ധിച്ചാൽ എന്റെ ബലം ക്ഷയിച്ച് ഞാൻ ശേഷം മനുഷ്യരെപ്പോലെ ആകും ”എന്ന് പറഞ്ഞു.12ദെലീലാ പുതിയ കയർ വാങ്ങി അവനെ ബന്ധിച്ചിട്ട്: “ശിംശോനേ, ഫെലിസ്ത്യർ ഇതാ വരുന്നു ” എന്ന് അവനോട് പറഞ്ഞു. പതിയിരിപ്പുകാർ മുറിയിൽ ഉണ്ടായിരുന്നു. അവനോ ഒരു നൂൽപോലെ തന്റെ കൈമേൽനിന്ന് അത് പൊട്ടിച്ചുകളഞ്ഞു.
13ദെലീലാ ശിംശോനോട്: “ഇതുവരെ നീ എന്നെ ചതിച്ചു എന്നോട് കള്ളം പറഞ്ഞു ; നിന്നെ ഏതിനാൽ ബന്ധിക്കാമെന്ന് പറഞ്ഞുതരേണം എന്ന് പറഞ്ഞു. അവൻ അവളോട്: “എന്റെ തലയിലെ ഏഴ് ജട നൂല്പാവിൽ ചേർത്ത് നെയ്താൽ സാധിക്കും എന്ന് പറഞ്ഞു.14അവൾ അത് നൂല്പാവിന്റെ കുറ്റിയോട് ദൃഢമായി ബന്ധിച്ച്, അവനോടു: “ശിംശോനേ, ഫെലിസ്ത്യർ ഇതാ വരുന്നു” എന്ന് പറഞ്ഞു; അവൻ ഉറക്കമുണർന്ന് നെയ്ത്തുതടിയുടെ കുറ്റിയും പാവും 1 പറിച്ചെടുത്തുകളഞ്ഞു.
15അപ്പോൾ അവൾ അവനോട് “നിന്റെ ഹൃദയം എന്നിൽ നിന്ന് അകന്നിരിക്കെ‘ നീ എന്നെ സ്നേഹിക്കുന്നു’ എന്ന് പറയുന്നത് എങ്ങനെ? ഈ മൂന്ന് പ്രാവശ്യം നീ എന്നെ ചതിച്ചു; നിന്റെ മഹാശക്തി ഏതിൽ എന്ന് എനിക്ക് പറഞ്ഞുതന്നില്ല എന്ന് പറഞ്ഞു.16ഇങ്ങനെ അവൾ അവനെ ദിവസംപ്രതി വാക്കുകളാൽ ബുദ്ധിമുട്ടിച്ച് അസഹ്യപ്പെടുത്തി; മരിച്ചാൽ മതി എന്ന് അവന് തോന്നത്തക്കവണ്ണം അവൾ അവനെ അലട്ടിയപ്പോൾ ,തന്റെ ഉള്ളം മുഴുവനും അവളെ അറിയിച്ചു:
17“ക്ഷൗരക്കത്തി എന്റെ തലയിൽ തൊട്ടിട്ടില്ല; ഞാൻ അമ്മയുടെ ഗർഭം മുതൽ ദൈവത്തിന് നാസീർ ആകുന്നു; ക്ഷൗരം ചെയ്താൽ എന്റെ ബലം എന്നെ വിട്ടുപോകും; ഞാൻ ബലഹീനനായി ശേഷം മനുഷ്യരെപ്പോലെ ആകും” എന്ന് അവളോട് പറഞ്ഞു.
18അവൻ തന്റെ ഉള്ളം തുറന്ന് സംസാരിച്ചു എന്ന് ദെലീലാ മനസ്സിലാക്കിയപ്പോൾ , ഫെലിസ്ത്യപ്രഭുക്കന്മാരെ വിളിപ്പിച്ച് “ഇന്ന് വരുവിൻ; അവൻ തന്റെ ഉള്ളം മുഴുവനും എന്നെ അറിയിച്ചിരിക്കുന്നു” എന്ന് പറയിച്ചു. ഫെലിസ്ത്യപ്രഭുക്കന്മാർ പണവുമായി അവളുടെ അടുക്കൽ വന്നു,19അവൾ അവനെ മടിയിൽ ഉറക്കി, ഒരു ആളെ വിളിപ്പിച്ച് തലയിലെ ഏഴ് ജടയും കളയിച്ചു; അവൾ അവനെ അധീനപ്പെടുത്തി; അവന്റെ ശക്തി അവനെ വിട്ടുപോയി. പിന്നെ അവൾ: ശിംശോനേ,
20ഫെലിസ്ത്യർ ഇതാ വരുന്നു എന്ന് പറഞ്ഞു. ഉടനെ അവൻ ഉറക്കമുണർന്നു; യഹോവ തന്നെ വിട്ടുമാറി എന്നറിയാതെ: “ഞാൻ മുമ്പിലത്തെപ്പോലെ കുടഞ്ഞ് രക്ഷപെടും”എന്ന് ചിന്തിച്ചു21ഫെലിസ്ത്യരോ അവനെ പിടിച്ച് കണ്ണ് കുത്തിപ്പൊട്ടിച്ച` ഗസ്സയിലേക്ക് കൊണ്ടുപോയി ചെമ്പുചങ്ങല കൊണ്ട് ബന്ധിച്ചു; അവൻ കാരാഗൃഹത്തിൽ മാവ് പൊടിക്കുന്ന ആളായി തീർന്നു.22എന്നാൽ അവന്റെ തലമുടി കളഞ്ഞശേഷം വീണ്ടും വളർന്നു തുടങ്ങി.

23അനന്തരം ഫെലിസ്ത്യപ്രഭുക്കന്മാർ: “നമ്മുടെ വൈരിയായ ശിംശോനെ നമ്മുടെ ദേവൻ നമ്മുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു” എന്ന് പറഞ്ഞ് തങ്ങളുടെ ദേവനായ ദാഗോന് ഒരു വലിയ ബലി കഴിപ്പാനും ആനന്ദിപ്പാനും ഒരുമിച്ചുകൂടി.24ജനം അവനെ കണ്ടപ്പോൾ:“നമ്മുടെ ദേശം നശിപ്പിക്കുകയും നമ്മിൽ അനേകരെ കൊല്ലുകയും ചെയ്ത നമ്മുടെ വൈരിയെ നമ്മുടെ ദേവൻ നമ്മുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു” എന്ന് പറഞ്ഞ് തങ്ങളുടെ ദേവനെ പുകഴ്ത്തി.
25അവർ ആനന്ദത്തിലായപ്പോൾ: “നമ്മുടെ മുമ്പിൽ കളിപ്പാൻ ശിംശോനെ കൊണ്ടുവരുവിൻ ”എന്ന് പറഞ്ഞ് ശിംശോനെ കാരാഗൃഹത്തിൽനിന്ന് വരുത്തി; അവൻ അവരുടെ മുമ്പിൽ കളിച്ചു; തൂണുകളുടെ ഇടയിലായിരുന്നു അവനെ നിർത്തിയിരുന്നത്.26ശിംശോൻ തന്റെ കൈ പിടിച്ചിരുന്ന ബാല്യക്കാരനോട്: “ക്ഷേത്രം നില്ക്കുന്ന തൂണ് ചാരിയിരിക്കേണ്ടതിന് ഞാൻ അവയെ തപ്പിനോക്കട്ടെ ”എന്ന് പറഞ്ഞു.
27എന്നാൽ ക്ഷേത്രത്തിൽ പുരുഷന്മാരും സ്ത്രീകളും നിറഞ്ഞിരുന്നു; സകല ഫെലിസ്ത്യപ്രഭുക്കന്മാരും അവിടെ ഉണ്ടായിരുന്നു; ശിംശോൻ കളിക്കുന്നത് കണ്ടുകൊണ്ടിരുന്ന പുരുഷന്മാരും സ്ത്രീകളുമായി ഏകദേശം മൂവായിരംപേർ ക്ഷേത്രത്തിന്റെ മേൽത്തട്ടിൽ ഉണ്ടായിരുന്നു.
28അപ്പോൾ ശിംശോൻ യഹോവയോട് പ്രാർത്ഥിച്ചു: “കർത്താവായ യഹോവേ, എന്നെ ഓർക്കേണമേ; ദൈവമേ, ഞാൻ എന്റെ രണ്ട് കണ്ണിനും വേണ്ടി ഫെലിസ്ത്യരോട് പ്രതികാരം ചെയ്യേണ്ടതിന് ഈ ഒരു പ്രാവശ്യം മാത്രം എനിക്ക് ശക്തി നല്കേണമേ എന്ന് പറഞ്ഞു.29ക്ഷേത്രം നില്ക്കുന്ന രണ്ട് നടുത്തുണും ഒന്ന് വലങ്കൈകൊണ്ടും മറ്റേത് ഇടങ്കൈകൊണ്ടും ശിംശോൻ പിടിച്ച് അവയോട് ചാരി:
30“ഞാൻ ഫെലിസ്ത്യരോടുകൂടെ മരിക്കട്ടെ ”എന്ന് ശിംശോൻ പറഞ്ഞ് ശക്തിയോടെ കുനിഞ്ഞു; ഉടനെ ക്ഷേത്രം അതിലുള്ള പ്രഭുക്കന്മാരുടെയും സകലജനത്തിന്റെയും മേൽ വീണു. അങ്ങനെ അവൻ മരണസമയത്ത് കൊന്നവർ ജീവകാലത്ത് കൊന്നവരെക്കാൾ അധികമായിരുന്നു.31അവന്റെ സഹോദരന്മാരും പിതൃഭവനമൊക്കെയും ചെന്ന് അവനെ എടുത്ത് സോരെക്കും എസ്തായോലിന്നും മദ്ധ്യേ അവന്റെ അപ്പനായ മാനോഹയുടെ ശ്മശാനസ്ഥലത്ത് അടക്കംചെയ്തു. അവൻ യിസ്രായേലിന് ഇരുപത് സംവത്സരം ന്യായപാലനം ചെയ്തിരുന്നു.


1 16:14 പാവും നെയ്ത്തുവസ്തു

17

1എഫ്രയീംമലനാട്ടിൽ മീഖാവ് എന്ന ഒരു പുരുഷൻ ഉണ്ടായിരുന്നു.2അവൻ തന്റെ അമ്മയോട്: “ കളവുപോയതും, ഞാൻ കേൾക്കെ നീ ശാപം ഉച്ചരിച്ചതുമായ നിന്റെ ആയിരത്തൊരുനൂറു വെള്ളിപ്പണം ഇതാ, എന്റെ പക്കൽ ഉണ്ട്; ഞാനാകുന്നു അതു എടുത്തത്” എന്ന് പറഞ്ഞു. “എന്റെ മകനേ, നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവൻ ”എന്ന് അവന്റെ അമ്മ പറഞ്ഞു.

3അവൻ ആ ആയിരത്തൊരുനൂറു വെള്ളിപ്പണം അമ്മക്ക് മടക്കിക്കൊടുത്തപ്പോൾ, അവന്റെ അമ്മ: “കൊത്തുപണിയും, വാർപ്പുപണിയുമായ ഒരു വിഗ്രഹം ഉണ്ടാക്കുവാൻ ഞാൻ ഈ വെള്ളി എന്റെ മകന് വേണ്ടി യഹോവയ്ക്ക് നേർന്നിരിക്കുന്നു; ആകയാൽ ഞാൻ അതു നിനക്കു മടക്കിത്തരുന്നു” എന്ന് പറഞ്ഞു.4അവൻ വെള്ളി തന്റെ അമ്മയ്ക്കു മടക്കിക്കൊടുത്തപ്പോൾ, അവന്റെ അമ്മ ഇരുനൂറ് വെള്ളിപ്പണം എടുത്ത് തട്ടാന്റെ കയ്യിൽ കൊടുത്തു; അവൻ അതുകൊണ്ട് കൊത്തുപണിയും വാർപ്പുപണിയുമായ ഒരു വിഗ്രഹം ഉണ്ടാക്കി; അതു മീഖാവിന്റെ വീട്ടിൽ ഉണ്ടായിരുന്നു.
5മീഖാവിന് ഒരു ദേവമന്ദിരം ഉണ്ടായിരുന്നു; അവൻ മഹാപുരോഹിത വസ്ത്രമായ ഒരു ഏഫോദും ഗൃഹബിംബവും ഉണ്ടാക്കി തന്റെ പുത്രന്മാരിൽ ഒരുവനെ സമർപ്പണം ചെയ്ത്, അവന്റെ പുരോഹിതനാക്കി.6അക്കാലത്ത് യിസ്രായേലിൽ രാജാവില്ലായിരുന്നു; ഓരോരുത്തൻ ബോധിച്ചതു പോലെ നടന്നു.

7യെഹൂദയിലെ ബേത്ത്-ലേഹെമിൽ, യെഹൂദാഗോത്രത്തിൽനിന്നുള്ള ഒരു യുവാവ് ഉണ്ടായിരുന്നു; അവൻ ലേവ്യനും അവിടെ താമസമാക്കിയവനും ആയിരുന്നു.8യെഹൂദയിലെ ബേത്ത്ലേഹെംപട്ടണത്തിൽ നിന്ന് പുറപ്പെട്ട് സൗകര്യം പോലെ പലയിടത്ത് അവൻ താമസിച്ചിരുന്നു.യാത്രയിൽ അവൻ എഫ്രയീംമലനാട്ടിൽ മീഖാവിന്റെ വീട്ടിൽ എത്തി.9മീഖാവ് അവനോടു:“ നീ എവിടെനിന്ന് വരുന്നു”എന്ന് ചോദിച്ചു. “ഞാൻ യെഹൂദയിലെ ബേത്ത്ലേഹെമിൽനിന്ന് വരുന്ന ഒരു ലേവ്യൻ ആകുന്നു; താമസത്തിന് ഒരു സൗകര്യം അന്വേഷിക്കുകയായിരുന്നു” എന്ന് ഉത്തരം പറഞ്ഞു.
10മീഖാവ് അവനോട്: “നീ എന്നോടുകൂടെ പാർത്ത് ,എനിക്ക് പിതാവും പുരോഹിതനുമായിരിക്കുക; ഞാൻ നിനക്ക് ആണ്ടിൽ പത്ത് വെള്ളിപ്പണവും, ഉടുപ്പും, ഭക്ഷണവും തരാം” എന്ന് പറഞ്ഞു. അങ്ങനെ ലേവ്യൻ അകത്ത് ചെന്നു.11അവനോട്കൂടെ പാർപ്പാൻ ലേവ്യന് സമ്മതമായി; ആ യുവാവു അവന് സ്വന്തപുത്രന്മാരിൽ ഒരുത്തനെപ്പോലെ ആയ്തീർന്നു.
12മീഖാവ് ലേവ്യനെ സമർപ്പണം ചെയ്ത് പുരോഹിതനാക്കി; അവൻ മീഖാവിന്റെ വീട്ടിൽ പാർത്തു.13“ഒരു ലേവ്യൻ എനിക്ക് പുരോഹിതനായിരിക്കയാൽ, യഹോവ എനിക്ക് നന്മചെയ്യുമെന്ന് ഞാൻ ഇപ്പോൾ അറിയുന്നു”എന്ന് മീഖാവ് പറഞ്ഞു.

18

1അക്കാലത്ത് യിസ്രായേലിൽ രാജാവില്ലായിരുന്നു. ദാൻഗോത്രക്കാർ ആ സമയം തങ്ങൾക്ക് പാർപ്പാൻ ഒരു അവകാശം അന്വേഷിച്ചു; യിസ്രായേൽഗോത്രങ്ങളുടെ ഇടയിൽ അവർക്ക് അന്നുവരെ അവകാശം ലഭിച്ചിരുന്നില്ല.2അപ്പോൾ ദേശം ഒറ്റുനോക്കി പരിശോധിക്കേണ്ടതിന്, ദാന്യർ തങ്ങളുടെ ഗോത്രത്തിൽനിന്ന് പരാക്രമശാലികളായ അഞ്ചുപേരെ സോരയിൽനിന്നും എസ്തായോലിൽ നിന്നും അയച്ച്, അവരോട്: “നിങ്ങൾ ചെന്ന് ദേശം ശോധനചെയ്യുവിൻ” എന്ന് പറഞ്ഞു.

3അവർ എഫ്രയീംമലനാട്ടിൽ മീഖാവിന്റെ വീട് വരെ എത്തി, അവിടെ പാർത്തു. മീഖാവിന്റെ വീട്ടിൽ എത്തിയപ്പോൾ അവർ ആ ലേവ്യയുവാവിന്റെ ശബ്ദം കേട്ട്, അവിടെ കയറിച്ചെന്ന് അവനോട്“ നിന്നെ ഇവിടെ കൊണ്ടുവന്നത് ആർ? നീ ഇവിടെ എന്ത് ചെയ്യുന്നു? നിനക്ക് ഇവിടെ എന്ത് കിട്ടും” എന്ന് ചോദിച്ചു.4അവൻ അവരോട്: “മീഖാവ് എനിക്ക് ഇപ്രകാരം ചെയ്തിരിക്കുന്നു; അവൻ എന്നെ ശമ്പളത്തിന് നിർത്തി; ഞാൻ അവന്റെ പുരോഹിതൻ ആകുന്നു” എന്ന് പറഞ്ഞു.
5അവർ അവനോട്: “ഞങ്ങൾ പോകുന്ന യാത്ര ശുഭമാകുമോ, എന്ന് അറിയേണ്ടതിന് ദൈവത്തോട് ചോദിക്കേണം” എന്ന് പറഞ്ഞു.6പുരോഹിതൻ അവരോട്: “സമാധാനത്തോടെ പോകുവിൻ; നിങ്ങൾ പോകുന്ന യാത്രയിൽ യഹോവയുടെ സാന്നിധ്യം ഉണ്ട്” എന്ന് പറഞ്ഞു.

7അങ്ങനെ ആ അഞ്ചു പുരുഷന്മാരും പുറപ്പെട്ട് ലയീശിലേക്കു ചെന്നു; അവിടത്തെ ജനം സീദോന്യരെപ്പോലെ സ്വൈരവും സ്വസ്ഥതയും ഉള്ളവരായി നിർഭയം വസിക്കുന്നു; യാതൊരു കാര്യത്തിലും അവർക്ക് ദോഷം ചെയ്‌വാൻ പ്രാപ്തിയുള്ളവൻ ദേശത്ത് ആരുമില്ല; അവർ സീദോന്യർക്ക് അകലെ പാർക്കുന്നു; മറ്റുള്ള മനുഷ്യരുമായി അവർക്ക് സംസർഗ്ഗവുമില്ല എന്ന് മനസ്സിലാക്കി.8പിന്നെ അവർ സോരയിലും എസ്തായോലിലുമുള്ള തങ്ങളുടെ സഹോദരന്മാരുടെ അടുക്കൽ വന്നു; സഹോദരന്മാർ അവരോട്: “നിങ്ങൾ എന്ത് വർത്തമാനം കൊണ്ടുവരുന്നു ”എന്ന് ചോദിച്ചു. അതിന് അവർ: “എഴുന്നേല്പിൻ; നാം അവരുടെ നേരെ ചെല്ലുക;
9ആ ദേശം ബഹുവിശേഷം എന്ന് ഞങ്ങൾ കണ്ടിരിക്കുന്നു; നിങ്ങൾ അനങ്ങാതിരിക്കുന്നത് എന്ത്? ആ ദേശം കൈവശമാക്കേണ്ടതിന് പോകുവാൻ മടിക്കരുത്.10നിങ്ങൾ ചെല്ലുമ്പോൾ നിർഭയമായിരിക്കുന്ന ഒരു ജനത്തെ കാണും; ദേശം വിശാലമാകുന്നു; ദൈവം അത് നിങ്ങളുടെ കയ്യിൽ തന്നിരിക്കുന്നു; അത് ഭൂമിയിലുള്ള യാതൊന്നിനും കുറവില്ലാത്ത സ്ഥലം തന്നേ” എന്ന് പറഞ്ഞു.

11അനന്തരം സോരയിലും എസ്തായോലിലും ഉള്ള ദാൻഗോത്രക്കാരിൽ അറുനൂറു പേർ യുദ്ധസന്നദ്ധരായി അവിടെനിന്ന് പുറപ്പെട്ടു.12അവർ ചെന്ന് യെഹൂദയിലെ കിര്യത്ത്-യയാരീമിൽ പാളയം ഇറങ്ങി; അതുകൊണ്ട് ആ സ്ഥലത്തിന് ഇന്നുവരെയും മഹനേ-ദാൻ എന്ന് പേർ പറയുന്നു; അത് കിര്യത്ത്-യയാരീമിന്റെ പടിഞ്ഞാറുവശത്ത് ഇരിക്കുന്നു.
13അവിടെനിന്ന് അവർ എഫ്രയീംമലനാട്ടിലേക്ക് ചെന്ന് മീഖാവിന്റെ വീട്ടിൽ എത്തി.14അപ്പോൾ ലയീശ് ദേശം ഒറ്റുനോക്കുവാൻ പോയിരുന്ന ആ അഞ്ച് പുരുഷന്മാർ തങ്ങളുടെ സഹോദരന്മാരോട്: “ഈ വീടുകളിൽ ഒരു ഏഫോദ് , ഒരു ഗൃഹബിംബം, കൊത്തുപണിയായ വിഗ്രഹം, വാർപ്പുപണിയായ വിഗ്രഹം എന്നിവ ഉണ്ട് എന്ന് അറിഞ്ഞുവോ? ആകയാൽ നിങ്ങൾ ചെയ്യേണ്ടത് എന്തെന്ന് ചിന്തിച്ചുകൊൾവിൻ.”
15അവർ അങ്ങോട്ട് തിരിഞ്ഞ് മീഖാവിന്റെ വീട്ടിൽ താമസിക്കുന്ന ലേവ്യയുവാവിനെ അഭിവാദ്യം ചെയ്തു.16യുദ്ധസന്നദ്ധരായ ദാന്യർ അറുനൂറുപേരും വാതില്ക്കൽ തന്നെ നിന്നു.
17ദേശം ഒറ്റുനോക്കുവാൻ പോയിരുന്ന അഞ്ചുപേരും അകത്ത് കടന്ന് കൊത്തുപണിയായ വിഗ്രഹവും ഏഫോദും ഗൃഹബിംബവും വാർപ്പുപണിയായ വിഗ്രഹവും എടുത്തു; പുരോഹിതൻ യുദ്ധസന്നദ്ധരായ അറുനൂറുപേരുടെ അടുക്കൽ നിന്നിരുന്നു.18മീഖാവിന്റെ വീട്ടിന്നകത്ത് കടന്ന് കൊത്തുപണിയായ വിഗ്രഹവും ഏഫോദും ഗൃഹബിംബവും വാർപ്പുപണിയായ വിഗ്രഹവും എടുത്തവരോട് പുരോഹിതൻ : “നിങ്ങൾ എന്ത് ചെയ്യുന്നു” എന്ന് ചോദിച്ചു.
19അവർ അവനോട്:“ മിണ്ടാതെ വായ് പൊത്തി ഞങ്ങളോട് കൂടെ വന്ന് ഞങ്ങൾക്ക് പിതാവും പുരോഹിതനുമായിരിക്ക; ഒരാളുടെ വീടിനു മാത്രം പുരോഹിതനായിരിക്കുന്നതോ യിസ്രായേലിൽ ഒരു ഗോത്രത്തിന്നും കുലത്തിനും പുരോഹിതനായിരിക്കുന്നതോ ഏത് നിനക്ക് നല്ലത് ” എന്ന് ചോദിച്ചു.20അപ്പോൾ പുരോഹിതൻ സന്തോഷിച്ച് ഏഫോദും ഗൃഹബിംബവും കൊത്തുപണിയായ വിഗ്രഹവും എടുത്ത് പടജ്ജനത്തിന്റെ നടുവിൽ നടന്നു.
21ഇങ്ങനെ അവർ കുഞ്ഞുകുട്ടികളെയും ആടുമാടുകളെയും വസ്തുവകകളെയും തങ്ങളുടെ മുമ്പിലാക്കി പ്രയാണം ചെയ്തു.22അവർ മീഖാവിന്റെ വീട്ടിൽനിന്ന് കുറെ ദൂരത്തായപ്പേൾ , മീഖാവിന്റെ അയൽക്കാർ ഒരുമിച്ചുകൂടി ദാന്യരെ പിന്തുടർന്ന് അവരുടെ ഒപ്പം എത്തി.23അവർ ദാന്യരെ ഉച്ചത്തിൽ വിളിച്ചപ്പോൾ അവർ തിരിഞ്ഞുനോക്കി മീഖാവിനോട്: “നീ ഇങ്ങനെ ആൾക്കൂട്ടത്തോടുകൂടെ വരുവാൻ എന്താണ് കാരണം?“ എന്ന് ചോദിച്ചു.
24“ഞാൻ ഉണ്ടാക്കിയ എന്റെ ദേവന്മാരെയും എന്റെ പുരോഹിതനെയും നിങ്ങൾ അപഹരിച്ച് കൊണ്ടുപോകുന്നു; ഇനി എനിക്ക് എന്തുള്ളു? നിനക്കു എന്ത് എന്ന് നിങ്ങൾ എന്നോടു ചോദിക്കുന്നത് എങ്ങനെ ?”എന്ന് അവൻ പറഞ്ഞു.25ദാന്യർ അവനോട്:“ നിന്റെ ശബ്ദം ഇവിടെ കേൾക്കരുത്: അല്ലെങ്കിൽ കോപിഷ്ടരായ ജനം നിന്നോട് കോപിച്ച് നിന്റെയും നിന്റെ വീട്ടുകാരുടെയും ജീവൻ നഷ്ടമാകുവാൻ ഇടയാകും” എന്ന് പറഞ്ഞു.26അങ്ങനെ ദാന്യർ തങ്ങളുടെ വഴിക്ക് പോയി; അവർ തന്നിലും ബലവാന്മാർ എന്നു മീഖാവ് കണ്ട് വീട്ടിലേക്ക് മടങ്ങിപ്പോന്നു.
27മീഖാവ് ഉണ്ടാക്കിയവയെയും അവന് ഉണ്ടായിരുന്ന പുരോഹിതനെയും അവർ കൊണ്ടുപോയി, ലയീശിൽ സ്വൈരവും നിർഭയവുമായിരുന്ന ജനത്തിന്റെ അടുക്കൽ എത്തി അവരെ വാളിന്റെ വായ്ത്തലയാൽ വെട്ടി, പട്ടണം തീവെച്ച് ചുട്ടുകളഞ്ഞു.28അത് സീദോന് അകലെ ആയിരുന്നതിനാലും, മറ്റു മനുഷ്യരുമായി അവർക്ക് സംസർഗ്ഗം ഇല്ലായ്കയാലും അവരെ വിടുവിപ്പാൻ ആരും ഉണ്ടായിരുന്നില്ല. അത് ബേത്ത്-രെഹോബ് താഴ്വരയിൽ ആയിരുന്നു. ദാന്യർ പട്ടണം വീണ്ടും പണിത് അവിടെ പാർത്തു;29യിസ്രായേലിന് ജനിച്ച തങ്ങളുടെ പിതാവായ ദാനിന്റെ പേര് ആ നഗരത്തിന് ഇട്ടു; പണ്ട് ആ പട്ടണത്തിന് ലയീശ് എന്ന് പേർ ആയിരുന്നു.
30ദാന്യർ കൊത്തുപണിയായ ആ വിഗ്രഹം പ്രതിഷ്ഠിച്ചു; മോശെയുടെ പുത്രൻ ഗേർശോമിന്റെ മകൻ യോനാഥാനും അവന്റെ പുത്രന്മാരും ആ ദേശത്തിന്റെ പ്രവാസകാലംവരെ ദാൻഗോത്രക്കാർക്ക് പുരോഹിതന്മാരായിരുന്നു.31ദൈവത്തിന്റെ ആലയം ശീലോവിൽ ആയിരുന്ന കാലത്തൊക്കെയും മീഖാവ് പണിയിപ്പിച്ച വിഗ്രഹം അവർ വച്ച് പൂജിച്ചുപോന്നു.

19

1യിസ്രായേലിൽ രാജാവില്ലാതിരുന്ന നാളുകളിൽ എഫ്രയീംമലനാട്ടിന്റെ ഉൾപ്രദേശത്ത് പാർത്തിരുന്ന ഒരു ലേവ്യൻ ഉണ്ടായിരുന്നു; അവൻ യെഹൂദയിലെ ബേത്ത്ലേഹെമിൽനിന്ന് ഒരു വെപ്പാട്ടിയെ എടുത്തു.2അവന്റെ വെപ്പാട്ടി അവനെ ദ്രോഹിച്ച് ,വ്യഭിചാരം ചെയ്ത് അവനെ വിട്ട് യെഹൂദയിലെ ബേത്ത്ലേഹെമിൽ തന്റെ അപ്പന്റെ വീട്ടിൽ പോയി നാല് മാസം അവിടെ പാർത്തു.

3അവളുടെ ഭർത്താവ് അവളോട് നല്ലവാക്ക് പറഞ്ഞ് കൂട്ടിക്കൊണ്ടുവരുവാൻ ഒരു ബാല്യക്കാരനും രണ്ട് കഴുതകളുമായി അവളെ അന്വേഷിച്ച് ചെന്നു; അവൾ അവനെ തന്റെ അപ്പന്റെ വീട്ടിൽ കൈക്കൊണ്ടു; യുവതിയുടെ അപ്പൻ അവനെ കണ്ടപ്പോൾ അവനെ സന്തോഷത്തോടുകൂടി സ്വീകരിച്ചു .4യുവതിയുടെ അപ്പനായ അവന്റെ അമ്മാവിയപ്പൻ അവനെ പാർപ്പിച്ചു; അങ്ങനെ അവൻ മൂന്നു ദിവസം അവനോടുകൂടെ പാർത്തു. അവർ തിന്നുകുടിച്ച് അവിടെ രാപാർത്തു.
5നാലാം ദിവസം അവൻ അതികാലത്ത് എഴുന്നേറ്റ് യാത്ര പുറപ്പെടുവാൻ ഭാവിച്ചപ്പോൾ യുവതിയുടെ അപ്പൻ മരുമകനോട്: “അല്പം വല്ലതും കഴിച്ചിട്ട് പോകാമല്ലോ ”എന്ന് പറഞ്ഞു.6അങ്ങനെ അവർ രണ്ടുപേരും ഇരുന്ന് തിന്നുകയും കുടിക്കയും ചെയ്തു; യുവതിയുടെ അപ്പൻ അവനോട്: “ദയചെയ്ത് രാപാർത്ത് ആനന്ദിച്ച് കൊൾക”എന്ന് പറഞ്ഞു.
7അവൻ പോകേണ്ടതിന് എഴുന്നേറ്റപ്പോൾ, അവന്റെ അമ്മാവിയപ്പൻ അവനെ നിർബ്ബന്ധിച്ചു; ആ രാത്രിയും അവൻ അവിടെ പാർത്തു.8അഞ്ചാം ദിവസം അവൻ പോകേണ്ടതിന് അതികാലത്ത് എഴുന്നേറ്റപ്പോൾ യുവതിയുടെ അപ്പൻ: “അല്പം വല്ലതും കഴിച്ചിട്ട് വെയിലാറും വരെ താമസിച്ചുകൊൾക” എന്ന് പറഞ്ഞു. അവർ രണ്ടുപേരും ഭക്ഷണം കഴിച്ചു.
9പിന്നെ അവനും അവന്റെ വെപ്പാട്ടിയും ബാല്യക്കാരനും പോകാൻ എഴുന്നേറ്റപ്പോൾ , യുവതിയുടെ അപ്പൻ- അവന്റെ അമ്മാവിയപ്പൻ - അവനോട്: “ഇതാ, നേരം അസ്തമിപ്പാറായി, ഈ രാത്രിയും താമസിക്ക; നേരം വൈകിയല്ലോ; രാപാർത്ത് ആനന്ദിക്ക; നാളെ അതികാലത്ത് എഴുന്നേറ്റ് വീട്ടിലേക്ക് പോകാം” എന്ന് പറഞ്ഞു.
10എന്നാൽ അന്നും രാപാർപ്പാൻ മനസ്സില്ലാതെ അവൻ എഴുന്നേറ്റ് പുറപ്പെട്ടു; യെരൂശലേമെന്ന യെബൂസിന് എതിർ വശത്ത് എത്തി; കോപ്പിട്ട രണ്ടു കഴുതയും അവന്റെ വെപ്പാട്ടിയും അവനോടുകൂടെ ഉണ്ടായിരുന്നു.11അവൻ യെബൂസിന് സമീപം എത്തിയപ്പോൾ, നേരം നന്നാ വൈകിയിരുന്നു; ബാല്യക്കാരൻ യജമാനനോട്: “നാം ഈ യെബൂസ്യനഗരത്തിൽ കയറി രാപാർക്കരുതോ” എന്ന് പറഞ്ഞു.
12യജമാനൻ അവനോട്: “യിസ്രായേൽമക്കളില്ലാത്ത ഈ അന്യനഗരത്തിൽ നാം കയറരുത്; നമുക്ക് ഗിബെയയിലേക്ക് പോകാം“ എന്ന് പറഞ്ഞു.13അവൻ പിന്നെയും തന്റെ ബാല്യക്കാരനോട് “ നമുക്ക് ഗിബെയയിലോ രാമയിലോ പോയി അവിടെ രാപാർക്കാം”എന്ന് പറഞ്ഞു.
14അങ്ങനെ അവർ മുമ്പോട്ടു പോയി , ബെന്യാമീൻദേശത്തിലെ ഗിബെയെക്കു സമീപം എത്തിയപ്പോൾ സൂര്യൻ അസ്തമിച്ചു.15അവർ ഗിബെയയിൽ രാപാർപ്പാൻ കയറി; അവൻ ചെന്ന് നഗരവീഥിയിൽ ഇരുന്നു; രാപാർക്കേണ്ടതിന് ആരും അവരെ വീട്ടിൽ കൈക്കൊണ്ടില്ല.
16അനന്തരം ഒരു വൃദ്ധൻ വൈകുന്നേരം വേലകഴിഞ്ഞ് വയലിൽ നിന്ന് വന്നു; അവൻ എഫ്രയീംമലനാട്ടുകാരനും ഗിബെയയിൽ വന്ന് പാർക്കുന്നവനും ആയിരുന്നു; ആ ദേശക്കാരോ ബെന്യാമീന്യർ ആയിരുന്നു.17വൃദ്ധൻ തലയുയർത്തി നോക്കിയപ്പോൾ നഗരവീഥിയിൽ വഴിയാത്രക്കാരനെ കണ്ടു: “നീ എവിടെനിന്ന് വരുന്നു? എവിടേക്ക് പോകുന്നു” എന്ന് ചോദിച്ചു.
18അതിന് അവൻ: “ഞങ്ങൾ യെഹൂദയിലെ ബേത്ത്ലേഹെമിൽനിന്ന് എഫ്രയീംമലനാട്ടിലെ ഉൾപ്രദേശത്തേക്ക് പോകുന്നു; ഞാൻ അവിടത്തുകാരൻ ആകുന്നു; ഞാൻ യെഹൂദയിലെ ബേത്ത്ലേഹെം വരെ പോയിരുന്നു; ഇപ്പോൾ യഹോവയുടെ ആലയത്തിലേക്ക് പോകയാകുന്നു; എന്നെ വീട്ടിൽ കൈക്കൊൾവാൻ ഇവിടെ ആരും ഇല്ല.19ഞങ്ങളുടെ കഴുതകൾക്ക് വൈക്കോലും തീനും ഉണ്ട്; എനിക്കും നിന്റെ ദാസിക്കും അടിയങ്ങളോടുകൂടെയുള്ള ബാല്യക്കാരനും അപ്പവും വീഞ്ഞും കൈവശം ഉണ്ട്, ഒന്നിനും കുറവില്ല ”എന്ന് പറഞ്ഞു.
20അതിന് വൃദ്ധൻ: “നിനക്ക് സമാധാനം; നിനക്ക് വേണ്ടതൊക്കെയും ഞാൻ തരും; വീഥിയിൽ രാപാർക്കമാത്രമരുത്” എന്ന് പറഞ്ഞു,21അവനെ തന്റെ വീട്ടിൽ കൂട്ടിക്കൊണ്ടുപോയി കഴുതകൾക്ക് തീൻ കൊടുത്തു; അവർ തങ്ങളുടെ കാലുകൾ കഴുകി ; ഭക്ഷണപാനീയങ്ങൾ കഴിച്ചു.
22ഇങ്ങനെ അവർ ആനന്ദിച്ചിരിക്കുമ്പോൾ പട്ടണത്തിലെ ചില അധർമ്മികൾ വീട് വളഞ്ഞു വാതിലിന് മുട്ടി: “നിന്റെ വീട്ടിൽ വന്നിരിക്കുന്ന പുരുഷനെ പുറത്ത് കൊണ്ടുവാ; ഞങ്ങൾ അവനെ ഭോഗിക്കട്ടെ” എന്ന് വീട്ടുടയവനായ വൃദ്ധനോട് പറഞ്ഞു.23വീട്ടുടയവനായ പുരുഷൻ അവരുടെ അടുക്കൽ പുറത്ത് ചെന്ന് അവരോട്:“ അരുതേ, എന്റെ സഹോദരന്മാരേ, ഇങ്ങനെ ദോഷം ചെയ്യരുതേ; ഈ ആൾ എന്റെ വീട്ടിൽ വന്നിരിക്കുന്നുവല്ലോ; നിങ്ങൾ ഈ മഹാദ്രോഹം പ്രവർത്തിക്കരുതേ.
24ഇതാ, കന്യകയായ എന്റെ മകളും ഈയാളുടെ വെപ്പാട്ടിയും ഇവിടെ ഉണ്ട്; അവരെ ഞാൻ പുറത്ത് കൊണ്ടുവരാം; അവരോട് നിങ്ങൾക്ക് ബോധിച്ചതുപോലെ ചെയ്തുകൊൾവിൻ; ഈ ആളോടോ ഈ വക വഷളത്വം പ്രവർത്തിക്കരുതേ” എന്ന് പറഞ്ഞു.25എന്നാൽ അവർ അവനെ കൂട്ടാക്കിയില്ല; ആകയാൽ ആ പുരുഷൻ തന്റെ വെപ്പാട്ടിയെ പിടിച്ച് അവളെ അവരുടെ അടുക്കൽ പുറത്താക്കിക്കൊടുത്തു, അവർ അവളെ രാത്രി മുഴുവനും ബലാല്ക്കാരം ചെയ്തു; നേരം വെളുക്കാറായപ്പോൾ അവളെ വിട്ടുപോയി.26പ്രഭാതത്തിൽ സ്ത്രീ വന്ന് തന്റെ യജമാനൻ പാർത്ത ആ പുരുഷന്റെ വീട്ടുവാതില്ക്കൽ ,നേരം പുലരുംവരെ വീണുകിടന്നു.
27അവളുടെ യജമാനൻ രാവിലെ എഴുന്നേറ്റ് വീട്ടിന്റെ വാതിൽ തുറന്ന് തന്റെ വഴിക്ക് പോകുവാൻ പുറത്തിറങ്ങിയപ്പോൾ അവന്റെ വെപ്പാട്ടി വീട്ടുവാതില്ക്കൽ കൈ ഉമ്മരപ്പടിമേലായി വീണുകിടക്കുന്നത് കണ്ടു.28അവൻ അവളോട്: “എഴുന്നേല്ക്ക, നാം പോക” എന്ന് പറഞ്ഞു. അതിന് മറുപടി ഉണ്ടായില്ല. അവൻ അവളെ കഴുതപ്പുറത്ത് വെച്ച് ,തന്റെ സ്ഥലത്തേക്ക് പോയി.
29അവൻ വീട്ടിൽ എത്തിയപ്പോൾ ഒരു കത്തിയെടുത്ത് തന്റെ വെപ്പാട്ടിയെ ഓരോ അവയവമായി ,പന്ത്രണ്ട് കഷണമാക്കി വിഭാഗിച്ച് യിസ്രായേലിന്റെ സകലദിക്കുകളിലും കൊടുത്തയച്ചു.30അത് കണ്ടവർ എല്ലാവരും: “യിസ്രായേൽമക്കൾ മിസ്രയീംദേശത്ത് നിന്ന് പുറപ്പെട്ടുവന്ന നാൾ മുതൽ ഇന്ന് വരെയും ഇങ്ങനെയുള്ള പ്രവൃത്തി നടന്നിട്ടില്ല, കണ്ടിട്ടുമില്ല; ഇതിനെപ്പറ്റി ചിന്തിച്ച് ,ആലോചിച്ച് ,അഭിപ്രായം പറവിൻ ”എന്ന് പറഞ്ഞു.

20

1അനന്തരം ദാൻമുതൽ ബേർ-ശേബവരെയും , ഗിലെയാദ്‌ദേശത്തും ഉള്ള യിസ്രായേൽമക്കൾ ഒക്കെയും ഏകമനസ്സോടെ മിസ്പയിൽ യഹോവയുടെ സന്നിധിയിൽ വന്നുകൂടി.2യിസ്രായേലിന്റെ സകലഗോത്രങ്ങളിലെ ജനത്തിന്റെ എല്ലാ പ്രധാനികളും, ആയുധപാണികളായ നാല് ലക്ഷം കാലാളും ദൈവജനത്തിന്റെ സംഘത്തിൽ വന്നുനിന്നു-

3യിസ്രായേൽ മക്കൾ മിസ്പയിലേക്ക് പോയി എന്ന് ബെന്യാമീന്യർ കേട്ടു.- അപ്പോൾ യിസ്രായേൽമക്കൾ: “ഈ ദോഷം എങ്ങിനെ സംഭവിച്ചു എന്ന് പറവിൻ“ എന്ന് പറഞ്ഞതിന്4കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവായ ലേവ്യൻ ഉത്തരം പറഞ്ഞത്: “ഞാനും എന്റെ വെപ്പാട്ടിയും ബെന്യാമീൻ ദേശത്ത് ഗിബെയയിൽ രാപാർപ്പാൻ ചെന്നു.
5എന്നാറെ ഗിബെയാനിവാസികൾ എന്റെ നേരെ എഴുന്നേറ്റ് രാത്രിയിൽ എന്റെ നിമിത്തം വീടുവളഞ്ഞ് എന്നെ കൊല്ലുവാൻ ഭാവിച്ചു; എന്റെ വെപ്പാട്ടിയെ അവർ ബലാല്ക്കാരം ചെയ്തതിനാൽ അവൾ മരിച്ചുപോയി.6അവർ യിസ്രായേലിൽ ദുഷ്കർമ്മവും വഷളത്വവും പ്രവർത്തിച്ചതുകൊണ്ട് ഞാൻ എന്റെ വെപ്പാട്ടിയെ ഖണ്ഡംഖണ്ഡമാക്കി യിസ്രായേലിന്റെ അവകാശദേശത്തൊക്കെയും കൊടുത്തയച്ചു.7നിങ്ങൾ എല്ലാവരും യിസ്രായേല്യരല്ലോ; ഇതിൽ നിങ്ങളുടെ അഭിപ്രായവും ആലോചനയും പറവിൻ”.
8അപ്പോൾ സർവ്വജനവും എഴുന്നേറ്റ് ഏകസ്വരത്തിൽ പറഞ്ഞത്: “നമ്മിൽ ആരും തന്റെ കൂടാരത്തിലേക്കോ വീട്ടിലേക്കോ തിരികെപോകരുത്.9നാം ഇപ്പോൾ ഗിബെയയോടു ചെയ്യേണ്ടുന്നത് സംബന്ധിച്ച് ചീട്ടിടേണം;
10അവർ യിസ്രായേലിൽ പ്രവർത്തിച്ച സകല വഷളത്വത്തിനും പകരം ചെയ്യേണ്ടതിന് ജനം ബെന്യാമീൻ ദേശത്തെ ഗിബെയയിലേക്ക് ചെല്ലുമ്പോൾ ,അവർക്ക് വേണ്ടി ഭക്ഷണസാധനങ്ങൾ ഒരുക്കുവാൻ യിസ്രായേൽ ഗോത്രങ്ങളിൽ നൂറിൽ പത്ത് പേരെയും ആയിരത്തിൽ നൂറ് പേരെയും പതിനായിരത്തിൽ ആയിരം പേരെയും എടുക്കേണം”.11അങ്ങനെ യിസ്രായേല്യർ ഒക്കെയും ആ പട്ടണത്തിന് വിരോധമായി ഏകമനസ്സോടെ യോജിച്ചു.

12പിന്നെ യിസ്രായേൽഗോത്രങ്ങൾ ബെന്യാമീൻ ഗോത്രത്തിലെങ്ങും ആളയച്ച്: “നിങ്ങളുടെ ഇടയിൽ ഇങ്ങനെ ഒരു അധർമ്മം നടന്നത് എന്ത്?13ഗിബെയയിലെ ആ വഷളന്മാരെ ഞങ്ങൾ കൊന്ന് യിസ്രായേലിൽ നിന്ന് ദോഷം നീക്കിക്കളയേണ്ടതിന് അവരെ ഏല്പിച്ചു തരുവിൻ” എന്ന് പറയിച്ചു. ബെന്യാമീന്യരോ ,യിസ്രായേൽമക്കളായ തങ്ങളുടെ സഹോദരന്മാരുടെ വാക്ക് കേട്ടനുസരിപ്പാൻ മനസ്സില്ലാതെ യിസ്രായേൽമക്കളോട്14യുദ്ധത്തിന് പുറപ്പെടുവാൻ തങ്ങളുടെ പട്ടണങ്ങളിൽനിന്ന് ഗിബെയയിൽ ഒന്നിച്ചുകൂടി.
15അന്ന് ഗിബെയാനിവാസികളിൽ തെരഞ്ഞടുക്കപ്പെട്ട എഴുനൂറ് പേരെ കൂടാതെ പട്ടണങ്ങളിൽനിന്ന് വന്ന ബെന്യാമീന്യർ ഇരുപത്താറായിരം ആയുധപാണികൾ ഉണ്ടായിരുന്നു.16ഈ ജനത്തിലെല്ലാം ഇടങ്കയ്യന്മാരായ എഴുനൂറ് വിരുതന്മാർ ഉണ്ടായിരുന്നു; അവർ എല്ലാവരും ഒരു രോമത്തിനു പോലും ഉന്നം പിഴെക്കാത്ത കവിണക്കാർ ആയിരുന്നു.

17ബെന്യാമീന്യരെ കൂടാതെയുള്ള യിസ്രായേല്യർ, യോദ്ധാക്കളായ നാല് ലക്ഷം ആയുധപാണികൾ ആയിരുന്നു.18അനന്തരം യിസ്രായേൽമക്കൾ പുറപ്പെട്ട് ,ബേഥേലിലേക്ക് ചെന്നു: “ബെന്യാമീന്യരോട് പടവെട്ടുവാൻ ഞങ്ങളിൽ ആർ ആദ്യം പോകേണം ” എന്ന് ദൈവത്തോട് അരുളപ്പാട് ചോദിച്ചു. “യെഹൂദാ ആദ്യം ചെല്ലട്ടെ ”എന്ന് യഹോവ അരുളിച്ചെയ്തു.
19അങ്ങനെ യിസ്രായേൽമക്കൾ രാവിലെ എഴുന്നേറ്റ് ഗിബെയെക്ക് എതിരെ പാളയം ഇറങ്ങി.20യിസ്രായേല്യർ ബെന്യാമീന്യരോട് യുദ്ധം ചെയ്‌വാൻ പുറപ്പെട്ട് ഗിബെയയിൽ അവരുടെ നേരെ അണിനിരന്നു.21ബെന്യാമീന്യർ ഗിബെയയിൽനിന്ന് പുറപ്പെട്ട് യിസ്രായേല്യരിൽ ഇരുപത്തീരായിരംപേരെ അന്ന് സംഹരിച്ചു .
22യിസ്രായേൽമക്കൾ യഹോവയുടെ സന്നിധിയിൽ ചെന്ന് സന്ധ്യ വരെ കരഞ്ഞ് “ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോട് ഞങ്ങൾ ഇനിയും യുദ്ധത്തിന് പോകേണമോ” എന്ന് യഹോവയോട് ചോദിച്ചു. ‘അവരുടെ നേരെ ചെല്ലുവിൻ” എന്ന് യഹോവ അരുളിച്ചെയ്തു.23അങ്ങനെ യിസ്രായേൽജനം തമ്മിൽതമ്മിൽ ധൈര്യപ്പെടുത്തി, ഒന്നാം ദിവസം അണിനിരന്ന അതേ സ്ഥലത്ത് പടക്ക് അണിനിരന്നു.

24അങ്ങനെ യിസ്രായേൽമക്കൾ രണ്ടാം ദിവസവും ബെന്യാമീന്യരോട് അടുത്തു.25ബെന്യാമീന്യർ രണ്ടാം ദിവസവും ഗിബെയയിൽനിന്ന് അവരുടെ നേരെ പുറപ്പെട്ട്, പിന്നെയും യിസ്രയേൽ മക്കളിൽ യോദ്ധാക്കളായ പതിനെണ്ണായിരംപേരെ സംഹരിച്ചു .
26അപ്പോൾ യിസ്രായേൽമക്കൾ ഒക്കെയും ബേഥേലിലേക്ക് ചെന്നു; അവിടെ യഹോവയുടെ സന്നിധിയിൽ കരഞ്ഞുകൊണ്ട് അന്ന് സന്ധ്യവരെ ഉപവസിച്ച്, ഹോമയാഗങ്ങളും സമാധാനയാഗങ്ങളും യഹോവയ്ക്ക് അർപ്പിച്ചു.
27അങ്ങനെ യിസ്രായേൽമക്കൾ യഹോവയോട് ചോദിച്ചു; അക്കാലത്ത് ദൈവത്തിന്റെ നിയമപെട്ടകം അവിടെ ഉണ്ടായിരുന്നു.28അഹരോന്റെ മകനായ എലെയാസാരിന്റെ മകൻ ഫീനെഹാസ് ആയിരുന്നു അക്കാലത്ത് തിരുസന്നിധിയിൽ നിന്നിരുന്നത്. “ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോട് ഞങ്ങൾ ഇനിയും യുദ്ധം ചെയ്യണമോ? അതോ ഒഴിഞ്ഞുകളയേണമോ?” എന്ന് അവർ ചോദിച്ചതിന്: “ചെല്ലുവിൻ; നാളെ ഞാൻ അവരെ നിന്റെ കയ്യിൽ ഏല്പിക്കും” എന്ന് യഹോവ അരുളിച്ചെയ്തു.
29പിന്നെ യിസ്രായേല്യർ ഗിബെയെക്ക് ചുറ്റും പതിയിരിപ്പുകാരെ ആക്കി.

30യിസ്രായേൽമക്കൾ മൂന്നാം ദിവസവും ബെന്യാമീന്യരുടെ നേരെ പുറപ്പെട്ട് മുമ്പിലത്തെപ്പോലെ ഗിബെയയുടെ നേരെ പടെക്ക് അണിനിരന്നു.
31ബെന്യാമീന്യർ ജനത്തിന്റെ നേരെ പുറപ്പെട്ട് പട്ടണം വിട്ട് പുറത്തായി; ബേഥേലിലേക്കും ഗിബെയയിലേക്കും പോകുന്ന രണ്ട് പെരുവഴികളിലും,വയലിലും മുമ്പിലത്തെപ്പോലെ സംഹാരം നടത്തി; യിസ്രായേലിൽ ഏകദേശം മുപ്പത് പേരെ കൊന്നു.
32“അവർ മുമ്പിലത്തെപ്പോലെ നമ്മുടെ മുമ്പിൽ തോറ്റോടുന്നു ”എന്ന് ബെന്യാമീന്യർ പറഞ്ഞു. യിസ്രായേൽമക്കളോ: “നാം ഓടി ,അവരെ പട്ടണത്തിൽനിന്ന് പെരുവഴികളിലേക്ക് ആകർഷിക്കാം” എന്ന് പറഞ്ഞു.33യിസ്രായേല്യർ തങ്ങളുടെ സ്ഥലത്തുനിന്ന് പുറപ്പെട്ടു ബാൽ-താമാരിൽ പടെക്ക് അണിനിരന്നു; യിസ്രായേല്യരുടെ പതിയിരിപ്പുകാരും ഗിബെയയുടെ പുല്പുറത്തേക്ക് പുറപ്പെട്ടു.
34എല്ലാ യിസ്രായേലിൽ നിന്നും തിരഞ്ഞെടുത്തിരുന്ന പതിനായിരം പേർ ഗിബെയയുടെ നേരെ ചെന്നു; പട കഠിനമായി മുറുകി; എങ്കിലും ആപത്ത് അവരുടെ മേൽ വരുന്നു എന്ന് ബെന്യാമീന്യർ അറിഞ്ഞില്ല.35യഹോവ ബെന്യാമീന്യരെ യിസ്രായേലിന്റെ മുമ്പിൽ തോല്ക്കുമാറാക്കി; അന്ന് യിസ്രായേൽമക്കൾ ബെന്യാമീന്യരിൽ ആയുധപാണികളായ ഇരുപത്തി അയ്യായിരത്തി ഒരുനൂറ് പേരെ സംഹരിച്ചു.

36ഇങ്ങനെ തങ്ങൾ തോറ്റു എന്ന് ബെന്യാമീന്യർ കണ്ടു; എന്നാൽ യിസ്രായേല്യർ , ഗിബെയെക്കരികെ പതിയിരിപ്പുകാരെ ആക്കിയിരുന്നു ; അവരെ വിശ്വസിച്ച് യിസ്രായേല്യർ പിൻവാങ്ങി, ബെന്യാമീന്യർക്ക് സ്ഥലം കൊടുത്തു.37ഉടനെ പതിയിരിപ്പുകാർ ഗിബെയയിൽ പാഞ്ഞുകയറി , പട്ടണത്തെയൊക്കെയും വാളിന്റെ വായ്ത്തലയാൽ സംഹരിച്ചുകളഞ്ഞു.38പട്ടണത്തിൽനിന്ന് അടയാളമായിട്ട് ഒരു വലിയ പുക ഉയരുമാറാക്കേണമെന്ന് യിസ്രായേല്യർ പതിയിരിപ്പുകാരുമായി ഒരു ധാരണ ഉണ്ടാക്കിയിരുന്നു.
39അവർ പടയിൽ നിന്ന് പിൻവാങ്ങിയപ്പോൾ ബെന്യാമീന്യർ യിസ്രായേല്യരിൽ ഏകദേശം മുപ്പത് പേരെ വെട്ടിക്കൊന്നു; മുമ്പിലത്തെപ്പോലെ അവർ നമ്മുടെ മുമ്പിൽ തോറ്റോടുന്നു എന്ന് അവർ പറഞ്ഞു.
40എന്നാൽ പട്ടണത്തിൽനിന്ന് ഒരു വലിയ പുകത്തൂൺ പൊങ്ങിത്തുടങ്ങിയപ്പോൾ , ബെന്യാമീന്യർ പുറകോട്ട് നോക്കി; പട്ടണം മുഴുവനും ആകാശത്തോളം കത്തിപ്പൊങ്ങുന്നത് കണ്ടു.41യിസ്രായേല്യർ തിരികെ വന്നപ്പോൾ ബെന്യാമീന്യർ ഭയപരവശരായി; തങ്ങൾക്ക് ആപത്തു ഭവിച്ചു എന്ന് അവർ കണ്ടു.
42അവർ യിസ്രായേൽമക്കളുടെ മുമ്പിൽനിന്ന് മരുഭൂമിയിലേക്ക് തിരിഞ്ഞു;യിസ്രായേല്യർ അവർക്ക് മുമ്പായി പോയി; പട്ടണങ്ങളിൽനിന്ന് പുറത്ത് വന്നവരെ അവർ അതത് പട്ടണത്തിന്റെ മദ്ധ്യേവെച്ച് സംഹരിച്ചു.
43അവർ ബെന്യാമീന്യരെ വളഞ്ഞ് കിഴക്കോട്ട് ഓടിച്ച് ഗിബെയയുടെ സമീപം വരെ എത്തിച്ച് വേഗത്തിൽ അവരെ കീഴടക്കി .44അങ്ങനെ ബെന്യാമീന്യരിൽ പതിനെണ്ണായിരം പരാക്രമശാലികൾ പട്ടുപോയി.
45അപ്പോൾ അവർ തിരിഞ്ഞ് മരുഭൂമിയിൽ രിമ്മോൻ പാറയിലേക്ക് ഓടി; അവരിൽ അയ്യായിരംപേരെ പെരുവഴികളിൽവെച്ച് കൊന്നുകളഞ്ഞു; ശേഷിച്ചവരെ ഗിദോം വരെ പിന്തുടർന്ന് രണ്ടായിരം പേരെ വെട്ടിക്കളഞ്ഞു.46അങ്ങനെ ബെന്യാമീന്യരിൽ ആകെ ഇരുപത്തയ്യായിരം പരാക്രമശാലികളായ ആയുധപാണികൾ അന്ന് പട്ടുപോയി.
47എന്നാൽ അറുനൂറ് പേർ തിരിഞ്ഞ് മരുഭൂമിയിൽ രിമ്മോൻ പാറ വരെ ഓടി, അവിടെ നാല് മാസം പാർത്തു.48യിസ്രായേല്യർ പിന്നെയും ബെന്യാമീന്യരുടെ നേരെ തിരിഞ്ഞ് ഓരോ പട്ടണം തോറും ,മനുഷ്യരെയും മൃഗങ്ങളെയും കണ്ട സകലത്തെയും,വാളാൽ സംഹരിച്ചു; അവർ എല്ലാ പട്ടണങ്ങളും തീവെച്ച് ചുട്ടുകളഞ്ഞു.

21

1എന്നാൽ “നമ്മിൽ ആരും തന്റെ മകളെ ഒരു ബെന്യാമീന്യന് ഭാര്യയായി കൊടുക്കരുത്” എന്ന് യിസ്രായേല്യർ മിസ്പയിൽവെച്ച് ശപഥം ചെയ്തിരുന്നു.2ആകയാൽ ജനം ബേഥേലിൽ ചെന്ന് അവിടെ ദൈവസന്നിധിയിൽ സന്ധ്യവരെ ഇരുന്ന് ഉച്ചത്തിൽ മഹാവിലാപം കഴിച്ചു:3“യിസ്രായേലിന്റെ ദൈവമായ യഹോവേ, ഇന്ന് യിസ്രായേലിൽ ഒരു ഗോത്രം ഇല്ലാതെപോകുവാൻ തക്കവണ്ണം ഇങ്ങനെ സംഭവിച്ചുവല്ലോ” എന്ന് പറഞ്ഞു.

4പിറ്റെന്നാൾ ജനം അതികാലത്ത് എഴുന്നേറ്റ് അവിടെ ഒരു യാഗപീഠം പണിത് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു.5പിന്നെ യിസ്രായേൽമക്കൾ: “എല്ലാ യിസ്രായേൽ ഗോത്രങ്ങളിലും യഹോവയുടെ സഭയിൽ വരാതെ ആരെങ്കിലും ഉണ്ടോ” എന്ന് ചോദിച്ചു. “മിസ്പയിൽ യഹോവയുടെ അടുക്കൽ വരാത്തവൻ മരണശിക്ഷ അനുഭവിക്കേണം” എന്ന് അവർ ഒരു ഉഗ്രശപഥം ചെയ്തിരുന്നു.
6എന്നാൽ യിസ്രായേൽമക്കൾ തങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരെക്കുറിച്ച് അനുതപിച്ചു: “ഇന്ന് യിസ്രായേലിൽ നിന്ന് ഒരു ഗോത്രം അറ്റുപോയിരിക്കുന്നു.7ശേഷിച്ചിരിക്കുന്നവർക്ക് നമ്മുടെ പുത്രിമാരെ ഭാര്യമാരായി കൊടുക്കരുത് എന്ന് നാം യഹോവയുടെ നാമത്തിൽ സത്യം ചെയ്തിരിക്കകൊണ്ട് അവർക്ക് ഭാര്യമാരെ കിട്ടുവാൻ നാം എന്തു ചെയ്യേണം?” എന്ന് പറഞ്ഞു.
8“യിസ്രായേൽഗോത്രങ്ങളിൽ നിന്ന് മിസ്പയിൽ യഹോവയുടെ അടുക്കൽ വരാതെ ആരെങ്കിലും ഉണ്ടോ?” എന്ന് അവർ അന്വേഷിച്ചപ്പോൾ ഗിലെയാദിലെ യാബേശിൽ നിന്ന് ആരും പാളയത്തിൽ കടന്നു വന്നിട്ടില്ല എന്ന് മനസ്സിലാക്കി.9ജനത്തെ എണ്ണിയപ്പോൾ ഗിലെയാദിലെ യാബേശ് നിവാസികളിൽ ആരും അവിടെ ഇല്ലായിരുന്നു.10അപ്പോൾ സഭ പരാക്രമശാലികളായ പന്തീരായിരംപേരെ അവിടേക്ക് അയച്ച് അവരോട് കല്പിച്ചത്: “നിങ്ങൾ ചെന്ന് ഗിലെയാദിലെ യാബേശ് നിവാസികളെ സ്ത്രീകളും പൈതങ്ങളും ഉൾപ്പെടെ വാളാൽ കൊല്ലുവിൻ”.
11ഇപ്രകാരം നിങ്ങൾ “സകലപുരുഷന്മാരെയും പുരുഷനോടുകൂടെ ശയിച്ച സകലസ്ത്രീകളെയും നിർമ്മൂലമാക്കേണം.”12അങ്ങനെ ചെയ്തപ്പോൾ, ഗിലെയാദിലെ യാബേശ് നിവാസികളുടെ ഇടയിൽ പുരുഷസംസർഗ്ഗം ചെയ്തിട്ടില്ലാത്ത നാനൂറ് കന്യകമാരെ കണ്ടെത്തി, അവരെ കനാൻദേശത്തിലെ ശീലോവിൽ പാളയത്തിലേക്ക് കൊണ്ടുവന്നു.

13സർവ്വസഭയും രിമ്മോൻപാറയിലെ ബെന്യാമീന്യരോട് സംസാരിച്ച് സമാധാനം അറിയിപ്പാൻ ആളയച്ചു.14അപ്പോൾ ബെന്യാമീന്യർ മടങ്ങിവന്നു; ഗിലെയാദിലെ യാബേശിലുള്ള സ്ത്രീകളിൽ, അവർ ജീവനോടെ രക്ഷിച്ചിരുന്നവരെ അവർക്ക് കൊടുത്തു;15അവർക്ക് തികയാൻ മാത്രം സ്ത്രീകൾ ഇല്ലായിരുന്നു. യഹോവ യിസ്രായേൽഗോത്രങ്ങളിൽ ഒരു ഛേദം വരുത്തിയിരിക്ക കൊണ്ട് ജനം ബെന്യാമീന്യരെക്കുറിച്ച് ദുഃഖിച്ചു.

16“ശേഷിച്ചവർക്ക് സ്ത്രീകളെ കിട്ടേണ്ടതിന് നാം എന്ത് ചെയ്യേണ്ടു? ബെന്യാമീൻ ഗോത്രത്തിൽ സ്ത്രീകൾ ഇല്ലാതെ പോയല്ലൊ”എന്ന് സഭയിലെ മൂപ്പന്മാർ പറഞ്ഞു.17“യിസ്രായേലിൽ നിന്ന് ഒരു ഗോത്രം നശിച്ചു പോകാതിരിക്കേണ്ടതിന് ബെന്യാമീന്യരിൽ രക്ഷപ്പെട്ടവർക്ക് അവരുടെ അവകാശം നിലനില്ക്കേണം.
18എങ്കിലും നമുക്ക് നമ്മുടെ പുത്രിമാരെ അവർക്ക് ഭാര്യമാരായി കൊടുത്തുകൂടാ; ബെന്യാമീന്യർക്ക് സ്ത്രീയെ കൊടുക്കുന്നവൻ ശപിക്കപ്പെട്ടവൻ എന്ന് യിസ്രായേൽമക്കൾ ശപഥം ചെയ്തിരിക്കുന്നുവല്ലോ” എന്നും അവർ പറഞ്ഞു.19അപ്പോൾ അവർ: “ബേഥേലിന് വടക്കും, ബേഥേലിൽനിന്ന് ശെഖേമിലേക്ക് പോകുന്ന പെരുവഴിക്ക് കിഴക്കും ലെബോനെക്ക് തെക്കും ഉള്ള ശീലോവിൽ ആണ്ടുതോറും യഹോവയുടെ ഉത്സവം ഉണ്ടല്ലോ ”എന്ന് പറഞ്ഞു.
20ആകയാൽ അവർ ബെന്യാമീന്യരോട്: “നിങ്ങൾ ചെന്ന്, മുന്തിരിത്തോട്ടങ്ങളിൽ പതിയിരിപ്പിൻ.21ശീലോവിലെ കന്യകമാർ നിരനിരയായി നൃത്തംചെയ്‌വാൻ പുറപ്പെട്ട് വരുമ്പോൾ, മുന്തിരിത്തോട്ടങ്ങളിൽനിന്ന് വന്ന് ഓരോരുത്തൻ ശീലോവിലെ കന്യകമാരിൽനിന്ന് തനിക്ക് ഭാര്യയെ പിടിച്ച് ബെന്യാമീൻ ദേശത്തേക്ക് പൊയ്ക്കൊൾവിൻ ” എന്ന് കല്പിച്ചു.
22അവരുടെ അപ്പന്മാരോ ആങ്ങളമാരോ ഞങ്ങളുടെ അടുക്കൽ വന്ന് പരാതി പറഞ്ഞാൽ ഞങ്ങൾ അവരോട്: “ഞങ്ങൾക്കു വേണ്ടി ,അവരോട് ദയ ചെയ്യേണം; ഞങ്ങൾ പടയിൽ അവർക്ക് ആർക്കും ഭാര്യമാരെ പിടിച്ചു കൊണ്ടുവന്നില്ല; ശപഥം സംബന്ധിച്ച് കുറ്റക്കാരാകുവാൻ, നിങ്ങൾ ഇപ്പോൾ അവർക്ക് ഭാര്യമാരെ കൊടുത്തില്ലല്ലോ “എന്ന് പറഞ്ഞുകൊള്ളാം.
23ബെന്യാമിന്യർ അങ്ങനെ ചെയ്തു; നൃത്തംചെയ്യുന്ന സ്ത്രീകളെ തങ്ങളുടെ എണ്ണത്തിന് ഒത്തവണ്ണം പിടിച്ച്, തങ്ങളുടെ അവകാശ ദേശത്തിലേക്ക് മടങ്ങിച്ചെന്ന് പട്ടണങ്ങളെ വീണ്ടും പണിത് അവയിൽ പാർത്തു.24ആ കാലയളവിൽ യിസ്രായേൽമക്കൾ അവിടം വിട്ട് ഓരോരുത്തൻ താന്താന്റെ ഗോത്രത്തിലേക്കും വീട്ടിലേക്കും പോയി; അങ്ങനെ ഓരോരുത്തൻ അവരവരുടെ അവകാശ ഭൂമിയിൽ പാർത്തു.
25ആ കാലത്ത് യിസ്രായേലിൽ രാജാവില്ലായിരുന്നു; ഓരോരുത്തൻ സ്വന്തം ഇഷ്ടം അനുസരിച്ചു ജീവിച്ചു.

രൂത്ത് .1

1

1ന്യായാധിപന്മാർ യിസ്രയേലിൽ ഭരണം നടത്തിയ കാലത്ത് ഒരിക്കൽ ദേശത്തു ക്ഷാമം ഉണ്ടായി; യെഹൂദയിലെ ബേത്ത്ളഹേമിലുള്ള ഒരു ആൾ തന്റെ ഭാര്യയും രണ്ടു പുത്രന്മാരുമായി മോവാബ്‌ദേശത്ത് പാർപ്പാൻ പോയി.2അവൻ ബേത്ത്ളഹേമിൽ നിന്നുള്ള എഫ്രാത്യനായ എലീമേലെക്ക് ആയിരുന്നു. ഭാര്യക്കു നൊവൊമി എന്നും പുത്രന്മാർക്കു മഹ്ലോൻ എന്നും കില്യോൻ എന്നും പേർ. അവർ മോവാബ്‌ദേശത്ത് ചെന്നു അവിടെ താമസിച്ചു.

3അനന്തരം നൊവൊമിയുടെ ഭർത്താവായ എലീമേലെക്ക് മരിച്ചു; അവളും രണ്ടു പുത്രന്മാരും ശേഷിച്ചു.4പുത്രന്മാർ മോവാബ്യസ്ത്രീകളെ വിവാഹം കഴിച്ചു; ഒരുത്തിക്കു ഒർപ്പാ എന്നും മറ്റവൾക്കു രൂത്ത് എന്നും പേർ; അവർ ഏകദേശം പത്തു സംവത്സരം അവിടെ പാർത്തു.5പിന്നെ മഹ്ലോനും കില്യോനും മരിച്ചു; അങ്ങനെ രണ്ടു പുത്രന്മാരുടെയും ഭർത്താവിന്റെയും മരണശേഷം ആ സ്ത്രീ മാത്രം ശേഷിച്ചു.
6പിന്നീട് യഹോവ തന്റെ ജനത്തെ സന്ദർശിച്ചു ആഹാരം കൊടുത്തവിധം അവൾ മോവാബ്‌ദേശത്തുവെച്ചു കേട്ടു. അങ്ങനെ അവൾ മരുമക്കളോടുകൂടെ മോവാബ്‌ദേശം വിട്ടു മടങ്ങിപ്പോകുവാൻ ഒരുങ്ങി.7അങ്ങനെ അവൾ മരുമക്കളുമായി താമസസ്ഥലം വിട്ടു യെഹൂദാദേശത്തേക്കു മടങ്ങിപ്പോകുവാൻ യാത്രയായി.
8അപ്പോൾ നൊവൊമി മരുമക്കൾ ഇരുവരോടും: നിങ്ങൾ അമ്മയുടെ ഭവനത്തിലേക്കു മടങ്ങിപ്പോകുവിൻ; മരിച്ചവരോടും എന്നോടും നിങ്ങൾ ചെയ്തതുപോലെ യഹോവ നിങ്ങളോടും കരുണ ചെയ്യുമാറാകട്ടെ.9നിങ്ങൾ വിവാഹിതരായി, ഓരോരുത്തരും തങ്ങളുടെ ഭർത്താവിന്റെ ഭവനത്തിൽ ആശ്വാസം പ്രാപിക്കേണ്ടതിന്നു യഹോവ നിങ്ങൾക്കു കൃപ നല്കുമാറാകട്ടെ എന്നു പറഞ്ഞു അവരെ ചുംബിച്ചു; അവർ ഉച്ചത്തിൽ കരഞ്ഞു.10അവർ അവളോടു: ഞങ്ങളും നിന്നോടുകൂടെ നിന്റെ ജനത്തിന്റെ അടുക്കൽ പോരുന്നു എന്നു പറഞ്ഞു.
11അതിന്നു നൊവൊമി പറഞ്ഞതു: എന്റെ മക്കളേ, മടങ്ങിപ്പൊയ്ക്കൊൾവിൻ; എന്തിന്നു എന്നോടുകൂടെ പോരുന്നു? നിങ്ങൾക്കു ഭർത്താക്കന്മാരായിരിപ്പാൻ ഇനി എന്റെ ഉദരത്തിൽ പുത്രന്മാർ ഉണ്ടോ?12എന്റെ മക്കളേ, മടങ്ങിപ്പൊയ്ക്കൊൾവിൻ; ഒരു ഭർത്താവിനെ സ്വീകരിപ്പാൻ എനിക്കു പ്രായം കടന്നുപോയി; അല്ല, അങ്ങനെ ഞാൻ ആശിച്ചിട്ടു ഈ രാത്രി തന്നേ ഒരു പുരുഷന്നു ഭാര്യയായി പുത്രന്മാരെ പ്രസവിച്ചാലും13അവർക്കു പ്രായമാകുവോളം നിങ്ങൾ അവർക്കായിട്ടു കാത്തിരിക്കുമോ? നിങ്ങൾക്കു ഭർത്താക്കന്മാർ ഇല്ലാതിരിപ്പാൻ സാധിക്കുമോ? എന്റെ മക്കളേ അതു വേണ്ട; യഹോവയുടെ കൈ എനിക്ക് വിരോധമായി പുറപ്പെട്ടിരിക്കുകയാൽ നിങ്ങളെ ഓർത്ത് ഞാൻ വളരെ വ്യസനിക്കുന്നു.
14അവർ പിന്നെയും ഉച്ചത്തിൽ കരഞ്ഞു; ഒർപ്പാ അമ്മാവിയമ്മയെ ചുംബിച്ചു പിരിഞ്ഞു; രൂത്തോ അവളെ വിട്ടുപിരിയാതെനിന്നു.15അപ്പോൾ അവൾ: നിന്റെ സഹോദരി തന്റെ ജനത്തിന്റെയും തന്റെ ദേവന്മാരുടെയും അടുക്കൽ മടങ്ങിപ്പോയല്ലോ; നീയും അങ്ങനെതന്നെ പൊയ്ക്കൊൾക എന്നു പറഞ്ഞു.
16അതിന്നു രൂത്ത്: നിന്നെ വിട്ടുപിരിഞ്ഞു മടങ്ങിപ്പോകുവാൻ എന്നോടു പറയരുതേ; നീ പോകുന്നേടത്ത് ഞാനും പോകും; നീ പാർക്കുന്നേടത്ത് ഞാനും പാർക്കും; നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ ദൈവം.17നീ മരിച്ച് അടക്കപ്പെടുന്നേടത്ത് ഞാനും മരിച്ചു അടക്കപ്പെടും; മരണത്താലല്ലാതെ ഞാൻ നിന്നെ വിട്ടുപിരിഞ്ഞാൽ യഹോവ എന്നെ അധികമായി ശിക്ഷിക്കട്ടെ എന്നു പറഞ്ഞു.18തന്നോടുകൂടെ പോരുവാൻ അവൾ ഉറച്ചിരിക്കുന്നു എന്നു കണ്ടപ്പോൾ അവൾ അവളോടു സംസാരിക്കുന്നതു മതിയാക്കി.
19അങ്ങനെ അവർ രണ്ടുപേരും ബേത്ത്ളഹേമിൽ എത്തിച്ചേർന്നു ; അപ്പോൾ പട്ടണത്തിലുള്ള ജനം മുഴുവനും അവരെ കണ്ടു അതിശയിച്ചു; ഇവൾ നൊവൊമിയോ എന്നു സ്ത്രീജനം പറഞ്ഞു.20അവൾ അവരോടു പറഞ്ഞത്: നൊവൊമി എന്നല്ല മാറാ എന്നു എന്നെ വിളിപ്പിൻ; സർവ്വശക്തൻ എന്നോടു ഏറ്റവും കൈപ്പായി ഇടപെട്ടിരിക്കുന്നു.21ഞാൻ എല്ലാം ഉള്ളവളായി പോയി, ഒന്നുമില്ലാത്തവളായി യഹോവ എന്നെ മടക്കിവരുത്തിയിരിക്കുന്നു; യഹോവ എനിക്കു വിരോധമായി സാക്ഷീകരിക്കയും സർവ്വശക്തൻ എന്നെ ദുഃഖിപ്പിക്കയും ചെയ്തിരിക്കെ നിങ്ങൾ എന്നെ നൊവൊമി എന്നു വിളിക്കുന്നതു എന്ത്?
22ഇങ്ങനെ നൊവൊമിയും മോവാബ്യസ്ത്രീയായ രൂത്ത് എന്ന മരുമകളും കൂടി മോവാബ് ദേശത്തു നിന്നു യവക്കൊയ്ത്തിന്റെ ആരംഭത്തിൽ ബേത്ത്ളഹേമിൽ എത്തി.

2

1നൊവൊമിക്കു തന്റെ ഭർത്താവായ എലീമേലെക്കിന്റെ കുടുംബത്തിൽ മഹാധനവാനായ ഒരു ബന്ധു ഉണ്ടായിരുന്നു; അവന് ബോവസ് എന്നു പേർ.2മോവാബ്യസ്ത്രീയായ രൂത്ത് നൊവൊമിയോട്: എന്നോടു ദയ കാണിക്കുന്നവന്റെ വയലിൽ ചെന്ന് കതിർ പെറുക്കട്ടെ എന്നു ചോദിച്ചു. പൊയ്ക്കൊൾക മകളേ എന്നു അവൾ അവളോടു പറഞ്ഞു.

3അങ്ങനെ അവൾ വയലിൽ കൊയ്ത്തുകാരുടെ പിന്നാലെ നടന്നു പെറുക്കി; എലീമേലെക്കിന്റെ കുടുംബക്കാരനായ ബോവസിന്റെ വയലിൽ ആയിരുന്നു അവൾ എത്തിച്ചേരാൻ ഇടയായത്.4അപ്പോൾ ഇതാ, ബോവസ് ബേത്ത്ലെഹേമിൽനിന്നു വന്ന് കൊയ്ത്തുകാരോട്: യഹോവ നിങ്ങളോടുകൂടെ ഇരിക്കട്ടെ എന്നു പറഞ്ഞു. യഹോവ നിന്നെ അനുഗ്രഹിക്കട്ടെ എന്നു അവർ അവനോടും പറഞ്ഞു.
5കൊയ്ത്തുകാരുടെ ചുമതലയുള്ള ദാസനോട്: ഈ യുവതി ഏത് എന്നു ബോവസ് ചോദിച്ചു.6അതിന് ആ ദാസൻ: ഇവൾ മോവാബ് ദേശത്തുനിന്നു നൊവൊമിയോടുകൂടെ വന്ന മോവാബ്യയുവതിയാകുന്നു;7ഞാൻ കൊയ്ത്തുകാരുടെ പിന്നാലെ കറ്റകളുടെ ഇടയിൽ പെറുക്കിക്കൊള്ളട്ടെ എന്നു അവൾ ചോദിച്ചു; അല്പനേരം വീട്ടിൽ വിശ്രമിച്ചു എങ്കിലും അവൾ രാവിലെ മുതൽ ഇപ്പോൾ വരെ പെറുക്കിക്കൊണ്ടിരിക്കുന്നു എന്നുത്തരം പറഞ്ഞു.
8ബോവസ് രൂത്തിനോടു: കേട്ടോ മകളേ, പെറുക്കുവാൻ വേറൊരു വയലിൽ പോകണ്ടാ; ഇവിടം വിടുകയും വേണ്ടാ; ഇവിടെ എന്റെ ബാല്യക്കാരത്തികളോടു ചേർന്നുകൊൾക.9അവർ കൊയ്യുന്ന നിലത്തിന്മേൽ ശ്രദ്ധവച്ച് അവരുടെ പിന്നാലെ പൊയ്ക്കൊൾക; ബാല്യക്കാർ നിന്നെ തൊടരുതെന്ന് ഞാൻ അവരോടു കല്പിച്ചിട്ടുണ്ടല്ലോ? നിനക്കു ദാഹിക്കുമ്പോൾ പാത്രങ്ങൾക്കരികെ ചെന്നു ബാല്യക്കാർ കോരിവച്ചതിൽനിന്ന് കുടിച്ചുകൊൾക എന്ന് പറഞ്ഞു.
10എന്നാറെ അവൾ നിലത്തു കവിണ്ണുവീണു നമസ്കരിച്ചു കൊണ്ടു അവനോട്: അന്യദേശക്കാരത്തി ആയ എന്നെ കരുതിയതും എന്നോടു ദയ കാണിച്ചതും എന്തുകൊണ്ട് എന്നു ചോദിച്ചു.11ബോവസ് അവളോടു: നിന്റെ ഭർത്താവിന്റെ മരണശേഷം നീ നിന്റെ അമ്മാവിയമ്മെക്കു ചെയ്തിരിക്കുന്നതും നിന്റെ അപ്പനെയും അമ്മയെയും സ്വന്ത ദേശത്തെയും വിട്ടു, മുമ്പെ അറിയാത്ത ഒരു ജനത്തിന്റെ അടുക്കൽ വന്നിരിക്കുന്നതുമായ വിവരമൊക്കെയും ഞാൻ കേട്ടിരിക്കുന്നു.12നിന്റെ പ്രവൃത്തിക്കു യഹോവ പകരം നൽകുമാറാകട്ടെ; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ചിറകിൻകീഴിൽ നീ ആശ്രയിച്ചുവന്നിരിക്കുന്നതു കൊണ്ട് അവിടുന്ന് നിനക്കു പൂർണ്ണപ്രതിഫലം തരുമാറാകട്ടെ എന്നുത്തരം പറഞ്ഞു.
13അതിന് അവൾ: യജമാനനേ, നിന്റെ ദാസിമാരിൽ ഒരുത്തിയെപ്പോലെയല്ല എങ്കിലും നീ എന്നെ ആശ്വസിപ്പിക്കുകയും അടിയനോടു ദയവോടെ സംസാരിക്കുകയും ചെയ്യുവാൻ തക്കവണ്ണം എന്നോടു നിനക്ക് കൃപ തോന്നിയല്ലോ.
14ഭക്ഷണസമയത്തു ബോവസ് അവളോട്: ഇവിടെ വന്നു ഭക്ഷണം കഴിക്ക; അപ്പക്കഷണം ചാറിൽ മുക്കിക്കൊൾക എന്നു പറഞ്ഞു. അങ്ങനെ അവൾ കൊയ്ത്തുകാരുടെ അരികെ ഇരുന്നു; അവൻ അവൾക്കു മലർ കൊടുത്തു; അവൾ തിന്നു തൃപ്തയായി ശേഷിപ്പിക്കുകയും ചെയ്തു.
15അവൾ പെറുക്കുവാൻ എഴുന്നേറ്റപ്പോൾ ബോവസ് തന്റെ ബാല്യക്കാരോടു: അവൾ കറ്റകളുടെ ഇടയിൽതന്നേ പെറുക്കിക്കൊള്ളട്ടെ; അവളെ ശകാരിക്കരുത്.16കൂടാതെ, പെറുക്കേണ്ടതിന്നു അവൾക്കായിട്ട് കറ്റകളിൽനിന്നു മാറ്റിയിട്ടേക്കണം; അവളെ ശാസിക്കരുത് എന്നും കല്പിച്ചു.
17ഇങ്ങനെ അവൾ വൈകുന്നേരംവരെ പെറുക്കി; അതു മെതിച്ചപ്പോൾ ഏകദേശം ഒരുപറ യവം ഉണ്ടായിരുന്നു.18അവൾ അതു എടുത്തുകൊണ്ടു പട്ടണത്തിലേക്കു പോയി; അവൾ പെറുക്കിക്കൊണ്ടുവന്നത് അമ്മാവിയമ്മ കണ്ടു; താൻ തിന്നു ശേഷിപ്പിച്ചിരുന്നതും അവൾ എടുത്തു അവൾക്കു കൊടുത്തു.
19അമ്മാവിയമ്മ അവളോടു: നീ ഇന്നു എവിടെയായിരുന്നു പെറുക്കിയത്? എവിടെയായിരുന്നു വേല ചെയ്തത്? നിന്നോടു ആദരവു കാണിച്ചവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്ന് പറഞ്ഞു. താൻ ബോവസ് എന്നൊരു ആളുടെ അടുക്കലായിരുന്നു ഇന്നു വേല ചെയ്തത് എന്നു അവൾ പറഞ്ഞു.20നൊവൊമി മരുമകളോട്: ജീവനുള്ളവരോടും മരിച്ചവരോടും ദയ മാറ്റാതിരിക്കുന്ന യഹോവയാൽ അവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്നു പറഞ്ഞു. അയാൾ നമ്മുടെ ബന്ധുവും വീണ്ടെടുപ്പുകാരിൽ ഒരുവനും ആകുന്നു എന്നും നൊവൊമി അവളോടു പറഞ്ഞു.
21എന്റെ ബാല്യക്കാർ കൊയ്ത്തെല്ലാം തീർക്കുവോളം അവരോടു ചേന്നിരിക്കുക എന്നു കൂടെ അവൻ എന്നോടു പറഞ്ഞു എന്നു മോവാബ്യസ്ത്രീയായ രൂത്ത് പറഞ്ഞു.22നൊവൊമി തന്റെ മരുമകളായ രൂത്തിനോട്: മകളേ, വെറൊരു വയലിൽവച്ച് ആരും നിന്നെ ഉപദ്രവിക്കാതിരിക്കേണ്ടതിന് നീ അവന്റെ ബാല്യക്കാരത്തികളോടു കൂടെ തന്നെ പോകുന്നതു നല്ലത് എന്നു പറഞ്ഞു.
23അങ്ങനെ അവൾ യവക്കൊയ്ത്തും ഗോതമ്പുകൊയ്ത്തും തീരുവോളം പെറുക്കുവാൻ ബോവസിന്റെ ബാല്യക്കാരത്തികളോടു ചേർന്നിരിക്കയും അമ്മാവിയമ്മയോടുകൂടെ പാർക്കയും ചെയ്തു.

3

1അനന്തരം അവളുടെ അമ്മാവിയമ്മയായ നൊവൊമി അവളോടു പറഞ്ഞത്: മകളേ, നിന്റെ നന്മക്കു വേണ്ടി ഞാൻ നിനക്ക് ഒരു വിശ്രാമസ്ഥലം അന്വേഷിക്കേണ്ടയോ?2നീ ചേർന്നിരുന്ന ബാല്യക്കാരത്തികളുടെ യജമാനനായ ബോവസ് നമ്മുടെ ബന്ധു അല്ലയോ? അവൻ ഇന്നു രാത്രി കളത്തിൽ യവം പാറ്റുന്നു.

3ആകയാൽ നീ കുളിച്ചു തൈലം പൂശി നല്ല വസ്ത്രം ധരിച്ചു കളത്തിൽ ചെല്ലുക; എന്നാൽ അയാൾ തിന്നു കുടിച്ചു കഴിയുംവരെ നിന്നെ കാണരുത്.4അവൻ ഉറങ്ങുവാൻ പോകുമ്പോൾ കിടക്കുന്ന സ്ഥലം മനസ്സിലാക്കുക; എന്നിട്ട് അവന്റെ കാലിലെ പുതപ്പു മാറ്റി അവിടെ കിടന്നുകൊൾക; എന്നാൽ നീ എന്തു ചെയ്യേണമെന്നു അവൻ നിനക്കു പറഞ്ഞുതരും.5അതിന്നു അവൾ: നീ പറയുന്നതൊക്കെയും ഞാൻ ചെയ്യാം എന്നു അവളോടു പറഞ്ഞു.
6അങ്ങനെ അവൾ കളത്തിൽ ചെന്ന് അമ്മാവിയമ്മ പറഞ്ഞതുപോലെ ഒക്കെയും ചെയ്തു.7ബോവസ് തിന്ന് കുടിച്ച് സന്തോഷഭരിതനായി , യവക്കൂമ്പാരത്തിന്റെ ഒരു വശത്ത് ചെന്ന് കിടന്നു; അവളും സാവധാനം ചെന്ന് അവന്റെ കാലിന്മേലുള്ള പുതപ്പു മാറ്റി അവിടെ കിടന്നു.
8അർദ്ധരാത്രിയിൽ അവൻ ഞെട്ടിത്തിരിഞ്ഞു, തന്റെ കാല്ക്കൽ ഒരു സ്ത്രീ കിടക്കുന്നത് കണ്ടു. നീ ആരാകുന്നു എന്നു അവൻ ചോദിച്ചു.9ഞാൻ നിന്റെ ദാസിയായ രൂത്ത്; നിന്റെ പുതപ്പ് അടിയന്റെ മേൽ ഇടേണമേ; നീ അടുത്ത വീണ്ടെടുപ്പുകാരനാണല്ലോ എന്ന് അവൾ പറഞ്ഞു.
10അതിന് അവൻ പറഞ്ഞതു: മകളേ, നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവൾ; ദരിദ്രന്മാരോ ധനവാന്മാരോ ആയ യൗവനക്കാരെ നീ പിന്തുടരാതിരിക്കുകയാൽ തുടക്കത്തേക്കാളും അധികം ദയ ഒടുവിൽ കാണിച്ചിരിക്കുന്നു.11ആകയാൽ മകളേ ഭയപ്പെടേണ്ടാ; നീ ചോദിക്കുന്നതൊക്കെയും ഞാൻ ചെയ്തുതരാം; നീ സ്വഭാവഗുണമുള്ള സ്ത്രീ എന്നു എന്റെ ജനമായ പട്ടണക്കാർക്ക് എല്ലാവർക്കും അറിയാം.
12ഞാൻ നിന്റെ അടുത്ത ബന്ധു എന്നതു സത്യം തന്നേ; എങ്കിലും എന്നെക്കാൾ അടുത്ത ബന്ധുവായ ഒരു വീണ്ടെടുപ്പുകാരൻ നിനക്ക് ഉണ്ട്.13ഈ രാത്രി താമസിക്ക; നാളെ അവൻ നിനക്കു വീണ്ടെടുപ്പുകാരന്റെ ചുമതല നിർവഹിച്ചാൽ നന്ന്; അവൻ അതു ചെയ്യട്ടെ; അത് നിർവഹിപ്പാൻ അവന് മനസ്സില്ലെങ്കിലോ യഹോവയാണ ഞാൻ നിനക്കു ആ ചുമതല നിർവഹിച്ചുതരും; രാവിലെവരെ കിടന്നുകൊൾക.
14അങ്ങനെ അവൾ രാവിലെവരെ അവന്റെ കാല്ക്കൽ കിടന്നു; ഒരു സ്ത്രീ കളത്തിൽ വന്നത് ആരും അറിയരുതെന്നു അവൻ പറഞ്ഞിരുന്നതുകൊണ്ട് ആളറിയാറാകുംമുമ്പെ അവൾ എഴുന്നേറ്റു.15നീ പുതച്ചിരിക്കുന്ന പുതപ്പു കൊണ്ടുവന്നു പിടിക്ക എന്നു അവൻ പറഞ്ഞു. അവൾ അതു പിടിച്ചപ്പോൾ അവൻ ആറു പറ യവം അതിൽ അളന്നുകൊടുത്തു; അവൾ പട്ടണത്തിലേക്കു പോയി.
16അവൾ അമ്മാവിയമ്മയുടെ അടുക്കൽ വന്നപ്പോൾ: നിന്റെ കാര്യം എന്തായി മകളേ എന്നു അവൾ ചോദിച്ചു; അയാൾ തനിക്കു ചെയ്തതൊക്കെയും അവൾ അറിയിച്ചു.17അമ്മാവിയമ്മയുടെ അടുക്കൽ വെറും കയ്യോടെ പോകരുത് എന്നു അവൻ എന്നോടു പറഞ്ഞു ഈ ആറു പറ യവവും എനിക്കു തന്നു എന്ന് അവൾ പറഞ്ഞു.18അതിന് അവൾ: എന്റെ മകളേ, ഈ കാര്യം എന്താകുമെന്ന് അറിയുവോളം നീ അനങ്ങാതിരിക്ക; ഇതിനു പരിഹാരം കാണുന്നതുവരെ അയാൾ സ്വസ്ഥമായിരിക്കയില്ല എന്നു പറഞ്ഞു.

4

1അനന്തരം ബോവസ് പട്ടണവാതില്ക്കൽ ചെന്ന് അവിടെ ഇരുന്നു; ബോവസ് പറഞ്ഞിരുന്ന ബന്ധുവായ വീണ്ടെടുപ്പുകാരൻ കടന്നുപോകുന്നത് കണ്ടു: സ്നേഹിതാ, വന്ന് ഇവിടെ ഇരിക്ക എന്നു അവനോടു പറഞ്ഞു. അവൻ ചെന്നു അവിടെ ഇരുന്നു.2പിന്നെ അവൻ പട്ടണത്തിലെ മൂപ്പന്മാരിൽ പത്തു പേരെ വരുത്തി; ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു; അവരും ഇരുന്നു.

3അപ്പോൾ അവൻ ആ ബന്ധുവായ വീണ്ടെടുപ്പുകാരനോട് പറഞ്ഞത്: മോവാബ് ദേശത്തു നിന്നു മടങ്ങിവന്നിരിക്കുന്ന നൊവൊമി നമ്മുടെ സഹോദരനായ എലീമേലെക്കിന്റെ വയൽ വില്ക്കുന്നു. ആകയാൽ നിന്നോടു അതു അറിയിപ്പാൻ ഞാൻ വിചാരിച്ചു; ഇവിടെ ഇരിക്കുന്നവരുടെയും ജനത്തിന്റെ മൂപ്പന്മാരുടെയും മുമ്പാകെ നീ അതു വിലെക്കു വാങ്ങുക;4നിനക്കു വീണ്ടെടുപ്പാൻ മനസ്സുണ്ടെങ്കിൽ വീണ്ടെടുക്കുക; ഇല്ലെങ്കിൽ ഞാൻ അറിയേണ്ടതിന്ന് എന്നോടു പറയുക; നീയും നീ കഴിഞ്ഞാൽ ഞാനും അല്ലാതെ വീണ്ടെടുപ്പാൻ മറ്റാരുമില്ല.
5അതിന് അവൻ: ഞാൻ വീണ്ടെടുക്കാം എന്ന് പറഞ്ഞു. അപ്പോൾ ബോവസ്: നീ നൊവൊമിയോടു വയൽ വാങ്ങുമ്പോൾ തന്നെ, മരിച്ചവന്റെ പേർ അവന്റെ അവകാശത്തിന്മേൽ നിലനിർത്തേണ്ടതിന് അത് അവന്റെ ഭാര്യ മോവാബ്യസ്ത്രീയായ രൂത്തിനെയും വാങ്ങണം എന്നു പറഞ്ഞു.6അതിന് ആ അടുത്ത വീണ്ടെടുപ്പുകാരൻ: എനിക്കു അതു വീണ്ടെടുപ്പാൻ കഴിയുകയില്ല; അല്ലെങ്കിൽ എന്റെ സ്വന്ത അവകാശം നഷ്ടപ്പെടുത്തേണ്ടിവരും; ആകയാൽ ഞാൻ വീണ്ടെടുക്കേണ്ടത് നീ വീണ്ടെടുത്തുകൊള്ളുക; എന്തെന്നാൽ എനിക്കു വീണ്ടെടുക്കുവാൻ കഴിയുകയില്ല എന്നു പറഞ്ഞു.
7എന്നാൽ വീണ്ടെടുപ്പും കൈമാറ്റവും സംബന്ധിച്ചുള്ള കാര്യത്തിന്റെ ഉറപ്പിനായി ഒരുവൻ തന്റെ കാലിലെ ചെരിപ്പൂരി മറ്റേയാൾക്ക് കൊടുക്കുന്നത് യിസ്രായേലിലെ പഴയ ആചാരം ആയിരുന്നു; ഇത് ഉറപ്പിനു വേണ്ടി യിസ്രായേലിൽ ചെയ്തിരുന്നു.8അങ്ങനെ ആ വീണ്ടെടുപ്പുകാരൻ ബോവസിനോട്: നീ അത് വാങ്ങിക്കൊള്ളുക എന്നു പറഞ്ഞ് തന്റെ ചെരിപ്പൂരിക്കൊടുത്തു.
9അപ്പോൾ ബോവസ് മൂപ്പന്മാരോടും സകല ജനത്തോടും പറഞ്ഞത്: എലീമേലെക്കിനും കില്യോന്നും മഹ്ലോന്നും ഉള്ളതൊക്കെയും ഞാൻ നൊവൊമിയോടു വാങ്ങിയിരിക്കുന്നു എന്നതിന് നിങ്ങൾ ഇന്നു സാക്ഷികൾ ആകുന്നു.10അത്രയുമല്ല, മരിച്ചവന്റെ അവകാശം നിലനിർത്തുന്നതിനും അവന്റെ പേർ സഹോദരന്മാരുടെ ഇടയിൽനിന്നും അവന്റെ സ്ഥാനം പട്ടണവാതില്ക്കൽനിന്നും മാറ്റപ്പെടാതിരിക്കേണ്ടതിനും മഹ്ലോന്റെ വിധവ മോവാബ്യസ്ത്രീയായ രൂത്തിനെയും ഞാൻ ഭാര്യയായി എടുത്തിരിക്കുന്നു എന്നതിന്നും നിങ്ങൾ ഇന്നു സാക്ഷികൾ ആകുന്നു.
11അതിന് പട്ടണവാതില്ക്കൽ ഇരുന്ന സകലജനവും മൂപ്പന്മാരും പറഞ്ഞത്: ഞങ്ങൾ സാക്ഷികൾ തന്നേ; നിന്റെ ഭവനത്തിൽ വന്നിരിക്കുന്ന സ്ത്രീയെ യിസ്രയേൽ ഗൃഹം പണിത റാഹേലിനെപ്പോലെയും ലേയയെപ്പോലെയും യഹോവ ആക്കിത്തീർക്കട്ടെ ; നീ ബേത്ത്ളഹേമിൽ , പ്രസിദ്ധനാകയും, എഫ്രാത്തയിൽ അഭിവൃദ്ധിപ്പെടുകയും ചെയ്യട്ടെ12ഈ യുവതിയിൽനിന്നു യഹോവ നിനക്കു നല്കുന്ന സന്തതിയാൽ നിന്റെ ഗൃഹം താമാർ യെഹൂദെക്കു പ്രസവിച്ച ഫേരെസിന്റെ ഗൃഹം പോലെ ആയ്തീരട്ടെ.
13ഇങ്ങനെ ബോവസ് രൂത്തിനെ ഭാര്യയായി സ്വീകരിച്ചു; അവൻ അവളുടെ അടുക്കൽ ചെന്നപ്പോൾ യഹോവ അവൾക്കു ഗർഭം നല്കി; അവൾ ഒരു മകനെ പ്രസവിച്ചു.14അതിന് സ്ത്രീകൾ നൊവൊമിയോട്: ഇന്നു നിന്നെ ഉപേക്ഷിക്കാതെ നിനക്കു ഒരു വീണ്ടെടുപ്പുകാരനെ നൽകിയ യഹോവ വാഴ്ത്തപ്പെട്ടവൻ; അവന്റെ പേർ യിസ്രായേലിൽ പ്രസിദ്ധമാകട്ടെ .15അവൻ നിനക്ക് ആശ്വാസപ്രദനും നിന്റെ വാർദ്ധക്യത്തിങ്കൽ നിന്നെ പോഷിപ്പിക്കുന്നവനും ആകട്ടെ. നിന്നെ സ്നേഹിക്കുന്നവളും ഏഴു പുത്രന്മാരെക്കാൾ നിനക്കു നല്ലവളുമായ നിന്റെ മരുമകളല്ലോ അവനെ പ്രസവിച്ചത് എന്ന് പറഞ്ഞു.
16അങ്ങനെ നൊവൊമി കുഞ്ഞിനെ എടുത്ത് മടിയിൽ കിടത്തി അവന് ശുശ്രൂഷകയായിത്തീർന്നു.17അവളുടെ അയല്ക്കാരത്തികൾ: നൊവൊമിക്കു ഒരു മകൻ ജനിച്ചു എന്നു പറഞ്ഞു അവന് ഓബേദ് എന്നു പേർ വിളിച്ചു; ദാവീദിന്റെ അപ്പനായ യിശ്ശായിയുടെ അപ്പൻ ഇവൻ തന്നേ.

18ഫേരെസിന്റെ വംശപാരമ്പര്യം ഇപ്രകാരമാണ്: ഫേരെസ് ഹെസ്രോനെ ജനിപ്പിച്ചു. ഹെസ്രോൻ രാമിനെ ജനിപ്പിച്ചു.19രാം അമ്മീനാദാബിനെ ജനിപ്പിച്ചു.20അമ്മീനാദാബ് നഹശോനെ ജനിപ്പിച്ചു; നഹശോൻ സല്മോനെ ജനിപ്പിച്ചു.21സല്മോൻ ബോവസിനെ ജനിപ്പിച്ചു; ബോവസ് ഓബേദിനെ ജനിപ്പിച്ചു.22ഓബേദ് യിശ്ശായിയെ ജനിപ്പിച്ചു; യിശ്ശായി ദാവീദിനെ ജനിപ്പിച്ചു.

ശമൂവേൽ: ഒന്നാം പുസ്തകം

1

1എഫ്രയീം മലനാട്ടിലെ രാമാഥയീം-സോഫീമിൽ എല്ക്കാനാ എന്നൊരാൾ ജീവിച്ചിരുന്നു; അവൻ യെരോഹാമിന്റെ മകൻ ആയിരുന്നു; യെരോഹാമിന്റെ പിതാവ് എലീഹൂ . എലീഹൂവിന്റെ പിതാവ് തോഹൂ. എഫ്രയീമ്യനായ സൂഫിന്റെ മകനായിരുന്നു തോഹൂ.2എല്ക്കാനയ്ക്ക് രണ്ടു ഭാര്യമാർ ഉണ്ടായിരുന്നു; ഹന്നായും പെനിന്നായും.പെനിന്നായ്ക്ക് മക്കൾ ഉണ്ടായിരുന്നു; ഹന്നായ്ക്ക് മക്കൾ ഇല്ലായിരുന്നു.

3അവൻ സൈന്യങ്ങളുടെ യഹോവയെ നമസ്കരിക്കുവാനും യാഗം അർപ്പിക്കുവാനും തന്റെ പട്ടണത്തിൽനിന്ന് എല്ലാ വർഷവും ശീലോവിലേക്ക് പോകുമായിരുന്നു; ഏലിയുടെ രണ്ടു പുത്രന്മാരായ യഹോവയുടെ പുരോഹിതന്മാരായിരുന്ന ഹൊഫ്നിയും ഫീനെഹാസും അവിടെ ഉണ്ടായിരുന്നു.4എല്ക്കാനാ യാഗം കഴിക്കുമ്പോഴെല്ലാം തന്റെ ഭാര്യയായ പെനിന്നായ്ക്കും അവളുടെ എല്ലാ പുത്രന്മാർക്കും പുത്രിമാർക്കും ഓഹരി1 കൊടുക്കും.
5അവൻ ഹന്നായെ സ്നേഹിച്ചിരുന്നത് കൊണ്ട് ഇരട്ടി ഓഹരി കൊടുക്കും. എന്നാൽ യഹോവ അവൾക്ക് മക്കളെ നല്കിയിരുന്നില്ല.6യഹോവ അവളുടെ ഗർഭം അടച്ചിരുന്നതിനാൽ പ്രതിയോഗിയായ പെനിന്നാ അവളെ വ്യസനിപ്പിക്കത്തക്കവണ്ണം പ്രകോപിപ്പിച്ചു.
7ഹന്നാ യഹോവയുടെ ആലയത്തിലേക്ക് പോകുന്ന സമയത്തെല്ലാം അവൾ അങ്ങനെ ചെയ്യുമായിരുന്നു. പെനിന്നാ അവളെ പ്രകോപിപ്പിച്ചതുകൊണ്ട് അവൾ കരഞ്ഞ് പട്ടിണികിടന്നു.8അവളുടെ ഭർത്താവായ എല്ക്കാനാ അവളോട്: “ഹന്നേ, നീ എന്തിന് കരയുന്നു? എന്തിന് പട്ടിണികിടക്കുന്നു? നീ വ്യസനിക്കുന്നത് എന്ത്? ഞാൻ നിനക്ക് പത്ത് പുത്രന്മാരേക്കാൾ നല്ലതല്ലയോ” എന്നു പറഞ്ഞു.
9അവർ ശീലോവിൽവച്ച് തിന്നുകയും കുടിക്കയും ചെയ്തശേഷം ഹന്നാ എഴുന്നേറ്റ് പോയി. പുരോഹിതനായ ഏലി യഹോവയുടെ മന്ദിരത്തിന്റെ വാതില്ക്കൽ ഒരു പീഠത്തിൽ ഇരിക്കുകയായിരുന്നു.10അവൾ ഹൃദയവേദനയോടെ യഹോവയോട് പ്രാർത്ഥിച്ച് വളരെ കരഞ്ഞു.
11അവൾ ഒരു നേർച്ചനേർന്നു2 ; സൈന്യങ്ങളുടെ യഹോവേ, അടിയന്റെ3 സങ്കടം നോക്കി അടിയനെ ഓർക്കുകയും, അടിയനെ മറക്കാതെ ഒരു പുത്രനെ നല്കുകയും ചെയ്താൽ, അടിയൻ അവനെ അവന്റെ ആയുഷ്ക്കാലം മുഴുവനും യഹോവയ്ക്ക് കൊടുക്കും; അവന്റെ തലമുടി ഒരിക്കലും ക്ഷൗരം ചെയ്യുകയില്ലാ എന്നു പറഞ്ഞു.
12ഇങ്ങനെ അവൾ യഹോവയുടെ സന്നിധിയിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ഏലി അവളുടെ മുഖം സൂക്ഷിച്ചു നോക്കി.13ഹന്നാ ഹൃദയം കൊണ്ട് സംസാരിച്ചതിനാൽ അവളുടെ അധരം അനങ്ങിയത് മാത്രമാണ് ഏലി കണ്ടത്. ശബ്ദം കേൾക്കാനില്ലായിരുന്നു; അതുകൊണ്ട് അവൾക്കു ലഹരിപിടിച്ചിരിക്കുന്നു എന്ന് ഏലിക്കു തോന്നിപ്പോയി.14ഏലി അവളോട്:“ നീ എത്ര നേരം ഇങ്ങനെ ലഹരിപിടിച്ചിരിക്കും? നീ വീഞ്ഞ് ഇറങട്ടെ” എന്ന് പറഞ്ഞു.
15അതിന് ഹന്നാ ഉത്തരം പറഞ്ഞത്: അങ്ങനെയല്ല, യജമാനനേ; ഞാൻ മനോവ്യസനമുള്ളൊരു സ്ത്രീ; ഞാൻ വീഞ്ഞോ മദ്യമോ കുടിച്ചിട്ടില്ല; യഹോവയുടെ സന്നിധിയിൽ എന്റെ ഹൃദയം പകരുക ആണ് ചെയ്തത്.16അടിയനെ ഒരു നീചസ്ത്രീയായി വിചാരിക്കരുതേ; അടിയൻ അത്യധികമായ സങ്കടവും വ്യസനവും കൊണ്ടാകുന്നു സംസാരിച്ചത്.
17അതിന് ഏലി: “നീ സമാധാനത്തോടെ പോക; യിസ്രായേലിന്റെ ദൈവത്തോടുള്ള നിന്റെ അപേക്ഷ അവിടുന്ന് നിനക്കു നല്കുമാറാകട്ടെ” എന്ന് ഉത്തരം പറഞ്ഞു.18അടിയന് അങ്ങയുടെ കൃപ ലഭിക്കുമാറാകട്ടെ എന്ന് പറഞ്ഞ് അവൾ പോയി ഭക്ഷണം കഴിച്ചു; അവളുടെ മുഖം പിന്നെ വാടിയതുമില്ല.
19അതിനുശേഷം അവർ അതിരാവിലെഎഴുന്നേറ്റ് യഹോവയുടെ സന്നിധിയിൽ നമസ്കരിച്ചശേഷം രാമയിൽ അവരുടെ വീട്ടിലേക്ക് പോയി. എന്നാൽ എല്ക്കാനാ തന്റെ ഭാര്യയായ ഹന്നയെ പരിഗ്രഹിച്ചു; യഹോവ അവളെ ഓർത്തു.20ഒരു വർഷം കഴിഞ്ഞപ്പോൾ ഹന്നാ ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു; ഞാൻ അവനെ യഹോവയോട് അപേക്ഷിച്ചുവാങ്ങി എന്ന് പറഞ്ഞ് അവന് ശമൂവേൽ എന്ന് പേരു നൽകി.
21പിന്നെ എല്ക്കാനായും കുടുംബവും യഹോവയ്ക്ക് എല്ലാ വർഷവും ഉള്ള യാഗവും നേർച്ചയും കഴിപ്പാൻ പോയി.22എന്നാൽ ഹന്നാ കൂടെപോയില്ല; അവൾ ഭർത്താവിനോട്: “ശിശുവിന്റെ മുലകുടി മാറട്ടെ; പിന്നെ അവൻ യഹോവയുടെ സന്നിധിയിൽ എന്നും താമസിക്കേണ്ടതിന് ഞാൻ അവനെയും കൊണ്ടുപോരാം” എന്ന് പറഞ്ഞു.23എല്ക്കാനാ അവളോട്: “നിനക്ക് ഉചിതമായത് ചെയ്യുക; അവന്റെ മുലകുടി മാറുംവരെ താമസിക്കുക; യഹോവ തന്റെ വചനം നിവർത്തിക്കട്ടെ” എന്ന് പറഞ്ഞു. അങ്ങനെ ശിശുവിന്റെ മുലകുടി മാറുന്നത് വരെ അവൾ വീട്ടിൽ താമസിച്ചു
24ശിശുവിന്റെ മുലകുടി മാറിയശേഷം അവൾ മൂന്ന് വയസ്സ് പ്രായമുള്ള ഒരു കാളയും ഒരു 4 പറ മാവും ഒരു തുരുത്തി5 വീഞ്ഞുമായി അവനെ ശീലോവിൽ യഹോവയുടെ ആലയത്തിലേക്ക് കൊണ്ടുചെന്നു: ബാലനോ ചെറുപ്പമായിരുന്നു.25അവർ കാളയെ അറുത്തിട്ട് ബാലനെ ഏലിയുടെ അടുക്കൽ കൊണ്ടുചെന്നു.
26അവൾ അവനോട് പറഞ്ഞത്: “യജമാനനേ; യഹോവയോട് പ്രാർത്ഥിച്ചുകൊണ്ട് ഇവിടെ സമീപത്ത് നിന്നിരുന്ന സ്ത്രീ ഞാൻ ആകുന്നു.27ഈ ബാലന് വേണ്ടി ഞാൻ പ്രാർത്ഥിച്ചു; ഞാൻ യഹോവയോട് കഴിച്ച അപേക്ഷ യഹോവ എനിക്കു നല്കിയിരിക്കുന്നു.28അതുകൊണ്ട് ഞാൻ അവനെ യഹോവയ്ക്ക് സമർപ്പിച്ചിരിക്കുന്നു; അവൻ ജീവിതകാലം മുഴുവൻ യഹോവയ്ക്ക് സമർപ്പിതനായിരിക്കും”. അവർ അവിടെ യഹോവയെ നമസ്കരിച്ചു.


1 1:4 ഓഹരി = യാഗവസ്തുവിന്റെ ഒരു ഭാഗം.
2 1:11 നേർച്ച = യഹോവയോടുള്ള പ്രതിജ്ഞ
3 1:11 അടിയൻ = ഞാൻ എന്ന സംബോധനയുടെ ഒരു വിനയ രൂപം.
4 1:24 പറ = 10 ഇടങ്ങഴി
5 1:24 തുരുത്തി = വീഞ്ഞു സൂക്ഷിക്കുന്നതിനായി മൃഗങ്ങളുടെ തോൽ കൊണ്ടുണ്ടാക്കിയ തോൽക്കുടം

2

1അതിനുശേഷം ഹന്നാ ഇങ്ങനെ പ്രാർത്ഥിച്ചു:

“എന്റെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു;
എന്റെ ശിരസ്സ് യഹോവയാൽ ഉയൎന്നിരിക്കുന്നു; ;
അങയുടെ രക്ഷയിൽ ഞാൻ സന്തോഷിക്കുന്നതുകൊണ്ട് ;
ഞാൻ എന്റെ വായ് ശത്രുക്കളുടെ നേരെ വിശാലമാക്കുന്നു;
2യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല;
അങല്ലാതെ മറ്റാരുമില്ലല്ലോ;
നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയും1 ഇല്ല.
3അഹങ്കാരത്തോടെ ഇനി സംസാരിക്കരുത് ;
നിങ്ങളുടെ വായിൽനിന്ന് ഡംഭമുള്ള വാക്കുകൾ പുറപ്പെടരുത്.
യഹോവ സർവ്വജ്ഞാനമുള്ള ദൈവം;
അവിടുന്ന് പ്രവൃത്തികളെ തൂക്കിനോക്കുന്നു
4വീരന്മാരുടെ വില്ലു ഒടിഞ്ഞുപോകുന്നു;
ബലഹീനർ ശക്തി പ്രാപിക്കുന്നു.
5മുൻകാലത്ത് സമ്പന്നരായിരുന്നവർ ഇപ്പോൾ ആഹാരത്തിനായി കൂലിക്കു നില്ക്കുന്നു;
വിശന്നവർ വിശ്രമം പ്രാപിക്കുന്നു;
മച്ചി2 ഏഴു പ്രസവിക്കുന്നു;
അനേകം മക്കൾ ഉള്ളവൾക്കു ആരും ആശ്രയമില്ലാതാകുന്നു.
6യഹോവ ജീവൻ എടുക്കുകയും ജീവൻ കൊടുക്കുകയും ചെയ്യുന്നു;
പാതാളത്തിൽ ഇറക്കുകയും അവിടെ നിന്ന് തിരികെ കയറ്റുകയും ചെയ്യുന്നു.
7യഹോവ ദാരിദ്ര്യവും സമ്പത്തും നല്കുന്നു;
അവിടുന്ന് താഴ്ത്തുകയും ഉയർത്തുകയും ചെയ്യുന്നു.
8യഹോവ ദരിദ്രനെ പൊടിയിൽനിന്നു ഉയർത്തുന്നു;
അഗതിയെ കുപ്പ3 യിൽനിന്ന് എഴുന്നേല്പിക്കുന്നു;
പ്രഭുക്കന്മാരോടുകൂടെ ഇരുത്തുവാനും മഹത്വ സിംഹാസനം അവകാശമായി നല്കുവാനും തന്നേ.
ഭൂമിയുടെ അടിസ്ഥാനങ്ങൾ യഹോവയ്ക്കുള്ളവ;
ഭൂമണ്ഡലത്തെ അവയുടെമേൽ ഉറപ്പിച്ചിരിക്കുന്നു.
9തന്റെ വിശുദ്ധന്മാരുടെ കാലുകളെ യഹോവ കാക്കുന്നു;
ദുഷ്ടന്മാർ അന്ധകാരത്തിൽ നിശബ്ദരാകുന്നു;
സ്വന്ത ശക്തിയാൽ ആരും ജയിക്കുകയില്ല.
10യഹോവയോടു എതിർക്കുന്നവൻ തകർന്നു പോകുന്നു;
അവിടുന്ന് ആകാശത്തുനിന്ന് അവരുടെമേൽ ഇടി വെട്ടിക്കുന്നു.
യഹോവ ഭൂമിയെ മുഴുവൻ വിധിക്കുന്നു;
തന്റെ രാജാവിന് ശക്തി കൊടുക്കുന്നു;
തന്റെ അഭിഷിക്തന്റെ ശിരസ്സ് ഉയർത്തുന്നു.”
11പിന്നെ എല്ക്കാനാ രാമയിൽ തന്റെ വീട്ടിലേക്കു പോയി. ബാലൻ പുരോഹിതനായ ഏലിയുടെ മുമ്പിൽ യഹോവയ്ക്ക് ശുശ്രൂഷ ചെയ്തുവന്നു.

12എന്നാൽ ഏലിയുടെ പുത്രന്മാർ ദുഷ്പ്രവർത്തി ചെയ്യുന്നവരും യഹോവയെ ഓർക്കാത്തവരും ആയിരുന്നു.13ഈ പുരോഹിതന്മാർ ജനത്തോട് ഇപ്രകാരം ചെയ്തു: ആരെങ്കിലും യാഗം കഴിക്കുമ്പോൾ, മാംസം വേവിക്കുന്ന സമയത്ത് പുരോഹിതന്റെ ബാല്യക്കാരൻ കയ്യിൽ മുപ്പല്ലിയുമായി4 വന്ന്14കലത്തിലോ ഉരുളിയിലോ കുട്ടകത്തിലോ ചട്ടിയിലോ കുത്തും; മുപ്പല്ലിയിൽ പിടിച്ചതെല്ലാം പുരോഹിതൻ എടുക്കും. ശീലോവിൽ വരുന്ന എല്ലാ യിസ്രായേല്യരോടും അവർ അങ്ങനെ ചെയ്യും.
15മേദസ്സു്5 ദഹിപ്പിക്കുംമുമ്പെ പുരോഹിതന്റെ ബാല്യക്കാരൻ വന്ന് യാഗം കഴിക്കുന്നവനോടു: പുരോഹിതന് വറുക്കുന്നതിന് മാംസം തരിക; പച്ചമാംസമല്ലാതെ വേവിച്ചത് അവൻ വാങ്ങുകയില്ല എന്ന് പറയും.16മേദസ്സ് ദഹിപ്പിച്ചുകഴിയട്ടെ; അതിന്റെശേഷം നീ ആഗ്രഹിക്കുന്നേടത്തോളം എടുത്തുകൊൾക എന്ന് യാഗം കഴിക്കുന്നവൻ പറഞ്ഞാൽ ബാല്യക്കാരൻ അവനോട്: അല്ല, ഇപ്പോൾ തന്നേ തരണം; അല്ലെങ്കിൽ ഞാൻ ബലമായി എടുക്കും എന്ന് പറയും.17ഇങ്ങനെ ഏലിയുടെ പുത്രന്മാർ യഹോവയുടെ വഴിപാടിനെ നിന്ദിച്ചതുകൊണ്ടു അവരുടെ പാപം യഹോവയുടെ സന്നിധിയിൽ ഏറ്റവും വലിയതായിരുന്നു.

18എന്നാൽ ശമൂവേൽ എന്ന ബാലനോ പഞ്ഞിനൂൽ കൊണ്ടുള്ള അങ്കി ധരിച്ച് യഹോവയുടെ സന്നിധിയിൽ ശുശ്രൂഷ ചെയ്തുവന്നു.19ശമുവേലിന്റെ അമ്മ എല്ലാ വർഷവും ഒരു ചെറിയ അങ്കി ഉണ്ടാക്കും. തന്റെ ഭർത്താവിനോടുകൂടെ എല്ലാ വർഷവുമുള്ള യാഗം അർപ്പിക്കുവാൻ വരുമ്പോൾ അത് ശമുവേലിന് കൊണ്ടുവന്ന് കൊടുക്കും.
20എന്നാൽ ഏലി എല്ക്കാനയെയും അവന്റെ ഭാര്യയെയും അനുഗ്രഹിച്ചു; “ഈ സ്ത്രീ യഹോവയ്ക്ക് സമർപ്പിച്ച ബാലന് പകരം, യഹോവ അവളിൽ നിന്ന് നിനക്ക് മക്കളെ നല്കുമാറാകട്ടെ” എന്ന് പറഞ്ഞു. പിന്നെ അവർ തങ്ങളുടെ വീട്ടിലേക്ക് പോയി.21യഹോവ ഹന്നായെ അനുഗ്രഹിച്ചു; അവൾ ഗർഭംധരിച്ച് മൂന്നു പുത്രന്മാരെയും രണ്ടു പുത്രിമാരെയും പ്രസവിച്ചു. ശമൂവേൽബാലൻ യഹോവയുടെ സന്നിധിയിൽ വളർന്നു.

22ഏലി വൃദ്ധനായി. അവന്റെ പുത്രന്മാർ എല്ലാ യിസ്രായേൽ മക്കളോടും ചെയ്യുന്നതിനെക്കുറിച്ചും, സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ സേവ ചെയ്യുന്ന സ്ത്രീകളോടുകൂടെ ശയിക്കുന്നതിനെക്കുറിച്ചും അവൻ കേട്ടു.23അവൻ അവരോടു: “നിങ്ങൾ ഇങ്ങനെ പ്രവർത്തിക്കുന്നത് എന്ത്? നിങ്ങളുടെ ദുഷ്പ്രവൃത്തികളെക്കുറിച്ച് ഈ ജനമൊക്കെയും പറഞ്ഞ് ഞാൻ കേൾക്കുന്നു.24അങ്ങനെ അരുത്, എന്റെ മക്കളേ, യഹോവയുടെ ജനം നിങ്ങളെക്കുറിച്ച് പരത്തുന്ന കേൾവി നന്നല്ല.
25മനുഷ്യൻ മനുഷ്യനോടു പാപം ചെയ്താൽ അവന് വേണ്ടി ദൈവത്തോടു അപേക്ഷിക്കാം; മനുഷ്യൻ യഹോവയോടു പാപം ചെയ്താലോ അവന് വേണ്ടി ആർ അപേക്ഷിക്കും എന്ന് പറഞ്ഞു. എങ്കിലും അവരെ കൊല്ലുവാൻ യഹോവ നിശ്ചയിച്ചതുകൊണ്ടു അവർ അപ്പന്റെ വാക്ക് അനുസരിച്ചില്ല.26ശമൂവേൽബാലനോ യഹോവയ്ക്കും മനുഷ്യർക്കും പ്രീതിയുള്ളവനായി വളർന്നു.

27അതിനുശേഷം ഒരു ദൈവപുരുഷൻ ഏലിയുടെ അടുക്കൽ വന്ന് അവനോടു പറഞ്ഞത്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിന്റെ പിതൃഭവനം മിസ്രയീമിൽ ഫറവോന്റെ ഗൃഹത്തിന് അടിമകളായിരുന്നപ്പോൾ ഞാൻ എന്നെ അഹരോന് വെളിപ്പെടുത്തി.28എന്റെ യാഗപീഠത്തിന്മേൽ കയറുവാനും ധൂപം കാട്ടുവാനും എന്റെ സന്നിധിയിൽ ഏഫോദ്6 ധരിക്കുവാനും ഞാൻ അവനെ യിസ്രായേലിന്റെ സകലഗോത്രത്തിൽനിന്നും എനിക്കു പുരോഹിതനായി തെരഞ്ഞെടുത്തു; യിസ്രായേൽമക്കളുടെ സകലദഹനയാഗങ്ങളെയും ഞാൻ നിന്റെ പിതൃഭവനത്തിന് കൊടുത്തു.
29തിരുനിവാസത്തിൽ അർപ്പിക്കുവാൻ ഞാൻ കല്പിച്ചിട്ടുള്ള എന്റെ യാഗവും വഴിപാടും നിങ്ങൾ നിന്ദിക്കുന്നത് എന്തിനു് ?എന്റെ ജനമായ യിസ്രായേലിന്റെ എല്ലാവഴിപാടുകളിലും പ്രധാനഭാഗംകൊണ്ടു നിങ്ങളെത്തന്നേ കൊഴുപ്പിക്കുവാൻ തക്കവണ്ണം നീ നിന്റെ പുത്രന്മാരെ എന്നെക്കാൾ ബഹുമാനിക്കുകയുംയും ചെയ്യുന്നത് എന്ത്?30അതുകൊണ്ട് യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഭവനവും നിന്റെ പിതൃഭവനവും എന്റെ സന്നിധിയിൽ നിത്യം ശുശ്രൂഷ ചെയ്യുമെന്ന് ഞാൻ കല്പിച്ചിരുന്നു നിശ്ചയം; ഇപ്പോഴോ യഹോവ അരുളിച്ചെയ്യുന്നതു: അങ്ങനെ ഒരിക്കലും ആകുകയില്ല; എന്നെ മാനിക്കുന്നവരെ ഞാൻ മാനിക്കും; എന്നെ നിന്ദിക്കുന്നവർ നിന്ദിതരാകും.
31നിന്റെ ഭവനത്തിൽ ഒരു വൃദ്ധനും ഉണ്ടാകാതവണ്ണം ഞാൻ നിന്റെയും നിന്റെ പിതൃഭവനത്തിന്റെയും ശക്തി തകർത്തുകളയുന്ന നാളുകൾ ഇതാ വരുന്നു.32യിസ്രായേലിന് ലഭിപ്പാനുള്ള എല്ലാനന്മകളുടെയും മദ്ധ്യേ നീ തിരുനിവാസത്തിൽ ഒരു എതിരാളിയെ കാണും; നിന്റെ ഭവനത്തിൽ ഒരുനാളും ഒരു വൃദ്ധനും ഉണ്ടാകുകയില്ലാ.33നിന്റെ മക്കളൊക്കെയും യൗവ്വനത്തിൽ മരിക്കും. നിന്റെ കണ്ണു ക്ഷീണിപ്പിക്കുവാനും നിന്റെ ഹൃദയം വ്യസനിപ്പിപ്പാനും ഞാൻ നിന്റെ ഭവനത്തിൽ ഒരാളെ എന്റെ യാഗപീഠത്തിൽ നിന്നു നശിപ്പിക്കാതെ വച്ചേക്കും;
34നിന്റെ പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും ഒരേ ദിവസത്തിൽ തന്നേ മരിക്കും. അത് നിനക്ക് ഒരു അടയാളം ആകും;35എന്നാൽ എന്റെ പ്രസാദവും ഹിതവും അനുഷ്ഠിക്കുന്ന ഒരു വിശ്വസ്തപുരോഹിതനെ ഞാൻ തിരഞ്ഞെടുക്കും; അവന് ഞാൻ സ്ഥിരമായ ഒരു ഭവനം പണിയും; അവൻ എന്റെ അഭിഷിക്തന്റെ മുൻപിൽ നിത്യം ശുശ്രൂഷ ചെയ്യും.
36നിന്റെ ഭവനത്തിൽ ശേഷിച്ചിരിക്കുന്നവനെല്ലാം അവന്റെ അടുക്കൽ വന്ന് ഒരു വെള്ളിക്കാശിനും ഒരു അപ്പത്തിനും ആയി അവനെ കുമ്പിട്ട് ഒരു കഷണം അപ്പം ലഭിക്കേണ്ടതിന് എന്നെ ഒരു പുരോഹിതന്റെ വേലയ്ക്കാക്കേണമേ എന്നപേക്ഷിക്കും.


1 2:2 പാറ = ഉറപ്പോടെ നമുക്കു ആശ്രയിക്കാവുന്ന സങ്കേതം
2 2:5 മച്ചി = പ്രസവിക്കാൻ കഴിയാത്ത സ്ത്രീ
3 2:8 കുപ്പ =ചപ്പു ചവറുകൾ
4 2:13 മുപ്പല്ലി = ഭക്ഷണം കുത്തിയെടുക്കുന്ന ഉപകരണം
5 2:15 മേദസ്സു = മാംസത്തിന്റെ കൊഴുപ്പു്
6 2:28 ഏഫോദു് = ശുശ്രൂഷ ചെയ്യുവാനുള്ള അങ്കി

3

1ശമൂവേൽബാലൻ ഏലിയുടെ ശിക്ഷ്ണത്തിൽ യഹോവയ്ക്ക് ശുശ്രൂഷ ചെയ്ത് പോന്നു; ആ കാലത്ത് യഹോവയുടെ വചനം വളരെ കുറവായിരുന്നു; ദർശനങ്ങളും അധികം ഇല്ലായിരുന്നു.2ഒരിക്കൽ ഏലി തന്റെ മുറിയിൽ കിടന്നുറങ്ങി; അവന്റെ കാഴ്ചശക്തി മങ്ങിത്തുടങ്ങിയിരുന്നു.3ദൈവത്തിന്റെ പെട്ടകം ഇരിക്കുന്ന യഹോവയുടെ മന്ദിരത്തിൽ ദൈവത്തിന്റെ വിളക്ക് അണയുന്നതിനു മുൻപെ ശമൂവേൽ ചെന്ന് കിടന്നു.4യഹോവ ശമൂവേലിനെ വിളിച്ചു: “അടിയൻ” എന്നു് അവൻ വിളികേട്ടു ഏലിയുടെ അടുക്കലേക്ക് ഓടിച്ചെന്നു: “അടിയൻ ഇതാ; അങ്ങ് എന്നെ വിളിച്ചുവോ” എന്നു ചോദിച്ചു.

5“ഞാൻ വിളിച്ചില്ല; പോയി കിടന്നുകൊൾക” എന്നു ഏലി പറഞ്ഞു; അവൻ പോയി കിടന്നു.6യഹോവ പിന്നെയും “ശമൂവേലേ!” എന്നു വിളിച്ചു. ശമൂവേൽ എഴുന്നേറ്റ് ഏലിയുടെ അടുക്കൽ ഓടി ചെന്നു: “അടിയൻ ഇതാ; അങ്ങ് എന്നെ വിളിച്ചുവോ” എന്നു ചോദിച്ചു. “ഞാൻ വിളിച്ചില്ല, മകനേ; പോയി കിടന്നുകൊൾക” എന്ന് അവൻ പറഞ്ഞു.
7ശമൂവേൽ അന്നുവരെ യഹോവയെ അറിഞ്ഞില്ല; യഹോവയുടെ വചനം അവന് വെളിപ്പെട്ടതുമില്ല.8യഹോവ ശമൂവേലിനെ മൂന്നാം പ്രാവശ്യവും വിളിച്ചു. വീണ്ടും അവൻ എഴുന്നേറ്റ് ഏലിയുടെ അടുക്കൽ ചെന്നു: “അടിയൻ ഇതാ; അങ്ങ് എന്നെ വിളിച്ചുവല്ലോ” എന്നു പറഞ്ഞു. അപ്പോൾ യഹോവയായിരുന്നു ബാലനെ വിളിച്ചത് എന്ന് ഏലിക്ക് മനസ്സിലായി.
9ഏലി ശമൂവേലിനോട്: “പോയി കിടന്നുകൊൾക; ഇനിയും നിന്നെ വിളിച്ചാൽ: യഹോവേ, അരുളിച്ചെയ്യേണമേ; അടിയൻ കേൾക്കുന്നു” എന്നു പറഞുകൊള്ളേണം. അങ്ങനെ ശമൂവേൽ തന്റെ സ്ഥലത്ത് ചെന്നുകിടന്നു.
10അപ്പോൾ യഹോവ വന്ന് മുമ്പിലത്തെപ്പോലെ: “ശമൂവേലേ, ശമൂവേലേ,” എന്ന് വിളിച്ചു. അതിന് ശമൂവേൽ: “അരുളിച്ചെയ്യണമേ; അടിയൻ കേൾക്കുന്നു” എന്ന് പറഞ്ഞു.11യഹോവ ശമൂവേലിനോട് അരുളിച്ചെയ്തത്: “ഇതാ, ഞാൻ യിസ്രായേലിൽ ഒരു കാര്യം ചെയ്യും; അത് കേൾക്കുന്നവർ ഞെട്ടും.
12ഞാൻ ഏലിയുടെ ഭവനത്തെക്കുറിച്ചു അരുളിച്ചെയ്ത എല്ലാ കാര്യങ്ങളും ഞാൻ അന്ന് അവന്റെമേൽ ആദ്യം മുതൽ അവസാനംവരെ പൂർത്തീകരിക്കും.13അവന്റെ പുത്രന്മാർ ദൈവദൂഷണം1 പറയുന്ന പാപം അവൻ അറിഞ്ഞിരുന്നു.എന്നിട്ടും അവൻ മക്കളെ ശാസിച്ച് തടഞ്ഞില്ല. അതുകൊണ്ട് അവന്റെ ഭവനത്തിന് എന്നേക്കും ശിക്ഷ വിധിക്കും” എന്ന് ഞാൻ അവനോട് കല്പിച്ചിരിക്കുന്നു.14ഏലിയുടെ ഭവനം ചെയ്ത പാപത്തിന്, യാഗത്താലും വഴിപാടിനാലും ഒരു കാലത്തും പരിഹാരം വരികയില്ല എന്ന് ഞാൻ സത്യംചെയ്തിരിക്കുന്നു.
15പിന്നെ ശമൂവേൽ രാവിലെവരെ കിടന്നുറങ്ങി; രാവിലെ യഹോവയുടെ ആലയത്തിന്റെ വാതിലുകൾ തുറന്നു. എന്നാൽ ഈ ദർശനം ഏലിയെ അറിയിപ്പാൻ ശമൂവേൽ ഭയപ്പെട്ടു.16ഏലി ശമൂവേലിനെ വിളിച്ചു:“ ശമൂവേലേ, മകനേ.” “അടിയൻ ഇതാ”എന്ന് അവൻ പറഞ്ഞു.
17അപ്പോൾ ഏലി: “നിനക്കുണ്ടായ അരുളപ്പാട് എന്ത്? എന്നോട് ഒന്നും മറച്ചു വെക്കരുതേ; നിന്നോടു് അരുളിച്ചെയ്ത ഒരു വാക്കെങ്കിലും എന്നോടു് പറയാതിരുന്നാൽ ദൈവം നിന്നോട് അങ്ങനെ തന്നെയോ, അതിലധികമോ ചെയ്യട്ടെ” എന്ന് പറഞ്ഞു.18അങ്ങനെ ശമൂവേൽ സകലവും അവനെ അറിയിച്ചു; ഒന്നും മറച്ചു വെച്ചില്ല. അപ്പോൾ ഏലി: “യഹോവയാണല്ലോ ഇത് അരുളിചെയ്തിരിക്കുന്നത്; അവിടുത്തെ ഇഷ്ടംപോലെ ചെയ്യട്ടെ” എന്നു പറഞ്ഞു.
19ശമൂവേൽ വളർന്നു, യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു; അവന്റെ വചനങ്ങളിൽ ഒന്നും നിഷ്ഫലമാകുവാൻ ഇട വരുത്തിയില്ല.20ദാൻമുതൽ ബേർ-ശേബാവരെ ഉള്ള യിസ്രായേൽ ജനമൊക്കെയും ശമൂവേൽ യഹോവയുടെ വിശ്വസ്തപ്രവാചകൻ എന്ന് ഗ്രഹിച്ചു.21യഹോവ ശീലോവിൽവച്ച് ശമൂവേലിന് യഹോവയുടെ വചനത്താൽ വെളിപ്പെട്ടശേഷം, വീണ്ടും ശീലോവിൽവച്ച് പ്രത്യക്ഷനായി.


1 3:13 ദൈവദൂഷണം = ദൈവത്തെ നിന്ദിച്ചു് സംസാരിക്കുക

4

1ശമൂവേൽ ദൈവത്തിന്റെ അരുളപ്പാടുകൾ എല്ലാ യിസ്രായേൽജനങ്ങളെയും അറിയിച്ചപ്പോൾ: യിസ്രായേൽ ജനങ്ങൾ ഫെലിസ്ത്യരുടെ നേരെ യുദ്ധത്തിന് പുറപ്പെട്ടു, ഏബെൻ-ഏസെരിന്നരികെ പാളയം ഇറങ്ങി, ഫെലിസ്ത്യർ അഫേക്കിലും പാളയമിറങ്ങി,2ഫെലിസ്ത്യർ യിസ്രായേലിന്റെ നേരെ അണിനിരന്നു; യുദ്ധത്തിൽ യിസ്രായേൽജനങ്ങൾ ഫെലിസ്ത്യരോട് തോറ്റുപോയി; ഏകദേശം നാലായിരംപേരെ അവർ പോർക്കളത്തിൽവച്ചു സംഹരിച്ചു.

3പടജ്ജനം പാളയത്തിൽ വന്നപ്പോൾ യിസ്രായേൽമൂപ്പന്മാർ: “ഇന്ന് യഹോവ നമ്മെ ഫെലിസ്ത്യരുടെ മുൻപിൽ പരാജയപ്പെടുത്തിയത് എന്തിന്? നാം ശീലോവിൽനിന്ന് യഹോവയുടെ നിയമപെട്ടകം നമ്മുടെ അടുക്കൽ കൊണ്ടു വരിക; അത് നമ്മുടെ ഇടയിൽ വന്നാൽ നമ്മെ ശത്രുക്കളുടെ കയ്യിൽ നിന്ന് രക്ഷിക്കും” എന്നു പറഞ്ഞു.4അങ്ങനെ ജനം ശീലോവിലേക്ക് ആളയച്ചു, അവർ കെരൂബുകളുടെ മദ്ധ്യേ അധിവസിക്കുന്നവനായ, സൈന്യങ്ങളുടെ യഹോവയുടെ നിയമപെട്ടകം അവിടെനിന്ന് കൊണ്ടുവന്നു. ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും ദൈവത്തിന്റെ നിയമപെട്ടകത്തോടുകൂടെ ഉണ്ടായിരുന്നു.
5യഹോവയുടെ നിയമപെട്ടകം പാളയത്തിൽ എത്തിയപ്പോൾ ഭൂമി കുലുങ്ങത്തക്കവണ്ണം യിസ്രായേലെല്ലാം ഉച്ചത്തിൽ ആർപ്പിട്ടു1 .6ഫെലിസ്ത്യർ ആർപ്പിന്റെ ശബ്ദം കേട്ടിട്ട്: “എബ്രായരുടെ പാളയത്തിൽ ഈ വലിയ ആർപ്പിന്റെ കാരണം എന്ത് ”എന്ന് അന്വേഷിച്ചു, യഹോവയുടെ പെട്ടകം പാളയത്തിൽ വന്നിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞു.
7ദൈവം പാളയത്തിൽ വന്നിരിക്കുന്നു എന്ന് ഫെലിസ്ത്യർ പറഞ്ഞു. അവർ ഭയപ്പെട്ട് പറഞ്ഞതു്: “നമുക്കു അയ്യോ കഷ്ടം! ഇങ്ങനെ ഒരു കാര്യം ഇതുവരെ ഉണ്ടായിട്ടില്ല.8നമുക്കു അയ്യോ കഷ്ടം! ശക്തിയുള്ള ഈ ദൈവത്തിന്റെ കയ്യിൽനിന്ന് നമ്മെ ആർ രക്ഷിക്കും? മിസ്രയീമ്യരെ മരുഭൂമിയിൽ പലവിധ ബാധകളാൽ ഞെരുക്കിയ ദൈവം ഇതു തന്നേ.9ഫെലിസ്ത്യരേ, ധൈര്യം പൂണ്ട് പൗരുഷം കാണിപ്പിൻ; എബ്രായർ നിങ്ങൾക്ക് ദാസന്മാർ ആയിരുന്നതുപോലെ നിങ്ങൾ അവർക്ക് ആകരുതു്; പൗരുഷത്തോടെ യുദ്ധം ചെയ്യുവിൻ” എന്നു പറഞ്ഞു.
10അങ്ങനെ ഫെലിസ്ത്യർ യുദ്ധം തുടങ്ങിയപ്പോൾ യിസ്രായേൽ തോറ്റു; ഓരോരുത്തരും അവരവരുടെ വീട്ടിലേക്കു ഓടി; യിസ്രായേലിൽ മുപ്പതിനായിരം കാലാൾ2 വീണുപോകത്തക്കവണ്ണം ഒരു മഹാസംഹാരം ഉണ്ടായി.11ദൈവത്തിന്റെ പെട്ടകം പിടിക്കപ്പെട്ടു; ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും കൊല്ലപ്പെട്ടു.
12യുദ്ധക്കളത്തിൽനിന്ന് ഒരു ബെന്യാമീൻ ഗോത്രക്കാരൻ വസ്ത്രം കീറിയും തലയിൽ മണ്ണ് വാരിയിട്ടുംകൊണ്ട് ഓടി. അയാൾ അന്നുതന്നെ ശീലോവിൽ വന്നു.13അവൻ വരുമ്പോൾ ഏലി നോക്കിക്കൊണ്ട് വഴിയരികെ തന്റെ പീഠത്തിൽ ഇരിക്കയായിരുന്നു; ദൈവത്തിന്റെ പെട്ടകത്തെക്കുറിച്ച് അവന്റെ ഹൃദയം വ്യസനിച്ചിരുന്നു; ആ മനുഷ്യൻ പട്ടണത്തിൽ എത്തി ഈ വാർത്ത പറഞ്ഞപ്പോൾ പട്ടണത്തിലെല്ലാവരും ഭയന്നു നിലവിളിച്ചു.
14ഏലി നിലവിളികേട്ടപ്പോൾ ഈ ആരവം എന്ത് എന്ന് ചോദിച്ചു. ആ മനുഷ്യൻ തിടുക്കത്തോടെ വന്ന് ഏലിയോടും അറിയിച്ചു.15ഏലി തൊണ്ണൂറ്റെട്ട് വയസ്സുള്ളവനും കാണുവാൻ കഴിയാതവണ്ണം കണ്ണ് മങ്ങിയവനും ആയിരുന്നു.
16ആ മനുഷ്യൻ ഏലിയോട്:“ ഞാൻ ഇപ്പോൾ യുദ്ധക്കളത്തിൽനിന്ന് ഓടിവന്നവൻ ആകുന്നു ”എന്നു പറഞ്ഞു. “വാർത്ത എന്താകുന്നു, മകനേ”, എന്ന് അവൻ ചോദിച്ചു.17അതിന് ആ സന്ദേശവാഹകൻ:“ യിസ്രായേൽ ഫെലിസ്ത്യരുടെ മുമ്പിൽ തോറ്റോടി; ജനത്തിൽ ഒരു മഹാസംഹാരം ഉണ്ടായി; നിന്റെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും കൊല്ലപ്പെട്ടു; ദൈവത്തിന്റെ പെട്ടകവും പിടിക്കപ്പെട്ടു” എന്നു പറഞ്ഞു.
18ദൈവത്തിന്റെ പെട്ടകത്തിന്റെ കാര്യം അറിഞ്ഞപ്പോൾ ഏലി പടിവാതില്ക്കൽ,പീഠത്തിൽനിന്ന് പിറകോട്ടു വീണു കഴുത്തൊടിഞ്ഞു മരിച്ചു; അവൻ വൃദ്ധനും ഭാരമുള്ളവനും ആയിരുന്നു. അവൻ നാല്പത് വർഷം യിസ്രായേലിന് ന്യായപാലനം ചെയ്തു.

19എന്നാൽ അവന്റെ മരുമകൾ ഫീനെഹാസിന്റെ ഭാര്യ പ്രസവം അടുത്ത ഗർഭിണിയായിരുന്നു; ദൈവത്തിന്റെ പെട്ടകം പിടിക്കപ്പെട്ടതും അമ്മാവിയപ്പനും ഭർത്താവും മരിച്ചതും കേട്ടപ്പോൾ അവൾക്ക് പ്രസവവേദന തുടങ്ങി; അവൾ നിലത്ത് വീണ് പ്രസവിച്ചു.20അവൾ മരിക്കാറായപ്പോൾ അരികെ നിന്ന സ്ത്രീകൾ അവളോട്: “ഭയപ്പെടേണ്ടാ; നീ ഒരു മകനെ പ്രസവിച്ചുവല്ലോ” എന്നു പറഞ്ഞു. എന്നാൽ അവൾ ഉത്തരം പറഞ്ഞില്ല, ശ്രദ്ധിച്ചതുമില്ല.
21ദൈവത്തിന്റെ പെട്ടകം പിടിക്കപ്പെട്ടതുകൊണ്ടും അമ്മാവിയപ്പനെയും ഭർത്താവിനെയും ഓർത്തിട്ടും: “മഹത്വം യിസ്രായേലിൽനിന്ന് പൊയ്പോയി” എന്നു പറഞ്ഞ് അവൾ കുഞ്ഞിന് ഈഖാബോദ് എന്ന് പേർ ഇട്ടു.22ദൈവത്തിന്റെ പെട്ടകം പിടിക്കപ്പെട്ടതുകൊണ്ട് “ മഹത്വം യിസ്രായേലിൽനിന്നു പൊയ്പോയി” എന്ന് അവൾ പറഞ്ഞു.


1 4:5 ആർപ്പ് = ഉച്ചത്തിൽ അലറുക
2 4:10 കാലാൾ = നിലത്തുനിന്നു് യുദ്ധം ചെയ്യുന്ന സൈന്യം

5

1ഫെലിസ്ത്യർ ദൈവത്തിന്റെ പെട്ടകം എടുത്ത് അതിനെ ഏബെൻ-ഏസെരിൽനിന്ന് അസ്തോദിലേക്ക് കൊണ്ടുപോയി.2അവർ ദൈവത്തിന്റെ പെട്ടകം ദാഗോന്റെ ക്ഷേത്രത്തിൽ കൊണ്ടുചെന്ന് ദാഗോന്റെ 1 വിഗ്രഹത്തിന്റെ അരികെ വച്ചു.3അടുത്ത ദിവസം രാവിലെ അസ്തോദ്യർ എഴുന്നേറ്റപ്പോൾ ദാഗോൻ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ കമിഴ്ന്നുവീണ് കിടക്കുന്നത് കണ്ടു. അവർ ദാഗോനെ എടുത്ത് വീണ്ടും അവന്റെ സ്ഥാനത്ത് നിർത്തി.

4അതിനടുത്ത ദിവസവും രാവിലെ അവർ എഴുന്നേറ്റപ്പോൾ ദാഗോൻ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ കമിഴ്ന്നുവീണ് കിടക്കുന്നത് കണ്ടു. ദാഗോന്റെ തലയും അവന്റെ കൈപ്പത്തികളും വാതിൽ പടിമേൽ മുറിഞ്ഞുകിടന്നു; തലയില്ലാത്ത ഉടൽ മാത്രം ശേഷിച്ചിരുന്നു.5അതുകൊണ്ട് ദാഗോന്റെ പുരോഹിതന്മാരും ദാഗോന്റെ ക്ഷേത്രത്തിൽ കടക്കുന്നവരും അസ്തോദിൽ ദാഗോന്റെ വാതിൽ പടിമേൽ ഇന്നും ചവിട്ടുകയില്ല.

6എന്നാൽ യഹോവയുടെ ശിക്ഷ അസ്തോദ്യരുടെമേൽ കഠിനമായിരുന്നു; അവൻ അവരെ നശിപ്പിച്ചു.അസ്തോദിലും അതിന്റെ അതിരുകളിലും ഉള്ളവർക്ക് മൂലരോഗം ബാധിച്ചു.7അങ്ങനെ സംഭവിച്ചത് അസ്തോദ്യർ മനസ്സിലാക്കിയിട്ട്:“ യിസ്രായേലിന്റെ ദൈവത്തിന്റെ പെട്ടകം നമ്മുടെ അടുക്കൽ ഇരിക്കരുത് ; യഹോവയുടെ ശിക്ഷ നമ്മുടെമേലും നമ്മുടെ ദേവനായ ദാഗോന്റെ മേലും കഠിനമായിരിക്കുന്നു” എന്ന് പറഞ്ഞു.
8പിന്നീട് അവർ ആളയച്ച് ഫെലിസ്ത്യരുടെ എല്ലാ പ്രഭുക്കന്മാരെയും വിളിച്ചുകൂട്ടി: “യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം സംബന്ധിച്ച് നാം എന്ത് ചെയ്യേണം? ” എന്ന് ചോദിച്ചു. അതിന് അവർ: “യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം ഗത്ത് എന്ന സ്ഥലത്തേക്കു് കൊണ്ടുപോകട്ടെ” എന്ന് പറഞ്ഞു. അങ്ങനെ അവർ യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം കൊണ്ടുപോയി.9അവർ അത് കൊണ്ടുചെന്നശേഷം യഹോവയുടെ ശിക്ഷ ആ പട്ടണത്തെയും പട്ടണക്കാരെയും ബാധിച്ചു; അവർക്കു മൂലരോഗം ബാധിച്ചു.
10അതുകൊണ്ട് അവർ ദൈവത്തിന്റെ പെട്ടകം എക്രോനിലേക്ക് കൊടുത്തയച്ചു. ദൈവത്തിന്റെ പെട്ടകം എക്രോനിൽ എത്തിയപ്പോൾ എക്രോന്യർ: “നമ്മെയും നമുക്കുള്ളവരെയും കൊല്ലുവാൻ അവർ യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം നമ്മുടെ അടുക്കൽ കൊണ്ടുവന്നിരിക്കുന്നു” എന്ന് പറഞ്ഞ് നിലവിളിച്ചു.
11അവർ ആളയച്ച് ഫെലിസ്ത്യരുടെ എല്ലാ പ്രഭുക്കന്മാരെയും കൂട്ടിവരുത്തി: “യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം നമ്മെയും നമ്മുടെ ജനത്തെയും കൊല്ലാതിരിക്കേണ്ടതിന് അതിനെ തിരിച്ചയയ്ക്കണം; അത് വീണ്ടും അതിന്റെ സ്ഥലത്തേക്ക് പോകട്ടെ” എന്ന് പറഞ്ഞു. ആ പട്ടണത്തിലെങ്ങും മരണകരമായ പരിഭ്രമം ഉണ്ടായി; എന്തെന്നാൽ യഹോവയുടെ ശിക്ഷ അവിടെയും അതികഠിനമായിരുന്നു.12മരിക്കാതിരുന്നവർ മൂലരോഗത്താൽ ബാധിതരായി; പട്ടണത്തിലെ നിലവിളി ആകാശത്തിലേക്കുയർന്നു.


1 5:2 ദാഗോൻ = കൃഷിയുടെ ദേവൻ

6

1യഹോവയുടെ പെട്ടകം ഏഴു മാസം ഫെലിസ്ത്യദേശത്ത് ആയിരുന്നു.2എന്നാൽ ഫെലിസ്ത്യർ പുരോഹിതന്മാരെയും പ്രശ്നക്കാരെയും1 വരുത്തി: “നാം യഹോവയുടെ പെട്ടകം സംബന്ധിച്ച് എന്ത് ചെയ്യേണം? അതിനെ അതിന്റെ സ്ഥലത്തേക്ക് എങ്ങനെയാണ് തിരിച്ചയക്കേണ്ടത്?” എന്ന് അവർ ചോദിച്ചു.

3അതിന് അവർ: “നിങ്ങൾ യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം വിട്ടയയ്ക്കുന്നു എങ്കിൽ വെറുതെ അയക്കാതെ, പ്രായശ്ചിത്തമായി ഒരു വഴിപാടു് അവന് കൊടുത്തയക്കേണം; അപ്പോൾ നിങ്ങൾക്ക് സൗഖ്യം വരും; യഹോവയുടെ ശിക്ഷ നിങ്ങളെ വിട്ടുമാറാതെ ഇരിക്കുന്നത് എന്ത് എന്ന് നിങ്ങൾക്ക് അറിയാം” എന്നു പറഞ്ഞു.4“ഞങ്ങൾ അവന് കൊടുത്തയക്കേണ്ട പ്രായശ്ചിത്തം എന്ത് ?” എന്ന് ചോദിച്ചതിന് അവർ പറഞ്ഞത്: “ഫെലിസ്ത്യ പ്രഭുക്കന്മാരുടെ എണ്ണത്തിനനുസരിച്ചു് സ്വർണ്ണം കൊണ്ടുള്ള അഞ്ച് മൂലക്കുരുക്കളും, സ്വർണ്ണം കൊണ്ടുള്ള അഞ്ച് എലികളും കൊടുക്കേണം; നിങ്ങൾക്കും നിങ്ങളുടെ പ്രഭുക്കന്മാർക്കും ഒരേ ബാധ ആയിരുന്നല്ലോ ഉണ്ടായിരുന്നത്.
5അതുകൊണ്ട് നിങ്ങൾ നിങ്ങളെ ബാധിച്ച മൂലക്കുരുവിന്റെയും, നിങ്ങളുടെ ദേശത്തെ നശിപ്പിക്കുന്ന എലിയുടെയും പ്രതിമകൾ ഉണ്ടാക്കി, യിസ്രായേല്യരുടെ ദൈവത്തിന് മുമ്പിൽ കാഴ്ച വെയ്ക്കണം; ഒരുവേള യഹോവ തന്റെ ശിക്ഷ നിങ്ങളിൽനിന്നും, നിങ്ങളുടെ ദേവന്മാരിൽനിന്നും, നിങ്ങളുടെ ദേശത്തിൽ നിന്നും നീക്കും.6മിസ്രയീമ്യരും ഫറവോനും അവരുടെ ഹൃദയത്തെ കഠിനമാക്കിയതുപോലെ നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കുന്നത് എന്തിന്? അവരുടെ ഇടയിൽ അത്ഭുതം പ്രവൃത്തിച്ച ശേഷം ആണല്ലോ മിസ്രയീമ്യർ യിസ്രായേല്യരെ വിട്ടയക്കയും, അവർ പോകയും ചെയ്തത്.
7അതുകൊണ്ട് നിങ്ങൾ ഇപ്പോൾ ഒരു പുതിയ വണ്ടി ഉണ്ടാക്കി, നുകം2 വെച്ചിട്ടില്ലാത്ത, കറവയുള്ള രണ്ടു പശുക്കളെ കൊണ്ടുവന്ന്, വണ്ടിക്ക് കെട്ടുക. എന്നാൽ അവയുടെ കുഞ്ഞുങ്ങളെ അവയുടെ അടുക്കൽനിന്ന് വീട്ടിൽ തിരിച്ച് കൊണ്ടുപോകുക.8പിന്നെ യഹോവയുടെ പെട്ടകം എടുത്ത് വണ്ടിയിൽ വെക്കുക; നിങ്ങൾ അവന് പ്രായശ്ചിത്തമായി കൊടുത്തയക്കുന്ന സ്വർണ്ണ രൂപങ്ങൾ ഒരു ചെല്ലത്തിൽ അതിനരികെവച്ചു വണ്ടി തനിച്ച് പോകുവാൻ അനുവദിക്കുക.9പിന്നെ അതിനെ ശ്രദ്ധിക്കുവിൻ: അത് ബേത്ത്-ശേമെശിലേക്കുള്ള വഴിയായി സ്വദേശത്തേക്ക് പോകുന്നു എങ്കിൽ യഹോവ തന്നേയാകുന്നു നമുക്ക് ഈ വലിയ ദുരിതം വരുത്തിയത്; അല്ലെങ്കിൽ നമ്മെ ബാധിച്ചത് യഹോവയുടെ ശിക്ഷയല്ല , അവിചാരിതമായി സംഭവിച്ചതാണ് എന്ന് അറിയുക”.
10അവർ അങ്ങനെ തന്നേ ചെയ്തു; പാൽ തരുന്ന രണ്ടു പശുക്കളെ വരുത്തി വണ്ടിക്ക് കെട്ടി, അവയുടെ കിടാ‍ക്കളെ വീട്ടിൽ ഇട്ട് അടച്ചു.11പിന്നെ അവർ യഹോവയുടെ പെട്ടകവും, സ്വർണ്ണം കൊണ്ടുള്ള എലികളും മൂലക്കുരുവിന്റെ പ്രതിമകളും ഇട്ടിരുന്ന പെട്ടിയും വണ്ടിയിൽ വെച്ചു.12ആ പശുക്കൾ നേരേ ബേത്ത്-ശേമെശിലേക്ക് പോയി: അവ കരഞ്ഞുകൊണ്ട് വലത്തോട്ടോ ഇടത്തോട്ടോ മാറാതെ, പെരുവഴിയിൽ കൂടി തന്നെ പോയി; ഫെലിസ്ത്യപ്രഭുക്കന്മാരും ബേത്ത്-ശേമെശിന്റെ അതിർവരെ പിന്തുടർന്നു.
13ആ സമയം ബേത്ത്-ശേമെശ്യർ താഴ്വരയിൽ ഗോതമ്പ് കൊയ്യുകയായിരുന്നു: അവർ തല ഉയർത്തി പെട്ടകം കണ്ടപ്പോൾ സന്തോഷിച്ചു.
14വണ്ടി ബേത്ത്-ശേമെശ്യനായ യോശുവയുടെ വയലിൽ വന്ന് നിന്നു: അവിടെ ഒരു വലിയ കല്ല് ഉണ്ടായിരുന്നു; അവർ വണ്ടിക്ക് ഉപയോഗിച്ച തടി വെട്ടിക്കീറി പശുക്കളെ യഹോവയ്ക്ക് ഹോമയാഗം കഴിച്ചു.15ലേവ്യർ യഹോവയുടെ പെട്ടകവും സ്വർണ്ണ രൂപങ്ങൾ ഉള്ള ചെല്ലവും ഇറക്കി ആ വലിയ കല്ലിന്മേൽ വെച്ചു; ബേത്ത്-ശേമെശ്യർ അന്ന് യഹോവയ്ക്ക് ഹോമയാഗങ്ങളും ഹനനയാഗങ്ങളും അർപ്പിച്ചു.
16ഫെലിസ്ത്യപ്രഭുക്കന്മാർ എല്ലാവരും ഇത് കണ്ടതിന് ശേഷം അന്നുതന്നെ എക്രോനിലേക്ക് മടങ്ങിപ്പോയി.

17ഫെലിസ്ത്യർ യഹോവയ്ക്ക് പ്രായശ്ചിത്തമായി കൊടുത്തയച്ച സ്വർണ്ണം കൊണ്ടുള്ള മൂലക്കുരുക്കൾ അസ്തോദിനു് ഒന്ന്, ഗസ്സയ്ക്കു് ഒന്ന്, അസ്കലോനു് ഒന്ന്, ഗത്തിനു് ഒന്ന്, എക്രോന് ഒന്ന് ഇങ്ങനെയായിരുന്നു.18സ്വർണ്ണം കൊണ്ടുള്ള എലികൾ ഉറപ്പുള്ള പട്ടണങ്ങളും നാട്ടുംപുറങ്ങളിലെ ഗ്രാമങ്ങളും ആയി അഞ്ച് പ്രഭുക്കന്മാർക്കുള്ള എല്ലാ ഫെലിസ്ത്യ പട്ടണങ്ങളുടെയും എണ്ണത്തിന് തുല്ല്യം ആയിരുന്നു. അവർ യഹോവയുടെ പെട്ടകം ഇറക്കിവച്ച വലിയ കല്ല് ബേത്ത്-ശേമെശ്യനായ യോശുവയുടെ വയലിൽ ഇന്നുവരെയും ഉണ്ട്.
19ബേത്ത്-ശേമെശ്യർ യഹോവയുടെ പെട്ടകത്തിൽ നോക്കുകകൊണ്ട് യഹോവ അവരെ സംഹരിച്ചു; അവൻ ജനത്തിൽ അമ്പതിനായിരത്തെഴുപതുപേരെ സംഹരിച്ചു. ഇങ്ങനെ യഹോവ ജനത്തിൽ ഒരു മഹാസംഹാരം ചെയ്തതുകൊണ്ട് ജനം വിലപിച്ചു:20“ഈ പരിശുദ്ധദൈവമായ യഹോവയുടെ മുമ്പാകെ നില്പാൻ ആർക്ക് കഴിയും? യഹോവ ഞങ്ങളെ വിട്ട് ആരുടെ അടുക്കൽ പോകും” എന്ന് ബേത്ത്-ശേമെശ്യർ പറഞ്ഞു.
21അവർ കിര്യത്ത്-യെയാരീമിൽ താമസിക്കുന്നവരുടെ അടുക്കൽ ദൂതന്മാരെ അയച്ചു: “ഫെലിസ്ത്യർ യഹോവയുടെ പെട്ടകം മടക്കി അയച്ചിരിക്കുന്നു; നിങ്ങൾ വന്നു് അതിനെ നിങ്ങളുടെ അടുക്കൽ കൊണ്ടുപോകുവിൻ” എന്നു പറയിച്ചു.


1 6:2 പ്രശ്നക്കാർ = ജ്യോതിഷത്തെ അടിസ്ഥാനമാക്കി ഭാവിഫലം പറയുന്നവർ
2 6:7 നുകം = കലപ്പ കെട്ടാനായി കാളക്കഴുത്തിൽ വയ്ക്കുന്ന ഉപകരണം

7

1കിര്യത്ത്-യെയാരീമിൽ വസിക്കുന്നവർ വന്ന് യഹോവയുടെ പെട്ടകം എടുത്ത് കുന്നിന്മേൽ അബീനാദാബിന്റെ വീട്ടിൽ കൊണ്ടുപോയി; അവന്റെ മകനായ എലെയാസാരിനെ യഹോവയുടെ പെട്ടകം സൂക്ഷിക്കേണ്ടതിന് ശുദ്ധീകരിച്ചു.2പെട്ടകം കിര്യത്ത്-യെയാരീമിൽ ആയിട്ട് വളരെക്കാലം, ഏകദേശം ഇരുപത് വർഷം, കഴിഞ്ഞു; യിസ്രായേൽജനമെല്ലാം യഹോവയോട് വിലപിച്ചു.

3അപ്പോൾ ശമൂവേൽ എല്ലാ യിസ്രായേൽജനത്തോടും: “നിങ്ങൾ പൂർണ്ണഹൃദയത്തോടെ യഹോവയിലേക്ക് തിരിയുന്നു എങ്കിൽ അന്യദൈവങ്ങളെയും, അസ്തോരെത്ത് പ്രതിഷ്ഠകളെയും, നിങ്ങളുടെ ഇടയിൽനിന്ന് നീക്കിക്കളഞ്ഞ്, നിങ്ങൾ പൂർണ്ണ ഹൃദയത്തോടെ യഹോവയിലേക്ക് തിരിയുകയും, അവനെ മാത്രം സേവിക്കയും ചെയ്യുക; എന്നാൽ അവൻ നിങ്ങളെ ഫെലിസ്ത്യരുടെ കയ്യിൽനിന്ന് വിടുവിക്കും” എന്നു പറഞ്ഞു.4അങ്ങനെ യിസ്രായേൽമക്കൾ ബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നീക്കിക്കളഞ്ഞ് യഹോവയെ മാത്രം സേവിച്ചു.
5പിന്നീട് ശമൂവേൽ:“ എല്ലാ യിസ്രായേൽ ജനങ്ങളെയും മിസ്പയിൽ കൂട്ടുവിൻ; ഞാൻ നിങ്ങൾക്കുവേണ്ടി യഹോവയോട് പ്രാർത്ഥിക്കും ”എന്നു പറഞ്ഞു.

6അവർ മിസ്പയിൽ ഒന്നിച്ചുകൂടി; വെള്ളം കോരി യഹോവയുടെ സന്നിധിയിൽ ഒഴിച്ചു, ആ ദിവസം ഉപവസിച്ചു: “ഞങ്ങൾ യഹോവയോട് പാപം ചെയ്തിരിക്കുന്നു ”എന്ന് അവിടെവച്ച് പറഞ്ഞു. പിന്നെ ശമൂവേൽ മിസ്പയിൽവച്ച് യിസ്രായേൽമക്കൾക്ക് ന്യായപാലനം ചെയ്തു.
7യിസ്രായേൽമക്കൾ മിസ്പയിൽ ഒന്നിച്ചുകൂടി എന്ന് ഫെലിസ്ത്യർ കേട്ടപ്പോൾ ഫെലിസ്ത്യപ്രഭുക്കന്മാർ യിസ്രായേൽ ജനങ്ങളെ ആക്രമിക്കുവാൻ ചെന്നു; യിസ്രായേൽമക്കൾ അത് കേട്ടിട്ട് ഫെലിസ്ത്യരെ ഭയപ്പെട്ടു.8യിസ്രായേൽമക്കൾ ശമൂവേലിനോട്: “നമ്മുടെ ദൈവമായ യഹോവ ഞങ്ങളെ ഫെലിസ്ത്യരുടെ കയ്യിൽനിന്ന് രക്ഷിക്കേണ്ടതിന്, ഞങ്ങൾക്കു വേണ്ടി അവനോട് പ്രാർത്ഥിക്കുന്നത് മതിയാക്കരുതേ” എന്നു പറഞ്ഞു.
9അപ്പോൾ ശമൂവേൽ പാൽ കുടിക്കുന്ന ഒരു ആട്ടിൻകുട്ടിയെ എടുത്ത് യഹോവയ്ക്ക് സർവ്വാംഗഹോമം കഴിച്ചു. ശമൂവേൽ യിസ്രായേലിനു വേണ്ടി യഹോവയോട് പ്രാർത്ഥിച്ചു; യഹോവ ഉത്തരം നൽകി.
10ശമൂവേൽ ഹോമയാഗം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഫെലിസ്ത്യർ യിസ്രായേൽ ജനത്തോടു് യുദ്ധത്തിനു് വന്നു. എന്നാൽ യഹോവ അന്ന് ഫെലിസ്ത്യരുടെമേൽ വലിയ ഇടിമുഴക്കി അവരെ ഭയപ്പെടുത്തി; അവർ യിസ്രായേലിനോട് തോറ്റു.11യിസ്രായേൽമക്കൾ മിസ്പയിൽനിന്ന് ഫെലിസ്ത്യരെ പിന്തുടർന്നു; ബേത്ത്-കാർ വരെ അവരെ സംഹരിച്ചു.
12പിന്നെ ശമൂവേൽ ഒരു കല്ല് എടുത്ത് മിസ്പയ്ക്കും ശേനിനും മദ്ധ്യേ സ്ഥാപിച്ചു: “ഇത്രത്തോളം യഹോവ നമ്മെ സഹായിച്ചു” എന്നു പറഞ്ഞ് അതിന് ഏബെൻ-ഏസെർ എന്നു പേരിട്ടു.
13ഇങ്ങനെ ഫെലിസ്ത്യർ കീഴടങ്ങി, പിന്നെ യിസ്രായേൽദേശത്തേക്ക് വന്നതുമില്ല; ശമൂവേലിന്റെ കാലത്തെല്ലാം യഹോവയുടെ കൈ ഫെലിസ്ത്യർക്ക് വിരോധമായിരുന്നു.14എക്രോൻ മുതൽ ഗത്ത്‌വരെ ഫെലിസ്ത്യർ യിസ്രായേലിനോട് പിടിച്ചിരുന്ന പട്ടണങ്ങൾ യിസ്രായേലിന് തിരികെ ലഭിച്ചു. അവയുടെ അതിർനാടുകളും യിസ്രായേൽ ഫെലിസ്ത്യരുടെ കയ്യിൽനിന്ന് മോചിപ്പിച്ചു. യിസ്രായേലും അമോര്യരും തമ്മിൽ സമാധാനമായിരുന്നു.
15ശമൂവേൽ തന്റെ ജീവകാലം മുഴുവനും യിസ്രായേലിന് ന്യായപാലനം ചെയ്തു.16അവൻ എല്ലാവർഷവും ബേഥേലിലും ഗില്ഗാലിലും മിസ്പയിലും ചുറ്റിസഞ്ചരിച്ചു, അവിടങ്ങളിൽവെച്ച് യിസ്രായേലിന് ന്യായപാലനം ചെയ്തിട്ട് രാമയിലേക്ക് മടങ്ങിപ്പോരും;17അവിടെയായിരുന്നു അവന്റെ വീട്; അവിടെവെച്ചും അവൻ യിസ്രായേലിന് ന്യായപാലനം നടത്തിവന്നു; യഹോവയ്ക്ക് അവിടെ ഒരു യാഗപീഠവും പണിതിരുന്നു.

8

1ശമൂവേൽ വൃദ്ധനായപ്പോൾ തന്റെ പുത്രന്മാരെ യിസ്രായേലിന് ന്യായാധിപന്മാരാക്കി.2അവന്റെ ആദ്യജാതനു യോവേൽ എന്നും രണ്ടാമത്തെ മകന് അബീയാവ് എന്നും പേർ. അവർ ബേർ-ശേബയിൽ ന്യായപാലനം ചെയ്തു.3ശമുവേലിന്റെ പുത്രന്മാർ അവനെപ്പോലെ അല്ലായിരുന്നു.അവർ ദുരാഗ്രഹികളും, കൈക്കൂലി വാങ്ങുന്നവരും, അനീതി പ്രവർത്തിക്കുന്നവരും ആയിരുന്നു.

4അതുകൊണ്ട് യിസ്രായേൽമൂപ്പന്മാർ എല്ലാവരും ഒന്നിച്ചുകൂടി, രാമയിൽ ശമൂവേലിന്റെ അടുക്കൽ വന്ന്, അവനോട് :5“നീ വൃദ്ധനായിരിക്കുന്നു; നിന്റെ പുത്രന്മാർ നിന്റെ വഴിയിൽ നടക്കുന്നില്ല; അതിനാൽ എല്ലാ ജാതികൾക്കും ഉള്ളതുപോലെ, ഞങ്ങളെ ഭരിക്കേണ്ടതിന് ഞങ്ങൾക്ക് ഒരു രാജാവിനെ നിയമിച്ചുതരേണം.” എന്നു പറഞ്ഞു.
6ഞങ്ങളെ ഭരിക്കേണ്ടതിന് രാജാവിനെ തരേണമെന്ന് അവർ പറഞ്ഞ കാര്യം ശമൂവേലിന് ഇഷ്ടമായില്ല. ശമൂവേൽ യഹോവയോട് പ്രാർത്ഥിച്ചു.7യഹോവ ശമൂവേലിനോട് ഇപ്രകാരം അരുളിച്ചെയ്തു: “ജനം നിന്നോട് പറയുന്ന സകലത്തിലും അവരുടെ അപേക്ഷ കേൾക്കുക, അവർ നിന്നെയല്ല, ഞാൻ അവരെ ഭരിക്കാതിരിക്കുവാൻ, എന്നെയാണ് ഉപേക്ഷിച്ചിരിക്കുന്നത്.
8ഞാൻ അവരെ മിസ്രയീമിൽനിന്ന് വിടുവിച്ച ദിവസം മുതൽ ഇന്നുവരെ അവർ എന്നെ ഉപേക്ഷിക്കുകയും, അന്യദൈവങ്ങളെ സേവിക്കുകയും ചെയ്തു.അവർ അതുപോലെ തന്നെ നിന്നോടും ചെയ്യുന്നു.9അതുകൊണ്ട് അവരുടെ അപേക്ഷ കേൾക്കണം; എന്നാൽ അവരെ ഭരിക്കാനിരിക്കുന്ന രാജാവിന്റെ പ്രവർത്തനരീതി അവരോടു കൃത്യമായി വിവരിക്കേണം.

10അങ്ങനെ രാജാവിനായി അപേക്ഷിച്ച ജനത്തോട് ശമൂവേൽ യഹോവയുടെ വചനങ്ങളെ എല്ലാം അറിയിച്ചു :11“നിങ്ങളെ ഭരിക്കാനിരിക്കുന്ന രാജാവിന്റെ പ്രവർത്തനരീതി ഇതായിരിക്കും: അവൻ നിങ്ങളുടെ പുത്രന്മാരെ അവന് തേരാളികളും കുതിരച്ചേവകരും1 ആക്കും; അവന്റെ രഥങ്ങൾക്കു മുമ്പെ അവർ ഓടേണ്ടി വരും.12അവൻ അവരെ ആയിരം പേർക്കും അമ്പതു പേർക്കും മേലധികാരികളാക്കും; തന്റെ നിലം കൃഷി ചെയ്യുവാനും തന്റെ വിള കൊയ്യുവാനും തന്റെ യുദ്ധ ആയുധങ്ങൾ2 ഉണ്ടാക്കുവാനും അവരെ നിയമിക്കും.
13അവൻ നിങ്ങളുടെ പുത്രിമാരെ, വാസനതൈലം വിൽക്കുന്നവരും, പാചകക്കാരികളും പലഹാരം ഉണ്ടാക്കുന്നവരും ആയി നിയമിക്കും.14അവൻ നിങ്ങളുടെ ഏറ്റവും നല്ല നിലങ്ങളും, മുന്തിരിത്തോട്ടങ്ങളും, ഒലിവുതോട്ടങ്ങളും തന്റെ ഭൃത്യന്മാർക്ക് കൊടുക്കും.15അവൻ നിങ്ങളുടെ ധാന്യങ്ങളിലും മുന്തിരികളിലും ദശാംശം3 എടുത്ത് തന്റെ ഉദ്യോഗസ്ഥർക്കും ഭൃത്യന്മാർക്കും കൊടുക്കും.
16അവൻ നിങ്ങളുടെ ദാസന്മാരെയും ദാസിമാരെയും, സുന്ദരന്മാ‍രായ യുവാക്കളെയും കഴുതകളെയും പിടിച്ച് തനിക്ക് വേല ചെയ്യുന്നവർ ആക്കും.17അവൻ നിങ്ങളുടെ ആടുകളിൽ പത്തിലൊന്ന് എടുക്കും; നിങ്ങൾ അവന് ദാസന്മാരായ്തീരും.18നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന രാജാവു് കാരണം നിങ്ങൾ അന്ന് നിലവിളിക്കും; എന്നാൽ യഹോവ അന്ന് ഉത്തരമരുളുകയില്ല.”
19എന്നാൽ ശമൂവേലിന്റെ വാക്കുകൾ ശ്രദ്ധിക്കുവാൻ ജനത്തിന് മനസ്സില്ലായിരുന്നു: “അല്ല, ഞങ്ങൾക്ക് ഒരു രാജാവ് വേണം,20എല്ലാ ജാതികളെയും പോലെ ഞങ്ങളും ആകേണ്ടതിന് ഞങ്ങളുടെ രാജാവ് ഞങ്ങളെ ഭരിക്കുകയും ഞങ്ങൾക്കു നായകനായി പുറപ്പെടുകയും ഞങ്ങളുടെ യുദ്ധങ്ങളെ നയിക്കുകയും വേണം” എന്നു അവർ പറഞ്ഞു.
21ശമൂവേൽ ജനത്തിന്റെ വാക്കുകൾ ശ്രദ്ധിച്ചുകേട്ട് യഹോവയോട് അറിയിച്ചു.22യഹോവ ശമൂവേലിനോട്: “അവരുടെ വാക്ക് കേട്ട് അവർക്ക് ഒരു രാജാവിനെ കൊടുക്കുക” എന്നു കല്പിച്ചു. ശമൂവേൽ യിസ്രായേല്യരോട്: “നിങ്ങൾ ഓരോരുത്തരും അവരവരുടെ പട്ടണത്തിലേക്ക് പൊയ്ക്കൊൾക ”എന്നു പറഞ്ഞു.


1 8:11 തേരാളികളും കുതിര ചേവകരും = തേർ ഓടിക്കുന്നവരും,കുതിരയെ നയിക്കുന്നവരും
2 8:12 തേർക്കോപ്പ് = തേരിനു് ആവശ്യമുള്ള ഉപകരണങ്ങൾ
3 8:15 ദശാംശം = പത്തിൽ ഒരംശം

9

1ബെന്യാമീൻഗോത്രത്തിൽ കീശ് എന്നു പേരുള്ള ഒരു ധനികൻ ഉണ്ടായിരുന്നു; അവൻ ബെന്യാമീന്യനായ അഫീഹിന്റെ മകനായ ബെഖോറത്തിന്റെ മകനായ സെറോറിന്റെ മകനായ അബീയേലിന്റെ മകൻ ആയിരുന്നു.2

അവന് ശൗൽ എന്ന് പേരുള്ള ഒരു മകൻ ഉണ്ടായിരുന്നു; അവൻ സുന്ദരൻ ആയിരുന്നു. യിസ്രായേൽമക്കളിൽ അവനേക്കാൾ സൗന്ദര്യമുള്ള പുരുഷൻ വേറെ ഇല്ലായിരുന്നു; അവൻ എല്ലാവരെക്കാളും ഉയരമുള്ളവൻ ആയിരുന്നു.

3ശൗലിന്റെ അപ്പനായ കീശിന്റെ കഴുതകളെ കാണാതെപോയിരുന്നു. കീശ് തന്റെ മകനായ ശൗലിനോട്: “നീ ഒരു ഭൃത്യനെയും കൂട്ടിക്കൊണ്ട് ചെന്ന് കഴുതകളെ അന്വേഷിക്കുക” എന്നു പറഞ്ഞു.4അവൻ എഫ്രയീംമലനാട്ടിലും ശാലീശാദേശത്തും, ശാലീംദേശത്തും അന്വേഷിച്ചു; അവയെ കണ്ടില്ല; ; അവൻ ബെന്യാമീൻദേശത്തും അന്വേഷിച്ചു; എന്നിട്ടും കണ്ടുകിട്ടിയില്ല.
5സൂഫ് ദേശത്ത് എത്തിയപ്പോൾ ശൗൽ കൂടെയുള്ള ഭൃത്യനോട്: “വരിക, നമുക്ക് മടങ്ങിപ്പോകാം; അല്ലെങ്കിൽ അപ്പൻ കഴുതകളെക്കുറിച്ചുള്ള ചിന്ത വിട്ട് നമ്മെക്കുറിച്ച് വിഷമിക്കും” എന്നു പറഞ്ഞു.6അതിന് അവൻ: “ഈ പട്ടണത്തിൽ ഒരു ദൈവപുരുഷൻ ഉണ്ട്; അവൻ മാന്യൻ ആകുന്നു; അവൻ പറയുന്നതെല്ലാം അതുപോലെ സംഭവിക്കുന്നു; നമുക്ക് അവിടെ പോകാം; നാം പോകുവാനുള്ള വഴി ചിലപ്പൊൾ അവൻ പറഞ്ഞുതരും” എന്ന് അവനോടു പറഞ്ഞു.
7ശൗൽ തന്റെ ഭൃത്യനോട്: “നാം അവിടെ ചെല്ലുമ്പോൾ എന്താണ് അദ്ദേഹത്തിന് കൊടുക്കേണ്ടത് ? നമ്മുടെ പാത്രത്തിലെ അപ്പം തീർന്നുപോയല്ലോ; ദൈവപുരുഷന് കൊണ്ടുചെല്ലുവാൻ ഒരു സമ്മാനവും ഇല്ലല്ലോ; നമ്മുടെ കൈയ്യിൽ ഒന്നുമില്ലല്ലോ” എന്നു പറഞ്ഞു.8ഭൃത്യൻ ശൗലിനോട്: “എന്റെ കയ്യിൽ കാൽശേക്കെൽ1 വെള്ളിയുണ്ട്; ഇത് ഞാൻ ദൈവപുരുഷന് കൊടുക്കാം; അവൻ നമുക്ക് വഴി പറഞ്ഞുതരും” എന്ന് ഉത്തരം പറഞ്ഞു.
9പണ്ട് യിസ്രായേലിൽ ഒരുവൻ ദൈവത്തോട് ചോദിപ്പാൻ പോകുമ്പോൾ:“ വരുവിൻ; നാം ദർശകന്റെ2 അടുക്കൽ പോകുക” എന്നു പറയും; ഇപ്പോൾ പ്രവാചകൻ എന്ന് പറയുന്നവനെ അന്ന് ദർശകൻ എന്ന് പറഞ്ഞുവന്നു.10ശൗൽ ഭൃത്യനോട്: നല്ലത്; “വരുക, നമുക്ക് പോകാം”എന്നു പറഞ്ഞു. അങ്ങനെ അവർ ദൈവപുരുഷൻ താമസിച്ചിരുന്ന പട്ടണത്തിലേക്കു പോയി.11അവർ പട്ടണത്തിലേക്കുള്ള കയറ്റം കയറിച്ചെല്ലുമ്പോൾ വെള്ളംകോരുവാൻ പോകുന്ന യുവതികളെ കണ്ട് അവരോട്: “ദർശകൻ ഇവിടെ ഉണ്ടോ” എന്നു ചോദിച്ചു.
12അവർ അവരോട്: ഉണ്ട്; “അതാ, നിങ്ങളുടെ മുമ്പിൽ; വേഗം ചെല്ലുവിൻ; ഇന്ന് പൂജാഗിരിയിൽ3 ജനത്തിന്റെ വക ഒരു യാഗം ഉള്ളതുകൊണ്ട് അവൻ ഇന്ന് പട്ടണത്തിൽ വന്നിട്ടുണ്ട്.13നിങ്ങൾ പട്ടണത്തിൽ കടന്ന ഉടനെ, അവൻ പൂജാഗിരിയിൽ ഭക്ഷണത്തിന് പോകുന്നതിന് മുൻപ് അവനെ കാണേണം; അവൻ യാഗത്തെ അനുഗ്രഹിക്കേണ്ടതാകകൊണ്ട് അവൻ ചെല്ലുന്നതുവരെ ജനം ഭക്ഷിക്കയില്ല; അതിന്റെ ശേഷം മാത്രമേ ക്ഷണിക്കപ്പെട്ടവർ ഭക്ഷിക്കയുള്ളു; വേഗം ചെല്ലുവിൻ;ഇപ്പോൾ അവനെ കാണാം” എന്നുത്തരം പറഞ്ഞു.
14അങ്ങനെ അവർ പട്ടണത്തിൽ ചെന്നു; പട്ടണത്തിൽ എത്തിയപ്പോൾ ശമൂവേൽ പൂജാഗിരിക്ക് പോകുവാനായി അവരുടെ നേരേ വരുന്നു.

15എന്നാൽ ശൗൽ വരുന്നതിന് ഒരു ദിവസം മുൻപ് യഹോവ അത് ശമൂവേലിന് വെളിപ്പെടുത്തി:16“നാളെ ഈ സമയത്ത് ബെന്യാമീൻദേശക്കാരനായ ഒരാളെ ഞാൻ നിന്റെ അടുക്കൽ അയയ്ക്കും; എന്റെ ജനമായ യിസ്രായേലിനെ ഭരിക്കേണ്ടതിന് നീ അവനെ അഭിഷേകം ചെയ്യണം; അവൻ എന്റെ ജനത്തെ ഫെലിസ്ത്യരുടെ കയ്യിൽനിന്ന് രക്ഷിക്കും. എന്റെ ജനത്തിന്റെ നിലവിളി എന്റെ അടുക്കൽ എത്തിയിരിക്കുന്നു. അതുകൊണ്ട് ഞാൻ അവരെ കടാക്ഷിച്ചിരിക്കുന്നു” എന്ന് അരുളിച്ചെയ്തിരുന്നു.
17ശമൂവേൽ ശൗലിനെ കണ്ടപ്പോൾ യഹോവ അവനോട്, ഞാൻ നിന്നോട് അരുളിച്ചെയ്ത ആൾ ഇതാ; ഇവനാകുന്നു എന്റെ ജനത്തെ ഭരിക്കുവാനുള്ളവൻ” എന്നു കല്പിച്ചു.18അന്നേരം ശൗൽ പടിവാതില്ക്കൽ ശമൂവേലിന്റെ അടുക്കൽ എത്തി: “ദർശകന്റെ വീട് എവിടെ എന്നു പറഞ്ഞുതരണമേ” എന്നു ചോദിച്ചു.19ശമൂവേൽ ശൗലിനോട് : “ദർശകൻ ഞാൻ തന്നേ; എന്റെ കൂടെ പൂജാഗിരിക്ക് വരുവിൻ; നിങ്ങൾ ഇന്ന് എന്നോടുകൂടെ ഭക്ഷണം കഴിക്കണം; നാളെ ഞാൻ നിന്നെ യാത്ര അയയ്ക്കാം; നിന്റെ ഹൃദയത്തിൽ ഉള്ളതൊക്കെയും പറഞ്ഞുതരാം.
20മൂന്ന് ദിവസം മുമ്പെ കാണാതെപോയ കഴുതകളെക്കുറിച്ച് വിഷമിക്കേണ്ടാ; അവയെ കണ്ടുകിട്ടിയിരിക്കുന്നു. എന്നാൽ യിസ്രായേൽ ജനത്തിന്റെ ആഗ്രഹമൊക്കെയും ആരുടെമേൽ? നിന്റെമേലും നിന്റെ പിതാവിന്റെ ഭവനത്തിന്മേലും അല്ലയോ” എന്നു പറഞ്ഞു.21അതിന് ശൗൽ: “ഞാൻ യിസ്രായേൽഗോത്രങ്ങളിൽ ഏറ്റവും ചെറുതായ ബെന്യാമീൻ ഗോത്രത്തിലുള്ളവൻ ആണ്. എന്റെ കുടുംബം ബെന്യാമീൻഗോത്രത്തിലെ സകല കുടുംബങ്ങളിലുംവെച്ച് ഏറ്റവും ചെറിയതുമാണ്. എന്നിട്ടും നീ ഇങ്ങനെ എന്നോട് പറയുന്നത് എന്ത്?” എന്ന് ഉത്തരം പറഞ്ഞു.
22പിന്നെ ശമൂവേൽ ശൗലിനെയും അവന്റെ ഭൃത്യനെയും കൂട്ടി വിരുന്നുശാലയിൽ കൊണ്ടുചെന്ന് ക്ഷണിക്കപ്പെട്ടവരുടെ ഇടയിൽ അവർക്ക് പ്രധാനസ്ഥലം കൊടുത്തു; ക്ഷണിക്കപ്പെട്ടവർ ഏകദേശം മുപ്പതുപേർ ഉണ്ടായിരുന്നു.
23ശമൂവേൽ പാചകക്കാരനോട്: “നിന്റെ അടുക്കൽ പ്രത്യേകം മാറ്റിവയ്ക്കാൻ പറഞ്ഞിരുന്ന ഭാഗം കൊണ്ടുവരുക” എന്നു പറഞ്ഞു.24പാചകക്കാരൻ കൈക്കുറകും4 അതിന്മേൽ ഉള്ളതും കൊണ്ടുവന്ന് ശൗലിന്റെ മുമ്പിൽവെച്ചു. “നിനക്കായി വേർതിരിച്ച് വച്ചിരിക്കുന്നത് ഇതാ; തിന്നുകൊള്ളുക; ഞാൻ ഉത്സവത്തിന് ആളുകളെ ക്ഷണിച്ചിട്ടുണ്ട് . ഇത് ഉത്സവത്തിന് വേണ്ടി നിനക്കായി സൂക്ഷിച്ചിരിക്കുന്നു” എന്ന് ശമൂവേൽ പറഞ്ഞു. അങ്ങനെ ശൗൽ അന്ന് ശമൂവേലിനോടുകൂടെ ഭക്ഷണം കഴിച്ചു.
25അവർ പൂജാഗിരിയിൽനിന്ന് പട്ടണത്തിലേക്ക് ഇറങ്ങിവന്നശേഷം അവൻ വീട്ടിന്റെ മുകളിൽവച്ച് ശൗലുമായി സംസാരിച്ചു.26അവർ അതിരാവിലെ എഴുന്നേറ്റു; ശമൂവേൽ മുകളിൽനിന്ന് ശൗലിനെ വിളിച്ചു: "എഴുന്നേല്ക്ക, ഞാൻ നിന്നെ യാത്ര അയയ്ക്കാം”എന്നു പറഞ്ഞു. ശൗൽ എഴുന്നേറ്റു, ശൗലും ശമൂവേലും വെളിയിലേക്ക് പോയി.
27പട്ടണത്തിന്റെ പുറത്ത് എത്തിയപ്പോൾ ശമൂവേൽ ശൗലിനോട്: ഭൃത്യൻ മുമ്പെ കടന്നു പോകുവാൻ പറക; - അവൻ കടന്നുപോയി;- “ഞാൻ നിന്നോട് ദൈവത്തിന്റെ അരുളപ്പാട് അറിയിക്കേണ്ടതിന് നീ അല്പം കാത്തുനില്ക്ക” എന്നു പറഞ്ഞു.


1 9:8 ശേക്കെൽ = ഏകദേശം 11.38 ഗ്രാം
2 9:9 ദർശകൻ = ദൈവഹിതം മുൻകൂട്ടി ദർശിക്കുന്നവർ
3 9:12 പൂജിഗിരി = ദൈവീക ആരാധനയ്ക്ക് തെരഞ്ഞെടുത്തിരിക്കുന്ന സ്ഥലം
4 9:24 കൈക്കുറകു് = പുരോഹിതന് അവകാശപ്പെട്ട യാഗമൃഗത്തിന്റെ കൈയുടെ മാംസമുള്ളഭാഗം

10

1അപ്പോൾ ശമൂവേൽ ഒരു പാത്രം തൈലം എടുത്ത് അവന്റെ തലയിൽ ഒഴിച്ച് അവനെ ചുംബിച്ച് പറഞ്ഞത്: “യഹോവ തന്റെ അവകാശത്തിന് അധിപനായി നിന്നെ അഭിഷേകം ചെയ്തിരിക്കുന്നു.2നീ ഇന്ന് എന്നെ പിരിഞ്ഞുപോകുമ്പോൾ ബെന്യാമീന്റെ അതിർത്തിയിലെ സെൽസഹിൽ റാഹേലിന്റെ കല്ലറക്കരികിൽവെച്ച് രണ്ടാളുകളെ കാണും; നീ അന്വേഷിച്ചുകൊണ്ടിരുന്ന കഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു; നിന്റെ അപ്പൻ ഇപ്പോൾ കഴുതകളെക്കുറിച്ചല്ല : എന്റെ മകന് വേണ്ടി ഞാൻ എന്ത് ചെയ്യേണം എന്ന് പറഞ്ഞ്, നിങ്ങളെക്കുറിച്ച് വിഷാദിച്ചിരിക്കുന്നു എന്ന് അവർ നിന്നോട് പറയും.

3അവിടെനിന്ന് നീ മുമ്പോട്ട് ചെന്ന് താബോരിലെ കരുവേലക1 ത്തിന്നരികെ എത്തുമ്പോൾ ഒരുവൻ മൂന്ന് ആട്ടിൻകുട്ടിയെയും, വേറൊരുവൻ മൂന്ന് അപ്പവും, മറ്റൊരുവൻ ഒരു തുരുത്തി വീഞ്ഞും ചുമന്നുകൊണ്ട് ഇങ്ങനെ മൂന്നു പുരുഷന്മാർ ബേഥേലിൽ ദൈവത്തിന്റെ അടുക്കൽ പോകുന്നതായി നിനക്ക് എതിരെ വരും.4അവർ നിന്നോട് കുശലം ചോദിക്കും; നിനക്ക് രണ്ടു അപ്പവും തരും; നീ അത് അവരുടെ കയ്യിൽനിന്ന് വാങ്ങിക്കൊള്ളണം.
5അതിന്റെ ശേഷം നീ ഫെലിസ്ത്യരുടെ പട്ടാളം ഉള്ള ദൈവത്തിന്റെ പർവ്വതത്തിൽ എത്തും; അവിടെ പട്ടണത്തിൽ കടക്കുമ്പോൾ മുമ്പിൽ വീണ, തപ്പ്, കുഴൽ, കിന്നരം എന്നിവയോടുകൂടെ പൂജാഗിരിയിൽനിന്ന് ഇറങ്ങിവരുന്ന ഒരു പ്രവാചകഗണത്തെ കാണും; അവർ പ്രവചിച്ചുകൊണ്ടിരിക്കും.6യഹോവയുടെ ആത്മാവ് ശക്തിയോടെ നിന്റെമേൽ വരും. നീയും അവരോടുകൂടെ പ്രവചിക്കും. നീ വേറൊരു മനുഷ്യനായി മാറും.
7ഈ അടയാളങ്ങൾ നിനക്ക് സംഭവിക്കുമ്പോൾ നിനക്ക് ഉചിതം എന്ന് തോന്നുന്നത് ചെയ്യുക; ദൈവം നിന്നോടുകൂടെ ഉണ്ട്.8എന്നാൽ നീ എനിക്ക് മുമ്പെ ഗില്ഗാലിലേക്ക് പോകേണം; ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കുവാൻ ഞാൻ നിന്റെ അടുക്കൽ വരും; ഞാൻ നിന്റെ അടുക്കൽ വന്ന് നീ ചെയ്യേണ്ടതെന്തെന്ന് പറഞ്ഞുതരുംവരെ ഏഴു ദിവസം അവിടെ കാത്തിരിക്കേണം.
9ഇങ്ങനെ അവൻ ശമൂവേലിനെ വിട്ടുപിരിഞ്ഞപ്പോൾ ദൈവം ശൗലിന് വേറൊരു ഹൃദയം കൊടുത്തു; ആ അടയാളങ്ങളെല്ലാം അന്നുതന്നെ സംഭവിച്ചു.

10അവർ അവിടെ പർവ്വതത്തിൽ എത്തിയപ്പോൾ ഒരു പ്രവാചകഗണം അവനെതിരെ വരുന്നു; ദൈവത്തിന്റെ ആത്മാവ് ശക്തിയോടെ അവന്റെമേൽ വന്നു; അവൻ അവരുടെ ഇടയിൽ പ്രവചിച്ചു.
11അവനെ മുൻപെ അറിയാവുന്നവർ ഒക്കെയും അവൻ പ്രവാചകന്മാരുടെ കൂട്ടത്തിൽ പ്രവചിക്കുന്നത് കണ്ടപ്പോൾ: “കീശിന്റെ മകന് എന്ത് സംഭവിച്ചു? ശൗലും പ്രവാചകന്മാരുടെ കൂട്ടത്തിൽ ആയോ ”എന്ന് ജനം തമ്മിൽ തമ്മിൽ പറഞ്ഞു.12അതിന് അവിടെ ഉള്ള ഒരാൾ:“ ആരാകുന്നു അവരുടെ പിതാവ് ” എന്ന് ചോദിച്ചു. ആകയാൽ ശൗലും ഉണ്ടോ പ്രവാചകഗണത്തിൽ എന്നുള്ളത് പഴഞ്ചൊല്ലായി2 തീർന്നു.13അവൻ പ്രവചിച്ച് കഴിഞ്ഞശേഷം ഗിബെയയിൽ എത്തി.

14ശൗലിന്റെ ഇളയപ്പൻ അവനോടും അവന്റെ ഭൃത്യനോടും: “നിങ്ങൾ എവിടെ പോയിരുന്നു എന്നു ചോദിച്ചു. കഴുതകളെ അന്വേഷിക്കുവാൻ പോയിരുന്നു; അവയെ കാണാഞ്ഞതിനാൽ ഞങ്ങൾ ശമൂവേലിന്റെ അടുക്കൽ പോയി”എന്ന് അവൻ പറഞ്ഞു.15ശമൂവേൽ നിങ്ങളോട് പറഞ്ഞത് എന്നെ അറിയിക്കണം എന്ന് ശൗലിന്റെ ഇളയപ്പൻ പറഞ്ഞു.16ശൗൽ തന്റെ ഇളയപ്പനോട്: “കഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു എന്ന് അവൻ ഞങ്ങളോട് വ്യക്തമായി അറിയിച്ചു എന്നു പറഞ്ഞു;” എങ്കിലും ശമൂവേൽ രാജത്വം സംബന്ധിച്ച് പറഞ്ഞത് ശൗൽ അവനോട് അറിയിച്ചില്ല.

17അതിനുശേഷം ശമൂവേൽ ജനത്തെ മിസ്പയിൽ യഹോവയുടെ സന്നിധിയിൽ വിളിച്ചുകൂട്ടി,18യിസ്രായേൽമക്കളോട് പറഞ്ഞതെന്തെന്നാൽ: “യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേൽമക്കളെ മിസ്രയീമിൽനിന്ന് കൊണ്ടുവന്നു. അവരുടെ കയ്യിൽനിന്നും, നിങ്ങളെ ഉപദ്രവിച്ച സകലരാജ്യക്കാരുടെയും കയ്യിൽനിന്നും നിങ്ങളെ വിടുവിച്ചു.19നിങ്ങളുടെ എല്ലാ എതിരാളികളിൽ നിന്നും കഷ്ടങ്ങളിൽ നിന്നും നിങ്ങളെ രക്ഷിച്ച നിങ്ങളുടെ ദൈവത്തെ ഇന്ന് ഉപേക്ഷിച്ചു: ഞങ്ങൾക്ക് ഒരു രാജാവിനെ നിയമിച്ചുതരേണമെന്ന് ദൈവത്തോട് പറഞ്ഞിരിക്കുന്നു. അതുകൊണ്ട് നിങ്ങൾ ഇപ്പോൾ ഗോത്രംഗോത്രമായും ആയിരമായിരമായും യഹോവയുടെ സന്നിധിയിൽ നിൽക്കുവിൻ.
20അങ്ങനെ ശമൂവേൽ യിസ്രായേൽഗോത്രങ്ങളെയെല്ലാം തന്റെ അടുക്കൽ വരുത്തി നറുക്കിട്ടു; ബെന്യാമീൻഗോത്രത്തിന് നറുക്ക് വീണു.21അവൻ ബെന്യാമീൻഗോത്രത്തെ കുടുംബംകുടുംബമായി അടുക്കൽ വരുത്തി; മത്രികുടുംബത്തിന് നറുക്ക് വീണു; അതിൽ കീശിന്റെ മകനായ ശൗലിന് നറുക്ക് വീണു; അവർ അവനെ അന്വേഷിച്ചപ്പോൾ കണ്ടില്ല.
22അവർ പിന്നെയും യഹോവയോട്: “അയാൾ ഇവിടെ വന്നിട്ടുണ്ടോ” എന്നു ചോദിച്ചു. അതിന് യഹോവ: “അവൻ സാധനങ്ങളുടെ ഇടയിൽ ഒളിച്ചിരിക്കുന്നു” എന്ന് അരുളിച്ചെയ്തു.23അവർ ഓടിച്ചെന്ന് അവിടെനിന്ന് അവനെ കൊണ്ടുവന്നു. ജനമധ്യത്തിൽ നിന്നപ്പോൾ അവൻ ജനത്തിൽ എല്ലാവരെക്കാളും ഉയരമേറിയവനായിരുന്നു.
24അപ്പോൾ ശമൂവേൽ സർവ്വജനത്തോടും: “യഹോവ തെരഞ്ഞെടുത്തവനെ നിങ്ങൾ കാണുന്നുവോ? സർവ്വജനത്തിലും അവനെപ്പോലെ ഒരുവൻ ഇല്ലല്ലോ”എന്നു പറഞ്ഞു. ജനമെല്ലാം: “രാജാവേ, ജയ ജയ” എന്ന് ആർത്തു.

25അതിന്റെ ശേഷം ശമൂവേൽ രാജാവിന്റെ കടമകളെപ്പറ്റി ജനത്തെ പറഞ്ഞുകേൾപ്പിച്ചു; അത് ഒരു പുസ്തകത്തിൽ എഴുതി യഹോവയുടെ സന്നിധിയിൽ വെച്ചു. പിന്നെ ശമൂവേൽ ജനങ്ങളെയെല്ലാം വീട്ടിലേക്ക് പറഞ്ഞയച്ചു.
26ശൗലും ഗിബെയയിൽ തന്റെ വീട്ടിലേക്ക് പോയി; ദൈവം മനസ്സിൽ തോന്നിപ്പിച്ച വീരന്മാരായ ഒരു കൂട്ടം ആളുകളും അവനോടുകൂടെ പോയി.27എന്നാൽ ചില എതിരാളികൾ: “ഇവൻ നമ്മെ എങ്ങനെ രക്ഷിക്കും” എന്നുപറഞ്ഞ് അവനെ ധിക്കരിച്ചു, അവന് കാഴ്ച3 കൊണ്ടുവരാതെയിരുന്നു. അവനോ അത് കാര്യമാക്കിയില്ല.


1 10:3 കരുവേലകം = ദീർഘകാലം നിൽക്കുന്ന ഒരു വൃക്ഷം
2 10:12 പഴഞ്ചൊല്ല് = പറഞ്ഞ് പറഞ്ഞ് പഴകിയ ചൊല്ല്
3 10:27 കാഴ്ച = രാജ‍ാക്കന്മാർക്കു് അർപ്പിക്കുന്ന സമ്മാനം

11

1അതിനുശേഷം അമ്മോൻ രാജാവായ നാഹാശ് വന്ന് ഗിലെയാദിലെ യാബേശിനെതിരെ പാളയം ഇറങ്ങി; യാബേശിൽ വസിക്കുന്നവർ നാഹാശിനോട്: “ഞങ്ങളോട് ഒരു ഉടമ്പടി ചെയ്യേണം; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കാം” എന്നു പറഞ്ഞു.2അമ്മോന്യനായ നാഹാശ് അവരോട്: “നിങ്ങളുടെ വലത്തെ കണ്ണുകൾ തുരന്നെടുക്കയും എല്ലാ യിസ്രായേൽ ജനങ്ങളെയും നിന്ദിക്കുകയും ചെയ്യും എന്നുള്ള സമ്മതത്തിന്മേൽ ഞാൻ നിങ്ങളോട് ഉടമ്പടി ചെയ്യാം” എന്നു പറഞ്ഞു.

3യാബേശിലെ മൂപ്പന്മാർ അവനോട്: “ഞങ്ങൾ യിസ്രായേൽദേശത്തെല്ലാം ദൂതന്മാരെ അയയ്ക്കുന്നതിനു് ഞങ്ങൾക്ക് ഏഴ് ദിവസത്തെ അവധി തരേണം; ഞങ്ങളെ രക്ഷിപ്പാൻ ആരുമില്ലെങ്കിൽ ഞങ്ങൾ നിന്റെ അടുക്കൽ ഇറങ്ങിവരാം” എന്നു പറഞ്ഞു.
4ദൂതന്മാർ ശൗലിന്റെ ഗിബെയയിൽ ചെന്ന് ആ വാർത്ത ജനത്തെ പറഞ്ഞ് കേൾപ്പിച്ചു; ജനമെല്ലാം ഉറക്കെ കരഞ്ഞു.5അപ്പോൾ ശൗൽ കന്നുകാലികളെയുംകൊണ്ട് വയലിൽനിന്ന് വരികയായിരുന്നു. ജനം കരയുവാൻ കാരണം എന്ത് എന്ന് ശൗൽ ചോദിച്ചു. അവർ യാബേശ്യരുടെ വാർത്ത അവനെ അറിയിച്ചു.
6ശൗൽ വാർത്ത കേട്ടപ്പോൾ ദൈവത്തിന്റെ ആത്മാവ് അവന്റെമേൽ ശക്തിയോടെ വന്നു; അവന്റെ കോപം ഏറ്റവും ജ്വലിച്ചു.7അവൻ രണ്ട് കാളകളെ പിടിച്ചു കഷണംകഷണമായി മുറിച്ചു ദൂതന്മാരുടെ കയ്യിൽ യിസ്രായേൽ ദേശത്തെല്ലായിടത്തുംകൊടുത്തയച്ചു: ആരെങ്കിലും ശൗലിന്റെയും ശമൂവേലിന്റെയും കൂടെ യുദ്ധത്തിന് വരാതിരുന്നാൽ അവന്റെ കാളകളെ ഇങ്ങനെ ചെയ്യും എന്നു പറയിച്ചു. അപ്പോൾ യഹോവയുടെ ഭീതി ജനത്തിന്മേൽ വീണു, അവർ ഏകമനസ്സോടെ പുറപ്പെട്ടു.8ശൗൽ ബേസെക്കിൽവെച്ചു അവരെ എണ്ണി; യിസ്രായേല്യർ മൂന്നു ലക്ഷവും യെഹൂദ്യർ മുപ്പതിനായിരവും ഉണ്ടായിരുന്നു.
9ദൂതന്മാരോടു ശൗൽ: “നിങ്ങൾ ഗിലെയാദിലെ യാബേശ്യരോട്: നാളെ ഉച്ച ആകുമ്പോഴേക്ക് നിങ്ങൾക്ക് രക്ഷ ഉണ്ടാകും എന്നു പറവിൻ” എന്നു പറഞ്ഞു. ദൂതന്മാർ ചെന്ന് യാബേശ്യരോട് അറിയിച്ചപ്പോൾ അവർ സന്തോഷിച്ചു.10പിന്നെ യാബേശ്യർ നഹാശിനോട്:“നാളെ ഞങ്ങൾ നിങ്ങളുടെ അടുക്കൽ ഇറങ്ങിവരും; നിങ്ങളുടെ ഇഷ്ടം പോലെ ഞങ്ങളോടു ചെയ്തുകൊൾവിൻ” എന്നു പറഞ്ഞയച്ചു.
11പിറ്റെ ദിവസം ശൗൽ ജനത്തെ മൂന്നു കൂട്ടമായി വിഭജിച്ചു; അവർ പ്രഭാതയാമത്തിൽ പാളയത്തിന്റെ നടുവിലേക്കു ചെന്ന് ഉച്ച വരെ അമ്മോന്യരെ സംഹരിച്ചു; ശേഷിച്ചവർ ഒന്നിക്കാതവണ്ണം ചിതറിപ്പോയി.
12അപ്പോൾ ജനം ശമൂവേലിനോടു: “ശൗൽ ഞങ്ങൾക്കു രാജാവായിരിക്കുമോ” എന്നു ചോദിച്ചത് ആർ? അവരെ ഏല്പിച്ചുതരണം; ഞങ്ങൾ അവരെ കൊന്നുകളയും എന്നു പറഞ്ഞു.13അതിന് ശൗൽ: ഇന്നു ഒരു മനുഷ്യനെയും കൊല്ലരുതു; ഇന്നു യഹോവ യസ്രായേലിന് രക്ഷ വരുത്തിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.

14പിന്നെ ശമൂവേൽ ജനത്തോട്: “വരുവിൻ; നാം ഗില്ഗാലിൽ ചെന്ന്, അവിടെവച്ചു രാജത്വം പുതുക്കുക” എന്നു പറഞ്ഞു.15അങ്ങനെ ജനമെല്ലാം ഗില്ഗാലിൽ ചെന്നു; അവർ ശൗലിനെ ഗില്ഗാലിൽ യഹോവയുടെ സന്നിധിയിൽവച്ചു രാജാവാക്കി. അവർ അവിടെ യഹോവയുടെ സന്നിധിയിൽ സമാധാനയാഗങ്ങൾ കഴിച്ചു; ശൗലും യിസ്രായേല്യരൊക്കെയും ഏറ്റവും സന്തോഷിച്ചു.

12

1അതുകഴിഞ്ഞ് ശമൂവേൽ എല്ലായിസ്രായേലിനോടും പറഞ്ഞത്: “നിങ്ങൾ എന്നോട് ആവശ്യപ്പെട്ടത് എല്ലാം ഞാൻ ചെയ്തു. നിങ്ങൾക്ക് ഒരു രാജാവിനെയും വാഴിച്ചു തന്നു.2ഇപ്പോൾ രാജാവ് നിങ്ങളുടെ നായകനായിരിക്കുന്നു; ഞാനോ വൃദ്ധനും നരച്ചവനുമായി; എന്റെ മക്കൾ നിങ്ങളോടുകൂടെ ഉണ്ട്; എന്റെ ബാല്യംമുതൽ ഇന്നുവരെയും ഞാൻ നിങ്ങൾക്ക് നായകനായിരുന്നു.

3ഞാൻ ഇതാ, ഇവിടെ നില്ക്കുന്നു: “ഞാൻ ആരുടെയെങ്കിലും കാളയെയോ കഴുതയെയോ മോഷ്ടിച്ചിട്ടുണ്ടോ? ഞാൻ ആരെയെങ്കിലും ചതിക്കുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടുണ്ടോ? ഞാൻ ആരുടെയെങ്കിലും കയ്യിൽനിന്ന് കൈക്കൂലി വാങ്ങി സത്യത്തിന് നേരേ കണ്ണു് അടച്ചിട്ടുണ്ടോ? യഹോവയുടെയും അവന്റെ അഭിഷിക്തന്റെയും മുമ്പാകെ എനിക്കെതിരെ സാക്ഷീകരിപ്പിൻ; ഞാൻ അത് മടക്കിത്തരാം.”
4



അതിന് അവർ:“ നീ ഞങ്ങളെ ചതിക്കുകയൊയോ, പീഡിപ്പിക്കയോ, ആരുടെയെങ്കിലും കയ്യിൽനിന്ന് വല്ലതും മോഷ്ടിക്കുകയോ ചെയ്തിട്ടില്ല” എന്നു പറഞ്ഞു.
5ശമുവേൽ പിന്നെയും അവരോട്: “നിങ്ങൾ എന്റെ പേരിൽ കുറ്റം ഒന്നും കണ്ടില്ല എന്നുള്ളതിന് യഹോവയും അവന്റെ അഭിഷിക്തനും ഇന്ന് സാക്ഷി” എന്നു പറഞ്ഞു.
6അപ്പോൾ ശമൂവേൽ ജനത്തോട് പറഞ്ഞതു്: “മോശെയെയും അഹരോനെയും നിയമിച്ചാക്കുകയും നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്ന് കൊണ്ടുവരികയും ചെയ്തത് യഹോവ തന്നെ.7അതുകൊണ്ട് ഇപ്പോൾ നിങ്ങൾ നിൽക്കുന്നിടത്ത് തന്നെ നില്ക്കുവിൻ; യഹോവ നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും ചെയ്തിട്ടുള്ള സകല നീതികളെയുംകുറിച്ച് നിങ്ങളെ ഞാൻ യഹോവയുടെ മുമ്പാകെ കുറ്റം വിധിക്കുകയാണു. .
8യാക്കോബ് മിസ്രയീമിൽ ചെന്ന് പാർത്തു; അവിടെവെച്ച് നിങ്ങളുടെ പിതാക്കന്മാർ യഹോവയോട് നിലവിളിച്ചപ്പോൾ യഹോവ മോശെയെയും അഹരോനെയും അയച്ചു; അവർ നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീമിൽനിന്ന് കൊണ്ടുവന്ന് ഈ സ്ഥലത്ത് അധിവസിപ്പിച്ചു.9എന്നാൽ അവർ തങ്ങളുടെ ദൈവമായ യഹോവയെ മറന്നപ്പോൾ യഹോവ അവരെ ഹാസോരിലെ സേനാപതിയായ സീസെരയുടെ കയ്യിലും, ഫെലിസ്ത്യരുടെ കയ്യിലും, മോവാബ്‌രാജാവിന്റെ കയ്യിലും ഏല്പിച്ചു, അവരെല്ലാം യിസ്രായേൽമക്കളോടു് യുദ്ധം ചെയ്തു.
10അപ്പോൾ അവർ യഹോവയോട് നിലവിളിച്ചു: ‘ഞങ്ങൾ യഹോവയെ ഉപേക്ഷിച്ച് ബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും സേവിച്ച് പാപം ചെയ്തിരിക്കുന്നു; ഇപ്പോൾ ഞങ്ങളെ ശത്രുക്കളുടെ കയ്യിൽ നിന്ന് രക്ഷിക്കണമേ; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കും’ എന്നു പറഞ്ഞു.11അപ്പോൾ യഹോവ യെരുബ്ബാൽ, ബെദാൻ, യിഫ്താഹ്, ശമൂവേൽ എന്നിവരെ അയച്ച് ചുറ്റുമുള്ള ശത്രുക്കളുടെ കയ്യിൽനിന്ന് നിങ്ങളെ വിടുവിച്ചു; നിങ്ങൾ സുരക്ഷിതരായി വസിച്ചു.
12പിന്നെ അമ്മോന്യരുടെ രാജാവായ നാഹാശ് നിങ്ങൾക്ക് എതിരെ വന്നപ്പോൾ, ദൈവമായ യഹോവ നിങ്ങളുടെ രാജാവായിരുന്നിട്ടും, നിങ്ങൾ എന്നോട്: ‘ഒരു രാജാവ് ഞങ്ങളുടെമേൽ വാഴണം’ എന്നു പറഞ്ഞു.13ഇപ്പോൾ ഇതാ, നിങ്ങൾ തിരഞ്ഞെടുത്തവനും ആഗ്രഹിച്ചവനുമായ രാജാവു് ; യഹോവ നിങ്ങൾക്ക് ഒരു രാജാവിനെ നൽകിയിരിക്കുന്നു.
14നിങ്ങൾ യഹോവയുടെ കല്പനയെ എതിർക്കാതെ യഹോവയെ ഭയപ്പെട്ട് അവനെ സേവിച്ച് അവന്റെ വാക്ക് അനുസരിക്കണം. നിങ്ങളും നിങ്ങളുടെ രാജാവും ദൈവമായ യഹോവയോട് ചേർന്നിരിക്കുകയും ചെയ്യണം.15എന്നാൽ നിങ്ങൾ യഹോവയുടെ വാക്ക് അനുസരിക്കാതെ യഹോവയുടെ കല്പനയെ നിരസിച്ചാൽ യഹോവയുടെ കൈ നിങ്ങളുടെ പിതാക്കന്മാർക്ക് എതിരായിരുന്നതുപോലെ നിങ്ങൾക്കും എതിരായിരിക്കും.
16അതുകൊണ്ട് ഇപ്പോൾ യഹോവ നിങ്ങൾ കാൺകെ ചെയ്യുവാൻ പോകുന്ന ഈ വലിയ കാര്യം കാണുവാൻ നിങ്ങൾ നിൽക്കുന്നിടത്ത് തന്നെ നിൽക്കുവിൻ.17ഇത് കോതമ്പുകൊയ്ത്തിന്റെ കാലമല്ലോ; ഞാൻ യഹോവയോട് അപേക്ഷിക്കും; അവൻ ഇടിയും മഴയും അയക്കും; നിങ്ങൾ ഒരു രാജാവിനെ ആവശ്യപ്പെട്ടതുകൊണ്ട് യഹോവയോട് ചെയ്ത ദോഷം എത്ര വലിയതെന്ന് നിങ്ങൾ അതിനാൽ തിരിച്ചറിയും.”18അങ്ങനെ ശമൂവേൽ യഹോവയോട് അപേക്ഷിച്ചു; യഹോവ അന്ന് ഇടിയും മഴയും അയച്ചു; ജനമെല്ലാം യഹോവയെയും ശമൂവേലിനെയും ഏറ്റവും ഭയപ്പെട്ടു.
19ജനമെല്ലാം ശമൂവേലിനോട്: "അടിയങ്ങൾക്കുവേണ്ടി നിന്റെ ദൈവമായ യഹോവയോട് പ്രാർത്ഥിക്കേണമേ; ഞങ്ങൾ മരിച്ചുപോകരുതേ; ഒരു രാജാവിനെ അപേക്ഷിച്ചതുകൊണ്ട് മറ്റെല്ലാ പാപങ്ങൾക്കും ഒപ്പം ഞങ്ങൾ ഈ ഒരു പാപം കൂടി കൂട്ടിയിരിക്കുന്നു” എന്നു പറഞ്ഞു.20ശമൂവേൽ ജനത്തോട് പറഞ്ഞത്: “ഭയപ്പെടാതിരിക്കുവിൻ; നിങ്ങൾ ഈ ദോഷമൊക്കെയും ചെയ്തിരിക്കുന്നു; എങ്കിലും യഹോവയെ വിട്ടുമാറാതെ പൂർണ്ണഹൃദയത്തോടെ യഹോവയെ സേവിപ്പിൻ.21എന്നാൽ നിങ്ങൾ ഉപകാരമില്ലാത്തതും, രക്ഷിപ്പാൻ കഴിയാത്തതുമായ മിത്ഥ്യാ ദേവന്മാരിലേക്ക് തിരിയരുത്; എന്തെന്നാൽ അവ മിത്ഥ്യാ രൂപങൾ തന്നേയല്ലോ.
22യഹോവ തന്റെ മഹത്തായ നാമംനിമിത്തം തന്റെ ജനത്തെ കൈവിടുകയില്ല; നിങ്ങളെ തന്റെ ജനമാക്കിക്കൊൾവാൻ യഹോവയ്ക്ക് ഇഷ്ടം തോന്നിയിരിക്കുന്നു.23ഞാനോ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാതിരിക്കുന്നതിനാൽ യഹോവയോട് പാപം ചെയ്യുവാൻ ഇടവരരുതേ; ഞാൻ നിങ്ങൾക്ക് നല്ലതും നേരും ആയ വഴി ഉപദേശിക്കും.
24യഹോവയെ ഭയപ്പെട്ട് പൂർണ്ണഹൃദയത്തോടും പരമാർത്ഥതയോടുംകൂടെ സേവിക്കമാത്രം ചെയ്‌വിൻ; അവൻ നിങ്ങൾക്ക് എത്ര വലിയ കാര്യം ചെയ്തിരിക്കുന്നു എന്ന് ഓർത്തുകൊള്ളുവിൻ.25എന്നാൽ നിങ്ങൾ ഇനിയും ദോഷം ചെയ്താൽ നിങ്ങളും നിങ്ങളുടെ രാജാവും നശിച്ചുപോകും.”

13

1ശൗൽ രാജാവായപ്പോൾ (മുപ്പത്) വയസ്സ് ആയിരുന്നു; അവൻ യിസ്രായേലിൽ രണ്ട് വർഷം ഭരിച്ചു.2ശൗൽ യിസ്രായേലിൽ മൂവായിരം പേരെ തിരഞ്ഞെടുത്തു; രണ്ടായിരംപേർ ശൗലിനോടുകൂടെ മിക്മാസിലും ബേഥേൽമലയിലും, ആയിരം പേർ യോനാഥാനോടുകൂടെ ബെന്യാമീനിലെ ഗിബെയയിലും ആയിരുന്നു; ശേഷമുള്ള ജനത്തെ അവൻ സ്വന്തം വീട്ടിലേക്ക് പറഞ്ഞയച്ചു.

3പിന്നെ യോനാഥാൻ ഗേബയിൽ ഉണ്ടായിരുന്ന ഫെലിസ്ത്യരുടെ കാവൽ പട്ടാളത്തെ തോല്പിച്ചു; ഫെലിസ്ത്യർ അത് കേട്ടു. “എബ്രായർ കേൾക്കട്ടെ” എന്ന് പറഞ്ഞ് ശൗൽ ദേശത്തെല്ലാം കാഹളം ഊതിച്ചു.4ശൗൽ ഫെലിസ്ത്യരുടെ കാവൽ പട്ടാളത്തെ തോല്പിച്ചു എന്നും യിസ്രായേൽ ഫെലിസ്ത്യർക്ക് വെറുപ്പായി എന്നും യിസ്രായേലൊക്കെയും കേട്ടിട്ട് ജനം ശൗലിന്റെ അടുക്കൽ ഗില്ഗാലിൽ വന്നു കൂടി.

5എന്നാൽ ഫെലിസ്ത്യർ യിസ്രായേലിനോട് യുദ്ധം ചെയ്‌വാൻ മുപ്പതിനായിരം രഥവും, ആറായിരം കുതിരപടയാളികളും, കടല്പുറത്തെ മണൽപോലെ അസംഖ്യം ജനവുമായി ഒരുമിച്ചുകൂടി; അവർ വന്ന് ബേത്ത്-ആവെന് കിഴക്കു മിക്മാസിൽ പാളയം ഇറങ്ങി.
6എന്നാൽ ജനം ഉപദ്രവിക്കപ്പെട്ടതുകൊണ്ട് തങ്ങൾ വിഷമത്തിലായി എന്ന് യിസ്രായേല്യർ കണ്ടപ്പോൾ ജനം ഗുഹകളിലും കുറ്റിക്കാടുകളിലും പാറകളിലും മാളങ്ങളിലും കുഴികളിലും ചെന്ന് ഒളിച്ചു.7എബ്രായർ യോർദ്ദാൻനദികടന്ന് ഗാദ്‌ദേശത്തും ഗിലെയാദിലും പോയി; ശൗൽ ഗില്ഗാലിൽ താമസിച്ചിരുന്നു; ജനമെല്ലാം പേടിച്ച് അവന്റെ പിന്നാലെ ചെന്നു.

8ശമൂവേൽ നിശ്ചയിച്ചിരുന്നതുപോലെ അവൻ ഏഴ് ദിവസം കാത്തിരുന്നു. എങ്കിലും ശമൂവേൽ ഗില്ഗാലിൽ എത്തിയില്ല; ജനവും അവനെ വിട്ട് ചിതറിപ്പോയി.9അപ്പോൾ ശൗൽ: “ഹോമയാഗവും സമാധാനയാഗവും ഇവിടെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ” എന്ന് കല്പിച്ചു; അവൻ തന്നെ ഹോമയാഗം അർപ്പിച്ചു.10ഹോമയാഗം അർപ്പിച്ച് കഴിഞ്ഞപ്പോൾ ശമൂവേൽ വന്നു; ശൗൽ അവനെ വന്ദനം ചെയ്‌വാൻ എതിരേറ്റുചെന്നു.
11“നീ ചെയ്തത് എന്ത് ?”എന്ന് ശമൂവേൽ ചോദിച്ചു. അതിന് ശൗൽ: “ജനം എന്നെ വിട്ട് ചിതറിപോകാൻ തുടങ്ങി നിശ്ചയിച്ചിരുന്ന സമയത്ത് നീ എത്തിയില്ല എന്നും ഫെലിസ്ത്യർ മിക്മാസിൽ കൂടിയിരിക്കുന്നു എന്നും ഞാൻ കണ്ടു.12ഫെലിസ്ത്യർ ഇപ്പോൾ ഗില്ഗാലിൽ വന്ന് എന്നെ ആക്രമിക്കും; ഞാൻ യഹോവയോട് കൃപക്കായി അപേക്ഷിച്ചതുമില്ലല്ലോ എന്നു ചിന്തിച്ചപ്പോൾ അതുകൊണ്ട് ഹോമയാഗം അർപ്പിക്കാൻ ഞാൻ നിർബന്ധിതനായി ”എന്നു പറഞ്ഞു.
13ശമൂവേൽ ശൗലിനോട് പറഞ്ഞത്: “നീ ചെയ്തത് ഭോഷത്വം ആയിപ്പോയി; നിന്റെ ദൈവമായ യഹോവ നിന്നോട് കല്പിച്ച കല്പന നീ പ്രമാണിച്ചില്ല; യഹോവ യിസ്രായേലിന്മേൽ നിന്റെ രാജത്വം എന്നേക്കുമായി സ്ഥിരപ്പെടുത്തുമായിരുന്നു.14എന്നാൽ നിന്റെ രാജത്വം നിലനില്ക്കയില്ല; യഹോവ നിന്നോട് കല്പിച്ചതിനെ നീ അനുസരിക്കാതിരുന്നതുകൊണ്ട് തന്റെ ഹിതം അനുസരിക്കുന്ന മറ്റൊരാളെ യഹോവ അന്വേഷിച്ചിട്ടുണ്ട്; അവനെ യഹോവ തന്റെ ജനത്തിന് പ്രഭുവായി നിയമിച്ചിരിക്കുന്നു.

15പിന്നെ ശമൂവേൽ എഴുന്നേറ്റ് ഗില്ഗാലിൽനിന്ന് ബെന്യാമീനിലെ ഗിബെയയിലേക്കു പോയി. ശൗൽ തന്നോടുകൂടെയുള്ള പടജ്ജനത്തെ എണ്ണി നോക്കി.അവർ ഏകദേശം അറുനൂറ് പേർ ഉണ്ടായിരുന്നു.16ശൗലും അവന്റെ മകൻ യോനാഥാനും കൂടെയുള്ള ജനങ്ങളും ബെന്യാമീനിലെ ഗിബെയയിൽ താമസിച്ചു; ഫെലിസ്ത്യർ മിക്മാസിൽ പാളയമിറങ്ങി.
17ഫെലിസ്ത്യരുടെ പാളയത്തിൽനിന്ന് കവർച്ചക്കാർ മൂന്ന് കൂട്ടമായി പുറപ്പെട്ടു; ഒരു കൂട്ടം ഒഫ്രെക്കുള്ള വഴിയായി ശൂവാൽദേശത്തേക്ക് പോയി;18മറ്റൊരുകൂട്ടം ബേത്ത്-ഹോരോനിലേക്കുള്ള വഴിക്ക് പോയി; മൂന്നാമത്തെ കൂട്ടം മരുഭൂമിക്ക് നേരേ സെബോയീം താഴ്വരക്കെതിരെയുള്ള ദേശം വഴിക്കും പോയി.
19എന്നാൽ യിസ്രായേൽ ദേശത്ത് ഒരിടത്തും ഒരു കൊല്ലൻ1 ഇല്ലായിരുന്നു; കാരണം “എബ്രായർ വാളോ കുന്തമോ തീർപ്പിക്കരുത് ” എന്ന് ഫെലിസ്ത്യർ പറഞ്ഞിരുന്നു.20യിസ്രായേല്യർക്ക് തങ്ങളുടെ കൊഴു2 , കലപ്പ,മൺവെട്ടി,കോടാലി,അരിവാൾ എന്നിവയുടെ മൂർച്ച കൂട്ടുവാൻ ഫെലിസ്ത്യരുടെ അടുക്കൽ പോകേണ്ടിയിരുന്നു.21എന്നാൽ മൺവെട്ടി, കലപ്പ, മുപ്പല്ലി, മഴു എന്നിവയ്ക്കായും മുടിങ്കോൽ കൂർപ്പിക്കുവാനും അവർക്ക് അരം ഉണ്ടായിരുന്നു.
22അതുകൊണ്ട് യുദ്ധസമയത്ത് ശൗലിനോടും യോനാഥാനോടും കൂടെയുള്ള ജനത്തിൽ ആർക്കും വാളും കുന്തവും ഉണ്ടായിരുന്നില്ല; ശൗലിനും അവന്റെ മകൻ യോനാഥാനും മാത്രമേ അവ ഉണ്ടായിരുന്നുള്ളു.23ഫെലിസ്ത്യരുടെ പട്ടാളമോ മിക്മാസിലെ ചുരംവരെ പുറപ്പെട്ടുവന്നു.


1 13:19 കൊല്ലൻ = ഇരുമ്പു പണിക്കാരൻ
2 13:20 കൊഴു = കലപ്പയുടെ അറ്റത്ത് വച്ചു പിടിപ്പിക്കുന്ന ഇരുമ്പ്

14

1ഒരു ദിവസം ശൗലിന്റെ മകൻ യോനാഥാൻ തന്റെ ആയുധവാഹകനോട് : “വരുക, നാം ഫെലിസ്ത്യരുടെ പട്ടാളത്തിന്റെ നേരേ ചെല്ലുക” എന്നു പറഞ്ഞു; അവൻ അത് അപ്പനോട് പറഞ്ഞില്ല .

2ശൗൽ ഗിബെയയുടെ അതിർത്തിയിൽ മിഗ്രോനിലെ മാതളനാരകത്തിൻ കീഴിൽ ഇരിക്കയായിരുന്നു. അവനോടുകൂടെ ഉണ്ടായിരുന്ന ഭടന്മാർ ഏകദേശം അറുനൂറ് പേർ ആയിരുന്നു.3ശീലോവിൽ യഹോവയുടെ പുരോഹിതനായിരുന്ന ഏലിയുടെ മകനായ, ഫീനെഹാസിന്റെ മകനായ, ഈഖാബോദിന്റെ സഹോദരനായ, അഹീതൂബിന്റെ മകൻ അഹീയാവ് ആയിരുന്നു അന്ന് ഏഫോദ് ധരിച്ചിരുന്നത്. യോനാഥാൻ പോയത് ജനം അറിഞ്ഞില്ല.
4ഫെലിസ്ത്യ സൈന്യത്തെ നേരിടുവാൻ യോനാഥാൻ പോകേണ്ടിയിരുന്ന വഴിയിൽ രണ്ടുവശത്തും മൂർച്ചയേറിയ ഓരോ പാറ ഉണ്ടായിരുന്നു; ഒന്നിന് ബോസേസ് എന്നും മറ്റേതിന് സേനെ എന്നും ആയിരുന്നു പേർ.5ഒന്ന് വടക്കുവശം മിക്മാസിന് അഭിമുഖമായും മറ്റേത് തെക്കുവശം ഗിബെയെക്ക് അഭിമുഖമായും നിന്നിരുന്നു.
6യോനാഥാൻ തന്റെ ആയുധവാഹകനോട്: “വരിക, നമുക്ക് ഈ അഗ്രചർമ്മികളുടെ പട്ടാളത്തിന്റെ നേരെ ചെല്ലാം; യഹോവ നമുക്കുവേണ്ടി പ്രവർത്തിക്കും; അധികംകൊണ്ടോ അല്പംകൊണ്ടോ രക്ഷിപ്പാൻ യഹോവയ്ക്ക് പ്രായസമില്ലല്ലോ”എന്നു പറഞ്ഞു.7ആയുധവാഹകൻ അവനോട് : “നിന്റെ ഇഷ്ടം പോലെ പ്രവർത്തിക്കുക; നടന്നുകൊൾക; നിന്റെ മനസ്സുപോലെ ഞാൻ നിന്നോടുകൂടെ ഉണ്ട്” എന്നുപറഞ്ഞു.
8അതിന് യോനാഥാൻ പറഞ്ഞത്: “നാം അവരുടെ നേരെ ചെന്ന് അവർക്ക് നമ്മെത്തന്നെ കാണിക്കാം;9ഞങ്ങൾ വരുന്നതുവരെ അവിടെ നില്പിൻ എന്ന് അവർ പറഞ്ഞാൽ, നാം അവരുടെ അടുക്കൽ കയറിപ്പോകാതെ നിൽക്കുന്നിടത്തുതന്നെ നമുക്ക് നിൽക്കാം.10ഇങ്ങോട്ട് കയറിവരുവിൻ എന്ന് പറഞ്ഞാൽ നമുക്ക് കയറിച്ചെല്ലാം; യഹോവ അവരെ നമ്മുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നതിന് ഇത് നമുക്ക് അടയാളം ആയിരിക്കും.”
11ഇങ്ങനെ അവർ രണ്ടുപേരും ഫെലിസ്ത്യരുടെ പട്ടാളത്തിന് മുമ്പിൽ പ്രത്യക്ഷപ്പെട്ടപ്പോൾ: “ഇതാ, എബ്രായർ ഒളിച്ചിരുന്ന ഗുഹകളിൽനിന്ന് പുറപ്പെട്ട് വരുന്നു” എന്ന് ഫെലിസ്ത്യർ പറഞ്ഞു.12പട്ടാളക്കാർ യോനാഥാനോടും അവന്റെ ആയുധവാഹകനോടും: “ഇങ്ങോട്ട് കയറിവരുവിൻ; ഞങ്ങൾ നിങ്ങൾക്ക് ഒരു കാര്യം കാണിച്ചുതരാം ”എന്നു പറഞ്ഞു. അപ്പോൾ യോനാഥാൻ തന്റെ ആയുധവാഹകനോട് : “എന്റെ പിന്നാലെ കയറിവരിക; യഹോവ അവരെ യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
13അങ്ങനെ യോനാഥാനും അവന്റെ പിന്നാലെ ആയുധവാഹകനും മുകളിലേക്ക് വലിഞ്ഞു കയറി; ഫെലിസ്ത്യർ യോനാഥാന്റെ മുമ്പിൽ വീണു; ആയുധവാഹകൻ അവന്റെ പിന്നാലെ നടന്ന് അവരെ കൊന്നു.14യോനാഥാനും ആയുധവാഹകനും ചെയ്ത ഈ ആദ്യസംഹാരത്തിൽ ഏകദേശം അര ഏക്കർ സ്ഥലത്ത് ഇരുപത് പേർ വീണു.
15പാളയത്തിലും പോർക്കളത്തിലും സർവ്വജനത്തിലും നടുക്കമുണ്ടായി. പട്ടാളവും കവർച്ചക്കാരും കൂടെ വിറച്ചു, , വലിയോരു നടുക്കം ഉണ്ടാകത്തക്ക വിധത്തിൽ ഭൂമി കുലുങ്ങി.
16അപ്പോൾ ബെന്യാമീനിലെ ഗിബെയയിൽനിന്ന് ശൗലിന്റെ കാവല്ക്കാർ നോക്കി.ഫെലിസ്ത്യർ ചിതറി അങ്ങുമിങ്ങും ഓടുന്നത് കണ്ടു.17ശൗൽ കൂടെയുള്ള ജനത്തോട്: “നമ്മുടെ കൂട്ടത്തിൽ നിന്ന് പോയതാരെന്ന് അറിയുവാൻ എണ്ണി നോക്കുവിൻ” എന്ന് കല്പിച്ചു. അവർ എണ്ണിനോക്കിയപ്പോൾ യോനാഥാനും അവന്റെ ആയുധവാഹകനും ഇല്ലായിരുന്നു.
18ശൗൽ അഹീയാവിനോട് : “ദൈവത്തിന്റെ പെട്ടകം ഇവിടെ കൊണ്ടുവരുക” എന്നു പറഞ്ഞു. ദൈവത്തിന്റെ പെട്ടകം ആ കാലത്ത് യിസ്രായേൽമക്കളുടെ അടുക്കൽ ഉണ്ടായിരുന്നു.19ശൗൽ പുരോഹിതനോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഫെലിസ്ത്യരുടെ പാളയത്തിലെ കലാപം മേല്ക്കുമേൽ വർദ്ധിച്ചുവന്നു. അപ്പോൾ ശൗൽ പുരോഹിതനോട്: “നിന്റെ കൈ പിൻവലിക്ക” എന്നു പറഞ്ഞു.
20പിന്നീട് ശൗലും കൂടെയുള്ള ജനമൊക്കെയും ഒന്നിച്ചുകൂടി യുദ്ധത്തിന് ചെന്നപ്പോൾ അവർ അന്യോന്യം വെട്ടി. അവിടെ ആകെ വലിയ കലക്കം ഉണ്ടായി.21നേരെത്തെ ഫെലിസ്ത്യരോടുകൂടെ ആയിരുന്നവരും, അവരുടെ പാളയത്തിൽ ചേർന്നവരുമായ എബ്രായർ, ശൗലിനോടും യോനാഥാനോടും കൂടെ ഉണ്ടായിരുന്ന യിസ്രായേല്യരുടെ പക്ഷം ചേർന്നു.
22അങ്ങനെ തന്നെ, എഫ്രയീംമലനാട്ടിൽ ഒളിച്ചിരുന്ന യിസ്രായേല്യർ ഒക്കെയും, ഫെലിസ്ത്യർ തോറ്റോടി എന്ന് കേട്ടയുടനെ പടക്കൂട്ടത്തിൽ ചേർന്ന് അവരെ പിന്തുടർന്നു.23അങ്ങനെ യഹോവ അന്ന് യിസ്രായേലിനെ രക്ഷിച്ചു; പട ബേത്ത്-ആവെൻ വരെ വ്യാപിച്ചു.
24യിസ്രായേല്യർ അന്ന് അസ്വസ്ഥരായി; കാരണം ഞാൻ എന്റെ ശത്രുക്കളോട് പ്രതികാരം ചെയ്യുന്നതുവരെ, സന്ധ്യക്കു മുമ്പ് ,ആഹാരം കഴിക്കുന്നവൻ ശപിക്കപ്പെട്ടവൻ എന്ന് ശൗൽ ജനത്തെക്കൊണ്ട് സത്യം ചെയ്യിച്ചിരുന്നു. അതുകൊണ്ട് ജനത്തിൽ ആരും ആഹാരം ആസ്വദിച്ചില്ല.25യിസ്രായേല്യർ ഒരു കാട്ടുപ്രദേശത്ത് എത്തി; അവിടെ നിലത്ത് തേൻ ഉണ്ടായിരുന്നു.26ജനം കാട്ടിൽ കടന്നപ്പോൾ തേൻ തുള്ളിതുള്ളിയായി വീഴുന്നത് കണ്ടു: എങ്കിലും അവർ ചെയ്ത സത്യത്തെ ഭയപ്പെട്ട് ആരും തന്റെ കൈ വായിലേക്കു കൊണ്ടുപോയില്ല.
27എന്നാൽ യോനാഥാൻ തന്റെ അപ്പൻ ജനത്തെക്കൊണ്ട് സത്യം ചെയ്യിച്ചു എന്ന് അറിയാതിരുന്നതിനാൽ അവൻ തന്റെ വടിയുടെ അറ്റം നീട്ടി ഒരു തേൻകട്ടയിൽ കുത്തി അത് എടുത്ത് ഭക്ഷിച്ചു. അവന്റെ കണ്ണ് പ്രകാശിച്ചു.28അപ്പോൾ ജനത്തിൽ ഒരുവൻ: “ഇന്ന് ഏതെങ്കിലും ആഹാരം ഭക്ഷിക്കുന്നവൻ ശപിക്കപ്പെട്ടവൻ ആയിരിക്കും എന്ന് പറഞ്ഞ് നിന്റെ അപ്പൻ ജനത്തെക്കൊണ്ട് സത്യം ചെയ്യിച്ചിട്ടുണ്ട്; ജനം ക്ഷീണിച്ചുമിരിക്കുന്നു” എന്നു പറഞ്ഞു.
29അതിന് യോനാഥാൻ: “എന്റെ അപ്പൻ ദേശത്തെ കഷ്ടത്തിലാക്കി; ഞാൻ ഈ തേൻ ഒരല്പം ആസ്വദിക്കകൊണ്ട് എന്റെ കണ്ണ് പ്രകാശിച്ചത് കണ്ടില്ലയോ?30ശത്രുക്കളിൽ നിന്ന് അവർ എടുത്ത ആഹാര പദാർത്ഥങ്ങൾ വേണ്ടുംപോലെ ഭക്ഷിച്ചിരുന്നു എങ്കിൽ എത്ര നന്നായിരുന്നു. എന്നാൽ ഇപ്പോൾ ഫെലിസ്ത്യരുടെ പരാജയം അത്ര വലുതല്ലല്ലോ” എന്നു പറഞ്ഞു.
31അവർ അന്ന് മിക്മാസ് മുതൽ അയ്യാലോൻവരെ ഫെലിസ്ത്യരെ സംഹരിച്ചു, 32ജനം ഏറ്റവും ഓടിച്ചെന്ന് ആടുകളെയും കാളകളെയും കിടാക്കളെയും പിടിച്ച് നിലത്തുവച്ചു അറുത്ത് രക്തത്തോടുകൂടെ തിന്നു.
33ജനം രക്തത്തോടു കൂടി ഭക്ഷിച്ചതിനാൽ യഹോവയോട് പാപം ചെയ്യുന്നു എന്ന് ശൗലിന് അറിവുകിട്ടി.അപ്പോൾ അവൻ: “നിങ്ങൾ ഇന്ന് ദ്രോഹം ചെയ്യുന്നു; ഒരു വലിയ കല്ല് എന്റെ അടുക്കൽ ഉരുട്ടിക്കൊണ്ടുവരുവിൻ” എന്നു പറഞ്ഞു.34പിന്നെ ശൗൽ:“ നിങ്ങൾ ജനത്തിന്റെ ഇടയിൽ ചെന്ന് അവരോട്, ഓരോരുത്തരും അവരവരുടെ കാളയെയും ആടിനെയും എന്റെ അടുക്കൽ കൊണ്ടുവന്ന് ഇവിടെവെച്ച് അറുത്ത് തിന്നുകൊൾവിൻ; രക്തത്തോടെ ഭക്ഷിച്ച് യഹോവയോട് പാപം ചെയ്യരുത്” എന്ന് കല്പിച്ചു. അങ്ങനെ ജനമെല്ലാം കാളകളെ അന്ന് രാത്രി കൊണ്ടുവന്ന് അവിടെവെച്ച് അറുത്തു.
35ശൗൽ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു; അത് അവൻ യഹോവയ്ക്ക് ആദ്യം പണിത യാഗപീഠം ആയിരുന്നു.
36പിന്നീട് ശൗൽ: “നാം രാത്രിയിൽ തന്നെ ഫെലിസ്ത്യരെ പിന്തുടർന്ന് നേരം പുലരുന്നതു വരെ അവരെ കൊള്ളയിടുക; അവരിൽ ആരെയും ശേഷിപ്പിക്കരുത്” എന്നു കല്പിച്ചു. “നിനക്ക് ഉചിതമായത് ചെയ്തുകൊൾക ”എന്ന് അവർ പറഞ്ഞപ്പോൾ: “നമുക്ക് ദൈവത്തോട് ചോദിക്കാം” എന്ന് പുരോഹിതൻ പറഞ്ഞു.37അങ്ങനെ ശൗൽ ദൈവത്തോട് : “ഞാൻ ഫെലിസ്ത്യരെ പിന്തുടരേണമോ? നീ അവരെ യിസ്രായേലിന്റെ കയ്യിൽ ഏല്പിക്കുമോ” എന്നു അരുളപ്പാട് ചോദിച്ചു. എന്നാൽ അന്ന് അവന് ഉത്തരം ലഭിച്ചില്ല.
38അപ്പോൾ ശൗൽ:“ജനത്തിന്റെ പ്രധാനികൾ ഒക്കെയും അടുത്തുവരട്ടെ; ഇന്ന് പാപം സംഭവിച്ചത് ഏത് കാര്യത്തിൽ എന്ന് അന്വേഷിച്ചറിവിൻ;39യിസ്രായേലിനെ രക്ഷിക്കുന്ന യഹോവയാണ, അത് എന്റെ മകൻ യോനാഥാൻ തന്നെ ആയിരുന്നാലും അവൻ മരിക്കേണം നിശ്ചയം” എന്നു പറഞ്ഞു. എന്നാൽ അവനോട് ഉത്തരം പറവാൻ സർവ്വ ജനത്തിലും ആരും തയ്യാറായില്ല.
40അവൻ എല്ലായിസ്രായേലിനോടും: “നിങ്ങൾ ഒരു ഭാഗത്ത് നില്പിൻ; ഞാനും എന്റെ മകനായ യോനാഥാനും മറുഭാഗത്ത് നില്ക്കാം” എന്നു പറഞ്ഞു. “നിന്റെ ഇഷ്ടംപോലെ ആകട്ടെ” എന്ന് ജനം ശൗലിനോട് പറഞ്ഞു.41അങ്ങനെ ശൗൽ യിസ്രായേലിന്റെ ദൈവമായ യഹോവയോട് : “സത്യം വെളിപ്പെടുത്തിത്തരേണമേ ”എന്നു പറഞ്ഞു. അപ്പോൾ ശൗലിനും യോനാഥാനും ചീട്ടുവീണു; ജനം ഒഴിവാക്കപ്പെട്ടു.42പിന്നെ ശൗൽ:“ എനിക്കും എന്റെ മകനായ യോനാഥാനും ചീട്ടിടുവിൻ” എന്നു പറഞ്ഞു; ചീട്ട് യോനാഥാന് വീണു.
43ശൗൽ യോനാഥാനോട് :“ നീ എന്ത് ചെയ്തു? എന്നോടു പറയുക ”എന്നു പറഞ്ഞു. യോനാഥാൻ അവനോടു: “ഞാൻ എന്റെ വടിയുടെ അറ്റംകൊണ്ടു അല്പം തേൻ ആസ്വദിച്ചതേയുള്ളു; അതുകൊണ്ട് ഞാൻ മരിക്കേണ്ടിവരും” എന്നു പറഞ്ഞു.44അതിന് ശൗൽ:“ ദൈവം എന്നോട് അതിന് തക്കവണ്ണവും അധികവും ചെയ്യട്ടെ; യോനാഥാനേ, നീ മരിക്കേണം ”എന്നു ഉത്തരം പറഞ്ഞു.

45എന്നാൽ ജനം ശൗലിനോട്: “യിസ്രായേലിൽ ഈ മഹാരക്ഷ നേടി തന്ന യോനാഥാൻ മരിക്കണമോ? ഒരിക്കലും അരുത്; യഹോവയാണ, അവന്റെ തലയിലെ ഒരു രോമവും നിലത്ത് വീഴുകയില്ല; അവൻ ഇന്ന് ദൈവത്തോടുകൂടെയല്ലയൊ പ്രവർത്തിച്ചിരിക്കുന്നത്” എന്നു പറഞ്ഞു. അങ്ങനെ ജനം യോനാഥാനെ രക്ഷിച്ചു; അവൻ മരിക്കേണ്ടിവന്നില്ല.46ശൗൽ ഫെലിസ്ത്യരെ പിന്തുടരാതെ മടങ്ങിപ്പോയി; ഫെലിസ്ത്യരും തങ്ങളുടെ സ്ഥലത്തേക്ക് പോയി.

47ശൗൽ യിസ്രായേലിൽ രാജത്വം ഏറ്റതിന് ശേഷം മോവാബ്യർ, അമ്മോന്യർ, എദോമ്യർ, സോബാരാജാക്കന്മാർ, ഫെലിസ്ത്യർ എന്നിങ്ങനെ ചുറ്റുമുള്ള സകലജാതികളോടും യുദ്ധംചെയ്തു; അവൻ ചെന്നേടത്തൊക്കെയും ജയം പ്രാപിച്ചു.48അവൻ യുദ്ധം ചെയ്ത് അമാലേക്യരെ ജയിച്ചു, യിസ്രായേല്യരെ കവർച്ചക്കാരുടെ കയ്യിൽനിന്ന് വിടുവിക്കയും ചെയ്തു.
49എന്നാൽ ശൗലിന്റെ പുത്രന്മാർ യോനാഥാൻ, യിശ്വി, മൽക്കീശുവ എന്നിവർ ആയിരുന്നു; അവന്റെ രണ്ടു പുത്രിമാർക്കോ, മൂത്തവൾക്ക് മേരബ് എന്നും ഇളയവൾക്ക് മീഖാൾ എന്നും പേരായിരുന്നു.50ശൗലിന്റെ ഭാര്യയുടെ പേര് അഹീനോവം എന്നായിരുന്നു; അവൾ അഹീമാസിന്റെ മകൾ. അവന്റെ സേനാധിപതിയുടെ പേര് അബ്നേർ എന്നായിരുന്നു ; അവൻ ശൗലിന്റെ ഇളയപ്പനായ നേരിന്റെ മകൻ ആയിരുന്നു.51ശൗലിന്റെ അപ്പനായ കീശും അബ്നേരിന്റെ അപ്പനായ നേരും അബീയേലിന്റെ മക്കൾ ആയിരുന്നു.

52ശൗലിന്റെ കാലത്തെല്ലാം ഫെലിസ്ത്യരോട് കഠിനയുദ്ധം ഉണ്ടായിരുന്നു; എന്നാൽ ശൗൽ ഏതെങ്കിലുംബലവാനെയൊ വീരനെയോ കണ്ടാൽ അവനെ തന്റെ പക്ഷത്തു ചേർക്കും

15

1അതുകഴിഞ്ഞ് ശമൂവേൽ ശൗലിനോട് പറഞ്ഞത്: “യഹോവ നിന്നെ തന്റെ ജനമായ യിസ്രായേലിന് രാജാവായി അഭിഷേകം ചെയ്യുവാൻ എന്നെ നിയോഗിച്ചുവല്ലോ; അതുകൊണ്ട് ഇപ്പോൾ യഹോവയുടെ വചനങ്ങളെ കേട്ടുകൊള്ളുക.”2സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേൽ മിസ്രയീമിൽനിന്ന് പുറപ്പെട്ടു വരുമ്പോൾ വഴിയിൽവച്ച് അവരെ ആക്രമിച്ചതിന് അമാലേക്യരെ ഞാൻ ശിക്ഷിക്കും.3അതുകൊണ്ട് നീ ചെന്ന് അമാലേക്യരെ തോല്പിച്ച് അവർക്കുള്ളതൊക്കെയും നശിപ്പിച്ചു കളയുക; അവരോട് കനിവ് തോന്നരുത്; പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കുന്നവരെയും കാള, ആടു, ഒട്ടകം, കഴുത എന്നിവയെയും സംഹരിച്ചുകളയുക.

4അതുകൊണ്ട് ശൗൽ ജനത്തെ ഒന്നിച്ചുകൂട്ടി തെലായീമിൽവച്ചു അവരെ എണ്ണി; യെഹൂദാഗോത്രക്കാരായ പതിനായിരം പേരും യിസ്രായേൽ ഗോത്രക്കാരായ രണ്ടുലക്ഷം കാലാളുകളും1 ഉണ്ടായിരുന്നു.5പിന്നെ ശൗൽ അമാലേക്യരുടെ പ്രധാന നഗരംവരെ ചെന്ന് ഒരു താഴ്വരയിൽ പതുങ്ങിയിരുന്നു.
6എന്നാൽ ശൗൽ കേന്യരോട്: “ഞാൻ നിങ്ങളെ അമാലേക്യരോടുകൂടെ നശിപ്പിക്കാതിരിക്കേണ്ടതിന് അവരുടെ ഇടയിൽനിന്ന് മാറിപോകുവിൻ; യിസ്രായേൽമക്കൾ മിസ്രയീമിൽനിന്ന് വന്നപ്പോൾ നിങ്ങൾ അവർക്ക് ദയചെയ്തുവല്ലോ” എന്നു പറഞ്ഞു. അങ്ങനെ കേന്യർ അമാലേക്യരുടെ ഇടയിൽനിന്ന് മാറിപ്പോയി.7പിന്നെ ശൗൽ ഹവീലാ മുതൽ മിസ്രയീമിന് കിഴക്കുള്ള ശൂർവരെ അമാലേക്യരെ സംഹരിച്ചു.
8അമാലേക്യരുടെ രാജാവായ ആഗാഗിനെ ജീവനോടെ പിടിച്ച്, എല്ലാ ജനങ്ങളെയും വാൾ കൊണ്ട് നശിപ്പിച്ചു.9എന്നാൽ ശൗലും ജനവും ആഗാഗിനെയും ആട്, കാള, തടിച്ചമൃഗം, കുഞ്ഞാട് എന്നിവയിൽ ഏറ്റവും നല്ലവയെയും ഒഴിവാക്കി. നല്ല ഇനങ്ങളെ ഒക്കെയും നശിപ്പിക്കുവാൻ മനസ്സില്ലാതെ ജീവനോടെ സൂക്ഷിച്ചു; വെറുക്കപ്പെട്ടതും നിസ്സാരവുമായവയെ ഒക്കെയും അവർ നശിപ്പിച്ചുകളഞ്ഞു.

10അപ്പോൾ യഹോവയുടെ അരുളപ്പാട് ശമൂവേലിന് ഉണ്ടായത് എന്തെന്നാൽ:11“ഞാൻ ശൗലിനെ രാജാവായി വാഴിച്ചതിനാൽ എനിക്ക് മനോവ്യസനം ഉണ്ടായിരിക്കുന്നു; അവൻ എന്നെ അനുസരിക്കുന്നില്ല; എന്റെ കല്പനകളെ പാലിക്കുന്നതുമില്ല.” ഇത് കേട്ടപ്പോൾ ശമൂവേലിന് വ്യസനമായി; അവൻ രാത്രി മുഴുവനും യഹോവയോട് നിലവിളിച്ചു.
12ശമൂവേൽ ശൗലിനെ കാണുവാൻ അതികാലത്ത് എഴുന്നേറ്റു. അപ്പോൾ ശൗൽ കർമ്മേലിൽ എത്തിയെന്നും അവിടെ തനിക്കായി ഒരു ജ്ഞാപകസ്തംഭം2 നാട്ടി ഘോഷയാത്ര കഴിഞ്ഞ് തിരിച്ച് ഗില്ഗാലിലേക്കു പോയി എന്നും ശമൂവേലിന് അറിവുകിട്ടി.13പിന്നെ ശമൂവേൽ ശൗലിന്റെ അടുക്കൽ എത്തിയപ്പോൾ ശൗൽ അവനോട് : “യഹോവയാൽ നീ അനുഗ്രഹിക്കപ്പെട്ടവൻ; ഞാൻ യഹോവയുടെ കല്പന നിവർത്തിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
14അതിന് ശമൂവേൽ: “എന്റെ ചെവിയിൽ എത്തുന്ന ആടുകളുടെ ഈ കരച്ചലും ഞാൻ കേൾക്കുന്ന കാളകളുടെ മുക്കുറയും3 എന്ത്?” എന്ന് ചോദിച്ചു.15“അവയെ അമാലേക്യരുടെ അടുക്കൽനിന്ന് അവർ കൊണ്ടുവന്നതാകുന്നു; ജനം ആടുകളിലും കാളകളിലും നല്ല ഇനങ്ങളെ നിന്റെ ദൈവമായ യഹോവയ്ക്ക് യാഗംകഴിക്കുവാൻ ജീവനോടെ സൂക്ഷിച്ചു; ശേഷമുള്ളവയെ ഞങ്ങൾ നശിപ്പിച്ചു കളഞ്ഞു ”എന്നു ശൗൽ പറഞ്ഞു.16ശമൂവേൽ ശൗലിനോട്:“നീ അല്പസമയം മൗനമായിരിക്കുക ; യഹോവ കഴിഞ്ഞ രാത്രി എന്നോട് അരുളിച്ചെയ്തത് ഞാൻ നിന്നെ അറിയിക്കും” എന്നു പറഞ്ഞു. അവൻ അവനോട് : “പറഞ്ഞാലും” എന്നു പറഞ്ഞു.
17അപ്പോൾ ശമൂവേൽ പറഞ്ഞത് : “നിന്റെ സ്വന്തകാഴ്ചയിൽ നീ ചെറിയവനായിരുന്നിട്ടും യഹോവ നിന്നെ യിസ്രായേൽ ഗോത്രങ്ങൾക്ക് തലവനാക്കുകയും യിസ്രായേലിന്റെ രാജാവായി നിന്നെ അഭിഷേകം കഴിക്കയും ചെയ്തില്ലയോ?18പിന്നെ യഹോവ നിന്നെ ഒരു ദൗത്യം ഏൽപ്പിച്ചു: “ നീ ചെന്ന് അമാലേക്യരായ പാപികളെ നിർമ്മൂലമാക്കുകയും അവർ നശിക്കുംവരെ അവരോട് പൊരുതുകയും ചെയ്യുക” എന്നു കല്പിച്ചു.19അങ്ങനെയിരിക്കെ നീ യഹോവയുടെ കല്പന അനുസരിക്കാതിരുന്നതെന്തുകൊണ്ടു്? നീ കവർച്ച വസ്തുക്കളുടെ മേൽ ചാടി വീണ് യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തതെന്ത്?”
20ശൗൽ ശമൂവേലിനോട്:“ ഞാൻ യഹോവയുടെ കല്പന അനുസരിച്ച് യഹോവ എന്നെ അയച്ച വഴിക്കു പോയി. അമാലേക് രാജാവായ ആഗാഗിനെ കൊണ്ടുവന്ന് അമാലേക്യരെ നിർമ്മൂലമാക്കിക്കളഞ്ഞു.21എന്നാൽ ജനം കൊള്ളവസ്തുക്കളിൽ വിശേഷമായ ആടുമാടുകളെ എടുത്ത് ഗില്ഗാലിൽ നിന്റെ ദൈവമായ യഹോവയ്ക്ക് യാഗംകഴിപ്പാൻ കൊണ്ടുവന്നിരിക്കുന്നു” എന്നു പറഞ്ഞു.
22ശമൂവേൽ പറഞ്ഞത് : “യഹോവയുടെ കല്പന അനുസരിക്കുന്നതോ ഹോമയാഗങ്ങളും ഹനനയാഗങ്ങളും അർപ്പിക്കുന്നതോ ഏതാകുന്നു യഹോവയ്ക്കു പ്രസാദകരമാകുന്നത്? ഇതാ, അനുസരിക്കുന്നത് യാഗത്തെക്കാളും ശ്രദ്ധിക്കുന്നത് മുട്ടാടുകളുടെ4 തടിച്ചു കൊഴുത്ത മാംസത്തെക്കാളും നല്ലത്.23ആഭിചാര ദോഷം പോലെയും ശാഠ്യം മിത്യാ പൂജയും വിഗ്രഹാരാധനയും പോലെയും ആകുന്നു; നീ യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ട് അവിടുന്ന് നിന്നെയും രാജസ്ഥാനത്ത് നിന്ന് തള്ളിക്കളഞ്ഞിരിക്കുന്നു.”
24ശൗൽ ശമൂവേലിനോട്:“ ഞാൻ ജനത്തെ ഭയപ്പെട്ട് അവരുടെ വാക്ക് അനുസരിച്ചതിനാൽ യഹോവയുടെ കല്പനയും നിന്റെ വാക്കും ലംഘിച്ച് പാപം ചെയ്തിരിക്കുന്നു.25എങ്കിലും എന്റെ പാപം ക്ഷമിച്ച് ഞാൻ യഹോവയെ ആരാധിക്കുവാൻ എന്നോടൊപ്പം വരണമേ”എന്നു പറഞ്ഞു.
26ശമൂവേൽ ശൗലിനോട് :“ ഞാൻ വരില്ല; നീ യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ട് യഹോവ നിന്നെയും യിസ്രായേലിലെ രാജസ്ഥാനത്തുനിന്ന് തള്ളിക്കളഞ്ഞിരിക്കുന്നു.”27പിന്നെ ശമൂവേൽ പോകുവാൻ തിരിഞ്ഞപ്പോൾ ശൗൽ അവന്റെ നിലയങ്കിയുടെ അറ്റം പിടിച്ച് വലിച്ചു; അത് കീറിപ്പോയി.
28ശമൂവേൽ അവനോട് : “യഹോവ ഇന്ന് യിസ്രായേലിന്റെ രാജത്വം നിന്നിൽനിന്ന് കീറി നിന്നെക്കാൾ ഉത്തമനായ നിന്റെ കൂട്ടുകാരന് കൊടുത്തിരിക്കുന്നു.29യിസ്രായേലിന്റെ മഹത്വമായവൻ കള്ളം പറയുകയില്ല. അനുതപിക്കയുമില്ല; അനുതപിക്കുവാൻ അവൻ മനുഷ്യനല്ല” എന്നു പറഞ്ഞു.
30അപ്പോൾ അവൻ: “ഞാൻ പാപം ചെയ്തിരിക്കുന്നു; എങ്കിലും ജനത്തിന്റെ മൂപ്പന്മാരുടെയും യിസ്രായേലിന്റെയും മുമ്പിൽ ഇപ്പോൾ എന്നെ മാനിച്ച്, ഞാൻ നിന്റെ ദൈവമായ യഹോവയെ ആരാധിക്കേണ്ടതിന് എന്നോടുകൂടെ വരണമേ” എന്നു അപേക്ഷിച്ചു.31അങ്ങനെ ശമൂവേൽ ശൗലിന്റെ പിന്നാലെ ചെന്നു; ശൗൽ യഹോവയെ ആരാധിച്ചു.

32അപ്പോൾ ശമൂവേൽ:“ അമാലേക് രാജാവായ ആഗാഗിനെ ഇവിടെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ” എന്ന് കല്പിച്ചു. ആഗാഗ് സന്തോഷത്തോടെ അവന്റെ അടുക്കൽ വന്നു: “മരണഭീതി നീങ്ങിപ്പോയി” എന്ന് ആഗാഗ് പറഞ്ഞു.33“നിന്റെ വാൾ സ്ത്രീകളെ മക്കളില്ലാത്തവരാക്കി. അതുപോലെ നിന്റെ അമ്മയും സ്ത്രീകളുടെ ഇടയിൽ മക്കളില്ലാത്തവളാകും” എന്ന് ശമൂവേൽ പറഞ്ഞു. ഗില്ഗാലിൽവച്ച് യഹോവയുടെ സന്നിധിയിൽ ആഗാഗിനെ കഷണങ്ങളായി വെട്ടിക്കളഞ്ഞു.

34പിന്നെ ശമൂവേൽ രാമയിലേക്ക് പോയി; ശൗലും ശൗലിന്റെ ഗിബെയയിൽ ഉള്ള അരമനയിലേക്കു പോയി.35ശമൂവേൽ പിന്നെ ജീവിതകാലത്ത് ഒരിയ്ക്കൽ പോലും ശൗലിനെ കണ്ടില്ല; എങ്കിലും ശമൂവേൽ ശൗലിനെക്കുറിച്ച് ദുഃഖിച്ചു; യഹോവയും താൻ ശൗലിനെ യിസ്രായേലിന് രാജാവാക്കിയതുകൊണ്ട് അനുതപിച്ചു.


1 15:4 കാലാൾ =നിലത്ത് നിന്ന് യുദ്ധം ചെയ്യുന്ന സൈന്യം
2 15:12 ജ്ഞാപകസ്തംഭം =ഓർമ്മയ്ക്കായി പണിയുന്ന ഒരു തൂൺ
3 15:14 മുക്കുറ = ക‍ാളകളുടെ മൂക്കിൽ കൂടി ശബ്ദം പുറപ്പെടുവിച്ചുള്ള അമറൽ
4 15:22 മുട്ടാടുകൾ = ആണാടുകൾ

16

1അതിനുശേഷം യഹോവ ശമൂവേലിനോട്: “യിസ്രായേലിന്റെ രാജസ്ഥാനത്ത് നിന്ന് ഞാൻ ശൗലിനെ മാറ്റി എന്നറിഞ്ഞ് നീ അവനെക്കുറിച്ച് എത്ര കാലം ദുഃഖിക്കും? കൊമ്പിൽ തൈലം നിറച്ച് പുറപ്പെടുക; ഞാൻ നിന്നെ ബേത്ത്ലഹേംകാരനായ യിശ്ശായിയുടെ അടുക്കൽ അയയ്ക്കും; അവന്റെ മക്കളിൽ ഒരാളെ ഞാൻ രാജാവായി നിശ്ചയിച്ചിരിക്കുന്നു” എന്നു കല്പിച്ചു.

2അതിന് ശമൂവേൽ : “ഞാൻ എങ്ങനെ പോകും? ശൗൽ കേട്ടാൽ എന്നെ കൊല്ലും” എന്നു പറഞ്ഞു. അപ്പോൾ യഹോവ: “നീ ഒരു പശുക്കിടാവിനെയും കൊണ്ടുചെന്ന്, ഞാൻ യഹോവയ്ക്ക് യാഗം അർപ്പിക്കുവാൻ വന്നിരിക്കുന്നു” എന്നു പറയുക.3യിശ്ശായിയെയും യാഗത്തിന് ക്ഷണിക്കുക; നീ ചെയ്യേണ്ടത് എന്താണ് എന്ന് ഞാൻ അപ്പോൾ നിന്നോട് അറിയിക്കും; ഞാൻ പറഞ്ഞുതരുന്ന ആളെ നീ എനിക്കായിട്ട് അഭിഷേകം ചെയ്യേണം.”
4യഹോവ കല്പിച്ചതുപോലെ ശമൂവേൽ ചെയ്തു. ബേത്ത്ലഹേമിൽ ചെന്നു; പട്ടണത്തിലെ മൂപ്പന്മാർ അവന്റെ വരവിൽ വിറച്ചുകൊണ്ട് “നിന്റെ വരവ് ശുഭം തന്നേയോ? ” എന്നു ചോദിച്ചു.5അതിന് അവൻ: “ശുഭം തന്നെ; ഞാൻ യഹോവയ്ക്ക് യാഗം അർപ്പിക്കുവാൻ വന്നിരിക്കുന്നു; നിങ്ങളെ തന്നെ ശുദ്ധീകരിച്ച് എന്നോടുകൂടെ യാഗത്തിന് വരുവിൻ ”എന്നു പറഞ്ഞു. അവൻ യിശ്ശായിയെയും അവന്റെ മക്കളെയും ശുദ്ധീകരിച്ച് അവരെയും യാഗത്തിന് ക്ഷണിച്ചു.
6അവർ വന്നപ്പോൾ ശമുവേൽ എലീയാബിനെ കണ്ടിട്ട് : “യഹോവയുടെ അഭിഷിക്തൻ അവന്റെ മുമ്പാകെ ഇതാ നിൽക്കുന്നു ”എന്നു പറഞ്ഞു.7യഹോവ ശമൂവേലിനോട്: “അവന്റെ ശാരീരിക രൂപമോ ഉയരമോ നോക്കരുത്; ഞാൻ അവനെ തള്ളിയിരിക്കുന്നു. മനുഷ്യൻ നോക്കുന്നത് പോലെയല്ല; മനുഷ്യൻ പുറമെ കാണുന്നത് നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു ”എന്ന് അരുളിച്ചെയ്തു.
8പിന്നെ യിശ്ശായി അബീനാദാബിനെ വിളിച്ച് ശമൂവേലിന്റെ മുമ്പിൽ വരുത്തി; അപ്പോൾ ശമുവേൽ: “യഹോവ ഇവനെയും തിരഞ്ഞെടുത്തിട്ടില്ല” എന്നു പറഞ്ഞു.9പിന്നെ യിശ്ശായി ശമ്മയെയും വരുത്തി. “ഇവനെയും യഹോവ തിരഞ്ഞെടുത്തിട്ടില്ല” എന്ന് അവൻ പറഞ്ഞു.10അങ്ങനെ യിശ്ശായി ഏഴു പുത്രന്മാരെ ശമൂവേലിന്റെ മുമ്പിൽ വരുത്തി; എന്നാൽ ശമൂവേൽ യിശ്ശായിയോട്: “യഹോവ ഇവരെ തിരഞ്ഞെടുത്തിട്ടില്ല” എന്നു പറഞ്ഞു.
11“നിന്റെ പുത്രന്മാർ എല്ലാവരും ഇവിടെ വന്നോ?”എന്ന് ശമൂവേൽ ചോദിച്ചു. അതിന് അവൻ: “ഇനിയും ഏറ്റവും ഇളയ പുത്രൻ ഉണ്ട്; അവൻ ആടുകളെ മേയ്ക്കയാകുന്നു” എന്നു പറഞ്ഞു. ശമൂവേൽ യിശ്ശായിയോട്: അവനെ ആളയച്ച് വരുത്തുക; അവൻ വന്നിട്ടല്ലാതെ നാം ഭക്ഷണം കഴിക്കുകയില്ല” എന്നു പറഞ്ഞു.12ഉടനെ അവർ അവനെ ആളയച്ച് വരുത്തി; “എന്നാൽ അവൻ പവിഴനിറമുള്ളവനും1 , സുന്ദരമായകണ്ണുകൾ ഉള്ളവനും, കോമളരൂപം ഉള്ളവനും ആയിരുന്നു. അപ്പോൾ യഹോവ അരുളിചെയ്തു: “എഴുന്നേറ്റ് ഇവനെ അഭിഷേകം ചെയ്യുക; ഞാൻ തെരഞ്ഞെടുത്തവൻ ഇവൻ തന്നെ ആകുന്നു” എന്നു കല്പിച്ചു.
13അങ്ങനെ ശമൂവേൽ തൈലക്കൊമ്പ് എടുത്ത് അവന്റെ സഹോദരന്മാരുടെ നടുവിൽ വെച്ച് അവനെ അഭിഷേകം ചെയ്തു; യഹോവയുടെ ആത്മാവ് അന്നുമുതൽ ദാവീദിന്മേൽ വ്യാപരിച്ചു. ശമൂവേൽ എഴുന്നേറ്റ് രാമയിലേക്ക് പോയി.
14എന്നാൽ യഹോവയുടെ ആത്മാവ് ശൗലിനെ വിട്ടുമാറി; യഹോവ അയച്ച ഒരു ദുരാത്മാവ് അവനെ ബാധിച്ചു.15അപ്പോൾ ശൗലിന്റെ ഭൃത്യന്മാർ അവനോട്: “ദൈവം അയച്ച ഒരു ദുരാത്മാവ് നിന്നെ ബാധിക്കുന്നുവല്ലോ”.16“അതുകൊണ്ട് കിന്നരവായനയിൽ നിപുണനായ ഒരുവനെ അന്വേഷിപ്പാൻ തിരുമനസ്സുകൊണ്ട് അടിയങ്ങൾക്ക് കല്പന തരണം; എന്നാൽ ദൈവത്തിൽനിന്ന് ദുരാത്മാവ് തിരുമേനിമേൽ വരുമ്പോൾ അവൻ കൈകൊണ്ട് വായിക്കയും തിരുമേനിക്ക് ഭേദം വരുകയും ചെയ്യും” എന്നു പറഞ്ഞു.
17ശൗൽ തന്റെ ഭൃത്യന്മാരോട്: “കിന്നരവായനയിൽ നിപുണനായ ഒരുവനെ അന്വേഷിച്ചുകൊണ്ടുവരുവിൻ” എന്നു കല്പിച്ചു.18ബാല്യക്കാരിൽ ഒരുവൻ: “ബേത്ത്ലഹേംകാരനായ യിശ്ശായിയുടെ ഒരു മകനെ ഞാൻ കണ്ടിട്ടുണ്ട്; അവൻ കിന്നരവായനയിൽ നിപുണനും, ധൈര്യശാലിയായ യോദ്ധാവും, വാക്ചാതുര്യമുള്ളവനും കോമളനും ആകുന്നു; യഹോവ അവനോടുകൂടെ ഉണ്ട് ” എന്നു പറഞ്ഞു.19അതുകൊണ്ട് ശൗൽ യിശ്ശായിയുടെ അടുക്കൽ ദൂതന്മാരെ അയച്ചു: “ആട്ടിടയനായ നിന്റെ മകൻ ദാവീദിനെ എന്റെ അടുക്കൽ അയക്കണം” എന്നു പറയിച്ചു.
20യിശ്ശായി ഒരു കഴുതയെ വരുത്തി, അതിന്റെ പുറത്ത് അപ്പം, ഒരു തുരുത്തി വീഞ്ഞ്, ഒരു കോലാട്ടിൻകുട്ടി എന്നിവ കയറ്റി തന്റെ മകൻ ദാവീദിന്റെ കൈവശം ശൗലിന് കൊടുത്തയച്ചു.21ദാവീദ് ശൗലിന്റെ അടുക്കൽ ചെന്ന് അവന്റെ മുമ്പാകെ നിന്നു; ശൗലിന് അവനോട് വളരെ സ്നേഹമായി; അവൻ അവന്റെ ആയുധവാഹകനായിത്തീർന്നു.
22അതുകൊണ്ട് ശൗൽ യിശ്ശായിയുടെ അടുക്കൽ ആളയച്ചു: ദാവീദിനോട് എനിക്ക് ഇഷ്ടം തോന്നിയിരിക്കുന്നതിനാൽ അവൻ എന്റെ അടുക്കൽ താമസിക്കട്ടെ എന്നു പറയിച്ചു.23ദൈവത്തിന്റെ അടുക്കൽനിന്ന് ദുരാത്മാവ് ശൗലിന്മേൽ വരുമ്പോൾ ദാവീദ് കിന്നരം എടുത്ത് വായിക്കും; ശൗലിന് ആശ്വാസവും സുഖവും ഉണ്ടാകും; ദുരാത്മാവു് അവനെ വിട്ടുമാറും.


1 16:12 പവിഴനിറമുള്ളവൻ = ചുവപ്പ് നിറമള്ളവൻ

17

1അതിനുശേഷം ഫെലിസ്ത്യർ സൈന്യത്തെ യുദ്ധത്തിനായി ഒന്നിച്ചുകൂട്ടി; അവർ യെഹൂദയിലെ സോഖോവിൽ ഒരുമിച്ചുകൂടി. അവർ സോഖോവിന്നും അസേക്കെക്കും മദ്ധ്യേ ഏഫെസ്-ദമ്മീമിൽ പാളയമിറങ്ങി.

2ശൗലും യിസ്രായേല്യരും ഒന്നിച്ചുകൂടി, ഏലാതാഴ്വരയിൽ പാളയമിറങ്ങി ഫെലിസ്ത്യർക്ക് എതിരായി പടയ്ക്ക് അണിനിരന്നു;3താഴ്വരയുടെ ഒരു വശത്തുള്ള മലയിൽ ഫെലിസ്ത്യരും മറുവശത്തുള്ള മലയിൽ യിസ്രായേല്യരും നിന്നു;
4അപ്പോൾ ഫെലിസ്ത്യരുടെ പാളയത്തിൽനിന്ന് ഗഥ്യനായ ഗൊല്യാത്ത് എന്ന ഒരു മല്ലൻ പുറപ്പെട്ടു; അവൻ ആറ് മുഴവും ഒരു ചാണും1 ഉയരമുള്ളവൻ ആയിരുന്നു.5അവന് തലയിൽ താമ്രംകൊണ്ടുള്ള തൊപ്പി ഉണ്ടായിരുന്നു; അവൻ അയ്യായിരം ശേക്കെൽ2 തൂക്കമുള്ള ഒരു താമ്രകവചവും ധരിച്ചിരുന്നു.
6അവന് താമ്രംകൊണ്ടുള്ള കാൽചട്ടയും ചുമലിൽ ഒരു കുന്തവും3 ഉണ്ടായിരുന്നു.7അവന്റെ കുന്തത്തിന്റെ തണ്ട് നെയ്ത്തുകാരൻ നൂൽ നൂൽക്കാൻ ഉപയോഗിക്കുന്ന പടപ്പുതടിപോലെ ആയിരുന്നു; കുന്തത്തിന്റെ അലക്4 അറുനൂറ് ശേക്കെൽ ഇരുമ്പ് ആയിരുന്നു; ഒരു പരിചക്കാരൻ അവന്റെ മുമ്പെ നടന്നു.
8അവൻ യിസ്രായേൽ പടയുടെ നേരെ വിളിച്ചുപറഞ്ഞത്: “നിങ്ങൾ വന്നു യുദ്ധത്തിനു അണിനിരക്കുന്നത് എന്തിന്? ഞാൻ ഫെലിസ്ത്യനും നിങ്ങൾ ശൗലിന്റെ പടയാളികളും അല്ലയോ? നിങ്ങൾ ഒരുവനെ തിരഞ്ഞെടുക്കുക; അവൻ എന്റെ അടുക്കൽ ഇറങ്ങിവരട്ടെ.9അവൻ എന്നോട് യുദ്ധം ചെയ്ത് എന്നെ കൊല്ലുവാൻ പ്രാപ്തനായാൽ ഞങ്ങൾ നിങ്ങൾക്ക് അടിമകൾ ആകാം; ഞാൻ അവനെ ജയിച്ച് കൊന്നാൽ, നിങ്ങൾ ഞങ്ങൾക്ക് അടിമകളായി ഞങ്ങളെ സേവിക്കണം. ”
10ഫെലിസ്ത്യൻ പിന്നെയും: “ഞാൻ ഇന്ന് യിസ്രായേൽപടകളെ വെല്ലുവിളിക്കുന്നു; ഞങ്ങൾ തമ്മിൽ യുദ്ധം ചെയ്യുവാനായി ഒരുവനെ വിട്ടുതരുവിൻ” എന്നു പറഞ്ഞു.11ഫെലിസ്ത്യന്റെ ഈ വാക്കുകൾ ശൗലും എല്ലായിസ്രായേല്യരും കേട്ടപ്പോൾ ഭ്രമിച്ച് ഏറ്റവും ഭയപ്പെട്ടു.

12യെഹൂദയിലെ ബേത്ത്ലഹേമിൽ യിശ്ശായി എന്ന എഫ്രാത്യന്റെ എട്ട് മക്കളിൽ ഒരുവനായിരുന്നു ദാവീദ്; യിശ്ശായി അന്ന് വൃദ്ധനായിരുന്നു.13യിശ്ശായിയുടെ മൂത്ത മക്കൾ മൂന്ന് പേരും ശൗലിന്റെ കൂടെ യുദ്ധത്തിന് ചെന്നിരുന്നു. അവരിൽ ആദ്യത്തെ മകന്റെ പേര് ഏലീയാബ്, രണ്ടാമൻ അബീനാദാബ്, മൂന്നാമൻ ശമ്മയും ആയിരുന്നു.
14ദാവീദ് എല്ലാവരിലും ഇളയവൻ; മൂത്തവർ മൂന്നു പേരും ശൗലിന്റെ കൂടെ പോയിരുന്നു.15ദാവീദ് ശൗലിന്റെ അടുക്കൽനിന്ന് തന്റെ അപ്പന്റെ ആടുകളെ മേയിക്കുവാൻ ബേത്ത്ലഹേമിൽ പോയിവരുക പതിവായിരുന്നു.16ആ ഫെലിസ്ത്യൻ നാല്പത് ദിവസം മുടങ്ങാതെ രാവിലെയും വൈകുന്നേരവും മുമ്പോട്ടുവന്ന് വെല്ലുവിളിച്ചുകൊണ്ടിരുന്നു.

17യിശ്ശായി തന്റെ മകനായ ദാവീദിനോട് പറഞ്ഞത്:“ ഈ ഒരു പറ5 മലരും, പത്ത് അപ്പവും എടുത്ത് പാളയത്തിൽ നിന്റെ സഹോദരന്മാരുടെ അടുക്കൽ വേഗം കൊണ്ടുചെന്ന് കൊടുക്ക.18ഈ പത്ത് പാൽക്കട്ട സഹസ്രാധിപന് 6 കൊടുക്കുക; നിന്റെ സഹോദരന്മാരുടെ ക്ഷേമം അന്വേഷിച്ച് മറുപടിയുമായി വരിക.
19ശൗലും അവരും യിസ്രായേല്യർ ഒക്കെയും ഏലാതാഴ്വരയിൽ ഫെലിസ്ത്യരോട് യുദ്ധം ചെയ്യുന്നുണ്ട്.20അങ്ങനെ ദാവീദ് അതികാലത്ത് എഴുന്നേറ്റ് ആടുകളെ കാവല്ക്കാരന്റെ അടുക്കൽ ഏൽപ്പിച്ചിട്ട്, യിശ്ശായി തന്നോട് കല്പിച്ചതൊക്കെയും എടുത്തു കൊണ്ടു ചെന്നു. ദാവീദ് അടുത്ത് എത്തിയപ്പോൾ സൈന്യം യുദ്ധത്തിന് ആർത്തുവിളിച്ചുകൊണ്ട് പുറപ്പെടുകയായിരുന്നു.21യിസ്രായേലും ഫെലിസ്ത്യരും യുദ്ധത്തിന് അണിനിരന്നു.
22ദാവീദ് തന്റെ കയ്യിലുണ്ടായിരുന്ന സാധനങ്ങൾ പടക്കോപ്പ് സൂക്ഷിക്കുന്നവന്റെ അടുക്കൽ ഏല്പിച്ചിട്ട് സൈന്യത്തിന്റെ അടുക്കൽ ഓടിച്ചെന്ന് തന്റെ സഹോദരന്മാരോട് കുശലം ചോദിച്ചു.23അവൻ അവരോട് സംസാരിച്ചുകൊണ്ട് നില്ക്കുമ്പോൾ ഗഥ്യനായ ഗൊല്യാത്ത് എന്ന ഫെലിസ്ത്യമല്ലൻ ഫെലിസ്ത്യരുടെ നിരകളിൽനിന്ന് വന്ന് മുമ്പിലത്തെ വാക്കുകൾതന്നെ പറയുന്നത് ദാവീദ് കേട്ടു.24അവനെ കണ്ടപ്പോൾ യിസ്രായേല്യരൊക്കെയും ഏറ്റവും ഭയപ്പെട്ട് അവന്റെ മുമ്പിൽനിന്ന് ഓടി.
25അപ്പോൾ യിസ്രായേല്യർ: “ഈ നില്ക്കുന്ന ഇവനെ കണ്ടുവോ? അവൻ യിസ്രായേലിനെ നിന്ദിക്കുവാൻ വന്നിരിക്കുന്നു; അവനെ കൊല്ലുന്നവനെ രാജാവ് മഹാസമ്പന്നനാക്കും. തന്റെ മകളെ അവന് വിവാഹം ചെയ്ത് കൊടുക്കുകയും അവന്റെ പിതൃഭവനത്തിന് യിസ്രായേലിൽ കരമൊഴിവ് കല്പിച്ചുകൊടുക്കുകയും ചെയ്യും” എന്നു പറഞ്ഞു.
26അപ്പോൾ ദാവീദ് തന്റെ അടുക്കൽ നില്ക്കുന്നവരോട്: “ഈ ഫെലിസ്ത്യനെ കൊന്ന് യിസ്രായേലിൽനിന്ന് നിന്ദയെ നീക്കിക്കളയുന്നവന് എന്ത് കൊടുക്കും? ജീവനുള്ള ദൈവത്തിന്റെ സേനകളെ നിന്ദിക്കുവാൻ ഈ അഗ്രചർമ്മിയായ ഫെലിസ്ത്യൻ ആർ” എന്നു പറഞ്ഞു.27അതിന് ജനം: “അവനെ കൊല്ലുന്നവന് മുമ്പ് പറഞ്ഞതൊക്കെയും കൊടുക്കും” എന്ന് അവനോട് ഉത്തരം പറഞ്ഞു.
28അവരോട് അവൻ സംസാരിക്കുന്നത് അവന്റെ മൂത്ത ജ്യേഷ്ഠൻ എലീയാബ് കേട്ട് ദാവീദിനോട് കോപിച്ചു: “നീ ഇവിടെ എന്തിന് വന്നു? മരുഭൂമിയിൽ ഉള്ള ആടുകളെ നീ ആരുടെ അടുക്കൽ ഏൽപ്പിച്ചിട്ട് പോന്നു? നിന്റെ അഹങ്കാരവും നിഗളഭാവവും എനിക്കറിയാം; പട കാണ്മാനല്ലേ നീ വന്നത്” എന്നു പറഞ്ഞു.29അതിന് ദാവീദ്: “ഞാൻ ഇപ്പോൾ എന്ത് തെറ്റ് ചെയ്തു? ഒരു ചോദ്യം ചോദിച്ചതല്ലേയുള്ളൂ?”എന്നു പറഞ്ഞു.30ദാവീദ് അവനെ വിട്ടുമാറി മറ്റൊരുവനോട് അങ്ങനെ തന്നെ ചോദിച്ചു; ജനം മുമ്പിലത്തെപ്പോലെ തന്നെ ഉത്തരം പറഞ്ഞു.
31ദാവീദ് പറഞ്ഞ വാക്ക് കേട്ടവർ അത് ശൗലിനെ അറിയിച്ചു; അവൻ അവനെ വിളിച്ചുവരുത്തി.32ദാവീദ് ശൗലിനോട്: “ഗൊല്യാത്തിന്റെ നിമിത്തം ആരും ഭയപ്പെടേണ്ട; അടിയൻ ചെന്ന് ഈ ഫെലിസ്ത്യനോട് യുദ്ധം ചെയ്യും” എന്നു പറഞ്ഞു.33ശൗൽ ദാവീദിനോട്: “ഈ ഫെലിസ്ത്യനോട് ചെന്ന് യുദ്ധം ചെയ്യുവാൻ നിനക്ക് പ്രാപ്തിയില്ല; നീ ഒരു ബാലൻ അത്രേ; അവനോ, ബാല്യംമുതൽ യോദ്ധാവാകുന്നു” എന്നു പറഞ്ഞു.
34ദാവീദ് ശൗലിനോട് പറഞ്ഞത്:“ അടിയൻ അപ്പന്റെ ആടുകളെ മേയിച്ചു കൊണ്ടിരിക്കുമ്പോൾ ഒരിക്കൽ ഒരു സിംഹവും, കരടിയും വന്ന് കൂട്ടത്തിൽനിന്ന് ഒരാട്ടിൻകുട്ടിയെ പിടിച്ചു.35ഞാൻ പിന്തുടർന്ന് അതിനെ അടിച്ച് അതിന്റെ കയ്യിൽനിന്ന് ആട്ടിൻകുട്ടിയെ രക്ഷിച്ചു. അത് എന്റെ നേരെ വന്നപ്പോൾ ഞാൻ അതിനെ താടിക്ക് പിടിച്ച് അടിച്ചു കൊന്നു.
36ഇങ്ങനെ അടിയൻ സിംഹത്തെയും കരടിയെയും കൊന്നു; ഈ അഗ്രചർമ്മിയായ ഫെലിസ്ത്യൻ ജീവനുള്ള ദൈവത്തിന്റെ സൈന്യത്തെ നിന്ദിച്ചിരിക്കകൊണ്ട് അവനും അവയിൽ ഒന്നിനെപ്പോലെ ആകും.”
37ദാവീദ് പിന്നെയും: “സിംഹത്തിന്റെ കയ്യിൽനിന്നും കരടിയുടെ കയ്യിൽനിന്നും എന്നെ രക്ഷിച്ച യഹോവ, ഈ ഫെലിസ്ത്യന്റെ കയ്യിൽനിന്നും എന്നെ രക്ഷിക്കും” എന്നു പറഞ്ഞു. ശൗൽ ദാവീദിനോട്: “ചെല്ലുക; യഹോവ നിന്നോടുകൂടെ ഇരിക്കും” എന്നു പറഞ്ഞു.38ശൗൽ തന്റെ പടയങ്കി7 ദാവീദിനെ ധരിപ്പിച്ച് അവന്റെ തലയിൽ താമ്രതൊപ്പി വച്ചു; തന്റെ കവചവും അവനെ ഇടുവിച്ചു.
39പടയങ്കിയുടെമേൽ അവന്റെ വാളും കെട്ടി ദാവീദ് നടക്കുവാൻ നോക്കി; എന്നാൽ അവന് അത് പരിചയമില്ലായിരുന്നു; ദാവീദ് ശൗലിനോടു: “ഞാൻ പരിചയിച്ചിട്ടില്ല.അതുകൊണ്ട് ഇവ ധരിച്ചു കൊണ്ടു നടപ്പാൻ എനിക്കു കഴികയില്ല” എന്നു പറഞ്ഞു, അവയെ ഊരിവെച്ചു.40പിന്നെ അവൻ തന്റെ വടി എടുത്തു. തോട്ടിൽനിന്ന് മിനുസമുള്ള അഞ്ച് കല്ലും തെരഞ്ഞെടുത്ത് തന്റെ സഞ്ചിയിൽ ഇട്ടു. കയ്യിൽ കവിണയുമായി8 ഫെലിസ്ത്യനോട് അടുത്തു.
41ഫെലിസ്ത്യനും ദാവീദിനോട് അടുത്തു; പരിചക്കാരനും അവന്റെ മുമ്പിൽ നടന്നു.42ഫെലിസ്ത്യൻ നോക്കി ദാവീദിനെ കണ്ടപ്പോൾ അവനെ പരിഹസിച്ചു; അവൻ തീരെ ബാലനും പവിഴനിറമുള്ളവനും കോമളരൂപനും ആയിരുന്നു.43ഫെലിസ്ത്യൻ ദാവീദിനോട് : “നീ വടികളുമായി എന്റെ നേരെ വരുവാൻ ഞാൻ നായ് ആണോ” എന്നു ചോദിച്ചു. തന്റെ ദേവന്മാരുടെ നാമം ചൊല്ലി ദാവീദിനെ ശപിച്ചു.
44ഫെലിസ്ത്യൻ പിന്നെയും ദാവീദിനോട്: “നീ എന്റെ അടുക്കൽ വന്നാൽ ഞാൻ നിന്റെ മാംസം ആകാശത്തിലെ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇരയാക്കും” എന്നു പറഞ്ഞു.45ദാവീദ് ഫെലിസ്ത്യനോട് പറഞ്ഞത്: “നീ വാളും കുന്തവും ശൂലവുമായി എന്റെ നേരെ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്റെ നേരെ വരുന്നു.
46യഹോവ ഇന്ന് നിന്നെ എന്റെ കയ്യിൽ ഏല്പിക്കും; ഞാൻ നിന്നെ കൊന്ന് നിന്റെ തല ഛേദിച്ചുകളയും; അത്രയുമല്ല ഞാൻ ഇന്ന് ഫെലിസ്ത്യ സൈന്യങ്ങളുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇരയാക്കും; യിസ്രായേലിൽ ഒരു ദൈവം ഉണ്ടെന്ന് സർവ്വഭൂമിയും അറിയും.47യഹോവ വാൾകൊണ്ടും കുന്തംകൊണ്ടുമല്ല രക്ഷിക്കുന്നത് എന്ന് ഈ ജനമെല്ലാം അറിയുവാൻ ഇടവരും; യുദ്ധം യഹോവക്കുള്ളത്; അവൻ നിങ്ങളെ ഞങ്ങളുടെ കയ്യിൽ ഏല്പിച്ചുതരും.
48പിന്നെ ഫെലിസ്ത്യൻ ദാവീദിനോട് എതിർപ്പാൻ അടുത്തപ്പോൾ ദാവീദ് വളരെ തിടുക്കത്തിൽ ഫെലിസ്ത്യനോട് എതിർപ്പാൻ സൈന്യത്തിന് നേരെ ഓടി.49ദാവീദ് സഞ്ചിയിൽ കയ്യിട്ട് ഒരു കല്ല് എടുത്ത് കവിണയിൽവെച്ച് വീശി ഫെലിസ്ത്യന്റെ നെറ്റിക്ക് എറിഞ്ഞു. കല്ല് അവന്റെ നെറ്റിയിൽ പതിച്ചു ;
50അവൻ കവിണ്ണുവീണു. ഇങ്ങനെ ദാവീദ് ഒരു കവിണയും ഒരു കല്ലുംകൊണ്ട് ഫെലിസ്ത്യനെ ജയിച്ചു, ഫെലിസ്ത്യനെ കൊന്നു; എന്നാൽ ദാവീദിന്റെ കയ്യിൽ വാൾ ഇല്ലായിരുന്നു.51അതുകൊണ്ട് ദാവീദ് ഓടിച്ചെന്നു. ഫെലിസ്ത്യന്റെ പുറത്ത് കയറിനിന്ന് ,അവന്റെ വാൾ ഉറയിൽനിന്ന് ഊരിയെടുത്ത് അവന്റെ തല വെട്ടിക്കളഞ്ഞു. തങ്ങളുടെ മല്ലൻ മരിച്ചുപോയി എന്ന് ഫെലിസ്ത്യർ കണ്ടിട്ട് ഓടിപ്പോയി.
52യിസ്രായേല്യരും യെഹൂദ്യരും പുറപ്പെട്ട് ആർത്തുകൊണ്ട് ഗത്തും എക്രോൻ വാതിലുകളുംവരെ ഫെലിസ്ത്യരെ പിന്തുടർന്നു; മുറിവേറ്റ ഫെലിസ്ത്യർ ശയരയീമിനുള്ള വഴിയിൽ ഗത്തും എക്രോൻ വാതിലുകളും വരെ വീണുകിടന്നു.53ഇങ്ങനെ യിസ്രായേൽമക്കൾ ഫെലിസ്ത്യരെ ഓടിക്കുകയും മടങ്ങിവന്ന് അവരുടെ പാളയം കൊള്ളയിടുകയും ചെയ്തു.54എന്നാൽ ദാവീദ് ഫെലിസ്ത്യന്റെ തല എടുത്ത് അതിനെ യെരൂശലേമിലേക്ക് കൊണ്ടുവന്നു; അവന്റെ ആയുധങ്ങൾ തന്റെ കൂടാരത്തിൽ സൂക്ഷിച്ചുവെച്ചു.

55ദാവീദ് ഫെലിസ്ത്യന്റെ നേരേ ചെല്ലുന്നത് ശൗൽ കണ്ടപ്പോൾ സേനാധിപതിയായ അബ്നേരിനോട്: “അബ്നേരേ, ഈ ബാല്യക്കാരൻ ആരുടെ മകൻ? ” എന്ന് ചോദിച്ചതിന് അബ്നേർ: “രാജാവേ, ഞാൻ അറിയുന്നില്ല ”എന്നു പറഞ്ഞു.56“ഈ ബാല്യക്കാരൻ ആരുടെ മകൻ എന്ന് നീ അന്വേഷിക്കണം” എന്ന് രാജാവ് കല്പിച്ചു.
57ദാവീദ് ഫെലിസ്ത്യനെ സംഹരിച്ച് മടങ്ങിവരുമ്പോൾ അബ്നേർ അവനെ ശൗലിന്റെ മുമ്പാകെ കൊണ്ടുചെന്നു; ഫെലിസ്ത്യന്റെ തലയും അവന്റെ കയ്യിൽ ഉണ്ടായിരുന്നു.58ശൗൽ അവനോട്: “ബാല്യക്കാരാ, നീ ആരുടെ മകൻ ? ” എന്നു ചോദിച്ചു; “ഞാൻ ബേത്ത്ലഹേമ്യനായ നിന്റെ ദാസൻ യിശ്ശായിയുടെ മകൻ” എന്ന് ദാവീദ് പറഞ്ഞു.


1 17:4 മുഴം = 46 സെ.മീ ചാൺ = 3മീറ്റർ
2 17:5 ശേക്കെൽ = 11ഗ്രാം
3 17:6 കുന്തം = മുനയുള്ള നീണ്ട ആയുധം
4 17:7 അലക് = മൂർച്ചയുള്ള ലോഹഭാഗം
5 17:17 പറ = ഏകദേശം 22ലിറ്റർ
6 17:18 സഹസ്രാധിപൻ = ആയിരം പേർക്ക് അധിപൻ
7 17:38 പടയങ്കി =സൈനികർ യുദ്ധത്തിന് പോകുമ്പോൾ അണിയുന്ന വസ്ത്രം
8 17:40 കവിണ = കല്ല് വച്ച് എറിയുവ‍ാനുള്ള ഉപകരണം

18

1ദാവീദ് ശൗലിനോട് സംസാരിച്ചു തീർന്നപ്പോൾ യോനാഥാന്റെ മനസ്സ് ദാവീദിന്റെ മനസ്സിനോട് പറ്റിച്ചേർന്നു; യോനാഥാൻ അവനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിച്ചു.2ശൗൽ അന്ന് അവനെ അവിടെ താമസിപ്പിച്ചു; അവന്റെ പിതൃഭവനത്തിലേക്ക് മടങ്ങിപ്പോകുവാൻ പിന്നെ അനുവദിച്ചതുമില്ല.

3യോനാഥാൻ ദാവീദിനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിക്കുക കൊണ്ട് അവനുമായി ഒരു ഉടമ്പടി ഉണ്ടാക്കി.4യോനാഥാൻ താൻ ധരിച്ചിരുന്ന മേലങ്കി ഊരി അതും തന്റെ വസ്ത്രവും വാളും വില്ലും അരക്കച്ചയും ദാവീദിന് കൊടുത്തു.
5ശൗൽ അയക്കുന്നേടത്തൊക്കെയും ദാവീദ് പോയി കാര്യങ്ങൾ വിവേകത്തോടെ നടത്തും; അതുകൊണ്ട് ശൗൽ അവനെ പടജ്ജനത്തിന് മേധാവി ആക്കി; ഇതു സർവ്വജനത്തിനും ശൗലിന്റെ ഭൃത്യന്മാർക്കും പ്രീതികരമായി.

6ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചശേഷം അവർ മടങ്ങിവരുമ്പോൾ യിസ്രായേല്യപട്ടണങ്ങളിൽ നിന്ന് സ്ത്രീകൾ സന്തോഷത്തോടെ തപ്പും തംബുരുവുമായി1 പാടിയും നൃത്തംചെയ്തുംകൊണ്ട് ശൗൽരാജാവിനെ എതിരേറ്റു.7സ്ത്രീകൾ വാദ്യഘോഷത്തോടെ ഗാനപ്രതിഗാനമായി:
“ശൗൽ ആയിരത്തെ കൊന്നു
ദാവീദോ പതിനായിരത്തെ”
എന്നു പാടി.

8ഈ ഗാനം ശൗലിന് അനിഷ്ടമായി അതുകൊണ്ട് ശൗൽ ഏറ്റവും കോപിച്ചു; : “അവർ ദാവീദിന് പതിനായിരം കൊടുത്തു, എനിക്കു ആയിരം മാത്രമേ തന്നുള്ളു; ഇനി രാജത്വമല്ലാതെ എന്താണ് അവന് കിട്ടാനുള്ളത്” എന്നു അവൻ പറഞ്ഞു.9അന്നുമുതൽ ദാവീദിനോട് ശൗലിനു അസൂയ തുടങ്ങി.

10അടുത്ത ദിവസം ദൈവത്തിന്റെ പക്കൽ നിന്നുള്ള ദുരാത്മാവ് ശൗലിന്മേൽ വന്നു അവന്റെ നിയന്ത്രണം ഏറ്റെടുത്തു.അവൻ അരമനക്കകത്ത് ഭ്രാന്തനെപ്പോലെ പുലമ്പിക്കൊണ്ടു നടന്നു; ദാവീദോ പതിവുപോലെ കിന്നരം വായിച്ചുകൊണ്ടിരുന്നു; ശൗലിന്റെ കയ്യിൽ ഒരു കുന്തം ഉണ്ടായിരുന്നു.11ദാവീദിനെ ചുവരോടുചേർത്ത് കുത്തുവാൻ വിചാരിച്ചുകൊണ്ട് ശൗൽ കുന്തം എറിഞ്ഞു; എന്നാൽ ദാവീദ് രണ്ട് പ്രാവശ്യം അവന്റെ മുമ്പിൽനിന്ന് രക്ഷപ്പെട്ടു.12യഹോവ ദാവീദിനോടുകൂടെ ഇരിക്കുകയും ശൗലിന്റെകൂടെ ഇല്ലാതിരിക്കുകയും ചെയ്തതുകൊണ്ട് ശൗൽ ദാവീദിനെ ഭയപ്പെട്ടു.
13അതുകൊണ്ട് ശൗൽ അവനെ തന്റെ അടുക്കൽനിന്ന് മാറ്റി ആയിരം പേർക്ക് അധിപനാക്കി; അങ്ങനെ അവൻ ജനത്തിന് നായകനായി മാറി.14യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു. അതുകൊണ്ട് തന്റെ എല്ലാവഴികളിലും ദാവീദിന് അഭിവൃദ്ധി ഉണ്ടായി;
15ദാവീദ് ഏറ്റവും വിവേകത്തോടെ നടക്കുന്നു എന്ന് ശൗൽ കണ്ടപ്പോൾ,അവനെ ഭയപ്പെട്ടു.16എന്നാൽ ദാവീദ് യിസ്രായേലിനും യെഹൂദയ്ക്കും നായകനായതുകൊണ്ട് അവരൊക്കെയും അവനെ സ്നേഹിച്ചു.

17അതിനുശേഷം ശൗൽ ദാവീദിനോട്: “എന്റെ മൂത്ത മകൾ മേരബിനെ ഞാൻ നിനക്ക് ഭാര്യയായി തരും; നീ ധീരനായി എനിക്കുവേണ്ടി യഹോവയുടെ യുദ്ധങ്ങൾ നടത്തിയാൽ മതി” എന്നു പറഞ്ഞു. ഞാൻ അവനെ ഉപദ്രവിക്കുകയില്ല, ഫെലിസ്ത്യരുടെ കൈയാൽ അവന് ഉപദ്രവം ഉണ്ടാകട്ടെ എന്ന് ശൗൽ വിചാരിച്ചു.18ദാവീദ് ശൗലിനോട്: “രാജാവിന്റെ മരുമകനായിരിപ്പാൻ ഞാൻ ആരു? യിസ്രായേലിൽ എന്റെ ബന്ധുക്കളും എന്റെ പിതൃഭവനവും ആരുമല്ലല്ലോ” എന്നു പറഞ്ഞു.
19ശൗലിന്റെ മകളായ മേരബിനെ ദാവീദിന് ഭാര്യയായി കൊടുക്കേണ്ടിയിരുന്ന സമയത്ത് അവളെ മെഹോലാത്യനായ അദ്രിയേലിന് ഭാര്യയായി കൊടുത്തു.
20ശൗലിന്റെ മകളായ മീഖൾ ദാവീദിനെ സ്നേഹിച്ചു. അത് ശൗലിന് അറിവ് കിട്ടി; ആ കാര്യം അവന് ഇഷ്ടമായി.21അവൾ അവന് ഒരു കെണിയാകട്ടെ. ഫെലിസ്ത്യരുടെ കയ്യാൽ ദാവീദ് ഉപദ്രവിക്കപ്പെടുവാനായി ഞാൻ അവളെ അവന് കൊടുക്കും എന്ന് ശൗൽ വിചാരിച്ച് ദാവീദിനോട്: “നീ ഈ രണ്ടാം പ്രാവശ്യം എനിക്ക് മരുമകനായി തീരണം” എന്നു പറഞ്ഞു.
22പിന്നെ ശൗൽ തന്റെ ഭൃത്യന്മാരോട്:“ നിങ്ങൾ സ്വകാര്യമായി ദാവീദിനോട് സംസാരിച്ച്, രാജാവിന് നിന്നെ പ്രിയമാകുന്നു; അവന്റെ ഭൃത്യന്മാർ ഒക്കെയും നിന്നെ സ്നേഹിക്കുന്നു; അതുകൊണ്ട് നീ രാജാവിന്റെ മരുമകനായ്തീരണം എന്നു പറയുവിൻ” എന്നു കല്പിച്ചു.
23ശൗലിന്റെ ഭൃത്യന്മാർ ആ കാര്യം ദാവീദിനോട് പറഞ്ഞു.അപ്പോൾ ദാവീദ്: “രാജാവിന്റെ മരുമകനാകുന്നത് നിസ്സാരമെന്ന് നിങ്ങൾ വിചാരിക്കുന്നുവോ? ഞാൻ ദരിദ്രനും എളിയവനും ആകുന്നുവല്ലോ” എന്നു പറഞ്ഞു.24ദാവീദ് പറഞ്ഞ കാര്യം ശൗലിന്റെ ദൃത്യന്മാർ ശൗലിനെ അറിയിച്ചു.
25അതിന് ശൗൽ: “രാജാവ് യാതൊരു സ്ത്രീധനവും ആഗ്രഹിക്കുന്നില്ല. അതിനുപകരം രാജാവിന്റെ ശത്രുക്കളോടുള്ള പ്രതികാരമായി ഫെലിസ്ത്യരുടെ നൂറ് അഗ്രചർമ്മം മതി എന്ന് നിങ്ങൾ ദാവീദിനോട് പറയണം” എന്ന് കല്പിച്ചു; ഫെലിസ്ത്യരുടെ കയ്യാൽ ദാവീദ് കൊല്ലപ്പെടണമെന്ന് ശൗൽ കരുതിയിരുന്നു.26ശൗൽ പറഞ്ഞ കാര്യം ഭൃത്യന്മാർ ദാവീദിനോട് അറിയിച്ചപ്പോൾ രാജാവിന്റെ മരുമകനാകുവാൻ ദാവീദിന് സന്തോഷമായി;
27നിശ്ചിത സമയത്തിനുള്ളിൽ ദാവീദും അവന്റെ ആളുകളും ഫെലിസ്ത്യരിൽ ഇരുനൂറ് പേരെ കൊന്നു. അവരുടെ അഗ്രചർമ്മം കൊണ്ടുവന്ന് താൻ രാജാവിന്റെ മരുമകനാകേണ്ടതിന് രാജാവിന് എണ്ണം കൊടുത്തു കൊടുത്തു. ശൗൽ തന്റെ മകളായ മീഖളിനെ അവന് ഭാര്യയായി കൊടുത്തു.28യഹോവ ദാവീദിനോടുകൂടെ ഉണ്ടെന്നും തന്റെ മകളായ മീഖൾ അവനെ സ്നേഹിക്കുന്നു എന്നും ശൗൽ അറിഞ്ഞപ്പോൾ,29ശൗൽ ദാവീദിനെ പിന്നെയും അധികം ഭയപ്പെട്ടു; ശൗൽ ദാവീദിന്റെ നിത്യശത്രുവായ്തീർന്നു.

30എന്നാൽ ഫെലിസ്ത്യപ്രഭുക്കന്മാർ യുദ്ധത്തിന് പുറപ്പെട്ടു; അപ്പോഴൊക്കെയും ദാവീദ് ശൗലിന്റെ സകലഭൃത്യന്മാരെക്കാളും കൂടുതൽ വിജയം നേടി; അവന്റെ പേർ പ്രസിദ്ധമായ്തീർന്നു.


1 18:6 തപ്പും തംബുരുവും = വാദ്യോപകരണങ്ങൾ

19

1ശൗൽ തന്റെ മകനായ യോനാഥാനോടും സകലഭൃത്യന്മാരോടും ദാവീദിനെ കൊല്ലണം എന്ന് കല്പിച്ചു.2എങ്കിലും ശൗലിന്റെ മകനായ യോനാഥാന് ദാവീദിനോട് വളരെ ഇഷ്ടമായിരുന്നതുകൊണ്ട് യോനാഥാൻ ദാവീദിനോട്: “എന്റെ അപ്പനായ ശൗൽ നിന്നെ കൊല്ലുവാൻ നോക്കുന്നു; അതുകൊണ്ട് നീ രാവിലെവരെ കരുതിയിരിക്കുക. അതിനുശേഷം രഹസ്യമായി ഒളിച്ചിരിക്ക.3ഞാൻ എന്റെ അപ്പന്റെ അടുക്കൽ നിന്നെക്കുറിച്ച് സംസാരിക്കും; ഞാൻ ഗ്രഹിക്കുന്നത് നിന്നെ അറിയിക്കാം എന്നുപറഞ്ഞു.

4അങ്ങനെ യോനാഥാൻ തന്റെ അപ്പനായ ശൗലിനോട് ദാവീദിനെക്കുറിച്ച് നല്ല കാര്യങ്ങൾ സംസാരിച്ചു: “രാജാവ് തന്റെ ഭൃത്യനായ ദാവീദിനോട് ദോഷം ചെയ്യരുതേ; അവൻ നിന്നോട് ദോഷം ചെയ്തിട്ടില്ല; അവന്റെ പ്രവൃത്തികൾ നിനക്ക് ഏറ്റവും ഗുണ കരമായിരുന്നതേയുള്ളു.5അവൻ തന്റെ ജീവനെ ഉപേക്ഷിച്ചുകൊണ്ടാണല്ലോ ആ ഫെലിസ്ത്യനെ സംഹരിച്ചത്. അങ്ങനെ യഹോവ എല്ലായിസ്രായേലിനും വലിയ രക്ഷവരുത്തുകയും ചെയ്തു; നീ അതുകണ്ട് സന്തോഷിച്ചു. അതുകൊണ്ട് നീ വെറുതെ ദാവീദിനെ കൊന്ന് കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞ് പാപം ചെയ്യുന്നത് എന്തിന്? ”
6യോനാഥാന്റെ വാക്ക് കേട്ട്, യെഹോവയാണെ അവനെ കൊല്ലുകയില്ല എന്ന് ശൗൽ സത്യം ചെയ്തു.7പിന്നെ യോനാഥാൻ ദാവീദിനെ വിളിച്ച് കാര്യമെല്ലാം അറിയിച്ചു. യോനാഥാൻ ദാവീദിനെ ശൗലിന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ പഴയതുപോലെ അവന്റെ സന്നിധിയിൽ നില്ക്കയും ചെയ്തു.

8പിന്നെയും യുദ്ധം ഉണ്ടായപ്പോൾ ദാവീദ് ഫെലിസ്ത്യരോട് യുദ്ധം ചെയ്ത് അവരെ കഠിനമായി തോല്പിച്ചു. അവർ അവന്റെ മുമ്പിൽനിന്ന് ഓടി.9യഹോവയുടെ അടുക്കൽനിന്ന് ദുരാത്മാവ് പിന്നെയും ശൗലിന്റെമേൽ വന്നു; അവൻ കയ്യിൽ കുന്തവും പിടിച്ച് തന്റെ അരമനയിൽ ഇരിക്കയായിരുന്നു; ദാവീദ് കിന്നരം വായിച്ചുകൊണ്ടിരുന്നു.
10അപ്പോൾ ശൗൽ ദാവീദിനെ കുന്തംകൊണ്ട് ഭിത്തിയോട് ചേർത്ത് കുത്തുവാൻ നോക്കി; ദാവീദ് ശൗലിന്റെ മുമ്പിൽനിന്ന് മാറിക്കളഞ്ഞു. കുന്തം ചുവരിൽ തറച്ചു; ദാവീദ് ആ രാത്രിയിൽത്തന്നെ ഓടിപ്പോയി രക്ഷപെട്ടു.11ദാവീദിനെ കാത്തുനിന്ന് രാവിലെ കൊന്നുകളയേണ്ടതിന് ശൗൽ അവന്റെ വീട്ടിലേക്ക് ദൂതന്മാരെ അയച്ചു; ദാവീദിന്റെ ഭാര്യയായ മീഖൾ അവനോട്: “ഈ രാത്രിയിൽ നിന്റെ ജീവനെ രക്ഷിച്ചില്ലെങ്കിൽ നാളെ നിന്നെ കൊല്ലും” എന്നുപറഞ്ഞു.
12അങ്ങനെ മീഖൾ ദാവീദിനെ കിളിവാതിലിൽക്കൂടി ഇറക്കിവിട്ടു; അവൻ ഓടിപ്പോയി രക്ഷപെട്ടു.13മീഖൾ ഒരു ബിംബം1 എടുത്ത് കട്ടിലിന്മേൽ കിടത്തി, അതിന്റെ തലയിൽ കോലാട്ടുരോമം കൊണ്ടുള്ള മൂടിയും ഇട്ട് ഒരു വസ്ത്രംകൊണ്ട് പുതപ്പിച്ചു.
14ദാവീദിനെ പിടിക്കുവാൻ ശൗൽ അയച്ച ദൂതന്മാർ വന്നപ്പോൾ “അവൻ ദീനമായി കിടക്കുന്നു” എന്നു അവൾ പറഞ്ഞു.15എന്നാൽ ശൗൽ: “ഞാൻ അവനെ കൊല്ലേണ്ടതിന് കിടക്കയോടുകൂടി എന്റെ അടുക്കൽ കൊണ്ടുവരുവിൻ” എന്നു കല്പിച്ചു,
16ദാവീദിനെ നോക്കുവാൻ ദൂതന്മാരെ അയച്ചു. ദൂതന്മാർ ചെന്നപ്പോൾ കട്ടിലിന്മേൽ ഒരു ബിംബം തലയിൽ കോലാട്ടുരോമം കൊണ്ടുള്ള ഒരു മൂടിയുമായി കിടക്കുന്നത് കണ്ടു.17അപ്പോൾ ശൗൽ മീഖളിനോട്: “നീ ഇങ്ങനെ എന്നെ ചതിക്കുകയും എന്റെ ശത്രു രക്ഷപ്പെടുവാൻ അനുവദിക്കുകയും ചെയ്തത് എന്തിന്?” എന്ന് ചോദിച്ചു. അതിന് മറുപടിയായി മീഖൾ ശൗലിനോട്: “എന്നെ വിട്ടയക്കുക; അല്ലെങ്കിൽ ഞാൻ നിന്നെ കൊല്ലും” എന്ന് അവൻ എന്നോട് പറഞ്ഞു.

18ഇങ്ങനെ ദാവീദ് ഓടി രക്ഷപ്പെട്ടു, രാമയിൽ ശമൂവേലിന്റെ അടുക്കൽ ചെന്ന് ശൗൽ തന്നോട് ചെയ്തതൊക്കെയും അവനോട് അറിയിച്ചു. പിന്നെ അവനും ശമൂവേലും നയ്യോത്തിൽ ചെന്ന് പാർത്തു.19ദാവീദ് രാമയിലെ നയ്യോത്തിൽ ഉണ്ടെന്ന് ശൗലിന് അറിവുകിട്ടി.20ശൗൽ ദാവീദിനെ പിടിക്കുവാൻ ദൂതന്മാരെ അയച്ചു; അവർ പ്രവാചകസംഘം പ്രവചിക്കുന്നതും ശമൂവേൽ അവരുടെ തലവനായിരിക്കുന്നതും കണ്ടു.അപ്പോൾ ദൈവത്തിന്റെ ആത്മാവ് ശൗലിന്റെ ദൂതന്മാരുടെമേൽ വന്നു. അവരും പ്രവചിച്ചു.
21ശൗൽ അത് അറിഞ്ഞപ്പോൾ വേറെ ദൂതന്മാരെ അയച്ചു; അവരും അങ്ങനെ തന്നേ പ്രവചിച്ചു. ശൗൽ മൂന്നാം പ്രാവശ്യവും ദൂതന്മാരെ അയച്ചു; അവരും പ്രവചിച്ചു.22പിന്നെ അവൻ തന്നേ രാമയിലേക്കു പോയി, സേക്കൂവിലെ വലിയ കിണറിനരികിൽ എത്തി: “ശമൂവേലും ദാവീദും എവിടെയാകുന്നു ”എന്നു ചോദിച്ചു. “അവർ രാമയിലെ നയ്യോത്തിൽ ഉണ്ട്” എന്നു ഒരുവൻ പറഞ്ഞു.
23അങ്ങനെ അവൻ രാമയിലെ നയ്യോത്തിൽ ചെന്നു; ദൈവത്തിന്റെ ആത്മാവ് അവന്റെമേലും വന്നു; അവൻ രാമയിലെ നയ്യോത്തിൽ എത്തുന്നതുവരെ പ്രവചിച്ചുകൊണ്ട് നടന്നു.24അവൻ തന്റെ വസ്ത്രം ഊരിക്കളഞ്ഞു. അങ്ങനെ ശമൂവേലിന്റെ മുമ്പാകെ പ്രവചിച്ചുകൊണ്ട് അന്ന് രാപകൽ മുഴുവനും നഗ്നനായി കിടന്നു. അതുകൊണ്ട് “ശൗലും ഉണ്ടോ പ്രവാചകഗണത്തിൽ” എന്ന് പറഞ്ഞുവരുന്നു.


1 19:13 ബിംബം = വിഗ്രഹം

20

1അതിനുശേഷം ദാവീദ് രാമയിലെ നയ്യോത്തിൽനിന്നും ഓടി യോനാഥാന്റെ അടുക്കൽ ചെന്നു : “ഞാൻ എന്ത് ചെയ്തു? എന്റെ കുറ്റം എന്ത്? നിന്റെ അപ്പൻ എന്നെ കൊല്ലുവാൻ അന്വേഷിക്കേണ്ടതിന് അവനോട് ഞാൻ ചെയ്ത പാപം എന്ത് എന്നു ചോദിച്ചു?”2യോനാഥാൻ അവനോട് : “അങ്ങനെ സംഭവിക്കുകയില്ല; എന്റെ അപ്പൻ എന്നെ അറിയിക്കാതെ വലുതോ ചെറുതോ ആയ യാതൊരു കാര്യവും ചെയ്‌കയില്ല; പിന്നെ ഈ കാര്യം എന്നെ മറച്ചു വയ്ക്കുവാൻ കാരണം എന്ത്? അങ്ങനെ സംഭവിക്കുകയില്ല” എന്നു പറഞ്ഞു.

3ദാവീദ് പിന്നെയും അവനോട്: “എന്നോട് നിനക്ക് പ്രിയമാകുന്നുവെന്ന് നിന്റെ പിതാവിന് നല്ലവണ്ണം അറിയാം.അതുകൊണ്ട് യോനാഥാൻ ദുഃഖിക്കാതിരിക്കേണ്ടതിന് നീ ഇത് അറിയരുത് എന്ന് അവൻ വിചാരിക്കുന്നു; എന്നാൽ യഹോവയാണ, നിന്നാണ, എനിക്കും മരണത്തിനും ഇടയിൽ ഒരടി അകലം മാത്രമേയുള്ളു” എന്ന് സത്യം ചെയ്തു പറഞ്ഞു.
4അപ്പോൾ യോനാഥാൻ ദാവീദിനോട് :“നിന്റെ ആഗ്രഹം എന്ത്? ഞാൻ അത് ചെയ്തുതരും” എന്നു പറഞ്ഞു.5ദാവീദ് യോനാഥാനോട് പറഞ്ഞത്: നാളെ അമാവാസ്യ1 യാകുന്നു; ഞാനും രാജാവിനോടുകൂടെ പന്തിഭോജനത്തിന്2 ഇരിക്കേണ്ടതാണല്ലോ; എങ്കിലും മൂന്നാംദിവസം വൈകുന്നേരംവരെ വയലിൽ ഒളിച്ചിരിക്കുവാൻ എനിക്ക് അനുവാദം തരേണം.
6നിന്റെ പിതാവ് എന്നെ അന്വേഷിച്ചാൽ: “ദാവീദ് സ്വന്തപട്ടണമായ ബേത്ത്ലേഹെമിലേക്ക് ഒന്നു പോയിവരേണ്ടതിന് എന്നോട് താല്പര്യമായി അനുവാദം ചോദിച്ചു; അവന്റെ കുടുംബാംഗങ്ങൾക്ക് വേണ്ടിയുള്ള വാർഷികയാഗം ഉണ്ട് എന്ന് ബോധിപ്പിക്കേണം.7ശരി എന്ന് അവൻ പറഞ്ഞാൽ അടിയൻ സുരക്ഷിതനാണ് ; എന്നാൽ കോപിച്ചാൽ, അവൻ ദോഷം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു എന്നു അറിഞ്ഞുകൊള്ളണം.
8എന്നാൽ അങ്ങ് അടിയനോട് ദയ ചെയ്യണം; അടിയനുമായി യഹോവയെ സാക്ഷിയാക്കി ഒരു ഉടമ്പടി ചെയ്തിട്ടുണ്ടല്ലോ; വല്ല കുറ്റവും എന്നിൽ ഉണ്ടെങ്കിൽ അങ്ങ് തന്നേ എന്നെ കൊല്ലുക; പിതാവിന്റെ അടുക്കൽ എന്നെ കൊണ്ടുപോകുന്നത് എന്തിന്?9അതിന് യോനാഥാൻ: “അങ്ങനെ നിനക്കു ഭവിക്കാതിരിക്കട്ടെ; എന്റെ പിതാ‍വ് നിനക്ക് ദോഷം ചെയ്യുവാൻ തീരുമാനിച്ചിരിക്കുന്നു എന്നു ഞാൻ അറിഞ്ഞാൽ നിന്നെ അറിയിക്കാതിരിക്കുമോ” എന്നു പറഞ്ഞു.
10ദാവീദ് യോനാഥാനോട്: “നിന്റെ അപ്പൻ നിന്നോട് കഠിനമായി ഉത്തരം പറഞ്ഞാൽ അത് ആർ എന്നെ അറിയിക്കും” എന്നു ചോദിച്ചു.11യോനാഥാൻ ദാവീദിനോട് : “നമുക്ക് വയലിലേക്ക് പോകാം” എന്നു പറഞ്ഞു; അവർ വയലിലേക്ക് പോയി.

12പിന്നെ യോനാഥാൻ ദാവീദിനോട് പറഞ്ഞത്: യിസ്രായേലിന്റെ ദൈവമായ യഹോവ സാക്ഷിയായിരിക്കട്ടെ. നാളെയോ അതിനടുത്ത ദിവസമോ എന്റെ അപ്പന്റെ ഹിതമറിഞ്ഞ് നിനക്ക് ഗുണമെന്ന് കണ്ടാൽ ഞാൻ ആളയച്ച് നിന്നെ അറിയിക്കും.13എന്നാൽ നിന്നോട് ദോഷം ചെയ്‌വാനാകുന്നു എന്റെ പിതാവിന്റെ ഭാവമെങ്കിൽ ഞാൻ അത് നിന്നെ അറിയിച്ച് നിന്നെ സുരക്ഷിതനായി പറഞ്ഞയക്കും. ഞാനത് ചെയ്യുന്നില്ലെങ്കിൽ യഹോവ എന്നെ ശിക്ഷിക്കട്ടെ.യഹോവ എന്റെ പിതാവിനോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കുമാറാകട്ടെ.
14ഞാൻ ഇനി ജീവനോടിരിക്കുന്നു എങ്കിൽ ഞാൻ മരിക്കാതിരിക്കേണ്ടതിന് നീ എന്നോടും എന്റെ ഭവനത്തോടും യഹോവയുടെ ദയ കാണിക്കേണം.15നിന്റെ ദയ ഒരിക്കലും ഇല്ലാതെയാകരുത്; യഹോവ ദാവീദിന്റെ ശത്രുക്കളെയെല്ലാം ഭൂമിയിൽനിന്ന് നീക്കിക്കളയുന്ന സമയത്തും നീ ദയ കാണിക്കണം.16ഇങ്ങനെ യോനാഥാൻ ദാവീദിന്റെ ഗൃഹത്തോട് ഉടമ്പടി ചെയ്തു. ദാവീദിന്റെ ശത്രുക്കളോട് യഹോവ പകരം ചോദിക്കും.
17യോനാഥാൻ സ്വന്തപ്രാണനെപ്പോലെ ദാവീദിനെ സ്നേഹിക്കുകയാൽ അവനെക്കൊണ്ട് പിന്നെയും സത്യംചെയ്യിച്ചു.18പിന്നെ യോനാഥാൻ ദാവീദിനോട് പറഞ്ഞത് : “നാളെ അമാവാസ്യയാകുന്നു; നിന്റെ ഇരിപ്പിടം ഒഴിഞ്ഞിരിക്കുമ്പോൾ നീ ഇല്ലെന്ന് മനസ്സിലാകും .19മൂന്ന് ദിവസം കഴിഞ്ഞിട്ട് അന്നു നീ ഒളിച്ചിരുന്ന സ്ഥലത്ത് നിന്ന് വേഗത്തിൽ ഇറങ്ങിവന്ന് ഏസെൽകല്ലിന്റെ സമീപം താമസിക്കേണം.
20അപ്പോൾ ഞാൻ അതിന്റെ ഒരു വശത്ത് ഉന്നം നോക്കി മൂന്ന് അമ്പ് എയ്യും.21“നീ ചെന്ന് അമ്പ് നോക്കി എടുത്തുകൊണ്ടു വരുക എന്നു പറഞ്ഞ് ഒരു ബാല്യക്കാരനെ അയക്കും. അമ്പുകൾ നിന്റെ ഇപ്പുറത്ത് ഇതാ, എടുത്തുകൊണ്ട് വരിക എന്ന് ഞാൻ ബാല്യക്കാരനോട് പറഞ്ഞാൽ നീ അവ എടുത്തുകൊണ്ട് വരുക;നീ സുരക്ഷിതനാണ്.നിനക്ക് യാതൊരു ആപത്തും വരുകയില്ല.
22എന്നാൽ ഞാൻ ബാല്യക്കാരനോട്: അമ്പു നിന്റെ അപ്പുറത്ത് എന്നു പറഞ്ഞാൽ നീ നിന്റെ വഴിക്കു പൊയ്ക്കൊള്ളുക; യഹോവ നിന്നെ പറഞ്ഞയച്ചിരിക്കുന്നു.23ഞാനും നീയും തമ്മിൽ പറഞ്ഞിരിക്കുന്ന കാര്യത്തിൽ, യഹോവ എനിക്കും നിനക്കും മദ്ധ്യേ എന്നേക്കും സാക്ഷി.

24ഇങ്ങനെ ദാവീദ് വയലിൽ ഒളിച്ചു; അമാവാസ്യയായപ്പോൾ രാജാവ് പന്തിഭോജനത്തിന് ഇരുന്നു.25രാജാവ് പതിവുപോലെ ചുവരിന്നരികെയുള്ള തന്റെ പീഠത്തിന്മേൽ ഇരുന്നു; യോനാഥാൻ എഴുന്നേറ്റുനിന്നു. അബ്നേർ ശൗലിന്റെ അരികെ ഇരുന്നു; ദാവീദിന്റെ സ്ഥലമോ ഒഴിഞ്ഞുകിടന്നു.
26അന്ന് ശൗൽ ഒന്നും പറഞ്ഞില്ല; അവന് എന്തോ ഭവിച്ചു ,അവന് ശുദ്ധിയില്ലായിരിക്കും; അതേ, അവന് ശുദ്ധിയില്ല എന്നു അവൻ വിചാരിച്ചു.27അമാവാസ്യയുടെ അടുത്ത ദിവസവും ദാവീദിന്റെ സ്ഥലം ഒഴിഞ്ഞുകിടന്നു; ശൗൽ തന്റെ മകനായ യോനാഥാനോട്: “യിശ്ശായിയുടെ മകൻ ഇന്നലെയും ഇന്നും പന്തിഭോജനത്തിന് വരാതെയിരിക്കുന്നത് എന്ത്?” എന്നു ചോദിച്ചു.
28യോനാഥാൻ ശൗലിനോട്: “ദാവീദ് ബേത്ത്ലേഹെമിൽ പോകുവാൻ എന്നോട് അനുവാദം ചോദിച്ചു:29ഞങ്ങളുടെ കുടുംബത്തിന് പട്ടണത്തിൽ ഒരു യാഗമുള്ളതുകൊണ്ട് എന്നെ വിട്ടയക്കണമേ; എന്റെ ജ്യേഷ്ഠൻ എന്നോട് കല്പിച്ചിരിക്കുന്നു; അതുകൊണ്ട് നിനക്ക് എന്നോട് കൃപയുണ്ടെങ്കിൽ ഞാൻ എന്റെ സഹോദരന്മാരെ ചെന്നുകാണുവാൻ അനുവദിക്കേണമേ” എന്നു പറഞ്ഞു. അതുകൊണ്ടാണ് അവൻ രാജാവിന്റെ പന്തിഭോജനത്തിന് വരാതിരിക്കുന്നത്” എന്നുത്തരം പറഞ്ഞു.
30അപ്പോൾ ശൗലിന് യോനാഥാന്റെ നേരേ കോപം ജ്വലിച്ചു; അവൻ അവനോട്: വക്രതയും ദുശ്ശാഠ്യവും ഉള്ളവളുടെ മകനേ, നീ നിനക്കും നിന്റെ അമ്മയ്ക്കും അപമാനം ഉണ്ടാവാൻ യിശ്ശായിയുടെ മകനോട് കൂടിയിരിക്കുന്നു എന്ന് എനിക്ക് അറിയാം31യിശ്ശായിയുടെ മകൻ ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ നിനക്ക് രാജാവാകുവാനോ നിന്റെ രാജത്വം ഉറപ്പിക്കനോ സാധിക്കയില്ല. ഉടനെ ആളയച്ച് അവനെ എന്റെ അടുക്കൽ വരുത്തുക; അവൻ മരണയോഗ്യനാകുന്നു എന്നു പറഞ്ഞു.
32യോനാഥാൻ തന്റെ അപ്പനായ ശൗലിനോട്: “അവനെ എന്തിനാണ് കൊല്ലുന്നത്? അവൻ എന്ത് ചെയ്തു ?”എന്നു ചോദിച്ചു.33അപ്പോൾ ശൗൽ അവനെ കൊല്ലുവാൻ അവന്റെ നേരെ കുന്തം എറിഞ്ഞു; അതുകൊണ്ട് തന്റെ അപ്പൻ ദാവീദിനെ കൊല്ലുവാൻ തീരുമാനിച്ചിരിക്കുന്നു എന്ന് യോനാഥാൻ അറിഞ്ഞു.34യോനാഥാൻ അതികോപത്തോടെ പന്തിഭോജനത്തിൽനിന്ന് എഴുന്നേറ്റു; അമാവാസിയുടെ പിറ്റെന്നാൾ ഭക്ഷണം ഒന്നും കഴിച്ചതുമില്ല; തന്റെ പിതാവ് ദാവീദിനെ അപമാനിച്ചതുകൊണ്ടു അവനെക്കുറിച്ചു അവൻ വ്യസനിച്ചിരുന്നു.

35പിറ്റെ ദിവസം രാവിലെ, ദാവീദിനെ കാണുവാൻ നിശ്ചയിച്ചിരുന്ന സമയത്ത്, യോനാഥാൻ ഒരു ചെറിയ ബാല്യക്കാരനോടുകൂടി വയലിലേക്കു പോയി.36അവൻ തന്റെ ബാല്യക്കാരനോട്: “ഓടിച്ചെന്ന് ഞാൻ എയ്യുന്ന അമ്പ് എടുത്തുകൊണ്ടുവരണം” എന്നു പറഞ്ഞു. ബാല്യക്കാരൻ ഓടുമ്പോൾ അവന്റെ അപ്പുറത്തേക്ക് ഒരു അമ്പ് എയ്തു.37യോനാഥാൻ എയ്ത അമ്പ് വീണ സ്ഥലത്ത് ബാല്യക്കാരൻ എത്തിയപ്പോൾ യോനാഥാൻ ബാല്യക്കാരനോട്: “അമ്പ് നിന്റെ അപ്പുറത്തല്ലേ ”എന്നു വിളിച്ചു പറഞ്ഞു.
38പിന്നെയും യോനാഥാൻ ബാല്യക്കാരനോട്: “വേഗം ഓടിവരിക, നില്ക്കരുത് ”എന്ന് വിളിച്ചുപറഞ്ഞു. യോനാഥാന്റെ ബാല്യക്കാരൻ അമ്പുകളെ പെറുക്കി യജമാനന്റെ അടുക്കൽ കൊണ്ടുവന്നു.39എന്നാൽ യോനാഥാനും ദാവീദും അല്ലാതെ ബാല്യക്കാരൻ കാര്യം ഒന്നും അറിഞ്ഞില്ല.40പിന്നെ യോനാഥാൻ തന്റെ ആയുധങ്ങൾ ബാല്യക്കാരന്റെ അടുക്കൽ കൊടുത്തു: “പട്ടണത്തിലേക്ക് കൊണ്ടുപോകുക” എന്നു പറഞ്ഞു.
41ബാല്യക്കാരൻ പോയ ഉടനെ ദാവീദ് തെക്കുവശത്തുനിന്ന് എഴുന്നേറ്റുവന്ന് മൂന്നു പ്രാവശ്യം സാഷ്ടാംഗം വീണു നമസ്കരിച്ചു; അവർ തമ്മിൽ ചുംബനംചെയ്ത് കരഞ്ഞു; ദാവീദ് ഉച്ചത്തിൽ കരഞ്ഞുപോയി.42യോനാഥാൻ ദാവീദിനോട്: “യഹോവ എനിക്കും നിനക്കും,എന്റെ സന്തതിക്കും നിന്റെ സന്തതിക്കും മദ്ധ്യേ എന്നേക്കും സാക്ഷി എന്നിങ്ങനെ നാം ഇരുവരും യഹോവയുടെ നാമത്തിൽ സത്യം ചെയ്തിരിക്കകൊണ്ട് സമാധാനത്തോടെ പോക” എന്നു പറഞ്ഞു. അങ്ങനെ അവൻ എഴുന്നേറ്റ് പോയി; യോനാഥാൻ പട്ടണത്തിലേക്ക് പോന്നു.


1 20:5അമാവാസി = കറുത്തവാവ്
2 20:5 പന്തിഭോജനം = രാജകീയ വിരുന്ന്

21

1ദാവീദ് നോബ് എന്ന സ്ഥലത്ത് പുരോഹിതനായ അഹീമേലെക്കിന്റെ അടുക്കൽ ചെന്നു; അഹീമേലെക്ക് ദാവീദിനെ വിറയലോടെ എതിരേറ്റ് അവനോട്: “ആരും കൂടെ ഇല്ലാതെ നീ തനിച്ചുവന്നത് എന്ത് ?”എന്നു ചോദിച്ചു.2ദാവീദ് പുരോഹിതനായ അഹീമേലെക്കിനോട്: “രാജാവ് എന്നെ ഒരു കാര്യം ഏല്പിച്ചു. ഞാൻ നിന്നെ അയച്ചതും നിന്നോട് കല്പിച്ചതുമായ കാര്യം ഒന്നും ആരും അറിയരുത് എന്ന് കല്പിച്ചിരിക്കുന്നു. എന്റെ ബാല്യക്കാർ ഒരു പ്രത്യേക സ്ഥലത്ത് വരണമെന്ന് ഞാൻ ആവശ്യപ്പെട്ടിരിക്കുന്നു.

3അതുകൊണ്ട് നിന്റെ കയ്യിൽ എന്തെങ്കിലും ഉണ്ടോ? ഒരു അഞ്ചപ്പം അല്ലെങ്കിൽ തല്ക്കാലം കയ്യിൽ ഉള്ളതെന്തെങ്കിലും എനിക്ക് തരണം” എന്നു പറഞ്ഞു.4അതിന് പുരോഹിതൻ ദാവീദിനോട്: “വിശുദ്ധമായ അപ്പം അല്ലാതെ സാധാരണ അപ്പം എന്റെ കയ്യിൽ ഇല്ല; ബാല്യക്കാർ സ്ത്രീസംസർഗ്ഗം ഇല്ലാത്തവരാണ് എങ്കിൽ തരാമെന്ന് ” ഉത്തരം പറഞ്ഞു.
5ദാവീദ് പുരോഹിതനോട് : മൂന്ന് ദിവസമായി സ്ത്രീകൾ ഞങ്ങളോട് അകന്നിരിക്കുന്നു. ഇത് ഒരു സാധാരണ യാത്ര എങ്കിലും ഞാൻ പുറപ്പെടുമ്പോൾ തന്നേ ബാല്യക്കാരുടെ യാത്രക്കോപ്പുകൾ ശുദ്ധമായിരുന്നു; ഇന്നോ അവരുടെ കോപ്പുകൾ എത്ര അധികം ശുദ്ധമായിരിക്കും ”എന്നു പറഞ്ഞു.6അങ്ങനെ പുരോഹിതൻ അവന് വിശുദ്ധമായ അപ്പം കൊടുത്തു; അപ്പം മാറ്റുന്ന ദിവസം ചൂടുള്ള അപ്പം വയ്ക്കേണ്ടതിന് യഹോവയുടെ സന്നിധിയിൽ നിന്ന് നീക്കിയ കാഴ്ചയപ്പം അല്ലാതെ അവിടെ വേറെ അപ്പം ഇല്ലായിരുന്നു.
7എന്നാൽ അന്ന് ശൗലിന്റെ ഭൃത്യന്മാരിൽ ദോവേഗ് എന്ന് പേരുള്ള ഒരു എദോമ്യനെ അവിടെ യഹോവയുടെ സന്നിധിയിൽ അടച്ചിട്ടിരുന്നു; അവൻ ശൗലിന്റെ ഇടയന്മാർക്ക് പ്രമാണി ആയിരുന്നു.
8ദാവീദ് അഹീമേലെക്കിനോട് : “ഇവിടെ നിന്റെ കൈവശം കുന്തമോ വാളോ ഉണ്ടോ? രാജാവിന്റെ കാര്യം വളരെ വേഗം നിർവ്വഹിക്കാനുള്ളതുകൊണ്ട് ഞാൻ എന്റെ വാളും ആയുധങ്ങളും കൊണ്ടുപോന്നില്ല ”എന്നു പറഞ്ഞു.9അപ്പോൾ പുരോഹിതൻ: “ഏലാ താഴ്വരയിൽവെച്ച് നീ കൊന്ന ഫെലിസ്ത്യനായ ഗൊല്യാത്തിന്റെ വാൾ ഏഫോദിന്റെ പുറകിൽ ഒരു ശീലയിൽ പൊതിഞ്ഞ് വെച്ചിരിക്കുന്നു; അത് വേണമെങ്കിൽ എടുത്തുകൊള്ളുക; അതല്ലാതെ വേറെ ഒന്നുമില്ല” എന്നു പറഞ്ഞു. “അതിന് തുല്യം മറ്റൊന്നുമില്ല; അത് എനിക്ക് തരണം ”എന്നു ദാവീദ് പറഞ്ഞു.

10പിന്നെ ശൗലിന്റെ അടുത്ത് നിന്ന് ഓടി വന്ന ദാവീദ് അന്നുതന്നെ ഗത്ത്‌ രാജാവായ ആഖീശിന്റെ അടുക്കൽ ഓടിച്ചെന്നു.11എന്നാൽ ആഖീശിന്റെ ഭൃത്യന്മാർ അവനോട് :“ ഇവൻ ദേശത്തിലെ രാജാവായ ദാവീദ് അല്ലയോ?
ശൗൽ ആയിരത്തെ കൊന്നു
ദാവീദോ പതിനായിരത്തെ
എന്ന് അവർ നൃത്തങ്ങളിൽ ഗാനപ്രതിഗാനം ചെയ്തത് ഇവനെക്കുറിച്ചല്ലയോ ”എന്നു പറഞ്ഞു.
12ദാവീദ് ഈ വാക്കുകളെ മനസ്സിലാക്കിയപ്പോൾ ഗത്ത് രാജാവായ ആഖീശിനെ ഏറ്റവും ഭയപ്പെട്ടു.13അവരുടെ മുമ്പാകെ തന്റെ ഭാവം മാറ്റി, ബുദ്ധിഭ്രമം നടിച്ച്, വാതിലിന്റെ കതകുകളിൽ വരച്ച്, താടിയിൽ തുപ്പൽ ഒലിപ്പിച്ചുകൊണ്ടിരുന്നു.
14ആഖീശ് തന്റെ ഭൃത്യന്മാരോട് : “ഈ മനുഷ്യൻ ഭ്രാന്തൻ ആണെന്ന് നിങ്ങൾ കാണുന്നില്ലയോ? അവനെ എന്റെ അടുക്കൽ കൊണ്ടുവന്നത് എന്തിന്?15എന്റെ മുമ്പാകെ ഭ്രാന്തുകളിക്കുവാൻ ഇവനെ കൊണ്ടുവരേണ്ടതിന് എനിക്ക് ഇവിടെ ഭ്രാന്തന്മാർ കുറവാണോ? എന്റെ അരമനയിൽ ആണോ ഇവൻ വരേണ്ടത് ”എന്നു പറഞ്ഞു.

22

1അങ്ങനെ ദാവീദ് അവിടെനിന്ന് അദുല്ലാംഗുഹയിലേക്ക് ഓടിപ്പോയി; അവന്റെ സഹോദരന്മാരും അവന്റെ പിതൃഭവനമൊക്കെയും അതുകേട്ട് അവന്റെ അടുക്കൽ ചെന്നു.2പീഡിതർ, കടമുള്ളവർ, സന്തുഷ്ടിയില്ലാത്തവർ എന്നിവർ ഒക്കെയും അവന്റെ അടുക്കൽ വന്നുകൂടി; അവൻ അവർക്ക് നായകനായി; അവനോടുകൂടെ ഏകദേശം നാനൂറുപേർ ഉണ്ടായിരുന്നു.

3അതിനുശേഷം ദാവീദ് അവിടെനിന്ന് മോവാബിലെ മിസ്പയിൽ ചെന്നു. മോവാബ്‌ രാജാവിനോട് :“ ദൈവം എനിക്ക് വേണ്ടി എന്ത് ചെയ്യും എന്നറിയുന്നത് വരെ എന്റെ അപ്പനും അമ്മയും നിങ്ങളുടെ അടുക്കൽ വന്നു താമസിക്കുവാൻ അനുവദിക്കണം” എന്ന് അപേക്ഷിച്ചു.4അവൻ അവരെ മോവാബ്‌ രാജാവിന്റെ സന്നിധിയിൽ കൊണ്ടുചെന്നു; ദാവീദ് ഗുഹയിൽ താമസിച്ച കാലമൊക്കെയും അവർ അവിടെ പാർത്തു.5എന്നാൽ ഗാദ്പ്രവാചകൻ ദാവീദിനോട്: “ഗുഹയിൽ താമസിക്കാതെ യെഹൂദാദേശത്തേക്ക് പൊയ്ക്കൊൾക ”എന്നു പറഞ്ഞു. അപ്പോൾ ദാവീദ് ഹേരെത്ത് കാട്ടിലേക്ക് പോയി.

6ദാവീദിനെയും കൂടെയുള്ളവരെയും കണ്ടെത്തി എന്ന് ശൗൽ കേട്ടു. അന്ന് ശൗൽ കയ്യിൽ കുന്തവുമായി ഗിബെയയിലെ കുന്നിന്മേലുള്ള പിചുലവൃക്ഷത്തിൻ ചുവട്ടിൽ ഇരിക്കുകയായിരുന്നു; അവന്റെ ഭൃത്യന്മാർ എല്ലാവരും അവന്റെ ചുറ്റും നിന്നിരുന്നു.
7ശൗൽ തന്റെ ചുറ്റും നില്ക്കുന്ന ഭൃത്യന്മാരോട് പറഞ്ഞത് : ബെന്യാമീന്യരേ, കേട്ടുകൊള്ളുവിൻ; യിശ്ശായിയുടെ മകൻ നിങ്ങൾക്കെല്ലാവർക്കും നിലങ്ങളും മുന്തിരിത്തോട്ടങ്ങളും തന്ന് നിങ്ങളെ എല്ലാവരെയും സഹസ്രാധിപന്മാരും1 ശതാധിപന്മാരും2 ആക്കുമോ?8നിങ്ങൾ എല്ലാവരും എനിക്കെതിരെ കൂട്ടുകെട്ട് ഉണ്ടാക്കിയിരിക്കുന്നു. എന്റെ മകൻ യിശ്ശായിയുടെ മകനോട് ഉടമ്പടി ചെയ്തത് എന്നെ ആരും അറിയിച്ചില്ല. എന്റെ മകൻ എന്റെ ദാസനെ ഇന്ന് എനിക്കെതിരായി തിരിക്കുകയും പതിയിരിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്തത് നിങ്ങളിൽ ആരും എന്നെ അറിയിച്ചില്ല. അതിൽ നിങ്ങൾക്ക് ഒരു മനസ്താപവുമില്ല.
9അപ്പോൾ ശൗലിന്റെ ഭൃത്യന്മാരുടെ കൂട്ടത്തിൽ നിന്നിരുന്ന എദോമ്യനായ ദോവേഗ്: “നോബിൽ അഹീതൂബിന്റെ മകനായ അഹീമേലക്കിന്റെ അടുക്കൽ യിശ്ശായിയുടെ മകൻ വന്നത് ഞാൻ കണ്ടു.10അഹീമേലക്ക് അവന് വേണ്ടി യഹോവയോട് അരുളപ്പാട് ചോദിച്ചു. അവന് ഭക്ഷണസാധനവും ഫെലിസ്ത്യനായ ഗൊല്യാത്തിന്റെ വാളും കൊടുത്തു” എന്നുത്തരം പറഞ്ഞു.
11ഉടനെ രാജാവു അഹീതൂബിന്റെ മകനായ അഹീമേലെക്ക് പുരോഹിതനെയും അവന്റെ പിതൃഭവനക്കാരായ നോബിലെ സകലപുരോഹിതന്മാരെയും വിളിപ്പിച്ചു; അവർ എല്ലാവരും രാജാവിന്റെ അടുക്കൽ വന്നു.12അപ്പോൾ ശൗൽ: “അഹീതൂബിന്റെ മകനേ, കേൾക്ക ”എന്നു കല്പിച്ചു. “തിരുമേനീ, അടിയൻ” എന്ന് അവൻ ഉത്തരം പറഞ്ഞു.13ശൗൽ അവനോട് : “യിശ്ശായിയുടെ മകന് നീ അപ്പവും വാളും കൊടുക്കുകയും, അവന് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുകയും ചെയ്തു. ഇന്ന് അവൻ എനിക്കായി പതിയിരിക്കുവാൻ തക്കവണ്ണം നീയും അവനും എനിക്ക് വിരോധമായി കൂട്ടുകെട്ടുണ്ടാക്കിയത് എന്ത് എന്നു ചോദിച്ചു.
14അഹീമേലെക്ക് രാജാവിനോട്:“ തിരുമനസ്സിലെ സകലഭൃത്യന്മാരിലുംവച്ചു ദാവീദിനോളം വിശ്വസ്തൻ വേറെ ആരുണ്ട്? അവൻ രാജാവിന്റെ മരുമകനും, അങ്ങയുടെ ആലോചനയിൽ ചേരുന്നവനും, രാജധാനിയിൽ മാന്യനും ആകുന്നുവല്ലോ.15അവന് വേണ്ടി ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നത് ആദ്യമല്ല. രാജാവ് അടിയന്റെമേലും അടിയന്റെ പിതൃഭവനത്തിന്മേലും കുറ്റം ഒന്നും ചുമത്തരുതേ; അടിയൻ ഈകാര്യത്തെപറ്റി യാതൊന്നും അറിഞ്ഞിരുന്നില്ല ”എന്നുത്തരം പറഞ്ഞു.
16അപ്പോൾ രാജാവ്: “അഹീമേലെക്കേ, നീ നിശ്ചയമായി മരിക്കേണം; നീയും നിന്റെ പിതൃഭവനമൊക്കെയും മരിക്കണം” എന്നു കല്പിച്ചു.17പിന്നെ രാജാവ് അരികെ നില്ക്കുന്ന അകമ്പടികളോട്: “യഹോവയുടെ പുരോഹിതന്മാരെ കൊല്ലുവിൻ; അവരും ദാവീദിനോട് ചേർന്നിരിക്കുന്നു; ദാവീദ് ഓടിപ്പോയത് അവർ അറിഞ്ഞിട്ടും എന്നെ അറിയിച്ചില്ലല്ലോ ”എന്നു കല്പിച്ചു. എന്നാൽ യഹോവയുടെ പുരോഹിതന്മാരെ കൊല്ലുവാൻ കൈ നീട്ടുന്നതിന് രാജാവിന്റെ ഭൃത്യന്മാർ തുനിഞ്ഞില്ല.
18അപ്പോൾ രാജാവ് ദോവേഗിനോട് : “നീ ചെന്ന് പുരോഹിതന്മാരെ കൊല്ലുക” എന്നു കല്പിച്ചു. എദോമ്യനായ ദോവേഗ് പുരോഹിതന്മാരെ വെട്ടി പഞ്ഞിനൂൽകൊണ്ടുള്ള ഏഫോദ് ധരിച്ച എൺപത്തഞ്ചുപേരെ അന്ന് കൊന്നുകളഞ്ഞു.19പുരോഹിതനഗരമായ നോബിലെ പുരുഷന്മാർ, സ്ത്രീകൾ, ബാലന്മാർ, ശിശുക്കൾ, കാള, കഴുത, ആട് എന്നിങ്ങനെ സകലതിനെയും വാളിന്റെ വായ്ത്തലയാൽ അവൻ സംഹരിച്ചുകളഞ്ഞു.
20എന്നാൽ അഹീതൂബിന്റെ മകനായ അഹീമേലെക്കിന്റെ പുത്രന്മാരിൽ അബ്യാഥാർ എന്നൊരുവൻ രക്ഷപ്പെട്ട് ദാവീദിന്റെ അടുക്കൽ ഓടിപ്പോയി.21ശൗൽ യഹോവയുടെ പുരോഹിതന്മാരെ കൊന്ന വിവരം അബ്യാഥാർ ദാവീദിനെ അറിയിച്ചു.
22ദാവീദ് അബ്യാഥാരിനോട്: “എദോമ്യനായ ദോവേഗ് അവിടെ ഉണ്ടായിരുന്നതുകൊണ്ട് അവൻ ശൗലിനോട് അറിയിക്കും എന്ന് ഞാൻ അന്നു തന്നേ നിശ്ചയിച്ചു.23നിന്റെ പിതൃഭവനത്തിലുള്ള സകലരുടെയും മരണത്തിന് ഞാൻ കാരണമായല്ലോ. എന്റെ അടുക്കൽ താമസിക്കുക; ഭയപ്പെടേണ്ടാ; എനിക്കു ജീവഹാനി വരുത്തുവാൻ നോക്കുന്നവൻ നിനക്കും ജീവഹാനി വരുത്തുവാൻ നോക്കുന്നു; എങ്കിലും എന്റെ അടുക്കൽ നീസുരക്ഷിതനായിരിക്കും” എന്നു പറഞ്ഞു.


1 22:7 സഹസ്രാധിപൻ = ആയിരം പേർക്ക് അധിപൻ
2 22:7 ശതാധിപൻ = നൂറ് പേർക്ക് അധിപൻ

23

1അതിനുശേഷം ഫെലിസ്ത്യർ കെയീലയുടെ നേരെ യുദ്ധം ചെയ്യുന്നു എന്നും അവർ കളങ്ങളിൽ1 കവർച്ച ചെയ്യുന്നു എന്നും ദാവീദിന് അറിവ് കിട്ടി.2ദാവീദ് യഹോവയോട് ; “ഞാൻ ചെന്ന് ഈ ഫെലിസ്ത്യരെ തോല്പിക്കണമോ” എന്നു ചോദിച്ചു. യഹോവ ദാവീദിനോട് : “നീ പോയി ഫെലിസ്ത്യരെ തോല്പിച്ച് കെയീലയെ രക്ഷിക്കുക.” എന്നു കല്പിച്ചു.

3എന്നാൽ ദാവീദിന്റെ ആളുകൾ അവനോട് : “നമ്മൾ ഇവിടെ യെഹൂദയിൽ തന്നെ ഭയപ്പെട്ടാണല്ലോ താമസിക്കുന്നത്; പിന്നെ കെയീലയിൽ ഫെലിസ്ത്യരുടെ സൈന്യത്തിന്റെ നേരെ എങ്ങനെ ചെല്ലും” എന്നു പറഞ്ഞു.4ദാവീദ് വീണ്ടും യഹോവയോട് അനുവാദം ചോദിച്ചു. യഹോവ അവനോട് : “എഴുന്നേറ്റ് കെയീലയിലേയ്ക്ക് ചെല്ലുക; ഞാൻ ഫെലിസ്ത്യരെ നിന്റെ കയ്യിൽ ഏല്പിക്കും” എന്നു അരുളിച്ചെയ്തു.
5അങ്ങനെ ദാവീദും അവന്റെ ആളുകളും കെയീലയിലേയ്ക്ക് പോയി ഫെലിസ്ത്യരോട് യുദ്ധം ചെയ്ത്, അവരുടെ ആടുമാടുകളെ അപഹരിച്ച്, അവരെ കഠിനമായി തോല്പിച്ച് കെയീലാനിവാസികളെ രക്ഷിച്ചു.

6അഹീമേലെക്കിന്റെ മകനായ അബ്യാഥാർ കെയീലയിൽ ദാവീദിന്റെ അടുക്കൽ ഓടിവന്നപ്പോൾ കൈവശം ഏഫോദ് കൂടെ കൊണ്ടുവന്നിരുന്നു.
7ദാവീദ് കെയീലയിൽ ഉണ്ട് എന്ന് ശൗലിന് അറിവ് കിട്ടി; “ദൈവം അവനെ എന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; വാതിലും ഓടാമ്പലും2 ഉള്ള പട്ടണത്തിൽ പ്രവേശിച്ചിരിക്കുന്നതിനാൽ അവൻ കെണിയിൽ അകപ്പെട്ടിരിക്കുന്നു എന്ന് ശൗൽ പറഞ്ഞു.8പിന്നെ ശൗൽ ദാവീദിനേയും അവന്റെ ആളുകളെയും ആക്രമിക്കേണ്ടതിന് കെയീലയിലേയ്ക്ക് യുദ്ധത്തിന് പോകുവാൻ എല്ലാ ജനങ്ങളെയും വിളിച്ചുകൂട്ടി.9ശൗൽ തന്നെ ആക്രമിക്കാൻ ആലോചിക്കുന്നു എന്ന് ദാവീദ് അറിഞ്ഞപ്പോൾ പുരോഹിതനായ അബ്യാഥാരിനോട് :“ ഏഫോദ് ഇവിടെ കൊണ്ടുവരുക” എന്നു പറഞ്ഞു.
10പിന്നെ ദാവീദ്: “യിസ്രായേലിന്റെ ദൈവമായ യഹോവേ, ഞാൻ കാരണം ശൗൽ കെയീലയിലേയ്ക്ക് വന്ന് ഈ പട്ടണം നശിപ്പിക്കുവാൻ പോകുന്നു എന്നു അടിയൻ കേട്ടിരിക്കുന്നു.11കെയീലപൌരന്മാർ എന്നെ അവന്റെ കയ്യിൽ ഏല്പിച്ചുകൊടുക്കുമോ? അടിയൻ കേട്ടിരിക്കുന്നതുപോലെ ശൗൽ വരുമോ? യിസ്രായേലിന്റെ ദൈവമായ യഹോവേ, അടിയനെ അറിയിക്കേണമേ” എന്നു പറഞ്ഞു. “അവൻ വരും” എന്ന് യഹോവ അരുളിച്ചെയ്തു.
12ദാവീദ് പിന്നെയും: “കെയീലപൌരന്മാർ എന്നെയും എന്റെ ആളുകളെയും ശൗലിന്റെ കയ്യിൽ ഏല്പിച്ചുകൊടുക്കുമോ” എന്നു ചോദിച്ചു. “അവർ ഏല്പിച്ചുകൊടുക്കും” എന്നു യഹോവ അരുളിച്ചെയ്തു.
13അപ്പോൾ ദാവീദും അറുനൂറ് പേരുള്ള അവന്റെ ആളുകളും കെയീലയിൽ നിന്ന് പുറത്തുകടന്ന്,അവർക്ക് രക്ഷപെടുവാൻ പറ്റുന്ന സ്ഥലത്തേയ്ക്ക് സഞ്ചരിച്ചു. ദാവീദ് കെയീലയിൽ നിന്ന് ഓടിപ്പോയി എന്ന് ശൗൽ അറിഞ്ഞപ്പോൾ അവൻ യാത്ര അവസാനിപ്പിച്ചു.

14ദാവീദ് മരുഭൂമിയിലെ ദുർഗ്ഗങ്ങളിൽ താമസിച്ചു. സീഫ് മരുഭൂമിയിലെ മലനാട്ടിലുള്ള ദുർഗ്ഗങ്ങളിൽ താമസിച്ചു; ശൗൽ അവനെ എപ്പോഴും അന്വേഷിച്ചുകൊണ്ടിരുന്നു; എങ്കിലും ദൈവം ദാവീദിനെ അവന്റെ കയ്യിൽ ഏല്പിച്ചില്ല.
15തന്റെ ജീവനെ തേടി ശൗൽ പുറപ്പെട്ടിരിക്കുന്നു എന്ന് ദാവീദ് അറിഞ്ഞു; അന്ന് ദാവീദ് സീഫ് മരുഭൂമിയിലെ ഒരു കാട്ടിൽ ആയിരുന്നു.16അപ്പോൾ ശൗലിന്റെ മകനായ യോനാഥാൻ, കാട്ടിൽ ദാവീദിന്റെ അടുക്കൽ ചെന്നു. അവനെ ദൈവത്തിൽ ധൈര്യപ്പെടുത്തി അവനോട്:“ ഭയപ്പെടേണ്ടാ,
17എന്റെ അപ്പനായ ശൗലിന് നിനക്ക് ഹാനി വരുത്താൻ; നീ യിസ്രായേലിന് രാജാവാകും; അന്ന് എനിക്ക് രണ്ടാമത്തെ സ്ഥാനം ആയിരിക്കും; അത് എന്റെ അപ്പനായ ശൗൽ അറിയുന്നു” എന്നു പറഞ്ഞു.18ഇങ്ങനെ അവർ തമ്മിൽ യഹോവയുടെ സന്നിധിയിൽ ഉടമ്പടി ചെയ്തു; ദാവീദ് കാട്ടിൽ താമസിക്കുകയും യോനാഥാൻ വീട്ടിലേയ്ക്ക് പോകുകയും ചെയ്തു.
19അതിനുശേഷം സീഫ്യർ ഗിബെയയിൽ ശൗലിന്റെ അടുക്കൽ വന്നു: “ദാവീദ് ഞങ്ങളുടെ സമീപം മരുഭൂമിക്ക് തെക്കുള്ള ഹഖീലാമലയിലെ വനദുർഗ്ഗങ്ങളിൽ ഒളിച്ചിരിക്കുന്നു.20അതുകൊണ്ട് രാജാവേ, തിരുമനസ്സിലെ ആഗ്രഹംപോലെ വന്നുകൊള്ളേണം; അവനെ രാജാവിന്റെ കയ്യിൽ ഏല്പിച്ചുതരുന്ന കാര്യം ഞങ്ങൾ ഏറ്റിരിക്കുന്നു” എന്നു പറഞ്ഞു.
21അതിന് ശൗൽ പറഞ്ഞത്:“ നിങ്ങൾക്ക് എന്നോട് മനസ്സലിവുള്ളതിനാൽ നിങ്ങൾ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ.22നിങ്ങൾ പോയി ഇനിയും സൂക്ഷ്മമായി അന്വേഷിച്ച്,അവൻ എവിടെയൊക്കെ പോകുന്നു എന്നും, അവിടെ അവനെ കണ്ടവർ ആരെല്ലാമെന്നും അറിഞ്ഞുകൊൾവിൻ; അവൻ വലിയ ഉപായി3 ആകുന്നു എന്നു ഞാൻ കേട്ടിരിക്കുന്നു.23അതുകൊണ്ട് അവൻ ഒളിച്ചിരിക്കുന്ന സ്ഥലങ്ങളെല്ലാം ക്രിത്യമായി അറിഞ്ഞുവന്ന് ആ വിവരം എന്നെ അറിയിപ്പിൻ; ഞാൻ നിങ്ങളോടുകൂടെ വരാം; അവൻ യെഹൂദാദേശത്ത് എവിടെയെങ്കിലും ഉണ്ടെങ്കിൽ ഞാൻ അവനെ അവിടുത്തെ ജനസഹസ്രങ്ങളിലൊക്കെയും അന്വേഷിച്ച് കണ്ടുപിടിക്കും.”
24അങ്ങനെ അവർ ശൗലിന് മുമ്പെ സീഫിലേയ്ക്ക് പോയി; എന്നാൽ ദാവീദും അവന്റെ ആളുകളും മരുഭൂമിയുടെ തെക്ക് അരാബയിലെ മാവോൻമരുവിൽ ആയിരുന്നു.25ശൗലും അവന്റെ പടജ്ജനവും അവനെതിരയുവാൻ പുറപ്പെട്ടു. അത് ദാവീദിന് അറിവ് കിട്ടിയപ്പോൾ അവൻ മാവോൻമരുവിലെ പാറക്കെട്ടിൽ ചെന്ന് താമസിച്ചു. ശൗൽ അത് കേട്ടപ്പോൾ മാവോൻമരുഭൂമിയിൽ ദാവീദിനെ പിന്തുടർന്നു.
26ശൗൽ പർവ്വതത്തിന്റെ ഒരുവശത്തും ദാവീദും ആളുകളും പർവ്വതത്തിന്റെ മറുവശത്തുംകൂടി നടന്നു; ശൗലിനെ ഒഴിഞ്ഞുപോകുവാൻ ദാവീദ് വേഗം നടന്നു; ശൗലും പടജ്ജനവും ദാവീദിനെയും അവന്റെ ആളുകളെയും വളഞ്ഞുപിടിക്കുവാൻ ശ്രമിച്ചു.27അപ്പോൾ ശൗലിന്റെ അടുക്കൽ ഒരു ദൂതൻ വന്ന്: “വേഗം വരണം ; ഫെലിസ്ത്യർ ദേശത്തെ ആക്രമിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
28ഉടനെ ശൗൽ ദാവീദിനെ പിന്തുടരുന്നത് മതിയാക്കി ഫെലിസ്ത്യരുടെ നേരെ പോയി; അതുകൊണ്ട് ആ സ്ഥലത്തിന് സേല-ഹമ്മാഹ്ലെക്കോത്ത് എന്ന് പേരായി.29ദാവീദ് അവിടെനിന്ന് ഏൻ-ഗെദിയിലെ ഗുഹയിൽ ചെന്ന് താമസിച്ചു.


1 23:1 കളം =ധാന്യം സൂക്ഷിച്ച് വെയ്ക്കുന്ന സ്ഥലം
2 23:7 ഓടാമ്പൽ = വാതിൽ പൂട്ടുന്നതിനുള്ള കമ്പി
3 23:22 ഉപായി = സൂത്രം പ്രയോഗിക്കുന്നവൻ

24

1ശൗൽ ഫെലിസ്ത്യരെ ഓടിച്ചുകളഞ്ഞിട്ട് മടങ്ങിവന്നപ്പോൾ ദാവീദ് ഏൻ-ഗെദി മരുഭൂമിയിൽ ഉണ്ടെന്ന് അവനുഅറിവു കിട്ടി.2അപ്പോൾ ശൗൽ എല്ലായിസ്രായേലിൽനിന്നും തെരഞ്ഞെടുത്തിരുന്ന മൂവായിരംപേരെ കൂട്ടിക്കൊണ്ട് ദാവീദിനെയും അവന്റെ ആളുകളെയും തിരയുവാൻ കാട്ടാടുകളുടെ പാറകളിൽ ചെന്നു.

3അവൻ വഴിയരികെയുള്ള ആട്ടിൻ തൊഴുത്തിൽ എത്തി; അവിടെ ഒരു ഗുഹ ഉണ്ടായിരുന്നു; ശൗൽ വിസർജജനത്തിനായി അതിൽ കടന്നു; എന്നാൽ ദാവീദും അവന്റെ ആളുകളും ഗുഹയുടെ ഉള്ളിൽ താമസിച്ചിരുന്നു.4ദാവീദിന്റെ ആളുകൾ അവനോട്: “ഞാൻ നിന്റെ ശത്രുവിനെ നിന്റെ കയ്യിൽ ഏല്പിക്കും; നിന്റെ ഇഷ്ടംപോലെ അവനോട് ചെയ്യാം എന്ന് യഹോവ നിന്നോട് അരുളിച്ചെയ്ത ദിവസം ഇതാ ”എന്നു പറഞ്ഞു. അപ്പോൾ ദാവീദ് എഴുന്നേറ്റ് ശൗലിന്റെ മേലങ്കിയുടെ അറ്റം പതുക്കെ മുറിച്ചെടുത്തു.
5എന്നാൽ ശൗലിന്റെ മേലങ്കിയുടെ അറ്റം മുറിച്ചുകളഞ്ഞതുകൊണ്ട് ദാവീദിന്റെ മനസ്സിൽ വേദനയുണ്ടായി.6അവൻ തന്റെ ആളുകളോട്: “യഹോവയുടെ അഭിഷിക്തനായ എന്റെ യജമാനന് എതിരായി ഒരു ദോഷവും ചെയ്യുവാൻ യഹോവ എനിക്ക് ഇടവരുത്തരുതേ; അവൻ യഹോവയുടെ അഭിഷിക്തനല്ലോ”എന്നു പറഞ്ഞു.7ഇങ്ങനെ ദാവീദ് തന്റെ ആളുകളെ ശാസിച്ച് നിയന്ത്രിച്ചു; ശൗലിനെ ദ്രോഹിക്കുവാൻ അവരെ അനുവദിച്ചില്ല. ശൗൽ ഗുഹയിൽനിന്ന് ഇറങ്ങി തന്റെ വഴിക്ക് പോയി.
8ദാവീദും ഗുഹയിൽനിന്ന് പുറത്തിറങ്ങി ശൗലിനോട്:“എന്റെ യജമാനനായ രാജാവേ” എന്നു വിളിച്ചു. ശൗൽ തിരിഞ്ഞുനോക്കിയപ്പോൾ ദാവീദ് സാഷ്ടാംഗം വീണ് നമസ്കരിച്ചു.9ദാവീദ് ശൗലിനോട് :“ ദാവീദ് നിനക്ക് ദോഷം ചെയ്യുന്നു എന്ന് പറയുന്നവരുടെ വാക്ക് നീ വിശ്വസിക്കുന്നത് എന്ത്?
10യഹോവ ഇന്ന് ഗുഹയിൽവച്ച് നിന്നെ എന്റെ കയ്യിൽ ഏല്പിച്ചിരുന്നു എന്ന് നീ അറിഞ്ഞാലും; നിന്നെ കൊല്ലുവാൻ ചിലർ പറഞ്ഞെങ്കിലും ഞാൻ ചെയ്തില്ല; എന്റെ യജമാനന്റെ നേരെ ഒരംശം പോലും ഞാൻ കയ്യെടുക്കുകയില്ല; അവൻ യഹോവയുടെ അഭിഷിക്തനല്ലോ എന്നു ഞാൻ പറഞ്ഞു.11എന്റെ പിതാവേ, എന്റെ കയ്യിലുള്ള നിന്റെ മേലങ്കിയുടെ അറ്റം ഇതാ കണ്ടാലും; നിന്റെ മേലങ്കിയുടെ അറ്റം ഞാൻ മുറിച്ചു.എന്നിട്ടും ഞാൻ നിന്നെ കൊന്നില്ല.അതുകൊണ്ട് എന്റെ കയ്യിൽ ദോഷവും ദ്രോഹവും ഇല്ല; ഞാൻ നിന്നോടു പാപം ചെയ്തിട്ടുമില്ല എന്ന് നീ അറിഞ്ഞുകൊള്ളുക. പക്ഷേ നീയോ എന്നെ കൊല്ലുവാൻ അവസരം തേടിനടക്കുന്നു.
12യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ; യഹോവ എനിക്കുവേണ്ടി നിന്നോട് പ്രതികാരം ചെയ്യട്ടെ; എന്നാൽ എന്റെ കൈ നിന്റെമേൽ വീഴുകയില്ല.13“ദുഷ്ടത ദുഷ്ടനിൽനിന്ന് പുറപ്പെടുന്നു ”എന്നല്ലോ പഴഞ്ചൊല്ല് പറയുന്നത്; എന്നാൽ എന്റെ കൈ നിന്റെമേൽ വീഴുകയില്ല.
14ആരെ തേടിയാകുന്നു യിസ്രായേൽരാജാവ് പുറപ്പെട്ടിരിക്കുന്നത്? ആരെയാകുന്നു പിന്തുടരുന്നത്? ഒരു ചത്തനായയെ, ഒരു ചെള്ളിനെ അല്ലയോ?15അതുകൊണ്ട് യഹോവ ന്യായാധിപനായി എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ. എന്റെ കാര്യം പരിശോധിച്ച്,വാദിച്ച് എന്നെ നിന്റെ കയ്യിൽനിന്ന് വിടുവിക്കുകയും ചെയ്യുമാറാകട്ടെ.
16ദാവീദ് ശൗലിനോട് ഈ വാക്കുകൾ സംസാരിച്ച് തീർന്നശേഷം ശൗൽ: “എന്റെ മകനേ, ദാവീദേ, ഇത് നിന്റെ ശബ്ദമോ ”എന്ന് ചോദിച്ച് പൊട്ടിക്കരഞ്ഞു.
17പിന്നെ അവൻ ദാവീദിനോട് : “നീ എന്നെക്കാൾ നീതിമാൻ ആകുന്നു. കാരണം ഞാൻ നിനക്ക് തിന്മ ചെയ്തപ്പോൾ, അതിനുപകരം നീ എനിക്ക് നന്മ ചെയ്തിരിക്കുന്നു.18യഹോവ എന്നെ നിന്റെ കയ്യിൽ ഏല്പിച്ചിട്ടും, നീ എന്നെ കൊല്ലാതെ വിട്ടതിനാൽ, നീ എനിക്ക് നന്മ ചെയ്തതായി ഇന്ന് കാണിച്ചിരിക്കുന്നു.
19ശത്രുവിനെ കണ്ടുകിട്ടിയാൽ ആരെങ്കിലും അവനെ വെറുതെ വിടുമോ? നീ ഇന്ന് എനിക്ക് ചെയ്തതിന് പകരം യഹോവ നിനക്ക് നന്മ ചെയ്യട്ടെ.20എന്നാൽ നീ തീർച്ചയായും രാജാവാകും; യിസ്രായേൽരാജത്വം നിന്റെ കയ്യിൽ സ്ഥിരമാകും എന്ന് ഞാൻ അറിയുന്നു.
21അതുകൊണ്ട് നീ എനിക്ക് ശേഷം എന്റെ സന്തതിയെ മുഴുവനും നശിപ്പിച്ച് ,എന്റെ പേര് പിതൃഭവനത്തിൽ നിന്ന് മായിച്ചുകള യുകയില്ല എന്ന് യഹോവയുടെ നാമത്തിൽ ഇപ്പോൾ എന്നോട് സത്യം ചെയ്യണം.”22അങ്ങനെ ദാവീദ് ശൗലിനോട് സത്യം ചെയ്തു. ശൗൽ അരമനയിലേയ്ക്ക് പോയി; ദാവീദും അവന്റെ ആളുകളും ദുർഗ്ഗത്തിലേക്കും പോയി.

25

1ശമൂവേൽ മരിച്ചു; യിസ്രായേൽമക്കൾ ഒരുമിച്ചുകൂടി അവനെക്കുറിച്ച് വിലപിച്ചു, രാമയിൽ അവന്റെ വീടിനരികെ അവനെ അടക്കം ചെയ്തു. ദാവീദ് പാരാൻമരുഭൂമിയിൽ പോയി പാർത്തു.

2കർമ്മേലിൽ വ്യാപാരിയായ ഒരു മാവോന്യൻ ഉണ്ടായിരുന്നു; അവൻ മഹാ ധനികനായിരുന്നു; അവന് മൂവായിരം ചെമ്മരിയാടും ആയിരം കോലാടും ഉണ്ടായിരുന്നു; അവൻ ആടുകളുടെ രോമം കത്രിച്ചിരുന്നത് കർമ്മേലിൽ വച്ചായിരുന്നു.3അവൻ കാലേബ് വംശക്കാരൻ ആയിരുന്നു.അവന്റെ പേര് നാബാൽ എന്നും അവന്റെ ഭാര്യയുടെ പേര് അബീഗയിൽ എന്നും ആയിരുന്നു. അവൾ നല്ല വിവേകമുള്ളവളും സുന്ദരിയും ആയിരുന്നു. അവൻ ദയയില്ലാത്തവനും തിന്മപ്രവർത്തിക്കുന്നവനും ആയിരുന്നു.
4നാബാലിന് ആടുകളുടെ രോമം കത്രിക്കുന്ന ഉത്സവം ഉണ്ട്എന്ന് ദാവീദ് മരുഭൂമിയിൽ വച്ച് കേട്ടു.5ദാവീദ് പത്ത് യുവാക്കളെ അയച്ച് അവരോട് പറഞ്ഞത്: “ നിങ്ങൾ കർമ്മേലിൽ നാബാലിന്റെ അടുക്കൽ ചെന്ന് എന്റെ പേരിൽ അവന് വന്ദനം ചൊല്ലുക:6നിനക്ക് സമാധാനം ഉണ്ടാകട്ടെ.നിനക്കും നിന്റെ ഭവനത്തിനും നിനക്കുള്ള സകലത്തിനും സമാധാനം ഉണ്ടാകട്ടെ;
7നീ ആടുകളുടെ രോമം കത്രിക്കുന്നുണ്ടെന്ന് ഞാൻ കേട്ടു. നിന്റെ ഇടയന്മാർ ഞങ്ങളോടുകൂടെ ഇരുന്നപ്പോൾ ഞങ്ങൾ അവരെ ഉപദ്രവിച്ചില്ല; അവർ കർമ്മേലിൽ ഇരുന്ന കാലത്ത് അവർക്ക് ഒന്നും നഷ്ടപ്പെട്ടില്ലാ.8അവരോട് ചോദിക്കുക അവരും അത് നിന്നോട് പറയും; അതുകൊണ്ട് ഈ ബാല്യക്കാരോട് ദയ തോന്നണം; ഉത്സവ ദിവസമാണല്ലോ ഞങ്ങൾ വന്നിരിക്കുന്നത്; നിന്റെ കൈവശം ഉള്ളത് അടിയങ്ങൾക്കും നിന്റെ മകനായ ദാവീദിനും തരണമേ എന്നു അവനോടു പറയുവിൻ.”
9ദാവീദിന്റെ ബാല്യക്കാർ നാബാലിനോടു ഈ വാക്കുകളെല്ലാം ദാവീദിന്റെ പേരിൽ അറിയിച്ച് മറുപടിയ്ക്കായി കാത്തുനിന്നു.10നാബാൽ ദാവീദിന്റെ ഭൃത്യന്മാരോട്: “ദാവീദ് ആർ? യിശ്ശായിയുടെ മകൻ ആർ? യജമാനന്മാരെ വിട്ട് പൊയ്ക്കളയുന്ന ദാസന്മാർ ഇക്കാലത്ത് വളരെ ഉണ്ട്.11ഞാൻ എന്റെ അപ്പവും വെള്ളവും എന്റെ ആടുകളെ രോമം കത്രിക്കുന്നവർക്കായി ഒരുക്കിയ മാംസവും എവിടെ നിന്ന് വന്നു എന്ന് അറിയാത്തവർക്ക് കൊടുക്കുമോ” എന്ന് ഉത്തരം പറഞ്ഞു.
12ദാവീദിന്റെ ബാല്യക്കാർ മടങ്ങിവന്ന് വിവരമെല്ലാം അവനോട് അറിയിച്ചു.13അപ്പോൾ ദാവീദ് തന്റെ ആളുകളോട്: “എല്ലാവരും വാൾ അരയിൽ കെട്ടിക്കൊൾവിൻ” എന്നു പറഞ്ഞു. അവർ എല്ലാവരും വാൾ അരയിൽ കെട്ടി; ദാവീദും വാൾ അരയിൽ കെട്ടി; ഏകദേശം നാനൂറ് പേർ ദാവീദിന്റെ പിന്നാലെ പോയി; ഇരുനൂറ് പേർ സാധനങ്ങൾ സൂക്ഷിക്കുവാൻ അവിടെ താമസിച്ചു.
14എന്നാൽ ബാല്യക്കാരിൽ ഒരുവൻ നാബാലിന്റെ ഭാര്യയായ അബീഗയിലിനോട് : “ദാവീദ് നമ്മുടെ യജമാനന് വന്ദനം ചൊല്ലുവാൻ മരുഭൂമിയിൽനിന്ന് ദൂതന്മാരെ അയച്ചു; അവനോ അവരെ ശകാരിച്ച് അയച്ചു.15എന്നാൽ ആ പുരുഷന്മാർ ഞങ്ങൾക്ക് ഏറ്റവും ഉപകാരമുള്ളവരായിരുന്നു; ഞങ്ങൾ വയലിൽ അവരുമായി താമസിച്ചിരുന്ന കാലത്ത് ഒരിക്കലും അവർ ഞങ്ങളെ ഉപദ്രവിച്ചിട്ടില്ല; ഞങ്ങൾക്ക് ഒന്നും നഷ്ടപ്പെട്ടതുമില്ല.
16ഞങ്ങൾ ആടുകളെ മേയിച്ചുകൊണ്ട് അവരോടുകൂടെ ആയിരുന്നപ്പോഴെല്ലാം രാവും പകലും അവർ ഞങ്ങൾക്ക് ഒരു കോട്ട ആയിരുന്നു.17അതുകൊണ്ട് ഇപ്പോൾ ചെയ്യേണ്ടത് എന്തെന്ന് ആലോചിച്ചുനോക്കേണം;ദാവീദ് നമ്മുടെ യജമാനനും അവന്റെ സകലഭവനത്തിനും ദോഷം ചെയ്യുവാൻ തീരുമാനിച്ചിരിക്കുന്നു; അവനോ ദുശ്ശാഡ്യക്കാരൻ ആയതുകൊണ്ട് അവനോട് ആർക്കും ഒന്നും സംസാരിക്കാൻ സാധിക്കുകയില്ല”.
18ഉടനെ അബീഗയിൽ ഇരുനൂറ് അപ്പവും, രണ്ട് തുരുത്തി വീഞ്ഞും, പാകം ചെയ്ത അഞ്ച് ആടും, അഞ്ച് പറ മലരും, നൂറ് ഉണക്കമുന്തിരിക്കുലയും, ഇരുനൂറ് അത്തിയടയും കഴുതപ്പുറത്ത് കയറ്റി ബാല്യക്കാരോട്;19“നിങ്ങൾ എനിക്ക് മുമ്പെ പോകുവിൻ; ഞാൻ പിന്നാലെ വരാം” എന്നു പറഞ്ഞു. ഭർത്താവായ നാബാലിനെ അവൾ ഒന്നും അറിയിച്ചില്ല.
20അവൾ കഴുതപ്പുറത്ത് കയറി മലയുടെ മറവിൽകൂടി ഇറങ്ങിച്ചെല്ലുമ്പോൾ ദാവീദും അവന്റെ സഹയാത്രികരും അവൾക്കെതിരെ വരുന്നു; അവൾ അവരെ എതിരേറ്റു.
21അപ്പോൾ ദാവീദ്: “മരുഭൂമിയിൽ അവന് ഉണ്ടായിരുന്നതെല്ലാം ഞാൻ സംരക്ഷിച്ചത് വെറുതെയായി. അവന് ഒന്നും നഷ്ടപ്പെട്ടതുമില്ല; അവനോ നന്മക്ക് പകരം എനിക്ക് തിന്മ ചെയ്തു.22അവന്റെ പുരുഷന്മാരിൽ ആരെയെങ്കിലും പുലരുംവരെ ഞാൻ ജീവനോടെ വെച്ചിരുന്നാൽ ദൈവം ദാവീദിന്റെ ശത്രുക്കൾക്ക് പകരം ചെയ്യട്ടെ എന്നു പറഞ്ഞിരുന്നു”.
23അബീഗയിൽ ദാവീദിനെ കണ്ടപ്പോൾ പെട്ടെന്ന് കഴുതപ്പുറത്തുനിന്ന് ഇറങ്ങി ദാവീദിനെ സാഷ്ടാംഗം നമസ്കരിച്ചു.24അവൾ അവന്റെ കാല്ക്കൽ വീണ് പറഞ്ഞത്: “യജമാനനേ, കുറ്റം എന്റെമേൽ ഇരിക്കട്ടെ; അടിയൻ ഒന്ന് ബോധിപ്പിച്ചുകൊള്ളട്ടെ; അടിയന്റെ വാക്കുകളെ കേൾക്കേണമേ.
25ദുസ്സ്വഭാവിയായ നാബാലിനെ യജമാനൻ കാര്യമാക്കരുത്; അവൻ തന്റെ പേരു പോലെ തന്നെ ആണ്. നാബാൽ എന്നാണല്ലോ അവന്റെ പേർ; ഭോഷത്തം മാത്രമേ അവന്റെ കയ്യിൽ ഉള്ളൂ. അടിയൻ, യജമാനൻ അയച്ച വേലക്കാരെ കണ്ടിരുന്നില്ല.26അതുകൊണ്ട് യജമാനനേ, യഹോവയാണ, നിന്നാണ, രക്തപാതകവും സ്വന്തകയ്യാൽ പ്രതികാരവും ചെയ്യാതവണ്ണം യഹോവ നിന്നെ തടഞ്ഞിരിക്കുന്നു; നിന്റെ ശത്രുക്കളും യജമാനന് ദോഷം വിചാരിക്കുന്നവരും നാബാലിനെപ്പോലെ ആകട്ടെ.
27ഇപ്പോൾ യജമാനന്റെ അടുക്കൽ അടിയൻ കൊണ്ടുവന്നിരിക്കുന്ന ഈ കാഴ്ച1 യജമാനന്റെ ബാല്യക്കാർക്ക് ഇരിക്കട്ടെ.28അടിയന്റെ കുറ്റം ക്ഷമിക്കേണമേ. യഹോവ യജമാനന് സ്ഥിരമായൊരു ഭവനം പണിയും; കാരണം യഹോവയുടെ യുദ്ധങ്ങളാണല്ലോ യജമാനൻ നടത്തുന്നത്. ജീവിതകാലത്തൊരിക്കലും നിന്നിൽ ദോഷം കാണുകയില്ല.
29ആരെങ്കിലും നിന്നെ പിന്തുടർന്ന് കൊല്ലുവാൻ ശ്രമിച്ചാലും, യജമാനന്റെ പ്രാണൻ നിന്റെ ദൈവമായ യഹോവയുടെ പക്കൽ ജീവഭാണ്ഡത്തിൽ കെട്ടപ്പെട്ടിരിക്കും; നിന്റെ ശത്രുക്കളുടെ പ്രാണനെയോ അവൻ കവിണയിൽ നിന്ന് എന്നപോലെ എറിഞ്ഞുകളയും.
30എന്നാൽ യഹോവ യജമാനന് വാഗ്ദാനം ചെയ്തിരിക്കുന്ന എല്ലാ നന്മയും നിവർത്തിച്ച്, നിന്നെ യിസ്രായേലിന് പ്രഭുവാക്കി വെയ്ക്കുമ്പോൾ31കാരണം കൂടാതെ രക്തം ചിന്തിയെന്നോ, പ്രതികാരം ചെയ്തു എന്നോ പശ്ചാത്താപവും മനോവ്യഥയും യജമാനന് ഉണ്ടാകയില്ല; എന്നാൽ യഹോവ യജമാനന് നന്മ ചെയ്യുമ്പോൾ അടിയനെയും ഓർത്തുകൊള്ളണമേ.”
32ദാവീദ് അബീഗയിലിനോട് പറഞ്ഞത്: എന്നെ എതിരേല്പാൻ നിന്നെ അയച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് സ്തോത്രം.33നിന്റെ വിവേകം സ്തുത്യം; രക്തം ചൊരിയാതെയും സ്വന്തം കൈകൊണ്ട് പ്രതികാരം ചെയ്യാതെയിരിക്കുവാനും ഇന്ന് എന്നെ തടഞ്ഞ നീ അനുഗ്രഹിക്കപ്പെട്ടവൾ.
34നിനക്ക് ദോഷം വരാതെയിരിക്കുവാൻ എന്നെ തടഞ്ഞ യിസ്രായേലിന്റെ ദൈവമായ യഹോവയാണ, നീ വേഗം എന്നെ എതിരേറ്റ് വന്നിരുന്നില്ലെങ്കിൽ നേരം പുലരുമ്പോഴേക്ക് പുരുഷപ്രജയൊന്നും നാബാലിന് ശേഷിക്കയില്ലായിരുന്നു.35പിന്നെ അവൾ കൊണ്ടുവന്നത് ദാവീദ് അവളുടെ കയ്യിൽനിന്ന് വാങ്ങി അവളോട്: “സമാധാനത്തോടെ വീട്ടിലേയ്ക്ക് പോക; ഇതാ, ഞാൻ നിന്റെ വാക്ക് കേട്ട് നിന്റെ മുഖം ആദരിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
36അബീഗയിൽ നാബാലിന്റെ അടുക്കൽ എത്തിയപ്പോൾ അവൻ തന്റെ വീട്ടിൽ രാജവിരുന്നുപോലെ ഒരു വിരുന്ന് കഴിക്കുന്നത് കണ്ടു; നാബാലിന്റെ ഹൃദയം ആനന്ദത്തിലായി. അവന് നല്ലതുപോലെ ലഹരി പിടിച്ചിരുന്നു; അതുകൊണ്ട് അവൾ നേരം വെളുക്കുംവരെ വിവരം ഒന്നും അവനെ അറിയിച്ചില്ല.
37എന്നാൽ രാവിലെ നാബാലിന്റെ വീഞ്ഞിന്റെ ലഹരി മാറിയശേഷം അവന്റെ ഭാര്യ അവനോട് വിവരം അറിയിച്ചപ്പോൾ അവന്റെ ഹൃദയം അവന്റെ ഉള്ളിൽ ജീവനില്ലാത്തതു പോലെ ആയി.അവൻ ശിലാസമനായി .38പത്ത് ദിവസം കഴിഞ്ഞശേഷം യഹോവ നാബാലിനെ ദണ്ഡിപ്പിച്ചു. അവൻ മരിച്ചുപോയി.
39നാബാൽ മരിച്ചു എന്ന് ദാവീദ് കേട്ടപ്പോൾ: “എന്നെ നിന്ദിച്ചതിനാൽ നാബാലിനോട് പകരംചോദിക്കുകയും, അങ്ങയുടെ ദാസനെ തിന്മ ചെയ്യാതെ തടയുകയും ചെയ്ത യഹോവയ്ക്ക് സ്തോത്രം. നാബാലിന്റെ ദുഷ്ടത യഹോവ അവന്റെ തലയിൽ തന്നെ വരുത്തിയിരിക്കുന്നു” എന്നു പറഞ്ഞു. പിന്നെ ദാവീദ് അബീഗയിലിനെ തനിക്ക് ഭാര്യയാക്കേണ്ടതിന് അവളോട് സംസാരിപ്പാൻ ആളയച്ചു.40ദാവീദിന്റെ ഭൃത്യന്മാർ കർമ്മേലിൽ അബീഗയിലിന്റെ അടുക്കൽ ചെന്ന് അവളോട്: “നീ ദാവീദിന് ഭാര്യയായിത്തീരുവാൻ നിന്നെ കൊണ്ടുചെല്ലേണ്ടതിന് ഞങ്ങളെ അവൻ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു” എന്നു പറഞ്ഞു.
41അവൾ എഴുന്നേറ്റ് നിലംവരെ തല കുനിച്ചു: “ഇതാ, അടിയൻ യജമാനന്റെ ദാസന്മാരുടെ കാലുകളെ കഴുകുന്ന ദാസി” എന്നു പറഞ്ഞു.42ഉടനെ അബീഗയിൽ എഴുന്നേറ്റ് തന്റെ പരിചാരികമാരായ അഞ്ച് ബാല്യക്കാരത്തികളുമായി കഴുതപ്പുറത്ത് കയറി ദാവീദിന്റെ ദൂതന്മാരോടുകൂടി ചെന്ന് അവന് ഭാര്യയായി തീർന്നു.
43യിസ്രായേലിൽ നിന്നും ദാവീദ് അഹീനോവമിനെയും കൊണ്ടുവന്നു; അവർ രണ്ടുപേരും ദാവീദിന് ഭാര്യമാരാത്തീർന്നു.44ശൗൽ തന്റെ മകളും ദാവീദിന്റെ ഭാര്യയുമായിരുന്ന മീഖളിനെ ഗല്ലീമ്യനായ ലയീശിന്റെ മകൻ ഫല്തിക്ക് കൊടുത്തിരുന്നു.


1 25:27 കാഴ്ച = മറ്റൊരാൾക്ക് നൽകുന്ന സമ്മാനം

26

1അതിനുശേഷം സീഫ്യർ ഗിബെയയിൽ ശൗലിന്റെ അടുക്കൽ വന്നു; “ദാവീദ് മരുഭൂമിക്ക് തെക്കുള്ള ഹഖീലാക്കുന്നിൽ ഒളിച്ചിരിക്കുന്നു” എന്നു പറഞ്ഞു.2ശൗൽ എഴുന്നേറ്റ് ദാവീദിനെ തെരയുവാൻ സീഫ് മരുഭൂമിയിലേയ്ക്കു് ചെന്നു; യിസ്രായേലിൽനിന്നു തെരഞ്ഞെടുത്തിരുന്ന മൂവായിരംപേരും അവനോടുകൂടെ ഉണ്ടായിരുന്നു.

3ശൗൽ മരുഭൂമിക്ക് തെക്കുള്ള ഹഖീലാക്കുന്നിൽ വഴിയരികെ പാളയം ഇറങ്ങി. ദാവീദ് മരുഭൂമിയിൽ താമസിച്ചു. ശൗൽ തന്നെ തേടി മരുഭൂമിയിൽ വന്നിരിക്കുന്നു എന്നു മനസ്സിലായി4അതുകൊണ്ട് ദാവീദ് ചാരന്മാരെ അയച്ച് ശൗൽ വന്നിരിക്കുന്നു എന്നു അറിഞ്ഞു.
5ദാവീദ് എഴുന്നേറ്റ് ശൗൽ പാളയം ഇറങ്ങിയിരുന്ന സ്ഥലത്ത് ചെന്നു; ശൗലും അവന്റെ സേനാപതിയായ നേരിന്റെ മകൻ അബ്നേരും കിടക്കുന്ന സ്ഥലം ദാവീദ് കണ്ടു; ശൗൽ പാളയത്തിന് നടുവിൽ കിടന്നുറങ്ങി; പടജ്ജനം അവന്റെ ചുറ്റും പാളയമിറങ്ങിയിരുന്നു.
6ദാവീദ് ഹിത്യനായ അഹീമേലെക്കിനോടും, സെരൂയയുടെ മകനും യോവാബിന്റെ സഹോദരനുമായ അബീശായിയോടും: “പാളയത്തിൽ ശൗലിന്റെ അടുക്കലേക്ക് ആര് എന്നോടുകൂടെ പോരും” എന്നു ചോദിച്ചു. “ഞാൻ നിന്നോടുകൂടെ വരാം” എന്ന് അബീശായി പറഞ്ഞു.7ഇങ്ങനെ ദാവീദും അബീശായിയും രാത്രിയിൽ പടജ്ജനത്തിന്റെ അടുക്കൽ ചെന്നു; ശൗൽ പാളയത്തിന് നടുവിൽ കിടന്നുറങ്ങുകയായിരുന്നു; അവന്റെ കുന്തം അവന്റെ തലയുടെ അരികിൽ നിലത്ത് കുത്തി നിറുത്തിയിരുന്നു; അബ്നേരും പടജ്ജനവും അവന് ചുറ്റും കിടന്നിരുന്നു.8അബീശായി ദാവീദിനോട്: “ദൈവം നിന്റെ ശത്രുവിനെ ഇന്ന് നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; ഞാൻ അവനെ കുന്തം കൊണ്ട് ഒറ്റ കുത്തിന് നിലത്തോട് ചേർത്ത് തറയ്ക്കട്ടെ; രണ്ടാമത് കുത്തുകയില്ല ”എന്നു പറഞ്ഞു.
9ദാവീദ് അബീശായിയോട്: “അവനെ നശിപ്പിക്കരുത്; യഹോവയുടെ അഭിഷിക്തന്റെ മേൽ കൈ വെച്ചാൽ ആരും ശിക്ഷ അനുഭവിക്കാതെപോകയില്ല” എന്നു പറഞ്ഞു.10“യഹോവയാണ, യഹോവ അവനെ സംഹരിക്കും; അല്ലെങ്കിൽ അവൻ മരിക്കുവാനുള്ള ദിവസം വരും; അല്ലെങ്കിൽ അവൻ പടയ്ക്കുചെന്ന് നശിക്കും;
11ഞാൻ യഹോവയുടെ അഭിഷിക്തന്റെമേൽ കൈ വെക്കുവാൻ യഹോവ ഇടയാക്കരുതേ; എങ്കിലും അവന്റെ തലയുടെ അടുക്കൽ ഉള്ള കുന്തവും ജലപാത്രവും എടുത്തുകൊൾക; നമുക്ക് പോകാം” എന്നു ദാവീദ് പറഞ്ഞു.12ഇങ്ങനെ ദാവീദ് കുന്തവും ജലപാത്രവും ശൗലിന്റെ തലയുടെ അടുക്കൽ നിന്ന് എടുത്ത് അവർ പോകുകയും ചെയ്തു; ആരും കണ്ടില്ല, ആരും അറിഞ്ഞില്ല, ആരും ഉണർന്നതുമില്ല; അവർ എല്ലാവരും ഉറങ്ങുകയായിരുന്നു; യഹോവയാൽ ഗാഢനിദ്ര അവരുടെമേൽ വീണിരുന്നു.
13ദാവീദ് അപ്പുറം കടന്നുചെന്നു ദൂരത്ത് ഒരു മലമുകളിൽ നിന്നു; അവർക്കു മദ്ധ്യേ ആവശ്യത്തിന് അകലമുണ്ടായിരുന്നു.14ദാവീദ് ജനത്തോടും നേരിന്റെ മകനായ അബ്നേരിനോടും:“അബ്നേരേ, നീ ഉത്തരം പറയുന്നില്ലയോ” എന്നു വിളിച്ചു പറഞ്ഞു. അതിന് അബ്നേർ: “രാജസന്നിധിയിൽ കൂകുന്ന നീ ആര്” എന്ന് അങ്ങോട്ട് ചോദിച്ചു.
15ദാവീദ് അബ്നേരിനോട് : “നീ ഒരു പുരുഷൻ അല്ലയോ? യിസ്രായേലിൽ നിനക്ക് തുല്യൻ ആരുണ്ട്? അങ്ങനെയിരിക്കെ നിന്റെ യജമാനനായ രാജാവിനെ നീ കാത്തുകൊള്ളാതിരുന്നത് എന്ത്? നിന്റെ യജമാനനായ രാജാവിനെ നശിപ്പിക്കുവാൻ ജനത്തിൽ ഒരുവൻ അവിടെ വന്നിരുന്നുവല്ലോ.16നീ ചെയ്ത കാര്യം നന്നായില്ല; യഹോവയുടെ അഭിഷിക്തനായ നിങ്ങളുടെ യജമാനനെ കാത്തുകൊള്ളാതിരുന്നതിനാൽ യഹോവയാണ നിങ്ങൾ മരണയോഗ്യർ ആകുന്നു. രാജാവിന്റെ കുന്തവും അവന്റെ തലയുടെ അടുക്കൽ ഇരുന്ന ജലപാത്രവും എവിടെ എന്ന് നോക്കുക.”
17അപ്പോൾ ശൗൽ ദാവീദിന്റെ ശബ്ദം തിരിച്ചറിഞ്ഞു: “എന്റെ മകനെ, ദാവീദേ, ഇത് നിന്റെ ശബ്ദമോ ”എന്നു ചോദിച്ചതിന് ദാവീദ് “എന്റെ ശബ്ദം തന്നെ, യജമാനനായ രാജാവേ” എന്നു പറഞ്ഞു.18“യജമാനൻ ഇങ്ങനെ അടിയനെ തേടിനടക്കുന്നത് എന്തിന്? അടിയൻ എന്ത് ചെയ്തു? അടിയന്റെ പക്കൽ എന്ത് ദോഷമാണുള്ളത്?
19അതുകൊണ്ട് യജമാനനായ രാജാവ് അടിയന്റെ വാക്കു കേൾക്കേണമേ; തിരുമേനിയെ അടിയന് എതിരായി വിട്ടിരിക്കുന്നത് യഹോവയാകുന്നു എങ്കിൽ അവൻ ഒരു വഴിപാട് സ്വീകരിച്ച് പ്രസാദിക്കുമാറാകട്ടെ; മനുഷ്യർ എങ്കിലോ അവർ യഹോവയുടെ മുമ്പാകെ ശപിക്കപ്പെട്ടിരിക്കട്ടെ.യഹോവയുടെ അവകാശത്തിൽ എനിക്ക് പങ്കില്ലാതാകത്തക്കവിധം നീ പോയി അന്യദൈവങ്ങളെ സേവിക്ക എന്നു പറഞ്ഞു അവർ എന്നെ ഇന്ന് പുറത്ത് തള്ളിയിരിക്കുന്നു.20എന്റെ രക്തം യഹോവയുടെ മുമ്പാകെ നിലത്ത് വീഴരുതേ; ഒരുവൻ പർവ്വതങ്ങളിൽ ഒരു കാട്ടുകോഴിയെ തേടുന്നതുപോലെ യിസ്രായേൽരാജാവ് ഒരു ഒറ്റ ചെള്ളിനെ തെരഞ്ഞ് പുറപ്പെട്ടിരിക്കുന്നു” എന്നും അവൻ പറഞ്ഞു.
21അതിന് ശൗൽ: “ഞാൻ പാപം ചെയ്തിരിക്കുന്നു; എന്റെ മകനേ, ദാവീദേ, മടങ്ങിവരിക; എന്റെ ജീവൻ ഇന്ന് നിനക്ക് വിലയേറിയതായി തോന്നിയതുകൊണ്ട് ഞാൻ ഇനി നിനക്ക് ദോഷം ചെയ്കയില്ല; ഞാൻ ഭോഷത്വം പ്രവർത്തിച്ച് അത്യന്തം തെറ്റിപ്പോയിരിക്കുന്നു” എന്നു പറഞ്ഞു.
22ദാവീദ് ഉത്തരം പറഞ്ഞത്: “രാജാവേ, കുന്തം ഇതാ; ബാല്യക്കാരിൽ ഒരുവൻ വന്ന് കൊണ്ടുപോകട്ടെ.23യഹോവ ഓരോരുത്തനും അവനവന്റെ നീതിക്കും വിശ്വസ്തതെക്കും തക്കവിധം പകരം നല്കട്ടെ; യഹോവ ഇന്ന് നിന്നെ എന്റെ കയ്യിൽ ഏല്പിച്ചു; എങ്കിലും യഹോവയുടെ അഭിഷിക്തന്റെ മേൽ കൈവെപ്പാൻ എനിക്ക് മനസ്സായില്ല.
24എന്നാൽ നിന്റെ ജീവൻ ഇന്ന് എനിക്ക് വിലയേറിയതായിരുന്നതുപോലെ എന്റെ ജീവൻ യഹോവയ്ക്ക് വിലയേറിയതായിരിക്കട്ടെ; അവൻ എന്നെ സകല കഷ്ടതയിൽനിന്നും രക്ഷിക്കുമാറാകട്ടെ”.25അപ്പോൾ ശൗൽ ദാവീദിനോട്: “എന്റെ മകനേ, ദാവീദേ, നീ അനുഗ്രഹിക്കപ്പെട്ടവൻ; നീ കൃതാർത്ഥനാകും; നീ ജയംപ്രാപിക്കും” എന്നു പറഞ്ഞു. പിന്നെ ദാവീദ് തന്റെ വഴിക്ക് പോയി; ശൗലും തന്റെ സ്ഥലത്തേക്ക് മടങ്ങിപ്പോയി.

27

1അപ്പോൾ ദാവീദ്: ഞാൻ ഒരു ദിവസം ശൗലിന്റെ കയ്യാൽ നശിക്കേണ്ടി വരും; ഫെലിസ്ത്യരുടെ ദേശത്തേക്ക് ഓടി രക്ഷപെടുകയല്ലാതെ എനിക്ക് വേറെ നിവൃത്തിയില്ല; ശൗൽ അപ്പോൾ യിസ്രായേൽദേശത്തൊക്കെയും എന്നെ അന്വേഷിക്കുന്നത് മതിയാക്കും; ഞാൻ അവന്റെ കയ്യിൽനിന്ന് രക്ഷപെടും എന്ന് മനസ്സിൽ നിശ്ചയിച്ചു.

2അങ്ങനെ ദാവീദ് യാത്ര തിരിച്ചു. അവനും കൂടെയുള്ള അറുനൂറ് പേരും ഗത്ത്‌ രാജാവായ മാവോക്കിന്റെ മകൻ ആഖീശിന്റെ അടുക്കൽ ചെന്നു.3ജെസ്രീൽക്കാരിയായ അഹീനോവം, നാബാലിന്റെ ഭാര്യയായിരുന്ന അബീഗയിൽ എന്ന രണ്ട് ഭാര്യമാരുമായി ദാവീദ് കുടുംബസഹിതം അവന്റെ എല്ലാ ആളുകളും ഗത്തിൽ ആഖീശിന്റെ അടുക്കൽ താമസിച്ചു.4ദാവീദ് ഗത്തിലേക്ക് ഓടിപ്പോയി എന്ന് ശൗലിന് അറിവുകിട്ടി; അവൻ പിന്നെ അവനെ അന്വേഷിച്ചതുമില്ല.
5ദാവീദ് ആഖീശിനോട്: “നിനക്ക് എന്നോട് കൃപയുണ്ടെങ്കിൽ നാട്ടിൻപുറത്ത് എനിക്കു ഒരു സ്ഥലം കല്പിച്ചുതരേണം; അവിടെ ഞാൻ താമസിച്ചുകൊള്ളാം. രാജനഗരത്തിൽ നിന്റെ അടുക്കൽ അടിയൻ താമസിക്കുന്നത് എന്തിന് ”എന്നു പറഞ്ഞു.6ആഖീശ് അന്നുതന്നെ അവന് സിക്ലാഗ് കല്പിച്ചുകൊടുത്തു; അതുകൊണ്ട് സിക്ലാഗ് ഇന്നുവരെയും യെഹൂദാരാജാക്കന്മാർക്ക് അവകാശപ്പെട്ടിരിക്കുന്നു.

7ദാവീദ് ഫെലിസ്ത്യദേശത്ത് ഒരു വർഷവും നാലു മാസവും താമസിച്ചു.
8ദാവീദും അവന്റെ ആളുകളും ഗെശൂര്യരെയും ഗെസ്രിയരെയും അമാലേക്യരെയും ചെന്ന് ആക്രമിച്ചു. ഇവർ ശൂർ വരെയും മിസ്രയീംദേശം വരെയുമുള്ള നാട്ടിലെ പൂർവ്വ നിവാസികളായിരുന്നു.9എന്നാൽ ദാവീദ് ആ ദേശത്തെ ആക്രമിച്ചു; പുരുഷന്മാരെയും സ്ത്രീകളെയും ജീവനോടെ വെച്ചില്ല; ആടുമാടുകൾ, കഴുതകൾ, ഒട്ടകങ്ങൾ, വസ്ത്രങ്ങൾ എന്നിവയൊക്കെയും അപഹരിച്ച് ആഖീശിന്റെ അടുക്കൽ മടങ്ങിവന്നു.
10“നിങ്ങൾ ഇന്ന് എവിടെയാണ് പോയി ആക്രമിച്ചത് ”എന്ന് ആഖീശ് ചോദിച്ചതിന്: “യെഹൂദെക്ക് തെക്കും യെരപ്മേല്യക്ക് തെക്കും കേന്യർക്കു തെക്കും” എന്ന് ദാവീദ് പറഞ്ഞു.
11ദാവീദ് ഇങ്ങനെയൊക്കെയും ചെയ്തു, ഫെലിസ്ത്യരുടെ ദേശത്ത് താമസിച്ച കാലമെല്ലാം അവൻ ഇങ്ങനെയായിരുന്നു എന്ന വിവരം ഗത്തിൽ അറിയിക്കാതിരിക്കാൻ ദാവീദ് പുരുഷനെയാകട്ടെ സ്ത്രീയെയാകട്ടെ ജീവനോടെ വെച്ചില്ല.12“ദാവീദ് സ്വജനമായ യിസ്രായേലിന് വെറുപ്പായതുകൊണ്ട് അവൻ എന്നും എന്റെ ദാസനായിരിക്കും” എന്നു പറഞ്ഞ് ആഖീശ് അവനിൽ വിശ്വസിച്ചു.

28

1ആ കാലത്ത് ഫെലിസ്ത്യർ യിസ്രായേലിനോട് യുദ്ധം ചെയ്യേണ്ടതിന് തങ്ങളുടെ സേനകളെ ഒന്നിച്ചുകൂട്ടി; അപ്പോൾ ആഖീശ് ദാവീദിനോട്: “നീയും നിന്റെ ആളുകളും എന്നോടുകൂടെ യുദ്ധത്തിന് പോരേണം” എന്നു പറഞ്ഞു.2അപ്പോൾ ദാവീദ് ആഖീശിനോട്: “അടിയന് എന്ത് ചെയ്യുവാൻ കഴിയും എന്ന് നീ കാണുക” എന്നു പറഞ്ഞു. ആഖീശ് ദാവീദിനോട്: “അതുകൊണ്ട് ഞാൻ നിന്നെ എപ്പോഴും എന്റെ അംഗരക്ഷകരിൽ പ്രധാനിയാക്കും” എന്നു പറഞ്ഞു.

3എന്നാൽ ശമൂവേൽ മരിച്ചുപോയിരുന്നു; യിസ്രായേലെല്ലാം അവനെക്കുറിച്ച് വിലപിച്ച് അവന്റെ സ്വന്തപട്ടണമായ രാമയിൽ അവനെ അടക്കം ചെയ്തിരുന്നു. ശൗൽ വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും ദേശത്തുനിന്ന് നീക്കിക്കളഞ്ഞിരുന്നു.4എന്നാൽ ഫെലിസ്ത്യർ ഒന്നിച്ചുകൂടി ശൂനേമിൽ പാളയം ഇറങ്ങി; ശൗൽ എല്ലായിസ്രായേലിനെയും ഒന്നിച്ചുകൂട്ടി ഗിൽബോവയിൽ പാളയം ഇറങ്ങി.
5ശൗൽ ഫെലിസ്ത്യരുടെ സൈന്യത്തെ കണ്ട് ഭയപ്പെട്ട്, അവന്റെ ഹൃദയം വിറെച്ചു.6ശൗൽ യഹോവയോട് ചോദിച്ചപ്പോൾ യഹോവ അവനോട് സ്വപ്നംകൊണ്ടോ ഊറീംകൊണ്ടോ പ്രവാചകന്മാരെക്കൊണ്ടോ ഉത്തരം അരുളിയില്ല.7അപ്പോൾ ശൗൽ തന്റെ ഭൃത്യന്മാരോട്: “എനിക്കു ഒരു വെളിച്ചപ്പാടത്തിയെ അന്വേഷിപ്പിൻ; ഞാൻ അവളുടെ അടുക്കൽ ചെന്ന് ചോദിക്കും” എന്നു പറഞ്ഞു. അവന്റെ ഭൃത്യന്മാർ അവനോട്: “ഏൻ-ദോരിൽ ഒരു വെളിച്ചപ്പാടത്തി ഉണ്ട്” എന്നു പറഞ്ഞു.
8ശൗൽ വേഷംമാറി, രണ്ടാളെയും കൂട്ടി, രാത്രിയിൽ ആ സ്ത്രീയുടെ അടുക്കൽ എത്തി: “വെളിച്ചപ്പാടാത്മാവുകൊണ്ട് നീ എനിക്കായി പ്രശ്നം നോക്കുകയും ഞാൻ പറയുന്നവനെ കൊണ്ടുവരുകയും ചെയ്യേണം” എന്നു പറഞ്ഞു.9സ്ത്രീ അവനോട്: “ശൗൽ വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും ദേശത്തുനിന്ന് നീക്കിക്കളഞ്ഞിരുന്നു എന്ന് നീ അറിയുന്നുവല്ലോ; എന്നെ നശിപ്പിക്കാൻ നീ എന്റെ ജീവന് കെണി ഒരുക്കുന്നത് എന്തിന് ?”എന്നു പറഞ്ഞു.10“യഹോവയാണ ഈ കാര്യം കൊണ്ട് നിനക്ക് ഒരു ദോഷവും ഭവിക്കുകയില്ല ”എന്ന് ശൗൽ യഹോവയുടെ നാമത്തിൽ അവളോട് സത്യം ചെയ്തു .
11“ഞാൻ ആരെ വരുത്തിത്തരേണം” എന്ന് സ്ത്രീ ചോദിച്ചതിന്: “ശമൂവേലിനെ വരുത്തിത്തരേണം” എന്ന് അവൻ പറഞ്ഞു.12സ്ത്രീ ശമൂവേലിനെ കണ്ടപ്പോൾ ഉച്ചത്തിൽ നിലവിളിച്ചു. എന്നിട്ട് ശൗലിനോട്: “നീ എന്നെ ചതിച്ചത് എന്തിന്? നീ ശൗൽ ആകുന്നുവല്ലോ” എന്നു പറഞ്ഞു.
13രാജാവ് അവളോട്: “ഭയപ്പെടേണ്ടാ; നീ കാണുന്നത് എന്ത് ?” എന്ന് ചോദിച്ചതിന്: “ഒരു ദേവൻ ഭൂമിയിൽനിന്ന് കയറിവരുന്നത് ഞാൻ കാണുന്നു” എന്ന് സ്ത്രീ ശൗലിനോട് പറഞ്ഞു.14അവൻ അവളോട്: “അവന്റെ രൂപം എന്ത് എന്ന് ചോദിച്ചതിന് അവൾ: “ഒരു വൃദ്ധൻ കയറിവരുന്നു; അവൻ ഒരു അങ്കിയും ധരിച്ചിരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ അത് ശമൂവേൽ എന്നറിഞ്ഞ് ശൗൽ സാഷ്ടാംഗം വീണു നമസ്കരിച്ചു.
15ശമൂവേൽ ശൗലിനോട്: “നീ എന്നെ ഇവിടെ കൊണ്ടുവന്ന് എന്റെ സ്വസ്ഥതയ്ക്ക് ഭംഗം വരുത്തിയത് എന്ത് ”എന്നു ചോദിച്ചു. അതിന് ശൗൽ: “ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു; ഫെലിസ്ത്യർ എന്നോട് യുദ്ധം ചെയ്യുന്നു; ദൈവം എന്നെ വിട്ടുമാറിയിരിക്കുന്നു; പ്രവാചകന്മാരെക്കൊണ്ടാകട്ടെ സ്വപ്നംകൊണ്ടാകട്ടെ എന്നോടു ഉത്തരമരുളുന്നില്ല; അതുകൊണ്ട് ഞാൻ എന്ത് ചെയ്യേണമെന്ന് എനിക്ക് പറഞ്ഞുതരേണ്ടതിന് ഞാൻ നിന്നെ വിളിപ്പിച്ചു”എന്ന് ഉത്തരം പറഞ്ഞു.
16അതിന് ശമൂവേൽ : “ദൈവം നിന്നെ വിട്ടുമാറി നിനക്ക് ശത്രു ആയതിനാൽ നീ എന്തിന് എന്നോട് ചോദിക്കുന്നു?17യഹോവ എന്നെക്കൊണ്ട് പറയിച്ചതുപോലെ അവൻ നിന്നോട് ചെയ്തിരിക്കുന്നു; രാജത്വം യഹോവ നിന്റെ കയ്യിൽനിന്ന് പറിച്ചെടുത്ത് നിന്റെ കൂട്ടുകാരനായ ദാവീദിന് കൊടുത്തിരിക്കുന്നു.
18നീ യഹോവയുടെ കല്പന കേട്ടില്ല; അമാലേക്കിന്റെമേൽ അവന്റെ ഉഗ്രകോപം നടത്തിയതുമില്ല; അതുകൊണ്ട് യഹോവ ഈ കാര്യം ഇന്ന് നിന്നോട് ചെയ്തിരിക്കുന്നു.19യഹോവ നിന്നെയും യിസ്രായേലിനെയും ഫെലിസ്ത്യരുടെ കയ്യിൽ ഏല്പിക്കും; നാളെ നീയും നിന്റെ പുത്രന്മാരും എന്നോടുകൂടെ ആകും; യിസ്രായേൽപാളയത്തെ യഹോവ ഫെലിസ്ത്യരുടെ കയ്യിൽ ഏല്പിക്കും”.
20പെട്ടെന്ന് ശൗൽ നെടുനീളത്തിൽ നിലത്ത് വീണു. ശമൂവേലിന്റെ വാക്കുകൾ കാരണം ഭയപ്പെട്ടുപോയി; അവനിൽ ഒട്ടും ബലമില്ലാതെയായി; അന്ന് രാവും പകലും അവൻ ഒന്നും ഭക്ഷിച്ചിട്ടില്ലായിരുന്നു.21അപ്പോൾ ആ സ്ത്രീ ശൗലിന്റെ അടുക്കൽ വന്ന്, അവൻ ഏറ്റവും പരിഭ്രമിച്ചിരിക്കുന്നത് കണ്ട് അവനോട്: “അടിയൻ നിന്റെ വാക്ക് കേട്ട് ജീവനെ ഉപേക്ഷിച്ചുകൊണ്ട്, നീ എന്നോട് പറഞ്ഞ വാക്ക് അനുസരിച്ചുവല്ലോ.
22അതുകൊണ്ട് അടിയന്റെ വാക്ക് നീയും കേൾക്കേണമേ. ഞാൻ ഒരു കഷണം അപ്പം നിന്റെ മുമ്പിൽ വെക്കട്ടെ; നീ തിന്നേണം; എന്നാൽ യാത്ര ചെയ്യുവാൻ നിനക്ക് ബലം ഉണ്ടാകും” എന്നു പറഞ്ഞു.23അതിന് അവൻ: “വേണ്ടാ, ഞാൻ തിന്നുകയില്ല ”എന്നു പറഞ്ഞു; എങ്കിലും അവന്റെ ഭൃത്യന്മാരും ആ സ്ത്രീയും അവനെ നിർബന്ധിച്ചു; അവൻ അവരുടെ വാക്ക് കേട്ട് നിലത്തുനിന്ന് എഴുന്നേറ്റ് മെത്തമേൽ ഇരുന്നു.
24സ്ത്രീയുടെ വീട്ടിൽ ഒരു തടിച്ച പശുക്കിടാവ് ഉണ്ടായിരുന്നു; അവൾ വേഗത്തിൽ അതിനെ അറുത്ത്, മാവ് എടുത്ത് കുഴെച്ച് പുളിപ്പില്ലാത്ത അപ്പം ചുട്ടു.25അവൾ അത് ശൗലിന്റെയും ഭൃത്യന്മാരുടെയും മുമ്പിൽ വെച്ചു. അവർ അത് ഭക്ഷിച്ചിട്ട് എഴുന്നേറ്റ് രാത്രിയിൽ തന്നെ പോയി.

29

1അതിനുശേഷം ഫെലിസ്ത്യർ തങ്ങളുടെ സേനകളെയെല്ലാം അഫേക്കിൽ ഒന്നിച്ചുകൂട്ടി; യിസ്രായേല്യരും ജെസ്രീലിൽ ഉള്ള ഉറവിനരികെ പാളയം ഇറങ്ങി.2അപ്പോൾ ഫെലിസ്ത്യപ്രഭുക്കന്മാർ നൂറുനൂറായും ആയിരം ആയിരമായും മുൻപോട്ട് നീങ്ങി; എന്നാൽ ദാവീദും അവന്റെ ആളുകളും പിൻപടയിൽ ആഖീശിനോടുകൂടെ ആയിരുന്നു.

3ഫെലിസ്ത്യപ്രഭുക്കന്മാർ ചോദിച്ചു;“ ഈ എബ്രായർ ഇവിടെ എന്ത് ചെയ്യുന്നു?“ ആഖീശ് ഫെലിസ്ത്യപ്രഭുക്കന്മാരോടു പറഞ്ഞു; “ഇവൻ ദാവീദല്ലയോ? യിസ്രായേൽരാജാവായ ശൗലിന്റെ ഭൃത്യനായിരുന്ന ദാവീദ്; എത്രനാളായി എത്രസംവത്സരമായി അവൻ എന്നോടുകൂടെ പാർക്കുന്നു. അവൻ എന്നെ ആശ്രയിച്ചതുമുതൽ ഇന്നുവരെ ഞാൻ അവനിൽ ഒരു കുറ്റവും കണ്ടിട്ടില്ല“.
4എന്നാൽ ഫെലിസ്ത്യപ്രഭുക്കന്മാർ ആഖീശിനോട് കോപിച്ചു; “നീ അവന് കല്പിച്ചുകൊടുത്ത സ്ഥലത്തേക്ക് പൊയ്ക്കൊൾവാൻ അവനെ മടക്കിഅയക്ക; അവൻ യുദ്ധത്തിന്നു നമ്മോടുകൂടെ വരരുത്; അവൻ യുദ്ധത്തിൽ നമുക്കു ദ്രോഹിയായി തീർന്നേക്കാം; ഈ ആളുകളുടെ തലകളെക്കൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാകുന്നു അവൻ തന്റെ യജമാനനെ പ്രസാദിപ്പിക്കുന്നത്?
5ശൗൽ ആയിരത്തെ കൊന്നു
ദാവീദോ പതിനായിരത്തെ
എന്നു ചൊല്ലി അവർ നൃത്തത്തിൽ ഗാനപ്രതിഗാനം പാടിയ ദാവീദ് ഇവനല്ലയോ?“ എന്നു ഫെലിസ്ത്യപ്രഭുക്കന്മാർ അവനോട് പറഞ്ഞു.
6അപ്പോൾ ആഖീശ് ദാവീദിനെ വിളിച്ച് അവനോട് പറഞ്ഞു; “യഹോവയാണ, നീ പരമാർത്ഥിയും പാളയത്തിൽ എന്നോടുകൂടെയുള്ള നിന്റെ പോക്കും വരവും എനിക്ക് ബോധിച്ചതും ആകുന്നു. നീ എന്റെ അടുക്കൽ വന്ന നാൾമുതൽ ഇന്നുവരെയും ഞാൻ നിന്നിൽ ഒരു ദോഷവും കണ്ടിട്ടില്ല; എന്നാൽ പ്രഭുക്കന്മാർക്ക് നിന്നെ ഇഷ്ടമല്ല.7ആകയാൽ നീ ചെയ്യുന്നത് ഫെലിസ്ത്യപ്രഭുക്കന്മാർക്ക് അനിഷ്ടമായി തോന്നാതിരിക്കേണ്ടതിന് സമാധാനത്തോടെ മടങ്ങിപ്പൊയ്ക്കൊൾക”.
8ദാവീദ് ആഖീശിനോട് ചോദിച്ചു: “എന്നാൽ ഞാൻ എന്ത് ചെയ്തു? എന്റെ യജമാനനായ രാജാവിന്റെ ശത്രുക്കളുടെ നേരെ ഞാൻ ചെന്ന് പൊരുതി കൂടാതവണ്ണം നിന്നോടുകൂടെ ഇരുന്ന നാൾമുതൽ ഇന്നുവരെ നീ അടിയനിൽ എന്ത് കണ്ടിരിക്കുന്നു”.9ആഖീശ് ദാവീദിനോട് മറുപടി പറഞ്ഞു: “എനിക്കറിയാം; എനിക്ക് നിന്നെ ഒരു ദൈവദൂതനെപ്പോലെ ബോധിച്ചിരിക്കുന്നു; എന്നാൽ ഫെലിസ്ത്യ പ്രഭുക്കന്മാർ:“അവൻ ഞങ്ങളോടുകൂടെ യുദ്ധത്തിന് വരരുത്” എന്നു പറഞ്ഞിരിക്കുന്നു.
10ആകയാൽ നിന്നോടുകൂടെ വന്നിരിക്കുന്ന നിന്റെ യജമാനന്റെ ഭൃത്യന്മാരുമായി നന്നാ രാവിലെ എഴുന്നേറ്റുകൊൾക; അതികാലത്ത് എഴുന്നേറ്റ് വെളിച്ചം ആയ ഉടനെ പൊയ്ക്കൊൾവിൻ”.11ഇങ്ങനെ ദാവീദും അവന്റെ ആളുകളും ഫെലിസ്ത്യദേശത്തേക്ക് മടങ്ങിപ്പോകുവാൻ രാവിലെ എഴുന്നേറ്റു; ഫെലിസ്ത്യരോ ജെസ്രീലിലേക്ക് പോയി.

30

1ദാവീദും അവന്റെ ആളുകളും മൂന്നാം ദിവസം സിക്ലാഗിൽ എത്തിയപ്പോൾ അമാലേക്യർ തെക്കെദേശവും സിക്ലാഗും ആക്രമിച്ച് സിക്ലാഗിനെ ജയിച്ച് അതിനെ തീവെച്ച് ചുട്ടുകളഞ്ഞിരുന്നു.2അവിടെയുള്ള വലിയവരും ചെറിയവരുമായ സ്ത്രീകളെ പിടിച്ചുകൊണ്ട് പോയതല്ലാതെ ആരെയും കൊന്നില്ല.

3ദാവീദും അവന്റെ ആളുകളും പട്ടണത്തിലേക്ക് വന്നപ്പോൾ അത് തീവെച്ച് ചുട്ടിരിക്കുന്നതും ഭാര്യമാരെയും പുത്രീപുത്രന്മാരെയും അടിമകളായി കൊണ്ടുപോയിരിക്കുന്നതും കണ്ടു.4അപ്പോൾ ദാവീദും കൂടെയുള്ള ജനവും കരയുവാൻ ബലമില്ലാതാകുവോളം ഉറക്കെ കരഞ്ഞു.
5ജെസ്രീൽക്കാരി അഹീനോവം, കർമ്മേല്ക്കാരൻ നാബാലിന്റെ ഭാര്യയായിരുന്ന അബീഗയിൽ എന്നീ ദാവീദിന്റെ രണ്ടു ഭാര്യമാരെയും അവർ പിടിച്ചു കൊണ്ടുപോയിരുന്നു.6ദാവീദ് വലിയ ദുഃഖത്തിലായി; ജനത്തിൽ ഓരോരുത്തരുടെയും ഹൃദയം അവരവരുടെ പുത്രന്മാരെയും പുത്രിമാരെയും കുറിച്ചു വ്യസനിച്ചിരിക്കുന്നു. അതുകൊണ്ട് അവനെ കല്ലെറിയേണമെന്ന് ജനം പറഞ്ഞു; ദാവീദ് തന്റെ ദൈവമായ യഹോവയിൽ ധൈര്യപ്പെട്ടു.

7ദാവീദ് അഹീമേലെക്കിന്റെ മകനായ അബ്യാഥാർപുരോഹിതനോട്: “ഏഫോദ് ഇവിടെ കൊണ്ടുവരിക” എന്ന് പറഞ്ഞു. അബ്യാഥാർ ഏഫോദ് ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു.8അപ്പോൾ ദാവീദ് യഹോവയോട്: “ഞാൻ ഈ കൂട്ടത്തെ പിന്തുടരേണമോ? ഞാൻ അവരെ പിടികൂടുമോ” എന്ന് ചോദിച്ചു. “പിന്തുടരുക; നീ അവരെ നിശ്ചയമായി പിടികൂടി സകലവും വീണ്ടുകൊള്ളും” എന്ന് അരുളപ്പാടുണ്ടായി.
9അങ്ങനെ ദാവീദും കൂടെയുള്ള അറുനൂറ് പേരും ബെസോർതോട്ടിൽ എത്തി; ബാക്കിയുള്ളവർ അവിടെ താമസിച്ചു.10ബെസോർതോടു കടക്കുവാൻ കഴിയാതെ ക്ഷീണിച്ചിട്ടു ഇരുനൂറുപേർ പുറകിൽ താമസിച്ചു. ദാവീദും നാനൂറുപേരും പിന്തുടർന്നുചെന്നു.
11അവർ വയലിൽവെച്ച് ഒരു മിസ്രയീമ്യനെ കണ്ട് ദാവീദിന്റെ അടുക്കൽ കൊണ്ടുചെന്നു; അവന് അപ്പം കൊടുത്തു. അവൻ തിന്നു; അവന് കുടിപ്പാൻ വെള്ളവും കൊടുത്തു.12അവർ അവന് ഒരു കഷണം അത്തിയടയും രണ്ട് ഉണക്കമുന്തിരിക്കുലയും കൊടുത്തു; അത് തിന്നപ്പോൾ അവന്റെ ശക്തി അവന് തിരികെ ലഭിച്ചു; മൂന്നു രാവും മൂന്നു പകലും അവൻ ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തിട്ടില്ലായിരുന്നു.
13ദാവീദ് അവനോട്:“ നീ ആരുടെ ആൾ? നീ എവിടെ നിന്ന് വരുന്നു ”എന്ന് ചോദിച്ചതിന് അവൻ: “ഞാൻ ഒരു മിസ്രയീമ്യബാല്യക്കാരൻ; ഒരു അമാലേക്യന്റെ ഭൃത്യൻ. മൂന്നു ദിവസം മുമ്പെ എനിക്ക് രോഗം പിടിച്ചതുകൊണ്ടു എന്റെ യജമാനൻ എന്നെ ഉപേക്ഷിച്ചുകളഞ്ഞു.14ഞങ്ങൾ ക്രേത്യരുടെ തെക്കെനാടും യെഹൂദ്യദേശവും കാലേബിന്റെ തെക്കെദിക്കും ആക്രമിച്ചു; സിക്ലാഗ് ഞങ്ങൾ തീവെച്ചു ചുട്ടുകളഞ്ഞു.
15ദാവീദ് അവനോട്: “ആ കൂട്ടത്തിന്റെ അടുക്കലേക്ക് നീ വഴികാണിച്ചുതരുമോ” എന്ന് ചോദിച്ചതിന് അവൻ: “നീ എന്നെ കൊല്ലുകയോ എന്റെ യജമാനന്റെ കയ്യിൽ ഏല്പിക്കുകയോ ചെയ്കയില്ലെന്നു ദൈവനാമത്തിൽ എന്നോടു സത്യം ചെയ്താൽ അവരുടെ അടുക്കലേക്ക് വഴികാണിച്ചുതരാം” എന്നു പറഞ്ഞു.
16അങ്ങനെ അവൻ ദാവീദിനെ കൂട്ടിക്കൊണ്ട് ചെന്നപ്പോൾ അവർ ഭൂതലത്തെങ്ങും പരക്കുകയും, തിന്നുകയും കുടിക്കയും ഫെലിസ്ത്യദേശത്തുനിന്നും യെഹൂദാദേശത്തുനിന്നും അപഹരിച്ച് കൊണ്ടുവന്ന വലിയ കൊള്ള കൊണ്ട് ഉത്സവം ഘോഷിക്കയും ചെയ്യുന്നത് കണ്ടു.17ദാവീദ് അവരെ സന്ധ്യമുതൽ പിറ്റെന്നാൾ വൈകുന്നേരംവരെ സംഹരിച്ചു; ഒട്ടകപ്പുറത്ത് കയറി ഓടിപോയ നാനൂറ് ബാല്യക്കാർ അല്ലാതെ അവരിൽ ഒരുവനും രക്ഷപെട്ടില്ല.
18അമാലേക്യർ അപഹരിച്ച് കൊണ്ടുപോയിരുന്നതൊക്കെയും ദാവീദ് വീണ്ടെടുത്തു; തന്റെ രണ്ടു ഭാര്യമാരെയും ദാവീദ് രക്ഷപെടുത്തി.19അവർ അപഹരിച്ച് കൊണ്ടുപോയതിൽ ചെറുതോ, വലുതോ, പുത്രന്മാരോ, പുത്രിമാരോ, കൊള്ളയോ യാതൊന്നും കിട്ടാതിരുന്നില്ല; ദാവീദ് എല്ലാം മടക്കി കൊണ്ടുപോന്നു.20ദാവീദ് ആടുമാടുകളെ ഒക്കെയും പിടിച്ചു. അവയെ അവർ തങ്ങളുടെ നാല്ക്കാലികൾക്ക് മുമ്പിൽ നടത്തി: “ഇത് ദാവീദിന്റെ കൊള്ള” എന്നു പറഞ്ഞു.
21ദാവീദിനോടുകൂടെ പോകുവാൻ കഴിയാതെ ക്ഷീണിച്ച് ബെസോർതോട്ടിൽ താമസിപ്പിച്ചിരുന്ന ഇരുനൂറുപേരുടെ അടുക്കൽ ദാവീദ് എത്തിയപ്പോൾ അവർ ദാവീദിനെയും കൂടെയുള്ള ജനത്തെയും എതിരേറ്റ് ചെന്നു; ദാവീദ് ജനത്തിന്റെ സമീപത്ത് വന്ന് അവരോട് കുശലം ചോദിച്ചു.22എന്നാൽ ദാവീദിനോടുകൂടെ പോയിരുന്നവരിൽ ദുഷ്ടരും നീചരുമായ ഏവരും: “ഇവർ നമ്മോടുകൂടെ പോരാഞ്ഞതിനാൽ നാം വിടുവിച്ചു കൊണ്ടുവന്ന കൊള്ളയിൽ ഓരോരുത്തന്റെ ഭാര്യയെയും മക്കളെയും ഒഴികെ അവർക്ക് ഒന്നും കൊടുക്കരുത്, അവരെ അവർ കൂട്ടിക്കൊണ്ടു പൊയ്ക്കൊള്ളട്ടെ” എന്നു പറഞ്ഞു.
23അപ്പോൾ ദാവീദ്: “എന്റെ സഹോദരന്മാരേ; നമ്മെ രക്ഷിക്കയും നമ്മുടെ നേരെ വന്ന കൂട്ടത്തെ നമ്മുടെ കയ്യിൽ ഏല്പിക്കയും ചെയ്ത യഹോവ നമുക്ക് തന്നിട്ടുള്ളതിനെക്കൊണ്ട് നിങ്ങൾ ഇങ്ങനെ ചെയ്യരുത്.24ഈ കാര്യത്തിൽ നിങ്ങളുടെ വാക്ക് ആർ സമ്മതിക്കും? യുദ്ധത്തിന് പോകുന്നവന്റെ ഓഹരിയും സാധനങ്ങൾക്കരികെ താമസിക്കുന്നവന്റെ ഓഹരിയും ഒരുപോലെ ആയിരിക്കേണം; അവർ സമാംശമായി ഭാഗിച്ചെടുക്കേണം” എന്നു പറഞ്ഞു.25അന്നുമുതൽ കാര്യം അങ്ങനെതന്നെ നടന്നു; അവൻ അത് യിസ്രായേലിന് ഇന്നുവരെയുള്ള ചട്ടവും നിയമവും ആക്കി.

26ദാവീദ് സിക്ലാഗിൽ വന്നശേഷം യെഹൂദാമൂപ്പന്മാരായ തന്റെ സ്നേഹിതന്മാർക്കു് കൊള്ളയിൽ ഒരംശം കൊടുത്തയച്ച് :“ ഇതാ, യഹോവയുടെ ശത്രുക്കളെ കൊള്ളയിട്ടതിൽനിന്ന് നിങ്ങൾക്ക് ഒരു സമ്മാനം” എന്നു പറഞ്ഞു.27ബേഥേലിൽ ഉള്ളവർക്കും തെക്കെ രാമോത്തിലുള്ളവർക്കും യത്ഥീരിൽ ഉള്ളവർക്കും28അരോവേരിൽ ഉള്ളവർക്കും സിഫ്മോത്തിലുള്ളവർക്കും എസ്തെമോവയിലുള്ളവർക്കും
29രാഖാലിലുള്ളവർക്കും യെരപ്മേല്യരുടെ പട്ടണങ്ങളിലുള്ളവർക്കും കേന്യരുടെ പട്ടണങ്ങളിലുള്ളവർക്കും30-31ഹൊർമ്മയിലുള്ളവർക്കും കോർ-ആശാനിൽ ഉള്ളവർക്കും അഥാക്കിലുള്ളവർക്കും ഹെബ്രോനിലുള്ളവർക്കും ദാവീദും അവന്റെ ആളുകളും സഞ്ചരിച്ചുവന്ന സകലസ്ഥലങ്ങളിലേക്കും കൊടുത്തയച്ചു.

31

1അപ്പോൾ ഫെലിസ്ത്യർ യിസ്രായേലിനോട് യുദ്ധംചെയ്തു; യിസ്രായേല്യർ ഫെലിസ്ത്യരുടെ മുമ്പിൽനിന്ന് ഓടി ഗിൽബോവപർവ്വതത്തിൽ മരിച്ചുവീണു.2ഫെലിസ്ത്യർ ശൗലിനെയും അവന്റെ പുത്രന്മാരെയും പിന്തുടർന്നു; ഫെലിസ്ത്യർ ശൗലിന്റെ പുത്രന്മാരായ യോനാഥാൻ, അബീനാദാബ്, മെല്ക്കീശൂവ എന്നിവരെ കൊന്നു.3എന്നാൽ സൈന്യം ശൗലിന്റെ നേരെ ഏറ്റവും ശക്തിപ്പെട്ടു; വില്ലാളികൾ അവനെ ഉപദ്രവിച്ച്, മാരകമായി മുറിവേൽപ്പിച്ചു.

4ശൗൽ തന്റെ ആയുധവാഹകനോട്: “ഈ അഗ്രചർമ്മികൾ എന്നെ കുത്തിക്കൊല്ലുകയും അപമാനിക്കയും ചെയ്യാതിരിക്കേണ്ടതിന് നിന്റെ വാൾ ഊരി എന്നെ കുത്തുക” എന്നു പറഞ്ഞു. ആയുധവാഹകൻ ഭയപ്പെട്ടതുകൊണ്ട് അവൻ അങ്ങനെ ചെയ്തില്ല; അതുകൊണ്ട് ശൗൽ ഒരു വാൾ പിടിച്ച് അതിന്മേൽ വീണു.5ശൗൽ മരിച്ചു എന്ന് അവന്റെ ആയുധവാഹകൻ കണ്ടപ്പോൾ അവനും അങ്ങനെ തന്നെ തന്റെ വാളിന്മേൽ വീണ് അവനോടുകൂടെ മരിച്ചു.6അങ്ങനെ ശൗലും, അവന്റെ മൂന്നു പുത്രന്മാരും, അവന്റെ ആയുധവാഹകനും, അവന്റെ ആളുകൾ ഒക്കെയും അന്നുതന്നെ ഒന്നിച്ചു മരിച്ചു. യിസ്രായേല്യർ ഓടിപ്പോയി.
7ശൗലും പുത്രന്മാരും മരിച്ചു എന്ന് താഴ്വരയുടെ അപ്പുറത്തും യോർദ്ദാന്നക്കരെയും ഉള്ള യിസ്രായേല്യർ അറിഞ്ഞപ്പോൾ അവർ പട്ടണങ്ങളെ ഉപേക്ഷിച്ച് ഓടിപ്പോകുകയും ഫെലിസ്ത്യർവന്ന് അവിടെ പാർക്കുകയും ചെയ്തു.

8പിറ്റേദിവസം ഫെലിസ്ത്യർ കൊല്ലപ്പെട്ടവരുടെ വസ്ത്രം ഉരിവാൻ വന്നപ്പോൾ ശൗലും പുത്രന്മാരും ഗിൽബോവപർവ്വതത്തിൽ വീണുകിടക്കുന്നത് കണ്ടു.
9അവർ ശൗലിന്റെ തലവെട്ടി, അവന്റെ ആയുധവർഗ്ഗം അഴിച്ചെടുത്ത് തങ്ങളുടെ ക്ഷേത്രങ്ങളിലും ജനത്തിന്റെ ഇടയിലും വാർത്ത അറിയിക്കേണ്ടതിന് ഫെലിസ്ത്യദേശത്തെല്ലാടവും ആളയച്ചു.10അവന്റെ ആയുധവർഗ്ഗം അവർ അസ്തോരെത്തിന്റെ ക്ഷേത്രത്തിൽവെച്ചു; അവന്റെ ശരീരം അവർ ബേത്ത്-ശാന്റെ ചുവരിന്മേൽ തൂക്കി.
11എന്നാൽ ഫെലിസ്ത്യർ ശൗലിനോട് ചെയ്തത് ഗിലെയാദിലെ യാബേശ് നിവാസികൾ കേട്ടപ്പോൾ12ശൂരന്മാരായ എല്ലാവരും രാത്രി നടന്നുചെന്ന് ബേത്ത്-ശാന്റെ ചുവരിൽനിന്ന് ശൗലിന്റെ ശവവും അവന്റെ പുത്രന്മാരുടെ ശവങ്ങളും എടുത്ത് യാബേശിൽ കൊണ്ടുവന്ന് അവിടെവെച്ച് ദഹിപ്പിച്ചു.13അവരുടെ അസ്ഥികളെ അവർ എടുത്ത് യാബേശിലെ പിചുലവൃക്ഷത്തിന്റെ ചുവട്ടിൽ കുഴിച്ചിട്ടു; ഏഴ് ദിവസം ഉപവസിച്ചു.

ശമൂവേൽ: രണ്ടാം പുസ്തകം

1

1ശൗലിന്റെ മരണശേഷം, ദാവീദ് അമാലേക്യരെ സംഹരിച്ചു മടങ്ങിവന്നു സിക്ലാഗിൽ രണ്ടു ദിവസം പാർക്കുകയും ചെയ്ത ശേഷം2മൂന്നാം ദിവസം ഒരു പുരുഷൻ തന്റെ വസ്ത്രങ്ങൾ കീറിയും തലയിൽ പൂഴി വാരിയിട്ടുംകൊണ്ടു ശൗലിന്റെ പാളയത്തിൽനിന്ന് വന്നു, അവൻ ദാവീദിന്റെ അടുക്കൽ എത്തിയപ്പോൾ സാഷ്ടാംഗം വീണു നമസ്കരിച്ചു.

3ദാവീദ് അവനോട്: “നീ എവിടെ നിന്നു വരുന്നു” എന്ന് ചോദിച്ചതിന്: “ഞാൻ യിസ്രായേൽപാളയത്തിൽനിന്ന് രക്ഷപ്പെട്ടുപോരുകയാകുന്നു” എന്ന് അവൻ പറഞ്ഞു.4ദാവീദ് അവനോട് ചോദിച്ചത്: “കാര്യം എന്തായി? ദയവായി എന്നോട് പറയുക.” അതിന് അവൻ: “ജനം യുദ്ധത്തിൽ തോറ്റോടി; ജനത്തിൽ അനേകർ മരിച്ചുവീണു; ശൗലും അവന്റെ മകനായ യോനാഥാനുംകൂടെ കൊല്ലപ്പെട്ടു” എന്ന് ഉത്തരം പറഞ്ഞു.5വാർത്ത കൊണ്ടുവന്ന യൗവനക്കാരനോട് ദാവീദ്: “ശൗലും അവന്റെ മകനായ യോനാഥാനും കൊല്ലപ്പെട്ടത് നീ എങ്ങനെ അറിഞ്ഞു” എന്നു ചോദിച്ചതിന്
6വാർത്ത കൊണ്ടുവന്ന യൗവനക്കാരൻ പറഞ്ഞത്: “ഞാൻ യാദൃശ്ചികമായി ഗിൽബോവപർവ്വതത്തിലേക്കു ചെന്നപ്പോൾ ശൗൽ തന്റെ കുന്തത്തിന്മേൽ ചാരിനില്ക്കുന്നതും രഥങ്ങളും കുതിരപ്പടയും അവനെ തുടർന്നടുക്കുന്നതും കണ്ടു;7അവൻ പുറകോട്ടു നോക്കി എന്നെ കണ്ടു വിളിച്ചു: ‘അടിയൻ ഇതാ’ എന്ന് ഞാൻ ഉത്തരം പറഞ്ഞു.
8‘നീ ആർ’ എന്ന് അവൻ എന്നോട് ചോദിച്ചതിന്: ‘ഞാൻ ഒരു അമാലേക്യൻ’ എന്ന് ഉത്തരം പറഞ്ഞു.9അവൻ പിന്നെയും എന്നോട്: ‘ദയവായി എന്റെ അടുത്തുവന്ന് എന്നെ കൊല്ലേണം; എന്റെ ജീവൻ മുഴുവനും എന്നിൽ ഇരിക്കകൊണ്ട് എനിക്ക് പരിഭ്രമം പിടിച്ചിരിക്കുന്നു’ എന്ന് പറഞ്ഞു.10അതുകൊണ്ട് ഞാൻ അടുത്തുചെന്ന് അവനെ കൊന്നു; അവന്റെ വീഴ്ചയുടെ ശേഷം അവൻ ജീവിക്കയില്ല എന്ന് ഞാൻ അറിഞ്ഞിരുന്നു; അവന്റെ തലയിലെ കിരീടവും ഭുജത്തിലെ കാപ്പും ഞാൻ എടുത്ത് ഇവിടെ എന്റെ യജമാനന്റെ അടുക്കൽ കൊണ്ടുവന്നിരിക്കുന്നു.”
11ഉടനെ ദാവീദ് തന്റെ വസ്ത്രം വലിച്ചുകീറി; കൂടെയുള്ളവരും അങ്ങനെ തന്നെ ചെയ്തു.12അവർ ശൗലിനെയും അവന്റെ മകനായ യോനാഥാനെയും യഹോവയുടെ ജനത്തെയും യിസ്രായേൽഗൃഹത്തെയും കുറിച്ച് അവർ വാളാൽ വീണുപോയതുകൊണ്ട് വിലപിച്ചു കരഞ്ഞു സന്ധ്യവരെ ഉപവസിച്ചു.13ദാവീദ് വാർത്ത കൊണ്ടുവന്ന യൗവനക്കാരനോട്: “നീ എവിടുത്തുകാരൻ” എന്ന് ചോദിച്ചതിന്: “ഞാൻ ഒരു അന്യജാതിക്കാരന്റെ മകൻ, ഒരു അമാലേക്യൻ” എന്ന് ഉത്തരം പറഞ്ഞു.
14ദാവീദ് അവനോട്: “യഹോവയുടെ അഭിഷിക്തനെ കൊല്ലേണ്ടതിന് നിന്റെ കയ്യോങ്ങുവാൻ നിനക്കു ഭയം തോന്നാഞ്ഞത് എങ്ങനെ” എന്ന് പറഞ്ഞു.15പിന്നെ ദാവീദ് യൗവനക്കാരിൽ ഒരുവനെ വിളിച്ചു: “ചെന്ന് അവനെ വെട്ടിക്കളക” എന്നു പറഞ്ഞു.16അവൻ അവനെ വെട്ടിക്കൊന്നു. ദാവീദ് അവനോട്: “നിന്റെ രക്തം നിന്റെ തലമേൽ; യഹോവയുടെ അഭിഷിക്തനെ ഞാൻ കൊന്നു എന്ന് നിന്റെ വായ്കൊണ്ടുതന്നെ നിനക്ക് വിരോധമായി സാക്ഷീകരിച്ചുവല്ലോ” എന്നു പറഞ്ഞു.
17അതിനുശേഷം ദാവീദ് ശൗലിനെയും അവന്റെ മകനായ യോനാഥാനെയും കുറിച്ച് ഈ വിലാപഗീതം ചൊല്ലി-18അവൻ യെഹൂദാമക്കളെ ഈ ധനുർഗ്ഗീതം1 പഠിപ്പിപ്പാൻ കല്പിച്ചു; അത് ശൂരന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ:-
19“യിസ്രായേലേ, നിന്റെ പ്രതാപമായവർ നിന്റെ ഗിരികളിൽ നിഹതന്മാരായി;
വീരന്മാർ പട്ടുപോയത് എങ്ങനെ!
20ഗത്തിൽ അത് പ്രസിദ്ധമാക്കരുതേ;
അസ്കലോൻ വീഥികളിൽ ഘോഷിക്കരുതേ;
ഫെലിസ്ത്യപുത്രിമാർ സന്തോഷിക്കരുതേ;
അഗ്രചർമ്മികളുടെ കന്യകമാർ ജയംഘോഷിക്കരുതേ.
21ഗിൽബോവപർവ്വതങ്ങളേ, നിങ്ങളുടെമേൽ മഞ്ഞോ മഴയോ പെയ്യാതെയും
വഴിപാടുനിലങ്ങൾ ഇല്ലാതെയും പോകട്ടെ.
അവിടെയല്ലോ വീരന്മാരുടെ പരിച എറിഞ്ഞുകളഞ്ഞത്;
ശൗലിന്റെ തൈലാഭിഷേകമില്ലാത്ത പരിച തന്നെ.
22കൊല്ലപ്പെട്ടവരുടെ രക്തവും
വീരന്മാരുടെ മേദസ്സും വിട്ട്
യോനാഥാന്റെ വില്ല് പിന്തിരിഞ്ഞില്ല;
ശൗലിന്റെ വാൾ ശൂന്യമായി മടങ്ങിവന്നതുമില്ല.
23ശൗലും യോനാഥാനും അവരുടെ ജീവകാലത്ത് പ്രീതിയും പ്രിയവും ഉള്ളവരായിരുന്നു;
മരണത്തിലും അവർ വേർപിരിഞ്ഞില്ല.
അവർ കഴുകന്മാരിലും വേഗവാന്മാർ,
സിംഹങ്ങളിലും ശക്തിമാന്മാർ.
24യിസ്രായേൽപുത്രിമാരേ,
ശൗലിനെച്ചൊല്ലി കരവിൻ
അവൻ നിങ്ങളെ ആഡംബരത്തോടുകൂടിയുള്ള കടുംചുവപ്പ് വസ്ത്രം ധരിപ്പിച്ചു
നിങ്ങളുടെ വസ്ത്രത്തിന്മേൽ പൊന്നാഭരണം അണിയിച്ചു.
25യുദ്ധമദ്ധ്യേ വീരന്മാർ വീണുപോയതെങ്ങനെ!
നിന്റെ ഗിരികളിൽ യോനാഥാൻ കൊല്ലപ്പെട്ടല്ലോ.
26എന്റെ സഹോദരൻ യോനാഥാനേ,
നിന്നെച്ചൊല്ലി ഞാൻ ദുഃഖിക്കുന്നു;
നീ എനിക്കു അതിവത്സലൻ ആയിരുന്നു;
എന്നോടുള്ള നിൻപ്രേമം ആശ്ചര്യമായത്, സ്ത്രീയുടെ പ്രേമത്തിലും കവിയുന്നത്.
27വീരന്മാർ വീണുപോയത് എങ്ങനെ;
യുദ്ധായുധങ്ങൾ നശിച്ചുപോയല്ലോ!”


1 1:18 ധനുർഗ്ഗീതം വിൽപ്പാട്ട്

2

1പിന്നീട് ദാവീദ് യഹോവയോട്: “ഞാൻ യെഹൂദ്യയിലെ ഏതെങ്കിലും നഗരങ്ങളിലേക്ക് പോകേണമോ” എന്നു ചോദിച്ചു. യഹോവ അവനോട്: “പോകുക” എന്നു കല്പിച്ചു. “ഞാൻ എവിടേക്ക് പോകേണം” എന്ന് ദാവീദ് ചോദിച്ചതിന്: “ഹെബ്രോനിലേക്ക്” എന്ന് അരുളപ്പാടുണ്ടായി.2അങ്ങനെ ദാവീദ് ജെസ്രീയേല്ക്കാരത്തി അഹീനോവം, കർമ്മേല്യനായ നാബാലിന്റെ വിധവ അബീഗയിൽ എന്നീ രണ്ട് ഭാര്യമാരുമായി അവിടേക്ക് പോയി.3ദാവീദ് തന്നോടുകൂടെ ഉണ്ടായിരുന്ന ആളുകളെ ഒക്കെയും കുടുംബസഹിതം കൂട്ടിക്കൊണ്ടുപോയി; അവർ ഹെബ്രോന്യപട്ടണങ്ങളിൽ പാർത്തു.

4അപ്പോൾ യെഹൂദാപുരുഷന്മാർ വന്ന്, അവിടെവച്ച് ദാവീദിനെ യെഹൂദാഗൃഹത്തിന് രാജാവായി അഭിഷേകം ചെയ്തു.

5യെഹൂദാപുരുഷന്മാർ ദാവീദിനോട്: “ഗിലെയാദിലെ യാബേശ് നിവാസികൾ ആയിരുന്നു ശൗലിനെ അടക്കംചെയ്തത് ”എന്നു പറഞ്ഞു. അതുകൊണ്ട് ദാവീദ് ഗിലെയാദിലെ യാബേശ് നിവാസികളുടെ അടുക്കൽ സന്ദേശവാഹകരെ അയച്ചു: “നിങ്ങളുടെ യജമാനനായ ശൗലിനോട് ഇങ്ങനെ ദയകാണിച്ച് അവനെ അടക്കം ചെയ്തതുകൊണ്ട് നിങ്ങൾ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ.
6യഹോവ നിങ്ങളോട് ദയയും വിശ്വസ്തതയും കാണിക്കുമാറാകട്ടെ; നിങ്ങൾ ഈ കാര്യം ചെയ്തിരിക്കകൊണ്ട് ഞാനും നിങ്ങൾക്ക് നന്മ ചെയ്യും.7ആകയാൽ ഇപ്പോൾ നിങ്ങളുടെ കരങ്ങൾ ശക്തിപ്പെടട്ടെ നിങ്ങൾ ധീരന്മാരാകട്ടെ; നിങ്ങളുടെ യജമാനനായ ശൗൽ മരിച്ചുപോയല്ലോ; യെഹൂദാഗൃഹം എന്നെ തങ്ങൾക്കു രാജാവായിട്ട് അഭിഷേകം ചെയ്തിരിക്കുന്നു” എന്ന് പറയിച്ചു.

8എന്നാൽ ശൗലിന്റെ സേനാപതിയായ നേരിന്റെ മകൻ അബ്നേർ ശൗലിന്റെ മകനായ ഈശ്-ബോശെത്തിനെ മഹനയീമിലേക്കു കൂട്ടിക്കൊണ്ടുപോയി,9അവനെ ഗിലെയാദിനും, അശൂരിയർക്കും, ജെസ്രീയേലിനും, എഫ്രയീമിനും, ബെന്യാമീനും, എല്ലാ യിസ്രായേലിനും രാജാവാക്കി,
10ശൗലിന്റെ മകനായ ഈശ്-ബോശെത്ത് യിസ്രായേലിനെ ഭരിക്കുവാൻ തുടങ്ങിയപ്പോൾ നാല്പതു വയസ്സായിരുന്നു; അവൻ രണ്ട് വർഷം ഭരിച്ചു. യെഹൂദാഗൃഹം മാത്രം ദാവീദിനോട് ചേർന്നുനിന്നു.11ദാവീദ് ഹെബ്രോനിൽ യെഹൂദാഗൃഹത്തിന് രാജാവായിരുന്ന കാലം ഏഴ് വർഷവും ആറുമാസവും തന്നെ.

12നേരിന്റെ മകൻ അബ്നേരും ശൗലിന്റെ മകനായ ഈശ്-ബോശെത്തിന്റെ ഭടന്മാരും മഹനയീമിൽനിന്ന് പുറപ്പെട്ട് ഗിബെയോനിലേക്കു വന്നു.13അപ്പോൾ സെരൂയയുടെ മകനായ യോവാബും ദാവീദിന്റെ ഭടന്മാരും പുറപ്പെട്ട് ഗിബെയോനിലെ കുളത്തിനരികെവച്ച് അവരെ കണ്ടുമുട്ടി; അവർ കുളത്തിന്റെ ഇപ്പുറത്തും മറ്റവർ കുളത്തിന്റെ അപ്പുറത്തും ഇരുന്നു.
14അബ്നേർ യോവാബിനോട്: “ഇപ്പോൾ യുവാക്കന്മാർ എഴുന്നേറ്റ് നമ്മുടെമുമ്പാകെ ഒന്നു പൊരുതട്ടെ” എന്നു പറഞ്ഞു.15യോവാബ്:“അവർ എഴുന്നേൽക്കട്ടെ” എന്നു പറഞ്ഞു. അങ്ങനെ ബെന്യാമീന്യരുടെയും ശൗലിന്റെ മകനായ ഈശ്-ബോശെത്തിന്റെയും ഭാഗത്തുനിന്ന് പന്ത്രണ്ടുപേരും ദാവീദിന്റെ ഭടന്മാരിൽനിന്ന് പന്ത്രണ്ടുപേരും എണ്ണത്തിനൊത്ത് എഴുന്നേറ്റ് തമ്മിൽ അടുത്തു.
16ഓരോരുത്തൻ താന്താന്റെ എതിരാളിയെ മുടിക്കു പിടിച്ചു പാർശ്വത്തിൽ വാൾ കുത്തിക്കടത്തി; അങ്ങനെ അവർ ഒരുമിച്ചു വീണു. അതുകൊണ്ട് ഗിബെയോനിലെ ആ സ്ഥലത്തെ ഹെല്ക്കത്ത്-ഹസ്സൂരീം എന്നു വിളിച്ചു.17അന്ന് യുദ്ധം ഏറ്റവും കഠിനമായി, അബ്നേരും യിസ്രായേല്യരും ദാവീദിന്റെ ഭടന്മാരോട് തോറ്റുപോയി.
18അവിടെ യോവാബ്, അബീശായി, അസാഹേൽ ഇങ്ങനെ സെരൂയയുടെ മൂന്നു പുത്രന്മാരും ഉണ്ടായിരുന്നു; അസാഹേൽ കാട്ടുകലമാനെപ്പോലെ വേഗതയുള്ളവൻ ആയിരുന്നു.19അസാഹേൽ അബ്നേരിനെ പിന്തുടർന്നു; അബ്നേരിനെ പിന്തുടരുന്നതിൽ വലത്തോട്ടോ ഇടത്തോട്ടോ മാറിയില്ല.
20അപ്പോൾ അബ്നേർ പിറകോട്ടു നോക്കി: “നീ അസാഹേലോ” എന്നു ചോദിച്ചതിന്: “ഞാൻ തന്നെ” എന്ന് അവൻ ഉത്തരം പറഞ്ഞു.21അബ്നേർ അവനോട്: “നീ വലത്തോട്ടോ ഇടത്തോട്ടോ തിരിഞ്ഞ്, യുവാക്കന്മാരിൽ ഒരുത്തനെ പിടിച്ച് അവന്റെ ആയുധവർഗ്ഗം നിനക്കുവേണ്ടി എടുത്തുകൊൾക” എന്ന് പറഞ്ഞു. എന്നാൽ അബ്നേരിനെ പിന്തുടരുന്നതിൽനിന്ന് അസാഹേൽ പിന്തിരിഞ്ഞില്ല.
22അബ്നേർ പിന്നെയും അസാഹേലിനോട്: “എന്നെ പിന്തുടരുന്നതിൽനിന്ന് പിന്തിരിയുക; ഞാൻ നിന്നെ വെട്ടിവീഴിക്കുന്നത് എന്തിന്? പിന്നെ ഞാൻ നിന്റെ സഹോദരനായ യോവാബിന്റെ മുഖത്ത് എങ്ങനെ നോക്കും” എന്ന് പറഞ്ഞു.23എന്നിട്ടും പിന്തിരിയുവാൻ അവൻ വിസമ്മതിച്ചു; അതിനാൽ അബ്നേർ അവനെ കുന്തത്തിന്റെ മുനകൊണ്ട് വയറ്റത്ത് കുത്തി; കുന്തം മറുവശത്തുവന്നു; അവൻ അവിടെതന്നെ വീണു മരിച്ചു. അസാഹേൽ മരിച്ചുകിടന്നേടത്ത് വന്നവർ ഒക്കെയും സ്തംഭിച്ചുനിന്നുപോയി.
24യോവാബും അബീശായിയും അബ്നേരിനെ പിന്തുടർന്നു; അവർ ഗിബെയോൻമരുഭൂമിയിലെ വഴിയരികെ ഗീഹിന്റെ മുമ്പിലുള്ള അമ്മാക്കുന്നിൽ എത്തിയപ്പോൾ സൂര്യൻ അസ്തമിച്ചു.25ബെന്യാമീന്യർ അബ്നേരിന്റെ പിന്നിൽ ഒന്നിച്ചുകൂടി ഒരേ കൂട്ടമായി ഒരു കുന്നിൻമുകളിൽ നിന്നു.
26അപ്പോൾ അബ്നേർ യോവാബിനോട്: “വാൾ എന്നും സംഹരിച്ചുകൊണ്ടിരിക്കേണമോ? ഒടുവിൽ കൈപ്പുണ്ടാകുമെന്ന് നീ അറിയുന്നില്ലയോ? സഹോരദന്മാരെ പിന്തുടരുന്നത് മതിയാക്കേണ്ടതിന് ജനത്തോട് കല്പിപ്പാൻ നീ എത്രത്തോളം താമസിക്കും” എന്ന് വിളിച്ചു പറഞ്ഞു.27അതിന് യോവാബ്: “ദൈവത്താണ, നീ പറഞ്ഞില്ലായിരുന്നെങ്കിലും സഹോദരന്മാരെ പിന്തുടരുന്നതിൽനിന്ന് ജനങ്ങൾ രാവിലെ നിശ്ചയമായും പിന്തിരിയുമായിരുന്നു” എന്ന് പറഞ്ഞു.
28ഉടനെ യോവാബ് കാഹളം ഊതി, ജനം ഒക്കെയും നിന്നു, യിസ്രായേലിനെ പിന്തുടർന്നില്ല പൊരുതിയതുമില്ല.29അബ്നേരും അവന്റെ ആളുകളും അന്ന് രാത്രിമുഴുവനും അരാബയിൽകൂടി നടന്ന് യോർദ്ദാൻ കടന്ന് ബിത്രോനിൽകൂടി ചെന്ന് മഹനയീമിൽ എത്തി.
30യോവാബും അബ്നേരിനെ പിന്തുടരുന്നതിൽനിന്ന് പിന്തിരിഞ്ഞു, യോവാബ് ജനത്തെ ഒക്കെയും ഒന്നിച്ചു കൂട്ടിയപ്പോൾ ദാവീദിന്റെ ഭടന്മാരിൽ പത്തൊമ്പതുപേരും അസാഹേലും ഇല്ലായിരുന്നു.31എന്നാൽ ദാവീദിന്റെ ഭടന്മാർ ബെന്യാമീന്യരെയും അബ്നേരിന്റെ ആളുകളെയും തോല്പിക്കയും അവരിൽ മുന്നൂറ്ററുപതുപേരെ സംഹരിക്കയും ചെയ്തിരുന്നു.32അസാഹേലിനെ അവർ എടുത്ത് ബേത്ത്ലേഹെമിൽ അവന്റെ അപ്പന്റെ കല്ലറയിൽ അടക്കംചെയ്തു; യോവാബും അവന്റെ ആളുകളും രാത്രിമുഴുവനും നടന്ന് പുലർച്ചയ്ക്ക് ഹെബ്രോനിൽ എത്തി.

3

1ശൗലിന്റെ ഗൃഹവും ദാവീദിന്റെ ഗൃഹവും തമ്മിൽ ദീർഘകാലം യുദ്ധം നടന്നു; എന്നാൽ ദാവീദിന് ബലം കൂടിക്കൂടിയും ശൗലിന്റെ ഗൃഹം ക്ഷയിച്ചു ക്ഷയിച്ചും വന്നു.

2ദാവീദിന് ഹെബ്രോനിൽവച്ച് പുത്രന്മാർ ജനിച്ചു; ജെസ്രീയേല്ക്കാരത്തിയായ അഹീനോവം പ്രസവിച്ച അമ്നോൻ അവന്റെ ആദ്യജാതൻ.3കർമ്മേല്യൻ നാബാലിന്റെ വിധവയായിരുന്ന അബീഗയിൽ പ്രസവിച്ച കിലെയാബ് രണ്ടാമത്തവൻ; ഗെശൂർരാജാവായ തൽമയിയുടെ മകൾ മയഖയുടെ മകനായ അബ്ശാലോം മൂന്നാമത്തവൻ;
4ഹഗ്ഗീത്തിന്റെ മകനായ അദോനീയാവു നാലാമത്തവൻ; അബീതാലിന്റെ മകനായ ശെഫത്യാവ് അഞ്ചാമത്തവൻ;5ദാവീദിന്റെ ഭാര്യയായ എഗ്ലാ പ്രസവിച്ച യിത്രെയാം ആറാമത്തവൻ. ഇവരാകുന്നു ഹെബ്രോനിൽവച്ച് ദാവീദിന് ജനിച്ചവർ.

6ശൗലിന്റെ ഗൃഹവും ദാവീദിന്റെ ഗൃഹവും തമ്മിൽ യുദ്ധം ഉണ്ടായിരുന്ന കാലത്ത് അബ്നേർ ശൗലിന്റെ ഗൃഹത്തിൽ തന്നെത്താൻ ബലപ്പെടുത്തിയിരുന്നു.7എന്നാൽ ശൗലിന് അയ്യാവിന്റെ മകളായി രിസ്പാ എന്നു പേരുള്ള ഒരു വെപ്പാട്ടി ഉണ്ടായിരുന്നു; ഈശ്-ബോശെത്ത് അബ്നേരിനോട്: “നീ എന്റെ അപ്പന്റെ വെപ്പാട്ടിയുടെ അടുക്കൽ ചെന്നത് എന്ത്?” എന്നു ചോദിച്ചു.
8അബ്നേർ ഈശ്-ബോശെത്തിന്റെ വാക്കുകൾനിമിത്തം ഏറ്റവും കോപിച്ചു പറഞ്ഞത്: “ഞാൻ യെഹൂദാ പക്ഷത്തിലുള്ള ഒരു നായ്ത്തലയോ? ഇന്ന് ഞാൻ നിന്റെ അപ്പനായ ശൗലിന്റെ ഗൃഹത്തോടും അവന്റെ സഹോദരന്മാരോടും സ്നേഹിതന്മാരോടും ദയ കാണിക്കയും നിന്നെ ദാവീദിന്റെ കയ്യിൽ ഏല്പിക്കാതിരിക്കയും ചെയ്തിരിക്കെ ഇന്ന് ഈ സ്ത്രീ നിമിത്തം നീ എന്നെ കുറ്റം ചുമത്തുന്നുവോ?
9ശൗലിന്റെ ഗൃഹത്തിൽനിന്ന് രാജത്വം മാറ്റുകയും ദാവീദിന്റെ സിംഹാസനം ദാൻമുതൽ ബേർ-ശേബവരെ യിസ്രായേലിലും യെഹൂദയിലും സ്ഥാപിക്കയും ചെയ്‌വാൻ തക്കവണ്ണം10യഹോവ ദാവീദിനോട് സത്യം ചെയ്തതുപോലെ ഞാൻ അവന് സാധിപ്പിച്ചുകൊടുക്കാതിരുന്നാൽ ദൈവം അബ്നേരിനോടു തക്കവണ്ണവും അധികവും ചെയ്യട്ടെ.”11ഈശ്-ബോശെത്ത് അബ്നേരിനെ ഭയപ്പെടുകകൊണ്ട് അവനോട് പിന്നെ ഒരു വാക്കും പറവാൻ കഴിഞ്ഞില്ല.
12പിന്നീട് അബ്നേർ ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ തനിക്കുപകരം സന്ദേശവാഹകരെ അയച്ചു: “ദേശം ആർക്കുള്ളത്? എന്നോട് ഉടമ്പടി ചെയ്ക; എന്നാൽ എല്ലായിസ്രായേലിനെയും നിന്റെ പക്ഷത്തിൽ വരുത്തേണ്ടതിന് എന്റെ സഹായം നിനക്ക് ഉണ്ടാകും” എന്നു പറയിച്ചു.13അതിന് ദാവീദ്: “നല്ലത്; ഞാൻ നിന്നോട് ഒരു ഉടമ്പടി ചെയ്യാം; എന്നാൽ ഞാൻ ഒരു കാര്യം നിന്നോട് ആവശ്യപ്പെടുന്നു: നീ എന്നെ കാണ്മാൻ വരുമ്പോൾ ആദ്യം തന്നെ ശൗലിന്റെ മകളായ മീഖളിനെ കൂട്ടിക്കൊണ്ടു വരാതിരുന്നാൽ നീ എന്റെ മുഖം കാൺകയില്ല” എന്നു പറഞ്ഞു.
14ദാവീദ് ശൗലിന്റെ മകനായ ഈശ്-ബോശെത്തിന്റെ അടുക്കൽ സന്ദേശവാഹകരെ അയച്ചു: “ഞാൻ വിവാഹനിശ്ചയത്തിന് ഫെലിസ്ത്യരുടെ നൂറു അഗ്രചർമ്മം കൊടുത്തു വാങ്ങിയ എന്റെ ഭാര്യയായ മീഖളിനെ എനിക്ക് തരിക” എന്നു പറയിച്ചു.15ഈശ്-ബോശെത്ത് അവളെ ലയീശിന്റെ മകനായ അവളുടെ ഭർത്താവായ ഫല്തിയേലിന്റെ അടുക്കൽനിന്ന് ആളയച്ചു വരുത്തി.16അവളുടെ കൂടെ ഇറങ്ങിത്തിരിച്ച അവളുടെ ഭർത്താവ് കരഞ്ഞുംകൊണ്ട് ബഹൂരീംവരെ അവളുടെ പിന്നാലെ വന്നു. അബ്നേർ അവനോട്: “മടങ്ങിപ്പോക” എന്നു പറഞ്ഞു.
17അവൻ മടങ്ങിപ്പോയി. എന്നാൽ അബ്നേർ യിസ്രായേൽമൂപ്പന്മാരോടു സംസാരിച്ചു: “ദാവീദിനെ നിങ്ങൾക്ക് രാജാവായി കിട്ടുവാൻ കുറെ കാലമായല്ലോ നിങ്ങൾ അന്വേഷിക്കുന്നത്.18ഇപ്പോൾ അങ്ങനെ ചെയ്‌വിൻ; ഞാൻ എന്റെ ദാസനായ ദാവീദിന്റെ കൈകൊണ്ടു എന്റെ ജനമായ യിസ്രായേലിനെ ഫെലിസ്ത്യർ മുതലായ സകലശത്രുക്കളുടെ കയ്യിൽനിന്നും രക്ഷിക്കുമെന്ന് യഹോവ ദാവീദിനെക്കുറിച്ച് അരുളിച്ചെയ്തിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.
19അങ്ങനെ തന്നെ അബ്നേർ ബെന്യാമീന്യരോടും പറഞ്ഞു; പിന്നെ അബ്നേർ യിസ്രായേലിനും ബെന്യാമീൻ ഗൃഹത്തിന്നൊക്കെയും സമ്മതമായതെല്ലാം ദാവീദിനോട് അറിയിക്കേണ്ടതിന് ഹെബ്രോനിൽ പോയി.20ഇങ്ങനെ അബ്നേരും അവനോടുകൂടെ ഇരുപത് പുരുഷന്മാരും ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ ചെന്നു. ദാവീദ് അബ്നേരിനും അവനോടു കൂടെയുള്ള പുരുഷന്മാർക്കും വേണ്ടി ഒരു വിരുന്നു കഴിച്ചു.
21അബ്നേർ ദാവീദിനോട്: “ഞാൻ ചെന്ന് യിസ്രായേലൊക്കെയും യജമാനനായ രാജാവിനോട് ഉടമ്പടി ചെയ്യേണ്ടതിന് അവരെ നിന്റെ അടുക്കൽ കൂട്ടിവരുത്തും; അപ്പോൾ നീ ആഗ്രഹിക്കുന്നതുപോലെ എല്ലാവരെയും നിനക്ക് ഭരിക്കാം” എന്നു പറഞ്ഞു. പിന്നെ ദാവീദ് അബ്നേരിനെ യാത്ര അയച്ചു; അവൻ സമാധാനത്തോടെ പോയി.
22അപ്പോൾ ദാവീദിന്റെ ഭടന്മാരും യോവാബും ഒരു കൊള്ള കഴിഞ്ഞ് വളരെ കൊള്ളമുതലുമായി വന്നു; എന്നാൽ ദാവീദ് അബ്നേരിനെ യാത്രയയക്കയും അവൻ സമാധാനത്തോടെ പോകയും ചെയ്തിരുന്നതിനാൽ അബ്നേർ ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ ഇല്ലായിരുന്നു.23യോവാബും കൂടെയുള്ള സൈന്യമൊക്കെയും വന്നപ്പോൾ: “നേരിന്റെ മകനായ അബ്നേർ രാജാവിന്റെ അടുക്കൽ വന്നു, അവൻ അവനെ യാത്രയയച്ചു, അവൻ സമാധാനത്തോടെ പോയി” എന്നിങ്ങനെ യോവാബിന് അറിവ് കിട്ടി.
24യോവാബ്, രാജാവിന്റെ അടുക്കൽ ചെന്നു: “നീ എന്താകുന്നു ചെയ്തത്? നോക്കൂ, അബ്നേർ നിന്റെ അടുക്കൽ വന്നിരുന്നു; നീ അവനെ പറഞ്ഞയച്ചതെന്ത്?25അവൻ പോയല്ലോ! നേരിന്റെ മകനായ അബ്നേർ നിന്നെ ചതിപ്പാനും നിന്റെ പോക്കും വരവും ഗ്രഹിപ്പാനും നീ ചെയ്യുന്നതൊക്കെയും അറിവാനുമല്ലോ വന്നത് എന്ന് നിനക്ക് അറിയുകയില്ലേ?” എന്നു പറഞ്ഞു.26യോവാബ് ദാവീദിന്റെ സന്നിധിയിൽനിന്ന് പുറത്തിറങ്ങി അബ്നേരിന്റെ പിന്നാലെ സന്ദേശവാഹകരെ അയച്ചു; അവർ അവനെ സീരാകിണറ്റിങ്കൽനിന്ന് മടക്കിക്കൊണ്ടുവന്നു; ദാവീദ് അത് അറിഞ്ഞില്ലതാനും.
27അബ്നേർ ഹെബ്രോനിലേക്കു മടങ്ങി വന്നപ്പോൾ യോവാബ് സ്വകാര്യം പറവാൻ അവനെ പടിവാതില്ക്കൽ ഒരു ഭാഗത്തേക്കു കൂട്ടിക്കൊണ്ടുപോയി തന്റെ സഹോദരനായ അസാഹേലിന്റെ രക്തപ്രതികാരത്തിന്നായി അവിടെവച്ച് അവനെ വയറ്റത്തു കുത്തിക്കൊന്നുകളഞ്ഞു.
28പിന്നീട്, ദാവീദ് അത് കേട്ടപ്പോൾ “നേരിന്റെ മകനായ അബ്നേരിന്റെ രക്തം സംബന്ധിച്ച് എനിക്കും എന്റെ രാജത്വത്തിനും യഹോവയുടെ മുമ്പാകെ ഒരിക്കലും കുറ്റം ഇല്ല.29അത് യോവാബിന്റെ തലമേലും അവന്റെ പിതൃഭവനത്തിന്മേലൊക്കെയും ഇരിക്കട്ടെ; യോവാബിന്റെ ഗൃഹത്തിൽ സ്രവക്കാരനോ കുഷ്ഠരോഗിയോ വടി കുത്തി നടക്കുന്നവനോ വാളിനാൽ വീഴുന്നവനോ ആഹാരത്തിന് മുട്ടുള്ളവനോ ഒരിക്കലും ഇല്ലാതയിരിക്കയില്ല” എന്നു പറഞ്ഞു.30അബ്നേർ ഗിബെയോനിലെ യുദ്ധത്തിൽ തങ്ങളുടെ അനുജനായ അസാഹേലിനെ കൊന്നതുനിമിത്തം യോവാബും അവന്റെ സഹോദരനായ അബീശായിയും ഇങ്ങനെ അവനെ കൊന്നുകളഞ്ഞു.
31ദാവീദ് യോവാബിനോടും അവനോടുകൂടെയുള്ള സകലജനത്തോടും: “നിങ്ങളുടെ വസ്ത്രം കീറി ചാക്കുശീല ഉടുത്ത് അബ്നേരിന്റെ മുമ്പിൽ നടന്ന് വിലപിപ്പിൻ” എന്നു പറഞ്ഞു. ദാവീദ്‌രാജാവ് ശവമഞ്ചത്തിന്റെ പിന്നാലെ നടന്നു.32അവർ അബ്നേരിനെ ഹെബ്രോനിൽ അടക്കം ചെയ്തു; രാജാവ് അബ്നേരിന്റെ ശവക്കുഴിക്കൽ ഉറക്കെ കരഞ്ഞു; സകലജനവും കരഞ്ഞു.
33രാജാവ് അബ്നേരിനെക്കുറിച്ച് വിലാപഗീതം ചൊല്ലിയതെന്തെന്നാൽ:
“അബ്നേർ ഒരു വിഡ്ഢിയെപ്പോലെയോ മരിക്കേണ്ടത്?
34നിന്റെ കൈകൾ ബന്ധിച്ചിരുന്നില്ല;
നിന്റെ കാലുകൾക്ക് വിലങ്ങ് ഇട്ടിരുന്നില്ല;
നീതികെട്ടവരുടെ മുമ്പിൽ വീണുപോകുമ്പോലെ നീ വീണുപോയല്ലോ.”
സകലജനവും വീണ്ടും അവനെക്കുറിച്ചു കരഞ്ഞു.
35നേരം വൈകുംമുമ്പേ ഭക്ഷണം കഴിപ്പിക്കേണ്ടതിന് ജനമെല്ലാം ദാവീദിനെ ഉത്സാഹിപ്പിപ്പാൻ വന്നപ്പോൾ: “സൂര്യൻ അസ്തമിക്കും മുമ്പെ ഞാൻ അപ്പം എങ്കിലും മറ്റു യാതൊന്നെങ്കിലും ആസ്വദിച്ചാൽ ദൈവം എന്നോട് തക്കവണ്ണവും അധികവും ചെയ്യട്ടെ” എന്ന് ദാവീദ് സത്യം ചെയ്തു പറഞ്ഞു.36ഇത് ജനമെല്ലാം അറിഞ്ഞപ്പോൾ: രാജാവ് ചെയ്തതൊക്കെയും സർവ്വജനത്തിനും ബോധിച്ചിരുന്നതുപോലെ ഇതും അവർക്ക് ബോധിച്ചു.
37നേരിന്റെ പുത്രനായ അബ്നേരിനെ കൊന്നത് രാജാവിന്റെ അറിവോടെയല്ല എന്ന് സകലജനത്തിനും യിസ്രായേലിനൊക്കെയും അന്ന് ബോധ്യമായി.38രാജാവ് തന്റെ ഭൃത്യന്മാരോട്: “ഇന്ന് യിസ്രായേലിൽ ഒരു പ്രഭുവും മഹാനുമായവൻ വീണുപോയി എന്ന് നിങ്ങൾ അറിയുന്നില്ലയോ?39ഞാൻ രാജാഭിഷേകം പ്രാപിച്ചവൻ എങ്കിലും ഇന്ന് ബലഹീനനാകുന്നു; സെരൂയയുടെ പുത്രന്മാരായ ഈ പുരുഷന്മാർ എനിക്ക് ഒതുങ്ങാത്ത കഠിനന്മാരത്രേ; ദുഷ്ടത പ്രവർത്തിച്ചവന് അവന്റെ ദുഷ്ടതയ്ക്ക് തക്കവണ്ണം യഹോവ പകരം കൊടുക്കട്ടെ” എന്നു പറഞ്ഞു.

4

1അബ്നേർ ഹെബ്രോനിൽവച്ച് മരിച്ചു പോയത് ശൗലിന്റെ മകൻ കേട്ടപ്പോൾ അവന്റെ ധൈര്യം ക്ഷയിച്ചു യിസ്രായേല്യരൊക്കെയും ഭ്രമിച്ചുപോയി.2എന്നാൽ ശൗലിന്റെ മകന് പടനായകന്മാരായ രണ്ട് പുരുഷന്മാരുണ്ടായിരുന്നു; ഒരുത്തന്നു ബാനാ എന്നും മറ്റവന് രേഖാബ് എന്നും പേർ. അവർ ബെന്യാമീന്യരിൽ ബെരോത്യനായ രിമ്മോന്റെ പുത്രന്മാർ ആയിരുന്നു.3(ബെരോത്യർ ഗിത്ഥയീമിലേക്ക് ഓടിപ്പോയി, ഇന്നുവരെയും അവിടെ പരദേശികളായിരിക്കുന്നതുകൊണ്ട് ബെരോത്തും ബെന്യാമീനിന്റെ ഭാഗമായിരുന്നു.)

4ശൗലിന്റെ മകനായ യോനാഥാന് രണ്ട് കാലും മുടന്തായിട്ട് ഒരു മകൻ ഉണ്ടായിരുന്നു; ജെസ്രീയേലിൽനിന്ന് ശൗലിനെയും യോനാഥാനെയും കുറിച്ചുള്ള വാർത്ത എത്തിയപ്പോൾ അവന് അഞ്ചു വയസ്സായിരുന്നു. അപ്പോൾ അവന്റെ ആയ അവനെ എടുത്തുകൊണ്ട് ഓടി; അവൾ ബദ്ധപ്പെട്ട് ഓടുമ്പോൾ അവൻ വീണ് മുടന്തനായിപ്പോയി. അവന് മെഫീബോശെത്ത് എന്നു പേർ.

5ബെരോത്യനായ രിമ്മോന്റെ പുത്രന്മാരായ രേഖാബും ബാനയും പുറപ്പെട്ടു, വെയിലിന് ചൂട് ഏറിയപ്പോൾ ഈശ്-ബോശെത്തിന്റെ വീട്ടിൽ ചെന്നെത്തി; അവൻ ഉച്ചസമയത്ത് കിടക്കയിൽ കിടക്കുകയായിരുന്നു.6അവർ ഗോതമ്പ് എടുപ്പാൻ വരുന്ന ഭാവത്തിൽ വീട്ടിന്റെ അകത്ത് കടന്നു അവനെ വയറ്റത്ത് കുത്തി; അപ്പോൾ രേഖാബും അവന്റെ സഹോദരനായ ബാനയും ഓടിപ്പോയ്ക്കളഞ്ഞു.7അവർ വീടിന് അകത്ത് കടന്നപ്പോൾ അവൻ ശയനഗൃഹത്തിൽ അവന്റെ കട്ടിലിന്മേൽ കിടക്കുകയായിരുന്നു; അപ്പോൾ അവർ അവനെ കുത്തിക്കൊന്നു തലവെട്ടിക്കളഞ്ഞു അവന്റെ തലയും എടുത്ത് രാത്രി മുഴുവനും അരാബയിൽകൂടി നടന്ന്
8ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ ഈശ്-ബോശെത്തിന്റെ തല കൊണ്ടുവന്ന് രാജാവിനോടു: “നിനക്ക് ജീവഹാനി വരുത്തുവാൻ നോക്കിയ നിന്റെ ശത്രുവായ ശൗലിന്റെ മകൻ ഈശ്-ബോശെത്തിന്റെ തല ഇതാ; ഇന്ന് യജമാനനായ രാജാവിന് വേണ്ടി ശൗലിനോടും അവന്റെ സന്തതിയോടും യഹോവ പ്രതികാരം ചെയ്തിരിക്കുന്നു” എന്നു പറഞ്ഞു.9എന്നാൽ ദാവീദ് ബെരോത്യനായ രിമ്മോന്റെ പുത്രന്മാരായ രേഖാബിനോടും അവന്റെ സഹോദരൻ ബാനയോടും ഉത്തരം പറഞ്ഞത്: “എന്റെ ജീവനെ സകലആപത്തിൽനിന്നും വീണ്ടെടുത്ത യഹോവയാണ,10ഇതാ, ശൗൽ മരിച്ചുപോയി എന്ന് ഒരുവൻ എന്നെ അറിയിച്ചു താൻ നല്ല വാർത്ത കൊണ്ടുവന്നു എന്ന് വിചാരിച്ചിരിക്കുമ്പോൾ ഞാൻ അവനെ പിടിച്ച് സിക്ലാഗിൽവച്ച് കൊന്നു. ഇതായിരുന്നു ഞാൻ അവന്റെ വാർത്തയ്ക്കുവേണ്ടി അവന് കൊടുത്ത പ്രതിഫലം.
11എന്നാൽ ദുഷ്ടന്മാർ ഒരു നീതിമാനെ അവന്റെ വീട്ടിൽ കിടക്കയിൽവച്ച് കൊലചെയ്താൽ എത്ര അധികം? ആകയാൽ ഞാൻ അവന്റെ രക്തം നിങ്ങളോട് ചോദിച്ച് നിങ്ങളെ ഭൂമിയിൽനിന്ന് നീക്കികളയാതിരിക്കുമോ?”12പിന്നെ ദാവീദ് തന്റെ യുവാക്കന്മാർക്ക് കല്പനകൊടുത്തു; അവർ അവരെ കൊന്നു അവരുടെ കൈകാലുകൾ വെട്ടി അവരെ ഹെബ്രോനിലെ കുളത്തിന്നരികെ തൂക്കിക്കളഞ്ഞു. ഈശ്-ബോശെത്തിന്റെ തല അവർ എടുത്തു ഹെബ്രോനിൽ അബ്നേരിന്റെ കല്ലറയിൽ അടക്കം ചെയ്തു.

5

1അതിനുശേഷം യിസ്രായേൽഗോത്രങ്ങളൊക്കെയും ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ വന്നു: “ഞങ്ങൾ നിന്റെ അസ്ഥിയും മാംസവും ആകുന്നുവല്ലോ.2മുമ്പു ശൗൽ ഞങ്ങളുടെ രാജാവായിരുന്നപ്പോഴും നായകനായി യിസ്രായേലിനെ നയിച്ചത് നീ ആയിരുന്നു. നീ എന്റെ ജനമായ യിസ്രായേലിനെ മേയ്ക്കയും യിസ്രായേലിന് പ്രഭുവായിരിക്കയും ചെയ്യുമെന്ന് യഹോവ നിന്നോട് അരുളിച്ചെയ്തിട്ടുമുണ്ട്”എന്നു പറഞ്ഞു.

3ഇങ്ങനെ യിസ്രായേൽമൂപ്പന്മാരൊക്കെയും ഹെബ്രോനിൽ രാജാവിന്റെ അടുക്കൽ വന്നു; ദാവീദ്‌ രാജാവ് ഹെബ്രോനിൽവച്ച് യഹോവയുടെ സന്നിധിയിൽ അവരോട് ഉടമ്പടി ചെയ്തു; അവർ ദാവീദിനെ യിസ്രായേലിന് രാജാവായിട്ട് അഭിഷേകം ചെയ്തു.4ദാവീദ് ഭരണം തുടങ്ങിയപ്പോൾ അവന് മുപ്പതു വയസ്സായിരുന്നു; അവൻ നാല്പത് വർഷം ഭരിച്ചു.5അവൻ ഹെബ്രോനിൽ യെഹൂദയെ ഏഴു വർഷവും ആറു മാസവും, യെരൂശലേമിൽ എല്ലായിസ്രായേലിനെയും യെഹൂദയെയും മുപ്പത്തിമൂന്ന് വർഷവും ഭരിച്ചു.
6രാജാവും അവന്റെ ആളുകളും യെരൂശലേമിലേക്ക് ആ ദേശത്തെ നിവാസികളായ യെബൂസ്യരുടെ നേരെ പുറപ്പെട്ടു. ദാവീദിന് അവിടെ പ്രവേശിപ്പാൻ കഴിയുകയില്ല എന്നുവിചാരിച്ച് അവർ ദാവീദിനോട്: “നീ ഇവിടെ പ്രവേശിക്കയില്ല; നിന്നെ തടയുവാൻ കുരുടരും മുടന്തരും മതി” എന്നു പറഞ്ഞു.7എന്നിട്ടും ദാവീദ് സീയോൻകോട്ട പിടിച്ചു (അതു തന്നെ ദാവീദിന്റെ നഗരം).
8അന്നു ദാവീദ്: “ആരെങ്കിലും യെബൂസ്യരെ തോല്പിച്ചാൽ അവൻ വെള്ളമൊഴുകുന്ന തുരങ്കത്തിലൂടെ കയറി ദാവീദിന് വെറുപ്പായുള്ള മുടന്തരെയും കുരുടരെയും പിടിക്കട്ടെ” എന്നു പറഞ്ഞു. അതുകൊണ്ട് “കുരുടരും മുടന്തരും വീട്ടിൽ വരരുത്” എന്നൊരു ചൊല്ലുണ്ടായി.9ദാവീദ് കോട്ടയിൽ വസിച്ചു, അതിനെ ദാവീദിന്റെ നഗരമെന്ന് വിളിച്ചു. ദാവീദ് അതിനെ മില്ലോ തുടങ്ങി ചുറ്റിലും ഉള്ളിലോട്ടും പണിയിച്ചു.10സൈന്യങ്ങളുടെ ദൈവമായ യഹോവ തന്നോടുകൂടെയുണ്ടായിരുന്നതുകൊണ്ട് ദാവീദ് മേല്ക്കുമേൽ പ്രബലനായിത്തീർന്നു.
11സോർരാജാവായ ഹീരാം ദാവീദിന്റെ അടുക്കൽ സന്ദേശവാഹകരെയും ദേവദാരുക്കളെയും ആശാരികളെയും കല്പണിക്കാരെയും അയച്ചു; അവർ ദാവീദിന് ഒരു അരമന പണിതു.12ഇങ്ങനെ യഹോവ യിസ്രായേലിൽ തന്നെ രാജാവായി സ്ഥിരപ്പെടുത്തുകയും അവന്റെ ജനമായ യിസ്രായേൽ നിമിത്തം തന്റെ രാജത്വം ഉന്നതമാക്കുകയും ചെയ്തു എന്ന് ദാവീദ് അറിഞ്ഞു.
13ദാവീദ് ഹെബ്രോനിൽനിന്നു വന്നശേഷം യെരൂശലേമിൽനിന്ന് അധികം വെപ്പാട്ടികളെയും ഭാര്യമാരെയും എടുത്തു; ദാവീദിന് പിന്നെയും പുത്രന്മാരും പുത്രിമാരും ജനിച്ചു.14യെരൂശലേമിൽവച്ച് അവന് ജനിച്ചവരുടെ പേരുകളാണിത്: ശമ്മൂവ, ശോബാബ്, നാഥാൻ, ശലോമോൻ,15യിബ്ഹാർ, എലിശൂവ, നേഫെഗ്, യാഫീയ,16എലീശാമാ, എല്യാദാവ്, എലീഫേലെത്ത്,
17എന്നാൽ അവർ ദാവീദിനെ യിസ്രായേലിന് രാജാവായി അഭിഷേകം ചെയ്തു എന്ന് ഫെലിസ്ത്യർ കേട്ടപ്പോൾ ഫെലിസ്ത്യർ ഒക്കെയും ദാവീദിനെ തിരഞ്ഞു വന്നു; ദാവീദ് അത് കേട്ടിട്ട് കോട്ടയിലേക്കു പോയി.18ഫെലിസ്ത്യർ വന്ന് രെഫായീം താഴ്വരയിൽ അണിനിരന്നു.
19അപ്പോൾ ദാവീദ് യഹോവയോട്: “ഞാൻ ഫെലിസ്ത്യരുടെ നേരെ പുറപ്പെടേണമോ? അവരെ എന്റെ കയ്യിൽ ഏല്പിച്ചുതരുമോ” എന്ന് ചോദിച്ചു. “പുറപ്പെടുക; ഞാൻ ഫെലിസ്ത്യരെ നിന്റെ കയ്യിൽ ഏല്പിക്കും” എന്ന് യഹോവ ദാവീദിനോട് അരുളിച്ചെയ്തു.20അങ്ങനെ ദാവീദ് ബാൽ-പെരാസീമിൽ ചെന്നു; അവിടെവച്ച് ദാവീദ് അവരെ തോല്പിച്ചു; “വെള്ളച്ചാട്ടംപോലെ യഹോവ എന്റെ മുമ്പിൽ എന്റെ ശത്രുക്കളെ തകർത്തുകളഞ്ഞു” എന്ന് പറഞ്ഞു. അതുകൊണ്ട് ആ സ്ഥലത്തിന് ബാൽ-പെരാസീം എന്ന് പേർ വിളിച്ചുവരുന്നു.21അവിടെ അവർ തങ്ങളുടെ വിഗ്രഹങ്ങളെ ഉപേക്ഷിച്ചുപോയി; ദാവീദും അവന്റെ ആളുകളും അവയെ എടുത്ത് കൊണ്ടുപോന്നു.
22ഫെലിസ്ത്യർ പിന്നെയും വന്ന് രെഫായീംതാഴ്വരയിൽ അണിനിരന്നു.23ദാവീദ് യഹോവയോട് ചോദിച്ചപ്പോൾ: “നീ നേരെ ചെല്ലാതെ അവരുടെ പുറകിൽക്കൂടി വളഞ്ഞുചെന്ന് ബാഖാവൃക്ഷങ്ങൾക്ക് മുമ്പിൽവച്ച് അവരെ നേരിടുക.
24ബാഖാവൃക്ഷങ്ങളുടെ അഗ്രങ്ങളിൽകൂടി കവാത്തുനടക്കുന്ന1 ഒച്ചപോലെ കേൾക്കും; അപ്പോൾ വേഗത്തിൽ ചെല്ലുക; ഫെലിസ്ത്യസൈന്യത്തെ സംഹരിക്കുവാൻ യഹോവ നിനക്ക് മുമ്പായി പുറപ്പെടും” എന്ന് അരുളപ്പാടുണ്ടായി.25യഹോവ കല്പിച്ചതുപോലെ ദാവീദ് ചെയ്തു, ഫെലിസ്ത്യരെ ഗേബമുതൽ ഗേസെർവരെ തോല്പിച്ചു.


1 5:24 കവാത്തുനടക്കുന്ന സൈന്യത്തിന്റെ മാർച്ച്.

6

1ദാവീദ് പിന്നെയും യിസ്രായേലിലെ മുപ്പതിനായിരം തിരഞ്ഞെടുക്കപ്പെട്ട സകലരെയും കൂട്ടിവരുത്തി2കെരൂബുകളുടെ മധ്യേ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവ എന്ന നാമത്താൽ വിളിക്കപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ പെട്ടകം ബാലേ-യെഹൂദയിൽനിന്ന് കൊണ്ടുവരേണ്ടതിന് ദാവീദും കൂടെയുള്ള സകലജനവും അവിടേക്ക് പുറപ്പെട്ടു പോയി.

3അവർ ദൈവത്തിന്റെ പെട്ടകം ഒരു പുതിയ വണ്ടിയിൽ കയറ്റി, കുന്നിന്മേലുള്ള അബീനാദാബിന്റെ വീട്ടിൽനിന്ന് കൊണ്ടുവന്നു; അബീനാദാബിന്റെ പുത്രന്മാരായ ഉസ്സയും അഹ്യോവും ആ പുതിയവണ്ടി തെളിച്ചു.4കുന്നിന്മേലുള്ള അബീനാദാബിന്റെ വീട്ടിൽനിന്ന് അവർ അതിനെ ദൈവത്തിന്റെ പെട്ടകവുമായി കൊണ്ടുപോരുമ്പോൾ അഹ്യോ പെട്ടകത്തിന് മുമ്പായി നടന്നു.5ദാവീദും യിസ്രായേൽഗൃഹമൊക്കെയും സരളമരംകൊണ്ടുള്ള സകലവിധവാദ്യോപകരണങ്ങളോടും കിന്നരം, വീണ, തപ്പ്, ചപ്ലാക്കട്ട, കൈമണി എന്നിവയോടുംകൂടെ യഹോവയുടെ മുമ്പാകെ നൃത്തം ചെയ്തു.
6അവർ നാഖോന്റെ മെതികളത്തിങ്കൽ എത്തിയപ്പോൾ കാളകൾ വിരണ്ടതുകൊണ്ട് ഉസ്സാ കൈ നീട്ടി ദൈവത്തിന്റെ പെട്ടകം പിടിച്ചു.7അപ്പോൾ യഹോവയുടെ കോപം ഉസ്സയക്ക് എതിരെ ജ്വലിച്ചു; അവന്റെ അവിവേകം നിമിത്തം ദൈവം അവിടെവച്ച് അവനെ സംഹരിച്ചു; അവൻ അവിടെ ദൈവത്തിന്റെ പെട്ടകത്തിന്റെ അടുക്കൽവച്ച് മരിച്ചു.
8യഹോവയുടെ കോപം ഉസ്സയ്ക്ക് എതിരെ ജ്വലിച്ചതുകൊണ്ട് ദാവീദിന് വ്യസനമായി. അവൻ ആ സ്ഥലത്തിന് പേരെസ്-ഉസ്സാ എന്ന് പേർവിളിച്ചു. അത് ഇന്നുവരെയും പറഞ്ഞുവരുന്നു.9അന്ന് ദാവീദ് യഹോവയെ ഭയപ്പെട്ടുപോയി. “യഹോവയുടെ പെട്ടകം എന്റെ അടുക്കൽ എങ്ങനെ കൊണ്ടുവരേണ്ടു” എന്ന് അവൻ പറഞ്ഞു.
10ഇങ്ങനെ യഹോവയുടെ പെട്ടകം ദാവീദിന്റെ നഗരത്തിൽ തന്റെകൂടെ കൊണ്ടുപോകുവാൻ മനസ്സില്ലാതെ ദാവീദ് അതിനെ ഗിത്യനായ ഓബേദ്-എദോമിന്റെ വീട്ടിൽ കൊണ്ടുപോയി വച്ചു.11യഹോവയുടെ പെട്ടകം ഗിത്യനായ ഓബേദ്-എദോമിന്റെ വീട്ടിൽ മൂന്നുമാസം ഇരുന്നു; യഹോവ ഓബേദ്-എദോമിനെയും അവന്റെ കുടുംബത്തെ ഒക്കെയും അനുഗ്രഹിച്ചു.
12ദൈവത്തിന്റെ പെട്ടകം നിമിത്തം യഹോവ ഓബേദ്-എദോമിന്റെ കുടുംബത്തെയും അവനുള്ള സകലത്തെയും അനുഗ്രഹിച്ചു എന്ന് ദാവീദ്‌ രാജാവിന് അറിവ് കിട്ടിയപ്പോൾ, ദാവീദ് പുറപ്പെട്ട് ദൈവത്തിന്റെ പെട്ടകം ഓബേദ്-എദോമിന്റെ വീട്ടിൽനിന്ന് ദാവീദിന്റെ നഗരത്തിലേക്ക് സന്തോഷത്തോടെ കൊണ്ടുവന്നു.13യഹോവയുടെ പെട്ടകം ചുമന്നവർ ആറു ചുവട് നടന്നശേഷം അവൻ ഒരു കാളയെയും തടിപ്പിച്ച കിടാവിനെയും യാഗംകഴിച്ചു.
14ദാവീദ് പഞ്ഞിനൂലങ്കി ധരിച്ചുകൊണ്ട് പൂർണ്ണശക്തിയോടെ യഹോവയുടെ മുമ്പാകെ നൃത്തം ചെയ്തു.15അങ്ങനെ ദാവീദും യിസ്രായേൽ ഗൃഹമൊക്കെയും ആർപ്പോടും കാഹളനാദത്തോടുംകൂടെ യാഹോവയുടെ പെട്ടകം കൊണ്ടുവന്നു.
16എന്നാൽ യഹോവയുടെ പെട്ടകം ദാവീദിന്റെ നഗരത്തിൽ കടക്കുമ്പോൾ ശൗലിന്റെ മകളായ മീഖൾ ജനാലയിൽകൂടി നോക്കി, ദാവീദ്‌ രാജാവ് യഹോവയുടെ മുമ്പാകെ കുതിച്ച് നൃത്തം ചെയ്യുന്നത് കണ്ട് തന്റെ ഹൃദയത്തിൽ അവനെ നിന്ദിച്ചു.17അവർ യഹോവയുടെ പെട്ടകം കൊണ്ടുവന്ന് ദാവീദ് അതിനായിട്ട് അടിച്ചിരുന്ന കൂടാരത്തിന്നുള്ളിൽ അതിന്റെ സ്ഥാനത്തുവച്ചു; പിന്നെ ദാവീദ് യഹോവയുടെ സന്നിധിയിൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു.
18ദാവീദ് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു തീർന്നശേഷം അവൻ ജനത്തെ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ അനുഗ്രഹിച്ചു.19പിന്നെ അവൻ യിസ്രായേലിന്റെ സർവ്വസംഘവുമായ സകലജനത്തിലും പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരോരുത്തർക്ക് ഒരു അപ്പവും ഒരു കഷണം മാംസവും ഒരു ഉണക്കമുന്തിരിയടയും വീതം പങ്കിട്ടുകൊടുത്തു, അതിനുശേഷം ജനമൊക്കെയും താന്താന്റെ വീട്ടിലേക്കു പോയി.
20പിന്നീട് ദാവീദ് തന്റെ കുടുംബത്തെ അനുഗ്രഹിക്കേണ്ടതിന് മടങ്ങിവന്നപ്പോൾ ശൗലിന്റെ മകളായ മീഖൾ ദാവീദിനെ കാണുവാൻ പുറത്തുവന്നു: “നിസ്സാരന്മാരിൽ ഒരുത്തൻ തന്നെത്താൻ അനാവൃതനാക്കുന്നതുപോലെ1 ഇന്ന് തന്റെ ദാസന്മാരുടെ ദാസികൾ കാൺകെ തന്നെത്താൻ അനാവൃതനാക്കിയ യിസ്രായേൽരാജാവ് ഇന്ന് എത്ര മഹത്വമുള്ളവൻ” എന്നു പറഞ്ഞു.
21ദാവീദ് മീഖളിനോട്: “യഹോവയുടെ ജനമായ യിസ്രായേലിന് പ്രഭുവായി നിയമിപ്പാൻ തക്കവണ്ണം നിന്റെ അപ്പനിലും അവന്റെ സകലഗൃഹത്തിലും ഉപരിയായി എന്നെ തിരഞ്ഞെടുത്തിരിക്കുന്ന യഹോവയുടെ മുമ്പാകെ, അതേ, യഹോവയുടെ മുമ്പാകെ ഞാൻ നൃത്തം ചെയ്യും.22ഞാൻ ഇനിയും ഇതിലധികം ഹീനനും എന്റെ കാഴ്ചയ്ക്ക് എളിയവനും ആയിരിക്കും; എന്നാൽ നീ പറഞ്ഞ ദാസികളാലോ എനിക്ക് മഹത്വമുണ്ടാകും” എന്നു പറഞ്ഞു.23അക്കാരണത്താൽ ശൗലിന്റെ മകളായ മീഖളിന് ജീവപര്യന്തം ഒരു കുട്ടിയും ഉണ്ടായില്ല.


1 6:20 അനാവൃതനാക്കുന്നതുപോലെ രാജകീയ വസ്ത്രം മാറ്റി സാധാരണകരനെപ്പോലെ പഞ്ഞിനൂൽ അങ്കധരിക്കുന്നതിനെയാണ് അനാവൃതനാക്കുക എന്ന് ഇവിടെ ഉദേഷിച്ചിരിക്കുന്നത്.

7

1യഹോവ ചുറ്റുമുള്ള സകലശത്രുക്കളിൽനിന്ന് ദാവീദ് രാജാവിന് സ്വസ്ഥത നല്കിയശേഷം രാജാവ് തന്റെ അരമനയിൽ വസിക്കുംകാലത്ത്2ഒരിക്കൽ രാജാവ് നാഥാൻപ്രവാചകനോട്: “ഇതാ, ഞാൻ ദേവദാരുകൊണ്ടുള്ള കൊട്ടാരത്തിൽ വസിക്കുന്നു; എന്നാൽ ദൈവത്തിന്റെ പെട്ടകമോ തിരശ്ശീലകൊണ്ടുള്ള കൂടാരത്തിനകത്ത് ഇരിക്കുന്നു” എന്നു പറഞ്ഞു.

3നാഥാൻ രാജാവിനോട്: “നീ ചെന്ന് നിന്റെ മനസ്സിലുള്ളതൊക്കെയും ചെയ്തുകൊൾക; യഹോവ നിന്നോടുകൂടെ ഉണ്ട്” എന്നു പറഞ്ഞു.4എന്നാൽ അന്നു രാത്രി യഹോവയുടെ അരുളപ്പാട് നാഥാന് ഉണ്ടായത് എന്തെന്നാൽ:5“എന്റെ ദാസനായ ദാവീദിനോടു നീ ചെന്ന് പറക: ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എനിക്ക് അധിവസിക്കേണ്ടതിന് നീ ഒരു ആലയം പണിയുമോ?
6ഞാൻ യിസ്രായേൽ മക്കളെ മിസ്രയീമിൽനിന്ന് കൊണ്ടുവന്ന നാൾമുതൽ ഇന്നുവരെയും ഞാൻ ഒരു ആലയത്തിൽ അധിവസിക്കാതെ കൂടാരത്തിലും നിവാസത്തിലുമല്ലോ സഞ്ചരിച്ചുവരുന്നത്.7എന്റെ ജനമായ യിസ്രായേലിനെ മേയ്പാൻ ഞാൻ കല്പിച്ചാക്കിയ യിസ്രായേൽ ഗോത്രങ്ങളിൽനിന്ന് ഒന്നിനോട് “എനിക്കു ദേവദാരുകൊണ്ട് ഒരു ആലയം പണിയാതിരിക്കുന്നത് എന്ത് ?” എന്ന് എല്ലായിസ്രായേൽമക്കളോടുംകൂടെ ഞാൻ സഞ്ചരിച്ചുവന്ന സ്ഥലങ്ങളിൽ എവിടെവച്ചെങ്കിലും ഒരു വാക്ക് കല്പിച്ചിട്ടുണ്ടോ?’
8ആകയാൽ നീ എന്റെ ദാസനായ ദാവീദിനോട് പറയേണ്ടതെന്തെന്നാൽ: ‘സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ജനമായ യിസ്രായേലിന്മേൽ പ്രഭുവായിരിക്കേണ്ടതിന് ഞാൻ നിന്നെ പുല്പുറത്തു നിന്ന്, ആടുകളെ നോക്കിനടക്കുമ്പോൾ തന്നെ എടുത്തു.9നീ സഞ്ചരിച്ചുവന്ന എല്ലായിടത്തും ഞാൻ നിന്നോടുകൂടെ ഇരുന്ന് നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പിൽനിന്ന് ഛേദിച്ചുകളഞ്ഞിരിക്കുന്നു; ഭൂമിയിലുള്ള മഹാന്മാരുടെ പേർപോലെ ഞാൻ നിന്റെ പേർ വലുതാക്കും.
10ഞാൻ എന്റെ ജനമായ യിസ്രായേലിന് ഒരു സ്ഥലം കല്പിച്ചുകൊടുക്കയും അവർ സ്വന്തസ്ഥലത്തു പാർത്ത് അവിടെനിന്ന് ഇളകാതിരിക്കത്തക്കവണ്ണം അവരെ നടുകയും ചെയ്യും. ഇനി ദുഷ്ടന്മാർ അവരെ പീഡിപ്പിക്കയില്ല. പണ്ടത്തെപ്പോലെയും എന്റെ ജനമായ യിസ്രായേലിന്മേൽ ഞാൻ ന്യായാധിപന്മാരെ കല്പിച്ചാക്കിയ കാലത്തെപ്പോലെയും11നിന്റെ സകലശത്രുക്കളിൽനിന്ന് നിനക്കു സ്വസ്ഥത നല്കും. അത്രയുമല്ല, യഹോവ നിനക്ക് ഒരു ഗൃഹം ഉണ്ടാക്കുമെന്ന് യഹോവ നിന്നോട് അറിയിക്കുന്നു.
12നിന്നിൽനിന്ന് ഉത്ഭവിപ്പാനിരിക്കുന്ന സന്തതിയെ നിന്റെ ആയുഷ്കാലം തികഞ്ഞിട്ട് നിന്റെ പിതാക്കന്മാരോടുകൂടെ നീ നിദ്രകൊള്ളുമ്പോൾ ഞാൻ നിനക്ക് പിന്തുടർച്ചയായി സ്ഥിരപ്പെടുത്തുകയും അവന്റെ രാജത്വം ഉറപ്പാക്കുകയും ചെയ്യും.13അവൻ എന്റെ നാമത്തിന് ഒരു ആലയം പണിയും; ഞാൻ അവന്റെ രാജത്വത്തിന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും.14ഞാൻ അവന് പിതാവും അവൻ എനിക്ക് പുത്രനും ആയിരിക്കും; അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.
15എങ്കിലും നിന്റെ മുമ്പിൽനിന്ന് ഞാൻ തള്ളിക്കളഞ്ഞ ശൗലിങ്കൽനിന്ന് ഞാൻ എന്റെ ദയ നീക്കിയതുപോലെ അതു അവങ്കൽനിന്ന് നീങ്ങിപ്പോകയില്ല.16നിന്റെ ഗൃഹവും നിന്റെ രാജത്വവും എന്റെ മുമ്പാകെ എന്നേക്കും സ്ഥിരമായിരിക്കും; നിന്റെ സിംഹാസനവും എന്നേക്കും ഉറച്ചിരിക്കും.’ ”17ഈ സകലവാക്കുകൾക്കും ദർശനത്തിനും ഒത്തവണ്ണം നാഥാൻ ദാവീദിനോട് സംസാരിച്ചു.
18അപ്പോൾ ദാവീദ്‌രാജാവ് അകത്ത് ചെന്ന് യഹോവയുടെ സന്നിധിയിൽ ഇരുന്നു പറഞ്ഞതെന്തെന്നാൽ: “കർത്താവായ യഹോവേ, അങ്ങ് എന്നെ ഇത്രത്തോളം കൊണ്ടുവരുവാൻ ഞാൻ ആർ? എന്റെ ഗൃഹവും എന്തുള്ളു?19കർത്താവായ യഹോവേ, ഇതും പോരാ എന്ന് അങ്ങയ്ക്ക് തോന്നീട്ട് വരുവാനുള്ള ദീർഘകാലത്തേക്ക് അടിയന്റെ ഗൃഹത്തെക്കുറിച്ചും അങ്ങ് അരുളിച്ചെയ്തിരിക്കുന്നു. കർത്താവായ യഹോവേ, ഇതു മനുഷ്യർക്ക് ഉപദേശമല്ലോ?20ദാവീദ് ഇനി അങ്ങയോട് എന്തു പറയേണ്ടു? കർത്താവായ യഹോവേ, അങ്ങ് അടിയനെ അറിയുന്നു.
21അങ്ങയുടെ വചനം നിമിത്തവും അങ്ങയുടെ ഹൃദയപ്രകാരവും അല്ലോ അങ്ങ് ഈ വൻകാര്യം ഒക്കെയും ചെയ്ത് അടിയനെ അറിയിച്ചിരിക്കുന്നത്.22അതുകൊണ്ട് കർത്താവായ യഹോവേ, അങ്ങ് വലിയവൻ ആകുന്നു; അങ്ങെപ്പോലെ ഒരുത്തനുമില്ല; ഞങ്ങൾ സ്വന്തചെവികൊണ്ട് കേട്ടതൊക്കെയും അനുസരിച്ച് അങ്ങ് അല്ലാതെ ഒരു ദൈവവും ഇല്ല.23അങ്ങയ്ക്ക് ജനമായി വീണ്ടെടുപ്പാനും അങ്ങയ്ക്ക് ഒരു നാമം സമ്പാദിപ്പാനും അങ്ങ് ചെന്നിരിക്കുന്ന അങ്ങയുടെ ജനമായ യിസ്രായേലിന് തുല്യമായി ഭൂമിയിൽ ഏതൊരു ജാതിയുള്ളു? ദൈവമേ, അങ്ങ് മിസ്രയീമിൽനിന്നും ജാതികളുടെയും അവരുടെ ദേവന്മാരുടെയും കൈവശത്തുനിന്നും അങ്ങയ്ക്കായി വീണ്ടെടുത്തിരിക്കുന്ന അങ്ങയുടെ ജനം കാൺകെ അങ്ങയ്ക്കുവേണ്ടി വൻകാര്യവും അങ്ങയുടെ ദേശത്തിനുവേണ്ടി ഭയങ്കരകാര്യങ്ങളും പ്രവർത്തിച്ചുവല്ലോ.
24അങ്ങ് അങ്ങയുടെ ജനമായ യിസ്രായേലിനെ എന്നേക്കും അങ്ങയുടെ സ്വന്ത ജനമായിരിപ്പാൻ സ്ഥിരപ്പെടുത്തി, യഹോവേ, അങ്ങ് അവർക്ക് ദൈവമായ്തീർന്നുമിരിക്കുന്നു.25ഇപ്പോഴും ദൈവമായ യഹോവേ, അങ്ങ് അടിയനെയും അടിയന്റെ ഗൃഹത്തെയും കുറിച്ച് അരുളിച്ചെയ്ത വചനത്തെ എന്നേക്കും ഉറപ്പാക്കി അരുളപ്പാടുപോലെ ചെയ്യേണമേ.26സൈന്യങ്ങളുടെ യഹോവ യിസ്രായേലിന് ദൈവം എന്നിങ്ങനെ അങ്ങയുടെ നാമം എന്നേക്കും മഹത്വീകരിക്കപ്പെടുമാറാകട്ടെ; അങ്ങയുടെ ദാസനായ ദാവീദിന്റെ ഗൃഹം അങ്ങയുടെ മുമ്പാകെ സ്ഥരിമായിരിക്കട്ടെ.
27ഞാൻ നിനക്ക് ഒരു ഗൃഹം പണിയുമെന്ന് അങ്ങ് അടിയന് വെളിപ്പെടുത്തിയതുകൊണ്ട്, യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവേ, അങ്ങയോട് ഈ പ്രാർത്ഥന കഴിപ്പാൻ അടിയൻ ധൈര്യം പ്രാപിച്ചു.28ദൈവമായ യഹോവേ, അങ്ങ് തന്നെ ദൈവം; അങ്ങയുടെ വചനങ്ങൾ സത്യം ആകുന്നു; അടിയന് ഈ നന്മയെ അങ്ങ് വാഗ്ദാനം ചെയ്തുമിരിക്കുന്നു.29അതുകൊണ്ട് ഇപ്പോൾ അടിയന്റെ ഗൃഹം തിരുമുമ്പിൽ എന്നേക്കും ഇരിക്കേണ്ടതിന് പ്രസാദം തോന്നി അനുഗ്രഹിക്കേണമേ; ദൈവമായ യഹോവേ, അങ്ങ് അങ്ങനെ അരുളിച്ചെയ്തിട്ടുണ്ടല്ലോ; അങ്ങയുടെ അനുഗ്രഹത്താൽ അടിയന്റെ ഗൃഹം എന്നേക്കും അനുഗ്രഹിക്കപ്പെട്ടിരിക്കട്ടെ.”

8

1പിന്നീട് ദാവീദ് ഫെലിസ്ത്യരെ ആക്രമിച്ച് കീഴപ്പെടുത്തി. അവൻ ഫെലിസ്ത്യരുടെ കയ്യിൽനിന്ന് മെഥെഗ് അമ്മാഹ് പിടിച്ചെടുത്തു.

2അവൻ മോവാബ്യരെയും തോല്പിച്ചു അവരെ നിലത്ത് കിടത്തി ചരടുകൊണ്ട് അളന്നു; കൊല്ലുവാൻ രണ്ട് ചരടും ജീവനോടെ രക്ഷിപ്പാൻ ഒരു ചരടുമായി അവൻ അളന്നു. അങ്ങനെ മോവാബ്യർ ദാവീദിന് ദാസന്മാരായി കപ്പം1 കൊടുത്തു.
3രെഹോബിന്റെ മകനായി സോബരാജാവായ ഹദദേസെർ യൂഫ്രട്ടീസ് നദീതീരത്തുള്ള തന്റെ ഭൂപ്രദേശം തിരിച്ചുപിടിപ്പാൻ പോയപ്പോൾ ദാവീദ് അവനെയും തോല്പിച്ചു.4അവന്റെ വക ആയിരം രഥങ്ങളെയും ആയിരത്തെഴുനൂറു കുതിരപ്പടയാളികളെയും ഇരുപതിനായിരം കാലാളുകളെയും ദാവീദ് പിടിച്ചെടുത്തു; രഥക്കുതിരകളിൽ നൂറു മാത്രംവച്ചുംകൊണ്ടു ശേഷം എല്ലാ കുതിരകളുടെയും കുതിഞരമ്പ് വെട്ടിക്കളഞ്ഞു.
5സോബരാജാവായ ഹദദേസെരിനെ സഹായിപ്പാൻ ദമ്മേശെക്കിലെ അരാമ്യർ വന്നപ്പോൾ ദാവീദ് അരാമ്യരിൽ ഇരുപത്തിരണ്ടായിരംപേരെ സംഹരിച്ചു.6പിന്നെ ദാവീദ് ദമ്മേശെക്കിലെ അരാമിൽ കാവൽസൈന്യത്തെ പാർപ്പിച്ചു; അരാമ്യരും ദാവീദിന് ദാസന്മാരായിത്തീർന്ന് കപ്പം കൊടുത്തുവന്നു. ഇങ്ങനെ ദാവീദ് ചെന്നിടത്തൊക്കെയും യഹോവ അവന് ജയം നല്കി.
7ഹദദേസെരിന്റെ ഭൃത്യന്മാർക്ക് ഉണ്ടായിരുന്ന പൊൻപരിചകളെ ദാവീദ് എടുത്ത് യെരൂശലേമിലേക്കു കൊണ്ടുവന്നു.8ഹദദേസെരിന്റെ പട്ടണങ്ങളായ ബേതഹിൽനിന്നും ബെരോതായിൽനിന്നും ദാവീദ്‌രാജാവ് അനവധി താമ്രവും കൊണ്ടുവന്നു.
9ദാവീദ് ഹദദേസെരിന്റെ സർവ്വസൈന്യത്തെയും തോല്പിച്ചു എന്ന് ഹമാത്ത്‌ രാജാവായ തോയി കേട്ടപ്പോൾ10ദാവീദ്‌ രാജാവിനെ വന്ദനം ചെയ്യവാനും അവൻ ഹദദേസെരിനോട് യുദ്ധംചെയ്തു അവനെ തോല്പിച്ചതുകൊണ്ടു അവനെ അഭിനന്ദിപ്പാനും തോയി തന്റെ മകൻ യോരാമിനെ രാജാവിന്റെ അടുക്കൽ അയച്ചു (ഹദദേസെരിന്നു തോയിയോടു കൂടക്കൂടെ യുദ്ധമുണ്ടായിരുന്നു). യോരാം വെള്ളി, പൊന്നു, താമ്രം എന്നിവകൊണ്ടുള്ള സാധനങ്ങളെ കൊണ്ടുവന്നു.
11ദാവീദ്‌ രാജാവ് ഇവയെ അരാമ്യർ, മോവാബ്യർ, അമ്മോന്യർ, ഫെലിസ്ത്യർ, അമാലേക്യർ എന്നിങ്ങനെ താൻ കീഴടക്കിയ സകലജാതികളുടെയും പക്കൽനിന്നും12രെഹോബിന്റെ മകനായി സോബരാജാവായ ഹദദേസെരിന്റെ കൊള്ളയിൽനിന്നും എടുത്ത് സമർപ്പിച്ച വെള്ളിയോടും പൊന്നിനോടുംകൂടെ യഹോവയ്ക്ക് സമർപ്പിച്ചു.
13പിന്നെ ദാവീദ് ഉപ്പുതാഴ്വരയിൽവച്ച് പതിനെണ്ണായിരം അരാമ്യരെ സംഹരിച്ചു മടങ്ങിവന്നപ്പോൾ തനിക്ക് കീർത്തി സമ്പാദിച്ചു.14അവൻ എദോമിലും കാവൽസൈന്യത്തെ ആക്കി; എദോമിൽ എല്ലാടത്തും അവൻ കാവൽസൈന്യത്തെ പാർപ്പിച്ചു; എദോമ്യരൊക്കെയും ദാവീദിന് ദാസന്മാരായിത്തീർന്നു; ദാവീദ് ചെന്നിടത്തൊക്കെയും യഹോവ അവന് ജയം നല്കി.

15ഇങ്ങനെ ദാവീദ് എല്ലായിസ്രായേലിനെയും ഭരിച്ചു; ദാവീദ് തന്റെ സകലജനത്തിനും നീതിയും ന്യായവും നടത്തിക്കൊടുത്തു.16സെരൂയയുടെ മകൻ യോവാബ് സേനാധിപതിയും അഹീലൂദിന്റെ മകൻ യെഹോശാഫാത് മന്ത്രിയും ആയിരുന്നു.17അഹീതൂബിന്റെ മകൻ സാദോക്കും അബ്യാഥാരിന്റെ മകൻ അഹീമേലെക്കും പുരോഹിതന്മാരും സെരായാ പകർപ്പെഴുത്തുകാരനും 2 ആയിരുന്നു.18യഹോയാദയുടെ മകൻ ബെനായാവ് ക്രേത്യർക്കും പ്ലേത്യർക്കും അധിപതി ആയിരുന്നു; ദാവീദിന്റെ പുത്രന്മാരോ ഉപദേഷ്ടാക്കളുമായിരുന്നു.


1 8:2 കപ്പം വിധേയത്വത്തിന്റെ ചിഹ്നമായി ഒരു രാഷ്ട്രം മറ്റൊരു രാഷ്ട്രത്തിനു കൊടുക്കുവാൻ കൽപ്പിക്കപ്പെട്ടതാണ് കപ്പം.
2 8:17 പകർപ്പെഴുത്തുകാരനും രാഷ്ട്രത്തെ സംബന്ധിക്കുന്ന രേഖകൾ എഴുതുകയും, മുദ്രണം ചെയ്യുകയും, സൂക്ഷിക്കയും ചെയുന്ന ഒരുന്നതോദ്യോഗസ്ഥനാണ് പകർപ്പെഴുത്തുകാരൻ അല്ലെങ്കിൽ രായസക്കാരൻ.

9

1പിന്നീട് ദാവീദ്: “ഞാൻ യോനാഥാന്റെ നിമിത്തം ദയ കാണിക്കേണ്ടതിന് ശൗലിന്റെ കുടുംബത്തിൽ ആരെങ്കിലും ശേഷിച്ചിരിക്കുന്നുവോ?” എന്ന് അന്വേഷിച്ചു.2എന്നാൽ ശൗലിന്റെ ഭവനത്തിൽ സീബാ എന്നു പേരുള്ള ഒരു ദാസൻ ഉണ്ടായിരുന്നു; അവർ അവനെ ദാവീദിന്റെ അടുക്കൽ വിളിച്ചുവരുത്തിയപ്പോൾ രാജാവ് അവനോട്: “നീ സീബയോ?” എന്നു ചോദിച്ചു. “അടിയൻ” എന്ന് അവൻ പറഞ്ഞു.

3“ഞാൻ ദൈവത്തിന്റെ ദയ കാണിക്കേണ്ടതിന് ശൗലിന്റെ കുടുംബത്തിൽ ആരെങ്കിലും ഉണ്ടോ?” എന്ന് രാജാവ് ചോദിച്ചതിന്: “രണ്ട് കാലും മുടന്തായിട്ട് യോനാഥാന്റെ ഒരു മകൻ ഉണ്ട് ” എന്ന് സീബാ രാജാവിനോടു പറഞ്ഞു.4“അവൻ എവിടെ?” എന്ന് രാജാവ് ചോദിച്ചതിന്: “ലോദെബാരിൽ അമ്മീയേലിന്റെ മകനായ മാഖീരിന്റെ വീട്ടിലുണ്ട് ” എന്ന് സീബാ രാജാവിനോടു പറഞ്ഞു.
5അപ്പോൾ ദാവീദ്‌രാജാവ് ആളയച്ചു, ലോദെബാരിൽനിന്ന് അമ്മീയേലിന്റെ മകനായ മാഖീരിന്റെ വീട്ടിൽനിന്ന് അവനെ വരുത്തി.6ശൗലിന്റെ മകനായ യോനാഥാന്റെ മകൻ മെഫീബോശെത്ത് ദാവീദിന്റെ അടുക്കൽ വന്നപ്പോൾ അവൻ സാഷ്ടാംഗം വീണ് നമസ്കരിച്ചു. ദാവീദ്: “മെഫീബോശെത്തേ” എന്നു വിളിച്ചതിന് “അടിയൻ” എന്ന് അവൻ ഉത്തരംപറഞ്ഞു.
7ദാവീദ് അവനോട്: “ഭയപ്പെടേണ്ടാ; നിന്റെ അപ്പനായ യോനാഥാന്റെ നിമിത്തം ഞാൻ നിന്നോട് നിശ്ചയമായി ദയകാണിച്ച് നിന്റെ പിതാവിന്റെ അപ്പനായ ശൗലിന്റെ നിലം ഒക്കെയും നിനക്ക് മടക്കിത്തരും; നീയോ നിത്യം എന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുകൊള്ളേണം” എന്നു പറഞ്ഞു.8അവൻ നമസ്കരിച്ചുംകൊണ്ട്: “ചത്ത നായെപ്പോലെ ഇരിക്കുന്ന അടിയനെ നീ കടാക്ഷിപ്പാൻ അടിയൻ എന്തുള്ളു?” എന്നു പറഞ്ഞു.
9അപ്പോൾ രാജാവ് ശൗലിന്റെ ദാസനായ സീബയെ വിളിപ്പിച്ച് അവനോടു കല്പിച്ചത്: “ശൗലിനും അവന്റെ സകലഭവനത്തിനുമുള്ളതൊക്കെയും ഞാൻ നിന്റെ യജമാനന്റെ മകന് കൊടുത്തിരിക്കുന്നു.10നീയും നിന്റെ പുത്രന്മാരും വേലക്കാരും നിന്റെ യജമാനന്റെ മകന് ഭക്ഷിപ്പാൻ ആഹാരമുണ്ടാകേണ്ടതിന് അവനുവേണ്ടി ആ നിലം കൃഷിചെയ്ത് അനുഭവം എടുക്കേണം; എന്നാൽ നിന്റെ യജമാനന്റെ മകനായ മെഫീബോശെത്ത് നിത്യം എന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുകൊള്ളും.” സീബയ്ക്കു പതിനഞ്ചുപുത്രന്മാരും ഇരുപത് വേലക്കാരും ഉണ്ടായിരുന്നു.
11“എന്റെ യജമാനനായ രാജാവ് അടിയനോട് കല്പിക്കുന്നതൊക്കെയും അടിയൻ ചെയ്യും” എന്ന് സീബാ രാജാവിനോട് പറഞ്ഞു. ദാവീദ്: “മെഫീബോശെത്തോ രാജകുമാരന്മാരിൽ ഒരുത്തൻ എന്നപോലെ എന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുകൊള്ളും” എന്നു പറഞ്ഞു.12മെഫീബോശെത്തിന് ഒരു ചെറിയ മകൻ ഉണ്ടായിരുന്നു; അവന് മീഖാ എന്നു പേർ. സീബയുടെ വീട്ടിലുള്ളവരൊക്കെയും മെഫീബോശെത്തിന് ദാസന്മാരായ്ത്തീർന്നു.13ഇങ്ങനെ മെഫീബോശെത്ത് യെരൂശലേമിൽ വസിച്ചു രാജാവിന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുപോന്നു; അവന് കാല് രണ്ടും മുടന്തായിരുന്നു.

10

1അതിന്റെശേഷം അമ്മോന്യരുടെ രാജാവ് മരിച്ചു; അവന്റെ മകനായ ഹാനൂൻ അവന് പകരം ഭരണം നടത്തി.2അപ്പോൾ ദാവീദ്: “ഹാനൂന്റെ അപ്പനായ നാഹാശ് എനിക്ക് ദയ ചെയ്തതുപോലെ അവന്റെ മകന് ഞാനും ദയ ചെയ്യും” എന്നു പറഞ്ഞു. അങ്ങനെ ദാവീദ് അവന്റെ അപ്പനെക്കുറിച്ച് അവനോട് ആശ്വാസവാക്ക് പറവാൻ തന്റെ ഭൃത്യന്മാരെ പറഞ്ഞയച്ചു.3ദാവീദിന്റെ ഭൃത്യന്മാർ അമ്മോന്യരുടെ ദേശത്ത് എത്തിയപ്പോൾ അമ്മോന്യപ്രഭുക്കന്മാർ തങ്ങളുടെ യജമാനനായ ഹാനൂനോട്: “ദാവീദ് നിന്റെ അപ്പനെ ബഹുമാനിച്ചിട്ടാകുന്നു ആശ്വസിപ്പിക്കുന്നവരെ നിന്റെ അടുക്കൽ അയച്ചത് എന്ന് തോന്നുന്നുവോ? പട്ടണത്തെ ശോധനചെയ്ത് ഒറ്റുനോക്കുവാനും അതിനെ നശിപ്പിച്ചുകളവാനും അല്ലയോ ദാവീദ് ഭൃത്യന്മാരെ നിന്റെ അടുക്കൽ അയച്ചത് ” എന്നു പറഞ്ഞു.

4അപ്പോൾ ഹാനൂൻ ദാവീദിന്റെ ഭൃത്യന്മാരെ പിടിച്ച് അവരുടെ താടിയെ പാതി ക്ഷൗരം ചെയ്യിപ്പിച്ച് അവരുടെ അങ്കികളെ നടുവിൽ ആസനംവരെ മുറിപ്പിച്ച് അവരെ അയച്ചു.5ദാവീദ്‌രാജാവ് ഇത് അറിഞ്ഞപ്പോൾ ആ പുരുഷന്മാർ ഏറ്റവും ലജ്ജിച്ചിരുന്നതുകൊണ്ട് അവരുടെ അടുക്കൽ ആളയച്ചു: നിങ്ങളുടെ താടി വളരുംവരെ യെരീഹോവിൽ താമസിപ്പിൻ; പിന്നെ മടങ്ങിവരാം എന്നു പറയിച്ചു.
6തങ്ങൾ ദാവീദിന് വെറുപ്പുള്ളവരായ്തീർന്നു എന്ന് അമ്മോന്യർ കണ്ടപ്പോൾ അവർ ആളയച്ച് ബേത്ത്-രെഹോബിലെ അരാമ്യരിൽനിന്നും സോബയിലെ അരാമ്യരിൽനിന്നും ഇരുപതിനായിരം കാലാളുകളെയും ആയിരംപേരുമായി മാഖാരാജാവിനെയും തോബിൽനിന്ന് പന്ത്രണ്ടായിരംപേരെയും കൂലിക്ക് വരുത്തി.7ദാവീദ് അത് കേട്ടപ്പോൾ യോവാബിനെയും ശൂരന്മാരുടെ സകലസൈന്യത്തെയും അയച്ചു.8അമ്മോന്യരും പുറപ്പെട്ട് പട്ടണവാതില്ക്കൽ പടയ്ക്ക് അണിനിരന്നു; എന്നാൽ സോബയിലെയും ബേത്ത്-രെഹോബിലെയും അരാമ്യരും തോബ്യരും മാഖ്യരും തനിച്ച് മൈതാനത്തായിരുന്നു.
9തന്റെ മുമ്പിലും പിമ്പിലും പടനിരന്നിരിക്കുന്നു എന്ന് കണ്ടപ്പോൾ യോവാബ് യിസ്രായേലിന്റെ സകലവീരന്മാരിൽനിന്നും ഒരു കൂട്ടത്തെ തിരഞ്ഞെടുത്ത് അരാമ്യരുടെ നേരെ അണിനിരത്തി.10ശേഷം പടജ്ജനത്തെ അമ്മോന്യരുടെ നേരെ നിരത്തേണ്ടതിന് തന്റെ സഹോദരനായ അബീശായിയെ ഏല്പിച്ച് അവനോട്:
11“അരാമ്യർ എന്റെ നേരെ പ്രാബല്യം പ്രാപിച്ചാൽ നീ എനിക്ക് സഹായം ചെയ്യേണം; എന്നാൽ അമ്മോന്യർ നിന്റെ നേരെ പ്രാബല്യം പ്രാപിച്ചാൽ ഞാൻ വന്നു നിനക്ക് സഹായം ചെയ്യും.12ധൈര്യമായിരിക്ക; നാം നമ്മുടെ ജനത്തിനും നമ്മുടെ ദൈവത്തിന്റെ പട്ടണങ്ങൾക്കും വേണ്ടി പുരുഷത്വം കാണിക്കുക; യഹോവയോ തനിക്കു ഇഷ്ടമായത് ചെയ്യുമാറാകട്ടെ” എന്നു പറഞ്ഞു.
13പിന്നെ യോവാബും കൂടെയുള്ള ജനവും അരാമ്യർക്കെതിരെ പടയ്ക്ക് അടുത്തു; അവർ അവന്റെ മുമ്പിൽനിന്ന് ഓടിപ്പോയി.14അരാമ്യർ ഓടിപ്പോകുന്നത് അമ്മോന്യർ കണ്ടപ്പോൾ അമ്മോന്യരും അബീശായിയുടെ മുമ്പിൽനിന്നു ഓടി പട്ടണത്തിൽ കടന്നു. യോവാബ് അമ്മോന്യരെ വിട്ട് യെരൂശലേമിലേക്ക് മടങ്ങിപ്പോന്നു.
15തങ്ങൾ യിസ്രായേലിനോടു തോറ്റുപോയി എന്ന് അരാമ്യർ കണ്ടിട്ട് അവർ ഒന്നിച്ചുകൂടി.16ഹദദേസെർ ആളയച്ച് നദിക്കക്കരെയുള്ള അരാമ്യരെ വരുത്തി; അവർ ഹേലാമിലേക്ക് വന്നു; ഹദദേസെരിന്റെ സേനാപതിയായ ശോബക്ക് അവരുടെ നായകനായിരുന്നു.
17അത് ദാവീദിന് അറിവുകിട്ടിയപ്പോൾ അവൻ എല്ലായിസ്രായേല്യരെയും കൂട്ടിവരുത്തി യോർദ്ദാൻ കടന്ന് ഹേലാമിൽ ചെന്നു. അരാമ്യർ ദാവീദിന്റെ നേരെ അണിനിരന്ന് അവനോട് പോരാടി.18അരാമ്യർ യിസ്രായേലിന്റെ മുമ്പിൽനിന്ന് ഓടിപ്പോയി; ദാവീദ് അരാമ്യരിൽ എഴുനൂറു തേരാളികളെയും നാല്പതിനായിരം കുതിരപ്പടയാളികളെയും കൊന്നു, അവരുടെ സേനാപതിയായ ശോബക്കിനെയും വെട്ടിക്കൊന്നു.19എന്നാൽ ഹദദേസെരിന്റെ ആശ്രിതന്മാരായ സകലരാജാക്കന്മാരും തങ്ങൾ യിസ്രായേലിനോടു തോറ്റു എന്ന് കണ്ടിട്ട് യിസ്രായേല്യരുമായി സന്ധിചെയ്ത് അവരെ സേവിച്ചു. അതിൽപിന്നെ അമ്മോന്യർക്കു സഹായം ചെയ്‌വാൻ അരാമ്യർ ഭയപ്പെട്ടു.

11

1ആ വർഷം വസന്തത്തിൽ, രാജാക്കന്മാർ യുദ്ധത്തിന് പുറപ്പെടുംകാലം ദാവീദ് യോവാബിനെയും അവനോടുകൂടെ തന്റെ ഭടന്മാരെയും എല്ലായിസ്രായേലിനെയും അയച്ചു; അവർ അമ്മോന്യരെ നശിപ്പിച്ചു, രബ്ബാപട്ടണം ഉപരോധിച്ചു. ദാവീദോ യെരൂശലേമിൽ തന്നെ താമസിച്ചിരുന്നു.

2ഒരു ദിവസം സന്ധ്യയാകാറായ സമയത്ത് ദാവീദ് കിടക്കയിൽനിന്ന് എഴുന്നേറ്റു രാജധാനിയുടെ മാളികമേൽ ഉലാവിക്കൊണ്ടിരിക്കുമ്പോൾ ഒരു സ്ത്രീ കുളിക്കുന്നത് മാളികമേൽനിന്നു കണ്ടു; ആ സ്ത്രീ അതിസുന്ദരി ആയിരുന്നു.3ദാവീദ് ആളയച്ച് ആ സ്ത്രീയെപ്പറ്റി അന്വേഷിപ്പിച്ചു. “എലീയാമിന്റെ മകളും ഹിത്യനായ ഊരിയാവിന്റെ ഭാര്യയുമായ ബത്ത്-ശേബ അല്ലേ ഇത്?” എന്ന് ഒരാൾ പറഞ്ഞു.
4ദാവീദ് സന്ദേശവാഹകരെ അയച്ച് അവളെ വരുത്തി; അവൾ അവന്റെ അടുക്കൽ വന്നു; അവൾക്കു ഋതുശുദ്ധി വന്നിരുന്നതുകൊണ്ട് അവൻ അവളോടുകൂടെ ശയിച്ചു; അവൾ തന്റെ വീട്ടിലേക്ക് മടങ്ങിപ്പോയി.5ആ സ്ത്രീ ഗർഭം ധരിച്ചു, അതുകൊണ്ട് അവൾ ദാവീദിന് വാർത്ത അയച്ചു പറയിച്ചത്: “ഞാൻ ഗർഭിണിയാണ്.”
6അപ്പോൾ ദാവീദ് ഹിത്യനായ ഊരീയാവെ തന്റെ അടുക്കൽ അയപ്പാൻ യോവാബിന് കല്പന അയച്ചു.7ഊരീയാവ് തന്റെ അടുക്കൽ വന്നപ്പോൾ ദാവീദ് അവനോട് യോവാബിന്റെയും പടജ്ജനത്തിന്റെയും സുഖവർത്തമാനവും യുദ്ധത്തിന്റെ വിവരവും ചോദിച്ചു.8പിന്നെ ദാവീദ് ഊരിയാവോട്: “നീ വീട്ടിൽ ചെന്ന് കാലുകളെ കഴുകുക” എന്നു പറഞ്ഞു. ഊരീയാവ് രാജധാനിയിൽനിന്ന് പുറപ്പെട്ടപ്പോൾ രാജാവിന്റെ സമ്മാനം അവന്റെ പിന്നാലെ ചെന്നു.
9ഊരീയാവോ തന്റെ വീട്ടിൽ പോകാതെ യജമാനന്റെ സകലദാസന്മാരോടുംകൂടെ രാജധാനിയുടെ വാതില്ക്കൽ കിടന്നുറങ്ങി.10ഊരീയാവ് വീട്ടിൽ പോയില്ല എന്നറിഞ്ഞപ്പോൾ ദാവീദ് ഊരീയാവിനോട്: “നീ യാത്രയിൽനിന്ന് വന്നവനല്ലയോ? നിന്റെ വീട്ടിൽ പോകാതെ ഇരുന്നത് എന്ത്?” എന്നു ചോദിച്ചു.11ഊരീയാവ് ദാവീദിനോട്: “പെട്ടകവും യിസ്രായേലും യെഹൂദയും കൂടാരങ്ങളിൽ വസിക്കുന്നു; എന്റെ യജമാനനായ യോവാബും യജമാനന്റെ ദാസരും മൈതാനത്ത് പാളയമിറങ്ങിക്കിടക്കുന്നു; അങ്ങനെയിരിക്കെ ഞാൻ ഭക്ഷിപ്പാനും കുടിപ്പാനും എന്റെ ഭാര്യയോടുകൂടെ ശയിപ്പാനും എന്റെ വീട്ടിൽ പോകുമോ? അങ്ങാണ, അങ്ങയുടെ ജിവനാണ, ഇത് ഞാൻ ചെയ്കയില്ല” എന്നു പറഞ്ഞു.
12അപ്പോൾ ദാവീദ് ഊരീയാവിനോട്: “നീ ഇന്നും ഇവിടെ താമസിക്ക; നാളെ ഞാൻ നിന്നെ പറഞ്ഞയക്കും” എന്നു പറഞ്ഞു. അങ്ങനെ ഊരിയാവ് അന്നും പിറ്റേന്നും യെരൂശലേമിൽ താമസിച്ചു.13ദാവീദ് അവനെ വിളിച്ചപ്പോൾ അവൻ അവന്റെ മുമ്പാകെ ഭക്ഷിക്കയും കുടിക്കയും ചെയ്തു; അവൻ അവനെ ലഹരിപിടിപ്പിച്ചു; എങ്കിലും അവൻ വീട്ടിലേക്കു പോകാതെ സന്ധ്യക്കു ചെന്ന് തന്റെ യജമാനന്റെ ദാസന്മാരോടുകൂടെ തന്റെ കിടക്കയിൽ കിടന്നു.
14രാവിലെ ദാവീദ് യോവാബിന് ഒരു എഴുത്ത് എഴുതി ഊരീയാവിന്റെ കയ്യിൽ കൊടുത്തയച്ചു.15എഴുത്തിൽ: “യുദ്ധം കഠിനമായിരിക്കുന്നേടത്ത് ഊരീയാവെ മുൻനിരയിൽ നിർത്തി അവൻ വെട്ടുകൊണ്ട് മരിക്കത്തക്കവണ്ണം അവനെ വിട്ട് പിന്മാറുവിൻ” എന്ന് അവൻ എഴുതിയിരുന്നു.
16അങ്ങനെതന്നെ യോവാബ് പട്ടണത്തെ ഉപരോധിക്കുന്നിടയിൽ വീരന്മാർ നില്ക്കുന്നതായി അവന് മനസിലായ സ്ഥലത്ത് അവൻ ഊരീയാവെ നിയോഗിച്ചു.17പട്ടണക്കാർ പുറപ്പെട്ട് യോവാബിനോട് പോരാടിയപ്പോൾ ദാവീദിന്റെ ഭടന്മാരായ പടജ്ജനത്തിൽ ചിലർ കൊല്ലപ്പെട്ടു; ഹിത്യനായ ഊരിയാവും മരിച്ചു.
18പിന്നെ യോവാബ് ആ യുദ്ധവാർത്ത ഒക്കെയും ദാവീദിനോട് അറിയിപ്പാൻ ആളയച്ചു.19അവൻ സന്ദേശവാഹകനോട് കല്പിച്ചത് എന്തെന്നാൽ: “നീ യുദ്ധവാർത്ത ഒക്കെയും രാജാവിനോട് പറഞ്ഞു തീരുമ്പോൾ രാജാവിന്റെ കോപം ജ്വലിച്ചു:20‘നിങ്ങൾ പട്ടണത്തോട് ഇത്ര അടുത്തുചെന്ന് യുദ്ധം ചെയ്തത് എന്ത്? മതിലിന്മേൽനിന്ന് അവർ എയ്യുമെന്നു നിങ്ങൾക്ക് അറിഞ്ഞുകൂടയോ?
21യെരൂബ്ബേശെത്തിന്റെ മകനായ അബീമേലെക്കിനെ കൊന്നത് ആർ? ഒരു സ്ത്രീ മതിലിന്മേൽനിന്ന് തിരിക്കല്ലിന്റെ മേൽകല്ല് അവന്റെ മേൽ ഇട്ടതുകൊണ്ടല്ലേയോ അവൻ തേബെസിൽവച്ച് മരിച്ചത്? നിങ്ങൾ മതിലിനോട് ഇത്ര അടുത്തുചെന്നത് എന്ത്?’ എന്നിങ്ങനെ നിന്നോടു പറഞ്ഞാൽ: ‘നിന്റെ ഭൃത്യൻ ഹിത്യനായ ഊരീയാവും മരിച്ചുപോയി എന്ന് പറക.’ ”
22സന്ദേശവാഹകൻ ചെന്ന് യോവാബ് പറഞ്ഞയച്ച വാർത്തകളൊക്കെയും ദാവീദിനെ അറിയിച്ചു.23സന്ദേശവാഹകൻ ദാവീദിനോട് പറഞ്ഞത് എന്തെന്നാൽ: “ആ കൂട്ടർ പ്രാബല്യം പ്രാപിച്ച് മൈതാനത്തേക്കു ഞങ്ങളുടെ നേരെ പുറപ്പെട്ടു വന്നതിനാൽ ഞങ്ങൾ പട്ടണവാതില്ക്കൽവരെ അവരെ തിരിച്ചോടിച്ചു.
24അപ്പോൾ വില്ലാളികൾ മതിലിന്മേൽനിന്ന് നിന്റെ ഭടന്മാരെ എയ്തു, രാജാവിന്റെ ഭടന്മാരിൽ ചിലർ കൊല്ലപ്പെട്ടു, നിന്റെ ഭൃത്യൻ ഹിത്യനായ ഊരീയാവും മരിച്ചു.”25അതിന് ദാവീദ് സന്ദേശവാഹകനോട്: “ ‘ഈ കാര്യത്തിൽ വ്യസനം തോന്നരുത്; വാൾ അങ്ങും ഇങ്ങും നാശം ചെയ്യും; പട്ടണത്തിന്റെ നേരെ ശക്തിയോടെ പൊരുതി അതിനെ നശിപ്പിച്ചുകളക’ എന്നു നീ യോവാബിനോട് പറഞ്ഞു അവനെ ധൈര്യപ്പെടുത്തേണം” എന്നു കല്പിച്ചു.
26ഊരീയാവിന്റെ ഭാര്യ തന്റെ ഭർത്താവായ ഊരീയാവ് മരിച്ചുപോയി എന്നു കേട്ടപ്പോൾ ഭർത്താവിനെക്കുറിച്ച് വിലപിച്ചു.27വിലാപകാലം കഴിഞ്ഞശേഷം ദാവീദ് ആളയച്ച് അവളെ തന്റെ അരമനയിൽ വരുത്തി; അവൾ അവന്റെ ഭാര്യയായി, അവന് ഒരു മകനെ പ്രസവിച്ചു. എന്നാൽ ദാവീദ് ചെയ്തത് യഹോവയ്ക്ക് അനിഷ്ടമായിരുന്നു.

12

1അനന്തരം യഹോവ നാഥാനെ ദാവീദിന്റെ അടുക്കൽ അയച്ചു. അവൻ അവന്റെ അടുക്കൽ ചെന്ന് അവനോടു പറഞ്ഞത്: “ഒരു പട്ടണത്തിൽ രണ്ട് പുരുഷന്മാർ ഉണ്ടായിരുന്നു; ഒരുവൻ ധനവാൻ, മറ്റവൻ ദരിദ്രൻ.2ധനവാന് ആടുമാടുകൾ അനവധി ഉണ്ടായിരുന്നു.3ദരിദ്രനോ താൻ വിലയ്ക്കു വാങ്ങി വളർത്തിയ ഒരു പെൺകുഞ്ഞാടല്ലാതെ ഒന്നും ഇല്ലായിരുന്നു; അത് അവന്റെ അടുക്കലും അവന്റെ മക്കളുടെ അടുക്കലും വളർന്നുവന്നു; അതു അവനുള്ള ആഹാരം തിന്നുകയും അവന്റെ പാനപാത്രത്തിൽനിന്ന് കുടിക്കയും അവന്റെ മടിയിൽ കിടക്കയും ചെയ്തു; അവന് ഒരു മകളെപ്പോലെയും ആയിരുന്നു.

4ധനവാന്റെ അടുക്കൽ ഒരു വഴിയാത്രക്കാരൻ വന്നു; തന്റെ അടുക്കൽ വന്ന വഴിപോക്കനുവേണ്ടി പാകംചെയ്‌വാൻ സ്വന്ത ആടുമാടുകളിൽ ഒന്നിനെ എടുപ്പാൻ മനസ്സാകാതെ, അവൻ ആ ദരിദ്രന്റെ കുഞ്ഞാടിനെ പിടിച്ച് തന്റെ അടുക്കൽ വന്ന ആൾക്കുവേണ്ടി പാകം ചെയ്തു.”5അപ്പോൾ ദാവീദിന്റെ കോപം ആ മനുഷ്യന്റെ നേരെ ഏറ്റവും ജ്വലിച്ചു; അവൻ നാഥാനോട്: “യഹോവയാണ, ഇത് ചെയ്തവൻ നിശ്ചയമായും മരിക്കണം.6അവൻ കനിവില്ലാതെ ഈ കാര്യം പ്രവർത്തിച്ചതുകൊണ്ട് ആ ആടിനുവേണ്ടി നാലിരട്ടി പകരം കൊടുക്കേണം” എന്നു പറഞ്ഞു.

7നാഥാൻ ദാവീദിനോട് പറഞ്ഞത്: “ആ മനുഷ്യൻ നീ തന്നെ, യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ നിന്നെ യിസ്രായേലിന് രാജാവായിട്ട് അഭിഷേകം ചെയ്തു, നിന്നെ ശൗലിന്റെ കയ്യിൽനിന്നു വിടുവിച്ചു.8ഞാൻ നിനക്കു നിന്റെ യജമാനന്റെ ഭവനത്തെയും നിന്റെ മാർവ്വിടത്തിലേക്ക് നിന്റെ യജമാനന്റെ ഭാര്യമാരെയും തന്നു; യിസ്രായേൽഗൃഹത്തെയും യെഹൂദാഗൃഹത്തെയും നിനക്കു തന്നു; അത് നന്നേ കുറവെങ്കിൽ, കൂടുതൽ ഞാൻ നിനക്കു തരുമായിരുന്നു.
9നീ യഹോവയുടെ കല്പന നിരസിച്ച് അവന്റെ ദൃഷ്ടിയിൽ തിന്മയായുള്ളത് ചെയ്തത് എന്തിന്? ഹിത്യനായ ഊരീയാവെ വാൾകൊണ്ട് വെട്ടി അവന്റെ ഭാര്യയെ നിനക്ക് ഭാര്യയായിട്ട് എടുത്തു, അവനെ അമ്മോന്യരുടെ വാൾകൊണ്ട് കൊല്ലിച്ചു.10നീ എന്നെ നിരസിച്ച് ഹിത്യനായ ഊരീയാവിന്റെ ഭാര്യയെ നിനക്ക് ഭാര്യയായിട്ട് എടുത്തതുകൊണ്ട് വാൾ നിന്റെ ഭവനത്തെ ഒരിക്കലും വിട്ടുമാറുകയില്ല.’
11യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നിന്റെ സ്വന്തഭവനത്തിൽനിന്ന് ഞാൻ നിനക്ക് അനർത്ഥം വരുത്തും; നിന്റെ കൺമുമ്പിൽവച്ച് ഞാൻ നിന്റെ ഭാര്യമാരെ എടുത്ത് നിന്റെ അയൽക്കാരന് കൊടുക്കും; അവൻ ഈ സൂര്യന്റെ വെളിച്ചത്തിൽ തന്നെ നിന്റെ ഭാര്യമാരോടുകൂടെ ശയിക്കും.12നീ അതു രഹസ്യത്തിൽ ചെയ്തു; ഞാനോ ഈ കാര്യം സകല യിസ്രായേലിന്റെയും മുമ്പിൽവച്ച് സൂര്യന്റെ വെളിച്ചത്തിൽ തന്നെ നടത്തും.’ ”13ദാവീദ് നാഥാനോട്: “ഞാൻ യഹോവയോട് പാപം ചെയ്തിരിക്കുന്നു” എന്നു പറഞ്ഞു. അതിന് നാഥാൻ ദാവീദിനോട്: “യഹോവ നിന്റെ പാപം മോചിച്ചിരിക്കുന്നു; നീ മരിക്കയില്ല.
14എങ്കിലും നീ ഈ പ്രവൃത്തികൊണ്ട് യഹോവയുടെ ശത്രുക്കൾ ദൂഷണം പറവാൻ വലിയ അവത്സരം ഉണ്ടാക്കിയതിനാൽ നിനക്ക് ജനിച്ചിട്ടുള്ള കുഞ്ഞ് നിശ്ചയമായും മരിച്ചുപോകും” എന്നു പറഞ്ഞു. അതിനുശേഷം നാഥാൻ തന്റെ വീട്ടിലേക്ക് പോയി.15ഊരീയാവിന്റെ ഭാര്യ ദാവീദിന് പ്രസവിച്ച കുഞ്ഞിനെ യഹോവ ബാധിച്ചു, അതിന് കഠിനരോഗം പിടിച്ചു.
16ദാവീദ് കുഞ്ഞിനുവേണ്ടി ദൈവത്തോട് അപേക്ഷിച്ചു; ദാവീദ് ഉപവസിക്കയും അകത്ത് കടന്ന് രാത്രി മുഴുവനും നിലത്ത് കിടക്കയും ചെയ്തു.17അവന്റെ ഭവനത്തിലെ മൂപ്പന്മാർ അവനെ നിലത്തുനിന്ന് എഴുന്നേല്പിപ്പാൻ ഉത്സാഹിച്ചുകൊണ്ട് അടുത്തു ചെന്നു; എന്നാൽ അവന് മനസ്സായില്ല. അവരോടു കൂടെ ഭക്ഷണം കഴിച്ചതുമില്ല.18എന്നാൽ ഏഴാം ദിവസം കുഞ്ഞു മരിച്ചുപോയി. കുഞ്ഞു മരിച്ചു എന്ന് ദാവീദിനെ അറിയിപ്പാൻ ഭൃത്യന്മാർ ഭയപ്പെട്ടു: “കുഞ്ഞു ജീവനോടിരുന്ന സമയം നമ്മൾ അവനോട് സംസാരിച്ചിട്ട് അവൻ നമ്മുടെ വാക്ക് കേൾക്കാതിരിക്കെ കുഞ്ഞു മരിച്ചുപോയി എന്ന് നാം അവനോട് എങ്ങനെ പറയും? അവൻ തനിക്കുതന്നെ വല്ല നാശം വരുത്തും” എന്ന് അവർ പറഞ്ഞു.
19ഭൃത്യന്മാർ തമ്മിൽ ചെവിയിൽ മന്ത്രിക്കുന്നതു കണ്ടപ്പോൾ കുഞ്ഞു മരിച്ചുപോയി എന്ന് ദാവീദ് ഗ്രഹിച്ചു, തന്റെ ഭൃത്യന്മാരോട്: “കുഞ്ഞു മരിച്ചുപോയോ?” എന്നു ചോദിച്ചു; “മരിച്ചുപോയി” എന്ന് അവർ പറഞ്ഞു.20ഉടനെ ദാവീദ് നിലത്തുനിന്ന് എഴുന്നേറ്റു കുളിച്ചു തൈലം പൂശി വസ്ത്രം മാറി യഹോവയുടെ ആലയത്തിൽ ചെന്നു നമസ്കരിച്ചു; അരമനയിൽ വന്നു; അവന്റെ കല്പനപ്രകാരം അവർ ഭക്ഷണം അവന്റെ മുമ്പിൽവച്ചു അവൻ ഭക്ഷിച്ചു.
21അവന്റെ ഭൃത്യന്മാർ അവനോട്: “നീ ഈ ചെയ്തിരിക്കുന്നത് എന്ത്? കുഞ്ഞു ജീവനോടിരുന്നപ്പോൾ നീ അവനുവേണ്ടി ഉപവസിച്ചു കരഞ്ഞു; എന്നാൽ കുഞ്ഞു മരിച്ചശേഷം നീ എഴുന്നേറ്റ് ഭക്ഷണം കഴിച്ചുവല്ലോ” എന്നു ചോദിച്ചു.22അതിന് അവൻ: “കുഞ്ഞു ജീവനോടിരുന്നപ്പോൾ ഞാൻ ഉപവസിച്ചു കരഞ്ഞു; കുഞ്ഞു ജീവിച്ചിരിക്കേണ്ടതിന് യഹോവ എന്നോട് ദയ ചെയ്യുമോ ഇല്ലയോ? ആർക്കറിയാം എന്ന് ഞാൻ വിചാരിച്ചു.23ഇപ്പോഴോ അവൻ മരിച്ചുപോയി; ഇനി ഞാൻ ഉപവസിക്കുന്നത് എന്തിന്? അവനെ മടക്കിവരുത്തുവാൻ എനിക്ക് കഴിയുമോ? ഞാൻ അവന്റെ അടുക്കലേക്ക് പോകയല്ലാതെ അവൻ എന്റെ അടുക്കലേക്ക് മടങ്ങിവരികയില്ലല്ലോ” എന്നു പറഞ്ഞു.
24പിന്നെ ദാവീദ് തന്റെ ഭാര്യയായ ബത്ത്-ശേബയെ ആശ്വസിപ്പിച്ച് അവളുടെ അടുക്കൽ ചെന്ന് അവളോടുകൂടെ ശയിച്ചു; അവൾ ഒരു മകനെ പ്രസവിച്ചു; അവൻ അവന് ശലോമോൻ എന്ന് പേരിട്ടു. യഹോവ അവനെ സ്നേഹിച്ചു.25യഹോവ നാഥാൻ പ്രവാചകൻ മുഖാന്തരം ഒരു സന്ദേശം അയച്ചു; നാഥാൻ യഹോവ നിമിത്തം ശലോമോന് യെദീദ്യാവ് എന്നു പേർ വിളിച്ചു.

26എന്നാൽ യോവാബ് അമ്മോന്യരുടെ രബ്ബയോട് പൊരുതി രാജനഗരം പിടിച്ചു.27യോവാബ് ദാവീദിന്റെ അടുക്കൽ സന്ദേശവാഹകരെ അയച്ചു: “ഞാൻ രബ്ബയോട് പൊരുതി ജലനഗരം പിടിച്ചിരിക്കുന്നു.28ആകയാൽ ഞാൻ നഗരം പിടിച്ചിട്ട് കീർത്തി എനിക്കാകാതിരിക്കേണ്ടതിന് നീ ശേഷം ജനത്തെ ഒരുമിച്ചുകൂട്ടി നഗരത്തിന് നേരെ പാളയം ഇറങ്ങി അതിനെ പിടിച്ചുകൊൾക” എന്നു പറയിച്ചു.
29അങ്ങനെ ദാവീദ് ജനത്തെ ഒക്കെയും ഒന്നിച്ചുകൂട്ടി രബ്ബയിലേക്കു ചെന്നു യുദ്ധം ചെയ്ത് അതിനെ പിടിച്ചു.30അവൻ അവരുടെ രാജാവിന്റെ കിരീടം അവന്റെ തലയിൽനിന്ന് എടുത്തു; അതിന്റെ തൂക്കം ഒരു താലന്ത് പൊന്ന്; അതിന്മേൽ രത്നം പതിച്ചിരുന്നു; അവർ അത് ദാവീദിന്റെ തലയിൽവച്ചു; അവൻ നഗരത്തിൽനിന്ന് അനവധി കൊള്ളയും കൊണ്ടുപോന്നു.
31രബ്ബയിലെ ജനത്തെയും അവൻ പുറത്തു കൊണ്ടുവന്ന് അവരെ അറക്കവാൾക്കാരും മെതിവണ്ടിക്കാരും കോടാലിക്കാരുമാക്കി; അവരെക്കൊണ്ട് ഇഷ്ടികച്ചൂളയിലും വേല ചെയ്യിച്ചു; അമ്മോന്യരുടെ എല്ലാപട്ടണങ്ങളോടും അവൻ അങ്ങനെ തന്നെ ചെയ്തു. പിന്നെ ദാവീദും സകല ജനവും യെരൂശലേമിലേക്ക് മടങ്ങിപ്പോന്നു.

13

1അതിന്റെ ശേഷം സംഭവിച്ചത്: ദാവീദിന്റെ മകനായ അബ്ശാലോമിന് സൗന്ദര്യമുള്ള ഒരു സഹോദരി ഉണ്ടായിരുന്നു; അവൾക്ക് താമാർ എന്ന് പേർ; ദാവീദിന്റെ മകനായ അമ്നോന് അവളിൽ പ്രേമം ജനിച്ചു.2തന്റെ സഹോദരിയായ താമാർ നിമിത്തം കാമംമുഴുത്തിട്ട് അമ്നോൻ രോഗിയായ്തീർന്നു. അവൾ കന്യകയാകയാൽ അവളോട് വല്ലതും ചെയ്‌വാൻ അമ്നോന് പ്രയാസം തോന്നി.

3എന്നാൽ അമ്നോന് ദാവീദിന്റെ ജ്യേഷ്ഠനായ ശിമെയയുടെ മകനായി യോനാദാബ് എന്നു പേരുള്ള ഒരു സ്നേഹിതൻ ഉണ്ടായിരുന്നു; യോനാദാബ് വലിയ ഉപായി ആയിരുന്നു.4അവൻ അവനോട്: “നീ നാൾക്കുനാൾ ഇങ്ങനെ ക്ഷീണിച്ചുവരുന്നത് എന്ത്, രാജകുമാരാ? എന്നോട് പറയുകയില്ലയോ?” എന്നു ചോദിച്ചു. അമ്നോൻ അവനോട് : “എന്റെ സഹോദരനായ അബ്ശാലോമിന്റെ പെങ്ങൾ താമാരിൽ എനിക്ക് പ്രേമം ജനിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
5യോനാദാബ് അവനോട്: “നീ രോഗംനടിച്ച് കിടക്കയിൽ കിടന്നുകൊൾക; നിന്നെ കാണ്മാൻ നിന്റെ അപ്പൻ വരുമ്പോൾ നീ അവനോട്: ‘എന്റെ സഹോദരിയായ താമാർ വന്ന് എന്നെ ഒന്നു ഭക്ഷണം കഴിപ്പിക്കേണം; അവളുടെ കയ്യിൽനിന്നു വാങ്ങി ഭക്ഷിക്കേണ്ടതിന് ഞാൻ കാൺകെ അവൾ എന്റെ മുമ്പിൽവച്ചുതന്നെ ഭക്ഷണം ഒരുക്കേണം എന്ന് അപേക്ഷിക്കുന്നു’ എന്നു പറഞ്ഞുകൊൾക.”

6അങ്ങനെ അമ്നോൻ രോഗം നടിച്ചു കിടന്നു; രാജാവ് അവനെ കാണ്മാൻ വന്നപ്പോൾ അമ്നോൻ രാജാവിനോട്: “എന്റെ സഹോദരിയായ താമാർ വന്ന് ഞാൻ അവളുടെ കയ്യിൽനിന്നു വാങ്ങി ഭക്ഷിക്കേണ്ടതിന് എന്റെ മുമ്പിൽവച്ചുതന്നെ ഒന്ന് രണ്ട് വടകളെ ഉണ്ടാക്കട്ടെ” എന്നു പറഞ്ഞു.
7ഉടനെ ദാവീദ് അരമനയിൽ താമാരിന്റെ അടുക്കൽ ആളയച്ചു: “നിന്റെ സഹോദരനായ അമ്നോന്റെ വീട്ടിൽ ചെന്ന് അവന് ഭക്ഷണം ഉണ്ടാക്കിക്കൊടുക്ക” എന്നു പറയിച്ചു.8താമാർ തന്റെ സഹോദരനായ അമ്നോന്റെ വീട്ടിൽ ചെന്നു; അവൻ കിടക്കുകയായിരുന്നു. അവൾ മാവ് എടുത്തു കുഴച്ച് അവന്റെ മുമ്പിൽവച്ചുതന്നെ വടകളായി ചുട്ടു.9ഉരുളിയോടെ എടുത്ത് അത് അവന്റെ മുമ്പിൽ വിളമ്പി; എന്നാൽ അവൻ ഭക്ഷിപ്പാൻ കൂട്ടാക്കിയില്ല. “എല്ലാവരെയും എന്റെ അടുക്കൽനിന്ന് പുറത്താക്കുവിൻ” എന്ന് അമ്നോൻ പറഞ്ഞു. എല്ലാവരും അവന്റെ അടുക്കൽനിന്ന് പുറത്തുപോയി.
10അപ്പോൾ അമ്നോൻ താമാരിനോട്: “ഞാൻ നിന്റെ കയ്യിൽനിന്ന് വാങ്ങി ഭക്ഷിക്കേണ്ടതിന് ഭക്ഷണം ഉൾമുറിയിൽ കൊണ്ടുവരിക” എന്നു പറഞ്ഞു. താമാർ താൻ ഉണ്ടാക്കിയ വടകളെ എടുത്ത് ഉൾമുറിയിൽ സഹോദരനായ അമ്നോന്റെ അടുക്കൽകൊണ്ടുചെന്നു.11അവൻ ഭക്ഷിക്കേണ്ടതിന് അവൾ അവയെ അവന്റെ അടുക്കൽ കൊണ്ടുചെന്നപ്പോൾ അവൻ അവളെ പിടിച്ച് അവളോടു: “സഹോദരീ, വന്ന് എന്നോടുകൂടെ ശയിക്ക” എന്നു പറഞ്ഞു.12അവൾ അവനോട്: “എന്റെ സഹോദരാ, അരുതേ; എന്നെ നിർബന്ധിക്കരുതേ; യിസ്രായേലിൽ ഇത് കൊള്ളരുതാത്തതല്ലോ; ഈ വഷളത്വം ചെയ്യരുതേ.
13എന്റെ അപമാനം ഞാൻ എവിടെ കൊണ്ടുപോയി വയ്ക്കും? നീയും യിസ്രായേലിൽ വഷളന്മാരുടെ കൂട്ടത്തിൽ ആയിപ്പോകുമല്ലോ. നീ രാജാവിനോട് പറക അവൻ എന്നെ നിനക്ക് തരാതിരിക്കയില്ല” എന്നു പറഞ്ഞു.14എന്നാൽ അവൻ, അവളുടെ വാക്ക് കേൾപ്പാൻ മനസ്സില്ലാതെ, അവളെക്കാൾ ബലമുള്ളവനാകകൊണ്ട് ബലാല്ക്കാരം ചെയ്ത് അവളോടുകൂടെ ശയിച്ചു.
15പിന്നെ അമ്നോൻ അവളെ അത്യന്തം വെറുത്തു; അവൻ അവളെ സ്നേഹിച്ച സ്നേഹത്തെക്കാൾ അവളെ വെറുത്ത വെറുപ്പ് വലുതായിരുന്നു. “എഴുന്നേറ്റു പോക” എന്ന് അമ്നോൻ അവളോടു പറഞ്ഞു;16അവൾ അവനോട്: “അങ്ങനെയരുത്; നീ എന്നോട് ചെയ്ത മറ്റെ ദോഷത്തെക്കാൾ എന്നെ പുറത്താക്കിക്കളയുന്ന ഈ ദോഷം ഏറ്റവും വലുതായിരിക്കുന്നു” എന്നു പറഞ്ഞു. എന്നാൽ അവന് അവളുടെ വാക്കു കേൾപ്പാൻ മനസ്സായില്ല.17അവൻ തനിക്ക് ശുശ്രൂഷചെയ്യുന്ന ബാല്യക്കാരനെ വിളിച്ച് അവനോട്: “ഇവളെ ഇവിടെനിന്ന് പുറത്താക്കി വാതിൽ അടച്ചുകളക” എന്നു പറഞ്ഞു.
18അവൾ നിലയങ്കി ധരിച്ചിരിന്നു; രാജകുമാരികളായ കന്യകമാർ ഇങ്ങനെയുള്ള വസ്ത്രം ധരിക്ക പതിവായിരുന്നു. അവന്റെ ബാല്യക്കാരൻ അവളെ പുറത്തിറക്കി വാതിൽ അടച്ചുകളഞ്ഞു.19അപ്പോൾ താമാർ തലയിൽ ചാരം വാരിയിട്ട് താൻ ധരിച്ചിരുന്ന നിലയങ്കി കീറി, തലയിൽ കയ്യുംവച്ച് നിലവിളിച്ചുംകൊണ്ട് പോയി .
20അവളുടെ സഹോദരനായ അബ്ശാലോം അവളോട്: “നിന്റെ സഹോദരനായ അമ്നോൻ നിന്റെ അടുക്കൽ ആയിരുന്നുവോ? എന്നാൽ എന്റെ സഹോദരീ, ഇപ്പോൾ സമാധാനമായിരിക്ക; അവൻ നിന്റെ സഹോദരനല്ലോ; ഈ കാര്യം മനസ്സിൽ വയ്ക്കരുത് ” എന്നു പറഞ്ഞു. അങ്ങനെ താമാർ തന്റെ സഹോദരനായ അബ്ശാലോമിന്റെ വീട്ടിൽ ഏകാകിയായി പാർത്തു.21ദാവീദ്‌ രാജാവ് ഈ കാര്യം ഒക്കെയും കേട്ടപ്പോൾ അവന്റെ കോപം ഏറ്റവും ജ്വലിച്ചു.22എന്നാൽ അബ്ശാലോം അമ്നോനോട് ഗുണമോ ദോഷമോ ഒന്നും സംസാരിച്ചില്ല; തന്റെ സഹോദരിയായ താമാരിനെ അമ്നോൻ ബലാൽക്കാരം ചെയ്തതുകൊണ്ട് അബ്ശാലോം അവനെ വെറുത്തു.
23രണ്ട് വർഷം കഴിഞ്ഞശേഷം അബ്ശാലോമിന് എഫ്രയീമിന് സമീപത്തുള്ള ബാൽഹാസോരിൽ ആടുകളെ രോമം കത്രിക്കുന്ന ഉത്സവം ഉണ്ടായിരുന്നു; അബ്ശാലോം രാജകുമാരന്മാരെയൊക്കെയും ക്ഷണിച്ചു.24അബ്ശാലോം രാജാവിന്റെ അടുക്കലും ചെന്നു: “അടിയന് ആടുകളെ രോമം കത്രിക്കുന്ന ഉത്സവം ഉണ്ട്; രാജാവും ഭൃത്യന്മാരും അടിയനോടുകൂടെ വരേണമേ” എന്നപേക്ഷിച്ചു.
25രാജാവ് അബ്ശാലോമിനോട്: “വേണ്ട മകനേ, ഞങ്ങൾ എല്ലാവരും വന്നാൽ നിനക്ക് ഭാരമാകും” എന്നു പറഞ്ഞു. അവൻ രാജാവിനെ നിർബ്ബന്ധിച്ചിട്ടും പോകാതെ രാജാവ് അവനെ അനുഗ്രഹിച്ചു.26അപ്പോൾ അബ്ശാലോം: “അങ്ങനെയെങ്കിൽ എന്റെ സഹോദരൻ അമ്നോൻ ഞങ്ങളോടുകൂടെ പോരട്ടെ” എന്നു പറഞ്ഞു. രാജാവ് അവനോട്: “അവൻ നിന്നോടുകൂടെ വരുന്നതു എന്തിന്?” എന്നു പറഞ്ഞു.
27എങ്കിലും അബ്ശാലോം നിർബന്ധിച്ചപ്പോൾ അവൻ അമ്നോനെയും രാജകുമാരന്മാരെയൊക്കെയും അവനോടുകൂടെ അയച്ചു.28എന്നാൽ അബ്ശാലോം തന്റെ ബാല്യക്കാരോട്: “നോക്കിക്കൊൾവിൻ; അമ്നോൻ വീഞ്ഞുകുടിച്ച് ആനന്ദിച്ചിരിക്കുന്നേരം ‘അമ്നോനെ അടിക്കുവീൻ’ എന്ന് ഞാൻ നിങ്ങളോട് പറയുമ്പോൾ അവനെ കൊല്ലണം; ഭയപ്പെടരുത്; ഞാനല്ലയോ നിങ്ങളോട് കല്പിച്ചത്? നിങ്ങൾ ധൈര്യപ്പെട്ടു വീരന്മാരായിരിപ്പിൻ” എന്നു കല്പിച്ചു.29അബ്ശാലോം കല്പിച്ചതുപോലെ അബ്ശാലോമിന്റെ ബാല്യക്കാർ അമ്നോനോട് ചെയ്തു. അപ്പോൾ രാജകുമാരന്മാരൊക്കെയും എഴുന്നേറ്റ് താന്താന്റെ കോവർകഴുതപ്പുറത്ത് കയറി ഓടിപ്പോയി.
30അവർ വഴിയിൽ ആയിരിക്കുമ്പോൾ തന്നെ: അബ്ശാലോം രാജകുമാരന്മാരെയൊക്കെയും കൊന്നുകളഞ്ഞു; അവരിൽ ഒരുത്തനും ശേഷിച്ചില്ല എന്ന് ദാവീദിന് വാർത്ത എത്തി.31അപ്പോൾ രാജാവ് എഴുന്നേറ്റ് വസ്ത്രംകീറി നിലത്തു കിടന്നു; അവന്റെ സകലഭൃത്യന്മാരും വസ്ത്രം കീറി അരികെ നിന്നു.
32എന്നാൽ ദാവീദിന്റെ ജ്യേഷ്ഠനായ ശിമെയയുടെ മകനായ യോനാദാബ് പറഞ്ഞത്: “അവർ രാജകുമാരന്മാരായ യുവാക്കളെ ഒക്കെയും കൊന്നുകളഞ്ഞു എന്ന് യജമാനൻ വിചാരിക്കരുത്; അമ്നോൻ മാത്രമേ മരിച്ചിട്ടുള്ളു; തന്റെ സഹോദരിയായ താമാരിനെ അവൻ ബലാല്ക്കാരം ചെയ്ത ദിവസം മുതൽ അബ്ശാലോമിന്റെ മുഖത്ത് ഈ നിർണ്ണയം കാണ്മാൻ ഉണ്ടായിരുന്നു.33ആകയാൽ രാജകുമാരന്മാർ ഒക്കെയും മരിച്ചുപോയി എന്നുള്ള വാർത്ത യജമാനനായ രാജാവ് വിശ്വസിക്കരുതേ; അമ്നോൻ മാത്രമേ മരിച്ചിട്ടുള്ളൂ.”
34എന്നാൽ അബ്ശാലോം ഓടിപ്പോയി. കാവൽനിന്നിരുന്ന യൗവനക്കാരൻ തല ഉയർത്തിനോക്കിയപ്പോൾ വളരെ ജനം അവന്റെ പിമ്പിലുള്ള മലഞ്ചരിവുവഴിയായി വരുന്നത് കണ്ടു.35അപ്പോൾ യോനാദാബ് രാജാവിനോട്: “ഇതാ, രാജകുമാരന്മാർ വരുന്നു; അടിയൻ പറഞ്ഞതുപോലെതന്നെ” എന്നു പറഞ്ഞു.36അവൻ സംസാരിച്ചു തീർന്നപ്പോഴെക്കും രാജകുമാരന്മാർ വന്നു ഉറക്കെ കരഞ്ഞു. രാജാവും സകലഭൃത്യന്മാരും അതിദുഖത്തോടെ കരഞ്ഞു.
37എന്നാൽ അബ്ശാലോം ഓടിപ്പോയി അമ്മീഹൂദിന്റെ മകനായി ഗെശൂർരാജാവായ താല്മായിയുടെ അടുക്കൽ ചെന്നു. ദാവീദോ ഓരോ ദിവസവും തന്റെ മകനെക്കുറിച്ച് ദുഃഖിച്ചുകൊണ്ടിരുന്നു.

38ഇങ്ങനെ അബ്ശാലോം ഗെശൂരിലേക്ക് ഓടിപ്പോയി മൂന്നു വർഷം അവിടെ താമസിച്ചു.39എന്നാൽ ദാവീദ്‌ രാജാവ് അബ്ശാലോമിനെ കാണ്മാൻ വാഞ്ഛിച്ചു; മരിച്ചുപോയ അമ്നോനെക്കുറിച്ചുള്ള ദുഃഖത്തിന് ആശ്വാസം വന്നിരുന്നു.

14

1രാജാവിന്റെ ഹൃദയം അബ്ശാലോമിനെക്കുറിച്ച് വിചാരപ്പെടുന്നു എന്ന് സെരൂയയുടെ മകനായ യോവാബ് ഗ്രഹിച്ചപ്പോൾ തെക്കോവയിലേക്ക് ആളയച്ചു2അവിടെനിന്ന് വിവേകവതിയായ ഒരു സ്ത്രീയെ വരുത്തി അവളോട്: “മരിച്ചുപോയവനെക്കുറിച്ച് ഏറിയനാളായിട്ട് ദുഃഖിച്ചുകൊണ്ടിരിക്കുന്ന ഭാര്യയുടെ ഭാവത്തിൽ നീ ദുഃഖംനടിച്ചും, ദുഃഖവസ്ത്രം ധരിച്ചും, തൈലം പൂശാതെയും3രാജാവിന്റെ അടുക്കൽ ചെന്ന് അവനോട് ഇപ്രകാരം സംസാരിക്കേണം” എന്നു പറഞ്ഞു; യോവാബ് വാക്കുകൾ അവൾക്ക് ഉപദേശിച്ചുകൊടുത്തു.

4ഇങ്ങനെ തെക്കോവക്കാരത്തിയായ സ്ത്രീ രാജാവിനോട് സംസാരിപ്പാൻ ചെന്ന് സാഷ്ടാംഗം വീണു നമസ്കരിച്ചു: “രാജാവേ, സഹായിക്കേണമേ” എന്നു പറഞ്ഞു.5രാജാവ് അവളോട്: “നിനക്ക് എന്ത് സംഭവിച്ചു?” എന്ന് ചോദിച്ചതിന് അവൾ പറഞ്ഞത്: “ഞാൻ ഒരു വിധവ ആകുന്നു; എന്റെ ഭർത്താവ് മരിച്ചുപോയി.6എന്നാൽ അങ്ങയുടെ ഈ ദാസിക്ക് രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; അവർ വയലിൽവച്ച് തമ്മിൽ കലഹിച്ചു; അവരെ പിടിച്ചുമാറ്റുവാൻ ആരും ഇല്ലായ്കകൊണ്ട് ഒരുവൻ മറ്റവനെ അടിച്ചുകൊന്നു.
7ഇപ്പോൾ കുടുംബം മുഴുവനും അങ്ങയുടെ ഈ ദാസിയുടെ നേരെ എഴുന്നേറ്റ്: ‘സഹോദരനെ കൊന്നവനെ വിട്ടുതരിക; അവൻ കൊന്ന സഹോദരന്റെ ജീവന് പകരം അവനെ കൊന്ന് അങ്ങനെ അവകാശിയെയും നശിപ്പിക്കും’ എന്നു പറയുന്നു; ഇങ്ങനെ അവർ എന്റെ ഭർത്താവിന് പേരും സന്തതിയും ഭൂമിയിൽ വെച്ചേക്കാതെ എനിക്ക് ശേഷിച്ചിരിക്കുന്ന കനലും കെടുത്തികളവാൻ ഭാവിക്കുന്നു.”
8രാജാവ് സ്ത്രീയോട്: “നിന്റെ വീട്ടിലേക്ക് പോക; ഞാൻ നിന്റെ കാര്യത്തിൽ ആജ്ഞ കൊടുക്കും” എന്നു പറഞ്ഞു.9ആ തെക്കോവക്കാരത്തി രാജാവിനോട്: “എന്റെ യജമാനനായ രാജാവേ, കുറ്റം എന്റെമേലും എന്റെ പിതൃഭവനത്തിന്മേലും ഇരിക്കട്ടെ; രാജാവിനും സിംഹാസനത്തിനും കുറ്റമില്ലാതെ ഇരിക്കട്ടെ” എന്നു പറഞ്ഞു.
10അതിന് രാജാവ്: “നിന്നോട് വല്ലതും പറയുന്നവനെ എന്റെ അടുക്കൽ കൊണ്ടുവരിക; അവൻ പിന്നെ നിന്നെ തൊടുകയില്ല” എന്നു പറഞ്ഞു.11“രക്തപ്രതികാരകൻ അധികം സംഹാരം ചെയ്കയും എന്റെ മകനെ അവർ നശിപ്പിക്കയും ചെയ്യാതിരിക്കേണ്ടതിന് രാജാവ് ദൈവമായ യഹോവയെ ഓർക്കേണമേ” എന്ന് അവൾ പറഞ്ഞു. അതിന് അവൻ: “യഹോവയാണ, നിന്റെ മകന്റെ ഒരു മുടിപോലും നിലത്തു വീഴുകയില്ല” എന്നു പറഞ്ഞു.
12അപ്പോൾ ആ സ്ത്രീ: “യജമാനനായ രാജാവിനോട് അങ്ങയുടെ ഈ ദാസി ഒരു വാക്ക് ബോധിപ്പിച്ചുകൊള്ളട്ടെ” എന്നു പറഞ്ഞു. “പറയുക” എന്ന് അവൻ പറഞ്ഞു.13ആ സ്ത്രീ പറഞ്ഞത്: “ഇങ്ങനെയുള്ള കാര്യം അങ്ങ് ദൈവത്തിന്റെ ജനത്തിന് വിരോധമായി വിചാരിക്കുന്നത് എന്ത്? രാജാവ് തന്റെ ഭ്രഷ്ടനെ മടക്കിവരുത്താഞ്ഞതിനാൽ ഇപ്പോൾ കല്പിച്ച വചനംകൊണ്ട് രാജാവുതന്നെ കുറ്റക്കാരനെന്ന് വന്നുവല്ലോ.14നാം മരിക്കേണ്ടുന്നവരല്ലോ: നിലത്ത് ഒഴിച്ചുകളഞ്ഞതും വീണ്ടും ചേർത്തുകൂടാത്തതുമായ വെള്ളംപോലെ ഇരിക്കുന്നു; ദൈവം ജീവനെ എടുത്തുകളയാതെ ഭ്രഷ്ടനായവൻ തനിക്കു ഇനിയും ഭ്രഷ്ടനായിരിക്കാതവണ്ണം മാർഗ്ഗം ചിന്തിക്കുന്നു.
15ജനം എന്നെ ഭയപ്പെടുത്തുകകൊണ്ടാകുന്നു ഇപ്പോൾ ഞാൻ എന്റെ യജമാനനായ രാജാവിനോട് ഈ കാര്യം പറയുവാൻ വന്നത്. അങ്ങയുടെ ദാസി പറഞ്ഞത്: ‘ഞാൻ ഇപ്പോൾ രാജാവിനോടു സംസാരിക്കും തന്റെ ദാസിയുടെ അപേക്ഷ പ്രകാരം രാജാവ് ചെയ്യുമായിരിക്കും;16രാജാവ് അടിയനെ കേൾക്കുകയും എന്നെയും എന്റെ മകനെയും ഒന്നിച്ച് ദൈവത്തിന്റെ അവകാശത്തിൽനിന്ന് നശിപ്പിപ്പാൻ ഭാവിക്കുന്നവന്റെ കയ്യിൽനിന്നു വിടുവിക്കുകയും ചെയ്യും.17എന്റെ യജമാനനായ രാജാവിന്റെ കല്പന ഇപ്പോൾ ആശ്വാസമായിരിക്കും; ഗുണവും ദോഷവും തിരിച്ചറിവാൻ എന്റെ യജമാനനായ രാജാവ് ഒരു ദൈവദൂതനെപ്പോലെ ഇരിക്കുന്നു’ എന്നും അടിയൻ പറഞ്ഞു. അതുകൊണ്ടു നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ.”
18രാജാവ് സ്ത്രീയോട്: “ഞാൻ നിന്നോട് ചോദിക്കുന്നതൊന്നും എന്നിൽനിന്ന് മറെച്ചുവയ്ക്കരുത് ” എന്നു പറഞ്ഞു. “എന്റെ യജമാനനായ രാജാവ് കല്പിച്ചാലും” എന്നു സ്ത്രീ പറഞ്ഞു.19അപ്പോൾ രാജാവ്: “നിന്റെകൂടെ ഇതിലൊക്കെയും യോവാബിന്റെ കൈ ഇല്ലയോ?” എന്നു ചോദിച്ചതിന് സ്ത്രീ ഉത്തരം പറഞ്ഞത്: “എന്റെ യജമാനനായ രാജാവേ, നിന്റെ ജീവനാണ, എന്റെ യജമാനനായ രാജാവ് അരുളിച്ചെയ്താൽ വലത്തോട്ടോ ഇടത്തോട്ടോ ആർക്കും മാറിക്കൂടാ; നിന്റെ ഭൃത്യനായ യോവാബ് തന്നെ ആകുന്നു ഇത് അടിയനോട് കല്പിച്ചത്; അവൻ തന്നെ ഈ വാചകമൊക്കെയും അടിയന് ഉപദേശിച്ചുതന്നത്.20കാര്യങ്ങളെല്ലാം നേരെയാക്കാനാണ് നിന്റെ ഭൃത്യനായ യോവാബ് ഇത് ചെയ്തിരിക്കുന്നു; എന്നാൽ ഭൂമിയിലുള്ളതൊക്കെയും അറിവാൻ ഒരു ദൈവദൂതന്റെ ജ്ഞാനത്തിന്നൊത്തവണ്ണം എന്റെ യജമാനൻ ജ്ഞാനമുള്ളവനാകുന്നു.”
21രാജാവ് യോവാബിനോട്: “ശരി, ഞാൻ ഈ കാര്യം സമ്മതിച്ചിരിക്കുന്നു; അതുകൊണ്ട് നീ ചെന്ന് അബ്ശാലോംകുമാരനെ തിരിച്ച് കൊണ്ടുവരിക” എന്നു കല്പിച്ചു.22അപ്പോൾ യോവാബ് സാഷ്ടാംഗം വീണു നമസ്കരിച്ചു രാജാവിനെ അഭിനന്ദിച്ചു: “എന്റെ യജമാനനായ രാജാവേ, അടിയന്റെ അപേക്ഷപോലെ രാജാവ് ചെയ്തതുകൊണ്ട് അടിയന് തിരുമുമ്പിൽ കൃപ ലഭിച്ചു എന്ന് അടിയൻ ഇന്ന് അറിയുന്നു” എന്നു യോവാബ് പറഞ്ഞു.
23അങ്ങനെ യോവാബ് പുറപ്പെട്ട് ഗെശൂരിൽ ചെന്ന് അബ്ശാലോമിനെ യെരൂശലേമിലേക്ക് കൂട്ടിക്കൊണ്ടുവന്നു.24എന്നാൽ രാജാവ്: “അവൻ തന്റെ വീട്ടിലേക്ക് പോകട്ടെ; എന്റെ മുഖം അവൻ കാണരുത്” എന്നു കല്പിച്ചു. അങ്ങനെ അബ്ശാലോം തന്റെ സ്വഭവനത്തിലേക്ക് മടങ്ങിപോയി; രാജാവിന്റെ മുഖം കണ്ടതുമില്ല.

25എന്നാൽ എല്ലായിസ്രായേലിലും സൗന്ദര്യംകൊണ്ട് അബ്ശാലോമിനോളം പ്രകീർത്തിക്കപ്പെട്ട ഒരുത്തനും ഉണ്ടായിരുന്നില്ല; അടിതൊട്ട് മുടിവരെ അവന് ഒരു ന്യൂനതയും ഇല്ലായിരുന്നു.26അവൻ തന്റെ തലമുടി എല്ലാ വർഷത്തിന്റെയും അവസാനം കത്രിപ്പിച്ചുകളയും; അത് തനിക്ക് ഭാരമായിരിക്കയാൽ അത്രേ കത്രിപ്പിച്ചത്; അവന്റെ തലമുടി കത്രിച്ചാൽ രാജതൂക്കത്തിന് ഇരുനൂറ് ശേക്കെൽ കാണും.27അബ്ശാലോമിന് മൂന്നു പുത്രന്മാരും താമാർ എന്നു പേരുള്ള ഒരു മകളും ജനിച്ചിരുന്നു; അവൾ സൗന്ദര്യമുള്ള സ്ത്രീ ആയിരുന്നു.
28രാജാവിന്റെ മുഖം കാണാതെ അബ്ശാലോം രണ്ടു വർഷം മുഴുവനും യെരൂശലേമിൽ പാർത്തു.29ആകയാൽ അബ്ശാലോം യോവാബിനെ രാജാവിന്റെ അടുക്കൽ അയക്കേണ്ടതിന് അവനെ വിളിപ്പാൻ ആളയച്ചു. എന്നാൽ അവൻ അവന്റെ അടുക്കൽ ചെന്നില്ല. രണ്ടാമത് പറഞ്ഞയച്ചിട്ടും അവൻ ചെന്നില്ല.
30അതുകൊണ്ട് അവൻ തന്റെ ഭൃത്യന്മാരോട്: “ഇതാ, എന്റെ നിലത്തിന്നരികെ യോവാബിന് ഒരു നിലം ഉണ്ടല്ലോ; അതിൽ യവം വിളഞ്ഞുകിടക്കുന്നു; പോയി അത് തീവച്ച് ചുട്ടുകളവിൻ” എന്നു പറഞ്ഞു. അങ്ങനെ അബ്ശാലോമിന്റെ ഭൃത്യന്മാർ ആ കൃഷി ചുട്ടുകളഞ്ഞു.31അപ്പോൾ യോവാബ് എഴുന്നേറ്റ് അബ്ശാലോമിന്റെ വീട്ടിൽ ചെന്ന് അവനോട്: “നിന്റെ ഭൃത്യന്മാർ എന്റെ കൃഷി ചുട്ടുകളഞ്ഞത് എന്ത്?” എന്നു ചോദിച്ചു.
32അബ്ശാലോം യോവാബിനോട്: “ഞാൻ ഗെശൂരിൽനിന്ന് എന്തിന് വന്നിരിക്കുന്നു? ഞാൻ അവിടെത്തന്നെ പാർത്തിരുന്നെങ്കിൽ കൊള്ളായിരുന്നു എന്ന് രാജാവിനോട് പറയുവാൻ നിന്നെ അവന്റെ അടുക്കൽ അയക്കേണ്ടതിന് നീ ഇവിടെ വരേണം എന്ന് ഞാൻ പറഞ്ഞയച്ചുവല്ലോ; എനിക്ക് ഇപ്പോൾ രാജാവിന്റെ മുഖം കാണേണം; എന്നിൽ കുറ്റം ഉണ്ടെങ്കിൽ അവൻ എന്നെ കൊല്ലട്ടെ” എന്നു പറഞ്ഞു.33യോവാബ് രാജാവിന്റെ അടുക്കൽ ചെന്ന് വസ്തുത അറിയിച്ചു; അവൻ അബ്ശാലോമിനെ വിളിപ്പിച്ചു; അവൻ രാജാവിന്റെ അടുക്കൽ ചെന്ന് രാജാവിന്റെ മുമ്പാകെ സാഷ്ടാംഗം വീണു നമസ്കരിച്ചു; രാജാവ് അബ്ശാലോമിനെ ചുംബിച്ചു.

15

1പിന്നീട് അബ്ശാലോം ഒരു രഥത്തെയും കുതിരകളെയും തന്റെ മുമ്പിൽ ഓടുവാൻ അമ്പത് ആളുകളെയും സമ്പാദിച്ചു.2അബ്ശാലോം അതികാലത്ത് എഴുന്നേറ്റ് പടിവാതില്ക്കൽ വഴിയരികെ നില്ക്കും; എപ്പോഴെങ്കിലും ഒരാൾക്ക് വ്യവഹാരം ഉണ്ടായിട്ട് രാജാവിന്റെ അടുക്കൽ തീരുമാനത്തിനായി വരുമ്പോൾ അബ്ശാലോം അവനെ വിളിച്ച്: “നീ ഏത് പട്ടണത്തിൽ നിന്നുള്ളവൻ” എന്നു ചോദിക്കും; “അടിയൻ യിസ്രായേലിൽ ഇന്ന ഗോത്രക്കാരൻ” എന്ന് അവൻ പറയുമ്പോൾ

3അബ്ശാലോം അവനോട്: “ഇതാ, നിന്റെ കാര്യം ന്യായവും നേരുമുള്ളത്; എങ്കിലും നിന്റെ കാര്യം കേൾപ്പാൻ രാജാവിന് പ്രതിനിധികളില്ലല്ലോ” എന്നു പറയും.4“ഹാ, വഴക്കും വ്യവഹാരവും ഉള്ളവരൊക്കെയും എന്റെ അടുക്കൽ വന്നിട്ട് ഞാൻ അവർക്ക് ന്യായം നടത്താൻ തക്കവണ്ണം എന്നെ രാജ്യത്ത് ന്യായാധിപനാക്കിയെങ്കിൽ കൊള്ളായിരുന്നു” എന്നും അബ്ശാലോം പറയും.
5എപ്പോഴെങ്കിലും ഒരാൾ അവനെ നമസ്കരിപ്പാൻ അടുത്തു ചെന്നാൽ അവൻ കൈ നീട്ടി അവനെ പിടിച്ചു ചുംബനം ചെയ്യും.6രാജാവിന്റെ അടുക്കൽ ന്യായവിസ്താരത്തിന് വരുന്ന എല്ലായിസ്രായേലിനോടും അബ്ശാലോം ഇങ്ങനെതന്നെ ചെയ്തു; അങ്ങനെ അബ്ശാലോം യിസ്രായേല്യരുടെ ഹൃദയം വശീകരിച്ചുകളഞ്ഞു.

7നാലുവർഷം കഴിഞ്ഞപ്പോൾ അബ്ശാലോം രാജാവിനോട് പറഞ്ഞത്: “ഞാൻ യഹോവയ്ക്ക് നേർന്ന ഒരു നേർച്ച ഹെബ്രോനിൽ ചെന്ന് കഴിപ്പാൻ അനുവാദം തരേണമേ.8യഹോവ എന്നെ യെരൂശലേമിലേക്ക് മടക്കിവരുത്തിയാൽ യഹോവയ്ക്ക് ഒരു ആരാധന കഴിക്കും എന്ന് അടിയൻ അരാമിലെ ഗെശൂരിൽ പാർത്ത കാലം ഒരു നേർച്ച നേർന്നിരുന്നു.”
9രാജാവ് അവനോട്: “സമാധാനത്തോടെ പോക” എന്നു പറഞ്ഞു. അവൻ എഴുന്നേറ്റ് ഹെബ്രോനിലേക്ക് പോയി.10എന്നാൽ അബ്ശാലോം യിസ്രായേൽഗോത്രങ്ങളിൽ എല്ലായിടവും ചാരന്മാരെ അയച്ചു: “നിങ്ങൾ കാഹളനാദം കേൾക്കുമ്പോൾ അബ്ശാലോം ഹെബ്രോനിൽ രാജാവായിരിക്കുന്നു എന്ന് വിളിച്ചുപറയുവിൻ” എന്നു പറയിച്ചിരുന്നു.
11അബ്ശാലോമിനോടുകൂടെ യെരൂശലേമിൽനിന്ന് ക്ഷണിക്കപ്പെട്ടവരായി ഇരുനൂറു പേർ പോയിരുന്നു. അവർ ഒന്നും അറിയാതെ തങ്ങളുടെ പരമാർത്ഥതയിലായിരുന്നു പോയത്.12അബ്ശാലോം യാഗം കഴിക്കുമ്പോൾ ദാവീദിന്റെ മന്ത്രിയായ അഹീഥോഫെൽ എന്ന ഗീലോന്യനെയും അവന്റെ പട്ടണമായ ഗീലോനിൽനിന്ന് ആളയച്ചുവരുത്തി; ഇങ്ങനെ അബ്ശാലോമിന്റെ കൂടെയുള്ള ജനം തുടർമാനമായി സംഖ്യയിൽ വർദ്ധിച്ചതിനാൽ കൂട്ടുകെട്ടിന് ബലം ഏറിവന്നു.

13പിന്നീട് ഒരു സന്ദേശവാഹകൻ ദാവീദിന്റെ അടുക്കൽ വന്നു: “യിസ്രായേല്യരുടെ ഹൃദയം അബ്ശാലോമിനോട് കൂടെയാണ്” എന്നറിയിച്ചു.14അപ്പോൾ ദാവീദ് യെരൂശലേമിൽ തന്നോട് കൂടെയുള്ള സകലഭൃത്യന്മാരോടും: “നാം എഴുന്നേറ്റ് ഓടിപ്പോക; അല്ലെങ്കിൽ നമ്മിൽ ആരും അബ്ശാലോമിന്റെ കയ്യിൽനിന്ന് രക്ഷപ്പെടുകയില്ല; അവൻ പെട്ടെന്ന് വന്ന് നമ്മെ പിടിച്ച് നമുക്ക് അനർത്ഥം വരുത്തുകയും പട്ടണത്തെ വാളിന്റെ വായ്ത്തലയാൽ നശിപ്പിക്കയും ചെയ്യാതിരിക്കേണ്ടതിന് ക്ഷണത്തിൽ പുറപ്പെടുവിൻ” എന്നു പറഞ്ഞു.15രാജഭൃത്യന്മാർ രാജാവിനോട്: “എന്റെ യജമാനനായ രാജാവിന്റെ കല്പനകൾ എന്തുതന്നെയായാലും ചെയ്യുവാൻ അടിയങ്ങൾക്ക് സമ്മതം” എന്നു പറഞ്ഞു.
16അങ്ങനെ രാജാവ് പുറപ്പെട്ടു; അവന്റെ ഗൃഹമൊക്കെയും അവനെ പിൻചെന്നു; എന്നാൽ രാജധാനി സൂക്ഷിപ്പാൻ രാജാവ് പത്തു വെപ്പാട്ടികളെ താമസിപ്പിച്ചിരുന്നു.17ഇങ്ങനെ രാജാവ് പുറപ്പെട്ടു ജനമൊക്കെയും പിന്നാലെ ചെന്നു; അവർ ബേത്ത്-മെർഹാക്കിൽ നിന്നു;18അവന്റെ സകലഭൃത്യന്മാരും അവന്റെ മുമ്പാകെ കടന്നുപോയി; എല്ലാക്രേത്യരും എല്ലാപ്ലേത്യരും അവനോടുകൂടെ ഗത്തിൽനിന്ന് പോന്നിരുന്ന അറുനൂറുപേരായ എല്ലാഗിത്യരും രാജാവിന്റെ മുമ്പാകെ കടന്നുപോയി.
19രാജാവ് ഗിത്യനായ ഇത്ഥായിയോട് പറഞ്ഞതെന്തെന്നാൽ: “നീയും ഞങ്ങളോടുകൂടെ വരുന്നത് എന്തിന്? മടങ്ങിച്ചെന്ന് രാജാവിനോടുകൂടെ പാർക്ക; നീ പരദേശിയും നിന്റെ സ്വദേശത്തുനിന്ന് ഭ്രഷ്ടനും അല്ലോ;20നീ ഇന്നലെ വന്നതേയുള്ളു; ഇന്ന് ഞാൻ നിന്നെ ഞങ്ങളോടുകൂടെ അലഞ്ഞുനടക്കുമാറാക്കുമോ? ഞാൻ പോകുന്നു, എവിടേക്കെന്ന് അറിയുകയില്ല; നിന്റെ സഹോദരന്മാരെയും കൂട്ടി മടങ്ങിപ്പോക; ദയയും വിശ്വസ്തതയും നിന്നോടുകൂടെ ഇരിക്കട്ടെ.”
21അതിന് ഇത്ഥായി രാജാവിനോട്: “യഹോവയാണ, എന്റെ യജമാനനായ രാജാവാണ, എന്റെ യജമാനനായ രാജാവ് എവിടെ ഇരിക്കുന്നുവോ അവിടെത്തന്നെ മരണമോ ജീവനോ എന്തു വന്നാലും അടിയനും ഇരിക്കും” എന്നു പറഞ്ഞു.22ദാവീദ് ഇത്ഥായിയോട്: “നീ കൂടെ പോരുക” എന്നു പറഞ്ഞു; അങ്ങനെ ഗിത്യനായ ഇത്ഥായിയും അവന്റെ ആളുകളും അവനോടുകൂടെയുള്ള കുഞ്ഞുകുട്ടികളും എല്ലാം കടന്നുപോയി.23ദേശത്തൊക്കെയും വലിയ കരച്ചലായി; ജനമെല്ലാം കടന്നുപായി; രാജാവും കിദ്രോൻതോടു കടന്നു; ജനമൊക്കെയും മരുഭൂമിയിലേക്കുള്ള വഴിക്കുപോയി.
24സാദോക്കും അവനോടുകൂടെ ദൈവത്തിന്റെ നിയമപ്പെട്ടകം ചുമന്നുകൊണ്ട് എല്ലാലേവ്യരും വന്നു. അവർ ദൈവത്തിന്റെ പെട്ടകം താഴെവച്ചു, ജനമൊക്കെയും പട്ടണത്തിൽനിന്ന് കടന്നുതീരുംവരെ അബ്യാഥാർ മലകയറി ചെന്നു.25രാജാവ് സാദോക്കിനോട്: “ദൈവത്തിന്റെ പെട്ടകം പട്ടണത്തിലേക്ക് തിരികെ കൊണ്ടുപോക; യഹോവയ്ക്ക് എന്നോട് കൃപ തോന്നിയാൽ അവൻ എന്നെ മടിക്കവരുത്തും; ഇതും തിരുനിവാസവും കാണ്മാൻ എനിക്ക് ഇടയാകും.26അല്ല, ‘എനിക്ക് നിന്നിൽ പ്രസാദമില്ല’ എന്ന് അവിടുന്ന് കല്പിക്കുന്നെങ്കിൽ, ഇതാ, ഞാൻ ഒരുക്കം; ദൈവം അവിടുത്തേക്ക് ഹിതമാകുംവണ്ണം എന്നോട് ചെയ്യട്ടെ” എന്നു പറഞ്ഞു.
27രാജാവ് പിന്നെയും പുരോഹിതനായ സാദോക്കിനോട്: “നീയൊരു ദർശകനല്ലേ? സമാധാനത്തോടെ പട്ടണത്തിലേക്ക് മടങ്ങിപ്പോക; നിങ്ങളുടെ രണ്ടു പുത്രന്മാർ, നിന്റെ മകൻ അഹീമാസും അബ്യാഥാരിന്റെ മകൻ യോനാഥാനും നിന്നോടുകൂടെ ഉണ്ടല്ലോ.28നിങ്ങളിൽനിന്ന് വിവരം കിട്ടുംവരെ ഞാൻ മരുഭൂമിയിലേക്കുള്ള കടവിങ്കൽ താമസിക്കും” എന്നു പറഞ്ഞു.29അങ്ങനെ സാദോക്കും അബ്യാഥാരും ദൈവത്തിന്റെ പെട്ടകം യെരൂശലേമിലേക്ക് തിരികെ കൊണ്ടുപോയി, അവിടെ താമസിച്ചു.

30ദാവീദ് തല മൂടിയും ചെരിപ്പിടാതെയും നടന്ന് കരഞ്ഞുംകൊണ്ട് ഒലിവുമലയുടെ കയറ്റം കയറി; കൂടെയുള്ള ജനമൊക്കെയും തല മൂടി കരഞ്ഞുംകൊണ്ട് കയറിച്ചെന്നു.31അബ്ശാലോമിനോടുകൂടെയുള്ള കൂട്ടുകെട്ടുകാരിൽ അഹീഥോഫെലും ഉണ്ടെന്ന് ദാവീദിന് അറിവുകിട്ടിയപ്പോൾ ദാവീദ് പ്രാർത്ഥിച്ചു: “യഹോവേ, അഹീഥോഫെലിന്റെ ആലോചനയെ അബദ്ധമാക്കേണമേ” എന്നു ഞാൻ പ്രാർത്ഥിക്കുന്നു.
32പിന്നെ ദാവീദ് മലമുകളിൽ ദൈവത്തെ ആരാധിച്ചുവന്ന സ്ഥലത്ത് എത്തിയപ്പോൾ അർഖ്യനായ ഹൂശായി മേൽവസ്ത്രം കീറിയും തലയിൽ മണ്ണുവാരിയിട്ടുംകൊണ്ട് അവനെ കാണ്മാൻ വരുന്നത് കണ്ടു.33അവനോട് ദാവീദ് പറഞ്ഞത്: “നീ എന്നോടുകൂടെ വന്നാൽ എനിക്ക് ഭാരമായിരിക്കും.34എന്നാൽ നീ പട്ടണത്തിലേക്ക് മടങ്ങിച്ചെന്ന് അബ്ശാലോമിനോട്: ‘രാജാവേ, ഞാൻ നിന്റെ ദാസനായിരുന്നുകൊള്ളാം; ഞാൻ ഇതുവരെ നിന്റെ അപ്പന്റെ ദാസൻ ആയിരുന്നതുപോലെ ഇപ്പോൾ നിന്റെ ദാസനായിരിക്കാം’ എന്നു പറഞ്ഞാൽ നിനക്ക് അഹീഥോഫെലിന്റെ ആലോചനയെ എനിക്കുവേണ്ടി നിഷ്ഫലമാക്കുവാൻ കഴിയും.
35അവിടെ നിന്നോടുകൂടെ പുരോഹിതന്മാരായ സാദോക്കും അബ്യാഥാരും ഉണ്ട്. അതുകൊണ്ട് രാജധാനിയിൽനിന്ന് കേൾക്കുന്ന വാർത്ത എല്ലാം നീ പുരോഹിതന്മാരായ സാദോക്കിനെയും അബ്യാഥാരിനെയും അറിയിക്കേണം.36അവിടെ അവരോടു കൂടെ അവരുടെ രണ്ടു പുത്രന്മാർ, സാദോക്കിന്റെ മകൻ അഹീമാസും അബ്യാഥാരിന്റെ മകൻ യോനാഥാനും ഉണ്ട്; നിങ്ങൾ കേൾക്കുന്ന വാർത്ത ഒക്കെയും അവർ മുഖാന്തരം എന്നെ അറിയിപ്പിൻ.”37അങ്ങനെ ദാവീദിന്റെ സ്നേഹിതനായ ഹൂശായി പട്ടണത്തിൽ ചെന്നു. അബ്ശാലോമും യെരൂശലേമിൽ എത്തി.

16

1ദാവീദ് മലമുകൾ കടന്ന് കുറെ അപ്പുറം ചെന്നപ്പോൾ മെഫീബോശെത്തിന്റെ ദാസനായ സീബാ കോപ്പിട്ട രണ്ടു കഴുതയുമായി എതിരെ വരുന്നത് കണ്ടു; അവയുടെ പുറത്ത് ഇരുനൂറ് അപ്പവും നൂറ് ഉണക്കമുന്തിരിക്കുലയും വേനൽകാലത്തിലെ നൂറ് പഴങ്ങളും ഒരു തോൽകുടം വീഞ്ഞും കയറ്റിയിരുന്നു.2രാജാവ് സീബയോട്: “ഇത് എന്തിന്?” എന്നു ചോദിച്ചു. അതിന് സീബാ: “കഴുതകൾ രാജാവിന്റെ കുടുംബക്കാർക്ക് കയറുവാനും, അപ്പവും വേനൽകാലത്തിലെ പഴവും യൗവനക്കാർക്ക് കഴിക്കുവാനും, വീഞ്ഞ് മരുഭൂമിയിൽ മയങ്ങിവീഴുന്നവർക്ക് കുടിക്കുവാനും ആകുന്നു” എന്നു പറഞ്ഞു.

3“നിന്റെ യജമാനന്റെ മകൻ എവിടെ?” എന്ന് രാജാവ് ചോദിച്ചതിന് സീബാ രാജാവിനോട്: “അവൻ യെരൂശലേമിൽ പാർക്കുന്നു; എന്റെ അപ്പന്റെ രാജത്വം യിസ്രായേൽഗൃഹം ഇന്ന് എനിക്ക് തിരികെ തരുമെന്ന് അവൻ പറയുന്നു” എന്നു പറഞ്ഞു.4രാജാവ് സീബയോട്: “ഇതാ, മെഫീബോശെത്തിന്നുള്ളതൊക്കെയും നിനക്കുള്ളതാകുന്നു” എന്നു പറഞ്ഞു. അതിന് സീബാ: “എന്റെ യജമാനനായ രാജാവേ, ഞാൻ നമസ്കരിക്കുന്നു; തിരുമുമ്പിൽ എനിക്ക് ദയ ലഭിക്കുമാറാകട്ടെ” എന്നു പറഞ്ഞു.

5ദാവീദ്‌രാജാവ് ബഹൂരീമിൽ എത്തിയപ്പോൾ ശൌലിന്റെ കുലത്തിൽ ഗേരയുടെ മകൻ ശിമെയി എന്നു പേരുള്ള ഒരുവൻ അവിടെനിന്നു പുറപ്പെട്ട് ശപിച്ചുംകൊണ്ട് വരുന്നത് കണ്ടു.6അവൻ ദാവീദിനെയും രാജഭൃത്യന്മാരെ ഒക്കെയും കല്ലുവാരി എറിഞ്ഞു; ജനവും വീരന്മാരുമെല്ലാം ദാവീദിന്റെ ഇടത്തും വലത്തുമായി നടക്കുകയായിരുന്നു.
7ശിമെയി ശപിച്ചുംകൊണ്ട് ഇപ്രകാരം പറഞ്ഞു: “രക്തദാഹീ, ദുഷ്ടാ, പോകൂ, പോകൂ.8ശൗൽഗൃഹത്തിന്റെ രക്തമൊക്കെയും യഹോവ നിന്റെമേൽ വരുത്തിയിരിക്കുന്നു; അവന് പകരമല്ലോ നീ രാജാവയത്; യഹോവ രാജത്വം നിന്റെ മകനായ അബ്ശാലോമിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; നീ രക്തദാഹിയായിരിക്കയാൽ ഇപ്പോൾ ഇതാ, നിന്റെ ദോഷത്തിന്റെ ഫലം നിനക്ക് വന്നുഭവിച്ചിരിക്കുന്നു.”
9അപ്പോൾ സെരൂയയുടെ മകനായ അബീശായി രാജാവിനോട്: “ഈ ചത്ത നായ എന്റെ യജമാനനായ രാജാവിനെ ശപിക്കുന്നത് എന്ത്? ഞാൻ ചെന്ന് അവന്റെ തല വെട്ടിക്കളയട്ടെ” എന്നു പറഞ്ഞു.10അതിന് രാജാവ്: “സെരൂയയുടെ പുത്രന്മാരേ, എനിക്കും നിങ്ങൾക്കും തമ്മിൽ എന്ത്? അവൻ ശപിക്കട്ടെ; ‘ദാവീദിനെ ശപിക്ക’ എന്ന് യഹോവ അവനോട് കല്പിച്ചിരിക്കുന്നു; പിന്നെ നീ ഇങ്ങനെ ചെയ്യുന്നത് എന്ത്? എന്ന് ആർ ശിമെയിയോട് ചോദിക്കും” എന്നു പറഞ്ഞു.
11പിന്നെ ദാവീദ് അബീശായിയോടും തന്റെ സകലഭൃത്യന്മാരോടും പറഞ്ഞത്: “ഇതാ, എന്റെ സ്വന്തമകൻ എന്നെ കൊല്ലാൻ ശ്രമിക്കുന്നു എങ്കിൽ ഈ ബെന്യാമീന്യൻ ചെയ്യുന്നത് ആശ്ചര്യമോ? അവനെ വിടുവിൻ; അവൻ ശപിക്കട്ടെ; യഹോവ അവനോട് കല്പിച്ചിരിക്കുന്നു.12പക്ഷേ യഹോവ എന്റെ സങ്കടം നോക്കി ഇന്നത്തെ ഇവന്റെ ശാപത്തിന് പകരം എനിക്ക് അനുഗ്രഹം നല്കും.”
13ഇങ്ങനെ ദാവീദും അവന്റെ ആളുകളും വഴിനടന്നുപോകുമ്പോൾ ശിമെയിയും ദാവീദിന് എതിരെയുള്ള മലഞ്ചരിവിൽകൂടി അടുത്തു നടന്നു; നടന്നുകൊണ്ടു ശപിക്കയും കല്ലും പൂഴിയും വാരി അവനെ എറിയുകയും ചെയ്തു.14രാജാവും കൂടെയുള്ള സകല ജനവും ക്ഷീണിച്ചവരായി എത്തി അവിടെ വിശ്രമിച്ചു.

15എന്നാൽ അബ്ശാലോമും യിസ്രായേല്യരായ ജനമൊക്കെയും അഹീഥോഫെലുമായി യെരൂശലേമിൽ എത്തി.16ദാവീദിന്റെ സ്നേഹിതൻ അർഖ്യനായ ഹൂശായി അബ്ശാലോമിന്റെ അടുക്കൽ വന്നിട്ട് അബ്ശാലോമിനോട്: “രാജാവ് ദീർഘായുസ്സോടെ ഇരിക്കട്ടെ! രാജാവ് ദീർഘായുസ്സോടെ ഇരിക്കട്ടെ!” എന്നു പറഞ്ഞു.
17അപ്പോൾ അബ്ശാലോം ഹൂശായിയോട്: “ഇതാകുന്നുവോ നിന്റെ സ്നേഹിതനോട് നിനക്കുള്ള ആത്മാർത്ഥത? സ്നേഹിതനോടുകൂടെ പോകാതിരുന്നത് എന്ത്?” എന്നു ചോദിച്ചു.18അതിന് ഹൂശായി അബ്ശാലോമിനോട്: “അങ്ങനെയല്ല, യഹോവയും ഈ ജനവും യിസ്രായേല്യരൊക്കെയും ആരെ തിരഞ്ഞെടുക്കുന്നുവോ അവനുള്ളവൻ ആകുന്നു ഞാൻ; അവനോടുകൂടെ ഞാൻ ഇരിക്കും.
19ഞാൻ ആരെ ആകുന്നു സേവിക്കേണ്ടത്? അവന്റെ മകനെ അല്ലയോ? ഞാൻ നിന്റെ അപ്പനെ സേവിച്ചതുപോലെ നിന്നെയും സേവിക്കും” എന്നു പറഞ്ഞു.
20പിന്നെ അബ്ശാലോം അഹിഥോഫെലിനോട്: “നമ്മൾ ചെയ്യേണ്ടത് എന്ത് എന്നു നിങ്ങൾ ആലോചിച്ചുപറവിൻ” എന്നു പറഞ്ഞു.21അഹീഥോഫെൽ അബ്ശാലോമിനോട്: “രാജധാനി സൂക്ഷിപ്പാൻ നിന്റെ അപ്പൻ പാർപ്പിച്ചിട്ടുള്ള അവന്റെ വെപ്പാട്ടികളുടെ അടുക്കൽ നീ ചെല്ലുക; എന്നാൽ നീ നിന്റെ അപ്പന് നിന്നെത്തന്നെ വെറുപ്പാക്കി എന്ന് എല്ലായിസ്രായേലും കേൾക്കും; നിന്നോടുകൂടെയുള്ളവർ ഒക്കെയും ധൈര്യപ്പെടും” എന്നു പറഞ്ഞു.
22അങ്ങനെ അവർ അബ്ശാലോമിന് രാജധാനിയുടെ മുകളിൽ ഒരു കൂടാരം അടിച്ചു; അവിടെ അബ്ശാലോം എല്ലായിസ്രായേലും കാൺകെ തന്റെ അപ്പന്റെ വെപ്പാട്ടികളുടെ അടുക്കൽ ചെന്നു.23അക്കാലത്ത് അഹീഥോഫെൽ പറയുന്ന ആലോചന ദൈവത്തിന്റെ അരുളപ്പാടുപോലെ ആയിരുന്നു; ദാവീദിനും അബ്ശാലോമിനും അഹീഥോഫെലിന്റെ ആലോചനയെല്ലാം അങ്ങനെ തന്നെ ആയിരുന്നു.

17

1പിന്നീട് അഹീഥോഫെൽ അബ്ശാലോമിനോട് പറഞ്ഞത്: “ഞാൻ പന്ത്രണ്ടായിരം പേരെ തിരഞ്ഞെടുത്ത്, എഴുന്നേറ്റ് ഇന്നു രാത്രി തന്നെ ദാവീദിനെ പിന്തുടരട്ടെ.2ക്ഷീണിച്ചും അധൈര്യപ്പെട്ടും ഇരിക്കുന്ന അവനെ ഞാൻ ആക്രമിച്ച് ഭയപ്പെടുത്തും; അപ്പോൾ അവനോടുകൂടെയുള്ള ജനമൊക്കെയും ഓടിപ്പോകും; ഞാൻ രാജാവിനെ മാത്രം വെട്ടിക്കളയും.3പിന്നെ ഞാൻ സകലജനത്തെയും നിന്റെ അടുക്കൽ മടക്കിവരുത്തും; നീ കൊല്ലാൻ അന്വേഷിക്കുന്ന മനുഷ്യൻ ഒഴികെ എല്ലാവരും മടങ്ങിവരുമ്പോൾ സകലജനവും സമാധാനത്തോടെ ഇരിക്കും.”4ഈ വാക്കു അബ്ശാലോമിനും യിസ്രായേൽമൂപ്പന്മാർക്കൊക്കെയും വളരെ ബോധിച്ചു.

5എന്നാൽ അബ്ശാലോം: “അർഖ്യനായ ഹൂശായിയെയും വിളിക്ക; അവന്റെ അഭിപ്രായവും കേൾക്കാമല്ലോ” എന്നു പറഞ്ഞു.6ഹൂശായി അബ്ശാലോമിന്റെ അടുക്കൽ വന്നപ്പോൾ അബ്ശാലോം അവനോട്: “ഇന്നിന്നപ്രകാരം അഹീഥോഫെൽ പറഞ്ഞിരിക്കുന്നു; അവൻ പറഞ്ഞതുപോലെ നാം ചെയ്കയോ? അല്ലെങ്കിൽ നീ പറയുക” എന്നു പറഞ്ഞു.7ഹൂശായി അബ്ശാലോമിനോട് പറഞ്ഞതെന്തെന്നാൽ: “അഹീഥോഫെൽ ഈ പ്രാവശ്യം പറഞ്ഞ ആലോചന നല്ലതല്ല.
8നിന്റെ അപ്പനും അവന്റെ ആളുകളും വീരന്മാരും, കാട്ടിൽ കുട്ടികൾ കവർന്നുപോയ കരടിയെപ്പോലെ കോപാകുലരും ആകുന്നു എന്ന് നീ അറിയുന്നുവല്ലോ. നിന്റെ അപ്പൻ യോദ്ധാവാകുന്നു. അവൻ ജനത്തോടുകൂടെ രാത്രിപാർക്കയില്ല.9അവൻ ഇപ്പോൾ ഒരു ഗുഹയിലോ മറ്റു വല്ല സ്ഥലത്തോ ഒളിച്ചിരിക്കയായിരിക്കും; ആദ്യം തന്നെ ഇവരിൽ ചിലർ പട്ടുപോയാൽ അത് കേൾക്കുന്ന എല്ലാവരും ‘അബ്ശാലോമിന്റെ പക്ഷക്കാരിൽ സംഹാരമുണ്ടായി’ എന്നു പറയും.10അപ്പോൾ സിംഹഹൃദയംപോലെ ഹൃദയമുള്ള ശൂരനുംകൂടെ പൂർണമായി ഉരുകിപ്പോകും; നിന്റെ അപ്പൻ വീരനും അവനോടുകൂടെയുള്ളവർ ശൂരന്മാരും എന്നു എല്ലായിസ്രായേലും അറിയുന്നു.
11ആകയാൽ ഞാൻ പറയുന്ന ആലോചന എന്തെന്നാൽ: ദാൻമുതൽ ബേർ-ശേബവരെ കടല്ക്കരയിലെ മണൽപോലെ അസംഖ്യമായിരിക്കുന്ന യിസ്രായേലൊക്കെയും നിന്റെ അടുക്കൽ ഒന്നിച്ചു കൂടുകയും നീ തന്നെ യുദ്ധത്തിന് പോകുകയും വേണം.12ദാവീദിനെ കാണുന്ന ഇടത്തുവച്ച് നമ്മൾ അവനെ ആക്രമിച്ച് മഞ്ഞ് നിലത്ത് പൊഴിയുന്നതുപോലെ അവന്റെമേൽ ചെന്നുവീഴും; പിന്നെ അവനാകട്ടെ അവനോടു കൂടെയുള്ള എല്ലാവരിലും ഒരുത്തൻ പോലും ആകട്ടെ ശേഷിക്കയില്ല.
13അവൻ ഒരു പട്ടണത്തിൽ കടന്നുകൂടി എങ്കിലോ യിസ്രായേലെല്ലാം ആ പട്ടണത്തിന് കയറുകെട്ടി അവിടെ ഒരു ചെറിയ കല്ലുപോലും ശേഷിക്കാത്തവിധം ആ പട്ടണത്തെ നദിയിൽ വലിച്ചിട്ടുകളയും.”14അപ്പോൾ അബ്ശാലോമും എല്ലാ യിസ്രായേല്യരും: “അഹീഥോഫെലിന്റെ ആലോചനയെക്കാൾ അർഖ്യനായ ഹൂശായിയുടെ ആലോചന നല്ലത്”എന്നു പറഞ്ഞു. അബ്ശാലോമിന് അനർത്ഥം വരേണ്ടതിന് അഹീഥോഫെലിന്റെ നല്ല ആലോചനയെ പരാജയപ്പെടുത്തുവാൻ യഹോവ നിശ്ചയിച്ചിരുന്നു.

15പിന്നീട് ഹൂശായി പുരോഹിതന്മാരായ സാദോക്കിനോടും അബ്യാഥാരിനോടും: “ഇന്നിന്നപ്രകാരം അഹീഥോഫെൽ അബ്ശാലോമിനോടും യിസ്രായേൽമൂപ്പന്മാരോടും ആലോചന പറഞ്ഞു; ഇന്നിന്നപ്രകാരം ഞാനും ആലോചന പറഞ്ഞിരിക്കുന്നു.16ആകയാൽ നിങ്ങൾ വേഗത്തിൽ ആളയച്ച്: ‘ഈ രാത്രി മരുഭൂമിയിലേക്കുള്ള പ്രവേശനത്തിങ്കൽ പാർക്കരുത്; രാജാവിനും കൂടെയുള്ള സകലജനത്തിനും നാശം വരാതിരിക്കേണ്ടതിന് ഏത് വിധേനയും അക്കരെ കടന്നുപോകേണം’ എന്ന് ദാവീദിനെ അറിയിപ്പിൻ” എന്നു പറഞ്ഞു.
17എന്നാൽ യോനാഥാനും അഹീമാസും പട്ടണത്തിൽ ചെന്ന് തങ്ങളെത്തന്നെ കാണിപ്പാൻ പാടില്ലാതിരുന്നതുകൊണ്ട് ഏൻ-രോഗെലിനരികെ കാത്തുനില്ക്കും; ഒരു വേലക്കാരത്തി ചെന്ന് അവരെ അറിയിക്കയും അവർ ചെന്ന് ദാവീദ്‌ രാജാവിനെ അറിയിക്കയും ചെയ്യും;18എന്നാൽ ഒരു ബാലൻ അവരെ കണ്ടിട്ട് അബ്ശാലോമിന് അറിവുകൊടുത്തു. ആകയാൽ അവർ ഇരുവരും വേഗം പോയി ബഹുരീമിൽ ഒരു ആളുടെ വീട്ടിൽ കയറി; അവന്റെ മുറ്റത്ത് ഒരു കിണറുണ്ടായിരുന്നു; അവർ അതിൽ ഇറങ്ങി.
19ഗൃഹനായിക മൂടുവിരി എടുത്ത് കിണറ്റിന്റെ മുകളിൽ വിരിച്ചു അതിൽ ധാന്യം നിരത്തി; ഇങ്ങനെ കാര്യം അറിവാൻ ഇടയായില്ല.20അബ്ശാലോമിന്റെ ഭൃത്യന്മാർ ആ സ്ത്രീയുടെ വീട്ടിൽ വന്നപ്പോൾ അഹീമാസും യോനാഥാനും എവിടെ എന്ന് അവർ ചോദിച്ചതിന്: “അവർ അരുവി കടന്നുപോയി” എന്ന് സ്ത്രീ പറഞ്ഞു അവർ അന്വേഷിച്ചിട്ട് കാണായ്കയാൽ യെരൂശലേമിലേക്ക് മടങ്ങിപ്പോയി.
21അവർ പോയശേഷം അവർ കിണറ്റിൽനിന്ന് കയറിച്ചെന്ന് ദാവീദ്‌ രാജാവിനെ അറിയിച്ചു: “നിങ്ങൾ എഴുന്നേറ്റ് വേഗം നദികടന്നു പോകുവിൻ; ഇന്നിന്നപ്രകാരം അഹീഥോഫെൽ നിങ്ങൾക്ക് വിരോധമായിട്ട് ആലോചന പറഞ്ഞിരിക്കുന്നു” എന്നു പറഞ്ഞു.22ഉടനെ ദാവീദും കൂടെയുള്ള ജനമൊക്കെയും എഴുന്നേറ്റ് യോർദ്ദാൻ കടന്നു; നേരം വെളുക്കുമ്പോഴെക്ക് യോർദ്ദാൻ കടക്കാതെ ഒരുവൻപോലും ശേഷിച്ചില്ല.
23എന്നാൽ അഹീഥോഫെൽ തന്റെ ആലോചന നടന്നില്ല എന്നു കണ്ടപ്പോൾ കഴുതപ്പുറത്ത് കോപ്പിട്ടു കയറി തന്റെ പട്ടണത്തിൽ വീട്ടിലേക്ക് ചെന്ന് വീട്ടുകാര്യം ക്രമപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു; അവന്റെ അപ്പന്റെ കല്ലറയിൽ അവനെ അടക്കം ചെയ്തു.

24പിന്നെ ദാവീദ് മഹനയീമിൽ എത്തി. അബ്ശാലോമും കൂടെയുള്ള യിസ്രായേൽജനമൊക്കെയും യോർദ്ദാൻ കടന്നു.25അബ്ശാലോം യോവാബിന് പകരം അമാസയെ സേനാധിപതി ആക്കി; അമാസയോ നാഹാശിന്റെ മകളും യോവാബിന്റെ അമ്മ സെരൂയയുടെ സഹോദരിയും ആയ അബീഗലിന്റെ അടുക്കൽ യിത്രാ എന്നു പേരുള്ള ഒരു യിശ്മായേല്യൻ ചെന്നിട്ട് ഉണ്ടായ മകൻ.26എന്നാൽ യിസ്രായേലും അബ്ശാലോമും ഗിലെയാദ്‌ദേശത്ത് പാളയമിറങ്ങി.

27ദാവീദ് മഹനയീമിൽ എത്തിയപ്പോൾ അമ്മോന്യരുടെ രബ്ബയിൽനിന്ന് നാഹാശിന്റെ മകൻ ശോബി, ലോ-ദെബാരിൽനിന്ന് അമ്മീയേലിന്റെ മകൻ മാഖീർ, രോഗെലീമിൽനിന്ന് ഗിലെയാദ്യൻ ബർസില്ലായി എന്നിവർ28കിടക്കകളും കിണ്ണങ്ങളും മൺപാത്രങ്ങളും ദാവീദിനും കൂടെയുള്ള ജനത്തിനും ഭക്ഷിപ്പാൻ ഗോതമ്പ്, യവം, മാവ്, മലർ, അമരക്ക, പയർ, പരിപ്പ്,29തേൻ, വെണ്ണ, ആട്, പശുവിൻ പാല്ക്കട്ട എന്നിവയും കൊണ്ടുവന്നു; “ജനം മരുഭൂമിയിൽ വിശന്നും ദാഹിച്ചും ക്ഷീണിച്ചും ഇരിക്കുമല്ലോ” എന്ന് അവർ പറഞ്ഞു.

18

1അനന്തരം ദാവീദ് തന്നോടുകൂടെയുള്ള ജനത്തെ എണ്ണിനോക്കി; അവർക്ക് സഹസ്രാധിപന്മാരെയും ശതാധിപന്മാരെയും നിയമിച്ചു.2ദാവീദ് ജനത്തിൽ മൂന്നിൽ ഒരു പങ്ക് യോവാബിന്റെ കൈക്കീഴും മൂന്നിൽ ഒരു പങ്ക് സെരൂയയുടെ മകനും യോവാബിന്റെ സഹോദരനും ആയ അബീശായിയുടെ കൈക്കീഴും മൂന്നിൽ ഒരു പങ്ക് ഗിത്യനായ ഇത്ഥായിയുടെ കൈക്കീഴും അയച്ചു: ഞാനും നിങ്ങളോടുകൂടെ വരും എന്ന് രാജാവ് ജനത്തോട് പറഞ്ഞു.

3എന്നാൽ ജനം: “നീ വരേണ്ടാ; ഞങ്ങൾ തോറ്റോടിയാൽ ഞങ്ങളുടെ കാര്യം ആരും ഗണ്യമാക്കുകയില്ല; ഞങ്ങളിൽ പാതിപേർ കൊല്ലപ്പെട്ടു എന്നുവരികിലും അതാരും ഗണ്യമാക്കുകയില്ല; നീയോ ഞങ്ങളിൽ പതിനായിരം പേർക്ക് തുല്യൻ. ആകയാൽ നീ പട്ടണത്തിൽ ഇരുന്നുകൊണ്ട് ഞങ്ങൾക്ക് സഹായം ചെയ്യുന്നത് നല്ലത് ”എന്നു പറഞ്ഞു.4രാജാവ് അവരോട്: “നിങ്ങൾക്ക് ഉത്തമം എന്നു തോന്നുന്നത് ഞാൻ ചെയ്യാം” എന്നു പറഞ്ഞു. പിന്നെ രാജാവ് പടിവാതില്ക്കൽ നിന്നു; ജനമൊക്കെയും നൂറുനൂറായും ആയിരമായിരമായും പുറപ്പെട്ടു.
5“എന്നെ ഓർത്ത് അബ്ശാലോംകുമാരനോട് കനിവോടെ പെരുമാറുവിൻ” എന്ന് രാജാവ് യോവാബിനോടും അബീശായിയോടും ഇത്ഥായിയോടും കല്പിച്ചു. രാജാവ് സൈന്യാധിപന്മാരോടൊക്കെയും അബ്ശാലോമിനെക്കുറിച്ച് കല്പിക്കുമ്പോൾ ജനമെല്ലാം കേട്ടു.
6പിന്നെ ജനം പടക്കളത്തിലേക്ക് യിസ്രായേലിന്റെ നേരെ പുറപ്പെട്ടു; എഫ്രയീംവനത്തിൽവച്ച് യുദ്ധം ഉണ്ടായി.7യിസ്രായേൽജനം ദാവീദിന്റെ പടയാളികളോട് തോറ്റു. അന്ന് അവിടെ ഒരു മഹാസംഹാരം നടന്നു ഇരുപതിനായിരംപേർ കൊല്ലപ്പെട്ടു.8യുദ്ധം ആ ദേശത്തെല്ലാടവും പരന്നു; അന്ന് വാളിനിരയായതിലും അധികം പേർ വനത്തിനിരയായ്തീർന്നു.
9അബ്ശാലോം ദാവീദിന്റെ പടയാളികൾക്ക് എതിർപ്പെട്ടു; അബ്ശാലോം കോവർകഴുതപ്പുറത്ത് ഓടിച്ചുപോകുമ്പോൾ കോവർകഴുത ഘനമുള്ള കൊമ്പുകൾ തിങ്ങിനില്ക്കുന്ന ഒരു വലിയ കരുവേലകത്തിൻ കീഴിലൂടെ പോയി; അവന്റെ തലമുടി കരുവേലകത്തിൽ പിടിപെട്ടിട്ട് അവൻ ആകാശത്തിനും ഭൂമിക്കും മദ്ധ്യേ തൂങ്ങി; അവന്റെ കീഴിൽനിന്ന് കോവർകഴുത ഓടിപ്പോയി.10ഒരുത്തൻ അത് കണ്ടിട്ട്: “അബ്ശാലോം ഒരു കരുവേലകത്തിൽ തൂങ്ങിക്കിടക്കുന്നത് ഞാൻ കണ്ടു” എന്ന് യോവാബിനോട് അറിയിച്ചു.11യോവാബ് തന്നെ അറിയിച്ചവനോട്: “നീ അവനെ കണ്ടിട്ട് അവിടെവച്ചുതന്നെ വെട്ടിക്കളയാഞ്ഞത് എന്ത്? ഞാൻ നിനക്ക് പത്തുശേക്കെൽ വെള്ളിയും ഒരു അരക്കച്ചയും തരുമായിരുന്നുവല്ലോ” എന്നു പറഞ്ഞു.
12അവൻ യോവാബിനോട് പറഞ്ഞത്: “ആയിരം ശേക്കെൽ വെള്ളി എനിക്ക് തന്നാലും ഞാൻ രാജകുമാരന്റെ നേരെ കൈ ഉയർത്തുകയില്ല; ‘അബ്ശാലോംകുമാരനെ ആരും തൊടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ’ എന്ന് രാജാവ് നിന്നോടും അബീശായിയോടും ഇത്ഥായിയോടും ഞങ്ങൾ കേൾക്കെയല്ലോ കല്പിച്ചതു.13അല്ല, ഞാൻ അവന്റെ പ്രാണനെ ദ്രോഹിച്ചിരുന്നെങ്കിൽ - രാജാവിന് ഒന്നും മറവായിരിക്കയില്ലല്ലോ - നീ തന്നെ എനിക്ക് എതിരെ നില്ക്കുമായിരുന്നു.”
14എന്നാൽ യോവാബ്: “ഞാൻ ഇങ്ങനെ നിന്നോട് സംസാരിച്ച് സമയം കളയുകയില്ല” എന്നു പറഞ്ഞ് മൂന്നു കുന്തം കയ്യിൽ എടുത്ത് അബ്ശാലോം കരുവേലകത്തിൽ ജീവനോടെ തൂങ്ങിക്കിടക്കുമ്പോൾ തന്നെ അവയെ അവന്റെ നെഞ്ചിനകത്ത് കുത്തിക്കടത്തി.15യോവാബിന്റെ ആയുധവാഹകന്മാരായ പത്തു യുവാക്കന്മാർ ചുറ്റും നിന്ന് അബ്ശാലോമിനെ അടിച്ചുകൊന്നു.
16പിന്നെ യോവാബ് കാഹളം ഊതി; യോവാബ് ജനത്തെ വിലക്കിയതുകൊണ്ട് അവർ യിസ്രായേലിനെ പിന്തുടരുന്നതിൽനിന്ന് പിൻവാങ്ങി.17അബ്ശാലോമിനെ അവർ എടുത്ത് വനത്തിൽ ഒരു വലിയ കുഴിയിൽ ഇട്ടു; അവന്റെ മേൽ ഏറ്റവും വലിയോരു കല്ക്കൂമ്പാരം കൂട്ടി; യിസ്രായേലൊക്കെയും താന്താന്റെ വീട്ടിലേക്ക് ഓടിപ്പോയി.
18അബ്ശാലോം ജീവനോടിരുന്ന സമയം: “എന്റെ പേർ നിലനിർത്തേണ്ടതിന് എനിക്കു മകനില്ലല്ലോ” എന്നു പറഞ്ഞ്, രാജാവിൻ താഴ്വരയിലെ തൂൺ എടുത്തു നാട്ടി അതിന് തന്റെ പേർ വിളിച്ചിരുന്നു; അതിന് ഇന്നുവരെ അബ്ശാലോമിന്റെ സ്മാരകം എന്നു പറഞ്ഞുവരുന്നു.

19പിന്നീട് സാദോക്കിന്റെ മകനായ അഹീമാസ്: “ഞാൻ ഓടിച്ചെന്ന് രാജാവിനോട്, യഹോവ അവനുവേണ്ടി ശത്രുക്കളോട് പ്രതികാരം ചെയ്തിരിക്കുന്ന വാർത്ത അറിയിക്കട്ടെ” എന്നു പറഞ്ഞു.20യോവാബ് അവനോട്: “വാർത്ത നീ ഇന്ന് അറിയിക്കേണ്ട; മറ്റൊരു ദിവസം വാർത്ത അറിയിക്കാം; രാജകുമാരൻ മരിച്ചതുകൊണ്ട് നീ ഇന്ന് ഒരു വാർത്തയും കൊണ്ടുപോകരുത്” എന്നു പറഞ്ഞു.
21പിന്നെ യോവാബ് കൂശ്യനോട്: “നീ കണ്ടത് രാജാവിനെ ചെന്ന് അറിയിക്ക” എന്നു പറഞ്ഞു. കൂശ്യൻ യോവാബിനെ വണങ്ങി ഓടി. സാദോക്കിന്റെ മകനായ അഹീമാസ് പിന്നെയും യോവാബിനോട്: “എന്തുതന്നെ സംഭവിച്ചാലും, ഞാനും കൂശ്യന്റെ പിന്നാലെ ഓടട്ടെ” എന്നു പറഞ്ഞു.22അതിന് യോവാബ്: “എന്റെ മകനേ, നീ എന്തിന് ഓടുന്നു? നിനക്ക് പ്രതിഫലം കിട്ടുകയില്ലല്ലോ” എന്നു പറഞ്ഞു.23അവൻ പിന്നെയും: “എന്തുതന്നെ സംഭവിച്ചാലും ഞാൻ ഓടും” എന്നു പറഞ്ഞതിന്: “എന്നാൽ ഓടിക്കൊൾക” എന്ന് യോവാബ് പറഞ്ഞു. അങ്ങനെ അഹീമാസ് സമഭൂമിവഴിയായി ഓടി കൂശ്യനെ പിന്നിലാക്കി.

24എന്നാൽ ദാവീദ് രണ്ടു പടിവാതിലിന് മദ്ധ്യേ ഇരിക്കയായിരുന്നു. കാവല്ക്കാരൻ പടിവാതിലിനും മീതെ മതിലിന്റെ മുകളിൽ കയറി തല ഉയർത്തിനോക്കി ഒരുവൻ തനിച്ച് ഓടിവരുന്നത് കണ്ടു.25കാവല്ക്കാരൻ രാജാവിനോട് വിളിച്ച് അറിയിച്ചു. “അവൻ ഏകൻ എങ്കിൽ വാർത്തയും കൊണ്ടാകുന്നു വരുന്നത് ” എന്ന് രാജാവ് പറഞ്ഞു.
26അവൻ വേഗത്തിൽ നടന്നടുത്തു. പിന്നെ കാവല്ക്കാരൻ മറ്റൊരുവൻ ഓടിവരുന്നത് കണ്ടു; കാവല്ക്കാരൻ വാതിൽ സൂക്ഷിക്കുന്നവനോട്: “ഇതാ, പിന്നെയും ഒരു ആൾ തനിച്ച് ഓടി വരുന്നു” എന്നു വിളിച്ചു പറഞ്ഞു. “അവനും വാർത്ത കൊണ്ടുവരുന്നു” എന്ന് രാജാവ് പറഞ്ഞു.27“ഒന്നാമത്തവന്റെ ഓട്ടം സാദോക്കിന്റെ മകനായ അഹീമാസിന്റെ ഓട്ടംപോലെ എനിക്ക് തോന്നുന്നു” എന്ന് കാവല്ക്കാരൻ പറഞ്ഞു. അതിന് രാജാവ്: “അവൻ നല്ലവൻ; നല്ലവാർത്ത കൊണ്ടുവരുന്നു” എന്നു പറഞ്ഞു.
28അഹീമാസ് രാജാവിനോട്: “എല്ലാം ശുഭമാണ്”എന്നു വിളിച്ചു പറഞ്ഞു രാജാവിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു: “എന്റെ യജമാനനായ രാജാവിന്റെ നേരെ കൈ ഉയർത്തിയവരെ ഏല്പിച്ചുതന്ന നിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെട്ടവൻ” എന്നു പറഞ്ഞു.29അപ്പോൾ രാജാവ്: “അബ്ശാലോംകുമാരൻ സുരക്ഷിതമായിരിക്കുന്നുവോ?” എന്നു ചോദിച്ചു. അതിന് അഹീമാസ്: “യോവാബ് രാജാവിന്റെ ഭൃത്യനെയും അടിയനെയും അയക്കുമ്പോൾ വലിയോരു കലഹം കണ്ടു; എന്നാൽ അത് എന്തെന്ന് ഞാൻ അറിഞ്ഞില്ല” എന്നു പറഞ്ഞു.30“നീ അവിടെ മാറി നില്ക്ക” എന്ന് രാജാവ് പറഞ്ഞു. അവൻ മാറിനിന്നു.
31ഉടനെ കൂശ്യൻ വന്നു: “എന്റെ യജമാനനായ രാജാവിന് ഇതാ നല്ല വർത്തമാനം; നിനക്കെതിരെ എഴുന്നേറ്റ എല്ലാവരോടും യഹോവ ഇന്ന് നിനക്കുവേണ്ടി പ്രതികാരം ചെയ്തിരിക്കുന്നു” എന്ന് കൂശ്യൻ പറഞ്ഞു.32അപ്പോൾ രാജാവ് കൂശ്യനോട്: “അബ്ശാലോംകുമാരൻ സുരക്ഷിതമായിരിക്കുന്നുവോ?” എന്നു ചോദിച്ചു. അതിന് കൂശ്യൻ: “എന്റെ യജമാനനായ രാജാവിന്റെ ശത്രുക്കളും അങ്ങയ്ക്കെതിരെ ദോഷം ചെയ്‌വാൻ എഴുന്നേല്ക്കുന്ന എല്ലാവരും ആ കുമാരനെപ്പോലെ ആകട്ടെ” എന്നു പറഞ്ഞു.33ഉടനെ രാജാവ് നടുങ്ങി പടിപ്പുരയുടെ മുകളിലുള്ള സ്വകാര്യമുറിയിൽ കയറി: “എന്റെ മകനേ, അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ, അബ്ശാലോമേ, ഞാൻ നിനക്കു പകരം മരിച്ചെങ്കിൽ കൊള്ളായിരുന്നു; അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ!” എന്നിങ്ങനെ പറഞ്ഞു കരഞ്ഞുംകൊണ്ട് നടന്നു.

19

1രാജാവ് അബ്ശാലോമിനെച്ചൊല്ലി ദുഃഖിച്ചുകരഞ്ഞുകൊണ്ടിരിക്കുന്നു എന്ന് യോവാബ് കേട്ടു.2എന്നാൽ രാജാവ് തന്റെ മകനെക്കുറിച്ച് വ്യസനിച്ചിരിക്കുന്നു എന്ന് ആ ദിവസം ജനം കേട്ടതുകൊണ്ട് അന്നത്തെ ജയം ജനത്തിനൊക്കെയും ദുഃഖമായ്തീർന്നു.

3ആകയാൽ യുദ്ധത്തിൽ തോറ്റോടി നാണിച്ച് ഒളിച്ചുവരുംപോലെ ജനം അന്ന് പട്ടണത്തിലേക്ക് ഒളിച്ചുകടന്നു.4രാജാവ് മുഖം മൂടി: എന്റെ മകനേ അബ്ശാലോമേ! അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ! എന്ന് ഉറക്കെ നിലവിളിച്ചുകൊണ്ടിരുന്നു.
5അപ്പോൾ യോവാബ് അരമനയിൽ രാജാവിന്റെ അടുക്കൽ ചെന്ന് പറഞ്ഞത്: ഇന്ന് നിന്റെയും നിന്റെ പുത്രീപുത്രന്മാരുടെയും നിന്റെ ഭാര്യമാരുടെയും വെപ്പാട്ടികളുടെയും ജീവനെ രക്ഷിച്ചിരിക്കുന്ന നിന്റെ സകലഭൃത്യന്മാരെയും നീ ഇന്ന് നാണംകെടുത്തിയിരിക്കുന്നു; നീ ശത്രുകളെ സ്നേഹിക്കുകയും സ്നേഹിതരെ വെറുക്കുകയും ചെയ്യുന്നു.6പ്രഭുക്കന്മാരും ഭൃത്യന്മാരും നിനക്ക് ഏതുമില്ല എന്ന് നീ ഇന്നു കാണിച്ചിരിക്കുന്നു; അബ്ശാലോം ജീവിച്ചിരിക്കയും ഞങ്ങൾ എല്ലാവരും ഇന്ന് മരിക്കയും ചെയ്തിരുന്നു എങ്കിൽ നിനക്ക് നല്ല പ്രസാദമാകുമായിരുന്നു എന്ന് എനിക്ക് ഇന്നു മനസ്സിലായി.
7ആകയാൽ ഇപ്പോൾ എഴുന്നേറ്റ് പുറത്തു വന്നു നിന്റെ ഭൃത്യന്മാരോട് സന്തോഷമായി സംസാരിക്ക; നീ പുറത്തു വരാതിരുന്നാൽ യഹോവയാണ, ഈ രാത്രി ആരും നിന്നോടുകൂടെ താമസിക്കയില്ല; അത് നിന്റെ യൗവനംമുതൽ ഇതുവരെ നിനക്ക് നേരിട്ടിട്ടുള്ള സകലഅനർത്ഥത്തെക്കാളും വലുതായിരിക്കും.8അപ്പോൾ രാജാവ് എഴുന്നേറ്റ് പടിവാതില്ക്കൽ ഇരുന്നു. രാജാവ് പടിവാതില്ക്കൽ ഇരിക്കുന്നു എന്ന് ജനത്തിനെല്ലാം അറിവ് കിട്ടി; സകലജനവും രാജാവിന്റെ മുമ്പിൽ വന്നു.

9യിസ്രായേല്യർ അവരവരുടെ വീടുകളിലേക്ക് ഓടിപ്പോയിരുന്നു. എല്ലായിസ്രായേൽ ഗോത്രങ്ങളിലുമുള്ള ജനം ഒക്കെയും തമ്മിൽ തർക്കിച്ചു: രാജാവ് നമ്മെ നമ്മുടെ ശത്രുക്കളുടെ കയ്യിൽനിന്ന് രക്ഷിച്ചു; അവൻ ഫെലിസ്ത്യരുടെ കയ്യിൽനിന്ന് നമ്മെ വിടുവിച്ചു. ഇപ്പോഴോ അബ്ശാലോം നിമിത്തം അവൻ നാട്ടിൽനിന്ന് ഓടിപ്പോയിരിക്കുന്നു.10നമുക്ക് രാജാവായി നാം അഭിഷേകം ചെയ്തിരുന്ന അബ്ശാലോമോ യുദ്ധത്തിൽ കൊല്ലപ്പെട്ടു. ആകയാൽ രാജാവിനെ തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ച് നിങ്ങൾ ഒന്നും പറയാതിരിക്കുന്നത് എന്ത്? എന്നു പറഞ്ഞു.

11പിന്നീട് ദാവീദ്‌ രാജാവ് പുരോഹിതന്മാരായ സാദോക്കിന്റെയും അബ്യാഥാരിന്റെയും അടുക്കൽ ആളയച്ച് പറയിച്ചതെന്തെന്നാൽ: നിങ്ങൾ യെഹൂദാമൂപ്പന്മാരോട് പറയേണ്ടത്: രാജാവിനെ അരമനയിലേക്ക് തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ എല്ലായിസ്രായേലിന്റെയും സംസാരം അവന്റെ അടുക്കൽ എത്തിയിരിക്കെ രാജാവിനെ അരമനയിലേക്ക് തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ നിങ്ങൾ പിമ്പന്മാരായി നില്ക്കുന്നത് എന്ത്?12നിങ്ങൾ എന്റെ സഹോദരന്മാർ; എന്റെ അസ്ഥിയും മാംസവും അല്ലോ. രാജാവിനെ മടക്കിവരുത്തുന്ന കാര്യത്തിൽ നിങ്ങൾ പിമ്പന്മാരായി നില്ക്കുന്നത് എന്ത്?
13നിങ്ങൾ അമാസയോട്: നീ എന്റെ അസ്ഥിയും മാംസവും അല്ലോ? നീ യോവാബിന് പകരം എപ്പോഴും എന്റെ മുമ്പിൽ സേനാപതിയായിരിക്കുന്നില്ല എങ്കിൽ ദൈവം ഇതും ഇതിലധികവും എന്നോട് ചെയ്യട്ടെ എന്നു പറവിൻ.14ഇങ്ങനെ അവൻ സകല യെഹൂദാപുരുഷന്മാരുടെയും ഹൃദയം ഒന്നുപോലെ ആകർഷിച്ചു. ആകയാൽ അവർ: നീയും നിന്റെ സകലഭൃത്യന്മാരും മടങ്ങിവരുവിൻ എന്ന് രാജാവിന്റെ അടുക്കൽ പറഞ്ഞയച്ചു.15അങ്ങനെ രാജാവ് മടങ്ങി യോർദ്ദാനിൽ എത്തി. രാജാവിനെ എതിരേറ്റ് യോർദ്ദാൻ കടത്തിക്കൊണ്ടുപോരേണ്ടതിന് യെഹൂദാപുരുഷന്മാർ ഗില്ഗാലിൽ ചെന്നു.
16ബഹൂരീമിലെ ബെന്യാമീന്യനായ ഗേരയുടെ മകൻ ശിമെയിയും യെഹൂദാപുരുഷന്മാരോടുകൂടെ ദാവീദ്‌ രാജാവിനെ എതിരേല്പാൻ ബദ്ധപ്പെട്ടു ചെന്നു.17അവനോടുകൂടെ ആയിരം ബെന്യാമീന്യരും ശൌലിന്റെ ഗൃഹവിചാരകനായ സീബയും അവന്റെ പതിനഞ്ചു പുത്രന്മാരും ഇരുപതു ഭൃത്യന്മാരും ഉണ്ടായിരുന്നു; അവർ രാജാവ് കാൺകെ യോർദ്ദാൻ കടന്നുചെന്നു.18രാജാവിന്റെ കുടുംബത്തെ ഇക്കരെ കടത്തേണ്ടതിനും അവന്റെ ഇഷ്ടംപോലെ ചെയ്യേണ്ടതിനും ചങ്ങാടം അക്കരെ ചെന്നിരുന്നു. അപ്പോൾ ഗേരയുടെ മകനായ ശിമെയി യോർദ്ദാൻ കടപ്പാൻ പോകുന്ന രാജാവിന്റെ മുമ്പിൽ വീണു രാജാവിനോട്:
19എന്റെ യജമാനൻ എന്റെ കുറ്റം എനിക്ക് കണക്കിടരുതേ; എന്റെ യജമാനനായ രാജാവ് യെരൂശലേമിൽനിന്ന് പുറപ്പെട്ട ദിവസം അടിയൻ ചെയ്തദോഷം രാജാവ് മനസ്സിൽ വയ്ക്കുകയും ഓർക്കുകയും അരുതേ.20അടിയൻ പാപം ചെയ്തിരിക്കുന്നു എന്ന് അറിയുന്നു; അതുകൊണ്ട് അടിയൻ ഇതാ, എന്റെ യജമാനനായ രാജാവിനെ എതിരേല്ക്കേണ്ടതിന് ഇറങ്ങിവരുവാൻ യോസേഫിന്റെ സകലഗൃഹത്തേക്കാളും മുമ്പനായി ഇന്ന് വന്നിരിക്കുന്നു എന്നു പറഞ്ഞു.
21എന്നാൽ സെരൂയയുടെ മകനായ അബീശായി: യഹോവയുടെ അഭിഷിക്തനെ ശപിച്ചിരിക്കുന്ന ശിമെയി അതുനിമിത്തം മരണശിക്ഷ അനുഭവിക്കേണ്ടയോ എന്നു ചോദിച്ചു.22അതിന് ദാവീദ്: സെരൂയയുടെ പുത്രന്മാരേ, ഇന്ന് നിങ്ങൾ എനിക്ക് എതിരികളാകേണ്ടതിന് ഞാൻ നിങ്ങളോട് എന്തുചെയ്തു? ഇന്ന് യിസ്രായേലിൽ ഒരുവനെ കൊല്ലാമോ? ഇന്ന് ഞാൻ യിസ്രായേലിന് രാജാവെന്ന് ഞാൻ അറിയുന്നില്ലയോ? എന്നു പറഞ്ഞു.23പിന്നെ രാജാവ് ശിമെയിയോട്: നീ മരിക്കയില്ല എന്നു പറഞ്ഞു, രാജാവ് അവനോട് സത്യവും ചെയ്തു.
24ശൗലിന്റെ മകനായ മെഫീബോശെത്തും രാജാവിനെ എതിരേല്പാൻ വന്നു; രാജാവ് പോയ ദിവസംമുതൽ സമാധാനത്തോടെ മടങ്ങിവന്ന ദിവസംവരെ അവൻ തന്റെ പാദങ്ങൾ സംരക്ഷിക്കുകയോ താടി ഒതുക്കുകയോ വസ്ത്രം അലക്കുകയോ ചെയ്തിരുന്നില്ല.25എന്നാൽ അവൻ രാജാവിനെ എതിരേല്പാൻ യെരൂശലേമിൽനിന്നു വന്നപ്പോൾ രാജാവ് അവനോട്: മെഫീബോശെത്തേ, നീ എന്നോടുകൂടെ വരാതെയിരുന്നത് എന്ത്? എന്നു ചോദിച്ചു.
26അതിന് അവൻ ഉത്തരം പറഞ്ഞത്: എന്റെ യജമാനനായ രാജാവേ, എന്റെ ദാസൻ എന്നെ ചതിച്ചു; കഴുതപ്പുറത്ത് കയറി, രാജാവിനോടുകൂടെ പോകേണ്ടതിന് കോപ്പിടേണമെന്ന് അടിയൻ പറഞ്ഞു; അടിയൻ മുടന്തനല്ലോ.27അവൻ എന്റെ യജമാനനായ രാജാവിനോട് അടിയനെപറ്റി നുണയും പറഞ്ഞു; എങ്കിലും എന്റെ യജമാനനായ രാജാവ് ദൈവദൂതനെപ്പോലെ ആകുന്നു; അതുകൊണ്ട് തിരുമനസ്സിലെ ഇഷ്ടംപോലെ ചെയ്തുകൊൾക.28എന്റെ യജമാനനായ രാജാവിന്റെ മുമ്പാകെ അടിയന്റെ പിതൃഭവനമൊക്കെയും മരണയോഗ്യർ ആയിരുന്നു; എന്നിട്ടും അടിയനെ അവിടത്തെ മേശയിങ്കൽ ഭക്ഷിക്കുന്നവരുടെ കൂട്ടത്തിൽ ആക്കി; രാജാവിനോട് നിലവിളിക്കാൻ അടിയന് ഇനി എന്ത് അവകാശമുള്ളു?
29രാജാവ് അവനോട്: നീ നിന്റെ കാര്യം ഇനി അധികം പറയുന്നത് എന്തിന്? നീയും സീബയും നിലം പകുത്തെടുത്തുകൊൾവിൻ എന്നു ഞാൻ കല്പിക്കുന്നു എന്നു പറഞ്ഞു.30മെഫീബോശെത്ത് രാജാവിനോട്: അല്ല, അവൻ തന്നെ മുഴുവനും എടുത്തുകൊള്ളട്ടെ; എന്റെ യജമാനനായ രാജാവു സമാധാനത്തോടെ അരമനയിൽ മടങ്ങിവന്നുവല്ലോ എന്നു പറഞ്ഞു.

31ഗിലെയാദ്യനായ ബർസില്ലായിയും രോഗെലീമിൽനിന്നു വന്നു, രാജാവിനെ യോർദ്ദാന്നക്കരെ കടത്തി യാത്ര അയപ്പാൻ അവനോടുകൂടെ യോർദ്ദാൻ കടന്നു.32ബർസില്ലായിയോ എൺപതു വയസ്സുള്ളോരു വൃദ്ധനായിരുന്നു; രാജാവ് മഹനയീമിൽ പാർത്തിരുന്ന കാലത്ത് അവൻ ഭക്ഷണസാധനങ്ങൾ അയച്ചുകൊടുത്തു; അവൻ മഹാധനികൻ ആയിരുന്നു.33രാജാവ് ബർസില്ലായിയോട്: എന്നോടുകൂടെ വരുക; നീ എന്നോടൊപ്പം യെരൂശലേമിൽഉള്ള കാലത്തോളം ഞാൻ നിനക്കായി കരുതും എന്നു പറഞ്ഞു.
34ബർസില്ലായി രാജാവിനോട് പറഞ്ഞതെന്തെന്നാൽ: ഞാൻ യെരൂശലേമിൽ രാജാവിനോടുകൂടെ പോരേണ്ടതിന് ഞാൻ ഇനി എത്ര നാൾ ജീവിച്ചിരിക്കും?35എനിക്ക് ഇന്ന് എണ്പതു വയസ്സായിരിക്കുന്നു; നല്ലതും ചീത്തയും എനിക്കു തിരിച്ചറിയാമോ? ഭക്ഷണപാനിയങ്ങളുടെ രുചി അടിയന് അറിയാമോ? ഗായകന്മാരുടെയും ഗായികമാരുടെയും സ്വരം എനിക്ക് ഇനി കേട്ടു രസിക്കാമോ? അടിയൻ എന്റെ യജമാനനായ രാജാവിന് ഭാരമായ്തീരുന്നത് എന്തിന്?36അടിയൻ രാജാവിനോടുകൂടെ യോർദ്ദാൻ കടപ്പാനേ വിചാരിച്ചുള്ളൂ; രാജാവ് ഇതിനായി എനിക്ക് ഈ വിധം പ്രത്യുപകാരം ചെയ്യുന്നത് എന്തിന്?
37എന്റെ പട്ടണത്തിൽ എന്റെ അപ്പന്റെയും അമ്മയുടെയും കല്ലറയുടെ അടുക്കൽവച്ചു മരിക്കേണ്ടതിന് അടിയനെ വിട്ടയച്ചാലും; എന്നാൽ നിന്റെ ദാസനായ കിംഹാം ഇതാ; അവൻ എന്റെ യജമാനനായ രാജാവിനോടുകൂടെ പോരട്ടെ; നിനക്ക് പ്രസാദമായതു അവന് ചെയ്തു കൊടുത്താലും.
38അതിന് രാജാവ്: കിംഹാം എന്നോടുകൂടെ പോരട്ടെ; നിന്റെ ഇഷ്ടപ്രകാരം ഞാൻ അവന് ചെയ്തുകൊടുക്കാം; നീ എന്നോട് ആവശ്യപ്പെടുന്നതൊക്കെയും ഞാൻ നിനക്കായി ചെയ്യും എന്നു പറഞ്ഞു.39പിന്നെ സകലജനവും യോർദ്ദാൻ കടന്നു. രാജാവ് യോർദ്ദാൻ കടന്നശേഷം ബർസില്ലായിയെ ചുംബനം ചെയ്ത് അനുഗ്രഹിച്ചു; അവൻ സ്വദേശത്തേക്ക് മടങ്ങിപ്പോയി.

40രാജാവ് ഗില്ഗാലിൽ ചെന്നു; കീംഹാമും അവനോടുകൂടെ പോയി; യെഹൂദാജനമൊക്കെയും യിസ്രായേൽജനം പാതിയും കൂടി രാജാവിനെ അകമ്പടി ചെയ്തു.41അപ്പോൾ യിസ്രായേൽപുരുഷന്മാർ ഒക്കെയും രാജാവിന്റെ അടുക്കൽ വന്നു രാജാവിനോട്: ഞങ്ങളുടെ സഹോദരന്മാരായ യെഹൂദാപുരുഷന്മാർ രാജാവിനെയും അങ്ങയുടെ കുടുംബത്തെയും ദാവീദിന്റെ സകലപരിചാരകന്മാരെയും തട്ടികൊണ്ടുവന്ന് യോർദ്ദാൻ കടത്തിയത് എന്ത്? എന്നു പറഞ്ഞു.
42അതിന് യെഹൂദാപുരുഷന്മാർ ഒക്കെയും യിസ്രായേൽ പുരുഷന്മാരോട്: രാജാവ് ഞങ്ങളുടെ അടുത്ത ബന്ധു ആകകൊണ്ടുതന്നെ; പിന്നെ ഈ കാര്യത്തിന് നിങ്ങൾ കോപിക്കുന്നത് എന്തിന്? ഞങ്ങൾ രാജാവിന്റെ ചെലവിൽ വല്ലതും തിന്നുവോ? അവൻ ഞങ്ങൾക്ക് വല്ല സമ്മാനവും തന്നുവോ? എന്ന് ഉത്തരം പറഞ്ഞു.43യിസ്രായേൽപുരുഷന്മാർ യെഹൂദാപുരുഷന്മാരോട്: രാജാവിങ്കൽ ഞങ്ങൾക്ക് പത്തു ഓഹരി ഉണ്ട്; ദാവീദിങ്കൽ ഞങ്ങൾക്ക് നിങ്ങളെക്കാൾ അധികം അവകാശവും ഉണ്ട്; നിങ്ങൾ ഞങ്ങളെ അവഗണിച്ചത് എന്ത്? ഞങ്ങളുടെ രാജാവിനെ തിരികെ കൊണ്ടുവരേണ്ടതിന് ഞങ്ങളല്ലയോ ആദ്യം പറഞ്ഞത് എന്ന് ഉത്തരം പറഞ്ഞു. എന്നാൽ യെഹൂദാപുരുഷന്മാരുടെ വാക്ക് യിസ്രായേൽ പുരുഷന്മാരുടെ വാക്കിനെക്കാൾ അധികം കഠിനമായിരുന്നു.

20

1എന്നാൽ ബെന്യാമീന്യനായി ബിക്രിയുടെ മകനായ ശേബ എന്നു പേരുള്ള ഒരു നീചൻ അവിടെ ഉണ്ടായിരുന്നു; അവൻ കാഹളം ഊതി: “ദാവീദിൽ നമുക്ക് ഓഹരി ഇല്ല; യിശ്ശായിയുടെ മകനിൽ അവകാശവും ഇല്ല; യിസ്രായേലേ, നിങ്ങൾ എല്ലാവരും വീട്ടിലേക്കു പൊയ്ക്കൊൾവിൻ” എന്നു പറഞ്ഞു.2അപ്പോൾ യിസ്രായേൽ ഒക്കെയും ദാവീദിനെ വിട്ടു പിന്മാറി ബിക്രിയുടെ മകനായ ശേബയുടെ പക്ഷം ചേർന്നു; യെഹൂദാപുരുഷന്മാരോ യോർദ്ദാൻതുടങ്ങി യെരൂശലേംവരെ തങ്ങളുടെ രാജാവിനോട് കൂറ് പുലർത്തി.

3ദാവീദ് യെരൂശലേമിൽ അരമനയിൽ എത്തി; അരമന സൂക്ഷിപ്പാൻ പാർപ്പിച്ചിരുന്ന പത്ത് വെപ്പാട്ടികളെയും രാജാവ് ഉൾമുറിയിൽ ആക്കി രക്ഷിച്ചു എങ്കിലും അവരുടെ അടുക്കൽ ചെന്നില്ല. അങ്ങനെ അവർ മരണംവരെ അടയ്ക്കപ്പെട്ടവരായി വൈധവ്യം ആചരിച്ചു.

4അനന്തരം രാജാവ് അമാസയോട്: “നീ മൂന്നു ദിവസത്തിനകം യെഹൂദാപുരുഷന്മാരെ വിളിച്ചുകൂട്ടി അവരുമായി ഇവിടെ വരിക” എന്നു പറഞ്ഞു.5അങ്ങനെ അമാസാ യെഹൂദാപുരുഷന്മാരെ വിളിച്ചുകൂട്ടുവാൻ പോയി; എന്നാൽ ദാവീദ് നിശ്ചയിച്ച അവധിയിലധികം അവൻ താമസിച്ചുപോയി.
6എന്നാൽ ദാവീദ് അബീശായിയോട്: “അബ്ശാലോം ചെയ്തതിനെക്കാളും ബിക്രിയുടെ മകനായ ശേബ ഇപ്പോൾ നമുക്കു അധികം ദോഷം ചെയ്യും; അവൻ ഉറപ്പുള്ള വല്ല പട്ടണത്തിലും കടന്ന് നമ്മളിൽനിന്ന് രക്ഷപ്പെടാതിരിക്കേണ്ടതിന് നീ നിന്റെ യജമാനന്റെ പടയാളികളെ കൂട്ടിക്കൊണ്ട് അവനെ പിന്തുടരുക” എന്നു പറഞ്ഞു.7അങ്ങനെ യോവാബിന്റെ ആളുകളും ക്രേത്യരും പ്ലേത്യരും സകലവീരന്മാരും ബിക്രിയുടെ മകനായ ശേബയെ പിന്തുടരുവാൻ യെരൂശലേമിൽനിന്ന് പുറപ്പെട്ടു.
8അവർ ഗിബെയോനിലെ വലിയ പാറയുടെ അടുക്കൽ എത്തിയപ്പോൾ അമാസാ അവർക്കെതിരെ വന്നു. എന്നാൽ യോവാബ് ധരിച്ചിരുന്ന പടയങ്കിമേൽ ഒരു കച്ചയിൽ ഉറയോടുകൂടെ ഒരു വാൾ അരയ്ക്കു കെട്ടിയിരിന്നു; അവൻ നടക്കുമ്പോൾ അത് വീണുപോയി.
9യോവാബ് അമാസയോട്: “സഹോദരാ, സുഖം തന്നേയോ” എന്നു പറഞ്ഞ് അമാസയെ ചുംബനം ചെയ്‌വാൻ വലത്തുകൈകൊണ്ട് അവന്റെ താടിക്കു പിടിച്ചു.10എന്നാൽ യോവാബിന്റെ കയ്യിൽ വാൾ ഇരിക്കുന്നത് അമാസാ ശ്രദ്ധിച്ചില്ല; യോവാബ് അവനെ വാൾകൊണ്ട് വയറ്റത്തു കുത്തി; അവന്റെ കുടൽമാല പുറത്തുവന്നു; രണ്ടാമത് കുത്തേണ്ടിവന്നില്ല; അവൻ മരിച്ചുപോയി. യോവാബും അവന്റെ സഹോദരനായ അബീശായിയും ബിക്രിയുടെ മകനായ ശേബയെ പിന്തുടർന്നു.
11യോവാബിന്റെ ആളുകളിൽ ഒരുവൻ അമാസയ്ക്കരികെ നിന്നുകൊണ്ട്: “യോവാബിനോട് ഇഷ്ടമുള്ളവനും ദാവീദിന്റെ പക്ഷക്കാരനും യോവാബിന്റെ പിന്നാലെ ചെല്ലട്ടെ” എന്നു പറഞ്ഞു.12അമാസാ പെരുവഴിനടുവിൽ രക്തത്തിൽ മുഴുകി കിടന്നതുകൊണ്ട് ജനമൊക്കെയും നില്ക്കുന്നു എന്ന് കണ്ടിട്ട് അവൻ അമാസയെ പെരുവഴിയിൽനിന്ന് വയലിലേക്ക് മാറ്റി; അവിടെ എത്തുന്നവനെല്ലാം നില്ക്കുന്നു എന്ന് കാൺകകൊണ്ട് അവൻ ഒരു വസ്ത്രം അവന്റെമേൽ മൂടി.13അവനെ പെരുവഴിയിൽനിന്ന് മാറ്റിയശേഷം എല്ലാവരും ബിക്രിയുടെ മകനായ ശേബയെ പിന്തുടരുവാൻ യോവാബിന്റെ പിന്നാലെ പോയി.
14എന്നാൽ ശേബ എല്ലായിസ്രായേൽഗോത്രങ്ങളിലും കൂടി കടന്ന് ആബേലിലും ബേത്ത്-മാഖയിലും എല്ലാ ബേര്യരുടെ അടുക്കലും ചെന്നു; അവരും ഒന്നിച്ചുകൂടി അവന്റെ പിന്നാലെ ചെന്നു.15മറ്റവർ വന്ന് ബേത്ത്-മാഖയിലെ ആബേലിൽ അവനെ നിരോധിച്ചു. അവർ പട്ടണത്തിന് നേരെ ഒരു മൺകൂന ഉയർത്തി; അത് കോട്ടമതിലിനോട് ചേർന്നാണ് നിന്നിരുന്നത്; യോവാബിനോടുകൂടെയുള്ള എല്ലാ പടജ്ജനവും മതിൽ തള്ളിയിടുവാൻ തക്കവണ്ണം ഇടിച്ചുതുടങ്ങി.16അപ്പോൾ ജ്ഞാനമുള്ള ഒരു സ്ത്രീ: “കേൾപ്പിൻ, കേൾപ്പിൻ; ഞാൻ യോവാബിനോട് സംസാരിക്കേണ്ടതിന് അടുത്തുവരുവാൻ അവനോട് പറവിൻ” എന്ന് പട്ടണത്തിൽനിന്ന് വിളിച്ചുപറഞ്ഞു.
17അവൻ അടുത്തുചെന്നപ്പോൾ: “നീ യോവാബോ?” എന്ന് ആ സ്ത്രീ ചോദിച്ചു. “അതേ” എന്ന് അവൻ പറഞ്ഞു. അവൾ അവനോട്: “അടിയന്റെ വാക്ക് കേൾക്കേണമേ” എന്നു പറഞ്ഞു. “ഞാൻ കേൾക്കുന്നുണ്ട്” എന്ന് അവൻ പറഞ്ഞു.18എന്നാൽ അവൾ: “ ‘ആബേലിൽ ചെന്ന് നിർദ്ദേശം ചോദിക്കേണം’ എന്ന് പണ്ടൊക്കെ പറകയും അങ്ങനെ തർക്കം തീർക്കുകയും ചെയ്തിരുന്നു.19ഞാൻ യിസ്രായേലിൽ സമാധാനവും വിശ്വസ്തതയും ഉള്ളവരിൽ ഒരുവൾ ആകുന്നു; നീ യിസ്രായേലിൽ മാതാവായിരിക്കുന്ന ഒരു പട്ടണത്തെ നശിപ്പിക്കുവാൻ നോക്കുന്നു; നീ യഹോവയുടെ അവകാശം വിഴുങ്ങിക്കളയുന്നത് എന്ത്?” എന്നു പറഞ്ഞു.
20അതിന് യോവാബ്: “അതിനിടവരാതിരിക്കട്ടെ! വിഴുങ്ങിക്കളവാനോ നശിപ്പിക്കാനോ എനിക്ക് ഇടവരാതിരിക്കട്ടെ!21കാര്യം അങ്ങനെയല്ല; ബിക്രിയുടെ മകനായ ശേബ എന്നൊരു എഫ്രയീംമലനാട്ടുകാരൻ ദാവീദ്‌ രാജാവിനെതിരെ തന്റെ കരം ഉയർത്തിയിരിക്കുന്നു; അവനെ മാത്രം വിട്ടുതന്നാൽ മതി; ഞാൻ പട്ടണത്തെ വിട്ടുപോകും” എന്നു പറഞ്ഞു. സ്ത്രീ യോവാബിനോട്: “നോക്കികൊൾക്ക! അവന്റെ തല മതിലിന്റെ മുകളിൽനിന്ന് നിന്റെ അടുക്കൽ ഇട്ടുതരും” എന്നു പറഞ്ഞു.22അങ്ങനെ സ്ത്രീ ചെന്ന് തന്റെ ജ്ഞാനത്താൽ സകലജനത്തെയും സമ്മതിപ്പിച്ചു; അവർ ബിക്രിയുടെ മകനായ ശേബയുടെ തല വെട്ടി യോവാബിന്റെ അടുക്കൽ ഇട്ടുകൊടുത്തു; അപ്പോൾ അവൻ കാഹളം ഊതി, എല്ലാവരും പട്ടണം വിട്ട് വീടുകളിലേക്ക് പോയി. യോവാബ് യെരൂശലേമിൽ രാജാവിന്റെ അടുക്കൽ മടങ്ങിപ്പോയി.

23യോവാബ് യിസ്രായേൽ സൈന്യത്തിനൊക്കെയും സൈന്യാധിപൻ ആയിരുന്നു; യെഹോയാദായുടെ മകനായ ബെനായാവ് ക്രേത്യരുടെയും പ്ലേത്യരുടെയും നായകൻ ആയിരുന്നു.24അദോരാം നിർബന്ധിതവേലക്കാർക്ക് മേൽവിചാരകൻ; അഹിലൂദിന്റെ മകനായ യെഹോശാഫാത്ത് മന്ത്രി;25ശെവാ പകർപ്പെഴുത്തുക്കാരൻ; സാദോക്കും അബ്യാഥാരും പുരോഹിതന്മാർ.26യായീര്യനായ ഈരയും ദാവീദിന്റെ പുരോഹിതൻ ആയിരുന്നു.

21

1ദാവീദിന്റെ കാലത്ത് മൂന്നു വർഷം തുടർച്ചയായി ക്ഷാമം ഉണ്ടായി; ദാവീദ് യഹോവയുടെ അരുളപ്പാട് ചോദിച്ചപ്പോൾ “ശൗൽ ഗിബെയോന്യരെ കൊന്നതുകൊണ്ട് അത് അവൻ നിമിത്തവും രക്തപാതകമുള്ള അവന്റെ കുടുംബം നിമിത്തവും അത്രേ” എന്ന് യഹോവ അരുളിച്ചെയ്തു.

2അങ്ങനെ രാജാവ് ഗിബെയോന്യരെ വിളിച്ച് അവരോട് സംസാരിച്ചു:- ഗിബെയോന്യർ യിസ്രായേല്യരല്ല അമോര്യരിൽ ശേഷിച്ചവരത്രേ; അവരെ സംരക്ഷിക്കാമെന്ന് യിസ്രായേൽമക്കൾ സത്യം ചെയ്തിരുന്നു; എങ്കിലും ശൗൽ യിസ്രായേല്യർക്കും യെഹൂദ്യർക്കും വേണ്ടി തനിക്കുണ്ടായിരുന്ന എരിവിൽ അവരെ കൊന്നുകളവാൻ ശ്രമിച്ചു -3ദാവീദ് ഗിബെയോന്യരോട്: “ഞാൻ നിങ്ങൾക്ക് എന്ത് ചെയ്തുതരേണം? നിങ്ങൾ യഹോവയുടെ അവകാശത്തെ അനുഗ്രഹിക്കേണ്ടതിന് ഞാൻ എന്ത് പരിഹാരം ചെയ്യേണം?” എന്നു ചോദിച്ചു.
4ഗിബെയോന്യർ അവനോട്: “ശൗലിനോടും അവന്റെ ഗൃഹത്തോടും ഞങ്ങൾക്കുള്ള കാര്യം പൊന്നും വെള്ളിയുംകൊണ്ട് തീരുന്നതല്ല; യിസ്രായേലിൽ ഞങ്ങൾക്കുവേണ്ടി ഒരുത്തനെ നീ കൊല്ലുകയും വേണ്ട” എന്നു പറഞ്ഞു. “നിങ്ങൾ പറയുന്നത് എന്തുതന്നെയായാലും ഞാൻ നിങ്ങൾക്കുവേണ്ടി ചെയ്തുതരാം” എന്ന് അവൻ പറഞ്ഞു.
5അവർ രാജാവിനോട്: “ഞങ്ങളെ നശിപ്പിക്കയും യിസ്രായേൽദേശത്തെങ്ങും ഞങ്ങൾ ശേഷിക്കാതെ മുടിഞ്ഞുപോകത്തക്കവണ്ണം ഉപായം ചിന്തിക്കയും ചെയ്തവന്റെ മക്കളിൽ ഏഴുപേരെ ഞങ്ങൾക്ക് വിട്ടുതരേണം.6ഞങ്ങൾ അവരെ യഹോവ തിരഞ്ഞെടുത്ത ശൗലിന്റെ, ഗിബെയയിൽ യഹോവയുടെ മുമ്പിൽ തൂക്കിക്കളയും” എന്ന് ഉത്തരം പറഞ്ഞു. “ഞാൻ അവരെ തരാം” എന്ന് രാജാവ് പറഞ്ഞു.
7എന്നാൽ ദാവീദും ശൗലിന്റെ മകനായ യോനാഥാനും തമ്മിൽ യഹോവയുടെ നാമത്തിൽ ചെയ്ത സത്യംനിമിത്തം ശൗലിന്റെ മകനായ യോനാഥാന്റെ മകൻ മെഫീബോശെത്തിനെ രാജാവ് ഒഴിവാക്കി.8അയ്യാവിന്റെ മകൾ രിസ്പാ ശൗലിനു പ്രസവിച്ച രണ്ട് പുത്രന്മാരായ അർമ്മോനിയെയും മെഫീബോശെത്തിനെയും ശൗലിന്റെ മകളായ മേരബ് മെഹോലാത്യൻ ബർസില്ലായിയുടെ മകനായ അദ്രീയേലിനു പ്രസവിച്ച അഞ്ച് പുത്രന്മാരെയും രാജാവ് പിടിച്ച് ഗിബെയോന്യരുടെ കയ്യിൽ ഏല്പിച്ചു.9അവർ അവരെ മലയിൽ യഹോവയുടെ മുമ്പാകെ തൂക്കിക്കളഞ്ഞു; അങ്ങനെ അവർ ഏഴുപേരും ഒരുമിച്ചു മരിച്ചു; കൊയ്ത്തുകാലത്തിന്റെ ആദ്യദിവസങ്ങളായ യവക്കൊയ്ത്തിന്റെ ആരംഭത്തിലായിരുന്നു അവരെ കൊന്നത്.
10അയ്യാവിന്റെ മകളായ രിസ്പാ ചാക്കുശീല എടുത്ത് പാറമേൽ വിരിച്ച് കൊയ്ത്തുകാലത്തിന്റെ ആരംഭം മുതൽ ആകാശത്തുനിന്ന് അവരുടെ മേൽ മഴപെയ്തതുവരെ പകൽ ആകാശത്തിലെ പക്ഷികളോ രാത്രി കാട്ടുമൃഗങ്ങളോ അവരെ തൊടുവാൻ സമ്മതിക്കാതിരുന്നു.11ശൗലിന്റെ വെപ്പാട്ടിയായി അയ്യാവിന്റെ മകളായ രിസ്പാ ചെയ്തത് ദാവീദ് കേട്ടിട്ട്
12ദാവീദ് ചെന്ന് ഫെലിസ്ത്യർ ഗിൽബോവയിൽവച്ച് ശൗലിനെ കൊന്നനാളിൽ ബേത്ത്-ശാൻനഗരവീഥിയിൽ ഫെലിസ്ത്യർ തൂക്കിക്കളകയും ഗിലെയാദിലെ യാബേശ് പൌരന്മാർ അവിടെനിന്ന് മോഷ്ടിച്ചു കൊണ്ടുവരികയും ചെയ്തിരുന്ന ശൗലിന്റെയും അവന്റെ മകൻ യോനാഥാന്റെയും അസ്ഥികളെ അവരുടെ അടുക്കൽനിന്ന് എടുത്തു.13അങ്ങനെ അവൻ ശൗലിന്റെയും അവന്റെ മകൻ യോനാഥാന്റെയും അസ്ഥികളെ അവിടെനിന്നു വരുത്തി; തൂക്കിക്കൊന്നവരുടെ അസ്ഥികളെയും അവർ പെറുക്കിയെടുത്തു.
14ശൗലിന്റെയും അവന്റെ മകൻ യോനാഥാന്റെയും അസ്ഥികളെ അവർ ബെന്യാമീൻദേശത്ത് സേലയിൽ അവന്റെ അപ്പനായ കീശിന്റെ കല്ലറയിൽ അടക്കംചെയ്തു; രാജാവ് കല്പിച്ചതൊക്കെയും അവർ ചെയ്തു. അതിന്റെ ശേഷം ദൈവം ദേശത്തിനുവേണ്ടിയുള്ള പ്രാർത്ഥനയെ ആദരിച്ചു.
15ഫെലിസ്ത്യർക്ക് യിസ്രായേലിനോട് വീണ്ടും യുദ്ധം ഉണ്ടായപ്പോൾ ദാവീദ് തന്റെ ഭൃത്യന്മാരുമായി ചെന്ന് ഫെലിസ്ത്യരോടു പോരാടി; ദാവീദ് തളർന്നുപോയി.16അപ്പോൾ മുന്നൂറു ശേക്കെൽ തൂക്കമുള്ള താമ്രശൂലം ധരിച്ചവനും പുതിയ വാൾഅരയ്ക്കു കെട്ടിയവനുമായി രാഫാമക്കളിൽ യിശ്ബി-ബെനോബ് എന്നൊരുവൻ ദാവീദിനെ കൊല്ലുവാൻ ഭാവിച്ചു.17എന്നാൽ സെരൂയയുടെ മകനായ അബീശായി അവന് സഹായമായി വന്ന് ഫെലിസ്ത്യനെ വെട്ടിക്കൊന്നു; അപ്പോൾ ദാവീദിന്റെ ഭൃത്യന്മാർ അവനോട്: “നീ യിസ്രായേലിന്റെ ദീപം കെടുത്താതിരിക്കേണ്ടതിന് ഇനി ഞങ്ങളോടുകൂടെ യുദ്ധത്തിന് പുറപ്പെടരുത്” എന്ന് സത്യംചെയ്തു പറഞ്ഞു.

18അതിന്റെശേഷം ഗോബിൽവച്ച് വീണ്ടും ഫെലിസ്ത്യരോടു യുദ്ധംഉണ്ടായി; അപ്പോൾ ഹൂശാത്യനായ സിബ്ബെഖായി മല്ലന്മാരുടെ മക്കളിൽ ഒരുത്തനായ സഫിനെ വെട്ടിക്കൊന്നു.19ഗോബിൽവച്ച് പിന്നെയും ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായി; അവിടെവച്ച് ബേത്ത്ലേഹെമ്യനായ യാരെ-ഓരെഗീമിന്റെ മകൻ എൽഹാനാൻ ഗിത്യനായ ഗൊല്യാത്തിന്റെ സഹോദരനെ വെട്ടിക്കൊന്നു; അവന്റെ കുന്തത്തണ്ട് നെയ്ത്തുകാരുടെ പടപ്പുതടിപോലെ ആയിരുന്നു.
20പിന്നെയും ഗത്തിൽവച്ച് യുദ്ധം ഉണ്ടായി; അവിടെ ഒരു അതികായൻ ഉണ്ടായിരുന്നു; അവന്റെ ഓരോ കൈക്ക് ആറാറുവിരലും ഓരോ കാലിന് ആറാറുവിരലും ആകെ ഇരുപത്തിനാല് വിരൽ ഉണ്ടായിരുന്നു; ഇവനും രാഫയ്ക്കു ജനിച്ചവനായിരുന്നു.21അവൻ യിസ്രായേലിനെ അധിക്ഷേപിച്ചപ്പോൾ ദാവീദിന്റെ സഹോദരനായ ശിമെയയുടെ മകൻ യോനാഥാൻ അവനെ കൊന്നുകളഞ്ഞു.22ഈ നാല് പേരും ഗത്തിൽ രാഫയ്ക്കു ജനിച്ചവരായിരുന്നു. അവർ ദാവീദിന്റെയും അവന്റെ ഭൃത്യന്മാരുടെയും കയ്യാൽ കൊല്ലപ്പെട്ടു.

22

1യഹോവ ദാവീദിനെ സകലശത്രുക്കളുടെ കയ്യിൽനിന്നും ശൗലിന്റെ കയ്യിൽനിന്നും വിടുവിച്ച ദിവസം അവൻ യഹോവക്ക് ഈ കീർത്തനം ചൊല്ലിയതെന്തെന്നാൽ:

2“യഹോവ എന്റെ പാറയും എന്റെ കോട്ടയും
എന്റെ രക്ഷകനും ആകുന്നു.
3എന്റെ ബലമായ ദൈവം;
അങ്ങയിൽ ഞാൻ ആശ്രയിക്കും;
എന്റെ പരിചയും എന്റെ രക്ഷയായ കൊമ്പും
എന്റെ അഭയസ്ഥാനവും എന്റെ കോട്ടയും തന്നെ.
എന്റെ രക്ഷിതാവേ, അങ്ങ് എന്നെ അക്രമത്തിൽനിന്ന് രക്ഷിക്കുന്നു.
4സ്തുതിക്കപ്പെടുവാൻ യോഗ്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കും; എന്റെ ശത്രുക്കളിൽനിന്ന് അവിടുന്ന് എന്നെ രക്ഷിക്കും.
5മരണത്തിന്റെ തിരമാല എന്നെ വളഞ്ഞു;
ദുഷ്ടതയുടെ കുത്തൊഴുക്കുകൾ എന്നെ ഭയപ്പെടുത്തി;
6പാതാളപാശങ്ങൾ എന്നെ ചുറ്റി;
മരണത്തിന്റെ കെണികൾ എന്റെമേൽ വീണു.
7എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചു,
എന്റെ ദൈവത്തോടുതന്നെ നിലവിളിച്ചു,
അവിടുന്ന് അവിടുത്തെ ആലയത്തിൽനിന്ന് എന്റെ അപേക്ഷ കേട്ടു;
എന്റെ നിലവിളി അവിടുത്തെ ചെവികളിൽ എത്തി.
8അവിടുന്ന് കോപിക്കയാൽ ഭൂമി ഞെട്ടി വിറച്ചു,
ആകാശത്തിന്റെ അടിസ്ഥാനങ്ങൾ ഇളകി,
അവ കുലുങ്ങിപ്പോയി.
9അവിടുത്തെ മൂക്കിൽനിന്നു പുക പൊങ്ങി,
അവിടുത്തെ വായിൽനിന്നു ദഹിപ്പിക്കുന്ന തീ പുറപ്പെട്ടു,
തീക്കനൽ അവനിൽനിന്നു ജ്വലിച്ചു.
10അവിടുന്ന് ആകാശം ചായിച്ചിറങ്ങി;
കൂരിരുൾ അവിടുത്തെ കാല്ക്കീഴുണ്ടായിരുന്നു1 .
11അവിടുന്ന് ഒരു കെരൂബിന്മേലേറി പറന്നു,
കാറ്റിൻ ചിറകിന്മേൽ അവിടുന്ന് പ്രത്യക്ഷനായി.
12അവിടുന്ന് അന്ധകാരം അവിടുത്തേക്കു ചുറ്റും മണ്ഡപമാക്കി;
ആകാശത്തിലെ ഇരുണ്ട വെള്ളങ്ങളും കനത്ത മേഘങ്ങളും കൂടെ.
13അവിടുത്തെ മുമ്പിലുള്ള പ്രകാശത്താൽ തീക്കനൽ ജ്വലിച്ചു.
14യഹോവ ആകാശത്തിൽ ഇടിമുഴക്കി,
അത്യുന്നതൻ അവിടുത്തെ ശബ്ദം കേൾപ്പിച്ചു.
15അവിടുന്ന് അമ്പ് എയ്ത് അവരെ ചിതറിച്ചു,
മിന്നൽ അയച്ച് അവരെ തോല്പിച്ചു.
16യഹോവയുടെ ശാസനയാൽ,
തിരുമൂക്കിലെ ശ്വാസത്തിന്റെ ഊത്തിനാൽ
കടലിന്റെ ചാലുകൾ കാണപ്പെട്ടു
ഭൂതലത്തിന്റെ അടിസ്ഥാനങ്ങൾ വെളിപ്പെട്ടു.
17അവിടുന്ന് ഉയരത്തിൽനിന്നു കൈനീട്ടി എന്നെ പിടിച്ചു,
പെരുവെള്ളത്തിൽനിന്ന് എന്നെ വലിച്ചെടുത്തു.
18അവിടുന്ന് എന്റെ ബലമുള്ള ശത്രുവിൽനിന്നും
എന്നെ പകച്ചവരിൽനിന്നും എന്നെ വിടുവിച്ചു;
അവർ എന്നിലും ബലമേറിയവർ ആയിരുന്നു.
19എന്റെ അനർത്ഥദിവസത്തിൽ അവർ എന്നെ ആക്രമിച്ചു;
എന്നാൽ യഹോവ എനിക്ക് തുണയായിരുന്നു.
20അവിടുന്ന് എന്നെ വിശാലതയിലേക്ക് കൊണ്ടുവന്നു,
എന്നിൽ പ്രസാദിച്ചിരുന്നതുകൊണ്ട് എന്നെ വിടുവിച്ചു.
21യഹോവ എന്റെ നീതിക്കു തക്കവണ്ണം എനിക്കു പ്രതിഫലം നല്കി,
എന്റെ കൈകളുടെ വെടിപ്പിനൊത്തവണ്ണം എനിക്കു പകരം തന്നു.
22ഞാൻ യഹോവയുടെ വഴികളെ പ്രമാണിച്ചു,
എന്റെ ദൈവത്തോട് ദ്രോഹം ചെയ്തതുമില്ല.
23അവിടുത്തെ വിധികൾ ഒക്കെയും എന്റെ മുമ്പിലുണ്ട്;
അവിടുത്തെ ചട്ടങ്ങളിൽനിന്ന് ഞാൻ വിട്ടുനടന്നിട്ടുമില്ല.
24ഞാൻ അവിടുത്തെ മുമ്പാകെ നിഷ്കളങ്കനായിരുന്നു,
അകൃത്യം ചെയ്യാതെ ഞാൻ എന്നെ തന്നെ കാത്തു.
25യഹോവ എന്റെ നീതിക്കു തക്കവണ്ണവും
അവിടുത്തെ കാഴ്ചയിൽ എന്റെ നിർമലതയ്ക്കൊത്തവണ്ണവും എനിക്കു പകരം നല്കി.
26ദയാലുവോട് അങ്ങ് ദയാലുവാകുന്നു; നിഷ്കളങ്കനോട് അങ്ങ് നിഷ്കളങ്കൻ.
27നിർമ്മലനോട് അങ്ങ് നിർമ്മലനാകുന്നു;
വക്രനോട് അങ്ങ് വക്രത കാണിക്കുന്നു.
28താഴ്മയുള്ള ജനത്തെ അങ്ങ് രക്ഷിക്കും;
നിഗളിച്ചു നടക്കുന്നവരെ താഴ്ത്തേണ്ടതിന് അങ്ങ് അവരുടെമേൽ ദൃഷ്ടിവയ്ക്കുന്നു.
29യഹോവേ, അങ്ങ് എന്റെ ദീപം ആകുന്നു;
യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും.
30നിന്നാൽ ഞാൻ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും;
എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും.
31ദൈവത്തിന്റെ വഴി പൂർണ്ണതയുള്ളത്,
യഹോവയുടെ വചനം ഊതിക്കഴിച്ചത്;
അവിടുത്തെ ശരണമാക്കുന്ന ഏവർക്കും അവിടുന്ന് പരിച ആകുന്നു.
32യഹോവയല്ലാതെ ദൈവം ആരുള്ളു?
നമ്മുടെ ദൈവം ഒഴികെ പാറ ആരുള്ളു?
33ദൈവം എന്റെ ബലവും ശക്തിയും ആകുന്നു,
അവിടുന്ന് എന്റെ വഴി കുറ്റമറ്റതാക്കുന്നു.
34അവിടുന്ന് എന്റെ കാലുകളെ മാൻപേടക്കാലുകൾക്ക് തുല്യമാക്കി
എന്റെ ഉയർന്ന തലങ്ങളിൽ എന്നെ നില്ക്കുമാറാക്കുന്നു.
35അവിടുന്ന് എന്റെ കൈകൾക്ക് യുദ്ധ പരിശീലനം നൽകുന്നു;
അതുകൊണ്ട് എന്റെ കൈകൾക്ക് താമ്രംകൊണ്ടുള്ള വില്ല് കുലയ്ക്കാം.
36അങ്ങയുടെ രക്ഷ എന്ന പരിചയും അങ്ങ് എനിക്ക് തന്നിരിക്കുന്നു;
അങ്ങയുടെ സൗമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു.
37ഞാൻ കാലടിവയ്ക്കേണ്ടതിന് അങ്ങ് വിശാലത വരുത്തി;
എന്റെ പാദങ്ങൾ വഴുതിപ്പോയതുമില്ല.
38ഞാൻ എന്റെ ശത്രുക്കളെ പിന്തുടർന്ന് നശിപ്പിച്ചു
അവർ നശിക്കുവോളം ഞാൻ പിന്തിരിഞ്ഞില്ല.
39അവർ എഴുന്നേല്ക്കാതിരിക്കേണ്ടതിന് ഞാൻ അവരെ നശിപ്പിക്കുകയും മുറിപ്പെടുത്തുകയും ചെയ്തു,
അവർ എന്റെ കാല്ക്കീഴിൽ വീണിരിക്കുന്നു.
40യുദ്ധത്തിനായി നീ എന്റെ അരയ്ക്ക് ശക്തി കെട്ടിയിരിക്കുന്നു;
എനിക്കെതിരെ എഴുന്നേറ്റവരെ അങ്ങ് എനിക്ക് കീഴടക്കിയിരിക്കുന്നു.
41എന്നെ വെറുക്കുന്നവരെ ഞാൻ നശിപ്പിക്കേണ്ടതിന്
അങ്ങ് എന്റെ ശത്രുക്കളുടെ കഴുത്തും എനിക്ക് തന്നിരിക്കുന്നു.
42അവർ ചുറ്റും നോക്കിയെങ്കിലും രക്ഷിപ്പാൻ ആരും ഉണ്ടായിരുന്നില്ല;
യഹോവയിങ്കലേക്കു നോക്കി, അവിടുന്ന് അവർക്ക് ഉത്തരം അരുളിയതുമില്ല.
43ഞാൻ അവരെ നിലത്തിലെ പൊടിപോലെ പൊടിച്ചു,
വീഥികളിലെ ചെളിയെപ്പോലെ ഞാൻ അവരെ ചവിട്ടി ചിതറിച്ചു.
44എന്റെ ജനത്തിന്റെ കലഹങ്ങളിൽനിന്നും അങ്ങ് എന്നെ വിടുവിച്ചു,
ജാതികൾക്ക് എന്നെ തലവനാക്കിയിരിക്കുന്നു;
ഞാൻ അറിയാത്ത ജനം എന്നെ സേവിക്കും.
45അന്യജാതിക്കാർ എനിക്ക് കീഴപ്പെടും;
അവർ കേട്ട ഉടൻതന്നെ എന്നെ അനുസരിക്കും.
46അന്യജാതിക്കാർ ക്ഷയിച്ചുപോകുന്നു;
തങ്ങളുടെ ദുർഗ്ഗങ്ങളിൽനിന്ന് അവർ വിറച്ചുംകൊണ്ട് വരുന്നു.
47യഹോവ ജീവിക്കുന്നു; എന്റെ പാറ വാഴ്ത്തപ്പെട്ടവൻ.
എൻ രക്ഷയുടെ പാറയായ ദൈവം ഉന്നതൻ തന്നെ.
48എനിക്കുവേണ്ടി പ്രതികാരം ചെയ്യുന്നവനും
ജനങ്ങളെ എനിക്ക് കീഴാക്കുന്നവനും ദൈവം തന്നെ.
49അവിടുന്ന് എന്റെ ശത്രുക്കളിൽനിന്ന് എന്നെ വിടുവിക്കുന്നു;
എനിക്കെതിരെ എഴുന്നേൽക്കുന്നവർക്കു മീതെ അങ്ങ് എന്നെ ഉയർത്തുന്നു;
അക്രമിയിൽനിന്ന് അങ്ങ് എന്നെ വിടുവിക്കുന്നു.
50അതുകൊണ്ട്, യഹോവേ, ഞാൻ ജാതികളുടെ മദ്ധ്യേ അങ്ങയ്ക്ക് സ്തോത്രം ചെയ്യും,
അങ്ങയുടെ നാമത്തെ ഞാൻ കീർത്തിക്കും.
51അവിടുന്ന് തന്റെ രാജാവിന് രക്ഷാഗോപുരം ആകുന്നു;
അവിടുത്തെ അഭിഷിക്തനു ദയ കാണിക്കുന്നു;
ദാവീദിനും അവന്റെ സന്തതിക്കും എന്നെന്നേക്കും തന്നെ.”


1 22:10 കൂരിരുൾ അവന്റെ കാല്ക്കീഴുണ്ടായിരുന്നു കൂരിരുട്ടിനുമേൽ അവിടുന്ന് പാദമുറപ്പിച്ചു

23

1ദാവീദിന്റെ അന്ത്യവാക്യങ്ങളാണിത്:

“യിശ്ശായിപ്പുത്രൻ ദാവീദ് ചൊല്ലുന്നു;
ഉന്നതി പ്രാപിച്ച പുരുഷൻ ചൊല്ലുന്നു;
യാക്കോബിൻ ദൈവത്താൽ അഭിഷിക്തൻ,
യിസ്രായേലിൻ മധുരഗായകൻ തന്നെ.
2യഹോവയുടെ ആത്മാവ് എന്നിലൂടെ സംസാരിക്കുന്നു;
അവിടുത്തെ വചനം എന്റെ നാവിന്മേൽ ഇരിക്കുന്നു.
3യിസ്രായേലിന്റെ ദൈവം കല്പിച്ചു;
യിസ്രായേലിൻ പാറ എന്നോട് അരുളിച്ചെയ്തു:
‘മനുഷ്യരെ നീതിമാനായി ഭരിക്കുന്നവൻ,
4ദൈവഭയത്തോടെ വാഴുന്നവൻ,
മേഘമില്ലാത്ത പ്രഭാതകാലത്ത്
സുര്യോദയത്തിങ്കലെ പ്രകാശത്തിനു തുല്യൻ;
മഴയ്ക്കു ശേഷം സൂര്യകാന്തിയാൽ
ഭൂമിയിൽ മുളയ്ക്കുന്ന ഇളമ്പുല്ലിനു തുല്യൻ.’
5ദൈവസന്നിധിയിൽ എന്റെ ഗൃഹം അതുപോലെയല്ലയോ?
അവൻ എന്നോട് ഒരു ശാശ്വതനിയമം ചെയ്തുവല്ലോ:
അത് എല്ലാറ്റിലും സ്ഥാപിതവും സ്ഥിരവുമായിരിക്കുന്നു.
അവൻ എനിക്കു സകലരക്ഷയും വാഞ്ഛയും വർദ്ധിപ്പിക്കുകയില്ലയോ?
6എന്നാൽ സകലനീചന്മാരും വലിച്ചെറിയപ്പെടുന്ന മുള്ളുപോലെ ആകുന്നു
അവയെ കൈകൊണ്ട് എടുക്കാവതല്ലല്ലോ.
7അവയെ തൊടുവാൻ തുനിയുന്നവൻ ഇരിമ്പും കുന്തപ്പിടിയും പിടിച്ചിരിക്കേണം;
അവയെ അവ കിടക്കുന്നേടത്തു തന്നെ തീ വെച്ചു ചുട്ടുകളയേണം.”

8ദാവീദിന് ഉണ്ടായിരുന്ന വീരന്മാരുടെ പേരുകളാണിത്: തഹ്കെമോന്യൻ യോശേബ്-ബശ്ശേബെത്ത്; അവൻ നായകന്മാരിൽ തലവൻ; എണ്ണൂറുപേരെ ഒരേ സമയത്ത് ആക്രമിച്ചു കൊന്ന എസ്ന്യൻ അദീനോ ഇവൻ തന്നെ.
9അവന്റെ ശേഷം ഒരു അഹോഹ്യന്റെ മകനായ ദോദായിയുടെ മകൻ എലെയാസാർ; അവൻ ഫെലിസ്ത്യർ യുദ്ധത്തിന് കൂടിയിരുന്ന സ്ഥലത്തുനിന്ന് യിസ്രായേല്യർ പൊയ്ക്കളഞ്ഞപ്പോൾ ദാവീദിനോടുകൂടെ നിന്നു ഫെലിസ്ത്യരെ വെല്ലുവിളിച്ച മൂന്നു വീരന്മാരിൽ ഒരുത്തൻ ആയിരുന്നു.10അവൻ എഴുന്നേറ്റ് കൈതളർന്ന് വാളോട് പറ്റിപ്പോകുംവരെ ഫെലിസ്ത്യരെ വെട്ടി; അന്ന് യഹോവ വലിയോരു ജയം നല്കി; കൊള്ളയിടുവാൻ മാത്രമേ പടജ്ജനം അവന്റെ അടുക്കൽ മടങ്ങിവന്നുള്ളു.
11അവന്റശേഷം ഹാരാര്യനായ ആഗേയുടെ മകനായ ശമ്മാ; ഒരിക്കൽ ചെറുപയർ ഉള്ളോരു വയലിൽ ഫെലിസ്ത്യർ ഒരു സംഘമായി ഒരുമിച്ചുകൂടിയപ്പോൾ ജനം ഫെലിസ്ത്യരുടെ മുമ്പിൽനിന്ന് ഓടിപ്പോയി.12അവനോ വയലിന്റെ നടുവിൽനിന്നു അതിനെ കാത്തു ഫെലിസ്ത്യരെ വെട്ടി. അങ്ങനെ യഹോവ വലിയോരു ജയം നല്കി.
13മുപ്പത് നായകന്മാരിൽ മൂന്നുപേർ കൊയ്ത്തുകാലത്ത് അദുല്ലാംഗുഹയിൽ ദാവീദിന്റെ അടുക്കൽ ചെന്നു; ഫെലിസ്ത്യരുടെ സൈന്യം രെഫായീംതാഴ്വരയിൽ പാളയമിറങ്ങിയിരുന്നു.14അന്ന് ദാവീദ് കോട്ടയിൽ ആയിരുന്നു; ഫെലിസ്ത്യർക്ക് ബേത്ത്ലേഹെമിൽ അക്കാലത്ത് ഒരു കാവൽപട്ടാളം ഉണ്ടായിരുന്നു.
15“ബേത്ത്ലേഹെംപട്ടണവാതില്ക്കലെ കിണറ്റിൽനിന്നു വെള്ളം എനിക്ക് കുടിപ്പാൻ ആർ കൊണ്ടുവന്നു തരും” എന്ന് ദാവീദ് വാഞ്ഛയോടെ പറഞ്ഞു.16അപ്പോൾ ആ മൂന്നു വീരന്മാരും ഫെലിസ്ത്യരുടെ പാളയത്തിൽകൂടി കടന്നുചെന്ന് ബേത്ത്ലേഹെംപട്ടണവാതില്ക്കലെ കിണറ്റിൽനിന്നു വെള്ളം കോരി ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു; അവനോ അത് കുടിപ്പാൻ മനസ്സില്ലാതെ യഹോവയ്ക്കു നിവേദിച്ച് ഒഴിച്ചു:17“യഹോവേ, തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചുപോയ പുരുഷന്മാരുടെ രക്തം ഞാൻ കുടിക്കയോ? ഇത് ചെയ്‌വാൻ എനിക്ക് ഇടയാകരുതേ” എന്നു പറഞ്ഞു; അത് കുടിപ്പാൻ അവന് മനസ്സില്ലായിരുന്നു. ഇതാകുന്നു ഈ മൂന്നു വീരന്മാർ ചെയ്തത്.
18യോവാബിന്റെ സഹോദരനും സെരൂയയുടെ മകനുമായ അബീശായി മൂന്നുപേരിൽ പ്രധാനി ആയിരുന്നു. അവൻ തന്റെ കുന്തത്തെ മുന്നൂറുപേരുടെ നേരെ ഓങ്ങി, അവരെ കൊന്നു; അതുകൊണ്ട് അവൻ മൂന്നുപേരിൽവച്ച് കീർത്തി പ്രാപിച്ചു.19ആ മൂന്നുപേരിൽ അബീശായി അല്ലേ മാനം ഏറിയവൻ? അതുകൊണ്ട് അവൻ അവർക്ക് തലവനായ്തീർന്നു. എങ്കിൽ തന്നെയും അവൻ ആദ്യത്തെ മൂന്നുപേരോളം വരികയില്ല.
20കബ്സേലിൽ ഒരു പരാക്രമശാലിയുടെ മകനായ യെഹോയാദയുടെ മകൻ ബെനായാവും വീര്യപ്രവൃത്തികൾ ചെയ്തു; അവൻ മോവാബിലെ സിംഹതുല്യരായ രണ്ട് വീരന്മാരെ കൊന്നതുമല്ലാതെ മഞ്ഞുകാലത്ത് ഒരു ഗുഹയിൽ ചെന്ന് ഒരു സിംഹത്തെയും കൊന്നുകളഞ്ഞു.21അവൻ കോമളനായ ഒരു മിസ്രയീമ്യനെയും സംഹരിച്ചു; മിസ്രയീമ്യന്റെ കയ്യിൽ ഒരു കുന്തം ഉണ്ടായിരുന്നു; അവനോ ഒരു വടിയുംകൊണ്ട് അവന്റെ അടുക്കൽ ചെന്നു മിസ്രയീമ്യന്റെ കയ്യിൽ നിന്നും കുന്തം പിടിച്ചുപറിച്ചു കുന്തംകൊണ്ട് അവനെ കൊന്നു.
22ഇത് യെഹോയാദയുടെ മകനായ ബെനായാവ് ചെയ്തു, മൂന്നു വീരന്മാരിൽ കീർത്തി പ്രാപിച്ചു.23അവൻ മുപ്പതുപേരിൽ മാനമേറിയവനായിരുന്നു എങ്കിലും ആദ്യത്തെ മൂന്നുപേരോളം വരികയില്ല. ദാവീദ് അവനെ തന്റെ അംഗരക്ഷകരുടെ നായകനാക്കി.
24യോവാബിന്റെ സഹോദരനായ അസാഹേൽ മുപ്പതുപേരിൽ ഒരുത്തൻ ആയിരുന്നു; അവർ ആരെന്നാൽ: ബേത്ത്ലേഹെമ്യനായ ദോദോവിന്റെ മകൻ എൽഹാനാൻ, ഹരോദ്യൻ ശമ്മാ, ഹരോദ്യൻ എലീക്കാ,25പൽത്യൻ ഹേലെസ്, തെക്കോവ്യനായ ഇക്കേശിന്റെ മകൻ ഈരാ,26അനഥോത്യൻ അബീയേസെർ, ഹൂശാത്യൻ മെബുന്നായി, അഹോഹ്യൻ സൽമോൻ,27നെത്തോഫാത്യൻ മഹരായി,28നെത്തോഫാത്യനായ ബാനയുടെ മകൻ ഹേലെബ്,
29ബെന്യാമീന്യരുടെ ഗിബെയയിൽനിന്നുള്ള രീബായിയുടെ മകൻ ഇത്ഥായി,30പിരാതോന്യൻ ബെനായ്യാവ്,31നഹലേഗാശ് അരുവികളിൽനിന്ന് ഹിദ്ദായി, അർബാത്യൻ അബീ-അല്ബോൻ, ബർഹൂമ്യൻ അസ്മാവെത്ത്,32ശാൽബോന്യൻ എല്യഹ്ബാ, യാശേന്റെ പുത്രന്മാർ:
33യോനാഥാൻ, ഹരാര്യൻ ശമ്മ, അരാര്യനായ ശാരാരിന്റെ മകൻ അഹീരാം,34മാഖാത്യന്റെ മകനായ അഹശ്ബായിയുടെ മകൻ എലീഫേലെത്, ഗിലോന്യനായ അഹീഥോഫെലിന്റെ മകൻ എലീയാം,35കർമ്മേല്യൻ ഹെസ്രോ, അർബ്യൻ പാറായി,36സോബക്കാരനായ നാഥാന്റെ മകൻ യിഗാൽ,
37ഗാദ്യൻ ബാനി, സെരൂയയുടെ മകനായ യോവാബിന്റെ ആയുധവാഹകന്മാരായ അമ്മോന്യൻ സേലെക്ക്, ബെരോത്യൻ നഹരായി.38യിത്രിയൻ ഈരാ, യിത്രിയൻ ഗാരേബ്,39ഹിത്യൻ ഊരീയാവ് ഇങ്ങനെ ആകെ മുപ്പത്തേഴുപേർ.

24

1യഹോവയുടെ കോപം വീണ്ടും യിസ്രായേലിന്റെ നേരെ ജ്വലിച്ചു: “നീ ചെന്ന് യിസ്രായേലിനെയും യെഹൂദയെയും എണ്ണുക” എന്നിങ്ങനെ അവർക്ക് വിരോധമായി ദാവീദിന് തോന്നിച്ചു.2അങ്ങനെ രാജാവ് തന്റെ കൂടെ ഉണ്ടായിരുന്ന സേനാധിപതിയായ യോവാബിനോട്: “ദാൻമുതൽ ബേർ-ശേബവരെ യിസ്രായേൽഗോത്രങ്ങളിൽ ഒക്കെയും നിങ്ങൾ സഞ്ചരിച്ച് ജനത്തെ എണ്ണി ജനസംഖ്യ എന്നെ അറിയിപ്പിൻ” എന്നു കല്പിച്ചു.

3അതിനു യോവാബ് രാജാവിനോട്: “നിന്റെ ദൈവമായ യഹോവ ജനത്തെ ഇപ്പോൾ ഉള്ളതിൽ നൂറിരട്ടി വർദ്ധിപ്പിക്കട്ടെ; എന്റെ യജമാനനായ രാജാവിന്റെ കണ്ണുകൾ അത് കാണട്ടെ. പക്ഷെ എന്റെ യജമാനനായ രാജാവ് ഈ കാര്യത്തിന് താല്പര്യപ്പെടുന്നത് എന്തിന്?” എന്നു പറഞ്ഞു.4എങ്കിലും യോവാബും പടനായകന്മാരും രാജാവിന്റെ കല്പന അനുസരിക്കേണ്ടിവന്നു. അങ്ങനെ യോവാബും പടനായകന്മാരും യിസ്രായേൽജനത്തെ എണ്ണുവാൻ രാജസന്നിധിയിൽനിന്നു പുറപ്പെട്ടു.
5അവർ യോർദ്ദാൻ കടന്ന് ഗാദ് താഴ്വരയുടെ മദ്ധ്യേയുള്ള പട്ടണത്തിന് വലത്തുവശത്ത് അരോവേരിലും യസേരിനു നേരെയും കൂടാരം അടിച്ചു.6പിന്നെ അവർ ഗിലെയാദിലും തഹ്തീം-ഹൊദ്ശിദേശത്തും ചെന്നു; പിന്നെ അവർ ദാൻ-യാനിലും ചുറ്റി സീദോനിലും ചെന്നു;7പിന്നെ അവർ സോർകോട്ടയ്ക്കും ഹിവ്യരുടെയും കനാന്യരുടെയും എല്ലാപട്ടണങ്ങളിലും ചെന്നിട്ട് യെഹൂദയുടെ തെക്കുഭാഗത്ത് ബേർ-ശേബയിലേക്ക് പുറപ്പെട്ടു.
8ഇങ്ങനെ അവർ ദേശത്തെല്ലാടവും സഞ്ചരിച്ചു, ഒമ്പതുമാസവും ഇരുപതു ദിവസവും കഴിഞ്ഞശേഷം യെരൂശലേമിൽ എത്തി.9യോവാബ് ജനത്തെ എണ്ണിയതിന്റെ ആകത്തുക രാജാവിനു കൊടുത്തു: യിസ്രായേലിൽ വാളെടുക്കുന്ന യോദ്ധാക്കൾ എട്ടുലക്ഷവും യെഹൂദ്യർ അഞ്ചുലക്ഷവും ഉണ്ടായിരുന്നു.

10എന്നാൽ ദാവീദ് ജനത്തെ എണ്ണിയശേഷം തന്റെ ഹൃദയത്തിൽ കുത്തുകൊണ്ടിട്ടു യഹോവയോട്: “ഞാൻ ഈ ചെയ്തത് മഹാപാപം; എന്നാൽ ഇപ്പോൾ, യഹോവേ, അടിയന്റെ കുറ്റം ക്ഷമിക്കേണമേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു; ഞാൻ വലിയ ഭോഷത്വം ചെയ്തുപോയി” എന്നു പറഞ്ഞു.
11ദാവീദ് രാവിലെ എഴുന്നേറ്റപ്പോൾ ദാവീദിന്റെ ദർശകനായ ഗാദ്പ്രവാചകന് യഹോവയുടെ അരുളപ്പാടുണ്ടായത് എന്തെന്നാൽ:12“നീ ചെന്ന് ദാവീദിനോട്: ‘ഞാൻ മൂന്നു കാര്യം നിന്റെ മുമ്പിൽ വയ്ക്കുന്നു; അതിൽ ഒന്ന് തിരഞ്ഞെടുത്തുകൊൾക; അത് ഞാൻ നിന്നോട് ചെയ്യും എന്നിങ്ങനെ യഹോവ അരുളിച്ചെയ്യുന്നു’ എന്നു പറക.”
13ഗാദ് ദാവീദിന്റെ അടുക്കൽ ചെന്ന് അവനോട് അറിയിച്ചു: “നിന്റെ ദേശത്ത് ഏഴു വർഷത്തെ ക്ഷാമം ഉണ്ടാകണമോ? അല്ലെങ്കിൽ മൂന്നു മാസം ശത്രുക്കൾ നിന്നെ പിന്തുടരുമ്പോൾ നീ നിന്റെ ശത്രുക്കളുടെ മുമ്പിൽനിന്ന് ഓടിപ്പോകണമോ? അല്ലെങ്കിൽ നിന്റെ ദേശത്ത് മൂന്നു ദിവസത്തെ മഹാമാരി ഉണ്ടാകണമോ? എന്തുവേണം? എന്നെ അയച്ചവനോട് ഞാൻ മറുപടി പറയേണ്ടതിന് നീ ആലോചിച്ചുനോക്കുക” എന്നു പറഞ്ഞു.14ദാവീദ് ഗാദിനോട്: “ഞാൻ വലിയ വിഷമത്തിൽ ആയിരിക്കുന്നു; നാം യഹോവയുടെ കയ്യിൽ തന്നെ വീഴുക; അവന്റെ കരുണ വലിയതല്ലോ; മനുഷ്യന്റെ കയ്യിൽ ഞാൻ വീഴരുതേ” എന്നു പറഞ്ഞു.
15അങ്ങനെ യഹോവ യിസ്രായേലിന്മേൽ രാവിലെ തുടങ്ങി നിശ്ചയിച്ച സമയംവരെ മഹാമാരി അയച്ചു; ദാൻ മുതൽ ബേർ-ശേബവരെ ജനത്തിൽ എഴുപതിനായിരം പേർ മരിച്ചുപോയി.16എന്നാൽ ദൈവദൂതൻ യെരൂശലേമിനെ നശിപ്പിക്കാൻ അതിന്മേൽ തന്റെ കൈ നീട്ടിയപ്പോൾ യഹോവ അനർത്ഥത്തെക്കുറിച്ച് അനുതപിച്ച് ജനത്തിൽ നാശം ചെയ്യുന്ന ദൂതനോട്: “മതി, നിന്റെ കൈ പിൻവലിക്ക” എന്നു കല്പിച്ചു. അപ്പോൾ യഹോവയുടെ ദൂതൻ, യെബൂസ്യൻ അരവ്നയുടെ മെതിക്കളത്തിന്നരികെ ആയിരുന്നു.
17ജനത്തെ ബാധിക്കുന്ന ദൂതനെ ദാവീദ് കണ്ടിട്ട് യഹോവയോട്: “ഞാനല്ലോ പാപം ചെയ്തത്; ഞാനല്ലോ ദുഷ്ടത ചെയ്തത്; ഈ ആടുകൾ എന്തു ചെയ്തു? നിന്റെ കൈ എനിക്കും എന്റെ പിതൃഭവനത്തിനും വിരോധമായിരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു” എന്നു പറഞ്ഞു.
18അന്നുതന്നെ ഗാദ് ദാവീദിന്റെ അടുക്കൽ വന്ന് അവനോട്: “നീ ചെന്ന് യെബൂസ്യനായ അരവ്നയുടെ മെതികളത്തിൽ യഹോവയ്ക്ക് ഒരു യാഗപീഠം ഉണ്ടാക്കുക” എന്നു പറഞ്ഞു.19യഹോവയുടെ കല്പനപ്രകാരം ഗാദ് പറഞ്ഞതുപോലെ ദാവീദ് അവിടേക്കു പോയി.20അരവ്നാ നോക്കി; രാജാവും അവന്റെ ഭൃത്യന്മാരും തന്റെ അടുക്കൽ വരുന്നത് കണ്ടപ്പോൾ അരവ്നാ പുറപ്പെട്ടുചെന്ന് രാജാവിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു.
21“എന്റെ യജമാനനായ രാജാവ് അടിയന്റെ അടുക്കൽ വരുന്നത് എന്ത്?” എന്ന് അരവ്നാ ചോദിച്ചതിന് ദാവീദ്: “ബാധ ജനത്തെ വിട്ടുമാറുവാൻ തക്കവണ്ണം യഹോവയ്ക്ക് ഒരു യാഗപീഠം പണിയേണ്ടതിന് ഈ മെതികളം നിന്നോട് വിലയ്ക്കു വാങ്ങുവാൻ തന്നെ” എന്നു പറഞ്ഞു.22അരവ്നാ ദാവീദിനോട്: “എന്റെ യജമാനനായ രാജാവിനു നല്ലതെന്ന് തോന്നുന്നത് എടുത്തു യാഗം കഴിച്ചാലും; ഹോമയാഗത്തിനു കാളകളും വിറകിനു മെതിവണ്ടികളും കാളകളുടെ നുകങ്ങളും ഇതാ.23രാജാവേ, ഇതൊക്കെയും അരവ്നാ രാജാവിനു തരുന്നു” എന്നു പറഞ്ഞു. “നിന്റെ ദൈവമായ യഹോവ നിന്നിൽ പ്രസാദിക്കുമാറാകട്ടെ” എന്നും അരവ്നാ രാജാവിനോടു പറഞ്ഞു.
24രാജാവ് അരവ്നയോട്: “അങ്ങനെയല്ല, ഞാൻ അത് നിന്നോട് വിലയ്ക്ക് വാങ്ങിക്കൊള്ളാം; എനിക്ക് ഒന്നും ചെലവില്ലാതെ ഞാൻ എന്റെ ദൈവമായ യഹോവയ്ക്ക് ഹോമയാഗം കഴിക്കയില്ല” എന്നു പറഞ്ഞു. അങ്ങനെ ദാവീദ് മെതികളത്തെയും കാളകളെയും അമ്പതുശേക്കൽ വെള്ളിക്കു വാങ്ങി.25ദാവീദ് യഹോവയ്ക്ക് അവിടെ ഒരു യാഗപീഠം പണിതു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു. അപ്പോൾ യഹോവ ദേശത്തിനുവേണ്ടിയുള്ള പ്രാർത്ഥന കേട്ടു; ബാധ യിസ്രായേലിനെ വിട്ടുമാറുകയും ചെയ്തു.

രാജാക്കന്മാർ: ഒന്നാം പുസ്തകം

1

1ദാവീദ്‌ രാജാവ് വൃദ്ധനായപ്പോൾ അവർ അവനെ കമ്പിളി പുതപ്പിച്ചിട്ടും കുളിർ മാറിയില്ല.2ആകയാൽ അവന്റെ ഭൃത്യന്മാർ അവനോട്“ യജമാനനായ രാജാവിനുവേണ്ടി കന്യകയായ ഒരു യുവതിയെ ഞങ്ങൾ അന്വേഷിക്കട്ടെ ; അവൾ രാജസന്നിധിയിൽ ശുശ്രൂഷിക്കയും , അങ്ങയുടെ കുളിർ മാറേണ്ടതിന് തിരുമാർവ്വിൽ കിടക്കയും ചെയ്യട്ടെ ”എന്ന് പറഞ്ഞു.

3അങ്ങനെ അവർ സൌന്ദര്യമുള്ള ഒരു യുവതിക്കുവേണ്ടി യിസ്രായേൽദേശത്തെല്ലായിടവും അന്വേഷിച്ചു ; ശൂനേംകാരത്തി അബീശഗിനെ കണ്ട് , രാജാവിന്റെ അടുക്കൽ കൊണ്ടുവന്നു.4ആ യുവതി അതിസുന്ദരിയായിരുന്നു; അവൾ രാജാവിനെ പരിചരിക്കുകയും ശുശ്രൂഷിക്കയും ചെയ്തു; എന്നാൽ രാജാവ് അവളെ പരിഗ്രഹിച്ചില്ല.
5അനന്തരം ഹഗ്ഗീത്തിന്റെ മകൻ അദോനീയാവ് നിഗളിച്ച് “ഞാൻ രാജാവാകും”എന്ന് പറഞ്ഞ് രഥങ്ങളെയും കുതിരച്ചേവകരെയും, തനിക്ക് മുമ്പായി ഓടുവാൻ അമ്പത് അകമ്പടികളെയും ഒരുക്കി6“നീ ഇങ്ങനെ ചെയ്തത് എന്ത് ?”എന്ന് അവന്റെ അപ്പൻ ഒരിക്കലും അവനെ ശാസിച്ചിരുന്നില്ല; അവനും ബഹുസുന്ദരനായിരുന്നു. അവൻ ജനിച്ചത് അബ്ശാലോമിനു ശേഷം ആയിരുന്നു .
7അവൻ സെരൂയയുടെ മകൻ യോവാബിനോടും പുരോഹിതനായ അബ്യാഥാരിനോടും ആലോചിച്ചു; ഇവർ അദോനീയാവിനെ തുണക്കുകയും സഹായിക്കുകയും ചെയ്തു.8എന്നാൽ പുരോഹിതനായ സാദോക്ക് , യഹോയാദയുടെ മകൻ ബെനായാവ്, പ്രവാചകനായ നാഥാൻ, ശിമെയി , രേയി , ദാവീദിന്റെ വീരന്മാർ എന്നിവർ അദോനീയാവിന്റെ പക്ഷം ചേർന്നിരുന്നില്ല.
9അദോനീയാവ് ഏൻ-രോഗേലിന് സമീപത്ത് , സോഹേലെത്ത് എന്ന കല്ലിനരികെ ആടുമാടുകളെയും തടിപ്പിച്ച മൃഗങ്ങളെയും അറുത്തു ; രാജകുമാരന്മാരായ തന്റെ സകലസഹോദരന്മാരെയും രാജഭൃത്യന്മാരായ എല്ലാ യെഹൂദാപുരുഷന്മാരെയും ക്ഷണിച്ചു.10എങ്കിലും നാഥാൻപ്രവാചകനെയും ബെനായാവെയും വീരന്മാരെയും തന്റെ സഹോദരൻ ശലോമോനെയും അവൻ ക്ഷണിച്ചില്ല.
11അനന്തരം നാഥാൻ ശലോമോന്റെ അമ്മയായ ബത്ത്-ശേബയോട് പറഞ്ഞത്: ഹഗ്ഗീത്തിന്റെ മകനായ അദോനീയാവ് രാജാവായിരിക്കുന്നു എന്ന് നീ കേട്ടില്ലയോ? നമ്മുടെ യജമാനനായ ദാവീദ് ഈ വിവരം അറിഞ്ഞിട്ടുമില്ല.12ആകയാൽ വരിക; നിന്റെയും നിന്റെ മകനായ ശലോമോന്റെയും ജീവൻ രക്ഷിക്കേണ്ടതിന് ഞാൻ നിനക്ക് ഒരു ആലോചന പറഞ്ഞുതരാം.
13നീ ദാവീദ്‌ രാജാവിന്റെ അടുക്കൽ ചെന്ന് ഇപ്രകാരം പറയേണം “യജമാനനായ രാജാവേ, നിന്റെ മകനായ ശലോമോൻ എനിക്ക് ശേഷം രാജാവായി വാണ് എന്റെ സിംഹാസനത്തിൽ ഇരിക്കും എന്ന് നീ അടിയനോട് സത്യം ചെയ്തില്ലയോ? പിന്നെ അദോനീയാവ് രാജാവായി വാഴുന്നത് എന്ത്” എന്ന് അവനോട് ചോദിക്ക.14നീ അവിടെ രാജാവിനോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ, ഞാനും നിന്റെ പിന്നാലെ വന്ന് നിന്റെ വാക്ക് ഉറപ്പിച്ചുകൊള്ളാം.
15അങ്ങനെ ബത്ത്-ശേബ പള്ളിയറയിൽ രാജാവിന്റെ അടുക്കൽ ചെന്നു; രാജാവ് വയോധികനായിരുന്നു; ശൂനേംകാരത്തി അബീശഗ് രാജാവിന് ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നു.16ബത്ത്-ശേബ കുനിഞ്ഞ് രാജാവിനെ നമസ്കരിച്ചു“ നിനക്ക് എന്ത് വേണം ” എന്ന് രാജാവ് ചോദിച്ചു.17അവൾ അവനോട് പറഞ്ഞത്: എന്റെ യജമാനനേ, നിന്റെ മകൻ ശലോമോൻ എനിക്ക് ശേഷം രാജാവായി വാണ് എന്റെ സിംഹാസനത്തിൽ ഇരിക്കും എന്ന് നീ നിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ ഈ ദാസിയോട് സത്യം ചെയ്തിട്ടുണ്ടല്ലോ.
18ഇപ്പോൾ ഇതാ, അദോനീയാവ് രാജാവായിരിക്കുന്നു; എന്റെ യജമാനനായ രാജാവ് ഈ കാര്യം അറിയുന്നതുമില്ല.19അവൻ അനവധി കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും ആടുകളെയും യാഗം കഴിച്ചു; രാജകുമാരന്മാരെയൊക്കെയും പുരോഹിതനായ അബ്യാഥാരിനെയും സേനാധിപതി യോവാബിനെയും ക്ഷണിച്ചു; എങ്കിലും നിന്റെ ദാസനായ ശലോമോനെ അവൻ ക്ഷണിച്ചില്ല.
20യജമാനനായ രാജാവേ, അങ്ങയുടെ ശേഷം സിംഹാസനത്തിൽ ഇരിക്കേണ്ടത് ആരെന്ന് അറിയിക്കേണ്ടതിന് എല്ലാ യിസ്രായേലിന്റെയും കണ്ണ് നിന്നെ നോക്കിക്കൊണ്ടിരിക്കുന്നു.21അല്ലാത്തപക്ഷം , യജമാനനായ രാജാവ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം, ഞാനും എന്റെ മകൻ ശലോമോനും കുറ്റക്കാരായിരിക്കും.
22അവൾ രാജാവിനോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ നാഥാൻ പ്രവാചകൻ വന്നു23‘നാഥാൻ പ്രവാചകൻ വന്നിരിക്കുന്നു’ എന്ന് അവർ രാജാവിനെ അറിയിച്ചു ; അവൻ രാജസന്നിധിയിൽ ചെന്ന് രാജാവിനെ സാഷ്ടാംഗം നമസ്കരിച്ചു.
24നാഥാൻ പറഞ്ഞതെന്തെന്നാൽ: “യജമാനനായ രാജാവേ, അദോനീയാവ് രാജാവായി വാണ് എന്റെ സിംഹാസനത്തിൽ ഇരിക്കും” എന്ന് നീ കല്പിച്ചിട്ടുണ്ടോ?25അവൻ ഇന്ന് അനവധി കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും ആടുകളെയും യാഗം കഴിച്ച് , രാജകുമാരന്മാരെയൊക്കെയും സേനാധിപതിമാരെയും പുരോഹിതനായ അബ്യാഥാരിനെയും ക്ഷണിച്ചു ; അവർ അവന്റെ മുമ്പാകെ ഭക്ഷിച്ച് പാനംചെയ്ത് : “അദോനീയാരാജാവേ, ജയജയ”എന്ന് ആർപ്പിടുന്നു.
26എന്നാൽ അടിയനെയും പുരോഹിതനായ സാദോക്കിനെയും യഹോയാദയുടെ മകൻ ബെനായാവെയും നിന്റെ ദാസൻ ശലോമോനെയും അവൻ ക്ഷണിച്ചില്ല.27യജമാനനായ രാജാവിന്റെ കാലശേഷം അങ്ങയുടെ സിംഹാസനത്തിൽ ഇരിക്കേണ്ടത് ആരെന്ന് അടിയങ്ങളെ അറിയിക്കാതിരിക്കയാൽ , ഈ കാര്യം യജമാനനായ രാജാവിന്റെ കല്പനയാലോ നടന്നിരിക്കുന്നത്?
28“ബത്ത്-ശേബയെ വിളിപ്പിൻ” എന്ന് ദാവീദ്‌ രാജാവ് കല്പിച്ചു. അവൾ രാജസന്നിധിയിൽ ചെന്ന് രാജാവിന്റെ മുമ്പാകെ നിന്നു.29അപ്പോൾ രാജാവ് സത്യം ചെയ്ത് പറഞ്ഞത്: “എന്റെ ജീവനെ സകല കഷ്ടത്തിൽനിന്നും വീണ്ടെടുത്തിരിക്കുന്ന യഹോവയാണ,30നിന്റെ മകനായ ശലോമോൻ എന്റെ കാലശേഷം വാണ് എനിക്ക് പകരം എന്റെ സിംഹാസനത്തിൽ ഇരിക്കും എന്ന് ഞാൻ നിന്നോട് യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ സത്യംചെയ്തതുപോലെ തന്നേ ഞാൻ ഇന്ന് നിവർത്തിക്കും” .31അപ്പോൾ ബത്ത്-ശേബ സാഷ്ടാംഗം വീണ് രാജാവിനെ നമസ്കരിച്ച്: “എന്റെ യജമാനനായ ദാവീദ്‌ രാജാവ് ദീർഘായുസ്സായിരിക്കട്ടെ” എന്ന് പറഞ്ഞു.
32പിന്നെ ദാവീദ്: “സാദോക് പുരോഹിതനെയും നാഥാൻപ്രവാചകനെയും യഹോയാദയുടെ മകൻ ബെനായാവെയും വിളിപ്പിൻ” എന്ന് കല്പിച്ചു. അവർ രാജസന്നിധിയിൽ ചെന്നുനിന്നു.33രാജാവ് അവരോട് കല്പിച്ചതെന്തെന്നാൽ: “നിങ്ങളുടെ യജമാനന്റെ ഭൃത്യന്മാരെ കൂട്ടിക്കൊണ്ട് എന്റെ മകൻ ശാലോമോനെ എന്റെ കോവർകഴുതപ്പുറത്ത് കയറ്റി താഴെ ഗീഹോനിലേക്ക് കൊണ്ടുപോകുവിൻ.34അവിടെവെച്ച് സാദോക്പുരോഹിതനും നാഥാൻപ്രവാചകനും അവനെ യിസ്രായേലിന് രാജാവായിട്ട് അഭിഷേകം ചെയ്യേണം; പിന്നെ കാഹളം ഊതി: “ശലോമോൻരാജാവേ, ജയജയ” എന്ന് ഘോഷിച്ചുപറവിൻ.
35അതിന്റെശേഷം നിങ്ങൾ അവന്റെ പിന്നാലെ വരുവിൻ; അവൻ വന്ന് എന്റെ സിംഹാസനത്തിൽ ഇരുന്ന് എനിക്ക് പകരം വാഴേണം; യിസ്രായേലിനും യെഹൂദെക്കും രാജാവായിരിക്കേണ്ടതിന് ഞാൻ അവനെ നിയമിച്ചിരിക്കുന്നു.”36അപ്പോൾ യെഹോയാദയുടെ മകൻ ബെനായാവ് രാജാവിനോട്: “ആമേൻ! യജമാനനായ രാജാവിന്റെ ദൈവമായ യഹോവയും അങ്ങനെ തന്നേ കല്പിക്കുമാറാകട്ടെ.37യഹോവ യജമാനനായ രാജാവിനോടുകൂടെ ഇരുന്നതുപോലെ ശലോമോനോടുംകൂടെ ഇരിക്കയും യജമാനനായ ദാവീദ്‌ രാജാവിന്റെ സിംഹാസനത്തെക്കാളും അവന്റെ സിംഹാസനത്തെ ശ്രേഷ്ഠമാക്കുകയും ചെയ്യുമാറാകട്ടെ ” എന്ന് ഉത്തരം പറഞ്ഞു.
38അങ്ങനെ സാദോക്പുരോഹിതനും നാഥാൻപ്രവാചകനും യെഹോയാദയുടെ മകൻ ബെനായാവും ക്രേത്യരും പ്ലേത്യരും ചെന്ന് ദാവീദ്‌രാജാവിന്റെ കോവർകഴുതപ്പുറത്ത് ശലോമോനെ കയറ്റി ഗീഹോനിലേക്ക് കൊണ്ടുപോയി,39സാദോക്പുരോഹിതൻ സമാഗമനകൂടാരത്തിൽ നിന്ന് തൈലക്കൊമ്പ് കൊണ്ടുചെന്ന് ശലോമോനെ അഭിഷേകം ചെയ്തു. അവർ കാഹളം ഊതി, ജനമൊക്കെയും “ശലോമോൻരാജാവേ, ജയജയ” എന്ന് ഘോഷിച്ചുപറഞ്ഞു.40പിന്നെ ജനമൊക്കയും അവന്റെ പിന്നാലെ ചെന്ന് കുഴലൂതി; അവർ അത്യന്തം സന്തോഷിച്ചു ; ഭൂമി പിളരുന്നു എന്ന് തോന്നുമാറ് അവർ അത്യന്തം ഘോഷിച്ചു.
41അദോനീയാവും കൂടെ ഉണ്ടായിരുന്ന സകല വിരുന്നുകാരും ഭക്ഷണം കഴിഞ്ഞിരിക്കുമ്പോൾ അത് കേട്ടു. കാഹളനാദം കേട്ടപ്പോൾ യോവാബ്: “പട്ടണം ഇളക്കുന്ന ഈ ആരവം എന്ത് ”എന്ന് ചോദിച്ചു.42അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ അബ്യാഥാർ പുരോഹിതന്റെ മകൻ യോനാഥാൻ വന്നെത്തി; അദോനീയാവ് അവനോട് “യോഗ്യനായ പുരുഷാ അകത്തുവരിക; നല്ല വർത്തമാനം കൊണ്ടുവന്നാലും” എന്ന് പറഞ്ഞു.
43യോനാഥാൻ അദോനീയാവോട് ഉത്തരം പറഞ്ഞത്“ നമ്മുടെ യജമാനനായ ദാവീദ്‌ രാജാവ് ശലോമോനെ രാജാവാക്കിയിരിക്കുന്നു.44രാജാവ് സാദോക്പുരോഹിതനെയും നാഥാൻപ്രവാചകനെയും യെഹോയാദയുടെ മകൻ ബെനായാവെയും ക്രേത്യരെയും പ്ലേത്യരെയും അവനോടുകൂടെ അയച്ചു. അവർ അവനെ രാജാവിന്റെ കോവർകഴുതപ്പുറത്ത് കയറ്റി.45സാദോക്പുരോഹിതനും നാഥാൻപ്രവാചകനും അവനെ ഗീഹോനിൽവെച്ച് രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു. അവർ പട്ടണം മുഴങ്ങുമാറ് സന്തോഷിച്ച് അവിടെനിന്ന് മടങ്ങിപ്പോയി. ഇതാകുന്നു നിങ്ങൾ കേട്ട ഘോഷം.
46അത്രയുമല്ല , ശലോമോൻ രാജസിംഹാസനത്തിൽ ഇരിക്കുന്നു;47കൂടാതെ രാജഭൃത്യന്മാരും നമ്മുടെ യജമാനനായ ദാവീദ്‌ രാജാവിനെ അഭിവന്ദനം ചെയ്‌വാൻ ചെന്നു; “നിന്റെ ദൈവം ശലോമോന്റെ നാമത്തെ നിന്റെ നാമത്തെക്കാൾ ഉൽകൃഷ്ടവും അവന്റെ സിംഹാസനത്തെ നിന്റെ സിംഹാസനത്തെക്കാൾ ശ്രേഷ്ഠവും ആക്കട്ടെ ”എന്ന് പറഞ്ഞു.48രാജാവ് തന്റെ കട്ടിലിന്മേൽ നമസ്കരിച്ച്: “ഇന്ന് എന്റെ സിംഹാസനത്തിൽ എന്റെ സന്തതി ഇരിക്കുന്നത് എന്റെ കണ്ണുകൊണ്ട് കാണ്മാൻ സംഗതി വരുത്തിയ യിസ്രായേലിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെടുമാറാകട്ടെ” എന്ന് പറഞ്ഞു.
49ഉടനെ അദോനീയാവിന്റെ വിരുന്നുകാർ ഒക്കെയും ഭയപ്പെട്ട് എഴുന്നേറ്റ് ഓരോരുത്തൻ താന്താന്റെ വഴിക്ക് പോയി.50അദോനീയാവും ശലോമോനെ ഭയപ്പെട്ട് ചെന്ന് യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചു.51“അദോനീയാവ് ശലോമോൻരാജാവിനെ ഭയപ്പെട്ടിരിക്കയാൽ ശലോമോൻരാജാവ് അടിയനെ വാൾകൊണ്ട് കൊല്ലുകയില്ല എന്ന് ഇന്ന് എന്നോട് സത്യം ചെയ്യട്ടെ” എന്ന് പറഞ്ഞ് അവൻ യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചിരിക്കുന്നു എന്ന് ശലോമോൻ കേട്ടു.
52അവൻ യോഗ്യനായിരുന്നാൽ അവന്റെ തലയിലെ ഒരു രോമം പോലും നിലത്ത് വീഴുകയില്ല; അവനിൽ കുറ്റം കണ്ടാലോ അവൻ മരിക്കേണം എന്ന് ശലോമോൻ കല്പിച്ചു.53അങ്ങനെ ശലോമോൻരാജാവ് ആളയച്ച് അവനെ യാഗപീഠത്തിൽ നിന്ന് ഇറക്കി കൊണ്ടുവന്നു. അവൻ വന്ന് ശലോമോൻരാജാവിനെ നമസ്കരിച്ചു. ശലോമോൻ അവനോട്: നിന്റെ വീട്ടിൽ പൊയ്ക്കൊൾക എന്ന് കല്പിച്ചു.

2

1ദാവീദിന്റെ മരണകാലം അടുത്തപ്പോൾ അവൻ തന്റെ മകൻ ശലോമോനോട് ഇപ്രകാരം കല്പിച്ചു :2“ഞാൻ സകലഭൂവാസികളുടെയും വഴിയായി പോകുന്നു ; അതുകൊണ്ട് നീ ധൈര്യംപൂണ്ട് പുരുഷത്വം കാണിക്ക.3‘നീ എന്ത് ചെയ്താലും എവിടേക്ക് തിരിഞ്ഞാലും സകലത്തിലും നീ കൃതാർത്ഥനാകേണ്ടതിനും നിന്റെ മക്കൾ പൂർണ്ണഹൃദയത്തോടും പൂർണ്ണ മനസ്സോടുംകൂടെ എന്റെ മുമ്പാകെ സത്യത്തിൽ നടന്ന് , തങ്ങളുടെ വഴി സൂക്ഷിച്ചാൽ യിസ്രായേലിന്റെ രാജസ്ഥാനത്ത് ഇരിപ്പാൻ ഒരു പുരുഷൻ നിനക്ക് ഇല്ലാതെ പോകയില്ല എന്ന് യഹോവ എന്നോട് അരുളിച്ചെയ്ത വചനം താൻ ഉറപ്പിക്കേണ്ടതിനുമായി4മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ നിന്റെ ദൈവമായ യഹോവയുടെ വഴികളിൽ നടന്ന് , അവന്റെ ചട്ടങ്ങളും കല്പനകളും വിധികളും സാക്ഷ്യങ്ങളും പ്രമാണിച്ച് , അവന്റെ ആജ്ഞ അനുസരിച്ചുകൊൾക.

5കൂടാതെ സെരൂയയുടെ മകൻ യോവാബ് എന്നോട് ചെയ്തത് എന്തെന്ന് നീ അറിയുന്നുവല്ലോ ; യിസ്രായേലിന്റെ രണ്ട് സേനാധിപന്മാരായ നേരിന്റെ മകൻ അബ്നേരിനെയും യേഥെരിന്റെ മകൻ അമാസയെയും കൊന്ന് സമാധാനകാലത്ത് യുദ്ധരക്തം ചൊരിഞ്ഞ് , തന്റെ അരക്കച്ചയിലും കാലിലെ ചെരിപ്പിലും ആക്കിയല്ലോ.6ആകയാൽ നീ നിനക്ക് ലഭിച്ച ജ്ഞാനം ഉപയോഗിച്ച് അവന്റെ നരയെ സമാധാനത്തോടെ ശവക്കുഴിയിൽ ഇറങ്ങുവാൻ അനുവദിക്കരുത്.
7എന്നാൽ ഗിലെയാദ്യനായ ബർസില്ലായിയുടെ മക്കൾക്ക് നീ ദയ കാണിക്കേണം; അവർ നിന്റെ മേശയിൽ നിന്ന് ഭക്ഷണം കഴിക്കുന്നവരുടെ കൂട്ടത്തിൽ ആയിരിക്കട്ടെ; നിന്റെ സഹോദരൻ അബ്ശാലോമിന്റെ മുമ്പിൽനിന്ന് ഞാൻ ഓടിപ്പോകുമ്പോൾ അവർ എനിക്ക് സഹായകരായിരുന്നു.
8ബഹൂരീമിലെ ബെന്യാമീന്യനായ ഗേരയുടെ മകൻ ശിമെയി , ഞാൻ മഹനയീമിലേക്ക് പോകുന്ന ദിവസം എന്നെ കഠിനമായി ശപിച്ചു; എങ്കിലും അവൻ യോർദ്ദാങ്കൽ എന്നെ എതിരേറ്റ് വന്നതുകൊണ്ട് ‘ അവനെ വാൾകൊണ്ട് കൊല്ലുകയില്ല’ എന്ന് ഞാൻ യഹോവയുടെ നാമത്തിൽ അവനോട് സത്യംചെയ്തു.9എന്നാൽ നീ അവനെ കുറ്റവിമുക്തനാക്കരുത്; നീ ബുദ്ധിമാനായതിനാൽ അവനോട് എന്ത് ചെയ്യേണമെന്ന് നിനക്ക് അറിയാമല്ലോ?; അവന്റെ നരയെ രക്തത്തോടെ ശവക്കുഴിയിലേക്ക് അയക്കുക”.
10പിന്നെ ദാവീദ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തിൽ അവനെ അടക്കംചെയ്തു.11ദാവീദ് യിസ്രായേലിൽ വാണ കാലം നാല്പതു സംവത്സരം ; അവൻ ഹെബ്രോനിൽ ഏഴ് സംവത്സരവും യെരൂശലേമിൽ മുപ്പത്തിമൂന്ന് സംവത്സരവും വാണു.

12ശലോമോൻ തന്റെ അപ്പനായ ദാവീദിന്റെ സിംഹാസനത്തിൽ ഇരുന്നു; അവന്റെ രാജത്വം സ്ഥിരമായിത്തീർന്നു.
13എന്നാൽ ഹഗ്ഗീത്തിന്റെ മകൻ അദോനീയാവ് ശലോമോന്റെ അമ്മ ബത്ത്-ശേബയെ ചെന്നുകണ്ടു; “നിന്റെ വരവ് സമാധാനത്തോടെയാണോ” എന്ന് അവൾ ചോദിച്ചതിന്: “സമാധാനത്തോടെ തന്നേ” എന്ന് അവൻ മറുപടി പറഞ്ഞു.14എനിക്കു നിന്നോട് ഒരു കാര്യം പറവാനുണ്ട് എന്നും അവൻ പറഞ്ഞു. “പറക ”എന്ന് അവൾ പറഞ്ഞു.15അവൻ പറഞ്ഞത് :“ രാജത്വം എനിക്കുള്ളതായിരുന്നു; ഞാൻ വാഴേണമെന്ന് യിസ്രായേലൊക്കെയും പ്രതീക്ഷിച്ചിരുന്നു എന്ന് നീ അറിയുന്നുവല്ലോ; എന്നാൽ രാജത്വം മറിഞ്ഞ് എന്റെ സഹോദരന് ആയിപ്പോയി; യഹോവയാൽ അത് അവന് ലഭിച്ചു.
16എന്നാൽ ഇപ്പോൾ ഞാൻ നിന്നോട് അപേക്ഷിക്കുന്ന ഈ കാര്യം തള്ളിക്കളയരുതേ”. “നീ പറക” എന്ന് അവൾ പറഞ്ഞു.17അപ്പോൾ അവൻ: “ശൂനേംകാരത്തിയായ അബീശഗിനെ എനിക്ക് ഭാര്യയായിട്ട് തരുവാൻ ശലോമോൻരാജാവിനോട് പറയേണമേ; അവൻ നിന്റെ അപേക്ഷ തള്ളിക്കളകയില്ലല്ലോ” എന്ന് പറഞ്ഞു.18“ആകട്ടെ; ഞാൻ നിനക്ക് വേണ്ടി രാജാവിനോട് സംസാരിക്കാം ” എന്ന് ബത്ത്-ശേബ പറഞ്ഞു.
19അങ്ങനെ ബത്ത്-ശേബ അദോനീയാവിനുവേണ്ടി ശലോമോൻരാജാവിനോട് സംസാരിപ്പാൻ അവന്റെ അടുക്കൽ ചെന്നു. രാജാവ് എഴുന്നേറ്റ് അവളെ വന്ദനം ചെയ്ത് , തന്റെ സിംഹാസനത്തിൽ ഇരുന്നു ; രാജമാതാവിന് ഇരിപ്പിടം ഒരുക്കി; അവൾ അവന്റെ വലത്തുഭാഗത്ത് ഇരുന്നു.20“ഞാൻ നിന്നോട് ഒരു ചെറിയ കാര്യം അപേക്ഷിക്കുന്നു; എന്റെ അപേക്ഷ തള്ളിക്കളയരുത്” എന്ന് അവൾ പറഞ്ഞു. രാജാവ് അവളോട്: “അമ്മ ചോദിച്ചാലും; ഞാൻ ആ അപേക്ഷ തള്ളിക്കളകയില്ല” എന്ന് പറഞ്ഞു.21അപ്പോൾ അവൾ: “ശൂനേംകാരത്തി അബീശഗിനെ നിന്റെ സഹോദരൻ അദോനീയാവിന് ഭാര്യയായി കൊടുക്കേണം ” എന്ന് പറഞ്ഞു.
22ശലോമോൻരാജാവ് തന്റെ അമ്മയോട്: “ശൂനേംകാരത്തി അബീശഗിനെ അദോനീയാവിന് വേണ്ടി ചോദിക്കുന്നത് എന്ത്? രാജത്വത്തെയും അവന് വേണ്ടി ചോദിക്കരുതോ? അവൻ എന്റെ ജ്യേഷ്ഠനല്ലോ; അവനും പുരോഹിതൻ അബ്യാഥാരിനും സെരൂയയുടെ മകൻ യോവാബിനും വേണ്ടി തന്നേ എന്ന് ഉത്തരം പറഞ്ഞു.23അദോനീയാവ് ഈ കാര്യം ചോദിച്ചത് തന്റെ ജീവനാശത്തിനായിട്ടല്ലെങ്കിൽ ദൈവം തക്കവണ്ണവും അധികവും എന്നോട് ചെയ്യട്ടെ;
24ആകയാൽ എന്നെ സ്ഥിരപ്പെടുത്തിയവനും എന്നെ എന്റെ അപ്പനായ ദാവീദിന്റെ സിംഹാസനത്തിൽ ഇരുത്തി തന്റെ വാഗ്ദാനപ്രകാരം എനിക്ക് ഒരു ഗൃഹം പണിതവനുമായ യഹോവയാണ, ഇന്നു തന്നേ അദോനീയാവ് മരിക്കേണം” എന്ന് ശലോമോൻരാജാവ് കല്പിച്ച് യഹോവയുടെ നാമത്തിൽ സത്യം ചെയ്തു.25പിന്നെ ശലോമോൻരാജാവ് യെഹോയാദയുടെ മകൻ ബെനായാവിനെ അയച്ചു; അവൻ അദോനിയാവിനെ വെട്ടിക്കൊന്നുകളഞ്ഞു.
26അബ്യാഥാർപുരോഹിതനോട് രാജാവ്: “നീ അനാഥോത്തിലെ നിന്റെ ജന്മഭൂമിയിലേക്ക് പൊയ്ക്കൊൾക; നീ മരണയോഗ്യനാകുന്നു; എങ്കിലും നീ എന്റെ അപ്പനായ ദാവീദിന്റെ മുമ്പാകെ കർത്താവായ യഹോവയുടെ പെട്ടകം ചുമന്നതിനാലും എന്റെ അപ്പൻ അനുഭവിച്ച സകലകഷ്ടങ്ങളും നീയും കൂടി അനുഭവിച്ചതിനാലും ഞാൻ ഇന്ന് നിന്നെ കൊല്ലുന്നില്ല”എന്ന് പറഞ്ഞു.27ഇങ്ങനെ യഹോവ ശീലോവിൽവെച്ച് ഏലിയുടെ കുടുംബത്തെക്കുറിച്ച് അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന് ശലോമോൻ അബ്യാഥാരിനെ യഹോവയുടെ പൌരോഹിത്യത്തിൽനിന്ന് നീക്കിക്കളഞ്ഞു.
28ഈ വാർത്തകൾ യോവാബ് അറിഞ്ഞപ്പോൾ--യോവാബ് അബ്ശാലോമിന്റെ പക്ഷം ചേർന്നിരുന്നില്ലെങ്കിലും അദോനീയാവിന്റെ പക്ഷം ചേർന്നിരുന്നു--അവൻ യഹോവയുടെ കൂടാരത്തിൽ ഓടിച്ചെന്ന് യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചു.29യോവാബ് യഹോവയുടെ കൂടാരത്തിലേക്ക് ഓടിച്ചെന്ന് യാഗപീഠത്തിന്റെ അടുക്കൽ നില്ക്കുന്ന വിവരം ശലോമോൻരാജാവ് അറിഞ്ഞു. അപ്പോൾ ശലോമോൻ യെഹോയാദയുടെ മകൻ ബെനായാവിനെ അയച്ച്: “നീ ചെന്ന് അവനെ വെട്ടിക്കളക” എന്ന് കല്പിച്ചു.
30ബെനായാവ് യഹോവയുടെ കൂടാരത്തിൽ ചെന്ന്: “നീ പുറത്തുവരാൻ രാജാവ് കല്പിക്കുന്നു ”എന്ന് അവനോട് പറഞ്ഞു. “ഇല്ല; ഞാൻ ഇവിടെ തന്നേ മരിക്കും” എന്ന് അവൻ മറുപടി പറഞ്ഞു. ബെനായാവ് ചെന്ന്: യോവാബ് തന്നോട് ഇപ്രകാരം പറയുന്നു എന്ന് രാജാവിനെ ബോധിപ്പിച്ചു.31രാജാവ് അവനോട് കല്പിച്ചത് “അവൻ പറഞ്ഞതുപോലെ നീ ചെയ്ക; അവനെ വെട്ടിക്കൊന്നു കുഴിച്ചിടുക; യോവാബ് കാരണംകൂടാതെ ചിന്തിയ രക്തം നീ ഇങ്ങനെ എന്നിൽനിന്നും എന്റെ പിതൃഭവനത്തിൽനിന്നും നീക്കിക്കളക.
32അവന്റെ രക്തപാതകം യഹോവ അവന്റെ തലമേൽ തന്നേ വരുത്തും; യിസ്രായേലിന്റെ സേനാധിപതി നേരിന്റെ മകൻ അബ്നേർ, യെഹൂദയുടെ സേനാധിപതി യേഥെരിന്റെ മകൻ അമാസാ എന്നിങ്ങനെ തന്നെക്കാൾ നീതിയും സൽഗുണവുമുള്ള രണ്ടു പുരുഷന്മാരെ അവൻ എന്റെ അപ്പനായ ദാവീദിന്റെ അറിവ് കൂടാതെ വാൾകൊണ്ട് വെട്ടിക്കൊന്നുകളഞ്ഞുവല്ലോ.33അവരുടെ രക്തം എന്നേക്കും യോവാബിന്റെയും അവന്റെ സന്തതിയുടെയും തലമേൽ ഇരിക്കും; ദാവീദിനും അവന്റെ സന്തതിക്കും ഗൃഹത്തിനും സിംഹാസനത്തിനും യഹോവയിങ്കൽനിന്ന് എന്നേക്കും സമാധാനം ഉണ്ടാകും.
34അങ്ങനെ യെഹോയാദയുടെ മകൻ ബെനായാവ് ചെന്ന് അവനെ വെട്ടിക്കൊന്നു; മരുഭൂമിയിലെ അവന്റെ വീട്ടിൽ അവനെ അടക്കം ചെയ്തു.35രാജാവ് യോവാബിന് പകരം യെഹോയാദയുടെ മകൻ ബെനായാവിനെ സേനാധിപതിയാക്കി ; അബ്യാഥാരിന്നു പകരം സാദോക് പുരോഹിതനെയും നിയമിച്ചു.
36പിന്നെ രാജാവ് ആളയച്ച് ശിമെയിയെ വരുത്തി അവനോട്: “നീ യെരൂശലേമിൽ നിനക്കു ഒരു വീട് പണിത് പാർത്തുകൊൾക; അവിടെനിന്ന് മറ്റെങ്ങും പോകരുത്.37യെരുശലേം വിട്ട് കിദ്രോൻതോട് കടക്കുന്ന നാളിൽ നീ മരിക്കേണ്ടിവരും എന്ന് തീർച്ചയായി അറിഞ്ഞുകൊൾക; നിന്റെ രക്തം നിന്റെ തലമേൽ തന്നേ ഇരിക്കും” എന്ന് കല്പിച്ചു.38ശിമെയി രാജാവിനോട്: അങ്ങയുടെ വാക്ക് നല്ലത് ; യജമാനനായ രാജാവ് കല്പിച്ചതുപോലെ അടിയൻ ചെയ്തുകൊള്ളാം എന്ന് പറഞ്ഞു. അങ്ങനെ ശിമെയി കുറെക്കാലം യെരൂശലേമിൽ പാർത്തു.
39മൂന്ന് സംവത്സരം കഴിഞ്ഞപ്പോൾ ശിമെയിയുടെ രണ്ട് അടിമകൾ മാഖയുടെ മകൻ ആഖീശ് എന്ന ഗത്ത്‌ രാജാവിന്റെ അടുക്കൽ ഓടിപ്പോയി; തന്റെ അടിമകൾ ഗത്തിൽ ഉണ്ടെന്ന് ശിമെയിക്ക് അറിവുകിട്ടി.40അപ്പോൾ ശിമെയി എഴുന്നേറ്റ് കഴുതെക്ക് കോപ്പിട്ട് പുറപ്പെട്ടു ; അടിമകളെ അന്വേഷിപ്പാൻ ഗത്തിൽ ആഖീശിന്റെ അടുക്കൽ പോയി; അങ്ങനെ ശിമെയി ചെന്ന് അടിമകളെ ഗത്തിൽനിന്ന് കൊണ്ടുവന്നു.
41ശിമെയി യെരൂശലേം വിട്ട് ഗത്തിൽ പോയി മടങ്ങിവന്നു എന്ന് ശലോമോന് അറിവ് കിട്ടി.42അപ്പോൾ രാജാവ് ആളയച്ച് ശിമെയിയെ വരുത്തി അവനോട്:“ നീ പുറത്തിറങ്ങി എവിടെയെങ്കിലും പോകുന്ന നാളിൽ മരിക്കേണ്ടിവരുമെന്ന് തീർച്ചയായി അറിഞ്ഞുകൊൾക എന്ന് ഞാൻ നിനക്ക് മുന്നറിയിപ്പ് നൽകി , നിന്നെക്കൊണ്ട് യഹോവയുടെ നാമത്തിൽ സത്യം ചെയ്യിക്കയും , ഞാൻ കേട്ട വാക്ക് നല്ലതെന്ന് നീ എന്നോട് പറകയും ചെയ്തില്ലയോ?
43അങ്ങനെയിരിക്കെ നീ യഹോവയുടെ ആണയും ഞാൻ നിന്നോട് കല്പിച്ച കല്പനയും പ്രമാണിക്കാതെ ഇരുന്നത് എന്ത് ” എന്ന് ചോദിച്ചു.44പിന്നെ രാജാവ് ശിമെയിയോട്: “നീ എന്റെ അപ്പനായ ദാവീദിനോട് ചെയ്തതും നിനക്കു ഓർമ്മയുള്ളതും ആയ ദോഷമൊക്കെയും നീ അറിയുന്നുവല്ലോ ; യഹോവ നിന്റെ ദോഷം നിന്റെ തലമേൽ തന്നേ വരുത്തും.
45എന്നാൽ ശലോമോൻരാജാവ് അനുഗ്രഹിക്കപ്പെട്ടവനും ദാവീദിന്റെ സിംഹാസനം യഹോവയുടെ മുമ്പാകെ എന്നേക്കും സ്ഥിരമായുമിരിക്കും എന്ന് പറഞ്ഞിട്ട്46രാജാവ് യെഹോയാദയുടെ മകൻ ബെനായാവിനോട് കല്പിച്ചു; അവൻ ചെന്ന് അവനെ വെട്ടിക്കൊന്നു. അങ്ങനെ ശലോമോന്റെ രാജത്വം സ്ഥിരമായി.

3

1അനന്തരം ശലോമോൻ ഈജിപ്റ്റിലെ രാജാവായ ഫറവോനുമായി സംബന്ധം കൂടി, അദ്ദേഹത്തിന്റെ മകളെ വിവാഹം ചെയ്തു; തന്റെ അരമനയും യഹോവയുടെ ആലയവും യെരൂശലേമിന്റെ ചുറ്റുമുള്ള മതിലും പണിതുതീരുവോളം അവളെ ദാവീദിന്റെ നഗരത്തിൽ പാർപ്പിച്ചു.2എന്നാൽ ആ കാലം വരെ യഹോവയുടെ നാമത്തിന് ഒരു ആലയം പണിയപ്പെട്ടിരുന്നില്ല; അതുകൊണ്ട് ജനം പൂജാഗിരികളിൽവെച്ച് യാഗം കഴിച്ചുപോന്നു.3ശലോമോൻ യഹോവയെ സ്നേഹിച്ച്, തന്റെ അപ്പനായ ദാവീദിന്റെ ചട്ടങ്ങളെ അനുസരിച്ചുനടന്നു ; എങ്കിലും അവൻ പൂജാഗിരികളിൽവെച്ച് യാഗം കഴിക്കയും ധൂപം കാട്ടുകയും ചെയ്തു.

4രാജാവ് പ്രധാനപൂജാഗിരിയായ ഗിബെയോനിൽ യാഗം കഴിപ്പാൻ പോയി; അവിടെയുള്ള യാഗപീഠത്തിന്മേൽ ശലോമോൻ ആയിരം ഹോമയാഗം അർപ്പിച്ചു.5ഗിബെയോനിൽവെച്ച് യഹോവ രാത്രിയിൽ ശലോമോന് സ്വപ്നത്തിൽ പ്രത്യക്ഷനായി; “നിനക്കു എന്തു വേണമെന്ന് ചോദിച്ചുകൊൾക” എന്ന് ദൈവം അരുളിച്ചെയ്തു.
6അതിന് ശലോമോൻ മറുപടി പറഞ്ഞത് : “എന്റെ അപ്പനായ ദാവീദ് എന്ന അവിടുത്തെ ദാസൻ സത്യത്തോടും നീതിയോടും ഹൃദയപരമാർത്ഥതയോടും കൂടെ അങ്ങയുടെ മുമ്പാകെ നടന്നതിന് ഒത്തവണ്ണം അങ്ങ് അവന് വലിയ കൃപ ചെയ്തു; ഈ വലിയ കൃപ തുടരുകയും , ഇന്ന് അവന്റെ സിംഹാസനത്തിൽ ഇരിപ്പാൻ അവന് ഒരു മകനെ നല്കുകയും ചെയ്തിരിക്കുന്നു.
7എന്റെ ദൈവമായ യഹോവേ, അങ്ങ് അടിയനെ ഇപ്പോൾ എന്റെ അപ്പനായ ദാവീദിന് പകരം രാജാവാക്കിയിരിക്കുന്നു. ഞാനോ ഒരു ബാലനത്രേ; ചുമതലകൾ നിറവേറ്റുവാൻ എനിക്ക് അറിവില്ല.8അങ്ങ് തെരഞ്ഞെടുത്തതും എണ്ണിക്കൂടാതവണ്ണം വലിപ്പവും ഉള്ള മഹാജാതിയായ ഒരു ജനത്തിന്റെ മദ്ധ്യേ അടിയൻ ഇരിക്കുന്നു.9ആകയാൽ ഗുണവും ദോഷവും തിരിച്ചറിഞ്ഞ് അങ്ങയുടെ ജനത്തിന് ന്യായപാലനം ചെയ്‌വാൻ വിവേകമുള്ളോരു ഹൃദയം എനിക്കു തരേണമേ; അതില്ലാതെ ഈ വലിയ ജനത്തിന് ന്യായപാലനം ചെയ്‌വാൻ ആർക്കു കഴിയും?”.
10ശലോമോൻ ഈ കാര്യം ചോദിച്ചത് കർത്താവിന് പ്രസാദമായി.11ദൈവം അവനോട് അരുളിച്ചെയ്തത് എന്തെന്നാൽ: “നീ ദീർഘായുസ്സോ സമ്പത്തോ ശത്രുസംഹാരമോ ഒന്നും അപേക്ഷിക്കാതെ ന്യായപാലനത്തിനുള്ള വിവേകം മാത്രം അപേക്ഷിച്ചതുകൊണ്ട്12ഞാൻ നിന്റെ അപേക്ഷപ്രകാരം ചെയ്തിരിക്കുന്നു; ജ്ഞാനവും വിവേകവുമുള്ളോരു ഹൃദയം ഞാൻ നിനക്ക് തന്നിരിക്കുന്നു; നിനക്ക് സമനായവൻ നിനക്ക് മുമ്പുണ്ടായിട്ടില്ല; നിന്റെ ശേഷം ഉണ്ടാകയും ഇല്ല.
13കൂടാതെ, നീ അപേക്ഷിക്കാത്ത സമ്പത്തും മഹത്വവും ഞാൻ നിനക്ക് തന്നിരിക്കുന്നു; അതിനാൽ നിന്റെ ജീവകാലത്തൊക്കെയും രാജാക്കന്മാരിൽ ഒരുത്തനും നിനക്ക് സമനാകയില്ല.14നിന്റെ അപ്പനായ ദാവീദ് നടന്നതുപോലെ നീ എന്റെ ചട്ടങ്ങളും കല്പനകളും പ്രമാണിച്ച് എന്റെ വഴികളിൽ നടന്നാൽ ഞാൻ നിനക്ക് ദീർഘായുസ്സും തരും.
15ശലോമോൻ ഉറക്കം ഉണർന്നപ്പോൾ അത് സ്വപ്നം എന്ന് മനസ്സിലായി. പിന്നെ അവൻ യെരൂശലേമിലേക്ക് മടങ്ങിവന്ന് യഹോവയുടെ നിയമപെട്ടകത്തിന്റെ മുമ്പാകെ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കുകയും തന്റെ സകലഭൃത്യന്മാർക്കും ഒരു വിരുന്ന് കഴിക്കുകയും ചെയ്തു.

16അനന്തരം വേശ്യമാരായ രണ്ട് സ്ത്രീകൾ രാജാവിന്റെ അടുക്കൽ വന്ന് അവന്റെ മുമ്പാകെ നിന്നു.17അവരിൽ ഒരാൾ പറഞ്ഞത്: “തമ്പുരാനെ, അടിയനും ഇവളും ഒരേ വീട്ടിൽ പാർക്കുന്നു; ഞങ്ങൾ പാർക്കുന്ന വീട്ടിൽവെച്ച് ഞാൻ ഒരു കുഞ്ഞിനെ പ്രസവിച്ചു.
18ഞാൻ പ്രസവിച്ചതിന്റെ മൂന്നാം ദിവസം ഇവളും പ്രസവിച്ചു; ഞങ്ങൾ ഒന്നിച്ചാണ് താമസിച്ചിരുന്നത് ; ഞങ്ങൾ ഇരുവരും അല്ലാതെ ആ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.19എന്നാൽ രാത്രി ഇവൾ തന്റെ മകന്റെ മേൽ അറിയാതെ കിടന്നതിനാൽ അവൻ മരിച്ചു പോയി.20അവൾ അർദ്ധരാത്രി എഴുന്നേറ്റ്, അടിയൻ ഉറങ്ങുന്ന സമയം, അടിയന്റെ മകനെ എടുത്ത് അവളുടെ മാർവ്വിടത്തിലും അവളുടെ മരിച്ച മകനെ അടിയന്റെ മാർവ്വിടത്തിലും കിടത്തി.
21രാവിലെ കുഞ്ഞിന് മുലകൊടുപ്പാൻ അടിയൻ എഴുന്നേറ്റപ്പോൾ കുഞ്ഞ് മരിച്ചതായി കണ്ടു; നേരം വെളുത്തശേഷം അടിയൻ സൂക്ഷിച്ചുനോക്കിയപ്പോൾ അത് അടിയൻ പ്രസവിച്ച കുഞ്ഞല്ല എന്ന് മനസ്സിലായി.22അതിന് മറ്റെ സ്ത്രീ: “അങ്ങനെയല്ല; ജീവനുള്ളത് എന്റെ കുഞ്ഞ്; മരിച്ചത് നിന്റെ കുഞ്ഞ് ”എന്ന് പറഞ്ഞു. : ആദ്യത്തെ സ്ത്രീ : “മരിച്ചത് നിന്റെ കുഞ്ഞ് ; ജീവനുള്ളത് എന്റെ കുഞ്ഞ് ” എന്ന് പറഞ്ഞു. ഇങ്ങനെ അവർ രാജാവിന്റെ മുമ്പാകെ തമ്മിൽ വാദിച്ചു.
23അപ്പോൾ രാജാവ് കല്പിച്ചത്: “ജീവനുള്ളത് എന്റെ കുഞ്ഞ്, മരിച്ചത് നിന്റെ കുഞ്ഞ് എന്ന് ഇവൾ പറയുന്നു; അങ്ങനെയല്ല, മരിച്ചത് നിന്റെ കുഞ്ഞ്, ജീവനുള്ളത് എന്റെ കുഞ്ഞ് എന്ന് അവളും പറയുന്നു.24ഒരു വാൾ കൊണ്ടുവരുവിൻ ”എന്ന് രാജാവ് കല്പിച്ചു. അവർ ഒരു വാൾ രാജസന്നിധിയിൽ കൊണ്ടുവന്നു.25അപ്പോൾ രാജാവ്: ജീവനുള്ള കുഞ്ഞിനെ രണ്ടായി പിളർന്ന് പാതി ഒരുത്തിക്കും പാതി മറ്റവൾക്കും കൊടുപ്പിൻ എന്ന് കല്പിച്ചു.
26ഉടനെ ജീവനുള്ള കുഞ്ഞിന്റെ അമ്മ തന്റെ കുഞ്ഞിനെക്കുറിച്ചുള്ള ആർദ്രസ്നേഹത്താൽ നിറഞ്ഞ് , രാജാവിനോട്:“ അയ്യോ! എന്റെ തമ്പുരാനേ ജീവനുള്ള കുഞ്ഞിനെ കൊല്ലരുതേ; അതിനെ അവൾക്ക് കൊടുത്തുകൊൾവിൻ ”എന്ന് പറഞ്ഞു. മറ്റേവളോ: “എനിക്കും വേണ്ടാ, നിനക്കും വേണ്ടാ; അതിനെ പിളർക്കട്ടെ” എന്ന് പറഞ്ഞു.27അപ്പോൾ രാജാവ്: “ജീവനുള്ള കുഞ്ഞിനെ കൊല്ലരുത്; ആദ്യത്തെ സ്ത്രീ തന്നെയാണ് അതിന്റെ അമ്മ ; കുഞ്ഞിനെ അവൾക്ക് കൊടുപ്പിൻ ”എന്ന് കല്പിച്ചു.28രാജാവ് കല്പിച്ച വിധി യിസ്രായേൽ ഒക്കെയും കേട്ടു. ന്യായപാലനം ചെയ്‌വാൻ ദൈവികജ്ഞാനം രാജാവിന്റെ ഉള്ളിൽ ഉണ്ട് എന്ന് മനസ്സിലാക്കി അവനെ ഭയപ്പെട്ടു.

4

1അങ്ങനെ ശലോമോൻരാജാവ് എല്ലാ യിസ്രായേലിനും രാജാവായി.2അവന്റെ ഉദ്യോഗസ്ഥന്മാർ : സാദോക്കിന്റെ മകൻ അസര്യാവ് പുരോഹിതൻ.3ശീശയുടെ പുത്രന്മാരായ എലീഹോരെഫും അഹീയാവും പകർപ്പെഴുത്തുകാർ; അഹീലൂദിന്റെ മകൻ യെഹോശാഫാത്ത് മന്ത്രി;4യെഹോയാദയുടെ മകൻ ബെനായാവ് സേനാധിപതി, സാദോക്കും അബ്യാഥാരും പുരോഹിതന്മാർ;

5നാഥാന്റെ മകൻ അസര്യാവ് കാര്യവിചാരകന്മാരുടെ മേധാവി; നാഥാന്റെ മകൻ സാബൂദ് പുരോഹിതനും രാജാവിന്റെ സ്നേഹിതനുമായിരുന്നു;6അഹീശാർ കൊട്ടാരംവിചാരകൻ; അബ്ദയുടെ മകൻ അദോനീരാം കഠിനവേല ചെയ്യുന്നവരുടെ മേധാവി.

7രാജാവിനും കുടുംബത്തിനും ഭക്ഷണപദാർത്ഥങ്ങൾ എത്തിച്ചുകൊടുപ്പാൻ ശലോമോന് യിസ്രായേലിലൊക്കെയും പന്ത്രണ്ട് അധിപന്മാർ ഉണ്ടായിരുന്നു. അവരിൽ ഓരോരുത്തൻ ആണ്ടിൽ ഓരോമാസം വീതം വേണ്ടുന്ന ഭക്ഷണപദാർത്ഥങ്ങൾ എത്തിച്ചുകൊടുത്തിരുന്നു.8അവരുടെ പേരുകൾ: എഫ്രയീംമലനാട്ടിൽ ബെൻ-ഹൂർ;9മാക്കസ്, ശാൽബീം, ബേത്ത്-ശേമെശ്, ഏലോൻ-ബേത്ത്-ഹാനാൻ എന്നീ സ്ഥലങ്ങളിൽ ബെൻ-ദേക്കെർ;10അരുബ്ബോത്തിൽ ബെൻ-ഹേസെർ; സോഖോവും ഹേഫെർദേശം മുഴുവനും അവന്റെ അധീനതയിൽ ആയിരുന്നു;
11ദോർ പ്രവിശ്യയിൽ ബെൻ-അബീനാദാബ്; ശലോമോന്റെ മകൾ താഫത്ത് അവന്റെ ഭാര്യയായിരുന്നു;12താനാക്ക് , മെഗിദ്ദോവ് ,ബേത്ത്-ശെയാൻ ദേശം മുഴുവനും ‌അഹീലൂദിന്റെ മകൻ ബാനയുടെ അധീനതയിൽ ആയിരുന്നു ; ബേത്ത്ശെയാൻ , യിസ്രായേലിന് താഴെ സാരെഥാന് അരികെ യൊക്ക്മെയാമിന്റെ അപ്പുറത്തുള്ള ബേത്ത്-ശെയാൻമുതൽ ആബേൽ-മെഹോലാവരെ വ്യാപിച്ചുകിടന്നു;13ഗിലെയാദിലെ രാമോത്തിൽ ബെൻ-ഗേബെർ; അവന്റെ അധീനതയിൽ , ഗിലെയാദിൽ മനശ്ശെയുടെ മകൻ യായീരിന്റെ പട്ടണങ്ങളും , മതിലുകളും താമ്രഓടാമ്പലുകളും ഉള്ള അറുപത് വലിയ പട്ടണങ്ങൾ ഉൾപ്പെട്ട ബാശാനിലെ അർഗ്ഗോബ് ദേശവും ആയിരുന്നു,14മഹനയീമിൽ ഇദ്ദോവിന്റെ മകൻ അഹീനാദാബ്;
15നഫ്താലിയിൽ അഹീമാസ്; അവൻ ശലോമോന്റെ മകൾ ബാശെമത്തിനെ ഭാര്യയായി സ്വീകരിച്ചു;16ആശേരിലും ബെയാലോത്തിലും ഹൂശയിയുടെ മകൻ ബാനാ;17യിസ്സാഖാരിൽ പാരൂഹിന്റെ മകൻ യെഹോശാഫാത്ത്;
18ബെന്യാമീനിൽ ഏലയുടെ മകൻ ശിമെയി; അമോര്യ രാജാവായ സീഹോന്റെയും19ബാശാൻരാജാവായ ഓഗിന്റെയും രാജ്യമായിരുന്ന ഗിലെയാദ്‌ദേശത്ത് ഹൂരിന്റെ മകൻ ഗേബെർ; ആ ദേശത്ത് ഒരു അധിപതി മാത്രമേ ഉണ്ടായിരുന്നുള്ളു.
20യെഹൂദയും യിസ്രായേലും കടല്ക്കരയിലെ മണൽപോലെ അസംഖ്യമായിരുന്നു; അവർ തിന്നും കുടിച്ചും ആഹ്ളാദിച്ചും പോന്നിരുന്നു.21നദിമുതൽ , ഫെലിസ്ത്യനാടും ഈജിപ്റ്റിന്റെ അതിർത്തിയും വരെയുള്ള സകലരാജ്യങ്ങളിലും ശലോമോൻ വാണു; അവർ കപ്പം കൊണ്ടുവന്ന്, ശലോമോനെ അവന്റെ ജീവപര്യന്തം സേവിച്ചു.22ശലോമോന്റെ നിത്യച്ചെലവ് മുപ്പത് പറ നേരിയ മാവ് , അറുപത് പറ സാധാരണമാവ്23മാൻ, ഇളമാൻ, മ്ലാവ്, പുഷ്ടിവരുത്തിയ പക്ഷികൾ എന്നിവ കൂടാതെ തടിപ്പിച്ച പത്ത് കാളകൾ, മേച്ചൽപുറത്തെ ഇരുപത് കാളകൾ, നൂറ് ആടുകൾ എന്നിവ ആയിരുന്നു.
24നദിക്ക് ഇക്കരെ തിഫ്സഹ് മുതൽ ഗസ്സാവരെയുള്ള സകല ദേശത്തെയും സകല രാജാക്കന്മാരെയും അവൻ വാണു. ചുറ്റുമുള്ള ദിക്കിൽ ഒക്കെയും അവന് സമാധാനം ഉണ്ടായിരുന്നു.25ശലോമോന്റെ കാലത്ത് ദാൻമുതൽ ബേർ-ശേബവരെയുള്ള യെഹൂദയും യിസ്രായേലും സുരക്ഷിതരായിരുന്നു; അവർ സ്വന്തം മുന്തിരിവള്ളിയുടെയും അത്തിവൃക്ഷത്തിന്റെയും കീഴിൽ വസിച്ചിരുന്നു.
26ശലോമോന് തന്റെ രഥങ്ങൾക്ക് നാല്പതിനായിരം കുതിരലായവും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു.27അധിപന്മാർ ഓരോരുത്തരും തങ്ങളുടെ തവണ അനുസരിച്ച് അതാത് മാസങ്ങളിൽ ശലോമോൻരാജാവിനും തന്റെ പന്തിഭോജനത്തിന് കൂടുന്ന എല്ലാവർക്കും വേണ്ടിയുള്ള ഭക്ഷ്യവിഭവങ്ങൾ കുറവുകൂടാതെ എത്തിച്ചുകൊടുക്കുമായിരിന്നു.28അവർ കുതിരകൾക്കും പടക്കുതിരകൾക്കും യവവും വയ്ക്കോലും അവരവരുടെ മുറപ്രകാരം , ആവശ്യമായ സ്ഥലങ്ങളിൽ എത്തിച്ചുകൊടുത്തിരുന്നു.
29ദൈവം ശലോമോന് ഏറ്റവും വളരെ ജ്ഞാനവും അതിമഹത്തായ വിവേകവും കടല്ക്കരയിലെ മണൽപോലെ അളവറ്റ ഹൃദയവിശാലതയും കൊടുത്തു.30കിഴക്കുനിന്നുള്ള സകലരുടെയും ജ്ഞാനത്തെക്കാളും ,ഈജിപ്റ്റിന്റെ സകലജ്ഞാനത്തെക്കാളും ശലോമോന്റെ ജ്ഞാനം ശ്രേഷ്ഠമായിരുന്നു.31സകലമനുഷ്യരെക്കാളും, എസ്രാഹ്യനായ ഏഥാൻ, മാഹോലിന്റെ പുത്രന്മാരായ ഹേമാൻ, കല്ക്കോൽ, ദർദ്ദ എന്നിവരെക്കാളും അവൻ ജ്ഞാനിയായിരുന്നു; അവന്റെ കീർത്തി ചുറ്റുമുള്ള സകലരാജ്യങ്ങളിലും പരന്നു.
32അവൻ മൂവായിരം സദൃശവാക്യങ്ങളും ആയിരത്തഞ്ച് ഗീതങ്ങളും രചിച്ചു33ലെബാനോനിലെ ദേവദാരുമുതൽ ചുവരിന്മേൽ മുളെക്കുന്ന ഈസോപ്പുവരെയുള്ള വൃക്ഷലതാദികളെക്കുറിച്ചും മൃഗം, പക്ഷി, ഇഴജാതി, മത്സ്യം എന്നിവയെക്കുറിച്ചും അവൻ പ്രസ്താവിച്ചു.34ശലോമോന്റെ ജ്ഞാനത്തെപ്പറ്റി കേട്ട് ,സകലഭൂപാലകന്മാരുടെയും അടുക്കൽനിന്ന് അനേകർ അവന്റെ ജ്ഞാനം കേൾപ്പാൻ വന്നു.

5

1ശലോമോനെ അവന്റെ അപ്പന് പകരം രാജാവായി അഭിഷേകം ചെയ്തു എന്ന് സോർരാജാവായ ഹീരാം കേട്ട് ഭൃത്യന്മാരെ അവന്റെ അടുക്കൽ അയച്ചു. അവൻ എല്ലായ്പോഴും ദാവീദിന്റെ സ്നേഹിതനായിരുന്നു.2ശലോമോൻ ഹീരാമിന്റെ അടുക്കൽ ആളയച്ച് ഇപ്രകാരം പറയിച്ചു:3“എന്റെ അപ്പനായ ദാവീദിന്റെ ശത്രുക്കളെ യഹോവ തോല്പിക്കും വരെ , തനിക്ക് ചുറ്റുപാടുമുള്ള രാജ്യങ്ങളോട് യുദ്ധം ചെയ്യേണ്ടിയിരുന്നതിനാൽ , തന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം പണിവാൻ അവന് കഴിഞ്ഞില്ല എന്ന് നീ അറിയുന്നുവല്ലോ.

4എന്നാൽ എന്റെ ദൈവമായ യഹോവ എനിക്ക് എല്ലാ ഭാഗത്തും സ്വസ്ഥത നൽകിയിരിക്കുന്നു ; ഇപ്പോൾ ഒരു പ്രതിയോഗിയോ പ്രതിബന്ധമോ ഇല്ല.5ഞാൻ നിനക്ക് പകരം സിംഹാസനത്തിൽ ഇരുത്തുന്ന നിന്റെ മകൻ എന്റെ നാമത്തിന് ഒരു ആലയം പണിയുമെന്ന് യഹോവ എന്റെ അപ്പനായ ദാവീദിനോട് അരുളിച്ചെയ്തതു പോലെ എന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം പണിവാൻ ഞാൻ ഉദ്ദേശിക്കുന്നു.
6ആകയാൽ ലെബാനോനിൽനിന്ന് എനിക്കുവേണ്ടി ദേവദാരു മുറിയ്ക്കുവാൻ കല്പന കൊടുക്കേണം; എന്റെ വേലക്കാർ നിന്റെ വേലക്കാരോടുകൂടെ ഉണ്ടായിരിക്കും; നിന്റെ വേലക്കാർക്ക് നീ പറയുന്ന കൂലി ഞാൻ തന്നുകൊള്ളാം; സീദോന്യരെപ്പോലെ മരം മുറിയ്ക്കുവാൻ പരിചയമുള്ളവർ ഞങ്ങളുടെ ഇടയിൽ ആരും ഇല്ല എന്ന് നീ അറിയുന്നുവല്ലോ”.
7ഹീരാം ശലോമോന്റെ വാക്ക് കേട്ടപ്പോൾ ഏറ്റവും സന്തോഷിച്ചു: ‘ഈ മഹാജനത്തെ ഭരിക്കുവാൻ ദാവീദിന് ജ്ഞാനമുള്ളോരു മകനെ കൊടുത്ത യഹോവ ഇന്ന് വാഴ്ത്തപ്പെടുമാറാകട്ടെ” എന്ന് പറഞ്ഞു.8ഹീരാം ശലോമോന്റെ അടുക്കൽ ആളയച്ച് ഇപ്രകാരം പറയിച്ചു: “നീ പറഞ്ഞയച്ച വസ്തുത ഞാൻ കേട്ടു; ദേവദാരുവിന്റെയും സരളമരത്തിന്റെയും കാര്യത്തിൽ നീ ആഗ്രഹിച്ചതുപോലെ ഞാൻ ചെയ്യാം.
9എന്റെ വേലക്കാർ ലെബാനോനിൽനിന്ന് കടലിലേക്ക് തടികൾ ഇറക്കിയശേഷം , ഞാൻ ചങ്ങാടം കെട്ടിച്ച് നീ പറയുന്ന സ്ഥലത്ത് കടൽ വഴി എത്തിച്ച് കെട്ടഴിപ്പിച്ചുതരാം; അവ നിനക്ക് അവിടെ നിന്ന് കൊണ്ടുപോകാം ; എന്നാൽ എന്റെ ഗൃഹത്തിന് ആഹാരം എത്തിച്ചുതരുന്ന കാര്യത്തിൽ നീ എന്റെ ഇഷ്ടവും നിവർത്തിക്കേണം”.
10അങ്ങനെ ഹീരാം ശലോമോന് ദേവദാരുവും സരളമരവും അവന്റെ ആവശ്യാനുസരണം കൊടുത്തു .11ശലോമോൻ ഹീരാമിന്റെ ഗൃഹത്തിലേക്ക് ഭക്ഷണത്തിനായി ഇരുപതിനായിരം പറ ഗോതമ്പും ഇരുപത് പറ ഇടിച്ചെടുത്ത എണ്ണയും കൊടുത്തു; ഇങ്ങനെ ശലോമോൻ ഹീരാമിന് ആണ്ടുതോറും കൊടുത്തിരുന്നു.12യഹോവ ശലോമോനോട് വാഗ്ദാനം ചെയ്തതുപോലെ അവന് ജ്ഞാനം നൽകി; ഹീരാമും ശലോമോനും തമ്മിൽ സമാധാനമായിരുന്നു; അവർ ഇരുവരും തമ്മിൽ ഒരു ഉടമ്പടിയും ചെയ്തു.
13ശലോമോൻരാജാവ് സകല യിസ്രായേലിൽനിന്നും കഠിനവേലക്കായി മുപ്പതിനായിരം പേരെ നിയോഗിച്ചു.14അവൻ അവരെ പതിനായിരം പേർ വീതമുള്ള സംഘമായി തിരിച്ച് മാസം തോറും , തവണകളായി ലെബാനോനിലേക്ക് അയച്ചുകൊണ്ടിരുന്നു; അവർ ഒരു മാസം ലെബാനോനിലും രണ്ടുമാസം വീട്ടിലും ആയിരുന്നു; അദോനീരാം അവർക്ക് മേധാവി ആയിരുന്നു.
15വേല ചെയ്യുന്ന ജനത്തെ ഭരിച്ച് നടത്തുന്ന മൂവായിരത്തിമുന്നൂറ് പ്രധാനകാര്യക്കാരെക്കൂടാതെ16ശലോമോന് എഴുപതിനായിരം ചുമട്ടുകാരും മലകളിൽ എൺപതിനായിരം കല്ലുവെട്ടുകാരും ഉണ്ടായിരുന്നു.
17ആലയത്തിന് അടിസ്ഥാനം ഇടുവാൻ വലിയതും വിലയേറിയതും ചെത്തിയതുമായ കല്ലുകൾ വെട്ടിയെടുക്കുവാൻ രാജാവ് കല്പിച്ചു.18ശലോമോന്റെയും ഹീരാമിന്റെയും ശില്പികളും ഗെബാല്യരും ആലയപ്പണിക്കായി കല്ലുകൾ ചെത്തി എടുക്കുകയും , തടികൾ പണിത് ഒരുക്കുകയും ചെയ്തു.

6

1യിസ്രായേൽമക്കൾ ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ടതിന്റെ നാനൂറ്റെൺപതാം ആണ്ടിൽ , ശലോമോന്റെ വാഴ്ചയുടെ നാലാം ആണ്ടിൽ , രണ്ടാം മാസമായ സീവ് മാസത്തിൽ അവൻ യഹോവയുടെ ആലയം പണിയുവാൻ തുടങ്ങി.2ശലോമോൻരാജാവ് യഹോവയ്ക്ക് പണിത ആലയം അറുപത് മുഴം നീളവും ഇരുപത് മുഴം വീതിയും മുപ്പത് മുഴം ഉയരവും ഉള്ളതായിരുന്നു

3മന്ദിരത്തിന്റെ പൂമുഖം ആലയവീതിക്ക് തുല്യമായി ഇരുപത് മുഴം നീളവും ആലയത്തിന്റെ മുൻവശത്ത് നിന്ന് പത്ത് മുഴം വീതിയിൽ പുറത്തേക്ക് ഇറങ്ങിയും നിന്നിരുന്നു.4അവൻ ആലയത്തിന് ചരിഞ്ഞ ചട്ടക്കൂടുള്ള കിളിവാതിലുകളും ഉണ്ടാക്കി.
5മന്ദിരവും അന്തർമ്മന്ദിരവും കൂടിയ ആലയത്തിന്റെ ചുവരിനോട് ചേർത്ത് ചുറ്റും അറകൾ പണിതു ; അങ്ങനെ അവൻ എല്ലാ വശത്തും അറകളും ഉണ്ടാക്കി.6അറയുടെ താഴത്തെ നിലക്ക് അഞ്ചു മുഴവും നടുവിലത്തേതിന് ആറ് മുഴവും മൂന്നാമത്തേതിന് ഏഴ് മുഴവും വീതിയുണ്ടായിരുന്നു; തുലാങ്ങൾ ആലയഭിത്തികളിൽ അകത്ത് തുളച്ച് ചെല്ലാതിരിപ്പാൻ അവൻ ആലയത്തിന്റെ ചുറ്റും പുറമെ വീതി കുറഞ്ഞ തട്ടുകൾ പണിതു.
7വെട്ടുകുഴിയിൽവെച്ച് തന്നേ കുറവുതീർത്ത കല്ലുകൊണ്ട് ആലയം പണിതതിനാൽ അത് പണിയുന്ന സമയത്ത് ചുറ്റിക, മഴു മുതലായ യാതൊരു ഇരിമ്പായുധങ്ങളുടേയും ശബ്ദം ആലയത്തിൽ കേൾപ്പാനില്ലായിരുന്നു.8താഴത്തെ നിലയുടെ വാതിൽ ആലയത്തിന്റെ വലത്തുഭാഗത്ത് ആയിരുന്നു; ഗോവണിയിൽ കൂടെ നടുവിലത്തെ നിലയിലേക്കും നടുവിലത്തേതിൽനിന്ന് മൂന്നാമത്തെ നിലയിലേക്കും പ്രവേശിക്കാമായിരുന്നു.
9അങ്ങനെ അവൻ ആലയം പണിതുതീർത്തു; ദേവദാരു കൊണ്ട് തുലാങ്ങളും പലകകളും തീർത്ത് ആലയത്തിന് മച്ചിട്ടു.10ആലയത്തിന്റെ ചുറ്റും അയ്യഞ്ചു മുഴം ഉയരത്തിൽ അവൻ അറകൾ പണിത് , ദേവദാരുത്തുലാങ്ങൾകൊണ്ട് ആലയത്തോട് ബന്ധിച്ചു.
11ശലോമോന് യഹോവയുടെ അരുളപ്പാട് ഉണ്ടായത്:12നീ പണിയുന്ന ഈ ആലയത്തെക്കുറിച്ച് : നീ എന്റെ ചട്ടങ്ങളെ ആചരിച്ച് എന്റെ വിധികളെ അനുസരിച്ച് എന്റെ കല്പനകളൊക്കെയും പ്രമാണിച്ച് നടന്നാൽ ഞാൻ നിന്റെ അപ്പനായ ദാവീദിനോട് അരുളിച്ചെയ്ത വചനം നിന്നിൽ നിവർത്തിക്കും.13ഞാൻ യിസ്രായേൽമക്കളുടെ മദ്ധ്യേ വസിക്കും; എന്റെ ജനമായ യിസ്രായേലിനെ ഉപേക്ഷിക്കയില്ല.
14അങ്ങനെ ശലോമോൻ ആലയം പണിതുതീർത്തു.15അവൻ ആലയത്തിന്റെ ചുവരിന്റെ അകവശം ദേവദാരുപ്പലകകൊണ്ട് പണിതു; ഇങ്ങനെ അവർ ആലയത്തിന്റെ നിലംമുതൽ മുകൾത്തട്ട് വരെ അകത്തെ വശം മരംകൊണ്ട് പൊതിഞ്ഞു; ആലയത്തിന്റെ നിലം സരളപ്പലകകൊണ്ട് പാകിയുറപ്പിച്ചു.
16ആലയത്തിന്റെ പിൻവശം ഇരുപത് മുഴം നീളത്തിൽ തറ മുതൽ മേൽത്തട്ട് വരെ ദേവദാരുപ്പലകകൊണ്ട് പണിതു: ഇങ്ങനെ അന്തർമ്മന്ദിരമായ അതിവിശുദ്ധസ്ഥലത്തിന്റെ ഉൾവശം പണിതു.17അന്തർമ്മന്ദിരത്തിന്റെ മുൻഭാഗത്തെ മന്ദിരമായ ആലയത്തിന് നാല്പത് മുഴം നിളമുണ്ടായിരുന്നു.18ആലയത്തിന്റെ അകത്തെ ചുവരിന്മേൽ ദേവദാരു കൊണ്ട് മൊട്ടുകളും വിടർന്ന പുഷ്പങ്ങളും കൊത്തിവച്ചിരുന്നു; എല്ലാം ദേവദാരുകൊണ്ടായിരുന്നു; കല്ല് ഒട്ടും തന്നെ ദൃശ്യമായിരുന്നില്ല.
19ആലയത്തിന്റെ അകത്ത് യഹോവയുടെ നിയമപെട്ടകം വെക്കേണ്ടതിന് അവൻ ഒരു അന്തർമ്മന്ദിരം ഒരുക്കി.20അന്തർമ്മന്ദിരത്തിന്റെ അകത്തെ നീളവും വീതിയും ഉയരവും ഇരുപത് മുഴം വീതം ആയിരുന്നു; അവൻ അന്തർമ്മന്ദിരത്തിന്റെ അകവും ദേവദാ‍ാരുനിർമ്മിതമായ ധൂപപീഠവും തങ്കം കൊണ്ട് പൊതിഞ്ഞു.
21ആലയത്തിന്റെ അകം ശലോമോൻ തങ്കംകൊണ്ട് പൊതിഞ്ഞു; അന്തർമ്മന്ദിരത്തിന്റെ മുൻവശത്ത് വിലങ്ങനെ പൊൻചങ്ങല കൊളുത്തി , അന്തർമ്മന്ദിരം പൊന്നുകൊണ്ട് പൊതിഞ്ഞു.22അങ്ങനെ അവൻ ആലയം മുഴുവനും അന്തർമ്മന്ദിരത്തിനുള്ള യാഗപീഠവും പൊന്നുകൊണ്ട് പൊതിഞ്ഞു.
23അന്തർമ്മന്ദിരത്തിൽ അവൻ ഒലിവുമരംകൊണ്ട് പത്ത് മുഴം വീതം ഉയരമുള്ള രണ്ട് കെരൂബുകളെയും ഉണ്ടാക്കി.24ഒരു കെരൂബിന്റെ ഒരു ചിറക് അഞ്ചു മുഴം, മറ്റെ ചിറക് അഞ്ചു മുഴം; ഇങ്ങനെ ഒരു ചിറകിന്റെ അറ്റം മുതൽ മറ്റെ ചിറകിന്റെ അറ്റംവരെ പത്തു മുഴം.25മറ്റെ കെരൂബിനും പത്ത് മുഴം; ആകൃതിയിലും വലിപ്പത്തിലും രണ്ട് കെരൂബുകളും ഒരു പോലെ തന്നേ ആയിരുന്നു.26ഓരോ കെരൂബിന്റെയും ഉയരം പത്തു മുഴം തന്നെ ആയിരുന്നു.
27അവൻ കെരൂബുകളെ അന്തർമ്മന്ദിരത്തിന്റെ നടുവിൽ നിർത്തി; കെരൂബുകളുടെ ചിറക് വിടർന്നിരുന്നു; ഒന്നിന്റെ ചിറക് ഒരു ഭിത്തിയോടും മറ്റേതിന്റെ ചിറക് മറ്റേ ഭിത്തിയോടും തൊട്ടിരുന്നു. ആലയത്തിന്റെ മദ്ധ്യത്തിൽ ഇരു കെരൂബുകളുടെയും ചിറകുകൾ തമ്മിൽ തൊട്ടിരുന്നു.28കെരൂബുകളെയും അവൻ പൊന്നുകൊണ്ട് പൊതിഞ്ഞു.
29ആലയത്തിന്റെ അകത്ത് പുറത്തുമുള്ള മന്ദിരങ്ങളുടെ ഭിത്തികൾക്കു ചുറ്റും കെരൂബ്, ഈന്തപ്പന, വിടർന്ന പുഷ്പം എന്നിവയുടെ രൂപം കൊത്തി ഉണ്ടാക്കി.30അന്തർമ്മന്ദിരത്തിന്റെയും ബഹിർമ്മന്ദിരത്തിന്റെയും തറ അവൻ പൊന്നുകൊണ്ട് പൊതിഞ്ഞു.
31അവൻ അന്തർമ്മന്ദിരത്തിന്റെ വാതിലിന് ഒലിവുമരംകൊണ്ട് കതകു ഉണ്ടാക്കി; മേൽവാതിൽപ്പടിയും കട്ടളക്കാലും ഭിത്തിയുടെ അഞ്ചിൽ ഒരു അംശമായിരുന്നു.32ഒലിവ് മരംകൊണ്ടുള്ള ഇരു കതകുകളിലും കെരൂബ്, ഈന്തപ്പന, വിടർന്നപുഷ്പം എന്നിവയുടെ രൂപങ്ങൾ കൊത്തി പൊന്ന് പൊതിഞ്ഞു; കെരൂബുകളിലും ഈന്തപ്പനകളിലും പൊന്ന് വിരിച്ചു
33അങ്ങനെ തന്നേ അവൻ മന്ദിരത്തിന്റെ വാതിലിനും ഒലിവുമരംകൊണ്ട് കട്ടള ഉണ്ടാക്കി; അത് ഭിത്തിയുടെ നാലിൽ ഒരംശമായിരുന്നു.34അതിന്റെ രണ്ട് കതകുകളും സരളമരംകൊണ്ട് ഉണ്ടാക്കി. ഓരോ കതകിനും ഈരണ്ട് മടക്കുപാളികൾ ഉണ്ടായിരുന്നു.35അവൻ അവയിൽ കെരൂബ്, ഈന്തപ്പന, വിടർന്ന പുഷ്പം എന്നിവയുടെ രൂപങ്ങളെ കൊത്തി , രൂപങ്ങളുടെമേൽ പൊന്ന് സമമായി പൊതിഞ്ഞു.
36ചെത്തി ഒരുക്കിയ മൂന്ന് വരി കല്ലും ഒരുവരി ദേവദാരുപ്പലകയും കൊണ്ട് അവൻ അകത്തെ പ്രാകാരം പണിതു.
37നാലാം ആണ്ട് സീവ് മാസത്തിൽ യഹോവയുടെ ആലയത്തിന് അടിസ്ഥാനം ഇടുകയും38പതിനൊന്നാം ആണ്ട് എട്ടാം മാസമായ ബൂൽമാസത്തിൽ ആലയം സകലഭാഗങ്ങളുമായി അതിന്റെ മാതൃക അനുസരിച്ച് തന്നെ പണിതുതീർക്കുകയും ചെയ്തു. അങ്ങനെ ആലയം പണിക്ക് ഏഴ് വർഷം വേണ്ടി വന്നു.

7

1ശലോമോൻ തന്റെ അരമന പതിമൂന്ന് വർഷം കൊണ്ട് പണിതു തീർത്തു.2നൂറു മുഴം നീളത്തിലും അമ്പത് മുഴം വീതിയിലും മുപ്പത് മുഴം ഉയരത്തിലും അവൻ ലെബാനോൻ വനഗൃഹം പണിയിച്ചു .ദേവദാരു കൊണ്ടുള്ള തുലാങ്ങളെ താങ്ങി നിർത്തിയിരുന്നത് നാലു നിര ദേവദാരു തൂണുകളായിരുന്നു

3ഓരോ നിരയിൽ പതിനഞ്ച് തൂണുവീതം നാല്പത്തഞ്ച് തൂണിന്മേൽ തുലാം വെച്ച് ദേവദാരുപ്പലകകൊണ്ട് തട്ടിട്ടു.4ചരിഞ്ഞ ചട്ടക്കൂടുള്ള മൂന്നു നിര കിളിവാതിൽ ഉണ്ടായിരുന്നു; മൂന്നു നിരയിലും അവ നേർക്കുനേരെ ആയിരുന്നു.5വാതിലുകളും കട്ടളകളും ദീർഘചതുരാകൃതിയിലായിരുന്നു ; കിളിവാതിൽ മൂന്ന് നിരയായി നേർക്കുനേരെ ആയിരുന്നു.
6അവൻ അമ്പത് മുഴം നീളവും മുപ്പത് മുഴം വീതിയും ഉള്ള ഒരു സ്തംഭമണ്ഡപവും അതിന്റെ മുൻവശത്ത് തൂണും ഉമ്മരപ്പടിയുമായി ഒരു പൂമുഖവും ഉണ്ടാക്കി.
7ന്യായം വിധിക്കേണ്ടതിന് ഒരു സിംഹാസനമണ്ഡപവും പണിതു: അതിന് തറ മുതൽ മേൽത്തട്ടു വരെ ദേവദാരുപ്പലകകൊണ്ട് തട്ടിട്ടു.
8അവൻ വസിച്ചിരുന്ന അരമനയുടെ ഉള്ളിൽ ഇതിന്റെ പണിപോലെ തന്നെയുള്ള ഒരു ഗൃഹാങ്കണം ഉണ്ടായിരുന്നു ; ശലോമോൻ വിവാഹം കഴിച്ചിരുന്ന ഫറവോന്റെ മകൾക്കും അവൻ ഇപ്രകാരം തന്നെ ഒരു അരമന പണിതു.
9ഇവ ഒക്കെയും അടിസ്ഥാനം മുതൽ മുകൾഭാഗം വരെയും പുറത്തെ വലിയ പ്രാകാരത്തിലും , അളവിന് വെട്ടി അകവും പുറവും ഈർച്ചവാൾകൊണ്ട് അറുത്തെടുത്ത വിശേഷപ്പെട്ട കല്ല് കൊണ്ട് ആയിരുന്നു.10അടിസ്ഥാനം പത്ത് മുഴവും എട്ട് മുഴവുമുള്ള വിശേഷപ്പെട്ട വലിയ കല്ലുകൊണ്ട് ആയിരുന്നു.
11മേൽപണി അളവിന് വെട്ടിയ വിശേഷപ്പെട്ട കല്ലുകൊണ്ടും ദേവദാരുകൊണ്ടും ആയിരുന്നു.12പ്രധാന മുറ്റം മൂന്നുവരി ചെത്തിയ കല്ലും ഒരു വരി ദേവദാരുവും കൊണ്ട് ചുറ്റും അടച്ചുകെട്ടിയിരുന്നു; അങ്ങനെ തന്നെ അകമുറ്റവും യഹോവയുടെ ആലയത്തിന്റെ പൂമുഖവും പണിതിരുന്നു .
13ശലോമോൻരാജാവ് സോരിൽനിന്ന് ഹീരാം എന്നൊരുവനെ വരുത്തി.14അവൻ നഫ്താലിഗോത്രത്തിൽ ഒരു വിധവയുടെ മകൻ ആയിരുന്നു; അവന്റെ പിതാവ് സോർ ദേശക്കാരനായ ഒരു ഓടുപണിക്കാരനായിരുന്നു: അവൻ ഓടുകൊണ്ടുള്ള സകലവിധ പണിയിലും ജ്ഞാനവും ബുദ്ധിയും സാമർത്ഥ്യവും ഉള്ളവനായിരുന്നു. അവൻ ശലോമോൻരാജാവിന്റെ അടുക്കൽ വന്ന്, അവൻ കല്പിച്ച പണി ഒക്കെയും തീർത്തു.
15അവൻ ഓരോന്നിനും പതിനെട്ട് മുഴം ഉയരവും പന്ത്രണ്ട് മുഴം ചുറ്റളവും ഉള്ള രണ്ട് തൂണുകൾ ഓട് കൊണ്ട് വാർത്തുണ്ടാക്കി.16തൂണുകളുടെ മുകളിൽ അവൻ ഓട് കൊണ്ട് രണ്ട് മകുടം വാർത്തുണ്ടാക്കി; ഓരോ മകുടവും അയ്യഞ്ച് മുഴം ഉയരമുള്ളതായിരുന്നു.17തൂണുകളുടെ മുകളിലെ മകുടത്തിന് ചിത്രപ്പണിയോടുകൂടിയ വലക്കണ്ണികളും ചങ്ങലകളും ഉണ്ടായിരുന്നു. മകുടം ഓരോന്നിന്നും ഏഴേഴ് ചങ്ങലകൾ ഉണ്ടായിരുന്നു.
18അങ്ങനെ അവൻ തൂണുകൾ ഉണ്ടാക്കി; അവയുടെ മുകളിലെ മകുടം മൂടത്തക്കവണ്ണം ഓരോ മകുടത്തിനും വലപ്പണിക്കുമീതെ രണ്ടു വരി മാതളപ്പഴം വീതം ഉണ്ടാക്കി.19മണ്ഡപത്തിലെ തൂണുകളുടെ മുകളിലെ മകുടം താമരപ്പൂവിന്റെ ആകൃതിയിൽ നാലു മുഴം ആയിരുന്നു.
20ഇരു തൂണുകളുടെയും മുകളിലെ മകുടത്തിന്റെ വലപ്പണിക്കരികെ പുറത്തേക്ക് ഉന്തി നിൽക്കുന്ന ഭാഗത്ത് ചുറ്റും വരിവരിയായി ഇരുനൂറു മാതളപ്പഴം വീതം ഉണ്ടായിരുന്നു.21അവൻ തൂണുകളെ മന്ദിരത്തിന്റെ പൂമുഖത്ത് സ്ഥാപിച്ചു; അവൻ വലത്തെ തൂണിന് യാഖീൻ എന്നും ഇടത്തേതിന് ബോവസ് എന്നും പേരിട്ടു.22തൂണുകളുടെ അഗ്രം താമരപ്പൂവിന്റെ ആകൃതിയിൽ ആയിരുന്നു; ഇങ്ങനെ തൂണുകളുടെ പണി പൂർത്തിയാക്കി.
23അവൻ ഓടുകൊണ്ട് വൃത്താകൃതിയിൽ ഒരു കടൽ വാർത്തുണ്ടാക്കി; അതിന്റെ വ്യാസം പത്ത് മുഴവും ഉയരം അഞ്ച് മുഴവും ചുറ്റളവ് മുപ്പത് മുഴവും ആയിരുന്നു.24അതിന്റെ വക്കിന് താഴെ,കടലിന് ചുറ്റും മുഴം ഒന്നിന് പത്ത് അലങ്കാരമൊട്ട് വീതം ഉണ്ടായിരുന്നു; അത് വാർത്തപ്പോൾ തന്നെ മൊട്ടും രണ്ട് നിരയായി വാർത്തിരുന്നു.
25അത് പന്ത്രണ്ട് കാളകളുടെ പുറത്ത് വെച്ചിരുന്നു; അവ വടക്കോട്ടും, പടിഞ്ഞാറോട്ടും, തെക്കോട്ടും, കിഴക്കോട്ടും മൂന്നെണ്ണം വീതം തിരിഞ്ഞുനിന്നിരുന്നു; കടൽ അവയുടെ പുറത്ത് വെച്ചിരുന്നു; അവയുടെ പൃഷ്ടഭാഗങ്ങൾ അകത്തേക്ക് ആയിരുന്നു.26അതിന് ഒരു കൈപ്പത്തിയുടെ ഘനവും , വക്ക് പാനപാത്രത്തിന്റെ വക്കുപോലെ താമരപ്പൂവിന്റെ ആകൃതിയിലും ആയിരുന്നു. അതിൽ രണ്ടായിരം ബത്ത് വെള്ളം കൊള്ളുമായിരുന്നു.
27അവൻ ഓട് കൊണ്ട് പത്ത് പീഠം ഉണ്ടാക്കി; ഓരോ പീഠത്തിന് നാല് മുഴം നീളവും നാല് മുഴം വീതിയും മൂന്ന് മുഴം ഉയരവും ഉണ്ടായിരുന്നു.28പീഠങ്ങൾ നിർമ്മിച്ചത് ഇപ്രകാരമായിരുന്നു: അവയുടെ ചട്ടക്കൂട് പലകപ്പാളികളാൽ ബന്ധിച്ചിരുന്നു.29ചട്ടങ്ങളിൽ ഇട്ടിരുന്ന പലകമേൽ സിംഹങ്ങളും കാളകളും കെരൂബുകളും കൊത്തിയിരുന്നു; ചട്ടത്തിന് മുകളിലായി ഒരു പീഠം ഉണ്ടായിരുന്നു ; ചട്ടങ്ങളിൽ സിംഹങ്ങൾക്കും കാളകൾക്കും താഴെ പുഷ്പചക്രങ്ങൾ നെയ്തുണ്ടാക്കി.
30ഓരോ പീഠത്തിനും ഓട് കൊണ്ടുള്ള നന്നാല് ചക്രങ്ങളും ഓട് കൊണ്ടുള്ള അച്ചുതണ്ടുകളും ഉണ്ടായിരുന്നു; തൊട്ടിയുടെ നാല് കോണിലും കാലുകൾ ഉണ്ടായിരുന്നു. കാൽ ഓരോന്നിനും പുറത്തുവശത്ത് പുഷ്പചക്രങ്ങൾ വാർത്തിരുന്നു.31അതിന്റെ വായ് ചട്ടക്കൂട്ടിന് അകത്ത് മേലോട്ടും ഒരു മുഴം വ്യാസമുള്ളത് ആയിരുന്നു; അത് പീഠം പോലെ വൃത്താകൃതിയിലും പുറത്തെ വ്യാസം ഒന്നര മുഴവും ആയിരുന്നു; അതിന്റെ വായ്ക്കു ചുറ്റും കൊത്തുപണിയുണ്ടായിരുന്നു; അതിന്റെ ചട്ടപ്പലക വൃത്താകൃതിയായിരുന്നില്ല , സമചതുരാകൃതി ആയിരുന്നു.
32ചക്രങ്ങൾ നാലും പലകകളുടെ കീഴെയും ചക്രങ്ങളുടെ അച്ചുതണ്ടുകൾ പീഠത്തിലും ആയിരുന്നു. ഓരോ ചക്രത്തിന്റെ ഉയരം ഒന്നര മുഴം.33ചക്രങ്ങളുടെ പണി രഥചക്രത്തിന്റെ പണിപോലെ ആയിരുന്നു; അവയുടെ അച്ചുതണ്ടുകളും വക്കുകളും അഴികളും ചക്രകൂടങ്ങളും എല്ലാം ഓടുകൊണ്ടുള്ള വാർപ്പു പണി ആയിരുന്നു.
34ഓരോ പീഠത്തിന്റെ നാല് കോണിലും നാല് താങ്ങുകളുണ്ടായിരുന്നു; അവ പീഠത്തിൽനിന്ന് തന്നേ ഉള്ളവ ആയിരുന്നു.35ഓരോ പീഠത്തിന്റെയും മുകളിൽ അര മുഴം ഉയരമുള്ള ചുറ്റുവളയവും , മേലറ്റത്ത് അതിന്റെ വക്കുകളും പലകകളും ഒന്നായി വാർത്തതും ആയിരുന്നു.
36അതിന്റെ പലകകളിലും വക്കുകളിലും ഇടം ഉണ്ടായിരുന്നതുപോലെ , അവൻ കെരൂബ്, സിംഹം , ഈന്തപ്പന എന്നിവയുടെ രൂപം ചുറ്റും പുഷ്പചക്രപ്പണിയോടുകൂടെ കൊത്തിയുണ്ടാക്കി.37ഇങ്ങനെ അവൻ പീഠം പത്തും തീർത്തു; അവ ഒക്കെയും ഒരേ അച്ചിൽ വാർത്തതും , ആകൃതിയിലും വലിപ്പത്തിലും ഒരുപോലെയും ആയിരുന്നു.
38അവൻ ഓട്കൊണ്ട് പത്ത് തൊട്ടിയും ഉണ്ടാക്കി; ഓരോ തൊട്ടിയിൽ നാല്പത് ബത്ത് വെള്ളം കൊള്ളുമായിരുന്നു; ഓരോ തൊട്ടിയും നന്നാല് മുഴം വ്യാസം ഉള്ളതായിരുന്നു. പത്ത് പീഠത്തിൽ ഓരോന്നിന്മേൽ ഓരോ തൊട്ടി വെച്ചു.39അവൻ പീഠങ്ങൾ അഞ്ചെണ്ണം ആലയത്തിന്റെ വലത്തു ഭാഗത്തും അഞ്ചെണ്ണം ഇടത്തുഭാഗത്തും സ്ഥാപിച്ചു; കടൽ അവൻ ആലയത്തിന്റെ വലത്ത് ഭാഗത്ത് തെക്കുകിഴക്കായി സ്ഥാപിച്ചു.
40പിന്നെ ഹീരാം തൊട്ടികളും വലിയ കരണ്ടികളും പാത്രങ്ങളും ഉണ്ടാക്കി; അങ്ങനെ ഹീരാം യഹോവയുടെ ആലയത്തിനുവേണ്ടി ശലോമോൻ രാജാവ് ഏല്പിച്ചിരുന്ന പണികളൊക്കെയും തീർത്തു.41രണ്ട് തൂണുകൾ, രണ്ട് തൂണുകളുടെയും മുകളിലുള്ള ഗോളാകാരമായ രണ്ട് മകുടങ്ങൾ, മകുടങ്ങളെ മൂടുവാൻ രണ്ട് വലപ്പണികൾ,
42തൂണുകളുടെ മുകളിലുള്ള ഗോളാകൃതിയിലുള്ള മകുടങ്ങളെ മൂടുന്ന ഓരോ വലപ്പണിയിലും ഈരണ്ടുനിര മാതളപ്പഴം വീതം രണ്ട് വലപ്പണിയിലുംകൂടെ നാനൂറ് മാതളപ്പഴം,43പത്ത് പീഠങ്ങൾ, പീഠങ്ങളിന്മേലുള്ള പത്ത് തൊട്ടി,
44ഒരു കടൽ, കടലിന്റെ കീഴെ പന്ത്രണ്ട് കാളകൾ,45കലങ്ങൾ, വലിയ കരണ്ടികൾ, പാത്രങ്ങൾ എന്നിവ ആയിരുന്നു. യഹോവയുടെ ആലയത്തിന് വേണ്ടി ശലോമോൻരാജാവിന്റെ ആവശ്യപ്രകാരം ഹീരാം ഉണ്ടാക്കിയ ഈ ഉപകരണങ്ങളൊക്കെയും മിനുക്കിയ ഓട് കൊണ്ടായിരുന്നു.
46യോർദ്ദാൻ സമഭൂമിയിൽ സുക്കോത്തിനും സാരെഥാനും മദ്ധ്യേ കളിമൺ അച്ചുകളിൽ രാജാവ് അവയെ വാർപ്പിച്ചു.47ഉപകരണങ്ങൾ അനവധി ആയിരുന്നതുകൊണ്ട് ശലോമോൻ അവയൊന്നും തൂക്കിനോക്കിയില്ല; താമ്രത്തിന്റെ തൂക്കം തിട്ടപ്പെടുത്തിയിട്ടില്ലായിരുന്നു.
48അങ്ങനെ ശലോമോൻ യഹോവയുടെ ആലയത്തിന് വേണ്ടിയുള്ള സകല ഉപകരണങ്ങളും ഉണ്ടാക്കി; പൊൻപീഠം, കാഴ്ചയപ്പം വെക്കുന്ന പൊൻമേശ,49അന്തർമ്മന്ദിരത്തിന്റെ മുമ്പിൽ വലത്തുഭാഗത്ത് അഞ്ചും ഇടത്തുഭാഗത്ത് അഞ്ചുമായി പൊന്നുകൊണ്ടുള്ള വിളക്കുതണ്ടുകൾ, പൊന്നുകൊണ്ടുള്ള പുഷ്പങ്ങൾ,
50ദീപങ്ങൾ, ചവണകൾ, തങ്കംകൊണ്ടുള്ള പാനപാത്രങ്ങൾ, കത്രികകൾ, കലശങ്ങൾ, തവികൾ, തീച്ചട്ടികൾ, അതിപരിശുദ്ധസ്ഥലമായ അന്തർമ്മന്ദിരത്തിന്റെ വാതിലുകൾക്കും ആലയത്തിന്റെ വാതിലുകൾക്കും പൊന്നുകൊണ്ടുള്ള കെട്ടുകൾ എന്നിവ തന്നേ.
51അങ്ങനെ ശലോമോൻരാജാവ് യഹോവയുടെ ആലയംവക പണി എല്ലാം തീർത്തു. ശലോമോൻ തന്റെ അപ്പനായ ദാവീദ് നിവേദിച്ചിരുന്ന വെള്ളിയും പൊന്നും ഉപകരണങ്ങളും കൊണ്ടുവന്ന് യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽവെച്ചു.

8

1പിന്നെ യഹോവയുടെ നിയമപെട്ടകം സീയോൻ എന്ന ദാവീദിന്റെ നഗരത്തിൽ നിന്ന് കൊണ്ടുവരുന്നതിനായി ശലോമോൻ യിസ്രായേൽ മൂപ്പന്മാരെയും ഗോത്രത്തലവന്മാരെയും യിസ്രായേൽമക്കളുടെ പിതൃഭവനത്തലവന്മാരെയും യെരൂശലേമിൽ തന്റെ അടുക്കൽ കൂട്ടിവരുത്തി.2അങ്ങനെ യിസ്രായേൽപുരുഷന്മാർ ഒക്കെയും ഏഴാംമാസമായ ഏഥാനീം മാസത്തിലെ ഉത്സവത്തിന് ശലോമോൻരാജാവിന്റെ അടുക്കൽ ഒന്നിച്ചുകൂടി.

3യിസ്രായേൽമൂപ്പന്മാർ എല്ലാവരും വന്നുചേർന്നപ്പോൾ പുരോഹിതന്മാർ യഹോവയുടെ പെട്ടകം എടുത്തു.4അവർ യഹോവയുടെ പെട്ടകവും സമാഗമനകൂടാരവും അതിലെ വിശുദ്ധ ഉപകരണങ്ങളൊക്കെയും കൊണ്ടുവന്നു; പുരോഹിതന്മാരും ലേവ്യരുമായിരുന്നു അവയെ കൊണ്ടുവന്നത്.5ശലോമോൻരാജാവും വന്നുകൂടിയ യിസ്രായേൽസഭ ഒക്കെയും പെട്ടകത്തിനു മുമ്പിൽ എണ്ണി തിട്ടപ്പെടുത്തുവാൻ കഴിയാത്ത വിധം അസംഖ്യം ആടുകളെയും കാളകളെയും യാഗം കഴിച്ചു.
6അപ്പോൾ പുരോഹിതന്മാർ യഹോവയുടെ നിയമപെട്ടകം ആലയത്തിലെ അന്തർമ്മന്ദിരത്തിൽ , അതിവിശുദ്ധസ്ഥലത്ത്,അതിന്റെ സ്ഥാനത്ത് കൊണ്ടുവന്ന് , കെരൂബുകളുടെ ചിറകിൻ കീഴെ വെച്ചു.7കെരൂബുകൾ പെട്ടകത്തിന്റെ സ്ഥാനത്തിന് മീതെ ചിറകു വിരിച്ച് പെട്ടകത്തെയും അതിന്റെ തണ്ടുകളെയും മൂടിനിന്നു.8അന്തർമ്മന്ദിരത്തിന്റെ മുമ്പിലുള്ള വിശുദ്ധസ്ഥലത്ത് നിന്നാൽ അഗ്രഭാഗങ്ങൾ കാണത്തക്കവിധം തണ്ടുകൾക്ക് നീളമുണ്ടായിരുന്നു ; എങ്കിലും പുറത്തുനിന്ന് കാണുവാൻ സാദ്ധ്യമായിരുന്നില്ല; അവ ഇന്നുവരെയും അവിടെ ഉണ്ട്.
9യിസ്രായേൽമക്കൾ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടശേഷം യഹോവ അവരോട് നിയമം ചെയ്തപ്പോൾ മോശെ ഹോരേബിൽവെച്ച് അതിൽ വെച്ചിരുന്ന രണ്ട് കല്പലകയല്ലാതെ പെട്ടകത്തിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല;10പുരോഹിതന്മാർ വിശുദ്ധസ്ഥലത്തുനിന്ന് പുറത്ത് വന്നപ്പോൾ , മേഘം യഹോവയുടെ ആലയത്തിൽ നിറഞ്ഞു.11യഹോവയുടെ തേജസ്സ് ആലയത്തിൽ നിറഞ്ഞിരുന്നതിനാൽ , ശുശ്രൂഷ ചെയ്യേണ്ടതിന് ആലയത്തിൽ നില്പാൻ മേഘം നിമിത്തം പുരോഹിതന്മാർക്ക് കഴിഞ്ഞില്ല.

12അപ്പോൾ ശലോമോൻ: “താൻ മേഘതമസ്സിൽ വസിക്കുമെന്ന് യഹോവ അരുളിച്ചെയ്തിരിക്കുന്നു;13എങ്കിലും ഞാൻ അങ്ങേക്ക് എന്നേക്കും വസിപ്പാൻ മാഹാത്മ്യമുള്ള ഒരു നിവാസം പണിതിരിക്കുന്നു ”എന്ന് പറഞ്ഞു.
14പിന്നെ യിസ്രായേൽസഭ മുഴുവനും നിൽക്കുമ്പോൾ തന്നെ, രാജാവ് തിരിഞ്ഞ് യിസ്രായേലിന്റെ സർവ്വസഭയെയും അനുഗ്രഹിച്ച് പറഞ്ഞത് എന്തെന്നാൽ:15“എന്റെ അപ്പനായ ദാവീദിനോട് തിരുവായ്കൊണ്ട് അരുളിച്ചെയ്തത് , തൃക്കൈകൊണ്ട് സാദ്ധ്യമാക്കി തന്ന യിസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ.16‘എന്റെ ജനമായ യിസ്രായേലിനെ ഈജിപ്റ്റിൽ നിന്ന് കൊണ്ടുവന്ന നാൾമുതൽ എന്റെ നാമത്തിന് ഒരു ആലയം പണിവാൻ ഞാൻ യിസ്രായേലിന്റെ സകല ഗോത്രങ്ങളിലും ഒരു പട്ടണം തിരഞ്ഞെടുത്തിട്ടില്ല; എന്നാൽ എന്റെ ജനമായ യിസ്രായേലിന് പ്രഭുവായിരിപ്പാൻ ഞാൻ ദാവീദിനെ തിരഞ്ഞെടുത്തു ’ എന്ന് അവിടുന്ന് അരുളിച്ചെയ്തു.
17യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം പണിയുവാൻ എന്റെ അപ്പനായ ദാവീദിന് താല്പര്യം ഉണ്ടായിരുന്നു.18എന്നാൽ യഹോവ എന്റെ അപ്പനായ ദാവീദിനോട്: ‘എന്റെ നാമത്തിന് ഒരു ആലയം പണിയേണമെന്ന് നിനക്കുണ്ടായ താല്പര്യം നല്ലത് തന്നെ .19എങ്കിലും ആലയം പണിയേണ്ടത് നീയല്ല, നിന്നിൽ നിന്നുത്ഭവിക്കുന്ന നിന്റെ മകൻ തന്നെ എന്റെ നാമത്തിന് ആലയം പണിയും ’എന്ന് കല്പിച്ചു.
20അങ്ങനെ യഹോവ താൻ അരുളിച്ചെയ്ത വചനം നിവർത്തിച്ചിരിക്കുന്നു; യഹോവയുടെ വാഗ്ദാനപ്രകാരം എന്റെ അപ്പനായ ദാവീദിന് പകരം ഞാൻ യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരിക്കുന്നു ; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയവും പണിതിരിക്കുന്നു.21യഹോവ നമ്മുടെ പിതാക്കന്മാരെ ഈജിപ്റ്റിൽ നിന്ന് കൊണ്ടുവന്നപ്പോൾ, അവരോട് ചെയ്ത ഉടമ്പടി രേഖപ്പെടുത്തി വച്ചിരിക്കുന്ന പെട്ടകത്തിന് ഞാൻ അതിൽ ഒരു സ്ഥലം ഒരുക്കിയിരിക്കുന്നു.”

22അനന്തരം ശലോമോൻ യിസ്രായേലിന്റെ സർവ്വസഭയും കാൺകെ ആകാശത്തിലേക്ക് കരങ്ങൾ ഉയർത്തി പറഞ്ഞത് :23“യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂർണ്ണഹൃദയത്തോടെ അങ്ങയുടെ മുമ്പാകെ നടക്കുന്ന അവിടുത്തെ ദാസന്മാരോടുള്ള ഉടമ്പടി നിറവേറ്റുകയും , ദയ കാണിക്കുകയും ചെയ്യുന്ന അങ്ങേക്ക് തുല്യനായി മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും ഒരു ദൈവവും ഇല്ല.24അങ്ങ് എന്റെ അപ്പനായ ദാവീദ് എന്ന അവിടുത്തെ ദാസനോട് ചെയ്ത വാഗ്ദാനം പാലിച്ചിരിക്കുന്നു; തിരുവായ്കൊണ്ട് അരുളിച്ചെയ്തത് ഇന്ന് കാണുംപോലെ തൃക്കൈകൊണ്ട് നിവർത്തിച്ചുമിരിക്കുന്നു.
25ആകയാൽ യിസ്രായേലിന്റെ ദൈവമായ യഹോവേ, അങ്ങ് എന്റെ അപ്പനായ ദാവീദ് എന്ന അവിടുത്തെ ദാസനോട്: ‘നീ എന്റെ മുമ്പാകെ നടന്നതുപോലെ നിന്റെ പുത്രന്മാരും എന്റെ മുമ്പാകെ നടന്ന് തങ്ങളുടെ വഴി സൂക്ഷിക്കുക മാത്രം ചെയ്താൽ യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരിപ്പാൻ നിനക്ക് ഒരു പുരുഷൻ എന്റെ മുമ്പാകെ ഇല്ലാതെവരികയില്ല ’എന്ന് അരുളിച്ചെയ്തിരിക്കുന്നത് നിവർത്തിക്കേണമേ.26ഇപ്പോൾ യിസ്രായേലിന്റെ ദൈവമേ, എന്റെ അപ്പനായ ദാവീദ് എന്ന അവിടത്തെ ദാസനോട് അങ്ങ് അരുളിച്ചെയ്ത വചനം സാദ്ധ്യമായി തീരുമാറാകട്ടെ.
27എന്നാൽ ദൈവം യഥാർത്ഥമായി ഭൂമിയിൽ വസിക്കുമോ? സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും അങ്ങ് അടങ്ങുകയില്ലല്ലോ; പിന്നെ ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിൽ അടങ്ങുന്നത് എങ്ങനെ?28എങ്കിലും എന്റെ ദൈവമായ യഹോവേ, അടിയൻ ഇന്ന് തിരുമുമ്പിൽ കഴിക്കുന്ന നിലവിളിയും പ്രാർത്ഥനയും കേൾക്കേണ്ടതിന് അടിയന്റെ പ്രാർത്ഥനയിലേക്കും യാചനയിലേക്കും തിരിഞ്ഞ് കടാക്ഷിക്കേണമേ.
29അടിയൻ ഈ സ്ഥലത്തുവെച്ച് കഴിക്കുന്ന പ്രാർത്ഥന കേൾക്കേണ്ടതിന് ‘അവിടുത്തെ നാമം ഉണ്ടായിരിക്കു’മെന്ന് അവിടുന്ന് അരുളിച്ചെയ്ത സ്ഥലമായ ഈ ആലയത്തിലേക്ക് രാവും പകലും അവിടുത്തെ കടാക്ഷം ഉണ്ടായിരിക്കേണമേ30അടിയനും അവിടുത്തെ ജനമായ യിസ്രായേലും ഈ സ്ഥലത്ത് വച്ച് പ്രാർഥിക്കുമ്പോൾ അടിയങ്ങളൂടെ യാചന കേൾക്കേണമേ ; അങ്ങയുടെ വാസസ്ഥലമായ സ്വർഗ്ഗത്തിൽ നിന്ന് കേട്ട് അടിയങ്ങളോട് ക്ഷമിക്കേണമേ.
31ഒരുത്തൻ തന്റെ അയൽക്കാരനോട് കുറ്റം ചെയ്കയും അവൻ അവനെക്കൊണ്ട് സത്യം ചെയ്യുവാൻ നിർബന്ധിക്കപ്പെടുകയും ചെയ്യുമ്പോൾ , അവൻ ഈ ആലയത്തിൽ അങ്ങയുടെ യാഗപീഠത്തിന് മുമ്പാകെ വന്ന് സത്യം ചെയ്കയും ചെയ്താൽ ,32അവിടുന്ന് സ്വർഗ്ഗത്തിൽ നിന്ന് കേട്ട് പ്രവർത്തിച്ച്, ദുഷ്ടനെ കുറ്റം വിധിക്കുകയും അവന്റെ പ്രവൃത്തി അവന്റെ തലമേൽ വരുത്തുകയും , നീതിമാന്റെ നീതിക്ക് തക്കവണ്ണം അവനെ നീതീകരിക്കയും ചെയ്ത് അടിയങ്ങൾക്ക് ന്യായം പാലിച്ചുതരേണമേ.
33അങ്ങയുടെ ജനമായ യിസ്രായേൽ അങ്ങയോട് പാപം ചെയ്കയും , തന്മൂലം ശത്രു അവരെ പരാജയപ്പെടുത്തുകയും ചെയ്യുമ്പോൾ , അവർ മനം തിരിഞ്ഞ് അവിടുത്തെ നാമം ഏറ്റുപറഞ്ഞ് ഈ ആലയത്തിൽ വെച്ച് പ്രാർത്ഥിക്കയും യാചിക്കയും ചെയ്താൽ,34അങ്ങ് സ്വർഗ്ഗത്തിൽ നിന്ന് കേട്ട് അവിടുത്തെ ജനമായ യിസ്രായേലിന്റെ പാപം ക്ഷമിച്ച് അവരുടെ പിതാക്കന്മാർക്ക് കൊടുത്ത ദേശത്തേക്ക് അവരെ മടക്കിവരുത്തേണമേ.
35അവർ അങ്ങയോട് പാപം ചെയ്കമൂലം ആകാശം അടഞ്ഞ് മഴ പെയ്യാതിരിക്കുമ്പോൾ അവർ ഈ സ്ഥലത്തേക്ക് തിരിഞ്ഞ് പ്രാർത്ഥിച്ച് അങ്ങയുടെ നാമത്തെ സ്വീകരിക്കയും , അങ്ങ് അവരെ താഴ്ത്തിയതുകൊണ്ട് അവർ തങ്ങളുടെ പാപങ്ങളിൽ നിന്ന് പിന്തിരികയും ചെയ്താൽ ,36അങ്ങ് സ്വർഗ്ഗത്തിൽ നിന്ന് കേട്ട് അങ്ങയുടെ ദാസന്മാരുടെയും അവിടുത്തെ ജനമായ യിസ്രായേലിന്റെയും പാപം ക്ഷമിച്ച്, അവർ നടക്കേണ്ടുന്ന നല്ല വഴി അവരെ ഉപദേശിക്കയും അങ്ങയുടെ ജനത്തിന് അവകാശമായി കൊടുത്ത ദേശത്ത് മഴ പെയ്യിക്കയും ചെയ്യേണമേ.
37ദേശത്ത് ക്ഷാമം, പകർച്ചവ്യാധി, കീടബാധ, വിഷമഞ്ഞ്, വെട്ടുക്കിളി, തുള്ളൻ എന്നിവ ഏതെങ്കിലും ഉണ്ടായാൽ , അല്ലെങ്കിൽ അവരുടെ ദേശത്തെ പട്ടണങ്ങളെ ശത്രു നിരോധിക്കുകയോ വല്ല വ്യാധിയോ രോഗമോ ഉണ്ടായാൽ38അവിടുത്തെ ജനമായ യിസ്രായേൽ മുഴുവനോ , അവരിൽ ഏതെങ്കിലും ഒരുവനോ വല്ല പ്രാർത്ഥനയും യാചനയും കഴിക്കയും , ഓരോരുത്തൻ ഹൃദയവേദനയോടെ ഈ ആലയത്തിലേക്ക് കൈ മലർത്തുകയും ചെയ്താൽ
39അവിടുത്തെ തിരുനിവാസമായ സ്വർഗ്ഗത്തിൽ നിന്ന് കേട്ട് ക്ഷമിക്കയും40അങ്ങനെ അവിടുന്ന് ഞങ്ങളുടെ പിതാക്കന്മാർക്ക് നൽകിയ ദേശത്ത് അവർ വസിക്കുന്ന കാലത്തെല്ലാം അങ്ങയെ ഭയപ്പെടേണ്ടതിന് , ഓരോരുത്തന്റെ ഹൃദയത്തെ അറിയുന്ന അങ്ങ് , അവനവന്റെ നടപ്പിന് തക്കവണ്ണം പ്രതിഫലം നൽകേണമേ ; അങ്ങ് മാത്രമല്ലോ സകലമനുഷ്യപുത്രന്മാരുടെയും ഹൃദയങ്ങളെ അറിയുന്നത്.
41അത്രയുമല്ല, അവിടുത്തെ ജനമായ യിസ്രായേലിലുൾപ്പെടാത്ത ഒരു അന്യദേശക്കാരൻ ദൂരദേശത്ത് നിന്ന് അങ്ങയുടെ നാമം നിമിത്തം വരികയും -42അവർ അങ്ങയുടെ മഹത്വമുള്ള നാമത്തെയും ബലമുള്ള കരത്തെയും നീട്ടിയ ഭുജത്തെയും കുറിച്ച് കേട്ട് ഈ ആലയത്തിലേക്ക് നോക്കി പ്രാർത്ഥിക്കയും ചെയ്താൽ43അവിടുത്തെ തിരുനിവാസമായ സ്വർഗ്ഗത്തിൽ നിന്ന് കേട്ട്, ഭൂമിയിലെ സകലജാതികളും അങ്ങയുടെ ജനമായ യിസ്രായേലിനെപ്പോലെ അങ്ങയെ ഭയപ്പെടുവാനും , ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിന് അവിടുത്തെ നാമം വിളിക്കപ്പെട്ടിരിക്കുന്നു എന്ന് ഗ്രഹിപ്പാനും അവിടുത്തെ നാമത്തെ അറിവാനും തക്കവണ്ണം അന്യദേശക്കാരൻ അങ്ങയോട് പ്രാർത്ഥിക്കുന്നതൊക്കെയും അങ്ങ് ചെയ്തുകൊടുക്കേണമേ.
44അവിടുന്ന് അയക്കുന്ന വഴിയിൽ അവിടുത്തെ ജനം തങ്ങളുടെ ശത്രുവിനോട് യുദ്ധം ചെയ്‌വാൻ പുറപ്പെടുമ്പോൾ അങ്ങ് തിരഞ്ഞെടുത്ത നഗരത്തിലേക്കും അവിടുത്തെ നാമത്തിന് ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിലേക്കും തിരിഞ്ഞ് അങ്ങയോട് പ്രാർത്ഥിച്ചാൽ45അങ്ങ് സ്വർഗ്ഗത്തിൽ നിന്ന് അവരുടെ പ്രാർത്ഥനയും യാചനയും കേട്ട് അവർക്ക് ന്യായം പാലിച്ചുകൊടുക്കേണമേ.
46അവർ അങ്ങയോട് പാപം ചെയ്കയും -പാപം ചെയ്യാത്ത മനുഷ്യൻ ഇല്ലല്ലോ- അങ്ങ് അവരോട് കോപിച്ച് അവരെ ശത്രുവിന് ഏല്പിക്കയും അവർ അവരെ ദൂരത്തോ സമീപത്തോ ഉള്ള ശത്രുവിന്റെ ദേശത്തേക്ക് ബദ്ധരാക്കി കൊണ്ടുപോകയും ചെയ്താൽ47അവരെ പിടിച്ചുകൊണ്ടുപോയിരിക്കുന്ന ദേശത്തുവെച്ച് അവർ മനംതിരിഞ്ഞ് , ‘ഞങ്ങൾ പാപംചെയ്ത് അകൃത്യവും ദുഷ്ടതയും പ്രവർത്തിച്ചിരിക്കുന്നു’ എന്ന് പറഞ്ഞ്
48അങ്ങയോട് യാചിക്കയും , അവരെ പിടിച്ച് കൊണ്ടുപോയ ശത്രുക്കളുടെ ദേശത്തുവെച്ച് അവർ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ അങ്ങയിലേക്ക് തിരിഞ്ഞ്, അങ്ങ് അവരുടെ പിതാക്കന്മാർക്ക് കൊടുത്ത ദേശത്തേക്കും, അങ്ങ് തിരഞ്ഞെടുത്ത നഗരത്തിലേക്കും ഞാൻ അങ്ങയുടെ നാമത്തിന് പണിതിരിക്കുന്ന ഈ ആലയത്തിലേക്കും നോക്കി അങ്ങയോട് പ്രാർത്ഥിക്കയും ചെയ്താൽ
49അവിടുത്തെ തിരുനിവാസമായ സ്വർഗ്ഗത്തിൽ നിന്ന് അവരുടെ പ്രാർത്ഥനയും യാചനയും കേട്ട് അവർക്ക് ന്യായം പാലിച്ചുകൊടുത്ത്,50അങ്ങയോട് പാപം ചെയ്ത അങ്ങയുടെ ജനത്തോട്, അവർ ചെയ്ത അകൃത്യങ്ങളൊക്കെയും ക്ഷമിക്കേണമേ ; അവരെ ബദ്ധരായി കൊണ്ടുപോയവർക്ക് അവരോട് കരുണ തോന്നുമാറാക്കേണമേ.
51അവർ ഈജിപ്റ്റ് എന്ന ഇരുമ്പ് ചൂളയിൽനിന്ന് അങ്ങ് വിടുവിച്ചുകൊണ്ടുവന്ന സ്വന്തജനവും അവിടുത്തെ അവകാശവും ആകുന്നുവല്ലോ.52അവിടുത്തെ ദാസനും അവിടുത്തെ ജനമായ യിസ്രായേലും നടത്തുന്ന അപേക്ഷകൾ കടാക്ഷിക്കേണമേ ; അവർ വിളിച്ചപേക്ഷിക്കുമ്പോൾ കേൾക്കേണമേ.53കർത്താവായ യഹോവേ, അവിടുന്ന് ഞങ്ങളുടെ പിതാക്കന്മാരെ ഈജിപ്റ്റിൽ നിന്ന് വിടുവിച്ചുകൊണ്ടുവന്ന സമയത്ത് അങ്ങയുടെ ദാസനായ മോശെ മുഖാന്തരം അരുളിച്ചെയ്തതുപോലെ ഭൂമിയിലെ സകലജാതികളിൽനിന്നും സ്വന്തജനമായിരിക്കുവാൻ അവരെ വേർതിരിച്ചുവല്ലോ”.

54യഹോവയോട് ഈ പ്രാർത്ഥനകളും യാചനകളും കഴിച്ചുതീർന്നപ്പോൾ , യഹോവയുടെ യാഗപീഠത്തിന്റെ മുമ്പിൽ കൈകൾ ആകാശത്തേക്ക് ഉയർത്തി മുഴങ്കാലിൽ നിന്നിരുന്ന ശലോമോൻ എഴുന്നേറ്റു.55അവൻ എഴുന്നേറ്റ് യിസ്രായേൽസഭയെ ഒക്കെയും ഉച്ചത്തിൽ ഇപ്രകാരം ആശീർവ്വദിച്ചു :56“താൻ വാഗ്ദാനം ചെയ്തതുപോലെ തന്റെ ജനമായ യിസ്രായേലിന് വിശ്രമം നല്കിയിരിക്കുന്ന യഹോവ വാഴ്ത്തപ്പെട്ടവൻ ; തന്റെ ദാസനായ മോശെമുഖാന്തരം അവിടുന്ന് നൽകിയ നല്ല വാഗ്ദാനങ്ങളിൽ ഒന്നുപോലും നിഷ്ഫലമായിട്ടില്ലല്ലോ.
57നമ്മുടെ ദൈവമായ യഹോവ നമ്മുടെ പിതാക്കന്മാരോടുകൂടെ ഇരുന്നതുപോലെ നമ്മോടുകൂടെയും ഇരിക്കുമാറാകട്ടെ ! അവിടുന്ന് നമ്മെ കൈവിടുകയോ ഉപേക്ഷിക്കയോ ചെയ്യാതിരിക്കട്ടെ!58അവിടുത്തെ എല്ലാ വഴികളിലും നടക്കുവാനും നമ്മുടെ പിതാക്കന്മാരോട് കല്പിച്ച കല്പനകളും ചട്ടങ്ങളും വിധികളും പ്രമാണിച്ച് നടക്കേണ്ടതിനും അവിടുന്ന് നമ്മുടെ ഹൃദയങ്ങളെ തങ്കലേക്ക് തിരിക്കുമാറാക്കട്ടെ.
59യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല എന്ന് ഭൂമിയിലെ സകല ജനതകളും അറിയേണ്ടതിന്,60യഹോവയുടെ മുമ്പാകെ ഞാൻ പ്രാർത്ഥിച്ച ഈ വാക്കുകൾ രാപ്പകൽ നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ ഉണ്ടായിരിക്കട്ടെ ; അവിടുത്തെ ഈ ദാസന്റെയും തന്റെ ജനമായ യിസ്രായേലിന്റെയും ദിനമ്പ്രതിയുള്ള ആവശ്യങ്ങൾ അവിടുന്ന് നിറവേറ്റിത്തരുമാറാകട്ടെ .61ആകയാൽ ഇന്നത്തെപ്പോലെ നിങ്ങൾ അവിടുത്തെ ചട്ടങ്ങൾ അനുസരിച്ചുനടപ്പാനും അവിടുത്തെ കല്പനകൾ പ്രമാണിപ്പാനും നിങ്ങളുടെ ഹൃദയം നമ്മുടെ ദൈവമായ യഹോവയോട് വിശ്വസ്തമായിരിക്കട്ടെ.
62പിന്നെ രാജാവും കൂടെയുള്ള എല്ലായിസ്രായേലും യഹോവയുടെ സന്നിധിയിൽ യാഗം കഴിച്ചു.63ശലോമോൻ യഹോവയ്ക്ക് ഇരുപത്തീരായിരം കാളകളെയും ഒരു ലക്ഷത്തിരുപതിനായിരം ആടുകളെയും സമാധാനയാഗമായിട്ട് അർപ്പിച്ചു. ഇങ്ങനെ രാജാവും എല്ലാ യിസ്രായേൽമക്കളും യഹോവയുടെ ആലയത്തിന്റെ പ്രതിഷ്ഠ നിർവ്വഹിച്ചു.
64ഹോമയാഗം, ഭോജനയാഗം, സമാധാനയാഗങ്ങളുടെ മേദസ്സ് എന്നിവ ഉൾക്കൊള്ളുവാൻ തക്ക വലിപ്പം യഹോവയുടെ സന്നിധിയിലെ ഓട് കൊണ്ടുള്ള യാഗപീഠത്തിന് ഇല്ലാതിരുന്നതിനാൽ , രാജാവ് അന്നുതന്നെ യഹോവയുടെ ആലയത്തിന്റെ മുമ്പിലുള്ള പ്രാകാരത്തിന്റെ മദ്ധ്യഭാഗം ശുദ്ധീകരിച്ച് അവിടെ ഹോമയാഗങ്ങളും ഭോജനയാഗങ്ങളും സമാധാനയാഗങ്ങളുടെ മേദസ്സും അർപ്പിച്ചു.
65ശലോമോനും കൂടെയുള്ള എല്ലാ യിസ്രായേലും , ഹമാത്തിന്റെ അതിർ മുതൽ ഈജിപ്റ്റിലെ തോടുവരെയുള്ള വലിയൊരു ജനസമൂഹം -നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ ഏഴു ദിവസവും വീണ്ടും ഏഴു ദിവസവും ഇങ്ങനെ പതിന്നാല് ദിവസം - ഉത്സവം ആചരിച്ചു.66എട്ടാംദിവസം അവൻ ജനത്തെ വിട്ടയച്ചു; അവർ രാജാവിനെ അഭിനന്ദിച്ചു ; യഹോവ തന്റെ ദാസനായ ദാവീദിനും തന്റെ ജനമായ യിസ്രായേലിനും ചെയ്ത എല്ലാ നന്മകളെയും ഓർത്ത് സന്തോഷവും ആനന്ദവുമുള്ളവരായി തങ്ങളുടെ കൂടാരങ്ങളിലേക്ക് പോയി.

9

1ശലോമോൻ യഹോവയുടെ ആലയവും രാജധാനിയും , താൻ നിർമ്മിക്കുവാൻ ആഗ്രഹിച്ചിരുന്നതൊക്കെയും പണിതുതീർന്നശേഷം2യഹോവ ഗിബെയോനിൽവെച്ച് ശലോമോന് പ്രത്യക്ഷനായതുപോലെ രണ്ടാം പ്രാവശ്യവും അവന് പ്രത്യക്ഷനായി.

3യഹോവ അവനോട് അരുളിച്ചെയ്തത്: “നീ എന്റെ മുമ്പാകെ കഴിച്ചിരിക്കുന്ന നിന്റെ പ്രാർത്ഥനയും യാചനയും ഞാൻ കേട്ടു; നീ പണിതിരിക്കുന്ന ഈ ആലയത്തിൽ എന്റെ നാമം എന്നേക്കും സ്ഥാപിച്ച് അതിനെ വിശുദ്ധീകരിച്ചിരിക്കുന്നു; എന്റെ കണ്ണുകളും ഹൃദയവും എല്ലായ്പോഴും അവിടെ ഉണ്ടായിരിക്കും.
4നിന്റെ അപ്പനായ ദാവീദ് നടന്നതുപോലെ ഹൃദയനിർമ്മലതയോടും പരമാർത്ഥതയോടും കൂടെ എന്റെ മുമ്പാകെ നടന്ന് , എന്റെ കൽപ്പനകൾ അനുസരിച്ച് എന്റെ ചട്ടങ്ങളും5വിധികളും പ്രമാണിച്ചാൽ ‘ യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരിപ്പാൻ ഒരു പുരുഷൻ നിനക്ക് ഇല്ലാതെപോകയില്ല ’എന്ന് ഞാൻ നിന്റെ അപ്പനായ ദാവീദിനോട് അരുളിച്ചെയ്തതുപോലെ യിസ്രായേലിന്മേൽ നിന്റെ രാജത്വത്തിന്റെ സിംഹാസനം ഞാൻ എന്നേക്കും സ്ഥിരമാക്കും.
6നിങ്ങളോ നിങ്ങളുടെ പുത്രന്മാരോ എന്നെ വിട്ടുമാറി നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്ന എന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിക്കാതെ, അന്യദൈവങ്ങളെ സേവിച്ച് നമസ്കരിച്ചാൽ ,7ഞാൻ യിസ്രായേലിന് കൊടുത്തിരിക്കുന്ന ദേശത്തുനിന്ന് അവരെ ഛേദിച്ചുകളയും; എന്റെ നാമത്തിന് വേണ്ടി ഞാൻ വിശുദ്ധീകരിച്ചിരിക്കുന്ന ഈ ആലയവും ഞാൻ എന്റെ മുമ്പിൽനിന്ന് നീക്കിക്കളയും; യിസ്രായേൽ സകലജാതികളുടെയും ഇടയിൽ പഴഞ്ചൊല്ലും പരിഹാസവിഷയവും ആയിരിക്കും.
8ഈ ആലയം എത്ര ഉന്നതമായിരുന്നാലും കടന്നുപോകുന്ന ഏവനും അതിനെ കണ്ട് അത്ഭുതത്തോടും പരിഹാസത്തോടും കൂടി ചൂളകുത്തി , ‘യഹോവ ഈ ദേശത്തിനും ഈ ആലയത്തിനും ഇങ്ങനെ വരുത്തിയത് എന്ത് ’എന്ന് ചോദിക്കും.9‘അവർ തങ്ങളുടെ പിതാക്കന്മാരെ ഈജിപ്റ്റിൽ നിന്ന് കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയെ ഉപേക്ഷിക്കയും അന്യദൈവങ്ങളോട് ചേർന്ന് അവയെ നമസ്കരിച്ച് സേവിക്കയും ചെയ്കകൊണ്ട് യഹോവ ഈ അനർത്ഥം ഒക്കെയും അവർക്ക് വരുത്തിയിരിക്കുന്നു ’എന്ന് അതിന് ഉത്തരം പറയും.

10യഹോവയുടെ ആലയവും രാജധാനിയും ഇരുപത് സംവത്സരംകൊണ്ട് പണിതശേഷം11ശലോമോൻ രാജാവ് സോർരാജാവായ ഹീരാമിന് ഗലീലദേശത്ത് ഇരുപത് പട്ടണങ്ങൾ നൽകി ; ശലോമോന് ആവശ്യാനുസരണം ദേവദാരുവും സരളമരവും സ്വർണ്ണവും കൊടുത്തിരുന്നത് ഹീരാമായിരുന്നു.
12ശലോമോൻ ഹീരാമിന് കൊടുത്ത പട്ടണങ്ങൾ കാണേണ്ടതിന് അവൻ സോരിൽനിന്ന് വന്നു; എന്നാൽ അവ അവന് ഇഷ്ടപ്പെട്ടില്ല ;“ സഹോദരാ,13എങ്ങനെയുള്ള പട്ടണങ്ങളാണ് നീ എനിക്കു തന്നിരിക്കുന്നത് ? ” എന്ന് അവൻ ചോദിച്ചു. അവെക്ക് അവൻ കാബൂൽദേശം എന്ന് പേരിട്ടു ; ആ പേര് ഇന്നുവരെയും അങ്ങനെ തന്നെ നിലനിൽക്കുന്നു.14ഹീരാം ശലോമോന് നൂറ്റിരുപത് താലന്ത് പൊന്ന് കൊടുത്തയച്ചു.

15യഹോവയുടെ ആലയം, അരമന, മില്ലോ, യെരൂശലേമിന്റെ മതിൽ, ഹാസോർ, മെഗിദ്ദോ, ഗേസെർ എന്നിവ പണിയേണ്ടതിനായിരുന്നു ശലോമോൻ കഠിനവേലക്ക് ആളുകളെ നിയോഗിച്ചത്16ഈജിപ്റ്റ് രാജാവായ ഫറവോൻ , ഗേസെർ കീഴടക്കി , അത് തീവെച്ച് നശിപ്പിച്ച് നിവാസികളായ കനാന്യരെ കൊന്നു ; ശലോമോന്റെ ഭാര്യയായ തന്റെ മകൾക്ക് അത് അവൻ സ്ത്രീധനമായി കൊടുത്തിരുന്നു.
17അങ്ങനെ ശലോമോൻ ഗേസെരും18താഴത്തെ ബേത്ത്-ഹോരോനും ബാലാത്തും യെഹൂദാമരുഭൂമിയിലുള്ള19തദ്മോരും തനിക്ക് ഉണ്ടായിരുന്ന സകല സംഭാരനഗരങ്ങളും രഥങ്ങൾ ,കുതിരപ്പടയാളികൾ എന്നിവക്കുള്ള പട്ടണങ്ങളും , യെരൂശലേമിലും ലെബാനോനിലും തന്റെ രാജ്യത്ത് എല്ലായിടവും താൻ പണിയുവാൻ ആഗ്രഹിച്ചതൊക്കെയും പണിതു
20അമോര്യർ, ഹിത്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിങ്ങനെ യിസ്രായേൽമക്കളിൽ ഉൾപ്പെടാത്ത സകലജാതിയെയും21യിസ്രായേൽമക്കൾക്ക് നിർമ്മൂലമാക്കുവാൻ കഴിയാതെ ദേശത്ത് ശേഷിച്ചിരുന്ന അവരുടെ പിൻതലമുറക്കാരെയും ശലോമോൻ കഠിനവേല ചെയ്യുന്നവരാക്കി; അവർ ഇപ്പോഴും അങ്ങനെ തന്നെ ഇരിക്കുന്നു.
22യിസ്രായേൽമക്കളിൽ ആരെയും ശലോമോൻ കഠിനവേല ചെയ്യുന്നവരാക്കിയില്ല; അവർ അവന്റെ യോദ്ധാക്കളും ഭൃത്യന്മാരും പ്രഭുക്കന്മാരും പടനായകന്മാരും രഥങ്ങൾക്കും കുതിരപ്പടയാളികൾക്കും അധിപതിമാരും ആയിരുന്നു.
23ബാക്കിയുള്ള അഞ്ഞൂറ്റമ്പതുപേർ ശലോമോനുവേണ്ടി വേലയെടുത്ത ജനത്തിന്റെ മേലുദ്യോഗസ്ഥന്മാരായിരുന്നു.
24ഫറവോന്റെ മകൾ ദാവീദിന്റെ നഗരത്തിൽനിന്ന് , ശലോമോൻ അവൾക്കുവേണ്ടി പണികഴിപ്പിച്ചിരുന്ന അരമനയിൽ പാർപ്പാൻ വന്നശേഷം അവൻ മില്ലോ പണിതു.
25ശലോമോൻ യഹോവയ്ക്ക് പണിതിരുന്ന യാഗപീഠത്തിന്മേൽ അവൻ ആണ്ടിൽ മൂന്നു പ്രാവശ്യം ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ച് യഹോവയുടെ സന്നിധിയിൽ ധൂപം കാട്ടിയിരുന്നു. ഇങ്ങനെ അവൻ യഹോവയുടെ ആലയം തീർത്തു.

26ശലോമോൻരാജാവ് എദോംദേശത്ത് ചെങ്കടല്കരയിൽ ഏലോത്തിന് സമീപത്തുള്ള എസ്യോൻ-ഗേബെരിൽവെച്ച് കപ്പലുകൾ പണിയിച്ചു.27ആ കപ്പലുകളിൽ ശലോമോന്റെ ദാസന്മാരോടുകൂടെ വേല ചെയ്യുവാൻ ഹീരാം സമുദ്രപരിചയമുള്ള കപ്പല്ക്കാരായ തന്റെ ദാസന്മാരെ അയച്ചു.28അവർ ഓഫീരിലേക്ക് ചെന്ന് അവിടെനിന്ന് നാനൂറ്റിരുപത് താലന്ത് പൊന്ന് ശലോമോൻരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു.

10

1ശെബാരാജ്ഞി യഹോവയുടെ നാമം സംബന്ധിച്ച് ശലോമോന്റെ കീർത്തി കേട്ട് കഠിനമായ ചോദ്യങ്ങളാൽ അവനെ പരീക്ഷിക്കേണ്ടതിന് വന്നു.2അവൾ വലിയോരു പരിവാരത്തോടും , സുഗന്ധവർഗ്ഗവും ധാരാളം പൊന്നും രത്നവും ചുമക്കുന്ന ഒട്ടകങ്ങളോടും കൂടെ യെരൂശലേമിൽ വന്നു ; അവൾ ശലോമോന്റെ അടുക്കൽ വന്ന് തന്റെ മനസ്സിൽ കരുതിയിരുന്നതെല്ലാം അവനോട് സംസാരിച്ചു.

3അവളുടെ സകലചോദ്യങ്ങൾക്കും ശലോമോൻ ഉത്തരം പറഞ്ഞു ; അവൾക്ക് വിശദീകരിച്ച് കൊടുക്കാൻ കഴിയാത്തതായി ഒന്നും രാജാവിന് ഉണ്ടായിരുന്നില്ല.4ശലോമോന്റെ ജ്ഞാനബാഹുല്യവും അവൻ പണിത അരമനയും5അവന്റെ മേശയിലെ ഭക്ഷണവും ഭൃത്യന്മാരുടെ ഇരിപ്പും പരിചാരകരുടെ ശുശ്രൂഷയും വേഷവിധാനങ്ങളും , പാനപാത്രവാഹകന്മാരെയും യഹോവയുടെ ആലയത്തിലേക്കുള്ള അവന്റെ എഴുന്നെള്ളത്തിന്റെ പാതകളും കണ്ടിട്ട് ശെബാരാജ്ഞിഅമ്പരന്നുപോയി.
6അവൾ രാജാവിനോട് പറഞ്ഞത് : “നിന്റെ വാക്കുകളെയും ജ്ഞാനത്തെയും കുറിച്ച് ഞാൻ എന്റെ ദേശത്തുവെച്ച് കേട്ട വർത്തമാനം സത്യം തന്നേ.7ഞാൻ വന്ന് എന്റെ കണ്ണുകൊണ്ട് കാണുന്നതുവരെ ആ വർത്തമാനം വിശ്വസിച്ചിരുന്നില്ല. എന്നാൽ യാഥാർത്ഥ്യത്തിന്റെ പകുതിപോലും ഞാൻ കേട്ടിരുന്നില്ല. നിന്റെ ജ്ഞാനവും ധനവും ഞാൻ കേട്ട പ്രശസ്തിയേക്കാൾ വളരെ അധികമാകുന്നു.
8നിന്റെ ജനങ്ങളും നിന്റെ മുമ്പിൽ നിന്ന് എപ്പോഴും ജ്ഞാനം കേൾക്കുന്ന ഈ ഭൃത്യന്മാരും എത്രയോ ഭാഗ്യവാന്മാർ!9നിന്നെ യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരുത്തുവാൻ പ്രസാദിച്ച നിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ; യഹോവ യിസ്രായേലിനെ എന്നേക്കും സ്നേഹിക്കകൊണ്ട് നീതിയും ന്യായവും നടത്തേണ്ടതിന് നിന്നെ രാജാവാക്കിയിരിക്കുന്നു. ”
10അവൾ രാജാവിന് നൂറ്റിരുപത് താലന്ത് പൊന്നും അനവധി സുഗന്ധദ്രവ്യങ്ങളും വിലയേറിയ രത്നങ്ങളും കൊടുത്തു ; ശെബാരാജ്ഞി ശലോമോൻ രാജാവിന് കൊടുത്തതുപോലെ സുഗന്ധദ്രവ്യങ്ങൾ പിന്നീട് ഒരിക്കലും ലഭിച്ചിട്ടില്ല.
11ഹീരാമിന്റെ കപ്പലുകൾ ഓഫീരിൽനിന്ന് പൊന്ന് കൊണ്ടുവന്നതുകൂടാതെ അനവധി ചന്ദനവും രത്നവും കൊണ്ടുവന്നു.12രാജാവ് ചന്ദനംകൊണ്ട് യഹോവയുടെ ആലയത്തിനും രാജധാനിക്കും പടികളും സംഗീതക്കാർക്ക് കിന്നരങ്ങളും വീണകളും ഉണ്ടാക്കി; അങ്ങനെയുള്ള ചന്ദനമരം ഇന്നുവരെ ലഭിച്ചിട്ടില്ല , ആരും കണ്ടിട്ടുമില്ല.
13ശെബാരാജ്ഞിക്ക് രാജൌചിത്യംപോലെ കൊടുത്തതുകൂടാതെ അവൾ ആഗ്രഹിച്ച് ചോദിച്ചതെല്ലാം ശലോമോൻരാജാവ് അവൾക്ക് കൊടുത്തു. അങ്ങനെ അവൾ തന്റെ ഭൃത്യന്മാരുമായി സ്വദേശത്തേക്ക് മടങ്ങിപ്പോയി.

14ശലോമോന് സഞ്ചാരവ്യാപാരികൾ , കച്ചവടക്കാർ , അറബിരാജാക്കന്മാർ , ദേശാധിപതിമാർ എന്നിവരിൽ നിന്നും ലഭിച്ച വരുമാനം കൂടാതെ ,15ആണ്ടുതോറും കിട്ടിയിരുന്ന പൊന്നിന്റെ തൂക്കം അറുനൂറ്ററുപത്താറ് താലന്തായിരുന്നു.
16ശലോമോൻരാജാവ് , അടിച്ചുപരത്തിയ പൊന്ന് കൊണ്ട് ഇരുനൂറ് വൻപരിച ഉണ്ടാക്കി ; ഓരോ പരിചക്കും അറുനൂറുശേക്കൽ പൊന്ന് വീതം ചെലവായി.17അടിച്ചുപരത്തിയ പൊന്ന് കൊണ്ട് അവൻ മുന്നൂറ് ചെറുപരിചകളും ഉണ്ടാക്കി; ഓരോ ചെറു പരിചക്കും മൂന്ന് മാനേ പൊന്ന് വീതം ചെലവായി; അവ രാജാവ് ലെബാനോൻവനഗൃഹത്തിൽ സൂക്ഷിച്ചു.
18പിന്നെ രാജാവ് ദന്തംകൊണ്ട് ഒരു വലിയ സിംഹാസനം ഉണ്ടാക്കി തങ്കംകൊണ്ട് പൊതിഞ്ഞു.19സിംഹാസനത്തിന് ആറു പടികൾ ഉണ്ടായിരുന്നു. സിംഹാസനത്തിന്റെ മുകൾഭാഗത്തിന്റെ പുറകുവശം വൃത്താകൃതിയിലായിരുന്നു; ഇരിപ്പിടത്തിന്റെ ഇരുഭാഗത്തും ഓരോ കൈത്താങ്ങലും അതിനരികെ രണ്ട് സിംഹങ്ങളും നിന്നിരുന്നു.20ആറ് പടികളിൽ ഇരുവശങ്ങളിലുമായി പന്ത്രണ്ട് സിംഹങ്ങൾ നിന്നിരുന്നു. ഒരു രാജ്യത്തും ഇപ്രകാരം ഉണ്ടാക്കിയിരുന്നില്ല.
21ശലോമോൻരാജാവിന്റെ സകലപാനപാത്രങ്ങളും പൊന്നുകൊണ്ടും ലെബാനോൻവനഗൃഹത്തിലെ ഉപകരണങ്ങളൊക്കെയും തങ്കംകൊണ്ടും ആയിരുന്നു; ശലോമോന്റെ കാലത്ത് വെള്ളി വിലയില്ലാത്ത വസ്തുവായി കണക്കാക്കിയിരുന്നതിനാൽ ഉപകരണങ്ങളൊന്നും വെള്ളിയിൽ തീർത്തിരുന്നില്ല.22ഹീരാമിന്റെ കപ്പലുകളോടൊപ്പം രാജാവിന് സമുദ്രത്തിൽ കച്ചവടക്കപ്പലുകൾ ഉണ്ടായിരുന്നു; അവ മൂന്ന് സംവത്സരത്തിൽ ഒരിക്കൽ പൊന്ന്, വെള്ളി, ആനക്കൊമ്പ്, കുരങ്ങ്, മയിൽ എന്നിവ കൊണ്ടുവന്നിരുന്നു.
23അങ്ങനെ ശലോമോൻരാജാവ് ഭൂമിയിലെ സകലരാജാക്കന്മാരിലുംവെച്ച് ധനംകൊണ്ടും ജ്ഞാനംകൊണ്ടും മികെച്ചവനായിരുന്നു.24ദൈവം ശലോമോന്റെ ഹൃദയത്തിൽ കൊടുത്ത ജ്ഞാനം കേൾക്കേണ്ടതിന് സകലദേശക്കാരും അവന്റെ സാന്നിദ്ധ്യം അന്വേഷിച്ചുവന്നു.25അവർ ആണ്ടുതോറും കാഴ്ചവസ്തുക്കളായി വെള്ളിപ്പാത്രം, പൊൻപാത്രം, വസ്ത്രം, ആയുധം, സുഗന്ധവർഗ്ഗം, കുതിര, കോവർകഴുത എന്നിവ കൊണ്ടുവന്നു.
26ശലോമോൻ രഥങ്ങളെയും കുതിരപ്പടയാളികളേയും ശേഖരിച്ചു ; അവന് ആയിരത്തിനാനൂറ് രഥങ്ങളും പന്തീരായിരം കുതിരപ്പടയാളികളും ഉണ്ടായിരുന്നു . അവരെ അവൻ രാജാവിന്റെ രഥനഗരങ്ങളിലും യെരൂശലേമിൽ രാജാവിന്റെ അടുക്കലും പാർപ്പിച്ചിരുന്നു.27രാജാവ് യെരൂശലേമിൽ വെള്ളിയെ കല്ലുപോലെ സുലഭവും ദേവദാരുവിനെ താഴ്വരയിലെ കാട്ടത്തിമരം പോലെ സമൃദ്ധവുമാക്കി.
28ഈജിപ്റ്റിൽ നിന്നും ഇറക്കുമതി ചെയ്ത കുതിരകൾ ശലോമോന് ഉണ്ടായിരുന്നു ; രാജാവിന്റെ കച്ചവടക്കാർ അവയെ അപ്പോഴത്തെ വിലനിലവാരം അനുസരിച്ച് വാങ്ങിക്കൊണ്ടുവന്നിരുന്നു.29ഈജിപ്റ്റിൽ നിന്ന് ഇറക്കുമതി ചെയ്ത രഥം ഒന്നിന് അറുനൂറും കുതിര ഒന്നിന് നൂറ്റമ്പതും ശേക്കൽ വെള്ളിയായിരുന്നു വില ; പ്രതിനിധികൾ മുഖേന ഹിത്യരാജാക്കന്മാർക്കും അരാംരാജാക്കന്മാർക്കും അത് അവർ കയറ്റുമതി ചെയ്ത് കൊടുത്തിരുന്നു.

11

1ശലോമോൻരാജാവ് ഫറവോന്റെ മകളെ കൂടാതെ മോവാബ്യർ, അമ്മോന്യർ, എദോമ്യർ, സീദോന്യർ, ഹിത്യർ എന്നിങ്ങനെ അന്യജാതിക്കാരായ അനേകം സ്ത്രീകളെ സ്നേഹിച്ചു.2“അവരും നിങ്ങളും അന്യോന്യം വിവാഹബന്ധത്തിൽ ഏർപ്പെടരുത് ; അവർ നിങ്ങളുടെ ഹൃദയത്തെ തങ്ങളുടെ ദേവന്മാരിലേക്ക് വശീകരിച്ചുകളയും” എന്ന് യഹോവ ഏത് ജനതകളെക്കുറിച്ച് യിസ്രായേൽമക്കളോട് അരുളിച്ചെയ്തുവോ , അതിൽപ്പെട്ടതായിരുന്നു ഈ സ്ത്രീകൾ; എന്നിട്ടും ശലോമോൻ അവരോട് സ്നേഹത്താൽ പറ്റിച്ചേർന്നിരുന്നു.

3അവന് എഴുനൂറ് കുലീനപത്നികളും മുന്നൂറ് വെപ്പാട്ടികളും ഉണ്ടായിരുന്നു; അവന്റെ ഭാര്യമാർ അവന്റെ ഹൃദയത്തെ വശീകരിച്ചുകളഞ്ഞു.4ശലോമോൻ വൃദ്ധനായപ്പോൾ ഭാര്യമാർ അവന്റെ ഹൃദയത്തെ അന്യദേവന്മാരിലേക്ക് വശീകരിച്ചു ; അവന്റെ ഹൃദയം അവന്റെ അപ്പനായ ദാവീദിന്റെ ഹൃദയംപോലെ തന്റെ ദൈവമായ യഹോവയിൽ ഏകാഗ്രമായിരുന്നില്ല.
5ശലോമോൻ സീദോന്യദേവിയായ അസ്തോരെത്തിനെയും അമ്മോന്യരുടെ മ്ലേച്ഛവിഗ്രഹമായ മില്ക്കോമിനെയും പിൻപറ്റി അവയെ സേവിച്ചു6തന്റെ അപ്പനായ ദാവീദിനെപ്പോലെ യഹോവയെ പൂർണ്ണമായി അനുസരിക്കാതെ ശലോമോൻ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു.
7അന്ന് ശലോമോൻ യെരൂശലേമിന് കിഴക്കുള്ള മലയിൽ മോവാബ്യരുടെ മ്ലേച്ഛവിഗ്രഹമായ കെമോശിനും അമ്മോന്യരുടെ മ്ലേച്ഛവിഗ്രഹമായ മോലേക്കിനും ഓരോ പൂജാഗിരി പണിതു.8തങ്ങളുടെ ദേവന്മാർക്ക് ധൂപം കാട്ടിയും ബലികഴിച്ചുംപോന്ന അന്യജാതിക്കാരായ സകലഭാര്യമാർക്കും വേണ്ടി അവൻ അങ്ങനെ ചെയ്തു.

9തനിക്ക് രണ്ടുപ്രാവശ്യം പ്രത്യക്ഷനാകയും അന്യദേവന്മാരെ സേവിക്കരുതെന്ന് തന്നോട് കല്പിക്കയും ചെയ്തിരുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയെ വിട്ട് ശലോമോൻ തന്റെ ഹൃദയം വ്യതിചലിപ്പിക്കയും10യഹോവ കല്പിച്ചത് പ്രമാണിക്കാതെ ഇരിക്കയും ചെയ്കകൊണ്ട് യഹോവ അവനോട് കോപിച്ചു.
11യഹോവ ശലോമോനോട് അരുളിച്ചെയ്തത് : “എന്റെ നിയമവും കല്പനകളും നീ പ്രമാണിക്കായ്കകൊണ്ട് , ഞാൻ രാജത്വം നിന്നിൽനിന്ന് നിശ്ചയമായി പറിച്ചെടുത്ത് നിന്റെ ദാസന് കൊടുക്കും.12എങ്കിലും നിന്റെ അപ്പനായ ദാവീദിനെ ഓർത്ത് ഞാൻ നിന്റെ ജീവകാലത്ത് അത് ചെയ്കയില്ല; എന്നാൽ നിന്റെ മകന്റെ കയ്യിൽനിന്ന് അതിനെ വേർപെടുത്തും.13എങ്കിലും രാജത്വം മുഴുവനും വേർപെടുത്തിക്കളയാതെ ,എന്റെ ദാസനായ ദാവീദിനെയും ഞാൻ തിരഞ്ഞെടുത്ത യെരൂശലേമിനെയും ഓർത്ത്, ഒരു ഗോത്രത്തെ ഞാൻ നിന്റെ മകന് കൊടുക്കും.
14യഹോവ എദോമ്യനായ ഹദദ് എന്ന ഒരു എതിരാളിയെ ശലോമോന്റെ നേരെ എഴുന്നേല്പിച്ചു. അവൻ എദോംരാജസന്തതിയിൽ ഉള്ളവൻ ആയിരുന്നു.15ദാവീദ് എദോമിലായിരുന്നപ്പോൾ സേനാധിപതിയായ യോവാബ് അവിടെയുള്ള പുരുഷപ്രജകളെ എല്ലാം നിഗ്രഹിച്ചശേഷം അവരെ അടക്കംചെയ്യുവാൻ ചെന്നു ;16എദോമിലെ പുരുഷപ്രജയെ ഒക്കെയും നിഗ്രഹിക്കുന്നതുവരെ യോവാബും എല്ലായിസ്രായേലും അവിടെ ആറുമാസം പാർത്തിരുന്നു;17അന്ന് ഹദദ് ഒരു ബാലൻ ആയിരുന്നു; അവൻ തന്റെ അപ്പന്റെ ഭൃത്യന്മാരിൽ ചില എദോമ്യരുമായി ഈജിപ്റ്റിലേക്ക് ഓടിപ്പോയി.
18അവർ മിദ്യാനിൽനിന്ന് പുറപ്പെട്ട് പാറാനിൽ എത്തി; പാറാനിൽനിന്ന് ആളുകളെയും കൂട്ടിക്കൊണ്ട് ഈജിപ്റ്റിലെ രാജാവായ ഫറവോന്റെ അടുക്കൽ ചെന്നു; ഫറവോൻ അവന് ഒരു വീടും ഒരു ദേശവും ഭക്ഷണത്തിനുള്ള വകകളും കൊടുത്തു.19ഫറവോന് ഹദദിനോട് വളരെ ഇഷ്ടം തോന്നുകയാൽ തന്റെ ഭാര്യയായ തഹ്പെനേസ് രാജ്ഞിയുടെ സഹോദരിയെ ഹദദിന് ഭാര്യയായി കൊടുത്തു.
20തഹ്പെനേസിന്റെ സഹോദരി അവന് ഗെനൂബത്ത് എന്നൊരു മകനെ പ്രസവിച്ചു; അവനെ തഹ്പെനേസ് മുലകുടി മാറ്റി , ഫറവോന്റെ അരമനയിൽ വളർത്തി ; അങ്ങനെ ഗെനൂബത്ത് ഫറവോന്റെ അരമനയിൽ ഫറവോന്റെ പുത്രന്മാരോടുകൂടെ വളർന്നു.21‘ദാവീദ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു എന്നും സേനാധിപതിയായ യോവാബും മരിച്ചു ’എന്നും ഹദദ് ഈജിപ്റ്റിൽ വച്ച് കേട്ടിട്ട് ഫറവോനോട്: “ എന്റെ ദേശത്തേക്ക് യാത്രയാകേണ്ടതിന് എന്നെ അയക്കേണമേ ”എന്ന് അപേക്ഷിച്ചു.22ഫറവോൻ അവനോട്: “നീ സ്വദേശത്തേക്കു പോകുവാൻ താല്പര്യപ്പെടേണ്ടതിന് എന്റെ അടുക്കൽ നിനക്ക് എന്താണ് കുറവുള്ളത്” എന്ന് ചോദിച്ചു; അതിന് അവൻ: “ഒന്നുമുണ്ടായിട്ടല്ല; എങ്കിലും എന്നെ ഒന്നയക്കേണം ” എന്ന് മറുപടി പറഞ്ഞു.

23ശലോമോന് എതിരായി ദൈവം എല്യാദാവിന്റെ മകനായ രെസോൻ എന്ന മറ്റൊരു എതിരാളിയെയും എഴുന്നേല്പിച്ചു ; അവൻ സോബാരാജാവായ ഹദദേസർ എന്ന തന്റെ യജമാനനെ വിട്ട് ഓടിപ്പോയിരുന്നു.24ദാവീദ് സോബക്കാരെ സംഹരിച്ചപ്പോൾ അവൻ കുറെആളുകളെ സംഘടിപ്പിച്ച് അവരുടെ നായകനായ്തീർന്നു; അവർ ദമാസ്ക്കസിൽ ചെന്ന് പാർത്ത് അവിടെ വാണു.25ഹദദ് ചെയ്ത ദോഷം കൂടാതെ ഇവനും ശലോമോന്റെ കാലത്തൊക്കെയും യിസ്രായേലിന്റെ എതിരാളിയും അവരെ വെറുക്കുന്നവനും ആയിരുന്നു; അവൻ അരാമിൽ രാജാവായി വാണു.

26സെരേദയിൽനിന്നുള്ള എഫ്രയീമ്യൻ നെബാത്തിന്റെ മകൻ യൊരോബെയാം എന്ന ശലോമോന്റെ ദാസനും രാജാവിനോട് മത്സരിച്ചു; അവന്റെ അമ്മ സെരൂയാ എന്ന ഒരു വിധവ ആയിരുന്നു.27അവൻ രാജാവിനോട് മത്സരിപ്പാനുള്ള കാരണം : ശലോമോൻ മില്ലോ പണിത്, തന്റെ അപ്പനായ ദാവീദിന്റെ നഗരത്തിന്റെ അറ്റകുറ്റം തീർത്തു.
28എന്നാൽ യൊരോബെയാം കാര്യപ്രാപ്തിയുള്ള പുരുഷൻ ആയിരുന്നു; ഈ യൌവനക്കാരൻ പരിശ്രമശീലൻ എന്ന് കണ്ട് ശലോമോൻ യോസേഫ് ഗൃഹത്തിന്റെ കാര്യാദികളുടെ മേൽനോട്ടം അവനെ ഏല്പിച്ചു.29ആ കാലത്ത് ഒരിക്കൽ യൊരോബെയാം യെരൂശലേമിൽനിന്ന് വരുമ്പോൾ ശിലോന്യനായ അഹിയാപ്രവാചകൻ വഴിയിൽവെച്ച് അവനെ കണ്ടു; അവൻ ഒരു പുതിയ അങ്കി ധരിച്ചിരുന്നു; രണ്ടുപേരും വയലിൽ തനിച്ചായിരുന്നു.30അഹിയാവ് താൻ ധരിച്ചിരുന്ന പുതിയ അങ്കി പിടിച്ച് പന്ത്രണ്ട് കഷണമായി കീറി,
31യൊരോബെയാമിനോട് പറഞ്ഞത്:“ പത്ത് കഷണം നീ എടുത്തുകൊൾക; യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഇതാ ഞാൻ രാജത്വം ശലോമോന്റെ കയ്യിൽനിന്ന് പറിച്ചുകീറി, പത്തു ഗോത്രം നിനക്ക് തരുന്നു.32എന്നാൽ എന്റെ ദാസനായ ദാവീദിൻ നിമിത്തവും ഞാൻ എല്ലാ യിസ്രായേൽഗോത്രങ്ങളിൽ നിന്നും തിരഞ്ഞെടുത്ത യെരൂശലേംനഗരം നിമിത്തവും ഒരു ഗോത്രം അവന് ആയിരിക്കും.33അവർ എന്നെ ഉപേക്ഷിച്ച് , സീദോന്യദേവിയായ അസ്തോരെത്തിനെയും മോവാബ്യദേവനായ കെമോശിനെയും അമ്മോന്യദേവനായ മില്ക്കോമിനെയും നമസ്കരിച്ച് , അവന്റെ അപ്പനായ ദാവീദിനെപ്പോലെ എനിക്ക് പ്രസാദമായുള്ളത് ചെയ്യുകയോ എന്റെ ചട്ടങ്ങളും വിധികളും പ്രമാണിക്കുകയോ എന്റെ വഴികളിൽ നടക്കുകയോ ചെയ്യായ്ക കൊണ്ടും തന്നേ.
34എന്നാൽ രാജത്വം മുഴുവനും ഞാൻ അവന്റെ കയ്യിൽനിന്ന് എടുക്കയില്ല; ഞാൻ തിരഞ്ഞെടുത്തവനും എന്റെ കല്പനകളെയും ചട്ടങ്ങളെയും പ്രമാണിച്ചവനും ആയ എന്റെ ദാസൻ ദാവീദിനെ ഓർത്ത് ഞാൻ അവനെ അവന്റെ ജീവകാലത്തൊക്കെയും രാജാവാക്കിയിരിക്കുന്നു.35എങ്കിലും അവന്റെ മകന്റെ കയ്യിൽനിന്ന് ഞാൻ രാജത്വം എടുത്ത് നിനക്ക് തരും; പത്ത് ഗോത്രങ്ങളെ തന്നേ.36എന്റെ നാമം സ്ഥാപിക്കേണ്ടതിന് ഞാൻ തിരഞ്ഞെടുത്ത യെരൂശലേംനഗരത്തിൽ എന്റെ ദാസനായ ദാവീദിന് എന്നേക്കും ഒരു ദീപം ഉണ്ടായിരിക്കത്തക്കവണ്ണം ഞാൻ അവന്റെ മകന് ഒരു ഗോത്രത്തെ കൊടുക്കും.
37നിന്റെ ഹൃദയാഭിലാഷം പോലെ ഒക്കെയും നീ ഭരണം നടത്തും ; നീ യിസ്രായേലിന് രാജാവായിരിക്കേണ്ടതിന് ഞാൻ നിന്നെ എടുത്തിരിക്കുന്നു.38ഞാൻ നിന്നോട് കല്പിക്കുന്നതൊക്കെയും നീ ചെയ്ത് എന്റെ വഴികളിൽ നടന്ന് എന്റെ ദാസനായ ദാവീദ് ചെയ്തതുപോലെ എന്റെ ചട്ടങ്ങളും കല്പനകളും പ്രമാണിച്ച് എനിക്ക് പ്രസാദമായുള്ളത് ചെയ്താൽ ഞാൻ നിന്നോടുകൂടെ ഇരിക്കും; ഞാൻ ദാവീദിന് പണിതതുപോലെ നിനക്ക് സ്ഥിരമായോരു ഗൃഹം പണിത് യിസ്രായേലിനെ നിനക്ക് തരും.39ഇതുമൂലം ഞാൻ ദാവീദിന്റെ സന്തതിയെ താഴ്ത്തും ; സദാകാലത്തേക്കല്ലതാനും.
40അതുകൊണ്ട് ശലോമോൻ യൊരോബെയാമിനെ കൊല്ലുവാൻ അന്വേഷിച്ചു. എന്നാൽ യൊരോബെയാം എഴുന്നേറ്റ് ഈജിപ്റ്റിൽ ശീശക്ക് എന്ന ഈജിപ്റ്റ് രാജാവിന്റെ അടുക്കൽ ഓടിപ്പോയി; ശലോമോന്റെ മരണംവരെ അവൻ ഈജിപ്റ്റിൽ ആയിരുന്നു.

41ശലോമോന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവന്റെ ജ്ഞാനവും ശലോമോന്റെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.42ശലോമോൻ യെരൂശലേമിൽ എല്ലാ യിസ്രായേലിനെയും വാണകാലം നാല്പത് സംവത്സരം ആയിരുന്നു.43ശലോമോൻ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ അപ്പനായ ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ രെഹബെയാം അവന് പകരം രാജാവായി.

12

1എല്ലാ യിസ്രായേലും രെഹബെയാമിനെ രാജാവാക്കേണ്ടതിന് ശെഖേമിൽ വന്നിരുന്നതിനാൽ അവനും അവിടേക്ക് ചെന്നു.2നെബാത്തിന്റെ മകൻ യൊരോബെയാം ഈജിപ്റ്റിൽ വച്ച് അത് കേട്ടപ്പോൾ - ശലോമോൻരാജാവിന്റെ സന്നിധിയിൽനിന്ന് യൊരോബെയാം ഓടിപ്പോയി ഈജിപ്റ്റിൽ പാർക്കുകയായിരുന്നു

3യിസ്രായേല്യർ ആളയച്ച് അവനെ വിളിച്ചുവരുത്തി - യൊരോബെയാമും യിസ്രായേൽസഭയൊക്കെയും വന്ന് രെഹബെയാമിനോട് സംസാരിച്ചു:4“നിന്റെ അപ്പൻ ഭാരമുള്ള നുകമാണ് ഞങ്ങളുടെമേൽ വെച്ചത്; നിന്റെ അപ്പന്റെ കഠിനവേലയും അവൻ ഞങ്ങളുടെമേൽ വെച്ചിരിക്കുന്ന ഭാരമുള്ള നുകവും നീ കുറെച്ചുതരേണം; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കാം” എന്ന് പറഞ്ഞു.5അവൻ അവരോട്: “നിങ്ങൾ പോയി മൂന്ന് ദിവസം കഴിഞ്ഞിട്ട് വീണ്ടും എന്റെ അടുക്കൽ വരുവിൻ “എന്ന് പറഞ്ഞു. അങ്ങനെ ജനം പോയി.
6രെഹബെയാംരാജാവ് തന്റെ അപ്പനായ ശലോമോന്റെ ജീവകാലത്ത് തന്റെ സന്നിധിയിൽ നിന്നിരുന്ന വൃദ്ധന്മാരോട് ആലോചിച്ചു: ‘ഈ ജനത്തോട് ഉത്തരം പറയേണ്ടതിന് നിങ്ങൾ എന്താലോചന പറയുന്നു’ എന്ന് ചോദിച്ചു.7അതിന് അവർ അവനോട്: ‘നീ ഇന്ന് ഈ ജനത്തിന് ഒരു സേവകനായിത്തീർന്ന് അവരെ സേവിച്ച് അവരോട് നല്ലവാക്ക് പറഞ്ഞാൽ അവർ എന്നും നിനക്ക് ദാസന്മാരായിരിക്കും ’എന്ന് പറഞ്ഞു.
8എന്നാൽ വൃദ്ധന്മാർ തന്നോട് പറഞ്ഞ ആലോചന അവൻ ത്യജിച്ച്, തന്നോടുകൂടെ വളർന്നവരും , തന്റെ മുമ്പിൽ നില്ക്കുന്നവരുമായ യൌവ്വനക്കാരോട് ആലോചന ചോദിച്ചു:9‘നിന്റെ അപ്പൻ ഞങ്ങളുടെ മേൽ വെച്ചിരിക്കുന്ന നുകം ഭാരം കുറെച്ച് തരേണം ’എന്നിങ്ങനെ എന്നോട് സംസാരിച്ച ഈ ജനത്തോട് നാം എന്ത് മറുപടി പറയേണം ? നിങ്ങളുടെ ഉപദേശം എന്താണ് ?’എന്ന് അവരോട് ചോദിച്ചു.
10തന്നോടുകൂടെ വളർന്നുവന്ന യൌവ്വനക്കാർ അവനോട്: “നിന്റെ അപ്പൻ ഭാരമുള്ള നുകം ഞങ്ങളുടെമേൽ വെച്ചു ; നീ അത് ഞങ്ങൾക്ക് ഭാരം കുറച്ച് തരേണം”എന്ന് നിന്നോട് പറഞ്ഞ ഈ ജനത്തോട് നീ ഈവിധം ഉത്തരം പറയേണം: “എന്റെ ചെറുവിരൽ എന്റെ അപ്പന്റെ അരക്കെട്ടിനെക്കാൾ വണ്ണമുള്ളതായിരിക്കും.11എന്റെ അപ്പൻ നിങ്ങളുടെമേൽ ഭാരമുള്ള നുകം ചുമത്തി ; ഞാൻ അതിന് ഭാരം കൂട്ടും; എന്റെ അപ്പൻ നിങ്ങളെ ചാട്ടകൊണ്ട് ദണ്ഡിപ്പിച്ചു ; ഞാനോ ചമ്മട്ടികൊണ്ട് നിങ്ങളെ ദണ്ഡിപ്പിക്കും” എന്ന് പറഞ്ഞു.
12‘മൂന്നാം ദിവസം എന്റെ അടുക്കൽ വീണ്ടും വരുവിൻ’ എന്ന് രാജാവ് പറഞ്ഞതനുസരിച്ച് യൊരോബെയാമും സകലജനവും മൂന്നാം ദിവസം രെഹബെയാമിന്റെ അടുക്കൽ ചെന്നു.13എന്നാൽ രാജാവ് ജനത്തോട് കഠിനമായി ഉത്തരം പറഞ്ഞു ; വൃദ്ധന്മാർ തന്നോട് പറഞ്ഞ ആലോചനയെ അവൻ ത്യജിച്ചുകളഞ്ഞു.14യൌവ്വനക്കാരുടെ ആലോചനപോലെ അവരോട്: “എന്റെ അപ്പൻ ഭാരമുള്ള നുകം നിങ്ങളുടെമേൽ വെച്ചു ; ഞാനോ നിങ്ങളുടെ നുകത്തിന് ഭാരം കൂട്ടും; എന്റെ അപ്പൻ നിങ്ങളെ ചാട്ടകൊണ്ട് ദണ്ഡിപ്പിച്ചു; ഞാനോ ചമ്മട്ടികൊണ്ട് നിങ്ങളെ ദണ്ഡിപ്പിക്കും” എന്ന് ഉത്തരം പറഞ്ഞു.
15ഇങ്ങനെ രാജാവ് ജനത്തിന്റെ അപേക്ഷ കേട്ടില്ല ; യഹോവ ശിലോന്യനായ അഹിയാവ് മുഖാന്തരം നെബാത്തിന്റെ മകൻ യൊരോബെയാമിനോട് അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന് ഈ കാര്യം യഹോവയുടെ ഹിതപ്രകാരം സംഭവിച്ചു.
16രാജാവ് തങ്ങളുടെ അപേക്ഷ കേൾക്കയില്ലെന്ന് എല്ലായിസ്രായേലും കണ്ടപ്പോൾ ജനം രാജാവിനോട്: “ദാവീദിങ്കൽ ഞങ്ങൾക്ക് എന്ത് ഓഹരി ? യിശ്ശായിപുത്രനിൽ ഞങ്ങൾക്ക് അവകാശമില്ലല്ലോ; യിസ്രായേലേ, നിങ്ങളുടെ കൂടാരങ്ങളിലേക്ക് പൊയ്ക്കൊൾവിൻ; ദാവീദേ, നിന്റെ സ്വന്തഗൃഹം പരിപാലിച്ചുകൊൾക ”എന്നുത്തരം പറഞ്ഞ്, തങ്ങളുടെ കൂടാരങ്ങളിലേക്ക് മടങ്ങിപ്പോയി.17യെഹൂദാനഗരങ്ങളിൽ പാർത്തിരുന്ന യിസ്രായേല്യർക്ക് രെഹബെയാം രാജാവായ്തീർന്നു.
18പിന്നെ രെഹബെയാംരാജാവ് ഭണ്ഡാരമേൽവിചാരകനായ അദോരാമിനെ അയച്ചു; എന്നാൽ എല്ലാ യിസ്രായേലും കൂടി അവനെ കല്ലെറിഞ്ഞ് കൊന്നുകളഞ്ഞു; രെഹബെയാംരാജാവോ വേഗത്തിൽ രഥം കയറി യെരൂശലേമിലേക്ക് ഓടിപ്പോന്നു.19ഇങ്ങനെ യിസ്രായേൽ ഇന്നുവരെ ദാവീദ് ഗൃഹത്തോട് മത്സരിച്ച് നില്ക്കുന്നു.
20യൊരോബെയാം മടങ്ങിവന്നു എന്ന് യിസ്രായേലൊക്കെയും കേട്ടപ്പോൾ അവർ ആളയച്ച് അവനെ സഭയിലേക്ക് വിളിപ്പിച്ച് അവനെ എല്ലായിസ്രായേലിനും രാജാവാക്കി; യെഹൂദാഗോത്രം അല്ലാതെ മറ്റാരും ദാവീദ് ഗൃഹത്തിന്റെ പക്ഷം ചേർന്നില്ല.

21രെഹബെയാം യെരൂശലേമിൽ വന്നശേഷം യിസ്രായേൽഗൃഹത്തോട് യുദ്ധംചെയ്ത് തന്റെ രാജത്വം വീണ്ടെടുക്കേണ്ടതിന് , അവൻ യെഹൂദാഗൃഹത്തിൽ നിന്നും ബെന്യാമീൻ ഗോത്രത്തിൽ നിന്നും ശ്രേഷ്ഠയോദ്ധാക്കളായ ഒരു ലക്ഷത്തെൺപതിനായിരംപേരെ വിളിച്ചുകൂട്ടി.
22എന്നാൽ ദൈവപുരുഷനായ ശെമയ്യാവിന് ദൈവത്തിന്റെ അരുളപ്പാടുണ്ടായത്:23യെഹൂദാരാജാവും ശലോമോന്റെ മകനുമായ രെഹബെയാമിനോടും , യെഹൂദയിലേയും ബെന്യാമീനിലേയും സകല ഗൃഹത്തോടും ശേഷം ജനത്തോടും നീ പറയേണ്ടത് : “നിങ്ങൾ പുറപ്പെട്ട് ,24നിങ്ങളുടെ സഹോദരന്മാരായ യിസ്രായേൽമക്കളോട് യുദ്ധം ചെയ്യരുത്; ഓരോരുത്തൻ താന്താന്റെ വീട്ടിലേക്ക് മടങ്ങിപ്പോകുവിൻ; ഈ കാര്യം എന്റെ ഹിതത്താൽ സംഭവിച്ചിരിക്കുന്നു” എന്ന് യഹോവ അരുളിച്ചെയ്യുന്നു. അവർ യഹോവയുടെ അരുളപ്പാട് അനുസരിച്ച് മടങ്ങിപ്പോയി.
25അനന്തരം യൊരോബെയാം എഫ്രയീംമലനാട്ടിലെ ശെഖേമിനെ പണിത് അവിടെ പാർത്തു. അവൻ അവിടെനിന്ന് പുറപ്പെട്ട് പെനൂവേലും പണിതു.26എന്നാൽ യൊരോബെയാം തന്റെ ഹൃദയത്തിൽ ചിന്തിച്ചത്: ‘രാജത്വം വീണ്ടും ദാവീദ് ഗൃഹത്തിന് ആയിപ്പോകും;27ഈ ജനം യെരൂശലേമിൽ യഹോവയുടെ ആലയത്തിൽ യാഗം കഴിപ്പാൻ പോയാൽ അവരുടെ ഹൃദയം യെഹൂദാരാജാവും തങ്ങളുടെ യജമാനനുമായ രെഹബെയാമിനോട് കൂറ് കാണിച്ച്, അവന്റെ പക്ഷം ചേർന്ന് എന്നെ കൊല്ലുകയും ചെയ്യും ’.
28ആകയാൽ രാജാവിന് ലഭിച്ച ഉപദേശപ്രകാരം, അവൻ പൊന്നുകൊണ്ട് രണ്ട് കാളക്കുട്ടിയെ ഉണ്ടാക്കി; “ യെരൂശലേം വരെ പോകുന്നത് നിങ്ങൾക്ക് ബുദ്ധിമുട്ടാണ്; യിസ്രായേലേ, നിന്നെ ഈജിപ്റ്റ്ദേശത്തുനിന്ന് കൊണ്ടുവന്ന നിന്റെ ദൈവം ഇതാ ”എന്ന് അവരോട് പറഞ്ഞു.29അവൻ ഒന്നിനെ ബേഥേലിലും മറ്റേതിനെ ദാനിലും പ്രതിഷ്ഠിച്ചു.30ഈ കാര്യം പാപഹേതുവായിത്തീർന്നു; ഒരു പ്രതിഷ്ഠയെ നമസ്കരിപ്പാൻ ജനം ദാൻവരെ ചെന്നു.
31അവൻ പൂജാഗിരിക്ഷേത്രങ്ങളും ഉണ്ടാക്കി , സർവ്വജനത്തിൽനിന്നും ലേവ്യരല്ലാത്തവരെ പുരോഹിതന്മാരായി നിയമിച്ചു.32യെഹൂദയിൽ ആചരിച്ചുവന്ന ഉത്സവംപോലെ യൊരോബെയാം എട്ടാം മാസം പതിനഞ്ചാം തിയ്യതി ഒരു ഉത്സവം നിശ്ചയിച്ച് യാഗപീഠത്തിൽ യാഗങ്ങൾ അർപ്പിച്ചു; താൻ ഉണ്ടാക്കിയ കാളക്കുട്ടികൾക്ക് യാഗം കഴിക്കേണ്ടതിന് ബേഥേലിലും അവൻ അങ്ങനെ തന്നേ ചെയ്തു; താൻ ബേഥേലിൽ നിർമ്മിച്ച പൂജാഗിരികളിൽ പുരോഹിതന്മാരേയും നിയമിച്ചു.
33അവൻ സ്വയം നിശ്ചയിച്ച എട്ടാം മാസം പതിനഞ്ചാം തിയ്യതി ബേഥേലിൽ താൻ ഉണ്ടാക്കിയ യാഗപീഠത്തിൽ ചെന്ന് യാഗം കഴിച്ചു ; യിസ്രായേൽമക്കൾക്ക് ഒരു ഉത്സവം നിയമിച്ച് , ധൂപപീഠത്തിൽ ധൂപം കാട്ടുകയും ചെയ്തു.

13

1യൊരോബെയാം ധൂപം കാട്ടുവാൻ പീഠത്തിന്നരികെ നില്ക്കുമ്പോൾ ഒരു ദൈവപുരുഷൻ യഹോവയുടെ കല്പനപ്രകാരം യെഹൂദയിൽ നിന്ന് ബേഥേലിലേക്ക് വന്നു.2അവൻ യഹോവയുടെ കല്പനയാൽ യാഗപീഠത്തോട്: “അല്ലയോ യാഗപീഠമേ, യാഗപീഠമേ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ദാവീദിന്റെ ഭവനത്തിൽ യോശീയാവ് എന്ന് ഒരു മകൻ ജനിക്കും; അവൻ ഇവിടെ നിന്റെമേൽ ധൂപം കാട്ടുന്ന പൂജാഗിരിപുരോഹിതന്മാരെ യാഗം കഴിക്കയും മനുഷ്യാസ്ഥികളെ നിന്റെമേൽ ചുട്ടുകളകയും ചെയ്യും” എന്ന് വിളിച്ചുപറഞ്ഞു.3അവൻ അന്ന് ഒരു അടയാളവും കൊടുത്തു; “ഇതാ, ഈ യാഗപീഠം പിളർന്ന് അതിന്മേലുള്ള ചാരം തൂകിപ്പോകും; ഇത് യഹോവ കല്പിച്ച അടയാളം” എന്ന് പറഞ്ഞു.

4ദൈവപുരുഷൻ ബേഥേലിലെ യാഗപീഠത്തിന് വിരോധമായി വിളിച്ചുപറഞ്ഞ വചനം യൊരോബെയാംരാജാവ് കേട്ടപ്പോൾ അവൻ യാഗപീഠത്തിങ്കൽനിന്ന് കൈ നീട്ടി: “അവനെ പിടിപ്പിൻ ”എന്ന് കല്പിച്ചു; എങ്കിലും അവന്റെനേരെ നീട്ടിയ കൈ വരണ്ടുപോയി ; തിരികെ മടക്കുവാൻ കഴിയാതെ ആയി.5ദൈവപുരുഷൻ യഹോവയുടെ കല്പനയാൽ കൊടുത്തിരുന്ന അടയാളപ്രകാരം യാഗപീഠം പിളർന്ന് ചാരം തൂകിപ്പോയി.
6രാജാവ് ദൈവപുരുഷനോട് :“ നീ നിന്റെ ദൈവമായ യഹോവയോട് കൃപെക്കായി അപേക്ഷിച്ച് എന്റെ കൈ മടങ്ങുവാൻ എനിക്കുവേണ്ടി പ്രാർത്ഥിക്കേണം” എന്ന് പറഞ്ഞു. ദൈവപുരുഷൻ യഹോവയോട് അപേക്ഷിച്ചു; അപ്പോൾ രാജാവിന്റെ കൈ മടങ്ങി മുമ്പിലത്തെപ്പോലെ ആയി.7രാജാവ് ദൈവപുരുഷനോട്: “നീ എന്നോടുകൂടെ അരമനയിൽ വന്ന് ഭക്ഷണം കഴിച്ചാലും; ഞാൻ നിനക്ക് ഒരു സമ്മാനം തരും ”എന്ന് പറഞ്ഞു.
8ദൈവപുരുഷൻ രാജാവിനോട്: “നിന്റെ അരമനയുടെ പകുതി തന്നാലും ഞാൻ നിന്നോടുകൂടെ വരികയില്ല; ഈ സ്ഥലത്തുവെച്ച് ഞാൻ അപ്പം തിന്നുകയോ വെള്ളം കുടിക്കയോ ചെയ്യുകയില്ല.”9‘നീ അപ്പം തിന്നുകയോ വെള്ളം കുടിക്കുകയോ പോയ വഴിയായി മടങ്ങിവരികയോ ചെയ്യരുത്’ എന്ന് യഹോവ എന്നോട് കല്പിച്ചിരിക്കുന്നു എന്ന് പറഞ്ഞു.10അങ്ങനെ അവൻ ബേഥേലിലേക്ക് വന്ന വഴിയെ മടങ്ങാതെ മറ്റൊരു വഴിയായി പോയി.

11ബേഥേലിൽ വൃദ്ധനായൊരു പ്രവാചകൻ പാർത്തിരുന്നു; അവന്റെ പുത്രന്മാർ വന്ന് ദൈവപുരുഷൻ ബേഥേലിൽ ചെയ്ത കാര്യമൊക്കെയും അവനോട് പറഞ്ഞു; അവൻ രാജാവിനോട് പറഞ്ഞ വാക്കുകളും അവർ തങ്ങളുടെ അപ്പനെ അറിയിച്ചു.12അവരുടെ അപ്പൻ അവരോട്: ‘അവൻ ഏത് വഴിക്കാണ് പോയത്’എന്ന് ചോദിച്ചു; യെഹൂദയിൽനിന്ന് വന്ന ദൈവപുരുഷൻ പോയ വഴി അവന്റെ പുത്രന്മാർ കണ്ടിരുന്നു.13അവൻ തന്റെ പുത്രന്മാരോട്:‘ കഴുതെക്കു കോപ്പിട്ടുതരുവിൻ’ എന്ന് പറഞ്ഞു ; അവർ കഴുതെക്ക് കോപ്പിട്ടുകൊടുത്തു ; അവൻ അതിന്റെ പുറത്ത് കയറി ദൈവപുരുഷന്റെ പിന്നാലെ ചെന്നു;
14അവൻ ഒരു കരുവേലകത്തിൻ കീഴെ ഇരിക്കുന്നത് കണ്ടു: ‘നീ യെഹൂദയിൽനിന്ന് വന്ന ദൈവപുരുഷനോ’ എന്ന് അവനോട് ചോദിച്ചു.15അവൻ‘ അതേ’ എന്ന് പറഞ്ഞു. അവൻ അവനോട്: ‘നീ എന്നോടുകൂടെ വീട്ടിൽ വന്ന് ഭക്ഷണം കഴിക്കേണം’ എന്ന് പറഞ്ഞു.16അതിന് അവൻ: “എനിക്ക് നിന്നോടുകൂടെ പോരികയോ നിന്റെ വിട്ടിൽ കയറുകയോ ചെയ്തുകൂടാ; ഞാൻ ഈ സ്ഥലത്തുവെച്ച് നിന്നോടുകൂടെ അപ്പം തിന്നുകയോ വെള്ളം കുടിക്കയോ ചെയ്യുകയില്ല.17നീ അവിടെവെച്ച് അപ്പം തിന്നുകയോ വെള്ളം കുടിക്കുകയോ പോയ വഴിയായി മടങ്ങിവരികയോ ചെയ്യരുത് എന്ന് യഹോവ എന്നോട് കല്പിച്ചിരിക്കുന്നു ” എന്ന് പറഞ്ഞു.
18അതിന് അവൻ: “ഞാനും നിന്നെപ്പോലെ ഒരു പ്രവാചകൻ ആകുന്നു;‘ അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്യേണ്ടതിന് നീ അവനെ നിന്റെ വീട്ടിൽ കൂട്ടിക്കൊണ്ടുവരിക’ എന്ന് ഒരു ദൂതൻ യഹോവയുടെ കല്പനയാൽ എന്നോട് പറഞ്ഞിരിക്കുന്നു ”എന്ന് പറഞ്ഞു. അവൻ പറഞ്ഞത് ഭോഷ്കായിരുന്നു.19അങ്ങനെ അവൻ അവനോടുകൂടെ ചെന്ന്, അവന്റെ വീട്ടിൽവെച്ച് അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്തു.
20അവൻ ഭക്ഷണമേശയിലിരിക്കുമ്പോൾ , അവനെ കൂട്ടിക്കൊണ്ടുവന്ന പ്രവാചകന് യഹോവയുടെ അരുളപ്പാടുണ്ടായി.21അവൻ യെഹൂദയിൽനിന്ന് വന്ന ദൈവപുരുഷനോട്:“നീ യഹോവയുടെ വചനം മറുത്ത് നിന്റെ ദൈവമായ യഹോവയുടെ കല്പന പ്രമാണിക്കാതെ ,22അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്യരുതെന്ന് നിന്നോട് കല്പിച്ച സ്ഥലത്ത് നീ മടങ്ങിവന്ന് അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്തതുകൊണ്ട് നിന്റെ ജഡം നിന്റെ പിതാക്കന്മാരുടെ കല്ലറയിൽ വരികയില്ല ”എന്ന് യഹോവ അരുളിച്ചെയ്യുന്നു എന്ന് വിളിച്ചുപറഞ്ഞു.
23ഭക്ഷിച്ച് പാനം ചെയത് കഴിഞ്ഞപ്പോൾ വൃദ്ധനായ പ്രവാചകൻ താൻ കൂട്ടിക്കൊണ്ടുവന്ന പ്രവാചകന് വേണ്ടി കഴുതെക്ക് കോപ്പിട്ടുകൊടുത്തു;24അവൻ പോകുമ്പോൾ വഴിയിൽ വച്ച് ഒരു സിംഹം അവനെ കൊന്നുകളഞ്ഞു; അവന്റെ ശവം വഴിയിൽ കിടന്നു, കഴുതയും സിംഹവും ശവത്തിന്റെ അരികെ നിന്നിരുന്നു.25ശവം വഴിയിൽ കിടക്കുന്നതും അതിന്റെ അരികെ സിംഹം നില്ക്കുന്നതും കണ്ട് , വഴിപോക്കർ വൃദ്ധനായ പ്രവാചകൻ പാർക്കുന്ന പട്ടണത്തിൽ ചെന്ന് അറിയിച്ചു.
26അവനെ വഴിയിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന പ്രവാചകൻ അത് കേട്ടപ്പോൾ: ‘അവൻ യഹോവയുടെ വചനം അനുസരിക്കാത്ത ദൈവപുരുഷൻ തന്നേ; യഹോവ അവനോട് അരുളിച്ചെയ്ത വചനപ്രകാരം യഹോവ അവനെ സിംഹത്തിന് ഏല്പിച്ചു; അത് അവനെ കീറി കൊന്നുകളഞ്ഞു ’എന്ന് പറഞ്ഞു.27പിന്നെ അവൻ തന്റെ പുത്രന്മാരോട്: ‘കഴുതെക്കു കോപ്പിട്ടുതരുവിൻ ’എന്ന് പറഞ്ഞു.28അവർ കോപ്പിട്ടുകൊടുത്തു. അവൻ ചെന്നപ്പോൾ ശവം വഴിയിൽ കിടക്കുന്നതും ശവത്തിന്റെ അരികെ കഴുതയും സിംഹവും നില്ക്കുന്നതും കണ്ടു; സിംഹം ശവത്തെ തിന്നുകയോ കഴുതയെ കീറിക്കളകയോ ചെയ്തിരുന്നില്ല.
29വൃദ്ധനായ പ്രവാചകൻ ദൈവപുരുഷന്റെ ശവം എടുത്ത് കഴുതപ്പുറത്ത് വെച്ച് കൊണ്ടുവന്നു; അവൻ തന്റെ പട്ടണത്തിൽ എത്തി അവനെക്കുറിച്ച് വിലപിച്ച് അവനെ അടക്കം ചെയ്തു.30അവൻ തന്റെ സ്വന്തകല്ലറയിൽ ശവം വെച്ചിട്ട് അവനെക്കുറിച്ച്: ‘അയ്യോ എന്റെ സഹോദരാ’ എന്ന് പറഞ്ഞ് അവർ വിലാപം കഴിച്ചു.
31അവനെ അടക്കം ചെയ്തശേഷം അവൻ തന്റെ പുത്രന്മാരോട്: “ഞാൻ മരിച്ചശേഷം നിങ്ങൾ എന്നെ ദൈവപുരുഷനെ അടക്കം ചെയ്തിരിക്കുന്ന കല്ലറയിൽ തന്നേ അടക്കം ചെയ്യേണം; അവന്റെ അസ്ഥികളുടെ അരികെ എന്റെ അസ്ഥികളും ഇടേണം.32അവൻ ബേഥേലിലെ യാഗപീഠത്തിനും ശമര്യപട്ടണങ്ങളിലെ സകലപൂജാഗിരിക്ഷേത്രങ്ങൾക്കും വിരോധമായി യഹോവയുടെ കല്പനപ്രകാരം വിളിച്ചുപറഞ്ഞ വചനം നിശ്ചയമായി സംഭവിക്കും ”എന്ന് പറഞ്ഞു.

33ഈ സംഭവത്തിനുശേഷവും യൊരോബെയാം തന്റെ ദുർമ്മാർഗ്ഗം വിട്ടുതിരിയാതെ പിന്നെയും സർവ്വജനത്തിൽനിന്നും തനിക്ക് ബോധിച്ചവരെ വേർതിരിച്ച് പൂജാഗിരിപുരോഹിതന്മാരായി നിയമിച്ചു.34യൊരോബെയാംഗൃഹത്തെ ഭൂമിയിൽനിന്ന് ഛേദിച്ചു കളയത്തക്കവണ്ണം ഈ കാര്യം അവർക്ക് പാപമായ്തീർന്നു.

14

1ആ കാലത്ത് യൊരോബെയാമിന്റെ മകൻ അബീയാവ് രോഗിയായി കിടപ്പിലായി.2യൊരോബെയാം തന്റെ ഭാര്യയോട്: “നീ യൊരോബെയാമിന്റെ ഭാര്യ എന്ന് ആരും അറിയാതവണ്ണം വേഷംമാറി ശീലോവിലേക്ക് പോകേണം; ‘ഈ ജനത്തിന് ഞാൻ രാജാവാകും ’എന്ന് എന്നോട് പറഞ്ഞ അഹീയാപ്രവാചകൻ അവിടെ ഉണ്ടല്ലോ.3നിന്റെ കയ്യിൽ പത്ത് അപ്പവും കുറെ അടകളും ഒരു തുരുത്തി തേനും എടുത്ത് അവന്റെ അടുക്കൽ ചെല്ലുക ; കുട്ടിയുടെ കാര്യം എന്താകും എന്ന് അവൻ നിന്നെ അറിയിക്കും ”എന്ന് പറഞ്ഞു.

4യൊരോബെയാമിന്റെ ഭാര്യ അങ്ങനെ തന്നേ ചെയ്തു; അവൾ പുറപ്പെട്ട് ശീലോവിൽ അഹീയാവിന്റെ വീട്ടിൽ ചെന്നു; എന്നാൽ അഹീയാവിന് വാർദ്ധക്യം നിമിത്തം കണ്ണ് മങ്ങിയിരിരുന്നതുകൊണ്ട് കാണ്മാൻ കഴിയാതെയിരുന്നു.5എന്നാൽ യഹോവ അഹീയാവിനോട്: ‘യൊരോബെയാമിന്റെ ഭാര്യ തന്റെ മകനെക്കുറിച്ച് നിന്നോട് ചോദിപ്പാൻ വരുന്നു; അവൻ രോഗിയായി കിടക്കുന്നു; നീ അവളോട് ഇന്നിന്നപ്രകാരം സംസാരിക്കേണം; അവൾ അകത്ത് വരുമ്പോൾ അന്യസ്ത്രീയുടെ ഭാവം നടിക്കും ’എന്ന് അരുളിച്ചെയ്തു.
6അവൾ വാതിൽ കടക്കുമ്പോൾ അവളുടെ കാലൊച്ച അഹിയാവ് കേട്ടിട്ട് പറഞ്ഞത്: യൊരോബെയാമിന്റെ ഭാര്യയേ, അകത്ത് വരിക; നീ ഒരു അന്യസ്ത്രീ എന്ന് അഭിനയിക്കുന്നത് എന്തിന്? അശുഭവർത്തമാനം നിന്നെ അറിയിപ്പാൻ എനിക്ക് നിയോഗം ഉണ്ട്.7നീ ചെന്ന് യൊരോബെയാമിനോട് പറയേണ്ടത് : “യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ ജനത്തിന്റെ ഇടയിൽനിന്ന് നിന്നെ ഉയർത്തി, എന്റെ ജനമായ യിസ്രായേലിന് പ്രഭുവാക്കി.8രാജത്വം ദാവീദ് ഗൃഹത്തിൽനിന്ന് കീറിയെടുത്ത് നിനക്ക് തന്നു; എങ്കിലും എന്റെ കല്പനകളെ പ്രമാണിക്കയും എനിക്ക് പ്രസാദമുള്ളതു മാത്രം ചെയ്‌വാൻ പൂർണ്ണമനസ്സോടുകൂടെ എന്നെ അനുസരിക്കയും ചെയ്ത എന്റെ ദാസനായ ദാവീദിനെപ്പോലെ നീ ഇരിക്കാതെ
9നിനക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ദോഷം ചെയ്തു; എന്നെ കോപിപ്പിക്കേണ്ടതിന് ചെന്ന് നിനക്ക് അന്യദേവന്മാരെയും വിഗ്രഹങ്ങളെയും ഉണ്ടാക്കി എന്നെ നിന്റെ പുറകിൽ എറിഞ്ഞുകളഞ്ഞു.10അതുകൊണ്ട് ഇതാ, ഞാൻ യൊരോബെയാമിന്റെ ഗൃഹത്തിന് അനർത്ഥം വരുത്തി, യൊരോബെയാമിനുള്ള സ്വതന്ത്രനും ദാസനും ആയ പുരുഷപ്രജയെ ഒക്കെയും യിസ്രായേലിൽനിന്ന് ഛേദിക്കയും കാഷ്ഠം കോരിക്കളയുന്നതു പോലെ യൊരോബെയാമിന്റെ ഗൃഹം അശേഷം മുടിഞ്ഞുപോകുംവരെ അതിനെ കോരിക്കളകയും ചെയ്യും.
11യൊരോബെയാമിന്റെ സന്തതിയിൽ പട്ടണത്തിൽവെച്ച് മരിക്കുന്നവനെ നായ്ക്കളും വയലിൽവെച്ച് മരിക്കുന്നവനെ ആകാശത്തിലെ പക്ഷികളും തിന്നും; യഹോവ അത് അരുളിച്ചെയ്തിരിക്കുന്നു.12ആകയാൽ നീ എഴുന്നേറ്റ് വീട്ടിലേക്കു പോക; നിന്റെ കാൽ പട്ടണത്തിന്നകത്ത് ചവിട്ടുമ്പോൾ കുട്ടി മരിച്ചുപോകും.13യിസ്രായേലൊക്കെയും അവനെക്കുറിച്ച് വിലപിച്ച് അവനെ അടക്കം ചെയ്യും; യെരോബെയാമിന്റെ ഗൃഹത്തിൽവെച്ച് അവനിൽ മാത്രം യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് പ്രസാദമുള്ള കാര്യം അല്പം കാണുകയാൽ യൊരോബെയാമിന്റെ സന്തതിയിൽ അവനെ മാത്രം കല്ലറയിൽ അടക്കം ചെയ്യും.
14യഹോവ തനിക്ക് യിസ്രായേലിൽ ഒരു രാജാവിനെ എഴുന്നേല്പിക്കും; അവൻ അന്ന് യൊരോബെയാമിന്റെ ഗൃഹത്തെ ഛേദിച്ചുകളയും; ഇതാണ് ആ ദിവസം ,അതേ ഇപ്പോൾ തന്നേ !15യിസ്രായേൽ അശേരാപ്രതിഷ്ഠകൾ ഉണ്ടാക്കി യഹോവയെ കോപിപ്പിച്ചതുകൊണ്ട് ഓട വെള്ളത്തിൽ ആടുന്നതുപോലെ ആടത്തക്കവണ്ണം യഹോവ അവരെ അടിച്ച് അവരുടെ പിതാക്കന്മാർക്ക് താൻ കൊടുത്ത ഈ നല്ല ദേശത്തുനിന്ന് അവരെ പറിച്ചെടുത്ത് നദിക്കക്കരെ ചിതറിച്ചുകളയും.16പാപം ചെയ്കയും യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിക്കയും ചെയ്ത യൊരോബെയാമിന്റെ പാപംനിമിത്തം അവൻ യിസ്രായേലിനെ ഉപേക്ഷിച്ചുകളയും.
17അപ്പോൾ യൊരോബെയാമിന്റെ ഭാര്യ എഴുന്നേറ്റ് പുറപ്പെട്ട് തിർസ്സയിൽ വന്നു; അവൾ അരമനയുടെ ഉമ്മരപ്പടി കടന്നപ്പോൾ കുട്ടി മരിച്ചു.18യഹോവ തന്റെ ദാസനായ അഹീയാപ്രവാചകൻമുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അവർ അവനെ അടക്കം ചെയ്തു. യിസ്രായേലൊക്കെയും അവനെക്കുറിച്ച് വിലാപം കഴിച്ചു.
19യൊരോബെയാം യുദ്ധം ചെയ്തതും രാജ്യം വാണതുമായ അവന്റെ മറ്റുള്ള വൃത്താന്തങ്ങൾ യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.20യൊരോബെയാം വാണകാലം ഇരുപത്തിരണ്ട് സംവത്സരം ആയിരുന്നു; അവൻ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ നാദാബ് അവന് പകരം രാജാവായി.

21ശലോമോന്റെ മകൻ രെഹബെയാം യെഹൂദയിൽ വാണു. അവൻ വാഴ്ച തുടങ്ങിയപ്പോൾ നാല്പത്തൊന്ന് വയസ്സായിരുന്നു ; യഹോവ തന്റെ നാമം സ്ഥാപിപ്പാൻ എല്ലാ യിസ്രായേൽഗോത്രങ്ങളിൽ നിന്നും തിരഞ്ഞെടുത്ത നഗരമായ യെരൂശലേമിൽ അവൻ പതിനേഴ് സംവത്സരം വാണു. അവന്റെ അമ്മ അമ്മോന്യസ്ത്രീയായ നയമാ ആയിരുന്നു.22യെഹൂദാ യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവൃത്തിച്ചു ; തങ്ങളുടെ പിതാക്കന്മാരെക്കാൾ അധികമായി അവർ പാപം ചെയ്ത് യഹോവയെ കോപിപ്പിച്ചു.
23അവർ ഉയർന്ന കുന്നിന്മേലും പച്ചമരത്തിൻകീഴിലും , പൂജാഗിരികളും സ്തംഭവിഗ്രഹങ്ങളും അശേരാപ്രതിഷ്ഠകളും ഉണ്ടാക്കി.24ലൈംഗികവൈകൃതവും ദേശത്ത് ഉണ്ടായിരുന്നു; യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞ ജാതികളുടെ സകലമ്ലേച്ഛതകളും അവർ അനുകരിച്ചു.
25എന്നാൽ രെഹബെയാംരാജാവിന്റെ അഞ്ചാം ആണ്ടിൽ ഈജിപ്റ്റ് രാജാവായ ശീശക്ക് യെരൂശലേമിനെ ആക്രമിച്ച് ,26യഹോവയുടെ ആലയത്തിലെയും രാജധാനിയിലെയും ഭണ്ഡാരങ്ങൾ എല്ലാം കവർന്നു; ശലോമോൻ ഉണ്ടാക്കിയ പൊൻപരിചകളും എടുത്തുകൊണ്ടുപോയി.
27ഇവെക്ക് പകരം രെഹബെയാംരാജാവ് ഓട് കൊണ്ട് പരിചകൾ ഉണ്ടാക്കി, രാജധാനിയുടെ വാതിൽ കാവൽക്കാരായ അകമ്പടിനായകന്മാരെ ഏല്പിച്ചു.28രാജാവ് യഹോവയുടെ ആലയത്തിൽ ചെല്ലുമ്പോൾ അകമ്പടികൾ അവ ധരിക്കയും അതിനുശേഷം കാവൽ മുറിയിൽ തിരികെ കൊണ്ടുചെന്ന് വെക്കുകയും ചെയ്യും.
29രെഹബെയാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ?30രെഹബെയാമിനും യൊരോബെയാമിനും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.31രെഹെബെയാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു ; അവന്റെ പിതാക്കന്മാരോടുകൂടെ ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു. അമ്മോന്യസ്ത്രീയായ നയമാ ആയിരുന്നു അവന്റെ അമ്മ. അവന്റെ മകൻ അബീയാം അവന് പകരം രാജാവായി.

15

1നെബാത്തിന്റെ മകൻ യൊരോബെയാംരാജാവിന്റെ പതിനെട്ടാം ആണ്ടിൽ അബിയാം യെഹൂദയിൽ രാജാവായി.2അവൻ മൂന്ന് സംവത്സരം യെരൂശലേമിൽ വാണു ; അബീശാലോമിന്റെ പൗത്രി ആയ അവന്റെ അമ്മയുടെ പേര് മയഖാ എന്നായിരുന്നു.3തന്റെ അപ്പൻ മുമ്പ് ചെയ്തിരുന്ന സകല പാപങ്ങളും അവൻ ചെയ്തു; അവന്റെ ഹൃദയം , തന്റെ പിതാവായ ദാവീദിന്റെ ഹൃദയംപോലെ ദൈവമായ യഹോവയിൽ ഏകാഗ്രമായിരുന്നില്ല.

4എങ്കിലും ദാവീദിനെ ഓർത്ത് അവന്റെ ദൈവമായ യഹോവ അവന് യെരുശലേമിൽ ഒരു ദീപം നൽകുവാൻ തക്കവണ്ണം ഒരു അനന്തരാവകാശിയെ നൽകുകയും യെരൂശലേമിനെ നിലനിർത്തുകയും ചെയ്തു.5ദാവീദ് തന്റെ ആയുഷ്ക്കാലത്തൊക്കെയും യഹോവയ്ക്ക് പ്രസാദമായുള്ളത് ചെയ്തു; ഹിത്യനായ ഊരീയാവിന്റെ കാര്യത്തിൽ ഒഴികെ യഹോവയുടെ കല്പനകളിൽ ഒന്നുപോലും താൻ പാലിക്കാതിരുന്നിട്ടില്ല.6രെഹബെയാമും യൊരോബെയാമും തമ്മിൽ ഉണ്ടായിരുന്ന യുദ്ധം അബീയാമിന്റെ കാലത്തും തുടർന്നുകൊണ്ടിരുന്നു.
7അബീയാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. അബീയാമും യൊരോബെയാമും തമ്മിലും യുദ്ധം ഉണ്ടായിരുന്നു.8അബിയാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു ; അവർ ദാവീദിന്റെ നഗരത്തിൽ അവനെ അടക്കംചെയ്തു; അവന്റെ മകൻ ആസാ അവന് പകരം രാജാവായി.

9യിസ്രായേൽരാജാവായ യൊരോബെയാമിന്റെ ഇരുപതാം ആണ്ടിൽ ആസാ യെഹൂദയിൽ രാജാവായി.10അവൻ നാല്പത്തൊന്ന് സംവത്സരം യെരൂശലേമിൽ വാണു; അവന്റെ പിതാമഹിക്ക് മയഖാ എന്ന് പേർ; അവൾ അബിശാലോമിന്റെ പൗത്രി ആയിരുന്നു.11ആസാ തന്റെ പിതാവായ ദാവീദിനെപ്പോലെ യഹോവയ്ക്ക് പ്രസാദമായുള്ളത് ചെയ്തു.
12അവൻ പുരുഷവേശ്യകളെ ദേശത്തുനിന്ന് പുറത്താക്കി, തന്റെ പിതാക്കന്മാർ ഉണ്ടാക്കിയിരുന്ന സകലവിഗ്രഹങ്ങളെയും നീക്കിക്കളഞ്ഞു.13തന്റെ പിതാമഹിയായ മയഖ അശേരെക്ക് ഒരു മ്ലേച്ഛവിഗ്രഹം ഉണ്ടാക്കിയിരുന്നതുകൊണ്ട് അവൻ അവളെ രാജ്ഞിസ്ഥാനത്ത് നിന്ന് നീക്കിക്കളഞ്ഞു ; ആസാ അവളുടെ മ്ലേച്ഛവിഗ്രഹം വെട്ടിമുറിച്ച് കിദ്രോൻ തോട്ടിന്നരികെവെച്ച് ചുട്ടുകളഞ്ഞു.
14എന്നാൽ പൂജാഗിരികൾക്ക് നീക്കംവന്നില്ല. എങ്കിലും ആസയുടെ ഹൃദയം അവന്റെ ജീവകാലത്തൊക്കെയും യഹോവയിൽ ഏകാഗ്രമായിരുന്നു.15വെള്ളി, പൊന്ന്, മറ്റ് ഉപകരണങ്ങൾ എന്നിങ്ങനെ തന്റെ അപ്പൻ നിവേദിച്ചതും താൻ സ്വയം നിവേദിച്ചതുമായ വസ്തുക്കൾ , അവൻ യഹോവയുടെ ആലയത്തിലേക്ക് കൊണ്ടുവന്നു.
16ആസയും യിസ്രായേൽരാജാവായ ബയെശയും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.17യിസ്രായേൽരാജാവായ ബയെശാ യെഹൂദയുടെനേരെ വന്ന്, രാമയെ പണിത് ഉറപ്പിച്ചു ;യെഹൂദാരാജാവായ ആസയുടെ അടുക്കലേക്കുള്ള പോക്കുവരവ് തടയുകയായിരുന്നു അവന്റെ ലക്ഷ്യം.
18അപ്പോൾ ആസാ യഹോവയുടെ ആലയത്തിലെയും രാജധാനിയിലെയും ഭണ്ഡാരത്തിലെ വെള്ളിയും പൊന്നും എടുത്ത് തന്റെ ഭൃത്യന്മാരുടെ കയ്യിൽ ഏല്പിച്ചു ; അവൻ ദമാസ്കസിൽ പാർത്തിരുന്ന ഹെസ്യോന്റെ മകനായ തബ്രിമ്മോന്റെ മകൻ ബെൻ-ഹദദ് എന്ന അരാംരാജാവിന് അവയെ കൊടുത്തയച്ചു:19“എന്റെ അപ്പനും നിന്റെ അപ്പനും തമ്മിൽ ഉണ്ടായിരുന്ന സഖ്യത പോലെ നമുക്ക് തമ്മിലും ഒരു സഖ്യതയിൽ ഏർപ്പെടാം; ഇതാ, ഞാൻ നിനക്ക് സമ്മാനമായി വെള്ളിയും പൊന്നും കൊടുത്തയക്കുന്നു; യിസ്രായേൽരാജാവായ ബയെശാ എന്നെ വിട്ടുപോകേണ്ടതിന് നീ ചെന്ന് അവനോടുള്ള നിന്റെ സഖ്യത ത്യജിക്കേണം ”എന്ന് പറയിച്ചു.
20ബെൻ-ഹദദ് ആസാരാജാവിന്റെ അപേക്ഷ കേട്ട്, തന്റെ സേനാപതികളെ യിസ്രായേൽപട്ടണങ്ങൾക്ക് നേരെ അയച്ച് ഈയോനും ദാനും ആബേൽ-ബേത്ത്-മയഖയും കിന്നെരോത്ത് മുഴുവനും നഫ്താലിദേശമൊക്കെയും പിടിച്ചടക്കി.21ബയെശാ അത് കേട്ടപ്പോൾ രാമാ പണിയുന്നത് നിർത്തലാക്കി , തിർസ്സയിൽ തന്നേ പാർത്തു.22ആസാരാജാവ് ഒരു വിളംബരം പ്രസിദ്ധമാക്കി യെഹൂദയെ മുഴുവനും വിളിച്ചുകൂട്ടി; അവർ ചെന്ന് ബയെശാ പണിത് ഉറപ്പിച്ചിരുന്ന രാമയുടെ കല്ലും മരവും എടുത്ത് കൊണ്ടുവന്നു ; ആസാരാജാവ് അവകൊണ്ട് ബെന്യാമീനിലെ ഗേബയും മിസ്പയും പണിത് ഉറപ്പിച്ചു.
23ആസയുടെ മറ്റുള്ള സകല ചരിത്രങ്ങളും അവന്റെ വീര്യപ്രവൃത്തികളും അവൻ ചെയ്തതൊക്കെയും , പട്ടണങ്ങൾ പണിതതും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. എന്നാൽ അവന്റെ വാർദ്ധക്യകാലത്ത് അവന്റെ കാലുകൾക്ക് രോഗം ബാധിച്ചു.24ആസാ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; തന്റെ പിതാവായ ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ യെഹോശാഫാത്ത് അവന് പകരം രാജാവായി.

25യെഹൂദാരാജാവായ ആസയുടെ രണ്ടാം ആണ്ടിൽ യൊരോബെയാമിന്റെ മകൻ നാദാബ് യിസ്രായേലിൽ രാജാവായി; അവൻ രണ്ട് സംവത്സരം യിസ്രായേലിൽ വാണു.26അവൻ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്ത് തന്റെ അപ്പന്റെ വഴിയിലും അവൻ യിസ്രായേലിനെക്കൊണ്ട് ചെയ്യിച്ച പാപത്തിലും നടന്നു.
27എന്നാൽ യിസ്സാഖാർഗോത്രക്കാരനായ അഹിയാവിന്റെ മകൻ ബയെശാ അവന് വിരോധമായി കൂട്ടുകെട്ടുണ്ടാക്കി; നാദാബും എല്ലായിസ്രായേലും ഫെലിസ്ത്യരുടെ ഗിബ്ബെഥോനെ ഉപരോധിച്ചിരുന്നപ്പോൾ ബയെശാ അവിടെവച്ച് അവനെ കൊന്നു.28ബയെശാ അവനെ യെഹൂദാ രാജാവായ ആസയുടെ മൂന്നാം ആണ്ടിൽ കൊന്ന് അവന് പകരം രാജാവായി.
29അവൻ രാജാവായ ഉടൻ തന്നെ യൊരോബെയാംഗൃഹത്തെ മുഴുവനും കൊന്നൊടുക്കി; യഹോവ ശിലോന്യനായ അഹിയാവ് എന്ന തന്റെ ദാസൻമുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അവൻ യൊരോബെയാമിന്റെ കുടുംബത്തിൽ ജീവനുള്ള ഒന്നിനെയും ശേഷിപ്പിക്കാതെ നശിപ്പിച്ചുകളഞ്ഞു.30യൊരോബെയാം ചെയ്തതും യിസ്രായേലിനെക്കൊണ്ട് ചെയ്യിച്ചതുമായ പാപങ്ങൾ നിമിത്തവും അവൻ യിസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചതുനിമിത്തവും ഇപ്രകാരം സംഭവിച്ചു.
31നാദാബിന്റെ മറ്റുള്ള പ്രവൃത്തികളും അവൻ ചെയ്തതൊക്കെയും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.32ആസയും യിസ്രായേൽരാജാവായ ബയെശയും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.
33യെഹൂദാരാജാവായ ആസയുടെ മൂന്നാം ആണ്ടിൽ അഹീയാവിന്റെ മകൻ ബയെശാ എല്ലായിസ്രായേലിനും രാജാവായി തിർസ്സയിൽ ഇരുപത്തിനാല് സംവത്സരം വാണു.34അവൻ യഹോവയ്ക്ക് അനിഷ്ടമായുള്ളത് ചെയ്ത് യൊരോബെയാമിന്റെ വഴിയിലും അവൻ യിസ്രായേലിനെക്കൊണ്ട് ചെയ്യിച്ച പാപത്തിലും നടന്നു.

16

1ബയെശക്ക് വിരോധമായി ഹനാനിയുടെ മകൻ യേഹൂവിന് യഹോവയുടെ അരുളപ്പാടുണ്ടായത്:2“ഞാൻ നിന്നെ പൊടിയിൽനിന്ന് ഉയർത്തി എന്റെ ജനമായ യിസ്രായേലിന് പ്രഭുവാക്കിവെച്ചു ; നീയോ യൊരോബെയാമിന്റെ വഴിയിൽ നടന്ന് എനിക്ക് കോപം ജ്വലിക്കത്തക്കവണ്ണം യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ചു ;

3അതുകൊണ്ട് ഞാൻ ബയെശയെയും അവന്റെ ഗൃഹത്തെയും നിശ്ശേഷം നശിപ്പിക്കും ; നിന്റെ ഗൃഹത്തെ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഗൃഹത്തെപ്പോലെ ആക്കും.4ബയെശയുടെ സന്തതികളിൽ പട്ടണത്തിൽവെച്ച് മരിക്കുന്നവനെ നായ്ക്കളും വയലിൽവെച്ച് മരിക്കുന്നവനെ ആകാശത്തിലെ പക്ഷികളും തിന്നും.”
5ബയെശയുടെ മറ്റ് പ്രവൃത്തികളും അവൻ ചെയ്ത വീര്യപ്രവൃത്തികളും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.6ബയെശാ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു ; അവനെ തിർസ്സയിൽ അടക്കംചെയ്തു; അവന്റെ മകൻ ഏലാ അവന് പകരം രാജാവായി.
7ബയെശാ യഹോവയുടെ കൺമുൻപിൽ യൊരോബെയാംഗൃഹത്തെപ്പോലെ സകല ദുഷ്ടതകളും പ്രവൃത്തിച്ച് യഹോവയെ കോപിപ്പിക്കയും അവരെ കൊന്നുകളകയും ചെയ്തതുകൊണ്ടത്രേ അവന്റെ ഗൃഹത്തിന് വിരോധമായി ഹനാനിയുടെ മകൻ യേഹൂപ്രവാചകൻ മുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായത്.
8യെഹൂദാരാജാവായ ആസയുടെ ഇരുപത്താറാം ആണ്ടിൽ ബയെശയുടെ മകൻ ഏലാ യിസ്രായേലിൽ രാജാവായി തിർസ്സയിൽ രണ്ട് സംവത്സരം വാണു.9എന്നാൽ രഥങ്ങളിൽ പകുതിക്ക് അധിപതിയായ സിമ്രി എന്ന അവന്റെ ഭൃത്യൻ അവന് വിരോധമായി കൂട്ടുകെട്ടുണ്ടാക്കി ; ഏലാ തിർസ്സയിലെ രാജധാനിവിചാരകനായ അർസ്സയുടെ വീട്ടിൽ മദ്യപിച്ച് ലഹരിപിടിച്ചിരിക്കുമ്പോൾ10സിമ്രി അകത്ത് കടന്ന് യെഹൂദാരാജാവായ ആസയുടെ ഇരുപത്തേഴാം ആണ്ടിൽ അവനെ വെട്ടിക്കൊന്ന് അവന് പകരം രാജാവായി.
11അവൻ രാജാവായി സിംഹാസനത്തിൽ ഇരുന്നപ്പോൾ ബയെശയുടെ ഗൃഹത്തെ മുഴുവനും നശിപ്പിച്ചു ; ആ കുടുംബത്തിന്റെ ചാർച്ചക്കാരിലോ സ്നേഹിതരിലോ ഒരു പുരുഷപ്രജയെ പോലും അവൻ ശേഷിപ്പിച്ചില്ല.12അങ്ങനെ ബയെശയും അവന്റെ മകൻ ഏലയും തങ്ങളുടെ മിത്ഥ്യാമൂർത്തികളാൽ യിസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ച് , തങ്ങൾ ചെയ്തതും യിസ്രായേലിനെക്കൊണ്ട് ചെയ്യിച്ചതുമായ സകലപാപങ്ങളുംനിമിത്തം13യഹോവ യേഹൂപ്രവാചകൻമുഖാന്തരം ബയെശക്ക് വിരോധമായി അരുളിച്ചെയ്ത വചനപ്രകാരം സിമ്രി ബയെശയുടെ ഭവനത്തെ മുഴുവനും നിഗ്രഹിച്ചുകളഞ്ഞു.
14ഏലയുടെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
15യെഹൂദാരാജാവായ ആസയുടെ ഇരുപത്തേഴാം ആണ്ടിൽ സിമ്രി തിർസ്സയിൽ ഏഴു ദിവസം രാജാവായിരുന്നു; അന്ന് പടജ്ജനം ഫെലിസ്ത്യരുടെ ഗിബ്ബെഥോൻ ഉപരോധിച്ചിരിക്കയായിരുന്നു.16സിമ്രി കൂട്ടുകെട്ടുണ്ടാക്കി രാജാവിനെ കൊന്നുകളഞ്ഞു എന്ന് പാളയം ഇറങ്ങിയിരുന്ന പടജ്ജനം കേട്ടപ്പോൾ എല്ലാ യിസ്രായേലും അന്ന് തന്നേ പാളയത്തിൽവെച്ച് സേനാധിപതിയായ ഒമ്രിയെ യിസ്രായേലിന് രാജാവായി വാഴിച്ചു.17ഉടനെ ഒമ്രിയും എല്ലായിസ്രായേലും ഗിബ്ബെഥോൻ വിട്ടുചെന്ന് തിർസ്സയെ ഉപരോധിച്ചു.
18പട്ടണം പിടിക്കപ്പെട്ടു എന്ന് സിമ്രി കണ്ടപ്പോൾ രാജധാനിയുടെ ഉൾമുറിയിൽ കടന്ന് രാജധാനിക്ക് തീവെച്ച് അതിനകത്ത് സ്വയം മരിച്ചു.19സ്വയം പാപം ചെയ്യുകയും യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിക്കുകയും ചെയ്ത യെരോബെയാമിന്റെ വഴികളിൽ നടന്ന് യഹോവയ്ക്ക് അനിഷ്ടമായുള്ളത് പ്രവൃത്തിച്ചതിനാൽ തന്നേ ഇങ്ങനെ സംഭവിച്ചു.20സിമ്രിയുടെ മറ്റ് പ്രവൃത്തികളും അവൻ ഉണ്ടാക്കിയ ഗൂഢാലോചനയും യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
21അന്ന് യിസ്രായേൽ ജനം രണ്ട് ഭാഗമായി പിരിഞ്ഞു ; പകുതി ജനം ഗീനത്തിന്റെ മകനായ തിബ്നിയെ രാജാവാക്കേണ്ടതിന് അവന്റെ പക്ഷം ചേർന്നു; മറ്റെ പകുതി ഒമ്രിയുടെ പക്ഷം ചേർന്നു.22എന്നാൽ ഒമ്രിയുടെ അനുയായികൾ ഗീനത്തിന്റെ മകൻ തിബ്നിയുടെ പക്ഷത്തെ തോല്പിച്ചു; അങ്ങനെ തിബ്നി കൊല്ലപ്പെടുകയും ഒമ്രി രാജാവാകയും ചെയ്തു.
23യെഹൂദാരാജാവായ ആസയുടെ മുപ്പത്തൊന്നാം ആണ്ടിൽ ഒമ്രി യിസ്രായേലിൽ രാജാവായി പന്ത്രണ്ട് സംവത്സരം വാണു; തിർസ്സയിൽ അവൻ ആറ് സംവത്സരം വാണു.24പിന്നെ അവൻ ശേമെരിനോട് ശമര്യാമല രണ്ട് താലന്ത് വെള്ളിക്ക് വാങ്ങി ആ മലമുകളിൽ പട്ടണം പണിതു ; താൻ പണിത പട്ടണത്തിന് മലയുടമസ്ഥനായിരുന്ന ശേമെരിന്റെ പേരിൻ പ്രകാരം ശമര്യാ എന്ന് പേരിട്ടു.
25ഒമ്രി യഹോവയ്ക്ക് അനിഷ്ടമായുള്ളത് ചെയ്തു; തനിക്ക് മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ദോഷം പ്രവർത്തിച്ചു.26അവൻ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ എല്ലാ വഴികളിലും നടന്ന് , യിസ്രായേലിന്റെ ദൈവമായ യഹോവയെ തങ്ങളുടെ മിത്ഥ്യാമൂർത്തികളാൽ കോപിപ്പിക്കത്തക്കവണ്ണം യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ചു.
27ഒമ്രി ചെയ്ത മറ്റുള്ള പ്രവൃത്തികളും അവന്റെ വീര്യപ്രവൃത്തികളും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.28ഒമ്രി തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു ; ശമര്യയിൽ അവനെ അടക്കം ചെയ്തു. അവന്റെ മകൻ ആഹാബ് അവന് പകരം രാജാവായി.
29യെഹൂദാരാജാവായ ആസയുടെ മുപ്പത്തെട്ടാം ആണ്ടിൽ ഒമ്രിയുടെ മകൻ ആഹാബ് യിസ്രായേലിൽ രാജാവായി; അവൻ ശമര്യയിൽ യിസ്രായേലിനെ ഇരുപത്തുരണ്ട് സംവത്സരം വാണു.30ഒമ്രിയുടെ മകൻ ആഹാബ് തനിക്ക് മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം യഹോവയ്ക്ക് അനിഷ്ടമായുള്ളത് ചെയ്തു.
31നെബാത്തിന്റെ മകൻ യൊരോബെയാമിന്റെ പാപങ്ങളിൽ നടക്കുന്നത് പോരാ എന്ന് തോന്നുമാറ് അവൻ സീദോന്യരാജാവായ എത്ത്-ബാലിന്റെ മകൾ ഈസേബെലിനെ വിവാഹം കഴിക്കുകയും ബാലിനെ സേവിച്ച് നമസ്കരിക്കയും ചെയ്തു.32താൻ ശമര്യയിൽ പണിത ബാലിന്റെ ക്ഷേത്രത്തിൽ അവൻ ബാലിന് ഒരു ബലിപീഠം ഉണ്ടാക്കി.33ആഹാബ് ഒരു അശേരാപ്രതിഷ്ഠയും ഉണ്ടാക്കി; അങ്ങനെ അവൻ തനിക്ക് മുമ്പുണ്ടായിരുന്ന എല്ലാ യിസ്രായേൽ രാജാക്കന്മാരെക്കാളും അധികം ദോഷം പ്രവർത്തിച്ച് യിസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചു.
34അവന്റെ കാലത്ത് ബേഥേല്യനായ ഹീയേൽ യെരീഹോ പണിതു; യഹോവ നൂന്റെ മകനായ യോശുവ മുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അതിന്റെ അടിസ്ഥാനം ഇട്ടപ്പോൾ അവന് അബീറാം എന്ന മൂത്തമകനും അതിന്റെ പടിവാതിൽ വെച്ചപ്പോൾ ശെഗൂബു എന്ന ഇളയമകനും നഷ്ടമായി

17

1എന്നാൽ ഗിലെയാദിലെ തിശ്ബിയിൽനിന്നുള്ള തിശ്ബ്യനായ ഏലീയാവ് ആഹാബിനോട്: “ഞാൻ സേവിച്ചുനില്ക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയാണ, ഞാൻ പറഞ്ഞല്ലാതെ ഈയാണ്ടുകളിൽ മഞ്ഞും മഴയും ഉണ്ടാകയില്ല ”എന്ന് പറഞ്ഞു.

2പിന്നെ അവന് യഹോവയുടെ അരുളപ്പാട് ഉണ്ടായത്:3“നീ ഇവിടെനിന്ന് പുറപ്പെട്ട് കിഴക്കോട്ട് ചെന്ന് യോർദ്ദാനിലേക്ക് ഒഴുകുന്ന കെരീത്ത് തോട്ടിനരികെ ഒളിച്ചിരിക്ക.4തോട്ടിൽനിന്ന് നീ കുടിച്ചുകൊള്ളേണം; അവിടെ നിനക്ക് ഭക്ഷണം തരേണ്ടതിന് ഞാൻ മലങ്കാക്കയോട് കല്പിച്ചിരിക്കുന്നു.
5അങ്ങനെ അവൻ പോയി യഹോവയുടെ കല്പനപ്രകാരം ചെയ്തു ; യോർദ്ദാനിലേക്ക് ഒഴുകുന്ന കെരീത്ത് തോട്ടിനരികെ പാർത്തു.6മലങ്കാക്ക അവന് രാവിലെയും വൈകുന്നേരത്തും അപ്പവും ഇറച്ചിയും കൊണ്ടുവന്ന് കൊടുത്തു ; തോട്ടിൽനിന്ന് അവൻ കുടിച്ചു.7എന്നാൽ ദേശത്ത് മഴ പെയ്യാതിരുന്നതിനാൽ കുറെ ദിവസം കഴിഞ്ഞശേഷം തോട് വറ്റിപ്പോയി.
8അപ്പോൾ അവന് യഹോവയുടെ അരുളപ്പാടുണ്ടായത്:9നീ എഴുന്നേറ്റ് സീദോനിലെ സാരെഫാത്തിൽ ചെന്ന് അവിടെ താമസിക്കുക; നിന്നെ പുലർത്തേണ്ടതിന് അവിടെ ഒരു വിധവയോട് ഞാൻ കല്പിച്ചിരിക്കുന്നു.10അങ്ങനെ അവൻ എഴുന്നേറ്റ് സാരെഫാത്തിന് പോയി. അവൻ പട്ടണവാതില്ക്കൽ എത്തിയപ്പോൾ അവിടെ ഒരു വിധവ വിറക് പെറുക്കിക്കൊണ്ടിരുന്നു. അവൻ അവളോട് “എനിക്ക് കുടിപ്പാൻ ഒരു പാത്രത്തിൽ കുറെ വെള്ളം കൊണ്ടുവരേണമേ ”എന്ന് പറഞ്ഞു.
11അവൾ കൊണ്ടുവരുവാനായി പോകുമ്പോൾ , “ഒരു കഷണം അപ്പവുംകൂടെ നിന്റെ കയ്യിൽ കൊണ്ടുവരേണമേ ”എന്ന് അവൻ അവളോട് വിളിച്ചുപറഞ്ഞു.12അതിന് അവൾ: “നിന്റെ ദൈവമായ യഹോവയാണ, കലത്തിൽ ഒരു പിടി മാവും തുരുത്തിയിൽ അല്പം എണ്ണയും മാത്രമല്ലാതെ എനിക്ക് ഒരു അപ്പവും ഇല്ല. ഞാൻ ഇതാ, രണ്ട് വിറക് പെറുക്കുന്നു; ഇത് കൊണ്ടുചെന്ന് എനിക്കും എന്റെ മകനും വേണ്ടി ഭക്ഷണം പാകം ചെയ്ത് ഞങ്ങൾ തിന്നിട്ട് മരിപ്പാനിരിക്കയാകുന്നു ”എന്ന് പറഞ്ഞു.13ഏലീയാവ് അവളോട്: “ഭയപ്പെടേണ്ടാ; ചെന്ന് നീ പറഞ്ഞതുപോലെ ചെയ്യുക ; എന്നാൽ ആദ്യം എനിക്ക് ചെറിയോരു അട ഉണ്ടാക്കി കൊണ്ടുവരിക; പിന്നെ നിനക്കും നിന്റെ മകനും വേണ്ടി ഉണ്ടാക്കിക്കൊൾക.
14‘യഹോവ ഭൂമിയിൽ മഴ പെയ്യിക്കുന്ന നാൾവരെ കലത്തിലെ മാവ് തീർന്നുപോകയില്ല; ഭരണിയിലെ എണ്ണ കുറഞ്ഞുപോകയും ഇല്ല ’എന്ന് യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു” എന്ന് പറഞ്ഞു.15അവൾ ഏലീയാവ് പറഞ്ഞതുപോലെ ചെയ്തു; അങ്ങനെ അവളും അവനും അവളുടെ വീട്ടുകാരും ഏറിയനാൾ അഹോവൃത്തികഴിച്ചു.16യഹോവ ഏലീയാമുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം കലത്തിലെ മാവ് തീർന്നുപോയില്ല, ഭരണിയിലെ എണ്ണ കുറഞ്ഞുപോയതുമില്ല.
17അനന്തരം വീട്ടുടമസ്ഥയായ സ്ത്രീയുടെ മകൻ രോഗിയായി ; രോഗം ഗുരുതരമായി തീർന്നിട്ട് അവനിൽ ശ്വാസം ഇല്ലാതെയായി.18അപ്പോൾ അവൾ ഏലീയാവോട്: “അയ്യോ ദൈവപുരുഷനേ, എനിക്കും നിനക്കും തമ്മിൽ എന്ത്? എന്റെ പാപം ഓർപ്പിക്കേണ്ടതിനും എന്റെ മകനെ കൊല്ലേണ്ടതിനും ആകുന്നുവോ നീ എന്റെ അടുക്കൽ വന്നത് ”എന്ന് ചോദിച്ചു
19അവൻ അവളോട്: “നിന്റെ മകനെ ഇങ്ങ് തരിക ”എന്ന് പറഞ്ഞു. അവനെ അവളുടെ മടിയിൽനിന്നെടുത്ത് താൻ പാർത്തിരുന്ന മാളികമുറിയിൽ കൊണ്ടുചെന്ന് തന്റെ കട്ടിലിന്മേൽ കിടത്തി.20അവൻ യഹോവയോട്: ‘എന്റെ ദൈവമായ യഹോവേ, ഞാൻ പാർക്കുന്ന ഈ വീട്ടിലെ വിധവയുടെ മകനെ കൊല്ലുവാൻതക്കവണ്ണം നീ അവൾക്ക് അനർത്ഥം വരുത്തിയോ ’എന്ന് പ്രാർത്ഥിച്ചുപറഞ്ഞു.21പിന്നെ അവൻ കുട്ടിയുടെ മേൽ മൂന്നുപ്രാവശ്യം കവിണ്ണുകിടന്ന് , ‘ എന്റെ ദൈവമായ യഹോവേ, ഈ കുട്ടിയുടെ പ്രാണൻ അവനിൽ മടങ്ങിവരുമാറാകട്ടെ’ എന്ന് യഹോവയോട് പ്രാർത്ഥിച്ചു.
22യഹോവ ഏലീയാവിന്റെ പ്രാർത്ഥന കേട്ടു; കുട്ടിയുടെ പ്രാണൻ അവനിൽ മടങ്ങിവന്ന് അവൻ ജീവിച്ചു.23ഏലീയാവ് കുട്ടിയെ എടുത്ത് മാളികയിൽനിന്ന് താഴെ വീട്ടിലേക്ക് കൊണ്ടുചെന്ന് അവന്റെ അമ്മക്ക് കൊടുത്തു: “ഇതാ, നിന്റെ മകൻ ജീവിച്ചിരിക്കുന്നു ”എന്ന് ഏലീയാവ് പറഞ്ഞു.24സ്ത്രീ ഏലീയാവിനോട്: “നീ ദൈവപുരുഷൻ എന്നും നിന്റെ നാവിന്മേലുള്ള യഹോവയുടെ വചനം സത്യമെന്നും ഞാൻ ഇതിനാൽ അറിയുന്നു” എന്ന് പറഞ്ഞു.

18

1വളരെ നാൾ കഴിഞ്ഞ് മൂന്നാം സംവത്സരത്തിൽ ഏലീയാവിന് യഹോവയുടെ അരുളപ്പാടുണ്ടായി: “നീ ചെന്ന് ആഹാബിന്റെ മുമ്പിൽ പ്രത്യക്ഷപ്പെടുക ; ഞാൻ ഭൂമിയിൽ മഴ പെയ്യിപ്പാൻ പോകുന്നു ”എന്ന് പറഞ്ഞു.2ഏലീയാവ് ആഹാബിന്റെ മുൻപിൽ പ്രത്യക്ഷപ്പെടുവാൻ പോയി; അപ്പോൾ ശമര്യയിൽ അതികഠിന ക്ഷാമമായിരുന്നു.

3ആഹാബ് തന്റെ ഗൃഹവിചാരകനായ ഓബദ്യാവിനെ ആളയച്ചുവരുത്തി; ഓബദ്യാവ് യഹോവയോട് വളരെ ഭക്തിയുള്ള വ്യക്തിയായിരുന്നു.4ഈസേബെൽ യഹോവയുടെ പ്രവാചകന്മാരെ കൊല്ലുമ്പോൾ , ഓബദ്യാവ് നൂറു പ്രവാചകന്മാരെ കൂട്ടിക്കൊണ്ട് പോയി ഓരോ ഗുഹയിൽ അമ്പതുപേരെ വീതം ഒളിപ്പിച്ച് അപ്പവും വെള്ളവും കൊടുത്ത് രക്ഷിച്ചു.
5ആഹാബ് ഓബദ്യാവിനോട്: “നീ ദേശത്തെ എല്ലാ നീരുറവുകളുടെയും തോടുകളുടെയും അരികെ ചെന്ന് നോക്കുക; ഒരുപക്ഷേ മൃഗങ്ങൾ എല്ലാം നശിച്ചുപോകാതെ കുതിരകളെയും കോവർകഴുതകളെയും എങ്കിലും ജീവനോടെ രക്ഷിപ്പാൻ നമുക്ക് പുല്ല് കിട്ടുമായിരിക്കും ” എന്ന് പറഞ്ഞു.6ദേശത്തെ അവർ രണ്ടായി പകുത്തു; ഒരു ദിശയിലേക്ക് ആഹാബും , മറ്റേ ദിശയിലേക്ക് ഓബദ്യാവും യാത്രയായി ;
7ഓബദ്യാവ് യാത്ര ചെയ്യുമ്പോൾ ഏലീയാവ് എതിരെ വരുന്നത് കണ്ടു ; ഓബദ്യാവ് അദ്ദേഹത്തെ തിരിച്ചറിഞ്ഞ് സാഷ്ടാംഗം വീണു: “എന്റെ യജമാനനായ ഏലീയാവോ ” എന്ന് ചോദിച്ചു.8അവൻ അവനോട്: “അതേ, ഞാൻ തന്നേ; നീ ചെന്ന് ഏലീയാവ് ഇവിടെ ഉണ്ടെന്ന് നിന്റെ യജമാനനെ അറിയിക്കുക” എന്ന് പറഞ്ഞു.
9അതിന് ഓബദ്യാവ് പറഞ്ഞത്: “അടിയനെ കൊല്ലേണ്ടതിന് ആഹാബിന്റെ കയ്യിൽ ഏല്പിപ്പാൻ അടിയൻ എന്ത് പാപം ചെയ്തു?10നിന്റെ ദൈവമായ യഹോവയാണ, നിന്നെ അന്വേഷിപ്പാൻ എന്റെ യജമാനൻ ആളെ അയക്കാത്ത ജനതയോ രാജ്യമോ ഇല്ല; ‘നീ അവിടെ ഇല്ല ’എന്ന് അവർ പറഞ്ഞപ്പോൾ അവൻ ആ രാജ്യത്തെയും ജനതയെയുംകൊണ്ട് ‘നിന്നെ കണ്ടിട്ടില്ല ’എന്ന് സത്യം ചെയ്യിച്ചു.11ഇങ്ങനെയിരിക്കെ ‘ഏലീയാവ് ഇവിടെ ഉണ്ടെന്ന് എന്റെ യജമാനനെ അറിയിക്ക ’എന്ന് നീ കല്പിക്കുന്നുവല്ലോ.
12ഞാൻ നിന്നെ വിട്ടുപോയാൽ ഉടനെ യഹോവയുടെ ആത്മാവ് നിന്നെ എടുത്ത് ഞാൻ അറിയാത്ത ഒരു സ്ഥലത്തേക്ക് കൊണ്ടുപോകും; ഞാൻ ആഹാബിനോട് ചെന്നറിയിക്കയും അവൻ നിന്നെ കണ്ടെത്താതെ വരികയും ചെയ്താൽ , അവൻ എന്നെ കൊല്ലുമല്ലോ; അടിയനോ ബാല്യംമുതൽ യഹോവഭക്തൻ ആകുന്നു.13ഈസേബെൽ യഹോവയുടെ പ്രവാചകന്മാരെ കൊന്നപ്പോൾ , ഞാൻ അവരിൽ നൂറുപേരെ ഓരോ ഗുഹയിൽ അമ്പതുപേരായി ഒളിപ്പിച്ച് അപ്പവും വെള്ളവും കൊടുത്ത് രക്ഷിച്ചത് യജമാനൻ അറിഞ്ഞിട്ടില്ലയോ?
14ഇപ്പോൾ നീ എന്നോട്: ‘ ഏലീയാവ് ഇവിടെ ഉണ്ടെന്ന് നിന്റെ യജമാനനെ അറിയിക്ക’ എന്ന് കല്പിക്കുന്നുവോ? അവൻ എന്നെ കൊല്ലുമല്ലോ”.15അതിന് ഏലീയാവ്: “ഞാൻ സേവിച്ചുനില്ക്കുന്ന സൈന്യങ്ങളുടെ യഹോവയാണ, ഞാൻ ഇന്ന് തീർച്ചയായും അവന്റെ മുൻപിൽ പ്രത്യക്ഷനാകും ”എന്ന് പറഞ്ഞു.
16അങ്ങനെ ഓബദ്യാവ് ആഹാബിനെ കണ്ട് വസ്തുത അറിയിച്ചു; ആഹാബ് ഏലീയാവിനെ കാണ്മാൻ ചെന്നു.17ആഹാബ് ഏലീയാവിനെ കണ്ടപ്പോൾ : “ആരിത്? യിസ്രായേലിനെ കഷ്ടപ്പെടുത്തുന്നവനോ” എന്ന് ചോദിച്ചു.
18അതിന് ഏലിയാവ്: “യിസ്രായേലിനെ കഷ്ടപ്പെടുത്തുന്നത് ഞാനല്ല, നീയും നിന്റെ പിതൃഭവനവുമത്രേ. നിങ്ങൾ യഹോവയുടെ കല്പനകളെ ഉപേക്ഷിക്കയും ബാൽവിഗ്രഹങ്ങളെ സേവിക്കയും ചെയ്യുന്നതുകൊണ്ട് തന്നേ.19എന്നാൽ ഇപ്പോൾ ആളയച്ച് എല്ലാ യിസ്രായേലിനെയും ബാലിന്റെ നാനൂറ്റമ്പത് പ്രവാചകന്മാരെയും ഈസേബെലിന്റെ മേശയിൽ ഭക്ഷിച്ചുവരുന്ന നാനൂറ് അശേരാപ്രവാചകന്മാരെയും കർമ്മേൽപർവ്വതത്തിൽ എന്റെ അടുക്കൽ കൂട്ടിവരുത്തുക”
20അങ്ങനെ ആഹാബ് യിസ്രായേലിൽ എല്ലാം ആളയച്ച് , ആ പ്രവാചകന്മാരെ കർമ്മേൽ പർവ്വതത്തിൽ കൂട്ടിവരുത്തി.21അപ്പോൾ ഏലീയാവ് അടുത്തുചെന്ന് സർവ്വജനത്തോടും: “നിങ്ങൾ എത്രത്തോളം അഭിപ്രായ സ്ഥിരതയില്ലാത്തവരായി രണ്ട് തോണിയിൽ കാൽ വെക്കും? യഹോവ ദൈവം എങ്കിൽ അവിടുത്തെ അനുഗമിപ്പിൻ; ബാൽ എങ്കിലോ അവനെ പിൻപറ്റുവിൻ ”എന്ന് പറഞ്ഞു; എന്നാൽ ജനം അവനോട് ഉത്തരം ഒന്നും പറഞ്ഞില്ല.
22പിന്നെ ഏലീയാവ് ജനത്തോട് പറഞ്ഞത്: “യഹോവയുടെ പ്രവാചകനായി ഞാൻ ഒരുത്തൻ മാത്രമേ ശേഷിച്ചിരിക്കുന്നുള്ളു; ബാലിന്റെ പ്രവാചകന്മാരോ നാനൂറ്റമ്പത് പേരുണ്ട്.23ഞങ്ങൾക്ക് രണ്ട് കാളകളെ തരുവിൻ ; ഒരു കാളയെ അവർ തിരഞ്ഞെടുത്ത് ഖണ്ഡംഖണ്ഡമാക്കി തീ ഇടാതെ വിറകിന്മേൽ വെക്കട്ടെ; മറ്റേ കാളയെ ഞാനും ഒരുക്കി തീ ഇടാതെ വിറകിന്മേൽ വെക്കാം;24നിങ്ങൾ നിങ്ങളുടെ ദേവന്റെ നാമത്തെ വിളിച്ചപേക്ഷിപ്പിൻ; ഞാൻ യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിക്കാം; തീകൊണ്ട് ഉത്തരം അരുളുന്ന ദൈവം തന്നേ ദൈവമായിരിക്കും”; അതിന് ജനം എല്ലാം:
25‘അത് നല്ലകാര്യം തന്നെ’ എന്ന് ഉത്തരം പറഞ്ഞു. പിന്നെ ഏലീയാവ് ബാലിന്റെ പ്രവാചകന്മാരോട്: “നിങ്ങൾ ഒരു കാളയെ തിരഞ്ഞെടുത്ത് ആദ്യം ഒരുക്കിക്കൊൾവിൻ; നിങ്ങൾ അധികം പേരുണ്ടല്ലോ; എന്നിട്ട് തീ ഇടാതെ നിങ്ങളുടെ ദേവന്റെ നാമത്തെ വിളിച്ചപേക്ഷിപ്പിൻ” എന്ന് പറഞ്ഞു.26അങ്ങനെ അവർക്ക് കൊടുത്ത കാളയെ അവർ എടുത്ത് ഒരുക്കി:‘ ബാലേ, ഉത്തരമരുളേണമേ ’എന്ന് രാവിലെ തുടങ്ങി ഉച്ചവരെ ബാലിന്റെ നാമത്തെ വിളിച്ചപേക്ഷിച്ചു. ഒരു ശബ്ദമോ ഉത്തരമോ ഉണ്ടായില്ല. തങ്ങൾ ഉണ്ടാക്കിയ ബലിപീഠത്തിന് ചുറ്റും അവർ തുള്ളിച്ചാടിക്കൊണ്ടിരുന്നു.
27ഉച്ചയായപ്പോൾ ഏലീയാവ് അവരെ പരിഹസിച്ചു: “ഉറക്കെ വിളിപ്പിൻ; അവൻ ദേവനല്ലോ; അവൻ തിരക്കിലായിരിക്കാം ; അല്ലെങ്കിൽ ധ്യാനത്തിലോ ,യാത്രയിലോ, ഉറക്കത്തിലോ ആയിരിക്കാം ; അവനെ ഉണർത്തേണം” എന്ന് പറഞ്ഞു.28അവർ ഉറക്കെ വിളിച്ച് പതിവുപോലെ രക്തം ഒഴുകുവോളം വാൾകൊണ്ടും കുന്തംകൊണ്ടും തങ്ങളെത്തന്നേ മുറിവേല്പിച്ചു.29മദ്ധ്യാഹ്നം കഴിഞ്ഞ് വൈകുന്നേരത്തെ യാഗം കഴിക്കുന്ന സമയംവരെ അവർ ഇത് തുടർന്നുകൊണ്ടിരുന്നു; എന്നിട്ടും ഒരു ശബ്ദമോ ഉത്തരമോ പ്രതികരണമോ ഉണ്ടായില്ല.
30അപ്പോൾ ഏലീയാവ്: ‘എന്റെ അടുക്കൽ വരുവിൻ എന്ന് സർവ്വജനത്തോടും പറഞ്ഞു. സർവ്വജനവും അവന്റെ അടുക്കൽ വന്നു. അവൻ ഇടിഞ്ഞുകിടന്ന യഹോവയുടെ യാഗപീഠം നന്നാക്കി;31‘നിനക്ക് യിസ്രായേൽ എന്ന് പേരാകും’ എന്ന് യഹോവയുടെ അരുളപ്പാട് ലഭിച്ച യാക്കോബിന്റെ പുത്രന്മാരുടെ ഗോത്രസംഖ്യക്ക് ഒത്തവണ്ണം പന്ത്രണ്ട് കല്ല് എടുത്തു ;32കല്ലുകൊണ്ട് യഹോവയുടെ നാമത്തിൽ ഒരു യാഗപീഠം പണിതു; യാഗപീഠത്തിന്റെ ചുറ്റും രണ്ടു സെയാ വിത്ത് വിതെപ്പാൻ മതിയായ വിസ്താരത്തിൽ ഒരു തോട് ഉണ്ടാക്കി.
33പിന്നെ അവൻ വിറക് അടുക്കി കാളയെ ഖണ്ഡംഖണ്ഡമാക്കി വിറകിൻമീതെ വെച്ചു; ‘നാല് തൊട്ടിയിൽ വെള്ളം നിറെച്ച് ഹോമയാഗത്തിന്മേലും വിറകിന്മേലും ഒഴിപ്പിൻ’ എന്ന് പറഞ്ഞു.34‘രണ്ടാം പ്രാവശ്യവും അങ്ങനെ ചെയ്‌വിൻ’ എന്ന് അവൻ പറഞ്ഞു. അവർ രണ്ടാം പ്രാവശ്യവും ചെയ്തു; അതിന്റെ ശേഷം: ‘മൂന്നാം പ്രാവശ്യവും അങ്ങനെ ചെയ്‌വിൻ ’എന്ന് അവൻ പറഞ്ഞു. അവർ മൂന്നാം പ്രാവശ്യവും ചെയ്തു.35വെള്ളം യാഗപീഠത്തിന്റെ ചുറ്റം ഒഴുകി; അവൻ തോട്ടിലും വെള്ളം നിറെച്ചു.
36വൈകുന്നേരത്തെ യാഗം കഴിക്കുന്ന നേരത്ത് , ഏലീയാപ്രവാചകൻ അടുത്തുചെന്ന്: “അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യിസ്രായേലിന്റെയും ദൈവമായ യഹോവേ, അവിടുന്ന് യിസ്രായേലിൽ ദൈവമെന്നും ഞാൻ അങ്ങയുടെ ദാസൻ എന്നും ഈ കാര്യങ്ങളൊക്കെയും ഞാൻ അങ്ങയുടെ കല്പനപ്രകാരം ചെയ്തു എന്നും ഇന്ന് വെളിപ്പെടുമാറാകട്ടെ.37യഹോവേ, എനിക്ക് ഉത്തരമരുളേണമേ; അവിടുന്ന് തന്നേ ദൈവം എന്നും അവിടുന്ന് തങ്ങളുടെ ഹൃദയങ്ങളെ വീണ്ടും അങ്ങയിലേക്ക് തിരിക്കുന്നു എന്നും ഈ ജനം അറിയേണ്ടതിന് എനിക്ക് ഉത്തരമരുളേണമേ” എന്ന് പറഞ്ഞു.
38ഉടനെ യഹോവയുടെ തീ ഇറങ്ങി ഹോമയാഗവും വിറകും മണ്ണും ദഹിപ്പിച്ച് തോട്ടിലെ വെള്ളവും വറ്റിച്ചുകളഞ്ഞു.39ജനം എല്ലാം അത് കണ്ട് കവിണ്ണുവീണ്: ‘യഹോവ തന്നേ ദൈവം, യഹോവ തന്നേ ദൈവം ’എന്ന് പറഞ്ഞു.40ഏലീയാവ് അവരോട്: “ബാലിന്റെ പ്രവാചകന്മാരെ പിടിപ്പിൻ; അവരിൽ ഒരുത്തനും രക്ഷപെടരുത് ”എന്ന് പറഞ്ഞു. അവർ അവരെ പിടിച്ചു; ഏലീയാവ് അവരെ താഴെ കീശോൻ തോട്ടിനരികെ കൊണ്ടുചെന്ന് അവിടെവെച്ച് കൊന്നുകളഞ്ഞു.
41പിന്നെ ഏലീയാവ് ആഹാബിനോട്: “നീ ചെന്ന് ഭക്ഷിച്ച് പാനം ചെയ്യുക; വലിയ മഴയുടെ മുഴക്കം ഉണ്ട് ”എന്ന് പറഞ്ഞു.42ആഹാബ് ഭക്ഷിച്ച് പാനം ചെയ്യേണ്ടതിന് പോയി. ഏലീയാവോ കർമ്മേൽ പർവ്വതത്തിന്റെ മുകളിൽ കയറി മുഖം തന്റെ മുഴങ്കാലുകളുടെ നടുവിൽ വെച്ച് കുനിഞ്ഞിരുന്നു; അവൻ തന്റെ ബാല്യക്കാരനോട്:
43“നീ ചെന്ന് കടലിന് നേരെ നോക്കുക ”എന്ന് പറഞ്ഞു. അവൻ ചെന്ന് നോക്കീട്ട്: ‘ഒന്നും ഇല്ല ’എന്ന് പറഞ്ഞു. അതിന് അവൻ : ‘ വീണ്ടും ചെല്ലുക’ എന്ന് ഏഴുപ്രാവശ്യം പറഞ്ഞു.44ഏഴാം പ്രാവശ്യമോ അവൻ: ‘ഇതാ, കടലിൽനിന്ന് ഒരു മനുഷ്യന്റെ കൈപോലെ ഒരു ചെറിയ മേഘം പൊങ്ങുന്നു ’എന്ന് പറഞ്ഞു. അതിന് അവൻ: “നീ ചെന്ന് ‘മഴ നിന്നെ തടഞ്ഞുനിർത്താതിരിക്കേണ്ടതിന് രഥം പൂട്ടി ഇറങ്ങിപ്പോകാൻ ’ആഹാബിനോട് പറയുക ” എന്ന് പറഞ്ഞു.
45ഉടനെ ആകാശം മേഘങ്ങൾ കൊണ്ട് കറുത്ത് വന്മഴ പെയ്തു. ആഹാബ് രഥം കയറി യിസ്രായേലിലേക്ക് പോയി.46എന്നാൽ യഹോവയുടെ കൈ ഏലീയാവിന്മേൽ വന്നു; അവൻ അര മുറുക്കി യിസ്രായേലിൽ എത്തുംവരെ ആഹാബിന് മുമ്പായി ഓടി.

19

1ഏലീയാവ് ചെയ്ത സകല കാര്യങ്ങളും അവൻ സകലപ്രവാചകന്മാരെയും വാളാൽ കൊന്നതും ആഹാബ് ഈസേബെലിനോട് പറഞ്ഞു.2ഈസേബെൽ ഏലീയാവിന്റെ അടുക്കൽ ഒരു ദൂതനെ അയച്ച്: ‘നാളെ ഈ നേരത്ത് ഞാൻ നിന്റെ ജീവനെ അവരിൽ ഒരുത്തന്റെ ജീവനെപ്പോലെ ആക്കുന്നില്ല എങ്കിൽ ദേവന്മാർ എന്നോട് തക്കവണ്ണവും അധികവും ചെയ്യട്ടെ’ എന്ന് പറയിച്ചു.3അവൻ ഭയപ്പെട്ട് പ്രാണരക്ഷാർത്ഥം ഓടി യെഹൂദയിലെ ബേർ-ശേബയിൽ ചെന്നു ; അവിടെ തന്റെ ബാല്യക്കാരനെ താമസിപ്പിച്ചു.

4പിന്നീട് താൻ മരുഭൂമിയിലേക്ക് ഒരു ദിവസത്തെ വഴി ചെന്ന് ഒരു ചൂരച്ചെടിയുടെ തണലിൽ ഇരുന്ന് മരിപ്പാൻ ഇച്ഛിച്ച് : “ഇപ്പോൾ മതി, യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ; ഞാൻ എന്റെ പിതാക്കന്മാരെക്കാൾ നല്ലവനല്ലല്ലോ! ”എന്ന് പറഞ്ഞു.5അങ്ങനെ അവൻ ചൂരച്ചെടിയുടെ തണലിൽ കിടന്നുറങ്ങുമ്പോൾ പെട്ടെന്ന് ഒരു ദൂതൻ അവനെ തട്ടി വിളിച്ച് അവനോട്: ‘എഴുന്നേറ്റ് തിന്നുക’ എന്ന് പറഞ്ഞു.6അവൻ ഉണർന്ന് നോക്കിയപ്പോൾ കനലിന്മേൽ ചുട്ട ഒരു അടയും ഒരു തുരുത്തി വെള്ളവും തന്റെ തലെക്കൽ ഇരിക്കുന്നത് കണ്ടു; അവൻ തിന്നുകുടിച്ച് പിന്നെയും കിടന്നുറങ്ങി.
7യഹോവയുടെ ദൂതൻ രണ്ടാം പ്രാവശ്യവും വന്ന് അവനെ തട്ടി: ‘എഴുന്നേറ്റ് തിന്നുക ; നിനക്ക് ദൂരയാത്ര ചെയ്‌വാനുണ്ടല്ലോ ’എന്ന് പറഞ്ഞു.8അവൻ എഴുന്നേറ്റ് തിന്ന് കുടിച്ചു; ആ ആഹാരത്തിന്റെ ബലംകൊണ്ട് നാല്പത് പകലും നാല്പത് രാവും ദൈവത്തിന്റെ പർവ്വതമായ ഹോരേബ് വരെ നടന്നു.
9അവിടെ അവൻ ഒരു ഗുഹയിൽ രാപാർത്തു; അപ്പോൾ അവന് യഹോവയുടെ അരുളപ്പാടുണ്ടായി: “ഏലീയാവേ, ഇവിടെ നിനക്ക് എന്ത് കാര്യം” എന്ന് യഹോവ ചോദിച്ചു.10അതിന് അവൻ: “സൈന്യങ്ങളുടെ ദൈവമായ യഹോവയ്ക്ക് വേണ്ടി ഞാൻ വളരെ ശുഷ്കാന്തിയോടെ പ്രവൃത്തിച്ചിരിക്കുന്നു; യിസ്രായേൽമക്കൾ അങ്ങയുടെ നിയമത്തെ ഉപേക്ഷിച്ച് യാഗപീഠങ്ങളെ ഇടിച്ച് അങ്ങയുടെ പ്രവാചകന്മാരെ വാൾകൊണ്ട് കൊന്നുകളഞ്ഞു; ഞാൻ ഒരുത്തൻമാത്രം ശേഷിച്ചിരിക്കുന്നു; അവർ എനിക്കും ജീവഹാനി വരുത്തുവാൻ നോക്കുന്നു ”എന്ന് പറഞ്ഞു.
11“നീ പുറത്തുവന്ന് പർവ്വതത്തിൽ യഹോവയുടെ മുമ്പാകെ നില്ക്ക” എന്ന് യഹോവ കല്പിച്ചു. അപ്പോൾ ഇതാ യഹോവ കടന്നുപോകുന്നു; ശക്തിയുള്ള ഒരു കൊടുങ്കാറ്റ് യഹോവയുടെ മുമ്പിൽ പർവ്വതങ്ങളെ കീറി പാറകളെ തകർത്തു; എന്നാൽ കാറ്റിൽ യഹോവ ഇല്ലായിരുന്നു; കാറ്റിന് ശേഷം ഒരു ഭൂകമ്പം ഉണ്ടായി; ഭൂകമ്പത്തിലും യഹോവ ഇല്ലായിരുന്നു.12ഭൂകമ്പത്തിന് ശേഷം ഒരു തീ; തീയിലും യഹോവ ഇല്ലായിരുന്നു; തീയുടെ ശേഷം ശാന്തമായ ഒരു മൃദുസ്വരം ഉണ്ടായി.
13ഏലീയാവ് അത് കേട്ടിട്ട് തന്റെ പുതപ്പുകൊണ്ട് മുഖം മൂടി പുറത്ത് വന്ന് ഗുഹാമുഖത്ത് നിന്നു.“ ഏലീയാവേ, ഇവിടെ നീ എന്തു ചെയ്യുന്നു എന്ന് ചോദിക്കുന്ന ഒരു ശബ്ദം അവൻ കേട്ടു.14അതിന് അവൻ: “സൈന്യങ്ങളുടെ ദൈവമായ യഹോവയ്ക്ക് വേണ്ടി ഞാൻ വളരെ ശുഷ്കാന്തിയോടെ പ്രവൃത്തിച്ചിരിക്കുന്നു; യിസ്രായേൽമക്കൾ അങ്ങയുടെ നിയമത്തെ ഉപേക്ഷിച്ച് യാഗപീഠങ്ങളെ ഇടിച്ച്, അങ്ങയുടെ പ്രവാചകന്മാരെ വാൾകൊണ്ട് കൊന്നു കളഞ്ഞു; ഞാൻ ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു; എനിക്കും അവർ ജീവഹാനി വരുത്തുവാൻ നോക്കുന്നു ”എന്ന് പറഞ്ഞു.
15യഹോവ അവനോട് അരുളിച്ചെയ്തത്: “നീ പുറപ്പെട്ട് ദമാസ്കസിലെ മരുഭൂമിവഴിയെ മടങ്ങിപ്പോകുക; നീ എത്തുമ്പോൾ ഹസായേലിനെ അരാമിന് രാജാവായി അഭിഷേകം ചെയ്ക.16നിംശിയുടെ മകനായ യേഹൂവിനെ യിസ്രായേലിന് രാജാവായി അഭിഷേകം ചെയ്യേണം; ആബേൽ-മെഹോലയിൽനിന്നുള്ള സാഫാത്തിന്റെ മകനായ എലീശയെ നിനക്ക് പകരം പ്രവാചകനായി അഭിഷേകം ചെയ്കയും വേണം.
17ഹസായേലിന്റെ വാളിന് തെറ്റിപ്പോകുന്നവനെ യേഹൂ കൊല്ലും; യേഹൂവിന്റെ വാളിന് തെറ്റിപ്പോകുന്നവനെ എലീശാ കൊല്ലും.18എന്നാൽ ബാലിന് മടങ്ങാത്ത മുഴങ്കാലും അവനെ ചുംബനം ചെയ്യാത്ത വായുമുള്ളവരായി ആകെ ഏഴായിരംപേരെ ഞാൻ യിസ്രായേലിൽ ശേഷിപ്പിച്ചിരിക്കുന്നു”.
19അങ്ങനെ അവൻ അവിടെനിന്ന് പുറപ്പെട്ട് സാഫാത്തിന്റെ മകനായ എലീശയെ കണ്ടെത്തി; അവൻ പന്ത്രണ്ട് ഏർ കാളകളെ പൂട്ടി ഉഴുവിച്ചുകൊണ്ടിരുന്നു; പന്ത്രണ്ടാമത്തേതിനോടുകൂടെ അവൻ തന്നേ ആയിരുന്നു; ഏലീയാവ് അവന്റെ അരികെ ചെന്ന് തന്റെ പുതപ്പ് അവന്റെ മേൽ ഇട്ടു.20അവൻ കാളയെ വിട്ട് ഏലീയാവിന്റെ പിന്നാലെ ഓടി: ‘ഞാൻ എന്റെ അപ്പനെയും അമ്മയെയും ചുംബിച്ചുകൊള്ളട്ടെ; അതിന്റെശേഷം ഞാൻ നിന്റെ പിന്നാലെ വരാം’എന്ന് പറഞ്ഞു. അതിന് അവൻ:‘ പോയി വരിക; എന്നാൽ ഞാൻ നിനക്ക് എന്ത് ചെയ്തിരിക്കുന്നു എന്നോർക്ക ’എന്ന് പറഞ്ഞു.
21അങ്ങനെ അവൻ അവനെ വിട്ട് ചെന്ന് ഒരു ഏർ കാളയെ പിടിച്ച് അറുത്ത് കാളയുടെ മരത്തടി കൊണ്ട് മാംസം പാകം ചെയ്ത് ജനത്തിന് കൊടുത്തു; അവർ തിന്നു; പിന്നെ അവൻ എഴുന്നേറ്റ് ഏലീയാവിന്റെ പിന്നാലെ ചെന്ന് അവന് ശുശ്രൂഷകനായ്തീർന്നു.

20

1അരാംരാജാവായ ബെൻ-ഹദദ് തന്റെ സൈന്യത്തെ എല്ലാം ഒന്നിച്ചുകൂട്ടി; അവന്റെ കൂടെ കുതിരകളും രഥങ്ങളും ഉള്ള മുപ്പത്തിരണ്ട് രാജാക്കന്മാരും ഉണ്ടായിരുന്നു; അവൻ പുറപ്പെട്ട് ശമര്യയെ ഉപരോധിച്ച്, അതിനോട് യുദ്ധം ചെയ്തു.2അവൻ പട്ടണത്തിൽ ദൂതന്മാരെ അയച്ച് യിസ്രായേൽരാജാവായ ആഹാബിനോട് :3“നിന്റെ വെള്ളിയും പൊന്നും സൌന്ദര്യമുള്ള ഭാര്യമാരും പുത്രന്മാരും എനിക്കുള്ളത്”എന്ന് ബെൻ-ഹദദ് പറയുന്നു എന്ന് പറയിച്ചു.

4അതിന് യിസ്രായേൽരാജാവ് : “എന്റെ യജമാനനായ രാജാവേ, നീ പറഞ്ഞതുപോലെ ഞാനും എനിക്കുള്ളതെല്ലാം നിന്റേതാകുന്നു” എന്ന് മറുപടി പറഞ്ഞയച്ചു.5ദൂതന്മാർ വീണ്ടും വന്നു: ബെൻ-ഹദദ് ഇപ്രകാരം പറയുന്നു: “നിന്റെ വെള്ളിയും പൊന്നും ഭാര്യമാരെയും പുത്രന്മാരെയും എനിക്ക് തരേണമെന്നു ഞാൻ പറഞ്ഞയച്ചുവല്ലോ;6നാളെ ഈ സമയത്ത് ഞാൻ എന്റെ ഭൃത്യന്മാരെ നിന്റെ അടുക്കൽ അയക്കും; അവർ നിന്റെ അരമനയും നിന്റെ ഭൃത്യന്മാരുടെ വീടുകളും പരിശോധിച്ച് നിനക്ക് ഇഷ്ടമുള്ളത് എല്ലാം കൈവശപ്പെടുത്തി കൊണ്ടുപോരും ”എന്ന് പറഞ്ഞു.
7അപ്പോൾ യിസ്രായേൽരാജാവ് ദേശത്തെ എല്ലാ മൂപ്പന്മാരെയും വരുത്തി: “അവൻ ദോഷം ഭാവിക്കുന്നത് നോക്കിക്കാണ്മിൻ; എന്റെ ഭാര്യമാരെയും പുത്രന്മാരെയും വെള്ളിയും പൊന്നും അവൻ ആളയച്ച് ചോദിച്ചു; എന്നാൽ ഞാൻ അത് നിരസ്സിച്ചില്ല ”എന്ന് പറഞ്ഞു.8എല്ലാ മൂപ്പന്മാരും സകലജനവും അവനോട് : “നീ കേൾക്കരുത്, സമ്മതിക്കയും അരുത് ”എന്ന് പറഞ്ഞു.
9ആകയാൽ അവൻ ബെൻ-ഹദദിന്റെ ദൂതന്മാരോട് : “നീ ആദ്യം അടിയന്റെ അടുക്കൽ പറഞ്ഞയച്ചതൊക്കെയും ചെയ്തുകൊള്ളാം; എന്നാൽ ഈ കാര്യം എനിക്കു ചെയ്‌വാൻ കഴിവില്ല” എന്ന് എന്റെ യജമാനനായ രാജാവിനോട് ബോധിപ്പിക്കേണം എന്ന് പറഞ്ഞു. ദൂതന്മാർ ചെന്ന് ഈ മറുപടി ബോധിപ്പിച്ചു10ബെൻ-ഹദദ് അവന്റെ അടുക്കൽ ആളയച്ചു : “എന്റെ അനുയായികൾക്ക് ഓരോ പിടിവാരുവാൻ ശമര്യയിലെ പൊടി അവശേഷിക്കുന്നെങ്കിൽ ദേവന്മാർ എന്നോട് തക്കവണ്ണവും അധികവും ചെയ്യട്ടെ” എന്ന് പറയിച്ചു.
11അതിന് യിസ്രായേൽരാജാവ് : “വാൾ അരെക്ക് കെട്ടുന്നവൻ അഴിച്ചുകളയുന്നവനെപ്പോലെ വമ്പുപറയരുത് എന്ന് അവനോട് പറയുക ”എന്ന് ഉത്തരം പറഞ്ഞു.12എന്നാൽ ബെൻ-ഹദദും രാജാക്കന്മാരും അവരുടെ കൂടാരങ്ങളിൽ മദ്യപിച്ചുകൊണ്ടിരിക്കുമ്പോൾ ഈ സന്ദേശം കേട്ടിട്ട് തന്റെ ഭൃത്യന്മാരോട് : “ഒരുങ്ങിക്കൊൾവിൻ”എന്ന് കല്പിച്ചു; അങ്ങനെ അവർ പട്ടണത്തെ ആക്രമിക്കാൻ തയ്യാറായി .
13എന്നാൽ ഒരു പ്രവാചകൻ ഉടനെ യിസ്രായേൽരാജാവായ ആഹാബിന്റെ അടുക്കൽ വന്നു: “ഈ മഹാസംഘത്തെ ഒക്കെയും നീ കണ്ടുവോ? ഞാൻ ഇന്ന് അതിനെ നിന്റെ കയ്യിൽ ഏല്പിക്കും; ഞാൻ യഹോവ എന്ന് നീ അറിയും” യഹോവ ഇപ്രകാരം അരുളിച്ചെയുന്നു എന്ന് പറഞ്ഞു.14ആരെക്കൊണ്ട് എന്ന് ആഹാബ് ചോദിച്ചതിന് അവൻ: “ദേശാധിപതികളുടെ ബാല്യക്കാരെക്കൊണ്ട് ”എന്ന് യഹോവ അരുളിച്ചെയ്യുന്നു എന്ന് പറഞ്ഞു. “ആര് യുദ്ധം തുടങ്ങേണം?” എന്ന് ചോദിച്ചതിന്: “നീ തന്നേ“ എന്ന് ഉത്തരം പറഞ്ഞു.15അവൻ ദേശാധിപതികളുടെ ബാല്യക്കാരെ വിളിച്ച് എണ്ണി നോക്കി; അവർ ഇരുനൂറ്റിമുപ്പത്തിരണ്ടുപേരായിരുന്നു. അതിനുശേഷം അവൻ യിസ്രായേൽമക്കളുടെ പടജ്ജനത്തെയും എണ്ണി. അവർ ഏഴായിരം പേർ ആയിരുന്നു.
16അവർ ഉച്ചസമയത്ത് പുറപ്പെട്ടു; എന്നാൽ ബെൻ-ഹദദും തന്റെ മുപ്പത്തിരണ്ട് സഖ്യരാജാക്കന്മാരും കുടിച്ച് മത്തരായി കൂടാരത്തിൽ ഇരിക്കുകയായിരുന്നു.17ദേശാധിപതികളുടെ ബാല്യക്കാർ ആദ്യം പുറപ്പെട്ടു; ബെൻ-ഹദദ് നിരീക്ഷകർ വഴി അന്വേഷിച്ചപ്പോൾ ശമര്യയിൽ നിന്ന് ആളുകൾ വരുന്നുണ്ടെന്ന് അറിവ് കിട്ടി.
18അപ്പോൾ അവൻ: “അവർ സമാധാനത്തിന് വരുന്നെങ്കിലും , യുദ്ധത്തിന് വരുന്നെങ്കിലും അവരെ ജീവനോടെ പിടിപ്പിൻ ”എന്ന് കല്പിച്ചു.19പട്ടണത്തിൽനിന്ന് പുറപ്പെട്ടത് ദേശാധിപതികളുടെ ബാല്യക്കാരും, അവരെ പിൻതുടർന്നത് സൈന്യവും ആയിരുന്നു.
20അവർ ഓരോരുത്തൻ താന്താന്റെ നേരെ വന്നവനെ കൊന്നു; അരാമ്യർ ഓടിപ്പോയി; യിസ്രായേൽ അവരെ പിന്തുടർന്നു; അരാംരാജാവായ ബെൻ-ഹദദ് കുതിരപ്പുറത്ത് കയറി കുതിരപ്പടയാളികളോടൊപ്പം രക്ഷപെട്ടു.21പിന്നെ യിസ്രായേൽരാജാവ് പുറപ്പെട്ട് കുതിരകളെയും രഥങ്ങളെയും പിടിച്ചു; അരാമ്യരെ കഠിനമായി തോല്പിച്ചു.
22അതിന്റെ ശേഷം ആ പ്രവാചകൻ യിസ്രായേൽ രാജാവിന്റെ അടുക്കൽ ചെന്ന് അവനോട്: “ധൈര്യപ്പെട്ട് ചെന്ന് നീ ചെയ്യേണ്ടത് കരുതിക്കൊൾക; അടുത്ത ആണ്ടിൽ അരാംരാജാവ് നിന്റെ നേരെ പുറപ്പെട്ടുവരും ” എന്ന് പറഞ്ഞു.23അരാംരാജാവിനോട് അവന്റെ ഭൃത്യന്മാർ പറഞ്ഞത്: “അവരുടെ ദേവന്മാർ പർവ്വതദേവന്മാരാകുന്നു. അതുകൊണ്ടാകുന്നു അവർ നമ്മെ തോല്പിച്ചത്; സമഭൂമിയിൽവെച്ച് അവരോട് യുദ്ധം ചെയ്താൽ നാം അവരെ തോല്പിക്കും.
24അതുകൊണ്ട് നീ ഒരു കാര്യം ചെയ്യേണം: ആ രാജാക്കന്മാരെ അവരുടെ സ്ഥാനത്തുനിന്ന് മാറ്റി അവർക്ക് പകരം സൈന്യാധിപൻമാരെ നിയമിക്കേണം.25പിന്നെ നിനക്ക് നഷ്ടപ്പെട്ട സൈന്യത്തിനും കുതിരപ്പടെക്കും രഥങ്ങൾക്കും സമമായ സൈന്യത്തെയും കുതിരപ്പടയെയും രഥങ്ങളെയും ഒരുക്കി സമഭൂമിയിൽവെച്ച് അവരോട് യുദ്ധം ചെയ്ക; നിശ്ചയമായും നാം അവരെക്കാൾ ശക്തരായിരിക്കും” . അവൻ അവരുടെ വാക്ക് കേട്ട് അങ്ങനെ തന്നേ ചെയ്തു.
26പിറ്റെ ആണ്ടിൽ വസന്തകാലത്ത് ബെൻ-ഹദദ് അരാമ്യരെ സമാഹരിച്ച് യിസ്രായേലിനോട് യുദ്ധം ചെയ്‌വാൻ അഫേക്കിലേക്ക് വന്നു.27യിസ്രായേല്യരും ഒന്നിച്ചുകൂടി , ഭക്ഷണപദാർത്ഥങ്ങൾ ശേഖരിച്ച് അവരുടെ നേരെ പുറപ്പെട്ടു ; അരാമ്യരുടെ നേരെ പാളയം ഇറങ്ങിയ യിസ്രായേല്യർ രണ്ട് ചെറിയ ആട്ടിൻകൂട്ടംപോലെ മാത്രം കാണപ്പെട്ടു ; എന്നാൽ അരാമ്യരെക്കൊണ്ട് ദേശം നിറഞ്ഞിരുന്നു.
28ഒരു ദൈവപുരുഷൻ വന്ന് യിസ്രായേൽ രാജാവിനോട്: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘യഹോവ പർവ്വതദേവനാകുന്നു; താഴ്വരദേവനല്ല ’എന്ന് അരാമ്യർ പറയുന്നതിനാൽ ഞാൻ ഈ മഹാസംഘത്തെ നിന്റെ കയ്യിൽ ഏല്പിക്കും; ഞാൻ യഹോവ തന്നേ എന്ന് നിങ്ങൾ അറിയും ”എന്ന് പറഞ്ഞു.
29എന്നാൽ അവർ അവരുടെ നേരെ ഏഴു ദിവസം പാളയം ഇറങ്ങിയിരുന്നു; ഏഴാം ദിവസം യുദ്ധമുണ്ടായി; യിസ്രായേല്യർ അരാമ്യരിൽ ഒരു ലക്ഷം കാലാളുകളെ ഒറ്റ ദിവസം കൊണ്ട് കൊന്നു.30ശേഷിച്ചവർ അഫേക്ക് പട്ടണത്തിലേക്ക് ഓടിപ്പോയി; അവരിൽ ഇരുപത്തേഴായിരം പേരുടെമേൽ പട്ടണമതിൽ വീണു. ബെൻ-ഹദദും ഓടി പട്ടണത്തിനകത്ത് കടന്ന് ഒരു ഉള്ളറയിൽ ഒളിച്ചു.
31അവന്റെ ഭൃത്യന്മാർ അവനോട്: “യിസ്രായേൽരാജാക്കന്മാർ ദയയുള്ളവർ എന്ന് ഞങ്ങൾ കേട്ടിട്ടുണ്ട്; ഞങ്ങൾ അരെക്ക് രട്ടും തലയിൽ കയറും കെട്ടി യിസ്രായേൽരാജാവിന്റെ അടുക്കൽ ചെല്ലട്ടെ; പക്ഷേ അവൻ നിന്നെ ജീവനോടെ രക്ഷിച്ചേക്കാം” എന്ന് പറഞ്ഞു.32അങ്ങനെ അവർ അരെക്ക് രട്ടും തലയിൽ കയറും കെട്ടി യിസ്രായേൽരാജാവിന്റെ അടുക്കൽ ചെന്ന്:“ ‘എന്റെ ജീവനെ രക്ഷിക്കേണമേ’ എന്ന് നിന്റെ ദാസനായ ബെൻ-ഹദദ് അപേക്ഷിക്കുന്നു” എന്ന് പറഞ്ഞു. അതിന് യിസ്രായേൽരാജാ‍ാവ്: ‘അവൻ ജീവനോടെ ഇരിക്കുന്നുവോ? അവൻ എന്റെ സഹോദരൻ തന്നേ’ എന്ന് പറഞ്ഞു.
33ആ പുരുഷന്മാർ അത് ശുഭലക്ഷണം എന്ന് ധരിച്ച് അവനോട്: ‘അതേ, നിന്റെ സഹോദരൻ ബെൻ-ഹദദ് ’എന്ന് പറഞ്ഞു. അതിന് രാജാവ്: “നിങ്ങൾ ചെന്ന് അവനെ കൂട്ടിക്കൊണ്ടുവരുവിൻ“ എന്ന് പറഞ്ഞു. ബെൻ-ഹദദ് അവന്റെ അടുക്കൽ പുറത്തേക്ക് വന്നു; അവൻ അവനെ രഥത്തിൽ കയറ്റി.34ബെൻ-ഹദദ് അവനോട്: “എന്റെ അപ്പൻ നിന്റെ അപ്പനിൽ നിന്ന് പിടിച്ചടക്കിയ പട്ടണങ്ങളെ ഞാൻ മടക്കിത്തരാം; എന്റെ അപ്പൻ ശമര്യയിൽ ചെയ്തതുപോലെ നീ ദമാസ്ക്കസിൽ നിനക്ക് കമ്പോളങ്ങൾ ഉണ്ടാക്കിക്കൊൾക ”എന്ന് പറഞ്ഞു. അതിന് ആഹാബ്: “ഈ ഉടമ്പടിയിന്മേൽ ഞാൻ നിന്നെ വിട്ടയക്കാം” എന്ന് പറഞ്ഞു. അങ്ങനെ അവൻ അവനോട് ഉടമ്പടി ചെയ്ത് അവനെ വിട്ടയച്ചു.

35എന്നാൽ പ്രവാചകശിഷ്യന്മാരിൽ ഒരുത്തൻ യഹോവയുടെ കല്പനപ്രകാരം തന്റെ സ്നേഹിതനോട്: ‘എന്നെ അടിക്കേണമേ ’എന്ന് പറഞ്ഞു. എന്നാൽ അവന് അവനെ അടിപ്പാൻ മനസ്സായില്ല.36അവൻ അവനോട്: “നീ യഹോവയുടെ വാക്ക് അനുസരിക്കായ്കകൊണ്ട് നീ എന്നെ വിട്ടു പോകുന്ന ഉടനെ ഒരു സിംഹം നിന്നെ കൊല്ലും ”എന്ന് പറഞ്ഞു. അവൻ അവനെ വിട്ട് പുറപ്പെട്ട ഉടനെ ഒരു സിംഹം അവനെ കണ്ട് കൊന്നുകളഞ്ഞു.
37പിന്നെ അവൻ മറ്റൊരുത്തനെ കണ്ട്: ‘എന്നെ അടിക്കേണമേ’ എന്ന് പറഞ്ഞു. അവൻ അവനെ അടിച്ച് മുറിവേല്പിച്ചു.38ആ പ്രവാചകൻ ചെന്ന് വഴിയിൽ രാജാവിനെ കാത്തിരുന്നു; അവൻ തലപ്പാവ് കണ്ണിലേക്ക് താഴ്ത്തിക്കെട്ടി വേഷംമാറി നിന്നു.
39രാജാവ് കടന്ന് പോകുമ്പോൾ അവൻ രാജാവിനോട് വിളിച്ചുപറഞ്ഞത്:“ അടിയൻ പടയുടെ മദ്ധ്യത്തിലേക്ക് ചെന്നിരുന്നു; അപ്പോൾ ഒരുത്തൻ എന്റെ അടുക്കൽ ഒരാളെ കൊണ്ടുവന്ന് ‘ ഇവനെ സൂക്ഷിക്കേണം; ഇവനെ കാണാതെപോയാൽ നിന്റെ ജീവൻ അവന്റെ ജീവന് പകരം ഇരിക്കും; അല്ലെങ്കിൽ നീ ഒരു താലന്ത് വെള്ളി തൂക്കി തരേണ്ടിവരും’ എന്ന് പറഞ്ഞു.40എന്നാൽ അടിയൻ അങ്ങുമിങ്ങും ബദ്ധപ്പാടിലായിരിക്കുമ്പോൾ അവനെ കാണാതെപോയി”. അതിന് യിസ്രായേൽരാജാവ് അവനോട്: “നിന്റെ വിധി അങ്ങനെ തന്നേ ആയിരിക്കട്ടെ; നീ തന്നേ തീർച്ചയാക്കിയല്ലോ” എന്ന് പറഞ്ഞു.
41തൽക്ഷണം അവൻ കണ്ണിന്മേൽനിന്ന് തലപ്പാവ് നീക്കി; അപ്പോൾ അവൻ ഒരു പ്രവാചകനെന്ന് യിസ്രായേൽരാജാവ് തിരിച്ചറിഞ്ഞു.42അവൻ അവനോട്: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നാശത്തിന്നായിട്ട് ഞാൻ നിയമിച്ച ആളെ നീ വിട്ടയച്ചുകളയുകകൊണ്ട് നിന്റെ ജീവൻ അവന്റെ ജീവനും നിന്റെ ജനം അവന്റെ ജനത്തിനും പകരമായിരിക്കും’ ” എന്ന് പറഞ്ഞു.43അതുകൊണ്ട് യിസ്രായേൽരാജാവ് വ്യസനവും നീരസവും ഉള്ളവനായി അരമനയിലേക്ക് പുറപ്പെട്ട് ശമര്യയിൽ എത്തി.

21

1അതിന്റെശേഷം യിസ്രെയേല്യനായ നാബോത്തിന് യിസ്രെയേലിൽ ശമര്യരാജാവായ ആഹാബിന്റെ അരമനയുടെ സമീപത്ത് ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു.2ആഹാബ് നാബോത്തിനോട്: “നിന്റെ മുന്തിരിത്തോട്ടം എന്റെ അരമനക്ക് സമീപം ആകയാൽ എനിക്ക് പച്ചക്കറിത്തോട്ടം ഉണ്ടാക്കുവാൻ തരേണം; അതിന് പകരമായി അതിനെക്കാൾ വിശേഷമായ മുന്തിരിത്തോട്ടം നിനക്ക് തരാം; അല്ല, നിനക്ക് സമ്മതമെങ്കിൽ ഞാൻ അതിന്റെ വില നിനക്ക് പണമായിട്ട് തരാം” എന്ന് പറഞ്ഞു.

3നാബോത്ത് ആഹാബിനോട്: “ഞാൻ എന്റെ പിതാക്കന്മാരുടെ അവകാശം നിനക്ക് തരുവാൻ യഹോവ സംഗതിവരുത്തരുതേ ”എന്ന് പറഞ്ഞു.4യിസ്രെയേല്യനായ നാബോത്ത്:‘ എന്റെ പിതാക്കന്മാരുടെ അവകാശം ഞാൻ നിനക്ക് തരികയില്ല’ എന്ന് പറഞ്ഞ വാക്കുനിമിത്തം ആഹാബ് വ്യസനവും നീരസവും പൂണ്ട് തന്റെ അരമനയിൽ ചെന്ന് ഭക്ഷണം ഒന്നും കഴിക്കാതെ കട്ടിലിന്മേൽ മുഖം തിരിച്ച് കിടന്നു.
5അപ്പോൾ അവന്റെ ഭാര്യ ഈസേബെൽ അവനോട് : “ഭക്ഷണം ഒന്നും കഴിക്കാതെ ഇത്ര വ്യസനിച്ചിരിക്കുന്നത് എന്ത് ”എന്ന് അവനോട് ചോദിച്ചു.6അവൻ അവളോട്: “ഞാൻ യിസ്രെയേല്യനായ നാബോത്തിനോട്: ‘നിന്റെ മുന്തിരിത്തോട്ടം എനിക്ക് വിലെക്ക് തരേണം; അല്ല, നിനക്ക് സമ്മതമെങ്കിൽ അതിന് പകരം വേറെ മുന്തിരിത്തോട്ടം ഞാൻ നിനക്ക് തരാ‘മെന്ന് പറഞ്ഞു; എന്നാൽ അവൻ: ‘ഞാൻ എന്റെ മുന്തിരിത്തോട്ടം നിനക്ക് തരികയില്ല ’എന്ന് പറഞ്ഞതിനാൽ തന്നെ ”എന്ന് പറഞ്ഞു.7അവന്റെ ഭാര്യ ഈസേബെൽ അവനോട്: “നീ ഇന്ന് യിസ്രായേലിൽ രാജ്യഭാരം വഹിക്കുന്നുവല്ലോ? എഴുന്നേറ്റ് ഭക്ഷണംകഴിക്ക; നിന്റെ മനസ്സു തെളിയട്ടെ; യിസ്രെയേല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടം ഞാൻ നിനക്കു തരും” എന്ന് പറഞ്ഞു.
8അങ്ങനെ അവൾ ആഹാബിന്റെ പേരിൽ എഴുത്ത് എഴുതി അവന്റെ മുദ്രകൊണ്ട് മുദ്രയിട്ട് , നാബോത്തിന്റെ പട്ടണത്തിൽ പാർക്കുന്ന മൂപ്പന്മാർക്കും പ്രധാനികൾക്കും അയച്ചു.9എഴുത്തിൽ അവൾ എഴുതിയിരുന്നത്: “നിങ്ങൾ ഒരു ഉപവാസം പ്രസിദ്ധമാക്കി നാബോത്തിനെ ജനത്തിന്റെ ഇടയിൽ പ്രധാനസ്ഥലം കൊടുത്ത് ഇരുത്തേണം.10നീചന്മാരായ രണ്ട് പേരെ അവനെതിരെ ഇരുത്തേണം . ‘അവൻ ദൈവത്തെയും രാജാവിനെയും ദുഷിച്ചു’ എന്ന് അവന് വിരോധമായി സാക്ഷ്യം പറയിക്കേണം; പിന്നെ നിങ്ങൾ അവനെ പുറത്ത് കൊണ്ടുചെന്ന് കല്ലെറിഞ്ഞ് കൊല്ലേണം”.
11അവന്റെ പട്ടണത്തിലെ മൂപ്പന്മാരും പ്രഭുക്കന്മാരും ഈസേബെൽ പറഞ്ഞതുപോലെയും അവൾ കൊടുത്തയച്ച എഴുത്തിൻപ്രകാരവും ചെയ്തു.12അവർ ഉപവാസം പ്രസിദ്ധംചെയ്ത് , നാബോത്തിനെ ജനത്തിന്റെ ഇടയിൽ പ്രധാനസ്ഥലത്തിരുത്തി.13രണ്ട് നീചന്മാർ വന്ന് അവന്റെ നേരെ ഇരുന്നു ; നാബോത്ത് ദൈവത്തേയും രാജാവിനെയും ദുഷിച്ചു എന്ന് ആ നീചന്മാർ ജനത്തിന്റെ മുമ്പിൽ അവന് വിരോധമായി, നാബോത്തിന് വിരോധമായി തന്നേ, സാക്ഷ്യം പറഞ്ഞു. അവർ അവനെ പട്ടണത്തിന് പുറത്ത് കൊണ്ടുപോയി കല്ലെറിഞ്ഞ് കൊന്നുകളഞ്ഞു.14‘നാബോത്ത് കല്ലേറുകൊണ്ട് മരിച്ചു’ എന്ന് അവർ ഈസേബെലിനെ വിവരം അറിയിച്ചു.
15‘നാബോത്ത് കല്ലേറുകൊണ്ട് മരിച്ചു ’എന്ന് ഈസേബെൽ കേട്ടപ്പോൾ അവൾ ആഹാബിനോട്: “നീ എഴുന്നേറ്റ് നിനക്കു വിലെക്ക് തരുവാൻ മനസ്സില്ലാത്ത യിസ്രെയേല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശമാക്കിക്കൊൾക; നാബോത്ത് ജീവനോടെയില്ല; മരിച്ചുപോയി ”എന്ന് പറഞ്ഞു.16‘നാബോത്ത് മരിച്ചു ’എന്ന് കേട്ടപ്പോൾ ആഹാബ് എഴുന്നേറ്റ് യിസ്രെയേല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശമാക്കുവാൻ അവിടേക്ക് പോയി.
17എന്നാൽ യഹോവയുടെ അരുളപ്പാട് തിശ്ബ്യനായ ഏലീയാവിനുണ്ടായത്:18“നീ എഴുന്നേറ്റ് ശമര്യയിലെ യിസ്രായേൽരാജാവായ ആഹാബിനെ ചെന്ന് കാണുക; ഇപ്പോൾ അവൻ നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശമാക്കുവാൻ അവിടേക്ക് പോയിരിക്കുന്നു.
19നീ അവനോട്: “നീ കൊലപ്പെടുത്തുകയും കൈവശമാക്കുകയും ചെയ്തുവോ ? എന്ന് യഹോവ ചോദിക്കന്നു. നായ്ക്കൾ നാബോത്തിന്റെ രക്തം നക്കിയ സ്ഥലത്തുവെച്ച് തന്നേ നിന്റെ രക്തവും നക്കിക്കളയും എന്ന് യഹോവ കല്പിക്കുന്നു ”എന്ന് പറക.20ആഹാബ് ഏലീയാവിനോട്: “എന്റെ ശത്രുവേ, നീ എന്നെ കണ്ടെത്തിയോ ?”എന്ന് പറഞ്ഞു. അതിന് അവൻ പറഞ്ഞത്: “അതേ, ഞാൻ കണ്ടെത്തി. യഹോവയ്ക്ക് അനിഷ്ടമായത് ചെയ്‌വാൻ നീ നിന്നെത്തന്നെ വിറ്റുകളഞ്ഞതുകൊണ്ട്
21ഞാൻ നിന്റെ മേൽ അനർത്ഥം വരുത്തും; നിന്നെ അശേഷം നിർമ്മൂലമാക്കി യിസ്രായേലിൽ ആഹാബിന്റെ സ്വതന്ത്രനും ദാസനുമായ എല്ലാ പുരുഷപ്രജയെയും ഞാൻ ഛേദിച്ചുകളയും.22നീ എന്നെ കോപിപ്പിക്കയും യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിക്കയും ചെയ്തതുകൊണ്ട് ഞാൻ നിന്റെ ഗൃഹത്തെ നെബാത്തിന്റെ മകൻ യൊരോബെയാമിന്റെ ഗൃഹത്തെപ്പോലെയും അഹീയാവിന്റെ മകൻ ബയെശയുടെ ഗൃഹത്തെപ്പോലെയും ആക്കും.
23ഈസേബെലിനെക്കുറിച്ച് യഹോവ അരുളിച്ചെയ്തത്: ‘നായ്ക്കൾ ഈസേബെലിനെ യിസ്രെയേലിന്റെ മതിലരികെവെച്ച് തിന്നുകളയും.24ആഹാബിന്റെ സന്തതിയിൽ പട്ടണത്തിൽവെച്ച് മരിക്കുന്നവനെ നായ്ക്കളും വയലിൽവെച്ച് മരിക്കുന്നവനെ ആകാശത്തിലെ പക്ഷികളും തിന്നും’.
25എന്നാൽ തന്റെ ഭാര്യയായ ഈസെബേലിന്റെ പ്രേരണയാൽ യഹോവയ്ക്ക് അനിഷ്ടമായുള്ളത് ചെയ്യുവാൻ തന്നെത്താൻ വിറ്റുകളഞ്ഞ ആഹാബിനെപ്പോലെ ആരും ഉണ്ടായിട്ടില്ല.26യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞ അമോര്യർ ചെയ്തതുപോലെ അവൻ വിഗ്രഹങ്ങളെ സേവിച്ച് മഹാമ്ലേച്ഛത പ്രവർത്തിച്ചു.
27ആഹാബ് ആ വാക്ക് കേട്ടപ്പോൾ വസ്ത്രം കീറി, രട്ടുടുത്തുകൊണ്ട് ഉപവസിച്ച്, രട്ടിൽ തന്നേ കിടക്കുകയും വിലാപം കഴിക്കയും ചെയ്തു.28അപ്പോൾ യഹോവയുടെ അരുളപ്പാട് തിശ്ബ്യനായ ഏലീയാവിന് ഉണ്ടായത്:29“ആഹാബ് എന്റെ മുമ്പാകെ തന്നെത്താൻ താഴ്ത്തിയത് കണ്ടുവോ? അവൻ എന്റെ മുമ്പാകെ തന്നെത്താൻ താഴ്ത്തിയതുകൊണ്ട് ഞാൻ അവന്റെ ജീവകാലത്ത് അനർത്ഥം വരുത്താതെ അവന്റെ മകന്റെ കാലത്ത് അവന്റെ ഗൃഹത്തിന് അനർത്ഥം വരുത്തും ” എന്ന് കല്പിച്ചു.

22

1മൂന്ന് സംവൽസരത്തോളം അരാമും യിസ്രായേലും തമ്മിൽ യുദ്ധം ഉണ്ടായില്ല.2മൂന്നാം ആണ്ടിൽ യെഹൂദാരാജാവായ യെഹോശാഫാത്ത് യിസ്രായേൽരാജാവിനെ കാണുവാൻ ചെന്നു.

3യിസ്രായേൽരാജാവ് തന്റെ ഭൃത്യന്മാരോട്: “ഗിലെയാദിലെ രാമോത്ത് നമുക്കുള്ളതെന്ന് നിങ്ങൾ അറിയുന്നില്ലയോ? നാം അതിനെ അരാംരാജാവിന്റെ കയ്യിൽ നിന്ന് പിടിക്കുവാൻ മടിക്കുന്നതെന്ത്”എന്ന് പറഞ്ഞു.4അവൻ യെഹോശാഫാത്തിനോട്: “നീ എന്നോടുകൂടെ ഗിലെയാദിലെ രാമോത്തിലേക്ക് യുദ്ധത്തിന് പോരുമോ?” എന്ന് ചോദിച്ചു. അതിന് യെഹോശാഫാത്ത് യിസ്രായേൽരാജാവിനോട്: “ഞാനും നീയും എന്റെ ജനവും നിന്റെ ജനവും എന്റെ കുതിരകളും നിന്റെ കുതിരകളും ഒരുപോലെയല്ലോ ”എന്ന് പറഞ്ഞു.
5എന്നാൽ യെഹോശാഫാത്ത് യിസ്രായേൽരാജാവിനോട്: “ഇന്ന് യഹോവയുടെ അരുളപ്പാട് ചോദിച്ചാലും“ എന്ന് പറഞ്ഞു.6അങ്ങനെ യിസ്രായേൽരാജാവ് ഏകദേശം നാനൂറ് പ്രവാചകന്മാരെ കൂട്ടിവരുത്തി അവരോട്: “ഞാൻ ഗിലെയാദിലെ രാമോത്തിലേക്ക് യുദ്ധത്തിന് പോകയോ പോകാതിരിക്കയോ എന്ത് വേണം ”എന്ന് ചോദിച്ചു. അതിന് അവർ “പുറപ്പെടുക; കർത്താവ് അത് രാജാവിന്റെ കയ്യിൽ ഏല്പിക്കും ”എന്ന് പറഞ്ഞു.
7എന്നാൽ യെഹോശാഫാത്ത്:“ നാം അരുളപ്പാട് ചോദിക്കുവാൻ യഹോവയുടെ പ്രവാചകന്മാർ ആരും ഇവിടെ ഇല്ലയോ” എന്ന് ചോദിച്ചു.8അതിന് യിസ്രായേൽരാജാവ് യെഹോശാഫാത്തിനോട്: “നാം യഹോവയോട് അരുളപ്പാട് ചോദിപ്പാനായി ഇനി യിമ്ലയുടെ മകൻ മീഖായാവ് എന്നൊരുവൻ ഉണ്ട്. എന്നാൽ അവൻ എന്നെക്കുറിച്ച് ഗുണമല്ല ദോഷം തന്നേ പ്രവചിക്കുന്നതുകൊണ്ട് എനിക്ക് അവനോട് ഇഷ്ടമില്ല” എന്ന് പറഞ്ഞു. “രാജാവ് അങ്ങനെ പറയരുതേ” എന്ന് യെഹോശാഫാത്ത് പറഞ്ഞു.9അങ്ങനെ യിസ്രായേൽരാജാവ് ഒരു ഉദ്യോഗസ്ഥനെ വിളിച്ച്, യിമ്ളയുടെ മകൻ മീഖായാവിനെ വേഗത്തിൽ കൂട്ടിക്കൊണ്ടുവരുവാൻ കല്പിച്ചു.
10യിസ്രായേൽ രാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും രാജവസ്ത്രം ധരിച്ച് ശമര്യയുടെ കവാടത്തിലെ ഒരു വിശാലസ്ഥലത്ത് സിംഹാസനത്തിൽ ഇരുന്നിരുന്നു; പ്രവാചകന്മാർ ഒക്കെയും അവരുടെ സന്നിധിയിൽ പ്രവചിച്ചുകൊണ്ടിരുന്നു.11കെനയനയുടെ മകൻ സിദെക്കീയാവ് ഇരിമ്പുകൊണ്ട് കൊമ്പുകൾ ഉണ്ടാക്കി , ‘ഇവകൊണ്ട് അരാമ്യർ ഒടുങ്ങുംവരെ നീ അവരെ കുത്തിക്കളയും എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു ’ എന്ന് പറഞ്ഞു.12പ്രവാചകന്മാരൊക്കെയും അങ്ങനെ തന്നെ പ്രവചിച്ചു: “ഗിലെയാദിലെ രാമോത്തിലേക്ക് പുറപ്പെടുക; നീ ജയാളിയാകുക; യഹോവ അത് രാജാവിന്റെ കയ്യിൽ ഏല്പിക്കും ”എന്ന് അവർ പറഞ്ഞു.
13മീഖായാവിനെ വിളിപ്പാൻ പോയ ദൂതൻ അവനോട്: “ഇതാ, പ്രവാചകന്മാരുടെ എല്ലാവരുടെയും വാക്കുകൾ ഒരുപോലെ രാജാവിന് ഗുണമായിരിക്കുന്നു; നിന്റെ വാക്കും അവരുടേതുപോലെ ആയിരിക്കേണം; നീയും ഗുണമായി പറയേണമേ ”എന്ന് പറഞ്ഞു.14അതിന് മീഖായാവ്: “യഹോവയാണ, യഹോവ എന്നോട് അരുളിച്ചെയ്യുന്നത് തന്നേ ഞാൻ പ്രസ്താവിക്കും” എന്ന് പറഞ്ഞു.15അവൻ രാജാവിന്റെ അടുക്കൽ വന്നപ്പോൾ രാജാവ് അവനോട്: “മീഖായാവേ, ഞങ്ങൾ ഗിലെയാദിലെ രാമോത്തിലേക്ക് യുദ്ധത്തിന് പോകണോ വേണ്ടായോ”എന്ന് ചോദിച്ചു. അതിന് അവൻ: “പുറപ്പെടുവിൻ; നിങ്ങൾ ജയാളികളാകും; യഹോവ അത് രാജാവിന്റെ കയ്യിൽ ഏല്പിക്കും ”എന്ന് പറഞ്ഞു.
16രാജാവ് അവനോട്: “യഹോവയുടെ നാമത്തിൽ സത്യമല്ലാത്തതൊന്നും പറയരുതെന്ന് എത്ര പ്രാവശ്യം ഞാൻ നിന്നെക്കൊണ്ട് സത്യം ചെയ്യിക്കണം ” എന്ന് ചോദിച്ചു.17അതിന് അവൻ പറഞ്ഞത്: “ഇടയനില്ലാത്ത ആടുകളെപ്പോലെ യിസ്രായേൽ ഒക്കെയും പർവ്വതങ്ങളിൽ ചിതറിയിരിക്കുന്നത് ഞാൻ കണ്ടു; അപ്പോൾ യഹോവ: ‘ഇവർക്കു നാഥനില്ല; അവർ ഓരോരുത്തൻ സ്വന്തം ഭവനങ്ങളിലേക്ക് സമാധാനത്തോടെ മടങ്ങിപ്പോകട്ടെ’ എന്ന് കല്പിച്ചു ”.
18അപ്പോൾ യിസ്രായേൽരാജാവ് യെഹോശാഫാത്തിനോട്: “ഇവൻ എന്നെക്കുറിച്ച് തിന്മയല്ലാതെ നന്മ പ്രവചിക്കയില്ലെന്ന് ഞാൻ നിന്നോട് പറഞ്ഞില്ലയോ ”എന്ന് പറഞ്ഞു.19അതിന് മിഖായാവ് പറഞ്ഞത്: “എന്നാൽ നീ യഹോവയുടെ വചനം കേൾക്ക: യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗ്ഗത്തിലെ സൈന്യം ഒക്കെയും അവന്റെ അടുക്കൽ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു.20‘ആഹാബ് ചെന്ന് ഗിലെയാദിലെ രാമോത്തിൽവെച്ച് പട്ടുപോകത്തക്കവണ്ണം ആരവനെ വശീകരിക്കും ’എന്ന് യഹോവ ചോദിച്ചതിന് ഒരുത്തൻ ഇങ്ങനെയും ഒരുത്തൻ അങ്ങനെയും പറഞ്ഞു.
21എന്നാറെ ഒരു ആത്മാവ് മുമ്പോട്ടു വന്ന് യഹോവയുടെ സന്നിധിയിൽ നിന്നു: ‘ഞാൻ അവനെ വശീകരിക്കും ’എന്ന് പറഞ്ഞു.22‘എങ്ങനെ’ എന്ന് യഹോവ ചോദിച്ചതിന് അവൻ: ‘ഞാൻ അവന്റെ സകല പ്രവാചകന്മാരുടെയും വായിൽ ഭോഷ്കിന്റെ ആത്മാവായി പ്രവർത്തിക്കും’ എന്ന് പറഞ്ഞു. ‘നീ അവനെ വശീകരിക്കും, നിനക്ക് സാധിക്കും; നീ ചെന്ന് അങ്ങനെ ചെയ്ക’ എന്ന് യഹോവ കല്പിച്ചു.23ആകയാൽ ഇതാ, യഹോവ ഭോഷ്കിന്റെ ആത്മാവിനെ നിന്റെ ഈ സകലപ്രവാചകന്മാരുടെയും വായിൽ കൊടുത്തിരിക്കുന്നു; യഹോവ നിനക്ക് അനർത്ഥം വിധിച്ചുമിരിക്കുന്നു ”എന്ന് പറഞ്ഞു.
24അപ്പോൾ കെനയനയുടെ മകൻ സിദെക്കീയാവ് അടുത്തുചെന്ന് മീഖായാവിന്റെ ചെകിട്ടത്ത് അടിച്ച്: “നിന്നോട് അരുളിച്ചെയ്‌വാൻ യഹോവയുടെ ആത്മാവ് എന്നെ വിട്ട് ഏത് വഴിയായി കടന്നുവന്നു” എന്ന് ചോദിച്ചു.25അതിന് മീഖായാവ്: “നീ ഒളിക്കുവാൻ അറ തേടിനടക്കുന്ന ദിവസത്തിൽ നീ കാണും ”എന്ന് പറഞ്ഞു.
26അപ്പോൾ യിസ്രായേൽരാജാവ് പറഞ്ഞത്: “മീഖായാവിനെ പിടിച്ച് നഗരാധിപതിയായ ആമോന്റെയും രാജകുമാരനായ യോവാശിന്റെയും അടുക്കൽ കൊണ്ടുചെന്ന് അവനെ കാരാഗൃഹത്തിൽ അടക്കുക.27ഞാൻ സമാധാനത്തോടെ വരുവോളം കുറച്ച് അപ്പവും കുറച്ച് വെള്ളവും മാത്രം കൊടുക്കേണ്ടതിന് രാജാവ് കല്പിച്ചിരിക്കുന്നു എന്ന് അവരോടു പറക”.28അതിന് മീഖായാവ്: “നീ സമാധാനത്തോടെ മടങ്ങിവരുമെങ്കിൽ യഹോവ എന്നോട് അരുളിച്ചെയ്തിട്ടില്ല ; സകലജാതികളുമായുള്ളോരേ, കേട്ടുകൊൾവിൻ ”എന്ന് അവൻ പറഞ്ഞു.
29അങ്ങനെ യിസ്രായേൽരാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും ഗിലെയാദിലെ രാമോത്തിലേക്ക് പോയി.30യിസ്രായേൽരാജാവ് യെഹോശാഫാത്തിനോട്: “ഞാൻ വേഷംമാറി പടയിൽ കടക്കും; നീ രാജവസ്ത്രം ധരിച്ചുകൊൾക ”എന്ന് പറഞ്ഞു. അങ്ങനെ യിസ്രായേൽരാജാവ് വേഷംമാറി പടയിൽ കടന്നു.
31“നിങ്ങൾ യിസ്രായേൽരാജാവിനോട് അല്ലാതെ ചെറിയവരോടോ വലിയവരോടോ യുദ്ധം ചെയ്യരുത്” എന്ന് അരാം രാജാവ് തന്റെ മുപ്പത്തിരണ്ട് രഥനായകന്മാരോട് കല്പിച്ചിരുന്നു.32ആകയാൽ രഥനായകന്മാർ യെഹോശാഥാത്തിനെ കണ്ടപ്പോൾ: ‘ഇവൻ തന്നേ യിസ്രായേൽരാജാവ് എന്ന് പറഞ്ഞ് അവനോട് യുദ്ധം ചെയ്യുവാൻ തിരിഞ്ഞു. എന്നാൽ യെഹോശാഫാത്ത് നിലവിളിച്ചു.33അവൻ യിസ്രായേൽരാജവല്ല എന്ന് രഥനായകന്മാർ മനസ്സിലാക്കി അവനെ വിട്ടുമാറി പോന്നു.
34എന്നാൽ ഒരുവൻ യദൃച്ഛയാ വില്ലു കുലെച്ച് യിസ്രായേൽരാജാവിനെ കവചത്തിനും പതക്കത്തിനും ഇടെക്ക് എയ്തു; അവൻ തന്റെ തേരാളിയോട് : “എന്നെ യുദ്ധമുന്നണിയിൽനിന്ന് കൊണ്ടുപോക; ഞാൻ കഠിനമായി മുറിവേറ്റിരിക്കുന്നു” എന്ന് പറഞ്ഞു.
35അന്ന് യുദ്ധം കഠിനമായി തീർന്നു ; രാജാവിനെ അരാമ്യർക്ക് എതിരെ രഥത്തിൽ താങ്ങിനിർത്തിയിരുന്നു; സന്ധ്യാസമയത്ത് അവൻ മരിച്ചുപോയി. മുറിവിൽനിന്ന് രക്തം രഥത്തിനടിയിലേക്ക് ഒഴുകി.36സൂര്യൻ അസ്തമിക്കുമ്പോൾ ‘ഓരോരുത്തൻ താന്താന്റെ പട്ടണത്തിലേക്കും താന്താന്റെ ദേശത്തേക്കും പോകട്ടെ ’ എന്ന് പാളയത്തിൽ ഒരു പരസ്യം പുറപ്പെട്ടു.
37അങ്ങനെ രാജാവ് മരിച്ചു; അവനെ ശമര്യയിലേക്ക് കൊണ്ടുവന്ന് അവിടെ അടക്കം ചെയ്തു.38രഥം ശമര്യയിലെ കുളത്തിൽ കഴുകിയപ്പോൾ യഹോവയുടെ വചനപ്രകാരം നായ്ക്കൾ അവന്റെ രക്തം നക്കി; വേശ്യാസ്ത്രീകളും അവിടെ കുളിച്ചു.
39ആഹാബിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവൻ ആനക്കൊമ്പ് കൊണ്ട് അരമന പണിതതും അവൻ പണിത എല്ലാ പട്ടണങ്ങളുടെയും വിവരവും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.40ആഹാബ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകൻ അഹസ്യാവ് അവന് പകരം രാജാവായി.

41ആസയുടെ മകൻ യഹോശാഫാത്ത് യിസ്രായേൽരാജാവായ ആഹാബിന്റെ നാലാം ആണ്ടിൽ യെഹൂദയിൽ രാജാവായി.42യെഹോശാഫാത്ത് വാഴ്ച തുടങ്ങിയപ്പോൾ അവന് മുപ്പത്തഞ്ച് വയസ്സായിരുന്നു; അവൻ ഇരുപത്തഞ്ച് സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മ ശിൽഹിയുടെ മകൾ അസൂബാ ആയിരുന്നു.
43അവൻ തന്റെ അപ്പനായ ആസയുടെ എല്ലാവഴിയിലും നടന്ന് , അവയിൽനിന്ന് വിട്ടുമാറാതെ യഹോവെക്ക് പ്രസാദമായത് ചെയ്തു. എന്നാൽ പൂജാഗിരികൾ മാത്രം നീക്കം ചെയ്തില്ല; ജനം പൂജാഗിരികളിൽ യാഗം കഴിക്കയും ധൂപം കാട്ടുകയും ചെയ്തുപോന്നു.44യെഹോശാഫാത്ത് യിസ്രായേൽരാജാവിനോട് സഖ്യത ചെയ്തു.
45യെഹോശാഫാത്തിന്റെ മറ്റുള്ള പ്രവർത്തനങ്ങളും അവന്റെ പരാക്രമപ്രവൃത്തികളും അവൻ ചെയ്ത യുദ്ധവും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.46തന്റെ അപ്പനായ ആസയുടെ കാലത്ത് ശേഷിച്ചിരുന്ന പുരുഷവേശ്യാവൃത്തി നടപ്പിലാക്കിയിരുന്നവരെ അവൻ ദേശത്ത് നിന്ന് നീക്കിക്കളഞ്ഞു.47ആ കാലത്ത് എദോമിൽ രാജാവില്ലായ്കകൊണ്ട് ഒരു ദേശാധിപതി രാജസ്ഥാനം വഹിച്ചു.
48ഓഫീരിൽ നിന്ന് പൊന്ന് കൊണ്ടുവരേണ്ടതിന് യെഹോശാഫാത്ത് കച്ചവടക്കപ്പലുകൾ ഉണ്ടാക്കി; എന്നാൽ കപ്പലുകൾ എസ്യോൻ-ഗേബരിൽവെച്ച് തകർന്നുപോയതുകൊണ്ട് പോകുവാൻ കഴിഞ്ഞില്ല.49അന്നേരം ആഹാബിന്റെ മകൻ അഹസ്യാവ് യെഹോശാഫാത്തിനോട്: “എന്റെ ദാസന്മാർ നിന്റെ ദാസന്മാരോടുകൂടെ കപ്പലുകളിൽ പോരട്ടെ” എന്ന് പറഞ്ഞു. എന്നാൽ യെഹോശാഫാത്തിന് മനസ്സില്ലായിരുന്നു.50യെഹോശാഫാത്ത് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ പിതാവായ ദാവീദിന്റെ നഗരത്തിൽ തന്റെ പിതാക്കന്മാരോടുകൂടെ അവനെ അടക്കം ചെയ്തു; അവന്റെ മകൻ യെഹോരാം അവന് പകരം രാജാവായി.

51ആഹാബിന്റെ മകൻ അഹസ്യാവ് യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ പതിനേഴാം ആണ്ടിൽ ശമര്യയിൽ യിസ്രായേലിന് രാജാവായി; യിസ്രായേലിൽ രണ്ട് സംവത്സരം വാണു.52അവൻ തന്റെ അപ്പന്റെ വഴിയിലും അമ്മയുടെ വഴിയിലും യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച നെബാത്തിന്റെ മകൻ യൊരോബെയാമിന്റെ വഴിയിലും നടന്ന് യഹോവെക്ക് അനിഷ്ടമായത് ചെയ്തു.53അവൻ ബാലിനെ സേവിച്ച് നമസ്കരിച്ചു; തന്റെ അപ്പൻ ചെയ്തതുപോലെ ഒക്കെയും യിസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചു.

രാജാക്കന്മാർ: രണ്ടാം പുസ്തകം

1

1ആഹാബ് മരിച്ചശേഷം മോവാബ്യർ യിസ്രായേലിനോട് മത്സരിച്ചു.2അഹസ്യാവ് ശമര്യയിലെ തന്റെ മാളികയുടെ കിളിവാതിലിൽ കൂടി താഴെ വീണ് മുറിവേറ്റു; “ഈ മുറിവുണങ്ങി എനിക്ക് സൗഖ്യം വരുമോ എന്ന് എക്രോനിലെ ദേവനായ ബേൽസെബൂബിനോട് ചെന്ന് ചോദിക്കുവാൻ അവൻ ദൂതന്മാരെ അയച്ചു.

3എന്നാൽ യഹോവയുടെ ദൂതൻ തിശ്ബ്യനായ ഏലീയാവിനോട് കല്പിച്ചത്: “നീ ശമര്യാരാജാവിന്റെ ദൂതന്മാരെ എതിരേറ്റുചെന്ന് അവരോട്: ‘യിസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടോ നിങ്ങൾ എക്രോനിലെ ദേവനായ ബാൽസെബൂബിനോട് അരുളപ്പാട് ചോദിപ്പാൻ പോകുന്നത്?4ഇതുനിമിത്തം നീ കിടക്കുന്ന കട്ടിലിൽനിന്ന് എഴുന്നേൽക്കാതെ നിശ്ചയമായി മരിക്കും എന്ന് യഹോവ അരുളിച്ചെയ്യുന്നു” എന്ന് പറയുക. അങ്ങനെ ഏലീയാവ് പോയി.
5ദൂതന്മാർ വേഗത്തിൽ മടങ്ങിവന്നപ്പോൾ അവൻ അവരോട്: “നിങ്ങൾ എക്രോനിലേക്ക് പോകാതെ മടങ്ങിവന്നത് എന്ത്” എന്ന് ചോദിച്ചു.6അവർ അവനോട് പറഞ്ഞത്: “ഒരാൾ ഞങ്ങളെ എതിരേറ്റുവന്ന് ഞങ്ങളോട്: ‘നിങ്ങളെ അയച്ചിരിക്കുന്ന രാജാവിന്റെ അടുക്കൽ മടങ്ങിച്ചെന്ന്, യിസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടോ നീ എക്രോനിലെ ദേവനായ ബേൽസെബൂബിനോട് അരുളപ്പാട് ചോദിക്കുവാൻ അയക്കുന്നത്? ഇതുനിമിത്തം നീ കിടക്കുന്ന കട്ടിലിൽനിന്ന് എഴുന്നേൽക്കാതെ നിശ്ചയമായി മരിക്കും എന്ന് യഹോവ അരുളിച്ചെയ്യുന്നു’ എന്ന് അവനോട് പറയുവിൻ” എന്ന് പറഞ്ഞു.
7അവൻ അവരോട്:“ നിങ്ങളെ എതിരേറ്റുവന്ന് ഈ വാക്കുകൾ പറഞ്ഞ മനുഷ്യൻ എങ്ങനെയുള്ളവനായിരുന്നു” എന്ന് ചോദിച്ചു.8“അയാൾ രോമവസ്ത്രം ധരിച്ച് അരെക്ക് തോൽവാറ് കെട്ടിയ ആളായിരുന്നു” എന്ന് അവർ അവനോട് പറഞ്ഞു. “അവൻ തിശ്ബ്യനായ ഏലീയാവ് തന്നേ” എന്ന് അവൻ പറഞ്ഞു.
9ഉടനെ രാജാവ് അമ്പതുപേർക്ക് അധിപതിയായ ഒരു പടനായകനെ അവന്റെ അമ്പത് പടയാളികളുമായി ഏലിയാവിന്റെ അടുക്കൽ അയച്ചു; അവൻ അവന്റെ അടുക്കൽ ചെന്നു; അവൻ ഒരു മലമുകളിൽ ഇരിക്കുകയായിരുന്നു; അവൻ അവനോട്: “ദൈവപുരുഷാ, ഇറങ്ങിവരുവാൻ രാജാവ് കല്പിക്കുന്നു” എന്ന് പറഞ്ഞു.10ഏലീയാവ് പടനായകനോട് : “ഞാൻ ദൈവപുരുഷനെങ്കിൽ ആകാശത്തുനിന്ന് തീ ഇറങ്ങി നിന്നെയും നിന്റെ അമ്പത് പടയാളികളേയും ദഹിപ്പിക്കട്ടെ” എന്ന് പറഞ്ഞു. ഉടനെ ആകാശത്തുനിന്ന് തീ ഇറങ്ങി അവനെയും അവന്റെ അമ്പത് ആളുകളെയും ദഹിപ്പിച്ചുകളഞ്ഞു.
11എന്നാൽ രാജാവ് മറ്റൊരു പടനായകനെയും അവന്റെ അമ്പത് ആളുകളെയും വീണ്ടും ഏലിയാവിന്റെ അടുക്കൽ അയച്ചു; അവനും അവനോട്: “ദൈവപുരുഷാ, വേഗത്തിൽ ഇറങ്ങിവരുവാൻ രാജാവ് കല്പിക്കുന്നു” എന്ന് പറഞ്ഞു.12ഏലീയാവ് അവനോട്: “ഞാൻ ദൈവപുരുഷനെങ്കിൽ ആകാശത്തുനിന്ന് തീ ഇറങ്ങി നിന്നെയും നിന്റെ അമ്പതു ആളുകളെയും ദഹിപ്പിക്കട്ടെ” എന്ന് ഉത്തരം പറഞ്ഞു; ഉടനെ ദൈവത്തിന്റെ തീ ആകാശത്തുനിന്ന് ഇറങ്ങി അവനെയും അവന്റെ അമ്പതു ആളുകളെയും ദഹിപ്പിച്ചുകളഞ്ഞു.
13മൂന്നാമതും അവൻ മറ്റൊരു പടനായകനേയും അവന്റെ അമ്പത് പടയാളികളെയും അയച്ചു; ഈ മൂന്നാമത്തെ പടനായകൻ ചെന്ന് ഏലീയാവിന്റെ മുമ്പിൽ മുട്ടുകുത്തി അവനോട് അപേക്ഷിച്ചത്: “അല്ലയോ ദൈവപുരുഷാ! എന്റെയും നിന്റെ ദാസന്മാരായ ഈ അമ്പത് പേരുടെയും ജീവൻ രക്ഷിക്കേണമെ.14ആകാശത്തുനിന്ന് തീ ഇറങ്ങി എനിക്കു മുമ്പ് വന്ന രണ്ട് പടനായകന്മാരേയും അവരുടെ പടയാളികളേയും ദഹിപ്പിച്ചുകളഞ്ഞുവല്ലോ; എന്നാൽ എന്റെ ജീവനെ ആദരിക്കണമേ.”
15അപ്പോൾ യഹോവയുടെ ദൂതൻ ഏലീയാവിനോട്: “അവനോടുകൂടെ പോകുക; അവനെ ഭയപ്പെടേണ്ടാ” എന്ന് പറഞ്ഞു. അങ്ങനെ അവൻ എഴുന്നേറ്റ് അവനോടുകൂടെ രാജാവിന്റെ അടുക്കൽ ചെന്നു.16ഏലിയാവ് അവനോട്: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘അരുളപ്പാട് ചോദിപ്പാൻ യിസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടോ നീ എക്രോനിലെ ദേവനായ ബേൽസെബൂബിനോട് അരുളപ്പാട് ചോദിപ്പാൻ ദൂതന്മാരെ അയച്ചത്? ഇതുനിമിത്തം നീ കിടക്കുന്ന കട്ടിലിൽനിന്ന് എഴുന്നേൽക്കാതെ നിശ്ചയമായി മരിക്കും.”
17ഏലീയാവ് പറഞ്ഞ യഹോവയുടെ വചനപ്രകാരം അഹസ്യാവ് മരിച്ചു പോയി; അവന് മകനില്ലായ്കയാൽ യെഹോരാം അവനു പകരം രാജാവായി.യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ മകനായ യെഹോരാമിന്റെ രണ്ടാം ആണ്ടിൽ ഇത് സംഭവിച്ചു.18അഹസ്യാവ് ചെയ്ത മറ്റുള്ള വൃത്താന്തങ്ങൾ യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

2

1യഹോവ ഏലീയാവിനെ ചുഴലിക്കാറ്റിൽ സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകുവാനുള്ള സമയമായി.ഏലീയാവ് എലീശയോടു കൂടെ ഗിൽഗാലിൽനിന്ന് യാത്ര പുറപ്പെട്ടു.2ഏലീയാവ് എലീശയോട്: “നീ ഇവിടെ താമസിച്ചുകൊള്ളുക; യഹോവ എന്നെ ബേഥേലിലേക്ക് അയച്ചിരിക്കുന്നു” എന്ന് പറഞ്ഞു. എലീശാ അവനോട്: “യഹോവയാണ, നിന്റെ ജീവനാണ, ഞാൻ നിന്നെ വിട്ടുപിരിയുകയില്ല” എന്ന് പറഞ്ഞു. അങ്ങനെ അവർ ബേഥേലിലേക്ക് പോയി.

3ബേഥേലിലെ പ്രവാചകശിഷ്യന്മാർ എലീശയുടെ അടുക്കൽ വന്ന് അവനോട്: “യഹോവ ഇന്ന് നിന്റെ യജമാനനെ നിന്റെ തലയ്ക്കൽ നിന്ന് എടുത്തുകൊള്ളും എന്ന് നീ അറിയുന്നുവോ?” എന്ന് ചോദിച്ചു. അതിന് അവൻ: “അതേ, ഞാൻ അറിയുന്നു; നിങ്ങൾ മിണ്ടാതിരിക്കുവിൻ” എന്ന് പറഞ്ഞു.4ഏലീയാവ് എലീശയോട്: “നീ ഇവിടെ താമസിച്ചുകൊൾക; യഹോവ എന്നെ യെരീഹോവിലേക്ക് അയച്ചിരിക്കുന്നു” എന്ന് പറഞ്ഞു. അതിന് അവൻ: “യഹോവയാണ, നിന്റെ ജീവനാണ, ഞാൻ നിന്നെ വിട്ടുപിരിയുകയില്ല” എന്ന് പറഞ്ഞു. അങ്ങനെ അവർ യെരീഹോവിലേക്ക് പോയി.
5യെരീഹോവിലെ പ്രവാചകശിഷ്യന്മാർ എലീശയുടെ അടുക്കൽ വന്ന് അവനോട്: “യഹോവ ഇന്ന് നിന്റെ യജമാനനെ നിന്റെ തലയ്ക്കൽ നിന്ന് എടുത്തുകൊള്ളും എന്ന് നീ അറിയുന്നുവോ?” എന്ന് ചോദിച്ചു; അതിന് അവൻ: “അതേ, ഞാൻ അറിയുന്നു; നിങ്ങൾ മിണ്ടാതിരിപ്പിൻ” എന്ന് പറഞ്ഞു.6ഏലീയാവ് അവനോട്: “നീ ഇവിടെ താമസിച്ചുകൊള്ളുക; യഹോവ എന്നെ യോർദ്ദാനിലേക്ക് അയച്ചിരിക്കുന്നു” എന്ന് പറഞ്ഞു; അതിന് അവൻ:“യഹോവയാണ, നിന്റെ ജീവനാണ, ഞാൻ നിന്നെ വിട്ടുപിരിയുകയില്ല” എന്ന് പറഞ്ഞു. അങ്ങനെ അവർ ഇരുവരും യോർദാനിലേക്ക് പോയി.
7അവർ ഇരുവരും യോർദ്ദാൻ നദിക്കരികെ നിന്നു.അമ്പത് പ്രവാചകശിഷ്യന്മാർ ദൂരെ അവർക്ക് അഭിമുഖമായി നിന്നു.8അപ്പോൾ ഏലീയാവ് തന്റെ പുതപ്പ് എടുത്ത് ചുരുട്ടി വെള്ളത്തെ അടിച്ചു; വെള്ളം രണ്ടായി പിരിഞ്ഞു; അവർ ഇരുവരും ഉണങ്ങിയ നിലത്തുകൂടി അക്കരെ കടന്നു.
9അവർ അക്കരെ കടന്നശേഷം ഏലീയാവ് എലീശയോട്: “ഞാൻ നിന്റെ അടുത്ത് നിന്ന് എടുക്കപ്പെടും മുമ്പെ നിനക്ക് എന്ത് ചെയ്തു തരണം? ചോദിച്ചുകൊൾക” എന്ന് പറഞ്ഞു. അതിന് എലീശാ: “നിന്റെ ആത്മാവിന്റെ ഇരട്ടി പങ്ക് എന്റെമേൽ വരുമാറാകട്ടെ” എന്ന് പറഞ്ഞു.10അതിന് അവൻ: “നീ പ്രയാസമുള്ള കാര്യമാകുന്നു ചോദിച്ചത്; ഞാൻ നിന്നിൽനിന്ന് എടുക്കപ്പെടുമ്പോൾ നീ എന്നെ കാണുന്നുവെങ്കിൽ നിന്റെ ആഗ്രഹം സഫലമാകും; അല്ലെങ്കിൽ അത് സംഭവിക്കുകയില്ല” എന്ന് പറഞ്ഞു.
11ഇങ്ങനെഅവർ സംസാരിച്ചുകൊണ്ട് നടക്കുമ്പോൾ അഗ്നിരഥവും അഗ്ന്യശ്വങ്ങളും വന്ന് അവരെ തമ്മിൽ വേർപിരിച്ചു; അങ്ങനെ ഏലീയാവ് ചുഴലിക്കാറ്റിൽ സ്വർഗ്ഗത്തിലേക്ക് കയറി.12എലീശാ അതു കണ്ടിട്ട്: “എന്റെ പിതാവേ, എന്റെ പിതാവേ, യിസ്രായേലിന്റെ തേരും തേരാളികളും” എന്ന് നിലവിളിച്ചു; പിന്നെ ഏലീയാവിനെ കണ്ടില്ല; അപ്പോൾ അവൻ തന്റെ വസ്ത്രം രണ്ട് ഖണ്ഡമായി കീറിക്കളഞ്ഞു.
13പിന്നെ അവൻ ഏലീയാവിന്മേൽനിന്ന് വീണ പുതപ്പ് എടുത്ത് മടങ്ങി യോർദ്ദാനരികെ ചെന്ന് നിന്നു.14ഏലീയാവിന്മേൽനിന്നു വീണ പുതപ്പുകൊണ്ട് അവൻ വെള്ളത്തെ അടിച്ചു: “ഏലീയാവിന്റെ ദൈവമായ യഹോവ എവിടെ?” എന്ന് ചോദിച്ചു. അവൻ വെള്ളത്തെ അടിച്ചപ്പോൾ യോർദാൻ രണ്ടായി പിരിഞ്ഞു. എലീശാ ഇക്കരെ കടന്നു.
15യെരീഹോവിൽ അവന് അഭിമുഖമായി നിന്നിരുന്ന പ്രവാചകശിഷ്യന്മാർ അവനെ കണ്ടിട്ട്: “ഏലീയാവിന്റെ ആത്മാവ് എലീശയുടെമേൽ അധിവസിക്കുന്നു” എന്ന് പറഞ്ഞ് അവനെ എതിരേറ്റുചെന്ന് അവന്റെ മുമ്പിൽ സാഷ്ടാംഗം വീണു.16അവർ അവനോട്: “ഇതാ, അടിയങ്ങളോടുകൂടെ ശക്തന്മാരായ അമ്പത് പേർ ഉണ്ട്; അവർ ചെന്ന് നിന്റെ യജമാനനെ അന്വേഷിക്കട്ടെ; ഒരുപക്ഷേ യഹോവയുടെ ആത്മാവ് അവനെ എടുത്ത് വല്ല മലയിലോ താഴ്വരയിലോ ഇട്ടിട്ടുണ്ടായിരിക്കും” എന്ന് പറഞ്ഞു. അതിന് അവൻ: “നിങ്ങൾ അയക്കരുത്” എന്ന് പറഞ്ഞു.
17അവർ അവനെ അത്യന്തം നിർബ്ബന്ധിച്ചപ്പോൾ അവൻ: “എന്നാൽ അയച്ചുകൊള്ളുവിൻ” എന്ന് പറഞ്ഞു. അവർ അമ്പതുപേരെ അയച്ചു; അവർ മൂന്നുദിവസം അന്വേഷിച്ചിട്ടും അവനെ കണ്ടെത്തിയില്ല.18അവൻ യെരീഹോവിൽ പാർത്തിരുന്നതുകൊണ്ട് അവർ അവന്റെ അടുക്കൽ മടങ്ങിവന്നു; അവൻ അവരോട്: “പോകരുത് എന്ന് ഞാൻ നിങ്ങളോട് പറഞ്ഞില്ലയോ?” എന്ന് പറഞ്ഞു.

19അനന്തരം ആ പട്ടണക്കാർ എലീശയോട്: “ഈ പട്ടണത്തിന്റെ അവസ്ഥ മനോഹരമെന്ന് യജമാനൻ കാണുന്നുവല്ലോ; എന്നാൽ വെള്ളം മലിനവും ദേശം ഫലശൂന്യവും ആകുന്നു” എന്നു പറഞ്ഞു.20അതിന് അവൻ: “ഒരു പുതിയ പാത്രം കൊണ്ടുവന്ന് അതിൽ ഉപ്പ് ഇടുക” എന്ന് പറഞ്ഞു. അവർ അത് അവന്റെ അടുക്കൽ കൊണ്ടുവന്നു.
21അവൻ നീരുറവിന്റെ അടുക്കൽ ചെന്ന് അതിൽ ഉപ്പ് വിതറി. “ഞാൻ ഈ വെള്ളം ശുദ്ധീകരിച്ചിരിക്കുന്നു; ഇനി ഇതിനാൽ മരണവും ഫലശൂന്യതയും ഉണ്ടാവുകയില്ല എന്ന് യഹോവ അരുളിച്ചെയ്യുന്നു” എന്ന് പറഞ്ഞു.22എലീശാ പറഞ്ഞതുപോലെ ആ വെള്ളം ഇന്നുവരെ ശുദ്ധമായിത്തന്നേ ഇരിക്കുന്നു.

23പിന്നെ അവൻ അവിടെനിന്ന് ബേഥേലിലേക്ക് പോയി; അവൻ വഴിയിലൂടെ നടക്കുമ്പോൽ പട്ടണത്തിൽനിന്ന് ചില യൗവനക്കാർ വന്ന് അവനെ പരിഹസിച്ചു കൊണ്ട് അവനോട്: “മൊട്ടത്തലയാ, കയറിപ്പോകൂ,കയറിപ്പോകൂ” എന്ന് പറഞ്ഞു.24അവൻ തിരിഞ്ഞു നോക്കി യഹോവയുടെ നാമത്തിൽ അവരെ ശപിച്ചു; അപ്പോൾ കാട്ടിൽനിന്ന് രണ്ടു പെൺകരടികൾ ഇറങ്ങിവന്ന് അവരിൽ നാല്പത്തിരണ്ട് പേരെ കടിച്ചുകീറിക്കളഞ്ഞു.25അവൻ അവിടംവിട്ട് കർമ്മേൽ പർവ്വതത്തിലേക്ക് പോയി; അവിടെനിന്ന് ശമര്യയിലേക്ക് മടങ്ങിപ്പോന്നു.

3

1യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ പതിനെട്ടാം ആണ്ടിൽ ആഹാബിന്റെ മകനായ യെഹോരാം ശമര്യയിൽ യിസ്രായേലിന് രാജാവായി; അവൻ പന്ത്രണ്ട് സംവത്സരം വാണു.2തന്റെ അപ്പനെയും അമ്മയേയും പോലെ തിന്മ പ്രവർത്തിച്ചില്ലെങ്കിലും,അവനും യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു; തന്റെ അപ്പൻ ഉണ്ടാക്കിയ ബാൽവിഗ്രഹം അവൻ നീക്കിക്കളഞ്ഞു.3എങ്കിലും യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളിൽനിന്നു വിട്ടുമാറാതെ അവയിൽ തുടർന്നു.

4മോവാബ് രാജാവായ മേശെക്ക് നിരവധി ആട്ടിൻ കൂട്ടങ്ങൾ ഉണ്ടായിരുന്നു; അവൻ യിസ്രായേൽരാജാവിന് ഒരു ലക്ഷം കുഞ്ഞാടുകളുടെയും ഒരു ലക്ഷം ആട്ടുകൊറ്റന്മാരുടെയും രോമം കൊടുത്തുവന്നിരുന്നു.5എന്നാൽ ആഹാബ് മരിച്ചശേഷം മോവാബ് രാജാവ് യിസ്രായേൽരാജാവിനോട് മത്സരിച്ചു.6ആ കാലത്ത് യെഹോരാംരാജാവ് ശമര്യയിൽനിന്ന് പുറപ്പെട്ട് യിസ്രായേൽ ജനത്തിന്റെ എണ്ണം എടുത്തു.
7പിന്നെ അവൻ: “മോവാബ്‌രാജാവ് എന്നോടു മത്സരിച്ചിരിക്കുന്നു; മോവാബ്യരോട് യുദ്ധത്തിന് നീ എന്നോടൊപ്പം പോരുമോ?” എന്ന് യെഹൂദാരാജാവായ യെഹോശാഫാത്തിനോട് ആളയച്ച് ചോദിച്ചു. അതിന് അവൻ: “ഞാൻ പോരാം; നീയും ഞാനും എന്റെ ജനവും നിന്റെ ജനവും എന്റെ കുതിരകളും നിന്റെ കുതിരകളും ഒരുപോലെയല്ലോ” എന്ന് പറഞ്ഞു.8നാം ഏതു വഴിക്ക് പോകണം എന്ന് അവൻ ചോദിച്ചതിന്: “എദോംമരുഭൂമി വഴിയായി തന്നേ” എന്ന് അവൻ പറഞ്ഞു.
9അങ്ങനെ യിസ്രായേൽരാജാവ് യെഹൂദാരാജാവിനോടും എദോംരാജാവിനോടും ഒപ്പം പുറപ്പെട്ടു; അവർ ഏഴു ദിവസം ചുറ്റിത്തിരിഞ്ഞശേഷം, സൈന്യത്തിനും മൃഗങ്ങൾക്കും വെള്ളം കിട്ടാതെയായി.10അപ്പോൾ യിസ്രായേൽരാജാവ്:“അയ്യോ, ഈ മൂന്നു രാജാക്കന്മാരെയും യഹോവ വിളിച്ചുവരുത്തിയത് അവരെ മോവാബ്യരുടെ കയ്യിൽ ഏല്പിക്കേണ്ടതിനോ?” എന്ന് പറഞ്ഞു.
11എന്നാൽ യഹോശാഫാത്ത്: “നാം യഹോവയോട് അരുളപ്പാട് ചോദിക്കുവാൻ ഇവിടെ യഹോവയുടെ പ്രവാചകനായി ആരുമില്ലയോ?” എന്ന് ചോദിച്ചു.അപ്പോൾ യിസ്രായേൽരാജാവിന്റെ ഭൃത്യന്മാരിൽ ഒരുവൻ: “ഏലീയാവിന് ശുശ്രൂഷ ചെയ്തിരുന്ന ശാഫാത്തിന്റെ മകൻ എലീശാ ഇവിടെ ഉണ്ട്” എന്ന് പറഞ്ഞു.12“അവൻ യഹോവയുടെ അരുളപ്പാട് ഉള്ളവൻ” എന്ന് യെഹോശാഫാത്ത് പറഞ്ഞു. അങ്ങനെ യിസ്രായേൽരാജാവും യെഹോശാഫാത്തും എദോംരാജാവും ഒരുമിച്ച് അവന്റെ അടുക്കൽ ചെന്നു.
13എലീശാ യിസ്രായേൽ രാജാവിനോട്: “എന്റെ അടുക്കൽ വരുവാൻ നിനക്കെന്തു കാര്യം? നീ നിന്റെ അപ്പന്റെയും അമ്മയുടെയും പ്രവാചകന്മാരുടെ അടുക്കൽ ചെല്ലുക” എന്ന് പറഞ്ഞു. അതിന് യിസ്രായേൽരാജാവ് അവനോട്: “അങ്ങനെയല്ല; ഈ മൂന്നു രാജാക്കന്മാരെയും മോവാബ്യരുടെ കയ്യിൽ ഏല്പിക്കുവാൻ യഹോവ അവരെ വിളിച്ചുവരുത്തിയിരിക്കുന്നു” എന്ന് പറഞ്ഞു.14അതിന്ന് എലീശാ: “ഞാൻ സേവിച്ചുനില്ക്കുന്ന സൈന്യങ്ങളുടെ യഹോവയാണ, യെഹൂദാരാജാവായ യെഹോശാഫാത്ത് നിന്നോടൊപ്പം ഇല്ലായിരുന്നില്ലെങ്കിൽ ഞാൻ നിന്നെ നോക്കുകയോ ശ്രദ്ധിക്കയോ ഇല്ലായിരുന്നു;
15എന്നാൽ ഇപ്പോൾ ഒരു വീണവാദ്യക്കാരനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ” എന്ന് പറഞ്ഞു. വീണവാദ്യക്കാരൻ വായിക്കുമ്പോൾ യഹോവയുടെ കൈ എലീശയുടെ മേൽ വന്നു.16അവൻ പറഞ്ഞത് എന്തെന്നാൽ: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ താഴ്വരയിൽ അനേകം കുഴികൾ വെട്ടുവിൻ.17നിങ്ങൾ കാറ്റും, മഴയും കാണുകയില്ല; എന്നാൽ നിങ്ങളും, നിങ്ങളുടെ ആടുമാടുകളും, വാഹനമൃഗങ്ങളും കുടിക്കത്തക്കവണ്ണം ഈ താഴ്വര വെള്ളംകൊണ്ട് നിറയും.
18ഇത് യഹോവയ്ക്ക് നിസ്സാര കാര്യം അത്രെ. കൂടാതെ അവൻ മോവാബ്യരെയും നിങ്ങളുടെ കയ്യിൽ ഏല്പിച്ചുതരും.19നിങ്ങൾ ഉറപ്പുള്ള പട്ടണങ്ങളും ശ്രേഷ്ഠനഗരങ്ങളും ജയിച്ചടക്കുകയും നല്ലവൃക്ഷങ്ങളെല്ലാം മുറിക്കയും നീരുറവുകളെല്ലാം അടെച്ചുകളകയും നല്ല നിലങ്ങളെല്ലാം കല്ലു വാരിയിട്ടു നശിപ്പിക്കയും ചെയ്യും”.
20പിറ്റെന്ന് രാവിലെ ഭോജനയാഗത്തിന്റെ സമയത്ത് വെള്ളം പെട്ടെന്ന് എദോംവഴിയായി വരികയും; ദേശം വെള്ളംകൊണ്ട് നിറഞ്ഞു.
21എന്നാൽ ഈ രാജാക്കന്മാർ തങ്ങളോട് യുദ്ധം ചെയ്‌വാൻ വന്നിരിക്കുന്നു എന്ന് മോവാബ്യർ കേട്ടപ്പോൾ, അവർ ആയുധം എടുക്കാൻ പ്രായമായ എല്ലാവരേയും വിളിച്ചുകൂട്ടി ദേശത്തിന്റെ അതിർത്തിയിൽ ചെന്നുനിന്നു.22രാവിലെ അവർ എഴുന്നേറ്റ് നോക്കിയപ്പോൾ സൂര്യപ്രകാശത്താൽ അവരുടെ മുൻപിലുള്ള വെള്ളം രക്തംപോലെ ചുവപ്പായി തോന്നി:23“അത് രക്തമാകുന്നു; ആ രാജാക്കന്മാർ തമ്മിൽ പൊരുതി നശിച്ചിരിക്കുന്നു; ആകയാൽ മോവാബ്യരേ, കൊള്ളയിടുവാൻ വരുവിൻ” എന്ന് അവർ പറഞ്ഞു.
24അങ്ങനെ അവർ യിസ്രായേൽപാളയത്തിൽ എത്തിയപ്പോൾ യിസ്രായേല്യർ മോവാബ്യരെ തോല്പിച്ച് ഓടിച്ചു. അവർ മോവാബ്യദേശത്ത് കടന്ന് മോവാബ്യരിൽ അനേകം പേരെ കൊന്നുകളഞ്ഞു.25അവർ പട്ടണങ്ങൾ ഇടിച്ചു കളഞ്ഞു;നല്ല നിലമെല്ലാം കല്ലുകൾ ഇട്ട് നശിപ്പിച്ചു;നീരുറവുകൾഅടച്ചുകളഞ്ഞു; നല്ലവൃക്ഷങ്ങളെല്ലാം മുറിച്ചു; കീർഹരേശെത്ത് പട്ടണം മാത്രം അവർ കല്ലുകൾ ഇട്ട് നശിപ്പിച്ചില്ല. എന്നാൽ കവിണക്കാർ അതിനെ വളഞ്ഞ് നശിപ്പിച്ചുകളഞ്ഞു.
26മോവാബ്‌രാജാവ് യുദ്ധം അതികഠിനമായി എന്ന് കണ്ടപ്പോൾ എദോംരാജാവിനെ അണിമുറിച്ചാക്രമിക്കേണ്ടതിന് എഴുനൂറ് ആയുധധാരികളെ കൂട്ടിക്കൊണ്ട് ചെന്നു; എങ്കിലും അവൻ അതിൽ വിജയിച്ചില്ല.27ആകയാൽ അവൻ തന്റെശേഷം വാഴുവാനുള്ള ആദ്യജാതനെ മതിലിന്മേൽ ദഹനയാഗം കഴിച്ചു. അപ്പോൾ യിസ്രായേല്യർക്കു നേരെ മോവാബ്യരുടെ മഹാകോപം ജ്വലിച്ചതുകൊണ്ട് അവർ അവനെ വിട്ട് സ്വദേശത്തേക്ക് മടങ്ങിപ്പോന്നു.

4

1പ്രവാചകശിഷ്യന്മാരിൽ ഒരാളുടെ ഭാര്യ എലീശയോട് നിലവിളിച്ച് പറഞ്ഞത്: “നിന്റെ ദാസനായിരുന്ന എന്റെ ഭർത്താവ് മരിച്ചുപോയി; നിന്റെ ദാസൻ യഹോവാഭക്തനായിരുന്നു എന്ന് നിനക്കറിയാമല്ലോ;എന്റെ ഭർത്താവ് കടക്കാരനായി മരിച്ചതിനാൽ ഇപ്പോൾ ആ കടക്കാരൻ എന്റെ രണ്ടു മക്കളെ അടിമകളാക്കുവാൻ ഭാവിക്കുന്നു”.2എലീശ അവളോട്: “ഞാൻ നിനക്ക് എന്തു ചെയ്തു തരണം എന്ന് പറയുക; വീട്ടിൽ നിനക്ക് എന്താണുള്ളത്?” എന്ന് ചോദിച്ചു. “ഒരു ഭരണി എണ്ണയല്ലാതെ അടിയന്റെ വീട്ടിൽ മറ്റൊന്നും ഇല്ല” എന്ന് അവൾ പറഞ്ഞു.

3അതിന് അവൻ: “നീ ചെന്ന് നിന്റെ അയല്ക്കാരോട് ഒഴിഞ്ഞ പാത്രങ്ങൾ വായ്പ വാങ്ങുക; പാത്രങ്ങൾ കുറവായിരിക്കരുത്.4പിന്നെ നീയും നിന്റെ മക്കളും അകത്ത് കയറി വാതിൽ അടച്ച്,ഒഴിഞ്ഞ പാത്രങ്ങളിലെല്ലാം എണ്ണ പകരുക; നിറഞ്ഞ പാത്രങ്ങൾ ഒരു ഭാഗത്തുമാറ്റിവക്കുക” എന്ന് പറഞ്ഞു.
5അവൾ അവനെ വിട്ട് വീട്ടിൽ ചെന്ന് തന്റെ മക്കളോടുകൂടെ അകത്ത് കടന്ന് വാതിൽ അടച്ചു; മക്കൾ അവൾക്ക് പാത്രങ്ങൾ കൊടുക്കയും അവൾ അവയിലേക്ക് എണ്ണ പകരുകയും ചെയ്തു.6പാത്രങ്ങൾ നിറഞ്ഞശേഷം അവൾ തന്റെ മകനോട്: “ഇനിയും പാത്രം കൊണ്ടുവരുക” എന്ന് പറഞ്ഞു. അവൻ അവളോട്: “പാത്രം ഒന്നും ഇല്ല” എന്ന് പറഞ്ഞു. അപ്പോൾ എണ്ണ നിന്നുപോയി.
7അവൾ ചെന്ന് ദൈവപുരുഷനോട് ഈ കാര്യം അറിയിച്ചു. “നീ പോയി ഈ എണ്ണ വിറ്റ് കടം വീട്ടുക. മിച്ചമുള്ള പണം കൊണ്ട് നീയും മക്കളും ഉപജീവനം കഴിച്ചുകൊള്ളുക” എന്ന് പറഞ്ഞു.

8ഒരു ദിവസം എലീശാ ശൂനേമിലേക്ക് പോയി; അവിടെ ധനികയായോരു സ്ത്രീ ഉണ്ടായിരുന്നു; അവൾ അവനെ വീട്ടിൽ ഭക്ഷണം കഴിക്കാൻ വരേണം എന്ന് നിർബ്ബന്ധിച്ചു. അതിനുശേഷം അവൻ ആ വഴി പോകുമ്പോഴൊക്കെയും ഭക്ഷണത്തിന് അവിടെ കയറും.9അവൾ തന്റെ ഭർത്താവിനോട്: “നമ്മുടെ വഴിയിലൂടെ മിക്കവാറും കടന്നുപോകുന്ന ഈയാൾ വിശുദ്ധനായോരു ദൈവപുരുഷൻ എന്ന് ഞാൻ അറിയുന്നു.
10നമുക്ക് വീട്ടിൻ മുകളിൽ ചെറിയ ഒരു മാളികമുറി ഉണ്ടാക്കാം; അതിൽ ഒരു കട്ടിലും മേശയും കസേരയും നിലവിളക്കും വെക്കാം; അവൻ നമ്മുടെ അടുക്കൽ വരുമ്പോൾ അവന് അവിടെ പാർക്കാമല്ലോ” എന്ന് പറഞ്ഞു.11പിന്നെ ഒരു ദിവസം അവൻ അവിടെ വരുവാൻ ഇടയായി; അവൻ ആ മാളികമുറിയിൽ കയറി അവിടെ കിടന്നുറങ്ങി.
12അവൻ തന്റെ ഭൃത്യനായ ഗേഹസിയോട്: “ശൂനേംകാരത്തിയെ വിളിക്ക” എന്ന് പറഞ്ഞു. അവൻ അവളെ വിളിച്ചു. അവൾ അവന്റെ മുമ്പിൽ വന്നുനിന്നു.13അവൻ അവനോട്: “നീ ഇത്ര താല്പര്യത്തോടെ ഞങ്ങൾക്കു വേണ്ടി കരുതിയല്ലോ? നിനക്കു വേണ്ടി എന്ത് ചെയ്യേണം? രാജാവിനോടോ സേനാധിപതിയോടോ നിനക്കു വേണ്ടി എന്തെങ്കിലും പറയേണ്ടതുണ്ടോ?” എന്ന് നീ അവളോട് ചോദിക്ക, എന്ന് പറഞ്ഞു. അതിന് അവൾ: “ഞാൻ സ്വജനത്തിന്റെ മദ്ധ്യേ വസിക്കുന്നു” എന്ന് പറഞ്ഞു.
14എന്നാൽ അവൾക്കു വേണ്ടി എന്തുചെയ്യാൻ കഴിയും എന്ന് അവൻ ചോദിച്ചതിന് ഗേഹസി: “അവൾക്ക് മകനില്ലല്ലോ; അവളുടെ ഭർത്താവ് വൃദ്ധനും ആകുന്നു” എന്ന് പറഞ്ഞു.15“അവളെ വിളിക്ക” എന്ന് അവൻ പറഞ്ഞു. അവൻ അവളെ വിളിച്ചപ്പോൾ അവൾ വാതില്ക്കൽ വന്നുനിന്നു.16അപ്പോൾ അവൻ: “വരുന്ന ആണ്ടിൽ ഈ സമയം ആകുമ്പോൾ നീ ഒരു മകനെ മാറിൽ അണെക്കുവാൻ ഇടയാകും” എന്ന് പറഞ്ഞു. അതിന്ന് അവൾ: “അല്ല, ദൈവപുരുഷനായ എന്റെ യജമാനനേ, അടിയനോട് ഭോഷ്ക് പറയരുതേ” എന്ന് പറഞ്ഞു.
17ആ സ്ത്രീ ഗർഭംധരിച്ച് പിറ്റെ ആണ്ടിൽ, എലീശാ അവളോട് പറഞ്ഞസമയത്തു തന്നേ, ഒരു മകനെ പ്രസവിച്ചു.18ബാലൻ വളർന്നപ്പോൾ ഒരു ദിവസം അവൻ കൊയ്ത്തുകാരോടുകൂടെ ഇരുന്ന തന്റെ അപ്പന്റെ അടുക്കൽ ചെന്നു.19അവൻ അപ്പനോട്: “എന്റെ തല, എന്റെ തല” എന്ന് പറഞ്ഞു. അവൻ ഒരു ബാല്യക്കാരനോട്: “ഇവനെ എടുത്ത് അമ്മയുടെ അടുക്കൽ കൊണ്ടു പോകുക”എന്ന് പറഞ്ഞു.20അവൻ ബാലനെ എടുത്ത് അവന്റെ അമ്മയുടെ അടുക്കൽ കൊണ്ടുചെന്നു; അവൻ ഉച്ചവരെ അവളുടെ മടിയിൽ ഇരുന്നശേഷം മരിച്ചുപോയി.
21അപ്പോൾ അവൾ മാളികമുറിയിൽ കയറിച്ചെന്ന് അവനെ ദൈവപുരുഷന്റെ കട്ടിലിൽ കിടത്തി, വാതിൽ അടെച്ച് പുറത്തിറങ്ങി.22പിന്നെ അവൾ തന്റെ ഭർത്താവിനെ വിളിച്ചു: “ഞാൻ വേഗത്തിൽ ദൈവപുരുഷന്റെ അടുക്കൽ പോയിവരേണ്ടതിന് എനിക്ക് ഒരു ഭൃത്യനെയും ഒരു കഴുതയെയും തരണമേ” എന്ന് പറഞ്ഞു.
23അതിന് അവൻ: “ഇന്ന് നീ അവന്റെ അടുക്കൽ പോകുന്നത് എന്തിന്? ഇന്ന് അമാവാസ്യയോ, ശബ്ബത്തോ അല്ലല്ലോ” എന്ന് പറഞ്ഞു. “സാരമില്ല”എന്ന് അവൾ പറഞ്ഞു.24അങ്ങനെ അവൾ കഴുതപ്പുറത്ത് കോപ്പിട്ട് കയറിഭൃത്യനോട്: “കഴുതയെ വേഗത്തിൽ തെളിച്ചുവിടുക; ഞാൻ പറഞ്ഞല്ലാതെ വഴിയിൽ എവിടെയും നിർത്തരുത്” എന്ന് പറഞ്ഞു.
25അവൾ കർമ്മേൽപർവ്വതത്തിൽ ദൈവപുരുഷന്റെ അടുക്കൽ എത്തി; ദൈവപുരുഷൻ അവളെ ദൂരത്ത് കണ്ടപ്പോൾ തന്റെ ബാല്യക്കാരനായ ഗേഹസിയോട്: “അതാ, ശൂനേംകാരത്തി വരുന്നു; നീ ഓടിച്ചെന്ന് അവളെ എതിരേറ്റ്:26‘സുഖം തന്നെയോ? ഭർത്താവ് സുഖമായിരിക്കുന്നുവോ? ബാലന് സുഖമുണ്ടോ?’ എന്ന് അവളോടു ചോദിക്കേണം” എന്ന് പറഞ്ഞു. “സുഖം തന്നേ” എന്ന് അവൾ പറഞ്ഞു.
27അവൾ പർവ്വതത്തിൽ ദൈവപുരുഷന്റെ അടുക്കൽ എത്തിയപ്പോൾ അവന്റെ കാൽക്കൽ വീണു; ഗേഹസി അവളെ പിടിച്ചു മാറ്റുവാൻ അടുത്തുചെന്നപ്പോൾ ദൈവപുരുഷൻ: “അവളെ വിടുക; അവൾക്ക് വലിയ മനോവ്യസനം ഉണ്ട്; യഹോവ അത് എന്നെ അറിയിക്കാതെ മറച്ചിരിക്കുന്നു” എന്ന് പറഞ്ഞു.
28“ഞാൻ യജമാനനോട് ഒരു മകനെ ചോദിച്ചിരുന്നുവോ? എന്നെ ചതിക്കരുതേ എന്ന് ഞാൻ പറഞ്ഞില്ലയോ” എന്ന് അവൾ പറഞ്ഞു.29ഉടനെ അവൻ ഗേഹസിയോട്: “നീ അര കെട്ടി എന്റെ വടിയും കയ്യിൽ എടുത്ത് പോകുക; നീ ആരെ എങ്കിലും കണ്ടാൽ വന്ദനം ചെയ്യരുത്; നിന്നെ വന്ദനം ചെയ്താൽ പ്രതിവന്ദനം പറയുകയും അരുത്; എന്റെ വടി ബാലന്റെ മുഖത്തു വെക്കേണം” എന്ന് പറഞ്ഞു.
30എന്നാൽ ബാലന്റെ അമ്മ:“ യഹോവയാണ, നിന്റെ ജീവനാണ, ഞാൻ നിന്നെ വിടുകയില്ല” എന്ന് പറഞ്ഞു; അങ്ങനെ അവൻ എഴുന്നേറ്റ് അവളോടുകൂടെ പോയി.31ഗേഹസി അവർക്കു മുമ്പായി ചെന്ന് വടി ബാലന്റെ മുഖത്തു വെച്ചു; എങ്കിലും ബാലൻ അനങ്ങുകയോ ഉണരുകയോ ചെയ്തില്ല. അതുകൊണ്ട് അവൻ അവനെ എതിരേൽക്കുവാൻ മടങ്ങിവന്നു: “ബാലൻ ഉണർന്നില്ല” എന്ന് അറിയിച്ചു.
32എലീശാ വീട്ടിൽ വന്നപ്പോൾ തന്റെ കട്ടിലിൽ ബാലൻ മരിച്ചുകിടക്കുന്നത് കണ്ടു.33താനും ബാലനും മാത്രം അകത്ത് ഉണ്ടായിരിക്കെ അവൻ വാതിൽ അടെച്ച് യഹോവയോട് പ്രാർത്ഥിച്ചു.34പിന്നെ അവൻ കയറി ബാലന്റെമേൽ കിടന്നു; തന്റെ വായ് ബാലന്റെ വായ്മേലും തന്റെ കണ്ണ് അവന്റെ കണ്ണിന്മേലും തന്റെ ഉള്ളംകൈകൾ അവന്റെ ഉള്ളം കൈകളിന്മേലും വെച്ച് അവന്റെമേൽ കമിഴ്ന്നുകിടന്നപ്പോൾ ബാലന്റെ ദേഹത്തിന് ചൂടുപിടിച്ചു.
35അവൻ ഇറങ്ങി മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നിട്ട് പിന്നെയും കയറി അവന്റെമേൽ കവിണ്ണുകിടന്നു; അപ്പോൾ ബാലൻ ഏഴു പ്രാവശ്യം തുമ്മി കണ്ണു തുറന്നു.36അവൻ ഗേഹസിയെ വിളിച്ചു; “ശൂനേംകാരത്തിയെ വിളിക്ക” എന്ന് കല്പിച്ചു; അവൻ അവളെ വിളിച്ചു. അവൾ അവന്റെ അടുക്കൽ വന്നപ്പോൾ അവൻ: “നിന്റെ മകനെ എടുത്തുകൊണ്ട് പോയ്ക്കൊൾക” എന്ന് പറഞ്ഞു.37അവൾ അകത്ത് ചെന്ന് അവന്റെ കാല്ക്കൽ സാഷ്ടാംഗം വീണു നമസ്കരിച്ച ശേഷം തന്റെ മകനെ എടുത്തുകൊണ്ടു പോയി.

38അനന്തരം എലീശാ ഗില്ഗാലിൽ പോയി; അന്നു ദേശത്ത് ക്ഷാമം ഉണ്ടായിരുന്നു; പ്രവാചകശിഷ്യന്മാർ അവന്റെ മുമ്പിൽ ഇരിക്കുമ്പോൾ അവൻ തന്റെ ഭൃത്യനോട്: “നീ വലിയ കലം അടുപ്പത്ത് വെച്ച് പ്രവാചകശിഷ്യന്മാർക്ക് പായസം ഉണ്ടാക്കുക” എന്ന് പറഞ്ഞു.39ഒരുത്തൻ ചീര പറിപ്പാൻ വയലിൽ ചെന്നു; ഒരു കാട്ടുവള്ളി കണ്ട് മടിനിറയ പേച്ചുര പറിച്ചു കൊണ്ടുവന്നു; അവർ അറിയായ്കയാൽ അരിഞ്ഞു പായസക്കലത്തിൽ ഇട്ടു.
40അവർ അതു ആളുകൾക്കു വിളമ്പി; അവർ പായസം കുടിക്കുമ്പോൾ നിലവിളിച്ചു; “ഹേ ദൈവപുരുഷാ, കലത്തിൽ മരണം” എന്ന് പറഞ്ഞു.41അവർക്കു ആ പായസം കുടിക്കുവാൻ കഴിഞ്ഞില്ല. “മാവ് കൊണ്ടുവരുവിൻ” എന്ന് അവൻ പറഞ്ഞു അതു കലത്തിൽ ഇട്ടു: “ആളുകൾക്ക് വിളമ്പികൊടുക്കുക എന്ന് പറഞ്ഞു. പിന്നെ ദോഷകരമായതൊന്നും കലത്തിൽ ഉണ്ടായിരുന്നില്ല.

42അനന്തരം ബാൽ-ശാലീശയിൽ നിന്ന് ഒരാൾ ദൈവപുരുഷന് ആദ്യഫലമായി ഇരുപത് യവത്തപ്പവും മലരും തോൾസഞ്ചിയിൽ കൊണ്ടുവന്നു. “ജനത്തിന് അത് തിന്നുവാൻ കൊടുക്ക” എന്ന് അവൻ കല്പിച്ചു.43അതിന് അവന്റെ ബാല്യക്കാരൻ: “ഞാൻ ഇത് നൂറു പേർക്ക് എങ്ങനെ വിളമ്പും?” എന്ന് ചോദിച്ചു. അവൻ പിന്നെയും: “ജനത്തിന് അത് ഭക്ഷിപ്പാൻ കൊടുക്കുക, അവർ തിന്നുകയും ശേഷിപ്പിക്കുകയും ചെയ്യും” എന്ന് യഹോവ അരുളിച്ചെയ്യുന്നു എന്ന് പറഞ്ഞു.44അങ്ങനെ അവൻ അവർക്ക് വിളമ്പിക്കൊടുത്തു; യഹോവയുടെ വചനപ്രകാരം അവർ തിന്നുകയും ശേഷിപ്പിക്കുകയും ചെയ്തു.

5

1അരാംരാജാവിന്റെ സൈന്യാധിപനായ നയമാൻ മുഖാന്തരം യഹോവ അരാമിന് ജയം നല്കിയതുകൊണ്ട് അവന്റെ യജമാനൻ അവനെ മഹാനും മാന്യനും ആയി കരുതി; അവൻ പരാക്രമശാലി എങ്കിലും കുഷ്ഠരോഗി ആയിരുന്നു.2അരാമ്യ പടയാളികൾ യിസ്രായേൽദേശത്ത് കവർച്ച നടത്തിയപ്പോൾ ഒരു ചെറിയ പെൺകുട്ടിയെ പിടിച്ചുകൊണ്ട് പോയിരുന്നു; അവൾ നയമാന്റെ ഭാര്യക്ക് ശുശ്രൂഷ ചെയ്തുവന്നു.

3അവൾ തന്റെ യജമാനത്തിയോട്: “യജമാനൻ ശമര്യയിലെ പ്രവാചകന്റെ അടുക്കൽ പോയിരുന്നെങ്കിൽ അവൻ അവന്റെ കുഷ്ഠരോഗം മാറ്റിക്കൊടുക്കുമായിരുന്നു” എന്ന് പറഞ്ഞു.4നയമാൻ രാജാവിനോട്: “യിസ്രായേൽ ദേശക്കാരിയായ പെൺകുട്ടി ഇന്നിന്നപ്രകാരം സംസാരിച്ചു” എന്ന് ബോധിപ്പിച്ചു.
5“നീ പോയി വരിക; ഞാൻ യിസ്രായേൽരാജാവിന് ഒരു എഴുത്തു തരാം” എന്ന് അരാംരാജാവ് പറഞ്ഞു. അങ്ങനെ അവൻ പത്തു താലന്ത് വെള്ളിയും ആറായിരം ശേക്കെൽ പൊന്നും പത്തു കൂട്ടം വസ്ത്രങ്ങളും എടുത്ത് പുറപ്പെട്ടു.6അവൻ യിസ്രായേൽരാജാവിന്റെ അടുക്കൽ എഴുത്തുംകൊണ്ട് ചെന്നു; അതിൽ: “ഈ എഴുത്ത് കൊണ്ടുവരുന്ന എന്റെ ഭൃത്യൻ നയമാന്റെ കുഷ്ഠരോഗം നീ മാറ്റിക്കൊടുക്കേണ്ടതിന് ഞാൻ അവനെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു” എന്ന് എഴുതിയിരുന്നു.
7യിസ്രായേൽരാജാവ് എഴുത്തു വായിച്ചപ്പോൾ വസ്ത്രം കീറി: “അവൻ ഇതാ, കുഷ്ഠരോഗം മാറ്റിക്കൊടുക്കേണ്ടതിന് ഒരാളെ എന്റെ അടുക്കൽ അയച്ചിരിക്കുന്നു! കൊല്ലുവാനും ജീവിപ്പിക്കുവാനും ഞാൻ ദൈവമോ? നോക്കുവിൻ, അവൻ ഇതിനാൽ എന്നോട് ശണ്ഠക്ക് കാരണം അന്വേഷിക്കയല്ലയോ?” എന്ന് പറഞ്ഞു.
8യിസ്രായേൽരാജാവ് വസ്ത്രം കീറിക്കളഞ്ഞു എന്ന് ദൈവപുരുഷനായ എലീശാ കേട്ടപ്പോൾ രാജാവിന്റെ അടുക്കൽ ആളയച്ചു: “നീ വസ്ത്രം കീറിക്കളഞ്ഞത് എന്തിന്? അവൻ എന്റെ അടുക്കൽ വരട്ടെ; എന്നാൽ യിസ്രായേലിൽ ഒരു പ്രവാചകൻ ഉണ്ട് എന്ന് അവൻ അറിയും” എന്ന് പറയിച്ചു.9അങ്ങനെ നയമാൻ രഥത്തോടും കുതിരകളോടുംകൂടി എലീശയുടെ വീട്ടുവാതില്ക്കൽ വന്ന് നിന്നു.10എലീശാ ആളയച്ചു: “നീ ചെന്ന് യോർദ്ദാനിൽ ഏഴു പ്രാവശ്യം കുളിക്കുക; അപ്പോൾ നിന്റെ ദേഹം മുമ്പിലത്തെപ്പോലെയായി നീ ശുദ്ധനാകും” എന്ന് പറയിച്ചു.
11അപ്പോൾ നയമാൻ ഏറ്റവും ക്രുദ്ധിച്ച് അവിടെനിന്നും പുറപ്പെട്ടു; “അവൻ തന്നെ പുറത്തുവന്ന് എന്റെ അടുത്തുനിന്ന് തന്റെ ദൈവമായ യഹോവയുടെ നാമത്തെ വിളിച്ച് പ്രാർത്ഥിച്ച് തന്റെ കൈ എന്റെ മീതെ ചലിപ്പിച്ച് കുഷ്ഠരോഗം സൗഖ്യമാക്കും എന്ന് ഞാൻ വിചാരിച്ചു.12ദമ്മേശെക്കിലെ നദികളായ അബാനയും പർപ്പരും യിസ്രായേൽദേശത്തിലെ എല്ലാ വെള്ളത്തെക്കാളും നല്ലതല്ലയോ? എനിക്ക് അവയിൽ കുളിച്ച് ശുദ്ധനാകരുതോ?” എന്ന് പറഞ്ഞ് അവൻ ക്രോധത്തോടെ പോയി.
13എന്നാൽ അവന്റെ ഭൃത്യന്മാർ അടുത്തു വന്ന് അവനോട്: “പിതാവേ, പ്രവാചകൻ ഒരു വലിയ കാര്യം നിന്നോട് കല്പിച്ചിരുന്നുവെങ്കിൽ നീ ചെയ്യാതെ ഇരിക്കുമോ? പിന്നെ അവൻ: ‘കുളിച്ച് ശുദ്ധനാകുക‘ എന്ന് നിന്നോട് കല്പിച്ചാൽ എത്ര അധികം അനുസരിക്കേണ്ടതാണ്”എന്ന് പറഞ്ഞു.14അപ്പോൾ അവൻ ചെന്ന് ദൈവപുരുഷന്റെ വചനപ്രകാരം യോർദ്ദാനിൽ ഏഴു പ്രാവശ്യം മുങ്ങി; അവന്റെ ദേഹം ചെറിയ ബാലന്റെ ദേഹം പോലെ ആയി; അവൻ ശുദ്ധനായി തീർന്നു.
15പിന്നെ അവൻ തന്റെ പരിവാരവുമായി ദൈവപുരുഷന്റെ അടുക്കൽ മടങ്ങി വന്ന് അവന്റെ മുമ്പിൽ നിന്നു; യിസ്രായേലിൽ അല്ലാതെ ഭൂമിയിൽ എങ്ങും ഒരു ദൈവം ഇല്ല എന്ന് ഞാൻ ഇപ്പോൾ അറിയുന്നു; ആകയാൽ അടിയന്റെ കയ്യിൽ നിന്നു ഒരു സമ്മാനം സ്വീകരിക്കണമേ” എന്ന് പറഞ്ഞു.16അതിന് അവൻ: “ഞാൻ സേവിച്ചുനില്ക്കുന്ന യഹോവയാണ, ഞാൻ ഒന്നും സ്വീകരിക്കുകയില്ല” എന്ന് പറഞ്ഞു. അവനെ നിർബ്ബന്ധിച്ചിട്ടും അവൻ ഒന്നും വാങ്ങിയില്ല.
17അപ്പോൾ നയമാൻ: “എന്നാൽ രണ്ടു കോവർകഴുതച്ചുമട് മണ്ണ് അടിയന് തരണമേ; അടിയൻ ഇനി യഹോവെക്കല്ലാതെ അന്യദൈവങ്ങൾക്ക് ഹോമയാഗവും ഹനനയാഗവും കഴിക്കുകയില്ല.18ഒരു കാര്യത്തിൽ മാത്രം യഹോവ അടിയനോട് ക്ഷമിക്കുമാറാകട്ടെ; എന്റെ യജമാനൻ നമസ്കരിപ്പാൻ രിമ്മോന്റെ ക്ഷേത്രത്തിൽ ചെന്ന് എന്റെ കൈത്താങ്ങലോടെ കുമ്പിടുമ്പോൾ ഞാനും രിമ്മോന്റെ ക്ഷേത്രത്തിൽ നമസ്കരിച്ചുപോകുന്നതിനു യഹോവ അടിയനോട് ക്ഷമിക്കുമാറാകട്ടെ.”19അവൻ അവനോട്: “സമാധാനത്തോടെ പോകുക” എന്ന് പറഞ്ഞു.
20നയമാൻ എലീശയുടെ സമീപത്തു നിന്ന് ദൂരെ പോയശേഷം ദൈവപുരുഷനായ എലീശയുടെ ഭൃത്യൻ ഗേഹസി: “അരാമ്യനായ നയമാൻ കൊണ്ടുവന്നത് എന്റെ യജമാനൻ അവന്റെ കയ്യിൽനിന്നു വാങ്ങാതെ വിട്ടുകളഞ്ഞുവല്ലോ; യഹോവയാണ, ഞാൻ അവന്റെ പിന്നാലെ ഓടിച്ചെന്ന് അവനോട് അല്പമെങ്കിലും വാങ്ങും”എന്ന് പറഞ്ഞു.21അങ്ങനെ അവൻ നയമാനെ പിന്തുടർന്നു. അവൻ തന്റെ പിന്നാലെ ഓടിവരുന്നത് നയമാൻ കണ്ടപ്പോൾ രഥത്തിൽനിന്നിറങ്ങി അവനെ എതിരേറ്റ്: “സുഖം തന്നെയോ?” എന്ന് ചോദിച്ചു.22അതിന് അവൻ: “സുഖം തന്നേ; ഇപ്പോൾ പ്രവാചകശിഷ്യന്മാരിൽ രണ്ടു യൗവനക്കാർ എഫ്രയീംമലനാട്ടിൽനിന്ന് എന്റെ അടുക്കൽ വന്നിരിക്കുന്നു; അവർക്ക് ഒരു താലന്ത് വെള്ളിയും രണ്ടുകൂട്ടം വസ്ത്രങ്ങളും തരണമേ എന്ന് പറയാൻ എന്റെ യജമാനൻ എന്നെ അയച്ചിരിക്കുന്നു” എന്ന് പറഞ്ഞു.
23“ദയവായി രണ്ടു താലന്ത് വാങ്ങണമേ” എന്ന് നയമാൻ പറഞ്ഞു. അവൻ അവനെ നിർബ്ബന്ധിച്ച് രണ്ട് സഞ്ചിയിൽ രണ്ടു താലന്ത് വെള്ളിയും രണ്ടുകൂട്ടം വസ്ത്രങ്ങളും കെട്ടി തന്റെ ഭൃത്യന്മാരിൽ രണ്ടുപേരുടെ പക്കൽ കൊടുത്തു; അവർ അത് ചുമന്നുകൊണ്ട് അവന്റെ മുമ്പിൽ നടന്നു.24കുന്നിനരികെ എത്തിയപ്പോൾ അവൻ അത് അവരുടെ കയ്യിൽനിന്ന് വാങ്ങി വീട്ടിൽ സൂക്ഷിച്ചുവെച്ചിട്ട് ബാല്യക്കാരെ പറഞ്ഞയച്ചു. അവർ മടങ്ങി പോവുകയും ചെയ്തു.25പിന്നെ അവൻ അകത്ത് കടന്ന് യജമാനന്റെ മുമ്പിൽ നിന്നു. അപ്പോൾ എലീശാ അവനോട്: “ഗേഹസിയേ, നീ എവിടെ പോയിരുന്നു?” എന്ന് ചോദിച്ചു. “അടിയൻ എങ്ങും പോയില്ല” എന്ന് അവൻ പറഞ്ഞു.
26അതിന് അവൻ: “ആ പുരുഷൻ രഥത്തിൽനിന്ന് ഇറങ്ങി നിന്നെ എതിരേറ്റപ്പോൾ എന്റെ ഹൃദയം നിന്നോടു കൂടെ പോന്നിരുന്നില്ലയോ? ദ്രവ്യം സമ്പാദിക്കുവാനും വസ്ത്രം, ഒലിവുതോട്ടം, മുന്തിരിത്തോട്ടം, ആടുമാടുകൾ, ദാസീദാസന്മാർ എന്നിവ വാങ്ങുവാനും ഇതാകുന്നുവോ സമയം?27ആകയാൽ നയമാന്റെ കുഷ്ഠം നിനക്കും നിന്റെ സന്തതിക്കും എന്നേക്കും ബാധിച്ചിരിക്കും” എന്ന് അവനോട് പറഞ്ഞു. അവൻ ഹിമംപോലെ വെളുത്ത് കുഷ്ഠരോഗിയായി എലീശയെ വിട്ട് പുറപ്പെട്ടുപോയി.

6

1പ്രവാചകശിഷ്യന്മാർ എലീശയോട്: “ഞങ്ങൾ പാർക്കുന്ന ഈ സ്ഥലം ഞങ്ങൾക്ക് തീരെ ഇടുക്കമായിരിക്കുന്നു എന്ന് അങ്ങ് കാണുന്നുവല്ലോ.2ഞങ്ങൾ യോർദ്ദാൻ നദിയുടെ തീരത്ത് ചെന്ന് അവിടെനിന്ന് ഓരോരുത്തനും ഓരോ മരം മുറിച്ച് കൊണ്ടുവന്ന് ഞങ്ങൾക്ക് വസിക്കുവാൻ ഒരു സ്ഥലം ഉണ്ടാക്കട്ടെ” എന്ന് ചോദിച്ചു. “പോകുവിൻ” എന്ന് അവൻ പറഞ്ഞു.3അവരിൽ ഒരുത്തൻ: “ദയവായി അടിയങ്ങളോടുകൂടെ പോരേണമേ” എന്ന് അപേക്ഷിച്ചതിന് “പോരാം” എന്ന് അവൻ പറഞ്ഞു.

4അങ്ങനെ അവൻ അവരോടുകൂടെ പോയി; അവർ യോർദ്ദാന്റെ കരയിൽ എത്തി മരം മുറിച്ചു.5എന്നാൽ ഒരുത്തൻ മരം മുറിക്കുമ്പോൾ കോടാലി ഊരി വെള്ളത്തിൽ വീണു; “അയ്യോ കഷ്ടം; യജമാനനേ, അത് വായ്പ വാങ്ങിയതായിരുന്നു” എന്ന് അവൻ നിലവിളിച്ചു.
6“അത് എവിടെ വീണു?” എന്ന് ദൈവപുരുഷൻ ചോദിച്ചു; അവൻ ആ സ്ഥലം അവനെ കാണിച്ചു; അവൻ ഒരു കോൽ വെട്ടി അവിടെ എറിഞ്ഞു; ആ ഇരിമ്പ് കോടാ‍ലി പൊങ്ങിവന്നു.7“അത് എടുത്തുകൊള്ളുക” എന്ന് അവൻ പറഞ്ഞു. അവൻ കൈ നീട്ടി അത് എടുത്തു.

8അനന്തരം അരാംരാജാവിന് യിസ്രായേലിനോട് യുദ്ധം ഉണ്ടായി; ഇന്നിന്ന സ്ഥലത്ത് പാളയം ഇറങ്ങണം എന്ന് അവൻ തന്റെ ഭൃത്യന്മാരുമായി ആലോചന കഴിച്ചു.9എന്നാൽ ദൈവപുരുഷൻ യിസ്രായേൽരാജാവിനോട്: “ഇന്ന സ്ഥലത്തുകൂടി കടക്കാതിരിക്കുവാൻ സൂക്ഷിക്ക; അരാമ്യർ അവിടേക്ക് വരുന്നുണ്ട്” എന്ന് പറയിച്ചു.
10ദൈവപുരുഷൻ പറഞ്ഞ സ്ഥലത്തേക്ക് യിസ്രായേൽരാജാവ് ആളയച്ചു; അങ്ങനെ അവൻ ഒരു പ്രാവശ്യമോ, രണ്ടു പ്രാവശ്യമോ അല്ല തന്നെത്താൻ രക്ഷിച്ചത്.11ഇത് മൂലം അരാംരാജാവിന്റെ മനസ്സ് ഏറ്റവും അധികം കലങ്ങി; അവൻ ഭൃത്യന്മാരെ വിളിച്ച് അവരോട്: “നമ്മുടെ കൂട്ടത്തിൽ യിസ്രായേൽരാജാവിന്റെ പക്ഷക്കാരൻ ആരെന്നു നിങ്ങൾ പറഞ്ഞു തരികയില്ലയോ?” എന്ന് ചോദിച്ചു.
12അവന്റെ ഭൃത്യന്മാരിൽ ഒരുത്തൻ: “യജമാനനായ രാജാവേ, കാര്യം അങ്ങനെയല്ല; നീ കിടപ്പുമുറിയിൽ സംസാരിക്കുന്ന വാക്കുകൾ യിസ്രായേലിലെ പ്രവാചകനായ എലീശാ യിസ്രായേൽരാജാവിനെ അറിയിക്കുന്നു” എന്ന് പറഞ്ഞു.13“നിങ്ങൾ ചെന്ന് അവൻ എവിടെ ഇരിക്കുന്നു എന്നു നോക്കുവിൻ; ഞാൻ ആളയച്ച് അവനെ പിടിപ്പിക്കും” എന്ന് അവൻ കല്പിച്ചു. എലീശാ ദോഥാനിൽ ഉണ്ടെന്ന് അവന് അറിവുകിട്ടി.
14അവൻ അവിടേക്ക് ശക്തിയുള്ള തന്റെ സൈന്യത്തെ, കുതിരകളും രഥങ്ങളുമായി അയച്ചു; അവർ രാത്രിയിൽ ചെന്ന് പട്ടണം വളഞ്ഞു.15ദൈവപുരുഷന്റെ ഭൃത്യൻ രാവിലെ എഴുന്നേറ്റ് പുറത്തിറങ്ങിയപ്പോൾ ഒരു സൈന്യം, കുതിരകളും രഥങ്ങളുമായി പട്ടണം വളഞ്ഞിരിക്കുന്നത് കണ്ടു; ബാല്യക്കാരൻ അവനോട്:“ അയ്യോ യജമാനനേ, നാം എന്ത് ചെയ്യും?” എന്ന് ചോദിച്ചു.16അതിന് അവൻ: “പേടിക്കേണ്ടാ; നമ്മോടുകൂടെയുള്ളവർ അവരോടു കൂടെയുള്ളവരെക്കാൾ അധികം” എന്ന് പറഞ്ഞു.
17പിന്നെ എലീശാ പ്രാർത്ഥിച്ചു: “യഹോവേ, ഇവൻ കാണത്തക്കവണ്ണം ഇവന്റെ കണ്ണ് തുറക്കണമേ” എന്ന് പറഞ്ഞു. യഹോവ ഭൃത്യന്റെ കണ്ണ് തുറന്നു; എലീശയുടെ ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളും കൊണ്ട് മല നിറഞ്ഞിരിക്കുന്നത് അവൻ കണ്ടു.18അരാമ്യർ അവന്റെ അടുക്കൽ വന്നപ്പോൾ എലീശാ യഹോവയോട് പ്രാർത്ഥിച്ചു: “ഈ ജനത്തെ അന്ധത പിടിപ്പിക്കേണമേ” എന്ന് പറഞ്ഞു. എലീശയുടെ അപേക്ഷപ്രകാരം അവൻ അവരെ അന്ധത പിടിപ്പിച്ചു.19എലീശാ അവരോട്: “ഇതല്ല വഴി; പട്ടണവും ഇതല്ല; എന്റെ പിന്നാലെ വരുവിൻ; നിങ്ങൾ അന്വേഷിക്കുന്ന ആളുടെ അടുക്കൽ ഞാൻ നിങ്ങളെ കൊണ്ടുപോകാം” എന്ന് പറഞ്ഞു. അവൻ അവരെ ശമര്യയിലേക്ക് കൂട്ടിക്കൊണ്ടുപോയി.
20ശമര്യയിൽ എത്തിയപ്പോൾ എലീശാ: “യഹോവേ, കാണത്തക്കവണ്ണം ഇവരുടെ കണ്ണ് തുറക്കേണമേ” എന്ന് പ്രാർത്ഥിച്ചു. യഹോവ അവരുടെ കണ്ണ് തുറന്നു; അവർ നോക്കിയപ്പോൾ തങ്ങൾ ശമര്യയുടെ നടുവിൽ നില്ക്കുന്നത് കണ്ടു.21യിസ്രായേൽരാജാവ് അവരെ കണ്ടിട്ട് എലീശയോട്: “എന്റെ പിതാവേ, ഞാൻ ഇവരെ കൊന്നുകളയട്ടെ; ഞാൻ ഇവരെ കൊന്നുകളയട്ടെ?” എന്ന് ചോദിച്ചു.
22അതിന് അവൻ: “കൊന്നുകളയരുത്; നിന്റെ വാൾകൊണ്ടും വില്ലുകൊണ്ടും പിടിച്ചവരെ നീ കൊന്നുകളയുമോ? ഇവർ തിന്നുകുടിച്ച് തങ്ങളുടെ യജമാനന്റെ അടുക്കൽ പോകേണ്ടതിന് അപ്പവും വെള്ളവും അവർക്ക് കൊടുക്കുക” എന്നു പറഞ്ഞു.23അങ്ങനെ അവൻ അവർക്ക് വലിയ ഒരു വിരുന്ന് ഒരുക്കി; അവർഭക്ഷിച്ചു പാനം ചെയ്തശേഷം അവൻ അവരെ വിട്ടയച്ചു; അവർ തങ്ങളുടെ യജമാനന്റെ അടുക്കൽ പോയി. അരാമ്യസൈന്യം യിസ്രായേൽദേശത്തേക്ക് പിന്നെ വന്നില്ല.

24അതിന്റെശേഷം അരാംരാജാവായ ബെൻ-ഹദദ് തന്റെ സൈന്യവുമായി പുറപ്പെട്ടുചെന്ന് ശമര്യയെ വളഞ്ഞു.25അവർ ശമര്യയെ വളഞ്ഞിരിക്കുമ്പോൾ അവിടെ മഹാക്ഷാമം ഉണ്ടായി; ഒരു കഴുതത്തലെക്ക് എൺപത് വെള്ളിക്കാശും കാൽകബ് പ്രാക്കാഷ്ഠത്തിന് അഞ്ചു വെള്ളിക്കാശും വരെ വിലകയറി.26ഒരിക്കൽ യിസ്രായേൽരാജാവ് മതിലിന്മേൽ നടക്കുമ്പോൾ ഒരു സ്ത്രീ അവനോട്: “യജമാനനായ രാജാവേ, രക്ഷിക്കണമേ” എന്ന് നിലവിളിച്ചു.
27അതിന് അവൻ: “യഹോവ നിന്നെ രക്ഷിക്കുന്നില്ലെങ്കിൽ ഞാൻ എവിടെനിന്ന് നിനക്ക് രക്ഷ കണ്ടെത്തും? മെതിക്കളത്തിൽ നിന്നോ, മുന്തിരിച്ചക്കിൽനിന്നോ?” എന്ന് ചോദിച്ചു.28രാജാവ് പിന്നെയും അവളോട്: “നിന്റെ സങ്കടം എന്ത്” എന്ന് ചോദിച്ചതിന് അവൾ: “ഈ സ്ത്രീ എന്നോട്: ‘നിന്റെ മകനെ കൊണ്ടുവാ; ഇന്ന് നമുക്ക് അവനെ തിന്നാം; നാളെ എന്റെ മകനെ തിന്നാം’ എന്ന് പറഞ്ഞു.29അങ്ങനെ ഞങ്ങൾ എന്റെ മകനെ പുഴുങ്ങിത്തിന്നു; പിറ്റെന്നാൾ ഞാൻ അവളോട്: ‘നിന്റെ മകനെ കൊണ്ടുവാ; നമുക്ക് അവനെയും തിന്നാം‘ എന്ന് പറഞ്ഞപ്പോൾ അവൾ തന്റെ മകനെ ഒളിപ്പിച്ചുകളഞ്ഞു” എന്ന് പറഞ്ഞു.
30സ്ത്രീയുടെ വാക്ക് കേട്ടപ്പോൾ രാജാവ് വസ്ത്രം കീറി; അവൻ മതിലിന്മേൽ നടന്നു പോവുകയായിരുന്നു; ജനം അവനെ നോക്കിയപ്പോൾ അവൻ അകമെ ദേഹം മുഴുവൻ രട്ട് ഉടുത്തിരിക്കുന്നത് കണ്ടു.31“ശാഫാത്തിന്റെ മകനായ എലീശയുടെ തല ഇന്ന് അവന്റെ ഉടലിന്മേൽ ഇരുന്നാൽ ദൈവം എന്നോട് തക്കവണ്ണവും അധികവും ചെയ്യട്ടെ“ എന്ന് അവൻ പറഞ്ഞു.
32എലീശാ തന്റെ വീട്ടിൽ മൂപ്പന്മാരോടുകൂടെ ഇരിക്കുമ്പോൾ രാജാവ് ഒരാളെ തനിക്കു മുമ്പായി അയച്ചു; ദൂതൻ എലീശയുടെ അടുക്കൽ എത്തുന്നതിന് മുമ്പെ അവൻ മൂപ്പന്മാരോട്: “എന്റെ തല എടുത്തുകളയുവാൻ ആകൊലപാതകപുത്രൻ ആളയച്ചിരിക്കുന്നത് നിങ്ങൾ കണ്ടുവോ? നോക്കുവിൻ ദൂതൻ വരുമ്പോൾ നിങ്ങൾ വാതിൽ അടച്ച് വാതില്ക്കൽ അവനെ തടയുക; അവന്റെ യജമാനന്റെ കാലൊച്ച അവന്റെ പിമ്പിൽ കേൾക്കുന്നുണ്ടല്ലോ?” എന്ന് പറഞ്ഞു.33അവൻ അവരോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ദൂതൻ അവന്റെ അടുക്കൽ എത്തി; “ഇതാ, ഈ അനർത്ഥം യഹോവയാൽ വരുന്നു; ഞാൻ ഇനി യഹോവയെ കാത്തിരിക്കുന്നത് എന്തിന്?” എന്ന് രാജാവ് പറഞ്ഞു.

7

1അപ്പോൾ എലീശാ: “യഹോവയുടെ അരുളപ്പാട് കേൾക്കുവിൻ; നാളെ ഈ നേരത്ത് ശമര്യയുടെ പടിവാതില്ക്കൽ ശേക്കെലിന് ഒരു സെയാ ഗോതമ്പുമാവും ശേക്കലിന് രണ്ടു സെയാ യവവും വില്ക്കും എന്ന് യഹോവ അരുളിച്ചെയ്യുന്നു” എന്ന് പറഞ്ഞു.2രാജാവിന് കൈത്താങ്ങൽ കൊടുക്കുന്ന അകമ്പടിനായകൻ ദൈവപുരുഷനോട്: “യഹോവ ആകാശത്തിൽ കിളിവാതിലുകൾ ഉണ്ടാക്കിയാലും ഈ കാര്യം സാധിക്കുമോ?” എന്ന് ചോദിച്ചു. അതിന് അവൻ: “നിന്റെ കണ്ണുകൊണ്ട് നീ അത് കാണും; എങ്കിലും നീ അതിൽനിന്ന് തിന്നുകയില്ല” എന്ന് പറഞ്ഞു.

3അന്ന് കുഷ്ഠരോഗികളായ നാലു പേർ പടിവാതില്ക്കൽ ഉണ്ടായിരുന്നു; അവർ തമ്മിൽ തമ്മിൽ: “നാം ഇവിടെ കിടന്ന് മരിക്കുന്നത് എന്തിന്?4പട്ടണത്തിൽ ചെന്നാൽ അവിടെ ക്ഷാമമായിരിക്കുകകൊണ്ട് നാം ചിലപ്പോൾ അവിടെവെച്ച് മരിക്കും; ഇവിടെ ആയിരുന്നാലും മരിക്കും. അതുകൊണ്ട് വരുക, നമുക്ക് അരാമ്യപാളയത്തിൽ പോകാം; അവർ നമ്മെ ജീവനോടെ വച്ചാൽ നാം ജീവിച്ചിരിക്കും; അവർ നമ്മെ കൊന്നാൽ നാം അതിനും തയാറായിരിക്കണം” എന്ന് പറഞ്ഞു.
5അങ്ങനെ അവർ അരാംപാളയത്തിൽ പോകുവാൻ സന്ധ്യാസമയത്ത് പുറപ്പെട്ട് അരാംപാളയത്തിന്റെ അടുത്ത് വന്നപ്പോൾ അവിടെ ആരെയും കണ്ടില്ല.6കർത്താവ് അരാമ്യസൈന്യത്തെ രഥങ്ങളുടെയും കുതിരകളുടെയും മഹാസൈന്യത്തിന്റെയും ആരവം കേൾപ്പിച്ചിരുന്നതുകൊണ്ട് അവർ തമ്മിൽ തമ്മിൽ: “ഇതാ, നമ്മുടെ നേരെ യുദ്ധത്തിനായി യിസ്രായേൽരാജാവ് ഹിത്യരാജാക്കന്മാരെയും ഈജിപ്റ്റ് രാജാക്കന്മാരെയും നമുക്ക് വിരോധമായി കൂലിക്ക് വിളിച്ചിരിക്കുന്നു” എന്ന് പറഞ്ഞു.
7അതുകൊണ്ട് അവർ സന്ധ്യാസമയത്തുതന്നേ എഴുന്നേറ്റ് ഓടിപ്പോയി; കൂടാരങ്ങൾ, കുതിരകൾ, കഴുതകൾ എന്നിവയെല്ലാം പാളയത്തിൽ ഉപേക്ഷിച്ച് ജീവരക്ഷക്കായി ഓടിപ്പോയിരുന്നു.8ആ കുഷ്ഠരോഗികൾ പാളയത്തിന്റെ സമീപം എത്തി ഒരു കൂടാരത്തിനകത്ത് കയറി തിന്നുകുടിച്ചശേഷം അവിടെനിന്ന് വെള്ളിയും പൊന്നും വസ്ത്രങ്ങളും എടുത്തുകൊണ്ടുപോയി ഒളിച്ചുവെച്ചു; മടങ്ങിവന്ന് മറ്റൊരു കൂടാരത്തിനകത്ത് കയറി അതിൽനിന്നും സാധനങ്ങൾ എടുത്തു കൊണ്ടുപോയി ഒളിച്ചുവച്ചു.
9പിന്നെ അവർ തമ്മിൽ തമ്മിൽ: “നാം ചെയ്യുന്നത് ശരിയല്ല; ഇന്ന് സദ്വർത്തമാനദിവസമല്ലോ; നാമോ മിണ്ടാതിരിക്കുന്നു; നേരം പുലരുംവരെ നാം താമസിച്ചാൽ നമുക്ക് കുറ്റം വരും; ആകയാൽ വരുവിൻ; നാം ചെന്നു രാജധാനിയിൽ വിവരം അറിയിക്കുക.” എന്ന് പറഞ്ഞു.10അങ്ങനെ അവർ പട്ടണവാതില്ക്കൽ ചെന്ന് കാവല്ക്കാരനെ വിളിച്ചു: “ഞങ്ങൾ അരാംപാളയത്തിൽ പോയിരുന്നു; അവിടെ ഒരു മനുഷ്യനും ഇല്ല; ഒരു മനുഷ്യന്റെ ശബ്ദം കേൾപ്പാനുമില്ല; കുതിരകളും കഴുതകളും കെട്ടിയിരിക്കുന്ന പോലെ നില്ക്കുന്നു; കൂടാരങ്ങളും അതുപോലെ തന്നേ ഇരിക്കുന്നു” എന്ന് പറഞ്ഞു.11അവൻ മറ്റ് കാവല്ക്കാരെ വിളിച്ചു; അവർ അകത്ത് രാജധാനിയിൽ അറിവുകൊടുത്തു.
12രാജാവ് രാത്രിയിൽ തന്നേ എഴുന്നേറ്റ് ഭൃത്യന്മാരോട്: “അരാമ്യർ നമ്മോടു ചെയ്തത് എന്തെന്ന് ഞാൻ പറഞ്ഞുതരാം; നാം വിശന്നിരിക്കയാകുന്നു എന്ന് അവർക്ക് അറിയാം. ‘അവർ പട്ടണത്തിൽ നിന്ന് പുറത്തുവരും; അപ്പോൾ നമുക്ക് അവരെ ജീവനോടെ പിടിക്കുകയും പട്ടണത്തിൽ കടക്കുകയും ചെയ്യാം‘ എന്ന ഉറപ്പോടെ അവർ പാളയം വിട്ടുപോയി വയലിൽ ഒളിച്ചിരിക്കയാകുന്നു” എന്ന് പറഞ്ഞു.13അതിന് അവന്റെ ഭൃത്യന്മാരിൽ ഒരുവൻ: “പട്ടണത്തിൽ ശേഷിച്ച അഞ്ച് കുതിരകളെ കൊണ്ടുവരട്ടെ; നാം ആളയച്ച് നോക്കിക്കേണം; അവർ ഒന്നുകിൽ ഇവിടെ പാർത്ത്, ശേഷം യിസ്രായേൽ ജനത്തെപ്പോലെ ക്ഷാമം കൊണ്ട് മരിക്കും;അല്ലെങ്കിൽ അരാമ്യ പാളയത്തിൽ വച്ച് നശിച്ച് പോകും”എന്ന് ഉത്തരം പറഞ്ഞു.
14അങ്ങനെ അവർ കുതിരകളെ കെട്ടിയ രണ്ട് രഥങ്ങൾ കൊണ്ടുവന്നു; രാജാവ് അവരെ അരാമ്യസൈന്യത്തിന്റെ പിന്നാലെ അയച്ചു: “നിങ്ങൾ ചെന്ന് നോക്കുവിൻ” എന്ന് കല്പിച്ചു.15അവർ യോർദ്ദാൻവരെ അവരുടെ പിന്നാലെ ചെന്നു; എന്നാൽ അരാമ്യർ പലായനം ചെയ്തപ്പോൾ എറിഞ്ഞുകളഞ്ഞ വസ്ത്രങ്ങളും മറ്റു സാധനങ്ങളുംകൊണ്ട് വഴിയൊക്കെ നിറഞ്ഞിരുന്നു; ദൂതന്മാർ മടങ്ങിവന്ന് വിവരം രാജാവിനെ അറിയിച്ചു.
16അങ്ങനെ ജനം പുറപ്പെട്ട് അരാംപാളയം കൊള്ളയിട്ടു. യഹോവയുടെ വചനപ്രകാരം അന്നു ശേക്കെലിന് ഒരു സെയാ ഗോതമ്പുമാവും ശേക്കെലിന് രണ്ടു സെയാ യവവും വിറ്റു.17രാജാവ് തനിക്ക് കൈത്താങ്ങൽ കൊടുക്കുന്ന അകമ്പടിനായകനെ വാതില്ക്കൽ വിചാരകനായി നിയമിച്ചിരുന്നു; ജനം ധാന്യത്തിനായുള്ള തിരക്കിൽ അവനെ ചവിട്ടി കൊന്നുകളഞ്ഞു; രാജാവ് ദൈവപുരുഷന്റെ അടുക്കൽ വന്നപ്പോൾ അവൻ പറഞ്ഞിരുന്നതുപോലെ അവൻ മരിച്ചുപോയിരുന്നു.
18“നാളെ ഈ നേരത്ത് ശമര്യയുടെ പടിവാതില്ക്കൽ ശേക്കെലിന് രണ്ടു സെയാ യവവും ശേക്കെലിന് ഒരു സെയാ ഗോതമ്പുമാവും വില്ക്കും” എന്ന് ദൈവപുരുഷൻ രാജാവിനോട് പറഞ്ഞപ്പോൾ ഈ അകമ്പടിനായകൻ ദൈവപുരുഷനോട്:19“യഹോവ ആകാശത്തിൽ കിളിവാതിലുകൾ ഉണ്ടാക്കിയാലും ഈ വാക്കുപോലെ സംഭവിക്കുമോ?” എന്നുത്തരം പറഞ്ഞു. അതിന് അവൻ: “നിന്റെ കണ്ണുകൊണ്ട് നീ അത് കാണും; എങ്കിലും നീ അതിൽനിന്ന് തിന്നുകയില്ല” എന്ന് പറഞ്ഞിരുന്നു.20അപ്രകാരം തന്നെ അവന് ഭവിച്ചു; പടിവാതില്ക്കൽവച്ചു ജനം അവനെ ചവിട്ടിക്കളഞ്ഞു; അവൻ മരിച്ചുപോയി.

8

1അനന്തരം എലീശാ താൻ മകനെ ജീവിപ്പിച്ചുകൊടുത്തിരുന്ന സ്ത്രീയോട്: “നീയും നിന്റെ കുടുംബവും ഇവിടെനിന്ന് പുറപ്പെട്ട് എവിടെയെങ്കിലും പരദേശവാസം ചെയ്തുകൊള്ളുക; യഹോവ ഒരു ക്ഷാമം വരുത്തുവാൻ പോകുന്നു; അത് ഏഴു സംവത്സരം ദേശത്ത് ഉണ്ടായിരിക്കും” എന്ന് പറഞ്ഞു.2ആ സ്ത്രീ ദൈവപുരുഷൻ പറഞ്ഞതുപോലെ ചെയ്തു; അവളും കുടുബവും ഫെലിസ്ത്യദേശത്ത് ഏഴു സംവത്സരം പരദേശവാസം ചെയ്തു.

3ഏഴു സംവത്സരം കഴിഞ്ഞിട്ട് അവൾ ഫെലിസ്ത്യദേശത്തുനിന്ന് മടങ്ങിവന്നു; പിന്നെ അവൾ തന്റെ നഷ്ടപ്പെട്ട വീടും നിലവും സംബന്ധിച്ച് രാജാവിനോട് സങ്കടം ബോധിപ്പിക്കുവാൻ ചെന്നു.4ആ സമയം രാജാവ് ദൈവപുരുഷന്റെ ബാല്യക്കാരനായ ഗേഹസിയോട് സംസാരിക്കുകയായിരുന്നു. “എലീശാ ചെയ്ത വൻകാര്യങ്ങളൊക്കെ നീ എന്നോട് വിവരിച്ചുപറക” എന്ന് രാജാവ് കല്പിച്ചു.
5മരിച്ചുപോയവനെ ജീവിപ്പിച്ച വിവരം അവൻ രാജാവിനെ കേൾപ്പിക്കുമ്പോൾ തന്നെ എലീശാ മകനെ ജീവിപ്പിച്ചുകൊടുത്തിരുന്ന ആ സ്ത്രീ വന്ന് തന്റെ വീടും നിലവും സംബന്ധിച്ച് രാജാവിനോട് സങ്കടം ബോധിപ്പിച്ചു. അപ്പോൾ ഗേഹസി: “യജമാനനായ രാജാവേ, ഇവൾ തന്നേ ആ സ്ത്രീ; എലീശാ ജീവിപ്പിച്ചുകൊടുത്ത മകൻ ഇവൻ തന്നേ“‘ എന്ന് പറഞ്ഞു.6രാജാവ് സ്ത്രീയോട് ചോദിച്ചപ്പോൾ അവളും അത് വിവരിച്ച് പറഞ്ഞു. രാജാവ് ഒരു ഉദ്യോഗസ്ഥനെ നിയമിച്ചു: “അവൾക്കുണ്ടായിരുന്നതൊക്കെയും അവൾ ദേശം വിട്ടുപോയ നാൾമുതൽ ഇതുവരെയുള്ള നിലത്തിന്റെ ആദായവും ഇവൾക്കു കൊടുപ്പിക്കണം” എന്ന് കല്പിച്ചു.

7അനന്തരം എലീശാ ദമ്മേശെക്കിൽ ചെന്നു; അന്ന് അരാംരാജാവായ ബെൻ-ഹദദ് രോഗിയായി കിടക്കുകയായിരുന്നു; ദൈവപുരുഷൻ വന്നിട്ടുണ്ട് എന്ന് അവന് അറിവുകിട്ടി.8രാജാവ് ഹസായേലിനോട്: “ഒരു സമ്മാനം എടുത്തുകൊണ്ട് ദൈവപുരുഷനെ ചെന്നുകണ്ട്, ‘ഈ ദീനം മാറി എനിക്കു സൗഖ്യം വരുമോ’ എന്ന് അവൻ മുഖാന്തരം യഹോവയോട് ചോദിക്ക” എന്ന് പറഞ്ഞു.9അങ്ങനെ ഹസായേൽ ദമ്മേശെക്കിലെ എല്ലാതരത്തിലും ഉള്ള വിശേഷവസ്തുക്കൾ തിരഞ്ഞെടുത്ത് നാല്പത് ഒട്ടകച്ചുമടായി അവനെ ചെന്നുകണ്ട് അവന്റെ മുമ്പിൽ നിന്നു: “നിന്റെ മകൻ അരാം രാജാവായ ബെൻ-ഹദദ് എന്നെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു; ‘ഈ ദീനം മാറി എനിക്ക് സൗഖ്യം വരുമോ’ എന്ന് ചോദിക്കുന്നു” എന്ന് പറഞ്ഞു. അതിന് എലീശാ;
10നീ ചെന്ന് അവനോട്: “നിനക്ക് നിശ്ചയമായി സൗഖ്യം വരും എന്ന് പറക; എന്നാൽ അവൻ നിശ്ചയമായി മരിച്ചുപോകുമെന്ന് യഹോവ എനിക്ക് വെളിപ്പെടുത്തിത്തന്നിരിക്കുന്നു” എന്ന് പറഞ്ഞു.11പിന്നെ അവന് ലജ്ജ തോന്നുവോളം ഇമവെട്ടാതെ അവനെ ഉറ്റുനോക്കി ദൈവപുരുഷൻ കരഞ്ഞു.12“യജമാനൻ കരയുന്നത് എന്ത്?” എന്ന് ഹസായേൽ ചോദിച്ചതിന് അവൻ: “നീ യിസ്രായേൽമക്കളോട് ചെയ്യുവാനിരിക്കുന്ന ദോഷം ഞാൻ അറിയുന്നതുകൊണ്ടു തന്നേ; നീ അവരുടെ ദുർഗ്ഗങ്ങളെ തീയിൽ ചുടുകയും അവരുടെ യൗവനക്കാരെ വാൾകൊണ്ട് കൊല്ലുകയും അവരുടെ കുഞ്ഞുങ്ങളെ അടിച്ചു കൊല്ലുകയും അവരുടെ ഗർഭിണികളുടെ ഉദരം പിളർക്കയും ചെയ്യും” എന്ന് പറഞ്ഞു.
13“ഈ മഹാകാര്യം ചെയ്യുവാനിരിക്കുന്ന നായായ അടിയൻ എന്തുമാത്രമുള്ളു” എന്ന് ഹസായേൽ പറഞ്ഞതിന് എലീശാ: “നീ അരാമിൽ രാജാവാകുമെന്ന് യഹോവ എനിക്ക് വെളിപ്പെടുത്തിത്തന്നിരിക്കുന്നു” എന്ന് പറഞ്ഞു.14അവൻ എലീശയെ വിട്ട് പുറപ്പെട്ട് തന്റെ യജമാനന്റെ അടുക്കൽ വന്നപ്പോൾ: “എലീശാ നിന്നോട് എന്ത് പറഞ്ഞു” എന്ന് അവൻ ചോദിച്ചു. “നിനക്ക് നിശ്ചയമായി സൗഖ്യം വരും എന്ന് അവൻ എന്നോട് പറഞ്ഞു” എന്ന് അവൻ ഉത്തരം പറഞ്ഞു.15പിറ്റെന്നാൾ അവൻ ഒരു കമ്പിളി എടുത്ത് വെള്ളത്തിൽ മുക്കി അവന്റെ മുഖത്തിട്ടു; അതിനാൽ അവൻ ശ്വാസം മുട്ടി മരിച്ചുപോയി; ഹസായേൽ അവനുപകരം രാജാവായി.

16യിസ്രായേൽരാജാവായ ആഹാബിന്റെ മകനായ യോരാമിന്റെ അഞ്ചാം ആണ്ടിൽ, യെഹോശാഫാത്ത് യെഹൂദയിൽ രാജാവായിരിക്കുമ്പോൾ തന്നെ, യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ മകൻ യെഹോരാം യെഹൂദയിൽ രാജാവായി.17അവൻ വാഴ്ചതുടങ്ങിയപ്പോൾ അവന് മുപ്പത്തിരണ്ട് വയസ്സായിരുന്നു; അവൻ എട്ടു സംവത്സരം യെരൂശലേമിൽ വാണു.
18ആഹാബിന്റെ മകൾ അവന് ഭാര്യയായിരുന്നതുകൊണ്ട് അവൻ ആഹാബ് ഗൃഹത്തെപ്പോലെ യിസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്ന് യഹോവയ്ക്ക് അനിഷ്ടമായുള്ളത് ചെയ്തു.19എങ്കിലും യഹോവ തന്റെ ദാസനായ ദാവീദിനോട്, അവനും അവന്റെ മക്കൾക്കും എന്നേക്കും ഒരു ദീപം നല്കും, എന്ന് വാഗ്ദാനം ചെയ്തിരുന്നതുകൊണ്ട് അവന്റെ നിമിത്തം യെഹൂദയെ നശിപ്പിക്കുവാൻ തനിക്കു മനസ്സായില്ല.
20അവന്റെ കാലത്ത് എദോമ്യർ യെഹൂദയുടെ അധികാരത്തോട് മത്സരിച്ചു തങ്ങൾക്ക് ഒരു രാജാവിനെ വാഴിച്ചു.21അപ്പോൾ യെഹോരാം നിരവധി രഥങ്ങളുമായി സായിരിലേക്ക് ചെന്നു; എന്നാൽ രാത്രിയിൽ അവൻ എഴുന്നേറ്റ് തന്നെ വളഞ്ഞിരുന്ന എദോമ്യരെയും രഥനായകന്മാരെയും തോല്പിച്ചു; പടയാളികൾ തങ്ങളുടെ കൂടാരങ്ങളിലേക്ക് ഓടിപ്പോയി.
22എദോമ്യർ യെഹൂദയുടെ അധികാരത്തോട് ഇന്നുവരെ മത്സരിച്ചുനില്ക്കുന്നു; ആ കാലത്തു തന്നെ ലിബ്നയും മത്സരിച്ചു.23യെഹോരാമിന്റെ മറ്റ് വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.24യെഹോരാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ പിതാക്കന്മാരോടുകൂടെ ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ അഹസ്യാവ് അവന് പകരം രാജാവായി.

25യിസ്രായേൽരാജാവായ ആഹാബിന്റെ മകൻ യോരാമിന്റെ പന്ത്രണ്ടാം ആണ്ടിൽ യെഹൂദാരാജാവായ യെഹോരാമിന്റെ മകൻ അഹസ്യാവ് രാജാവായി.26അഹസ്യാവ് വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തിരണ്ടു വയസ്സായിരുന്നു; അവൻ ഒരു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മയുടെ പേർ അഥല്യാ എന്നായിരുന്നു; അവൾ യിസ്രായേൽരാജാവായ ഒമ്രിയുടെ പൌത്രി ആയിരുന്നു.27അവൻ ആഹാബ് ഗൃഹത്തിന്റെ വഴിയിൽ നടന്ന് ആഹാബ് ഗൃഹം ചെയ്തതുപോലെ യഹോവയ്ക്ക് അനിഷ്ടമായ കാര്യങ്ങൾ ചെയ്തു; അവൻ ആഹാബിന്റെ ഗൃഹത്തോട് വിവാഹബന്ധമുള്ളവൻ ആയിരുന്നുവല്ലോ.
28അവൻ ആഹാബിന്റെ മകനായ യോരാമിനോടുകൂടെ ഗിലെയാദിലെ രാമോത്തിലേക്ക് അരാംരാജാവായ ഹസായേലിനോട് യുദ്ധം ചെയ്‌വാൻ പോയി; എന്നാൽ അരാമ്യർ യോരാമിനെ മുറിവേല്പിച്ചു.29അരാംരാജാവായ ഹസായേലിനോടുള്ള യുദ്ധത്തിൽ രാമയിൽവെച്ച് ഉണ്ടായ മുറിവുകൾക്ക് യിസ്രയേലിൽ ചികിത്സചെയ്യേണ്ടതിന് യോരാംരാജാവ് മടങ്ങിപ്പോയി; ആഹാബിന്റെ മകനായ യോരാം രോഗിയായതുകൊണ്ട് കൊണ്ട് യെഹൂദാരാജാവായ യെഹോരാമിന്റെ മകൻ അഹസ്യാവ് യിസ്രയേലിൽ അവനെ കാണ്മാൻ ചെന്നിരുന്നു.

9

1എലീശാപ്രവാചകൻ ഒരു പ്രവാചകശിഷ്യനെ വിളിച്ച് അവനോട് പറഞ്ഞത്: “നീ അരകെട്ടി ഈ തൈലപാത്രം എടുത്തുകൊണ്ട് ഗിലെയാദിലെ രാമോത്തിലേക്ക് പോകുക.2അവിടെ എത്തിയശേഷം നിംശിയുടെ മകനായ യെഹോശാഫാത്തിന്റെ മകൻ യേഹൂ എവിടെ ഇരിക്കുന്നു എന്ന് കണ്ടെത്തി,കൂട്ടംകൂടി ഇരിക്കുന്നവരുടെ നടുവിൽനിന്ന് അവനെ എഴുന്നേല്പിച്ച് ഉൾമുറിയിലേക്ക് കൊണ്ടുപോകുക.3അതിനു ശേഷം തൈലപ്പാത്രം എടുത്ത് അവന്റെ തലയിൽ ഒഴിച്ച്: ‘ഞാൻ നിന്നെ യിസ്രായേലിന് രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു എന്ന് യഹോവ അരുളിച്ചെയ്യുന്നു’ എന്ന് പറഞ്ഞിട്ട് വാതിൽ തുറന്ന് ഒട്ടും താമസിക്കാതെ ഓടിപ്പോരുക.”

4അങ്ങനെ പ്രവാചകനായ ആ യൗവനക്കാരൻ ഗിലെയാദിലെ രാമോത്തിലേക്ക് പോയി.5അവൻ അവിടെ എത്തിയപ്പോൾ പടനായകന്മാർ ഒരുമിച്ച് ഇരിക്കുന്നത് കണ്ടു: “നായകാ, എനിക്ക് നിന്നോട് ഒരു കാര്യം അറിയിക്കുവാനുണ്ട്” എന്ന് അവൻ പറഞ്ഞതിന്: “ഞങ്ങളിൽ ആരോട്?” എന്ന് യേഹൂ ചോദിച്ചു. “നിന്നോടു തന്നേ, നായകാ” എന്ന് അവൻ ഉത്തരം പറഞ്ഞു.6യേഹൂ എഴുന്നേറ്റ് മുറിക്കകത്ത് കടന്നു; അപ്പോൾ അവൻ തൈലം യേഹുവിന്റെ തലയിൽ ഒഴിച്ച് അവനോട് പറഞ്ഞതെന്തെന്നാൽ: “യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; ഞാൻ നിന്നെ യഹോവയുടെ ജനമായ യിസ്രായേലിന് രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു.
7എന്റെ ദാസന്മാരായ പ്രവാചകന്മാരുടെ രക്തത്തിനും യഹോവയുടെ സകലദാസന്മാരുടെയും രക്തത്തിനും ഈസേബെലിനോട് ഞാൻ പ്രതികാരം ചെയ്യേണ്ടതിന് നിന്റെ യജമാനനായ ആഹാബിന്റെ ഗൃഹത്തെ നീ സംഹരിച്ചുകളയണം.8ആഹാബ് ഗൃഹം അശേഷം നശിച്ചുപോകേണം; യിസ്രായേലിൽ ആഹാബിനുള്ള സ്വതന്ത്രനോ ദാസനോ ആയ പുരുഷപ്രജയെ എല്ലാം ഞാൻ ഛേദിച്ചുകളയും.
9ഞാൻ ആഹാബ് ഗൃഹത്തെ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഗൃഹത്തെപ്പോലെയും അഹീയാവിന്റെ മകനായ ബയെശയുടെ ഗൃഹത്തെപ്പോലെയും ആക്കും.10ഈസേബെലിനെ യിസ്രായേൽപ്രദേശത്തുവെച്ച് നായ്ക്കൾ തിന്നുകളയും; അവളെ അടക്കം ചെയ്യുവാൻ ആരും ഉണ്ടാകുകയില്ല.” പെട്ടെന്ന് അവൻ വാതിൽ തുറന്ന് ഓടിപ്പോയി.
11യേഹൂ തന്റെ യജമാനന്റെ ഭൃത്യന്മാരുടെ അടുക്കൽ പുറത്ത് വന്നപ്പോൾ ഒരുവൻ അവനോട്: “എന്താകുന്നു വിശേഷം? ആ ഭ്രാന്തൻ നിന്റെ അടുക്കൽ വന്നതെന്തിന്?” എന്ന് ചോദിച്ചു. അതിന് അവൻ അവരോട്: “നിങ്ങൾ ആ പുരുഷനെയും അവൻ പറഞ്ഞ കാര്യവും അറിയുന്നുവല്ലോ” എന്ന് പറഞ്ഞു.12അപ്പോൾ അവർ: “അത് നേരല്ല; നീ ഞങ്ങളോട് പറയണം” എന്ന് പറഞ്ഞതിന് അവൻ: “ഞാൻ നിന്നെ യിസ്രായേലിന് രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു എന്ന് യഹോവ അരുളിച്ചെയ്യുന്നു എന്ന് തുടങ്ങി ഇന്നിന്ന കാര്യങ്ങൾ അവൻ എന്നോട് സംസാരിച്ചു” എന്ന് പറഞ്ഞു.13ഉടനെ അവർ ബദ്ധപ്പെട്ട് ഓരോരുത്തൻ താന്താന്റെ വസ്ത്രം എടുത്ത് കോവണിപ്പടികളിന്മേൽ അവന്റെ കാല്ക്കൽ വിരിച്ചു. കാഹളം ഊതി: “യേഹൂ രാജാവായി” എന്ന് പറഞ്ഞു.
14അങ്ങനെ നിംശിയുടെ മകനായ യെഹോശാഫാത്തിന്റെ മകൻ യേഹൂ യോരാമിന് വിരോധമായി കൂട്ടുകെട്ടുണ്ടാക്കി. യോരാമും യിസ്രായേൽജനവും അരാംരാജാവായ ഹസായേലിന്റെ കയ്യിൽ പെടാതെ ഗിലെയാദിലെ രാമോത്തിനെ കാവൽ നിർത്തി സൂക്ഷിച്ചിരുന്നു.15അരാംരാജാവായ ഹസായേലിനോടുള്ള യുദ്ധത്തിൽ അരാമ്യസൈന്യത്തിൽ നിന്ന് ഉണ്ടാ‍യ മുറിവുകൾക്ക് യിസ്രയേലിൽവെച്ച് ചികിത്സചെയ്യേണ്ടതിന് യോരാംരാജാവ് മടങ്ങിപ്പോന്നിരുന്നു. എന്നാൽ യേഹൂ: “നിങ്ങൾക്കു സമ്മതമെങ്കിൽ യിസ്രയേലിൽ ചെന്ന് ഈ വർത്തമാനം അറിയിക്കേണ്ടതിന് ആരും പട്ടണം വിട്ടുപോകാതെ സൂക്ഷിക്കണം” എന്ന് പറഞ്ഞു.16അങ്ങനെ യേഹൂ രഥത്തിൽ കയറി യിസ്രായേലിലേക്ക് പോയി; യോരാം അവിടെ കിടപ്പിലായിരുന്നു. യോരാമിനെ കാണുവാൻ യെഹൂദാരാജാവായ അഹസ്യാവും അവിടെ വന്നിരുന്നു.
17യിസ്രയേലിലെ ഗോപുരമുകളിൽ ഒരു കാവല്ക്കാരൻ നിന്നിരുന്നു; അവൻ യേഹൂവിന്റെ കൂട്ടം വരുന്നത് കണ്ടിട്ട്: “ഞാൻ ഒരു കൂട്ടത്തെ കാണുന്നു” എന്ന് പറഞ്ഞു. അപ്പോൾ യോരാം: “നീ ഒരു കുതിരപ്പടയാളിയെ വിളിച്ച് അവരുടെ നേരെ അയക്കേണം; അവൻ ചെന്ന്, ‘സമാധാനമോ’ എന്ന് ചോദിക്കട്ടെ” എന്ന് കല്പിച്ചു.18അങ്ങനെ ഒരുവൻ കുതിരപ്പുറത്ത് അവനെ എതിരേറ്റ് ചെന്ന്: “സമാധാനമോ എന്ന് രാജാവ് ചോദിക്കുന്നു” എന്ന് പറഞ്ഞു. “സമാധാനം കൊണ്ട് നിനക്ക് എന്തു കാര്യം? തിരിഞ്ഞ് എന്റെ പുറകെ വരുക” എന്ന് യേഹൂ പറഞ്ഞു. അപ്പോൾ കാവല്ക്കാരൻ: “ദൂതൻ അവരുടെ അടുക്കൽ പോയി മടങ്ങി വന്നിട്ടില്ല” എന്ന് അറിയിച്ചു.
19അവൻ മറ്റൊരുവനെ കുതിരപ്പുറത്ത് അയച്ചു; അവനും അവരുടെ അടുക്കൽ ചെന്ന്: “സമാധാനമോ എന്ന് രാജാവ് ചോദിക്കുന്നു” എന്ന് പറഞ്ഞു. സമാധാനവുമായി നിനക്ക് എന്ത് കാര്യം? തിരിഞ്ഞു എന്റെ പുറകെ വരുക” എന്ന് യേഹൂ പറഞ്ഞു.20അപ്പോൾ കാവല്ക്കാരൻ: “അവനും അവരുടെ അടുക്കൽ ചെന്നിട്ട് മടങ്ങിവന്നിട്ടില്ല; ആ കാണുന്ന രഥം ഓടിക്കുന്നത് നിംശിയുടെ മകനായ യേഹൂ ഓടിക്കുന്നതുപോലെ തോന്നിക്കുന്നു; ഭ്രാന്തനപ്പോലെയാണ് അവൻ ഓടിച്ചുവരുന്നത്” എന്ന് പറഞ്ഞു.
21ഉടനെ യോരാം: “രഥം പൂട്ടുക” എന്ന് കല്പിച്ചു; രഥം പൂട്ടിയശേഷം യിസ്രായേൽ രാജാവായ യോരാമും യെഹൂദാരാജാവായ അഹസ്യാവും അവനവന്റെ രഥത്തിൽ കയറി യേഹൂവിന്റെ നേരെ പുറപ്പെട്ടു. യിസ്രായേല്യനായ നാബോത്തിന്റെ നിലത്തിൽവെച്ച് അവനെ കണ്ടുമുട്ടി.22യേഹൂവിനെ കണ്ടപ്പോൾ യോരാം: “യേഹൂവേ, സമാധാനമോ?” എന്ന് ചോദിച്ചു. അതിന് യേഹൂ: “നിന്റെ അമ്മയായ ഈസേബെലിന്റെ പരസംഗവും ക്ഷുദ്രവും ഇത്ര അധികമായിരിക്കുന്നേടത്തോളം എന്ത് സമാധാനം?” എന്ന് പറഞ്ഞു.
23അപ്പോൾ യോരാം രഥം തിരിച്ച് ഓടിച്ചുകൊണ്ട് അഹസ്യാവിനോട്: “അഹസ്യാവേ, ഇത് ദ്രോഹം!” എന്ന് പറഞ്ഞു.24യേഹൂ വില്ലുകുലെച്ച് യോരാമിന്റെ ഭുജങ്ങളുടെ മധ്യത്തിലേക്ക് എയ്തു; അമ്പ് അവന്റെ ഹൃദയം തുളച്ച് മറുപുറം കടന്നു; അവൻ രഥത്തിൽ ചുരുണ്ടുവീണു.
25യേഹൂ തന്റെ പടനായകനായ ബിദ്കാരോട് പറഞ്ഞത്: “അവനെ എടുത്ത് യിസ്രായേല്യനായ നാബോത്തിന്റെ നിലത്തിലേക്ക് എറിഞ്ഞുകളക; ഞാനും നീയും ഒരുമിച്ചു അവന്റെ അപ്പനായ ആഹാബിനെ കുതിരപ്പുറത്ത് പിന്തുടരുമ്പോൾ,26‘നാബോത്തിന്റെ രക്തവും അവന്റെ മക്കളുടെ രക്തവും ഇന്നലെ ഞാൻ കണ്ടിരിക്കുന്നു സത്യം എന്ന് യഹോവ അരുളിച്ചെയ്യുന്നു; ഈ നിലത്തുവെച്ച് ഞാൻ അതിന് പകരം വീട്ടുമെന്നും യഹോവ അരുളിച്ചെയ്യുന്നു’ എന്നിങ്ങനെ യഹോവയുടെ അരുളപ്പാട് അവന് വിരോധമായി ഉണ്ടായെന്ന് ഓർത്തുകൊള്ളുക; അവനെ എടുത്ത് യഹോവയുടെ വചനപ്രകാരം ഈ നിലത്തിൽ എറിഞ്ഞുകളയുക.”
27യെഹൂദാരാജാവായ അഹസ്യാവ് ഇതു കണ്ടിട്ട് ഉദ്യാനഗൃഹത്തിന്റെ വഴിയിലൂടെ ഓടിപ്പോയി. യേഹൂ അവനെ പിന്തുടർന്നു: “അവനെയും രഥത്തിൽ വെച്ച് വെട്ടിക്കളയുവിൻ” എന്ന് കല്പിച്ചു. അവർ യിബ്ളെയാമിന് സമീപത്തുള്ള ഗൂർകയറ്റത്തിൽവെച്ച് അവനെ വെട്ടി; അവൻ മെഗിദ്ദോവിലേക്ക് ഓടിച്ചെന്ന് അവിടെവച്ച് മരിച്ചുപോയി.28അവന്റെ ഭൃത്യന്മാർ അവന്റെ ശരീരം രഥത്തിൽവെച്ച് യെരൂശലേമിലേക്ക് കൊണ്ടുപോയി, ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരുടെ കല്ലറയിൽ അവനെ അടക്കംചെയ്തു.

29ആഹാബിന്റെ മകനായ യോരാമിന്റെ പതിനൊന്നാം ആണ്ടിൽ ആയിരുന്നു അഹസ്യാവ് യെഹൂദയിൽ രാജാവായത്.
30യേഹൂ യിസ്രായേലിൽ വന്ന കാര്യം ഈസേബെൽ കേട്ടപ്പോൾ തന്റെ കണ്ണിൽ മഷിയെഴുതി തല ചീകി മിനുക്കി കിളിവാതിലിൽകൂടി നോക്കി.31യേഹൂ പടിവാതിൽ കടന്നപ്പോൾ അവൾ: “യജമാനനെ കൊന്നവനായ സിമ്രിക്ക് സമാധാനമോ?” എന്ന് ചോദിച്ചു.32അവൻ തന്റെ മുഖം കിളിവാതില്ക്കലേക്ക് ഉയർത്തി: “ആരാണ് എന്റെ പക്ഷത്തുള്ളത്? ആരാണുള്ളത്?” എന്ന് ചോദിച്ചു. അപ്പോൾ രണ്ടുമൂന്ന് ഷണ്ഡന്മാർ പുറത്തേക്ക് നോക്കി.
33“അവളെ താഴെ തള്ളിയിടുവിൻ” എന്ന് അവൻ കല്പിച്ചു. ഉടനെ അവർ അവളെ താഴെ തള്ളിയിട്ടു; അവളുടെ രക്തം ചുവരിന്മേലും കുതിരകളിന്മേലും തെറിച്ചു; അവൻ അവളെ കാൽക്കീഴെ ചവിട്ടിക്കളഞ്ഞു.34അവൻ ഭക്ഷിച്ചു പാനംചെയ്തശേഷം: “ആ ശപിക്കപ്പെട്ടവളെ ചെന്ന് അടക്കം ചെയ്യുവിൻ; അവൾ രാജകുമാരിയല്ലയോ” എന്ന് പറഞ്ഞു.
35അവർ അവളെ അടക്കം ചെയ്യുവാൻ ചെന്നപ്പോൾ അവളുടെ തലയോട്ടിയും കാലുകളും കൈപ്പത്തികളും അല്ലാതെ മറ്റൊന്നും കണ്ടില്ല.36അവർ മടങ്ങിവന്ന് അവനോട് അത് അറിയിച്ചു. അപ്പോൾ അവൻ: “യിസ്രയേൽപ്രദേശത്തുവെച്ച് നായ്ക്കൾ ഈസേബെലിന്റെ മാംസം തിന്നുകളയും;37അത് ഈസേബെൽ എന്നു പറയുവാൻ കഴിയാതെവണ്ണം ഈസേബെലിന്റെ മൃതദേഹം യിസ്രായേൽപ്രദേശത്ത് വയലിലെ ചാണകംപോലെ ആകും എന്നിങ്ങനെ യഹോവ തിശ്ബ്യനായ എലീയാവ് എന്ന തന്റെ ദാസൻമുഖാന്തരം അരുളിച്ചെയ്ത വചനത്തിന്റെ നിവൃത്തി തന്നേ ഇത്” എന്ന് പറഞ്ഞു.

10

1ആഹാബിന് ശമര്യയിൽ എഴുപത് പുത്രന്മാർ ഉണ്ടായിരുന്നു. യേഹൂ യിസ്രായേൽപ്രഭുക്കന്മാർക്കും മൂപ്പന്മാർക്കും ആഹാബിന്റെ പുത്രന്മാരെ വളർത്തിയവർക്കും ശമര്യയിലേക്ക് എഴുത്തുകൾ എഴുതി അയച്ചത് എന്തെന്നാൽ:2“നിങ്ങളുടെ യജമാനന്റെ പുത്രന്മാരും രഥങ്ങളും കുതിരകളും ഉറപ്പുള്ള പട്ടണവും ആയുധങ്ങളും നിങ്ങളുടെ കൈവശം ഉണ്ടല്ലോ.3ആകയാൽ ഈ എഴുത്ത് നിങ്ങളുടെ അടുക്കൽ എത്തിയാൽ ഉടൻ നിങ്ങളുടെ യജമാനന്റെ പുത്രന്മാരിൽ ഉത്തമനും യോഗ്യനുമായവനെ കണ്ടെത്തി അവന്റെ അപ്പന്റെ സിംഹാസനത്തിൽ ഇരുത്തി നിങ്ങളുടെ യജമാനന്റെ ഗൃഹത്തിനുവേണ്ടി യുദ്ധം ചെയ്യുവിൻ.”

4അവരോ ഏറ്റവും ഭയപ്പെട്ടു: “രണ്ടു രാജാക്കന്മാർക്ക് അവനോട് എതിർത്തുനിൽക്കുവാൻ കഴിഞ്ഞില്ലല്ലോ; പിന്നെ നാം എങ്ങനെ നില്ക്കും?” എന്ന് പറഞ്ഞു.5ആകയാൽ രാജധാനിവിചാരകനും നഗരാധിപതിയും മൂപ്പന്മാരും പുത്രന്മാരെ വളർത്തിയവരും യേഹൂവിന്റെ അടുക്കൽ ആളയച്ച്: “ഞങ്ങൾ നിന്റെ ദാസന്മാർ; ഞങ്ങളോട് കല്പിക്കുന്നതൊക്കെയും ഞങ്ങൾ ചെയ്യാം; ഞങ്ങൾ ഒരുത്തനെയും രാജാവാക്കുന്നില്ല; നിന്റെ ഇഷ്ടംപോലെ ചെയ്തുകൊള്ളുക എന്ന് പറയിച്ചു. അവൻ രണ്ടാമതും എഴുത്ത് എഴുതി: “നിങ്ങൾ എന്റെ പക്ഷം ചേർന്ന് എന്റെ കല്പന കേൾക്കുമെങ്കിൽ നിങ്ങളുടെ യജമാനന്റെ പുത്രന്മാരുടെ തല നാളെ ഈ നേരത്ത് യിസ്രായേലിൽ എന്റെ അടുക്കൽ കൊണ്ടുവരുവിൻ.”
6എന്നാൽ രാജകുമാരന്മാർ എഴുപത് പേരും തങ്ങളെ വളർത്തുന്ന നഗരപ്രധാനികളോടുകൂടെ ആയിരുന്നു.7ഈ എഴുത്ത് അവരുടെ അടുക്കൽ എത്തിയപ്പോൾ അവർ രാജകുമാരന്മാരെ എഴുപതുപേരെയും കൊന്ന് അവരുടെ തല കൊട്ടയിൽ ആക്കി യിസ്രായേലിൽ അവന്റെ അടുക്കൽ കൊടുത്തയച്ചു.
8ഒരു ദൂതൻ വന്ന് അവനോട്: “അവർ രാജകുമാരന്മാരുടെ തല കൊണ്ടുവന്നിരിക്കുന്നു” എന്ന് അറിയിച്ചു. “അവയെ പടിപ്പുരവാതില്ക്കൽ രണ്ടു കൂമ്പാരമായി കൂട്ടി രാവിലെവരെ വച്ചേക്കുവിൻ” എന്ന് അവൻ കല്പിച്ചു.9പിറ്റെന്നാൾ രാവിലെ അവൻ പുറത്തു ചെന്നുനിന്ന് സർവ്വജനത്തോടും പറഞ്ഞതെന്തെന്നാൽ: “നിങ്ങൾ നീതിമാന്മാർ; ഞാനോ എന്റെ യജമാനന് വിരോധമായി കൂട്ടുകെട്ടുണ്ടാക്കി അവനെ കൊന്നുകളഞ്ഞു; എന്നാൽ ഇവരെ ഒക്കെയും കൊന്നത് ആർ?
10ആകയാൽ യഹോവ ആഹാബ് ഗൃഹത്തെക്കുറിച്ച് അരുളിച്ചെയ്ത യഹോവയുടെ വചനങ്ങളിൽ ഒന്നും നിഷ്ഫലമാകുകയില്ല എന്ന് അറിഞ്ഞുകൊള്ളുവിൻ; യഹോവ തന്റെ ദാസനായ ഏലീയാവ് മുഖാന്തരം അരുളിച്ചെയ്തത് നിവർത്തിച്ചിരിക്കുന്നുവല്ലോ.”11അങ്ങനെ യേഹൂ യിസ്രയേലിൽ, ആഹാബ് ഗൃഹത്തിൽ, ശേഷിച്ചവരെ ഒക്കെയും അവന്റെ സകലമന്ത്രിമാരേയും ബന്ധുക്കളെയും പുരോഹിതന്മാരെയും ആരും ശേഷിക്കാതെവണ്ണം സംഹരിച്ചുകളഞ്ഞു.
12പിന്നെ അവൻ ശമര്യയിൽ ചെന്ന് വഴിയിൽ ഇടയന്മാർ രോമം കത്രിക്കുന്ന വീടിനരികെ എത്തിയപ്പോൾ യേഹൂ13യെഹൂദാരാജാവായ അഹസ്യാവിന്റെ സഹോദരന്മാരെ കണ്ടിട്ട്: “നിങ്ങൾ ആർ” എന്ന് ചോദിച്ചു. ഞങ്ങൾ അഹസ്യാവിന്റെ സഹോദരന്മാർ; രാജാവിന്റെയും രാജ്ഞിയുടെയും മക്കളെ വന്ദനം ചെയ്യുവാൻ പോകുകയാകുന്നു” എന്ന് അവർ പറഞ്ഞു.14അപ്പോൾ അവൻ: “അവരെ ജീവനോടെ പിടിക്കുവിൻ” എന്ന് കല്പിച്ചു; അവർ അവരെ ജീവനോടെ പിടിച്ചു; അവരെ നാല്പത്തിരണ്ടുപേരെയും രോമം കത്രിക്കുന്ന വീടിന്റെ കളത്തിൽവച്ച് കൊന്നു; അവരിൽ ഒരുത്തനെയും ശേഷിപ്പിച്ചില്ല.

15അവൻ അവിടെനിന്ന് പുറപ്പെട്ടപ്പോൾ തന്നെ എതിരേല്പാൻ വരുന്ന രേഖാബിന്റെ മകനായ യോനാദാബിനെ കണ്ട് വന്ദനം ചെയ്ത് അവനോട്: “എന്റെ ഹൃദയം നിന്റെ ഹൃദയത്തോട് ചേർന്നിരിക്കുന്നതുപോലെ നിന്റെ ഹൃദയം പരമാർത്ഥമായിരിക്കുന്നുവോ?” എന്ന് ചോദിച്ചു. അതിന് യോനാദാബ്: “അതെ” എന്ന് പറഞ്ഞു. അങ്ങനെ എങ്കിൽ കൈ തരിക. അവൻ കൈ കൊടുത്തു; അവൻ അവനെ തന്റെ രഥത്തിൽ കയറ്റി.16“നീ എന്നോടുകൂടെ വന്ന് യഹോവയെക്കുറിച്ച് എനിക്കുള്ള ശുഷ്കാന്തി കാണുക” എന്ന് അവൻ പറഞ്ഞു. അങ്ങനെ അവനെ രഥത്തിൽ കയറ്റി; അവർ ഓടിച്ചുപോയി.17ശമര്യയിൽ എത്തിയപ്പോൾ അവൻ ശമര്യയിൽ ആഹാബ് ഗൃഹത്തിൽ ശേഷിച്ചവരെ എല്ലാം യഹോവ ഏലീയാവിനോട് അരുളിച്ചെയ്ത വചനപ്രകാരം സംഹരിച്ചുകളഞ്ഞു.
18പിന്നെ യേഹൂ സകലജനത്തെയും കൂട്ടി അവരോട്: “ആഹാബ് ബാലിനെ അല്പമേ സേവിച്ചുള്ളു; യേഹൂവോ അവനെ അധികം സേവിക്കും.”എന്ന് പറഞ്ഞു19“ആകയാൽ ബാലിന്റെ സകലപ്രവാചകന്മാരെയും സകലദാസന്മാരെയും സകലപുരോഹിതന്മാരെയും എന്റെ അടുക്കൽ വരുത്തുവിൻ; ഒരുത്തനും വരാതിരിക്കരുത്; ഞാൻ ബാലിന് ഒരു മഹായാഗം കഴിപ്പാൻ പോകുന്നു; വരാത്തവർ ആരും ജീവനോടിരിക്കയില്ല” എന്ന് കല്പിച്ചു; എന്നാൽ ബാലിന്റെ ആരാധനക്കാരെ നശിപ്പിക്കത്തക്കവണ്ണം യേഹൂ ഈ ഉപായം പ്രയോഗിച്ചു.20“ബാലിന് ഒരു വിശുദ്ധസഭായോഗം വിളംബരം ചെയ്യുവീൻ” എന്ന് യേഹൂ കല്പിച്ചു. അവർ അങ്ങനെ വിളംബരം ചെയ്തു.
21യേഹൂ യിസ്രായേൽ ദേശത്ത് എല്ലായിടത്തും ആളയച്ചതുകൊണ്ട് ബാലിന്റെ സകല ആരാധകരും വന്നു; ഒരുത്തനും വരാതിരുന്നില്ല; അവർ ബാലിന്റെ ക്ഷേത്രത്തിൽ കൂടി; ബാൽക്ഷേത്രം ഒരു അറ്റംമുതൽ മറ്റേ അറ്റംവരെ തിങ്ങി നിറഞ്ഞു.22അവൻ വസ്ത്രം സൂക്ഷിക്കുന്നവനോട്: “ബാലിന്റെ സകല ആരാധനക്കാർക്കും വസ്ത്രം കൊണ്ടുവന്ന് കൊടുക്ക” എന്ന് കല്പിച്ചു. അവൻ വസ്ത്രം കൊണ്ടുവന്ന് കൊടുത്തു.
23പിന്നെ യേഹൂവും രേഖാബിന്റെ മകനായ യോനാദാബും ബാലിന്റെ ക്ഷേത്രത്തിൽ കടന്ന് ബാലിന്റെ ആരാധനക്കാരോട്: “ബാലിന്റെ ആരാധനക്കാർ അല്ലാതെ യഹോവയുടെ ആരാധനക്കാർ ആരും ഇവിടെ ഇല്ല എന്ന് ഉറപ്പാക്കുവീൻ” എന്ന് കല്പിച്ചു.24അവർ ഹനനയാഗങ്ങളും ഹോമയാഗങ്ങളും കഴിക്കുവാൻ അകത്ത് ചെന്നശേഷം യേഹൂ പുറത്ത് എൺപതുപേരെ നിർത്തി:“ഞാൻ നിങ്ങളുടെ കയ്യിൽ ഏല്പിക്കുന്ന ആളുകളിൽ ഒരുവൻ രക്ഷപെട്ടാൽ നിങ്ങളുടെ ജീവൻ അവന്റെ ജീവന് പകരമായിരിക്കും” എന്ന് കല്പിച്ചു.
25ഹോമയാഗം കഴിച്ചുതീർന്നപ്പോൾ യേഹൂ കാവൽക്കാരോടും പടനായകന്മാരോടും: “അകത്ത് കടന്ന് അവരെ കൊല്ലുവിൻ; ഒരുത്തനും പുറത്ത് പോകരുത്” എന്ന് കല്പിച്ചു. അങ്ങനെ അവർ വാളിന്റെ വായ്ത്തലയാൽ അവരെ കൊന്നു; കാവൽക്കാരും പടനായകന്മാരും അവരെ പുറത്ത് എറിഞ്ഞുകളഞ്ഞു; ബാൽക്ഷേത്രത്തിന്റെ നഗരത്തിൽ ചെന്ന്26ബാൽക്ഷേത്രത്തിലെ വിഗ്രഹസ്തംഭങ്ങൾ പുറത്ത് കൊണ്ടുവന്ന് ചുട്ടുകളഞ്ഞു.27അവർ ബാൽസ്തംഭത്തെ തകർത്ത് ബാൽക്ഷേത്രം ഇടിച്ച് അതിനെ വിസർജനസ്ഥലമാക്കിത്തീർത്തു; അത് ഇന്നുവരെ അങ്ങനെ ഇരിക്കുന്നു.28ഇങ്ങനെ യേഹൂ യിസ്രായേലിൽനിന്ന് ബാലിനെ നശിപ്പിച്ചുകളഞ്ഞു.
29എങ്കിലും ബേഥേലിലും ദാനിലും ഉണ്ടായിരുന്ന പൊൻകാളക്കുട്ടികളെക്കൊണ്ട് യിസ്രായേലിനെ പാപം ചെയ്യുമാറാക്കിയ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങൾ യേഹൂ വിട്ടുമാറിയില്ല.30യഹോവ യേഹൂവിനോട്: “എനിക്ക് ഇഷ്ടമുള്ളത് നീ നന്നായി ചെയ്തതുകൊണ്ടും എന്റെ ഹിതപ്രകാരം ഒക്കെയും ആഹാബ് ഗൃഹത്തോട് ചെയ്തതുകൊണ്ടും നിന്റെ പുത്രന്മാർ യിസ്രായേലിന്റെ രാജാസനത്തിൽ നാലാം തലമുറവരെ ഇരിക്കും” എന്ന് അരുളിച്ചെയ്തു.31എങ്കിലും യേഹൂ യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ന്യായപ്രമാണപ്രകാരം പൂർണ്ണമനസ്സോടുകൂടി നടക്കുന്നതിന് ജാഗ്രത കാണിച്ചില്ല; യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച യൊരോബെയാമിന്റെ പാപങ്ങളെ അവൻ വിട്ടുമാറിയതുമില്ല.

32ആ കാലത്ത് യഹോവ യിസ്രായേൽ രാജ്യത്തിന്റെ ചില ഭാഗങ്ങൾ മുറിച്ചുകളവാൻ തുടങ്ങി; ഹസായേൽ യിസ്രായേലിന്റെ അതിരുകളില്ലായിടവും അവരെ തോല്പിച്ചു.33അവൻ യോർദ്ദാന് കിഴക്ക് ഗാദ്യർ, രൂബേന്യർ, മനശ്ശേയർ എന്നിവരുടെ ദേശമായ ഗിലെയാദ് മുഴുവനും ജയിച്ചടക്കി; അർന്നോൻതോട്ടിനരികെയുള്ള അരോവേർ മുതൽ ഗിലെയാദും ബാശാനും തന്നേ.
34യേഹൂവിന്റെ മറ്റ് വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവന്റെ സകലപരാക്രമപ്രവൃത്തികളും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.35യേഹൂ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ ശമര്യയിൽ അടക്കം ചെയ്തു. അവന്റെ മകനായ യെഹോവാഹാസ് അവന് പകരം രാജാവായി.36യേഹൂ ശമര്യയിൽ യിസ്രായേലിനെ വാണ കാലം ഇരുപത്തെട്ട് സംവത്സരം ആയിരുന്നു.

11

1അഹസ്യാവിന്റെ അമ്മയായ അഥല്യാ തന്റെ മകൻ മരിച്ചുപോയി എന്ന് കണ്ടപ്പോൾ എഴുന്നേറ്റ് രാജകുമാരന്മാരെ ഒക്കെയും നശിപ്പിച്ചു.2എന്നാൽ യോരാംരാജാവിന്റെ മകളും അഹസ്യാവിന്റെ സഹോദരിയുമായ യെഹോശേബ കൊല്ലപ്പെടുന്ന രാജകുമാരന്മാരുടെ ഇടയിൽ നിന്ന് അഹസ്യാവിന്റെ മകനായ യോവാശിനെ മോഷ്ടിച്ചെടുത്ത് അവനെയും അവന്റെ ധാത്രിയെയും അഥല്യാ കാണാതെ ഒരു ശയനഗൃഹത്തിൽ കൊണ്ടുപോയി ഒളിപ്പിച്ചു; അതുകൊണ്ട് അവനെ കൊല്ലുവാൻ ഇടയായില്ല.3അഥല്യാ വാഴ്ച നടത്തിയ ആറു സംവൽസരം അവനെ ധാത്രിയോടുകൂടെ യഹോവയുടെ ആലയത്തിൽ ഒളിപ്പിച്ചിരുന്നു.

4ഏഴാം ആണ്ടിൽ യെഹോയാദാ ആളയച്ച് അംഗരക്ഷകരുടെയും അകമ്പടികളുടെയും ശതാധിപന്മാരെ വിളിപ്പിച്ച് തന്റെ അടുക്കൽ യഹോവയുടെ ആലയത്തിൽ വരുത്തി അവരോട് സഖ്യത ചെയ്തു; അവൻ അവരെക്കൊണ്ട് യഹോവയുടെ ആലയത്തിൽവെച്ച് സത്യം ചെയ്യിച്ചിട്ട് രാജകുമാരനെ അവരെ കാണിച്ച് അവരോട് കല്പിച്ചത് എന്തെന്നാൽ:5“നിങ്ങൾ ചെയ്യേണ്ട കാര്യം ഇതാകുന്നു: ശബ്ബത്തിൽ തവണമാറി വരുന്ന നിങ്ങളിൽ മൂന്നിൽ ഒരു ഭാഗം രാജധാനിക്കും6മൂന്നിൽ ഒരു ഭാഗം സൂർപടിവാതില്ക്കലും മൂന്നിൽ ഒരു ഭാഗം അകമ്പടികളുടെ സ്ഥലത്തിന്റെ പിന്നിലുള്ള പടിവാതില്ക്കലും കാവൽ നില്ക്കേണം; ഇങ്ങനെ നിങ്ങൾ രാജധാനിക്ക് കിടങ്ങുപോലെ കാവലായിരിക്കേണം.
7ശബ്ബത്തിൽ തവണ മാറിപോകുന്ന നിങ്ങളിൽ രണ്ടു കൂട്ടം രാജാവിനു വേണ്ടി യഹോവയുടെ ആലയത്തിന് കാവലായിരിക്കേണം.8നിങ്ങൾ എല്ലാവരും അവരവരുടെ ആയുധം ധരിച്ച് രാജാവിന്റെ ചുറ്റും നില്ക്കേണം; സംരക്ഷണവലയത്തിനകത്ത് കടക്കുന്നവനെ കൊന്നുകളയേണം; രാജാവ് പോകയും വരികയും ചെയ്യുമ്പോഴൊക്കെയും നിങ്ങൾ അവനോടുകൂടെ ഉണ്ടായിരിക്കേണം.” യെഹോയാദാപുരോഹിതൻ കല്പിച്ചതുപോലെ ശതാധിപന്മാർ ചെയ്തു;
9അവർ ശബ്ബത്തിൽ തവണമാറി വരുന്നവരിലും തവണമാറി പോകുന്നവരിലും താന്താന്റെ ആളുകളെ യെഹോയാദാപുരോഹിതന്റെ അടുക്കൽ കൂട്ടിക്കൊണ്ടുവന്നു.10പുരോഹിതൻ ദാവീദ്‌ രാജാവിന്റെ വക യഹോവയുടെ ആലയത്തിൽ ഉണ്ടായിരുന്ന കുന്തങ്ങളും പരിചകളും ശതാധിപന്മാർക്ക് കൊടുത്തു.
11അകമ്പടികൾ കയ്യിൽ ആയുധവുമായി ആലയത്തിന്റെ വലത്തുവശംമുതൽ ഇടത്തുവശംവരെ യാഗപീഠത്തിനും ആലയത്തിനും നേരെ രാജാവിന്റെ ചുറ്റും നിന്നു.12പുരോഹിതൻ രാജകുമാരനെ പുറത്തു കൊണ്ടുവന്ന് കിരീടം ധരിപ്പിച്ച് സാക്ഷ്യപുസ്തകം അവന് കൊടുത്തു; അവർ അവനെ രാജാവാക്കി അഭിഷേകം ചെയ്തിട്ട് കൈകൊട്ടി, “രാജാവേ, ജയജയ” എന്ന് ആർത്തു.
13അഥല്യാ അകമ്പടികളുടെയും ജനത്തിന്റെയും ആരവം കേട്ട് യഹോവയുടെ ആലയത്തിൽ ജനത്തിന്റെ അടുക്കൽ വന്നു.14ആചാരപ്രകാരം തൂണിന്റെ അരികെ രാജാവും രാജാവിന്റെ അടുക്കൽ പ്രഭുക്കന്മാരും കാഹളക്കാരും നില്ക്കുന്നതും ദേശത്തെ ജനം ഉല്ലസിച്ച് കാഹളം ഊതുന്നതും കണ്ടിട്ട് അഥല്യാ വസ്ത്രം കീറി: “ദ്രോഹം, ദ്രോഹം” എന്ന് പറഞ്ഞു.
15അപ്പോൾ യെഹോയാദാപുരോഹിതൻ പടനായകന്മാരായ ശതാധിപന്മാർക്ക് കല്പന കൊടുത്തു: “അവളെ അണികളിൽകൂടി പുറത്ത് കൊണ്ടുപോകുവിൻ; അവളെ അനുഗമിക്കുന്നവനെ വാൾകൊണ്ട് കൊല്ലുവിൻ” എന്ന് അവരോട് പറഞ്ഞു. യഹോവയുടെ ആലയത്തിൽവച്ച് അവളെ കൊല്ലരുത് എന്ന് പുരോഹിതൻ കല്പിച്ചിരുന്നു.16അവർ അവൾക്ക് വഴി ഉണ്ടാക്കിക്കൊടുത്തു; അവൾ കുതിരവാതിൽ വഴി രാജധാനിയിൽ എത്തിയപ്പോൾ അവളെ അവിടെവെച്ച് കൊന്നുകളഞ്ഞു.
17അനന്തരം അവർ യഹോവയുടെ ജനമായിരിക്കുമെന്ന്, യെഹോയാദാ രാജാവിനും ജനത്തിനും വേണ്ടി ഉടമ്പടി ചെയ്തു. രാജാവും പ്രജകളും തമ്മിലും നിയമം ചെയ്തു.18പിന്നെ ദേശത്തെ ജനമെല്ലാം ബാൽക്ഷേത്രത്തിൽ ചെന്ന് അത് ഇടിച്ച് ബാലിന്റെ ബലിപീഠങ്ങളും വിഗ്രഹങ്ങളും അശേഷം ഉടച്ചുകളഞ്ഞു; ബാലിന്റെ പുരോഹിതനായ മത്ഥാനെ ബലിപീഠങ്ങളുടെ മുമ്പിൽവെച്ച് കൊന്നുകളഞ്ഞു. പുരോഹിതൻ യഹോവയുടെ ആലയത്തിൽ കാര്യവിചാരകന്മാരെ നിയമിച്ചു.
19അവൻ അംഗരക്ഷകരുടെയും, അകമ്പടികളുടെയും ശതാധിപന്മാരെയും, ദേശത്തെ സകലജനത്തെയും വിളിച്ചുകൂട്ടി രാജാവിനെ യഹോവയുടെ ആലയത്തിൽനിന്ന് പുറത്ത് കൊണ്ടുവന്ന് അകമ്പടികളുടെ പടിവാതിൽവഴി രാജധാനിയിലേക്ക് കൂട്ടിക്കൊണ്ടു പോയി; അവൻ സിംഹാസനത്തിൽ ഇരുന്നു.20ദേശത്തിലെ സകലജനവും സന്തോഷിച്ചു; നഗരം സ്വസ്ഥമായിരുന്നു; അഥല്യയെ അവർ രാജധാനിക്കരികെവെച്ച് വാൾകൊണ്ടു കൊന്നുകളഞ്ഞിരുന്നു.

21യെഹോവാശ് രാജാവായപ്പോൾ അവന് ഏഴ് വയസ്സായിരുന്നു.

12

1യേഹൂവിന്റെ ഏഴാം ആണ്ടിൽ യെഹോവാശ് വാഴ്ചതുടങ്ങി; അവൻ യെരൂശലേമിൽ നാല്പത് സംവത്സരം വാണു. ബേർ-ശേബക്കാരത്തിയായ സിബ്യാ ആയിരുന്നു അവന്റെ അമ്മ.2യെഹോയാദാപുരോഹിതൻ യെഹോവാശിനെ ഉപദേശിച്ചുപോന്ന കാലത്ത് അവൻ യഹോവയ്ക്ക് ഇഷ്ടമായുള്ളത് ചെയ്തു.3എങ്കിലും പൂജാഗിരികൾക്ക് നീക്കം വന്നില്ല; ജനം പൂജാഗിരികളിൽ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു.

4യെഹോവാശ് പുരോഹിതന്മാരോട്: “യഹോവയുടെ ആലയത്തിൽ നിവേദിതമായി പിരിഞ്ഞുകിട്ടുന്ന പണമെല്ലാം- ഓരോ ആളെ മതിച്ച വിലയും യഹോവയുടെ ആലയത്തിൽ ഓരോരുത്തൻ കൊണ്ടുവരുന്ന സ്വമേധാദാനമായ പണവും-5ഓരോ പുരോഹിതനും താന്താന്റെ പരിചയക്കാരോട് വാങ്ങി ആലയത്തിന് കേടുപാട് കാണുന്നിടത്തൊക്കെ അറ്റകുറ്റം തീർക്കണം” എന്ന് കല്പിച്ചു.
6എന്നാൽ യെഹോവാശ്‌രാജാവിന്റെ ഇരുപത്തിമൂന്നാം ആണ്ടിലും പുരോഹിതന്മാർ ആലയത്തിന്റെ അറ്റകുറ്റം തീർത്തിട്ടില്ലായിരുന്നു.7ആകയാൽ യെഹോവാശ്‌രാജാവ് യെഹോയാദാപുരോഹിതനെയും ശേഷം പുരോഹിതന്മാരെയും വരുത്തി അവരോട്: “നിങ്ങൾ ആലയത്തിന്റെ അറ്റകുറ്റം തീർക്കാതിരിക്കുന്നത് എന്തുകൊണ്ട്? ഇനി നിങ്ങൾ നിങ്ങളുടെ പരിചയക്കാരോട് പണം വാങ്ങാതെ ആലയത്തിന്റെ അറ്റകുറ്റം തീർക്കേണ്ടതിന് പണം കൊടുക്കുവിൻ” എന്ന് പറഞ്ഞു.8അങ്ങനെ പുരോഹിതന്മാർ മേലാൽ ജനത്തോട് പണം വാങ്ങുകയോ ആലയത്തിന്റെ അറ്റകുറ്റം തീർക്കുകയോ ചെയ്യാതിരിപ്പാൻ സമ്മതിച്ചു.
9അപ്പോൾ യെഹോയാദാപുരോഹിതൻ ഒരു പേടകം എടുത്ത് അതിന്റെ മൂടിയിൽ ഒരു ദ്വാരം ഉണ്ടാക്കി യാഗപീഠത്തിന്നരികെ യഹോവയുടെ ആലയത്തിലേക്കുള്ള പ്രവേശനത്തിന്റെ വലത്തു ഭാഗത്ത് വെച്ചു; വാതിൽ കാക്കുന്ന പുരോഹിതന്മാർ യഹോവയുടെ ആലയത്തിലേക്കു വരുന്ന പണം എല്ലാം അതിൽ ഇടും.10പെട്ടിയിൽ പണം വളരെയായി എന്ന് കാണുമ്പോൾ രാജാവിന്റെ ഉദ്യോഗസ്ഥനും മഹാപുരോഹിതനും കൂടെ യഹോവയുടെ ആലയത്തിൽ കണ്ട പണം എണ്ണി സഞ്ചികളിൽ കെട്ടിവെക്കും.
11അവർ പണം യഹോവയുടെ ആലയത്തിന്റെ പണി നടത്തുന്ന മേൽവിചാരകന്മാരുടെ പക്കൽ തൂക്കിക്കൊടുക്കും; അവർ അത് യഹോവയുടെ ആലയത്തിൽ പണിചെയ്യുന്ന ആശാരിമാർക്കും ശില്പികൾക്കും12കല്പണിക്കാർക്കും കല്ലുവെട്ടുകാർക്കും ആലയത്തിന്റെ അറ്റകുറ്റം തീർപ്പാൻ വേണ്ട മരവും ചെത്തിയ കല്ലും വാങ്ങുന്നതിനും ആലയത്തിന്റെ അറ്റകുറ്റം തീർപ്പാൻ വേണ്ട മറ്റ് ചെലവുകൾക്കായും കൊടുക്കും.
13യഹോവയുടെ ആലയത്തിൽ പിരിഞ്ഞുകിട്ടിയ പണം കൊണ്ട് വെള്ളിക്കിണ്ണം, കത്രിക, കലം, കാഹളം തുടങ്ങി പൊന്നും വെള്ളിയുംകൊണ്ടുള്ള യാതൊരു ഉപകരണങ്ങളും അവർ യഹോവയുടെ ആലയത്തിനായി ഉണ്ടാക്കാതെ14പണിചെയ്യുന്നവർക്കു മാത്രം അത് കൊടുക്കും; അങ്ങനെ യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർക്കും.
15എന്നാൽ പണിചെയ്യുന്നവർക്ക് കൊടുക്കേണ്ടതിന് പണം ഏറ്റുവാങ്ങിയവരോട് അവർ കണക്ക് ചോദിച്ചില്ല; വിശ്വസ്തതയോടെ ആയിരുന്നു അവർ പ്രവർത്തിച്ചുപോന്നത്.16അകൃത്യയാഗത്തിന്റെ പണവും പാപയാഗത്തിന്റെ പണവും യഹോവയുടെ ആലയത്തിൽ കൊണ്ടുവന്നില്ല; അത് പുരോഹിതന്മാർക്കുള്ളതായിരുന്നു.

17ആ കാലത്ത് അരാംരാജാവായ ഹസായേൽ യുദ്ധത്തിനായി പുറപ്പെട്ട് ഗത്ത് പിടിച്ചടക്കി;അനന്തരം ഹസായേൽ യെരൂശലേമിന്റെ നേരേ ദൃഷ്ടി വെച്ചു.18യെഹൂദാരാജാവായ യെഹോവാശ് തന്റെ പിതാക്കന്മാരായ യെഹോശാഫാത്ത്, യെഹോരാം, അഹസ്യാവ് എന്നീ യെഹൂദാരാജാക്കന്മാർ നിവേദിച്ചിരുന്ന സകലവസ്തുക്കളും താൻ നിവേദിച്ചിരുന്ന വസ്തുക്കളും യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിലും രാജധാനിയിലും ഉള്ള പൊന്നും എടുത്ത് അരാംരാജാവായ ഹസായേലിന് കൊടുത്തയച്ചു; അങ്ങനെ അവൻ യെരൂശലേമിനെ ആക്രമിക്കാതെ വിട്ടുപോയി.
19യോവാശിന്റെ മറ്റ് വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.20യോവാശിന്റെ ഭൃത്യന്മാർ അവനോട് മത്സരിച്ച് അവനെതിരെ കൂട്ടുകെട്ടുണ്ടാക്കി സില്ലായിലേക്കു പോകുന്ന വഴിയിലുള്ള മില്ലോ ഗൃഹത്തിൽവെച്ച് അവനെ കൊന്നു.21ശിമെയാത്തിന്റെ മകനായ യോസാഖാർ, ശോമേരിന്റെ മകനായ യെഹോസാബാദ് എന്നീ ഭൃത്യന്മാരായിരുന്നു അവനെ വെട്ടിക്കൊന്നത്. ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരോടുകൂടെ അവനെ അടക്കം ചെയ്തു; അവന്റെ മകനായ അമസ്യാവ് അവന് പകരം രാജാവായിതീർന്നു.

13

1യെഹൂദാരാജാവായ അഹസ്യാവിന്റെ മകനായ യോവാശിന്റെ ഇരുപത്തിമൂന്നാം ആണ്ടിൽ യേഹൂവിന്റെ മകനായ യെഹോവാഹാസ് യിസ്രായേലിന് രാജാവായി. ശമര്യയിൽ അവൻ പതിനേഴ് സംവത്സരം വാണു.2അവൻ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു; യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങൾ ഉപേക്ഷിക്കാതെ അവയിൽ തന്നേ നടന്നു.

3ആകയാൽ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; അവൻ അവരെ അരാംരാജാവായ ഹസായേലിന്റെ കയ്യിലും ഹസായേലിന്റെ മകനായ ബെൻ-ഹദദിന്റെ കയ്യിലും നിരന്തരം ഏൽപ്പിച്ചുകൊടുത്തു.4എന്നാൽ യെഹോവാഹാസ് യഹോവയോട് കരുണയ്ക്കായി അപേക്ഷിച്ചു; അരാംരാജാവ് യിസ്രായേലിനെ പീഡിപ്പിച്ച് ഞെരുക്കിയത് യഹോവ കണ്ട് അവന്റെ അപേക്ഷ കേട്ടു.5യഹോവ യിസ്രായേലിന് ഒരു രക്ഷകനെ കൊടുത്തതുകൊണ്ട് അവർ അരാമ്യരുടെ അധികാരത്തിൽനിന്ന് രക്ഷപെട്ടു; യിസ്രായേൽമക്കൾ പണ്ടത്തെപ്പോലെ തങ്ങളുടെ കൂടാരങ്ങളിൽ വസിപ്പാൻ സംഗതിവന്നു.
6എങ്കിലും യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച യൊരോബെയാംഗൃഹത്തിന്റെ പാപങ്ങൾ അവർ വിട്ടുമാറാതെ അവയിൽ തന്നേ നടന്നു; അശേരാപ്രതിഷ്ഠയ്ക്ക് ശമര്യയിൽ നീക്കം വന്നില്ല.7യഹോവയായ ദൈവം യെഹോവാഹാസിന് അമ്പത് കുതിരച്ചേവകരും പത്ത് രഥങ്ങളും പതിനായിരം കാലാളുകളും അല്ലാതെ മറ്റ് യാതൊരു സൈന്യത്തെയും ശേഷിപ്പിച്ചില്ല; അരാംരാജാവ് അവരെ നശിപ്പിച്ച് മെതിക്കളത്തിലെ പൊടിപോലെ ആക്കിയിരുന്നു.
8യെഹോവാഹാസിന്റെ മറ്റ് വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവന്റെ പരാക്രമപ്രവൃത്തിയും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.9യെഹോവാഹാസ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ ശമര്യയിൽ അടക്കം ചെയ്തു; അവന്റെ മകനായ യോവാശ് അവന് പകരം രാജാവായി.

10യെഹൂദാരാജാവായ യോവാശിന്റെ മുപ്പത്തേഴാം ആണ്ടിൽ യെഹോവാഹാസിന്റെ മകനായ യോവാശ് യിസ്രായേലിന് രാജാവായി ശമര്യയിൽ പതിനൊന്നു സംവത്സരം വാണു.11അവൻ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു; യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബയാമിന്റെ സകലപാപങ്ങളും അവൻ ഉപേക്ഷിക്കാതെ അവയിൽ തന്നേ നടന്നു.
12യോവാശിന്റെ മറ്റ് വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാവായ അമസ്യാവിനോട് യുദ്ധത്തിൽ കാണിച്ച പരാക്രമവും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.13യോവാശ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; യൊരോബെയാം അവന്റെ സിംഹാസനത്തിൽ ഭരണം തുടങ്ങി; യോവാശിനെ ശമര്യയിൽ യിസ്രായേൽരാജാക്കന്മാരോടു കൂടെ അടക്കം ചെയ്തു.

14ആ കാലത്ത് എലീശാ മരണകരമായ രോഗംപിടിച്ച് കിടപ്പിലായി; അപ്പോൾ യിസ്രായേൽരാജാവായ യോവാശ് അവന്റെ അടുക്കൽ ചെന്ന് അവന്റെ മുഖത്തിനു മീതേ കുനിഞ്ഞ് കരഞ്ഞു; “എന്റെ പിതാവേ, എന്റെ പിതാവേ, യിസ്രായേലിന്റെ തേരും തേരാളികളുമായുള്ളോവേ” എന്ന് പറഞ്ഞു.15എലീശാ അവനോട്: “അമ്പും വില്ലും എടുക്ക” എന്ന് പറഞ്ഞു; അവൻ അമ്പും വില്ലും എടുത്തു.16അപ്പോൾ അവൻ യിസ്രായേൽരാജാവിനോട്:“ നിന്റെ കൈ വില്ലിന്മേൽവെക്കുക” എന്ന് പറഞ്ഞു. അവൻ കൈവെച്ചപ്പോൾ എലീശാ തന്റെ കൈ രാജാവിന്റെ കൈമേൽ വെച്ചു.
17“കിഴക്കെ കിളിവാതിൽ തുറക്കുക” എന്ന് അവൻ പറഞ്ഞു. അവൻ അത് തുറന്നപ്പോൾ: “അമ്പ് എയ്യുക” എന്ന് എലീശാ പറഞ്ഞു. എയ്തപ്പോൾ അവൻ: “അത് യഹോവയുടെ ജയാസ്ത്രം, അരാമ്യർക്ക് നേരെയുള്ള ജയാസ്ത്രം തന്നേ; നീ അഫേക്കിൽവെച്ച് അരാമ്യരെ തോല്പിച്ച് അശേഷം സംഹരിക്കും” എന്ന് പറഞ്ഞു.18“അമ്പ് എടുക്കുക” എന്ന് അവൻ പറഞ്ഞു. അവൻ എടുത്തു; “നിലത്തടിക്കുക” എന്ന് അവൻ യിസ്രായേൽരാജാവിനോട് പറഞ്ഞു. അവൻ മൂന്നു പ്രാവശ്യം അടിച്ചുനിർത്തി.19അപ്പോൾ ദൈവപുരുഷൻ അവനോട് കോപിച്ചു; “നീ അഞ്ചാറു പ്രാവശ്യം അടിക്കേണ്ടിയിരുന്നു; എന്നാൽ നീ അരാമ്യരെ തോല്പിച്ച് അശേഷം സംഹരിക്കുമായിരുന്നു; ഇപ്പോഴോ നീ അരാമ്യരെ മൂന്നുപ്രാവശ്യം മാത്രം തോല്പിക്കും” എന്ന് പറഞ്ഞു.

20അതിനു ശേഷം എലീശാ മരിച്ചു; അവർ അവനെ അടക്കംചെയ്തു; പിറ്റേ ആണ്ടിൽ മോവാബ്യരുടെ പടക്കൂട്ടങ്ങൾ ദേശത്തെ ആക്രമിച്ചു.21ചിലർ ഒരു മനുഷ്യനെ അടക്കംചെയ്യുമ്പോൾ ഒരു പടക്കൂട്ടത്തെ കണ്ട് മൃതശരീരം എലീശായുടെ കല്ലറയിൽ ഇട്ടു; മൃതശരീരം അതിൽ വീണ് എലീശയുടെ അസ്ഥികളെ തൊട്ടപ്പോൾ ജീവിച്ച് എഴുന്നേറ്റുനിന്നു.

22എന്നാൽ യെഹോവാഹാസിന്റെ ഭരണകാലത്തൊക്കെയും അരാമ്യരാജാവായ ഹസായേൽ യിസ്രായേലിനെ ഞെരുക്കിക്കൊണ്ടിരുന്നു.23യഹോവയ്ക്ക് അവരോട് കരുണയും മനസ്സലിവും തോന്നി, അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്നിവരോടുള്ള തന്റെ നിയമംനിമിത്തം അവരെ കടാക്ഷിച്ചു; അവരെ നശിപ്പിപ്പാൻ അവന് മനസ്സായില്ല; തന്റെ സന്നിധിയിൽ നിന്ന് അവരെ തള്ളിക്കളഞ്ഞതുമില്ല.24അരാംരാജാവായ ഹസായേൽ മരിച്ചപ്പോൾ അവന്റെ മകനായ ബെൻ-ഹദദ് അവന് പകരം രാജാവായി.25യെഹോവാഹാസിന്റെ മകനായ യെഹോവാശ്, തന്റെ അപ്പനായ യെഹോവാഹാസിനോട് ഹസായേൽ യുദ്ധത്തിൽ പിടിച്ചിരുന്ന പട്ടണങ്ങളെ അവന്റെ മകനായ ബെൻ-ഹദദിന്റെ കാലത്ത് തിരികെ പിടിച്ചു. മൂന്നു പ്രാവശ്യം യോവാശ് അവനെ തോല്പിക്കയും യിസ്രായേലിന്റെ പട്ടണങ്ങളെ വീണ്ടെടുക്കുകയും ചെയ്തു.

14

1യിസ്രായേൽരാജാവായ യെഹോവാഹാസിന്റെ മകനായ യോവാശിന്റെ വാഴ്ചയുടെ രണ്ടാം ആണ്ടിൽ യെഹൂദാരാജാവായ യോവാശിന്റെ മകൻ അമസ്യാവ് രാജാവായി.2അവൻ വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തഞ്ച് വയസ്സായിരുന്നു; അവൻ യെരൂശലേമിൽ ഇരുപത്തൊമ്പത് സംവത്സരം വാണു. യെരൂശലേംകാരിയായ അവന്റെ അമ്മക്ക് യെഹോവദ്ദാൻ എന്ന് പേരായിരുന്നു.3അവൻ യഹോവയ്ക്ക് പ്രസാദമായത് ചെയ്തു. തന്റെ പിതാവായ ദാവീദിനെപ്പോലെ അല്ലതാനും; തന്റെ അപ്പനായ യോവാശ് ചെയ്തതുപോലെ അവൻ ചെയ്തു.

4എങ്കിലും പൂജാഗിരികൾക്ക് നീക്കംവന്നില്ല; ജനം പൂജാഗിരികളിൽ യാഗംകഴിച്ചും ധൂപം കാട്ടിയും പോന്നു.5രാജത്വം അവന് സ്ഥിരമായപ്പോൾ തന്റെ അപ്പനായ രാജാവിനെ കൊന്ന ഭൃത്യന്മാരെ അവൻ കൊന്നുകളഞ്ഞു.
6എന്നാൽ ‘പുത്രന്മാർക്കു പകരം പിതാക്കന്മാരും പിതാക്കന്മാർക്കു പകരം പുത്രന്മാരും മരണശിക്ഷ അനുഭവിക്കരുത്; താന്താന്റെ പാപത്തിന് താന്താൻ മരണശിക്ഷ അനുഭവിക്കേണം’ എന്നുള്ള യഹോവയുടെ കൽപ്പന മോശയുടെ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നത് അനുസരിച്ച് അവൻ ആ കൊലപാതകന്മാരുടെ മക്കളെ കൊല്ലാതിരുന്നു.7അവൻ ഉപ്പുതാഴ്വരയിൽവച്ച് പതിനായിരം എദോമ്യരെ കൊന്നു; സേല പട്ടണം യുദ്ധംചെയ്ത് പിടിച്ച് അതിന് യൊക്തെയേൽ എന്ന് പേർ വിളിച്ചു; ആ പേര് ഇന്നുവരെയും നിലനിൽക്കുന്നു.
8ആ കാലത്ത് അമസ്യാവ് യേഹൂവിന്റെ മകനായ യെഹോവാഹാസിന്റെ മകൻ യെഹോവാശ് എന്ന യിസ്രായേൽരാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ച്: “വരിക, നാം തമ്മിൽ യുദ്ധത്തിൽ ഒന്നു നോക്കാം”എന്ന് പറയിച്ചു.9അതിന് യിസ്രായേൽരാജാവായ യെഹോവാശ് യെഹൂദാരാജാവായ അമസ്യാവിന് മറുപടി പറഞ്ഞയച്ചത്: “ലെബാനോനിലെ മുൾപ്പടർപ്പ് ദേവദാരുവിനോട്, ‘നിന്റെ മകളെ എന്റെ മകന് ഭാര്യയായി തരുക’ എന്ന് ആളയച്ച് പറയിച്ചു; എന്നാൽ ലെബാനോനിലെ ഒരു കാട്ടുമൃഗം കടന്നുപോകുന്ന വഴിയിൽ മുൾപ്പടർപ്പിനെ ചവിട്ടിക്കളഞ്ഞു.10എദോമ്യരെ തോല്പിച്ചതുകൊണ്ട് നീ നിഗളിച്ചിരിക്കുന്നു; പ്രശംസിച്ചുകൊണ്ട് നിന്റെ വീട്ടിൽ ഇരുന്നുകൊള്ളുക; നീയും നിന്നോടുകൂടെ യെഹൂദയും വീഴുവാൻ തക്കവണ്ണം അനർത്ഥത്തിൽ ചെന്നു ചാടുന്നത് എന്തിന്?” എന്നാൽ അമസ്യാവ് അവന്റെ വാക്ക് കേട്ടില്ല.
11ആകയാൽ യിസ്രായേൽരാജാവായ യെഹോവാശ് യുദ്ധത്തിന് പുറപ്പെട്ടു. യെഹൂദയിലുള്ള ബേത്ത്-ശേമെശിൽവെച്ച് അവനും യെഹൂദാരാജാവായ അമസ്യാവും തമ്മിൽ നേരിട്ടു.12യെഹൂദാ യിസ്രായേലിനോട് തോറ്റ് ഓരോരുത്തൻ അവനവന്റെ കൂടാരത്തിലേക്ക് ഓടിപ്പോയി.
13അഹസ്യാവിന്റെ മകനായ യെഹോവാശിന്റെ മകൻ അമസ്യാവ് എന്ന യെഹൂദാരാജാവിനെ യിസ്രായേൽരാജാവായ യെഹോവാശ് ബേത്ത്-ശേമെശിൽവച്ച് തടവുകാരനായി പിടിച്ച് യെരൂശലേമിലേക്ക് കൊണ്ടുവന്നു. യെരൂശലേമിന്റെ മതിൽ എഫ്രയീംപടിവാതിൽമുതൽ കോൺപടിവാതിൽവരെ നാനൂറു മുഴം അവൻ ഇടിച്ചുകളഞ്ഞു.14അവൻ യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും കണ്ട പൊന്നും വെള്ളിയും സകലഉപകരണങ്ങളും എടുത്ത് തടവുകാരെയും പിടിച്ചുകൊണ്ട് ശമര്യയിലേക്ക് മടങ്ങിപ്പോയി.
15യെഹോവാശ് ചെയ്ത മറ്റ് വൃത്താന്തങ്ങളും അവന്റെ പരാക്രമപ്രവൃത്തികളും അവൻ യെഹൂദാരാജാവായ അമസ്യാവിനോട് യുദ്ധംചെയ്തതും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.16യെഹോവാശ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു. അവനെ ശമര്യയിൽ യിസ്രായേൽരാജാക്കന്മാരോടൊപ്പം അടക്കംചെയ്തു; അവന്റെ മകനായ യൊരോബെയാം അവന് പകരം രാജാവായി.

17യിസ്രായേൽരാജാവായ യെഹോവാഹാസിന്റെ മകനായ യെഹോവാശിന്റെ മരണശേഷം യെഹൂദാരാജാവായ യോവാശിന്റെ മകൻ അമസ്യാവ് പതിനഞ്ച് സംവത്സരം ജീവിച്ചിരുന്നു.18അമസ്യാവിന്റെ മറ്റ് വൃത്താന്തങ്ങൾ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.19യെരൂശലേമിൽ അവന് വിരോധമായി ഒരു ഗൂഢാലോചന ഉണ്ടായതിനാൽ അവൻ ലാഖീശിലേക്ക് ഓടിപ്പോയി; എന്നാൽ അവർ അവന്റെ പിന്നാലെ ലാഖീശിലേക്ക് ആളയച്ച് അവിടെവെച്ച് അവനെ കൊന്നുകളഞ്ഞു.
20അവന്റെ ജഡം കുതിരപ്പുറത്ത് കൊണ്ടുവന്ന് യെരൂശലേമിൽ ദാവീദിന്റെ നഗരത്തിൽ തന്റെ പിതാക്കന്മാരുടെ അടുക്കൽ അടക്കം ചെയ്തു.21യെഹൂദാജനം പതിനാറു വയസ്സ് പ്രായമുള്ള അസര്യാവിനെ കൊണ്ടുവന്ന് അവന്റെ അപ്പനായ അമസ്യാവിന് പകരം രാജാവാക്കി.22അമസ്യാരാജാവ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം ഏലത്ത് പട്ടണം പണിതതും അതിനെ യെഹൂദക്കായി വീണ്ടെടുത്തതും ഇവൻ തന്നേ.

23യെഹൂദാരാജാവായ യോവാശിന്റെ മകൻ അമസ്യാവിന്റെ പതിനഞ്ചാം ആണ്ടിൽ യിസ്രായേൽരാജാവായ യോവാശിന്റെ മകൻ യൊരോബെയാം രാജാവായി. അവൻ ശമര്യയിൽ നാല്പത്തൊന്ന് സംവത്സരം വാണു.24അവൻ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു; യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളൊന്നും വിട്ടുമാറിയില്ല.25ഗത്ത്-ഹേഫർകാരനായ അമിത്ഥായിയുടെ മകൻ യോനാപ്രവാചകൻ എന്ന തന്റെ ദാസൻമുഖാന്തരം യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്ത വചനപ്രകാരം അവൻ ഹമാത്തിന്റെ അതിർമുതൽ അരാബയിലെ കടൽവരെ യിസ്രായേൽ ദേശം വീണ്ടും സ്വാധീനമാക്കി.
26യിസ്രായേലിന്റെ കഷ്ടത എത്രയും കഠിനമെന്നും,യിസ്രായേലിന് സഹായം ചെയ്യുവാൻ സ്വതന്ത്രനോ ദാസനോ ആയ ആരും ഇല്ല എന്നും യഹോവ കണ്ടിട്ട്,27യിസ്രായേലിന്റെ പേർ ആകാശത്തിൻ കീഴിൽനിന്ന് മായിച്ചുകളയും എന്ന് അരുളിച്ചെയ്യാതെ, യോവാശിന്റെ മകനായ യൊരോബെയാം മുഖാന്തരം അവരെ രക്ഷിച്ചു.
28യൊരോബെയാമിന്റെ മറ്റ് വൃത്താന്തങ്ങളും അവൻ ചെയ്ത സകലതും അവൻ യുദ്ധംചെയ്തതും യെഹൂദയുടെ ഭാഗമായിരുന്ന ദമ്മേശെക്കും ഹമാത്തും യിസ്രായേലിന് വീണ്ടെടുത്തതിൽ അവൻ കാണിച്ച പരാക്രമവും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.29യൊരോബെയാം യിസ്രായേൽരാജാക്കന്മാരായ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ സെഖര്യാവ് അവന് പകരം രാജാവായി.

15

1യിസ്രായേൽരാജാവായ യൊരോബെയാമിന്റെ ഇരുപത്തേഴാം ആണ്ടിൽ യെഹൂദാരാജാവായ അമസ്യാവിന്റെ മകൻ അസര്യാവ് രാജാവായി.2അവൻ വാഴ്ച തുടങ്ങിയപ്പോൾ അവന് പതിനാറ് വയസ്സായിരുന്നു; അവൻ അമ്പത്തിരണ്ടു സംവത്സരം യെരൂശലേമിൽ വാണു; യെരൂശലേംകാരിയായ അവന്റെ അമ്മയ്ക്ക് യെഖോല്യാ എന്ന് പേരായിരുന്നു.3അവൻ തന്റെ അപ്പനായ അമസ്യാവിനെപ്പോലെ യഹോവയ്ക്ക് പ്രസാദമുള്ളത് ചെയ്തു.

4എങ്കിലും പൂജാഗിരികൾക്ക് നീക്കംവന്നില്ല; ജനം പൂജാഗിരികളിൽ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു.5എന്നാൽ യഹോവ കുഷ്ഠരോഗത്താൽ ഈ രാജാവിനെ ബാധിച്ചു. അവൻ ജീവപര്യന്തം കുഷ്ഠരോഗിയായി ജീവിച്ചതിനാൽ ഒരു പ്രത്യേകശാലയിൽ പാർപ്പിച്ചിരുന്നു; രാജകുമാരനായ യോഥാം രാജധാനിക്ക് വിചാരകനായി ദേശത്തെ ജനത്തിന് ന്യായപാലനം ചെയ്തു.
6അസര്യാവിന്റെ മറ്റ് വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.7അസര്യാവ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവർ അവനെ ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അടക്കംചെയ്തു; അവന്റെ മകനായ യോഥാം അവന് പകരം രാജാവായി.

8യെഹൂദാരാജാവായ അസര്യാവിന്റെ മുപ്പത്തെട്ടാം ആണ്ടിൽ യൊരോബെയാമിന്റെ മകനായ സെഖര്യാവ് യിസ്രായേലിന് രാജാവായി ശമര്യയിൽ ആറു മാസം വാണു.9അവൻ തന്റെ പിതാക്കന്മാരെപ്പോലെ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു; യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറിയില്ല.
10യാബേശിന്റെ മകനായ ശല്ലൂം അവനെതിരെ കൂട്ടുകെട്ടുണ്ടാക്കി ജനത്തിന്റെ മുമ്പിൽവെച്ച് അവനെ വെട്ടിക്കൊന്ന് അവനു പകരം രാജാവായി.11സെഖര്യാവിന്റെ മറ്റ് വൃത്താന്തങ്ങൾ യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.12യഹോവ യേഹൂവിനോട്: “നിന്റെ പുത്രന്മാർ നാലാം തലമുറവരെ യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരിക്കും” എന്ന് അരുളിച്ചെയ്ത വചനം ഇതാകുന്നു; അങ്ങനെ തന്നേ സംഭവിച്ചു.

13യെഹൂദാരാജാവായ ഉസ്സീയാവിന്റെ മുപ്പത്തൊമ്പതാം ആണ്ടിൽ യാബേശിന്റെ മകനായ ശല്ലൂം രാജാവായി; ശമര്യയിൽ ഒരു മാസം വാണു.14എന്നാൽ ഗാദിയുടെ മകനായ മെനഹേം തിസ്സയിൽനിന്നു പുറപ്പെട്ട് ശമര്യയിൽ വന്നു, യാബേശിന്റെ മകനായ ശല്ലൂമിനെ ശമര്യയിൽവെച്ച് വെട്ടിക്കൊന്ന് അവന് പകരം രാജാവായി.
15ശല്ലൂമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ഉണ്ടാക്കിയ കൂട്ടുകെട്ടും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

16മെനഹേം, തിപ്സഹും അതിലുള്ള സകലവും, തിർസ്സാതൊട്ട് അതിനോട് ചേർന്ന പ്രദേശങ്ങളും ശൂന്യമാക്കി; അവർ പട്ടണവാതിൽ തുറന്നു കൊടുക്കായ്കയാൽ അവൻ അതിനെ ശൂന്യമാക്കുകയും അതിലെ ഗർഭിണികളുടെ ഉദരം പിളർന്നുകളകയും ചെയ്തു.
17യെഹൂദാരാജാവായ അസര്യാവിന്റെ മുപ്പത്തൊമ്പതാം ആണ്ടിൽ ഗാദിയുടെ മകൻ മെനഹേം യിസ്രായേലിന് രാജാവായി; ശമര്യയിൽ പത്തു സംവത്സരം വാണു.18അവൻ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു; യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങൾ ജീവപര്യന്തം വിട്ടുമാറിയതുമില്ല.
19അശ്ശൂർ രാജാവായ പൂൽ ദേശത്തെ ആക്രമിച്ചു; പൂൽ, തന്നെ സഹായിക്കേണ്ടതിനും രാജത്വം തനിക്ക് ഉറപ്പിക്കേണ്ടതിനുമായി, മെനഹേം അവന് ആയിരം താലന്ത് വെള്ളി കൊടുത്തു.20അശ്ശൂർ രാജാവിന് കൊടുക്കുവാൻ മെനഹേം ഈ പണം യിസ്രായേലിലെ ധനവാന്മാരോട് അമ്പത് ശേക്കെൽ വെള്ളി വീതം പിരിച്ചെടുത്തു; അങ്ങനെ അശ്ശൂർരാജാവ് ദേശത്ത് താമസം ഉറപ്പിക്കാതെ മടങ്ങിപ്പോയി.
21മെനഹേമിന്റെ മറ്റ് വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.22മെനഹേം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ പെക്കഹ്യാവ് അവന് പകരം രാജാവായി.

23യെഹൂദാരാജാവായ ഉസ്സീയാവിന്റെ അമ്പതാം ആണ്ടിൽ മെനഹേമിന്റെ മകനായ പെക്കഹ്യാവ് യിസ്രായേലിന് രാജാവായി; ശമര്യയിൽ രണ്ട് സംവത്സരം വാണു.24അവൻ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു; യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങൾ വിട്ടുമാറിയതുമില്ല.
25എന്നാൽ അവന്റെ അകമ്പടിനായകനായ രെമല്യാവിന്റെ മകൻ പേക്കഹ്, അവന് വിരോധമായി കൂട്ടുകെട്ടുണ്ടാക്കി. അവൻ ഗിലെയാദ്യരിൽ അമ്പതുപേരുടെ സഹായത്തോടുകൂടി ശമര്യാരാജധാനിയുടെ കോട്ടയിൽവെച്ച് അവനെ അർഗ്ഗോബിനോടും അര്യേയോടുംകൂടെ വെട്ടിക്കൊന്ന് അവന് പകരം രാജാവായി.26പെക്കഹ്യാവിന്റെ മറ്റ് വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

27യെഹൂദാരാജാവായ ഉസ്സീയാവിന്റെ അമ്പത്തിരണ്ടാം ആണ്ടിൽ രെമല്യാവിന്റെ മകനായ പേക്കഹ് യിസ്രായേലിന് രാജാവായി ശമര്യയിൽ ഇരുപത് സംവത്സരം വാണു.28അവൻ യഹോവെക്കു അനിഷ്ടമായത് ചെയ്തു, യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങൾ വിട്ടുമാറിയതുമില്ല.
29യിസ്രായേൽരാജാവായ പേക്കഹിന്റെ കാലത്ത് അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസർ വന്ന് ഈയോനും ആബേൽ-ബേത്ത്-മയഖയും യാനോവഹും കേദെശും ഹാസോരും ഗിലെയാദും ഗലീലയും നഫ്താലിദേശം മുഴുവനും പിടിച്ചടക്കി നിവാസികളെ ബദ്ധരാക്കി അശ്ശൂരിലേക്ക് കൊണ്ടുപോയി.30എന്നാൽ ഏലാവിന്റെ മകനായ ഹോശേയ, രെമല്യാവിന്റെ മകനായ പേക്കഹിന് വിരോധമായി കൂട്ടുകെട്ടുണ്ടാക്കി, അവനെ ഉസ്സീയാവിന്റെ മകനായ യോഥാമിന്റെ ഇരുപതാം ആണ്ടിൽ വെട്ടിക്കൊന്ന് അവന് പകരം രാജാവായി.31പേക്കഹിന്റെ മറ്റ് വൃത്താന്തങ്ങളും അവൻ ചെയ്തസകലതുംയിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

32യിസ്രായേൽരാജാവായ രെമല്യാവിന്റെ മകനായ പേക്കഹിന്റെ രണ്ടാം ആണ്ടിൽ യെഹൂദാരാജാവായ ഉസ്സീയാവിന്റെ മകൻ യോഥാം രാജാവായി.33അവൻ വാഴ്ചതുടങ്ങിയപ്പോൾ അവന് ഇരുപത്തഞ്ച് വയസ്സായിരുന്നു; അവൻ യെരൂശലേമിൽ പതിനാറ് സംവത്സരം വാണു; അവന്റെ അമ്മക്ക് യെരൂശാ എന്ന് പേരായിരുന്നു; അവൾ സാദോക്കിന്റെ മകൾ ആയിരുന്നു.
34അവൻ യഹോവയ്ക്ക് പ്രസാദമായത് ചെയ്തു; തന്റെ അപ്പനായ ഉസ്സീയാവ് ചെയ്തതുപോലെ ഒക്കെയും ചെയ്തു.35എങ്കിലും പൂജാഗിരികൾക്ക് നീക്കം വന്നില്ല; ജനം പൂജാഗിരികളിൽ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു; അവൻ യഹോവയുടെ ആലയത്തിന്റെ മുകളിലുള്ള വാതിൽ പണിതു.36യോഥാമിന്റെ മറ്റ് വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.37ആ കാലത്ത് യഹോവ അരാംരാജാവായ രെസീനെയും രെമല്യാവിന്റെ മകനായ പേക്കഹിനെയും യെഹൂദക്കു നേരെ അയച്ചുതുടങ്ങി.38യോഥാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ ആഹാസ് അവന് പകരം രാജാവായി.

16

1രെമല്യാവിന്റെ മകനായ പേക്കഹിന്റെ പതിനേഴാം ആണ്ടിൽ യെഹൂദാരാജാവായ യോഥാമിന്റെ മകൻ ആഹാസ് രാജാവായി.2ആഹാസ് വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത് വയസ്സായിരുന്നു; അവൻ യെരൂശലേമിൽ പതിനാറ് സംവത്സരം വാണു; തന്റെ പിതാവായ ദാവീദിനെപ്പോലെ തന്റെ ദൈവമായ യഹോവയ്ക്ക് പ്രസാദമുള്ളത് ചെയ്തില്ല.

3അവൻ യിസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്നു; യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽ നിന്ന് നീക്കിക്കളഞ്ഞ ജാതികളുടെ മ്ലേച്ഛതകൾക്കൊത്തവണ്ണം തന്റെ മകനെ അഗ്നിപ്രവേശവും ചെയ്യിച്ചു.4അവൻ പൂജാഗിരികളിലും കുന്നുകളിലും ഓരോ പച്ചവൃക്ഷത്തിന്റെ കീഴിലും ബലി കഴിച്ചും ധൂപം കാട്ടിയും പോന്നു.
5അക്കാലത്ത് അരാംരാജാവായ രെസീനും യിസ്രായേൽരാജാവായ രെമല്യാവിന്റെ മകൻ പേക്കഹും യെരൂശലേമിന് നേരെ യുദ്ധത്തിന് പുറപ്പെട്ടുവന്ന് ആഹാസിനെ നിരോധിച്ചു; എന്നാൽ അവനെ ജയിക്കുവാൻ അവർക്കു കഴിഞ്ഞില്ല.6അന്ന് അരാംരാജാവായ രെസീൻ ഏലത്ത് പിടിച്ചെടുത്ത് അരാമിനോട് ചേർക്കുകയും യെഹൂദന്മാരെ ഏലത്തിൽ നിന്ന് നീക്കിക്കളയുകയും ചെയ്തു; പകരം അരാമ്യർ ഏലത്തിൽ വന്നു; ഇന്നുവരെയും അവർ അവിടെ പാർക്കുന്നു.
7ആഹാസ് അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസരിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: “ഞാൻ നിന്റെ ദാസനും നിന്റെ പുത്രനും ആകുന്നു; നീ വന്ന് എന്നോട് എതിർത്തിരിക്കുന്ന അരാംരാജാവിന്റെയും യിസ്രായേൽരാജാവിന്റെയും കയ്യിൽനിന്ന് എന്നെ രക്ഷിക്കേണം” എന്ന് പറയിച്ചു.8അതിനായി ആഹാസ് യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും ഉണ്ടായിരുന്ന വെള്ളിയും പൊന്നും എടുത്ത് അശ്ശൂർരാജാവിന് സമ്മാനമായി കൊടുത്തയച്ചു.9അശ്ശൂർരാജാവ് അവന്റെ അപേക്ഷ കേട്ട് ദമ്മേശെക്കിലേക്ക് ചെന്ന് അതിനെ പിടിച്ചടക്കി അതിലെ നിവാസികളെ കീരിലേക്ക് ബദ്ധരായി കൊണ്ടുപോയി, രെസീനെ കൊന്നുകളഞ്ഞു.
10ആഹാസ്‌ രാജാവ് അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസരിനെ എതിരേൽക്കുവാൻ ദമ്മേശെക്കിൽ ചെന്നപ്പോൾ, ദമ്മേശെക്കിലെ ബലിപീഠം കണ്ടു; ആഹാസ്‌ രാജാവ് ആ ബലിപീഠത്തിന്റെ ഒരു പ്രതിമയും അതിന്റെ എല്ലാപണികളുടെയും ഒരു മാതൃകയും ഊരീയാപുരോഹിതന് കൊടുത്തയച്ചു.11ഊരീയാപുരോഹിതൻ ഒരു യാഗപീഠം പണിതു; ആഹാസ്‌ രാജാവ് ദമ്മേശെക്കിൽനിന്ന് അയച്ച മാതൃക പ്രകാരം രാജാവ് ദമ്മേശെക്കിൽനിന്ന് മടങ്ങി വരുമ്പോഴെക്ക് ഊരീയാപുരോഹിതൻ അത് പണിതിരുന്നു.12രാജാവ് വന്നപ്പോൾ ആ യാഗപീഠം കണ്ടു; രാജാവ് യാഗപീഠത്തിങ്കൽ ചെന്ന് അതിന്മേൽ കയറി.
13ഹോമയാഗവും ഭോജനയാഗവും ദഹിപ്പിച്ച്, പാനീയയാഗവും പകർന്ന്, സമാധാനയാഗങ്ങളുടെ രക്തവും യാഗപീഠത്തിന്മേൽ തളിച്ചു.14യഹോവയുടെ സന്നിധിയിലെ താമ്രയാഗപീഠം അവൻ ആലയത്തിന്റെ മുൻവശത്ത് തന്റെ യാഗപീഠത്തിനും യഹോവയുടെ ആലയത്തിനും മദ്ധ്യേനിന്ന് നീക്കി, തന്റെ യാഗപീഠത്തിന്റെ വടക്കുവശത്ത് കൊണ്ടു പോയി വെച്ചു.
15ആഹാസ് രാജാവ് ഊരീയാപുരോഹിതനോട് കല്പിച്ചത്: “മഹായാഗപീഠത്തിന്മേൽ നീ രാവിലത്തെ ഹോമയാഗവും വൈകുന്നേരത്തെ ഭോജനയാഗവും രാജാവിന്റെ ഹോമയാഗവും ഭോജനയാഗവും ദേശത്തെ സകലജനത്തിന്റെയും ഹോമയാഗവും ഭോജനയാഗവും ദഹിപ്പിക്കയും അവരുടെ പാനീയയാഗങ്ങൾ കഴിക്കയും ഹോമയാഗങ്ങളുടെയും ഹനനയാഗങ്ങളുടെയും രക്തമെല്ലാം തളിക്കയും ചെയ്യേണം; താമ്രയാഗപീഠമോ, എനിക്ക് ദൈവഹിതം അറിയാനായി മാറ്റിവക്കേണം.”16ആഹാസ്‌ രാജാവ് കല്പിച്ചതെല്ലാം ഊരീയാപുരോഹിതൻ ചെയ്തു.
17ആഹാസ്‌ രാജാവ് പീഠങ്ങളുടെ ചട്ടപ്പലക മുറിച്ച് തൊട്ടികൾ അവയുടെമേൽനിന്ന് നീക്കി; താമ്രക്കടൽ താമ്രക്കാളപ്പുറത്തുനിന്ന് ഇറക്കി ഒരു കല്ത്തളത്തിൽ വെച്ചു.18ശബ്ബത്ത് ദിവസം രാജാവിന് പ്രവേശിക്കുവാനുള്ള മേൽക്കൂരയോടുകൂടിയ പുറത്തെ പാതയും അശ്ശൂർരാജാവിനെ പ്രീതിപ്പെടുത്താനായി യഹോവയുടെ ആലയത്തിൽനിന്ന് മാറ്റിക്കളഞ്ഞു.
19ആഹാസ് ചെയ്ത മറ്റുള്ള വൃത്താന്തങ്ങൾ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.20ആഹാസ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അവനെ അടക്കംചെയ്തു; അവന്റെ മകൻ ഹിസ്കീയാവ് അവന് പകരം രാജാവായി.

17

1യെഹൂദാരാജാവായ ആഹാസിന്റെ പന്ത്രണ്ടാം ആണ്ടിൽ ഏലയുടെ മകനായ ഹോശേയ യിസ്രായേലിന് രാജാവായി; ശമര്യയിൽ ഒമ്പത് സംവത്സരം വാണു.2അവൻ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു; എന്നാൽ തനിക്ക് മുമ്പുള്ള യിസ്രായേൽ രാജാക്കന്മാരെപ്പോലെ അല്ല താനും.3അവന്റെ നേരെ അശ്ശൂർ രാജാവായ ശൽമനേസെർ യുദ്ധത്തിന് പുറപ്പെട്ടുവന്നു; ഹോശേയ അവന് കപ്പം കൊടുത്ത് ആശ്രിതനായിത്തീർന്നു.

4എന്നാൽ ഹോശേയ ഈജിപ്റ്റ് രാജാവായ സോവിന്റെ അടുക്കൽ ദൂതന്മാരെ അയക്കുകയും അശ്ശൂർരാജാവിന് ആണ്ടുതോറുമുള്ള കപ്പം കൊടുക്കാതിരിക്കയും ചെയ്തു. അശ്ശൂർ രാജാവ് അവനിൽ ദ്രോഹം കണ്ട് അവനെ ബന്ധിച്ച് കാരാഗൃഹത്തിൽ ആക്കി.5പിന്നെ അശ്ശൂർരാജാവ് യിസ്രയേൽ ദേശത്ത് പ്രവേശിച്ച് ശമര്യയിൽ വന്ന് അതിനെ മൂന്നു സംവത്സരം ഉപരോധിച്ചു.6ഹോശേയയുടെ ഒമ്പതാം ആണ്ടിൽ അശ്ശൂർരാജാവ് ശമര്യ പട്ടണം പിടിച്ചടക്കി യിസ്രായേൽജനത്തെ ബദ്ധരാക്കി അശ്ശൂരിലേക്ക് കൊണ്ടുപോയി; അവരെ ഹലഹിലും, ഗോസാൻ നദീതീരത്തിലെ ഹാബോരിലും, മേദ്യരുടെ പട്ടണങ്ങളിലും പാർപ്പിച്ചു.
7യിസ്രായേൽമക്കൾ അവരെ ഈജിപ്റ്റിലെ രാജാവായ ഫറവോന്റെ കൈക്കീഴിൽനിന്ന് വിടുവിച്ച് അവിടെനിന്ന് പുറപ്പെടുവിച്ച് കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയോട് പാപം ചെയ്ത് അന്യദൈവങ്ങളെ ഭജിക്കുകയും8യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞിരുന്ന ചട്ടങ്ങളും അവ നടപ്പാക്കിയ യിസ്രായേൽരാജാക്കന്മാരുടെ ചട്ടങ്ങളും അനുസരിച്ചുനടക്കുകയും ചെയ്തതുകൊണ്ട് ഇങ്ങനെ സംഭവിച്ചു.
9യിസ്രായേൽമക്കൾ തങ്ങളുടെ ദൈവമായ യഹോവയ്ക്ക് വിരോധമായി കൊള്ളരുതാത്ത കാര്യങ്ങൾ രഹസ്യമായി ചെയ്ത് കാവൽ ഗോപുരംമുതൽ ഉറപ്പുള്ള പട്ടണംവരെ അവരുടെ എല്ലാപട്ടണങ്ങളിലും പൂജാഗിരികൾ പണിതു.10അവർ എല്ലാ ഉയർന്ന കുന്നുകളിലും പച്ചവൃക്ഷങ്ങളുടെ കീഴിലും വിഗ്രഹസ്തംഭങ്ങളും അശേരാപ്രതിഷ്ഠകളും സ്ഥാപിച്ചു.
11യഹോവ അവരുടെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞ ജനതകളെപ്പോലെ അവർ സകലപൂജാഗിരികളിലും ധൂപം കാട്ടി യഹോവയെ കോപിപ്പിക്കുവാൻ തക്കവണ്ണം ദോഷമായ കാര്യങ്ങൾ പ്രവർത്തിച്ചു.12“ഈ കാര്യം ചെയ്യരുത്“ എന്ന് യഹോവ വിലക്കിയിരുന്ന വിഗ്രഹങ്ങളെ അവർ സേവിച്ചു.
13എന്നാൽ യഹോവ പ്രവാചകന്മാരും ദർശകന്മാരും മുഖാന്തരം യിസ്രായേലിനോടും യെഹൂദയോടും: “നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ട് ഞാൻ നിങ്ങളുടെ പിതാക്കന്മാരോട് കല്പിച്ചതും എന്റെ ദാസന്മാരായ പ്രവാചകന്മാർമുഖാന്തരം നിങ്ങൾക്ക് നൽകിയതുമായ ന്യായപ്രമാണപ്രകാരം എന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിച്ച് നടപ്പിൻ“ എന്ന് സാക്ഷിച്ചു.
14എങ്കിലും അവർ കേൾക്കാതെ തങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വസിക്കാതിരുന്ന പിതാക്കന്മാരെപ്പോലെ ദുശ്ശാഠ്യം കാണിച്ചു,15അവന്റെ ചട്ടങ്ങളും അവരുടെ പിതാക്കന്മാരോട് അവൻ ചെയ്ത നിയമവും അവൻ അവരോട് സാക്ഷിച്ച സാക്ഷ്യങ്ങളും നിരസിച്ചുകളഞ്ഞു; അവർ വ്യാജം പിന്തുടർന്ന് വ്യർത്ഥരായിത്തീർന്നു; ‘അവരെപ്പോലെ പ്രർത്തിക്കരുത്‘ എന്ന് യഹോവ കല്പിച്ചിരുന്ന ചുറ്റുമുള്ള ജനതകളെ തന്നേ അവർ അനുകരിച്ചു.
16അവർ തങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ ഉപേക്ഷിച്ചുകളഞ്ഞ് തങ്ങൾക്ക് രണ്ട് കാളക്കുട്ടികളുടെ വിഗ്രഹങ്ങൾ വാർപ്പിക്കുകയും അശേരാപ്രതിഷ്ഠ ഉണ്ടാക്കുകയും ചെയ്തു; ആകാശത്തിലെ സർവ്വസൈന്യത്തെയും നമസ്കരിക്കയും ബാലിനെ സേവിക്കുകയും ചെയ്തുപോന്നു.17അവർ തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിപ്രവേശം ചെയ്യിച്ചു; പ്രശ്നവും ആഭിചാരവും പ്രയോഗിച്ച് യഹോവയെ കോപിപ്പിക്കയും, അവന് അനിഷ്ടമായത് ചെയ്‌വാൻ തങ്ങളെത്തന്നേ വിറ്റുകളയുകയും ചെയ്തു.18അതുനിമിത്തം യഹോവ യിസ്രായേലിനോട് ഏറ്റവും അധികം കോപിച്ച് അവരെ തന്റെ സന്നിധിയിൽനിന്ന് നീക്കിക്കളഞ്ഞു; യെഹൂദാഗോത്രം മാത്രമല്ലാതെ ആരും ശേഷിച്ചില്ല.
19യെഹൂദയും തങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ പ്രമാണിക്കാതെ യിസ്രായേൽ ഉണ്ടാക്കിയ ചട്ടങ്ങൾ അനുസരിച്ചുനടന്നു.20ആകയാൽ യഹോവ യിസ്രായേലിന്റെ പിന്തലമുറയെ മുഴുവനും തള്ളിക്കളഞ്ഞ് അവരെ താഴ്ത്തി, കൊള്ളയിടുന്നവരുടെ കയ്യിൽ ഏല്പിച്ചു; ഒടുവിൽ അവരെ തന്റെ സന്നിധിയിൽനിന്ന് നീക്കിക്കളയുകയും ചെയ്തു.
21അവൻ യിസ്രായേലിനെ ദാവീദ് ഗൃഹത്തിൽ നിന്ന് പറിച്ചുമാറ്റി; അവർ നെബാത്തിന്റെ മകനായ യൊരോബെയാമിനെ രാജാവാക്കി; യൊരോബെയാം യിസ്രായേലിനെ യഹോവയിൽ നിന്ന് അകലുമാറാക്കി അവരെക്കൊണ്ട് ഒരു വലിയ പാപം ചെയ്യിച്ചു.22അങ്ങനെ യിസ്രായേൽമക്കൾ യൊരോബെയാം ചെയ്ത സകലപാപങ്ങളിലും നടന്നു.23അവർ അവയെ വിട്ടുമാറായ്കയാൽ യഹോവ പ്രവാചകന്മാരായ തന്റെ ദാസന്മാർ മുഖാന്തരം അരുളിച്ചെയ്തപ്രകാരം ഒടുവിൽ യിസ്രായേലിനെ തന്റെ സന്നിധിയിൽനിന്ന് നീക്കിക്കളഞ്ഞു. ഇങ്ങനെ യിസ്രായേൽ സ്വന്ത ദേശം വിട്ട് അശ്ശൂരിലേക്ക് പോകേണ്ടി വന്നു;അവർ ഇന്നുവരെ അവിടെ ഇരിക്കുന്നു.
24അശ്ശൂർരാജാവ് ബാബേൽ, കൂഥാ, അവ്വ, ഹമാത്ത്, സെഫർവ്വയീം എന്നിവിടങ്ങളിൽനിന്ന് ജനത്തെ കൊണ്ടുവന്ന് യിസ്രായേൽമക്കൾക്ക് പകരം ശമര്യാപട്ടണങ്ങളിൽ പാർപ്പിച്ചു; അവർ ശമര്യ കൈവശമാക്കി അതിന്റെ പട്ടണങ്ങളിൽ പാർത്തു.25അവർ അവിടെ പാർപ്പാൻ തുടങ്ങിയപ്പോൾ യഹോവയെ ഭജിച്ചില്ല; അതുകൊണ്ട് യഹോവ അവരുടെ ഇടയിൽ സിംഹങ്ങളെ അയച്ചു; അവ അവരിൽ ചിലരെ കൊന്നുകളഞ്ഞു.26അപ്പോൾ അവർ അശ്ശൂർ രാജാവിനെ അറിയിച്ചത്: “നീ അശ്ശൂരിൽ നിന്ന് കൊണ്ടുവന്ന് ശമര്യാപട്ടണങ്ങളിൽ പാർപ്പിച്ച ജനതകൾ ആ ദേശത്തിലെ ദൈവത്തിന്റെ മാർഗ്ഗം അറിയായ്കകൊണ്ട് അവൻ അവരുടെ ഇടയിൽ സിംഹങ്ങളെ അയച്ചു; അവർ ആ ദേശത്തിലെ ദൈവത്തിന്റെ മാർഗ്ഗം അറിയായ്കയാൽ സിംഹങ്ങൾ അവരെ കൊന്നുകളയുന്നു.“
27അതിന് അശ്ശൂർ രാജാവ്: “നിങ്ങൾ അവിടെനിന്ന് കൊണ്ടുവന്ന യിസ്രായേൽപുരോഹിതന്മാരിൽ ഒരാളെ അവിടേക്ക് കൊണ്ടുപോകുവിൻ; അവൻ ചെന്ന് അവിടെ പാർക്കയും ആ ദേശത്തെ ദൈവത്തിന്റെ മാർഗ്ഗം അവരെ ഉപദേശിക്കയും ചെയ്യട്ടെ” എന്ന് കല്പിച്ചു.28അങ്ങനെ അവർ ശമര്യയിൽനിന്ന് കൊണ്ടുപോയിരുന്ന പുരോഹിതന്മാരിൽ ഒരാൾ വന്ന് ബേഥേലിൽ പാർത്തു; യഹോവയെ ഭജിക്കേണ്ട വിധം അവർക്ക് ഉപദേശിച്ചുകൊടുത്തു.
29എങ്കിലും ഓരോ ജനതയും തങ്ങളുടെ ദേവന്മാരെ ഉണ്ടാക്കി, അവർ പാർത്തുവന്ന പട്ടണങ്ങളിൽ ശമര്യർ ഉണ്ടാക്കിയിരുന്ന പൂജാഗിരിക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ചു.30ബാബേൽകാർ സുക്കോത്ത്-ബെനോത്തിനെ ഉണ്ടാക്കി; കൂഥക്കാർ നേർഗാലിനെ ഉണ്ടാക്കി; ഹമാത്ത്കാർ അശീമയെ ഉണ്ടാക്കി;31അവ്വക്കാർ നിബ്ഹസിനെയും തർത്തക്കിനെയും ഉണ്ടാക്കി; സെഫർവ്വക്കാർ സെഫർവ്വയീംദേവന്മാരായ അദ്രമേലെക്കിനും അനമേലെക്കിനും തങ്ങളുടെ മക്കളെ അഗ്നിപ്രവേശനം ചെയ്യിച്ചു.
32അവർ യഹോവയെ ഭജിക്കയും തങ്ങളുടെ ഇടയിൽനിന്നു തന്നേ പൂജാഗിരിപുരോഹിതന്മാരെ നിയമിക്കയും അവർ അവർക്കു വേണ്ടി പൂജാഗിരിക്ഷേത്രങ്ങളിൽ യാഗംകഴിക്കയും ചെയ്തുവന്നു.33അങ്ങനെ അവർ യഹോവയെ ഭജിക്കയും തങ്ങൾ പുറപ്പെട്ടുപോന്ന ദേശത്തിലെ ജനതകളുടെ മര്യാദപ്രകാരം സ്വന്തദേവന്മാരെ സേവിക്കയും ചെയ്തുപോന്നു.
34ഇന്നുവരെ അവർ മുമ്പിലത്തെ മര്യാദപ്രകാരം ചെയ്യുന്നു; യഹോവയെ ഭയപ്പെടുന്നില്ല; തങ്ങൾക്ക് ലഭിച്ച ചട്ടങ്ങളും വിധികളും, യഹോവ യിസ്രായേൽ എന്ന് പേർവിളിച്ച യാക്കോബിന്റെ മക്കളോട് കല്പിച്ച ന്യായപ്രമാണവും കല്പനകളും അനുസരിച്ച് നടക്കുന്നതുമില്ല.35യഹോവ അവരോട് ഒരു നിയമം ചെയ്ത് കല്പിച്ചത് എന്തെന്നാൽ: “നിങ്ങൾ അന്യദൈവങ്ങളെ ഭജിക്കയും അവെക്ക് യാഗം കഴിക്കയും ചെയ്യാതെ
36നിങ്ങളെ മഹാശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും ഈജിപ്റ്റ് ദേശത്തുനിന്ന് കൊണ്ടുവന്ന യഹോവയെ മാത്രം ഭജിച്ച് നമസ്കരിച്ച് അവന് മാത്രം യാഗം കഴിക്കയും വേണം.37അവൻ നിങ്ങൾക്ക് എഴുതിത്തന്ന ചട്ടങ്ങളും ന്യായങ്ങളും ന്യായപ്രമാണവും കല്പനകളും നിങ്ങൾ എല്ലാനാളും പ്രമാണിച്ചുനടക്കേണം; അന്യദൈവങ്ങളെ ഭജിക്കരുത്.38ഞാൻ നിങ്ങളോട് ചെയ്ത നിയമം നിങ്ങൾ മറക്കരുത്; അന്യദൈവങ്ങളെ ഭജിക്കയുമരുത്.
39നിങ്ങളുടെ ദൈവമായ യഹോവയെ മാത്രം നിങ്ങൾ ഭജിക്കേണം; എന്നാൽ അവൻ നിങ്ങളെ സകലശത്രുക്കളുടെയും കയ്യിൽനിന്ന് വിടുവിക്കും.”40എങ്കിലും അവർ കേൾക്കാതെ തങ്ങളുടെ പണ്ടത്തെ മര്യാദ അനുസരിച്ച് നടന്നു.41അങ്ങനെ ഈ ജനതകൾ യഹോവയെ ഭജിക്കയും തങ്ങളുടെ വിഗ്രഹങ്ങളെ സേവിക്കയും ചെയ്തു; പിതാക്കന്മാർ ചെയ്തതുപോലെ പുത്രന്മാരും പൌത്രന്മാരും ഇന്നുവരെ ചെയ്തുവരുന്നു.

18

1യിസ്രായേൽരാജാവായ ഏലയുടെ മകനായ ഹോശേയയുടെ മൂന്നാം ആണ്ടിൽ യെഹൂദാരാജാവായ ആഹാസിന്റെ മകൻ ഹിസ്കീയാവ് രാജാവായി.2അവൻ വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തഞ്ച് വയസ്സായിരുന്നു; അവൻ യെരൂശലേമിൽ ഇരുപത്തൊമ്പത് സംവത്സരം വാണു. അവന്റെ അമ്മക്ക് അബി എന്ന് പേരായിരുന്നു; അവൾ സെഖര്യാവിന്റെ മകൾ ആയിരുന്നു.3അവൻ തന്റെ പിതാവായ ദാവീദിനെപ്പോലെ യഹോവയ്ക്ക് പ്രസാദമായത് ചെയ്തു.

4അവൻ പൂജാഗിരികൾ നീക്കി; വിഗ്രഹസ്തംഭങ്ങൾ തകർക്കുകയും, അശേരാപ്രതിഷ്ഠ നശിപ്പിക്കുകയും, മോശെ ഉണ്ടാക്കിയ താമ്രസർപ്പം ഉടെച്ചുകളയുകയും ചെയ്തു; ആ കാലംവരെ യിസ്രായേൽമക്കൾ അതിന് ധൂപം കാട്ടിവന്നു; അതിന് നെഹുഷ്ഠാൻ എന്ന് പേരായിരുന്നു.5അവൻ യിസ്രായേലിന്റെ ദൈവമായ യഹോവയിൽ ആശ്രയിച്ചു; അവന് മുമ്പും പിമ്പും ഉണ്ടായിരുന്ന സകല യെഹൂദാ രാജാക്കന്മാരിൽ ആരും അവനോട് തുല്യനായിരുന്നില്ല.
6അവൻ യഹോവയോട് ചേർന്നിരുന്ന്, അവനെ വിട്ട് പിന്മാറാതെ, യഹോവ മോശെയോട് കല്പിച്ച കല്പനകൾ പ്രമാണിച്ചുനടന്നു.7യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു; അവൻ എവിടെയൊക്കെ പോയോ അവിടെയൊക്കെ കൃതാർത്ഥനായിത്തീർന്നു; അവൻ അശ്ശൂർരാജാവിനോട് മത്സരിച്ച് അവനെ സേവിക്കാതിരുന്നു.8അവൻ ഫെലിസ്ത്യരെ ഗസ്സയോളം തോല്പിച്ചു; കാവല്ക്കാരുടെ ഗോപുരംമുതൽ ഉറപ്പുള്ള പട്ടണംവരെ ഫെലിസ്ത്യപ്രദേശത്തെ ശൂന്യമാക്കിക്കളഞ്ഞു.
9യിസ്രായേൽരാജാവായ ഏലയുടെ മകൻ ഹോശേയയുടെ ഏഴാം ആണ്ടായ, ഹിസ്കീയാരാജാവിന്റെ നാലാം ആണ്ടിൽ, അശ്ശൂർരാജാവായ ശല്മനേസെർ ശമര്യയുടെ നേരെ പുറപ്പെട്ടുവന്ന് അതിനെ ഉപരോധിച്ചു.10മൂന്ന് സംവത്സരം കഴിഞ്ഞശേഷം അവൻ അത് പിടിച്ചടക്കി; അങ്ങനെ ഹിസ്കീയാവിന്റെ ആറാം ആണ്ടിൽ, യിസ്രായേൽരാജാവായ ഹോശേയയുടെ ഒമ്പതാം ആണ്ടിൽ തന്നേ, ശമര്യ പിടിക്കപ്പെട്ടു.
11അശ്ശൂർരാജാവ് യിസ്രായേൽജനത്തെ അശ്ശൂരിലേക്ക് പിടിച്ചുകൊണ്ടുപോയി ഹലഹിലും ഗോസാൻനദീതീരത്തുള്ള ഹാബോരിലും മേദ്യരുടെ പട്ടണങ്ങളിലും പാർപ്പിച്ചു.12അവർ തങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ദം കേട്ടനുസരിക്കാതെ അവന്റെ നിയമവും യഹോവയുടെ ദാസനായ മോശെ കല്പിച്ചതും ലംഘിക്കുകയാൽ തന്നേ ഇപ്രകാരം സംഭവിച്ചു; അവർ ദൈവകൽപ്പന കേൾക്കയോ അനുസരിക്കയോ ചെയ്തിരുന്നില്ല.
13യെഹൂദാരാജാവായ ഹിസ്കീയാവിന്റെ പതിന്നാലാം ആണ്ടിൽ അശ്ശൂർരാജാവായ സൻഹേരീബ് യെഹൂദയിലെ ഉറപ്പുള്ള എല്ലാപട്ടണങ്ങളുടെയും നേരെ പുറപ്പെട്ടുവന്ന് അവയെ പിടിച്ചടക്കി.14അപ്പോൾ യെഹൂദാരാജാവായ ഹിസ്കീയാവ് ലാഖീശിൽ ആയിരുന്ന അശ്ശൂർരാജാവിന്റെ അടുക്കൽ ആളയച്ചു: “ഞാൻ കുറ്റം ചെയ്തു; എന്നെ വിട്ട് മടങ്ങിപ്പോകേണം; നീ എനിക്ക് കല്പിക്കുന്ന പിഴ ഞാൻ അടെച്ചുകൊള്ളാം” എന്ന് അറിയിച്ചു. അശ്ശൂർരാജാവ് യെഹൂദാരാജാവായ ഹിസ്കീയാവിന് മുന്നൂറ് താലന്ത് വെള്ളിയും മുപ്പതു താലന്ത് പൊന്നും പിഴ കല്പിച്ചു.15ഹിസ്കീയാവ് യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും ഉള്ള വെള്ളിയെല്ലാം അവന് കൊടുത്തു.
16ആ കാലത്ത് യെഹൂദാരാജാവായ ഹിസ്കീയാവ് യഹോവയുടെ മന്ദിരത്തിന്റെ വാതിലുകളിലും കട്ടളകളിലും താൻ പൊതിഞ്ഞിരുന്ന പൊന്നും ഇളക്കിയെടുത്ത് അശ്ശൂർരാജാവിന് കൊടുത്തയച്ചു.17എങ്കിലും അശ്ശൂർരാജാവ് തർത്ഥാനെയും റബ്-സാരീസിനെയും റബ്-ശാക്കേയെയും ലാഖീശിൽനിന്ന് ഒരു വലിയ സൈന്യവുമായി ഹിസ്കീയാരാജാവിന്റെ അടുക്കൽ യെരൂശലേമിന്റെ നേരെ അയച്ചു; അവർ പുറപ്പെട്ട് യെരൂശലേമിൽ വന്നു. അവിടെ എത്തിയപ്പോൾ അവർ അലക്കുകാരന്റെ വയലിലെ പെരുവഴിക്കരികെയുള്ള മേലത്തെ കുളത്തിന്റെ കല്പാത്തിക്കരികെ ചെന്നുനിന്നു.18അവർ രാജാവിനെ വിളിച്ചപ്പോൾ ഹില്ക്കീയാവിന്റെ മകൻ എല്യാക്കീം എന്ന രാജധാനിവിചാരകനും കൊട്ടാരം കാര്യസ്ഥനായ ശെബ്നയും ആസാഫിന്റെ മകൻ യോവാഹ് എന്ന മന്ത്രിയും അവരുടെ അടുക്കൽ പുറത്തു ചെന്നു.
19റബ്-ശാക്കേ അവരോട് മഹാരാജാവായ അശ്ശൂർ രാജാവിന്റെ കൽപ്പനപ്രകാരം ഹിസ്കീയാവിനോട് അറിയിക്കാനായി പറഞ്ഞതെന്തെന്നാൽ: “നിന്റെ ആശ്രയം എന്തിലാകുന്നു?20യുദ്ധത്തിന് വേണ്ട ആലോചനയും ബലവും ഉണ്ടെന്ന് നീ പറയുന്നത് വെറും വാക്കത്രേ. ആരെ ആശ്രയിച്ചിട്ടാകുന്നു നീ എന്നോട് മത്സരിച്ചിരിക്കുന്നത്?21ചതഞ്ഞ ഓടക്കോലായ ഈ ഈജിപ്റ്റിലല്ലോ നീ ആശ്രയിക്കുന്നത്; അത് ഒരുവൻ ഊന്നുവടിയാക്കിയാൽ അവന്റെ ഉള്ളംകയ്യിൽ തറച്ചുകൊള്ളും; ഈജിപ്റ്റ് രാജാവായ ഫറവോൻ തന്നിൽ ആശ്രയിക്കുന്ന ഏവർക്കും അങ്ങനെ തന്നെയാകുന്നു.
22അല്ല, നിങ്ങൾ എന്നോട്, ‘ഞങ്ങളുടെ ദൈവമായ യഹോവയിൽ ഞങ്ങൾ ആശ്രയിക്കുന്നു’ എന്ന് പറയുന്നു എങ്കിൽ, അവന്റെ പൂജാഗിരികളും യാഗപീഠങ്ങളും ഹിസ്കീയാവ് നീക്കിക്കളഞ്ഞിട്ടല്ലോ യെഹൂദായോടും യെരൂശലേമ്യരോടും ‘യെരൂശലേമിലുള്ള ഈ യാഗപീഠത്തിന്റെ മുമ്പിൽ നമസ്കരിപ്പിൻ’ എന്ന് കല്പിച്ചത്.23ആകട്ടെ; എന്റെ യജമാനനായ അശ്ശൂർരാജാവുമായി വാതു കെട്ടുകവാക്കു കൊടുക്കുക; നിനക്ക് മതിയായ കുതിരച്ചേവകർ ഉണ്ടെങ്കിൽ ഞാൻ നിനക്ക് രണ്ടായിരം കുതിരകളെ തരാം.
24നീ പിന്നെ എങ്ങനെ എന്റെ യജമാനന്റെ എളിയ ദാസന്മാരിൽ ഒരു പടനായകനെയെങ്കിലും പരാജയപ്പെടുത്തി മടക്കി അയക്കും? രഥങ്ങൾക്കും കുതിരച്ചേവകർക്കുമായി നീ ഈജിപ്റ്റിനെ ആശ്രയിക്കുന്നുവല്ലോ.25ഞാൻ ഇപ്പോൾ ഈ സ്ഥലം നശിപ്പിപ്പാൻ യഹോവയെ കൂടാതെയോ അതിന്റെ നേരെ പുറപ്പെട്ടുവന്നിരിക്കുന്നത്? യഹോവ എന്നോട്: ‘ഈ ദേശത്തിന്റെ നേരെ പുറപ്പെട്ടുചെന്ന് അതിനെ നശിപ്പിക്ക‘ എന്ന് കല്പിച്ചിരിക്കുന്നു.”
26അപ്പോൾ ഹില്ക്കീയാവിന്റെ മകനായ എല്യാക്കീമും ശെബ്നയും യോവാഹും റബ്-ശാക്കേയോട്: “അടിയങ്ങളോട് അരാംഭാഷയിൽ സംസാരിക്കേണമേ; അത് ഞങ്ങൾക്ക് അറിയാം; മതിലിന്മേലുള്ള ജനം കേൾക്കെ ഞങ്ങളോട് യെഹൂദാഭാഷയിൽ സംസാരിക്കരുതേ” എന്ന് പറഞ്ഞു.27റബ്-ശാക്കേ അവരോട്: “നിന്റെ യജമാനനോടും നിങ്ങളോടും മാത്രം ഈ വാക്കുകൾ പറവാനോ എന്റെ യജമാനൻ എന്നെ അയച്ചിരിക്കുന്നത്? നിങ്ങളോടുകൂടെ സ്വന്തമലം തിന്നുകയും സ്വന്തമൂത്രം കുടിക്കയും ചെയ്‌വാൻ വിധിക്കപ്പെട്ട മതിലിന്മേൽ ഇരിക്കുന്ന പുരുഷന്മാരും കേൾക്കുവാൻ അല്ലയോ?” എന്ന് പറഞ്ഞു.
28അങ്ങനെ റബ്-ശാക്കേ നിന്നുകൊണ്ട് യെഹൂദാഭാഷയിൽ ഉറക്കെ വിളിച്ചുപറഞ്ഞത് എന്തെന്നാൽ: “മഹാരാജാവായ അശ്ശൂർരാജാവിന്റെ വാക്കു കേൾപ്പിൻ.29രാജാവ് ഇപ്രകാരം കല്പിക്കുന്നു, ഹിസ്കീയാവ് നിങ്ങളെ ചതിക്കരുത്; നിങ്ങളെ എന്റെ കയ്യിൽനിന്ന് വിടുവിപ്പാൻ അവന് കഴികയില്ല.30‘യഹോവ നമ്മെ നിശ്ചയമായി വിടുവിക്കും; ഈ നഗരം അശ്ശൂർരാജാവിന്റെ കയ്യിൽ ഏല്പിക്കയില്ല’ എന്ന് പറഞ്ഞ് ഹിസ്കീയാവ് നിങ്ങളെ യഹോവയിൽ ആശ്രയിക്കുമാറാക്കുകയും അരുത്.
31ഹിസ്കീയാവിന് നിങ്ങൾ ചെവികൊടുക്കരുത്; അശ്ശൂർരാജാവ് ഇപ്രകാരം കല്പിക്കുന്നു: ‘നിങ്ങൾ എന്നോട് സന്ധി ചെയ്ത് എന്റെ അടുക്കൽ പുറത്തു വരുവിൻ; നിങ്ങൾ ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെയും അത്തിവൃക്ഷത്തിന്റെയും ഫലം തിന്നുകയും താന്താന്റെ കിണറ്റിലെ വെള്ളം കുടിക്കയും ചെയ്തുകൊൾവിൻ.32പിന്നെ ഞാൻ വന്ന് നിങ്ങളുടെ ദേശത്തേപ്പോലെ ധാന്യവും വീഞ്ഞും അപ്പവും മുന്തിരിത്തോട്ടങ്ങളും ഒലിവെണ്ണയും തേനും ഉള്ള ഒരു ദേശത്തേക്ക് നിങ്ങളെ കൊണ്ടുപോകും; എന്നാൽ നിങ്ങൾ മരിക്കാതെ ജീവിച്ചിരിക്കും; ‘യഹോവ നമ്മെ വിടുവിക്കും‘ എന്ന് പറഞ്ഞ് നിങ്ങളെ ചതിക്കുന്ന ഹിസ്കീയാവിന് ചെവികൊടുക്കരുത്.
33ചുറ്റുമുള്ള ജനതകളുടെ ദേവന്മാർ ആരെങ്കിലും തന്റെ ദേശത്തെ അശ്ശൂർരാജാവിന്റെ കയ്യിൽനിന്ന് വിടുവിച്ചിട്ടുണ്ടോ?34ഹമാത്തിലെയും അർപ്പാദിലെയും ദേവന്മാർ എവിടെ? സെഫർവ്വയീമിലെയും ഹേനയിലെയും ഇവ്വയിലേയും ദേവന്മാർ എവിടെ? ശമര്യയെ അവർ എന്റെ കയ്യിൽനിന്ന് വിടുവിച്ചിട്ടുണ്ടോ?35ആ ദേശങ്ങളിലെ ദേവന്മാരിൽ ആരെങ്കിലും തന്റെ ദേശത്തെ എന്റെ കയ്യിൽനിന്നു വിടുവിച്ചുവോ?എങ്കിൽ യഹോവ യെരുശലേമിനെ എന്റെ കൈയിൽ നിന്നും വിടുവിക്കുമോ?”
36എന്നാൽ ജനം മിണ്ടാതിരുന്നു; അവനോട് ഒന്നും ഉത്തരം പറഞ്ഞില്ല; അവനോട് ഉത്തരം പറയരുതെന്ന് കല്പന ഉണ്ടായിരുന്നു.37ഹില്ക്കീയാവിന്റെ മകനായ എല്യാക്കീം എന്ന രാജധാനിവിചാരകനും കൊട്ടാരം കാര്യസ്ഥനായ ശെബ്നയും ആസാഫിന്റെ മകനായ യോവാഹ് എന്ന മന്ത്രിയും വസ്ത്രം കീറി ഹിസ്കീയാവിന്റെ അടുക്കൽ വന്ന് റബ്-ശാക്കേയുടെ വാക്കുകൾ അവനോട് അറിയിച്ചു.

19

1ഹിസ്കീയാരാജാവ് അത് കേട്ടപ്പോൾ വസ്ത്രം കീറി രട്ടുടുത്ത് യഹോവയുടെ ആലയത്തിൽ ചെന്നു.2പിന്നെ അവൻ രാജധാനിവിചാരകനായ എല്യാക്കീമിനെയും കൊട്ടാരം കാര്യസ്ഥനായ ശെബ്നയെയും പുരോഹിതന്മാരുടെ മൂപ്പന്മാരെയും രട്ടുടുത്തവരായി ആമോസിന്റെ മകനായ യെശയ്യാപ്രവാചകന്റെ അടുക്കൽ അയച്ചു.

3അവർ പ്രവാചകനോട് ഹിസ്കീയാവിന്റെ സന്ദേശം ഇപ്രകാരം അറിയിച്ചു: “ഇത് കഷ്ടവും ശാസനയും ദൈവനിന്ദയും ഉള്ള ദിവസം അത്രെ; കുഞ്ഞുങ്ങൾ ജനിപ്പാറായിരിക്കുന്നു;എന്നാൽ പ്രസവിപ്പാനോ ശക്തിയില്ല.4ജീവനുള്ള ദൈവത്തെ നിന്ദിപ്പാൻ റബ്-ശാക്കേയെ അവന്റെ യജമാനനായ അശ്ശൂർരാജാവ് അയച്ച് പറയിക്കുന്ന വാക്കുകൾ നിന്റെ ദൈവമായ യഹോവ ഒരുപക്ഷെ കേൾക്കും; യഹോവ ഈ നിന്ദാവാക്കുകൾക്ക് പ്രതികാരം ചെയ്യും; ആകയാൽ ഇനിയും ശേഷിച്ചിരിക്കുന്നവർക്കു വേണ്ടി പക്ഷവാദം കഴിക്കേണമേ.”
5ഹിസ്കീയാരാജാവിന്റെ ഭൃത്യന്മാർ യെശയ്യാവിന്റെ അടുക്കൽ വന്നപ്പോൾ യെശയ്യാവ് അവരോട് പറഞ്ഞത്:6“നിങ്ങൾ നിങ്ങളുടെ യജമാനനോട് യഹോവയുടെ അരുളപ്പാടായി പറയേണ്ടതെന്തെന്നാൽ: ‘അശ്ശൂർരാജാവിന്റെ ഭൃത്യന്മാർ എന്നെ നിന്ദിച്ച് പറഞ്ഞതും നീ കേട്ടതുമായ വാക്കുകൾനിമിത്തം ഭയപ്പെടേണ്ടാ.7ഞാൻ അവന് ഒരു മനോവിഭ്രമം വരുത്തും; അവൻ ഒരു ശ്രുതി കേട്ട് സ്വദേശത്തേക്ക് മടങ്ങിപ്പോകും; ഞാൻ അവനെ അവന്റെ സ്വന്തദേശത്തുവെച്ച് വാൾകൊണ്ട് വീഴുമാറാക്കും.”
8റബ്-ശാക്കേ മടങ്ങിച്ചെന്നപ്പോൾ അശ്ശൂർരാജാവ് ലിബ്നയുടെ നേരെ യുദ്ധം ചെയ്യുന്നത് കണ്ടു; അവൻ ലാഖീശ് വിട്ടുപോയി എന്ന് അവൻ കേട്ടിരുന്നു.9കൂശ്‌രാജാവായ തിർഹാക്ക തന്റെ നേരെ യുദ്ധം ചെയ്‌വാൻ പുറപ്പെട്ടിരിക്കുന്നു എന്ന് കേട്ട് അവൻ പിന്നെയും ഹിസ്കീയാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ച് പറയിച്ചതെന്തെന്നാൽ:
10“നിങ്ങൾ യെഹൂദാരാജാവായ ഹിസ്കീയാവിനോട് പറയേണ്ടത്: ‘യെരൂശലേം അശ്ശൂർരാജാവിന്റെ കയ്യിൽ ഏല്പിച്ചുകളകയില്ല എന്ന് പറഞ്ഞ് നീ ആശ്രയിക്കുന്ന നിന്റെ ദൈവം നിന്നെ ചതിക്കരുത്.11അശ്ശൂർരാജാക്കന്മാർ സകലദേശങ്ങളോടും ചെയ്തതും അവെക്ക് ഉന്മൂലനാശം വരുത്തിയതും നീ കേട്ടിട്ടുണ്ടല്ലോ; നീ മാത്രം രക്ഷപെടുമോ?
12ഗോസാൻ, ഹാരാൻ, രേസെഫ്, തെലസ്സാരിലെ എദേന്യർ എന്നിങ്ങനെ എന്റെ പിതാക്കന്മാർ നശിപ്പിച്ചിരിക്കുന്ന ജനതകളുടെ ദേവന്മാർ അവരെ വിടുവിച്ചിട്ടുണ്ടോ?13ഹമാത്ത്‌ രാജാവും, അർപ്പാദ്‌ രാജാവും, സെഫർവ്വയീംപട്ടണം ഹേന ഇവ്വ എന്നിവക്ക് രാജാവായിരുന്നവനും എവിടെ?”
14ഹിസ്കീയാവ് ദൂതന്മാരുടെ കയ്യിൽനിന്ന് എഴുത്ത് വാങ്ങി വായിച്ചു; അവൻ യഹോവയുടെ ആലയത്തിൽ ചെന്ന് യഹോവയുടെ സന്നിധിയിൽ അത് തുറന്നുവച്ചു.15ഹിസ്കീയാവ് യഹോവയുടെ മുമ്പാകെ പ്രാർത്ഥിച്ചുപറഞ്ഞത് എന്തെന്നാൽ: “കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.
16യഹോവേ, ചെവിചായിച്ചു കേൾക്കേണമേ; യഹോവേ, തൃക്കണ്ണുതുറന്ന് നോക്കേണമേ; ജീവനുള്ള ദൈവത്തെ നിന്ദിപ്പാൻ അയച്ചിരിക്കുന്ന സൻഹേരീബിന്റെ വാക്ക് കേൾക്കേണമേ.17യഹോവേ, അശ്ശൂർരാജാക്കന്മാർ ആ ജനതകളെയും അവരുടെ ദേശത്തെയും ശൂന്യമാക്കിയത് സത്യം തന്നേ.18അവരുടെ ദേവന്മാരെ അവർ തീയിലിട്ട് ചുട്ടുകളഞ്ഞു; അവ ദേവന്മാരല്ല, മനുഷ്യരുടെ കൈപ്പണിയായ മരവും കല്ലും മാത്രം ആയിരുന്നുവല്ലോ; ആകയാൽ അവർ അവയെ നശിപ്പിച്ചുകളഞ്ഞു.
19ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവയായ ദൈവം എന്ന് ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന് ഞങ്ങളെ അവന്റെ കയ്യിൽനിന്ന് രക്ഷിക്കേണമേ.”
20ആമോസിന്റെ മകനായ യെശയ്യാവ് ഹിസ്കീയാവിന്റെ അടുക്കൽ പറഞ്ഞയച്ചത് എന്തെന്നാൽ: “യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നീ അശ്ശൂർരാജാവായ സൻഹേരീബിന്റെ നിമിത്തം എന്നോട് പ്രാർത്ഥിച്ചത് ഞാൻ കേട്ടു.21അവനെക്കുറിച്ച് യഹോവ അരുളിച്ചെയ്ത വചനം ഇതാകുന്നു: ‘സീയോൻപുത്രിയായ കന്യക നിന്നെ നിന്ദിച്ച് പരിഹസിക്കുന്നു; യെരൂശലേംപുത്രി നിന്റെ പിന്നാലെ പരിഹാസത്തോടെ തല കുലുക്കുന്നു.22നീ ആരെയാകുന്നു നിന്ദിച്ച് ദുഷിച്ചത്? ആർക്കു വിരോധമായിട്ടാകുന്നു നീ ഉച്ചത്തിൽ സംസാരിക്കയും അഹന്തയോടെ തല ഉയർത്തുകയും ചെയ്തത്? യിസ്രായേലിന്റെ പരിശുദ്ധന് വിരോധമായിട്ട് തന്നെയല്ലോ.
23നിന്റെ ദൂതന്മാർ മുഖാന്തരം നീ കർത്താവിനെ നിന്ദിച്ചു: ‘എന്റെ അസംഖ്യം രഥങ്ങളോടുകൂടെ ഞാൻ മലമുകളിലും ലെബാനോന്റെ ശിഖരങ്ങളിലും കയറിയിരിക്കുന്നു; അതിലെ പൊക്കമുള്ള ദേവദാരുക്കളും വിശേഷമായ സരളവൃക്ഷങ്ങളും ഞാൻ മുറിക്കും; അതിന്റെ അതിർത്തിയിലെ പാർപ്പിടംവരെയും തഴച്ചുവളരുന്ന കാടുവരെയും ഞാൻ കടന്നുചെല്ലും.24ഞാൻ അന്യജലം കുഴിച്ചെടുത്ത് കുടിക്കും. എന്റെ കാലടികളാൽ ഈജിപ്റ്റിലെ സകലനദികളെയും വറ്റിക്കും’ എന്ന് പറഞ്ഞു.
25ഞാൻ പണ്ടുപണ്ടേ അതിനെ ഉണ്ടാക്കി, പൂർവ്വകാലത്തു തന്നേ അതിനെ നിർമ്മിച്ചു എന്ന് നീ കേട്ടിട്ടില്ലയോ? ഉറപ്പുള്ള പട്ടണങ്ങളെ നീ ശൂന്യക്കൂമ്പാരങ്ങളാക്കുവാൻ ഞാൻ ഇപ്പോൾ സംഗതി വരുത്തിയിരിക്കുന്നു.26അതുകൊണ്ട് അവയിലെ നിവാസികൾ ബലഹീനരായി വിരണ്ട് അമ്പരന്നുപോയി; അവർ വയലിലെ പുല്ലും, പച്ചച്ചെടിയും, പുരപ്പുറത്തു വളരുന്ന പുല്ലും, വളർച്ചയെത്തുന്നതിന് മുമ്പ് കരിഞ്ഞുപോയ ധാന്യവും പോലെ ആയി.
27എന്നാൽ നിന്റെ ഇരിപ്പും, നിന്റെ ഗമനവും ആഗമനവും, എന്റെ നേരെയുള്ള നിന്റെ കോപഭ്രാന്തും ഞാൻ അറിയുന്നു.28എന്റെ നേരെയുള്ള നിന്റെ കോപഭ്രാന്തുകൊണ്ടും എന്റെ ചെവിയിൽ എത്തിയിരിക്കുന്ന അഹങ്കാരവാക്കുകൾ കൊണ്ടും ഞാൻ എന്റെ കൊളുത്ത് നിന്റെ മൂക്കിലും എന്റെ കടിഞ്ഞാൺ നിന്റെ അധരങ്ങളിലും ഇട്ട്, നീ വന്ന വഴിക്ക് തന്നെ നിന്നെ മടക്കിക്കൊണ്ടുപോകും.
29എന്നാൽ ഇത് നിനക്ക് അടയാളം ആകും; നിങ്ങൾ ഈ ആണ്ടിലും രണ്ടാം ആണ്ടിലും തനിയെ കിളിർത്ത് വിളയുന്ന ധാന്യം ഭക്ഷിക്കും; മൂന്നാം ആണ്ടിൽ നിങ്ങൾ വിതെച്ച് കൊയ്യുകയും മുന്തിരിത്തോട്ടം ഉണ്ടാക്കി അവയുടെ ഫലം തിന്നുകയും ചെയ്യും.30യെഹൂദാഗൃഹത്തിൽ ശേഷിച്ചിരിക്കുന്ന ഒരു രക്ഷിതഗണം വീണ്ടും താഴെ വേരൂന്നി മീതെ ഫലം കായിക്കും.31ഒരു ശേഷിപ്പ് യെരൂശലേമിൽനിന്നും ഒരു രക്ഷിതഗണം സീയോൻപർവ്വതത്തിൽനിന്നും പുറപ്പെട്ടുവരും; യഹോവയുടെ തീക്ഷ്ണത ഈ കാര്യം നിവർത്തിക്കും.”
32അതുകൊണ്ട് യഹോവ അശ്ശൂർരാജാവിനെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവൻ ഈ നഗരത്തിലേക്ക് വരികയില്ല; ഒരു അമ്പ് അവിടെ എയ്കയില്ല. അതിന്റെ നേരെ പരിചയോടുകൂടെ വരികയില്ല; അതിന് എതിരെ ഉപരോധത്തിനുള്ള മൺകൂന നിർമ്മിക്കുകയുമില്ല.33അവൻ വന്ന വഴിക്കു തന്നേ മടങ്ങിപ്പോകും; ഈ നഗരത്തിലേക്കു വരികയില്ല.34എന്റെ നിമിത്തവും എന്റെ ദാസനായ ദാവീദിന്റെ നിമിത്തവും ഞാൻ ഈ നഗരത്തെ പരിപാലിച്ച് രക്ഷിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
35അന്നു രാത്രി യഹോവയുടെ ദൂതൻ പുറപ്പെട്ട് അശ്ശൂർപാളയത്തിൽ ഒരു ലക്ഷത്തി എൺപത്തി അയ്യായിരം പേരെ കൊന്നു; ജനം രാവിലെ എഴുന്നേറ്റപ്പോൾ അവർ എല്ലാവരും ശവങ്ങളായി കിടക്കുന്നത് കണ്ടു.36അങ്ങനെ അശ്ശൂർരാജാവായ സൻഹേരീബ് യാത്ര പുറപ്പെട്ടു. അവൻ മടങ്ങിപ്പോയി നീനെവേയിൽ പാർത്തു.37അവൻ തന്റെ ദേവനായ നിസ്രോക്കിന്റെ ക്ഷേത്രത്തിൽ നമസ്കരിക്കുന്ന സമയത്ത് അവന്റെ പുത്രന്മാരായ അദ്രമേലെക്കും ശരേസെരും അവനെ വാൾകൊണ്ട് കൊന്നിട്ട് അരാരാത്ത് ദേശത്തേക്ക് ഓടിപ്പൊയ്ക്കളഞ്ഞു. അവന്റെ മകനായ ഏസെർ-ഹദ്ദോൻ അവന് പകരം രാജാവായി.

20

1ആ കാലത്ത് ഹിസ്കീയാവിന് മാരകമായ രോഗം പിടിച്ചു; ആമോസിന്റെ മകനായ യെശയ്യാപ്രവാചകൻ അവന്റെ അടുക്കൽ വന്ന് അവനോട്: “നിന്റെ ഗൃഹകാര്യം ക്രമത്തിൽ ആക്കുക; ‘നീ മരിച്ചുപോകും, ജീവിച്ചിരിക്കയില്ല’ എന്ന് യഹോവ അരുളിച്ചെയ്യുന്നു” എന്ന് പറഞ്ഞു.2അപ്പോൾ ഹിസ്കീയാവ് മുഖം ചുവരിന്റെ നേരെ തിരിച്ച് യഹോവയോട് പ്രാർത്ഥിച്ചു:3“അയ്യോ യഹോവേ, ഞാൻ വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടുംകൂടെ തിരുമുമ്പിൽ നടന്ന് നിനക്ക് പ്രസാദമുള്ളത് ചെയ്തിരിക്കുന്നു എന്ന് ഓർക്കേണമേ” എന്ന് പറഞ്ഞു. ഹിസ്കീയാവ് ഏറ്റവും അധികം കരഞ്ഞു.

4എന്നാൽ യെശയ്യാവ് നടുമുറ്റം വിട്ടുപോകുംമുമ്പെ അവന് യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ:5നീ മടങ്ങിച്ചെന്ന് എന്റെ ജനത്തിന്റെ പ്രഭുവായ ഹിസ്കീയാവിനോട് പറയേണ്ടത്: “നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ നിന്റെ പ്രാർത്ഥന കേട്ടു; നിന്റെ കണ്ണുനീർ കണ്ടിരിക്കുന്നു; ഞാൻ നിന്നെ സൗഖ്യമാക്കും; മൂന്നാം ദിവസം നീ യഹോവയുടെ ആലയത്തിൽ പോകും.
6ഞാൻ നിന്റെ ആയുസ്സിനോട് പതിനഞ്ച് സംവത്സരം കൂട്ടും; ഞാൻ നിന്നെയും ഈ നഗരത്തെയും അശ്ശൂർരാജാവിന്റെ കയ്യിൽ നിന്ന് വിടുവിക്കും. എന്റെ നിമിത്തവും എന്റെ ദാസനായ ദാവീദിന്റെ നിമിത്തവും ഈ നഗരം ഞാൻ കാത്തു രക്ഷിക്കും.”7പിന്നെ യെശയ്യാവ്: “ഒരു അത്തിപ്പഴക്കട്ട കൊണ്ടുവരുവിൻ” എന്ന് പറഞ്ഞു. അവർ അത് കൊണ്ടുവന്ന് ഹിസ്കീയാവിന്റെ പരുവിന്മേൽ ഇട്ടു; അവന് സൗഖ്യമായി.
8ഹിസ്കീയാവ് യെശയ്യാവിനോട്: “യഹോവ എന്നെ സൗഖ്യമാക്കുകയും ഞാൻ മൂന്നാം ദിവസം യഹോവയുടെ ആലയത്തിൽ പോകയും ചെയ്യുമെന്നതിന് അടയാളം എന്ത്?” എന്ന് ചോദിച്ചു.9അതിന് യെശയ്യാവ്: “യഹോവ അരുളിച്ചെയ്ത കാര്യം നിവർത്തിക്കുമെന്നുള്ളതിന് യഹോവയിങ്കൽനിന്ന് നിനക്ക് അടയാളം ഇത് ആയിരിക്കും: സൂര്യ ഘടികാരത്തിലെ നിഴൽ പത്ത് പടി മുമ്പോട്ട് പോകണമോ? പത്ത് പടി പിന്നോക്കം തിരിയണമോ?” എന്ന് ചോദിച്ചു.
10അതിന് ഹിസ്കീയാവ്: “നിഴൽ പത്ത് പടി ഇറങ്ങിപ്പോകുന്നത് എളുപ്പം ആകുന്നു; അതുകൊണ്ട് നിഴൽ പത്ത് പടി പിന്നോക്കം തിരിയട്ടെ“ എന്ന് പറഞ്ഞു.11അപ്പോൾ യെശയ്യാപ്രവാചകൻ യഹോവയെ വിളിച്ചപേക്ഷിച്ചു; അവൻ ആഹാസിന്റെ സൂര്യഘടികാരത്തിൽ ഇറങ്ങിപ്പോയിരുന്ന നിഴലിനെ പത്തു പടി പിന്നോക്കം തിരിയുമാറാക്കി.

12ആ കാലത്ത് ബലദാന്റെ മകനായ ബെരോദാക്-ബലദാൻ എന്ന ബാബേൽരാജാവ് ഹിസ്കീയാവ് രോഗിയായി കിടന്നിരുന്നു എന്ന് കേട്ടിട്ട് അവന് എഴുത്തും സമ്മാനവും കൊടുത്തയച്ചു.13ഹിസ്കീയാവ് അവരുടെ വാക്കു കേട്ട്, തന്റെ ഭണ്ഡാരഗൃഹം മുഴുവനും -പൊന്നും വെള്ളിയും സുഗന്ധവർഗ്ഗവും പരിമളതൈലവും തന്റെ ആയുധശാലയും-അങ്ങനെ തന്റെ ഭണ്ഡാരങ്ങളിൽ ഉള്ളതെല്ലാം അവരെ കാണിച്ചു. രാജധാനിയിലും തന്റെ ആധിപത്യത്തിലും ഹിസ്കീയാവ് അവരെ കാണിക്കാത്ത ഒരു വസ്തുവും ഇല്ലായിരുന്നു.
14എന്നാൽ യെശയ്യാപ്രവാചകൻ ഹിസ്കീയാരാജാവിന്റെ അടുക്കൽ വന്ന് അവനോട്: “ഈ പുരുഷന്മാർ എന്ത് പറഞ്ഞു? അവർ എവിടെനിന്ന് നിന്റെ അടുക്കൽ വന്നു?” എന്ന് ചോദിച്ചതിന് ഹിസ്കീയാവ്: “അവർ ദൂരദേശത്തുനിന്ന്, ബാബേലിൽനിന്ന് വന്നു” എന്ന് പറഞ്ഞു.15“അവർ രാജധാനിയിൽ എന്തെല്ലാം കണ്ടു?” എന്ന് ചോദിച്ചതിന് ഹിസ്കീയാവ്: “രാജധാനിയിലുള്ളതെല്ലാം അവർ കണ്ടു; എന്റെ ഭണ്ഡാരത്തിൽ ഞാൻ അവരെ കാണിക്കാത്ത ഒരു വസ്തുവും ഇല്ല” എന്ന് പറഞ്ഞു.
16യെശയ്യാവ് ഹിസ്കീയാവിനോട് പറഞ്ഞത്: “യഹോവയുടെ വചനം കേൾക്ക:17ഇപ്പോൾ രാജധാനിയിലുള്ളതും നിന്റെ പിതാക്കന്മാർ ഇതുവരെ ശേഖരിച്ചുവെച്ചതും ഒട്ടൊഴിയാതെ ബാബേലിലേക്ക് എടുത്തുകൊണ്ടു പോകുന്ന കാലം വരുന്നു.18നീ ജനിപ്പിക്കുന്നവരായ, നിന്നിൽനിന്നുത്ഭവിക്കുന്ന, നിന്റെ പുത്രന്മാരിൽ ചിലരെയും അവർ ബദ്ധന്മാരായി കൊണ്ടുപോകും; അവർ ബാബേൽരാജാവിന്റെ അരമനയിൽ ഷണ്ഡന്മാരായിരിക്കും” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
19അതിന് ഹിസ്കീയാവ് യെശയ്യാവിനോട്: “നീ പറഞ്ഞ യഹോവയുടെ വചനം നല്ലത്; എന്റെ ജീവകാലത്ത് സമാധാനവും സത്യവും ഉണ്ടായിരിക്കുമല്ലോ?” എന്ന് അവൻ പറഞ്ഞു.20ഹിസ്കീയാവിന്റെ മറ്റ് വൃത്താന്തങ്ങളും അവന്റെ സകലപരാക്രമപ്രവൃത്തികളും അവൻ ഒരു കുളവും കല്പാത്തിയും ഉണ്ടാക്കി വെള്ളം നഗരത്തിന്നകത്ത് വരുത്തിയതും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.21ഹിസ്കീയാവ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ മനശ്ശെ അവന് പകരം രാജാവായി.

21

1മനശ്ശെ വാഴ്ചതുടങ്ങിയപ്പോൾ അവന് പന്ത്രണ്ട് വയസ്സായിരുന്നു; അവൻ അമ്പത്തഞ്ച് സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മക്ക് ഹെഫ്സീബ എന്ന് പേരായിരുന്നു.2എന്നാൽ യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞ ജാതികളുടെ മ്ലേച്ഛതകൾ അനുകരിച്ച് അവൻ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു.3തന്റെ അപ്പനായ ഹിസ്കീയാവ് നശിപ്പിച്ചുകളഞ്ഞ പൂജാഗിരികൾ അവൻ വീണ്ടും പണിതു; ബാലിന് ബലിപീഠങ്ങൾ ഉണ്ടാക്കി; യിസ്രായേൽരാജാവായ ആഹാബിനെപ്പോലെ ഒരു അശേരാപ്രതിഷ്ഠ നടത്തി ആകാശത്തിലെ സർവ്വസൈന്യത്തെയും നമസ്കരിച്ച് സേവിച്ചു.

4യെരൂശലേമിൽ ഞാൻ എന്റെ നാമം സ്ഥാപിക്കുമെന്ന് യഹോവ കല്പിച്ചിരുന്ന യഹോവയുടെ ആലയത്തിലും അവൻ ബലിപീഠങ്ങൾ പണിതു.5യഹോവയുടെ ആലയത്തിന്റെ രണ്ടു പ്രാകാരങ്ങളിലും അവൻ ആകാശത്തിലെ സർവ്വസൈന്യത്തിനും ബലിപീഠങ്ങൾ പണിതു;6അവൻ തന്റെ മകനെ അഗ്നിപ്രവേശം ചെയ്യിക്കയും, മുഹൂർത്തം നോക്കുകയും, ആഭിചാരം പ്രയോഗിക്കയും, വെളിച്ചപ്പാടന്മാരെയും ലക്ഷണം പറയുന്നവരെയും നിയമിക്കയും ചെയ്തു. ഇങ്ങനെ യഹോവയെ കോപിപ്പിപ്പാൻ തക്കവണ്ണം അവന് അനിഷ്ടമായത് പലതും ചെയ്തു.
7“ഈ ആലയത്തിലും, യിസ്രായേലിന്റെ സകലഗോത്രങ്ങളിൽ നിന്നും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന യെരൂശലേമിലും ഞാൻ എന്റെ നാമം എന്നേക്കും സ്ഥാപിക്കും“ എന്ന് യഹോവ ദാവീദിനോടും അവന്റെ മകനായ ശലോമോനോടും അരുളിച്ചെയ്ത യെരൂശലേമിലെ ആലയത്തിൽ താൻ ഉണ്ടാക്കിയ അശേരാപ്രതിഷ്ഠ അവൻ സ്ഥാപിച്ചു.8“എന്റെ സകല കല്പനകളും എന്റെ ദാസനായ മോശെ അവരോട് കല്പിച്ച സകല ന്യായപ്രമാണവും അനുസരിച്ച് നടക്കേണ്ടതിന് അവർ ശ്രദ്ധിച്ചാൽ ഇനി യിസ്രായേൽജനത്തിന്റെ കാൽ, അവരുടെ പിതാക്കന്മാർക്ക് ഞാൻ കൊടുത്ത ദേശം വിട്ട് അലയുവാൻ ഇടവരുത്തുകയില്ല” എന്ന് യഹോവ കല്പിച്ചിരുന്നു.9എന്നാൽ അവർ കേട്ടനുസരിച്ചില്ല; യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്ന് നശിപ്പിച്ച ജനതകളെക്കാളും അധികം ദോഷം ചെയ്‌വാൻ മനശ്ശെ അവരെ തെറ്റിച്ചുകളഞ്ഞു.
10ആകയാൽ യഹോവ, പ്രവാചകന്മാരായ തന്റെ ദാസന്മാർ മുഖാന്തരം അരുളിച്ചെയ്തതെന്തെന്നാൽ:11“യെഹൂദാരാജാവായ മനശ്ശെ തനിക്ക് മുമ്പെ ഉണ്ടായിരുന്ന അമോര്യർ ചെയ്തതിനേക്കാൾ അധികം ദോഷമായ ഈ മ്ലേച്ഛതകൾ പ്രവർത്തിച്ചിരിക്കയാലും തന്റെ വിഗ്രഹങ്ങളെക്കൊണ്ട് യെഹൂദാജനത്തെ പാപം ചെയ്യിക്കയാലും12കേൾക്കുന്ന ഏതൊരുവന്റെയും ചെവി രണ്ടും മുഴങ്ങത്തക്കവണ്ണമുള്ള അനർത്ഥം ഞാൻ യെരൂശലേമിനും യെഹൂദെക്കും വരുത്തും.
13ഞാൻ യെരൂശലേമിന്റെ മീതെ ശമര്യയുടെ അളവുനൂലും ആഹാബ് ഗൃഹത്തിന്റെ തൂക്കുകട്ടയും പിടിക്കും; ഒരുത്തൻ തളിക തുടെച്ചശേഷം അത് കമഴ്ത്തിവെക്കുന്നതു പോലെ ഞാൻ യെരൂശലേമിനെ തുടെച്ചുകളയും.14എന്റെ അവകാശത്തിന്റെ ശേഷിപ്പ് ഞാൻ ത്യജിച്ച് അവരെ അവരുടെ ശത്രുക്കളുടെ കയ്യിൽ ഏല്പിക്കും; അവർ തങ്ങളുടെ സകല ശത്രുക്കൾക്കും കവർച്ചയും കൊള്ളയും ആയിത്തീരും.15അവരുടെ പിതാക്കന്മാർ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ട നാൾമുതൽ ഇന്നുവരെ അവർ എനിക്ക് അനിഷ്ടമായത് ചെയ്ത് എന്നെ കോപിപ്പിച്ചിരിക്കുന്നതുകൊണ്ടു തന്നേ.”
16അത്രയുമല്ല, യഹോവയ്ക്ക് അനിഷ്ടമായത് ചെയ്യേണ്ടതിന് മനശ്ശെ യെഹൂദയെ പ്രേരിപ്പിച്ച പാപം കൂടാതെ അവൻ യെരൂശലേമിൽ ഉടനീളം കുറ്റമില്ലാത്ത രക്തം ഏറ്റവും അധികം ചിന്തി.17മനശ്ശെയുടെ മറ്റ് വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവന്റെ പാപവും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.18മനശ്ശെ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; തന്റെ അരമനയുടെ തോട്ടത്തിൽ, ഉസ്സയുടെ തോട്ടത്തിൽ തന്നേ, അവനെ അടക്കം ചെയ്തു; അവന്റെ മകനായ ആമോൻ അവന് പകരം രാജാവായി.

19ആമോൻ വാഴ്ചതുടങ്ങിയപ്പോൾ അവന് ഇരുപത്തിരണ്ട് വയസ്സായിരുന്നു; അവൻ രണ്ട് സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മക്ക് മെശൂല്ലേമെത്ത് എന്ന് പേരായിരുന്നു; അവൾ യൊത്ബക്കാരനായ ഹാരൂസിന്റെ മകൾ ആയിരുന്നു.20അവൻ തന്റെ അപ്പനായ മനശ്ശെയെപ്പോലെ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു;
21തന്റെ അപ്പൻ നടന്ന വഴിയിലെല്ലാം നടന്ന് അപ്പൻ സേവിച്ച വിഗ്രഹങ്ങളെ സേവിച്ച് നമസ്കരിച്ചു.22അങ്ങനെ അവൻ തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചുകളഞ്ഞു; യഹോവയുടെ വഴിയിൽ നടന്നതുമില്ല.23ആമോന്റെ ഭൃത്യന്മാർ അവനെതിരായി കൂട്ടുകെട്ടുണ്ടാക്കി, രാജാവിനെ അരമനയിൽവെച്ച് കൊന്നുകളഞ്ഞു;
24എന്നാൽ ദേശത്തെ ജനം ആമോൻരാജാവിനെതിരെ കൂട്ടുകെട്ടുണ്ടാക്കിയവരെ എല്ലാം കൊന്നു; ജനം അവന്റെ മകനായ യോശീയാവിനെ അവന് പകരം രാജാവാക്കി.25ആമോൻ ചെയ്ത മറ്റ് വൃത്താന്തങ്ങൾ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.26ഉസ്സയുടെ തോട്ടത്തിലെ അവന്റെ കല്ലറയിൽ അവനെ അടക്കംചെയ്തു. അവന്റെ മകനായ യോശീയാവ് അവന് പകരം രാജാവായി.

22

1യോശീയാവ് വാഴ്ച തുടങ്ങിയപ്പോൾ അവന് എട്ട് വയസ്സായിരുന്നു; അവൻ മുപ്പത്തൊന്ന് സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മക്ക് യെദീദാ എന്ന് പേരായിരുന്നു; അവൾ ബൊസ്കത്ത്കാരനായ അദായാവിന്റെ മകൾ ആയിരുന്നു.2അവൻ യഹോവയ്ക്ക് പ്രസാദമായത് ചെയ്തു; തന്റെ പിതാവായ ദാവീദിന്റെ വഴിയിൽ വലത്തോട്ടോ ഇടത്തോട്ടോ മാറാതെ നടന്നു.

3യോശീയാരാജാവിന്റെ പതിനെട്ടാം ആണ്ടിൽ രാജാവ് മെശുല്ലാമിന്റെ മകനായ അസല്യാവിന്റെ മകൻ ശാഫാൻ എന്ന കൊട്ടാരം കാര്യസ്ഥനെ യഹോവയുടെ ആലയത്തിലേക്ക് അയച്ചു. അവനോട് പറഞ്ഞത്:4“നീ മഹാപുരോഹിതനായ ഹില്ക്കീയാവിന്റെ അടുക്കൽ ചെല്ലുക. യഹോവയുടെ ആലയത്തിൽ ജനം അർപ്പിച്ചതും വാതിൽകാവല്ക്കാർ സ്വീകരിച്ചതുമായ പണത്തിന്റെ കണക്ക് അവൻ നോക്കട്ടെ.5അവർ അത് യഹോവയുടെ ആലയത്തിലെ പണിയുടെ മേൽനോട്ടം വഹിക്കുന്നവരുടെ കയ്യിൽ കൊടുക്കട്ടെ; അവർ അത് യഹോവയുടെ ആലയത്തിന്റെ കേടുപാട് തീർക്കേണ്ടതിന്
6അതിൽ പണി ചെയ്യുന്ന ആശാരിമാർക്കും ശില്പികൾക്കും കല്പണിക്കാർക്കും ആലയത്തിന്റെ അറ്റകുറ്റപ്പണിക്ക് മരവും ചെത്തിയ കല്ലും വാങ്ങേണ്ടതിനും കൊടുക്കട്ടെ.7എന്നാൽ ഇങ്ങനെ പണം കൈപ്പറ്റിയവരോട് അതിന്റെ കണക്ക് ചോദിക്കേണ്ടാ; അവർ വിശ്വസ്തതയോടെയല്ലോ പ്രവർത്തിക്കുന്നത്.”
8മഹാപുരോഹിതനായ ഹില്ക്കീയാവ് കൊട്ടാരം കാര്യസ്ഥനായ ശാഫാനോട്: “ഞാൻ ന്യായപ്രമാണപുസ്തകം യഹോവയുടെ ആലയത്തിൽ കണ്ടെത്തിയിരിക്കുന്നു” എന്ന് പറഞ്ഞു. ഹില്ക്കീയാവ് ആ പുസ്തകം ശാഫാന്റെ കയ്യിൽ കൊടുത്തു; അവൻ അതു വായിച്ചു.9കൊട്ടാരം കാര്യസ്ഥനായ ശാഫാൻ രാജാവിന്റെ അടുക്കൽ ചെന്ന് രാജാവിനോട്: “ആലയത്തിൽ അർപ്പിക്കപ്പെട്ട പണം അടിയങ്ങൾ പെട്ടി തുറന്നെടുത്ത് യഹോവയുടെ ആലയത്തിൽ പണിയുടെ മേൽവിചാരകരുടെ കയ്യിൽ കൊടുത്തിരിക്കുന്നു” എന്ന് ബോധിപ്പിച്ചു.10ഹില്ക്കീയാപുരോഹിതൻ എന്റെ കയ്യിൽ ഒരു പുസ്തകം തന്നു എന്നും കൊട്ടാരം കാര്യസ്ഥനായ ശാഫാൻ രാജാവിനോട് ബോധിപ്പിച്ചു. ശാഫാൻ അത് രാജസന്നിധിയിൽ വായിച്ചുകേൾപ്പിച്ചു.
11രാജാവ് ന്യായപ്രമാണപുസ്തകത്തിലെ വചനങ്ങൾ കേട്ട് വസ്ത്രം കീറി;12രാജാവ് പുരോഹിതനായ ഹില്ക്കീയാവിനോടും ശാഫാന്റെ മകൻ അഹീക്കാമിനോടും മീഖായാവിന്റെ മകൻ അക്ബോരിനോടും കൊട്ടാരം കാര്യസ്ഥനായ ശാഫാനോടും രാജഭൃത്യനായ അസായാവോടും:13“നിങ്ങൾ ചെന്ന്, കണ്ടെത്തിയിരിക്കുന്ന ഈ പുസ്തകത്തിലെ വചനങ്ങളെക്കുറിച്ച് എനിക്കും ജനത്തിനും എല്ലാ യെഹൂദെക്കും വേണ്ടി യഹോവയോട് അരുളപ്പാട് ചോദിപ്പിൻ; നമുക്ക് വേണ്ടി എഴുതിയിരിക്കുന്നതൊക്കെ അനുസരിച്ച് നടപ്പാൻ നമ്മുടെ പിതാക്കന്മാർ ഈ പുസ്തകത്തിലെ വചനങ്ങൾ കേൾക്കായ്കകൊണ്ട് നമ്മുടെ നേരെ ജ്വലിച്ചിരിക്കുന്ന യഹോവയുടെ കോപം വലിയതല്ലോ” എന്ന് കല്പിച്ചു.
14അങ്ങനെ ഹില്ക്കീയാപുരോഹിതനും അഹീക്കാമും അക്ബോരും ശാഫാനും അസായാവും, അർഹസിന്റെ മകനായ തിക്വയുടെ മകൻ രാജവസ്ത്രവിചാരകനായ ശല്ലൂമിന്റെ ഭാര്യ ഹുൽദാപ്രവാചകിയുടെ അടുക്കൽ ചെന്ന്--അവൾ യെരൂശലേമിൽ രണ്ടാം ഭാഗത്ത് പാർത്തിരുന്നു--അവളോട് സംസാരിച്ചു.15അവൾ അവരോട് യിസ്രായേലിന്റെ ദൈവമായ യഹോവയുടെ അരുളപ്പാടായി ഇപ്രകാരം പറഞ്ഞു: “നിങ്ങളെ എന്റെ അടുക്കൽ അയച്ചവനോട് നിങ്ങൾ പറയേണ്ടത് എന്തെന്നാൽ:16‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ സ്ഥലത്തിനും നിവാസികൾക്കും യെഹൂദാരാജാവ് വായിപ്പിച്ച പുസ്തകത്തിൽ വിവരിച്ചിരിക്കുന്ന അനർത്ഥം ഒക്കെയും വരുത്തും.
17അവർ എന്നെ ഉപേക്ഷിച്ച് തങ്ങളുടെ സകല പ്രവൃത്തികളാലും എനിക്ക് കോപം വരത്തക്കവണ്ണം അന്യദേവന്മാർക്ക് ധൂപം കാട്ടിയതുകൊണ്ട് എന്റെ കോപം ഈ സ്ഥലത്തിന്റെ നേരെ ജ്വലിക്കും; അത് കെട്ടുപോകയുമില്ല.18എന്നാൽ യഹോവയോട് ചോദിപ്പാൻ നിങ്ങളെ അയച്ച യെഹൂദാരാജാവിനോട് നിങ്ങൾ പറയേണ്ടത് എന്തെന്നാൽ: ‘നീ കേട്ടിരിക്കുന്ന വചനങ്ങളെക്കുറിച്ച് യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:19‘അവർ ശൂന്യവും ശാപവുമായിത്തീരുമെന്ന് ഞാൻ ഈ സ്ഥലത്തിനും നിവാസികൾക്കും വിരോധമായി അരുളിച്ചെയ്തത് നീ കേട്ടപ്പോൾ നിന്റെ ഹൃദയം അലിഞ്ഞ്, നീ യഹോവയുടെ മുമ്പാകെ നിന്നെത്തന്നെ താഴ്ത്തുകയും നിന്റെ വസ്ത്രം കീറി എന്റെ മുമ്പാകെ കരയുകയും ചെയ്കകൊണ്ട് ഞാനും നിന്റെ അപേക്ഷ കേട്ടിരിക്കുന്നു’ എന്ന് യഹോവയുടെ അരുളപ്പാട്.
20അതുകൊണ്ട് ഞാൻ നിന്നെ നിന്റെ പിതാക്കന്മാരോട് ചേർത്തുകൊള്ളും; നീ സമാധാനത്തോടെ നിന്റെ കല്ലറയിൽ അടക്കപ്പെടും; ഞാൻ ഈ സ്ഥലത്തിന് വരുത്തുവാൻ പോകുന്ന അനർത്ഥമൊന്നും നിന്റെ കണ്ണ് കാണുകയില്ല.” അവർ രാജാവിനോട് ഈ മറുപടി ബോധിപ്പിച്ചു.

23

1അനന്തരം രാജാവ് ആളയച്ച് യെഹൂദയിലും യെരൂശലേമിലുമുള്ള എല്ലാ മൂപ്പന്മാരെയും അവന്റെ അടുക്കൽ കൂട്ടിവരുത്തി.2രാജാവും സകലയെഹൂദാപുരുഷന്മാരും യെരൂശലേമിലെ സകലനിവാസികളും പുരോഹിതന്മാരും പ്രവാചകന്മാരും ആബാലവൃദ്ധം ജനവും യഹോവയുടെ ആലയത്തിലേക്ക് ചെന്നു; യഹോവയുടെ ആലയത്തിൽവെച്ച് കണ്ടുകിട്ടിയ നിയമപുസ്തകത്തിലെ വാക്യങ്ങളെല്ലാം അവർ കേൾക്കെ അവൻ വായിച്ചു.

3രാജാവ് തൂണിനരികെ നിന്നുകൊണ്ട് താൻ യഹോവയെ അനുസരിച്ചുനടക്കയും അവന്റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ പ്രമാണിക്കയും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന നിയമത്തിന്റെ വചനങ്ങൾ നിവർത്തിക്കയും ചെയ്യാമെന്ന് യഹോവയുടെ മുമ്പാകെ ഒരു നിയമം ചെയ്തു. ജനമെല്ലാം ഈ നിയമത്തോട് യോജിച്ചു.
4രാജാവ് മഹാപുരോഹിതനായ ഹില്ക്കീയാവിനോടും രണ്ടാം നിരയിലുള്ള പുരോഹിതന്മാരോടും വാതിൽ കാക്കുന്നവരോടും ബാലിനും അശേരെക്കും ആകാശത്തിലെ സർവ്വസൈന്യത്തിനും വേണ്ടി ഉണ്ടാക്കിയ ഉപകരണങ്ങളൊക്കെ യഹോവയുടെ മന്ദിരത്തിൽനിന്ന് പുറത്ത് കൊണ്ടുപോകുവാൻ കല്പിച്ചു; യെരൂശലേമിന് പുറത്ത് കിദ്രോൻപ്രദേശത്തുവെച്ച് അവ തീകൊണ്ട് ചുട്ട്, ചാരം ബേഥേലിലേക്ക് കൊണ്ടുപോയി.5യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്റെ ചുറ്റുമുള്ള പൂജാഗിരികളിൽ ധൂപം കാട്ടുവാൻ യെഹൂദാരാജാക്കന്മാർ നിയമിച്ചിരുന്ന പൂജാരികളെയും, ബാലിനും സൂര്യനും ചന്ദ്രനും ഗ്രഹങ്ങൾക്കും ആകാശത്തിലെ സർവ്വസൈന്യത്തിനും ധൂപം കാട്ടിയവരെയും അവൻ നീക്കിക്കളഞ്ഞു.
6അശേരാപ്രതിഷ്ഠയെയും അവൻ യഹോവയുടെ ആലയത്തിൽനിന്ന് യെരൂശലേമിന് പുറത്ത് കിദ്രോൻതോട്ടിലേക്ക് കൊണ്ടുചെന്ന് കിദ്രോൻ താഴ്വരയിൽവെച്ച് ചുട്ടുപൊടിയാക്കി, ആ പൊടി സാമാന്യജനത്തിന്റെ ശവക്കുഴികളുടെ മേൽ ഇട്ടുകളഞ്ഞു.7സ്ത്രീകൾ അശേരെക്ക് കൂടാരശീലകൾ നെയ്ത ഇടങ്ങളായി യഹോവയുടെ ആലയത്തിലുള്ള പുരുഷവേശ്യമാരുടെ വീടുകളും അവൻ ഇടിച്ചുകളഞ്ഞു.
8അവൻ യെഹൂദാപട്ടണങ്ങളിൽനിന്ന് സകലപുരോഹിതന്മാരെയും വരുത്തി, ഗേബമുതൽ ബേർ-ശേബവരെ പുരോഹിതന്മാർ ധൂപം കാട്ടിയിരുന്ന പൂജാഗിരികളെ അശുദ്ധമാക്കി; പട്ടണത്തിലേക്കുള്ള പ്രവേശന ദ്വാരത്തിന്റെ ഇടത്തുഭാഗത്ത് നഗരാധിപതിയായ യോശുവയുടെ വാതില്ക്കലുള്ള പടിവാതിലുകളുടെ പൂജാഗിരികളും അവൻ ഇടിച്ചുകളഞ്ഞു.9എന്നാൽ പൂജാഗിരിപുരോഹിതന്മാർ യെരൂശലേമിലുള്ള യഹോവയുടെ യാഗപീഠത്തിലേക്ക് പ്രവേശിച്ചില്ല. അവർ തങ്ങളുടെ സഹോദരന്മാരുടെ കൂട്ടത്തിൽ പുളിപ്പില്ലാത്ത അപ്പം തിന്നതേയുള്ളു.
10ആരും തന്റെ മകനെയോ മകളെയോ മോലെക്കിന് അഗ്നിപ്രവേശം ചെയ്യിക്കാതിരിക്കേണ്ടതിന് ബെൻ-ഹിന്നോംതാഴ്വരയിലെ ദഹനസ്ഥലവും അവൻ അശുദ്ധമാക്കി.11യഹോവയുടെ ആലയത്തിലേക്കുള്ള പ്രവേശനസ്ഥലത്ത് വളപ്പിനകത്തുള്ള നാഥാൻ-മേലെക്ക് എന്ന ഷണ്ഡന്റെ അറെക്കരികെ യെഹൂദാരാജാക്കന്മാർ സൂര്യന് പ്രതിഷ്ഠിച്ചിരുന്ന അശ്വബിംബങ്ങൾ അവൻ നീക്കി, സൂര്യരഥങ്ങളെ തീയിലിട്ട് ചുട്ടുകളഞ്ഞു.
12യെഹൂദാരാജാക്കന്മാർ ആഹാസിന്റെ മാളികയുടെ മേൽപുരയിൽ ഉണ്ടാക്കിയിരുന്ന ബലിപീഠങ്ങളും മനശ്ശെ യഹോവയുടെ ആലയത്തിന്റെ രണ്ടു പ്രാകാരങ്ങളിലും ഉണ്ടാക്കിയിരുന്ന ബലിപീഠങ്ങളും രാജാവ് തകർത്ത് അവിടെനിന്ന് നീക്കി അവയുടെ പൊടി കിദ്രോൻ തോട്ടിൽ ഇട്ടുകളഞ്ഞു.13യെരൂശലേമിനെതിരെ, നാശപർവ്വതത്തിന്റെ വലത്തുഭാഗത്ത്, യിസ്രായേൽരാജാവായ ശലോമോൻ, സീദോന്യരുടെ മ്ലേച്ഛബിംബമായ അസ്തോരെത്തിനും മോവാബ്യരുടെ മ്ലേച്ഛബിംബമായ കെമോശിനും അമ്മോന്യരുടെ മ്ലേച്ഛബിംബമായ മില്ക്കോമിനും പണിതിരുന്ന പൂജാഗിരികളെയും രാജാവ് അശുദ്ധമാക്കി.14അവൻ വിഗ്രഹസ്തംഭങ്ങളെ തകർത്ത് അശേരാപ്രതിഷ്ഠകൾ വെട്ടിക്കളഞ്ഞു; അവ നിന്നിരുന്ന സ്ഥലങ്ങൾ മനുഷ്യാസ്ഥികൾകൊണ്ട് നിറെച്ചു.
15അത്രയുമല്ല, യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാം ബേഥേലിൽ ഉണ്ടാക്കിയിരുന്ന യാഗപീഠവും പൂജാഗിരിയും അവൻ ഇടിച്ചുകളഞ്ഞു; പൂജാഗിരി അവൻ ചുട്ടു പൊടിയാക്കി, അശേരാപ്രതിഷ്ഠയും ചുട്ടുകളഞ്ഞു.16എന്നാൽ യോശീയാവ് തിരിഞ്ഞു നോക്കിയപ്പോൾ അവിടെ മലയിൽ ഉണ്ടായിരുന്ന കല്ലറകൾ കണ്ടിട്ട് ആളയച്ച് കല്ലറകളിൽ നിന്ന് അസ്ഥികളെ എടുപ്പിച്ചു; ഈ കാര്യം മുന്നറിയിച്ചിരുന്ന ദൈവപുരുഷൻ പ്രസ്താവിച്ച യഹോവയുടെ വചനപ്രകാരം ആ അസ്ഥികൾ യാഗപീഠത്തിന്മേൽ ഇട്ട് ചുട്ട് യാഗപീഠം അശുദ്ധമാക്കിക്കളഞ്ഞു.
17“ഞാൻ കാണുന്ന ആ സ്മാരകസ്തംഭം എന്ത്”എന്ന് അവൻ ചോദിച്ചു. അതിന് ആ പട്ടണക്കാർ അവനോട്: “അത് യെഹൂദയിൽനിന്ന് വരികയും നീ ചെയ്തിരിക്കുന്ന കാര്യങ്ങൾ ബേഥേലിലെ യാഗപീഠത്തെക്കുറിച്ച് മുന്നറിയിക്കയും ചെയ്ത ദൈവ പുരുഷന്റെ കല്ലറയാകുന്നു” എന്ന് പറഞ്ഞു.18അപ്പോൾ അവൻ: “അതിരിക്കട്ടെ; അവന്റെ അസ്ഥികൾ ആരും അനക്കരുത്” എന്ന് കല്പിച്ചു. അങ്ങനെ അവർ അവന്റെ അസ്ഥികളും ശമര്യയിൽനിന്ന് വന്ന പ്രവാചകന്റെ അസ്ഥികളും വിട്ടേച്ചുപോയി.
19യഹോവയെ കോപിപ്പിക്കേണ്ടതിന് യിസ്രായേൽരാജാക്കന്മാർ ശമര്യാപട്ടണങ്ങളിൽ ഉണ്ടാക്കിയിരുന്ന സകല പൂജാഗിരിക്ഷേത്രങ്ങളെയും യോശീയാവ് നീക്കിക്കളഞ്ഞു; ബേഥേലിൽ അവൻ ചെയ്തതുപോലെ അവയോടും ചെയ്തു.20അവൻ അവിടെയുള്ള പൂജാഗിരിപുരോഹിതന്മാരെയെല്ലാം ബലിപീഠങ്ങളിന്മേൽ വെട്ടിക്കൊല്ലിക്കയും അവയുടെ മേൽ മനുഷ്യാസ്ഥികൾ ചുടുകയും ചെയ്തിട്ട് യെരൂശലേമിലേക്ക് മടങ്ങിപ്പോന്നു.
21അനന്തരം രാജാവ് സകലജനത്തോടും: “ഈ നിയമപുസ്തകത്തിൽ എഴുതിയിരിക്കുന്നപ്രകാരം നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് പെസഹ ആചരിപ്പിൻ” എന്ന് കല്പിച്ചു.22യിസ്രായേലിന് ന്യായപാലനം ചെയ്തിരുന്ന ന്യായാധിപന്മാരുടെ കാലം മുതൽ യിസ്രായേൽരാജാക്കന്മാരുടെയും യെഹൂദാരാജാക്കന്മാരുടെയും കാലം വരെ ഇതുപോലെ ഒരു പെസഹ ആചരിച്ചിട്ടില്ല.23യോശീയാരാജാവിന്റെ പതിനെട്ടാം ആണ്ടിൽ യെരൂശലേമിൽ യഹോവയ്ക്ക് ഇപ്രകാരം പെസഹ ആചരിച്ചു.
24ഹില്ക്കീയാപുരോഹിതൻ യഹോവയുടെ ആലയത്തിൽ കണ്ടെത്തിയ പുസ്തകത്തിൽ എഴുതിയിരുന്ന ന്യായപ്രമാണത്തിന്റെ വചനങ്ങൾ അനുസരിച്ച് യോശീയാവ് വെളിച്ചപ്പാടന്മാരെയും ലക്ഷണം പറയുന്നവരെയും നശിപ്പിക്കയും ഗൃഹബിംബങ്ങളും മറ്റു വിഗ്രഹങ്ങളും യെഹൂദാദേശത്തും യെരൂശലേമിലും കണ്ട സകലമ്ലേച്ഛതകളും നീക്കിക്കളയുകയും ചെയ്തു.25അവനെപ്പോലെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ മോശെയുടെ ന്യായപ്രമാണപ്രകാരം യഹോവയിലേക്ക് തിരിഞ്ഞ ഒരു രാജാവ് മുമ്പുണ്ടായിട്ടില്ല, അതിനുശേഷം എഴുന്നേറ്റിട്ടുമില്ല.
26എങ്കിലും മനശ്ശെ യഹോവയെ കോപിപ്പിച്ച സകലകാര്യങ്ങളും നിമിത്തം യെഹൂദയുടെ നേരെ ജ്വലിച്ച തന്റെ മഹാകോപത്തിന്റെ ഉഗ്രത വിട്ടുമാറാതെ യഹോവ :27“ഞാൻ യിസ്രായേലിനെ നീക്കിക്കളഞ്ഞതുപോലെ യെഹൂദയെയും എന്റെ സന്നിധിയിൽനിന്ന് നീക്കുകയും ഞാൻ തിരഞ്ഞെടുത്ത ഈ യെരൂശലേം നഗരത്തെയും ‘എന്റെ നാമം അവിടെ ഇരിക്കും‘ എന്ന് ഞാൻ അരുളിച്ചെയ്ത ആലയത്തെയും ത്യജിച്ചുകളകയും ചെയ്യും” എന്ന് കല്പിച്ചു.
28യോശീയാവിന്റെ മറ്റ് വൃത്താന്തങ്ങളും അവന്റെ ചെയ്തികളും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.29അവന്റെ കാലത്ത് ഈജിപ്റ്റ് രാജാവായ ഫറവോൻ-നെഖോ അശ്ശൂർരാജാവിന്റെ സഹായത്തിനായി ഫ്രാത്ത് നദിയുടെ തീരത്തേക്ക് പുറപ്പെട്ടു; യോശീയാരാജാവ് അവന്റെ നേരെ ചെന്നു; നെഖോ അവനെ കണ്ടിട്ട് മെഗിദ്ദോവിൽവെച്ച് യോശീയാവിനെ കൊന്നുകളഞ്ഞു.30അവന്റെ ഭൃത്യന്മാർ മരിച്ചുപോയവനെ രഥത്തിൽ കയറ്റി മെഗിദ്ദോവിൽനിന്ന് യെരൂശലേമിലേക്ക് കൊണ്ടുവന്ന് അവന്റെ സ്വന്തകല്ലറയിൽ അടക്കം ചെയ്തു. പിന്നെ ദേശത്തെ ജനം യോശീയാവിന്റെ മകനായ യെഹോവാഹാസിനെ കൂട്ടിക്കൊണ്ടു വന്ന് അഭിഷേകം ചെയ്ത് അവന്റെ അപ്പന് പകരം രാജാവാക്കി.

31യെഹോവാഹാസ് വാഴ്ചതുടങ്ങിയപ്പോൾ അവന് ഇരുപത്തിമൂന്ന് വയസ്സായിരുന്നു; അവൻ മൂന്നു മാസം യെരൂശലേമിൽ വാണു. അവന്റെ അമ്മക്ക് ഹമൂതൽ എന്ന് പേരായിരുന്നു; അവൾ ലിബ്നക്കാരനായ യിരെമ്യാവിന്റെ മകൾ ആയിരുന്നു.32അവൻ തന്റെ പിതാക്കന്മാരേപ്പോലെ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു.33അവൻ യെരൂശലേമിൽ വാഴാതിരിക്കേണ്ടതിന് ഫറവോൻ-നെഖോ ഹമാത്ത് ദേശത്തിലെ രിബ്ലയിൽവെച്ച് അവനെ തടവുകാരനാക്കി; ദേശത്തിന് നൂറ് താലന്ത് വെള്ളിയും ഒരു താലന്ത് പൊന്നും പിഴ കല്പിച്ചു.
34ഫറവോൻ-നെഖോ യോശീയാവിന്റെ മകനായ എല്യാക്കീമിനെ അവന്റെ അപ്പനായ യോശീയാവിന് പകരം രാജാവാക്കി; അവന്റെ പേർ യെഹോയാക്കീം എന്ന് മാറ്റി; യെഹോവാഹാസിനെ അവൻ കൊണ്ടുപോയി; അവൻ മിസ്രയീമിൽ ചെന്ന് അവിടെവെച്ച് മരിച്ചുപോയി.35പിഴയായി ആ വെള്ളിയും പൊന്നും യെഹോയാക്കീം ഫറവോന് കൊടുത്തു; എന്നാൽ ഫറവോന്റെ കല്പനപ്രകാരം വെള്ളി കൊടുക്കേണ്ടതിന് അവൻ ജനത്തിന് നികുതി ചുമത്തി; അവൻ ദേശത്തെ ജനത്തിൽ ഓരോരുത്തന്റെയും പേരിൽ നികുതി ചുമത്തിയതുപോലെ വെള്ളിയും പൊന്നും അവരോട് പിരിച്ചെടുത്ത് ഫറവോൻ-നെഖോവിന് കൊടുത്തു.

36യെഹോയാക്കീം വാഴ്ചതുടങ്ങിയപ്പോൾ അവന് ഇരുപത്തഞ്ച് വയസ്സായിരുന്നു; അവൻ പതിനൊന്ന് സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മക്ക് സെബീദാ എന്ന് പേരായിരുന്നു; അവൾ രൂമക്കാരനായ പെദായാവിന്റെ മകൾ ആയിരുന്നു.37അവൻ തന്റെ പിതാക്കന്മാരെപ്പോലെ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു.

24

1അവന്റെ കാലത്ത് ബാബിലോൺരാജാവായ നെബൂഖദ്നേസർ യെഹൂദക്കുനേരെ പുറപ്പെട്ടുവന്നു; യെഹോയാക്കീം മൂന്ന് സംവത്സരം അവന് ആശ്രിതനായി ഇരുന്നു; അതിന്റെ ശേഷം അവൻ എതിർത്ത് അവനോട് മത്സരിച്ചു. അപ്പോൾ യഹോവ കൽദയർ, അരാമ്യർ, മോവാബ്യർ, അമ്മോന്യർ എന്നിവരുടെ പടക്കൂട്ടങ്ങളെ അവന്റെ നേരെ അയച്ചു;2പ്രവാചകന്മാരായ തന്റെ ദാസന്മാർ മുഖാന്തരം യഹോവ അരുളിച്ചെയ്തിരുന്ന വചനപ്രകാരം അവൻ അവരെ യെഹൂദയെ നശിപ്പിക്കത്തക്കവണ്ണം അതിന്റെ നേരെ അയച്ചു.

3മനശ്ശെ ചെയ്ത സകലപാപങ്ങളും നിമിത്തം യെഹൂദയെ തന്റെ സന്നിധിയിൽനിന്ന് നീക്കിക്കളയുവാൻ ഇത് യഹോവയുടെ കല്പനപ്രകാരം തന്നേ അവർക്ക് ഭവിച്ചു.4അവൻ കുറ്റമില്ലാത്ത രക്തം ചൊരിയിച്ചതും യെരൂശലേമിനെ കുറ്റമില്ലാത്ത രക്തംകൊണ്ട് നിറെച്ചതും ക്ഷമിപ്പാൻ യഹോവയ്ക്ക് മനസ്സായില്ല.
5യെഹോയാക്കീമിന്റെ മറ്റ് വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.6യെഹോയാക്കീം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ യെഹോയാഖീൻ അവന് പകരം രാജാവായി.
7ഈജിപ്റ്റ് തോടുമുതൽ യൂഫ്രട്ടീസ് നദിവരെ ഈജിപ്റ്റ് രാജാവിനുണ്ടായിരുന്ന ദേശമെല്ലാം ബാബിലോൺരാജാവ് പിടിച്ചെടുത്തതുകൊണ്ട് ഈജിപ്റ്റ് രാജാവ് പിന്നീട് തന്റെ ദേശത്തിന് പുറത്ത് യുദ്ധത്തിനായി പോയില്ല.

8യെഹോയാഖീൻ വാഴ്ചതുടങ്ങിയപ്പോൾ അവന് പതിനെട്ട് വയസ്സായിരുന്നു; അവൻ യെരൂശലേമിൽ മൂന്നു മാസം വാണു. അവന്റെ അമ്മക്ക് നെഹുഷ്ഠാ എന്ന് പേരായിരുന്നു; അവൾ യെരൂശലേമ്യനായ എൽനാഥാന്റെ മകൾ ആയിരുന്നു.9അവൻ തന്റെ അപ്പനേപ്പോലെ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു.
10ആ കാലത്ത് ബാബിലോൺരാജാവായ നെബൂഖദ്നേസരിന്റെ ഭൃത്യന്മാർ യെരൂശലേമിന്റെ നേരെ വന്ന് നഗരത്തെ ഉപരോധിച്ചു.11ഇങ്ങനെ ഭൃത്യന്മാർ ഉപരോധിച്ചിരിക്കുമ്പോൾ ബാബിലോൺ രാജാവായ നെബൂഖദ്നേസരും നഗരത്തിന്റെ നേരെ വന്നു.12യെഹൂദാരാജാവായ യെഹോയാഖീനും അവന്റെ അമ്മയും അവന്റെ ഭൃത്യന്മാരും പ്രഭുക്കന്മാരും ഷണ്ഡന്മാരും ബാബിലോൺരാജാവിന്റെ അടുക്കൽ പുറത്ത് ചെന്നു; ബാബിലോൺരാജാവ് തന്റെ വാഴ്ചയുടെ എട്ടാം ആണ്ടിൽ അവനെ പിടിച്ചു.
13അവൻ യഹോവയുടെ ആലയത്തിലെയും രാജധാനിയിലെയും സകല നിക്ഷേപങ്ങളും അവിടെനിന്ന് എടുത്ത് കൊണ്ടുപോയി; യിസ്രായേൽരാജാവായ ശലോമോൻ യഹോവയുടെ മന്ദിരത്തിൽ ഉണ്ടാക്കിവെച്ചിരുന്ന പൊന്നുകൊണ്ടുള്ള ഉപകരണങ്ങളെല്ലാം യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അവൻ വെട്ടിനുറുക്കി.14അവൻ യെരൂശലേം നിവാസികളെയും, പ്രഭുക്കന്മാരും പരാക്രമശാലികളുമായ പതിനായിരം പേരെയും എല്ലാ ആശാരിമാരെയും കൊല്ലന്മാരെയും ബദ്ധരാക്കി കൊണ്ടുപോയി; ദേശത്ത് ദരിദ്രരായ ജനം മാത്രമല്ലാതെ ആരും ശേഷിച്ചില്ല.
15യെഹോയാഖീമിനെ അവൻ ബാബിലോണിലേക്ക് കൊണ്ടുപോയി; രാജമാതാവിനെയും ഭാര്യമാരെയും ഷണ്ഡന്മാരെയും ദേശത്തിലെ പ്രധാനികളെയും അവൻ ബദ്ധരാക്കി യെരൂശലേമിൽനിന്ന് ബാബിലോണിലേക്ക് കൊണ്ടുപോയി.16ബലവാന്മാരായ ഏഴായിരംപേരെയും, ആശാരിമാരും കൊല്ലന്മാരുമായ ആയിരം പേരെയും, യുദ്ധപ്രാപ്തന്മാരായ സകലവീരന്മാരെയും ബാബിലോൺരാജാവ് ബദ്ധരാക്കി ബാബിലോണിലേക്ക് കൊണ്ടുപോയി.17അവന് പകരം ബാബിലോൺരാജാവ് അവന്റെ ചിറ്റപ്പനായ മത്ഥന്യാവിനെ രാജാവാക്കി; അവന്റെ പേര് സിദെക്കീയാവ് എന്ന് മാറ്റി.

18സിദെക്കീയാവ് വാഴ്ചതുടങ്ങിയപ്പോൾ അവന് ഇരുപത്തൊന്ന് വയസ്സായിരുന്നു; അവൻ പതിനൊന്ന് സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മക്ക് ഹമൂതൽ എന്ന് പേരായിരുന്നു; അവൾ ലിബ്നക്കാരനായ യിരെമ്യാവിന്റെ മകൾ ആയിരുന്നു.19യെഹോയാക്കീം ചെയ്തതുപോലെ അവൻ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു.20യഹോവയുടെ കോപം ഹേതുവായി യെരൂശലേമിനും യെഹൂദെക്കും അങ്ങനെ ഭവിച്ചു; അവൻ ഒടുവിൽ അവരെ തന്റെ സന്നിധിയിൽനിന്ന് തള്ളിക്കളഞ്ഞു; എന്നാൽ സിദെക്കീയാവും ബാബിലോൺരാജാവിനോട് മത്സരിച്ചു.

25

1അവന്റെ വാഴ്ചയുടെ ഒമ്പതാം ആണ്ട് പത്താം മാസം പത്താം തിയ്യതി, ബാബിലോൺരാജാവായ നെബൂഖദ്നേസർ തന്റെ സർവ്വസൈന്യവുമായി യെരൂശലേമിന്റെ നേരെ വന്ന് പാളയം ഇറങ്ങി; അതിനെ ഉപരോധിക്കയും ചെയ്തു.2സിദെക്കീയാരാജാവിന്റെ പതിനൊന്നാം ആണ്ടുവരെ നഗരം ഉപരോധിക്കപ്പെട്ടിരുന്നു.3നാലാം മാസം ഒമ്പതാം തിയ്യതി ആയപ്പോൾ നഗരത്തിൽ ക്ഷാമം കഠിനമായി; ദേശത്തെ ജനത്തിന് ആഹാരം ഇല്ലാതെയായി.

4അപ്പോൾ നഗരമതിൽ ഒരിടം പൊളിച്ച് കൽദയർ നഗരം വളഞ്ഞിരിക്കെ പടയാളികൾ എല്ലാം രാത്രിയിൽ രാജാവിന്റെ തോട്ടത്തിനരികെ രണ്ട് മതിലുകൾക്കും മദ്ധ്യേയുള്ള പടിവാതിൽവഴിയായി ഓടിപ്പോയി; രാജാവും അരാബയിലേക്കുള്ള വഴിയിലൂടെ ഓടിപ്പോയി.5എന്നാൽ കൽദയരുടെ സൈന്യം രാജാവിനെ പിന്തുടർന്ന് യെരീഹോസമഭൂമിയിൽവെച്ച് അവനോടൊപ്പം എത്തി; അവന്റെ സൈന്യമെല്ലാം അവനെ വിട്ട് ചിതറിപ്പോയി.
6അവർ രാജാവിനെ പിടിച്ച് രിബ്ലയിൽ ബാബിലോൺരാജാവിന്റെ അടുക്കൽ കൊണ്ടുചെന്നു; അവർ അവന് വിധി കല്പിച്ചു.7അവർ സിദെക്കീയാവിന്റെ പുത്രന്മാരെ അവൻ കാൺകെ കൊന്നു; സിദെക്കീയാവിന്റെ കണ്ണ് പൊട്ടിച്ച് ചങ്ങലകൊണ്ട് അവനെ ബന്ധിച്ച് ബാബിലോണിലേക്ക് കൊണ്ടുപോയി.

8അഞ്ചാം മാസം ഏഴാം തിയ്യതി, ബാബിലോൺരാജാവായ നെബൂഖ്ദ്നേസറിന്റെ പത്തൊമ്പതാം ആണ്ടിൽ തന്നേ, ബാബിലോൺരാജാവിന്റെ ഭൃത്യനായ അകമ്പടി നായകൻ നെബൂസരദാൻ യെരൂശലേമിൽ വന്നു.9അവൻ യഹോവയുടെ ആലയവും രാജധാനിയും ചുട്ടുകളഞ്ഞു; യെരൂശലേമിലെ മഹത്തുക്കളുടെ ഭവനങ്ങളൊക്കെ അവൻ തീവെച്ച് ചുട്ടുകളഞ്ഞു.10അകമ്പടിനായകനോടുകൂടെ ഉണ്ടായിരുന്ന കൽദയസൈന്യം യെരൂശലേമിന്റെ ചുറ്റുമുള്ള മതിലുകൾ ഇടിച്ചുകളഞ്ഞു.
11നഗരത്തിൽ ശേഷിച്ചിരുന്ന ജനത്തെയും ബാബിലോൺരാജാവിനെ ശരണം പ്രാപിച്ചവരെയും പുരുഷാരത്തിൽ ശേഷിച്ചവരെയും അകമ്പടിനായകനായ നെബൂസരദാൻ കൊണ്ടുപോയി.12എന്നാൽ അകമ്പടിനായകൻ ദേശത്തെ ദരിദ്രരിൽ ചിലരെ മുന്തിരിത്തോട്ടക്കാരായിട്ടും കൃഷിക്കാരായിട്ടും വിട്ടേച്ചുപോയി.
13യഹോവയുടെ ആലയത്തിലെ താമ്രസ്തംഭങ്ങളും പീഠങ്ങളും താമ്രം കൊണ്ടുള്ള കടലും കൽദയർ ഉടെച്ചുകളഞ്ഞ് അവയുടെ താമ്രം ബാബിലോണിലേക്ക് കൊണ്ടുപോയി.14കലങ്ങളും ചട്ടുകങ്ങളും കത്രികകളും തവികളും ശുശ്രൂഷെക്കുള്ള താമ്രോപകരണങ്ങളും അവർ എടുത്തു കൊണ്ടുപോയി.15തീച്ചട്ടികളും, കലശങ്ങളും, പൊന്നും വെള്ളിയുംകൊണ്ടുള്ള സകലതും അകമ്പടിനായകൻ കൊണ്ടുപോയി.
16ശലോമോൻ യഹോവയുടെ ആലയത്തിനുവേണ്ടി ഉണ്ടാക്കിയ രണ്ട് സ്തംഭങ്ങൾ, ഒരു കടൽ, പീഠങ്ങൾ എന്നിങ്ങനെ സകലഉപകരണങ്ങളും ഉണ്ടാക്കുവാൻ ഉപയോഗിച്ച താമ്രം തൂക്കുവാൻ കഴിയാത്തവണ്ണം അധികമായിരുന്നു.17ഒരു സ്തംഭത്തിന്റെ ഉയരം പതിനെട്ട് മുഴം; അതിന്മേലുള്ള മകുടം താമ്രം കൊണ്ടുള്ളതായിരുന്നു. ഒരോ മകുടത്തിന്റെയും ഉയരം മൂന്ന് മുഴം; മകുടത്തിന്റെചുറ്റുമുള്ള വലപ്പണിയും മാതളപ്പഴവും ആസകലം താമ്രംകൊണ്ടായിരുന്നു; ഇതുപോലെ മറ്റെ സ്തംഭത്തിന്നും വലപ്പണിയും മറ്റും ഉണ്ടായിരുന്നു.
18അകമ്പടിനായകൻ മഹാപുരോഹിതനായ സെരായാവിനെയും രണ്ടാം പുരോഹിതനായ സെഫന്യാവിനെയും മൂന്ന് വാതിൽക്കാവല്ക്കാരെയും പിടിച്ചു കൊണ്ടുപോയി.19നഗരത്തിൽനിന്ന് അവൻ പടയാളികളുടെ മേൽവിചാരകനായ ഒരു ഷണ്ഡനെയും നഗരത്തിൽവെച്ച് കണ്ടെത്തിയ രാജപരിചാരകന്മാരിൽ അഞ്ചുപേരെയും ദേശത്തെ ജനത്തിൽ നിന്ന് പടയാളികളെ തെരഞ്ഞെടുക്കുന്ന സേനാപതിയുടെ കൊട്ടാരം കാര്യസ്ഥനെയും നഗരത്തിൽ കണ്ട മറ്റ് അറുപതുപേരെയും പിടിച്ചു കൊണ്ടുപോയി.
20ഇവരെ അകമ്പടിനായകനായ നെബൂസരദാൻ പിടിച്ച് രിബ്ലയിൽ ബാബിലോൺരാജാവിന്റെ അടുക്കൽ കൊണ്ടുചെന്നു.21ബാബിലോൺരാജാവ് ഹാമത്ത് ദേശത്തിലെ രിബ്ലയിൽവെച്ച് അവരെ വെട്ടിക്കൊന്നു. ഇങ്ങനെ യെഹൂദാ സ്വദേശം വിട്ട് പോകേണ്ടിവന്നു.
22ബാബിലോൺരാജാവായ നെബൂഖദ്നേസർ യെഹൂദാദേശത്ത് ശേഷിപ്പിച്ച ജനത്തിന് ശാഫാന്റെ മകനായ അഹീക്കാമിന്റെ മകൻ ഗെദല്യാവിനെ അധിപതിയാക്കി.

23ബാബിലോൺരാജാവ് ഗെദല്യാവിനെ അധിപതിയാക്കി എന്ന് നെഥന്യാവിന്റെ മകൻ യിശ്മായേൽ, കാരേഹിന്റെ മകൻ യോഹാനാൻ, നെതോഫാത്യനായ തൻഹൂമെത്തിന്റെ മകൻ സെരായ്യാവ്, മാഖാത്യന്റെ മകൻ യാസന്യാവ് എന്നീ സേനാപതികളും അവരുടെ ആളുകളും കേട്ടപ്പോൾ അവർ മിസ്പെയിൽ ഗെദല്യാവിന്റെ അടുക്കൽ വന്നു.24ഗെദല്യാവ് അവരോടും അവരുടെ ആളുകളോടും സത്യംചെയ്തു; അവരോട് പറഞ്ഞത്: “നിങ്ങൾ കൽദയരുടെ ദാസന്മാർനിമിത്തം ഭയപ്പെടരുത്; ദേശത്ത് പാർത്ത് ബാബിലോൺ രാജാവിനെ സേവിക്കുവിൻ; അത് നിങ്ങൾക്ക് നന്മയായിരിക്കും.“
25എന്നാൽ ഏഴാംമാസത്തിൽ രാജവംശക്കാരനായ എലീശയുടെ മകനായ നെഥന്യാവിന്റെ മകൻ യിശ്മായേൽ പത്ത് ആളുകളുമായി വന്ന് ഗെദല്യാവിനെയും അവനോടുകൂടെ മിസ്പെയിൽ ഉണ്ടായിരുന്ന യെഹൂദ്യരെയും കൽദയരെയും വെട്ടിക്കൊന്നു.26അപ്പോൾ ആബാലവൃദ്ധം ജനങ്ങളും സേനാപതിമാരും കൽദയരെ ഭയപ്പെടുകയാൽ എഴുന്നേറ്റ് പുറപ്പെട്ട് ഈജിപ്റ്റിലേക്ക് പോയി.

27യെഹൂദാരാജാവായ യെഹോയാഖീന്റെ പ്രവാസത്തിന്റെ മുപ്പത്തേഴാം ആണ്ട് പന്ത്രണ്ടാം മാസം ഇരുപത്തേഴാം തിയ്യതി ബാബിലോൺരാജാവായ എവീൽ-മെരോദക്ക്, താൻ രാജാവായ ആണ്ടിൽ, യെഹൂദാരാജാവായ യെഹോയാഖീനെ കടാക്ഷിച്ച് കാരാഗൃഹത്തിൽനിന്ന് വിടുവിച്ചു
28അവനോട് കരുണയോട് സംസാരിച്ചു; തന്നോടുകൂടെ ബാബിലോണിൽ പ്രവാസികളായി ഉണ്ടായിരുന്ന രാജാക്കന്മാരെക്കാൾ ഉന്നതമായ സ്ഥാനം അവന് നൽകി.29അവന്റെ കാരാഗൃഹവസ്ത്രം മാറ്റി; അവൻ ജീവപര്യന്തം നിത്യവും അവന്റെ സന്നിധിയിൽ ഭക്ഷണംകഴിച്ചു പോന്നു.30രാജാവ് അവന് അവന്റെ മരണദിവസംവരെ ജീവകാലം മുഴുവൻ നിത്യവൃത്തിക്കുള്ള ഓഹരി കൊടുത്തുപോന്നു.

ദിനവൃത്താന്തം: ഒന്നാം പുസ്തകം

1

1ആദാം, ശേത്ത്, ഏനോശ്,2കേനാൻ, മഹലലേൽ, യാരേദ്,3ഹാനോക്ക്, മെഥൂശലഹ്, ലാമെക്ക്, നോഹ,4ശേം, ഹാം, യാഫെത്ത്. യാഫെത്തിന്റെ പുത്രന്മാർ:

5ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബാൽ6മേശെക്ക്, തീരാസ്. ഗോമെരിന്റെ പുത്രന്മാർ: അശ്കേനസ്, രീഫത്ത്, തോഗർമ്മാ.7യാവാന്റെ പുത്രന്മാർ: എലീശാ, തർശീശ്, കിത്തീം, ദോദാനീം.

8ഹാമിന്റെ പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ.9കൂശിന്റെ പുത്രന്മാർ: സെബാ, ഹവീലാ, സബ്താ, രമാ, സബെത്ഖാ. രമായുടെ പുത്രന്മാർ: ശെബാ, ദെദാൻ.10കൂശ് നിമ്രോദിനെ ജനിപ്പിച്ചു. അവൻ ഭൂമിയിൽ ആദ്യത്തെ വീരനായിരുന്നു.
11മിസ്രയീമിന്റെ പുത്രന്മാർ: ലൂദീം, അനാമീം, ലെഹാബീം,12നഫ്തൂഹീം, പത്രൂസീം, കസ്ലൂഹീം ,ഇവരിൽനിന്ന് ഫെലിസ്ത്യർ ഉത്ഭവിച്ചു.കഫ്തോരീം എന്നിവരെ ജനിപ്പിച്ചു.
13കനാന്റെ ആദ്യജാതൻ സീദോൻ കൂടാതെ14ഹേത്ത്, യെബൂസി, അമോരി,15ഗിർഗ്ഗശി, ഹിവ്വി, അർക്കി, സീനി, അർവ്വാദി,16സെമാരി, ഹമാത്തി എന്നിവരെ ജനിപ്പിച്ചു.

17ശേമിന്റെ പുത്രന്മാർ: ഏലാം, അശ്ശൂർ, അർപ്പക്ഷദ്, ലൂദ്, അരാം, ഊസ്, ഹൂൾ, ഗേഥെർ, മേശെക്.18അർപ്പക്ഷദ് ശേലഹിനെ ജനിപ്പിച്ചു; ശേലഹ് ഏബെരിനെ ജനിപ്പിച്ചു.19ഏബെരിന് രണ്ടു പുത്രന്മാർ ജനിച്ചു; ഒരുവന് പേലെഗ് എന്ന് പേർ; അവന്റെ കാലത്തായിരുന്നു ഭൂവാസികൾ പിരിഞ്ഞുപോയത്; അവന്റെ സഹോദരന് യൊക്താൻ എന്ന് പേർ.
20യൊക്താന്റെ പുത്രന്മാർ അല്മോദാദ്, ശേലെഫ്, ഹസർമ്മാവെത്ത്,21യാരഹ്, ഹദോരാം, ഊസാൽ, ദിക്ലാ,22എബാൽ, അബീമായേൽ, ശെബാ,23ഓഫീർ, ഹവീലാ, യോബാബ് എന്നിവർ ആയിരുന്നു .

24ശേം, അർപ്പക്ഷദ്, ശേലഹ്, ഏബെർ,25പേലെഗ്, രെയൂ, ശെരൂഗ്,26നാഹോർ, തേരഹ്, അബ്രാം;27ഇവൻ തന്നെ അബ്രാഹാം.
28അബ്രാഹാമിന്റെ പുത്രന്മാർ: യിസ്ഹാക്ക്, യിശ്മായേൽ.

29അവരുടെ വംശപാരമ്പര്യം ഇപ്രകാരം ആണ്; യിശ്മായേലിന്റെ ആദ്യജാതൻ നെബായോത്ത് ആണ്.30കേദാർ, അദ്ബെയേൽ, മിബ്ശാം, മിശ്മാ, ദൂമാ,31മസ്സാ, ഹദദ്, തേമാ, യെതൂർ, നാഫീഷ്, കേദമാ എന്നിവർ യിശ്മായേലിന്റെ മറ്റുപുത്രന്മാർ.

32അബ്രാഹാമിന്റെ വെപ്പാട്ടിയായ കെതൂറാ സിമ്രാൻ, യൊക്ശാൻ, മേദാൻ, മിദ്യാൻ, യിശ്ബാക്, ശൂവഹ് എന്നിവരെ പ്രസവിച്ചു. യോക്ശാന്റെ പുത്രന്മാർ: ശെബാ, ദെദാൻ.33മിദ്യാന്റെ പുത്രന്മാർ: ഏഫാ, ഏഫെർ, ഹനോക്ക്, അബീദാ, എൽദായാ; ഇവരെല്ലാവരും കെതൂറായുടെ പുത്രന്മാർ.
34അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു. യിസ്ഹാക്കിന്റെ പുത്രന്മാർ: ഏശാവ്, യിസ്രായേൽ.

35ഏശാവിന്റെ പുത്രന്മാർ: എലീഫാസ്, രെയൂവേൽ, യെയൂശ്, യലാം, കോരഹ്.36എലീഫാസിന്റെ പുത്രന്മാർ: തേമാൻ, ഓമാർ, സെഫീ, ഗഥാം, കെനസ്, തിമ്നാ, അമാലേക്.37രെയൂവേലിന്റെ പുത്രന്മാർ: നഹത്ത്, സേറഹ്, ശമ്മാ, മിസ്സാ.
38സേയീരിന്റെ പുത്രന്മാർ: ലോതാൻ, ശോബാൽ, സിബെയോൻ, അനാ, ദീശോൻ, ഏസെർ, ദീശാൻ.39ലോതാന്റെ പുത്രന്മാർ: ഹോരി, ഹോമാം; തിമ്നാ ലോതാന്റെ സഹോദരി ആയിരുന്നു.40ശോബാലിന്റെ പുത്രന്മാർ: അലീയാൻ, മാനഹത്ത്, ഏബാൽ, ശെഫി, ഓനാം. സിബേയോന്റെ പുത്രന്മാർ: അയ്യാ, അനാ.
41അനയുടെ പുത്രൻ ദീശോൻ. ദീശോന്റെ പുത്രന്മാർ: ഹമ്രാൻ, എശ്ബാൽ, യിത്രാൻ, കെരാൻ.42ഏസെരിന്റെ പുത്രന്മാർ: ബിൽഹാൻ, സാവാൻ, യാക്കാൻ. ദീശാന്റെ പുത്രന്മാർ: ഊസ്, അരാൻ.
43യിസ്രായേലിൽ രാജഭരണം ആരംഭിക്കും മുമ്പെ ഏദോംദേശത്ത് വാണ രാജാക്കന്മാർ: ബെയോരിന്റെ മകനായ ബേല; അവന്റെ പട്ടണത്തിന് ദിൻഹാബാ എന്ന് പേർ.44ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരഹിന്റെ മകൻ യോബാബ് അവന് പകരം രാജാവായി.45യോബാബ് മരിച്ചശേഷം തേമാദേശക്കാരനായ ഹൂശാം അവന് പകരം രാജാവായി.
46ഹൂശാം മരിച്ചശേഷം ബദദിന്റെ മകൻ ഹദദ് അവന് പകരം രാജാവായി; അവൻ മോവാബ് സമഭൂമിയിൽ മിദ്യാനെ തോല്പിച്ചു; അവന്റെ പട്ടണത്തിന് അവീത്ത് എന്ന് പേർ.47ഹദദ് മരിച്ചശേഷം മസ്രേക്കക്കാരനായ സമ്ലാ അവന് പകരം രാജാവായി.48സമ്ലാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരനായ ശൗൽ അവന് പകരം രാജാവായി.
49ശൗൽ മരിച്ചശേഷം അക്ബോരിന്റെ മകൻ ബാൽഹാനാൻ അവന് പകരം രാജാവായി.50ബാൽഹാനാൻ മരിച്ചശേഷം ഹദദ് അവന് പകരം രാജാവായി. അവന്റെ പട്ടണത്തിന് പായീ എന്നും ഭാര്യക്ക് മെഹേതബേൽ എന്നും പേർ. അവൾ മേസാഹാബിന്റെ മകളായ മത്രേദിന്റെ മകളായിരുന്നു.
51ഹദദും മരിച്ചു. ഏദോമ്യ പ്രഭുക്കന്മാർ: തിമ്നാപ്രഭു, അല്യാപ്രഭു, യെഥേത്ത്പ്രഭു,52ഒഹൊലീബാമാപ്രഭു, ഏലാപ്രഭു,53പീനോൻപ്രഭു, കെനസ്പ്രഭു, തേമാൻപ്രഭു,54മിബ്സാർപ്രഭു, മഗ്ദീയേൽപ്രഭു, ഈരാംപ്രഭു.

2

1യിസ്രായേലിന്റെ പുത്രന്മാർ: രൂബേൻ, ശിമെയോൻ, ലേവി, യെഹൂദാ,2യിസ്സാഖാർ, സെബൂലൂൻ, ദാൻ, യോസേഫ്, ബെന്യാമീൻ, നഫ്താലി, ഗാദ്, ആശേർ.

3യെഹൂദയുടെ പുത്രന്മാർ: ഏർ, ഓനാൻ, ശേലാ; ഇവർ മൂന്നുപേരും കനാന്യസ്ത്രീയായ ബത്ശൂവയിൽ നിന്ന് അവന് ജനിച്ചു. യെഹൂദയുടെ ആദ്യജാതനായ ഏർ യഹോവയ്ക്ക് അനിഷ്ടനായിരുന്നതുകൊണ്ട് യഹോവ അവനെ കൊന്നു.4അവന്റെ മരുമകൾ താമാർ അവന് പേരെസ്സിനെയും സേരഹിനെയും പ്രസവിച്ചു. യെഹൂദയുടെ പുത്രന്മാർ ആകെ അഞ്ചുപേർ.
5പേരെസ്സിന്റെ പുത്രന്മാർ: ഹെസ്രോൻ, ഹാമൂൽ.6സേരഹിന്റെ പുത്രന്മാർ: സിമ്രി, ഏഥാൻ, ഹേമാൻ, കല്ക്കോൽ, ദാരാ; ഇങ്ങനെ അഞ്ചുപേർ.7കർമ്മിയുടെ പുത്രൻ: ശപഥാർപ്പിതവസ്തുവിൽ അകൃത്യം ചെയ്ത് യിസ്രായേലിനെ കഷ്ടത്തിലാക്കിയ ആഖാൻ തന്നെ.8ഏഥാന്റെ പുത്രൻ: അസര്യാവ്.
9ഹെസ്രോന് ജനിച്ച പുത്രന്മാർ: യെരഹ്മയേൽ, രാം, കെലൂബായി.10രാമിന്റെ പുത്രൻ അമ്മീനാദാബ്; അമ്മീനാദാബിന്റെ പുത്രൻ നഹോശ്. നഹോശ് യെഹൂദാമക്കൾക്ക് പ്രഭുവായിരുന്നു.11നഹശോൻ ശല്മയെ ജനിപ്പിച്ചു; ശല്മാ ബോവസിനെ ജനിപ്പിച്ചു.12ബോവസ് ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യിശ്ശായിയെ ജനിപ്പിച്ചു.
13യിശ്ശായി തന്റെ ആദ്യജാതൻ എലിയാബിനെയും രണ്ടാമൻ അബിനാദാബിനെയും മൂന്നാമൻ14ശിമെയയേയും നാലാമൻ നഥനയേലിനെയും15അഞ്ചാമൻ രദ്ദായിയെയും ആറാമൻ ഓസെമിനെയും ഏഴാമൻ ദാവീദിനെയും ജനിപ്പിച്ചു.
16അവരുടെ സഹോദരിമാർ സെരൂയയും അബീഗയിലും ആയിരുന്നു. സെരൂയയുടെ പുത്രന്മാർ: അബീശായി, യോവാബ്, അസാഹേൽ; ഇങ്ങനെ മൂന്നുപേർ.17അബീഗയിൽ അമാസയെ പ്രസവിച്ചു. അമാസയുടെ അപ്പൻ യിസ്മായേല്യനായ യേഥെർ ആയിരുന്നു.
18ഹെസ്രോന്റെ മകൻ കാലേബ് തന്റെ ഭാര്യയായ അസൂബയിലും യെരീയോത്തിലും മക്കളെ ജനിപ്പിച്ചു. അവളുടെ പുത്രന്മാർ: യേശെർ, ശോബാബ്, അർദ്ദോൻ.19അസൂബാ മരിച്ചശേഷം കാലേബ് എഫ്രാത്തിനെ പരിഗ്രഹിച്ചു; അവൾ അവന് ഹൂരിനെ പ്രസവിച്ചു.20ഹൂർ ഊരിയെ ജനിപ്പിച്ചു; ഊരി ബെസലേലിനെ ജനിപ്പിച്ചു.
21അതിന്റെ ശേഷം ഹെസ്രോൻ, ഗിലെയാദിന്റെ അപ്പനായ മാഖീരിന്റെ മകളെ വിവാഹം ചെയ്തപ്പോൾ അവന് അറുപത് വയസ്സായിരുന്നു. അവൾ ഹെസ്രോന് സെഗൂബിനെ പ്രസവിച്ചു.22സെഗൂബ് യായീരിനെ ജനിപ്പിച്ചു; അവന് ഗിലെയാദ്‌ദേശത്ത് ഇരുപത്തിമൂന്ന് പട്ടണം ഉണ്ടായിരുന്നു.
23എന്നാൽ ഗെശൂരും അരാമും, യായീരിന്റെ പട്ടണങ്ങളെയും കെനാത്തിനെയും, അതിന്റെ ഗ്രാമങ്ങളെയും ഇങ്ങനെ അറുപത് പട്ടണങ്ങൾ അവരുടെ കയ്യിൽനിന്ന് പിടിച്ചു. ഇവരെല്ലാവരും ഗിലെയാദിന്റെ അപ്പനായ മാഖിരിന്റെ പുത്രന്മാരായിരുന്നു.24ഹെസ്രോൻ കാലെബ്-എഫ്രാത്തയിൽവച്ച് മരിച്ചശേഷം ഹെസ്രോന്റെ ഭാര്യ അബീയാ അവന് അശ്ഹൂരിനെ പ്രസവിച്ചു.അശ്ഹൂർ തെക്കോവയുടെ പിതാവാണ്
25ഹെസ്രോന്റെ ആദ്യജാതനായ യെരഹ്മയേലിന്റെ പുത്രന്മാർ: ആദ്യജാതൻ രാം, ബൂനാ, ഓരെൻ, ഓസെം, അഹീയാവ്.26യെരഹ്മയേലിന് മറ്റൊരു ഭാര്യ ഉണ്ടായിരുന്നു; അവൾക്ക് അതാരാ എന്നു പേർ; അവൾ ഓനാമിന്റെ അമ്മ.27യെരഹ്മയേലിന്റെ ആദ്യജാതനായ രാമിന്റെ പുത്രന്മാർ: മയസ്, യാമീൻ, ഏക്കെർ.28ഓനാമിന്റെ പുത്രന്മാർ: ശമ്മായി, യാദാ. ശമ്മായിയുടെ പുത്രന്മാർ: നാദാബ്, അബിശൂർ.
29അബിശൂരിന്റെ ഭാര്യക്ക് അബീഹയീൽ എന്നു പേർ; അവൾ അവന് അഹ്ബാനെയും, മോലീദിനെയും പ്രസവിച്ചു.30നാദാബിന്റെ പുത്രന്മാർ: സേലെദ്, അപ്പയീം; എന്നാൽ സേലെദ് മക്കളില്ലാതെ മരിച്ചു.31അപ്പയീമിന്റെ പുത്രൻ: യിശി. യിശിയുടെ പുത്രൻ: ശേശാൻ. ശേശാന്റെ പുത്രൻ:32അഹ്ലയീം. ശമ്മായിയുടെ സഹോദരനായ യാദയുടെ പുത്രന്മാർ: യേഥെർ, യോനാഥാൻ; എന്നാൽ യേഥെർ മക്കളില്ലാതെ മരിച്ചു.33യോനാഥാന്റെ പുത്രന്മാർ: പേലെത്ത്, സാസാ. ഇവർ യെരഹ്മയെലിന്റെ പിന്തുടർച്ചക്കാർ.
34ശേശാന് പുത്രിമാരല്ലാതെ പുത്രന്മാർ ഇല്ലായിരുന്നു. ശേശാന് മിസ്രയീമ്യനായ ഒരു ഭൃത്യൻ ഉണ്ടായിരുന്നു; അവന് യർഹാ എന്നു പേർ.35ശേശാൻ തന്റെ മകളെ തന്റെ ഭൃത്യനായ യർഹെക്ക് ഭാര്യയായി കൊടുത്തു; അവൾ അവന് അത്ഥായിയെ പ്രസവിച്ചു.
36അത്ഥായി നാഥാനെ ജനിപ്പിച്ചു; നാഥാൻ സാബാദിനെ ജനിപ്പിച്ചു.37സാബാദ് എഫ്ലാലിനെ ജനിപ്പിച്ചു;38എഫ്ലാൽ ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യെഹൂവിനെ ജനിപ്പിച്ചു; യെഹൂ അസര്യാവെ ജനിപ്പിച്ചു;
39അസര്യാവ് ഹേലെസിനെ ജനിപ്പിച്ചു; ഹേലെസ് എലെയാശയെ ജനിപ്പിച്ചു;40എലെയാശാ സിസ്മായിയെ ജനിപ്പിച്ചു; സിസ്മായി ശല്ലൂമിനെ ജനിപ്പിച്ചു;41ശല്ലൂം യെക്കമ്യാവെ ജനിപ്പിച്ചു; യെക്കമ്യാവ് എലീശാമയെ ജനിപ്പിച്ചു.
42യെരഹ്മയേലിന്റെ സഹോദരനായ കാലേബിന്റെ പുത്രന്മാർ: അവന്റെ ആദ്യജാതനും സീഫിന്റെ പിതാവായ മേശാ; ഹെബ്രോന്റെ അപ്പനായ മാരേശയുടെ പുത്രന്മാരും.43ഹെബ്രോന്റെ പുത്രന്മാർ: കോരഹ്, തപ്പൂഹ്, രേക്കെം, ശേമാ.44ശേമാ യൊർക്കെയാമിന്റെ അപ്പനായ രഹമിനെ ജനിപ്പിച്ചു; രേക്കെം ശമ്മായിയെ ജനിപ്പിച്ചു.
45ശമ്മായിയുടെ മകൻ മാവോൻ. മാവോൻ ബെത്ത്-സൂറിന്റെ അപ്പനായിരുന്നു.46കാലേബിന്റെ വെപ്പാട്ടിയായ ഏഫാ ഹാരാനെയും മോസയെയും ഗാസേസിനെയും പ്രസവിച്ചു; ഹാരാൻ ഗാസേസിനെ ജനിപ്പിച്ചു.47യാദയുടെ പുത്രന്മാർ: രേഗെം, യോഥാം, ഗേശാൻ, പേലെത്ത്, ഏഫാ, ശയഫ്.
48കാലേബിന്റെ വെപ്പാട്ടിയായ മയഖാ ശേബെരിനെയും തിർഹനയെയും പ്രസവിച്ചു.49അവൾ മദ്മന്നയുടെ അപ്പനായ ശയഫ്, മക്ബേനയുടെയും ഗിബെയയുടെയും അപ്പനായ ശെവാ എന്നിവരെയും പ്രസവിച്ചു; കാലേബിന്റെ മകൾ അക്സാ ആയിരുന്നു. ഇവരത്രേ കാലേബിന്റെ പിന്തുടർച്ചക്കാർ.50എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്റെ പുത്രന്മാർ: കിര്യത്ത്-യെയാരീമിന്റെ അപ്പനായ ശോബാൽ,
51ബേത്ത്ലേഹെമിന്റെ അപ്പനായ ശല്മാ, ബേത്ത്-ഗാദേരിന്റെ അപ്പനായ ഹാരേഫ്.
52കിര്യത്ത്-യെയാരീമിന്റെ അപ്പനായ ശോബാലിന് പുത്രന്മാർ ഉണ്ടായിരുന്നു: ഹാരോവേ, മെനൂഹോത്തിന്റെ കുടുംബങ്ങളുടെ പാതി.53കിര്യത്ത്-യെയാരീമിന്റെ കുലങ്ങൾ ഇപ്രകാരം: യിത്രീയർ, പൂത്യർ, ശൂമാത്യർ, മിശ്രായർ; ഇവരിൽനിന്ന് സൊരാത്യരും എസ്താവോല്യരും ഉത്ഭവിച്ചു.
54ശല്മയുടെ പുത്രന്മാർ: ബേത്ത്ലേഹെം, നെതോഫാത്യർ, അത്രോത്ത്-ബേത്ത്-യോവാബ്, മാനഹത്യരിൽ, പാതി സൊര്യർ.55യബ്ബേസിൽ താമസിച്ചിരുന്ന 1 എഴുത്തുകാരുടെ കുലങ്ങൾ: തിരാത്യർ, ശിമെയാത്യർ, സൂഖാത്യർ; ഇവർ രേഖാബ് ഗൃഹത്തിന്റെ അപ്പനായ ഹമാത്തിൽനിന്നുത്ഭവിച്ച കേന്യരാകുന്നു.


1 2:55 എഴുത്തുകാർ = ന്യായപ്രമാണം പകർത്തി എഴുതുന്നവർ

3

1ഹെബ്രോനിൽവച്ച് ദാവീദിന് ജനിച്ച പുത്രന്മാർ: ജെസ്രീൽക്കാരത്തിയായ അഹീനോവാം പ്രസവിച്ച അമ്നോൻ ആദ്യജാതൻ; കർമ്മേല്ക്കാരത്തിയായ അബിഗയിൽ പ്രസവിച്ച ദാനീയേൽ രണ്ടാമൻ;2ഗെശൂർരാജാവായ തൽമായിയുടെ മകളായ മയഖയുടെ മകൻ അബ്ശാലോം മൂന്നാമൻ; ഹഗ്ഗീത്തിന്റെ മകൻ അദോനീയാവ് നാലാമൻ;3അബീതാൽ പ്രസവിച്ച ശെഫത്യാവ് അഞ്ചാമൻ; അവന്റെ ഭാര്യ എഗ്ലാ പ്രസവിച്ച യിഥ്‌രെയാം ആറാമൻ.

4ഈ ആറുപേരും അവന് ഹെബ്രോനിൽവച്ച് ജനിച്ചു; അവിടെ അവൻ ഏഴ് വർഷവും ആറ് മാസവും വാണു; യെരൂശലേമിൽ അവൻ മുപ്പത്തിമൂന്ന് സംവത്സരം വാണു.5യെരൂശലേമിൽവച്ച് അവന് ജനിച്ചവർ: അമ്മീയേലിന്റെ മകളായ ബത്ത്-ശൂവ പ്രസവിച്ച ശിമേയാ, ശോബാബ്, നാഥാൻ,
6ശലോമോൻ എന്നീ നാലുപേരും യിബ്ഹാർ, എലീശാമാ,7എലീഫേലെത്ത്, നോഗഹ്, നേഫെഗ്, യാഫീയാ,8എലീശാമാ, എല്യാദാ എലീഫേലെത്ത് എന്നീ ഒമ്പതുപേരും.9വെപ്പാട്ടികളുടെ പുത്രന്മാരൊഴികെ ദാവീദിൻ പുത്രന്മാരൊക്കെയും ഇവരത്രേ. താമാർ അവരുടെ സഹോദരി ആയിരുന്നു.
10ശലോമോന്റെ മകൻ രെഹബെയാം; അവന്റെ മകൻ അബീയാവ്; അവന്റെ മകൻ ആസാ;11അവന്റെ മകൻ യെഹോശാഫാത്ത്; അവന്റെ മകൻ യഹോരാം; അവന്റെ മകൻ അഹസ്യാവ്;12അവന്റെ മകൻ യോവാശ്; അവന്റെ മകൻ അമസ്യാവ്; അവന്റെ മകൻ അസര്യാവ്. അവന്റെ മകൻ യോഥാം; അവന്റെ മകൻ ആഹാസ്;
13അവന്റെ മകൻ ഹിസ്കീയാവ്; അവന്റെ മകൻ മനശ്ശെ;14അവന്റെ മകൻ ആമോൻ; അവന്റെ മകൻ യോശീയാവ്.
15യോശീയാവിന്റെ പുത്രന്മാർ: ആദ്യജാതൻ യോഹാനാൻ; രണ്ടാമൻ യെഹോയാക്കീം; മൂന്നാമൻ സിദെക്കിയാവ്; നാലാമൻ ശല്ലൂം.16യെഹോയാക്കീമിന്റെ പുത്രന്മാർ: അവന്റെ മകൻ യെഖൊന്യാവ്; അവന്റെ മകൻ സിദെക്കിയാവ്.
17ബദ്ധനായ യെഖൊന്യാവിന്റെ പുത്രന്മാർ: അവന്റെ മകൻ ശെയല്ത്തീയേൽ,18മല്ക്കീരാം, പെദായാവ്, ശെനസ്സർ, യെക്കമ്യാവ്, ഹോശാമാ, നെദബ്യാവ്.
19പെദായാവിന്റെ മക്കൾ: സെരുബ്ബാബേൽ, ശിമെയി. സെരുബ്ബാബേലിന്റെ മക്കൾ: മെശുല്ലാം, ഹനന്യാവ്, അവരുടെ സഹോദരി ശെലോമീത്ത് എന്നിവരും20ഹശൂബാ, ഓഹെൽ, ബേരെഖ്യാവ്, ഹസദ്യാവ്, യൂശബ്-ഹേസെദ് എന്നീ അഞ്ചുപേരും തന്നെ.21ഹനന്യാവിന്റെ മക്കൾ: പെലത്യാവ്, യെശയ്യാവ്, രെഫായാവിന്റെ മക്കൾ, അർന്നാന്റെ മക്കൾ, ഓബദ്യാവിന്റെ മക്കൾ, ശെഖന്യാവിന്റെ മക്കൾ.
22ശെഖന്യാവിന്റെ മകൻ: ശെമയ്യാവ്; ശെമയ്യാവിന്റെ മക്കൾ: ഹത്തൂശ്, യിഗാൽ, ബാരീഹ്, നെയര്യാവ്, ശാഫാത്ത് ഇങ്ങനെ ആറു പേർ.23നെയര്യാവിന്റെ മക്കൾ: എല്യോവേനായി, ഹിസ്കീയാവ്, അസ്രീക്കാം ഇങ്ങനെ മൂന്നുപേർ.24എല്യോവേനായിയുടെ മക്കൾ: ഹോദവ്യാവ്, എല്യാശീബ്, പെലായാവ്, അക്കൂബ്, യോഹാനാൻ, ദെലായാവ്, അനാനി ഇങ്ങനെ ഏഴുപേർ.

4

1യെഹൂദയുടെ പുത്രന്മാർ: പേരെസ്, ഹെസ്രോൻ, കർമ്മി, ഹൂർ, ശോബൽ.2ശോബലിന്റെ മകനായ രെയായാവ് യഹത്തിനെ ജനപ്പിച്ചു; യഹത്ത് അഹൂമായിയെയും ലാഹദിനെയും ജനിപ്പിച്ചു. ഇവർ സോരത്യരുടെ കുലങ്ങൾ.

3ഏതാമിന്റെ അപ്പനിൽനിന്ന് ഉത്ഭവിച്ചവർ : യിസ്രെയേൽ, യിശ്മാ, യിദ്ബാശ്; അവരുടെ സഹോദരിക്ക് ഹസ്സെലൊല്പോനി എന്നു പേർ.4പെനൂവേൽ ഗെദോരിന്റെ അപ്പനും, ഏസെർ ഹൂശയുടെ അപ്പനും ആയിരുന്നു. ഇവർ ബേത്ത്ലേഹെമിന്റെ അപ്പനായ എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്റെ പുത്രന്മാർ.
5തെക്കോവയുടെ അപ്പനായ അശ്ഹൂരിന് ഹേലാ, നയരാ എന്ന രണ്ടു ഭാര്യമാർ ഉണ്ടായിരുന്നു.6നയരാ അവന് അഹുസ്സാം, ഹേഫെർ, തേമനി, ഹായഹസ്താരി എന്നിവരെ പ്രസവിച്ചു. ഇവർ നയരയുടെ പുത്രന്മാർ.7ഹേലയുടെ പുത്രന്മാർ: സേരെത്ത്, യെസോഹർ, എത്നാൻ.8കോസ് ആനൂബിനെയും സോബേബയെയും ഹാരൂമിന്റെ മകനായ അഹർഹേലിന്റെ കുലങ്ങളെയും ജനിപ്പിച്ചു.
9യബ്ബേസ് തന്റെ സഹോദരന്മാരെക്കാൾ ഏറ്റവും മാന്യൻ ആയിരുന്നു; അവന്റെ അമ്മ: ഞാൻ അവനെ വ്യസനത്തോടെ പ്രസവിച്ചു എന്ന് പറഞ്ഞ് അവന് യബ്ബേസ് എന്നു പേരിട്ടു.10യബ്ബേസ് യിസ്രായേലിന്റെ ദൈവത്തോട്: “നീ എന്നെ നിശ്ചയമായി അനുഗ്രഹിച്ച് എന്റെ അതിർ വിസ്താരമാക്കുകയും, നിന്റെ കൈ എന്നോടുകൂടെ ഇരുന്ന് അനർത്ഥം എനിക്ക് വ്യസനകാരണമായി തീരാതെ എന്നെ കാക്കുകയും ചെയ്താൽ കൊള്ളായിരുന്നു” എന്ന് അപേക്ഷിച്ചു. അവൻ അപേക്ഷിച്ചതിനെ ദൈവം അവന് നല്കി.
11ശൂഹയുടെ സഹോദരനായ കെലൂബ് മെഹീരിനെ ജനിപ്പിച്ചു; ഇവൻ എസ്തോന്റെ പിതാവ്.12എസ്തോൻ ബേത്ത്-രാഫയെയും പാസേഹയെയും ഈർനാഹാസിന്റെ അപ്പനായ തെഹിന്നയെയും ജനിപ്പിച്ചു. ഇവർ രേഖാനിവാസികൾ ആകുന്നു.
13കെനസ്സിന്റെ പുത്രന്മാർ: ഒത്നീയേൽ, സെരായാവ്; ഒത്നീയേലിന്റെ പുത്രന്മാർ: ഹഥത്ത്.14മെയോനോഥയി ഒഫ്രയെ ജനിപ്പിച്ചു; സെരായാവ് ഗേ-ഹരാശീമിന്റെ അപ്പനായ യോവാബിനെ ജനിപ്പിച്ചു; അവർ കൌശലപ്പണിക്കാർ ആയിരുന്നുവല്ലോ.15യെഫുന്നെയുടെ മകനായ കാലേബിന്റെ പുത്രന്മാർ: ഈരൂ, ഏലാ, നായം; ഏലയുടെ പുത്രന്മാർ: കെനസ്.16യെഹലലേലിന്റെ പുത്രന്മാർ: സീഫ്, സീഫാ, തീര്യാ, അസരെയേൽ.
17എസ്രയുടെ പുത്രന്മാർ: യേഥെർ, മേരെദ്, ഏഫെർ, യാലോൻ എന്നിവരായിരുന്നു.മേരെദിന്റെ ഭാര്യ മിര്യാമിനെയും ശമ്മയെയും എസ്തെമോവയുടെ അപ്പനായ യിശ്ബഹിനെയും പ്രസവിച്ചു.18അവന്റെ ഭാര്യയായ യെഹൂദീയ ഗെദോരിന്റെ അപ്പനായ യേരെദിനെയും സോഖോവിന്റെ അപ്പനായ ഹേബെരിനെയും സാനോഹയുടെ അപ്പനായ യെക്കൂഥീയേലിനെയും പ്രസവിച്ചു. മേരെദ് പരിഗ്രഹിച്ച ഫറവോന്റെ മകളായ ബിഥ്യയുടെ പുത്രന്മാർ ഇവരാകുന്നു.
19നഹമിന്റെ സഹോദരിയും ഹോദീയാവിന്റെ ഭാര്യയുമായവളുടെ പുത്രന്മാർ: ഗർമ്മ്യനായ കെയീലയുടെ അപ്പനും മയഖാത്യനായ എസ്തെമോവയും തന്നേ.20ശീമോന്റെ പുത്രന്മാർ: അമ്നോൻ, രിന്നാ, ബെൻ-ഹാനാൻ, തീലോൻ. യിശിയുടെ പുത്രന്മാർ: സോഹേത്ത്, ബെൻ-സോഹേത്ത്.
21യെഹൂദയുടെ മകനായ ശേലയുടെ പുത്രന്മാർ: ലേഖയുടെ അപ്പനായ ഏരും, മാരേശയുടെ അപ്പനായ ലദയും, ബേത്ത്-അശ്ബെയയിൽ നെയ്ത്തുജോലി ചെയ്യുന്നവരുടെ കുലങ്ങളും;22യോക്കീമും കോസേബാ നിവാസികളും മോവാബിൽ അധികാരം ഉണ്ടായിരുന്ന യോവാശ്, സാരാഫ് എന്നിവരും യാശുബീ-ലേഹെമും തന്നേ. ഇവ പുരാണവൃത്താന്തങ്ങൾ1 ആകുന്നു.23ഇവർ നെതായീമിലും ഗെദേരയിലും താമസിച്ച കുശവന്മാർ ആയിരുന്നു; അവർ രാജാവിനോടുകൂടെ അവന്റെ വേല ചെയ്യുവാൻ അവിടെ താമസിച്ചു.
24ശിമെയോന്റെ പുത്രന്മാർ: നെമൂവേൽ, യാമീൻ, യാരീബ്, സേരഹ്, ശൗൽ;25അവന്റെ മകൻ ശല്ലൂം; അവന്റെ മകൻ മിബ്ശാം; അവന്റെ മകൻ മിശ്മാ.26മിശ്മയുടെ പുത്രന്മാർ: അവന്റെ മകൻ ഹമ്മൂവേൽ; അവന്റെ മകൻ സക്കൂർ; അവന്റെ മകൻ ശിമെയി;
27ശിമെയിക്ക് പതിനാറ് പുത്രന്മാരും ആറ് പുത്രിമാരും ഉണ്ടായിരുന്നു; എങ്കിലും അവന്റെ സഹോദരന്മാർക്ക് അധികം മക്കളില്ലായ്കയാൽ അവരുടെ കുലമെല്ലാം യെഹൂദാമക്കളോളം വർദ്ധിച്ചില്ല.28അവർ ബേർ-ശേബയിലും
29മോലാദയിലും ഹസർ-ശൂവാലിലും ബിൽഹയിലും30ഏസെമിലും തോലാദിലും ബെഥുവേലിലും31ഹൊർമ്മയിലും സിക്ലാഗിലും ബേത്ത്-മർക്കാബോത്തിലും ഹസർ-സൂസീമിലും ബേത്ത്-ബിരിയിലും ശയരയീമിലും താമസിച്ചു. ഇവ ദാവീദിന്റെ വാഴ്ചവരെ അവരുടെ പട്ടണങ്ങൾ ആയിരുന്നു.
32അവരുടെ ഗ്രാമങ്ങൾ: ഏതാം, അയീൻ, രിമ്മോൻ, തോഖെൻ, ആശാൻ ഇങ്ങനെ അഞ്ച് പട്ടണവും33ഈ പട്ടണങ്ങളുടെ ചുറ്റും ബാൽവരെ അവയ്ക്കുള്ള സകലഗ്രാമങ്ങളും തന്നേ. ഇവ അവരുടെ വാസസ്ഥലങ്ങൾ. അവർക്ക് സ്വന്തവംശാവലിയും ഉണ്ടായിരുന്നു.
34മെശോബാബ്, യമ്ലേക്, അമസ്യാവിന്റെ മകനായ യോശാ, യോവേൽ,35അസീയേലിന്റെ മകനായ സെരായാവിന്റെ മകനായ യോശിബ്യാവിന്റെ മകനായ യേഹൂ, എല്യോവേനായി,36യയക്കോബാ, യെശോഹായാവ്, അസായാവ്, അദീയേൽ, യസീമീയേൽ,37ബെനായാവ്, ശെമെയാവിന്റെ മകനായ ശിമ്രിയുടെ മകനായ യെദായാവിന്റെ മകനായ അല്ലോന്റെ മകനായ ശിഫിയുടെ മകനായ സീസാ;38പേർ വിവരം പറഞ്ഞിരിക്കുന്ന ഇവർ തങ്ങളുടെ കുലങ്ങളിൽ പ്രഭുക്കന്മാരായിരുന്നു; അവരുടെ പിതൃഭവനങ്ങൾ ഏറ്റവും വർദ്ധിച്ചിരുന്നു.
39അവർ തങ്ങളുടെ ആട്ടിൻ കൂട്ടങ്ങൾക്ക് മേച്ചൽ തിരയേണ്ടതിന് ഗെദോർപ്രവേശനത്തോളം താഴ്വരയുടെ കിഴക്കുവശംവരെ യാത്രചെയ്തു.40അവർ പുഷ്ടിയുള്ളതും നല്ലതുമായ മേച്ചൽ കണ്ടെത്തി; ദേശം വിസ്താരവും സ്വസ്ഥതയും സമാധാനവും ഉള്ളതായിരുന്നു; അവിടത്തെ പൂർവ്വനിവാസികൾ ഹാംവംശക്കാരായിരുന്നു.41പേർവിവരം എഴുതിയിരിക്കുന്ന ഇവർ യെഹൂദ്യരാജാവായ യഹിസ്കീയാവിന്റെ കാലത്ത് അവിടെ ചെന്ന് അവരുടെ കൂടാരങ്ങളെയും അവിടെ ഉണ്ടായിരുന്ന മെയൂന്യരെയും ആക്രമിച്ചു, അവർക്ക് നിർമ്മൂലനാശം വരുത്തുകയും അവിടെ തങ്ങളുടെ ആട്ടിൻ കൂട്ടങ്ങൾക്ക് മേച്ചൽ ഉള്ളതുകൊണ്ട് അവർക്ക് പകരം താമസിക്കുകയും ചെയ്തു.
42ശിമെയോന്യരായ ഇവരിൽ അഞ്ഞൂറുപേർ, യിശിയുടെ പുത്രന്മാരായ, പെലത്യാവ്, നെയര്യാവ്, രെഫായാവ്, ഉസ്സീയേൽ എന്നീ തലവന്മാരോടുകൂടെ സേയീർപർവ്വതത്തിലേക്ക് യാത്രചെയ്തു.43അവർ അവശേഷിച്ചിരുന്ന അമാലേക്യരെ സംഹരിച്ച് ഇന്നുവരെ അവിടെ താമസിക്കുന്നു.


1 4:22 പുരാണവൃത്താന്തങ്ങൾചരിത്രരേഖകൾ

5

1യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാർ: അവനല്ലോ ആദ്യജാതൻ; എങ്കിലും അവൻ തന്റെ പിതാവിന്റെ ശയ്യയെ അശുദ്ധമാക്കിയതുകൊണ്ട് അവന്റെ ജ്യേഷ്ഠാവകാശം യിസ്രായേലിന്റെ മകനായ യോസേഫിന്റെ പുത്രന്മാർക്ക് ലഭിച്ചു; വംശാവലി ജ്യേഷ്ഠാവകാശപ്രകാരം എണ്ണുവാനുള്ളതുമല്ല.2യെഹൂദാ തന്റെ സഹോദരന്മാരെക്കാൾ പ്രബലനായ്തീർന്നു; അവനിൽനിന്ന് പ്രഭു ഉത്ഭവിച്ചു; ജ്യേഷ്ഠാവകാശമോ യോസേഫിന് ലഭിച്ചു.3യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാർ: ഹാനോക്ക്, പല്ലൂ, ഹെസ്രോൻ, കർമ്മി.

4യോവേലിന്റെ പുത്രന്മാർ: അവന്റെ മകൻ ശെമയ്യാവ്; അവന്റെ മകൻ ഗോഗ്; അവന്റെ മകൻ ശിമെയി; അവന്റെ മകൻ മീഖാ;5അവന്റെ മകൻ രെയായാവ്; അവന്റെ മകൻ ബാൽ;6അവന്റെ മകൻ ബെയേര; അവനെ അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസർ തടവുകാരനായി കൊണ്ടുപോയി; അവൻ രൂബേന്യരിൽ തലവനായിരുന്നു.
7അവരുടെ വംശാവലി തലമുറതലമുറയായി എഴുതിയിരുന്ന പ്രകാരം കുലം കുലമായി അവന്റെ സഹോദരന്മാർ ആരെന്നാൽ: തലവനായ യയീയേൽ,8സെഖര്യാവ്, അരോവേരിൽ നെബോവും ബാൽ-മെയോനുംവരെ പാർത്ത ബേല; അവൻ യോവേലിന്റെ മകനായ ശേമയുടെ മകനായ ആസാസിന്റെ മകനായിരുന്നു.9അവരുടെ കന്നുകാലികൾ ഗിലെയാദ്‌ദേശത്ത് വർദ്ധിച്ചിരുന്നതുകൊണ്ട് അവർ കിഴക്കോട്ട് ഫ്രാത്ത് നദിമുതൽ മരുഭൂമിവരെ താമസിച്ചു.
10ശൗലിന്റെ കാലത്ത് അവർ ഹഗ്രീയരോട് യുദ്ധംചെയ്തു; അവർ അവരുടെ കയ്യാൽ കൊല്ലപ്പെട്ടശേഷം അവർ ഗിലെയാദിന് കിഴക്ക് എല്ലാടവും കൂടാരം അടിച്ച് താമസിച്ചു.

11ഗാദിന്റെ പുത്രന്മാർ അവർക്ക് എതിരെ ബാശാൻദേശത്ത് സൽകാവരെ താമസിച്ചു.12തലവനായ യോവേൽ, രണ്ടാമനായ ശാഫാം, യനായി, ബാശാനിലെ ശാഫാത്ത്.13അവരുടെ പിതൃഭവനത്തിലെ സഹോദരന്മാർ: മീഖായേൽ, മെശുല്ലാം, ശേബ, യോരായി, യക്കാൻ, സീയ, ഏബെർ ഇങ്ങനെ ഏഴുപേർ.
14ഇവർ ഹൂരിയുടെ മകനായ അബിഹയീലിന്റെ പുത്രന്മാരായിരുന്നു. ഹൂരി യാരോഹയുടെ മകൻ; അവൻ ഗിലെയാദിന്റെ മകൻ; അവൻ മീഖായേലിന്റെ മകൻ; അവൻ യെശീശയുടെ മകൻ; അവൻ യഹദോവിന്റെ മകൻ;15അവൻ ബൂസിന്റെ മകൻ; ഗൂനിയുടെ മകനായ അബ്ദീയേലിന്റെ മകനായ അഹി അവരുടെ പിതൃഭവനത്തിൽ തലവനായിരുന്നു.
16അവർ ഗിലെയാദിലെ ബാശാനിലും, അതിന്റെ പട്ടണങ്ങളിലും ശാരോനിലെ എല്ലാപുല്പുറങ്ങളുടെയും അതിർവരെ താമസിച്ചു.17ഇവരുടെ വംശാവലി ഒക്കെയും യെഹൂദാരാജാവായ യോഥാമിന്റെ കാലത്തും യിസ്രായേൽരാജാവായ യൊരോബെയാമിന്റെ കാലത്തും എഴുതിയിരിക്കുന്നു.

18രൂബേൻ, ഗാദ് എന്നീ ഗോത്രങ്ങളിലും മനശ്ശെയുടെ പാതി ഗോത്രത്തിലുമായി നാല്പത്തിനാലായിരത്തെഴുനൂറ്ററുപത് പടയാളികൾ ഉണ്ടായിരുന്നു. അവർ ധൈര്യമുള്ളവരും, വാളും പരിചയും എടുക്കാനും, വില്ലുകുലെച്ച് എയ്യുവാനും പ്രാപ്തിയുള്ളവരും യുദ്ധസാമർത്ഥ്യമുള്ളവരും ആയിരുന്നു.19അവർ ഹഗ്രീയരോടും യെതൂർ, നാഫീശ്, നോദാബ് എന്നിവരോടും യുദ്ധംചെയ്തു.
20ദൈവത്തിൽ നിന്ന് അവർക്ക് സഹായം ലഭിക്കയാൽ ഹഗ്രീയരും കൂടെയുള്ളവരെല്ലാവരും അവരുടെ കയ്യിൽ അകപ്പെട്ടു; അവർ യുദ്ധത്തിൽ ദൈവത്തോട് നിലവിളിച്ച് അവനിൽ ആശ്രയം വെച്ചതുകൊണ്ട് അവൻ അവരുടെ പ്രാർത്ഥന കേട്ട് ഉത്തരമരുളി.21അവർ അമ്പതിനായിരം ഒട്ടകം, രണ്ടുലക്ഷത്തമ്പതിനായിരം ആട്, രണ്ടായിരം കഴുത എന്നിങ്ങനെ അവരുടെ കന്നുകാലികളെയും ഒരു ലക്ഷം ആളുകളെയും പിടിച്ചു കൊണ്ടുപോയി.22യുദ്ധം ദൈവഹിതത്താൽ ഉണ്ടായതുകൊണ്ട് അധികംപേർ കൊല്ലപ്പെട്ടവരായി വീണു. അവർ പ്രവാസകാലംവരെ അവിടെ താമസിച്ചു.

23മനശ്ശെയുടെ പാതിഗോത്രക്കാർ ബാശാൻ മുതൽ ബാൽ-ഹെർമ്മോനും, സെനീരും, ഹെർമ്മോൻ പർവ്വതവും വരെ താമസിച്ചിരുന്നു.അവർ വർദ്ധിച്ചുവന്നു.24അവരുടെ പിതൃഭവനങ്ങളുടെ തലവന്മാർ: ഏഫെർ, യിശി, എലീയേൽ, അസ്ത്രീയേൽ, യിരെമ്യാവ്, ഹോദവ്യാവ്, യഹദീയേൽ; അവർ ധൈര്യമുള്ളവരും പ്രസിദ്ധരും തങ്ങളുടെ പിതൃഭവനങ്ങൾക്ക് തലവന്മാരും ആയിരുന്നു.

25എന്നാൽ അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തോട് അവിശ്വസ്തരായിരുന്നു. ദൈവം അവരുടെ മുമ്പിൽനിന്ന് നശിപ്പിച്ചുകളഞ്ഞ ദേശത്തെ ജാതികളുടെ ദേവന്മാരെ ആരാധിച്ചു.26ആകയാൽ യിസ്രായേലിന്റെ ദൈവം അശ്ശൂർരാജാക്കന്മാരായ പൂലിന്റെയും - തിഗ്ലത്ത്-പിൽനേസറിന്റെ -മനസ്സുണർത്തി; അവൻ രൂബേന്യരെയും ഗാദ്യരെയും മനശ്ശെയുടെ പാതി ഗോത്രത്തെയും പിടിച്ച് ഹലഹിലേക്കും ഹാബോരിലേക്കും ഹാരയിലേക്കും ഗോസാൻ നദീതീരത്തേയ്ക്കും കൊണ്ടുപോയി; അവിടെ അവർ ഇന്നുവരെയും താമസിക്കുന്നു.

6

1ലേവിയുടെ പുത്രന്മാർ: ഗേർശോൻ, കെഹാത്ത്, മെരാരി.2കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.3അമ്രാമിന്റെ മക്കൾ: അഹരോൻ, മോശെ, മിര്യാം, അഹരോന്റെ പുത്രന്മാർ: നാദാബ്, അബീഹൂ, ഏലെയാസാർ, ഈഥാമാർ.

4എലെയാസാർ ഫീനെഹാസിനെ ജനിപ്പിച്ചു; ഫീനെഹാസ് അബീശൂവയെ ജനിപ്പിച്ചു;5അബിശൂവ ബുക്കിയെ ജനിപ്പിച്ചു; ബുക്കി ഉസ്സിയെ ജനിപ്പിച്ചു;6ഉസ്സി സെരഹ്യാവെ ജനിപ്പിച്ചു; സെരഹ്യാവ് മെരായോത്തിനെ ജനിപ്പിച്ചു;
7മെരായോത്ത് അമര്യാവെ ജനിപ്പിച്ചു;8അമര്യാവ് അഹിത്തൂബിനെ ജനിപ്പിച്ചു; അഹീത്തൂബ് സാദോക്കിനെ ജനിപ്പിച്ചു; സാദോക്ക് അഹീമാസിനെ ജനിപ്പിച്ചു;9അഹിമാസ് അസര്യാവെ ജനിപ്പിച്ചു; അസര്യാവ് യോഹാനാനെ ജനിപ്പിച്ചു;
10യോഹാനാൻ അസര്യാവെ ജനിപ്പിച്ചു; ഇവനാകുന്നു ശലോമോൻ യെരൂശലേമിൽ പണിത ആലയത്തിൽ പൌരോഹിത്യം നടത്തിയത്.11അസര്യാവ് അമര്യാവെ ജനിപ്പിച്ചു; അമര്യാവ് അഹീത്തൂബിനെ ജനിപ്പിച്ചു;12അഹീത്തൂബ് സാദോക്കിനെ ജനിപ്പിച്ചു; സാദോക്ക് ശല്ലൂമിനെ ജനിപ്പിച്ചു;
13ശല്ലൂം ഹില്ക്കീയാവെ ജനിപ്പിച്ചു; ഹില്ക്കീയാവ് അസര്യാവെ ജനിപ്പിച്ചു;14അസര്യാവ് സെരായാവെ ജനിപ്പിച്ചു; സെരായാവ് യെഹോസാദാക്കിനെ ജനിപ്പിച്ചു.15യഹോവാ നെബൂഖദ്നേസ്സർ മുഖാന്തരം യെഹൂദയെയും യെരൂശലേമിനെയും പ്രവാസത്തിലേക്ക് കൊണ്ടുപോയപ്പോൾ യെഹോസാദാക്കും പോകേണ്ടിവന്നു.

16ലേവിയുടെ പുത്രന്മാർ: ഗേർശോം, കെഹാത്ത്, മെരാരി.17ഗേർശോമിന്റെ പുത്രന്മാരുടെ പേരുകൾ: ലിബ്നി, ശിമെയി.18കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.
19മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി.20ലേവ്യരുടെ പിതൃഭവനങ്ങളിൻപ്രകാരം അവരുടെ കുലങ്ങൾ ഇവ തന്നേ. ഗേർശോമിന്റെ മകൻ ലിബ്നി; അവന്റെ മകൻ യഹത്ത്; അവന്റെ മകൻ സിമ്മാ;21അവന്റെ മകൻ യോവാഹ്; അവന്റെ മകൻ ഇദ്ദോ; അവന്റെ മകൻ സേരഹ്; അവന്റെ മകൻ യെയഥ്രായി.
22കെഹാത്തിന്റെ പുത്രന്മാർ: അവന്റെ മകൻ അമ്മീനാദാബ്; അവന്റെ മകൻ കോരഹ്; അവന്റെ മകൻ അസ്സീർ;23അവന്റെ മകൻ എല്ക്കാനാ; അവന്റെ മകൻ എബ്യാസാഫ്; അവന്റെ മകൻ അസ്സീർ;24അവന്റെ മകൻ തഹത്ത്; അവന്റെ മകൻ ഊരീയേൽ; അവന്റെ മകൻ ഉസ്സീയാവ്; അവന്റെ മകൻ ശൗൽ.
25എല്ക്കാനയുടെ പുത്രന്മാർ: അവന്റെ മകൻ അമാസായി; അവന്റെ മകൻ അഹിമോത്ത്.26എല്ക്കാനയുടെ പുത്രന്മാർ: അവന്റെ മകൻ സോഫായി; അവന്റെ മകൻ നഹത്ത്;27അവന്റെ മകൻ എലീയാബ്; അവന്റെ മകൻ യെരോഹാം; അവന്റെ മകൻ എല്ക്കാനാ;
28ശമൂവേലിന്റെ പുത്രന്മാർ: ആദ്യജാതൻ യോവേൽ, രണ്ടാമൻ അബീയാവ്.29മെരാരിയുടെ പുത്രന്മാർ: മഹ്ലി; അവന്റെ മകൻ ലിബ്നി; അവന്റെ മകൻ ശിമെയി; അവന്റെ മകൻ ഉസ്സാ;30അവന്റെ മകൻ ശിമെയാ; അവന്റെ മകൻ ഹഗ്ഗീയാവ്; അവന്റെ മകൻ അസായാവ്.
31പെട്ടകം ദേവാലയത്തിൽ പ്രതിഷ്ഠിച്ചതിന് ശേഷം ദാവീദ് യഹോവയുടെ ആലയത്തിൽ സംഗീതശുശ്രൂഷയ്ക്ക് നിയമിച്ചവർ ഇവരാകുന്നു.32അവർ ശലോമോൻ യെരൂശലേമിൽ യഹോവയുടെ ആലയം പണിതതുവരെ, തിരുനിവാസമായ സാമഗമനകൂടാരത്തിന് മുമ്പിൽ സംഗീതശുശ്രൂഷചെയ്തു; അവർ തങ്ങളുടെ ക്രമപ്രകാരം ശുശ്രൂഷചെയ്തുപോന്നു.
33തങ്ങളുടെ പുത്രന്മാരോടുകൂടെ ശുശ്രൂഷിച്ചവർ : കെഹാത്യരുടെ പുത്രന്മാരിൽ സംഗീതക്കാരനായ ഹേമാൻ; അവൻ യോവേലിന്റെ മകൻ; യോവേൽ ശമൂവേലിന്റെ മകൻ;34അവൻ എല്ക്കാനയുടെ മകൻ; അവൻ യെരോഹാമിന്റെ മകൻ; അവൻ എലീയേലിന്റെ മകൻ; അവൻ തോഹയുടെ മകൻ; അവൻ സൂഫിന്റെ മകൻ;35അവൻ എല്ക്കാനയുടെ മകൻ; അവൻ മഹത്തിന്റെ മകൻ; അവൻ അമാസായിയുടെ മകൻ; അവൻ എല്ക്കാനയുടെ മകൻ;
36അവൻ യോവേലിന്റെ മകൻ; അവൻ അസര്യാവിന്റെ മകൻ; അവൻ സെഫന്യാവിന്റെ മകൻ;37അവൻ തഹത്തിന്റെ മകൻ; അവൻ അസ്സീരിന്റെ മകൻ; അവൻ എബ്യാസാഫിന്റെ മകൻ; അവൻ കോരഹിന്റെ മകൻ;38അവൻ യിസ്ഹാരിന്റെ മകൻ; അവൻ കെഹാത്തിന്റെ മകൻ; അവൻ ലേവിയുടെ മകൻ; അവൻ യിസ്രായേലിന്റെ മകൻ;
39അവന്റെ വലത്തുഭാഗത്ത് നിന്ന അവന്റെ സഹോദരൻ ആസാഫ്: ആസാഫ് ബെരെഖ്യാവിന്റെ മകൻ; അവൻ ശിമെയയുടെ മകൻ;40അവൻ മീഖായേലിന്റെ മകൻ; അവൻ ബയശേയാവിന്റെ മകൻ; അവൻ മല്ക്കിയുടെ മകൻ; അവൻ എത്നിയുടെ മകൻ;41അവൻ സേരഹിന്റെ മകൻ; അവൻ അദായാവിന്റെ മകൻ;42അവൻ ഏഥാന്റെ മകൻ; അവൻ സിമ്മയുടെ മകൻ; അവൻ ശിമെയിയുടെ മകൻ;43അവൻ യഹത്തിന്റെ മകൻ; അവൻ ഗേർശോമിന്റെ മകൻ; അവൻ ലേവിയുടെ മകൻ.
44അവരുടെ സഹോദരന്മാരായ മെരാരിയുടെ പുത്രന്മാർ ഇടത്തുഭാഗത്തുനിന്ന്; കീശിയുടെ മകൻ ഏഥാൻ; അവൻ അബ്ദിയുടെ മകൻ; അവൻ മല്ലൂക്കിന്റെ മകൻ;45അവൻ ഹശബ്യാവിന്റെ മകൻ; അവൻ അമസ്യാവിന്റെ മകൻ; അവൻ ഹില്ക്കീയാവിന്റെ മകൻ;46അവൻ അംസിയുടെ മകൻ; അവൻ ബാനിയുടെ മകൻ; അവൻ ശാമെരിന്റെ മകൻ; അവൻ മഹ്ലിയുടെ മകൻ.47അവൻ മൂശിയുടെ മകൻ; അവൻ മെരാരിയുടെ മകൻ; അവൻ ലേവിയുടെ മകൻ.
48അവരുടെ സഹോദരന്മാരായ ലേവ്യർ ദൈവാലയമായ തിരുനിവാസത്തിലെ സകലശുശ്രൂഷയ്ക്കും നിയമിക്കപ്പെട്ടിരുന്നു.
49എന്നാൽ അഹരോനും അവന്റെ പുത്രന്മാരും ഹോമയാഗപീഠത്തിന്മേലും ധൂപപീഠത്തിന്മേലും ബലി അർപ്പിച്ചു; അവർ അതിവിശുദ്ധസ്ഥലത്തിലെ സകലശുശ്രൂഷയ്ക്കും ദൈവത്തിന്റെ ദാസനായ മോശെ കല്പിച്ചപ്രകാരമൊക്കെയും യിസ്രായേലിനുവേണ്ടി പ്രായശ്ചിത്തം ചെയ്യുവാനും നിയമിക്കപ്പെട്ടിരുന്നു.
50അഹരോന്റെ പുത്രന്മാർ: അവന്റെ മകൻ എലെയാസാർ; അവന്റെ മകൻ ഫീനെഹാസ്; അവന്റെ മകൻ അബീശൂവ;51അവന്റെ മകൻ ബുക്കി; അവന്റെ മകൻ ഉസ്സി; അവന്റെ മകൻ സെരഹ്യാവു; അവന്റെ മകൻ മെരായോത്ത്;52അവന്റെ മകൻ അമര്യാവു; അവന്റെ മകൻ അഹീത്തൂബ്;53അവന്റെ മകൻ സാദോക്; അവന്റെ മകൻ അഹീമാസ്.

54ഗ്രാമംഗ്രാമമായി അഹരോന്റെ പിന്തുടർച്ചക്കാരുടെ വാസസ്ഥലങ്ങൾ: കെഹാത്യരുടെ കുലമായ അഹരോന്യർക്ക്55ഒന്നാമത് ചീട്ട് വീണു.അവർക്ക് യെഹൂദാദേശത്ത് ഹെബ്രോനും ചുറ്റുമുള്ള പുല്പുറങ്ങളും കൊടുത്തു.56എന്നാൽ പട്ടണത്തിന്റെ വയലുകളും അതിനോട് ചേർന്ന ഗ്രാമങ്ങളും യെഫുന്നയുടെ മകനായ കാലേബിന് കൊടുത്തു.
57അഹരോന്റെ മക്കൾക്ക് അവർ സങ്കേതനഗരമായ ഹെബ്രോനും ലിബ്നയും അതിന്റെ പുല്പുറങ്ങളും യത്ഥീരും എസ്തെമോവയും അവയുടെ പുല്പുറങ്ങളും58ഹിലോനും പുല്പുറങ്ങളും, ദെബീരും പുല്പുറങ്ങളും
59ആശാനും പുല്പുറങ്ങളും ബേത്ത്-ശേമെശും പുല്പുറങ്ങളും;60ബെന്യാമീൻഗോത്രത്തിൽ നിന്ന് ഗേബയും പുല്പുറങ്ങളും അല്ലേമെത്തും പുല്പുറങ്ങളും അനാഥോത്തും പുല്പുറങ്ങളും കൊടുത്തു. കുലംകുലമായി അവർക്ക് കിട്ടിയ പട്ടണങ്ങൾ ആകെ പതിമൂന്ന്.
61കെഹാത്തിന്റെ ഗോത്രത്തിൽ ബാക്കിയുള്ള മക്കൾക്ക്, മനശ്ശെയുടെ പാതിഗോത്രത്തിൽ നിന്ന്, ചീട്ടിട്ടു പത്ത് പട്ടണങ്ങൾ കൊടുത്തു.62ഗേർശോമിന്റെ മക്കൾക്ക് കുലംകുലമായി യിസ്സാഖാർഗോത്രത്തിലും ആശേർഗോത്രത്തിലും; നഫ്താലിഗോത്രത്തിലും ബാശാനിലെ മനശ്ശെഗോത്രത്തിലും പതിമൂന്ന് പട്ടണങ്ങൾ കൊടുത്തു.
63മെരാരിയുടെ മക്കൾക്ക് കുലംകുലമായി രൂബേൻഗോത്രത്തിലും ഗാദ്ഗോത്രത്തിലും സെബൂലൂൻഗോത്രത്തിലും ചീട്ടിട്ട് പന്ത്രണ്ട് പട്ടണങ്ങൾ കൊടുത്തു.64യിസ്രായേൽമക്കൾ ഈ പട്ടണങ്ങളും പുല്പുറങ്ങളും ലേവ്യർക്ക് കൊടുത്തു.65യെഹൂദാമക്കളുടെ ഗോത്രത്തിലും ശിമെയോൻമക്കളുടെ ഗോത്രത്തിലും ബെന്യാമീൻമക്കളുടെ ഗോത്രത്തിലും പേർ പറഞ്ഞിരിക്കുന്ന ഈ പട്ടണങ്ങളെ ചീട്ടിട്ട് കൊടുത്തു.
66കെഹാത്ത് മക്കളുടെ ചില കുലങ്ങൾക്കോ എഫ്രയീംഗോത്രത്തിൽ തങ്ങൾക്ക് അധീനമായ പട്ടണങ്ങൾ കൊടുത്തു.67സങ്കേതനഗരങ്ങളായ എഫ്രയീം മലനാട്ടിലെ ശെഖേമും പുല്പുറങ്ങളും ഗേസെരും പുല്പുറങ്ങളും യൊക്മെയാമും പുല്പുറങ്ങളും68ബേത്ത്-ഹോരോനും പുല്പുറങ്ങളും69അയ്യാലോനും പുല്പുറങ്ങളും ഗത്ത്-രിമ്മോനും പുല്പുറങ്ങളും
70മനശ്ശെയുടെ പാതി ഗോത്രത്തിൽ ആനേരും പുല്പുറങ്ങളും ബിലെയാമും പുല്പുറങ്ങളും കെഹാത്യരുടെ ശേഷം കുലങ്ങൾക്ക് കൊടുത്തു.
71ഗേർശോമിന്റെ പുത്രന്മാർക്കു മനശ്ശെയുടെ പാതിഗോത്രത്തിന്റെ കുലത്തിൽ ബാശാനിൽ ഗോലാനും പുല്പുറങ്ങളും അസ്തരോത്തും പുല്പുറങ്ങളും;72യിസ്സാഖാൻഗോത്രത്തിൽ കേദെശും പുല്പുറങ്ങളും ദാബെരത്തും പുല്പുറങ്ങളും73രാമോത്തും പുല്പുറങ്ങളും ആനേമും പുല്പുറങ്ങളും;
74ആശേർഗോത്രത്തിൽ മാശാലും പുല്പുറങ്ങളും അബ്ദോനും പുല്പുറങ്ങളും75ഹൂക്കോക്കും പുല്പുറങ്ങളും രെഹോബും പുല്പുറങ്ങളും76നഫ്താലിഗോത്രത്തിൽ ഗലീലയിലെ കേദെശും പുല്പുറങ്ങളും ഹമ്മോനും പുല്പുറങ്ങളും കിര്യഥയീമും പുല്പുറങ്ങളും കൊടുത്തു.
77മെരാരിപുത്രന്മാരിൽ ശേഷമുള്ളവർക്ക് സെബൂലൂൻഗോത്രത്തിൽ രിമ്മോനോവും പുല്പുറങ്ങളും താബോരും പുല്പുറങ്ങളും;78യെരീഹോവിന് സമീപത്ത് യോർദ്ദാന്നക്കരെ യോർദ്ദാന് കിഴക്ക് രൂബേൻഗോത്രത്തിൽ മരുഭൂമിയിലെ ബേസെരും പുല്പുറങ്ങളും യഹസയും പുല്പുറങ്ങളും79കെദേമോത്തും പുല്പുറങ്ങളും മേഫാത്തും പുല്പുറങ്ങളും;
80ഗാദ്ഗോത്രത്തിൽ ഗിലെയാദിലെ രാമോത്തും പുല്പുറങ്ങളും മഹനയീമും പുല്പുറങ്ങളും81ഹെശ്ബോനും പുല്പുറങ്ങളും യാസേരും പുല്പുറങ്ങളും കൊടുത്തു.

7

1യിസ്സാഖാരിന്റെ പുത്രന്മാർ: തോലാ, പൂവാ, യാശൂബ്, ശിമ്രോൻ ഇങ്ങനെ നാലുപേർ.2തോലയുടെ പുത്രന്മാർ: ഉസ്സി, രെഫായാവ്, യെരിയേൽ, യഹ്മായി, യിബ്സാം, ശെമൂവേൽ എന്നിവർ അവരുടെ പിതാവായ തോലയുടെ ഭവനത്തിന് തലവന്മാരും അവരുടെ തലമുറകളിൽ പരാക്രമശാലികളും ആയിരുന്നു; അവരുടെ സംഖ്യ ദാവീദിന്റെ കാലത്ത് ഇരുപത്തീരായിരത്തറുനൂറു (22,600).3ഉസ്സിയുടെ പുത്രൻ യിസ്രഹ്യാവ്; യിസ്രഹ്യാവിന്റെ പുത്രന്മാർ: മീഖായേൽ, ഓബദ്യാവ്, യോവേൽ, യിശ്യാവ് ; ഇവർ അഞ്ചുപേരും തലവന്മാരായിരുന്നു.

4അവരോടുകൂടെ അവരുടെ വംശാവലിപ്രകാരം കുടുംബംകുടുംബമായി സൈന്യഗണങ്ങളായി അറുപത്താറായിരം പേരുണ്ടായിരുന്നു; അവർക്ക് അനേകഭാര്യമാരും പുത്രന്മാരും ഉണ്ടായിരുന്നു.5അവരുടെ സഹോദരന്മാരായി യിസ്സാഖാർകുലങ്ങളിലൊക്കെയും വംശാവലിപ്രകാരം എണ്ണപ്പെട്ട പരാക്രമശാലികൾ ആകെ എൺപത്തേഴായിരംപേർ (87,000).
6ബെന്യാമീന്യർ: ബേല, ബേഖെർ, യെദീയയേൽ ഇങ്ങനെ മൂന്നുപേർ.7ബേലയുടെ പുത്രന്മാർ: എസ്ബോൻ, ഉസ്സി, ഉസ്സീയേൽ, യെരീമോത്ത്, ഈരി ഇങ്ങനെ അഞ്ചുപേർ; തങ്ങളുടെ പിതൃഭവനങ്ങൾക്ക് തലവന്മാരും പരാക്രമശാലികളുമായി വംശാവലിപ്രകാരം എണ്ണപ്പെട്ടവർ ഇരുപത്തീരായിരത്തി മുപ്പത്തിനാലുപേർ (22,034).
8ബെഖെരിന്റെ പുത്രന്മാർ: സെമീരാ, യോവാശ്, എലീയേസർ, എല്യോവേനായി, ഒമ്രി, യെരേമോത്ത്, അബീയാവ് അനാഥോത്ത്, ആലേമെത്ത്; ഇവരെല്ലാവരും ബേഖെരിന്റെ പുത്രന്മാർ.9വംശാവലിപ്രകാരം തലമുറതലമുറയായി അവരുടെ പിതൃഭവനങ്ങൾക്ക് തലവന്മാരായി എണ്ണപ്പെട്ട പരാക്രമശാലികൾ ഇരുപതിനായിരത്തിരുനൂറ് പേർ (20,200).10യെദീയയേലിന്റെ പുത്രൻ: ബിൽഹാൻ; ബിൽഹാന്റെ പുത്രന്മാർ: യെവൂശ്, ബെന്യാമീൻ, ഏഹൂദ്, കെനയനാ, സേഥാൻ, തർശീശ്, അഹീശാഫർ.
11ഇവരെല്ലാവരും യെദീയയേലിന്റെ പുത്രന്മാർ; പിതൃഭവനങ്ങൾക്ക് തലവന്മാരും പരാക്രമശാലികളുമായി യുദ്ധത്തിന് പുറപ്പെടുവാൻ തക്ക പടച്ചേവകർ പതിനേഴായിരത്തിരുനൂറുപേർ (17,200).12ഈരിന്റെ പുത്രന്മാർ: ശുപ്പീം, ഹുപ്പീം;
13അഹേരിന്റെ പുത്രൻ: ഹുശീം; നഫ്താലിയുടെ പുത്രന്മാർ: യഹ്സീയേൽ, ഗൂനി, യേസെർ, ശല്ലൂം; 1 ഇവർ ബിൽഹയുടെ പൗത്രന്മാർ2 .
14മനശ്ശെയുടെ പുത്രന്മാർ: അവന്റെ വെപ്പാട്ടി അരാമ്യസ്ത്രീ പ്രസവിച്ച അസ്രീയേൽ; അവൾ ഗിലെയാദിന്റെ പിതാവായ മാഖീരിനെയും പ്രസവിച്ചു.15എന്നാൽ മാഖീർ ഹുപ്പീമിന്റെയും ശുപ്പീമിന്റെയും സഹോദരിയെ ഭാര്യയായി പരിഗ്രഹിച്ചു; അവരുടെ സഹോദരിയുടെ പേർ മയഖാ എന്നായിരുന്നു; മാഖീരിന്റെ രണ്ടാമത്തെ പുത്രന്റെ പേർ ശെലോഫെഹാദ് എന്നായിരുന്നു; ശെലോഫെഹാദിന് പുത്രിമാർ മാത്രമെ ഉണ്ടായിരുന്നുള്ളൂ.16മാഖീരിന്റെ ഭാര്യ മയഖാ ഒരു മകനെ പ്രസവിച്ചു, അവന് പേരെശ് എന്നു പേർ വിളിച്ചു; അവന്റെ സഹോദരന് ശേരെശ് എന്നു പേർ; അവന്റെ പുത്രന്മാർ ഊലാമും രേക്കെമും ആയിരുന്നു.
17ഊലാമിന്റെ പുത്രന്മാർ: ബെദാൻ. ഇവർ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ പുത്രന്മാർ ആയിരുന്നു.18അവന്റെ സഹോദരിയായ ഹമ്മോലേഖെത്ത്; ഈശ്-ഹോദ്, അബിയേസെർ, മഹ്ലാ എന്നിവരെ പ്രസവിച്ചു.19ശെമീദയുടെ പുത്രന്മാർ: അഹ്യാൻ, ശേഖെം, ലിക്കെഹി, അനീയാം.
20എഫ്രയീമിന്റെ പുത്രന്മാർ: ശൂഥേലഹ്; അവന്റെ മകൻ ബേരെദ്; അവന്റെ മകൻ തഹത്ത്; അവന്റെ മകൻ എലാദാ; അവന്റെ മകൻ തഹത്ത്; അവന്റെ മകൻ സബാദ്;21അവന്റെ മകൻ ശൂഥേലഹ്, ഏസെർ, എലാദാ; ഇവർ ആ ദേശവാസികളായ ഗത്യരുടെ കന്നുകാലികളെ അപഹരിക്കുവാൻ ചെന്നതുകൊണ്ട് അവർ അവരെ കൊന്നുകളഞ്ഞു.22അവരുടെ പിതാവായ എഫ്രയീം വളരെ നാൾ വിലപിച്ചുകൊണ്ടിരുന്നു; അവന്റെ സഹോദരന്മാർ അവനെ ആശ്വസിപ്പിക്കുവാൻ വന്നു.
23പിന്നെ അവൻ തന്റെ ഭാര്യയുടെ അടുക്കൽ ചെന്നു, അവൾ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു; തന്റെ ഭവനത്തിന് ആപത്ത് വന്നതുകൊണ്ട് അവൻ അവന് ബെരീയാവു എന്നു പേർ വിളിച്ചു.24അവന്റെ മകൾ ശെയെരാ; അവൾ താഴയും മുകളിലുമുള്ള ബേത്ത്-ഹോരോനും പട്ടണങ്ങളും ഉസ്സേൻ-ശെയരയും പണിതു.
25അവന്റെ മകൻ രേഫഹും, രേശെഫും; അവന്റെ മകൻ തേലഹ്; അവന്റെ മകൻ തഹൻ; അവന്റെ മകൻ ലദാൻ; അവന്റെ മകൻ അമ്മീഹൂദ്;26അവന്റെ മകൻ എലീശാമാ; അവന്റെ മകൻ നൂൻ;27അവന്റെ മകൻ യെഹോശൂവാ.
28അവരുടെ അവകാശങ്ങളും വാസസ്ഥലങ്ങളും: ബേഥേലും അതിനോട് ചേർന്ന ഗ്രാമങ്ങളും, കിഴക്കോട്ട് നയരാനും, പടിഞ്ഞാറോട്ട് ഗേസെരും അതിനോട് ചേർന്ന ഗ്രാമങ്ങളും, ഗസ്സയും അതിനോട് ചേർന്ന ഗ്രാമങ്ങളുംവരെയുള്ള ശെഖേമും അതിനോട് ചേർന്ന ഗ്രാമങ്ങളും,29മനശ്ശെയരുടെ ദേശത്തിന്നരികെ ബേത്ത്-ശെയാനും അതിന്റെ ഗ്രാമങ്ങളും, താനാക്കും അതിന്റെ ഗ്രാമങ്ങളും, മെഗിദ്ദോവും അതിന്റെ ഗ്രാമങ്ങളും, ദോരും അതിന്റെ ഗ്രാമങ്ങളും; അവയിൽ യിസ്രായേലിന്റെ മകനായ യോസേഫിന്റെ പുത്രന്മാർ പാർത്തു.
30ആശേരിന്റെ പുത്രന്മാർ: യിമ്നാ, യിശ്വാ, യിശ്വി, ബെരീയാവു; ഇവരുടെ സഹോദരി സേരഹ്.31ബെരീയാവിന്റെ പുത്രന്മാർ: ഹേബെർ, ബിർസയീത്തിന്റെ അപ്പനായ മല്ക്കീയേൽ.32ഹേബെർ യഫ്ലേത്തിനെയും ശേമേരിനെയും ഹോഥാമിനെയും അവരുടെ സഹോദരിയായ ശൂവയെയും ജനിപ്പിച്ചു.
33യഫ്ലേത്തിന്റെ പുത്രന്മാർ: പാസാക്, ബിംഹാൽ, അശ്വാത്ത്; ഇവർ യഫ്ലേത്തിന്റെ പുത്രന്മാർ.34ശേമേരിന്റെ പുത്രന്മാർ: അഹീ, രൊഹ്ഗാ, യെഹുബ്ബാ, അരാം.35അവന്റെ സഹോദരനായ ഹേലെമിന്റെ പുത്രന്മാർ: സോഫഹ്, യിമ്നാ, ശേലെശ്, ആമാൽ.
36സോഫഹിന്റെ പുത്രന്മാർ: സൂഹ, ഹർന്നേഫെർ, ശൂവാൽ, ബേരി, യിമ്രാ,37ബേസെർ, ഹോദ്, ശമ്മാ, ശിൽശാ, യിഥ്രാൻ, ബെയേരാ.38യേഥെരിന്റെ പുത്രന്മാർ: യെഫുന്നെ, പിസ്പാ, അരാ.
39ഉല്ലയുടെ പുത്രന്മാർ: ആരഹ്, ഹന്നീയേൽ, രിസ്യാ.40ഇവർ എല്ലാവരും ആശേരിന്റെ പുത്രന്മാരായി പിതൃഭവനങ്ങൾക്ക് തലവന്മാരും ശ്രേഷ്ഠന്മാരും പരാക്രമശാലികളും പ്രഭുക്കന്മാരിൽ പ്രധാനികളും ആയിരുന്നു. വംശാവലിപ്രകാരം യുദ്ധസേവയ്ക്ക് പ്രാപ്തന്മാരായി എണ്ണപ്പെട്ടവരുടെ സംഖ്യ ഇരുപത്താറായിരം തന്നേ.


1 7:13 ഉല്പത്തി 30:8
2 7:13 പൗത്രന്മാർ = പുത്രന്റെ പുത്രന്മാർ

8

1ബെന്യാമീൻ ആദ്യജാതനായ ബേലയെയും രണ്ടാമനായ അശ്ബേലിനെയും മൂന്നാമനായ അഹൂഹിനെയും2നാലാമനായ നോഹയെയും അഞ്ചാമനായ രഫായെയും ജനിപ്പിച്ചു.3ബേലയുടെ പുത്രന്മാർ: അദ്ദാർ, ഗേരാ,4അബീഹൂദ്, അബീശൂവ, നയമാൻ, അഹോഹ്,5ഗേരാ, ശെഫൂഫാൻ, ഹൂരാം.

6ഏഹൂദിന്റെ പുത്രന്മാരോ--അവർ ഗേബനിവാസികളുടെ പിതൃഭവനങ്ങൾക്ക് തലവന്മാർ; അവർ അവരെ മാനഹത്തിലേക്ക് പിടിച്ചുകൊണ്ടുപോയി;7നയമാൻ, അഹീയാവ്, ഗേരാ എന്നിവരെ അവൻ പിടിച്ചു കൊണ്ടുപോയി--പിന്നെ അവൻ ഹുസ്സയെയും അഹീഹൂദിനെയും ജനിപ്പിച്ചു.
8ശഹരയീം തന്റെ ഭാര്യമാരായ ഹൂശീമിനെയും ബയരയെയും ഉപേക്ഷിച്ചശേഷം മോവാബ് ദേശത്ത് പുത്രന്മാരെ ജനിപ്പിച്ചു.9അവൻ തന്റെ ഭാര്യയായ ഹോദേശിൽ യോബാബ്, സിബ്യാവ്, മേശാ, മല്ക്കാം,10യെവൂസ്, സാഖ്യാവ്, മിർമ്മാ എന്നിവരെ ജനിപ്പിച്ചു. ഇവർ അവന്റെ പുത്രന്മാരും പിതൃഭവനങ്ങൾക്ക് തലവന്മാരും ആയിരുന്നു.11ഹൂശീമിൽ അവൻ അബീത്തൂബിനെയും എല്പയലിനെയും ജനിപ്പിച്ചു.
12എല്പയലിന്റെ പുത്രന്മാർ: ഏബെർ, മിശാം, ശേമെർ; ഇവൻ ഓനോവും ലോദും അതിനോട് ചേർന്ന പട്ടണങ്ങളും പണിതു;13ബെരീയാവ്, ശേമ--ഇവർ അയ്യാലോൻ നിവാസികളുടെ പിതൃഭവനങ്ങൾക്ക് തലവന്മാരായിരുന്നു. അവർ ഗത്ത് നിവാസികളെ ഓടിച്ചുകളഞ്ഞു;
14അഹ്യോ, ശാശക്, യെരോമോത്ത്,15സെബദ്യാവ്, അരാദ്, ഏദെർ, മീഖായേൽ,16യിശ്പാ, യോഹാ; എന്നിവർ ബെരീയാവിന്റെ പുത്രന്മാർ.17സെബദ്യാവ്, മെശുല്ലാം, ഹിസ്കി, ഹെബെർ,18യിശ്മെരായി, യിസ്ലീയാവ്, യോബാബ് എന്നിവർ
19എല്പയലിന്റെ പുത്രന്മാർ. യാക്കീം, സിക്രി,20സബ്ദി, എലിയേനായി, സില്ലെഥായി,21എലീയേർ, അദായാവ്, ബെരായാവ്, ശിമ്രാത്ത് എന്നിവർ ശിമിയുടെ പുത്രന്മാർ;
22യിശ്ഫാൻ, ഏബെർ, എലീയേൽ,23അബ്ദോൻ, സിക്രി, ഹാനാൻ24ഹനന്യാവ്, ഏലാം, അന്ഥോഥ്യാവ്,25യിഫ്ദേയാ, പെനൂവേൽ എന്നിവർ ശാശക്കിന്റെ പുത്രന്മാർ.
26ശംശെരായി, ശെഹര്യാവു, അഥല്യാവ്,27യാരെശ്യാവു, എലീയാവു, സിക്രി എന്നിവർ യെരോഹാമിന്റെ പുത്രന്മാർ.28ഇവർ അവരുടെ തലമുറകളിൽ പിതൃഭവനങ്ങൾക്ക് തലവന്മാരും പ്രധാനികളും ആയിരുന്നു; അവർ യെരൂശലേമിൽ പാർത്തിരുന്നു.
29ഗിബെയോനിൽ ഗിബെയോന്റെ പിതാവായ യെയീയേലും അവന്റെ ഭാര്യ മയഖായും താമസിച്ചിരുന്നു30അവന്റെ ആദ്യജാതൻ അബ്ദോൻ കൂടാതെ സൂർ, കീശ്, ബാൽ, നാദാബ്,31ഗെദോർ, അഹ്യോ, സേഖെർ എന്നിവരും താമസിച്ചിരുന്നു.
32മിക്ലോത്ത് ശിമെയയെ ജനിപ്പിച്ചു; ഇവരും തങ്ങളുടെ സഹോദരന്മാരോടുകൂടെ യെരൂശലേമിൽ താമസിച്ചു.33നേർ കീശിനെ ജനിപ്പിച്ചു, കീശ് ശൗലിനെ ജനിപ്പിച്ചു, ശൗൽ യോനാഥാനെയും മല്ക്കീശൂവയെയും അബീനാദാബിനെയും എശ്-ബാലിനെയും ജനിപ്പിച്ചു.34യോനാഥാന്റെ മകൻ മെരീബ്ബാൽ; മെരീബ്ബാൽ മീഖയെ ജനിപ്പിച്ചു.
35മീഖയുടെ പുത്രന്മാർ: പീഥോൻ, മേലെക്, തരേയ, ആഹാസ്.36ആഹാസ് യെഹോവദ്ദയെ ജനിപ്പിച്ചു; യഹോവദ്ദാ അലേമെത്ത്, അസ്മാവെത്ത്, സിമ്രി എന്നിവരെ ജനിപ്പിച്ചു; സിമ്രി മോസയെ ജനിപ്പിച്ചു; മോസാ ബിനയയെ ജനിപ്പിച്ചു;37അവന്റെ മകൻ രാഫാ; അവന്റെ മകൻ ഏലാസാ;
38അവന്റെ മകൻ ആസേൽ; ആസേലിന് ആറ് പുത്രന്മാർ ഉണ്ടായിരുന്നു; അവരുടെ പേരുകൾ: അസ്രീക്കാം, ബൊഖ്രൂം, യിശ്മായേൽ, ശെര്യാവു, ഓബദ്യാവു, ഹാനാൻ. ഇവർ എല്ലാവരും ആസേലിന്റെ പുത്രന്മാർ.39ആസേലിന്റെ സഹോദരനായ ഏശെക്കിന്റെ പുത്രന്മാർ: അവന്റെ ആദ്യജാതൻ ഊലാം; രണ്ടാമൻ യെവൂശ്, മൂന്നാമൻ എലീഫേലെത്ത്.40ഊലാമിന്റെ പുത്രന്മാർ പരാക്രമശാലികളും വില്ലാളികളും ആയിരുന്നു; അവർക്ക് അനേകം പുത്രന്മാരും പൗത്രന്മാരും ഉണ്ടായിരുന്നു. അവരുടെ സംഖ്യ നൂറ്റമ്പത്. ഇവർ എല്ലാവരും ബെന്യാമീന്യസന്തതികൾ.

9

1യിസ്രായേൽ മുഴുവനും വംശാവലിയായി രേഖപ്പെടുത്തിയിരുന്നു; അത് യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. യെഹൂദയെയോ അവരുടെ അകൃത്യം നിമിത്തം പ്രവാസികളായി ബാബേലിലേക്കു കൊണ്ടുപോയി.2അവരുടെ അവകാശത്തിലും പട്ടണങ്ങളിലും ഉണ്ടായിരുന്ന ആദ്യനിവാസികൾ യിസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും ദൈവാലയദാസന്മാരും ആയിരുന്നു.3യെരൂശലേമിലോ ചില യെഹൂദ്യരും ബെന്യാമീന്യരും എഫ്രയീമ്യരും മനശ്ശേയരും താമസിച്ചു.

4അവർ: യെഹൂദയുടെ മകനായ പേരെസ്സിന്റെ മക്കളിൽ ബാനിയുടെ മകനായ ഇമ്രിയുടെ മകനായ ഒമ്രിയുടെ മകനായ അമ്മീഹൂദിന്റെ മകൻ ഊഥായി;5ശീലോന്യരിൽ ആദ്യജാതനായ അസായാവും അവന്റെ പുത്രന്മാരും;6സേരഹിന്റെ പുത്രന്മാരിൽ യെയൂവേലും അവരുടെ സഹോദരന്മാരുമായ അറുനൂറ്റി തൊണ്ണൂറുപേരും (690)
7ബെന്യാമീൻ പുത്രന്മാരിൽ ഹസ്സെനൂവയുടെ മകനായ ഹോദവ്യാവിന്റെ മകനായ മെശുല്ലാമിന്റെ മകനായ സല്ലൂവും8യെരോഹാമിന്റെ മകനായ യിബ്നെയാവും മിക്രിയുടെ മകനായ ഉസ്സിയുടെ മകൻ ഏലയും യിബ്നെയാവിന്റെ മകനായ രെയൂവേലിന്റെ മകനായ ശെഫത്യാവിന്റെ മകൻ മെശുല്ലാമും9തലമുറതലമുറയായി അവരുടെ സഹോദരന്മാർ ആകെ തൊള്ളായിരത്തമ്പത്താറുപേരും (956). ഈ പുരുഷന്മാരൊക്കെയും അവരവരുടെ പിതൃഭവനങ്ങളിൽ കുടുംബത്തലവന്മാരായിരുന്നു.

10പുരോഹിതന്മാരായ യെദയാവും യെഹോയാരീബും യാഖീനും,11അഹീത്തൂബിന്റെ മകനായ മെരായോത്തിന്റെ മകനായ സാദോക്കിന്റെ മകനായ മെശുല്ലാമിന്റെ മകനായ ഹില്ക്കീയാവിന്റെ മകനായി ദൈവാലയാധിപനായ
12അസര്യാവും, മല്ക്കീയാവിന്റെ മകനായ പശ്ഹൂരിന്റെ മകനായ യെരോഹാമിന്റെ മകൻ അദായാവും, ഇമ്മോരിന്റെ മകനായ മെശില്ലേമീത്തിന്റെ മകനായ മെശുല്ലാമിന്റെ മകനായ യഹ്സേരയുടെ മകനായ അദീയേലിന്റെ മകൻ മയശായിയും13പിതൃഭവനങ്ങൾക്കു തലവന്മാരായ അവരുടെ സഹോദരന്മാരും ആകെ ആയിരത്തെഴുനൂറ്ററുപതുപേർ (1760). ഇവർ ദൈവാലയത്തിലെ ശുശ്രൂഷക്ക് അതിസമർത്ഥർ ആയിരുന്നു.
14ലേവ്യരിലോ മെരാര്യരിൽ ഹശബ്യാവിന്റെ മകനായ അസ്രീക്കാമിന്റെ മകനായ ഹശ്ശൂബിന്റെ മകനായ ശെമയ്യാവും15ബക്ബക്കരും ഹേറെശും ഗാലാലും ആസാഫിന്റെ മകനായ സിക്രിയുടെ മകനായ മീഖയുടെ മകൻ മത്ഥന്യാവും16യെദൂഥൂന്റെ മകനായ ഗാലാലിന്റെ മകനായ ശെമയ്യാവിന്റെ മകൻ ഓബദ്യാവും നെതോഫാത്യരുടെ ഗ്രാമങ്ങളിൽ താമസിച്ചിരുന്ന എല്ക്കാനയുടെ മകനായ
17ആസയുടെ മകൻ ബെരെഖ്യാവും ആയിരുന്നു. വാതിൽകാവല്ക്കാരായി ശല്ലൂമും അക്കൂബും തൽമോനും അഹീമാനും അവരുടെ സഹോദരന്മാരും ഉണ്ടായിരുന്നു. ശല്ലൂമും അവരുടെ തലവനായിരുന്നു.18ലേവ്യപാളയത്തിൽ വാതിൽകാവല്ക്കാരായ ഇവർ കിഴക്കു വശത്ത് രാജപടിവാതില്ക്കൽ ഇന്നുവരെ കാവൽചെയ്തുവരുന്നു.19കോരഹിന്റെ മകനായ എബ്യാസാഫിന്റെ മകനായ കോരേയുടെ മകൻ ശല്ലൂമും, അവന്റെ പിതൃഭവനത്തിലെ അവന്റെ സഹോദരന്മാരായ കോരഹ്യരും കൂടാരത്തിന്റെ വാതിൽകാവല്ക്കാരായി ശുശ്രൂഷയ്ക്ക് മേൽനോട്ടം വഹിക്കുന്നവരായിരുന്നു; അവരുടെ പിതാക്കന്മാരും യഹോവയുടെ പാളയത്തിന് പ്രവേശനപാലകരായി മേൽനോട്ടം വഹിക്കുന്നവരായിരുന്നു.
20എലെയാസാരിന്റെ മകനായ ഫീനെഹാസ് പണ്ടു അവരുടെ അധിപനായിരുന്നു; യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു.21മെശേലെമ്യാവിന്റെ മകനായ സെഖര്യാവു സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ കാവല്ക്കാരനായിരുന്നു.
22വാതിൽകാവല്ക്കാരായി നിയമിക്കപ്പെട്ടിരുന്ന ഇവർ ആകെ ഇരുനൂറ്റി പന്ത്രണ്ടുപേർ. അവർ തങ്ങളുടെ ഗ്രാമങ്ങളിൽ വംശാവലിപ്രകാരം രേഖപ്പെടുത്തിയിരുന്നു; ദാവീദും ദർശകനായ ശമൂവേലും ആയിരുന്നു അവരെ നിയമിച്ചത്.23ഇങ്ങനെ അവരും അവരുടെ പുത്രന്മാരും കൂടാരനിവാസമായ യഹോവയുടെ ആലയത്തിന്റെ വാതിലുകൾക്കു മുറപ്രകാരം കാവല്ക്കാരായിരുന്നു.24കിഴക്കും പടിഞ്ഞാറും വടക്കും തെക്കും ഇങ്ങനെ നാലുവശത്തും കാവല്ക്കാരുണ്ടായിരുന്നു.
25ഗ്രാമങ്ങളിലെ അവരുടെ സഹോദരന്മാർ ഏഴ് ദിവസം കൂടുംതോറും മാറി മാറി വന്നു അവരോടുകൂടെ കാവല്ക്കാരായിരുന്നു.26വാതിൽകാവല്ക്കാരിൽ പ്രധാനികളായ ഈ നാലും ലേവ്യരും ഉദ്യോഗസ്ഥരായി ദൈവാലയത്തിലെ മുറികൾക്കും ഭണ്ഡാരത്തിന്നും മേൽനോട്ടം നടത്തിയിരുന്നു.27കാവൽ നിൽക്കുന്നതും രാവിലെതോറും വാതിൽ തുറക്കുന്ന ജോലിയും അവർക്കുള്ളതുകൊണ്ടു അവർ ദൈവാലയത്തിന്റെ ചുറ്റും താമസിച്ചുവന്നു.
28അവരിൽ ചിലർക്കു ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങളുടെ ചുമതല ഉണ്ടായിരുന്നു; അവയെ എണ്ണി അകത്തു കൊണ്ടുപോയും പുറത്ത് കൊണ്ടുവരികയും ചെയ്യും.29അവരിൽ ചിലരെ ഉപകരണങ്ങൾക്കും സകലവിശുദ്ധപാത്രങ്ങൾക്കും, മാവ്, വീഞ്ഞ്, കുന്തുരുക്കം, സുഗന്ധവർഗ്ഗം എന്നിവയ്ക്കും മേൽനോട്ടക്കാരായി നിയമിച്ചിരുന്നു.
30പുരോഹിതപുത്രന്മാരിൽ ചിലർ സുഗന്ധതൈലം ഉണ്ടാക്കും.31ലേവ്യരിൽ ഒരുവനായ കോരഹ്യനായ ശല്ലൂമിന്റെ ആദ്യജാതൻ മത്ഥിഥ്യാവിന് ചട്ടികളിൽ ചുട്ടുണ്ടാക്കിയ സാധനങ്ങളുടെ മേൽനോട്ടം ഉണ്ടായിരുന്നു.32കെഹാത്യരായ അവരുടെ സഹോദരന്മാരിൽ ചിലർക്കു ശബ്ബത്തുതോറും കാഴ്ചയപ്പം ഒരുക്കുവാനുള്ള ചുമതല ഉണ്ടായിരുന്നു.
33ലേവ്യരുടെ പിതൃഭവനങ്ങളിൽ പ്രധാനികളായ ഇവർ സംഗീതക്കാരായി അവിടെ താമസിച്ചിരുന്നു. അവർ രാവും പകലും തങ്ങളുടെ വേല ചെയ്യേണ്ടിയിരുന്നതുകൊണ്ടു മറ്റു ശുശ്രൂഷകളിൽനിന്ന് ഒഴിവുള്ളവരായിരുന്നു.34ഈ പ്രധാനികൾ ലേവ്യരുടെ പിതൃഭവനങ്ങൾക്കു തലമുറതലമുറയായി തലവന്മാരായിരുന്നു; അവർ യെരൂശലേമിൽ താമസിച്ചിരുന്നു.

35ഗിബെയോനിൽ ഗിബെയോന്റെ പിതാവായ യെയീയേലും ഭാര്യ മയഖായും36അവന്റെ മൂത്തമകൻ അബ്ദോൻ, സൂർ, കീശ്, ബാൽ, നേർ,37നാദാബ്, ഗെദോർ, അഹ്യോ, സെഖര്യാവ്, മിക്ലോത്ത് എന്നിവരും താമസിച്ചിരുന്നു.
38മിക്ലോത്ത് ശിമെയാമിനെ ജനിപ്പിച്ചു; അവർ തങ്ങളുടെ സഹോദരന്മാരോടുകൂടെ യെരൂശലേമിൽ താമസിച്ചിരുന്നു39നേർ കീശിനെ ജനിപ്പിച്ചു; കീശ് ശൗലിനെ ജനിപ്പിച്ചു; ശൗൽ യോനാഥാനെയും മല്ക്കീശൂവയെയും അബീനാദാബിനെയും എശ്-ബാലിനെയും ജനിപ്പിച്ചു.40യോനാഥാന്റെ മകൻ മെരീബ്ബാൽ; മെരീബ്ബാൽ മീഖയെ ജനിപ്പിച്ചു.
41മീഖയുടെ പുത്രന്മാർ: പീഥോൻ, മേലെക്, തഹ്രേയ, ആഹാസ്.42ആഹാസ് യാരയെ ജനിപ്പിച്ചു; യാരാ അലേമെത്തിനെയും അസ്മാവെത്തിനെയും സിമ്രിയെയും ജനിപ്പിച്ചു; സിമ്രി മോസയെ ജനിപ്പിച്ചു;43മോസ ബിനെയയെ ജനിപ്പിച്ചു; അവന്റെ മകൻ രെഫയാവു; അവന്റെ മകൻ എലാസാ; അവന്റെ മകൻ ആസേൽ.44ആസേലിന് ആറു മക്കൾ ഉണ്ടായിരുന്നു; അവരുടെ പേരുകൾ: അസ്രീക്കാം, ബെക്രൂ, യിശ്മായേൽ, ശെയര്യാവു, ഓബദ്യാവു, ഹാനാൻ; ഇവർ ആസേലിന്റെ മക്കൾ.

10

1ഫെലിസ്ത്യർ യിസ്രായേലിനോട് യുദ്ധം ചെയ്തു; യിസ്രായേല്യർ ഫെലിസ്ത്യരുടെ മുമ്പിൽനിന്ന് ഓടി ഗിൽബോവപർവ്വതത്തിൽ കൊല്ലപ്പെട്ടവരായി വീണു.2ഫെലിസ്ത്യർ ശൗലിനെയും മക്കളെയും പിന്തുടർന്നു; ഫെലിസ്ത്യർ ശൗലിന്റെ മക്കളായ യോനാഥാനെയും അബീനാദാബിനെയും മല്ക്കീശൂവയെയും വെട്ടിക്കൊന്നു.3ശൗലിനെതിരെയുള്ള യുദ്ധം ഏറ്റവും ഉഗ്രമായി. വില്ലാളികൾ അവനെ മുറിവേല്പിച്ചു.

4അപ്പോൾ ശൗൽ തന്റെ ആയുധവാഹകനോട്:“ഈ അഗ്രചർമ്മികൾ വന്ന് എന്നെ അപമാനിക്കാതിരിക്കേണ്ടതിന് നിന്റെ വാൾ ഊരി എന്നെ കുത്തുക” എന്നു പറഞ്ഞു; അവന്റെ ആയുധവാഹകൻ ഏറ്റവും ഭയപ്പെട്ടതുകൊണ്ടു അവന് മനസ്സുവന്നില്ല. അതുകൊണ്ടു ശൗൽ ഒരു വാൾ പിടിച്ചു അതിന്മേൽ വീണു.
5ശൗൽ മരിച്ചു എന്നു അവന്റെ ആയുധവാഹകൻ കണ്ടപ്പോൾ താനും അങ്ങനെ തന്നെ തന്റെ വാളിന്മേൽ വീണു മരിച്ചു.6ഇങ്ങനെ ശൗലും മൂന്നു മക്കളും അവന്റെ ഭവനത്തിലുള്ളവരൊക്കെയും ഒരുമിച്ച് മരിച്ചു.
7അവർ ഓടിപ്പോയി; ശൗലും മക്കളും മരിച്ചു എന്നു താഴ്വരയിലുള്ള യിസ്രായേല്യരൊക്കെയും കണ്ടിട്ടു അവർ തങ്ങളുടെ പട്ടണങ്ങളെ വിട്ടു ഓടിപ്പോയി; ഫെലിസ്ത്യർ വന്നു അവയിൽ താമസിച്ചു.

8പിറ്റെന്നാൾ ഫെലിസ്ത്യർ കൊല്ലപ്പെട്ടവരുടെ വസ്ത്രം ഉരിവാൻ വന്നപ്പോൾ ശൗലും പുത്രന്മാരും ഗിൽബോവപർവ്വതത്തിൽ വീണുകിടക്കുന്നതു കണ്ടു.
9അവർ അവന്റെ വസ്ത്രം ഉരിഞ്ഞു, തലവെട്ടിയെടുത്തു; ആയുധങ്ങളും എടുത്തു തങ്ങളുടെ വിഗ്രഹക്ഷേത്രങ്ങളിലും ജനത്തിന്റെ ഇടയിലും വർത്തമാനം അറിയിക്കേണ്ടതിന് ഫെലിസ്ത്യദേശത്തെല്ലാടവും ആളയച്ചു.10അവന്റെ ആയുധങ്ങൾ അവർ തങ്ങളുടെ ദേവന്റെ ക്ഷേത്രത്തിൽ വച്ചു; അവന്റെ തലയെ ദാഗോന്റെ ക്ഷേത്രത്തിൽ തറെച്ചു.
11ഫെലിസ്ത്യർ ശൗലിനോടു ചെയ്തതൊക്കെയും ഗിലെയാദിലെ യാബേശ് നിവാസികൾ കേട്ടപ്പോൾ12വീരന്മാരെല്ലാവരും ശൗലിന്റെ ശവവും അവന്റെ പുത്രന്മാരുടെ ശവങ്ങളും എടുത്ത് യാബേശിലേക്കു കൊണ്ടുവന്നു; അവരുടെ അസ്ഥികളെ യാബേശിലെ കരുവേലകത്തിൻ കീഴിൽ കുഴിച്ചിട്ടു ഏഴു ദിവസം ഉപവസിച്ചു.
13ഇങ്ങനെ ശൗൽ യഹോവയോടു അവിശ്വസ്തത കാണിച്ചതിനാൽ മരിക്കേണ്ടിവന്നു കാരണം അവൻ യഹോവയുടെ വചനം പ്രമാണിക്കാതിരിക്കുകയും വെളിച്ചപ്പാടത്തിയോടു അരുളപ്പാടു ചോദിക്കുകയും ചെയ്തു .14അവൻ യഹോവയോടു അരുളപ്പാടു ചോദിക്കായ്കയാൽ യഹോവ അവനെ കൊന്ന് രാജത്വം യിശ്ശായിയുടെ മകനായ ദാവീദിന് കൊടുത്തു.

11

1അനന്തരം യിസ്രായേലെല്ലാം ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ ഒന്നിച്ചുകൂടി പറഞ്ഞത്:“ ഞങ്ങൾ നിന്റെ അസ്ഥിയും മാംസവും അല്ലോ.2മുമ്പ് ശൗൽ രാജാവായിരുന്ന കാലത്തും നീയായിരുന്നു നായകനായി യിസ്രായേലിനെ നടത്തിയത്: നീ എന്റെ ജനമായ യിസ്രായേലിനെ മേയ്ക്കയും എന്റെ ജനമായ യിസ്രായേലിന് പ്രഭുവായിരിക്കയും ചെയ്യുമെന്നു നിന്റെ ദൈവമായ യഹോവ നിന്നോടു അരുളിച്ചെയ്തിട്ടുമുണ്ട്.3ഇങ്ങനെ യിസ്രായേൽമൂപ്പന്മാരൊക്കെയും ഹെബ്രോനിൽ രാജാവിന്റെ അടുക്കൽ വന്നു; ദാവീദ് ഹെബ്രോനിൽവച്ച് യഹോവയുടെ സന്നിധിയിൽ അവരോടു ഉടമ്പടി ചെയ്തു; ശമൂവേൽ മുഖാന്തരം യഹോവ അരുളിച്ചെയ്തതുപോലെ അവർ ദാവീദിനെ യിസ്രായേലിന് രാജാവായിട്ടു അഭിഷേകം ചെയ്തു.

4പിന്നെ ദാവീദും എല്ലായിസ്രായേലും യെബൂസ് എന്ന യെരൂശലേമിലേക്കു ചെന്നു. അവിടെ ദേശനിവാസികളായ യെബൂസ്യർ ഉണ്ടായിരുന്നു.5യെബൂസ് നിവാസികൾ ദാവീദിനോടു: “നീ ഇവിടെ കടക്കയില്ല” എന്നു പറഞ്ഞു; എങ്കിലും ദാവീദ് സീയോൻകോട്ട പിടിച്ചു; അതു ആകുന്നു ദാവീദിന്റെ നഗരം.6എന്നാൽ ദാവീദ്: “ആരെങ്കിലും യെബൂസ്യരെ ആദ്യം തോല്പിച്ചാൽ അവൻ തലവനും സേനാധിപതിയും ആയിരിക്കും” എന്നു പറഞ്ഞു; അങ്ങനെ സെരൂയയുടെ മകൻ യോവാബ് ആദ്യം കയറിച്ചെന്നു; തലവനായിത്തീർന്നു.
7ദാവീദ് ആ കോട്ടയിൽ താമസിച്ചതുകൊണ്ട് അതിന് ദാവീദിന്റെ നഗരം എന്നു പേരായി.8പിന്നെ അവൻ നഗരത്തെ മില്ലോ മുതൽ ചുറ്റിലും പണിതു ഉറപ്പിച്ചു; നഗരത്തിന്റെ ശേഷമുള്ള ഭാഗം യോവാബ് കേടുതീർത്തു.9സൈന്യങ്ങളുടെ യഹോവ തന്നോടുകൂടെ ഉണ്ടായിരുന്നതിനാൽ ദാവീദ് മേല്ക്കുമേൽ പ്രബലനായിത്തീർന്നു.

10ദാവീദിന് ഉണ്ടായിരുന്ന പ്രധാന വീരന്മാർ യിസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ വചനപ്രകാരം അവനെ രാജാവാക്കേണ്ടതിന് അവർ എല്ലാ യിസ്രായേലുമായി രാജത്വം സംബന്ധിച്ചു അവന്റെ പക്ഷം മുറുകെപ്പിടിച്ചു.11ദാവീദിനുണ്ടായിരുന്ന വീരന്മാരുടെ സംഖ്യയാണിത്: മുപ്പതുപേരിൽ പ്രധാനിയായി ഹഖമോന്യന്റെ മകനായ യാശോബെയാം; അവൻ മുന്നൂറുപേരുടെ നേരെ കുന്തം ഓങ്ങി ഒരേ സമയത്ത് അവരെ കൊന്നുകളഞ്ഞു.
12അവന്റെ ശേഷം അഹോഹ്യനായ ദോദോവിന്റെ മകൻ എലെയാസാർ; അവൻ മൂന്നു വീരന്മാരിൽ ഒരുവൻ ആയിരുന്നു.13ഫെലിസ്ത്യർ പസ്-ദമ്മീമിൽ യുദ്ധത്തിന് കൂടിയപ്പോൾ അവൻ അവിടെ ദാവീദിനോടു കൂടെ ഉണ്ടായിരുന്നു. അവിടെ 1 യവം നിറഞ്ഞ ഒരു വയൽ ഉണ്ടായിരുന്നു; പടജ്ജനം ഫെലിസ്ത്യരുടെ മുമ്പിൽനിന്നു ഓടിപ്പോയി.14എന്നാൽ അവർ ആ വയലിന്റെ മദ്ധ്യേ നിന്ന് അതിനെ കാത്ത് ഫെലിസ്ത്യരെ വെട്ടിക്കളഞ്ഞു; യഹോവ അവർക്കു വൻവിജയം നല്കി.
15ഒരിക്കൽ ഫെലിസ്ത്യരുടെ സൈന്യം രെഫയീംതാഴ്വരയിൽ പാളയമിറങ്ങിയിരിക്കുമ്പോൾ, മുപ്പതു തലവന്മാരിൽ മൂന്നുപേർ പാറയിൽ അദുല്ലാംഗുഹയിൽ ദാവീദിന്റെ അടുക്കൽ ചെന്നു.16അന്ന് ദാവീദ് രക്ഷാസങ്കേതത്തിൽ ആയിരുന്നു; ഫെലിസ്ത്യർക്ക് അക്കാലത്ത് ബേത്ത്ലേഹെമിൽ ഒരു കാവൽപ്പട്ടാളം ഉണ്ടായിരുന്നു.17“ബേത്ത്ലേഹെം പട്ടണവാതില്ക്കലെ കിണറ്റിൽനിന്ന് വെള്ളം എനിക്കു കുടിപ്പാൻ ആർ കൊണ്ടുവന്ന് തരും” എന്നു ദാവീദ് ആർത്തിപൂണ്ടു പറഞ്ഞു.
18അപ്പോൾ ആ മൂന്നു പേരും ഫെലിസ്ത്യരുടെ പാളയത്തിൽകൂടി കടന്നുചെന്നു ബേത്ത്ലേഹെം പട്ടണവാതില്ക്കലെ കിണറ്റിൽനിന്നു വെള്ളംകോരി ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു; ദാവീദോ അതു കുടിക്കുവാൻ മനസ്സില്ലാതെ യഹോവയ്ക്കു സമർപ്പിച്ചു:19“ഇത് ചെയ്യുവാൻ എന്റെ ദൈവം എനിക്കു സംഗതി വരുത്തരുതേ; സ്വന്തം പ്രാണൻ ഉപേക്ഷിച്ചു പോയ പുരുഷന്മാരുടെ രക്തം ഞാൻ കുടിക്കുകയോ? അവർ തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചാണല്ലോ അത് കൊണ്ടുവന്നിരിക്കുന്നത്” എന്നു പറഞ്ഞു; അതുകൊണ്ടു അവന് അത് കുടിക്കുവാൻ മനസ്സായില്ല; ഇതാകുന്നു ഈ മൂന്നു വീരന്മാർ ചെയ്തതു.
20യോവാബിന്റെ സഹോദരനായ അബീശായി വേറെ മൂന്നുപേരുടെ തലവനായിരുന്നു; അവൻ മുന്നൂറുപേരുടെ നേരെ കുന്തം ഓങ്ങി, അവരെ കൊന്നു; അതുകൊണ്ടു അവൻ ആ മൂന്നുപേരിൽവെച്ചു പ്രസിദ്ധനായി;21ഈ മൂന്നുപേരിൽ രണ്ടുപേരെക്കാൾ അധികം ബഹുമാനം അവൻ പ്രാപിച്ചു അവർക്കു നായകനായ്തീർന്നു; എന്നാൽ അവൻ ആദ്യത്തെ മൂന്നുപേരോളം വരികയില്ല.
22കബ്സേലിൽ ഒരു പരാക്രമശാലിയുടെ മകനായ യെഹോയാദയുടെ മകനായ ബെനായാവും വീര്യപ്രവൃത്തികൾ ചെയ്തു. അവൻ മോവാബിലെ അരീയേലിന്റെ രണ്ടു പുത്രന്മാരെ സംഹരിച്ചത് കൂടാതെ മഞ്ഞുകാലത്ത് ഒരു ഗുഹയിൽ ചെന്നു ഒരു സിംഹത്തെയും കൊന്നുകളഞ്ഞു.23അവൻ അഞ്ചുമുഴം ഉയരമുള്ള ദീർഘകായനായോരു മിസ്രയീമ്യനെയും സംഹരിച്ചു; ആ മിസ്രയീമ്യന്റെ കയ്യിൽ നെയ്ത്തുകാരന്റെ പടപ്പുതടിപോലെ ഒരു കുന്തം ഉണ്ടായിരുന്നു; ഇവനോ ഒരു വടിയുംകൊണ്ടു അവന്റെ അടുക്കൽ ചെന്നു മിസ്രയീമ്യന്റെ കയ്യിൽനിന്നു കുന്തം പിടിച്ചുപറിച്ചു കുന്തംകൊണ്ടു അവനെ കൊന്നുകളഞ്ഞു.
24ഇത് യെഹോയാദയുടെ മകനായ ബെനായാവ് ചെയ്തു, മൂന്നു വീരന്മാരിൽവെച്ചു കീർത്തി പ്രാപിച്ചു.25അവൻ മുപ്പതു പേരിലും മാനമേറിയവനായിരുന്നു; എങ്കിലും ആദ്യത്തെ മൂന്നുപേരോളം വരികയില്ല. ദാവീദ് അവനെ അകമ്പടിനായകനാക്കി.

26സൈന്യത്തിലെ വീരന്മാർ യോവാബിന്റെ സഹോദരനായ അസാഹേൽ, ബേത്ത്ലേഹെമ്യനായ ദോദോവിന്റെ മകൻ എൽഹാനാൻ,27ഹരോര്യനായ ശമ്മോത്ത്, പെലോന്യനായ ഹേലെസ്,28തെക്കോവ്യനായ ഇക്കേശിന്റെ മകൻ ഈരാ, അനാഥോത്യനായ അബീയേസേർ,29ഹൂശാത്യനായ സിബെഖായി, അഹോഹ്യനായ ഈലായി, നെതോഫാത്യനായ മഹരായി,
30നെതോഫാത്യനായ ബാനയുടെ മകൻ ഹേലെദ്,31ബെന്യാമീന്യരുടെ ഗിബെയയിൽനിന്നുള്ള രീബായിയുടെ മകൻ ഈഥായി, പരാഥോന്യനായ ബെനായാവ്,32നഹലേഗാശിൽ നിന്നുള്ള ഹൂരായി, അർബ്ബാത്യനായ അബീയേൽ,33ബഹരൂമ്യനായ അസ്മാവെത്ത്, ശയൽബോന്യനായ എല്യഹ്ബാ,
34ഗീസോന്യനായ ഹശേമിന്റെ പുത്രന്മാർ, ഹരാര്യനായ ശാഗേയുടെ മകൻ യോനാഥാൻ,35ഹരാര്യനായ സാഖാരിന്റെ മകൻ അഹീയാം, ഊരിന്റെ മകൻ എലീഫാൽ,36മെഖേരാത്യനായ ഹേഫെർ, പെലോന്യനായ അഹീയാവ്, കർമ്മേല്യനായ ഹെസ്രോ,37എസ്ബായിയുടെ മകൻ നയരായി,
38നാഥാന്റെ സഹോദരൻ യോവേൽ, ഹഗ്രിയുടെ മകൻ മിബ്ഹാർ,39അമ്മോന്യനായ സേലെക്, സെരൂയയുടെ മകനായ യോവാബിന്റെ ആയുധവാഹകനായ ബെരോത്യൻ നഹ്രായി,40യിത്രീയനായ ഈരാ, യിത്രീയനായ ഗാരേബ്,41ഹിത്യനായ ഊരീയാവു, അഹ്ലായിയുടെ മകൻ സാബാദ്, രൂബേന്യരുടെ സേനാപതിയും
42മുപ്പതുപേർ അകമ്പടിയുള്ളവനുമായി രൂബേന്യനായ ശീസയുടെ മകൻ അദീനാ,43മയഖയുടെ മകൻ ഹാനാൻ, മിത്ന്യനായ യോശാഫാത്ത്,44അസ്തെരാത്യനായ ഉസ്സീയാവ്, അരോവേര്യനായ ഹോഥാമിന്റെ പുത്രന്മാരായ ശാമാ,
45യെയീയേൽ, ശിമ്രിയുടെ മകനായ യെദീയയേൽ തീസ്യനായി അവന്റെ സഹോദരനായ യോഹാ, മഹവ്യനായ എലീയേൽ,46എൽനാമിന്റെ പുത്രന്മാരായ യെരീബായി, യോശവ്യാവ്, മോവാബ്യൻ യിത്ത്മാ,47എലീയേൽ, ഓബേദ്, മെസോബ്യനായ യാസീയേൽ എന്നിവർ തന്നേ.


1 11:13 യവം = ബാർലി-ഒരു തരം ധാന്യം

12

1കീശിന്റെ മകനായ ശൗൽ കാരണം ദാവീദ് ഒളിച്ചു താമസിച്ചിരുന്നപ്പോൾ സിക്ലാഗിൽ അവന്റെ അടുക്കൽ വന്നവർ വീരന്മാരുടെ കൂട്ടത്തിൽ യുദ്ധത്തിൽ അവനെ സഹായിച്ചു2അവർ വില്ലാളികളും വലങ്കൈകൊണ്ടും ഇടങ്കൈകൊണ്ടും കല്ലെറിയുവാനും വില്ലുകൊണ്ടു അമ്പെയ്യുവാനും സമർത്ഥന്മാർ ആയിരുന്നു. അവർ ബെന്യാമീന്യരായ ശൗലിന്റെ സഹോദരന്മാരുടെ കൂട്ടത്തിൽ ഉൾപ്പെട്ടവർ ആയിരുന്നു. തലവനായ അഹീയേസെർ, യോവാശ്,

3ഗിബേയാത്യനായ ശെമായയുടെ പുത്രന്മാർ, അസ്മാവെത്തിന്റെ പുത്രന്മാരായ യസീയേൽ, പേലെത്ത് എന്നിവരും ബെരാഖാ, അനാഥോത്യൻ യേഹൂ.4മുപ്പതുപേരിൽ വീരനും മുപ്പതുപേർക്കു നായകനുമായി ഗിബെയോന്യനായ യിശ്മയ്യാവ്, യിരെമ്യാവ്, യഹസീയേൽ, യോഹാനാൻ, ഗെദേരാത്യനായ യോസാബാദ്,
5എലൂസായി, യെരീമോത്ത്, ബെയല്യാവ്, ശെമര്യാവ്, ഹരൂഫ്യനായ ശെഫത്യാവ്,6എല്ക്കാനാ, യിശ്ശീയാവ്, അസരേൽ, കോരഹ്യരായ യോവേസെർ, യാശൊബ്യാം;7ഗെദോരിൽനിന്നുള്ള യെരോഹാമിന്റെ പുത്രന്മാരായ യോവേലാ, സെബദ്യാവ്,
8പരിചയും കുന്തവും എടുപ്പാൻ പ്രാപ്തിയുള്ള വീരന്മാരും യുദ്ധാഭ്യാസികളും ഗാദ്യരെ പിരിഞ്ഞു വന്നു മരുഭൂമിയിൽ ദുർഗ്ഗത്തിൽ ദാവീദിനോടു ചേർന്നു; അവർ സിംഹമുഖന്മാരും മലകളിലെ മാൻപേടകളെപ്പോലെ വേഗതയുള്ളവരുമായിരുന്നു.
9അവരുടെ തലവൻ ഏസെർ, രണ്ടാമൻ ഓബദ്യാവ്, മൂന്നാമൻ എലീയാബ്,10നാലാമൻ മിശ്മന്നാ, അഞ്ചാമൻ യിരെമ്യാവ്,11ആറാമൻ അത്ഥായി, ഏഴാമൻ എലീയേൽ,12എട്ടാമൻ യോഹാനാൻ, ഒമ്പതാമൻ എൽസാബാദ്,13പത്താമൻ യിരെമ്യാവ്, പതിനൊന്നാമൻ മഖ്ബന്നായി.
14ഇവർ ഗാദ്യരിൽ പടനായകന്മാർ ആയിരുന്നു; അവരിൽ ചെറിയവൻ നൂറുപേർക്കും വലിയവൻ ആയിരംപേർക്കും മതിയായവൻ.15അവർ ഒന്നാം മാസത്തിൽ യോർദ്ദാൻ കവിഞ്ഞൊഴുകുമ്പോൾ അതിനെ കടന്നു താഴ്വര നിവാസികളെയൊക്കെയും കിഴക്കോട്ടും പടിഞ്ഞാറോട്ടും ഓടിച്ചു.
16ചില ബെന്യാമീന്യരും യെഹൂദ്യരും രക്ഷാസങ്കേതത്തിൽ ദാവീദിന്റെ അടുക്കൽ വന്നു.17ദാവീദ് അവരെ എതിരേറ്റുചെന്ന് അവരോട്: “നിങ്ങൾ എന്നെ സഹായിപ്പാൻ സമാധാനത്തോടെ വന്നിരിക്കുന്നു എങ്കിൽ എന്റെ ഹൃദയം നിങ്ങളോടു ചേർന്നിരിക്കും; എന്റെ കയ്യിൽ അന്യായം ഒന്നും ഇല്ല. എങ്കിലും നിങ്ങൾ എന്നെ ശത്രുക്കൾക്ക് കാണിച്ചു കൊടുക്കുകയാണെങ്കിലോ നമ്മുടെ പിതാക്കന്മാരുടെ ദൈവം നിങ്ങളെ ശിക്ഷിക്കട്ടെ” എന്നു പറഞ്ഞു.
18അപ്പോൾ മുപ്പതുപേരിൽ തലവനായ അമാസായിയുടെമേൽ ആത്മാവു വന്നു:
“ദാവീദേ, ഞങ്ങൾ നിനക്കുള്ളവർ,
യിശ്ശായിപുത്രാ, നിന്റെ പക്ഷക്കാർ തന്നേ;
സമാധാനം, നിനക്കു സമാധാനം;
നിന്റെ സഹായികൾക്കും സമാധാനം;
നിന്റെ ദൈവമല്ലോ നിന്നെ സഹായിക്കുന്നത് ”
എന്ന് അവൻ പറഞ്ഞു. ദാവീദ് അവരെ സ്വീകരിച്ച് പടക്കൂട്ടത്തിന് നായകന്മാരാക്കി.
19ദാവീദ് ഫെലിസ്ത്യരോടുകൂടെ ശൗലിന് എതിരെ യുദ്ധത്തിന് ചെന്നപ്പോൾ മനശ്ശേയരിൽ ചിലരും അവനോടു ചേർന്നു; ഫെലിസ്ത്യപ്രഭുക്കന്മാർ അവരെ സഹായിച്ചില്ല;കാരണം ദാവീദ് നമ്മുടെ തലയുംകൊണ്ട് തന്റെ യജമാനനായ ശൗലിന്റെ പക്ഷം തിരിയും എന്നു പറഞ്ഞു അവർ അവനെ അയച്ചുകളഞ്ഞു.20അങ്ങനെ അവൻ സീക്ലാഗിൽ ചെന്നപ്പോൾ മനശ്ശെയിൽനിന്ന് അദ്നാഹ്, യോസാബാദ്, യെദീയയേൽ, മീഖായേൽ, യോസാബാദ്, എലീഹൂ, സില്ലെഥായി എന്നീ മനശ്ശേയ സഹസ്രാധിപന്മാർ അവനോടു ചേർന്നു.
21അവർ ഒക്കെയും വീരന്മാരും പടനായകന്മാരും ആയിരുന്നതുകൊണ്ടു കവർച്ചക്കാർക്കെതിരെ ദാവീദിനെ സഹായിച്ചു.22ദാവീദിനെ സഹായിക്കേണ്ടതിന് എല്ലാദിവസവും ആളുകൾ അവന്റെ അടുക്കൽ വന്നു. ഒടുവിൽ ദൈവത്തിന്റെ സൈന്യംപോലെ വലിയോരു സൈന്യമായ്തീൎന്നു.

23യഹോവയുടെ വചനം അനുസരിച്ച് ശൗലിന്റെ രാജത്വം ദാവീദിന് നൽകുവാൻ യുദ്ധത്തിന് തയ്യാറായി ഹെബ്രോനിൽ അവന്റെ അടുക്കൽ വന്ന ആയുധധാരികളായ പടയാളികളുടെ കണക്ക്:24പരിചയും കുന്തവും വഹിച്ച് യുദ്ധസന്നദ്ധരായ യെഹൂദ്യർ ആറായിരത്തെണ്ണൂറുപേർ (6800).25ശിമെയോന്യരിൽ ശൗര്യമുള്ള യുദ്ധവീരന്മാർ എഴായിരത്തൊരുനൂറുപേർ (7100).
26ലേവ്യരിൽ നാലായിരത്തറുനൂറുപേർ (4600)27അഹരോന്യരിൽ പ്രഭുവായ യെഹോയാദായും അവനോടുകൂടെ മൂവായിരത്തെഴുനൂറുപേർ (3700).28പരാക്രമശാലിയും യുവാവുമായ സാദോക്, അവന്റെ പിതൃഭവനത്തിലെ ഇരുപത്തിരണ്ടു പ്രഭുക്കന്മാർ.
29ശൗലിന്റെ സഹോദരന്മാരായ ബെന്യാമീന്യരിൽ മൂവായിരംപേർ (3000); അവരിൽ കൂടുതൽ പേരും ശൗലിന്റെ കുടുംബത്തോട് ഇതുവരെ വിശ്വസ്തരായിരുന്നു.30എഫ്രയീമ്യരിൽ പരാക്രമശാലികളായി തങ്ങളുടെ പിതൃഭവനങ്ങളിൽ പ്രസിദ്ധരായ ഇരുപതിനായിരത്തെണ്ണൂറുപേർ (20,800).31മനശ്ശെയുടെ പാതിഗോത്രത്തിൽ പതിനെണ്ണായിരംപേർ (18,000). ദാവീദിനെ രാജാവാക്കുവാൻ ചെല്ലേണ്ടതിന് ഇവരെ പേരുപേരായി ചുമതലപ്പെടുത്തിയിരുന്നു.
32യിസ്രായേൽ കാലത്തിനനുസരിച്ച് എന്ത് ചെയ്യേണം എന്നു അറിവുള്ള യിസ്സാഖരുടെ തലവന്മാർ ഇരുനൂറുപേർ; അവരുടെ സഹോദരന്മാരൊക്കെയും അവരുടെ കല്പനയ്ക്ക് വിധേയരായിരുന്നു.33സെബൂലൂനിൽ യുദ്ധസന്നദ്ധരായി സകലവിധ യുദ്ധായുധങ്ങളെ ധരിച്ചു നിരനിരയായി ഐകമത്യത്തോടെ യുദ്ധത്തിന് പുറപ്പെട്ടവർ അമ്പതിനായിരംപേർ (50,000).
34നഫ്താലിയിൽ നായകന്മാർ ആയിരംപേർ; അവരോടുകൂടെ പരിചയും കുന്തവും വഹിച്ചവർ മുപ്പത്തേഴായിരംപേർ (37,000).35ദാന്യരിൽ യുദ്ധസന്നദ്ധർ ഇരുപത്തെണ്ണായിരത്തറുനൂറുപേർ (28,600).
36ആശേരിൽ യുദ്ധസന്നദ്ധരായി പടയ്ക്ക് പുറപ്പെട്ടവർ നാല്പതിനായിരംപേർ (40,000).37യോർദ്ദാന് അക്കരെ രൂബേന്യരിലും ഗാദ്യരിലും മനശ്ശെയുടെ പാതിഗോത്രത്തിലും സകലവിധ യുദ്ധായുധങ്ങളോടുകൂടെ ഒരുലക്ഷത്തിരുപതിനായിരംപേർ (120,000).
38അണിനിരക്കുവാൻ കഴിവുള്ള യോദ്ധാക്കളായ ഇവരെല്ലാവരും ദാവീദിനെ എല്ലായിസ്രായേലിന്റേയും രാജാവാക്കേണ്ടതിന് ഏകാഗ്രമനസ്സോടെ ഹെബ്രോനിലേക്കു വന്നു; ശേഷമുള്ള എല്ലായിസ്രായേലും ദാവീദിനെ രാജാവാക്കേണ്ടതിന് ഐകമത്യപ്പെട്ടിരുന്നു.39അവരുടെ സഹോദരന്മാർ അവർക്കു വേണ്ടി വിഭവങ്ങൾ ഒരുക്കിയിരുന്നതിനാൽ അവർ അവിടെ ഭക്ഷിച്ചും പാനം ചെയ്തുംകൊണ്ടു ദാവീദിനോടുകൂടെ മൂന്നു ദിവസം പാർത്തു;40യിസ്രായേലിൽ സന്തോഷമുണ്ടായിരുന്നു. അതുകൊണ്ടു സമീപവാസികൾ, യിസ്സാഖാർ, സെബൂലൂൻ, നഫ്താലി എന്നിവരോടുകൂടെ കഴുതപ്പുറത്തും ഒട്ടകപ്പുറത്തും കോവർകഴുതപ്പുറത്തും കാളപ്പുറത്തും, അപ്പം, മാവ്, അത്തിപ്പഴക്കട്ട, ഉണക്കമുന്തിരിപ്പഴം, വീഞ്ഞ്, എണ്ണ എന്നിവയെയും കാളകളെയും വളരെ ആടുകളെയും കൊണ്ടുവന്നു.

13

1ദാവീദ് സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും സകലനായകന്മാരോടും ആലോചിച്ചു. അതിനുശേഷം2യിസ്രായേലിന്റെ സർവ്വസഭയോടും പറഞ്ഞത്:“നിങ്ങൾക്ക് സമ്മതവും നമ്മുടെ ദൈവമായ യഹോവയ്ക്ക് ഹിതവും ആകുന്നു എങ്കിൽ നാം യിസ്രായേൽദേശത്തെല്ലാടവുമുള്ള നമ്മുടെ മറ്റ് സഹോദരന്മാരും അവരോടുകൂടെ പുൽപുറങ്ങളുള്ള പട്ടണങ്ങളിൽ പാർക്കുന്ന പുരോഹിതന്മാരും ലേവ്യരും നമ്മുടെ അടുക്കൽ വന്നുകൂടേണ്ടതിന് എല്ലാടവും ആളയക്കുക.3നമ്മുടെ ദൈവത്തിന്റെ പെട്ടകം വീണ്ടും നമ്മുടെ അടുക്കൽ കൊണ്ടുവരിക; ശൗലിന്റെ കാലത്ത് നാം അതിനെ അവഗണിച്ചല്ലോ”.4ഈ കാര്യം സകലജനത്തിനും ശരി എന്നു തോന്നിയതുകൊണ്ട് അങ്ങനെ തന്നേ ചെയ്യാമെന്ന് സർവ്വസഭയും പറഞ്ഞു.

5ഇങ്ങനെ ദാവീദ് ദൈവത്തിന്റെ പെട്ടകം കിര്യത്ത്-യെയാരീമിൽനിന്ന് കൊണ്ടുവരേണ്ടതിന് മിസ്രയീമിലെ ശീഹോർ തുടങ്ങി ഹമാത്ത് പ്രദേശംവരെയുള്ള എല്ലായിസ്രായേലിനെയും കൂട്ടിവരുത്തി.6കെരൂബുകളുടെ മദ്ധ്യേ അധിവസിക്കുന്ന യഹോവയായ ദൈവത്തിന്റെ തിരുനാമം വിളിക്കപ്പെടുന്ന പെട്ടകം കൊണ്ടുവരേണ്ടതിന്, ദാവീദും യിസ്രായേലൊക്കെയും യെഹൂദയോടു ചേർന്ന് കിര്യത്ത്-യെയാരീമെന്ന ബയലയിൽ ചെന്നു.
7അവർ ദൈവത്തിന്റെ പെട്ടകം അബീനാദാബിന്റെ വീട്ടിൽനിന്നെടുത്ത് ഒരു പുതിയ വണ്ടിയിൽ കയറ്റി; ഉസ്സയും അഹ്യോവും വണ്ടി തെളിച്ചു.8ദാവീദും എല്ലായിസ്രായേലും ദൈവത്തിന്റെ സന്നിധിയിൽ പൂർണ്ണശക്തിയോടെ പാട്ടുപാടിയും കിന്നരം, വീണ, തപ്പ്, കൈത്താളം, കാഹളം എന്നീ വാദ്യങ്ങൾ ഘോഷിച്ചുംകൊണ്ടു നൃത്തംചെയ്തു.
9അവർ കീദോൻകളത്തിന്1 സമീപം എത്തിയപ്പോൾ കാള വിരണ്ടു. അതുകൊണ്ട് ഉസ്സാ പെട്ടകം പിടിക്കുവാൻ കൈ നീട്ടി.10അപ്പോൾ യഹോവയുടെ കോപം ഉസ്സയുടെ നേരെ ജ്വലിച്ചു; അവൻ തന്റെ കൈ പെട്ടകത്തിനുനേരേ നീട്ടിയതുകൊണ്ട് അവനെ ബാധിച്ചു, അവൻ അവിടെ ദൈവസന്നിധിയിൽ മരിച്ചുപോയി.11യഹോവയുടെ കോപം ഉസ്സയുടെ നേരെ ജ്വലിച്ചതിനാൽ ദാവീദിന് വ്യസനമായി: അവൻ ആ സ്ഥലത്തിന് പേരെസ്-ഉസ്സാ എന്നു പേർ വിളിച്ചു.
12ഇതു ഇന്നുവരെയും അങ്ങനെതന്നെ അറിയപ്പെടുന്നു. അന്ന് ദാവീദിന് ദൈവത്തോടു ഭയം തോന്നി. “ഞാൻ ദൈവത്തിന്റെ പെട്ടകം എങ്ങനെ എന്റെ അടുക്കൽ കൊണ്ടുവരേണം” എന്നു പറഞ്ഞു.13അതുകൊണ്ട് ദാവീദ് പെട്ടകം തന്റെ അടുക്കൽ ദാവീദിന്റെ നഗരത്തിൽ കൊണ്ടുവരാതെ ഗിത്യനായ ഓബേദ്-എദോമിന്റെ വീട്ടിലേക്കു കൊണ്ടുപോയി.14ദൈവത്തിന്റെ പെട്ടകം ഓബേദ്-എദോമിന്റെ കുടുംബത്തോടുകൂടെ മൂന്നുമാസം അവന്റെ വീട്ടിൽ ഇരുന്നു; യഹോവ ഓബേദ്-എദോമിന്റെ കുടുംബത്തെയും അവനുള്ള സകലത്തെയും അനുഗ്രഹിച്ചു.


1 13:9 കളം = ധാന്യം മെതിക്കുന്ന സ്ഥലം

14

1സോർരാജാവായ ഹീരാം, ദാവീദിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു. അവന് ഒരു അരമന പണിയേണ്ടതിന് ദേവദാരുക്കളെയും കൽപ്പണിക്കാരെയും ആശാരിമാരെയും അയച്ചു.2യഹോവയുടെ ജനമായ യിസ്രായേൽനിമിത്തം അവന്റെ രാജത്വം ഉന്നതിപ്രാപിച്ചതിനാൽ യഹോവ യിസ്രായേലിന് രാജാവായി തന്നെ സ്ഥിരപ്പെടുത്തി എന്ന് ദാവീദിന് മനസ്സിലായി.

3ദാവീദ് യെരൂശലേമിൽവച്ച് വേറെയും ഭാര്യമാരെ പരിഗ്രഹിച്ചു, വളരെ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.4യെരൂശലേമിൽ വെച്ച് അവന് ജനിച്ച മക്കളുടെ പേരുകൾ: ശമ്മൂവ, ശോബാബ്, നാഥാൻ,5ശലോമോൻ, യിബ്ഹാർ, എലീശൂവ, എൽപേലെത്ത്,6നോഗഹ്, നേഫെഗ്, യാഫീയ,7എലീശാമാ, ബെല്യാദാ, എലീഫേലെത്ത്.

8എല്ലായിസ്രായേലിനും രാജാവായി ദാവീദിനെ അഭിഷേകം ചെയ്തു എന്ന് ഫെലിസ്ത്യർ കേട്ടപ്പോൾ, അവർ ദാവീദിനെ പിടിക്കുവാൻ ചെന്നു; ദാവീദ് അതു കേട്ടു അവർക്കെതിരെ ചെന്നു.9ഫെലിസ്ത്യർ വന്നു രെഫായീം താഴ്വരയിൽ അണിനിരന്നു.
10അപ്പോൾ ദാവീദ് ദൈവത്തോട്“ഞാൻ ഫെലിസ്ത്യർക്കെതിരെ പുറപ്പെടണമോ? അവരെ എന്റെ കയ്യിൽ ഏല്പിച്ചുതരുമോ” എന്നു ചോദിച്ചു. യഹോവ അവനോട്: “പുറപ്പെടുക; ഞാൻ അവരെ നിന്റെ കയ്യിൽ ഏല്പിക്കും” എന്നു അരുളിച്ചെയ്തു.11അങ്ങനെ അവർ ബാൽ-പെരാസീമിൽ ചെന്നു; അവിടെവച്ച് ദാവീദ് അവരെ തോല്പിച്ചു: “വെള്ളച്ചാട്ടംപോലെ ദൈവം എന്റെ ശത്രുക്കളെ എന്റെ കയ്യാൽ തകർത്തുകളഞ്ഞു” എന്നു ദാവീദ് പറഞ്ഞു; അതുകൊണ്ട് ആ സ്ഥലത്തിന് ബാൽ-പെരാസീം എന്നു പേർ പറഞ്ഞു വരുന്നു.12എന്നാൽ അവർ തങ്ങളുടെ ദേവന്മാരെ അവിടെ ഉപേക്ഷിച്ചു; അവയെ തീയിലിട്ടു ചുട്ടുകളയുവാൻ ദാവീദ് കല്പിച്ചു.
13ഫെലിസ്ത്യർ പിന്നെയും താഴ്വരയിൽ അണിനിരന്നു.14ദാവീദ് പിന്നെയും ദൈവത്തോടു അരുളപ്പാട് ചോദിച്ചപ്പോൾ ദൈവം അവനോട്: “അവരുടെ പിന്നാലെ ചെല്ലാതെ അവരെ വളഞ്ഞ്, ബാഖാവൃക്ഷങ്ങൾക്ക് എതിരെ അവരുടെ നേരെ ചെല്ലുക.
15അവർ അണിയണിയായി നടക്കുന്ന ശബ്ദം ബാഖാവൃക്ഷങ്ങളുടെ മുകളിൽകൂടി കേട്ടാൽ നീ പടയ്ക്കു പുറപ്പെടുക; ഫെലിസ്ത്യരുടെ സൈന്യത്തെ തോല്പിക്കുവാൻ ദൈവം നിനക്കു മുമ്പായി പുറപ്പെട്ടിരിക്കുന്നു” എന്നു അരുളിച്ചെയ്തു;16ദൈവം കല്പിച്ചതുപോലെ ദാവീദ് ചെയ്തു; അവർ ഗിബെയോൻ മുതൽ ഗേസെർവരെ ഫെലിസ്ത്യ സൈന്യത്തെ തോല്പിച്ചു.17ദാവീദിന്റെ കീർത്തി സകലദേശങ്ങളിലും വ്യാപിച്ചു. യഹോവ, ദാവീദിനെക്കുറിച്ചുള്ള ഭയം സർവ്വജാതികൾക്കും വരുത്തുകയും ചെയ്തു.

15

1ദാവീദ് തനിക്കുവേണ്ടി ദാവീദിന്റെ നഗരത്തിൽ അരമനകളെ ഉണ്ടാക്കി; ദൈവത്തിന്റെ പെട്ടകത്തിനായി ഒരു സ്ഥലം ഒരുക്കി, അതിന് ഒരു കൂടാരവും അടിച്ചു.2അന്ന് ദാവീദ്: “ലേവ്യർ മാത്രമാണ് ദൈവത്തിന്റെ പെട്ടകം ചുമക്കേണ്ടത്; അവരെയല്ലോ ദൈവത്തിന്റെ പെട്ടകം ചുമക്കുവാനും അവിടുത്തേക്ക് എന്നും ശുശ്രൂഷ ചെയ്യുവാനും യഹോവ തിരഞ്ഞെടുത്തിരിക്കുന്നത്”എന്ന് പറഞ്ഞു.3അങ്ങനെ ദാവീദ് യഹോവയുടെ പെട്ടകം താൻ അതിനായി ഒരുക്കിയ സ്ഥലത്തേക്ക് കൊണ്ടുവരുവാൻ എല്ലായിസ്രായേലിനെയും യെരൂശലേമിൽ കൂട്ടിവരുത്തി.

4ദാവീദ് അഹരോന്റെ പുത്രന്മാരെയും ലേവ്യരെയും കൂട്ടിവരുത്തി.5കെഹാത്യരിൽ പ്രധാനിയായ ഊരിയേലിനെയും അവന്റെ സഹോദരന്മാരായ നൂറ്റിരുപതുപേരെയും6മെരാര്യരിൽ പ്രധാനിയായ അസായാവെയും അവന്റെ സഹോദരന്മാരായ ഇരുനൂറ്റിരുപതുപേരെയും (220)
7ഗേർശോമ്യരിൽ പ്രധാനിയായ യോവേലിനെയും അവന്റെ സഹോദരന്മാരായ നൂറ്റിമുപ്പതുപേരെയും (130)8എലീസാഫാന്യരിൽ പ്രധാനിയായ ശെമയ്യാവെയും അവന്റെ സഹോദരന്മാരായ ഇരുനൂറുപേരെയും (200)9ഹെബ്രോന്യരിൽ പ്രധാനിയായ എലീയേലിനെയും അവന്റെ സഹോദരന്മാരായ എൺപതു പേരെയും10ഉസ്സീയേല്യരിൽ പ്രധാനിയായ അമ്മീനാദാബിനെയും അവന്റെ സഹോദരന്മാരായ നൂറ്റിപ്പന്ത്രണ്ടുപേരെയും (112) ആണ് ദാവീദ് കൂട്ടിവരുത്തിയത്.
11ദാവീദ് പുരോഹിതന്മാരായ സാദോക്കിനെയും അബ്യാഥാരിനെയും ഊരീയേൽ, അസായാവ്, യോവേൽ, ശെമയ്യാവ്, എലീയേൽ, അമ്മീനാദാബ് എന്നീ ലേവ്യരെയും വിളിപ്പിച്ചു അവരോടു പറഞ്ഞത്:12നിങ്ങൾ ലേവ്യരുടെ പിതൃഭവനങ്ങളിൽ തലവന്മാരല്ലോ; നിങ്ങളും നിങ്ങളുടെ സഹോദരന്മാരും യിസ്രായേലിന്റെ ദൈവമായ യഹോവയുടെ പെട്ടകം, ഞാൻ അതിനുവേണ്ടി ഒരുക്കിയിരിക്കുന്ന സ്ഥലത്ത് കൊണ്ടുവരുവാൻ നിങ്ങളെത്തന്നേ ശുദ്ധീകരിക്കുക.
13ആദിയിൽ നിങ്ങൾ അത് ചെയ്തില്ല,അതുകൊണ്ടു നമ്മുടെ ദൈവമായ യഹോവ നമ്മെ ശിക്ഷിച്ചു; അന്ന് നാം അവനെ നിയമപ്രകാരമല്ലല്ലോ അന്വേഷിച്ചത്14അങ്ങനെ പുരോഹിതന്മാരും ലേവ്യരും യിസ്രായേലിന്റെ ദൈവമായ യഹോവയുടെ പെട്ടകം കൊണ്ടുവരുവാൻ തങ്ങളെ തന്നേ ശുദ്ധീകരിച്ചു.15ലേവ്യരുടെ പുത്രന്മാർ യഹോവയുടെ വചനപ്രകാരം മോശെ കല്പിച്ചതുപോലെ ദൈവത്തിന്റെ പെട്ടകത്തെ അതിന്റെ തണ്ടുകൾ തങ്ങളുടെ ചുമലിൽ വച്ചു ചുമന്നു.
16പിന്നെ ദാവീദ് ലേവ്യരിലെ പ്രധാനന്മാരോടു വീണ, കിന്നരം, കൈത്താളം എന്നീ വാദ്യങ്ങളാൽ സന്തോഷനാദം ഉച്ചത്തിൽ മുഴക്കേണ്ടതിന് സംഗീതക്കാരായ തങ്ങളുടെ സഹോദരന്മാരെ നിയമിക്കുവാൻ കല്പിച്ചു.17അങ്ങനെ ലേവ്യർ യോവേലിന്റെ മകനായ ഹേമാനെയും അവന്റെ സഹോദരന്മാരിൽ ബേരെഖ്യാവിന്റെ മകനായ ആസാഫിനെയും അവരുടെ സഹോദരന്മാരായ മെരാര്യരിൽ കൂശായാവിന്റെ മകനായ ഏഥാനെയും18അവരോടുകൂടെ രണ്ടാം തരത്തിലെ തങ്ങളുടെ സഹോദരന്മാരായ സെഖര്യാവ്, ബേൻ, യാസീയേൽ, ശെമീരാമോത്ത്, യെഹീയേൽ, ഉന്നി, എലീയാബ്, ബെനായാവ്, മയസേയാവ്, മത്ഥിഥ്യാവ്, എലീഫെലേഹൂ, മിക്നേയാവ്, ഓബേദ്-എദോം, യെയീയേൽ എന്നിവരെ വാതിൽകാവല്ക്കാരായും നിയമിച്ചു.
19സംഗീതക്കാരായ ഹേമാനും ആസാഫും ഏഥാനും താമ്രംകൊണ്ടുള്ള കൈത്താളങ്ങൾ കൊട്ടുവാൻ നിയമിക്കപ്പെട്ടു20സെഖര്യാവ്, അസീയേൽ, ശെമീരാമോത്ത്, യെഹീയേൽ, ഉന്നി, എലീയാബ്, മയസേയാവ്, ബെനായാവ് എന്നിവർ അലാമോത്ത് രാഗത്തിൽ വീണകൾ വായിക്കുവാൻ നിയമിക്കപ്പെട്ടു.21മത്ഥിഥ്യവ്, എലീഫേലേഹൂ, മിക്നേയാവ്, ഓബേദ്-എദോം, യെയീയേൽ, അസസ്യാവ് എന്നിവർ ശെമീനീത്ത് രാഗത്തിൽ കിന്നരം വായിക്കുവാനും നിയമിക്കപ്പെട്ടിരുന്നു.
22വാഹകന്മാരായ ലേവ്യരിൽ പ്രധാനിയായ കെനന്യാവു പെട്ടകം വഹിക്കുന്നതിന് മേൽവിചാരകനായിരുന്നു; അവൻ അതിൽ സമർത്ഥനായിരുന്നു.23ബേരെഖ്യാവും എല്ക്കാനയും പെട്ടകത്തിന് വാതിൽകാവല്ക്കാർ ആയിരുന്നു.24ശെബന്യാവ്, യോശാഫാത്ത്, നെഥനയേൽ, അമാസായി, സെഖര്യാവ്, ബെനായാവ്, എലെയാസാർ എന്നീ പുരോഹിതന്മാർ ദൈവത്തിന്റെ പെട്ടകത്തിന്മുമ്പിൽ കാഹളം ഊതി; ഓബേദ്-എദോമും യെഹീയാവും പെട്ടകത്തിന് വാതിൽകാവല്ക്കാർ ആയിരുന്നു.
25ഇങ്ങനെ ദാവീദും യിസ്രായേൽമൂപ്പന്മാരും സഹസ്രാധിപന്മാരും യഹോവയുടെ നിയമപെട്ടകം ഓബേദ്-എദോമിന്റെ വീട്ടിൽനിന്ന് സന്തോഷത്തോടെ കൊണ്ടുവരുവാൻ പോയി.26യഹോവയുടെ നിയമപെട്ടകത്തിന്റെ വാഹകന്മാരായ ലേവ്യരെ ദൈവം സഹായിച്ചതുകൊണ്ടു അവർ ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും യാഗംകഴിച്ചു.
27ദാവീദും പെട്ടകവാഹകന്മാരായ ലേവ്യർ ഒക്കെയും സംഗീതക്കാരും സംഗീതക്കാരോടുകൂടെ വാഹകപ്രമാണിയായ കെനന്യാവും പഞ്ഞിനൂൽ കൊണ്ടുള്ള അങ്കി ധരിച്ചു; ദാവീദ് പഞ്ഞിനൂൽ കൊണ്ടുള്ള എഫോദ് ധരിച്ചു.28അങ്ങനെ യിസ്രായേലൊക്കയും ആർപ്പോടും കാഹളനാദത്തോടും തൂര്യങ്ങളുടെയും കൈത്താളങ്ങളുടെയും ധ്വനിയോടുംകൂടി കിന്നരവും വീണയും വായിച്ചുകൊണ്ടു യഹോവയുടെ നിയമപെട്ടകം കൊണ്ടുവന്നു.
29എന്നാൽ യഹോവയുടെ നിയമപെട്ടകം ദാവീദിന്റെ നഗരത്തിൽ എത്തിയപ്പോൾ ശൗലിന്റെ മകളായ മീഖൾ കിളിവാതിലിൽകൂടി നോക്കി, ദാവീദ്‌ രാജാവ് നൃത്തം ചെയ്യുന്നതും പാടുന്നതും കണ്ടു ഹൃദയത്തിൽ അവനെ നിന്ദിച്ചു.

16

1ഇങ്ങനെ അവർ ദൈവത്തിന്റെ പെട്ടകം കൊണ്ടുവന്ന് ദാവീദ് അതിനായിട്ട് അടിച്ചിരുന്ന കൂടാരത്തിനകത്ത് വെച്ചു; പിന്നെ അവർ ദൈവത്തിന്റെ സന്നിധിയിൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു.2ദാവീദ് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ച് തീർന്നശേഷം ജനത്തെ യഹോവയുടെ നാമത്തിൽ അനുഗ്രഹിച്ചു.3അവൻ യിസ്രായേലിൽ എല്ലാവർക്കും, ഓരോ പുരുഷനും, സ്ത്രീക്കും ഓരോ അപ്പവും ഓരോ ഖണ്ഡം ഇറച്ചിയും ഓരോ മുന്തിരിങ്ങാക്കട്ട വീതവും വിഭാഗിച്ചുകൊടുത്തു.

4അവൻ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്കു കീർത്തനവും വന്ദനവും സ്തോത്രവും ചെയ്യുവാൻ ലേവ്യരിൽനിന്ന് ശുശ്രൂഷകന്മാരെ നിയമിച്ചു.5ആസാഫ് തലവൻ; രണ്ടാമൻ സെഖര്യാവ്; പിന്നെ യെയീയേൽ, ശെമീരാമോത്ത്, യെഹീയേൽ, മത്ഥിഥ്യാവ്, എലീയാബ്, ബെനായാവ്, ഓബേദ്-എദോം, യെയീയേൽ എന്നിവർ വീണയും കിന്നരവും വായിച്ചു; ആസാഫ് കൈത്താളം കൊട്ടി.6പുരോഹിതന്മാരായ ബെനായാവും യെഹസീയേലും ദൈവത്തിന്റെ നിയമപെട്ടകത്തിന്റെ മുമ്പിൽ പതിവായി കാഹളം ഊതി.

7ദാവീദ് അന്നു തന്നേ, യഹോവയ്ക്കു സ്തോത്രം ചെയ്യേണ്ടതിന് ആസാഫിനും അവന്റെ സഹോദരന്മാർക്കും ഈ സ്തോത്രഗീതം നൽകി:
8യഹോവയ്ക്കു സ്തോത്രം ചെയ്ത്; അവിടുത്തെ നാമത്തെ ആരാധിപ്പിൻ;
ജാതികളുടെ ഇടയിൽ അവിടുത്തെ പ്രവൃത്തികളെ അറിയിപ്പിൻ;
9യഹോവയ്ക്കു പാടി കീർത്തനം ചെയ്യുവിൻ;
അവിടുന്ന് ചെയ്ത അത്ഭുതങ്ങളെ ഒക്കെയും വർണ്ണിപ്പിൻ.
10അവിടുത്തെ വിശുദ്ധനാമത്തിൽ പുകഴുവിൻ;
യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ.
11യഹോവയെയും അവിടുത്തെ ശക്തിയെയും തേടുവിൻ;
അവിടുത്തെ മുഖം നിരന്തരം അന്വേഷിപ്പിൻ.
12അവിടുത്തെ ദാസനായ യിസ്രായേലിന്റെ സന്താനമേ,
അവിടുന്ന് തെരഞ്ഞെടുത്ത യാക്കോബ് പുത്രന്മാരേ,
13അവിടുന്ന് ചെയ്ത അത്ഭുതങ്ങളും അരുളിച്ചെയ്ത അടയാളങ്ങളും വിധികളും ഓർത്തുകൊൾവിൻ.
14അവിടുന്നല്ലോ നമ്മുടെ ദൈവമായ യഹോവ;
അവിടുത്തെ ന്യായവിധികൾ സർവ്വഭൂമിയിലുമുണ്ടു.
15അവിടുത്തെ വചനം ആയിരം തലമുറയോളവും
അവിടുത്തെ നിയമം എന്നേക്കും ഓർത്തുകൊൾവിൻ.
16അബ്രാഹാമോടു അവിടുന്ന് ചെയ്ത നിയമവും യിസ്ഹാക്കിനോടു ചെയ്ത സത്യവും തന്നേ.
17അതിനെ അവിടുന്ന് യാക്കോബിന് ഒരു പ്രമാണമായും
യിസ്രായേലിനൊരു ശാശ്വതനിയമമായും ഉറപ്പിച്ചു.
18ഞാൻ നിനക്കു അവകാശമായി കനാൻദേശത്തെ തരും എന്നു കല്പിച്ചു.
19അവർ എണ്ണത്തിൽ കുറഞ്ഞു ചുരുക്കംപേരും
പരദേശികളും ആയിരിക്കുമ്പോഴും
20അവർ ഒരു ജാതിയെ വിട്ടു മറ്റൊരു ജാതിയിലേക്കും
ഒരു രാജ്യം വിട്ടു മറ്റൊരു വംശത്തിലേക്കും പോകുമ്പോഴും
21ആരും അവരെ പീഡിപ്പിപ്പാൻ അവിടുന്ന് സമ്മതിച്ചില്ല;
അവർക്കുവേണ്ടി രാജാക്കന്മാരെ ശാസിച്ച് പറഞ്ഞത്:
22എന്റെ അഭിഷിക്തന്മാരെ തൊടരുതു;
എന്റെ പ്രവാചകർക്കു ദോഷം ചെയ്കയുമരുതു.
23സർവ്വഭൂവാസികളേ, യഹോവയ്ക്കു പാടുവിൻ;
ദിനംതോറും അവന്റെ രക്ഷയെ പ്രസ്താവിപ്പിൻ.
24ജാതികളുടെ നടുവിൽ അവന്റെ മഹത്വവും
സർവ്വവംശങ്ങളുടെയും മദ്ധ്യേ അവന്റെ അത്ഭുതങ്ങളും പ്രഘോഷിപ്പിൻ.
25യഹോവ വലിയവനും അത്യന്തം സ്തുത്യനും
സർവ്വദേവന്മാരിലും അതിഭയങ്കരനുമല്ലോ.
26ജാതികളുടെ സകലദേവന്മാരും വിഗ്രഹങ്ങൾ അത്രേ;
എന്നാൽ യഹോവ ആകാശത്തെ ചമെച്ചവൻ ആകുന്നു.
27മഹത്വവും തേജസ്സും അവന്റെ സന്നിധിയിലും
ബലവും ആനന്ദവും അവന്റെ വാസസ്ഥലത്തിലും ഉണ്ടു.
28ജാതികളുടെ കുലങ്ങളേ, യഹോവയ്ക്ക് മഹത്വവും ശക്തിയും കൊടുപ്പിൻ;
29യഹോവയ്ക്ക് അവന്റെ നാമത്തിന്റെ മഹത്വം കൊടുപ്പിൻ;
കാഴ്ചയുമായി അവന്റെ സന്നിധിയിൽ ചെല്ലുവിൻ;
വിശുദ്ധഅലങ്കാരം ധരിച്ചുകൊണ്ടു യഹോവയെ നമസ്കരിപ്പിൻ.
30സർവ്വഭൂമിയേ, അവന്റെ സന്നിധിയിൽ നടുങ്ങുക;
ഭൂതലം കുലങ്ങാതവണ്ണം സ്ഥാപിതമാകുന്നു.
31സ്വർഗ്ഗം ആനന്ദിക്കട്ടെ; ഭൂമി ഉല്ലസിക്കട്ടെ;
യഹോവ വാഴുന്നു എന്ന് അവർ ജാതികളുടെ മദ്ധ്യേ ഘോഷിക്കട്ടെ.
32സമുദ്രവും അതിന്റെ പൂർണ്ണതയും മുഴങ്ങട്ടെ.
വയലും അതിലുള്ളതൊക്കെയും ആഹ്ലാദിക്കട്ടെ.
33അന്ന് വനത്തിലെ വൃക്ഷങ്ങൾ യഹോവയുടെ മുമ്പിൽ ആർക്കും;
അവൻ ഭൂമിയെ വിധിക്കുവാൻ വരുന്നുവല്ലോ.
34യഹോവെക്കു സ്തോത്രം ചെയ്യുവീൻ;
അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.
35ഞങ്ങളുടെ രക്ഷയായ ദൈവമേ, ഞങ്ങളെ മോചിപ്പിക്കേണമേ;
തിരുനാമത്തെ വാഴ്ത്തി നിന്റെ സ്തുതിയിൽ പുകഴുവാൻ
ജാതികളുടെ ഇടയിൽനിന്ന് ഒരുമിച്ച് കൂട്ടി ഞങ്ങളെ മോചിപ്പിക്കേണമേ എന്നു പറവിൻ.
36യിസ്രായേലിൻ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവൻ.
സകലജനവും “ആമേൻ” എന്നു പറഞ്ഞു യഹോവയെ സ്തുതിച്ചു.

37ഇങ്ങനെ പെട്ടകത്തിന്റെ മുമ്പിൽ ദിവസംപ്രതിയുള്ള ശുശ്രൂഷ ആവശ്യംപോലെ നിർവ്വഹിക്കേണ്ടതിന് ആസാഫിനെയും അവന്റെ സഹോദരന്മാരെയും നിയമിച്ചു.38അവരോടൊപ്പം ഒബേദ്-എദോമിനെയും അവരുടെ സഹോദരന്മാരായ അറുപത്തെട്ടുപേരെയും യഹോവയുടെ പെട്ടകത്തിന്മുമ്പിലും യെദൂഥൂന്റെ മകനായ ഓബേദ്-എദോമിനെയും ഹോസയെയും വാതിൽകാവല്ക്കാരായും നിർത്തി.39പുരോഹിതനായ സാദോക്കിനെയും അവന്റെ സഹോദരന്മാരായ പുരോഹിതന്മാരെയും ഗിബെയോനിലെ പൂജാഗിരിയിൽ യഹോവയുടെ തിരുനിവാസത്തിന്മുമ്പിൽ യഹോവ യിസ്രായേലിനോടു കല്പിച്ചിട്ടുള്ള
40അവന്റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന പ്രകാരമൊക്കെയും രാവിലെയും വൈകുന്നേരവും നിത്യം ഹോമപീഠത്തിന്മേൽ യഹോവെക്കു41ഹോമയാഗം കഴിപ്പാൻ നിയമിച്ചു. അവരോടുകൂടെ ഹേമാൻ, യെദൂഥൂൻ മുതലായി പേർവിവരം പറഞ്ഞിരിക്കുന്ന ശ്രേഷ്ഠന്മാരെയും അവന്റെ ദയ എന്നേക്കുമുള്ളതു എന്നിങ്ങനെ യഹോവെക്കു സ്തോത്രം ചെയ്യുവാനും നിയമിച്ചു.
42അവരോടൊപ്പം ഹേമാനെയും യെദൂഥൂനെയും കാഹളം, കൈത്താളം എന്നിങ്ങനെ ദിവ്യസംഗീതത്തിനായുള്ള വാദ്യങ്ങളെ ധ്വനിപ്പിക്കേണ്ടതിന് നിയമിച്ചു; യെദൂഥൂന്റെ പുത്രന്മാർ വാതിൽകാവല്ക്കാർ ആയിരുന്നു;43പിന്നെ സർവ്വജനവും ഓരോരുത്തരും അവരവരുടെ വീട്ടിലേക്കു പോയി; ദാവീദും തന്റെ കുടുംബത്തെ അനുഗ്രഹിപ്പാൻ മടങ്ങിപ്പോയി.

17

1ദാവീദ് തന്റെ അരമനയിൽ താമസിക്കുന്ന സമയത്ത് ഒരുനാൾ നാഥാൻപ്രവാചകനോട്“ഇതാ ഞാൻ ദേവദാരുകൊണ്ടുള്ള അരമനയിൽ താമസിക്കുന്നു; യഹോവയുടെ നിയമപെട്ടകമോ തിരശ്ശീലകൾക്കു കീഴെ ഇരിക്കുന്നു” എന്നു പറഞ്ഞു.2നാഥാൻ ദാവീദിനോട്: “നിന്റെ താല്പര്യംപോലെയൊക്കെയും ചെയ്താലും; യഹോവ നിന്നോടുകൂടെ ഉണ്ട്” എന്നു പറഞ്ഞു.

3എന്നാൽ അന്ന് രാത്രി നാഥാന് ദൈവത്തിന്റെ അരുളപ്പാടുണ്ടായതെന്തന്നാൽ:4“നീ ചെന്ന് എന്റെ ദാസനായ ദാവീദിനോടു പറയുക: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; എനിക്കു വസിപ്പാനുള്ള ആലയം പണിയേണ്ടത് നീയല്ല.5ഞാൻ യിസ്രായേലിനെ കൊണ്ടുവന്ന നാൾമുതൽ ഇന്നുവരെയും ഞാൻ ഒരു ആലയത്തിൽ വാസം ചെയ്യാതെ ഒരു കൂടാരത്തിൽനിന്ന് മറ്റൊരു കൂടരത്തിലേക്കും, ഒരു സമാഗമനകൂടാരത്തിൽ നിന്ന് മറ്റൊന്നിലേക്കും സഞ്ചരിച്ചു.6യിസ്രായേലിനോടുകൂടെ യാത്രചെയ്ത സ്ഥലങ്ങളിൽ എവിടെവെച്ചെങ്കിലും എന്റെ ജനത്തെ മേയിപ്പാൻ ഞാൻ കല്പിച്ചാക്കിയ യിസ്രായേൽ ന്യായാധിപതിമാരിൽ ആരോടെങ്കിലും: നിങ്ങൾ എനിക്കു ദേവദാരുകൊണ്ടു ഒരു ആലയം പണിയാതെയിരിക്കുന്നത് എന്ത് എന്ന് ഒരു വാക്കു ഞാൻ കല്പിച്ചിട്ടുണ്ടോ?
7അതുകൊണ്ട് നീ എന്റെ ഭൃത്യനായ ദാവീദിനോട് പറയേണ്ടതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ എന്റെ ജനമായ യിസ്രായേലിന് പ്രഭുവായിരിക്കേണ്ടതിന് ഞാൻ നിന്നെ പുല്പുറത്ത് നിന്ന്, ആടുകളെ നോക്കുമ്പോൾത്തന്നെ എടുത്തു.8നീ യാത്രചെയ്ത എല്ലാ സ്ഥലത്തും ഞാൻ നിന്നോടുകൂടെ ഇരുന്ന് നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പിൽനിന്ന് നീക്കികളഞ്ഞിരിക്കുന്നു; ഭൂമിയിലുള്ള മഹാന്മാരുടെ നാമംപോലെ ഒരു നാമം ഞാൻ നിനക്കു ഉണ്ടാക്കും.
9ഞാൻ എന്റെ ജനമായ യിസ്രായേലിന് ഒരു സ്ഥലം കല്പിച്ചുകൊടുക്കയും അവർ ആ സ്ഥലത്തു താമസിച്ച് അവിടെനിന്ന് ഇളകാതെ അവരെ നടുകയും ചെയ്യും; പണ്ടത്തെപ്പോലെയും എന്റെ ജനമായ യിസ്രായേലിന് ഞാൻ ന്യായാധിപന്മാരെ കല്പിച്ചാക്കിയ കാലത്തെപ്പോലെയും ഇനി ദുഷ്ടന്മാർ അവരെ നശിപ്പിക്കുകയില്ല.10ഞാൻ നിന്റെ സകലശത്രുക്കളെയും കീഴടക്കും; യഹോവ നിനക്കു ഒരു ഭവനം പണിയുമെന്നും ഞാൻ നിന്നോടു അറിയിക്കുന്നു.
11നിന്റെ ജീവിതകാലം തികയുമ്പോൾ, നീ നിന്റെ പിതാക്കന്മാരുടെ അടുക്കൽ പോകും. അപ്പോൾ ഞാൻ നിന്റെ പുത്രന്മാരിൽ ഒരുവനായ നിന്റെ സന്തതിയെ എഴുന്നേല്പിക്കയും അവന്റെ രാജത്വം സ്ഥിരമാക്കുകയും ചെയ്യും.12അവൻ എനിക്കു ഒരു ആലയം പണിയും; ഞാൻ അവന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും.
13ഞാൻ അവന് പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; നിന്റെ മുൻഗാമിയോട് ഞാൻ എന്റെ കൃപ എടുത്തുകളഞ്ഞതുപോലെ അവനോട് അത് എടുത്തു കളകയില്ല.14ഞാൻ അവനെ എന്റെ ആലയത്തിലും എന്റെ രാജത്വത്തിലും എന്നേക്കും നിലനിർത്തും; അവന്റെ സിംഹാസനവും എന്നേക്കും സ്ഥിരമായിരിക്കും”.15ഈ വാക്കുകളും ഈ ദർശനവും എല്ലാം നാഥാൻ ദാവീദിനോടു പ്രസ്താവിച്ചു.

16അപ്പോൾ ദാവീദ്‌ രാജാവ് അകത്ത് ചെന്ന് യഹോവയുടെ സന്നിധിയിൽ ഇരുന്ന് ഇപ്രകാരം പറഞ്ഞു“ യഹോവയായ ദൈവമേ, അവിടുന്ന് എന്നെ ഇത്രത്തോളം അനുഗ്രഹിക്കുവാൻ ഞാൻ ആർ? എന്റെ ഭവനത്തിന് എന്ത് മേന്മ?17അങ്ങയുടെ ദൃഷ്ടിയിൽ ഇത് നിസ്സാരം എന്നു തോന്നീട്ടു യഹോവയായ ദൈവമേ, വരുവാനുള്ള ദീർഘകാലത്തേക്കു അടിയന്റെ ഭവനത്തെക്കുറിച്ച് അവിടുന്ന് അരുളിച്ചെയ്കയും, ശ്രേഷ്ഠപദവിയിലുള്ള മനുഷ്യന്റെ അവസ്ഥക്കൊത്തവണ്ണം എന്നെ ആദരിക്കയും ചെയ്തിരിക്കുന്നു.18അടിയന് നൽകിയ ബഹുമാനത്തെക്കുറിച്ചു ദാവീദ് ഇനി എന്ത് പറയാനാണ്? അവിടുന്ന് അടിയനെ അറിയുന്നുവല്ലോ.
19യഹോവേ, അടിയൻ നിമിത്തവും അങ്ങയുടെ പ്രസാദപ്രകാരവും അങ്ങ് ഈ വൻകാര്യങ്ങളെല്ലാം പ്രവർത്തിച്ചു. അവിടുന്ന് അവ എല്ലാം അറിയിച്ചുതന്നിരിക്കുന്നു.20ഞങ്ങൾ സ്വന്തചെവികൊണ്ടു കേട്ടതുപോലെ യഹോവേ, നിന്നെപ്പോലെ ആരുമില്ല; നീ അല്ലാതെ ഒരു ദൈവവുമില്ല.21മിസ്രയീമിൽനിന്ന് അവിടുന്ന് വീണ്ടെടുത്ത സ്വന്ത ജനമായ യിസ്രായേലിനെപ്പോലെ ഭൂമിയിൽ മറ്റൊരു ജാതിയില്ല,വലിയതും ഭയങ്കരവുമായ കാര്യങ്ങൾ ചെയ്ത് അവിടുത്തെ ജനത്തിന്റെ മുമ്പിൽനിന്ന് ജാതികളെ നീക്കിക്കളഞ്ഞു. അങ്ങനെ ഒരു നാമം സമ്പാദിച്ചു
22അങ്ങയുടെ ജനമായ യിസ്രായേലിനെ അവിടുന്ന് എന്നേക്കും സ്വന്തജനമാക്കുകയും അവർക്ക് ദൈവമായ്തീരുകയും ചെയ്തു.23ആകയാൽ യഹോവേ, ഇപ്പോൾ അവിടുന്ന് അടിയനെയും അടിയന്റെ ഭവനത്തെയുംകുറിച്ച് അരുളിച്ചെയ്ത വചനം എന്നേക്കും സ്ഥിരമായിരിക്കട്ടെ; അവിടുന്ന് അരുളിച്ചെയ്തതുപോലെ പ്രവർത്തിക്കേണമേ,24“സൈന്യങ്ങളുടെ യഹോവ യിസ്രായേലിന്റെ ദൈവമാകുന്നു; യിസ്രായേലിന് ദൈവം തന്നെ’ എന്നിങ്ങനെ നിന്റെ നാമം എന്നേക്കും സ്ഥിരപ്പെട്ടു മഹത്വപ്പെടട്ടെ. അങ്ങയുടെ ദാസനായ ദാവീദിന്റെ ഭവനം തിരുമുമ്പാകെ നിലനില്ക്കയും ചെയ്യുമാറാകട്ടെ.
25എന്റെ ദൈവമേ, അടിയന് അവിടുന്ന് ഒരു ഭവനം പണിയുമെന്നു വെളിപ്പെടുത്തിത്തന്നിരിക്കുന്നു; അതുകൊണ്ടു അടിയൻ തിരുസന്നിധിയിൽ പ്രാർത്ഥിക്കുവാൻ ധൈര്യംപ്രാപിച്ചു.26ആകയാൽ യഹോവേ, അവിടുന്ന് തന്നെ ദൈവം; അടിയന് ഈ നന്മയെ അങ്ങ് വാഗ്ദാനം ചെയ്തുമിരിക്കുന്നു.27അതുകൊണ്ട് അടിയന്റെ ഗൃഹം തിരുമുമ്പാകെ എന്നേക്കും ഇരിക്കേണ്ടതിന് അതിനെ അനുഗ്രഹിപ്പാൻ അങ്ങയ്ക്ക് പ്രസാദം തോന്നിയിരിക്കുന്നു; യഹോവേ, നീ അനുഗ്രഹിച്ചിരിക്കുന്നു; അതു എന്നേക്കും അനുഗ്രഹിക്കപ്പെട്ടും ഇരിക്കുന്നുവല്ലോ.

18

1അതിന്റെശേഷം ദാവീദ് ഫെലിസ്ത്യരെ തോല്പിച്ചു കീഴടക്കി, ഗത്തും അതിനോടു ചേർന്ന ഗ്രാമങ്ങളും ഫെലിസ്ത്യരുടെ കയ്യിൽനിന്ന് പിടിച്ചു.2പിന്നെ അവൻ മോവാബിനെ തോല്പിച്ചു; മോവാബ്യർ ദാവീദിന്റെ ദാസന്മാരായി 1 കാഴ്ച കൊണ്ടുവന്നു.

3സോബാരാജാവായ ഹദദേസെർ ഫ്രാത്ത് നദീതീരത്ത് തന്റെ ആധിപത്യം ഉറപ്പിക്കുവാൻ പോയപ്പോൾ ദാവീദ് അവനെയും ഹമാത്തിൽവെച്ചു തോല്പിച്ചു.4അവന്റെ വക ആയിരം രഥങ്ങളെയും ഏഴായിരം (7000) കുതിരപ്പടയാളികളെയും ഇരുപതിനായിരം (20,000)2 കാലാളുകളെയും ദാവീദ് പിടിച്ചു; ദാവീദ് അവയിൽ നൂറു രഥകുതിരകളെ എടുത്തശേഷം ശേഷിച്ച രഥകുതിരകളുടെ 3 കുതിഞരമ്പു വെട്ടിക്കളഞ്ഞു.
5സോബാരാജാവായ ഹദദേസെരിനെ സഹായിപ്പാൻ ദമ്മേശെക്കിലെ അരാമ്യർ വന്നപ്പോൾ ദാവീദ് അരാമ്യരിൽ ഇരുപതിനായിരം പേരെ വധിച്ചു.6പിന്നെ ദാവീദ് ദമ്മേശെക്കിനോടു ചേർന്ന അരാമിൽ കാവല്പട്ടാളങ്ങളെ താമസിപ്പിച്ചു; അരാമ്യരും ദാവീദിന് ദാസന്മാരായി കാഴ്ച കൊണ്ടുവന്നു; ഇങ്ങനെ ദാവീദ് പോയിടത്തൊക്കെയും യഹോവ അവന് ജയം നല്കി.
7ഹദദേസെരിന്റെ ദാസന്മാർക്കുണ്ടായിരുന്ന പൊൻപരിചകളെ ദാവീദ് പിടിച്ചെടുത്ത് യെരൂശലേമിലേക്കു കൊണ്ടുവന്നു.8ഹദദേസെരിന്റെ പട്ടണങ്ങളായ തിബ്ഹാത്തിൽനിന്നും കൂനിൽനിന്നും ധാരാളം താമ്രവും കൊണ്ടുവന്നു; അതുകൊണ്ടു ശലോമോൻ താമ്രക്കടലും സ്തംഭങ്ങളും താമ്രപാത്രങ്ങളും ഉണ്ടാക്കി.
9എന്നാൽ ദാവീദ് സോബാരാജാവായ ഹദദേസെരിന്റെ സൈന്യത്തെയെല്ലാം തോല്പിച്ചുകളഞ്ഞു എന്നു ഹമാത്ത്‌ രാജാവായ തോവൂ കേട്ടു.അപ്പോൾ10അവൻ ദാവീദ്‌ രാജാവിനോടു കുശലം ചോദിക്കുവാനും അവൻ ഹദദേസെരിനോടു യുദ്ധം ചെയ്തു തോല്പിച്ചതുകൊണ്ടു ദാവീദിനെ അഭിനന്ദിപ്പാനും തന്റെ മകനായ ഹദോരാമിനെ അയച്ചു; ഹദദേസരും തോവൂവും തമ്മിൽ കൂടക്കൂടെ യുദ്ധം ഉണ്ടായിരുന്നു; അവൻ പൊന്നു, വെള്ളി താമ്രം എന്നിവകൊണ്ടുള്ള സകലവിധ സാധനങ്ങളും കൊണ്ടുവന്നു.11ദാവീദ്‌ രാജാവു അവയെ താൻ ഏദോം, മോവാബ്, അമ്മോന്യർ, ഫെലിസ്ത്യർ, അമാലേക്ക് മുതലായ സകലജാതികളുടെ അടുക്കൽനിന്നും പിടിച്ചെടുത്ത വെള്ളിയോടും പൊന്നിനോടുംകൂടെ യഹോവയ്ക്കു സമർപ്പിച്ചു.
12സെരൂയയുടെ മകനായ അബീശായി ഉപ്പുതാഴ്വരയിൽവച്ച് എദോമ്യരിൽ പതിനെണ്ണായിരംപേരെ സംഹരിച്ചു.13ദാവീദ് എദോമിൽ കാവൽ സൈന്യത്തെ ആക്കി; എദോമ്യർ എല്ലാവരും അവന് ദാസന്മാർ ആയി. അങ്ങനെ ദാവീദ് പോയിടത്തൊക്കെയും യഹോവ അവന് ജയം നല്കി.

14ഇങ്ങനെ ദാവീദ് എല്ലായിസ്രായേലിനും രാജാവായി വാണു; തന്റെ സകലജനത്തിനും നീതിയും ന്യായവും നടത്തി.15സെരൂയയുടെ മകനായ യോവാബ് സേനാധിപതി ആയിരുന്നു; അഹീലൂദിന്റെ മകനായ യെഹോശാഫാത്ത് മന്ത്രിയും16അഹീത്തൂബിന്റെ മകനായ സാദോക്കും അബ്യാഥാരിന്റെ മകനായ അഹീമേലെക്കും പുരോഹിതന്മാരും, ശവ്ശാ രായസക്കാരനും17യെഹോയാദയുടെ മകനായ ബെനായാവ് ക്രേത്യർക്കും പ്ലേത്യർക്കും അധിപതിയും ആയിരുന്നു; ദാവീദിന്റെ പുത്രന്മാർ രാജാവിന്റെ അടുക്കൽ പ്രധാന പരിചാരകന്മാരായിരുന്നു.


1 18:2 കാഴ്ച = തങ്ങളുടെ വിധേേയത്വം കാണിക്കുവനായി മേലധികാരികൾക്ക് കൊടുക്കുന്ന ഉപഹാരം
2 18:4 കാലാളുകൾ = നിലത്തുനിന്ന് യുദ്ധം ചെയ്യുന്ന സൈന്യം
3 18:4 കുതിഞരമ്പ്= പിന്തുടഞരമ്പ് മുറിച്ചുകളഞ്ഞ് ശേഷിയില്ലാതാക്കുക

19

1അതിന്റെ ശേഷം അമ്മോന്യരുടെ രാജാവായ നാഹാശ് മരിച്ചു; അവന്റെ മകൻ അവന് പകരം രാജാവായി.2അപ്പോൾ ദാവീദ്:“നാഹാശ് എന്നോട് ദയ കാണിച്ചതുകൊണ്ട് അവന്റെ മകനായ ഹാനൂനോട് ഞാനും ദയ കാണിക്കും” എന്നു പറഞ്ഞു. അങ്ങനെ അവന്റെ അപ്പനെക്കുറിച്ചു ഹാനൂനോട് ആശ്വാസവാക്കു പറയുവാൻ ദാവീദ് ദൂതന്മാരെ അയച്ചു. ദാവീദിന്റെ ദൂതന്മാർ അമ്മോന്യരുടെ ദേശത്ത് ഹാനൂന്റെ അടുക്കൽ അവനെ ആശ്വസിപ്പിക്കുവാൻ വന്നപ്പോൾ3അമ്മോന്യപ്രഭുക്കന്മാർ ഹാനൂനോടു: “ദാവീദ് നിന്റെ അപ്പനോടുള്ള ബഹുമാനം കൊണ്ടാണ് നിന്റെ അടുക്കൽ ആശ്വസിപ്പിക്കുന്നവരെ അയച്ചിരിക്കുന്നത് എന്ന് നിനക്കു തോന്നുന്നുവോ? ദേശത്തെ പരിശോധിക്കുവാനും മുടിപ്പാനും ഒറ്റുനോക്കുവാനും1 അല്ലയോ അവന്റെ ഭൃത്യന്മാർ നിന്റെ അടുക്കൽ വന്നിരിക്കുന്നത് ” എന്നു പറഞ്ഞു.

4അപ്പോൾ ഹാനൂൻ ദാവീദിന്റെ ഭൃത്യന്മാരെ പിടിച്ചു ക്ഷൌരം ചെയ്യിച്ചു2 അവരുടെ അങ്കികൾ അര മുതൽ പാദം വരെ മുറിച്ചുകളഞ്ഞു വിട്ടയച്ചു.5ചിലർ ആ പുരുഷന്മാരുടെ വിവരം ദാവീദിനോട് ചെന്ന് അറിയിച്ചു; അവർ ഏറ്റവും ലജ്ജിച്ചിരിക്കയാൽ ദാവീദ് അവരെ എതിരേല്പാൻ ആളയച്ചു; “നിങ്ങളുടെ താടി വളരുന്നതുവരെ യെരീഹോവിൽ താമസിച്ചിട്ട് മടങ്ങിവരുവിൻ” എന്നു രാജാവു പറയിച്ചു.
6തങ്ങൾ ദാവീദിന് വെറുപ്പായി എന്നു അമ്മോന്യർ കണ്ടപ്പോൾ ഹാനൂനും അമ്മോന്യരും മെസൊപൊതാമ്യയിൽനിന്നും മയഖയോടു ചേർന്ന അരാമിൽനിന്നും സോബയിൽനിന്നും രഥങ്ങളെയും കുതിരപ്പടയാളികളെയും ആയിരം താലന്ത് വെള്ളി കൊടുത്തു കൂലിക്കു വാങ്ങി.7അവർ മുപ്പത്തീരായിരം(32000) രഥങ്ങളെയും മയഖാരാജാവിനെയും അവന്റെ പടജ്ജനത്തെയും കൂലിക്കു വാങ്ങി; അവർ വന്നു മെദേബെക്കു മുമ്പിൽ പാളയമിറങ്ങി; അമ്മോന്യരും അവരുടെ പട്ടണങ്ങളിൽനിന്നു വന്നുകൂടി പടയ്ക്കു പുറപ്പെട്ടു.
8ദാവീദ് അതു കേട്ടപ്പോൾ യോവാബിനെയും വീരന്മാരുടെ സകലസൈന്യത്തെയും അയച്ചു.9അമ്മോന്യർ വന്ന് പട്ടണത്തിന്റെ പടിവാതില്ക്കൽ യുദ്ധത്തിനായി അണിനിരന്നു; അവരെ സഹായിപ്പാൻ വന്ന രാജാക്കന്മാർ തനിച്ചു വെളിമ്പ്രദേശത്തായിരുന്നു3 .
10തന്റെ മുമ്പിലും പിമ്പിലും പട നിരന്നിരിക്കുന്നു എന്നു കണ്ടപ്പോൾ യോവാബ് എല്ലായിസ്രായേൽ വീരന്മാരിൽനിന്നും ആളുകളെ തിരഞ്ഞെടുത്തു അരാമ്യർക്കെതിരെ അണിനിരത്തി.11ശേഷിച്ച പടജ്ജനത്തെ അവൻ തന്റെ സഹോദരനായ അബീശായിയെ ഏല്പിച്ചു; അവർ അമ്മോന്യർക്കെതിരെ അണിനിരന്നു.
12പിന്നെ അവൻ: “അരാമ്യർ എന്നേക്കാൾ ശക്തി പ്രാപിച്ചാൽ നീ എനിക്കു സഹായം ചെയ്യേണം; അമ്മോന്യർ നിന്നേക്കാൾ ശക്തി പ്രാപിച്ചാൽ ഞാൻ നിനക്കു സഹായം ചെയ്യും.13ധൈര്യമായിരിക്ക; നാം നമ്മുടെ ജനത്തിനും നമ്മുടെ ദൈവത്തിന്റെ പട്ടണങ്ങൾക്കും വേണ്ടി പുരുഷത്വം കാണിക്കുക; യഹോവ തനിക്കു ഇഷ്ടമുള്ളത് ചെയ്യുമാറാകട്ടെ” എന്നു പറഞ്ഞു.
14പിന്നെ യോവാബും കൂടെയുള്ള ജനവും അരാമ്യരോടു യുദ്ധത്തിന് ചെന്നു; അവർ അവന്റെ മുമ്പിൽനിന്നു ഓടി.15അരാമ്യർ ഓടിപ്പോയതു കണ്ടപ്പോൾ അമ്മോന്യരും അതുപോലെ അവന്റെ സഹോദരനായ അബീശായിയുടെ മുമ്പിൽനിന്നു ഓടി, പട്ടണത്തിൽ കടന്നു; യോവാബ് യെരൂശലേമിലേക്കു പോന്നു.
16തങ്ങൾ യിസ്രായേലിനോടു തോറ്റുപോയി എന്നു അരാമ്യർ കണ്ടപ്പോൾ അവർ ദൂതന്മാരെ അയച്ചു നദിക്കു അക്കരെയുള്ള അരാമ്യരെ വരുത്തി; ഹദദേസെരിന്റെ സേനാപതിയായ ശോഫക്ക് അവരുടെ നായകനായിരുന്നു.17അതു ദാവീദിന് അറിവു കിട്ടിയപ്പോൾ അവൻ എല്ലായിസ്രായേലിനെയും കൂട്ടി യോർദ്ദാൻ കടന്നു അവർക്കെതിരെ ചെന്ന് അവരുടെ നേരെ അണിനിരത്തി. ദാവീദ് അരാമ്യർക്കു നേരെ പടയ്ക്ക് അണിനിരത്തിയ ശേഷം അവർ അവനോടു പടയേറ്റു യുദ്ധം ചെയ്തു.
18എന്നാൽ അരാമ്യർ യിസ്രായേലിന്റെ മുമ്പിൽനിന്നു ഓടി; ദാവീദ് അരാമ്യരിൽ ഏഴായിരം(7000) തേരാളികളെയും നാല്പതിനായിരം (40000) കാലാളുകളെയും വധിച്ചു; സേനാപതിയായ ശോഫക്കിനെയും കൊന്നുകളഞ്ഞു.19ഹദദേസെരിന്റെ ഭൃത്യന്മാർ തങ്ങൾ യിസ്രായേലിനോടു തോറ്റുപോയെന്ന് കണ്ടിട്ടു ദാവീദിനോടു സന്ധിചെയ്തു അവന് കീഴടങ്ങി; അമ്മോന്യരെ സഹായിപ്പാൻ അരാമ്യർ പിന്നെ ശ്രമിച്ചതുമില്ല.


1 19:3 ഒറ്റുനോക്കുക = രഹസ്യമായി നോക്കുക
2 19:4 ക്ഷൌരം ചെയ്യുക = മുടി മുറിച്ചു കളയുക
3 19:9 വെളിമ്പ്രദേശം = തുറസ്സായ പ്രദേശം

20

1അടുത്തവർഷം രാജാക്കന്മാർ യുദ്ധത്തിന് പുറപ്പെടുന്ന സമയത്ത് യോവാബ് സൈന്യബലത്തോടെ പുറപ്പെട്ട് അമ്മോന്യരുടെ ദേശത്തെ നശിപ്പിച്ചു. അതിനുശേഷം രബ്ബയെ വളഞ്ഞു. ദാവീദ് യെരൂശലേമിൽ താമസിച്ചു. യോവാബ് രബ്ബയെ ആക്രമിച്ച് നശിപ്പിച്ചു.

2ദാവീദ് അവരുടെ രാജാവിന്റെ കിരീടം അവന്റെ തലയിൽനിന്നു എടുത്തു; അതിന്റെ തൂക്കം ഒരു 1 താലന്ത് പൊന്ന് എന്നു കണ്ടു; അതിൽ രത്നങ്ങളും പതിച്ചിരുന്നു; അതു ദാവീദിന്റെ തലയിൽ വെച്ചു; അവൻ ആ പട്ടണത്തിൽ നിന്നു ധാരാളം 2 കൊള്ളയും കൊണ്ടുപോന്നു.3അവൻ അവിടുത്തെ ജനത്തെ പുറത്തു കൊണ്ടുവന്ന് 3 ഈർച്ചവാളും ഇരുമ്പ് പാരയും കോടാലിയും കൊണ്ടുള്ള ജോലികൾക്ക് നിയമിച്ചു; ഇങ്ങനെ ദാവീദ് അമ്മോന്യരുടെ എല്ലാപട്ടണങ്ങളോടും ചെയ്തു. പിന്നെ ദാവീദും സകലജനവും യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.

4അതിന്റെശേഷം ഗേസെരിൽവെച്ചു ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായി; ആ സമയത്ത് ഹൂശാത്യനായ സിബ്ബെഖായി മല്ലന്മാരുടെ മക്കളിൽ ഒരുവനായ സിപ്പായിയെ വെട്ടിക്കൊന്നു; പിന്നെ അവർ കീഴടങ്ങി.5പിന്നെയും ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായപ്പോൾ യായീരിന്റെ മകനായ എൽഹാനാൻ ഗിത്യനായ ഗൊല്യാഥിന്റെ സഹോദരനായ ലഹ്മിയെ വെട്ടിക്കൊന്നു. അവന്റെ കുന്തത്തണ്ടു നെയ്ത്തുകാരന്റെ പടപ്പുതടിപോലെ ആയിരുന്നു.
6വീണ്ടും ഗത്തിൽവെച്ചു യുദ്ധം ഉണ്ടായി; അവിടെ ദീർഘകായനായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു; അവന് ഓരോ കൈക്കും ആറുവിരൽ വീതവും ഓരോ കാലിനും ആറു വിരൽ വീതവും, ആകെ ഇരുപത്തിനാലു വിരൽ ഉണ്ടായിരുന്നു; അവനും രാഫെക്കു ജനിച്ചവനായിരുന്നു.7അവൻ യിസ്രായേലിനെ ധിക്കരിച്ചപ്പോൾ ദാവീദിന്റെ സഹോദരനായ ശിമെയയുടെ മകനായ യോനാഥാൻ അവനെ വെട്ടിക്കൊന്നു.8ഇവർ ഗത്തിൽ രാഫെക്കു ജനിച്ചവർ ആയിരുന്നു; അവർ ദാവീദിന്റെയും അവന്റെ ദാസന്മാരുടെയും കയ്യാൽ പട്ടുപോയി.


1 20:2 താലന്ത് = 33.3 കി.ഗ്രാം
2 20:2 കൊള്ള = യുദ്ധം ചെയ്ത് പിടിച്ചെടുത്ത സാധനങ്ങൾ
3 20:3 ഈർച്ചവാൾ = തടി അറക്കുന്ന വാൾ

21

1അനന്തരം സാത്താൻ യിസ്രായേലിന് വിരോധമായി എഴുന്നേറ്റു യിസ്രായേലിനെ എണ്ണുവാൻ ദാവീദിന് തോന്നിച്ചു.2ദാവീദ് യോവാബിനോടും ജനത്തിന്റെ പ്രഭുക്കന്മാരോടും: “നിങ്ങൾ ചെന്ന് ബേർ-ശേബമുതൽ ദാൻവരെ യിസ്രായേലിനെ എണ്ണി അവരുടെ സംഖ്യ ഞാൻ അറിയേണ്ടതിന് കൊണ്ടുവരുവിൻ” എന്നു പറഞ്ഞു.3അതിന് യോവാബ്: “യഹോവ തന്റെ ജനത്തെ ഉള്ളതിൽ നൂറിരട്ടിയായി വർദ്ധിപ്പിക്കട്ടെ; എങ്കിലും എന്റെ യജമാനനായ രാജാവേ, അവർ ഒക്കെയും യജമാനന്റെ ദാസന്മാരല്ലയോ? യജമാനൻ ഈ കാര്യം അന്വേഷിക്കുന്നത് എന്ത്? യിസ്രായേലിന് കുറ്റത്തിന്റെ കാരണമായി തീരുന്നത് എന്തിന്? ”എന്നു പറഞ്ഞു.

4എന്നാൽ യോവാബിന് രാജാവിന്റെ കല്പന അനുസരിക്കേണ്ടിവന്നു. അതുകൊണ്ടു യോവാബ് പുറപ്പെട്ടു എല്ലായിസ്രായേലിലുംകൂടി സഞ്ചരിച്ച് യെരൂശലേമിലേക്കു മടങ്ങിവന്നു.5യോവാബ് ജനത്തെ എണ്ണിയ സംഖ്യ ദാവീദിന് കൊടുത്തു: യിസ്രായേലിൽ യോദ്ധാക്കൾ എല്ലാംകൂടി പതിനൊന്നുലക്ഷംപേർ(1,100,000). യെഹൂദയിൽ യോദ്ധാക്കൾ നാലുലക്ഷത്തെഴുപതിനായിരം (470,000) പേർ.
6എന്നാൽ രാജാവിന്റെ കല്പന യോവാബിന് വെറുപ്പായിരുന്നതുകൊണ്ടു അവൻ ലേവിയെയും ബെന്യാമീനെയും അവരുടെ കൂട്ടത്തിൽ എണ്ണിയില്ല.7ദൈവത്തിന് ഈ കാര്യം അനിഷ്ടമായിരുന്നതുകൊണ്ടു അവൻ യിസ്രായേലിനെ ശിക്ഷിച്ചു.8അപ്പോൾ ദാവീദ് ദൈവത്തോട്: “ഈ കാര്യം ചെയ്തതിനാൽ ഞാൻ മഹാപാപം ചെയ്തിരിക്കുന്നു: എന്നാൽ അടിയന്റെ അകൃത്യം ക്ഷമിക്കേണമേ: ഞാൻ വലിയ ഭോഷത്വം ചെയ്തുപോയി” എന്നു പറഞ്ഞു.
9യഹോവ ദാവീദിന്റെ ദർശകനായ ഗാദിനോടു ഇപ്രകാരം അരുളിച്ചെയ്തു:10“നീ ചെന്ന് ദാവീദിനോട്: ‘ഞാൻ മൂന്നു കാര്യം നിന്റെ മുമ്പിൽ വെക്കുന്നു; അവയിൽ ഒന്നു തിരഞ്ഞെടുത്തുകൊൾക; അതു ഞാൻ നിന്നോടു ചെയ്യും’ എന്നു യഹോവ അരുളിച്ചെയ്യുന്നു” എന്നു പറയുക.
11അങ്ങനെ ഗാദ് ദാവീദിന്റെ അടുക്കൽ ചെന്ന് അവനോടു:“ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:12മൂന്നു വർഷത്തെ ക്ഷാമമോ, നിന്റെ ശത്രുക്കളുടെ വാൾ നിന്നെ തുടർന്നെത്തി നീ മൂന്നു മാസം നിന്റെ ശത്രുക്കളാൽ നശിക്കയോ, ദേശത്ത് മൂന്നു ദിവസം യഹോവയുടെ വാളായ മാഹാമാരി ഉണ്ടായി യിസ്രായേൽദേശത്തൊക്കെയും യഹോവയുടെ ദൂതൻ സംഹാരം ചെയ്കയോ ഇവയിൽ ഒന്നു തിരഞ്ഞെടുത്തുകൊൾക. എന്നെ അയച്ചവനോടു ഞാൻ എന്ത് മറുപടിയാണ് പറയേണ്ടത് എന്നു ആലോചിച്ചുനോക്കുക” എന്നു പറഞ്ഞു.
13ദാവീദ് ഗാദിനോട്: “ഞാൻ വലിയ വിഷമത്തിലായിരിക്കുന്നു; ഞാൻ ഇപ്പോൾ യഹോവയുടെ കയ്യിൽ തന്നേ വീഴട്ടെ; അവന്റെ കരുണ ഏറ്റവും വലിയതല്ലോ; മനുഷ്യന്റെ കയ്യിൽ ഞാൻ വീഴരുതേ” എന്നു പറഞ്ഞു.14അങ്ങനെ യഹോവ ഇസ്രായേലിൽ മഹാമാരി അയച്ചു; യിസ്രായേലിൽ എഴുപതിനായിരംപേർ(70,000) വീണുപോയി.15ദൈവം യെരൂശലേമിനെ നശിപ്പിക്കേണ്ടതിന് ഒരു ദൂതനെ അവിടെ അയച്ചു; അവൻ നശിപ്പിക്കുവാൻ തുടങ്ങുമ്പോൾ യഹോവ കണ്ട്, ആ അനർത്ഥത്തെക്കുറിച്ചു അനുതപിച്ച് നാശം വരുത്തുന്ന ദൂതനോട്: “മതി, നിന്റെ കൈ പിൻവലിക്ക” എന്നു കല്പിച്ചു, യഹോവയുടെ ദൂതൻ യെബൂസ്യനായ ഒർന്നാന്റെ കളത്തിന്നരികെ നില്ക്കയായിരുന്നു.
16ദാവീദ് തല പൊക്കി, യഹോവയുടെ ദൂതൻ വാൾ ഊരി യെരൂശലേമിന് മീതെ നീട്ടിപ്പിടിച്ചുംകൊണ്ട് ഭൂമിക്കും ആകാശത്തിനും മദ്ധ്യേ നില്ക്കുന്നതു കണ്ടു. ദാവീദും മൂപ്പന്മാരും രട്ടുടുത്തു സാഷ്ടാംഗം വീണു.17ദാവീദ് ദൈവത്തോട്: “ജനത്തെ എണ്ണുവാൻ പറഞ്ഞവൻ ഞാനല്ലയോ? ദോഷം ചെയ്ത പാപി ഞാൻ ആകുന്നു; ഈ ആടുകൾ എന്ത് ചെയ്തിരിക്കുന്നു? യഹോവേ, എന്റെ ദൈവമേ, നിന്റെ കൈ ബാധക്കായിട്ടു നിന്റെ ജനത്തിന്മേൽ അല്ല, എന്റെമേലും എന്റെ പിതൃഭവനത്തിന്മേലും ഇരിക്കട്ടെ” എന്നു പറഞ്ഞു.
18അപ്പോൾ യഹോവയുടെ ദൂതൻ ഗാദിനോട് ദാവീദ് ചെന്ന് യെബൂസ്യനായ ഒർന്നാന്റെ കളത്തിൽ യഹോവയ്ക്ക് ഒരു യാഗപീഠം പണിയേണമെന്നു ദാവീദിനോടു പറയുവാൻ കല്പിച്ചു.19യഹോവയുടെ നാമത്തിൽ ഗാദ് പറഞ്ഞ വചനപ്രകാരം ദാവീദ് ചെന്നു.20ഒർന്നാൻ തിരിഞ്ഞ് ദൂതനെ കണ്ടു തന്റെ നാലു പുത്രന്മാരുമായി ഒളിച്ചു. ഒർന്നാൻ ഗോതമ്പു മെതിച്ചു കൊണ്ടിരിക്കയായിരുന്നു.
21ദാവീദ് ഒർന്നാന്റെ അടുക്കൽ വന്നപ്പോൾ ഒർന്നാൻ ദാവീദിനെ കണ്ടു കളത്തിൽനിന്നു പുറത്തുചെന്ന് ദാവീദിന്റെ മുമ്പിൽ സാഷ്ടാംഗം വീണ് നമസ്കരിച്ചു.22ദാവീദ് ഒർന്നാനോട്: “ഈ കളത്തിന്റെ സ്ഥലത്ത് ഞാൻ യഹോവയ്ക്ക് ഒരു യാഗപീഠം പണിയേണ്ടതിന് അത് എനിക്കു തരേണം; ബാധ ജനത്തെ വിട്ടുമാറേണ്ടതിന് നീ അത് മുഴുവൻ വിലയ്ക്ക് എനിക്ക് തരേണം” എന്നു പറഞ്ഞു.
23അതിന് ഒർന്നാൻ ദാവീദിനോട്: “അത് എടുത്തുകൊൾക; യജമാനനായ രാജാവിന്റെ പ്രസാദംപോലെ ചെയ്തുകൊണ്ടാലും; ഇതാ ഞാൻ ഹോമയാഗത്തിന് കാളകളെയും വിറകിന് മെതിവണ്ടികളെയും ഭോജനയാഗത്തിന് ഗോതമ്പും തരുന്നു; എല്ലാം ഞാൻ തരുന്നു” എന്നു പറഞ്ഞു.24ദാവീദ്‌ രാജാവു ഒർന്നാനോട്: “അങ്ങനെ അല്ല; ഞാൻ മുഴുവൻ വിലയും നൽകിയേ അതു വാങ്ങുകയുള്ളു; നിനക്കുള്ളത് ഞാൻ യഹോവയ്ക്കായിട്ടു എടുക്കയില്ല; ചെലവുകൂടാതെ ഹോമയാഗം കഴിക്കയും ഇല്ല ”എന്നു പറഞ്ഞു.
25അങ്ങനെ ദാവീദ് ആ സ്ഥലത്തിന് അറുനൂറു 1 ശേക്കെൽ പൊന്ന് ഒർന്നാന് കൊടുത്തു.26ദാവീദ് അവിടെ യഹോവയ്ക്കു ഒരു യാഗപീഠം പണിതു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ച് യഹോവയോട് പ്രാർത്ഥിച്ചു; അവൻ ആകാശത്തിൽനിന്ന് ഹോമപീഠത്തിന്മേൽ തീ ഇറക്കി അവന് ഉത്തരം അരുളി.27യഹോവ ദൂതനോടു കല്പിച്ചു; അവൻ തന്റെ വാൾ വീണ്ടും ഉറയിൽ ഇട്ടു.

28ആ കാലത്ത് യെബൂസ്യനായ ഒർന്നാന്റെ കളത്തിൽവെച്ചു യഹോവ തന്റെ പ്രാർത്ഥനയ്ക്ക് ഉത്തരമരുളി എന്നു ദാവീദ് കണ്ടിട്ടു അവിടെ യാഗം അർപ്പിച്ചു.29മോശെ മരുഭൂമിയിൽവെച്ചു ഉണ്ടാക്കിയിരുന്ന യഹോവയുടെ തിരുനിവാസവും ഹോമപീഠവും അന്നു ഗിബെയോനിലെ പൂജാഗിരിയിൽ ആയിരുന്നു.30യഹോവയുടെ ദൂതന്റെ വാളിനെ പേടിച്ചതുകൊണ്ടു ദൈവത്തോടു അരുളപ്പാടു ചോദിക്കേണ്ടതിന് അവിടെ ചെല്ലുവാൻ ദാവീദിന് കഴിഞ്ഞില്ല.


1 21:25 ശേക്കെൽ = 11.4 ഗ്രാം

22

1“ഇത് യഹോവയായ ദൈവത്തിന്റെ ആലയം; ഇത് യിസ്രായേലിന് ഹോമപീഠം” എന്ന് ദാവീദ് പറഞ്ഞു.2അനന്തരം ദാവീദ് യിസ്രായേൽദേശത്തിലെ അന്യജാതിക്കാരെ കൂട്ടിവരുത്തുവാൻ കല്പിച്ചു; ദൈവത്തിന്റെ ആലയം പണിയുവാൻ ചതുരക്കല്ല് ചെത്തേണ്ടതിന് അവൻ കല്പണിക്കാരെ നിയമിച്ചു.

3ദാവീദ് പടിവാതിൽകതകുകളുടെ ആണികൾക്കായിട്ടും കൊളുത്തുകൾക്കായിട്ടും ധാരാളം ഇരിമ്പും തൂക്കമില്ലാതെ ധാരാളം താമ്രവും അനവധി ദേവദാരുവും ഒരുക്കിവെച്ചു.4സീദോന്യരും സോര്യരും അനവധി ദേവദാരു ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു. “എന്റെ മകൻ ശലോമോൻ ചെറുപ്പവും അനുഭവസമ്പത്തില്ലാത്തവനും ആകുന്നു; യഹോവയ്ക്കായി പണിയേണ്ട ആലയമോ കീർത്തിയും ശോഭയുംകൊണ്ട് സർവ്വദേശങ്ങൾക്കും അതിമഹത്വമുള്ളതായിരിക്കേണം.5ആകയാൽ ഞാൻ അതിനുവേണ്ടി തയ്യാറെടുക്കും” എന്നു ദാവീദ് പറഞ്ഞു. അങ്ങനെ ദാവീദ് തന്റെ മരണത്തിന് മുമ്പെ ധാരാളം തയ്യാറെടുപ്പുകൾ നടത്തി.

6അവൻ തന്റെ മകനായ ശലോമോനെ വിളിച്ച് യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് ഒരു ആലയം പണിയുവാൻ കല്പന കൊടുത്തു.7ദാവീദ് ശലോമോനോടു പറഞ്ഞത്: “മകനേ, ഞാൻ തന്നേ എന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം പണിയുവാൻ താല്പര്യപ്പെട്ടിരുന്നു.8എങ്കിലും എനിക്കു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ: ‘നീ ഏറെ രക്തം ചിന്തി വലിയ യുദ്ധങ്ങളും ചെയ്തിട്ടുണ്ട്; നീ എന്റെ നാമത്തിന് ഒരു ആലയം പണിയരുത്; നീ എന്റെ മുമ്പാകെ ഭൂമിയിൽ ധാരാളം രക്തം ചിന്തിയിരിക്കുന്നു.
9എന്നാൽ നിനക്ക് ഒരു മകൻ ജനിക്കും; അവൻ ഒരു സമാധാനപുരുഷനായിരിക്കും; ഞാൻ ചുറ്റുമുള്ള അവന്റെ സകലശത്രുക്കളെയും നീക്കി അവന് വിശ്രമം കൊടുക്കും; അവന്റെ പേർ ശലോമോൻ എന്ന് ആയിരിക്കും; അവന്റെ കാലത്ത് ഞാൻ യിസ്രായേലിന് സമാധാനവും സ്വസ്ഥതയും നല്കും.10അവൻ എന്റെ നാമത്തിന് ഒരു ആലയം പണിയും; അവൻ എനിക്കു മകനായും ഞാൻ അവന് അപ്പനായും ഇരിക്കും; യിസ്രായേലിൽ അവന്റെ രാജത്വം ഞാൻ എന്നേക്കും നിലനില്ക്കുമാറാക്കും.
11ആകയാൽ എന്റെ മകനേ, യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ; നിന്റെ ദൈവമായ യഹോവ നിന്നെക്കുറിച്ചു അരുളിച്ചെയ്തതുപോലെ നീ വിജയകരമായി അവന്റെ ആലയം പണിയുക.12നിന്റെ ദൈവമായ യഹോവയുടെ ന്യായപ്രമാണം നീ ആചരിക്കേണ്ടതിന് യഹോവ നിനക്കു ജ്ഞാനവും വിവേകവും തന്നു നിന്നെ യിസ്രായേലിന് നിയമിക്കുമാറാകട്ടെ.13യഹോവ യിസ്രായേലിന് വേണ്ടി മോശെയോടു കല്പിച്ച ചട്ടങ്ങളും വിധികളും നീ ശ്രദ്ധയോടെ പ്രമാണിക്കുന്നു എങ്കിൽ നീ കൃതാർത്ഥനാകും; ധൈര്യപ്പെട്ടു ഉറച്ചിരിക്ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു.
14ഇതാ, ഞാൻ വളരെ കഷ്ടപ്പെട്ട് യഹോവയുടെ ആലയത്തിനായി ഒരു ലക്ഷം (100,000) താലന്ത് പൊന്നും പത്തു ലക്ഷം (1,000,000) താലന്ത് വെള്ളിയും ആർക്കും അളക്കാനാവാത്ത വിധം താമ്രവും ഇരിമ്പും സ്വരൂപിച്ചിട്ടുണ്ടു; മരവും കല്ലും കൂടെ ഞാൻ ഒരുക്കിവെച്ചിരിക്കുന്നു; നിനക്കു ഇനിയും അതിനോടു ചേർത്തുകൊള്ളാമല്ലോ.
15നിന്റെ സ്വാധീനത്തിൽ കല്ലുവെട്ടുകാർ, കല്പണിക്കാർ, ആശാരികൾ എന്നിങ്ങനെ അനവധി പണിക്കാരും സകലവിധ കരകൗശലപ്പണിക്കാരും ഉണ്ടല്ലോ;16പൊന്ന്, വെള്ളി, താമ്രം, ഇരിമ്പ് എന്നിവ ധാരാളം ഉണ്ട്; ഉത്സാഹിച്ചു പ്രവർത്തിച്ചുകൊൾക; യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ.
17ദാവീദ് യിസ്രായേലിന്റെ സകലപ്രഭുക്കന്മാരോടും തന്റെ മകനായ ശലോമോനെ സഹായിപ്പാൻ കല്പിച്ചുപറഞ്ഞത് :18“നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കൂടെ ഉണ്ടല്ലോ; അവൻ നിങ്ങൾക്കു ചുറ്റും വിശ്രമം വരുത്തിയിരിക്കുന്നു. അവൻ ദേശനിവാസികളെ എന്റെ കയ്യിൽ ഏല്പിച്ചു ദേശം യഹോവയ്ക്കും അവന്റെ ജനത്തിനും കീഴടക്കിയുമിരിക്കുന്നു.19ആകയാൽ നിങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിപ്പാൻ നിങ്ങളുടെ ഹൃദയവും മനസ്സും ഏല്പിച്ചുകൊടുപ്പിൻ. എഴുന്നേല്പിൻ; യഹോവയുടെ നിയമപെട്ടകവും ദൈവത്തിന്റെ വിശുദ്ധപാത്രങ്ങളും യഹോവയുടെ നാമത്തിന് പണിയുവാനുള്ള ആലയത്തിലേക്കു കൊണ്ടുവരേണ്ടതിന് യഹോവയായ ദൈവത്തിന്റെ വിശുദ്ധമന്ദിരത്തെ പണിയുവിൻ.”

23

1ദാവീദ് വൃദ്ധനും കാലസമ്പൂർണ്ണനും ആയപ്പോൾ തന്റെ മകനായ ശലോമോനെ യിസ്രായേലിന് രാജാവാക്കി.2അവൻ യിസ്രായേലിന്റെ പ്രഭുക്കന്മാരെയും പുരോഹിതന്മാരെയും ലേവ്യരെയും എല്ലാം കൂട്ടിവരുത്തി,3ലേവ്യരിൽ മുപ്പതും അതിൽ കൂടുതലും വയസ്സുള്ളവരെ എണ്ണി; ആളെണ്ണം പേരുപേരായി അവർ മുപ്പത്തെണ്ണായിരം (38,000)ആയിരുന്നു.

4അവരിൽ ഇരുപത്തിനാലായിരംപേർ (24,000)യഹോവയുടെ ആലയത്തിലെ വേല നടത്തേണ്ടുന്നവരും ആറായിരംപേർ(6000) പ്രമാണികളും5ന്യായാധിപന്മാരും നാലായിരംപേർ (4000) വാതിൽകാവല്ക്കാരും നാലായിരംപേർ (4000) സ്തോത്രം ചെയ്യേണ്ടതിന് ദാവീദ് ഉണ്ടാക്കിയ വാദ്യോപകരണങ്ങളാൽ യഹോവയെ സ്തുതിക്കുന്നവരും ആയിരുന്നു;6ദാവീദ് അവരെ ലേവിപുത്രന്മാരായ ഗേർശോൻ, കെഹാത്ത്, മെരാരി എന്നീ ക്രമപ്രകാരം കൂറുകളായി വിഭാഗിച്ചു.
7ഗേർശോന്യർ ലദ്ദാൻ, ശിമെയി.8ലദ്ദാന്റെ പുത്രന്മാർ: തലവനായ യെഹീയേൽ, സേഥാം, യോവേൽ ഇങ്ങനെ മൂന്നുപേർ.9ശിമെയിയുടെ പുത്രന്മാർ: ശെലോമീത്ത്, ഹസീയേൽ, ഹാരാൻ ഇങ്ങനെ മൂന്നുപേർ; ഇവർ ലദ്ദാന്റെ പിതൃഭവനങ്ങൾക്കു തലവന്മാർ ആയിരുന്നു.
10ശിമെയിയുടെ പുത്രന്മാർ: യഹത്ത്, സീനാ, യെയൂശ്, ബെരീയാം; ഈ നാലുപേർ ശിമെയിയുടെ പുത്രന്മാർ.11യഹത്ത് തലവനും സീനാ രണ്ടാമനും ആയിരുന്നു; യെയൂശിനും ബെരിയെക്കും അധികം പുത്രന്മാർ ഇല്ലാതിരുന്നതുകൊണ്ടു അവർ ഏകപിതൃഭവനമായി എണ്ണപ്പെട്ടിരുന്നു.
12കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ ഇങ്ങനെ നാലുപേർ.13അമ്രാമിന്റെ പുത്രന്മാർ: അഹരോൻ, മോശെ; അഹരോനും പുത്രന്മാരും അതിവിശുദ്ധവസ്തുക്കളെ ശുദ്ധീകരിക്കുവാനും യഹോവയുടെ സന്നിധിയിൽ ധൂപംകാട്ടുവാനും അവന് ശുശ്രൂഷചെയ്യുവാനും എപ്പോഴും അവന്റെ നാമത്തിൽ അനുഗ്രഹിക്കുവാനും സദാകാലത്തേക്കും വേർതിരിക്കപ്പെട്ടിരുന്നു.14ദൈവപുരുഷനായ മോശെയുടെ പുത്രന്മാരെ ലേവിഗോത്രത്തിൽ എണ്ണിയിരുന്നു.
15മോശെയുടെ പുത്രന്മാർ: ഗേർശോം, എലീയേസെർ.16ഗെർശോമിന്റെ പുത്രന്മാരിൽ ശെബൂവേൽ തലവനായിരുന്നു.17എലീയേസെരിന്റെ തലമുറകൾ: രെഹബ്യാവ് തലവൻ; എലീയേസെരിന് വേറെ പുത്രന്മാർ ഉണ്ടായിരുന്നില്ല; എങ്കിലും രെഹബ്യാവിന് വളരെ പുത്രന്മാർ ഉണ്ടായിരുന്നു.18യിസ്ഹാരിന്റെ പുത്രന്മാരിൽ ശെലോമീത്ത് തലവൻ.
19ഹെബ്രോന്റെ പുത്രന്മാരിൽ യെരീയാവ് തലവനും അമര്യാവ് രണ്ടാമനും യഹസീയേൽ മൂന്നാമനും, യെക്കമെയാം നാലാമനും ആയിരുന്നു.20ഉസ്സീയേലിന്റെ പുത്രന്മാരിൽ മീഖാ തലവനും യിശ്ശീയാവ് രണ്ടാമനും ആയിരുന്നു.
21മെരാരിയുടെ പുത്രന്മാർ മഹ്ലി, മൂശി. മഹ്ലിയുടെ പുത്രന്മാർ: എലെയാസാർ, കീശ്.22എലെയാസാർ മരിച്ചു; അവന് പുത്രിമാരല്ലാതെ പുത്രന്മാർ ഉണ്ടായിരുന്നില്ല; കീശിന്റെ പുത്രന്മാരായ അവരുടെ സഹോദരന്മാർ അവരെ വിവാഹംചെയ്തു.23മൂശിയുടെ പുത്രന്മാർ: മഹ്ലി, ഏദെർ, യെരേമോത്ത് ഇങ്ങനെ മൂന്നുപേർ.
24ഇവർ കുടുംബംകുടുംബമായി, പേരുപേരായി, എണ്ണപ്പെട്ടപ്രകാരം തങ്ങളുടെ പിതൃഭവനങ്ങൾക്കു തലവന്മാരായ ലേവിപുത്രന്മാർ; അവരിൽ ഇരുപതു വയസ്സും അതിൽ കൂടുതൽ ഉള്ളവരും യഹോവയുടെ ആലയത്തിലെ ശുശ്രൂഷയിൽ വേല ചെയ്തുവന്നു.25യിസ്രായേലിന്റെ ദൈവമായ യഹോവ തന്റെ ജനത്തിന് സ്വസ്ഥത കൊടുത്ത് യെരൂശലേമിൽ എന്നേക്കും വസിക്കുന്നുവല്ലോ.26ആകയാൽ ലേവ്യർക്ക് ഇനി തിരുനിവാസവും അതിലെ ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങൾ ഒന്നും ചുമക്കേണ്ടതില്ല എന്നു ദാവീദ് പറഞ്ഞു.
27ദാവീദിന്റെ അന്ത്യകല്പനകളനുസരിച്ച് ലേവ്യരെ ഇരുപതു വയസ്സും അതിൽ കൂടുതൽ ലേവ്യരെയും എണ്ണിയിരുന്നു.28അവരുടെ ചുമതലയോ, യഹോവയുടെ ആലയത്തിലെ ശുശ്രൂഷയ്ക്കായി പ്രാകാരങ്ങളിലും അറകളിലും, സകലവിശുദ്ധവസ്തുക്കളെയും ശുദ്ധീകരിക്കുന്നതിലും, ദൈവാലയത്തിലെ ശുശ്രൂഷയുടെ വേലയ്ക്ക് അഹരോന്റെ പുത്രന്മാരെ സഹായിക്കുന്നതും29കാഴ്ചയപ്പവും പുളിപ്പില്ലാത്ത ദോശകളായും ചട്ടിയിൽ ചുടുന്നതായും കുതിർക്കുന്നതായും അർപ്പിക്കുന്ന ഭോജനയാഗത്തിനുള്ള നേരിയമാവും സകലവിധ തൂക്കവും അളവും നോക്കുന്നതും
30രാവിലെയും വൈകുന്നേരവും യഹോവയെ വാഴ്ത്തി സ്തുതിക്കേണ്ടതിന് ഒരുങ്ങിനില്ക്കുന്നതും31യഹോവയ്ക്കു ശബ്ബത്തുകളിലും അമാവാസ്യകളിലും ഉത്സവങ്ങളിലും യഹോവയുടെ സന്നിധിയിൽ നിരന്തരം അവയെക്കുറിച്ചുള്ള നിയമത്തിനനുസരണമായ സംഖ്യപ്രകാരം ഹോമയാഗങ്ങളെ അർപ്പിക്കുന്നതും
32സമാഗമനകൂടാരത്തിന്റെ കാര്യവും വിശുദ്ധസ്ഥലത്തിന്റെ കാര്യവും യഹോവയുടെ ആലയത്തിലെ ശുശ്രൂഷയിൽ അവരുടെ സഹോദരന്മാരായ അഹരോന്റെ പുത്രന്മാരുടെ കാര്യവും വിചാരിക്കുന്നതും തന്നേ.

24

1അഹരോന്റെ പുത്രന്മാരുടെ കൂറുകൾ: അഹരോന്റെ പുത്രന്മാർ: നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ.2നാദാബും അബീഹൂവും അവരുടെ അപ്പന് മുമ്പെ മരിച്ചുപോയി; അവർക്കു പുത്രന്മാർ ഉണ്ടായിരുന്നതുമില്ല; അതുകൊണ്ട് എലെയാസാരും ഈഥാമാരും പൌരോഹിത്യം നടത്തി.3ദാവീദ് എലെയാസാരിന്റെ പുത്രന്മാരിൽ സാദോക്, ഈഥാമാരിന്റെ പുത്രന്മാരിൽ അഹീമേലെക്ക് എന്നിവരുമായി അവരെ അവരുടെ ശുശ്രൂഷയുടെ ക്രമപ്രകാരം വിഭാഗിച്ചു.

4ഈഥാമാരിന്റെ പുത്രന്മാരിലുള്ളതിനെക്കാൾ എലെയാസാരിന്റെ പുത്രന്മാരിൽ അധികം തലവന്മാരെ കണ്ടതുകൊണ്ടു എലെയാസാരിന്റെ പുത്രന്മാരെ പതിനാറു പിതൃഭവനത്തലവന്മാരും ഈഥാമാരിന്റെ പുത്രന്മാരെ എട്ടു പിതൃഭവനത്തലവന്മാരുമായി വിഭാഗിച്ചു.5എലെയാസാരിന്റെ പുത്രന്മാരിലും ഈഥാമാരിന്റെ പുത്രന്മാരിലും വിശുദ്ധസ്ഥലത്തിന്റെ പ്രഭുക്കന്മാരും ദൈവാലയത്തിന്റെ പ്രഭുക്കന്മാരും ഉള്ളതുകൊണ്ടു അവരെ തരവ്യത്യാസം കൂടാതെ ചീട്ടിട്ടു വിഭാഗിച്ചു.
6ലേവ്യരിൽ നെഥനയേലിന്റെ മകനായ ശെമയ്യാശാസ്ത്രി രാജാവിനും പ്രഭുക്കന്മാർക്കും, പുരോഹിതനായ സാദോക്കിനും, അബ്യാഥാരിന്റെ മകനായ അഹീമേലെക്കിനും, പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാർക്കും മുമ്പാകെ ഒരു പിതൃഭവനം എലെയാസാരിനും മറ്റൊന്ന് ഈഥാമാരിനുമായി ചീട്ടുവന്നത് എഴുതിവെച്ചു.
7ഒന്നാമത്തെ ചീട്ട് യെഹോയാരീബിനും രണ്ടാമത്തേത് യെദായാവിനും8മൂന്നാമത്തേത് ഹാരീമിനും നാലാമത്തേതു ശെയോരീമിനും9അഞ്ചാമത്തേത് മല്ക്കീയാവിനും ആറാമത്തേത് മീയാമിനും10ഏഴാമത്തേത് ഹാക്കോസിനും എട്ടാമത്തേത് അബീയാവിനും
11ഒമ്പതാമത്തേത് യേശൂവെക്കും പത്താമത്തേത് ശെഖന്യാവിനും12പതിനൊന്നാമത്തേത് എല്യാശീബിനും പന്ത്രണ്ടാമത്തേത് യാക്കീമിനും13പതിമൂന്നാമത്തേത് ഹുപ്പെക്കും പതിനാലാമത്തേത് യേശെബെയാമിനും14പതിനഞ്ചാമത്തേത് ബിൽഗെക്കും പതിനാറാമത്തേത് ഇമ്മേരിനും
15പതിനേഴാമത്തേത് ഹേസീരിനും പതിനെട്ടാമത്തേത് ഹപ്പിസ്സേസിനും16പത്തൊമ്പതാമത്തേത് പെതഹ്യാവിനും ഇരുപതാമത്തേത് യെഹെസ്കേലിനും17ഇരുപത്തൊന്നാമത്തേത് യാഖീനും ഇരുപത്തിരണ്ടാമത്തേത് ഗാമൂലിനും18ഇരുപത്തിമൂന്നാമത്തേത് ദെലായാവിന്നും ഇരുപത്തിനാലാമത്തേത് മയസ്യാവിനും വന്നു.
19യിസ്രായേലിന്റെ ദൈവമായ യഹോവ അവരുടെ പിതാവായ അഹരോനോടു കല്പിച്ചതുപോലെ അവൻ അവർക്കു കൊടുത്ത നിയമപ്രകാരം അവരുടെ ശുശ്രൂഷെക്കായിട്ടു യഹോവയുടെ ആലയത്തിലേക്കു അവർ വരേണ്ടുന്ന ക്രമം ഇതു ആയിരുന്നു.

20ലേവിയുടെ മറ്റു പുത്രന്മാർ: അമ്രാമിന്റെ പുത്രന്മാരിൽ ശൂബായേൽ; ശൂബായേലിന്റെ പുത്രന്മാരിൽ യെഹ്ദെയാവ്.21രെഹബ്യാവോ: രെഹബ്യാവിന്റെ പുത്രന്മാരിൽ തലവൻ യിശ്യാവു.22യിസ്ഹാര്യരിൽ ശെലോമോത്ത്; ശലോമോത്തിന്റെ പുത്രന്മാരിൽ യഹത്ത്.
23ഹെബ്രോന്റെ പുത്രന്മാർ: യെരിയാവു തലവൻ; അമര്യാവു രണ്ടാമൻ; യഹസീയേൽ മൂന്നാമൻ; യെക്കമെയാം നാലാമൻ.24ഉസ്സീയേലിന്റെ പുത്രന്മാർ: മീഖ; മീഖയുടെ പുത്രന്മാർ:25ശാമീർ, മീഖയുടെ സഹോദരൻ യിശ്ശ്യാവു: യിശ്ശ്യാവിന്റെ പുത്രന്മാരിൽ സെഖര്യാവു.
26മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി, യയസ്യാവിന്റെ പുത്രന്മാർ: ബെനോ.27മെരാരിയുടെ പുത്രന്മാർ: യയസ്യാവിൽനിന്ന് ഉത്ഭവിച്ച ബെനോ, ശോഹം, സക്കൂർ, ഇബ്രി.28മഹ്ലിയുടെ മകൻ എലെയാസാർ; അവന് പുത്രന്മാർ ഉണ്ടായില്ല.
29കീശോ: കീശിന്റെ പുത്രന്മാർ യെരഹ്മെയേൽ.30മൂശിയുടെ പുത്രന്മാർ: മഹ്ലി, ഏദെർ, യെരീമോത്ത്; ഇവർ പിതൃഭവനം പിതൃഭവനമായി ലേവിയുടെ പുത്രന്മാർ.31അവരും അഹരോന്റെ പുത്രന്മാരായ തങ്ങളുടെ സഹോദരന്മാരെപ്പോലെ തന്നേ ദാവീദ്‌ രാജാവിനും സാദോക്കിനും അഹീമേലെക്കിനും പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാർക്കും മുമ്പാകെ അതതു പിതൃഭവനത്തിൽ ഓരോ തലവൻ അവരവരുടെ ഇളയസഹോദരനെപ്പോലെ തന്നേ ചീട്ടിട്ടു.

25

1ദാവീദും സേനാധിപതിമാരും കിന്നരം, വീണ, കൈത്താളം എന്നിവകൊണ്ടു പ്രവചിക്കുന്നവരായ ആസാഫിന്റെയും ഹേമാന്റെയും യെദൂഥൂന്റെയും പുത്രന്മാരെ ശുശ്രൂഷയ്ക്കായി വേർതിരിച്ചു; ഈ ശുശ്രൂഷയിൽ വേല ചെയ്തവരുടെ സംഖ്യയാണിത്:2ആസാഫിന്റെ പുത്രന്മാരിൽ: രാജാവിന്റെ കല്പനയാൽ പ്രവചിച്ച ആസാഫിന്റെ കീഴിൽ ആസാഫിന്റെ പുത്രന്മാരായ സക്കൂർ, യോസേഫ്, നെഥന്യാവ്, അശരേലാ.3യെദൂഥൂന്യരിൽ: യഹോവയെ വാഴ്ത്തിസ്തുതിക്കുന്നതിൽ കിന്നരംകൊണ്ടു പ്രവചിച്ച തങ്ങളുടെ പിതാവായ യെദൂഥൂന്റെ കീഴിൽ ഗെദെല്യാവ്, സെരി, യെശയ്യാവ്, ഹശബ്യാവ്, മത്ഥിഥയ്യാവ് എന്നിങ്ങനെ യെദൂഥൂന്റെ പുത്രന്മാർ ആറുപേർ.

4ഹേമാന്യരിൽ: ബുക്കീയാവ്; മത്ഥന്യാവ്, ഉസ്സീയേൽ, ശെബൂവേൽ, യെരീമോത്ത്, ഹനന്യാവ്, ഹനാനി, എലീയാഥാ, ഗിദ്ദൽതി, രോമംതി-ഏസെർ, യൊശ്ബെക്കാശാ, മല്ലോഥി, ഹോഥീർ, മഹസീയോത്ത് എന്നിവർ ഹേമാന്റെ പുത്രന്മാർ.5ഇവർ എല്ലാവരും ദൈവത്തിന്റെ വചനങ്ങളിൽ രാജാവിന്റെ ദർശകനായ ഹേമാന്റെ പുത്രന്മാർ. അവന്റെ കൊമ്പുയർത്തേണ്ടതിന് ദൈവം ഹേമാന് പതിന്നാലു പുത്രന്മാരെയും മൂന്നു പുത്രിമാരെയും കൊടുത്തിരുന്നു.
6ഇവർ എല്ലാവരും ദൈവാലയത്തിലെ ശുശ്രൂഷയ്ക്ക് കൈത്താളങ്ങളാലും വീണകളാലും കിന്നരങ്ങളാലും യഹോവയുടെ ആലയത്തിൽ സംഗീതത്തിനായി അവരവരുടെ അപ്പന്റെ കീഴിലും, ആസാഫും യെദൂഥൂനും ഹേമാനും രാജാവിന്റെ കല്പനെക്കു കീഴിലും ആയിരുന്നു.7യഹോവയ്ക്ക് സംഗീതം ചെയ്യുവാൻ അഭ്യസിച്ച സമർത്ഥരും അവരുടെ സകലസഹോദരന്മാരുമായി ആകെ സംഖ്യ ഇരുനൂറ്റെൺപത്തെട്ട് (288).8അവരവരുടെ ഉദ്യോഗക്രമം നിശ്ചയിക്കേണ്ടതിന് ചെറിയവനും വലിയവനും ഗുരുവും ശിഷ്യനും ഒരുപോലെ ചീട്ടിട്ടു.
9ഒന്നാമത്തെ ചീട്ടു ആസാഫിന് വേണ്ടി യോസേഫിന് വന്നു; രണ്ടാമത്തേത് ഗെദല്യാവിന് വന്നു; അവനും സഹോദരന്മാരും അവന്റെ പുത്രന്മാരും കൂടി പന്ത്രണ്ടുപേർ.10മൂന്നാമത്തേത് സക്കൂരിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.11നാലാമത്തേത് യിസ്രിക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.12അഞ്ചാമത്തേത് നെഥന്യാവിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
13ആറാമത്തേത് ബുക്കീയാവിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.14ഏഴാമത്തേത് യെശരേലെക്ക് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.15എട്ടാമത്തേത് യെശയ്യാവിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.16ഒമ്പതാമത്തേത് മത്ഥന്യാവിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
17പത്താമത്തേത് ശിമെയിക്ക് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.18പതിനൊന്നാമത്തേത് അസരേലിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.19പന്ത്രണ്ടാമത്തേത് ഹശബ്യാവിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.20പതിമൂന്നാമത്തേത് ശൂബായേലിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
21പതിനാലാമത്തേത് മത്ഥിഥ്യാവിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.22പതിനഞ്ചാമത്തേത് യെരീമോത്തിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.23പതിനാറാമത്തേത് ഹനന്യാവിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.24പതിനേഴാമത്തേത് യൊശ്ബെക്കാശെക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
25പതിനെട്ടാമത്തേത് ഹനാനിക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.26പത്തൊമ്പതാമത്തേത് മല്ലോഥിക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.27ഇരുപതാമത്തേത് എലീയാഥെക്ക് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.28ഇരുപത്തൊന്നാമത്തേത് ഹോഥീരിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
29ഇരുപത്തിരണ്ടാമത്തേത് ഗിദ്ദൽതിക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.30ഇരുപത്തിമൂന്നാമത്തേത് മഹസീയോത്തിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.31ഇരുപത്തിനാലാമത്തേത് രോമംതി-ഏസെരിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.

26

1വാതിൽകാവല്ക്കാരുടെ കൂറുകൾ: കോരഹ്യരിൽ: ആസാഫിന്റെ പുത്രന്മാരിൽ കോരെയുടെ മകനായ മെശേലെമ്യാവ്.2മെശേലെമ്യാവിന്റെ പുത്രന്മാരിൽ: സെഖര്യാവ് ആദ്യജാതൻ; യെദീയയേൽ രണ്ടാമൻ; സെബദ്യാവ് മൂന്നാമൻ, യത്നീയേൽ നാലാമൻ, ഏലാം അഞ്ചാമൻ;3യെഹോഹാനാൻ ആറാമൻ; എല്യോഹോവേനായി ഏഴാമൻ.

4ഓബേദ്-എദോമിന്റെ പുത്രന്മാരിൽ: ശെമയ്യാവ് ആദ്യജാതൻ; യെഹോശാബാദ് രണ്ടാമൻ യോവാഹ് മൂന്നാമൻ; സാഖാർ നാലാമൻ; നെഥനയേൽ അഞ്ചാമൻ;5അമ്മിയേൽ ആറാമൻ; യിസ്സാഖാർ ഏഴാമൻ; പെയൂലെഥായി എട്ടാമൻ. ദൈവം അവനെ അനുഗ്രഹിച്ചിരുന്നു.6അവന്റെ മകനായ ശെമയ്യാവിനും പുത്രന്മാർ ജനിച്ചിരുന്നു; അവർ പരാക്രമശാലികളായിരുന്നതുകൊണ്ടു തങ്ങളുടെ പിതൃഭവനത്തിന് പ്രമാണികൾ ആയിരുന്നു.
7ശെമയ്യാവിന്റെ പുത്രന്മാരിൽ: ഒത്നി, രെഫായേൽ, ഓബേദ്, എൽസാബാദ്; -അവന്റെ സഹോദരന്മാർ പ്രാപ്തന്മാർ ആയിരുന്നു- എലീഹൂ, സെമഖ്യാവ്.8ഇവർ എല്ലാവരും ഓബേദ്-എദോമിന്റെ പുത്രന്മാരുടെ കൂട്ടത്തിലുള്ളവർ; അവരും പുത്രന്മാരും സഹോദരന്മാരും ശുശ്രൂഷയ്ക്കു അതിപ്രാപ്തന്മാരായിരുന്നു. ഇങ്ങനെ ഓബേദ്-എദോമിനുള്ളവർ അറുപത്തിരണ്ടുപേർ;9മെശേലെമ്യാവിന് പ്രാപ്തന്മാരായ പുത്രന്മാരും സഹോദരന്മാരും പതിനെട്ടുപേർ.
10മെരാരിപുത്രന്മാരിൽ ഹോസെക്ക് പുത്രന്മാർ ഉണ്ടായിരുന്നു; ശിമ്രി തലവൻ; ഇവൻ ആദ്യജാതനല്ലെങ്കിലും അവന്റെ അപ്പൻ അവനെ തലവനാക്കി;11ഹില്ക്കീയാവ് രണ്ടാമൻ, തെബല്യാവ് മൂന്നാമൻ, സെഖര്യാവ് നാലാമൻ; ഹോസയുടെ പുത്രന്മാരും സഹോദരന്മാരും എല്ലാം കൂടി പതിമൂന്നുപേർ.
12വാതിൽകാവല്ക്കാരുടെ ഈ കൂറുകൾക്ക്, അവരുടെ തലവന്മാർക്കു തന്നെ, യഹോവയുടെ ആലയത്തിൽ ശുശ്രൂഷചെയ്യുവാൻ തങ്ങളുടെ സഹോദരന്മാർക്ക് എന്നപോലെ ഉദ്യോഗങ്ങൾ ഉണ്ടായിരുന്നു.13അവർ ചെറിയവനും വലിയവനും ഒരുപോലെ പിതൃഭവനം പിതൃഭവനമായി അതതു വാതിലിന് ചീട്ടിട്ടു.14കിഴക്കെ വാതിലിന്റെ ചീട്ട് ശേലെമ്യാവിന് വന്നു; പിന്നെ അവർ അവന്റെ മകനായി വിവേകമുള്ള ആലോചനക്കാരനായ സെഖര്യാവിന് വേണ്ടി ചീട്ടിട്ടു; അവന്റെ ചീട്ട് വടക്കെ വാതിലിന് വന്നു.
15തെക്കെ വാതിലിന്റെത് ഓബേദ്-എദോമിനും 1 പാണ്ടികശാലയുടേത് അവന്റെ പുത്രന്മാർക്കും16കയറ്റമുള്ള പെരുവഴിയിൽ ശല്ലേഖെത്ത് പടിവാതിലിനരികെ പടിഞ്ഞാറെ വാതിലിന്റേത് ശുപ്പീമിനും ഹോസെക്കും വന്നു. ഇങ്ങനെ കാവലിന്നരികെ കാവലുണ്ടായിരുന്നു.
17കിഴക്കെ വാതില്ക്കൽ ആറു ലേവ്യരും വടക്കെ വാതില്ക്കൽ ദിവസേന നാലുപേരും തെക്കെ വാതില്ക്കൽ ദിവസേന നാലുപേരും പാണ്ടിശാലെക്കൽ രണ്ടുപേരും ഉണ്ടായിരുന്നു.18പർബാരിന് പടിഞ്ഞാറു പെരുവഴിയിൽ നാലുപേരും പർബാരിൽ തന്നേ രണ്ടുപേരും ഉണ്ടായിരുന്നു.19കോരഹ്യരിലും മെരാര്യരിലും ഉള്ള വാതിൽകാവല്ക്കാരുടെ കൂറുകൾ ഇവ തന്നേ.

20അവരുടെ സഹോദരന്മാരായ ലേവ്യർ ദൈവലായത്തിലെ 2 ഭണ്ഡാരത്തിനും വിശുദ്ധവസ്തുക്കളുടെ ഭണ്ഡാരത്തിനും മേൽവിചാരകരായിരുന്നു.21ലയെദാന്റെ പുത്രന്മാരിൽ: ലയെദാന്റെ കുടുംബത്തിലുള്ള ഗേർശോന്യരുടെ പുത്രന്മാർ: ഗേർശോന്യനായ ലയെദാന്റെ പിതൃഭവനത്തലവന്മാർ യെഹീയേല്യർ ആയിരുന്നു.22യെഹിയേലിന്റെ പുത്രന്മാർ: സേഥാം; അവന്റെ സഹോദരൻ യോവേൽ; ഇവർ യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിനു മേൽവിചാരകരായിരുന്നു.
23അമ്രാമ്യർ, യിസ്ഹാര്യർ, ഹെബ്രോന്യർ, ഉസ്സീയേല്യർ എന്നവരിൽ:24മോശെയുടെ മകനായ ഗേർശോമിന്റെ മകൻ ശെബൂവേൽ ഭണ്ഡാരത്തിന് മേൽവിചാരകനായിരുന്നു.25എലീയേസെരിൽനിന്നുത്ഭവിച്ച അവന്റെ സഹോദരന്മാരിൽ: അവന്റെ മകൻ രെഹബ്യാവ്; അവന്റെ മകൻ യെശയ്യാവ്; അവന്റെ മകൻ യോരാം; അവന്റെ മകൻ സിക്രി; അവന്റെ മകൻ ശെലോമീത്ത്.
26ദാവീദ്‌ രാജാവും പിതൃഭവനത്തലവന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും സേനാപതിമാരും നിവേദിച്ച വിശുദ്ധവസ്തുക്കളുടെ സകലഭണ്ഡാരത്തിനും ശെലോമീത്തും അവന്റെ സഹോദരന്മാരും മേൽവിചാരകരായിരുന്നു.27യുദ്ധത്തിൽ കിട്ടിയ കൊള്ളയിൽനിന്നു യഹോവയുടെ ആലയം കേടുപോക്കുവാൻ അവർ അവയെ നിവേദിച്ചിരുന്നു.28ദർശകനായ ശമൂവേലും കീശിന്റെ മകൻ ശൗലും നേരിന്റെ മകൻ അബ്നേരും സെരൂയയുടെ മകൻ യോവാബും നിവേദിച്ച സകലനിവേദിതവസ്തുക്കളും ശെലോമീത്തിന്റെയും അവന്റെ സഹോദരന്മാരുടെയും വിചാരണയിൽ വന്നു.

29യിസ്ഹാര്യരിൽ കെനന്യാവും അവന്റെ പുത്രന്മാരും, പുറമെയുള്ള പ്രവൃത്തിക്ക് യിസ്രായേലിൽ പ്രമാണികളും ന്യായാധിപന്മാരും ആയിരുന്നു.30ഹെബ്രോന്യരിൽ ഹശബ്യാവും അവന്റെ സഹോദരന്മാരുമായി ആയിരത്തെഴുനൂറ് പ്രാപ്തന്മാർ യോർദ്ദാനിക്കരെ പടിഞ്ഞാറ് യഹോവയുടെ സകലകാര്യത്തിനും രാജാവിന്റെ ശുശ്രൂഷക്കും യിസ്രായേലിൽ മേൽവിചാരകരായിരുന്നു.
31ഹെബ്രോന്യരിൽ കുലംകുലമായും കുടുംബംകുടുംബമായുമുള്ള ഹെബ്രോന്യർക്ക് യെരീയാവ് തലവനായിരുന്നു; ദാവീദിന്റെ വാഴ്ചയുടെ നാല്പതാം ആണ്ടിൽ അവരുടെ വസ്തുത അനേഷിച്ചപ്പോൾ അവരുടെ ഇടയിൽ ഗിലെയാദിലെ യാസേരിൽ പ്രാപ്തന്മാരെ കണ്ടു.32അവന്റെ സഹോദരന്മാരായി പ്രാപ്തന്മാരും പിതൃഭവനത്തലവന്മാരുമായി രണ്ടായിരത്തെഴുനൂറ് പേരുണ്ടായിരുന്നു; അവരെ ദാവീദ്‌ രാജാവ് ദൈവത്തിന്റെ സകലകാര്യത്തിനും രാജാവിന്റെ കാര്യാദികൾക്കും രൂബേന്യർ, ഗാദ്യർ, മനശ്ശെയുടെ പാതിഗോത്രം എന്നിവർക്ക് മേൽവിചാരകരാക്കി വച്ചു.


1 26:15 പാണ്ടിശാല = സാധനങ്ങൾ ശേഖരിച്ച് വയ്ക്കുന്ന സ്ഥലം
2 26:20 ഭണ്ഡാരം = ധനം സൂക്ഷിക്കുന്ന മുറി

27

1യിസ്രായേൽപുത്രന്മാർ ആളുകളുടെ എണ്ണത്തിനനുസരിച്ച് പിതൃഭവനത്തലവന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും അവരുടെ പ്രമാണികളും രാജാവിന് സേവ ചെയ്തുപോന്നു. അവർ വർഷത്തിൽ എല്ലാമാസങ്ങളിലും വരികയും പോകയും ചെയ്തിരുന്നു. ഓരോ കൂറിലും ഇരുപത്തിനാലായിരംപേർ (24,000) ഉണ്ടായിരുന്നു.2ഒന്നാം മാസത്തേക്കുള്ള ഒന്നാം കൂറിന് മേൽവിചാരകൻ സബ്ദീയേലിന്റെ മകൻ യാശോബെയാം: അവന്റെ കൂറിൽ ഇരുപത്തിനാലായിരംപേർ (24,000).3അവൻ പേരെസ്സിന്റെ പുത്രന്മാരിൽ ഉള്ളവനും ഒന്നാം മാസത്തെ സകലസേനാപതികൾക്കും തലവനും ആയിരുന്നു.

4രണ്ടാം മാസത്തേക്കുള്ള കൂറിന് അഹോഹ്യനായ ദോദായി മേൽവിചാരകനും അവന്റെ കൂറിൽ മിക്ലോത്ത് പ്രമാണിയും ആയിരുന്നു. അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).5മൂന്നാം മാസത്തേക്കുള്ള മൂന്നാമത്തെ സേനാപതി മഹാപുരോഹിതനായ യെഹോയാദയുടെ മകൻ ബെനായാവ; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).6മുപ്പതു പേരിൽ വീരനും മുപ്പതുപേർക്കു തലവനുമായ ബെനായാവ് ഇവൻ തന്നേ; അവന്റെ കൂറിന് അവന്റെ മകനായ അമ്മീസാബാദ് പ്രമാണിയായിരുന്നു.
7നാലാം മാസത്തേക്കുള്ള നാലാമത്തവൻ യോവാബിന്റെ സഹോദരനായ അസാഹേലും അവന്റെശേഷം അവന്റെ മകനായ സെബദ്യാവും ആയിരുന്നു; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).8അഞ്ചാം മാസത്തേക്കുള്ള അഞ്ചാമത്തവൻ യിസ്രാഹ്യനായ ശംഹൂത്ത്; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).9ആറാം മാസത്തേക്കുള്ള ആറാമത്തവൻ തെക്കോവ്യനായ ഇക്കേശിന്റെ മകൻ ഈരാ; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).
10ഏഴാം മാസത്തേക്കുള്ള ഏഴാമത്തവൻ എഫ്രയീമ്യരിൽ പെലോന്യനായ ഹേലെസ്; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).11എട്ടാം മാസത്തേക്കുള്ള എട്ടാമത്തവൻ സർഹ്യരിൽ ഹൂശാത്യനായ സിബ്ബെഖായി; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).12ഒമ്പതാം മാസത്തേക്കുള്ള ഒമ്പതാമത്തവൻ ബെന്യാമീന്യരിൽ അനാഥോഥ്യനായ അബീയേസെർ; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).
13പത്താം മാസത്തേക്കുള്ള പത്താമത്തവൻ സർഹ്യരിൽ നെതോഫാത്യനായ മഹരായി; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).14പതിനൊന്നാം മാസത്തേക്കുള്ള പതിനൊന്നാമത്തവൻ എഫ്രയീമിന്റെ പുത്രന്മാരിൽ പിരാഥോന്യനായ ബെനായാവ്; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).15പന്ത്രണ്ടാം മാസത്തേക്കുള്ള പന്ത്രണ്ടാമത്തവൻ ഒത്നീയേലിൽനിന്നുത്ഭവിച്ച നെതോഫാത്യനായ ഹെൽദായി; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).

16യിസ്രായേൽഗോത്രങ്ങളുടെ തലവന്മാർ: രൂബേന്യർക്കു പ്രഭു സിക്രിയുടെ മകൻ എലീയേസെർ; ശിമെയോന്യർക്കു മയഖയുടെ മകൻ ശെഫത്യാവ്;17ലേവ്യർക്കു കെമൂവേലിന്റെ മകൻ ഹശബ്യാവ്; അഹരോന്യർക്കു സാദോക്;18യെഹൂദെക്ക് ദാവീദിന്റെ സഹോദരന്മാരിൽ ഒരുവനായ എലീഹൂ; യിസ്സാഖാരിന് മീഖായേലിന്റെ മകൻ ഒമ്രി;
19സെബൂലൂന് ഓബദ്യാവിന്റെ മകൻ യിശ്മയ്യാവ്; നഫ്താലിക്ക് അസ്രീയേലിന്റെ മകൻ യെരീമോത്ത്;20എഫ്രയീമ്യർക്ക് അസസ്യാവിന്റെ മകൻ ഹോശേയ; മനശ്ശെയുടെ പാതിഗോത്രത്തിന് പെദായാവിന്റെ മകൻ യോവേൽ.21ഗിലെയാദിലെ മനശ്ശെയുടെ പാതിഗോത്രത്തിന് സെഖര്യാവിന്റെ മകൻ യിദ്ദോ; ബെന്യാമീന് അബ്നേരിന്റെ മകൻ യാസീയേൽ;22ദാന് യെരോഹാമിന്റെ മകൻ അസരെയേൽ. ഇവർ യിസ്രായേൽഗോത്രങ്ങൾക്ക് പ്രഭുക്കന്മാർ ആയിരുന്നു.
23എന്നാൽ യഹോവ യിസ്രായേലിനെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തിരുന്നതുകൊണ്ട് ദാവീദ് ഇരുപതു വയസ്സിന് താഴെയുള്ളവരുടെ എണ്ണം എടുത്തില്ല.24സെരൂയയുടെ മകനായ യോവാബ് എണ്ണുവാൻ തുടങ്ങിയെങ്കിലും അവൻ തീർത്തില്ല; അതു നിമിത്തം യിസ്രായേലിന്മേൽ കോപം വന്നതുകൊണ്ട് ആ സംഖ്യ ദാവീദ്‌ രാജാവിന്റെ വൃത്താന്തപുസ്തകത്തിലെ1 കണക്കിൽ ചേർത്തിട്ടുമില്ല.

25രാജാവിന്റെ ഭണ്ഡാരത്തിന് അദീയേലിന്റെ മകനായ അസ്മാവെത്ത് മേൽവിചാരകൻ. നിലങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും കോട്ടകളിലും ഉള്ള പാണ്ടികശാലകൾക്ക് ഉസ്സീയാവിന്റെ മകൻ യെഹോനാഥാൻ മേൽവിചാരകൻ.26വയലിൽ വേലചെയ്ത കൃഷിക്കാർക്ക് കെലൂബിന്റെ മകൻ എസ്രി മേൽവിചാരകൻ.27മുന്തിരിത്തോട്ടങ്ങൾക്ക് രാമാത്യനായ ശിമെയിയും മുന്തിരത്തോട്ടങ്ങളിലെ അനുഭവമായ വീഞ്ഞ് സൂക്ഷിക്കുന്ന നിലവറകൾക്ക് ശിഫ്മ്യനായ സബ്ദിയും മേൽവിചാരകർ.
28ഒലിവുവൃക്ഷങ്ങൾക്കും താഴ്വീതിയിലെ കാട്ടത്തികൾക്കും ഗാദേര്യനായ ബാൽഹാനാനും എണ്ണ സൂക്ഷിച്ചുവെക്കുന്ന നിലവറകൾക്ക് യോവാശും മേൽവിചാരകർ.29ശാരോനിൽ മേയുന്ന മൃഗസമൂഹങ്ങൾക്ക് ശാരോന്യനായ ശിത്രായിയും താഴ്വരയിലെ മൃഗസമൂഹങ്ങൾക്ക് അദായിയുടെ മകനായ ശാഫാത്തും മേൽവിചാരകർ.
30ഒട്ടകങ്ങൾക്ക് യിശ്മായേല്യനായ ഓബീലും കഴുതകൾക്ക് മേരോനോത്യനായ യെഹ്ദെയാവും മേൽവിചാരകർ.31ആടുകൾക്ക് ഹഗ്രീയനായ യാസീസ് മേൽവിചാരകൻ; ഇവർ എല്ലാവരും ദാവീദ്‌ രാജാവിന്റെ വസ്തുവകകൾക്ക് അധിപതിമാരായിരുന്നു.
32ദാവീദിന്റെ ചിറ്റപ്പനായ യോനാഥാൻ ബുദ്ധിമാനായൊരു മന്ത്രിയും ശാസ്ത്രിയും ആയിരുന്നു; ഹഖ്മോനിയുടെ മകനായ യെഹീയേൽ രാജകുമാരന്മാരുടെ സഹവാസി ആയിരുന്നു.33അഹീഥോഫെൽ രാജമന്ത്രി; അർഖ്യനായ ഹൂശായി രാജമിത്രം.34അഹീഥോഫെലിന്റെ ശേഷം ബെനായാവിന്റെ മകനായ യെഹോയാദയും അബ്യാഥാരും മന്ത്രികൾ; രാജാവിന്റെ സേനാധിപതി യോവാബ്.


1 27:24 വൃത്താന്തപുസ്തകം = വാർഷീക ചരിത്ര സംഭവങ്ങൾ രേഖപ്പെടുത്തുന്ന പുസ്തകം

28

1അതിനുശേഷം ദാവീദ് യിസ്രായേലിന്റെ സകലപ്രഭുക്കന്മാരുമായ ഗോത്രപ്രഭുക്കന്മാരെയും രാജാവിന് ശുശ്രൂഷചെയ്ത കൂറുകളുടെ തലവന്മാരെയും സഹസ്രാധിപന്മാരെയും ശതാധിപന്മാരെയും രാജാവിന്റെയും അവന്റെ പുത്രന്മാരുടെയും സകലവസ്തുവകകൾക്കും മൃഗസമൂഹങ്ങൾക്കും ഉള്ള മേൽവിചാരകന്മാരെയും ഷണ്ഡന്മാരെയും വീരന്മാരെയും സകലപരാക്രമശാലികളേയും യെരൂശലേമിൽ കൂട്ടിവരുത്തി.

2ദാവീദ്‌രാജാവ് എഴുന്നേറ്റുനിന്ന് പറഞ്ഞത് എന്തെന്നാൽ: “എന്റെ സഹോദരന്മാരും എന്റെ ജനവുമായുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ; യഹോവയുടെ നിയമപെട്ടകത്തിനും നമ്മുടെ ദൈവത്തിന്റെ പാദപീഠത്തിനുമായി ഒരു വിശ്രമാലയം പണിയുവാൻ എനിക്ക് താല്പര്യം ഉണ്ടായിരുന്നു; പണിക്കുവേണ്ടി ഞാൻ ഒരുക്കങ്ങൾ നടത്തിയിരുന്നു.”3എന്നാൽ ദൈവം എന്നോട്: “നീ എന്റെ നാമത്തിന് ഒരു ആലയം പണിയരുത്; നീ ഒരു യോദ്ധാവാകുന്നു; രക്തവും ചൊരിയിച്ചിരിക്കുന്നു” എന്നു കല്പിച്ചു.
4എങ്കിലും ഞാൻ എന്നേക്കും യിസ്രായേലിന് രാജാവായിരിക്കുവാൻ യിസ്രായേലിന്റെ ദൈവമായ യഹോവ എന്റെ സർവ്വപിതൃഭവനത്തിൽനിന്നും എന്നെ തിരഞ്ഞെടുത്തു; പ്രഭുവായിരിക്കുവാൻ യെഹൂദയെയും യെഹൂദാഗൃഹത്തിൽ എന്റെ പിതൃഭവനത്തെയും തിരഞ്ഞെടുത്തിരിക്കുന്നു; എന്റെ അപ്പന്റെ പുത്രന്മാരിൽവച്ച് എന്നെ എല്ലായിസ്രായേലിനും രാജാവാക്കുവാൻ അവന് പ്രസാദം തോന്നി.5എന്റെ സകലപുത്രന്മാരിലും നിന്ന് (യഹോവ എനിക്കു വളരെ പുത്രന്മാരെ തന്നിരിക്കുന്നുവല്ലോ) അവൻ എന്റെ മകനായ ശലോമോനെ യിസ്രായേലിൽ യഹോവയുടെ രാജ സിംഹാസനത്തിൽ ഇരിക്കുവാൻ തിരഞ്ഞെടുത്തിരിക്കുന്നു.”
6അവൻ എന്നോട്: “നിന്റെ മകനായ ശലോമോൻ എന്റെ ആലയവും എന്റെ പ്രാകാരങ്ങളും പണിയും; ഞാൻ അവനെ എനിക്കു പുത്രനായി തിരഞ്ഞെടുത്തിരിക്കുന്നു; ഞാൻ അവന് പിതാവായിരിക്കും.7അവൻ ഇന്ന് ചെയ്യുന്നതുപോലെ എന്റെ കല്പനകളും വിധികളും ആചരിക്കുവാൻ സ്ഥിരത കാണിക്കുമെങ്കിൽ ഞാൻ അവന്റെ രാജത്വം എന്നേക്കും സ്ഥിരമാക്കും” എന്നു അരുളിച്ചെയ്തിരിക്കുന്നു.
8ആകയാൽ യഹോവയുടെ സഭയായ എല്ലായിസ്രായേലും കാൺകയും നമ്മുടെ ദൈവം കേൾക്കയും ഞാൻ പറയുന്നത്: “നിങ്ങൾ ഈ നല്ലദേശം അനുഭവിക്കയും, അത് നിങ്ങളുടെ മക്കൾക്ക് ശാശ്വതാവകാശമായി വെച്ചേക്കുകയും ചെയ്യേണ്ടതിന് നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളൊക്കെയും ആചരിക്കുകയും ഉപേക്ഷിക്കാതിരിക്കുകയും ചെയ്യുവിൻ.
9നീയോ എന്റെ മകനേ, ശാലോമോനേ, നിന്റെ പിതാവിന്റെ ദൈവത്തെ അറിയുകയും, പൂർണ്ണഹൃദയത്തോടും നല്ലമനസ്സോടും കൂടെ സേവിക്കയും ചെയ്ക; യഹോവ സർവ്വഹൃദയങ്ങളെയും പരിശോധിക്കയും വിചാരങ്ങളും നിരൂപണങ്ങളും എല്ലാം ഗ്രഹിക്കയും ചെയ്യുന്നു; നീ അവനെ അന്വേഷിക്കുന്നു എങ്കിൽ അവനെ കണ്ടെത്തും; ഉപേക്ഷിക്കുന്നു എങ്കിലോ അവൻ നിന്നെ എന്നേക്കും തള്ളിക്കളയും.10ആകയാൽ സൂക്ഷിച്ചുകൊൾക; വിശുദ്ധമന്ദിരമായൊരു ആലയം പണിയുവാൻ യഹോവ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു; ധൈര്യപ്പെട്ട് അതു നടത്തികൊൾക.”

11പിന്നെ ദാവീദ് തന്റെ മകനായ ശലോമോന് ദൈവാലയത്തിന്റെ മണ്ഡപം, അതിന്റെ ഭവനങ്ങൾ, കലവറകൾ, മുകളിലത്തെമുറികൾ, അകത്തെ മുറികൾ, കൃപാസനഗൃഹം എന്നിവയുടെ മാതൃക കൊടുത്തു.12യഹോവയുടെ ആലയം, പ്രാകാരങ്ങൾ, ചുറ്റുമുള്ള എല്ലാഅറകൾ, ദൈവാലയത്തിന്റെ കലവറകൾ, നിവേദിച്ച വസ്തുക്കളുടെ മുറികൾ,
13പുരോഹിതന്മാരുടെയും ലേവ്യരുടെയും കൂറുകൾ, യഹോവയുടെ ആലയത്തിലെ സകലശുശ്രൂഷയുടെയും വേല, യഹോവയുടെ ആലയത്തിലെ ശുശ്രൂഷെക്കുള്ള സകലപാത്രങ്ങൾ എന്നിവയെയെല്ലാം കുറിച്ച് തന്റെ മനസ്സിൽ ഉണ്ടായിരുന്ന മാതൃകയുടെ വിവരവും അവന് കൊടുത്തു.14ഓരോ ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങൾക്ക്, പൊന്നുകൊണ്ടുള്ള ഉപകരണങ്ങൾക്ക്, തൂക്കപ്രകാരം പൊന്നും ഓരോ ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങൾക്ക് വെള്ളികൊണ്ടുള്ള ഉപകരണങ്ങൾക്ക് തൂക്കപ്രകാരം വെള്ളിയും15പൊൻവിളക്കുതണ്ടുകൾക്കും അവയുടെ സ്വർണ്ണദീപങ്ങൾക്കും ആവശ്യമുള്ളതിന് അനുസരിച്ച് ഓരോ വിളക്കുതണ്ടിനും അതിന്റെ ദീപങ്ങൾക്കും തൂക്കപ്രകാരം പൊന്നും, വെള്ളികൊണ്ടുള്ള വിളക്കുതണ്ടുകൾക്ക് ഓരോ തണ്ടിന്റെയും ഉപയോഗത്തിന് അനുസരിച്ച് ഓരോ തണ്ടിനും അതതിന്റെ ദീപങ്ങൾക്കും തൂക്കപ്രകാരം വെള്ളിയും കൊടുത്തു.
16കാഴ്ചയപ്പത്തിന്റെ മേശകൾക്ക് ഓരോ മേശയ്ക്ക് ആവശ്യമുള്ള പൊന്നും വെള്ളികൊണ്ടുള്ള മേശകൾക്ക് ആവശ്യമുള്ള വെള്ളിയും തൂക്കപ്രകാരം കൊടുത്തു.17മുപ്പല്ലികൾക്കും കലശങ്ങൾക്കും1 കുടങ്ങൾക്കും ആവശ്യമുള്ള പൊന്നും പൊൻകിണ്ടികൾക്ക് ഓരോ കിണ്ടിക്ക് തൂക്കപ്രകാരം ആവശ്യമുള്ള പൊന്നും ഓരോ വെള്ളിക്കിണ്ടിക്ക് തൂക്കപ്രകാരം ആവശ്യമുള്ള വെള്ളിയും കൊടുത്തു.
18ധൂപപീഠത്തിന് തൂക്കപ്രകാരം ആവശ്യമുള്ള ശുദ്ധീകരിച്ച പൊന്നും, ചിറകു വിരിച്ചു യഹോവയുടെ നിയമപെട്ടകം മൂടുന്ന കെരൂബുകളായ രഥമാതൃകയ്ക്ക് ആവശ്യമുള്ള പൊന്നും കൊടുത്തു.19“ഇവയെല്ലാം, ഈ മാതൃകയുടെ എല്ലാപണികളും യഹോവ എനിക്ക് വേണ്ടി തന്റെ കൈകൊണ്ട് എഴുതിയ രേഖാമൂലം എന്നെ ഗ്രഹിപ്പിച്ചിരിക്കുന്നു” എന്നു ദാവീദ് പറഞ്ഞു.
20പിന്നെയും ദാവീദ് തന്റെ മകനായ ശലോമോനോട് പറഞ്ഞത്: “ബലപ്പെട്ട് ധൈര്യത്തോടെ പ്രവർത്തിച്ചുകൊൾക; ഭയപ്പെടരുത്, ഭ്രമിക്കയും അരുത്; യഹോവയായ ദൈവം എന്റെ ദൈവം തന്നേ, നിന്നോടുകൂടെ ഉണ്ട്. യഹോവയുടെ ആലയത്തിലെ ശുശ്രൂഷെക്കുള്ള എല്ലാവേലയും നീ പൂർത്തിയാക്കുന്നതുവരെ അവൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയും ഇല്ല.21ഇതാ, ദൈവാലയത്തിലെ സകലശുശ്രൂഷക്കും വേണ്ടി പുരോഹിതന്മാരുടെയും ലേവ്യരുടെയും കൂറുകൾ ഉണ്ടല്ലോ; ഓരോ ശുശ്രൂഷക്കും മനസ്സും സമാർത്ഥ്യവും ഉള്ളവരും എല്ലാവേലയ്ക്കായിട്ടും നിന്നോടു കൂടെ ഉണ്ട്; പ്രഭുക്കന്മാരും സർവ്വജനവും നിന്റെ കല്പനയ്ക്കൊക്കെയും വിധേയരായിരിക്കും”.


1 28:17 കലശം = പരന്ന പാത്രം

29

1പിന്നെ ദാവീദ്‌ രാജാവ് സർവ്വസഭയോടും പറഞ്ഞത്: “ദൈവം തിരഞ്ഞെടുത്തിരിക്കുന്ന എന്റെ മകൻ ശലോമോൻ ചെറുപ്പവും ഇളംപ്രായവും ഉള്ളവൻ; പ്രവൃത്തി വലിയതും ആകുന്നു; മന്ദിരം മനുഷ്യനല്ല, യഹോവയായ ദൈവത്തിനത്രെ.2എന്നാൽ ഞാൻ എന്റെ സർവ്വബലത്തോടും കൂടെ എന്റെ ദൈവത്തിന്റെ ആലയത്തിനു വേണ്ടി പൊന്നുകൊണ്ടുള്ളവയ്ക്ക് പൊന്നും, വെള്ളികൊണ്ടുള്ളവയ്ക്ക് വെള്ളിയും, താമ്രംകൊണ്ടുള്ളവയ്ക്ക് താമ്രവും, ഇരിമ്പുകൊണ്ടുള്ളവയ്ക്ക് ഇരിമ്പും, മരംകൊണ്ടുള്ളവയ്ക്ക് മരവും, ഗോമേദകക്കല്ലും, പതിക്കുവാനുള്ള കല്ലും അലങ്കരിക്കുന്നതിനുള്ള കല്ലും, നാനവർണ്ണമുള്ള കല്ലും, വിലയേറിയ സകലവിധ രത്നവും അനവധി വെള്ളക്കല്ലും ശേഖരിച്ചു വെച്ചിരിക്കുന്നു.

3എന്റെ ദൈവത്തിന്റെ ആലയത്തോട് എനിക്കുള്ള താത്പര്യം നിമിത്തം വിശുദ്ധമന്ദിരത്തിനു വേണ്ടി ഞാൻ ശേഖരിച്ചതൊക്കെയും കൂടാതെ, എന്റെ കൈവശമുള്ള പൊന്നും വെള്ളിയും ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിനായി കൊടുത്തിരിക്കുന്നു.4ആലയഭിത്തികളെ, പൊന്നുകൊണ്ടു വേണ്ടത് പൊന്നുകൊണ്ടും, വെള്ളികൊണ്ടു വേണ്ടത് വെള്ളികൊണ്ടും പൊതിയുവാനും, അങ്ങനെ കരകൗശലപ്പണിക്കാരുടെ എല്ലാ പണിയ്ക്കുവേണ്ടിയും ഓഫീർപൊന്നായി മൂവായിരം (3000) താലന്ത് പൊന്നും ഏഴായിരം (7000) താലന്ത് ശുദ്ധീകരിച്ച വെള്ളിയും കൊടുത്തു.5എന്നാൽ ഇന്ന് യഹോവയ്ക്ക് കരപൂരണം ചെയ്യുവാൻ മനഃപൂർവ്വം അർപ്പിക്കുന്നവൻ ആർ?
6അപ്പോൾ പിതൃഭവനപ്രഭുക്കന്മാരും യിസ്രായേലിന്റെ ഗോത്രപ്രഭുക്കന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും രാജാവിന്റെ പ്രവൃത്തിക്ക് മേൽവിചാരകന്മാരും മനഃപൂർവ്വദാനങ്ങളെ കൊണ്ടുവന്നു.7ദൈവാലയത്തിന്റെ വേലയ്ക്കായിട്ട് അവർ അയ്യായിരം (5000) താലന്ത് പൊന്നും, പതിനായിരം (10,000) തങ്കക്കാശും പതിനായിരം (10,000) താലന്ത് വെള്ളിയും പതിനെണ്ണായിരം (18,000) താലന്ത് താമ്രവും നൂറായിരം (100,000) താലന്ത് ഇരുമ്പും കൊടുത്തു.
8രത്നങ്ങൾ കൈവശമുള്ളവർ അവയെ ഗേർശോന്യനായ യെഹീയേൽമുഖാന്തരം യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിലേക്കു കൊടുത്തു.9അങ്ങനെ ജനം മനഃപൂർവ്വമായി കൊടുത്തതുകൊണ്ടു അവർ സന്തോഷിച്ചു; ഏകാഗ്രഹൃദയത്തോടെ മനഃപൂർവ്വമായിട്ടായിരുന്നു അവർ യഹോവയ്ക്ക് കൊടുത്തത്. ദാവീദ്‌ രാജാവും അത്യന്തം സന്തോഷിച്ചു.
10പിന്നെ ദാവീദ് സർവ്വസഭയുടെയും മുമ്പാകെ യഹോവയെ സ്തുതിച്ചു ചൊല്ലിയത്:“ ഞങ്ങളുടെ പിതാവായ യിസ്രായേലിൻ ദൈവമായ യഹോവേ, അങ്ങ് എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവൻ.11യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും അങ്ങയ്ക്കുള്ളത്; സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും അങ്ങയ്ക്കുള്ളതല്ലോ. യഹോവേ, രാജത്വം അങ്ങയ്ക്കുള്ളതാകുന്നു; അങ്ങ് സകലത്തിനും മീതെ തലവനായിരിക്കുന്നു.
12ധനവും ബഹുമാനവും അങ്ങയിൽനിന്ന് വരുന്നു; അങ്ങ് സർവ്വവും ഭരിക്കുന്നു; ശക്തിയും ബലവും അങ്ങയുടെ കയ്യിൽ ഇരിക്കുന്നു; സകലത്തെയും വിപുലീകരിക്കുന്നതും ശക്തീകരിക്കുന്നതും അങ്ങയുടെ പ്രവൃത്തിയാകുന്നു.13ആകയാൽ, ഞങ്ങളുടെ ദൈവമേ, ഞങ്ങൾ അങ്ങയ്ക്ക് സ്തോത്രം ചെയ്ത് അങ്ങയുടെ മഹത്വമുള്ള നാമത്തെ സ്തുതിക്കുന്നു.
14എന്നാൽ ഞങ്ങൾ ഇങ്ങനെ ഇത്ര മനഃപൂർവ്വമായി ദാനം ചെയ്യേണ്ടതിന് പ്രാപ്തരാകുവാൻ ഞാൻ ആർ? എന്റെ ജനവും എന്തുള്ളു? സകലവും അങ്ങിൽനിന്നല്ലോ വരുന്നത്; അങ്ങയുടെ കയ്യിൽനിന്നു വാങ്ങി ഞങ്ങൾ അങ്ങയ്ക്ക് തന്നതേയുള്ളു.15ഞങ്ങൾ അങ്ങയ്ക്ക് മുമ്പാകെ ഞങ്ങളുടെ സകലപിതാക്കന്മാരെയുംപോലെ അതിഥികളും പരദേശികളും ആകുന്നു; ഭൂമിയിൽ ഞങ്ങളുടെ ആയുഷ്കാലം ഒരു നിഴൽ പോലെയത്രേ; യാതൊരു സ്ഥിരതയുമില്ല.
16ഞങ്ങളുടെ ദൈവമായ യഹോവേ, അങ്ങയുടെ വിശുദ്ധനാമത്തിനായി അങ്ങയ്ക്ക് ഒരു ആലയം പണിയുവാൻ ഞങ്ങൾ ശേഖരിച്ചിട്ടുള്ള ഈ സംഗ്രഹമെല്ലാം അവിടുത്തെ കയ്യിൽനിന്നുള്ളത്; സകലവും നിനക്കുള്ളതാകുന്നു.17എന്റെ ദൈവമേ; അങ്ങ് ഹൃദയത്തെ ശോധനചെയ്ത് പരമാർത്ഥതയിൽ പ്രസാദിക്കുന്നു എന്നു ഞാൻ അറിയുന്നു; ഞാനോ എന്റെ ഹൃദയപരമാർത്ഥതയോടെ ഇവയെല്ലാം മനഃപൂർവ്വമായി തന്നിരിക്കുന്നു; ഇപ്പോൾ ഇവിടെ കൂടിയിരിക്കുന്ന അങ്ങയുടെ ജനം അങ്ങയ്ക്ക് മനഃപൂർവ്വമായി തന്നിരിക്കുന്നത് ഞാൻ സന്തോഷത്തോടെ കണ്ടുമിരിക്കുന്നു.
18ഞങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യിസ്രായേലിന്റെയും ദൈവമായ യഹോവേ, അങ്ങയുടെ ജനത്തിന്റെ ഹൃദയത്തിൽ ഈ വിചാരങ്ങളും ഭാവവും എന്നേക്കും കാത്ത് അവരുടെ ഹൃദയത്തെ അങ്ങയിലേക്ക് തിരിക്കേണമേ.19എന്റെ മകനായ ശലോമോൻ, അങ്ങയുടെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പ്രമാണിക്കേണ്ടതിനും ഞാൻ കരുതിയിട്ടുള്ള മന്ദിരം തീർക്കുവാനും, അങ്ങനെ ഇവയെല്ലാം നിവർത്തിക്കേണ്ടതിന് അവന് ഒരു ഏകാഗ്രഹൃദയം നല്കേണമേ.”
20പിന്നെ ദാവീദ് സർവ്വസഭയോടും: “ഇപ്പോൾ നിങ്ങളുടെ ദൈവമായ യഹോവയെ വാഴ്ത്തുവിൻ” എന്നു പറഞ്ഞു. അങ്ങനെ സഭ മുഴുവനും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ വാഴ്ത്തി യഹോവയെയും രാജാവിനെയും വണങ്ങി നമസ്കരിച്ചു.21പിന്നെ അവർ യഹോവയ്ക്കു് ഹനനയാഗങ്ങളെ അർപ്പിച്ചു; പിറ്റെന്നാൾ യഹോവയ്ക്കു് ഹോമയാഗമായി ആയിരം (1000) കാളയെയും ആയിരം ആട്ടുകൊറ്റനെയും ആയിരം കുഞ്ഞാടിനെയും അവയുടെ പാനീയയാഗങ്ങളെയും എല്ലായിസ്രായേലിനും വേണ്ടി അനവധി ഹനനയാഗങ്ങളെയും കഴിച്ചു.
22അവർ അന്ന് യഹോവയുടെ സന്നിധിയിൽ മഹാസന്തോഷത്തോടെ ഭക്ഷിച്ചു പാനംചെയ്തു; ദാവീദിന്റെ മകനായ ശലോമോനെ രണ്ടാം പ്രാവശ്യം രാജാവാക്കി; അവനെ യഹോവയ്ക്കു് പ്രഭുവായിട്ടും സാദോക്കിനെ പുരോഹിതനായിട്ടും അഭിഷേകം ചെയ്തു.23അങ്ങനെ ശലോമോൻ തന്റെ അപ്പനായ ദാവീദിന് പകരം യഹോവയുടെ സിംഹാസനത്തിൽ രാജാവായിരുന്നു കൃതാർത്ഥനായി. യിസ്രായേലൊക്കെയും അവന്റെ വാക്ക് കേട്ടനുസരിച്ചു.
24സകലപ്രഭുക്കന്മാരും വീരന്മാരും ദാവീദ്‌രാജാവിന്റെ സകലപുത്രന്മാരും ശലോമോൻരാജാവിന് കീഴ്പെട്ടു.25യിസ്രായേലൊക്കെയും കാൺകെ യഹോവ ശലോമോനെ അത്യന്തം മഹത്വപ്പെടുത്തി, യിസ്രായേലിൽ അവന് മുമ്പുണ്ടായിരുന്ന ഒരു രാജാവിനും ലഭിച്ചിട്ടില്ലാത്ത രാജമഹിമയും അവന് നല്കി.

26ഇങ്ങനെ യിശ്ശായിയുടെ മകനായ ദാവീദ് എല്ലായിസ്രായേലിനും രാജാവായി വാണിരുന്നു.27അവൻ യിസ്രായേലിനെ വാണകാലം നാല്പതു സംവത്സരം ആയിരുന്നു; അവൻ ഏഴു സംവത്സരം ഹെബ്രോനിലും മുപ്പത്തിമൂന്നു സംവത്സരം യെരൂശലേമിലും വാണു.28അവൻ വളരെ വയസ്സുചെന്നവനും ആയുസ്സും ധനവും മാനവും തികഞ്ഞവനുമായി മരിച്ചു; അവന്റെ മകനായ ശലോമോൻ അവന് പകരം രാജാവായി.
29എന്നാൽ ദാവീദ്‌ രാജാവിന്റെ ആദ്യന്തവൃത്താന്തങ്ങളും, അവന്റെ രാജഭരണം ഒക്കെയും, അവന്റെ പരാക്രമപ്രവൃത്തികളും, അവനും യിസ്രായേലിനും അന്യദേശങ്ങളിലെ സകലരാജ്യങ്ങളിലുമുണ്ടായ എല്ലാ സംഭവങ്ങളും30ദർശകനായ ശമൂവേലിന്റെ വൃത്താന്തത്തിലും നാഥാൻപ്രവാചകന്റെ പുസ്തകത്തിലും ദർശകനായ ഗാദിന്റെ വൃത്താന്തത്തിലും എഴുതിയിരിക്കുന്നുവല്ലോ.

ദിനവൃത്താന്തം: രണ്ടാം പുസ്തകം

1

1ദാവീദിന്റെ മകനായ ശലോമോൻ തന്റെ രാജത്വം ഉറപ്പിച്ചു; ദൈവമായ യഹോവ അവനോടുകൂടെ ഇരുന്ന് അവനെ അത്യന്തം മഹത്വവാനാക്കി.

2ശലോമോൻ എല്ലായിസ്രായേലിനോടും സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും ന്യായാധിപന്മാരോടും പിതൃഭവനത്തലവന്മാരായ സകലപ്രഭുക്കന്മാരോടും3സംസാരിച്ചിട്ട്, സർവ്വസഭയുമായി ഗിബെയോനിലെ പൂജാഗിരിയിലേക്ക് പോയി. യഹോവയുടെ ദാസനായ മോശെ മരുഭൂമിയിൽവെച്ച് ഉണ്ടാക്കിയ ദൈവത്തിന്റെ സമാഗമനകൂടാരം അവിടെ ആയിരുന്നു.4എന്നാൽ ദൈവത്തിന്റെ പെട്ടകം ദാവീദ്, കിര്യത്ത്-യെയാരീമിൽനിന്ന് താൻ അതിനായി ഒരുക്കിയിരുന്ന സ്ഥലത്തേക്കു കൊണ്ടുപോന്നു; അവൻ അതിനായി യെരൂശലേമിൽ ഒരു കൂടാരം അടിച്ചിട്ടുണ്ടായിരുന്നു.5ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേൽ ഉണ്ടാക്കിയ താമ്രയാഗപീഠവും അവിടെ യഹോവയുടെ തിരുനിവാസത്തിന്റെ മുമ്പിൽ ഉണ്ടായിരുന്നു; അവിടെ ശലോമോനും സഭയും പ്രാർഥനയോടെ യഹോവയെ ആന്വേഷിച്ചു.
6ശലോമോൻ അവിടെ യഹോവയുടെ സന്നിധിയിൽ സമാഗമനകൂടാരത്തിലെ താമ്രയാഗപീഠത്തിങ്കലേക്കു ചെന്ന് അതിന്മേൽ ആയിരം ഹോമയാഗങ്ങൾ കഴിച്ചു.

7അന്നു രാത്രി ദൈവം ശലോമോന് പ്രത്യക്ഷനായി അവനോട്: ഞാൻ നിനക്കു എന്തു തരേണം; ചോദിച്ചുകൊൾക എന്നരുളിച്ചെയ്തു.
8ശലോമോൻ ദൈവത്തോടു പറഞ്ഞത്: “എന്റെ അപ്പനായ ദാവീദിനോടു നീ മഹാദയ കാണിച്ച് അവന് പകരം എന്നെ രാജാവാക്കിയിരിക്കുന്നു.9ആകയാൽ യഹോവയായ ദൈവമേ എന്റെ അപ്പനായ ദാവീദിനോടുള്ള നിന്റെ വാഗ്ദാനം നിവൃത്തിയായല്ലോ? ഭൂമിയിലെ പൊടിപോലെ അസംഖ്യമായുള്ള ജനത്തിന് നീ എന്നെ രാജാവാക്കിയിരിക്കുന്നുവല്ലോ.10ആകയാൽ ഈ ജനത്തിന് നായകനായിരിക്കേണ്ടതിന് എനിക്കു ജ്ഞാനവും വിവേകവും തരേണമേ; അല്ലാതെ നിന്റെ ഈ വലിയ ജനത്തിന് ന്യായപാലനം ചെയ്‌വാൻ ആർക്കു കഴിയും?”11അതിന് ദൈവം ശലോമോനോട്: “ഇത് നിന്റെ താല്പര്യമായിരിക്കയാലും ധനം, സമ്പത്ത്, മാനം, ശത്രുനിഗ്രഹം എന്നിവയോ ദീർഘായുസ്സോ ചോദിക്കാതെ ഞാൻ നിന്നെ രാജാവാക്കിവെച്ച എന്റെ ജനത്തിന് ന്യായപാലനം ചെയ്യേണ്ടതിന് ജ്ഞാനവും വിവേകവും ചോദിച്ചിരിക്കയാലും
12ജ്ഞാനവും വിവേകവും നിനക്കു നല്കിയിരിക്കുന്നു; അതല്ലാതെ നിനക്കു മുമ്പുള്ള രാജാക്കന്മാരിൽ ആർക്കും ലഭിച്ചിട്ടില്ലാത്തതും നിന്റെ ശേഷം ആർക്കും ലഭിക്കാത്തതുമായ ധനവും സമ്പത്തും മാനവും ഞാൻ നിനക്കു തരും” എന്ന് അരുളിച്ചെയ്തു.13പിന്നെ ശലോമോൻ ഗിബെയോനിലെ പൂജാഗിരിയിൽനിന്ന്, സമാഗമനകൂടാരത്തിന്റെ മുമ്പിൽനിന്നു തന്നേ, യെരൂശലേമിലേക്കു വന്ന് യിസ്രായേലിൽ രാജാവായി വാണു.
14ശലോമോൻ രഥങ്ങളെയും കുതിരപ്പടയേയും ശേഖരിച്ചു; അവന് ആയിരത്തിനാനൂറ് രഥങ്ങളും പന്തീരായിരം കുതിരപ്പടയാളികളും ഉണ്ടായിരുന്നു; അവരെ അവൻ രഥനഗരങ്ങളിലും യെരൂശലേമിൽ രാജാവിന്റെ അടുക്കലും പാർപ്പിച്ചു.15രാജാവ് യെരൂശലേമിൽ പൊന്നും വെള്ളിയും കല്ലുകൾ പോലെ സമൃദ്ധമാക്കി. ദേവദാരു വൃക്ഷങ്ങൾ താഴ്വരയിലെ കാട്ടത്തിമരങ്ങൾ പോലെ പെരുകി.16ശലോമോൻ കുതിരകളെ ഇറക്കുമതി ചെയ്തത് ഈജിപ്റ്റിൽ നിന്നും 1 കുവെയിൽ നിന്നും ആയിരുന്നു; രാജാവിന്റെ കച്ചവടക്കാർ അവയെ കൂട്ടമായി വാങ്ങിക്കൊണ്ടുവരും.17അവർ ഈജിപ്റ്റിൽ നിന്ന് രഥമൊന്നിന് അറുനൂറും കുതിര ഒന്നിന് നൂറ്റമ്പതും ശേക്കെൽ വെള്ളി വിലയായി കൊടുത്ത് വാങ്ങിക്കൊണ്ടുവരും; അങ്ങനെ തന്നേ അവർ ഹിത്യരുടെ സകലരാജാക്കന്മാർക്കും അരാംരാജാക്കന്മാർക്കും കൊണ്ടുവന്നു കൊടുക്കും.


1 1:16 KEVEH

2

1അനന്തരം ശലോമോൻ യഹോവയുടെ നാമത്തിന് ഒരു ആലയവും തനിക്ക് ഒരു അരമനയും പണിയുവാൻ നിശ്ചയിച്ചു.2എഴുപതിനായിരം ചുമട്ടുകാരെയും എൺപതിനായിരം കല്ലുവെട്ടുകാരെയും അവർക്കു മേൽനോട്ടം വഹിക്കാൻ മൂവായിരത്തറുനൂറുപേരെയും ശലോമോൻ നിയമിച്ചു.3പിന്നെ ശലോമോൻ സോർരാജാവായ ഹൂരാമിന്റെ അടുക്കൽ കൊടുത്തയച്ച സന്ദേശം എന്തെന്നാൽ: “എന്റെ അപ്പനായ ദാവീദ് രാജാവിന് ഒരു അരമന പണിയേണ്ടതിന് ദേവദാരു കൊടുത്തയച്ച നീ എനിക്കുവേണ്ടിയും അപ്രകാരം ചെയ്യേണം.

4ഞാൻ എന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരാലയം പണിവാൻ പോകുന്നു; അത് അവന് പ്രതിഷ്ഠിച്ചിട്ട് അവന്റെ സന്നിധിയിൽ സുഗന്ധധൂപം അർപ്പിക്കുവാനും നിരന്തരമായി കാഴ്ചയപ്പം ഒരുക്കുവാനും കാലത്തും വൈകുന്നേരത്തും ശബ്ബത്തുകളിലും അമാവാസ്യകളിലും ഞങ്ങളുടെ ദൈവമായ യഹോവയുടെ ഉത്സവങ്ങളിലും ഹോമയാഗം കഴിപ്പാനും തന്നേ. ഇത് യിസ്രായേലിന് ഒരു ശാശ്വതനിയമം ആകുന്നു.5ഞങ്ങളുടെ ദൈവം സകലദേവന്മാരെക്കാളും വലിയവനാകയാൽ ഞാൻ പണിവാൻപോകുന്ന ആലയം മഹത്വമേറിയതായിരിക്കും.
6എന്നാൽ അവന് ആലയം പണിവാൻ പ്രാപ്തിയുള്ളവൻ ആർ? സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും അവൻ അടങ്ങുകയില്ലല്ലോ; അങ്ങനെയിരിക്കെ അവന്റെ സന്നിധിയിൽ ധൂപം അർപ്പിക്കുവാനല്ലാതെ അവന് ഒരു ആലയം പണിയേണ്ടതിന് ഞാൻ ആർ?7ആകയാൽ എന്റെ അപ്പനായ ദാവീദ് നിയമിച്ചവരായി എന്റെ അടുക്കൽ യെഹൂദയിലും യെരൂശലേമിലും ഉള്ള കരകൌശലപ്പണിക്കാരോടുകൂടെ, പൊന്ന്, വെള്ളി, താമ്രം, ഇരിമ്പ്, ധൂമ്രനൂൽ, ചുവപ്പുനൂൽ, നീലനൂൽ എന്നിവകൊണ്ടു പണിചെയ്‌വാൻ സമർത്ഥനും കൊത്തുപണിയിൽ വിദഗ്ധനുമായ ഒരുവനെ അയച്ചുതരേണം.
8ലെബാനോനിൽനിന്ന് ദേവദാരുവും സരളമരവും ചന്ദനവും കൂടെ എനിക്ക് അയച്ചുതരേണം; നിന്റെ വേലക്കാർ മരംവെട്ടുവാൻ സമർത്ഥന്മാരെന്ന് എനിക്കറിയാം; എനിക്കു വേണ്ടുവോളം മരം ശേഖരിപ്പാൻ എന്റെ വേലക്കാർ നിന്റെ വേലക്കാരോടുകൂടെ പണി ചെയ്യും.9ഞാൻ പണിവാനിരിക്കുന്ന ആലയം വലിയതും അത്ഭുതകരവും ആയിരിക്കും.10മരംവെട്ടുകാരായ നിന്റെ വേലക്കാർക്കു ഞാൻ ഇരുപതിനായിരം കോർ പൊടിച്ച ഗോതമ്പും പതിനായിരം കോർ യവവും ഇരുപതിനായിരം ബത്ത് വീഞ്ഞും ഇരുപതിനായിരം ബത്ത് എണ്ണയും കൊടുക്കും.”
11സോർരാജാവായ ഹൂരാം ശലോമോന്“ യഹോവ തന്റെ ജനത്തെ സ്നേഹിക്കകൊണ്ടു നിന്നെ അവർക്കു രാജാവാക്കിയിരിക്കുന്നു“ എന്ന് മറുപടി അയച്ചു.12ഹൂരാം തുടർന്ന് ഇപ്രകാരം എഴുതി: “യഹോവയ്ക്ക് ഒരു ആലയവും തനിക്ക് ഒരു അരമനയും പണിയേണ്ടതിന് ജ്ഞാനവും ബുദ്ധിയും വിവേകവും ഉള്ള ഒരു മകനെ ദാവീദ്‌ രാജാവിന് നല്കിയ ആകാശവും ഭൂമിയും സൃഷ്ടിച്ച യിസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ.
13ഇപ്പോൾ ഞാൻ ജ്ഞാനവും വിവേകവുമുള്ള പുരുഷനായ ഹൂരാം-ആബിയെ അയക്കുന്നു.14അവൻ ദാൻ ഗോത്രത്തിലെ ഒരു സ്ത്രീയുടെ മകൻ; അവന്റെ അപ്പൻ സോർ ദേശക്കാരൻ. പൊന്ന്, വെള്ളി, താമ്രം, ഇരിമ്പ്, കല്ല്, മരം, ധൂമ്രനൂൽ, നീലനൂൽ, ചണനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ടു പണിചെയ്യാനും നിന്റെയും ഞാൻ ബഹുമാനിക്കുന്ന നിന്റെ അപ്പൻ ദാ‍വീദിന്റെയും കരകൌശലപ്പണിക്കാരോടുകൂടെ അവനെ ഏല്പിക്കുന്ന ഏതു കൌശലപ്പണിയും പൂർത്തീകരിപ്പാനും അവൻ സമർത്ഥൻ ആകുന്നു.
15ആകയാൽ യജമാനൻ പറഞ്ഞ കോതമ്പും യവവും എണ്ണയും വീഞ്ഞും വേലക്കാർക്കു കൊടുത്തയച്ചാലും.16എന്നാൽ ഞങ്ങൾ നിന്റെ ആവശ്യംപോലെ ലെബാനോനിൽനിന്നു മരംവെട്ടി ചങ്ങാടംകെട്ടി കടൽവഴിയായി യോപ്പയിൽ എത്തിച്ചുതരാം; നീ അത് യെരൂശലേമിലേക്കു കൊണ്ടുപോകേണം.”17അനന്തരം ശലോമോൻ യിസ്രായേൽദേശത്തിലെ പരദേശികളെ, തന്റെ അപ്പനായ ദാവീദ് എണ്ണംനോക്കിയതുപോലെ, എണ്ണം എടുത്തപ്പോൾ ഒരു ലക്ഷത്തി അമ്പത്തിമൂവായിരത്തി അറുനൂറു പേർ എന്ന് കണ്ടു.18അവരിൽ എഴുപതിനായിരംപേരെ ചുമട്ടുകാരായും എൺപതിനായിരം പേരെ മലയിൽ കല്ലുവെട്ടുകാരായും മൂവായിരത്തറുനൂറുപേരെ ജനത്തെക്കൊണ്ടു വേല ചെയ്യിപ്പാൻ മേൽനോട്ടക്കാരായും നിയമിച്ചു.

3

1അനന്തരം ശലോമോൻ യെരൂശലേമിൽ തന്റെ അപ്പനായ ദാവീദിന് യഹോവ പ്രത്യക്ഷനായ മോരീയാപർവ്വതത്തിൽ, യെബൂസ്യനായ ഒർന്നാന്റെ മെതിക്കളത്തിൽ ദാവീദ് തയാറാക്കിയിരുന്ന സ്ഥലത്ത് യഹോവയുടെ ആലയം പണിവാൻ തുടങ്ങി.2തന്റെ വാഴ്ചയുടെ നാലാം ആണ്ടിൽ രണ്ടാം മാസം രണ്ടാം ദിവസമായിരുന്നു അവൻ പണി തുടങ്ങിയത്.3ദൈവാലയം പണിയേണ്ടതിന് ശലോമോൻ ഇട്ട അടിസ്ഥാനത്തിന്റെ അളവുകൾ പഴയ കണക്കനുസരിച്ച് നീളം അറുപതു മുഴം, വീതി ഇരുപതു മുഴം.

4മുൻഭാഗത്തുള്ള മണ്ഡപത്തിന് ആലയത്തിന്റെ വീതിക്കൊത്തവണ്ണം ഇരുപതു മുഴം വീതിയും നൂറ്റിരുപതു മുഴം ഉയരവും ഉണ്ടായിരുന്നു; അതിന്റെ അകം അവൻ തങ്കംകൊണ്ടു പൊതിഞ്ഞു.5ആലയത്തിന് അവൻ സരളമരംകൊണ്ട് മച്ചിട്ടു, അത് തങ്കംകൊണ്ടു പൊതിഞ്ഞു, അതിന്മേൽ ഈന്തപ്പനയുടെയും ചങ്ങലയുടെയും രൂപം കൊത്തിച്ചു.
6അവൻ ആലയത്തെ രത്നംകൊണ്ട് മനോഹരമായി അലങ്കരിച്ചു; സ്വർണം പർവ്വയീമിൽ നിന്നുള്ളത് ആയിരുന്നു.7അവൻ ആലയവും തുലാങ്ങളും കട്ടിളക്കാലുകളും ചുവരുകളും കതകുകളും പൊന്നുകൊണ്ടു പൊതിഞ്ഞു, ചുവരിന്മേൽ കെരൂബുകളുടെ രൂപം കൊത്തിച്ചു.
8അവൻ അതിവിശുദ്ധസ്ഥലവും ഉണ്ടാക്കി; അതിന്റെ നീളവും വീതിയും ആലയത്തിന്റെ വീതിക്കൊത്തവണ്ണം ഇരുപതു മുഴം ആയിരുന്നു; അവൻ അറുനൂറു താലന്ത് തങ്കംകൊണ്ട് അത് പൊതിഞ്ഞു.9അതിന്റെ ആണികളുടെ തൂക്കം അമ്പതു ശേക്കെൽ പൊന്ന് ആയിരുന്നു: മാളികമുറികളും പൊന്നുകൊണ്ടു പൊതിഞ്ഞു.
10അതിവിശുദ്ധസ്ഥലത്ത് അവൻ കൊത്തുപണിയായി രണ്ട് കെരൂബുകളെ ഉണ്ടാക്കി പൊന്നുകൊണ്ട് പൊതിഞ്ഞു.11കെരൂബുകളുടെ ചിറകുകളുടെ നീളം ആകെ ഇരുപതു മുഴം ആയിരുന്നു. ഓരോ ചിറകും അഞ്ച് മുഴം വീതം നീളം,ഒന്നാമത്തെ കെരൂബിന്റെ ഒരു ചിറക് മറ്റേ കെരൂബിന്റെ ചിറകിനോട് തൊട്ടിരിക്കയും മറ്റേ ചിറക് ആലയത്തിന്റെ ചുവരോടു തൊട്ടിരിക്കയും ചെയ്തു.12രണ്ടാമത്തെ കെരൂബിന്റെ ഒരു ചിറകു ആലയത്തിന്റെ ചുവരോടു തൊട്ടിരിക്കയും മറ്റെ ചിറക് ആദ്യത്തെ കെരൂബിന്റെ ചിറകോടു തൊട്ടിരിക്കയും ആയിരുന്നു.
13അങ്ങനെ കെരൂബുകളുടെ ചിറകുകൾ ഇരുപതു മുഴം നീളത്തിൽ വിടർന്നിരുന്നു. അവ കാലുകൾ നിലത്തുറപ്പിച്ച് മുഖം തിരുനിവാസത്തിലേക്ക് തിരിഞ്ഞും നിന്നിരുന്നു.14നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, ചണനൂൽ എന്നിവകൊണ്ടു തിരശ്ശീല ഉണ്ടാക്കി അതിന്മേൽ കെരൂബുകളെ നെയ്തുണ്ടാക്കി.15അവൻ ആലയത്തിന്റെ മുമ്പിൽ മുപ്പത്തഞ്ചു മുഴം ഉയരമുള്ള രണ്ടു സ്തംഭങ്ങളുണ്ടാക്കി; അവയുടെ മുകളിൽ അഞ്ചു മുഴം ഉയരമുള്ള മകുടങ്ങളും നിർമിച്ചു.16അന്തർമ്മന്ദിരത്തിൽ ഉള്ളതുപോലെ മാലകൾ ഉണ്ടാക്കി സ്തംഭങ്ങളുടെ മുകൾഭാഗത്തു വച്ചു; നൂറു മാതളപ്പഴവും ഉണ്ടാക്കി മാലകളിൽ കോർത്തിട്ടു.17അവൻ സ്തംഭങ്ങളെ മന്ദിരത്തിന്റെ മുമ്പിൽ വലത്തും ഇടത്തുമായി സ്ഥാപിച്ചു. വലത്തേതിന്നു യാഖീൻ എന്നും ഇടത്തേതിന്നു ബോവസ് എന്നും പേർ വിളിച്ചു.

4

1ശലോമോൻ താമ്രംകൊണ്ട് ഒരു യാഗപീഠം ഉണ്ടാക്കി; അതിന്റെ നീളവും വീതിയും ഇരുപതു മുഴം വീതവും ഉയരം പത്തു മുഴവും ആയിരുന്നു.2വൃത്താകാരമായ ഒരു ജലസംഭരണിയും അവൻ വാർത്തുണ്ടാക്കി; അതിന്റെ വ്യാസം പത്തു മുഴവും ആഴം അഞ്ചു മുഴവും ചുറ്റളവ് മുപ്പത് മുഴവും ആയിരുന്നു.3അതിന് കീഴെ ചുറ്റിലും രണ്ടു നിരയായി കാളകളുടെ രൂപങ്ങൾ വാർത്തുണ്ടാക്കിയിരുന്നു.

4അത് പന്ത്രണ്ട് കാളകളുടെ പുറത്തു വെച്ചിരുന്നു: കാളകൾ മൂന്നു വീതം വടക്കോട്ടും പടിഞ്ഞാറോട്ടും തെക്കോട്ടും കിഴക്കോട്ടും മുഖം തിരിച്ചിരുന്നു. ജലസംഭരണി വഹിച്ചിരുന്ന കാളകളുടെ പിൻ ഭാഗം അകത്തോട്ട് ആയിരുന്നു.5ജലസംഭരണിക്ക് നാലു വിരലുകളുടെ കനവും അതിന്റെ വക്ക് പാനപാത്രത്തിന്റെ വക്കുപോലെയും വിടർന്ന താമരപ്പൂപോലെയും ആയിരുന്നു. അതിൽ മൂവായിരം 1 ബത്ത് വെള്ളം കൊള്ളുമായിരുന്നു.6കഴുകാൻ വെള്ളം വെക്കേണ്ടതിന് പത്തു തൊട്ടികളും ഉണ്ടാക്കി; വലത്തുഭാഗത്തും ഇടത്തുഭാഗത്തുമായി അഞ്ചു വീതം വെച്ചു. ഹോമയാഗത്തിന്നുള്ള വസ്തുക്കൾ അവർ അവയിൽ കഴുകും; ജലസംഭരണിയോ പുരോഹിതന്മാർക്ക് കഴുകുവാനുള്ളതായിരുന്നു.
7അവൻ പൊന്നുകൊണ്ട് പത്തു വിളക്കുകളും കൽപ്പനപ്രകാരം ഉണ്ടാക്കി, മന്ദിരത്തിൽ വലത്തുഭാഗത്തും ഇടത്തുഭാഗത്തുമായി അഞ്ചുവീതം വെച്ചു.8അവൻ പത്തു മേശകളും ഉണ്ടാക്കി; മന്ദിരത്തിൽ വലത്തുഭാഗത്തും ഇടത്തുഭാഗത്തുമായി അഞ്ചുവീതം വെച്ചു; പൊന്നു കൊണ്ട് നൂറു തളികകളും ഉണ്ടാക്കി.
9അവൻ പുരോഹിതന്മാരുടെ പ്രാകാരവും വലിയ പ്രാകാരവും പ്രാകാരത്തിന് വാതിലുകളും ഉണ്ടാക്കി. കതകുകൾ താമ്രംകൊണ്ട് പൊതിഞ്ഞു.10അവൻ ജലസംഭരണി വലത്തുഭാഗത്ത് തെക്കുകിഴക്കായിട്ട് വെച്ചു.
11ഹൂരാം കലങ്ങളും ചട്ടുകങ്ങളും തളികകളും ഉണ്ടാക്കി; ഇങ്ങനെ ഹൂരാം ദൈവാലയത്തിൽ ശലോമോൻരാജാവിനു വേണ്ടി ചെയ്യേണ്ടിയിരുന്ന പണികൾ തീർത്തു.12രണ്ട് തൂണുകൾ,തൂണുകളുടെ മുകളിലുള്ള ഗോളാകാരമായ മകുടങ്ങൾ, മകുടങ്ങളെ മൂടുവാൻ രണ്ടു വലപ്പണി,13തൂണുകളുടെ മുകളിലുള്ള രണ്ടു ഗോളങ്ങളെ മൂടുന്ന ഓരോ വലപ്പണിയിൽ ഈരണ്ടു നിരയായി നാനൂറ് മാതളപ്പഴങ്ങൾ
14പീഠങ്ങൾ, പീഠങ്ങളിന്മേൽ തൊട്ടികൾ15ജലസംഭരണി, അതിന് കീഴെ പന്ത്രണ്ടു കാളകൾ, കലങ്ങൾ,16ചട്ടുകങ്ങൾ, മുൾക്കൊളുത്തുകൾ എന്നീ ഉപകരണങ്ങളൊക്കെയും ഹൂരാം-ആബി മിനുക്കിയ താമ്രംകൊണ്ട് യഹോവയുടെ ആലയത്തിനുവേണ്ടി ശലോമോൻരാജാവിന് ഉണ്ടാക്കിക്കൊടുത്തു.
17യോർദ്ദാൻസമഭൂമിയിൽ സുക്കോത്തിനും സെരേദാഥെക്കും മദ്ധ്യേ കളിമണ്ണുള്ള നിലത്തുവെച്ച് രാജാവ് അവയെ വാർപ്പിച്ചു.18ഇങ്ങനെ ശലോമോൻ ഇവയൊക്കെയും ധാരാളമായി ഉണ്ടാക്കിയതിനാൽ അതിനായി ഉപയോഗിച്ച താമ്രത്തിന്റെ തൂക്കം നോക്കിയില്ല.
19ഇങ്ങനെ ശലോമോൻ ദൈവാലയത്തിലെ ഉപകരണങ്ങൾ ഒക്കെയും നിർമ്മിച്ചു. സ്വർണയാഗപീഠവും കാഴ്ചയപ്പം വെക്കുന്ന മേശകളും20അന്തർമ്മന്ദിരത്തിനു മുമ്പിൽ നിയമപ്രകാരം കത്തേണ്ട തങ്കംകൊണ്ടുള്ള നിലവിളക്കും ദീപങ്ങളും21നിർമ്മലമായ തങ്കംകൊണ്ട്, പുഷ്പങ്ങളും വിളക്കുകളും ചവണകളും22തങ്കംകൊണ്ട് കത്രികകളും തളികകളും തവികളും തീച്ചട്ടികളും ഉണ്ടാക്കി. ആലയത്തിന്റെ വാതിലുകൾ, അതിവിശുദ്ധമന്ദിരത്തിലേക്കുള്ള അകത്തെ കതകുകൾ, ആലയത്തിന്റെ കതകുകൾ, ഇവ പൊന്നുകൊണ്ട് നിർമ്മിച്ചവ ആയിരുന്നു.


1 4:5 baths

5

1യഹോവയുടെ ആലയത്തിന്റെ പണി പൂർത്തിയായപ്പോൾ ,ശലോമോൻ തന്റെ അപ്പനായ ദാവീദ് നിവേദിച്ചിരുന്ന വെള്ളിയും പൊന്നും എല്ലാ ഉപകരണങ്ങളും കൊണ്ടുവന്ന് ദൈവാലയത്തിലെ ഭണ്ഡാരത്തിൽ നിക്ഷേപിച്ചു.

2ശലോമോൻ യഹോവയുടെ നിയമപെട്ടകം സീയോൻ എന്ന ദാവീദിന്റെ നഗരത്തിൽനിന്ന് കൊണ്ടുവരുവാൻ യിസ്രായേൽമൂപ്പന്മാരെയും യിസ്രായേൽമക്കളുടെ പിതൃഭവനത്തലവന്മാരായ ഗോത്രപ്രഭുക്കന്മാരെയും യെരൂശലേമിൽ കൂട്ടിവരുത്തി.3യിസ്രായേൽപുരുഷന്മാരെല്ലാവരും ഏഴാം മാസത്തിലെ ഉത്സവത്തിനായി രാജാവിന്റെ അടുക്കൽ വന്നുകൂടി.
4യിസ്രായേൽമൂപ്പന്മാരെല്ലാവരും വന്നശേഷം ലേവ്യർ നിയമപെട്ടകം എടുത്തു.5പെട്ടകവും സമാഗമനകൂടാരവും കൂടാരത്തിലെ സകലവിശുദ്ധ ഉപകരണങ്ങളും കൊണ്ടുവന്നു; പുരോഹിതന്മാരും ലേവ്യരുമത്രേ അവ കൊണ്ടുവന്നത്.6ശലോമോൻരാജാവും അവന്റെ അടുക്കൽ കൂടിവന്ന യിസ്രായേൽജനമൊക്കെയും എണ്ണുവാനും കണക്കെടുപ്പാനും കഴിയാതവണ്ണം ആടുകളെയും കാളകളെയും പെട്ടകത്തിനു മുമ്പിൽ യാഗം കഴിച്ചു.
7പുരോഹിതന്മാർ യഹോവയുടെ നിയമപെട്ടകം അതിന്റെ സ്ഥലത്ത്, ആലയത്തിലെ അന്തർമ്മന്ദിരത്തിൽ അതിവിശുദ്ധസ്ഥലത്ത് കെരൂബുകളുടെ ചിറകിൻ കീഴെ കൊണ്ടുചെന്നു വെച്ചു.8കെരൂബുകൾ, മീതെ ചിറകുവിരിച്ചു പെട്ടകത്തെയും അതിന്റെ തണ്ടുകളെയും മൂടി നിന്നു.
9തണ്ടുകൾ നീണ്ടിരിക്കയാൽ തണ്ടുകളുടെ അറ്റങ്ങൾ അന്തർമ്മന്ദിരത്തിന് മുമ്പിൽ പെട്ടകത്തെ കവിഞ്ഞു കാണും എങ്കിലും പുറത്തുനിന്നു കാണുകയില്ല; അവ ഇന്നുവരെ അവിടെ ഉണ്ട്.10യിസ്രായേൽമക്കൾ ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ടശേഷം യഹോവ അവരോടു നിയമം ചെയ്തപ്പോൾ മോശെ ഹോരേബിൽവെച്ച് പെട്ടകത്തിൽ വെച്ചിരുന്ന രണ്ടു കല്പലകകൾ അല്ലാതെ അതിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല.
11പുരോഹിതന്മാർ വിശുദ്ധമന്ദിരത്തിൽനിന്നു വന്നപ്പോൾ -അവിടെയുണ്ടായിരുന്ന പുരോഹിതന്മാർ വിഭാഗ ക്രമം നോക്കാതെ എല്ലാവരും തങ്ങളെ വിശുദ്ധീകരിച്ചിരുന്നു12ആസാഫ്, ഹേമാൻ, യെദൂഥൂൻ എന്നിവരും അവരുടെ പുത്രന്മാരും സഹോദരന്മാരുമായി സംഗീതക്കാരായ ലേവ്യരെല്ലാവരും നേർത്ത ചണവസ്ത്രം ധരിച്ച് കൈത്താളങ്ങളും വീണകളും കിന്നരങ്ങളും പിടിച്ച് യാഗപീഠത്തിന് കിഴക്ക് കാഹളം ഊതിക്കൊണ്ടിരുന്ന നൂറ്റിരുപതു പുരോഹിതന്മാരോടുകൂടെ നിന്നു.13കാഹളക്കാരും സംഗീതക്കാരും ഒത്തൊരുമിച്ചു കാഹളങ്ങളോടും കൈത്താളങ്ങളോടും സംഗീത ഉപകരണങ്ങളോടും കൂടെ: “അവൻ നല്ലവനല്ലോ അവന്റെ ദയ എന്നേക്കുമുള്ളത്'' എന്ന് ഏകസ്വരമായി യഹോവയെ വാഴ്ത്തി സ്തുതിച്ചു; അവർ ഉച്ചത്തിൽ പാടി യഹോവയെ സ്തുതിച്ചപ്പോൾ യഹോവയുടെ ആലയമായ മന്ദിരത്തിൽ ഒരു മേഘം നിറഞ്ഞു.14യഹോവയുടെ തേജസ്സ് ദൈവാലയത്തിൽ നിറഞ്ഞിരുന്നതുകൊണ്ട് പുരോഹിതന്മാർക്ക് തുടർന്ന് ശുശ്രൂഷ ചെയ്യാൻ കഴിഞ്ഞില്ല.

6

1അപ്പോൾ ശലോമോൻ പ്റഞ്ഞത്: “താൻ മേഘതമസ്സിൽ വസിക്കുമെന്ന് യഹോവ അരുളിച്ചെയ്തിട്ടുണ്ട്;2എങ്കിലും ഞാൻ യഹോവക്ക് എന്നേക്കും വസിപ്പാൻ വിശിഷ്ടമായ ഒരു ആലയം പണിതിരിക്കുന്നു“3കൂടിവന്ന യിസ്രായേൽസഭ മുഴുവനും എഴുന്നേറ്റ് നില്ക്കെ രാജാവ് സർവ്വജനത്തേയും

4അനുഗ്രഹിച്ചു പറഞ്ഞത്: “എന്റെ അപ്പനായ ദാവീദിനോട് തിരുവായ് മൊഴിഞ്ഞ് അരുളിച്ചെയ്തത് തൃക്കൈകൊണ്ട് നിവർത്തിച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ”5“എന്റെ ജനത്തെ ഈജിപ്റ്റിൽ നിന്ന് കൊണ്ടുവന്ന നാൾ മുതൽ എന്റെ നാമം ഇരിക്കേണ്ടതിന് ഒരു ആലയം പണിവാൻ ഞാൻ യിസ്രായേലിന്റെ സകല ഗോത്രങ്ങളിലും ഒരു പട്ടണവും തിരഞ്ഞെടുത്തില്ല; എന്റെ ജനമായ യിസ്രായേലിന് പ്രഭുവായിരിപ്പാൻ ഞാൻ ഒരുത്തനെയും തെരഞ്ഞെടുത്തതുമില്ല.6എന്നാൽ എന്റെ നാമം ഇരിക്കേണ്ടതിന് യെരൂശലേമിനെയും എന്റെ ജനമായ യിസ്രായേലിനെ വാഴുവാൻ ദാവീദിനെയും ഞാൻ തെരഞ്ഞെടുത്തിരിക്കുന്നു” എന്ന് അവൻ അരുളിച്ചെയ്തു.
7യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം പണിയണം എന്ന് എന്റെ അപ്പനായ ദാവീദിന് താല്പര്യം ഉണ്ടായിരുന്നു.8എന്നാൽ യഹോവ എന്റെ അപ്പനായ ദാവീദിനോട്: “എന്റെ നാമത്തിന് ഒരു ആലയം പണിയണമെന്ന് നിനക്കു താല്പര്യം ഉണ്ടായല്ലോ; ഇങ്ങനെ താല്പര്യം ഉണ്ടായത് നല്ലത്;9എങ്കിലും ആലയം പണിയേണ്ടത് നീയല്ല; നിനക്ക് ജനിക്കാൻ പോകുന്ന മകൻ തന്നേ എന്റെ നാമത്തിനായി ആലയം പണിയും” എന്നു കല്പിച്ചു.
10അങ്ങനെ യഹോവ അരുളിച്ചെയ്ത വചനം നിവർത്തിച്ചിരിക്കുന്നു; യഹോവ വാഗ്ദാനം ചെയ്തതുപോലെ എന്റെ അപ്പനായ ദാവീദിന് പകരം ഞാൻ യിസ്രായേൽ സിംഹാസനത്തിൽ ഇരുന്ന് യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം പണിതിരിക്കുന്നു.11യഹോവ യിസ്രായേൽമക്കളോടു ചെയ്ത നിയമം ഉള്ള പെട്ടകം ഞാൻ ഈ ആലയത്തിൽ വെച്ചിട്ടുണ്ട്.

12അനന്തരം ശലോമോൻ യഹോവയുടെ യാഗപീഠത്തിന്റെ മുമ്പിൽ യിസ്രായേലിന്റെ സർവ്വസഭയുടെയും കൂട്ടത്തിൽ നിന്നു കൊണ്ട് കൈ മലർത്തി;13ശലോമോൻ താമ്രം കൊണ്ട് അഞ്ചു മുഴം നീളവും അഞ്ചു മുഴം വീതിയും മൂന്നു മുഴം ഉയരവുമുള്ള ഒരു പീഠം ഉണ്ടാക്കി പ്രാകാരത്തിന്റെ നടുവിൽ വച്ചിരുന്നു; അതിൽ അവൻ കയറിനിന്ന് യിസ്രായേലിന്റെ സർവ്വസഭക്കും മുമ്പാകെ മുട്ടുകുത്തി ആകാശത്തേക്ക് കൈ മലർത്തി പറഞ്ഞത് എന്തെന്നാൽ:
14“യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂർണ്ണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാർക്കായി നിയമവും ദയയും പാലിക്കുന്നവനായ നിന്നെപ്പോലെ സ്വർഗ്ഗത്തിലും ഭൂമിയിലും ഒരു ദൈവവും ഇല്ല.15നീ എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസന് ചെയ്ത വാഗ്ദാനം പാലിച്ചിരിക്കുന്നു; തിരുവായ്കൊണ്ട് അരുളിച്ചെയ്തത് ഇന്ന് കാണുംപോലെ തൃക്കൈകൊണ്ട് നിവർത്തിച്ചുമിരിക്കുന്നു.
16ആകയാൽ യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസനോട്: ‘നീ എന്റെ മുമ്പാകെ നടന്നതുപോലെ നിന്റെ പുത്രന്മാരും എന്റെ ന്യായപ്രമാണപ്രകാരം സൂക്ഷ്മതയോടെ നടന്നാൽ, യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരിപ്പാൻ ഒരു പുരുഷൻ എന്റെ മുമ്പാകെ ഇല്ലാതെ വരികയില്ല’ എന്ന് അരുളിച്ചെയ്തിരിക്കുന്നത് നിവർത്തിക്കേണമേ.17യിസ്രായേലിന്റെ ദൈവമായ യഹോവേ, നിന്റെ ദാസനായ ദാവീദിനോട് അരുളിച്ചെയ്ത വചനം നിവൃത്തിയാകട്ടെ.
18എന്നാൽ ദൈവം യഥാർത്ഥമായി ഭൂമിയിൽ മനുഷ്യരോടുകൂടെ വസിക്കുമോ? സ്വർഗ്ഗത്തിനും സ്വർഗ്ഗാധിസ്വർഗ്ഗത്തിനും നിന്നെ പൂർണമായി ഉൾക്കൊള്ളുവാൻ കഴികയില്ല; പിന്നെ ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിൽ ഒതുങ്ങുന്നത് എങ്ങനെ?19എങ്കിലും എന്റെ ദൈവമായ യഹോവേ, അടിയൻ തിരുമുമ്പിൽ കഴിക്കുന്ന പ്രാർത്ഥനയും യാചനയും കേൾക്കേണമേ. അടിയന്റെ നിലവിളിയും പ്രാർത്ഥനയും ശ്രദ്ധിക്കേണമേ.20നിന്റെ നാമം സ്ഥാപിക്കുമെന്ന് നീ അരുളിച്ചെയ്ത സ്ഥലമായ ഈ ആലയത്തിൽ അടിയൻ കഴിക്കുന്ന പ്രാർത്ഥന കേൾക്കുവാൻ രാവും പകലും അവിടുത്തെ ദൃഷ്ടികൾ ഈ ആലയത്തിൻ മേൽ ഉണ്ടായിരിക്കേണമേ.
21ഈ സ്ഥലത്തുവച്ചു പ്രാർത്ഥിക്കുന്ന അടിയന്റെയും നിന്റെ ജനമായ യിസ്രായേലിന്റെയും യാചനകൾ നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽ നിന്നു കേൾക്കേണമേ; കേട്ട് ക്ഷമിക്കേണമേ.
22ഒരുത്തൻ തന്റെ കൂട്ടുകാരനോട് കുറ്റം ചെയ്തതായി ആരോപണം ഉണ്ടാകുകയും അവൻ ഈ ആലയത്തിൽ നിന്റെ യാഗപീഠത്തിനു മുമ്പാകെ വന്ന് താൻ നിർദോഷി എന്ന് സത്യം ചെയ്കയും23നീ സ്വർഗ്ഗത്തിൽ നിന്ന് കേട്ട് അവൻ ദുഷ്ടനെങ്കിൽ ശിക്ഷ അവന്റെ തലമേൽ വരുത്തി പ്രതികാരം ചെയ്‌വാനും നീതിമാനെങ്കിൽ നീതിക്കു ഒത്തവണ്ണം അവനെ നീതീകരിപ്പാനും അടിയങ്ങൾക്കു ന്യായം പാലിച്ചുതരേണമേ.
24നിന്റെ ജനമായ യിസ്രായേൽ നിന്നോടു പാപം ചെയ്കനിമിത്തം അവർ ശത്രുവിനോട് തോറ്റിട്ട് അനുതാപത്തോടെ നിന്റെ നാമം ഏറ്റുപറഞ്ഞ് ഈ ആലയത്തിൽവെച്ച് നിന്റെ മുമ്പാകെ പ്രാർത്ഥിക്കയും യാചിക്കയും ചെയ്താൽ25നീ സ്വർഗ്ഗത്തിൽനിന്നു കേട്ട് നിന്റെ ജനമായ യിസ്രായേലിന്റെ പാപം ക്ഷമിച്ച് നീ അവർക്കും അവരുടെ പിതാക്കന്മാർക്കും കൊടുത്ത ദേശത്തേക്ക് അവരെ തിരിച്ചു വരുത്തേണമേ.
26അവർ നിന്നോടു പാപം ചെയ്കകൊണ്ട് ആകാശം അടഞ്ഞ് മഴ പെയ്യാതിരിക്കുമ്പോൾ അവർ ഈ ആലയത്തിലേക്ക് തിരിഞ്ഞ് നിന്റെ നാമം ഏറ്റുപറഞ്ഞ് തങ്ങളുടെ പാപങ്ങളെ വിട്ടുതിരികയും പ്രാർത്ഥിക്കയും ചെയ്താൽ,27നീ സ്വർഗ്ഗത്തിൽനിന്ന് കേട്ട് നിന്റെ ദാസന്മാരും നിന്റെ ജനവുമായ യിസ്രായേലിന്റെ പാപം ക്ഷമിച്ച് അവർ നടക്കേണ്ട നല്ലവഴി അവരെ ഉപദേശിക്കയും നിന്റെ ജനത്തിന് അവകാശമായി കൊടുത്ത നിന്റെ ദേശത്ത് മഴ പെയ്യിക്കയും ചെയ്യേണമേ.
28ദേശത്ത് ക്ഷാമം, പകർച്ച വ്യാധി, ഉഷ്ണക്കാറ്റ്, വിഷമഞ്ഞ്, വെട്ടുക്കിളി, തുള്ളൻ എന്നിവ ഉണ്ടായാൽ, ശത്രുക്കൾ അവരുടെ പട്ടണങ്ങളുള്ള ദേശത്തിൽ അവരെ തടഞ്ഞുവച്ചാൽ, വല്ല വ്യാധിയോ ദീനമോ ഉണ്ടായാൽ,29നിന്റെ ജനമായ യിസ്രായേൽ വ്യക്തികളായോ കൂട്ടമായോ പ്രാർത്ഥനയും യാചനയും കഴിക്കയും ഓരോരുത്തൻ താന്താന്റെ ദുരിതത്തിൽ ഈ ആലയത്തിങ്കലേക്ക് തിരിഞ്ഞ് കൈ മലർത്തി പ്രാർത്ഥിക്കയും ചെയ്താൽ,30നീ നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽ നിന്നു കേട്ട് ക്ഷമിക്കയും31ഞങ്ങളുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്ത് അവർ ജീവകാലത്തൊക്കെയും നിന്നെ ഭയപ്പെട്ട് നിന്റെ വഴികളിൽ നടപ്പാൻ തക്കവണ്ണം, നീ മനുഷ്യഹൃദയം അറിയുന്നതിനാൽ ഓരോരുത്തന് അവനവന്റെ പ്രവൃത്തിപോലെ പ്രതിഫലം നല്കുകയും ചെയ്യേണമേ; നീ മാത്രമല്ലോ മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങളെ അറിയുന്നത്.
32നിന്റെ ജനമായ യിസ്രായേലിൽ ഉൾപ്പെടാ‍ത്ത പരദേശികൾ നിന്റെ മഹത്വമുള്ള നാമവും ബലമുള്ള കയ്യും നീട്ടിയിരിക്കുന്ന ഭുജവും അറിഞ്ഞ് ദൂരദേശത്തുനിന്നു വന്ന് പ്രാർത്ഥിച്ചാൽ33നീ നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽനിന്നു കേട്ട് ഭൂമിയിലെ സകലജനങ്ങളും യിസ്രായേൽജനത്തേ പോലെ നിന്റെ നാമത്തെ അറിഞ്ഞ് നിന്നെ ഭയപ്പെടുകയും ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിന് നിന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്നു എന്ന് അറികയും ചെയ്യേണ്ടതിന് ആ പരദേശികൾ നിന്നോടു പ്രാർത്ഥിക്കുന്നതൊക്കെയും ചെയ്തുകൊടുക്കേണമേ.
34നീ നിന്റെ ജനത്തെ തങ്ങളുടെ ശത്രുക്കളോടു യുദ്ധം ചെയ്‌വാൻ അയക്കുമ്പോൾ, നീ തെരഞ്ഞെടുത്ത ഈ നഗരത്തിലേക്കും ഞാൻ നിന്റെ നാമത്തിനായി പണിതിരിക്കുന്ന ഈ ആലയത്തിലേക്കും തിരിഞ്ഞ് നിന്നോടു പ്രാർത്ഥിച്ചാൽ35നീ സ്വർഗ്ഗത്തിൽനിന്ന് അവരുടെ പ്രാർത്ഥനയും യാചനയും കേട്ട് അവർക്ക് ന്യായം പാലിച്ചുകൊടുക്കേണമേ.
36അവർ നിന്നോട് പാപം ചെയ്കയും- പാപം ചെയ്യാത്ത മനുഷ്യൻ ഇല്ലല്ലോ - നീ അവരോടു കോപിച്ച് അവരെ ശത്രുക്കൾക്ക് ഏല്പിക്കയും അവർ അവരെ ദൂരത്തോ സമീപത്തോ ഉള്ള ദേശത്തേക്ക് ബദ്ധരാക്കി കൊണ്ടുപോകയും ചെയ്താൽ37പ്രവാസദേശത്തുവച്ച് അവർ സുബോധം വന്നിട്ട് തങ്ങളുടെ ഹൃദയത്തിൽ നിന്ന്: “ഞങ്ങൾ പാപംചെയ്തു; അകൃത്യവും ദുഷ്ടതയും പ്രവർത്തിച്ചിരിക്കുന്നു” എന്നു പറഞ്ഞ് നിന്നോടു യാചിക്കയും38അവരെ പിടിച്ചു കൊണ്ടുപോയ പ്രവാസദേശത്തുവെച്ച് അവർ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ നിങ്കലേക്കു തിരിഞ്ഞ് നീ അവരുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തേക്കും നീ തെരഞ്ഞെടുത്ത നഗരത്തിലേക്കും ഞാൻ നിന്റെ നാമത്തിനായി പണിതിരിക്കുന്ന ഈ ആലയത്തിലേക്കും നോക്കി പ്രാർത്ഥിക്കയും ചെയ്താൽ39നീ നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽനിന്ന് അവരുടെ പ്രാർത്ഥനയും യാചനകളും കേട്ട് അവർക്കു ന്യായം പാലിച്ചുകൊടുത്ത് നിന്നോട് പാപം ചെയ്ത നിന്റെ ജനത്തോട് ക്ഷമിക്കേണമേ.40ഇപ്പോൾ എന്റെ ദൈവമേ, ഈ സ്ഥലത്തുവച്ച് കഴിക്കുന്ന പ്രാർത്ഥന കേൾക്കുകയും ഞങ്ങളെ കടാക്ഷിക്കുകയും ചെയ്യേണമേ.41ആകയാൽ യഹോവയായ ദൈവമേ, നീയും നിന്റെ ബലത്തിന്റെ പെട്ടകവും എഴുന്നേറ്റ് നിന്റെ വിശ്രമസ്ഥലത്തേക്ക് വരേണമേ; യഹോവയായ ദൈവമേ, നിന്റെ പുരോഹിതന്മാർ രക്ഷാവസ്ത്രം ധരിക്കയും നിന്റെ ഭക്തന്മാർ നന്മയിൽ സന്തോഷിക്കയും ചെയ്യുമാറാകട്ടെ.42യഹോവയായ ദൈവമേ, നിന്റെ അഭിഷിക്തന്റെ മുഖം ത്യജിച്ചുകളയരുതേ; നിന്റെ ദാസനായ ദാവീദിനോടുള്ള കൃപകളെ ഓർക്കേണമേ.

7

1ശലോമോൻ പ്രാർത്ഥിച്ചു കഴിഞ്ഞപ്പോൾ സ്വർഗ്ഗത്തിൽനിന്ന് തീ ഇറങ്ങി ഹോമയാഗവും ഹനനയാഗവും ദഹിപ്പിച്ചു; യഹോവയുടെ തേജസ്സ് ആലയത്തിൽ നിറഞ്ഞു.2യഹോവയുടെ തേജസ്സ് ആലയത്തിൽ നിറഞ്ഞിരിക്കകൊണ്ട് പുരോഹിതന്മാർക്ക് ആലയത്തിൽ പ്രവേശിപ്പാൻ കഴിഞ്ഞില്ല.3തീ ഇറങ്ങിയതും ആലയത്തിൽ യഹോവയുടെ തേജസ്സ് നിറയുന്നതും യിസ്രായേൽമക്കൾ കണ്ടപ്പോൾ അവർ കൽത്തളത്തിൽ സാഷ്ടാംഗം വീണ് യഹോവയെ നമസ്കരിച്ചു: “അവൻ നല്ലവൻ അല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളത്“ എന്നു പറഞ്ഞ് ദൈവത്തെ സ്തുതിച്ചു.

4പിന്നെ രാജാവും സർവ്വജനവും യഹോവയുടെ സന്നിധിയിൽ യാഗംകഴിച്ചു.5ശലോമോൻരാജാവ് ഇരുപത്തീരായിരം കാളകളേയും ഒരുലക്ഷത്തിരുപതിനായിരം ആടുകളേയും യാഗം കഴിച്ചു; ഇങ്ങനെ രാജാവും സർവ്വജനവും ചേർന്ന് ദൈവാലയം പ്രതിഷ്ഠിച്ചു.6പുരോഹിതന്മാർ തങ്ങളുടെ ശുശ്രൂഷ ചെയ്തു. ലേവ്യർ, യഹോവയെ സ്തുതിപ്പാൻ ദാവീദ്‌രാജാവ് ഉണ്ടാക്കിയ യഹോവയുടെ വാദ്യങ്ങളോടുകൂടെ നിന്ന് “യഹോവയുടെ ദയ എന്നേക്കുമുള്ളത്” എന്ന് പാടി. യിസ്രായേൽ ജനം എഴുന്നേറ്റു നില്ക്കെ പുരോഹിതന്മാർ അവരുടെ മുമ്പിൽ കാഹളം ഊതി.
7ശലോമോൻ ഉണ്ടാക്കിയിരുന്ന താമ്രയാഗപീഠം, ഹോമയാഗം, ഭോജനയാഗം, മേദസ്സ് എന്നിവ അർപ്പിക്കാൻ മതിയാകാതെ വന്നപ്പോൾ, അവൻ യഹോവയുടെ ആലയത്തിനു മുമ്പിലുള്ള പ്രാകാരത്തിന്റെ മദ്ധ്യഭാഗം ശുദ്ധീകരിച്ച്, അവിടെ ഹോമയാഗങ്ങളും സമാധാനയാഗങ്ങളുടെ മേദസ്സും അർപ്പിച്ചു.
8ശലോമോൻ ഏഴു ദിവസം ഉൽസവം ആചരിച്ചു. ഹമാത്തിന്റെ അതിർ മുതൽ ഈജിപ്റ്റ്തോടുവരെയുള്ള വലിയൊരു കൂട്ടം യിസ്രായേൽ ജനം അവനോടൊപ്പം ഉത്സവം ആചരിച്ചു.9എട്ടാം ദിവസം അവർ വിശുദ്ധസഭായോഗംകൂടി; അതിനു മുമ്പ് ഏഴു ദിവസം അവർ യാഗപീഠപ്രതിഷ്ഠ കൊണ്ടാടി, ഏഴു ദിവസം ഉത്സവവും ആചരിച്ചു.10ഏഴാം മാസം ഇരുപത്തിമൂന്നാം തീയതി അവൻ ജനത്തെ യഹോവ ദാവീദിനും ശലോമോനും തന്റെ ജനമായ യിസ്രായേലിനും ചെയ്ത നന്മയെക്കുറിച്ച് സന്തോഷവും ആനന്ദവും ഉള്ളവരായി അവരുടെ കൂടാരങ്ങളിലേക്ക് പറഞ്ഞയച്ചു.

11ഇങ്ങനെ ശലോമോൻ യഹോവയുടെ ആലയവും രാജകൊട്ടാരവും തീർത്തു; യഹോവയുടെ ആലയത്തിലും തന്റെ അരമനയിലും ഉണ്ടായിരിക്കണം എന്ന് ശലോമോനു താല്പര്യം ഉണ്ടായിരുന്നതൊക്കെയും അവൻ ശുഭകരമായി ചെയ്തു തീർത്തു.12അതിനുശേഷം യഹോവ രാത്രിയിൽ ശലോമോനു പ്രത്യക്ഷനായി അവനോട് അരുളിച്ചെയ്തത് എന്തെന്നാൽ: “ഞാൻ നിന്റെ പ്രാർത്ഥന കേട്ട് ഈ സ്ഥലം എനിക്ക് യാഗത്തിനുള്ള ആലയമായിട്ട് തെരഞ്ഞെടുത്തിരിക്കുന്നു.
13മഴ പെയ്യാതെ ഞാൻ ആകാശം അടക്കയോ, ദേശത്തെ കൃഷി തിന്നു നശിപ്പിക്കേണ്ടതിന് വെട്ടുക്കിളിയോടു കല്പിക്കയോ, എന്റെ ജനത്തിന്റെ ഇടയിൽ പകർച്ചവ്യാധി വരുത്തുകയോ ചെയ്താൽ,14എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം തങ്ങളെത്തന്നെ താഴ്ത്തി, പ്രാർത്ഥനയിലൂടെ എന്റെ മുഖം അന്വേഷിച്ച് തങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടു തിരിയുമെങ്കിൽ, ഞാൻ സ്വർഗ്ഗത്തിൽനിന്നു കേട്ട് അവരുടെ പാപം ക്ഷമിച്ച് അവരുടെ ദേശത്തിന് സൌഖ്യം കൊടുക്കും.15ഈ സ്ഥലത്ത് കഴിക്കുന്ന പ്രാർത്ഥനകൾക്ക് എന്റെ കണ്ണു തുറന്നിരിക്കയും എന്റെ ചെവി ശ്രദ്ധിച്ചിരിക്കയും ചെയ്യും.
16എന്റെ നാമം ഈ ആലയത്തിൽ എന്നേക്കും ഇരിക്കേണ്ടതിന് ഞാൻ ഇപ്പോൾ അതിനെ തെരഞ്ഞെടുത്ത് വിശുദ്ധീകരിച്ചിരിക്കുന്നു; എന്റെ ദൃഷ്ടിയും എന്റെ ഹൃദയവും എല്ലായ്പോഴും ഇവിടെ ഇരിക്കും.17നീ നിന്റെ അപ്പനായ ദാവീദിനെപ്പോലെ എന്റെ മുമ്പാകെ നടക്കയും, ഞാൻ നിന്നോടു കല്പിച്ചതൊക്കെയും ചെയ്കയും, എന്റെ ചട്ടങ്ങളും വിധികളും പ്രമാണിച്ചുനടക്കയും ചെയ്താൽ,18യിസ്രായേലിൽ വാഴുവാൻ നിനക്കു ഒരു പുരുഷൻ ഇല്ലാതെവരികയില്ല എന്നു ഞാൻ നിന്റെ അപ്പനായ ദാവീദിനോട് നിയമം ചെയ്തതുപോലെ ഞാൻ നിന്റെ സിംഹാസനത്തെ സ്ഥിരമാക്കും.
19എന്നാൽ നിങ്ങൾ പിൻതിരിഞ്ഞ്, ഞാൻ നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്ന എന്റെ ചട്ടങ്ങളും കല്പനകളും ഉപേക്ഷിക്കയും അന്യദൈവങ്ങളെ സേവിച്ച് നമസ്കരിക്കയും ചെയ്താൽ,20ഞാൻ അവർക്ക് കൊടുത്ത എന്റെ ദേശത്തുനിന്ന് അവരെ പറിച്ചുകളയും; എന്റെ നാമത്തിനായി ഞാൻ വിശുദ്ധീകരിച്ചിരിക്കുന്ന ഈ ആലയത്തെ ഞാൻ എന്റെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ് സകലജാതികളുടെയും ഇടയിൽ ഒരു പഴഞ്ചൊല്ലും പരിഹാസവും ആക്കിത്തീർക്കും.21ഈ ആലയം എത്ര മഹത്തരമായാലും കടന്നുപോകുന്ന ഏവനും അതിനെപ്പറ്റി അത്ഭുതപ്പെട്ട്: “യഹോവ ഈ ദേശത്തിനും ഈ ആലയത്തിനും ഇങ്ങനെ വരുത്തുവാൻ സംഗതി എന്ത്” എന്ന് ചോദിക്കും.22അതിന് അവർ: “തങ്ങളുടെ പിതാക്കന്മാരെ ഈജിപ്റ്റ്ദേശത്തുനിന്നു കൊണ്ടുവന്ന ദൈവമായ യഹോവയെ അവർ ഉപേക്ഷിക്കയും അന്യദൈവങ്ങളോടു ചേർന്ന് അവയെ നമസ്കരിച്ച് സേവിക്കയും ചെയ്തതുകൊണ്ടാകുന്നു അവൻ ഈ അനർത്ഥമൊക്കെയും അവർക്കു വരുത്തിയിരിക്കുന്നത്” എന്ന് ഉത്തരം പറയും.

8

1ശലോമോൻ യഹോവയുടെ ആലയവും തന്റെ രാജകൊട്ടാരവും ഇരുപതു സംവത്സരം കൊണ്ട് പണി തീർത്തു.2ഹൂരാം ശലോമോന് കൊടുത്ത പട്ടണങ്ങളെ അവൻ പുതുക്കി പണിയുകയും അവിടെ യിസ്രായേല്യരെ പാർപ്പിക്കുകയും ചെയ്തു.

3അനന്തരം ശലോമോൻ ഹമാത്ത്-സോബയിലേക്കു പോയി അതിനെ പിടിച്ചടക്കി;4മരുഭൂമിയിൽ തദ്മോരും ഹമാത്തിൽ സംഭാരനഗരങ്ങളും പണിയിച്ചു.
5ശലോമോൻ മുകളിലും താഴെയും ഉള്ള ബേത്ത്-ഹോരോൻ നഗരങ്ങൾ മതിലുകളോടും വാതിലുകളോടും ഓടാമ്പലുകളോടും കൂടിയ ഉറപ്പുള്ള പട്ടണങ്ങളായും6ബാലാത്തും, സംഭാരനഗരങ്ങളും, രഥനഗരങ്ങളും, കുതിരപ്പടയാളികൾക്കുള്ള പട്ടണങ്ങളും,തുടങ്ങി യെരൂശലേമിലും ലെബാനോനിലും തന്റെ രാജ്യത്ത് എല്ലാടവും, അവൻ ആഗ്രഹിച്ചതൊക്കെയും പണിതു.
7യിസ്രായേലിൽ ഉൾപ്പെടാത്ത ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിങ്ങനെ സകലജനത്തെയും8യിസ്രായേല്യർ സംഹരിക്കാതെ ദേശത്ത് ശേഷിച്ചിരുന്ന അവരുടെ മക്കളെയും ശലോമോൻ ഊഴിയവേലക്കാരാക്കി.അത് ഇന്നുവരെ തുടരുന്നു
9യിസ്രായേല്യരിൽ നിന്ന് ശലോമോൻ ആരെയും തന്റെ വേലക്ക് ദാസന്മാരാക്കിയില്ല; അവരെ യോദ്ധാക്കളും സേനാനായകന്മാരും രഥങ്ങൾക്കും കുതിരച്ചേവകർക്കും അധിപന്മാർ ആയി നിയമിച്ചു.10ശലോമോൻരാജാവിന്റെ പ്രധാന ഉദ്യോഗസ്ഥന്മാരും ജനത്തിന്റെ മേൽവിചാരകന്മാരും ഇരുനൂറ്റമ്പതുപേർ ആയിരുന്നു.
11ശലോമോൻ ഫറവോന്റെ മകളെ ദാവീദിന്റെ നഗരത്തിൽ നിന്ന് താൻ അവൾക്കു വേണ്ടി പണിത കൊട്ടാരത്തിൽ കൊണ്ടുപോയി പാർപ്പിച്ചു “യിസ്രായേൽരാജാവായ ദാവീദിന്റെ അരമനയിൽ എന്റെ ഭാര്യ പാർക്കരുത്; യഹോവയുടെ പെട്ടകം അവിടെ വന്നിരിക്കയാൽ അതു വിശുദ്ധമല്ലോ” എന്ന് അവൻ പറഞ്ഞു.

12താൻ മണ്ഡപത്തിനു മുമ്പിൽ പണിത യഹോവയുടെ യാഗപീഠത്തിന്മേൽ ശലോമോൻ13മോശെയുടെ കല്പനപ്രകാരം, ശബ്ബത്തുകളിൽ, അമാവാസ്യകളിൽ, ഉത്സവങ്ങളിൽ, പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവത്തിൽ, വാരോത്സവത്തിൽ, കൂടാരങ്ങളുടെ ഉത്സവത്തിൽ ഇങ്ങനെ ആണ്ടിൽ മൂന്നു പ്രാവശ്യം, ആവശ്യാനുസരണം യഹോവയ്ക്ക് ഹോമയാഗങ്ങൾ കഴിച്ചുപോന്നു.
14അവൻ പുരോഹിതന്മാരെ ഗണങ്ങളായി തിരിച്ച് അവരുടെ ശുശ്രൂഷക്ക് നിയമിച്ചു.അതതു ദിവസത്തെ ആവശ്യം പോലെ, സ്തോത്രം ചെയ്‌വാനും പുരോഹിതന്മാരുടെ മുമ്പിൽ ശുശ്രൂഷിപ്പാനും ലേവ്യരേയും നിയമിച്ചു. കൂടാതെ വാതിൽകാവല്ക്കാരെ ഓരോ വാതിലിനും നിയമിച്ചു; ഇങ്ങനെയായിരുന്നു ദൈവപുരുഷനായ ദാവീദിന്റെ കല്പന.15ഭണ്ഡാരത്തെക്കുറിച്ചും,മറ്റ് ഏതു കാര്യത്തെക്കുറിച്ചും ഉള്ള രാജകല്പന പുരോഹിതന്മാരും,ലേവ്യരും വിട്ടുമാറിയില്ല.
16യഹോവയുടെ ആലയത്തിന് അടിസ്ഥാനമിട്ട നാൾമുതൽ അതു തീരുംവരെ ശലോമോൻ തന്റെ പ്രവർത്തി ഒക്കെയും ക്രമമായി ചെയ്തു.അങ്ങനെ യഹോവയുടെ ആലയത്തിന്റെ പണി പൂർത്തിയായി.

17അതിനു ശേഷം ശലോമോൻ എദോംദേശത്ത് കടല്ക്കരയിലുള്ള എസ്യോൻ-ഗേബെരിലേക്കും ഏലോത്തിലേക്കും പോയി.18ഹൂരാം തന്റെ ദാസന്മാർമുഖാന്തരം കപ്പലുകളെയും സമുദ്രപരിചയമുള്ള ആളുകളെയും അവന്റെ അടുക്കൽ അയച്ചു; അവർ ശലോമോന്റെ ദാസന്മാരോടുകൂടെ ഓഫീരിലേക്കു ചെന്ന് നാനൂറ്റമ്പതു താലന്ത് പൊന്നു വാങ്ങി ശലോമോൻരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു.

9

1ശെബാരാജ്ഞി ശലോമോന്റെ കീർത്തി കേട്ട് കടമൊഴികളാൽ അവനെ പരീക്ഷിക്കേണ്ടതിന് അതിമഹത്തായ പരിവാരത്തോടും സുഗന്ധവർഗ്ഗം, ധാരാളം പൊന്ന്, രത്നങ്ങൾ എന്നിവ ചുമക്കുന്ന ഒട്ടകങ്ങളോടും കൂടെ യെരൂശലേമിൽ വന്നു; അവൾ ശലോമോന്റെ അടുക്കൽ വന്നശേഷം തന്റെ മനോരഥം ഒക്കെയും അവനോടു പ്രസ്താവിച്ചു.2അവളുടെ സകലചോദ്യങ്ങൾക്കും ശലോമോൻ ഉത്തരം പറഞ്ഞു; ഉത്തരം പറവാൻ കഴിയാതെ ഒന്നും ശലോമോന് കഠിനമായിരുന്നില്ല.

3ശെബാരാജ്ഞി ശലോമോന്റെ ജ്ഞാനവും അവൻ പണിത കൊട്ടാരവും4അവന്റെ മേശയിലെ ഭക്ഷണവും അവന്റെ ഭൃത്യന്മാരുടെ ഇരിപ്പും അവന്റെ പരിചാരകരുടെ ശുശ്രൂഷയും, പാനപാത്രവാഹകന്മാരെയും അവരുടെ വേഷവും,യഹോവയുടെ ആലയത്തിലേക്കുള്ള അവന്റെ എഴുന്നെള്ളത്തും കണ്ടിട്ട് അമ്പരന്നുപോയി.
5അവൾ രാജാവിനോടു പറഞ്ഞത്: “നിന്റെ വചനങ്ങളെയും ജ്ഞാനത്തെയും കുറിച്ച് ഞാൻ എന്റെ ദേശത്തുവെച്ച് കേട്ട വർത്തമാനം സത്യംതന്നേ;6ഞാൻ വന്ന് സ്വന്തകണ്ണുകൊണ്ട് കാണും വരെ ആ വർത്തമാനം വിശ്വസിച്ചില്ല; എന്നാൽ നിന്റെ ജ്ഞാനമാഹാത്മ്യത്തിന്റെ പാതിപോലും ഞാൻ അറിഞ്ഞിരുന്നില്ല; ഞാൻ കേട്ട കേൾവിയെക്കാൾ നീ ശ്രേഷ്ഠനാകുന്നു.
7നിന്റെ ജനം അനുഗ്രഹീതർ; നിന്റെ മുമ്പിൽ എല്ലായ്പോഴും നിന്ന് നിന്റെ ജ്ഞാനം കേൾക്കുന്ന ഈ നിന്റെ ഭൃത്യന്മാരും ഭാഗ്യവാന്മാർ.8നിന്റെ ദൈവമായ യഹോവക്കു വേണ്ടി രാജാവായി തന്റെ സിംഹാസനത്തിൽ നിന്നെ ഇരുത്തുവാൻ നിന്നിൽ പ്രസാദിച്ചിരിക്കുന്ന നിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ; നിന്റെ ദൈവം യിസ്രായേലിനെ എന്നേക്കും നിലനില്ക്കുമാറാക്കേണ്ടതിന് അവരെ സ്നേഹിച്ച്, നീതിയും ന്യായവും നടത്തുവാൻ നിന്നെ അവർക്കു രാജാവാക്കിയിരിക്കുന്നു.”
9അവൾ രാജാവിന് നൂറ്റിരുപത് താലന്ത് പൊന്നും ധാരാളം സുഗന്ധവർഗ്ഗവും അമൂല്യ രത്നങ്ങളും കൊടുത്തു; ശെബാരാജ്ഞി ശലോമോൻരാജാവിന് കൊടുത്തതുപോലെയുള്ള സുഗന്ധവർഗ്ഗം പിന്നെ ഉണ്ടായിട്ടില്ല.
10ഓഫീരിൽനിന്നു പൊന്നു കൊണ്ടുവന്ന ഹൂരാമിന്റെ ദാസന്മാരും ശലോമോന്റെ ദാസന്മാരും ചന്ദനത്തടിയും രത്നങ്ങളും കൊണ്ടുവന്നു.11രാജാവ് ചന്ദനമരംകൊണ്ട് യഹോവയുടെ ആലയത്തിനും രാജധാനിക്കും അഴികളും, സംഗീതക്കാർക്ക് കിന്നരങ്ങളും വീണകളും ഉണ്ടാക്കി; ഈ വക മുമ്പ് യഹൂദാദേശത്ത് അശേഷം കണ്ടിരുന്നില്ല.12ശെബാരാജ്ഞി രാജാവിനായി കൊണ്ടുവന്നതിൽ അധികമായി അവൾ ആഗ്രഹിച്ചതും ചോദിച്ചതുമെല്ലാം ശലോമോൻരാജാവ് അവൾക്കു കൊടുത്തു; അങ്ങനെ അവൾ തന്റെ ഭൃത്യന്മാരുമായി സ്വദേശത്തേക്കു മടങ്ങിപ്പോയി.

13സഞ്ചാരവ്യാപാരികളും കച്ചവടക്കാരും കൊണ്ടുവന്നതു കൂടാതെ ശലോമോന് പ്രതിവർഷം ലഭിച്ചിരുന്ന പൊന്നിന്റെ തൂക്കം അറുനൂറ്ററുപത്താറ് താലന്ത് ആയിരുന്നു.14അറേബ്യയിലെ രാജാക്കന്മാരും ദേശാധിപതിമാരും ശലോമോന് പൊന്നും വെള്ളിയും കൊണ്ടുവന്നു.
15ശലോമോൻരാജാവ് അടിച്ചുപരത്തിയ പൊന്നുകൊണ്ട് ഇരുനൂറ് വൻപരിചകൾ ഉണ്ടാക്കി; ഓരോപരിചക്കും അറുനൂറു ശേക്കെൽ പൊന്ന് ചെലവായി.16അവൻ അടിച്ചുപരത്തിയ പൊന്നു കൊണ്ട് മുന്നൂറു ചെറുപരിചകളും ഉണ്ടാക്കി; ഓരോ ചെറുപരിചക്കും മുന്നൂറു ശേക്കെൽ പൊന്ന് ചെലവായി. രാജാവ് അവയെ ലെബാനോൻ വനഗൃഹത്തിൽ സൂക്ഷിച്ചു.
17രാജാവ് ആനക്കൊമ്പു കൊണ്ട് ഒരു വലിയ സിംഹാസനം ഉണ്ടാക്കി തങ്കംകൊണ്ടു പൊതിഞ്ഞു.18സിംഹാസനത്തിന് ആറു പടികളും പൊന്നുകൊണ്ട് ഒരു പാദപീഠവും ഉണ്ടായിരുന്നു; ഇരിപ്പിടത്തിന്റെ ഇരുഭാഗത്തും ഓരോ കൈത്താങ്ങുകളും കൈത്താങ്ങുകൾക്കരികെ രണ്ടു സിംഹ പ്രതിമകളും ഉണ്ടായിരുന്നു.
19ആറു പടികളുടെ ഇരുവശത്തുമായി പന്ത്രണ്ടു സിംഹപ്രതിമകൾ നിന്നിരുന്നു. ഒരു രാജ്യത്തും ഇങ്ങനെ ഉണ്ടായിരുന്നില്ല.20ശലോമോൻരാജാവിന്റെ സകലപാനപാത്രങ്ങളും പൊന്നുകൊണ്ടും ലെബാനോൻ വനഗൃഹത്തിലെ ഉപകരണങ്ങളൊക്കെയും തങ്കംകൊണ്ടും ആയിരുന്നു; വെള്ളിക്ക് ശലോമോന്റെ കാലത്ത് വിലയില്ലായിരുന്നു.21രാജാവ് കപ്പലുകൾ ഹൂരാമിന്റെ ദാസന്മാരോടുകൂടെ തർശീശിലേക്ക് അയച്ചിരുന്നു; മൂന്നു വർഷത്തിലൊരിക്കൽ തർശീശ് കപ്പലുകൾ പൊന്ന്, വെള്ളി, ആനക്കൊമ്പ്, കുരങ്ങ്, മയിൽ എന്നിവ കൊണ്ടുവന്നു.
22ഇങ്ങനെ ശലോമോൻരാജാവ് ഭൂമിയിലെ സകലരാജാക്കന്മാരിലും വെച്ച് ധനംകൊണ്ടും ജ്ഞാനംകൊണ്ടും മഹാനായിരുന്നു.23ദൈവം ശലോമോന്റെ ഹൃദയത്തിൽ കൊടുത്ത ജ്ഞാനം കേൾപ്പാൻ ഭൂമിയിലെ സകലരാജാക്കന്മാരും അവന്റെ മുഖദർശനം അന്വേഷിച്ചുവന്നു.24അവരിൽ ഓരോരുത്തനും ആണ്ടുതോറും താന്താന്റെ കാഴ്ചയായിട്ട് വെള്ളിയും, പൊന്നും കൊണ്ടുള്ള പാത്രങ്ങൾ, വസ്ത്രം, ആയുധം, സുഗന്ധവർഗ്ഗം, കുതിര, കോവർകഴുത എന്നിവ കൊണ്ടുവന്നു.
25ശലോമോന് കുതിരകൾക്കും രഥങ്ങൾക്കും നാലായിരം ലായവും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു; അവരെ അവൻ രഥനഗരങ്ങളിലും യെരൂശലേമിൽ രാജാവിന്റെ അടുക്കലും പാർപ്പിച്ചിരുന്നു.26അവൻ നദിമുതൽ ഫെലിസ്ത്യദേശംവരെയും ഈജിപ്റ്റിന്റെ അതിർത്തിവരെയും ഉള്ള സകലരാജാക്കന്മാരുടെമേലും വാണു.
27രാജാവ് യെരൂശലേമിൽ വെള്ളിയെ പെരുപ്പംകൊണ്ട് കല്ലുപോലെയും ദേവദാരുവിനെ താഴ്വരയിലെ കാട്ടത്തിമരംപോലെയും ആക്കി.28ഈജിപ്റ്റിൽ നിന്നും സകല ദേശങ്ങളിൽ നിന്നും ശലോമോന് കുതിരകളെ കൊണ്ടുവന്നു.

29ശലോമോന്റെ മറ്റുള്ള വൃത്താന്തങ്ങൾ ആദ്യാവസാനം നാഥാൻപ്രവാചകന്റെ വൃത്താന്തത്തിലും ശീലോന്യനായ അഹീയാവിന്റെ പ്രവാചകത്തിലും നെബാത്തിന്റെ മകനായ യൊരോബെയാമിനെപ്പറ്റിയുള്ള ഇദ്ദോദർശകന്റെ ദർശനങ്ങളിലും എഴുതിയിരിക്കുന്നുവല്ലോ.30ശലോമോൻ യെരൂശലേമിൽ എല്ലായിസ്രായേലിനും രാജാവായി നാല്പതു സംവത്സരം വാണു.31പിന്നെ ശലോമോൻ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ തന്റെ അപ്പനായ ദാവീദിന്റെ നഗരത്തിൽ അടക്കം ചെയ്തു; അവന്റെ മകനായ രെഹബെയാം അവന് പകരം രാജാവായി.

10

1രെഹബെയാമിനെ രാജാവാക്കേണ്ടതിന് യിസ്രായേൽജനമെല്ലാം ശെഖേമിൽ വന്നിരുന്നതുകൊണ്ട് അവനും ശെഖേമിൽ ചെന്നു.2എന്നാൽ ശലോമോൻരാജാവിന്റെ സന്നിധിയിൽനിന്ന് ഓടിപ്പോയി ഈജിപ്റ്റിൽ പാർത്തിരുന്ന നെബാത്തിന്റെ മകൻ യൊരോബെയാം അതു കേട്ട് അവിടെ നിന്ന് മടങ്ങിവന്നു.

3അവർ ആളയച്ച് അവനെ വിളിപ്പിച്ചു; യൊരോബെയാമും യിസ്രായേൽജനവും വന്ന് രെഹബെയാമിനോട്:4“നിന്റെ അപ്പൻ ഭാരമുള്ള നുകം ഞങ്ങളുടെമേൽ വെച്ചു; ആകയാൽ നിന്റെ അപ്പന്റെ കഠിനവേലയും അവൻ ഞങ്ങളുടെമേൽ വെച്ചിരിക്കുന്ന ഭാരമുള്ള നുകവും നീ ഭാരം കുറെച്ചുതരേണം; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കാം” എന്നു പറഞ്ഞു.5അവൻ അവരോട്: “മൂന്നു ദിവസം കഴിഞ്ഞിട്ട് വീണ്ടും എന്റെ അടുക്കൽ വരുവീൻ” എന്നു പറഞ്ഞു. അങ്ങനെ ജനം പോയി.
6രെഹബെയാംരാജാവ് തന്റെ അപ്പനായ ശലോമോന്റെ കാലത്ത് അവന്റെ സന്നിധിയിൽ നിന്നിരുന്ന വൃദ്ധജനത്തോട് ആലോചിച്ചു: “ഈ ജനത്തോട് ഉത്തരം പറയേണ്ടതിന് നിങ്ങൾക്ക് എന്തുപദേശം നൽകാനുണ്ട്” എന്ന് ചോദിച്ചു.7അവർ അവനോട്: “നീ ജനത്തോടു ദയ കാണിച്ച് അവരെ പ്രസാദിപ്പിച്ച് അവരോട് നല്ല വാക്കു പറഞ്ഞാൽ അവർ എന്നും നിനക്ക് ദാസന്മാരായിരിക്കും” എന്നു പറഞ്ഞു.
8എന്നാൽ വൃദ്ധന്മാർ തന്നോട് പറഞ്ഞ ആലോചന അവൻ ത്യജിച്ച്, തന്നോടുകൂടെ വളർന്ന, തന്നോടൊപ്പം നില്ക്കുന്ന യൌവനക്കാരോട് ആലോചിച്ചു:9“നിന്റെ അപ്പൻ ഞങ്ങളുടെമേൽ വെച്ചിരിക്കുന്ന നുകം ഭാരം കുറെച്ചു തരേണം എന്ന് എന്നോട് ആവശ്യപ്പെടുന്ന ഈ ജനത്തോട് ഞാൻ ഉത്തരം പറയാൻ നിങ്ങൾ എന്താലോചന നൽകുന്നു” എന്ന് അവരോട് ചോദിച്ചു.
10അവനോടു കൂടെ വളർന്ന യൌവനക്കാർ അവനോട്: “നിന്റെ അപ്പൻ ഭാരമുള്ള നുകം ഞങ്ങളുടെമേൽ വെച്ചു; നീ അതു ഭാരം കുറെച്ചുതരേണം എന്ന് നിന്നോട് പറഞ്ഞ ജനത്തോട്, ‘എന്റെ ചെറുവിരൽ എന്റെ അപ്പന്റെ അരയേക്കാൾ വണ്ണമുള്ളതായിരിക്കും.11എന്റെ അപ്പൻ നിങ്ങളുടെമേൽ ഭാരമുള്ള നുകം വെച്ചു; ഞാൻ നിങ്ങളുടെ നുകത്തിന് ഭാരം കൂട്ടും; എന്റെ അപ്പൻ നിങ്ങളെ ചാട്ട കൊണ്ട് അടിപ്പിച്ചു; ഞാനോ നിങ്ങളെ മുൾചാട്ട കൊണ്ട് ദണ്ഡിപ്പിക്കും’ എന്നിങ്ങനെ നീ ഉത്തരം പറയേണം” എന്നു പറഞ്ഞു.
12മൂന്നാം ദിവസം വീണ്ടും എന്റെ അടുക്കൽ വരുവീൻ എന്ന് രാജാവ് പറഞ്ഞ പ്രകാരം യൊരോബെയാമും സകലജനവും മൂന്നാം ദിവസം അവന്റെ അടുക്കൽ വന്നു.13എന്നാൽ രാജാവ് അവരോട് കഠിനമായി ഉത്തരം പറഞ്ഞു; രെഹബെയാം വൃദ്ധന്മാരുടെ ആലോചന തള്ളിക്കളഞ്ഞ്14യൌവനക്കാരുടെ ആലോചനപ്രകാരം അവരോട്: “എന്റെ അപ്പൻ ഭാരമുള്ള നുകം നിങ്ങളുടെമേൽ വെച്ചു; ഞാനോ അതിന്നു ഭാരം കൂട്ടും; എന്റെ അപ്പൻ നിങ്ങളെ ചമ്മട്ടികൊണ്ടു അടിപ്പിച്ചു; ഞാനോ മുൾചാട്ടകൊണ്ട് നിങ്ങളെ ദണ്ഡിപ്പിക്കും” എന്ന് ഉത്തരം പറഞ്ഞു.
15ഇങ്ങനെ രാജാവ് ജനത്തിന്റെ അപേക്ഷ കേട്ടില്ല; യഹോവ ശീലോന്യനായ അഹീയാമുഖാന്തരം നെബാത്തിന്റെ മകനായ യൊരോബെയാമിനോട് അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന് ഈ കാര്യം ദൈവഹിതത്താൽ സംഭവിച്ചു.
16രാജാവ് തങ്ങളുടെ അപേക്ഷ കേൾക്കയില്ല എന്ന് യിസ്രായേൽജനം കണ്ടപ്പോൾ അവർ രാജാവിനോട്: “ദാവീദിങ്കൽ ഞങ്ങൾക്ക് എന്ത് ഓഹരിയാണുള്ളത്? യിശ്ശായിയുടെ പുത്രന്റെ മേൽ ഞങ്ങൾക്ക് അവകാശം ഇല്ലല്ലോ; യിസ്രായേലേ, ഓരോരുത്തൻ താന്താന്റെ കൂടാരത്തിലേക്ക് പൊയ്ക്കൊൾക; ദാവീദേ, നിന്റെ ഗൃഹം നീ തന്നേ നോക്കിക്കൊൾക” എന്ന് ഉത്തരം പറഞ്ഞ് യിസ്രായേൽ ജനമെല്ലാം തങ്ങളുടെ കൂടാരങ്ങളിലേക്കു പോയി.17യെഹൂദാനഗരങ്ങളിൽ പാർത്തിരുന്ന യിസ്രായേല്യർക്കു മാത്രം രെഹബെയാം രാജാവായിത്തീർന്നു.18പിന്നെ രെഹബെയാംരാജാവ് അടിമവേലക്കാരുടെ മേൽവിചാരകനായ ഹദോരാമിനെ യിസ്രായേൽ ജനത്തിന്റെ അടുക്കൽ അയച്ചു; എന്നാൽ അവർ അവനെ കല്ലെറിഞ്ഞ് കൊന്നുകളഞ്ഞു; രെഹബെയാംരാജാവ് വേഗത്തിൽ രഥം കയറി യെരൂശലേമിലേക്ക് ഓടിച്ചുപോയി.19ഇങ്ങനെ യിസ്രായേൽ ഇന്നുവരെ ദാവീദ് ഗൃഹത്തോടു മത്സരിച്ചുനില്ക്കുന്നു.

11

1രെഹബെയാം യെരൂശലേമിൽ വന്നശേഷം യിസ്രായേലിനോട് യുദ്ധംചെയ്ത് രാജ്യം വീണ്ടെടുക്കേണ്ടതിന് യെഹൂദാഗോത്രത്തിൽനിന്നും ബെന്യാമീൻഗോത്രത്തിൽനിന്നും യോദ്ധാക്കളായ ഒരുലക്ഷത്തിഎൺപതിനായിരം പേരെ തെരഞ്ഞെടുത്തു.

2എന്നാൽ ദൈവപുരുഷനായ ശെമയ്യാവിന് യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:3“ശലോമോന്റെ മകൻ യെഹൂദാരാജാവായ രെഹബെയാമിനോടും യെഹൂദയിലും ബെന്യാമീനിലും ഉള്ള യിസ്രായേൽജനത്തോടും ഇപ്രകാരം പറയുക:4‘നിങ്ങൾ പുറപ്പെടുകയോ നിങ്ങളുടെ സഹോദരന്മാരോട് യുദ്ധം ചെയ്യുകയോ അരുത്; ഓരോരുത്തൻ താന്താന്റെ വീട്ടിലേക്കു മടങ്ങിപ്പോകുവിൻ; ഈ കാര്യം എന്റെ ഹിതത്താൽ സംഭവിച്ചിരിക്കുന്നു’ എന്ന് യഹോവ അരുളിച്ചെയ്യുന്നു.” അവർ യഹോവയുടെ അരുളപ്പാട് അനുസരിച്ച് യൊരോബെയാമിനെ ആക്രമിക്കാതെ മടങ്ങിപ്പോയി.
5അങ്ങനെ രെഹബെയാം യെരൂശലേമിൽ പാർത്തു. യെഹൂദയിൽ പ്രതിരോധത്തിനായി പട്ടണങ്ങൾ പണിതു.6അവൻ യെഹൂദയിലും ബെന്യാമീനിലും ഉള്ള ബേത്ത്ലേഹെം ഏതാം, തെക്കോവ,7ബേത്ത്-സൂർ, സോഖോ, അദുല്ലാം8ഗത്ത്, മാരേശാ, സീഫ്,9അദോരയീം, ലാഖീശ്, അസേക്കാ,10സോരാ, അയ്യാലോൻ, ഹെബ്രോൻ എന്നീ ഉറപ്പുള്ള പട്ടണങ്ങൾ പണിതു.
11അവൻ കോട്ടകൾ ഉറപ്പിച്ച്, അവയിൽ പടനായകന്മാരെ ആക്കി, ഭക്ഷണസാധനങ്ങളും എണ്ണയും വീഞ്ഞും ശേഖരിച്ചുവെച്ചു.12അവൻ ഓരോ പട്ടണത്തിലും പരിചകളും കുന്തങ്ങളും സ്ഥാപിച്ച് അവയെ നല്ലവണ്ണം ഉറപ്പിച്ചു; യെഹൂദയും ബെന്യാമീനും അവന്റെ പക്ഷത്ത് ഉണ്ടായിരുന്നു.
13യിസ്രായേലിന്റെ എല്ലാ പ്രദേശങ്ങളിലുമുള്ള പുരോഹിതന്മാരും ലേവ്യരും അവന്റെ അടുക്കൽ വന്നുചേർന്നു.14യൊരോബെയാമും പുത്രന്മാരും ലേവ്യരെ യഹോവയുടെ പൌരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞ്, പൂജാഗിരികൾക്കും ഭൂതങ്ങൾക്കും,കാളക്കുട്ടികളുടെ വിഗ്രഹങ്ങൾക്കും ശുശ്രൂഷ ചെയ്യാൻ വേറെ പുരോഹിതന്മാരെ നിയമിച്ചതുകൊണ്ട്,15ലേവ്യർ തങ്ങളുടെ പുല്പുറങ്ങളും അവകാശങ്ങളും ഉപേക്ഷിച്ച് യഹൂദയിലേക്കും യെരൂശലേമിലേക്കും വന്നു.
16അവരുടെ പിന്നാലെ യിസ്രായേലിന്റെ സകല ഗോത്രങ്ങളിൽനിന്നും ദൈവമായ യഹോവയെ അന്വേഷിക്കേണ്ടതിന് മനസ്സുവെച്ചവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവെക്കു യാഗംകഴിപ്പാൻ യെരൂശലേമിൽ വന്നു.17ഇങ്ങനെ അവർ ദാവീദിന്റെയും ശലോമോന്റെയും വഴികളിൽ നടന്ന് മൂന്നു സംവത്സരത്തോളം യെഹൂദാരാജ്യത്തിന് ഉറപ്പുവരുത്തുകയും ശലോമോന്റെ മകനായ രെഹബെയാമിനെ ബലപ്പെടുത്തുകയും ചെയ്തു.
18രെഹബെയാം ദാവീദിന്റെ മകനായ യെരീമോത്തിന്റെ മകളായ മഹലാത്തിനെയും യിശ്ശായിയുടെ മകനായ എലീയാബിന്റെ മകളായ അബീഹയീലിനെയും വിവാഹം കഴിച്ചു.19അവർ അവന് യെയൂശ്, ശെമര്യാവു, സാഹം എന്നീ പുത്രന്മാരെ പ്രസവിച്ചു.
20അതിനു ശേഷം അവൻ അബ്ശാലോമിന്റെ മകളായ മയഖയെ വിവാഹംകഴിച്ചു; അവൾ അവന് അബീയാവ്, അത്ഥായി, സീസ, ശെലോമീത്ത് എന്നിവരെ പ്രസവിച്ചു.21രെഹബെയാം തന്റെ സകലഭാര്യമാരിലും വെപ്പാട്ടികളിലും അധികം അബ്ശാലോമിന്റെ മകളായ മയഖയെ സ്നേഹിച്ചു; അവൻ പതിനെട്ടു ഭാര്യമാരെയും അറുപതു വെപ്പാട്ടികളെയും പരിഗ്രഹിച്ചിരുന്നു; ഇരുപത്തെട്ടു പുത്രന്മാരെയും അറുപതു പുത്രിമാരെയും ജനിപ്പിച്ചു.
22രെഹബെയാം മയഖയുടെ മകനായ അബീയാവിനെ രാജാവാക്കുവാൻ താൽപ്പര്യപ്പെട്ടിരുന്നതുകൊണ്ട് അവനെ അവന്റെ സഹോദരന്മാരിൽ തലവനും പ്രധാനിയുമായി നിയമിച്ചു.23അവൻ ബുദ്ധിയോടെ പ്രവർത്തിച്ചു; യെഹൂദയിലും ബെന്യാമീനിലും ഉള്ള ഉറപ്പുള്ള പട്ടണങ്ങളിലേക്കെല്ലാം തന്റെ മറ്റ് പുത്രന്മാരെ പിരിച്ചയച്ചു, അവർക്ക് ധാരാളം ഭക്ഷണസാധനങ്ങൾ കൊടുക്കയും അവർക്കുവേണ്ടി അനവധി ഭാര്യമാരെ അന്വേഷിക്കയും ചെയ്തു.

12

1എന്നാൽ രെഹബെയാമിന്റെ രാജത്വം ഉറച്ച് അവൻ ശക്തനായ ശേഷം അവനും യിസ്രായേൽ ജനവും യഹോവയുടെ ന്യായപ്രമാണം ഉപേക്ഷിച്ചു.

2അവർ യഹോവയോട് ദ്രോഹം ചെയ്കകൊണ്ട് രെഹബെയാം രാജാവിന്റെ അഞ്ചാം ആണ്ടിൽ3ഈജിപ്റ്റിലെ രാജാവായ ശീശക്ക് ആയിരത്തി ഇരുനൂറു രഥങ്ങളോടും അറുപതിനായിരം കുതിരപ്പടയാളികളോടുംകൂടെ യെരൂശലേമിന്റെ നേരെ വന്നു; അവനോടുകൂടെ ഈജിപ്റ്റിൽ നിന്ന് ലൂബ്യർ, സൂക്യർ, കൂശ്യർ, എന്നിങ്ങനെ അസംഖ്യം പടയാളികളും വന്നിരുന്നു.4അവൻ യെഹൂദാ ദേശത്തെ ഉറപ്പുള്ള പട്ടണങ്ങൾ പിടിച്ചു, യെരൂശലേംവരെ വന്നു.
5അപ്പോൾ ശെമയ്യാപ്രവാചകൻ രെഹബെയാമിന്റെയും, ശീശക്ക് നിമിത്തം യെരൂശലേമിൽ കൂടിയിരുന്ന യെഹൂദാപ്രഭുക്കന്മാരുടെയും അടുക്കൽ വന്ന് അവരോട്, യഹോവയുടെ അരുളപ്പാടായി പറഞ്ഞത്: “നിങ്ങൾ എന്നെ ഉപേക്ഷിച്ചതുകൊണ്ട് ഞാനും നിങ്ങളെ ശീശക്കിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു.”6അപ്പോൾ യിസ്രായേൽ പ്രഭുക്കന്മാരും രാജാവും തങ്ങളെത്തന്നേ താഴ്ത്തി: “യഹോവ നീതിമാൻ ആകുന്നു” എന്ന് പറഞ്ഞു.
7അവർ തങ്ങളെത്തന്നേ താഴ്ത്തി എന്ന് യഹോവ കണ്ടപ്പോൾ യഹോവയുടെ അരുളപ്പാട് ശെമയ്യാവിന് ഉണ്ടായത് എന്തെന്നാൽ: “അവർ തങ്ങളെത്തന്നേ താഴ്ത്തിയിരിക്കയാൽ ഞാൻ അവരെ നശിപ്പിക്കാതെ അവർക്ക് അൽപ്പം വിടുതൽ നല്കും; എന്റെ കോപം ശീശക്ക് മുഖാന്തരം യെരൂശലേമിന്മേൽ ചൊരികയുമില്ല.8എങ്കിലും അവർ എന്നെ സേവിക്കുന്നതും ഭൂമിയിലെ രാജാക്കന്മാരെ സേവിക്കുന്നതും തമ്മിലുള്ള അന്തരം തിരിച്ചറിയേണ്ടതിന് അവർ അവന് ദാസന്മാരായിത്തീരും.”
9ഇങ്ങനെ ഈജിപ്റ്റിലെ രാജാവായ ശീശക്ക് യെരൂശലേമിന്റെ നേരെ വന്ന് യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജധാനിയിലെ ഭണ്ഡാരവും അപഹരിച്ച് എല്ലാ വസ്തുക്കളും എടുത്തു കൊണ്ടുപോയി; ശലോമോൻ ഉണ്ടാക്കിയ പൊൻപരിചകളും അവൻ എടുത്തു കൊണ്ടുപോയി.10അവക്കു പകരം രെഹബെയാംരാജാവ് താമ്രംകൊണ്ട് പരിചകൾ ഉണ്ടാക്കി രാജധാനിയുടെ വാതിൽ കാവൽക്കാരായ അകമ്പടിനായകന്മാരുടെ കയ്യിൽ ഏല്പിച്ചു.
11രാജാവ് യഹോവയുടെ ആലയത്തിലേക്കു ചെല്ലുമ്പോൾ കാവൽക്കാർ അവ ധരിച്ചുകൊണ്ട് നിൽക്കയും പിന്നീട് കാവൽപ്പുരയിൽ കൊണ്ടുപോയി വെക്കുകയും ചെയ്യും.12അവൻ തന്നെത്താൻ താഴ്ത്തിയപ്പോൾ യഹോവയുടെ കോപം അവനെ മുഴുവനായി നശിപ്പിക്കാതെ വിട്ടുമാറി; യെഹൂദയിൽ കാര്യങ്ങൾ നന്നായിപ്പോകയും ചെയ്തു.
13ഇങ്ങനെ രെഹബെയാംരാജാവ് യെരൂശലേമിൽ ശക്തനായി വാണു. വാഴ്ച തുടങ്ങിയപ്പോൾ രെഹബെയാമിന് നാല്പത്തൊന്ന് വയസ്സായിരുന്നു; യഹോവ തന്റെ നാമം സ്ഥാപിക്കേണ്ടതിന് യിസ്രായേൽ ഗോത്രങ്ങളിൽനിന്ന് തെരഞ്ഞെടുത്ത നഗരമായ യെരൂശലേമിൽ അവൻ പതിനേഴു സംവത്സരം വാണു. അവന്റെ അമ്മെക്കു നയമാ എന്നു പേർ. അവൾ അമ്മോന്യസ്ത്രീ ആയിരുന്നു.14യഹോവയെ അന്വേഷിക്കേണ്ടതിന് മനസ്സു വെക്കാഞ്ഞതിനാൽ അവൻ ദോഷം ചെയ്തു.15രെഹബെയാമിന്റെ വൃത്താന്തങ്ങൾ ആദ്യാവസാനം ശെമയ്യാപ്രവാചകന്റെയും ഇദ്ദോദർശകന്റെയും വൃത്താന്തങ്ങളിൽ വംശാവലിയായി എഴുതിയിരിക്കുന്നുവല്ലോ; രെഹബെയാമിനും യൊരോബെയാമിനും തമ്മിൽ എല്ലാകാലത്തും യുദ്ധം ഉണ്ടായിരുന്നു.16രെഹബെയാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്ര പ്രാപിച്ചു; ദാവീദിന്റെ നഗരത്തിൽ അവനെ അടക്കംചെയ്തു; അവന്റെ മകനായ അബീയാവ് അവന് പകരം രാജാവായി.

13

1യൊരോബെയാംരാജാവിന്റെ പതിനെട്ടാം ആണ്ടിൽ അബീയാവ് യെഹൂദയിൽ രാജാവായി.2അവൻ മൂന്നു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മെക്ക് മീഖായാ എന്നു പേർ; അവൾ ഗിബെയക്കാരനായ ഊരീയേലിന്റെ മകൾ. അബീയാവിനും യൊരോബെയാമിനും തമ്മിൽ യുദ്ധം ഉണ്ടായി.3അബീയാവ് നാലു ലക്ഷം യുദ്ധവീരന്മാരുള്ളോരു സൈന്യത്തെ അണിനിരത്തി; യൊരോബെയാം അവന്റെ നേരെ എട്ടുലക്ഷം യുദ്ധവീരന്മാരെ അണിനിരത്തി.

4എന്നാൽ അബീയാവ് എഫ്രയീംമലനാട്ടിലെ സെമരായീം മലമുകളിൽ നിന്നുകൊണ്ട് പറഞ്ഞത്: “യൊരോബെയാമും എല്ലായിസ്രായേലും ആയുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ.5യിസ്രായേലിന്റെ ദൈവമായ യഹോവ യിസ്രായേലിലെ രാജത്വം ഒരു ലവണനിയമത്താൽ ദാവീദിനും, അവന്റെ പുത്രന്മാർക്കും , സദാകാലത്തേക്കു നല്കിയിരിക്കുന്നു എന്നു നിങ്ങൾ അറിയേണ്ടതല്ലയോ?
6എന്നാൽ ദാവീദിന്റെ മകനായ ശലോമോന്റെ ദാസനും നെബാത്തിന്റെ മകനുമായ യൊരോബെയാം എഴുന്നേറ്റ് തന്റെ യജമാനനോടു മത്സരിച്ചു.7നിസ്സാരന്മാരായ ചില നീചന്മാർ അവന്റെ അടുക്കൽ വന്നുകൂടി, ശലോമോന്റെ മകനായ രെഹബെയാമിനോടു ധാർഷ്ട്യം കാണിച്ചു; രെഹബെയാം യൌവനക്കാരനും പക്വതയില്ലാത്തവനും ആയിരുന്നതിനാൽ അവരോട് എതിർത്തുനില്പാൻ അവന് കഴിഞ്ഞില്ല.
8നിങ്ങൾ ഇപ്പോൾ ദാവീദിന്റെ പുത്രന്മാരുടെ കൈവശമുള്ള യഹോവയുടെ രാജത്വത്തോട് എതിർത്തുനില്പാൻ വിചാരിക്കുന്നു; നിങ്ങൾ വലിയോരു സമൂഹം തന്നേ; യൊരോബെയാം നിങ്ങൾക്ക് ദൈവത്തിനു പകരം ഉണ്ടാക്കിയ പൊൻകാളക്കുട്ടികളും നിങ്ങളോടു കൂടെ ഉണ്ടല്ലോ.9നിങ്ങൾ അഹരോന്റെ പുത്രന്മാരായ യഹോവയുടെ പുരോഹിതന്മാരെയും ലേവ്യരെയും തള്ളിക്കളഞ്ഞ് അന്യദേശങ്ങളിലെ ജാതികളുടെ മര്യാദപ്രകാരം നിങ്ങൾക്ക് പുരോഹിതന്മാരെ നിയമിച്ചിട്ടില്ലയോ? ഒരു കാളക്കുട്ടിയോടും ഏഴു ആട്ടുകൊറ്റന്മാരോടും കൂടെ കരപൂരണത്തിനു വരുന്ന ഏവനും ദൈവമല്ലാത്തവെക്ക് പുരോഹിതനായ്തീരുന്നു.
10ഞങ്ങളുടെ ദൈവമോ യഹോവയാകുന്നു; അവനെ ഞങ്ങൾ ഉപേക്ഷിച്ചിട്ടില്ല: യഹോവയ്ക്ക് ശുശ്രൂഷചെയ്യുന്ന പുരോഹിതന്മാരായ അഹരോന്റെ പുത്രന്മാർ ഞങ്ങൾക്കുണ്ട്; ലേവ്യരും തങ്ങളുടെ വേല ചെയ്തുവരുന്നു.11അവർ ദിനംപ്രതി രാവിലെയും വൈകുന്നേരവും യഹോവയ്ക്ക് ഹോമയാഗങ്ങളും പരിമളധൂപവും അർപ്പിക്കുന്നു; കാഴ്ചയപ്പം വിശുദ്ധമേശമേൽ അടുക്കുന്നു; പൊൻനിലവിളക്കും അതിന്റെ ദീപങ്ങളും വൈകുന്നേരംതോറും കത്തിക്കുന്നു; ഇങ്ങനെ ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയുടെ ആജ്ഞ പ്രമാണിക്കുന്നു; നിങ്ങളോ അവനെ ഉപേക്ഷിച്ചിരിക്കുന്നു.
12ഇതാ, ഞങ്ങളോടുകൂടെ ഞങ്ങളുടെ തലവനായി ദൈവവും നിങ്ങളുടെ നേരെ യുദ്ധകാഹളം മുഴക്കാൻ അവന്റെ പുരോഹിതന്മാരും ഉണ്ട്; യിസ്രായേല്യരേ, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോട് നിങ്ങൾ യുദ്ധം ചെയ്യരുത്; നിങ്ങൾ വിജയിക്കുകയില്ല”
13എന്നാൽ യൊരോബെയാം അവരുടെ പുറകിൽ വളഞ്ഞു ചെല്ലുവാൻ പതിയിരിപ്പുകാരെ അയച്ചു; അങ്ങനെ അവർ യെഹൂദ്യരുടെ മുമ്പിലും പതിയിരിപ്പുകാർ പുറകിലും ആയി.14യെഹൂദ്യർ തിരിഞ്ഞു നോക്കിയപ്പോൾ പട മുമ്പിലും പുറകിലും കണ്ടു, യഹോവയോട് നിലവിളിച്ചു പുരോഹിതന്മാർ കാഹളം ഊതി, യെഹൂദാപുരുഷന്മാർ ആർത്തുവിളിച്ചു.15യെഹൂദാപുരുഷന്മാർ ആർത്തുവിളിച്ചപ്പോൾ ദൈവം യൊരോബെയാമിനെയും എല്ലായിസ്രായേലിനെയും അബീയാവിനോടും യെഹൂദ്യരോടും തോല്ക്കുമാറാക്കി.
16യിസ്രായേല്യർ യെഹൂദ്യരുടെ മുമ്പിൽ നിന്നു ഓടി, ദൈവം അവരെ അവരുടെ കയ്യിൽ ഏല്പിച്ചു;17അബീയാവും അവന്റെ ജനവും അവരെ കഠിനമായി തോല്പിച്ചു; യിസ്രായേലിൽ അഞ്ചുലക്ഷം ശ്രേഷ്ഠയോദ്ധാക്കൾ മരിച്ചുവീണു.18ഇങ്ങനെ യിസ്രായേല്യർക്ക് ആ കാലത്തു കീഴടങ്ങേണ്ടി വന്നു; യെഹൂദ്യരോ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയിൽ ആശ്രയിച്ചതുകൊണ്ട് ജയംപ്രാപിച്ചു.19അബീയാവ് യൊരോബെയാമിനെ പിന്തുടർന്ന് അവന്റെ പട്ടണങ്ങളെ പിടിച്ചു; ബേഥേലും അതിനോടു ചേർന്ന ഗ്രാമങ്ങളും യെശാനയും അതിനോടു ചേർന്ന ഗ്രാമങ്ങളും എഫ്രോനും അതിനോടു ചേർന്ന ഗ്രാമങ്ങളും തന്നേ.20യൊരോബെയാം അബീയാവിന്റെ കാലത്ത് ബലം പ്രാപിച്ചില്ല; യഹോവ അവനെ ശിക്ഷിച്ചു.21അവൻ മരിച്ചുപോയി. എന്നാൽ അബീയാവ് ബലവാനായ്തീർന്നു; അവൻ പതിനാലു ഭാര്യമാരെ വിവാഹം കഴിച്ചു; ഇരുപത്തിരണ്ടു പുത്രന്മാരെയും പതിനാറു പുത്രിമാരെയും ജനിപ്പിച്ചു.22അബീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്റെ നടപ്പും വാക്കുകളും ഇദ്ദോപ്രവാചകന്റെ ചരിത്രപുസ്തകത്തിൽ എഴുതിയിരിക്കുന്നു.

14

1അബീയാവ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തിൽ അവനെ അടക്കംചെയ്തു; അവന്റെ മകനായ ആസാ അവന് പകരം രാജാവായി. അവന്റെ കാലത്ത് ദേശത്ത് പത്തു സംവത്സരം സ്വസ്ഥത ഉണ്ടായി.2ആസാ തന്റെ ദൈവമായ യഹോവയുടെ ദൃഷ്ടിയിൽ നല്ലതും ശരിയായതും ചെയ്തു.3അവൻ അന്യദേവന്മാരുടെ ബലിപീഠങ്ങളും പൂജാഗിരികളും നീക്കിക്കളഞ്ഞു, സ്തംഭവിഗ്രഹങ്ങൾ ഉടെച്ച് അശേരാപ്രതിഷ്ഠകൾ വെട്ടിക്കളഞ്ഞു,4യെഹൂദയോട് അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ അന്വേഷിപ്പാനും ന്യായപ്രമാണവും കല്പനയും ആചരിച്ചു നടപ്പാനും കല്പിച്ചു.

5അവൻ എല്ലാ യെഹൂദാപട്ടണങ്ങളിൽനിന്നും പൂജാഗിരികളും സൂര്യവിഗ്രഹങ്ങളും നീക്കിക്കളഞ്ഞു; രാജ്യം അവന്റെ കീഴിയിൽ സ്വസ്ഥമായിരുന്നു.6യഹോവ അവന് വിശ്രമം നല്കിയതുകൊണ്ട് ദേശത്ത് സ്വസ്ഥത ഉണ്ടാകയാലും ആ സംവത്സരങ്ങളിൽ അവന് യുദ്ധം ഇല്ലായ്കയാലും അവൻ യെഹൂദയിൽ ഉറപ്പുള്ള പട്ടണങ്ങൾ പണിതു.
7അവൻ യെഹൂദ്യരോട്: “നാം ഈ പട്ടണങ്ങൾ പണിത് അവെക്കു ചുറ്റും മതിലുകളും ഗോപുരങ്ങളും വാതിലുകളും ഓടാമ്പലുകളും ഉണ്ടാക്കുക; നാം നമ്മുടെ ദൈവമായ യഹോവയെ അന്വേഷിച്ചതുകൊണ്ട് ദേശം നമുക്കു സ്വാധീനമായിരിക്കുന്നുവല്ലോ; നാം അവനെ അന്വേഷിക്കയും അവൻ നാലുചുറ്റും നമുക്ക് വിശ്രമം നല്കയും ചെയ്തിരിക്കുന്നു” എന്നു പറഞ്ഞു. അങ്ങനെ അവർ പട്ടണം പണികയും അഭിവൃദ്ധി പ്രാപിക്കയും ചെയ്തു.8ആസെക്ക് പരിചയും കുന്തവും ധരിച്ച മൂന്നുലക്ഷം യെഹൂദ്യരും പരിച എടുപ്പാനും വില്ലു കുലെപ്പാനും പ്രാപ്തരായ രണ്ടുലക്ഷത്തി എൺപതിനായിരം ബെന്യാമീന്യരും സൈന്യത്തിൽ ഉണ്ടായിരുന്നു; അവരെല്ലാവരും പരാക്രമശാലികൾ ആയിരുന്നു.
9അനന്തരം എത്യോപ്പക്കാരൻ സേരഹ് പത്തുലക്ഷം പടയാളികളും മുന്നൂറു രഥങ്ങളും ഉള്ള സൈന്യത്തോടുകൂടെ അവരുടെ നേരെ പുറപ്പെട്ട് മാരേശാ വരെ വന്നു.10ആസാ അവന്റെ നേരെ പുറപ്പെട്ടു; അവർ മാരേശെക്കു സമീപം സെഫാഥാതാഴ്വരയിൽ യുദ്ധത്തിനായി അണിനിരന്നു.11ആസാ തന്റെ ദൈവമായ യഹോവയെ വിളിച്ചപേക്ഷിച്ചു: “യഹോവേ, ബലവാനും ബലഹീനനും തമ്മിൽ യുദ്ധം ഉണ്ടായാൽ സഹായിപ്പാൻ നീയല്ലാതെ മറ്റാരുമില്ല; ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ സഹായിക്കേണമേ; നിന്നിൽ ഞങ്ങൾ ആശ്രയിക്കുന്നു; നിന്റെ നാമത്തിൽ ഞങ്ങൾ ഈ പുരുഷാരത്തിന്നു നേരെ പുറപ്പെട്ടു വന്നിരിക്കുന്നു; യഹോവേ, നീ ഞങ്ങളുടെ ദൈവം; മർത്യൻ നിന്റെ നേരെ പ്രബലനാകരുതേ” എന്നു പറഞ്ഞു.
12അപ്പോൾ യഹോവ ആസയുടെയും യെഹൂദ്യരുടെയും മുമ്പിൽ എത്യോപ്യരെ തോല്ക്കുമാറാക്കി; അവർ ഓടിപ്പോയി.13ആസയും അവനോടുകൂടെ ഉണ്ടായിരുന്ന പടയാളികളും അവരെ ഗെരാർവരെ പിന്തുടർന്നു; എത്യോപ്യർ പൂർണമായി പരാജയപ്പെട്ടു; അവർ യഹോവയുടെയും അവന്റെ സൈന്യത്തിന്റെയും മുമ്പാകെ തകർന്നുപോയി; അവർ വളരെ കൊള്ള വസ്തുക്കൾ എടുത്തു കൊണ്ടുപോന്നു.14അവർ ഗെരാറിന്നു ചുറ്റുമുള്ള പട്ടണങ്ങളെല്ലാം നശിപ്പിച്ചു; യഹോവയുടെ ഭീതി അവയുടെ മേൽ വീണിരുന്നു; അവർ എല്ലാ പട്ടണങ്ങളും കൊള്ളയടിച്ചു; അവയിൽ വളരെ കൊള്ളവസ്തുക്കൾ ഉണ്ടായിരുന്നു.15അവർ നാല്ക്കാലികളുടെ കൂടാരങ്ങളും ആക്രമിച്ചു, അനവധി ആടുകളെയും ഒട്ടകങ്ങളെയും അപഹരിച്ച് യെരൂശലേമിലേക്ക് മടങ്ങിപ്പോന്നു.

15

1അനന്തരം ഓദേദിന്റെ മകനായ അസര്യാവിന്റെ മേൽ ദൈവത്തിന്റെ ആത്മാവ് വന്നു.2അവൻ ആസയെ എതിരേറ്റ് അവനോട് പറഞ്ഞതെന്തെന്നാൽ: “ആസ രാജാവേ,യെഹൂദ്യരും ബെന്യാമീന്യരും ആയുള്ളോരേ, എന്റെ വാക്കു കേൾപ്പീൻ; നിങ്ങൾ യഹോവയോടുകൂടെ ആയിരിക്കുന്നേടത്തോളം അവൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും; അവനെ അന്വേഷിക്കുന്നു എങ്കിൽ നിങ്ങൾ അവനെ കണ്ടെത്തും; ഉപേക്ഷിക്കുന്നു എങ്കിലോ അവൻ നിങ്ങളെയും ഉപേക്ഷിക്കും.

3യിസ്രായേൽ ദീർഘകാലമായി സത്യദൈവവും ഉപദേശിക്കുന്ന പുരോഹിതനും ന്യായപ്രമാണവും ഇല്ലാതിരിക്കുന്നു;4എന്നാൽ അവർ തങ്ങളുടെ ഞെരുക്കത്തിൽ യിസ്രായേലിന്റെ ദൈവമായ യഹോവയിലേക്ക് തിരിഞ്ഞ് അവനെ അന്വേഷിച്ചപ്പോൾ, അവർ അവനെ കണ്ടെത്തി.5ആ കാലത്ത് ദേശനിവാസികൾക്ക് മഹാകലാപങ്ങൾ മൂലം സമാധാനം നഷ്ടമാകയും പോക്കുവരവ് സുരക്ഷിതമല്ലാതാകയും ചെയ്തു.
6ദൈവം അവരെ സകലവിധ കഷ്ടങ്ങളാലും പീഡിപ്പിച്ചതുകൊണ്ട് ജനത ജനതയേയും പട്ടണം പട്ടണത്തെയും നശിപ്പിച്ചു.7എന്നാൽ നിങ്ങൾ ധൈര്യമായിരിപ്പിൻ; നിങ്ങളുടെ കൈകൾ തളർന്നുപോകരുത്; നിങ്ങളുടെ പ്രവൃത്തിക്ക് പ്രതിഫലം ഉണ്ടാകും.”
8ആസാ ഈ വാക്കുകളും ഓദേദ് പ്രവാചകന്റെ പ്രവചനവും കേട്ടപ്പോൾ ധൈര്യപ്പെട്ട്, യെഹൂദയുടെയും ബെന്യാമിന്റെയും ദേശത്തുനിന്നും, എഫ്രയീംമലനാട്ടിൽ അവൻ പിടിച്ചിരുന്ന പട്ടണങ്ങളിൽനിന്നും മ്ലേച്ഛവിഗ്രഹങ്ങളെ നീക്കിക്കളകയും യഹോവയുടെ മണ്ഡപത്തിൻമുമ്പിലുള്ള യഹോവയുടെ യാഗപീഠം പുതുക്കുകയും ചെയ്തു.9പിന്നെ അവൻ യെഹൂദ്യരെയും, ബെന്യാമീന്യരെയും, എഫ്രയീമിൽനിന്നും മനശ്ശെയിൽനിന്നും ശിമേയോനിൽ നിന്നും അവരുടെ അടുക്കൽ വന്നുപാർക്കുന്നവരെയും കൂട്ടിവരുത്തി; ദൈവമായ യഹോവ അവനോടുകൂടെയുണ്ട് എന്ന് കണ്ടിട്ട് യിസ്രായേലിൽനിന്ന് അനേകർ വന്ന് അവനോട് ചേർന്നു.
10ഇങ്ങനെ അവർ ആസയുടെ വാഴ്ചയുടെ പതിനേഴാം ആണ്ടിന്റെ മൂന്നാം മാസത്തിൽ യെരൂശലേമിൽ വന്നുകൂടി.11തങ്ങൾ കൊണ്ടുവന്ന കൊള്ളയിൽനിന്ന് അവർ എഴുനൂറ് കാളകളെയും ഏഴായിരം ആടുകളെയും അന്ന് യഹോവയ്ക്ക് യാഗം കഴിച്ചു.
12പിന്നെ അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണ മനസ്സോടും കൂടെ അന്വേഷിച്ചുകൊള്ളാമെന്നും13ചെറിയവനോ വലിയവനോ പുരുഷനോ സ്ത്രീയോ ആരായാലും യിസ്രായേലിന്റെ ദൈവമായ യഹോവയെ അന്വേഷിക്കാത്തവർ മരണശിക്ഷ അനുഭവിക്കേണമെന്നും ഒരു നിയമം ചെയ്തു.
14അവർ മഹാഘോഷത്തോടും ആർപ്പോടും കാഹളങ്ങളോടും കുഴലുകളോടും കൂടെ യഹോവയുടെ മുമ്പാകെ സത്യം ചെയ്തു.15എല്ലായെഹൂദ്യരും സത്യം നിമിത്തം സന്തോഷിച്ചു; അവർ പൂർണ്ണഹൃദയത്തോടെ സത്യം ചെയ്ത് പൂർണ്ണതാല്പര്യത്തോടുകൂടെ അവനെ അന്വേഷിച്ചതുകൊണ്ട് അവർ അവനെ കണ്ടെത്തുകയും യഹോവ അവർക്കു എല്ലായിടത്തും സ്വസ്ഥത നല്കുകയും ചെയ്തു.
16ആസാരാജാവ് തന്റെ അമ്മയായ മയഖയെ അവൾ അശേരക്ക് ഒരു മ്ലേച്ഛവിഗ്രഹം ഉണ്ടാക്കിയിരുന്നതുകൊണ്ട് രാജ്ഞിസ്ഥാനത്തുനിന്ന് നീക്കിക്കളഞ്ഞു; അവളുടെ മ്ലേച്ഛവിഗ്രഹം ആസാ വെട്ടിനുറുക്കി കിദ്രോൻ തോട്ടിനരികെ വെച്ച് ചുട്ടുകളഞ്ഞു.17എന്നാൽ പൂജാഗിരികൾക്ക് യിസ്രായേലിൽ നീക്കംവന്നില്ല; എങ്കിലും ആസയുടെ ഹൃദയം അവന്റെ ജീവകാലമൊക്കെയും ഏകാഗ്രമായിരുന്നു.18വെള്ളി, പൊന്ന്, ഉപകരണങ്ങൾ എന്നിങ്ങനെ തന്റെ അപ്പനും താനും നിവേദിച്ച വസ്തുക്കൾ അവൻ ദൈവാലയത്തിലേക്ക് കൊണ്ടുവന്നു.19ആസയുടെ വാഴ്ചയുടെ മുപ്പത്തഞ്ചാം സംവത്സരംവരെ വീണ്ടും യുദ്ധം ഉണ്ടായില്ല.

16

1ആസ വാഴ്ച തുടങ്ങി മുപ്പത്താറാം ആണ്ടിൽ യിസ്രായേൽ രാജാവായ ബയെശാ യെഹൂദക്കെതിരെ പുറപ്പെട്ടു;ആസയുടെ അടുക്കൽ വരുകയോ പോകയോ ചെയ്യാൻ ആരെയും സമ്മതിക്കാതെ രാമയെ ഉറപ്പായി പണിതു.

2അപ്പോൾ ആസ, യഹോവയുടെ ആലയത്തിലെയും രാജധാനിയിലെയും ഭണ്ഡാരങ്ങളിൽനിന്ന് വെള്ളിയും പൊന്നും എടുത്ത് ദമ്മേശെക്കിൽ വസിച്ച അരാം രാജാവായ ബെൻ-ഹദദിന് കൊടുത്തയച്ചു:3എന്റെ അപ്പനും നിന്റെ അപ്പനും തമ്മിൽ സഖ്യതയുണ്ടായിരുന്നതുപോലെ നമുക്കു തമ്മിൽ സഖ്യതയിൽ ഏർപ്പെടാം; ഇതാ, ഞാൻ നിനക്ക് വെള്ളിയും പൊന്നും കൊടുത്തയക്കുന്നു; യിസ്രായേൽരാജാവായ ബയെശാ എന്നെ വിട്ടുപോകേണ്ടതിന് നീ അവനോടുള്ള നിന്റെ സഖ്യത ത്യജിക്കേണം എന്ന് പറഞ്ഞു.
4ബെൻ-ഹദദ് ആസാരാജാവിന്റെ വാക്കു കേട്ട് തന്റെ സേനാധിപതിമാരെ യിസ്രായേൽ പട്ടണങ്ങൾക്കു നേരെ അയച്ചു; അവർ ഈയോനും ദാനും ആബേൽ-മയീമും നഫ്താലിയുടെ സകല സംഭരണ നഗരങ്ങളും പിടിച്ചടക്കി.5ബയെശാ അതു കേട്ടപ്പോൾ രാമയെ പണിയുന്നത് നിർത്തി വെച്ചു.6അപ്പോൾ ആസാ രാജാവ് എല്ലാ യെഹൂദ്യരെയും കൂട്ടി, ബയെശാ പണിത രാമയുടെ കല്ലും മരവും എടുത്തു കൊണ്ടുപോയി; അവൻ അവ കൊണ്ട് ഗേബ, മിസ്പ,എന്നീ പട്ടണങ്ങൾ പണിതു.
7ആ കാലത്ത് ദർശകനായ ഹനാനി യെഹൂദാരാജാവായ ആസയുടെ അടുക്കൽ വന്ന് അവനോടു പറഞ്ഞത് എന്തെന്നാൽ: “നീ നിന്റെ ദൈവമായ യഹോവയിൽ ആശ്രയിക്കാതെ അരാം രാജാവിൽ ആശ്രയിക്ക കൊണ്ട് അരാം രാജാവിന്റെ സൈന്യം നിന്റെ കയ്യിൽനിന്ന് രക്ഷപെട്ടിരിക്കുന്നു.8എത്യോപ്യരും, ലൂബ്യരും അനവധി രഥങ്ങളോടും കുതിരപ്പടയാളികളോടും കൂടിയ ഒരു മഹാ സൈന്യമായിരുന്നില്ലയോ? എന്നാൽ നീ യഹോവയിൽ ആശ്രയിക്ക കൊണ്ട് അവൻ അവരെ നിന്റെ കയ്യിൽ ഏല്പിച്ചുതന്നു.
9യഹോവയുടെ കണ്ണ് തന്നിൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നേത്തന്നെ ബലവാൻ എന്ന് കാണിക്കേണ്ടതിന് ഭൂമിയിലെല്ലാടവും നോക്കിക്കൊണ്ടിരിക്കുന്നു; ഇക്കാര്യത്തിൽ നീ ഭോഷത്തം പ്രവർത്തിച്ചിരിക്കുന്നു; അതുകൊണ്ട് ഇനി നിനക്ക് യുദ്ധങ്ങൾ ഉണ്ടാകും.”10അപ്പോൾ ആസ ദർശകനോട് കോപിച്ച് അവനെ കാരാഗൃഹത്തിൽ ആക്കി; ഈ കാര്യം ആസയെ ഉഗ്രകോപിയാക്കി. ആ നാളുകളിൽ ആസ ജനത്തിൽ ചിലരെ പീഡിപ്പിക്കയും ചെയ്തു.
11ആസയുടെ വൃത്താന്തങ്ങൾ ആദ്യവസാനം യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നുവല്ലോ.12തന്റെ വാഴ്ചയുടെ മുപ്പത്തൊമ്പതാം ആണ്ടിൽ ആസയുടെ കാലുകളിൽ അതികഠിനമായ രോഗം പിടിച്ചു; എന്നാൽ അവൻ തന്റെ രോഗത്തിൽ യഹോവയെ അല്ല, വൈദ്യന്മാരെ അത്രേ അന്വേഷിച്ചത്.
13ആസാ തന്റെ വാഴ്ചയുടെ നാൽപ്പത്തൊന്നാം ആണ്ടിൽ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു.14അവൻ ദാവീദിന്റെ നഗരത്തിൽ തനിക്കായി ഉണ്ടാക്കിയിരുന്ന കല്ലറയിൽ അവർ അവനെ അടക്കം ചെയ്തു; വൈദ്യന്മാരുടെ വിധി പ്രകാരം ഉണ്ടാക്കിയ സുഗന്ധവർഗ്ഗവും പലതരം പരിമളസാധനങ്ങളും നിറെച്ചിരുന്ന ശയ്യമേൽ അവനെ കിടത്തുകയും അവനു വേണ്ടി വലിയോരു ദഹനം ഉണ്ടാക്കുകയും ചെയ്തു.

17

1അവന്റെ മകൻ യെഹോശാഫാത്ത് അവന് പകരം രാജാവായി; അവൻ യിസ്രായേലിനെതിരെ പ്രബലനായിത്തീർന്നു.2അവൻ യെഹൂദയിലെ ഉറപ്പുള്ള പട്ടണങ്ങളിലെല്ലാം സൈന്യങ്ങളെ ആക്കി; യെഹൂദാ ദേശത്തും തന്റെ അപ്പനായ ആസാ പിടിച്ചടക്കിയ എഫ്രയീം പട്ടണങ്ങളിലും കാവൽ പട്ടാളങ്ങളെയും നിർത്തി.

3യെഹോശാഫാത്ത് തന്റെ പൂർവപിതാവായ ദാവീദിന്റെ ആദ്യകാലത്തെ വഴികളിൽ നടക്കയും ബാൽവിഗ്രഹങ്ങളെ ആശ്രയിക്കാതെ4തന്റെ പിതാവിന്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിന്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിന്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ട് യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു.
5യഹോവ അവന് രാജത്വം ഉറപ്പിച്ചുകൊടുത്തു; യെഹൂദാ ജനമെല്ലാം യെഹോശാഫാത്തിന് കാഴ്ച കൊണ്ടു വന്നു; അവന് വളരെ ധനവും ബഹുമാനവും ഉണ്ടായി.6അവന്റെ ഹൃദയം യഹോവയുടെ വഴികളിൽ സന്തോഷിക്കയും അവൻ പൂജാഗിരികളും അശേരാപ്രതിഷ്ഠകളും യെഹൂദയിൽ നിന്ന് നീക്കിക്കളയുകയും ചെയ്തു.
7അവൻ തന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ യെഹൂദാനഗരങ്ങളിൽ ഉപദേശിപ്പാനായി ബെൻ-ഹയീൽ, ഓബദ്യാവ്, സെഖര്യാവ്, നെഥനയേൽ, മീഖാ എന്നീ തന്റെ പ്രഭുക്കന്മാരെയും8അവരോടുകൂടെ ശെമയ്യാവ്, നെഥന്യാവ്, സെബദ്യാവ്, അസായേൽ, ശെമീരാമോത്ത്, യെഹോനാഥാൻ, അദോനീയാവ്, തോബീയാവ്, തോബ്-അദോനീയാവ് എന്നീ ലേവ്യരെയും അവരോടുകൂടെ എലീശാമാ, യെഹോരാം എന്നീ പുരോഹിതന്മാരെയും അയച്ചു.9അവർ യെഹൂദയിൽ ഉപദേശിച്ചു; യഹോവയുടെ ന്യായപ്രമാണപുസ്തകവും അവരുടെ കയ്യിൽ ഉണ്ടായിരുന്നു; അവർ യെഹൂദാനഗരങ്ങളിലെല്ലാം സഞ്ചരിച്ച് ജനത്തെ ഉപദേശിച്ചു.
10യഹോവയിൽ നിന്നുള്ള ഭീതി യെഹൂദെക്കു ചുറ്റുമുള്ള സകലരാജ്യങ്ങളിന്മേലും വീണിരുന്നതു കൊണ്ട് അവർ യെഹോശാഫാത്തിനോട് യുദ്ധം ചെയ്തില്ല.11ഫെലിസ്ത്യരിൽ ചിലർ യെഹോശാഫാത്തിന് കാഴ്ചയും, കരമായി വെള്ളിയും കൊണ്ടുവന്നു; അരാബ്യരും അവന് ഏഴായിരത്തെഴുനൂറ് ആട്ടുകൊറ്റന്മാരും ഏഴായിരത്തെഴുനൂറ് വെള്ളാട്ടുകൊറ്റന്മാരുമുള്ള ആട്ടിൻ കൂട്ടത്തെ കൊണ്ടുവന്നു.
12യെഹോശാഫാത്ത് മേല്ക്കുമേൽ പ്രബലനായിത്തീർന്നു; യെഹൂദയിൽ കോട്ടകളും സംഭരണ നഗരങ്ങളും പണിതു.13അവന് യെഹൂദാനഗരങ്ങളിൽ വളരെ വസ്തുവകകൾ ഉണ്ടായിരുന്നു; പരാക്രമശാലികളായ യോദ്ധാക്കൾ യെരൂശലേമിൽ ഉണ്ടായിരുന്നു.
14പിതൃഭവനം അനുസരിച്ച് അവരുടെ സംഖ്യ ഇപ്രകാരമായിരുന്നു: യെഹൂദയുടെ സഹസ്രാധിപന്മാർ: അദ്നാപ്രഭു, അവനോടുകൂടെ മൂന്നുലക്ഷം പരാക്രമശാലികൾ;15അവനുശേഷം യെഹോഹാനാൻ പ്രഭു, അവനോടുകൂടെ രണ്ടുലക്ഷത്തി എൺപതിനായിരംപേർ;16അവനുശേഷം മനഃപൂർവ്വമായി യഹോവയ്ക്ക് ഭരമേല്പിച്ചവനായ സിക്രിയുടെ മകൻ അമസ്യാവ്, അവനോടുകൂടെ രണ്ടുലക്ഷം പരാക്രമശാലികൾ;17ബെന്യാമീനിൽ നിന്ന് പരാക്രമശാലിയായ എല്യാദാ, അവനോടുകൂടെ വില്ലും പരിചയും ധരിച്ച രണ്ടുലക്ഷംപേർ;18അവനുശേഷം യെഹോസാബാദ്, അവനോടുകൂടെ യുദ്ധസന്നദ്ധരായ ഒരു ലക്ഷത്തി എൺപതിനായിരംപേർ.19രാജാവ് യെഹൂദയിലെല്ലായിടത്തും ഉറപ്പുള്ള പട്ടണങ്ങളിൽ ആക്കിയിരുന്നവരെ കൂടാതെ ഇവരും രാജാവിന് സേവ ചെയ്തു വന്നു.

18

1യെഹോശാഫാത്തിന് വളരെയധികം ധനവും മാനവും ഉണ്ടായിരുന്നു; അവൻ ആഹാബിന്റെ കുടുംബത്തോട് വിവാഹ ബന്ധത്തിൽ ഏർപ്പെട്ടു.2ചില സംവത്സരങ്ങൾ കഴിഞ്ഞശേഷം അവൻ ശമര്യയിൽ ആഹാബിന്റെ അടുക്കൽ ചെന്നു; ആഹാബ് അവനും കൂടെയുണ്ടായിരുന്ന ജനത്തിനും വേണ്ടി വളരെ ആടുകളെയും കാളകളെയും അറുത്തു; ഗിലെയാദിലെ രാമോത്തിലേക്ക് തന്നോടുകൂടെ ചെല്ലേണ്ടതിന് അവനെ പ്രേരിപ്പിച്ചു.3യിസ്രായേൽരാജാവായ ആഹാബ് യെഹൂദാരാജാവായ യെഹോശാഫാത്തിനോട്: “നീ എന്നോടുകൂടെ ഗിലെയാദിലെ രാമോത്തിലേക്ക് പോരുമോ?” എന്ന് ചോദിച്ചു. അവൻ അവനോട്: “ഞാനും നീയും, എന്റെ ജനവും നിന്റെ ജനവും ഒരുപോലെയല്ലോ; ഞങ്ങൾ നിന്നോടുകൂടെ യുദ്ധത്തിനു പോരാം” എന്നു പറഞ്ഞു.

4യെഹോശാഫാത്ത് യിസ്രായേൽരാജാവിനോട്: “ഇന്ന് യഹോവയുടെ അരുളപ്പാട് ചോദിച്ചാലും” എന്ന് പറഞ്ഞു.5യിസ്രായേൽ രാജാവ് നാനൂറ് പ്രവാചകന്മാരെ വരുത്തി അവരോട്: “ഞങ്ങൾ ഗിലെയാദിലെ രാമോത്തിലേക്ക് യുദ്ധത്തിന് പോകയോ പോകാതിരിക്കയോ എന്ത് വേണ്ടു” എന്ന് ചോദിച്ചു. അതിന് അവർ: “പുറപ്പെടുക; ദൈവം അത് രാജാവിന്റെ കയ്യിൽ ഏല്പിക്കും” എന്ന് പറഞ്ഞു.
6എന്നാൽ യെഹോശാഫാത്ത്: “നാം അരുളപ്പാട് ചോദിക്കേണ്ടതിന് ഇവിടെ യഹോവയുടെ പ്രവാചകനായി വേറെ ആരും ഇല്ലയോ” എന്ന് ചോദിച്ചു.7അതിന് യിസ്രായേൽ രാജാവ് യെഹോശാഫാത്തിനോട്: “നാം യഹോവയോട് അരുളപ്പാടു ചോദിപ്പാൻ ഇനി ഒരുത്തനുണ്ട്; എന്നാൽ അവൻ എന്നെക്കുറിച്ച് ഒരിക്കലും ദോഷമല്ലാതെ നല്ലത് പ്രവചിക്കാത്തതുകൊണ്ട് ഞാൻ അവനെ വെറുക്കുന്നു; അവൻ യിമ്ലയുടെ മകനായ മീഖായാവ് ആകുന്നു”എന്ന് പറഞ്ഞു. രാജാവ് അങ്ങനെ പറയരുതേ എന്ന് യെഹോശാഫാത്ത് പറഞ്ഞു.8അങ്ങനെ യിസ്രായേൽരാജാവ് ഒരു ഉദ്യോഗസ്ഥനെ വിളിച്ച്: “യിമ്ലയുടെ മകനായ മീഖായാവിനെ വേഗം കൂട്ടിക്കൊണ്ടുവരിക” എന്ന് കല്പിച്ചു.
9യിസ്രായേൽ രാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും രാജവസ്ത്രം ധരിച്ച് ശമര്യയുടെ പ്രവേശന കവാടത്തിൽ ഉള്ള ഒരു മെതിക്കളത്തിൽ താന്താന്റെ സിംഹാസനത്തിൽ ഇരുന്നു; പ്രവാചകന്മാർ എല്ലാവരും അവരുടെ മുമ്പാകെ പ്രവചിച്ചുകൊണ്ടിരുന്നു.10കെനാനയുടെ മകനായ സിദെക്കീയാവ് തനിക്കായി ഇരിമ്പുകൊണ്ട് കൊമ്പുകളുണ്ടാക്കി: “നീ ഇവകൊണ്ട് അരാമ്യരെ എല്ലാം കുത്തി നശിപ്പിക്കും” എന്ന് യഹോവ അരുളിച്ചെയ്യുന്നു എന്ന് പറഞ്ഞു.11പ്രവാചകന്മാർ എല്ലാം അങ്ങനെ തന്നേ പ്രവചിച്ചു: “ഗിലെയാദിലെ രാമോത്തിലേക്കു പുറപ്പെടുക; നീ കൃതാർത്ഥനാകും; യഹോവ അതു രാജാവിന്റെ കയ്യിൽ ഏല്പിക്കും” എന്ന് പറഞ്ഞു.
12മീഖായാവിനെ വിളിക്കാൻ പോയ ദൂതൻ അവനോട്: “നോക്കൂ, പ്രവാചകന്മാരുടെ വാക്കുകൾ ഒരുപോലെ രാജാവിന് അനുകൂലമായിരിക്കുന്നു; നിന്റെ വാക്കും അവരിൽ ഒരുത്തന്റേതുപോലെ ഇരിക്കട്ടെ; നീയും അനുകൂലമായി പറയേണമേ” എന്ന് പറഞ്ഞു.13അതിന് മീഖായാവ്: “യഹോവയാണ, എന്റെ ദൈവം അരുളിച്ചെയ്യുന്നതു തന്നേ ഞാൻ പ്രസ്താവിക്കും” എന്ന് പറഞ്ഞു.14അവൻ രാജാവിന്റെ അടുക്കൽ വന്നപ്പോൾ രാജാവ് അവനോട്: “മീഖായാവേ, ഞങ്ങൾ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിന്നു പോകയോ പോകാതിരിക്കയോ എന്തു വേണ്ടു?” എന്ന് ചോദിച്ചു. അതിന് അവൻ: “പുറപ്പെടുവിൻ; നിങ്ങൾ കൃതാർത്ഥരാകും; അവർ നിങ്ങളുടെ കയ്യിൽ ഏല്പിക്കപ്പെടും” എന്നു പറഞ്ഞു.
15രാജാവ് അവനോട്: “നീ യഹോവയുടെ നാമത്തിൽ സത്യമല്ലാതെ യാതൊന്നും എന്നോട് പറയുകയില്ലെന്ന് എത്ര പ്രാവശ്യം ഞാൻ നിന്നേക്കൊണ്ട് സത്യംചെയ്യിക്കേണം?” എന്ന് ചോദിച്ചു.16അതിന് അവൻ: “ഇടയനില്ലാത്ത ആടുകളെപ്പോലെ യിസ്രായേൽ ജനമെല്ലാം പർവ്വതങ്ങളിൽ ചിതറിയിരിക്കുന്നത് ഞാൻ കണ്ടു; അപ്പോൾ യഹോവ: ഇവർക്കു നാഥനില്ല; ഇവർ ഓരോരുത്തൻ താന്താന്റെ വീട്ടിലേക്കു സമാധാനത്തോടെ മടങ്ങിപ്പോകട്ടെ എന്നു കല്പിച്ചു” എന്ന് പറഞ്ഞു.
17അപ്പോൾ യിസ്രായേൽരാജാവ് യെഹോശാഫാത്തിനോട്: “ഇവൻ എന്നെക്കുറിച്ച് ദോഷമല്ലാതെ നല്ലത് പ്രവചിക്കയില്ല എന്ന് ഞാൻ നിന്നോട് പറഞ്ഞില്ലയോ” എന്ന് പറഞ്ഞു.18അതിന് അവൻ പറഞ്ഞത്: “എന്നാൽ യഹോവയുടെ വചനം കേട്ടുകൊൾവിൻ: യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗ്ഗത്തിലെ സൈന്യമെല്ലാം അവന്റെ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു.
19യിസ്രായേൽരാജാവായ ആഹാബ് ഗിലെയാദിലെ രാമോത്തിൽ വച്ച് കൊല്ലപ്പെടേണ്ടതിന് അവിടേക്കു പോകാൻ അവനെ ആർ പ്രേരിപ്പിക്കും എന്ന് യഹോവ ചോദിച്ചപ്പോൾ,ഓരോരുത്തർ ഓരോ വിധത്തിൽ ഉത്തരം പറഞ്ഞു.
20അപ്പോൾ ഒരു ആത്മാവ് മുമ്പോട്ട് വന്ന് യഹോവയുടെ സന്നിധിയിൽ നിന്നുകൊണ്ട് ‘ഞാൻ അവനെ പ്രേരിപ്പിക്കും’ എന്ന് പറഞ്ഞു. യഹോവ അവനോട്: ‘ഏതിനാൽ?’ എന്ന് ചോദിച്ചു.21അതിന് അവൻ: ‘ഞാൻ പുറപ്പെട്ട് അവന്റെ സകലപ്രവാചകന്മാരുടെയും വായിൽ ഭോഷ്കിന്റെ ആത്മാവായിരിക്കും’ എന്ന് പറഞ്ഞു. ‘നീ അവനെ പ്രേരിപ്പിക്കും; നിനക്കത് സാധിക്കും; നീ പോയി അങ്ങനെ ചെയ്ക’ എന്ന് അവൻ കല്പിച്ചു.
22ആകയാൽ ഇതാ, യഹോവ ഭോഷ്കിന്റെ ആത്മാവിനെ നിന്റെ ഈ പ്രവാചകന്മാരുടെ വായിൽ കൊടുത്തിരിക്കുന്നു; യഹോവ നിന്നെക്കുറിച്ച് അനർത്ഥം കല്പിച്ചുമിരിക്കുന്നു.”
23അപ്പോൾ കെനാനയുടെ മകനായ സിദെക്കീയാവ് അടുത്തുചെന്ന് മീഖായാവിനെ ചെകിട്ടത്ത് അടിച്ചു: “നിന്നോട് സംസാരിപ്പാൻ യഹോവയുടെ ആത്മാവ് എന്നെ കടന്ന് ഏതു വഴിയായി വന്നു?“ എന്ന് ചോദിച്ചു.24അതിന് മീഖായാവ്: “നീ ഒളിക്കേണ്ടതിന് അറ തേടിനടക്കുന്ന ദിവസം നീ അത് കാണും” എന്ന് പറഞ്ഞു.
25അപ്പോൾ യിസ്രായേൽരാജാവു് പറഞ്ഞത്: “നിങ്ങൾ മീഖായാവിനെ പിടിച്ച് നഗരാധിപതിയായ ആമോന്റെയും രാജകുമാരനായ യോവാശിന്റെയും അടുക്കൽ കൊണ്ടുചെന്ന്,26ഇവനെ കാരാഗൃഹത്തിൽ ആക്കി, ഞാൻ സമാധാനത്തോടെ മടങ്ങിവരുവോളം അപ്പവും വെള്ളവും വളരെ കുറച്ച് നൽകി ഞെരുക്കത്തിന്റെ അനുഭവം കൊടുക്കേണം’ എന്ന് രാജാവ് കല്പിച്ചിരിക്കുന്നു” എന്നു പറവീൻ.27അതിന് മീഖായാവ്: “നീ സമാധാനത്തോടെ മടങ്ങിവരുന്നെങ്കിൽ യഹോവ ഞാൻ മുഖാന്തരം അരുളിച്ചെയ്തിട്ടില്ല” എന്ന് പറഞ്ഞു. “സകലജനങ്ങളുമേ, കേട്ടുകൊൾവിൻ!” എന്നും അവൻ പറഞ്ഞു.

28അങ്ങനെ യിസ്രായേൽരാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും ഗിലെയാദിലെ രാമോത്തിലേക്കു പോയി.29എന്നാൽ യിസ്രായേൽരാജാവ് യെഹോശാഫാത്തിനോട്: “ഞാൻ വേഷം മാറി പടയിൽ കടക്കും; നീയോ രാജവസ്ത്രം ധരിച്ചുകൊൾക” എന്നു പറഞ്ഞു. അങ്ങനെ യിസ്രായേൽരാജാവ് വേഷംമാറി, അവർ പടയിൽ കടന്നു.30എന്നാൽ അരാംരാജാവ് തന്റെ രഥനായകന്മാരോട്: “നിങ്ങൾ യിസ്രായേൽരാജാവിനോടു മാത്രമല്ലാതെ ചെറിയവരോടോ വലിയവരോടോ യുദ്ധം ചെയ്യരുത്” എന്ന് കല്പിച്ചിരുന്നു.
31ആകയാൽ രഥനായകന്മാർ യെഹോശാഫാത്തിനെ കണ്ടപ്പോൾ; “ഇവൻ തന്നേ യിസ്രായേൽരാജാവ്” എന്ന് പറഞ്ഞ് അവനോട് പൊരുതുവാൻ തിരിഞ്ഞു; എന്നാൽ യെഹോശാഫാത്ത് നിലവിളിച്ചു; യഹോവ അവനെ സഹായിച്ചു; അവനെ വിട്ടുപോകുവാൻ ദൈവം അവർക്ക് തോന്നിച്ചു.32അവൻ യിസ്രായേൽരാജാവല്ല എന്നു രഥനായകന്മാർ കണ്ടിട്ട് അവർ അവനെ പിന്തുടരാതെ മടങ്ങിപ്പോയി.
33എന്നാൽ ഒരുത്തൻ യദൃച്ഛയാ വില്ലു കുലെച്ച് യിസ്രായേൽരാജാവിനെ കവചത്തിനും പതക്കത്തിനും മദ്ധ്യെ എയ്തു; അവൻ തന്റെ സാരഥിയോടു്: “നീ രഥം തിരിച്ച് എന്നെ പടയിൽനിന്ന് കൊണ്ടുപോക; ഞാൻ കഠിനമായി മുറിവേറ്റിരിക്കുന്നു” എന്ന് പറഞ്ഞു.34അന്നു യുദ്ധം കഠിനമായി തീർന്നതുകൊണ്ട് യിസ്രായേൽരാജാവ് സന്ധ്യവരെ അരാമ്യർക്കെതിരെ രഥത്തിൽ ചാരി നിന്നു; സൂര്യൻ അസ്തമിക്കുന്ന സമയത്ത് അവൻ മരിച്ചുപോയി.

19

1യെഹൂദാരാജാവായ യെഹോശാഫാത്ത് യെരൂശലേമിൽ തന്റെ അരമനയിലേക്ക് സമാധാനത്തോടെ മടങ്ങിവന്നപ്പോൾ2ഹനാനിയുടെ മകനായ യേഹൂദർശകൻ അവനെ എതിരേറ്റുചെന്ന് യെഹോശാഫാത്ത് രാജാവിനോട്: “ദുഷ്ടന് സഹായം ചെയ്യുന്നതും, യഹോവയെ പകെക്കുന്നവരോട് സ്നേഹം കാണിക്കുന്നതും ശരിയോ?അതുകൊണ്ട് യഹോവയുടെ കോപം നിന്റെമേൽ വന്നിരിക്കുന്നു.3എങ്കിലും നീ അശേരാപ്രതിഷ്ഠകളെ നീക്കിക്കളകയും ദൈവത്തെ അന്വേഷിപ്പാൻ മനസ്സുവെക്കയും ചെയ്തതിനാൽ നിന്നിൽ നന്മയും കണ്ടിരിക്കുന്നു” എന്ന് പറഞ്ഞു.

4യെഹോശാഫാത്ത് യെരൂശലേമിൽ പാർത്തു, ബേർ-ശേബമുതൽ എഫ്രയീംമലനാടുവരെ ജനത്തിന്റെ ഇടയിൽ വീണ്ടും സഞ്ചരിച്ച് അവരെ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയിലേക്ക് തിരിച്ചുവരുത്തി.5അവൻ ദേശത്ത്, യെഹൂദയിലെ ഉറപ്പുള്ള പട്ടണങ്ങളിലെല്ലാം ന്യായാധിപന്മാരെ നിയമിച്ചു.അവരോട് പറഞ്ഞത്:
6“നിങ്ങൾ ചെയ്യുന്നത് സൂക്ഷിച്ചുകൊൾവിൻ; നിങ്ങൾ മനുഷ്യർക്കല്ല, യഹോവെക്കു വേണ്ടിയത്രേ ന്യായപാലനം ചെയ്യുന്നത്; ന്യായപാലനത്തിൽ അവൻ നിങ്ങളോടുകൂടെ ഇരിക്കുന്നു.7ആകയാൽ ദൈവ ഭയം നിങ്ങളിൽ ഉണ്ടായിരിക്കട്ടെ; സൂക്ഷിച്ച് പ്രവർത്തിച്ചുകൊൾവിൻ; നമ്മുടെ ദൈവമായ യഹോവയുടെ പക്കൽ അന്യായവും മുഖപക്ഷവും കൈക്കൂലി വാങ്ങലും ഇല്ലല്ലോ.”
8കൂടാതെ യെരൂശലേമിലും, യെഹോശാഫാത്ത്, ലേവ്യരിലും പുരോഹിതന്മാരിലും യിസ്രായേലിന്റെ പിതൃഭവനത്തലവന്മാരിലും ചിലരെ യഹോവയുടെ ന്യായപാലനത്തിനായും വ്യവഹാരം തീർക്കേണ്ടതിനായും നിയമിച്ചു;9അവർ യെരൂശലേമിൽ മടങ്ങിവന്നു. അവൻ അവരോട് കല്പിച്ചതെന്തെന്നാൽ: “നിങ്ങൾ ദൈവ ഭയത്തോടും, വിശ്വസ്തതയോടും, ഏകാഗ്രഹൃദയത്തോടും കൂടെ പ്രവർത്തിച്ചുകൊള്ളേണം.”
10ഓരോ പട്ടണത്തിലും പാർക്കുന്ന നിങ്ങളുടെ സഹോദരന്മാർ രക്തപാതകം, ന്യായപ്രമാണം, കല്പനകൾ, ചട്ടങ്ങൾ, വിധികൾ എന്നിവയെ സംബന്ധിച്ചുള്ള ഏതൊരു വ്യവഹാരവുമായി നിങ്ങളുടെ മുമ്പാകെ വന്നാൽ, അവർ യഹോവയോട് അകൃത്യം ചെയ്തിട്ട് നിങ്ങളുടെമേലും നിങ്ങളുടെ സഹോദരന്മാരുടെമേലും ക്രോധം വരാതിരിക്കേണ്ടതിന് നിങ്ങൾ അവർക്ക് ബുദ്ധി ഉപദേശിച്ചു കൊടുക്കേണം; നിങ്ങൾ കുറ്റക്കാരാകാതിരിക്കേണ്ടതിന് അങ്ങനെ ചെയ്തുകൊൾവിൻ.
11ഇതാ, മഹാപുരോഹിതനായ അമര്യാവ് യഹോവയുടെ എല്ലാകാര്യത്തിലും, യെഹൂദാഗൃഹത്തിന്റെ പ്രഭുവായ യിശ്മായേലിന്റെ മകൻ സെബദ്യാവ് രാജാവിന്റെ എല്ലാകാര്യത്തിലും നിങ്ങൾക്ക് തലവന്മാരായിരിക്കുന്നു; ലേവ്യരും ഉദ്യോഗസ്ഥന്മാരായി നിങ്ങൾക്കുണ്ട്. ധൈര്യപ്പെട്ട് പ്രവർത്തിച്ചുകൊൾവീൻ; യഹോവ നല്ലവരോടുകൂടെ ഇരിക്കും.”

20

1അതിനുശേഷം മോവാബ്യരും അമ്മോന്യരും അവരോടുകൂടെ മറ്റുചിലരും യെഹോശാഫാത്തിനോട് യുദ്ധം ചെയ്യുവാൻ വന്നു.2അപ്പോൾ ചിലർ വന്ന് യെഹോശാഫാത്തിനോട്: “വലിയോരു ജനസമൂഹം കടലിനക്കരെയുള്ള, അരാമിൽനിന്ന് നിനക്കെതിരെ വരുന്നു; ഇപ്പോൾ അവർ ഏൻ-ഗെദിയെന്ന ഹസസോൻ-താമാരിൽ ഉണ്ട്” എന്ന് അറിയിച്ചു.

3യെഹോശാഫാത്ത് ഭയപ്പെട്ട് യഹോവയെ അന്വേഷിപ്പാൻ താല്പര്യപ്പെട്ട് യെഹൂദയിൽ മുഴുവൻ ഒരു ഉപവാസം പ്രസിദ്ധം ചെയ്തു.4യഹോവയോട് സഹായം ചോദിപ്പാൻ യെഹൂദ്യർ ഒന്നിച്ചുകൂടി; സകല യെഹൂദാ നഗരങ്ങളിൽ നിന്നും അവർ യഹോവയെ അന്വേഷിപ്പാൻ വന്നു.
5യെഹോശാഫാത്ത് യഹോവയുടെ ആലയത്തിൽ പുതിയ പ്രാകാരത്തിന്റെ മുമ്പിൽ യെഹൂദയുടെയും യെരൂശലേമിന്റെയും സഭാമദ്ധ്യേ നിന്നുകൊണ്ട് പറഞ്ഞതെന്തെന്നാൽ:6“ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേ, നീ സ്വർഗ്ഗസ്ഥനായ ദൈവമല്ലോ; നീ വിജാതിയരുടെ സകലരാജ്യങ്ങളും ഭരിക്കുന്നുവല്ലോ; ആർക്കും എതിർപ്പാൻ കഴിയാത്ത ശക്തിയും പ്രാപ്തിയും നിനക്കുണ്ടല്ലോ.7ഞങ്ങളുടെ ദൈവമേ, നീ നിന്റെ ജനമായ യിസ്രായേലിന്റെ മുമ്പിൽനിന്ന് ഈ ദേശ നിവാസികളെ നീക്കിക്കളഞ്ഞ് അത് നിന്റെ സ്നേഹിതനായ അബ്രാഹാമിന്റെ സന്തതിക്ക് ശാശ്വതമായി കൊടുത്തുവല്ലോ.
8അവർ അതിൽ പാർത്തു; ‘ന്യായവിധിയുടെ വാൾ, പകർച്ചവ്യാധി, ക്ഷാമം എന്നിങ്ങനെയുള്ള അനർത്ഥങ്ങൾ ഞങ്ങൾക്കു വരുമ്പോൾ, ഞങ്ങൾ ഈ ആലയത്തിന്റെ മുമ്പിലും നിന്റെ സന്നിധിയിലും നിന്ന് -നിന്റെ നാമം ഈ ആലയത്തിൽ ഉണ്ടല്ലോ- ഞങ്ങളുടെ സങ്കടത്തിൽ നിന്നോടു നിലവിളിക്കയും നീ കേട്ടു രക്ഷവരുത്തുകയും ചെയ്യും’ എന്ന് പറഞ്ഞു.9ആ ദേശത്ത് തിരുനാമത്തിനു വേണ്ടി ഒരു വിശുദ്ധമന്ദിരം പണിയുകയും ചെയ്തു.
10യിസ്രായേൽജനം ഈജിപ്റ്റിൽനിന്ന് വരുമ്പോൾ അവർ അമ്മോന്യരേയും മോവാബ്യരേയും സേയീർപർവ്വതക്കാരെയും ആക്രമിപ്പാൻ നീ അനുവാദം കൊടുത്തില്ലല്ലോ; അവർ അവരെ നശിപ്പിക്കാതെ വിട്ടുമാറി.11ഇപ്പോൾ ഇതാ, നീ ഞങ്ങൾക്കു കൈവശമാക്കിത്തന്ന നിന്റെ അവകാശ ദേശത്തിൽനിന്ന് ഞങ്ങളെ നീക്കിക്കളവാൻ അവർ വന്ന് ഞങ്ങൾക്കു ഇങ്ങനെ പ്രതിഫലം തരുന്നു.
12ഞങ്ങളുടെ ദൈവമേ, നീ അവരെ ന്യായം വിധിക്കയില്ലയോ? ഞങ്ങളുടെ നേരെ വരുന്ന ഈ വലിയ സമൂഹത്തോടെതിർപ്പാൻ ഞങ്ങൾക്ക് ശക്തിയില്ല; എന്ത് ചെയ്യേണ്ടു എന്ന് ഞങ്ങൾ അറിയുന്നതുമില്ല; എങ്കിലും ഞങ്ങളുടെ കണ്ണുകൾ നിങ്കലേക്ക് തിരിഞ്ഞിരിക്കുന്നു.”13അങ്ങനെ യെഹൂദ്യർ എല്ലാം അവരുടെ ഭാര്യമാരോടും കുഞ്ഞുകുട്ടികളോടും കൂടെ യഹോവയുടെ സന്നിധിയിൽ നിന്നു.
14അപ്പോൾ സഭാമദ്ധ്യേവെച്ച് യഹോവയുടെ ആത്മാവ് ആസാഫിന്റെ പുത്രന്മാരിൽ മത്ഥന്യാവിന്റെ മകനായ യെയീയേലിന്റെ മകനായ ബെനായാവിന്റെ മകനായ സെഖര്യാവിന്റെ മകൻ യഹസീയേൽ എന്ന ഒരു ലേവ്യന്റെമേൽ വന്നു.15അവൻ പറഞ്ഞത് എന്തെന്നാൽ: “യെഹൂദ്യരെ, യെരൂശലേംനിവാസികളെ, യെഹോശാഫാത്ത് രാജാവേ!കേട്ടാലും; യഹോവ ഇപ്രകാരം നിങ്ങളോട് അരുളിച്ചെയ്യുന്നു: ‘ഈ വലിയ സമൂഹംനിമിത്തം ഭയപ്പെടരുത്, ഭ്രമിക്കയും അരുത്; യുദ്ധം നിങ്ങളുടേതല്ല, ദൈവത്തിന്റെതത്രേ.’
16നാളെ അവരുടെ നേരെ ചെല്ലുക; ഇതാ, അവർ സീസ് കയറ്റം കയറിവരുന്നു; നിങ്ങൾ അവരെ യെരൂവേൽ മരുഭൂമിക്കു മുമ്പുള്ള തോടിന്റെ അറ്റത്തുവെച്ച് കാണും.17ഈ യുദ്ധത്തിൽ നിങ്ങൾ പോരാടേണ്ട ആവശ്യം ഇല്ല; യെഹൂദാ -യെരൂശലേം നിവാസികളെ , നിങ്ങൾ സ്വസ്ഥമായി നിന്ന് യഹോവ നിങ്ങൾക്ക് വരുത്തുന്ന രക്ഷ കണ്ടുകൊൾവിൻ; ഭയപ്പെടരുത്, ഭ്രമിക്കയും അരുത്; നാളെ അവരുടെ നേരെ ചെല്ലുവിൻ; യഹോവ നിങ്ങളോടുകൂടെ ഉണ്ട്.”
18അപ്പോൾ യെഹോശാഫാത്ത് സാഷ്ടാംഗം വണങ്ങി; യെഹൂദ്യരും യെരൂശലേം നിവാസികളും യഹോവയുടെ മുമ്പാകെ വീണ് നമസ്കരിച്ചു.19കെഹാത്യരും കോരഹ്യരുമായ ലേവ്യർ യിസ്രായേലിന്റെ ദൈവമായ യഹോവയെ അത്യുച്ചത്തിൽ സ്തുതിപ്പാൻ എഴുന്നേറ്റു.
20പിന്നെ അവർ അതികാലത്ത് എഴുന്നേറ്റ് തെക്കോവ മരുഭൂമിയിലേക്ക് പുറപ്പെട്ടു; അവർ പുറപ്പെട്ടപ്പോൾ യെഹോശാഫാത്ത് അവരുടെ മുമ്പിൽ നിന്നുകൊണ്ട്: “യെഹൂദ്യരേ, യെരൂശലേംനിവാസികളേ, എന്റെ വാക്ക് ശ്രദ്ധിപ്പിൻ; നിങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വസിപ്പീൻ; എന്നാൽ നിങ്ങൾ ഉറെച്ചുനില്ക്കും; അവന്റെ പ്രവാചകന്മാരേയും വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ കൃതാർത്ഥരാകും” എന്ന് പറഞ്ഞു.21പിന്നെ അവൻ ജനത്തോട് ആലോചിച്ച ശേഷം, വിശുദ്ധമായ അലങ്കാര വസ്ത്രം ധരിച്ച് സൈന്യത്തിന് മുമ്പിൽ നടന്നുകൊണ്ട് വാഴ്ത്തുവാനും, “യഹോവയെ സ്തുതിപ്പിൻ, അവന്റെ ദയ എന്നേക്കും ഉള്ളതല്ലോ“ എന്ന് പാടുവാനും സംഗീതക്കാരെ നിയമിച്ചു.
22അവർ പാടി സ്തുതിച്ചുതുടങ്ങിയപ്പോൾ, യഹോവ യെഹൂദെക്കു വിരോധമായി വന്ന അമ്മോന്യരുടെയും മോവാബ്യരുടെയും സേയീർപർവ്വതക്കാരുടെയും നേരെ പതിയിരിപ്പുകാരെ വരുത്തി; അങ്ങനെ അവർ തോറ്റുപോയി.23അമ്മോന്യരും മോവാബ്യരും സേയീർപർവ്വതനിവാസികളോട് എതിർത്ത് അവരെ പൂർണമായി നശിപ്പിച്ചു; സേയീർനിവാസികളെ സംഹരിച്ചശേഷം അവർ അന്യോന്യം നശിപ്പിച്ചു.
24യെഹൂദ്യർ മരുഭൂമിയിലെ കാവൽഗോപുരത്തിനരികെ എത്തിയപ്പോൾ അവർ പുരുഷാരത്തെ നോക്കി, അവർ നിലത്ത് ശവങ്ങളായി കിടക്കുന്നത് കണ്ടു; ഒരുത്തനും രക്ഷപെട്ടിരുന്നില്ല.
25യെഹോശാഫാത്തും അവന്റെ പടയാളികളും അവരെ കൊള്ളയിടുവാൻ വന്നപ്പോൾ അവരുടെ ഇടയിൽ ധാരാളം സമ്പത്തും വസ്ത്രങ്ങളും വിശേഷവസ്തുക്കളും കണ്ടെത്തി; തങ്ങൾക്ക് ചുമപ്പാൻ കഴിയുന്നതിലധികം ഊരി എടുത്തു; കൊള്ള മുതൽ വളരെയായിരുന്നതുകൊണ്ട് അവർ മൂന്നു ദിവസം കൊള്ളയിട്ടുകൊണ്ടിരുന്നു.26നാലാം ദിവസം അവർ ബെരാഖാ താഴ്വരയിൽ ഒന്നിച്ചുകൂടി; അവർ അവിടെ യഹോവെക്കു സ്തോത്രം ചെയ്തതുകൊണ്ട് ആ സ്ഥലത്തിന് ഇന്നുവരെ ബെരാഖാതാഴ്വര എന്ന് പേർ പറഞ്ഞുവരുന്നു.
27യഹോവ അവർക്ക് ശത്രുക്കളുടെമേൽ ജയഘോഷം നല്കിയതുകൊണ്ട് യെഹൂദ്യരും യെരൂശലേമ്യരും യെഹോശാഫാത്തിന്റെ പിന്നാലെ സന്തോഷത്തോടെ യെരൂശലേമിലേക്ക് മടങ്ങിപ്പോന്നു;28അവർ വീണകളോടും കിന്നരങ്ങളോടും കാഹളങ്ങളോടുംകൂടെ യെരൂശലേമിൽ യഹോവയുടെ ആലയത്തിലേക്ക് ചെന്നു.
29യഹോവ യിസ്രായേലിന്റെ ശത്രുക്കളോട് യുദ്ധം ചെയ്തു എന്നു കേട്ടപ്പോൾ ദൈവത്തിന്റെ ഭീതി ആ ദേശങ്ങളിലെ സകലരാജ്യങ്ങളിന്മേലും വന്നു.30ഇങ്ങനെ തന്റെ ദൈവം നാലു ചുറ്റും അവന് സ്വസ്തത നല്കിയതുകൊണ്ട് യെഹോശാഫാത്തിന്റെ ഭരണകാലം സമാധാനപൂർണമായിരുന്നു.

31യെഹോശാഫാത്ത് യെഹൂദയിൽ രാജാവായി വാഴ്ച തുടങ്ങിയപ്പോൾ അവന് മുപ്പത്തഞ്ചു വയസ്സായിരുന്നു; അവൻ ഇരുപത്തഞ്ചു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മക്ക് അസൂബാ എന്ന് പേരായിരുന്നു; അവൾ ശിൽഹിയുടെ മകൾ ആയിരുന്നു.32അവൻ തന്റെ അപ്പനായ ആസയുടെ വഴിയിൽ നടന്ന്, അത് വിട്ടുമാറാതെ യഹോവക്ക് പ്രസാദമായത് ചെയ്തു.33എങ്കിലും പൂജാഗിരികൾക്ക് നീക്കം വന്നില്ല; ജനം തങ്ങളുടെ ഹൃദയം പിതാക്കന്മാരുടെ ദൈവത്തിങ്കലേക്ക് തിരിച്ചതുമില്ല.
34യെഹോശാഫാത്തിന്റെ മറ്റുള്ള വൃത്താന്തങ്ങൾ ആദ്യവസാനം യിസ്രായേൽരാജാക്കന്മാരുടെ പുസ്തകത്തിൽ ചേർത്തിരിക്കുന്ന ഹനാനിയുടെ മകനായ യെഹൂവിന്റെ വൃത്താന്തത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

35അതിനുശേഷം യെഹൂദാരാജാവായ യെഹോശാഫാത്ത് യിസ്രായേൽരാജാവായ അഹസ്യാവോട് സഖ്യതയിൽ ഏർപ്പെട്ടു. അഹസ്യാവ് മഹാ ദുഷ്പ്രവൃത്തിക്കാരനായിരുന്നു.36അവൻ തർശീശിലേക്ക് പോകാൻ കപ്പലുകൾ ഉണ്ടാക്കുന്നതിനായി അവനോട് യോജിച്ചു; അവർ എസ്യോൻ-ഗേബെരിൽവെച്ച് കപ്പലുകളുണ്ടാക്കി.37എന്നാൽ മാരേശക്കാരനായ ദോദാവയുടെ മകൻ എലീയേസെർ യെഹോശാഫാത്തിന് വിരോധമായി പ്രവചിച്ചു: “നീ അഹസ്യാവിനോട് സഖ്യത ചെയ്തതുകൊണ്ട് യഹോവ നിന്റെ പണികളെ ഉടെച്ചുകളഞ്ഞിരിക്കുന്നു” എന്ന് പറഞ്ഞു. കപ്പലുകൾ തർശീശിലേക്കു പോകുവാൻ കഴിയാതെ തകർന്നുപോയി.

21

1യെഹോശാഫാത്ത് മരിച്ചു;പിതാക്കന്മാരോട് ചേർന്നു. ദാവീദിന്റെ നഗരത്തിൽ പിതാക്കന്മാരുടെ കല്ലറയിൽ അവനെ അടക്കംചെയ്തു; അവന്റെ മകനായ യെഹോരാം അവന് പകരം രാജാവായി.2അവന്റെ സഹോദരന്മാർ, അസര്യാവ്, യെഹീയേൽ, സെഖര്യാവ്, അസര്യാവ്, മീഖായേൽ, ശെഫത്യാവ് എന്നിവർ ആയിരുന്നു; ഇവരെല്ലാവരും യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ പുത്രന്മാർ.3അവരുടെ അപ്പൻ അവർക്ക്, വെള്ളി, പൊന്ന്, വിശേഷവസ്തുക്കൾ തുടങ്ങി വിലയേറിയ ദാനങ്ങളും യെഹൂദയിൽ ഉറപ്പുള്ള പട്ടണങ്ങളും കൊടുത്തു; എന്നാൽ യെഹോരാം ആദ്യജാതനാകയാൽ രാജത്വം അവന് കൊടുത്തു.

4യെഹോരാം തന്റെ അപ്പന്റെ രാജ്യഭാരം ഏറ്റ് ശക്തനായതിനുശേഷം, തന്റെ സഹോദരന്മാരെ എല്ലാവരേയും, യിസ്രായേൽ പ്രഭുക്കന്മാരിൽ പലരെയും വാൾകൊണ്ട് കൊന്നു.5യെഹോരാം വാഴ്ച തുടങ്ങിയപ്പോൾ അവന് മുപ്പത്തിരണ്ട് വയസ്സായിരുന്നു; അവൻ എട്ട് സംവത്സരം യെരൂശലേമിൽ വാണു.
6ആഹാബിന്റെ കുടുംബത്തെപ്പോലെ അവൻ യിസ്രായേൽ രാജാക്കന്മാരുടെ തെറ്റായ വഴിയിൽ നടന്നു; ആഹാബിന്റെ മകൾ അവന് ഭാര്യയായിരുന്നുവല്ലോ; അവൻ യഹോവക്ക് അനിഷ്ടമായത് ചെയ്തു.7എന്നാൽ യഹോവ ദാവീദിനോട് ചെയ്തിരുന്ന നിയമം നിമിത്തം അവനും, അവന്റെ പുത്രന്മാർക്കും ഒരു ദീപം എല്ലായ്പോഴും കൊടുക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നതിനാൽ, ദാവീദ് ഗൃഹത്തെ നശിപ്പിപ്പാൻ അവന് മനസ്സില്ലായിരുന്നു.
8അവന്റെ കാലത്ത് എദോം യെഹൂദയുടെ അധികാരത്തോട് മത്സരിച്ച് തങ്ങൾക്ക് ഒരു രാജാവിനെ വാഴിച്ചു.9യെഹോരാം തന്റെ പ്രഭുക്കന്മാരോടും രഥങ്ങളോടുംകൂടെ രാത്രിയിൽ എഴുന്നേറ്റു ചെന്ന് തന്നെ വളഞ്ഞിരുന്ന എദോമ്യരെയും തേരാളികളെയും ആക്രമിച്ചു.10അങ്ങനെ എദോം ഇന്നുവരെ യെഹൂദയുടെ അധികാരത്തോട് മത്സരിച്ചു നില്ക്കുന്നു; അവൻ തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതു കൊണ്ട് ആ കാലത്ത് ലിബ്നയും അവന്റെ അധികാരത്തോട് മത്സരിച്ചു.
11അവൻ യെഹൂദാപർവ്വതങ്ങളിൽ പൂജാഗിരികൾ ഉണ്ടാക്കി; യെരൂശലേംനിവാസികൾ പരസംഗം ചെയ്യുവാൻ ഇടയാക്കി, യെഹൂദയെ തെറ്റിച്ചുകളഞ്ഞു.
12അവന് എലീയാപ്രവാചകന്റെ ഒരു എഴുത്ത് വന്നതെന്തെന്നാൽ: “നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നീ നിന്റെ അപ്പനായ യെഹോശാഫാത്തിന്റെ വഴികളിലും യെഹൂദാരാജാവായ ആസയുടെ വഴികളിലും നടക്കാതെ13യിസ്രായേൽ രാജാക്കന്മാരുടെ വഴിയിൽ നടക്കയും ആഹാബ് ഗൃഹത്തിന്റെ പരസംഗംപോലെ യെഹൂദയെയും യെരൂശലേം നിവാസികളെയും പരസംഗം ചെയ്യുമാറാക്കുകയും, നിന്നെക്കാൾ നല്ലവരായ,നിന്റെ പിതൃഭവനത്തിലുള്ള സഹോദരന്മാരെ കൊല്ലുകയും ചെയ്കകൊണ്ട്14യഹോവ നിന്റെ മക്കളും, ഭാര്യമാരും അടങ്ങുന്ന സ്വന്തക്കാരെയും,നിന്റെ സകലവസ്തുവകകളെയും കഠിനമായി പീഡിപ്പിക്കും.15നീ കുടലിൽ രോഗബാധിതനാകും. നിന്റെ കുടൽ കാലക്രമേണ പുറത്തു ചാടും വരെ കുടലിൽ കഠിന വ്യാധി പിടിക്കും.”
16യഹോവ എത്യോപ്യരുടെ സമീപത്തുള്ള ഫെലിസ്ത്യരേയും,അറബികളേയും യെഹോരാമിനോട് പോരാടാൻ പ്രേരിപ്പിച്ചു;17അവർ യെഹൂദയിൽ വന്ന് അതിനെ ആക്രമിച്ചു; രാജധാനിയിൽ കണ്ട സകല വസ്തുവകകളും അപഹരിച്ചു; അവന്റെ ഭാര്യമാരെയും പുത്രന്മാരെയും പിടിച്ചു കൊണ്ടുപോയി;അവന്റെ ഇളയമകനായ യെഹോവാഹാസ് അല്ലാതെ ഒരു മകനും അവന് ശേഷിച്ചില്ല.
18ഇതെല്ലാം കഴിഞ്ഞശേഷം യഹോവ, അവന്റെ കുടലിൽ, പൊറുക്കാത്ത ഒരു രോഗം അയച്ചു.19കാലക്രമേണ രോഗം മൂർഛിക്കയും രണ്ട് സംവത്സരം കഴിഞ്ഞ് അവന്റെ കുടൽ പുറത്തുചാടി, അവൻ കഠിനവേദനയാൽ മരിക്കയും ചെയ്തു; അവന്റെ ജനം അവന്റെ പിതാക്കന്മാരെ പോലെ അവനെ ബഹുമാനിച്ച് അഗ്നികുണ്ഠം ഒരുക്കിയില്ല.20അവൻ വാഴ്ച തുടങ്ങിയപ്പോൾ അവന് മുപ്പത്തിരണ്ട് വയസ്സായിരുന്നു; അവൻ എട്ടു സംവത്സരം യെരൂശലേമിൽ വാണു.അവന്റെ മരണത്തിൽ ആരും ദുഖിച്ചില്ല. അവനെ ദാവീദിന്റെ നഗരത്തിൽ അടക്കം ചെയ്തു എങ്കിലും രാജാക്കന്മാരുടെ കല്ലറകളിൽ അല്ലായിരുന്നു.

22

1യെരൂശലേം നിവാസികൾ യെഹോരാമിന്റെ ഇളയമകനായ അഹസ്യാവിനെ അവന് പകരം രാജാവാക്കി; അറബികളോടുകൂടെ പാളയത്തിൽ വന്ന പടക്കൂട്ടം മൂത്തവരെ ഒക്കെയും കൊന്നുകളഞ്ഞിരുന്നു; ഇങ്ങനെ യെഹൂദാരാജാവായ യെഹോരാമിന്റെ മകൻ അഹസ്യാവ് രാജാവായി.2അഹസ്യാവ് വാഴ്ച തുടങ്ങിയപ്പോൾ അവന് നാല്പത്തിരണ്ട് വയസ്സായിരുന്നു; അവൻ ഒരു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മക്ക് അഥല്യാ എന്നു പേർ; അവൾ ഒമ്രിയുടെ കൊച്ചുമകളായിരുന്നു.3അവനും ആഹാബ് ഗൃഹത്തിന്റെ വഴികളിൽ നടന്നു; ദുഷ്ടത പ്രവർത്തിപ്പാൻ അവന്റെ അമ്മ അവനെ ഉപദേശിച്ചിരുന്നു.

4അതുകൊണ്ട് അവൻ ആഹാബ് ഗൃഹത്തെപ്പോലെ യഹോവക്ക് അനിഷ്ടമായത് ചെയ്തു; അവർ അവന്റെ അപ്പൻ മരിച്ചശേഷം അവന്റെ നാശത്തിനായി അവന്റെ ഉപദേശകരായിരുന്നു.5അവരുടെ ആലോചനപോലെ അവൻ നടന്നു; യിസ്രായേൽരാജാവായ ആഹാബിന്റെ മകൻ യോരാമിനോടുകൂടെ അവൻ ഗിലെയാദിലെ രാമോത്തിൽ അരാംരാജാവായ ഹസായേലിനോട് യുദ്ധത്തിന് പോയി; എന്നാൽ അരാമ്യർ യോരാമിനെ മുറിവേല്പിച്ചു.
6അരാംരാജാവായ ഹസായേലിനോടുള്ള യുദ്ധത്തിൽ രാമയിൽവെച്ച് ഏറ്റ മുറിവുകൾ ചികിത്സിക്കേണ്ടതിന് അവൻ യിസ്രയേലിലേക്ക് മടങ്ങിപ്പോയി; യെഹൂദാരാജാവായ യെഹോരാമിന്റെ മകൻ അസര്യാവ്, ആഹാബിന്റെ മകനായ യോരാം ദീനമായി കിടക്കുകയാൽ അവനെ കാണ്മാൻ യിസ്രയേലിൽ ചെന്നു.
7യോരാമിന്റെ അടുക്കൽ ചെന്നത് അഹസ്യാവിന് ദൈവഹിതത്താൽ നാശഹേതുവായി ഭവിച്ചു; അവൻ ചെന്ന സമയം ആഹാബ് ഗൃഹത്തെ ഛേദിച്ചു കളയുവാൻ യഹോവ അഭിഷേകം ചെയ്ത നിംശിയുടെ മകനായ യേഹൂവിന്റെ നേരെ അവൻ യെഹോരാമിനോടുകൂടെ പുറപ്പെട്ടു.8യേഹൂ ആഹാബ് ഗൃഹത്തോട് ന്യായവിധി നടത്തുമ്പോൾ അവൻ യെഹൂദാപ്രഭുക്കന്മാരെയും അഹസ്യാവിന് ശുശ്രൂഷ ചെയ്യുന്നവരായ അഹസ്യാവിന്റെ സഹോദരന്മാരുടെ പുത്രന്മാരെയും കണ്ട് അവരെ കൊന്നുകളഞ്ഞു.
9പിന്നെ അവൻ അഹസ്യാവിനെ അന്വേഷിച്ചു; അവൻ ശമര്യയിൽ ഒളിച്ചിരിക്കയായിരുന്നു; അവർ അവനെ പിടിച്ച് യേഹൂവിന്റെ അടുക്കൽ കൊണ്ടുവന്ന് കൊന്നുകളഞ്ഞു; പൂർണ്ണഹൃദയത്തോടെ യഹോവയെ അന്വേഷിച്ച യെഹോശാഫാത്തിന്റെ മകനല്ലോ എന്നു പറഞ്ഞ് അവർ അവനെ അടക്കം ചെയ്തു. ഇങ്ങനെ അഹസ്യാവിന്റെ ഗൃഹത്തിൽ രാജ്യഭരണം ഏൽപ്പാൻ ആരും ഇല്ലാതെയായി.

10അഹസ്യാവിന്റെ അമ്മയായ അഥല്യാ തന്റെ മകൻ മരിച്ചുപോയി എന്നു കണ്ട് യെഹൂദാഗൃഹത്തിലെ രാജസന്തതിയെ ഒക്കെയും നശിപ്പിച്ചു.11എന്നാൽ രാജകുമാരിയായ യെഹോശബത്ത്, കൊല്ലപ്പെടുന്ന രാജകുമാരന്മാരുടെ ഇടയിൽ നിന്ന് അഹസ്യാവിന്റെ മകൻ യോവാശിനെ രഹസ്യമായി എടുത്ത്, അവനെയും അവന്റെ ധാത്രിയെയും ഒരു ശയനഗൃഹത്തിൽ ഒളിപ്പിച്ചു. ഇങ്ങനെ യെഹോരാം രാജാവിന്റെ മകളും യെഹോയാദാ പുരോഹിതന്റെ ഭാര്യയുമായ യെഹോശബത്ത് -അവൾ അഹസ്യാവിന്റെ സഹോദരിയല്ലോ- അഥല്യാ അവനെ കൊല്ലാതിരിക്കേണ്ടതിന് അവനെ ഒളിപ്പിച്ചു.12അഥല്യാ യെഹൂദാ ദേശം ഭരിച്ച ആറ് സംവൽസരങ്ങൾ യോവാശ് അവരോട് കൂടെ ദൈവാലയത്തിൽ ഒളിച്ചിരുന്നു.

23

1ഏഴാം വർഷം യെഹോയാദാ പുരോഹിതൻ ധൈര്യപ്പെട്ട്, യെഹോരാമിന്റെ മകൻ അസര്യാവ് യെഹോഹാനാന്റെ മകൻ യിശ്മായേൽ, ഓബേദിന്റെ മകൻ അസര്യാവ്, അദായാവിന്റെ മകൻ മയശേയാ, സിക്രിയുടെ മകൻ എലീശാഫാത്ത് എന്നീ ശതാധിപന്മാരോട് സഖ്യത ചെയ്തു.2അവർ യെഹൂദയിൽ ചുറ്റി സഞ്ചരിച്ച് സകല യെഹൂദാനഗരങ്ങളിൽ നിന്നും ലേവ്യരേയും യിസ്രായേലിന്റെ പിതൃഭവനത്തലവന്മാരെയും കൂട്ടി യെരൂശലേമിൽ വന്നു.3സർവ്വ സഭയും ദൈവാലയത്തിൽവച്ച് രാജകുമാരനോട് ഉടമ്പടി ചെയ്തു; അവൻ അവരോട് പറഞ്ഞത്: “ദാവീദിന്റെ പുത്രന്മാരെക്കുറിച്ച് യഹോവ അരുളിച്ചെയ്തതുപോലെ രാജാവിന്റെ പുത്രൻ തന്നേ രാജാവാകേണം.

4നിങ്ങൾ ഇപ്രകാരം ചെയ്യേണം: പുരോഹിതന്മാരും ലേവ്യരുമായ നിങ്ങളിൽ ശബ്ബത്തിൽ തവണമാറി വരുന്ന മൂന്നിൽ ഒരു ഭാഗം വാതിൽകാവല്ക്കാരായിരിക്കേണം.5മൂന്നിൽ ഒരു ഭാഗം രാജധാനിയിലും മൂന്നിൽ ഒരു ഭാഗം അടിസ്ഥാനവാതിൽക്കലും നിൽക്കേണം; ജനമെല്ലാം യഹോവയുടെ ആലയത്തിന്റെ പ്രാകാരങ്ങളിൽ ഉണ്ടായിരിക്കേണം.
6എങ്കിലും പുരോഹിതന്മാരും ലേവ്യരിൽവെച്ച് ശുശ്രൂഷ ചെയ്യുന്നവരും അല്ലാതെ ആരും യഹോവയുടെ ആലയത്തിൽ കടക്കരുത്; അവർ ശുദ്ധീകരിക്കപ്പെട്ടരിക്കയാൽ അവർക്ക് ആലയത്തിൽ കടക്കാം; എന്നാൽ ജനം എല്ലാം യഹോവയുടെ പ്രമാണം സൂക്ഷിക്കേണം.7ലേവ്യരോ, ഓരോരുത്തൻ താന്താന്റെ ആയുധം ധരിച്ചുകൊണ്ട് രാജാവിന് ചുറ്റും നില്ക്കേണം; മറ്റാരെങ്കിലും ആലയത്തിൽ കടന്നാൽ അവൻ മരണശിക്ഷ അനുഭവിക്കേണം; രാജാവ് അകത്ത് വരുമ്പോഴും പുറത്തു പോകുമ്പോഴും നിങ്ങൾ അവനോടുകൂടെ ഉണ്ടായിരിക്കേണം.
8ലേവ്യരും എല്ലാ യെഹൂദയും യെഹോയാദാ പുരോഹിതൻ കല്പിച്ചതുപോലെ ചെയ്തു; ഓരോരുത്തൻ താന്താന്റെ ആളുകളെ ശബ്ബത്തിൽ തവണമാറിപ്പോകുന്നവരെയും തവണമാറി വരുന്നവരെയും, കൂട്ടിക്കൊണ്ട് വന്നു; യെഹോയാദാ പുരോഹിതൻ ഗണങ്ങളെ ശുശ്രൂഷക്കുശേഷം വിട്ടയച്ചിരുന്നില്ല.9യെഹോയാദാ പുരോഹിതൻ, ദൈവാലയത്തിൽ ഉണ്ടായിരുന്ന ദാവീദ് രാജാവിന്റെ കുന്തങ്ങളും ചെറുപരിചകളും വൻ പരിചകളും ശതാധിപന്മാർക്ക് കൊടുത്തു.
10അവൻ സകലജനത്തെയും താന്താന്റെ കയ്യിൽ ആയുധവുമായി ആലയത്തിന്റെ വലത്തുവശം മുതൽ ഇടത്തുവശംവരെ യാഗപീഠത്തിനും ആലയത്തിനും നേരെ രാജാവിന്റെ ചുറ്റും നിർത്തി;11അവർ രാജകുമാരനെ പുറത്ത് കൊണ്ടുവന്ന് കിരീടം ധരിപ്പിച്ച് സാക്ഷ്യപുസ്തകവും കൊടുത്ത് അവനെ രാജാവാക്കി. യെഹോയാദയും പുത്രന്മാരും അവനെ രാജാവായി അഭിഷേകം ചെയ്തു: “രാജാവേ, ജയജയ” എന്ന് ആർത്തുവിളിച്ചു.

12ജനം ഓടി വരികയും രാജാവിനെ കീർത്തിക്കയും ചെയ്യുന്ന ഘോഷം അഥല്യാ കേട്ടിട്ട് യഹോവയുടെ ആലയത്തിൽ ജനത്തിന്റെ അടുക്കൽ വന്നു.13പ്രവേശനകവാടത്തിൽ രാജാവ് തന്റെ തൂണിന്റെ അരികെ നില്ക്കുന്നതും അടുക്കൽ പ്രഭുക്കന്മാരും കാഹളക്കാരും നില്ക്കുന്നതും ദേശത്തെ ജനമെല്ലാം സന്തോഷിച്ച് കാഹളം ഊതുന്നതും സംഗീതക്കാർ വാദ്യങ്ങളാൽ പാടുന്നതും സ്തോത്രഗാനം നയിക്കുന്നതും കണ്ടപ്പോൾ അഥല്യാ വസ്ത്രം കീറി: “രാജ്യദ്രോഹം, രാജ്യദ്രോഹം!” എന്ന് പറഞ്ഞു.
14യെഹോയാദാ പുരോഹിതൻ പടനായകന്മാരായ ശതാധിപന്മാരെ പുറത്ത് വരുത്തി അവരോട്: “അവളെ കാവലോടുകൂടി പുറത്തു കൊണ്ടുപോകുക; ആരെങ്കിലും അവളെ അനുഗമിച്ചാൽ അവൻ വാളാൽ മരിക്കേണം” എന്ന് കല്പിച്ചു. അവളെ യഹോവയുടെ ആലയത്തിൽവെച്ച് കൊല്ലരുത് എന്ന് പുരോഹിതൻ കല്പിച്ചിരുന്നു.15അങ്ങനെ അവർ അവളെ പിടിച്ചു; അവൾ രാജധാനിക്കു സമീപം കുതിരവാതിലിന്റെ പ്രവേശനകവാടത്തിൽ എത്തിയപ്പോൾ അവിടെവെച്ച് അവർ അവളെ കൊന്നുകളഞ്ഞു.

16അനന്തരം യെഹോയാദാ, തങ്ങൾ യഹോവയുടെ ജനം ആയിരിക്കും എന്ന് താനും സർവ്വജനവും രാജാവും തമ്മിൽ ഒരു ഉടമ്പടി ചെയ്തു.17പിന്നെ ജനമെല്ലാം ബാലിന്റെ ക്ഷേത്രത്തിലേക്കു ചെന്ന് അത് ഇടിച്ച് അവന്റെ ബലിപീഠങ്ങളെയും വിഗ്രഹങ്ങളെയും തകർത്തുകളഞ്ഞു; ബാലിന്റെ പുരോഹിതനായ മത്ഥാനെ ബലിപീഠങ്ങളുടെ മുമ്പിൽവെച്ച് കൊന്നുകളഞ്ഞു.
18ദാവീദ് കല്പിച്ചതുപോലെ സന്തോഷത്തോടും സംഗീതത്തോടുംകൂടെ മോശയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നപ്രകാരം യഹോവയുടെ ഹോമയാഗങ്ങളെ അർപ്പിക്കേണ്ടതിന്, യെഹോയാദാ, യഹോവയുടെ ആലയത്തിന് ദാവീദ് വിഭാഗിച്ചുകൊടുത്തിരുന്ന ലേവ്യരുടെയും പുരോഹിതന്മാരുടെയും കീഴിൽ യഹോവയുടെ ആലയത്തിൽ ഉദ്യോഗസ്ഥരേയും നിയമിച്ചു.19ഏതെങ്കിലും വിധത്തിൽ അശുദ്ധനായ ഒരുവനും അകത്ത് കടക്കാതെയിരിക്കേണ്ടതിന് അവൻ യഹോവയുടെ ആലയത്തിന്റെ വാതില്ക്കൽ കാവല്ക്കാരെ നിയമിച്ചു.
20അവൻ ശതാധിപന്മാരെയും പ്രഭുക്കന്മാരെയും ജനത്തിന്റെ പ്രമാണികളെയും ദേശത്തിലെ സകലജനത്തെയും കൂട്ടി രാജാവിനെ യഹോവയുടെ ആലയത്തിൽ നിന്ന് പുറത്തേക്ക് ആനയിച്ച് മേലത്തെ പടിവാതിൽ വഴിയായി രാജധാനിയിലേക്ക് കൊണ്ടുവന്ന് സിംഹാസനത്തിൽ ഇരുത്തി.21ദേശത്തിലെ സകലജനവും സന്തോഷിച്ചു; അഥല്യയെ അവർ വാൾകൊണ്ട് കൊന്നുകളഞ്ഞതിനാൽ യെരുശലേം നഗരം സ്വസ്ഥമായിരുന്നു.

24

1യോവാശ് വാഴ്ച തുടങ്ങിയപ്പോൾ അവന് ഏഴു വയസ്സായിരുന്നു; അവൻ നാല്പത് സംവത്സരം യെരൂശലേമിൽ വാണു. ബേർ-ശേബക്കാരത്തിയായ അവന്റെ അമ്മയുടെ പേര് സിബ്യാ എന്നായിരുന്നു.2യെഹോയാദാപുരോഹിതൻ ജീവിച്ചിരുന്ന കാലത്തൊക്കെയും യോവാശ് യഹോവയ്ക്ക് പ്രസാദമുള്ളത് ചെയ്തു.3യെഹോയാദാ അവന് രണ്ടു ഭാര്യമാരെ വിവാഹം കഴിപ്പിച്ച് കൊടുത്തു; അവന് പുത്രന്മാരും പുത്രിമാരും ജനിച്ചു.

4അനന്തരം യോവാശ് യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർപ്പാൻ മനസ്സുവെച്ചു.5അവൻ പുരോഹിതന്മാരെയും ലേവ്യരെയും കൂട്ടിവരുത്തി അവരോട്: “യെഹൂദാനഗരങ്ങളിലേക്കു ചെന്ന് ആണ്ടുതോറും നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിന്റെ അറ്റകുറ്റം തീർക്കുവാൻ യിസ്രായേൽ ജനത്തിൽ നിന്ന് പണം ശേഖരിപ്പിൻ; ഈ കാര്യം വേഗം നിവർത്തിക്കേണം” എന്ന് കല്പിച്ചു. ലേവ്യരോ അതിന് ബദ്ധപ്പെട്ടില്ല.
6ആകയാൽ രാജാവ് പുരോഹിതന്മാരുടെ തലവനായ യെഹോയാദയെ വിളിപ്പിച്ച് അവനോട്: “സാക്ഷ്യകൂടാരത്തിന് യഹോവയുടെ ദാസനായ മോശെ കല്പിച്ചിരിക്കുന്ന പിരിവ് യെഹൂദയിൽനിന്നും യെരൂശലേമിൽനിന്നും കൊണ്ടുവരുവാൻ നീ ലേവ്യരോടും യിസ്രായേൽസഭയോടും ആവശ്യപ്പെടാതിരിക്കുന്നത് എന്ത്?7ദുഷ്ടസ്ത്രീയായ അഥല്യയുടെ പുത്രന്മാർ ദൈവാലയത്തിലേക്ക് അതിക്രമിച്ച് കടന്ന്, യഹോവയുടെ ആലയത്തിലെ സകലനിവേദിത വസ്തുക്കളേയും ബാൽവിഗ്രഹങ്ങൾക്ക് അർപ്പിച്ചുവല്ലോ” എന്ന് പറഞ്ഞു.
8അങ്ങനെ അവർ രാജകല്പനപ്രകാരം ഒരു പണപ്പെട്ടി ഉണ്ടാക്കി യഹോവയുടെ ആലയത്തിന്റെ വാതില്ക്കൽ പുറത്തു വെച്ചു.9ദൈവത്തിന്റെ ദാസനായ മോശെ മരുഭൂമിയിൽ വെച്ച് യിസ്രായേൽജനത്തിന്മേൽ ചുമത്തിയ പിരിവ് യഹോവയുടെ അടുക്കൽ കൊണ്ടുവരുവാൻ അവർ യെഹൂദയിലും യെരൂശലേമിലും പരസ്യം ചെയ്തു.10സകലപ്രഭുക്കന്മാരും സർവ്വജനവും സന്തോഷിച്ചു; എല്ലാവരും അർപ്പിച്ച് തീരുംവരെ അവർ കൊണ്ടുവന്നത് പണപ്പെട്ടിയിൽ നിക്ഷേപിച്ചു.
11ലേവ്യർ പണപ്പെട്ടി എടുത്ത് രാജാവിന്റെ ഉദ്യോഗസ്ഥന്മാരുടെ അടുക്കൽ കൊണ്ടുവരുമ്പോൾ പണം വളരെ ഉണ്ടെന്ന് കണ്ടാൽ രാജാവിന്റെ കാര്യവിചാരകനും മഹാപുരോഹിതന്റെ കാര്യസ്ഥനും വന്ന് പെട്ടി ഒഴിക്കയും വീണ്ടും അതിന്റെ സ്ഥലത്ത് കൊണ്ടുചെന്ന് വെക്കുകയും ചെയ്യും. ഇങ്ങനെ അവർ ദിവസംപ്രതി ചെയ്കയും ധാരാളം പണം ശേഖരിക്കയും ചെയ്തു.12രാജാവും യെഹോയാദയും അത് യഹോവയുടെ ആലയത്തിൽ വേല ചെയ്യിക്കുന്നവർക്ക് കൊടുത്തു; അവർ യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർപ്പാൻ കല്പണിക്കാരെയും ആശാരികളെയും യഹോവയുടെ ആലയം കേടുപോക്കുവാൻ ഇരിമ്പും താമ്രവുംകൊണ്ട് പണിചെയ്യുന്നവരെയും കൂലിക്കു വെച്ചു.
13അങ്ങനെ പണിക്കാർ വേല ചെയ്ത് കേടുപാടുകൾ തീർത്ത് ദൈവാലയം യഥാസ്ഥാനത്താക്കി ഉറപ്പിച്ചു.14പണിതീർത്തിട്ട് ശേഷിച്ച പണം അവർ രാജാവിന്റെയും യെഹോയാദയുടെയും മുമ്പിൽ കൊണ്ടുവന്നു; അവർ അതുകൊണ്ട് യഹോവയുടെ ആലയത്തിലേക്ക് ഉപകരണങ്ങളുണ്ടാക്കി; ശുശ്രൂഷക്കും ഹോമയാഗത്തിനുമുള്ള ഉപകരണങ്ങളും, തവികളും, പൊന്നും, വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങളും തന്നേ; അവർ യെഹോയാദയുടെ കാലത്തൊക്കെയും ഇടവിടാതെ യഹോവയുടെ ആലയത്തിൽ ഹോമയാഗം അർപ്പിച്ചുപോന്നു.
15യെഹോയാദാ വയോധികനും കാലസമ്പൂർണ്ണനുമായി മരിച്ചു; മരിക്കുമ്പോൾ അവന് നൂറ്റിമുപ്പത് വയസ്സായിരുന്നു.16അവൻ യിസ്രായേലിൽ ദൈവത്തിന്റെയും അവന്റെ ആലയത്തിന്റെയും കാര്യത്തിൽ നന്മ ചെയ്തിരിക്കകൊണ്ട് അവർ അവനെ ദാവീദിന്റെ നഗരത്തിൽ രാജാക്കന്മാരുടെ ഇടയിൽ അടക്കം ചെയ്തു.
17യെഹോയാദാ മരിച്ചശേഷം യെഹൂദാപ്രഭുക്കന്മാർ വന്ന് രാജാവിനെ വണങ്ങി; രാജാവു് അവരുടെ വാക്കു കേട്ടു.18അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയുടെ ആലയം ഉപേക്ഷിച്ച് അശേരാപ്രതിഷ്ഠളെയും വിഗ്രഹങ്ങളെയും സേവിച്ചു; അവരുടെ ഈ കുറ്റം ഹേതുവായി യെഹൂദയുടെയും യെരൂശലേമിന്റെയും മേൽ ദൈവകോപം വന്നു.19എങ്കിലും അവരെ യഹോവയിലേക്ക് തിരിച്ചുവരുത്തുവാൻ അവൻ പ്രവാചകന്മാരെ അവരുടെ അടുക്കൽ അയച്ചു; അവർ അവരോട് സാക്ഷീകരിച്ചു; എങ്കിലും അവർ ചെവികൊടുത്തില്ല.
20അപ്പോൾ ദൈവത്തിന്റെ ആത്മാവ് യെഹോയാദാപുരോഹിതന്റെ മകനായ സെഖര്യാവിന്റെ മേൽ വന്നു; അവൻ ജനത്തിന്നെതിരെ നിന്ന് അവരോട് പറഞ്ഞത്: “ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾക്ക് നന്മ വരുവാൻ കഴിയാതെ നിങ്ങൾ യഹോവയുടെ കല്പനകൾ ലംഘിക്കുന്നത് എന്ത്? നിങ്ങൾ യഹോവയെ ഉപേക്ഷിച്ചതുകൊണ്ട് അവൻ നിങ്ങളെയും ഉപേക്ഷിച്ചിരിക്കുന്നു.”21എന്നാൽ അവർ അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി രാജാവിന്റെ കല്പനപ്രകാരം യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തിൽവെച്ച് അവനെ കല്ലെറിഞ്ഞു.22അങ്ങനെ യോവാശ്‌രാജാവ് അവന്റെ അപ്പനായ യെഹോയാദാ തന്നോട് കാണിച്ച ദയ ഓർക്കാതെ അവന്റെ മകനെ കൊന്നുകളഞ്ഞു; അവൻ മരിക്കുമ്പോൾ: “യഹോവ നോക്കി ചോദിച്ചുകൊള്ളട്ടെ” എന്ന് പറഞ്ഞു.
23ആ വർഷം കഴിഞ്ഞപ്പോൾ അരാമ്യസൈന്യം അവന്റെ നേരെ പുറപ്പെട്ടു; അവർ യെഹൂദയിലും യെരൂശലേമിലും വന്ന് ജനത്തിന്റെ ഇടയിൽനിന്ന് സകല പ്രഭുക്കന്മാരെയും നശിപ്പിച്ച് കൊള്ള വസ്തുക്കൾ ദമ്മേശെക്‌രാജാവിന് കൊടുത്തയച്ചു.24അരാമ്യസൈന്യം എണ്ണത്തിൽ ചുരുക്കമായിരുന്നെങ്കിലും യഹോവ അവരുടെ കയ്യിൽ ഏറ്റവും വലിയോരു സൈന്യത്തെ ഏല്പിച്ചു; അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചിരുന്നുവല്ലോ. ഇങ്ങനെ യോവാശിനോട് അവർ ന്യായവിധി നടത്തി.
25അവർ അവനെ വിട്ടുപോയ ശേഷം -കഠിനമായി മുറിവേറ്റ നിലയിലായിരുന്നു അവനെ വിട്ടേച്ചുപോയത്- യെഹോയാദാപുരോഹിതന്റെ പുത്രന്മാരുടെ രക്തംനിമിത്തം അവന്റെ സ്വന്തഭൃത്യന്മാർ അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി അവനെ കിടക്കയിൽവെച്ച് കൊന്നുകളഞ്ഞു; അങ്ങനെ അവൻ മരിച്ചു; അവനെ ദാവീദിന്റെ നഗരത്തിൽ അടക്കം ചെയ്തു;എന്നാൽ രാജാക്കന്മാരുടെ കല്ലറകളിൽ അടക്കം ചെയ്തില്ല.26അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കിയവരോ, അമ്മോന്യസ്ത്രീയായ ശിമെയാത്തിന്റെ മകൻ സാബാദും മോവാബ്യസ്ത്രീയായ ശിമ്രീത്തിന്റെ മകൻ യെഹോസാബാദും തന്നേ.
27അവന്റെ പുത്രന്മാരുടെയും, അവന് വിരോധമായുള്ള അനേക പ്രവചനങ്ങളുടെയും,ദൈവാലയം കേടുപാട് തീർത്തതിന്റെയും വൃത്താന്തം രാജാക്കന്മാരുടെ ചരിത്രപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. അവന്റെ മകനായ അമസ്യാവ് അവന് പകരം രാജാവായി.

25

1അമസ്യാവ് വാഴ്ചതുടങ്ങിയപ്പോൾ അവന് ഇരുപത്തഞ്ച് വയസ്സായിരുന്നു. അവൻ ഇരുപത്തൊമ്പത് സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മ യെരൂശലേംകാരത്തിയായ യെഹോവദ്ദാൻ ആയിരുന്നു.2അവൻ യഹോവയ്ക്ക് പ്രസാദമായത് ചെയ്തു; ഏകാഗ്രഹൃദയത്തോടെ അല്ലതാനും.

3രാജത്വത്തിൽ ഉറെച്ചശേഷം അവൻ തന്റെ അപ്പനായ രാജാവിനെ കൊന്ന തന്റെ ഭൃത്യന്മാർക്ക് മരണശിക്ഷ നൽകി.4എങ്കിലും അവരുടെ പുത്രന്മാരെ അവൻ കൊന്നില്ല; ‘അപ്പന്മാർ പുത്രന്മാരുടെ നിമിത്തം മരിക്കരുത്; പുത്രന്മാർ അപ്പന്മാരുടെ നിമിത്തവും മരിക്കരുത്; ഓരോരുത്തൻ സ്വന്ത പാപം നിമിത്തമേ മരിക്കാവു’ എന്ന് യഹോവ കല്പിച്ചിരിക്കുന്നതായി മോശെയുടെ പുസ്തകത്തിലെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ തന്നേ.
5കൂടാതെ,അമസ്യാവ് യെഹൂദാജനത്തെ കൂട്ടിവരുത്തി; യെഹൂദ്യരും ബെന്യാമീന്യരുമായ അവരെ സഹസ്രാധിപന്മാർക്കും ശതാധിപന്മാർക്കും കീഴെ, പിതൃഭവനങ്ങൾ പ്രകാരം നിർത്തി, ഇരുപതു വയസ്സിനു് മുകളിലുള്ളവരുടെ എണ്ണം എടുത്തു. കുന്തവും പരിചയും എടുപ്പാൻ പ്രാപ്തിയുള്ള ശ്രേഷ്ഠയോദ്ധാക്കൾ, മൂന്നു ലക്ഷം, എന്ന് കണ്ടു.6അവൻ യിസ്രായേലിൽനിന്ന് ഒരു ലക്ഷം പരാക്രമശാലികളെ നൂറു താലന്ത് വെള്ളി കൊടുത്ത് കൂലിക്കു വാങ്ങി.
7എന്നാൽ ഒരു ദൈവപുരുഷൻ അവന്റെ അടുക്കൽ വന്നു: “രാജാവേ, യിസ്രായേലിന്റെ സൈന്യം നിന്നോടുകൂടെ പോരരുത്; യഹോവ യിസ്രായേലിനോട് കൂടെ, എല്ലാ എഫ്രയീമ്യരോടുംകൂടെ തന്നേ ഇല്ല.8പോയേ തീരുവെങ്കിൽ നീ ചെന്ന് യുദ്ധത്തിൽ ധൈര്യം കാണിക്ക; എങ്കിലും ദൈവം നിന്നെ ശത്രുവിന്റെ മുമ്പിൽ വീഴിക്കും; സഹായിപ്പാനും വീഴിപ്പാനും ദൈവത്തിന് ശക്തിയുണ്ടല്ലോ” എന്ന് പറഞ്ഞു.
9അമസ്യാവ് ദൈവപുരുഷനോട്: “എന്നാൽ ഞാൻ യിസ്രായേൽ പടക്കൂട്ടത്തിന് കൊടുത്ത നൂറു താലന്ത് വെള്ളിയുടെ കാര്യത്തിൽ എന്ത് ചെയ്യും” എന്ന് ചോദിച്ചു. അതിന് ദൈവപുരുഷൻ: “അതിനെക്കാൾ അധികം നിനക്ക് തരുവാൻ യഹോവയ്ക്ക് കഴിയും” എന്ന് ഉത്തരം പറഞ്ഞു.10അങ്ങനെ അമസ്യാവ്, എഫ്രയീമിൽനിന്ന് അവന്റെ അടുക്കൽ വന്ന പടക്കൂട്ടത്തെ, അവരുടെ നാട്ടിലേക്കു മടക്കി അയച്ചു; അവരുടെ കോപം യെഹൂദെക്കു നേരെ ഏറ്റവും അധികം ജ്വലിച്ചു; അവർ അതികോപത്തോടെ തങ്ങളുടെ നാട്ടിലേക്കു മടങ്ങിപ്പോയി.
11അനന്തരം അമസ്യാവ് ധൈര്യപ്പെട്ട് തന്റെ പടജ്ജനത്തെ കൂട്ടിക്കൊണ്ട് ഉപ്പുതാഴ്വരയിൽ ചെന്ന് പതിനായിരം സേയീര്യരെ നിഗ്രഹിച്ചു.12വേറെ പതിനായിരം പേരെ യെഹൂദ്യർ ജീവനോടെ പിടിച്ച്കൊണ്ടുപോയി പാറമുകളിൽനിന്നു തള്ളിയിട്ടു; അവരെല്ലാവരും തകർന്നുപോയി.
13എന്നാൽ തന്നോടുകൂടെ യുദ്ധത്തിന് പോരാൻ അനുവദിക്കാതെ അമസ്യാവ് മടക്കി അയച്ചിരുന്ന പടയാളികൾ, ശമര്യ മുതൽ ബേത്ത്-ഹോരോൻ വരെയുള്ള യെഹൂദാനഗരങ്ങൾ ആക്രമിച്ച് മൂവായിരം പേരെ കൊന്ന്, വളരെയധികം കൊള്ളയിട്ടു.

14എന്നാൽ അമസ്യാവ് എദോമ്യരെ സംഹരിച്ച് മടങ്ങിവന്നശേഷം അവൻ സേയീര്യരുടെ ദേവന്മാരെ കൊണ്ടുവന്ന് അവയെ തനിക്ക് ദേവന്മാരായി നിർത്തി അവയുടെ മുമ്പാകെ നമസ്കരിക്കയും അവെക്ക് ധൂപം കാട്ടുകയും ചെയ്തു.15അതുകൊണ്ട് യഹോവയുടെ കോപം അമസ്യാവിന്റെ നേരെ ജ്വലിച്ചു. അവൻ ഒരു പ്രവാചകനെ അവന്റെ അടുക്കൽ അയച്ച്: “നിന്റെ കയ്യിൽനിന്ന് സ്വന്തജനത്തെ രക്ഷിപ്പാൻ കഴിയാത്ത ജാതികളുടെ ദേവന്മാരെ നീ അന്വേഷിച്ചത് എന്ത്” എന്ന് അവനോടു ചോദിച്ചു.
16അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ രാജാവ് അവനോട്:“നാം നിന്നെ രാജാവിന് മന്ത്രിയായി നിയമിച്ചിട്ടുണ്ടോ? മതി; നീ വെറുതെ കൊല്ലപ്പെടുന്നത് എന്തിന്” എന്ന് പറഞ്ഞു. അങ്ങനെ പ്രവാചകൻ മതിയാക്കി: “നീ എന്റെ ആലോചന കേൾക്കാതെ ഇത് ചെയ്തതുകൊണ്ട് ദൈവം നിന്നെ നശിപ്പിപ്പാൻ നിശ്ചയിച്ചിരിക്കുന്നു എന്ന് ഞാൻ അറിയുന്നു” എന്ന് പറഞ്ഞു.

17അനന്തരം യെഹൂദാരാജാവായ അമസ്യാവ് ഉപദേശം ചോദിച്ചശേഷം, യിസ്രായേൽ രാജാവായ യേഹൂവിന്റെ മകൻ യെഹോവാഹാസിന്റെ മകൻ യോവാശിന്റെ അടുക്കൽ ആളയച്ച്: “വരിക, നാം തമ്മിൽ യുദ്ധത്തിനായി തയ്യാറാകുക” എന്ന് പറയിച്ചു.
18അതിന് യിസ്രായേൽ രാജാവായ യോവാശ് യെഹൂദാരാജാവായ അമസ്യാവിന്റെ അടുക്കൽ പറഞ്ഞയച്ചതെന്തെന്നാൽ: “ലെബാനോനിലെ മുൾപടർപ്പ് ദേവദാരുവിന്റെ അടുക്കൽ ആളയച്ചു: ‘നിന്റെ മകളെ എന്റെ മകന് ഭാര്യയായി തരിക’ എന്ന് പറയിച്ചു; എന്നാൽ ലെബാനോനിലെ ഒരു കാട്ടുമൃഗം ചെന്ന് മുൾപടർപ്പിനെ ചവിട്ടിക്കളഞ്ഞു.19എദോമ്യരെ തോല്പിച്ചു എന്നു നീ പറയുന്നു; വമ്പുപറവാൻ തക്കവണ്ണം നിന്റെ മനസ്സ് നിഗളിച്ചിരിക്കുന്നു; വീട്ടിൽ അടങ്ങി പാർത്തുകൊൾക; നീയും യെഹൂദയും വീഴുവാൻ തക്കവണ്ണം അനർത്ഥത്തിൽ ഇടപെടുന്നത് എന്തിന്?”
20എന്നാൽ അമസ്യാവ് കേട്ടില്ല; അവർ എദോമ്യദേവന്മാരെ ആശ്രയിക്ക കൊണ്ട് അവരെ ശത്രുവിന്റെ കയ്യിൽ ഏല്പിക്കേണ്ടതിന് അത് ദൈവഹിതത്താൽ സംഭവിച്ചു.21അങ്ങനെ യിസ്രായേൽ രാജാവായ യോവാശ് പുറപ്പെട്ടുചെന്നു; അവനും യെഹൂദാരാജാവായ അമസ്യാവും യെഹൂദയിലുള്ള ബേത്ത്-ശേമെശിൽവെച്ച് തമ്മിൽ നേരിട്ടു.22യെഹൂദാ യിസ്രായേലിനോട് തോറ്റു; ഓരോരുത്തൻ താന്താന്റെ കൂടാരത്തിലേക്ക് ഓടിപ്പോയി.
23യിസ്രായേൽരാജാവായ യോവാശ്, യെഹോവാഹാസിന്റെ മകൻ യോവാശിന്റെ മകൻ, യെഹൂദാരാജാവായ അമസ്യാവിനെ, ബേത്ത്-ശെമെശിൽവെച്ച് പിടിച്ച് യെരൂശലേമിൽ കൊണ്ടുവന്നു; യെരൂശലേമിന്റെ മതിൽ, എഫ്രയീമിന്റെ പടിവാതിൽ മുതൽ കോൺപടിവാതിൽവരെ, നാനൂറു മുഴം ഇടിച്ചുകളഞ്ഞു.24അവൻ ദൈവാലയത്തിൽ ഓബേദ്-എദോമിന്റെ പക്കൽ കണ്ട പൊന്നും വെള്ളിയും സകലപാത്രങ്ങളും രാജധാനിയിലെ അമൂല്യ വസ്തുക്കളും എടുത്ത് തടവുകാരുമായി ശമര്യയിലേക്ക് മടങ്ങിപ്പോയി.

25യിസ്രായേൽരാജാവായ യെഹോവാഹാസിന്റെ മകൻ യോവാശ് മരിച്ചശേഷം, യെഹൂദാരാജാവായ യോവാശിന്റെ മകൻ അമസ്യാവ് പതിനഞ്ച് സംവത്സരം ജീവിച്ചിരുന്നു.26അമസ്യാവിന്റെ മറ്റുള്ള വൃത്താന്തങ്ങൾ, ആദ്യവസാനം യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
27അമസ്യാവ് യഹോവയെ വിട്ടുമാറിയ കാലംമുതൽ യെരൂശലേമിൽ അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു; അതുനിമിത്തം അവൻ ലാഖീശിലേക്ക് ഓടിപ്പോയി. എന്നാൽ അവർ ലാഖീശിലേക്ക് അവന്റെ പിന്നാലെ ആളയച്ച് അവിടെവെച്ച് അവനെ കൊന്നുകളഞ്ഞു.28അവനെ കുതിരപ്പുറത്ത് കൊണ്ടുവന്ന് ദാവീദിന്റെ നഗരത്തിൽ, അവന്റെ പിതാക്കന്മാരോടൊപ്പം അടക്കം ചെയ്തു.

26

1യെഹൂദാജനം എല്ലാവരും ചേർന്ന് പതിനാറു വയസ്സുപ്രായമുള്ള ഉസ്സീയാവിനെ അവന്റെ അപ്പനായ അമസ്യാവിന് പകരം രാജാവാക്കി.2രാജാവ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം ഏലോത്ത് പുതുക്കി പണിതതും അതിനെ യെഹൂദാ ദേശത്തോട് ചേർത്തതും ഉസ്സീയാവ് തന്നെ.3വാഴ്ചതുടങ്ങിയപ്പോൾ പതിനാറ് വയസ്സായിരുന്ന ഉസ്സീയാവ് അമ്പത്തിരണ്ട് സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മയുടെ പേർ യെഖൊല്യാ എന്നായിരുന്നു. അവൾ യെരൂശലേംകാരത്തി ആയിരുന്നു.

4അവൻ തന്റെ അപ്പനായ അമസ്യാവ് തുടക്കത്തിൽ ചെയ്തതുപോലെ യഹോവക്ക് പ്രസാദമായുള്ളത് ചെയ്തു.5ദൈവിക ദർശനം പ്രാപിച്ച സെഖര്യാവിന്റെ ആയുഷ്കാലത്ത് അവൻ ദൈവത്തെ അന്വേഷിച്ചു: അവൻ യഹോവയെ അന്വേഷിച്ച കാലത്തോളം ദൈവം അവന് അഭിവൃദ്ധി നല്കി.
6അവൻ പുറപ്പെട്ട് ഫെലിസ്ത്യരോട് യുദ്ധം ചെയ്ത് ഗത്തിന്റെയും, യബ്നെയുടെയും, അസ്തോദിന്റെയും മതിലുകൾ ഇടിച്ചുകളഞ്ഞു; അസ്തോദ് ദേശത്തും ഫെലിസ്ത്യരുടെ ഇടയിലും പട്ടണങ്ങൾ പണിതു.7ദൈവം, ഫെലിസ്ത്യർക്കും ഗൂർ-ബാലിൽ പാർത്ത അരാബ്യർക്കും മെയൂന്യർക്കും നേരെ അവന് വിജയം നൽകി.8അമ്മോന്യരും ഉസ്സീയാവിന് കാഴ്ച കൊണ്ടുവന്നു; അവൻ അത്യന്തം പ്രബലനായിത്തീർന്നതുകൊണ്ട് അവന്റെ ശ്രുതി ഈജിപ്റ്റ് വരെ പരന്നു.
9ഉസ്സീയാവ് യെരൂശലേമിൽ കോൺവാതില്ക്കലും താഴ്വരവാതില്ക്കലും മതിൽ തിരിവിങ്കലും ഗോപുരങ്ങൾ പണിത് സുരക്ഷിതമാക്കി.10താഴ്വരയിലും സമഭൂമിയിലും വളരെ കന്നുകാലികൾ ഉണ്ടായിരുന്നതുകൊണ്ട്, അവൻ മരുഭൂമിയിൽ ഗോപുരങ്ങൾ പണിതു, അനേകം കിണറുകളും കുഴിപ്പിച്ചു; കൃഷിയിൽ തൽപ്പരനായിരുന്നതിനാൽ അവന് മലകളിലും കർമ്മേലിലും കൃഷിക്കാരും മുന്തിരിത്തോട്ടക്കാരും ഉണ്ടായിരുന്നു.
11കൂടാതെ ഉസ്സീയാവിന് പടയാളികളുടെ ഒരു സൈന്യവും ഉണ്ടായിരുന്നു; അവർ കാര്യവിചാരകനായ യെയീയേലും പ്രമാണിയായ മയശേയാവും എടുത്ത എണ്ണപ്രകാരം ഗണംഗണമായി രാജാവിന്റെ സേനാപതികളിൽ ഒരുവനായ ഹനന്യാവിന്റെ നേതൃത്വത്തിൽ യുദ്ധത്തിന് പുറപ്പെടും.12യുദ്ധവീരന്മാരായ തലവന്മാർ ആകെ രണ്ടായിരത്തി അറുനൂറ്.13അവരുടെ അധികാരത്തിൻ കീഴിൽ ശത്രുക്കളുടെ നേരെ രാജാവിനെ സഹായിപ്പാൻ മഹാവീര്യത്തോടെ യുദ്ധം ചെയ്യുന്നവരായി മൂന്നുലക്ഷത്തി ഏഴായിരത്തി അഞ്ഞൂറു പേരുള്ള ഒരു സൈന്യം ഉണ്ടായിരുന്നു.
14ഉസ്സീയാവ് സർവ്വ സൈന്യത്തിനും, പരിച, കുന്തം, തലക്കോരിക, കവചം, വില്ല്, കവിണക്കല്ല്, എന്നിവ ഉണ്ടാക്കിക്കൊടുത്തു.15അവൻ, അസ്ത്രങ്ങളും വലിയ കല്ലുകളും തൊടുക്കുവാൻ ഗോപുരങ്ങളുടെയും കൊത്തളങ്ങളുടെയും മേൽ കൌശലപ്പണിക്കാർ രൂപകൽപ്പന ചെയ്ത യന്ത്രങ്ങൾ, യെരൂശലേമിൽ സ്ഥാപിച്ചു; അവൻ പ്രബലനായിത്തീരുവാൻ തക്കവണ്ണം അതിശയകരമായി ദൈവിക സഹായം ലഭിച്ചതു കൊണ്ട് അവന്റെ ശ്രുതി എല്ലായിടത്തും പരന്നു.

16എന്നാൽ ബലവാനായപ്പോൾ അവന്റെ ഹൃദയം അവന്റെ നാശത്തിനായി നിഗളിച്ചു; അവൻ തന്റെ ദൈവമായ യഹോവയോട് പാപം ചെയ്ത് ധൂപപീഠത്തിൽ ധൂപം കാട്ടുവാൻ യഹോവയുടെ ആലയത്തിൽ കടന്നുചെന്നു.17അസര്യാ പുരോഹിതനും അവനോടുകൂടെ ധൈര്യശാലികളായ യഹോവയുടെ എൺപത് പുരോഹിതന്മാരും അവന്റെ പിന്നാലെ അകത്ത് ചെന്ന് ഉസ്സീയാ രാജാവിനെ വിലക്കി,അവനോട്:18“ഉസ്സീയാവേ, യഹോവയ്ക്ക് ധൂപം കാട്ടുന്നത് നിനക്ക് അനുവദിച്ചിട്ടില്ല; ധൂപം കാട്ടുവാൻ വിശുദ്ധീകരിക്കപ്പെട്ട, അഹരോന്യരായ പുരോഹിതന്മാർ ഉണ്ടല്ലോ?നീ ലംഘനം ചെയ്തി രിക്കയാൽ വിശുദ്ധമന്ദിരത്തിൽ നിന്ന് പുറത്ത് പോകുക; നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നീ മാനിക്കപ്പെടുകയില്ല” എന്ന് പറഞ്ഞു.
19ധൂപം കാട്ടുവാൻ കയ്യിൽ ധൂപകലശം പിടിച്ചിരിക്കെ ഉസ്സീയാവ് കോപിച്ചു; അവൻ പുരോഹിതന്മാരോട് കോപിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ യഹോവയുടെ ആലയത്തിൽ ധൂപപീഠത്തിന്റെ അരികെ വെച്ച് പുരോഹിതന്മാർ കാൺകെ അവന്റെ നെറ്റിയിൽ കുഷ്ഠം പൊങ്ങി.20മഹാപുരോഹിതനായ അസര്യാവും സകലപുരോഹിതന്മാരും അവനെ നോക്കി, അവന്റെ നെറ്റിയിൽ കുഷ്ഠം പിടിച്ചിരിക്കുന്നത് കണ്ടിട്ട് അവനെ വേഗത്തിൽ അവിടെനിന്ന് പുറത്താക്കി; യഹോവ അവനെ ശിക്ഷിച്ചതിനാൽ അവൻ തന്നേ പുറത്തുപോകുവാൻ ബദ്ധപ്പെട്ടു.
21അങ്ങനെ ഉസ്സീയാരാജാവ് മരണപര്യന്തം കുഷ്ഠരോഗിയായിരുന്നു; അവൻ യഹോവയുടെ ആലയത്തിൽനിന്ന് ഭ്രഷ്ടനായിരുന്നതിനാൽ ഒറ്റപ്പെട്ട ഒരു ഭവനത്തിൽ കുഷ്ഠരോഗിയായി താമസിച്ചു. അവന്റെ മകനായ യോഥാം രാജധാനിക്ക് മേൽവിചാരകനായി ദേശത്തിലെ ജനത്തിന് ന്യായപാലനം ചെയ്തുവന്നു.
22ഉസ്സീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങൾ ആദ്യവസാനം ആമോസിന്റെ മകനായ യെശയ്യാപ്രവാചകൻ എഴുതിയിരിക്കുന്നു.23ഉസ്സീയാവ് അവന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; “അവൻ കുഷ്ഠരോഗിയല്ലോ” എന്ന് പറഞ്ഞ് അവർ രാജാക്കന്മാർക്കുള്ള ശ്മശാനഭൂമിയിൽ അവന്റെ പിതാക്കന്മാരോടൊപ്പം അവനെ അടക്കം ചെയ്തു; അവന്റെ മകനായ യോഥാം അവന് പകരം രാജാവായി.

27

1യോഥാം വാഴ്ചതുടങ്ങിയപ്പോൾ അവന് ഇരുപത്തഞ്ച് വയസ്സായിരുന്നു; അവൻ പതിനാറ് സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മ യെരൂശാ സാദോക്കിന്റെ മകൾ ആയിരുന്നു.2അവൻ തന്റെ അപ്പനായ ഉസ്സീയാവിനെപ്പോലെ യഹോവയ്ക്ക് പ്രസാദമായത് ചെയ്തു എങ്കിലും യഹോവയുടെ ആലയത്തിൽ അവൻ പ്രവേശിച്ചില്ല. ജനം വഷളത്തം പ്രവർത്തിച്ചുകൊണ്ടിരുന്നു;

3അവൻ യഹോവയുടെ ആലയത്തിന്റെ മേലത്തെ പടിവാതിൽ പണിതു; ഓഫേലിന്റെ മതിലും അവൻ വളരെ ദൂരം പണിതു.4അവൻ യെഹൂദാമലനാട്ടിൽ പട്ടണങ്ങളും വനങ്ങളിൽ കോട്ടകളും ഗോപുരങ്ങളും പണിതു.
5അവൻ അമ്മോന്യരുടെ രാജാവിനോട് യുദ്ധം ചെയ്ത് അവനെ ജയിച്ചു; അമ്മോന്യർ അവന് ആ ആണ്ടിൽ നൂറു താലന്ത് വെള്ളിയും പതിനായിരം കോർ ഗോതമ്പും പതിനായിരം കോർ യവവും കൊടുത്തു; അത്രയും തന്നേ അമ്മോന്യർ രണ്ടാം ആണ്ടിലും മൂന്നാം ആണ്ടിലും കൊടുക്കേണ്ടിവന്നു.
6ഇങ്ങനെ യോഥാം തന്റെ ദൈവമായ യഹോവയുടെ മുമ്പാകെ തന്റെ നടപ്പ് ക്രമപ്പെടുത്തിയതുകൊണ്ട് അവൻ അത്യന്തം ബലവാനായിത്തീർന്നു.7യോഥാമിന്റെ മറ്റുള്ള പ്രവർത്തികളും അവന്റെ സകല യുദ്ധങ്ങളും അവന്റെ ജീവിതരീതികളും യിസ്രായേലിലെയും യെഹൂദയിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
8വാഴ്ചതുടങ്ങിയപ്പോൾ അവന് ഇരുപത്തഞ്ച് വയസ്സായിരുന്നു; അവൻ പതിനാറ് സംവത്സരം യെരൂശലേമിൽ വാണു.9യോഥാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ ദാവീദിന്റെ നഗരത്തിൽ അടക്കം ചെയ്തു; അവന്റെ മകനായ ആഹാസ് അവന് പകരം രാജാവായി.

28

1ആഹാസ് വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത് വയസ്സായിരുന്നു; അവൻ പതിനാറ് സംവത്സരം യെരൂശലേമിൽ വാണു; എന്നാൽ അവൻ തന്റെ പിതാവായ ദാവീദിനെപ്പോലെ യഹോവക്ക് പ്രസാദമുള്ളത് ചെയ്തില്ല.2അവൻ യിസ്രായേൽ രാജാക്കന്മാരുടെ തെറ്റായ വഴികളിൽ നടന്ന് ബാൽവിഗ്രഹങ്ങളെ വാർത്തുണ്ടാക്കി.

3അവൻ ബെൻ-ഹിന്നോംതാഴ്വരയിൽ ധൂപം കാട്ടുകയും, യിസ്രായേൽമക്കളുടെ മുമ്പിൽനിന്ന് യഹോവ നീക്കിക്കളഞ്ഞ ജാതികളുടെ മ്ലേച്ഛാചാരപ്രകാരം തന്റെ പുത്രന്മാരെ അഗ്നിപ്രവേശം ചെയ്യിക്കയും ചെയ്തു.4അവൻ പൂജാഗിരികളിലും ഓരോ പച്ചവൃക്ഷത്തിൻ കീഴിലും ബലികഴിക്കയും ധൂപം കാട്ടുകയും ചെയ്തു.
5ആകയാൽ അവന്റെ ദൈവമായ യഹോവ അവനെ അരാംരാജാവിന്റെ കയ്യിൽ ഏല്പിച്ചു; അവർ അവനെ തോല്പിച്ച് അസംഖ്യംപേരെ തടവുകാരായി ദമ്മേശെക്കിലേക്ക് കൊണ്ടുപോയി. അവൻ യിസ്രായേൽരാജാവിന്റെ കയ്യിലും ഏല്പിക്കപ്പെട്ടു; അവനും അവനെ അതികഠിനമായി തോല്പിച്ചു.6അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതു കൊണ്ട് രെമല്യാവിന്റെ മകനായ പെക്കഹ് യെഹൂദയിൽ പരാക്രമശാലികളായ ഒരു ലക്ഷത്തി ഇരുപതിനായിരം പേരെ ഒരു ദിവസം സംഹരിച്ചു.
7എഫ്രയീമ്യവീരനായ സിക്രി രാജകുമാരനായ മയശേയാവിനെയും, രാജധാനിവിചാരകനായ അസ്രീക്കാമിനെയും രാജാവിനു ശേഷം രണ്ടാമനായിരുന്ന എല്ക്കാനയെയും കൊന്നുകളഞ്ഞു.8യിസ്രായേല്യർ തങ്ങളുടെ സഹോദര ജനത്തിൽ നിന്ന് സ്ത്രീകളും പുത്രന്മാരും പുത്രിമാരുമായി രണ്ടുലക്ഷം പേരെ തടവുകാരായി പിടിച്ചു കൊണ്ടുപോയി. വളരെയധികം കൊള്ളയിട്ടു; കൊള്ളമുതൽ ശമര്യയിലേക്ക് കൊണ്ടുപോയി.
9എന്നാൽ യഹോവയുടെ പ്രവാചകനായ ഓദേദ്, ശമര്യയിലേക്ക് മടങ്ങിവന്ന സൈന്യത്തെ എതിരേറ്റ് ചെന്ന് അവരോട് പറഞ്ഞത്: “നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ യെഹൂദയോട് കോപിച്ച് അവരെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചു; നിങ്ങൾ അവരെ അതിക്രൂരമായി സംഹരിച്ച വിവരം സ്വർഗത്തോളം എത്തിയിരിക്കുന്നു.10ഇപ്പോഴോ നിങ്ങൾ യെഹൂദ്യരെയും യെരൂശലേമ്യരെയും ദാസീദാസന്മാരായി കീഴടക്കുവാൻ ഭാവിക്കുന്നു; നിങ്ങളും ദൈവമായ യഹോവയുടെ മുമ്പാകെ കുറ്റക്കാർ അല്ലയോ?11ആകയാൽ ഞാൻ പറയുന്നത് കേട്ട്, നിങ്ങളുടെ സഹോദരന്മാരിൽനിന്ന് നിങ്ങൾ പിടിച്ചു കൊണ്ടുവന്ന തടവുകാരെ വിട്ടയക്കുക; യഹോവ നിങ്ങളോട് ഉഗ്രമായി കോപിച്ചിരിക്കുന്നു.”
12അപ്പോൾ യോഹാനാന്റെ മകൻ അസര്യാവ്, മെശില്ലേമോത്തിന്റെ മകൻ ബേരെഖ്യാവ്, ശല്ലൂമിന്റെ മകൻ യെഹിസ്കീയാവ്, ഹദ്ലായിയുടെ മകൻ അമാസാ എന്നിങ്ങനെ എഫ്രയീമ്യ തലവന്മാരിൽ ചിലർ യുദ്ധത്തിൽ നിന്ന് മടങ്ങി വന്നവരോട് എതിർത്തു നിന്ന്, അവരോട്:13“നിങ്ങൾ ത്ടവുകാരെ ഇവിടെ കൊണ്ടുവരരുത്; നാം തന്നേ യഹോവയോട് അകൃത്യം ചെയ്തിരിക്കെ നമ്മുടെ പാപങ്ങളോടും അകൃത്യത്തോടും ഇനിയും കൂട്ടുവാൻ നിങ്ങൾ ഭാവിക്കുന്നു; നമ്മുടെ അകൃത്യം വലിയത്. യഹോവയുടെ ഉഗ്രകോപം യിസ്രായേലിന്മേൽ ഇരിക്കുന്നുവല്ലോ” എന്ന് പറഞ്ഞു.
14അപ്പോൾ പ്രഭുക്കന്മാരുടെയും സർവ്വസഭയുടെയും മുമ്പാകെ പടയാളികൾ തടവുകാരെ കൊള്ളമുതലോടുകൂടെ വിട്ടയച്ചു.15പ്രത്യേകമായി നിയോഗിക്കപ്പെട്ട ആളുകൾ ബദ്ധന്മാരെ കൂട്ടി, അവരിൽ നഗ്നരായവരെ കൊള്ളയിലെ വസ്ത്രം ധരിപ്പിച്ചു; അവരെ ഉടുപ്പിച്ച് ചെരിപ്പ് ധരിപ്പിച്ചശേഷം അവർക്ക് ഭക്ഷിപ്പാനും കുടിപ്പാനും കൊടുത്തു; എണ്ണയും തേപ്പിച്ചു. ക്ഷീണമുള്ളവരെ കഴുതപ്പുറത്ത് കയറ്റി, ഈന്തപ്പട്ടണമായ യെരീഹോവിൽ അവരുടെ സഹോദരന്മാരുടെ അടുക്കൽ കൊണ്ടുചെന്നാക്കിയശേഷം ശമര്യയിലേക്ക് മടങ്ങിപ്പോയി.

16ആ കാലത്ത് ആഹാസ്‌, തന്നെ സഹായിക്കേണം എന്ന് അശ്ശൂർ രാജാക്കന്മാരുടെ അടുക്കൽ ആളയച്ച് അഭ്യർത്ഥിച്ചു.17കാരണം,എദോമ്യർ പിന്നെയും വന്ന് യെഹൂദ്യരെ തോല്പിക്കയും തടവുകാരെ പിടിച്ചു കൊണ്ടുപോകയും ചെയ്തിരുന്നു.18ഫെലിസ്ത്യർ താഴ്വരയിലും, യെഹൂദയുടെ തെക്കും ഉള്ള പട്ടണങ്ങൾ ആക്രമിച്ച് ബേത്ത്-ശേമെശും അയ്യാലോനും ഗെദേരോത്തും സോഖോവും അതിനോട് ചേർന്ന ഗ്രാമങ്ങളും, തിമ്നയും അതിനോട് ചേർന്ന ഗ്രാമങ്ങളും, ഗിംസോവും അതിനോട് ചേർന്ന ഗ്രാമങ്ങളും, പിടിച്ച് അവിടെ പാർത്തു.
19യിസ്രായേൽരാജാവായ ആഹാസ് യെഹൂദയിൽ ധാർമിക അധഃപതനത്തിന് ഇടയാക്കി യഹോവയോട് മഹാദ്രോഹം ചെയ്തതുകൊണ്ട് അവന്റെ നിമിത്തം യഹോവ യെഹൂദയെ താഴ്ത്തി.20അശ്ശൂർരാജാവായ തിഗ്ളത്ത്-പിൽനേസെർ അവന്റെ അടുക്കൽ വന്ന് അവനെ ബുദ്ധിമുട്ടിച്ചതല്ലാതെ ഒട്ടും സഹായിച്ചില്ല.21ആഹാസ്, യെഹോവയുടെ ആലയത്തിൽനിന്നും രാജധാനിയിൽനിന്നും പ്രഭുക്കന്മാരുടെ പക്കൽനിന്നും കുറെ സമ്പത്ത് കവർന്നെടുത്ത് അശ്ശൂർരാജാവിന് കൊടുത്തു; എങ്കിലും ഇതിനാൽ അവന് സഹായം ലഭിച്ചില്ല.
22ആഹാസ്‌ രാജാവ് തന്റെ കഷ്ടകാലത്തും യഹോവയോട് അധികം അവിശ്വസ്തത കാണിച്ചു.23എങ്ങനെയെന്നാൽ: “അരാം രാജാക്കന്മാരുടെ ദേവന്മാർ അവരെ സഹായിച്ചതുകൊണ്ട് അവർ എന്നെയും സഹായിക്കേണ്ടതിന് ഞാൻ അവർക്കു ബലികഴിക്കും” എന്ന് പറഞ്ഞ് അവൻ തന്നെ തോല്പിച്ച ദമ്മേശെക്കിലെ ദേവന്മാർക്ക് ബലികഴിച്ചു; എന്നാൽ അവ അവനും എല്ലായിസ്രായേലിനും നാശകാരണമായി തീർന്നു.
24ആഹാസ് ദൈവാലയത്തിലെ ഉപകരണങ്ങളെ ഒരുമിച്ച് കൂട്ടി ഉടച്ചുകളഞ്ഞു; യഹോവയുടെ ആലയത്തിന്റെ വാതിലുകൾ അടച്ച് യെരൂശലേമിന്റെ ഓരോ മൂലയിലും ബലിപീഠങ്ങൾ ഉണ്ടാക്കി.25അന്യദേവന്മാർക്ക് ധൂപം കാട്ടുവാൻ അവൻ യെഹൂദയിലെ ഓരോ പട്ടണത്തിലും പൂജാഗിരികൾ ഉണ്ടാക്കി തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ കോപിപ്പിച്ചു.
26അവന്റെ മറ്റുള്ള പ്രവൃത്തികളും ജീവിതരീതികളും ആദ്യവസാനം യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നു.27ആഹാസ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ യെരൂശലേം നഗരത്തിൽ അടക്കംചെയ്തു. യിസ്രായേൽരാജാക്കന്മാരുടെ കല്ലറകളിൽ കൊണ്ടുവന്നില്ലതാനും; അവന്റെ മകനായ യെഹിസ്കീയാവ് അവന് പകരം രാജാവായി.

29

1യെഹിസ്കീയാവ് ഇരുപത്തഞ്ചാം വയസ്സിൽ വാഴ്ച തുടങ്ങി; ഇരുപത്തൊമ്പത് സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മ അബീയാ സെഖര്യാവിന്റെ മകൾ ആയിരുന്നു.2അവൻ തന്റെ അപ്പനായ ദാവീദിനെപ്പോലെ യഹോവക്ക് പ്രസാദമായത് ചെയ്തു.

3അവൻ തന്റെ വാഴ്ചയുടെ ഒന്നാം ആണ്ടിൽ ഒന്നാം മാസത്തിൽ യഹോവയുടെ ആലയത്തിന്റെ വാതിലുകൾ തുറന്ന് കേടുപാടുകൾ തീർത്തു.4അവൻ പുരോഹിതന്മാരെയും ലേവ്യരെയും ദേവാലയത്തിന്റെ കിഴക്കുള്ള വിശാലസ്ഥലത്ത് ഒന്നിച്ചുകൂട്ടി അവരോട് പറഞ്ഞതെന്തെന്നാൽ:5“ലേവ്യരേ, എന്റെ വാക്കു കേൾപ്പിൻ, ഇപ്പോൾ നിങ്ങൾ നിങ്ങളെത്തന്നെ ശുദ്ധീകരിച്ച് നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയുടെ ആലയത്തെയും ശുദ്ധീകരിച്ച് വിശുദ്ധ മന്ദിരത്തിൽനിന്ന് മാലിന്യം നീക്കിക്കളവിൻ.
6നമ്മുടെ പിതാക്കന്മാർ അകൃത്യം ചെയ്ത്, നമ്മുടെ ദൈവമായ യഹോവക്ക് അനിഷ്ടമായത് പ്രവർത്തിച്ച് അവനെ ഉപേക്ഷിക്കയും യഹോവയുടെ തിരുനിവാസത്തിൽ നിന്ന് മുഖം തിരിച്ച് അതിന് പുറം കാട്ടുകയും ചെയ്തുവല്ലോ.7അവർ മണ്ഡപത്തിന്റെ വാതിലുകൾ അടെച്ച്, വിളക്കുകൾ കെടുത്തി, വിശുദ്ധമന്ദിരത്തിൽ യിസ്രായേലിന്റെ ദൈവത്തിന് ധൂപം കാണിക്കാതെയും ഹോമയാഗം കഴിക്കാതെയും ഇരുന്നു.
8അതുകൊണ്ട് യഹോവയുടെ കോപം യെഹൂദയുടെയും യെരൂശലേമിന്റെയും മേൽ വന്നു; നിങ്ങൾ സ്വന്തകണ്ണാൽ കാണുന്നതുപോലെ അവൻ അവരെ നടുക്കത്തിനും അമ്പരപ്പിനും,പരിഹാസത്തിനും പാത്രമാക്കിയിരിക്കുന്നു.9ഇതുനിമിത്തം നമ്മുടെ പിതാക്കന്മാർ വാളിനാൽ വീഴുകയും നമ്മുടെ പുത്രന്മാരും പുത്രിമാരും ഭാര്യമാരും പ്രവാസത്തിൽ ആകയും ചെയ്തിരിക്കുന്നു.
10ഇപ്പോൾ യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ഉഗ്രകോപം നമ്മെ വിട്ടുമാറേണ്ടതിന് അവനോട് ഒരു ഉടമ്പടി ചെയ്‌വാൻ എനിക്ക് താല്പര്യം ഉണ്ട്.11എന്റെ മക്കളേ, ഇപ്പോൾ ഉപേക്ഷ കാണിക്കരുത്; തന്റെ സന്നിധിയിൽ നില്പാനും,തന്നെ സേവിക്കാനും,തനിക്ക് ശുശ്രൂഷക്കാരായി ധൂപം അർപ്പിക്കുവാനും യഹോവ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നുവല്ലോ.”

12അപ്പോൾ കെഹാത്യരിൽ അമാസായിയുടെ മകൻ മഹത്ത്, അസര്യാവിന്റെ മകൻ യോവേൽ, മെരാര്യരിൽ അബ്ദിയുടെ മകൻ കീശ്, യെഹല്ലെലേലിന്റെ മകൻ അസര്യാവ്; ഗേർശോന്യരിൽ സിമ്മയുടെ മകൻ യോവാഹ്,13യോവാഹിന്റെ മകൻ ഏദെൻ; എലീസാഫാന്യരിൽ സിമ്രി, യെയൂവേൽ; ആസാഫ്യരിൽ സെഖര്യാവ്, മത്ഥന്യാവ്;14ഹേമാന്യരിൽ യെഹൂവേൽ, ശിമെയി; യെദൂഥൂന്യരിൽ ശിമയ്യാവ്, ഉസ്സീയേൽ എന്നീ ലേവ്യർ എഴുന്നേറ്റു.
15തങ്ങളുടെ സഹോദരന്മാരെ ഒന്നിച്ചു കൂട്ടി തങ്ങളെത്തന്നെ വിശുദ്ധീകരിച്ച് യഹോവയുടെ വചനപ്രകാരം രാജാവിന്റെ കല്പന അനുസരിച്ച് യഹോവയുടെ ആലയം വെടിപ്പാക്കുവാൻ വന്നു.16പുരോഹിതന്മാർ യഹോവയുടെ ആലയത്തിന്റെ അകം വെടിപ്പാക്കുവാൻ അതിൽ കടന്നു; ആലയത്തിൽ കണ്ട മാലിന്യമെല്ലാം പുറത്ത്, യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തിൽ കൊണ്ടുവന്നു; ലേവ്യർ അത് കൊണ്ടു പോയി കിദ്രോൻ തോട്ടിൽ ഇട്ടു.17ഒന്നാം മാസം ഒന്നാം തീയതി, അവർ വിശുദ്ധീകരിപ്പാൻ തുടങ്ങി; എട്ടാം തീയതി അവർ യഹോവയുടെ മണ്ഡപത്തിൽ എത്തി; ഇങ്ങനെ അവർ എട്ടു ദിവസംകൊണ്ട് യഹോവയുടെ ആലയം വിശുദ്ധീകരിച്ചു; ഒന്നാം മാസം പതിനാറാം തീയതി വേല തീർത്തു,
18യെഹിസ്കീയാ രാജാവിന്റെ അടുക്കൽ അകത്ത് ചെന്ന്, “ഞങ്ങൾ യഹോവയുടെ ആലയം മുഴുവനും ഹോമപീഠവും, കാഴ്ചയപ്പത്തിന്റെ മേശയും അതിന്റെ ഉപകരണങ്ങളും വെടിപ്പാക്കി,19ആഹാസ്‌ രാജാവ് തന്റെ ഭരണകാലത്ത് തന്റെ ലഘനത്തിൽ നീക്കിക്കളഞ്ഞ ഉപകരണങ്ങൾ എല്ലാം നന്നാക്കി വിശുദ്ധീകരിച്ചിരിക്കുന്നു; അവ യഹോവയുടെ യാഗപീഠത്തിന്റെ മുമ്പിൽ ഉണ്ട്” എന്ന് പറഞ്ഞു.

20യെഹിസ്കീയാ രാജാവ് അതിരാവിലെ എഴുന്നേറ്റ് നഗരാധിപതികളെ കൂട്ടി യഹോവയുടെ ആലയത്തിൽ ചെന്നു.21അവർ രാജത്വത്തിനും വിശുദ്ധമന്ദിരത്തിനും യെഹൂദാരാജ്യത്തിനും വേണ്ടി ഏഴ് കാളകളെയും ഏഴ് ആട്ടുകൊറ്റന്മാരെയും ഏഴ് കുഞ്ഞാടുകളെയും ഏഴു വെള്ളാട്ടുകൊറ്റനെയും പാപയാഗത്തിനായി കൊണ്ടുവന്നു; അവയെ യഹോവയുടെ യാഗപീഠത്തിന്മേൽ യാഗം കഴിപ്പാൻ അവൻ അഹരോന്യരായ പുരോഹിതന്മാരോട് കല്പിച്ചു.
22അങ്ങനെ അവർ കാളകളെ അറുത്തു; പുരോഹിതന്മാർ രക്തം വാങ്ങി യാഗപീഠത്തിന്മേൽ തളിച്ചു; അതുപോലെ ആട്ടുകൊറ്റന്മാരെയും കുഞ്ഞാടുകളെയും അറുത്ത് രക്തം യാഗപീഠത്തിന്മേൽ തളിച്ചു.23പിന്നെ അവർ പാപയാഗത്തിനുള്ള വെള്ളാട്ടുകൊറ്റന്മാരെ രാജാവിന്റെയും സഭയുടെയും മുമ്പിൽ കൊണ്ടുവന്നു; അവർ അവയുടെമേൽ കൈവെച്ചു.24പുരോഹിതന്മാർ അവയെ അറുത്ത് യിസ്രായേൽ ജനത്തിന്റെ പാപങ്ങൾക്കുവേണ്ടി പ്രായശ്ചിത്തമായി അവയുടെ രക്തം യാഗപീഠത്തിന്മേൽ പാപയാഗമായി അർപ്പിച്ചു; എല്ലായിസ്രായേലിനും വേണ്ടി ഹോമയാഗവും പാപയാഗവും കഴിക്കേണം എന്ന് രാജാവു് കല്പിച്ചിരുന്നു.
25അവൻ ദാവീദിന്റെയും രാജാവിന്റെ ദർശകനായ ഗാദിന്റെയും നാഥാൻപ്രവാചകന്റെയും കല്പനപ്രകാരം ലേവ്യരെ കൈത്താളങ്ങളോടും വീണകളോടും കിന്നരങ്ങളോടും കൂടെ യഹോവയുടെ ആലയത്തിൽ നിർത്തി; അങ്ങനെ പ്രവാചകന്മാർമുഖാന്തരം യഹോവ കല്പിച്ചിരുന്നു.26ലേവ്യർ, ദാവീദിന്റെ വാദ്യോപകരണങ്ങളോടും, പുരോഹിതന്മാർ കാഹളങ്ങളോടും കൂടെ നിന്നു.
27പിന്നെ യെഹിസ്കീയാവ് യാഗപീഠത്തിന്മേൽ ഹോമയാഗം കഴിപ്പാൻ കല്പിച്ചു. ഹോമയാഗം തുടങ്ങിയപ്പോൾ തന്നേ അവർ കാഹളങ്ങളോടും യിസ്രായേൽരാജാവായ ദാവീദിന്റെ വാദ്യോപകരണങ്ങളോടും കൂടെ യഹോവയ്ക്ക് പാട്ടുപാടുവാൻ തുടങ്ങി.28ഉടനെ സർവ്വസഭയും നമസ്കരിച്ചു, സംഗീതക്കാർ പാടുകയും കാഹളക്കാർ ഊതുകയും ചെയ്തു; ഇങ്ങനെ ഹോമയാഗം കഴിയുന്നതുവരെ ചെയ്തുകൊണ്ടിരുന്നു.
29യാഗം കഴിച്ചു തീർന്നപ്പോൾ രാജാവും കൂടെ ഉണ്ടായിരുന്ന എല്ലാവരും വണങ്ങി നമസ്കരിച്ചു.30പിന്നെ യെഹിസ്കീയാരാജാവും പ്രഭുക്കന്മാരും ലേവ്യരോട്, ദാവീദിന്റെയും ആസാഫ് ദർശകന്റെയും വചനങ്ങളാൽ യഹോവയ്ക്ക് സ്തോത്രം ചെയ്‌വാൻ കല്പിച്ചു. അവർ സന്തോഷത്തോടെ സ്തോത്രം ചെയ്ത് കുമ്പിട്ട് ആരാധിച്ചു.
31“നിങ്ങൾ ഇപ്പോൾ യഹോവക്ക് നിങ്ങളെത്തന്നെ നിവേദിച്ചിരിക്കുന്നു; അടുത്തുവന്ന് യഹോവയുടെ ആലയത്തിൽ ഹനനയാഗങ്ങളും സ്തോത്രയാഗങ്ങളും കൊണ്ടുവരുവിൻ” എന്ന് യെഹിസ്കീയാവ് പറഞ്ഞു; അങ്ങനെ സഭ ഹനനയാഗങ്ങളും സ്തോത്രയാഗങ്ങളും അർപ്പിച്ചു; നല്ല മനസ്സുള്ള എല്ലാവരും ഹോമയാഗങ്ങളും കൊണ്ടുവന്നു.
32സഭ കൊണ്ടുവന്ന ഹോമയാഗങ്ങളുടെ എണ്ണം: കാളകൾ എഴുപത്, ആട്ടുകൊറ്റൻമാർ നൂറ്, കുഞ്ഞാടുകൾ ഇരുനൂറ്; ഇവയൊക്കെയും യഹോവക്ക് ദഹനയാഗത്തിനായിരുന്നു.33നിവേദിത വസ്തുക്കൾ, അറുനൂറു കാളകളും മൂവായിരം ആടുകളും ആയിരുന്നു.
34പുരോഹിതന്മാർ ചുരുക്കമായിരുന്നതിനാൽ ഹോമയാഗങ്ങളെല്ലാം തോലുരിപ്പാൻ അവർക്ക് കഴിഞ്ഞില്ല; അതുകൊണ്ട് അവരുടെ സഹോദരന്മാരായ ലേവ്യർ ആ വേല തീരുവോളവും മറ്റ് പുരോഹിതന്മാരെല്ലാം തങ്ങളെത്തന്നേ വിശുദ്ധീകരിക്കുവോളവും അവരെ സഹായിച്ചു; തങ്ങളെത്തന്നെ വിശുദ്ധീകരിക്കുന്നതിൽ ലേവ്യർ പുരോഹിതന്മാരെക്കാൾ അധികം ഉത്സാഹമുള്ളവരായിരുന്നു.
35ഹോമയാഗങ്ങൾ, സമാധാനയാഗങ്ങൾക്കുള്ള മേദസ്സിനോടും ഹോമയാഗങ്ങൾക്കുള്ള പാനീയയാഗങ്ങളോടും കൂടെ അനവധി ആയിരുന്നു. ഇങ്ങനെ യഹോവയുടെ ആലയത്തിലെ ആരാധന യഥാസ്ഥാനത്തായി.36ദൈവം ജനത്തിന് മനസ്സൊരുക്കം നൽകിയതിൽ യെഹിസ്കീയാവും സകലജനവും സന്തോഷിച്ചു; ഈ കാര്യങ്ങൾ എല്ലാം വളരെ വേഗത്തിലാണല്ലോ നടന്നത്.

30

1അനന്തരം യെഹിസ്കീയാവ് യിസ്രായേലിന്റെ ദൈവമായ യഹോവക്ക് പെസഹ ആചരിക്കേണ്ടതിന് യെരൂശലേമിൽ യഹോവയുടെ ആലയത്തിലേക്ക് വരുവാൻ യിസ്രായേലിലെയും യെഹൂദയിലെയും ജനത്തിന്റെ അടുക്കൽ ആളയച്ചു; എഫ്രയീം, മനശ്ശെ എന്നീ ഗോത്രങ്ങൾക്ക് എഴുത്ത് എഴുതി. രണ്ടാം മാസത്തിൽ പെസഹ ആചരിക്കണമെന്ന്2രാജാവും അവന്റെ പ്രഭുക്കന്മാരും യെരൂശലേമിലെ ജനങ്ങളും തീരുമാനിച്ചിരുന്നു.3എന്നാൽ ശുദ്ധീകരണം കഴിഞ്ഞ പുരോഹിതന്മാർ വേണ്ടത്ര ഇല്ലാതിരുന്നതിനാലും, ജനം യെരൂശലേമിൽ ഒരുമിച്ചുകൂടാതെ ഇരുന്നതുകൊണ്ടും നിശ്ചിത സമയങ്ങളിൽ പെസഹ ആചരിപ്പാൻ അവർക്ക് കഴിഞ്ഞിരുന്നില്ല.

4ആ തീരുമാനം രാജാവിനും സർവ്വസഭക്കും സമ്മതമായി.5ഇങ്ങനെ അവർ യെരൂശലേമിൽ യിസ്രായേലിന്റെ ദൈവമായ യഹോവക്ക് പെസഹ ആചരിപ്പാൻ വരേണ്ടതിന് ബേർ-ശേബമുതൽ ദാൻവരെയുള്ള എല്ലായിസ്രായേൽജനത്തിന്റെ ഇടയിലും പരസ്യപ്പെടുത്തണമെന്ന് ഒരു തീർപ്പുണ്ടാക്കി. അവർ വളരെക്കാലമായി അത് വിധിപോലെ ആചരിച്ചിരുന്നില്ല.
6അങ്ങനെ അഞ്ചലോട്ടക്കാർ രാജാവിന്റെയും പ്രഭുക്കന്മാരുടെയും എഴുത്തുകൾ യിസ്രായേൽ ജനത്തിന്റെയും യെഹൂദാ ജനത്തിന്റെയും അടുക്കൽ കൊണ്ടുപോയി, രാജകല്പനപ്രകാരം പറഞ്ഞത് എന്തെന്നാൽ: “യിസ്രായേൽമക്കളേ, അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ യഹോവയിലേക്ക് മടങ്ങി വരുവീൻ.അപ്പോൾ അവൻ അശ്ശൂർരാജാക്കന്മാരുടെ കയ്യിൽനിന്ന് തെറ്റി ഒഴിഞ്ഞ ശേഷിപ്പായ നിങ്ങളുടെ അടുക്കലേക്ക് മുഖം തിരിക്കും.
7തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോട് അകൃത്യം ചെയ്ത നിങ്ങളുടെ പിതാക്കന്മാരെയും സഹോദരന്മാരെയും പോലെ നിങ്ങൾ ആകരുത്; അവൻ അവരെ നാശത്തിന് ഏല്പിച്ചുകളഞ്ഞത് നിങ്ങൾ കാണുന്നുവല്ലോ.8ആകയാൽ നിങ്ങളുടെ പിതാക്കന്മാരേപ്പോലെ നിങ്ങൾ ദുശ്ശാഠ്യം കാണിക്കരുത്; യഹോവയുടെ മുമ്പാകെ നിങ്ങൾ കീഴടങ്ങുവീൻ. അവൻ സദാകാലത്തേക്കും വിശുദ്ധീകരിച്ചിരിക്കുന്ന വീശുദ്ധമന്ദിരത്തിലേക്ക് വന്ന് നിങ്ങളുടെ ദൈവമായ യഹോവയുടെ ഉഗ്രകോപം വിട്ടുമാറേണ്ടതിന് അവനെ സേവിപ്പിൻ.9നിങ്ങൾ യഹോവയിലേക്ക് മടങ്ങി വരുന്നു എങ്കിൽ നിങ്ങളുടെ സഹോദരന്മാരും പുത്രന്മാരും തങ്ങളെ തടവുകാരായി കൊണ്ടു പോയവരിൽ നിന്ന് കരുണ ലഭിച്ച് ഈ ദേശത്തേക്ക് മടങ്ങിവരും; നിങ്ങളുടെ ദൈവമായ യഹോവ കൃപയും കരുണയും ഉള്ളവനല്ലോ; നിങ്ങൾ അവന്റെ അടുക്കലേക്ക് മടങ്ങിവരുന്നു എങ്കിൽ അവൻ നിങ്ങൾക്ക് മുഖം മറച്ചുകളകയില്ല.”
10അങ്ങനെ ഓട്ടക്കാർ എഫ്രയീമിന്റെയും മനശ്ശെയുടെയും ദേശത്ത് പട്ടണം തോറും സെബൂലൂൻ വരെ സഞ്ചരിച്ചു; അവരോ അവരെ പരിഹസിച്ച് നിന്ദിച്ചുകളഞ്ഞു.11എങ്കിലും ആശേരിലും മനശ്ശെയിലും സെബൂലൂനിലും ചിലർ തങ്ങളെത്തന്നെ താഴ്ത്തി യെരൂശലേമിലേക്ക് വന്നു.12യെഹൂദയിലും യഹോവയുടെ വചനപ്രകാരം രാജാവും പ്രഭുക്കന്മാരും കൊടുത്ത കല്പന അനുസരിക്കേണ്ടതിന് അവർക്ക് ഏകാഗ്ര ഹൃദയം നല്കുവാൻ ദൈവ കരം പ്രവൃത്തിച്ചു.
13അങ്ങനെ രണ്ടാം മാസം പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആചരിപ്പാൻ ജനം ഏറ്റവും വലിയോരു സഭയായി യെരൂശലേമിൽ വന്നുകൂടി.14അവർ എഴുന്നേറ്റ് യെരൂശലേമിൽ ഉണ്ടായിരുന്ന ബലിപീഠങ്ങൾ നീക്കിക്കളഞ്ഞ് സകല ധൂപ പീഠങ്ങളെയും എടുത്ത് കിദ്രോൻതോട്ടിൽ എറിഞ്ഞുകളഞ്ഞു.15രണ്ടാം മാസം പതിനാലാം തീയതി അവർ പെസഹ അറുത്തു; എന്നാൽ പുരോഹിതന്മാരും ലേവ്യരും ലജ്ജിച്ച് തങ്ങളെത്തന്നെ വിശുദ്ധീകരിച്ച് യഹോവയുടെ ആലയത്തിൽ ഹോമയാഗങ്ങൾ കൊണ്ടുവന്നു.
16അവർ ദൈവപുരുഷനായ മോശെയുടെ ന്യായപ്രമാണപ്രകാരം തങ്ങൾക്ക് നിശ്ചയിക്കപ്പെട്ട സ്ഥാനത്ത് നിന്നു; പുരോഹിതന്മാർ ലേവ്യരുടെ കയ്യിൽനിന്ന് രക്തം വാങ്ങി തളിച്ചു.17തങ്ങളെത്തന്നെ വിശുദ്ധീകരിക്കാത്തവർ പലരും സഭയിൽ ഉണ്ടായിരുന്നു; അതുകൊണ്ട് ശുദ്ധിയില്ലാത്ത ഓരോരുത്തന് വേണ്ടി പെസഹ അറുത്ത് യെഹോവക്ക് നിവേദിക്കേണ്ട ഉത്തരവാദിത്തം ലേവ്യർ ഭരമേറ്റിരുന്നു.
18എഫ്രയീം, മനശ്ശെ, യിസ്സാഖാർ, സെബൂലൂൻ, എന്നീ ഗോത്രങ്ങളിൽ നിന്നുള്ള അനേകർ, തങ്ങളെത്തന്നെ ശുദ്ധീകരിക്കാതെ എഴുതിയിരിക്കുന്ന പ്രമാണത്തിന് വിരുദ്ധമായി പെസഹ തിന്നു. എന്നാൽ യെഹിസ്കീയാവ് അവർക്കു വേണ്ടി പ്രാർത്ഥിച്ചു:19“വിശുദ്ധമന്ദിരത്തിലെ വിശുദ്ധിക്കൊത്തവണ്ണം ശുദ്ധീകരണം പ്രാപിച്ചില്ലെങ്കിലും ദൈവത്തെ, തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ തന്നേ, അന്വേഷിപ്പാൻ മനസ്സുവെക്കുന്ന ഏവനോടും ദയാലുവായ യഹോവേ, ക്ഷമിക്കേണമേ” എന്ന് പറഞ്ഞു.20യഹോവ യെഹിസ്കീയാവിന്റെ പ്രാർത്ഥന കേട്ട് ജനത്തെ സൌഖ്യമാക്കി.
21അങ്ങനെ യെരൂശലേമിൽ വന്നുകൂടിയ യിസ്രായേൽമക്കൾ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ഏഴു ദിവസം മഹാസന്തോഷത്തോടെ ആചരിച്ചു; ലേവ്യരും പുരോഹിതന്മാരും ഉച്ചനാദമുള്ള വാദ്യങ്ങളാൽ യഹോവയ്ക്ക് പാടി ദിനം പ്രതി യഹോവയെ സ്തുതിച്ചു.22യെഹിസ്കീയാവ്, യഹോവയോടുള്ള ഭക്തി ഉപദേശിച്ചു കൊടുത്ത എല്ലാലേവ്യരേയും ഉത്സാഹിപ്പിച്ചിരുന്നു; അവർ സമാധാനയാഗങ്ങൾ അർപ്പിച്ചും, തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോട് പാപങ്ങൾ ഏറ്റുപറഞ്ഞും കൊണ്ട് ഏഴുദിവസം ഉത്സവം ആചരിച്ച്, ഭക്ഷണം കഴിച്ചു.
23വീണ്ടും ഏഴ് ദിവസം ഉത്സവം ആചരിപ്പാൻ സർവ്വസഭയും സമ്മതിച്ചു. അങ്ങനെ അവർ വീണ്ടും ഏഴു ദിവസം സന്തോഷത്തോടെ ആചരിച്ചു.24യെഹൂദാരാജാവായ യെഹിസ്കീയാവ് സഭയ്ക്ക് ആയിരം കാളകളെയും ഏഴായിരം ആടുകളെയും കൊടുത്തു; പ്രഭുക്കന്മാരും സഭക്ക് ആയിരം കാളകളെയും പതിനായിരം ആടുകളെയും കൊടുത്തു; അനേകം പുരോഹിതന്മാർ തങ്ങളെത്തന്നെ വിശുദ്ധീകരിച്ചു.
25യെഹൂദയുടെ സർവ്വ സഭയും പുരോഹിതന്മാരും ലേവ്യരും യിസ്രായേലിൽനിന്ന് വന്ന സർവ്വസഭയും യിസ്രായേൽ ദേശത്തുനിന്ന് യെഹൂദയിൽ വന്ന് പാർത്തിരുന്ന പരദേശികളും സന്തോഷിച്ചു.26അങ്ങനെ യെരൂശലേമിൽ മഹാ സന്തോഷം ഉണ്ടായി; യിസ്രായേൽരാജാവായ ദാവീദിന്റെ മകൻ ശലോമോന്റെ കാലത്തിനു ശേഷം ഇതുപോലെ യെരൂശലേമിൽ സംഭവിച്ചിട്ടില്ല.27ഒടുവിൽ ലേവ്യരായ പുരോഹിതന്മാർ എഴുന്നേറ്റ് ജനത്തെ അനുഗ്രഹിച്ചു; അവരുടെ അപേക്ഷയുടെ ശബ്ദം ചെവിക്കൊൾകപ്പെടുകയും, അവരുടെ പ്രാർത്ഥന അവന്റെ വിശുദ്ധനിവാസമായ സ്വർഗ്ഗത്തിൽ എത്തുകയും ചെയ്തു.

31

1ഇതെല്ലാം തീർന്നശേഷം വന്നുകൂടിയിരുന്ന യിസ്രായേൽ ജനമെല്ലാം യെഹൂദാനഗരങ്ങളിൽ ചെന്ന് വിഗ്രഹസ്തംഭങ്ങൾ തകർത്തു കളഞ്ഞു.യെഹൂദയിലും ബെന്യാമീനിലും എഫ്രയീമിലും മനശ്ശെയിലും ഉള്ള അശേരാപ്രതിഷ്ഠകൾ വെട്ടിക്കളയുകയും പുജാഗിരികളും ബലിപീഠങ്ങളും ഇടിച്ച് നശിപ്പിച്ചുകളയുകയും ചെയ്തു. പിന്നെ യിസ്രായേൽമക്കൾ എല്ലാവരും താന്താന്റെ പട്ടണത്തിലേക്കും അവകാശത്തിലേക്കും മടങ്ങിപ്പോയി.

2അനന്തരം യെഹിസ്കീയാവ് പുരോഹിതന്മാരെയും ലേവ്യരെയും, ഗണം ഗണമായി, അവനവന്റെ ശുശ്രൂഷയുടെ ക്രമപ്രകാരം, ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിപ്പാനും, യഹോവയുടെ പാളയത്തിന്റെ വാതിലുകളിൽ ശുശ്രൂഷിപ്പാനും, സ്തോത്രം ചെയ്ത് വാഴ്ത്തുവാനും നിയമിച്ചു.3രാജാവ്, യഹോവയുടെ ന്യായപ്രമാണപ്രകാരം കാലത്തും വൈകുന്നേരത്തും അർപ്പിക്കേണ്ട ഹോമയാഗങ്ങൾക്കായും, ശബ്ബത്തുകളിലും അമാവാസ്യകളിലും ഉത്സവങ്ങളിലും ഉള്ള ഹോമയാഗങ്ങൾക്കായും സ്വന്ത സമ്പത്തിൽ നിന്ന് ഒരു ഓഹരി നിശ്ചയിച്ചു.
4പുരോഹിതന്മാരും ലേവ്യരും യഹോവയുടെ ന്യായപ്രമാണപ്രകാരം ഉള്ള കടമകൾ നിറവേറ്റേണ്ടതിന് അവരുടെ ഓഹരി യഥാസമയം കൊടുപ്പാൻ രാജാവ് യെരൂശലേമിൽ പാർത്ത ജനത്തോട് കല്പിച്ചു.5ഈ കല്പന പ്രസിദ്ധമായ ഉടനെ യിസ്രായേൽമക്കൾ ധാന്യം, വീഞ്ഞ്, എണ്ണ, തേൻ, വയലിലെ വിളവുകൾ എന്നിവയുടെ ആദ്യഫലം ധാരാളമായി കൊണ്ടുവന്നു; എല്ലാറ്റിന്റെയും ദശാംശവും സമൃദ്ധിയായി കൊണ്ടുവന്നു.
6യെഹൂദാനഗരങ്ങളിൽ പാർത്ത യിസ്രായേല്യരും യെഹൂദ്യരും കാളകളുടെയും ആടുകളുടെയും ദശാംശവും, തങ്ങളുടെ ദൈവമായ യഹോവയ്ക്ക് നിവേദിച്ചിരുന്ന വസ്തുക്കളുടെ ദശാംശവും കൊണ്ടുവന്ന് കൂമ്പാരമായി കൂട്ടി.7മൂന്നാം മാസത്തിൽ അവർ കൂമ്പാരം കൂട്ടിത്തുടങ്ങി ഏഴാം മാസത്തിൽ തീർത്തു.8യെഹിസ്കീയാവും പ്രഭുക്കന്മാരും വന്ന് ഈ കൂമ്പാരങ്ങൾ കണ്ടപ്പോൾ അവർ യഹോവയെ വാഴ്ത്തുകയും അവന്റെ ജനമായ യിസ്രായേലിനെ പുകഴ്ത്തുകയും ചെയ്തു.
9യെഹിസ്കീയാവ് കൂമ്പാരങ്ങളെക്കുറിച്ച് പുരോഹിതന്മാരോടും ലേവ്യരോടും ചോദിച്ചു.10അതിന് മറുപടിയായി സാദോക്കിന്റെ ഗൃഹത്തിൽ മഹാപുരോഹിതനായ അസര്യാവ് അവനോട്: “ജനം ഈ വഴിപാടുകൾ യഹോവയുടെ ആലയത്തിലേക്ക് കൊണ്ടുവന്ന് തുടങ്ങിയതു മുതൽ ഞങ്ങൾ തിന്ന് തൃപ്തരായി വളരെ ശേഷിപ്പിച്ചുമിരിക്കുന്നു; യഹോവ തന്റെ ജനത്തെ അനുഗ്രഹിച്ചിരിക്കുന്നു; ശേഷിച്ചതാകുന്നു ഈ വലിയ കൂമ്പാരം” എന്ന് ഉത്തരം പറഞ്ഞു.

11അപ്പോൾ യെഹിസ്കീയാവ്, യഹോവയുടെ ആലയത്തിൽ അറകൾ ഒരുക്കുവാൻ കല്പിച്ചു;12അങ്ങനെ അവർ ഒരുക്കിയശേഷം വഴിപാടുകളും ദശാംശങ്ങളും നിവേദിതവസ്തുക്കളും വിശ്വസ്തതയോടെ അകത്തു് കൊണ്ടുവന്നു: ലേവ്യനായ കോനന്യാവ് അവയുടെ മേൽവിചാരകനും അവന്റെ സഹോദരൻ ശിമെയി രണ്ടാമനും ആയിരുന്നു.13യെഹിസ്കീയാ രാജാവിന്റെയും ദൈവാലയ പ്രമാണിയായ അസര്യാവിന്റെയും ആജ്ഞപ്രകാരം, യെഹീയേൽ, അസസ്യാവ്, നഹത്ത്, അസാഹേൽ, യെരീമോത്ത്, യോസാബാദ്, എലീയേൽ, യിസ്മഖ്യാവ്, മഹത്ത്, ബെനായാവ് എന്നിവർ കോനന്യാവിന്റെയും അവന്റെ സഹോദരൻ ശിമെയിയുടെയും കീഴിൽ മേൽനോട്ടക്കാരായിരുന്നു.
14കിഴക്കെ വാതിൽകാവല്ക്കാരനായിരുന്ന ലേവ്യനായ യിമ്നയുടെ മകൻ കോരേ, യഹോവയുടെ വഴിപാടുകളും അതിവിശുദ്ധവസ്തുക്കളും,ഔദാര്യ ദാനങ്ങളും വിഭാഗിച്ചുകൊടുക്കുന്ന മേൽവിചാരകനായിരുന്നു.15അവന്റെ കീഴിൽ, വലിയവരും ചെറിയവരുമായ തങ്ങളുടെ സഹോദരന്മാർക്ക് ക്രമമായി വിഭാഗിച്ച് കൊടുപ്പാൻ, ഏദെൻ, മിന്യാമീൻ, യേശുവ, ശെമയ്യാവ്, അമര്യാവ്, ശെഖന്യാവ് എന്നീ വിശ്വസ്തർ പുരോഹിതനഗരങ്ങളിൽ ഉദ്യോഗസ്ഥന്മാരായിരുന്നു.
16മൂന്നു വയസ്സിനു മുകളിൽ വംശാവലിയിൽ പേര് ചേർത്തിരുന്ന പുരുഷന്മാരെയും, ദിനമ്പ്രതി ആവശ്യംപോലെ ഗണം ഗണമായി താന്താങ്ങളുടെ ശുശ്രൂഷക്കായി
17ആലയത്തിൽ വരുന്നവരെയും, പുരോഹിതന്മാരുടെ വംശാവലിയിൽ പിതൃഭവനക്രമം അനുസരിച്ച് പേരു ചേർക്കപ്പെട്ടവരെയും, ഇരുപതു വയസ്സിന് മുകളിൽ താന്താങ്ങളുടെ ശുശ്രൂഷയുടെ ക്രമപ്രകാരം പേരുചേർത്ത ലേവ്യരെയും, ഈ കൂട്ടത്തിൽ നിന്നും ഒഴിവാക്കിയിരുന്നു.18സർവ്വസഭയിലുമുള്ള അവരുടെ കുഞ്ഞുങ്ങളും ഭാര്യമാരും പുത്രന്മാരും പുത്രിമാരുമായി വംശാവലിയിൽ പേര് ചേർക്കപ്പെട്ടവർക്കും കൂടെ ഓഹരി കൊടുക്കേണ്ടതായിരുന്നു. അവർ വിശ്വസ്തതയോടെ തങ്ങളെ തന്നെ വിശുദ്ധീകരിച്ചുപോന്നു.19പട്ടണങ്ങളോട് ചേർന്ന പുൽപ്പുറങ്ങളിൽ പാർത്തിരുന്ന അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർക്കും, വംശാവലിയിൽ പേര് ചേർക്കപ്പെട്ട എല്ലാ ലേവ്യർക്കും ഓഹരി കൊടുക്കേണ്ടതിന് ഓരോ പട്ടണത്തിലും പ്രത്യേകം ആളുകളെ നിയമിച്ചിരുന്നു.
20യെഹിസ്കീയാവ് യെഹൂദയിൽ എല്ലയിടത്തും ഇവ്വണ്ണം ചെയ്തു; തന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നന്മയും ന്യായവും സത്യവും ആയ കാര്യങ്ങൾ പ്രവർത്തിച്ചു.21അവൻ ദൈവാലയത്തിലെ ശുശ്രൂഷ സംബന്ധിച്ചും ന്യായപ്രമാണവും കല്പനയും സംബന്ധിച്ചും തന്റെ ദൈവത്തെ അന്വേഷിക്കേണ്ടതിന് ആരംഭിച്ച സകലപ്രവൃത്തിയിലും പൂർണ്ണഹൃദയത്തോടെ പ്രവർത്തിച്ച് അഭിവൃദ്ധിപ്പെട്ടു.

32

1യെഹിസ്കീയാവിന്റെ ഈവിധമായ വിശ്വസ്തപ്രവൃത്തികൾ പൂർത്തിയായപ്പോൾ അശ്ശൂർരാജാവായ സൻഹേരീബ് യെഹൂദയിൽ കടന്നു; ഉറപ്പുള്ള പട്ടണങ്ങൾക്കെതിരെ പാളയമിറങ്ങി. അവ ജയിച്ചടക്കാം എന്ന് വിചാരിച്ചു.

2സൻഹേരീബ് യെരൂശലേമിനെ ആക്രമിപ്പാൻ ഭാവിക്കുന്നു എന്ന് യെഹിസ്കീയാവ് കണ്ടിട്ട്3പട്ടണത്തിന് പുറത്തേക്ക് ഒഴുകുന്ന നീരുറവുകളിലെ വെള്ളം തടയേണ്ടതിന് തന്റെ പ്രഭുക്കന്മാരോടും യുദ്ധവീരന്മാരോടും ആലോചിച്ചു; അവർ അവനെ സഹായിച്ചു.4അങ്ങനെ വളരെ ജനം ഒന്നിച്ചുകൂടി; “അശ്ശൂർരാജാക്കന്മാർ വന്ന് ധാരാളം വെള്ളം കാണുന്നത് എന്തിന്” എന്ന് പറഞ്ഞ് എല്ലാ ഉറവുകളും ദേശത്തിന്റെ നടുവിൽകൂടി ഒഴുകിയ തോടും അടച്ചുകളഞ്ഞു.
5അവൻ ധൈര്യപ്പെട്ട്, ഇടിഞ്ഞുപോയ മതിലുകൾ ഗോപുരങ്ങളോളം പണിതു.പുറത്ത് വേറൊരു മതിലും കെട്ടിപ്പൊക്കി. ദാവീദിന്റെ നഗരത്തിലെ മില്ലോവിന്റെ കേടുപാടുകൾ പോക്കി, നിരവധി ആയുധങ്ങളും പരിചകളും ഉണ്ടാക്കി.
6അവൻ ജനത്തിന് മേൽ പടനായകന്മാരെ നിയമിച്ചു. അവരെ നഗരവാതില്ക്കലുള്ള വിശാലസ്ഥലത്ത് ഒന്നിച്ചുകൂട്ടി ധൈര്യപ്പെടുത്തി സംസാരിച്ചത്:7“ഉറപ്പും ധൈര്യവും ഉള്ളവരായിരിപ്പീൻ; അശ്ശൂർരാജാവിനെയും അവനോട് കൂടെയുള്ള പുരുഷാരത്തെയും കണ്ട് ഭയപ്പെടുകയോ ഭ്രമിക്കുകയോ ചെയ്യരുത്; അവനോടുകൂടെയുള്ളതിലും വലിയവൻ നമ്മോടുകൂടെ ഉണ്ട്.8അവനോടുകൂടെ മാനുഷ ഭുജമേയുള്ളു; നമ്മോടുകൂടെയോ നമ്മെ സഹായിപ്പാനും നമുക്കു വേണ്ടി യുദ്ധങ്ങൾ നടത്തുവാനും നമ്മുടെ ദൈവമായ യഹോവ ഉണ്ട്” എന്ന് പറഞ്ഞു; യെഹൂദാരാജാവായ യെഹിസ്കീയാവിന്റെ വാക്കുകൾ ജനത്തെ ധൈര്യപ്പെടുത്തി.

9അനന്തരം അശ്ശൂർരാജാവായ സൻഹേരീബ് -അവനും അവന്റെ സൈന്യവും ലാഖീശ് പട്ടണം നിരോധിച്ചിരുന്നു -തന്റെ ദാസന്മാരെ യെഹൂദാരാജാവായ യെഹിസ്കീയാവിന്റെയും യെരൂശലേമിലെ സകലയെഹൂദ്യരുടെയും അടുക്കൽ അയച്ച് പറയിച്ചത് എന്തെന്നാൽ:10“അശ്ശൂർരാജാവായ സൻഹേരീബ് ഇപ്രകാരം പറയുന്നു: ‘യെരൂശലേം നഗരം നിരോധിക്കപ്പെട്ടിരിക്കെ നിങ്ങൾ എന്തൊന്നിൽ ആശ്രയിക്കുന്നു?
11‘നമ്മുടെ ദൈവമായ യഹോവ നമ്മെ അശ്ശൂർരാജാവിന്റെ കയ്യിൽനിന്നു വിടുവിക്കും’ എന്ന് പറഞ്ഞ് വിശപ്പും ദാഹവും കൊണ്ട് മരിക്കേണ്ടതിന് യെഹിസ്കീയാവ് നിങ്ങളെ വശീകരിക്കുന്നില്ലയോ?12അവന്റെ പൂജാഗിരികളും യാഗപീഠങ്ങളും നീക്കിക്കളകയും യെഹൂദയോടും യെരൂശലേമിനോടും നിങ്ങൾ ഒരേ പീഠത്തിന് മുമ്പിൽ നമസ്കരിച്ച് അതിന്മേൽ ധൂപം കാട്ടണം എന്ന് കല്പിക്കയും ചെയ്തത് ഈ യെഹിസ്കീയാവ് തന്നെയല്ലെ?.
13ഞാനും എന്റെ പിതാക്കന്മാരും മറ്റ് ദേശങ്ങളിലെ സകല ജനതകളോടും എന്ത് ചെയ്തുവെന്ന് നിങ്ങൾ അറിയുന്നില്ലയോ? ആ ദേശങ്ങളിലെ ജനതകളുടെ ദേവന്മാർക്ക് തങ്ങളുടെ ദേശങ്ങളെ എന്റെ കയ്യിൽനിന്നു വിടുവിപ്പാൻ കഴിഞ്ഞുവോ?14എന്റെ പിതാക്കന്മാർ ഉന്മൂലനാശം വരുത്തിയ ജനതകളുടെ ദേവന്മാരിൽ ഒരുവനും തന്റെ ജനത്തെ എന്റെ കയ്യിൽനിന്ന് വിടുവിപ്പാൻ കഴിയാതിരിക്കെ നിങ്ങളുടെ ദൈവത്തിന് നിങ്ങളെ എന്റെ കയ്യിൽനിന്ന് വിടുവിപ്പാൻ കഴിയുമോ?15ആകയാൽ യെഹിസ്കീയാവ് നിങ്ങളെ ചതിക്കയും, വശീകരിക്കയും ചെയ്യരുത്; നിങ്ങൾ അവനെ വിശ്വസിക്കയും അരുത്;ഏതെങ്കിലും ജനതയുടെയോ രാജ്യത്തിന്റെയോ ദേവന് തന്റെ ജനത്തെ എന്റെയൊ, എന്റെ പിതാക്കന്മാരുടെയൊ കയ്യിൽനിന്ന് വിടുവിപ്പാൻ കഴിഞ്ഞിട്ടില്ല; പിന്നെ നിങ്ങളുടെ ദൈവം നിങ്ങളെ എന്റെ കയ്യിൽനിന്ന് വിടുവിക്കുന്നത് എങ്ങനെ?”
16കൂടാതെ അവന്റെ ദാസന്മാർ യഹോവയായ ദൈവത്തിനും അവന്റെ ദാസനായ യെഹിസ്കീയാവിനും വിരോധമായി സംസാരിച്ചു.17“മറ്റു ദേശങ്ങളിലെ ജനതകളുടെ ദേവന്മാർ തങ്ങളുടെ ജനത്തെ എന്റെ കയ്യിൽനിന്ന് വിടുവിക്കാതിരുന്നതുപോലെ യെഹിസ്കീയാവിന്റെ ദൈവവും തന്റെ ജനത്തെ എന്റെ കയ്യിൽനിന്നു വിടുവിക്കയില്ല” എന്നിങ്ങനെ അവൻ യിസ്രായേലിന്റെ ദൈവമായ യഹോവയെ നിന്ദിച്ച് അവന് വിരോധമായി കത്തുകളും എഴുതി അയച്ചു.
18പട്ടണം പിടിക്കേണ്ടതിന് അവർ യെരൂശലേമിൽ മതിലിന്മേൽ പാർത്ത ജനത്തെ പേടിപ്പിച്ച് ഭ്രമിപ്പിക്കുവാൻ യെഹൂദ്യഭാഷയിൽ അവരോട് ഉറച്ച ശബ്ദത്തിൽ വിളിച്ച്,19മനുഷ്യരുടെ കൈപ്പണിയായ ജാതികളുടെ ദേവന്മാരെക്കുറിച്ചെന്നപോലെ യെരൂശലേമിന്റെ ദൈവത്തെക്കുറിച്ച് സംസാരിച്ചു.
20ഇതുനിമിത്തം യെഹിസ്കീയാ രാജാവും ആമോസിന്റെ മകനായ യെശയ്യാ പ്രവാചകനും പ്രാർത്ഥിച്ച് സ്വർഗ്ഗത്തിലേക്ക് നോക്കി നിലവിളിച്ചു.21അപ്പോൾ യഹോവ ഒരു ദൂതനെ അയച്ചു; അവൻ അശ്ശൂർ രാജാവിന്റെ പാളയത്തിലെ സകല പരാക്രമശാലികളെയും പ്രഭുക്കന്മാരെയും സേനാപതികളെയും സംഹരിച്ചു; അതിനാൽ അവൻ ലജ്ജകൊണ്ട് മുഖം കുനിച്ച് സ്വദേശത്തേക്ക് മടങ്ങിപ്പോകേണ്ടിവന്നു; അവൻ തന്റെ ദേവന്റെ ക്ഷേത്രത്തിൽ ചെന്നപ്പോൾ അവന്റെ പുത്രന്മാരിൽ ചിലർ അവനെ അവിടെവെച്ച് വാൾകൊണ്ട് കൊന്നുകളഞ്ഞു.
22ഇങ്ങനെ യഹോവ യെഹിസ്കീയാവെയും യെരൂശലേംനിവാസികളെയും അശ്ശൂർരാജാവായ സൻഹേരീബിന്റെ കയ്യിൽനിന്നും മറ്റെല്ലാവരുടെയും കയ്യിൽനിന്നും രക്ഷിച്ച് അവർക്ക് ചുറ്റിലും വിശ്രമം നല്കി;23പലരും യെരൂശലേമിൽ യഹോവയ്ക്ക് കാഴ്ചകളും യെഹൂദാരാജാവായ യെഹിസ്കീയാവിന് സമ്മാനങ്ങളും കൊണ്ടുവന്നു; അവൻ അന്നുമുതൽ സകലജാതികളുടെയും ദൃഷ്ടിയിൽ ഉന്നതനായിത്തീർന്നു.

24ആ കാലത്ത് യെഹിസ്കീയാവിന് മരണകരമായ ദീനംപിടിച്ചു; അവൻ യഹോവയോട് പ്രാർത്ഥിച്ചു; അതിന് അവൻ ഉത്തരം അരുളി ഒരു അടയാളവും കൊടുത്തു.25എന്നാൽ യെഹിസ്കീയാവ് തനിക്ക് ലഭിച്ച ഉപകാരത്തിന് തക്കവണ്ണം നടക്കാതെ നിഗളിച്ചുപോയി; അതുകൊണ്ട് അവന്റെമേലും യെഹൂദയുടെമേലും യെരൂശലേമിന്മേലും ദൈവകോപം ഉണ്ടായി.26എന്നാൽ തങ്ങളുടെ ഗർവ്വത്തെക്കുറിച്ച് യെഹിസ്കീയാവും യെരൂശലേംനിവാസികളും അനുതപിക്കയും തങ്ങളെത്തന്നേ താഴ്ത്തുകയും ചെയ്തു; അതുകൊണ്ട് യഹോവയുടെ കോപം യെഹിസ്കീയാവിന്റെ കാലത്ത് അവരുടെമേൽ വന്നില്ല.
27യെഹിസ്കീയാവിന് വളരെയധികം ധനവും മാനവും ഉണ്ടായിരുന്നു; അവൻ വെള്ളി, പൊന്ന്, രത്നം, സുഗന്ധ വർഗ്ഗം, പരിച സകലവിധമനോഹരവസ്തുക്കൾ എന്നിവയ്ക്കായി ഭണ്ഡാരഗൃഹങ്ങളും28ധാന്യം, വീഞ്ഞ്, എണ്ണ എന്നിവക്കായി സംഭരണ ശാലകളും, സകലവിധ മൃഗങ്ങൾക്കും ആട്ടിൻ കൂട്ടങ്ങൾക്കും തൊഴുത്തുകളും ഉണ്ടാക്കി.29ദൈവം അവന് വളരെ സമ്പത്ത് കൊടുത്തിരുന്നതു കൊണ്ട് അവൻ പട്ടണങ്ങളെയും ആടുമാടുകളെയും വളരെ സമ്പാദിച്ചു.
30ഈ യെഹിസ്കീയാവ് തന്നെയത്രെ ഗീഹോൻ വെള്ളത്തിന്റെ മേലത്തെ ഒഴുക്കു തടഞ്ഞ് ദാവീദിന്റെ നഗരത്തിന്റെ പടിഞ്ഞാറെ ഭാഗത്ത് തുരങ്കത്തിലൂടെ താഴോട്ട് വരുത്തിയത്. അങ്ങനെ യെഹിസ്കീയാവ് തന്റെ സകലപ്രവർത്തികളിലും കൃതാർത്ഥനായിരുന്നു.31എങ്കിലും ദേശത്തിൽ സംഭവിച്ചിരുന്ന അതിശയത്തെക്കുറിച്ച് ചോദിക്കേണ്ടതിന് ബാബേൽ പ്രഭുക്കന്മാർ അവന്റെ അടുക്കൽ അയച്ച ദൂതന്മാരുടെ കാര്യത്തിൽ അവന്റെ ഹൃദയരഹസ്യങ്ങൾ വെളിപ്പെടുത്താൻ തക്കവണ്ണം അവനെ പരീക്ഷിക്കേണ്ടതിന് ദൈവം അവനെ വിട്ടുകൊടുത്തു.
32യെഹിസ്കീയാവിന്റെ മറ്റ് വൃത്താന്തങ്ങളും അവന്റെ സൽപ്രവൃത്തികളും ആമോസിന്റെ മകനായ യെശയ്യാപ്രവാചകന്റെ ദർശനത്തിലും യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തിലും എഴുതിയിരിക്കുന്നുവല്ലോ.33യെഹിസ്കീയാവ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ പുത്രന്മാരുടെ കല്ലറകളുടെ മേൽ നിരയിൽ അവനെ അടക്കം ചെയ്തു; അവന്റെ മരണസമയത്ത് എല്ലായെഹൂദയും യെരൂശലേംനിവാസികളും അവനെ ബഹുമാനിച്ചു. അവന്റെ മകനായ മനശ്ശെ അവന് പകരം രാജാവായി.

33

1മനശ്ശെ രാജാവായി വാഴ്ച തുടങ്ങിയപ്പോൾ അവന് പന്ത്രണ്ട് വയസ്സായിരുന്നു; അവൻ അമ്പത്തഞ്ച് സംവത്സരം യെരൂശലേമിൽ വാണു.2യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞ ജാതികളുടെ മ്ലേച്ഛതകളിൽ മുഴുകി അവൻ യഹോവക്ക് അനിഷ്ടമായത് ചെയ്തു.3തന്റെ അപ്പനായ യെഹിസ്കീയാവ് ഇടിച്ചുകളഞ്ഞ പൂജാഗിരികൾ വീണ്ടും പണിത്, ബാൽവിഗ്രഹങ്ങൾക്ക് ബലിപീഠങ്ങൾ തീർത്തു; അശേരാപ്രതിഷ്ഠകളും ഉണ്ടാക്കി; ആകാശത്തിലെ സർവ്വസൈന്യത്തെയും ആരാധിക്കുകയും,സേവിക്കുകയും ചെയ്തു.

4“യെരൂശലേമിൽ എന്റെ നാമം എന്നേക്കും വസിക്കും” എന്ന് ഏത് ആലയത്തേപ്പറ്റി യഹോവ അരുളിച്ചെയ്തുവോ ആ ആലയത്തിലും അവൻ ബലിപീഠങ്ങൾ പണിതു.5യഹോവയുടെ ആലയത്തിന്റെ രണ്ട് പ്രാകാരങ്ങളിലും അവൻ ആകാശത്തിലെ സൈന്യത്തിന് ബലിപീഠങ്ങൾ പണിതു.6അവൻ തന്റെ പുത്രന്മാരെ ബെൻ-ഹിന്നോം താഴ്വരയിൽ അഗ്നിപ്രവേശം ചെയ്യിച്ചു;ലക്ഷണം നോക്കിച്ചു;മന്ത്രവാദവും, ആഭിചാരവും പ്രയോഗിച്ചു, വെളിച്ചപ്പാടുകളുടെയും, ലക്ഷണം പറയുന്നവരുടെയും അടുക്കൽ പോയി.ഇങ്ങനെ യഹോവയ്ക്ക് അനിഷ്ടമായ പലതും ചെയ്ത് അവനെ കോപിപ്പിച്ചു.
7കൊത്തുപണി ചെയ്ത് താൻ ഉണ്ടാക്കിയ വിഗ്രഹം അവൻ ദൈവാലയത്തിൽ പ്രതിഷ്ഠിച്ചു; ഈ ആലയത്തെക്കുറിച്ച് ദൈവം ദാവീദിനോടും അവന്റെ മകനായ ശലോമോനോടും ഇപ്രകാരം അരുളിചെയ്തിരുന്നു:“ ഞാൻ യിസ്രായേൽഗോത്രങ്ങളിൽ നിന്ന് തെരഞ്ഞെടുത്തിരിക്കുന്ന യെരൂശലേമിലുള്ള ഈ ആലയത്തിൽ ഞാൻ എന്റെ നാമം എന്നേക്കും സ്ഥാപിക്കും.8ഞാൻ മോശെ മുഖാന്തരം യിസ്രായേലിനോട് കല്പിച്ച നിയമങ്ങളും, ചട്ടങ്ങളും,വിധികളും അനുസരിച്ചു നടപ്പാൻ അവർ ശ്രദ്ധിക്കുമെങ്കിൽ, അവരുടെ പിതാക്കന്മാർക്കായി നിശ്ചയിച്ച ദേശത്തുനിന്ന് അവരുടെ കാൽ ഇനി നീക്കിക്കളകയില്ല.”9അങ്ങനെ മനശ്ശെ, യഹോവ യിസ്രായേൽ മക്കളുടെ മുമ്പിൽ നശിപ്പിച്ച ജാതികൾ ചെയ്തതിലും അധികം വഷളത്തം പ്രവർത്തിപ്പാൻ തക്കവണ്ണം യെഹൂദയെയും യെരൂശലേം നിവാസികളെയും വശീകരിച്ച് തെറ്റിച്ചു കളഞ്ഞു.
10യഹോവ മനശ്ശെയോടും അവന്റെ ജനത്തോടും സംസാരിച്ചു; എങ്കിലും അവർ ശ്രദ്ധിച്ചില്ല.11ആകയാൽ യഹോവ അശ്ശൂർരാജാവിന്റെ സേനാധിപന്മാരെ അവരുടെ നേരെ വരുത്തി; അവർ മനശ്ശെയെ കൊളുത്തുകളാൽ പിടിച്ച് പിത്തളചങ്ങലയാൽ ബന്ധിച്ച് ബാബേലിലേക്ക് കൊണ്ടുപോയി.
12കഷ്ടതയിൽ ആയപ്പോൾ അവൻ തന്റെ ദൈവമായ യഹോവയോട് അപേക്ഷിച്ചു; തന്റെ പിതാക്കന്മാരുടെ ദൈവത്തിന്റെ മുമ്പിൽ തന്നെത്താൻ ഏറ്റവും താഴ്ത്തി അവനോട് പ്രാർത്ഥിച്ചു.13അവൻ അവന്റെ പ്രാർത്ഥനയും യാചനയും കൈക്കൊണ്ട് അവനെ വീണ്ടും യെരൂശലേമിൽ അവന്റെ രാജത്വത്തിലേക്ക് തിരിച്ചു വരുത്തി; യഹോവ തന്നെ ദൈവം എന്ന് മനശ്ശെക്ക് ബോധ്യമായി.

14അതിനുശേഷം അവൻ ഗീഹോന് പടിഞ്ഞാറുള്ള താഴ്വരയിൽ, മീൻവാതിലിന്റെ പ്രവേശനംവരെ, ദാവീദിന്റെ നഗരത്തിന് പുറത്തായി ഒരു മതിൽ പണിതു; അവൻ അത് ഓഫേലിന് ചുറ്റും വളരെ പൊക്കത്തിൽ പണിയുകയും യെഹൂദയിലെ ഉറപ്പുള്ള പട്ടണങ്ങളിൽ സേനാധിപന്മാരെ പാർപ്പിക്കയും ചെയ്തു.15അവൻ യഹോവയുടെ ആലയത്തിൽനിന്ന് അന്യദൈവങ്ങളെയും വിഗ്രഹത്തെയും യഹോവയുടെ ആലയം നില്ക്കുന്ന പർവ്വതത്തിലും യെരൂശലേമിലും താൻ പണിതിരുന്ന സകലബലിപീഠങ്ങളേയും നീക്കി, നഗരത്തിന് പുറത്ത് എറിഞ്ഞുകളഞ്ഞു.
16അവൻ യഹോവയുടെ യാഗപീഠം നന്നാക്കി, അതിന്മേൽ സമാധാനയാഗങ്ങളും സ്തോത്രയാഗങ്ങളും അർപ്പിച്ചു; യിസ്രായേലിന്റെ ദൈവമായ യഹോവയെ സേവിപ്പാൻ യെഹൂദയോട് കല്പിച്ചു.17ജനം പൂജാഗിരികളിൽ യാഗം കഴിച്ചുപോന്നു എങ്കിലും തങ്ങളുടെ ദൈവമായ യഹോവക്ക് അത്രേ അവർ യാഗം കഴിച്ചത്.
18മനശ്ശെയുടെ മറ്റ് വൃത്താന്തങ്ങളും അവൻ തന്റെ ദൈവത്തോട് കഴിച്ച പ്രാർത്ഥനയും യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ അവനോട് സംസാരിച്ച ദർശകന്മാരുടെ വചനങ്ങളും യിസ്രായേൽരാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നു.19അവൻ പ്രാർത്ഥിച്ചതും, ദൈവം അവന്റെ പ്രാർത്ഥന കേട്ടതും, അവൻ തന്നെത്താൻ താഴ്ത്തിയതിന് മുമ്പെയുള്ള അവന്റെ സകല പാപവും അകൃത്യവും അവൻ ഏതെല്ലാം ഇടങ്ങളിൽ പൂജാഗിരികൾ നിർമ്മിക്കുകയും അശേരാപ്രതിഷ്ഠകളും വിഗ്രഹങ്ങളും സ്ഥാപിക്കുകയും ചെയ്തു എന്നും ദർശകന്മാരുടെ വൃത്താന്തത്തിൽ എഴുതിയിരിക്കുന്നു.20മനശ്ശെ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ അവന്റെ അരമനയിൽ അടക്കം ചെയ്തു; അവന്റെ മകനായ ആമോൻ അവന് പകരം രാജാവായി.

21ആമോൻ വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തിരണ്ട് വയസ്സായിരുന്നു; അവൻ രണ്ട് സംവത്സരം യെരൂശലേമിൽ വാണു.22അവൻ തന്റെ അപ്പനായ മനശ്ശെയെപ്പോലെ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു; തന്റെ അപ്പനായ മനശ്ശെ ഉണ്ടാക്കിയ സകല വിഗ്രഹങ്ങൾക്കും ആമോൻ ബലികഴിച്ച് അവയെ സേവിച്ചു.23തന്റെ അപ്പനായ മനശ്ശെ തന്നെത്താൻ യഹോവയുടെ മുമ്പാകെ താഴ്ത്തിയതു പോലെ അവൻ തന്നെത്താൻ താഴ്ത്തിയില്ല; ആമോൻ മേല്ക്കുമേൽ അകൃത്യം ചെയ്തതേയുള്ളു.
24അവന്റെ ഭൃത്യന്മാർ അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി അവനെ അരമനയിൽ വെച്ച് കൊന്നുകളഞ്ഞു.25എന്നാൽ ദേശത്തെ ജനം ആമോൻ രാജാവിന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കിയവരെയെല്ലാം കൊന്ന് അവന്റെ മകനായ യോശീയാവെ അവന് പകരം രാജാവാക്കി.

34

1യോശീയാവ് വാഴ്ച തുടങ്ങിയപ്പോൾ അവന് എട്ടു വയസ്സായിരുന്നു; അവൻ മുപ്പത്തൊന്ന് സംവത്സരം യെരൂശലേമിൽ വാണു.2അവൻ യഹോവയ്ക്ക് പ്രസാദമായത് ചെയ്തു; തന്റെ പിതാവായ ദാവീദിന്റെ വഴികളിൽ, വലത്തോട്ടോ ഇടത്തോട്ടോ മാറാതെ നടന്നു.3അവന്റെ വാഴ്ചയുടെ എട്ടാം ആണ്ടിൽ, അവൻ ചെറുപ്പമായിരുന്നപ്പോൾ തന്നേ, അവൻ തന്റെ പിതാവായ ദാവീദിന്റെ ദൈവത്തെ അന്വേഷിച്ചുതുടങ്ങി; പന്ത്രണ്ടാം ആണ്ടിൽ അവൻ പൂജാഗിരികളും അശേരാപ്രതിഷ്ഠകളും വിഗ്രഹങ്ങളും ബിംബങ്ങളും നീക്കി യെഹൂദയും യെരൂശലേമും വെടിപ്പാക്കുവാൻ തുടങ്ങി.

4അവൻ കാൺകെ അവർ ബാൽവിഗ്രഹങ്ങളുടെ ബലിപീഠങ്ങൾ ഇടിച്ചുകളഞ്ഞു; അവയ്ക്ക് മീതെയുള്ള ധൂപപീഠങ്ങൾ അവൻ വെട്ടിക്കളഞ്ഞു; അശേരാപ്രതിഷ്ഠകളും വിഗ്രഹങ്ങളും ബിംബങ്ങളും തകർത്ത് പൊടിയാക്കി, അവയ്ക്ക് ബലികഴിച്ചവരുടെ കല്ലറകളിന്മേൽ വിതറിച്ചു.5അവൻ പൂജാരികളുടെ അസ്ഥികൾ അവരുടെ ബലിപീഠങ്ങളിന്മേൽ ദഹിപ്പിക്കയും യെഹൂദയെയും യെരൂശലേമിനെയും വെടിപ്പാക്കുകയും ചെയ്തു.
6അങ്ങനെതന്നെ അവൻ മനശ്ശെയുടെയും എഫ്രയീമിന്റെയും ശിമെയോന്റെയും പട്ടണങ്ങളിൽ നഫ്താലിവരെ ശുദ്ധീകരണ പ്രവർത്തി ചെയ്തു.7അവൻ ബലിപീഠങ്ങൾ ഇടിച്ച് അശേരാപ്രതിഷ്ഠകളും വിഗ്രഹങ്ങളും തകർത്ത് പൊടിയാക്കി, യിസ്രായേൽദേശം മുഴുവൻ സകല ധൂപപീഠങ്ങളും വെട്ടിക്കളഞ്ഞ ശേഷം യെരൂശലേമിലേക്ക് മടങ്ങിപ്പോന്നു.

8അവന്റെ വാഴ്ചയുടെ പതിനെട്ടാം ആണ്ടിൽ യിസ്രായേൽ ദേശവും ആലയവും വെടിപ്പാക്കിയശേഷം അവൻ അസല്യാവിന്റെ മകൻ ശാഫാനെയും നഗരാധിപതി മയശേയാവെയും യോവാശിന്റെ മകൻ രാജകീയ രേഖകളുടെ സൂക്ഷിപ്പുകാരനായ യോവാഹിനെയും തന്റെ ദൈവമായ യഹോവയുടെ ആലയത്തിന്റെ കേടുപാട് തീർപ്പാൻ നിയോഗിച്ചു.9അവർ മഹാപുരോഹിതനായ ഹില്ക്കീയാവിന്റെ അടുക്കൽ ചെന്നപ്പോൾ, വാതിൽകാവല്ക്കാരായ ലേവ്യർ മനശ്ശെയോടും എഫ്രയീമിനോടും ശേഷമുള്ള എല്ലായിസ്രായേലിനോടും യെഹൂദയോടും ബെന്യാമീനോടും യെരൂശലേംനിവാസികളോടും പിരിച്ചെടുത്ത് ദൈവാലയത്തിൽ സൂക്ഷിച്ചിരുന്ന പണം അവരെ ഏല്പിച്ചു.
10അവർ അത് യഹോവയുടെ ആലയത്തിൽ വേലചെയ്യിക്കുന്ന മേൽവിചാരകന്മാരുടെ കയ്യിലും, അവർ ആ പണം യഹോവയുടെ ആലയത്തിന്റെ കേടുപാട് തീർക്കുവാൻ ആലയത്തിൽ പണിചെയ്യുന്ന പണിക്കാർക്കും കൊടുത്തു.11ചെത്തിയ കല്ലും തുലാങ്ങൾക്കുള്ള തടിയും വാങ്ങേണ്ടതിനും യെഹൂദാരാജാക്കന്മാരുടെ അശ്രദ്ധ മൂലം നശിച്ചുപോയിരുന്ന കെട്ടിടങ്ങൾക്ക് തുലാങ്ങൾ വെക്കേണ്ടതിനും കല്പണിക്കാർക്കും ആശാരിമാർക്കും കൂലി കൊടുക്കേണ്ടതിനും തന്നേ.
12ആ പുരുഷന്മാർ വിശ്വസ്തതയോടെ പ്രവർത്തിച്ചു; മെരാര്യരിൽ, യഹത്ത്, ഓബദ്യാവ് എന്നീ ലേവ്യരും, കെഹാത്യരിൽ സെഖര്യാവ് മെശുല്ലാം എന്നിവരും അവരുടെ മേൽവിചാരകന്മാർ ആയിരുന്നു.13വാദ്യോപകരണങ്ങൾ ഉപയോഗിക്കുന്നതിൽ സാമർത്ഥ്യമുള്ള ലേവ്യർ,ചുമട്ടുകാർക്കും പലവിധ വേല ചെയ്യുന്ന എല്ലാ പണിക്കാർക്കും മേൽവിചാരകന്മാരായിരുന്നു; ലേവ്യരിൽ ചിലർ രേഖകളുടെ എഴുത്തുകാരും, ഉദ്യോഗസ്ഥന്മാരും വാതിൽകാവല്ക്കാരും, ആയിരുന്നു.
14അവർ യഹോവയുടെ ആലയത്തിൽ പിരിഞ്ഞുകിട്ടിയ പണം പുറത്ത് എടുത്തപ്പോൾ ഹില്ക്കീയാപുരോഹിതൻ യഹോവ മോശെമുഖാന്തരം കൊടുത്ത ന്യായപ്രമാണപുസ്തകം കണ്ടെത്തി.15ഹില്ക്കീയാവ് രേഖാസൂക്ഷിപ്പുകാരനായ ശാഫാനോട്: “ഞാൻ യഹോവയുടെ ആലയത്തിൽ ന്യായപ്രമാണപുസ്തകം കണ്ടെത്തിയിരിക്കുന്നു” എന്ന് പറഞ്ഞു. ഹില്ക്കീയാവ് പുസ്തകം ശാഫാന്റെ കയ്യിൽ കൊടുത്തു.16ശാഫാൻ പുസ്തകം രാജാവിന്റെ അടുക്കൽ കൊണ്ടുചെന്ന് രാജസന്നിധിയിൽ ബോധിപ്പിച്ചത്: “അടിയങ്ങൾക്ക് കല്പന തന്നതുപോലെ എല്ലാം ചെയ്തിരിക്കുന്നു.
17യഹോവയുടെ ആലയത്തിൽ സൂക്ഷിച്ചിരുന്ന പണം പുറത്തെടുത്ത് വിചാരകന്മാരുടെ കയ്യിലും പണിക്കാരുടെ കയ്യിലും കൊടുത്തിരിക്കുന്നു.”18രേഖാസൂക്ഷിപ്പുകാരനായ ശാഫാൻ രാജാവിനോട്: “ഹില്ക്കീയാപുരോഹിതൻ ഒരു പുസ്തകം എന്റെ കയ്യിൽ തന്നിരിക്കുന്നു” എന്നും ബോധിപ്പിച്ചു; ശാഫാൻ അതിനെ രാജസന്നിധിയിൽ വായിച്ചു കേൾപ്പിച്ചു.19ന്യായപ്രമാണത്തിലെ വചനങ്ങൾ കേട്ട രാജാവ് വസ്ത്രം കീറി.
20രാജാവ് ഹില്ക്കീയാവിനോടും, ശാഫാന്റെ മകൻ അഹീക്കാമിനോടും, മീഖയുടെ മകൻ അബ്ദോനോടും, രേഖാസൂക്ഷിപ്പുകാരനായ ശാഫാനോടും, രാജഭൃത്യനായ അസായാവിനോടും കല്പിച്ചത് എന്തെന്നാൽ:21“നിങ്ങൾ ചെന്ന്, കണ്ടുകിട്ടിയിരിക്കുന്ന ഈ പുസ്തകത്തിലെ വചനങ്ങളെക്കുറിച്ച് എനിക്കും, യിസ്രായേലിലും യെഹൂദയിലും ശേഷിച്ചിരിക്കുന്നവർക്കും വേണ്ടി യഹോവയോട് അരുളപ്പാട് ചോദിപ്പിൻ; ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതെല്ലാം അനുസരിച്ച് നമ്മുടെ പിതാക്കന്മാർ യഹോവയുടെ വചനം പ്രമാണിക്കാതെയിരുന്നതുകൊണ്ട് നമ്മുടെമേൽ ചൊരിഞ്ഞിരിക്കുന്ന യഹോവയുടെ കോപം വലിയതല്ലോ.”
22അങ്ങനെ ഹില്ക്കീയാവും രാജാവ് നിയോഗിച്ചവരും ഹസ്രയുടെ മകനായ തൊക്ഹത്തിന്റെ മകൻ, രാജവസ്ത്രവിചാരകനായ ശല്ലൂമിന്റെ ഭാര്യ ഹുൽദാ എന്ന പ്രവാചകിയുടെ അടുക്കൽ ചെന്ന് -അവൾ യെരൂശലേമിൽ രണ്ടാം ഭാഗത്ത് പാർത്തിരുന്നു- അവളോട് ആ സംഗതിയെക്കുറിച്ച് സംസാരിച്ചു.
23അവൾ അവരോട് ഉത്തരം പറഞ്ഞത്: “നിങ്ങളെ എന്റെ അടുക്കൽ അയച്ച പുരുഷനോട് നിങ്ങൾ പറയേണ്ടത് എന്തെന്നാൽ:24‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ സ്ഥലത്തിനും നിവാസികൾക്കും യെഹൂദാരാജാവിന്റെ മുമ്പാകെ വായിച്ചുകേൾപ്പിച്ച പുസ്തകത്തിൽ എഴുതിയിരിക്കുന്ന സകല ശാപങ്ങളും വരുത്തും.25അവർ എന്നെ ഉപേക്ഷിച്ച് തങ്ങളുടെ സകലപ്രവൃത്തികളാലും എനിക്കു കോപം വരത്തക്കവണ്ണം അന്യദൈവങ്ങൾക്ക് ധൂപം കാട്ടിയതുകൊണ്ട് എന്റെ കോപാഗ്നി ഈ സ്ഥലത്ത് ചൊരിയും; അതു കെട്ടുപോകയും ഇല്ല.’
26എന്നാൽ യഹോവയോട് ചോദിപ്പാൻ നിങ്ങളെ അയച്ച യെഹൂദാരാജാവിനോട് നിങ്ങൾ പറയേണ്ടത് എന്തെന്നാൽ: ‘നീ കേട്ടിരിക്കുന്ന വചനങ്ങളെക്കുറിച്ച് യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു;27ഈ സ്ഥലത്തിനും നിവാസികൾക്കും വിരോധമായുള്ള ദൈവത്തിന്റെ വചനങ്ങൾ നീ കേട്ടപ്പോൾ നിന്റെ ഹൃദയം അലിഞ്ഞ്, അവന്റെ മുമ്പാകെ നിന്നെത്തന്നെ താഴ്ത്തുകയും,നിന്റെ വസ്ത്രം കീറി എന്റെ മുമ്പാകെ കരയുകയും ചെയ്ക കൊണ്ട് ഞാനും നിന്റെ അപേക്ഷ കേട്ടിരിക്കുന്നു.28ഞാൻ നിന്നെ നിന്റെ പിതാക്കന്മാരോട് ചേർത്തുകൊള്ളും; നീ സമാധാനത്തോടെ നിന്റെ കല്ലറയിൽ അടക്കപ്പെടും; ഞാൻ ഈ സ്ഥലത്തിനും നിവാസികൾക്കും വരുത്തുവാൻ പോകുന്ന അനർത്ഥമൊന്നും നിന്റെ കണ്ണ് കാണുകയുമില്ല.” അവർ രാജാവിനെ ഈ മറുപടി ബോധിപ്പിച്ചു.

29അനന്തരം രാജാവ് ആളയച്ച് യെഹൂദയിലും യെരൂശലേമിലും ഉള്ള എല്ലാ മൂപ്പന്മാരെയും കൂട്ടിവരുത്തി.30രാജാവും സകലയെഹൂദാ പുരുഷന്മാരും യെരൂശലേം നിവാസികളും പുരോഹിതന്മാരും ലേവ്യരും വലിയവരും ചെറിയവരും ആയ സർവ്വജനവും യഹോവയുടെ ആലയത്തിൽ ചെന്നു; അവൻ യഹോവയുടെ ആലയത്തിൽ കണ്ടുകിട്ടിയ നിയമപുസ്തകത്തിലെ വചനങ്ങളെല്ലാം അവരെ കേൾപ്പിച്ചു.
31രാജാവ് തന്റെ സ്ഥാനത്ത് എഴുന്നേറ്റ് നിന്ന്, താൻ യഹോവയെ അനുസരിക്കയും അവന്റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ പ്രമാണിച്ചുനടക്കയും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന നിയമത്തിന്റെ വചനങ്ങൾ ആചരിക്കയും ചെയ്യുമെന്നും യഹോവയുടെ മുമ്പാകെ ഒരു നിയമം ചെയ്തു.32യെരൂശലേമിലും ബെന്യാമീനിലും ഉണ്ടായിരുന്നവരെ ഒക്കെയും അവൻ ഈ ഉടമ്പടിയിൽ പങ്കാളികളാക്കി. യെരൂശലേംനിവാസികൾ തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തിന്റെ നിയമപ്രകാരം എല്ലാം ചെയ്തു.
33യോശീയാവ് യിസ്രായേൽമക്കളുടെ സകലദേശങ്ങളിൽനിന്നും സകലമ്ലേച്ഛതകളും നീക്കിക്കളഞ്ഞ്, യിസ്രായേലിൽ ഉള്ളവരെല്ലാം തങ്ങളുടെ ദൈവമായ യഹോവയെ ഉത്സാഹത്തോടെ സേവിപ്പാൻ സംഗതിവരുത്തി. അവന്റെ കാലത്ത് അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ വിട്ടുമാറിയില്ല.

35

1അനന്തരം യോശീയാവ് യെരൂശലേമിൽ യഹോവയ്ക്ക് ഒരു പെസഹ ആചരിച്ചു. ഒന്നാം മാസം പതിനാലാം തീയതി അവർ പെസഹ അറുത്തു.2അവൻ പുരോഹിതന്മാരെ അവരുടെ ശുശ്രൂഷകൾക്കായി നിയോഗിച്ചു. യഹോവയുടെ ആലയത്തിലെ ശുശ്രൂഷയ്ക്കായി അവരെ ഉത്സാഹിപ്പിച്ചു.

3അവൻ യിസ്രായേൽജനത്തിന്റെ ഉപദേഷ്ടാക്കന്മാരും യഹോവയ്ക്ക് വിശുദ്ധരുമായ ലേവ്യരോട് പറഞ്ഞത്: “യിസ്രായേൽരാജാവായ ദാവീദിന്റെ മകൻ ശലോമോൻ പണിത ആലയത്തിൽ വിശുദ്ധപെട്ടകം വെക്കുക; ഇനി അത് നിങ്ങളുടെ ചുമലുകൾക്ക് ഭാരമായിരിക്കരുത്; നിങ്ങളുടെ ദൈവമായ യഹോവയെയും അവന്റെ ജനമായ യിസ്രായേലിനെയും സേവിക്കുന്നതിൽ ശ്രദ്ധവെക്കുക.4യിസ്രായേൽരാജാവായ ദാവീദിന്റെയും അവന്റെ മകനായ ശലോമോന്റെയും രേഖകളിൽ നിർദേശിച്ചിരിക്കും പോലെ പിതൃഭവനം പിതൃഭവനമായും ഗണം ഗണമായും നിങ്ങളെത്തന്നെ ഒരുക്കുവിൻ.
5നിങ്ങളുടെ സഹോദരന്മാരായ ജനത്തിന്റെ പിതൃഭവനവിഭാഗം അനുസരിച്ച് ഓരോ വിഭാഗത്തിനും ലേവ്യരുടെ ഓരോ പിതൃഭവനഭാഗത്തിന്റെ ശുശ്രൂഷ ലഭിക്കത്തക്കവണ്ണം വിശുദ്ധമന്ദിരത്തിൽ നിൽക്കേണം.6ഇങ്ങനെ നിങ്ങൾ പെസഹ അറുത്ത് നിങ്ങളെത്തന്നെ വിശുദ്ധീകരിക്കയും മോശെ മുഖാന്തരം നൽകപ്പെട്ട യഹോവയുടെ അരുളപ്പാടുകൾ നിങ്ങളുടെ സഹോദരന്മാർ അനുസരിക്കേണ്ടതിന് അവരെ ഒരുക്കുകയും ചെയ്‌വീൻ.”
7യോശീയാവ് അവിടെ ഉണ്ടായിരുന്ന എല്ലാവർക്കും വേണ്ടി പെസഹ യാഗങ്ങൾക്കായി രാജാവിന്റെ ആട്ടിൻകൂട്ടത്തിൽനിന്ന് മുപ്പതിനായിരം കുഞ്ഞാടുകളെയും, വെള്ളാട്ടിൻകുട്ടികളെയും, മൂവായിരം കാളകളെയും കൊടുത്തു.8അവന്റെ പ്രഭുക്കന്മാർ, ജനത്തിനും, പുരോഹിതന്മാർക്കും, ലേവ്യർക്കും ഔദാര്യമായി കൊടുത്തു; ദൈവാലയ പ്രമാണികളായ ഹില്ക്കീയാവും സെഖര്യാവും യെഹീയേലും പുരോഹിതന്മാർക്ക് പെസഹയാഗങ്ങൾക്കായി രണ്ടായിരത്തറുനൂറ് കുഞ്ഞാടുകളെയും മുന്നൂറ് കാളകളെയും കൊടുത്തു.9കോനന്യാവും അവന്റെ സഹോദരന്മാരായ ശെമയ്യാവും നെഥനയേലും ലേവ്യരുടെ പ്രഭുക്കന്മാരായ ഹസബ്യാവും യെഹീയേലും യോസാബാദും പെസഹയാഗങ്ങൾക്കായി അയ്യായിരം കുഞ്ഞാടുകളെയും അഞ്ഞൂറു കാളകളെയും ലേവ്യർക്ക് കൊടുത്തു.
10ഇങ്ങനെ ശുശ്രൂഷക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. രാജകല്പനപ്രകാരം പുരോഹിതന്മാർ തങ്ങളുടെ സ്ഥാനത്തും ലേവ്യർ ഗണം ഗണമായും നിന്നു.11അവർ പെസഹ അറുത്തു; പുരോഹിതന്മാർ അവരുടെ കയ്യിൽനിന്ന് രക്തം വാങ്ങി തളിക്കയും ലേവ്യർ മൃഗങ്ങളുടെ തോലുരിക്കയും ചെയ്തു.12പിന്നെ മോശെയുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതു പോലെ യഹോവയ്ക്ക് അർപ്പിക്കേണ്ടതിന്,ജനത്തിന്റെ പിതൃഭവനവിഭാഗം അനുസരിച്ച് വിഭജിച്ച് കൊടുപ്പാൻ തക്കവണ്ണം ഹോമയാഗത്തെയും കാളകളെയും നീക്കി വെച്ചു.
13അവർ ചട്ടപ്രകാരം പെസഹ കുഞ്ഞാടുകളെ തീയിൽ ചുട്ടെടുത്തു;മറ്റ് നിവേദിത വസ്തുക്കൾ കലങ്ങളിലും കുട്ടകങ്ങളിലും ചട്ടികളിലും വേവിച്ച് സർവ്വജനത്തിനും വേഗത്തിൽ വിളമ്പിക്കൊടുത്തു.14പിന്നെ ലേവ്യർ തങ്ങൾക്കും പുരോഹിതന്മാർക്കും വേണ്ടി ഒരുക്കി; അഹരോന്യ പുരോഹിതന്മാർ ഹോമയാഗങ്ങളും മേദസ്സും അർപ്പിക്കുന്നതിൽ രാത്രിവരെ അദ്ധ്വാനിച്ചിരുന്നു. അതുകൊണ്ട് ലേവ്യർ അഹരോന്യ പുരോഹിതന്മാർക്കു വേണ്ടി കൂടെ ഒരുക്കേണ്ടിവന്നു.
15ആസാഫിന്റെ മക്കളായ സംഗീതക്കാർ ദാവീദിന്റെയും ആസാഫിന്റെയും ഹേമാന്റെയും രാജാവിന്റെ ദർശകനായ യെദൂഥൂന്റെയും കല്പനപ്രകാരം തങ്ങളുടെ സ്ഥാനത്തും, വാതിൽകാവല്ക്കാർ അതത് വാതില്ക്കലും നിന്നു;അവരുടെ സഹോദരന്മാരായ ലേവ്യർ അവർക്കുവേണ്ടി ഒരുക്കിയിരുന്നതിനാൽ അവർക്ക് തങ്ങളുടെ ശുശ്രൂഷയുടെ സ്ഥാനങ്ങൾ വിട്ടുപോകേണ്ട ആവശ്യമില്ലായിരുന്നു;
16ഇങ്ങനെ യോശീയാരാജാവിന്റെ കല്പനപ്രകാരം പെസഹ ആചരിപ്പാനും യഹോവയുടെ യാഗപീഠത്തിന്മേൽ ഹോമയാഗങ്ങൾ അർപ്പിപ്പാനും വേണ്ട സകലശുശ്രൂഷയും അന്ന് ക്രമത്തിലായി.17ആ സമയത്ത് അവിടെ ഉണ്ടായിരുന്ന യിസ്രായേൽ മക്കൾ പെസഹയും പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവവും ഏഴു ദിവസം ആചരിച്ചു.
18ശമൂവേൽപ്രവാചകന്റെ കാലത്തിനു ശേഷം യിസ്രായേലിൽ ഇതുപോലെ ഒരു പെസഹ ആചരിച്ചിട്ടില്ല; യോശീയാവും പുരോഹിതന്മാരും ലേവ്യരും അവിടെ ഉണ്ടായിരുന്ന എല്ലാ യെഹൂദാജനങ്ങളും യിസ്രായേലും യെരൂശലേംനിവാസികളും ആചരിച്ച ഈ പെസഹപോലെ യിസ്രായേൽരാജാക്കന്മാരാരും ആചരിച്ചിട്ടില്ല.19യോശീയാവിന്റെ വാഴ്ചയുടെ പതിനെട്ടാം ആണ്ടിൽ ഈ പെസഹ ആചരിച്ചു.

20യോശീയാവ് ദൈവാലയം യഥാസ്ഥാനത്താക്കിയശേഷം ഈജിപ്റ്റിലെ രാജാവായ നെഖോ, ഫ്രാത്ത് നദിയുടെ സമീപത്തുള്ള കർക്കെമീശ് ആക്രമിപ്പാൻ ഒരുങ്ങിയപ്പോൾ യോശീയാവ് അവന്റെ നേരെ പുറപ്പെട്ടു.21എന്നാൽ നെഖോ അവന്റെ അടുക്കൽ ദൂതന്മാരെ അയച്ച്: “യെഹൂദാരാജാവേ,നാം തമ്മിൽ എന്തിന് പോരാടണം? ഞാൻ ഇന്ന് നിന്റെ നേരെ അല്ല, എനിക്ക് യുദ്ധമുള്ള ഗൃഹത്തിന്റെ നേരെയത്രേ പുറപ്പെട്ടിരിക്കുന്നത്; ദൈവം എന്നോട് തിടുക്കത്തിൽ ഈ കാര്യം ചെയ്യാൻ കല്പിച്ചിരിക്കുന്നു; എന്റെ പക്ഷത്തുള്ള ദൈവം നിന്നെ നശിപ്പിക്കാതിരിക്കേണ്ടതിന് അവനോട് ഇടപെടരുത്” എന്ന് പറയിച്ചു.
22എങ്കിലും യോശീയാവ് പിൻതിരിയാതെ അവനോട് യുദ്ധം ചെയ്യേണ്ടതിന് വേഷംമാറി; നെഖോ പറഞ്ഞ ദൈവവചനങ്ങൾ കേൾക്കാതെ അവൻ മെഗിദ്ദോ താഴ്വരയിൽ യുദ്ധം ചെയ്‌വാൻ ചെന്നു.
23വില്ലാളികൾ യോശീയാരാജാവിനെ എയ്തു; രാജാവ് തന്റെ ഭൃത്യന്മാരോട്: “എന്നെ ഇവിടെനിന്ന് കൊണ്ടുപോകുവിൻ; ഞാൻ കഠിനമായി മുറിവേറ്റിരിക്കുന്നു” എന്ന് പറഞ്ഞു.24അങ്ങനെ അവന്റെ ഭൃത്യന്മാർ അവനെ രഥത്തിൽനിന്നിറക്കി അവന്റെ രണ്ടാം രഥത്തിൽ കയറ്റി യെരൂശലേമിൽ കൊണ്ടുവന്നു; അവൻ മരിച്ചു; അവന്റെ പിതാക്കന്മാരുടെ ഒരു കല്ലറയിൽ അവനെ അടക്കം ചെയ്തു. എല്ലായെഹൂദയും യെരൂശലേമും യോശീയാവെക്കുറിച്ച് വിലപിച്ചു.
25യിരെമ്യാവും യോശീയാവെക്കുറിച്ച് വിലപിച്ചു; സംഗീതക്കാരും സംഗീതക്കാരത്തികളും ഇന്നുവരെ അവരുടെ വിലാപഗീതങ്ങളിൽ യോശീയാവെക്കുറിച്ച് പ്രസ്താവിക്കുന്നു. യിസ്രായേലിൽ അത് ഒരു ആചാരമായിരിക്കുന്നു; അവ വിലാപങ്ങളിൽ എഴുതിയിരിക്കുന്നുവല്ലോ.26യോശീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും യഹോവയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നപ്രകാരമുള്ള അവന്റെ സൽപ്രവൃത്തികളും27ആദ്യവസാനം അവന്റെ ചരിത്രവും യിസ്രായേലിലെയും യെഹൂദയിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

36

1ദേശത്തെ ജനം യോശീയാവിന്റെ മകനായ യെഹോവാഹാസിനെ അപ്പന് പകരം യെരൂശലേമിൽ രാജാവാക്കി.2യെഹോവാഹാസ് വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തിമൂന്ന് വയസ്സായിരുന്നു; അവൻ മൂന്നു മാസം യെരൂശലേമിൽ വാണു.

3ഈജിപ്റ്റിലെ രാജാവ് അവനെ യെരൂശലേമിൽവെച്ച് സ്ഥാനഭ്രഷ്ടനാക്കുകയും യെഹൂദാദേശത്തിന് നൂറു താലന്ത് വെള്ളിയും ഒരു താലന്ത് പൊന്നും കപ്പം ചുമത്തുകയും ചെയ്തു.4ഈജിപ്റ്റിലെ രാജാവ് അവന്റെ സഹോദരനായ എല്യാക്കീമിനെ യെഹൂദെക്കും യെരൂശലേമിനും രാജാവാക്കി; അവന്റെ പേര് യെഹോയാക്കീം എന്നു മാറ്റി. അവന്റെ സഹോദരൻ യെഹോവാഹാസിനെ, നെഖോ, ഈജിപ്റ്റിലേക്ക് കൊണ്ടുപോകയും ചെയ്തു.

5യെഹോയാക്കീം വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തഞ്ച് വയസ്സായിരുന്നു; അവൻ ഏഴ് സംവത്സരം യെരൂശലേമിൽ വാണു; അവൻ തന്റെ ദൈവമായ യഹോവക്ക് അനിഷ്ടമായത് ചെയ്തു.6അവന്റെ നേരെ ബാബേൽരാജാവായ നെബൂഖദ്നേസർ വന്ന് അവനെ പിത്തളചങ്ങല കൊണ്ട് ബന്ധിച്ച് ബാബിലോണിലേക്ക് കൊണ്ടുപോയി,7നെബൂഖദ്നേസർ യഹോവയുടെ ആലയത്തിലെ ചില ഉപകരണങ്ങളും ബാബിലോണിലേക്ക് കൊണ്ടുപോയി, തന്റെ ദേവന്റെ ക്ഷേത്രത്തിൽ സൂക്ഷിച്ചു.
8യെഹോയാക്കീമിന്റെ മറ്റ് വൃത്താന്തങ്ങളും, അവൻ ചെയ്തതും അവനിൽ കണ്ടതുമായ മ്ലേച്ഛതകളും, യിസ്രായേലിലെയും യെഹൂദയിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. അവന്റെ മകനായ യെഹോയാഖീൻ അവന് പകരം രാജാവായി.

9യെഹോയാഖീൻ വാഴ്ച തുടങ്ങിയപ്പോൾ അവന് എട്ട് വയസ്സായിരുന്നു: അവൻ മൂന്നു മാസവും പത്തു ദിവസവും യെരൂശലേമിൽ വാണു; അവൻ യഹോവക്ക് അനിഷ്ടമായത് ചെയ്തു.10എന്നാൽ പിറ്റേയാണ്ടിൽ നെബൂഖദ്നേസർ രാജാവ് ആളയച്ച് അവനെ ബാബിലോണിലേക്ക് വരുത്തി. യഹോവയുടെ ആലയത്തിലെ വിലയേറിയ ഉപകരണങ്ങളും ബാബിലോണിലേക്ക് കൊണ്ടുപോയി. അവന്റെ സഹോദരനായ സിദെക്കീയാവിനെ യെഹൂദെക്കും യെരൂശലേമിനും രാജാവാക്കി.

11സിദെക്കീയാവ് വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തൊന്ന് വയസ്സായിരുന്നു; അവൻ പതിനൊന്ന് സംവത്സരം യെരൂശലേമിൽ വാണു.12അവൻ തന്റെ ദൈവമായ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു; യഹോവയുടെ വായിൽനിന്നുള്ള വചനം പ്രസ്താവിച്ച യിരെമ്യാപ്രവാചകന്റെ മുമ്പിൽ തന്നെത്താൻ താഴ്ത്തിയില്ല.
13അവനെക്കൊണ്ട് ദൈവനാമത്തിൽ സത്യം ചെയ്യിച്ചിരുന്ന നെബൂഖദ്നേസർരാജാവിനോട് അവൻ മത്സരിച്ച് ശാഠ്യം കാണിക്കയും യിസ്രായേലിന്റെ ദൈവമായ യഹോവയിലേക്ക് മുഖം തിരിക്കാതെ ഹൃദയം കഠിനമാക്കുകയും ചെയ്തു.14പുരോഹിതന്മാരിൽ പ്രധാനികളും ജനവും അന്യജാതികളുടെ സകലമ്ലേച്ഛതകളും പ്രവർത്തിച്ച് വളരെ അകൃത്യം ചെയ്തു; അവർ യെരൂശലേമിൽ യഹോവ വിശുദ്ധീകരിച്ച അവന്റെ ആലയത്തെ അശുദ്ധമാക്കി.
15അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയ്ക്ക് തന്റെ ജനത്തോടും തന്റെ തിരുനിവാസത്തോടും സഹതാപം തോന്നി മുന്നറിയിപ്പു നൽകാൻ തന്റെ ദൂതന്മാരെ തുടർച്ചയായി അവരുടെ അടുക്കൽ അയച്ചു.16അവരോ ദൈവത്തിന്റെ ദൂതന്മാരെ പരിഹസിച്ച് അവന്റെ വാക്കുകളെ നിരസിച്ച് പ്രതിവിധിയില്ലാതെ ദൈവകോപം തന്റെ ജനത്തിന് നേരെ ജ്വലിക്കുവോളം അവന്റെ പ്രവാചകന്മാരെ നിന്ദിച്ചുകൊണ്ടിരുന്നു.
17അതുകൊണ്ട് അവൻ കൽദയരുടെ രാജാവിനെ അവരുടെ നേരെ വരുത്തി; അവൻ അവരുടെ യൌവനക്കാരെ അവരുടെ വിശുദ്ധമന്ദിരത്തിൽ വെച്ച് വാൾകൊണ്ട് കൊന്നു; അവൻ യൌവനക്കാരോടോ, കന്യകമാരോടോ വൃദ്ധരോടോ,ബലഹീനരോടോ കരുണ കാണിക്കാതെ അവരെ അവന്റെ കയ്യിൽ ഏല്പിച്ചുകൊടുത്തു.
18ദൈവാലയത്തിലെ ചെറിയതും വലിയതുമായ ഉപകരണങ്ങളും, ആലയത്തിലെയും, രാജാവിന്റെയും, അവന്റെ പ്രഭുക്കന്മാരുടെയും നിക്ഷേപങ്ങളും അവൻ ബാബിലോണിലേക്ക് കൊണ്ടുപോയി.19അവർ ദൈവാലയം തീ കൊണ്ട് ചുട്ടുകളയുകയും, യെരൂശലേമിന്റെ മതിൽ ഇടിച്ച്കളയുകയും, അതിലെ കൊട്ടാരങ്ങൾ തീക്കിരയാക്കുകയും അതിലെ വിലയേറിയ വസ്തുക്കൾ നശിപ്പിച്ചുകളയുകയും ചെയ്തു.
20വാളുകൊണ്ട് കൊല്ലപ്പെടാതെ ശേഷിച്ചവരെ അവൻ ബാബിലോണിലേക്ക് കൊണ്ടുപോയി; പേർഷ്യൻ ആധിപത്യം വരുന്നതു വരെ അവർ അവിടെ അവനും അവന്റെ പുത്രന്മാർക്കും അടിമകളായിരുന്നു.21യിരെമ്യാപ്രവാചകൻ മുഖാന്തരം ഉണ്ടായ യഹോവയുടെ വചനം നിവൃത്തിയാകേണ്ടതിന് ഇത് സംഭവിച്ചു. എഴുപത് സംവത്സരം തികയുവോളം ദേശം ശൂന്യമായി കിടന്ന് ശബ്ബത്ത് അനുഭവിച്ചു.

22എന്നാൽ യിരെമ്യാവ് മുഖാന്തരം ഉണ്ടായ യഹോവയുടെ വചനം നിവൃത്തിയാകേണ്ടതിന് പേർഷ്യൻരാജാവായ കോരെശിന്റെ ഒന്നാം ആണ്ടിൽ യഹോവ കോരെശിന്റെ മനസ്സുണർത്തി; അവൻ തന്റെ രാജ്യത്തെല്ലാം ഒരു വിളംബരം രേഖാമൂലം പ്രസിദ്ധമാക്കിയത് ഇപ്രകാരമായിരുന്നു:23“പേർഷ്യൻ രാജാവായ കോരെശ് ഇപ്രകാരം കല്പിക്കുന്നു: സ്വർഗ്ഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ സകലരാജ്യങ്ങളും എനിക്ക് തന്നിരിക്കുന്നു; യെഹൂദയിലെ യെരൂശലേമിൽ അവന് ഒരു ആലയം പണിവാൻ അവൻ എന്നോട് കല്പിച്ചുമിരിക്കുന്നു; നിങ്ങളിൽ അവന്റെ ജനമായി ആരൊക്കെ ഉണ്ടോ,അവർ യാത്ര പുറപ്പെടട്ടെ.ദൈവമായ യഹോവ അവനോടുകൂടെ ഇരിക്കട്ടെ. ”

എസ്രാ

1

1യിരെമ്യാവ് മുഖാന്തരം ഉണ്ടായ യഹോവയുടെ അരുളപ്പാട് നിവൃത്തിയാകുവാൻ പാർസിരാജാവായ കോരെശിന്റെ ഒന്നാം ആണ്ടിൽ യഹോവ കോരെശിന്റെ മനസ്സ് ഉണർത്തിയിട്ട് , അവൻ തന്റെ രാജ്യത്ത് എല്ലാടവും ഒരു വിളംബരം പ്രസിദ്ധമാക്കി രേഖാമൂലം പരസ്യം ചെയ്തതെന്തെന്നാൽ:2“പാർസിരാജാവായ കോരെശ് ഇപ്രകാരം കല്പിക്കുന്നു: സ്വർഗ്ഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ സകലരാജ്യങ്ങളും എനിക്ക് തന്നിരിക്കുന്നു; യെഹൂദയിലെ യെരൂശലേമിൽ അവന് ഒരു ആലയം പണിവാൻ എന്നോട് കല്പിച്ചുമിരിക്കുന്നു.

3നിങ്ങളിൽ അവന്റെ ജനമായിട്ട് ആരെങ്കിലും ഉണ്ടെങ്കിൽ അവന്റെ ദൈവം അവനോടു കൂടെ ഇരിക്കുമാറാകട്ടെ; അവൻ യെഹൂദയിലെ യെരൂശലേമിലേക്ക് യാത്ര പുറപ്പെട്ട് യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് ആലയം പണിയട്ടെ; അവനല്ലോ യെരൂശലേമിലെ ദൈവം.4ശേഷിച്ചിരിക്കുന്നവർ പാർക്കുന്ന ഇടത്തൊക്കെയും അതത് സ്ഥലത്തിലെ സ്വദേശികൾ , പൊന്ന്, വെള്ളി, മറ്റു സാധനങ്ങൾ, കന്നുകാലി എന്നിവയാലും, യെരൂശലേമിലെ ദൈവാലയം വകെക്കായി ഔദാര്യദാനങ്ങളാലും സഹായം ചെയ്യേണം.
5അങ്ങനെ യെഹൂദയുടെയും ബെന്യാമീന്റെയും പിതൃഭവനത്തലവന്മാരും , പുരോഹിതന്മാരും ലേവ്യരും, ദൈവം ഉണർത്തിയ എല്ലാവരും , യെരൂശലേമിൽ യഹോവയുടെ ആലയം പണിവാൻ പോകേണ്ടതിന് യാത്ര പുറപ്പെട്ടു.6അവരുടെ ചുറ്റും പാർത്തവർ ഔദാര്യദാനങ്ങൾ കൊടുത്തത് കൂടാതെ, വെള്ളിയും പൊന്നും കൊണ്ടുള്ള ഉപകരണങ്ങൾ, മറ്റു സാധനങ്ങൾ, കന്നുകാലികൾ, വിലയേറിയ വസ്തുക്കൾ എന്നിവ കൊണ്ടും അവരെ ഉത്സാഹിപ്പിച്ചു.
7നെബൂഖദ്നേസർ യെരൂശലേമിൽനിന്ന് കൊണ്ടുപോയി തന്റെ ദേവന്മാരുടെ ക്ഷേത്രത്തിൽ വെച്ചിരുന്ന യഹോവയുടെ ആലയംവക ഉപകരണങ്ങളും കോരെശ്‌രാജാവ് പുറത്തേക്ക് എടുപ്പിച്ചു.8പാർസിരാജാവായ കോരെശ് ഖജനാവ് സൂക്ഷിപ്പുകാരനായ മിത്രെദാത്ത് മുഖാന്തരം അവ പുറത്തേക്ക് എടുപ്പിച്ച് യെഹൂദാപ്രഭുവായ ശേശ്ബസ്സരിന് എണ്ണിക്കൊടുപ്പിച്ചു. അവയുടെ എണ്ണം ഇത്രയായിരുന്നു:
9പൊൻതാലം മുപ്പത്, വെള്ളിത്താലം ആയിരം, കത്തി ഇരുപത്തൊമ്പത്, പൊൻപാത്രം മുപ്പത്,10അതേപോലെയുള്ള വെള്ളിപ്പാത്രം നാനൂറ്റിപ്പത്ത്, മറ്റുള്ള ഉപകരണങ്ങൾ ആയിരം.11പൊന്നും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങൾ ആകെ അയ്യായിരത്തിനാനൂറ് ആയിരുന്നു; പ്രവാസികളെ ബാബേലിൽനിന്ന് യെരൂശലേമിലേക്ക് കൊണ്ടുപോകുമ്പോൾ ഇവയൊക്കെയും ശേശ്ബസ്സർ കൊണ്ടുപോയി.

2

1ബാബേൽരാജാവായ നെബൂഖദ്നേസർ ബാബേലിലേക്ക് കൊണ്ടുപോയിരുന്ന പ്രവാസികളിൽ നിന്ന് യെരൂശലേമിലേക്കും യെഹൂദയിലേക്കും താന്താങ്ങളുടെ പട്ടണങ്ങളിലേക്ക് മടങ്ങിവന്ന സംസ്ഥാനവാസികൾ ഇവരാണ്:2സെരുബ്ബാബേലിനോടുകൂടെ വന്നവർ: യേശുവ, നെഹെമ്യാവ്, സെരായാവ്, രെയേലയാവ്, മൊർദെഖായി, ബിൽശാൻ, മിസ്പാർ, ബിഗ്വായി, രെഹൂം, ബാനാ എന്നിവർ. യിസ്രായേൽജനത്തിലെ പുരുഷന്മാരുടെ സംഖ്യ ഇപ്രകാരമാണ്:

3പരോശിന്റെ മക്കൾ രണ്ടായിരത്തി ഒരുനൂറ്റി എഴുപത്തിരണ്ട്.4ശെഫത്യാവിന്റെ മക്കൾ മുന്നൂറ്റെഴുപത്തിരണ്ട്,5ആരഹിന്റെ മക്കൾ എഴുനൂറ്റെഴുപത്തഞ്ച്6യേശുവയുടെയും യോവാബിന്റെയും മക്കളിൽ പഹത്-മോവാബിന്റെ മക്കൾ രണ്ടായിരത്തെണ്ണൂറ്റി പന്ത്രണ്ട്.
7ഏലാമിന്റെ മക്കൾ ആയിരത്തി ഇരുനൂറ്റി അൻപത്തി നാല്.8സത്ഥൂവിന്റെ മക്കൾ തൊള്ളായിരത്തി നാല്പത്തഞ്ച്.9സക്കായിയുടെ മക്കൾ എഴുനൂറ്ററുപത്.10ബാനിയുടെ മക്കൾ അറുനൂറ്റി നാല്പത്തിരണ്ട്.
11ബേബായിയുടെ മക്കൾ അറുനൂറ്റിരുപത്തുമൂന്ന്.12അസ്ഗാദിന്റെ മക്കൾ ആയിരത്തി ഇരുനൂറ്റി ഇരുപത്തിരണ്ട്.13അദോനീക്കാമിന്റെ മക്കൾ അറുനൂറ്ററുപത്താറ്.14ബിഗ്വായിയുടെ മക്കൾ രണ്ടായിരത്തമ്പത്താറ്.
15ആദീന്റെ മക്കൾ നാനൂറ്റമ്പത്തിനാല്.16യെഹിസ്കീയാവിന്റെ സന്തതിയായ ആതേരിന്റെ മക്കൾ തൊണ്ണൂറ്റെട്ട്.17ബോസായിയുടെ മക്കൾ മുന്നൂറ്റിരുപത്തിമൂന്ന്.18യോരയുടെ മക്കൾ നൂറ്റിപന്ത്രണ്ട്.
19ഹാശൂമിന്റെ മക്കൾ ഇരുനൂറ്റിരുപത്തിമൂന്ന്.20ഗിബ്ബാരിന്റെ മക്കൾ തൊണ്ണൂറ്റഞ്ച്.21ബേത്ത്ലേഹെമ്യർ നൂറ്റിരുപത്തിമൂന്ന്.22നെതോഫാത്യർ അമ്പത്താറ്.
23അനാഥോത്യർ നൂറ്റിരുപത്തെട്ട്.24അസ്മാവെത്യർ നാല്പത്തിരണ്ട്.25കിര്യത്ത്-യെയാരീം, കെഫീരാ, ബെയെറോത്ത് എന്നിവയിലെ നിവാസികൾ എഴുനൂറ്റി നാല്പത്തിമൂന്ന്.26രാമയിലെയും ഗേബയിലെയും നിവാസികൾ അറുനൂറ്റിരുപത്തൊന്ന്.
27മിഖ്മാശ്യർ നൂറ്റിരുപത്തിരണ്ട്.28ബേഥേലിലെയും ഹായിയിലേയും നിവാസികൾ ഇരുനൂറ്റിരുപത്തിമൂന്ന്.29നെബോനിവാസികൾ അമ്പത്തിരണ്ട്.30മഗ്ബീശിന്റെ മക്കൾ നൂറ്റമ്പത്താറ്.
31മറ്റെ ഏലാമിന്റെ മക്കൾ ആയിരത്തിരുനൂറ്റമ്പത്തിനാല്.32ഹാരീമിന്റെ മക്കൾ മുന്നൂറ്റിരുപത്.33ലോദ്, ഹാദീദ്, ഓനോ എന്നിവയിലെ നിവാസികൾ എഴുനൂറ്റിരുപത്തഞ്ച്.
34യെരീഹോനിവാസികൾ മുന്നൂറ്റി നാല്പത്തഞ്ച്.35സെനായാനിവാസികൾ മൂവായിരത്തറുനൂറ്റിമുപ്പത്.
36പുരോഹിതന്മാർ: യേശുവയുടെ ഗൃഹത്തിലെ യെദയ്യാവിന്റെ മക്കൾ തൊള്ളായിരത്തെഴുപത്തിമൂന്ന്.37ഇമ്മേരിന്റെ മക്കൾ ആയിരത്തമ്പത്തിരണ്ട്.38പശ്ഹൂരിന്റെ മക്കൾ ആയിരത്തിരുനൂറ്റി നാല്പത്തേഴ്.39ഹാരീമിന്റെ മക്കൾ ആയിരത്തി പതിനേഴ്.
40ലേവ്യർ: ഹോദവ്യാവിന്റെ മക്കളിൽ യേശുവയുടെയും കദ്മീയേലിന്റെയും മക്കൾ എഴുപത്തിനാല്.41സംഗീതക്കാർ: ആസാഫ്യർ നൂറ്റിരുപത്തെട്ട്.42വാതിൽകാവല്ക്കാരുടെ മക്കൾ: ശല്ലൂമിന്റെ മക്കൾ, ആതേരിന്റെ മക്കൾ, തല്മോന്റെ മക്കൾ, അക്കൂബിന്റെ മക്കൾ, ഹതീതയുടെ മക്കൾ, ശോബായിയുടെ മക്കൾ ഇങ്ങനെ ആകെ നൂറ്റി മുപ്പത്തൊമ്പത്.
43ദൈവാലയദാസന്മാർ: സീഹയുടെ മക്കൾ, ഹസൂഫയുടെ മക്കൾ, തബ്ബായോത്തിന്റെ മക്കൾ,44കേരോസിന്റെ മക്കൾ, സീയാഹയുടെ മക്കൾ, പാദോന്റെ മക്കൾ,45ലെബാനയുടെ മക്കൾ, ഹഗാബയുടെ മക്കൾ , അക്കൂബിന്റെ മക്കൾ,46ഹാഗാബിന്റെ മക്കൾ, ശൽമായിയുടെ മക്കൾ,
47ഹാനാന്റെ മക്കൾ, ഗിദ്ദേലിന്റെ മക്കൾ, ഗഹരിന്റെ മക്കൾ,48രെയായാവിന്റെ മക്കൾ, രെസീന്റെ മക്കൾ, നെക്കോദയുടെ മക്കൾ, ഗസ്സാമിന്റെ മക്കൾ,49ഉസ്സയുടെ മക്കൾ, പാസേഹയുടെ മക്കൾ,50ബേസായിയുടെ മക്കൾ, അസ്നയുടെ മക്കൾ,
51മെയൂന്യർ, നെഫീസ്യർ, ബക്ക്ബുക്കിന്റെ മക്കൾ, ഹക്കൂഫയുടെ മക്കൾ, ഹർഹൂരിന്റെ മക്കൾ,52ബസ്ലുത്തിന്റെ മക്കൾ, മെഹീദയുടെ മക്കൾ, ഹർശയുടെ മക്കൾ, ബർക്കോസിന്റെ മക്കൾ,53സീസെരയുടെ മക്കൾ, തേമഹിന്റെ മക്കൾ,54നെസീഹയുടെ മക്കൾ, ഹതീഫയുടെ മക്കൾ.
55ശലോമോന്റെ ദാസന്മാരുടെ മക്കൾ: സോതായിയുടെ മക്കൾ ഹസോഫേരെത്തിന്റെ മക്കൾ, പെരൂദയുടെ മക്കൾ,56യാലയുടെ മക്കൾ, ദർക്കോന്റെ മക്കൾ57ഗിദ്ദേലിന്റെ മക്കൾ, ശെഫത്യാവിന്റെ മക്കൾ; ഹത്തീലിന്റെ മക്കൾ, പോക്കേരെത്ത്-ഹസ്സെബയീമിന്റെ മക്കൾ, ആമിയുടെ മക്കൾ.58ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ആകെ മുന്നൂറ്റിത്തൊണ്ണൂറ്റിരണ്ട്.
59തേൽമേലഹ്, തേൽ-ഹർശ, കെരൂബ്, അദ്ദാൻ, ഇമ്മേർ എന്നീ സ്ഥലങ്ങളിൽനിന്ന് പുറപ്പെട്ടുവന്നവർ ഇവർ തന്നേ; എങ്കിലും തങ്ങൾ യിസ്രായേല്യർ തന്നേയോ എന്ന് തിരിച്ചറിയുവാൻ, തങ്ങളുടെ പിതൃഭവനവും വംശാവലിയും പറവാൻ അവർക്ക് കഴിഞ്ഞില്ല.60ദെലായാവിന്റെ മക്കൾ, തോബീയാവിന്റെ മക്കൾ, നെക്കോദയുടെ മക്കൾ ആകെ അറുനൂറ്റമ്പത്തിരണ്ട്.
61പുരോഹിതന്മാരുടെ മക്കളിൽ ഹബയ്യാവിന്റെ മക്കൾ, ഹക്കോസിന്റെ മക്കൾ ഗിലെയാദ്യനായ ബർസില്ലായിയുടെ പുത്രിമാരിൽ ഒരുത്തിയെ വിവാഹംകഴിച്ച് അവരുടെ പേരിനാൽ വിളിക്കപ്പെട്ട ബർസില്ലായിയുടെ മക്കൾ.62ഇവർ തങ്ങളുടെ വംശാവലിരേഖ അന്വേഷിച്ചു; അതു കണ്ടുകിട്ടിയില്ലതാനും; അതുകൊണ്ട് അവരെ അശുദ്ധരെന്ന് എണ്ണി പൌരോഹിത്യത്തിൽ നിന്ന് നീക്കിക്കളഞ്ഞു.63ഊറീമും തുമ്മീമും ഉള്ള പുരോഹിതൻ എഴുന്നേല്ക്കും വരെ അതിപരിശുദ്ധമായത് തിന്നരുത് എന്ന് ദേശാധിപതി അവരോട് കല്പിച്ചു.
64സഭ ആകെ നാല്പത്തീരായിരത്തി മുന്നൂറ്ററുപത് പേർ ആയിരുന്നു.65അവരുടെ ദാസീദാസന്മാരായ ഏഴായിരത്തി മുന്നൂറ്റി മുപ്പത്തേഴ് പേരെ കൂടാതെ അവർക്ക് പുരുഷന്മാരും സ്റ്റ്രീകളുമായ ഇരുനൂറു സംഗീതക്കാർ ഉണ്ടായിരുന്നു.
66എഴുനൂറ്റി മുപ്പത്താറു കുതിരകളും ഇരുനൂറ്റി നാല്പത്തഞ്ചു കോവർകഴുതകളും67നാനൂറ്റി മുപ്പത്തി അഞ്ചു ഒട്ടകങ്ങളും ആറായിരത്തി എഴുനൂറ്റി ഇരുപത് കഴുതകളും അവർക്കുണ്ടായിരുന്നു.
68എന്നാൽ ചില പിതൃഭവനത്തലവന്മാർ യെരൂശലേമിലെ യഹോവയുടെ ആലയത്തിൽ എത്തിയപ്പോൾ , ദൈവാലയം അതിന്റെ സ്ഥാനത്ത് പണിയേണ്ടതിന് അവർ ഔദാര്യദാനങ്ങൾ കൊടുത്തു.69അവർ തങ്ങളുടെ പ്രാപ്തി പോലെ ഭണ്ഡാരത്തിലേക്ക് അറുപത്തോരായിരം സ്വർണ്ണനാണയങ്ങളും അയ്യായിരം മാനെ 1 വെള്ളിയും നൂറ് പുരോഹിതവസ്ത്രവും കൊടുത്തു.
70പുരോഹിതന്മാരും ലേവ്യരും ജനത്തിൽ ചിലരും സംഗീതക്കാരും വാതിൽകാവല്ക്കാരും ദൈവാലയദാസന്മാരും , യിസ്രായേല്യർ എല്ലാവരും താന്താങ്ങളുടെ പട്ടണങ്ങളിൽ പാർത്തു.


1 2:69 മാനെ വെള്ളിയും മറ്റും തൂക്കുന്ന അളവ് 60 ശേക്കലാണ് ഒരുമാനേ ഒരു ശേക്കൽ ഏതാണ്ട് 11.38ഗ്രാം വരും

3

1യിസ്രായേൽമക്കൾ അങ്ങനെ പട്ടണങ്ങളിൽ പാർക്കുമ്പോൾ ഏഴാം മാസം അവർ ഒരുമനപ്പെട്ട് യെരൂശലേമിൽ വന്നുകൂടി.2യോസാദാക്കിന്റെ മകൻ യേശുവയും, അവന്റെ സഹോദരന്മാരായ പുരോഹിതന്മാരും, ശെയൽതീയേലിന്റെ മകൻ സെരുബ്ബാബേലും, അവന്റെ സഹോദരന്മാരും എഴുന്നേറ്റ് ദൈവപുരുഷനായ മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ ഹോമയാഗങ്ങൾ അർപ്പിക്കേണ്ടതിന്, യിസ്രായേലിന്റെ ദൈവത്തിന്റെ യാഗപീഠം പണിതു.

3അവർ ദേശനിവാസികളെ ഭയപ്പെട്ടെങ്കിലും, യാഗപീഠത്തെ അതിന്റെ പഴയ അടിസ്ഥാനത്തിൽ പണിതു ; യഹോവയ്ക്ക് കാലത്തും വൈകുന്നേരത്തുമുള്ള ഹോമയാഗങ്ങൾ, അതിൽ അർപ്പിച്ചു.4എഴുതിയിരുന്ന ചട്ടപ്രകാരം അവർ കൂടാരപ്പെരുനാൾ ആചരിച്ചു; ഓരോ ദിവസത്തേക്കുള്ള നിയമപ്രകാരം, എണ്ണം അനുസരിച്ച് അവർ ഹോമയാഗം അർപ്പിച്ചു.5അതിനുശേഷം അവർ നിരന്തരഹോമയാഗങ്ങളും,അമാവാസ്യകൾക്കും, യഹോവയ്ക്ക് വിശുദ്ധീകരിച്ചിരുന്ന ഉത്സവങ്ങൾക്കും,യഹോവയ്ക്ക് ഔദാര്യദാനങ്ങൾ കൊടുക്കുന്ന ഏവർക്കും ഉള്ള യാഗങ്ങളും അർപ്പിച്ചു.
6ഏഴാം മാസം ഒന്നാം തിയ്യതി മുതൽ അവർ യഹോവയ്ക്ക് ഹോമയാഗം അർപ്പിക്കുവാൻ തുടങ്ങി ; എന്നാൽ യഹോവയുടെ മന്ദിരത്തിന്റെ അടിസ്ഥാനം അതുവരെ ഇട്ടിരുന്നില്ല.7അവർ കല്പണിക്കാർക്കും, ആശാരികൾക്കും പണമായിട്ടും , പാർസിരാജാവായ കോരെശിന്റെ കല്പനപ്രകാരം, ലെബാനോനിൽനിന്ന് ദേവദാരു കടൽവഴി യാഫോവിലേക്ക് കൊണ്ടുവരേണ്ടതിന്, സീദോന്യർക്കും സോര്യർക്കും ഭക്ഷണവും, പാനീയവും എണ്ണയും ആയിട്ടും കൂലി കൊടുത്തു.

8അവർ യെരൂശലേമിലെ ദൈവാലയത്തിൽ എത്തിയതിന്റെ രണ്ടാം വർഷം രണ്ടാം മാസം ശെയൽതീയേലിന്റെ മകൻ സെരുബ്ബാബേലും,യോസാദാക്കിന്റെ മകൻ യേശുവയും, അവരുടെ ശേഷം സഹോദരന്മാരും, പുരോഹിതന്മാരും, ലേവ്യരും, പ്രവാസത്തിൽനിന്ന് യെരൂശലേമിലേക്ക് വന്നവർ എല്ലാവരും കൂടി പണി തുടങ്ങി ; ഇരുപത് വയസ്സ് മുതൽ മേലോട്ട് പ്രായമുള്ള ലേവ്യരെ യഹോവയുടെ ആലയത്തിന്റെ പണിക്ക് മേൽനോട്ടത്തിന് നിയമിച്ചു.9അങ്ങനെ യേശുവയും, അവന്റെ പുത്രന്മാരും, സഹോദരന്മാരും, കദ്മീയേലും, അവന്റെ പുത്രന്മാരും,യൂദായുടെ പുത്രന്മാരും,ഹോദവ്യാവിന്റെ പുത്രന്മാരും, ഹെനാദാദിന്റെ പുത്രന്മാരും,അവരുടെ പുത്രന്മാരും, ലേവ്യരായ സഹോദരന്മാരും യഹോവയുടെ ആലയത്തിൽ വേലചെയ്യുന്നവരെ മേൽനോട്ടം വഹിപ്പാൻ ഒരുമനപ്പെട്ടു നിന്നു.
10പണിയുന്നവർ യഹോവയുടെ മന്ദിരത്തിന് അടിസ്ഥാനം ഇട്ടപ്പോൾ, യിസ്രായേൽരാജാവായ ദാവീദിന്റെ ചട്ടപ്രകാരം, യഹോവയ്ക്ക് സ്തോത്രം ചെയ്യേണ്ടതിന് വിശുദ്ധവസ്ത്രം ധരിച്ച പുരോഹിതന്മാരെ കാഹളങ്ങളോടും, ആസാഫ്യരായ ലേവ്യരെ, കൈത്താളങ്ങളോട് കൂടെയും നിർത്തി.11“അവിടുന്ന് നല്ലവൻ; യിസ്രായേലിനോട് അവിടുത്തെ ദയ എന്നേക്കും ഉള്ളത്” എന്നിങ്ങനെ ഗാനപ്രതിഗാനം ചെയ്തുകൊണ്ട് അവർ യഹോവയെ വാഴ്ത്തിസ്തുതിച്ചു; അവർ അങ്ങനെ സ്തുതിക്കുമ്പോൾ യഹോവയുടെ ആലയത്തിന്റെ അടിസ്ഥാനം ഇട്ടതുകൊണ്ട് ജനമെല്ലാം അത്യുച്ചത്തിൽ ആർത്തു ഘോഷിച്ചു.
12എന്നാൽ , പുരോഹിതന്മാരിലും ലേവ്യരിലും പിതൃഭവനത്തലവന്മാരിലും മുമ്പിലത്തെ ആലയം കണ്ടിട്ടുള്ള വയോധികന്മാരായ അനേകർ ഈ ആലയത്തിന്റെ അടിസ്ഥാനം ഇട്ടത് നേരിട്ട് കണ്ടപ്പോൾ ഉറക്കെ കരഞ്ഞുപോയി; മറ്റു പലരും സന്തോഷത്തോടെ ഉച്ചത്തിൽ ആർത്തു.13അങ്ങനെ അവർ അത്യുച്ചത്തിൽ ഘോഷിച്ചതുകൊണ്ട്, ജനത്തിന് സന്തോഷത്തിന്റെയും കരച്ചലിന്റെയും ശബ്ദം തമ്മിൽ തിരിച്ചറിവാൻ കഴിയാതെയിരുന്നു; ഘോഷസ്വരം ബഹുദൂരം കേട്ടു.

4

1പ്രവാസികളുടെ തലമുറ യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് മന്ദിരം പണിയുന്നു എന്ന് യെഹൂദയുടെയും, ബെന്യാമീന്റെയും വൈരികൾ കേട്ടപ്പോൾ2അവർ സെരുബ്ബാബേലിന്റെയും പിതൃഭവനത്തലവന്മാരുടെയും അടുക്കൽ വന്ന് അവരോട് “ഞങ്ങളും നിങ്ങളോട് ചേർന്ന് പണിയട്ടെ; നിങ്ങളുടെ ദൈവത്തെ നിങ്ങളെപ്പോലെ ഞങ്ങളും അന്വേഷിക്കയും , ഞങ്ങളെ ഇവിടെ കൊണ്ടുവന്ന അശ്ശൂർരാജാവായ എസർഹദ്ദോന്റെ നാൾ മുതൽ ആ ദൈവത്തിന് ഞങ്ങൾ യാഗം കഴിക്കയും ചെയ്തുപോരുന്നു” എന്ന് പറഞ്ഞു.

3അതിന് സെരുബ്ബാബേലും, യേശുവയും ശേഷം യിസ്രായേൽപിതൃഭവനത്തലവന്മാരും അവരോട് “ഞങ്ങളുടെ ദൈവത്തിന്റെ ആലയം പണിയുന്നതിൽ നിങ്ങൾക്ക് ഞങ്ങളുമായി കാര്യമൊന്നുമില്ല ; പാർസിരാജാവായ കോരെശ്‌രാജാവ് ഞങ്ങളോട് കല്പിച്ചതു പോലെ ഞങ്ങൾ മാത്രം യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് പണിതുകൊള്ളാം” എന്ന് പറഞ്ഞു.
4അപ്പോൾ ദേശനിവാസികൾ യെഹൂദാജനത്തിന് ധൈര്യക്ഷയം വരുത്തി; പണിയാതിരിക്കേണ്ടതിന് അവരെ ഭയപ്പെടുത്തി.5അവരുടെ ഉദ്ദേശം നിഷ്ഫലമാക്കേണ്ടതിന്, അവർ പാർസിരാജാവായ കോരെശിന്റെ കാലം മുതൽ പാർസിരാജാവായ ദാര്യാവേശിന്റെ വാഴ്ചവരെയും , അവർക്ക് വിരോധമായി കാര്യസ്ഥന്മാരെ കൂലി കൊടുത്ത് നിയോഗിച്ചു.6അഹശ്വേരോശിന്റെ കാലത്ത്, അവന്റെ വാഴ്ചയുടെ ആരംഭത്തിൽ , അവർ യെഹൂദയിലെയും യെരൂശലേമിലെയും നിവാസികൾക്ക് വിരോധമായി ഒരു പരാതി എഴുതി നൽകി.

7അർത്ഥഹ്ശഷ്ടാവിന്റെ കാലത്തും, ബിശ്ലാമും, മിത്രെദാത്തും,താബെയേലും, ശേഷം അവരുടെ കൂട്ടുകാരും പാർസിരാജാവായ അർത്ഥഹ്ശഷ്ടാവിന് ഒരു പത്രിക അരാമ്യാക്ഷരത്തിൽ, അരാമ്യഭാഷയിൽ തന്നേ എഴുതി അയച്ചു.8സൈന്യാധിപനായ രെഹൂമും എഴുത്തുകാരനായ ശിംശായിയും യെരൂശലേമിന് വിരോധമായി അർത്ഥഹ്ശഷ്ടാരാജാവിന് ഇപ്രകാരം എഴുതി അയച്ചു.
9സൈന്യാധിപൻ രെഹൂമും എഴുത്തുകാരൻ ശിംശായിയും അവരോട് ചേർന്ന് , കൂട്ടുകാരായ ദീന്യർ, അഫർസത്യർ, തർപ്പേല്യർ, അഫർസ്യർ, അർക്കവ്യർ, ബാബേല്യർ, ശൂശന്യർ, ദേഹാവ്യർ, ഏലാമ്യർ എന്നിവരുടെ പ്രതിനിധികളും10മഹാനും ശ്രേഷ്ഠനുമായ അസ്നപ്പാർ പിടിച്ച് കൊണ്ടുവന്ന് ശമര്യാപട്ടണങ്ങളിലും നദിക്ക് ഇക്കരെ മറ്റു ദിക്കുകളിലും പാർപ്പിച്ചിരിക്കുന്ന ശേഷം ജാതികളും ഇത് എഴുതി.
11അവർ അർത്ഥഹ്ശഷ്ടാരാജാവിന് അയച്ച പത്രികയുടെ പകർപ്പ് ഇപ്രകാരമാണ്:നദിക്ക് ഇക്കരെയുള്ള നിന്റെ ദാസന്മാരായ പുരുഷന്മാർ ഇപ്രകാരം രാജാവിനെ അറിയിക്കുന്നു:12“തിരുമുമ്പിൽ നിന്ന് പുറപ്പെട്ട് യെരൂശലേമിൽ ഞങ്ങളുടെ അടുക്കൽ വന്നിരിക്കുന്ന യെഹൂദന്മാർ , മത്സരവും ദുഷ്ടതയുമുള്ള ആ പട്ടണം പണികയും അതിന്റെ മതിലുകൾ കെട്ടുകയും അടിസ്ഥാനങ്ങൾ നന്നാക്കുകയും ചെയ്യുന്നു.
13പട്ടണം പണിത് മതിലുകൾ കെട്ടിത്തീർന്നാൽ അവർ കരമോ നികുതിയോ ചുങ്കമോ ഒന്നും അടെക്കയില്ല; അങ്ങനെ ഒടുവിൽ അവർ രാജാവിന്റെ ഖജനാവിന് നഷ്ടം വരുത്തും എന്ന് രാജാവ് അറിഞ്ഞിരിക്കേണം.
14എന്നാൽ ഞങ്ങൾ കൊട്ടരത്തിൽ നിന്ന് സഹായം ലഭിച്ചവരായതുകൊണ്ട്, രാജാവിനുണ്ടാകുന്ന അപമാനം കാണുന്നത് ഉചിതമല്ലായ്കയാൽ, ഞങ്ങൾ ആളയച്ച് രാജാവിനെ ഇത് ബോധിപ്പിച്ചുകൊള്ളുന്നു.15അങ്ങയുടെ പിതാക്കന്മാരുടെ വൃത്താന്തപുസ്തകം പരിശോധിച്ചാൽ ഈ പട്ടണം മത്സരവും രാജാക്കന്മാർക്കും സംസ്ഥാനങ്ങൾക്കും ഉപദ്രവവും ഉള്ള പട്ടണം എന്നും , അതിൽ പണ്ടു മുതലേ രാജ്യദ്രോഹത്തിന് പ്രേരണ നൽകുന്ന കലാപകാരികൾ ഉള്ളതുകൊണ്ട് ഈ പട്ടണം നശിച്ചുകിടക്കുന്നു എന്നും മനസ്സിലാക്കാൻ ഇടയാകും.16ഈ പട്ടണം പണിത് അതിന്റെ മതില്പണി പൂർത്തിയായാൽ , അങ്ങേക്കു നദിക്കു ഇക്കരെ ഒരു അവകാശവും ഉണ്ടായിരിക്കയില്ലെന്നു രാജാവിനെ ഉണർത്തിച്ചുകൊള്ളുന്നു.
17അതിന് രാജാവ് സൈന്യാധിപനായ രെഹൂമിന്നും , എഴുത്തുകാരനായ ശിംശായിക്കും , ശമര്യാനിവാസികളായ അവരുടെ കൂട്ടുകാർക്കും , നദിക്ക് അക്കരെയുള്ള ശേഷമുള്ളവർക്കും മറുപടി അയച്ചത് എന്തെന്നാൽ “നിങ്ങൾക്കു സമാധാനം ഉണ്ടാകട്ടെ;18നിങ്ങൾ കൊടുത്തയച്ച പത്രിക നമ്മുടെ സന്നിധിയിൽ വ്യക്തമായി വായിച്ചുകേട്ടു.19നാം കല്പന കൊടുത്തിട്ട് അവർ ശോധന ചെയ്തു നോക്കിയപ്പോൾ ആ പട്ടണം പണ്ടുമുതലേ രാജാക്കന്മാരോട് എതിർത്ത് നില്ക്കുന്നത് എന്നും അതിൽ മത്സരവും രാജ്യദ്രോഹവും നിലനിന്നിരുന്നു എന്നും
20യെരൂശലേമിൽ ബലവാന്മാരായ രാജാക്കന്മാർ ഉണ്ടായിരുന്നതായും , അവർ നദിക്ക് അക്കരെയുള്ള നാടൊക്കെയും വാണ് കരവും നികുതിയും ചുങ്കവും ഈടാക്കിയിരുന്നതായും കണ്ടിരിക്കുന്നു.21ആകയാൽ നാം മറ്റൊരു കല്പന അയക്കുന്നതുവരെ , അവർ പട്ടണം പണി നിർത്തിവെക്കേണ്ടതിന് ആജ്ഞാപിപ്പിൻ.22ഇക്കാര്യത്തിൽ ഉപേക്ഷ വരാതിരിക്കാൻ നിങ്ങൾ ശ്രദ്ധിക്കണം; രാജാക്കന്മാർക്ക് നഷ്ടവും നാശവും വർദ്ധിപ്പിക്കുന്നതെന്തിന?
23അർത്ഥഹ്ശഷ്ടാരാജാവിന്റെ എഴുത്തിന്റെ പകർപ്പ് രെഹൂമും എഴുത്തുകാരനായ ശിംശായിയും അവരുടെ കൂട്ടുകാരും വായിച്ച് കേട്ടപ്പോൾ , അവർ യെരൂശലേമിൽ യെഹൂദന്മാരുടെ അടുക്കൽ വേഗത്തിൽ ചെന്ന് ബലപ്രയോഗത്താൽ അവരുടെ പണി മുടക്കി.24അങ്ങനെ യെരൂശലേമിലെ ദൈവാലയത്തിന്റെ പണി, പാർസിരാജാവായ ദാര്യാവേശിന്റെ വാഴ്ചയുടെ രണ്ടാം ആണ്ടുവരെ മുടങ്ങിക്കിടന്നു.

5

1അപ്പോൾ ഹഗ്ഗായി, ഇദ്ദോവിന്റെ മകൻ സെഖര്യാവ് എന്നീ പ്രവാചകന്മാർ യെഹൂദയിലും യെരൂശലേമിലും ഉള്ള യെഹൂദന്മാരോട് , തങ്ങളുടെ മേൽ ഉള്ള യിസ്രായേലിന്റെ ദൈവത്തിന്റെ നാമത്തിൽ പ്രവചിച്ചു.2അങ്ങനെ ശെയൽതീയേലിന്റെ മകൻ സെരുബ്ബാബേലും, യോസാദാക്കിന്റെ മകൻ യേശുവയും എഴുന്നേറ്റ് യെരൂശലേമിലെ ദൈവാലയം പണിവാൻ തുടങ്ങി ; ദൈവത്തിന്റെ പ്രവാചകന്മാർ അവരോടുകൂടെ ഇരുന്ന് അവരെ സഹായിച്ചു.

3ആ കാലത്ത് നദിക്ക് മറുകരയിലുള്ള ദേശാധിപതിയായ തത്നായിയും, ശെഥർ-ബോസ്നായിയും, അവരുടെ കൂട്ടുകാരും അടുക്കൽ വന്ന് അവരോട്: ഈ ആലയം പണിവാനും മതിൽ കെട്ടുവാനും നിങ്ങൾക്ക് കൽപ്പന തന്നത് ആരെന്നും4ഈ കെട്ടിടം പണിയുന്ന ആളുകളുടെ പേരെന്തെന്നും അവരോട് ചോദിച്ചു.5എന്നാൽ ദൈവം യെഹൂദന്മാരുടെ മൂപ്പന്മാരെ കടാക്ഷിച്ചതുകൊണ്ട്, ഈ കാര്യം ദാര്യാവേശിന്റെ സന്നിധിയിൽ ബോധിപ്പിച്ച് , മറുപടി വരുന്നതു വരെ പണി തടസ്സപ്പെടുത്തുവാൻ അവർക്ക് സാധിച്ചില്ല.

6നദിക്ക് ഇക്കരെ ദേശാധിപതിയായ തത്നായിയും, ശെഥർ-ബോസ്നായിയും, നദിക്ക് ഇക്കരെയുള്ള അഫർസ്യരായ അവന്റെ കൂട്ടുകാരും ദാര്യാവേശ്‌രാജാവിന് എഴുതി അയച്ച പത്രികയുടെ പകർപ്പ് ;7അവർ അവന് ഒരു പത്രിക കൊടുത്തയച്ചു, അതിൽ എഴുതിയത് എന്തെന്നാൽ: “ദാര്യാവേശ്‌രാജാവിന് സർവമംഗളവും ഭവിക്കട്ടെ”
8രാജാവിനെ ബോധിപ്പിപ്പാൻ “ഞങ്ങൾ യെഹൂദാസംസ്ഥാനത്തിൽ മഹാദൈവത്തിന്റെ ആലയത്തിലേക്ക് ചെന്നു; അത്അവർ വലിയ കല്ലുകൊണ്ട് പണിയുന്നു ; ചുവരിന്മേൽ ഉത്തരം കയറ്റുന്നു ; അവർ ജാഗ്രതയായി പണിനടത്തുന്നു ; അവർക്ക് അത് സാധിക്കുകയും ചെയ്യുന്നു.9ഞങ്ങൾ ആ മൂപ്പന്മാരോട്: ഈ ആലയം പണിവാനും, മതിൽ കെട്ടുവാനും നിങ്ങൾക്ക് കല്പന തന്നത് ആരെന്ന് ചോദിച്ചു.10അവരുടെ ഇടയിൽ തലവന്മാരായ ആളുകളുടെ പേരുകൾ എഴുതി സന്നിധാനത്തിൽ അയക്കേണ്ടതിന് ഞങ്ങൾ അവരുടെ പേരും അവരോട് ചോദിച്ചു.
11എന്നാൽ അവർ ഞങ്ങളോട്: ഞങ്ങൾ സ്വർഗ്ഗത്തിന്നും, ഭൂമിക്കും ദൈവമായവന്റെ ശുശ്രൂഷക്കാരാകുന്നു; ഏറിയ സംവത്സരം മുമ്പെ പണിതിരുന്ന ആലയം ഞങ്ങൾ പണിയുന്നു; അത് യിസ്രായേലിന്റെ ഒരു മഹാരാജാവ് പണിതതായിരുന്നു.
12എങ്കിലും, ഞങ്ങളുടെ പിതാക്കന്മാർ സ്വർഗ്ഗത്തിലെ ദൈവത്തെ കോപിപ്പിച്ചതുകൊണ്ട്, അവൻ അവരെ ബാബേൽരാജാവായ നെബൂഖദ്നേസർ എന്ന കൽദയന്റെ കയ്യിൽ ഏല്പിച്ചു; അവൻ ഈ ആലയം നശിപ്പിച്ച് ജനത്തെ ബാബേലിലേക്ക് കൊണ്ടുപോയി.13എന്നാൽ ബാബേൽ രാജാവായ കോരെശിന്റെ ഒന്നാം ആണ്ടിൽ കോരെശ്‌രാജാവ് ഈ ദൈവാലയം പണിവാൻ കല്പന തന്നു.
14നെബൂഖദ്നേസർ യെരൂശലേമിലെ മന്ദിരത്തിൽനിന്ന് എടുത്ത് ബാബേലിലെ ക്ഷേത്രത്തിൽ കൊണ്ടുപോയി വെച്ചിരുന്ന ദൈവാലയം വക പൊന്നും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങളെ കോരെശ്‌രാജാവ് ബാബേലിലെ ക്ഷേത്രത്തിൽ നിന്ന് എടുപ്പിച്ച് താൻ നിയമിച്ചിരുന്ന ശേശ്ബസ്സർ എന്നു പേരുള്ള ദേശാധിപതിക്ക് ഏല്പിച്ചുകൊടുത്ത് അവനോട്15ഈ ഉപകരണങ്ങൾ നീ എടുത്ത് യെരൂശലേമിലെ മന്ദിരത്തിലേക്ക് കൊണ്ടുചെല്ലുക; ദൈവാലയം അതിന്റെ സ്ഥാനത്തു പണിയട്ടെ എന്ന് കല്പിച്ചു.
16അങ്ങനെ ശേശ്ബസ്സർ വന്ന് യെരൂശലേമിലെ ദൈവാലയത്തിന്റെ അടിസ്ഥാനം ഇട്ടു; അന്നുമുതൽ ഇന്നുവരെ അത് പണിതുവരുന്നു; ഇതുവരെ അത് തീർന്നിട്ടില്ല എന്ന് അവർ ഉത്തരം പറഞ്ഞിരിക്കുന്നു.
17ആകയാൽ രാജാവ് തിരുമനസ്സായി യെരൂശലേമിലെ ഈ ദൈവാലയം പണിവാൻ കോരെശ്‌രാജാവ് കല്പന കൊടുത്തത് വാസ്തവമോ എന്ന് ബാബേലിലെ രാജഭണ്ഡാരഗൃഹത്തിൽ പരിശോധിച്ച് ഇതിനെക്കുറിച്ച് തിരുവുള്ളം എന്തെന്ന് ഞങ്ങൾക്ക് എഴുതി അയച്ചുതരേണമെന്ന് അപേക്ഷിക്കുന്നു .

6

1ദാര്യവേശ്‌രാജാവിന്റെ കല്പന പ്രകാരം അവർ ബാബേലിൽ, ഭണ്ഡാരത്തിൽ സൂക്ഷിച്ചിരുന്ന രേഖകൾ പരിശോധിച്ചു.2അവർ മേദ്യസംസ്ഥാനത്തിലെ അഹ്മെഥാരാജധാനിയിൽ ഒരു ചുരുൾ കണ്ടെത്തി ; ആ രേഖയിൽ എഴുതിയിരുന്നപ്രകാരം

3കോരെശ്‌രാജാവിന്റെ ഒന്നാം ആണ്ടിൽ രാജാവ് കല്പന കൊടുത്തത് “യെരൂശലേമിലെ ദൈവാലയം യാഗം കഴിക്കുന്ന സ്ഥലമായി പണിയേണം: അതിന്റെ അടിസ്ഥാനങ്ങൾ ഉറപ്പായിട്ട് ഇടേണം; അതിന് അറുപതു മുഴം ഉയരവും, അറുപതു മുഴം വീതിയും ഉണ്ടായിരിക്കേണം.4വലിയ കല്ലുകൾ മൂന്നുവരിയും, പുതിയ തടികൊണ്ടുള്ള ഉത്തരങ്ങൾ ഒരു വരിയും ആയിരിക്കേണം; ചെലവ് രാജാവിന്റെ ഭണ്ഡാരത്തിൽ നിന്ന് കൊടുക്കേണം.5അത് കൂടാതെ നെബൂഖദ്നേസർ യെരൂശലേമിലെ ദൈവാലയത്തിൽനിന്ന് എടുത്ത്, ബാബേലിലേക്ക് കൊണ്ടു വന്ന ദൈവാലയം വക പൊന്നും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങൾ തിരികെ യെരൂശലേമിലെ മന്ദിരത്തിൽ, അതതിന്റെ സ്ഥാനത്ത് ദൈവാലയത്തിൽ വെക്കുകയും വേണം.
6ആകയാൽ നദിക്ക് അക്കരെയുള്ള ദേശാധിപതിയായ തത്നായിയും, ശെഥർ-ബോസ്നയും, നിങ്ങളുടെ അഫർസ്യരായ കൂട്ടുകാരും അവിടെ നിന്ന് അകന്ന് നില്ക്കേണം.7ഈ ദൈവാലയത്തിന്റെ പണിയിൽ നിങ്ങൾ ഇടപെടരുത്; യെഹൂദന്മാരുടെ ദേശാധിപതിയും, അവരുടെ മൂപ്പന്മാരും ഈ ദൈവാലയം അതിന്റെ സ്ഥാനത്തു തന്നേ പണിയട്ടെ”
8കൂടാതെ,ദൈവാലയം പണിയുന്ന യെഹൂദന്മാരുടെ മൂപ്പന്മാർക്ക് ഇപ്രകാരം ചെയ്യേണമെന്നും നാം കല്പിക്കുന്നുനദിക്ക് അക്കരെ പിരിയുന്ന കരമായ രാജാവിന്റെ വരുമാനത്തിൽ നിന്ന് അവർക്ക് തടസ്സം വരുത്താതെ , കൃത്യമായി ചെലവും കൊടുക്കേണ്ടതാകുന്നു.9അവർ സ്വർഗ്ഗത്തിലെ ദൈവത്തിന് സൌരഭ്യവാസനയുള്ള യാഗം അർപ്പിക്കേണ്ടതിനും, രാജാവിന്റെയും പുത്രന്മാരുടെയും ക്ഷേമത്തിന്നുവേണ്ടി പ്രാർത്ഥിക്കേണ്ടതിനും10സ്വർഗ്ഗത്തിലെ ദൈവത്തിന് ഹോമയാഗം കഴിപ്പാൻ അവർക്ക് ആവശ്യമുള്ള കാളക്കിടാക്കൾ, ആട്ടുകൊറ്റന്മാർ, കുഞ്ഞാടുകൾ, ഗോതമ്പ്, ഉപ്പ്, വീഞ്ഞ്, എണ്ണ എന്നിവ യെരൂശലേമിലെ പുരോഹിതന്മാർ ആവശ്യപ്പെടുന്നപോലെ ദിവസംപ്രതി കുറവു കൂടാതെ കൊടുക്കേണ്ടതാകുന്നു.
11ആരെങ്കിലും ഈ കല്പന മാറ്റിയാൽ, അവന്റെ വീട്ടിന്റെ ഒരു ഉത്തരം വലിച്ചെടുത്ത് നാട്ടി, അതിന്മേൽ അവനെ തൂക്കിക്കളകയും, അവന്റെ വിട് കുപ്പക്കുന്ന് ആക്കിക്കളകയും വേണം” എന്നും ഞാൻ കല്പന കൊടുക്കുന്നു.12“ഇതു മാറ്റുവാനും യെരൂശലേമിലെ ഈ ദൈവാലയം നശിപ്പിപ്പാനും തുനിയുന്ന ഏത് രാജാവിനും, ജനത്തിനും തന്റെ നാമം അവിടെ വസിക്കുമാറാക്കിയ ദൈവം നിർമ്മൂലനാശം വരുത്തും. ദാര്യാവേശായ ഞാൻ കല്പന കൊടുക്കുന്നു; ഇത് ജാഗ്രതയോടെ നിവർത്തിക്കേണ്ടതാകുന്നു.

13അപ്പോൾ നദിക്ക് ഇക്കരെയുള്ള ദേശാധിപതിയായ തത്നായിയും ശെഥർ-ബോസ്നായിയും, അവരുടെ കൂട്ടുകാരും ദാര്യാവേശ്‌രാജാവ് കല്പനയയച്ചതുപോലെ തന്നേ ജാഗ്രതയോടെ ചെയ്തു.14അങ്ങനെ യെഹൂദന്മാരുടെ മൂപ്പന്മാർ പണിതു; ഹഗ്ഗായിപ്രവാചകനും, ഇദ്ദോവിന്റെ മകനായ സെഖര്യാവും പ്രവചനങ്ങളാൽ അവർക്ക് അത് സാദ്ധ്യമായി തീർന്നു. അവർ യിസ്രായേലിന്റെ ദൈവത്തിന്റെ കല്പനപ്രകാരവും, കോരെശിന്റെയും, ദാര്യാവേശിന്റെയും, പാർസിരാജാവായ അർത്ഥഹ്ശഷ്ടാവിന്റെയും കല്പനപ്രകാരവും അത് പണിതു തീർത്തു.15ദാര്യാവേശ്‌രാജാവിന്റെ വാഴ്ചയുടെ ആറാം ആണ്ടിൽ ആദാർമാസം മൂന്നാം തിയ്യതി ഈ ആലയം പണിതുതീർന്നു.
16യിസ്രായേൽമക്കളും, പുരോഹിതന്മാരും, ലേവ്യരും ശേഷം പ്രവാസികളും, സന്തോഷത്തോടെ ഈ ദൈവാലയത്തിന്റെ പ്രതിഷ്ഠ കഴിച്ചു.17ഈ ദൈവാലയത്തിന്റെ പ്രതിഷ്ഠെക്ക് നൂറ് കാളകളെയും. ഇരുനൂറ് ആട്ടുകൊറ്റന്മാരെയും, നാനൂറ് കുഞ്ഞാടുകളെയും യിസ്രായേൽഗോത്രങ്ങളുടെ എണ്ണത്തിനൊത്തവണ്ണം, എല്ലായിസ്രായേലിന്നും വേണ്ടി പാപയാഗത്തിന്നായി പന്ത്രണ്ട് വെള്ളാട്ടുകൊറ്റന്മാരെയും യാഗം കഴിച്ചു18മോശെയുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ അവർ യെരൂശലേമിലുള്ള ദൈവത്തിന്റെ ശുശ്രൂഷെക്ക് പുരോഹിതന്മാരെയും ലേവ്യരെയും അവരവരുടെ ക്രമപ്രകാരം നിർത്തി.

19ഒന്നാം മാസം പതിന്നാലാം തീയതി പ്രവാസികൾ പെസഹ ആചരിച്ചു.20പുരോഹിതന്മാരും ലേവ്യരും തങ്ങളെ ശുദ്ധീകരിച്ചിരുന്നു; എല്ലാവരും നിയമപ്രകാരം ശുദ്ധിയുള്ളവരായിരുന്നു; അവർ സകലപ്രവാസികൾക്കും, തങ്ങളുടെ സഹോദരന്മാരായ പുരോഹിതന്മാർക്കും തങ്ങൾക്കും വേണ്ടി പെസഹ അറുത്തു.
21അങ്ങനെ പ്രവാസത്തിൽനിന്ന് മടങ്ങിവന്ന യിസ്രായേൽമക്കളും, യിസ്രായേലിന്റെ ദൈവമായ യഹോവയെ അന്വേഷിക്കേണ്ടതിന്, ദേശത്തെ ജനതകളുടെ അശുദ്ധി ഉപേക്ഷിച്ച് വന്നവർ ഒക്കെയും പെസഹ തിന്നു.22യഹോവ അവരെ സന്തോഷിപ്പിക്കയും, യിസ്രായേലിൻദൈവമായ ദൈവത്തിന്റെ ആലയത്തിന്റെ പണിയിൽ അവരെ സഹായിക്കേണ്ടതിന് അശ്ശൂർരാജാവിന്റെ ഹൃദയത്തെ അവർക്ക് അനുകൂലമാക്കുകയും ചെയ്തതിനാൽ, അവർ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ ഏഴു ദിവസം സന്തോഷത്തോടെ ആചരിച്ചു.

7

1അതിനുശേഷം പാർസിരാജാവായ അർത്ഥഹ്ശഷ്ടാവിന്റെ വാഴ്ചയുടെ കാലത്ത് എസ്രാ ബാബേലിൽനിന്ന് വന്നു. അവൻ സെരായാവിന്റെ മകൻ; സെരായാവ് അസര്യാവിന്റെ മകൻ; അസര്യാവ് ഹില്ക്കീയാവിന്റെ മകൻ;2ഹിൽക്കീയാവ് ശല്ലൂമിന്റെ മകൻ; ശല്ലൂം സാദോക്കിന്റെ മകൻ; സാദോക്ക് അഹീത്തൂബിന്റെ മകൻ;3അഹീത്തൂബ് അമര്യാവിന്റെ മകൻ; അമര്യാവ് അസര്യാവിന്റെ മകൻ; അസര്യാവ് മെരായോത്തിന്റെ മകൻ;4മെരായൊത്ത് സെരഹ്യാവിന്റെ മകൻ; സെരഹ്യാവ് ഉസ്സിയുടെ മകൻ;5ഉസ്സി ബുക്കിയുടെ മകൻ; ബുക്കി അബീശൂവയുടെ മകൻ; അബീശൂവ ഫീനെഹാസിന്റെ മകൻ; ഫീനെഹാസ് എലെയാസാരിന്റെ മകൻ; എലെയാസർ മഹാപുരോഹിതനായ അഹരോന്റെ മകൻ.

6എസ്രാ യിസ്രായേലിന്റെ ദൈവമായ യഹോവ നല്കിയ മോശെയുടെ ന്യായപ്രമാണത്തിൽ വിദഗ്ദ്ധനായ ഒരു ശാസ്ത്രി ആയിരുന്നു; അവന്റെ ദൈവമായ യഹോവയുടെ കൈ അവന് അനുകൂലമായിരിക്കുകയാൽ രാജാവു അവന്റെ അപേക്ഷ ഒക്കെയും നല്കി.7യിസ്രായേൽമക്കളിലും,പുരോഹിതന്മാരിലും, ലേവ്യരിലും സംഗീതക്കാരിലും, വാതിൽകാവല്ക്കാരിലും, ദൈവാലയദാസന്മാരിലും ചിലർ അർത്ഥഹ്ശഷ്ടാരാജാവിന്റെ ഏഴാം ആണ്ടിൽ യെരൂശലേമിൽ വന്നു.
8അവൻ യെരൂശലേമിൽ വന്നത് അഞ്ചാം മാസമായിരുന്നു ; അത് രാജാവിന്റെ വാഴ്ചയുടെ ഏഴാം ആണ്ടായിരുന്നു.9ഒന്നാം മാസം ഒന്നാം തിയ്യതി അവൻ ബാബേലിൽ നിന്ന് യാത്ര പുറപ്പെട്ടു; തന്റെ ദൈവത്തിന്റെ കൈ തനിക്ക് അനുകൂലമായിരുന്നതു കൊണ്ട് അവൻ അഞ്ചാം മാസം ഒന്നാം തിയ്യതി യെരൂശലേമിൽ എത്തി.10യഹോവയുടെ ന്യായപ്രമാണം പരിശോധിപ്പാനും, അത് അനുസരിച്ച് നടപ്പാനും,യിസ്രായേലിൽ അതിന്റെ ചട്ടങ്ങളും വിധികളും ഉപദേശിപ്പാനും എസ്രാ മനസ്സുവെച്ചിരുന്നു.

11യിസ്രായേലിനോടുള്ള യഹോവയുടെ കല്പനകളുടെയും ചട്ടങ്ങളുടെയും വാക്യങ്ങളിൽ വിദഗ്ദ്ധശാസ്ത്രീയായ എസ്രാപുരോഹിതന്, അർത്ഥഹ്ശഷ്ടാരാജാവ് കൊടുത്ത എഴുത്തിന്റെ പകർപ്പ്:12“രാജാധിരാജാവായ അർത്ഥഹ്ശഷ്ടാവ് സ്വർഗ്ഗത്തിലെ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ ശാസ്ത്രീയായ എസ്രാപുരോഹിതന് എഴുതുന്നത്: “സമാധാനം ഉണ്ടാകട്ടെ”13നമ്മുടെ രാജ്യത്തുള്ള യിസ്രായേൽജനത്തിലും , പുരോഹിതന്മാരിലും, ലേവ്യരിലും , യെരൂശലേമിലേക്ക് പോകുവാൻ മനസ്സുള്ളവരെല്ലാവരും നിന്നോടുകൂടെ പോകുന്നതിന് ഞാൻ കല്പന കൊടുത്തിരിക്കുന്നു.
14നിന്റെ കൈവശം ഇരിക്കുന്ന നിന്റെ ദൈവത്തിന്റെ ന്യായപ്രമാണപ്രകാരം യെഹൂദയിലെയും യെരൂശലേമിലെയും കാര്യം അന്വേഷിപ്പാനും രാജാവും തന്റെ ഏഴ് മന്ത്രിമാരും നിന്നെ അയക്കുന്നു15നീ പോകുമ്പോൾ , യെരൂശലേമിൽ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവത്തിന് ഔദാര്യമായി കൊടുത്തിരിക്കുന്ന വെള്ളിയും പൊന്നും,16ബാബേൽ സംസ്ഥാനത്തു നിന്ന് നിനക്കു ലഭിക്കുന്ന വെള്ളിയും പൊന്നും എല്ലാം , യെരൂശലേമിൽ തങ്ങളുടെ ദൈവത്തിന്റെ ആലയം വകെക്ക് ജനവും പുരോഹിതന്മാരും തരുന്ന ഔദാര്യദാനങ്ങളോടുകൂടെ കൊണ്ടുപോകുകയും ചെയ്യണം.
17ആകയാൽ നീ ജാഗ്രതയോടെ ആ ദ്രവ്യംകൊണ്ട് കാളകളെയും ആട്ടുകൊറ്റന്മാരെയും കുഞ്ഞാടുകളെയും അവയ്ക്കു വേണ്ടുന്ന ഭോജനയാഗങ്ങളെയും പാനീയയാഗങ്ങളെയും വാങ്ങി , യെരൂശലേമിലുള്ള നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ യാഗപീഠത്തിന്മേൽ അർപ്പിക്കണം.18ശേഷിച്ച വെള്ളിയും പൊന്നും കൊണ്ട് നിനക്കും നിന്റെ സഹോദരന്മാർക്കും ഉചിതമെന്നു തോന്നുന്ന രീതിയിൽ, നിങ്ങളുടെ ദൈവത്തിനു പ്രസാദമായത് ചെയ്തുകൊള്ളുവിൻ.
19നിന്റെ ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷെക്കായിട്ട് നിന്റെ കൈവശം തന്നിരിക്കുന്ന ഉപകരണങ്ങളെല്ലാം നീ യെരൂശലേമിന്റെ ദൈവത്തിന്റെ സന്നിധിയിൽ ഏല്പിക്കേണം.20നിന്റെ ദൈവത്തിന്റെ ആലയത്തിന് കൂടുതലായി വേണ്ടി വരുന്നത് എല്ലാം നീ രാജാവിന്റെ ഭണ്ഡാരത്തിൽ നിന്ന് കൊടുത്തുകൊള്ളേണം.
21അർത്ഥഹ്ശഷ്ടാരാജാവായ നാം നദിക്കു അക്കരെയുള്ള സകല ഭണ്ഡാരവിചാരകന്മാർക്കും കല്പന കൊടുക്കുന്നതെന്തെന്നാൽ: സ്വർഗ്ഗത്തിലെ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ ശാസ്ത്രിയായ എസ്രാപുരോഹിതൻ ആവശ്യപ്പെടുന്നതനുസരിച്ച് നൂറ് താലന്ത് 1 വെള്ളി നൂറ് കോർ 2 ഗോതമ്പ് , നൂറ് ബത്ത് 3 വീഞ്ഞ് , നൂറ് ബത്ത് എണ്ണ22ആവശ്യത്തിന് ഉപ്പ് എന്നിവ കൃത്യമായി കൊടുക്കാൻ ശ്രദ്ധിക്കേണം.23രാജാവിന്റെയും തന്റെ പുത്രന്മാരുടെയും രാജ്യത്തിന്മേൽ ക്രോധം വരാതിരിക്കേണ്ടതിന് സ്വർഗ്ഗത്തിലെ ദൈവത്തിന്റെ കല്പനപ്രകാരം ദൈവാലയത്തിന് വേണ്ടതൊക്കെയും കൃത്യമായി ചെയ്യേണ്ടതാകുന്നു.
24പുരോഹിതന്മാർ, ലേവ്യർ, സംഗീതക്കാർ, വാതിൽകാവല്ക്കാർ, ദൈവാലയദാസന്മാർ എന്നിവർക്കും ദൈവത്തിന്റെ ഈ ആലയത്തിൽ ശുശ്രൂഷിക്കുന്ന ആർക്കും കരമോ നികുതിയോ ചുങ്കമോ ചുമത്തുന്നത് വിഹിതമല്ല എന്നും നാം നിങ്ങൾക്ക് അറിവ് തരുന്നു.
25നീയോ എസ്രയേ, നിനക്ക് നിന്റെ ദൈവം നല്കിയ ജ്ഞാനപ്രകാരം നദിക്കക്കരെ പാർക്കുന്ന സകലജനത്തിന്നും, നിന്റെ ദൈവത്തിന്റെ ന്യായപ്രമാണങ്ങളെ അറിയുന്ന ഏവർക്കും തന്നേ, ന്യായം പാലിച്ചുകൊടുക്കേണ്ടതിന് അധികാരികളെയും ന്യായാധിപന്മാരെയും നിയമിക്കേണം ; ന്യായപ്രമാണം അറിയാത്തവർക്കോ, നിങ്ങൾ അവയെ ഉപദേശിച്ചുകൊടുക്കേണം.26എന്നാൽ നിന്റെ ദൈവത്തിന്റെ ന്യായപ്രമാണവും രാജാവിന്റെ നിയമവും അനുസരിക്കാത്ത ഏവനെയും കർശനമായി വിസ്തരിച്ച് മരണമോ,നാടുകടത്തലോ, സ്വത്ത് കണ്ടുകെട്ടലോ , തടവോ അവന് കല്പിക്കേണ്ടതാകുന്നു.

27യെരൂശലേമിലെ യഹോവയുടെ ആലയം അലങ്കരിക്കേണ്ടതിന് ഇങ്ങനെ രാജാവിന് തോന്നിക്കുകയും രാജാവിന്റെയും തന്റെ മന്ത്രിമാരുടെയും രാജാവിന്റെ സകലപ്രഭുക്കന്മാരുടെയും ദയ എനിക്ക് ലഭിക്കുമാറാക്കുകയും ചെയ്ത നമ്മുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ.28ഇങ്ങനെ എന്റെ ദൈവമായ യഹോവയുടെ കൈ എനിക്ക് അനുകൂലമായിരുന്നതിനാൽ ഞാൻ ധൈര്യപ്പെട്ട് എന്നോടുകൂടെ പോരേണ്ടതിന് യിസ്രായേലിലെ ചില തലവന്മാരെ കൂട്ടിവരുത്തി.


1 7:21 താലന്ത് വെള്ളിയും പൊന്നും അളക്കാനുള്ള അളവ് ഏകദേശം 30 കിലൊഗ്രാം
2 7:21 കോർ ഖരദ്രാവക അളവാണ്കോറും ഹോമെറും സമമാണ് 10 ബത്താണ് ഒരു ഹോമെർ ഒരു ബത്ത് 22ലിറ്ററാണ് അതിനാൽ ഒരു കോർ 220ലിറ്റർ
3 7:21 ബത്ത് 22ലിറ്റർ

8

1അർത്ഥഹ്ശഷ്ടാരാജാവിന്റെ വാഴ്ചയുടെ കാലത്ത് ബാബേലിൽ നിന്ന് എന്നോടുകൂടെ പോന്ന പിതൃഭവനത്തലവന്മാരും, അവരുടെ വംശാവലികളും ഇപ്രകാരം ആകുന്നു:2ഫീനെഹാസിന്റെ പുത്രന്മാരിൽ ഗേർശോം; ഈഥാമാരിന്റെ പുത്രന്മാരിൽ ദാനീയേൽ; ദാവീദിന്റെ പുത്രന്മാരിൽ ഹത്തൂശ്;3ശെഖന്യാവിന്റെ പുത്രൻ പറോശിന്റെ പുത്രന്മാരിൽ സെഖര്യാവും, അവനോടുകൂടെ വംശാവലിയിൽ രേഖപെടുത്തിയിരുന്ന നൂറ്റമ്പത് പുരുഷന്മാരും.

4പഹത്ത്-മോവാബിന്റെ പുത്രൻ സെരഹ്യാവിന്റെ പുത്രന്മാരിൽ എല്യെഹോവേനായിയും അവനോടുകൂടെ ഇരുനൂറ് പുരുഷന്മാരും,5ശെഖന്യാവിന്റെ പുത്രന്മാരിൽ യഹസീയേലും, അവനോടുകൂടെ മുന്നൂറ് പുരുഷന്മാരും.6ആദീന്റെ പുത്രന്മാരിൽ, യോനാഥാന്റെ മകൻ ഏബെദും അവനോടുകൂടെ`````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````അവനോടുകൂടെ അമ്പത് പുരുഷന്മാരും.7ഏലാമിന്റെ പുത്രന്മാരിൽ, അഥല്യാവിന്റെ മകൻ യെശയ്യാവും അവനോടുകൂടെ എഴുപത് പുരുഷന്മാരും.
8ശെഫത്യാവിന്റെ പുത്രന്മാരിൽ, മീഖായേലിന്റെ മകൻ സെബദ്യാവും അവനോടുകൂടെ എൺപത് പുരുഷന്മാരും.9യോബാവിന്റെ പുത്രന്മാരിൽ, യെഹീയേലിന്റെ മകൻ ഓബദ്യാവും അവനോടുകൂടെ ഇരുനൂറ്റിപതിനെട്ട് പുരുഷന്മാരും.10ശെലോമീത്തിന്റെ പുത്രൻ ബെൻ യോസിഫ്യാവും, അവനോടുകൂടെ നൂറ്ററുപത് പുരുഷന്മാരും.11ബേബായിയുടെ പുത്രന്മാരിൽ , സെഖര്യാവും അവനോടുകൂടെ ഇരുപത്തെട്ട് പുരുഷന്മാരും.
12അസാദിന്റെ പുത്രന്മാരിൽ, ഹക്കാതാന്റെ മകൻ യോഹാനാനും, അവനോടുകൂടെ നൂറ്റിപ്പത്ത് പുരുഷന്മാരും.13അദോനീക്കാമിന്റെ അവസാനത്തെ പുത്രന്മാരിൽ എലീഫേലെത്ത്, യെയീയേൽ, ശെമയ്യാവ് എന്നിവരും അവരോടുകൂടെ അറുപത് പുരുഷന്മാരും.14ബിഗ്വായുടെ പുത്രന്മാരിൽ ഊഥായിയും, സബൂദും അവരോടുകൂടെ എഴുപത് പുരുഷന്മാരും.

15ഇവരെ ഞാൻ അഹവായിലേക്ക് ഒഴുകുന്ന ആറ്റിന്നരികെ കൂട്ടിവരുത്തി; അവിടെ ഞങ്ങൾ മൂന്ന് ദിവസം പാളയമടിച്ച് പാർത്തു; ഞാൻ ജനത്തെയും പുരോഹിതന്മാരെയും പരിശോധിച്ചപ്പോൾ, ലേവ്യരിൽ ആരെയും അവിടെ കണ്ടില്ല.16അപ്പോൾ ഞാൻ എലീയേസെർ, അരീയേൽ, ശെമയ്യാവു, എൽനാഥാൻ, യാരീബ്, എൽനാഥാൻ, നാഥാൻ, സെഖര്യാവു, മെശുല്ലാം എന്നീ നായകന്മാരേയും ജ്ഞാനികളായ യോയാരീബ്, എൽനാഥാൻ എന്നിവരെയും വിളിപ്പിച്ചു,
17അവരെ കാസിഫ്യാ എന്ന സ്ഥലത്തെ പ്രധാനിയായ, ഇദ്ദോവിന്റെ അടുക്കൽ അയച്ചു ; നമ്മുടെ ദൈവത്തിന്റെ ആലയത്തിനുവേണ്ടി ശുശ്രൂഷകന്മാരെ കൊണ്ടുവരേണ്ടതിന് അവർ കാസിഫ്യയിലെ ഇദ്ദോവോടും, അവന്റെ സഹോദരന്മാരായ ദൈവാലയദാസന്മാരോടും പറയേണ്ട വാക്കുകൾ അവർക്ക് ഉപദേശിച്ചുകൊടുത്തു.
18ഞങ്ങളുടെ ദൈവത്തിന്റെ കൈ ഞങ്ങൾക്ക് അനുകൂലമായിരുന്നതിനാൽ അവർ യിസ്രായേലിന്റെ മകൻ ലേവിയുടെ മകൻ മഹ്ലിയുടെ പുത്രന്മാരിൽ വിവേകശാലിയായ ശേരബ്യാവും, അവന്റെ പുത്രന്മാർ, സഹോദരന്മാർ19ഇങ്ങനെ പതിനെട്ടുപേരെയും, മെരാരിയുടെ പുത്രന്മാരിൽ, ഹശബ്യാവും, അവനോടുകൂടെ യെശയ്യാവ്, അവന്റെ പുത്രന്മാർ, സഹോദരന്മാർ20ഇങ്ങനെ ഇരുപതുപേരെയും, ദാവീദും പ്രഭുക്കന്മാരും ലേവ്യർക്ക് ശുശ്രൂഷക്കാരായി കൊടുത്ത ദൈവാലയദാസന്മാരിൽ ഇരുനൂറ്റിരുപതുപേരേയും ഞങ്ങളുടെ അടുക്കൽ കൂട്ടി കൊണ്ടുവന്നു; അവരുടെ എല്ലാം പേരു വിവരം രേഖപ്പെടുത്തിയിരുന്നു.
21അനന്തരം ഞങ്ങളുടെ ദൈവത്തിന്റെ സന്നിധിയിൽ ഞങ്ങളെത്തന്നെ വിനയപ്പെടുത്തേണ്ടതിനും, ഞങ്ങളും ഞങ്ങളുടെ കുഞ്ഞുകുട്ടികളും സകലസമ്പത്തും സുരക്ഷിതമാകുവാനും ദൈവത്തോട് ശുഭയാത്ര യാചിക്കേണ്ടതിനും വേണ്ടി, ഞാൻ അഹവാ ആറ്റരികത്തു വച്ച് ഒരു ഉപവാസം പ്രസിദ്ധപ്പെടുത്തി.22ഞങ്ങളുടെ ദൈവം, അവിടുത്തെ അന്വേഷിക്കുന്ന ഏവർക്കും അനുകൂലമായും, ഉപേക്ഷിക്കുന്ന ഏവർക്കും പ്രതികൂലമായും ഇരിക്കുന്നു എന്ന് ഞങ്ങൾ രാജാവിനോട് പറഞ്ഞിരുന്നതുകൊണ്ട്, വഴിയിൽ ശത്രുവിന്റെ നേരെ ഞങ്ങളെ സഹായിക്കുവാൻ അകമ്പടിയായി പടയാളികളെയും കുതിരച്ചേവകരെയും രാജാവിനോട് അപേക്ഷിപ്പാൻ ഞാൻ ലജ്ജിച്ചിരുന്നു.23അങ്ങനെ ഞങ്ങൾ ഉപവസിച്ച് ഞങ്ങളുടെ ദൈവത്തോട് പ്രാർത്ഥിച്ചു; അവിടുന്ന് ഞങ്ങളുടെ പ്രാർത്ഥന കേട്ടു.
24പിന്നെ ഞാൻ പുരോഹിതന്മാരുടെ പ്രധാനികളിൽ ശേരെബ്യാവെയും, ഹശബ്യാവെയും അവരോടുകൂടെ അവരുടെ സഹോദരന്മാരിൽ പത്തുപേരെയും തെരഞ്ഞെടുത്തു.25രാജാവും, അവന്റെ മന്ത്രിമാരും, പ്രഭുക്കന്മാരും അവിടെയുണ്ടായിരുന്ന യിസ്രായേല്യർ ഒക്കെയും നമ്മുടെ ദൈവത്തിന്റെ ആലയത്തിനായി അർപ്പിച്ചിരുന്ന വഴിപാടായ വെള്ളിയും പൊന്നും ഉപകരണങ്ങളും ഞാൻ അവർക്ക് തൂക്കിക്കൊടുത്തു.
26ഞാൻ അവരുടെ കയ്യിൽ അറുനൂറ്റമ്പത് താലന്ത് വെള്ളിയും, നൂറ് താലന്ത് വെള്ളിയുപകരണങ്ങളും, നൂറ് താലന്ത് പൊന്നും27ആയിരം തങ്കക്കാശ് വിലയുള്ള ഇരുപത് പൊൻപാത്രങ്ങളും, പൊന്നുപോലെ വിലയുള്ള മിനുക്കിയ താമ്രംകൊണ്ടുള്ള രണ്ട് പാത്രങ്ങളും തൂക്കിക്കൊടുത്തു.
28ഞാൻ അവരോട്: “നിങ്ങൾ ദൈവത്തിന് വിശുദ്ധന്മാരാകുന്നു; ഉപകരണങ്ങളും വിശുദ്ധം തന്നേ; വെള്ളിയും പൊന്നും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയ്ക്ക് ഔദാര്യദാനമാകുന്നു;29നിങ്ങൾ അവയെ യെരൂശലേമിൽ യഹോവയുടെ ആലയത്തിലെ അറകളിൽ പുരോഹിതന്മാരുടെയും ലേവ്യരുടെയും പ്രധാനികൾക്കും യിസ്രായേലിന്റെ പിതൃഭവനപ്രഭുക്കന്മാർക്കും തൂക്കി ഏല്പിക്കുംവരെ ജാഗരിച്ചു കാത്തുകൊൾവിൻ” എന്ന് പറഞ്ഞു.30അങ്ങനെ പുരോഹിതന്മാരും, ലേവ്യരും ആ വെള്ളിയും പൊന്നും ഉപകരണങ്ങളും യെരൂശലേമിൽ ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലേക്ക് കൊണ്ടുപോകേണ്ടതിന് തൂക്കപ്രകാരം ഏറ്റുവാങ്ങി.

31`യെരൂശലേമിന് പോകുവാൻ ഞങ്ങൾ ഒന്നാം മാസം പന്ത്രണ്ടാം തീയതി അഹവാ ആറ്റിനരികെ നിന്ന് പുറപ്പെട്ടു; ഞങ്ങളുടെ ദൈവത്തിന്റെ കൈ ഞങ്ങൾക്ക് അനുകൂലമായിരുന്നു; അവിടുന്ന് ശത്രുവിന്റെയും,പതിയിരുപ്പുകാരന്റെയും കയ്യിൽ നിന്ന് ഞങ്ങളെ കാത്തു രക്ഷിച്ചു.32അങ്ങനെ ഞങ്ങൾ യെരൂശലേമിൽ എത്തി അവിടെ മൂന്ന് ദിവസം പാർത്തു.
33നാലാം ദിവസം ഞങ്ങൾ ആ വെള്ളിയും പൊന്നും ഉപകരണങ്ങളും നമ്മുടെ ദൈവത്തിന്റെ ആലയത്തിൽ ഊരീയാപുരോഹിതന്റെ മകൻ മെരേമോത്തിന്റെ കയ്യിൽ തൂക്കിക്കൊടുത്തു; അവനോടുകൂടെ ഫീനെഹാസിന്റെ മകൻ എലെയാസാരും, യേശുവയുടെ മകൻ യോസാബാദ്, ബിന്നൂവിയുടെ മകൻ നോവദ്യാവ് എന്നീ ലേവ്യരും ഉണ്ടായിരുന്നു.34എല്ലാം എണ്ണവും തൂക്കവും അനുസരിച്ച് കൊടുത്തു; തൂക്കം ഒക്കെയും അപ്പോൾ തന്നെ എഴുതിവച്ചു.
35മടങ്ങിവന്ന പ്രവാസികൾ യിസ്രായേലിന്റെ ദൈവത്തിന് ഹോമയാഗങ്ങൾക്കായി, എല്ലായിസ്രായേലിനും വേണ്ടി പന്ത്രണ്ട് കാളയെയും, തൊണ്ണൂറ്റാറ് ആട്ടുകൊറ്റനെയും എഴുപത്തേഴ് കുഞ്ഞാടിനെയും, പാപയാഗത്തിനായി പന്ത്രണ്ട് വെള്ളാട്ടുകൊറ്റനെയും അർപ്പിച്ചു; അതൊക്കെയും യഹോവയ്ക്ക് ഹോമയാഗം ആയിരുന്നു.36അവർ രാജാവിന്റെ ആജ്ഞകൾ നദിക്കിക്കരെയുള്ള രാജാവിന്റെ സംസ്ഥാനാധിപന്മാർക്കും, ദേശാധിപതികൾക്കും കൈമാറി: അവർ ജനത്തിനും ദൈവത്തിന്റെ ആലയത്തിനും ആവശ്യമായ സഹായം ചെയ്തു.

9

1ഈ കാര്യങ്ങൾ സംഭവിച്ച ശേഷം പ്രമാണികൾ എന്റെ അടുക്കൽ വന്ന്: “യിസ്രായേൽജനവും, പുരോഹിതന്മാരും ലേവ്യരും ദേശനിവാസികളിൽ നിന്ന് വേർപെടാതെ കനാന്യർ, ഹിത്യർ, പെരിസ്യർ, യെബൂസ്യർ, അമ്മോന്യർ, മോവാബ്യർ, മിസ്രയീമ്യർ, അമോര്യർ എന്നിവരുടെ മ്ലേച്ഛപ്രവൃത്തികൾ ചെയ്തുവരുന്നു.2ഈ ജനതകളുടെ പുത്രിമാരെ അവർ തങ്ങൾക്കും തങ്ങളുടെ പുത്രന്മാർക്കും ഭാര്യമാരായി എടുത്തതുകൊണ്ട് , വിശുദ്ധസന്തതി ദേശനിവാസികളോട് ഇടകലരുവാൻ കാരണമായി; അധിപതികളും പ്രമാണികളും തന്നെയാണ് ഈ അപരാധത്തിൽ മുൻപന്മാരായിരിക്കുന്നത്” എന്നും പറഞ്ഞു.

3ഈ വർത്തമാനം കേട്ടപ്പോൾ ഞാൻ എന്റെ വസ്ത്രവും മേലങ്കിയും കീറി എന്റെ തലയിലും താടിയിലുമുള്ള രോമം വലിച്ചുപറിച്ച് സ്തംഭിച്ച് ഇരുന്നുപോയി.4പ്രവാസികളുടെ അകൃത്യം നിമിത്തം യിസ്രായേലിൻദൈവത്തിന്റെ വചനത്തിൽ വിറെക്കുന്നവരൊക്കെയും എന്റെ അടുക്കൽ വന്നുകൂടി; എന്നാൽ ഞാൻ സന്ധ്യായാഗം വരെ അങ്ങനെ തന്നെ ഇരുന്നു.
5സന്ധ്യായാഗ സമയത്ത് ഞാൻ എന്റെ ഉപവാസം വെടിഞ്ഞ്, എഴുന്നേറ്റ് കീറിയ വസ്ത്രത്തോടും മേലങ്കിയോടും കൂടെ മുട്ടുകുത്തി എന്റെ ദൈവമായ യഹോവയുടെ മുമ്പാകെ കൈ മലർത്തി പറഞ്ഞതെന്തെന്നാൽ:6“എന്റെ ദൈവമേ, തിരുമുഖത്തേക്ക് നോക്കുവാൻ ലജ്ജിക്കത്തക്കവണ്ണം ഞങ്ങൾ അപമാനിതരായിരിക്കുന്നു; ഞങ്ങളുടെ അകൃത്യങ്ങൾ വർദ്ധിച്ച് , ഞങ്ങളുടെ തലെക്കുമീതെ കവിഞ്ഞിരിക്കുന്നു; ഞങ്ങളുടെ കുറ്റം ആകാശത്തോളം വളർന്നിരിക്കുന്നു.
7ഞങ്ങളുടെ പിതാക്കന്മാരുടെ കാലം മുതൽ ഇന്നുവരെയും ഞങ്ങൾ വലിയ കുറ്റക്കാരായിരിക്കുന്നു; ഞങ്ങളുടെ അകൃത്യങ്ങൾ നിമിത്തം ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാരും പുരോഹിതന്മാരും ഇപ്പോഴുള്ളതുപോലെ അന്യരാജാക്കന്മാരുടെ കയ്യിൽ വാളിനും പ്രവാസത്തിനും കവർച്ചെക്കും അപമാനത്തിനും ഏല്പിക്കപ്പെട്ടിരിക്കുന്നു.
8ഇപ്പോഴോ, ഞങ്ങളുടെ ദൈവം ഞങ്ങളുടെ കണ്ണുകളെ പ്രകാശിപ്പിക്കേണ്ടതിനും, ഞങ്ങളുടെ അടിമത്വത്തിൽ ഞങ്ങൾക്കല്പമൊരു ജീവശക്തി നല്കേണ്ടതിനും ഞങ്ങളിൽ ഒരു ശേഷിപ്പിനെ രക്ഷിച്ച് തന്റെ വിശുദ്ധസ്ഥലത്ത് ഒരു സ്ഥാനം തരുവാൻ തക്കവണ്ണം ക്ഷണനേരത്തേക്ക് ഞങ്ങളുടെ ദൈവമായ യഹോവ കൃപ കാണിച്ചിരിക്കുന്നു.9ഞങ്ങൾ അടിമകൾ ആയിരുന്നു എങ്കിലും ഞങ്ങളുടെ ദൈവം അടിമത്തത്തിൽ ഞങ്ങളെ തള്ളിക്കളയാതെ, ദൈവത്തിന് ആലയം പണിയുകയും അതിന്റെ ശൂന്യങ്ങളെ നന്നാക്കുകയും ചെയ്യേണ്ടതിന് ഞങ്ങൾക്ക് ചൈതന്യം വരുത്തുവാനും യെഹൂദയിലും യെരൂശലേമിലും ഞങ്ങൾക്ക് ഒരു സങ്കേതം തരുവാനും പാർസിരാജാക്കന്മാരുടെ ദൃഷ്ടിയിൽ ഞങ്ങളോട് ദയ കാണിക്കുമാറാക്കിയിരിക്കുന്നു.
10ഇപ്പോൾ ഞങ്ങളുടെ ദൈവമേ, ഇതിന് ഞങ്ങൾ എന്ത് പറയേണ്ടു?11നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശം നിവാസികളുടെ മലിനതയാലും ഒരു അറ്റംമുതൽ മറ്റെ അറ്റംവരെ മ്ലേച്ഛതയാലും അവരുടെ അശുദ്ധിയാലും മലിനപ്പെട്ടിരിക്കുന്നു.12ആകയാൽ നിങ്ങൾ ശക്തിപ്പെട്ട് ദേശത്തിന്റെ നന്മ അനുഭവിച്ച് അത് എന്നേക്കും നിങ്ങളുടെ മക്കൾക്ക് അവകാശമായി വെച്ചേക്കേണ്ടതിന് നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാർക്ക് കൊടുക്കാതെയും അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാർ എടുക്കാതെയും അവരുടെ സമാധാനവും നന്മയും ഒരിക്കലും ആഗ്രഹിക്കാതെയും ഇരിക്കേണം’ എന്നിങ്ങനെ അങ്ങയുടെ ദാസന്മാരായ പ്രവാചകന്മാർമുഖാന്തരം അങ്ങ് അരുളിച്ചെയ്ത കല്പനകളെ ഞങ്ങൾ ഉപേക്ഷിച്ചുകളഞ്ഞുവല്ലോ.
13ഇപ്പോൾ ഞങ്ങളുടെ ദുഷ്പ്രവൃത്തികളും മഹാപാതകവും ഹേതുവായി ഇതെല്ലാം ഞങ്ങളുടെമേൽ വന്നശേഷം ഞങ്ങളുടെ ദൈവമേ, അങ്ങ് ഞങ്ങളുടെ അകൃത്യങ്ങൾക്ക് തക്കവണ്ണം ഞങ്ങളെ ശിക്ഷിക്കാതെ ഞങ്ങൾക്ക് ഇങ്ങനെ ഒരു ശേഷിപ്പിനെ തന്നിരിക്കെ14ഞങ്ങൾ അവിടത്തെ കല്പനകളെ വീണ്ടും ലംഘിക്കയും ഈ മ്ലേച്ഛത ചെയ്യുന്ന ജാതികളോട്സംബന്ധം കൂടുകയും ചെയ്യാമോ? ചെയ്താൽ ഒരു ശേഷിപ്പോ , തെറ്റി ഒഴിഞ്ഞവരോ ഇല്ലാതെ അങ്ങ് ഞങ്ങളെ മുടിച്ചുകളയുവോളം ഞങ്ങളോടു കോപിക്കയില്ലയോ?
15യിസ്രായേലിന്റെ ദൈവമായ യഹോവേ, അങ്ങ് നീതിമാൻ; ഞങ്ങളോ ഇന്നത്തെ പോലെ തെറ്റി ഒഴിഞ്ഞ ഒരു ശേഷിപ്പത്രേ ; ഞങ്ങളുടെ തെറ്റുകളുമായി ഇതാ, ഞങ്ങൾ അങ്ങയുടെ മുമ്പാകെ നിൽക്കുന്നു ; ഇങ്ങനെ ആർക്കും അങ്ങയുടെ സന്നിധിയിൽ നില്പാൻ കഴിവില്ലല്ലോ.

10

1എസ്രാ ഇങ്ങനെ ദൈവാലയത്തിന് മുമ്പിൽ വീണുകിടന്ന് കരഞ്ഞു പ്രാർത്ഥിക്കയും ഏറ്റുപറകയും ചെയ്തപ്പോൾ പുരുഷന്മാരും സ്ത്രീകളും പൈതങ്ങളുമായി യിസ്രായേല്യരുടെ ഏറ്റവും വലിയോരു സഭ അവന്റെ അടുക്കൽ വന്നുകൂടി; അവർ വളരെ കരഞ്ഞു.2അപ്പോൾ ഏലാമിന്റെ പുത്രന്മാരിൽ ഒരുവനായ യെഹീയേലിന്റെ മകൻ ശെഖന്യാവ് എസ്രയോട് പറഞ്ഞത് “നാം നമ്മുടെ ദൈവത്തോട് ദ്രോഹം ചെയ്ത്,ദേശനിവാസികളിൽ നിന്ന് അന്യജാതിക്കാരത്തികളെ വിവാഹം ചെയ്തിരിക്കുന്നു; എങ്കിലും ഈ കാര്യത്തിൽ യിസ്രായേലിന് ഇനിയും പ്രത്യാശയുണ്ട്.

3ഇപ്പോൾ ആ സ്ത്രീകളെയും അവരിൽനിന്ന് ജനിച്ചവരെയും, യജമാനന്റെയും നമ്മുടെ ദൈവത്തിന്റെ കല്പനയിൽ ഭയപ്പെടുന്നവരുടെയും ഉപദേശ പ്രകാരം നീക്കിക്കളവാൻ നമ്മുടെ ദൈവത്തോട് നാം ഒരു നിയമം ചെയ്യുക; അത് ന്യായപ്രമാണം അനുസരിച്ച് നടക്കട്ടെ.4എഴുന്നേല്ക്ക; ഇത് നിന്റെ ചുമതല ആകുന്നു; ഞങ്ങൾ നിനക്ക് തുണയായിരിക്കും; ധൈര്യപ്പെട്ട് പ്രവർത്തിക്ക .
5അങ്ങനെ എസ്രാ എഴുന്നേറ്റ് ഈ വാക്കു പോലെ ചെയ്യേണ്ടതിന് പുരോഹിതന്മാരെയും ലേവ്യരെയും പ്രമാണികളെയും എല്ലാ യിസ്രായേല്യരെയും കൊണ്ട് സത്യം ചെയ്യിച്ചു; അവർ സത്യം ചെയ്തു.6എസ്രാ ദൈവാലയത്തിന്റെ മുമ്പിൽ നിന്ന് എഴുന്നേറ്റ് എല്യാശീബിന്റെ മകൻ യെഹോഹാനാന്റെ മുറിയിൽ ചെന്ന്, പ്രവാസികളുടെ കുറ്റങ്ങൾ നിമിത്തം ദുഃഖിച്ചുകൊണ്ട് അപ്പം തിന്നാതെയും വെള്ളം കുടിക്കാതെയുമിരുന്നു.
7അനന്തരം സകലപ്രവാസികളും യെരൂശലേമിൽ വന്നുകൂടേണം എന്നും8പ്രമാണികളുടെയും മൂപ്പന്മാരുടെയും നിർദ്ദേശപ്രകാരം മൂന്നു ദിവസത്തിനകം ആരെങ്കിലും വരാതെയിരുന്നാൽ, അവന്റെ വസ്തുവകകൾ കണ്ടുകെട്ടുകയും അവനെ പ്രവാസികളുടെ സഭയിൽ നിന്ന് പുറത്താക്കുകയും ചെയ്യുമെന്നും യെഹൂദയിലും യെരൂശലേമിലും പ്രസിദ്ധമാക്കി.
9അങ്ങനെ യെഹൂദയുടെയും ബെന്യാമീന്റെയും സകലപുരുഷന്മാരും മൂന്ന് ദിവസത്തിനകം യെരൂശലേമിൽ വന്നു; അത് ഒമ്പതാം മാസം ഇരുപതാം തീയതി ആയിരുന്നു; സകലജനവും ആ കാര്യം നിമിത്തവും പെരുമഴയാലും വിറെച്ചുകൊണ്ട് ദൈവാലയത്തിന്റെ മുറ്റത്ത് ഇരുന്നു.10അപ്പോൾ എസ്രാപുരോഹിതൻ എഴുന്നേറ്റ് അവരോട് “നിങ്ങൾ ദ്രോഹംചെയ്ത് യിസ്രായേലിന്റെ കുറ്റത്തെ വർദ്ധിപ്പിച്ച് അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരിക്കുന്നു.
11ആകയാൽ ഇപ്പോൾ നിങ്ങൾ നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോട് പാപം ഏറ്റുപറഞ്ഞ് അവിടത്തെ ഇഷ്ടം അനുസരിച്ച് ദേശനിവാസികളോടും, അന്യജാതിക്കാരത്തികളോടും വേർപെടുകയും ചെയ്‌വിൻ എന്ന് പറഞ്ഞു.
12അതിന് സർവ്വസഭയും ഉറക്കെ ഉത്തരം പറഞ്ഞത് “നീ ഞങ്ങളോട് പറഞ്ഞതു പോലെ തന്നേ ഞങ്ങൾ പ്രവർത്തിക്കും.13എങ്കിലും ജനം വളരെയും , ഇത് വന്മഴയുടെ കാലവും ആകുന്നു; പുറത്ത് നില്പാൻ ഞങ്ങൾക്ക് കഴിവില്ല; ഈ കാര്യത്തിൽ ഞങ്ങൾ അനേകരും ലംഘനം ചെയ്തിരിക്കയാൽ ഇത് ഒന്നോ രണ്ടോ ദിവസംകൊണ്ട് തീരുന്ന സംഗതിയുമല്ല.
14ആകയാൽ ഞങ്ങളുടെ സഭകളുടെ തലവന്മാർ മാത്രം നില്ക്കട്ടെ; ഈ കാര്യം നിമിത്തം നമ്മുടെ ദൈവത്തിന്റെ കഠിനകോപം ഞങ്ങളെ വിട്ടുമാറും വരെ , ഞങ്ങളുടെ പട്ടണങ്ങളിൽ അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരിക്കുന്ന എല്ലാവരും അവരോടുകൂടെ അതാതിടങ്ങളിലെ മൂപ്പന്മാരും ന്യായാധിപതിമാരും നിശ്ചയിക്കപ്പെട്ട സമയങ്ങളിൽ വരട്ടെ.15ഈ നിർദ്ദേശത്തെ അസാഹേലിന്റെ മകൻ യോനാഥാനും തിക്ക്വയുടെ മകൻ യഹ്സെയാവും മാത്രം എതിർത്തു; മെശുല്ലാമും ശബ്ബെഥായി എന്ന ലേവ്യനും അവരെ അനുകൂലിച്ചു.
16അനന്തരം പ്രവാസികൾ അങ്ങനെ തന്നേ ചെയ്തു ; എസ്രാപുരോഹിതനും ചില പിതൃഭവനത്തലവന്മാരും ചേർന്ന് ഓരോ പിതൃഭവനത്തിൽ നിന്നും അതതിന്റെ തലവന്മാരെ പേരുപേരായി തിരഞ്ഞെടുത്തു ; അവർ ഈ കാര്യം പരിശോധിക്കുവാൻ പത്താം മാസം ഒന്നാം തിയ്യതി യോഗംകൂടി.17ഒന്നാം മാസം ഒന്നാം തീയതി തന്നേ അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരുന്ന സകലപുരുഷന്മാരുടെയും വിവരങ്ങൾ അന്വേഷിച്ചു തീർത്തു.
18പുരോഹിതന്മാരുടെ പുത്രന്മാരിൽ അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചവരാരെന്നാൽ: യോസാദാക്കിന്റെ മകനായ യേശുവയുടെ പുത്രന്മാരിലും അവന്റെ സഹോദരന്മാരിലും; മയശേയാവ്, എലീയേസെർ, യാരീബ്, ഗെദല്യാവ് എന്നിവർ .19ഇവർ തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കാം എന്ന് സമ്മതിക്കുകയും തങ്ങളുടെ തെറ്റിന് പ്രായശ്ചിത്തമായി ഓരോ ആട്ടുകൊറ്റനെ യാഗം കഴിക്കുകയും ചെയ്തു.
20ഇമ്മേരിന്റെ പുത്രന്മാരിൽ: ഹനാനി, സെബദ്യാവ്.21ഹാരീമിന്റെ പുത്രന്മാരിൽ: മയശേയാവ്, ഏലീയാവ്, ശെമയ്യാവ്, യെഹീയേൽ, ഉസ്സീയാവ്.22പശ്ഹൂരിന്റെ പുത്രന്മാരിൽ: എല്യോവേനായി, മയശേയാവ്, യിശ്മായേൽ, നെഥനയേൽ, യോസാബാദ്, എലെയാസാ.
23ലേവ്യരിൽ യോസാബാദ്, ശിമെയി, കെലീതാ എന്നു പേരുള്ള കേലായാവ്, പെഥഹ്യാവ്, യെഹൂദാ, എലീയേസെർ.24സംഗീതക്കാരിൽ: എല്യാശീബ്. വാതിൽകാവല്ക്കാരിൽ: ശല്ലൂം, തേലെം, ഊരി.25മറ്റ് യിസ്രായേല്യർ പരോശിന്റെ പുത്രന്മാരിൽ: രമ്യാവ്, യിശ്ശീയാവ്, മല്ക്കീയാവ്, മീയാമീൻ, എലെയാസാർ, മല്ക്കീയാവ്, ബെനായാവ്.
26ഏലാമിന്റെ പുത്രന്മാരിൽ: മഥന്യാവ്, സെഖര്യാവ്, യെഹീയേൽ, അബ്ദി, യെരേമോത്ത്, ഏലീയാവ്.27സത്ഥൂവിന്റെ പുത്രന്മാരിൽ: എല്യോവേനായി, എല്യാശീബ്, മത്ഥന്യാവ്, യെരേമോത്ത്, സാബാദ്, അസീസാ.28ബേബായിയുടെ പുത്രന്മാരിൽ: യെഹോഹാനാൻ, ഹനന്യാവ്, സബ്ബായി, അഥെലായി.29ബാനിയുടെ പുത്രന്മാരിൽ: മെശുല്ലാം, മല്ലൂക്; അദായാവ്, യാശൂബ്, ശെയാൽ, യെരേമോത്ത്.
30പഹത്ത്-മോവാബിന്റെ പുത്രന്മാരിൽ: അദ്നാ, കെലാൽ, ബെനായാവ്, മയശേയാവ്, മത്ഥന്യാവ്, ബെസലയേൽ, ബിന്നൂവി, മനശ്ശെ.31ഹാരീമിന്റെ പുത്രന്മാരിൽ: എലീയേസെർ, യിശ്ശീയാവു, മല്ക്കീയാവു, ശെമയ്യാവു, ശിമെയോൻ,32ബെന്യാമീൻ, മല്ലൂക്, ശെമര്യാവ്.
33ഹാശൂമിന്റെ പുത്രന്മാരിൽ: മത്ഥെനായി, മത്ഥത്ഥാ, സാബാദ്, എലീഫേലെത്ത്, യെരേമായി, മനശ്ശെ, ശിമെയി.34ബാനിയുടെ പുത്രന്മാരിൽ:35മയദായി, അമ്രാം, ഊവേൽ, ബെനായാവ്,36ബേദെയാവ്, കെലൂഹൂം, വന്യാവ്, മെരേമോത്ത്,
37എല്യാശീബ്, മത്ഥന്യാവ്, മെത്ഥനായി,38യാസൂ, ബാനി, ബിന്നൂവി,39ശിമെയി, ശേലെമ്യാവ്, നാഥാൻ, അദായാവ്,40മഖ്നദെബായി, ശാശായി, ശാരായി,
41അസരെയേൽ, ശേലെമ്യാവ്, ശമര്യാവ്,42ശല്ലൂം, അമര്യാവ്, യോസേഫ്.43നെബോവിന്റെ പുത്രന്മാരിൽ: യെയീയേൽ, മിത്ഥിത്ഥ്യാവ്, സാബാദ്, സെബീനാ, യദ്ദായി, യോവേൽ, ബെനായാവ്.44ഇവർ എല്ലാവരും അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരുന്നു; ചിലർക്ക് ഈ ഭാര്യമാരിൽ നിന്ന് മക്കളും ജനിച്ചിരുന്നു .

നെഹെമ്യാവു

1

1ഹഖല്യാവിന്റെ മകനായ നെഹെമ്യാവിന്റെ വചനങ്ങൾ.

ഇരുപതാം ആണ്ടിൽ കിസ്ലേവ് മാസത്തിൽ ഞാൻ ശൂശൻരാജധാനിയിൽ ഇരിക്കുമ്പോൾ

2എന്റെ സഹോദരന്മാരിൽ ഒരുത്തനായ ഹനാനിയും യെഹൂദയിൽനിന്ന് ചില പുരുഷന്മാരും വന്നു; ഞാൻ അവരോട് പ്രവാസത്തിൽനിന്ന് രക്ഷപെട്ട യെഹൂദന്മാരെക്കുറിച്ചും യെരൂശലേമിനെക്കുറിച്ചും ചോദിച്ചു.
3അതിന് അവർ എന്നോട്: “പ്രവാസത്തിൽനിന്ന് രക്ഷപെട്ട ശേഷിപ്പ് അവിടെ ആ സംസ്ഥാനത്ത് മഹാകഷ്ടത്തിലും അപമാനത്തിലും ഇരിക്കുന്നു; യെരൂശലേമിന്റെ മതിൽ ഇടിഞ്ഞും അതിന്റെ വാതിലുകൾ തീവെച്ച് ചുട്ടും കിടക്കുന്നുഎന്ന് പറഞ്ഞു.
4ഈ വാക്കുകൾ കേട്ടപ്പോൾ ഞാൻ ഇരുന്ന് കരഞ്ഞു; കുറെനാൾ ദുഃഖിച്ചും ഉപവസിച്ചുംകൊണ്ട് സ്വർഗ്ഗത്തിലെ ദൈവത്തോട് ഞാൻ പ്രാർത്ഥിച്ച് പറഞ്ഞതെന്തെന്നാൽ:5“സ്വർഗ്ഗത്തിലെ ദൈവമായ യഹോവേ, അങ്ങയെ സ്നേഹിച്ച് അങ്ങയുടെ കല്പനകളെ പ്രമാണിക്കുന്നവർക്ക് നിയമവും ദയയും പാലിക്കുന്ന മഹാനും ഭയങ്കരനുമായ ദൈവമേ,
6അങ്ങയുടെ ദാസന്മാരായ യിസ്രായേൽമക്കൾക്ക് വേണ്ടി രാപ്പകൽ അങ്ങയുടെ മുമ്പാകെ പ്രാർത്ഥിക്കയും ഞങ്ങൾ അങ്ങയോട് ചെയ്തിരിക്കുന്ന പാപങ്ങൾ ഏറ്റുപറയുകയും ചെയ്യുന്ന അടിയന്റെ പ്രാർത്ഥന കേൾക്കേണ്ടതിന് അവിടുത്തെ ചെവി ശ്രദ്ധിച്ചും തൃക്കണ്ണു തുറന്നും ഇരിക്കേണമേ; ഞാനും എന്റെ പിതൃഭവനവും പാപം ചെയ്തിരിക്കുന്നു.7ഞങ്ങൾ അങ്ങയോട് കഠിനദോഷം പ്രവർത്തിച്ചിരിക്കുന്നു; അങ്ങയുടെ ദാസനായ മോശെയോട് അങ്ങ് കല്പിച്ച കല്പനകളും ചട്ടങ്ങളും വിധികളും ഞങ്ങൾ പ്രമാണിച്ചിട്ടുമില്ല.
8‘നിങ്ങൾ ദ്രോഹം ചെയ്താൽ ഞാൻ നിങ്ങളെ ജാതികളുടെ ഇടയിൽ ചിതറിച്ചുകളയും;9എന്നാൽ നിങ്ങൾ എങ്കലേയ്ക്ക് തിരിഞ്ഞ് എന്റെ കല്പനകളെ പ്രമാണിച്ച് അവയെ അനുസരിച്ചുനടന്നാൽ, നിങ്ങളിൽ നിന്ന് ചിതറിപ്പോയവർ ആകാശത്തിന്റെ അറുതിവരെയും എത്തിയിരുന്നാലും ഞാൻ അവിടെനിന്ന് അവരെ ശേഖരിച്ച്, എന്റെ നാമം സ്ഥാപിപ്പാൻ ഞാൻ തിരഞ്ഞെടുത്ത സ്ഥലത്ത് കൊണ്ടുവരും’എന്ന് അങ്ങയുടെ ദാസനായ മോശെയോട് അങ്ങ് അരുളിച്ചെയ്ത വചനം ഓർക്കേണമേ.
10അവർ അങ്ങയുടെ മഹാശക്തികൊണ്ടും ബലമുള്ള കൈകൊണ്ടും അങ്ങ് വീണ്ടെടുത്ത അങ്ങയുടെ ദാസന്മാരും ജനവുമല്ലോ.11കർത്താവേ, അങ്ങ് അടിയന്റെയും അങ്ങയുടെ നാമത്തെ ഭയപ്പെടുവാൻ താല്പര്യപ്പെടുന്ന അങ്ങയുടെ ദാസന്മാരുടെയും പ്രാർത്ഥന ശ്രദ്ധിക്കേണമേ. ഇന്ന് അടിയന് കാര്യം സാധിപ്പിച്ച് ഈ മനുഷ്യന്റെ മുമ്പാകെ എനിക്ക് ദയ ലഭിക്കുമാറാക്കേണമേ”. ഞാൻ രാജാവിന്റെ പാനപാത്രവാഹകനായിരുന്നു.

2

1അർത്ഥഹ്ശഷ്ടാരാജാവിന്റെ ഇരുപതാം ആണ്ടിൽ നീസാൻമാസത്തിൽ ഒരു ദിവസം ഞാൻ രാജാവിന്റെ മുമ്പിൽ ഇരുന്ന വീഞ്ഞ് എടുത്ത് അവന് കൊടുത്തു; ഞാൻ ഇതിന് മുമ്പ് ഒരിക്കലും അവന്റെ സന്നിധിയിൽ ദുഃഖിച്ചിരുന്നിട്ടില്ല.2രാജാവ് എന്നോട്:“ നിന്റെ മുഖം വാടിയിരിക്കുന്നത് എന്ത്? നിനക്ക് രോഗം ഒന്നും ഇല്ലല്ലോ; ഇത് മനോവേദനയല്ലാതെ മറ്റൊന്നുമല്ല”എന്ന് പറഞ്ഞു.

3അപ്പോൾ ഞാൻ ഏറ്റവും ഭയപ്പെട്ട് രാജാവിനോട്: “രാജാവ് ദീർഘായുസ്സായിരിക്കട്ടെ; എന്റെ പിതാക്കന്മാരുടെ കല്ലറകൾ ഉള്ള പട്ടണം ശൂന്യമായും അതിന്റെ വാതിലുകൾ തീകൊണ്ട് വെന്തും കിടക്കുമ്പോൾ എന്റെ മുഖം വാടാതെ ഇരിക്കുന്നത് എങ്ങനെ”എന്ന് പറഞ്ഞു.
4രാജാവ് എന്നോട്: “നിന്റെ അപേക്ഷ എന്ത് ”എന്ന് ചോദിച്ചു; ഉടനെ ഞാൻ സ്വർഗ്ഗത്തിലെ ദൈവത്തോട് പ്രാർത്ഥിച്ചിട്ട്,5രാജാവിനോട്: “രാജാവിന് തിരുഹിതമുണ്ടായി അടിയന് തിരുമുമ്പിൽ ദയ ലഭിച്ചു എങ്കിൽ അടിയനെ യെഹൂദയിൽ എന്റെ പിതാക്കന്മാരുടെ കല്ലറകളുള്ള പട്ടണത്തിലേയ്ക്ക് അത് പണിയേണ്ടതിന് അയക്കേണമേ”എന്ന് ഉണർത്തിച്ചു.6അതിന് രാജാവ്: “നിന്റെ യാത്രക്ക് എത്ര നാൾ വേണം? നീ എപ്പോൾ മടങ്ങിവരും ”എന്ന് എന്നോട് ചോദിച്ചു. രാജ്ഞിയും അപ്പോൾ അരികെ ഇരുന്നിരുന്നു. അങ്ങനെ എന്നെ അയപ്പാൻ രാജാവിന് സമ്മതമായി; ഞാൻ ഒരു കാലാവധിയും പറഞ്ഞു.
7“രാജാവിന് ഹിതമെങ്കിൽ , ഞാൻ യെഹൂദയിൽ എത്തുംവരെ നദിക്ക് അക്കരെയുള്ള ദേശാധിപതിമാർ എന്നെ കടത്തിവിടേണ്ടതിന്8അവർക്ക് എഴുത്തുകളും ആലയത്തോട് ചേർന്ന കോട്ടവാതിലുകൾക്കും പട്ടണത്തിന്റെ മതിലിനും ഞാൻ ചെന്ന് പാർക്കുവാനിരിക്കുന്ന വീടിനും ഉത്തരം മുതലായവ ഉണ്ടാക്കുവാൻ ആവശ്യമായ മരം തരേണ്ടതിന് രാജാവിന്റെ വനവിചാരകനായ ആസാഫിന് ഒരു എഴുത്തും നല്കേണമേ”എന്നും ഞാൻ രാജാവിനോട് അപേക്ഷിച്ചു. എന്റെ ദൈവത്തിന്റെ ദയയുള്ള കൈ എനിക്ക് അനുകൂലമായിരുന്നതുകൊണ്ട് രാജാവ് അത് എനിക്ക് തന്നു.
9അങ്ങനെ ഞാൻ നദിക്ക് അക്കരെയുള്ള ദേശാധിപതിമാരുടെ അടുക്കൽ വന്ന് രാജാവിന്റെ എഴുത്ത് അവർക്ക് കൊടുത്തു. രാജാവ് പടനായകന്മാരെയും കുതിരപ്പടയാളികളേയും എന്നോടുകൂടെ അയച്ചിരുന്നു.10ഹോരോന്യനായ സൻബല്ലത്തും അമ്മോന്യനായ ദാസൻ തോബീയാവും ഇത് കേട്ടപ്പോൾ യിസ്രായേൽമക്കൾക്ക് ഗുണം ചെയ്‌വാൻ ഒരു ആൾ വന്നത് അവർക്ക് ഏറ്റവും അനിഷ്ടമായി.
11ഞാൻ യെരൂശലേമിൽ എത്തി അവിടെ മൂന്ന് ദിവസം താമസിച്ചശേഷം12ഞാനും എന്നോടുകൂടെ ചില പുരുഷന്മാരും രാത്രിയിൽ എഴുന്നേറ്റു; എന്നാൽ യെരൂശലേമിൽ ചെയ്‌വാൻ എന്റെ ദൈവം എന്റെ മനസ്സിൽ തോന്നിച്ചിരുന്നത് ഞാൻ ആരോടും പറഞ്ഞിട്ടില്ലായിരുന്നു; ഞാൻ കയറിയിരുന്ന മൃഗം അല്ലാതെ മറ്റൊരു മൃഗവും എന്നോടുകൂടെ ഉണ്ടായിരുന്നില്ല.
13ഞാൻ രാത്രിയിൽ താഴ്വരവാതിൽ വഴിയായി പെരുമ്പാമ്പുറവിങ്കലും കുപ്പവാതില്ക്കലും ചെന്ന് യെരൂശലേമിന്റെ മതിൽ ഇടിഞ്ഞുകിടക്കുന്നതും വാതിലുകൾ തീവെച്ച് ചുട്ടിരിക്കുന്നതും കണ്ടു.14പിന്നെ ഞാൻ ഉറവുവാതില്ക്കലേയ്ക്കും രാജാവിന്റെ കുളത്തിങ്കലേയ്ക്കും ചെന്നു; എന്നാൽ ഞാൻ കയറിയിരുന്ന മൃഗത്തിന് കടന്നുപോകുവാൻ സ്ഥലം പോരാതിരുന്നു.
15രാത്രിയിൽ തന്നെ ഞാൻ തോട്ടിന്റെ അരികത്തുകൂടി ചെന്ന് മതിൽ നോക്കി കണ്ട് താഴ്വരവാതിൽ വഴിയായി മടങ്ങിപ്പോന്നു.16ഞാൻ എവിടെപ്പോയി എന്നും എന്ത് ചെയ്തു എന്നും പ്രമാണികളാരും അറിഞ്ഞില്ല; അന്നുവരെ ഞാൻ യെഹൂദന്മാരോടോ പുരോഹിതന്മാരോടോ പ്രഭുക്കന്മാരോടോ പ്രമാണികളോടോ വേലയെടുക്കുന്ന ശേഷംപേരോടോ യാതൊന്നും അറിയിച്ചിരുന്നില്ല.
17അനന്തരം ഞാൻ അവരോട്: “നാം അകപ്പെട്ടിരിക്കുന്ന ഈ അനർത്ഥം നിങ്ങൾ കാണുന്നുവല്ലോ; യെരൂശലേം ശൂന്യമായും അതിന്റെ വാതിലുകൾ തീകൊണ്ട് വെന്തും കിടക്കുന്നു; ആകയാൽ വരുവിൻ; നാം ഇനിയും നിന്ദിതരാകാതിരിക്കേണ്ടതിന് യെരൂശലേമിന്റെ മതിൽ പണിയുക”എന്ന് പറഞ്ഞു.18എന്റെ ദൈവത്തിന്റെ കൈ എനിക്ക് അനുകൂലമായിരുന്നതും രാജാവ് എന്നോട് കല്പിച്ച വാക്കുകളും ഞാൻ അറിയിച്ചപ്പോൾ അവർ: “നാം എഴുന്നേറ്റ് പണിയുക”എന്ന് പറഞ്ഞു. അങ്ങനെ അവർ ആ നല്ല പ്രവൃത്തിക്കായി അന്യോന്യം ധൈര്യപ്പെടുത്തി.
19എന്നാൽ ഹോരോന്യനായ സൻബല്ലത്തും അമ്മോന്യനായ ദാസൻ തോബീയാവും അരാബ്യനായ ഗേശെമും ഇത് കേട്ട് ഞങ്ങളെ പരിഹസിച്ച് നിന്ദിച്ചു; “നിങ്ങൾ ചെയ്യുന്ന ഈ കാര്യം എന്ത്? നിങ്ങൾ രാജാവിനോട് മത്സരിപ്പാൻ ഭാവിക്കുന്നുവോ” എന്ന് ചോദിച്ചു.20അതിന് ഞാൻ അവരോട്: “സ്വർഗ്ഗത്തിലെ ദൈവം ഞങ്ങൾക്ക് കാര്യം സാധിപ്പിക്കും; ആകയാൽ തന്റെ ദാസന്മാരായ ഞങ്ങൾ എഴുന്നേറ്റ് പണിയും; നിങ്ങൾക്കോ യെരൂശലേമിൽ ഒരു ഓഹരിയോ അവകാശമോ സ്മാരകമോ ഉണ്ടായിരിക്കയില്ല”എന്നുത്തരം പറഞ്ഞു.

3

1അങ്ങനെ മഹാപുരോഹിതനായ എല്യാശീബും അവന്റെ സഹോദരന്മാരായ പുരോഹിതന്മാരും എഴുന്നേറ്റ് ആട്ടിൻ വാതിൽ പണിതു: അവർ അത് പ്രതിഷ്ഠിച്ച് അതിന്റെ കതകുകളും വച്ചു; ഹമ്മേയാഗോപുരംവരെയും ഹനനയേൽഗോപുരംവരെയും അവർ അത് പ്രതിഷ്ഠിച്ചു.2അവർ പണിതതിനപ്പുറം യെരീഹോക്കാർ പണിതു; അതിനപ്പുറം ഇമ്രിയുടെ മകൻ സക്കൂർ പണിതു.

3മീൻവാതിൽ ഹസ്സെനായക്കാർ പണിതു; അവർ അതിന്റെ പടികൾ വച്ച് കതകും ഓടാമ്പലും അന്താഴവും ഉറപ്പിച്ചു.4അതിനപ്പുറം ഹക്കോസിന്റെ മകനായ ഊരീയാവിന്റെ മകൻ മെരേമോത്ത് അറ്റകുറ്റം തീർത്തു. അതിനപ്പുറം മെശേസ്സബെയേലിന്റെ മകനായ ബേരെഖ്യാവിന്റെ മകൻ മെശുല്ലാം അറ്റകുറ്റം തീർത്തു. അതിനപ്പുറം ബാനയുടെ മകൻ സാദോക്ക് അറ്റകുറ്റം തീർത്തു.5അതിനപ്പുറം തെക്കോവ്യർ അറ്റകുറ്റം തീർത്തു; എന്നാൽ അവരുടെ ശ്രേഷ്ഠന്മാർ കർത്താവിന്റെ വേലയ്ക്ക് ചുമൽ കൊടുത്തില്ല.
6പഴയവാതിൽ പാസേഹയുടെ മകൻ യോയാദയും ബെസോദ്യാവിന്റെ മകൻ മെശുല്ലാമും അറ്റകുറ്റം തീർത്തു; അവർ അതിന്റെ പടികൾ വെച്ച് കതകും ഓടാമ്പലും അന്താഴവും ഉറപ്പിച്ചു.7അതിനപ്പുറം ഗിബെയോന്യനായ മെലത്യാവും മെരോനോഥ്യനായ യാദോനും ഗിബെയോന്യരും മിസ്പായരും നദിക്ക് ഇക്കരെയുള്ള ദേശാധിപതിയുടെ ആസ്ഥാനംവരെ അറ്റകുറ്റം തീർത്തു.
8അതിനപ്പുറം തട്ടാന്മാരിൽ ഹർഹയ്യാവിന്റെ മകൻ ഉസ്സീയേൽ അറ്റംകുറ്റം തീർത്തു. അതിനപ്പുറം തൈലക്കാരിൽ ഒരുവനായ ഹനന്യാവ് അറ്റകുറ്റം തീർത്ത് വീതിയുള്ള മതിൽവരെ യെരൂശലേമിനെ ഉറപ്പിച്ചു.9അതിനപ്പുറം യെരൂശലേം ദേശത്തിന്റെ പകുതിയുടെ പ്രഭുവായ ഹൂരിന്റെ മകൻ രെഫായാവ് അറ്റകുറ്റം തീർത്തു.10അതിനപ്പുറം ഹരൂമഫിന്റെ മകൻ യെദായാവ് തന്റെ വീടിന് നേരെയുള്ള ഭാഗം അറ്റകുറ്റം തീർത്തു; അതിനപ്പുറം ഹശബ്നെയാവിന്റെ മകൻ ഹത്തൂശ് അറ്റകുറ്റം തീർത്തു.
11മറ്റൊരു ഭാഗവും ചൂളകളുടെ ഗോപുരവും ഹാരീമിന്റെ മകൻ മല്ക്കീയാവും പഹത്ത്-മോവാബിന്റെ മകൻ ഹശ്ശൂബും അറ്റകുറ്റം തീർത്തു.12അതിനപ്പുറം യെരൂശലേംദേശത്തിന്റെ മറ്റെ പകുതിയുടെ പ്രഭുവായ ഹല്ലോഹേശിന്റെ മകൻ ശല്ലൂമും അവന്റെ പുത്രിമാരും അറ്റകുറ്റം തീർത്തു.
13താഴ്വരവാതിൽ ഹനൂനും സാനോഹ് നിവാസികളും അറ്റകുറ്റം തീർത്തു; അവർ അത് പണിത് അതിന്റെ കതകും ഓടാമ്പലും അന്താഴവും ഉറപ്പിച്ച് കുപ്പവാതിൽവരെ മതിൽ ആയിരം മുഴം അറ്റകുറ്റം തീർത്തു.
14കുപ്പവാതിൽ ബേത്ത്-ഹഖേരെംദേശത്തിന്റെ പ്രഭുവായ രേഖാബിന്റെ മകൻ മല്ക്കീയാവ് അറ്റകുറ്റം തീർത്തു; അവൻ അത് പണിത് അതിന്റെ കതകും ഓടാമ്പലും അന്താഴവും ഉറപ്പിച്ചു.15ഉറവുവാതിൽ മിസ്പാദേശത്തിന്റെ പ്രഭുവായ കൊൽ-ഹോസെയുടെ മകനായ ശല്ലൂൻ അറ്റകുറ്റം തീർത്തു; അവൻ അത് പണിത് മേൽക്കൂര മേഞ്ഞ് കതകും ഓടാമ്പലും അന്താഴവും ഉറപ്പിച്ച് രാജോദ്യാനത്തിന്റെ നീർപ്പാത്തിക്കരികെയുള്ള കുളത്തിന്റെ മതിലും ദാവീദിന്റെ നഗരത്തിൽ നിന്ന് ഇറങ്ങുന്ന കല്പടിവരെ തീർത്തു.
16അതിനപ്പുറം ബേത്ത്സൂർദേശത്തിന്റെ പകുതിയുടെ പ്രഭുവായ അസ്ബൂക്കിന്റെ മകൻ നെഹെമ്യാവ് ദാവീദിന്റെ കല്ലറകളുടെ നേരെയുള്ള സ്ഥലംവരെയും വെട്ടിക്കുഴിച്ച കുളംവരെയും വീരന്മാരുടെ വാസസ്ഥലംവരെയും അറ്റകുറ്റം തീർത്തു.17അതിനപ്പുറം ലേവ്യരിൽ ബാനിയുടെ മകൻ രെഹൂം അറ്റകുറ്റം തീർത്തു. അതിനപ്പുറം കെയീലാദേശത്തിന്റെ പകുതിയുടെ പ്രഭുവായ ഹശബ്യാവ് തന്റെ ദേശത്തിനു വേണ്ടിയുള്ള അറ്റകുറ്റം തീർത്തു.
18അതിന്റെശേഷം അവന്റെ സഹോദരന്മാരിൽ കെയീലാദേശത്തിന്റെ മറ്റെ പകുതിയുടെ പ്രഭുവായ ഹേനാദാദിന്റെ മകൻ ബവ്വായി അറ്റകുറ്റം തീർത്തു.19അതിനപ്പുറം മിസ്പാപ്രഭുവായ യേശുവയുടെ മകൻ ഏസെർ കോണിങ്കലെ ആയുധശാലയ്ക്കുള്ള കയറ്റത്തിന് നേരെ മറ്റൊരു ഭാഗം അറ്റകുറ്റം തീർത്തു.
20അതിന്റെശേഷം സബ്ബായിയുടെ മകൻ ബാരൂക്ക് ആ കോണുതുടങ്ങി മഹാപുരോഹിതനായ എല്യാശീബിന്റെ വീട്ടുവാതിൽവരെ മറ്റൊരു ഭാഗം ജാഗ്രതയോടെ അറ്റകുറ്റം തീർത്തു.21അതിന്റെ ശേഷം ഹക്കോസിന്റെ മകനായ ഊരീയാവിന്റെ മകൻ മെരേമോത്ത് എല്യാശീബിന്റെ വീട്ടുവാതിൽ തുടങ്ങി എല്യാശീബിന്റെ വീടിന്റെ അറ്റംവരെ മറ്റൊരു ഭാഗം അറ്റകുറ്റം തീർത്തു.
22അതിനടുത്ത ഭാഗം സമീപപ്രദേശത്തെ പുരോഹിതന്മാർ അറ്റകുറ്റം തീർത്തു.23അതിന്റെശേഷം ബെന്യാമീനും ഹശ്ശൂബും തങ്ങളുടെ വീടിന് നേരെ അറ്റകുറ്റം തീർത്തു. അതിന്റെശേഷം അനന്യാവിന്റെ മകനായ മയസേയാവിന്റെ മകൻ അസര്യാവ് തന്റെ വീടിനരികെ അറ്റകുറ്റം തീർത്തു.24അതിന്റെശേഷം ഹേനാദാദിന്റെ മകൻ ബിന്നൂവി അസര്യാവിന്റെ വീടുമുതൽ കോണിന്റെ തിരിവുവരെ മറ്റൊരുഭാഗം അറ്റകുറ്റം തീർത്തു.
25ഊസായിയുടെ മകൻ പാലാൽ കോണിനും കാരാഗൃഹത്തിന്റെ മുറ്റത്തോട് ചേർന്നതായി രാജധാനി കവിഞ്ഞ് മുമ്പോട്ട് നില്ക്കുന്ന ഉന്നതഗോപുരത്തിനും നേരെ അറ്റകുറ്റം തീർത്തു; അതിന്റെശേഷം പരോശിന്റെ മകൻ പെദായാവ് അറ്റകുറ്റം തീർത്തു.26ദൈവാലയദാസന്മാർ ഓഫേലിൽ കിഴക്ക് നീർവ്വാതിലിനെതിരെയുള്ള സ്ഥലംമുതൽ കവിഞ്ഞുനില്ക്കുന്ന ഗോപുരംവരെ പാർത്തുവന്നു.27അതിന്റെശേഷം തെക്കോവ്യർ കവിഞ്ഞുനില്ക്കുന്ന വലിയ ഗോപുരത്തിനു നേരെ ഓഫേലിന്റെ മതിൽവരെ മറ്റൊരു ഭാഗം അറ്റകുറ്റം തീർത്തു.
28കുതിരവാതിൽമുതൽ പുരോഹിതന്മാർ ഓരോരുത്തൻ താന്താന്റെ വീടിന് നേരെ അറ്റകുറ്റം തീർത്തു.29അതിന്റെ ശേഷം ഇമ്മേരിന്റെ മകൻ സാദോക്ക് തന്റെ വീടിന് നേരെ അറ്റകുറ്റം തീർത്തു. അതിന്റെശേഷം കിഴക്കെ വാതിൽകാവല്ക്കാരനായ ശെഖന്യാവിന്റെ മകൻ ശെമയ്യാവ് അറ്റകുറ്റം തീർത്തു.30അതിന്റെശേഷം ശേലെമ്യാവിന്റെ മകൻ ഹനന്യാവും സാലാഫിന്റെ ആറാമത്തെ മകൻ ഹാനൂനും മറ്റൊരു ഭാഗം അറ്റകുറ്റം തീർത്തു. അതിന്റെശേഷം ബേരെഖ്യാവിന്റെ മകൻ മെശുല്ലാം തന്റെ അറയുടെ നേരെ അറ്റകുറ്റം തീർത്തു.
31അതിന്റെശേഷം തട്ടാന്മാരിൽ ഒരുവനായ മല്ക്കീയാവ് ഹമ്മീഫ്ഖാദ് വാതിലിന് നേരെ ദൈവാലയദാസന്മാരുടെയും കച്ചവടക്കാരുടെയും സ്ഥലംവരെയും കോണിങ്കലെ മാളികമുറിവരെയും അറ്റകുറ്റം തീർത്തു.32കോണിങ്കലെ മാളികമുറിക്കും ആട്ടുവാതിലിനും മദ്ധ്യേ തട്ടാന്മാരും കച്ചവടക്കാരും അറ്റകുറ്റം തിർത്തു.

4

1ഞങ്ങൾ മതിൽ പണിയുന്നു എന്ന് സൻബല്ലത്ത് കേട്ടപ്പോൾ അവൻ കോപവും മഹാരോഷവും പൂണ്ട് യെഹൂദന്മാരെ നിന്ദിച്ചു.2“ഈ ദുർബ്ബലന്മാരായ യെഹൂദന്മാർ എന്ത് ചെയ്‌വാൻ ഭാവിക്കുന്നു? ഇത് പുനരുദ്ധരിക്കാൻ അവർക്ക് കഴിയുമോ? അവർ യാഗം കഴിക്കുമോ? ഒരു ദിവസംകൊണ്ട് പണി തീർത്തുകളയുമോ? വെന്തുകിടക്കുന്ന കൽക്കൂമ്പാരങ്ങളിൽനിന്ന് അവർ കല്ല് പുനർജ്ജീവിപ്പിക്കുമോ”എന്നിങ്ങനെ തന്റെ സഹോദരന്മാരും ശമര്യസൈന്യവും കേൾക്കെ പറഞ്ഞു.3അപ്പോൾ അവന്റെ അടുക്കൽ നിന്നിരുന്ന അമ്മോന്യനായ തോബീയാവ്: “അവർ എങ്ങനെ പണിതാലും ഒരു കുറുക്കൻ കയറിയാൽ അവരുടെ കന്മതിൽ ഉരുണ്ടുവീഴും” എന്ന് പറഞ്ഞു.

4“ഞങ്ങളുടെ ദൈവമേ, കേൾക്കേണമേ; ഞങ്ങൾ നിന്ദിതന്മാർ ആയിരിക്കുന്നു; അവരുടെ നിന്ദയെ സ്വന്തതലയിലേയ്ക്ക് തിരികെ കൊടുക്കേണമേ. പ്രവാസദേശത്ത് അവരെ കവർച്ചയ്ക്ക് ഏല്പിക്കേണമേ.5പണിയുന്നവർ കേൾക്കെ അവർ അങ്ങയെ കോപിപ്പിച്ചിരിക്കയാൽ അവരുടെ അകൃത്യം മറെക്കരുതേ; അവരുടെ പാപം അങ്ങയുടെ മുമ്പിൽനിന്ന് മാഞ്ഞുപോകയും അരുതേ".6അങ്ങനെ ഞങ്ങൾ മതിൽ പണിതു; വേല ചെയ്‌വാൻ ജനത്തിന് ഉത്സാഹം ഉണ്ടായിരുന്നതുകൊണ്ട് മതിൽ മുഴുവനും പകുതി പൊക്കംവരെ തീർത്തു.

7യെരൂശലേമിന്റെ മതിലുകൾ അറ്റകുറ്റം തീർന്നുവരുന്നു എന്നും വിടവുകൾ അടഞ്ഞുതുടങ്ങി എന്നും സൻബല്ലത്തും തോബീയാവും അരാബ്യരും അമ്മോന്യരും അസ്തോദ്യരും കേട്ടപ്പോൾ അവർ കോപാകുലരായി.8യെരൂശലേമിന്റെ നേരെ ചെന്ന് യുദ്ധം ചെയ്യേണ്ടതിനും അവിടെ കലക്കം വരുത്തേണ്ടതിനും അവർ ഒക്കെയും ഒന്നിച്ചുകൂടി കൂട്ടുകെട്ടുണ്ടാക്കി.9ഞങ്ങളോ ഞങ്ങളുടെ ദൈവത്തോട് പ്രാർത്ഥിച്ചു ; അവരുടെ നിമിത്തം രാപ്പകൽ കാവല്ക്കാരെ ആക്കേണ്ടിവന്നു.
10എന്നാൽ യെഹൂദ്യർ: “ചുമട്ടുകാരുടെ ശക്തി ക്ഷയിച്ചുപോകുന്നു; കല്ലും മണ്ണും ഇനിയും വളരെ കിടക്കുന്നു; ആകയാൽ മതിൽ പണിയുവാൻ നമുക്ക് കഴികയില്ല”എന്ന് പറഞ്ഞു.11ഞങ്ങളുടെ ശത്രുക്കളോ: “അവർ അറിയുകയോ കാണുകയോ ചെയ്യുന്നതിന് മുമ്പെ നാം അവരുടെ ഇടയിൽ ചെന്ന് അവരെ കൊന്ന് അവരുടെ പണി മുടക്കാം”എന്ന് പറഞ്ഞു.
12അവരുടെ സമീപം പാർത്ത യെഹൂദന്മാർ വന്ന്,“എങ്ങോട്ട് നിങ്ങൾ തിരിഞ്ഞാലും അവർ നമുക്ക് എതിരെ വരും ” എന്ന് പത്ത് പ്രാവശ്യം ഞങ്ങളോട് പറഞ്ഞു.13അതുകൊണ്ട് ഞാൻ മതിലിന്റെ പുറകിൽ പൊക്കം കുറഞ്ഞ സ്ഥലങ്ങളിലും തുറന്നുകിടക്കുന്ന സ്ഥലങ്ങളിലും ആളുകളെ ആക്കി ജനത്തെ കുടുംബം കുടുംബമായി വാളുകളോടും കുന്തങ്ങളോടും വില്ലുകളോടും കൂടെ നിർത്തി.14ഞാൻ നോക്കി എഴുന്നേറ്റ് , പ്രഭുക്കന്മാരോടും പ്രമാണികളോടും ശേഷം ജനത്തോടും: “നിങ്ങൾ അവരെ പേടിക്കേണ്ടാ; വലിയവനും ഭയങ്കരനുമായ കർത്താവിനെ ഓർത്ത് നിങ്ങളുടെ സഹോദരന്മാർക്കും പുത്രന്മാർക്കും പുത്രിമാർക്കും ഭാര്യമാർക്കും വീടുകൾക്കും വേണ്ടി പൊരുതുവിൻ” എന്ന് പറഞ്ഞു.
15ഞങ്ങൾക്ക് അറിവ് കിട്ടിപ്പോയെന്നും ദൈവം അവരുടെ ആലോചനയെ നിഷ്ഫലമാക്കിയെന്നും ഞങ്ങളുടെ ശത്രുക്കൾ കേട്ടശേഷം ഞങ്ങൾ എല്ലാവരും മതിലിന്റെ പണിയിൽ അവരവരുടെ വേലയ്ക്ക് മടങ്ങിചെല്ലുവാനിടയായി.16അന്നുമുതൽ എന്റെ ഭൃത്യന്മാരിൽ പകുതിപേർ വേലയ്ക്കും , പകുതിപേർ കുന്തവും പരിചയും വില്ലും കവചവും ധരിച്ചും നിന്നു; മതിൽ പണിയുന്ന എല്ലാ യെഹൂദന്മാരുടെയും പുറകിൽ പ്രഭുക്കന്മാർ നിന്നു.
17ചുമടെടുക്കുന്ന ചുമട്ടുകാർ ഒരു കൈകൊണ്ട് വേല ചെയ്യുകയും മറ്റെ കൈകൊണ്ട് ആയുധം പിടിക്കയും ചെയ്തു.18പണിയുന്നവർ അരയ്ക്ക് വാൾ കെട്ടിക്കൊണ്ട് പണിതു. എന്നാൽ കാഹളം ഊതുന്നവൻ എന്റെ അടുക്കൽ തന്നെ ആയിരുന്നു.
19ഞാൻ പ്രഭുക്കന്മാരോടും പ്രമാണികളോടും ശേഷം ജനത്തോടും:“ വേല വലിയതും വിശാലമായതും ആകുന്നു; നാം മതിലിന്മേൽ ചിതറി തമ്മിൽതമ്മിൽ അകന്നിരിക്കുന്നു.20നിങ്ങൾ കാഹളനാദം കേൾക്കുന്ന സ്ഥലത്ത് ഞങ്ങളുടെ അടുക്കൽ കൂടിക്കൊൾവിൻ; നമ്മുടെ ദൈവം നമുക്ക് വേണ്ടി യുദ്ധം ചെയ്യും ”എന്ന് പറഞ്ഞു.
21അങ്ങനെ ഞങ്ങൾ വേല തുടർന്നു; പകുതിപേർ നേരം വെളുക്കുമ്പോൾതുടങ്ങി നക്ഷത്രം പ്രകാശിക്കുന്നതുവരെ കുന്തം പിടിച്ചുനിന്നു.22ആ കാലത്ത് ഞാൻ ജനത്തോട്: “രാത്രിയിൽ നമുക്ക് കാവലിനും പകൽ വേല ചെയ്യുന്നതിനും ഉതകത്തക്കവണ്ണം ഓരോരുത്തൻ താന്താന്റെ വേലക്കാരനുമായി യെരൂശലേമിനകത്ത് പാർക്കേണം ” എന്ന് പറഞ്ഞു.23ഞാനോ എന്റെ സഹോദരന്മാരോ എന്റെ ബാല്യക്കാരോ എന്റെ കീഴിലുള്ള കാവല്ക്കാരോ ആരും ഉടുപ്പ് മാറിയില്ല; കുളിക്കുന്ന സമയത്തും ആയുധം ധരിച്ചിരുന്നു.

5

1ജനവും അവരുടെ ഭാര്യമാരും യെഹൂദന്മാരായ തങ്ങളുടെ സഹോദരന്മാരുടെ നേരെ വലിയ നിലവിളി ഉയർത്തി:2“ഞങ്ങളും ഞങ്ങളുടെ പുത്രന്മാരും പുത്രിമാരും വളരെയധികം ഉള്ളതുകൊണ്ട് ഞങ്ങൾക്ക് ഉപജീവനത്തിന് ധാന്യം ആവശ്യമായിരിക്കുന്നു” എന്ന് ചിലരും3“ഞങ്ങളുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും വീടുകളും പണയപ്പെടുത്തി ഈ ക്ഷാമകാലത്ത് ധാന്യം വാങ്ങേണ്ടിവന്നിരിക്കുന്നു” എന്ന് മറ്റു ചിലരും

4“ഞങ്ങളുടെ നിലങ്ങളിന്മേലും മുന്തിരിത്തോട്ടങ്ങളിന്മേലും ഉള്ള രാജനികുതി കൊടുക്കേണ്ടതിന് ഞങ്ങൾ പണം കടംമേടിച്ചിരിക്കുന്നു;5ഇപ്പോഴോ ഞങ്ങളുടെ ദേഹം ഞങ്ങളുടെ സഹോദരന്മാരുടെ ദേഹത്തെപ്പോലെയും ഞങ്ങളുടെ മക്കൾ അവരുടെ മക്കളെപ്പോലെയും ആകുന്നുവെങ്കിലും ഞങ്ങൾ ഞങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അടിമകളായി കൊടുക്കേണ്ടിവരുന്നു; ഞങ്ങളുടെ പുത്രിമാരിൽ ചിലർ ഇപ്പോഴേ അടിമകളായിരിക്കുന്നു; ഞങ്ങൾക്ക് വേറെ നിർവ്വാഹമില്ല; ഞങ്ങളുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും അന്യരുടെ പക്കൽ ആയിരിക്കുന്നു” എന്ന് വേറെ ചിലരും പറഞ്ഞു.
6അവരുടെ നിലവിളിയും ഈ വാക്കുകളും കേട്ടപ്പോൾ എനിക്ക് വളരെ കോപം ഉണ്ടായി.7ഞാൻ ഗൗരവമായി ചിന്തിച്ചശേഷം പ്രഭുക്കന്മാരെയും പ്രമാണികളെയും ശാസിച്ചു: “നിങ്ങൾ ഓരോരുത്തൻ നിങ്ങളുടെ സഹോദരനോട് പലിശ വാങ്ങുന്നുവല്ലോ ” എന്ന് അവരോട് പറഞ്ഞു. അവർക്ക് വിരോധമായി ഞാൻ ഒരു മഹായോഗം വിളിച്ചുകൂട്ടി.8ജാതികൾക്ക് വിറ്റിരുന്ന നമ്മുടെ സഹോദരന്മാരായ യെഹൂദന്മാരെ നമ്മളാൽ കഴിയുന്നേടത്തോളം നാം വീണ്ടെടുത്തിരിക്കുന്നു; നിങ്ങളോ നമ്മുടെ സഹോദരന്മാരെ നമുക്ക് തന്നെ വില്പാന്തക്കവണ്ണം നാം അവരെ വീണ്ടും വിൽക്കാൻ പോകുന്നുവോ” എന്ന് ഞാൻ അവരോട് ചോദിച്ചു. അതിന് അവർ ഒരു വാക്കും പറവാൻ കഴിയാതെ മൌനമായിരുന്നു.
9പിന്നെയും ഞാൻ പറഞ്ഞത്: “നിങ്ങൾ ചെയ്യുന്ന കാര്യം നന്നല്ല; നമ്മുടെ ശത്രുക്കളായ ജാതികളുടെ നിന്ദ ഓർത്തിട്ടെങ്കിലും നിങ്ങൾ നമ്മുടെ ദൈവത്തെ ഭയപ്പെട്ട് നടക്കേണ്ടതല്ലയോ?10ഞാനും എന്റെ സഹോദരന്മാരും എന്റെ ഭൃത്യന്മാരും അവർക്ക് ദ്രവ്യവും ധാന്യവും കടം കൊടുത്തിരിക്കുന്നു; നാം ഈ പലിശ ഉപേക്ഷിച്ചുകളക.11നിങ്ങൾ ഇന്ന് തന്നെ അവരുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും വീടുകളും മടക്കിക്കൊടുപ്പിൻ; ദ്രവ്യം, ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയിൽ നൂറിന് ഒന്ന് വീതം നിങ്ങൾ അവരോട് വാങ്ങിവരുന്നതും അവർക്ക് ഇളെച്ചുകൊടുപ്പിൻ”.
12അതിന് അവർ: “ഞങ്ങൾ അവ മടക്കിക്കൊടുക്കാം; ഇനി അവരോട് ഒന്നും ചോദിക്കയുമില്ല; നീ പറയുന്നതുപോലെ തന്നെ ഞങ്ങൾ ചെയ്യും ”എന്ന് പറഞ്ഞു. അപ്പോൾ ഞാൻ പുരോഹിതന്മാരെ വിളിച്ച് ഈ വാഗ്ദാനപ്രകാരം ചെയ്തുകൊള്ളാമെന്ന് അവരുടെ മുമ്പാകെ അവരെക്കൊണ്ട് സത്യം ചെയ്യിച്ചു.13ഞാൻ എന്റെ വസ്ത്രത്തിന്റെ മടക്കുകൾ കുടഞ്ഞ് ,“ഈ വാഗ്ദാനം നിവർത്തിക്കാത്ത ഏവനെയും അവന്റെ വീട്ടിൽനിന്നും അവന്റെ സമ്പാദ്യത്തിൽനിന്നും ദൈവം ഇതുപോലെ കുടഞ്ഞുകളയട്ടെ; ഇങ്ങനെ അവൻ കുടഞ്ഞും ഒഴിഞ്ഞും പോകട്ടെ”എന്ന് പറഞ്ഞു. സർവ്വസഭയും: ‘ആമേൻ’ എന്ന് പറഞ്ഞ് യഹോവയെ സ്തുതിച്ചു. ജനം ഈ വാഗ്ദാനപ്രകാരം പ്രവർത്തിച്ചു.
14ഞാൻ യെഹൂദാദേശത്ത് അവരുടെ ദേശാധിപതിയായി നിയമിക്കപ്പെട്ട നാൾമുതൽ അർത്ഥഹ്ശഷ്ടാരാജാവിന്റെ ഇരുപതാം ആണ്ടുമുതൽ തന്നെ, അവന്റെ മുപ്പത്തിരണ്ടാം ആണ്ടുവരെ പന്ത്രണ്ട് സംവത്സരം ഞാനും എന്റെ സഹോദരന്മാരും ദേശാധിപതിക്കുള്ള അഹോവൃത്തി വാങ്ങിയില്ല.15എനിക്ക് മുമ്പെ ഉണ്ടായിരുന്ന പണ്ടത്തെ ദേശാധിപതികൾ ജനത്തിന് ഭാരമായിരുന്നു; നാല്പത് ശേക്കെൽ വെള്ളിവീതം വാങ്ങിയത് കൂടാതെ അപ്പവും വീഞ്ഞും കൂടെ അവരോട് വാങ്ങി; അവരുടെ ഭൃത്യന്മാരും ജനത്തിന്മേൽ കർത്തൃത്വം നടത്തിവന്നു; ഞാനോ ദൈവഭയം ഹേതുവായി അങ്ങനെ ചെയ്തില്ല.
16ഞാൻ ഈ മതിലിന്റെ വേലയിൽ തന്നെ ഉറ്റിരുന്നു; ഞങ്ങൾ ഒരു നിലവും വിലയ്ക്ക് വാങ്ങിയില്ല; എന്റെ ഭൃത്യന്മാർ ഒക്കെയും ഈ വേലയിൽ ചേർന്ന് പ്രവർത്തിച്ചുപോന്നു.17യെഹൂദന്മാരും പ്രമാണികളുമായ നൂറ്റമ്പതുപേരല്ലാതെ ചുറ്റുമുള്ള ജാതികളുടെ ഇടയിൽനിന്ന് ഞങ്ങളുടെ അടുക്കൽ വന്നവരും എന്റെ മേശമേൽ നിന്ന് ഭക്ഷണം കഴിച്ചുപോന്നു.
18എനിക്ക് ഒരു ദിവസത്തേയ്ക്ക് ഒരു കാളയെയും വിശേഷമായ ആറ് ആടിനെയും ഏതാനും പക്ഷികളെയും പാകം ചെയ്യും. പത്ത് ദിവസത്തിൽ ഒരിക്കൽ സകലവിധ വീഞ്ഞും ധാരാളം കൊണ്ടുവരും; ഇങ്ങനെയൊക്കെയും വേണ്ടിയിരുന്നിട്ടും ഈ ജനങ്ങളുടെ മേലുള്ള ഭാരം അതികഠിനമായിരുന്നതിനാൽ ദേശാധിപതിക്കുള്ള അഹോവൃത്തി ഞാൻ ആവശ്യപ്പെട്ടില്ല.19എന്റെ ദൈവമേ, ഞാൻ ഈ ജനത്തിന് വേണ്ടി ചെയ്തതൊക്കെയും എന്റെ നന്മയ്ക്കായിട്ട് ഓർക്കേണമേ.

6

1എന്നാൽ ഞാൻ മതിൽ പണിതു; ആ കാലത്ത് പടിവാതിലുകൾക്ക് കതകുകൾ വച്ചിരുന്നില്ലെങ്കിലും അറ്റകുറ്റം ഒന്നും ശേഷിക്കുന്നില്ലെന്ന് സൻബല്ലത്തും തോബീയാവും അരാബ്യനായ ഗേശെമും ഞങ്ങളുടെ മറ്റ് ശത്രുക്കളും കേട്ടപ്പോൾ2സൻബല്ലത്തും ഗേശെമും എന്റെ അടുക്കൽ ആളയച്ച്: “വരിക; നാം ഓനോസമഭൂമിയിലെ ഒരു ഗ്രാമത്തിൽ യോഗംകൂടുക” എന്ന് പറയിച്ചു. എന്നോട് ദോഷം ചെയ്‌വാനായിരുന്നു അവർ നിരൂപിച്ചത്.

3ഞാൻ അവരുടെ അടുക്കലേയ്ക്ക് ദൂതന്മാരെ അയച്ചു: “ഞാൻ ഒരു വലിയ വേല ചെയ്തുവരുന്നു; എനിക്ക് അങ്ങോട്ട് വരുവാൻ കഴിവില്ല; ഞാൻ വേല വിട്ട് നിങ്ങളുടെ അടുക്കൽ വന്ന് അതിന് മുടക്കം വരുത്തുന്നത് എന്തിന്” എന്ന് പറയിച്ചു.4അവർ നാല് പ്രാവശ്യം ഇങ്ങനെ എന്റെ അടുക്കൽ ആളയച്ചു; ഞാനും ഈ വിധം തന്നെ മറുപടി പറഞ്ഞയച്ചു.
5അഞ്ചാം പ്രാവശ്യവും അങ്ങനെ തന്നെ സൻബല്ലത്ത് തന്റെ ഭൃത്യനെ, തുറന്ന ഒരു കത്തുമായി എന്റെ അടുക്കൽ അയച്ചു.6അതിൽ എഴുതിയിരുന്നത്: “നീയും യെഹൂദന്മാരും മത്സരിപ്പാൻ ഭാവിക്കുന്നു; അതുകൊണ്ടാകുന്നു നീ മതിൽ പണിയുന്നത്; നീ അവർക്ക് രാജാവാകുവാൻ പോകുന്നു എന്ന് കേൾക്കുന്നു.
7‘യെഹൂദയിൽ ഒരു രാജാവ് ഉണ്ടെന്ന് നിന്നെക്കുറിച്ച് യെരൂശലേമിൽ പ്രസംഗിപ്പാൻ നീ പ്രവാചകന്മാരെ നിയമിച്ചിരിക്കുന്നു എന്ന് ജാതികളുടെ ഇടയിൽ ഒരു കേൾവി ഉണ്ട്; ഗശ്മൂവും അങ്ങനെ പറയുന്നു. രാജാവും ഇപ്പോൾ ഈ കേൾവി കേൾക്കും; ആകയാൽ വരിക നാം തമ്മിൽ കൂടിയാലോചിക്കാം”.
8അതിന് ഞാൻ അവന്റെ അടുക്കൽ ആളയച്ച്: “നീ പറയുന്നതുപോലെയുള്ള കാര്യങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല; അത് നിന്റെ സ്വയം സങ്കല്പം മാത്രമാകുന്നു”എന്ന് പറയിച്ചു.9‘വേല നടക്കാതവണ്ണം അവരുടെ ധൈര്യം ക്ഷയിച്ച് പോകേണമെന്ന്’ പറഞ്ഞ് അവർ ഞങ്ങളെ ഭയപ്പെടുത്തുവാൻ നോക്കി. ആകയാൽ ദൈവമേ, എന്നെ ധൈര്യപ്പെടുത്തേണമേ.

10പിന്നെ ഞാൻ മെഹേതബേലിന്റെ മകനായ ദെലായാവിന്റെ മകൻ ശെമയ്യാവിന്റെ വീട്ടിൽ ചെന്നു; അവൻ കതകടച്ച് അകത്തിരിക്കയായിരുന്നു; “നിന്നെ കൊല്ലുവാൻ അവർ രാ‍ത്രിയിൽ വരുന്നതിനാൽ , നാം ഒരുമിച്ച് ദൈവാലയത്തിൽ മന്ദിരത്തിനകത്ത് കടന്ന് വാതിൽ അടയ്ക്കുക; നിന്നെ കൊല്ലുവാൻ അവർ രാത്രിയിൽ വരും” എന്ന് പറഞ്ഞു.11അതിന് ഞാൻ: “എന്നെപ്പോലെയുള്ള ഒരാൾ ഓടിപ്പോകുമോ? തന്റെ ജീവരക്ഷെക്കായി മന്ദിരത്തിലേക്ക് ഓടിപ്പോകുമോ? ഞാൻ പോകയില്ല” എന്ന് പറഞ്ഞു.
12ദൈവം അവനെ അയച്ചിട്ടില്ലെന്നും തോബീയാവും സൻബല്ലത്തും അവന് കൂലി കൊടുത്തിരുന്നതിനാലാണ് അവൻ എനിക്ക് വിരോധമായി പ്രവചിച്ചത് എന്നും എനിക്ക് മനസ്സിലായി.13ഞാൻ ഭയപ്പെട്ട് അങ്ങനെ പ്രവർത്തിച്ച് പാപം ചെയ്യേണ്ടതിനും എന്നെ ദുഷിക്കത്തക്കവണ്ണം അപവാദത്തിന് കാരണം കിട്ടേണ്ടതിനും അവർ അവന് കൂലികൊടുത്തിരുന്നു.14“എന്റെ ദൈവമേ, തോബീയാവും സൻബല്ലത്തും ചെയ്ത ഈ പ്രവൃത്തികൾക്ക് തക്കവണ്ണം അവരേയും നോവദ്യാ എന്ന പ്രവാചകിയെയും എന്നെ ഭയപ്പെടുത്തുവാൻ നോക്കിയ മറ്റ് പ്രവാചകന്മാരെയും ഓർക്കേണമേ”.

15ഇങ്ങനെ മതിൽ അമ്പത്തിരണ്ട് ദിവസം പണിത് എലൂൽമാസം ഇരുപത്തഞ്ചാം തീയതി തീർത്തു.16ഞങ്ങളുടെ സകലശത്രുക്കളും അത് കേട്ടപ്പോൾ ഞങ്ങളുടെ ചുറ്റുമുള്ള ജാതികൾ ആകെ ഭയപ്പെട്ടു; അവർ തങ്ങൾക്ക് തന്നെ നിസ്സാരന്മാരായി തോന്നി; ഈ പ്രവൃത്തി ഞങ്ങളുടെ ദൈവത്തിന്റെ സഹായത്താൽ സാദ്ധ്യമായി എന്ന് അവർ ഗ്രഹിച്ചു.
17ആ കാലത്ത് യെഹൂദാപ്രഭുക്കന്മാരിൽ നിന്ന് തോബീയാവിനും അവനിൽ നിന്ന് അവർക്കും അനേകം കത്തുകൾ ലഭിച്ചിരുന്നു.18അവൻ ആരഹിന്റെ മകനായ ശെഖന്യാവിന്റെ മരുമകൻ ആയിരുന്നതിനാലും അവന്റെ മകൻ യോഹാനാൻ ബേരെഖ്യാവിന്റെ മകൻ മെശുല്ലാമിന്റെ മകളെ വിവാഹം ചെയ്തിരുന്നതിനാലും യെഹൂദയിൽ അനേകർ അവനുമായി സത്യബന്ധം ചെയ്തിരുന്നു.19അത്രയുമല്ല, അവർ അവന്റെ ഗുണങ്ങളെ എന്റെ മുമ്പാകെ പ്രസ്താവിക്കയും എന്റെ വാക്കുകളെ അവന്റെ അടുക്കൽ ചെന്നറിയിക്കയും ചെയ്തു. അതുകൊണ്ട് എന്നെ ഭയപ്പെടുത്തുവാൻ തോബീയാവ് കത്തുകൾ അയച്ചുകൊണ്ടിരുന്നു.

7

1എന്നാൽ മതിൽ പുനരുദ്ധരിച്ച് കതകുകൾ വയ്ക്കുകയും വാതിൽകാവല്ക്കാരെയും സംഗീതക്കാരെയും ലേവ്യരെയും നിയമിക്കുകയും ചെയ്തശേഷം2എന്റെ സഹോദരൻ ഹനാനിയെയും , കോട്ടയുടെ അധിപൻ ഹനന്യാവിനെയും യെരൂശലേമിന് അധിപതികളായി ഞാൻ നിയമിച്ചു; കാരണം , ഇവൻ പലരെക്കാളും വിശ്വസ്തനും ദൈവഭക്തനും ആയിരുന്നു.

3ഞാൻ അവരോട്: “വെയിൽ ഉറയ്ക്കുന്നതുവരെ യെരൂശലേമിന്റെ വാതിൽ തുറക്കരുത്; നിങ്ങൾ അരികെ നില്ക്കുമ്പോൾ തന്നെ കതക് അടച്ച് ഓടാമ്പൽ ഇടുവിക്കേണം; യെരൂശലേംനിവാസികളിൽ നിന്ന് കാവല്ക്കാരായി നിയമിച്ച്, ഓരോരുത്തനെ അവനവന്റെ കാവൽസ്ഥാനത്തും അവനവന്റെ വീടിന്റെ നേരെയുമായി നിർത്തിക്കൊള്ളേണം ”എന്ന് പറഞ്ഞു.4എന്നാൽ പട്ടണം വിശാലവും വലിയതും അകത്ത് ജനം ചുരുക്കവും ആയിരുന്നു; വീടുകൾ പണിതിരുന്നതുമില്ല.
5വംശാവലിപ്രകാരം എണ്ണം നോക്കേണ്ടതിന് പ്രഭുക്കന്മാരെയും പ്രമാണികളെയും ജനത്തെയും കൂട്ടിവരുത്തുവാൻ എന്റെ ദൈവം എന്റെ മനസ്സിൽ തോന്നിച്ചു. അപ്പോൾ ആദ്യം മടങ്ങിവന്നവരുടെ ഒരു വംശാവലിരേഖ എനിക്ക് കണ്ടുകിട്ടി; അതിൽ ഇപ്രകാരം എഴുതിയിരിക്കുന്നത് കണ്ടു:
6“ബാബേൽരാജാവായ നെബൂഖദ്നേസർ പിടിച്ച് കൊണ്ടുപോയ ബദ്ധന്മാരിൽ പ്രവാസത്തിൽനിന്ന് മടങ്ങി, യെരൂശലേമിലേയ്ക്കും യെഹൂദയിലേയ്ക്കും അവനവന്റെ പട്ടണത്തിലേയ്ക്കും വന്നവരായ ദേശനിവാസികൾ:7ഇവർ സെരുബ്ബാബേൽ, യേശുവ, നെഹെമ്യാവ്; അസര്യാവ്, രയമ്യാവ്, നഹമാനി, മൊർദ്ദെഖായി, ബിൽശാൻ, മിസ്പേരെത്ത്, ബിഗ്വായി, നെഹൂം, ബയനാ എന്നിവരോടുകൂടെ മടങ്ങിവന്നു; യിസ്രായേൽജനത്തിലെ പുരുഷന്മാരുടെ സംഖ്യാവിവരം:
8പരോശിന്റെ മക്കൾ രണ്ടായിരത്തി ഒരുനൂറ്റി എഴുപത്തിരണ്ട്.9ശെഫത്യാവിന്റെ മക്കൾ മുന്നൂറ്റെഴുപത്തിരണ്ട്.10ആരഹിന്റെ മക്കൾ അറുനൂറ്റമ്പത്തിരണ്ട്.
11യേശുവയുടെയും യോവാബിന്റെയും മക്കളിൽ പഹത്ത്-മോവാബിന്റെ മക്കൾ രണ്ടായിരത്തെണ്ണൂറ്റിപ്പതിനെട്ട്.12ഏലാമിന്റെ മക്കൾ ആയിരത്തിരുനൂറ്റമ്പത്തിനാല്.13സത്ഥൂവിന്റെ മക്കൾ എണ്ണൂറ്റിനാല്പത്തഞ്ച്.14സക്കായിയുടെ മക്കൾ എഴുനൂറ്ററുപത്.
15ബിന്നൂവിയുടെ മക്കൾ അറുനൂറ്റിനാല്പത്തെട്ട്.16ബേബായിയുടെ മക്കൾ അറുനൂറ്റിരുപത്തെട്ട്.17അസ്ഗാദിന്റെ മക്കൾ രണ്ടായിരത്തി മുന്നൂറ്റിരുപത്തിരണ്ട്.18അദോനീക്കാമിന്റെ മക്കൾ അറുനൂറ്ററുപത്തേഴ്.
19ബിഗ്വായിയുടെ മക്കൾ രണ്ടായിരത്തറുപത്തേഴ്.20ആദീന്റെ മക്കൾ അറുനൂറ്റമ്പത്തഞ്ച്.21ഹിസ്ക്കീയാവിന്റെ സന്തതിയായ ആതേരിന്റെ മക്കൾ തൊണ്ണൂറ്റെട്ട്.22ഹാശൂമിന്റെ മക്കൾ മുന്നൂറ്റിരുപത്തെട്ട്.
23ബേസായിയുടെ മക്കൾ മുന്നൂറ്റിരുപത്തിനാല്.24ഹാരീഫിന്റെ മക്കൾ നൂറ്റിപന്ത്രണ്ട്.25ഗിബെയോന്യർ തൊണ്ണൂറ്റഞ്ച്.26ബേത്ത്ലേഹെമ്യരും നെതോഫാത്യരും കൂടെ നൂറ്റെൺപത്തെട്ട്.
27അനാഥോത്യർ നൂറ്റിരുപത്തെട്ട്.28ബേത്ത്-അസ്മാവേത്യർ നാല്പത്തിരണ്ട്.29കിര്യത്ത്-യെയാരീം, കെഫീരാ, ബെയെരോത്ത് എന്നിവയിലെ നിവാസികൾ എഴുനൂറ്റിനാല്പത്തിമൂന്ന്.30രാമക്കാരും ഗേബക്കാരും അറുനൂറ്റിരുപത്തൊന്ന്.
31മിക്മാസ് നിവാസികൾ നൂറ്റിരുപത്തിരണ്ട്.32ബേഥേൽകാരും ഹായീക്കാരും നൂറ്റിരുപത്തിമൂന്ന് .33മറ്റെ നെബോവിലെ നിവാസികൾ അമ്പത്തിരണ്ട്.34മറ്റെ ഏലാമിലെ നിവാസികൾ ആയിരത്തിരുനൂറ്റമ്പത്തിനാല്.
35ഹാരീമിന്റെ മക്കൾ മുന്നൂറ്റിരുപത്.36യെരീഹോനിവാസികൾ മുന്നൂറ്റിനാല്പത്തഞ്ച്.37ലോദിലെയും ഹാദീദിലെയും ഓനോവിലെയും നിവാസികൾ എഴുനൂറ്റിരുപത്തൊന്ന്.38സേനായാനിവാസികൾ മൂവായിരത്തിത്തൊള്ളായിരത്തിമുപ്പത്.
39പുരോഹിതന്മാർ: യേശുവയുടെ ഗൃഹത്തിൽ യെദായാവിന്റെ മക്കൾ തൊള്ളായിരത്തെഴുപത്തിമൂന്ന്.40ഇമ്മേരിന്റെ മക്കൾ ആയിരത്തമ്പത്തിരണ്ട്.41പശ്ഹൂരിന്റെ മക്കൾ ആയിരത്തിരുനൂറ്റിനാല്പത്തേഴ്.42ഹാരീമിന്റെ മക്കൾ ആയിരത്തിപ്പതിനേഴ്.
43ലേവ്യർ: ഹോദെവയുടെ മക്കളിൽ കദ്മീയേലിന്റെ മകൻ യേശുവയുടെ മക്കൾ എഴുപത്തിനാല്.44സംഗീതക്കാർ: ആസാഫ്യർ നൂറ്റിനാല്പത്തെട്ട്.45വാതിൽകാവല്ക്കാർ: ശല്ലൂമിന്റെ മക്കൾ, ആതേരിന്റെ മക്കൾ, തൽമോന്റെ മക്കൾ, അക്കൂബിന്റെ മക്കൾ, ഹതീതയുടെ മക്കൾ, ശോബായിയുടെ മക്കൾ ആകെ നൂറ്റിമുപ്പത്തെട്ട്.
46ദൈവാലയദാസന്മാർ: സീഹയുടെ മക്കൾ, ഹസൂഫയുടെ മക്കൾ, തബ്ബായോത്തിന്റെ മക്കൾ, കേരോസിന്റെ മക്കൾ,47സീയായുടെ മക്കൾ, പാദോന്റെ മക്കൾ,48ലെബാനയുടെ മക്കൾ, ഹഗാബയുടെ മക്കൾ, സൽമായിയുടെ മക്കൾ,49ഹാനാന്റെ മക്കൾ, ഗിദ്ദേലിന്റെ മക്കൾ, ഗാഹരിന്റെ മക്കൾ, രെയായ്യാവിന്റെ മക്കൾ,
50രെസീന്റെ മക്കൾ, നെക്കോദയുടെ മക്കൾ,51ഗസ്സാമിന്റെ മക്കൾ, ഉസ്സയുടെ മക്കൾ, പാസേഹയുടെ മക്കൾ,52ബേസായിയുടെ മക്കൾ, മെയൂന്യരുടെ മക്കൾ, നെഫീത്യരുടെ മക്കൾ,
53ബക്ക്ബൂക്കിന്റെ മക്കൾ, ഹക്കൂഫയുടെ മക്കൾ, ഹർഹൂരിന്റെ മക്കൾ, ബസ്ലീത്തിന്റെ മക്കൾ,54മെഹിദയുടെ മക്കൾ, ഹർശയുടെ മക്കൾ,55ബർക്കോസിന്റെ മക്കൾ, സീസെരയുടെ മക്കൾ,56തേമഹിന്റെ മക്കൾ, നെസീഹയുടെ മക്കൾ, ഹതീഫയുടെ മക്കൾ.

57ശലോമോന്റെ ദാസന്മാരുടെ മക്കൾ; സോതായിയുടെ മക്കൾ, സോഫേരെത്തിന്റെ മക്കൾ,58പെരീദയുടെ മക്കൾ, യാലയുടെ മക്കൾ, ദർക്കോന്റെ മക്കൾ, ഗിദ്ദേലിന്റെ മക്കൾ,59ശെഫത്യാവിന്റെ മക്കൾ, ഹത്തീലിന്റെ മക്കൾ, പോഖെരെത്ത്-സെബായീമിന്റെ മക്കൾ, ആമോന്റെ മക്കൾ.60ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ആകെ മുന്നൂറ്റിത്തൊണ്ണൂറ്റിരണ്ട്.
61തേൽ-മേലെഹ്, തേൽ-ഹർശാ, കെരൂബ്, അദ്ദോൻ, ഇമ്മേർ എന്നീ സ്ഥലങ്ങളിൽനിന്ന് മടങ്ങിവന്നവർ ഇവർ തന്നേ. എങ്കിലും അവർ യിസ്രായേല്യർ തന്നെയോ എന്ന് തങ്ങളുടെ പിതൃഭവനവും വംശോല്പത്തിയും കാണിപ്പാൻ അവർക്ക് കഴിഞ്ഞില്ല.62ദെലായാവിന്റെ മക്കൾ, തോബീയാവിന്റെ മക്കൾ, നെക്കോദയുടെ മക്കൾ; ആകെ അറുനൂറ്റി നാല്പത്തിരണ്ട് പേർ.63പുരോഹിതന്മാരിൽ: ഹോബയുടെ മക്കൾ, ഹക്കോസ്സിന്റെ മക്കൾ, ഗിലെയാദ്യനായ ബർസില്ലായിയുടെ പുത്രിമാരിൽ ഒരുത്തിയെ വിവാഹം കഴിച്ച് അവരുടെ പേരിൻപ്രകാരം വിളിക്കപ്പെട്ട ബർസില്ലായിയുടെ മക്കൾ.
64ഇവർ വംശാവലിരേഖ അന്വേഷിച്ചു, കണ്ടില്ലതാനും; അതുകൊണ്ട് അവരെ അശുദ്ധരെന്നെണ്ണി പൗരോഹിത്യത്തിൽ നിന്ന് നീക്കിക്കളഞ്ഞു.65ഊരീമും തുമ്മീമും ഉള്ള ഒരു പുരോഹിതൻ എഴുന്നേല്ക്കുംവരെ അവർ അതിപരിശുദ്ധമായത് തിന്നരുതെന്ന് ദേശാധിപതി അവരോട് കല്പിച്ചു.

66സഭയാകെ നാല്പത്തീരായിരത്തി മുന്നൂറ്ററുപത് പേരായിരുന്നു.67അവരുടെ ദാസീദാസന്മാരായ ഏഴായിരത്തിമുന്നൂറ്റിമുപ്പത്തേഴുപേരെ കൂടാതെ തന്നെ; അവർക്ക് ഇരുനൂറ്റിനാല്പത്തഞ്ച് സംഗീതക്കാരും സംഗീതക്കാരത്തികളും ഉണ്ടായിരുന്നു.
68എഴുനൂറ്റിമുപ്പത്താറ് കുതിരകളും ഇരുനൂറ്റിനാല്പത്തഞ്ച് കോവർകഴുതകളും69നാനൂറ്റിമുപ്പത്തഞ്ച് ഒട്ടകങ്ങളും ആറായിരത്തെഴുനൂറ്റിരുപത് കഴുതകളും അവർക്കുണ്ടായിരുന്നു.
70പിതൃഭവനത്തലവന്മാരിൽ ചിലർ വേലയ്ക്കായിട്ട് ദാനങ്ങൾ കൊടുത്തു; ദേശാധിപതി ആയിരം തങ്കക്കാശും അമ്പത് കിണ്ണങ്ങളും അഞ്ഞൂറ്റിമുപ്പത് പുരോഹിതവസ്ത്രവും ഭണ്ഡാരത്തിലേയ്ക്ക് കൊടുത്തു.71പിതൃഭവനത്തലവന്മാരിൽ ചിലർ വേലയ്ക്കുവേണ്ടി ഭണ്ഡാരത്തിലേയ്ക്ക് ഇരുപതിനായിരം തങ്കക്കാശും രണ്ടായിരത്തിരുനൂറ് മാനേ വെള്ളിയും കൊടുത്തു.72ശേഷമുള്ള ജനം ഇരുപതിനായിരം തങ്കക്കാശും രണ്ടായിരം മാനേ വെള്ളിയും അറുപത്തേഴ് പുരോഹിതവസ്ത്രവും കൊടുത്തു.
73അങ്ങനെ പുരോഹിതന്മാരും ലേവ്യരും വാതിൽകാവല്ക്കാരും സംഗീതക്കാരും ജനത്തിൽ ചിലരും ദൈവാലയദാസന്മാരും എല്ലായിസ്രായേലും അവരവരുടെ പട്ടണങ്ങളിൽ പാർത്തു.

8

1അങ്ങനെ യിസ്രായേൽമക്കൾ തങ്ങളുടെ പട്ടണങ്ങളിൽ വസിച്ചിരിക്കുമ്പോൾ ,ഏഴാം മാസം സകലജനവും നീർവ്വാതിലിന്റെ മുമ്പിലുള്ള വിശാലസ്ഥലത്ത് ഒരുമനപ്പെട്ട് വന്നുകൂടി; യഹോവ യിസ്രായേലിന് കല്പിച്ച് നൽകിയ മോശെയുടെ ന്യായപ്രമാണപുസ്തകം കൊണ്ടുവരുവാൻ എസ്രാശാസ്ത്രിയോട് പറഞ്ഞു.2ഏഴാം മാസം ഒന്നാം തിയ്യതി എസ്രാപുരോഹിതൻ പുരുഷന്മാരും സ്ത്രീകളുമായി കേട്ട് ഗ്രഹിപ്പാൻ പ്രാപ്തിയുള്ള സഭയുടെ മുമ്പാകെ ന്യായപ്രമാണം കൊണ്ടുവന്നു,3നീർവ്വാതിലിനെതിരെയുള്ള വിശാലസ്ഥലത്ത് വച്ച് രാവിലെ തുടങ്ങി ഉച്ചവരെ പുരുഷന്മാരും സ്ത്രീകളുമായ, ഗ്രഹിപ്പാൻ പ്രാപ്തിയുള്ള എല്ലാവരും കേൾക്കെ ന്യായപ്രമാണ പുസ്തകം വായിച്ചു; സർവ്വജനവും ശ്രദ്ധിച്ചുകേട്ടു.

4ഈ ആവശ്യത്തിന് ഉണ്ടാക്കിയിരുന്ന ഒരു പ്രസംഗപീഠത്തിൽ എസ്രാശാസ്ത്രി കയറിനിന്നു; അവന്റെ അരികെ വലത്തുഭാഗത്ത് മത്ഥിത്ഥ്യാവ്, ശേമാ, അനായാവ്, ഊരീയാവ്, ഹില്ക്കീയാവ്, മയസേയാവ് എന്നിവരും ഇടത്തുഭാഗത്ത് പെദായാവ്, മീശായേൽ, മല്ക്കീയാവ്, ഹാശൂം, ഹശ്ബദ്ദാനാ, സെഖര്യാവ്, മെശുല്ലാം എന്നിവരും നിന്നു.5എസ്രാ സകലജനവും കാൺകെ പുസ്തകം തുറന്നു; അവൻ സകലജനത്തിനും മീതെ ആയിരുന്നു; അത് തുറന്നപ്പോൾ ജനമെല്ലാം എഴുന്നേറ്റുനിന്നു.
6എസ്രാ മഹാദൈവമായ യഹോവയെ സ്തുതിച്ചു; ജനമൊക്കെയും കൈകൾ ഉയർത്തി; ‘ആമേൻ, ആമേൻ’എന്ന് പ്രതിവചനം പറഞ്ഞ് വണങ്ങി സാഷ്ടാംഗം വീണ് യഹോവയെ നമസ്കരിച്ചു.7ജനം അവരവരുടെ നിലയിൽ നിൽക്കുമ്പോൾ തന്നെ യേശുവ, ബാനി, ശേരെബ്യാവ്, യാമീൻ, അക്കൂബ്, ശബ്ബെത്തായി, ഹോദീയാവ്, മയസേയാവ്, കെലീതാ, അസര്യാവ്, യോസാബാദ്, ഹാനാൻ, പെലായാവ് എന്നിവരും ലേവ്യരും ജനത്തിന് ന്യായപ്രമാണം പൊരുൾ തിരിച്ചുകൊടുത്തു.8ഇങ്ങനെ അവർ ദൈവത്തിന്റെ ന്യായപ്രമാണപുസ്തകം തെളിവായി വായിച്ചുകേൾപ്പിക്കയും വായിച്ചത് ഗ്രഹിപ്പാൻ തക്കവണ്ണം അർത്ഥം പറഞ്ഞുകൊടുക്കയും ചെയ്തു.
9ദേശാധിപതിയായ നെഹെമ്യാവും ശാസ്ത്രിയായ എസ്രാപുരോഹിതനും ജനത്തെ ഉപദേശിച്ചുപോന്ന ലേവ്യരും സകലജനത്തോടും: “ഈ ദിവസം നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് വിശുദ്ധമാകുന്നു; നിങ്ങൾ ദുഃഖിക്കുകയോ കരയുകയോ ചെയ്യരുത്”എന്ന് പറഞ്ഞു. ജനമെല്ലാം ന്യായപ്രമാണവാക്യങ്ങളെ കേട്ടപ്പോൾ കരയുകയായിരുന്നു.10അനന്തരം അവർ അവരോട്: “നിങ്ങൾ ചെന്ന് നല്ല ഭക്ഷണവും മധുരപാനീയവും കഴിച്ച് തങ്ങൾക്കായി കരുതിയിട്ടില്ലാത്തവർക്കായി ഓഹരി കൊടുത്തയപ്പിൻ; ഈ ദിവസം നമ്മുടെ കർത്താവിന് വിശുദ്ധമാകുന്നു; നിങ്ങൾ ദുഃഖിക്കരുത്; യഹോവയിങ്കലെ സന്തോഷം നിങ്ങളുടെ ബലം ആകുന്നുവല്ലോ”എന്ന് പറഞ്ഞു.
11അവ്വണ്ണം ലേവ്യരും“നിങ്ങൾ മിണ്ടാതിരിപ്പിൻ; ഈ ദിവസം വിശുദ്ധമല്ലോ; നിങ്ങൾ ദുഃഖിക്കരുത്”എന്ന് പറഞ്ഞ് സർവ്വജനത്തെയും ശാന്തരാക്കി.12തങ്ങളോട് പറഞ്ഞ വചനം ബോദ്ധ്യമായതുകൊണ്ട് ജനമെല്ലാം പോയി തിന്നുകയും കുടിക്കയും ഓഹരി കൊടുത്തയക്കയും അത്യന്തം സന്തോഷിക്കയും ചെയ്തു.

13പിറ്റെന്നാൾ സകലജനത്തിന്റെയും പിതൃഭവനത്തലവന്മാരും പുരോഹിതന്മാരും ലേവ്യരും ന്യായപ്രമാണവാക്യങ്ങൾ കേൾക്കേണ്ടതിന് എസ്രാശാസ്ത്രിയുടെ അടുക്കൽ ഒന്നിച്ചുകൂടി.14യഹോവ മോശെമുഖാന്തരം കല്പിച്ച ന്യായപ്രമാണത്തിൽ: ‘യിസ്രായേൽമക്കൾ ഏഴാം മാസത്തിലെ ഉത്സവത്തിൽ കൂടാരങ്ങളിൽ പാർക്കണം എന്നും15എഴുതപ്പെട്ടിരിക്കുന്നതുപോലെ കൂടാരങ്ങൾ ഉണ്ടാക്കേണ്ടതിന് നിങ്ങൾ മലയിൽ ചെന്ന് ഒലിവുകൊമ്പ്, കാട്ടൊലിവുകൊമ്പ്, കൊഴുന്തുകൊമ്പ്, ഈന്തമടൽ, തഴച്ച വൃക്ഷങ്ങളുടെ കൊമ്പ് എന്നിവ കൊണ്ടുവരുവിൻ എന്ന് തങ്ങളുടെ എല്ലാ പട്ടണങ്ങളിലും യെരൂശലേമിലും അറിയിച്ച് പ്രസിദ്ധപ്പെടുത്തണം’എന്നും എഴുതിയിരിക്കുന്നതായി അവർ കണ്ടു.
16അങ്ങനെ ജനം ചെന്ന് ഒരോരുത്തൻ താന്താന്റെ വീടിന്റെ മുകളിലും മുറ്റത്തും ദൈവാലയത്തിന്റെ പ്രാകാരങ്ങളിലും നീർവ്വാതിലിന്റെയും എഫ്രയീംവാതിലിന്റെയും വിശാലസ്ഥലത്തും കൂടാരങ്ങളുണ്ടാക്കി.17പ്രവാസത്തിൽ നിന്ന് മടങ്ങിവന്നവരുടെ സർവ്വസഭയും കൂടാരങ്ങൾ ഉണ്ടാക്കി അതിൽ പാർത്തു; നൂന്റെ മകൻ യോശുവയുടെ കാലംമുതൽ അന്നുവരെ യിസ്രായേൽമക്കൾ അങ്ങനെ ചെയ്യാതിരുന്നതുകൊണ്ട് അന്ന് ഏറ്റവും വലിയ സന്തോഷം ഉണ്ടായി.
18ആദ്യദിവസം മുതൽ അവസാനദിവസംവരെ അവൻ ദിവസേന ദൈവത്തിന്റെ ന്യായപ്രമാണപുസ്തകം വായിച്ച് കേൾപ്പിച്ചു; അങ്ങനെ അവർ ഏഴ് ദിവസം ഉത്സവം ആചരിച്ചു; എട്ടാം ദിവസം നിയമപ്രകാരം വിശുദ്ധസഭായോഗം കൂടുകയും ചെയ്തു.

9

1എന്നാൽ ഈ മാസം ഇരുപത്തിനാലാം തീയതി യിസ്രായേൽമക്കൾ ഉപവസിച്ച് , രട്ടുടുത്തും തലയിൽ പൂഴി വാരിയിട്ടും കൊണ്ട് ഒന്നിച്ചുകൂടി.2യിസ്രായേൽപരമ്പരയിലുള്ളവർ സകല അന്യജാതിക്കാരിൽ നിന്നും വേർതിരിഞ്ഞുനിന്ന് തങ്ങളുടെ പാപങ്ങളും തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങളും ഏറ്റുപറഞ്ഞു.

3പിന്നെ അവർ തങ്ങളുടെ സ്ഥാനങ്ങളിൽ തന്നെ എഴുന്നേറ്റ് നിന്നു; അന്ന് ഒരു യാമത്തോളം ദൈവമായ യഹോവയുടെ ന്യായപ്രമാണപുസ്തകം വായിച്ച് കേൾക്കയും പിന്നെ ഒരു യാമത്തോളം പാപങ്ങളെ ഏറ്റുപറഞ്ഞ് തങ്ങളുടെ ദൈവമായ യഹോവയെ നമസ്കരിക്കുകയും ചെയ്തു.4ലേവ്യരിൽ യേശുവ, ബാനി, കദ്മീയേൽ, ശെബന്യാവ്, ബുന്നി, ശേരെബ്യാവ്, ബാനി, കെനാനി എന്നിവർ ലേവ്യർക്ക് നിൽക്കുവാനുള്ള പടികളിൽ നിന്നുകൊണ്ട് തങ്ങളുടെ ദൈവമായ യഹോവയോട് ഉറക്കെ നിലവിളിച്ചു.
5പിന്നെ യേശുവ, കദ്മീയേൽ, ബാനി, ഹശബ്ന്യാവ്, ശേരെബ്യാവ്, ഹോദീയാവ്, ശെബന്യാവ്, പെദഹ്യാവ്, എന്നീ ലേവ്യർ പറഞ്ഞതെന്തെന്നാൽ: “നിങ്ങൾ എഴുന്നേറ്റ് നിങ്ങളുടെ ദൈവമായ യഹോവയെ എന്നെന്നേക്കും വാഴ്ത്തുവിൻ. സകല പ്രശംസയ്ക്കും സ്തുതിക്കും മീതെ ഉയർന്നിരിക്കുന്ന അങ്ങയുടെ മഹത്വമുള്ള നാമം വാഴ്ത്തപ്പെടുമാറാകട്ടെ.6അങ്ങ്, അങ്ങ് മാത്രമാണ് യഹോവ ; അങ്ങ് ആകാശത്തെയും സ്വർഗ്ഗാധിസ്വർഗ്ഗത്തെയും അവയിലെ സകല സൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; അങ്ങ് അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം അങ്ങയെ നമസ്കരിക്കുന്നു.
7അബ്രാമിനെ തിരഞ്ഞെടുത്ത് അവനെ കൽദയപട്ടണമായ ഊരിൽനിന്ന് കൊണ്ടുവന്ന് അവന് അബ്രാഹാം എന്ന് പേരിട്ട ദൈവമായ യഹോവ അങ്ങ് തന്നെ.8അങ്ങ് അവന്റെ ഹൃദയം അങ്ങയുടെ മുമ്പാകെ വിശ്വസ്തമായി കണ്ടു; കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, യെബൂസ്യർ, ഗിർഗ്ഗസ്യർ എന്നിവരുടെ ദേശം കൊടുക്കും, അവന്റെ സന്തതിക്ക് തന്നെ കൊടുക്കും എന്ന് അങ്ങ് അവനോട് ഒരു നിയമം ചെയ്തു; അങ്ങ് നീതിമാനായിരിക്കയാൽ അങ്ങയുടെ വചനങ്ങൾ നിവർത്തിച്ചുമിരിക്കുന്നു.
9ഈജിപ്റ്റിൽ ഞങ്ങളുടെ പിതാക്കന്മാരുടെ പീഡയെ അങ്ങ് കാണുകയും ചെങ്കടലിന്റെ അരികെ നിന്നുള്ള അവരുടെ നിലവിളിയെ കേൾക്കയും10ഫറവോനിലും അവന്റെ സകലദാസന്മാരിലും അവന്റെ ദേശത്തെ സകല ജനങ്ങളിലും അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കയും ചെയ്തു; അവർ അവരോട് അഹങ്കാരം പ്രവർത്തിച്ചത് അങ്ങ് അറിഞ്ഞിരുന്നുവല്ലോ; അങ്ങനെ ഇന്നും നിലനിൽക്കുന്നതുപോലെ അങ്ങ് അങ്ങേയ്ക്കായി ഒരു നാമം സമ്പാദിച്ചിരിക്കുന്നു.
11അങ്ങ് കടലിനെ അവരുടെ മുമ്പിൽ വിഭാഗിച്ച് , കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി അവരെ കടക്കുമാറാക്കി; അവരെ പിന്തുടർന്നവരെ അങ്ങ് പെരുവെള്ളത്തിൽ ഒരു കല്ലുപോലെ ആഴത്തിൽ എറിഞ്ഞുകളഞ്ഞു.
12അങ്ങ് പകൽ മേഘസ്തംഭം കൊണ്ടും രാത്രി അവർ പോകുന്ന വഴിക്ക് വെളിച്ചംകൊടുക്കുവാൻ അഗ്നിസ്തംഭംകൊണ്ടും അവരെ വഴിനടത്തി.13അങ്ങ് സീനായിമലമേൽ ഇറങ്ങി , ആകാശത്തുനിന്ന് അവരോട് സംസാരിച്ച് അവർക്ക് ന്യായമായുള്ള വിധികളും സത്യമായുള്ള ന്യായപ്രമാണങ്ങളും നല്ല ചട്ടങ്ങളും കല്പനകളും നൽകി.
14അങ്ങയുടെ വിശുദ്ധശബ്ബത്ത് അങ്ങ് അവരെ അറിയിച്ച് , അങ്ങയുടെ ദാസനായ മോശെമുഖാന്തരം അവർക്ക് കല്പനകളും ചട്ടങ്ങളും ന്യായപ്രമാണവും കല്പിച്ചുകൊടുത്തു.15അവരുടെ വിശപ്പിന് അങ്ങ് അവർക്ക് ആകാശത്തുനിന്ന് അപ്പം കൊടുത്തു; അവരുടെ ദാഹത്തിന് അങ്ങ് അവർക്ക് പാറയിൽനിന്ന് വെള്ളം പുറപ്പെടുവിച്ചു. അങ്ങ് അവർക്ക് കൊടുക്കുമെന്ന് സത്യം ചെയ്ത ദേശം കൈവശമാക്കുവാനും അവരോട് കല്പിച്ചു.
16എങ്കിലും അവരും ഞങ്ങളുടെ പിതാക്കന്മാരും അഹങ്കരിച്ച് ദുശ്ശാഠ്യം കാണിച്ച്, അങ്ങയുടെ കല്പനകളെ കേൾക്കാതിരുന്നു.17അനുസരിക്കുവാൻ അവർ കൂട്ടാക്കിയില്ല; അങ്ങ് അവരിൽ ചെയ്ത അത്ഭുതങ്ങൾ അവർ ഓർക്കാതെ ദുശ്ശാഠ്യം കാണിച്ച് തങ്ങളുടെ അടിമത്തത്തിലേക്ക് മടങ്ങിപ്പോകുവാൻ വേണ്ടി മത്സരിച്ച് ഒരു തലവനെ നിയമിച്ചു; അങ്ങോ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയും ഉള്ള ദൈവം ആകയാൽ അവരെ ഉപേക്ഷിച്ചുകളഞ്ഞില്ല.
18അവർ തങ്ങൾക്ക് ഒരു കാളക്കിടാവിനെ വാർത്തുണ്ടാക്കി; ‘ഇത് നിന്നെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന നിന്റെ ദൈവം ’എന്ന് പറഞ്ഞ് വലിയ ക്രോധം ജനിപ്പിച്ചെങ്കിലും19അങ്ങയുടെ മഹാകരുണനിമിത്തം അങ്ങ് അവരെ മരുഭൂമിയിൽ വിട്ടുകളഞ്ഞില്ല; പകൽ അവരെ വഴിനടത്തിയ മേഘസ്തംഭവും രാത്രി അവർക്ക് വെളിച്ചം കൊടുത്ത് വഴി കാണിച്ച അഗ്നിസ്തംഭവും അവരെ വിട്ടുമാറിയതുമില്ല.
20അവരെ ഉപദേശിക്കേണ്ടതിന് അങ്ങയുടെ നല്ല ആത്മാവിനെ അങ്ങ് കൊടുത്തു; അവരുടെ വിശപ്പിന് മന്നയും അവരുടെ ദാഹത്തിന് വെള്ളവും കൊടുത്തു.21ഇങ്ങനെ അങ്ങ് അവരെ നാല്പത് സംവത്സരം മരുഭൂമിയിൽ പരിപാലിച്ചു:അവർക്ക് ഒന്നിനും കുറവുണ്ടായില്ല; അവരുടെ വസ്ത്രം പഴകിയില്ല, അവരുടെ കാൽ വീങ്ങിയതുമില്ല.
22അങ്ങ് അവർക്ക് രാജ്യങ്ങളെയും ജാതികളെയും അതിർതിരിച്ച് വിഭാഗിച്ചുകൊടുത്തു; അവർ ഹെശ്ബോൻരാജാവായ സീഹോന്റെ ദേശവും ബാശാൻരാജാവായ ഓഗിന്റെ ദേശവും കൈവശമാക്കി.
23അങ്ങ് അവരുടെ മക്കളെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിച്ചു; കൈവശമാക്കുവാൻ അവരുടെ പിതാക്കന്മാരോട് അങ്ങ് അരുളിച്ചെയ്തിരുന്ന ദേശത്തേയ്ക്ക് അവരെ കൊണ്ടുവന്നു.24അങ്ങനെ അവരുടെ മക്കൾ ചെന്ന് ദേശത്തെ കൈവശമാക്കി; ദേശനിവാസികളായ കനാന്യരെ അങ്ങ് കീഴ്പെടുത്തി , അവരെയും അവരുടെ രാജാക്കന്മാരെയും ദേശത്തെ ജാതികളെയും തങ്ങൾക്ക് ബോധിച്ചതുപോലെ ചെയ്യുവാൻ അവരുടെ കൈയിൽ ഏല്പിച്ചുകൊടുത്തു.
25അവർ ഉറപ്പുള്ള പട്ടണങ്ങളും ഫലപുഷ്ടിയുള്ള ദേശവും പിടിച്ചു;എല്ലാ നല്ലവസ്തുക്കളും നിറഞ്ഞ വീടുകളും വെട്ടിയുണ്ടാക്കിയ കിണറുകളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും അനവധി ഫലവൃക്ഷങ്ങളും കൈവശമാക്കി; അവർ തിന്ന് തൃപ്തിപ്പെട്ട് പുഷ്ടിയുള്ളവരായി അങ്ങയുടെ വലിയ നന്മയിൽ സന്തോഷിച്ചു.
26എന്നിട്ടും അവർ അനുസരണക്കേട് കാണിച്ച് അങ്ങയോട് മത്സരിച്ച് അങ്ങയുടെ ന്യായപ്രമാണം തങ്ങളുടെ പുറകിൽ എറിഞ്ഞുകളഞ്ഞു ; അവരെ അങ്ങയിലേയ്ക്ക് തിരിക്കുവാൻ അവരോട് സാക്ഷ്യംപറഞ്ഞ അങ്ങയുടെ പ്രവാചകന്മാരെ അവർ കൊന്ന് വലിയ ക്രോധകാരണങ്ങൾ ഉണ്ടാക്കി.27ആകയാൽ അങ്ങ് അവരെ അവരുടെ ശത്രുക്കളുടെ കയ്യിൽ ഏല്പിച്ചു ; അവർ അവരെ പീഡിപ്പിച്ചു; അവരുടെ കഷ്ടകാലത്ത് അവർ അങ്ങയോട് നിലവിളിച്ചപ്പോൾ അങ്ങ് സ്വർഗ്ഗത്തിൽനിന്ന് കേട്ട് അങ്ങയുടെ മഹാകരുണനിമിത്തം അവർക്ക് രക്ഷകന്മാരെ നൽകി; അവർ അവരുടെ ശത്രുക്കളുടെ കയ്യിൽനിന്ന് അവരെ രക്ഷിച്ചു.
28അവർക്ക് സ്വസ്ഥത ലഭിച്ചപ്പോൾ അവർ വീണ്ടും അങ്ങേയ്ക്ക് അനിഷ്ടമായത് ചെയ്തു; അതുകൊണ്ട് അങ്ങ് അവരെ അവരുടെ ശത്രുക്കളുടെ കയ്യിൽ ഏല്പിക്കയും അവർ അവരുടെമേൽ ഭരണം നടത്തുകയും ചെയ്തു; അവർ തിരിഞ്ഞ് അങ്ങയോട് നിലവിളിച്ചപ്പോൾ അങ്ങ് സ്വർഗ്ഗത്തിൽനിന്ന് കേട്ട് അങ്ങയുടെ കരുണയാൽ പലപ്രാവശ്യവും അവരെ വിടുവിച്ചു.29അവരെ അങ്ങയുടെ ന്യായപ്രമാണത്തിലേയ്ക്ക് തിരിച്ച് വരുത്തേണ്ടതിന് അങ്ങ് അവരോട് സാക്ഷീകരിച്ചു; എന്നിട്ടും അവർ അഹങ്കരിക്കുകയും, അനുസരിച്ച് നടക്കുന്നവർക്ക് ജീവൻ നൽകുന്ന അങ്ങയുടെ കല്പനകൾ കേൾക്കാതെ അങ്ങയുടെ വിധികൾക്ക് വിരോധമായി പാപം ചെയ്കയും എതിർത്തുനിന്ന് ദുശ്ശാഠ്യം കാണിച്ച് അനുസരണമില്ലാത്തവരാകുകയും ചെയ്തു.
30അങ്ങ് ഏറിയ സംവത്സരം അവരോട് ക്ഷമിച്ച് അങ്ങയുടെ ആത്മാവിനാൽ അങ്ങയുടെ പ്രവാചകന്മാർ മുഖാന്തരം അവരോട് സാക്ഷീകരിച്ചു; എന്നാൽ അവർ ശ്രദ്ധിച്ചില്ല; അതുകൊണ്ട് അങ്ങ് അവരെ ദേശത്തെ ജനതകളുടെ കൈയിൽ ഏല്പിച്ചുകൊടുത്തു.31എങ്കിലും അങ്ങയുടെ മഹാകരുണ നിമിത്തം അങ്ങ് അവരെ നിർമ്മൂലമാക്കിയില്ല, ഉപേക്ഷിച്ചുകളഞ്ഞതുമില്ല; അങ്ങ് കൃപയും കരുണയുമുള്ള ദൈവമല്ലോ.
32ആകയാൽ ദൈവമേ, നിയമവും കൃപയും പാലിക്കുന്നവനായി വലിയവനും ബലവാനും ഭയങ്കരനുമായ ഞങ്ങളുടെ ദൈവമേ, അശ്ശൂർരാജാക്കന്മാരുടെ കാലംമുതൽ ഇന്നുവരെ ഞങ്ങൾക്കും ഞങ്ങളുടെ രാജാക്കന്മാർക്കും പ്രഭുക്കന്മാർക്കും പുരോഹിതന്മാർക്കും പ്രവാചകന്മാർക്കും ഞങ്ങളുടെ പിതാക്കന്മാർക്കും അങ്ങയുടെ സർവ്വജനത്തിനും നേരിട്ട കഷ്ടങ്ങളൊക്കെയും അങ്ങേയ്ക്ക് ലഘുവായി തോന്നരുതേ.33എന്നാൽ ഞങ്ങൾക്ക് ഭവിച്ചതിൽ ഒക്കെയും അങ്ങ് നീതിമാൻ തന്നേ; അങ്ങ് വിശ്വസ്തത കാണിച്ചിരിക്കുന്നു; ഞങ്ങളോ ദുഷ്ടത പ്രവർത്തിച്ചിരിക്കുന്നു.34ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും ഞങ്ങളുടെ പിതാക്കന്മാരും അങ്ങയുടെ ന്യായപ്രമാണം അനുസരിച്ച് നടന്നിട്ടില്ല; അങ്ങയുടെ കല്പനകളും അങ്ങ് അവരോട് സാക്ഷീകരിച്ച സാക്ഷ്യങ്ങളും പ്രമാണിച്ചിട്ടുമില്ല.
35അവർ തങ്ങളുടെ രാജത്വത്തിലും അങ്ങ് അവർക്ക് കൊടുത്ത വലിയ നന്മകളിലും അങ്ങ് അവർക്ക് അധീനമാക്കിക്കൊടുത്ത വിശാലതയും ഫലപുഷ്ടിയുമുള്ള ദേശത്തിലും അങ്ങയെ സേവിച്ചിട്ടില്ല; തങ്ങളുടെ ദുഷ്പ്രവൃത്തികൾ വിട്ട് തിരിഞ്ഞിട്ടുമില്ല.
36ഇതാ, ഞങ്ങൾ ഇന്ന് ദാസന്മാർ; അങ്ങ് ഞങ്ങളുടെ പിതാക്കന്മാർക്ക് ഫലവും ഗുണവും അനുഭവിപ്പാൻ കൊടുത്ത ഈ ദേശത്ത് തന്നെ ഇതാ, ഞങ്ങൾ ദാസന്മാരായിരിക്കുന്നു.37ഞങ്ങളുടെ പാപങ്ങൾനിമിത്തം അങ്ങ് ഞങ്ങളുടെമേൽ ആക്കിയിരിക്കുന്ന രാജാക്കന്മാർ അതിലെ വിളവുകൾ എടുക്കുന്നു; അവർ തങ്ങൾക്ക് ബോധിച്ചതുപോലെ ഞങ്ങളിലും ഞങ്ങളുടെ കന്നുകാലികളിലും അധികാരം നടത്തുന്നു; ഞങ്ങൾ വലിയ കഷ്ടത്തിലും ആയിരിക്കുന്നു.
38ഇതൊക്കെയും ഓർത്ത് ഞങ്ങൾ സ്ഥിരമായോരു ഉടമ്പടി എഴുതുന്നു; ഞങ്ങളുടെ പ്രഭുക്കന്മാരും ലേവ്യരും പുരോഹിതന്മാരും അതിന് മുദ്രയിടുന്നു”.

10

1മുദ്രയിട്ടവർ ഇവരാണ്: ഹഖല്യാവിന്റെ മകനായ ദേശാധിപതി നെഹെമ്യാവ്,2സിദെക്കീയാവ്, സെരായാവ്, അസര്യാവ്, യിരെമ്യാവ്,3പശ്ഹൂർ, അമര്യാവ്, മല്ക്കീയാവ്,

4ഹത്തൂശ്, ശെബന്യാവ്, മല്ലൂക്,5ഹരീം, മെരേമോത്ത്, ഓബദ്യാവ്,6ദാനീയേൽ, ഗിന്നെഥോൻ, ബാരൂക്,7മെശുല്ലാം, അബീയാവ്, മീയാമീൻ,8മയസ്യാവ്, ബിൽഗായി, ശെമയ്യാവ്; ഇവർ പുരോഹിതന്മാർ.
9പിന്നെ ലേവ്യർ; അസന്യാവിന്റെ മകൻ യേശുവയും ഹെനാദാദിന്റെ പുത്രന്മാരിൽ ബിന്നൂവിയും10കദ്മീയേലും അവരുടെ സഹോദരന്മാരായ ശെബന്യാവ്, ഹോദീയാവ്,11കെലീതാ, പെലായാവ്, ഹാനാൻ, മീഖാ,12രെഹോബ്, ഹശബ്യാവ്, സക്കൂർ, ശേരെബ്യാവ്,13ശെബന്യാവ്, ഹോദീയാവ്, ബാനി, ബെനീനു.14ജനത്തിന്റെ തലവന്മാർ: പരോശ്, പഹത്ത്-മോവാബ്, ഏലാം, സഥൂ,
15ബാനി, ബുന്നി, അസ്ഗാദ്, ബേബായി,16അദോനീയാവ്, ബിഗ്വായി, ആദീൻ,17ആതേർ, ഹിസ്കീയാവ്, അസ്സൂർ,18ഹോദീയാവ്, ഹാശും, ബേസായി,19ഹാരീഫ്, അനാഥോത്ത്, നേബായി,20മഗ്പിയാശ്, മെശുല്ലാം, ഹേസീർ,21മെശേസബെയേൽ, സാദോക്, യദൂവ,
22പെലത്യാവ്, ഹനാൻ, അനായാവ്,23ഹോശേയ, ഹനന്യാവ്, ഹശ്ശൂബ്,24ഹല്ലോഹേശ്, പിൽഹാ, ശോബേക്,25രെഹൂം, ഹശബ്നാ, മയസേയാവ്,26അഹീയാവ്, ഹനാൻ, ആനാൻ,27മല്ലൂക്, ഹാരീം, ബയനാ എന്നിവർ തന്നേ.
28ശേഷം ജനത്തിൽ പുരോഹിതന്മാരും ലേവ്യരും വാതിൽകാവല്ക്കാരും സംഗീതക്കാരും ദൈവാലയദാസന്മാരും ദേശത്തെ ജാതികളിൽ നിന്ന് വേർപെട്ട് ദൈവത്തിന്റെ ന്യായപ്രമാണത്തിലേയ്ക്ക് തിരിഞ്ഞുവന്നവരൊക്കെയും അവരുടെ ഭാര്യമാരും പുത്രന്മാരും പുത്രിമാരുമായി പരിജ്ഞാനവും തിരിച്ചറിവുമുള്ള എല്ലാവരും29ശ്രേഷ്ഠന്മാരായ തങ്ങളുടെ സഹോദരന്മാരോട് ചേർന്ന് ദൈവത്തിന്റെ ദാസനായ മോശെമുഖാന്തരം നല്കപ്പെട്ട ദൈവത്തിന്റെ ന്യായപ്രമാണം അനുസരിച്ച് നടക്കുമെന്നും ഞങ്ങളുടെ കർത്താവായ യഹോവയുടെ സകലകല്പനകളും വിധികളും ചട്ടങ്ങളും പ്രമാണിച്ച് ആചരിക്കുമെന്നും
30ഞങ്ങളുടെ പുത്രിമാരെ ദേശത്തിലെ ജാതികൾക്ക് കൊടുക്കയോ ഞങ്ങളുടെ പുത്രന്മാർക്ക് അവരുടെ പുത്രിമാരെ എടുക്കയോ ചെയ്കയില്ലെന്നും31ദേശത്തിലെ ജനതകൾ ശബ്ബത്തുനാളിൽ ഏതെങ്കിലും കച്ചവടസാധനങ്ങളോ ഭക്ഷണസാധനങ്ങളോ വിൽക്കുവാൻ കൊണ്ടുവന്നാൽ ഞങ്ങൾ അത് ശബ്ബത്തുനാളിലും വിശുദ്ധദിവസത്തിലും അവരോട് വാങ്ങുകയില്ല എന്നും ഏഴാം ആണ്ടിനെ വിമോചനസംവത്സരമായും എല്ലാ കടവും ഇളച്ചുകൊടുക്കുന്നതായും പ്രമാണിക്കുമെന്നും ശപഥവും സത്യവും ചെയ്തു.
32ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷയ്ക്ക് വേണ്ടി കാഴ്ചയപ്പത്തിനും നിരന്തരഭോജനയാഗത്തിനും ശബ്ബത്തുകളിലെയും അമാവാസ്യകളിലെയും നിരന്തരഹോമയാഗത്തിനും ഉത്സവങ്ങൾക്കും വിശുദ്ധസാധനങ്ങൾക്കും യിസ്രായേലിനുവേണ്ടി പ്രായശ്ചിത്തമായി അർപ്പിക്കേണ്ടുന്ന33പാപയാഗങ്ങൾക്കും ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ എല്ലാ വേലയ്ക്കും വേണ്ടി ആണ്ടുതോറും ശേക്കെലിൽ മൂന്നിൽ ഒന്ന് കൊടുക്കാമെന്നും ഞങ്ങൾ ഒരു ചട്ടം നിയമിച്ചു.
34ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ , ഞങ്ങളുടെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്മേൽ കത്തിക്കുവാൻ ആണ്ടുതോറും നിശ്ചിതസമയങ്ങളിൽ പിതൃഭവനംപിതൃഭവനമായി ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലേയ്ക്ക് വിറക് വഴിപാടായി കൊണ്ടുവരേണ്ടതിന് ഞങ്ങൾ പുരോഹിതന്മാരും ലേവ്യരും ജനങ്ങളും ചേർന്ന് ചീട്ടിട്ടു;35ആണ്ടുതോറും യഹോവയുടെ ആലയത്തിലേയ്ക്ക് ഞങ്ങളുടെ നിലത്തിലെ ആദ്യവിളവും സകലവിധവൃക്ഷങ്ങളുടെയും സർവ്വഫലങ്ങളുടേയും ആദ്യഫലങ്ങളും കൊണ്ടുചെല്ലേണ്ടതിനും36ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ ഞങ്ങളുടെ പുത്രന്മാരിലും മൃഗങ്ങളിലും ആടുമാടുകളിലും നിന്നുള്ള കടിഞ്ഞൂലുകളെ ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിൽ ശുശ്രൂഷചെയ്യുന്ന പുരോഹിതന്മാരുടെ അടുക്കൽ ആലയത്തിലേയ്ക്ക് കൊണ്ടു ചെല്ലേണ്ടതിനും
37ഞങ്ങളുടെ തരിമാവ്, ഉദർച്ചാർപ്പണങ്ങൾ , സകലവിധവൃക്ഷങ്ങളുടെ ഫലങ്ങൾ , വീഞ്ഞ്, എണ്ണ എന്നിവയുടെ ആദ്യഫലം ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ അറകളിൽ പുരോഹിതന്മാരുടെ അടുക്കലും , ഞങ്ങളുടെ കൃഷിയുടെ ദശാംശം ലേവ്യരുടെ അടുക്കലും കൊണ്ടുചെല്ലേണ്ടതിനത്രേ . ലേവ്യരല്ലോ കൃഷിയുള്ള നമ്മുടെ എല്ലാ പട്ടണങ്ങളിൽ നിന്നും ദശാംശം ശേഖരിക്കുന്നത്.38എന്നാൽ ലേവ്യർ ദശാംശം വാങ്ങുമ്പോൾ അഹരോന്യനായോരു പുരോഹിതൻ ലേവ്യരോടുകൂടെ ഉണ്ടായിരിക്കേണം. ദശാംശത്തിന്റെ ദശാംശം ലേവ്യർ നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ ഭണ്ഡാരഗൃഹത്തിന്റെ അറകളിൽ കൊണ്ടുചെല്ലേണം.
39വിശുദ്ധമന്ദിരത്തിന്റെ ഉപകരണങ്ങളും അതിൽ ശുശ്രൂഷിക്കുന്ന പുരോഹിതന്മാരും വാതിൽകാവല്ക്കാരും സംഗീതക്കാരും പാർക്കുന്ന അറകളിലേക്ക് യിസ്രായേൽമക്കളും ലേവ്യരും ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ഉദർച്ചാർപ്പണം കൊണ്ടുചെല്ലേണം; ഞങ്ങളുടെ ദൈവത്തിന്റെ ആലയം ഞങ്ങൾ ഉപേക്ഷിക്കുകയില്ല.

11

1ജനത്തിന്റെ പ്രഭുക്കന്മാർ യെരൂശലേമിൽ പാർത്തു; ശേഷം ജനം പത്തുപേരിൽ ഒരാൾ വീതം വിശുദ്ധനഗരമായ യെരൂശലേമിൽ പാർക്കേണ്ടതിന് കൊണ്ടുവരുവാനും ഒമ്പത് പേരെ മറ്റ് പട്ടണങ്ങളിൽ പാർപ്പിപ്പാനുമായി ചീട്ടിട്ടു.2എന്നാൽ യെരൂശലേമിൽ വസിക്കുവാൻ സ്വമേധയാ സമ്മതിച്ച എല്ലാവരെയും ജനം അനുഗ്രഹിച്ചു.

3യെരൂശലേമിൽ പാർത്ത സംസ്ഥാനത്തലവന്മാർ ഇവരാകുന്നു: യെഹൂദാനഗരങ്ങളിൽ യിസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ഓരോരുത്തൻ താന്താന്റെ പട്ടണത്തിലും അവകാശത്തിലും പാർത്തു.4യെരൂശലേമിൽ ചില യെഹൂദ്യരും ബെന്യാമീന്യരും പാർത്തു. യെഹൂദ്യർ ആരെല്ലാമെന്നാൽ: പേരെസിന്റെ പുത്രന്മാരിൽ മഹലലേലിന്റെ മകനായ അമര്യാവിന്റെ മകനായ സെഖര്യാവിന്റെ മകനായ ഉസ്സീയാവിന്റെ മകൻ അഥായാവും
5ശിലോന്യന്റെ മകനായ സെഖര്യാവിന്റെ മകനായ യോയാരീബിന്റെ മകനായ അദായാവിന്റെ മകനായ ഹസായാവിന്റെ മകനായ കൊൽഹോസെയുടെ മകനായ ബാരൂക്കിന്റെ മകൻ മയസേയാവും തന്നേ.6യെരൂശലേമിൽ പാർത്ത പേരെസിന്റെ മക്കൾ ആകെ നാനൂറ്റി അറുപത്തി എട്ട് പരാക്രമശാലികൾ.
7ബെന്യാമീന്യർ ആരെല്ലാമെന്നാൽ: മെശുല്ലാമിന്റെ മകൻ സല്ലൂ; മെശുല്ലാം യോവേദിന്റെ മകൻ; യോവേദ് പെദായാവിന്റെ മകൻ; പെദായാവ് കോലായാവിന്റെ മകൻ; കോലായാവ് മയസേയാവിന്റെ മകൻ; മയസേയാവ് ഇഥീയേലിന്റെ മകൻ: ഇഥീയേൽ യെശയ്യാവിന്റെ മകൻ;8അവന്റെ ശേഷം ഗബ്ബായി, സല്ലായി; ആകെ തൊള്ളായിരത്തി ഇരുപത്തി എട്ട് പേർ.9സിക്രിയുടെ മകൻ യോവേൽ അവരുടെ പ്രമാണിയും ഹസനൂവയുടെ മകൻ യെഹൂദാ പട്ടണത്തിൽ രണ്ടാമനും ആയിരുന്നു.
10പുരോഹിതന്മാരിൽ യൊയാരീബിന്റെ മകൻ യെദായാവും യാഖീനും11അഹീത്തൂബിന്റെ മകനായ മെരായോത്തിന്റെ മകനായ സാദോക്കിന്റെ മകനായ മെശുല്ലാമിന്റെ മകനായ ഹില്ക്കീയാവിന്റെ മകനായി ദൈവാലയപ്രഭുവായ സെരായാവും12ആലയത്തിൽ വേല ചെയ്തുവന്ന അവരുടെ സഹോദരന്മാർ എണ്ണൂറ്റി ഇരുപത്തിരണ്ട് പേരും മല്ക്കീയാവിന്റെ മകനായ പശ്ഹൂരിന്റെ മകനായ സെഖര്യാവിന്റെ മകനായ അംസിയുടെ മകനായ പെലല്യാവിന്റെ മകനായ യൊരോഹാമിന്റെ മകൻ ആദായാവും
13പിതൃഭവനത്തലവന്മാരായ അവന്റെ സഹോദരന്മാർ ഇരുനൂറ്റിനാല്പത്തിരണ്ട് പേരും ഇമ്മേരിന്റെ മകനായ മെശില്ലേമോത്തിന്റെ മകനായ അഹ്സായിയുടെ മകനായ അസരേലിന്റെ മകൻ അമശെസായിയും14അവരുടെ സഹോദരന്മാരായ നൂറ്റി ഇരുപത്തി എട്ട് പരാക്രമശാലികളും; ഇവരുടെ പ്രമാണി ഹഗെദോലീമിന്റെ മകൻ സബ്ദീയേൽ ആയിരുന്നു.
15ലേവ്യരിൽ: ബൂന്നിയുടെ മകനായ ഹശബ്യാവിന്റെ മകനായ അസ്രീക്കാമിന്റെ മകനായ അശ്ശൂബിന്റെ മകൻ ശെമയ്യാവും16ലേവ്യരുടെ തലവന്മാരിൽ ദൈവാലയത്തിന്റെ പുറമെയുള്ള വേലയ്ക്ക് മേൽവിചാരകന്മാരായിരുന്ന ശബ്ബെത്തായിയും യോസാബാദും
17ആസാഫിന്റെ മകനായ സബ്ദിയുടെ മകനായ മീഖയുടെ മകനായി പ്രാർത്ഥനയിൽ സ്തോത്രം ആരംഭിക്കുന്ന തലവനായ മത്ഥന്യാവും രണ്ടാമൻ അവന്റെ സഹോദരന്മാരിൽ ഒരുത്തനായ ബക്ക്ബൂക്ക്യാവും യെദൂഥൂന്റെ മകനായ ഗാലാലിന്റെ മകനായ ശമ്മൂവയുടെ മകൻ അബ്ദയും തന്നേ.18വിശുദ്ധനഗരത്തിൽ ഉള്ള ലേവ്യർ ആകെ ഇരുനൂറ്റെൺപത്തിനാല് പേർ.
19വാതിൽകാവല്ക്കാരായ അക്കൂബും തല്മോനും വാതിലുകൾക്കരികെ കാക്കുന്ന അവരുടെ സഹോദരന്മാരും നൂറ്റി എഴുപത്തിരണ്ട് പേർ.20ശേഷം യിസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും യെഹൂദാനഗരങ്ങളിലൊക്കെയും ഓരോരുത്തൻ അവരവരുടെ അവകാശത്തിൽ പാർത്തു.21ദൈവാലയദാസന്മാരോ ഓഫേലിൽ പാർത്തു; സീഹയും ഗിശ്പയും ദൈവലായദാസന്മാരുടെ പ്രമാണികൾ ആയിരുന്നു.
22ദൈവാലയത്തിലെ വേലയ്ക്ക് യെരൂശലേമിൽ ഉണ്ടായിരുന്ന ലേവ്യരുടെ പ്രമാണി ആസാഫ്യരായ സംഗീതക്കാരിൽ ഒരുത്തനായി മീഖയുടെ മകനായ മത്ഥന്യാവിന്റെ മകനായ ഹശബ്യാവിന്റെ മകനായ ബാനിയുടെ മകൻ ഉസ്സി ആയിരുന്നു.23സംഗീതക്കാരെക്കുറിച്ച് രാജാവിന്റെ ഒരു കല്പനയും അവരുടെ നിത്യച്ചെലവിലേയ്ക്ക് ഒരു നിയമവും ഉണ്ടായിരുന്നു.24യെഹൂദയുടെ മകനായ സേരഹിന്റെ പുത്രന്മാരിൽ മെശേസബേലിന്റെ മകനായ പെഥഹ്യാവ് ജനത്തെ സംബന്ധിച്ച എല്ലാകാര്യങ്ങൾക്കും രാജാവിന്റെ കാര്യസ്ഥൻ ആയിരുന്നു.
25ഗ്രാമങ്ങളുടെയും അവയോട് ചേർന്ന വയലുകളുടെയും കാര്യം പറഞ്ഞാലോ: യെഹൂദ്യരിൽ ചിലർ കിര്യത്ത്-അർബയിലും അതിന്റെ ഗ്രാമങ്ങളിലും ദീബോനിലും അതിന്റെ ഗ്രാമങ്ങളിലും യെക്കബ്സയേലിലും അതിന്റെ ഗ്രാമങ്ങളിലും26യേശുവയിലും മോലാദയിലും ബേത്ത്-പേലെതിലും ഹസർ-ശൂവാലിലും27ബേർ-ശേബയിലും അതിന്റെ ഗ്രാമങ്ങളിലും
28സിക്ലാഗിലും മെഖോനിലും അതിന്റെ ഗ്രാമങ്ങളിലും29ഏൻ-രിമ്മോനിലും സോരയിലും യാർമൂത്തിലും30സനോഹയിലും അദുല്ലാമിലും അവയുടെ ഗ്രാമങ്ങളിലും ലാഖീശിലും അതിന്റെ വയലുകളിലും അസേക്കയിലും അതിന്റെ ഗ്രാമങ്ങളിലും പാർത്തു; അവർ ബേർ-ശേബമുതൽ ഹിന്നോംതാഴ്വരവരെ പാർത്തു.31ബെന്യാമീന്യർ ഗേബ മുതൽ മിക്മാശ്‌വരെയും അയ്യയിലും ബേഥേലിലും അവയുടെ ഗ്രാമങ്ങളിലും32അനാഥോത്തിലും നോബിലും അനന്യാവിലും33ഹാസോരിലും രാമയിലും ഗിത്ഥായീമിലും34ഹാദീദിലും സെബോയീമിലും നെബല്ലാത്തിലും35ലോദിലും ശില്പികളുടെ താഴ്വരയായ ഓനോവിലും പാർത്തു.36യെഹൂദയിൽ ഉണ്ടായിരുന്ന ലേവ്യരുടെ ചില വിഭാഗങ്ങൾ ബെന്യാമീനോട് ചേർന്നിരുന്നു.

12

1ശെയൽതീയേലിന്റെ മകൻ സെരുബ്ബാബേലിനോടും യേശുവയോടും കൂടെ വന്ന പുരോഹിതന്മാരും ലേവ്യരും ഇവരാണ്:2സെരായാവ്, യിരെമ്യാവ്, എസ്രാ, അമര്യാവ്,3മല്ലൂക്, ഹത്തൂശ്, ശെഖന്യാവ്, രെഹൂം,

4മെരേമോത്ത്, ഇദ്ദോ, ഗിന്നെഥോയി,5അബ്ബീയാവ്, മീയാമീൻ; മയദ്യാവ്, ബില്ഗാ,6ശെമയ്യാവ്, യോയാരീബ്, യെദായാവ്,7സല്ലൂ, ആമോക്, ഹില്ക്കീയാവ്, യെദായാവ്. ഇവർ യേശുവയുടെ കാലത്ത് പുരോഹിതന്മാരുടെയും തങ്ങളുടെ സഹോദരന്മാരുടെയും തലവന്മാർ ആയിരുന്നു.
8ലേവ്യരോ യേശുവ, ബിന്നൂവി, കദ്മീയേൽ, ശേരെബ്യാവ്, യെഹൂദാ എന്നിവരും സ്തോത്രഗാനനായകനായ മത്ഥന്യാവും സഹോദരന്മാരും.9അവരുടെ സഹോദരന്മാരായ ബക്ക്ബൂക്ക്യാവും ഉന്നോവും അവർക്ക് സഹകാരികളായി ശുശ്രൂഷിച്ച് നിന്നു.
10യേശുവ യോയാക്കീമിനെ ജനിപ്പിച്ചു; യോയാക്കീം എല്യാശീബിനെ ജനിപ്പിച്ചു; എല്യാശീബ് യോയാദയെ ജനിപ്പിച്ചു;11യോയാദാ യോനാഥാനെ ജനിപ്പിച്ചു; യോനാഥാൻ യദ്ദൂവയെ ജനിപ്പിച്ചു.
12യോയാക്കീമിന്റെ കാലത്ത് പിതൃഭവനത്തലവന്മാരായിരുന്ന പുരോഹിതന്മാർ സെറായാകുലത്തിന് മെരായ്യാവ്; യിരെമ്യാകുലത്തിന് ഹനന്യാവ്;13എസ്രാകുലത്തിന് മെശുല്ലാം;14അമര്യാകുലത്തിന് യെഹോഹാനാൻ; മല്ലൂക്ക്കുലത്തിന് യോനാഥാൻ; ശെബന്യാകുലത്തിന് യോസേഫ്;
15ഹാരീംകുലത്തിന് അദ്നാ; മെരായോത്ത് കുലത്തിന് ഹെല്ക്കായി;16ഇദ്ദോകുലത്തിന് സെഖര്യാവ്; ഗിന്നെഥോൻകുലത്തിന് മെശുല്ലാം;17അബീയാകുലത്തിന് സിക്രി; മിന്യാമീൻകുലത്തിനും മോവദ്യാകുലത്തിനും പിൽതായി;18ബിൽഗാകുലത്തിന് ശമ്മൂവ; ശെമയ്യാകുലത്തിന് യെഹോനാഥാൻ;19യോയാരീബ്കുലത്തിന് മഥെനായി; യെദായാകുലത്തിന് ഉസ്സി;20സല്ലായികുലത്തിന് കല്ലായി; ആമോക്ക്കുലത്തിന് ഏബെർ;21ഹില്ക്കീയാകുലത്തിന് ഹശബ്യാവ്; യെദായാകുലത്തിന് നെഥനയേൽ.
22എല്യാശീബ്, യോയാദാ, യോഹാനാൻ, യദ്ദൂവ എന്നിവരുടെ കാലത്ത് ലേവ്യരെയും പാർസിരാജാവായ ദാര്യാവേശിന്റെ കാലത്ത് പുരോഹിതന്മാരെയും പിതൃഭവനത്തലവന്മാരായി എഴുതിവച്ചു.23ലേവ്യരായ പിതൃഭവനത്തലവന്മാർ ഇന്നവരെന്ന് എല്യാശീബിന്റെ മകൻ യോഹാനാന്റെ കാലംവരെ ദിനവൃത്താന്തപുസ്തകത്തിൽ എഴുതിയിരുന്നു.
24ലേവ്യരുടെ തലവന്മാർ: ഹശബ്യാവ്, ശേരെബ്യാവ്, കദ്മീയേലിന്റെ മകൻ യേശുവ എന്നിവരും അവരുടെ സഹകാരികളായ സഹോദരന്മാരും ദൈവപുരുഷനായ ദാവീദിന്റെ കല്പനപ്രകാരം തരംതരമായി നിന്ന് സ്തുതിയും സ്തോത്രവും ചെയ്തുവന്നു.25മത്ഥന്യാവും ബക്ക്ബൂക്ക്യാവ്, ഓബദ്യാവ്, മെശുല്ലാം, തല്മോൻ, അക്കൂബ്, എന്നിവർ വാതിലുകൾക്കരികെയുള്ള ഭണ്ഡാരഗൃഹങ്ങൾ കാക്കുന്ന വാതിൽകാവല്ക്കാർ ആയിരുന്നു.26ഇവർ യോസാദാക്കിന്റെ മകനായ യേശുവയുടെ മകൻ യോയാക്കീമിന്റെ കാലത്തും ദേശാധിപതിയായ നെഹെമ്യാവിന്റെയും ശാസ്ത്രിയായ എസ്രാപുരോഹിതന്റെയും കാലത്തും ഉണ്ടായിരുന്നു.

27യെരൂശലേമിന്റെ മതിൽ പ്രതിഷ്ഠിച്ച സമയം അവർ സ്തോത്രങ്ങളോടും സംഗീതത്തോടും കൂടെ കൈത്താളങ്ങളും വീണകളും കിന്നരങ്ങളുംകൊണ്ട് സന്തോഷപൂർവ്വം പ്രതിഷ്ഠ ആചരിപ്പാൻ ലേവ്യരെ അവരുടെ സർവ്വവാസസ്ഥലങ്ങളിൽ നിന്നും യെരൂശലേമിലേയ്ക്ക് അന്വേഷിച്ചു വരുത്തി.28അങ്ങനെ സംഗീതക്കാരുടെ വർഗ്ഗം യെരൂശലേമിന്റെ ചുറ്റുമുള്ള പ്രദേശത്ത് നിന്നും നെതോഫാത്യരുടെ ഗ്രാമങ്ങളിൽനിന്നും
29ബേത്ത്-ഗിൽഗാലിൽനിന്നും ഗേബയുടെയും അസ്മാവെത്തിന്റെയും നാട്ടിൻപുറങ്ങളിൽനിന്നും വന്നുകൂടി; സംഗീതക്കാർ യെരൂശലേമിന്റെ ചുറ്റും തങ്ങൾക്ക് ഗ്രാമങ്ങൾ പണിതിരുന്നു.30പുരോഹിതന്മാരും ലേവ്യരും തങ്ങളെത്തന്നെ ശുദ്ധീകരിച്ചതിനുശേഷം ജനത്തെയും വാതിലുകളെയും മതിലിനെയും ശുദ്ധീകരിച്ചു.
31പിന്നെ ഞാൻ യെഹൂദാപ്രഭുക്കന്മാരെ മതിലിന്മേൽ കൊണ്ടുപോയി; സ്തോത്രഗാനം ചെയ്തുകൊണ്ട് പ്രദക്ഷിണം ചെയ്യേണ്ടതിന് രണ്ട് വലിയ സംഘങ്ങളെ നിയമിച്ചു; അവയിൽ ഒന്ന് മതിലിന്മേൽ വലത്തുഭാഗത്തുകൂടി കുപ്പവാതില്ക്കലേയ്ക്ക് പുറപ്പെട്ടു.
32അവരുടെ പിന്നാലെ ഹോശയ്യാവും യെഹൂദാപ്രഭുക്കന്മാരിൽ പകുതിപേരും നടന്നു.33അസര്യാവും എസ്രയും മെശുല്ലാമും34യെഹൂദയും ബെന്യാമീനും ശെമയ്യാവും35യിരെമ്യാവും കാഹളങ്ങളോടുകൂടെ പുരോഹിതപുത്രന്മാരിൽ ചിലരും ആസാഫിന്റെ മകനായ സക്കൂരിന്റെ മകനായ മീഖായാവിന്റെ മകനായ മത്ഥന്യാവിന്റെ മകനായ ശെമയ്യാവിന്റെ മകനായ യോനാഥാന്റെ മകൻ സെഖര്യാവും
36ദൈവപുരുഷനായ ദാവീദിന്റെ വാദ്യങ്ങളോടുകൂടെ അവന്റെ സഹോദരന്മാരായ ശെമയ്യാവ് അസരയേലും മീലലായിയും ഗീലലായിയും മായായിയും നെഥനയേലും യെഹൂദയും ഹനാനിയും നടന്നു; എസ്രാശാസ്ത്രി അവരുടെ മുമ്പിൽ നടന്നു.37അവർ ഉറവുവാതിൽ കടന്ന് നേരെ ദാവീദിന്റെ നഗരത്തിന്റെ പടിക്കെട്ടിൽകൂടി ദാവീദിന്റെ അരമനക്കപ്പുറം മതിലിന്റെ കയറ്റത്തിൽ കിഴക്ക് നീർവ്വാതിൽവരെ ചെന്നു.
38സ്തോത്രഗാനക്കാരുടെ രണ്ടാം സംഘം അവർക്ക് എതിരെ ചെന്നു; അവരുടെ പിന്നാലെ ഞാനും ജനത്തിൽ പകുതിയും മതിലിന്മേൽ ചൂളഗോപുരത്തിന് അപ്പുറം വിശാലമതിൽവരെയും എഫ്രയീംവാതിലിനപ്പുറം39പഴയവാതിലും മീൻവാതിലും ഹനനേലിന്റെ ഗോപുരവും ഹമ്മേയാഗോപുരവും കടന്ന് ആട്ടുവാതിൽവരെയും ചെന്നു; അവർ കാരാഗൃഹവാതില്ക്കൽ നിന്നു.
40അങ്ങനെ സ്തോത്രഗാനക്കാരുടെ സംഘം രണ്ടും ഞാനും എന്നോടുകൂടെയുള്ള പ്രമാണികളിൽ പകുതിപേരും നിന്നു.41കാഹളങ്ങളോടുകൂടെ എല്യാക്കീം, മയസേയാവ്, മിന്യാമീൻ, മീഖായാവ്, എല്യോവേനായി, സെഖര്യാവ്, ഹനന്യാവ് എന്ന പുരോഹിതന്മാരും മയസേയാവ്,42ശെമയ്യാവ്, എലെയാസാർ, ഉസ്സി, യെഹോഹാനാൻ മല്ക്കീയാവ്, ഏലാം, ഏസെർ എന്നിവരും ദൈവാലയത്തിനരികെ വന്നുനിന്നു; സംഗീതക്കാർ ഉച്ചത്തിൽ പാട്ടുപാടി; യിസ്രഹ്യാവ് അവരുടെ പ്രമാണിയായിരുന്നു.
43അവർ അന്ന് മഹായാഗങ്ങൾ അർപ്പിച്ച് സന്തോഷിച്ചു; ദൈവം അവർക്ക് മഹാസന്തോഷം നല്കിയിരുന്നു; സ്ത്രീകളും കുട്ടികളുംകൂടെ സന്തോഷിച്ചു; അതുകൊണ്ട് യെരൂശലേമിലെ സന്തോഷഘോഷം ബഹുദൂരത്തോളം കേട്ടു.

44അന്ന് ശുശ്രൂഷിച്ചുനില്ക്കുന്ന പുരോഹിതന്മാരെയും ലേവ്യരെയും കുറിച്ച് യെഹൂദാജനം സന്തോഷിച്ചതുകൊണ്ട് അവർ പുരോഹിതന്മാർക്കും ലേവ്യർക്കും ന്യായപ്രമാണത്താൽ നിയമിക്കപ്പെട്ട ഓഹരികളെ, പട്ടണങ്ങളോട് ചേർന്ന നിലങ്ങളിൽനിന്ന് ശേഖരിച്ച് ഭണ്ഡാരത്തിനും ഉദർച്ചാർപ്പണങ്ങൾക്കും ഉള്ള അറകളിൽ സൂക്ഷിക്കേണ്ടതിന് ചില പുരുഷന്മാരെ മേൽവിചാരകന്മാരായി നിയമിച്ചു.45അവർ തങ്ങളുടെ ദൈവത്തിന്റെ ശുശ്രൂഷയും ശുദ്ധീകരണശുശ്രൂഷയും നടത്തി; സംഗീതക്കാരും വാതിൽകാവല്ക്കാരും ദാവീദിന്റെയും അവന്റെ മകനായ ശലോമോന്റെയും കല്പനപ്രകാരം ചെയ്തു.
46പണ്ട് ദാവീദിന്റെയും ആസാഫിന്റെയും കാലത്ത് സംഗീതക്കാർക്ക് ഒരു തലവനും , ദൈവത്തിന് സ്തുതിസ്തോത്രങ്ങൾ അർപ്പിച്ചുകൊണ്ടുള്ള ഗീതങ്ങളും ഉണ്ടായിരുന്നു.47എല്ലാ യിസ്രായേലും സെരുബ്ബാബേലിന്റെയും നെഹെമ്യാവിന്റെയും കാലങ്ങളിൽ സംഗീതക്കാർക്കും വാതിൽകാവല്ക്കാർക്കും ദിവസേന വിഹിതം നൽകിവന്നു. അവർ ലേവ്യർക്ക് നിവേദിതങ്ങളെ കൊടുത്തു; ലേവ്യർ അഹരോന്യർക്കും നിവേദിതങ്ങളെ കൊടുത്തു.

13

1അന്ന് ജനം കേൾക്കെ മോശെയുടെ പുസ്തകം വായിച്ചതിൽ അമ്മോന്യരും മോവാബ്യരും ദൈവത്തിന്റെ സഭയിൽ ഒരു നാളും പ്രവേശിക്കരുത്;2അവർ അപ്പവും വെള്ളവും കൊണ്ട് യിസ്രായേൽമക്കളെ എതിരേറ്റുവരാതെ അവരെ ശപിക്കേണ്ടതിന് അവർക്ക് വിരോധമായി ബിലെയാമിനെ കൂലിക്ക് വിളിച്ചു; എങ്കിലും നമ്മുടെ ദൈവം ആ ശാപത്തെ അനുഗ്രഹമാക്കി എന്ന് എഴുതിയിരിക്കുന്നത് കണ്ടു.3ആ ന്യായപ്രമാണം കേട്ടപ്പോൾ അവർ സമ്മിശ്രജാതികളെ ഒക്കെയും യിസ്രായേലിൽ നിന്ന് വേർപിരിച്ചു.

4അതിന് മുമ്പെ തന്നെ നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ അറകൾക്ക് മേൽവിചാരകനായി നിയമിക്കപ്പെട്ടിരുന്ന എല്യാശീബ് പുരോഹിതൻ തോബീയാവിന്റെ ബന്ധുവായിരുന്നതിനാൽ അവന് ഒരു വലിയ അറ ഒരുക്കിക്കൊടുത്തിരുന്നു.5മുമ്പെ അവിടെ ഭോജനയാഗം, കുന്തുരുക്കം, ഉപകരണങ്ങൾ എന്നിവയും ലേവ്യർക്കും സംഗീതക്കാർക്കും വാതിൽകാവല്ക്കാർക്കും വേണ്ടി നിയമിച്ച ധാന്യം, വീഞ്ഞ്, എണ്ണ, എന്നിവയുടെ ദശാംശവും പുരോഹിതന്മാർക്കുള്ള ഉദർച്ചാർപ്പണങ്ങളും വച്ചിരുന്നു.
6ഈ കാലത്തൊക്കെയും ഞാൻ യെരൂശലേമിൽ ഉണ്ടായിരുന്നില്ല: ബാബേൽരാജാവായ അർത്ഥഹ്ശഷ്ടാവിന്റെ മുപ്പത്തിരണ്ടാം ആണ്ടിൽ ഞാൻ രാജാവിന്റെ അടുക്കൽ പോയിരുന്നു; കുറെനാൾ കഴിഞ്ഞിട്ട്7ഞാൻ രാജാവിനോട് അനുവാദം വാങ്ങി യെരൂശലേമിലേയ്ക്ക് വന്നപ്പോൾ , എല്യാശീബ് തോബീയാവിന് ദൈവാലയത്തിന്റെ പ്രാകാരങ്ങളിൽ ഒരു അറ ഒരുക്കിക്കൊടുത്തതിനാൽ ചെയ്ത ദോഷം ഞാൻ അറിഞ്ഞു.
8അത് എനിക്ക് അത്യന്തം വ്യസനമായതുകൊണ്ട് ഞാൻ തോബീയാവിന്റെ വീട്ടുസാമാനമൊക്കെയും അറയിൽനിന്ന് പുറത്ത് എറിഞ്ഞുകളഞ്ഞു.9പിന്നെ ഞാൻ കല്പിച്ചിട്ട് അവർ ആ അറകൾ ശുദ്ധീകരിച്ചു; ദൈവാലയത്തിലെ ഉപകരണങ്ങളും ഭോജനയാഗവും കുന്തുരുക്കവും ഞാൻ വീണ്ടും അവിടെ വരുത്തി.
10ലേവ്യർക്കുള്ള ഉപജീവനം കൊടുക്കായ്കയാൽ വേല ചെയ്യുന്ന ലേവ്യരും സംഗീതക്കാരും ഓരോരുത്തൻ അവരവരുടെ നിലത്തിലേയ്ക്ക് പൊയ്ക്കളഞ്ഞു എന്ന് ഞാൻ അറിഞ്ഞ്11പ്രമാണികളെ ശാസിച്ചു: “ദൈവാലയത്തെ ഉപേക്ഷിച്ചുകളഞ്ഞത് എന്ത്? ”എന്ന് ചോദിച്ച് അവരെ കൂട്ടി വരുത്തി അവരുടെ സ്ഥാനത്ത് നിർത്തി.
12പിന്നെ എല്ലാ യെഹൂദന്മാരും ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ദശാംശം ഭണ്ഡാരഗൃഹങ്ങളിലേയ്ക്ക് കൊണ്ടുവന്നു.13ഞാൻ ശേലെമ്യാപുരോഹിതനെയും സാദോക്ക്ശാസ്ത്രിയെയും ലേവ്യരിൽ പെദായാവെയും ഇവർക്ക് സഹായിയായിട്ട് മത്ഥന്യാവിന്റെ മകനായ സക്കൂരിന്റെ മകൻ ഹാനാനെയും വിശ്വസ്തരെന്ന് എണ്ണി, ഭണ്ഡാരഗൃഹങ്ങളുടെ മേൽവിചാരകന്മാരായി അവരെ നിയമിച്ചു; തങ്ങളുടെ സഹോദരന്മാർക്ക് പങ്കിട്ടുകൊടുക്കുന്നതായിരുന്നു അവരുടെ ചുമതല.14‘എന്റെ ദൈവമേ, ഇത് എനിക്കായി ഓർക്കേണമേ; ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിനും അതിലെ ശുശ്രൂഷയ്ക്കും വേണ്ടി ചെയ്ത എന്റെ സൽപ്രവൃത്തികളെ മായിച്ചുകളയരുതേ’.

15ആ കാലത്ത് യെഹൂദയിൽ ചിലർ ശബ്ബത്തിൽ മുന്തിരിച്ചക്ക് ചവിട്ടുന്നതും കറ്റ കൊണ്ടുവരുന്നതും കഴുതപ്പുറത്ത് ചുമടുകയറ്റുന്നതും ശബ്ബത്തിൽ വീഞ്ഞ്, മുന്തിരിപ്പഴം, അത്തിപ്പഴം മുതലായവ യെരൂശലേമിലേയ്ക്ക് കൊണ്ടുവരുന്നതും കണ്ടു; അവർ ഭക്ഷണസാധനം വില്ക്കുന്ന ദിവസത്തിൽ ഞാൻ അവർക്ക് മുന്നറിയിപ്പ് നൽകി.
16സോര്യരും അവിടെ പാർത്ത് മത്സ്യവും വിവിധസാധനങ്ങളും കൊണ്ടുവന്ന് ശബ്ബത്തിൽ യെഹൂദ്യർക്കും യെരൂശലേമിലും വിറ്റുപോന്നു.17അതുകൊണ്ട് ഞാൻ യെഹൂദാശ്രേഷ്ഠന്മാരെ ശാസിച്ചു; “നിങ്ങൾ ശബ്ബത്തുനാൾ അശുദ്ധമാക്കി ഇങ്ങനെ ദോഷം ചെയ്യുന്നതെന്ത്?18നിങ്ങളുടെ പിതാക്കന്മാർ ഇങ്ങനെ ചെയ്തതിനാലല്ലയോ നമ്മുടെ ദൈവം നമ്മുടെമേലും ഈ നഗരത്തിന്മേലും ഈ അനർത്ഥം ഒക്കെയും വരുത്തിയിരിക്കുന്നത്? എന്നാൽ നിങ്ങൾ ശബ്ബത്തിനെ അശുദ്ധമാക്കുന്നതിനാൽ യിസ്രായേലിന്മേൽ ഉള്ള ക്രോധം വർദ്ധിപ്പിക്കുന്നു ”എന്ന് അവരോട് പറഞ്ഞു.
19പിന്നെ ശബ്ബത്തിന് മുമ്പെ യെരൂശലേം നഗരവാതിലുകളിൽ ഇരുട്ട് പരക്കുമ്പോൾ വാതിലുകൾ അടയ്ക്കുവാനും ശബ്ബത്ത് കഴിയുംവരെ അവ തുറക്കാതിരിക്കുവാനും ഞാൻ കല്പിച്ചു; ശബ്ബത്തുനാളിൽ ഒരു ചുമടും അകത്ത് കടത്താതിരിക്കേണ്ടതിന് വാതിലുകൾക്കരികെ എന്റെ ആളുകളിൽ ചിലരെ നിർത്തി.20അതുകൊണ്ട് കച്ചവടക്കാരും വിവിധ സാധനങ്ങൾ വില്ക്കുന്നവരും ഒന്നുരണ്ട് തവണ യെരൂശലേമിന് പുറത്ത് രാപാർത്തു.
21ആകയാൽ ഞാൻ അവർക്ക് മുന്നറിയിപ്പ് നൽകി: “നിങ്ങൾ മതിലിനരികെ രാപാർക്കുന്നതെന്ത്? നിങ്ങൾ ഇനിയും ഇത് ആവർത്തിച്ചാൽ ഞാൻ നിങ്ങളെ പിടിക്കും”എന്ന് അവരോട് പറഞ്ഞു. ആ കാലംമുതൽ അവർ ശബ്ബത്തിൽ വരാതെയായി.22ലേവ്യരോട് ഞാൻ ശബ്ബത്തുനാളിനെ വിശുദ്ധീകരിക്കേണ്ടതിന് തങ്ങളെത്തന്നെ വിശുദ്ധീകരിക്കയും വന്ന് വാതിലുകളെ കാക്കുകയും ചെയ്യുവാൻ കല്പിച്ചു.‘എന്റെ ദൈവമേ, ഈ കാര്യത്തിലും എന്നെ ഓർത്ത് അങ്ങയുടെ മഹാദയപ്രകാരം എന്നോട് കനിവ് തോന്നേണമേ.

23ആ കാലത്ത് അസ്തോദ്യരും അമ്മോന്യരും മോവാബ്യരും ആയ സ്ത്രീകളെ വിവാഹം കഴിച്ച യെഹൂദന്മാരെ ഞാൻ കണ്ടു.24അവരുടെ മക്കളിൽ പകുതിപ്പേർ അസ്തോദ്യഭാഷ സംസാരിച്ചു; അവർ അതത് ജാതിയുടെ ഭാഷയല്ലാതെ , യെഹൂദ്യഭാഷ സംസാരിപ്പാൻ അറിഞ്ഞിരുന്നില്ല.
25അവരെ ഞാൻ ശാസിച്ച് ശപിച്ച് അവരിൽ ചിലരെ അടിച്ച് അവരുടെ തലമുടി പറിച്ചു.“ നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാർക്ക് കൊടുക്കരുത്; അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാർക്കോ നിങ്ങൾക്കോ എടുക്കയുമരുത്”എന്ന് ആജ്ഞാപിച്ച് അവരെക്കൊണ്ട് ദൈവനാമത്തിൽ സത്യം ചെയ്യിച്ചു.26യിസ്രായേൽരാജാവായ ശലോമോൻ ഇതിനാൽ പാപം ചെയ്തില്ലയോ? അവനെപ്പോലെ ഒരു രാജാവ് അനേകം ജാതികളുടെ ഇടയിൽ ഉണ്ടായിരുന്നില്ല; അവൻ തന്റെ ദൈവത്തിന് പ്രിയനായിരുന്നതിനാൽ ദൈവം അവനെ എല്ലായിസ്രായേലിനും രാജാവാക്കി; എങ്കിലും അവനെയും അന്യജാതിക്കാരത്തികളായ ഭാര്യമാർ വശീകരിച്ച് പാപം ചെയ്യിച്ചുവല്ലോ.27നിങ്ങൾ അന്യജാതിക്കാരത്തികളെ വിവാഹം കഴിക്കുന്നതിനാൽ നമ്മുടെ ദൈവത്തോട് അതിക്രമം കാട്ടി , ഈ വലിയ ദോഷം ഒക്കെയും ചെയ്യുവാൻ തക്കവണ്ണം ഞങ്ങൾ നിങ്ങളെ സമ്മതിക്കുമോ എന്ന് പറഞ്ഞു.
28യോയാദയുടെ പുത്രന്മാരിൽ മഹാപുരോഹിതനായ എല്യാശീബിന്റെ മകൻ ഹോരോന്യനായ സൻബല്ലത്തിന്റെ മരുമകൻ ആയിരുന്നു; അതുകൊണ്ട് ഞാൻ അവനെ എന്റെ അടുക്കൽ നിന്ന് ഓടിച്ചുകളഞ്ഞു.29‘എന്റെ ദൈവമേ, അവർ പൗരോഹിത്യത്തെയും പൗരോഹിത്യത്തിന്റെയും ലേവ്യരുടെയും നിയമത്തെയും മലിനമാക്കിയിരിക്കുന്നത് അവർക്ക് കണക്കിടേണമേ’.
30ഇങ്ങനെ ഞാൻ അന്യമായതൊക്കെയും നീക്കി അവരെ ശുദ്ധീകരിക്കയും പുരോഹിതന്മാർക്കും ലേവ്യർക്കും ഓരോരുത്തന് അവരവരുടെ വേലയിൽ ശുശ്രൂഷക്രമവും നിശ്ചിതസമയങ്ങൾക്ക് വിറകുവഴിപാടും31ആദ്യഫലവും നിയമിക്കയും ചെയ്തു.

‘ എന്റെ ദൈവമേ, ഇത് എനിക്ക് നന്മയ്ക്കായിട്ട് ഓർക്കണമേ’.

എസ്ഥേർ

1

1അഹശ്വേരോശിന്റെ ഭരണകാലത്ത് 1 ഹിന്ദുദേശം മുതൽ 2 കൂശ്‌വരെ നൂറ്റിരുപത്തേഴ് (127) സംസ്ഥാനങ്ങൾ വാണിരുന്നു2ആ കാലത്ത് അഹശ്വേരോശ്‌ രാജാവ് ശൂശൻരാജധാനിയിൽ തന്റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ

3ഭരണത്തിന്റെ മൂന്നാം വർഷം തന്റെ സകലപ്രഭുക്കന്മാർക്കും ഭൃത്യന്മാർക്കും ഒരു വിരുന്ന് കൊടുത്തു; പാർസ്യയിലെയും മേദ്യയിലെയും സേനാധിപന്മാരും പ്രഭുക്കന്മാരും സംസ്ഥാനാധിപന്മാരും3 അവന്റെ സന്നിധിയിൽ ഉണ്ടായിരുന്നു.4അങ്ങനെ അവൻ തന്റെ രാജകീയമഹത്വത്തിന്റെ ഐശ്വര്യവും, തന്റെ മഹിമാധിക്യത്തിന്റെ പ്രതാപവും കുറേനാൾ, നൂറ്റെൺപത് (180) ദിവസം പ്രദർശിപ്പിച്ചു.
5ആ നാളുകൾ കഴിഞ്ഞശേഷം, രാജാവ് ശൂശൻരാജധാനിയിൽ കൂടിയിരുന്ന വലിയവരും ചെറിയവരുമായ സകലജനത്തിനും രാജധാനിയുടെ ഉദ്യാനപ്രാകാരത്തിൽ വച്ച് ഏഴുദിവസം വിരുന്ന് നൽകി.6അവിടെ വെൺകൽ തൂണുകളിന്മേൽ, ശണനൂലും ധൂമ്രനൂലുംകൊണ്ടുള്ള ചരടുകൾകൊണ്ട്, വെള്ളയും പച്ചയും നീലയുമായ തിരശ്ശീലകൾ, വെള്ളിവളയങ്ങളിൽ തൂക്കിയിരുന്നു; ചുവന്നതും വെളുത്തതും മഞ്ഞയും കറുത്തതുമായ മർമ്മരക്കല്ല് പാകിയിരുന്ന തളത്തിൽ പൊൻകസവും വെള്ളിക്കസവുമുള്ള മെത്തകൾ ഉണ്ടായിരുന്നു.
7വിവിധ ആകൃതിയിലുള്ള സ്വർണ്ണ പാത്രങ്ങളിലായിരുന്നു അവർക്ക് കുടിക്കുവാൻ കൊടുത്തത്; രാജപദവിക്ക് യോജിച്ചവിധം രാജവീഞ്ഞ് ധാരാളം ഉണ്ടായിരുന്നു.8എന്നാൽ രാജാവ് തന്റെ രാജധാനിവിചാരകന്മാരോട്: “ആരെയും നിർബ്ബന്ധിക്കരുത്; ഓരോരുത്തരും അവരവരുടെ മനസ്സുപോലെ ചെയ്തുകൊള്ളട്ടെ” എന്ന് കല്പിച്ചിരുന്നതിനാൽ എല്ലാവരും ഇഷ്ടം പോലെ കുടിച്ചു.
9രാജ്ഞിയായ വസ്ഥിയും അഹശ്വേരോശ്‌രാജാവിന്റെ രാജധാനിയിൽ വച്ച് സ്ത്രീകൾക്ക് ഒരു വിരുന്ന് നൽകി.10ഏഴാം ദിവസം വീഞ്ഞ് കുടിച്ച് സന്തുഷ്ടനായപ്പോൾ അഹശ്വേരോശ്‌രാജാവ്: മെഹൂമാൻ, ബിസ്ഥാ, ഹർബ്ബോനാ, ബിഗ്ദ്ധാ, അബഗ്ദ്ധാ, സേഥർ, കർക്കസ് എന്നിങ്ങനെ രാജധാനിയിൽ സേവിച്ചു നില്ക്കുന്ന11ഏഴ് ഷണ്ഡന്മാരോട് ജനങ്ങൾക്കും പ്രഭുക്കന്മാർക്കും വസ്ഥിരാജ്ഞിയുടെ സൗന്ദര്യം കാണിക്കേണ്ടതിന് അവളെ രാജകിരീടം ധരിപ്പിച്ച് രാജസന്നിധിയിൽ കൊണ്ടുവരുവാൻ കല്പിച്ചു; അവൾ സുന്ദരിയായിരുന്നു.
12എന്നാൽ ഷണ്ഡന്മാർ മുഖേന അയച്ച രാജകല്പന എതിർത്ത് വസ്ഥിരാജ്ഞി ചെല്ലാതിരുന്നു. അതുകൊണ്ട് രാജാവ് ഏറ്റവും കോപിച്ചു; അവന്റെ കോപം അവന്റെ ഉള്ളിൽ ജ്വലിച്ചു.
13ആ സമയത്ത് രാജമുഖം കാണുന്നവരും രാജ്യത്ത് പ്രധാനസ്ഥാനങ്ങളിൽ ഇരിക്കുന്നവരുമായ കെർശനാ, ശേഥാർ, അദ്മാഥാ, തർശീശ്, മേരെസ്, മർസെനാ, മെമൂഖാൻ എന്നിങ്ങനെ പാർസ്യയിലെയും മേദ്യയിലെയും ഏഴ് പ്രഭുക്കന്മാർ അവനോട് അടുത്ത് ഇരിക്കയായിരുന്നു.14രാജ്യധർമ്മത്തിലും ന്യായത്തിലും പരിജ്ഞാനികളായ എല്ലാവരോടും ആലോചിക്കുക പതിവായിരുന്നതിനാൽ 4 കാലജ്ഞന്മാരായ ആ വിദ്വാന്മാരോട് രാജാവ്:15“ഷണ്ഡന്മാർമുഖാന്തരം അഹശ്വേരോശ്‌രാജാവ് അയച്ച കല്പന വസ്ഥിരാജ്ഞി അനുസരിക്കാതിരുന്നതിനാൽ രാജ്യധർമ്മപ്രകാരം അവളോട് ചെയ്യേണ്ടത് എന്ത്” എന്ന് ചോദിച്ചു.
16അതിന് മെമൂഖാൻ രാജാവിനോടും പ്രഭുക്കന്മാരോടും ഉത്തരം പറഞ്ഞത്: “വസ്ഥിരാജ്ഞി രാജാവിനോടുമാത്രമല്ല, അഹശ്വേരോശ്‌രാജാവിന്റെ സർവ്വസംസ്ഥാനങ്ങളിലുള്ള സകലപ്രഭുക്കന്മാരോടും ജാതികളോടും അന്യായം ചെയ്തിരിക്കുന്നു.17രാജ്ഞിയുടെ ഈ പ്രവൃത്തി സകലസ്ത്രീകളും അറിയും; അഹശ്വേരോശ്‌രാജാവ് വസ്ഥിരാജ്ഞിയെ തന്റെ മുമ്പാകെ കൊണ്ടുവരുവാൻ കല്പിച്ചപ്പോൾ അവൾ ചെന്നില്ലല്ലോ എന്ന് പറഞ്ഞ് അവർ തങ്ങളുടെ ഭർത്താക്കന്മാരെ നിന്ദിക്കും.18ഇന്നു തന്നേ രാജ്ഞിയുടെ പ്രവൃത്തി കേട്ട പാർസ്യയിലെയും മേദ്യയിലെയും പ്രഭുപത്നിമാർ രാജാവിന്റെ സകലപ്രഭുക്കന്മാരോടും അങ്ങനെ തന്നേ പറയും; ഇങ്ങനെ നിന്ദയും നീരസവും വർദ്ധിക്കും.
19രാജാവിന് സമ്മതമെങ്കിൽ വസ്ഥി ഇനി അഹശ്വേരോശ്‌രാജാവിന്റെ സന്നിധിയിൽ വരരുത് എന്ന് തിരുമുമ്പിൽനിന്ന് ഒരു രാജകല്പന പുറപ്പെടുവിക്കയും അതിന് മാറ്റം വരാതിരിക്കുവാൻ പാർസ്യരുടെയും മേദ്യരുടെയും രാജ്യധർമ്മത്തിൽ എഴുതിക്കയും രാജാവ് അവളുടെ രാജ്ഞിസ്ഥാനം അവളെക്കാൾ നല്ലവളായ മറ്റൊരുവൾക്ക് കൊടുക്കയും വേണം.20രാജാവ് കല്പിക്കുന്ന വിധി രാജ്യത്തെല്ലാടവും (അതു മഹാരാജ്യമല്ലോ) പരസ്യമാകുമ്പോൾ സകലഭാര്യമാരും വലിയവരോ ചെറിയവരോ ആയ തങ്ങളുടെ ഭർത്താക്കന്മാരെ ബഹുമാനിക്കും.
21ഈ വാക്ക് രാജാവിനും പ്രഭുക്കന്മാർക്കും ഇഷ്ടപ്പെട്ടു; രാജാവ് മെമൂഖാന്റെ വാക്കുപോലെ ചെയ്തു.22ഏത് പുരുഷനും തന്റെ വീട്ടിൽ കർത്തവ്യം നടത്തുകയും സ്വഭാഷ സംസാരിക്കയും വേണമെന്ന് രാജാവ് തന്റെ സകലസംസ്ഥാനങ്ങളിലേക്കും ഓരോ സംസ്ഥാനത്തേക്ക് അതിന്റെ അക്ഷരത്തിലും ഓരോ ജാതിക്ക് അവരുടെ ഭാഷയിലും എഴുത്ത് അയച്ചു.


1 1:1 ഹിന്ദുദേശം -ഇപ്പോഴത്തെ ഇന്ത്യ
2 1:1 കൂശ് = ഇപ്പോൾ എത്യോപ്യ
3 1:3 സംസ്ഥാനാധിപന്മാർ = സംസ്ഥാനം ഭരിക്കുന്നവർ
4 1:14 കാലജ്ഞന്മാർ = ജ്യോതിശാസ്ത്രജ്ഞൻ, ഭൂതവർത്തമാനഭാവികാലങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നവൻ

2

1അതിന്റെശേഷം അഹശ്വേരോശ്‌രാജാവിന്റെ കോപം ശമിച്ചപ്പോൾ അവൻ വസ്ഥിയെയും അവൾ ചെയ്തതിനെയും അവളെക്കുറിച്ച് കല്പിച്ച വിധിയെയും ഓർത്തു.2അപ്പോൾ രാജാവിന്റെ സേവകന്മാരായ ഭൃത്യന്മാർ പറഞ്ഞത് : “രാജാവിന് വേണ്ടി സൗന്ദര്യമുള്ള യുവതികളായ കന്യകമാരെ അന്വേഷിക്കട്ടെ;

3രാജാവ് രാജ്യത്തിലെ സകലസംസ്ഥാനങ്ങളിലും ഉദ്യോഗസ്ഥന്മാരെ നിയമിക്കേണം; അവർ സൗന്ദര്യമുള്ള യുവതികളായ എല്ലാകന്യകമാരെയും ഒരുമിച്ചുകൂട്ടി ശൂശൻരാജധാനിയിലെ അന്തഃപുരത്തിൽ രാജാവിന്റെ ഷണ്ഡനും അന്തഃപുരപാലകനുമായ ഹേഗായിയുടെ വിചാരണയിൽ ഏല്പിക്കയും അവർക്ക് ശുദ്ധീകരണത്തിന് വേണ്ടുന്ന വസ്തുക്കൾ കൊടുക്കയും ചെയ്യട്ടെ.4രാജാവിന് ഇഷ്ടപ്പെട്ട യുവതി വസ്ഥിക്ക് പകരം രാജ്ഞിയായിരിക്കട്ടെ.” ഈ കാര്യം രാജാവിന് ഇഷ്ടമായി; അവൻ അങ്ങനെ തന്നേ ചെയ്തു.

5എന്നാൽ ശൂശൻ രാജധാനിയിൽ യായീരിന്റെ മകൻ മൊർദ്ദെഖായി എന്ന് പേരുള്ള യെഹൂദൻ ഉണ്ടായിരുന്നു.യായീർ ബെന്യാമീന്യനായ കീശിന്റെ മകനായ ശിമെയിയുടെ മകനായിരുന്നു.6ബാബേൽരാജാവായ നെബൂഖദ്നേസർ യെഹൂദാരാജാവായ യെഖൊന്യാവോടുകൂടെ പിടിച്ചു കൊണ്ടുപോയിരുന്ന പ്രവാസികളുടെ കൂട്ടത്തിൽ മൊർദ്ദെഖായിയും യെരൂശലേമിൽനിന്ന് കൊണ്ടുപോയിരുന്നു.
7അവൻ തന്റെ ചിറ്റപ്പന്റെ മകളായ എസ്ഥേർ എന്ന ഹദസ്സയ്ക്ക് അമ്മയപ്പന്മാർ ഇല്ലാതിരുന്നതിനാൽ അവളെ വളർത്തിയിരുന്നു. ഈ യുവതി രൂപവതിയും സുന്ദരിയും ആയിരുന്നു; അവളുടെ അപ്പനും അമ്മയും മരിച്ചശേഷം മൊർദ്ദെഖായി അവളെ തന്റെ മകളായി സ്വീകരിച്ചു.
8രാജാവിന്റെ കല്പനയും വിധിയും പരസ്യമായപ്പോൾ അനേകം യുവതികളെ ശൂശൻ രാജധാനിയിൽ ഹേഗായിയുടെ വിചാരണയിൽ ഏല്പിച്ച കൂട്ടത്തിൽ എസ്ഥേരിനെയും കൊണ്ടുവന്നു.9ആ യുവതിയെ അവന് ഇഷ്ടപ്പെട്ടു; അവളോടു താൽപര്യം തോന്നി; അവൻ അവളുടെ ശുദ്ധീകരണത്തിന് ആവശ്യമുള്ള വസ്തുക്കളെയും ഭക്ഷണത്തെയും രാജധാനിയിൽനിന്നു കൊടുക്കേണ്ടിയ ഏഴ് ബാല്യക്കാരത്തികളെയും അവൾക്ക് വേഗത്തിൽ കൊടുത്തു; അവളെയും അവളുടെ ബാല്യക്കാരത്തികളെയും അന്തഃപുരത്തിലെ ഉത്തമമായ സ്ഥലത്ത് ആക്കി.
10എസ്ഥേർ തന്റെ ജാതിയും കുലവും അറിയിച്ചില്ല; അത് അറിയിക്കരുത് എന്ന് മൊർദ്ദേഖായി അവളോട് കല്പിച്ചിരുന്നു.11എന്നാൽ എസ്ഥേരിന്റെ സുഖവർത്തമാനവും അവൾക്ക് എന്തെല്ലാം സംഭവിക്കും എന്നുള്ളതും അറിയേണ്ടതിന് മൊർദ്ദേഖായി ദിവസംപ്രതി അന്തഃപുരത്തിന്റെ മുറ്റത്തിന് മുമ്പാകെ നടന്നുകൊണ്ടിരുന്നു.
12ഓരോ യുവതിയും പന്ത്രണ്ട് മാസം സ്ത്രീജനത്തിന് വേണ്ടിയുള്ള ശുദ്ധീകരണം നിയമപ്രകാരം ചെയ്തു കഴിഞ്ഞശേഷം, അതായത് ആറു മാസം മൂർതൈലവും ആറുമാസം സുഗന്ധവർഗ്ഗവും സ്ത്രീകൾക്ക് ശുദ്ധീകരണത്തിന് വേണ്ടിയുള്ള മറ്റു വസ്തുക്കളുംകൊണ്ട് അവരുടെ ശുദ്ധീകരണകാലം തികയും-ഓരോരുത്തർക്കും അഹശ്വേരോശ്‌രാജാവിന്റെ സന്നിധിയിൽ ചെല്ലുവാനുള്ള തവണ വരുമ്പോൾ13ഓരോ യുവതിയും രാജസന്നിധിയിൽ ചെല്ലും; അന്തഃപുരത്തിൽനിന്ന് രാജധാനിവരെ തന്നോടുകൂടെ കൊണ്ടുപോകേണ്ടതിന് അവൾ ചോദിക്കുന്ന സകലവും അവൾക്ക് കൊടുക്കും.
14സന്ധ്യാസമയത്ത് അവൾ ചെല്ലുകയും പ്രഭാതകാലത്ത് രാജാവിന്റെ ഷണ്ഡനായ, വെപ്പാട്ടികളുടെ പാലകനായ, ശയസ്ഗസിന്റെ വിചാരണയിലുള്ള രണ്ടാമത്തെ അന്തഃപുരത്തിലേക്ക് മടങ്ങിപ്പോകുകയും ചെയ്യും; രാജാവിന് അവളോട് ഇഷ്ടം തോന്നിയിട്ട് അവളെ പേർ പറഞ്ഞു വിളിച്ചല്ലാതെ പിന്നെ അവൾക്ക് രാജസന്നിധിയിൽ ചെല്ലുവാൻ സാദ്ധ്യമല്ല.
15എന്നാൽ മൊർദ്ദെഖായി തനിക്ക് മകളായിട്ടെടുത്തിരുന്ന അവന്റെ ചിറ്റപ്പൻ അബീഹയീലിന്റെ മകളായ എസ്ഥേരിന് രാജസന്നിധിയിൽ ചെല്ലുവാനുള്ള തവണ വന്നപ്പോൾ അവൾ രാജാവിന്റെ ഷണ്ഡനും അന്തഃപുരപാലകനുമായ ഹേഗായി പറഞ്ഞത് മാത്രമല്ലാതെ മറ്റൊന്നും ചോദിച്ചില്ല. എന്നാൽ എസ്ഥേരിനെ കണ്ട എല്ലാവർക്കും അവളോട് ഇഷ്ടം തോന്നി.16അങ്ങനെ എസ്ഥേരിനെ അഹശ്വേരോശ്‌രാജാവിന്റെ ഭരണത്തിന്റെ ഏഴാം ആണ്ട് തേബേത്ത് മാസമായ പത്താം മാസത്തിൽ രാജധാനിയിൽ അവന്റെ അടുക്കലേക്ക് കൂട്ടിക്കൊണ്ട് ചെന്നു.
17രാജാവ് എസ്ഥേരിനെ സകലസ്ത്രീകളെക്കാളും അധികം സ്നേഹിച്ചു; സകലകന്യകമാരിലും അധികം കൃപയും ദയയും അവളോടു തോന്നിയിട്ട് അവൻ രാജകിരീടം അവളുടെ തലയിൽ വച്ച് അവളെ വസ്ഥിക്ക് പകരം രാജ്ഞിയാക്കി.18രാജാവ് തന്റെ സകലപ്രഭുക്കന്മാർക്കും ഭൃത്യന്മാർക്കും “എസ്ഥേരിന്റെ വിരുന്ന്” എന്ന ഒരു വലിയ വിരുന്ന് നൽകി; അവൻ സംസ്ഥാനങ്ങൾക്ക് ഒരു വിമോചനവും കല്പിച്ചു; രാജപദവിക്കനുസരിച്ച് സമ്മാനങ്ങളും കൊടുത്തു.
19രണ്ടാം പ്രാവശ്യം കന്യകമാരെ വിളിച്ചുകൂട്ടിയപ്പോൾ മൊർദ്ദെഖായി രാജാവിന്റെ വാതില്ക്കൽ ഇരിക്കുകയായിരുന്നു.20മൊർദ്ദെഖായി കല്പിച്ചതുപോലെ എസ്ഥേർ തന്റെ കുലവും ജാതിയും അറിയിക്കാതെയിരുന്നു; എസ്ഥേർ മൊർദ്ദെഖായിയുടെ അടുക്കൽ വളർന്നപ്പോൾ ആയിരുന്നതുപോലെ പിന്നെയും അവന്റെ കല്പന അനുസരിച്ചു പോന്നു.21ആ കാലത്ത്, മൊർദ്ദെഖായി രാജാവിന്റെ വാതില്ക്കൽ ഇരിക്കുമ്പോൾ, വാതിൽകാവല്ക്കാരിൽ രാജാവിന്റെ രണ്ടു ഷണ്ഡന്മാരായ ബിഗ്ദ്ധാനും തേരെശും കോപിച്ച് അഹശ്വേരോശ്‌രാജാവിനെ കയ്യേറ്റം ചെയ്യുവാൻ അവസരം അന്വേഷിച്ചു.
22മൊർദ്ദെഖായി ഈ കാര്യം അറിഞ്ഞ് എസ്ഥേർരാജ്ഞിക്കു അറിവുകൊടുത്തു; എസ്ഥേർ അത് മൊർദ്ദെഖായിയുടെ നാമത്തിൽ രാജാവിനെ അറിയിച്ചു.23അന്വേഷണം ചെയ്തപ്പോൾ കാര്യം സത്യമെന്ന് അറിഞ്ഞ് അവരെ രണ്ടുപേരെയും കഴു മരത്തിന്മേൽ തൂക്കിക്കളഞ്ഞു; ഇത് രാജാവിന്റെ മുമ്പിൽ ദിനവൃത്താന്തപുസ്തകത്തിൽ എഴുതിവെച്ചു.

3

1അതിനുശേഷം അഹശ്വേരോശ്‌രാജാവ് ആഗാഗ്യനായ ഹമ്മെദാഥയുടെ മകൻ ഹാമാന് സ്ഥാനക്കയറ്റവും ഉന്നതപദവിയും കൊടുത്ത്, അവന് തന്നോടുകൂടെ ഇരിക്കുന്ന സകലപ്രഭുക്കന്മാരെക്കാളും ഉയർന്ന സ്ഥാനം ലഭിച്ചു.2രാജാവിന്റെ വാതില്ക്കലെ രാജഭൃത്യന്മാർ ഒക്കെയും ഹാമാനെ കുമ്പിട്ട് നമസ്കരിച്ചു; രാജാവ് അവനെ സംബന്ധിച്ച് അങ്ങനെ കല്പിച്ചിട്ടുണ്ടായിരുന്നു. എങ്കിലും മൊർദ്ദെഖായി അവനെ കുമ്പിട്ടില്ല, നമസ്കരിച്ചതുമില്ല.

3അപ്പോൾ രാജാവിന്റെ വാതില്ക്കലെ രാജഭൃത്യന്മാർ മൊർദ്ദെഖായിയോട് “ നീ രാജകല്പന ലംഘിക്കുന്നത് എന്ത് എന്ന് ചോദിച്ചു.4അവർ ഇങ്ങനെ ദിവസംപ്രതി മൊർദ്ദെഖായിയോട് പറഞ്ഞിട്ടും അവൻ അവരുടെ വാക്ക് കേൾക്കാതിരുന്നതിനാൽ മൊർദ്ദെഖായിയുടെ പെരുമാറ്റം ഇതുപോലെ തുടരുമോ എന്ന് അറിയേണ്ടതിന് അവർ അത് ഹാമാനോട് അറിയിച്ചു; താൻ യെഹൂദൻ എന്ന് മൊർദ്ദെഖായി അവരോട് പറഞ്ഞിട്ടുണ്ടായിരുന്നു.
5മൊർദ്ദെഖായി തന്നെ കുമ്പിട്ട് നമസ്കരിക്കുന്നില്ലെന്ന് കണ്ടിട്ട് ഹാമാൻ കോപംകൊണ്ട് നിറഞ്ഞു.6എന്നാൽ മൊർദ്ദെഖായിയെ മാത്രം കയ്യേറ്റം ചെയ്യുന്നത് അവന് പുച്ഛമായി തോന്നി; മൊർദ്ദെഖായിയുടെ ജാതി ഏതെന്ന് അവന് അറിവ് കിട്ടീട്ടുണ്ടായിരുന്നു; അതുകൊണ്ട് അഹശ്വേരോശിന്റെ രാജ്യത്തെല്ലാടവും ഉള്ള, മൊർദ്ദെഖായിയുടെ ജാതിക്കാരായ യെഹൂദന്മാരെയൊക്കെയും നശിപ്പിക്കേണ്ടതിന് ഹാമാൻ അവസരം അന്വേഷിച്ചു.
7അഹശ്വേരോശ്‌രാജാവിന്റെ പന്ത്രണ്ടാം വർഷത്തിൽ നീസാൻമാസമായ ഒന്നാം മാസം മുതൽ ആദാർ എന്ന പന്ത്രണ്ടാം മാസംവരെയുള്ള ഓരോ ദിവസത്തെയും ഓരോ മാസത്തെയും കുറിച്ച് ഹാമാന്റെ മുമ്പിൽവച്ച് പൂര് എന്ന ചീട്ടിട്ടുനോക്കി.
8പിന്നെ ഹാമാൻ അഹശ്വേരോശ്‌രാജാവിനോട് : “നിന്റെ രാജ്യത്തിലെ സംസ്ഥാനങ്ങളിലുള്ള ജാതികളുടെ ഇടയിൽ ഒരു ജാതി ചിന്നിച്ചിതറിക്കിടക്കുന്നു; അവരുടെ ന്യായപ്രമാണങ്ങൾ മറ്റുള്ള ജാതികളുടേതിൽനിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു; അവർ രാജാവിന്റെ പ്രമാണങ്ങളെ അനുസരിക്കുന്നതുമില്ല; അതുകൊണ്ട് അവരെ അങ്ങനെ വിടുന്നത് രാജാവിന് യോഗ്യമല്ല.9രാജാവിന് സമ്മതമുണ്ടെങ്കിൽ അവരെ നശിപ്പിക്കേണ്ടതിന് സന്ദേശം എഴുതി അയക്കേണം; എന്നാൽ ഞാൻ കാര്യവിചാരകന്മാരുടെ കയ്യിൽ പതിനായിരം (10,000) താലന്ത് വെള്ളി രാജാവിന്റെ ഭണ്ഡാരത്തിലേക്ക് കൊടുത്തയയ്ക്കാം” എന്ന് പറഞ്ഞു.
10അപ്പോൾ രാജാവ് തന്റെ മോതിരം കയ്യിൽനിന്ന് ഊരി ആഗാഗ്യനായ ഹമ്മെദാഥയുടെ മകനായി യെഹൂദന്മാരുടെ ശത്രുവായ ഹാമാന് കൊടുത്തു.11രാജാവ് ഹാമാനോട് : “ഞാൻ ആ വെള്ളിയും ആ ജാതിയെയും നിനക്ക് ദാനം ചെയ്യുന്നു; ഇഷ്ടംപോലെ ചെയ്തുകൊൾക” എന്ന് പറഞ്ഞു.
12അങ്ങനെ ഒന്നാം മാസം പതിമൂന്നാം തീയതി രാജാവിന്റെ എഴുത്തുകാരെ വിളിച്ചു; ഹാമാൻ കല്പിച്ചതുപോലെ അവർ രാജപ്രതിനിധികൾക്കും ഓരോ സംസ്ഥാനത്തിലെ ദേശാധിപധികൾക്കും, ജനത്തിന്റെ പ്രഭുക്കന്മാർക്കും ഓരോ സംസ്ഥാനത്തിലേക്ക് അവരുടെ അക്ഷരത്തിലും ഓരോ ജനത്തിനും അവരുടെ ഭാഷയിലും എഴുതി; അഹശ്വേരോശ്‌രാജാവിന്റെ നാമത്തിൽ അതെഴുതി രാജമോതിരംകൊണ്ട് മുദ്ര ഇട്ടു.13ആദാർ മാസമായ പന്ത്രണ്ടാം മാസം പതിമൂന്നാം തീയതി, സകലയെഹൂദന്മാരെയും ആബാലവൃദ്ധം കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൂടെ നശിപ്പിച്ച് കൊന്നുമുടിക്കുകയും അവരുടെ വസ്തുവക കൊള്ളയിടുകയും ചെയ്യേണമെന്ന് രാജാവിന്റെ സകലസംസ്ഥാനങ്ങളിലേക്കും സന്ദേശവാഹകർ വഴി എഴുത്ത് അയച്ചു.
14അന്നത്തേക്ക് ഒരുങ്ങിയിരിക്കണമെന്ന് സകലജാതികൾക്കും പരസ്യം ചെയ്യേണ്ടതിന് കൊടുത്ത എഴുത്തിന്റെ പകർപ്പ് ഓരോ സംസ്ഥാനത്തിലും പ്രസിദ്ധമാക്കി.15സന്ദേശവാഹകർ രാജകല്പന അനുസരിച്ച് ഉടനെ പുറപ്പെട്ടുപോയി; ശൂശൻരാജധാനിയിലും ആ കല്പന പരസ്യം ചെയ്തു; രാജാവും ഹാമാനും മദ്യപിക്കുവാൻ ഇരുന്നു; ശൂശൻപട്ടണം അസ്വസ്ഥമായി.

4

1സംഭവിച്ചതെല്ലാം അറിഞ്ഞപ്പോൾ മൊർദ്ദെഖായി വസ്ത്രം കീറി രട്ടുടുത്ത് വെണ്ണീർ വാരി ഇട്ടുകൊണ്ട് പട്ടണത്തിന്റെ നടുവിൽ ചെന്ന് വളരെ വേദനയോടെ അത്യുച്ചത്തിൽ നിലവിളിച്ചു.2അവൻ രാജാവിന്റെ പടിവാതിൽ വരെ വന്നു: എന്നാൽ രട്ടുടുത്തുകൊണ്ട് ആർക്കും രാജാവിന്റെ പടിവാതിലിനകത്ത് പ്രവേശിക്കുവാൻ സാധ്യമല്ലായിരുന്നു.3രാജാവിന്റെ കല്പനയും വിളംബരവും ചെന്ന ഓരോ സംസ്ഥാനത്തും യെഹൂദന്മാരുടെ ഇടയിൽ മഹാദുഃഖവും ഉപവാസവും കരച്ചിലും വിലാപവും ഉണ്ടായി; പലരും രട്ടുടുത്ത് വെണ്ണീറിൽ കിടന്നു.

4എസ്ഥേറിന്റെ ബാല്യക്കാരത്തികളും ഷണ്ഡന്മാരും അത് രാജ്ഞിയെ അറിയിച്ചപ്പോൾ അവൾ അത്യന്തം വ്യസനിച്ച് മൊർദ്ദെഖായിയുടെ രട്ട് നീക്കി അവനെ ഉടുപ്പിക്കേണ്ടതിന് അവന് വസ്ത്രം കൊടുത്തയച്ചു; എന്നാൽ അവൻ വാങ്ങിയില്ല.5അപ്പോൾ എസ്ഥേർ തന്റെ ശുശ്രൂഷയ്ക്ക് രാജാവ് നിയമിച്ചിരുന്ന ഷണ്ഡന്മാരിൽ ഒരുവനായ ഹഥാക്കിനെ വിളിച്ചു, ഈ സംഭവിച്ചതെല്ലാം എന്തെന്നും അതിന്റെ കാരണം എന്തെന്നും അറിയേണ്ടതിന് മൊർദ്ദെഖായിയുടെ അടുക്കൽ പോയിവരുവാൻ അവന് കല്പന കൊടുത്തു.
6അങ്ങനെ ഹഥാക്ക് രാജാവിന്റെ പടിവാതിലിന് മുമ്പിൽ പട്ടണത്തിന്റെ വിശാലസ്ഥലത്ത് മൊർദ്ദെഖായിയുടെ അടുക്കൽ ചെന്നു.7മൊർദ്ദെഖായി തനിക്ക് സംഭവിച്ചതും യെഹൂദന്മാരെ നശിപ്പിക്കുവാൻ ഹാമാൻ രാജഭണ്ഡാരത്തിലേക്ക് കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത പണം എത്ര എന്നും അവനോട് അറിയിച്ചു.8അവരെ നശിപ്പിക്കേണ്ടതിന് ശൂശനിൽ പരസ്യമാക്കിയിരുന്ന കല്പനയുടെ പകർപ്പ് മൊർദ്ദെഖായി അവന്റെ കയ്യിൽ കൊടുത്തു. ഇത് എസ്ഥേറിനെ കാണിച്ച് വിവരം അറിയിക്കുവാനും അവൾ രാജസന്നിധിയിൽ ചെന്ന് തന്റെ ജനത്തിന് വേണ്ടി അപേക്ഷയും യാചനയും അർപ്പിക്കേണ്ടതിന് അവളോട് ആജ്ഞാപിക്കുവാനും പറഞ്ഞു.
9അങ്ങനെ ഹഥാക്ക് ചെന്ന് മൊർദ്ദെഖായിയുടെ വാക്ക് എസ്ഥേറിനെ അറിയിച്ചു.10എസ്ഥേർ മൊർദ്ദെഖായിയോട് ചെന്ന് പറയുവാൻ ഹഥാക്കിന് ഇപ്രകാരം കല്പന കൊടുത്തു:11“ഏതൊരു പുരുഷനോ സ്ത്രീയോ വിളിക്കപ്പെടാതെ രാജാവിന്റെ അടുക്കൽ അകത്തെ പ്രാകാരത്തിൽ ചെന്നാൽ ജീവനോടിരിക്കേണ്ടതിന് രാജാവ് പൊൻചെങ്കോൽ അയാളുടെ നേരെ നീട്ടണം. അല്ലെങ്കിൽ അയാളെ കൊല്ലേണമെന്ന് ഒരു നിയമം ഉണ്ടെന്ന് രാജാവിന്റെ സകലഭൃത്യന്മാരും രാജാവിന്റെ സംസ്ഥാനങ്ങളിലെ ജനവും അറിയുന്നു; എന്നാൽ എന്നെ ഈ മുപ്പത് ദിവസത്തിനുള്ളിൽ രാജാവിന്റെ അടുക്കൽ ചെല്ലുവാൻ വിളിച്ചിട്ടില്ല.”12അവർ എസ്ഥേറിന്റെ വാക്ക് മൊർദ്ദെഖായിയോട് അറിയിച്ചു.
13മൊർദ്ദെഖായി എസ്ഥേറിനോട് ഇപ്രകാരം മറുപടി പറയുവാൻ കല്പിച്ചു: “നീ രാജധാനിയിൽ ഇരിക്കുന്നതിനാൽ എല്ലാ യെഹൂദന്മാരിലുംവച്ച് രക്ഷപെടാമെന്ന് നീ വിചാരിക്കരുത്.14നീ ഈ സമയത്ത് മിണ്ടാതിരുന്നാൽ യെഹൂദന്മാർക്ക് മറ്റൊരു സ്ഥലത്തുനിന്ന് ആശ്വാസവും വിടുതലും ഉണ്ടാകും; എന്നാൽ നീയും നിന്റെ പിതൃഭവനവും നശിച്ചുപോകും; ഇങ്ങനെയുള്ളോരു അവസരത്തിനായിരിക്കും നീ രാജസ്ഥാനത്ത് വന്നിരിക്കുന്നതെന്ന് ആർക്ക് അറിയാം”
15അതിന് എസ്ഥേർ മൊർദ്ദെഖായിയോട് മറുപടി പറയുവാൻ ഇപ്രകാരം കല്പിച്ചു.16“നീ ചെന്ന് ശൂശനിൽ ഉള്ള എല്ലാ യെഹൂദന്മാരെയും ഒന്നിച്ചുകൂട്ടി: നിങ്ങൾ മൂന്ന് ദിവസം രാവും പകലും തിന്നുകയോ കുടിക്കയോ ചെയ്യാതെ എനിക്ക് വേണ്ടി ഉപവസിപ്പിൻ; ഞാനും എന്റെ ബാല്യക്കാരത്തികളും അങ്ങനെ തന്നേ ഉപവസിക്കും; പിന്നെ ഞാൻ നിയമപ്രകാരമല്ലെങ്കിലും രാജാവിന്റെ അടുക്കൽ ചെല്ലും; ഞാൻ നശിക്കുന്നു എങ്കിൽ നശിക്കട്ടെ.”17അങ്ങനെ മൊർദ്ദെഖായി ചെന്ന് എസ്ഥേർ കല്പിച്ചതുപോലെ എല്ലാം ചെയ്തു.

5

1മൂന്നാം ദിവസം എസ്ഥേർ രാജവസ്ത്രം ധരിച്ചുകൊണ്ട് രാജധാനിയുടെ അകത്തെ പ്രാകാരത്തിൽ ചെന്ന് രാജഗൃഹത്തിന്റെ നേരെ നിന്നു; രാജാവ് രാജധാനിയിൽ രാജഗൃഹത്തിന്റെ വാതിലിന് നേരെ തന്റെ സിംഹാസനത്തിൽ ഇരിക്കുകയായിരുന്നു.2എസ്ഥേർരാജ്ഞി പ്രാകാരത്തിൽ നില്ക്കുന്നത് രാജാവ് കണ്ടപ്പോൾ അവന് അവളോട് കൃപതോന്നി തന്റെ കയ്യിൽ ഇരുന്ന പൊൻചെങ്കോൽ രാജാവ് എസ്ഥേറിന്റെ നേരെ നീട്ടി; എസ്ഥേർ അടുത്തുചെന്ന് ചെങ്കോലിന്റെ അഗ്രം തൊട്ടു.

3രാജാവു അവളോട്: “എസ്ഥേർരാജ്ഞിയേ, എന്ത് വേണം? എന്താകുന്നു നിന്റെ അപേക്ഷ? രാജ്യത്തിൽ പകുതി വേണമെങ്കിലും നിനക്ക് തരാം” എന്ന് പറഞ്ഞു.4അതിന് എസ്ഥേർ: “രാജാവിന് തിരുവുള്ളം ഉണ്ടായിട്ട് ഞാൻ ഒരുക്കിയിരിക്കുന്ന വിരുന്നിന് രാജാവും ഹാമാനും ഇന്ന് വരേണം” എന്ന് അപേക്ഷിച്ചു.
5“എസ്ഥേർ പറഞ്ഞതുപോലെ ചെയ്യുവാൻ ഹാമാനെ വേഗം വരുത്തുവിൻ” എന്ന് രാജാവ് കല്പിച്ചു; അങ്ങനെ രാജാവും ഹാമാനും എസ്ഥേർ ഒരുക്കിയ വിരുന്നിന് ചെന്നു.

6വീഞ്ഞുവിരുന്നിൽ രാജാവ് എസ്ഥേറിനോട്: “നിന്റെ അപേക്ഷ എന്ത്? അത് നിനക്ക് ലഭിക്കും; നിന്റെ ആഗ്രഹവും എന്ത്? രാജ്യത്തിൽ പകുതി ആണെങ്കിലും അത് നിവർത്തിച്ചുതരാം” എന്ന് പറഞ്ഞു.
7അതിന് എസ്ഥേർ: “എന്റെ അപേക്ഷയും ആഗ്രഹവും ഇതാകുന്നു:8രാജാവിന് എന്നോട് കൃപയുണ്ടെങ്കിൽ എന്റെ അപേക്ഷ നല്കുവാനും എന്റെ ആഗ്രഹം സാധിച്ചുതരുവാനും രാജാവിന് തിരുവുള്ളം ഉണ്ടെങ്കിൽ രാജാവും ഹാമാനും ഞാൻ ഇനിയും ഒരുക്കുന്ന വിരുന്നിന് വരേണം; നാളെ ഞാൻ രാജാവ് കല്പിച്ചതുപോലെ ചെയ്തുകൊള്ളാം” എന്ന് പറഞ്ഞു.
9അന്ന് ഹാമാൻ സന്തോഷവും ആനന്ദവുമുള്ളവനായി പുറപ്പെട്ടുപോയി; എന്നാൽ രാജാവിന്റെ വാതില്ക്കൽ മൊർദ്ദെഖായി എഴുന്നേല്ക്കാതെയും ഭയപ്പെടാതെയും ഇരിക്കുന്നത് കണ്ട് ഹാമാന് മൊർദ്ദെഖായിയുടെ നേരെ കോപം ഉണ്ടായി.10എങ്കിലും ഹാമാൻ സ്വയം നിയന്ത്രിച്ചുകൊണ്ട് തന്റെ വീട്ടിൽ ചെന്ന് സ്നേഹിതന്മാരെയും ഭാര്യയായ സേരെശിനെയും വിളിപ്പിച്ചു.11ഹാമാൻ അവരോട് തന്റെ ധനസമ്പത്തും പുത്രസമ്പത്തും രാജാവ് തനിക്കു നല്കിയ ഉന്നതപദവിയും പ്രഭുക്കന്മാർക്കും രാജഭൃത്യന്മാർക്കും മുകളിലായി തന്നെ ഉയർത്തിയിരിക്കുന്നതും വിവരിച്ചു പറഞ്ഞു.
12എസ്ഥേർരാജ്ഞിയും താൻ ഒരുക്കിയ വിരുന്നിന് എന്നെയല്ലാതെ മറ്റാരെയും രാജാവിനോടുകൂടെ ചെല്ലുവാൻ അനുവദിച്ചില്ല; നാളെയും രാജാവിനോടുകൂടെ വിരുന്നിന് ചെല്ലുവാൻ എന്നെ ക്ഷണിച്ചിരിക്കുന്നു.13എങ്കിലും യെഹൂദനായ മൊർദ്ദെഖായി രാജാവിന്റെ വാതില്ക്കൽ ഇരിക്കുന്നത് കാണുന്നേടത്തോളം ഇതൊന്നുംകൊണ്ട് എനിക്ക് ഒരു തൃപ്തിയും ഇല്ല” എന്നും ഹാമാൻ പറഞ്ഞു.
14അതിന് അവന്റെ ഭാര്യ സേരെശും അവന്റെ സകല സ്നേഹിതന്മാരും അവനോട്: “അമ്പത് മുഴം1 ഉയരമുള്ള ഒരു കഴുമരം ഉണ്ടാക്കട്ടെ; മൊർദ്ദെഖായിയെ അതിന്മേൽ തൂക്കിക്കൊല്ലുവാൻ നാളെ രാവിലെ നീ രാജാവിനോട് അപേക്ഷിക്കേണം; പിന്നെ നിനക്ക് സന്തോഷമായി രാജാവിനോടുകൂടെ വിരുന്നിന് പോകാം” എന്ന് പറഞ്ഞു. ഈ കാര്യം ഹാമാന് ബോധിച്ചു; അവൻ കഴുമരം ഉണ്ടാക്കിച്ചു.


1 5:14 1 മുഴം = 45 സെന്റി മീറ്റർ

6

1അന്ന് രാത്രി രാജാവിന് ഉറക്കം വരാഞ്ഞതിനാൽ അവൻ ദിനവൃത്താന്തങ്ങൾ കുറിച്ചുവെച്ചിരിക്കുന്ന പുസ്തകം കൊണ്ടുവരുവാൻ കല്പിച്ചു; അത് രാജാവിനെ വായിച്ചു കേൾപ്പിച്ചു;2വാതിൽകാവല്ക്കാരായ രാജാവിന്റെ ഷണ്ഡന്മാരിൽ ബിഗ്ദ്ധാനാ, തേരെശ് എന്നീ രണ്ടുപേർ അഹശ്വേരോശ്‌രാജാവിനെ കയ്യേറ്റം ചെയ്യുവാൻ ശ്രമിച്ചിരുന്ന സംഗതി മൊർദ്ദെഖായി അറിയിച്ചപ്രകാരം അതിൽ എഴുതിയിരിക്കുന്നതു കണ്ടു.3“ഇതിന് വേണ്ടി മൊർദ്ദെഖായിക്ക് എന്ത് ബഹുമാനവും പദവിയും കൊടുത്തു” എന്ന് രാജാവ് ചോദിച്ചു. “ഒന്നും കൊടുത്തിട്ടില്ല” എന്ന് രാജാവിനെ സേവിച്ചുനിന്ന ഭൃത്യന്മാർ പറഞ്ഞു.

4“പ്രാകാരത്തിൽ ആരുണ്ട്” എന്ന് രാജാവ് ചോദിച്ചു. എന്നാൽ ഹാമാൻ മൊർദ്ദെഖായിക്ക് വേണ്ടി താൻ തയ്യാറാക്കിയ കഴുവിന്മേൽ അവനെ തൂക്കിക്കൊല്ലുവാൻ രാജാവിനോട് അപേക്ഷിക്കുവാൻ രാജധാനിയുടെ പുറത്ത് പ്രാകാരത്തിൽ വന്ന് നിൽക്കുകയായിരുന്നു.5രാജാവിന്റെ ഭൃത്യന്മാർ അവനോട്: “ഹാമാൻ പ്രാകാരത്തിൽ നില്ക്കുന്നു എന്ന് പറഞ്ഞു. “അവൻ അകത്ത് വരട്ടെ” എന്ന് രാജാവു കല്പിച്ചു.6ഹാമാൻ അകത്ത് വന്നപ്പോൾ രാജാവ് അവനോട്: “രാജാവു ബഹുമാനിക്കുവാൻ ആഗ്രഹിക്കുന്ന പുരുഷന് എന്തെല്ലാമാണ് ചെയ്തു കൊടുക്കേണ്ടത്” എന്ന് ചോദിച്ചു. എന്നെയല്ലാതെ ആരെ രാജാവ് അത്ര അധികം ബഹുമാനിക്കുവാൻ ആഗ്രഹിക്കും എന്ന് ഹാമാൻ ഉള്ളുകൊണ്ട് വിചാരിച്ചു.
7ഹാമാൻ രാജാവിനോട്: “രാജാവ് ബഹുമാനിക്കുവാൻ ആഗ്രഹിക്കുന്ന പുരുഷന് വേണ്ടി8രാജാവ് ധരിക്കുന്ന രാജവസ്ത്രവും രാജാവ് കയറുന്ന കുതിരയും അവന്റെ തലയിൽ വയ്ക്കുന്ന രാജകിരീടവും കൊണ്ടുവരട്ടെ.9വസ്ത്രവും കുതിരയും രാജാവിന്റെ അതിശ്രേഷ്ഠപ്രഭുക്കന്മാരിൽ ഒരുവന്റെ കയ്യിൽ ഏല്പിക്കേണം; രാജാവ് ബഹുമാനിക്കുവാൻ ആഗ്രഹിക്കുന്ന പുരുഷനെ ആ വസ്ത്രം ധരിപ്പിച്ച് കുതിരപ്പുറത്ത് കയറ്റി പട്ടണവീഥിയിൽ കൂടെ കൊണ്ടുനടന്നു: രാജാവ് ബഹുമാനിക്കുവാൻ ആഗ്രഹിക്കുന്ന പുരുഷനെ ഇങ്ങനെ ചെയ്യും എന്ന് അവന്റെ മുമ്പിൽ വിളിച്ചുപറയേണം” എന്ന് പറഞ്ഞു.
10രാജാവ് ഹാമാനോട്: “നീ വേഗം ചെന്ന് വസ്ത്രവും കുതിരയും നീ പറഞ്ഞതുപോലെ കൊണ്ടുവന്ന് രാജാവിന്റെ വാതില്ക്കൽ ഇരിക്കുന്ന യെഹൂദനായ മൊർദ്ദെഖായിക്ക് അങ്ങനെയൊക്കെയും ചെയ്ക; നീ പറഞ്ഞതിൽ നിന്നും ഒന്നും കുറച്ചുകളയരുത് എന്ന് കല്പിച്ചു.11അപ്പോൾ ഹാമാൻ വസ്ത്രവും കുതിരയും കൊണ്ടുവന്ന് മൊർദ്ദെഖായിയെ വസ്ത്രം ധരിപ്പിച്ച് കുതിരപ്പുറത്ത് കയറ്റി പട്ടണവീഥിയിൽകൂടെ കൊണ്ടുനടന്നു: “രാജാവ് ബഹുമാനിക്കുവാൻ ആഗ്രഹിക്കുന്ന പുരുഷനെ ഇങ്ങനെ ചെയ്യും” എന്ന് അവന്റെ മുമ്പിൽ വിളിച്ചുപറഞ്ഞു.

12മൊർദ്ദെഖായി രാജാവിന്റെ വാതില്ക്കൽ മടങ്ങിവന്നു. ഹാമാനോ തലമൂടി ദുഃഖിതനായി വേഗത്തിൽ വീട്ടിലേക്ക് പോയി.13തനിക്ക് സംഭവിച്ചതെല്ലാം ഹാമാൻ ഭാര്യയായ സേരെശിനോടും തന്റെ സകല സ്നേഹിതന്മാരോടും വിവരിച്ചുപറഞ്ഞു. അവന്റെ ഉപദേഷ്ടാക്കന്മാരും അവന്റെ ഭാര്യ സേരെശും അവനോട്: “മൊർദ്ദെഖായിയുടെ മുമ്പിൽ നീ വീഴുവാൻ തുടങ്ങി; അവൻ യെഹൂദ്യവംശക്കാരനാകുന്നു എങ്കിൽ നീ അവനെ ജയിക്കയില്ല; അവനോട് തീർച്ചയായും തോറ്റുപോകുംഎന്ന് പറഞ്ഞു.14അവർ അവനോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ രാജാവിന്റെ ഷണ്ഡന്മാർ വന്ന് എസ്ഥേർ ഒരുക്കിയ വിരുന്നിന് ഹാമാനെ വേഗത്തിൽ കൂട്ടിക്കൊണ്ടുപോയി.

7

1അങ്ങനെ രാജാവും ഹാമാനും എസ്ഥേർരാജ്ഞിയോടുകൂടെ വിരുന്ന് കഴിക്കുവാൻ ചെന്നു.2രണ്ടാം ദിവസവും വീഞ്ഞുവിരുന്നിന്റെ സമയത്ത് രാജാവ് എസ്ഥേറിനോട്: “എസ്ഥേർ രാജ്ഞിയേ, നിന്റെ അപേക്ഷ എന്ത്? അത് നിനക്ക് ലഭിക്കും; നിന്റെ ആഗ്രഹം എന്ത്? രാജ്യത്തിൽ പകുതി ആയാലും അത് സാധിച്ചുതരാം” എന്ന് പറഞ്ഞു.

3അതിന് എസ്ഥേർരാജ്ഞി: “രാജാവേ, എന്നോട് കൃപയുണ്ടെങ്കിൽ രാജാവിന് തിരുവുള്ളമുണ്ടെങ്കിൽ എന്റെ അപേക്ഷ കേട്ട് എന്റെ ജീവനെയും എന്റെ ആഗ്രഹം ഓർത്ത് എന്റെ ജനത്തെയും എനിക്ക് നല്കേണമേ.4ഞങ്ങളെ നശിപ്പിച്ച് കൊന്നുമുടിക്കേണ്ടതിന് എന്നെയും എന്റെ ജനത്തെയും വിറ്റുകളഞ്ഞിരിക്കുന്നുവല്ലോ; എന്നാൽ ഞങ്ങളെ ദാസീദാസന്മാരായി വിറ്റിരുന്നു എങ്കിൽ ശത്രുവിന് രാജാവിന്റെ നഷ്ടത്തിന് തക്ക പരിഹാരം കൊടുക്കുവാൻ കഴിവില്ലെങ്കിലും ഞാൻ മിണ്ടാതെ ഇരിക്കുമായിരുന്നു” എന്ന് ഉത്തരം പറഞ്ഞു.

5അഹശ്വേരോശ്‌ രാജാവ് എസ്ഥേർരാജ്ഞിയോട് : “അവൻ ആർ? ഇങ്ങനെ ചെയ്യുവാൻ ശ്രമിച്ചവൻ എവിടെ” എന്ന് ചോദിച്ചു.
6അതിന് എസ്ഥേർ: “വൈരിയും ശത്രുവും ഈ ദുഷ്ടനായ ഹാമാൻ തന്നെ” എന്ന് പറഞ്ഞു. അപ്പോൾ ഹാമാൻ രാജാവിന്റെയും രാജ്ഞിയുടെയും മുമ്പിൽ ഭയന്നു പോയി.7രാജാവ് കോപത്തോടെ വീഞ്ഞുവിരുന്ന് വിട്ട് എഴുന്നേറ്റ് ഉദ്യാനത്തിലേക്ക് പോയി; എന്നാൽ രാജാവ് തനിക്ക് ദോഷം നിശ്ചയിച്ചു എന്ന് കണ്ടിട്ട് ഹാമാൻ തന്റെ ജീവരക്ഷയ്ക്കായി എസ്ഥേർ രാജ്ഞിയോട് അപേക്ഷിക്കുവാൻ നിന്നു.
8രാജാവ് ഉദ്യാനത്തിൽനിന്ന് വീണ്ടും വീഞ്ഞുവിരുന്നുശാലയിലേക്ക് വന്നപ്പോൾ എസ്ഥേർ ഇരിക്കുന്ന മെത്തയുടെ മേൽ ഹാമാൻ വീണുകിടന്നിരുന്നു; അപ്പോൾ രാജാവ് : “ഇവൻ എന്റെ മുമ്പാകെ അരമനയിൽവച്ച് രാജ്ഞിയെ കൈയേറ്റം ചെയ്യുമോ” എന്ന് പറഞ്ഞു. ഈ വാക്ക് രാജാവ് പറഞ്ഞ ഉടനെ അവർ ഹാമാന്റെ മുഖം മൂടി.
9അപ്പോൾ രാജാവിന്റെ ഷണ്ഡന്മാരിൽ ഒരുവനായ ഹർബ്ബോനാ ഇതാ, രാജാവിന്റെ നന്മയ്ക്കായി സംസാരിച്ച മൊർദ്ദെഖായിക്ക് ഹാമാൻ ഉണ്ടാക്കിയതായ അമ്പത് മുഴം ഉയരമുള്ള കഴുമരം ഹാമാന്റെ വീട്ടിൽ നില്ക്കുന്നു” എന്ന് രാജസന്നിധിയിൽ ബോധിപ്പിച്ചു; “അതിന്മേൽ തന്നേ അവനെ തൂക്കിക്കൊല്ലുവിൻ” എന്ന് രാജാവ് കല്പിച്ചു.10അവർ ഹാമാനെ അവൻ മൊർദ്ദെഖായിക്ക് വേണ്ടി നാട്ടിയിരുന്ന കഴുമരത്തിന്മേൽ തന്നേ തൂക്കിക്കൊന്നു. അങ്ങനെ രാജാവിന്റെ ക്രോധം ശമിച്ചു.

8

1അന്ന് അഹശ്വേരോശ്‌രാജാവ് യെഹൂദന്മാരുടെ ശത്രുവായ ഹാമാന്റെ വീട് എസ്ഥേർരാജ്ഞിക്ക് കൊടുത്തു; മൊർദ്ദെഖായിക്ക് എസ്ഥേറിനോടുള്ള ബന്ധം എന്തെന്ന് എസ്ഥേർ അറിയിച്ചതുകൊണ്ട് അവന് രാജസന്നിധിയിൽ പ്രവേശനം ലഭിച്ചു.2രാജാവ് ഹാമാന്റെ കയ്യിൽനിന്ന് എടുത്ത തന്റെ മോതിരം ഊരി മൊർദ്ദെഖായിക്ക് കൊടുത്തു; എസ്ഥേർ മൊർദ്ദെഖായിയെ ഹാമാന്റെ വീടിന് മേൽവിചാരകനാക്കിവച്ചു.

3എസ്ഥേർ പിന്നെയും രാജാവിനോട് സംസാരിച്ച് അവന്റെ കാല്ക്കൽ വീണു, ആഗാഗ്യനായ ഹാമാന്റെ ദുഷ്ടതയും അവൻ യെഹൂദന്മാർക്ക് വിരോധമായി നടത്തിയ ഗൂഢാലോചനയും നിഷ്ഫലമാക്കണമെന്ന് കരഞ്ഞ് അപേക്ഷിച്ചു.4രാജാവ് പൊൻചെങ്കോൽ എസ്ഥേറിന്റെ നേരെ നീട്ടി; എസ്ഥേർ എഴുന്നേറ്റ് രാജസന്നിധിയിൽനിന്ന് ഇപ്രകാരം പറഞ്ഞു:
5“രാജാവിന് തിരുവുള്ളമുണ്ടായി, എനിക്ക് കൃപ ലഭിച്ച്, കാര്യം ന്യായമെന്ന് തോന്നുകയും, അങ്ങയ്ക്ക് ഞാൻ പ്രിയ ആയിരിക്കുകയും ചെയ്യുന്നുവെങ്കിൽ രാജാവിന്റെ സകലസംസ്ഥാനങ്ങളിലും ഉള്ള യെഹൂദന്മാരെ നശിപ്പിക്കണമെന്ന് ആഗാഗ്യനായ ഹമ്മെദാഥയുടെ മകൻ ഹാമാൻ എഴുതിയ ഉപായലേഖനങ്ങളെ പൂർണ്ണമായി നശിപ്പിക്കേണ്ടതിന് കല്പന അയക്കണമേ.6എന്റെ ജനത്തിന് വരുന്ന ദോഷവും എന്റെ വംശത്തിന്റെ നാശവും ഞാൻ എങ്ങനെ സഹിക്കും.

7അപ്പോൾ അഹശ്വേരോശ്‌രാജാവ് എസ്ഥേർരാജ്ഞിയോടും യെഹൂദനായ മൊർദ്ദെഖായിയോടും കല്പിച്ചത് : “ഞാൻ ഹാമാന്റെ വീട് എസ്ഥേറിന് കൊടുത്തുവല്ലോ; അവൻ യെഹൂദന്മാരെ കയ്യേറ്റം ചെയ്യുവാൻ പോയതുകൊണ്ട് അവനെ കഴുമരത്തിന്മേൽ തൂക്കിക്കൊന്നു.8നിങ്ങളുടെ ഇഷ്ടംപോലെ നിങ്ങളും രാജാവിന്റെ നാമത്തിൽ യെഹൂദന്മാർക്കുവേണ്ടി കല്പന എഴുതി രാജാവിന്റെ മോതിരംകൊണ്ട് മുദ്രയിടുവിൻ; രാജനാമത്തിൽ എഴുതുകയും രാജമോതിരംകൊണ്ടു മുദ്രയിടുകയും ചെയ്ത രേഖ തള്ളിക്കളയുവാൻ ആർക്കും സാധ്യമല്ല.
9അങ്ങനെ സീവാൻ മാസമായ മൂന്നാം മാസം ഇരുപത്തിമൂന്നാം തീയതി തന്നേ രാജാവിന്റെ എഴുത്തുകാരെ വിളിച്ചു; മൊർദ്ദെഖായി കല്പിച്ചതുപോലെ ഒക്കെയും അവർ യെഹൂദന്മാർക്ക് ഹിന്തുദേശംമുതൽ കൂശ്‌വരെയുള്ള നൂറ്റിരുപത്തേഴ് (127) സംസ്ഥാനങ്ങളിലെ രാജപ്രതിനിധികൾക്കും ദേശാധിപതിമാർക്കും സംസ്ഥാനപ്രഭുക്കന്മാർക്കും ഓരോ സംസ്ഥാനത്തിലേക്ക് അവരുടെ അക്ഷരത്തിലും ഓരോ ജാതിക്കും അതത് ഭാഷയിലും യെഹൂദന്മാർക്ക് അവരുടെ അക്ഷരത്തിലും ഭാഷയിലും എഴുതി.
10അവൻ അഹശ്വേരോശ്‌രാജാവിന്റെ നാമത്തിൽ എഴുതിച്ച് രാജമോതിരംകൊണ്ടു മുദ്രയിട്ട് ലേഖനങ്ങൾ രാജാവിന്റെ അശ്വഗണത്തിൽ വളർന്ന് രാജകാര്യത്തിന് ഉപയോഗിക്കുന്ന 1 തുരഗങ്ങളുടെ പുറത്ത് കയറി ഓടിക്കുന്ന സന്ദേശവാഹകരുടെ കൈവശം കൊടുത്തയച്ചു.11അവയിൽ രാജാവ് അഹശ്വേരോശ്‌രാജാവിന്റെ സകലസംസ്ഥാനങ്ങളിലും ആദാർമാസമായ പന്ത്രണ്ടാം മാസം പതിമൂന്നാം തീയതി തന്നേ,12ഓരോ പട്ടണത്തിലെ യെഹൂദന്മാർ ഒന്നിച്ചുകൂടി തങ്ങളുടെ ജീവരക്ഷയ്ക്ക് വേണ്ടി പൊരുതി തങ്ങളെ ഉപദ്രവിക്കുവാൻ വരുന്ന ജാതിയുടെയും സംസ്ഥാനത്തിന്റെയും സകലസൈന്യത്തെയും കുഞ്ഞുങ്ങളെയും സ്ത്രീകളെയും നശിപ്പിച്ച് കൊന്നുമുടിക്കുവാനും അവരുടെ സമ്പത്ത് കൊള്ളയിടുവാനും യെഹൂദന്മാർക്ക് അധികാരം കൊടുത്തു.
13അന്ന് യെഹൂദന്മാർ തങ്ങളുടെ ശത്രുക്കളോടു പകരം ചെയ്യുവാൻ ഒരുങ്ങിയിരിക്കണമെന്നു സകലജാതികൾക്കും പരസ്യം ചെയ്യേണ്ടതിന് കൊടുത്ത കല്പനയുടെ പകർപ്പ് ഓരോ സംസ്ഥാനത്തിലും പ്രസിദ്ധമാക്കി.14അങ്ങനെ സന്ദേശവാഹകർ രാജകീയതുരഗങ്ങളുടെ പുറത്ത് കയറി രാജാവിന്റെ കല്പനയാൽ നിർബന്ധിതരായി അതിവേഗം ഓടിച്ചുപോയി. ശൂശൻ രാജധാനിയിലും കല്പന പരസ്യംചെയ്തു.
15എന്നാൽ മൊർദ്ദെഖായി നീലയും ശുഭ്രവുമായ രാജവസ്ത്രവും വലിയ പൊൻകിരീടവും ചണനൂൽകൊണ്ടുള്ള രക്താംബരവും ധരിച്ച് രാജസന്നിധിയിൽനിന്ന് പുറപ്പെട്ടു; ശൂശൻപട്ടണം ആർത്ത് സന്തോഷിച്ചു.16യെഹൂദന്മാർക്ക് പ്രകാശവും സന്തോഷവും ആനന്ദവും ബഹുമാനവും ഉണ്ടായി.17രാജാവിന്റെ കല്പനയും വിളംബരവും ചെന്നെത്തിയ സകല സംസ്ഥാനങ്ങളിലും പട്ടണങ്ങളിലും യെഹൂദന്മാർക്ക് ആനന്ദവും സന്തോഷവും വിരുന്നും ഉത്സവവും ഉണ്ടായി; യെഹൂദന്മാരെ ഭയപ്പെട്ടിരുന്നതിനാൽ ദേശത്തെ ജാതികൾ പലരും യെഹൂദന്മാരായിത്തീർന്നു.


1 8:10 തുരഗം = കുതിര

9

1ആദാർമാസമായ പന്ത്രണ്ടാം മാസം പതിമൂന്നാം തീയതി രാജാവിന്റെ കല്പനയും വിളംബരവും നിർവ്വഹിക്കേണ്ട സമയം അടുത്തു. അപ്പോൾ യെഹൂദന്മാരുടെ ശത്രുക്കൾ അവരുടെ നേരെ പ്രാബല്യം പ്രാപിക്കും എന്ന് വിചാരിച്ചു. എന്നാൽ നേരെ മറിച്ച് യെഹൂദന്മാർ തങ്ങളുടെ വൈരികളുടെ നേരെ പ്രാബല്യം പ്രാപിച്ചു. ആ ദിവസത്തിൽ2അഹശ്വേരോശ്‌ രാജാവിന്റെ സകലസംസ്ഥാനങ്ങളിലും യെഹൂദന്മാർ തങ്ങളുടെ പട്ടണങ്ങളിൽ തങ്ങളോട് ദോഷം ചെയ്യുവാൻ ഭാവിച്ചവരെ കയ്യേറ്റം ചെയ്യേണ്ടതിന് ഒന്നിച്ചുകൂടി; സകലജാതികൾക്കും അവരെ ഭയം ആയതിനാൽ ആർക്കും അവരോട് എതിർത്തുനിൽക്കുവാൻ കഴിഞ്ഞില്ല.

3സകലസംസ്ഥാനപ്രഭുക്കന്മാരും രാജപ്രതിനിധികളും ദേശാധിപതികളും രാജാവിന്റെ ഭരണാധികളും മൊർദ്ദെഖായിയെ ഭയം ആയിരുന്നതുകൊണ്ട് യെഹൂദന്മാർക്ക് സഹായം ചെയ്തു.4മൊർദ്ദെഖായി രാജധാനിയിൽ മഹാൻ ആയിരുന്നു; മൊർദ്ദെഖായി എന്ന പുരുഷൻ മേല്ക്കുമേൽ മഹാനായിത്തീർന്നതുകൊണ്ട് അവന്റെ കീർത്തി സകലസംസ്ഥാനങ്ങളിലും പരന്നു.5യെഹൂദന്മാർ തങ്ങളുടെ ശത്രുക്കളെ ഒക്കെയും വെട്ടിക്കൊന്ന് മുടിച്ചുകളഞ്ഞു, തങ്ങളെ വെറുത്തവരോട് തങ്ങൾക്ക് ബോധിച്ചതുപോലെ പ്രവർത്തിച്ചു.
6ശൂശൻരാജധാനിയിൽ യെഹൂദന്മാർ അഞ്ഞൂറുപേരെ (500) കൊന്നു.7പർശൻദാഥാ, ദൽഫോൻ, അസ്പാഥാ,8പോറാഥാ, അദല്യാ, അരീദാഥാ,9പർമ്മസ്ഥാ, അരീസായി, അരീദായി, വയെസാഥാ എന്നിങ്ങനെ ഹമ്മെദാഥയുടെ മകനായ യെഹൂദന്മാരുടെ ശത്രുവായ ഹാമാന്റെ പത്ത് പുത്രന്മാരെയും അവർ കൊന്നുകളഞ്ഞു.10എന്നാൽ അവർ കൊള്ളയടിച്ചില്ല.
11ശൂശൻരാജധാനിയിൽ അവർ കൊന്നവരുടെ സംഖ്യ അന്നു തന്നേ രാജസന്നിധിയിൽ അറിയിച്ചു.12അപ്പോൾ രാജാവ് എസ്ഥേർരാജ്ഞിയോട്: “യെഹൂദന്മാർ ശൂശൻ രാജധാനിയിൽ അഞ്ഞൂറുപേരെയും (500) ഹാമാന്റെ പത്ത് പുത്രന്മാരെയും കൊന്നു; രാജാവിന്റെ മറ്റു സംസ്ഥാനങ്ങളിൽ അവർ എന്തായിരിക്കും ചെയ്തിരിക്കുക? ഇനിയും നിന്റെ അപേക്ഷ എന്തണ്? അത് നിനക്ക് ലഭിക്കും; ഇനിയും നിന്റെ ആഗ്രഹം എന്ത്? അത് നിവർത്തിച്ചുതരാം” എന്ന് പറഞ്ഞു.
13അതിന് എസ്ഥേർ: “രാജാവിന് തിരുവുള്ളമുണ്ടായി ശൂശനിലെ യെഹൂദന്മാർ ഇന്നത്തെ കല്പനപോലെ നാളെയും ചെയ്യുവാൻ അനുവദിക്കുകയും ഹാമാന്റെ പത്ത് പുത്രന്മാരെയും കഴുമരത്തിന്മേൽ തൂക്കുകയും ചെയ്യേണമേ” എന്ന് പറഞ്ഞു.14അങ്ങനെ ചെയ്തുകൊള്ളുവാൻ രാജാവ് കല്പിച്ച് ശൂശനിൽ കല്പന പരസ്യമാക്കി; ഹാമാന്റെ പത്ത് പുത്രന്മാരെ അവർ തൂക്കിക്കളഞ്ഞു.
15ശൂശനിലെ യെഹൂദന്മാർ ആദാർമാസം പതിനാലാം തീയതിയും ഒന്നിച്ചുകൂടി ശൂശനിൽ മുന്നൂറുപേരെ കൊന്നു; എങ്കിലും കവർച്ച ചെയ്തില്ല.16രാജാവിന്റെ സംസ്ഥാനങ്ങളിലെ ശേഷം യെഹൂദന്മാർ ആദാർമാസം പതിമൂന്നാം തീയതി ഒന്നിച്ചുകൂടി തങ്ങളുടെ ജീവരക്ഷയ്ക്കായി പൊരുതി, ശത്രുക്കളുടെ കയ്യിൽനിന്ന് ഒഴിഞ്ഞ് വിശ്രമം പ്രാപിച്ചു. അവർ തങ്ങളുടെ വൈരികളിൽ എഴുപത്തയ്യായിരം പേരെ (75,000) കൊന്നുകളഞ്ഞു എങ്കിലും കവർച്ച ചെയ്തില്ല.
17ആ മാസം പതിനാലാം തീയതിയോ അവർ വിശ്രമിച്ച് വിരുന്നും സന്തോഷവുമുള്ള ദിവസമായി അതിനെ ആചരിച്ചു.18ശൂശനിലെ യെഹൂദന്മാർ ആ മാസം പതിമൂന്നാം തീയതിയും പതിനാലാം തീയതിയും ഒന്നിച്ചുകൂടി; പതിനഞ്ചാം തീയതി അവർ വിശ്രമിച്ച് അതിനെ വിരുന്നും സന്തോഷവുമുള്ള ദിവസമായിട്ടു ആചരിച്ചു.19അതുകൊണ്ട് മതിലില്ലാത്ത പട്ടണങ്ങളിൽ പാർക്കുന്ന നാട്ടുപുറങ്ങളിലെ യെഹൂദന്മാർ ആദാർമാസം പതിനാലാം തീയതി സന്തോഷവും വിരുന്നും ഉള്ള ദിവസവും ഉത്സവദിനവും ആയിട്ട് ആചരിക്കയും തമ്മിൽ തമ്മിൽ സമ്മാനങ്ങൾ കൊടുത്തയക്കുകയും ചെയ്യുന്നു.

20എല്ലാ വർഷവും ആദാർമാസം പതിനാലും പതിനഞ്ചും തീയതി യെഹൂദന്മാർ തങ്ങളുടെ ശത്രുക്കളുടെ കയ്യിൽനിന്ന് ഒഴിഞ്ഞ് വിശ്രമിച്ച ദിവസങ്ങളായിട്ട്, ദുഃഖം അവർക്ക് സന്തോഷമായും, വിലാപം ഉത്സവമായും തീർന്ന മാസമായിട്ടും ആചരിക്കേണമെന്നും21അവയെ, വിരുന്നും സന്തോഷവുമുള്ള നാളുകളും, തമ്മിൽ തമ്മിൽ സമ്മാനങ്ങളും, ദരിദ്രന്മാർക്ക് ദാനധർമ്മങ്ങളും കൊടുക്കുന്ന നാളുകളും ആയിട്ട് ആചരിക്കേണമെന്നും22അഹശ്വേരോശ്‌രാജാവിന്റെ സകലസംസ്ഥാനങ്ങളിലും സമീപത്തും ദൂരത്തും ഉള്ള സകലയെഹൂദന്മാരും പ്രമാണിക്കേണ്ടതിനും മൊർദ്ദെഖായി ഈ കാര്യങ്ങൾ എഴുതി അവർക്ക് എഴുത്ത് അയച്ചു.
23അങ്ങനെ യെഹൂദന്മാർ തങ്ങൾ തുടങ്ങിയിരുന്നതും മൊർദ്ദെഖായി തങ്ങൾക്ക് എഴുതിയിരുന്നതുമായ കാര്യം ഒരു നിയമമായി സ്വീകരിച്ചു.24ആഗാഗ്യനായ ഹമ്മെദാഥയുടെ മകനായി എല്ലാ യെഹൂദന്മാരുടെയും ശത്രുവായ ഹാമാൻ യെഹൂദന്മാരെ നശിപ്പിക്കേണ്ടതിന് അവരുടെ നേരെ ഉപായം ചിന്തിക്കയും അവരെ നശിപ്പിക്കേണ്ടതിന് “പൂര്” എന്ന ചീട്ടു ഇടുവിക്കയും25ഈ കാര്യം രാജാവിന് അറിവ് കിട്ടിയപ്പോൾ അവൻ യെഹൂദന്മാർക്ക് വിരോധമായി ചിന്തിച്ചിരുന്ന ദുഷ്ടപദ്ധതി അവന്റെ തലയിലേക്ക് തന്നെ തിരിയുവാനും അങ്ങനെ ഹാമാനെയും അവന്റെ പുത്രന്മാരെയും കഴുമരത്തിന്മേൽ തൂക്കിക്കളയുവാനും രാജാവ് രേഖാമൂലം കല്പിക്കയും ചെയ്തതുകൊണ്ട് അവർ ആ നാളുകൾക്ക് പൂര് എന്ന പദത്താൽ പൂരീം എന്ന് പേർ വിളിച്ചു.
26ഈ എഴുത്തിലെ സകലവൃത്താന്തങ്ങളും അവർ കണ്ടതും, അവർക്ക് സംഭവിച്ചതും കാരണം27യെഹൂദന്മാർ ഈ രണ്ട് ദിവസങ്ങളെ അവയുടെ ചട്ടവും കാലവും അനുസരിച്ചു എല്ലാ വർഷവും മുടക്കംകൂടാതെ ആചരിക്കത്തക്കവണ്ണവും28ഈ ദിവസങ്ങൾ തലമുറതലമുറയായി സകലവംശങ്ങളിലും സംസ്ഥാനങ്ങളിലും പട്ടണങ്ങളിലും ഓർക്കത്തക്കവണ്ണവും, ഈ പൂരീംദിവസങ്ങൾ യെഹൂദന്മാരുടെ മദ്ധ്യേനിന്ന് ഒഴിഞ്ഞുപോകയോ അവയുടെ ഓർമ്മ തങ്ങളുടെ സന്തതിയിൽനിന്ന് വിട്ട് പോകയോ ചെയ്യാത്തവിധത്തിൽ തങ്ങൾക്കും സന്തതികൾക്കും അവരോട് ചേരുവാനുള്ള എല്ലാവർക്കും നിയമമായി സ്വീകരിച്ചു.
29പൂരീം സംബന്ധിച്ച ഈ രണ്ടാം ലേഖനം സ്ഥിരമാക്കേണ്ടതിന് അബീഹയീലിന്റെ മകളായ എസ്ഥേർരാജ്ഞിയും യെഹൂദനായ മൊർദ്ദെഖായിയും സർവ്വാധികാരത്തോടുംകൂടെ എഴുത്ത് എഴുതി.
30യെഹൂദനായ മൊർദ്ദെഖായിയും എസ്ഥേർരാജ്ഞിയും അവർക്ക് ചട്ടമാക്കിയിരുന്നതുപോലെയും, അവർ തന്നെ തങ്ങളുടെ ഉപവാസത്തിന്റെയും കരച്ചലിന്റെയും സംഗതികളെ തങ്ങൾക്കും സന്തതികൾക്കും ചട്ടമാക്കിയിരുന്നതുപോലെയും, ഈ പൂരീംദിവസങ്ങളെ നിശ്ചിതസമയത്ത് തന്നെ സ്ഥിരമാക്കേണ്ടതിന്31അവൻ അഹശ്വേരോശിന്റെ രാജ്യത്തിലുൾപ്പെട്ട നൂറ്റിരുപത്തേഴ് (127) സംസ്ഥാനങ്ങളിലെ എല്ലായഹൂദന്മാർക്കും സമാധാനവും സത്യവുമായ വാക്കുകളോടുകൂടി എഴുത്ത് അയച്ചു.32ഇങ്ങനെ എസ്ഥേറിന്റെ ആജ്ഞയാൽ പൂരീം സംബന്ധിച്ച കാര്യങ്ങൾ ഉറപ്പായി അത് പുസ്തകത്തിൽ എഴുതിവെച്ചു.

10

1പിന്നീട് അഹശ്വേരോശ്‌രാജാവ് ദേശത്തിനും സമുദ്രത്തിലെ ദ്വീപുകൾക്കും ഒരു നികുതി ഏർപ്പെടുത്തി.2അവന്റെ ബലത്തിന്റെയും പരാക്രമത്തിന്റെയും സകലവിവരങ്ങളും രാജാവ് മൊർദ്ദെഖായിയെ ഉയർത്തിയ ഉന്നതപദവിയുടെ വിവരവും മേദ്യയിലെയും പാർസ്യയിലെയും രാജാക്കന്മാരുടെ ചരിത്രപുസ്തകത്തിൽ എഴുതിയിരിക്കുന്നു.

3യെഹൂദനായ മൊർദ്ദെഖായി അഹശ്വേരോശ്‌രാജാവിന്റെ രണ്ടാമനും യെഹൂദന്മാരിൽവെച്ച് മഹാനും സഹോദരസംഘത്തിന് സമ്മതനും സ്വന്തജനത്തിന് ഗുണം ചെയ്യുന്നവനും സമാധാനം സംസാരിക്കുന്നവനും ആയിരുന്നു.

ഇയ്യോബ്

1

1ഊസ്ദേശത്ത് ഇയ്യോബ് എന്ന് പേരുള്ള ഒരു പുരുഷൻ ഉണ്ടായിരുന്നു; അവൻ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്നു.2അവന് ഏഴ് പുത്രന്മാരും മൂന്ന് പുത്രിമാരും ജനിച്ചു.3അവന് ഏഴായിരം (7000) ആടുകളും മൂവായിരം(3000) ഒട്ടകങ്ങളും അഞ്ഞൂറ് ജോടി കാളകളും അഞ്ഞൂറ് പെൺ കഴുതകളുമുള്ള മൃഗസമ്പത്തും വളരെ ദാസന്മാരും ഉണ്ടായിരുന്നു; അങ്ങനെ അവൻ സകലപൂർവ്വ ദേശക്കാരിലും മഹാനായിരുന്നു.

4അവന്റെ പുത്രന്മാർ നിശ്ചയിക്കപ്പെട്ട ദിവസത്തിൽ അവരവരുടെ വീട്ടിൽ വിരുന്നു കഴിക്കുകയും തങ്ങളോടുകൂടെ ഭക്ഷിച്ചു പാനം ചെയ്യുവാൻ തങ്ങളുടെ മൂന്നു സഹോദരിമാരെയും ആളയച്ച് വിളിപ്പിക്കുകയും ചെയ്യുക പതിവായിരുന്നു.5എന്നാൽ വിരുന്നുനാളുകൾ കഴിയുമ്പോൾ ഇയ്യോബ്: “എന്റെ പുത്രന്മാർ പാപം ചെയ്ത് ദൈവത്തെ ഹൃദയംകൊണ്ട് ത്യജിച്ചുപോയിരിക്കും” എന്ന് പറഞ്ഞ് ആളയച്ച് അവരെ വരുത്തി ശുദ്ധീകരിക്കുകയും അതിരാവിലെ എഴുന്നേറ്റ് അവരുടെ എണ്ണമനുസരിച്ച് ഹോമയാഗങ്ങളെ അർപ്പിക്കുകയും ചെയ്യും. ഇങ്ങനെ ഇയ്യോബ് എല്ലായ്പോഴും ചെയ്തുപോന്നു.

6ഒരു ദിവസം ദൈവപുത്രന്മാർ യഹോവയുടെ സന്നിധിയിൽ നിൽക്കുവാൻ ചെന്നു; അവരുടെ കൂട്ടത്തിൽ സാത്താനും ചെന്നു.7യഹോവ സാത്താനോട്: “നീ എവിടെനിന്ന് വരുന്നു” എന്ന് ചോദിച്ചതിന് സാത്താൻ യഹോവയോട്: “ഞാൻ ഭൂമി മുഴുവനും ചുറ്റി സഞ്ചരിച്ചിട്ട് വരുന്നു” എന്നുത്തരം പറഞ്ഞു.8യഹോവ സാത്താനോട്: “എന്റെ ദാസനായ ഇയ്യോബിന്മേൽ നീ 1 ദൃഷ്ടിവച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ” എന്ന് അരുളിച്ചെയ്തു.
9അതിന് സാത്താൻ യഹോവയോട്: “ ഇയ്യോബ് ദൈവഭക്തനായിരിക്കുന്നത് വെറുതെയല്ല?10അങ്ങ് അവനും അവന്റെ വീടിനും അവനുള്ള സകലത്തിനും ചുറ്റും വേലികെട്ടീട്ടല്ലയോ? അങ്ങ് അവന്റെ പ്രവൃത്തിയെ അനുഗ്രഹിച്ചിരിക്കുന്നു; അവന്റെ മൃഗസമ്പത്ത് ദേശത്ത് പെരുകിയിരിക്കുന്നു.11തൃക്കൈ നീട്ടി അവനുള്ളതൊക്കെയും ഒന്നു തൊടുക; അവൻ അങ്ങയെ മുഖത്ത് നോക്കി ത്യജിച്ചുപറയും” എന്ന് ഉത്തരം പറഞ്ഞു.12ദൈവം സാത്താനോട്: “ഇതാ, അവനുള്ളതൊക്കെയും നിന്റെ കയ്യിൽ ഇരിക്കുന്നു; അവന്റെ മേൽ മാത്രം കയ്യേറ്റം ചെയ്യരുത്” എന്ന് കല്പിച്ചു. അങ്ങനെ സാത്താൻ യഹോവയുടെ സന്നിധി വിട്ട് പുറപ്പെട്ടുപോയി.

13ഒരു ദിവസം ഇയ്യോബിന്റെ പുത്രന്മാരും പുത്രിമാരും മൂത്ത ജ്യേഷ്ഠന്റെ വീട്ടിൽ ഭക്ഷണം കഴിക്കുകയും വീഞ്ഞ് കുടിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോൾ14ഒരു ദൂതൻ അവന്റെ അടുക്കൽ വന്ന് ഇപ്രകാരം പറഞ്ഞു: “ഞങ്ങൾ കാളകളെ പൂട്ടുകയും പെൺകഴുതകൾ അരികെ മേഞ്ഞുകൊണ്ടിരിക്കയും ആയിരുന്നു;15പെട്ടെന്ന് ശെബായർ വന്ന് അവയെ പിടിച്ചു കൊണ്ടുപോവുകയും വേലക്കാരെ വാളാൽ വെട്ടിക്കൊല്ലുകയും ചെയ്തു; ഈ വിവരം നിന്നെ അറിയിക്കുവാൻ ഞാൻ ഒരുവൻ മാത്രം രക്ഷപ്പെട്ടു” എന്നു പറഞ്ഞു.
16അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ വേറൊരാൾ വന്നു; “ദൈവത്തിന്റെ തീ ആകാശത്തുനിന്ന് വീണുകത്തി, ആടുകളും വേലക്കാരും അതിന് ഇരയായിപ്പോയി; വിവരം നിന്നെ അറിയിക്കുവാൻ ഞാൻ ഒരുവൻ മാത്രം രക്ഷപ്പെട്ടു” എന്ന് പറഞ്ഞു.17അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ മറ്റൊരുവൻ വന്നുപറഞ്ഞു: “പെട്ടെന്ന് കല്ദയർ മൂന്നു കൂട്ടമായി വന്ന് ഒട്ടകങ്ങളെ പിടിച്ചു കൊണ്ടുപോകുകയും വേലക്കാരെ വാളാൽ വെട്ടിക്കൊല്ലുകയും ചെയ്തു; വിവരം നിന്നെ അറിയിക്കുവാൻ ഞാൻ ഒരുവൻ മാത്രം രക്ഷപ്പെട്ടു” എന്ന് പറഞ്ഞു.
18അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റൊരുവൻ വന്നു;“ നിന്റെ പുത്രന്മാരും പുത്രിമാരും മൂത്ത ജ്യേഷ്ഠന്റെ വീട്ടിൽ ഭക്ഷണം കഴിക്കുകയും വീഞ്ഞു കുടിക്കുകയും ചെയ്തുകൊണ്ടിരുന്നു.19പെട്ടെന്ന് മരുഭൂമിയിൽനിന്ന് ഒരു കൊടുങ്കാറ്റു വന്ന് വീടിന്റെ നാലു മൂലയ്ക്കും അടിച്ചു: അത് യൗവ്വനക്കാരുടെമേൽ വീണു; അവർ മരിച്ചുപോയി; വിവരം നിന്നെ അറിയിക്കുവാൻ ഞാനൊരുവൻ മാത്രം രക്ഷപ്പെട്ടു” എന്ന് പറഞ്ഞു.
20അപ്പോൾ ഇയ്യോബ് എഴുന്നേറ്റ് വസ്ത്രം കീറി തല ക്ഷൗരം ചെയ്ത് സാഷ്ടാംഗം വീണ് നമസ്കരിച്ചു:21“നഗ്നനായി ഞാൻ എന്റെ അമ്മയുടെ ഗർഭത്തിൽനിന്ന് പുറപ്പെട്ടുവന്നു, നഗ്നനായി തന്നെ മടങ്ങിപ്പോകും, യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ” എന്നു പറഞ്ഞു.22ഇതിലൊന്നിലും ഇയ്യോബ് പാപം ചെയ്യുകയോ ദൈവത്തിന് ഭോഷത്തം ആരോപിക്കുകയോ ചെയ്തില്ല.


1 1:8 ദൃഷ്ടിവയ്ക്കുക = പരീക്ഷിക്കുവാനായി തെരഞ്ഞെടുക്കുക

2

1പിന്നെയും ഒരു ദിവസം ദൈവപുത്രന്മാർ യഹോവയുടെ സന്നിധിയിൽ നില്ക്കുവാൻ ചെന്നു; സാത്താനും അവരുടെ കൂട്ടത്തിൽ യഹോവയുടെ സന്നിധിയിൽ നില്ക്കുവാൻ ചെന്നു.2യഹോവ സാത്താനോട്: “നീ എവിടെനിന്ന് വരുന്നു” എന്ന് ചോദിച്ചതിന് സാത്താൻ യഹോവയോട്: “ഞാൻ ഭൂമിയിൽ മുഴുവൻ ചുറ്റി സഞ്ചരിച്ചിട്ടു വരുന്നു” എന്നുത്തരം പറഞ്ഞു.

3യഹോവ സാത്താനോട്: “എന്റെ ദാസനായ ഇയ്യോബിന്റെമേൽ നീ ദൃഷ്ടിവച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ; അവൻ തന്റെ ഭക്തിമുറുകെ പിടിച്ചുകൊണ്ടിരിക്കുന്നു; വെറുതെ അവനെ നശിപ്പിക്കേണ്ടതിന് നീ എന്നെ സമ്മതിപ്പിച്ചു” എന്ന് അരുളിച്ചെയ്തു.
4സാത്താൻ യഹോവയോട്: “ത്വക്കിന് പകരം ത്വക്ക്; മനുഷ്യൻ തനിക്കുള്ള സകലവും തന്റെ ജീവന് പകരം നൽകും.5അങ്ങയുടെ കൈ നീട്ടി അവന്റെ അസ്ഥിയും മാംസവും ഒന്നു തൊടുക; അവൻ അങ്ങയെ മുഖത്ത് നോക്കി ത്യജിച്ചുപറയും” എന്നുത്തരം പറഞ്ഞു.6യഹോവ സാത്താനോട്: “ഇതാ, അവൻ നിന്റെ കയ്യിൽ ഇരിക്കുന്നു; അവന്റെ പ്രാണനെ മാത്രം തൊടരുത്” എന്ന് കല്പിച്ചു.
7അങ്ങനെ സാത്താൻ യഹോവയുടെ സന്നിധിയിൽ നിന്ന് പോയി. ഇയ്യോബിന്റെ ഉള്ളങ്കാൽമുതൽ നെറുകവരെ വല്ലാത്ത പരുക്കളാൽ ബാധിച്ചു.8അവൻ ഒരു ഓട്ടിൻകഷണം എടുത്ത് തന്നെത്താൻ ചുരണ്ടിക്കൊണ്ട് ചാരത്തിൽ ഇരുന്നു.
9അവന്റെ ഭാര്യ അവനോട്: “നീ ഇനിയും നിന്റെ ഭക്തിയിൽ ഉറച്ചുനില്ക്കുന്നുവോ? ദൈവത്തെ ത്യജിച്ചുപറഞ്ഞ് മരിക്കുക” എന്ന് പറഞ്ഞു.10അവൻ അവളോട്: “ഒരു വിഡ്ഢി സംസാരിക്കുന്നതുപോലെ നീ സംസാരിക്കുന്നു; നാം ദൈവത്തിന്റെ കയ്യിൽനിന്ന് നന്മ കൈക്കൊള്ളുന്നു; തിന്മയും കൈക്കൊള്ളരുതോ” എന്ന് പറഞ്ഞു. ഇതിൽ ഒന്നിലും ഇയ്യോബ് അധരങ്ങളാൽ പാപം ചെയ്തില്ല.

11അതിനുശേഷം തേമാന്യനായ എലീഫസ്, ശൂഹ്യനായ ബിൽദാദ്, നയമാത്യനായ സോഫർ എന്നിങ്ങനെ ഇയ്യോബിന്റെ മൂന്ന് സ്നേഹിതന്മാർ ഈ അനർത്ഥമൊക്കെയും അവന് ഭവിച്ചത് കേട്ടപ്പോൾ അവർ അവരുടെ സ്ഥലത്തുനിന്ന് പുറപ്പെട്ട് അവനോട് സഹതപിക്കുവാനും അവനെ ആശ്വസിപ്പിക്കുവാനും പോകണമെന്ന് തമ്മിൽ പറഞ്ഞ് ഒത്തുചേർന്നു.
12അവർ അകലെവച്ച് നോക്കിയപ്പോൾ അവനെ തിരിച്ചറിഞ്ഞില്ല; അവർ ഉറക്കെ കരഞ്ഞ് വസ്ത്രം കീറി പൊടി വാരി മേലോട്ട് തലയിൽ വിതറി.13അവന്റെ വ്യസനം അതികഠിനമെന്ന് കണ്ടിട്ട് അവർ ആരും ഒരു വാക്കും മിണ്ടാതെ ഏഴ് രാവും പകലും അവനോടുകൂടി നിലത്തിരുന്നു.

3

1അതിനുശേഷം ഇയ്യോബ് വായ് തുറന്ന് തന്റെ ജന്മദിവസത്തെ ശപിച്ചു.2ഇയ്യോബ് ഇപ്രകാരം പറഞ്ഞു:

3“ഞാൻ ജനിച്ച ദിവസവും
ഒരു ആൺ ഉല്പാദിച്ചു എന്ന് പറഞ്ഞ രാത്രിയും നശിച്ചുപോകട്ടെ.
4ആ ദിവസം ഇരുണ്ടുപോകട്ടെ;
മുകളിൽനിന്ന് ദൈവം അതിനെ കടാക്ഷിക്കാതിരിക്കട്ടെ;
പ്രകാശം അതിന്മേൽ ശോഭിക്കാതിരിക്കട്ടെ.
5ഇരുളും അന്ധതമസ്സും അതിനെ സ്വാധീനമാക്കട്ടെ;
ഒരു മേഘം അതിന്മേൽ ആവരണം ചെയ്യട്ടെ;
പകലിനെ ഇരുട്ടാക്കുന്നതൊക്കെയും അതിനെ പേടിപ്പിക്കട്ടെ.
6ആ രാത്രിയെ കൂരിരുൾ പിടിക്കട്ടെ;
അത് വർഷത്തിന്റെ ദിവസങ്ങളുടെ കൂട്ടത്തിൽ സന്തോഷിക്കരുത്;
മാസങ്ങളുടെ എണ്ണത്തിൽ വരുകയും അരുത്.
7അതേ, ആ രാത്രി മച്ചിയായിരിക്കട്ടെ;
ഉല്ലാസഘോഷം അതിലുണ്ടാകരുത്.
8മഹാസർപ്പത്തെ ഇളക്കുവാൻ സമർത്ഥരായവർ
ആ ദിവസത്തെ ശപിക്കട്ടെ.
9അതിന്റെ സന്ധ്യാനക്ഷത്രങ്ങൾ ഇരുണ്ടു പോകട്ടെ;
അത് വെളിച്ചത്തിന് കാത്തിരുന്നു കിട്ടാതെ പോകട്ടെ;
അത് ഉഷസ്സിന്റെ കണ്ണിമ ഒരിക്കലും കാണരുത്.
10അത് എന്റെ അമ്മയുടെ ഗർഭപാത്രം അടച്ചില്ലല്ലോ;
എന്റെ കണ്മുമ്പിൽ നിന്ന് കഷ്ടം മറച്ചില്ലല്ലോ.
11ഞാൻ ഗർഭപാത്രത്തിൽവച്ച് മരിക്കാഞ്ഞതെന്ത്?
ഉദരത്തിൽനിന്ന് പുറപ്പെട്ടപ്പോൾ തന്നെ പ്രാണൻ പോകാതിരുന്നതെന്ത്?
12മുഴങ്കാൽ എന്നെ സ്വീകരിച്ചത് എന്തിന്?
എനിക്കു കുടിക്കുവാൻ മുല ഉണ്ടായിരുന്നതെന്തിന്?
13ഞാൻ ഇപ്പോൾ കിടന്ന് വിശ്രമിക്കുമായിരുന്നു;
ഞാൻ ഉറങ്ങി വിശ്രാന്തി പ്രാപിക്കുമായിരുന്നു.
14തങ്ങൾക്ക് ഏകാന്തനിവാസങ്ങൾ പണിത
ഭൂരാജാക്കന്മാരോടും മന്ത്രിമാരോടും
അഥവാ,
15കനകസമ്പന്നരായി സ്വഭവനങ്ങൾ വെള്ളികൊണ്ട് നിറച്ചുവച്ച പ്രഭുക്കന്മാരോടും കൂടെ തന്നേ.
16അല്ലെങ്കിൽ, ഗർഭം അലസിപ്പോയിട്ട് കുഴിച്ചിട്ട പിണ്ഡംപോലെയും
വെളിച്ചം കണ്ടിട്ടില്ലാത്ത പിള്ളകളെപ്പോലെയും ഞാൻ ഇല്ലാതെ പോകുമായിരുന്നു.
17അവിടെ ദുർജ്ജനം ഉപദ്രവിക്കാതെയിരിക്കുന്നു;
അവിടെ ക്ഷീണിച്ചു പോയവർ വിശ്രമിക്കുന്നു.
18അവിടെ തടവുകാർ ഒരുപോലെ സുഖമായിരിക്കുന്നു;
പീഡകന്റെ ശബ്ദം അവർ കേൾക്കാതിരിക്കുന്നു.
19ചെറിയവനും വലിയവനും അവിടെ ഒരുപോലെ;
ദാസന് യജമാനന്റെ കീഴിൽനിന്ന് വിടുതൽ കിട്ടിയിരിക്കുന്നു.
20അരിഷ്ടന് പ്രകാശവും
ദുഃഖിതന്മാർക്ക് ജീവനും കൊടുക്കുന്നതെന്തിന്?
21അവർ മരണത്തിനായി കാത്തിരിക്കുന്നു,
അത് വരുന്നില്ലതാനും;
നിധിക്കായി കുഴിക്കുന്നതിലുമധികം അവർ അതിനായി കുഴിക്കുന്നു.
22അവർ ശവക്കുഴി കണ്ടാൽ സന്തോഷിച്ചു ഘോഷിച്ചുല്ലസിക്കും
23വഴി മറഞ്ഞിരിക്കുന്ന പുരുഷനും
ദൈവം നിരോധിച്ചിരിക്കുന്നവനും ജീവനെ കൊടുക്കുന്നതെന്തിന്?
24ഭക്ഷണത്തിന് മുമ്പ് എനിക്ക് നെടുവീർപ്പ് വരുന്നു;
എന്റെ ഞരക്കം വെള്ളംപോലെ ഒഴുകുന്നു.
25ഞാൻ പേടിച്ചത് തന്നെ എനിക്ക് നേരിട്ടു;
ഞാൻ ഭയപ്പെട്ടിരുന്നത് എനിക്ക് ഭവിച്ചു.
26ഞാൻ സ്വസ്ഥനായില്ല, വിശ്രമിച്ചില്ല, ആശ്വസിച്ചതുമില്ല;
പിന്നെയും അതിവേദന എടുക്കുന്നു.”

4

1അതിന് തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞത്:

2“നിന്നോട് സംസാരിക്കുവാൻ ശ്രമിച്ചാൽ നീ ദുഃഖിക്കുമോ?
എന്നാലും പറയാതിരിക്കുവാൻ ആർക്ക് കഴിയും?
3നീ പലരെയും ഉപദേശിച്ച്
തളർന്ന കൈകളെ ശക്തീകരിച്ചിരിക്കുന്നു.
4വീഴുന്നവർക്ക് നിന്റെ വാക്ക് താങ്ങായി
കുഴയുന്ന മുഴങ്കാലുള്ളവരെ നീ ഉറപ്പിച്ചിരിക്കുന്നു.
5എന്നാൽ ഇപ്പോൾ നിനക്കത് സംഭവിക്കുമ്പോൾ നീ വിഷാദിക്കുന്നു;
നിന്നെ അത് അലട്ടുന്നു; നീ ഭ്രമിച്ചുപോകുന്നു.
6നിന്റെ ഭക്തി നിന്റെ ആശ്രയമല്ലയോ?
നിന്റെ നടപ്പിന്റെ നിർമ്മലത നിന്റെ പ്രത്യാശയല്ലയോ?
7ഓർത്തു നോക്കുക: നിർദ്ദോഷിയായി നശിച്ചവൻ ആര്?
നേരുള്ളവർ എവിടെയാണ് നശിച്ചിട്ടുള്ളത്?
8ഞാൻ കണ്ടിട്ടുള്ളത് അന്യായം
ഉഴുത് കഷ്ടത വിതയ്ക്കുന്നവർ അതുതന്നെ കൊയ്യുന്നു.
9ദൈവത്തിന്റെ ശ്വാസത്താൽ അവർ നശിക്കുന്നു;
അവന്റെ കോപത്താൽ അവർ മുടിഞ്ഞുപോകുന്നു.
10സിംഹത്തിന്റെ ഗർജ്ജനവും ക്രൂരസിംഹത്തിന്റെ നാദവും
ബാലസിംഹങ്ങളുടെ പല്ലുകളും അറ്റുപോയി.
11സിംഹം ഇര കിട്ടാത്തതിനാൽ നശിക്കുന്നു;
സിംഹിയുടെ കുട്ടികൾ ചിതറിപ്പോകുന്നു;
12എന്റെ അടുക്കൽ ഒരു രഹസ്യവചനം എത്തി;
അതിന്റെ മന്ദസ്വരം എന്റെ ചെവിയിൽ കടന്നു.
13മനുഷ്യർക്ക് ഗാഢനിദ്ര പിടിക്കുമ്പോൾ
രാത്രിദർശനങ്ങളാലുള്ള മനോഭാവനകളിൽ
ഭയവും നടുക്കവും എന്നെ പിടിച്ചു.
14എന്റെ അസ്ഥികൾ കുലുങ്ങിപ്പോയി.
15ഒരാത്മാവ് എന്റെ മുഖത്തിനെതിരെ കടന്ന്
എന്റെ ദേഹത്തിന് രോമഹർഷം ഭവിച്ചു.
16ഒരു പ്രതിമ എന്റെ കണ്ണിനെതിരെ നിന്നു;
എങ്കിലും അതിന്റെ രൂപം ഞാൻ തിരിച്ചറിഞ്ഞില്ല;
മന്ദമായൊരു സ്വരം ഞാൻ കേട്ടത്:
17മർത്യൻ ദൈവത്തിലും നീതിമാൻ ആകുമോ?
നരൻ സ്രഷ്ടാവിലും നിർമ്മലനാകുമോ?
18ഇതാ, സ്വദാസന്മാരിലും അവന് വിശ്വാസമില്ല;
തന്റെ ദൂതന്മാരിലും അവൻ കുറ്റം ആരോപിക്കുന്നു.
19പൊടിയിൽനിന്നുത്ഭവിച്ചു മൺപുരകളിൽ വസിച്ച്
പുഴുപോലെ ചതഞ്ഞുപോകുന്നവരിൽ എത്ര അധികം!
20ഉഷസ്സിനും സന്ധ്യക്കും മദ്ധ്യേ അവർ തകർന്നുപോകുന്നു;
ആരും ഗണ്യമാക്കാതെ അവർ എന്നേക്കും നശിക്കുന്നു.
21അവരുടെ കൂടാരത്തിന്റെ കയറ് അറ്റുപോയിട്ട്
അവർ ജ്ഞാനഹീനരായി മരിക്കുന്നില്ലയോ

5

1വിളിച്ചുനോക്കുക; ആരെങ്കിലും നിനക്ക് ഉത്തരം നൽകുന്നുണ്ടോ?

നീ വിശുദ്ധന്മാരിൽ ആരെ ശരണം പ്രാപിക്കും?
2നീരസം ഭോഷനെ കൊല്ലുന്നു;
അസൂയ മൂഢനെ കൊല്ലുന്നു.
3മൂഢൻ വേരുപിടിക്കുന്നത് ഞാൻ കണ്ടു
ക്ഷണത്തിൽ അവന്റെ പാർപ്പിടത്തെ ഞാൻ ശപിച്ചു.
4അവന്റെ മക്കൾ രക്ഷയോട് അകന്നിരിക്കുന്നു;
അവർ രക്ഷകനില്ലാതെ വാതില്ക്കൽവച്ച് തകർന്നുപോകുന്നു.
5അവന്റെ വിളവ് വിശപ്പുള്ളവൻ തിന്നുകളയും;
മുള്ളുകളിൽനിന്നും അതിനെ പറിച്ചെടുക്കും;
അവരുടെ സമ്പത്ത് ദാഹമുള്ളവർ വിഴുങ്ങുന്നു.
6അനർത്ഥം ഉത്ഭവിക്കുന്നത് പൂഴിയിൽനിന്നല്ല;
കഷ്ടത മുളയ്ക്കുന്നത് നിലത്തുനിന്നുമല്ല;
7തീപ്പൊരി ഉയരത്തിൽ പറക്കുന്നതുപോലെ
മനുഷ്യൻ കഷ്ടതയ്ക്കായി ജനിച്ചിരിക്കുന്നു.
8ഞാനോ ദൈവത്തിലേക്കു നോക്കുമായിരുന്നു;
എന്റെ കാര്യം ദൈവത്തിൽ ഏല്പിക്കുമായിരുന്നു;
9അവിടുന്ന് ആരാഞ്ഞുകൂടാത്ത വൻകാര്യങ്ങളും
അസംഖ്യമായ അത്ഭുതങ്ങളും ചെയ്യുന്നു.
10അവിടുന്ന് ഭൂമിയിൽ മഴപെയ്യിക്കുന്നു;
വയലുകളിലേക്കു വെള്ളം ഒഴുക്കുന്നു.
11അവിടുന്ന് താണവരെ ഉയർത്തുന്നു;
ദുഃഖിക്കുന്നവരെ രക്ഷയിലേക്കു കയറ്റുന്നു.
12അവിടുന്ന് ഉപായികളുടെ സൂത്രങ്ങളെ അബദ്ധമാക്കുന്നു;
അവരുടെ കൈകൾ കാര്യം സാധിപ്പിക്കുകയുമില്ല.
13അവിടുന്ന് ജ്ഞാനികളെ അവരുടെ കൗശലത്തിൽ പിടിക്കുന്നു;
വക്രബുദ്ധികളുടെ ആലോചന മറിഞ്ഞുപോകുന്നു.
14പകൽസമയത്ത് അവർക്ക് ഇരുൾ അനുഭവപ്പെടുന്നു;
ഉച്ചസമയത്ത് അവർ രാത്രിയിലെന്നപോലെ തപ്പിനടക്കുന്നു.
15അവിടുന്ന് ദരിദ്രനെ അവരുടെ വായെന്ന വാളിൽനിന്നും
ബലവാന്റെ കയ്യിൽനിന്നും രക്ഷിക്കുന്നു.
16അങ്ങനെ എളിയവന് പ്രത്യാശയുണ്ട്;
നീതികെട്ടവനോ വായ് പൊത്തുന്നു.
17ദൈവം ശാസിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ;
സർവ്വശക്തന്റെ ശിക്ഷ നീ നിരസിക്കരുത്.
18അവിടുന്ന് മുറിവേല്പിക്കുകയും മുറിവ് കെട്ടുകയും ചെയ്യുന്നു;
അവിടുന്ന് ചതയ്ക്കുകയും തൃക്കൈ സൗഖ്യമാക്കുകയും ചെയ്യുന്നു.
19ആറ് കഷ്ടത്തിൽനിന്ന് അവിടുന്ന് നിന്നെ വിടുവിക്കും;
ഏഴാമത്തേതിലും തിന്മ നിന്നെ തൊടുകയില്ല.
20ക്ഷാമകാലത്ത് അവിടുന്ന് നിന്നെ മരണത്തിൽനിന്നും
യുദ്ധത്തിൽ വാളിന്റെ വെട്ടിൽനിന്നും വിടുവിക്കും.
21നാവെന്ന ചമ്മട്ടിക്ക് നീ മറഞ്ഞിരിക്കും;
നാശം വരുമ്പോൾ നീ ഭയപ്പെടുകയില്ല.
22നാശത്തിലും ക്ഷാമത്തിലും നീ ചിരിക്കും;
കാട്ടുമൃഗങ്ങളെ നീ പേടിക്കുകയില്ല.
23വയലിലെ കല്ലുകളോട് നിനക്ക് സഖ്യതയുണ്ടാകും;
കാട്ടിലെ മൃഗങ്ങൾ നിന്നോട് ഇണങ്ങിയിരിക്കും.
24നിന്റെ കൂടാരം സുരക്ഷിതം എന്ന് നീ അറിയും;
നിന്റെ ആട്ടിൻപറ്റത്തെ നീ പരിശോധിക്കും.അവയിൽ ഒന്നും നഷ്ടപ്പെട്ടതായി കാണുകയില്ല.
25നിന്റെ സന്താനം അസംഖ്യമെന്നും
നിന്റെ പ്രജ നിലത്തെ പുല്ലുപോലെയെന്നും നീ അറിയും.
26തക്ക സമയത്ത് കറ്റക്കൂമ്പാരം അടുക്കിവയ്ക്കുന്നതുപോലെ
നീ പൂർണ്ണവാർദ്ധക്യത്തിൽ കല്ലറയിൽ കടക്കും.
27ഞങ്ങൾ അത് അന്വേഷിച്ചുനോക്കി,
അത് അങ്ങനെതന്നെ ആകുന്നു; നീ അത് കേട്ട് ഗ്രഹിച്ചുകൊള്ളുക.

6

1അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്:2“അയ്യോ എന്റെ വ്യസനം ഒന്നു തൂക്കിനോക്കിയെങ്കിൽ!

എന്റെ വിപത്ത് സ്വരൂപിച്ച് 1 തുലാസിൽ വച്ചെങ്കിൽ!
3അത് കടല്പുറത്തെ മണലിനേക്കാൾ ഭാരമേറിയതായിരിക്കും.
അതുകൊണ്ട് എന്റെ വാക്ക് തെറ്റിപ്പോകുന്നു.
4സർവ്വശക്തന്റെ അസ്ത്രങ്ങൾ എന്നിൽ തറച്ചിരിക്കുന്നു;
അവയുടെ വിഷം എന്റെ ആത്മാവ് കുടിക്കുന്നു;
ദൈവത്തിന്റെ ഭയങ്കരത എനിക്കെതിരെ അണിനിരന്നിരിക്കുന്നു.
5പുല്ലുള്ളപ്പോൾ കാട്ടുകഴുത കരയുമോ?
തീറ്റി തിന്നുമ്പോൾ കാള മുക്കുറയിടുമോ?
6രുചിയില്ലാത്തത് ഉപ്പുകൂടാതെ തിന്നാമോ?
മുട്ടയുടെ വെള്ളയ്ക്ക് രുചിയുണ്ടോ?
7തൊടുവാൻ എനിയ്ക്ക് വെറുപ്പ് തോന്നുന്നത്
എനിയ്ക്ക് അറപ്പുള്ള ഭക്ഷണമായിരിക്കുന്നു.
8അയ്യോ, എന്റെ അപേക്ഷ സാധിച്ചെങ്കിൽ!
എന്റെ വാഞ്ഛ ദൈവം എനിയ്ക്ക് നല്കിയെങ്കിൽ!
9എന്നെ തകർക്കുവാൻ ദൈവം പ്രസാദിച്ചെങ്കിൽ!
തൃക്കൈ നീട്ടി എന്നെ ഖണ്ഡിച്ചുകളഞ്ഞെങ്കിൽ!
10അങ്ങനെ എനിയ്ക്ക് ആശ്വാസം ലഭിക്കുമായിരുന്നു;
കനിവറ്റ വേദനയിൽ ഞാൻ ഉല്ലസിക്കുമായിരുന്നു.
പരിശുദ്ധന്റെ വചനങ്ങളെ ഞാൻ നിഷേധിച്ചിട്ടില്ലല്ലോ;
11ഞാൻ കാത്തിരിക്കേണ്ടതിന് എനിക്ക് എന്ത് ശക്തി ?
ദീർഘക്ഷമ കാണിക്കേണ്ടതിന് എന്റെ അന്തം എന്ത്?
12എന്റെ ബലം കല്ലിന്റെ ബലമോ?
എന്റെ മാംസം താമ്രമാകുന്നുവോ?
13ഞാൻ കേവലം തുണയില്ലാത്തവനല്ലയോ?
രക്ഷ എന്നെ വിട്ടുപോയില്ലയോ?
14ദുഃഖിതനോട് സ്നേഹിതൻ ദയ കാണിക്കേണ്ടതാകുന്നു;
അല്ലെങ്കിൽ അവൻ സർവ്വശക്തന്റെ ഭയം ത്യജിക്കും.
15എന്റെ സഹോദരന്മാർ ഒരു തോടുപോലെ എന്നെ ചതിച്ചു;
വറ്റിപ്പോകുന്ന തോടുകളുടെ ശാഖപോലെ തന്നെ.
16നീർക്കട്ടകൊണ്ട് അവ കലങ്ങിപ്പോകുന്നു;
ഹിമം അവയിൽ ഉരുകി കാണാതെപോകുന്നു.
17ചൂടുപിടിക്കുന്നേരം അവ വറ്റിപ്പോകുന്നു;
ഉഷ്ണം ആകുമ്പോൾ അവ അവിടെനിന്ന് പൊയ്പോകുന്നു.
18കച്ചവടസംഘങ്ങൾ വഴി വിട്ടുതിരിഞ്ഞു ചെല്ലുന്നു;
അവ മരുഭൂമിയിൽ ചെന്ന് നശിച്ചുപോകുന്നു.
19തേമയുടെ കച്ചവടസംഘങ്ങൾ തിരിഞ്ഞുനോക്കുന്നു;
ശെബയുടെ യാത്രാഗണം അവയ്ക്കായി പ്രതീക്ഷിക്കുന്നു.
20പ്രതീക്ഷിച്ചതുകൊണ്ട് അവർ ലജ്ജിക്കുന്നു;
അവിടംവരെ ചെന്ന് നാണിച്ചു പോകുന്നു.
21നിങ്ങളും ഇപ്പോൾ അതുപോലെ ആയി
വിപത്ത് കണ്ടിട്ട് നിങ്ങൾ പേടിക്കുന്നു.
22എനിയ്ക്ക് കൊണ്ടുവന്നു തരുവിൻ;
നിങ്ങളുടെ സമ്പത്തിൽനിന്ന് എനിക്കുവേണ്ടി കൈക്കൂലി കൊടുക്കുവിൻ;
23വൈരിയുടെ കയ്യിൽനിന്ന് എന്നെ വിടുവിക്കുവിൻ;
നിഷ്ഠൂരന്മാരുടെ കയ്യിൽനിന്ന് എന്നെ
വീണ്ടെടുക്കുവിൻ എന്നിങ്ങനെ ഞാൻ പറഞ്ഞിട്ടുണ്ടോ?
24എന്നെ ഉപദേശിക്കുവിൻ; ഞാൻ മിണ്ടാതെയിരിക്കാം;
ഏതിൽ തെറ്റിപ്പോയെന്ന് എനിയ്ക്ക് ബോധം വരുത്തുവിൻ.
25നേരുള്ള വാക്കുകൾക്ക് എത്ര ബലം!
നിങ്ങളുടെ ശാസനയ്ക്കോ എന്ത് ഫലം?
26വാക്കുകളെ ആക്ഷേപിക്കുവാൻ വിചാരിക്കുന്നുവോ?
ആശയറ്റവന്റെ വാക്കുകൾ കാറ്റിന് തുല്യമത്രേ.
27അനാഥന് നിങ്ങൾ ചീട്ടിടുന്നു;
സ്നേഹിതനെക്കൊണ്ട് കച്ചവടം ചെയ്യുന്നു.
28ഇപ്പോൾ ദയ ചെയ്ത് എന്നെ ഒന്നു നോക്കുവിൻ;
ഞാൻ നിങ്ങളുടെ മുഖത്തു നോക്കി ഭോഷ്കുപറയുമോ?
29ഒന്നുകൂടി നോക്കുവിൻ; നീതികേട് ഭവിക്കരുത്.
ഒന്നുകൂടെ നോക്കുവിൻ; എന്റെ കാര്യം നീതിയുള്ളതു തന്നേ.
30എന്റെ നാവിൽ അനീതിയുണ്ടോ?
എന്റെ വായ് അനർത്ഥം തിരിച്ചറിയുകയില്ലയോ?


1 6:2 തുലാസ് = ഭാരം തൂക്കുന്ന ഉപകരണം

7

1മർത്യന് ഭൂമിയിൽ യുദ്ധസേവയില്ലയോ?

അവന്റെ ജീവകാലം കൂലിക്കാരന്റെ ജീവകാലംപോലെ തന്നെ.
2വേലക്കാരൻ നിഴൽ ആഗ്രഹിക്കുന്നതുപോലെയും
കൂലിക്കാരൻ കൂലിക്ക് കാത്തിരിക്കുന്നതുപോലെയും
3വ്യൎത്ഥമാസങ്ങൾ എനിയ്ക്ക് അവകാശമായി വന്നു,
കഷ്ടരാത്രികൾ എനിയ്ക്ക് ഓഹരിയായിത്തീർന്നു.
4കിടക്കുന്നേരം: ഞാൻ എപ്പോൾ എഴുന്നേല്ക്കും എന്നു പറയുന്നു;
രാത്രി ദീർഘിച്ചുകൊണ്ടിരിക്കുന്നു; വെളുക്കുവോളം എനിക്കുരുളുക തന്നെ പണി.
5എന്റെ ദേഹം പുഴുവും മൺകട്ടയും പൊതിഞ്ഞിരിക്കുന്നു.
എന്റെ ത്വക്കിൽ പുൺവായകൾ അടഞ്ഞ് വീണ്ടും പഴുത്തുപൊട്ടുന്നു.
6എന്റെ നാളുകൾ 1 നെയ്ത്തോടത്തിലും വേഗതയുള്ളത്;
പ്രത്യാശകൂടാതെ അവ കഴിഞ്ഞുപോകുന്നു.
7എന്റെ ജീവൻ ഒരു ശ്വാസം മാത്രം എന്നോർക്കണമേ;
എന്റെ കണ്ണ് ഇനി നന്മയെ കാണുകയില്ല.
8എന്നെ കാണുന്നവന്റെ കണ്ണ് ഇനി എന്നെ കാണുകയില്ല;
യഹോവയുടെ കണ്ണ് എന്നെ നോക്കും; ഞാനോ, ഇല്ലാതിരിക്കും.
9മേഘം ക്ഷയിച്ച് മാഞ്ഞുപോകുന്നതുപോലെ
പാതാളത്തിലിറങ്ങുന്നവൻ വീണ്ടും കയറിവരുന്നില്ല.
10അവൻ തന്റെ വീട്ടിലേക്ക് മടങ്ങിവരുകയില്ല;
അവന്റെ ഇടം ഇനി അവനെ അറിയുകയുമില്ല.
11ആകയാൽ ഞാൻ എന്റെ വായടയ്ക്കുകയില്ല;
എന്റെ മനഃപീഡയിൽ ഞാൻ സംസാരിക്കും;
എന്റെ മനോവ്യസനത്തിൽ ഞാൻ സങ്കടം പറയും.
12യഹോവ എനിക്ക് കാവലാക്കേണ്ടതിന്
ഞാൻ കടലോ കടലാനയോ ആകുന്നുവോ?
13എന്റെ കട്ടിൽ എന്നെ ആശ്വസിപ്പിക്കും;
എന്റെ മെത്ത എന്റെ വ്യസനം ശമിപ്പിക്കും എന്ന് ഞാൻ പറഞ്ഞാൽ
14യഹോവ സ്വപ്നംകൊണ്ട് എന്നെ ഞെട്ടിപ്പിക്കുന്നു;
ദർശനംകൊണ്ടും എന്നെ ഭയപ്പെടുത്തുന്നു.
15ആകയാൽ ഞാൻ കഴുത്ത് ഞെരിഞ്ഞ് കൊല്ലപ്പെടുന്നതും
ഈ അസ്ഥികൂടത്തേക്കാൾ മരണവും തിരഞ്ഞെടുക്കുന്നു.
16ഞാൻ ജീവിതം വെറുത്തിരിക്കുന്നു; എന്നേക്കും ജീവിച്ചിരിക്കയില്ല;
എന്നെ വിടേണമേ; എന്റെ ജീവകാലം ഒരു ശ്വാസം മാത്രമല്ലോ.
17മർത്യനെ നീ ഗണ്യമാക്കേണ്ടതിനും
അവന്റെമേൽ ദൃഷ്ടിവയ്ക്കേണ്ടതിനും
18അവനെ രാവിലെതോറും സന്ദർശിച്ച്
നിമിഷം തോറും പരീക്ഷിക്കേണ്ടതിനും അവൻ എന്തുള്ളു?
19നീ എത്രത്തോളം നിന്റെ നോട്ടം എന്നിൽ നിന്ന് മാറ്റാതിരിക്കും?
ഞാൻ ഉമിനീർ ഇറക്കുന്നതുവരെ എന്നെ വിടാതെയുമിരിക്കും?
20ഞാൻ പാപം ചെയ്തുവെങ്കിൽ, മനുഷ്യപാലകനേ, ഞാൻ നിനക്കെന്ത് ചെയ്യുന്നു?
ഞാൻ എനിയ്ക്ക് തന്നെ ഭാരമായിരിക്കത്തക്കവണ്ണം
നീ എന്നെ നിനക്ക് ലക്ഷ്യമായി വച്ചിരിക്കുന്നതെന്ത്?
21എന്റെ അതിക്രമം നീ ക്ഷമിക്കാതെയും
അകൃത്യം മോചിക്കാതെയും ഇരിക്കുന്നതെന്ത്?
ഇപ്പോൾ ഞാൻ പൊടിയിൽ കിടക്കും;
നീ എന്നെ അന്വേഷിച്ചാൽ ഞാൻ ഇല്ലാതിരിക്കും.”


1 7:6 നെയ്ത്തോടം = നെയ്ത്തുകാരൻ തുണി നെയ്യാനുപയോഗിക്കുന്ന യന്ത്രം

8

1അതിന് ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞത്:

2“എത്രത്തോളം നീ ഇങ്ങനെ സംസാരിക്കും?
നിന്റെ വായിലെ വാക്കുകൾ കൊടുങ്കാറ്റുപോലെ ഇരിക്കും?
3ദൈവം ന്യായം മറിച്ചുകളയുമോ?
സർവ്വശക്തൻ നീതിയെ മറിച്ചുകളയുമോ?
4നിന്റെ മക്കൾ ദൈവത്തോട് പാപം ചെയ്തെങ്കിൽ
ദൈവം അവരെ അവരുടെ അതിക്രമങ്ങൾക്ക് ഏല്പിച്ചുകളഞ്ഞു.
5നീ ദൈവത്തെ ശ്രദ്ധയോടെ അന്വേഷിക്കുകയും
സർവ്വശക്തനോടപേക്ഷിക്കുകയും ചെയ്താൽ,
6നീ നിർമ്മലനും നേരുള്ളവനുമെങ്കിൽ
അവിടുന്ന് ഇപ്പോൾ നിനക്കു വേണ്ടി ഉണർന്നുവരും;
നിന്റെ നീതിയുള്ള വാസസ്ഥലത്തെ യഥാസ്ഥാനത്താക്കും.
7നിന്റെ പൂർവ്വസ്ഥിതി അല്പമായിത്തോന്നും;
നിന്റെ അന്ത്യസ്ഥിതി അതിമഹത്തായിരിക്കും.
8നീ പണ്ടത്തെ തലമുറയോട് ചോദിക്കുക;
അവരുടെ പിതാക്കന്മാരുടെ അന്വേഷണ ഫലം ഗ്രഹിച്ചുകൊള്ളുക.
9നാം ഇന്നലെ ഉണ്ടായവരും ഒന്നും അറിയാത്തവരുമല്ലോ;
ഭൂമിയിൽ നമ്മുടെ ജീവകാലം ഒരു നിഴലത്രെ.
10അവർ നിനക്ക് ഉപദേശിച്ചുപറഞ്ഞുതരും;
തങ്ങളുടെ ഹൃദയത്തിൽനിന്ന് വാക്കുകൾ പുറപ്പെടുവിക്കും.
11ചെളിയില്ലാതെ ഞാങ്ങണ വളരുമോ?
വെള്ളമില്ലാതെ പോട്ടപ്പുല്ല് വളരുമോ?
12അത് അരിയാതെ പച്ചയായിരിക്കുമ്പോൾ തന്നെ
മറ്റ് എല്ലാ പുല്ലിനും മുമ്പ് വാടിപ്പോകുന്നു.
13ദൈവത്തെ മറക്കുന്ന എല്ലാവരുടെയും പാത അങ്ങനെ തന്നെ;
വഷളന്റെ ആശ നശിച്ചുപോകും;
14അവന്റെ ആശ്രയം അറ്റുപോകും;
അവന്റെ ശരണം ചിലന്തിവലയത്രെ.
15അവൻ തന്റെ വീടിനെ ആശ്രയിക്കും; എന്നാൽ അത് നില്ക്കുകയില്ല;
അവൻ അതിനെ മുറുകെ പിടിക്കും; എന്നാൽ അത് നിലനില്ക്കുകയില്ല.
16വെയിലത്ത് അവൻ പച്ചയായിരിക്കുന്നു;
അവന്റെ ചില്ലികൾ അവന്റെ തോട്ടത്തിൽ പടരുന്നു.
17അവന്റെ വേര് കല്ക്കുന്നിൽ പടരുന്നു;
അത് കല്ലുകളുടെയിടയിൽ ചെന്ന് തിരയുന്നു.
18അവന്റെ സ്ഥലത്തുനിന്ന് അവനെ നശിപ്പിച്ചാൽ
ഞാൻ നിന്നെ കണ്ടിട്ടില്ല എന്ന് അത് അവനെ നിഷേധിക്കും.
19ഇതാ, ഇത് അവന്റെ വഴിയുടെ സന്തോഷം;
പൊടിയിൽനിന്ന് മറ്റൊന്ന് മുളച്ചുവരും.
20ദൈവം നിഷ്കളങ്കനെ നിരസിക്കുകയില്ല;
ദുഷ്പ്രവൃത്തിക്കാരെ താങ്ങുകയുമില്ല.
21ദൈവം ഇനിയും നിന്റെ വായിൽ ചിരിയും
നിന്റെ അധരങ്ങളിൽ ഉല്ലാസഘോഷവും നിറയ്ക്കും.
22നിന്നെ പകയ്ക്കുന്നവർ ലജ്ജ ധരിക്കും;
ദുഷ്ടന്മാരുടെ കൂടാരം ഇല്ലാതെയാകും’.

9

1അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്:

2“അത് അങ്ങനെ തന്നെ എന്ന് എനിക്കും അറിയാം നിശ്ചയം;
ദൈവസന്നിധിയിൽ മർത്യൻ നീതിമാനാകുന്നതെങ്ങനെ?
3ഒരുവന് യഹോവയോട് വാദിക്കുവാൻ ഇഷ്ടം തോന്നിയാൽ
ആയിരത്തിൽ ഒന്നിനു പോലും ഉത്തരം പറയുവാൻ കഴിയുകയില്ല.
4അവിടുന്ന് ജ്ഞാനിയും മഹാശക്തനുമാകുന്നു;
അവിടുത്തോട് ശഠിച്ചിട്ട് വിജയിച്ചവൻ ആര്?
5അവിടുന്ന് പർവ്വതങ്ങളെ അവ അറിയാതെ നീക്കിക്കളയുന്നു;
അവിടുത്തെ കോപത്തിൽ അവയെ മറിച്ചുകളയുന്നു.
6അവിടുന്ന് ഭൂമിയെ സ്വസ്ഥാനത്തുനിന്ന് ഇളക്കുന്നു;
അതിന്റെ തൂണുകൾ കുലുങ്ങിപ്പോകുന്നു.
7അവിടുന്ന് സൂര്യനോട് കല്പിക്കുന്നു;
അത് ഉദിക്കാതെയിരിക്കുന്നു;
അവിടുന്ന് നക്ഷത്രങ്ങളെ പൊതിഞ്ഞ് മുദ്രയിടുന്നു.
8അവിടുന്ന് തനിച്ച് ആകാശത്തെ വിരിക്കുന്നു;
സമുദ്രത്തിലെ തിരമാലകളിന്മേൽ അവിടുന്ന് നടക്കുന്നു.
9അവിടുന്ന് സപ്തർഷി, മകയിരം, കാർത്തിക1 , ഇവയെയും
തെക്കെ നക്ഷത്രമണ്ഡലത്തെയും ഉണ്ടാക്കുന്നു.
10യഹോവ അറിഞ്ഞുകൂടാത്ത വൻ കാര്യങ്ങളും
എണ്ണമില്ലാത്ത അത്ഭുതങ്ങളും ചെയ്യുന്നു.
11അവിടുന്ന് എന്റെ അരികിൽ കൂടി കടക്കുന്നു; ഞാൻ അവിടുത്തെ കാണുന്നില്ല;
അവിടുന്ന് കടന്നുപോകുന്നു; ഞാൻ അവിടുത്തെ അറിയുന്നതുമില്ല.
12അവിടുന്ന് പറിച്ചെടുക്കുന്നു; ആര് അവിടുത്തെ തടുക്കും?
‘നീ എന്ത് ചെയ്യുന്നു’ എന്ന് ആര് ചോദിക്കും?
13ദൈവം തന്റെ കോപം പിൻവലിക്കുന്നില്ല;
രഹബിന്റെ സഹായികൾ അവിടുത്തെ വണങ്ങുന്നു.
14പിന്നെ ഞാൻ അങ്ങയോട് ഉത്തരം പറയുന്നതും
അങ്ങയോട് വാദിപ്പാൻ വാക്ക് തിരഞ്ഞെടുക്കുന്നതും എങ്ങനെ?
15ഞാൻ നീതിമാനായിരുന്നാലും അങ്ങയോട് ഉത്തരം പറഞ്ഞുകൂടാ;
എന്റെ പ്രതിയോഗിയോട് ഞാൻ യാചിക്കേണ്ടിവരും.
16ഞാൻ വിളിച്ചിട്ട് അവിടുന്ന് ഉത്തരം അരുളിയാലും
എന്റെ അപേക്ഷ കേൾക്കും എന്ന് ഞാൻ വിശ്വസിക്കുകയില്ല.
17കൊടുങ്കാറ്റുകൊണ്ട് അവിടുന്ന് എന്നെ തകർക്കുന്നുവല്ലോ;
കാരണംകൂടാതെ എന്റെ മുറിവുകൾ വർദ്ധിപ്പിക്കുന്നു.
18ശ്വസിക്കുവാൻ എന്നെ സമ്മതിക്കുന്നില്ല;
കൈപ്പുകൊണ്ട് എന്റെ വയറ് നിറയ്ക്കുന്നു.
19ബലം വിചാരിച്ചാൽ: ദൈവം തന്നെ ബലവാൻ;
ന്യായവിധി വിചാരിച്ചാൽ: ആര് എനിയ്ക്ക് അവധി നിശ്ചയിക്കും?
20ഞാൻ നീതിമാനായാലും എന്റെ സ്വന്ത വായ് എന്നെ കുറ്റം വിധിക്കും;
ഞാൻ നിഷ്കളങ്കനായാലും അവിടുന്ന് എനിയ്ക്ക് കുറ്റം ആരോപിക്കും.
21ഞാൻ നിഷ്കളങ്കൻ; ഞാൻ എന്റെ പ്രാണനെ കരുതുന്നില്ല;
എന്റെ ജീവനെ ഞാൻ നിരസിക്കുന്നു.
22അതെല്ലാം ഒരുപോലെ; അതുകൊണ്ട് ഞാൻ പറയുന്നത്:
അവിടുന്ന് നിഷ്കളങ്കനെയും ദുഷ്ടനെയും നശിപ്പിക്കുന്നു.
23ബാധ പെട്ടെന്ന് കൊല്ലുന്നുവെങ്കിൽ
നിർദ്ദോഷികളുടെ നിരാശ കണ്ട് അവിടുന്ന് ചിരിക്കുന്നു.
24ഭൂമി ദുഷ്ടന്മാരുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു;
അതിലെ ന്യായാധിപന്മാരുടെ മുഖം അവിടുന്ന് മൂടിക്കളയുന്നു; അത് അവിടുന്നല്ലെങ്കിൽ പിന്നെ ആര്?
25എന്റെ ആയുഷ്കാലം ഓട്ടക്കാരനെക്കാൾ വേഗം പോകുന്നു;
അത് നന്മ കാണാതെ ഓടിപ്പോകുന്നു.
26അത് ഓടത്തണ്ടുകൊണ്ടുള്ള വള്ളംപോലെയും
ഇരയെ റാഞ്ചുന്ന കഴുകനെപ്പോലെയും കടന്നു പോകുന്നു.
27ഞാൻ എന്റെ സങ്കടം മറന്ന്, മുഖവിഷാദം കളഞ്ഞ്,
പ്രസന്നതയോടെ ഇരിക്കുമെന്നു പറഞ്ഞാൽ,
28ഞാൻ എന്റെ വ്യസനം എല്ലാം ഓർത്ത് ഭയപ്പെടുന്നു;
അവിടുന്ന് എന്നെ നിർദ്ദോഷിയായി എണ്ണുകയില്ലെന്ന് ഞാൻ അറിയുന്നു.
29എന്നെ കുറ്റം വിധിക്കുകയേയുള്ളു;
പിന്നെ ഞാൻ വൃഥാ പ്രയത്നിക്കുന്നതെന്തിന്?
30ഞാൻ ഹിമംകൊണ്ട് എന്നെ കഴുകിയാലും
ക്ഷാരജലംകൊണ്ട് എന്റെ കൈ വെടിപ്പാക്കിയാലും
31അവിടുന്ന് എന്നെ ചേറ്റുകുഴിയിൽ മുക്കിക്കളയും;
എന്റെ വസ്ത്രംപോലും എന്നെ വെറുക്കും.
32ഞാൻ അങ്ങയോട് പ്രതിവാദിക്കേണ്ടതിനും
ഞങ്ങളൊരുമിച്ച് ന്യായവിസ്താരത്തിന് ചെല്ലേണ്ടതിനും
അവിടുന്ന് എന്നെപ്പോലെ മനുഷ്യനല്ലല്ലോ.
33ഞങ്ങളെ ഇരുവരെയും പറഞ്ഞു നിർത്തേണ്ടതിന്
ഞങ്ങളുടെ നടുവിൽ ഒരു മദ്ധ്യസ്ഥനുമില്ല.
34ദൈവം തന്റെ വടി എന്നിൽനിന്ന് നീക്കട്ടെ;
അവിടുത്തെ ഘോരത്വം എന്നെ പേടിപ്പിക്കാതിരിക്കട്ടെ;
35അപ്പോൾ ഞാൻ യഹോവയെ പേടിക്കാതെ സംസാരിക്കും;
ഇപ്പോൾ എന്റെ സ്ഥിതി അങ്ങനെയല്ലല്ലോ.”


1 9:9 സപ്തർഷി, മകയിരം, കാർത്തിക ഭൂമിയെ സ്വാധീനിക്കുന്ന ആകാശനിയമങ്ങൾ 38:33

10

1“എന്റെ ജീവൻ എനിയ്ക്ക് വെറുപ്പാകുന്നു;

ഞാൻ എന്റെ സങ്കടം തുറന്നുപറയും;
എന്റെ മനോവ്യസനത്തിൽ ഞാൻ സംസാരിക്കും.
2ഞാൻ ദൈവത്തോട് പറയും: എന്നെ കുറ്റം വിധിക്കരുതേ;
എന്നെ കുറ്റപ്പെടുത്താൻ സംഗതി എന്ത്? എന്നെ അറിയിക്കണമേ.
3പീഡിപ്പിക്കുന്നതും അവിടുത്തെ കൈപ്പണിയെ തുച്ഛീകരിക്കുന്നതും
ദുഷ്ടന്മാരുടെ ആലോചനയിൽ പ്രസാദിക്കുന്നതും അങ്ങയ്ക്ക് യോഗ്യമോ?
4മാംസനേത്രങ്ങളോ അങ്ങയ്ക്കുള്ളത്?
മനുഷ്യൻ കാണുന്നതുപോലെയോ അങ്ങ് കാണുന്നത്?
5അങ്ങ് എന്റെ അകൃത്യം അന്വേഷിക്കുവാനും
എന്റെ പാപത്തെ ശോധന ചെയ്യുവാനും
6അങ്ങയുടെ നാളുകൾ മനുഷ്യന്റെ നാളുകൾ പോലെയോ?
അങ്ങയുടെ ആണ്ടുകൾ മർത്യന്റെ ജീവകാലം പോലെയോ?
7ഞാൻ കുറ്റക്കാരനല്ല എന്ന് അങ്ങ് അറിയുന്നു;
അങ്ങയുടെ കയ്യിൽനിന്ന് വിടുവിക്കാവുന്നവൻ ആരുമില്ല.
8അങ്ങയുടെ കൈ എനിക്ക് രൂപം നൽകി എന്നെ മുഴുവനും സൃഷ്ടിച്ചു;
എന്നിട്ടും അവിടുന്ന് എന്നെ നശിപ്പിച്ചുകളയുന്നു.
9അങ്ങ് എന്നെ കളിമണ്ണുകൊണ്ട് മെനഞ്ഞു എന്നോർക്കണമേ;
അവിടുന്ന് എന്നെ വീണ്ടും പൊടിയാക്കിക്കളയുമോ?
10അങ്ങ് എന്നെ പാലുപോലെ പകർന്ന്
തൈരുപോലെ ഉറകൂടുമാറാക്കിയല്ലോ.
11ത്വക്കും മാംസവും അങ്ങ് എന്നെ ധരിപ്പിച്ചു;
അസ്ഥിയും ഞരമ്പുംകൊണ്ട് എന്നെ നെയ്തിരിക്കുന്നു.
12ജീവനും കൃപയും അങ്ങ് എനിയ്ക്ക് നല്കി;
അങ്ങയുടെ കരുണ എന്റെ ശ്വാസത്തെ പരിപാലിക്കുന്നു.
13എന്നാൽ അങ്ങ് ഇത് അങ്ങയുടെ ഹൃദയത്തിൽ ഒളിച്ചുവെച്ചു;
ഇതായിരുന്നു അങ്ങയുടെ താത്പര്യം എന്ന് ഞാൻ അറിയുന്നു.
14ഞാൻ പാപം ചെയ്താൽ അങ്ങ് കാണുന്നു;
എന്റെ അകൃത്യം അങ്ങ് ശിക്ഷിക്കാതെ വിടുന്നതുമില്ല.
15ഞാൻ ദുഷ്ടനെങ്കിൽ എനിയ്ക്ക് അയ്യോ കഷ്ടം;
നീതിമാനായിരുന്നാലും ഞാൻ തല ഉയർത്തേണ്ടതല്ല;
ലജ്ജാപൂർണ്ണനായി ഞാൻ എന്റെ കഷ്ടത കാണുന്നു.
16തല ഉയർത്തിയാൽ അങ്ങ് ഒരു സിംഹംപോലെ എന്നെ വേട്ടയാടും.
പിന്നെയും എനിക്കെതിരെ അങ്ങയുടെ അത്ഭുതശക്തി കാണിക്കുന്നു.
17അങ്ങയുടെ സാക്ഷികളെ അങ്ങ് വീണ്ടും വീണ്ടും എന്റെ നേരെ നിർത്തുന്നു;
അങ്ങയുടെ ക്രോധം എന്റെമേൽ വർദ്ധിപ്പിക്കുന്നു;
അവ ഗണംഗണമായി വന്നു പൊരുതുന്നു.
18അങ്ങ് എന്നെ ഗർഭപാത്രത്തിൽനിന്ന് പുറപ്പെടുവിച്ചതെന്തിന്?
ഒരു കണ്ണും എന്നെ കാണാതെ എന്റെ പ്രാണൻ പോകുമായിരുന്നു.
19ഞാൻ ജനിക്കാത്തതുപോലെ ഇരിക്കുമായിരുന്നു;
ഗർഭപാത്രത്തിൽനിന്ന് എന്നെ ശവക്കുഴിയിലേക്ക് കൊണ്ടുപോകുമായിരുന്നു;
20എന്റെ ജീവകാലം ചുരുക്കമല്ലയോ?
ഇരുളും അന്ധതമസ്സും ഉള്ള ദേശത്തേക്ക്
അർദ്ധരാത്രിപോലെ കൂരിരുളും ക്രമമില്ലാതെ അന്ധതമസ്സും
21വെളിച്ചം അർദ്ധരാത്രിപോലെയും ഉള്ള ദേശത്തേക്കു തന്നേ,
മടങ്ങിവരാതെ, പോകുന്നതിനുമുമ്പ്
22ഞാൻ അല്പം ആശ്വസിക്കേണ്ടതിന്
അങ്ങ് മതിയാക്കി എന്നെ വിട്ടുമാറണമേ.”

11

1അതിന് നയമാത്യനായ സോഫർ ഉത്തരം പറഞ്ഞത്:

2“അതിഭാഷണത്തിന് ഉത്തരം പറയേണ്ടയോ?
ധാരാളം സംസാരിക്കുന്നവൻ നീതിമാനായിരിക്കുമോ?
3നിന്റെ ജല്പനം കേട്ടിട്ട് പുരുഷന്മാർ മിണ്ടാതിരിക്കുമോ?
നീ പരിഹസിക്കുമ്പോൾ നിന്നെ ലജ്ജിപ്പിക്കുവാൻ ആരുമില്ലയോ?
4“എന്റെ ഉപദേശം നിർമ്മലം എന്നും
തൃക്കണ്ണിന് ഞാൻ വെടിപ്പുള്ളവൻ” എന്നും നീ പറഞ്ഞുവല്ലോ.
5അയ്യോ ദൈവം അരുളിച്ചെയ്യുകയും
നിന്റെ നേരെ അധരം തുറക്കുകയും
6ജ്ഞാനമർമ്മങ്ങൾ വിവിധ സാഫല്യമുള്ളവ
എന്ന് നിന്നെ ഗ്രഹിപ്പിക്കുകയും ചെയ്തു എങ്കിൽ!
അപ്പോൾ നിന്റെ അകൃത്യം ഓരോന്നും
ദൈവം ക്ഷമിച്ചിരിക്കുന്നു എന്ന് നീ അറിയുമായിരുന്നു.
7ദൈവത്തിന്റെ അഗാധതത്വം നിനക്കു ഗ്രഹിക്കാമോ?
സർവ്വശക്തന്റെ സമ്പൂർത്തി നിനക്കു മനസ്സിലാകുമോ?
8അത് ആകാശത്തോളം ഉയരമുള്ളത്; നീ എന്ത് ചെയ്യും;
അത് പാതാളത്തേക്കാൾ അഗാധമായത്; നിനക്കെന്തറിയാം?
9അതിന്റെ അളവ് ഭൂമിയെക്കാൾ നീളവും
സമുദ്രത്തെക്കാൾ വീതിയും ഉള്ളത്.
10യഹോവ കടന്നുവന്ന് ബന്ധിക്കുകയും
വിസ്താരസഭയെ കൂട്ടുകയും ചെയ്താൽ അവിടുത്തെ തടുക്കുന്നത് ആർ?
11ദൈവം കൊള്ളരുതാത്തവരെ അറിയുന്നുവല്ലോ;
ദൃഷ്ടിവയ്ക്കാതെ തന്നെ അവിടുന്ന് ദ്രോഹം കാണുന്നു.
12വിഡ്ഢിയായവനും ബുദ്ധിപ്രാപിക്കും;
കാട്ടുകഴുതക്കുട്ടി മനുഷ്യനായി ജനിക്കും;
13നീ നിന്റെ ഹൃദയത്തെ സ്ഥിരമാക്കി
ദൈവത്തിങ്കലേക്ക് കൈമലർത്തുമ്പോൾ
14നിന്റെ കയ്യിൽ ദ്രോഹം ഉണ്ടെങ്കിൽ അതിനെ അകറ്റുക;
നീതികേട് നിന്റെ കൂടാരങ്ങളിൽ പാർപ്പിക്കരുത്.
15അപ്പോൾ നീ കളങ്കംകൂടാതെ മുഖം ഉയർത്തും;
നീ ഉറച്ചുനില്ക്കും; ഭയപ്പെടുകയുമില്ല.
16അതെ, നീ കഷ്ടത മറക്കും;
ഒഴുകിപ്പോയ വെള്ളംപോലെ അതിനെ ഓർക്കും.
17നിന്റെ ആയുസ്സ് മദ്ധ്യാഹ്നത്തെക്കാൾ പ്രകാശിക്കും;
ഇരുൾ പ്രഭാതംപോലെയാകും.
18പ്രത്യാശയുള്ളതുകൊണ്ട് നീ നിർഭയനായിരിക്കും;
നീ ചുറ്റും നോക്കി സ്വൈരമായി വസിക്കും;
19നീ കിടക്കും; ആരും നിന്നെ ഭയപ്പെടുത്തുകയില്ല;
പലരും നിന്റെ മമത അന്വേഷിക്കും.
20എന്നാൽ ദുഷ്ടന്മാരുടെ കണ്ണ് മങ്ങിപ്പോകും;
ശരണം അവർക്ക് പൊയ്പോകും;
പ്രാണനെ വിടുന്നതത്രേ അവർക്കുള്ള പ്രത്യാശ.”

12

1അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്:

2“ഓഹോ, നിങ്ങൾ ആകുന്നു വിദ്വജ്ജനം!
നിങ്ങൾ മരിച്ചാൽ ജ്ഞാനം മരിക്കും.
3നിങ്ങളെപ്പോലെ എനിക്കും ബുദ്ധി ഉണ്ട്;
നിങ്ങളെക്കാൾ ഞാൻ ഒട്ടും കുറഞ്ഞവനല്ല;
ആർക്കാകുന്നു ഇതൊക്കെ അറിഞ്ഞുകൂടാത്തത്?
4ദൈവത്തെ വിളിച്ച് ഉത്തരം ലഭിച്ച ഞാൻ
എന്റെ സഖിയ്ക്ക് പരിഹാസവിഷയമായിത്തീർന്നു;
നീതിമാനും നഷ്കളങ്കനുമായവൻ തന്നെ പരിഹാസവിഷയമായിത്തീർന്നു.
5വിപത്ത് നിന്ദ്യം എന്ന് സുഖിമാന്റെ വിചാരം;
കാൽ ഇടറുന്നവർക്കായി അത് ഒരുങ്ങിയിരിക്കുന്നു.
6പിടിച്ചുപറിക്കാരുടെ കൂടാരങ്ങൾ സമാധാനമായിരിക്കുന്നു;
ദൈവത്തെ കോപിപ്പിക്കുന്നവർ നിർഭയമായ്‌ വസിക്കുന്നു;
അവരുടെ കയ്യിൽ ദൈവം എത്തിച്ചുകൊടുക്കുന്നു.
7മൃഗങ്ങളോട് ചോദിക്കുക; അവ നിന്നെ ഉപദേശിക്കും;
ആകാശത്തിലെ പക്ഷികളോട് ചോദിക്കുക; അവ പറഞ്ഞുതരും;
8അല്ല, ഭൂമിയോട് സംഭാഷിക്കുക; അത് നിന്നെ ഉപദേശിക്കും;
സമുദ്രത്തിലെ മത്സ്യം നിന്നോട് വിവരിക്കും.
9യഹോവയുടെ കൈ ഇത് പ്രർത്തിച്ചിരിക്കുന്നു
എന്ന് ഇവയെല്ലാംകൊണ്ടും ഗ്രഹിക്കാത്തവനാര്?
10സകലജീവജന്തുക്കളുടെയും പ്രാണനും
സകലമനുഷ്യവർഗ്ഗത്തിന്റെയും ശ്വാസവും ദൈവത്തിന്റെ കയ്യിൽ ഇരിക്കുന്നു.
11ചെവി വാക്കുകളെ പരിശോധിക്കുന്നില്ലയോ?
അണ്ണാക്ക് ഭക്ഷണം രുചിനോക്കുന്നില്ലയോ?
12വൃദ്ധന്മാരുടെ പക്കൽ ജ്ഞാനവും
വയോധികന്മാരിൽ വിവേകവും ഉണ്ട്.
13ജ്ഞാനവും ശക്തിയും യഹോവയുടെ പക്കൽ,
ആലോചനയും വിവേകവും അവിടുത്തേക്കുള്ളത്.
14യഹോവ ഇടിച്ചുകളഞ്ഞാൽ ആർക്കും പണിതുകൂടാ;
അവിടുന്ന് മനുഷ്യനെ ബന്ധിച്ചാൽ ആരും അഴിച്ചുവിടുകയില്ല.
15അവിടുന്ന് വെള്ളം തടഞ്ഞുവച്ചാൽ അത് വറ്റിപ്പോകുന്നു;
അവിടുന്ന് വിട്ടയച്ചാൽ അത് ഭൂമിയെ മറിച്ചുകളയുന്നു.
16ദൈവത്തിന്റെ പക്കൽ ശക്തിയും മഹാജ്ഞാനവും ഉണ്ട്;
വഞ്ചിതനും വഞ്ചകനും അവിടുത്തേക്കുള്ളവർ.
17യഹോവ മന്ത്രിമാരെ കവർച്ചയായി കൊണ്ടു പോകുന്നു;
ന്യായാധിപന്മാരെ ഭോഷന്മാരാക്കുന്നു.
18രാജാക്കന്മാരുടെ അധികാരത്തെ അഴിക്കുന്നു;
അവരുടെ അരയ്ക്ക് ബന്ധനം മുറുക്കുന്നു.
19യഹോവ പുരോഹിതന്മാരെ കവർച്ചയായി കൊണ്ടുപോകുന്നു;
ബലശാലികളെ തള്ളിയിട്ടുകളയുന്നു.
20യഹോവ വിശ്വസ്തന്മാർക്ക് വാക്ക് മുട്ടിക്കുന്നു.
വൃദ്ധന്മാരുടെ ബുദ്ധി എടുത്തുകളയുന്നു.
21യഹോവ പ്രഭുക്കന്മാരുടെ മേൽ നിന്ദ പകരുന്നു;
ബലവാന്മാരുടെ അരക്കച്ച അഴിച്ചുകളയുന്നു.
22യഹോവ അഗാധകാര്യങ്ങൾ അന്ധകാരത്തിൽ നിന്ന് വെളിച്ചത്ത് കൊണ്ടുവരുന്നു;
അന്ധതമസ്സിനെ പ്രകാശത്തിൽ വരുത്തുന്നു.
23യഹോവ ജനതകളെ വർദ്ധിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു;
അവിടുന്ന് ജനതകളെ ചിതറിക്കുകയും കൂട്ടുകയും ചെയ്യുന്നു.
24യഹോവ ഭൂവാസികളിലെ തലവന്മാരിൽ നിന്ന് ധൈര്യം എടുത്തുകളയുന്നു;
വഴിയില്ലാത്ത ശൂന്യപ്രദേശത്ത് അവരെ ഉഴന്നു നടക്കുമാറാക്കുന്നു;
25അവർ വെളിച്ചമില്ലാതെ ഇരുട്ടിൽ തപ്പിനടക്കുന്നു;
യഹോവ മദ്യപന്മാരെപ്പോലെ അവരെ ചാഞ്ചാടുമാറാക്കുന്നു.

13

1എന്റെ കണ്ണ് ഇതെല്ലാം കണ്ടു;

എന്റെ ചെവി അത് കേട്ട് ഗ്രഹിച്ചിരിക്കുന്നു.
2നിങ്ങൾ അറിയുന്നത് ഞാനും അറിയുന്നു;
ഞാൻ നിങ്ങളേക്കാൾ ഒട്ടും കുറഞ്ഞവനല്ല.
3സർവ്വശക്തനോട് ഞാൻ സംസാരിക്കുവാൻ ഭാവിക്കുന്നു;
ദൈവത്തോട് വാദിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.
4നിങ്ങൾ വ്യാജത്തെ സത്യംകൊണ്ട് വെള്ള പൂശുന്നവർ;
നിങ്ങളെല്ലാവരും മുറിവൈദ്യന്മാർ തന്നെ.
5നിങ്ങൾ ഒന്നും മിണ്ടാതിരുന്നാൽ കൊള്ളാം;
അത് നിങ്ങൾക്ക് ജ്ഞാനമായിരിക്കും.
6എന്റെ ന്യായവാദം കേട്ടുകൊൾവിൻ;
എന്റെ അധരങ്ങളുടെ വ്യവഹാരം ശ്രദ്ധിക്കുവിൻ.
7നിങ്ങൾ ദൈവത്തിനുവേണ്ടി നീതികേട് സംസാരിക്കുന്നുവോ?
നിങ്ങൾ ദൈവത്തിനുവേണ്ടി വ്യാജം പറയുന്നുവോ?
8അവിടുത്തെ പക്ഷം പിടിക്കുന്നുവോ?
ദൈവത്തിനുവേണ്ടി വാദിക്കുന്നുവോ?
9അവിടുന്ന് നിങ്ങളെ പരിശോധിച്ചാൽ എന്തെങ്കിലും നന്മ കാണുമോ?
മർത്യനെ തോല്പിക്കുമ്പോലെ നിങ്ങൾ ദൈവത്തെ തോല്പിക്കുമോ?
10ഗൂഢമായി പക്ഷപാതം കാണിച്ചാൽ
അവിടുന്ന് നിങ്ങളെ ശാസിക്കും നിശ്ചയം.
11ദൈവത്തിന്റെ മഹിമ നിങ്ങളെ ഭയപ്പെടുത്തുകയില്ലയോ?
ദൈവത്തിന്റെ ഭീതി നിങ്ങളുടെ മേൽ വീഴുകയില്ലയോ?
12നിങ്ങളുടെ ജ്ഞാപകവാക്യങ്ങൾ ചാരമായ പഴമൊഴികളാണ്;
നിങ്ങളുടെ കോട്ടകൾ മൺകോട്ടകൾ തന്നേ.
13നിങ്ങൾ മിണ്ടാതിരിക്കുവിൻ; ഞാൻ പറഞ്ഞുകൊള്ളട്ടെ;
പിന്നെ എനിയ്ക്ക് വരുന്നത് വരട്ടെ.
14ഞാൻ എന്റെ മാംസത്തെ പല്ലുകൊണ്ട് കടിച്ചുപിടിക്കുന്നതും
എന്റെ ജീവനെ ഉപേക്ഷിച്ചുകളയുന്നതും എന്തിന്?.
15അങ്ങ് എന്നെ കൊന്നാലും ഞാൻ അങ്ങയെത്തന്നെ കാത്തിരിക്കും;
ഞാൻ എന്റെ നടപ്പ് അങ്ങയുടെ മുമ്പാകെ തെളിയിക്കും.
16വഷളൻ അങ്ങയുടെ സന്നിധിയിൽ വരുകയില്ല
എന്നുള്ളതു തന്നെ എനിക്കൊരു രക്ഷയാകും.
17എന്റെ വാക്ക് ശ്രദ്ധയോടെ കേൾക്കുവിൻ;
ഞാൻ പ്രസ്താവിക്കുന്നത് നിങ്ങളുടെ ചെവിയിൽ കടക്കട്ടെ;
18ഇതാ, ഞാൻ എന്റെ ന്യായങ്ങളെ ഒരുക്കിയിരിക്കുന്നു.
ഞാൻ നീതീകരിക്കപ്പെടും എന്ന് ഞാൻ അറിയുന്നു.
19എന്നോട് വാദിക്കുവാൻ തുനിയുന്നതാര്?
ഞാൻ ഇപ്പോൾ മിണ്ടാതിരുന്ന് എന്റെ പ്രാണൻ ഉപേക്ഷിക്കാം.
20രണ്ടു കാര്യം മാത്രം എന്നോട് ചെയ്യരുതേ;
എന്നാൽ ഞാൻ അങ്ങയുടെ സന്നിധി വിട്ട് ഒളിക്കുകയില്ല.
21അങ്ങയുടെ കൈ എന്നിൽനിന്ന് പിൻവലിക്കണമേ;
അങ്ങയുടെ ഭയങ്കരത്വം എന്നെ ഭ്രമിപ്പിക്കരുതേ.
22പിന്നെ അവിടുന്ന് വിളിച്ചാലും; ഞാൻ ഉത്തരം പറയും;
അല്ലെങ്കിൽ ഞാൻ സംസാരിക്കാം; അവിടുന്ന് ഉത്തരം അരുളേണമേ.
23എന്റെ അകൃത്യങ്ങളും പാപങ്ങളും എത്ര?
എന്റെ അതിക്രമവും പാപവും എന്നെ ഗ്രഹിപ്പിക്കണമേ.
24തിരുമുഖം മറച്ചുകൊള്ളുന്നതും
എന്നെ ശത്രുവായി വിചാരിക്കുന്നതും എന്തിന്?
25പാറിപ്പോകുന്ന ഇലയെ അങ്ങ് പേടിപ്പിക്കുമോ?
ഉണങ്ങിയ പതിരിനെ പിന്തുടരുമോ?
26കയ്പായുള്ളത് അവിടുന്ന് എനിയ്ക്ക് എഴുതിവച്ച്
എന്റെ യൗവ്വനത്തിലെ അകൃത്യങ്ങൾ എന്നെ അനുഭവിക്കുമാറാക്കുന്നു.
27എന്റെ കാൽ അങ്ങ് 1 ആമത്തിൽ ഇട്ടു;
എന്റെ നടപ്പൊക്കെയും കുറിച്ചുവയ്ക്കുന്നു.
എന്റെ കാലടികളുടെ ചുറ്റും വര വരയ്ക്കുന്നു.
28ഞാൻ ചീഞ്ഞഴുകിയ വസ്ത്രംപോലെയും
പുഴു അരിച്ച വസ്ത്രംപോലെയും ഇരിക്കുന്നു.


1 13:27 ആമം = വിലങ്ങ്

14

1സ്ത്രീ പ്രസവിച്ച മനുഷ്യൻ അല്പായുസ്സുള്ളവനും

കഷ്ടസമ്പൂർണ്ണനും ആകുന്നു.
2അവൻ പൂപോലെ വിടർന്ന് പൊഴിഞ്ഞുപോകുന്നു;
നിലനില്ക്കാതെ നിഴൽപോലെ ഓടിപ്പോകുന്നു.
3അവന്റെ നേരെയോ തൃക്കണ്ണ് മിഴിക്കുന്നത്?
എന്നെയോ അങ്ങ് ന്യായവിസ്താരത്തിലേക്ക് വരുത്തുന്നത്?
4അശുദ്ധനിൽനിന്ന് ജനിച്ച വിശുദ്ധൻ ഉണ്ടോ? ഒരുത്തനുമില്ല.
5അങ്ങയുടെ ജീവകാലത്തിന് അവധി ഉണ്ടല്ലോ;
അവന്റെ മാസങ്ങളുടെ എണ്ണം അങ്ങയുടെ പക്കൽ;
അവന് ലംഘിച്ചുകൂടാത്ത അതിര് അവിടുന്ന് വച്ചിരിക്കുന്നു
6അവൻ ഒരു കൂലിക്കാരനെപ്പോലെ വിശ്രമിച്ച്
തന്റെ ദിവസത്തിൽ തൃപ്തിപ്പെടേണ്ടതിന്
അങ്ങയുടെ നോട്ടം അവനിൽനിന്ന് മാറ്റിക്കൊള്ളണമേ.
7ഒരു വൃക്ഷമായിരുന്നാൽ പ്രത്യാശയുണ്ട്;
അതിനെ വെട്ടിയാൽ പിന്നെയും പൊട്ടിക്കിളിർക്കും;
അതിന് ഇളങ്കൊമ്പുകൾ വിടർന്നുകൊണ്ടിരിക്കും.
8അതിന്റെ വേര് നിലത്ത് പഴകിയാലും
അതിന്റെ കുറ്റി മണ്ണിൽ ഉണങ്ങിപ്പോയാലും
9വെള്ളത്തിന്റെ ഗന്ധംകൊണ്ട് അത് കിളിർക്കും
ഒരു തൈപോലെ ശാഖ പുറപ്പെടും.
10മനുഷ്യൻ മരിച്ചാൽ ദ്രവിച്ചുപോകുന്നു;
മനുഷ്യൻ പ്രാണനെ വിട്ടാൽ പിന്നെ അവൻ എവിടെ?
11സമുദ്രത്തിലെ വെള്ളം പോയ്പോകുമ്പോലെയും
നദി വറ്റി ഉണങ്ങിപ്പോകുമ്പോലെയും
12മനുഷ്യൻ കിടന്നിട്ട് എഴുന്നേല്ക്കുന്നില്ല;
ആകാശം ഇല്ലാതെയാകുംവരെ അവർ ഉണരുന്നില്ല;
ഉറക്കത്തിൽനിന്ന് എഴുന്നേല്ക്കുന്നതുമില്ല;
13അങ്ങ് എന്നെ പാതാളത്തിൽ മറച്ചുവയ്ക്കുകയും
അവിടുത്തെ കോപം കഴിയുവോളം എന്നെ ഒളിപ്പിക്കുകയും
എനിക്ക് ഒരവധി നിശ്ചയിച്ച് എന്നെ
ഓർക്കുകയും ചെയ്തുവെങ്കിൽ കൊള്ളാമായിരുന്നു.
14മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ?
എന്നാൽ എനിക്ക് മാറ്റം വരുവോളം
എന്റെ യുദ്ധകാലമെല്ലാം കാത്തിരിക്കാമായിരുന്നു.
15അങ്ങ് വിളിക്കും; ഞാൻ അവിടുത്തോട് ഉത്തരം പറയും;
അങ്ങയുടെ കൈവേലയോട് അങ്ങയ്ക്ക് താത്പര്യമുണ്ടാകും.
16ഇപ്പോഴോ അവിടുന്ന് എന്റെ കാലടികളെ എണ്ണുന്നു;
എന്റെ പാപത്തിന്മേൽ അങ്ങ് ദൃഷ്ടിവയ്ക്കുന്നില്ലയോ?
17എന്റെ അതിക്രമം ഒരു സഞ്ചിയിലാക്കി മുദ്രയിട്ടിരിക്കുന്നു;
എന്റെ അകൃത്യം അങ്ങ് മറച്ചിരിക്കുന്നു.
18മലപോലും വീണു പൊടിയുന്നു;
പാറയും സ്ഥലം വിട്ട് മാറിപ്പോകുന്നു.
19വെള്ളം കല്ലുകളെ തേയുമാറാക്കുന്നതും
അതിന്റെ പ്രവാഹം നിലത്തെ പൊടി ഒഴുക്കിക്കളയുന്നതു പോലെ
അങ്ങ് മനുഷ്യന്റെ പ്രത്യാശയെ നശിപ്പിക്കുന്നു.
20അങ്ങ് എപ്പോഴും അവനെ ആക്രമിച്ചിട്ട് അവൻ കടന്നുപോകുന്നു;
അവിടുന്ന് അവന്റെ മുഖം വിരൂപമാക്കി അവനെ അയച്ചുകളയുന്നു.
21അവന്റെ പുത്രന്മാർക്ക് ബഹുമാനം ലഭിക്കുന്നത് അവൻ അറിയുന്നില്ല;
അവർക്ക് താഴ്ച ഭവിക്കുന്നത് അവൻ ഗ്രഹിക്കുന്നതുമില്ല.
22തന്നെപ്പറ്റി മാത്രം അവന്റെ ദേഹം വേദനപ്പെടുന്നു;
തന്നെക്കുറിച്ചത്രേ അവന്റെ ഉള്ളം ദുഃഖിക്കുന്നു.”

15

1അതിന് തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞത്:

2“ജ്ഞാനിയായവൻ വ്യർത്ഥജ്ഞാനം പ്രസ്താവിക്കുമോ?
അവൻ കിഴക്കൻ കാറ്റുകൊണ്ട് വയറുനിറയ്ക്കുമോ?
3അവൻ പ്രയോജനമില്ലാത്ത വാക്കുകളാലും
ഉപകാരമില്ലാത്ത മൊഴികളാലും തർക്കിക്കുമോ?
4നീ ഭക്തി വെടിഞ്ഞ് ദൈവസന്നിധിയിലെ ധ്യാനം മുടക്കിക്കളയുന്നു.
5നിന്റെ അകൃത്യം നിന്റെ വായെ പഠിപ്പിക്കുന്നു;
ഉപായികളുടെ നാവ് നീ തിരഞ്ഞെടുത്തിരിക്കുന്നു.
6ഞാനല്ല, നിന്റെ സ്വന്തവായ് നിന്നെ കുറ്റം വിധിക്കുന്നു;
നിന്റെ അധരങ്ങൾ തന്നെ നിന്റെ നേരെ സാക്ഷീകരിക്കുന്നു.
7നീയോ ആദ്യം ജനിച്ച മനുഷ്യൻ?
പർവ്വതങ്ങൾക്കും മുമ്പ് നീ പിറന്നുവോ?
8നീ ദൈവത്തിന്റെ ആലോചനസഭയിൽ കൂടിയിട്ടുണ്ടോ?
ജ്ഞാനം നിന്റെ അവകാശം ആണോ?
9ഞങ്ങൾക്ക് അറിയാത്തതായി നിനക്ക് എന്ത് അറിയാം?
ഞങ്ങൾക്ക് മനസ്സിലാകാത്തതായി നീ എന്താണ് ഗ്രഹിച്ചിരിക്കുന്നത്?
10ഞങ്ങളുടെ ഇടയിൽ നരച്ചവരും വൃദ്ധന്മാരും ഉണ്ട്;
നിന്റെ അപ്പനേക്കാൾ പ്രായം ചെന്നവർ തന്നെ.
11ദൈവത്തിന്റെ ആശ്വാസങ്ങളും
സ്വന്തമായി പറഞ്ഞുതരുന്ന വാക്കും നിനക്ക് പോരയോ?
12നിന്റെ ഹൃദയം നിന്നെ പതറിക്കുന്നതെന്ത്?
നിന്റെ കണ്ണ് ജ്വലിക്കുന്നതെന്ത്?
13നീ ദൈവത്തിന്റെ നേരെ തിരിയുകയും
നിന്റെ വായിൽനിന്ന് ഇങ്ങനെയുള്ള വാക്കുകൾ പുറപ്പെടുകയും ചെയ്യുന്നു.
14മർത്യൻ ശുദ്ധിമാനായിരിക്കുന്നതെങ്ങനെ?
സ്ത്രീ പ്രസവിച്ചവൻ നീതിമാനായിരിക്കുന്നതെങ്ങനെ?
15തന്റെ വിശുദ്ധന്മാരിലും ദൈവത്തിന് വിശ്വാസമില്ലല്ലോ;
സ്വർഗ്ഗവും അവിടുത്തെ കണ്ണിന് നിർമ്മലമല്ല.
16പിന്നെ വെറുപ്പും വഷളത്തവുമുള്ളവനായി
വെള്ളംപോലെ അകൃത്യം കുടിക്കുന്ന മനുഷ്യൻ എങ്ങനെ?
17ഞാൻ നിന്നെ ഉപദേശിക്കാം, കേട്ടുകൊള്ളുക;
ഞാൻ കണ്ടിട്ടുള്ളത് വിവരിച്ചുപറയാം.
18ജ്ഞാനികൾ അവരുടെ പിതാക്കന്മാരോട് കേൾക്കുകയും
മറച്ചുവയ്ക്കാതെ അറിയിക്കുകയും ചെയ്തതു തന്നേ.
19അവർക്കുമാത്രമാണല്ലോ ദേശം നല്കിയിരുന്നത്;
അന്യൻ അവരുടെ ഇടയിൽ കടക്കുന്നതുമില്ല.
20ദുഷ്ടൻ ജീവപര്യന്തം അതിവേദനയോടെ ഇരിക്കുന്നു;
ഉപദ്രവകാരിക്ക് വച്ചിരിക്കുന്ന ആണ്ടുകൾ തികയുവോളം തന്നെ.
21ഭീകരശബ്ദം അവന്റെ ചെവിയിൽ മുഴങ്ങുന്നു;
സുഖമായിരിക്കുമ്പോൾ കവർച്ചക്കാരൻ അവന്റെ നേരെ വരുന്നു.
22അന്ധകാരത്തിൽനിന്ന് മടങ്ങിവരുമെന്ന് അവൻ വിശ്വസിക്കുന്നില്ല;
അവൻ വാളിനിരയാകാൻ നിയമിക്കപ്പെട്ടിരിക്കുന്നു.
23അവൻ അപ്പം തെണ്ടിനടക്കുന്നു; ‘അത് എവിടെ കിട്ടും’ എന്ന് ചോദിക്കുന്നു?
അന്ധകാരദിവസം തനിക്ക് അടുത്തിരിക്കുന്നു എന്ന് അവൻ അറിയുന്നു.
24കഷ്ടവും മനഃപീഡയും അവനെ ഭയപ്പെടുത്തുന്നു;
പടയ്ക്കൊരുങ്ങിയ രാജാവെന്നപോലെ അവനെ ആക്രമിക്കുന്നു.
25അവൻ ദൈവത്തിന് വിരോധമായി കൈ ഉയർത്തി,
സർവ്വശക്തനോട് ധിക്കാരം കാട്ടിയതുകൊണ്ടു തന്നെ.
26തന്റെ പരിചകളുടെ തടിച്ച മുഴകളോടുകൂടി
അവൻ ശാഠ്യംകാണിച്ച് ദൈവത്തിന്റെ നേരെ പാഞ്ഞുചെല്ലുന്നു.
27അവൻ തന്റെ മുഖത്തെ മേദസ്സുകൊണ്ട് മൂടുന്നു;
തന്റെ അരക്കെട്ടിന് കൊഴുപ്പ് കൂട്ടുന്നു.
28അവൻ ശൂന്യനഗരങ്ങളിലും ആരും പാർക്കാതെ
കൽകൂമ്പാരങ്ങളായിത്തീരുവാനുള്ള വീടുകളിലും പാർക്കുന്നു.
29അവൻ ധനവാനാകുകയില്ല; അവന്റെ സമ്പത്ത് നിലനില്ക്കുകയില്ല; അവരുടെ വിളവ് നിലത്തേക്കു കുലച്ചു മറികയുമില്ല.30ഇരുളിൽനിന്ന് അവൻ അകന്നു പോകുകയില്ല;
അഗ്നിജ്വാല അവന്റെ കൊമ്പുകളെ ഉണക്കിക്കളയും;
തിരുവായിലെ ശ്വാസംകൊണ്ട് അവൻ കടന്നുപോകും.
31അവൻ വ്യാജത്തിൽ ആശ്രയിക്കരുത്; അത് സ്വയവഞ്ചനയത്രേ;
അവന്റെ പ്രതിഫലം വ്യാജം തന്നെ ആയിരിക്കും.
32അവന്റെ ദിവസം വരുംമുമ്പ് അത് നിവൃത്തിയാകും;
അവന്റെ കൊമ്പുകൾ പച്ചയായിരിക്കുകയില്ല.
33മുന്തിരിവള്ളിയിൽ നിന്ന് എന്നപോലെ അവന്റെ പക്വമാകാത്ത പഴങ്ങൾ കൊഴിഞ്ഞുവീഴും.
ഒലിവുവൃക്ഷംപോലെ പൂ പൊഴിക്കും.
34അഭക്തന്മാരുടെ കൂട്ടം വന്ധ്യത പ്രാപിക്കും;
കൈക്കൂലിയുടെ കൂടാരങ്ങൾ തീയ്ക്കിരയാകും.
35അവർ കഷ്ടത്തെ ഗർഭം ധരിച്ച് തിന്മയെ പ്രസവിക്കുന്നു;
അവരുടെ ഉദരം വഞ്ചനയെ ഉളവാക്കുന്നു.

16

1അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്:

2“ഞാൻ പോലെയുള്ള വാക്കുകൾ പലതും കേട്ടിട്ടുണ്ട്;
നിങ്ങൾ എല്ലാവരും വ്യസനിപ്പിക്കുന്ന ആശ്വാസകന്മാർ.
3വ്യർത്ഥവാക്കുകൾക്ക് അവസാനം ഉണ്ടാകുമോ?
അല്ല, ഇങ്ങനെ ഉത്തരം പറയുവാൻ നിന്നെ പ്രേരിപ്പിക്കുന്നത് എന്ത്?
4നിങ്ങളെപ്പോലെ ഞാനും സംസാരിക്കാം;
എനിയ്ക്കുള്ള അനുഭവം നിങ്ങൾക്കുണ്ടായിരുന്നുവെങ്കിൽ
എനിയ്ക്കും നിങ്ങളുടെ നേരെ മൊഴികളെ യോജിപ്പിയ്ക്കുകയും
നിങ്ങളെക്കുറിച്ച് തല കുലുക്കുകയും ചെയ്യാമായിരുന്നു.
5ഞാൻ അധരം കൊണ്ട് നിങ്ങളെ ധൈര്യപ്പെടുത്തുകയും
സാന്ത്വനംകൊണ്ട് നിങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്യുമായിരുന്നു.
6ഞാൻ സംസാരിച്ചാലും എന്റെ വേദന ശമിക്കുന്നില്ല;
ഞാൻ അടങ്ങിയിരുന്നാലും എനിക്കെന്ത് ആശ്വാസമുള്ളു?
7ഇപ്പോഴോ യഹോവ എന്നെ ക്ഷീണിപ്പിച്ചിരിക്കുന്നു;
അവിടുന്ന് എന്റെ ബന്ധുവർഗ്ഗത്തെയൊക്കെയും ശൂന്യമാക്കിയിരിക്കുന്നു.
8അവിടുന്ന് എന്നെ പിടിച്ചിരിക്കുന്നു; അത് എനിക്കെതിരെ സാക്ഷ്യമായിരിക്കുന്നു;
എന്റെ 1 മെലിച്ചൽ എനിയ്ക്ക് വിരോധമായി എഴുന്നേറ്റ് എന്റെ മുഖത്തു നോക്കി സാക്ഷ്യം പറയുന്നു.
9അവിടുന്ന് കോപത്തിൽ എന്നെ കീറി ഉപദ്രവിക്കുന്നു;
അവിടുന്ന് എന്റെ നേരെ പല്ല് കടിക്കുന്നു;
ശത്രു എന്റെ നേരെ കണ്ണ് കൂർപ്പിക്കുന്നു.
10അവർ എന്റെ നേരെ വായ് പിളർക്കുന്നു;
നിന്ദയോടെ അവർ എന്റെ ചെകിട്ടത്തടിക്കുന്നു;
അവർ എനിയ്ക്ക് വിരോധമായി കൂട്ടം കൂടുന്നു.
11ദൈവം എന്നെ അഭക്തന്റെ പക്കൽ ഏല്പിക്കുന്നു;
ദുഷ്ടന്മാരുടെ കയ്യിൽ എന്നെ അകപ്പെടുത്തുന്നു.
12ഞാൻ സ്വസ്ഥമായി വസിച്ചിരുന്നു; യഹോവ എന്നെ ചതച്ചുകളഞ്ഞു;
അവിടുന്ന് എന്നെ കഴുത്തിന് പിടിച്ച് തകർത്തുകളഞ്ഞു;
എന്നെ തനിക്ക് ഉന്നമാക്കി നിർത്തിയിരിക്കുന്നു.
13അവിടുത്തെ അസ്ത്രങ്ങൾ എന്റെ ചുറ്റും വീഴുന്നു;
അവിടുന്ന് ആദരിക്കാതെ എന്റെ അന്തർഭാഗങ്ങളെ പിളർക്കുന്നു;
എന്റെ 2 പിത്തരസം നിലത്ത് ഒഴിച്ചുകളയുന്നു.
14അവിടുന്ന് എന്നെ ഇടിച്ചിടിച്ച് തകർക്കുന്നു;
മല്ലനെപ്പോലെ എന്റെ നേരെ പായുന്നു.
15ഞാൻ ചാക്ക് എന്റെ ത്വക്കിന്മേൽ കൂട്ടിത്തുന്നി,
എന്റെ കൊമ്പിനെ പൊടിയിൽ ഇട്ടിരിക്കുന്നു.
16കരഞ്ഞ് കരഞ്ഞ് എന്റെ മുഖം ചുവന്നിരിക്കുന്നു;
എന്റെ കണ്ണിന്മേൽ അന്ധതമസ്സ് കിടക്കുന്നു.
17എങ്കിലും സാഹസം എന്റെ കൈകളിൽ ഇല്ല.
എന്റെ പ്രാർത്ഥന നിർമ്മലമത്രേ.
18അയ്യോ ഭൂമിയേ, എന്റെ രക്തം മൂടരുതേ;
എന്റെ നിലവിളി എങ്ങും തടഞ്ഞുപോകരുതേ.
19ഇപ്പോഴും എന്റെ സാക്ഷി സ്വർഗ്ഗത്തിലും
എന്റെ ജാമ്യക്കാരൻ ഉയരത്തിലും ഇരിക്കുന്നു.
20എന്റെ സ്നേഹിതന്മാർ എന്നെ പരിഹസിക്കുന്നു;
എന്റെ കണ്ണ് ദൈവത്തിങ്കലേക്ക് കണ്ണുനീർ പൊഴിക്കുന്നു.
21അവൻ മനുഷ്യന് വേണ്ടി ദൈവത്തോടും
മനുഷ്യപുത്രന് വേണ്ടി അവന്റെ കൂട്ടുകാരനോടും ന്യായവാദം കഴിക്കും.
22ഏതാനും ആണ്ട് കഴിയുമ്പോഴേക്ക്
ഞാൻ മടങ്ങിവരാനാവാത്ത പാതയിലേക്ക് പോകേണ്ടിവരുമല്ലോ.


1 16:8 മെലിയുക = എല്ലും തോലും ആകുക
2 16:13 പിത്തരസം = കരൾ ഉൽപ്പാദിപ്പിക്കുന്ന ദ്രവം

17

1എന്റെ ശ്വാസം ക്ഷയിച്ചു, എന്റെ ആയുസ്സ് തീർന്നുപോകുന്നു;

ശവക്കുഴി എനിക്കായി ഒരുങ്ങിയിരിക്കുന്നു.
2എന്റെ അരികിൽ പരിഹാസമേയുള്ളു;
എന്റെ കണ്ണ് അവരുടെ പ്രകോപനം കണ്ടു കൊണ്ടിരിക്കുന്നു.
3അവിടുന്ന് പണയംകൊടുത്ത് എനിയ്ക്ക് ജാമ്യമാകേണമേ;
എന്നെ സഹായിക്കുവാൻ മറ്റാരുള്ളു?
4ബുദ്ധി തോന്നാത്തവണ്ണം അവിടുന്ന് അവരുടെ ഹൃദയം അടച്ചുകളഞ്ഞു;
അതുനിമിത്തം അവിടുന്ന് അവരെ ഉയർത്തുകയില്ല.
5ഒരാൾ സ്നേഹിതന്മാരെ കവർച്ചയ്ക്കു വേണ്ടി
കാണിച്ചുകൊടുത്താൽ അവന്റെ മക്കളുടെ കണ്ണ് മങ്ങിപ്പോകും.
6അവിടുന്ന് എന്നെ ജനങ്ങൾക്ക് പഴഞ്ചൊല്ലാക്കിത്തീർത്തു;
ഞാൻ മുഖത്ത് തുപ്പേല്ക്കുന്നവനായിത്തീർന്നു.
7ദുഃഖം കാരണം എന്റെ കണ്ണ് മങ്ങിയിരിക്കുന്നു;
എന്റെ അവയവങ്ങൾ എല്ലാം നിഴൽ പോലെ തന്നെ.
8നേരുള്ളവർ അതു കണ്ട് ഭ്രമിച്ചുപോകും;
നിഷ്കളങ്കൻ അഭക്തന്റെ നേരെ ക്ഷോഭിക്കും.
9നീതിമാനോ തന്റെ വഴി തന്നെ പിന്തുടരും;
കൈവെടിപ്പുള്ളവൻ മേല്ക്കുമേൽ ബലം പ്രാപിക്കും.
10എന്നാൽ നിങ്ങൾ എല്ലാവരും മടങ്ങിവരുവിൻ;
ഞാൻ നിങ്ങളിൽ ഒരു ജ്ഞാനിയെയും കാണുന്നില്ല.
11എന്റെ നാളുകൾ കഴിഞ്ഞുപോയി; എന്റെ ഉദ്ദേശ്യങ്ങൾക്ക്,
എന്റെ ഹൃദയത്തിലെ നിരൂപണങ്ങൾക്ക് തകർച്ച സംഭവിച്ചു.
12അവർ രാത്രിയെ പകലാക്കുന്നു;
വെളിച്ചം ഇരുട്ടിനോട് അടുത്തിരിക്കുന്നു.
13ഞാനോ പാതാളത്തെ എന്റെ വീടായി പ്രതീക്ഷിക്കുന്നു;
ഇരുട്ടിൽ ഞാൻ എന്റെ കിടക്ക വിരിച്ചിരിക്കുന്നു.
14ഞാൻ ദ്രവത്വത്തോട്: നീ എന്റെ അപ്പൻ എന്നും
പുഴുവിനോട്: നീ എന്റെ അമ്മയും സഹോദരിയും എന്നും പറഞ്ഞിരിക്കുന്നു.
15അങ്ങനെയിരിക്കെ എന്റെ പ്രത്യാശ എവിടെ?
ആര് എന്റെ പ്രത്യാശയെ കാണും?
16അത് പാതാളത്തിന്റെ വാതിലുകൾ വരെ ഇറങ്ങിപ്പോകുമോ?
പൊടിയിലേക്ക് അത് ഇറങ്ങിവരുമോ?”

18

1അതിന് ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞത്:

2“നിങ്ങൾ എത്രത്തോളം വാക്കുകൾക്ക് കുടുക്കുവയ്ക്കും?
ബുദ്ധിപ്രയോഗിക്കുക; പിന്നെ നമുക്ക് സംസാരിക്കാം.
3ഞങ്ങളെ മൃഗങ്ങളായെണ്ണുന്നതും
ഞങ്ങൾ നിങ്ങൾക്ക് അശുദ്ധരായി തോന്നുന്നതും എന്ത്?
4കോപത്തിൽ സ്വയം കടിച്ചുകീറുന്നവനേ,
നിന്റെ നിമിത്തം ഭൂമി നിർജ്ജനമായിത്തീരണമോ?
പാറ അതിന്റെ സ്ഥലം വിട്ടുമാറണമോ?
5ദുഷ്ടന്മാരുടെ വെളിച്ചം കെട്ടുപോകും;
അവന്റെ അഗ്നിജ്വാല പ്രകാശിക്കുകയില്ല.
6അവന്റെ കൂടാരത്തിൽ വെളിച്ചം ഇരുണ്ടുപോകും;
അവന്റെ ദീപം കെട്ടുപോകും.
7അവൻ ഉറച്ച കാലടി വയ്ക്കുന്ന സ്ഥലം ഇടുങ്ങിപ്പോകും;
അവന്റെ സ്വന്ത ആലോചന അവനെ തള്ളിയിടും.
8അവന്റെ കാല് വലയിൽ കുടുങ്ങിപ്പോകും;
അവൻ ചതിക്കുഴിക്കുമീതെ നടക്കും.
9കെണി അവന്റെ കുതികാലിന് പിടിക്കും;
അവൻ കുടുക്കിൽ അകപ്പെടും.
10അവന് നിലത്ത് കുരുക്ക് മറച്ചുവയ്ക്കും;
അവനെ പിടിക്കുവാൻ പാതയിൽ കെണി ഒളിച്ചുവയ്ക്കും.
11ചുറ്റിലും ഘോരത്വങ്ങൾ അവനെ ഭ്രമിപ്പിക്കും;
അവന്റെ കാലുകളെ പിന്തുടർന്ന് അവനെ വേട്ടയാടും.
12അവന്റെ അനൎത്ഥം വിശന്നിരിക്കുന്നു;
വിപത്ത് അവന്റെ അരികിൽ ഒരുങ്ങി നില്ക്കുന്നു.
13അത് അവന്റെ ദേഹാംഗങ്ങളെ തിന്നുകളയും;
മരണത്തിന്റെ കടിഞ്ഞൂൽ അവന്റെ അവയവങ്ങളെ തിന്നുകളയും.
14അവൻ ആശ്രയിച്ച കൂടാരത്തിൽനിന്ന് വേർ പറിഞ്ഞുപോകും;
ഭീകരതയുടെ രാജാവിന്റെ അടുക്കലേക്ക് അവനെ കൊണ്ടുപോകും.
15അവന് ആരുമല്ലാത്തവർ അവന്റെ കൂടാരത്തിൽ വസിക്കും;
അവന്റെ നിവാസത്തിന്മേൽ ഗന്ധകം പെയ്യും.
16അടിയിൽ അവന്റെ വേര് ഉണങ്ങിപ്പോകും;
മീതെ അവന്റെ കൊമ്പ് വാടിപ്പോകും.
17അവന്റെ ഓർമ്മ ഭൂമിയിൽനിന്ന് നശിച്ചുപോകും;
തെരുവീഥിയിൽ അവന്റെ പേര് ഇല്ലാതാകും.
18അവനെ വെളിച്ചത്തുനിന്ന് ഇരുട്ടിലേക്ക് തള്ളിയിടും;
ഭൂതലത്തിൽനിന്ന് അവനെ ഓടിച്ചുകളയും.
19സ്വജനത്തിന്റെ ഇടയിൽ അവന് പുത്രനോ പൌത്രനോ ഇല്ലാതെയിരിക്കും;
അവന്റെ പാർപ്പിടം അന്യം നിന്നുപോകും.
20പശ്ചിമവാസികൾ അവന്റെ ദിവസം കണ്ട് വിസ്മയിക്കും;
പൂർവ്വദേശക്കാരും അമ്പരന്ന് പോകും.
21നീതികെട്ടവന്റെ വാസസ്ഥലം ഇങ്ങനെയാകുന്നു.
ദൈവത്തെ അറിയാത്തവന്റെ സ്ഥലം ഇങ്ങനെ തന്നെ”.

19

1അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്:

2"നിങ്ങൾ എത്രനാൾ എന്റെ മനസ്സ് വ്യസനിപ്പിക്കുകയും
വാക്കുകളാൽ എന്നെ തകർക്കുകയും ചെയ്യും?
3ഇപ്പോൾ പത്ത് പ്രാവശ്യം നിങ്ങൾ എന്നെ നിന്ദിച്ചിരിക്കുന്നു;
എന്നോട് ദ്രോഹം ചെയ്യുവാൻ നിങ്ങൾക്ക് ലജ്ജയില്ല.
4ഞാൻ തെറ്റിപ്പോയത് സത്യം എങ്കിൽ
എന്റെ തെറ്റ് എനിക്കു തന്നെ അറിയാം.
5നിങ്ങൾ സാക്ഷാൽ എനിക്കു വിരോധമായി വലിപ്പം ഭാവിച്ച്
എന്റെ അപമാനത്തെക്കുറിച്ച് എന്നെ ആക്ഷേപിക്കുന്നു എങ്കിൽ
6ദൈവം എന്നെ മറിച്ചുകളഞ്ഞ്
തന്റെ വലയിൽ എന്നെ കുടുക്കിയിരിക്കുന്നു എന്നറിയുവിൻ.
7അയ്യോ, ബലാല്ക്കാരം എന്ന് ഞാൻ നിലവിളിക്കുന്നു; കേൾക്കുവാനാരുമില്ല;
രക്ഷയ്ക്കായി ഞാൻ മുറയിടുന്നു; ന്യായം കിട്ടുന്നതുമില്ല.
8എനിക്ക് കടന്നുപോകുവാനാവാത്തവിധം യഹോവ എന്റെ വഴി കെട്ടിയടച്ചു,
എന്റെ പാതകൾ ഇരുട്ടാക്കിയിരിക്കുന്നു.
9എന്റെ തേജസ്സ് യഹോവ എന്റെമേൽ നിന്ന് ഉരിഞ്ഞെടുത്തു;
എന്റെ തലയിലെ കിരീടം നീക്കിക്കളഞ്ഞു.
10അവിടുന്ന് എന്നെ ചുറ്റും ക്ഷയിപ്പിച്ചു; എന്റെ കഥകഴിഞ്ഞു;
ഒരു വൃക്ഷത്തെപ്പോലെ എന്റെ പ്രത്യാശ പറിച്ചുകളഞ്ഞിരിക്കുന്നു.
11അവിടുന്ന് തന്റെ കോപം എന്റെമേൽ ജ്വലിപ്പിച്ച്
എന്നെ തനിക്ക് ശത്രുവായി എണ്ണുന്നു.
12അവിടുത്തെ പടക്കൂട്ടങ്ങൾ ഒന്നിച്ചുവരുന്നു;
അവർ എന്റെ നേരെ അവരുടെ വഴി നിരത്തുന്നു;
എന്റെ കൂടാരത്തിനു ചുറ്റും പാളയമിറങ്ങുന്നു.
13അവർ എന്റെ സഹോദരന്മാരെ എന്നോട് അകറ്റിക്കളഞ്ഞു;
എന്റെ പരിചയക്കാർ എനിക്ക് അന്യരായിത്തീർന്നു.
14എന്റെ ബന്ധുജനങ്ങൾ ഒഴിഞ്ഞുമാറി;
എന്റെ ഉറ്റ സ്നേഹിതന്മാർ എന്നെ മറന്നുകളഞ്ഞു.
15എന്റെ വീട്ടിൽ വസിക്കുന്നവരും എന്റെ ദാസികളും എന്നെ അന്യനായി എണ്ണുന്നു;
ഞാൻ അവർക്ക് പരദേശിയായി തോന്നുന്നു.
16ഞാൻ എന്റെ ദാസനെ വിളിച്ചു; അവൻ വിളി കേൾക്കുന്നില്ല.
എന്റെ വായ് കൊണ്ട് ഞാൻ അവനോട് യാചിക്കേണ്ടിവരുന്നു.
17എന്റെ ശ്വാസം എന്റെ ഭാര്യയ്ക്ക് അസഹ്യവും
എന്റെ യാചന എന്റെ കൂടപ്പിറപ്പുകൾക്ക് അറപ്പും ആയിരിക്കുന്നു.
18കൊച്ചുകുട്ടികൾപോലും എന്നെ നിരസിക്കുന്നു;
ഞാൻ സംസാരിക്കുമ്പോൾ അവർ എന്നെ കളിയാക്കുന്നു.
19എന്റെ പ്രാണസ്നേഹിതന്മാർ എല്ലാവരും എന്നെ വെറുക്കുന്നു;
എനിക്ക് പ്രിയരായവർ വിരോധികളായിത്തീർന്നു.
20എന്റെ അസ്ഥി ത്വക്കിനോടും മാംസത്തോടും പറ്റിയിരിക്കുന്നു;
പല്ലിന്റെ മോണയോടെ മാത്രം ഞാൻ അവശേഷിച്ചിരിക്കുന്നു.
21സ്നേഹിതന്മാരെ, എന്നോടു കൃപ തോന്നണമേ, കൃപ തോന്നണമേ;
ദൈവത്തിന്റെ കൈ എന്നെ തൊട്ടിരിക്കുന്നു.
22ദൈവം എന്ന പോലെ നിങ്ങളും എന്നെ ഉപദ്രവിക്കുന്നതെന്ത്?
എന്റെ മാംസം തിന്ന് തൃപ്തിവരാത്തത് എന്ത്?
23അയ്യോ എന്റെ വാക്കുകൾ ഒന്ന് എഴുതിയെങ്കിൽ,
ഒരു പുസ്തകത്തിൽ കുറിച്ചുവച്ചെങ്കിൽ കൊള്ളാമായിരുന്നു.
24അവയെ ഇരുമ്പാണിയും ഈയവുംകൊണ്ട്
പാറയിൽ സദാകാലത്തേക്ക് കൊത്തിവച്ചെങ്കിൽ കൊള്ളാമായിരുന്നു.
25എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും
അവിടുന്ന് ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു.
26എന്റെ ത്വക്ക് ഇങ്ങനെ നശിച്ചശേഷം
ഞാൻ ദേഹസഹിതനായി ദൈവത്തെ കാണും.
27ഞാൻ തന്നെ അവിടുത്തെ കാണും;
അന്യനല്ല, എന്റെ സ്വന്തകണ്ണ് അവിടുത്തെ കാണും;
എന്റെ ഹൃദയം എന്റെ ഉള്ളിൽ ക്ഷയിച്ചിരിക്കുന്നു.
28നാം എങ്ങനെ അവനെ ഉപദ്രവിക്കുമെന്നും
അതിന്റെ കാരണം അവനിൽ കാണുന്നു എന്നും നിങ്ങൾ പറയുന്നുവെങ്കിൽ
29വാളിനെ പേടിക്കുവിൻ; ക്രോധം വാളിന്റെ ശിക്ഷയ്ക്ക് കാരണം;
ഒരു ന്യായവിധി ഉണ്ടെന്ന് അറിഞ്ഞുകൊള്ളുവിൻ.”

20

1അതിന് നയമാത്യനായ സോഫർ ഉത്തരം പറഞ്ഞത്:

2“ഉത്തരം പറയുവാൻ എന്റെ നിരൂപണങ്ങൾ പൊങ്ങിവരുന്നു.
എന്റെ ഉള്ളിലെ അക്ഷമ കാരണം തന്നെ.
3എനിയ്ക്ക് ലജ്ജാകരമായ ശാസന ഞാൻ കേട്ടു;
എന്നാൽ ആത്മാവ് എന്റെ വിവേകത്തിൽ നിന്ന് ഉത്തരം പറയുന്നു.
4മനുഷ്യൻ ഭൂമിയിൽ ഉണ്ടായതുമുതൽ
പുരാതനമായ ഈ വസ്തുത നീ അറിയുന്നില്ലയോ?
5ദുഷ്ടന്മാരുടെ ജയഘോഷം താല്ക്കാലികമത്രെ;
അഭക്തന്റെ സന്തോഷം അല്പനേരത്തേക്കേയുള്ളു.
6അവന്റെ ഉയർച്ച ആകാശത്തോളം എത്തിയാലും
അവന്റെ ശിരസ്സ് മേഘങ്ങളോളം ഉയർന്നാലും
7അവൻ സ്വന്തവിസർജ്ജ്യംപോലെ എന്നേക്കും നശിക്കും;
അവനെ കണ്ടിട്ടുള്ളവർ അവൻ എവിടെ എന്നു ചോദിക്കും.
8അവൻ സ്വപ്നംപോലെ പറന്നുപോകും.
അവനെ പിന്നെ കാണുകയില്ല;
അവൻ രാത്രിദർശനംപോലെ മറഞ്ഞുപ്പോകും.
9അവനെ കണ്ടിട്ടുള്ള കണ്ണ് ഇനി അവനെ കാണുകയില്ല;
അവന്റെ സ്ഥലം ഇനി അവനെ ദർശിക്കുകയുമില്ല.
10അവന്റെ മക്കൾ ദരിദ്രന്മാരോട് കൃപ യാചിക്കും;
അവന്റെ കൈ അവന്റെ സമ്പത്ത് മടക്കിക്കൊടുക്കും.
11അവന്റെ അസ്ഥികളിൽ യൗവ്വനം നിറഞ്ഞിരിക്കുന്നു;
അത് അവനോടുകൂടി പൊടിയിൽ കിടക്കും.
12ദുഷ്ടത അവന്റെ വായിൽ മധുരിച്ചാലും
അവൻ അത് നാവിനടിയിൽ മറച്ചുവച്ചാലും
13അതിനെ വിടാതെ പിടിച്ച് വായ്ക്കകത്ത് സൂക്ഷിച്ചുവച്ചാലും
14അവന്റെ ആഹാരം അവന്റെ കുടലിൽ മാറ്റപ്പെട്ട്
അവന്റെ ഉള്ളിൽ സർപ്പവിഷമായിത്തീരും.
15അവൻ സമ്പത്ത് വിഴുങ്ങിയാലും അത് വീണ്ടും ഛർദ്ദിക്കേണ്ടിവരും;
ദൈവം അത് അവന്റെ വയറ്റിൽനിന്ന് പുറത്താക്കിക്കളയും.
16അവൻ സർപ്പവിഷം കുടിക്കും;
അണലിയുടെ നാവ് അവനെ കൊല്ലും.
17തേനും പാൽപാടയും ഒഴുകുന്ന തോടുകളെയും
നദികളെയും അവൻ കണ്ടു രസിക്കുകയില്ല.
18തന്റെ സമ്പാദ്യം അവൻ അനുഭവിക്കാതെ മടക്കിക്കൊടുക്കും;
താൻ നേടിയ വസ്തുവകയ്ക്ക് ഒത്തവണ്ണം സന്തോഷിക്കുകയുമില്ല.
19അവൻ ദരിദ്രന്മാരെ പീഡിപ്പിച്ച് ഉപേക്ഷിച്ചു;
താൻ പണിയാത്ത വീട് അപഹരിച്ചു.
20അവന്റെ കൊതിക്ക് മതിവരാത്തതുകൊണ്ട്
അവൻ തന്റെ മനോഹരധനത്തോടുകൂടി രക്ഷപെടുകയില്ല.
21അവൻ ഭക്ഷിക്കാനുള്ളതല്ലാതെ ഒന്നും ശേഷിപ്പിക്കുകയില്ല;
അതുകൊണ്ട് അവന്റെ അഭിവൃദ്ധി നിലനില്ക്കുകയില്ല.
22അവന്റെ സമൃദ്ധിയുടെ പൂർണ്ണതയിൽ അവന് ഞെരുക്കം ഉണ്ടാകും;
ദരിദ്രന്മാരുടെ കൈ ഒക്കെയും അവന്റെമേൽ വരും.
23അവൻ വയറ് നിറയ്ക്കുമ്പോൾത്തന്നെ
ദൈവം തന്റെ ഉഗ്രകോപം അവന്റെ മേൽ അയയ്ക്കും;
അവൻ ഭക്ഷിക്കുമ്പോൾ അതു അവന്റെ മേൽ വർഷിപ്പിക്കും.
24അവൻ ഇരുമ്പായുധം ഒഴിഞ്ഞോടും;
താമ്ര വില്ല് അവനിൽ തറഞ്ഞുകയറും.
25അവൻ അത് അവന്റെ ദേഹത്തിൽനിന്ന് പുറത്തേക്ക് വലിച്ചൂരുന്നു;
മിന്നുന്ന മുന അവന്റെ പിത്തഗ്രന്ഥിയിൽനിന്ന് പുറപ്പെടുന്നു;
കൊടും ഭീതി അവന്റെമേൽ ഇരിക്കുന്നു.
26അന്ധകാരമെല്ലാം അവന്റെ നിക്ഷേപമായി സംഗ്രഹിച്ചിരിക്കുന്നു;
ആരും ഊതിക്കത്തിക്കാത്ത തീയ്ക്ക് അവൻ ഇരയാകും;
അവന്റെ കൂടാരത്തിൽ ശേഷിച്ചിരിക്കുന്നതിനെ അത് ദഹിപ്പിക്കും;
27ആകാശം അവന്റെ അകൃത്യത്തെ വെളിപ്പെടുത്തും
ഭൂമി അവന് എതിരായി സാക്ഷ്യം പറയും.
28അവന്റെ വീട്ടിലെ ധനം ഇല്ലാതെയാകും;
ദൈവത്തിന്റെ കോപദിവസത്തിൽ അവ ഒഴുകിപ്പോകും.
29ഇത് ദുഷ്ടന് ദൈവം കൊടുക്കുന്ന ഓഹരിയും
ദൈവം അവന് നിയമിച്ച അവകാശവും ആകുന്നു.”

21

1അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്:

2“എന്റെ വാക്ക് ശ്രദ്ധയോടെ കേൾക്കുവിൻ;
അത് നിങ്ങൾക്ക് ആശ്വാസമായിരിക്കട്ടെ.
3നില്ക്കുവിൻ, ഞാനും സംസാരിക്കട്ടെ;
ഞാൻ സംസാരിച്ച് കഴിഞ്ഞ് നിനക്ക് പരിഹസിക്കാം.
4ഞാൻ സങ്കടം പറയുന്നത് മനുഷ്യനോടോ?
ഞാൻ അക്ഷമനാകാതിരിക്കുന്നതെങ്ങനെ?
5എന്നെ നോക്കി ഭയപ്പെടുവിൻ;
കൈകൊണ്ട് വായ് പൊത്തിക്കൊള്ളുവിൻ.
6ഓർക്കുമ്പോൾ ഞാൻ ഞെട്ടിപ്പോകുന്നു;
എന്റെ ദേഹത്തിന് വിറയൽ പിടിക്കുന്നു.
7ദുഷ്ടന്മാർ ജീവിച്ചിരുന്ന് വാർദ്ധക്യം പ്രാപിക്കുകയും
അവർക്ക് ബലം വർദ്ധിക്കുകയും ചെയ്യുന്നത് എന്ത്?
8അവരുടെ സന്താനം അവരോടുകൂടി അവരുടെ മുമ്പിലും
അവരുടെ വംശം അവർ കാൺകെയും ഉറച്ച് നില്ക്കുന്നു.
9അവരുടെ വീടുകൾ ഭയം കൂടാതെ സുഖമായിരിക്കുന്നു;
ദൈവത്തിന്റെ വടി അവരുടെമേൽ വരുന്നതുമില്ല.
10അവരുടെ കാള ഇണചേരുന്നു, നിഷ്ഫലമാകുന്നില്ല;
അവരുടെ പശു പ്രസവിക്കുന്നു, കിടാവ് വളർച്ചയെത്താതെ നഷ്ടമാകുന്നതുമില്ല.
11അവർ കുഞ്ഞുങ്ങളെ ആട്ടിൻ കൂട്ടത്തെപ്പോലെ പുറത്തയയ്ക്കുന്നു;
അവരുടെ കുഞ്ഞുങ്ങൾ നൃത്തം ചെയ്യുന്നു.
12അവർ തപ്പോടും കിന്നരത്തോടുംകൂടി പാടുന്നു;
കുഴലിന്റെ നാദത്തിൽ സന്തോഷിക്കുന്നു.
13അവർ സുഖമായി ദിവസങ്ങൾ ചിലവഴിക്കുന്നു;
ശാന്തമായി പാതാളത്തിലേക്ക് ഇറങ്ങുന്നു.
14അവർ ദൈവത്തോട്: ‘ഞങ്ങളെ വിട്ടുപോകുക;
അവിടുത്തെ വഴികളെ അറിയുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല;
15ഞങ്ങൾ സർവ്വശക്തനെ സേവിക്കുവാൻ അവിടുന്ന് ആര്?
ദൈവത്തോട് പ്രാർത്ഥിച്ചാൽ എന്ത് പ്രയോജനം?’ എന്നു പറയുന്നു.
16എന്നാൽ അവരുടെ ഭാഗ്യം അവർക്ക് കൈവശമല്ലേ?
ദുഷ്ടന്മാരുടെ ആലോചന എന്നോട് അകന്നിരിക്കുന്നു.
17ദുഷ്ടന്മാരുടെ വിളക്ക് കെട്ടുപോകുന്നതും
അവർക്ക് ആപത്ത് വരുന്നതും
ദൈവം കോപത്തിൽ കഷ്ടങ്ങൾ വിഭാഗിച്ച് കൊടുക്കുന്നതും എത്ര പ്രാവശ്യം!
18അവർ കാറ്റിന് മുമ്പിൽ വൈക്കോൽ പോലെയും
കൊടുങ്കാറ്റ് പറപ്പിക്കുന്ന പതിർപോലെയും ആകുന്നു.
19ദൈവം അവന്റെ അകൃത്യം അവന്റെ മക്കൾക്കായി സംഗ്രഹിച്ചുവയ്ക്കുന്നു;
അവൻ അത് അനുഭവിക്കേണ്ടതിന് അവന് തന്നെ പകരം കൊടുക്കട്ടെ.
20അവന്റെ കണ്ണ് സ്വന്ത നാശം കാണട്ടെ;
അവൻ തന്നെ സർവ്വശക്തന്റെ ക്രോധം കുടിക്കട്ടെ;
21അവന്റെ മാസങ്ങളുടെ എണ്ണം ഇല്ലാതെ ആയാൽ
തന്റെശേഷം തന്റെ ഭവനത്തോട് അവനെന്ത് താത്പര്യം?
22ആരെങ്കിലും ദൈവത്തിന് ബുദ്ധി ഉപദേശിക്കുമോ?
അവൻ ഉന്നതന്മാരെ ന്യായം വിധിക്കുന്നുവല്ലോ.
23ഒരുവൻ കേവലം സ്വൈരവും സ്വസ്ഥതയുമുള്ളവനായി
തന്റെ പൂർണ്ണക്ഷേമത്തിൽ മരിക്കുന്നു.
24അവന്റെ തൊട്ടികൾ പാലുകൊണ്ട് നിറഞ്ഞിരിക്കുന്നു;
അവന്റെ അസ്ഥികളിലെ മജ്ജ അയഞ്ഞിരിക്കുന്നു .
25മറ്റൊരാൾ മനോവേദനയോടെ മരിക്കുന്നു;
നന്മയൊന്നും അനുഭവിക്കുവാൻ ഇടവരുന്നതുമില്ല.
26അവർ ഒരുപോലെ പൊടിയിൽ കിടക്കുന്നു;
കൃമി അവരെ മൂടുന്നു.
27ഞാൻ നിങ്ങളുടെ വിചാരങ്ങളെയും
നിങ്ങൾ എന്റെ നേരെ നിരൂപിക്കുന്ന ഉപായങ്ങളെയും അറിയുന്നു.
28“പ്രഭുവിന്റെ ഭവനം എവിടെ?
ദുഷ്ടന്മാർ വസിച്ചിരുന്ന കൂടാരം എവിടെ” എന്നല്ലയോ നിങ്ങൾ പറയുന്നത്?
29വഴിപോക്കരോട് നിങ്ങൾ ചോദിച്ചിട്ടില്ലയോ?
അവരുടെ അടയാളങ്ങളെ അറിയുന്നില്ലയോ?
30അനർത്ഥദിവസത്തിൽ ദുഷ്ടൻ ഒഴിഞ്ഞുപോകുന്നു;
ക്രോധദിവസത്തിൽ അവർക്ക് വിടുതൽ കിട്ടുന്നു.
31അവന്റെ നടപ്പിനെക്കുറിച്ച് ആര് അവന്റെ മുഖത്തു നോക്കി പറയും?
അവൻ ചെയ്തതിന് തക്കവണ്ണം ആര് അവന് പകരം വീട്ടും?
32എന്നാലും അവനെ ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നു;
അവന്റെ കല്ലറയ്ക്കൽ കാവൽനില്ക്കുന്നു.
33താഴ്വരയിലെ മണ്‍കട്ട അവന് മധുരമായിരിക്കും;
അവന്റെ പിന്നാലെ സകലമനുഷ്യരും ചെല്ലും;
അവന് മുമ്പ് പോയവർ അനേകം പേരാണ്.
34നിങ്ങൾ വൃഥാ എന്നെ ആശ്വസിപ്പിക്കുന്നത് എങ്ങനെ?
നിങ്ങളുടെ ഉത്തരങ്ങളിൽ കപടമല്ലാതെ ഒന്നുമില്ല.”

22

1അതിന് തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞത്:

2“മനുഷ്യൻ ദൈവത്തിന് ഉപകാരമായിവരുമോ?
ജ്ഞാനിയായവൻ തനിക്ക് തന്നേ ഉപകരിക്കുകയുള്ളൂ.
3നീ നീതിമാനായാൽ സർവ്വശക്തന് പ്രയോജനമുണ്ടോ?
നീ നിഷ്കളങ്കനായി നടക്കുന്നതിനാൽ ദൈവത്തിന് ലാഭമുണ്ടോ?
4നിന്റെ ഭക്തിനിമിത്തമോ ദൈവം നിന്നെ ശാസിക്കുകയും
നിന്നെ ന്യായവിസ്താരത്തിൽ വരുത്തുകയും ചെയ്യുന്നത്?
5നിന്റെ ദുഷ്ടത വലിയതല്ലയോ?
നിന്റെ അകൃത്യങ്ങൾക്ക് അന്തവുമില്ല.
6നിന്റെ സഹോദരനോട് നീ വെറുതെ പണയം വാങ്ങി,
നഗ്നന്മാരുടെ വസ്ത്രം ഉരിഞ്ഞെടുത്തിരിക്കുന്നു.
7ക്ഷീണിച്ചവന് നീ വെള്ളം കൊടുത്തില്ല;
വിശന്നവന് നീ ആഹാരം മുടക്കിക്കളഞ്ഞു.
8ബലവാനായവന് ദേശം കൈവശമായി,
മാന്യനായവൻ അതിൽ പാർത്തു.
9വിധവമാരെ നീ വെറുങ്കയ്യായി അയച്ചു;
അനാഥന്മാരുടെ കൈകൾ നീ ഒടിച്ചുകളഞ്ഞു.
10അതുകൊണ്ട് നിന്റെ ചുറ്റും കെണികൾ ഇരിക്കുന്നു; പെട്ടെന്ന് ഭയം നിന്നെ ഭ്രമിപ്പിക്കുന്നു.
11അല്ല, നീ അന്ധകാരത്തെയും
നിന്നെ മൂടുന്ന പെരുവെള്ളത്തെയും കണുന്നില്ലയോ?
12ദൈവം സ്വർഗ്ഗോന്നതത്തിൽ ഇല്ലയോ?
നക്ഷത്രങ്ങൾ എത്ര ഉയർന്നിരിക്കുന്നു എന്നു നോക്കുക.
13എന്നാൽ നീ: ‘ദൈവം എന്തറിയുന്നു?
കൂരിരുട്ടിൽ അവിടുന്ന് ന്യായം വിധിക്കുമോ?
14നമ്മെ കാണാത്തവിധം മേഘങ്ങൾ അവിടുത്തേക്ക് മറ ആയിരിക്കുന്നു;
ആകാശവിതാനത്തിൽ അവിടുന്ന് സഞ്ചരിക്കുന്നു’ എന്നു പറയുന്നു.
15ദുഷ്ടമനുഷ്യർ നടന്നിരിക്കുന്ന
പഴയ വഴി നീ പ്രമാണിക്കുമോ?
16കാലം തികയും മുമ്പെ അവർ പിടിപെട്ടുപോയി;
അവരുടെ അടിസ്ഥാനം നദിപോലെ ഒഴുകിപ്പോയി.
17അവർ ദൈവത്തോട്: ‘ഞങ്ങളെ വിട്ടുപോകുക;
സർവ്വശക്തൻ ഞങ്ങളോട് എന്ത് ചെയ്യും’ എന്നു പറഞ്ഞു.
18അവിടുന്ന് അവരുടെ വീടുകളെ നന്മകൊണ്ട് നിറച്ചു;
ദുഷ്ടന്മാരുടെ ആലോചന എന്നോട് അകന്നിരിക്കുന്നു.
19നീതിമാന്മാർ അവരുടെ നാശം കണ്ട് സന്തോഷിക്കുന്നു;
കുറ്റമില്ലാത്തവൻ അവരെ പരിഹസിച്ചു:
20‘ഞങ്ങളുടെ എതിരാളികൾ മുടിഞ്ഞുപോയി;
അവരുടെ ശേഷിപ്പെല്ലാം തീയ്ക്കിരയായി’ എന്നു പറയുന്നു.
21നീ ദൈവത്തോട് രമ്യതപ്പെട്ട് സമാധാനമായിരിക്കുക;
എന്നാൽ നിനക്ക് നന്മ വരും.
22അവിടുത്തെ വായിൽനിന്ന് ഉപദേശം കൈക്കൊൾക;
ദൈവത്തിന്റെ വചനങ്ങളെ നിന്റെ ഹൃദയത്തിൽ സംഗ്രഹിക്കുക.
23സർവ്വശക്തനിലേക്ക് തിരിഞ്ഞാൽ നീ അഭിവൃദ്ധിപ്രാപിക്കും;
നീതികേട് നിന്റെ കൂടാരങ്ങളിൽനിന്ന് അകറ്റിക്കളയും.
24നിന്റെ പൊന്ന് പൊടിയിലും
ഓഫീർതങ്കം തോട്ടിലെ കല്ലിനിടയിലും ഇട്ടുകളയുക.
25അപ്പോൾ സർവ്വശക്തൻ നിനക്ക് പൊന്നും
വിലയേറിയ വെള്ളിയും ആയിരിക്കും.
26അന്ന് നീ സർവ്വശക്തനിൽ ആനന്ദിക്കും;
ദൈവത്തിങ്കലേക്ക് നിന്റെ മുഖം ഉയർത്തും.
27നീ ദൈവത്തോട് പ്രാർത്ഥിക്കും; അവിടുന്ന് നിന്റെ പ്രാർത്ഥന കേൾക്കും;
നീ നിന്റെ നേർച്ചകൾ കഴിക്കും.
28നീ ഒരു കാര്യം നിരൂപിക്കും; അത് നിനക്ക് സാധിക്കും;
നിന്റെ വഴികളിൽ വെളിച്ചം പ്രകാശിക്കും.
29ദൈവം അഹംഭാവികളെ താഴ്ത്തുന്നു.
താഴ്മയുള്ളവനെ അവിടുന്ന് രക്ഷിക്കും.
30നിർദ്ദോഷിയല്ലാത്തവനെപ്പോലും അവിടുന്ന് വിടുവിക്കും;
നിന്റെ കൈകളുടെ വെടിപ്പിനാൽ അവൻ വിടുവിക്കപ്പെടും.

23

1അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്:

2“ഇന്നും എന്റെ സങ്കടം കയ്പേറിയതാകുന്നു;
ദൈവത്തിന്റെ കൈ എന്റെ ഞരക്കത്തേക്കാൾ ഭാരമാകുന്നു.
3ദൈവത്തെ എവിടെ കാണും എന്നറിഞ്ഞെങ്കിൽ കൊള്ളാമായിരുന്നു;
അവിടുത്തെ ന്യായാസനത്തിനരികിൽ ഞാൻ ചെല്ലുമായിരുന്നു.
4ഞാൻ ദൈവത്തിന്റെ മുമ്പിൽ എന്റെ ന്യായം വിവരിക്കുമായിരുന്നു;
ന്യായവാദം കോരിച്ചൊരിയുമായിരുന്നു.
5ദൈവത്തിന്റെ ഉത്തരം എന്തെന്ന് അറിയാമായിരുന്നു;
അവിടുന്ന് എന്ത് പറയുമെന്നും ഗ്രഹിക്കാമായിരുന്നു.
6അവിടുന്ന് മഹാശക്തിയോടെ എന്നോട് വാദിക്കുമോ?
ഇല്ല; അവിടുന്ന് എന്നെ ആദരിക്കുകയേയുള്ളൂ.
7അവിടെ നേരുള്ളവൻ ദൈവത്തോട് വാദിക്കുമായിരുന്നു;
ഞാൻ സദാകാലത്തേക്കും എന്റെ ന്യായാധിപന്റെ കയ്യിൽനിന്ന് രക്ഷപെടുമായിരുന്നു.
8ഞാൻ കിഴക്കോട്ട് ചെന്നാൽ അവിടുന്ന് അവിടെ ഇല്ല;
പടിഞ്ഞാറോട്ട് ചെന്നാൽ അവിടുത്തെ കാണുകയില്ല.
9വടക്ക് അവിടുന്ന് പ്രവർത്തിക്കുമ്പോൾ നോക്കി; അങ്ങയെ കാണുന്നില്ല;
തെക്കോട്ട് അവിടുന്ന് തിരിയുന്നു; അങ്ങയെ കാണുന്നില്ലതാനും.
10എന്നാൽ ഞാൻ നടക്കുന്ന വഴി അവിടുന്ന് അറിയുന്നു;
എന്നെ ശോധന കഴിച്ചാൽ ഞാൻ പൊന്നുപോലെ പുറത്ത് വരും.
11എന്റെ പാദങ്ങൾ അവിടുത്തെ കാൽച്ചുവട് പിൻതുടർന്ന് ചെല്ലുന്നു;
ഞാൻ വിട്ടുമാറാതെ അവിടുത്തെ വഴി പ്രമാണിക്കുന്നു.
12ഞാൻ അവിടുത്തെ അധരങ്ങളുടെ കല്പന വിട്ട് പിന്മാറിയിട്ടില്ല;
അവിടുത്തെ വായിലെ വചനങ്ങളെ എന്റെ ആഹാരത്തെക്കാൾ സൂക്ഷിച്ചിരിക്കുന്നു.
13അവിടുന്ന് മാറ്റമില്ലാത്തവൻ; അവിടുത്തെ പിന്തിരിപ്പിക്കുന്നത് ആര്?
തിരുവുള്ളത്തിന്റെ താത്പര്യം അവിടുന്ന് അനുഷ്ഠിക്കും.
14എനിക്ക് നിയമിച്ചിരിക്കുന്നത് അവിടുന്ന് നിവർത്തിക്കുന്നു;
ഇങ്ങനെയുള്ള പലതും അവിടുത്തെ പക്കൽ ഉണ്ട്.
15അതുകൊണ്ട് ഞാൻ അവിടുത്തെ സാന്നിദ്ധ്യത്തിൽ ഭ്രമിക്കുന്നു;
ഓർക്കുമ്പോൾ ഞാൻ അവിടുത്തെ ഭയപ്പെടുന്നു.
16ദൈവം എനിക്ക് അധൈര്യം വരുത്തി,
സർവ്വശക്തൻ എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു.
17ഞാൻ പരവശനായിരിക്കുന്നത് അന്ധകാരംനിമിത്തമല്ല,
കൂരിരുട്ട് എന്റെ മുഖത്തെ മൂടുന്നതുകൊണ്ടുമല്ല.

24

1സർവ്വശക്തൻ ശിക്ഷാസമയങ്ങളെ നിയമിക്കാത്തതും

അവിടുത്തെ ഭക്തന്മാർ അവിടുത്തെ വിസ്താര ദിവസങ്ങളെ കാണാതിരിക്കുന്നതും എന്ത്?
2ചിലർ അതിരുകളെ മാറ്റുന്നു;
ചിലർ ആട്ടിൻ കൂട്ടത്തെ കവർന്ന് കൊണ്ടുപോയി മേയ്ക്കുന്നു.
3ചിലർ അനാഥരുടെ കഴുതയെ കൊണ്ടു പോകുന്നു;
ചിലർ വിധവയുടെ കാളയെ പണയം വാങ്ങുന്നു.
4ചിലർ സാധുക്കളെ വഴി തെറ്റിക്കുന്നു;
ദേശത്തെ ദരിദ്രർ എല്ലാം ഒളിച്ചുകൊള്ളുന്നു.
5അവർ മരുഭൂമിയിലെ കാട്ടുകഴുതകളെപ്പോലെ
ഇര തേടി വേലയ്ക്ക് പുറപ്പെടുന്നു;
അവർ മക്കൾക്കു വേണ്ടി ശൂന്യപ്രദേശത്ത് ആഹാരം തേടിയുള്ള വേലയ്ക്ക് പുറപ്പെടുന്നു.
6അവർ അന്യന്റെ വയലിൽ വിളവെടുക്കുന്നു;
ദുഷ്ടന്റെ മുന്തിരിത്തോട്ടത്തിൽ കാലാ പെറുക്കുന്നു.
7അവർ വസ്ത്രമില്ലാതെ നഗ്നരായി രാത്രി കഴിച്ചുകൂട്ടുന്നു;
കുളിർ മാറ്റാൻ അവർക്ക് പുതപ്പും ഇല്ല.
8അവർ മലകളിൽ മഴ നനയുന്നു;
മറവിടം ഇല്ലാത്തതിനാൽ അവർ പാറയെ ആശ്രയിക്കുന്നു.
9ചിലർ മുലകുടിക്കുന്ന അനാഥക്കുട്ടികളെ അപഹരിക്കുന്നു;
ചിലർ ദരിദ്രനോട് കുട്ടികളെ പണയം വാങ്ങുന്നു.
10അവർ വസ്ത്രം കൂടാതെ നഗ്നരായി നടക്കുന്നു;
പട്ടിണി കിടന്നുകൊണ്ട് കറ്റ ചുമക്കുന്നു.
11ദുഷ്ടന്മാരുടെ മതിലുകൾക്കകത്ത് അവർ ചക്കാട്ടുന്നു;
മുന്തിരിച്ചക്ക് ചവിട്ടുകയും ദാഹിച്ചിരിക്കുകയും ചെയ്യുന്നു.
12പട്ടണത്തിൽ ആളുകൾ ഞരങ്ങുന്നു;
മുറിവേറ്റവരുടെ പ്രാണൻ നിലവിളിക്കുന്നു;
ദൈവത്തിനോ അതിൽ ഒട്ടും ശ്രദ്ധയില്ല.
13ഇവർ വെളിച്ചത്തോട് മത്സരിക്കുന്നു;
അതിന്റെ വഴികളെ അറിയുന്നില്ല;
അതിന്റെ പാതകളിൽ നടക്കുന്നതുമില്ല.
14കൊലപാതകൻ രാവിലെ എഴുന്നേല്ക്കുന്നു;
ദരിദ്രനെയും എളിയവനെയും കൊല്ലുന്നു;
രാത്രിയിൽ കള്ളനായി നടക്കുന്നു.
15വ്യഭിചാരിയുടെ കണ്ണ് അസ്തമയം കാത്തിരിക്കുന്നു;
അവൻ മുഖം മറച്ച് നടക്കുന്നു.
“ഒരു കണ്ണും എന്നെ കാണുകയില്ല” എന്ന് പറയുന്നു.
16ചിലർ ഇരുട്ടത്ത് വീട് തുരന്നു കയറുന്നു;
പകൽ അവർ വാതിൽ അടച്ചു പാർക്കുന്നു;
വെളിച്ചത്ത് ഇറങ്ങുന്നതുമില്ല.
17പ്രഭാതം അവർക്ക് അന്ധതമസ്സ് തന്നെ;
അന്ധതമസ്സിന്റെ ഭീകരത അവർക്ക് പരിചയമുണ്ടല്ലോ.
18വെള്ളത്തിനുമീതെകൂടി അവർ വേഗത്തിൽ പൊയ്പോകുന്നു;
അവരുടെ ഓഹരി ഭൂമിയിൽ ശപിക്കപ്പെട്ടിരിക്കുന്നു;
അവരുടെ മുന്തിരിത്തോട്ടങ്ങളിൽ ആരും പോകുന്നില്ല.
19ഹിമജലം വരൾച്ചയ്ക്കും ഉഷ്ണത്തിനും
പാപം ചെയ്തവൻ പാതാളത്തിനും ഇരയാകുന്നു.
20അവനെ വഹിച്ച ഗർഭപാത്രം അവനെ മറന്നുകളയും;
കൃമി അവനെ തിന്ന് രസിക്കും;
പിന്നെ ആരും അവനെ ഓർക്കുകയില്ല;
നീതികേട് ഒരു വൃക്ഷംപോലെ തകർന്നു പോകും.
21പ്രസവിക്കാത്ത മച്ചിയെ അവൻ വിഴുങ്ങിക്കളയുന്നു;
വിധവയ്ക്ക് നന്മ ചെയ്യുന്നതുമില്ല.
22ദൈവം തന്റെ ശക്തിയാൽ കരുത്തന്മാരെ നിലനില്ക്കുമാറാക്കുന്നു;
ജീവനെക്കുറിച്ച് നിരാശപ്പെട്ടിരിക്കെ അവർ എഴുന്നേല്ക്കുന്നു.
23അവിടുന്ന് അവർക്ക് നിർഭയവാസം നല്കുന്നു; അവർ ഉറച്ചുനില്ക്കുന്നു;
എങ്കിലും അവിടുത്തെ ദൃഷ്ടി അവരുടെ വഴികളിലുണ്ട്.
24അവർ ഉയർന്നിരിക്കുന്നു; കുറെകഴിഞ്ഞിട്ട് അവർ ഇല്ല;
അവരെ താഴ്ത്തി മറ്റെല്ലാവരെയുംപോലെ നീക്കിക്കളയുന്നു;
കതിർക്കുലയെന്നപോലെ അവരെ അറുക്കുന്നു.
25ഇങ്ങനെയല്ലെങ്കിൽ എന്നെ കള്ളനാക്കുകയും
എന്റെ വാക്ക് അർത്ഥശൂന്യമെന്ന് തെളിയിക്കുകയും ചെയ്യാവുന്നവൻ ആര്?

25

1അതിന് ശൂഹ്യനായ ബില്ദാദ് ഉത്തരം പറഞ്ഞത്:

2“ആധിപത്യവും ഭയങ്കരത്വവും ദൈവത്തിന്റെ പക്കൽ ഉണ്ട്;
തന്റെ ഉന്നതസ്ഥലങ്ങളിൽ അവിടുന്ന് സമാധാനം പാലിക്കുന്നു.
3അവിടുത്തെ സൈന്യങ്ങൾക്ക് എണ്ണമുണ്ടോ?
അവിടുത്തെ പ്രകാശം ആർക്ക് ഉദിക്കാതെയിരിക്കുന്നു?
4മർത്യൻ ദൈവസന്നിധിയിൽ എങ്ങനെ നീതിമാനാകും?
സ്ത്രീ പ്രസവിച്ചവൻ എങ്ങനെ നിർമ്മലനാകും?
5ചന്ദ്രനുപോലും ശോഭയില്ലല്ലോ;
നക്ഷത്രങ്ങളും അവിടുത്തെ കണ്ണിന് ശുദ്ധിയുള്ളവയല്ല.
6പിന്നെ പുഴുവായിരിക്കുന്ന മർത്യനും
കൃമിയായിരിക്കുന്ന മനുഷ്യനും എങ്ങനെ?

26

1അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്:

2“നീ ശക്തിയില്ലാത്തവന് എന്ത് സഹായം ചെയ്തു?
ബലമില്ലാത്ത കരത്തെ എങ്ങനെ താങ്ങി?
3ജ്ഞാനമില്ലാത്തവന് എന്ത് ആലോചന പറഞ്ഞു കൊടുത്തു?
ജ്ഞാനം എത്ര ധാരാളം ഉപദേശിച്ചു?
4ആരുടെ സഹായത്തോടു കൂടിയാണ് നീ ഈ വാക്കുകൾ കേൾപ്പിച്ചത്?
ആരുടെ ആത്മാവാണ് നിന്നിൽനിന്ന് പുറപ്പെട്ടത്;
5വെള്ളത്തിനും അതിലെ ജീവികൾക്കും കീഴെ
മരിച്ചവരുടെ ആത്മാക്കൾ നൊന്തു നടുങ്ങുന്നു.
6പാതാളം ദൈവത്തിന്റെ മുമ്പിൽ തുറന്നുകിടക്കുന്നു;
നരകം മറയില്ലാതെയിരിക്കുന്നു.
7ഉത്തരദിക്കിനെ അവിടുന്ന് ശൂന്യതയുടെമേൽ വിരിക്കുന്നു;
ഭൂമിയെ ശൂന്യതയ്ക്കുമേൽ തൂക്കുന്നു.
8അവിടുന്ന് വെള്ളത്തെ മേഘങ്ങളിൽ ബന്ധിക്കുന്നു;
അത് വഹിച്ചിട്ട് കാർമേഘം കീറിപ്പോകുന്നതുമില്ല.
9അവിടുന്ന് ചന്ദ്രന്റെ ദർശനം മറച്ചുവയ്ക്കുന്നു;
അതിന്മേൽ തന്റെ മേഘം വിരിക്കുന്നു.
10അവിടുന്ന് വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും ഇടയിൽ
വെള്ളത്തിന്മേൽ ഒരു അതിര് വരച്ചിരിക്കുന്നു.
11ആകാശത്തിന്റെ തൂണുകൾ കുലുങ്ങുന്നു;
അവിടുത്തെ ശാസനയാൽ അവ ഭ്രമിച്ചുപോകുന്നു.
12അവിടുന്ന് തന്റെ ശക്തികൊണ്ട് സമുദ്രത്തെ ഇളക്കുന്നു ;
തന്റെ വിവേകംകൊണ്ട് രഹബിനെ തകർക്കുന്നു.
13അവിടുത്തെ ശ്വാസത്താൽ ആകാശം ശോഭിച്ചിരിക്കുന്നു;
അവിടുത്തെ കൈ പാഞ്ഞുപോകുന്ന സർപ്പത്തെ പിളർന്നിരിക്കുന്നു.
14എന്നാൽ ഇവ അവിടുത്തെ വഴികളുടെ അറ്റങ്ങളത്രേ;
നാം അവിടുത്തെക്കുറിച്ച് ഒരു മന്ദസ്വരമേ കേട്ടിട്ടുള്ളു.
അവിടുത്തെ ബലത്തിന്റെ ഇടിമുഴക്കമോ ആര് ഗ്രഹിക്കും?

27

1ഇയ്യോബ് തുടർന്ന് പറഞ്ഞത്:

2“എന്റെ ന്യായം നീക്കിക്കളഞ്ഞ ദൈവത്താണ,
എനിക്ക് മനോവ്യസനം വരുത്തിയ സർവ്വശക്തനാണ -
3എന്റെ പ്രാണൻ മുഴുവനും എന്നിലും
ദൈവത്തിന്റെ ശ്വാസം എന്റെ മൂക്കിലും ഉണ്ടല്ലോ -
4എന്റെ അധരം നീതികേട് സംസാരിക്കുകയില്ല;
എന്റെ നാവ് വ്യാജം ഉച്ചരിക്കുകയുമില്ല.
5നിങ്ങളുടെ വാദം ഞാൻ ഒരുനാളും സമ്മതിക്കുകയില്ല;
മരിക്കുവോളം എന്റെ നിഷ്കളങ്കത്വം ഉപേക്ഷിക്കുകയുമില്ല.
6എന്റെ നീതി ഞാൻ വിടാതെ മുറുകെ പിടിക്കുന്നു;
എന്റെ ഹൃദയം എന്റെ ആയുസ്സിന്റെ ഒരു ദിവസത്തെക്കുറിച്ചും ആക്ഷേപിക്കുന്നില്ല.
7എന്റെ ശത്രു ദുഷ്ടനെപ്പോലെയും
എന്റെ എതിരാളി നീതികെട്ടവനെപ്പോലെയും ആകട്ടെ.
8ദൈവം വഷളനെ ഛേദിച്ച് അവന്റെ പ്രാണനെ എടുത്തുകളഞ്ഞാൽ
അവന് എന്ത് പ്രത്യാശ ശേഷിപ്പുള്ളു?
9അവന് കഷ്ടത വരുമ്പോൾ
ദൈവം അവന്റെ നിലവിളി കേൾക്കുമോ?
10അവൻ സർവ്വശക്തനിൽ ആനന്ദിക്കുമോ?
എല്ലാക്കാലത്തും ദൈവത്തെ വിളിച്ചപേക്ഷിക്കുമോ?
11ദൈവത്തിന്റെ ശക്തിയെക്കുറിച്ച് ഞാൻ നിങ്ങളെ ഉപദേശിക്കും;
സർവ്വശക്തന്റെ ഉദ്ദേശം ഞാൻ മറച്ചുവയ്ക്കുകയില്ല.
12നിങ്ങൾ എല്ലാവരും അത് കണ്ടിരിക്കുന്നു;
നിങ്ങൾ വ്യർത്ഥബുദ്ധികളായിരിക്കുന്നതെന്ത്?
13ഇത് ദുർജ്ജനത്തിന് ദൈവത്തിന്റെ പക്കലുള്ള ഓഹരിയും
നിഷ്ഠൂരന്മാർ സർവ്വശക്തനിൽനിന്ന് പ്രാപിക്കുന്ന അവകാശവും തന്നെ.
14അവന്റെ മക്കൾ പെരുകിയാൽ അത് വാളിനായിട്ടത്രേ;
അവന്റെ സന്തതി അപ്പം തിന്ന് തൃപ്തരാകുകയില്ല.
15അവശേഷിച്ചവർ മഹാമാരിയ്ക്ക് ഇര ആകും;
അവന്റെ വിധവമാർ വിലപിക്കുകയുമില്ല.
16അവൻ പൊടിപോലെ വെള്ളി സ്വരൂപിച്ചാലും
മണ്ണുപോലെ വസ്ത്രം സമ്പാദിച്ചാലും
17അവൻ സമ്പാദിച്ചു എന്നേയുള്ളു; നീതിമാൻ അത് ഉടുക്കും;
കുറ്റമില്ലാത്തവൻ വെള്ളി പങ്കിടും.
18ചിലന്തിയെപ്പോലെ അവൻ വീടുപണിയുന്നു;
കാവല്ക്കാര ൻ മാടം കെട്ടുന്നതുപോലെ തന്നെ.
19അവൻ ധനവാനായി കിടക്കുന്നു; പിന്നെ അങ്ങനെ ചെയ്യുകയില്ല;
അവൻ കണ്ണ് തുറക്കുന്നു; അപ്പോൾ എല്ലാം ഇല്ലാതെയായിരിക്കും.
20വെള്ളംപോലെ ഭയം അവനെ പിടിക്കുന്നു;
രാത്രിയിൽ കൊടുങ്കാറ്റ് അവനെ കവർന്ന് കൊണ്ടുപോകുന്നു.
21കിഴക്കൻ കാറ്റ് അവനെ പിടിച്ചിട്ട് അവൻ ഇല്ലാതെയാകുന്നു;
അവന്റെ സ്ഥലത്തുനിന്ന് അത് അവനെ പാറ്റിക്കളയുന്നു.
22ദൈവം നിർത്താതെ അവനെ എറിയുന്നു;
അവിടുത്തെ കയ്യിൽനിന്ന് ചാടിപ്പോകുവാൻ അവൻ നോക്കുന്നു.
23മനുഷ്യർ അവന്റെ നേരെ കൈകൊട്ടും:
അവന്റെ സ്ഥലത്തുനിന്ന് അവനെ വിരട്ടി പുറത്താക്കും.

28

1വെള്ളിയ്ക്ക് ഒരു ഉത്ഭവസ്ഥാനവും

പൊന്ന് ഊതിക്കഴിക്കുവാൻ ഒരു സ്ഥലവും ഉണ്ട്.
2ഇരുമ്പ് മണ്ണിൽനിന്നെടുക്കുന്നു;
കല്ലുരുക്കി ചെമ്പെടുക്കുന്നു.
3മനുഷ്യൻ അന്ധകാരത്തിന് ഒരു അതിർ വയ്ക്കുന്നു;
കൂരിരുളിലെയും അന്ധതമസ്സിലെയും കല്ലിനെ
അങ്ങേയറ്റംവരെ ശോധന ചെയ്യുന്നു.
4താമസമുള്ള സ്ഥലത്തുനിന്ന് ദൂരെ അവർ കുഴികുത്തുന്നു;
നടന്നുപോകുന്ന മനുഷ്യന് അവർ മറന്നു പോയവർ തന്നെ;
മനുഷ്യർക്ക് അകലെ അവർ തൂങ്ങി ആടുന്നു.
5ഭൂമിയിൽനിന്ന് ആഹാരം ഉണ്ടാകുന്നു;
അതിന്റെ ഉൾഭാഗം തീകൊണ്ടെന്നപോലെ മറിയുന്നു.
6അതിലെ പാറകൾ നീലരത്നത്തിന്റെ ഉല്പത്തിസ്ഥാനം;
സ്വർണ്ണപ്പൊടിയും അതിൽ ഉണ്ട്.
7അതിന്റെ പാത കഴുകൻ അറിയുന്നില്ല;
പരുന്തിന്റെ കണ്ണ് അതിനെ കണ്ടിട്ടില്ല.
8ഘോരകാട്ടുമൃഗങ്ങൾ അതിൽ ചവിട്ടിയിട്ടില്ല;
ഭീകരസിംഹം അതിലെ നടന്നിട്ടുമില്ല.
9അവർ തീക്കൽപാറയിലേക്ക് കൈനീട്ടുന്നു;
പർവ്വതങ്ങളെ അവർ വേരോടെ മറിച്ചുകളയുന്നു.
10അവർ പാറകളുടെ ഇടയിൽകൂടി ചാലുകൾ വെട്ടുന്നു;
അവരുടെ കണ്ണ് വിലയേറിയ വസ്തുക്കളെയെല്ലാം കാണുന്നു.
11അവർ നീരൊഴുക്കുകളെ ഒഴുകാത്തവിധം തടഞ്ഞുനിർത്തുന്നു;
മറഞ്ഞിരിക്കുന്നവയെ അവർ വെളിച്ചത്ത് കൊണ്ടുവരുന്നു.
12എന്നാൽ ജ്ഞാനം എവിടെ കണ്ടുകിട്ടും?
വിവേകത്തിന്റെ ഉത്ഭവസ്ഥാനം എവിടെ?
13അതിന്റെ വില മനുഷ്യൻ അറിയുന്നില്ല;
ജീവനുള്ളവരുടെ ദേശത്ത് അതിനെ കണ്ടെത്തുന്നില്ല.
14അത് എന്നിൽ ഇല്ല എന്ന് ആഴമേറിയ സമുദ്രം പറയുന്നു;
അത് എന്റെ പക്കൽ ഇല്ല എന്ന് കടലും പറയുന്നു.
15സ്വർണ്ണം കൊടുത്താൽ അത് കിട്ടുന്നതല്ല;
അതിന്റെ വിലയായി വെള്ളി തൂക്കിക്കൊടുക്കാറില്ല.
16ഓഫീർപൊന്നോ വിലയേറിയ ഗോമേദകമോ
നീലരത്നമോ ഒന്നും അതിന് പകരമാകുകയില്ല;
17സ്വർണ്ണവും സ്ഫടികവും അതിന് തുല്ല്യമല്ല;
തങ്കആഭരണങ്ങൾ പകരം കൊടുത്ത് അത് നേടാൻ കഴിയുകയില്ല.
18പവിഴത്തിന്റെയും പളുങ്കിന്റെയും പേര് പറയുകയും വേണ്ടാ;
ജ്ഞാനത്തിന്റെ വില മുത്തുകളേക്കാൾ അധികമാണ്.
19എത്യോപ്യയിലെ പുഷ്യരാഗം അതിനോട് സമമല്ല;
തങ്കംകൊണ്ട് അതിന്റെ വില മതിക്കാകുന്നതുമല്ല.
20പിന്നെ ജ്ഞാനം എവിടെനിന്നു വരുന്നു?
വിവേകത്തിന്റെ ഉത്ഭവസ്ഥാനം എവിടെ?
21അത് സകലജീവികളുടെയും കണ്ണുകൾക്ക് മറഞ്ഞിരിക്കുന്നു;
ആകാശത്തിലെ പക്ഷികൾക്ക് അത് മറഞ്ഞിരിക്കുന്നു.
22ഞങ്ങളുടെ ചെവികൊണ്ട് അതിനെപ്പറ്റി കേട്ടിട്ടുണ്ട്
എന്ന് നരകവും മരണവും പറയുന്നു.
23ദൈവം അതിലേക്കുള്ള വഴി അറിയുന്നു;
അതിന്റെ ഉത്ഭവസ്ഥാനം അവിടുത്തേക്ക് നിശ്ചയമുണ്ട്.
24ദൈവം ഭൂമിയുടെ അറ്റങ്ങളിലേക്ക് നോക്കുന്നു;
ആകാശത്തിന്റെ കീഴെല്ലാം കാണുന്നു.
25ദൈവം കാറ്റിനെ തൂക്കിനോക്കുകയും
വെള്ളത്തിന്റെ അളവ് നിശ്ചയിക്കുകയും ചെയ്യുന്നു.
26ദൈവം മഴയ്ക്ക് ഒരു നിയമവും
ഇടിമിന്നലിന് ഒരു വഴിയും ഉണ്ടാക്കിയപ്പോൾ
27അവിടുന്ന് അത് കണ്ട് വർണ്ണിക്കുകയും
അത് സ്ഥാപിച്ച് പരിശോധിക്കുകയും ചെയ്തു.
28കർത്താവിനോടുള്ള ഭക്തി തന്നെ ജ്ഞാനം;
ദോഷം അകന്ന് നടക്കുന്നത് തന്നെ വിവേകം
എന്ന് ദൈവം മനുഷ്യനോട് അരുളിച്ചെയ്തു.

29

1ഇയ്യോബ് പിന്നെയും പറഞ്ഞത്:

2“അയ്യോ പണ്ടത്തെ മാസങ്ങളിലെപ്പോലെ
ദൈവം എന്നെ പരിപാലിച്ച നാളുകളിലെപ്പോലെ
ഞാൻ ആയെങ്കിൽ കൊള്ളാമായിരുന്നു.
3അന്ന് അവിടുത്തെ ദീപം എന്റെ തലയ്ക്കു മീതെ പ്രകാശിച്ചു;
അവിടുത്തെ വെളിച്ചത്താൽ ഞാൻ ഇരുട്ടിൽകൂടി നടന്നു.
4എന്റെ കൂടാരത്തിന് ദൈവത്തിന്റെ സഖ്യത ഉണ്ടായിരുന്നു;
സർവ്വ ശക്തൻ എന്നോടുകൂടി വസിക്കുകയും
5എന്റെ മക്കൾ എന്റെ ചുറ്റും ഇരിക്കുകയും ചെയ്ത
എന്റെ ശുഭകാലത്തിലെപ്പോലെ ഞാൻ ആയെങ്കിൽ കൊള്ളാമായിരുന്നു.
6അന്ന് ഞാൻ എന്റെ കാലുകൾ വെണ്ണകൊണ്ട് കഴുകി;
പാറ എനിയ്ക്ക് തൈലനദികളെ ഒഴുക്കിത്തന്നു.
7ഞാൻ പുറപ്പെട്ട് പട്ടണത്തിലേക്കുള്ള പടിവാതില്ക്കൽ ചെന്നു.
വിശാലസ്ഥലത്ത് എന്റെ ഇരിപ്പിടം വയ്ക്കുമ്പോൾ
8യൗവ്വനക്കാർ എന്നെ കണ്ടിട്ട് ഒളിക്കും;
വൃദ്ധന്മാർ എഴുന്നേറ്റുനില്ക്കും.
9പ്രഭുക്കന്മാർ സംസാരം നിർത്തി,
കൈകൊണ്ട് വായ്പൊത്തും.
10ശ്രേഷ്ഠന്മാരുടെ ശബ്ദം അടങ്ങും;
അവരുടെ നാവ് അണ്ണാക്കോടു പറ്റും.
11എന്റെ വാക്ക് കേട്ട ചെവി എന്നെ വാഴ്ത്തും;
എന്നെ കണ്ട കണ്ണ് എനിയ്ക്ക് സാക്ഷ്യം നല്കും.
12നിലവിളിച്ച എളിയവനെയും അനാഥനെയും
തുണയറ്റവനെയും ഞാൻ വിടുവിച്ചു.
13നശിക്കുമാറായവന്റെ അനുഗ്രഹം എന്റെ മേൽ വന്നു;
വിധവയുടെ ഹൃദയത്തെ ഞാൻ സന്തോഷം കൊണ്ട് ആലപിക്കുമാറാക്കി.
14ഞാൻ നീതിയെ ധരിച്ചു; അത് എന്റെ ഉടുപ്പായിരുന്നു;
എന്റെ ന്യായം 1 ഉത്തരീയവും തലപ്പാവും പോലെയായിരുന്നു.
15ഞാൻ കുരുടന് കണ്ണും
മുടന്തന് കാലും ആയിരുന്നു.
16ദരിദ്രന്മാർക്ക് ഞാൻ അപ്പനായിരുന്നു;
ഞാൻ അറിയാത്തവന്റെ വ്യവഹാരം പരിശോധിച്ചു.
17നീതികെട്ടവന്റെ അണപ്പല്ല് ഞാൻ തകർത്തു;
അവന്റെ പല്ലിനിടയിൽനിന്ന് ഇരയെ പറിച്ചെടുത്തു.
18എന്റെ കൂട്ടിൽവച്ച് ഞാൻ മരിക്കും; ഹോൽപക്ഷിയെപ്പോലെ ഞാൻ ദീർഘായുസ്സോടെ ഇരിക്കും.
19എന്റെ വേര് വെള്ളം വരെ പടർന്നുചെല്ലുന്നു;
എന്റെ കൊമ്പിന്മേൽ മഞ്ഞ് രാപാർക്കുന്നു.
20എന്റെ മഹത്വം എന്നിൽ പച്ചയായിരിക്കുന്നു;
എന്റെ വില്ല് എന്റെ കയ്യിൽ പുതിയതായിരിക്കും എന്ന് ഞാൻ പറഞ്ഞു.
21മനുഷ്യർ കാത്തിരുന്ന് എന്റെ വാക്ക് കേൾക്കും;
എന്റെ ആലോചന കേൾക്കുവാൻ മിണ്ടാതെയിരിക്കും.
22ഞാൻ സംസാരിച്ചശേഷം അവർ മിണ്ടുകയില്ല;
എന്റെ മൊഴി അവരുടെമേൽ മഴപോലെ ഇറ്റിറ്റ് വീഴും.
23മഴയ്ക്ക് എന്നപോലെ അവർ എനിക്കായി കാത്തിരിക്കും;
പിന്മഴയ്ക്കെന്നപോലെ അവർ വായ്പിളർക്കും.
24അവർ പ്രതീക്ഷിക്കാതിരിക്കുമ്പോൾ
ഞാൻ അവരെ നോക്കി പുഞ്ചിരിതൂകി;
എന്റെ മുഖപ്രസാദം അവർ തള്ളിക്കളയുകയുമില്ല.
25ഞാൻ അവരുടെ വഴി തിരഞ്ഞെടുത്ത് തലവനായി ഇരിക്കും;
സൈന്യസമേതനായ രാജാവിനെപ്പോലെയും
ദുഃഖിതന്മാരെ ആശ്വസിപ്പിക്കുന്നവനെപ്പോലെയും ഞാൻ വസിക്കും;


1 29:14 ഉത്തരീയം = മേൽക്കുപ്പായം

30

1ഇപ്പോൾ എന്നിലും പ്രായം കുറഞ്ഞവർ എന്നെ നോക്കി ചിരിക്കുന്നു;

അവരുടെ അപ്പന്മാരെ എന്റെ ആട്ടിൻ കൂട്ടത്തിന്റെ നായ്ക്കളോടുകൂടി
ആക്കുവാൻ പോലും ഞാൻ നിരസിക്കുമായിരുന്നു.
2അവരുടെ കയ്യൂറ്റംകൊണ്ട് എനിക്ക എന്ത് പ്രയോജനം?
അവരുടെ യൗവ്വനശക്തി നശിച്ചുപോയല്ലോ.
3ബുദ്ധിമുട്ടും വിശപ്പുംകൊണ്ട് അവർ മെലിഞ്ഞിരിക്കുന്നു;
ശൂന്യദേശത്തിന്റെയും നിർജ്ജനദേശത്തിന്റെയും ഇരുട്ടിൽ
അവർ വരണ്ട നിലം കാർന്നു തിന്നുന്നു.
4അവർ കുറ്റിക്കാട്ടിൽ മണൽചീര പറിക്കുന്നു;
കാട്ടുകിഴങ്ങ് അവർക്ക് ആഹാരമായിരിക്കുന്നു.
5ജനമദ്ധ്യത്തിൽ നിന്ന് അവരെ ഓടിച്ചുകളയുന്നു;
കള്ളനെപ്പോലെ അവരെ ആട്ടിക്കളയുന്നു.
6താഴ്വരപ്പിളർപ്പുകളിൽ അവർ വസിക്കേണ്ടിവരുന്നു;
മൺകുഴികളിലും പാറയുടെ ഗുഹകളിലും തന്നെ.
7കുറ്റിക്കാട്ടിൽ അവർ കഴുതകളെപ്പോലെ കുതറുന്നു;
കുറ്റിച്ചെടിയുടെ കീഴിൽ അവർ ഒന്നിച്ചുകൂടുന്നു.
8അവർ ഭോഷന്മാരുടെ മക്കൾ, നീചന്മാരുടെ മക്കൾ;
അവരെ ദേശത്തുനിന്ന് ചമ്മട്ടികൊണ്ട് അടിച്ചോടിക്കുന്നു.
9എന്നാൽ ഇപ്പോൾ ഞാൻ അവരുടെ പാട്ടായിരിക്കുന്നു;
അവർക്ക് പഴഞ്ചൊല്ലായിത്തീർന്നിരിക്കുന്നു.
10അവർ എന്നെ അറച്ച് അകന്നുനില്ക്കുന്നു;
എന്റെ മുഖത്ത് തുപ്പുവാൻ ശങ്കിക്കുന്നില്ല.
11ദൈവം തന്റെ കയർ അഴിച്ച് എന്നെ ക്ലേശിപ്പിച്ചതുകൊണ്ട്
അവർ എന്റെ മുമ്പിൽ കടിഞ്ഞാൺ അയച്ചുവിട്ടിരിക്കുന്നു.
12വലത്തുഭാഗത്ത് നീചന്മാർ എഴുന്നേറ്റ് എന്നെ തുരത്തുന്നു
അവർ നാശമാർഗ്ഗങ്ങളെ എന്റെ നേരെ നിരത്തുന്നു.
13അവർ എന്റെ പാതയെ നശിപ്പിക്കുന്നു;
അവർ തന്നെ തുണയറ്റവർ ആയിരിക്കുമ്പോൾ
എന്റെ അപായത്തിനായി ശ്രമിക്കുന്നു.
14വിസ്താരമുള്ള വിടവിൽകൂടി എന്നപോലെ അവർ ആക്രമിച്ചുവരുന്നു;
ഇടിഞ്ഞുവീണതിന്റെ നടുവിൽക്കൂടി അവർ എന്റെ മേൽ ഉരുണ്ടുകയറുന്നു.
15ഭീകരതകൾ എന്റെ നേരെ തിരിഞ്ഞിരിക്കുന്നു;
കാറ്റുപോലെ എന്റെ മഹത്വത്തെ പാറ്റിക്കളയുന്നു;
എന്റെ ഐശ്വര്യവും മേഘംപോലെ കടന്നു പോകുന്നു.
16ഇപ്പോൾ എന്റെ പ്രാണൻ എന്റെ ഉള്ളിൽ തൂകിപ്പോകുന്നു;
കഷ്ടകാലം എന്നെ പിടിച്ചിരിക്കുന്നു.
17രാത്രി എന്റെ അസ്ഥികളെ തുളച്ചെടുത്തുകളയുന്നു;
എന്നെ കാർന്നുതിന്നുന്നവർ ഉറങ്ങുന്നതുമില്ല.
18ദൈവത്തിന്റെ ഉഗ്രബലത്താൽ എന്റെ വസ്ത്രം വിരൂപമായിരിക്കുന്നു;
1 അങ്കിയുടെ കഴുത്തുപോലെ എന്നോട് പറ്റിയിരിക്കുന്നു.
19അവിടുന്ന് എന്നെ ചെളിയിൽ ഇട്ടിരിക്കുന്നു;
ഞാൻ പൊടിക്കും ചാരത്തിനും തുല്യമായിരിക്കുന്നു.
20ഞാൻ അങ്ങയോട് നിലവിളിക്കുന്നു; അവിടുന്ന് ഉത്തരം അരുളുന്നില്ല;
ഞാൻ എഴുന്നേറ്റുനില്ക്കുന്നു; അവിടുന്ന് എന്നെ തുറിച്ചുനോക്കുന്നതേയുള്ളു.
21അവിടുന്ന് എന്റെ നേരെ ക്രൂരനായിത്തീർന്നിരിക്കുന്നു;
അവിടുത്തെ കയ്യുടെ ശക്തിയാൽ അവിടുന്ന്എന്നെ പീഡിപ്പിക്കുന്നു.
22അവിടുന്ന് എന്നെ കാറ്റിൻ പുറത്ത് കയറ്റി ഓടിക്കുന്നു;
കൊടുങ്കാറ്റിൽ അവിടുന്ന് എന്നെ ലയിപ്പിച്ചുകളയുന്നു.
23മരണത്തിലേക്കും സകലജീവികളും ചെന്നു ചേരുന്ന വീട്ടിലേക്കും
അവിടുന്ന് എന്നെ കൊണ്ടുപോകുമെന്ന് ഞാൻ അറിയുന്നു.
24എങ്കിലും വീഴുമ്പോൾ ആരും കൈ നീട്ടുകയില്ലയോ?
അപായത്തിൽപെട്ടവൻ നിലവിളിക്കുകയില്ലയോ?
25കഷ്ടകാലം വന്നവനുവേണ്ടി ഞാൻ കരഞ്ഞിട്ടില്ലയോ?
എളിയവനു വേണ്ടി എന്റെ മനസ്സ് വ്യസനിച്ചിട്ടില്ലയോ?
26ഞാൻ നന്മയ്ക്ക് നോക്കിയിരുന്നപ്പോൾ തിന്മ വന്നു.
വെളിച്ചത്തിനായി കാത്തിരുന്നപ്പോൾ ഇരുട്ട് വന്നു.
27എന്റെ ഹൃദയം ഇളകി മറിയുന്നു;
കഷ്ടകാലം എനിയ്ക്ക് വന്നിരിക്കുന്നു.
28ഞാൻ കറുത്തവനായി നടക്കുന്നു; വെയിൽ കൊണ്ടല്ലതാനും;
ഞാൻ സഭയിൽ എഴുന്നേറ്റ് സഹായത്തിനായി നിലവിളിക്കുന്നു.
29ഞാൻ കുറുക്കന്മാർക്ക് സഹോദരനും
ഒട്ടകപ്പക്ഷികൾക്ക് കൂട്ടാളിയും ആയിരിക്കുന്നു.
30എന്റെ ത്വക്ക് കറുത്ത് പൊളിഞ്ഞുവീഴുന്നു;
എന്റെ അസ്ഥി ഉഷ്ണംകൊണ്ട് കരിഞ്ഞിരിക്കുന്നു.
31എന്റെ കിന്നരനാദം വിലാപമായും
എന്റെ കുഴലൂത്ത് കരച്ചിലായും തീർന്നിരിക്കുന്നു.


1 30:18 അങ്കി = പുറങ്കുപ്പായം

31

1ഞാൻ എന്റെ കണ്ണുമായി ഒരു നിയമം ചെയ്തു;

പിന്നെ ഞാൻ ഒരു കന്യകയെ നോക്കുന്നതെങ്ങനെ?
2എന്നാൽ മേലിൽനിന്ന് ദൈവം നല്കുന്ന ഓഹരിയും
ഉയരത്തിൽനിന്ന് സർവ്വശക്തൻ തരുന്ന അവകാശവും എന്ത്?
3നീതികെട്ടവന് അപായവും
ദുഷ്പ്രവൃത്തിക്കാർക്ക് വിപത്തുമല്ലയോ?
4എന്റെ വഴികൾ ദൈവം കാണുന്നില്ലയോ?
എന്റെ കാലടികളെല്ലാം എണ്ണുന്നില്ലയോ?
5ഞാൻ കപടത്തിൽ നടന്നുവെങ്കിൽ,
എന്റെ കാൽ വഞ്ചനയ്ക്ക് ഓടിയെങ്കിൽ -
6ദൈവം എന്റെ പരമാർത്ഥത അറിയേണ്ടതിന്
ഒത്ത ത്രാസിൽ എന്നെ തൂക്കിനോക്കുമാറാകട്ടെ -
7എന്റെ കാലടി വഴിവിട്ട് മാറിയെങ്കിൽ,
എന്റെ ഹൃദയം എന്റെ കണ്ണിനെ പിന്തുടർന്നുവെങ്കിൽ,
വല്ല കറയും എന്റെ കൈക്ക് പറ്റിയെങ്കിൽ,
8ഞാൻ വിതച്ചത് മറ്റൊരുവൻ തിന്നട്ടെ;
എന്റെ വിളകൾ നിർമ്മൂലമാക്കപ്പെടട്ടെ.
9എന്റെ ഹൃദയം ഒരു സ്ത്രീയിൽ ഭ്രമിച്ചുപോയെങ്കിൽ,
കൂട്ടുകാരന്റെ വാതില്ക്കൽ ഞാൻ പതിയിരുന്നു എങ്കിൽ,
10എന്റെ ഭാര്യ മറ്റൊരുത്തന് മാവ് പൊടിക്കട്ടെ;
അന്യർ അവളുടെ മേൽ പതുങ്ങട്ടെ.
11അത് മഹാപാതകമല്ലയോ,
ന്യായാധിപന്മാർ ശിക്ഷിക്കേണ്ട കുറ്റമത്രേ;
12അത് നരകപര്യന്തം ദഹിപ്പിക്കുന്ന തീയാകുന്നു;
അത് ഞാൻ നേടിയതെല്ലാം നിർമ്മൂലമാക്കും.
13എന്റെ ദാസനോ ദാസിയോ എന്നോട് വാദിച്ചിട്ട്
ഞാൻ അവരുടെ ന്യായം തള്ളിക്കളഞ്ഞെങ്കിൽ,
14ദൈവം എന്നെ കുറ്റം വിധിക്കുവാൻ എഴുന്നേല്ക്കുമ്പോൾ ഞാൻ എന്ത് ചെയ്യും?
അവിടുന്ന് ന്യായം വിധിക്കുവാൻ വരുമ്പോൾ ഞാൻ എന്തുത്തരം പറയും?
15ഗർഭത്തിൽ എന്നെ ഉരുവാക്കിയവനല്ലയോ അവരെയും ഉരുവാക്കിയത്?
ഉദരത്തിൽ ഞങ്ങളെ നിർമ്മിച്ചത് ഒരുവനല്ലയോ?
16ദരിദ്രന്മാരുടെ ആഗ്രഹം ഞാൻ മുടക്കിയെങ്കിൽ,
വിധവയുടെ കണ്ണിനെ ഞാൻ ക്ഷീണിപ്പിച്ചെങ്കിൽ,
17അനാഥന് കൊടുക്കാതെ
ഞാൻ തനിയെ എന്റെ ആഹാരം കഴിച്ചെങ്കിൽ -
18ബാല്യം മുതൽ ഞാൻ അപ്പൻ എന്നപോലെ അവനെ വളർത്തുകയും
ജനിച്ചത് മുതൽ അവളെ പരിപാലിക്കയും ചെയ്തുവല്ലോ -
19ഒരുവൻ വസ്ത്രമില്ലാതെ നശിച്ചുപോകുന്നതോ
ദരിദ്രൻ പുതപ്പില്ലാതെ ഇരിക്കുന്നതോ ഞാൻ കണ്ടിട്ട്
20അവന്റെ മനസ്സ് എന്നെ അനുഗ്രഹിച്ചില്ലെങ്കിൽ,
എന്റെ ആടുകളുടെ രോമംകൊണ്ട് അവന് കുളിർ മാറിയില്ലെങ്കിൽ,
21പട്ടണവാതില്ക്കൽ എനിയ്ക്ക് സഹായം ഉണ്ടെന്ന് കണ്ടിട്ട്
ഞാൻ അനാഥന്റെ നേരെ കയ്യോങ്ങിയെങ്കിൽ,
22എന്റെ ഭുജം തോൾപലകയിൽനിന്ന് വീഴട്ടെ;
എന്റെ കയ്യുടെ സന്ധിബന്ധം വിട്ടുപോകട്ടെ.
23ദൈവം അയച്ച വിപത്ത് എനിക്ക് ഭയങ്കരമായിരുന്നു;
അവിടുത്തെ പ്രഭാവം നിമിത്തം എനിക്ക് ഒന്നിനും കഴിവില്ലാതെയായി.
24ഞാൻ പൊന്ന് എന്റെ ശരണമാക്കിയെങ്കിൽ,
തങ്കത്തോട് നീ എന്റെ ആശ്രയം എന്ന് പറഞ്ഞുവെങ്കിൽ,
25എന്റെ ധനം വളരെയായിരിക്കുകകൊണ്ടും
എന്റെ കൈ അധികം സമ്പാദിച്ചിരിക്കുകകൊണ്ടും ഞാൻ സന്തോഷിച്ചുവെങ്കിൽ,
26സൂര്യൻ ജ്വലിക്കുന്നതോ
ചന്ദ്രൻ ശോഭയോടെ പ്രകാശിക്കുന്നതോ കണ്ടിട്ട്
27എന്റെ ഹൃദയം ഗൂഢമായി വശീകരിക്കപ്പെടുകയും
എന്റെ വായ് എന്റെ കൈ ചുംബിക്കുകയും ചെയ്തുവെങ്കിൽ,
28അത് ന്യായാധിപന്മാർ ശിക്ഷിക്കേണ്ട കുറ്റം അത്രെ;
അതിനാൽ ഉയരത്തിലെ ദൈവത്തെ ഞാൻ നിഷേധിച്ചു എന്നു വരുമല്ലോ.
29എന്റെ വൈരിയുടെ നാശത്തിൽ ഞാൻ സന്തോഷിക്കുകയോ,
അവന്റെ അനർത്ഥത്തിൽ ഞാൻ നിഗളിക്കുകയോ ചെയ്തു എങ്കിൽ -
30അവന്റെ പ്രാണനാശം ഇച്ഛിച്ച് ശാപം ചൊല്ലി പാപം ചെയ്യുവാൻ
എന്റെ നാവിനെ ഒരിക്കലും സമ്മതിച്ചിട്ടില്ല -
31അവന്റെ മേശയിൽ നിന്ന് മാംസംതിന്ന് തൃപ്തി വരാത്തവർ ആര്?
32എന്നിങ്ങനെ എന്റെ കൂടാരത്തിലെ ആളുകൾ പറഞ്ഞില്ലെങ്കിൽ -
പരദേശി തെരുവീഥിയിൽ രാപാർക്കേണ്ടിവന്നിട്ടില്ല;
വഴിപോക്കന് ഞാൻ എന്റെ വാതിൽ തുറന്നുകൊടുത്തു -
33ഞാൻ ആദാമിനെപ്പോലെ എന്റെ ലംഘനം മറച്ച്
എന്റെ അകൃത്യം മനസ്സിൽ ഒളിപ്പിച്ചെങ്കിൽ,
34മഹാപുരുഷാരത്തെ ശങ്കിക്കുകകൊണ്ടും
കുടുംബങ്ങളുടെ നിന്ദ എന്നെ ഭ്രമിപ്പിക്കുകകൊണ്ടും
ഞാൻ വാതിലിന് പുറത്തിറങ്ങാതെ മിണ്ടാതിരുന്നു എങ്കിൽ -
35അയ്യോ, എന്റെ സങ്കടം കേൾക്കുന്നവൻ
ഉണ്ടായിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു!-
ഇതാ, എന്റെ ഒപ്പ്! സർവ്വശക്തൻ എനിക്ക് ഉത്തരം നല്കുമാറാകട്ടെ.
എന്റെ പ്രതിയോഗി എഴുതിയ കുറ്റപത്രം കിട്ടിയെങ്കിൽ കൊള്ളായിരുന്നു!
36അത് ഞാൻ എന്റെ ചുമലിൽ വഹിക്കുമായിരുന്നു;
ഒരു കിരീടമായിട്ട് അത് അണിയുമായിരുന്നു.
37എന്റെ കാലടികളുടെ കണക്ക് ഞാൻ അവനെ ബോധിപ്പിക്കും;
ഒരു പ്രഭു എന്നപോലെ ഞാൻ അവനോട് അടുക്കും.
38എന്റെ നിലം എനിക്കെതിരെ നിലവിളിക്കുകയോ
അതിന്റെ ഉഴവുചാലുകൾ ഒന്നിച്ച് കരയുകയോ ചെയ്തുവെങ്കിൽ,
39വിലകൊടുക്കാതെ ഞാൻ അതിന്റെ വിളവ് തിന്നുകയോ
അതിന്റെ ഉടമകളുടെ പ്രാണൻ പോകുവാൻ സംഗതിയാക്കുകയോ ചെയ്തു എങ്കിൽ,
40കോതമ്പിന് പകരം 1 കാരമുള്ളും
യവത്തിന് പകരം കളയും മുളച്ചുവളരട്ടെ.”
[ഇയ്യോബിന്റെ വചനങ്ങൾ അവസാനിച്ചു.]


1 31:40 5 മീറ്ററോളം ഉയരം വയ്ക്കുന്ന, മുള്ളുകളുള്ള ഒരു കുറ്റിച്ചെടിയാണ് കാരമുള്ള്.

32

1അങ്ങനെ ഇയ്യോബിന് സ്വയം നീതിമാനായി തോന്നിയതുകൊണ്ട് ഈ മൂന്നു പുരുഷന്മാർ അവനോട് വാദിക്കുന്നത് മതിയാക്കി.2അപ്പോൾ രാംവംശത്തിൽ ബൂസ്യനായ ബറഖേലിന്റെ മകൻ എലീഹൂവിന്റെ കോപം ജ്വലിച്ചു; ദൈവത്തെക്കാൾ തന്നേത്താൻ നീതീകരിച്ചതുകൊണ്ട് ഇയ്യോബിന്റെ നേരെ അവന്റെ കോപം ജ്വലിച്ചു.

3അവന്റെ മൂന്ന് സ്നേഹിതന്മാർക്ക് ഇയ്യോബിന്റെ കുറ്റം തെളിയിക്കുവാൻ തക്ക ഉത്തരം കാണാൻ കഴിയാഞ്ഞതുകൊണ്ട് അവരുടെ നേരെയും അവന്റെ കോപം ജ്വലിച്ചു.4എന്നാൽ അവർ തന്നെക്കാൾ പ്രായമുള്ളവരായതുകൊണ്ട് എലീഹൂ ഇയ്യോബിനോട് സംസാരിക്കുവാൻ താമസിച്ചു.5ആ മൂന്ന് പുരുഷന്മാർക്കും ഉത്തരം മുട്ടിപ്പോയി എന്ന് കണ്ടപ്പോൾ എലീഹൂവിന്റെ കോപം ജ്വലിച്ചു.
6അങ്ങനെ ബൂസ്യനായ ബറഖേലിന്റെ മകൻ എലീഹൂ പറഞ്ഞത്:
“ഞാൻ പ്രായം കുറഞ്ഞവനും നിങ്ങൾ വൃദ്ധന്മാരും ആകുന്നു;
അതുകൊണ്ട് ഞാൻ ശങ്കിച്ചു, അഭിപ്രായം പറയുവാൻ തുനിഞ്ഞില്ല.
7പ്രായമുള്ളവർ സംസാരിക്കുകയും വയോധികർ ജ്ഞാനം ഉപദേശിക്കുകയും ചെയ്യട്ടെ
എന്നിങ്ങനെ ഞാൻ വിചാരിച്ചു.
8എന്നാൽ മനുഷ്യരിൽ ആത്മാവുണ്ടല്ലോ;
സർവ്വശക്തന്റെ ശ്വാസം അവർക്ക് വിവേകം നല്കുന്നു.
9പ്രായം ചെന്നവർ ആകുന്നു ജ്ഞാനികൾ എന്നില്ല;
വൃദ്ധന്മാരാകുന്നു ന്യായബോധമുള്ളവർ എന്നുമില്ല.
10അതുകൊണ്ട് ഞാൻ പറയുന്നത്:
എന്റെ വാക്ക് കേട്ടുകൊള്ളുവിൻ;
ഞാനും എന്റെ അഭിപ്രായം പ്രസ്താവിക്കാം.
11ഞാൻ നിങ്ങളുടെ വാക്ക് ശ്രദ്ധിച്ചുകൊണ്ടിരുന്നു;
നിങ്ങൾ എന്ത് പറയുമെന്ന് ആലോചിച്ച്
നിങ്ങളുടെ വാദങ്ങൾക്ക് ഞാൻ ശ്രദ്ധ നൽകി.
12നിങ്ങൾ പറഞ്ഞതിന് ഞാൻ ശ്രദ്ധകൊടുത്തു;
ഇയ്യോബിന് ബോധം വരുത്തുവാനോ
അവന്റെ മൊഴികൾക്ക് ഉത്തരം പറയുവാനോ നിങ്ങളിൽ ആരുമില്ല.
13‘ഞങ്ങൾ ജ്ഞാനം കണ്ടുപിടിച്ചിരിക്കുന്നു: മനുഷ്യനല്ല, ദൈവം തന്നെ
അവനെ ജയിക്കും’ എന്ന് നിങ്ങൾ പറയരുത്.
14എനിക്കെതിരെയല്ലല്ലോ അവൻ തന്റെ വാക്കുകൾ പ്രയോഗിച്ചത്;
നിങ്ങളുടെ വചനങ്ങൾകൊണ്ട് ഞാൻ അവനോട് ഉത്തരം പറയുകയുമില്ല.
15അവർ പരിഭ്രമിച്ചിരിക്കുന്നു; ഉത്തരം പറയുന്നില്ല;
അവർക്ക് വാക്ക് മുട്ടിപ്പോയി.
16അവർ ഉത്തരം പറയാതെ ശാന്തമായി നില്ക്കുന്നു;
അവർ സംസാരിക്കാത്തതുകൊണ്ട് ഞാൻ കാത്തിരിക്കണമോ?
17എനിക്ക് പറയുവാനുള്ളത് ഞാനും പറയും;
എന്റെ അഭിപ്രായം ഞാൻ പ്രസ്താവിക്കും.
18ഞാൻ മൊഴികൾകൊണ്ട് നിറഞ്ഞിരിക്കുന്നു;
എന്റെ ഉള്ളിലെ ആത്മാവ് എന്നെ നിർബ്ബന്ധിക്കുന്നു.
19എന്റെ ഹൃദയം അടച്ചുവച്ച വീഞ്ഞുപാത്രം പോലെ ആയിരിക്കുന്നു;
അത് പുതിയ തുരുത്തികൾപോലെ പൊട്ടാറായിരിക്കുന്നു.
20എനിക്ക് ഉന്മേഷം വരേണ്ടതിന് ഞാൻ സംസാരിക്കും;
എന്റെ അധരം തുറന്ന് ഉത്തരം പറയും.
21ഞാൻ ഒരുവന്റെയും പക്ഷം പിടിക്കുകയില്ല;
ആരോടും മുഖസ്തുതി പറയുകയുമില്ല.
22മുഖസ്തുതി പറയുവാൻ എനിക്ക് അറിഞ്ഞുകൂടാ;
അങ്ങനെ ചെയ്താൽ എന്റെ സ്രഷ്ടാവ് വേഗത്തിൽ എന്നെ നീക്കിക്കളയും.

33

1ഇയ്യോബേ, എന്റെ സംഭാഷണം കേട്ടുകൊള്ളുക;

എന്റെ സകലവാക്കുകളും ശ്രദ്ധിച്ചുകൊള്ളുക.
2ഇതാ, ഞാൻ ഇപ്പോൾ എന്റെ വായ് തുറക്കുന്നു;
എന്റെ വായിൽ എന്റെ നാവ് സംസാരിക്കുന്നു.
3എന്റെ വാക്കുകൾ എന്റെ ഉള്ളിലെ സത്യം വെളിവാക്കും.
എന്റെ അധരങ്ങൾ അറിയുന്നത് അവ പരമാർത്ഥമായി പ്രസ്താവിക്കും.
4ദൈവത്തിന്റെ ആത്മാവ് എന്നെ സൃഷ്ടിച്ചു;
സർവ്വശക്തന്റെ ശ്വാസം എനിക്ക് ജീവനെ തരുന്നു.
5നിനക്ക് കഴിയുമെങ്കിൽ എന്നോട് പ്രതിവാദിക്കുക;
സന്നദ്ധനായി എന്റെ മുമ്പിൽ നിന്നുകൊള്ളുക.
6ഇതാ, നിന്നെപ്പോലെ ഞാനും ദൈവത്തിനുള്ളവൻ;
എന്നെയും മണ്ണുകൊണ്ട് നിർമ്മിച്ചിരിക്കുന്നു.
7എന്റെ ഭീഷണി നിന്നെ ഭയപ്പെടുത്തുകയില്ല;
എന്റെ പ്രേരണ നിനക്ക് ഭാരമായിരിക്കുകയുമില്ല.
8ഞാൻ കേൾക്കെ നീ പറഞ്ഞതും
നിന്റെ വാക്ക് ഞാൻ കേട്ടതും എന്തെന്നാൽ:
9‘ഞാൻ ലംഘനം ഇല്ലാത്ത നിർമ്മലൻ;
ഞാൻ നിർദ്ദോഷി; എന്നിൽ അകൃത്യവുമില്ല.
10ദൈവം എന്നെ ആക്രമിക്കാൻ അവസരം കണ്ടുപിടിക്കുന്നു;
എന്നെ അവിടുത്തെ ശത്രുവായി വിചാരിക്കുന്നു.
11അവിടുന്ന് എന്റെ കാലുകളെ ആമത്തിൽ ഇടുന്നു;
എന്റെ പാതകളെല്ലാം സൂക്ഷിച്ചുനോക്കുന്നു’.
12ഇതിന് ഞാൻ നിന്നോട് ഉത്തരം പറയാം:
‘ഇതിൽ നീ നീതിമാൻ അല്ല; ദൈവം മനുഷ്യനേക്കാൾ വലിയവനല്ലയോ.
13നീ ദൈവത്തോട് എന്തിന് വാദിക്കുന്നു?
തന്റെ കാര്യങ്ങളിൽ ഒന്നിനും അവിടുന്ന് കാരണം പറയുന്നില്ലല്ലോ.
14ഒന്നോ രണ്ടോ വട്ടം ദൈവം അരുളിച്ചെയ്യുന്നു;
മനുഷ്യൻ അത് കൂട്ടാക്കുന്നില്ലതാനും.
15ഗാഢനിദ്ര മനുഷ്യർക്കുണ്ടാകുമ്പോൾ,
അവർ കിടക്ക മേൽ നിദ്രകൊള്ളുമ്പോൾ,
സ്വപ്നത്തിൽ, രാത്രിദർശനത്തിൽ തന്നെ,
16അവിടുന്ന് മനുഷ്യരുടെ ചെവി തുറക്കുന്നു;
അവരെ മുന്നറിയിപ്പുകൾ കൊണ്ട് ഭയപ്പെടുത്തുന്നു.
17മനുഷ്യനെ അവന്റെ ദുഷ്കർമ്മത്തിൽനിന്ന് അകറ്റുവാനും
പുരുഷനെ ഗർവ്വത്തിൽനിന്ന് രക്ഷിക്കുവാനും തന്നെ.
18അവിടുന്ന് കുഴിയിൽനിന്ന് അവന്റെ പ്രാണനെയും
വാളാൽ നശിക്കാതെ അവന്റെ ജീവനെയും രക്ഷിക്കുന്നു.
19തന്റെ കിടക്കമേൽ അവൻ വേദനയാൽ ശിക്ഷിക്കപ്പെടുന്നു;
അവന്റെ അസ്ഥികളിൽ ഇടവിടാതെ യാതന ഉണ്ട്.
20അതുകൊണ്ട് അവന്റെ ജീവൻ അപ്പവും
അവന്റെ പ്രാണൻ സ്വാദുഭോജനവും വെറുക്കുന്നു.
21അവന്റെ മാംസം ക്ഷയിച്ച് കാണാനില്ലാതെയായിരിക്കുന്നു;
കാണനില്ലാതിരുന്ന അവന്റെ അസ്ഥികൾ പൊങ്ങിനില്ക്കുന്നു.
22അവന്റെ പ്രാണൻ ശവക്കുഴിക്കും
അവന്റെ ജീവൻ നാശകന്മാർക്കും അടുത്തിരിക്കുന്നു.
23മനുഷ്യനോട് അവന്റെ ധർമ്മം അറിയിക്കേണ്ടതിന്ന്
ആയിരത്തിൽ ഒരുവനായി മദ്ധ്യസ്ഥനായ ഒരു ദൂതൻ അവന് വേണ്ടി ഉണ്ടെങ്കിൽ
24ദൂതൻ അവനിൽ കൃപ തോന്നി:
‘കുഴിയിൽ ഇറങ്ങാത്തവിധം ഇവനെ രക്ഷിക്കേണമേ;
ഞാൻ ഒരു മറുവില കണ്ടിരിക്കുന്നു’ എന്നു പറയും
25അപ്പോൾ അവന്റെ ദേഹം യൗവ്വനചൈതന്യത്താൽ പുഷ്ടിവയ്ക്കും;
അവൻ ബാല്യപ്രായത്തിലേക്ക് തിരിച്ചുവരും.
26അവൻ ദൈവത്തോട് പ്രാർത്ഥിക്കും; അവിടുന്ന് അവനിൽ പ്രസാദിക്കും;
തിരുമുഖത്തെ അവൻ സന്തോഷത്തോടെ കാണും;
ദൈവം മനുഷ്യന് അവന്റെ വിജയം പകരം കൊടുക്കും.
27അവൻ മനുഷ്യരുടെ മുമ്പിൽ പാടി പറയുന്നത്:
‘ഞാൻ പാപം ചെയ്ത് നേരായുള്ളത് മറിച്ചുകളഞ്ഞു;
അതിന് എന്നോട് പകരം ചെയ്തിട്ടില്ല.
28ദൈവം എന്റെ പ്രാണനെ കുഴിയിൽ ഇറങ്ങാത്തവിധം രക്ഷിച്ചു;
എന്റെ ജീവൻ പ്രകാശം കണ്ട് സന്തോഷിക്കുന്നു.
29ഇതാ, ദൈവം രണ്ടു മൂന്നു പ്രാവശ്യം
ഇവയെല്ലം മനുഷ്യനോട് ചെയ്യുന്നു.
30അവന്റെ പ്രാണനെ കുഴിയിൽനിന്ന് കയറ്റേണ്ടതിനും
ജീവന്റെ പ്രകാശംകൊണ്ട് അവനെ പ്രകാശിപ്പിക്കേണ്ടതിനും തന്നെ.
31ഇയ്യോബേ, ശ്രദ്ധിച്ചു കേൾക്കുക;
മിണ്ടാതെയിരിക്കുക; ഞാൻ സംസാരിക്കാം.
32നിനക്ക് ഉത്തരം പറയുവാനുണ്ടെങ്കിൽ പറയുക;
സംസാരിക്കുക; നിന്നെ നീതീകരിക്കുവാൻ ആകുന്നു എന്റെ താത്പര്യം.
33ഇല്ലെങ്കിൽ, നീ എന്റെ വാക്ക് കേൾക്ക;
മിണ്ടാതിരിക്കുക; ഞാൻ നിനക്ക് ജ്ഞാനം ഉപദേശിച്ചുതരാം.”

34

1എലീഹൂ പിന്നെയും പറഞ്ഞത്:

2“ജ്ഞാനികളേ, എന്റെ വചനം കേൾക്കുവിൻ;
വിദ്വാന്മാരേ, ഞാൻ പറയുന്നത് കേൾക്കുവിൻ.
3നാവ് ആഹാരത്തിന്റെ രുചിനോക്കുന്നു;
ചെവിയോ വചനങ്ങളെ ശോധന ചെയ്യുന്നു;
4ന്യായമായുള്ളത് നമുക്ക് തിരഞ്ഞെടുക്കാം;
നന്മയായുള്ളത് നമുക്കുതന്നെ ആലോചിച്ചറിയാം.
5‘ഞാൻ നീതിമാൻ, ദൈവം എന്റെ ന്യായം തള്ളിക്കളഞ്ഞു;
എന്റെ ന്യായത്തിനെതിരെ ഞാൻ ഭോഷ്ക്ക് പറയണമോ?
6ലംഘനം ഇല്ലാതിരുന്നിട്ടും എന്റെ മുറിവ് സുഖമാകുന്നില്ല’
എന്നിങ്ങനെ ഇയ്യോബ് പറഞ്ഞുവല്ലോ.
7ഇയ്യോബിനെപ്പോലെ ആരെങ്കിലുമുണ്ടോ?
അവൻ പരിഹാസത്തെ വെള്ളംപോലെ കുടിക്കുന്നു;
8അവൻ ദുഷ്പ്രവൃത്തിക്കാരോട് കൂട്ടുകൂടുന്നു;
ദുർജ്ജനങ്ങളോടുകൂടി സഞ്ചരിക്കുന്നു.
9‘ദൈവത്തോട് നിരപ്പായിരിക്കുന്നതുകൊണ്ട്
മനുഷ്യന് പ്രയോജനമില്ലെന്ന്’ അവൻ പറഞ്ഞു.
10അതുകൊണ്ട് വിവേകികളേ, കേട്ടുകൊള്ളുവിൻ;
ദൈവം ദുഷ്ടതയോ സർവ്വശക്തൻ അനീതിയോ ഒരിക്കലും ചെയ്യുകയില്ല.
11അവൻ മനുഷ്യന് അവന്റെ പ്രവൃത്തിയ്ക്ക് പകരം ചെയ്യും;
ഓരോരുത്തനും അവനവന്റെ നടപ്പിന് തക്കവണ്ണം കൊടുക്കും.
12ദൈവം ദുഷ്ടത പ്രവർത്തിക്കുകയില്ല, നിശ്ചയം;
സർവ്വശക്തൻ ന്യായം മറിച്ചുകളയുകയുമില്ല.
13ഭൂമിയെ ദൈവത്തിൽ ഭരമേല്പിച്ചതാര്?
ഭൂമണ്ഡലമാകെ സ്ഥാപിച്ചതാര്?
14അവിടുന്ന് തന്റെ കാര്യത്തിൽ മാത്രം ദൃഷ്ടിവച്ചെങ്കിൽ
തന്റെ ആത്മാവിനെയും ശ്വാസത്തെയും മടക്കി എടുത്തെങ്കിൽ
15സകലജഡവും ഒരുപോലെ നശിച്ചുപോകും;
മനുഷ്യൻ മണ്ണിലേക്ക് മടങ്ങിച്ചേരും.
16നിനക്ക് വിവേകമുണ്ടെങ്കിൽ ഇത് കേട്ടുകൊള്ളുക;
എന്റെ വചനങ്ങളെ ശ്രദ്ധിച്ചുകൊള്ളുക;
17ന്യായത്തെ വെറുക്കുന്നവൻ ഭരിക്കുമോ?
നീതിമാനും ബലവാനുമായവനെ നീ കുറ്റം വിധിക്കുമോ?
18രാജാവിനോട്: ‘നീ വഷളൻ എന്നും’
പ്രഭുക്കന്മാരോട്: ‘നിങ്ങൾ ദുഷ്ടന്മാർ’ എന്നും പറയുമോ?
19അവൻ പ്രഭുക്കന്മാരുടെ പക്ഷം എടുക്കുന്നില്ല;
ദരിദ്രനെക്കാൾ ധനവാനെ ആദരിക്കുന്നതുമില്ല;
അവരെല്ലാവരും തൃക്കൈയുടെ സൃഷ്ടിയാണല്ലോ.
20പെട്ടെന്ന് അർദ്ധരാത്രിയിൽ തന്നെ അവർ മരിക്കുന്നു;
ജനം നടുങ്ങി ഒഴിഞ്ഞു പോകുന്നു;
മനുഷ്യന്റെ കൈ തൊടാതെ ബലശാലികൾ നീങ്ങിപ്പോകുന്നു.
21ദൈവത്തിന്റെ ദൃഷ്ടി മനുഷ്യന്റെ വഴികളിൽ ഇരിക്കുന്നു;
അവന്റെ നടപ്പെല്ലാം അവിടുന്ന് കാണുന്നു.
22ദുഷ്പ്രവൃത്തിക്കാർക്ക് ഒളിക്കേണ്ടതിന്
അവിടെ ഇരുട്ടുമില്ല അന്ധതമസ്സുമില്ല.
23മനുഷ്യൻ ദൈവസന്നിധിയിൽ ന്യായവിസ്താരത്തിന് ചെല്ലേണ്ടതിന്
അവിടുന്ന് അവനിൽ അധികം ദൃഷ്ടിവയ്ക്കുവാൻ ആവശ്യമില്ല.
24വിചാരണ ചെയ്യാതെ അവിടുന്ന് ബലശാലികളെ തകർത്തുകളയുന്നു;
അവർക്ക് പകരം വേറെ ആളുകളെ നിയമിക്കുന്നു.
25അങ്ങനെ അവിടുന്ന് അവരുടെ പ്രവൃത്തികളെ അറിയുന്നു;
രാത്രിയിൽ അവരെ തള്ളിയിട്ടിട്ട് അവർ തകർന്നുപോകുന്നു.
26മറ്റുള്ളവർ കാൺകെ
അവിടുന്ന് അവരെ ദുഷ്ടന്മാരെപ്പോലെ ശിക്ഷിക്കുന്നു.
27എളിയവരുടെ നിലവിളി അവിടുത്തെ അടുക്കൽ എത്തുവാനും
പീഡിതന്മാരുടെ നിലവിളി അവിടുന്ന് കേൾപ്പാനും വേണ്ടി
28അവർ ദൈവത്തെ ഉപേക്ഷിച്ച് പിന്മാറിക്കളയുകയും
ദൈവത്തിന്റെ വഴികളെ ഗണ്യമാക്കാതിരിക്കുകയും ചെയ്തുവല്ലോ.
29വഷളനായ മനുഷ്യൻ ഭരിക്കാതിരിക്കേണ്ടതിനും
ജനത്തെ കുടുക്കുവാൻ ആരും ഇല്ലാതിരിക്കേണ്ടതിനും -+
30അവിടുന്ന് സ്വസ്ഥത നൽകിയാൽ ആര് കുറ്റം വിധിക്കും?
ഒരു ജാതിക്കായാലും ഒരാൾക്കായാലും
അവിടുത്തെ മുഖം മറച്ചുകളഞ്ഞാൽ ആര് അവിടുത്തെ കാണും?
31ഞാൻ ശിക്ഷ സഹിച്ചു; ഞാൻ ഇനി കുറ്റം ചെയ്യുകയില്ല;
32ഞാൻ കാണാത്തത് എന്നെ പഠിപ്പിക്കണമേ;
ഞാൻ അന്യായം ചെയ്തിട്ടുണ്ടെങ്കിൽ ഇനി ചെയ്യുകയില്ല
എന്ന് ആരെങ്കിലും ദൈവത്തോട് പറഞ്ഞിട്ടുണ്ടോ?
33നീ മുഷിഞ്ഞതുകൊണ്ട് അവിടുന്ന് നിന്റെ ഇഷ്ടംപോലെ പകരം ചെയ്യണമോ?
ഞാനല്ല, നീ തന്നെ തിരഞ്ഞെടുക്കേണ്ടതല്ലയോ;
ആകയാൽ നീ അറിയുന്നത് പ്രസ്താവിച്ചുകൊള്ളുക.
34ഇയ്യോബ് അറിവില്ലാതെ സംസാരിക്കുന്നു;
അവന്റെ വാക്കുകളിലും ജ്ഞാനമില്ല എന്ന് വിവേകമുള്ള പുരുഷന്മാരും
35എന്റെ വാക്ക് കേൾക്കുന്ന ഏത് ജ്ഞാനിയും എന്നോട് പറയും.
36ഇയ്യോബ് ദുഷ്ടന്മാരെപ്പോലെ പ്രതിവാദിക്കുന്നതുകൊണ്ട്
അവനെ ആദിയോടന്തം പരിശോധിച്ചാൽ കൊള്ളാം.
37അവൻ തന്റെ പാപത്തോട് ദ്രോഹം ചേർക്കുന്നു;
അവൻ നമ്മുടെ മദ്ധ്യത്തിൽ കൈ കൊട്ടുന്നു;
ദൈവത്തിന് വിരോധമായി വാക്ക് വർദ്ധിപ്പിക്കുന്നു.”

35

1എലീഹൂ പിന്നെയും പറഞ്ഞത്:

2“എന്റെ നീതി ദൈവത്തിന്റേ നീതിയിലും വലിയത് എന്ന് നീ പറയുന്നു;
ഇത് ന്യായം എന്ന് നീ നിരൂപിക്കുന്നുവോ?
3അതിനാൽ നിനക്ക് എന്ത് പ്രയോജനം എന്നും
ഞാൻ പാപം ചെയ്യുന്നതിനേക്കാൾ
അതുകൊണ്ട് എനിക്ക് എന്തുപകാരം എന്നും നീ ചോദിക്കുന്നുവല്ലോ;
4നിന്നോടും നിന്നോടുകൂടെയുള്ള സ്നേഹിതന്മാരോടും
ഞാൻ മറുപടി പറയാം.
5നീ ആകാശത്തേക്ക് നോക്കി കാണുക;
നിനക്ക് മീതെയുള്ള മേഘങ്ങളെ ദർശിക്കുക;
6നീ പാപം ചെയ്യുന്നതിനാൽ അവിടുത്തോട് എന്ത് പ്രവർത്തിക്കുന്നു?
നിന്റെ ലംഘനം വർദ്ധിക്കുന്നതിനാൽ നീ അവിടുത്തോട് എന്ത് ചെയ്യുന്നു?
7നീ നീതിമാനായിരിക്കുന്നതിനാൽ അവിടുത്തേക്ക് എന്ത് കൊടുക്കുന്നു?
അല്ലെങ്കിൽ അവിടുത്തേക്ക് നിന്റെ കയ്യിൽനിന്ന് എന്ത് ലഭിക്കുന്നു?
8നിന്റെ ദുഷ്ടത നിന്നെപ്പോലെയുള്ള ഒരു പുരുഷനെയും
നിന്റെ നീതി മറ്റൊരു മനുഷ്യനെയും ബാധിക്കുന്നു.
9പീഡനങ്ങളുടെ വലിപ്പം നിമിത്തം അവർ നിലവിളിക്കുന്നു;
ശക്തന്മാരുടെ പ്രവൃത്തി നിമിത്തം അവർ സഹായത്തിനുവേണ്ടി നിലവിളിക്കുന്നു.
10എങ്കിലും രാത്രിയിൽ സ്തോത്രഗീതങ്ങൾ നല്കുന്നവനും
ഭൂമിയിലെ മൃഗങ്ങളേക്കാൾ നമ്മളെ പഠിപ്പിക്കുന്നവനും
11ആകാശത്തിലെ പക്ഷികളേക്കാൾ നമ്മളെ ജ്ഞാനികളാക്കുന്നവനുമായി
എന്റെ സ്രഷ്ടാവായ ദൈവം എവിടെ എന്ന് ഒരുവനും ചോദിക്കുന്നില്ല.
12അവിടെ ദുഷ്ടന്മാരുടെ അഹങ്കാരംനിമിത്തം അവർ നിലവിളിക്കുന്നു;
എങ്കിലും ആരും ഉത്തരം പറയുന്നില്ല.
13വ്യൎത്ഥമായുള്ളത് ദൈവം കേൾക്കുകയില്ല;
സർവ്വശക്തൻ അത് ശ്രദ്ധിക്കുകയുമില്ല, നിശ്ചയം.
14പിന്നെ നീ അവിടുത്തെ കാണുന്നില്ല എന്നു പറഞ്ഞാൽ എങ്ങനെ?
നിന്റെ വാദം അവിടുത്തെ മുമ്പിൽ ഇരിക്കുന്നതുകൊണ്ട് നീ അവിടുത്തേക്കായി കാത്തിരിക്കുക.
15ഇപ്പോൾ, അവിടുത്തെ കോപം സന്ദർശിക്കാത്തതുകൊണ്ടും
അവിടുന്ന് അഹങ്കാരത്തെ അധികം ഗണ്യമാക്കാത്തതുകൊണ്ടും
16ഇയ്യോബ് വെറുതെ തന്റെ വായ്തുറക്കുന്നു;
അറിവുകൂടാതെ വാക്കുകൾ വർദ്ധിപ്പിക്കുന്നു.”

36

1എലീഹൂ പിന്നെയും പറഞ്ഞത്:

2“അല്പം ക്ഷമിക്കുക, ഞാൻ അറിയിച്ചുതരാം;
ദൈവത്തിന് വേണ്ടി ഇനിയും ചില വാക്കുകൾ പറയുവാനുണ്ട്.
3ഞാൻ ദൂരത്തുനിന്ന് അറിവ് കൊണ്ടുവരും;
എന്റെ സ്രഷ്ടാവിന്റെ നീതിയെ അറിയിക്കും.
4എന്റെ വാക്ക് കള്ളമല്ല നിശ്ചയം;
അറിവ് തികഞ്ഞവൻ നിന്റെ അടുക്കൽ നില്ക്കുന്നു.
5ദൈവം ബലവാനാണെങ്കിലും ആരെയും നിരസിക്കുന്നില്ല;
അവിടുന്ന് വിവേകശക്തിയിലും ബലവാൻ തന്നെ.
6അവിടുന്ന് ദുഷ്ടന്റെ ജീവനെ രക്ഷിക്കുന്നില്ല;
ദുഃഖിതന്മാർക്ക് അവിടുന്ന് ന്യായം നടത്തിക്കൊടുക്കുന്നു.
7അവിടുന്ന് നീതിമാന്മാരിൽനിന്ന് തന്റെ നോട്ടം മാറ്റുന്നില്ല;
രാജാക്കന്മാരോടുകൂടി അവരെ സിംഹാസനത്തിൽ ഇരുത്തുന്നു;
അവർ എന്നേക്കും ഉയർന്നിരിക്കുന്നു.
8അവർ ചങ്ങലകളാൽ ബന്ധിക്കപ്പെട്ട്
കഷ്ടതയുടെ ചരടിൽ കുടുങ്ങുകയും ചെയ്താൽ
9അവിടുന്ന് അവർക്ക് അവരുടെ പ്രവൃത്തിയും
അഹങ്കാരത്താൽ പ്രവർത്തിച്ച ലംഘനങ്ങളും കാണിച്ചുകൊടുക്കും.
10അവിടുന്ന് അവരുടെ ചെവി പ്രബോധനത്തിന് തുറക്കുന്നു;
അവർ നീതികേട് വിട്ടുതിരിയുവാൻ കല്പിക്കുന്നു.
11അവർ കേട്ടനുസരിച്ച് അവിടുത്തെ സേവിച്ചാൽ
അവരുടെ നാളുകളെ ഭാഗ്യത്തിലും
ആണ്ടുകളെ ആനന്ദത്തിലും കഴിച്ചുകൂട്ടും.
12കേൾക്കുന്നില്ലെങ്കിലോ അവർ വാളാൽ നശിക്കും;
ബുദ്ധിമോശത്താൽ മരിച്ചുപോകും.
13ദുഷ്ടന്മാർ കോപം സംഗ്രഹിച്ചുവയ്ക്കുന്നു;
അവിടുന്ന് അവരെ ബന്ധിക്കുമ്പോൾ അവർ രക്ഷയ്ക്കായി നിലവിളിക്കുന്നില്ല.
14അവർ യൗവനത്തിൽ തന്നെ മരിച്ചു പോകുന്നു;
അവരുടെ ജീവൻ അപമാനത്താൽ നശിക്കുന്നു.
15അവിടുന്ന് പീഡിതനെ അവന്റെ പീഡയാൽ വിടുവിക്കുന്നു;
അനർഥങ്ങൾകൊണ്ടുതന്നെ അവരുടെ ചെവി തുറക്കുന്നു.
16നിന്നെയും അവിടുന്ന് കഷ്ടതയുടെ വായിൽ നിന്ന്
ഞെരുക്കമില്ലാത്ത വിശാലതയിലേക്ക് നടത്തുമായിരുന്നു.
നിന്റെ മേശമേൽ സ്വാദുഭോജനം വയ്ക്കുമായിരുന്നു.
17നീയോ ദുഷ്ടവിധികൊണ്ട് നിറഞ്ഞിരിക്കുന്നു;
വിധിയും നീതിയും നിന്നെ പിടിക്കും.
18കോപം നിന്നെ പരിഹാസത്തിനായി വശീകരിക്കരുത്;
മോചനദ്രവ്യത്തിന്റെ വലിപ്പം ഓർത്ത് നീ തെറ്റിപ്പോകുകയുമരുത്.
19കഷ്ടത്തിൽ അകപ്പെടാതിരിക്കുവാൻ നിന്റെ നിലവിളിയും
ശക്തിയേറിയ പരിശ്രമങ്ങളും മതിയാകുമോ?
20ജനതകൾ തങ്ങളുടെ സ്ഥലത്തുവച്ച്
മുടിഞ്ഞുപോകുന്ന രാത്രിയെ നീ ആഗ്രഹിക്കരുത്.
21സൂക്ഷിച്ചുകൊള്ളുക; നീതികേടിലേക്ക് തിരിയരുത്;
കഷ്ടതയാൽ പരീക്ഷിക്കപ്പെടുന്നതുകൊണ്ട് നീ പാപത്തിൽ നിന്ന് ഒഴിഞ്ഞിരിക്കുക.
22ദൈവം തന്റെ ശക്തിയാൽ ഉന്നതമായി പ്രവർത്തിക്കുന്നു;
അവിടുത്തോട് തുല്യനായ ഉപദേശകൻ ആരുള്ളു?
23ദൈവത്തോട് അവിടുത്തെ വഴിയെ കല്പിച്ചതാര്?
അവിടുന്ന് നീതികേട് ചെയ്തു എന്ന് അവിടുത്തോട് ആർക്ക് പറയാം?
24അവിടുത്തെ പ്രവൃത്തിയെ മഹിമപ്പെടുത്തുവാൻ നീ ഓർത്തുകൊള്ളുക;
അതിനെക്കുറിച്ചല്ലയോ മനുഷ്യർ പാടിയിരിക്കുന്നത്.
25മനുഷ്യരെല്ലാം അതുകണ്ട് രസിക്കുന്നു;
ദൂരത്തുനിന്ന് മർത്യൻ അതിനെ സൂക്ഷിച്ചുനോക്കുന്നു.
26നമുക്ക് അറിഞ്ഞുകൂടാത്തവിധം ദൈവം അത്യുന്നതൻ;
അവിടുത്തെ ആണ്ടുകളുടെ സംഖ്യ എണ്ണമറ്റത് .
27അവിടുന്ന് നീർത്തുള്ളികളെ ആകർഷിക്കുന്നു;
അവിടുത്തെ ആവിയാൽ അവ മഴയായി പെയ്യുന്നു.
28മേഘങ്ങൾ അവയെ ചൊരിയുന്നു;
മനുഷ്യരുടെമേൽ ധാരാളമായി പൊഴിക്കുന്നു.
29ആർക്കെങ്കിലും മേഘങ്ങളുടെ വിരിവുകളെയും
അവിടുത്തെ കൂടാരത്തിന്റെ മുഴക്കത്തെയും ഗ്രഹിക്കാമോ?
30ദൈവം തന്റെ ചുറ്റും പ്രകാശം വിതറുന്നു;
സമുദ്രത്തെ ഇരുട്ടുകൊണ്ട് മൂടുന്നു.
31ഇങ്ങനെ അവിടുന്ന് ജനതകളെ പോറ്റുന്നു;
ആഹാരവും ധാരാളമായി കൊടുക്കുന്നു.
32അവിടുന്ന് മിന്നൽകൊണ്ട് തൃക്കൈ നിറയ്ക്കുന്നു;
പ്രതിയോഗിയുടെ നേരെ അതിനെ നിയോഗിക്കുന്നു.
33അതിന്റെ മുഴക്കം അവിടുത്തെയും
കന്നുകാലികൾ എഴുന്നെള്ളുന്നവനെക്കുറിച്ച് അറിവു തരുന്നു.

37

1ഇതിനാൽ എന്റെ ഹൃദയം വിറച്ച് അതിന്റെ സ്ഥലത്തുനിന്ന് പാളിപ്പോകുന്നു.

2അവിടുത്തെ ശബ്ദത്തിന്റെ മുഴക്കവും
അവിടുത്തെ വായിൽനിന്ന് പുറപ്പെടുന്ന ഗർജ്ജനവും ശ്രദ്ധിച്ചുകേൾക്കുവിൻ.
3അവിടുന്ന് അത് ആകാശത്തിൻ കീഴിൽ എല്ലായിടത്തും
അതിന്റെ മിന്നൽ ഭൂമിയുടെ അറ്റത്തോളവും അയയ്ക്കുന്നു.
4അതിന്റശേഷം ഒരു മുഴക്കം കേൾക്കുന്നു;
അവിടുന്ന് തന്റെ മഹിമാനാദംകൊണ്ട് ഇടിമുഴക്കുന്നു;
അവിടുത്തെ നാദം കേൾക്കുമ്പോൾ അതിനെ നിയന്ത്രിക്കുന്നില്ല.
5ദൈവം തന്റെ ശബ്ദം അതിശയകരമായി മുഴക്കുന്നു;
നമുക്ക് ഗ്രഹിച്ചുകൂടാത്ത മഹാകാര്യങ്ങൾ ചെയ്യുന്നു.
6അവിടുന്ന് ഹിമത്തോട്: “ഭൂമിയിൽ പെയ്യുക” എന്ന് കല്പിക്കുന്നു;
അവിടുന്ന് മഴയോടും വമ്പിച്ച പെരുമഴയോടും കല്പിക്കുന്നു.
7താൻ സൃഷ്ടിച്ച മനുഷ്യരെല്ലാം അവിടുത്തെ പ്രവൃത്തി അറിയുവാൻ വേണ്ടി
അവിടുന്ന് സകലമനുഷ്യരുടെയും കൈ മുദ്രയിടുന്നു.
8കാട്ടുമൃഗം ഒളിസ്ഥലത്ത് ചെല്ലുകയും
തന്റെ ഗുഹയിൽ കിടക്കുകയും ചെയ്യുന്നു.
9ദക്ഷിണമണ്ഡലത്തിൽനിന്ന് കൊടുങ്കാറ്റും
ഉത്തരദിക്കിൽനിന്ന് കുളിരും വരുന്നു.
10ദൈവത്തിന്റെ ശ്വാസംകൊണ്ട് മഞ്ഞുകട്ട ഉളവാകുന്നു;
വെള്ളങ്ങളുടെ ഉപാരിതലം ലോഹം പോലെ ഉറയ്ക്കുന്നു.
11അവിടുന്ന് കാർമേഘത്തെ ഈർപ്പം കൊണ്ട് കനപ്പിക്കുന്നു;
തന്റെ മിന്നലുള്ള മേഘത്തെ പരത്തുന്നു.
12അവിടുന്ന് അവയോട് കല്പിക്കുന്നതെല്ലാം
ഭൂമിയുടെ ഉപരിഭാഗത്ത് ചെയ്യേണ്ടതിന്
അവിടുത്തെ നിർദ്ദേശപ്രകാരം അവ ചുറ്റി സഞ്ചരിക്കുന്നു.
13ശിക്ഷയ്ക്കായിട്ടോ ദേശത്തിന്റെ നന്മയ്ക്കായിട്ടോ
ദയയ്ക്കായിട്ടോ അവിടുന്ന് അത് വരുത്തുന്നു.
14ഇയ്യോബേ, ഇത് ശ്രദ്ധിച്ചുകൊള്ളുക;
മിണ്ടാതിരുന്ന് ദൈവത്തിന്റെ അത്ഭുതങ്ങളെ ചിന്തിച്ചുകൊള്ളുക.
15ദൈവം അവയ്ക്ക് കല്പന കൊടുക്കുന്നതും
തന്റെ മേഘത്തിലെ മിന്നൽ പ്രകാശിപ്പിക്കുന്നതും
എങ്ങനെ എന്ന് നീ അറിയുന്നുവോ?
16മേഘങ്ങൾ എങ്ങനെ ആകശത്തിൽ പൊങ്ങി ഒഴുകുന്നു എന്നും
ജ്ഞാനസമ്പൂർണ്ണനായവന്റെ അത്ഭുതങ്ങളും നീ അറിയുന്നുവോ?
17തെന്നിക്കാറ്റുകൊണ്ട് ഭൂമി അനങ്ങാതിരിക്കുമ്പോൾ
നിന്റെ വസ്ത്രത്തിന് ചൂടുണ്ടാകുന്നത് എങ്ങനെ?
18ലോഹദർപ്പണംപോലെ ഉറപ്പുള്ള ആകാശത്തെ
നിനക്ക് ദൈവത്തോടുകൂടി നിവർത്തി വയ്ക്കാമോ?
19അവിടുത്തോട് എന്ത് പറയണമെന്ന് ഞങ്ങൾക്ക് ഉപദേശിച്ചു തരുക;
മനസ്സിന്റെ അന്ധകാരം നിമിത്തം ഞങ്ങൾക്ക് ഒന്നും പ്രസ്താവിക്കുവാൻ കഴിവില്ല.
20എനിക്ക് സംസാരിക്കണം എന്ന് അവിടുത്തോട് ബോധിപ്പിക്കണമോ?
നാശത്തിന് ഇരയായയിത്തീരുവാൻ ആരെങ്കിലും ഇച്ഛിക്കുമോ?
21ഇപ്പോൾ ആകാശത്തിൽ വെളിച്ചം ശോഭിക്കുന്നത് കാണുന്നില്ല;
എങ്കിലും കാറ്റ് കടന്നുപോയി അതിനെ തെളിവാക്കുന്നു.
22വടക്കുനിന്ന് സ്വർണ്ണശോഭപോലെ വരുന്നു;
ദൈവത്തിന്റെ ചുറ്റും ഭയങ്കര തേജസ്സുണ്ട്.
23സർവ്വശക്തനെയോ നാം കണ്ടെത്തുകയില്ല;
അവിടുന്ന് ശക്തിയിൽ അത്യുന്നതനാകുന്നു;
അവിടുന്ന് ന്യായത്തിനും പൂർണ്ണനീതിക്കും ഭംഗം വരുത്തുന്നില്ല.
24അതുകൊണ്ട് മനുഷ്യർ അവിടുത്തെ ഭയപ്പെടുന്നു;
ജ്ഞാനികളെന്ന് ഭാവിക്കുന്നവരെ അവിടുന്ന് കടാക്ഷിക്കുന്നില്ല.”

38

1പിന്നീട് യഹോവ ചുഴലിക്കാറ്റിൽ നിന്ന് ഇയ്യോബിനോട് ഉത്തരം അരുളിച്ചെയ്തത്:

2“അറിവില്ലാത്ത വാക്കുകളാൽ
ആലോചനയെ ഇരുളാക്കുന്ന ഇവനാര്?
3നീ പുരുഷനെപ്പോലെ അര മുറുക്കികൊള്ളുക;
ഞാൻ നിന്നോട് ചോദിക്കും; എന്നോട് ഉത്തരം പറയുക.
4ഞാൻ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു?
നിനക്ക് വിവേകമുണ്ടെങ്കിൽ പ്രസ്താവിക്കുക.
5അതിന്റെ അളവ് നിയമിച്ചവൻ ആര്? നീ അറിയുന്നുവോ?
അല്ല, അതിന് അളവുനൂൽ പിടിച്ചവനാര്?
6പ്രഭാതനക്ഷത്രങ്ങൾ ഒന്നിച്ച് ഘോഷിച്ചുല്ലസിക്കുകയും
ദൈവപുത്രന്മാരെല്ലാം സന്തോഷിച്ചാർക്കുകയും ചെയ്തപ്പോൾ
7അതിന്റെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു?
അല്ല, അതിന്റെ മൂലക്കല്ലിട്ടവൻ ആര്?
8ഗർഭത്തിൽനിന്ന് എന്നപോലെ സമുദ്രം ചാടിപ്പുറപ്പെട്ടപ്പോൾ
അതിനെ കതകുകളാൽ അടച്ചവൻ ആര്?
9അന്ന് ഞാൻ മേഘത്തെ അതിന് ഉടുപ്പും
കൂരിരുളിനെ അതിന് ചുറ്റാടയും ആക്കി;
10ഞാൻ അതിന് അതിര് നിയമിച്ച്
കതകും ഓടാമ്പലും വച്ചു.
11‘ഇത്രത്തോളം നിനക്കുവരാം; ഇത് കടക്കരുത്;
ഇവിടെ നിന്റെ തിരമാലകളുടെ ഗർവ്വം നിലയ്ക്കും’ എന്ന് കല്പിച്ചു.
12ഭൂമിയുടെ അറ്റങ്ങളെ പിടിക്കേണ്ടതിനും
ദുഷ്ടന്മാരെ അതിൽനിന്ന് കുടഞ്ഞുകളയേണ്ടതിനും
13നിന്റെ ജീവകാലത്ത് ഒരിക്കലെങ്കിലും നീ പ്രഭാതത്തിന് കല്പന കൊടുക്കുകയും
അരുണോദയത്തിന് സ്ഥലം നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ടോ?
14അത് മുദ്രയുടെ കീഴിലെ അരക്കുപോലെ മാറുന്നു;
വസ്ത്രംപോലെ അതിലുള്ളതെല്ലാം വിളങ്ങിനില്ക്കുന്നു.
15ദുഷ്ടന്മാർക്ക് വെളിച്ചം മുടങ്ങിപ്പോകുന്നു;
ഓങ്ങിയ ഭുജവും ഒടിഞ്ഞുപോകുന്നു.
16നീ സമുദ്രത്തിന്റെ ഉറവുകളോളം ചെന്നിട്ടുണ്ടോ?
ആഴിയുടെ ആഴത്തിൽ സഞ്ചരിച്ചിട്ടുണ്ടോ?
17മരണത്തിന്റെ വാതിലുകൾ നിനക്ക് വെളിപ്പെട്ടിട്ടുണ്ടോ?
അന്ധതമസ്സിന്റെ വാതിലുകളെ നീ കണ്ടിട്ടുണ്ടോ?
18ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ?
ഇവ സകലവും അറിയുന്നുവെങ്കിൽ പ്രസ്താവിക്കുക.
19വെളിച്ചം വസിക്കുന്ന സ്ഥലത്തേക്കുള്ള വഴി ഏത്?
ഇരുളിന്റെ പാർപ്പിടവും എവിടെ?
20നിനക്ക് അവയെ അവയുടെ അതിര് വരെ കൊണ്ടുപോകാമോ?
അവയുടെ വീട്ടിലേക്കുള്ള പാത അറിയാമോ?
21നീ അന്നേ ജനിച്ചിരുന്നുവല്ലോ;
നിനക്ക് ആയുസ്സ് ഒട്ടും കുറവല്ലല്ലോ;
നീ അത് അറിയാതിരിക്കുമോ?
22നീ ഹിമത്തിന്റെ ഭണ്ഡാരത്തോളം ചെന്നിട്ടുണ്ടോ?
കല്മഴയുടെ ഭണ്ഡാരം നീ കണ്ടിട്ടുണ്ടോ?
23ഞാൻ അവയെ കഷ്ടകാലത്തേക്കും
പോരും പടയുമുള്ള നാളിലേക്കും സംഗ്രഹിച്ചുവച്ചിരിക്കുന്നു.
24വെളിച്ചം പിരിയുന്നതും
കിഴക്കൻ കാറ്റ് ഭൂമിമേൽ വ്യാപിക്കുന്നതും ആയ വഴി ഏത്?
25നിർജ്ജനദേശത്തും ആൾ പാർപ്പില്ലാത്ത മരുഭൂമിയിലും
മഴ പെയ്യിക്കേണ്ടതിനും
26തരിശും ശൂന്യവുമായ നിലത്തിന്റെ ദാഹം തീർക്കേണ്ടതിനും
ഇളമ്പുല്ല് മുളപ്പിക്കേണ്ടതിനും
27ജലപ്രവാഹത്തിന് ചാലും
ഇടിമിന്നലിന് പാതയും വെട്ടിക്കൊടുത്തതാര്?
28മഴക്ക് അപ്പനുണ്ടോ?
അല്ല, മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാര്?
29ആരുടെ ഗർഭത്തിൽനിന്ന് ഹിമം പുറപ്പെടുന്നു?
ആകാശത്തിലെ മഞ്ഞ് ആര് പ്രസവിക്കുന്നു?
30വെള്ളം കല്ലുപോലെ ഉറച്ചുപോകുന്നു.
ആഴിയുടെ മുഖം കട്ടിയായിത്തീരുന്നു.
31കാർത്തികയുടെ ചങ്ങല നിനക്ക് ബന്ധിക്കാമോ?
മകയിരത്തിന്റെ ബന്ധനങ്ങൾ അഴിക്കാമോ?
32നിനക്ക് രാശിചക്രത്തെ അതിന്റെ കാലത്ത് പുറപ്പെടുവിക്കാമോ?
സപ്തർഷികളെയും മക്കളെയും നിനക്ക് നടത്താമോ?
33ആകാശത്തിലെ നിയമങ്ങൾ നീ അറിയുന്നുവോ?
അതിന് ഭൂമിമേലുള്ള സ്വാധീനം നിർണ്ണയിക്കാമോ?
34ജലപ്രവാഹം നിന്നെ മൂടേണ്ടതിന്
നിനക്കു് മേഘങ്ങളോളം ശബ്ദം ഉയർത്താമോ?
35“അടിയങ്ങൾ വിടകൊള്ളുന്നു” എന്ന് നിന്നോട് പറഞ്ഞ്
പുറപ്പെടുവാൻ തക്കവിധം നിനക്ക് മിന്നലുകളെ പറഞ്ഞയയ്ക്കാമോ?
36അന്തരംഗത്തിൽ ജ്ഞാനത്തെ വച്ചവനാര്?
മനസ്സിന് വിവേകം കൊടുത്തവൻ ആര്?
37ഉരുക്കിവാർത്തതുപോലെ പൊടി തമ്മിൽ
കൂടുമ്പോഴും മൺകട്ട ഒന്നോടൊന്ന് പറ്റിപ്പോകുമ്പോഴും
38ജ്ഞാനത്താൽ മേഘങ്ങളെ എണ്ണുന്നതാര്?
ആകാശത്തിലെ തുരുത്തികളെ ചരിച്ചിടുന്നതാര്?
39സിംഹങ്ങൾ ഗുഹകളിൽ പതുങ്ങിക്കിടക്കുമ്പോഴും
അവ മുറ്റുകാട്ടിൽ പതിയിരിക്കുമ്പോഴും
40നീ സിംഹിയ്ക്ക് ഇര വേട്ടയാടിക്കൊടുക്കുമോ?
ബാലസിംഹങ്ങളുടെ വിശപ്പടക്കുമോ?
41കാക്കക്കുഞ്ഞുങ്ങൾ ഇരകിട്ടാതെ
ഉഴന്ന് ദൈവത്തോട് നിലവിളിക്കുമ്പോൾ
അതിന് തീറ്റ എത്തിച്ച് കൊടുക്കുന്നതാര്?

39

1പാറയിലെ കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ?

മാൻപേടകളുടെ ഈറ്റുനോവ് നീ കാണുമോ?
2അവയ്ക്ക് ഗർഭം തികയുന്ന മാസം നിനക്ക് കണക്കു കൂട്ടാമോ?
അവയുടെ പ്രസവകാലം നിനക്ക് അറിയാമോ?
3അവ കുനിഞ്ഞ് കുട്ടികളെ പ്രസവിക്കുന്നു;
ക്ഷണത്തിൽ വേദന ഒഴിഞ്ഞുപോകുന്നു.
4അവയുടെ കുട്ടികൾ ബലപ്പെട്ട് കാട്ടിൽ വളരുന്നു;
അവ പുറത്തേക്ക് പോകുന്നു; മടങ്ങിവരുന്നതുമില്ല.
5കാട്ടുകഴുതയെ അഴിച്ചുവിട്ടത് ആര്?
വന1 ഗർദ്ദഭത്തെ കെട്ടഴിച്ചതാര്?
6ഞാൻ മരുഭൂമി അതിന് വീടും
2 ഉവർനിലം അതിന് പാർപ്പിടവുമാക്കി.
7അത് പട്ടണത്തിലെ ആരവം കേട്ടു ചിരിക്കുന്നു;
തെളിക്കുന്നവന്റെ ശബ്ദം ശ്രദ്ധിക്കുന്നതുമില്ല.
8മലനിരകൾ അതിന്റെ മേച്ചല്പുറമാകുന്നു;
പച്ചയായതൊക്കെയും അത് അന്വേഷിച്ചു നടക്കുന്നു.
9കാട്ടുപോത്ത് നിന്നെ സേവിക്കുവാൻ തയ്യാറാകുമോ?
അത് നിന്റെ പുല്തൊട്ടിക്കരികിൽ രാത്രിയിൽ പാർക്കുമോ?
10കാട്ടുപോത്തിനെ നിനക്ക് കയറിട്ട് ഉഴുവാൻ കൊണ്ടുപോകാമോ?
അത് നിന്റെ പിന്നാലെ നിലം നിരത്തുമോ?
11അതിന്റെ ശക്തി വലിയാതാകയാൽ നീ അതിനെ വിശ്വസിക്കുമോ?
നിന്റെ വേല നീ അതിന് ഭരമേല്പിച്ച് കൊടുക്കുമോ?
12അത് നിന്റെ വിത്ത് കൊണ്ടുവരുമെന്നും
നിന്റെ കളപ്പുരയിൽ കൂട്ടുമെന്നും നീ വിശ്വസിക്കുമോ?
13ഒട്ടകപ്പക്ഷി ഉല്ലസിച്ച് ചിറക് വീശുന്നു;
എങ്കിലും ചിറകും തൂവലും കൊണ്ട് വാത്സല്യം കാണിക്കുമോ?
14അത് നിലത്ത് മുട്ട ഇട്ട ശേഷം പോകുന്നു;
അവയെ പൊടിയിൽ വച്ച് വിരിയിക്കുന്നു.
15കാൽകൊണ്ട് അവ ഉടഞ്ഞുപോയേക്കുമെന്നോ
കാട്ടുമൃഗം അവയെ ചവിട്ടിക്കളഞ്ഞേക്കുമെന്നോ അത് ഓർക്കുന്നില്ല.
16അത് തന്റെ കുഞ്ഞുങ്ങളോട് തനിക്കുള്ളവയല്ല എന്നപോലെ കാഠിന്യം കാണിക്കുന്നു;
തന്റെ പ്രയത്നം വ്യർത്ഥമായിപ്പോകുമെന്ന് ഭയപ്പെടുന്നില്ല.
17ദൈവം അതിന് ജ്ഞാനമില്ലാതാക്കി
വിവേകം അതിന് നല്കിയിട്ടും ഇല്ല.
18അത് ചിറകടിച്ച് പൊങ്ങി ഓടുമ്പോൾ
കുതിരയെയും പുറത്ത് കയറിയവനെയും പരിഹസിക്കുന്നു.
19കുതിരയ്ക്ക് നീയോ ശക്തി കൊടുത്തത്?
അതിന്റെ കഴുത്തിന് നീയോ കുഞ്ചിരോമം അണിയിച്ചത്?
20നിനക്കു അതിനെ വെട്ടുക്കിളിയെപ്പോലെ ചാടിക്കാമോ?
അതിന്റെ ഹുങ്കാരപ്രതാപം ഭയങ്കരം.
21അത് താഴ്വരയിൽ മാന്തി ശക്തിയിൽ ഉല്ലസിക്കുന്നു.
അത് ആയുധപാണികളെ എതിർക്കുന്നു.
22അത് കൂശാതെ ഭയത്തെ പുച്ഛിക്കുന്നു;
വാളിനോട് പിൻവാങ്ങുന്നതുമില്ല.
23അതിന് എതിരെ ആവനാഴിയും
മിന്നുന്ന കുന്തവും ശൂലവും കിലുകിലുക്കുന്നു.
24അതു ഉഗ്രതയും കോപവും പൂണ്ടു നിലം വിഴുങ്ങുന്നു;
കാഹളനാദം കേട്ടാൽ അത് അടങ്ങിനില്ക്കുകയില്ല.
25കാഹളനാദം ധ്വനിക്കുന്തോറും അത് ഹാ, ഹാ എന്ന് ചിനയ്ക്കുന്നു;
പടയും പടനായകന്മാരുടെ മുഴക്കവും ആർപ്പും ദൂരത്തുനിന്ന് മണക്കുന്നു.
26നിന്റെ വിവേകത്താൽ ആകുന്നുവോ പരുന്ത് പറക്കുകയും
ചിറകു തെക്കോട്ട് വിടർക്കുകയും ചെയ്യുന്നതു?
27നിന്റെ കല്പനയ്ക്കോ കഴുകൻ മേലോട്ട് പറക്കുകയും
ഉയരത്തിൽ കൂടുവയ്ക്കുകയും ചെയ്യുന്നതു?
28അത് പാറയിൽ കുടിയേറി രാത്രി പാർക്കുന്നു;
പാറമുകളിലും ദുർഗ്ഗത്തിലും തന്നെ.
29അവിടെനിന്ന് അത് ഇര തിരയുന്നു;
അതിന്റെ കണ്ണു ദൂരത്തേക്കു കാണുന്നു.
30അതിന്റെ കുഞ്ഞുങ്ങൾ ചോര വലിച്ചു കുടിക്കുന്നു.
പട്ടുപോയവർ എവിടെയോ അവിടെ അതുണ്ട്.”


1 39:5 ഗർദ്ദഭം = കഴുത
2 39:6 ഉവർനിലം = ഓരുവെള്ളം കയറുന്ന സ്ഥലം ,ഊഷരഭൂമി

40

1യഹോവ പിന്നെയും ഇയ്യോബിനോട് അരുളിച്ചെയ്തത് :

2“ആക്ഷേപകൻ സർവ്വശക്തനോട് വാദിക്കുമോ?
ദൈവത്തോട് തർക്കിക്കുന്നവൻ ഇതിന് ഉത്തരം പറയട്ടെ.”
3അതിന് ഇയ്യോബ് യഹോവയോട് ഉത്തരം പറഞ്ഞത്:
4‘ഞാൻ നിസ്സാരനല്ലയോ, ഞാൻ അവിടുത്തോട് എന്തുത്തരം പറയും?
ഞാൻ കൈകൊണ്ട് വായ് പൊത്തിക്കൊള്ളുന്നു.
5ഒരുവട്ടം ഞാൻ സംസാരിച്ചു; ഇനി ഉത്തരം പറയുകയില്ല.
രണ്ടുവട്ടം ഞാൻ ഉരചെയ്തു; ഇനി മിണ്ടുകയില്ല.’
6അപ്പോൾ യഹോവ ചുഴലിക്കാറ്റിൽനിന്ന് ഇയ്യോബിനോട് ഉത്തരം പറഞ്ഞത്:
7“നീ പുരുഷനെപ്പോലെ അര മുറുക്കിക്കൊള്ളുക;
ഞാൻ നിന്നോട് ചോദിക്കും; നീ എനിക്ക് ഗ്രഹിപ്പിച്ചുതരുക.
8നീ എന്റെ ന്യായത്തെ ദുർബ്ബലപ്പെടുത്തുമോ?
നീ നീതിമാനാകേണ്ടതിന് എന്നെ കുറ്റം പറയുമോ?
9ദൈവത്തിനുള്ളതുപോലെ നിനക്ക് ഭുജം ഉണ്ടോ?
അവനെപ്പോലെ നിനക്ക് ഇടിമുഴക്കാമോ?
10നീ മഹിമയും പ്രതാപവും അണിഞ്ഞുകൊള്ളുക.
തേജസ്സും പ്രഭാവവും ധരിച്ചുകൊള്ളുക.
11നിന്റെ കോപപ്രവാഹങ്ങളെ ഒഴുക്കുക;
ഏത് ഗർവ്വിയെയും നോക്കി താഴ്ത്തുക.
12ഏത് ഗർവ്വിയെയും നോക്കി താഴ്ത്തുക;
ദുഷ്ടന്മാരെ അവരുടെ നിലയിൽ തന്നെ വീഴ്ത്തിക്കളയുക.
13അവരെ എല്ലാം പൊടിയിൽ മറച്ചുവയ്ക്കുക;
അവരുടെ മുഖങ്ങളെ ഒളിസ്ഥലത്ത് ബന്ധിച്ചുകളയുക.
14അപ്പോൾ നിന്റെ വലങ്കൈ നിന്നെ രക്ഷിക്കുന്നു
എന്ന് ഞാനും നിന്നെ ശ്ലാഘിച്ചുപറയും.
15ഞാൻ നിന്നെപ്പോലെ ഉണ്ടാക്കിയിരിക്കുന്ന 1 നദീഹയമുണ്ടല്ലോ;
അത് കാളയെപ്പോലെ പുല്ലുതിന്നുന്നു.
16അതിന്റെ ശക്തി അതിന്റെ കടിപ്രദേശത്തും
അതിന്റെ ബലം വയറിന്റെ മാംസപേശികളിലും ആകുന്നു.
17ദേവദാരുതുല്യമായ തന്റെ വാല് അത് ആട്ടുന്നു;
അതിന്റെ തുടയിലെ ഞരമ്പുകൾ കൂടിപിണഞ്ഞിരിക്കുന്നു.
18അതിന്റെ അസ്ഥികൾ ചെമ്പുകുഴൽപോലെയും
എല്ലുകൾ ഇരിമ്പഴിപോലെയും ഇരിക്കുന്നു.
19അത് ദൈവത്തിന്റെ സൃഷ്ടികളിൽ പ്രധാനമായുള്ളത്;
അതിനെ ഉണ്ടാക്കിയവനായ ദൈവത്തിനു മാത്രമേ അതിനെ തോൽപ്പിക്കുവാൻ കഴിയുകയുള്ളൂ.
20കാട്ടുമൃഗങ്ങളെല്ലാം കളിക്കുന്നിടമായ
പർവ്വതങ്ങൾ അതിന് തീൻ വിളയിക്കുന്നു.
21അത് 2 നീർമരുതിന്റെ ചുവട്ടിലും
ഞാങ്ങണയുടെ മറവിലും ചതുപ്പുനിലത്തും കിടക്കുന്നു.
22നീർമരുത് നിഴൽകൊണ്ട് അതിനെ മറയ്ക്കുന്നു;
തോട്ടിലെ അലരി അതിനെ ചുറ്റി നില്ക്കുന്നു;
23നദി കവിഞ്ഞൊഴുകിയാലും അത് ഭ്രമിക്കുന്നില്ല;
യോർദ്ദാൻ അതിന്റെ വായിലേക്ക് ചാടിയാലും അത് നിർഭയമായിരിക്കും.
24അത് നോക്കിക്കൊണ്ടിരിക്കുമ്പോൾ അതിനെ പിടിക്കാമോ?
അതിന്റെ മൂക്കിൽ കയർ കോർക്കാമോ?


1 40:15 നദീഹയം = ആന പോലെയുള്ള ഒരു വലിയ മൃഗം
2 40:21 നീർമരുത് = ജലാശയതീരങ്ങളിൽ വളരുന്ന ഒരു മരം

41

11 മഹാനക്രത്തെ ചൂണ്ടലിട്ട് പിടിക്കാമോ?

അതിന്റെ നാക്ക് കയറുകൊണ്ട് അമർത്താമോ?
2അതിന്റെ മൂക്കിൽ കയറ് കോർക്കാമോ?
അതിന്റെ അണയിൽ കൊളുത്ത് കടത്താമോ?
3അത് നിന്നോട് കൂടുതൽ യാചന കഴിക്കുമോ?
മൃദുവായ വാക്ക് നിന്നോട് പറയുമോ?
4അതിനെ എന്നും ദാസനാക്കിക്കൊള്ളേണ്ടതിന്
അത് നിന്നോട് ഉടമ്പടി ചെയ്യുമോ?
5പക്ഷിയോട് എന്നപോലെ നീ അതിനോട് കളിക്കുമോ?
അതിനെ പിടിച്ച് നിന്റെ കുമാരിമാർക്കായി കെട്ടിയിടുമോ?
6മീൻപിടുത്തക്കാർ അതിനെക്കൊണ്ട് വ്യാപാരം ചെയ്യുമോ?
അതിനെ കച്ചവടക്കാർക്ക് പങ്കിട്ട് വില്ക്കുമോ?
7നിനക്ക് അതിന്റെ തോലിൽ നിറച്ച് അസ്ത്രവും
തലയിൽ നിറച്ച് ചാട്ടുളിയും തറയ്ക്കാമോ?
8അതിനെ ഒന്നു തൊടുക; അത് തീർച്ചയായും പോരിടും എന്ന് ഓർത്തുകൊൾക;
പിന്നെ നീ അതിന് തുനിയുകയില്ല.
9അവന്റെ ആശയ്ക്ക് ഭംഗംവരുന്നു;
അതിനെ കാണുമ്പോൾ തന്നെ അവൻ വീണുപോകുമല്ലോ.
10അതിനെ ഇളക്കുവാൻ തക്ക ശൂരനില്ല;
പിന്നെ എന്നോട് എതിർത്തുനില്ക്കുന്നവൻ ആര്?
11ഞാൻ മടക്കിക്കൊടുക്കേണ്ടതിന് എനിക്ക് മുമ്പുകൂട്ടി തന്നതാര്?
ആകാശത്തിൻ കീഴിലുള്ളതെല്ലം എന്റെതല്ലയോ?
12അതിന്റെ അവയവങ്ങളെയും മഹാശക്തിയെയും
അതിന്റെ ചേലൊത്ത രൂപത്തെയും പറ്റി ഞാൻ മിണ്ടാതിരിക്കുകയില്ല.
13അതിന്റെ പുറം കുപ്പായം ഊരാകുന്നവനാര്?
അതിന്റെ ഇരട്ടനിരപ്പല്ലിനിടയിൽ ആര് ചെല്ലും?
14അതിന്റെ മുഖത്തെ കതക് ആര് തുറക്കും?
അതിന്റെ പല്ലിന് ചുറ്റും ഭീഷണി ഉണ്ട്.
15ചെതുമ്പൽനിര അതിന്റെ ഡംഭമാകുന്നു;
അത് മുദ്രവച്ച് മുറുക്കി അടച്ചിരിക്കുന്നു.
16അത് ഒന്നോടൊന്ന് പറ്റിയിരിക്കുന്നു; ഇടയിൽ കാറ്റുകടക്കുകയില്ല.
17ഒന്നോടൊന്ന് ചേർന്നിരിക്കുന്നു;
വേർപെടുത്തിക്കൂടാത്തവിധം തമ്മിൽ പറ്റിയിരിക്കുന്നു.
18അത് തുമ്മുമ്പോൾ വെളിച്ചം മിന്നുന്നു;
അതിന്റെ കണ്ണ് ഉഷസ്സിന്റെ കണ്ണിമപോലെ ആകുന്നു.
19അതിന്റെ വായിൽനിന്ന് തീപ്പന്തങ്ങൾ പുറപ്പെടുകയും
തീപ്പൊരികൾ തെറിക്കുകയും ചെയ്യുന്നു.
20തിളയ്ക്കുന്ന കലത്തിൽനിന്നും കത്തുന്ന പോട്ടപ്പുല്ലിൽനിന്നും
എന്നപോലെ അതിന്റെ മൂക്കിൽനിന്ന് പുക പുറപ്പെടുന്നു.
21അതിന്റെ ശ്വാസം കനൽ ജ്വലിപ്പിക്കുന്നു;
അതിന്റെ വായിൽനിന്ന് ജ്വാല പുറപ്പെടുന്നു.
22അതിന്റെ കഴുത്തിൽ ബലം വസിക്കുന്നു;
അതിന്റെ മുമ്പിൽ നിരാശ നൃത്തം ചെയ്യുന്നു.
23അതിന്റെ മാംസദശകൾ തമ്മിൽ പറ്റിയിരിക്കുന്നു;
അവ ഇളകിപ്പോകാത്തവിധം അതിന്മേൽ ഉറച്ചിരിക്കുന്നു.
24അതിന്റെ ഹൃദയം കല്ലുപോലെ ഉറപ്പുള്ളത്;
തിരികല്ലിന്റെ അടിക്കല്ലുപോലെ ഉറപ്പുള്ളതു തന്നെ.
25അത് പൊങ്ങുമ്പോൾ ബലശാലികൾ പേടിക്കുന്നു;
ഭയം ഹേതുവായിട്ട് അവർ പരവശരായിത്തീരുന്നു.
26വാൾകൊണ്ട് അതിനെ എതിർക്കുന്നത് അസാദ്ധ്യം;
കുന്തം, അസ്ത്രം, വേൽ എന്നിവകൊണ്ടും സാദ്ധ്യമല്ല
27ഇരുമ്പ് വൈക്കോൽപോലെയും
താമ്രം ദ്രവിച്ച മരംപോലെയും വിചാരിക്കുന്നു.
28അസ്ത്രം അതിനെ ഓടിക്കുകയില്ല;
കവിണക്കല്ല് അതിന് താളടിയായിരിക്കുന്നു.
29ഗദ അതിന് താളടിപോലെ തോന്നുന്നു;
വേൽ ചാട്ടുന്ന ഒച്ച കേട്ട് അത് ചിരിക്കുന്നു.
30അതിന്റെ അധോഭാഗം മൂർച്ചയുള്ള ഓട്ടുകഷണംപോലെയാകുന്നു;
അത് ചെളിമേൽ പല്ലിത്തടിപോലെ വലിയുന്നു.
31കലത്തെപ്പോലെ അത് ആഴിയെ തിളപ്പിക്കുന്നു;
സമുദ്രത്തെ അത് തൈലംപോലെയാക്കിത്തീർക്കുന്നു.
32അതിന്റെ പിന്നാലെ ഒരു പാത മിന്നുന്നു;
ആഴി നരച്ചതുപോലെ തോന്നുന്നു.
33ഭൂമിയിൽ അതിന് തുല്യമായിട്ട് യാതൊന്നും ഇല്ല;
അതിനെ ഭയമില്ലാത്തതായി ഉണ്ടാക്കിയിരിക്കുന്നു.
34അത് ഉന്നതമായുള്ളതിനെയെല്ലാം നോക്കിക്കാണുന്നു;
അഹംഭാവമുള്ള ജന്തുക്കൾക്കെല്ലാം അത് രാജാവായിരിക്കുന്നു.”


1 41:1 നക്ര = മുതല

42

1അതിന് ഇയ്യോബ് യഹോവയോട് ഉത്തരം പറഞ്ഞത്:

2“നിനക്ക് സകലവും കഴിയുമെന്നും
നിന്റെ ഉദ്ദേശ്യമൊന്നും അസാദ്ധ്യമല്ലെന്നും ഞാൻ അറിയുന്നു.
3അറിവുകൂടാതെ ആലോചനയെ മറിച്ചുകളയുന്നവനാര്?
അങ്ങനെ എനിക്ക് അറിഞ്ഞുകൂടാത്തവിധം അത്ഭുതമേറിയത്
ഞാൻ തിരിച്ചറിയാതെ പറഞ്ഞുപോയി.
4കേൾക്കണമേ; ഞാൻ സംസാരിക്കും;
ഞാൻ നിന്നോട് ചോദിക്കും; എന്നെ ഗ്രഹിപ്പിക്കണമേ.
5ഞാൻ നിന്നെക്കുറിച്ച് ഒരു കേൾവി മാത്രമേ കേട്ടിരുന്നുള്ളു;
ഇപ്പോൾ, എന്റെ കണ്ണിനാൽ നിന്നെ കാണുന്നു.
6ആകയാൽ ഞാൻ എന്നെത്തന്നെ വെറുത്ത്
പൊടിയിലും ചാരത്തിലും കിടന്ന് അനുതപിക്കുന്നു.”
7യഹോവ ഈ വചനങ്ങൾ ഇയ്യോബിനോട് അരുളിച്ചെയ്തശേഷം യഹോവ തേമാന്യനായ എലീഫസിനോട് അരുളിച്ചെയ്തത്:“ നിന്നോടും നിന്റെ രണ്ട് സ്നേഹിതന്മാരോടും എനിക്ക് കോപം ജ്വലിച്ചിരിക്കുന്നു; എന്റെ ദാസനായ ഇയ്യോബിനെപ്പോലെ നിങ്ങൾ എന്നെക്കുറിച്ച് വിഹിതമായത് സംസാരിച്ചിട്ടില്ല.8ആകയാൽ നിങ്ങൾ ഏഴ് കാളയെയും ഏഴ് ആട്ടുകൊറ്റനെയും എന്റെ ദാസനായ ഇയ്യോബിന്റെ അടുക്കൽ കൊണ്ടുചെന്ന് നിങ്ങൾക്കു വേണ്ടി ഹോമയാഗം കഴിക്കുവിൻ; എന്റെ ദാസനായ ഇയ്യോബ് നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കും; ഞാൻ അവന്റെ മുഖം ആദരിച്ച് നിങ്ങളുടെ മൂഢതയ്ക്ക് അനുസരിച്ച് നിങ്ങളോട് ചെയ്യാതിരിക്കും; എന്റെ ദാസനായ ഇയ്യോബിനെപ്പോലെ നിങ്ങൾ എന്നെക്കുറിച്ച് വിഹിതമായത് സംസാരിച്ചിട്ടില്ലല്ലോ.”9അങ്ങനെ തേമാന്യനായ എലീഫസും ശൂഹ്യനായ ബിൽദാദും നയമാത്യനായ സോഫരും ചെന്ന് യഹോവ അവരോട് കല്പിച്ചതുപോലെ ചെയ്തു; യഹോവ ഇയ്യോബിന്റെ മുഖത്തെ ആദരിച്ചു.
10ഇയ്യോബ് തന്റെ സ്നേഹിതന്മാർക്ക് വേണ്ടി പ്രാർത്ഥിച്ചപ്പോൾ യഹോവ അവന്റെ സ്ഥിതിക്ക് ഭേദം വരുത്തി മുമ്പെ ഉണ്ടായിരുന്നതൊക്കെയും യഹോവ ഇയ്യോബിന് ഇരട്ടിയായി കൊടുത്തു.11അവന്റെ സകലസഹോദരന്മാരും സഹോദരിമാരും മുമ്പെ അവന് പരിചയമുള്ളവർ എല്ലാവരും അവന്റെ അടുക്കൽ വന്ന് അവന്റെ വീട്ടിൽ അവനോടുകൂടി ഭക്ഷണം കഴിച്ചു; യഹോവ അവന്റെമേൽ വരുത്തിയിരുന്ന സകല അനർത്ഥത്തെയും കുറിച്ച് അവർ അവനോട് സഹതാപം കാണിച്ച് അവനെ ആശ്വസിപ്പിച്ചു; ഓരോരുത്തനും അവന് ഓരോ പൊൻനാണ്യവും ഓരോ പൊൻമോതിരവും കൊടുത്തു.
12ഇങ്ങനെ യഹോവ ഇയ്യോബിന്റെ പിൻകാലത്തെ അവന്റെ മുൻകാലത്തെക്കാൾ അധികം അനുഗ്രഹിച്ചു; അവന് പതിനാലായിരം ആടും ആറായിരം ഒട്ടകവും ആയിരം ഏർ കാളയും ആയിരം പെൺകഴുതയും ഉണ്ടായി.13അവന് ഏഴ് പുത്രന്മാരും മൂന്നു പുത്രിമാരും ഉണ്ടായി.14മൂത്തവൾക്ക് അവൻ യെമീമാ എന്നും രണ്ടാമത്തവൾക്ക് കെസീയാ എന്നും മൂന്നാമത്തവൾക്ക് കേരെൻ-ഹപ്പൂക്ക് എന്നും പേര് വിളിച്ചു.
15ഇയ്യോബിന്റെ പുത്രിമാരെപ്പോലെ സൗന്ദര്യമുള്ള സ്ത്രീകൾ ദേശത്തെങ്ങും ഉണ്ടായിരുന്നില്ല; അവരുടെ അപ്പൻ അവരുടെ സഹോദരന്മാരോടുകൂടി അവർക്ക് അവകാശം കൊടുത്തു.16അതിന്റെശേഷം ഇയ്യോബ് നൂറ്റിനാല്പത് സംവത്സരം ജീവിച്ചിരുന്നു; അവൻ മക്കളെയും മക്കളുടെ മക്കളെയും നാല് തലമുറയോളം കണ്ടു.17അങ്ങനെ ഇയ്യോബ് വൃദ്ധനും കാലസമ്പൂർണ്ണനുമായി മരിച്ചു.

സങ്കീർത്തനങ്ങൾ

1
ഒന്നാം പുസ്തകം.

1ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും

പാപികളുടെ വഴിയിൽ നില്ക്കാതെയും
പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും
2യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ച്
അവന്റെ ന്യായപ്രമാണം രാവും പകലും ധ്യാനിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.
3അവൻ, നദീതീരത്ത് നട്ടിരിക്കുന്നതും
തക്കകാലത്ത് ഫലം കായ്ക്കുന്നതും
ഇലവാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും;
അവൻ ചെയ്യുന്നതെല്ലാം അഭിവൃദ്ധി പ്രാപിക്കും.
4ദുഷ്ടന്മാർ അങ്ങനെയല്ല;
അവർ കാറ്റു പറത്തിക്കളയുന്ന പതിരു പോലെയാകുന്നു.
5ആകയാൽ ദുഷ്ടന്മാർ ന്യായവിസ്താരത്തിലും
പാപികൾ നീതിമാന്മാരുടെ സഭയിലും നിവിർന്നുനില്ക്കുകയില്ല.
6യഹോവ നീതിമാന്മാരുടെ വഴി അറിയുന്നു;
ദുഷ്ടന്മാരുടെ വഴിയോ നാശകരം ആകുന്നു.

2
1ജനതകൾ കലഹിക്കുന്നതും
വംശങ്ങൾ വ്യർത്ഥമായത് നിരൂപിക്കുന്നതും എന്ത്?
2യഹോവയ്ക്കും അവന്റെ അഭിഷിക്തനും വിരോധമായി
ഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കുകയും
അധിപതികൾ തമ്മിൽ ആലോചിക്കുകയും ചെയ്യുന്നത്:
3“നാം അവരുടെ കെട്ടുകൾ പൊട്ടിച്ച്
അവരുടെ കയറുകൾ എറിഞ്ഞുകളയുക.”
4സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു;
കർത്താവ് അവരെ പരിഹസിക്കുന്നു.
5അന്ന് അവൻ കോപത്തോടെ അവരോട് അരുളിച്ചെയ്യും;
ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും.
6“എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ
ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു.”
7ഞാൻ ഒരു തീർപ്പ് കല്പിക്കുന്നു;
യഹോവ എന്നോട് അരുളിച്ചെയ്തത്:
“നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.
8എന്നോട് ചോദിച്ചുകൊള്ളുക;
ഞാൻ നിനക്കു ജനതകളെ അവകാശമായും
ഭൂമിയുടെ അറുതികളെ കൈവശമായും തരും;
9ഇരിമ്പുകോൽകൊണ്ട് നീ അവരെ തകർക്കും;
കുശവന്റെ പാത്രംപോലെ അവരെ ഉടയ്ക്കും.”
10ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിക്കുവിൻ;
ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊള്ളുവീൻ.
11ഭയത്തോടെ യഹോവയെ സേവിക്കുവിൻ;
വിറയലോടെ ഘോഷിച്ചുല്ലസിക്കുവിൻ.
12അവൻ കോപിച്ചിട്ട് നിങ്ങൾ വഴിയിൽവച്ചു
നശിക്കാതിരിക്കുവാൻ പുത്രനെ ചുംബിക്കുവിൻ.
അവന്റെ കോപം ക്ഷണനേരത്തേക്കേ ഉള്ളു.
അവനെ ശരണം പ്രാപിക്കുന്ന എല്ലാവരും ഭാഗ്യവാന്മാർ.
3
ദാവീദ് തന്റെ മകനായ അബ്ശലോമിന്റെ മുൻപിൽനിന്ന് ഓടിപ്പോയപ്പോൾ പാടിയ ഒരു സങ്കീർത്തനം.
1യഹോവേ, എന്റെ വൈരികൾ എത്ര പെരുകിയിരിക്കുന്നു!
എന്നോട് എതിർക്കുന്നവർ അനേകം പേർ ആകുന്നു.
2“അവന് ദൈവത്തിങ്കൽ രക്ഷയില്ല” എന്ന്
എന്നെക്കുറിച്ച് പലരും പറയുന്നു.
സേലാ.
3നീയോ യഹോവേ, എനിക്കു ചുറ്റും പരിചയും
എന്റെ മഹത്വവും എന്റെ തല ഉയർത്തുന്നവനും ആകുന്നു.
4ഞാൻ യഹോവയോട് ഉച്ചത്തിൽ നിലവിളിക്കുന്നു;
അവൻ തന്റെ വിശുദ്ധപർവ്വതത്തിൽനിന്ന് ഉത്തരം അരുളുകയും ചെയ്യുന്നു.
സേലാ.
5ഞാൻ കിടന്നുറങ്ങി;
യഹോവ എന്നെ താങ്ങുകയാൽ ഉണർന്നുമിരിക്കുന്നു.
6എനിക്കു വിരോധമായി ചുറ്റും പാളയമിറങ്ങിയിരിക്കുന്ന
ആയിരം ആയിരം ജനങ്ങളെ ഞാൻ ഭയപ്പെടുകയില്ല.
7യഹോവേ, എഴുന്നേല്ക്കണമേ; എന്റെ ദൈവമേ, എന്നെ രക്ഷിക്കണമേ.
നീ എന്റെ ശത്രുക്കളെ ഒക്കെയും ചെകിട്ടത്തടിച്ചു;
നീ ദുഷ്ടന്മാരുടെ പല്ല് തകർത്തുകളഞ്ഞു.
8രക്ഷ യഹോവയ്ക്കുള്ളതാകുന്നു;
നിന്റെ അനുഗ്രഹം നിന്റെ ജനത്തിന്മേൽ വരുമാറാകട്ടെ.
സേലാ.
4
സംഗീതപ്രമാണിക്ക് തന്ത്രിനാദത്തോടെ; ദാവീദിന്റെ ഒരു സങ്കീർത്തനം.
1എന്റെ നീതിയായ ദൈവമേ, ഞാൻ വിളിക്കുമ്പോൾ ഉത്തരം അരുളേണമേ;
ഞാൻ ഞെരുക്കത്തിൽ ഇരുന്നപ്പോൾ നീ എനിക്ക് വിശാലത വരുത്തി;
എന്നോടു കൃപതോന്നി എന്റെ പ്രാർത്ഥന കേൾക്കണമേ.
2മനുഷ്യപുത്രന്മാരേ, നിങ്ങൾ എത്രത്തോളം എന്റെ മാനത്തെ നിന്ദിച്ച്,
മായയെ ഇച്ഛിച്ച് വ്യാജത്തെ അന്വേഷിക്കും?
സേലാ.
3യഹോവ തന്റെ ഭക്തനെ തനിക്കായി വേർതിരിച്ചിരിക്കുന്നു എന്നറിയുവിൻ;
ഞാൻ യഹോവയെ വിളിച്ചപേക്ഷിക്കുമ്പോൾ അവൻ കേൾക്കും.
4കോപിച്ചാൽ പാപം ചെയ്യാതിരിക്കുവിൻ;
നിങ്ങളുടെ കിടക്കമേൽ ഹൃദയത്തിൽ ധ്യാനിച്ച് സ്വസ്ഥമായിരിക്കുവിൻ.
സേലാ.
5നീതിയാഗങ്ങൾ അർപ്പിക്കുവിൻ;
യഹോവയിൽ ആശ്രയം വയ്ക്കുവിൻ.
6“നമുക്ക് ആര് നന്മയായത് കാണിച്ചുതരും?” എന്ന് പലരും പറയുന്നു;
യഹോവേ, നിന്റെ മുഖപ്രകാശം ഞങ്ങളുടെ മേൽ ഉദിപ്പിക്കണമേ.
7ധാന്യവും വീഞ്ഞും വർദ്ധിച്ചപ്പോൾ അവർക്കുണ്ടായതിലും
അധികം സന്തോഷം നീ എന്റെ ഹൃദയത്തിൽ നല്കിയിരിക്കുന്നു.
8ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും;
നീയല്ലോ യഹോവേ, എന്നെ നിർഭയം വസിക്കുമാറാക്കുന്നത്.
5
സംഗീതപ്രമാണിക്ക് വേണുനാദത്തോടെ ദാവീദിന്റെ ഒരു സങ്കീർത്തനം.
1യഹോവേ, എന്റെ വാക്കുകൾ കേൾക്കണമേ;
എന്റെ ധ്യാനം ശ്രദ്ധിക്കണമേ;
2എന്റെ രാജാവും എന്റെ ദൈവവുമേ,
എന്റെ കരച്ചിലിന്റെ ശബ്ദം കേൾക്കണമേ;
നിന്നോടല്ലോ ഞാൻ പ്രാർത്ഥിക്കുന്നത്.
3യഹോവേ, രാവിലെ എന്റെ പ്രാർത്ഥന കേൾക്കണമേ;
രാവിലെ ഞാൻ നിനക്കായി ഒരുക്കി കാത്തിരിക്കുന്നു.
4നീ ദുഷ്ടതയിൽ പ്രസാദിക്കുന്ന ദൈവമല്ല;
ദുഷ്ടൻ നിന്നോടുകൂടി പാർക്കുകയില്ല.
5അഹങ്കാരികൾ നിന്റെ സന്നിധിയിൽ നില്ക്കുകയില്ല;
നീതികേടു പ്രവർത്തിക്കുന്നവരെ നീ പകയ്ക്കുന്നു.
6ഭോഷ്ക്കു പറയുന്നവരെ നീ നശിപ്പിക്കും;
രക്തപാതകവും ചതിവുമുള്ളവൻ യഹോവയ്ക്ക് വെറുപ്പാകുന്നു;
7ഞാനോ, നിന്റെ കൃപയുടെ ബഹുത്വത്താൽ നിന്റെ ആലയത്തിലേക്ക് ചെന്ന്
നിന്റെ വിശുദ്ധമന്ദിരത്തിനു നേരെ നിന്നോടുള്ള ഭക്തിയിൽ ആരാധിക്കും.
8യഹോവേ, എന്റെ ശത്രുക്കൾനിമിത്തം നിന്റെ നീതിയാൽ എന്നെ നടത്തണമേ;
എന്റെ മുമ്പിലുള്ള നിന്റെ വഴി നിരപ്പാക്കിത്തരണമേ.
9അവരുടെ വായിൽ ഒട്ടും നേരില്ല;
അവരുടെ അന്തരംഗം നാശകൂപം തന്നെ;
അവരുടെ തൊണ്ട തുറന്ന ശവക്കുഴിയാകുന്നു;
നാവുകൊണ്ട് അവർ മധുരവാക്കു പറയുന്നു.
10ദൈവമേ അവരെ കുറ്റംവിധിക്കണമേ;
അവരുടെ ആലോചനകളാൽ തന്നെ അവർ വീഴട്ടെ;
അവരുടെ അതിക്രമങ്ങളുടെ ബഹുത്വം നിമിത്തം അവരെ തള്ളിക്കളയണമേ;
നിന്നോടല്ലയോ അവർ മത്സരിച്ചിരിക്കുന്നത്.
11എന്നാൽ നിന്നെ ശരണംപ്രാപിക്കുന്നവരെല്ലാവരും സന്തോഷിക്കും;
നീ അവരെ പാലിക്കുന്നതുകൊണ്ട് അവർ എപ്പോഴും ആനന്ദിച്ചാർക്കും;
നിന്റെ നാമത്തെ സ്നേഹിക്കുന്നവർ നിന്നിൽ ഉല്ലസിക്കും;
12യഹോവേ, നീ നീതിമാനെ അനുഗ്രഹിക്കും;
പരിചകൊണ്ടെന്നപോലെ നീ ദയകൊണ്ട് അവനെ മറയ്ക്കും.
6
സംഗീതപ്രമാണിക്ക് തന്ത്രിനാദത്തോടെ അഷ്ടമരാഗത്തിൽ; ദാവീദിന്റെ ഒരു സങ്കീർത്തനം.
1യഹോവേ, നിന്റെ കോപത്തിൽ എന്നെ ശിക്ഷിക്കരുതേ;
നിന്റെ ക്രോധത്തിൽ എന്നെ ദണ്ഡിപ്പിക്കരുതേ.
2യഹോവേ, ഞാൻ തളർന്നിരിക്കുന്നു; എന്നോട് കരുണയുണ്ടാകണമേ;
യഹോവേ, എന്റെ അസ്ഥികൾ ഭ്രമിച്ചിരിക്കുന്നു;
എന്നെ സൗഖ്യമാക്കണമേ.
3എന്റെ പ്രാണനും അത്യന്തം ഭ്രമിച്ചിരിക്കുന്നു;
അല്ലയോ, യഹോവേ, എത്രത്തോളം താമസിക്കും?
4യഹോവേ,മടങ്ങിവന്ന് എന്റെ പ്രാണനെ വിടുവിക്കണമേ.
നിന്റെ കാരുണ്യം നിമിത്തം എന്നെ രക്ഷിക്കണമേ.
5മരണത്തിൽ നിന്നെക്കുറിച്ച് ഓർമ്മയില്ലല്ലോ;
പാതാളത്തിൽ ആര് നിനക്കു സ്തോത്രം ചെയ്യും?
6എന്റെ ഞരക്കംകൊണ്ട് ഞാൻ തളർന്നിരിക്കുന്നു;
രാത്രിമുഴുവനും എന്റെ കിടക്കയിൽ മിഴിനീർ ഒഴുക്കി;
കണ്ണുനീർകൊണ്ട് ഞാൻ എന്റെ കട്ടിൽ നനയ്ക്കുന്നു.
7ദുഃഖംകൊണ്ട് എന്റെ കണ്ണ് കുഴിഞ്ഞിരിക്കുന്നു;
എന്റെ സകല ശത്രുക്കളും നിമിത്തം ക്ഷീണിച്ചുമിരിക്കുന്നു.
8നീതികേടു പ്രവർത്തിക്കുന്ന ഏവരുമേ എന്നെ വിട്ടുപോകുവിൻ;
യഹോവ എന്റെ കരച്ചിലിന്റെ ശബ്ദം കേട്ടിരിക്കുന്നു.
9യഹോവ എന്റെ അപേക്ഷ കേട്ടിരിക്കുന്നു;
യഹോവ എന്റെ പ്രാർത്ഥന കൈക്കൊള്ളും.
10എന്റെ ശത്രുക്കൾ എല്ലാവരും ലജ്ജിച്ചു ഭ്രമിച്ചുപോകും;
അവർ പിന്തിരിഞ്ഞ് പെട്ടെന്ന് നാണിച്ചു പോകും.
7
ബെന്യാമീന്യനായ കൂശിന്റെ വാക്കുകൾനിമിത്തം ദാവീദ് യഹോവയ്ക്കു പാടിയ വിഭ്രമഗീതം.
1എന്റെ ദൈവമായ യഹോവേ, നിന്നെ ഞാൻ ശരണം പ്രാപിക്കുന്നു;
എന്നെ ഉപദ്രവിക്കുന്ന എല്ലാവരുടെയും കൈയിൽ നിന്ന് എന്നെ രക്ഷിച്ചു വിടുവിക്കണമേ.
2അവൻ സിംഹത്തെപ്പോലെ എന്നെ കീറിക്കളയരുതേ;
വിടുവിക്കുവാൻ ആരും ഇല്ലാതെയിരിക്കുമ്പോൾ എന്നെ ചീന്തിക്കളയരുതേ.
3എന്റെ ദൈവമായ യഹോവേ, ഞാൻ ഇത് ചെയ്തിട്ടുണ്ടെങ്കിൽ,
എന്റെ പക്കൽ നീതികേടുണ്ടെങ്കിൽ,
4എന്നോട് സമാധാനമായിരുന്നവനോട് ഞാൻ ദോഷം ചെയ്തിട്ടുണ്ടെങ്കിൽ,-
കാരണം കൂടാതെ എന്നോട് ശത്രുവായിരുന്നവനെ ഞാൻ വിടുവിച്ചുവല്ലോ-
5ശത്രു എന്റെ പ്രാണനെ പിന്തുടർന്നു പിടിക്കട്ടെ;
അവൻ എന്റെ ജീവനെ നിലത്തിട്ടു ചവിട്ടട്ടെ;
എന്റെ മാനത്തെ പൂഴിയിൽ തള്ളിയിടട്ടെ.
സേലാ.
6യഹോവേ, കോപത്തോടെ എഴുന്നേല്ക്കണമേ;
എന്റെ വൈരികളുടെ ക്രോധത്തോട് എതിർത്തുനില്ക്കണമേ;
എനിക്കു വേണ്ടി നീ കല്പിച്ച ന്യായവിധിക്കായി ഉണരണമേ; .
7ജാതികളുടെ സംഘം നിന്നെ ചുറ്റിനില്ക്കട്ടെ;
നീ അവർക്കു മേൽ വാഴുന്നവനായി ഉയരത്തിലേക്കു മടങ്ങണമേ.
8യഹോവ ജാതികളെ ന്യായംവിധിക്കുന്നു;
യഹോവേ, എന്റെ നീതിക്കും പരമാർത്ഥതയ്ക്കും തക്കവണ്ണം എന്നെ വിധിക്കണമേ;
9ദുഷ്ടന്റെ ദുഷ്ടത അവസാനിക്കട്ടെ; നീതിമാനെ നീ ഉറപ്പിക്കണമേ.
നീതിമാനായ ദൈവം ഹൃദയങ്ങളെയും മനസ്സുകളെയും ശോധനചെയ്യുന്നുവല്ലോ.
10എന്റെ പരിച ദൈവത്തിന്റെ പക്കൽ ഉണ്ട്;
അവൻ ഹൃദയപരമാർത്ഥതയുള്ളവരെ രക്ഷിക്കുന്നു.
11ദൈവം നീതിയുള്ള ന്യായാധിപതിയാകുന്നു;
ദൈവം ദിവസംപ്രതി ദുഷ്ടനോട് കോപിക്കുന്നു.
12മനം തിരിയുന്നില്ലെങ്കിൽ അവൻ തന്റെ വാളിന് മൂർച്ചകൂട്ടും;
അവൻ തന്റെ വില്ലു കുലച്ച് ഒരുക്കിയിരിക്കുന്നു.
13അവൻ മരണാസ്ത്രങ്ങളെ അവന്റെ നേരെ തൊടുത്ത്,
തന്റെ ശരങ്ങളെ തീയമ്പുകളാക്കി തീർത്തിരിക്കുന്നു.
14ഇതാ, അവന് നീതികേടിനാൽ നോവു കിട്ടുന്നു;
അവൻ കഷ്ടത്തെ ഗർഭം ധരിച്ച് വഞ്ചനയെ പ്രസവിക്കുന്നു.
15അവൻ ഒരു കുഴി കുഴിച്ചുണ്ടാക്കി,
കുഴിച്ച കുഴിയിൽ താൻ തന്നെ വീണു.
16അവന്റെ ദുഷ്പ്രവർത്തികൾ അവന്റെ തലയിലേക്കു തന്നെ തിരിയും;
അവന്റെ ബലാല്ക്കാരം അവന്റെ നെറുകയിൽ തന്നെ പതിക്കും.
17ഞാൻ യഹോവയെ അവന്റെ നീതിക്കു തക്കവണ്ണം സ്തുതിക്കും;
അത്യുന്നതനായ യഹോവയുടെ നാമത്തിന് സ്തോത്രം പാടും.
8
സംഗീതപ്രമാണിക്ക് ഗത്ത്യവാദ്യത്തിൽ ആലപിച്ച; ദാവീദിന്റെ ഒരു സങ്കീർത്തനം.
1ഞങ്ങളുടെ കർത്താവായ യഹോവേ, നിന്റെ നാമം ഭൂമിയിൽ എല്ലായിടവും എത്ര ശ്രേഷ്ഠമായിരിക്കുന്നു!
നീ ആകാശത്തിനു മീതെ നിന്റെ തേജസ്സു വച്ചിരിക്കുന്നു.
2നിന്റെ വൈരികൾനിമിത്തം,
ശത്രുവിനെയും പ്രതിയോഗിയെയും നിശ്ശബ്ദരാക്കുവാൻ ,
നീ ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്ന് ബലം നിയമിച്ചിരിക്കുന്നു.
3നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും
നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ,
4മർത്യനെ നീ ഓർക്കേണ്ടതിന് അവൻ എന്തുള്ളു?
മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന് അവൻ എന്തുമാത്രം?
5നീ അവനെ ദൈവത്തെക്കാൾ അല്പം മാത്രം താഴ്ത്തി,
തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു.
6നിന്റെ കൈകളുടെ പ്രവൃത്തികൾക്ക് നീ അവനെ അധിപതിയാക്കി,
സകലത്തെയും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു;
7ആടുകളെയും കാളകളെയും
കാട്ടിലെ മൃഗങ്ങളെയും
8ആകാശത്തിലെ പക്ഷികളെയും സമുദ്രത്തിലെ മത്സ്യങ്ങളെയും
സമുദ്രമാർഗ്ഗങ്ങളിൽ സഞ്ചരിക്കുന്ന സകലത്തെയും തന്നെ.
9ഞങ്ങളുടെ കർത്താവായ യഹോവേ,
നിന്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു!
9
സംഗീതപ്രമാണിക്ക് പുത്രമരണരാഗത്തിൽ; ദാവീദിന്റെ ഒരു സങ്കീർത്തനം.
1ഞാൻ പൂർണ്ണഹൃദയത്തോടെ യഹോവയെ സ്തുതിക്കും;
നിന്റെ അത്ഭുതങ്ങളെയെല്ലാം ഞാൻ വർണ്ണിക്കും.
2ഞാൻ നിന്നിൽ സന്തോഷിച്ചുല്ലസിക്കും;
അത്യുന്നതനായുള്ള യഹോവേ, ഞാൻ നിന്റെ നാമത്തെ കീർത്തിക്കും.
3എന്റെ ശത്രുക്കൾ പിൻവാങ്ങുമ്പോൾ,
നിന്റെ സന്നിധിയിൽ ഇടറിവീണ് നശിച്ചു പോകും.
4നീ എന്റെ കാര്യവും വ്യവഹാരവും നടത്തിയിരിക്കുന്നു;
നീ നീതിയോടെ വിധിച്ചുകൊണ്ട് സിംഹാസനത്തിൽ ഇരിക്കുന്നു;
5നീ ജനതതികളെ ശാസിച്ച്, ദുഷ്ടനെ നശിപ്പിച്ചിരിക്കുന്നു;
അവരുടെ നാമംപോലും നീ സദാകാലത്തേക്കും മായിച്ചുകളഞ്ഞു.
6ശത്രുക്കൾ സദാകാലത്തേക്കും നശിച്ചിരിക്കുന്നു;
അവരുടെ പട്ടണങ്ങളെയും നീ മറിച്ചുകളഞ്ഞിരിക്കുന്നു;
അവയുടെ ഓർമ്മയും ഇല്ലാതെയായിരിക്കുന്നു.
7എന്നാൽ യഹോവ എന്നേക്കും വാഴുന്നു;
ന്യായവിധിക്കായി അവൻ സിംഹാസനം ഒരുക്കിയിരിക്കുന്നു.
8അവൻ ലോകത്തെ നീതിയോടെ വിധിക്കും;
ജനതതികൾക്ക് നേരോടെ ന്യായപാലനം ചെയ്യും.
9യഹോവ പീഡിതന് ഒരു അഭയസ്ഥാനം;
കഷ്ടകാലത്ത് ഒരഭയസ്ഥാനം തന്നെ.
10നിന്റെ നാമത്തെ അറിയുന്നവർ നിന്നിൽ ആശ്രയിക്കും;
യഹോവേ, നിന്നെ അന്വേഷിക്കുന്നവരെ നീ ഉപേക്ഷിക്കുന്നില്ലല്ലോ.
11സീയോനിൽ വസിക്കുന്ന യഹോവയ്ക്ക് സ്തോത്രം പാടുവീൻ;
അവന്റെ പ്രവൃത്തികളെ ജനതതിയുടെ ഇടയിൽ ഘോഷിപ്പീൻ.
12രക്തപാതകത്തിന് പ്രതികാരം ചെയ്യുന്നവൻ അവരെ ഓർക്കുന്നു;
എളിയവരുടെ നിലവിളി അവൻ മറക്കുന്നതുമില്ല.
13യഹോവേ, എന്നോട് കരുണയുണ്ടാകണമേ;
മരണവാതിലുകളിൽനിന്ന് എന്നെ ഉദ്ധരിക്കുന്നവനേ,
എന്നെ പകയ്ക്കുന്നവരാൽ എനിക്കു നേരിടുന്ന കഷ്ടം നോക്കണമേ.
14ഞാൻ സീയോൻപുത്രിയുടെ പടിവാതിലുകളിൽ നിന്നെ സ്തുതിച്ച്
നിന്റെ രക്ഷയിൽ സന്തോഷിക്കേണ്ടതിനു തന്നെ.
15ജനതകൾ അവർ ഉണ്ടാക്കിയ കുഴിയിൽ താണുപോയി;
അവർ ഒളിച്ചുവെച്ച വലയിൽ അവരുടെ കാൽ തന്നെ അകപ്പെട്ടിരിക്കുന്നു.
16യഹോവ തന്നെത്താൻ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു;
ദുഷ്ടൻ സ്വന്തകൈകളുടെ പ്രവൃത്തിയിൽ കുടുങ്ങിയിരിക്കുന്നു.
തന്ത്രിനാദം.
സേലാ.
17ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകലജനതതിയും
പാതാളത്തിലേക്കു തിരിയും.
18ദരിദ്രനെ എന്നേക്കും മറന്നു പോകുകയില്ല;
സാധുക്കളുടെ പ്രത്യാശയ്ക്ക് എന്നും ഭംഗം വരുകയുമില്ല.
19യഹോവേ, എഴുന്നേല്ക്കണമേ, മർത്യൻ പ്രബലനാകരുതേ;
ജനതതികൾ നിന്റെ സന്നിധിയിൽ വിധിക്കപ്പെടുമാറാകട്ടെ.
20യഹോവേ, തങ്ങൾ കേവലം മർത്യരാകുന്നു എന്ന് ജനതതികൾ അറിയേണ്ടതിന്
അവർക്ക് ഭയം വരുത്തണമേ.
സേലാ.
10
1യഹോവേ, നീ ദൂരത്തു നില്ക്കുന്നതെന്ത്?
കഷ്ടകാലത്ത് നീ മറഞ്ഞുകളയുന്നതും എന്ത്?
2ദുഷ്ടൻ അഹങ്കാരത്തോടെ എളിയവനെ പീഡിപ്പിക്കുന്നു;
അവൻ നിരൂപിച്ച ഉപായങ്ങളിൽ അവൻ തന്നെ പിടിക്കപ്പെടട്ടെ.
3ദുഷ്ടൻ തന്റെ മനോരഥത്തിൽ പ്രശംസിക്കുന്നു;
ദുരാഗ്രഹി യഹോവയെ ത്യജിച്ച് നിന്ദിക്കുന്നു.
4ഉന്നതഭാവമുള്ള ദുഷ്ടൻ ദൈവത്തെ അന്വേഷിക്കുന്നില്ല;
‘ദൈവം ഇല്ല” എന്നാകുന്നു അവന്റെ നിരൂപണം ഒക്കെയും.
5അവന്റെ വഴികൾ എല്ലായ്പോഴും സഫലമാകുന്നു;
നിന്റെ ന്യായവിധികൾ അവൻ കാണാത്തവണ്ണം ഉന്നതമാകുന്നു;
തന്റെ സകലശത്രുക്കളോടും അവൻ ചീറുന്നു.
6“ഞാൻ കുലുങ്ങുകയില്ല, ഒരുനാളും അനർത്ഥത്തിൽ വീഴുകയുമില്ല”
എന്ന് അവൻ തന്റെ ഹൃദയത്തിൽ പറയുന്നു.
7അവന്റെ വായിൽ ശാപവും വ്യാജവും സാഹസവും നിറഞ്ഞിരിക്കുന്നു;
അവന്റെ നാവിൻ കീഴിൽ ദോഷവും അതിക്രമവും ഇരിക്കുന്നു.
8അവൻ ഗ്രാമങ്ങളുടെ ഒളിവിടങ്ങളിൽ പതിയിരിക്കുന്നു;
മറവിടങ്ങളിൽവെച്ച് അവൻ നിഷ്ക്കളങ്കനെ കൊല്ലുന്നു;
അവൻ രഹസ്യമായി അഗതിയുടെമേൽ കണ്ണു വച്ചിരിക്കുന്നു.
9സിംഹം മുറ്റുകാട്ടിൽ ഇര പിടിക്കാൻ പതുങ്ങുന്നതുപോലെ;
എളിയവനെ പിടിക്കുവാൻ അവൻ പതിയിരിക്കുന്നു;
എളിയവനെ തന്റെ വലയിൽ ചാടിച്ച് പിടിക്കുന്നു.
10അവൻ കുനിഞ്ഞ് പതുങ്ങിക്കിടക്കുന്നു;
അഗതികൾ അവന്റെ ബലത്താൽ വീണു പോകുന്നു.
11“ദൈവം മറന്നിരിക്കുന്നു, അവൻ തന്റെ മുഖം മറച്ചിരിക്കുന്നു;
അവൻ ഒരുനാളും കാണുകയില്ല” എന്ന് അവൻ ഹൃദയത്തിൽ പറയുന്നു.
12യഹോവേ, എഴുന്നേല്ക്കണമേ, ദൈവമേ, തൃക്കൈ ഉയർത്തണമേ;
എളിയവരെ മറക്കരുതേ.
13ദുഷ്ടൻ ദൈവത്തെ നിന്ദിക്കുന്നതും “ നീ കണക്ക് ചോദിക്കുകയില്ല” എന്ന് തന്റെ ഉള്ളിൽ പറയുന്നതും എന്തിന്?
14നീ അതു കണ്ടിരിക്കുന്നു, തൃക്കൈകൊണ്ട് പകരം ചെയ്യുവാൻ
ദോഷത്തെയും പകയെയും നീ നോക്കിക്കണ്ടിരിക്കുന്നു;
അഗതി സ്വയം നിങ്കൽ ഏല്പിക്കുന്നു;
അനാഥന് നീ സഹായി ആകുന്നു.
15ദുഷ്ടന്റെ ഭുജത്തെ നീ ഒടിക്കണമേ;
ദോഷിയുടെ ദുഷ്ടത ഇല്ലാതെയാകുംവരെ അതിന് പ്രതികാരം ചെയ്യണമേ.
16യഹോവ എന്നെന്നേക്കും രാജാവാകുന്നു;
ജനതതികൾ അവന്റെ ദേശത്തുനിന്ന് നശിച്ചു പോയിരിക്കുന്നു.
17ഭൂമിയിലെ മനുഷ്യൻ ഇനി ഭയപ്പെടുത്താതിരിക്കുവാൻ
നീ അനാഥനും പീഡിതനും ന്യായപാലനം ചെയ്യേണ്ടതിന്
18യഹോവേ, നീ സാധുക്കളുടെ അപേക്ഷ കേട്ടിരിക്കുന്നു;
അവരുടെ ഹൃദയത്തെ നീ ഉറപ്പിക്കുകയും നിന്റെ ചെവി ചായിച്ചു കേൾക്കുകയും ചെയ്യുന്നു.
11
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം.
1ഞാൻ യഹോവയെ ശരണമാക്കിയിരിക്കുന്നു;
“പക്ഷികളേപ്പോലെ, നിങ്ങളുടെ പർവ്വതത്തിലേക്ക് പറന്നുപോകൂ" എന്ന് നിങ്ങൾ എന്നോട് പറയുന്നതെങ്ങനെ?
2ഇതാ, ദുഷ്ടന്മാർ ഹൃദയപരമാർത്ഥികളെ ഇരുട്ടത്ത് എയ്യേണ്ടതിന്
വില്ലു കുലച്ച് അസ്ത്രം ഞാണിന്മേൽ തൊടുക്കുന്നു.
3അടിസ്ഥാനങ്ങൾ മറിഞ്ഞുപോയാൽ നീതിമാൻ എന്തുചെയ്യും?”എന്നിങ്ങനെ നിങ്ങൾ എന്നോട് പറയുന്നതെങ്ങനെ?
4യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ട്;
യഹോവയുടെ സിംഹാസനം സ്വർഗ്ഗത്തിൽ ആകുന്നു;
അവന്റെ കണ്ണുകൾ ദർശിക്കുന്നു;
അവന്റെ കൺപോളകൾ മനുഷ്യപുത്രന്മാരെ പരിശോധന ചെയ്യുന്നു.
5യഹോവ നീതിമാനെ പരിശോധിക്കുന്നു;
ദുഷ്ടനെയും സാഹസപ്രിയനെയും അവന്റെ ഉള്ളം വെറുക്കുന്നു.
6ദുഷ്ടന്മാരുടെമേൽ അവൻ തീക്കട്ട വർഷിപ്പിക്കും;
തീയും ഗന്ധകവും ഉഷ്ണക്കാറ്റും അവരുടെ പാനപാത്രത്തിലെ ഓഹരിയായിരിക്കും.
7യഹോവ നീതിമാൻ; അവൻ നീതിയെ ഇഷ്ടപ്പെടുന്നു;
നേരുള്ളവർ അവന്റെ മുഖം കാണും.
12
സംഗീതപ്രമാണിക്ക്; അഷ്ടമരാഗത്തിൽ: ദാവീദിന്റെ ഒരു സങ്കീർത്തനം.
1യഹോവേ, രക്ഷിക്കണമേ; ഭക്തന്മാർ ഇല്ലാതെപോകുന്നു;
വിശ്വസ്തന്മാർ മനുഷ്യപുത്രന്മാരിൽ കുറഞ്ഞിരിക്കുന്നു;
2ഓരോരുത്തൻ അവനവന്റെ കൂട്ടുകാരനോട് വ്യാജം സംസാരിക്കുന്നു;
കപടമുള്ള അധരത്തോടും ഇരുമനസ്സോടും കൂടി അവർ സംസാരിക്കുന്നു.
3കപടമുള്ള അധരങ്ങളെ ഒക്കെയും
വമ്പു പറയുന്ന നാവിനെയും യഹോവ ഛേദിച്ചുകളയും.
4“ഞങ്ങളുടെ നാവുകൊണ്ടു ഞങ്ങൾ ജയിക്കും;
ഞങ്ങളുടെ അധരങ്ങൾ ഞങ്ങൾക്കു തുണ;
ഞങ്ങൾക്കു യജമാനൻ ആര്?” എന്ന് അവർ പറയുന്നു.
5“എളിയവരുടെ പീഡയും ദരിദ്രന്മാരുടെ നെടുവീർപ്പും നിമിത്തം
ഇപ്പോൾ ഞാൻ എഴുന്നേല്ക്കും; രക്ഷയ്ക്കായി കാംക്ഷിക്കുന്നവനെ
ഞാൻ സംരക്ഷിക്കും” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
6യഹോവയുടെ വചനങ്ങൾ നിർമ്മല വചനങ്ങൾ ആകുന്നു;
നിലത്ത് ഉലയിൽ ഉരുക്കി ഏഴുപ്രാവശ്യം ശുദ്ധിചെയ്ത വെള്ളിപോലെ തന്നെ.
7യഹോവേ, നീ അവരെ കാത്തുകൊള്ളും;
ഈ തലമുറയിൽനിന്ന് നീ അവരെ എന്നും സൂക്ഷിക്കും.
8മനുഷ്യപുത്രന്മാരുടെ ഇടയിൽ വഷളത്തം പ്രബലപ്പെടുമ്പോൾ
ദുഷ്ടന്മാർ എല്ലായിടവും സഞ്ചരിക്കുന്നു.
13
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം.
1യഹോവേ, എത്രത്തോളം നീ എന്നെ മറന്നുകൊണ്ടിരിക്കും?
നീ എത്രത്തോളം നിന്റെ മുഖം ഞാൻ കാണാത്ത വിധം മറയ്ക്കും?
2എത്രത്തോളം ഞാൻ എന്റെ ഉള്ളിൽ ചിന്താകുലനായി
എന്റെ ഹൃദയത്തിൽ ദിനംപ്രതി ദുഃഖം അനുഭവിക്കേണ്ടിവരും?
എത്രത്തോളം എന്റെ ശത്രു എന്റെമേൽ ഉയർന്നിരിക്കും?
3എന്റെ ദൈവമായ യഹോവേ, കടാക്ഷിക്കണമേ; എനിക്ക് ഉത്തരം അരുളണമേ;
ഞാൻ മരണനിദ്ര പ്രാപിക്കാതിരിക്കുവാൻ എന്റെ കണ്ണുകളെ പ്രകാശിപ്പിക്കണമേ.
4“ഞാൻ അവനെ തോല്പിച്ചുകളഞ്ഞു” എന്ന് എന്റെ ശത്രു പറയരുതേ;
ഞാൻ ഭ്രമിച്ചുപോകുന്നതിനാൽ എന്റെ വൈരികൾ ഉല്ലസിക്കുകയും അരുതേ.
5ഞാൻ നിന്റെ കരുണയിൽ ആശ്രയിക്കുന്നു;
എന്റെ ഹൃദയം നിന്റെ രക്ഷയിൽ ആനന്ദിക്കും.
6യഹോവ എനിക്കു നന്മ ചെയ്തിരിക്കുകകൊണ്ട്
ഞാൻ അവന് പാട്ടു പാടും.
14
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം.
1“ദൈവം ഇല്ല” എന്ന് മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു;
അവർ വഷളന്മാരായി മ്ലേച്ഛത പ്രവർത്തിക്കുന്നു;
നന്മചെയ്യുന്നവൻ ആരുമില്ല.
2ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാണുവാൻ
യഹോവ സ്വർഗ്ഗത്തിൽനിന്ന് മനുഷ്യപുത്രന്മാരെ നോക്കുന്നു.
3എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു;
നന്മ ചെയ്യുന്നവനില്ല; ഒരുത്തൻ പോലുമില്ല.
4നീതികേടു പ്രവർത്തിക്കുന്നവർ ആരും അത് അറിയുന്നില്ലയോ?
അപ്പം തിന്നുന്നതുപോലെ അവർ എന്റെ ജനത്തെ തിന്നുകളയുന്നു;
യഹോവയോട് അവർ പ്രാർത്ഥിക്കുന്നില്ല.
5അവർ അവിടെ അത്യന്തം ഭയപ്പെട്ടു;
യഹോവ നീതിമാന്മാരുടെ തലമുറയോടുകൂടി ഉണ്ട്
6ദുഷ്കർമ്മികൾ എളിയവന്റെ ആലോചനയ്ക്ക് ഭംഗം വരുത്തുന്നു.
എന്നാൽ യഹോവ അവന്റെ സങ്കേതമാകുന്നു.
7സീയോനിൽനിന്ന് യിസ്രായേലിന്റെ രക്ഷ വന്നെങ്കിൽ കൊള്ളാമായിരുന്നു!
യഹോവ തന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോൾ
യാക്കോബ് സന്തോഷിക്കുകയും യിസ്രായേൽ ആനന്ദിക്കുകയും ചെയ്യും.
15
ദാവീദിന്റെ ഒരു സങ്കീർത്തനം.
1യഹോവേ, നിന്റെ കൂടാരത്തിൽ ആര് പാർക്കും?
നിന്റെ വിശുദ്ധപർവ്വതത്തിൽ ആര് വസിക്കും?
2നിഷ്കളങ്കനായി നടന്ന് നീതി പ്രവർത്തിക്കുകയും
ഹൃദയപൂർവ്വം സത്യം സംസാരിക്കുകയും ചെയ്യുന്നവൻ.
3നാവുകൊണ്ട് ഏഷണി പറയാതെയും
തന്റെ കൂട്ടുകാരന് ദോഷം ചെയ്യാതെയും
കൂട്ടുകാരന് അപമാനം വരുത്താതെയും ഇരിക്കുന്നവൻ;
4വഷളനെ നിന്ദ്യനായി എണ്ണുകയും
യഹോവാഭക്തന്മാരെ ബഹുമാനിക്കുകയും ചെയ്യുന്നവൻ;
സത്യംചെയ്തിട്ട് നഷ്ടം വന്നാലും വാക്കു മാറാത്തവൻ;
5തന്റെ ദ്രവ്യം പലിശയ്ക്കു കൊടുക്കാതെയും
കുറ്റമില്ലാത്തവന് വിരോധമായി കൈക്കൂലി വാങ്ങാതെയും ഇരിക്കുന്നവൻ;
ഇങ്ങനെ ചെയ്യുന്നവൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല.
16
ദാവീദിന്റെ സ്വർണ്ണഗീതം.
1ദൈവമേ, ഞാൻ നിന്നെ ശരണം ആക്കിയിരിക്കുകയാൽ
എന്നെ കാത്തുകൊള്ളണമേ,
2ഞാൻ യഹോവയോട് പറഞ്ഞത്: “നീ എന്റെ കർത്താവാകുന്നു;
നിന്നെക്കൂടാതെ എനിക്ക് ഒരു നന്മയും ഇല്ല.
3ഭൂമിയിലെ വിശുദ്ധന്മാരോ, അവർ, എനിക്ക് ഏറ്റവും പ്രമോദം നൽകുന്ന ശ്രേഷ്ഠന്മാർ തന്നെ.
4അന്യദേവനെ കൈക്കൊള്ളുന്നവരുടെ വേദനകൾ വർദ്ധിക്കും;
അവരുടെ രക്തപാനീയബലികളെ ഞാൻ അർപ്പിക്കുകയില്ല;
അവരുടെ നാമങ്ങളെ എന്റെ നാവിന്മേൽ എടുക്കുകയുമില്ല.
5എന്റെ അവകാശത്തിന്റെയും പാനപാത്രത്തിന്റെയും പങ്ക് യഹോവ ആകുന്നു;
നീ എനിക്കുള്ള ഓഹരിയെ പരിപാലിക്കുന്നു.
6അളവുനൂൽ എനിക്കായി മനോഹരദേശത്ത് വീണിരിക്കുന്നു;
അതേ, എനിക്ക് നല്ല ഒരു അവകാശം ലഭിച്ചിരിക്കുന്നു.
7എനിക്ക് ബുദ്ധി ഉപദേശിച്ചുതന്ന യഹോവയെ ഞാൻ വാഴ്ത്തും;
രാത്രികാലങ്ങളിലും എന്റെ അന്തരംഗം എന്നെ ഉപദേശിക്കുന്നു.
8ഞാൻ യഹോവയെ എപ്പോഴും എന്റെ മുമ്പിൽ വച്ചിരിക്കുന്നു;
അവൻ എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ട് ഞാൻ കുലുങ്ങിപ്പോകുകയില്ല.
9അതുകൊണ്ട് എന്റെ ഹൃദയം സന്തോഷിച്ച് എന്റെ മനസ്സ് ആനന്ദിക്കുന്നു;
എന്റെ ജഡവും നിർഭയമായി വസിക്കും.
10നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല.
നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കുകയുമില്ല.
11ജീവന്റെ വഴി നീ എനിക്കു കാണിച്ചുതരും;
നിന്റെ സന്നിധിയിൽ സന്തോഷപരിപൂർണ്ണതയും
നിന്റെ വലത്തുഭാഗത്ത് എന്നും പ്രമോദങ്ങളും ഉണ്ട്.
17
ദാവീദിന്റെ ഒരു പ്രാർത്ഥന.
1യഹോവേ, ന്യായമായ കാര്യം കേൾക്കണമേ,
എന്റെ നിലവിളി ശ്രദ്ധിക്കണമേ.
കപടമില്ലാത്ത അധരങ്ങളിൽനിന്നുള്ള എന്റെ പ്രാർത്ഥന ചെവിക്കൊള്ളണമേ.
2എനിക്കുള്ള ന്യായമായ വിധി നിന്റെ സന്നിധിയിൽ നിന്ന് പുറപ്പെടട്ടെ;
നിന്റെ കണ്ണുകൾ നേരായ കാര്യങ്ങൾ കാണുമാറാകട്ടെ.
3നീ എന്റെ ഹൃദയം പരിശോധിച്ചു; രാത്രിയിൽ എന്നെ സന്ദർശിച്ചു;
നീ എന്നെ പരീക്ഷിച്ചു; ദുരുദ്ദേശമൊന്നും കണ്ടെത്തുന്നില്ല;
എന്റെ അധരങ്ങൾകൊണ്ട് ലംഘനം ചെയ്യുകയില്ല എന്ന് ഞാൻ ഉറച്ചിരിക്കുന്നു.
4മനുഷ്യരുടെ പ്രവൃത്തികൾ കണ്ടിട്ട് ഞാൻ നിന്റെ വായിൽനിന്നു പുറപ്പെടുന്ന വചനത്താൽ
നിഷ്ഠൂരന്റെ പാതകളെ വിട്ടൊഴിഞ്ഞിരിക്കുന്നു.
5എന്റെ നടപ്പ് നിന്റെ ചുവടുകളിൽ തന്നെ ആയിരുന്നു;
എന്റെ കാല് വഴുതിയതുമില്ല.
6ദൈവമേ, ഞാൻ നിന്നോട് അപേക്ഷിച്ചിരിക്കുന്നു; നീ എനിക്ക് ഉത്തരമരുളുമല്ലോ;
നിന്റെ ചെവി എങ്കലേക്ക് ചായിച്ചു എന്റെ അപേക്ഷ കേൾക്കണമേ.
7നിന്നെ ശരണമാക്കുന്നവരെ അവരോട് എതിർക്കുന്നവരുടെ കയ്യിൽനിന്നു
നിന്റെ വലങ്കയ്യാൽ രക്ഷിക്കുന്ന യഹോവേ,
നിന്റെ അത്ഭുതകാരുണ്യം കാണിക്കണമേ.
8കണ്ണിന്റെ കൃഷ്ണമണിപോലെ എന്നെ കാക്കണമേ;
എന്നെ കൊള്ളയിടുന്ന ദുഷ്ടന്മാരും
9എന്നെ വളയുന്ന പ്രാണശത്രുക്കളും എന്നെ പിടിക്കാതെ
നിന്റെ ചിറകിന്റെ നിഴലിൽ എന്നെ മറച്ചുകൊള്ളണമേ.
10അവർ അവരുടെടെ ഹൃദയം അടച്ചിരിക്കുന്നു;
വായ് കൊണ്ട് അവർ വമ്പു പറയുന്നു.
11അവർ ഇപ്പോൾ ഞങ്ങളുടെ കാലടികളെ പിന്തുടർന്ന് ഞങ്ങളെ വളഞ്ഞിരിക്കുന്നു;
ഞങ്ങളെ നിലത്തു തള്ളിയിടുവാൻ ദൃഷ്ടിവയ്ക്കുന്നു.
12കടിച്ചുകീറുവാൻ കൊതിക്കുന്ന സിംഹം പോലെയും
മറവിടങ്ങളിൽ പതിയിരിക്കുന്ന ബാലസിംഹംപോലെയും തന്നെ.
13യഹോവേ, എഴുന്നേറ്റ് അവനോട് എതിർത്ത് അവനെ തള്ളിയിടണമേ.
യഹോവേ, എന്റെ പ്രാണനെ നിന്റെ വാൾകൊണ്ട് ദുഷ്ടന്റെ കൈയിൽനിന്ന് രക്ഷിക്കണമെ.
14തൃക്കൈകൊണ്ട് ലൗകികപുരുഷന്മാരിൽ നിന്നും വിടുവിക്കണമേ;
അവരുടെ ഓഹരി ഈ ആയുസ്സിൽ അത്രേ;
നിന്റെ സമ്പത്തുകൊണ്ട് നീ അവരുടെ വയറു നിറയ്ക്കുന്നു;
അവർക്കു പുത്രസമ്പത്ത് ധാരാളം ഉണ്ട്;
അവരുടെ സമ്പത്ത് അവർ കുഞ്ഞുങ്ങൾക്കായി സൂക്ഷിക്കുന്നു.
15ഞാനോ, നീതിയിൽ നിന്റെ മുഖം കാണും;
ഞാൻ ഉണരുമ്പോൾ നിന്റെ രൂപം കണ്ട് തൃപ്തനാകും.
18
യഹോവ ദാവീദിനെ സകലശത്രുക്കളുടെ കയ്യിൽനിന്നും ശൌലിന്റെ കയ്യിൽനിന്നും വിടുവിച്ച കാലത്ത് അവൻ ഈ സംഗീതവാക്യങ്ങൾ യഹോവയ്ക്കു പാടി.
1എന്റെ ബലമായ യഹോവേ, ഞാൻ നിന്നെ സ്നേഹിക്കുന്നു.
2യഹോവ എന്റെ ശൈലവും കോട്ടയും എന്റെ രക്ഷകനും
ദൈവവും ഞാൻ ശരണമാക്കുന്ന പാറയും
എന്റെ പരിചയും എന്റെ രക്ഷയുടെ കൊമ്പും ഗോപുരവും ആകുന്നു.
3സ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കുകയും
എന്റെ ശത്രുക്കളുടെ കയ്യിൽനിന്ന് രക്ഷപ്രാപിക്കുകയും ചെയ്യും.
4മരണപാശങ്ങൾ എന്നെ ചുറ്റി;
അഗാധപ്രവാഹങ്ങൾ എന്നെ ഭ്രമിപ്പിച്ചു.
5പാതാളപാശങ്ങൾ എന്നെ വളഞ്ഞു;
മരണത്തിന്റെ കെണികളും എന്നെ പിൻതുടർന്ന് പിടിച്ചു.
6എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു,
എന്റെ ദൈവത്തോട് നിലവിളിച്ചു;
അവൻ തന്റെ മന്ദിരത്തിൽ ഇരുന്ന് എന്റെ അപേക്ഷ കേട്ടു;
എന്റെ നിലവിളിയും തിരുമുമ്പിൽ ഞാൻ കഴിച്ച പ്രാർത്ഥനയും അവന്റെ ചെവിയിൽ എത്തി.
7ഭൂമി ഞെട്ടിവിറച്ചു; മലകളുടെ അടിസ്ഥാനങ്ങൾ ഇളകി;
അവൻ കോപിക്കുകയാൽ അവ കുലുങ്ങിപ്പോയി.
8അവന്റെ മൂക്കിൽനിന്ന് പുക പൊങ്ങി;
അവന്റെ വായിൽനിന്ന് തീ പുറപ്പെട്ട് ദഹിപ്പിച്ചു;
തീക്കനൽ അവനിൽനിന്ന് ജ്വലിച്ചു.
9അവൻ ആകാശം ചായിച്ചിറങ്ങി;
കൂരിരുൾ അവന്റെ കാല്ക്കീഴിലുണ്ടായിരുന്നു.
10അവൻ കെരൂബിനെ വാഹനമാക്കി പറന്നു;
അവൻ കാറ്റിന്റെ ചിറകിന്മേൽ ഇരുന്നു സഞ്ചരിച്ചു.
11അവൻ അന്ധകാരത്തെ തന്റെ മറവും
ജലതമസ്സിനെയും മഴമേഘങ്ങളെയും തനിക്കു ചുറ്റും കൂടാരവുമാക്കി.
12അവന്റെ മുമ്പിലുള്ള പ്രകാശത്താൽ
ആലിപ്പഴവും തീക്കനലും മേഘങ്ങളിൽനിന്ന് പൊഴിഞ്ഞു.
13യഹോവ ആകാശത്തിൽ ഇടി മുഴക്കി,
അത്യുന്നതൻ തന്റെ നാദം കേൾപ്പിച്ചു,
ആലിപ്പഴവും തീക്കനലും പൊഴിഞ്ഞു.
14അവൻ അസ്ത്രം എയ്ത് ശത്രുവിനെ ചിതറിച്ചു;
മിന്നൽ അയച്ച് അവരെ തോല്പിച്ചു.
15യഹോവേ, നിന്റെ ശാസനയാലും
നിന്റെ മൂക്കിലെ ശ്വാസത്തിന്റെ പ്രവാഹത്തിന്റെ ശക്തിയാലും
സമുദ്രപാതകൾ തെളിഞ്ഞുവന്നു; ഭൂമിയുടെ അടിസ്ഥാനങ്ങൾ വെളിപ്പെട്ടു.
16അവൻ ഉയരത്തിൽനിന്ന് കൈ നീട്ടി എന്നെ പിടിച്ചു,
പെരുവെള്ളത്തിൽനിന്ന് എന്നെ വലിച്ചെടുത്തു.
17എന്റെ ബലമുള്ള ശത്രുവിന്റെ കയ്യിൽനിന്നും
എന്നെ വെറുത്തവരുടെ പക്കൽനിന്നും അവൻ എന്നെ വിടുവിച്ചു;
അവർ എന്നിലും ബലവാന്മാരായിരുന്നു.
18എന്റെ അനർത്ഥദിവസത്തിൽ അവർ എന്നെ ആക്രമിച്ചു;
എന്നാൽ യഹോവ എനിക്ക് തുണയായിരുന്നു.
19അവൻ എന്നെ ഒരു വിശാലസ്ഥലത്തേക്ക് കൊണ്ടുവന്നു;
എന്നിൽ പ്രമോദിച്ചിരുന്നതുകൊണ്ട് എന്നെ വിടുവിച്ചു.
20യഹോവ എന്റെ നീതിക്കു തക്കവിധം എനിക്ക് പ്രതിഫലം നല്കി;
എന്റെ കൈകളുടെ വെടിപ്പിനൊത്തവിധം എനിക്ക് പകരം തന്നു.
21ഞാൻ യഹോവയുടെ വഴികളിൽ നടന്നു;
എന്റെ ദൈവത്തോട് ദ്രോഹം ചെയ്തതുമില്ല.
22അവന്റെ വിധികൾ ഒക്കെയും എന്റെ മുമ്പിൽ ഉണ്ട്;
അവന്റെ ചട്ടങ്ങൾ വിട്ട് ഞാൻ നടന്നിട്ടുമില്ല.
23ഞാൻ അവന്റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു;
അകൃത്യം ചെയ്യാതെ എന്നെത്തന്നെ കാത്തു.
24യഹോവ എന്റെ നീതിക്കു തക്കവണ്ണവും
അവന്റെ ദൃഷ്ടിയിൽ എന്റെ കൈകളുടെ
വെടിപ്പിൻപ്രകാരവും എനിക്ക് പകരം നല്കി.
25ദയാലുവോട് നീ ദയാലു ആകുന്നു;
നഷ്കളങ്കനോട് നീ നിഷ്കളങ്കൻ;
26നിർമ്മലനോട് നീ നിർമ്മലനാകുന്നു;
വക്രനോട് നീ വക്രത കാണിക്കുന്നു.
27എളിയജനത്തെ നീ രക്ഷിക്കും;
നിഗളിച്ചു നടക്കുന്നവരെ നീ താഴ്ത്തും.
28നീ എന്റെ ദീപം കത്തിക്കും;
എന്റെ ദൈവമായ യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും.
29നിന്നാൽ ഞാൻ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും;
എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും.
30ദൈവത്തിന്റെ വഴി തികവുള്ളത്;
യഹോവയുടെ വചനം നിർമലമായത്;
തന്നെ ശരണമാക്കുന്ന ഏവർക്കും അവൻ പരിചയാകുന്നു.
31യഹോവയല്ലാതെ ദൈവം ആരുണ്ട്?
നമ്മുടെ ദൈവം ഒഴികെ പാറ ആരുണ്ട്?
32എന്നെ ശക്തികൊണ്ട് അരമുറുക്കുകയും
എന്റെ വഴി സുരക്ഷിതമാക്കുകയും ചെയ്യുന്ന ദൈവം തന്നെ.
33അവൻ എന്റെ കാലുകളെ പേടമാന്റെ കാലുകൾക്ക് തുല്യമാക്കി,
ഉന്നതങ്ങളിൽ എന്നെ നിർത്തുന്നു.
34അവൻ എന്റെ കൈകളെ യുദ്ധം അഭ്യസിപ്പിക്കുന്നു;
എന്റെ ഭുജങ്ങൾ താമ്രചാപം കുലയ്ക്കുന്നു.
35നിന്റെ രക്ഷ എന്ന പരിച നീ എനിക്ക് തന്നിരിക്കുന്നു;
നിന്റെ വലങ്കൈ എന്നെ താങ്ങി
നിന്റെ സൗമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു.
36ഞാൻ കാലടി വയ്ക്കേണ്ടതിന് നീ എന്റെ വഴികൾക്ക് വിശാലതവരുത്തി;
എന്റെ നരിയാണികൾ വഴുതിപ്പോയതുമില്ല.
37ഞാൻ എന്റെ ശത്രുക്കളെ പിന്തുടർന്ന് പിടിച്ചു;
അവരെ നശിപ്പിക്കുവോളം ഞാൻ പിന്തിരിഞ്ഞില്ല.
38അവർ എഴുന്നേല്ക്കാത്തവണ്ണം ഞാൻ അവരെ തകർത്തു;
അവർ എന്റെ കാല്ക്കീഴിൽ വീണിരിക്കുന്നു.
39യുദ്ധത്തിനായി നീ എന്റെ അരയ്ക്ക് ശക്തി കെട്ടിയിരിക്കുന്നു;
എന്നോട് എതിർത്തവരെ എനിക്കു കീഴടക്കിത്തന്നിരിക്കുന്നു.
40എന്നെ വെറുക്കുന്നവരെ ഞാൻ സംഹരിക്കേണ്ടതിന്
നീ എന്റെ ശത്രുക്കളെ പിന്തിരിഞ്ഞ് ഓടുമാറാക്കി.
41അവർ നിലവിളിച്ചു; രക്ഷിക്കുവാൻ ആരും ഉണ്ടായിരുന്നില്ല;
യഹോവയോട് നിലവിളിച്ചു; അവൻ ഉത്തരം അരുളിയതുമില്ല.
42ഞാൻ അവരെ കാറ്റിൽ പറക്കുന്ന പൊടിപോലെ പൊടിച്ചു;
വീഥികളിലെ ചെളി പോലെ ഞാൻ അവരെ എറിഞ്ഞുകളഞ്ഞു.
43ജനത്തിന്റെ കലഹങ്ങളിൽനിന്ന് നീ എന്നെ വിടുവിച്ചു;
ജനതതികൾക്ക് എന്നെ തലവനാക്കിയിരിക്കുന്നു;
ഞാൻ അറിയാത്ത ജനം എന്നെ സേവിക്കുന്നു.
44അവർ എന്നെക്കുറിച്ച് കേൾക്കുമ്പോൾ തന്നെ അനുസരിക്കും;
അന്യജനതകൾ എന്നോട് വിധേയത്വം കാണിക്കും.
45അന്യജനതകൾ ക്ഷയിച്ചുപോകുന്നു;
അവരുടെ ഒളിയിടങ്ങളിൽനിന്ന് അവർ വിറച്ചുകൊണ്ട് വരുന്നു.
46യഹോവ ജീവിക്കുന്നു; എന്റെ പാറ വാഴ്ത്തപ്പെട്ടവൻ;
എന്റെ രക്ഷയുടെ ദൈവം ഉന്നതൻ തന്നെ.
47ദൈവം എനിക്കു വേണ്ടി പ്രതികാരം ചെയ്യുകയും
ജനതകളെ എനിക്കു കീഴടക്കിത്തരുകയും ചെയ്യുന്നു.
48അവൻ ശത്രുവിന്റെ കൈയിൽ നിന്ന് എന്നെ വിടുവിക്കുന്നു;
എന്നോട് എതിർക്കുന്നവർക്കുമേൽ നീ എന്നെ ഉയർത്തുന്നു;
സാഹസക്കാരന്റെ കയ്യിൽ നിന്ന് നീ എന്നെ വിടുവിക്കുന്നു.
49അതുകൊണ്ടു യഹോവേ, ഞാൻ ജനതതികളുടെ മദ്ധ്യത്തിൽ നിനക്കു സ്തോത്രം ചെയ്യും;
നിന്റെ നാമത്തെ ഞാൻ കീർത്തിക്കും.
50അവൻ തന്റെ രാജാവിന് മഹാരക്ഷ നല്കുന്നു;
തന്റെ അഭിഷിക്തനോട് ദയ കാണിക്കുന്നു;
ദാവീദിനും അവന്റെ സന്തതിക്കും എന്നെന്നേക്കും തന്നെ.
19
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം.
1ആകാശം ദൈവത്തിന്റെ മഹത്വം വർണ്ണിക്കുന്നു;
ആകാശവിതാനം അവന്റെ കൈവേല വെളിപ്പെടുത്തുന്നു.
2ഒരു പകൽ മറ്റൊരു പകലിനോട് സംസാരിക്കുന്നു;
രാത്രി രാത്രിക്ക് ജ്ഞാനം പകർന്നു കൊടുക്കുന്നു.
3സംഭാഷണമില്ല, വാക്കുകളില്ല, ശബ്ദം കേൾക്കുവാനും ഇല്ല.
4ഭൂമിയിൽ എല്ലായിടവും അതിന്റെ അളവുനൂലും
ഭൂതലത്തിന്റെ അറ്റത്തോളം അതിന്റെ വചനങ്ങളും ചെല്ലുന്നു;
അവിടെ അവൻ സൂര്യന് ഒരു കൂടാരം അടിച്ചിരിക്കുന്നു.
5അത് മണവറയിൽനിന്ന് പുറപ്പെടുന്ന മണവാളന് തുല്യം;
വീരനെപ്പോലെ അതിന്റെ ഓട്ടം ഓടുവാൻ സന്തോഷിക്കുന്നു.
6ആകാശത്തിന്റെ ഒരറ്റത്തുനിന്ന് അതിന്റെ ഉദയവും
അറുതിവരെ അതിന്റെ അയനവും ആകുന്നു;
അതിന്റെ ഉഷ്ണം ഏല്ക്കാതെ മറഞ്ഞിരിക്കുന്നത് ഒന്നുമില്ല.
7യഹോവയുടെ ന്യായപ്രമാണം തികവുള്ളത്;
അത് പ്രാണനെ തണുപ്പിക്കുന്നു.
യഹോവയുടെ സാക്ഷ്യം വിശ്വാസ യോഗ്യമാകുന്നു;
അത് അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു.
8യഹോവയുടെ ആജ്ഞകൾ നേരുള്ളവ;
അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു;
യഹോവയുടെ കല്പന നിർമ്മലമായത്;
അത് കണ്ണുകളെ പ്രകാശിപ്പിക്കുന്നു.
9യഹോവാഭക്തി നിർമ്മലമായത്;
അത് എന്നേക്കും നിലനില്ക്കുന്നു;
യഹോവയുടെ വിധികൾ സത്യമാകുന്നു;
അവ ഒന്നൊഴിയാതെ നീതിയുള്ളവയാകുന്നു.
10അവ പൊന്നിനെക്കാളും വളരെ തങ്കത്തെക്കാളും ആഗ്രഹിക്കത്തക്കവ;
തേനിനേക്കാളും തേങ്കട്ടയേക്കാളും മധുരമുള്ളവ.
11അടിയനും അവയാൽ പ്രബോധനം ലഭിക്കുന്നു;
അവയെ പ്രമാണിക്കുന്നതിനാൽ വളരെ പ്രതിഫലം ഉണ്ട്.
12തന്റെ തെറ്റുകൾ ഗ്രഹിക്കുന്നവൻ ആര്?
മറഞ്ഞിരിക്കുന്ന തെറ്റുകൾ പോക്കി എന്നെ കുറ്റവിമുക്തനാക്കണമേ.
13സ്വമേധാപാപങ്ങളിൽ നിന്ന് അടിയനെ കാക്കേണമേ;
അവ എന്റെമേൽ വാഴരുതേ; എന്നാൽ ഞാൻ നിഷ്കളങ്കനും മഹാപാപത്തിൽ നിന്നും ഒഴിഞ്ഞവനും ആയിരിക്കും.
14എന്റെ പാറയും എന്റെ വീണ്ടെടുപ്പുകാരനുമായ യഹോവേ,
എന്റെ വായിലെ വാക്കുകളും എന്റെ ഹൃദയത്തിലെ ധ്യാനവും
അങ്ങയ്ക്കു പ്രസാദമായിരിക്കട്ടെ.
20
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം.
1യഹോവ കഷ്ടകാലത്ത് നിനക്ക് ഉത്തരമരുളുമാറാകട്ടെ;
യാക്കോബിന്റെ ദൈവത്തിന്റെ നാമം നിന്നെ ഉയർത്തുമാറാകട്ടെ.
2അവൻ വിശുദ്ധമന്ദിരത്തിൽനിന്ന് നിനക്ക് സഹായം അയയ്ക്കുമാറാകട്ടെ;
സീയോനിൽനിന്ന് നിന്നെ താങ്ങുമാറാകട്ടെ.
3നിന്റെ വഴിപാടുകൾ ഒക്കെയും അവൻ ഓർക്കട്ടെ;
നിന്റെ ഹോമയാഗം കൈക്കൊള്ളുമാറാകട്ടെ.
സേലാ.
4നിന്റെ ഹൃദയത്തിലെ ആഗ്രഹം അവൻ നിനക്ക് നല്കട്ടെ;
നിന്റെ താത്പര്യങ്ങൾ എല്ലാം നിവർത്തിക്കട്ടെ.
5ഞങ്ങൾ നിന്റെ ജയത്തിൽ ഘോഷിച്ചുല്ലസിക്കും;
ഞങ്ങളുടെ ദൈവത്തിന്റെ നാമത്തിൽ കൊടി ഉയർത്തും;
യഹോവ നിന്റെ അപേക്ഷകളെല്ലാം നിവർത്തിക്കുമാറാകട്ടെ.
6യഹോവ തന്റെ അഭിഷിക്തനെ രക്ഷിക്കുന്നു എന്ന് ഞാൻ ഇപ്പോൾ അറിയുന്നു;
അവൻ തന്റെ വിശുദ്ധസ്വർഗ്ഗത്തിൽനിന്ന് തന്റെ വലങ്കൈയുടെ രക്ഷാകരമായ വീര്യപ്രവൃത്തികളാൽ അവന് ഉത്തരമരുളും.
7ചിലർ രഥങ്ങളിലും ചിലർ കുതിരകളിലും ആശ്രയിക്കുന്നു;
ഞങ്ങളോ ഞങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തിൽ ആശ്രയിക്കും.
8അവർ കുനിഞ്ഞ് വീണുപോയി;
എന്നാൽ ഞങ്ങൾ എഴുന്നേറ്റ് നിവർന്നുനില്ക്കുന്നു.
9യഹോവേ, രാജാവിനെ രക്ഷിക്കണമേ;
ഞങ്ങൾ അപേക്ഷിക്കുമ്പോൾ ഉത്തരമരുളണമേ.
21
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം.
1യഹോവേ, രാജാവ് നിന്റെ ബലത്തിൽ സന്തോഷിക്കുന്നു;
നിന്റെ രക്ഷയിൽ അവൻ ഏറ്റവും ഉല്ലസിക്കുന്നു.
2അവന്റെ ഹൃദയത്തിലെ ആഗ്രഹം നീ അവന് നല്കി;
അവന്റെ അധരങ്ങളുടെ യാചന നിഷേധിച്ചതുമില്ല.
സേലാ.
3സമൃദ്ധമായ അനുഗ്രഹങ്ങളാൽ നീ അവനെ എതിരേറ്റ്,
തങ്കക്കിരീടം അവന്റെ തലയിൽ വയ്ക്കുന്നു.
4അവൻ നിന്നോട് ജീവൻ ചോദിച്ചു; നീ അവനു കൊടുത്തു; എന്നെന്നേക്കുമുള്ള ദീർഘായുസ്സ് തന്നെ.
5നിന്റെ രക്ഷയാൽ അവന്റെ മഹത്വം വലിയത്;
ബഹുമാനവും തേജസ്സും നീ അവനെ അണിയിച്ചു.
6നീ അവനെ എന്നേക്കും അനുഗ്രഹസമൃദ്ധിയുള്ളവനാക്കുന്നു;
നിന്റെ സന്നിധിയിലെ സന്തോഷംകൊണ്ട് അവനെ ആനന്ദിപ്പിക്കുന്നു.
7രാജാവ് യഹോവയിൽ ആശ്രയിക്കുന്നു;
അത്യുന്നതന്റെ കാരുണ്യംകൊണ്ട് അവൻ കുലുങ്ങാതെയിരിക്കും.
8നിന്റെ കൈ നിന്റെ സകലശത്രുക്കളെയും കണ്ടുപിടിക്കും;
നിന്റെ വലങ്കൈ നിന്നെ വെറുക്കുന്നവരെ പിടികൂടും.
9നീ പ്രത്യക്ഷപ്പെടുമ്പോൾ നീ അവരെ തീച്ചൂളപോലെയാക്കും;
യഹോവ തന്റെ ക്രോധത്തിൽ അവരെ വിഴുങ്ങിക്കളയും;
തീ അവരെ ദഹിപ്പിക്കും.
10നീ അവരുടെ ഉദരഫലത്തെ ഭൂമിയിൽനിന്നും
അവരുടെ സന്തതിയെ മനുഷ്യപുത്രന്മാരുടെ ഇടയിൽനിന്നും നശിപ്പിക്കും.
11അവർ നിനക്കു വിരോധമായി ദോഷം വിചാരിച്ചു;
അവരാൽ കഴിയാത്ത ഒരു ഉപായം നിരൂപിച്ചു.
12നീ അവരെ പുറംതിരിഞ്ഞ് ഓടുമാറാക്കും;
അവരുടെ മുഖത്തിനുനേരെ അസ്ത്രം ഞാണിന്മേൽ തൊടുക്കും.
13യഹോവേ, നിന്റെ ശക്തിയിൽ ഉയർന്നിരിക്കണമേ;
ഞങ്ങൾ പാടി നിന്റെ ബലത്തെ സ്തുതിക്കും..
22
സംഗീതപ്രമാണിക്ക്; ഉഷസ്സിൻ മാൻ പേട എന്ന രാഗത്തിൽ; ദാവീദിന്റെ ഒരു സങ്കീർത്തനം.
1എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്ത്?
എന്നെ രക്ഷിക്കാതെയും എന്റെ ഞരക്കത്തിന്റെ വാക്കുകൾ കേൾക്കാതെയും അകന്നുനില്ക്കുന്നതെന്ത്?
2എന്റെ ദൈവമേ, ഞാൻ പകൽസമയത്ത് നിലവിളിക്കുന്നു; എങ്കിലും നീ ഉത്തരമരുളുന്നില്ല;
രാത്രികാലത്തും ഞാൻ വിളിക്കുന്നു; എനിക്ക് ഒട്ടും സ്വസ്ഥതയില്ല.
3യിസ്രായേലിന്റെ സ്തുതികളിൽ വസിക്കുന്നവനേ,
നീ പരിശുദ്ധനാകുന്നുവല്ലോ.
4ഞങ്ങളുടെ പിതാക്കന്മാർ നിന്നിൽ ആശ്രയിച്ചു;
അവർ ആശ്രയിക്കുകയും നീ അവരെ വിടുവിക്കുകയും ചെയ്തു.
5അവർ നിന്നോട് നിലവിളിച്ചു രക്ഷപ്രാപിച്ചു;
അവർ നിന്നിൽ ആശ്രയിച്ചു, ലജ്ജിച്ചുപോയില്ല.
6ഞാനോ മനുഷ്യനല്ല, ഒരു കൃമിയത്രേ;
മനുഷ്യരുടെ പരിഹാസപാത്രവും ജനത്താൽ നിന്ദിതനും തന്നെ.
7എന്നെ കാണുന്നവരെല്ലാം എന്നെ പരിഹസിക്കുന്നു;
അവർ അധരം മലർത്തി തല കുലുക്കി പറയുന്നു:
8“യഹോവയിൽ നിന്നെത്തന്നെ സമർപ്പിക്ക! അവൻ നിന്നെ രക്ഷിക്കട്ടെ!
അവൻ നിന്നെ വിടുവിക്കട്ടെ! അവന് നിന്നിൽ പ്രസാദമുണ്ടല്ലോ.”
9നീയല്ലയോ എന്നെ ഉദരത്തിൽനിന്ന് പുറപ്പെടുവിച്ചവൻ;
എന്റെ അമ്മയുടെ മുല കുടിക്കുമ്പോൾ നീ എന്നെ നിന്നിൽ ആശ്രയിക്കുമാറാക്കി.
10ജനിച്ച ഉടൻ തന്നെ ഞാൻ നിങ്കൽ ഏല്പിക്കപ്പെട്ടു;
എന്റെ അമ്മയുടെ ഉദരംമുതൽ നീ എന്റെ ദൈവം.
11കഷ്ടം അടുത്തിരിക്കുകയാൽ എന്നെ വിട്ടകന്നിരിക്കരുതേ;
സഹായിക്കുവാൻ മറ്റാരുമില്ലല്ലോ.
12അനേകം കാളകൾ എന്നെ വളഞ്ഞു;
ബാശാനിൽ നിന്നുള്ള കാളകൂറ്റന്മാർ എന്നെ ചുറ്റിയിരിക്കുന്നു.
13ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ
അവർ എന്റെ നേരെ വായ് പിളർക്കുന്നു.
14ഞാൻ വെള്ളംപോലെ തൂകിപ്പോകുന്നു;
എന്റെ അസ്ഥികളെല്ലാം ബന്ധം വിട്ടിരിക്കുന്നു;
എന്റെ ഹൃദയം മെഴുകുപോലെ ആയി; എന്റെ ഉള്ളിൽ ഉരുകിയിരിക്കുന്നു.
15എന്റെ ശക്തി ഓട്ടുകഷണംപോലെ ഉണങ്ങിയിരിക്കുന്നു;
എന്റെ നാവ് അണ്ണാക്കോട് പറ്റിയിരിക്കുന്നു.
നീ എന്നെ മരണത്തിന്റെ പൊടിയിൽ ഇട്ടുമിരിക്കുന്നു.
16നായ്ക്കൾ എന്നെ വളഞ്ഞു; ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു;
അവർ എന്റെ കൈകളെയും കാലുകളെയും തുളച്ചു.
17എന്റെ അസ്ഥികളെല്ലാം എനിക്ക് എണ്ണാം;
അവർ എന്നെ തുറിച്ച് നോക്കുന്നു.
18എന്റെ വസ്ത്രം അവർ പകുത്തെടുത്തു,
എന്റെ അങ്കിക്കായി അവർ ചീട്ടിടുന്നു.
19നീയോ, യഹോവേ, അകന്നിരിക്കരുതേ;
എന്റെ തുണയായുള്ളോവേ, എന്നെ സഹായിക്കുവാൻ വേഗം വരേണമേ.
20വാളിൽനിന്ന് എന്റെ പ്രാണനെയും
നായയുടെ കയ്യിൽനിന്ന് എന്റെ ജീവനെയും വിടുവിക്കണമേ.
21സിംഹത്തിന്റെ വായിൽനിന്ന് എന്നെ രക്ഷിക്കണമേ;
കാട്ടുപോത്തുകളുടെ കൊമ്പുകൾക്കിടയിൽ നീ എനിക്ക് ഉത്തരമരുളുന്നു.
22ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോട് കീർത്തിക്കും;
സഭാമദ്ധ്യത്തിൽ ഞാൻ നിന്നെ സ്തുതിക്കും.
23യഹോവാഭക്തന്മാരേ, അവനെ സ്തുതിക്കുവിൻ;
യാക്കോബിന്റെ സകലസന്തതികളുമേ, അവനെ മഹത്വപ്പെടുത്തുവിൻ;
യിസ്രായേലിന്റെ സർവ്വസന്തതികളുമേ, അവനെ ഭയപ്പെടുവിൻ.
24അരിഷ്ടന്റെ അരിഷ്ടത അവൻ നിരസിച്ചില്ല, വെറുത്തതുമില്ല;
തന്റെ മുഖം അവന് മറച്ചതുമില്ല;
തന്നെ വിളിച്ചപേക്ഷിച്ചപ്പോൾ കേൾക്കുകയത്രേ ചെയ്തത്.
25മഹാസഭയിൽ എന്റെ പ്രശംസ നിന്നെക്കുറിച്ചാകുന്നു.
അവന്റെ ഭക്തന്മാരുടെ കൺ മുമ്പിൽ ഞാൻ എന്റെ നേർച്ചകൾ കഴിക്കും.
26എളിയവർ ഭക്ഷിച്ച് തൃപ്തരാകും;
യഹോവയെ അന്വേഷിക്കുന്നവർ അവനെ സ്തുതിക്കും.
നിങ്ങളുടെ ഹൃദയം എന്നേക്കും സുഖമായിരിക്കട്ടെ.
27ഭൂമിയുടെ അറുതികളിൽ ഉള്ളവർ ഒക്കെയും ഇതോർത്ത് യഹോവയിലേക്ക് തിരിയും;
സകല വംശങ്ങളും നിന്റെ മുമ്പാകെ നമസ്കരിക്കും.
28രാജത്വം യഹോവയ്ക്കുള്ളതല്ലയോ;
അവൻ ജനതതിയെ ഭരിക്കുന്നു.
29ഭൂമിയിൽ പുഷ്ടിയുള്ളവരെല്ലാം ഭക്ഷിച്ച് ആരാധിക്കും;
തന്റെ പ്രാണനെ രക്ഷിക്കുവാൻ കഴിയാതെ പൊടിയിലേക്ക് മടങ്ങിച്ചേരുന്നവരും അവന്റെ മുമ്പാകെ കുമ്പിടും.
30വരുവാനുള്ള ഒരു സന്തതി അവനെ സേവിക്കും;
വരുന്ന തലമുറയോട് യഹോവയെക്കുറിച്ച് കീർത്തിക്കും.
31അവർ വന്ന്, ജനിക്കുവാനുള്ള തലമുറയോട് “അവൻ ഇത് നിവർത്തിച്ചിരിക്കുന്നു” എന്ന് അവന്റെ നീതിയെ വർണ്ണിക്കും.
23
ദാവീദിന്റെ ഒരു സങ്കീർത്തനം.
1യഹോവ എന്റെ ഇടയനാകുന്നു;
എനിക്ക് ഒരു കുറവും ഉണ്ടാകുകയില്ല..
2പച്ചയായ മേച്ചിൽപുറങ്ങളിൽ അവൻ എന്നെ കിടത്തുന്നു;
സ്വഛമായ ജലാശയത്തിനരികിലേക്ക് എന്നെ നടത്തുന്നു.
3എന്റെ പ്രാണനെ അവൻ തണുപ്പിക്കുന്നു;
തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു.
4മരണനിഴലിൻ താഴ്വരയിൽ കൂടിനടന്നാലും
ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല;
നീ എന്നോടുകൂടി ഇരിക്കുന്നുവല്ലോ;
നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു.
5എന്റെ ശത്രുക്കളുടെ കൺ മുമ്പിൽ നീ എനിക്ക് വിരുന്നൊരുക്കുന്നു;
എന്റെ തലയെ എണ്ണകൊണ്ട് അഭിഷേകം ചെയ്യുന്നു;
എന്റെ പാനപാത്രം നിറഞ്ഞ് കവിയുന്നു.
6നന്മയും കരുണയും നിശ്ചയമായി ആയുഷ്കാലം മുഴുവൻ എന്നെ പിന്തുടരും;
ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും.
24
ദാവീദിന്റെ ഒരു സങ്കീർത്തനം.
1ഭൂമിയും അതിന്റെ പൂർണ്ണതയും
ഭൂതലവും അതിലെ നിവാസികളും യഹോവയ്ക്കുള്ളതാകുന്നു.
2സമുദ്രങ്ങളുടെ മേൽ അവൻ അതിനെ സ്ഥാപിച്ചു;
നദികളുടെമേൽ അവൻ അതിനെ ഉറപ്പിച്ചു.
3യഹോവയുടെ പർവ്വതത്തിൽ ആര് കയറും?
അവന്റെ വിശുദ്ധസ്ഥലത്ത് ആര് നില്ക്കും?
4വെടിപ്പുള്ള കൈയും നിർമ്മലഹൃദയവും ഉള്ളവൻ.
വ്യാജത്തിന് മനസ്സുവയ്ക്കാതെയും കള്ളസത്യം ചെയ്യാതെയും ഇരിക്കുന്നവൻ:
5അവൻ യഹോവയോട് അനുഗ്രഹവും
തന്റെ രക്ഷയുടെ ദൈവത്തോട് നീതിയും പ്രാപിക്കും.
6ഇങ്ങനെയുള്ളവർ ആകുന്നു അവനെ അന്വേഷിക്കുന്നവരുടെ തലമുറ;
യാക്കോബിന്റെ ദൈവമേ, തിരുമുഖം അന്വേഷിക്കുന്നവർ ഇവർ തന്നെ.
സേലാ.
7വാതിലുകളേ, നിങ്ങളുടെ തലകൾ ഉയർത്തുവിൻ;
പുരാതനമായ കതകുകളേ, ഉയർന്നിരിക്കുവിൻ;
മഹത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ.
8മഹത്വത്തിന്റെ രാജാവ് ആര് ?
ബലവാനും വീരനുമായ യഹോവ, യുദ്ധവീരനായ യഹോവ തന്നെ.
9വാതിലുകളേ, നിങ്ങളുടെ തലകൾ ഉയർത്തുവിൻ;
പുരാതനമായ കതകുകളേ, ഉയർന്നിരിക്കുവിൻ;
മഹത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ.
10മഹത്വത്തിന്റെ രാജാവ് ആര് ?
സൈന്യങ്ങളുടെ യഹോവ തന്നെ;
അവനാകുന്നു മഹത്വത്തിന്റെ രാജാവ്.
സേലാ.
25
ദാവീദിന്റെ ഒരു സങ്കീർത്തനം.
1യഹോവേ, നിങ്കലേക്ക് ഞാൻ മനസ്സ് ഉയർത്തുന്നു;
2എന്റെ ദൈവമേ, നിന്നിൽ ഞാൻ ആശ്രയിക്കുന്നു;
ഞാൻ ലജ്ജിച്ചു പോകരുതേ;
എന്റെ ശത്രുക്കൾ എന്റെമേൽ ജയം ഘോഷിക്കരുതേ.
3നിനക്കായി കാത്തിരിക്കുന്ന ഒരുവനും ലജ്ജിച്ചു പോകുകയില്ല;
വെറുതെ ദ്രോഹിക്കുന്നവർ ലജ്ജിച്ചുപോകും.
4യഹോവേ, നിന്റെ വഴികൾ എന്നെ അറിയിക്കണമേ;
നിന്റെ പാതകൾ എനിക്ക് ഉപദേശിച്ചു തരണമേ!
5നിന്റെ സത്യത്തിൽ എന്നെ നടത്തി പഠിപ്പിക്കണമേ;
നീ എന്റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ;
ദിവസം മുഴുവൻ ഞാൻ നിനക്കായി കാത്തിരിക്കുന്നു.
6യഹോവേ, നിന്റെ കരുണയും ദയയും ഓർക്കണമേ;
അവ പണ്ടുപണ്ടേയുള്ളവയല്ലോ.
7എന്റെ യൗവ്വനത്തിലെ പാപങ്ങളും ലംഘനങ്ങളും ഓർക്കരുതേ;
യഹോവേ, നിന്റെ കൃപമൂലം, നിന്റെ ദയനിമിത്തം തന്നെ,എന്നെ ഓർക്കണമേ.
8യഹോവ നല്ലവനും നേരുള്ളവനും ആകുന്നു.
അതുകൊണ്ട് അവൻ പാപികളെ നേർവ്വഴിയിൽ പഠിപ്പിക്കുന്നു.
9സൗമ്യതയുള്ളവരെ അവൻ ന്യായത്തിൽ നടത്തുന്നു;
സൗമ്യതയുള്ളവർക്ക് തന്റെ വഴി പഠിപ്പിച്ചു കൊടുക്കുന്നു.
10യഹോവയുടെ നിയമവും സാക്ഷ്യങ്ങളും പ്രമാണിക്കുന്നവർക്ക്
അവന്റെ വഴികളെല്ലാം ദയയും സത്യവും ആകുന്നു.
11യഹോവേ, എന്റെ അകൃത്യം വലിയത്;
നിന്റെ നാമംനിമിത്തം അത് ക്ഷമിക്കണമേ.
12യഹോവാഭക്തനായ പുരുഷൻ ആര്?
അവൻ തിരഞ്ഞെടുക്കേണ്ട വഴി താൻ അവന് കാണിച്ചുകൊടുക്കും.
13അവൻ മനോസുഖത്തോടെ വസിക്കും;
അവന്റെ സന്തതി ദേശം അവകാശമാക്കും.
14യഹോവയുടെ സഖിത്വം തന്റെ ഭക്തന്മാർക്ക് ഉണ്ടാകും;
അവൻ തന്റെ നിയമം അവരെ അറിയിക്കുന്നു.
15എന്റെ കണ്ണ് എപ്പോഴും യഹോവയിങ്കലേക്കാകുന്നു;
അവൻ എന്റെ കാലുകളെ വലയിൽനിന്ന് വിടുവിക്കും.
16എന്നിലേക്ക് തിരിഞ്ഞ് എന്നോട് കരുണയുണ്ടാകണമേ;
ഞാൻ ഏകാകിയും അരിഷ്ടനും ആകുന്നു.
17എന്റെ മനഃപീഡകൾ വർദ്ധിച്ചിരിക്കുന്നു;
എന്റെ സങ്കടങ്ങളിൽനിന്ന് എന്നെ വിടുവിക്കണമേ.
18എന്റെ അരിഷ്ടതയും അതിവേദനയും നോക്കണമേ;
എന്റെ സകലപാപങ്ങളും ക്ഷമിക്കണമേ.
19എന്റെ ശത്രുക്കൾ എത്രയെന്ന് നോക്കണമേ; അവർ പെരുകിയിരിക്കുന്നു;
അവർ കഠിനദ്വേഷത്തോടെ എന്നെ ദ്വേഷിക്കുന്നു;
20എന്റെ പ്രാണനെ കാത്ത് എന്നെ വിടുവിക്കണമേ;
നിന്നെ ശരണമാക്കിയിരിക്കുകയാൽ ഞാൻ ലജ്ജിച്ചുപോകരുതേ.
21നിഷ്കളങ്കതയും നേരും എന്നെ പരിപാലിക്കുമാറാകട്ടെ;
ഞാൻ നിന്നിൽ പ്രത്യാശവച്ചിരിക്കുന്നുവല്ലോ.
22ദൈവമേ, യിസ്രായേലിനെ
അവന്റെ സകലകഷ്ടങ്ങളിൽനിന്നും വീണ്ടെടുക്കണമേ.
26
ദാവീദിന്റെ ഒരു സങ്കീർത്തനം.
1യഹോവേ, എനിക്ക് ന്യായം പാലിച്ചു തരണമേ;
ഞാൻ എന്റെ നിഷ്കളങ്കതയിൽ നടക്കുന്നു;
ഞാൻ ഇളകാതെ യഹോവയിൽ ആശ്രയിക്കുന്നു.
2യഹോവേ, എന്നെ പരീക്ഷിച്ച് ശോധന ചെയ്യണമേ;
എന്റെ മനസ്സും എന്റെ ഹൃദയവും പരിശോധിക്കണമേ.
3നിന്റെ ദയ എന്റെ കണ്മുമ്പിൽ ഇരിക്കുന്നു;
നിന്റെ സത്യത്തിൽ ഞാൻ നടന്നിരിക്കുന്നു.
4വഞ്ചകന്മാരോടുകൂടി ഞാൻ ഇരുന്നിട്ടില്ല;
കപടഹൃദയമുള്ളവരുടെ അടുക്കൽ ഞാൻ ചെന്നിട്ടുമില്ല.
5ദുഷ്പ്രവൃത്തിക്കാരുടെ സംഘത്തെ ഞാൻ വെറുത്തിരിക്കുന്നു;
ദുഷ്ടന്മാരോടുകൂടി ഞാൻ ഇരിക്കുകയുമില്ല.
6സ്തോത്രസ്വരം കേൾപ്പിക്കേണ്ടതിനും
നിന്റെ അത്ഭുതപ്രവൃത്തികളെ വർണ്ണിക്കേണ്ടതിനും
7ഞാൻ നിഷ്ക്കളങ്കതയിൽ എന്റെ കൈകൾ കഴുകുന്നു;
യഹോവേ, ഞാൻ നിന്റെ യാഗപീഠം വലംവയ്ക്കുന്നു.
8യഹോവേ, നിന്റെ ആലയമായ വാസസ്ഥലവും
നിന്റെ മഹത്വത്തിന്റെ നിവാസവും എനിക്ക് പ്രിയമാകുന്നു.
9പാപികളോടുകൂടി എന്റെ പ്രാണനെയും
രക്തദാഹികളോടുകൂടി എന്റെ ജീവനെയും സംഹരിച്ചുകളയരുതേ.
10അവരുടെ കൈകളിൽ ദുഷ്കർമ്മം ഉണ്ട്;
അവരുടെ വലങ്കൈ കോഴ വാങ്ങാൻ ഒരുങ്ങിയിരിക്കുന്നു.
11ഞാനോ, എന്റെ നിഷ്കളങ്കതയിൽ നടക്കും;
എന്നെ വീണ്ടെടുത്ത് എന്നോടു കൃപ ചെയ്യണമേ.
12എന്റെ കാലടി സമഭൂമിയിൽ നില്ക്കുന്നു;
സഭകളിൽ ഞാൻ യഹോവയെ വാഴ്ത്തും.
27
ദാവീദിന്റെ ഒരു സങ്കീർത്തനം.
1യഹോവ എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു; ഞാൻ ആരെ ഭയപ്പെടും?
യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും?
2എന്റെ വൈരികളും ശത്രുക്കളുമായ ദുഷ്കർമ്മികൾ
എന്റെ മാംസം തിന്നുവാൻ എന്നോട് അടുക്കുമ്പോൾ ഇടറിവീഴും.
3ഒരു സൈന്യം എന്റെ നേരെ പാളയമിറങ്ങിയാലും
എന്റെ ഹൃദയം ഭയപ്പെടുകയില്ല;
എനിക്കു യുദ്ധം നേരിട്ടാലും ഞാൻ നിർഭയമായിരിക്കും.
4ഞാൻ യഹോവയോട് ഒരു കാര്യം അപേക്ഷിച്ചു; അതു തന്നെ ഞാൻ ആഗ്രഹിക്കുന്നു;
യഹോവയുടെ സൗന്ദര്യം കാണുവാനും അവന്റെ മന്ദിരത്തിൽ ധ്യാനിക്കുവാനും
എന്റെ ആയുഷ്കാലമെല്ലാം ഞാൻ യഹോവയുടെ ആലയത്തിൽ വസിക്കേണ്ടതിനു തന്നെ.
5അനർത്ഥദിവസത്തിൽ അവൻ തന്റെ കൂടാരത്തിൽ എന്നെ ഒളിപ്പിക്കും;
തിരുനിവാസത്തിന്റെ മറവിൽ എന്നെ മറയ്ക്കും;
പാറമേൽ എന്നെ ഉയർത്തും.
6ഇപ്പോൾ എന്റെ ചുറ്റുമുള്ള ശത്രുക്കളേക്കാൾ എന്റെ തല ഉയർന്നിരിക്കും;
ഞാൻ അവന്റെ കൂടാരത്തിൽ ജയഘോഷയാഗങ്ങൾ അർപ്പിക്കും;
ഞാൻ യഹോവയ്ക്ക് പാടി കീർത്തനം ചെയ്യും.
7യഹോവേ, ഞാൻ വിളിക്കുമ്പോൾ കേൾക്കണമേ;
എന്നോട് കൃപചെയ്ത് എനിക്ക് ഉത്തരമരുളണമേ.
8“എന്റെ മുഖം അന്വേഷിക്കുക” എന്ന് നിന്നിൽനിന്ന് കല്പന വന്നു എന്ന് എന്റെ ഹൃദയം പറയുന്നു;
യഹോവേ, ഞാൻ നിന്റെ മുഖം അന്വേഷിക്കുന്നു.
9നിന്റെ മുഖം എനിക്ക് മറയ്ക്കരുതേ;
അടിയനെ കോപത്തോടെ തള്ളിക്കളയരുതേ;
നീ എനിക്ക് തുണയായിരിക്കുന്നു;
എന്റെ രക്ഷയുടെ ദൈവമേ, എന്നെ തള്ളിക്കളയരുതേ; ഉപേക്ഷിക്കുകയും അരുതേ.
10എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചാലും
യഹോവ എന്നെ ചേർത്തുകൊള്ളും.
11യഹോവേ, നിന്റെ വഴി എന്നെ പഠിപ്പിക്കണമേ;
എന്റെ ശത്രുക്കൾനിമിത്തം നേരെയുള്ള പാതയിൽ എന്നെ നടത്തണമേ.
12എന്റെ വൈരികളുടെ ഇഷ്ടത്തിന് എന്നെ ഏല്പിച്ചുകൊടുക്കരുതേ;
ക്രൂരത നിശ്വസിക്കുന്ന കള്ളസാക്ഷികൾ എന്നോട് എതിർത്തുനില്ക്കുന്നു.
13ഞാൻ ജീവനുള്ളവരുടെ ദേശത്ത്
യഹോവയുടെ നന്മ കാണും എന്ന് വിശ്വസിച്ചില്ലായിരുന്നുവെങ്കിൽ കഷ്ടം!
14യഹോവയിൽ പ്രത്യാശവയ്ക്കുക; ധൈര്യപ്പെട്ടിരിക്കുക;
നിന്റെ ഹൃദയം ഉറച്ചിരിക്കട്ടെ;
അതേ, യഹോവയിൽ പ്രത്യാശവയ്ക്കുക.
28
ദാവീദിന്റെ ഒരു സങ്കീർത്തനം.
1യഹോവേ, ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു;
എന്റെ പാറയായ കർത്താവേ, അങ്ങ് മൗനമായി ഇരിക്കരുതേ;
നീ മിണ്ടാതിരുന്നിട്ട് ഞാൻ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിക്കുവാൻ തന്നെ.
2ഞാൻ എന്റെ കൈകൾ വിശുദ്ധമന്ദിരത്തിലേക്ക് ഉയർത്തി
നിന്നോട് നിലവിളിക്കുമ്പോൾ എന്റെ യാചനകളുടെ ശബ്ദം കേൾക്കണമേ.
3ദുഷ്ടന്മാരോടും അകൃത്യം ചെയ്യുന്നവരോടും കൂടി എന്നെ വലിച്ചു കൊണ്ടുപോകരുതേ;
അവർ കൂട്ടുകാരോട് സമാധാനം സംസാരിക്കുന്നു;
എങ്കിലും അവരുടെ ഹൃദയത്തിൽ ദുഷ്ടത ഉണ്ട്.
4അവരുടെ പ്രവൃത്തിക്കു തക്കവണ്ണവും ദുഷ്ടതയ്ക്ക് തക്കവണ്ണവും അവർക്ക് കൊടുക്കണമേ;
അവരുടെ കൈകളുടെ പ്രവൃത്തിപോലെ അവരോട് ചെയ്യണമേ;
അവർക്ക് തക്ക പ്രതിഫലം കൊടുക്കണമേ;
5യഹോവയുടെ പ്രവൃത്തികളെയും അവന്റെ കൈവേലയെയും
അവർ തിരിച്ചറിയായ്കകൊണ്ട് അവൻ അവരെ പണിയാതെ ഇടിച്ചുകളയും.
6യഹോവ വാഴ്ത്തപ്പെട്ടവനാകട്ടെ;
അവൻ എന്റെ യാചനകളുടെ ശബ്ദം കേട്ടിരിക്കുന്നു.
7യഹോവ എന്റെ ബലവും എന്റെ പരിചയും ആകുന്നു;
എന്റെ ഹൃദയം അവനിൽ ആശ്രയിച്ചു; എനിക്ക് സഹായം ലഭിച്ചു;
അതുകൊണ്ട് എന്റെ ഹൃദയം ഉല്ലസിക്കുന്നു;
ഗാനങ്ങളോടെ ഞാൻ അവനെ സ്തുതിക്കുന്നു.
8യഹോവ തന്റെ ജനത്തിന്റെ ബലമാകുന്നു;
തന്റെ അഭിഷിക്തന് അവൻ രക്ഷാദുർഗ്ഗം തന്നെ.
9നിന്റെ ജനത്തെ രക്ഷിച്ചു നിന്റെ അവകാശത്തെ അനുഗ്രഹിക്കണമേ;
അവരെ മേയിച്ച് എന്നേക്കും അവരെ വഹിക്കണമേ.
29
ദാവീദിന്റെ ഒരു സങ്കീർത്തനം.
1ദൈവപുത്രന്മാരേ, യഹോവയ്ക്ക് കൊടുക്കുവിൻ,
യഹോവയ്ക്ക് മഹത്ത്വവും ശക്തിയും കൊടുക്കുവിൻ.
2യഹോവയ്ക്ക് അവന്റെ നാമത്തിന് യോഗ്യമായ മഹത്ത്വം കൊടുക്കുവിൻ;
വിശുദ്ധിയുടെ സൗന്ദര്യത്തോടെ യഹോവയെ ആരാധിക്കുവിൻ.
3യഹോവയുടെ ശബ്ദം വെള്ളത്തിൻമീതെ മുഴങ്ങുന്നു;
പെരുവെള്ളത്തിൻമീതെ യഹോവ,
മഹത്ത്വത്തിന്റെ ദൈവം തന്നെ, ഇടിമുഴക്കുന്നു.
4യഹോവയുടെ ശബ്ദം ശക്തിയോടെ മുഴങ്ങുന്നു;
യഹോവയുടെ ശബ്ദം മഹിമയോടെ മുഴങ്ങുന്നു.
5യഹോവയുടെ ശബ്ദം ദേവദാരുക്കളെ തകർക്കുന്നു;
യഹോവ ലെബാനോനിലെ ദേവദാരുക്കളെ പിളർക്കുന്നു.
6അവൻ അവയെ കാളക്കുട്ടിയെപ്പോലെയും
ലെബാനോനെയും സിര്യോനെയും കാട്ടുപോത്തിൻ കുട്ടിയെപ്പോലെയും തുള്ളിക്കുന്നു.
7യഹോവയുടെ ശബ്ദം അഗ്നിജ്വാലകളെ ചിന്നിക്കുന്നു.
8യഹോവയുടെ ശബ്ദം മരുഭൂമിയെ നടുക്കുന്നു;
യഹോവ കാദേശ് മരുഭൂമിയെ നടുക്കുന്നു.
9യഹോവയുടെ ശബ്ദം മാൻപേടകളെ പ്രസവിക്കുമാറാക്കുന്നു;
അതു വനങ്ങളെ തോലുരിക്കുന്നു;
അവന്റെ മന്ദിരത്തിൽ സകലരും “മഹത്ത്വം” എന്ന് ചൊല്ലുന്നു.
10യഹോവ ജലപ്രളയത്തിനു മീതെ ഇരുന്നു;
യഹോവ എന്നേക്കും രാജാവായി ഭരിക്കുന്നു.
11യഹോവ തന്റെ ജനത്തിന് ശക്തി നല്കും;
യഹോവ തന്റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കും.
30
ആലയപ്രതിഷ്ടാഗീതം; ദാവീദിന്റെ ഒരു സങ്കീർത്തനം.
1യഹോവേ, ഞാൻ നിന്നെ പുകഴ്ത്തുന്നു; നീ എന്നെ ഉദ്ധരിച്ചിരിക്കുന്നു;
എന്റെ ശത്രുക്കൾ എന്നെക്കുറിച്ച് സന്തോഷിക്കുവാൻ നീ സന്ദർഭം ഉണ്ടാക്കിയതുമില്ല.
2എന്റെ ദൈവമായ യഹോവേ, ഞാൻ നിന്നോട് നിലവിളിച്ചു;
നീ എന്നെ സൗഖ്യമാക്കുകയും ചെയ്തു.
3യഹോവേ, നീ എന്റെ പ്രാണനെ പാതാളത്തിൽനിന്ന് കയറ്റിയിരിക്കുന്നു;
കുഴിയിൽ ഇറങ്ങി പോകുന്നവരുടെ ഇടയിൽനിന്ന് നീ എനിക്ക് ജീവരക്ഷ വരുത്തിയിരിക്കുന്നു.
4യഹോവയുടെ വിശുദ്ധന്മാരേ, അവന് സ്തുതിപാടുവിൻ;
അവന്റെ വിശുദ്ധനാമത്തിന് സ്തോത്രം ചെയ്‌വിൻ.
5അവന്റെ കോപം ക്ഷണനേരത്തേക്കേയുള്ളു;
അവന്റെ പ്രസാദമോ ജീവപര്യന്തമുള്ളത്;
സന്ധ്യയ്ക്ക് കരച്ചിൽ വന്ന് രാത്രിയിൽ വസിക്കും;
ഉഷസ്സിലാകട്ടെ ആനന്ദഘോഷം വരുന്നു.
6“ഞാൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല” എന്ന് എന്റെ സുരക്ഷിതകാലത്ത് ഞാൻ പറഞ്ഞു.
7യഹോവേ, നിന്റെ പ്രസാദത്താൽ നീ എന്റെ പർവ്വതത്തെ ഉറച്ചു നില്ക്കുമാറാക്കി;
നീ നിന്റെ മുഖം മറച്ചു, ഞാൻ ഭ്രമിച്ചുപോയി.
8യഹോവേ, ഞാൻ നിന്നോട് നിലവിളിച്ചു;
യഹോവയോട് ഞാൻ യാചിച്ചു.
9ഞാൻ കുഴിയിൽ ഇറങ്ങിപ്പോയാൽ എന്റെ രക്തംകൊണ്ട് എന്ത് ലാഭമാണുള്ളത്?
ധൂളി നിന്നെ സ്തുതിക്കുമോ? അത് നിന്റെ സത്യം പ്രസ്താവിക്കുമോ?
10യഹോവേ, കേൾക്കണമേ; എന്നോടു കരുണയുണ്ടാകണമേ;
യഹോവേ, എന്റെ രക്ഷകനായിരിക്കണമേ.
11നീ എന്റെ വിലാപത്തെ നൃത്തമാക്കിത്തീർത്തു;
എന്റെ ചണവസ്ത്രം നീ അഴിച്ച് എന്നെ സന്തോഷം ധരിപ്പിച്ചിരിക്കുന്നു;
12ഞാൻ മൗനമായിരിക്കാതെ നിനക്ക് സ്തുതി പാടേണ്ടതിനു തന്നെ.
എന്റെ ദൈവമായ യഹോവേ, ഞാൻ എന്നേക്കും നിനക്ക് സ്തോത്രം ചെയ്യും.
31
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം.
1യഹോവേ, ഞാൻ നിന്നെ ശരണം പ്രാപിക്കുന്നു;
ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ;
നിന്റെ നീതിനിമിത്തം എന്നെ വിടുവിക്കണമേ.
2നിന്റെ ചെവി എന്നിലേക്ക് ചായിച്ച് എന്നെ വേഗം വിടുവിക്കണമേ.
നീ എനിക്കു ഉറപ്പുള്ള പാറയായും എന്നെ രക്ഷിക്കുന്ന കോട്ടയായും ഇരിക്കണമേ.
3നീ എന്റെ പാറയും എന്റെ കോട്ടയുമല്ലോ;
നിന്റെ നാമംനിമിത്തം എന്നെ നടത്തി പരിപാലിക്കണമേ.
4അവർ എനിക്കായി ഒളിച്ചുവച്ചിരിക്കുന്ന വലയിൽനിന്ന് എന്നെ വിടുവിക്കണമേ;
നീ എന്റെ അഭയസ്ഥാനമാകുന്നുവല്ലോ.
5നിന്റെ കൈയിൽ ഞാൻ എന്റെ ആത്മാവിനെ ഭരമേല്പിക്കുന്നു;
വിശ്വസ്തദൈവമായ യഹോവേ, നീ എന്നെ വീണ്ടെടുത്തിരിക്കുന്നു.
6മിഥ്യാമൂർത്തികളെ സേവിക്കുന്നവരെ ഞാൻ പകയ്ക്കുന്നു;
ഞാനോ യഹോവയിൽ ആശ്രയിക്കുന്നു.
7ഞാൻ നിന്റെ ദയയിൽ ആനന്ദിച്ച് സന്തോഷിക്കുന്നു;
നീ എന്റെ അരിഷ്ടത കണ്ട് എന്റെ പ്രാണസങ്കടങ്ങൾ അറിഞ്ഞിരിക്കുന്നു.
8ശത്രുവിന്റെ കയ്യിൽ നീ എന്നെ ഏല്പിച്ചിട്ടില്ല;
എന്റെ കാലുകൾ നീ വിശാലസ്ഥലത്ത് നിർത്തിയിരിക്കുന്നു.
9യഹോവേ, എന്നോട് കൃപയുണ്ടാകണമേ; ഞാൻ കഷ്ടത്തിലായിരിക്കുന്നു;
വ്യസനംകൊണ്ട് എന്റെ കണ്ണും പ്രാണനും ശരീരവും ക്ഷയിച്ചിരിക്കുന്നു.
10എന്റെ ആയുസ്സ് ദുഃഖത്തിലും എന്റെ സംവത്സരങ്ങൾ നെടുവീർപ്പിലും കഴിഞ്ഞുപോയിരിക്കുന്നു;
എന്റെ അകൃത്യംനിമിത്തം എന്റെ ബലം നഷ്ടപ്പെട്ടും എന്റെ അസ്ഥികൾ ക്ഷയിച്ചും ഇരിക്കുന്നു.
11എന്റെ സകലവൈരികളാലും ഞാൻ നിന്ദിതനായിത്തീർന്നു;
എന്റെ അയല്ക്കാർക്ക് അതിനിന്ദിതൻ തന്നെ;
എന്റെ മുഖപരിചയക്കാർക്ക് ഞാൻ ഭയഹേതുവാകുന്നു.
എന്നെ വെളിയിൽ കാണുന്നവർ എന്നെ വിട്ട് ഓടിപ്പോകുന്നു.
12മരിച്ചുപോയവനെപ്പോലെ എന്നെ മറന്നുകളഞ്ഞിരിക്കുന്നു;
ഞാൻ ഒരു ഉടഞ്ഞ പാത്രംപോലെ ആയിരിക്കുന്നു.
13“ചുറ്റും ഭീതി” എന്ന അപശ്രുതി ഞാൻ പലരുടെയും വായിൽനിന്ന് കേട്ടിരിക്കുന്നു;
അവർ എനിക്ക് വിരോധമായി കൂടി ആലോചന കഴിക്കുന്നു,
എന്റെ ജീവൻ എടുത്തുകളയുവാൻ നിരൂപിക്കുന്നു.
14എങ്കിലും യഹോവേ, ഞാൻ നിന്നിൽ ആശ്രയിച്ചു;
“നീ എന്റെ ദൈവം” എന്ന് ഞാൻ പറഞ്ഞു.
15എന്റെ കാലഗതികൾ നിന്റെ കൈയിൽ ഇരിക്കുന്നു;
എന്റെ ശത്രുക്കളുടെയും എന്നെ പീഡിപ്പിക്കുന്നവരുടെയും കൈയിൽനിന്ന് എന്നെ വിടുവിക്കണമേ.
16അടിയന്റെമേൽ തിരുമുഖം പ്രകാശിപ്പിക്കണമേ;
നിന്റെ ദയയാൽ എന്നെ രക്ഷിക്കണമേ.
17യഹോവേ, നിന്നെ വിളിച്ചപേക്ഷിച്ചിരിക്കുകയാൽ ഞാൻ ലജ്ജിച്ചുപോകരുതേ;
ദുഷ്ടന്മാർ ലജ്ജിച്ച് പാതാളത്തിൽ മൗനമായിരിക്കട്ടെ.
18നീതിമാന് വിരോധമായി ഡംഭത്തോടും നിന്ദയോടും കൂടി
ധാർഷ്ട്യം സംസാരിക്കുന്ന വ്യാജമുള്ള അധരങ്ങൾ നിശ്ശബ്ദമായി പോകട്ടെ.
19നിന്റെ ഭക്തന്മാർക്കു വേണ്ടി നീ സംഗ്രഹിച്ചതും
നിന്നിൽ ആശ്രയിക്കുന്നവർക്കു വേണ്ടി മനുഷ്യപുത്രന്മാർ കാൺകെ
നീ പ്രവർത്തിച്ചതുമായ നിന്റെ നന്മ എത്ര വലിയതാകുന്നു.
20നീ അവരെ മനുഷ്യരുടെ ഗൂഢാലോചനയിൽ നിന്ന് വിടുവിച്ച്
നിന്റെ സാന്നിധ്യത്തിന്റെ സുരക്ഷിതത്വത്തിൽ മറയ്ക്കും.
നീ അവരെ നാവുകളുടെ സ്പർദ്ധയിൽനിന്ന് രക്ഷിച്ച്
ഒരു കൂടാരത്തിനകത്ത് ഒളിപ്പിക്കും.
21യഹോവ വാഴ്ത്തപ്പെട്ടവൻ; അവൻ ഉറപ്പുള്ള പട്ടണത്തിൽ
തന്റെ ദയ എനിക്ക് അത്ഭുതകരമായി കാണിച്ചിരിക്കുന്നു.
22“ഞാൻ നിന്റെ ദൃഷ്ടിയിൽനിന്ന് ഛേദിക്കപ്പെട്ടുപോയി” എന്ന് ഞാൻ എന്റെ പരിഭ്രമത്തിൽ പറഞ്ഞു;
എങ്കിലും ഞാൻ നിന്നെ വിളിച്ചപേക്ഷിച്ചപ്പോൾ എന്റെ യാചനയുടെ ശബ്ദം നീ കേട്ടു.
23യഹോവയുടെ സകലവിശുദ്ധന്മാരുമായുള്ളോരേ, അവനെ സ്നേഹിക്കുവിൻ;
യഹോവ വിശ്വസ്തന്മാരെ കാക്കുന്നു;
അഹങ്കാരം പ്രവർത്തിക്കുന്നവന് ധാരാളം പകരം കൊടുക്കുന്നു.
24യഹോവയിൽ പ്രത്യാശയുള്ള ഏവരുമേ, ധൈര്യപ്പെട്ടിരിക്കുവിൻ;
നിങ്ങളുടെ ഹൃദയം ഉറച്ചിരിക്കട്ടെ.
32
ദാവീദിന്റെ ഒരു ധ്യാനം.
1ലംഘനം ക്ഷമിച്ചും
പാപം മറച്ചും കിട്ടിയവൻ ഭാഗ്യവാൻ.
2യഹോവ അകൃത്യം കണക്കിടാതെയും
ആത്മാവിൽ കാപട്യം ഇല്ലാതെയും ഇരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.
3ഞാൻ മിണ്ടാതെയിരുന്നപ്പോൾ നിരന്തരമായ ഞരക്കത്താൽ
എന്റെ അസ്ഥികൾ ക്ഷയിച്ചുപോയി;
4രാവും പകലും നിന്റെ കൈ എന്റെമേൽ ഭാരമായിരുന്നു;
എന്റെ മജ്ജ വേനല്ക്കാലത്തെ ഉഷ്ണത്താൽ എന്നപോലെ വറ്റിപ്പോയി.
സേലാ.
5ഞാൻ എന്റെ പാപം നിന്റെ മുമ്പാകെ ഏറ്റു പറഞ്ഞു; എന്റെ അകൃത്യം മറച്ചതുമില്ല.
“എന്റെ ലംഘനങ്ങൾ യഹോവയോട് ഏറ്റു പറയും” എന്ന് ഞാൻ പറഞ്ഞു;
അപ്പോൾ നീ എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു.
സേലാ.
6ഇതുനിമിത്തം ഓരോ ഭക്തനും കണ്ടെത്താകുന്ന കാലത്ത് നിന്നോട് പ്രാർത്ഥിക്കും;
പെരുവെള്ളം കവിഞ്ഞുവരുമ്പോൾ അത് അവന്റെ അടുക്കൽ എത്തുകയില്ല.
7നീ എനിക്കു മറവിടമാകുന്നു; നീ എന്നെ കഷ്ടത്തിൽനിന്നു സൂക്ഷിക്കും;
രക്ഷയുടെ ഉല്ലാസഘോഷംകൊണ്ട് നീ എന്നെ ചുറ്റിക്കൊള്ളും.
സേലാ.
8ഞാൻ നിന്നെ ഉപദേശിച്ച്, നടക്കേണ്ട വഴി നിനക്ക് കാണിച്ചുതരും;
ഞാൻ നിന്റെമേൽ ദൃഷ്ടിവെച്ച് നിനക്ക് ആലോചന പറഞ്ഞുതരും.
9നിങ്ങൾ തിരിച്ചറിവില്ലാത്ത കുതിരയെയും കോവർകഴുതയെയും പോലെ ആകരുത്;
കടിഞ്ഞാണും മുഖപ്പട്ടയും കൊണ്ട് അവയെ അടക്കിവരുന്നു;
അല്ലെങ്കിൽ അവ നിനക്ക് സ്വാധീനമാകുകയില്ല.
10ദുഷ്ടന് വളരെ വേദനകൾ ഉണ്ട്;
എന്നാൽ യഹോവയിൽ ആശ്രയിക്കുന്നവനെ ദയ സംരക്ഷിച്ചുകൊള്ളും.
11നീതിമാന്മാരേ, യഹോവയിൽ സന്തോഷിച്ചാനന്ദിക്കുവിൻ;
ഹൃദയപരമാർത്ഥികൾ എല്ലാവരുമേ, ഘോഷിച്ചുല്ലസിക്കുവിൻ.
33
1നീതിമാന്മാരേ, യഹോവയിൽ ഘോഷിച്ചുല്ലസിക്കുവിൻ;
സ്തുതിക്കുന്നത് നേരുള്ളവർക്ക് ഉചിതമല്ലയോ?.
2കിന്നരംകൊണ്ട് യഹോവയ്ക്ക് സ്തോത്രം ചെയ്യുവിൻ;
പത്തു കമ്പിയുള്ള വീണകൊണ്ട് അവന് സ്തുതി പാടുവിൻ.
3അവന് പുതിയ പാട്ടു പാടുവിൻ;
ഘോഷസ്വരത്തോടെ നന്നായി വാദ്യം വായിക്കുവിൻ.
4യഹോവയുടെ വചനം നേരുള്ളത്;
അവന്റെ സകലപ്രവൃത്തികളും വിശ്വസ്തതയുള്ളത്.
5അവൻ നീതിയും ന്യായവും ഇഷ്ടപ്പെടുന്നു;
യഹോവയുടെ ദയകൊണ്ട് ഭൂമി നിറഞ്ഞിരിക്കുന്നു.
6യഹോവയുടെ വചനത്താൽ ആകാശവും
അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി;
7അവൻ സമുദ്രത്തിലെ വെള്ളം കൂമ്പാരമായി കൂട്ടുന്നു;
അവൻ ആഴികളെ ഭണ്ഡാരഗൃഹങ്ങളിൽ സംഗ്രഹിക്കുന്നു.
8സകലഭൂവാസികളും യഹോവയെ ഭയപ്പെടട്ടെ;
ഭൂതലത്തിൽ വസിക്കുന്നവരെല്ലാം അവനെ ശങ്കിക്കട്ടെ.
9അവൻ അരുളിച്ചെയ്തു; ലോകം സൃഷ്ടിക്കപ്പെട്ടു;
അവൻ കല്പിച്ചു; എല്ലാം പ്രത്യക്ഷമായി.
10യഹോവ ജനതതികളുടെ ആലോചന വ്യർത്ഥമാക്കുന്നു;
വംശങ്ങളുടെ പദ്ധതികൾ നിഷ്ഫലമാക്കുന്നു.
11യഹോവയുടെ ആലോചന ശാശ്വതമായും
അവന്റെ ഹൃദയവിചാരങ്ങൾ തലമുറതലമുറയായും നിലകൊള്ളുന്നു.
12യഹോവ ദൈവമായിരിക്കുന്ന ജനങ്ങളും
അവൻ തനിക്ക് അവകാശമായി തിരഞ്ഞെടുത്ത സമൂഹവും ഭാഗ്യമുള്ളത്.
13യഹോവ സ്വർഗ്ഗത്തിൽനിന്ന് നോക്കുന്നു;
മനുഷ്യപുത്രന്മാരെ എല്ലാം കാണുന്നു.
14അവൻ സിംഹാസനസ്ഥനായിരിക്കുന്ന സ്ഥലത്തുനിന്ന് സർവ്വഭൂവാസികളെയും നോക്കുന്നു.
15അവൻ അവരുടെ ഹൃദയങ്ങളെ ഒരുപോലെ മനഞ്ഞിരിക്കുന്നു;
അവരുടെ പ്രവൃത്തികൾ സകലവും അവൻ ഗ്രഹിക്കുന്നു.
16സൈന്യബഹുത്വത്താൽ രാജാവ് ജയം പ്രാപിക്കുന്നില്ല;
ബലാധിക്യം കൊണ്ട് വീരൻ രക്ഷപെടുന്നതുമില്ല.
17ജയത്തിന് കുതിര വ്യർത്ഥമാകുന്നു;
തന്റെ ബലാധിക്യം കൊണ്ട് അത് വിടുവിക്കുന്നതുമില്ല.
18യഹോവയുടെ ദൃഷ്ടി തന്റെ ഭക്തന്മാരുടെമേലും
തന്റെ ദയയ്ക്കായി പ്രത്യാശിക്കുന്നവരുടെമേലും ഇരിക്കുന്നു;
19അവരുടെ പ്രാണനെ മരണത്തിൽനിന്ന് വിടുവിക്കുവാനും
ക്ഷാമത്തിൽ അവരെ ജീവനോടെ രക്ഷിക്കുവാനും തന്നെ.
20നമ്മുടെ ഉള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു;
അവൻ നമ്മുടെ സഹായവും പരിചയും ആകുന്നു.
21അവന്റെ വിശുദ്ധനാമത്തിൽ നാം ആശ്രയിക്കുകയാൽ
നമ്മുടെ ഹൃദയം അവനിൽ സന്തോഷിക്കും.
22യഹോവേ, ഞങ്ങൾ നിന്നിൽ പ്രത്യാശവയ്ക്കുന്നതുപോലെ
നിന്റെ ദയ ഞങ്ങളുടെമേൽ ഉണ്ടാകുമാറാകട്ടെ.
34
ദാവീദ് അബീമേലെക്കിന്റെ മുൻപിൽ വച്ച് ബുദ്ധിഭ്രമം നടിക്കുകയും അവിടെ നിന്ന് അവനെ പുറത്താക്കുകയും ചെയ്തപ്പോൾ പാടിയ ഒരു സങ്കീർത്തനം.
1ഞാൻ യഹോവയെ എല്ലാകാലത്തും വാഴ്ത്തും;
അവന്റെ സ്തുതി എപ്പോഴും എന്റെ അധരങ്ങളിൽ ഉണ്ടായിരിക്കും.
2എന്റെ ഹൃദയം യഹോവയിൽ പ്രശംസിക്കുന്നു;
താഴ്മയുള്ളവർ അത് കേട്ട് സന്തോഷിക്കും.
3എന്നോടൊപ്പം യഹോവയുടെ മഹത്വത്തെ ഘോഷിക്കുവിൻ ;
നാം ഒന്നിച്ച് അവന്റെ നാമത്തെ സ്തുതിക്കുക.
4ഞാൻ യഹോവയോട് അപേക്ഷിച്ചു; അവൻ എനിക്ക് ഉത്തരമരുളി;
എന്റെ സകല ഭയങ്ങളിൽനിന്നും എന്നെ വിടുവിച്ചു.
5അവങ്കലേക്കു നോക്കിയവർ പ്രകാശിതരായി;
അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല.
6ഈ എളിയവൻ നിലവിളിച്ചു; യഹോവ കേട്ടു;
അവന്റെ സകലകഷ്ടങ്ങളിൽനിന്നും അവനെ രക്ഷിച്ചു.
7യഹോവയുടെ ദൂതൻ അവന്റെ ഭക്തന്മാരുടെ ചുറ്റും
പാളയമിറങ്ങി അവരെ വിടുവിക്കുന്നു.
8യഹോവ നല്ലവൻ എന്ന് രുചിച്ചറിയുവിൻ;
അവനെ ശരണംപ്രാപിക്കുന്ന പുരുഷൻ ഭാഗ്യവാൻ.
9യഹോവയുടെ വിശുദ്ധന്മാരേ, അവനെ ഭയപ്പെടുവിൻ;
അവന്റെ ഭക്തന്മാർക്ക് ഒരു കുറവും ഇല്ലല്ലോ.
10ബാലസിംഹങ്ങൾ പോലും ഇരകിട്ടാതെ വിശന്നിരിക്കാം;
യഹോവയെ അന്വേഷിക്കുന്നവർക്കോ ഒരു നന്മയ്ക്കും കുറവുണ്ടാകുകയില്ല.
11മക്കളേ, വന്ന് എനിക്ക് ചെവിതരുവിൻ;
യഹോവാഭക്തി ഞാൻ നിങ്ങൾക്ക് ഉപദേശിച്ചുതരാം.
12ജീവനെ ആഗ്രഹിക്കുകയും
ദീർഘായുസ്സോടെയിരുന്ന് നന്മ കാണുവാൻ ഇച്ഛിക്കുകയും ചെയ്യുന്നവൻ ആര്?
13ദോഷം ചെയ്യാതെ നിന്റെ നാവിനെയും
വ്യാജം പറയാതെ നിന്റെ അധരത്തെയും കാത്തുകൊള്ളുക;
14ദോഷം വിട്ടകന്ന് നന്മ ചെയ്യുക;
സമാധാനം അന്വേഷിച്ച് അതിനെ പിന്തുടരുക.
15യഹോവയുടെ കണ്ണ് നീതിമാന്മാരുടെ മേലും
അവന്റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു.
16ദുഷ്പ്രവൃത്തിക്കാരുടെ ഓർമ്മയെ ഭൂമിയിൽനിന്ന് മായിച്ചു കളയേണ്ടതിന്
യഹോവയുടെ മുഖം അവർക്ക് പ്രതികൂലമായിരിക്കുന്നു.
17നീതിമാന്മാർ നിലവിളിച്ചു; യഹോവ കേട്ടു,
സകലകഷ്ടങ്ങളിൽനിന്നും അവരെ വിടുവിച്ചു.
18ഹൃദയം നുറുങ്ങിയവർക്ക് യഹോവ സമീപസ്ഥൻ;
മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.
19നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു;
അവയിൽനിന്നെല്ലാം യഹോവ അവനെ വിടുവിക്കുന്നു.
20അവന്റെ അസ്ഥികൾ എല്ലാം അവൻ സൂക്ഷിക്കുന്നു;
അവയിൽ ഒന്നും ഒടിഞ്ഞുപോകുകയില്ല.
21തിന്മ ദുഷ്ടനെ കൊല്ലുന്നു;
നീതിമാനെ വെറുക്കുന്നവർ ശിക്ഷ അനുഭവിക്കും.
22യഹോവ തന്റെ ദാസന്മാരുടെ പ്രാണനെ രക്ഷിക്കുന്നു;
അവനെ ശരണമാക്കുന്നവർ ആരും ശിക്ഷ അനുഭവിക്കുകയില്ല.
35
ദാവീദിന്റെ ഒരു സങ്കീർത്തനം.
1യഹോവേ, എന്നോട് മത്സരിക്കുന്നവരോട് വാദിക്കണമേ;
എന്നോട് പൊരുതുന്നവരോട് പെരുതണമേ.
2നീ കവചവും പരിചയും ധരിച്ച്
എന്റെ സഹായത്തിനായി എഴുന്നേല്ക്കണമേ.
3നീ കുന്തം ഊരി എന്നെ പിന്തുടരുന്നവരുടെ വഴി അടച്ചുകളയണമേ;
“ഞാൻ നിന്റെ രക്ഷയാകുന്നു” എന്ന് എന്റെ പ്രാണനോട് പറയണമേ.
4എനിക്ക് ജീവഹാനി വരുത്തുവാൻ നോക്കുന്നവർക്ക് ലജ്ജയും അപമാനവും വരട്ടെ;
എനിക്ക് അനർത്ഥം ചിന്തിക്കുന്നവർ പിന്തിരിഞ്ഞ് ലജ്ജിച്ചു പോകട്ടെ.
5അവർ കാറ്റത്തെ പതിരുപോലെ ആകട്ടെ;
യഹോവയുടെ ദൂതൻ അവരെ ഓടിക്കട്ടെ.
6അവരുടെ വഴി ഇരുട്ടും വഴുവഴുപ്പും ഉള്ളതാകട്ടെ;
യഹോവയുടെ ദൂതൻ അവരെ പിന്തുടരട്ടെ.
7കാരണം കൂടാതെ അവർ എനിക്കായി വല ഒളിച്ചുവച്ചു;
കാരണം കൂടാതെ അവർ എന്റെ പ്രാണനായി കുഴി കുഴിച്ചിരിക്കുന്നു.
8അവൻ വിചാരിക്കാത്ത സമയത്ത് അവന് അപായം ഭവിക്കട്ടെ;
അവൻ ഒളിച്ചുവച്ച വലയിൽ അവൻ തന്നെ കുടുങ്ങട്ടെ;
അവൻ അപായത്തിൽ അകപ്പെട്ടുപോകട്ടെ.
9എന്റെ ഉള്ളം യഹോവയിൽ ആനന്ദിക്കും;
അവന്റെ രക്ഷയിൽ സന്തോഷിക്കും;
10യഹോവേ, നിനക്കു തുല്യൻ ആര്?
“എളിയവനെ തന്നിലും ബലമേറിയവന്റെ കൈയിൽനിന്നും
എളിയവനും ദരിദ്രനുമായവനെ കവർച്ചക്കാരന്റെ കൈയിൽനിന്നും
നീ രക്ഷിക്കുന്നു” എന്ന് എന്റെ അസ്ഥികൾ എല്ലാം പറയും.
11കള്ളസാക്ഷികൾ എഴുന്നേറ്റ്
ഞാൻ അറിയാത്ത കാര്യം എന്നോട് ചോദിക്കുന്നു.
12അവർ എനിക്കു നന്മയ്ക്കു പകരം തിന്മ ചെയ്ത്,
എന്റെ പ്രാണന് അനാഥത്വം വരുത്തുന്നു.
13ഞാനോ, അവർ ദീനമായി കിടന്നപ്പോൾ ചണവസ്ത്രം ധരിച്ചു;
ഉപവാസം കൊണ്ട് ഞാൻ എളിമപ്പെട്ടു.
എന്റെ പ്രാർത്ഥന വീണ്ടും എന്റെ ഹൃദയത്തിലേക്ക് മടങ്ങിവന്നു.
14ഒരു സ്നേഹിതനോ സഹോദരനോ എന്നപോലെ ഞാൻ അവനോട് പെരുമാറി;
അമ്മയെക്കുറിച്ച് വിലപിക്കുന്നവനെപ്പോലെ ഞാൻ ദുഃഖിച്ച് കുനിഞ്ഞുനടന്നു.
15അവരോ എന്റെ കഷ്ടതയിൽ സന്തോഷിച്ച് കൂട്ടം കൂടി;
ഞാൻ അറിയാത്ത അക്രമികൾ എനിക്ക് വിരോധമായി കൂടിവന്നു,
അവർ ഇടവിടാതെ എന്നെ പഴിച്ചുപറഞ്ഞു.
16വിരുന്നു വീട്ടിലെ പരിഹാസികളായ വഷളന്മാരെപ്പോലെ
അവർ എന്റെ നേരെ പല്ലു കടിക്കുന്നു.
17കർത്താവേ, നീ എത്രത്തോളം നോക്കിക്കൊണ്ടിരിക്കും?
അവരുടെ നാശകരമായ പ്രവൃത്തിയിൽനിന്ന് എന്റെ പ്രാണനെയും
ബാലസിംഹങ്ങളിൽ നിന്ന് എന്റെ ജിവനെയും വിടുവിക്കണമേ.
18ഞാൻ മഹാസഭയിൽ നിനക്ക് സ്തോത്രം ചെയ്യും;
ബഹുജനത്തിന്റെ നദുവിൽ നിന്നെ സ്തുതിക്കും.
19വെറുതെ എനിക്ക് ശത്രുക്കളായവർ എന്നെക്കുറിച്ച് സന്തോഷിക്കരുതേ;
കാരണംകൂടാതെ എന്നെ പകയ്ക്കുന്നവർ പരിഹാസത്തോടെ കണ്ണിമയ്ക്കുകയും അരുതേ.
20അവർ സമാധാനവാക്കുകൾ സംസാരിക്കാതെ
ദേശത്തിലെ സാധുക്കളുടെ നേരെ വ്യാജകാര്യങ്ങളെ നിരൂപിക്കുന്നു.
21അവർ എന്റെ നേരെ വായ് പിളർന്നു: “ “നന്നായി, ഞങ്ങൾ സ്വന്തകണ്ണാൽ കണ്ടു” എന്ന് പറഞ്ഞു.
22യഹോവേ, നീ കണ്ടുവല്ലോ; മൗനമായിരിക്കരുതേ;
കർത്താവേ, എന്നോട് അകന്നിരിക്കരുതേ,
23എന്റെ ദൈവവും എന്റെ കർത്താവുമായുള്ള യഹോവേ,
ഉണർന്ന് എന്റെ ന്യായത്തിനും വ്യവഹാരത്തിനും വേണ്ടി ജാഗരിക്കണമേ.
24എന്റെ ദൈവമായ യഹോവേ, നിന്റെ നീതി നിമിത്തം എനിക്ക് ന്യായം പാലിച്ചു തരണമേ;
അവർ എന്നെക്കുറിച്ച് സന്തോഷിക്കരുതേ.
25അവർ അവരുടെ ഹൃദയത്തിൽ: “നന്നായി, ഞങ്ങളുടെ ആഗ്രഹം സാധിച്ചു” എന്ന് പറയരുതേ;
“ഞങ്ങൾ അവനെ വിഴുങ്ങിക്കളഞ്ഞു” എന്നും പറയരുതേ.
26എന്റെ അനർത്ഥത്തിൽ സന്തോഷിക്കുന്നവർ എല്ലാം ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ;
എന്റെ നേരെ വമ്പുപറയുന്നവർ ലജ്ജയും അപമാനവും ധരിക്കട്ടെ.
27എന്റെ നീതിയിൽ പ്രസാദിക്കുന്നവർ ഘോഷിച്ചാനന്ദിക്കട്ടെ;
“തന്റെ ദാസന്റെ ശ്രേയസ്സിൽ പ്രസാദിക്കുന്ന യഹോവ മഹത്വമുള്ളവൻ”
എന്നിങ്ങനെ അവർ എപ്പോഴും പറയട്ടെ.
28എന്റെ നാവ് നിന്റെ നീതിയെയും ദിവസം മുഴുവൻ
നിന്റെ സ്തുതിയെയും വർണ്ണിക്കും.
36
സംഗീതപ്രമാണിക്ക്; യഹോവയുടെ ദാസനായ ദാവീദിന്റെ ഒരു സങ്കീർത്തനം.
1ദുഷ്ടന്റെ ഹൃദയത്തിൽ പാപ ഉദ്ദേശ്യമുണ്ട്;
അവന്റെ ദൃഷ്ടിയിൽ ദൈവഭയമില്ല.
2“എന്റെ കുറ്റം തെളിയുകയും വെറുക്കപ്പെടുകയും ചെയ്യുകയില്ല”
എന്നിങ്ങനെ അവൻ തന്നോടു തന്നെ മധുരവാക്ക് പറയുന്നു.
3അവന്റെ വായിലെ വാക്കുകളിൽ വേണ്ടാതനവും വഞ്ചനയും ഉണ്ട്;
ജ്ഞാനിയായിരിക്കുന്നതും നന്മചെയ്യുന്നതും അവൻ വിട്ടുകളഞ്ഞിരിക്കുന്നു.
4അവൻ തന്റെ കിടക്കമേൽ അകൃത്യം ചിന്തിക്കുന്നു;
തിന്മയുടെ വഴിയിൽ അവൻ നില്ക്കുന്നു;
ദോഷം വെറുക്കുന്നതുമില്ല.
5യഹോവേ, നിന്റെ ദയ ആകാശത്തോളവും
നിന്റെ വിശ്വസ്തത മേഘങ്ങളോളവും എത്തുന്നു.
6നിന്റെ നീതി മഹാപർവ്വതങ്ങളെപ്പോലെയും
നിന്റെ ന്യായവിധികൾ ആഴികളെപ്പോലെയും ആകുന്നു;
യഹോവേ, നീ മനുഷ്യരെയും മൃഗങ്ങളെയും രക്ഷിക്കുന്നു.
7ദൈവമേ, നിന്റെ ദയ എത്ര വിലയേറിയത്!
മനുഷ്യപുത്രന്മാർ നിന്റെ ചിറകിൻ നിഴലിൽ ശരണം പ്രാപിക്കുന്നു.
8നിന്റെ ആലയത്തിലെ സമൃദ്ധി അനുഭവിച്ച് അവർ തൃപ്തി പ്രാപിക്കുന്നു;
നിന്റെ ആനന്ദനദി നീ അവരെ കുടിപ്പിക്കുന്നു.
9നിന്റെ പക്കൽ ജീവന്റെ ഉറവുണ്ടല്ലോ;
നിന്റെ പ്രകാശത്തിൽ ഞങ്ങൾ പ്രകാശം കാണുന്നു.
10നിന്നെ അറിയുന്നവർക്ക് നിന്റെ ദയയും
പരമാർത്ഥഹൃദയമുള്ളവർക്ക് നിന്റെ നീതിയും നിലനിർത്തേണമേ.
11നിഗളികളുടെ കാല് എന്റെ നേരെ വരരുതേ;
ദുഷ്ടന്മാരുടെ കൈ എന്നെ ഓടിച്ചുകളയരുതേ.
12ദുഷ്പ്രവൃത്തിക്കാർ അവിടെത്തന്നെ വീഴുന്നു:
അവർ മറിഞ്ഞു വീഴുന്നു; എഴുന്നേല്ക്കുവാൻ കഴിയുന്നതുമില്ല.
37
ദാവീദിന്റെ ഒരു സങ്കീർത്തനം.
1ദുഷ്പ്രവൃത്തിക്കാർ നിമിത്തം നീ ദുഃഖിക്കരുത്;
നീതികേട് പ്രവർത്തിക്കുന്നവരോട് അസൂയപ്പെടുകയുമരുത്.
2അവർ പുല്ലു പോലെ വേഗത്തിൽ ഉണങ്ങി
പച്ചച്ചെടിപോലെ വാടിപ്പോകുന്നു.
3യഹോവയിൽ ആശ്രയിച്ച് നന്മചെയ്യുക;
ദേശത്ത് വസിച്ച് അവന്റെ വിശ്വസ്തത പാലിക്കുക.
യഹോവയിൽ തന്നെ രസിച്ചുകൊള്ളുക;
4അവൻ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങൾ നിനക്ക് തരും.
5നിന്റെ വഴി യഹോവയെ ഭരമേല്പിക്കുക;
അവനിൽ തന്നെ ആശ്രയിക്കുക; അവൻ അത് നിവർത്തിക്കും.
6അവൻ നിന്റെ നീതിയെ പ്രഭാതം പോലെയും
നിന്റെ ന്യായത്തെ മദ്ധ്യാഹ്നംപോലെയും പ്രകാശിപ്പിക്കും.
7യഹോവയുടെ മുമ്പാകെ ക്ഷമയോടെയിരുന്ന് അവനായി പ്രത്യാശിക്കുക; സ്വന്ത വഴിയിൽ അഭിവൃദ്ധിപ്പെടുന്നവനെക്കുറിച്ചും
ദുരുപായം പ്രയോഗിക്കുന്നവനെക്കുറിച്ചും നീ മുഷിയരുത്.
8കോപം കളഞ്ഞ് ക്രോധം ഉപേക്ഷിക്കുക;
മുഷിഞ്ഞുപോകരുത്; അത് ദോഷത്തിന് കാരണമായിത്തീരും.
9ദുഷ്പ്രവൃത്തിക്കാർ ഛേദിക്കപ്പെടും;
യഹോവയിൽ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും.
10അല്പം കഴിഞ്ഞാൽ ദുഷ്ടൻ ഉണ്ടാകുകയില്ല;
നീ അവന്റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല.
11എന്നാൽ സൗമ്യതയുള്ളവർ ഭൂമിയെ അവകാശമാക്കും;
സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.
12ദുഷ്ടൻ നീതിമാന് ദോഷം നിരൂപിക്കുന്നു;
അവന്റെ നേരെ അവൻ പല്ല് കടിക്കുന്നു.
13കർത്താവ് അവനെ നോക്കി ചിരിക്കും;
അവന്റെ ദിവസം വരുന്നു എന്നു അവൻ കാണുന്നു.
14എളിയവനെയും ദരിദ്രനെയും വീഴിക്കുവാനും സന്മാർഗ്ഗികളെ കൊല്ലുവാനും
ദുഷ്ടന്മാർ വാളൂരി, വില്ല് കുലച്ചിരിക്കുന്നു.
15അവരുടെ വാൾ അവരുടെ ഹൃദയത്തിൽ തന്നെ കടക്കും;
അവരുടെ വില്ലുകൾ ഒടിഞ്ഞുപോകും.
16അനേകം ദുഷ്ടന്മാർക്കുള്ള സമൃദ്ധിയെക്കാൾ നീതിമാനുള്ള അല്പം ഏറ്റവും നല്ലത്.
17ദുഷ്ടന്മാരുടെ ഭുജങ്ങൾ ഒടിഞ്ഞുപോകും;
എന്നാൽ നീതിമാന്മാരെ യഹോവ താങ്ങും.
18യഹോവ നിഷ്കളങ്കരായവരുടെ നാളുകൾ അറിയുന്നു;
അവരുടെ അവകാശം ശാശ്വതമായിരിക്കും.
19ദുഷ്ക്കാലത്ത് അവർ ലജ്ജിച്ചു പോകുകയില്ല;
ക്ഷാമകാലത്ത് അവർ തൃപ്തരായിരിക്കും.
20എന്നാൽ ദുഷ്ടന്മാർ നശിച്ചുപോകും;
യഹോവയുടെ ശത്രുക്കൾ പുല്പുറത്തിന്റെ ഭംഗിപോലെയത്രെ;
അവർ ക്ഷയിച്ചുപോകും; പുകപോലെ ക്ഷയിച്ചുപോകും.
21ദുഷ്ടൻ വായ്പ വാങ്ങിയിട്ട്, തിരികെ കൊടുക്കുന്നില്ല;
നീതിമാനോ ദയതോന്നി ദാനം ചെയ്യുന്നു.
22യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ ഭൂമിയെ കൈവശമാക്കും.
അവനാൽ ശപിക്കപ്പെട്ടവരോ ഛേദിക്കപ്പെടും.
23ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദം തോന്നിയാൽ
യഹോവ അവന്റെ ഗമനം സ്ഥിരമാക്കുന്നു.
24അവൻ വീണാലും നിലംപരിചാകുകയില്ല;
യഹോവ അവനെ കൈ പിടിച്ച് താങ്ങുന്നു.
25ഞാൻ ബാലനായിരുന്നു,ഇപ്പോൾ വൃദ്ധനായിരിക്കുന്നു;
നീതിമാൻ തുണയില്ലാതിരിക്കുന്നതും
അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല.
26അവൻ നിത്യവും ദയ തോന്നി വായ്പ കൊടുക്കുന്നു;
അവന്റെ സന്തതി അനുഗ്രഹിക്കപ്പെടുന്നു.
27ദോഷം വിട്ടൊഴിഞ്ഞ് ഗുണം ചെയ്യുക;
എന്നാൽ നീ സദാകാലം സുഖമായി ജീവിച്ചിരിക്കും.
28യഹോവ ന്യായപ്രിയനാകുന്നു; തന്റെ വിശുദ്ധന്മാരെ ഉപേക്ഷിക്കുന്നതുമില്ല;
അവർ എന്നേക്കും പരിപാലിക്കപ്പെടുന്നു;
ദുഷ്ടന്മാരുടെ സന്തതിയോ ഛേദിക്കപ്പെടും.
29നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും;
30നീതിമാന്റെ വായ് ജ്ഞാനം പ്രസ്താവിക്കുന്നു;
അവന്റെ നാവ് ന്യായം സംസാരിക്കുന്നു.
31തന്റെ ദൈവത്തിന്റെ ന്യായപ്രമാണം അവന്റെ ഹൃദയത്തിൽ ഉണ്ട്;
അവന്റെ കാലടികൾ വഴുതുകയില്ല.
32ദുഷ്ടൻ നീതിമാനെ കൊല്ലുവാനായി പതിയിരിക്കുന്നു,
33യഹോവ അവനെ അവന്റെ കയ്യിൽ വിട്ടുകൊടുക്കുകയില്ല;
ന്യായവിസ്താരത്തിൽ അവനെ കുറ്റം വിധിക്കുകയുമില്ല.
34യഹോവയ്ക്കായി പ്രത്യാശിച്ച് അവന്റെ വഴി പ്രമാണിച്ച് നടക്കുക;
എന്നാൽ ഭൂമിയെ അവകാശമാക്കുവാൻ അവൻ നിന്നെ ഉയർത്തും;
ദുഷ്ടന്മാർ ഛേദിക്കപ്പെടുന്നത് നീ കാണും.
35ദുഷ്ടൻ പ്രബലനായിരിക്കുന്നതും;
സ്വദേശത്തുള്ള പച്ചവൃക്ഷം പോലെ തഴച്ചുവളരുന്നതും ഞാൻ കണ്ടിട്ടുണ്ട്.
36ഞാൻ പിന്നെ അതിലെ പോയപ്പോൾ അവൻ ഇല്ല;
ഞാൻ അന്വേഷിച്ചു, അവനെ കണ്ടതുമില്ല.
37നിഷ്കളങ്കനെ ശ്രദ്ധിക്കുക; നേരുള്ളവനെ നോക്കിക്കൊള്ളുക;
സമാധാനപുരുഷന് സന്തതി ഉണ്ടാകും.
38എന്നാൽ അതിക്രമക്കാർ പൂർണ്ണമായി മുടിഞ്ഞുപോകും;
അവരുടെ പിൻഗാമികൾ നശിപ്പിക്കപ്പെടും.
39നീതിമാന്മാരുടെ രക്ഷ യഹോവയിൽ നിന്ന് വരുന്നു;
കഷ്ടകാലത്ത് അവൻ അവരുടെ ദുർഗ്ഗം ആകുന്നു.
40യഹോവ അവരെ സഹായിച്ച് വിടുവിക്കുന്നു;
അവർ അവനിൽ ആശ്രയിക്കയാൽ
അവൻ അവരെ ദുഷ്ടന്മാരുടെ കയ്യിൽനിന്ന് വിടുവിച്ച് രക്ഷിക്കുന്നു.
38
ദാവീദിന്റെ ഒരു ജ്ഞാപക സങ്കീർത്തനം.
1യഹോവേ, കോപത്തോടെ എന്നെ ശാസിക്കരുതേ.
ക്രോധത്തോടെ എന്നെ ശിക്ഷിക്കുകയും അരുതേ.
2നിന്റെ അസ്ത്രങ്ങൾ എന്റെ ഉള്ളിലേക്ക് തറച്ചുകയറിയിരിക്കുന്നു;
നിന്റെ കൈ എന്റെമേൽ ഭാരമായിരിക്കുന്നു.
3നിന്റെ നീരസം മൂലം എന്റെ ദേഹത്തിന് സൗഖ്യമില്ല;
എന്റെ പാപം നിമിത്തം എന്റെ അസ്ഥികളിൽ സ്വസ്ഥതയുമില്ല.
4എന്റെ അകൃത്യങ്ങൾ എന്റെ തലയ്ക്കുമീതെ കവിഞ്ഞിരിക്കുന്നു;
ഭാരമുള്ള ചുമടുപോലെ അവ എനിക്ക് അതിഘനമായിരിക്കുന്നു.
5എന്റെ ഭോഷത്തം ഹേതുവായി എന്റെ വ്രണങ്ങൾ ചീഞ്ഞ് നാറുന്നു.
6ഞാൻ കുനിഞ്ഞ് നിലത്തോളം താണിരിക്കുന്നു;
ഞാൻ ഇടവിടാതെ ദുഃഖിച്ച് നടക്കുന്നു.
7എന്റെ അരയിൽ വരൾച്ച നിറഞ്ഞിരിക്കുന്നു;
എന്റെ ദേഹത്തിന് സൗഖ്യമില്ല.
8ഞാൻ ക്ഷീണത്താൽ അത്യന്തം തകർന്നിരിക്കുന്നു;
എന്റെ ഹൃദയത്തിലെ അസ്വസ്ഥത നിമിത്തം ഞാൻ ഞരങ്ങുന്നു.
9കർത്താവേ, എന്റെ ആഗ്രഹം എല്ലാം നിന്റെ മുമ്പിൽ ഇരിക്കുന്നു.
എന്റെ ഞരക്കം നിനക്ക് മറഞ്ഞിരിക്കുന്നതുമില്ല.
10എന്റെ നെഞ്ചിടിക്കുന്നു; ഞാൻ ശക്തിഹീനനായിരിക്കുന്നു;
എന്റെ കണ്ണിന്റെ വെളിച്ചവും ഇല്ലാതെയായി.
11എന്റെ സ്നേഹിതന്മാരും സഖാക്കളും എന്റെ ബാധ കണ്ട് അകന്ന് നില്ക്കുന്നു;
എന്റെ അടുത്ത ബന്ധുക്കളും അകന്ന് നില്ക്കുന്നു.
12എനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ കെണി വയ്ക്കുന്നു;
എന്റെ അനർത്ഥം കാംക്ഷിക്കുന്നവർ അനാവശ്യമായി സംസാരിക്കുന്നു;
അവർ ഇടവിടാതെ ചതിവ് ചിന്തിക്കുന്നു.
13എങ്കിലും ഞാൻ ചെകിടനെപ്പോലെ കേൾക്കാതെ ഇരുന്നു;
വായ് തുറക്കാതെ ഊമനെപ്പോലെ ആയിരുന്നു.
14ഞാൻ, കേൾക്കാത്ത മനുഷ്യനെപ്പോലെയും
വായിൽ ശകാരം ഇല്ലാത്തവനെപ്പോലെയും ആയിരുന്നു.
15യഹോവേ, നിന്നിൽ ഞാൻ പ്രത്യാശ വച്ചിരിക്കുന്നു;
എന്റെ ദൈവമായ കർത്താവേ, നീ ഉത്തരം അരുളും.
16“അവർ എന്നെക്കുറിച്ച് സന്തോഷിക്കരുതേ” എന്ന് ഞാൻ പറഞ്ഞു;
എന്റെ കാൽ വഴുതുമ്പോൾ അവർ എന്റെ നേരെ വമ്പ് പറയുമല്ലോ.
17ഞാൻ കാൽ ഇടറി വീഴുവാൻ തുടങ്ങുന്നു;
എന്റെ ദുഃഖം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു.
18ഞാൻ എന്റെ അകൃത്യം ഏറ്റുപറയുന്നു;
എന്റെ പാപത്തെക്കുറിച്ച് ദുഃഖിക്കുന്നു.
19എന്റെ ശത്രുക്കൾ വീറും ബലവുമുള്ളവർ,
എന്നെ വെറുതെ ദ്വേഷിയ്ക്കുന്നവർ പെരുകിയിരിക്കുന്നു.
20ഞാൻ നന്മ പിന്തുടരുകയാൽ അവർ എനിക്ക് വിരോധികളായി
നന്മയ്ക്കു പകരം തിന്മ ചെയ്യുന്നു.
21യഹോവേ, എന്നെ കൈ വിടരുതേ;
എന്റെ ദൈവമേ, എന്നോട് അകന്നിരിക്കരുതേ.
22എന്റെ രക്ഷയാകുന്ന കർത്താവേ,
എന്റെ സഹായത്തിനായി വേഗം വരണമേ.
39
യെദൂഥൂൻ എന്ന സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം.
1നാവ് കൊണ്ട് പാപം ചെയ്യാതിരിക്കുവാൻ
ഞാൻ എന്റെ വഴികളെ സൂക്ഷിക്കുമെന്നും, ദുഷ്ടൻ എന്റെ മുമ്പിൽ ഇരിക്കുമ്പോൾ
എന്റെ അധരം കടിഞ്ഞാണിട്ട് അടക്കിവയ്ക്കും എന്നും ഞാൻ പറഞ്ഞു.
2ഞാൻ സംസാരിക്കാതെ ഊമനായിരുന്നു;
നന്മയായ കാര്യങ്ങൾ പോലും ഉച്ചരിയ്ക്കാതെ മൗനമായിരുന്നു; എന്റെ ഉള്ളിൽ സങ്കടം പൊങ്ങിവന്നു.
3എന്റെ ഹൃദയത്തിന് ചൂട് പിടിച്ചു, എന്റെ ധ്യാനത്തിൽ തീ കത്തി;
അപ്പോൾ ഞാൻ നാവെടുത്ത് സംസാരിച്ചു.
4യഹോവേ, എന്റെ അവസാനത്തെക്കുറിച്ചും, എന്റെ ആയുസ്സ് എത്ര എന്നതും എന്നെ അറിയിക്കണമേ;
ഞാൻ എത്ര ക്ഷണികൻ എന്ന് ഞാൻ അറിയട്ടെ.
5ഇതാ, നീ എന്റെ നാളുകൾ നാലുവിരൽ നീളമാക്കിയിരിക്കുന്നു;
എന്റെ ആയുസ്സ് നിന്റെ മുമ്പാകെ ഏതുമില്ല;
ഏതു മനുഷ്യനും ഉറച്ച് നിൽക്കുമ്പോഴും ഒരു ശ്വാസം മാത്രമാകുന്നു.
സേലാ.
6നിശ്ചയമായും മനുഷ്യരെല്ലാം വെറും നിഴൽ പോലെ നടക്കുന്നു;
അവർ വ്യർത്ഥമായി പരിശ്രമിക്കുന്നു;
അവർ ധനം സമ്പാദിക്കുന്നു; ആര് അനുഭവിക്കും എന്നറിയുന്നില്ല.
7എന്നാൽ കർത്താവേ, ഞാൻ എന്തിനായി കാത്തിരിക്കുന്നു?
എന്റെ പ്രത്യാശ നിന്നിൽ വച്ചിരിക്കുന്നു.
8എന്റെ സകല പാപങ്ങളിൽ നിന്നും എന്നെ രക്ഷിക്കണമേ;
എന്നെ ഭോഷന് നിന്ദയാക്കി വയ്ക്കരുതേ.
9ഞാൻ വായ് തുറക്കാതെ മൗനമായിരുന്നു;
നീയല്ലോ അങ്ങനെ വരുത്തിയത്.
10നിന്റെ ബാധ എന്നിൽനിന്ന് നീക്കണമേ;
നിന്റെ അടിയേറ്റ് ഞാൻ ക്ഷയിച്ചിരിക്കുന്നു.
11പാപം ചെയ്യുന്ന മനുഷ്യനെ നീ ദണ്ഡനത്താൽ ശിക്ഷിക്കുമ്പോൾ
നീ അവന്റെ സൗന്ദര്യത്തെ പുഴുപോലെ ക്ഷയിപ്പിക്കുന്നു;
ഏതു മനുഷ്യനും ഒരു ശ്വാസം മാത്രം ആകുന്നു.
സേലാ.
12യഹോവേ, എന്റെ പ്രാർത്ഥന കേട്ട് എന്റെ അപേക്ഷ ചെവിക്കൊള്ളണമേ.
എന്റെ കണ്ണുനീർ കണ്ട് മിണ്ടാതിരിക്കരുതേ;
ഞാൻ എന്റെ സകല പിതാക്കന്മാരെയും പോലെ
നിന്റെ സന്നിധിയിൽ അന്യനും പരദേശിയും ആകുന്നുവല്ലോ.
13ഞാൻ ഇവിടെനിന്ന് പോയി ഇല്ലാതെയാകുന്നതിന് മുമ്പ്
ഉന്മേഷം പ്രാപിക്കേണ്ടതിന് നിന്റെ നോട്ടം എന്നിൽനിന്ന് മാറ്റണമേ.
40
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം.
1ഞാൻ യഹോവയ്ക്കായി ക്ഷമയോടെ കാത്തിരുന്നു;
അവൻ എന്നിലേക്ക് ചാഞ്ഞ് എന്റെ നിലവിളി കേട്ടു.
2നാശകരമായ കുഴിയിൽ നിന്നും കുഴഞ്ഞ ചേറ്റിൽനിന്നും അവൻ എന്നെ കയറ്റി;
എന്റെ കാലുകളെ ഒരു പാറമേൽ നിർത്തി, എന്റെ ചുവടുകളെ സ്ഥിരമാക്കി.
3അവൻ എന്റെ വായിൽ ഒരു പുതിയ പാട്ട് തന്നു,
നമ്മുടെ ദൈവത്തിന് സ്തുതി തന്നെ;
പലരും അത് കണ്ട് ഭയപ്പെട്ട് യഹോവയിൽ ആശ്രയിക്കും.
4യഹോവയെ തന്റെ ആശ്രയമാക്കുകയും
നിഗളികളെയും വ്യാജത്തിലേക്ക് തിരിയുന്നവരെയും ആദരിക്കാതിരിക്കുകയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.
5എന്റെ ദൈവമായ യഹോവേ, നീ ചെയ്ത അത്ഭുതപ്രവൃത്തികളും
ഞങ്ങൾക്കു വേണ്ടിയുള്ള നിന്റെ വിചാരങ്ങളും അനവധി ആകുന്നു;
നിനക്ക് തുല്യൻ ആരുമില്ല;
ഞാൻ അവയെപ്പറ്റി വിവരിച്ച് പ്രസ്താവിക്കുമായിരുന്നു; എന്നാൽ അവ എണ്ണിക്കൂടാത്തവിധം അധികമാകുന്നു.
6ഹനനയാഗവും ഭോജനയാഗവും നീ ഇച്ഛിച്ചില്ല;
നീ എന്റെ ചെവികൾ തുറന്നിരിക്കുന്നു.
ഹോമയാഗവും പാപയാഗവും നീ ചോദിച്ചില്ല.
7അപ്പോൾ ഞാൻ പറഞ്ഞു:“ ഇതാ, ഞാൻ വരുന്നു;
പുസ്തകച്ചുരുളിൽ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു;
8എന്റെ ദൈവമേ, നിന്റെ ഇഷ്ടം ചെയ്യുവാൻ ഞാൻ പ്രിയപ്പെടുന്നു;
നിന്റെ ന്യായപ്രമാണം എന്റെ ഉള്ളിൽ ഇരിക്കുന്നു.”
9ഞാൻ മഹാസഭയിൽ നീതിയുടെ സുവാർത്ത പ്രസംഗിച്ചു;
അധരങ്ങൾ ഞാൻ അടക്കിവച്ചില്ല;
യഹോവേ, നീ അറിയുന്നു.
10ഞാൻ നിന്റെ നീതി എന്റെ ഹൃദയത്തിൽ മറച്ചു വച്ചില്ല;
നിന്റെ വിശ്വസ്തതയും രക്ഷയും ഞാൻ പ്രസ്താവിച്ചു;
നിന്റെ ദയയും സത്യവും ഞാൻ മഹാസഭയിൽ മറച്ചുവച്ചതുമില്ല.
11യഹോവേ, നിന്റെ കരുണ നീ എനിക്കു അടച്ചുകളയുകയില്ല;
നിന്റെ ദയയും സത്യവും എന്നെ നിത്യം പരിപാലിക്കും.
12അസംഖ്യം അനർത്ഥങ്ങൾ എന്നെ ചുറ്റിയിരിക്കുന്നു; മേല്പോട്ടു
നോക്കുവാൻ കഴിയാത്തവിധം എന്റെ അകൃത്യങ്ങൾ എന്നെ എത്തിപ്പിടിച്ചിരിക്കുന്നു;
അവ എന്റെ തലയിലെ രോമങ്ങളിലും അധികം;
ഞാൻ ധൈര്യഹീനനായിത്തീർന്നിരിക്കുന്നു.
13യഹോവേ, എന്നെ വിടുവിക്കുവാൻ ഇഷ്ടം തോന്നണമേ;
യഹോവേ, എന്നെ സഹായിക്കുവാൻ വേഗം വരണമേ.
14എനിക്ക് ജീവഹാനി വരുത്തുവാൻ നോക്കുന്നവർ ലജ്ജിച്ച് ഭ്രമിച്ചുപോകട്ടെ;
എന്റെ അനർത്ഥത്തിൽ സന്തോഷിക്കുന്നവർ പിന്തിരിഞ്ഞ് അപമാനം ഏല്ക്കട്ടെ.
15“നന്നായി, നന്നായി” എന്ന് എന്നോട് പറയുന്നവർ
അവരുടെ ലജ്ജ നിമിത്തം സ്തംഭിച്ചുപോകട്ടെ.
16നിന്നെ അന്വേഷിക്കുന്ന എല്ലാവരും നിന്നിൽ ആനന്ദിച്ച് സന്തോഷിക്കട്ടെ;
നിന്റെ രക്ഷയിൽ പ്രിയപ്പെടുന്നവർ “യഹോവ എത്ര മഹത്വമുള്ളവൻ” എന്ന് എപ്പോഴും പറയട്ടെ.
17ഞാൻ എളിയവനും ദരിദ്രനും ആകുന്നു;
എങ്കിലും കർത്താവ് എന്നെക്കുറിച്ച് വിചാരിക്കുന്നു;
നീ തന്നെ എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു;
എന്റെ ദൈവമേ, താമസിക്കരുതേ.
41
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം.
1എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ;
അനർത്ഥദിവസത്തിൽ യഹോവ അവനെ വിടുവിക്കും.
2യഹോവ അവനെ സംരക്ഷിച്ച് ജീവനോടെ പരിപാലിക്കും;
അവൻ ഭൂമിയിൽ അനുഗൃഹീതനായിരിക്കും;
അവന്റെ ശത്രുക്കളുടെ ഇഷ്ടത്തിന് നീ അവനെ ഏല്പിച്ചുകൊടുക്കുകയില്ല.
3യഹോവ അവനെ രോഗശയ്യയിൽ സഹായിക്കും;
രോഗം മാറ്റി നീ അവനെ കിടക്കയിൽനിന്ന് എഴുന്നേല്പിക്കും.
4“യഹോവേ, എന്നോട് കൃപ തോന്നി എന്നെ സൗഖ്യമാക്കണമേ;
നിന്നോട് ഞാൻ പാപം ചെയ്തിരിക്കുന്നു” എന്ന് ഞാൻ പറഞ്ഞു.
5“അവൻ എപ്പോൾ മരിച്ച് അവന്റെ പേര് നശിക്കും?” എന്ന് എന്റെ ശത്രുക്കൾ എന്നെക്കുറിച്ച് ദോഷം പറയുന്നു.
6ഒരുത്തൻ എന്നെ കാണുവാൻ വരുമ്പോൾ കപടവാക്കുകൾ പറയുന്നു;
അവൻ ഹൃദയത്തിൽ നീതികേട് ചിന്തിക്കുകയും
പുറത്തുപോയി അത് പ്രസ്താവിക്കുകയും ചെയ്യുന്നു.
7എന്നെ പകയ്ക്കുന്നവർ എനിക്ക് വിരോധമായി തമ്മിൽ മന്ത്രിക്കുന്നു;
അവർ എനിക്കെതിരെ ദോഷം ചിന്തിക്കുന്നു.
8“ഒരു ദുർവ്യാധി അവനെ പിടിച്ചിരിക്കുന്നു; അവൻ കിടപ്പിലായി;
ഇനി എഴുന്നേല്ക്കുകയില്ല” എന്ന് അവർ പറയുന്നു.
9ഞാൻ വിശ്വസിച്ചവനും എന്റെ ഭക്ഷണം പങ്കുവച്ചവനുമായ
എന്റെ പ്രാണസ്നേഹിതൻ പോലും എന്റെ നേരെ കുതികാൽ ഉയർത്തിയിരിക്കുന്നു.
10ഞാൻ അവരോട് പകരം ചെയ്യേണ്ടതിന്
യഹോവേ, കൃപ തോന്നി എന്നെ എഴുന്നേല്പിക്കണമേ.
11എന്റെ ശത്രു എന്നെക്കുറിച്ച് ജയഘോഷം കൊള്ളാതിരിക്കുന്നതിനാൽ
നിനക്ക് എന്നോട് പ്രസാദമുണ്ടെന്ന് ഞാൻ അറിയുന്നു.
12നീ എന്റെ നിഷ്കളങ്കത്വം നിമിത്തം എന്നെ താങ്ങുന്നു,
നിന്റെ മുമ്പിൽ എന്നേക്കും എന്നെ നിർത്തുന്നു.
13യിസ്രായേലിന്റെ ദൈവമായ യഹോവ
എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേൻ, ആമേൻ.
42
രണ്ടാം പുസ്തകം
സംഗീതപ്രമാണിക്ക്; കോരഹ് പുത്രന്മാരുടെ ഒരു ധ്യാനം.
1മാൻ നീർത്തോടുകളിലേക്ക് ചെല്ലുവാൻ കാംക്ഷിക്കുന്നതുപോലെ
ദൈവമേ, എന്റെ ആത്മാവ് നിന്നോട് ചേരുവാൻ കാംക്ഷിക്കുന്നു.
2എന്റെ ആത്മാവ് ദൈവത്തിനായി, ജീവനുള്ള ദൈവത്തിനായി തന്നെ, ദാഹിക്കുന്നു;
ഞാൻ എപ്പോൾ ദൈവസന്നിധിയിൽ ചെല്ലുവാനിടയാകും?.
3“നിന്റെ ദൈവം എവിടെ?” എന്ന് അവർ എന്നോട് നിരന്തരം ചോദിക്കുന്നതുകൊണ്ട്
എന്റെ കണ്ണുനീർ രാവും പകലും എനിക്ക് ആഹാരമായി തീർന്നിരിക്കുന്നു.
4ഉത്സവം ആചരിക്കുന്ന ജനസമൂഹത്തോടൊപ്പം സന്തോഷത്തോടും ഉച്ചത്തിൽ ദൈവത്തെ സ്തുതിച്ചും
ഞാൻ ദൈവാലയത്തിലേക്ക് പോകുന്നത് ഓർക്കുമ്പോൾ
എന്റെ ഹൃദയം തരളിതമാകുന്നു.
5എന്റെ ആത്മാവേ, നീ വിഷാദിച്ച് ഞരങ്ങുന്നതെന്തിന്?
ദൈവത്തിൽ പ്രത്യാശ വയ്ക്കുക;
അവൻ എന്റെ മേൽ മുഖം പ്രകാശിപ്പിച്ച് രക്ഷിക്കുന്ന ദൈവവുമാകുന്നു
എന്ന് ഞാൻ ഇനിയും അവനെ സ്തുതിക്കും.
6എന്റെ ദൈവമേ, എന്റെ ആത്മാവ് എന്റെ ഉള്ളിൽ വിഷാദിച്ചിരിക്കുന്നു;
അതുകൊണ്ട് യോർദ്ദാൻ പ്രദേശത്തും ഹെർമ്മോൻപർവ്വതങ്ങളിലും
മിസാർമലയിലുംവച്ച് ഞാൻ നിന്നെ ഓർക്കുന്നു;
7നിന്റെ വെള്ളച്ചാട്ടങ്ങളുടെ ഇരമ്പലിൽ ആഴി ആഴത്തെ വിളിക്കുന്നു;
നിന്റെ ഓളങ്ങളും തിരമാലകളുമെല്ലാം എന്റെ മുകളിലൂടെ കടന്നുപോകുന്നു.
8യഹോവ പകൽനേരത്ത് തന്റെ ദയ കാണിക്കും;
രാത്രിസമയത്ത് ഞാൻ അവന് പാട്ട് പാടിക്കൊണ്ടിരിക്കും;
എന്റെ ജീവന്റെ ദൈവത്തോടുള്ള പ്രാർത്ഥന തന്നെ.
9“നീ എന്നെ മറന്നത് എന്തുകൊണ്ട്? ശത്രുവിന്റെ ഉപദ്രവത്താൽ
ഞാൻ ദുഃഖിച്ച് നടക്കേണ്ടി വന്നത് എന്തുകൊണ്ട്?”
എന്ന് ഞാൻ എന്റെ പാറയായ ദൈവത്തോട് ചോദിക്കും.
10“നിന്റെ ദൈവം എവിടെ?” എന്ന് എന്റെ ശത്രുക്കൾ ഇടവിടാതെ എന്നോട് ചോദിച്ചു കൊണ്ട്
എന്റെ അസ്ഥികൾ തകരും വിധം എന്നെ നിന്ദിക്കുന്നു.
11എന്റെ ആത്മാവേ, നീ വിഷാദിച്ച് ഞരങ്ങുന്നത് എന്തിന്?
ദൈവത്തിൽ പ്രത്യാശവയ്ക്കുക;
അവൻ തന്റെ മുഖപ്രകാശത്താൽ എന്നെ രക്ഷിക്കുന്ന ദൈവവുമാകുന്നു
എന്ന് ഞാൻ ഇനിയും അവനെ സ്തുതിക്കും.
43
1ദൈവമേ, എനിക്ക് ന്യായം നടത്തി തരണമേ;
ഭക്തികെട്ട ജനതയോടുള്ള എന്റെ വ്യവഹാരം നടത്തണമേ;
വഞ്ചനയും അനീതിയുമുള്ള മനുഷ്യരിൽനിന്ന് എന്നെ വിടുവിക്കണമേ.
2നീ എന്റെ ശരണമായ ദൈവമാണല്ലോ;
നീ എന്നെ ഉപേക്ഷിക്കുന്നതെന്ത്?
ശത്രുവിന്റെ ഉപദ്രവം മൂലം ഞാൻ ദുഃഖിച്ച് നടക്കേണ്ടിവരുന്നത് എന്തുകൊണ്ട്?
3നിന്റെ പ്രകാശവും സത്യവും അയയ്ക്കേണമേ; അവ എന്നെ നടത്തട്ടെ;
നിന്റെ വിശുദ്ധപർവ്വതത്തിലേക്കും
തിരുനിവാസത്തിലേക്കും അവ എന്നെ എത്തിക്കട്ടെ.
4ഞാൻ ദൈവത്തിന്റെ യാഗപീഠത്തിലേക്ക്,
എന്റെ പരമാനന്ദമായ ദൈവത്തിങ്കലേക്ക് ചെല്ലും;
ദൈവമേ, എന്റെ ദൈവമേ, കിന്നരം കൊണ്ട് ഞാൻ നിന്നെ സ്തുതിക്കും.
5എന്റെ ആത്മാവേ, നീ വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നത് എന്തിന്?
ദൈവത്തിൽ പ്രത്യാശ വയ്ക്കുക;
അവൻ എന്റെ മുഖപ്രകാശത്താൽ എന്നെ രക്ഷിക്കുന്ന എന്റെ ദൈവവുമാകുന്നു
എന്ന് ഞാൻ ഇനിയും അവനെ സ്തുതിക്കും.
44
സംഗീതപ്രമാണിക്ക്; കോരഹ് പുത്രന്മാരുടെ ഒരു ധ്യാനം.
1ദൈവമേ, പൂർവ്വകാലത്ത് ഞങ്ങളുടെ പിതാക്കന്മാരുടെ നാളുകളിൽ
നീ ചെയ്ത പ്രവൃത്തികൾ അവർ ഞങ്ങളോട് വിവരിച്ചിരിക്കുന്നു;
ഞങ്ങളുടെ ചെവികൊണ്ട് ഞങ്ങൾ കേട്ടുമിരിക്കുന്നു;
2നിന്റെ കൈകൊണ്ട് നീ ജനതകളെ പുറത്താക്കി അവരെ നട്ടു;
നീ വംശങ്ങളെ നശിപ്പിച്ച്, അവരെ ദേശത്ത് സ്വതന്ത്രരായി വിട്ടു.
3അവരുടെ വാളുകൾ കൊണ്ടല്ല അവർ ദേശം കൈവശമാക്കിയത്;
സ്വന്ത ഭുജബലം കൊണ്ടല്ല അവർ ജയം നേടിയത്;
നിന്റെ വലങ്കൈയും നിന്റെ ഭുജവും നിന്റെ മുഖപ്രകാശവും കൊണ്ടാകുന്നു;
നിനക്ക് അവരോട് പ്രിയമുണ്ടായിരുന്നുവല്ലോ.
4ദൈവമേ, നീ എന്റെ രാജാവാകുന്നു;
യാക്കോബിന് രക്ഷ ഉറപ്പാക്കണമേ.
5നിന്നാൽ ഞങ്ങൾ ശത്രുക്കളെ തള്ളിയിടും;
ഞങ്ങളോട് എതിർക്കുന്നവരെ നിന്റെ നാമത്തിൽ ചവിട്ടിക്കളയും.
6ഞാൻ എന്റെ വില്ലിൽ ആശ്രയിക്കുകയില്ല;
എന്റെ വാൾ എന്നെ രക്ഷിക്കുകയുമില്ല.
7അങ്ങാകുന്നു ഞങ്ങളെ വൈരികളുടെ കൈയിൽ നിന്ന് രക്ഷിച്ചത്;
ഞങ്ങളെ വെറുത്തവരെ അങ്ങ് ലജ്ജിപ്പിച്ചുമിരിക്കുന്നു;
8ദൈവത്തിൽ ഞങ്ങൾ നിത്യം പ്രശംസിക്കുന്നു;
നിന്റെ നാമത്തിന് എന്നും സ്തോത്രം ചെയ്യുന്നു.
സേലാ.
9എന്നാൽ, നീ ഞങ്ങളെ തള്ളിക്കളഞ്ഞ് ലജ്ജിപ്പിച്ചിരിക്കുന്നു;
ഞങ്ങളുടെ സൈന്യങ്ങളോടുകൂടി പുറപ്പെടുന്നതുമില്ല.
10വൈരിയുടെ മുമ്പിൽ നീ ഞങ്ങളെ പുറം തിരിഞ്ഞ് ഓടുമാറാക്കുന്നു;
ഞങ്ങളെ പകയ്ക്കുന്നവർ ഞങ്ങളെ കൊള്ളയിടുന്നു.
11ഭക്ഷണത്തിനുവേണ്ടി കൊല്ലുവാനുള്ള ആടുകളെപ്പോലെ നീ ഞങ്ങളെ ഏല്പിച്ചുകൊടുത്തു;
ജനതകളുടെ ഇടയിൽ ഞങ്ങളെ ചിതറിച്ചിരിക്കുന്നു.
12നീ നിന്റെ ജനത്തെ തുഛമായ വിലയ്ക്ക് വില്ക്കുന്നു.
അവരുടെ വിലകൊണ്ട് സമ്പത്ത് വർദ്ധിക്കുന്നതുമില്ല.
13നീ ഞങ്ങളെ അയല്ക്കാർക്ക് അപമാനവിഷയവും
ചുറ്റുമുള്ളവർക്ക് നിന്ദയും പരിഹാസവും ആക്കുന്നു.
14നീ ജനതകളുടെ ഇടയിൽ ഞങ്ങളെ പഴഞ്ചൊല്ലിനും
വംശങ്ങളുടെ നടുവിൽ പരിഹാസത്തിനും വിഷയം ആക്കുന്നു.
15നിന്ദിക്കുകയും ദുഷിക്കുകയും ചെയ്യുന്നവന്റെ വാക്കുകൾ ഹേതുവായും
ശത്രുവിന്റെയും പ്രതികാരകന്റെയും നിമിത്തവും
16ഞാൻ ഇടവിടാതെ അപമാനം അനുഭവിക്കുന്നു;
ലജ്ജ എന്റെ മുഖത്തെ മൂടിയിരിക്കുന്നു.
17ഇവയെല്ലാം ഞങ്ങൾക്ക് സംഭവിച്ചു എങ്കിലും ഞങ്ങൾ നിന്നെ മറന്നിട്ടില്ല;
നിന്റെ നിയമത്തോട് അവിശ്വസ്തത കാണിച്ചിട്ടുമില്ല.
18നീ ഞങ്ങളെ കുറുക്കന്മാരുടെ സ്ഥലത്തുവച്ച് തകർത്തുകളയുവാനും
മരണത്തിന്റെ നിഴൽ കൊണ്ട് ഞങ്ങളെ മൂടുവാനും തക്കവണ്ണം
19ഞങ്ങളുടെ ഹൃദയം പിന്തിരിയുകയോ
ഞങ്ങളുടെ കാലടികൾ നിന്റെ വഴി വിട്ടുമാറുകയോ ചെയ്തിട്ടില്ല.
20ദൈവത്തിന്റെ നാമം ഞങ്ങൾ മറക്കുകയോ
ഞങ്ങളുടെ കൈകൾ അന്യദൈവങ്ങളിലേക്ക് സഹായത്തിനായി നീട്ടുകയോ ചെയ്തിട്ടുണ്ടെങ്കിൽ
21ദൈവം അത് ശോധന ചെയ്യാതിരിക്കുമോ?
അവൻ ഹൃദയ രഹസ്യങ്ങൾ അറിയുന്നുവല്ലോ.
22നിന്റെ നിമിത്തം ഞങ്ങളെ ദിവസംപ്രതി കൊല്ലുന്നു;
അറുക്കുവാനുള്ള ആടുകളെപ്പോലെ ഞങ്ങളെ എണ്ണുന്നു.
23കർത്താവേ, ഉണരണമേ; നീ ഉറങ്ങുന്നത് എന്ത്?
എഴുന്നേല്ക്കണമേ; ഞങ്ങളെ എന്നേക്കും തള്ളിക്കളയരുതേ.
24നീ നിന്റെ മുഖം മറയ്ക്കുന്നതും
ഞങ്ങളുടെ കഷ്ടതയും പീഡയും മറന്നുകളയുന്നതും എന്ത്?
25ഞങ്ങൾ നിലത്തോളം കുനിഞ്ഞിരിക്കുന്നു;
ഞങ്ങളുടെ ശരീരം നിലം പറ്റിയിരിക്കുന്നു.
26ഞങ്ങളുടെ സഹായത്തിനായി എഴുന്നേല്ക്കണമേ;
നിന്റെ ദയനിമിത്തം ഞങ്ങളെ വീണ്ടെടുക്കണമേ;
45
സംഗീതപ്രമാണിക്ക്; സാരസരാഗത്തിൽ കോരഹ് പുത്രന്മാരുടെ ഒരു ധ്യാനം. പ്രേമഗീതം.
1എന്റെ ഹൃദയം ശുഭവചനത്താൽ കവിയുന്നു;
“എന്റെ കൃതി രാജാവിന് വേണ്ടിയുള്ളത്” എന്ന് ഞാൻ പറയുന്നു.
എന്റെ നാവ് സമർത്ഥനായ ലേഖകന്റെ എഴുത്തുകോൽ ആകുന്നു.
2നീ മനുഷ്യപുത്രന്മാരിൽ അതിസുന്ദരൻ;
ലാവണ്യം നിന്റെ അധരങ്ങളിൽ പകർന്നിരിക്കുന്നു;
അതുകൊണ്ട് ദൈവം നിന്നെ എന്നേക്കും അനുഗ്രഹിച്ചിരിക്കുന്നു.
3അല്ലയോ വീരാ, നിന്റെ വാൾ അരയ്ക്ക് കെട്ടുക; അത്
നിന്റെ തേജസ്സും നിന്റെ മഹിമയും തന്നെ.
4സത്യവും സൗമ്യതയും നീതിയും പാലിക്കേണ്ടതിന്
നീ മഹിമയോടെ കൃതാർത്ഥനായി വാഹനമേറി എഴുന്നെള്ളുക;
നിന്റെ വലങ്കൈ ഭയങ്കരകാര്യങ്ങൾ നിനക്ക് ഉപദേശിച്ചുതരട്ടെ.
5നിന്റെ അസ്ത്രങ്ങൾ മൂർച്ചയുള്ളവയാകുന്നു;
രാജാവിന്റെ ശത്രുക്കളുടെ നെഞ്ചത്ത് അവ തറയ്ക്കുന്നു;ജനതകൾ നിന്റെ മുമ്പിൽ വീഴുന്നു.
6ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു;
നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു.
7നീ നീതി ഇഷ്ടപ്പെട്ട് ദുഷ്ടത വെറുക്കുന്നു;
അതുകൊണ്ട് ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരിൽ അധികമായി
നിന്നെ ആനന്ദതൈലം കൊണ്ട് അഭിഷേകം ചെയ്തിരിക്കുന്നു.
8നിന്റെ വസ്ത്രമെല്ലാം മൂറും ചന്ദനവും ലവംഗവും കൊണ്ട് സുഗന്ധപൂരിതമായിരിക്കുന്നു;
ദന്തമന്ദിരങ്ങളിൽനിന്ന് കമ്പിനാദം നിന്നെ സന്തോഷിപ്പിക്കുന്നു.
9നിന്റെ സ്ത്രീരത്നങ്ങളുടെ കൂട്ടത്തിൽ രാജകുമാരികൾ ഉണ്ട്;
നിന്റെ വലത്തുഭാഗത്ത് രാജ്ഞി ഓഫീർതങ്കം അണിഞ്ഞുകൊണ്ട് നില്ക്കുന്നു.
10അല്ലയോ കുമാരീ, കേൾക്കുക; നോക്കുക; ചെവിചായിക്കുക.
സ്വജനത്തെയും നിന്റെ പിതൃഭവനത്തെയും മറക്കുക.
11അപ്പോൾ രാജാവ് നിന്റെ സൗന്ദര്യത്തിൽ ആകൃഷ്ടനാകും;
അവൻ നിന്റെ നാഥനാകയാൽ നീ അവനെ നമസ്കരിയ്ക്കുക.
12ജനത്തിലെ ധനവാന്മാരായ സോർനിവാസികൾ സമ്മാനങ്ങളുമായി
നിന്റെ മുഖപ്രസാദം തേടും.
13അന്തഃപുരത്തിലെ രാജകുമാരി ശോഭാപരിപൂർണ്ണയാകുന്നു;
അവളുടെ വസ്ത്രം പൊൻകസവുകൊണ്ടുള്ളത്.
14അവളെ ചിത്രത്തയ്യലുള്ള വസ്ത്രം ധരിപ്പിച്ച് രാജസന്നിധിയിൽ കൊണ്ടുവരും;
അവളെ അനുഗമിക്കുന്ന കന്യകമാരായ തോഴിമാരെയും നിന്റെ അടുക്കൽ കൊണ്ടുവരും.
15സന്തോഷത്തോടും ഉല്ലാസത്തോടും കൂടി അവരെ കൊണ്ടുവരും;
അവർ രാജമന്ദിരത്തിൽ പ്രവേശിക്കും.
16നിന്റെ പുത്രന്മാർ പിതാക്കന്മാർക്കു പകരം ഇരിക്കും;
സർവ്വഭൂമിയിലും നീ അവരെ പ്രഭുക്കന്മാരാക്കും.
17ഞാൻ നിന്റെ നാമത്തെ എല്ലാ തലമുറകളിലും ഓർക്കുമാറാക്കും.
അതുകൊണ്ട് ജനതകൾ എന്നും എന്നേക്കും നിനക്ക് സ്തോത്രം ചെയ്യും.
46
സംഗീതപ്രമാണിക്ക്; കന്യകമാർ എന്ന രാഗത്തിൽ കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം. ഒരു ഗീതം.
1ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു;
കഷ്ടസമയത്ത് അവൻ ഏറ്റവും അടുത്ത സഹായമായിരിക്കുന്നു.
2അതുകൊണ്ട്, ഭൂമി മാറിപ്പോയാലും,
പർവ്വതങ്ങൾ നീങ്ങി സമുദ്രമദ്ധ്യേ വീണാലും,
3അതിലെ വെള്ളം ഇരമ്പലോടെ കലങ്ങിയാലും
പ്രളയത്താൽ പർവ്വതങ്ങൾ കുലുങ്ങിയാലും, നാം ഭയപ്പെടുകയില്ല.
4ഒരു നദി ഉണ്ട്; അതിന്റെ തോടുകൾ ദൈവനഗരത്തെ,
അത്യുന്നതന്റെ വിശുദ്ധനിവാസത്തെ തന്നെ, സന്തോഷിപ്പിക്കുന്നു.
5ദൈവം അതിന്റെ മദ്ധ്യത്തിൽ ഉണ്ട്; അത് നീങ്ങിപ്പോകുകയില്ല;
ദൈവം അതികാലത്തു തന്നെ അതിനെ സഹായിക്കും.
6ജനതകൾ ക്രുദ്ധിച്ചു; രാജ്യങ്ങൾ കുലുങ്ങി;
അവൻ തന്റെ ശബ്ദം കേൾപ്പിച്ചു; ഭൂമി ഉരുകിപ്പോയി.
7സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടി ഉണ്ട്;
യാക്കോബിന്റെ ദൈവം നമ്മുടെ സങ്കേതം ആകുന്നു.
സേലാ.
8വന്ന് യഹോവയുടെ പ്രവൃത്തികൾ നോക്കുവിൻ;
അവൻ ഭൂമിയിൽ എത്ര വലിയ ശൂന്യത വരുത്തിയിരിക്കുന്നു!
9അവൻ ഭൂമിയുടെ അറുതികൾ വരെ യുദ്ധങ്ങൾ നിർത്തൽചെയ്യുന്നു;
അവൻ വില്ലൊടിച്ച് കുന്തം മുറിച്ച് രഥങ്ങൾ തീയിൽ ഇട്ട് ചുട്ടുകളയുന്നു.
10മിണ്ടാതെയിരുന്ന്, ഞാൻ ദൈവമാണെന്ന് അറിഞ്ഞുകൊള്ളുവിൻ;
ഞാൻ ജനതകളുടെ ഇടയിൽ ഉന്നതൻ ആകും; ഞാൻ ഭൂമിയിൽ ഉന്നതൻ ആകും.
11സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടി ഉണ്ട്;
യാക്കോബിന്റെ ദൈവം നമ്മുടെ സങ്കേതം ആകുന്നു.
സേലാ.
47
സംഗീതപ്രമാണിക്ക്; കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം.
1സകല ജനതകളുമേ, കൈ കൊട്ടുവിൻ;
ജയഘോഷത്തോടെ ദൈവസന്നിധിയിൽ ആർക്കുവിൻ.
2അത്യുന്നതനായ യഹോവ മഹത്വമുള്ളവൻ;
അവൻ സർവ്വഭൂമിയുടെയും മഹാരാജാവാകുന്നു.
3അവൻ ജനതകളെ നമ്മുടെ കീഴിലും വംശങ്ങളെ നമ്മുടെ കാൽകീഴിലും ആക്കുന്നു.
4അവൻ നമ്മുടെ ഓഹരി തിരഞ്ഞെടുത്ത് തന്നു;
താൻ സ്നേഹിച്ച യാക്കോബിന്റെ പ്രശംസയായ ഭൂമി തന്നെ.
5ദൈവം ജയഘോഷത്തോടും യഹോവ
കാഹളനാദത്തോടും കൂടി ആരോഹണം ചെയ്യുന്നു.
6ദൈവത്തിന് സ്തുതി പാടുവിൻ, സ്തുതി പാടുവിൻ;
നമ്മുടെ രാജാവിന് സ്തുതി പാടുവിൻ, സ്തുതി പാടുവിൻ.
7ദൈവം സർവ്വഭൂമിക്കും രാജാവാകുന്നു;
ഒരു സങ്കീർത്തനത്തോടെ സ്തുതി പാടുവിൻ.
8ദൈവം ജനതകളെ ഭരിക്കുന്നു;
ദൈവം തന്റെ വിശുദ്ധസിംഹാസനത്തിൽ ഇരിക്കുന്നു.
9വംശങ്ങളുടെ പ്രഭുക്കന്മാർ അബ്രാഹാമിന്റെ ദൈവത്തിന്റെ ജനമായി ഒന്നിച്ചുകൂടുന്നു;
ഭൂമിയിലെ പരിചകൾ ദൈവത്തിന്റേതല്ലോ;
അവൻ ഏറ്റവും ഉന്നതനായിരിക്കുന്നു.
48
ഒരു ഗീതം. കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം.
1നമ്മുടെ ദൈവത്തിന്റെ നഗരത്തിൽ, അവന്റെ വിശുദ്ധപർവ്വതത്തിൽ
യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു.
2മഹാരാജാവിന്റെ നഗരമായ ഉത്തരദിശയിലുള്ള സീയോൻപർവ്വതം
ഉയരംകൊണ്ട് മനോഹരവും സർവ്വഭൂമിയുടെയും ആനന്ദവുമാകുന്നു.
3അതിന്റെ അരമനകളിൽ ദൈവം ഒരു ദുർഗ്ഗമായി വെളിപ്പെട്ട് വന്നിരിക്കുന്നു.
4ഇതാ, രാജാക്കന്മാർ കൂട്ടം കൂടി;
അവർ ഒന്നിച്ച് കടന്നുപോയി.
5അവർ അത് കണ്ട് അമ്പരന്നു,
അവർ പരിഭ്രമിച്ച് ഓടിപ്പോയി.
6അവർക്ക് അവിടെ വിറയൽ പിടിച്ചു;
നോവു കിട്ടിയവളെപ്പോലെ വേദന പിടിച്ചു.
7നീ കിഴക്കൻകാറ്റുകൊണ്ട് തർശീശ് കപ്പലുകൾ തകർത്ത് കളയുന്നു.
8നാം കേട്ടതുപോലെ തന്നെ സൈന്യങ്ങളുടെ യഹോവയുടെ നഗരത്തിൽ,
നമ്മുടെ ദൈവത്തിന്റെ നഗരത്തിൽ കണ്ടിരിക്കുന്നു;
ദൈവം അതിനെ സദാകാലത്തേക്കും ഉറപ്പിക്കുന്നു.
സേലാ.
9ദൈവമേ, നിന്റെ മന്ദിരത്തിൽ വച്ച് ഞങ്ങൾ നിന്റെ ദയയെക്കുറിച്ച് ചിന്തിക്കുന്നു.
10ദൈവമേ, നിന്റെ നാമംപോലെ തന്നെ നിന്റെ സ്തുതിയും ഭൂമിയുടെ അറ്റങ്ങളോളം എത്തുന്നു;
നിന്റെ വലങ്കയ്യിൽ നീതി നിറഞ്ഞിരിക്കുന്നു.
11നിന്റെ ന്യായവിധികൾനിമിത്തം സീയോൻപർവ്വതം സന്തോഷിക്കുകയും
യെഹൂദാപുത്രിമാർ ആനന്ദിക്കുകയും ചെയ്യുന്നു.
12സീയോനെ ചുറ്റിനടക്കുവിൻ; അതിനെ പ്രദക്ഷിണം ചെയ്യുവിൻ;
അതിന്റെ ഗോപുരങ്ങൾ എണ്ണുവിൻ.
13വരുവാനുള്ള തലമുറയോട് അറിയിക്കേണ്ടതിന്
അതിന്റെ കൊത്തളങ്ങൾ ശ്രദ്ധിച്ച് അരമനകൾ നടന്ന് നോക്കുവിൻ.
14ഈ ദൈവം എന്നും എന്നേക്കും നമ്മുടെ ദൈവം ആകുന്നു;
അവൻ നമ്മെ ജീവപര്യന്തം വഴിനടത്തും.
49
സംഗീതപ്രമാണിക്ക്; കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം.
1സകല ജനതകളുമേ, ഇത് കേൾക്കുവിൻ;
സകലഭൂവാസികളുമേ, ശ്രദ്ധിക്കുവിൻ.
2സാമാന്യജനവും ശ്രേഷ്ഠജനവും ധനവാന്മാരും ദരിദ്രന്മാരും തന്നെ.
3എന്റെ അധരം ജ്ഞാനം പ്രസ്താവിക്കും;
എന്റെ ഹൃദയത്തിലെ ധ്യാനം വിവേകം തന്നെ ആയിരിക്കും.
4ഞാൻ സദൃശവാക്യത്തിന് എന്റെ ചെവിചായിക്കും;
കിന്നരനാദത്തോടെ എന്റെ കടങ്കഥ കേൾപ്പിക്കും.
5ആപത്തുകാലത്ത്, ശത്രുക്കൾ എന്റെ ചുറ്റും കൂടുമ്പോൾ ഞാൻ ഭയപ്പെടുകയില്ല.
6തന്റെ സമ്പത്തിൽ ആശ്രയിക്കുകയും
ധനസമൃദ്ധിയിൽ പ്രശംസിക്കുകയും ചെയ്യുന്ന ഒരുവനും തന്റെ
7സഹോദരൻ ശവക്കുഴി കാണാതെ
എന്നേക്കും ജീവിച്ചിരിക്കേണ്ടതിന്
8അവനെ വീണ്ടെടുക്കുവാനോ
ദൈവത്തിന് വീണ്ടെടുപ്പുവില കൊടുക്കുവാനോ കഴിയുകയില്ല.
9അവരുടെ പ്രാണന്റെ വീണ്ടെടുപ്പ് വിലയേറിയത്;
അത് ഒരുനാളും സാധിക്കുകയില്ല.
10ജ്ഞാനികൾ മരിക്കുകയും മൂഢനും മൃഗപ്രായനും ഒരുപോലെ നശിക്കുകയും
അവരുടെ സമ്പാദ്യം മറ്റുള്ളവർക്ക് വിട്ടിട്ട് പോകുകയും ചെയ്യുന്നത് കാണുന്നുവല്ലോ.
11തങ്ങളുടെ ഭവനങ്ങൾ ശാശ്വതമായും
അവരുടെ വാസസ്ഥലങ്ങൾ തലമുറതലമുറയായും നില്ക്കും
എന്നാകുന്നു അവരുടെ വിചാരം;
അവരുടെ നിലങ്ങൾക്ക് അവർ അവരുടെ പേരിടുന്നു.
12എന്നാൽ മനുഷ്യൻ ബഹുമാനത്തിൽ നിലനില്ക്കുകയില്ല.
അവൻ നശിച്ചുപോകുന്ന മൃഗങ്ങൾക്ക് തുല്യൻ.
13ഇത് സ്വാശ്രയക്കാരുടെ ഭവിഷ്യത്താകുന്നു;
അവരുടെ വാക്കുകൾ അനുസരിക്കുന്ന അവരുടെ പിൻതലമുറക്കാരുടെയും ഗതി ഇതു തന്നെ.
സേലാ.
14അവരെ ആടുകളെപ്പോലെ പാതാളത്തിന് ഏല്പിച്ചിരിക്കുന്നു;
മൃത്യു അവരെ മേയിക്കുന്നു;
നേരുള്ളവർ പ്രഭാതത്തിൽ അവരുടെമേൽ വാഴും;
അവരുടെ സൗന്ദര്യം ഇല്ലാതെയാകും;
പാതാളം അവരുടെ പാർപ്പിടം.
15എങ്കിലും എന്റെ പ്രാണനെ ദൈവം പാതാളത്തിന്റെ അധികാരത്തിൽനിന്ന് വീണ്ടെടുക്കും;
അവൻ എന്നെ കൈക്കൊള്ളും.
സേലാ.
16ഒരുവൻ ധനവാനായി ഭവിച്ചാലും
അവന്റെ ഭവനത്തിന്റെ മഹത്വം വർദ്ധിച്ചാലും നീ ഭയപ്പെടരുത്.
17അവൻ മരിക്കുമ്പോൾ യാതൊന്നും കൊണ്ടുപോകുകയില്ല;
അവന്റെ മഹത്വം അവനെ അനുഗമിക്കുകയുമില്ല.
18അവൻ ജീവനോടിരുന്നപ്പോൾ താൻ ഭാഗ്യവാൻ എന്ന് സ്വയം പറഞ്ഞു;
നീ നിനക്കു തന്നെ നന്മ ചെയ്യുമ്പോൾ മനുഷ്യർ നിന്നെ പുകഴ്ത്തും.
19അവൻ തന്റെ പിതാക്കന്മാരുടെ തലമുറയോട് ചേരും;
അവർ ഒരുനാളും വെളിച്ചം കാണുകയില്ല.
20ആദരവ് നേടിയ മനുഷ്യൻ വിവേക ശൂന്യനായാൽ
നശിച്ചുപോകുന്ന മൃഗങ്ങൾക്ക് തുല്യനാകുന്നു.
50
ആസാഫിന്റെ ഒരു സങ്കീർത്തനം.
1സർവ്വശക്തനായ ദൈവം, യഹോവയായ ദൈവം തന്നെ, തന്റെ വാക്കിനാൽ,
സൂര്യന്റെ ഉദയംമുതൽ അസ്തമയംവരെ ഭൂമിയെ വിളിക്കുന്നു.
2സൗന്ദര്യത്തിന്റെ പൂർണ്ണതയായ
സീയോനിൽനിന്ന് ദൈവം പ്രകാശിക്കുന്നു.
3നമ്മുടെ ദൈവം വരുന്നു; നിശ്ശബ്ദനായിരിക്കുകയില്ല;
അവന്റെ മുമ്പിൽ തീ ദഹിപ്പിക്കുന്നു;
അവന്റെ ചുറ്റും വലിയ കൊടുങ്കാറ്റടിക്കുന്നു.
4തന്റെ ജനത്തെ ന്യായം വിധിക്കേണ്ടതിന്
അവൻ ഉയരത്തിൽനിന്ന് ആകാശത്തെയും ഭൂമിയെയും വിളിക്കുന്നു.
5യാഗം കഴിച്ച് എന്നോട് ഉടമ്പടി ചെയ്തവരായ
എന്റെ വിശുദ്ധന്മാരെ എന്റെ അടുക്കൽ കൂട്ടുവിൻ.
6ദൈവം തന്നെ ന്യായാധിപതി ആയിരിക്കുകയാൽ
ആകാശം അവന്റെ നീതിയെ ഘോഷിക്കും.
സേലാ.
7എന്റെ ജനമേ, കേൾക്കുക; ഞാൻ സംസാരിക്കും.
യിസ്രായേലേ, ഞാൻ നിങ്ങൾക്കെതിരെ സാക്ഷ്യം പറയും:
ദൈവമായ ഞാൻ നിന്റെ ദൈവമാകുന്നു.
8നിന്റെ ഹനനയാഗങ്ങളെക്കുറിച്ച് ഞാൻ നിന്നെ ശാസിക്കുന്നില്ല;
നിന്റെ ഹോമയാഗങ്ങൾ എപ്പോഴും എന്റെ മുമ്പാകെ ഉണ്ടല്ലോ.
9നിന്റെ വീട്ടിൽനിന്ന് ഒരു കാളയെയോ
നിന്റെ തൊഴുത്തുകളിൽനിന്ന് ഒരു കോലാട്ടുകൊറ്റനെയോ ഞാൻ എടുക്കുകയില്ല.
10കാട്ടിലെ സകലമൃഗങ്ങളും
ആയിരം കുന്നുകളിലെ കന്നുകാലികളും എനിക്കുള്ളവയാകുന്നു.
11മലകളിലെ പക്ഷികളെ എല്ലാം ഞാൻ അറിയുന്നു;
വയലിലെ വന്യമൃഗങ്ങളും എനിക്കുള്ളവ തന്നെ.
12എനിക്ക് വിശക്കുമ്പോൾ ഞാൻ നിന്നോട് പറയുകയില്ല;
ലോകവും അതിലുള്ള സകലവും എന്റെയാകുന്നു.
13ഞാൻ കാളകളുടെ മാംസം തിന്നുമോ?
കോലാട്ടുകൊറ്റന്മാരുടെ രക്തം കുടിക്കുമോ?
14ദൈവത്തിന് സ്തോത്രയാഗം അർപ്പിക്കുക;
അത്യുന്നതന് നിന്റെ നേർച്ചകൾ കഴിക്കുക.
15കഷ്ടകാലത്ത് എന്നെ വിളിച്ചപേക്ഷിക്കുക;
ഞാൻ നിന്നെ വിടുവിക്കുകയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും.
16എന്നാൽ ദുഷ്ടനോട് ദൈവം അരുളിച്ചെയ്യുന്നത്:
“ എന്റെ ചട്ടങ്ങൾ അറിയിക്കുവാനും എന്റെ നിയമം നിന്റെ വായിൽ എടുക്കുവാനും നിനക്ക് എന്ത് കാര്യം?
17നീ ശാസന വെറുത്ത്
എന്റെ വചനങ്ങൾ നിന്റെ പിറകിൽ എറിഞ്ഞുകളയുന്നുവല്ലോ.
18കള്ളനെ കണ്ടാൽ നീ അവന്റെ പക്ഷം ചേരുന്നു;
വ്യഭിചാരികളോട് നീ കൂട്ട് കൂടുന്നു.
19നിന്റെ വായ് നീ ദോഷത്തിന് വിട്ടുകൊടുക്കുന്നു;
നിന്റെ നാവ് വഞ്ചനയ്ക്ക് രൂപം നൽകുന്നു.
20നീ ഇരുന്ന് നിന്റെ സഹോദരന് വിരോധമായി സംസാരിക്കുന്നു;
നിന്റെ അമ്മയുടെ മകനെക്കുറിച്ച് അപവാദം പറയുന്നു.
21ഇപ്രകാരം നീ ചെയ്യുകയും ഞാൻ മിണ്ടാതിരിക്കുകയും ചെയ്തപ്പോൾ
ഞാനും നിന്നെപ്പോലെയുള്ളവനെന്ന് നീ വിചാരിച്ചു;
എന്നാൽ ഞാൻ നിന്നെ ശാസിച്ച് നിന്റെ കണ്ണിന്റെ മുമ്പിൽ അവയെല്ലാം നിരത്തിവയ്ക്കും”.
22ദൈവത്തെ മറക്കുന്നവരേ, ഇത് ഓർത്തുകൊള്ളുവീൻ;
അല്ലെങ്കിൽ ഞാൻ നിങ്ങളെ കീറിക്കളയും; വിടുവിക്കുവാൻ ആരും ഉണ്ടാകുകയുമില്ല.
23സ്തോത്രമെന്ന യാഗം അർപ്പിക്കുന്നവൻ എന്നെ മഹത്വപ്പെടുത്തുന്നു;
തന്റെ നടപ്പ് ക്രമപ്പെടുത്തുന്നവന് ഞാൻ ദൈവത്തിന്റെ രക്ഷ കാണിച്ചുകൊടുക്കും.
51
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം. അവൻ ബത്ശേബയുടെ അടുക്കൽ ചെന്നശേഷം നാഥാൻപ്രവാചകൻ അവന്റെ അടുക്കൽ വന്നപ്പോൾ വാങ്മയ രൂപം നൽകിയത്.
1ദൈവമേ, നിന്റെ ദയയ്ക്ക് തക്കവണ്ണം എന്നോട് കൃപയുണ്ടാകണമേ;
നിന്റെ ബഹുവിധമായ കാരുണ്യപ്രകാരം
എന്റെ ലംഘനങ്ങൾ മായിച്ചുകളയണമേ.
2എന്നെ നന്നായി കഴുകി എന്റെ അകൃത്യം പോക്കണമേ;
എന്റെ പാപം നീക്കി എന്നെ വെടിപ്പാക്കണമേ.
3എന്റെ ലംഘനങ്ങൾ ഞാൻ അറിയുന്നു;
എന്റെ പാപം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു.
4നിന്നോടു തന്നെ ഞാൻ പാപം ചെയ്തു;
നിനക്ക് അനിഷ്ടമായത് ഞാൻ ചെയ്തിരിക്കുന്നു.
സംസാരിക്കുമ്പോൾ നീ നീതിമാനായും
വിധിക്കുമ്പോൾ നിർമ്മലനായും ഇരിയ്ക്കുന്നുവല്ലോ.
5ഇതാ, ഞാൻ അകൃത്യത്തിൽ ഉരുവായി;
പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭം ധരിച്ചു.
6അന്തർഭാഗത്തെ സത്യമല്ലോ നീ ഇച്ഛിക്കുന്നത്;
അന്തരംഗത്തിൽ എന്നെ ജ്ഞാനം ഗ്രഹിപ്പിക്കേണമേ.
7ഞാൻ നിർമ്മലനാകേണ്ടതിന് ഈസോപ്പുകൊണ്ട് എന്നെ ശുദ്ധീകരിക്കണമേ;
ഞാൻ ഹിമത്തെക്കാൾ വെണ്മയാകേണ്ടതിന് എന്നെ കഴുകണമേ.
8സന്തോഷവും ആനന്ദവും എന്നെ കേൾപ്പിക്കണമേ;
നീ ഒടിച്ച അസ്ഥികൾ ഉല്ലസിക്കട്ടെ.
9എന്റെ പാപങ്ങൾ കാണാത്തവിധം നിന്റെ മുഖം മറയ്ക്കണമേ;
എന്റെ അകൃത്യങ്ങളെല്ലാം മായിച്ചു കളയണമേ.
10ദൈവമേ, നിർമ്മലമായ ഒരു ഹൃദയം എന്നിൽ സൃഷ്ടിച്ച്
സ്ഥിരതയുള്ള ഒരു ആത്മാവ് എന്നിൽ പുതുക്കണമേ.
11നിന്റെ സന്നിധിയിൽനിന്ന് എന്നെ തള്ളിക്കളയരുതേ
നിന്റെ പരിശുദ്ധാത്മാവിനെ എന്നിൽനിന്ന് എടുക്കുകയുമരുതേ.
12നിന്റെ രക്ഷയുടെ സന്തോഷം എനിക്ക് തിരികെ തരണമേ;
മനസ്സൊരുക്കമുള്ള ആത്മാവിനാൽ എന്നെ താങ്ങണമേ.
13അപ്പോൾ ഞാൻ അതിക്രമക്കാരോട് നിന്റെ വഴികൾ ഉപദേശിക്കും;
പാപികൾ നിങ്കലേക്ക് മനം തിരിഞ്ഞുവരും.
14ദൈവമേ,എന്റെ രക്ഷയുടെ ദൈവമേ!
രക്തം ചിന്തിയ പാപത്തിൽനിന്ന് എന്നെ മോചിപ്പിക്കണമേ;
എന്നാൽ എന്റെ നാവ് നിന്റെ നീതിയെ ഘോഷിക്കും.
15കർത്താവേ, എന്റെ അധരങ്ങളെ തുറക്കണമേ;
എന്നാൽ എന്റെ വായ് നിനക്ക് സ്തുതി പാടും.
16ഹനനയാഗം നീ ഇച്ഛിക്കുന്നില്ല; അല്ലെങ്കിൽ ഞാൻ അർപ്പിക്കുമായിരുന്നു;
ഹോമയാഗത്തിൽ നിനക്ക് പ്രസാദവുമില്ല.
17ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സല്ലയോ?
തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസിക്കുകയില്ല.
18നിന്റെ പ്രസാദപ്രകാരം സീയോന് നന്മ ചെയ്യണമേ;
യെരൂശലേമിന്റെ മതിലുകൾ പണിയണമേ;
19അപ്പോൾ നീ നീതിയാഗങ്ങളിലും ഹോമയാഗങ്ങളിലും സർവ്വാംഗഹോമങ്ങളിലും പ്രസാദിക്കും;
അപ്പോൾ അവർ നിന്റെ യാഗപീഠത്തിൽ കാളകളെ അർപ്പിക്കും.
52
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു ധ്യാനം. എദോമ്യനായ ദോവേഗ് ശൌലിനോട്:“ ദാവീദ് അഹീമേലെക്കിന്റെ വീട്ടിൽ വന്നിരുന്നു” എന്നറിയിച്ചപ്പോൾ രൂപം നൽകിയത്.
1അല്ലയോ വീര പുരുഷാ! നീ ദുഷ്ടതയിൽ പ്രശംസിക്കുന്നതെന്തിന്?
ദൈവത്തിന്റെ ദയ ശാശ്വതമാകുന്നു.
2ചതിയനായ നിന്റെ നാവ്, മൂർച്ചയുള്ള ക്ഷൗരക്കത്തിപോലെ
ദുഷ്ടത വകഞ്ഞുണ്ടാക്കുന്നു.
3നീ നന്മയെക്കാൾ തിന്മയെയും
നീതി സംസാരിക്കുന്നതിനെക്കാൾ വ്യാജത്തെയും ഇഷ്ടപ്പെടുന്നു.
സേലാ.
4നിന്റെ വഞ്ചനയുള്ള നാവ്
നാശകരമായ വാക്കുകൾ ഇഷ്ടപ്പെടുന്നു.
5ദൈവം നിന്നെ എന്നേക്കും നശിപ്പിക്കും;
നിന്റെ കൂടാരത്തിൽനിന്ന് അവൻ നിന്നെ പറിച്ചുകളയും.
ജീവനുള്ളവരുടെ ദേശത്തുനിന്ന് നിന്നെ നിർമ്മൂലമാക്കും.
സേലാ.
6നീതിമാന്മാർ അത് കണ്ട് ഭയപ്പെടും;
അവർ അവനെച്ചൊല്ലി ചിരിക്കും.
7“ദൈവത്തെ ശരണമാക്കാതെ
തന്റെ ധനസമൃദ്ധിയിൽ ആശ്രയിക്കുകയും
ദുഷ്ടതയിൽ തന്നെത്താൻ ഉറപ്പിക്കുകയും ചെയ്ത മനുഷ്യൻ അതാ” എന്ന് പറയും,
8ഞാനോ, ദൈവത്തിന്റെ ആലയത്തിൽ തഴച്ചുവളരുന്ന ഒലിവുവൃക്ഷംപോലെ ആകുന്നു;
ഞാൻ ദൈവത്തിന്റെ ദയയിൽ എന്നും എന്നേക്കും ആശ്രയിക്കുന്നു.
9നീ അത് ചെയ്തിരിക്കുകകൊണ്ട് ഞാൻ എന്നും നിനക്ക് സ്തോത്രം ചെയ്യും;
ഞാൻ നിന്റെ നാമത്തിൽ പ്രത്യാശവയ്ക്കും;
നിന്റെ ഭക്തന്മാരുടെ മുമ്പാകെ അത് ഉചിതമല്ലയോ?
53
സംഗീതപ്രമാണിക്ക്; മഹലത്ത് എന്ന രാഗത്തിൽ ദാവീദിന്റെ ധ്യാനം.
1“ദൈവം ഇല്ല” എന്ന് മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു;
വഷളന്മാരായ അവർ, മ്ലേച്ഛമായ നീതികേട് പ്രവർത്തിക്കുന്നു;
നന്മ ചെയ്യുന്നവൻ ആരുമില്ല.
2ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻ ഉണ്ടോ എന്ന് കാണുവാൻ
ദൈവം സ്വർഗ്ഗത്തിൽനിന്ന് മനുഷ്യപുത്രന്മാരെ നോക്കുന്നു.
3എല്ലാവരും ഒരുപോലെ പിൻമാറി മലിനരായിത്തീർന്നു;
നന്മചെയ്യുന്നവനില്ല; ഒരുത്തൻപോലും ഇല്ല.
4നീതികേടു പ്രവർത്തിക്കുന്നവർ അറിയുന്നില്ലയോ?
അപ്പം പോലെ അവർ എന്റെ ജനത്തെ തിന്നുകളയുന്നു;
ദൈവത്തോട് അവർ പ്രാർത്ഥിക്കുന്നില്ല.
5ഭയമില്ലാതിരുന്നപ്പോൾ അവർക്ക് മഹാഭയമുണ്ടായി;
നിന്റെ നേരെ പാളയമിറങ്ങിയവന്റെ അസ്ഥികളെ ദൈവം ചിതറിച്ചുവല്ലോ.
ദൈവം അവരെ തള്ളിക്കളഞ്ഞതുകൊണ്ട് നീ അവരെ ലജ്ജിപ്പിച്ചു.
6സീയോനിൽനിന്ന് യിസ്രായേലിന്റെ രക്ഷ വന്നെങ്കിൽ!
ദൈവം തന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോൾ
യാക്കോബ് സന്തോഷിക്കുകയും യിസ്രായേൽ ആനന്ദിക്കുകയും ചെയ്യും.
54
സംഗീതപ്രമാണിക്ക്; തന്ത്രിനാദത്തോടെ ദാവീദിന്റെ ഒരു ധ്യാനം. സീഫ്യർ ചെന്ന് ശൌലിനോട്: “ദാവീദ് ഞങ്ങളുടെ അടുക്കൽ ഒളിച്ചിരിക്കുന്നു” എന്ന് പറഞ്ഞപ്പോൾ വാങ്മയ രൂപം നൽകിയത്. .
1ദൈവമേ, നിന്റെ നാമത്താൽ എന്നെ രക്ഷിക്കണമേ;
നിന്റെ ശക്തിയാൽ എനിക്ക് ന്യായം പാലിച്ചുതരണമേ.
2ദൈവമേ, എന്റെ പ്രാർത്ഥന കേൾക്കണമേ;
എന്റെ വായിലെ വാക്കുകൾ ശ്രദ്ധിക്കണമേ.
3അന്യജാതിക്കാർ എന്നോട് എതിർത്തിരിക്കുന്നു;
ഘോരന്മാർ എനിക്ക് ജീവഹാനി വരുത്തുവാൻ നോക്കുന്നു;
അവർ ദൈവത്തെ അവരുടെ മുമ്പിൽ നിർത്തിയിട്ടില്ല.
4ഇതാ, ദൈവം എന്റെ സഹായകനാകുന്നു;
കർത്താവ് എന്റെ പ്രാണനെ താങ്ങുന്നവരോടു കൂടി ഉണ്ട്.
5അവൻ എന്റെ ശത്രുക്കൾക്ക് തിന്മ പകരം ചെയ്യും;
നിന്റെ വിശ്വസ്തതയാൽ അവരെ സംഹരിച്ചുകളയണമേ.
6സ്വമേധാദാനത്തോടെ ഞാൻ നിനക്ക് ഹനനയാഗം കഴിക്കും;
“യഹോവേ, നിന്റെ നാമം നല്ലത്” എന്നു ചൊല്ലി ഞാൻ സ്തോത്രം ചെയ്യും.
7അവൻ എന്നെ സകലകഷ്ടത്തിൽനിന്നും വിടുവിച്ചിരിക്കുന്നു;
എന്റെ കണ്ണ് എന്റെ ശത്രുക്കളെ കണ്ട് രസിക്കും.
55
സംഗീതപ്രമാണിക്ക്; തന്ത്രിനാദത്തോടെ ദാവീദിന്റെ ഒരു ധ്യാനം.
1ദൈവമേ, എന്റെ പ്രാർത്ഥന ശ്രദ്ധിക്കണമേ;
എന്റെ യാചനയ്ക്ക് മറഞ്ഞിരിക്കരുതേ.
2എനിക്ക് ചെവിതന്ന് ഉത്തരമരുളണമേ;
ശത്രുവിന്റെ കൂക്കുവിളി നിമിത്തവും ദുഷ്ടന്റെ പീഡ നിമിത്തവും
ഞാൻ എന്റെ സങ്കടത്തിൽ പൊറുതിയില്ലാതെ ഞരങ്ങുന്നു.
3അവർ എന്റെ മേൽ നീതികേട് ചുമത്തുന്നു;
കോപത്തോടെ എന്നെ ഉപദ്രവിക്കുന്നു.
4എന്റെ ഹൃദയം എന്റെ ഉള്ളിൽ വേദനപ്പെട്ടിരിക്കുന്നു;
മരണഭീതിയും എന്റെമേൽ വീണിരിക്കുന്നു.
5ഭയവും വിറയലും എന്നെ പിടിച്ചിരിക്കുന്നു;
പരിഭ്രമം എന്നെ മൂടിയിരിക്കുന്നു.
6“പ്രാവിനെപ്പോലെ
എനിക്ക് ചിറകുണ്ടായിരുന്നുവെങ്കിൽ!
എന്നാൽ ഞാൻ പറന്നുപോയി വിശ്രമിക്കുമായിരുന്നു” എന്ന് ഞാൻ പറഞ്ഞു.
7അതേ, ഞാൻ ദൂരത്ത് സഞ്ചരിച്ച്,
മരുഭൂമിയിൽ പാർക്കുമായിരുന്നു!
സേലാ.
8ഞാൻ കൊടുങ്കാറ്റിൽനിന്നും പെരുങ്കാറ്റിൽനിന്നും ബദ്ധപ്പെട്ട്
ഒരു സങ്കേതത്തിലേക്ക് ഓടിപ്പോകുമായിരുന്നു!
9കർത്താവേ, അവരുടെ നാവുകളെ നശിപ്പിച്ച് വികലമാക്കണമേ.
ഞാൻ നഗരത്തിൽ അതിക്രമവും കലഹവും കണ്ടിരിക്കുന്നു.
10രാവും പകലും അവർ അതിന്റെ മതിലുകളിന്മേൽ ചുറ്റി സഞ്ചരിക്കുന്നു;
നീതികേടും കഷ്ടവും അതിന്റെ അകത്തുണ്ട്.
11ദുഷ്ടത അതിന്റെ നടുവിൽ ഉണ്ട്;
ചതിവും വഞ്ചനയും അതിന്റെ വീഥികളെ വിട്ടുമാറുന്നതുമില്ല.
12എന്നെ നിന്ദിച്ചത് ഒരു ശത്രുവല്ല; അങ്ങനെയെങ്കിൽ ഞാൻ സഹിക്കുമായിരുന്നു;
എന്റെ നേരെ വമ്പ് പറഞ്ഞത് എന്നെ വെറുക്കുന്നവനല്ല;
അങ്ങനെയെങ്കിൽ ഞാൻ മറഞ്ഞുകൊള്ളുമായിരുന്നു.
13നീയോ എന്നോടു സമനായ മനുഷ്യനും എന്റെ സഖിയും
എന്റെ പ്രാണസ്നേഹിതനുമായിരുന്നു.
14നാം തമ്മിൽ മധുരസമ്പർക്കം ചെയ്ത്
പുരുഷാരവുമായി ദൈവാലയത്തിലേക്ക് പോയിരുന്നല്ലോ.
15മരണം പെട്ടെന്ന് അവരെ പിടിക്കട്ടെ;
അവർ ജീവനോടെ പാതാളത്തിലേക്ക് ഇറങ്ങട്ടെ;
ദുഷ്ടത അവരുടെ വാസസ്ഥലത്തും അവരുടെ ഉള്ളിലും ഉണ്ട്.
16ഞാൻ ദൈവത്തെ വിളിച്ചപേക്ഷിക്കും;
യഹോവ എന്നെ രക്ഷിക്കും.
17ഞാൻ വൈകുന്നേരത്തും കാലത്തും ഉച്ചയ്ക്കും സങ്കടം ബോധിപ്പിച്ച് കരയും;
അവൻ എന്റെ പ്രാർത്ഥന കേൾക്കും.
18എന്നോടു എതിർത്തു നിന്നവർ അനേകം പേരായിരുന്നു. അവർ ആരും എന്നോട് അടുക്കാത്തവിധം അവൻ
എന്റെ പ്രാണനെ വീണ്ടെടുത്ത് സമാധാനത്തിലാക്കി;
19കാലം ആരംഭിക്കുന്നതിനുമുമ്പ് സിംഹാസനസ്ഥനായ ദൈവം എന്റെ നിലവിളികേട്ട് അവരെ തോല്പിക്കും.
സേലാ.
അവർക്ക് മാനസാന്തരമില്ല; അവർ ദൈവത്തെ ഭയപ്പെടുന്നതുമില്ല.
20തന്നോട് സമാധാനമായിരിക്കുന്നവരെ കയ്യേറ്റം ചെയ്ത്
തന്റെ സഖ്യത അവൻ ലംഘിച്ചിരിക്കുന്നു.
21അവന്റെ വായ് വെണ്ണപോലെ മൃദുവായത്;
ഹൃദയത്തിലോ യുദ്ധമത്രേ.
അവന്റെ വാക്കുകൾ എണ്ണയെക്കാൾ മയമുള്ളവ;
എങ്കിലും അവ ഊരിയ വാളുകൾ ആയിരുന്നു.
22നിന്റെ ഭാരം യഹോവയുടെമേൽ വച്ചുകൊള്ളുക;
അവൻ നിന്നെ പുലർത്തും;
നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കുകയില്ല.
23ദൈവമേ, നീ അവരെ നാശത്തിന്റെ കുഴിയിലേക്ക് ഇറക്കും;
കൊലപാതകവും കാപട്യവും ഉള്ളവർ ആയുസ്സിന്റെ പകുതിയോളം ജീവിക്കുകയില്ല;
എന്നാൽ ഞാൻ അങ്ങയിൽ ആശ്രയിക്കും.
56
സംഗീതപ്രമാണിക്ക്; ദൂരസ്ഥന്മാരുടെ ഇടയിൽ മിണ്ടാത്ത പ്രാവ് എന്ന രാഗത്തിൽ, ദാവീദിന്റെ ഒരു സങ്കീർത്തനം. ഫെലിസ്ത്യർ അവനെ ഗത്തിൽ വച്ച് പിടിച്ചപ്പോൾ രചിച്ചത്.
1ദൈവമേ, എന്നോട് കൃപയുണ്ടാകണമേ;
മനുഷ്യർ എന്നെ വിഴുങ്ങുവാൻ പോകുന്നു;
അവർ ഇടവിടാതെ പൊരുതി എന്നെ ഞെരുക്കുന്നു.
2എന്റെ ശത്രുക്കൾ ഇടവിടാതെ എന്നെ വേട്ടയാടുവാൻ ഭാവിക്കുന്നു;
ഗർവ്വത്തോടെ എന്നോട് പൊരുതുന്നവർ അനേകരാണല്ലോ.
3ഞാൻ ഭയപ്പെടുമ്പോൾ നാളിൽ നിന്നിൽ ആശ്രയിക്കും.
4ഞാൻ ദൈവത്തിൽ അവന്റെ വചനത്തെ പുകഴ്ത്തും;
ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല.
ജഡികമനുഷ്യന് എന്നോട് എന്തു ചെയ്യുവാൻ കഴിയും?
5ഇടവിടാതെ അവർ എന്റെ വാക്കുകൾ വളച്ചൊടിക്കുന്നു;
അവരുടെ വിചാരങ്ങളെല്ലാം എന്റെ നേരെ തിന്മയ്ക്കായിട്ടാകുന്നു.
6അവർ കൂട്ടംകൂടി ഒളിച്ചിരിക്കുന്നു;
എന്റെ പ്രാണനായി പതിയിരിക്കുന്നതുപോലെ
അവർ എന്റെ കാലടികളെ നോക്കിക്കൊണ്ടിരിക്കുന്നു.
7നീതികേടിനാൽ അവർ രക്ഷപെടുമോ?
ദൈവമേ, നിന്റെ കോപത്തിൽ ജനതകളെ തള്ളിയിടണമേ.
8എന്റെ ലക്ഷ്യമില്ലാത്ത നടപ്പുകൾ നീ എണ്ണുന്നു;
എന്റെ കണ്ണുനീർ നിന്റെ തുരുത്തിയിൽ സൂക്ഷിക്കണമേ;
അത് നിന്റെ പുസ്തകത്തിൽ ഇല്ലയോ?
9ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ തന്നെ എന്റെ ശത്രുക്കൾ പിന്തിരിയുന്നു;
ദൈവം എനിക്ക് അനുകൂലമെന്ന് ഞാൻ അറിയുന്നു.
10ഞാൻ ദൈവത്തിൽ, അവന്റെ വചനത്തിൽ തന്നെ പുകഴും;
ഞാൻ യഹോവയിൽ അവന്റെ വചനത്തിൽ പ്രശംസിക്കും.
11ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല.
മനുഷ്യന് എന്നോട് എന്തു ചെയ്യുവാൻ കഴിയും?
12ദൈവമേ, നിനക്കുള്ള നേർച്ചകൾ കഴിക്കുവാൻ ഞാൻ കടമ്പെട്ടിരിക്കുന്നു;
ഞാൻ നിനക്ക് സ്തോത്രയാഗങ്ങൾ അർപ്പിക്കും.
13ഞാൻ ദൈവമുമ്പാകെ ജീവന്റെ പ്രകാശത്തിൽ നടക്കേണ്ടതിന്
നീ എന്റെ പ്രാണനെ മരണത്തിൽ നിന്നും
എന്റെ കാലുകളെ ഇടർച്ചയിൽനിന്നും വിടുവിച്ചുവല്ലോ.
57
സംഗീതപ്രമാണിക്ക്; നശിപ്പിക്കരുതേ എന്ന രാഗത്തിൽ; ദാവീദിന്റെ ഒരു സ്വർണ്ണഗീതം. അവൻ ശൌലിന്റെ മുമ്പിൽനിന്ന് ഗുഹയിലേക്ക് ഓടിപ്പോയ കാലത്ത് രചിച്ചത്.
1ദൈവമേ, എന്നോട് കൃപയുണ്ടാകണമേ;
എന്നോട് കൃപയുണ്ടാകണമേ;
ഞാൻ നിന്നെ ശരണം പ്രാപിക്കുന്നു;
അതേ, ഈ ആപത്തുകൾ ഒഴിഞ്ഞുപോകുംവരെ
ഞാൻ നിന്റെ ചിറകിൻ നിഴലിൽ ശരണം പ്രാപിക്കുന്നു.
2അത്യുന്നതനായ ദൈവത്തെ ഞാൻ വിളിച്ചപേക്ഷിക്കുന്നു;
എനിക്കുവേണ്ടി സകലവും നിർവ്വഹിക്കുന്ന ദൈവത്തെ തന്നെ.
3എന്നെ വിഴുങ്ങുവാൻ ഭാവിക്കുന്നവർ എന്നെ നിന്ദിക്കുമ്പോൾ
അവൻ സ്വർഗ്ഗത്തിൽനിന്ന് കൈനീട്ടി എന്നെ രക്ഷിക്കും.
സേലാ.
ദൈവം തന്റെ ദയയും വിശ്വസ്തതയും അയയ്ക്കുന്നു.
4എന്റെ പ്രാണൻ സിംഹങ്ങളുടെ ഇടയിൽ ഇരിക്കുന്നു;
അഗ്നിജ്വലിക്കുന്നവരുടെ നടുവിൽ ഞാൻ കിടക്കുന്നു;
പല്ലുകൾ കുന്തങ്ങളോ അസ്ത്രങ്ങളോ, നാവ് മൂർച്ചയുള്ള വാളോ ആയിരിക്കുന്ന മനുഷ്യപുത്രന്മാരുടെ ഇടയിൽ തന്നെ.
5ദൈവമേ, നീ ആകാശത്തിന് മീതെ ഉയർന്നിരിക്കണമേ;
നിന്റെ മഹത്വം സർവ്വഭൂമിയിലും പരക്കട്ടെ.
6അവർ എന്റെ കാലടികൾക്ക് മുമ്പിൽ ഒരു വല വിരിച്ചു;
എന്റെ മനസ്സ് ഇടിഞ്ഞിരിക്കുന്നു;
അവർ എന്റെ മുമ്പിൽ ഒരു കുഴി കുഴിച്ചു;
അതിൽ അവർ തന്നെ വീണു.
സേലാ.
7എന്റെ മനസ്സ് ഉറച്ചിരിക്കുന്നു;
ദൈവമേ, എന്റെ മനസ്സ് ഉറച്ചിരിക്കുന്നു;
ഞാൻ പാടും; ഞാൻ കീർത്തനം ചെയ്യും.
8എൻ സ്തുതിയേ, ഉണരുക;
വീണയും കിന്നരവുമേ, ഉണരുവിൻ!
ഞാൻ തന്നെ പ്രഭാതകാലത്ത് ഉണരും.
9കർത്താവേ, വംശങ്ങളുടെ ഇടയിൽ ഞാൻ നിനക്ക് സ്തോത്രം ചെയ്യും;
ജനതകളുടെ മദ്ധ്യേ ഞാൻ നിനക്ക് കീർത്തനം ചെയ്യും.
10നിന്റെ ദയ ആകാശത്തോളവും
നിന്റെ വിശ്വസ്തത മേഘങ്ങളോളം വലുതല്ലയോ?.
11ദൈവമേ, നീ ആകാശത്തിന് മീതെ ഉയർന്നിരിക്കണമേ;
നിന്റെ മഹത്വം സർവ്വഭൂമിയ്ക്കും ഉപരിയായി പരക്കട്ടെ.
58
സംഗീതപ്രമാണിക്ക്; നശിപ്പിക്കരുതേ എന്ന രാഗത്തിൽ; ദാവീദിന്റെ ഒരു സ്വർണ്ണഗീതം.
1ദേവന്മാരേ, നിങ്ങൾ വാസ്തവമായി നീതി പ്രസ്താവിക്കുന്നുവോ?
മനുഷ്യപുത്രന്മാരേ, നിങ്ങൾ പരമാർത്ഥമായി വിധിക്കുന്നുവോ?
2നിങ്ങൾ ഹൃദയത്തിൽ ദുഷ്ടത പ്രവർത്തിക്കുന്നു;
ഭൂമിയിൽ നിങ്ങളുടെ കൈകളുടെ നിഷ്ഠൂരത തൂക്കിക്കൊടുക്കുന്നു.
3ദുഷ്ടന്മാർ ഗർഭംമുതൽ ഭ്രഷ്ടന്മാരായിരിക്കുന്നു;
അവർ ജനനംമുതൽ ഭോഷ്കു പറഞ്ഞ് തെറ്റിനടക്കുന്നു.
4അവരുടെ വിഷം സർപ്പവിഷംപോലെ;
അവർ ചെവിയടച്ചുകളയുന്ന പൊട്ടയണലിപോലെയാകുന്നു.
5എത്ര സാമർത്ഥ്യത്തോടെ മകുടി ഊതിയാലും പാമ്പാട്ടിയുടെ
ശബ്ദം അത് കേൾക്കുകയില്ല.
6ദൈവമേ, അവരുടെ വായിലെ പല്ലുകൾ തകർക്കണമേ;
യഹോവേ, ബാലസിംഹങ്ങളുടെ അണപ്പല്ലുകൾ തകർത്തുകളയണമേ.
7ഒഴുകിപ്പോകുന്ന വെള്ളംപോലെ അവർ ഉരുകിപ്പോകട്ടെ;
അവൻ തന്റെ അമ്പുകൾ തൊടുക്കുമ്പോൾ അവ ഒടിഞ്ഞുപോയതുപോലെ ആകട്ടെ.
8അലിഞ്ഞു പോകുന്ന ഒച്ചു പോലെ അവർ ആകട്ടെ;
ഗർഭം അലസിപ്പോയ സ്ത്രീയുടെ ചാപിള്ളപോലെ അവർ സൂര്യനെ കാണാതിരിക്കട്ടെ.
9നിങ്ങളുടെ കലങ്ങൾക്ക് മുൾതീയുടെ ചൂട് തട്ടുന്നതിനു മുമ്പ് പച്ചയും വെന്തതുമായ മാംസമെല്ലാം ഒരുപോലെ അവൻ ചുഴലിക്കാറ്റിനാൽ പാറ്റിക്കളയും.
10നീതിമാൻ പ്രതിക്രിയ കണ്ട് ആനന്ദിക്കും;
അവൻ തന്റെ കാലുകൾ ദുഷ്ടന്മാരുടെ രക്തത്തിൽ കഴുകും.
11ആകയാൽ, “നീതിമാന് പ്രതിഫലം ഉണ്ട് നിശ്ചയം;
ഭൂമിയിൽ ന്യായംവിധിക്കുന്ന ഒരു ദൈവം ഉണ്ട് നിശ്ചയം”
എന്ന് മനുഷ്യർ പറയും.
59
സംഗീതപ്രമാണിക്ക്; നശിപ്പിക്കരുതേ എന്ന രാഗത്തിൽ; ദാവീദിന്റെ ഒരു സ്വർണ്ണഗീതം. അവനെ കൊല്ലുവാൻ ശൌൽ അയച്ച ആളുകൾ വീട് കാത്തിരുന്ന കാലത്ത് രചിച്ചത്.
1എന്റെ ദൈവമേ, എന്റെ ശത്രുക്കളുടെ കൈയിൽനിന്ന് എന്നെ വിടുവിക്കണമേ;
എനിയ്ക്ക് എതിരെ എഴുന്നേറ്റിരിക്കുന്നവരിൽ നിന്ന് എനിക്ക് സംരക്ഷണം നൽകണമേ.
2നീതികേട് പ്രവർത്തിക്കുന്നവരുടെ കൈയിൽ നിന്ന് എന്നെ മോചിപ്പിച്ച്
രക്തദാഹികളുടെ പക്കൽനിന്ന് എന്നെ രക്ഷിക്കണമേ.
3ഇതാ, അവർ എന്റെ പ്രാണനുവേണ്ടി പതിയിരിക്കുന്നു;
യഹോവേ, ബലവാന്മാർ എന്റെ നേരെ കൂട്ടം കൂടുന്നത്
എന്റെ അതിക്രമം നിമിത്തമല്ല, എന്റെ പാപം ഹേതുവായിട്ടുമല്ല.
4എന്റെ പക്കൽ അകൃത്യം ഇല്ലെങ്കിലും അവർ എനിക്കെതിരെ ഓടി ഒരുങ്ങുന്നു;
എന്നെ സഹായിക്കുവാൻ ഉണർന്ന് കടാക്ഷിക്കണമേ.
5സൈന്യങ്ങളുടെ ദൈവമായ യഹോവേ, യിസ്രായേലിന്റെ ദൈവമേ,
സകല ജനതകളെയും സന്ദർശിക്കേണ്ടതിന് നീ ഉണരണമേ;
നീതികെട്ട ദ്രോഹികളിൽ ആരോടും കൃപ തോന്നരുതേ.
സേലാ.
6സന്ധ്യാസമയത്ത് അവർ മടങ്ങിവരുന്നു;
നായെപ്പോലെ കുരച്ചുകൊണ്ട് അവർ പട്ടണത്തിന് ചുറ്റും നടക്കുന്നു.
7അവർ അവരുടെ വായ്കൊണ്ട് ശകാരിക്കുന്നു;
വാളുകൾ അവരുടെ അധരങ്ങളിൽ ഉണ്ട്;
“ആര് കേൾക്കും” എന്ന് അവർ പറയുന്നു.
8എങ്കിലും യഹോവേ, നീ അവരെ നോക്കി ചിരിക്കും;
നീ സകലജാതികളെയും പരിഹസിക്കും.
9എന്റെ ബലമായുള്ള യഹോവേ, ഞാൻ നിന്നെ കാത്തിരിക്കും;
ദൈവം എന്റെ ഗോപുരമാകുന്നു.
10എന്റെ ദൈവം തന്റെ കരുണയിൽ എന്നെ എതിരേല്ക്കും;
ഞാൻ എന്റെ ശത്രുക്കളെ കണ്ട് രസിക്കുവാൻ ദൈവം ഇടയാക്കും.
11അവരെ കൊന്നുകളയരുതേ; എന്റെ ജനം മറക്കാതിരിക്കേണ്ടതിന് തന്നെ;
ഞങ്ങളുടെ പരിചയാകുന്ന കർത്താവേ,
നിന്റെ ശക്തികൊണ്ട് അവരെ ചിതറിച്ച് താഴ്ത്തണമേ.
12അവരുടെ വായിലെ പാപവും അധരങ്ങളിലെ വാക്കുകളും നിമിത്തം
അവർ അവരുടെ അഹങ്കാരത്തിൽ പിടിക്കപ്പെടട്ടെ.
13അവർ പറയുന്ന ശാപവാക്കുകളും ഭോഷ്ക്കും നിമിത്തം കോപത്തോടെ അവരെ സംഹരിക്കണമേ;
അവർ ഇല്ലാതെയാകുംവണ്ണം അവരെ സംഹരിച്ചുകളയണമേ;
ദൈവം യാക്കോബിൽ വാഴുന്നു
എന്ന് ഭൂമിയുടെ അറ്റംവരെ അറിയുമാറാകട്ടെ.
സേലാ.
14സന്ധ്യാസമയത്ത് അവർ മടങ്ങിവരുന്നു;
നായെപ്പോലെ കുരച്ചുകൊണ്ട് അവർ നഗരത്തിന് ചുറ്റും നടക്കുന്നു.
15അവർ ആഹാരത്തിനായി അലഞ്ഞു നടക്കുന്നു;
തൃപ്തിയായില്ലെങ്കിൽ അവർ രാത്രിമുഴുവനും കാത്തിരിക്കുന്നു.
16ഞാൻ നിന്റെ ബലത്തെക്കുറിച്ച് പാടും;
അതികാലത്ത് ഞാൻ നിന്റെ ദയയെക്കുറിച്ച് ഘോഷിച്ചാനന്ദിക്കും.
കഷ്ടകാലത്ത് നീ എന്റെ ഗോപുരവും അഭയസ്ഥാനവും ആയിരുന്നു.
17എന്റെ ബലമായുള്ള യഹോവേ, ഞാൻ നിനക്ക് സ്തുതിപാടും;
എന്റെ ഗോപുരവും എന്നോട് ദയകാണിക്കുകയും ചെയ്യുന്ന ദൈവത്തിനു തന്നെ.
60
സംഗീതപ്രമാണിക്ക്; സാക്ഷ്യസാരസം എന്ന രാഗത്തിൽ, അഭ്യസിക്കുവാനുള്ള ദാവീദിന്റെ ഒരു സ്വർണ്ണഗീതം. യോവാബ് മെസൊപൊട്ടാമ്യയിലെ അരാമ്യരോടും സോബയിലെ ആരാമ്യരോടും യുദ്ധംചെയ്ത് മടങ്ങിവന്നശേഷം രചിച്ചത്.
1ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞ് ചിതറിച്ചിരിക്കുന്നു;
നീ കോപിച്ചിരിക്കുന്നു; ഞങ്ങളെ യഥാസ്ഥാനത്താക്കണമേ.
2നീ ഭൂമിയെ നടുക്കി ഭിന്നിപ്പിച്ചിരിക്കുന്നു;
അത് കുലുങ്ങുകയാൽ അതിന്റെ വിള്ളലുകളെ നന്നാക്കണമേ.
3നീ നിന്റെ ജനത്തെ കാഠിന്യം അനുഭവിപ്പിച്ചു;
പരിഭ്രമത്തിന്റെ വീഞ്ഞ് നീ ഞങ്ങളെ കുടിപ്പിച്ചിരിക്കുന്നു.
4സത്യം നിമിത്തം ഉയർത്തേണ്ടതിന്
നീ നിന്റെ ഭക്തന്മാർക്ക് ഒരു കൊടി നല്കിയിരിക്കുന്നു.
സേലാ.
5നിനക്ക് പ്രിയമുള്ളവർ വിടുവിക്കപ്പെടേണ്ടതിന്
നിന്റെ വലങ്കൈകൊണ്ട് രക്ഷിച്ച് ഞങ്ങൾക്ക് ഉത്തരമരുള ണമേ.
6ദൈവം തന്റെ വിശുദ്ധിയിൽ അരുളിച്ചെയ്തു: “ഞാൻ ആഹ്ലാദിക്കും; ഞാൻ ശെഖേമിനെ വിഭാഗിച്ച് സുക്കോത്ത് താഴ്വര അളക്കും.
7ഗിലെയാദ് എനിക്കുള്ളത്; മനശ്ശെയും എനിക്കുള്ളത്;
എഫ്രയീം എന്റെ ശിരോകവചവും യെഹൂദാ എന്റെ ചെങ്കോലും ആകുന്നു.
8മോവാബ് എനിക്ക് കഴുകുവാനുള്ള വട്ടക;
ഏദോമിന്മേൽ ഞാൻ എന്റെ ചെരിപ്പ് എറിയും;
ഫെലിസ്ത്യദേശമേ, നീ എന്റെനിമിത്തം ജയഘോഷം കൊള്ളുക!”
9ഉറപ്പുള്ള നഗരത്തിലേക്ക് എന്നെ ആര് കൊണ്ടുപോകും?
ഏദോമിലേക്ക് എന്നെ ആര് വഴി നടത്തും?
10ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ?
ദൈവമേ നീ ഞങ്ങളുടെ സൈന്യങ്ങളോടു കൂടി പുറപ്പെടുന്നതുമില്ല.
11വൈരിയുടെ നേരെ ഞങ്ങൾക്ക് സഹായം ചെയ്യണമേ;
മനുഷ്യന്റെ സഹായം വ്യർത്ഥമല്ലോ.
12ദൈവത്താൽ നാം വീര്യം പ്രവർത്തിക്കും;
അവൻ തന്നെ നമ്മുടെ വൈരികളെ മെതിച്ചുകളയും.
61
സംഗീതപ്രമാണിക്ക്; തന്ത്രിനാദത്തോടെ; ദാവീദിന്റെ ഒരു സങ്കീർത്തനം.
1ദൈവമേ, എന്റെ നിലവിളി കേൾക്കണമേ;
എന്റെ പ്രാർത്ഥന ശ്രദ്ധിക്കണമേ.
2എന്റെ ഹൃദയം ക്ഷീണിക്കുമ്പോൾ
ഞാൻ ഭൂമിയുടെ അറ്റത്തുനിന്ന് നിന്നെ വിളിച്ചപേക്ഷിക്കും;
എനിക്ക് അത്യുന്നതമായ പാറയിലേക്ക് എന്നെ നടത്തണമേ.
3നീ എനിക്കൊരു സങ്കേതവും ശത്രുവിന്റെ നേരെ
ഉറപ്പുള്ള ഗോപുരവും ആയിരിക്കുന്നുവല്ലോ.
4ഞാൻ നിന്റെ കൂടാരത്തിൽ എന്നേക്കും വസിക്കും;
നിന്റെ ചിറകിൻ മറവിൽ ഞാൻ ശരണം പ്രാപിക്കും.
സേലാ.
5ദൈവമേ, നീ എന്റെ നേർച്ചകൾ കേട്ട്,
നിന്റെ നാമത്തെ ഭയപ്പെടുന്നവരുടെ അവകാശം എനിക്ക് തന്നിരിക്കുന്നു.
6നീ രാജാവിന്റെ ആയുസ്സിനെ ദീർഘമാക്കും;
അവന്റെ സംവത്സരങ്ങൾ തലമുറതലമുറയോളം ഇരിക്കും.
7അവൻ എന്നേക്കും ദൈവസന്നിധിയിൽ വസിക്കും;
അവനെ പരിപാലിക്കേണ്ടതിന് ദയയും വിശ്വസ്തതയും കല്പിക്കണമേ,
8അങ്ങനെ ഞാൻ തിരുനാമത്തെ എന്നേക്കും കീർത്തിക്കുകയും
എന്റെ നേർച്ചകളെ നാൾതോറും കഴിക്കുകയും ചെയ്യും.
62
സംഗീതപ്രമാണിക്ക്; യെദൂഥൂന്യരാഗത്തിൽ, ദാവീദിന്റെ ഒരു സങ്കീർത്തനം.
1എന്റെ ഉള്ളം ദൈവത്തെ നോക്കി മൗനമായിരിക്കുന്നു;
എന്റെ രക്ഷ അവനിൽനിന്ന് വരുന്നു.
2അവൻ തന്നെ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു;
എന്റെ ഗോപുരം അവൻ തന്നെ; ഞാൻ ഏറെ കുലുങ്ങുകയില്ല.
3നിങ്ങൾ എല്ലാവരും ചാഞ്ഞ മതിലും ആടുന്ന വേലിയുംപോലെ
ഒരു മനുഷ്യനെ കൊല്ലുവാൻ എത്രത്തോളം അവനെ ആക്രമിക്കും?
4അവന്റെ ഉന്നത പദവിയിൽനിന്ന് അവനെ തള്ളിയിടുവാനത്രേ അവർ നിരൂപിക്കുന്നത്;
അവർ ഭോഷ്കിൽ ഇഷ്ടപ്പെടുന്നു; വായ്കൊണ്ടു അവർ അനുഗ്രഹിക്കുന്നു;
എങ്കിലും ഉള്ളംകൊണ്ട് അവർ ശപിക്കുന്നു.
സേലാ.
5എന്റെ ഉള്ളമേ, ദൈവത്തെ നോക്കി മൗനമായിരിക്കുക;
എന്റെ പ്രത്യാശ അവനിൽനിന്ന് വരുന്നു.
6എന്റെ പാറയും എന്റെ രക്ഷയും അവൻ തന്നെ ആകുന്നു;
എന്റെ ഗോപുരം അവൻ തന്നെ; ഞാൻ കുലുങ്ങുകയില്ല.
7ദൈവം എന്റെ രക്ഷയും, മഹത്വവും, എന്റെ ബലത്തിന്റെ പാറയും ആകുന്നു;
എന്റെ രക്ഷാസങ്കേതവും അവൻ തന്നെ.
8ജനമേ, എല്ലാകാലത്തും അവനിൽ ആശ്രയിക്കുവിൻ;
നിങ്ങളുടെ ഹൃദയം അവന്റെ മുമ്പിൽ പകരുവിൻ;
ദൈവം നമുക്ക് സങ്കേതമാകുന്നു.
സേലാ.
9സാമാന്യജനം ഒരു ശ്വാസവും ശ്രേഷ്ഠജനം ഭോഷ്കുമത്രേ;
തുലാസിന്റെ തട്ടിൽ അവർ പൊങ്ങിപ്പോകും;
അവർ ഒരു ശ്വാസത്തേക്കാൾ ലഘുവാകുന്നു.
10പീഡനത്തിൽ ആശ്രയിക്കരുത്; കവർച്ചയിൽ മയങ്ങിപ്പോകരുത്;
സമ്പത്ത് വർദ്ധിച്ചാൽ അതിൽ മനസ്സ് വയ്ക്കരുത്;
11“ശക്തി ദൈവത്തിനുള്ളത്”എന്ന് ദൈവം ഒരിക്കൽ അരുളിച്ചെയ്തു,
ഞാൻ രണ്ടുപ്രാവശ്യം കേട്ടുമിരിക്കുന്നു.
12കർത്താവേ, ദയയും നിനക്കുള്ളതാകുന്നു;
നീ ഓരോരുത്തന് അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നല്കുന്നു.
63
ദാവീദിന്റെ ഒരു സങ്കീർത്തനം; ദാവീദ് യെഹൂദാമരുഭൂമിയിൽ ഇരിക്കുന്നകാലത്ത് എഴുതിയത്.
1ദൈവമേ, നീ എന്റെ ദൈവം; അതികാലത്ത് ഞാൻ നിന്നെ അന്വേഷിക്കും;
വെള്ളമില്ലാതെ ഉണങ്ങി വരണ്ട ദേശത്ത് എന്റെ ഉള്ളം നിനക്കായി ദാഹിക്കുന്നു;
എന്റെ ദേഹം നിനക്കായി കാംക്ഷിക്കുന്നു.
2അങ്ങനെ നിന്റെ ബലവും മഹത്വവും കാണുവാൻ
ഞാൻ വിശുദ്ധമന്ദിരത്തിൽ നിന്നെ കാത്തിരിക്കുന്നു.
3നിന്റെ ദയ ജീവനെക്കാൾ നല്ലതാകുന്നു;
എന്റെ അധരങ്ങൾ നിന്നെ സ്തുതിക്കും.
4എന്റെ ജീവകാലം മുഴുവൻ ഞാൻ അങ്ങനെ നിന്നെ വാഴ്ത്തും;
നിന്റെ നാമത്തിൽ ഞാൻ എന്റെ കൈകളെ മലർത്തും.
5എന്റെ കിടക്കയിൽ നിന്നെ ഓർക്കുകയും
രാത്രിയാമങ്ങളിൽ നിന്നെ ധ്യാനിക്കുകയും ചെയ്യുമ്പോൾ
6എന്റെ പ്രാണന് മജ്ജയും മേദസ്സുംകൊണ്ട് എന്നപോലെ തൃപ്തിവരുന്നു;
എന്റെ വായ് സന്തോഷമുള്ള അധരങ്ങളാൽ നിന്നെ സ്തുതിക്കുന്നു.
7നീ എനിക്ക് സഹായമായിത്തീർന്നുവല്ലോ;
നിന്റെ ചിറകിൻ നിഴലിൽ ഞാൻ ഘോഷിച്ചാനന്ദിക്കുന്നു.
8എന്റെ ഉള്ളം നിന്നോട് പറ്റിയിരിക്കുന്നു;
നിന്റെ വലങ്കൈ എന്നെ താങ്ങുന്നു.
9എന്നാൽ എനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ
ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങിപ്പോകും.
10അവരെ വാളിന്റെ ശക്തിക്ക് ഏല്പിക്കും;
കുറുനരികൾക്ക് അവർ ഇരയായിത്തീരും.
11എന്നാൽ രാജാവ് ദൈവത്തിൽ സന്തോഷിക്കും;
അവന്റെ നാമത്തിൽ സത്യം ചെയ്യുന്നവനെല്ലാം പ്രശംസിക്കപ്പെടും ;
എങ്കിലും ഭോഷ്കു പറയുന്നവരുടെ വായ് അടഞ്ഞുപോകും.
64
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം.
1ദൈവമേ, എന്റെ സങ്കടത്തിൽ ഞാൻ കഴിക്കുന്ന അപേക്ഷ കേൾക്കണമേ;
ശത്രുഭയത്തിൽനിന്ന് എന്റെ ജീവനെ പാലിക്കണമേ;
2ദുഷ്കർമ്മികളുടെ ഗൂഢാലോചനയിലും
നീതികേട് പ്രവർത്തിക്കുന്നവരുടെ കൂട്ടത്തിലും ഞാൻ അകപ്പെടാതെ എന്നെ മറച്ചു കൊള്ളണമേ.
3അവർ അവരുടെ നാവിനെ വാൾപോലെ മൂർച്ചയാക്കുന്നു;
നിഷ്കളങ്കനെ ഒളിച്ചിരുന്ന് എയ്യേണ്ടതിന്
4അവർ കൈപ്പുള്ള വാക്കായ അസ്ത്രം തൊടുക്കുകയും
ശങ്കിക്കാതെ പെട്ടെന്ന് അവനെ എയ്തുകളയുകയും ചെയ്യുന്നു.
5തിന്മയായ കാര്യത്തിൽ അവർ അവരെത്തന്നെ ഉറപ്പിക്കുന്നു;
ഒളിച്ച് കെണിവയ്ക്കുവാൻ തമ്മിൽ ആലോചിക്കുന്നു;
“നമ്മെ ആര് കാണും” എന്ന് അവർ പറയുന്നു.
6അവർ ദ്രോഹസൂത്രങ്ങൾ കണ്ടുപിടിക്കുന്നു;
നാം ഒരു സൂക്ഷ്മസൂത്രം കണ്ടുപിടിച്ചു എന്ന് പറയുന്നു;
മനുഷ്യന്റെ അന്തരംഗവും ഹൃദയവും അഗാധം തന്നെ.
7എന്നാൽ ദൈവം അവരെ എയ്യും;
അമ്പുകൊണ്ട് അവർ പെട്ടന്ന് മുറിവേല്ക്കും.
8അങ്ങനെ സ്വന്തനാവ് അവർക്ക് വിരോധമായിരിക്കുകയാൽ
അവർ ഇടറിവീഴുവാൻ ഇടയാകും;
അവരെ കാണുന്നവരെല്ലാം പരിഹാസത്തോടെ തല കുലുക്കുന്നു.
9അങ്ങനെ സകലമനുഷ്യരും ഭയപ്പെട്ട് ദൈവത്തിന്റെ പ്രവൃത്തിയെപ്പറ്റി പ്രസ്താവിക്കും;
അവന്റെ പ്രവൃത്തിയെപ്പറ്റി അവർ ചിന്തിക്കും.
10നീതിമാൻ യഹോവയിൽ ആനന്ദിച്ച് അവനെ ശരണമാക്കും;
ഹൃദയപരമാർത്ഥികൾ എല്ലാവരും പ്രശംസിക്കപ്പെടും .
65
സംഗീതപ്രമാണിക്ക്; ഒരു സങ്കീർത്തനം; ദാവീദിന്റെ ഒരു ഗീതം.
1ദൈവമേ, സീയോനിൽ നിന്നെ സ്തുതിക്കുന്നത് യോഗ്യം തന്നെ;
നിനക്കു തന്നെ നേർച്ച കഴിക്കുന്നു.
2പ്രാർത്ഥന കേൾക്കുന്ന ദൈവമേ,
സകലജഡവും നിന്റെ അടുക്കലേക്ക് വരുന്നു.
3എന്റെ അകൃത്യങ്ങൾ എന്റെ നേരെ പ്രബലമായിരിക്കുന്നു;
അങ്ങ് ഞങ്ങളുടെ അതിക്രമങ്ങൾക്ക് പരിഹാരം വരുത്തും.
4നിന്റെ പ്രാകാരങ്ങളിൽ വസിക്കേണ്ടതിന് നീ തിരഞ്ഞെടുത്ത് അടുപ്പിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ;
ഞങ്ങൾ നിന്റെ വിശുദ്ധമന്ദിരമായ നിന്റെ ആലയത്തിലെ നന്മകൊണ്ട് തൃപ്തരാകും.
5ഭൂമിയുടെ അറുതികൾക്കും ദൂരത്തുള്ള സമുദ്രത്തിനും
ആശ്രയമായിരിക്കുന്ന ഞങ്ങളുടെ രക്ഷയായ ദൈവമേ,
നീ ഭയങ്കരകാര്യങ്ങളാൽ നീതിയോടെ ഞങ്ങൾക്ക് ഉത്തരമരുളുന്നു.
6അവൻ ബലം അരയ്ക്ക് കെട്ടിക്കൊണ്ട് തന്റെ ശക്തിയാൽ പർവ്വതങ്ങളെ ഉറപ്പിക്കുന്നു.
7അവൻ സമുദ്രങ്ങളുടെ മുഴക്കവും തിരമാലകളുടെ കോപവും
ജനതകളുടെ കലഹവും ശമിപ്പിക്കുന്നു.
8ഭൂസീമാവാസികളും നിന്റെ അടയാളങ്ങൾ നിമിത്തം ഭയപ്പെടുന്നു;
ഉദയത്തിന്റെയും അസ്തമയത്തിന്റെയും ദിക്കുകളെ നീ ഘോഷിച്ചുല്ലസിക്കുമാറാക്കുന്നു.
9നീ ഭൂമിയെ സന്ദർശിച്ച് നനയ്ക്കുന്നു; നീ അതിനെ അത്യന്തം പുഷ്ടിയുള്ളതാക്കുന്നു;
ദൈവത്തിന്റെ നദിയിൽ വെള്ളം നിറഞ്ഞിരിക്കുന്നു;
ഇങ്ങനെ നീ ഭൂമിയെ ഒരുക്കി അവർക്ക് ധാന്യം കൊടുക്കുന്നു.
10നീ അതിന്റെ ഉഴവുചാലുകളെ നനയ്ക്കുന്നു;
നീ അതിന്റെ കട്ട ഉടച്ച് നിരത്തുന്നു;
മഴയാൽ നീ അതിനെ കുതിർക്കുന്നു;
അതിലെ മുളയെ നീ അനുഗ്രഹിക്കുന്നു.
11നീ സംവത്സരത്തെ നിന്റെ നന്മകൊണ്ട് അലങ്കരിക്കുന്നു;
നിന്റെ പാതകൾ പുഷ്ടിപൊഴിക്കുന്നു.
12മരുഭൂമിയിലെ പുല്പുറങ്ങൾ പുഷ്ടിപൊഴിക്കുന്നു;
കുന്നുകൾ ഉല്ലാസം ധരിക്കുന്നു.
13മേച്ചല്പുറങ്ങൾ ആട്ടിൻകൂട്ടങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നു;
താഴ്വരകൾ ധാന്യംകൊണ്ട് മൂടിയിരിക്കുന്നു;
അവ ആർക്കുകയും പാടുകയും ചെയ്യുന്നു.
66
സംഗീതപ്രമാണിക്ക്; ഒരു ഗീതം; ഒരു സങ്കീർത്തനം.
1സർവ്വഭൂമിയും, ദൈവത്തെ ആഘോഷിക്കട്ടെ;
2അവന്റെ നാമത്തിന്റെ മഹത്വം കീർത്തിക്കുവിൻ;
അവന്റെ സ്തുതി മഹത്വപൂർണമാക്കുവിൻ.
3“നിന്റെ പ്രവൃത്തികൾ എത്ര ഭയങ്കരം;
നിന്റെ ശക്തിയുടെ വലിപ്പത്താൽ ശത്രുക്കൾ നിനക്ക് കീഴടങ്ങും;
4സർവ്വഭൂമിയും നിന്നെ നമസ്കരിച്ച് പാടും;
അവർ നിന്റെ നാമത്തിന് കീർത്തനം പാടും” എന്നിങ്ങനെ ദൈവത്തോട് പറയുവിൻ.
സേലാ.
5വന്ന് ദൈവത്തിന്റെ പ്രവൃത്തികളെ നോക്കുവിൻ;
അവൻ മനുഷ്യപുത്രന്മാരോടുള്ള തന്റെ പ്രവൃത്തിയിൽ ഭയങ്കരൻ.
6അവൻ സമുദ്രത്തെ ഉണങ്ങിയ നിലമാക്കി;
അവർ കാൽനടയായി നദി കടന്നുപോയി;
അവിടെ നാം അവനിൽ സന്തോഷിച്ചു.
7അവൻ തന്റെ ശക്തിയാൽ എന്നേക്കും വാഴുന്നു;
അവന്റെ കണ്ണ് ജനതകളെ നോക്കുന്നു;
മത്സരക്കാർ സ്വയം ഉയർത്തരുതേ.
സേലാ.
8വംശങ്ങളേ, നമ്മുടെ ദൈവത്തെ വാഴ്ത്തുവിൻ;
അവന്റെ സ്തുതി ഉച്ചത്തിൽ കേൾപ്പിക്കുവിൻ.
9അവൻ നമ്മെ ജീവനോടെ കാക്കുന്നു;
നമ്മുടെ കാലടികൾ വഴുതുവാൻ സമ്മതിക്കുന്നതുമില്ല.
10ദൈവമേ, നീ ഞങ്ങളെ പരിശോധിച്ചിരിക്കുന്നു;
വെള്ളി ഊതിക്കഴിക്കും പോലെ നീ ഞങ്ങളെ ഊതിക്കഴിച്ചിരിക്കുന്നു.
11നീ ഞങ്ങളെ വലയിൽ അകപ്പെടുത്തി;
ഞങ്ങളുടെ മുതുകത്ത് ഒരു വലിയ ഭാരം വച്ചിരിക്കുന്നു.
12നീ മനുഷ്യരെ ഞങ്ങളുടെ തലമേൽ കയറി ഓടിക്കുമാറാക്കി;
ഞങ്ങൾ തീയിലും വെള്ളത്തിലും കൂടി കടക്കേണ്ടിവന്നു;
എങ്കിലും നീ ഞങ്ങളെ സമൃദ്ധിയിലേക്കു കൊണ്ടുവന്നിരിക്കുന്നു.
13ഞാൻ ഹോമയാഗങ്ങളുമായി നിന്റെ ആലയത്തിലേക്ക് വരും;
നിനക്കുള്ള എന്റെ നേർച്ചകളെ ഞാൻ കഴിക്കും.
14ഞാൻ കഷ്ടത്തിൽ ആയിരുന്നപ്പോൾ
അവ എന്റെ അധരങ്ങളാൽ ഉച്ചരിച്ചു, എന്റെ വായാൽ നേർന്നു.
15ഞാൻ ആട്ടുകൊറ്റന്മാരുടെ സൗരഭ്യവാസനയോടു കൂടി
തടിച്ച മൃഗങ്ങളെ നിനക്ക് ഹോമയാഗം കഴിക്കും;
ഞാൻ കാളകളെയും കോലാട്ടുകൊറ്റന്മാരെയും അർപ്പിക്കും.
സേലാ.
16സകലഭക്തന്മാരുമേ, വന്ന് കേൾക്കുവിൻ;
അവൻ എന്റെ പ്രാണനു വേണ്ടി ചെയ്തത് ഞാൻ വിവരിക്കാം.
17ഞാൻ എന്റെ അധരം കൊണ്ട് അവനോട് നിലവിളിച്ചു;
എന്റെ നാവിന്മേൽ അവന്റെ പുകഴ്ച ഉണ്ടായിരുന്നു.
18ഞാൻ എന്റെ ഹൃദയത്തിൽ അകൃത്യം കരുതിയിരുന്നുവെങ്കിൽ
കർത്താവ് കേൾക്കുകയില്ലായിരുന്നു.
19എന്നാൽ ദൈവം കേട്ടിരിക്കുന്നു;
എന്റെ പ്രാർത്ഥനാശബ്ദം ശ്രദ്ധിച്ചിരിക്കുന്നു;
20എന്റെ പ്രാർത്ഥന തള്ളിക്കളയാതെയും
തന്റെ ദയ എന്നിൽനിന്ന് എടുത്തുകളയാതെയും ഇരിക്കുന്ന ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.
67
സംഗീതപ്രമാണിക്ക്; തന്ത്രിനാദത്തോടെ; ഒരു സങ്കീർത്തനം; ഒരു ഗീതം.
1ദൈവം നമ്മളോട് കൃപ ചെയ്ത് നമ്മളെ അനുഗ്രഹിക്കുമാറാകട്ടെ;
അവൻ തന്റെ മുഖം നമ്മുടെമേൽ പ്രകാശിപ്പിക്കുമാറാകട്ടെ.
സേലാ.
2നിന്റെ വഴി ഭൂമിയിലും നിന്റെ രക്ഷ സകല ജനതകളുടെ ഇടയിലും
അറിയേണ്ടതിനു തന്നെ.
3ദൈവമേ, ജനതകൾ നിന്നെ സ്തുതിക്കും;
സകല ജനതകളും നിന്നെ സ്തുതിക്കും.
4ജനതകൾ സന്തോഷിച്ച് ഘോഷിച്ചുല്ലസിക്കും;
നീ വംശങ്ങളെ നേരോടെ വിധിച്ച്
ഭൂമിയിലെ ജനതകളെ ഭരിക്കുന്നുവല്ലോ.
സേലാ.
5ദൈവമേ ജനതകൾ നിന്നെ സ്തുതിക്കും;
സകല ജനതകളും നിന്നെ സ്തുതിക്കും.
6ഭൂമി അതിന്റെ അനുഭവം തന്നിരിക്കുന്നു;
ദൈവം, നമ്മുടെ ദൈവം തന്നെ, നമ്മെ അനുഗ്രഹിക്കും.
7ദൈവം നമ്മെ അനുഗ്രഹിക്കും;
ഭൂമിയുടെ അറുതികൾ എല്ലാം അവനെ ഭയപ്പെടും.
68
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം; ഒരു ഗീതം.
1ദൈവം എഴുന്നേല്ക്കുമ്പോൾ അവന്റെ ശത്രുക്കൾ ചിതറിപ്പോകുന്നു;
അവനെ വെറുക്കുന്നവരും അവന്റെ മുമ്പിൽ നിന്ന് ഓടിപ്പോകുന്നു.
2പുക പാറിപ്പോകുന്നതുപോലെ നീ അവരെ പാറിക്കുന്നു;
തീയിൽ മെഴുക് ഉരുകുന്നതുപോലെ ദുഷ്ടന്മാർ ദൈവസന്നിധിയിൽ നശിക്കുന്നു.
3എങ്കിലും നീതിമാന്മാർ സന്തോഷിച്ച് ദൈവ സന്നിധിയിൽ ഉല്ലസിക്കും;
അതേ, അവർ സന്തോഷത്തോടെ ആനന്ദിക്കും.
4ദൈവത്തിന് പാടുവിൻ, അവന്റെ നാമത്തിന് സ്തുതി പാടുവിൻ;
മരുഭൂമിയിൽകൂടി വാഹനമേറി വരുന്നവന് വഴി നിരത്തുവിൻ;
യാഹ് എന്നാകുന്നു അവന്റെ നാമം; അവന്റെ മുമ്പിൽ ഉല്ലസിക്കുവിൻ.
5ദൈവം തന്റെ വിശുദ്ധനിവാസത്തിൽ
അനാഥന്മാർക്ക് പിതാവും വിധവമാർക്ക് ന്യായപാലകനും ആകുന്നു.
6ദൈവം ഏകാകികളെ കുടുംബത്തിൽ വസിക്കുമാറാക്കുന്നു;
അവൻ ബദ്ധന്മാരെ വിടുവിച്ച് സൗഭാഗ്യത്തിലാക്കുന്നു;
എന്നാൽ മത്സരികൾ വരണ്ട ദേശത്ത് വസിക്കും.
7ദൈവമേ, നീ നിന്റെ ജനത്തിന് മുമ്പായി പുറപ്പെട്ട്
മരുഭൂമിയിൽകൂടി എഴുന്നെള്ളിയപ്പോൾ -
സേലാ -
8ഭൂമി കുലുങ്ങി, ആകാശം ദൈവസന്നിധിയിൽ മഴ ചൊരിഞ്ഞു.
ഈ സീനായി, യിസ്രായേലിന്റെ ദൈവത്തിന്റെ മുമ്പിൽ കുലുങ്ങിപ്പോയി.
9ദൈവമേ, നീ ധാരാളം മഴ പെയ്യിച്ച്
ക്ഷീണിച്ചിരുന്ന നിന്റെ അവകാശത്തെ തണുപ്പിച്ചു.
10നിന്റെ ജനമായ ആട്ടിൻകൂട്ടം അതിൽ വസിച്ചു;
ദൈവമേ, നിന്റെ ദയയാൽ നീ അത് എളിയവർക്കുവേണ്ടി ഒരുക്കിവച്ചു.
11കർത്താവ് ആജ്ഞ കൊടുക്കുന്നു;
അത് വിളംബരം ചെയ്യുന്നവർ വലിയോരു കൂട്ടമാകുന്നു.
12സൈന്യങ്ങളുടെ രാജാക്കന്മാർ ഓടുന്നു, അതെ അവർ ഓടുന്നു;
വീട്ടിൽ പാർക്കുന്നവൾ കവർച്ച പങ്കിടുന്നു.
13നിങ്ങൾ തൊഴുത്തുകളുടെ ഇടയിൽ കിടന്നാലും
പ്രാവിന്റെ ചിറക് വെള്ളികൊണ്ടും അതിന്റെ തൂവലുകൾ പൊന്നു കൊണ്ടും
പൊതിഞ്ഞിരിക്കുന്നതുപോലെ ആകുന്നു.
14സർവ്വശക്തൻ അവിടെ രാജാക്കന്മാരെ ചിതറിച്ചപ്പോൾ
സല്മോനിൽ ഹിമം പെയ്യുകയായിരുന്നു.
15ബാശാൻപർവ്വതം ദൈവത്തിന്റെ പർവ്വതമാകുന്നു.
ബാശാൻ പർവ്വതം കൊടുമുടികളേറിയ പർവ്വതമാകുന്നു.
16കൊടുമുടികളേറിയ പർവ്വതങ്ങളേ,
ദൈവം വസിക്കുവാൻ ഇച്ഛിക്കുന്ന പർവ്വതത്തെ
നിങ്ങൾ സ്പർദ്ധിച്ചുനോക്കുന്നത് എന്ത്?
യഹോവ അതിൽ എന്നേക്കും വസിക്കും.
17ദൈവത്തിന്റെ രഥങ്ങൾ ആയിരമായിരവും കോടി കോടിയുമാകുന്നു;
കർത്താവ് അവരുടെ ഇടയിൽ,
സീനായിൽ, വിശുദ്ധമന്ദിരത്തിൽ തന്നെ ഉണ്ട്.
18നീ ഉയരത്തിലേക്കു കയറി, ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോയി;
യാഹ് എന്ന ദൈവം അവിടെ വസിക്കേണ്ടതിന്
നീ മനുഷ്യരോട്, മത്സരികളോടു തന്നെ, കാഴ്ച വാങ്ങിയിരിക്കുന്നു.
19നമ്മുടെ രക്ഷയാകുന്ന ദൈവമായി,
നാൾതോറും നമ്മുടെ ഭാരങ്ങൾ ചുമക്കുന്ന കർത്താവ് വാഴ്ത്തപ്പെടുമാറാകട്ടെ.
സേലാ.
20നമ്മുടെ ദൈവം നമുക്ക് രക്ഷയുടെ ദൈവം ആകുന്നു;
മരണത്തിൽനിന്നുള്ള നീക്കുപോക്കുകൾ കർത്താവായ യഹോവയ്ക്കുള്ളവ തന്നെ.
21അതേ, ദൈവം തന്റെ ശത്രുക്കളുടെ തലയും
തന്റെ അകൃത്യത്തിൽ നടക്കുന്നവന്റെ രോമാവൃതമായ ശിരസ്സും തകർത്തുകളയും.
22നീ നിന്റെ ശത്രുക്കളുടെ രക്തത്തിൽ കാല് മുക്കേണ്ടതിനും
അവരുടെ മാംസത്തിൽ നിന്റെ നായ്ക്കളുടെ നാവിന് ഓഹരി കിട്ടേണ്ടതിനും
23ഞാൻ അവരെ ബാശാനിൽനിന്ന് മടക്കിവരുത്തും;
സമുദ്രത്തിന്റെ ആഴങ്ങളിൽനിന്ന് അവരെ മടക്കിവരുത്തും.
24ദൈവമേ, അവർ നിന്റെ എഴുന്നെള്ളത്ത് കണ്ടു;
എന്റെ ദൈവവും രാജാവുമായവന്റെ വിശുദ്ധമന്ദിരത്തിലേക്കുള്ള എഴുന്നെള്ളത്തു തന്നേ.
25സംഗീതക്കാർ മുമ്പിൽ നടന്നു; വീണക്കാർ പിമ്പിൽ നടന്നു;
തപ്പുകൊട്ടുന്ന കന്യകമാർ ഇരുപുറവും നടന്നു.
26യിസ്രായേലിന്റെ ഉറവിൽനിന്നുള്ള ഏവരുമേ,
സഭായോഗങ്ങളിൽ നിങ്ങൾ കർത്താവായ ദൈവത്തെ വാഴ്ത്തുവിൻ.
27അവിടെ അവരുടെ നായകനായ ഇളയ ബെന്യാമീനും
യെഹൂദാപ്രഭുക്കന്മാരും അവരുടെ സംഘവും
സെബൂലൂൻപ്രഭുക്കന്മാരും നഫ്താലിപ്രഭുക്കന്മാരും ഉണ്ട്.
28നിന്റെ ദൈവം നിനക്കായി ബലം കല്പിച്ചിരിക്കുന്നു;
ദൈവമേ, നീ ഞങ്ങൾക്കു വേണ്ടി പ്രവർത്തിച്ചതിനെ സ്ഥിരപ്പെടുത്തണമേ.
29യെരൂശലേമിലുള്ള നിന്റെ മന്ദിരംനിമിത്തം
രാജാക്കന്മാർ നിനക്ക് കാഴ്ച കൊണ്ടുവരും.
30ഞാങ്ങണയുടെ ഇടയിലെ ദുഷ്ടജന്തുവിനെയും
ജനതകൾ വെള്ളിവാളങ്ങളോടുകൂടി വന്ന് കീഴടങ്ങുംവരെ
അവരുടെ കാളക്കൂട്ടത്തെയും പശുക്കിടാക്കളെയും ശാസിക്കണമേ;
യുദ്ധതല്പരന്മാരായ ജനതകളെ ചിതറിക്കണമേ.
31ഈജിപ്റ്റിൽനിന്ന് മഹത്തുക്കൾ വരും;
കൂശ് വേഗത്തിൽ തന്റെ കൈകളെ ദൈവത്തിങ്കലേക്ക് നീട്ടും.
32ഭൂമിയിലെ രാജ്യങ്ങളെ, ദൈവത്തിന് പാട്ടുപാടുവിൻ;
കർത്താവിന് കീർത്തനം ചെയ്യുവിൻ.
സേലാ.
33പുരാതനമായ സ്വർഗ്ഗാധിസ്വർഗ്ഗങ്ങളിൽ വാഹനമേറുന്നവന് പാടുവിൻ!
ഇതാ, അവൻ തന്റെ ശബ്ദത്തെ,
ബലമേറിയ ശബ്ദത്തെ കേൾപ്പിക്കുന്നു.
34ദൈവത്തിന്റെ ശക്തി അംഗീകരിക്കുവിൻ;
അവന്റെ മഹിമ യിസ്രായേലിന്മേലും അവന്റെ ബലം മേഘങ്ങളിലും വിളങ്ങുന്നു.
35ദൈവമേ, നിന്റെ വിശുദ്ധമന്ദിരത്തിൽ നിന്ന് നീ ഭയങ്കരനായി ശോഭിക്കുന്നു;
യിസ്രായേലിന്റെ ദൈവം തന്റെ ജനത്തിന് ശക്തിയും ബലവും കൊടുക്കുന്നു.
ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.
69
സംഗീതപ്രമാണിക്ക്; സാരസരാഗത്തിൽ; ദാവീദിന്റെ ഒരു സങ്കീർത്തനം.
1ദൈവമേ, എന്നെ രക്ഷിക്കണമേ;
വെള്ളം എന്റെ പ്രാണനോളം എത്തിയിരിക്കുന്നു.
2ഞാൻ നിലയില്ലാത്ത ആഴമുള്ള ചേറ്റിൽ താഴുന്നു;
ആഴമുള്ള വെള്ളത്തിൽ ഞാൻ മുങ്ങിപ്പോകുന്നു;
പ്രവാഹങ്ങൾ എന്റെ മീതെ കവിഞ്ഞൊഴുകുന്നു.
3എന്റെ നിലവിളികൊണ്ട് ഞാൻ തളർന്നിരിക്കുന്നു;
എന്റെ തൊണ്ട വരണ്ടിരിക്കുന്നു;
ദൈവത്തെ കാത്തിരുന്ന് എന്റെ കണ്ണ് മങ്ങിപ്പോകുന്നു.
4കാരണംകൂടാതെ എന്നെ വെറുക്കുന്നവർ എന്റെ തലയിലെ രോമങ്ങളേക്കാളും അധികമാകുന്നു;
വൃഥാ എന്റെ ശത്രുക്കളായി എന്നെ സംഹരിക്കുവാൻ ഭാവിക്കുന്നവർ പെരുകിയിരിക്കുന്നു;
ഞാൻ മോഷ്ടിക്കാത്തത് തിരികെ കൊടുക്കേണ്ടിവരുന്നു.
5ദൈവമേ, നീ എന്റെ ഭോഷത്തം അറിയുന്നു;
എന്റെ അകൃത്യങ്ങൾ നിനക്ക് മറഞ്ഞിരിക്കുന്നില്ല.
6സൈന്യങ്ങളുടെ യഹോവയായ കർത്താവേ,
നിന്നിൽ പ്രത്യാശ വയ്ക്കുന്നവർ എന്റെ നിമിത്തം ലജ്ജിച്ചുപോകരുതേ;
യിസ്രായേലിന്റെ ദൈവമേ, നിന്നെ അന്വേഷിക്കുന്നവർ എന്റെ നിമിത്തം നാണിച്ചുപോകരുതേ.
7നിന്റെനിമിത്തം ഞാൻ നിന്ദ സഹിച്ചു;
ലജ്ജ എന്റെ മുഖത്തെ മൂടിയിരിക്കുന്നു.
8എന്റെ സഹോദരന്മാർക്ക് ഞാൻ പരദേശിയും
എന്റെ അമ്മയുടെ മക്കൾക്ക് അന്യനും ആയി തീർന്നിരിക്കുന്നു.
9നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവ് എന്നെ തിന്നുകളഞ്ഞു;
നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെമേൽ വീണിരിക്കുന്നു.
10ഞാൻ കരഞ്ഞുകൊണ്ട് ഉപവാസത്താൽ ആത്മതപനം ചെയ്തു.
അതും എനിക്ക് നിന്ദയായി തീർന്നു;
11ഞാൻ ചണവസ്ത്രം എന്റെ ഉടുപ്പാക്കി;
ഞാൻ അവർക്ക് പഴഞ്ചൊല്ലായിതീർന്നു.
12പട്ടണവാതില്ക്കൽ ഇരിക്കുന്നവർ എന്നെക്കുറിച്ചു സംസാരിക്കുന്നു;
ഞാൻ മദ്യപന്മാരുടെ പാട്ടായിരിക്കുന്നു.
13ഞാനോ യഹോവേ, പ്രസാദകാലത്ത് നിന്നോട് പ്രാർത്ഥിക്കുന്നു;
ദൈവമേ, നിന്റെ ദയയുടെ ബഹുത്വത്താൽ,
നിന്റെ വിശ്വസ്തതയാൽ തന്നെ, എന്നെ രക്ഷിച്ച് ഉത്തരമരുളണമേ.
14ചേറ്റിൽനിന്ന് എന്നെ കയറ്റണമേ; ഞാൻ താണുപോകരുതേ;
എന്നെ വെറുക്കുന്നവരുടെ കയ്യിൽനിന്നും ആഴമുള്ള വെള്ളത്തിൽനിന്നും എന്നെ രക്ഷിക്കണമേ.
15ജലപ്രവാഹം എന്റെ മീതെ കവിയരുതേ;
ആഴം എന്നെ വിഴുങ്ങരുതേ;
കുഴിയിൽ ഞാൻ അടയ്ക്കപ്പെട്ടുപോകരുതെ.
16യഹോവേ, എനിക്കുത്തരമരുളണമേ;
നിന്റെ ദയ നല്ലതല്ലോ;
നിന്റെ കരുണയുടെ ബഹുത്വപ്രകാരം എന്നിലേക്ക് തിരിയണമേ;
17അടിയന് തിരുമുഖം മറയ്ക്കരുതേ;
ഞാൻ കഷ്ടത്തിൽ ഇരിക്കുകയാൽ വേഗത്തിൽ എനിക്ക് ഉത്തരമരുളണമേ.
18എന്റെ പ്രാണനോട് അടുത്തുവന്ന് അതിനെ വീണ്ടുകൊള്ളണമേ;
എന്റെ ശത്രുക്കൾനിമിത്തം എന്നെ വീണ്ടെടുക്കണമേ.
19എന്റെ നിന്ദയും ലജ്ജയും അപമാനവും നീ അറിയുന്നു;
എന്റെ വൈരികൾ എല്ലാവരും നിന്റെ ദൃഷ്ടിയിൽ ഇരിക്കുന്നു.
20നിന്ദ എന്റെ ഹൃദയത്തെ തകർത്തു,
ഞാൻ ഏറ്റവും വിഷാദിച്ചിരിക്കുന്നു;
ആർക്കെങ്കിലും സഹതാപം തോന്നുമോ എന്ന് ഞാൻ നോക്കിക്കൊണ്ടിരുന്നു; ആർക്കും തോന്നിയില്ല;
ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നും നോക്കിക്കൊണ്ടിരുന്നു; ആരെയും കണ്ടില്ലതാനും.
21അവർ എനിക്ക് തിന്നുവാൻ കൈപ്പു തന്നു;
എന്റെ ദാഹത്തിന് അവർ എനിക്കു ചൊറുക്ക കുടിക്കുവാൻ തന്നു.
22അവരുടെ മേശ അവരുടെ മുമ്പിൽ കെണിയായും
അവർ സമാധാനത്തോടിരിക്കുമ്പോൾ കുടുക്കായും തീരട്ടെ.
23അവരുടെ കണ്ണു കാണാത്തവണ്ണം ഇരുണ്ടുപോകട്ടെ;
അവരുടെ അര എപ്പോഴും വിറയ്ക്കുമാറാകട്ടെ..
24നിന്റെ ക്രോധം അവരുടെമേൽ പകരണമേ;
നിന്റെ ഉഗ്രകോപം അവരെ പിടിക്കുമാറാകട്ടെ.
25അവരുടെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ;
അവരുടെ കൂടാരങ്ങളിൽ ആരും പാർക്കാതിരിക്കട്ടെ.
26നീ ദണ്ഡിപ്പിച്ചവനെ അവർ വീണ്ടും ഉപദ്രവിക്കുന്നു;
നീ മുറിവേല്പിച്ചവരുടെ വേദന അവർ വിവരിക്കുന്നു.
27അവരുടെ അകൃത്യത്തോട് അകൃത്യം കൂട്ടണമേ;
നിന്റെ നീതി അവർ പ്രാപിക്കരുതേ.
28ജീവന്റെ പുസ്തകത്തിൽനിന്ന് അവരെ മായിച്ചുകളയണമേ;
നീതിമാന്മാരോടുകൂടി അവരെ എഴുതരുതേ.
29ഞാനോ എളിയവനും ദുഃഖിതനും ആകുന്നു;
ദൈവമേ, നിന്റെ രക്ഷ എന്നെ ഉയർത്തുമാറാകട്ടെ.
30ഞാൻ പാട്ടോടെ ദൈവത്തിന്റെ നാമത്തെ സ്തുതിക്കും;
സ്തോത്രത്തോടെ അവനെ മഹത്വപ്പെടുത്തും.
31അത് യഹോവയ്ക്ക് കാളയെക്കാളും
കൊമ്പും കുളമ്പും ഉള്ള മൂരിയെക്കാളും പ്രസാദകരമാകും.
32സൗമ്യതയുള്ളവർ അതു കണ്ട് സന്തോഷിക്കും;
ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയം ജീവിക്കട്ടെ.
33യഹോവ ദരിദ്രന്മാരുടെ പ്രാർത്ഥന കേൾക്കുന്നു;
തന്റെ ബദ്ധന്മാരെ നിന്ദിക്കുന്നതുമില്ല;
34ആകാശവും ഭൂമിയും സമുദ്രങ്ങളും
അവയിൽ ചരിക്കുന്ന സകലവും അവനെ സ്തുതിക്കട്ടെ.
35ദൈവം സീയോനെ രക്ഷിക്കും; അവൻ യെഹൂദാനഗരങ്ങളെ പണിയും;
അവർ അവിടെ പാർത്ത് അതിനെ കൈവശമാക്കും.
36അവന്റെ ദാസന്മാരുടെ സന്തതി അതിനെ അവകാശമാക്കും;
അവന്റെ നാമത്തെ സ്നേഹിക്കുന്നവർ അതിൽ വസിക്കും.
70
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു ജ്ഞാപകസങ്കീർത്തനം.
1ദൈവമേ, എന്നെ വിടുവിക്കുവാൻ,
യഹോവേ, എന്നെ സഹായിക്കുവാൻ വേഗം വരണമേ.
2എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ ലജ്ജിച്ച് ഭ്രമിച്ചുപോകട്ടെ;
എന്റെ അനർത്ഥത്തിൽ സന്തോഷിക്കുന്നവർ പിന്തിരിഞ്ഞ് അപമാനം ഏല്ക്കട്ടെ.
3“നന്നായി നന്നായി” എന്നു പറയുന്നവർ അവരുടെ ലജ്ജ നിമിത്തം പിന്തിരിഞ്ഞു പോകട്ടെ.
4നിന്നെ അന്വേഷിക്കുന്ന സകലരും നിന്നിൽ ആനന്ദിച്ചു സന്തോഷിക്കട്ടെ;
നിന്റെ രക്ഷയെ പ്രിയപ്പെടുന്നവർ: “ദൈവം മഹത്വമുള്ളവൻ”എന്ന് എപ്പോഴും പറയട്ടെ.
5ഞാൻ എളിയവനും ദരിദ്രനും ആകുന്നു;
ദൈവമേ, എന്റെ അടുക്കൽ വേഗം വരണമേ;
നീ തന്നെ എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു;
യഹോവേ, താമസിക്കരുതേ.
71
1യഹോവേ, ഞാൻ നിന്നിൽ ആശ്രയിക്കുന്നു;
ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ.
2നിന്റെ നീതിനിമിത്തം എന്നെ ഉദ്ധരിച്ച് വിടുവിക്കണമേ;
നിന്റെ ചെവി എന്നിലേക്ക് ചായിച്ച് എന്നെ രക്ഷിക്കണമേ.
3ഞാൻ എപ്പോഴും വന്ന് പാർക്കേണ്ടതിന് നീ എനിക്ക് ഉറപ്പുള്ള പാറയായിരിക്കണമേ;
എന്നെ രക്ഷിക്കുവാൻ നീ കല്പിച്ചിരിക്കുന്നു;
നീ എന്റെ പാറയും എന്റെ കോട്ടയും ആകുന്നുവല്ലോ.
4എന്റെ ദൈവമേ, ദുഷ്ടന്റെ കൈയിൽ നിന്നും
നീതികേടും ക്രൂരതയും ഉള്ളവന്റെ കൈയിൽ നിന്നും എന്നെ വിടുവിക്കണമേ.
5യഹോവയായ കർത്താവേ, നീ എന്റെ പ്രത്യാശയാകുന്നു;
ബാല്യംമുതൽ നീ എന്റെ ആശ്രയം തന്നേ.
6ഗർഭംമുതൽ നീ എന്നെ താങ്ങിയിരിക്കുന്നു;
എന്റെ അമ്മയുടെ ഉദരത്തിൽനിന്ന് എന്നെ എടുത്തവൻ നീ തന്നെ;
എന്റെ സ്തുതി എപ്പോഴും നിന്നെക്കുറിച്ചാകുന്നു;
7ഞാൻ പലർക്കും ഒരത്ഭുതം ആയിരിക്കുന്നു;
നീ എന്റെ ബലമുള്ള സങ്കേതമാകുന്നു.
8എന്റെ വായ് നിന്റെ സ്തുതികൊണ്ടും ഇടവിടാതെ നിന്റെ പ്രശംസകൊണ്ടും നിറഞ്ഞിരിക്കുന്നു.
9വാർദ്ധക്യകാലത്ത് നീ എന്നെ തള്ളിക്കളയരുതേ;
ബലം ക്ഷയിക്കുമ്പോൾ എന്നെ ഉപേക്ഷിക്കുകയുമരുതേ.
10എന്റെ ശത്രുക്കൾ എന്നെക്കുറിച്ച് സംസാരിക്കുന്നു;
എന്റെ പ്രാണഹാനിക്കായി കാത്തിരിക്കുന്നവർ ഗൂഢാലോചന നടത്തുന്നു..
11“ദൈവം അവനെ ഉപേക്ഷിച്ചിരിക്കുന്നു; പിന്തുടർന്ന് പിടിക്കുവിൻ;
വിടുവിക്കുവാൻ ആരുമില്ല” എന്ന് അവർ പറയുന്നു.
12ദൈവമേ, എന്നോട് അകന്നിരിക്കരുതേ;
എന്റെ ദൈവമേ, എന്നെ സഹായിക്കുവാൻ വേഗം വരണമേ.
13എന്റെ പ്രാണന് വിരോധികളായവർ ലജ്ജിച്ച് നശിച്ചുപോകട്ടെ;
എനിക്ക് അനർത്ഥം അന്വേഷിക്കുന്നവർ നിന്ദകൊണ്ടും ലജ്ജകൊണ്ടും മൂടിപ്പോകട്ടെ.
14ഞാൻ എപ്പോഴും പ്രത്യാശിക്കും;
ഞാൻ മേല്ക്കുമേൽ നിന്നെ സ്തുതിക്കും.
15എന്റെ വായ് ഇടവിടാതെ നിന്റെ നീതിയെയും രക്ഷയെയും വർണ്ണിക്കും;
അവയുടെ സംഖ്യ എനിക്ക് അറിഞ്ഞുകൂടാ.
16ഞാൻ യഹോവയായ കർത്താവിന്റെ വീര്യപ്രവൃത്തികളോടുകൂടി വരും;
നിന്റെ നീതിയെ മാത്രം ഞാൻ കീർത്തിക്കും.
17ദൈവമേ, എന്റെ ബാല്യംമുതൽ നീ എന്നെ ഉപദേശിച്ചിരിക്കുന്നു;
ഇന്നുവരെ ഞാൻ നിന്റെ അത്ഭുതപ്രവൃത്തികളെ അറിയിച്ചുമിരിക്കുന്നു.
18ദൈവമേ, അടുത്ത തലമുറയോട് ഞാൻ നിന്റെ ഭുജബലത്തെയും
വരുവാനുള്ള എല്ലാവരോടും നിന്റെ വീര്യപ്രവൃത്തിയെയും അറിയിക്കുവോളം
വാർദ്ധക്യവും നരയും ഉള്ള കാലത്തും എന്നെ ഉപേക്ഷിക്കരുതേ.
19ദൈവമേ, നിന്റെ നീതിയും അത്യുന്നതമായിരിക്കുന്നു;
മഹാകാര്യങ്ങൾ പ്രവർത്തിച്ചിട്ടുള്ള ദൈവമേ,
നിന്നോട് തുല്യൻ ആരാണുള്ളത്?
20അനവധി കഷ്ടങ്ങളും അനർത്ഥങ്ങളും ഞങ്ങളെ കാണുമാറാക്കിയവനേ,
നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കും;
ഭൂമിയുടെ ആഴങ്ങളിൽനിന്ന് ഞങ്ങളെ തിരികെ കയറ്റും.
21നീ എന്റെ മഹത്വം വർദ്ധിപ്പിച്ച് എന്നെ വീണ്ടും ആശ്വസിപ്പിക്കണമേ.
22എന്റെ ദൈവമേ, ഞാൻ വീണകൊണ്ട് നിന്നെയും നിന്റെ വിശ്വസ്തതയെയും സ്തുതിക്കും;
യിസ്രായേലിന്റെ പരിശുദ്ധനേ, ഞാൻ കിന്നരം കൊണ്ട് നിനക്ക് സ്തുതിപാടും.
23ഞാൻ നിനക്ക് സ്തുതിപാടുമ്പോൾ എന്റെ അധരങ്ങളും
നീ വീണ്ടെടുത്ത എന്റെ പ്രാണനും ഘോഷിച്ചാനന്ദിക്കും.
24എന്റെ നാവും ഇടവിടാതെ നിന്റെ നീതിയെക്കുറിച്ച് സംസാരിക്കും;
എനിക്ക് ആപത്ത് അന്വേഷിക്കുന്നവർ ലജ്ജിച്ച് ഭ്രമിച്ചുപോയിരിക്കുന്നു.
72
ശലമോന്റെ ഒരു സങ്കീർത്തനം.
1ദൈവമേ, രാജാവിന് നിന്റെ ന്യായവും
രാജകുമാരന് നിന്റെ നീതിയും നല്കണമേ.
2അവൻ നിന്റെ ജനത്തെ നീതിയോടും
നിന്റെ എളിയജനത്തെ ന്യായത്തോടും കൂടി പരിപാലിക്കട്ടെ.
3നീതിയാൽ പർവ്വതങ്ങളിലും കുന്നുകളിലും ജനത്തിന് സമാധാനം വിളയട്ടെ.
4ജനത്തിലെ എളിയവർക്ക് അവൻ ന്യായം പാലിച്ചുകൊടുക്കട്ടെ;
ദരിദ്രജനത്തെ അവൻ രക്ഷിക്കുകയും പീഡിപ്പിക്കുന്നവനെ തകർത്തുകളയുകയും ചെയ്യട്ടെ;
5സൂര്യചന്ദ്രന്മാരുള്ള കാലത്തോളം
അവർ തലമുറതലമുറയായി നിന്നെ ഭയപ്പെടട്ടെ.
6അരിഞ്ഞ പുല്പുറത്ത് പെയ്യുന്ന മഴപോലെയും
ഭൂമിയെ നനയ്ക്കുന്ന വന്മഴപോലെയും അവൻ ഇറങ്ങിവരട്ടെ.
7അവന്റെ കാലത്ത് നീതിമാന്മാർ തഴയ്ക്കട്ടെ;
ചന്ദ്രനുള്ളേടത്തോളം സമാധാനസമൃദ്ധി ഉണ്ടാകട്ടെ.
8അവൻ സമുദ്രംമുതൽ സമുദ്രംവരെയും
നദിമുതൽ ഭൂമിയുടെ അറ്റങ്ങൾവരെയും ഭരിക്കട്ടെ.
9മരുഭൂമിയിൽ വസിക്കുന്നവർ അവന്റെ മുമ്പിൽ വണങ്ങട്ടെ;
അവന്റെ ശത്രുക്കൾ നിലത്തെ പൊടിമണ്ണ് നക്കട്ടെ.
10തർശീശിലെയും ദ്വീപുകളിലെയും രാജാക്കന്മാർ കാഴ്ച കൊണ്ടുവരട്ടെ;
ശെബയിലെയും സെബയിലെയും രാജാക്കന്മാർ കപ്പം കൊടുക്കട്ടെ.
11സകലരാജാക്കന്മാരും അവനെ നമസ്കരിക്കട്ടെ;
സകല ജനതകളും അവനെ സേവിക്കട്ടെ.
12അവൻ നിലവിളിക്കുന്ന ദരിദ്രനെയും
സഹായമില്ലാത്ത എളിയവനെയും രക്ഷിക്കുമല്ലോ.
13എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും;
ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും.
14അവരുടെ പ്രാണനെ അവൻ പീഡയിൽ നിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും;
അവരുടെ രക്തം അവന് വിലയേറിയതായിരിക്കും.
15അവൻ ജീവിച്ചിരിക്കും; ശെബയിൽ നിന്നുള്ള പൊന്ന് അവന് കാഴ്ചയായി കൊണ്ടു വരും;
അവനുവേണ്ടി എപ്പോഴും പ്രാർത്ഥന കഴിക്കും;
ഇടവിടാതെ അവനെ അനുഗ്രഹിക്കും.
16ദേശത്ത് പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും;
അതിന്റെ വിളവ് ലെബാനോനെപ്പോലെ ഉലയും;
നഗരവാസികൾ ഭൂമിയിലെ സസ്യം പോലെ തഴയ്ക്കും.
17അവന്റെ നാമം എന്നേക്കും നിലനില്ക്കും;
അവന്റെ നാമം സൂര്യൻ ഉള്ളേടത്തോളം നിലനില്ക്കും;
മനുഷ്യർ അവന്റെ പേര് ചൊല്ലി അന്യോന്യം അനുഗ്രഹിക്കും;
സകലജാതികളും അവനെ ‘ഭാഗ്യവാൻ’ എന്നു പറയും.
18താൻ മാത്രം അത്ഭുതങ്ങൾ ചെയ്യുന്നവനായി
യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.
19അവന്റെ മഹത്വമുള്ള നാമം എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ;
ഭൂമി മുഴുവനും അവന്റെ മഹത്വംകൊണ്ട് നിറയുമാറാകട്ടെ. ആമേൻ, ആമേൻ.
20യിശ്ശായിയുടെ പുത്രനായ ദാവീദിന്റെ പ്രാർത്ഥനകൾ അവസാനിച്ചിരിക്കുന്നു.
73
മൂന്നാംപുസ്തകം.
ആസാഫിന്റെ ഒരു സങ്കീർത്തനം.
1ദൈവം യിസ്രായേലിന്, നിർമ്മലഹൃദയം ഉള്ളവർക്കു തന്നെ,
നിശ്ചയമായും നല്ലവൻ ആകുന്നു.
2എന്നാൽ എന്റെ കാലുകൾ ഏകദേശം ഇടറി;
എന്റെ കാലടികൾ ഏറെക്കുറെ വഴുതിപ്പോയി.
3ദുഷ്ടന്മാരുടെ സമൃദ്ധി കണ്ടിട്ട്
എനിക്ക് അഹങ്കാരികളോട് അസൂയ തോന്നി.
4അവർക്ക് ജീവപര്യന്തം വേദന ഒട്ടുമില്ല;
അവരുടെ ദേഹം തടിച്ചുകൊഴുത്തിരിക്കുന്നു.
5അവർ മർത്യരെപ്പോലെ കഷ്ടത്തിൽ ആകുന്നില്ല;
മറ്റു മനുഷ്യരെപ്പോലെ രോഗത്താൽ ബാധിക്കപ്പെടുന്നതുമില്ല.
6അതിനാൽ ഡംഭം അവർക്ക് മാലയായിരിക്കുന്നു;
ബലാല്ക്കാരം വസ്ത്രംപോലെ അവരെ ചുറ്റിയിരിക്കുന്നു.
7അവരുടെ കണ്ണുകൾ പുഷ്ടികൊണ്ട് ഉന്തിനില്ക്കുന്നു;
അവരുടെ ഹൃദയത്തിലെ ഭോഷത്തമായ നിരൂപണങ്ങൾ കവിഞ്ഞൊഴുകുന്നു.
8അവർ പരിഹസിച്ച് ദുഷ്ടതയോടെ ഭീഷണി പറയുന്നു;
ഉന്നതഭാവത്തോടെ സംസാരിക്കുന്നു.
9അവർ വായ് ആകാശത്തോളം ഉയർത്തുന്നു;
അവരുടെ നാവ് ഭൂമിയിൽ സഞ്ചരിക്കുന്നു.
10അതുകൊണ്ടു അവൻ തന്റെ ജനത്തെ ഇവിടേക്ക് കൊണ്ടുവരുന്നു.
അവർ ധാരാളം വെള്ളം വലിച്ചുകുടിക്കുന്നു.
11“ദൈവം എങ്ങനെ അറിയുന്നു?
അത്യുന്നതന് അറിവുണ്ടോ?” എന്ന് അവർ പറയുന്നു.
12ഇങ്ങനെ ആകുന്നു ദുഷ്ടന്മാർ;
അവർ നിരന്തരം സ്വസ്ഥത അനുഭവിച്ച് സമ്പത്ത് വർദ്ധിപ്പിക്കുന്നു.
13ആകയാൽ ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചതും
എന്റെ കൈകൾ നിഷ്ക്കളങ്കതയിൽ കഴുകിയതും വ്യർത്ഥമത്രേ.
14ഞാൻ ദിവസം മുഴുവൻ ബാധിതനായിരുന്നു;
ഉഷസ്സുതോറും ദണ്ഡിക്കപ്പെട്ടും ഇരുന്നു.
15ഞാൻ ഇപ്രകാരം സംസാരിക്കുവാൻ വിചാരിച്ചെങ്കിൽ,
നിന്റെ മക്കളുടെ തലമുറയോട് ദ്രോഹം ചെയ്യുമായിരുന്നു.
16ഞാൻ ഇത് സ്വയം ഗ്രഹിക്കുവാൻ നിരൂപിച്ചപ്പോൾ എനിക്ക് പ്രയാസമായി തോന്നി;
17ഒടുവിൽ ഞാൻ ദൈവത്തിന്റെ വിശുദ്ധ മന്ദിരത്തിൽ ചെന്ന്
അവരുടെ അന്ത്യം എന്താകും എന്ന് ചിന്തിച്ചു.
18നിശ്ചയമായും നീ അവരെ വഴുവഴുപ്പിൽ നിർത്തുന്നു;
നീ അവരെ നാശത്തിൽ തള്ളിയിടുന്നു.
19എത്ര ക്ഷണത്തിൽ അവർ ശൂന്യമായിപ്പോയി!
അവർ ഭയാനകമായ കാര്യങ്ങളാൽ അശേഷം മുടിഞ്ഞുപോയിരിക്കുന്നു.
20ഉണരുമ്പോൾ ഒരു സ്വപ്നം പോലെ, കർത്താവേ, അവർ ഉണരുമ്പോൾ നീ അവരുടെ രൂപത്തെ തുച്ഛീകരിക്കും.
21ഇങ്ങനെ എന്റെ ഹൃദയം വ്യസനിക്കുകയും എന്റെ അന്തരംഗത്തിൽ കുത്തുകൊള്ളുകയും ചെയ്തപ്പോൾ
22ഞാൻ ഭോഷനും ഒന്നും അറിയാത്തവനും ആയിരുന്നു;
നിന്റെ മുമ്പിൽ മൃഗംപോലെ ആയിരുന്നു.
23എങ്കിലും ഞാൻ ഇപ്പോഴും നിന്റെ അടുക്കൽ ഇരിക്കുന്നു;
നീ എന്നെ വലങ്കൈയ്ക്ക് പിടിച്ചിരിക്കുന്നു.
24നിന്റെ ആലോചനയാൽ നീ എന്നെ നടത്തും;
പിന്നത്തേതിൽ മഹത്വത്തിലേക്ക് എന്നെ കൈക്കൊള്ളും.
25സ്വർഗ്ഗത്തിൽ നീ ഒഴികെ എനിക്ക് ആരാണുള്ളത്?
ഭൂമിയിലും നിന്നെയല്ലാതെ ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല.
26എന്റെ മാംസവും ഹൃദയവും ക്ഷയിച്ചുപോകുന്നു;
ദൈവം എന്നേക്കും എന്റെ ഹൃദയത്തിന്റെ പാറയും എന്റെ ഓഹരിയും ആകുന്നു.
27ഇതാ, നിന്നോട് അകന്നിരിക്കുന്നവർ നശിച്ചുപോകും;
നിന്നെ വിട്ട് പരസംഗം ചെയ്യുന്ന എല്ലാവരെയും നീ സംഹരിക്കും.
28എന്നാൽ ദൈവത്തോട് അടുത്തിരിക്കുന്നത് എനിക്ക് നല്ലത്;
നിന്റെ സകലപ്രവൃത്തികളെയും വർണ്ണിക്കേണ്ടതിന്
ഞാൻ യഹോവയായ കർത്താവിനെ എന്റെ സങ്കേതമാക്കിയിരിക്കുന്നു.
74
ആസാഫിന്റെ ഒരു ധ്യാനം.
1ദൈവമേ, നീ ഞങ്ങളെ സദാകാലത്തേക്കും തള്ളിക്കളഞ്ഞത് എന്ത്?
നിന്റെ മേച്ചില്പുറത്തെ ആടുകളുടെ നേരെ നിന്റെ കോപം പുകയുന്നത് എന്ത്?
2നീ പണ്ടുപണ്ടേ സമ്പാദിച്ച നിന്റെ സഭയെയും
നീ വീണ്ടെടുത്ത നിന്റെ അവകാശഗോത്രത്തെയും
നീ വസിച്ചിരുന്ന സീയോൻ പർവ്വതത്തെയും ഓർക്കണമേ.
3നിത്യശൂന്യങ്ങളിലേക്ക് നിന്റെ കാലടി വയ്ക്കണമേ;
ശത്രു വിശുദ്ധമന്ദിരത്തിൽ സകലവും നശിപ്പിച്ചിരിക്കുന്നു.
4നിന്റെ വൈരികൾ നിന്റെ സമാഗമന സ്ഥലത്തിന്റെ നടുവിൽ അലറുന്നു;
അവരുടെ കൊടികൾ അവർ അടയാളങ്ങളായി നാട്ടിയിരിക്കുന്നു.
5അവർ മരക്കൂട്ടത്തിന്മേൽ കോടാലി ഓങ്ങുന്നതുപോലെ തോന്നി.
6ഇതാ, അവർ മഴുകൊണ്ടും ചുറ്റിക കൊണ്ടും
അതിന്റെ ചിത്രപ്പണികൾ മുഴുവനും തകർത്തുകളയുന്നു.
7അവർ നിന്റെ വിശുദ്ധമന്ദിരം തീവച്ചു;
തിരുനാമത്തിന്റെ നിവാസത്തെ അവർ ഇടിച്ചുനിരത്തി അശുദ്ധമാക്കി.
8“നാം അവരെ നശിപ്പിച്ചുകളയുക” എന്ന് അവരുടെ ഹൃദയത്തിൽ പറഞ്ഞു,
ദേശത്തിൽ ദൈവത്തിന്റെ ആലയങ്ങളെല്ലാം ചുട്ടുകളഞ്ഞു.
9ഞങ്ങൾ ഒരു അടയാളവും കാണുന്നില്ല;
യാതൊരു പ്രവാചകനും ശേഷിച്ചിട്ടില്ല;
ഇത് എത്രത്തോളം എന്നറിയുന്നവൻ ആരും ഞങ്ങളുടെ ഇടയിൽ ഇല്ല.
10ദൈവമേ, വൈരി എത്രത്തോളം നിന്ദിക്കും?
ശത്രു നിന്റെ നാമത്തെ എന്നേക്കും ദുഷിക്കുമോ?
11നിന്റെ കൈ, നിന്റെ വലങ്കൈ നീ പിൻവലിച്ചുകളയുന്നത് എന്ത്?
നിന്റെ മാറിൽ നിന്ന് അത് എടുത്ത് അവരെ നശിപ്പിക്കണമേ.
12ദൈവം പുരാതനമേ എന്റെ രാജാവാകുന്നു;
ഭൂമിയുടെ മദ്ധ്യത്തിൽ അവൻ രക്ഷ പ്രവർത്തിക്കുന്നു.
13നിന്റെ ശക്തികൊണ്ട് നീ സമുദ്രത്തെ വിഭാഗിച്ചു;
വെള്ളത്തിലുള്ള തിമിംഗലങ്ങളുടെ തല ഉടച്ചുകളഞ്ഞു.
14ലിവ്യാഥാന്റെ തലകളെ നീ തകർത്തു;
മരുഭൂവാസികളായ ജനത്തിന് അതിനെ ആഹാരമായി കൊടുത്തു.
15നീ ഉറവും ഒഴുക്കും തുറന്നുവിട്ടു,
മഹാനദികളെ നീ വറ്റിച്ചുകളഞ്ഞു.
16പകൽ നിനക്കുള്ളത്; രാവും നിനക്കുള്ളത്;
വെളിച്ചത്തെയും സൂര്യനെയും നീ ഉണ്ടാക്കിയിരിക്കുന്നു.
17ഭൂസീമകൾ എല്ലാം നീ സ്ഥാപിച്ചു;
നീ ഉഷ്ണകാലവും ശീതകാലവും നിയമിച്ചു.
18യഹോവേ, ശത്രു നിന്ദിച്ചതും
മൂഢജനത തിരുനാമത്തെ ദുഷിച്ചതും ഓർക്കണമേ.
19നിന്റെ കുറുപ്രാവിനെ ദുഷ്ടമൃഗത്തിന് ഏല്പിക്കരുതേ;
നിന്റെ എളിയവരുടെ ജീവനെ എന്നേക്കും മറക്കരുതേ.
20നിന്റെ നിയമത്തെ മാനിക്കണമേ;
ഭൂമിയിലെ അന്ധകാരസ്ഥലങ്ങൾ സാഹസനിവാസങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നു.
21പീഡിതൻ ലജ്ജിച്ച് പിന്തിരിയരുതേ;
എളിയവനും ദരിദ്രനും നിന്റെ നാമത്തെ സ്തുതിക്കട്ടെ.
22ദൈവമേ, എഴുന്നേറ്റ് നിന്റെ വ്യവഹാരം നടത്തണമേ;
മൂഢൻ ഇടവിടാതെ നിന്നെ നിന്ദിക്കുന്നത് ഓർക്കണമേ.
23നിന്റെ വൈരികളുടെ ആരവം മറക്കരുതേ;
നിന്റെ എതിരാളികളുടെ കലഹം എപ്പോഴും വർധിച്ചുകൊണ്ടിരിക്കുന്നു..
75
സംഗീതപ്രമാണിക്ക്; നശിപ്പിക്കരുതേ എന്ന രാഗത്തിൽ; ആസാഫിന്റെ ഒരു സങ്കീർത്തനം. ഒരു ഗീതം.
1ദൈവമേ, ഞങ്ങൾ നിനക്ക് സ്തോത്രം ചെയ്യുന്നു;
ഞങ്ങൾ നിനക്ക് സ്തോത്രം ചെയ്യുന്നു; നിന്റെ നാമം അടുത്തിരിക്കുന്നു;
ഞങ്ങൾ നിന്റെ അതിശയപ്രവൃത്തികളെ ഘോഷിക്കുന്നു.
2സമയം വരുമ്പോൾ ഞാൻ നേരോടെ വിധിക്കും.
3ഭൂമിയും അതിലെ സകല നിവാസികളും ഉരുകിപ്പോകുമ്പോൾ
ഞാൻ അതിന്റെ തൂണുകളെ ഉറപ്പിക്കുന്നു.
സേലാ.
4ഡംഭം കാട്ടരുതെന്ന് ഡംഭികളോടും
കൊമ്പുയർത്തരുതെന്ന് ദുഷ്ടന്മാരോടും ഞാൻ പറയുന്നു.
5നിങ്ങളുടെ കൊമ്പ് മേലോട്ട് ഉയർത്തരുത്;
ശാഠ്യത്തോടെ സംസാരിക്കുകയുമരുത്.
6കിഴക്കുനിന്നല്ല, പടിഞ്ഞാറുനിന്നല്ല,
തെക്കുനിന്നുമല്ല ഉയർച്ചവരുന്നത്.
7ദൈവം ന്യായാധിപതിയാകുന്നു;
അവൻ ഒരുത്തനെ താഴ്ത്തുകയും മറ്റൊരുത്തനെ ഉയർത്തുകയും ചെയ്യുന്നു.
8യഹോവയുടെ കയ്യിൽ ഒരു പാനപാത്രം ഉണ്ട്; അതിൽ
വീഞ്ഞു നുരയ്ക്കുന്നു; അത് മദ്യംകൊണ്ട് നിറഞ്ഞിരിക്കുന്നു;
അവൻ അതിൽനിന്ന് പകരുന്നു;
ഭൂമിയിലെ സകലദുഷ്ടന്മാരും അതിന്റെ മട്ട് വലിച്ചുകുടിക്കും.
9ഞാനോ എന്നേക്കും പ്രസ്താവിക്കും;
യാക്കോബിന്റെ ദൈവത്തിന് സ്തുതിപാടും.
10ദുഷ്ടന്മാരുടെ കൊമ്പുകളെല്ലാം ഞാൻ മുറിച്ചുകളയും;
നീതിമാന്മാരുടെ കൊമ്പുകളോ ഉയർന്നിരിക്കും.
76
സംഗീതപ്രമാണിക്ക്; തന്ത്രിനാദത്തോടെ; ആസാഫിന്റെ ഒരു സങ്കീർത്തനം; ഒരു ഗീതം.
1ദൈവം യെഹൂദയിൽ പ്രസിദ്ധനാകുന്നു;
അവന്റെ നാമം യിസ്രായേലിൽ വലിയതാകുന്നു.
2അവന്റെ കൂടാരം ശാലേമിലും
അവന്റെ വാസസ്ഥലം സീയോനിലും ഇരിക്കുന്നു.
3അവിടെവച്ച് അവൻ മിന്നുന്ന അമ്പുകളും,യുദ്ധായുധങ്ങളായ
പരിചയും വാളും തകർത്തുകളഞ്ഞു.
സേലാ.
4ശാശ്വതപർവ്വതങ്ങളെക്കാൾ നീ
തേജസ്സും മഹിമയും ഉള്ളവനാകുന്നു.
5ധൈര്യശാലികളെ കൊള്ളയിട്ടു; അവർ നിദ്രപ്രാപിച്ചു;
പരാക്രമശാലികളായ ആർക്കും കൈക്കരുത്തില്ലാതെ പോയി.
6യാക്കോബിന്റെ ദൈവമേ, നിന്റെ ശാസനയാൽ
തേരും കുതിരയും ഗാഢനിദ്രയിൽ വീണു.
7നീ ഭയങ്കരനാകുന്നു;
നീ കോപിച്ചാൽ തിരുമുമ്പാകെ നില്ക്കാൻ കഴിയുന്നവൻ ആര്?
8സ്വർഗ്ഗത്തിൽനിന്ന് നീ വിധി കേൾപ്പിച്ചു;
ഭൂമിയിലെ സാധുക്കളെയെല്ലാം രക്ഷിക്കുവാൻ
9ദൈവം ന്യായവിസ്താരത്തിന് എഴുന്നേറ്റപ്പോൾ
ഭൂമി ഭയപ്പെട്ട് നിശ്ശബ്ദമായിരുന്നു.
സേലാ.
10മനുഷ്യന്റെ ക്രോധം നിന്നെ സ്തുതിക്കും നിശ്ചയം;
ശേഷിക്കുന്ന ക്രോധം നീ അരയ്ക്ക് കെട്ടും.
11നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് നേരുകയും നിവർത്തിക്കുകയും ചെയ്യുവിൻ;
അവന്റെ ചുറ്റുമുള്ള എല്ലാവരും ഭയപ്പെടേണ്ടവന് കാഴ്ചകൊണ്ടുവരട്ടെ.
12അവൻ പ്രഭുക്കന്മാരുടെ പ്രാണനെ ഛേദിച്ചുകളയും;
ഭൂമിയിലെ രാജാക്കന്മാർക്ക് അവൻ ഭയങ്കരനാകുന്നു.
77
സംഗീതപ്രമാണിക്ക്; യെദൂഥൂന്യരാഗത്തിൽ; ആസാഫിന്റെ ഒരു സങ്കീർത്തനം.
1ഞാൻ എന്റെ ശബ്ദം ഉയർത്തി ദൈവത്തോട്,
എന്റെ ശബ്ദം ഉയർത്തി ദൈവത്തോടു തന്നെ നിലവിളിക്കും;
അവൻ എന്റെ നിലവിളി ശ്രദ്ധിക്കും.
2കഷ്ടദിവസത്തിൽ ഞാൻ യഹോവയെ അന്വേഷിച്ചു,
രാത്രിയിൽ എന്റെ കൈ തളരാതെ മലർത്തിയിരുന്നു;
എന്റെ ഉള്ളം ആശ്വാസം നിരസിച്ചു.
3ഞാൻ ദൈവത്തെ ഓർത്ത് നെടുവീർപ്പിടുന്നു.
ഞാൻ ധ്യാനിക്കുമ്പോൾ, എന്റെ ആത്മാവ് വിഷാദിക്കുന്നു.
സേലാ.
4നീ എന്റെ കണ്ണിന് ഉറക്കം നിഷേധിച്ചിരിക്കുന്നു;
സംസാരിക്കുവാൻ കഴിയാത്തവിധം ഞാൻ വ്യാകുലപ്പെട്ടിരിക്കുന്നു.
5ഞാൻ പൂർവ്വദിവസങ്ങളെയും
പണ്ടത്തെ സംവത്സരങ്ങളെയും ഓർക്കുന്നു.
6രാത്രിയിൽ ഞാൻ എന്റെ സംഗീതം ഓർക്കുന്നു;
എന്റെ ഹൃദയംകൊണ്ട് ഞാൻ ധ്യാനിക്കുന്നു;
എന്റെ ആത്മാവും ശോധന കഴിക്കുന്നു.
7കർത്താവ് എന്നേക്കും തള്ളിക്കളയുമോ?
അവൻ ഇനി ഒരിക്കലും അനുകൂലമായിരിക്കുകയില്ലയോ?
8അവന്റെ ദയ സദാകാലത്തേക്കും മറഞ്ഞു പോയോ?
അവന്റെ വാഗ്ദാനം തലമുറതലമുറയോളം നിലനില്ക്കാതെ പോയോ?
9ദൈവം കൃപ കാണിക്കുവാൻ മറന്നിരിക്കുന്നുവോ?
അവൻ കോപത്തിൽ തന്റെ കരുണ അടച്ചുകളഞ്ഞിരിക്കുന്നുവോ?
സേലാ.
10“എന്നാൽ അത് എന്റെ കഷ്ടതയാകുന്നു;
അത്യുന്നതന്റെ വലങ്കൈ വരുത്തിയ സംവത്സരങ്ങൾ തന്നെ” എന്ന് ഞാൻ പറഞ്ഞു.
11ഞാൻ യഹോവയുടെ പ്രവൃത്തികളെ വർണ്ണിക്കും;
പണ്ടേയുള്ള നിന്റെ അത്ഭുതങ്ങളെ ഞാൻ ഓർക്കും.
12ഞാൻ നിന്റെ സകലപ്രവൃത്തികളെയും ധ്യാനിക്കും;
നിന്റെ ക്രിയകളെക്കുറിച്ച് ഞാൻ ചിന്തിക്കും.
13ദൈവമേ, നിന്റെ വഴി വിശുദ്ധമാകുന്നു;
നമ്മുടെ ദൈവത്തെപ്പോലെ വലിയ ദൈവം ആരുള്ളു?
14നീ അത്ഭുതം പ്രവർത്തിക്കുന്ന ദൈവം ആകുന്നു;
നിന്റെ ബലത്തെ നീ ജനതകളുടെ ഇടയിൽ വെളിപ്പെടുത്തിയിരിക്കുന്നു.
15തൃക്കൈകൊണ്ട് നീ നിന്റെ ജനത്തെ വീണ്ടെടുത്തിരിക്കുന്നു;
യാക്കോബിന്റെയും യോസേഫിന്റെയും മക്കളെ തന്നെ.
സേലാ.
16ദൈവമേ, വെള്ളങ്ങൾ നിന്നെ കണ്ടു,
വെള്ളങ്ങൾ നിന്നെ കണ്ടു ഭ്രമിച്ചു,
ആഴികളും വിറച്ചുപോയി.
17മേഘങ്ങൾ വെള്ളം ചൊരിഞ്ഞു;
ആകാശം ഇടിനാദം മുഴക്കി;
നിന്റെ അസ്ത്രങ്ങൾ പരക്കെ പറന്നു.
18നിന്റെ ഇടിമുഴക്കം ചുഴലിക്കാറ്റിൽ മുഴങ്ങി;
മിന്നലുകൾ ഭൂതലത്തെ പ്രകാശിപ്പിച്ചു;
ഭൂമി കുലുങ്ങി നടുങ്ങിപ്പോയി.
19നിന്റെ വഴി സമുദ്രത്തിലും നിന്റെ പാതകൾ പെരുവെള്ളത്തിലും ആയിരുന്നു;
നിന്റെ കാൽചുവടുകളെ അറിയാതെയുമിരുന്നു.
20മോശെയുടെയും അഹരോന്റെയും കൈയാൽ നീ നിന്റെ ജനത്തെ ഒരു ആട്ടിൻകൂട്ടത്തെ പോലെ നടത്തി.
78
ആസാഫിന്റെ ഒരു ധ്യാനം.
1എന്റെ ജനമേ, എന്റെ ഉപദേശം ശ്രദ്ധിക്കുവിൻ;
എന്റെ വായിലെ മൊഴികൾക്ക് നിങ്ങളുടെ ചെവി ചായിക്കുവിൻ.
2ഞാൻ ഉപമ പ്രസ്താവിക്കുവാൻ വായ് തുറക്കും;
പുരാതനകടങ്കഥകളെ ഞാൻ പറയും.
3നാം അവയെ കേട്ടറിഞ്ഞിരിക്കുന്നു;
നമ്മുടെ പിതാക്കന്മാർ നമ്മളോട് പറഞ്ഞിരിക്കുന്നു.
4നാം നമ്മുടെ മക്കളോട് അവയെ മറച്ചുവയ്ക്കാതെ
വരുവാനുള്ള തലമുറയോട് യഹോവയുടെ സ്തുതിയും ബലവും
അവൻ ചെയ്ത അത്ഭുതപ്രവൃത്തികളും വിവരിച്ചുപറയും.
5അവൻ യാക്കോബിൽ ഒരു സാക്ഷ്യം സ്ഥാപിച്ചു;
യിസ്രായേലിൽ ഒരു ന്യായപ്രമാണം നിയമിച്ചു;
അവയെ അവരുടെ മക്കളെ അറിയിക്കുവാൻ നമ്മുടെ പിതാക്കന്മാരോട് കല്പിച്ചു.
6വരുവാനുള്ള തലമുറ, ജനിക്കുവാനിരിക്കുന്ന മക്കൾ തന്നെ,
അവയെ ഗ്രഹിക്കുകയും എഴുന്നേറ്റ് തങ്ങളുടെ മക്കളോട് അറിയിക്കുകയും ചെയ്യും.
7അവർ അവരുടെ ആശ്രയം ദൈവത്തിൽ വയ്ക്കുകയും
അവന്റെ പ്രവൃത്തികളെ മറന്നുകളയാതെ
അവന്റെ കല്പനകൾ പ്രമാണിച്ചുനടക്കുകയും
8അവരുടെ പിതാക്കന്മാരെപോലെ
ശാഠ്യവും മത്സരവും ഉള്ള തലമുറയായി
ഹൃദയത്തെ സ്ഥിരമാക്കാതെ,
ദൈവത്തോട് അവിശ്വസ്തമനസ്സുള്ള ഒരു തലമുറയായി തീരാതിരിക്കുകയും ചെയ്യേണ്ടതിനു തന്നെ.
9ആയുധം ധരിച്ച വില്ലാളികളായ എഫ്രയീമ്യർ
യുദ്ധദിവസത്തിൽ പിന്തിരിഞ്ഞുപോയി.
10അവർ ദൈവത്തിന്റെ നിയമം പ്രമാണിച്ചില്ല;
അവന്റെ ന്യായപ്രമാണം ഉപേക്ഷിച്ചു നടന്നു.
11അവർ അവന്റെ പ്രവൃത്തികളും
അവരെ കാണിച്ച അത്ഭുതങ്ങളും മറന്നുകളഞ്ഞു.
12അവൻ ഈജിപ്റ്റ്ദേശത്ത്, സോവാൻ വയലിൽവച്ച്
അവരുടെ പിതാക്കന്മാരുടെ കൺ മുമ്പിൽ, അത്ഭുതം പ്രവർത്തിച്ചു.
13അവൻ സമുദ്രത്തെ വിഭാഗിച്ച്, അതിൽകൂടി അവരെ കടത്തി;
അവൻ വെള്ളത്തെ ചിറപോലെ നില്ക്കുമാറാക്കി.
14പകൽസമയത്ത് അവൻ മേഘംകൊണ്ടും
രാത്രി മുഴുവനും അഗ്നിപ്രകാശംകൊണ്ടും അവരെ നടത്തി.
15അവൻ മരുഭൂമിയിൽ പാറകളെ പിളർന്നു
ആഴികളാൽ എന്നപോലെ അവർക്ക് ധാരാളം കുടിക്കുവാൻ കൊടുത്തു.
16പാറയിൽനിന്ന് അവൻ അരുവികളെ പുറപ്പെടുവിച്ചു;
വെള്ളം നദികളെപ്പോലെ ഒഴുകുമാറാക്കി.
17എങ്കിലും അവർ അവനോട് പാപം ചെയ്തു;
അത്യുന്നതനോട് മരുഭൂമിയിൽവച്ച് മത്സരിച്ചുകൊണ്ടിരുന്നു.
18അവർ കൊതിക്കുന്ന ഭക്ഷണം ചോദിച്ചു കൊണ്ട്
അവർ ഹൃദയത്തിൽ ദൈവത്തെ പരീക്ഷിച്ചു.
19അവർ ദൈവത്തിനു വിരോധമായി സംസാരിച്ചു:
“മരുഭൂമിയിൽ മേശ ഒരുക്കുവാൻ ദൈവത്തിനു കഴിയുമോ?”
20അവൻ പാറയെ അടിച്ചു, വെള്ളം പുറപ്പെട്ടു,
തോടുകളും കവിഞ്ഞൊഴുകി, സത്യം;
“എന്നാൽ അപ്പംകൂടി തരുവാൻ അവന് കഴിയുമോ?
തന്റെ ജനത്തിന് അവൻ മാംസം വരുത്തി കൊടുക്കുമോ?” എന്ന് പറഞ്ഞു.
21ആകയാൽ യഹോവ അതു കേട്ട് കോപിച്ചു;
യാക്കോബിന്റെ നേരെ തീ ജ്വലിച്ചു;
യിസ്രായേലിന്റെ നേരെ കോപവും പൊങ്ങി.
22അവർ ദൈവത്തിൽ വിശ്വസിക്കുകയും
അവന്റെ രക്ഷയിൽ ആശ്രയിക്കുകയും ചെയ്യായ്കയാൽ തന്നെ.
23അവൻ മീതെ മേഘങ്ങളോടു കല്പിച്ചു;
ആകാശത്തിന്റെ വാതിലുകളെ തുറന്നു.
24അവർക്കു തിന്നുവാൻ മന്ന വർഷിപ്പിച്ചു;
സ്വർഗ്ഗീയധാന്യം അവർക്കു കൊടുത്തു.
25മനുഷ്യർ ദൂതന്മാരുടെ അപ്പം തിന്നു;
അവൻ അവർക്ക് തൃപ്തിയാകുംവണ്ണം ആഹാരം അയച്ചു.
26അവൻ ആകാശത്തിൽ കിഴക്കൻകാറ്റ് അടിപ്പിച്ചു;
തന്റെ ശക്തിയാൽ കിഴക്കൻ കാറ്റുവരുത്തി.
27അവൻ അവർക്കു പൊടിപോലെ മാംസത്തെയും
കടൽപുറത്തെ മണൽപോലെ പക്ഷികളെയും വർഷിപ്പിച്ചു;
28അവരുടെ പാളയത്തിന്റെ നടുവിലും പാർപ്പിടങ്ങളുടെ ചുറ്റിലും അവയെ പൊഴിച്ചു.
29അങ്ങനെ അവർ തിന്ന് തൃപ്തരായി.
അവർ ആഗ്രഹിച്ചത് അവൻ അവർക്കു കൊടുത്തു.
30അവരുടെ കൊതിക്കു മതിവന്നില്ല;
ഭക്ഷണം അവരുടെ വായിൽ ഇരിക്കുമ്പോൾ തന്നെ,
31ദൈവത്തിന്റെ കോപം അവരുടെമേൽ വന്നു;
അവരുടെ അതിശക്തന്മാരിൽ ചിലരെ കൊന്നു
യിസ്രായേലിലെ യൗവനക്കാരെ സംഹരിച്ചു.
32ഇതെല്ലാമായിട്ടും അവർ പിന്നെയും പാപം ചെയ്തു;
അവന്റെ അത്ഭുതപ്രവൃത്തികളെ വിശ്വസിച്ചതുമില്ല.
33അതുകൊണ്ട് അവൻ അവരുടെ നാളുകളെ ശ്വാസം പോലെയും
അവരുടെ സംവത്സരങ്ങളെ അതിവേഗത്തിലും കഴിയുമാറാക്കി.
34അവൻ അവരെ കൊല്ലുമ്പോൾ അവർ അവനെ അന്വേഷിക്കും;
അവർ തിരിഞ്ഞ് ജാഗ്രതയോടെ ദൈവത്തെ തിരയും.
35ദൈവം അവരുടെ പാറ എന്നും
അത്യുന്നതനായ ദൈവം അവരുടെ വീണ്ടെടുപ്പുകാരൻ എന്നും അവർ ഓർക്കും.
36എങ്കിലും അവർ വായ്കൊണ്ട് അവനോട് കപടം സംസാരിക്കും
നാവുകൊണ്ട് അവനോട് ഭോഷ്ക് പറയും.
37അവരുടെ ഹൃദയം അവനിൽ സ്ഥിരമായിരുന്നില്ല;
അവന്റെ നിയമത്തോട് അവർ വിശ്വസ്തത കാണിച്ചതുമില്ല.
38എങ്കിലും അവൻ കരുണയുള്ളവനാകുകകൊണ്ട്
അവരെ നശിപ്പിക്കാതെ അവരുടെ അകൃത്യം ക്ഷമിച്ചു;
തന്റെ ക്രോധം മുഴുവനും ജ്വലിപ്പിക്കാതെ
തന്റെ കോപം പലപ്പോഴും അടക്കിക്കളഞ്ഞു.
39അവർ കേവലം ജഡം അത്രെ എന്നും
മടങ്ങിവരാതെ കടന്നുപോകുന്ന കാറ്റുപോലെ എന്നും അവൻ ഓർത്തു.
40മരുഭൂമിയിൽ അവർ എത്ര തവണ അവനോട് മത്സരിച്ചു!
ശൂന്യദേശത്ത് എത്ര പ്രാവശ്യം അവനെ ദുഃഖിപ്പിച്ചു!
41അവർ വീണ്ടും വീണ്ടും ദൈവത്തെ പരീക്ഷിച്ചു;
യിസ്രായേലിന്റെ പരിശുദ്ധനെ മുഷിപ്പിച്ചു.
42ഈജിപ്റ്റിൽ അടയാളങ്ങളും
സോവാൻവയലിൽ അത്ഭുതങ്ങളും ചെയ്ത അവന്റെ കൈയും
43അവൻ ശത്രുവിന്റെ കൈയിൽ നിന്ന്
അവരെ വിടുവിച്ച ദിവസവും അവർ ഓർമ്മിച്ചില്ല.
44അവൻ അവരുടെ നദികളെയും തോടുകളെയും
അവർക്കു കുടിക്കുവാൻ കഴിയാത്ത വിധം രക്തമാക്കിത്തീർത്തു.
45അവൻ അവരുടെ ഇടയിൽ ഈച്ചയെ അയച്ചു;
അവ അവരെ അരിച്ചുകളഞ്ഞു: തവളയെയും അയച്ചു അവ അവർക്കു നാശം ചെയ്തു.
46അവരുടെ വിള അവൻ തുള്ളനും
അവരുടെ പ്രയത്നം വെട്ടുക്കിളിക്കും കൊടുത്തു.
47അവൻ അവരുടെ മുന്തിരിവള്ളികളെ കന്മഴകൊണ്ടും
അവരുടെ കാട്ടത്തിവൃക്ഷങ്ങളെ ആലിപ്പഴം കൊണ്ടും നശിപ്പിച്ചു.
48അവൻ അവരുടെ കന്നുകാലികളെ കന്മഴക്കും
അവരുടെ ആട്ടിൻകൂട്ടങ്ങളെ ഇടിത്തീയ്ക്കും ഏല്പിച്ചു.
49അവൻ അവരുടെ ഇടയിൽ തന്റെ കോപാഗ്നിയും
ക്രോധവും രോഷവും കഷ്ടവും അയച്ചു;
അനർത്ഥദൂതന്മാരുടെ ഒരു ഗണത്തെ തന്നെ.
50അവൻ തന്റെ കോപത്തിന് ഒരു പാത ഒരുക്കി,
അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിക്കാതെ
അവരുടെ ജീവനെ മഹാവ്യാധിക്ക് ഏല്പിച്ചുകളഞ്ഞു.
51അവൻ ഈജിപ്റ്റിലെ എല്ലാ കടിഞ്ഞൂലിനെയും
ഹാമിന്റെ കൂടാരങ്ങളിലുള്ളവരുടെ വീര്യത്തിന്റെ ആദ്യഫലത്തെയും സംഹരിച്ചു.
52എന്നാൽ തന്റെ ജനത്തെ അവൻ ആടുകളെപ്പോലെ പുറപ്പെടുവിച്ചു;
മരുഭൂമിയിൽ ആട്ടിൻകൂട്ടത്തെപ്പോലെ അവരെ നടത്തി.
53അവൻ അവരെ നിർഭയമായി നടത്തുകയാൽ അവർക്ക് ഭയമുണ്ടായില്ല;
അവരുടെ ശത്രുക്കളെ സമുദ്രം മൂടിക്കളഞ്ഞു.
54അവൻ അവരെ തന്റെ വിശുദ്ധദേശത്തിലേക്കും
തന്റെ വലങ്കൈ സമ്പാദിച്ച ഈ പർവ്വതത്തിലേക്കും കൊണ്ടുവന്നു.
55അവരുടെ മുമ്പിൽനിന്നു അവൻ ജനതകളെ നീക്കിക്കളഞ്ഞു;
ചരടുകൊണ്ട് അളന്ന് അവർക്ക് അവകാശം പകുത്തുകൊടുത്തു;
യിസ്രായേലിന്റെ ഗോത്രങ്ങളെ അവരവരുടെ കൂടാരങ്ങളിൽ താമസിപ്പിച്ചു.
56എങ്കിലും അവർ അത്യുന്നതനായ ദൈവത്തെ പരീക്ഷിച്ച് മത്സരിച്ചു;
അവന്റെ സാക്ഷ്യങ്ങൾ പ്രമാണിച്ചതുമില്ല.
57അവർ അവരുടെ പിതാക്കന്മാരെപ്പോലെ പിന്തിരിഞ്ഞ് ദ്രോഹം ചെയ്തു;
വഞ്ചനയുള്ള വില്ലുപോലെ അവർ മാറിക്കളഞ്ഞു.
58അവർ അവരുടെ പൂജാഗിരികളെക്കൊണ്ട് അവനെ കോപിപ്പിച്ചു;
വിഗ്രഹങ്ങളെക്കൊണ്ട് അവന് തീക്ഷ്ണത ജനിപ്പിച്ചു.
59ദൈവം അത് കേട്ട് ക്രുദ്ധിച്ചു; യിസ്രായേലിനെ ഏറ്റവും വെറുത്തു.
60അതുകൊണ്ട് അവൻ ശീലോവിലെ തിരുനിവാസവും
താൻ മനുഷ്യരുടെ ഇടയിൽ അടിച്ചിരുന്ന കൂടാരവും ഉപേക്ഷിച്ചു.
61തന്റെ ബലത്തെ പ്രവാസത്തിലും
തന്റെ മഹത്വത്തെ ശത്രുവിന്റെ കയ്യിലും ഏല്പിച്ചുകൊടുത്തു.
62അവൻ തന്റെ അവകാശത്തോട് കോപിച്ചു;
തന്റെ ജനത്തെ വാളിന് വിട്ടുകൊടുത്തു.
63അവരുടെ യൗവനക്കാർ തീയ്ക്ക് ഇരയായിത്തീർന്നു;
അവരുടെ കന്യകമാർക്ക് വിവാഹഗീതം ഉണ്ടായതുമില്ല.
64അവരുടെ പുരോഹിതന്മാർ വാൾകൊണ്ടു വീണു;
അവരുടെ വിധവമാർ വിലാപം കഴിച്ചതുമില്ല.
65അപ്പോൾ കർത്താവ് ഉറക്കത്തിൽനിന്ന് ഉണർന്നുവരുന്നവനെപ്പോലെയും
വീഞ്ഞുകുടിച്ച് അട്ടഹസിക്കുന്ന വീരനെപ്പോലെയും ഉണർന്നു.
66അവൻ തന്റെ ശത്രുക്കളെ പിന്നിലേക്ക് ഓടിച്ചുകളഞ്ഞു;
അവർക്ക് നിത്യനിന്ദ വരുത്തുകയും ചെയ്തു.
67എന്നാൽ അവൻ യോസേഫിന്റെ കൂടാരത്തെ ത്യജിച്ചു;
എഫ്രയീംഗോത്രത്തെ തിരഞ്ഞെടുത്തതുമില്ല.
68അവൻ യെഹൂദാഗോത്രത്തെയും
താൻ പ്രിയപ്പെട്ട സീയോൻപർവ്വതത്തെയും തിരഞ്ഞെടുത്തു.
69താൻ സദാകാലത്തേക്കും സ്ഥാപിച്ചിരിക്കുന്ന ഭൂമിയെപ്പോലെയും
സ്വർഗ്ഗോന്നതികളെപ്പോലെയും അവൻ തന്റെ വിശുദ്ധമന്ദിരത്തെ പണിതു.
70അവൻ തന്റെ ദാസനായ ദാവീദിനെ തെരഞ്ഞെടുത്തു;
ആട്ടിൻതൊഴുത്തുകളുടെ ഇടയിൽനിന്ന് അവനെ വരുത്തി.
71തന്റെ ജനമായ യാക്കോബിനെയും തന്റെ അവകാശമായ യിസ്രായേലിനെയും
മേയിക്കേണ്ടതിന് യഹോവ അവനെ തള്ളയാടുകളെ നോക്കുന്ന വേലയിൽനിന്നു കൊണ്ടുവന്നു.
72അങ്ങനെ അവൻ പരമാർത്ഥഹൃദയത്തോടെ അവരെ മേയിച്ചു;
കൈകളുടെ സാമർഥ്യത്തോടെ അവരെ നടത്തി.
79
ആസാഫിന്റെ ഒരു സങ്കീർത്തനം.
1ദൈവമേ, ജനതതികൾ നിന്റെ അവകാശത്തിലേക്ക് കടന്നിരിക്കുന്നു;
അവർ നിന്റെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കുകയും
യെരൂശലേമിനെ കൽകുന്നുകളാക്കുകയും ചെയ്തിരിക്കുന്നു.
2അവർ നിന്റെ ദാസന്മാരുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികൾക്കും
നിന്റെ വിശുദ്ധന്മാരുടെ മാംസത്തെ കാട്ടുമൃഗങ്ങൾക്കും ഭക്ഷണമായി കൊടുത്തിരിക്കുന്നു.
3അവരുടെ രക്തം വെള്ളംപോലെ അവർ യെരൂശലേമിന് ചുറ്റും ചിന്തിക്കളഞ്ഞു;
അവരെ കുഴിച്ചിടുവാൻ ആരും ഉണ്ടായിരുന്നില്ല.
4ഞങ്ങൾ ഞങ്ങളുടെ അയല്ക്കാർക്ക് അപമാനവും
ചുറ്റുമുള്ളവർക്ക് നിന്ദയും പരിഹാസവും ആയി തീർന്നിരിക്കുന്നു.
5യഹോവേ, നീ സദാ കോപിക്കുന്നതും
നിന്റെ തീക്ഷ്ണത തീപോലെ ജ്വലിക്കുന്നതും എത്രത്തോളം?
6നിന്നെ അറിയാത്ത ജനതകളുടെമേലും നിന്റെ നാമം വിളിച്ചപേക്ഷിക്കാത്ത രാജ്യങ്ങളുടെമേലും
നിന്റെ ക്രോധം പകരണമേ.
7അവർ യാക്കോബിനെ വിഴുങ്ങിക്കളയുകയും
അവന്റെ വാസസ്ഥലം ശൂന്യമാക്കുകയും ചെയ്തുവല്ലോ.
8ഞങ്ങളുടെ പൂർവ്വികരുടെ അകൃത്യങ്ങൾ ഞങ്ങളോട് കണക്കിടരുതേ;
നിന്റെ കരുണ വേഗത്തിൽ ഞങ്ങളെ എതിരേല്ക്കുമാറാകട്ടെ;
ഞങ്ങൾ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു.
9ഞങ്ങളുടെ രക്ഷയായ ദൈവമേ,
നിന്റെ നാമമഹത്വത്തിനായി ഞങ്ങളെ സഹായിക്കണമേ;
നിന്റെ നാമംനിമിത്തം ഞങ്ങളെ രക്ഷിച്ച്,
ഞങ്ങളുടെ പാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യണമെ.
10“അവരുടെ ദൈവം എവിടെ?” എന്ന് ജനതകൾ പറയുന്നത് എന്തിന്?
നിന്റെ ദാസന്മാരുടെ രക്തം ചിന്തിയതിന് പ്രതികാരം
ഞങ്ങളുടെദൃഷ്ടിയിൽ, ജനതകളുടെ ഇടയിൽ വെളിപ്പെടുമാറാകട്ടെ.
11ബദ്ധന്മാരുടെ നെടുവീർപ്പ് നിന്റെ മുമ്പാകെ വരുമാറാകട്ടെ;
മരണത്തിന് വിധിക്കപ്പെട്ടിരിക്കുന്നവരെ നീ നിന്റെ മഹാശക്തിയാൽ രക്ഷിക്കണമേ.
12കർത്താവേ, ഞങ്ങളുടെ അയല്ക്കാർ നിന്നെ നിന്ദിച്ച നിന്ദ
ഏഴിരട്ടിയായി അവരുടെ മാർവ്വിടത്തിലേക്ക് പകരം കൊടുക്കണമേ.
13എന്നാൽ നിന്റെ ജനവും നിന്റെ മേച്ചില്പുറത്തെ ആടുകളുമായ ഞങ്ങൾ
എന്നേക്കും നിനക്ക് സ്തോത്രം ചെയ്യും.
തലമുറതലമുറയോളം ഞങ്ങൾ നിന്റെ സ്തുതിയെ പ്രസ്താവിക്കും.
80
സംഗീതപ്രമാണിക്ക്; സാരസസാക്ഷ്യം എന്ന രാഗത്തിൽ; ആസാഫിന്റെ ഒരു സങ്കീർത്തനം.
1ആട്ടിൻകൂട്ടത്തെപ്പോലെ യോസേഫിനെ നടത്തുന്ന
യിസ്രായേലിന്റെ ഇടയനായുള്ള യഹോവേ, ചെവിക്കൊള്ളണമേ;
കെരൂബുകളിന്മേൽ അധിവസിക്കുന്നവനേ, പ്രകാശിക്കണമേ.
2എഫ്രയീമും ബെന്യാമീനും മനശ്ശെയും കാണത്തക്കവിധം
നിന്റെ വീര്യബലം ഉണർത്തി ഞങ്ങളുടെ രക്ഷയ്ക്കായി വരണമേ.
3ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തണമേ;
ഞങ്ങൾ രക്ഷപ്പെടേണ്ടതിന് തിരുമുഖം പ്രകാശിപ്പിക്കണമേ.
4സൈന്യങ്ങളുടെ ദൈവമായ യഹോവേ,
നിന്റെ ജനത്തിന്റെ പ്രാർത്ഥനയ്ക്കു നേരെ എത്രത്തോളം നീ കോപിക്കും?
5നീ അവർക്ക് കണ്ണുനീരിന്റെ അപ്പം തിന്നുവാൻ കൊടുത്തിരിക്കുന്നു;
ധാരാളം കണ്ണുനീർ അവർക്ക് കുടിക്കുവാനും കൊടുത്തിരിക്കുന്നു.
6നീ ഞങ്ങളെ ഞങ്ങളുടെ അയല്ക്കാർക്ക് വഴക്കാക്കിത്തീർക്കുന്നു;
ഞങ്ങളുടെ ശത്രുക്കൾ തമ്മിൽ പറഞ്ഞു പരിഹസിക്കുന്നു.
7സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തണമേ;
ഞങ്ങൾ രക്ഷപ്പെടേണ്ടതിന് തിരുമുഖം പ്രകാശിപ്പിക്കണമേ.
8നീ ഈജിപ്റ്റിൽ നിന്ന് ഒരു മുന്തിരിവള്ളി കൊണ്ടു വന്നു;
ജനതതികളെ നീക്കിക്കളഞ്ഞ് അതിനെ നട്ടു.
9നീ അതിന് തടം എടുത്തു
അത് വേരൂന്നി ദേശത്ത് പടർന്നു.
10അതിന്റെ നിഴൽകൊണ്ട് പർവ്വതങ്ങൾ മൂടിയിരുന്നു;
അതിന്റെ കൊമ്പുകൾ ദിവ്യദേവദാരുക്കൾപോലെയും ആയിരുന്നു.
11അത് കൊമ്പുകളെ സമുദ്രം വരെയും
ചില്ലികളെ നദിവരെയും നീട്ടിയിരുന്നു.
12വഴിപോകുന്നവർ എല്ലാം അത് പറിക്കുവാൻ തക്കവണ്ണം
നീ അതിന്റെ വേലികൾ പൊളിച്ചുകളഞ്ഞത് എന്ത്?
13കാട്ടുപന്നി അതിനെ മാന്തിക്കളയുന്നു;
വയലിലെ മൃഗങ്ങൾ അത് തിന്നുകളയുന്നു.
14സൈന്യങ്ങളുടെ ദൈവമേ, തിരിഞ്ഞുവരണമേ;
സ്വർഗ്ഗത്തിൽനിന്നു കടാക്ഷിച്ച്
ഈ മുന്തിരിവള്ളിയെ സന്ദർശിക്കണമേ.
15നിന്റെ വലങ്കൈ നട്ടതും
നീ നിനക്കായി വളർത്തിയതുമായ ഈ തൈയെയും പരിപാലിക്കണമേ.
16അതിനെ തീ വച്ചു ചുടുകയും വെട്ടിക്കളയുകയും ചെയ്തിരിക്കുന്നു;
നിന്റെ മുഖത്തുനിന്നുള്ള ഭർസനത്താൽ അവർ നശിച്ചുപോകുന്നു.
17നിന്റെ കൈ നിന്റെ വലത്തുഭാഗത്തെ പുരുഷന്റെമേൽ
നീ നിനക്കായി വളർത്തിയ മനുഷ്യപുത്രന്റെ മേൽതന്നെ ഇരിക്കട്ടെ.
18എന്നാൽ ഞങ്ങൾ നിന്നെ വിട്ടു പിന്മാറുകയില്ല;
ഞങ്ങളെ ജീവിപ്പിക്കണമേ, എന്നാൽ ഞങ്ങൾ നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കും.
19സൈന്യങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തണമേ;
ഞങ്ങൾ രക്ഷപ്പെടേണ്ടതിന് തിരുമുഖം പ്രകാശിപ്പിക്കണമേ.
81
സംഗീതപ്രമാണിക്ക്; ഗത്ഥ്യരാഗത്തിൽ; ആസാഫിന്റെ ഒരു സങ്കീർത്തനം.
1നമ്മുടെ ബലമായ ദൈവത്തിന് ഘോഷിക്കുവിൻ;
യാക്കോബിന്റെ ദൈവത്തിന് ആർപ്പിടുവിൻ.
2തപ്പും ഇമ്പമുള്ള കിന്നരവും
വീണയും എടുത്ത് സംഗീതം തുടങ്ങുവിൻ.
3അമാവാസ്യയിലും നമ്മുടെ ഉത്സവദിവസമായ
പൗർണ്ണമാസിയിലും കാഹളം ഊതുവിൻ.
4ഇത് യിസ്രായേലിന് ഒരു ചട്ടവും
യാക്കോബിന്റെ ദൈവം നൽകിയ ഒരു പ്രമാണവും ആകുന്നു.
5ഈജിപ്റ്റ് ദേശത്തിനു നേരെ പുറപ്പെട്ടപ്പോൾ
ദൈവം അത് യോസേഫിന് ഒരു സാക്ഷ്യമായി നിയമിച്ചു;
അവിടെ ഞാൻ അറിയാത്ത ഒരു ഭാഷ കേട്ടു.
6ഞാൻ അവന്റെ തോളിൽനിന്ന് ചുമടു നീക്കി; അവന്റെ കൈകൾ കൊട്ട വിട്ട് ഒഴിഞ്ഞു.
7കഷ്ടകാലത്ത് നീ വിളിച്ചു, ഞാൻ നിന്നെ വിടുവിച്ചു;
ഇടിമുഴക്കത്തിന്റെ മറവിൽനിന്ന് ഞാൻ നിനക്ക് ഉത്തരമരുളി;
മെരീബാവെള്ളത്തിൽ ഞാൻ നിന്നെ പരീക്ഷിച്ചു.
സേലാ.
8എന്റെ ജനമേ, കേൾക്കുക, ഞാൻ നിന്നോട് സാക്ഷ്യം പറയും.
യിസ്രായേലേ, നീ എന്റെ വാക്ക് കേട്ടെങ്കിൽ കൊള്ളാമായിരുന്നു.
9അന്യദൈവം നിനക്ക് ഉണ്ടാകരുത്;
യാതൊരു അന്യദൈവത്തെയും നീ നമസ്കരിക്കരുത്.
10ഈജിപ്റ്റ്ദേശത്തുനിന്ന് നിന്നെ കൊണ്ടുവന്ന
യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു;
നിന്റെ വായ് വിസ്താരമായി തുറക്കുക; ഞാൻ അതിനെ നിറയ്ക്കും.
11എന്നാൽ എന്റെ ജനം എന്റെ വാക്ക് കേട്ടനുസരിച്ചില്ല;
യിസ്രായേൽ എന്നെ കൂട്ടാക്കിയതുമില്ല.
12അതുകൊണ്ട് അവർ സ്വന്ത ആലോചനപ്രകാരം നടക്കേണ്ടതിന്
ഞാൻ അവരെ ഹൃദയകാഠിന്യത്തിന് ഏല്പിച്ചുകളഞ്ഞു.
13അയ്യോ! എന്റെ ജനം എന്റെ വാക്കു കേൾക്കുകയും
യിസ്രായേൽ എന്റെ വഴികളിൽ നടക്കുകയും ചെയ്തെങ്കിൽ കൊള്ളാമായിരുന്നു.
14എന്നാൽ ഞാൻ വേഗത്തിൽ അവരുടെ ശത്രുക്കളെ കീഴടക്കുമായിരുന്നു;
അവരുടെ വൈരികളുടെ നേരെ എന്റെ കൈ തിരിക്കുമായിരുന്നു.
15യഹോവയെ പകയ്ക്കുന്നവർ അവന് കീഴടങ്ങുമായിരുന്നു;
എന്നാൽ അവരുടെ ശുഭകാലം എന്നേക്കും നില്ക്കുമായിരുന്നു.
16അവൻ മേത്തരമായ ഗോതമ്പുകൊണ്ട് അവരെ പോഷിപ്പിക്കുമായിരുന്നു;
ഞാൻ പാറയിൽനിന്നുള്ള തേൻകൊണ്ട് നിനക്ക് തൃപ്തിവരുത്തുമായിരുന്നു.
82
സംഗീതപ്രമാണിക്ക്; ആസാഫിന്റെ ഒരു സങ്കീർത്തനം.
1ദൈവം ദേവസഭയിൽ നില്ക്കുന്നു;
അവൻ ദേവന്മാരുടെ ഇടയിൽ ന്യായം വിധിക്കുന്നു.
2നിങ്ങൾ എത്രത്തോളം നീതികേടായി വിധിക്കുകയും
ദുഷ്ടന്മാരുടെ പക്ഷം പിടിക്കുകയും ചെയ്യും?
സേലാ.
3എളിയവനും അനാഥനും ന്യായം പാലിച്ചുകൊടുക്കുവിൻ;
പീഡിതനും അഗതിക്കും നീതി നടത്തിക്കൊടുക്കുവിൻ.
4എളിയവനെയും ദരിദ്രനെയും രക്ഷിക്കുവിൻ;
ദുഷ്ടന്മാരുടെ കയ്യിൽനിന്ന് അവരെ വിടുവിക്കുവിൻ.
5അവർക്ക് അറിവും ബോധവുമില്ല; അവർ ഇരുട്ടിൽ നടക്കുന്നു;
ഭൂമിയുടെ അടിസ്ഥാനങ്ങൾ എല്ലാം ഇളകിയിരിക്കുന്നു.
6“നിങ്ങൾ ദേവന്മാർ ആകുന്നു” എന്നും
“നിങ്ങൾ എല്ലാവരും അത്യുന്നതന്റെ പുത്രന്മാർ” എന്നും ഞാൻ പറഞ്ഞു.
7എങ്കിലും നിങ്ങൾ മനുഷ്യരെപ്പോലെ മരിക്കും;
പ്രഭുക്കന്മാരിൽ ഒരുത്തനെപ്പോലെ ഹതരാകും.
8ദൈവമേ, എഴുന്നേറ്റ് ഭൂമിയെ വിധിക്കണമേ;
നീ സകല ജനതതികളെയും അവകാശമാക്കികൊള്ളുമല്ലോ.
83
ആസാഫിന്റെ ഒരു സങ്കീർത്തനം; ഒരു ഗീതം.
1ദൈവമേ, നിശ്ശബ്ദമായിരിക്കരുതേ;
ദൈവമേ, മൗനമായും സ്വസ്ഥമായും ഇരിക്കരുതേ.
2ഇതാ, നിന്റെ ശത്രുക്കൾ കലഹിക്കുന്നു;
നിന്നെ വെറുക്കുന്നവർ തല ഉയർത്തുന്നു.
3അവർ നിന്റെ ജനത്തിന്റെ നേരെ ഉപായം വിചാരിക്കുകയും
നിനക്ക് വിലയേറിയവരുടെ നേരെ ദുരാലോചന കഴിക്കുകയും ചെയ്യുന്നു.
4“വരുവിൻ, യിസ്രായേൽ ഒരു ജനതയായിരിക്കാത്തവിധം നാം അവരെ മുടിച്ചുകളയുക.
അവരുടെ പേര് ഇനി ആരും ഓർക്കരുത്” എന്ന് അവർ പറഞ്ഞു.
5അവർ ഇങ്ങനെ ഏകമനസ്സോടെ ആലോചിച്ചു,
നിനക്കു വിരോധമായി സഖ്യം ചെയ്യുന്നു.
6ഏദോമ്യരുടെയും യിശ്മായേല്യരുടെയും കൂടാരങ്ങളും
മോവാബ്യരും ഹഗര്യരും ,
7ഗെബാലും അമ്മോനും അമാലേക്കും,
ഫെലിസ്ത്യദേശവും സോർനിവാസികളും;
8അശ്ശൂരും അവരോട് യോജിച്ചു;
അവർ ലോത്തിന്റെ മക്കൾക്ക് സഹായമായിരുന്നു.
സേലാ.
9മിദ്യാന്യരോട് ചെയ്തതുപോലെ അവരോടു ചെയ്യണമേ;
കീശോൻതോട്ടിനരികിൽ വച്ച് സീസരയോടും യാബീനോടും ചെയ്തതുപോലെ തന്നെ.
10അവർ എൻദോരിൽവച്ച് നശിച്ചുപോയി;
അവർ നിലത്തിന് വളമായിത്തീർന്നു.
11അവരുടെ കുലീനന്മാരെ ഓരേബ്, സേബ് എന്നിവരെപ്പോലെയും
അവരുടെ സകലപ്രഭുക്കന്മാരെയും സേബഹ്, സല്മൂന്നാ എന്നിവരെപ്പോലെയും ആക്കണമേ.
12“നാം ദൈവത്തിന്റെ നിവാസങ്ങളെ
നമുക്ക് അവകാശമാക്കിക്കൊള്ളുക” എന്ന് അവർ പറഞ്ഞുവല്ലോ.
13എന്റെ ദൈവമേ, അവരെ ചുഴലിക്കാറ്റിൽ പൊടിപോലെയും
കാറ്റത്തു പാറുന്ന പതിർപോലെയും ആക്കണമേ.
14വനത്തെ ദഹിപ്പിക്കുന്ന തീപോലെയും
പർവ്വതങ്ങളെ ചുട്ടുകളയുന്ന അഗ്നിജ്വാലപോലെയും
15നിന്റെ കൊടുങ്കാറ്റുകൊണ്ട് അവരെ പിന്തുടരണമേ;
നിന്റെ ചുഴലിക്കാറ്റുകൊണ്ട് അവരെ ഭ്രമിപ്പിക്കണമേ.
16യഹോവേ, അവർ തിരുനാമത്തെ അന്വേഷിക്കേണ്ടതിന്
നീ അവരുടെ മുഖത്തെ ലജ്ജാപൂർണ്ണമാക്കണമേ.
17അവർ എന്നേക്കും ലജ്ജിച്ച് ഭ്രമിക്കുകയും
നാണിച്ച് നശിച്ചുപോകുകയും ചെയ്യട്ടെ.
18അങ്ങനെ അവർ യഹോവ എന്ന് നാമമുള്ള നീ മാത്രം
സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്ന് അറിയും.
84
സംഗീതപ്രമാണിക്ക്; ഗത്ഥ്യരാഗത്തിൽ; കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം.
1സൈന്യങ്ങളുടെ യഹോവേ,
തിരുനിവാസം എത്ര മനോഹരം!
2എന്റെ ഉള്ളം യഹോവയുടെ പ്രാകാരങ്ങളെ വാഞ്ഛിച്ചു മോഹാലസ്യപ്പെട്ടു പോകുന്നു;
എന്റെ ഹൃദയവും എന്റെ മാംസവും ജീവനുള്ള ദൈവത്തെ നോക്കി ഘോഷിക്കുന്നു.
3കുരികിൽ ഒരു വീടും, മീവൽപക്ഷി കുഞ്ഞുങ്ങൾക്ക് ഒരു കൂടും കണ്ടെത്തിയിരിക്കുന്നു;
എന്റെ രാജാവും എന്റെ ദൈവവുമായ സൈന്യങ്ങളുടെ യഹോവേ, നിന്റെ യാഗപീഠങ്ങളെ തന്നെ.
4നിന്റെ ആലയത്തിൽ വസിക്കുന്നവർ ഭാഗ്യവാന്മാർ;
അവർ നിന്നെ നിത്യം സ്തുതിച്ചുകൊണ്ടിരിക്കും.
സേലാ.
5ബലം നിന്നിൽ ഉള്ള മനുഷ്യൻ ഭാഗ്യവാൻ;
ഇങ്ങനെയുള്ളവരുടെ മനസ്സിൽ സീയോനിലേക്കുള്ള പെരുവഴികൾ ഉണ്ട്.
6കണ്ണുനീർ താഴ്വരയിൽകൂടി കടക്കുമ്പോൾ അവർ അതിനെ ജലാശയമാക്കിത്തീർക്കുന്നു.
മുന്മഴയാൽ അത് അനുഗ്രഹപൂർണ്ണമായിത്തീരുന്നു.
7അവർ മേല്ക്കുമേൽ ബലം പ്രാപിക്കുന്നു;
എല്ലാവരും സീയോനിൽ ദൈവസന്നിധിയിൽ ചെന്നെത്തുന്നു.
8സൈന്യങ്ങളുടെ ദൈവമായ യഹോവേ, എന്റെ പ്രാർത്ഥന കേൾക്കണമേ;
യാക്കോബിന്റെ ദൈവമേ, ചെവിക്കൊള്ളണമേ.
സേലാ.
9ഞങ്ങളുടെ പരിചയായ ദൈവമേ, നോക്കണമേ;
നിന്റെ അഭിഷിക്തന്റെ മുഖത്തെ കടാക്ഷിക്കണമേ;
10നിന്റെ പ്രാകാരങ്ങളിൽ കഴിക്കുന്ന ഒരു ദിവസം
വേറെ ആയിരം ദിവസത്തെക്കാൾ ഉത്തമമല്ലയോ?;
ദുഷ്ടന്മാരുടെ കൂടാരങ്ങളിൽ വസിക്കുന്നതിനെക്കാൾ
എന്റെ ദൈവത്തിന്റെ ആലയത്തിൽ വാതിൽ കാവല്ക്കാരനായിരിക്കുന്നതാണ് എനിക്ക് ഏറെ ഇഷ്ടം.
11യഹോവയായ ദൈവം സൂര്യനും പരിചയും ആകുന്നു;
യഹോവ കൃപയും മഹത്വവും നല്കുന്നു;
നേർബുദ്ധിയോടെ നടക്കുന്നവർക്ക് അവൻ ഒരു നന്മയും മുടക്കുകയില്ല.
12സൈന്യങ്ങളുടെ യഹോവേ,
നിന്നിൽ ആശ്രയിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.
85
സംഗീതപ്രമാണിക്ക്; കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം.
1യഹോവേ, നീ നിന്റെ ദേശത്തെ കടാക്ഷിച്ചിരിക്കുന്നു;
യാക്കോബിന്റെ പ്രവാസികളെ മടക്കി വരുത്തിയിരിക്കുന്നു.
2നിന്റെ ജനത്തിന്റെ അകൃത്യം നീ മോചിച്ചു;
അവരുടെ പാപം സകലവും നീ മൂടിക്കളഞ്ഞു.
സേലാ.
3നിന്റെ ക്രോധത്തിന്റെ ഭയാനകതയിൽ നിന്ന് നീ പിന്മാറിയിരിക്കുന്നു.
4ഞങ്ങളുടെ രക്ഷയുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തണമേ;
ഞങ്ങളോടുള്ള നിന്റെ നീരസം മതിയാക്കണമേ.
5നീ സദാകാലവും ഞങ്ങളോട് കോപിക്കുമോ?
തലമുറതലമുറയോളം നിന്റെ കോപം നിലനില്ക്കുമോ?
6നിന്റെ ജനം നിന്നിൽ ആനന്ദിക്കേണ്ടതിന്
നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കുകയില്ലയോ?
7യഹോവേ,ഞങ്ങളോട് ദയ കാണിക്കണമേ;
നിന്റെ രക്ഷ ഞങ്ങൾക്ക് നല്കണമേ.
8യഹോവയായ ദൈവം അരുളിച്ചെയ്യുന്നത് ഞാൻ കേൾക്കും;
അവൻ തന്റെ ജനത്തിനും തന്റെ ഭക്തന്മാർക്കും സമാധാനം അരുളും.അവർ ഭോഷത്തത്തിലേക്ക് വീണ്ടും തിരിയാതിരിക്കട്ടെ.
9തിരുമഹത്വം നമ്മുടെ ദേശത്തിൽ വസിക്കേണ്ടതിന്
അവന്റെ രക്ഷ അവന്റെ ഭക്തന്മാർക്ക് സമീപമായിരിക്കുന്നു, നിശ്ചയം.
10ദയയും വിശ്വസ്തതയും തമ്മിൽ എതിരേറ്റിരിക്കുന്നു.
നീതിയും സമാധാനവും തമ്മിൽ ചുംബിച്ചിരിക്കുന്നു.
11വിശ്വസ്തത ഭൂമിയിൽനിന്ന് മുളയ്ക്കുന്നു;
നീതി സ്വർഗ്ഗത്തിൽനിന്ന് നോക്കുന്നു.
12യഹോവ നന്മ നല്കുകയും
നമ്മുടെ ദേശം വിളവ് തരുകയും ചെയ്യും.
13നീതി അവന് മുമ്പായി നടക്കുകയും
അവന്റെ കാൽചുവടുകൾ നമുക്ക് പാതയാകുകയും ചെയ്യും.
86
ദാവീദിന്റെ ഒരു പ്രാർത്ഥന.
1യഹോവേ, ചെവി ചായിക്കണമേ; എനിക്കുത്തരമരുളണമേ;
ഞാൻ എളിയവനും ദരിദ്രനും ആകുന്നു.
2എന്റെ പ്രാണനെ കാക്കണമേ;
ഞാൻ നിന്റെ ഭക്തനാകുന്നുവല്ലോ;
എന്റെ ദൈവമേ, നിന്നിൽ ആശ്രയിക്കുന്ന അടിയനെ രക്ഷിക്കണമേ.
3കർത്താവേ, എന്നോട് കൃപയുണ്ടാണമേ;
ഇടവിടാതെ ഞാൻ നിന്നോട് നിലവിളിക്കുന്നു.
4അടിയന്റെ ഉള്ളത്തെ സന്തോഷിപ്പിക്കണമേ;
യഹോവേ, നിങ്കലേക്ക് ഞാൻ എന്റെ ഉള്ളം ഉയർത്തുന്നു.
5കർത്താവേ, നീ നല്ലവനും ക്ഷമിക്കുന്നവനും
നിന്നോട് അപേക്ഷിക്കുന്ന എല്ലാവരോടും മഹാദയാലുവും ആകുന്നു.
6യഹോവേ, എന്റെ പ്രാർത്ഥന ചെവിക്കൊള്ളണമേ;
എന്റെ യാചനകൾ ശ്രദ്ധിക്കണമേ.
7നീ എനിക്ക് ഉത്തരമരുളുകയാൽ
എന്റെ കഷ്ടദിവസത്തിൽ ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു.
8കർത്താവേ, ദേവന്മാരിൽ നിനക്ക് തുല്യനായി ആരുമില്ല.
നിന്റെ പ്രവൃത്തികൾക്കു തുല്യമായി ഒരു പ്രവൃത്തിയുമില്ല.
9കർത്താവേ, നീ ഉണ്ടാക്കിയ സകലജനതതികളും തിരുമുമ്പിൽ വന്ന് നമസ്കരിക്കും;
അവർ നിന്റെ നാമത്തെ മഹത്വപ്പെടുത്തും.
10നീ വലിയവനും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനുമല്ലയോ?;
നീ മാത്രം ദൈവമാകുന്നു.
11യഹോവേ, നിന്റെ വഴി എന്നെ പഠിപ്പിക്കണമെ;
എന്നാൽ ഞാൻ നിന്റെ സത്യത്തിൽ നടക്കും;
നിന്റെ നാമത്തെ ഭയപ്പെടുവാൻ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കണമേ.
12എന്റെ ദൈവമായ കർത്താവേ, ഞാൻ പൂർണ്ണഹൃദയത്തോടെ നിന്നെ സ്തുതിക്കും;
നിന്റെ നാമത്തെ എന്നേക്കും മഹത്വപ്പെടുത്തും.
13എന്നോടുള്ള നിന്റെ ദയ വലിയതാണല്ലോ;
നീ എന്റെ പ്രാണനെ പാതാളത്തിന്റെ ആഴത്തിൽ നിന്ന് രക്ഷിച്ചിരിക്കുന്നു.
14ദൈവമേ, അഹങ്കാരികൾ എന്നോട് എതിർത്തിരിക്കുന്നു.
നീചന്മാരുടെ കൂട്ടം എനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നു.
അവർ നിന്നെ ശ്രദ്ധിക്കുന്നതുമില്ല.
15കർത്താവേ, അങ്ങ് കരുണയും കൃപയും നിറഞ്ഞ ദൈവമാകുന്നു;
ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ തന്നെ.
16എന്നിലേക്കു തിരിഞ്ഞ് എന്നോടു കൃപയുണ്ടാകണമേ;
നിന്റെ ദാസന് നിന്റെ ശക്തി തന്ന്,
നിന്റെ ദാസിയുടെ പുത്രനെ രക്ഷിക്കണമേ.
17എന്നെവെറുക്കുന്നവർ കണ്ട് ലജ്ജിക്കേണ്ടതിന്
നന്മയ്ക്കായി ഒരു അടയാളം എനിക്ക് തരണമേ;
യഹോവേ, നീ എന്നെ സഹായിച്ച് ആശ്വസിപ്പിച്ചിരിക്കുന്നുവല്ലോ.
87
കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം; ഒരു ഗീതം.
1യഹോവ തന്റെ നഗരത്തെ വിശുദ്ധപർവ്വതത്തിൽ സ്ഥാപിച്ചിരിക്കുന്നു.
2യഹോവ സീയോന്റെ പടിവാതിലുകളെ ,
യാക്കോബിന്റെ സകലനിവാസങ്ങളെക്കാളും അധികം സ്നേഹിക്കുന്നു.
3ദൈവത്തിന്റെ നഗരമേ, നിന്നെക്കുറിച്ച് മഹത്ത്വമുള്ള കാര്യങ്ങൾ അരുളിച്ചെയ്തിരിക്കുന്നു.
സേലാ.
4ഞാൻ എന്റെ പരിചയക്കാരുടെ കൂട്ടത്തിൽ രഹബിനെയും ബാബേലിനെയും ഫെലിസ്ത്യർ, സോർ, കൂശ് എന്നിവരെയും കുറിച്ച് പ്രസ്താവിക്കും; “ഇവൻ അവിടെ ജനിച്ചു.
5ഇവനും അവനും അവിടെ ജനിച്ചു” എന്ന് സീയോനെക്കുറിച്ച് പറയും;
അത്യുന്നതൻ തന്നെ അതിനെ സ്ഥാപിച്ചിരിക്കുന്നു.
6യഹോവ വംശങ്ങളെ എഴുതുമ്പോൾ:
“ഇവൻ അവിടെ ജനിച്ചു” എന്നിങ്ങനെ എണ്ണും
സേലാ.
7“എന്റെ ഉറവുകൾ എല്ലാം നിന്നിൽ ആകുന്നു” എന്ന്
സംഗീതക്കാരും നൃത്തം ചെയ്യുന്നവരും ഒരുപോലെ പറയും.
88
ഒരു ഗീതം; കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം; സംഗീതപ്രമാണിക്ക്; മഹലത്ത് രാഗത്തിൽ പ്രതിഗാനത്തിനായി; എസ്രാഹ്യനായ ഹേമാന്റെ ഒരു ധ്യാനം.
1എന്റെ രക്ഷയുടെ ദൈവമായ യഹോവേ,
ഞാൻ രാവും പകലും തിരുസന്നിധിയിൽ നിലവിളിക്കുന്നു;
2എന്റെ പ്രാർത്ഥന നിന്റെ മുമ്പിൽ വരുമാറാകട്ടെ;
എന്റെ നിലവിളിക്കു ചെവി ചായിക്കണമേ.
3എന്റെ പ്രാണൻ കഷ്ടതകൊണ്ട് നിറഞ്ഞിരിക്കുന്നു;
എന്റെ ജീവൻ പാതാളത്തോട് സമീപിക്കുന്നു.
4കുഴിയിൽ ഇറങ്ങുന്നവരുടെ കൂട്ടത്തിൽ എന്നെ എണ്ണിയിരിക്കുന്നു;
ഞാൻ ബലഹീനനായ മനുഷ്യനെപ്പോലെയാകുന്നു.
5ശവക്കുഴിയിൽ കിടക്കുന്ന ഹതന്മാരെപ്പോലെ എന്നെ മരിച്ചവരുടെ കൂട്ടത്തിൽ ഉപേക്ഷിച്ചിരിക്കുന്നു;
അവരെ നീ പിന്നെ ഓർക്കുന്നില്ല;
അവർ നിന്റെ കൈയിൽനിന്ന് ഛേദിക്കപ്പെട്ടുപോയിരിക്കുന്നു.
6നീ എന്നെ ഏറ്റവും താണകുഴിയിലും ഇരുട്ടിലും ആഴങ്ങളിലും ഇട്ടിരിക്കുന്നു.
7നിന്റെ ക്രോധം എനിക്ക് ഭാരമായിരിക്കുന്നു;
നിന്റെ എല്ലാ തിരകളുംകൊണ്ട് നീ എന്നെ വലച്ചിരിക്കുന്നു.
സേലാ.
8എന്റെ പരിചയക്കാരെ നീ എന്നോട് അകറ്റി,
അവർക്ക് എന്നോട് വെറുപ്പായിരിക്കുന്നു;
പുറത്തിറങ്ങുവാൻ കഴിയാത്തവിധം എന്നെ അടച്ചിരിക്കുന്നു.
9എന്റെ കണ്ണ് കഷ്ടതഹേതുവായി ക്ഷയിച്ചുപോകുന്നു;
യഹോവേ, ഞാൻ ദിവസംപ്രതി നിന്നെ വിളിച്ചപേക്ഷിക്കുകയും
എന്റെ കൈകളെ നിങ്കലേക്ക് മലർത്തുകയും ചെയ്യുന്നു.
10നീ മരിച്ചവർക്ക് വേണ്ടി അത്ഭുതങ്ങൾ ചെയ്യുമോ?
മൃതന്മാർ എഴുന്നേറ്റ് നിന്നെ സ്തുതിക്കുമോ?
സേലാ.
11ശവക്കുഴിയിൽ നിന്റെ ദയയെയും
വിനാശത്തിൽ നിന്റെ വിശ്വസ്തതയെയും വർണ്ണിക്കുമോ?
12അന്ധകാരത്തിൽ നിന്റെ അത്ഭുതങ്ങളും
വിസ്മൃതിയുടെ ദേശത്ത് നിന്റെ നീതിയും വെളിപ്പെടുമോ?
13എന്നാൽ യഹോവേ, ഞാൻ നിന്നോട് നിലവിളിക്കുന്നു;
രാവിലെ എന്റെ പ്രാർത്ഥന തിരുസന്നിധിയിൽ വരുന്നു.
14യഹോവേ, നീ എന്റെ പ്രാണനെ തള്ളിക്കളയുന്നതെന്തിന്?
നിന്റെ മുഖത്തെ എനിക്ക് മറയ്ക്കുന്നതും എന്തിന്?
15ബാല്യം മുതൽ ഞാൻ അരിഷ്ടനും മൃതപ്രായനും ആകുന്നു;
ഞാൻ നിന്റെ ഭീകരതകൾ സഹിച്ച് വലഞ്ഞിരിക്കുന്നു.
16നിന്റെ ഉഗ്രകോപം എന്റെ മീതെ കവിഞ്ഞിരിക്കുന്നു;
നിന്റെ ഭീകരത എന്നെ സംഹരിച്ചിരിക്കുന്നു.
17അവ ഇടവിടാതെ വെള്ളംപോലെ എന്നെ ചുറ്റുന്നു;
അവ ഒരുപോലെ എന്നെ വളയുന്നു.
18സ്നേഹിതനെയും കൂട്ടാളിയെയും നീ എന്നോട് അകറ്റിയിരിക്കുന്നു;
എന്റെ സ്നേഹിതന്മാർ അന്ധകാരമത്രേ.
89
എസ്രാഹ്യനായ ഏഥാന്റെ ഒരു ധ്യാനം.
1യഹോവയുടെ കൃപകളെക്കുറിച്ച് ഞാൻ എന്നേക്കും പാടും;
തലമുറതലമുറയോളം എന്റെ വായ് കൊണ്ടു നിന്റെ വിശ്വസ്തതയെ അറിയിക്കും.
2“ദയ എന്നേക്കും ഉറച്ചുനില്ക്കും” എന്ന് ഞാൻ പറയുന്നു;
നിന്റെ വിശ്വസ്തതയെ നീ സ്വർഗ്ഗത്തിൽ സ്ഥിരമാക്കിയിരിക്കുന്നു.
3എന്റെ വൃതനോട് ഞാൻ ഒരു നിയമവും
എന്റെ ദാസനായ ദാവീദിനോട് സത്യവും ചെയ്തിരിക്കുന്നു.
4“നിന്റെ സന്തതിയെ ഞാൻ എന്നേക്കും സ്ഥിരപ്പെടുത്തും;
നിന്റെ സിംഹാസനത്തെ തലമുറതലമുറയോളം ഉറപ്പിക്കും.”
സേലാ.
5യഹോവേ, സ്വർഗ്ഗം നിന്റെ അത്ഭുതങ്ങളെയും
വിശുദ്ധന്മാരുടെ സഭയിൽ നിന്റെ വിശ്വസ്തതയെയും വർണ്ണിക്കും.
6സ്വർഗ്ഗത്തിൽ യഹോവയോട് സദൃശനായവൻ ആര്?
ദേവപുത്രന്മാരിൽ യഹോവയ്ക്ക് തുല്യനായവൻ ആർ?
7ദൈവം വിശുദ്ധന്മാരുടെ സംഘത്തിൽ ഏറ്റവും ഭയപ്പെടേണ്ടവനും
അവന്റെ ചുറ്റുമുള്ള എല്ലാവരും ഭയപ്പെടുവാൻ യോഗ്യനും ആകുന്നു.
8സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാൻ ആരാണുള്ളത്?
യഹോവേ, നിന്റെ വിശ്വസ്തത നിന്നെ ചുറ്റിയിരിക്കുന്നു.
9നീ സമുദ്രത്തിന്റെ ഗർവ്വത്തെ അടക്കിവാഴുന്നു;
അതിലെ തിരകൾ പൊങ്ങുമ്പോൾ നീ അവയെ അമർത്തുന്നു.
10നീ രഹബിനെ ഒരു ഹതനെപ്പോലെ തകർത്തു;
നിന്റെ ബലമുള്ള ഭുജംകൊണ്ട് നിന്റെ ശത്രുക്കളെ ചിതറിച്ചുകളഞ്ഞു.
11ആകാശം നിനക്കുള്ളത്, ഭൂമിയും നിനക്കുള്ളത്;
ഭൂതലവും അതിന്റെ പൂർണ്ണതയും നീ സ്ഥാപിച്ചിരിക്കുന്നു.
12ദക്ഷിണോത്തരദിക്കുകളെ നീ സൃഷ്ടിച്ചിരിക്കുന്നു;
താബോരും ഹെർമ്മോനും നിന്റെ നാമത്തിൽ ആനന്ദിക്കുന്നു;
13നിന്റെ ഭുജം വീര്യമുള്ളത് ;
നിന്റെ കൈ ബലമുള്ളതും നിന്റെ വലങ്കൈ ഉന്നതവും ആകുന്നു.
14നീതിയും ന്യായവും നിന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു;
ദയയും വിശ്വസ്തതയും നിനക്കു മുമ്പായി നടക്കുന്നു.
15ജയഘോഷം അറിയുന്ന ജനം ഭാഗ്യമുള്ളത്;
യഹോവേ, അവർ നിന്റെ മുഖപ്രകാശത്തിൽ നടക്കും.
16അവർ ഇടവിടാതെ നിന്റെ നാമത്തിൽ ഘോഷിച്ചുല്ലസിക്കുന്നു;
നിന്റെ നീതിയിൽ അവർ ഉയർന്നിരിക്കുന്നു.
17നീ അവരുടെ ബലത്തിന്റെ മഹത്ത്വമാകുന്നു;
നിന്റെ പ്രസാദത്താൽ ഞങ്ങളുടെ കൊമ്പ് ഉയർന്നിരിക്കുന്നു.
18നമ്മുടെ പരിച യഹോവയ്ക്കുള്ളതും
നമ്മുടെ രാജാവ് യിസ്രായേലിന്റെ പരിശുദ്ധനുള്ളവനും ആകുന്നു.
19അന്ന് നീ ദർശനത്തിൽ നിന്റെ ഭക്തന്മാരോട് അരുളിച്ചെയ്തത്;
“ഞാൻ വീരനായ ഒരുത്തന് സഹായം നല്കുകയും
ജനത്തിൽനിന്ന് ഒരു വൃതനെ ഉയർത്തുകയും ചെയ്തു.
20ഞാൻ എന്റെ ദാസനായ ദാവീദിനെ കണ്ടെത്തി;
എന്റെ വിശുദ്ധതൈലംകൊണ്ട് അവനെ അഭിഷേകം ചെയ്തു.
21എന്റെ കൈ അവനോടുകൂടി സ്ഥിരമായിരിക്കും;
എന്റെ ഭുജം അവനെ ബലപ്പെടുത്തും.
22ശത്രു അവനെ തോല്പിക്കുകയില്ല;
വഷളൻ അവനെ പീഡിപ്പിക്കുകയും ഇല്ല.
23ഞാൻ അവന്റെ വൈരികളെ അവന്റെ മുമ്പിൽ തകർക്കും;
അവനെ വെറുക്കുന്നവരെ സംഹരിക്കും,
24എന്നാൽ എന്റെ വിശ്വസ്തതയും ദയയും അവനോടുകൂടി ഇരിക്കും;
എന്റെ നാമത്തിൽ അവന്റെ കൊമ്പ് ഉയർന്നിരിക്കും.
25അവന്റെ കൈ ഞാൻ സമുദ്രത്തിന്മേലും
അവന്റെ വലങ്കൈ നദികളുടെമേലും നീട്ടുമാറാക്കും.
26അവൻ എന്നോട്: ‘നീ എന്റെ പിതാവ്, എന്റെ ദൈവം,
എന്റെ രക്ഷയുടെ പാറ’ എന്നിങ്ങനെ വിളിച്ചുപറയും.
27ഞാൻ അവനെ ആദ്യജാതനും
ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠനുമാക്കും.
28ഞാൻ അവന് എന്റെ ദയ എന്നേക്കും കാണിക്കും;
എന്റെ നിയമം അവനുവേണ്ടി സ്ഥിരമായി നില്ക്കും.
29ഞാൻ അവന്റെ സന്തതിയെ ശാശ്വതമായും
അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിർത്തും.
30അവന്റെ പുത്രന്മാർ എന്റെ ന്യായപ്രമാണം ഉപേക്ഷിക്കുകയും
എന്റെ വിധികൾ അനുസരിച്ചുനടക്കാതിരിക്കുകയും
31എന്റെ ചട്ടങ്ങൾ ലംഘിക്കുകയും
എന്റെ കല്പനകൾ പ്രമാണിക്കാതിരിക്കുകയും ചെയ്താൽ
32ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും
അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദർശിക്കും.
33എങ്കിലും എന്റെ ദയ ഞാൻ അവനിൽ നിന്നു നീക്കിക്കളയുകയില്ല;
എന്റെ വിശ്വസ്തതയ്ക്ക് ഭംഗം വരുത്തുകയുമില്ല.
34ഞാൻ എന്റെ നിയമം ലംഘിക്കുകയോ
എന്റെ അധരങ്ങളിൽനിന്നു പുറപ്പെട്ടതിന് മാറ്റം വരുത്തുകയോ ചെയ്യുകയില്ല.
35ഞാൻ ഒരിക്കൽ എന്റെ വിശുദ്ധിയിൽ സത്യം ചെയ്തിരിക്കുന്നു;
ദാവീദിനോട് ഞാൻ ഭോഷ്കുപറയുകയില്ല.
36അവന്റെ സന്തതി ശാശ്വതമായും
അവന്റെ സിംഹാസനം എന്റെ മുമ്പിൽ സൂര്യനെപ്പോലെയും ഇരിക്കും.
37അതു ചന്ദ്രനെപ്പോലെയും
ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും
എന്നേക്കും സ്ഥിരമായിരിക്കും.”
സേലാ.
38എങ്കിലും നീ ഉപേക്ഷിച്ച് തള്ളിക്കളയുകയും നിന്റെ അഭിഷിക്തനോട് കോപിക്കുകയും ചെയ്തു.
39നിന്റെ ദാസനോടുള്ള നിയമത്തെ നീ തള്ളിക്കളഞ്ഞു;
അവന്റെ കിരീടത്തെ നീ നിലത്തിട്ട് അശുദ്ധമാക്കിയിരിക്കുന്നു.
40നീ അവന്റെ വേലി എല്ലാം പൊളിച്ചു;
അവന്റെ കോട്ടകളെയും ഇടിച്ചുകളഞ്ഞു.
41വഴിപോകുന്ന എല്ലാവരും അവനെ കൊള്ളയിടുന്നു;
തന്റെ അയല്ക്കാർക്ക് അവൻ നിന്ദ ആയിത്തീർന്നിരിക്കുന്നു.
42നീ അവന്റെ വൈരികളുടെ വലം കൈ ഉയർത്തി;
അവന്റെ സകലശത്രുക്കളെയും സന്തോഷിപ്പിച്ചു.
43അവന്റെ വാളിന്റെ വായ്ത്തല നീ മടക്കി;
യുദ്ധത്തിൽ അവനെ നില്ക്കുമാറാക്കിയതുമില്ല.
44അവന്റെ തേജസ്സ് നീ ഇല്ലാതെയാക്കി;
അവന്റെ സിംഹാസനം നിലത്ത് തള്ളിയിട്ടു.
45അവന്റെ യൗവനത്തെ നീ ചുരുക്കി;
നീ അവനെ ലജ്ജകൊണ്ട് മൂടിയിരിക്കുന്നു.
സേലാ.
46യഹോവേ, നീ നിത്യം മറഞ്ഞുകളയുന്നതും
നിന്റെ ക്രോധം തീപോലെ ജ്വലിക്കുന്നതും എത്രത്തോളം?
47എന്റെ ആയുസ്സ് എത്രചുരുക്കം എന്ന് ഓർക്കണമേ;
എന്തു വ്യർത്ഥതയ്ക്കായി നീ മനുഷ്യപുത്രന്മാരെ ഒക്കെയും സൃഷ്ടിച്ചു?
48ജീവിച്ചിരുന്ന് മരണം കാണാതെയിരിക്കുന്ന മനുഷ്യൻ ആര്?
തന്റെ പ്രാണനെ പാതാളത്തിന്റെ കയ്യിൽ നിന്ന് വിടുവിക്കുന്നവനും ആരാണ്?
സേലാ.
49കർത്താവേ, നിന്റെ വിശ്വസ്തതയിൽ നി ദാവീദിനോട്
സത്യംചെയ്ത നിന്റെ പുരാതനകൃപകൾ എവിടെ?
50കർത്താവേ, അടിയങ്ങളുടെ നിന്ദ ഓർക്കണമേ;
എന്റെ മാർവ്വിടത്തിൽ ഞാൻ സകല ജനതതിയുടെയും നിന്ദ വഹിക്കുന്നതു തന്നെ.
51യഹോവേ, നിന്റെ ശത്രുക്കൾ നിന്ദിക്കുന്നുവല്ലോ;
അവർ നിന്റെ അഭിഷിക്തന്റെ കാലടികളെ നിന്ദിക്കുന്നു.
52യഹോവ എന്നുമെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേൻ, ആമേൻ.
90
നാലാം പുസ്തകം
ദൈവപുരുഷനായ മോശെയുടെ ഒരു പ്രാർത്ഥന.
1കർത്താവേ, നീ തലമുറതലമുറയായി ഞങ്ങളുടെ സങ്കേതമായിരിക്കുന്നു;
2പർവ്വതങ്ങൾ ഉണ്ടായതിനും
നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിനും മുൻപ്
നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു.
3നീ മർത്യനെ പൊടിയിലേക്ക് മടങ്ങിച്ചേരുമാറാക്കുന്നു;
“മനുഷ്യപുത്രന്മാരേ, തിരികെ വരുവിൻ” എന്നും അരുളിച്ചെയ്യുന്നു.
4ആയിരം സംവത്സരം നിന്റെ ദൃഷ്ടിയിൽ
ഇന്നലെ കഴിഞ്ഞുപോയ ദിവസം പോലെയും
രാത്രിയിലെ ഒരു യാമംപോലെയും മാത്രം ആകുന്നു.
5നീ അവരെ ഒഴുക്കിക്കളയുന്നു; അവർ ഉറക്കംപോലെ അത്രേ;
അവർ രാവിലെ മുളച്ചുവരുന്ന പുല്ലുപോലെ ആകുന്നു.
6അത് രാവിലെ തഴച്ചുവളരുന്നു;
വൈകുന്നേരം അത് വാടി കരിഞ്ഞുപോകുന്നു.
7ഞങ്ങൾ നിന്റെ കോപത്താൽ ക്ഷയിച്ചും നിന്റെ ക്രോധത്താൽ ഭ്രമിച്ചുംപോകുന്നു.
8നീ ഞങ്ങളുടെ അകൃത്യങ്ങൾ നിന്റെ മുമ്പിലും
ഞങ്ങളുടെ രഹസ്യപാപങ്ങൾ നിന്റെ മുഖപ്രകാശത്തിലും വച്ചിരിക്കുന്നു.
9ഞങ്ങളുടെ നാളുകൾ എല്ലാം നിന്റെ ക്രോധത്തിൽ കഴിഞ്ഞുപോയി;
ഞങ്ങളുടെ സംവത്സരങ്ങൾ ഞങ്ങൾ ഒരു നെടുവീർപ്പുപോലെ കഴിക്കുന്നു.
10ഞങ്ങളുടെ ആയുഷ്കാലം എഴുപത് സംവത്സരം;
ഏറെ ആയാൽ എൺപത്;
അതിന്റെ പ്രതാപം പ്രയാസവും ദുഃഖവുമത്രേ;
അത് വേഗം തീരുകയും ഞങ്ങൾ പറന്നു പോകുകയും ചെയ്യുന്നു.
11നിന്നെ ഭയപ്പെടുവാൻ തക്കവണ്ണം നിന്റെ കോപത്തിന്റെ ശക്തിയെയും
നിന്റെ ക്രോധത്തെയും ഗ്രഹിക്കുന്നവൻ ആര്?
12ഞങ്ങൾ ജ്ഞാനമുള്ള ഒരു ഹൃദയം പ്രാപിക്കത്തക്കവണ്ണം
ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കണമേ.
13യഹോവേ, മടങ്ങിവരണമേ; എത്രത്തോളം താമസം?
അടിയങ്ങളോട് സഹതാപം തോന്നണമേ.
14കാലത്തു തന്നെ ഞങ്ങളെ നിന്റെ ദയകൊണ്ട് തൃപ്തരാക്കണമേ;
എന്നാൽ ഞങ്ങളുടെ ആയുഷ്കാലമെല്ലാം ഞങ്ങൾ ഘോഷിച്ചാനന്ദിക്കും.
15നീ ഞങ്ങളെ ക്ലേശിപ്പിച്ച ദിവസങ്ങൾക്കും ഞങ്ങൾ അനർത്ഥം അനുഭവിച്ച സംവത്സരങ്ങൾക്കും
തക്കവണ്ണം ഞങ്ങളെ സന്തോഷിപ്പിക്കണമേ.
16നിന്റെ ദാസന്മാർക്ക് നിന്റെ പ്രവൃത്തിയും
അവരുടെ മക്കൾക്ക് നിന്റെ മഹത്വവും വെളിപ്പെടുമാറാകട്ടെ.
17ഞങ്ങളുടെ ദൈവമായ യഹോവയുടെ പ്രസാദം ഞങ്ങളുടെമേൽ ഇരിക്കുമാറാകട്ടെ;
ഞങ്ങളുടെ കൈകളുടെ പ്രവൃത്തികൾ സാദ്ധ്യമാക്കി തരണമേ;
അതേ, ഞങ്ങളുടെ കൈകളുടെ പ്രവൃത്തികൾ സാദ്ധ്യമാക്കി തരണമേ.
91
1അത്യുന്നതന്റെ മറവിൽ വസിക്കുകയും
സർവ്വശക്തന്റെ നിഴലിൻ കീഴിൽ വസിക്കുകയും ചെയ്യുന്നവൻ
2യഹോവയെക്കുറിച്ച്: “അവൻ എന്റെ സങ്കേതവും കോട്ടയും
ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും” എന്ന് പറയുന്നു.
3അവൻ നിന്നെ വേട്ടക്കാരന്റെ കെണിയിൽ നിന്നും
മാരകമായ മഹാവ്യാധിയിൽനിന്നും വിടുവിക്കും.
4തന്റെ തൂവലുകൾകൊണ്ട് അവൻ നിന്നെ മറയ്ക്കും;
അവന്റെ ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും;
അവന്റെ വിശ്വസ്തത നിനക്ക് പരിചയും കവചവും ആകുന്നു.
5രാത്രിയിലെ ഭീകരതയും
പകൽ പറന്നുവരുന്ന അമ്പുകളും
6ഇരുളിൽ മറഞ്ഞിരിക്കുന്ന മഹാവ്യാധിയും
ഉച്ചയ്ക്കു നശിപ്പിക്കുന്ന സംഹാരകനും നിന്നെ ഭയപ്പെടുത്തുകയില്ല.
7നിന്റെ വശത്ത് ആയിരം പേരും
നിന്റെ വലത്തുഭാഗത്ത് പതിനായിരം പേരും വീഴാം,
എങ്കിലും ഇതൊന്നും നിന്നോട് അടുത്തുവരുകയില്ല.
8നിന്റെ കണ്ണുകൊണ്ടു തന്നെ നീ നോക്കി ദുഷ്ടന്മാർക്ക് ലഭിക്കുന്ന പ്രതിഫലം കാണും.
9എന്റെ സങ്കേതമായ യഹോവയെ,
അത്യുന്നതനായവനെത്തന്നെ,നീ നിന്റെ വാസസ്ഥലമാക്കി ഇരിക്കുന്നതിനാൽ,
10ഒരു അനർത്ഥവും നിനക്ക് ഭവിക്കുകയില്ല;
ഒരു ബാധയും നിന്റെ കൂടാരത്തിന് അടുത്തു വരുകയില്ല.
11നിന്റെ എല്ലാ വഴികളിലും നിന്നെ കാക്കേണ്ടതിന്
അവൻ നിന്നെക്കുറിച്ച് തന്റെ ദൂതന്മാരോട് കല്പിക്കും;
12നിന്റെ കാൽ കല്ലിൽ തട്ടാതിരിക്കേണ്ടതിന്
അവർ നിന്നെ കൈകളിൽ വഹിച്ചു കൊള്ളും.
13സിംഹത്തെയും അണലിയെയും നീ ചവിട്ടും;
ബാലസിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിച്ചുകളയും.
14“അവൻ സ്നേഹപൂർവം എന്നോട് പറ്റിയിരിക്കുകയാൽ ഞാൻ അവനെ വിടുവിക്കും;
അവൻ എന്റെ നാമത്തെ അറിയുകയാൽ ഞാൻ അവനെ ഉയർത്തും.
15അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ അവന് ഉത്തരമരുളും;
കഷ്ടകാലത്ത് ഞാൻ അവനോടുകൂടി ഇരിക്കും;
ഞാൻ അവനെ വിടുവിച്ച് മഹത്വീകരിക്കും.
16ദീർഘായുസ്സുകൊണ്ട് ഞാൻ അവനെ തൃപ്തനാക്കും;
എന്റെ രക്ഷയെ അവന് കാണിച്ചുകൊടുക്കും.
92
ശബത്ത് നാളിനുള്ള ഒരു ഗീതം; ഒരു സങ്കീർത്തനം.
1യഹോവയ്ക്ക് സ്തോത്രം ചെയ്യുന്നതും
അത്യുന്നതനായ യഹോവേ, നിന്റെ നാമത്തെ കീർത്തിക്കുന്നതും
2പത്തു കമ്പിയുള്ള വാദിത്രം കൊണ്ടും വീണ കൊണ്ടും
ഗംഭീരസ്വരമുള്ള കിന്നരം കൊണ്ടും
3രാവിലെ നിന്റെ ദയയും
രാത്രിയിൽ നിന്റെ വിശ്വസ്തതയും വർണ്ണിക്കുന്നതും നല്ലത്.
4യഹോവേ, നിന്റെ പ്രവൃത്തികൊണ്ട് നീ എന്നെ സന്തോഷിപ്പിക്കുന്നു;
ഞാൻ നിന്റെ കൈകളുടെ പ്രവൃത്തികളെക്കുറിച്ച് ഘോഷിച്ചുല്ലസിക്കുന്നു.
5യഹോവേ, നിന്റെ പ്രവൃത്തികൾ എത്രമാത്രം വലിയവയാകുന്നു!
നിന്റെ വിചാരങ്ങൾ അത്യന്തം അഗാധമായവ തന്നെ.
6ബുദ്ധിഹീനനായ മനുഷ്യൻ അത് അറിയുന്നില്ല;
മൂഢൻ അത് ഗ്രഹിക്കുന്നതും ഇല്ല.
7ദുഷ്ടന്മാർ പുല്ലുപോലെ മുളയ്ക്കുന്നതും
നീതികേട് പ്രവർത്തിക്കുന്നവരെല്ലാം തഴയ്ക്കുന്നതും
എന്നേക്കും നശിച്ചുപോകേണ്ടതിനാകുന്നു.
8യഹോവേ, നീ എന്നേക്കും അത്യുന്നതനാകുന്നു.
9യഹോവേ, ഇതാ, നിന്റെ ശത്രുക്കൾ, ഇതാ, നിന്റെ ശത്രുക്കൾ നശിച്ചുപോകുന്നു;
നീതികേട് പ്രവർത്തിക്കുന്ന ഏവരും ചിതറിപ്പോകും.
10എങ്കിലും എന്റെ കൊമ്പ് നീ കാട്ടുപോത്തിന്റെ കൊമ്പുപോലെ ഉയർത്തുന്നു;
പുതിയ എണ്ണ എന്നെ തേപ്പിക്കുന്നു.
11എന്റെ കണ്ണ് എന്റെ ശത്രുക്കളുടെ പതനം കണ്ടു;
എന്റെ ചെവി എന്നോട് എതിർക്കുന്ന ദുഷ്കർമ്മികളെക്കുറിച്ച് കേട്ടു.
12നീതിമാൻമാർ പനപോലെ തഴയ്ക്കും;
ലെബാനോനിലെ ദേവദാരുപോലെ വളരും.
13യഹോവ തന്റെ ആലയത്തിൽ നട്ടിരിക്കുന്ന ഇവർ
നമ്മുടെ ദൈവത്തിന്റെ പ്രാകാരങ്ങളിൽ തഴച്ചുവളരും.
14വാർദ്ധക്യത്തിലും അവർ ഫലം കായിച്ചുകൊണ്ടിരിക്കും;
അവർ പുഷ്ടിവച്ചും പച്ചപിടിച്ചും ഇരിക്കും.
15യഹോവ നേരുള്ളവൻ, അവൻ എന്റെ പാറ, അവനിൽ നീതികേടില്ല എന്ന് കാണിക്കേണ്ടതിനു തന്നെ.
93
1യഹോവ വാഴുന്നു; അവൻ മഹിമ ധരിച്ചിരിക്കുന്നു;
യഹോവ ശക്തികൊണ്ട് അര മുറുക്കിയിരിക്കുന്നു.
ഭൂലോകം ഇളകാതെ ഉറച്ചുനില്ക്കുന്നു.
2നിന്റെ സിംഹാസനം പുരാതനമേ സ്ഥാപിക്കപ്പെട്ടിരിക്കുന്നു;
നീ അനാദിയായുള്ളവൻ തന്നെ.
3യഹോവേ, പ്രവാഹങ്ങൾ ഉയർത്തുന്നു;
പ്രവാഹങ്ങൾ ശബ്ദം ഉയർത്തുന്നു;
പ്രവാഹങ്ങൾ തിരമാലകൾ ഉയർത്തുന്നു.
4സമുദ്രത്തിലെ വൻതിരകളുടെ ശബ്ദത്തെക്കാളും പെരുവെള്ളങ്ങളുടെ മുഴക്കത്തെക്കാളും
ഉയരത്തിൽ യഹോവ മഹിമയുള്ളവൻ.
5നിന്റെ സാക്ഷ്യങ്ങൾ എത്രയും ഉറപ്പുള്ളവ;
യഹോവേ, വിശുദ്ധി നിന്റെ ആലയത്തെ എന്നേക്കും അലങ്കരിക്കുന്നു.
94
1പ്രതികാരത്തിന്റെ ദൈവമായ യഹോവേ,
പ്രതികാരം ചെയ്യുവാൻ അധികാരമുള്ള ദൈവമേ, പ്രകാശിക്കണമേ.
2ഭൂമിയുടെ ന്യായാധിപതിയേ എഴുന്നേല്ക്കണമേ;
ഡംഭികൾക്ക് നീ പ്രതികാരം ചെയ്യണമേ.
3യഹോവേ, ദുഷ്ടന്മാർ എത്രത്തോളം,
ദുഷ്ടന്മാർ എത്രത്തോളം ഘോഷിച്ചുല്ലസിക്കും?
4അവർ ധാർഷ്ട്യത്തോടെ ശകാരിച്ച് സംസാരിക്കുന്നു;
നീതികേട് പ്രവർത്തിക്കുന്ന ഏവരും വൻപ് പറയുന്നു.
5യഹോവേ, അവർ നിന്റെ ജനത്തെ തകർത്തുകളയുന്നു;
നിന്റെ അവകാശത്തെ പീഡിപ്പിക്കുന്നു.
6അവർ വിധവയെയും പരദേശിയെയും കൊല്ലുന്നു;
അനാഥരെ അവർ ഹിംസിക്കുന്നു.
7“യഹോവ കാണുകയില്ല;
യാക്കോബിന്റെ ദൈവം ഗ്രഹിക്കുകയില്ല” എന്ന് അവർ പറയുന്നു.
8ജനത്തിൽ ബുദ്ധിഹീനരേ, ചിന്തിച്ചുകൊൾവിൻ;
ഭോഷന്മാരേ, നിങ്ങൾക്ക് എപ്പോൾ ബുദ്ധി ഉദിക്കും?
9ചെവിയെ നട്ടവൻ കേൾക്കുകയില്ലയോ?
കണ്ണ് നിർമ്മിച്ചവൻ കാണുകയില്ലയോ?
10ജനതതികളുടെ മേൽ ശിക്ഷണം നടത്തുന്നവൻ ശാസിക്കുകയില്ലയോ?
അവൻ മനുഷ്യർക്ക് ജ്ഞാനം ഉപദേശിച്ചുകൊടുക്കുന്നില്ലയോ?
11മനുഷ്യരുടെ വിചാരങ്ങൾ മായ എന്ന് യഹോവ അറിയുന്നു.
12യഹോവേ, ദുഷ്ടനെ മറവു ചെയ്യുവാൻ കുഴി കുഴിക്കുവോളം
അനർത്ഥദിവസത്തിൽ വിശ്രമം നൽകേണ്ടതിന്
13നീ ശിക്ഷിക്കുകയും നിന്റെ ന്യായപ്രമാണം
ഉപദേശിക്കുകയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.
14യഹോവ തന്റെ ജനത്തെ തള്ളിക്കളയുകയില്ല;
തന്റെ അവകാശത്തെ കൈവിടുകയുമില്ല.
15നീതിപൂർവമായ ന്യായവിധികൾ മടങ്ങിവരും;
പരമാർത്ഥഹൃദയമുള്ളവരെല്ലാം അതിനോട് യോജിക്കും.
16ദുഷ്കർമ്മികൾക്കെതിരെ ആര് എനിക്കു വേണ്ടി എഴുന്നേല്ക്കും?
നീതികേട് പ്രവർത്തിക്കുന്നവരോട് ആര് എനിക്കു വേണ്ടി എതിർത്തുനില്ക്കും?
17യഹോവ എനിക്കു സഹായമായിരുന്നില്ലെങ്കിൽ
എന്റെ പ്രാണൻ വേഗം മൗനവാസം ചെയ്യുമായിരുന്നു.
18“എന്റെ കാൽ വഴുതുന്നു” എന്ന് ഞാൻ പറഞ്ഞപ്പോൾ
യഹോവേ, നിന്റെ ദയ എന്നെ താങ്ങി.
19എന്റെ ഉള്ളിൽ ആകുലചിന്തകൾ പെരുകുമ്പോൾ
നിന്നിൽ നിന്നുള്ള ആശ്വാസം എന്റെ പ്രാണനെ തണുപ്പിക്കുന്നു.
20നിയമം മൂലം തിന്മയ്ക്ക് വഴിയൊരുക്കുന്ന
ദുഷ്ടസിംഹാസനത്തിന് നിന്നോട് സഖ്യം ഉണ്ടാകുമോ?
21നീതിമാന്റെ പ്രാണന് വിരോധമായി അവർ കൂട്ടംകൂടുന്നു;
നിരപരാധിയെ അവർ ശിക്ഷയ്ക്ക് വിധിക്കുന്നു.
22എങ്കിലും യഹോവ എനിക്ക് രക്ഷാഗോപുരവും
എന്റെ ശരണശൈലവും എന്റെ ദൈവവും ആകുന്നു.
23അവൻ അവരുടെ നീതികേടു കൊണ്ട് തന്നെ അവരുടെമേൽ ശിക്ഷവരുത്തും;
അവരുടെ ദുഷ്ടതയിൽ തന്നെ അവരെ സംഹരിക്കും;
നമ്മുടെ ദൈവമായ യഹോവ അവരെ ഛേദിച്ചുകളയും.
95
1വരുവിൻ, നാം യഹോവയ്ക്കു പാടുക;
നമ്മുടെ രക്ഷയുടെ പാറയ്ക്ക് ആനന്ദത്തോടെ ആർപ്പിടുക.
2നാം സ്തോത്രത്തോടെ അവന്റെ സന്നിധിയിൽ ചെല്ലുക;
സങ്കീർത്തനങ്ങളോടെ അവന്റെ മുമ്പാകെ ഘോഷിക്കുക.
3യഹോവ മഹാദൈവമല്ലോ;
അവൻ സകലദേവന്മാർക്കും മീതെ മഹാരാജാവു തന്നെ.
4ഭൂമിയുടെ അധോഭാഗങ്ങൾ അവന്റെ കയ്യിൽ ആകുന്നു;
പർവ്വതങ്ങളുടെ ശിഖരങ്ങളും അവനുള്ളവ.
5സമുദ്രം അവനുള്ളത്; അവൻ അതിനെ ഉണ്ടാക്കി;
കരയെയും അവന്റെ കൈകൾ മനഞ്ഞിരിക്കുന്നു.
6വരുവിൻ, നാം വണങ്ങി നമസ്കരിക്കുക;
നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക.
7അവൻ നമ്മുടെ ദൈവമാകുന്നു;
നാമോ അവൻ മേയിക്കുന്ന ജനവും അവന്റെ കൈക്കീഴിലെ ആടുകളും തന്നെ.
8ഇന്ന് നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നു എങ്കിൽ,
മെരീബയിലെപ്പോലെയും മരുഭൂമിയിൽ മസ്സാനാളിലെപ്പോലെയും
നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്.
9അവിടെവച്ച് നിങ്ങളുടെ പിതാക്കന്മാർ എന്നെ പരീക്ഷിച്ചു;
എന്റെ പ്രവൃത്തി അവർ കണ്ടിട്ടും എന്നെ ശോധന ചെയ്തു.
10നാല്പത് വർഷം ഞാൻ ആ തലമുറയെക്കുറിച്ച് ദു:ഖിച്ചു.
“അവർ തെറ്റിപ്പോകുന്ന ഹൃദയമുള്ള ഒരു ജനം എന്നും
എന്റെ വഴികൾ അറിഞ്ഞിട്ടില്ലാത്തവർ”എന്നും ഞാൻ പറഞ്ഞു.
11“ആകയാൽ അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കുകയില്ല” എന്ന്
ഞാൻ എന്റെ ക്രോധത്തിൽ സത്യം ചെയ്തു.
96
1യഹോവയ്ക്ക് ഒരു പുതിയ പാട്ട് പാടുവിൻ;
സകലഭൂവാസികളുമേ, യഹോവയ്ക്ക് പാടുവിൻ.
2യഹോവയ്ക്കു പാടി അവന്റെ നാമത്തെ വാഴ്ത്തുവിൻ;
നാൾതോറും അവന്റെ രക്ഷ പ്രസിദ്ധമാക്കുവിൻ.
3ജനതതികളുടെ ഇടയിൽ അവന്റെ മഹത്വവും
സകലവംശങ്ങളുടെയും ഇടയിൽ അവന്റെ അത്ഭുതങ്ങളും വിളംബരം ചെയ്യുവിൻ.
4യഹോവ വലിയവനും സ്തുതികൾക്ക് ഏറ്റവും യോഗ്യനും ആകുന്നു;
അവൻ സകലദേവന്മാരെക്കാളും ഭയപ്പെടുവാൻ യോഗ്യൻ.
5ജനതകളുടെ ദേവന്മാരൊക്കെയും മിഥ്യാമൂർത്തികളത്രേ;
യഹോവയോ ആകാശത്തെ ഉണ്ടാക്കിയിരിക്കുന്നു.
6ബഹുമാനവും തേജസ്സും അവന്റെ മുമ്പിലും
ബലവും ശോഭയും അവന്റെ വിശുദ്ധമന്ദിരത്തിലും ഉണ്ട്.
7ജനതകളുടെ കുലങ്ങളേ, യഹോവയ്ക്ക് കൊടുക്കുവിൻ;
മഹത്വവും ബലവും യഹോവയ്ക്ക് കൊടുക്കുവിൻ.
8യഹോവയ്ക്ക് അവന്റെ നാമത്തിന് തക്കതായ മഹത്വം കൊടുക്കുവിൻ;
തിരുമുൽകാഴ്ചയുമായി അവന്റെ പ്രാകാരങ്ങളിൽ ചെല്ലുവിൻ.
9വിശുദ്ധിയുടെ അലങ്കാരത്തോടെ യഹോവയെ നമസ്കരിക്കുവിൻ;
സകല ഭൂവാസികളുമേ, അവന്റെ മുമ്പിൽ നടുങ്ങുവിൻ.
10“യഹോവ വാഴുന്നു;
ഭൂലോകവും ഇളകാതെ ഉറച്ചുനില്ക്കുന്നു; അവൻ ജനതകളെ നേരോടെ വിധിക്കും”എന്ന് ജനതകളുടെ ഇടയിൽ പറയുവിൻ.
11ആകാശം സന്തോഷിക്കുകയും ഭൂമി ആനന്ദിക്കുകയും
സമുദ്രവും അതിലുള്ളതും ആർത്തു ഘോഷിക്കുകയും ചെയ്യട്ടെ.
12വയലും അതിലുള്ള സകലവും ആഹ്ലാദിക്കട്ടെ;
അപ്പോൾ കാട്ടിലെ സകലവൃക്ഷങ്ങളും യഹോവയുടെ സന്നിധിയിൽ ഉല്ലസിച്ചുഘോഷിക്കും.
13യഹോവയുടെ സന്നിധിയിൽ തന്നെ;
അവൻ വരുന്നുവല്ലോ; അവൻ ഭൂമിയെ വിധിക്കുവാൻ വരുന്നു;
അവൻ ഭൂലോകത്തെ നീതിയോടും ജനതതികളെ വിശ്വസ്തതയോടും കൂടി വിധിക്കും.
97
1യഹോവ വാഴുന്നു; ഭൂമി ഘോഷിച്ചാനന്ദിക്കട്ടെ;
ദ്വീപസമൂഹവും സന്തോഷിക്കട്ടെ.
2മേഘവും അന്ധകാരവും അവന്റെ ചുറ്റും ഇരിക്കുന്നു;
നീതിയും ന്യായവും അവന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു.
3തീ അവന് മുമ്പായി പോകുന്നു;
ചുറ്റുമുള്ള അവന്റെ വൈരികളെ ദഹിപ്പിക്കുന്നു.
4അവന്റെ മിന്നലുകൾ ഭൂതലത്തെ പ്രകാശിപ്പിക്കുന്നു;
ഭൂമി അത് കണ്ട് വിറയ്ക്കുന്നു.
5യഹോവയുടെ സന്നിധിയിൽ, സർവ്വഭൂമിയുടെയും കർത്താവിന്റെ സന്നിധിയിൽ,
പർവ്വതങ്ങൾ മെഴുകുപോലെ ഉരുകുന്നു.
6ആകാശം അവന്റെ നീതി പ്രസിദ്ധമാക്കുന്നു;
സകലജനതകളും അവന്റെ മഹത്വം കാണുന്നു.
7വിഗ്രഹങ്ങളെ സേവിക്കുകയും ബിംബങ്ങളിൽ പ്രശംസിക്കുകയും ചെയ്യുന്നവരെല്ലാം ലജ്ജിച്ചുപോകും;
സകലദേവന്മാരുമേ, അവനെ നമസ്കരിക്കുവിൻ.
8സീയോൻ കേട്ടു സന്തോഷിക്കുന്നു;
യഹോവേ, നിന്റെ ന്യായവിധികൾ ഹേതുവായി യെഹൂദാപുത്രിമാർ ഘോഷിച്ചാനന്ദിക്കുന്നു.
9യഹോവേ, നീ സർവ്വഭൂമിക്കും മീതെ അത്യുന്നതൻ;
സകലദേവന്മാർക്കും മീതെ ഉയർന്നവൻ തന്നെ.
10യഹോവയെ സ്നേഹിക്കുന്നവരേ, തിന്മ വെറുക്കുവിൻ;
അവൻ തന്റെ ഭക്തന്മാരുടെ പ്രാണനെ കാക്കുന്നു;
ദുഷ്ടന്മാരുടെ കയ്യിൽനിന്ന് അവരെ വിടുവിക്കുന്നു.
11നീതിമാന് പ്രകാശവും പരമാർത്ഥഹൃദയമുള്ളവർക്ക് സന്തോഷവും ഉദിക്കും.
12നീതിമാന്മാരേ, യഹോവയിൽ സന്തോഷിക്കുവിൻ;
അവന്റെ വിശുദ്ധനാമത്തിന് സ്തോത്രം ചെയ്യുവിൻ.
98
ഒരു സങ്കീർത്തനം.
1യഹോവയ്ക്ക് ഒരു പുതിയ പാട്ടു പാടുവിൻ;
അവൻ അത്ഭുതകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു;
അവന്റെ വലങ്കയ്യും അവന്റെ വിശുദ്ധഭുജവും
അവന് ജയം നേടിയിരിക്കുന്നു.
2യഹോവ തന്റെ രക്ഷ അറിയിച്ചും ജനതകളുടെ കാഴ്ചയിൽ തന്റെ നീതി വെളിപ്പെടുത്തിയുമിരിക്കുന്നു.
3അവൻ യിസ്രായേൽഗൃഹത്തോടുള്ള തന്റെ ദയയും വിശ്വസ്തതയും ഓർമ്മിച്ചിരിക്കുന്നു;
ഭൂമിയുടെ അറുതികളിലുള്ളവരും നമ്മുടെ ദൈവത്തിന്റെ രക്ഷ കണ്ടിരിക്കുന്നു.
4സകല ഭൂവാസികളുമേ, യഹോവയ്ക്ക് ആർപ്പിടുവിൻ;
ആനന്ദഘോഷത്തോടെ കീർത്തനം ചെയ്യുവിൻ.
5കിന്നരത്തോടെ യഹോവയ്ക്കു കീർത്തനം ചെയ്യുവിൻ;
കിന്നരത്തോടും സംഗീതസ്വരത്തോടും കൂടി തന്നെ.
6കൊമ്പും കാഹളവും ഊതി രാജാവായ യഹോവയുടെ സന്നിധിയിൽ ഘോഷിക്കുവിൻ!
7സമുദ്രവും അതിലുള്ളതും
ഭൂതലവും അതിൽ വസിക്കുന്നവരും ആരവം മുഴക്കട്ടെ.
8നദികൾ കൈ കൊട്ടട്ടെ;
പർവ്വതങ്ങൾ ഒരുപോലെ യഹോവയുടെ മുമ്പാകെ ഉല്ലസിച്ചുഘോഷിക്കട്ടെ.
9അവൻ ഭൂമിയെ ന്യായം വിധിക്കുവാൻ വരുന്നു;
ഭൂലോകത്തെ നീതിയോടും ജനതകളെ നേരോടുംകൂടി വിധിക്കും.
99
1യഹോവ വാഴുന്നു; ജനതതികൾ വിറയ്ക്കട്ടെ;
അവൻ കെരൂബുകളുടെ മീതെ വസിക്കുന്നു; ഭൂമി കുലുങ്ങട്ടെ.
2യഹോവ സീയോനിൽ വലിയവനും
സകല ജനതകൾക്കും മീതെ ഉന്നതനും ആകുന്നു.
3“അവൻ പരിശുദ്ധൻ” എന്നിങ്ങനെ
അവർ നിന്റെ മഹത്തും ഭയങ്കരവുമായ നാമത്തെ സ്തുതിക്കട്ടെ.
4ബലവാനായ രാജാവ് ന്യായത്തെ ഇഷ്ടപ്പെടുന്നു
നീ നീതിയെ സ്ഥിരപ്പെടുത്തിയിരിക്കുന്നു;
നീ യാക്കോബിൽ നീതിയും ന്യായവും നടത്തിയിരിക്കുന്നു.
5നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ;
അവന്റെ പാദപീഠത്തിങ്കൽ നമസ്കരിക്കുവിൻ;
അവൻ പരിശുദ്ധൻ ആകുന്നു.
6മോശെയും അഹരോനും അവന്റെ പുരോഹിതന്മാരായിരുന്നു,
അവന്റെ നാമം വിളിച്ചപേക്ഷിക്കുന്നവരിൽ ശമൂവേലും ഉണ്ടായിരുന്നു.
ഇവർ യഹോവയോട് അപേക്ഷിച്ചു; അവൻ അവർക്ക് ഉത്തരമരുളി.
7മേഘസ്തംഭത്തിൽ നിന്ന് അവൻ അവരോട് സംസാരിച്ചു;
അവർ അവന്റെ സാക്ഷ്യങ്ങളും അവൻ കൊടുത്ത ചട്ടവും പ്രമാണിച്ചു.
8ഞങ്ങളുടെ ദൈവമായ യഹോവേ, നീ അവർക്കുത്തരമരുളി;
നീ അവരോട് ക്ഷമ കാണിക്കുന്ന ദൈവം എങ്കിലും അവരുടെ പ്രവൃത്തികൾക്ക് തക്കവണ്ണം ന്യായം വിധിക്കുന്നവനും ആയിരുന്നു.
9നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ;
അവന്റെ വിശുദ്ധപർവ്വതത്തിൽ നമസ്കരിക്കുവിൻ;
നമ്മുടെ ദൈവമായ യഹോവ പരിശുദ്ധനല്ലയോ?.
100
ഒരു സ്തോത്ര സങ്കീർത്തനം.
1സകല ഭൂവാസികളുമേ, യഹോവയ്ക്ക് ആർപ്പിടുവിൻ.
2സന്തോഷത്തോടെ യഹോവയെ സേവിക്കുവിൻ;
സംഗീതത്തോടെ അവന്റെ സന്നിധിയിൽ വരുവിൻ.
3യഹോവ തന്നെ ദൈവം എന്നറിയുവിൻ;
അവൻ നമ്മെ ഉണ്ടാക്കി; നാം അവനുള്ളവർ ആകുന്നു;
അവന്റെ ജനവും അവൻ മേയിക്കുന്ന ആടുകളും തന്നെ.
4അവന്റെ വാതിലുകളിൽ സ്തോത്രത്തോടും അവന്റെ പ്രാകാരങ്ങളിൽ സ്തുതിയോടും കൂടി വരുവിൻ;
അവന് സ്തോത്രം ചെയ്ത് അവന്റെ നാമത്തെ വാഴ്ത്തുവിൻ.
5യഹോവ നല്ലവനല്ലയോ,
അവന്റെ ദയ എന്നേക്കുമുള്ളത്;
അവന്റെ വിശ്വസ്തത തലമുറതലമുറയായി നിലനില്ക്കുന്നു.
101
ദാവീദിന്റെ ഒരു സങ്കീർത്തനം.
1ഞാൻ ദയയെയും ന്യായത്തെയും കുറിച്ച് പാടും;
യഹോവേ, ഞാൻ നിനക്ക് കീർത്തനം പാടും.
2ഞാൻ നിഷ്കളങ്കമാർഗ്ഗത്തിൽ ശ്രദ്ധവയ്ക്കും;
എപ്പോൾ നീ എന്റെ അടുക്കൽ വരും?
ഞാൻ എന്റെ വീട്ടിൽ നിഷ്കളങ്കഹൃദയത്തോടെ പെരുമാറും.
3ഞാൻ ഒരു നീചകാര്യവും എന്റെ കണ്ണിനു മുമ്പിൽ വയ്ക്കുകയില്ല;
ക്രമം കെട്ടവരുടെ പ്രവൃത്തി ഞാൻ വെറുക്കുന്നു;
ഞാൻ അതിൽ പങ്കുചേരുകയില്ല..
4വക്രഹൃദയം എന്നോട് അകന്നിരിക്കും;
ദുഷ്ടത ഞാൻ അറിയുകയില്ല.
5കൂട്ടുകാരനെക്കുറിച്ച് ഏഷണി പറയുന്നവനെ ഞാൻ നശിപ്പിക്കും;
ഉന്നതഭാവവും നിഗളഹൃദയവും ഉള്ളവനെ ഞാൻ സഹിക്കുകയില്ല.
6ദേശത്തിലെ വിശ്വസ്തന്മാർ എന്നോടുകൂടി വസിക്കേണ്ടതിന്
എന്റെ കണ്ണുകൾ അവരെ അന്വേഷിക്കുന്നു;
നിഷ്കളങ്കമാർഗ്ഗത്തിൽ നടക്കുന്നവൻ എന്നെ ശുശ്രൂഷിക്കും.
7വഞ്ചനചെയ്യുന്നവൻ എന്റെ വീട്ടിൽ വസിക്കുകയില്ല;
ഭോഷ്കു പറയുന്നവൻ എന്റെ മുമ്പിൽ ഉറച്ചുനില്ക്കുകയില്ല.
8യഹോവയുടെ നഗരത്തിൽനിന്ന് സകല ദുഷ്പ്രവൃത്തിക്കാരെയും ഛേദിച്ചുകളയും വരെ
ദേശത്തിലെ ദുഷ്ടന്മാരെ എല്ലാം ഞാൻ ദിനംപ്രതി നശിപ്പിക്കും.
102
അരിഷ്ടന്റെ പ്രാർത്ഥന; അവൻ ക്ഷീണിച്ച് യഹോവയുടെ മുൻപാകെ തന്റെ സങ്കടം പകരുമ്പോൾ സമർപ്പിച്ചത്.
1യഹോവേ, എന്റെ പ്രാർത്ഥന കേൾക്കണമേ;
എന്റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ.
2കഷ്ടദിവസത്തിൽ നിന്റെ മുഖം എനിക്കു മറയ്ക്കരുതേ;
നിന്റെ ചെവി എങ്കലേക്ക് ചായിക്കണമേ;
ഞാൻ വിളിക്കുന്ന നാളിൽ വേഗത്തിൽ എനിക്ക് ഉത്തരമരുളണമേ.
3എന്റെ നാളുകൾ പുകപോലെ കഴിഞ്ഞുപോകുന്നു;
എന്റെ അസ്ഥികൾ തീക്കൊള്ളിപോലെ വെന്തിരിക്കുന്നു.
4എന്റെ ഹൃദയം അരിഞ്ഞ പുല്ലുപോലെ ഉണങ്ങിയിരിക്കുന്നു;
ഞാൻ ഭക്ഷണം കഴിക്കുവാൻ മറന്നുപോകുന്നു.
5എന്റെ ഞരക്കത്തിന്റെ ഒച്ചനിമിത്തം എന്റെ അസ്ഥികൾ മാംസത്തോടു പറ്റുന്നു.
6ഞാൻ മരുഭൂമിയിലെ വേഴാമ്പൽപോലെ ആകുന്നു;
ശൂന്യസ്ഥലത്തെ മൂങ്ങാപോലെ തന്നെ.
7ഞാൻ ഉറക്കം ഇളച്ചിരിക്കുന്നു;
വീട്ടിന്മുകളിൽ തനിച്ചിരിക്കുന്ന കുരികിൽ പോലെ ആകുന്നു.
8എന്റെ ശത്രുക്കൾ ഇടവിടാതെ എന്നെ നിന്ദിക്കുന്നു;
എന്നോടു ചീറുന്നവർ എന്റെ പേര് ചൊല്ലി ശപിക്കുന്നു.
9ഞാൻ അപ്പംപോലെ ചാരം തിന്നുന്നു;
എന്റെ പാനീയത്തിൽ കണ്ണുനീർ കലക്കുന്നു;
10നിന്റെ കോപവും ക്രോധവും ഹേതുവായി തന്നെ;
നീ എന്നെ എടുത്ത് എറിഞ്ഞുകളഞ്ഞുവല്ലോ.
11എന്റെ ആയുസ്സ് ചാഞ്ഞുപോകുന്ന നിഴൽ പോലെയാകുന്നു;
ഞാൻ പുല്ലുപോലെ ഉണങ്ങിപ്പോകുന്നു.
12നീയോ, യഹോവേ, എന്നേക്കുമുള്ളവൻ;
നിന്റെ നാമം തലമുറതലമുറയായി നിലനില്ക്കുന്നു.
13നീ എഴുന്നേറ്റ് സീയോനോട് കരുണ കാണിക്കും;
അവളോടു കൃപ കാണിക്കുവാനുള്ള കാലം, അതേ, അതിനുള്ള സമയം വന്നിരിക്കുന്നു.
14നിന്റെ ദാസന്മാർക്ക് അവളുടെ കല്ലുകളോടു താത്പര്യവും
അവളുടെ പൂഴിയോട് അലിവും തോന്നുന്നു.
15യഹോവ സീയോനെ പണിയുകയും തന്റെ മഹത്വത്തിൽ പ്രത്യക്ഷനാകുകയും ചെയ്യും
16അവൻ അഗതികളുടെ പ്രാർത്ഥന കടാക്ഷിക്കുകയും
അവരുടെ പ്രാർത്ഥന നിരസിക്കാതെയിരിക്കുകയും ചെയ്തതുകൊണ്ട്
17ജനതകൾ യഹോവയുടെ നാമത്തെയും
ഭൂമിയിലെ സകലരാജാക്കന്മാരും നിന്റെ മഹത്വത്തെയും ഭയപ്പെടും.
18വരുവാനിരിക്കുന്ന തലമുറയ്ക്കു വേണ്ടി ഇത് എഴുതിവയ്ക്കും;
സൃഷ്ടിക്കപ്പെടുവാനുള്ള ജനം യഹോവയെ സ്തുതിക്കും.
19യഹോവയെ സേവിക്കുവാൻ ജനതകളും രാജ്യങ്ങളും കൂടി വന്നപ്പോൾ
20സീയോനിൽ യഹോവയുടെ നാമത്തെയും
യെരൂശലേമിൽ അവന്റെ സ്തുതിയെയും പ്രസ്താവിക്കേണ്ടതിനും
21ബദ്ധന്മാരുടെ ഞരക്കം കേൾക്കുവാനും
മരണത്തിന് നിയമിക്കപ്പെട്ടവരെ വിടുവിക്കുവാനും
22യഹോവ ഉയരത്തിൽ, വിശുദ്ധമന്ദിരത്തിൽനിന്നു നോക്കി;
സ്വർഗ്ഗത്തിൽനിന്ന് ഭൂമിയെ തൃക്കൺപാർത്തുവല്ലോ.
23അവൻ വഴിയിൽവച്ച് എന്റെ ബലം ക്ഷയിപ്പിച്ചു;
അവൻ എന്റെ നാളുകൾ ചുരുക്കിയിരിക്കുന്നു.
24“എന്റെ ദൈവമേ, ആയുസ്സിന്റെ മദ്ധ്യത്തിൽ എന്നെ എടുത്തുകളയരുതേ” എന്ന് ഞാൻ പറഞ്ഞു;
നിന്റെ സംവത്സരങ്ങൾ തലമുറതലമുറയായി ഇരിക്കുന്നു.
25പൂർവ്വകാലത്ത് നീ ഭൂമിക്ക് അടിസ്ഥാനമിട്ടു;
ആകാശം നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.
26അവ നശിക്കും നീയോ നിലനില്ക്കും;
അവയെല്ലാം വസ്ത്രംപോലെ പഴകിപ്പോകും;
ഉടുപ്പുപോലെ നീ അവയെ മാറ്റും; അവ മാറിപ്പോകുകയും ചെയ്യും.
27നീയോ അനന്യനാകുന്നു;
നിന്റെ സംവത്സരങ്ങൾ അവസാനിക്കുകയുമില്ല.
28നിന്റെ ദാസന്മാരുടെ മക്കൾ നിർഭയം വസിക്കും;
അവരുടെ സന്തതി നിന്റെ സന്നിധിയിൽ നിലനില്ക്കും.
103
ദാവീദിന്റെ ഒരു സങ്കീർത്തനം.
1എൻ മനമേ, യഹോവയെ വാഴ്ത്തുക;
എന്റെ സർവ്വാന്തരംഗവുമേ, അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക.
2എൻ മനമേ, യഹോവയെ വാഴ്ത്തുക;
അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുത്.
3അവൻ നിന്റെ എല്ലാ അകൃത്യങ്ങളും മോചിക്കുന്നു;
നിന്റെ സകലരോഗങ്ങളും സൗഖ്യമാക്കുന്നു;
4അവൻ നിന്റെ ജീവനെ നാശത്തിൽനിന്ന് വീണ്ടെടുക്കുന്നു;
അവൻ ദയയും കരുണയും നിന്നെ അണിയിക്കുന്നു.
5നിന്റെ യൗവനം കഴുകനെപ്പോലെ പുതുക്കപ്പെടുവാനായി
അവൻ നിന്റെ വായെ നന്മകൊണ്ടു തൃപ്തിപ്പെടുത്തുന്നു.
6യഹോവ സകല പീഡിതന്മാർക്കും വേണ്ടി നീതിയും ന്യായവും നടത്തുന്നു.
7അവൻ തന്റെ വഴികൾ മോശെയെയും
തന്റെ പ്രവൃത്തികൾ യിസ്രായേൽമക്കളെയും അറിയിച്ചു.
8യഹോവ കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു;
ദീർഘക്ഷമയും മഹാദയയും ഉള്ളവൻ തന്നെ.
9അവൻ എല്ലായ്പോഴും ഭർത്സിക്കുകയില്ല;
എന്നേക്കും കോപം സൂക്ഷിക്കുകയുമില്ല.
10അവൻ നമ്മുടെ പാപങ്ങൾക്കു തക്കവണ്ണം നമ്മളോടു ചെയ്യുന്നില്ല;
നമ്മുടെ അകൃത്യങ്ങൾക്കു തക്കവണ്ണം നമ്മളെ ശിക്ഷിക്കുന്നുമില്ല.
11ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതു പോലെ
അവന്റെ ദയ അവന്റെ ഭക്തന്മാരോട് വലുതായിരിക്കുന്നു.
12ഉദയം അസ്തമയത്തോട് അകന്നിരിക്കുന്നതുപോലെ
അവൻ നമ്മുടെ ലംഘനങ്ങളെ നമ്മോട് അകറ്റിയിരിക്കുന്നു.
13അപ്പന് മക്കളോട് കരുണ തോന്നുന്നതുപോലെ
യഹോവയ്ക്ക് തന്റെ ഭക്തന്മാരോട് കരുണ തോന്നുന്നു.
14അവൻ നമ്മുടെ പ്രകൃതം അറിയുന്നുവല്ലോ;
നാം കേവലം പൊടി മാത്രം എന്ന് അവൻ ഓർക്കുന്നു.
15മനുഷ്യന്റെ ആയുസ്സ് പുല്ലുപോലെയാകുന്നു;
വയലിലെ പൂപോലെ അവൻ പൂക്കുന്നു.
16കാറ്റ് അതിന്മേൽ അടിക്കുമ്പോൾ അത് ഇല്ലാതെപോകുന്നു;
അത് നിന്ന സ്ഥലം പിന്നീട് അതിനെ അറിയുകയുമില്ല.
17യഹോവയുടെ ദയ എന്നും എന്നേക്കും അവന്റെ ഭക്തന്മാർക്കും
അവന്റെ നീതി മക്കളുടെ മക്കൾക്കും ഉണ്ടാകും.
18അവന്റെ നിയമം പ്രമാണിക്കുന്നവർക്കും
അവന്റെ കല്പനകൾ ഓർത്ത് ആചരിക്കുന്നവർക്കും തന്നെ.
19യഹോവ തന്റെ സിംഹാസനം സ്വർഗ്ഗത്തിൽ സ്ഥാപിച്ചിരിക്കുന്നു;
അവന്റെ രാജത്വം സകലത്തെയും അടക്കി ഭരിക്കുന്നു.
20അവന്റെ വാക്കുകളുടെ ശബ്ദം കേട്ട് അവന്റെ ആജ്ഞ അനുസരിക്കുന്ന ശക്തന്മാരായ
അവന്റെ ദൂതന്മാരേ, യഹോവയെ വാഴ്ത്തുവിൻ.
21അവന്റെ ഇഷ്ടം ചെയ്യുന്ന ശുശ്രൂഷക്കാരായി
അവന്റെ സകലസൈന്യങ്ങളുമേ, യഹോവയെ വാഴ്ത്തുവിൻ;
22അവന്റെ അധികാരത്തിന്റെ കീഴിലുള്ള
അവന്റെ കൈവേലയായ ഏവരുമേ, യഹോവയെ വാഴ്ത്തുവിൻ;
എൻ മനമേ, യഹോവയെ വാഴ്ത്തുക.
104
1എൻ മനമേ, യഹോവയെ വാഴ്ത്തുക;
എന്റെ ദൈവമായ യഹോവേ, നീ ഏറ്റവും വലിയവൻ;
മഹത്വവും തേജസ്സും നീ ധരിച്ചിരിക്കുന്നു;
2വസ്ത്രം ധരിക്കുന്നതുപോലെ നീ പ്രകാശം ധരിക്കുന്നു;
തിരശ്ശീലപോലെ നീ ആകാശത്തെ വിരിക്കുന്നു.
3അവൻ തന്റെ മാളികകളുടെ തുലാങ്ങൾ വെള്ളത്തിന്മേൽ നിരത്തുന്നു;
മേഘങ്ങളെ തന്റെ തേരാക്കി, കാറ്റിൻ ചിറകിന്മേൽ സഞ്ചരിക്കുന്നു.
4അവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു.
5അവൻ ഭൂമി ഒരിക്കലും ഇളകിപ്പോകാതെ
അതിന്റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചിരിക്കുന്നു.
6നീ ഭൂമിയെ വസ്ത്രംകൊണ്ടെന്നപോലെ ആഴികൊണ്ടു മൂടി;
വെള്ളം പർവ്വതങ്ങൾക്കു മീതെ നിന്നിരുന്നു.
7അവ നിന്റെ ശാസനയാൽ ഓടിപ്പോയി;
നിന്റെ ഇടിമുഴക്കത്താൽ അവ തിടുക്കത്തിൽ നീങ്ങിപ്പോയി -
8മലകൾ പൊങ്ങി, താഴ്വരകൾ താണു -
നീ അവയ്ക്കു നിശ്ചയിച്ച സ്ഥലത്തേക്ക് നീങ്ങിപ്പോയി;
9ഭൂമിയെ മൂടിക്കളയുവാൻ മടങ്ങിവരാതിരിക്കേണ്ടതിന്
നീ അവയ്ക്ക് ലംഘിക്കാൻ കഴിയാത്ത ഒരു അതിര് ഇട്ടു.
10അവൻ ഉറവുകളെ താഴ്വരകളിലേക്ക് അയയ്ക്കുന്നു;
അവ മലകളുടെ ഇടയിൽകൂടി ഒഴുകുന്നു.
11അവയിൽനിന്ന് വയലിലെ സകലമൃഗങ്ങളും കുടിക്കുന്നു;
കാട്ടുകഴുതകൾ അവയുടെ ദാഹം തീർക്കുന്നു;
12അവയുടെ തീരങ്ങളിൽ ആകാശത്തിലെ പറവകൾ വസിക്കുകയും
കൊമ്പുകളുടെ ഇടയിൽ പാടുകയും ചെയ്യുന്നു.
13അവൻ തന്റെ മാളികകളിൽ നിന്ന് മലകളെ നനയ്ക്കുന്നു;
ഭൂമിക്ക് നിന്റെ പ്രവൃത്തികളുടെ ഫലത്താൽ തൃപ്തിവരുന്നു.
14അവൻ മൃഗങ്ങൾക്ക് പുല്ലും
മനുഷ്യന്റെ ഉപയോഗത്തിനായി സസ്യവും മുളപ്പിക്കുന്നു;
15അവൻ ഭൂമിയിൽനിന്ന് ആഹാരവും
മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വീഞ്ഞും
അവന്റെ മുഖം മിനുക്കുവാൻ എണ്ണയും
മനുഷ്യന്റെ ഹൃദയത്തെ ബലപ്പെടുത്തുന്ന അപ്പവും ഉത്ഭവിപ്പിക്കുന്നു.
16യഹോവയുടെ വൃക്ഷങ്ങൾക്ക് തൃപ്തിവരുന്നു;
അവൻ നട്ടിട്ടുള്ള ലെബാനോനിലെ ദേവദാരുക്കൾക്കു തന്നെ.
17അവിടെ പക്ഷികൾ കൂടുണ്ടാക്കുന്നു;
പെരുഞാറയ്ക്ക് സരളവൃക്ഷങ്ങൾ പാർപ്പിടമാകുന്നു.
18ഉയർന്നമലകൾ കാട്ടാടുകൾക്കും
പാറകൾ കുഴിമുയലുകൾക്കും സങ്കേതമാകുന്നു.
19അവൻ കാലനിർണ്ണയത്തിനായി ചന്ദ്രനെ നിയമിച്ചു;
സൂര്യൻ തന്റെ അസ്തമയം അറിയുന്നു.
20നീ ഇരുട്ടു വരുത്തുന്നു; രാത്രി ഉണ്ടാകുന്നു;
അപ്പോൾ കാട്ടുമൃഗങ്ങൾ എല്ലാം സഞ്ചാരം തുടങ്ങുന്നു.
21ബാലസിംഹങ്ങൾ ഇരയ്ക്കായി അലറുന്നു;
അവ ദൈവത്തോട് അവയുടെ ആഹാരം ചോദിക്കുന്നു.
22സൂര്യൻ ഉദിക്കുമ്പോൾ അവ മടങ്ങുന്നു;
അവയുടെ ഗുഹകളിൽ ചെന്നു കിടക്കുന്നു.
23മനുഷ്യൻ തന്റെ പണിക്കായി പുറപ്പെടുന്നു;
സന്ധ്യവരെയുള്ള തന്റെ വേലയ്ക്കായി തന്നെ.
24യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു!
ജ്ഞാനത്തോടെ നീ അവയെല്ലാം ഉണ്ടാക്കിയിരിക്കുന്നു;
ഭൂമി നിന്റെ സൃഷ്ടികളാൽ നിറഞ്ഞിരിക്കുന്നു.
25വലിപ്പവും വിസ്താരവും ഉള്ള സമുദ്രം അതാ കിടക്കുന്നു!
അതിൽ സഞ്ചരിക്കുന്ന ചെറിയതും വലിയതുമായ അസംഖ്യജന്തുക്കൾ ഉണ്ട്.
26അതിൽ കപ്പലുകൾ ഓടുന്നു;
അതിൽ കളിക്കുവാൻ നീ ഉണ്ടാക്കിയ ലിവ്യാഥാൻ ഉണ്ട്.
27തക്കസമയത്ത് ഭക്ഷണം കിട്ടേണ്ടതിന്
ഇവ എല്ലാം നിന്നെ കാത്തിരിക്കുന്നു.
28നീ കൊടുക്കുന്നത് അവ പെറുക്കുന്നു
തൃക്കൈ തുറക്കുമ്പോൾ
അവയ്ക്ക് നന്മകൊണ്ട് തൃപ്തിവരുന്നു.
29തിരുമുഖം മറയ്ക്കുമ്പോൾ അവ ഭ്രമിച്ചു പോകുന്നു;
നീ അവയുടെ ശ്വാസം എടുക്കുമ്പോൾ
അവ ചത്ത് പൊടിയിലേക്ക് തിരികെ ചേരുന്നു;
30നീ നിന്റെ ശ്വാസം അയയ്ക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു;
നീ ഭൂമിയുടെ മുഖം പുതുക്കുന്നു.
31യഹോവയുടെ മഹത്വം എന്നേക്കും നിലനില്ക്കട്ടെ;
യഹോവ തന്റെ പ്രവൃത്തികളിൽ സന്തോഷിക്കട്ടെ.
32അവൻ ഭൂമിയെ നോക്കുന്നു, അത് വിറയ്ക്കുന്നു;
അവൻ മലകളെ തൊടുന്നു, അവ പുകയുന്നു.
33എന്റെ ആയുഷ്ക്കാലമൊക്കെയും ഞാൻ യഹോവയ്ക്കു പാടും;
ഞാൻ ഉള്ള കാലത്തോളം എന്റെ ദൈവത്തിന് കിർത്തനം പാടും.
34എന്റെ ധ്യാനം അവന് പ്രസാദകരമായിരിക്കട്ടെ;
ഞാൻ യഹോവയിൽ സന്തോഷിക്കും.
35പാപികൾ ഭൂമിയിൽനിന്ന് നശിച്ചുപോകട്ടെ;
ദുഷ്ടന്മാർ ഇല്ലാതെയാകട്ടെ;
എൻ മനമേ, യഹോവയെ വാഴ്ത്തുക;
യഹോവയെ സ്തുതിക്കുവിൻ.
105
1യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; അവന്റെ നാമം വിളിച്ചപേക്ഷിക്കുവിൻ;
അവന്റെ പ്രവൃത്തികൾ ജനതകളുടെ ഇടയിൽ അറിയിക്കുവിൻ.
2അവന് പാടുവിൻ; അവന് കീർത്തനം പാടുവിൻ;
അവന്റെ സകല അത്ഭുതങ്ങളെയും കുറിച്ച് സംസാരിക്കുവിൻ.
3അവന്റെ വിശുദ്ധനാമത്തിൽ പ്രശംസിക്കുവിൻ;
യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ.
4യഹോവയെയും അവന്റെ ബലത്തെയും തിരയുവിൻ;
അവന്റെ മുഖം ഇടവിടാതെ അന്വേഷിക്കുവിൻ.
5അവന്റെ ദാസനായ അബ്രഹാമിന്റെ സന്തതിയും
അവൻ തിരഞ്ഞെടുത്ത യാക്കോബിന്റെ മക്കളുമേ,
6അവൻ ചെയ്ത അത്ഭുതങ്ങളും അവന്റെ അടയാളങ്ങളും
അവന്റെ വായിൽ നിന്നുള്ള ന്യായവിധികളും ഓർത്തുകൊള്ളുവിൻ.
7അവൻ നമ്മുടെ ദൈവമായ യഹോവയാകുന്നു;
അവന്റെ ന്യായവിധികൾ സർവ്വഭൂമിയിലും ഉണ്ട്.
8അവൻ തന്റെ നിയമം ശാശ്വതമായും
താൻ കല്പിച്ച വചനം ആയിരം തലമുറ വരെയും ഓർമ്മിക്കുന്നു.
9അവൻ അബ്രാഹാമിനോട് ചെയ്ത നിയമവും
യിസ്ഹാക്കിനോടു ചെയ്ത സത്യവും തന്നെ.
10അതിനെ അവൻ യാക്കോബിന് ഒരു ചട്ടമായും
യിസ്രായേലിന് ഒരു നിത്യനിയമമായും നിയമിച്ചു.
11“നിന്റെ അവകാശത്തിന്റെ ഓഹരിയായി
ഞാൻ നിനക്ക് കനാൻദേശം തരും” എന്നരുളിച്ചെയ്തു.
12അവർ അന്ന് എണ്ണത്തിൽ കുറഞ്ഞവരും ആൾബലത്തിൽ ചുരുങ്ങിയവരും
പരദേശികളും ആയിരുന്നു.
13അവർ ഒരു ജനതയെ വിട്ട് മറ്റൊരു ജനതയുടെ അടുക്കലേക്കും
ഒരു രാജ്യം വിട്ട് മറ്റൊരു ജനത്തിന്റെ അടുക്കലേക്കും പോയിരുന്നു.
14അവരെ പീഡിപ്പിക്കുവാൻ അവൻ ആരെയും സമ്മതിച്ചില്ല;
അവരുടെനിമിത്തം അവൻ രാജാക്കന്മാരെ ശാസിച്ചു:
15“എന്റെ അഭിഷിക്തന്മാരെ തൊടരുത്,
എന്റെ പ്രവാചകന്മാർക്ക് ഒരു ദോഷവും ചെയ്യരുത്” എന്നു പറഞ്ഞു.
16അവൻ ദേശത്ത് ഒരു ക്ഷാമം വരുത്തി;
ഭക്ഷണമില്ലാതെ ജനം വലഞ്ഞു.
17അവർക്കു മുമ്പായി അവൻ ഒരുവനെ അയച്ചു;
യോസേഫിനെ അവർ ദാസനായി വിറ്റുവല്ലോ.
18യഹോവയുടെ വചനം നിവൃത്തിയാകുകയും
അവന്റെ വചനത്താൽ അവന് ശോധന വരുകയും ചെയ്യുവോളം
19അവർ അവന്റെ കാലുകൾ വിലങ്ങുകൊണ്ട് ബന്ധിക്കുകയും
അവൻ ഇരിമ്പു ചങ്ങലയിൽ കുടുങ്ങുകയും ചെയ്തു.
20രാജാവ് ആളയച്ച് അവനെ സ്വതന്ത്രനാക്കി;
ജനത്തിന്റെ അധിപതി അവനെ വിട്ടയച്ചു.
21അവന്റെ പ്രഭുക്കന്മാരെ ഏതുസമയത്തും ബന്ധനസ്ഥരാക്കുവാനും
അവന്റെ മന്ത്രിമാർക്ക് ജ്ഞാനം ഉപദേശിച്ചുകൊടുക്കുവാനും
22തന്റെ ഭവനത്തിന് അവനെ കർത്താവായും
തന്റെ സർവ്വസമ്പത്തിനും അധിപതിയായും നിയമിച്ചു.
23അപ്പോൾ യിസ്രായേൽ ഈജിപ്റ്റിലേക്ക് ചെന്നു;
യാക്കോബ് ഹാമിന്റെ ദേശത്ത് വന്നു പാർത്തു.
24ദൈവം തന്റെ ജനത്തെ ഏറ്റവും വർദ്ധിപ്പിക്കുകയും
അവരുടെ വൈരികളെക്കാൾ അവരെ ബലവാന്മാരാക്കുകയും ചെയ്തു.
25തന്റെ ജനത്തെ പകയ്ക്കുവാനും തന്റെ ദാസന്മാരോട് ഉപായം പ്രയോഗിക്കുവാനും
അവൻ അവരുടെ ഹൃദയത്തെ മറിച്ചുകളഞ്ഞു.
26അവൻ തന്റെ ദാസനായ മോശെയെയും
താൻ തിരഞ്ഞെടുത്ത അഹരോനെയും അയച്ചു.
27ഇവർ അവരുടെ ഇടയിൽ അവന്റെ അടയാളങ്ങളും
ഹാമിന്റെ ദേശത്ത് അത്ഭുതങ്ങളും പ്രവർത്തിച്ചു.
28അവൻ ഇരുൾ അയച്ച് ദേശത്തെ അന്ധകാരത്തിലാക്കി;
അവർ അവന്റെ വചനത്തോട് മറുത്തുനിന്നു;
29അവൻ അവരുടെ വെള്ളം രക്തമാക്കി,
അവരുടെ മത്സ്യങ്ങളെ കൊന്നുകളഞ്ഞു.
30അവരുടെ ദേശത്ത് തവള വ്യാപിച്ച്, രാജാക്കന്മാരുടെ പള്ളിയറകളിൽപോലും നിറഞ്ഞു.
31അവൻ കല്പിച്ചപ്പോൾ നായീച്ചയും
അവരുടെ ദേശം മുഴുവനും നിറഞ്ഞു;
32അവൻ അവർക്ക് മഴയ്ക്കു പകരം കൽമഴയും
അവരുടെ ദേശത്ത് അഗ്നിജ്വാലയും അയച്ചു.
33അവൻ അവരുടെ മുന്തിരിവള്ളികളും അത്തിവൃക്ഷങ്ങളും തകർത്തു;
അവരുടെ ദേശത്തെ സകലവൃക്ഷങ്ങളും നശിപ്പിച്ചു.
34അവൻ കല്പിച്ചപ്പോൾ വെട്ടുക്കിളിയും തുള്ളനും അനവധിയായി വന്ന്,
35അവരുടെ ദേശത്തെ സകല സസ്യങ്ങളും അവരുടെ വയലിലെ വിളയും തിന്നുകളഞ്ഞു.
36അവൻ അവരുടെ ദേശത്തെ എല്ലാ കടിഞ്ഞൂലിനെയും
അവരുടെ സർവ്വവീര്യത്തിന്റെ ആദ്യഫലത്തെയും സംഹരിച്ചു.
37അവൻ അവരെ വെള്ളിയോടും പൊന്നിനോടും കൂടി പുറപ്പെടുവിച്ചു;
അവരുടെ ഗോത്രങ്ങളിൽ ഒരു ബലഹീനനും ഉണ്ടായിരുന്നില്ല.
38അവർ പുറപ്പെട്ടപ്പോൾ ഈജിപ്റ്റ് സന്തോഷിച്ചു;
അവരെക്കുറിച്ചുള്ള ഭയം അവരുടെമേൽ വീണിരുന്നു.
39അവൻ തണലിനായി ഒരു മേഘം വിരിച്ചു;
രാത്രിയിൽ വെളിച്ചത്തിനായി തീ നിറുത്തി.
40അവർ ചോദിച്ചപ്പോൾ അവൻ കാടകളെ കൊടുത്തു;
സ്വർഗ്ഗീയഭോജനംകൊണ്ട് അവർക്ക് തൃപ്തിവരുത്തി.
41അവൻ പാറ പിളർന്നു, വെള്ളം ചാടി പുറപ്പെട്ടു;
അത് ഉണങ്ങിയ നിലത്തുകൂടി നദിയായി ഒഴുകി.
42അവൻ തന്റെ വിശുദ്ധവാഗ്ദത്തത്തെയും തന്റെ ദാസനായ അബ്രഹാമിനെയും ഓർത്തു.
43അവൻ തന്റെ ജനത്തെ സന്തോഷത്തോടും
താൻ തിരഞ്ഞെടുത്തവരെ ഘോഷത്തോടും കൂടി പുറപ്പെടുവിച്ചു.
44അവർ തന്റെ ചട്ടങ്ങൾ പ്രമാണിക്കുകയും
തന്റെ ന്യായപ്രമാണങ്ങൾ ആചരിക്കുകയും ചെയ്യേണ്ടതിന്
45അവൻ ജനതകളുടെ ദേശങ്ങൾ അവർക്കു കൊടുത്തു;
അവർ വംശങ്ങളുടെ അദ്ധ്വാനഫലം കൈവശമാക്കുകയും ചെയ്തു.
യഹോവയെ സ്തുതിക്കുവിൻ.
106
1യഹോവയെ സ്തുതിക്കുവിൻ; യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ;
അവൻ നല്ലവനല്ലയോ;
അവന്റെ ദയ എന്നേക്കും ഉള്ളത്.
2യഹോവയുടെ വീര്യപ്രവൃത്തികളെ ആര് വർണ്ണിക്കും?
അവന്റെ സ്തുതിയെപ്പറ്റി എല്ലാം ആര് വിവരിക്കും?
3ന്യായം പ്രമാണിക്കുന്നവരും
എല്ലായ്പോഴും നീതി പ്രവർത്തിക്കുന്നവരും ഭാഗ്യവാന്മാർ.
4യഹോവേ, നീ തിരഞ്ഞെടുത്തവരുടെ നന്മ ഞാൻ കാണേണ്ടതിനും
നിന്റെ ജനത്തിന്റെ സന്തോഷത്തിൽ സന്തോഷിക്കേണ്ടതിനും
നിന്റെ അവകാശത്തോടുകൂടി പുകഴേണ്ടതിനും
5നിന്റെ ജനത്തോടുള്ള കടാക്ഷപ്രകാരം എന്നെ ഓർത്ത്,
നിന്റെ രക്ഷകൊണ്ട് എന്നെ സന്ദർശിക്കണമേ.
6ഞങ്ങൾ ഞങ്ങളുടെ പിതാക്കന്മാരെപ്പോലെ പാപം ചെയ്തു;
ഞങ്ങൾ അകൃത്യവും ദുഷ്ടതയും പ്രവർത്തിച്ചു.
7ഞങ്ങളുടെ പിതാക്കന്മാർ ഈജിപ്റ്റിൽവച്ച് നിന്റെ അത്ഭുതങ്ങളെ ഗ്രഹിക്കാതെയും
നിന്റെ മഹാദയയെ ഓർമ്മിക്കാതെയും കടല്ക്കരയിൽ, ചെങ്കടല്ക്കരയിൽവച്ചു തന്നെ, മത്സരിച്ചു.
8എന്നിട്ടും അവൻ തന്റെ മഹാശക്തി വെളിപ്പെടുത്തേണ്ടതിന്
തന്റെ നാമംനിമിത്തം അവരെ രക്ഷിച്ചു.
9അവൻ ചെങ്കടലിനെ ശാസിച്ചു, അത് ഉണങ്ങിപ്പോയി;
അവൻ അവരെ മരുഭൂമിയിൽക്കൂടി എന്നപോലെ ആഴിയിൽക്കൂടി നടത്തി.
10പകയ്ക്കുന്നവരുടെ കൈയിൽനിന്ന് അവൻ അവരെ രക്ഷിച്ചു;
ശത്രുവിന്റെ കൈയിൽനിന്ന് അവരെ വീണ്ടെടുത്തു.
11വെള്ളം അവരുടെ വൈരികളെ മൂടിക്കളഞ്ഞു;
അവരിൽ ഒരുത്തനും ശേഷിച്ചില്ല.
12അപ്പോൾ അവർ അവന്റെ വചനങ്ങൾ വിശ്വസിച്ചു;
അവന് സ്തുതിപാടുകയും ചെയ്തു.
13എങ്കിലും അവർ വേഗത്തിൽ അവന്റെ പ്രവൃത്തികളെ മറന്നു;
അവന്റെ ആലോചനയ്ക്കായി കാത്തിരുന്നതുമില്ല.
14മരുഭൂമിയിൽവച്ച് അവർ ഏറ്റവും മോഹിച്ചു;
നിർജ്ജനപ്രദേശത്ത് അവർ ദൈവത്തെ പരീക്ഷിച്ചു.
15അവർ അപേക്ഷിച്ചത് അവൻ അവർക്ക് കൊടുത്തു;
എങ്കിലും അവരുടെ പ്രാണന് ക്ഷയം അയച്ചു.
16പാളയത്തിൽവച്ച് അവർ മോശെയോടും
യഹോവയുടെ വിശുദ്ധനായ അഹരോനോടും അസൂയപ്പെട്ടു.
17ഭൂമി പിളർന്ന് ദാഥാനെ വിഴുങ്ങി;
അബീരാമിന്റെ കൂട്ടത്തെയും മൂടിക്കളഞ്ഞു.
18അവരുടെ കൂട്ടത്തിൽ തീ കത്തി;
അഗ്നിജ്വാല ദുഷ്ടന്മാരെ ദഹിപ്പിച്ചുകളഞ്ഞു.
19അവർ ഹോരേബിൽവച്ച് ഒരു കാളക്കുട്ടിയെ ഉണ്ടാക്കി;
വാർത്തുണ്ടാക്കിയ വിഗ്രഹത്തെ നമസ്കരിച്ചു.
20ഇങ്ങനെ അവർ അവരുടെ മഹത്വമായവനെ
പുല്ലു തിന്നുന്ന കാളയോട് സദൃശനാക്കി മാറ്റി .
21ഈജിപ്റ്റിൽ വലിയ കാര്യങ്ങളും
ഹാമിന്റെ ദേശത്ത് അത്ഭുതപ്രവൃത്തികളും
22ചെങ്കടലിൽ ഭയങ്കരകാര്യങ്ങളും ചെയ്തവനായ
അവരുടെ രക്ഷിതാവായ ദൈവത്തെ അവർ മറന്നു.
23ആകയാൽ അവരെ നശിപ്പിക്കുമെന്ന് അവൻ അരുളിച്ചെയ്തു;
അവന്റെ വൃതനായ മോശെ കോപത്തെ ശമിപ്പിക്കുവാൻ
അവന്റെ സന്നിധിയിൽ പിളർപ്പിൽ നിന്നില്ലായിരുന്നെങ്കിൽ
അവൻ അവരെ നശിപ്പിച്ചുകളയുമായിരുന്നു.
24അവർ മനോഹരദേശത്തെ നിരസിച്ചു;
അവന്റെ വചനം വിശ്വസിച്ചതുമില്ല.
25അവർ അവരുടെ കൂടാരങ്ങളിൽവച്ച് പിറുപിറുത്തു;
യഹോവയുടെ വചനം കേൾക്കാതെയിരുന്നു.
26അതുകൊണ്ട് അവൻ, മരുഭൂമിയിൽ അവരെ വീഴിക്കുമെന്നും
അവരുടെ സന്തതിയെ ജനതകളുടെ ഇടയിൽ നശിപ്പിക്കുമെന്നും
27അവരെ ദേശങ്ങളിൽ ചിതറിച്ചുകളയുമെന്നും
അവർക്കു വിരോധമായി തന്റെ കൈ ഉയർത്തി സത്യംചെയ്തു.
28അനന്തരം അവർ പെയോരിലെ ബാലിനോട് ചേർന്നു;
മരിച്ചവർക്കുള്ള ബലികൾ തിന്നു.
29ഇങ്ങനെ അവർ അവരുടെ ക്രിയകളാൽ അവനെ കോപിപ്പിച്ചു;
പെട്ടെന്ന് അവർക്ക് ഒരു ബാധ തട്ടി.
30അപ്പോൾ ഫീനെഹാസ് എഴുന്നേറ്റ് ശിക്ഷ നടത്തി;
ബാധ നിന്നുപോകുകയും ചെയ്തു.
31അത് തലമുറതലമുറയായി എന്നേക്കും അവന് നീതിയായിഎണ്ണിയിരിക്കുന്നു.
32മെരീബാവെള്ളത്തിങ്കലും അവർ അവനെ കോപിപ്പിച്ചു;
അവരുടെനിമിത്തം മോശെക്കും ദോഷം ഭവിച്ചു.
33അവർ അവനെ കോപിപ്പിച്ചതുകൊണ്ട്
അവൻ അധരങ്ങളാൽ അവിവേകം സംസാരിച്ചുപോയി.
34യഹോവ അവരോടു കല്പിച്ചതുപോലെ
അവർ ജനതകളെ നശിപ്പിച്ചില്ല.
35അവർ ജനതകളോട് ഇടകലർന്ന് അവരുടെ പ്രവൃത്തികൾ പഠിച്ചു.
36അവരുടെ വിഗ്രഹങ്ങളെ സേവിച്ചു;
അവ അവർക്കൊരു കെണിയായിത്തീർന്നു.
37തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും
അവർ ഭൂതങ്ങൾക്ക് ബലികഴിച്ചു.
38അവർ കുറ്റമില്ലാത്ത രക്തം,
പുത്രീപുത്രന്മാരുടെ രക്തം തന്നെ, ചൊരിഞ്ഞു;
അവരെ അവർ കനാന്യവിഗ്രഹങ്ങൾക്ക് ബലികഴിച്ചു,
ദേശം രക്തപാതകംകൊണ്ട് അശുദ്ധമായിത്തീർന്നു.
39ഇങ്ങനെ അവർ അവരുടെ ക്രിയകളാൽ മലിനപ്പെട്ടു,
അവരുടെ കർമ്മങ്ങളാൽ പരസംഗം ചെയ്തു.
40അതുകൊണ്ട് യഹോവയുടെ കോപം തന്റെ ജനത്തിന്റെ നേരെ ജ്വലിച്ചു;
അവൻ തന്റെ അവകാശത്തെ വെറുത്തു.
41അവൻ അവരെ ജനതകളുടെ കൈയിൽ ഏല്പിച്ചു;
അവരെ വെറുത്തവർ അവരെ ഭരിച്ചു.
42അവരുടെ ശത്രുക്കൾ അവരെ ഞെരുക്കി;
അവർ അവർക്ക് കീഴടങ്ങേണ്ടിവന്നു.
43പലപ്പോഴും അവൻ അവരെ വിടുവിച്ചു;
എങ്കിലും അവർ അവരുടെ ആലോചനയാൽ അവനെ പ്രകോപിപ്പിച്ചു;
അവരുടെ അകൃത്യം നിമിത്തം അധോഗതി പ്രാപിച്ചു.
44എന്നാൽ അവരുടെ നിലവിളി കേട്ടപ്പോൾ
അവൻ അവരുടെ കഷ്ടത കടാക്ഷിച്ചു.
45അവൻ അവർക്കുവേണ്ടി തന്റെ നിയമം ഓർത്തു;
തന്റെ മഹാദയയാൽ മനസ്സുമാറ്റി.
46അവരെ ബദ്ധരാക്കി കൊണ്ടുപോയവർക്കെല്ലാം
അവരോട് കനിവു തോന്നുമാറാക്കി.
47ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ രക്ഷിക്കണമേ;
നിന്റെ വിശുദ്ധനാമത്തിന് സ്തോത്രം ചെയ്യുവാനും നിന്റെ സ്തുതിയിൽ പ്രശംസിക്കുവാനും
ജനതകളുടെ ഇടയിൽനിന്ന് ഞങ്ങളെ ശേഖരിക്കണമേ.
48യിസ്രായേലിന്റെ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ;
ജനമെല്ലാം ആമേൻ എന്നു പറയട്ടെ.
യഹോവയെ സ്തുതിക്കുവിൻ.
107
അഞ്ചാം പുസ്തകം
1യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ;
അവൻ നല്ലവനല്ലോ അവന്റെ ദയ എന്നേക്കുമുള്ളത്!
2യഹോവ വൈരിയുടെ കയ്യിൽനിന്നു വീണ്ടെടുക്കുകയും
കിഴക്കും പടിഞ്ഞാറും വടക്കും കടലിലും ഉള്ള
3ദേശങ്ങളിൽനിന്ന് കൂട്ടിച്ചേർക്കുകയും ചെയ്തവരായ
അവന്റെ വിമുക്തന്മാർ അങ്ങനെ പറയട്ടെ.
4അവർ മരുഭൂമിയിൽ ജനസഞ്ചാരമില്ലാത്ത വഴിയിൽ അലഞ്ഞുനടന്നു;
പാർക്കുവാൻ ഒരു പട്ടണവും അവർ കണ്ടെത്തിയില്ല.
5അവർ വിശന്നും ദാഹിച്ചും ഇരുന്നു;
അവരുടെ പ്രാണൻ അവരുടെ ഉള്ളിൽ തളർന്നു.
6അവർ അവരുടെ കഷ്ടതയിൽ യഹോവയോട് നിലവിളിച്ചു;
അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽ നിന്നു വിടുവിച്ചു.
7അവർ പാർക്കുവാൻ തക്ക പട്ടണത്തിൽ ചെല്ലേണ്ടതിന്
അവൻ അവരെ ശരിയായ വഴിയിൽ നടത്തി.
8അവർ യഹോവയെ അവന്റെ നന്മയെചൊല്ലിയും
മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
9അവൻ ആർത്തിയുള്ളവന് തൃപ്തിവരുത്തുകയും
വിശപ്പുള്ളവനെ നന്മകൊണ്ടു നിറയ്ക്കുകയും ചെയ്യുന്നു.
10ദൈവത്തിന്റെ വചനങ്ങളോട് മത്സരിക്കുകയും
അത്യുന്നതന്റെ ആലോചന നിരസിക്കുകയും ചെയ്ത് അവർ
ഇരുളിലും അന്ധതമസ്സിലും ഇരുന്നു.
11അരിഷ്ടതയാലും ഇരുമ്പുചങ്ങലയാലും ബന്ധിക്കപ്പെട്ടവർ -
12അവരുടെ ഹൃദയത്തെ അവൻ കഷ്ടതകൊണ്ട് താഴ്ത്തി;
അവർ ഇടറിവീണു; സഹായിക്കുവാൻ ആരും ഉണ്ടായിരുന്നില്ല.
13അവർ അവരുടെ കഷ്ടതയിൽ യഹോവയോട് നിലവിളിച്ചു;
അവൻ അവരുടെ ഞെരുക്കങ്ങളിൽനിന്ന് അവരെ രക്ഷിച്ചു.
14അവൻ അവരെ ഇരുട്ടിൽനിന്നും മരണനിഴലിൽനിന്നും പുറപ്പെടുവിച്ചു;
അവരുടെ ബന്ധനങ്ങൾ അറുത്തുകളഞ്ഞു.
15അവർ യഹോവയെ, അവന്റെ നന്മയെ ചൊല്ലിയും
മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
16അവൻ താമ്രകതകുകൾ തകർത്തു,
ഇരിമ്പോടാമ്പലുകൾ മുറിച്ചുകളഞ്ഞിരിക്കുന്നു.
17ഭോഷന്മാർ അവരുടെ ലംഘനങ്ങൾ ഹേതുവായും
തങ്ങളുടെ അകൃത്യങ്ങൾനിമിത്തവും കഷ്ടപ്പെട്ടു.
18അവർക്ക് സകലവിധ ഭക്ഷണത്തോടും വെറുപ്പുതോന്നി;
അവർ മരണവാതിലുകളോട് സമീപിച്ചിരുന്നു.
19അവർ അവരുടെ കഷ്ടതയിൽ യഹോവയോട് നിലവിളിച്ചു;
അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽനിന്നു രക്ഷിച്ചു.
20അവൻ തന്റെ വചനം അയച്ച് അവരെ സൗഖ്യമാക്കി;
അവരുടെ കുഴികളിൽനിന്ന് അവരെ വിടുവിച്ചു.
21അവർ യഹോവയെ അവന്റെ നന്മയെചൊല്ലിയും
മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
22അവർ സ്തോത്രയാഗങ്ങൾ കഴിക്കുകയും
സംഗീതത്തോടുകൂടി അവന്റെ പ്രവൃത്തികളെ വർണ്ണിക്കുകയും ചെയ്യട്ടെ.
23കപ്പൽ കയറി സമുദ്രത്തിൽ ഓടിയവർ,
പെരുവെള്ളങ്ങളിൽ വ്യാപാരം ചെയ്തവർ,
24അവർ യഹോവയുടെ പ്രവൃത്തികളും
ആഴിയിൽ അവന്റെ അത്ഭുതങ്ങളും കണ്ടു.
25അവൻ കല്പിച്ച് കൊടുങ്കാറ്റടിപ്പിച്ചു,
സമുദ്രം അതിലെ തിരകളെ പൊങ്ങുമാറാക്കി.
26അവർ ആകാശത്തിലേക്ക് ഉയർന്നു,
വീണ്ടും ആഴത്തിലേക്ക് താണു,
അവരുടെ പ്രാണൻ കഷ്ടത്താൽ ഉരുകിപ്പോയി.
27അവർ ലഹരിപിടിച്ചവനെപ്പോലെ തുള്ളി ചാഞ്ചാടി നടന്നു;
അവരുടെ ബുദ്ധി കെട്ടുപോയിരുന്നു.
28അവർ അവരുടെ കഷ്ടതയിൽ യഹോവയോട് നിലവിളിച്ചു;
അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽ നിന്ന് വിടുവിച്ചു.
29അവൻ കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകൾ അടങ്ങി.
30ശാന്തത വന്നതുകൊണ്ട് അവർ സന്തോഷിച്ചു;
അവർ ആഗ്രഹിച്ച തുറമുഖത്ത് അവൻ അവരെ എത്തിച്ചു.
31അവർ യഹോവയെ അവന്റെ നന്മയെ ചൊല്ലിയും
മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
32അവർ ജനത്തിന്റെ സഭയിൽ അവനെ പുകഴ്ത്തുകയും
മൂപ്പന്മാരുടെ സംഘത്തിൽ അവനെ സ്തുതിക്കുകയും ചെയ്യട്ടെ.
33നിവാസികളുടെ ദുഷ്ടതനിമിത്തം
അവൻ നദികളെ മരുഭൂമിയും
34നീരുറവുകളെ വരണ്ട നിലവും
ഫലപ്രദമായ ഭൂമിയെ ഊഷരനിലവും ആക്കി.
35അവൻ മരുഭൂമിയെ ജലതടാകവും
വരണ്ട നിലത്തെ നീരുറവുകളും ആക്കി.
36വിശന്നവരെ അവൻ അവിടെ താമസിപ്പിച്ചു;
അവർ വസിക്കുവാൻ പട്ടണം ഉണ്ടാക്കുകയും
നിലം വിതയ്ക്കുകയും
37മുന്തിരിത്തോട്ടം നട്ടുണ്ടാക്കുകയും
സമൃദ്ധിയായി ഫലങ്ങൾ അനുഭവിക്കുകയും ചെയ്തു.
38അവൻ അനുഗ്രഹിച്ചിട്ട് അവർ അത്യന്തം പെരുകി;
അവരുടെ കന്നുകാലികൾ കുറഞ്ഞുപോകുവാൻ അവൻ ഇടവരുത്തിയില്ല.
39പീഡനവും കഷ്ടതയും സങ്കടവും ഹേതുവായി
അവർ പിന്നെയും കുറഞ്ഞു താണുപോയി.
40അവൻ പ്രഭുക്കന്മാരുടെമേൽ നിന്ദ പകരുകയും
വഴിയില്ലാത്ത ശൂന്യപ്രദേശത്ത് അവരെ അലയുന്നവരായും ചെയ്യുന്നു.
41അവൻ ദരിദ്രനെ പീഡയിൽനിന്നുയർത്തി
അവന്റെ കുലങ്ങളെ ആട്ടിൻ കൂട്ടംപോലെ ആക്കി.
42നേരുള്ളവർ ഇതു കണ്ട് സന്തോഷിക്കും;
നീതികെട്ടവർ എല്ലാവരും വായ്പൊത്തും.
43ജ്ഞാനമുള്ളവർ ഇവ ശ്രദ്ധിക്കും;
അവർ യഹോവയുടെ കൃപകളെക്കുറിച്ച് ചിന്തിക്കും.
108
ഒരു ഗീതം; ദാവീദിന്റെ ഒരു സങ്കീർത്തനം.
1ദൈവമേ, എന്റെ മനസ്സ് ഉറച്ചിരിക്കുന്നു;
ഞാൻ പാടും; എന്റെ ഉള്ളം കൊണ്ട് ഞാൻ കീർത്തനം പാടും.
2വീണയും കിന്നരവുമേ, ഉണരുവിൻ;
അതിരാവിലെ ഞാൻ തന്നെ ഉണരും.
3യഹോവേ, വംശങ്ങളുടെ ഇടയിൽ ഞാൻ നിനക്കു സ്തോത്രം ചെയ്യും;
ജനതകളുടെ മദ്ധ്യേ ഞാൻ നിനക്ക് കീർത്തനം പാടും.
4നിന്റെ ദയ ആകാശത്തിന് മീതെ വലുതാകുന്നു;
നിന്റെ വിശ്വസ്തത മേഘങ്ങളോളം എത്തുന്നു.
5ദൈവമേ, നീ ആകാശത്തിനു മീതെ ഉയർന്നിരിക്കണമേ;
നിന്റെ മഹത്വം സർവ്വഭൂമിക്കും മീതെ തന്നെ.
6നിനക്കു പ്രിയമുള്ളവർ വിടുവിക്കപ്പെടേണ്ടതിന്
നിന്റെ വലങ്കൈകൊണ്ട് രക്ഷിച്ച് ഞങ്ങൾക്ക് ഉത്തരമരുളണമേ.
7ദൈവം തന്റെ വിശുദ്ധിയിൽ അരുളിച്ചെയ്തത്: “ഞാൻ ആനന്ദത്തോടെ
ശേഖേമിനെ വിഭാഗിച്ച് സുക്കോത്ത് താഴ്വരയെ അളക്കും.
8ഗിലെയാദ് എനിക്കുള്ളത്; മനശ്ശെയും എനിക്കുള്ളത്;
എഫ്രയീം എന്റെ ശിരോകവചവും യെഹൂദാ എന്റെ ചെങ്കോലും ആകുന്നു.
9മോവാബ് എനിക്കു കഴുകുവാനുള്ള പാത്രം;
ഏദോമിന്മേൽ ഞാൻ എന്റെ ചെരിപ്പ് എറിയും;
ഫെലിസ്തദേശത്തിന്മേൽ ഞാൻ ജയഘോഷംകൊള്ളും.”
10ഉറപ്പുള്ള നഗരത്തിലേക്ക് എന്നെ ആര് കൊണ്ടുപോകും?
ഏദോമിലേക്ക് എന്നെ ആര് വഴിനടത്തും?
11ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ?
ദൈവമേ, നീ ഞങ്ങളുടെ സൈന്യങ്ങളോടു കൂടി പുറപ്പെടുന്നതുമില്ല.
12വൈരിയുടെ നേരെ ഞങ്ങൾക്കു സഹായം ചെയ്യണമേ;
മനുഷ്യന്റെ സഹായം വ്യർത്ഥമല്ലയോ?.
13ദൈവത്താൽ നാം വീര്യം പ്രവർത്തിക്കും;
അവൻ തന്നെ നമ്മുടെ വൈരികളെ മെതിച്ചുകളയും.
109
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം.
1എന്റെ പുകഴ്ചയായ ദൈവമേ, മൗനമായിരിക്കരുതേ.
2ദുഷ്ടന്റെ വായും വഞ്ചകന്റെ വായും എന്റെ നേരെ തുറന്നിരിക്കുന്നു;
ഭോഷ്കുള്ള നാവുകൊണ്ട് അവർ എന്നോട് സംസാരിച്ചിരിക്കുന്നു.
3അവർ വിദ്വേഷവാക്കുകൾകൊണ്ട് എന്നെ വളഞ്ഞ്
കാരണംകൂടാതെ എന്നോട് പോരാടിയിരിക്കുന്നു.
4എന്റെ സ്നേഹത്തിനു പകരം അവർ എന്നെ കുറ്റം ചുമത്തുന്നു;
എന്നാൽ ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നു.
5നന്മയ്ക്കു പകരം തിന്മയും സ്നേഹത്തിനു പകരം ദ്വേഷവും
അവർ എന്നോടു കാണിച്ചിരിക്കുന്നു.
6നീ അവന്റെമേൽ ഒരു ദുഷ്ടനെ നിയമിക്കണമേ;
സാത്താൻ അവന്റെ വലത്തുഭാഗത്തു നില്ക്കട്ടെ.
7അവനെ വിസ്തരിക്കുമ്പോൾ അവൻ കുറ്റക്കാരനെന്നു തെളിയട്ടെ;
അവന്റെ പ്രാർത്ഥന പാപമായിത്തീരട്ടെ.
8അവന്റെ നാളുകൾ ചുരുങ്ങിപ്പോകട്ടെ;
അവന്റെ സ്ഥാനം മറ്റൊരുത്തൻ ഏല്ക്കട്ടെ.
9അവന്റെ മക്കൾ അനാഥരും അവന്റെ ഭാര്യ വിധവയും ആയിത്തീരട്ടെ.
10അവന്റെ മക്കൾ അലഞ്ഞ് തെണ്ടിനടക്കട്ടെ;
അവരുടെ ശൂന്യഭവനങ്ങൾ വിട്ട് ഇരന്നു നടക്കട്ടെ;
11കടക്കാരൻ അവനുള്ളതൊക്കെയും കൊണ്ടുപോകട്ടെ;
അപരിചിതർ അവന്റെ പ്രയത്നഫലം കൊള്ളയിടട്ടെ.
12അവനോട് ദയ കാണിക്കുവാൻ ആരും ഉണ്ടാകരുതേ;
അനാഥരായ അവന്റെ മക്കളോട് ആർക്കും കരുണ തോന്നരുതേ.
13അവന്റെ സന്തതി മുടിഞ്ഞുപോകട്ടെ;
അടുത്ത തലമുറയിൽ തന്നേ അവരുടെ പേര് മാഞ്ഞു പോകട്ടെ;
14അവന്റെ പിതാക്കന്മാരുടെ അകൃത്യം യഹോവ ഓർക്കുമാറാകട്ടെ;
അവന്റെ അമ്മയുടെ പാപം മാഞ്ഞുപോകയുമരുതേ.
15അവ എല്ലായ്പോഴും യഹോവയുടെ മുമ്പാകെ ഇരിക്കട്ടെ;
അവരുടെ ഓർമ്മ ഭൂമിയിൽനിന്നു ഛേദിച്ചുകളയേണ്ടതിനു തന്നേ.
16അവൻ ദയ കാണിക്കുവാൻ മറന്നുകളഞ്ഞുവല്ലോ;
എളിയവനെയും ദരിദ്രനെയും മനംതകർന്നവനെയും മരണപര്യന്തം ഉപദ്രവിച്ചു.
17ശാപം അവന് പ്രിയമായിരുന്നു; അത് അവന് ഭവിക്കട്ടെ;
അനുഗ്രഹം അവന് അപ്രിയമായിരുന്നു; അത് അവനെ വിട്ടകന്നുപോകട്ടെ.
18അവൻ വസ്ത്രംപോലെ ശാപം ധരിച്ചു;
അവ വെള്ളംപോലെ അവന്റെ ഉള്ളിലും എണ്ണപോലെ അവന്റെ അസ്ഥികളിലും പ്രവേശിക്കട്ടെ.
19ശാപം അവന് പുതയ്ക്കുന്ന വസ്ത്രംപോലെയും
നിത്യം അരയ്ക്കു കെട്ടുന്ന കച്ചപോലെയും ആയിരിക്കട്ടെ.
20ഇത് എന്നെ കുറ്റം ചുമത്തുന്നവർക്കും എനിക്കു വിരോധമായി ദോഷം പറയുന്നവർക്കും യഹോവ കൊടുക്കുന്ന പ്രതിഫലം ആകട്ടെ.
21നീയോ കർത്താവായ യഹോവേ, നിന്റെ നാമം നിമിത്തം എന്നോട് ചെയ്യണമേ;
നിന്റെ ദയ നല്ലതാകയാൽ എന്നെ വിടുവിക്കണമേ.
22ഞാൻ അരിഷ്ടനും ദരിദ്രനും ആകുന്നു;
എന്റെ ഹൃദയത്തിന് മുറിവേറ്റിരിക്കുന്നു.
23ചാഞ്ഞുപോകുന്ന നിഴൽപോലെ ഞാൻ കടന്നുപോകുന്നു;
വെട്ടുക്കിളിയെപ്പോലെ എന്നെ കുടഞ്ഞുകളയുന്നു.
24എന്റെ മുഴങ്കാലുകൾ ഉപവാസംകൊണ്ടു വിറയ്ക്കുന്നു.
എന്റെ ദേഹം പുഷ്ടിയില്ലാതെ ക്ഷയിച്ചിരിക്കുന്നു.
25ഞാൻ അവർക്ക് പരിഹാസപാത്രമായിത്തീർന്നിരിക്കുന്നു;
എന്നെ കാണുമ്പോൾ അവർ തല കുലുക്കുന്നു.
26എന്റെ ദൈവമായ യഹോവേ, എന്നെ സഹായിക്കണമേ;
നിന്റെ ദയയ്ക്കു തക്കവണ്ണം എന്നെ രക്ഷിക്കണമേ.
27യഹോവേ, ഇതു നിന്റെ കൈ എന്നും നീ ഇതു ചെയ്തു എന്നും അവർ അറിയേണ്ടതിനു തന്നെ.
28അവർ ശപിക്കട്ടെ; നീയോ അനുഗ്രഹിക്കണമേ;
അവർ എതിർക്കുമ്പോൾ ലജ്ജിച്ചുപോകട്ടെ; നിന്റെ ദാസനായ
അടിയനോ സന്തോഷിക്കും;
29എന്റെ എതിരാളികൾ നിന്ദ ധരിക്കട്ടെ;
പുതപ്പ് പുതയ്ക്കുന്നതുപോലെ അവർ ലജ്ജ പുതയ്ക്കും.
30ഞാൻ എന്റെ വായ് കൊണ്ട് യഹോവയെ അത്യന്തം സ്തുതിക്കും;
അതെ, ഞാൻ പുരുഷാരത്തിന്റെ നടുവിൽ അവനെ പുകഴ്ത്തും.
31അവൻ ശിക്ഷയ്ക്കു വിധിക്കുന്നവരുടെ കൈയിൽനിന്ന് എളിയവരെ രക്ഷിക്കുവാൻ
അവന്റെ വലത്തുഭാഗത്തു നില്ക്കുന്നു.
110
ദാവീദിന്റെ ഒരു സങ്കീർത്തനം.
1യഹോവ എന്റെ കർത്താവിനോട് അരുളിച്ചെയ്യുന്നത്:
“ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം
നീ എന്റെ വലത്തുഭാഗത്തിരിക്കുക”.
2നിന്റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും;
നീ നിന്റെ ശത്രുക്കളുടെ മദ്ധ്യത്തിൽ വാഴുക.
3നീ സേനാദിവസം നിന്റെ ജനം സ്വമേധയാ നിനക്ക് വിധേയപ്പെട്ടിരിക്കും;
വിശുദ്ധ വസ്ത്രാലങ്കാരത്തോടുകൂടി ഉഷസ്സിന്റെ ഉദരത്തിൽനിന്ന് പുറപ്പെടുന്ന
മഞ്ഞുപോലെ യുവാക്കൾ നിനക്കുവേണ്ടി പുറപ്പെട്ടുവരും.
4“നീ മല്ക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും ഒരു പുരോഹിതൻ ആകുന്നു”
എന്ന് യഹോവ സത്യം ചെയ്തു; അതിന് മാറ്റമില്ല.
5നിന്റെ വലത്തുഭാഗത്തിരിക്കുന്ന കർത്താവ് തന്റെ ക്രോധദിവസത്തിൽ രാജാക്കന്മാരെ തകർത്തുകളയും.
6അവൻ ജനതകളുടെ ഇടയിൽ ന്യായംവിധിക്കും;
അവൻ എല്ലാ സ്ഥലങ്ങളും ശവങ്ങൾകൊണ്ട് നിറയ്ക്കും;
അവൻ അനേകം ദേശങ്ങളുടെ തലവന്മാരെ തകർത്തുകളയും.
7അവൻ വഴിയരികിലുള്ള അരുവിയിൽനിന്നു കുടിക്കും;
അതുകൊണ്ട് അവൻ തല ഉയർത്തും.
111
1യഹോവയെ സ്തുതിക്കുവിൻ.
ഞാൻ നേരുള്ളവരുടെ സംഘത്തിലും സഭയിലും
പൂർണ്ണഹൃദയത്തോടുകൂടി യഹോവയ്ക്കു സ്തോത്രം ചെയ്യും.
2യഹോവയുടെ പ്രവൃത്തികൾ വലിയവയും
അവ ഇഷ്ടപ്പെടുന്നവർ എല്ലാവരും പഠിക്കേണ്ടതും ആകുന്നു.
3അവന്റെ പ്രവൃത്തി മഹത്വവും തേജസ്സും ഉള്ളത്;
അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു.
4അവൻ തന്റെ അത്ഭുതപ്രവൃത്തികൾ ഓർമ്മിക്കപ്പെടുവാൻ ഉണ്ടാക്കിയിരിക്കുന്നു;
യഹോവ കൃപയും കരുണയും ഉള്ളവൻ തന്നെ.
5തന്റെ ഭക്തന്മാർക്ക് അവൻ ആഹാരം കൊടുക്കുന്നു;
അവൻ തന്റെ ഉടമ്പടി എന്നേക്കും ഓർമ്മിക്കുന്നു.
6ജനതകളുടെ അവകാശം അവൻ സ്വജനത്തിന് കൊടുത്തതിനാൽ
തന്റെ പ്രവൃത്തികളുടെ ശക്തി അവർക്കു വെളിപ്പെടുത്തിയിരിക്കുന്നു.
7അവന്റെ കൈകളുടെ പ്രവൃത്തികൾ സത്യവും ന്യായവും ആകുന്നു;
അവന്റെ പ്രമാണങ്ങൾ എല്ലാം വിശ്വാസ്യം തന്നെ.
8അവ എന്നെന്നേക്കും സ്ഥിരമായിരിക്കുന്നു;
അവ വിശ്വസ്തതയോടും നേരോടുംകൂടി അനുഷ്ഠിക്കപ്പെടുന്നു.
9അവൻ തന്റെ ജനത്തിന് വീണ്ടെടുപ്പ് അയച്ച്,
തന്റെ ഉടമ്പടി എന്നേക്കുമായി കല്പിച്ചിരിക്കുന്നു;
അവന്റെ നാമം വിശുദ്ധവും ഭയങ്കരവും ആകുന്നു.
10യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു;
അവന്റെ കല്പനകൾ ആചരിക്കുന്ന എല്ലാവർക്കും നല്ല ബുദ്ധി ഉണ്ട്;
അവന്റെ സ്തുതി എന്നേക്കും നിലനില്ക്കുന്നു.
112
1യഹോവയെ സ്തുതിക്കുവിൻ;
യഹോവയെ ഭയപ്പെട്ട്, അവന്റെ കല്പനകൾ
ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ.
2അവന്റെ സന്തതി ഭൂമിയിൽ ബലപ്പെട്ടിരിക്കും;
നേരുള്ളവരുടെ തലമുറ അനുഗ്രഹിക്കപ്പെടും.
3ഐശ്വര്യവും സമ്പത്തും അവന്റെ വീട്ടിൽ ഉണ്ടാകും;
അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു.
4നേരുള്ളവർക്ക് ഇരുട്ടിൽ വെളിച്ചം ഉദിക്കുന്നു;
അവൻ കൃപയും കരുണയും നീതിയും ഉള്ളവനാകുന്നു.
5കൃപതോന്നി വായ്പകൊടുക്കുന്നവൻ ശുഭമായിരിക്കും;
വിവേകത്തോടെ അവൻ തന്റെ കാര്യം നടത്തും.
6അവൻ ഒരു നാളും കുലുങ്ങിപ്പോകുകയില്ല;
നീതിമാൻ എന്നേക്കും സ്മരിക്കപ്പെടും.
7ദുർവ്വർത്തമാനംനിമിത്തം അവൻ ഭയപ്പെടുകയില്ല;
അവന്റെ ഹൃദയം യഹോവയിൽ ആശ്രയിച്ച് ഉറച്ചിരിക്കും.
8അവന്റെ ഹൃദയം ഭയപ്പെടാതെ സ്ഥിരമായിരിക്കുന്നു;
അവൻ ശത്രുക്കളിൽ തന്റെ ആഗ്രഹം നിവർത്തിച്ചുകാണും.
9അവൻ വാരി വിതറി ദരിദ്രന്മാർക്കു കൊടുക്കുന്നു;
അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു;
അവന്റെ കൊമ്പ് ബഹുമാനത്തോടെ ഉയർന്നിരിക്കും.
10ദുഷ്ടൻ അതു കണ്ട് വ്യസനിക്കും;
അവൻ പല്ലുകടിച്ച് ഉരുകിപ്പോകും;
ദുഷ്ടന്റെ ആശ നശിച്ചുപോകും.
113
1യഹോവയെ സ്തുതിക്കുവിൻ;
യഹോവയുടെ ദാസന്മാരെ സ്തുതിക്കുവിൻ;
യഹോവയുടെ നാമത്തെ സ്തുതിക്കുവിൻ.
2യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ;
ഇന്നുമുതൽ എന്നെന്നേക്കും തന്നെ.
3സൂര്യന്റെ ഉദയംമുതൽ അസ്തമയം വരെ
യഹോവയുടെ നാമം സ്തുതിക്കപ്പെടുമാറാകട്ടെ.
4യഹോവ സകലജനതകൾക്കും മീതെയും
അവന്റെ മഹത്വം ആകാശത്തിന് മീതെയും ഉയർന്നിരിക്കുന്നു.
5ഉന്നതത്തിൽ അധിവസിക്കുന്നവനായ
നമ്മുടെ ദൈവമായ യഹോവയ്ക്കു സദൃശൻ ആരുണ്ട്?
6ആകാശത്തിലും ഭൂമിയിലും ഉള്ളവ അവൻ കുനിഞ്ഞുനോക്കുന്നു.
7അവൻ എളിയവനെ പൊടിയിൽനിന്ന് എഴുന്നേല്പിക്കുകയും
ദരിദ്രനെ കുപ്പയിൽനിന്ന് ഉയർത്തുകയും ചെയ്തു;
8പ്രഭുക്കന്മാരോടുകൂടി,
തന്റെ ജനത്തിന്റെ പ്രഭുക്കന്മാരോടുകൂടിത്തന്നെ അവരെ ഇരുത്തുന്നു.
9അവൻ മച്ചിയായവളെ,
മക്കളുടെ അമ്മയായി, സന്തോഷത്തോടെ വീട്ടിൽ വസിക്കുമാറാക്കുന്നു.
114
1യിസ്രായേൽ ഈജിപ്റ്റിൽനിന്നും
യാക്കോബിൻ ഗൃഹം ഇതരഭാഷയുള്ള ജനതയുടെ ഇടയിൽനിന്നും പുറപ്പെട്ടപ്പോൾ
2യെഹൂദാ അവന്റെ വിശുദ്ധമന്ദിരവും
യിസ്രായേൽ അവന്റെ ആധിപത്യദേശവുമായിത്തീർന്നു.
3സമുദ്രം അത് കണ്ട് ഓടിപ്പോയി; യോർദ്ദാൻ പിൻവാങ്ങി.
4പർവ്വതങ്ങൾ മുട്ടാടുകളെപ്പോലെയും
കുന്നുകൾ കുഞ്ഞാടുകളെപ്പോലെയും തുള്ളി.
5സമുദ്രമേ, നീ ഓടുന്നതെന്ത്?
യോർദ്ദാനേ, നീ പിൻവാങ്ങുന്നതെന്ത്?
6പർവ്വതങ്ങളേ; നിങ്ങൾ മുട്ടാടുകളെപ്പോലെയും
കുന്നുകളേ, നിങ്ങൾ കുഞ്ഞാടുകളെപ്പോലെയും തുള്ളുന്നത് എന്ത്?.
7ഭൂമിയേ, നീ കർത്താവിന്റെ സന്നിധിയിൽ,
യാക്കോബിന്റെ ദൈവത്തിന്റെ സന്നിധിയിൽ വിറയ്ക്കുക.
8അവൻ പാറയെ ജലതടാകവും
തീക്കല്ലിനെ നീരുറവും ആക്കിയിരിക്കുന്നു.
115
1ഞങ്ങൾക്കല്ല, യഹോവേ, ഞങ്ങൾക്കല്ല,
നിന്റെ ദയയും വിശ്വസ്തതയും നിമിത്തം നിന്റെ നാമത്തിനു തന്നെ മഹത്വം വരുത്തണമേ.
2“അവരുടെ ദൈവം എവിടെ?” എന്ന് ജനതകൾ പറയുന്നതെന്തിന്?
3നമ്മുടെ ദൈവം സ്വർഗ്ഗത്തിൽ ഉണ്ട്;
തനിക്ക് ഇഷ്ടമുള്ളതെല്ലാം അവൻ ചെയ്യുന്നു.
4അവരുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും ആകുന്നു;
മനുഷ്യരുടെ കൈവേല തന്നെ.
5അവയ്ക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല;
കണ്ണുണ്ടെങ്കിലും കാണുന്നില്ല.
6അവയ്ക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല;
മൂക്കുണ്ടെങ്കിലും മണക്കുന്നില്ല.
7അവയ്ക്കു കൈയുണ്ടെങ്കിലും സ്പർശിക്കുന്നില്ല;
കാലുണ്ടെങ്കിലും നടക്കുന്നില്ല; തൊണ്ട കൊണ്ട് സംസാരിക്കുന്നതുമില്ല.
8അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെ ആകുന്നു;
അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നെ.
9യിസ്രായേലേ, യഹോവയിൽ ആശ്രയിക്കുക;
അവൻ അവരുടെ സഹായവും പരിചയും ആകുന്നു;
10അഹരോൻഗൃഹമേ, യഹോവയിൽ ആശ്രയിക്കുക;
അവൻ അവരുടെ സഹായവും പരിചയും ആകുന്നു.
11യഹോവാഭക്തന്മാരേ, യഹോവയിൽ ആശ്രയിക്കുക;
അവൻ അവരുടെ സഹായവും പരിചയും ആകുന്നു.
12യഹോവ നമ്മെ ഓർത്തിരിക്കുന്നു; അവൻ അനുഗ്രഹിക്കും;
അവൻ യിസ്രായേൽഗൃഹത്തെ അനുഗ്രഹിക്കും;
അവൻ അഹരോൻഗൃഹത്തെ അനുഗ്രഹിക്കും.
13അവൻ യഹോവാഭക്തന്മാരായ ചെറിയവരെയും വലിയവരെയും അനുഗ്രഹിക്കും.
14യഹോവ നിങ്ങളെ മേല്ക്കുമേൽ വർദ്ധിപ്പിക്കട്ടെ;
നിങ്ങളെയും നിങ്ങളുടെ മക്കളെയും തന്നെ.
15ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയാൽ
നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു.
16സ്വർഗ്ഗം യഹോവയുടെ സ്വർഗ്ഗമാകുന്നു;
ഭൂമിയെ അവൻ മനുഷ്യർക്ക് കൊടുത്തിരിക്കുന്നു.
17മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും
യഹോവയെ സ്തുതിക്കുന്നില്ല.
18നാമോ, ഇന്നുമുതൽ എന്നേക്കും യഹോവയെ വാഴ്ത്തും.
യഹോവയെ സ്തുതിക്കുവിൻ.
116
1യഹോവ എന്റെ പ്രാർത്ഥനയും യാചനകളും കേട്ടതുകൊണ്ട്
ഞാൻ അവനെ സ്നേഹിക്കുന്നു.
2അവൻ തന്റെ ചെവി എങ്കലേക്കു ചായിച്ചതുകൊണ്ട്
ഞാൻ ജീവിതകാലമെല്ലാം അവനെ വിളിച്ചപേക്ഷിക്കും
3മരണപാശങ്ങൾ എന്നെ ചുറ്റി, പാതാള വേദനകൾ എന്നെ പിടിച്ചു;
ഞാൻ കഷ്ടവും സങ്കടവും അനുഭവിച്ചു.
4“അയ്യോ, യഹോവേ, എന്റെ പ്രാണനെ രക്ഷിക്കണമേ”
എന്ന് ഞാൻ യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചു.
5യഹോവ കൃപയും നീതിയും ഉള്ളവൻ;
നമ്മുടെ ദൈവം കരുണയുള്ളവൻ തന്നെ.
6യഹോവ അല്പബുദ്ധികളെ സംരക്ഷിക്കുന്നു;
അവൻ എന്നെ എളിയവനാക്കി, എന്നെ രക്ഷിക്കുകയും ചെയ്തു.
7എൻ മനമേ, നീ വീണ്ടും സ്വസ്ഥമായിരിക്കുക;
എന്തെന്നാൽ യഹോവ എനിക്കു നന്മ ചെയ്തിരിക്കുന്നു.
8നീ എന്റെ പ്രാണനെ മരണത്തിൽനിന്നും
എന്റെ കണ്ണിനെ കണ്ണുനീരിൽനിന്നും
എന്റെ കാലിനെ വീഴ്ചയിൽനിന്നും രക്ഷിച്ചിരിക്കുന്നു.
9ഞാൻ ജീവനുള്ളവരുടെ ദേശത്ത്
യഹോവയുടെ മുമ്പാകെ നടക്കും.
10“ഞാൻ വലിയ കഷ്ടതയിൽ ആയി”
എന്ന് പറഞ്ഞത് ഞാൻ അത് വിശ്വസിച്ചതുകൊണ്ടാണ്.
11“സകലമനുഷ്യരും ഭോഷ്ക്കു പറയുന്നു”
എന്ന് ഞാൻ എന്റെ പരിഭ്രമത്തിൽ പറഞ്ഞു.
12യഹോവ എനിക്കു ചെയ്ത സകല ഉപകാരങ്ങൾക്കും
ഞാൻ അവന് എന്ത് പകരം കൊടുക്കും?
13ഞാൻ രക്ഷയുടെ പാനപാത്രം എടുത്ത് യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.
14യഹോവയ്ക്ക് ഞാൻ എന്റെ നേർച്ചകൾ അവന്റെ സകലജനവും കാൺകെ കഴിക്കും.
15തന്റെ ഭക്തന്മാരുടെ മരണം
യഹോവയ്ക്കു വിലയേറിയതാകുന്നു.
16യഹോവേ, ഞാൻ നിന്റെ ദാസൻ ആകുന്നു;
നിന്റെ ദാസനും നിന്റെ ദാസിയുടെ മകനും തന്നെ;
നീ എന്റെ ബന്ധനങ്ങൾ അഴിച്ചിരിക്കുന്നു.
17ഞാൻ നിനക്ക് സ്തോത്രയാഗം അർപ്പിച്ച്
യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.
18യഹോവയുടെ ആലയത്തിന്റെ പ്രാകാരങ്ങളിലും
യെരൂശലേമേ, നിന്റെ നടുവിലും
19ഞാൻ യഹോവയ്ക്ക് എന്റെ നേർച്ചകൾ അവന്റെ സകലജനവും കാൺകെ കഴിക്കും.
യഹോവയെ സ്തുതിക്കുവിൻ.
117
1സകല ജനതതികളുമേ, യഹോവയെ സ്തുതിക്കുവിൻ;
സകല വംശങ്ങളുമേ, അവനെ പുകഴ്ത്തുവിൻ.
2നമ്മളോടുള്ള അവന്റെ ദയ വലിയതായിരിക്കുന്നു;
യഹോവയുടെ വിശ്വസ്തത എന്നേക്കും ഉള്ളത്.
യഹോവയെ സ്തുതിക്കുവിൻ.
118
1യഹോവയ്ക്ക് സ്തോത്രം ചെയ്യുവിൻ; അവൻ നല്ലവനല്ലയോ;
അവന്റെ ദയ എന്നേക്കുമുള്ളത്.
2അവന്റെ ദയ എന്നേക്കുമുള്ളത്
എന്ന് യിസ്രായേൽ പറയട്ടെ.
3അവന്റെ ദയ എന്നേക്കുമുള്ളത്
എന്ന് അഹരോൻഗൃഹം പറയട്ടെ.
4അവന്റെ ദയ എന്നേക്കുമുള്ളത്
എന്ന് യഹോവാഭക്തർ പറയട്ടെ.
5ഞെരുക്കത്തിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു,
യഹോവ ഉത്തരമരുളി എന്നെ വിശാലസ്ഥലത്താക്കി.
6യഹോവ എന്റെ പക്ഷത്തുണ്ട്; ഞാൻ ഭയപ്പെടുകയില്ല;
മനുഷ്യൻ എന്നോട് എന്തു ചെയ്യും?
7എന്നെ സഹായിക്കുവാനായി യഹോവ എന്റെ പക്ഷത്തുണ്ട്;
എന്റെ ശത്രുക്കൾ പരാജയപ്പെടുന്നതു ഞാൻ കാണും.
8മനുഷ്യനിൽ ആശ്രയിക്കുന്നതിനേക്കാൾ
യഹോവയിൽ ആശ്രയിക്കുന്നത് നല്ലത്.
9പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനേക്കാൾ
യഹോവയിൽ ആശ്രയിക്കുന്നത് നല്ലത്.
10സകലജനതകളും എന്നെ ചുറ്റിവളഞ്ഞു;
യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും.
11അവർ എന്നെ വളഞ്ഞു; അതേ, അവർ എന്നെ വളഞ്ഞു;
യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും.
12അവർ തേനീച്ചപോലെ എന്നെ പൊതിഞ്ഞു;
മുൾതീപോലെ അവർ കെട്ടുപോയി;
യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും.
13ഞാൻ വീഴുവാൻ തക്കവണ്ണം നീ എന്നെ തള്ളി;
എങ്കിലും യഹോവ എന്നെ സഹായിച്ചു.
14യഹോവ എന്റെ ബലവും എന്റെ കീർത്തനവും ആകുന്നു;
അവൻ എനിക്ക് രക്ഷയായും തീർന്നു.
15ഉല്ലാസത്തിന്റെയും ജയത്തിന്റെയും ഘോഷം നീതിമാന്മാരുടെ കൂടാരങ്ങളിൽ ഉണ്ട്;
യഹോവയുടെ വലങ്കൈ വീര്യം പ്രവർത്തിക്കുന്നു.
16യഹോവയുടെ വലങ്കൈ ഉയർന്നിരിക്കുന്നു;
യഹോവയുടെ വലങ്കൈ വീര്യം പ്രവർത്തിക്കുന്നു.
17ഞാൻ മരിക്കുകയില്ല; ഞാൻ ജീവനോടെയിരുന്ന് യഹോവയുടെ പ്രവൃത്തികൾ വർണ്ണിക്കും.
18യഹോവ എന്നെ കഠിനമായി ശിക്ഷിച്ചു;
എങ്കിലും അവൻ എന്നെ മരണത്തിന് ഏല്പിച്ചിട്ടില്ല.
19നീതിയുടെ വാതിലുകൾ എനിക്ക് തുറന്നു തരുവിൻ;
ഞാൻ അവയിൽകൂടി കടന്ന് യഹോവയ്ക്കു സ്തോത്രം ചെയ്യും.
20യഹോവയുടെ വാതിൽ ഇതു തന്നെ;
നീതിമാന്മാർ അതിൽകൂടി കടക്കും.
21നീ എനിക്ക് ഉത്തരമരുളി എന്റെ രക്ഷയായി തീർന്നിരിക്കുകയാൽ
ഞാൻ നിനക്കു സ്തോത്രം ചെയ്യും.
22വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി തീർന്നിരിക്കുന്നു.
23ഇത് യഹോവയാൽ സംഭവിച്ചു
നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യം ആയിരിക്കുന്നു.
24ഇത് യഹോവ ഉണ്ടാക്കിയ ദിവസം;
ഇന്ന് നാം സന്തോഷിച്ച് ആനന്ദിക്കുക.
25യഹോവേ, ഞങ്ങളെ രക്ഷിക്കണമേ;
യഹോവേ, ഞങ്ങൾക്ക് ജയം നല്കണമേ.
26യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ;
ഞങ്ങൾ യഹോവയുടെ ആലയത്തിൽനിന്ന് നിങ്ങളെ അനുഗ്രഹിക്കുന്നു.
27യഹോവ തന്നെ ദൈവം; അവൻ നമുക്ക് പ്രകാശം തന്നിരിക്കുന്നു;
യാഗപീഠത്തിന്റെ കൊമ്പുകളിൽ
യാഗമൃഗത്തെ കയറുകൊണ്ട് കെട്ടുവിൻ.
28നീ എന്റെ ദൈവമാകുന്നു; ഞാൻ നിനക്കു സ്തോത്രം ചെയ്യും;
നീ എന്റെ ദൈവമാകുന്നു; ഞാൻ നിന്നെ പുകഴ്ത്തും.
29യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ;
അവൻ നല്ലവനല്ലയോ; അവന്റെ ദയ എന്നേക്കും ഉള്ളതാകുന്നു.
119ആലേഫ്.
1യഹോവയുടെ ന്യായപ്രമാണം അനുസരിച്ച്
നടപ്പിൽ നിഷ്കളങ്കരായവർ ഭാഗ്യവാന്മാർ.
2അവന്റെ സാക്ഷ്യങ്ങൾ പ്രമാണിച്ച്
പൂർണ്ണഹൃദയത്തോടെ അവനെ അന്വേഷിക്കുന്നവർ ഭാഗ്യവാന്മാർ.
3അവർ നീതികേടു പ്രവർത്തിക്കാതെ
അവന്റെ വഴികളിൽതന്നെ നടക്കുന്നു.
4നിന്റെ പ്രമാണങ്ങൾ കൃത്യമായി ആചരിക്കേണ്ടതിന്
നീ അവ കല്പിച്ചുതന്നിരിക്കുന്നു.
5നിന്റെ ചട്ടങ്ങൾ ആചരിക്കേണ്ടതിന്
എന്റെ നടപ്പ് സ്ഥിരതയുള്ളതായെങ്കിൽ കൊള്ളാമായിരുന്നു.
6നിന്റെ സകലകല്പനകളും ശ്രദ്ധിക്കുന്ന കാലത്തോളം
ഞാൻ ലജ്ജിച്ചുപോകുകയില്ല.
7നിന്റെ നീതിയുള്ള വിധികൾ പഠിച്ചിട്ട്
ഞാൻ പരമാർത്ഥഹൃദയത്തോടെ നിനക്കു സ്തോത്രം ചെയ്യും.
8ഞാൻ നിന്റെ ചട്ടങ്ങൾ ആചരിക്കും;
എന്നെ അശേഷം ഉപേക്ഷിക്കരുതേ.
ബേത്ത്.
9ഒരു ബാലൻ തന്റെ നടപ്പ് നിർമ്മലമായി സൂക്ഷിക്കുന്നത് എങ്ങനെ?
നിന്റെ വചനപ്രകാരം തന്റെ നടപ്പ് ശ്രദ്ധിക്കുന്നതിനാൽ തന്നെ.
10ഞാൻ പൂർണ്ണഹൃദയത്തോടെ നിന്നെ അന്വേഷിക്കുന്നു;
നിന്റെ കല്പനകൾ വിട്ടുനടക്കുവാൻ എനിക്ക് ഇടവരരുതേ.
11ഞാൻ നിന്നോട് പാപം ചെയ്യാതിരിക്കേണ്ടതിന്
നിന്റെ വചനം എന്റെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു.
12യഹോവേ, നീ വാഴ്ത്തപ്പെട്ടവൻ;
നിന്റെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരണമേ.
13ഞാൻ എന്റെ അധരങ്ങൾകൊണ്ട്
നിന്റെ വായിൽ നിന്നുള്ള വിധികളെ ഒക്കെയും വർണ്ണിക്കുന്നു.
14ഞാൻ സർവ്വസമ്പത്തിലും എന്നപോലെ
നിന്റെ സാക്ഷ്യങ്ങളുടെ വഴിയിൽ ആനന്ദിക്കുന്നു.
15ഞാൻ നിന്റെ പ്രമാണങ്ങൾ ധ്യാനിക്കുകയും
നിന്റെ വഴികളെ ശ്രദ്ധിച്ചുനോക്കുകയും ചെയ്യുന്നു.
16ഞാൻ നിന്റെ ചട്ടങ്ങളിൽ പ്രമോദിക്കും;
നിന്റെ വചനം മറക്കുകയുമില്ല.
ഗീമെൽ.
17ജീവിച്ചിരുന്ന് നിന്റെ വചനം പ്രമാണിക്കേണ്ടതിന് അടിയന് നന്മ ചെയ്യണമേ.
18നിന്റെ ന്യായപ്രമാണത്തിലെ അത്ഭുതകാര്യങ്ങൾ കാണേണ്ടതിന്
എന്റെ കണ്ണുകളെ തുറക്കേണമേ.
19ഞാൻ ഭൂമിയിൽ പരദേശിയാകുന്നു;
നിന്റെ കല്പനകൾ എനിക്ക് മറച്ചുവയ്ക്കരുതേ.
20നിന്റെ വിധികൾക്കുവേണ്ടിയുള്ള നിരന്തരവാഞ്ഛകൊണ്ട്
എന്റെ മനസ്സു തകർന്നിരിക്കുന്നു.
21നിന്റെ കല്പനകൾ വിട്ട് തെറ്റി നടക്കുന്നവരായ
ശപിക്കപ്പെട്ട അഹങ്കാരികളെ നീ ഭർസിക്കുന്നു.
22നിന്ദയും അപമാനവും എന്നോട് അകറ്റണമേ;
ഞാൻ നിന്റെ സാക്ഷ്യങ്ങൾ പ്രമാണിക്കുന്നു.
23പ്രഭുക്കന്മാരും കൂടിയിരുന്ന് എനിക്കു വിരോധമായി സംസാരിക്കുന്നു;
എങ്കിലും അടിയൻ നിന്റെ ചട്ടങ്ങളെ ധ്യാനിക്കുന്നു.
24നിന്റെ സാക്ഷ്യങ്ങൾ എന്റെ പ്രമോദവും
എന്റെ ആലോചനക്കാരും ആകുന്നു.
ദാലെത്ത്.
25എന്റെ പ്രാണൻ പൊടിയോടു പറ്റിയിരിക്കുന്നു;
തിരുവചനപ്രകാരം എന്നെ ജീവിപ്പിക്കണമേ.
26എന്റെ വഴികളെ ഞാൻ വിവരിച്ചപ്പോൾ നീ എനിക്ക് ഉത്തരമരുളി;
നിന്റെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചുതരണമേ.
27നിന്റെ പ്രമാണങ്ങളുടെ വഴി എന്നെ ഗ്രഹിപ്പിക്കണമേ;
എന്നാൽ ഞാൻ നിന്റെ അത്ഭുതങ്ങളെ ധ്യാനിക്കും.
28എന്റെ പ്രാണൻ വിഷാദംകൊണ്ട് ഉരുകുന്നു;
നിന്റെ വചനപ്രകാരം എന്നെ ശക്തീകരിക്കണമേ.
29ഭോഷ്കിന്റെ വഴി എന്നോട് അകറ്റണമേ;
നിന്റെ ന്യായപ്രമാണം എനിക്ക് കൃപയോടെ നല്കണമേ.
30വിശ്വസ്തതയുടെ മാർഗ്ഗം ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു;
നിന്റെ വിധികൾ എന്റെ മുമ്പിൽ വച്ചിരിക്കുന്നു.
31ഞാൻ നിന്റെ സാക്ഷ്യങ്ങളോടു പറ്റിയിരിക്കുന്നു;
യഹോവേ, എന്നെ ലജ്ജിപ്പിക്കരുതേ.
32നീ എന്റെ ഹൃദയത്തെ വിശാലമാക്കുമ്പോൾ
ഞാൻ നിന്റെ കല്പനകളുടെ വഴിയിൽ ഓടും.
ഹേ.
33യഹോവേ, നിന്റെ ചട്ടങ്ങളുടെ വഴി എന്നെ ഉപദേശിക്കണമേ;
ഞാൻ അത് അവസാനത്തോളം പ്രമാണിക്കും.
34ഞാൻ നിന്റെ ന്യായപ്രമാണം കാക്കേണ്ടതിനും
അത് പൂർണ്ണഹൃദയത്തോടെ പ്രമാണിക്കേണ്ടതിനും എനിക്ക് ബുദ്ധി നല്കണമേ.
35നിന്റെ കല്പനകളുടെ പാതയിൽ എന്നെ നടത്തണമേ;
ഞാൻ അത് ഇഷ്ടപ്പെടുന്നുവല്ലോ.
36ദുരാദായത്തിലേക്കല്ല, നിന്റെ സാക്ഷ്യങ്ങളിലേക്കു തന്നെ
എന്റെ ഹൃദയം ചായുമാറാക്കണമേ.
37വ്യാജത്തിലേക്കു നോക്കാതെ എന്റെ കണ്ണുകൾ തിരിച്ച്
നിന്റെ വഴികളിൽ എന്നെ ജീവിപ്പിക്കണമേ.
38നിന്നോടുള്ള ഭക്തി വർദ്ധിപ്പിക്കുന്ന
നിന്റെ വചനം അടിയന് ഉറപ്പിച്ചുതരണമേ.
39ഞാൻ പേടിക്കുന്ന നിന്ദ എന്നോട് അകറ്റിക്കളയണമേ;
നിന്റെ വിധികൾ നല്ലവയല്ലയോ?.
40ഇതാ, ഞാൻ നിന്റെ പ്രമാണങ്ങളെ വാഞ്ഛിക്കുന്നു;
നിന്റെ നീതിയാൽ എന്നെ ജീവിപ്പിക്കണമേ.
വൗ.
41യഹോവേ, നിന്റെ വചനപ്രകാരം നിന്റെ ദയയും
നിന്റെ രക്ഷയും എന്നിലേക്ക് വരുമാറാകട്ടെ.
42ഞാൻ നിന്റെ വചനത്തിൽ ആശ്രയിക്കുന്നതുകൊണ്ട്
എന്നെ നിന്ദിക്കുന്നവനോട് ഉത്തരം പറയുവാൻ ഞാൻ പ്രാപ്തനാകും.
43ഞാൻ നിന്റെ വിധികൾക്കായി കാത്തിരിക്കുകയാൽ
സത്യത്തിന്റെ വചനം എന്റെ വായിൽ നിന്ന് നീക്കിക്കളയരുതേ.
44അങ്ങനെ ഞാൻ നിന്റെ ന്യായപ്രമാണം
ഇടവിടാതെ എന്നേക്കും പ്രമാണിക്കും.
45നിന്റെ പ്രമാണങ്ങൾ ആരായുന്നതുകൊണ്ട്
ഞാൻ വിശാലതയിൽ നടക്കും.
46ഞാൻ ലജ്ജിക്കാതെ രാജാക്കന്മാരുടെ മുമ്പിലും
നിന്റെ സാക്ഷ്യങ്ങളെക്കുറിച്ചു സംസാരിക്കും.
47ഞാൻ നിന്റെ കല്പനകളിൽ പ്രമോദിക്കുന്നു;
അവ എനിക്ക് പ്രിയമായിരിക്കുന്നു.
48എനിക്കു പ്രിയമായിരിക്കുന്ന നിന്റെ കല്പനകളിലേക്ക് ഞാൻ കൈകൾ ഉയർത്തുന്നു;
നിന്റെ ചട്ടങ്ങൾ ഞാൻ ധ്യാനിക്കുന്നു.
സയിൻ.
49എനിക്ക് പ്രത്യാശ നൽകുവാൻ കാരണമായ
അടിയനോടുള്ള നിന്റെ വചനത്തെ ഓർക്കണമേ.
50നിന്റെ വചനം എന്നെ ജീവിപ്പിച്ചിരിക്കുന്നത്
എന്റെ കഷ്ടതയിൽ എനിക്ക് ആശ്വാസമാകുന്നു.
51അഹങ്കാരികൾ എന്നെ അത്യന്തം പരിഹസിച്ചു;
എന്നാൽ ഞാൻ നിന്റെ ന്യായപ്രമാണം വിട്ടുമാറിയിട്ടില്ല.
52യഹോവേ, പുരാതനമായ നിന്റെ വിധികൾ ഓർത്ത്
ഞാൻ എന്നെത്തന്നെ ആശ്വസിപ്പിക്കുന്നു.
53നിന്റെ ന്യായപ്രമാണം ഉപേക്ഷിക്കുന്ന ദുഷ്ടന്മാർനിമിത്തം
എനിക്ക് ഉഗ്രകോപം പിടിച്ചിരിക്കുന്നു.
54ഞാൻ പരദേശിയായി പാർക്കുന്ന വീട്ടിൽ നിന്റെ ചട്ടങ്ങൾ എന്റെ കീർത്തനം ആകുന്നു.
55യഹോവേ, രാത്രിയിൽ ഞാൻ തിരുനാമം ഓർക്കുന്നു;
നിന്റെ ന്യായപ്രമാണം ഞാൻ ആചരിക്കുന്നു.
56നിന്റെ പ്രമാണങ്ങൾ അനുസരിക്കുന്നത്
എനിക്ക് അനുഗ്രഹമായിരിക്കുന്നു.
ഹേത്ത്.
57യഹോവേ, നീ എന്റെ ഓഹരിയാകുന്നു;
ഞാൻ നിന്റെ വചനങ്ങൾ പ്രമാണിക്കും എന്നു ഞാൻ പറഞ്ഞു.
58പൂർണ്ണഹൃദയത്തോടെ ഞാൻ നിന്റെ കൃപയ്ക്കായി അപേക്ഷിക്കുന്നു;
നിന്റെ വാഗ്ദാനപ്രകാരം എന്നോടു കൃപയുണ്ടാകണമേ.
59ഞാൻ എന്റെ വഴികളെക്കുറിച്ച് ചിന്തിച്ച്,
എന്റെ കാലുകൾ നിന്റെ സാക്ഷ്യങ്ങളിലേക്കു തിരിക്കുന്നു.
60നിന്റെ കല്പനകൾ പ്രമാണിക്കുവാൻ
ഞാൻ ഒട്ടും വൈകാതെ ബദ്ധപ്പെടുന്നു;
61ദുഷ്ടന്മാരുടെ കയറുകൾ എന്നെ ചുറ്റിയിരിക്കുന്നു;
എങ്കിലും ഞാൻ നിന്റെ ന്യായപ്രമാണം മറക്കുന്നില്ല.
62നിന്റെ നീതിയുള്ള ന്യായവിധികൾ നിമിത്തം
നിനക്കു സ്തോത്രം ചെയ്യുവാൻ ഞാൻ അർദ്ധരാത്രിയിൽ എഴുന്നേല്ക്കും.
63നിന്നെ ഭയപ്പെടുകയും നിന്റെ പ്രമാണങ്ങൾ അനുസരിക്കുകയും
ചെയ്യുന്ന എല്ലാവർക്കും ഞാൻ സ്നേഹിതനാകുന്നു.
64യഹോവേ, ഭൂമി നിന്റെ ദയകൊണ്ടു നിറഞ്ഞിരിക്കുന്നു;
നിന്റെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരണമേ.
തേത്ത്.
65യഹോവേ, തിരുവചനപ്രകാരം
നീ അടിയന് നന്മ ചെയ്തിരിക്കുന്നു.
66നിന്റെ കല്പനകൾ ഞാൻ വിശ്വസിച്ചിരിക്കുകയാൽ
എനിക്കു നല്ലബുദ്ധിയും പരിജ്ഞാനവും ഉപദേശിച്ചുതരണമേ.
67കഷ്ടതയിൽ ആകുന്നതിനു മുമ്പ് ഞാൻ തെറ്റിപ്പോയി;
ഇപ്പോൾ ഞാൻ നിന്റെ വചനം പ്രമാണിക്കുന്നു.
68നീ നല്ലവനും നന്മ ചെയ്യുന്നവനും ആകുന്നു;
നിന്റെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചുതരണമേ.
69അഹങ്കാരികൾ എന്നെക്കുറിച്ച് നുണ പറഞ്ഞുണ്ടാക്കി;
ഞാൻ പൂർണ്ണഹൃദയത്തോടെ നിന്റെ പ്രമാണങ്ങൾ അനുസരിക്കും.
70അവരുടെ ഹൃദയം കൊഴുപ്പുപോലെ തടിച്ചിരിക്കുന്നു;
ഞാൻ നിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു.
71നിന്റെ ചട്ടങ്ങൾ പഠിക്കുവാൻ തക്കവണ്ണം
ഞാൻ കഷ്ടതയിൽ ആയിരുന്നത് എനിക്കു ഗുണമായി.
72ആയിരം ആയിരം പൊൻവെള്ളി നാണ്യങ്ങളെക്കാൾ
നിന്റെ വായിൽനിന്നുള്ള ന്യായപ്രമാണം എനിക്കുത്തമം.
യോദ്.
73തൃക്കൈകൾ എന്നെ സൃഷ്ടിക്കുകയും രൂപപ്പെടുത്തുകയും ചെയ്തിരിക്കുന്നു;
നിന്റെ കല്പനകൾ പഠിക്കുവാൻ എനിക്കു ബുദ്ധി നല്കണമേ.
74തിരുവചനത്തിൽ ഞാൻ പ്രത്യാശ വച്ചിരിക്കുകയാൽ
നിന്റെ ഭക്തന്മാർ എന്നെ കണ്ട് സന്തോഷിക്കുന്നു.
75യഹോവേ, നിന്റെ വിധികൾ നീതിയുള്ളവയെന്നും
വിശ്വസ്തതയോടെ നീ എന്നെ താഴ്ത്തിയിരിക്കുന്നു എന്നും ഞാൻ അറിയുന്നു.
76അടിയനോടുള്ള നിന്റെ വാഗ്ദാനപ്രകാരം
നിന്റെ ദയ എന്നെ ആശ്വസിപ്പിക്കട്ടെ .
77ഞാൻ ജീവിച്ചിരിക്കേണ്ടതിന് എന്നോട് കരുണ തോന്നണമേ;
നിന്റെ ന്യായപ്രമാണത്തിൽ ഞാൻ പ്രമോദിക്കുന്നു.
78കാരണം കൂടാതെ എന്നെ വെറുതെ ഉപദ്രവിക്കുന്ന അഹങ്കാരികൾ ലജ്ജിച്ചുപോകട്ടെ;
ഞാൻ നിന്റെ കല്പനകൾ ധ്യാനിക്കുന്നു.
79നിന്റെ ഭക്തന്മാരും നിന്റെ സാക്ഷ്യങ്ങൾ അറിയുന്നവരും
എന്റെ അടുക്കൽ വരട്ടെ.
80ഞാൻ ലജ്ജിച്ചു പോകാതിരിക്കേണ്ടതിന്
എന്റെ ഹൃദയം നിന്റെ ചട്ടങ്ങളിൽ നിഷ്കളങ്കമായിരിക്കട്ടെ.
കഫ്.
81ഞാൻ നിന്റെ രക്ഷയ്ക്കായി കാത്തിരുന്ന് തളർന്നുപോകുന്നു;
നിന്റെ വാഗ്ദാനം ഞാൻ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു.
82എപ്പോൾ നീ എന്നെ ആശ്വസിപ്പിക്കും എന്ന് ചിന്തിച്ച്
എന്റെ കണ്ണ് നിന്റെ വാഗ്ദാനം കാത്തിരുന്ന് ക്ഷീണിക്കുന്നു.
83ഞാൻ പുകയത്തു വച്ച തോൽതുരുത്തിപോലെ ആകുന്നു.
എങ്കിലും നിന്റെ ചട്ടങ്ങൾ മറക്കുന്നില്ല.
84അടിയന്റെ ജീവകാലം എത്രനാൾ?
എന്നെ ഉപദ്രവിക്കുന്നവരുടെമേൽ നീ എപ്പോൾ ന്യായവിധി നടത്തും?
85നിന്റെ ന്യായപ്രമാണം അനുസരിക്കാത്ത
അഹങ്കാരികൾ എനിക്കായി കുഴി കുഴിച്ചിരിക്കുന്നു.
86നിന്റെ കല്പനകളെല്ലം വിശ്വാസ്യമാകുന്നു;
അവർ എന്നെ വെറുതെ ഉപദ്രവിക്കുന്നു;
എന്നെ സഹായിക്കണമേ.
87അവർ ഭൂമിയിൽ എന്നെ മിക്കവാറും ഇല്ലാതെയാക്കിയിരിക്കുന്നു;
നിന്റെ പ്രമാണങ്ങൾ ഞാൻ ഉപേക്ഷിച്ചില്ലതാനും.
88നിന്റെ ദയയ്ക്കു തക്കവണ്ണം എന്നെ ജീവിപ്പിക്കണമേ;
ഞാൻ നിന്റെ വായിൽനിന്നുള്ള സാക്ഷ്യങ്ങൾ പ്രമാണിക്കും.
ലാമെദ്.
89യഹോവേ, നിന്റെ വചനം
സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്നു.
90നിന്റെ വിശ്വസ്തത തലമുറതലമുറയോളം ഇരിക്കുന്നു;
നീ ഭൂമിയെ സ്ഥാപിച്ചു, അതു നിലനില്ക്കുന്നു.
91അവ ഇന്നുവരെ നിന്റെ നിയമപ്രകാരം നിലനില്ക്കുന്നു;
സർവ്വസൃഷ്ടികളും നിന്റെ ദാസരല്ലോ.
92നിന്റെ ന്യായപ്രമാണം എന്റെ പ്രമോദം ആയിരുന്നില്ലെങ്കിൽ
ഞാൻ എന്റെ കഷ്ടതയിൽ നശിച്ചുപോകുമായിരുന്നു.
93ഞാൻ ഒരുനാളും നിന്റെ പ്രമാണങ്ങൾ മറക്കുകയില്ല;
അവയാൽ നീ എന്നെ ജീവിപ്പിച്ചിരിക്കുന്നു.
94ഞാൻ നിനക്കുള്ളവനത്രെ; എന്നെ രക്ഷിക്കണമേ;
ഞാൻ നിന്റെ പ്രമാണങ്ങൾ അന്വേഷിക്കുന്നു.
95ദുഷ്ടന്മാർ എന്നെ നശിപ്പിക്കുവാൻ കാത്തിരുന്നു;
എന്നാൽ ഞാൻ നിന്റെ സാക്ഷ്യങ്ങൾ ചിന്തിച്ചുകൊള്ളും.
96സകല പൂർണ്ണതയ്ക്കും ഞാൻ ഒരു പര്യവസാനം കണ്ടിരിക്കുന്നു;
നിന്റെ കല്പനയോ അത്യന്തം വിശാലമായിരിക്കുന്നു.
മേം.
97നിന്റെ ന്യായപ്രമാണം എനിക്ക് എത്രയോ പ്രിയം;
ദിവസം മുഴുവനും അത് എന്റെ ധ്യാനമാകുന്നു.
98നിന്റെ കല്പനകൾ എന്നെ എന്റെ ശത്രുക്കളെക്കാൾ ബുദ്ധിമാനാക്കുന്നു;
അവ എപ്പോഴും എന്റെ പക്കൽ ഉണ്ട്.
99നിന്റെ സാക്ഷ്യങ്ങൾ എന്റെ ധ്യാനമായിരിക്കുകകൊണ്ട്
എന്റെ സകല ഗുരുക്കന്മാരെക്കാളും ഞാൻ വിവേകമുള്ളവനാകുന്നു.
100നിന്റെ പ്രമാണങ്ങൾ അനുസരിക്കുകയാൽ
ഞാൻ വൃദ്ധന്മാരിലും വിവേകമുള്ളവനാകുന്നു.
101നിന്റെ വചനം പ്രമാണിക്കേണ്ടതിന്
ഞാൻ സകല ദുർമാർഗ്ഗത്തിൽനിന്നും കാലുകളെ വിലക്കുന്നു.
102നീ എന്നെ ഉപദേശിച്ചിരിക്കുകയാൽ
ഞാൻ നിന്റെ വിധികൾ വിട്ടുമാറിയിട്ടില്ല.
103തിരുവചനം എന്റെ നാവിന് എത്ര മധുരം!
അവ എന്റെ വായ്ക്ക് തേനിലും നല്ലത്.
104നിന്റെ പ്രമാണങ്ങളാൽ ഞാൻ വിവേകമുള്ളവനാകുന്നു.
അതുകൊണ്ട് ഞാൻ സകലവ്യാജമാർഗ്ഗവും വെറുക്കുന്നു.
നൂൻ.
105നിന്റെ വചനം എന്റെ കാലിന് ദീപവും
എന്റെ പാതയ്ക്കു പ്രകാശവും ആകുന്നു.
106നിന്റെ നീതിയുള്ള വിധികൾ പ്രമാണിക്കുമെന്ന്
ഞാൻ സത്യം ചെയ്തു; അതു ഞാൻ നിവർത്തിക്കും.
107ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു;
യഹോവേ, നിന്റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കണമേ.
108യഹോവേ, എന്റെ വായുടെ സ്വമേധാദാനങ്ങളിൽ പ്രസാദിക്കണമേ;
നിന്റെ വിധികൾ എനിക്ക് ഉപദേശിച്ചു തരണമേ.
109ഞാൻ പ്രാണത്യാഗം ചെയ്യുവാൻ എല്ലായ്പോഴും ഒരുങ്ങിയിരിക്കുന്നു;
എങ്കിലും നിന്റെ ന്യായപ്രമാണം ഞാൻ മറക്കുന്നില്ല.
110ദുഷ്ടന്മാർ എനിക്കു കെണി വച്ചിരിക്കുന്നു;
എങ്കിലും ഞാൻ നിന്റെ പ്രമാണങ്ങൾ ഉപേക്ഷിക്കുന്നില്ല.
111ഞാൻ നിന്റെ സാക്ഷ്യങ്ങളെ എന്റെ ശാശ്വതാവകാശമാക്കിയിരിക്കുന്നു;
അവ എന്റെ ഹൃദയത്തിന്റെ ആനന്ദമാകുന്നു.
112നിന്റെ ചട്ടങ്ങളെ ഇടവിടാതെ എന്നേക്കും ആചരിക്കുവാൻ
ഞാൻ എന്റെ ഹൃദയം ചായിച്ചിരിക്കുന്നു.
സാമെക്.
113ഇരുമനസ്സുള്ളവരെ ഞാൻ വെറുക്കുന്നു;
എന്നാൽ നിന്റെ ന്യായപ്രമാണം എനിക്കു പ്രിയമാകുന്നു.
114നീ എന്റെ മറവിടവും എന്റെ പരിചയും ആകുന്നു;
ഞാൻ തിരുവചനത്തിൽ പ്രത്യാശ വച്ചിരിക്കുന്നു.
115എന്റെ ദൈവത്തിന്റെ കല്പനകൾ ഞാൻ പ്രമാണിക്കേണ്ടതിന്
ദുഷ്കർമ്മികളേ, എന്നെ വിട്ടു പോകുവിൻ.
116ഞാൻ ജീവിച്ചിരിക്കേണ്ടതിന് നിന്റെ വചനപ്രകാരം എന്നെ താങ്ങണമേ;
എന്റെ പ്രത്യാശയിൽ ഞാൻ ലജ്ജിച്ചുപോകരുതേ.
117ഞാൻ രക്ഷപെടേണ്ടതിന് എന്നെ താങ്ങണമേ;
നിന്റെ ചട്ടങ്ങൾ ഞാൻ നിരന്തരം അനുസരിക്കും.
118നിന്റെ ചട്ടങ്ങൾ ഉപേക്ഷിക്കുന്ന സകലരേയും നീ നിരസിക്കുന്നു;
അവരുടെ വഞ്ചന വ്യർത്ഥമാകുന്നു.
119ഭൂമിയിലെ സകലദുഷ്ടന്മാരെയും നീ മാലിന്യം പോലെ നീക്കിക്കളയുന്നു;
അതുകൊണ്ട് നിന്റെ സാക്ഷ്യങ്ങൾ എനിക്കു പ്രിയമാകുന്നു.
120നിന്നെക്കുറിച്ചുള്ള ഭയം നിമിത്തം എന്റെ ദേഹം വിറയ്ക്കുന്നു;
നിന്റെ വിധികൾനിമിത്തം ഞാൻ ഭയപ്പെടുന്നു.
അയിൻ.
121ഞാൻ നീതിയും ന്യായവും പ്രവർത്തിക്കുന്നു;
എന്റെ പീഡകന്മാർക്ക് എന്നെ ഏല്പിച്ചുകൊടുക്കരുതേ.
122അടിയന്റെ നന്മയ്ക്കുവേണ്ടി ഉത്തരവാദി ആയിരിക്കണമേ;
അഹങ്കാരികൾ എന്നെ പീഡിപ്പിക്കരുതേ.
123എന്റെ കണ്ണ് നിന്റെ രക്ഷയെയും
നിന്റെ നീതിയുടെ വചനത്തെയും കാത്തിരുന്ന് ക്ഷീണിക്കുന്നു.
124നിന്റെ ദയക്കു തക്കവണ്ണം അടിയനോടു പ്രവർത്തിച്ച്,
നിന്റെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചുതരണമേ.
125ഞാൻ നിന്റെ ദാസൻ ആകുന്നു;
നിന്റെ സാക്ഷ്യങ്ങൾ ഗ്രഹിക്കുവാൻ എനിക്കു ബുദ്ധി നല്കണമേ.
126യഹോവേ, ഇത് നിനക്കു പ്രവർത്തിക്കുവാനുള്ള സമയമാകുന്നു;
അവർ നിന്റെ ന്യായപ്രമാണം ദുർബ്ബലമാക്കിയിരിക്കുന്നു.
127അതുകൊണ്ട് നിന്റെ കല്പനകൾ
എനിക്ക് പൊന്നിലും തങ്കത്തിലും അധികം പ്രിയമാകുന്നു.
128അതുകൊണ്ട് നിന്റെ സകലപ്രമാണങ്ങളും സത്യമെന്ന് കരുതി,
ഞാൻ സകലവ്യാജമാർഗ്ഗങ്ങളും വെറുക്കുന്നു.
പേ.
129നിന്റെ സാക്ഷ്യങ്ങൾ അതിശയകരമാകയാൽ
എന്റെ മനസ്സ് അവ പ്രമാണിക്കുന്നു.
130നിന്റെ വചനങ്ങളുടെ പ്രവേശനം പ്രകാശം പ്രദാനം ചെയ്യുന്നു;
അത് അല്പബുദ്ധികളെ ബുദ്ധിമാന്മാരാക്കുന്നു.
131നിന്റെ കല്പനകൾക്കായി വാഞ്ഛിക്കുകയാൽ
ഞാൻ വായ് തുറന്ന് കിതയ്ക്കുന്നു.
132തിരുനാമത്തെ സ്നേഹിക്കുന്നവർക്ക് നീ ചെയ്യുന്നതുപോലെ
എങ്കലേക്കു തിരിഞ്ഞ് എന്നോടു കൃപ ചെയ്യണമേ.
133എന്റെ കാലടികൾ നിന്റെ വചനത്തിൽ സ്ഥിരമാക്കണമേ;
യാതൊരു നീതികേടും എന്നെ ഭരിക്കരുതേ.
134മനുഷ്യന്റെ പീഡനത്തിൽനിന്ന് എന്നെ വിടുവിക്കണമേ;
എന്നാൽ ഞാൻ നിന്റെ പ്രമാണങ്ങൾ അനുസരിക്കും.
135അടിയന്റെമേൽ നിന്റെ മുഖം പ്രകാശിപ്പിച്ച്
നിന്റെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരണമേ.
136അവർ നിന്റെ ന്യായപ്രമാണം അനുസരിക്കാത്തതിനാൽ
എന്റെ കണ്ണിൽനിന്ന് ജലനദികൾ ഒഴുകുന്നു.
സാദെ.
137യഹോവേ, നീ നീതിമാനാകുന്നു;
നിന്റെ വിധികൾ നേരുള്ളവ തന്നെ.
138നീ നീതിയോടും അത്യന്തം വിശ്വസ്തതയോടും കൂടി
നിന്റെ സാക്ഷ്യങ്ങളെ കല്പിച്ചിരിക്കുന്നു.
139എന്റെ വൈരികൾ തിരുവചനങ്ങൾ മറക്കുന്നതുകൊണ്ട്
എന്റെ എരിവ് എന്നെ സംഹരിക്കുന്നു.
140നിന്റെ വചനം അത്യന്തം വിശുദ്ധമാകുന്നു;
അതുകൊണ്ട് അടിയന് അത് പ്രിയമാകുന്നു.
141ഞാൻ എളിയവനും നിന്ദിതനും ആകുന്നു;
എങ്കിലും ഞാൻ നിന്റെ പ്രമാണങ്ങൾ മറക്കുന്നില്ല.
142നിന്റെ നീതി ശാശ്വതനീതിയും
നിന്റെ ന്യായപ്രമാണം സത്യവുമാകുന്നു.
143കഷ്ടവും സങ്കടവും എന്നെ പിടിച്ചിരിക്കുന്നു;
എങ്കിലും നിന്റെ കല്പനകൾ എന്റെ പ്രമോദമാകുന്നു.
144നിന്റെ സാക്ഷ്യങ്ങൾ എന്നേക്കും നീതിയുള്ളവ;
ഞാൻ ജീവിച്ചിരിക്കേണ്ടതിന് എനിക്കു ബുദ്ധി നല്കണമേ.
കോഫ്.
145ഞാൻ പൂർണ്ണഹൃദയത്തോടെ വിളിച്ചപേക്ഷിക്കുന്നു; എനിക്ക് ഉത്തരം അരുളണമേ;
യഹോവേ, ഞാൻ നിന്റെ ചട്ടങ്ങൾ പ്രമാണിക്കും.
146ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്നെ രക്ഷിക്കണമേ;
ഞാൻ നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കും.
147ഞാൻ ഉദയത്തിനു മുമ്പ് എഴുന്നേറ്റ് പ്രാർത്ഥിക്കുന്നു;
നിന്റെ വചനത്തിൽ ഞാൻ പ്രത്യാശവയ്ക്കുന്നു.
148തിരുവചനം ധ്യാനിക്കേണ്ടതിന്
എന്റെ കണ്ണ് യാമങ്ങളെ നോക്കിക്കൊണ്ടിരിക്കുന്നു.
149നിന്റെ ദയയ്ക്കു തക്കവണ്ണം എന്റെ അപേക്ഷ കേൾക്കണമേ;
യഹോവേ, നിന്റെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കണമേ.
150ദുഷ്ടതയെ പിന്തുടരുന്നവർ സമീപിച്ചിരിക്കുന്നു;
നിന്റെ ന്യായപ്രമാണത്തോട് അവർ അകന്നിരിക്കുന്നു.
151യഹോവേ, നീ സമീപസ്ഥനാകുന്നു;
നിന്റെ കല്പനകൾ സകലവും സത്യം തന്നെ.
152നിന്റെ സാക്ഷ്യങ്ങൾ നീ എന്നേക്കും സ്ഥാപിച്ചിരിക്കുന്നു
എന്ന് ഞാൻ പണ്ടുതന്നെ അറിഞ്ഞിരിക്കുന്നു.
രേശ്.
153എന്റെ അരിഷ്ടത കടാക്ഷിച്ച് എന്നെ വിടുവിക്കണമേ;
ഞാൻ നിന്റെ ന്യായപ്രമാണം മറക്കുന്നില്ല.
154എന്റെ വ്യവഹാരം നടത്തി എന്നെ വീണ്ടെടുക്കണമേ;
നിന്റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കണമേ.
155രക്ഷ ദുഷ്ടന്മാരോട് അകന്നിരിക്കുന്നു;
അവർ നിന്റെ ചട്ടങ്ങളെ അന്വേഷിക്കുന്നില്ലല്ലോ.
156യഹോവേ, നിന്റെ കരുണ വലിയതാകുന്നു;
നിന്റെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കണമേ.
157എന്നെ ഉപദ്രവിക്കുന്നവരും എന്റെ വൈരികളും വളരെയാകുന്നു;
എങ്കിലും ഞാൻ നിന്റെ സാക്ഷ്യങ്ങളെ വിട്ടുമാറുന്നില്ല.
158ഞാൻ ദ്രോഹികളെ കണ്ട് വ്യസനിച്ചു;
അവർ നിന്റെ വചനം പ്രമാണിക്കുന്നില്ലല്ലോ.
159നിന്റെ പ്രമാണങ്ങൾ എനിക്ക് എത്ര പ്രിയം എന്നു കണ്ട്,
യഹോവേ, നിന്റെ ദയയ്ക്കു തക്കവണ്ണം എന്നെ ജീവിപ്പിക്കണമേ.
160നിന്റെ വചനത്തിന്റെ സാരം സത്യം തന്നെ;
നിന്റെ നീതിയുള്ള വിധികൾ എല്ലാം എന്നേക്കുമുള്ളവ.
ശീൻ.
161പ്രഭുക്കന്മാർ വെറുതെ എന്നെ ഉപദ്രവിക്കുന്നു;
എങ്കിലും നിന്റെ വചനത്തെ എന്റെ ഹൃദയം ഭയപ്പെടുന്നു.
162വലിയ കൊള്ള കണ്ടെത്തിയവനെപ്പോലെ
ഞാൻ നിന്റെ വചനത്തിൽ ആനന്ദിക്കുന്നു.
163ഞാൻ ഭോഷ്കു വെറുത്ത് അറയ്ക്കുന്നു;
എന്നാൽ നിന്റെ ന്യായപ്രമാണം എനിക്കു പ്രിയമാകുന്നു.
164നിന്റെ നീതിയുള്ള വിധികൾനിമിത്തം
ഞാൻ ദിവസം ഏഴു പ്രാവശ്യം നിന്നെ സ്തുതിക്കുന്നു.
165നിന്റെ ന്യായപ്രമാണത്തോട് പ്രിയം ഉള്ളവർക്ക് മഹാസമാധാനം ഉണ്ട്;
അവർ ഒന്നിനാലും ഇടറിപ്പോകുകയില്ല.
166യഹോവേ, ഞാൻ നിന്റെ രക്ഷയിൽ പ്രത്യാശ വയ്ക്കുന്നു;
നിന്റെ കല്പനകൾ ഞാൻ ആചരിക്കുന്നു.
167എന്റെ മനസ്സ് നിന്റെ സാക്ഷ്യങ്ങൾ പ്രമാണിക്കുന്നു;
അവ എനിക്ക് അത്യന്തം പ്രിയമാകുന്നു.
168ഞാൻ നിന്റെ പ്രമാണങ്ങളും സാക്ഷ്യങ്ങളും പ്രമാണിക്കുന്നു;
എന്റെ വഴികളെല്ലാം നിന്റെ മുമ്പാകെ ഇരിക്കുന്നു.
തൗ.
169യഹോവേ, എന്റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ;
നിന്റെ വചനപ്രകാരം എനിക്കു ബുദ്ധി നല്കണമേ.
170എന്റെ യാചന തിരുസന്നിധിയിൽ വരുമാറാകട്ടെ;
നിന്റെ വാഗ്ദാനപ്രകാരം എന്നെ വിടുവിക്കണമേ.
171നിന്റെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചുതരുന്നതുകൊണ്ട്
എന്റെ അധരങ്ങൾ സ്തുതി പൊഴിക്കട്ടെ.
172നിന്റെ കല്പനകൾ എല്ലാം നീതിയായിരിക്കുകയാൽ
എന്റെ നാവ് നിന്റെ വാഗ്ദാനത്തെക്കുറിച്ച് പാടട്ടെ.
173നിന്റെ കല്പനകളെ ഞാൻ തിരഞ്ഞെടുത്തിരിക്കുകയാൽ
നിന്റെ കൈ എനിക്കു തുണയായിരിക്കട്ടെ.
174യഹോവേ, ഞാൻ നിന്റെ രക്ഷയ്ക്കായി വാഞ്ഛിക്കുന്നു;
നിന്റെ ന്യായപ്രമാണം എന്റെ പ്രമോദം ആകുന്നു.
175നിന്നെ സ്തുതിക്കേണ്ടതിന് എന്റെ പ്രാണൻ ജീവിച്ചിരിക്കട്ടെ;
നിന്റെ വിധികൾ എനിക്കു തുണയായിരിക്കട്ടെ.
176കാണാതെപോയ ആടുപോലെ ഞാൻ തെറ്റിപ്പോയിരിക്കുന്നു;
അടിയനെ അന്വേഷിക്കണമേ; നിന്റെ കല്പനകൾ ഞാൻ മറക്കുന്നില്ല.
120
ആരോഹണഗീതം.
1എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിച്ചു;
അവൻ എനിക്ക് ഉത്തരം അരുളുകയും ചെയ്തു.
2യഹോവേ, വ്യാജമുള്ള അധരങ്ങളിൽനിന്നും
വഞ്ചനയുള്ള നാവിൽനിന്നും എന്റെ പ്രാണനെ രക്ഷിക്കണമേ.
3വഞ്ചനയുള്ള നാവേ, നിനക്ക് എന്ത് ലഭിക്കും?
നിന്നോട് ഇനി എന്ത് ചെയ്യും?
4വീരന്റെ മൂർച്ചയുള്ള അസ്ത്രങ്ങളും
പൂവത്തിൻ കനലും തന്നെ.
5ഞാൻ മേശെക്കിൽ പ്രവാസം ചെയ്യുന്നതുകൊണ്ടും
കേദാർകൂടാരങ്ങളിൽ പാർക്കുന്നതുകൊണ്ടും എനിക്ക് അയ്യോ കഷ്ടം!
6സമാധാനദ്വേഷിയോടുകൂടി വസിക്കുന്നത്
എനിക്കു മതിയായി.
7ഞാൻ സമാധാനപ്രിയനാകുന്നു;
എന്നാൽ ഞാൻ സംസാരിക്കുമ്പോൾ അവർ കലശൽ തുടങ്ങുന്നു.
121
ആരോഹണഗീതം.
1ഞാൻ എന്റെ കണ്ണുകൾ പർവ്വതങ്ങളിലേക്ക് ഉയർത്തുന്നു;
എനിക്ക് സഹായം എവിടെനിന്നു വരും?
2എന്റെ സഹായം ആകാശത്തെയും ഭൂമിയെയും
ഉണ്ടാക്കിയ യഹോവയിൽനിന്നു വരുന്നു.
3നിന്റെ കാൽ വഴുതിപ്പോകുവാൻ അവൻ സമ്മതിക്കുകയില്ല;
നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല.
4യിസ്രായേലിന്റെ പരിപാലകൻ
മയങ്ങുകയില്ല, ഉറങ്ങുകയുമില്ല.
5യഹോവ നിന്റെ പരിപാലകൻ;
യഹോവ നിന്റെ വലത്തുഭാഗത്ത് നിനക്കു തണൽ.
6പകൽ സൂര്യനോ
രാത്രി ചന്ദ്രനോ നിന്നെ ദോഷമായി ബാധിക്കുകയില്ല.
7യഹോവ ഒരു ദോഷവും തട്ടാതെ നിന്നെ പരിപാലിക്കും.
അവൻ നിന്റെ പ്രാണനെ പരിപാലിക്കും.
8യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും
ഇന്നുമുതൽ എന്നേക്കും പരിപാലിക്കും.
122
ദാവീദിന്റെ ഒരു ആരോഹണഗീതം.
1“യഹോവയുടെ ആലയത്തിലേക്ക് നമുക്കു പോകാം” എന്ന്
അവർ എന്നോടു പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു.
2യെരൂശലേമേ, ഞങ്ങളുടെ കാലുകൾ
നിന്റെ വാതിലുകളുടെ ഉള്ളിൽ നില്ക്കുന്നു.
3തമ്മിൽ ഇണക്കിയ നഗരമായി
പണിതിരിക്കുന്ന യെരൂശലേമേ!
4അവിടേക്ക്, ഗോത്രങ്ങൾ, യഹോവയുടെ ഗോത്രങ്ങൾ തന്നെ,
യിസ്രായേലിന് സാക്ഷ്യത്തിനായി
യഹോവയുടെ നാമത്തിന് സ്തോത്രം ചെയ്യുവാൻ കയറിച്ചെല്ലുന്നു.
5അവിടെ ന്യായാസനങ്ങൾ,
ദാവീദുഗൃഹത്തിന്റെ ന്യായാസനങ്ങൾ തന്നെ ഇരിക്കുന്നു.
6യെരൂശലേമിന്റെ സമാധാനത്തിനായി പ്രാർത്ഥിക്കുവിൻ;
“നിന്നെ സ്നേഹിക്കുന്നവർ സുരക്ഷിതരായിരിക്കട്ടെ.
7നിന്റെ കൊത്തളങ്ങളിൽ സമാധാനവും
നിന്റെ അരമനകളിൽ സ്വൈരവും ഉണ്ടാകട്ടെ.
8എന്റെ സഹോദരന്മാരും സ്നേഹിതരും നിമിത്തം
നിന്നിൽ സമാധാനം ഉണ്ടാകട്ടെ” എന്ന് ഞാൻ പറയും.
9നമ്മുടെ ദൈവമായ യഹോവയുടെ ആലയംനിമിത്തം
ഞാൻ നിന്റെ നന്മ അന്വേഷിക്കും.
123
ആരോഹണഗീതം.
1സ്വർഗ്ഗത്തിൽ വസിക്കുന്നവനായ യഹോവേ,
നിങ്കലേക്ക് ഞാൻ എന്റെ കണ്ണുകൾ ഉയർത്തുന്നു.
2ദാസന്മാരുടെ കണ്ണുകൾ യജമാനന്റെ കൈയിലേക്കും
ദാസിയുടെ കണ്ണുകൾ യജമാനത്തിയുടെ കൈയിലേക്കും എന്നപോലെ
ഞങ്ങളുടെ കണ്ണുകൾ ഞങ്ങളുടെ ദൈവമായ യഹോവയിങ്കലേക്ക്,
അവൻ ഞങ്ങളോട് കൃപചെയ്യുവോളം നോക്കിക്കൊണ്ടിരിക്കുന്നു.
3യഹോവേ, ഞങ്ങളോടു കൃപ ചെയ്യണമേ, ഞങ്ങളോടു കൃപ ചെയ്യണമേ;
ഞങ്ങൾ നിന്ദ സഹിച്ചു മടുത്തിരിക്കുന്നു.
4സുഖിമാൻന്മാരുടെ പരിഹാസവും
അഹങ്കാരികളുടെ നിന്ദയും സഹിച്ച്
ഞങ്ങളുടെ മനസ് ഏറ്റവും മടുത്തിരിക്കുന്നു.
124
ദാവീദിന്റെ ഒരു ആരോഹണഗീതം.
1യിസ്രായേൽ ഇപ്പോൾ പറയേണ്ടത്
“യഹോവ നമ്മളുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ,
2അതേ, യഹോവ നമ്മളുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ, മനുഷ്യർ നമ്മളോട് എതിർത്തപ്പോൾ
3അവരുടെ കോപം നമ്മളുടെ നേരെ ജ്വലിച്ചപ്പോൾ,
അവർ നമ്മളെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു;
4വെള്ളം നമ്മളെ ഒഴുക്കിക്കളയുമായിരുന്നു,
നദി നമ്മളുടെ പ്രാണനു മീതെ കവിയുമായിരുന്നു;
5പ്രളയജലം
നമ്മളുടെ പ്രാണനു മീതെ കവിയുമായിരുന്നു.
6നമ്മളെ അവരുടെ പല്ലുകൾക്ക് ഇരയായി കൊടുക്കായ്കയാൽ
യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ.”
7വേട്ടക്കാരുടെ കെണിയിൽനിന്ന് രക്ഷപെടുന്ന പക്ഷിയെപ്പോലെ
നമ്മളുടെ പ്രാണൻ വഴുതിപ്പോന്നിരിക്കുന്നു;
കെണി പൊട്ടി നാം വഴുതിപ്പോന്നിരിക്കുന്നു.
8നമ്മളുടെ സഹായം ആകാശവും ഭൂമിയും
ഉണ്ടാക്കിയ യഹോവയുടെ നാമത്തിൽ ഇരിക്കുന്നു.
125
ആരോഹണഗീതം.
1യഹോവയിൽ ആശ്രയിക്കുന്നവർ കുലുങ്ങാതെ
എന്നേക്കും നില്ക്കുന്ന സീയോൻ പർവ്വതം പോലെയാകുന്നു.
2പർവ്വതങ്ങൾ യെരൂശലേമിനെ ചുറ്റിയിരിക്കുന്നതുപോലെ
യഹോവ ഇന്നുമുതൽ എന്നേക്കും തന്റെ ജനത്തെ ചുറ്റിയിരിക്കുന്നു.
3നീതിമാന്മാർ നീതികേടിലേക്കു കൈ നീട്ടാതിരിക്കേണ്ടതിന്
ദുഷ്ടന്മാരുടെ ചെങ്കോൽ നീതിമാന്മാരുടെ അവകാശത്തിന്മേൽ ഇരിക്കുകയില്ല.
4യഹോവേ, ഗുണവാന്മാർക്കും
ഹൃദയപരമാർത്ഥികൾക്കും നന്മ ചെയ്യണമേ.
5എന്നാൽ വളഞ്ഞവഴികളിലേക്കു തിരിയുന്നവരെ
യഹോവ ദുഷ്പ്രവൃത്തിക്കാരോടുകൂടി പോകുമാറാക്കട്ടെ.
യിസ്രായേലിന്മേൽ സമാധാനം വരുമാറാകട്ടെ.
126
ആരോഹണഗീതം.
1യഹോവ സീയോന്റെ പ്രവാസികളെ മടക്കിവരുത്തിയപ്പോൾ
ഞങ്ങൾ സ്വപ്നം കാണുന്നവരെപ്പോലെ ആയിരുന്നു.
2അന്ന് ഞങ്ങളുടെ വായിൽ ചിരിയും
ഞങ്ങളുടെ നാവിന്മേൽ ആർപ്പും നിറഞ്ഞിരുന്നു.
“യഹോവ അവർക്കുവേണ്ടി വൻ കാര്യങ്ങൾ ചെയ്തിരിക്കുന്നു”
എന്ന് ജനതകളുടെ ഇടയിൽ അന്ന് പറയപ്പെട്ടു.
3യഹോവ ഞങ്ങൾക്കുവേണ്ടി വൻ കാര്യങ്ങൾ ചെയ്തിരിക്കുന്നു;
അതുകൊണ്ട് ഞങ്ങൾ സന്തോഷിക്കുന്നു.
4യഹോവേ, തെക്കെനാട്ടിലെ അരുവികളെപ്പോലെ
ഞങ്ങളുടെ പ്രവാസികളെ മടക്കിവരുത്തണമേ.
5കണ്ണുനീരോടെ വിതയ്ക്കുന്നവർ
ആർപ്പോടെ കൊയ്യും.
6കരഞ്ഞുകൊണ്ട് വിതക്കുവാനുള്ള വിലയേറിയ വിത്ത് ചുമന്ന് നടക്കുന്നവൻ വീണ്ടും
ആർപ്പോടെ കറ്റ ചുമന്നുകൊണ്ട് വരും, സംശയമില്ല.
127
ശലമോന്റെ ഒരു ആരോഹണഗീതം.
1യഹോവ വീടു പണിയാതിരുന്നാൽ
പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു;
യഹോവ പട്ടണം കാക്കാതിരുന്നാൽ
കാവല്ക്കാരൻ വൃഥാ ജാഗരിക്കുന്നു.
2നിങ്ങൾ അതിരാവിലെ എഴുന്നേല്ക്കുന്നതും
വളരെ താമസിച്ച് ഉറങ്ങുവാൻ പോകുന്നതും
കഠിനപ്രയത്നം ചെയ്ത് ഉപജീവനം കഴിക്കുന്നതും വ്യർത്ഥമത്രെ;
തന്റെ പ്രിയനോ, അവൻ അത് ഉറക്കത്തിൽ കൊടുക്കുന്നു.
3മക്കൾ, യഹോവ നല്കുന്ന അവകാശവും
ഉദരഫലം, അവൻ തരുന്ന പ്രതിഫലവും തന്നെ.
4വീരന്റെ കൈയിലെ അസ്ത്രങ്ങൾ എങ്ങനെയോ
അങ്ങനെയാകുന്നു യൗവനത്തിലെ മക്കൾ.
5അവരെക്കൊണ്ട് തന്റെ ആവനാഴിക
നിറച്ചിരിക്കുന്ന പുരുഷൻ ഭാഗ്യവാൻ;
നഗരവാതില്ക്കൽവച്ച് ശത്രുക്കളോടു സംസാരിക്കുമ്പോൾ
അങ്ങനെയുള്ളവർ ലജ്ജിച്ചുപോകുകയില്ല.
128
ആരോഹണഗീതം.
1യഹോവയെ ഭയപ്പെട്ട്, അവന്റെ വഴികളിൽ നടക്കുന്ന ഏവനും ഭാഗ്യവാൻ;
2നിന്റെ കൈകളുടെ അദ്ധ്വാനഫലം നീ തിന്നും;
നീ ഭാഗ്യവാൻ; നിനക്കു നന്മ വരും.
3നിന്റെ ഭാര്യ നിന്റെ വീടിനകത്ത് ഫലപ്രദമായ മുന്തിരിവള്ളി പോലെയും
നിന്റെ മക്കൾ നിന്റെ മേശയ്ക്കു ചുറ്റും ഒലിവുതൈകൾ പോലെയും ഇരിക്കും.
4യഹോവാഭക്തനായ പുരുഷൻ ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവനാകും.
5യഹോവ സീയോനിൽനിന്ന് നിന്നെ അനുഗ്രഹിക്കും;
നിന്റെ ആയുഷ്കാലമെല്ലാം നീ യെരൂശലേമിന്റെ നന്മ കാണും.
6നിന്റെ മക്കളുടെ മക്കളെയും നീ കാണും.
യിസ്രായേലിന്മേൽ സമാധാനം ഉണ്ടാകട്ടെ.
129
ആരോഹണഗീതം.
1യിസ്രായേൽ പറയേണ്ടത്:
“അവർ എന്റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു;
2അതെ,അവർ എന്റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു;
എങ്കിലും അവർ എന്നെ ജയിച്ചില്ല.
3ഉഴവുകാർ എന്റെ മുതുകിന്മേൽ ഉഴുതു;
ഉഴവു ചാലുകൾ അവർ നീളത്തിൽ കീറി.”
4യഹോവ നീതിമാനാകുന്നു;
അവൻ ദുഷ്ടന്മാരുടെ കയറുകൾ അറുത്തുകളഞ്ഞിരിക്കുന്നു.
5സീയോനെ വെറുക്കുന്നവരെല്ലാം
ലജ്ജിച്ച് പിന്തിരിഞ്ഞുപോകട്ടെ.
6വളരുന്നതിനുമുമ്പ് ഉണങ്ങിപ്പോകുന്ന
പുരപ്പുറത്തെ പുല്ലുപോലെ അവർ ആകട്ടെ.
7കൊയ്യുന്നവൻ അത്തരം പുല്ലുകൊണ്ട് തന്റെ കൈയോ
കറ്റ കെട്ടുന്നവൻ തന്റെ ഭുജങ്ങളോ നിറയ്ക്കുകയില്ല.
8“യഹോവയുടെ അനുഗ്രഹം നിങ്ങൾക്കുണ്ടാകട്ടെ;
യഹോവയുടെ നാമത്തിൽ ഞങ്ങൾ നിങ്ങളെ അനുഗ്രഹിക്കുന്നു”
എന്നിങ്ങനെ വഴിപോകുന്നവർ പറയുന്നതും ഇല്ല.
130
ആരോഹണഗീതം.
1യഹോവേ, ആഴത്തിൽനിന്ന് ഞാൻ നിന്നോടു നിലവിളിക്കുന്നു;
2കർത്താവേ, എന്റെ ശബ്ദം കേൾക്കണമേ;
നിന്റെ ചെവി എന്റെ യാചനകളെ ശ്രദ്ധിക്കണമേ.
3യഹോവേ, നീ അകൃത്യങ്ങൾ ഓർമ്മവച്ചാൽ
കർത്താവേ, ആര് നിലനില്ക്കും?
4എങ്കിലും നിന്നെ ഭയപ്പെടുവാൻ തക്കവണ്ണം
നിന്റെ പക്കൽ പാപക്ഷമ ഉണ്ട്.
5ഞാൻ യഹോവയ്ക്കായി കാത്തിരിക്കുന്നു;
എന്റെ ഉള്ളം കാത്തിരിക്കുന്നു;
അവന്റെ വചനത്തിൽ ഞാൻ പ്രത്യാശ വച്ചിരിക്കുന്നു.
6ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾ,
അതെ, ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾ
എന്റെ ഉള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു.
7യിസ്രായേലേ, യഹോവയിൽ പ്രത്യാശ വച്ചുകൊള്ളുക;
യഹോവയുടെ പക്കൽ കൃപയും
അവന്റെ പക്കൽ ധാരാളം വിടുതലും ഉണ്ട്.
8അവൻ യിസ്രായേലിനെ അവന്റെ സകല
അകൃത്യങ്ങളിൽ നിന്നും വീണ്ടെടുക്കും.
131
ദാവീദിന്റെ ഒരു ആരോഹണഗീതം.
1യഹോവേ, എന്റെ ഹൃദയം ഗർവ്വിച്ചിരിക്കുന്നില്ല;
ഞാൻ നിഗളിച്ചുനടക്കുന്നില്ല;
എന്റെ ബുദ്ധിക്ക് എത്തിപ്പിടിക്കുവാൻ കഴിയാത്ത വൻ കാര്യങ്ങളിലും
അത്ഭുതവിഷയങ്ങളിലും ഞാൻ ഇടപെടുന്നതുമില്ല.
2ഞാൻ എന്റെ പ്രാണനെ താലോലിച്ച് നിശ്ശബ്ദമാക്കിയിരിക്കുന്നു;
അമ്മയുടെ അടുക്കൽ മുലകുടി മാറിയ പൈതൽ എന്നപോലെ
എന്റെ പ്രാണൻ എന്റെ അടുക്കൽ
മുലകുടി മാറിയതുപോലെ ആകുന്നു.
3യിസ്രായേലേ, ഇന്നുമുതൽ എന്നേക്കും
യഹോവയിൽ പ്രത്യാശ വച്ചുകൊള്ളുക.
132
ആരോഹണഗീതം.
1യഹോവേ, ദാവീദിനെയും
അവന്റെ സകലകഷ്ടതയെയും ഓർക്കണമേ.
2അവൻ യഹോവയോടു സത്യം ചെയ്ത്
യാക്കോബിന്റെ വല്ലഭന് നേർന്നത് എന്തെന്നാൽ:
3“ യഹോവയ്ക്ക് ഒരു സ്ഥലം,
യാക്കോബിന്റെ വല്ലഭന് ഒരു നിവാസം കണ്ടെത്തുംവരെ
4ഞാൻ എന്റെ കൂടാര വീട്ടിൽ കടക്കുകയില്ല;
എന്റെ ശയ്യമേൽ കയറി കിടക്കുകയുമില്ല.
5ഞാൻ എന്റെ കണ്ണിന് ഉറക്കവും
എന്റെ കൺപോളയ്ക്ക് മയക്കവും കൊടുക്കുകയില്ല.”
6നാം എഫ്രാത്തയിൽ അതിനെക്കുറിച്ചു കേട്ട്
വനപ്രദേശത്ത് അത് കണ്ടെത്തിയല്ലോ.
7നാം അവന്റെ തിരുനിവാസത്തിലേക്കു ചെന്ന്
അവന്റെ പാദപീഠത്തിൽ നമസ്കരിക്കുക.
8യഹോവേ, നീ നിന്റെ ബലത്തിന്റെ പെട്ടകവുമായി
നിന്റെ വിശ്രാമത്തിലേക്ക് എഴുന്നള്ളണമേ.
9നിന്റെ പുരോഹിതന്മാർ നീതി ധരിക്കുകയും
നിന്റെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കുകയും ചെയ്യട്ടെ.
10നിന്റെ ദാസനായ ദാവീദിനെ ഓർത്ത്
നിന്റെ അഭിഷിക്തന്റെ മുഖത്തെ തിരസ്ക്കരിക്കരുതേ.
11“ഞാൻ നിന്റെ ഉദരഫലത്തെ
നിന്റെ സിംഹാസനത്തിൽ ഇരുത്തും;
12നിന്റെ മക്കൾ എന്റെ നിയമവും
ഞാൻ അവർക്കു ഉപദേശിച്ച സാക്ഷ്യവും പ്രമാണിക്കുമെങ്കിൽ
അവരുടെ മക്കളും എന്നേക്കും നിന്റെ സിംഹാസനത്തിൽ ഇരിക്കും” എന്ന്
യഹോവ ദാവീദിനോട് ആണയിട്ടു സത്യം; അവൻ അതിൽനിന്നു മാറുകയില്ല.
13യഹോവ സീയോനെ തിരഞ്ഞെടുക്കുകയും
അതിനെ തന്റെ വാസസ്ഥലമായി ഇച്ഛിക്കുകയും ചെയ്തു.
14“അത് എന്നേക്കും എന്റെ വിശ്രാമം ആകുന്നു;
ഞാൻ അതിനെ ഇച്ഛിച്ചിരിക്കുകയാൽ ഞാൻ അവിടെ വസിക്കും;
15അതിലെ ആഹാരം ഞാൻ സമൃദ്ധിയായി അനുഗ്രഹിക്കും;
അതിലെ ദരിദ്രന്മാർക്ക് അപ്പംകൊണ്ടു തൃപ്തി വരുത്തും.
16അതിലെ പുരോഹിതന്മാരെ രക്ഷ ധരിപ്പിക്കും;
അതിലെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കും.
17അവിടെ ഞാൻ ദാവീദിന് ഒരു കൊമ്പു മുളപ്പിക്കും;
എന്റെ അഭിഷിക്തന് ഒരു ദീപം ഒരുക്കിയിട്ടുമുണ്ട്.
18ഞാൻ അവന്റെ ശത്രുക്കളെ ലജ്ജ ധരിപ്പിക്കും;
അവന്റെ തലയിലോ കിരീടം ശോഭിക്കും.”
133
ദാവീദിന്റെ ഒരു ആരോഹണഗീതം.
1ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നത്
എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!
2അത്, വസ്ത്രത്തിന്റെ വിളുമ്പിലേക്ക് നീണ്ടു കിടക്കുന്ന അഹരോന്റെ താടിയിലേക്ക്,
ഒഴുകുന്ന
അവന്റെ തലയിലെ വിശേഷതൈലം പോലെയും
3സീയോൻ പർവ്വതത്തിൽ പെയ്യുന്ന ഹെർമ്മോന്യമഞ്ഞുപോലെയും ആകുന്നു;
അവിടെയല്ലയോ യഹോവ അനുഗ്രഹവും
ശാശ്വതമായ ജീവനും കല്പിച്ചിരിക്കുന്നത്.
134
ആരോഹണഗീതം.
1അല്ലയോ, രാത്രികാലങ്ങളിൽ യഹോവയുടെ ആലയത്തിൽ നില്ക്കുന്ന
യഹോവയുടെ സകല ദാസന്മാരുമേ, യഹോവയെ വാഴ്ത്തുവിൻ.
2വിശുദ്ധമന്ദിരത്തിലേക്ക് കൈ ഉയർത്തി യഹോവയെ വാഴ്ത്തുവിൻ.
3ആകാശവും ഭൂമിയും ഉണ്ടാക്കിയ യഹോവ
സീയോനിൽനിന്ന് നിന്നെ അനുഗ്രഹിക്കുമാറാകട്ടെ.
135
1യഹോവയെ സ്തുതിക്കുവിൻ; യഹോവയുടെ നാമത്തെ സ്തുതിക്കുവിൻ;
യഹോവയുടെ ദാസന്മാരേ, അവനെ സ്തുതിക്കുവിൻ.
2യഹോവയുടെ ആലയത്തിലും
നമ്മുടെ ദൈവത്തിന്റെ ആലയത്തിന്റെ പ്രാകാരങ്ങളിലും നില്ക്കുന്നവരേ,
3യഹോവയെ സ്തുതിക്കുവിൻ; യഹോവ നല്ലവൻ അല്ലയോ;
അവന്റെ നാമത്തിനു കീർത്തനം ചെയ്യുവിൻ; അത് മനോഹരമല്ലയോ.
4യഹോവ യാക്കോബിനെ തനിക്കായും
യിസ്രായേലിനെ തന്റെ നിക്ഷേപമായും തിരഞ്ഞെടുത്തിരിക്കുന്നു.
5യഹോവ വലിയവൻ എന്നും നമ്മുടെ കർത്താവ്
സകലദേവന്മാരിലും ശ്രേഷ്ഠൻ എന്നും ഞാൻ അറിയുന്നു.
6ആകാശത്തിലും ഭൂമിയിലും സമുദ്രങ്ങളുടെ ആഴങ്ങളിലും
യഹോവ തനിക്കിഷ്ടമുള്ളതെല്ലാം ചെയ്യുന്നു.
7അവൻ ഭൂമിയുടെ അറ്റത്തുനിന്ന് നീരാവി പൊങ്ങുമാറാക്കുന്നു;
അവൻ മഴയ്ക്കായി മിന്നലുകൾ ഉണ്ടാക്കുന്നു;
തന്റെ ഭണ്ഡാരങ്ങളിൽ നിന്ന് കാറ്റ് പുറപ്പെടുവിക്കുന്നു.
8അവൻ ഈജിപ്റ്റിൽ,
മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെ ഒരുപോലെ സംഹരിച്ചു.
9ഈജിപ്റ്റ്ദേശമേ, നിന്റെ മദ്ധ്യത്തിൽ അവൻ ഫറവോന്റെമേലും
അവന്റെ സകലഭൃത്യന്മാരുടെമേലും
അടയാളങ്ങളും അത്ഭുതങ്ങളും അയച്ചു.
10അവൻ വലിയ ജനതകളെ സംഹരിച്ചു;
ബലമുള്ള രാജാക്കന്മാരെ നിഗ്രഹിച്ചു.
11അമോര്യരുടെ രാജാവായ സീഹോനെയും
ബാശാൻരാജാവായ ഓഗിനെയും
സകല കനാന്യരാജ്യങ്ങളെയും തന്നെ.
12അവരുടെ ദേശത്തെ അവൻ അവകാശമായി,
തന്റെ ജനമായ യിസ്രായേലിന് അവകാശമായി കൊടുത്തു.
13യഹോവേ, നിന്റെ നാമം ശാശ്വതമായും
യഹോവേ, നിന്റെ ജ്ഞാപകം തലമുറതലമുറയായും ഇരിക്കുന്നു.
14യഹോവ തന്റെ ജനത്തിന് ന്യായപാലനം ചെയ്യും;
അവൻ തന്റെ ദാസന്മാരോടു സഹതപിക്കും.
15ജനതകളുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും
മനുഷ്യരുടെ കൈവേലയും ആകുന്നു.
16അവയ്ക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല;
കണ്ണുണ്ടെങ്കിലും കാണുന്നില്ല;
17അവയ്ക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല;
അവയുടെ വായിൽ ശ്വാസവുമില്ല.
18അവ ഉണ്ടാക്കുന്നവർ അവയെപ്പോലെയാകുന്നു;
അവയിൽ ആശ്രയിക്കുന്ന ഏതൊരുവനും അങ്ങനെ തന്നെ.
19യിസ്രായേൽഗൃഹമേ, യഹോവയെ വാഴ്ത്തുക;
അഹരോൻ ഗൃഹമേ, യഹോവയെ വാഴ്ത്തുക.
20ലേവിഗൃഹമേ, യഹോവയെ വാഴ്ത്തുക;
യഹോവാഭക്തന്മാരേ, യഹോവയെ വാഴ്ത്തുക.
21യെരൂശലേമിൽ അധിവസിക്കുന്ന യഹോവ
സിയോനിൽനിന്നു വാഴ്ത്തപ്പെടുമാറാകട്ടെ.
യഹോവയെ സ്തുതിക്കുവിൻ.
136
1യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ;
അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളത്.
2ദൈവാധിദൈവത്തിന് സ്തോത്രം ചെയ്യുവിൻ;
അവന്റെ ദയ എന്നേക്കുമുള്ളത്.
3കർത്താധികർത്താവിന് സ്തോത്രം ചെയ്യുവിൻ;
അവന്റെ ദയ എന്നേക്കുമുള്ളത്.
4ഏകനായി മഹാത്ഭുതങ്ങൾ പ്രവർത്തിക്കുന്നവന് -
അവന്റെ ദയ എന്നേക്കുമുള്ളത്.
5ജ്ഞാനത്തോടെ ആകാശങ്ങൾ ഉണ്ടാക്കിയവന് -
അവന്റെ ദയ എന്നേക്കുമുള്ളത്.
6ഭൂമിയെ വെള്ളത്തിന്മേൽ സ്ഥാപിച്ചവന്-
അവന്റെ ദയ എന്നേക്കുമുള്ളത്.
7വലിയ വെളിച്ചങ്ങൾ ഉണ്ടാക്കിയവന് -
അവന്റെ ദയ എന്നേക്കുമുള്ളത്.
8പകൽ വാഴുവാൻ സൂര്യനെ ഉണ്ടാക്കിയവന്-
അവന്റെ ദയ എന്നേക്കുമുള്ളത്.
9രാത്രി വാഴുവാൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയവന് -
അവന്റെ ദയ എന്നേക്കുമുള്ളത്.
10ഈജിപ്റ്റിലെ കടിഞ്ഞൂലുകളെ സംഹരിച്ചവന് -
അവന്റെ ദയ എന്നേക്കുമുള്ളത്.
11അവരുടെ ഇടയിൽനിന്ന് യിസ്രായേൾജനത്തെ പുറപ്പെടുവിച്ചവന് -
അവന്റെ ദയ എന്നേക്കുമുള്ളത്.
12ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നെ-
അവന്റെ ദയ എന്നേക്കുമുള്ളത്.
13ചെങ്കടലിനെ രണ്ടായി വിഭാഗിച്ചവന് -
അവന്റെ ദയ എന്നേക്കുമുള്ളത്.
14അതിന്റെ നടുവിൽകൂടി യിസ്രായേലിനെ കടത്തിയവന് -
അവന്റെ ദയ എന്നേക്കുമുള്ളത്.
15ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ തള്ളിയിട്ടവന് -
അവന്റെ ദയ എന്നേക്കുമുള്ളത്.
16തന്റെ ജനത്തെ മരുഭൂമിയിൽകൂടി നടത്തിയവന് -
അവന്റെ ദയ എന്നേക്കുമുള്ളത്.
17മഹാരാജാക്കന്മാരെ സംഹരിച്ചവന് -- അവന്റെ ദയ എന്നേക്കുമുള്ളത്.
18ശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ചവന് -
അവന്റെ ദയ എന്നേക്കുമുള്ളത്.
19അമോര്യരുടെ രാജാവായ സീഹോനെയും -
അവന്റെ ദയ എന്നേക്കുമുള്ളത്.
20ബാശാൻ രാജാവായ ഓഗിനെയും -
അവന്റെ ദയ എന്നേക്കുമുള്ളത്.
21അവരുടെ ദേശം അവകാശമായി കൊടുത്തു -
അവന്റെ ദയ എന്നേക്കുമുള്ളത്.
22തന്റെ ദാസനായ യിസ്രായേലിന് അവകാശമായി തന്നെ -
അവന്റെ ദയ എന്നേക്കുമുള്ളത്.
23നമ്മുടെ താഴ്ചയിൽ നമ്മെ ഓർത്തവന് -
അവന്റെ ദയ എന്നേക്കുമുള്ളത്.
24നമ്മുടെ വൈരികളുടെ കൈയിൽനിന്ന് നമ്മെ വിടുവിച്ചവന് -
അവന്റെ ദയ എന്നേക്കുമുള്ളത്.
25സകലജഡത്തിനും ആഹാരം കൊടുക്കുന്നവന് -
അവന്റെ ദയ എന്നേക്കുമുള്ളത്.
26സ്വർഗ്ഗസ്ഥനായ ദൈവത്തിനു സ്തോത്രം ചെയ്യുവിൻ;
അവന്റെ ദയ എന്നേക്കുമുള്ളത്.
137
1ബാബേൽനദികളുടെ തീരത്ത് ഞങ്ങൾ ഇരുന്നു,
സീയോനെ ഓർമ്മിച്ചപ്പോൾ ഞങ്ങൾ കരഞ്ഞു.
2അതിന്റെ നടുവിലുള്ള അലരിവൃക്ഷങ്ങളിന്മേൽ
ഞങ്ങൾ ഞങ്ങളുടെ കിന്നരങ്ങൾ തൂക്കിയിട്ടു.
3ഞങ്ങളെ ബദ്ധരാക്കിക്കൊണ്ടുപോയവർ:
“സീയോൻഗീതങ്ങളിൽ ഒന്നു പാടുവിൻ” എന്ന് പറഞ്ഞു;
ഞങ്ങളെ പീഡിപ്പിച്ചവർ ഗീതങ്ങളും സന്തോഷവും ഞങ്ങളോടു ചോദിച്ചു.
4ഞങ്ങൾ യഹോവയുടെ ഗീതം അന്യദേശത്ത് പാടുന്നതെങ്ങനെ?
5യെരൂശലേമേ, നിന്നെ ഞാൻ മറക്കുന്നു എങ്കിൽ
എന്റെ വലങ്കൈ മറന്നുപോകട്ടെ.
6നിന്നെ ഞാൻ ഓർമ്മിക്കാതെ പോയാൽ,
യെരൂശലേമിനെ എന്റെ മുഖ്യസന്തോഷത്തെക്കാൾ വിലമതിക്കാതെ പോയാൽ,
എന്റെ നാവ് അണ്ണാക്കിനോടു പറ്റിപ്പോകട്ടെ.
7“ഇടിച്ചുകളയുവിൻ, അടിസ്ഥാനംവരെ അതിനെ ഇടിച്ചുകളയുവിൻ!”
എന്നിങ്ങനെ പറഞ്ഞ ഏദോമ്യർക്കായി
യഹോവേ, യെരൂശലേമിന്റെ നാൾ ഓർമ്മിക്കണമേ.
8നാശം അടുത്തിരിക്കുന്ന ബാബേൽപുത്രിയേ,
നീ ഞങ്ങളോടു ചെയ്തതുപോലെ നിന്നോടു ചെയ്യുന്നവൻ ഭാഗ്യവാൻ.
9നിന്റെ കുഞ്ഞുങ്ങളെ പിടിച്ച്
പാറമേൽ അടിച്ചുകളയുന്നവൻ ഭാഗ്യവാൻ.
138
ദാവീദിന്റെ ഒരു സങ്കീർത്തനം.
1ഞാൻ പൂർണ്ണഹൃദയത്തോടെ നിനക്കു സ്തോത്രം ചെയ്യും;
ദേവന്മാരുടെ മുമ്പാകെ ഞാൻ നിന്നെ കീർത്തിക്കും.
2ഞാൻ നിന്റെ വിശുദ്ധമന്ദിരത്തെ നോക്കി നമസ്കരിച്ച്,
നിന്റെ ദയയും വിശ്വസ്തതയും നിമിത്തം തിരുനാമത്തിനു സ്തോത്രം ചെയ്യും;
നിന്റെ നാമത്തിനു മീതെ എല്ലാം നീ
നിന്റെ വചനത്തെ മഹത്ത്വപ്പെടുത്തിയിരിക്കുന്നു.
3ഞാൻ വിളിച്ചപേക്ഷിച്ച നാളിൽ നീ എനിക്ക് ഉത്തരം അരുളി;
എന്റെ ഉള്ളിൽ ബലം നല്കി എന്നെ ധൈര്യപ്പെടുത്തിയിരിക്കുന്നു.
4യഹോവേ, ഭൂമിയിലെ സകലരാജാക്കന്മാരും
നിന്റെ വായിലെ വചനങ്ങൾ കേട്ടിട്ട് നിനക്കു സ്തോത്രം ചെയ്യും.
5അതേ, അവർ യഹോവയുടെ വഴികളെക്കുറിച്ചു പാടും;
യഹോവയുടെ മഹത്ത്വം വലിയതാകുന്നുവല്ലോ.
6യഹോവ ഉന്നതനെങ്കിലും താഴ്മയുള്ളവനെ കടാക്ഷിക്കുന്നു;
ഗർവ്വിഷ്ഠനെ അവൻ ദൂരത്തുനിന്ന് അറിയുന്നു.
7ഞാൻ കഷ്ടതയുടെ നടുവിൽ നടന്നാലും നീ എന്നെ ജീവിപ്പിക്കും;
എന്റെ ശത്രുക്കളുടെ ക്രോധത്തിനു നേരെ നീ കൈ നീട്ടും;
നിന്റെ വലങ്കൈ എന്നെ രക്ഷിക്കും.
8യഹോവ എന്നെക്കുറിച്ചുള്ള ഉദ്ദേശ്യം പൂർത്തികരിക്കും;
യഹോവേ, നിന്റെ ദയ എന്നേക്കുമുള്ളത്;
തൃക്കൈകളുടെ പ്രവൃത്തിയെ ഉപേക്ഷിക്കരുതേ.
139
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം.
1യഹോവേ, നീ എന്നെ പരിശോധന ചെയ്ത് അറിഞ്ഞിരിക്കുന്നു;
2ഞാൻ ഇരിക്കുന്നതും എഴുന്നേല്ക്കുന്നതും നീ അറിയുന്നു.
എന്റെ ചിന്തകൾ നീ ദൂരത്തുനിന്നു ഗ്രഹിക്കുന്നു.
3എന്റെ നടപ്പും കിടപ്പും നീ പരിശോധിക്കുന്നു;
എന്റെ വഴികളെല്ലാം നിനക്കു മനസ്സിലായിരിക്കുന്നു.
4യഹോവേ, നീ മുഴുവനും അറിയാതെ ഒരു വാക്കും എന്റെ നാവിൽ ഇല്ല.
5നീ എന്റെ മുമ്പും പിമ്പും അടച്ച്
നിന്റെ കൈ എന്റെമേൽ വച്ചിരിക്കുന്നു.
6ഈ പരിജ്ഞാനം എനിക്ക് അത്യത്ഭുതമാകുന്നു;
അത് എനിക്കു ഗ്രഹിച്ചുകൂടാത്തവിധം ഉന്നതമായിരിക്കുന്നു.
7നിന്റെ ആത്മാവിനെ ഒളിച്ച് ഞാൻ എവിടെ പോകും?
തിരുസന്നിധി വിട്ട് ഞാൻ എവിടേക്ക് ഓടും?
8ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ട്;
പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ട്.
9ഞാൻ ഉഷസ്സിന്റെ ചിറകു ധരിച്ച്,
സമുദ്രത്തിന്റെ അറ്റത്തു ചെന്നു വസിച്ചാൽ
10അവിടെയും നിന്റെ കൈ എന്നെ നടത്തും;
നിന്റെ വലങ്കൈ എന്നെ പിടിക്കും.
11“ഇരുട്ട് എന്നെ മൂടിക്കളയട്ടെ;
വെളിച്ചം എന്റെ ചുറ്റും രാത്രിയായിത്തീരട്ടെ” എന്നു ഞാൻ പറഞ്ഞാൽ
12ഇരുട്ടിൽപോലും നിനക്ക് ഒന്നും മറഞ്ഞിരിക്കുകയില്ല;
രാത്രി പകൽപോലെ പ്രകാശിക്കും;
ഇരുട്ടും വെളിച്ചവും നിനക്ക് തുല്യം തന്നെ.
13നീയല്ലയോ എന്റെ ആന്തരിക അവയവങ്ങൾ നിർമ്മിച്ചത്;
എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മനഞ്ഞു.
14ഭയങ്കരവും അത്ഭുതകരവുമായി എന്നെ സൃഷ്ടിച്ചിരിക്കുകയാൽ
ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു;
നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു;
അത് എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു.
15ഞാൻ രഹസ്യത്തിൽ നിർമ്മിക്കപ്പെടുകയും
ഭൂമിയുടെ അധോഭാഗങ്ങളിൽ സൃഷ്ടിക്കപ്പെടുകയും ചെയ്തപ്പോൾ
എന്റെ അസ്ഥികൂടം നിനക്ക് മറഞ്ഞിരുന്നില്ല.
16ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ നിന്റെ കണ്ണ് എന്നെ കണ്ടു;
എനിക്കുവേണ്ടി നിയമിക്കപ്പെട്ട നാളുകൾ ഒന്നും ഇല്ലാതിരുന്നപ്പോൾ
അവയെല്ലാം നിന്റെ പുസ്തകത്തിൽ എഴുതിയിരുന്നു;
17ദൈവമേ, എന്നെക്കുറിച്ചുള്ള നിന്റെ വിചാരങ്ങൾ എത്ര ഘനമായവ!
അവയുടെ ആകെത്തുകയും എത്ര വലിയത്!
18അവ എണ്ണിയാൽ മണലിനെക്കാൾ അധികം;
ഞാൻ ഉണരുമ്പോൾ ഇനിയും ഞാൻ നിന്റെ അടുക്കൽ ഇരിക്കുന്നു.
19ദൈവമേ, നീ ദുഷ്ടനെ നിഗ്രഹിച്ചെങ്കിൽ കൊള്ളാമായിരുന്നു;
രക്തപാതകന്മാരേ, എന്നെ വിട്ടുപോകുവിൻ.
20അവർ ദ്രോഹമായി നിന്നെക്കുറിച്ചു സംസാരിക്കുന്നു;
നിന്റെ ശത്രുക്കൾ നിന്റെ നാമം വൃഥാ എടുക്കുന്നു.
21യഹോവേ, നിന്നെ വെറുക്കുന്നവരെ ഞാൻ വെറുക്കേണ്ടതല്ലയോ?
നിന്നോട് എതിർത്തുനില്ക്കുന്നവരെ ഞാൻ എതിർക്കേണ്ടതല്ലയോ?
22ഞാൻ പൂർണ്ണദ്വേഷത്തോടെ അവരെ ദ്വേഷിക്കുന്നു;
അവരെ എന്റെ ശത്രുക്കളായി എണ്ണുന്നു.
23ദൈവമേ, എന്നെ പരിശോധന ചെയ്ത് എന്റെ ഹൃദയത്തെ അറിയണമേ;
എന്നെ പരീക്ഷിച്ച് എന്റെ വിചാരങ്ങൾ അറിയണമേ.
24വ്യസനത്തിനുള്ള വഴികൾ എന്നിൽ ഉണ്ടോ എന്ന് നോക്കി,
ശാശ്വതമാർഗ്ഗത്തിൽ എന്നെ നടത്തണമേ.
140
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം.
1യഹോവേ, ദുഷ്ടമനുഷ്യരുടെ കൈയിൽ നിന്ന് എന്നെ വിടുവിച്ച്
സാഹസക്കാരുടെ പക്കൽനിന്ന് എന്നെ പരിപാലിക്കണമേ.
2അവർ ഹൃദയത്തിൽ തിന്മ നിരൂപിക്കുന്നു;
അവർ ഇടവിടാതെ പോരാട്ടത്തിനായി കൂട്ടം കൂടുന്നു;
3അവർ സർപ്പംപോലെ അവരുടെ നാവുകൾക്ക് മൂർച്ചകൂട്ടുന്നു;
അവരുടെ അധരങ്ങൾക്കു കീഴിൽ അണലിവിഷം ഉണ്ട്.
സേലാ.
4യഹോവേ, ദുഷ്ടന്റെ കൈയിൽനിന്ന് എന്നെ കാക്കണമേ;
സാഹസക്കാരനിൽനിന്ന് എന്നെ പരിപാലിക്കണമേ;
അവർ എന്റെ കാലടികൾ മറിച്ചുകളയുവാൻ ഭാവിക്കുന്നു.
5ഗർവ്വിഷ്ഠന്മാർ എനിക്കായി കെണിയും കയറും മറച്ചുവച്ചിരിക്കുന്നു;
വഴിയരികിൽ അവർ വല വിരിച്ചിരിക്കുന്നു;
അവർ എനിക്കായി കുടുക്കുകൾ വച്ചിരിക്കുന്നു.
സേലാ.
6“നീ എന്റെ ദൈവം” എന്ന് ഞാൻ യഹോവയോടു പറഞ്ഞു;
യഹോവേ, എന്റെ യാചനകൾ കേൾക്കണമേ.
7എന്റെ രക്ഷയുടെ ബലമായ കർത്താവായ യഹോവേ,
യുദ്ധദിവസത്തിൽ നീ എന്റെ തലയിൽ ശിരസ്ത്രം വയ്ക്കുന്നു.
8യഹോവേ, ദുഷ്ടന്റെ ആഗ്രഹങ്ങൾ നടത്തരുതേ;
നിഗളിച്ചുപോകാതിരിക്കേണ്ടതിന്
അവന്റെ ദുരുപായം സാധിപ്പിക്കുകയും അരുതേ.
സേലാ.
9എന്നെ വളഞ്ഞിരിക്കുന്നവരുടെ തലയോ, -
അവരുടെ അധരങ്ങളുടെ തിന്മ അവരെ മൂടിക്കളയട്ടെ.
10തീക്കനൽ അവരുടെ മേൽ വീഴട്ടെ;
അവൻ അവരെ തീയിലും
എഴുന്നേല്ക്കാത്തവിധം കുഴിയിലും ഇട്ടുകളയട്ടെ.
11വാവിഷ്ഠാണക്കാരൻ ഭൂമിയിൽ നിലനില്ക്കുകയില്ല;
സാഹസക്കാരനെ അനർത്ഥം നായാടി ഉന്മൂലനാശം വരുത്തും.
12യഹോവ പീഡിതന്റെ വ്യവഹാരവും
ദരിദ്രന്മാരുടെ ന്യായവും നടത്തും എന്ന് ഞാൻ അറിയുന്നു.
13അതേ, നീതിമാന്മാർ നിന്റെ നാമത്തിനു സ്തോത്രം ചെയ്യും;
നേരുള്ളവർ നിന്റെ സന്നിധിയിൽ വസിക്കും.
141
ദാവീദിന്റെ ഒരു സങ്കീർത്തനം.
1യഹോവേ, ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു;
എന്റെ അടുക്കലേക്ക് വേഗം വരണമേ;
ഞാൻ നിന്നോട് അപേക്ഷിക്കുമ്പോൾ
എന്റെ അപേക്ഷ കേൾക്കണമേ.
2എന്റെ പ്രാർത്ഥന തിരുസന്നിധിയിൽ ധൂപമായും
എന്റെ കൈകളെ മലർത്തുന്നത് സന്ധ്യായാഗമായും തീരട്ടെ.
3യഹോവേ, എന്റെ വായ്ക്ക് ഒരു കാവൽ നിർത്തി,
എന്റെ അധരദ്വാരം കാക്കണമേ.
4ദുഷ്പ്രവൃത്തിക്കാരോടുകൂടി ദുഷ്പ്രവൃത്തികളിൽ ഇടപെടുവാൻ
എന്റെ ഹൃദയത്തെ ദുഷ്ക്കാര്യത്തിന് ചായിക്കരുതേ;
അവരുടെ സ്വാദുഭോജനം ഞാൻ കഴിക്കുകയുമരുതേ.
5നീതിമാൻ എന്നെ അടിക്കുന്നത് ദയ;
അവൻ എന്നെ ശാസിക്കുന്നത് തലയ്ക്ക് എണ്ണ;
എന്റെ തല അത് വിലക്കാതിരിക്കട്ടെ;
ഇനി അവർ ചെയ്യുന്ന ദോഷങ്ങൾക്കെതിരെ എനിക്ക് പ്രാർത്ഥനയേയുള്ളു.
6അവരുടെ ന്യായാധിപന്മാരെ പാറമേൽ നിന്ന് തള്ളിയിടും;
എന്റെ വാക്കുകൾ ഇമ്പമുള്ളവയാകയാൽ അവർ അവ കേൾക്കും.
7നിലം ഉഴുതു മറിച്ചിട്ടിരിക്കുന്നതുപോലെ
ഞങ്ങളുടെ അസ്ഥികൾ പാതാളത്തിന്റെ വാതില്ക്കൽ ചിതറിക്കിടക്കുന്നു.
8കർത്താവായ യഹോവേ, എന്റെ കണ്ണുകൾ നിങ്കലേക്കാകുന്നു.
ഞാൻ നിന്നെ ശരണമാക്കുന്നു; എന്റെ പ്രാണനെ നിരാലംബമാക്കരുതേ.
9അവർ എനിക്കായി വച്ചിരിക്കുന്ന കെണിയിലും
ദുഷ്പ്രവൃത്തിക്കാരുടെ കുടുക്കുകളിലും അകപ്പെടാതെ എന്നെ കാക്കണമേ.
10ഞാൻ രക്ഷപെടുമ്പോൾ
ദുഷ്ടന്മാർ സ്വന്തവലകളിൽ അകപ്പെടട്ടെ.
142
ദാവീദിന്റെ ഒരു ധ്യാനം; അവൻ ഗുഹയിൽ ആയിരുന്നപ്പോൾ കഴിച്ച പ്രാർത്ഥന.
1ഞാൻ യഹോവയോട് ഉറക്കെ നിലവിളിക്കുന്നു;
ഞാൻ ഉച്ചത്തിൽ യഹോവയോട് പ്രാർത്ഥിക്കുന്നു.
2അവന്റെ സന്നിധിയിൽ ഞാൻ എന്റെ സങ്കടം പകരുന്നു;
എന്റെ കഷ്ടത ഞാൻ അവനെ ബോധിപ്പിക്കുന്നു.
3എന്റെ ആത്മാവ് എന്റെ ഉള്ളിൽ വിഷാദിച്ചിരിക്കുമ്പോൾ
നീ എന്റെ പാത അറിയുന്നു.
ഞാൻ നടക്കുന്ന പാതയിൽ അവർ എനിക്ക് ഒരു കെണി ഒളിച്ചുവച്ചിരിക്കുന്നു.
4എന്റെ വലത്തുഭാഗത്തേക്ക് നോക്കി കാണണമേ;
എന്നെ ശ്രദ്ധിക്കുന്നവൻ ആരുമില്ലല്ലോ.
ശരണം എനിക്ക് നഷ്ടമായിരിക്കുന്നു;
എന്റെ പ്രാണനു വേണ്ടി ആരും കരുതുന്നില്ല.
5യഹോവേ, ഞാൻ നിന്നോടു നിലവിളിച്ചു;
“നീ എന്റെ സങ്കേതവും ജീവനുള്ളവരുടെ ദേശത്ത്
എന്റെ ഓഹരിയും ആകുന്നു” എന്ന് ഞാൻ പറഞ്ഞു.
6എന്റെ നിലവിളിക്ക് ചെവി തരണമേ.
ഞാൻ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു;
എന്നെ ഉപദ്രവിക്കുന്നവർ എന്നിലും ബലവാന്മാരാകയാൽ
അവരുടെ കൈയിൽനിന്ന് എന്നെ വിടുവിക്കണമേ.
7ഞാൻ നിന്റെ നാമത്തിനു സ്തോത്രം ചെയ്യുവാൻ
എന്റെ പ്രാണനെ കാരാഗൃഹത്തിൽനിന്നു പുറപ്പെടുവിക്കണമേ;
നീ എനിക്ക് ഉപകാരം ചെയ്തിരിക്കുകയാൽ
നീതിമാന്മാർ എന്റെ ചുറ്റം വന്നുകൂടും.
143
ദാവീദിന്റെ ഒരു സങ്കീർത്തനം.
1യഹോവേ, എന്റെ പ്രാർത്ഥന കേട്ട്, എന്റെ വിനീത അഭ്യർത്ഥനകൾക്ക് ചെവിതരണമേ;
നിന്റെ വിശ്വസ്തതയാലും നീതിയാലും എനിക്കുത്തരമരുളണമേ.
2അടിയനെ ന്യായവിസ്താരത്തിൽ പ്രവേശിപ്പിക്കരുതേ;
ജീവനുള്ളവൻ ആരും തിരുസന്നിധിയിൽ നീതിമാനാകുകയില്ലല്ലോ.
3ശത്രു എന്റെ പ്രാണനെ ഉപദ്രവിച്ചിരിക്കുന്നു;
അവൻ എന്നെ നിലത്തിട്ട് തകർത്തിരിക്കുന്നു;
പണ്ടുതന്നെ മരിച്ചവരെപ്പോലെ അവൻ എന്നെ ഇരുട്ടിൽ പാർപ്പിച്ചിരിക്കുന്നു.
4ആകയാൽ എന്റെ മനസ്സ് എന്റെ ഉള്ളിൽ വിഷാദിച്ചിരിക്കുന്നു;
എന്റെ ഹൃദയം എന്റെ ഉള്ളിൽ സ്തംഭിച്ചിരിക്കുന്നു.
5ഞാൻ പണ്ടത്തെ നാളുകൾ ഓർക്കുന്നു;
നിന്റെ സകലപ്രവൃത്തികളെയും ഞാൻ ധ്യാനിക്കുന്നു;
നിന്റെ കൈകളുടെ പ്രവൃത്തിയെപ്പറ്റി ഞാൻ ചിന്തിക്കുന്നു.
6ഞാൻ എന്റെ കൈകൾ നിങ്കലേക്കു മലർത്തുന്നു;
വരണ്ട നിലംപോലെ എന്റെ പ്രാണൻ നിനക്കായി ദാഹിക്കുന്നു.
സേലാ.
7യഹോവേ, വേഗം എനിക്ക് ഉത്തരമരുളണമേ;
എന്റെ ആത്മാവ് ക്ഷീണിക്കുന്നു.
ഞാൻ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിക്കുവാൻ
നിന്റെ മുഖം എനിക്കു മറയ്ക്കരുതേ.
8രാവിലെ നിന്റെ ആർദ്രകരുണയെപ്പറ്റി എന്നെ കേൾപ്പിക്കണമേ;
ഞാൻ നിന്നിൽ ആശ്രയിക്കുന്നുവല്ലോ;
ഞാൻ നടക്കേണ്ട വഴി എന്നെ അറിയിക്കണമേ;
ഞാൻ എന്റെ ഉള്ളം നിങ്കലേക്ക് ഉയർത്തുന്നുവല്ലോ.
9യഹോവേ, എന്റെ ശത്രുക്കളുടെ കൈയിൽനിന്ന് എന്നെ വിടുവിക്കണമേ;
നിന്റെ അടുക്കൽ ഞാൻ സങ്കേതത്തിനായി വരുന്നു.
10നിന്റെ ഇഷ്ടം ചെയ്യുവാൻ എന്നെ പഠിപ്പിക്കണമേ.
നീ എന്റെ ദൈവമാകുന്നുവല്ലോ;
നിന്റെ നല്ല ആത്മാവ് നേരായ മാർഗത്തിൽ എന്നെ നടത്തുമാറാകട്ടെ.
11യഹോവേ, നിന്റെ നാമംനിമിത്തം എന്നെ ജീവിപ്പിക്കണമേ;
നിന്റെ നീതിയാൽ എന്റെ പ്രാണനെ കഷ്ടതയിൽനിന്ന് ഉദ്ധരിക്കണമേ.
12നിന്റെ ദയയാൽ എന്റെ ശത്രുക്കളെ സംഹരിക്കണമേ;
എന്റെ പ്രാണനെ പീഡിപ്പിക്കുന്ന എല്ലാവരെയും നശിപ്പിക്കണമേ;
ഞാൻ നിന്റെ ദാസൻ ആകുന്നുവല്ലോ.
144
ദാവീദിന്റെ ഒരു സങ്കീർത്തനം.
1എന്റെ പാറയാകുന്ന യഹോവ വാഴ്ത്തപ്പെട്ടവൻ;
അവൻ യുദ്ധത്തിന് എന്റെ കൈകളെയും
പോരിന് എന്റെ വിരലുകളെയും അഭ്യസിപ്പിക്കുന്നു.
2എന്റെ ദയയും എന്റെ കോട്ടയും
എന്റെ ഗോപുരവും എന്റെ രക്ഷകനും
എന്റെ പരിചയും ഞാൻ ശരണമാക്കിയവനും
എന്റെ ജനത്തെ എനിക്കു വിധേയപ്പെടുത്തിത്തരുന്നവനും അവൻ തന്നെ.
3യഹോവേ, മനുഷ്യനെ നീ ഗണ്യമാക്കുവാൻ അവൻ എന്തുണ്ട്?
മർത്യപുത്രനെ നീ വിചാരിക്കുവാൻ അവൻ എന്തുമാത്രം?
4മനുഷ്യൻ ഒരു ശ്വാസത്തിനു തുല്യമത്രെ.
അവന്റെ ആയുഷ്കാലം കടന്നുപോകുന്ന നിഴൽപോലെയാകുന്നു.
5യഹോവേ, ആകാശം ചായിച്ച് ഇറങ്ങിവരണമേ;
പർവ്വതങ്ങൾ പുകയുവാൻ തക്കവണ്ണം അവയെ തൊടണമേ.
6മിന്നൽ അയച്ച് അവരെ ചിതറിക്കണമേ;
നിന്റെ അസ്ത്രങ്ങൾ എയ്ത് അവരെ തോല്പിക്കണമേ.
7ഉയരത്തിൽനിന്നു തൃക്കൈ നീട്ടി എന്നെ വിടുവിക്കണമേ;
പെരുവെള്ളത്തിൽനിന്നും അന്യജനതകളുടെ കൈയിൽനിന്നും എന്നെ രക്ഷിക്കണമേ!
8അവരുടെ വായ് ഭോഷ്ക് സംസാരിക്കുന്നു;
അവരുടെ വലങ്കൈ വ്യാജമുള്ള വലങ്കയ്യാകുന്നു.
9ദൈവമേ, ഞാൻ നിനക്ക് പുതിയ ഒരു പാട്ടുപാടും;
പത്തു കമ്പിയുള്ള വീണകൊണ്ട് ഞാൻ നിനക്ക് കീർത്തനം ചെയ്യും.
10നീ രാജാക്കന്മാർക്കു ജയം നല്കുകയും
നിന്റെ ദാസനായ ദാവീദിനെ മരണകരമായ വാളിൽനിന്ന്
രക്ഷിക്കുകയും ചെയ്യുന്നുവല്ലോ.
11അന്യജനതകളുടെ കൈയിൽനിന്ന് എന്നെ വിടുവിച്ച് രക്ഷിക്കണമേ;
അവരുടെ വായ് ഭോഷ്കു സംസാരിക്കുന്നു;
അവരുടെ വലങ്കൈ വ്യാജമുള്ള വലങ്കയ്യാകുന്നു.
12ഞങ്ങളുടെ പുത്രന്മാർ ബാല്യത്തിൽ തഴച്ചു വളരുന്ന തൈകൾപോലെയും
ഞങ്ങളുടെ പുത്രിമാർ അരമനയ്ക്കായി കൊത്തിയ മൂലത്തൂണുകൾപോലെയും ആയിരിക്കട്ടെ.
13ഞങ്ങളുടെ കളപ്പുരകൾ വിവിധ ധാന്യം നല്കുവാന്തക്കവണ്ണം നിറഞ്ഞിരിക്കട്ടെ.
ഞങ്ങളുടെ ആടുകൾ ഞങ്ങളുടെ പുല്പുറങ്ങളിൽ ആയിരമായും പതിനായിരമായും പെറ്റുപെരുകട്ടെ.
14ഞങ്ങളുടെ കാളകൾ ചുമടു ചുമക്കട്ടെ;
മതിൽ തകർക്കുന്നതും പടയ്ക്കു പുറപ്പെടുന്നതും ഞങ്ങളുടെ വീഥികളിൽ നിലവിളിയും ഇല്ലാതെയിരിക്കട്ടെ.
15ഈ സ്ഥിതിയിൽ ഇരിക്കുന്ന ജനം ഭാഗ്യമുള്ളത്;
യഹോവ ദൈവമായിരിക്കുന്ന ജനം ഭാഗ്യമുള്ളതു തന്നെ.
145
ദാവീദിന്റെ ഒരു സങ്കീർത്തനം.
1എന്റെ ദൈവമായ രാജാവേ, ഞാൻ നിന്നെ പുകഴ്ത്തും;
ഞാൻ നിന്റെ നാമത്തെ എന്നെന്നേക്കും വാഴ്ത്തും.
2ദിനംതോറും ഞാൻ നിന്നെ വാഴ്ത്തും;
ഞാൻ നിന്റെ നാമത്തെ എന്നെന്നേക്കും സ്തുതിക്കും.
3യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു;
അവന്റെ മഹിമ അഗോചരമത്രേ.
4ഒരു തലമുറ മറ്റൊരു തലമുറയോട് നിന്റെ ക്രിയകളെ പുകഴ്ത്തി
നിന്റെ വീര്യപ്രവൃത്തികളെ പ്രസ്താവിക്കും.
5നിന്റെ പ്രതാപത്തിന്റെ തേജസ്സുള്ള മഹത്വത്തെയും
നിന്റെ അത്ഭുതകാര്യങ്ങളെയും ഞാൻ ധ്യാനിക്കും.
6മനുഷ്യർ നിന്റെ മഹാപ്രവൃത്തികളുടെ ശക്തിയെപ്പറ്റി പ്രസ്താവിക്കും;
ഞാൻ നിന്റെ മഹിമ വർണ്ണിക്കും.
7അവർ നിന്റെ വലിയ നന്മയുടെ ഓർമ്മ പ്രസിദ്ധമാക്കും;
നിന്റെ നീതിയെക്കുറിച്ച് ഘോഷിച്ചുല്ലസിക്കും.
8യഹോവ കൃപയും കരുണയും
ദീർഘക്ഷമയും മഹാദയയും ഉള്ളവൻ.
9യഹോവ എല്ലാവർക്കും നല്ലവൻ;
തന്റെ സകലപ്രവൃത്തികളോടും അവന് കരുണ തോന്നുന്നു.
10യഹോവേ, നിന്റെ സകലപ്രവൃത്തികളും നിനക്കു സ്തോത്രം ചെയ്യും;
നിന്റെ ഭക്തന്മാർ നിന്നെ വാഴ്ത്തും.
11മനുഷ്യപുത്രന്മാരോട് അവന്റെ വീര്യപ്രവൃത്തികളും
അവർ നിന്റെ രാജത്വത്തിന്റെ തേജസ്സുള്ള പ്രതാപവും പ്രസ്താവിക്കേണ്ടതിന്
12അവർ നിന്റെ രാജ്യത്തിന്റെ മഹത്വം പ്രസിദ്ധമാക്കി
നിന്റെ ശക്തിയെക്കുറിച്ച് സംസാരിക്കും.
13നിന്റെ രാജത്വം നിത്യരാജത്വം ആകുന്നു;
നിന്റെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു.
14വീഴുന്നവരെ എല്ലാം യഹോവ താങ്ങുന്നു;
കുനിഞ്ഞിരിക്കുന്നവരെ എന്റെ അടുക്കൽഅവൻ നിവിർത്തുന്നു.
15എല്ലാവരുടെയും കണ്ണുകൾ നിന്നെ നോക്കി കാത്തിരിക്കുന്നു;
നീ തത്സമയത്ത് അവർക്ക് ഭക്ഷണം കൊടുക്കുന്നു.
16നീ തൃക്കൈ തുറന്ന്
ജീവനുള്ളതിനെല്ലാം നിന്റെ പ്രസാദം കൊണ്ട് തൃപ്തിവരുത്തുന്നു.
17യഹോവ തന്റെ സകലവഴികളിലും നീതിമാനും
തന്റെ സകലപ്രവൃത്തികളിലും ദയാലുവും ആകുന്നു.
18യഹോവ, തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും,
സത്യമായി തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും, സമീപസ്ഥനാകുന്നു.
19തന്റെ ഭക്തന്മാരുടെ ആഗ്രഹം അവൻ സാധിപ്പിക്കും;
അവരുടെ നിലവിളി കേട്ട് അവരെ രക്ഷിക്കും.
20യഹോവ തന്നെ സ്നേഹിക്കുന്ന ഏവരെയും പരിപാലിക്കുന്നു;
എന്നാൽ സകല ദുഷ്ടന്മാരെയും അവൻ നശിപ്പിക്കും;
21എന്റെ വായ് യഹോവയുടെ സ്തുതി പ്രസ്താവിക്കും;
സകല ജഡവും അവന്റെ വിശുദ്ധനാമത്തെ എന്നെന്നേക്കും വാഴ്ത്തട്ടെ.
146
ദാവീദിന്റെ ഒരു സങ്കീർത്തനം.
1യഹോവയെ സ്തുതിക്കുവിൻ;
എൻ മനമേ, യഹോവയെ സ്തുതിക്കുക.
2ആയുഷ്ക്കാലം മുഴുവൻ ഞാൻ യഹോവയെ സ്തുതിക്കും;
ഞാൻ ഉള്ള കാലത്തോളം എന്റെ ദൈവത്തിനു കീർത്തനം ചെയ്യും.
3നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുത്;
സഹായിക്കുവാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുത്.
4അവന്റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്കു മടങ്ങുന്നു;
അന്നു തന്നെ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു.
5യാക്കോബിന്റെ ദൈവം സഹായമായി
തന്റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവൻ ഭാഗ്യവാൻ.
6അവൻ ആകാശവും ഭൂമിയും സമുദ്രവും
അവയിലുള്ള സകലവും ഉണ്ടാക്കി;
അവൻ എന്നേക്കും വിശ്വസ്തനായിരിക്കുന്നു.
7പീഡിതന്മാർക്ക് അവൻ ന്യായം പാലിച്ചു കൊടുക്കുന്നു;
വിശപ്പുള്ളവർക്ക് അവൻ ആഹാരം നല്കുന്നു;
യഹോവ ബദ്ധന്മാർക്ക് സ്വാതന്ത്ര്യം നൽകുന്നു.
8യഹോവ കുരുടന്മാർക്ക് കാഴ്ച കൊടുക്കുന്നു;
യഹോവ കുനിഞ്ഞിരിക്കുന്നവരെ നിവിർത്തുന്നു;
യഹോവ നീതിമാന്മാരെ സ്നേഹിക്കുന്നു.
9യഹോവ പരദേശികളെ പരിപാലിക്കുന്നു;
അവൻ അനാഥനെയും വിധവയെയും സംരക്ഷിക്കുന്നു;
എന്നാൽ ദുഷ്ടന്മാരുടെ വഴി അവൻ മറിച്ചുകളയുന്നു.
10യഹോവ എന്നേക്കും വാഴും;
സീയോനേ, നിന്റെ ദൈവം തലമുറതലമുറയോളം തന്നെ.
യഹോവയെ സ്തുതിക്കുവിൻ.
147
1യഹോവയെ സ്തുതിക്കുവിൻ;
നമ്മുടെ ദൈവത്തിന് കീർത്തനം പാടുന്നത് നല്ലത്;
അത് മനോഹരവും സ്തുതി ഉചിതവും തന്നെ.
2യഹോവ യെരൂശലേമിനെ പണിയുന്നു;
അവൻ യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ കൂട്ടിച്ചേർക്കുന്നു.
3മനം തകർന്നവരെ അവൻ സൗഖ്യമാക്കുകയും
അവരുടെ മുറിവുകൾ കെട്ടുകയും ചെയ്യുന്നു.
4അവൻ നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു;
അവയ്ക്ക് എല്ലാം പേര് വിളിക്കുന്നു.
5നമ്മുടെ കർത്താവ് വലിയവനും ശക്തിയേറിയവനും ആകുന്നു;
അവന്റെ വിവേകത്തിന് അന്തമില്ല.
6യഹോവ താഴ്മയുള്ളവനെ ഉയർത്തുന്നു;
അവൻ ദുഷ്ടന്മാരെ നിലത്ത് തള്ളിയിടുന്നു.
7സ്തോത്രത്തോടെ യഹോവയ്ക്കു പാടുവിൻ;
കിന്നരത്തോടെ നമ്മുടെ ദൈവത്തിന് കീർത്തനം ചെയ്യുവിൻ;
8അവൻ ആകാശത്തെ മേഘംകൊണ്ടു മൂടുന്നു;
ഭൂമിക്കായി മഴ ഒരുക്കുന്നു;
അവൻ പർവ്വതങ്ങളിൽ പുല്ലു മുളപ്പിക്കുന്നു.
9അവൻ മൃഗങ്ങൾക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും
അതതിന്റെ ആഹാരം കൊടുക്കുന്നു.
10അശ്വബലത്തിൽ അവൻ സന്തോഷിക്കുന്നില്ല;
പുരുഷന്റെ ശക്തിയിൽ പ്രസാദിക്കുന്നതുമില്ല.
11തന്നെ ഭയപ്പെടുകയും തന്റെ ദയയിൽ പ്രത്യാശ വയ്ക്കുകയും
ചെയ്യുന്നവരിൽ യഹോവ പ്രസാദിക്കുന്നു.
12യെരൂശലേമേ, യഹോവയെ പുകഴ്ത്തുക;
സീയോനേ, നിന്റെ ദൈവത്തെ വാഴ്ത്തുക;
13അവൻ നിന്റെ വാതിലുകളുടെ ഓടാമ്പലുകൾ ഉറപ്പിച്ച്
നിന്റെ അകത്ത് നിന്റെ മക്കളെ അനുഗ്രഹിച്ചിരിക്കുന്നു.
14അവൻ നിന്റെ ദേശത്ത് സമാധാനം വരുത്തുന്നു;
വിശേഷമായ ഗോതമ്പുകൊണ്ട് നിനക്കു തൃപ്തിവരുത്തുന്നു.
15അവൻ തന്റെ ആജ്ഞ ഭൂമിയിലേക്ക് അയയ്ക്കുന്നു;
അവന്റെ വചനം അതിവേഗം ഓടുന്നു.
16അവൻ പഞ്ഞിപോലെ മഞ്ഞു പെയ്യിക്കുന്നു;
ചാരംപോലെ ഹിമകണങ്ങൾ വിതറുന്നു.
17അവൻ മഞ്ഞുകട്ടകൾ ചരൽ പോലെ എറിയുന്നു;
അവന്റെ കുളിര് സഹിച്ചു നില്ക്കുന്നവനാര്?
18അവൻ തന്റെ വാക്കിനാൽ അവ ഉരുക്കുന്നു;
കാറ്റ് അടിപ്പിച്ച് അതിൽനിന്ന് വെള്ളം ഒഴുക്കുന്നു.
19അവൻ യാക്കോബിന് തന്റെ വചനവും
യിസ്രായേലിന് തന്റെ ചട്ടങ്ങളും വിധികളും വെളിപ്പെടുത്തുന്നു.
20അങ്ങനെ യാതൊരു ജനതയ്ക്കും അവൻ ചെയ്തിട്ടില്ല;
അവന്റെ വിധികൾ അവർ അറിഞ്ഞിട്ടുമില്ല.
യഹോവയെ സ്തുതിക്കുവിൻ.
148
1യഹോവയെ സ്തുതിക്കുവിൻ;
സ്വർഗ്ഗത്തിൽനിന്ന് യഹോവയെ സ്തുതിക്കുവിൻ;
ഉന്നതങ്ങളിൽ അവനെ സ്തുതിക്കുവിൻ.
2അവന്റെ സകല ദൂതന്മാരുമേ, അവനെ സ്തുതിക്കുവിൻ;
അവന്റെ സർവ്വസൈന്യവുമേ, അവനെ സ്തുതിക്കുവിൻ;
3സൂര്യചന്ദ്രന്മാരെ അവനെ സ്തുതിക്കുവിൻ;
പ്രകാശമുള്ള സകല നക്ഷത്രങ്ങളുമേ, അവനെ സ്തുതിക്കുവിൻ.
4സ്വർഗ്ഗാധിസ്വർഗ്ഗവും ആകാശത്തിനു മീതെയുള്ള വെള്ളവും
ആയുള്ളവയേ, അവനെ സ്തുതിക്കുവിൻ.
5അവൻ കല്പിച്ചിട്ട് അവ സൃഷ്ടിക്കപ്പെട്ടിരിക്കുകയാൽ
അവ യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ.
6അവൻ അവയെ സദാകാലത്തേക്കും സ്ഥിരമാക്കി;
ലംഘിക്കരുതാത്ത ഒരു നിയമം വച്ചിരിക്കുന്നു.
7തിമിംഗലങ്ങളും എല്ലാ ആഴികളുമേ,
ഭൂമിയിൽനിന്ന് യഹോവയെ സ്തുതിക്കുവിൻ.
8തീയും കല്മഴയും ഹിമവും, കാർമേഘവും
അവന്റെ വചനം അനുസരിക്കുന്ന കൊടുങ്കാറ്റും,
9പർവ്വതങ്ങളും എല്ലാ കുന്നുകളും,
ഫലവൃക്ഷങ്ങളും സകലദേവദാരുക്കളും,
10മൃഗങ്ങളും സകല കന്നുകാലികളും,
ഇഴജന്തുക്കളും പറവജാതികളും,
11ഭൂമിയിലെ രാജാക്കന്മാരും സകലവംശങ്ങളും,
ഭൂമിയിലെ പ്രഭുക്കന്മാരും സകലന്യായാധിപന്മാരും,
12യുവാക്കളും യുവതികളും,
വൃദ്ധന്മാരും ബാലന്മാരും,
13ഇവരൊക്കയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ;
അവന്റെ നാമം മാത്രമാകുന്നു ഉയർന്നിരിക്കുന്നത്.
അവന്റെ മഹത്വം ഭൂമിക്കും ആകാശത്തിനും മുകളിലായിരിക്കുന്നു.
14തന്നോട് അടുത്തിരിക്കുന്ന ജനമായി
യിസ്രായേൽമക്കളായ തന്റെ സകലഭക്തന്മാർക്കും പുകഴ്ചയായി
അവൻ സ്വജനത്തിന് ഒരു കൊമ്പ് ഉയർത്തിയിരിക്കുന്നു.
യഹോവയെ സ്തുതിക്കുവിൻ.
149
1യഹോവയെ സ്തുതിക്കുവിൻ;
യഹോവയ്ക്ക് ഒരു പുതിയ പാട്ടും
ഭക്തന്മാരുടെ സഭയിൽ അവന്റെ സ്തുതിയും പാടുവിൻ.
2യിസ്രായേൽ അവരെ ഉണ്ടാക്കിയവനിൽ സന്തോഷിക്കട്ടെ;
സീയോന്റെ മക്കൾ അവരുടെ രാജാവിൽ ആനന്ദിക്കട്ടെ.
3അവർ നൃത്തം ചെയ്തുകൊണ്ട് അവന്റെ നാമത്തെ സ്തുതിക്കട്ടെ;
തപ്പിനോടും കിന്നരത്തോടും കൂടി അവന് കീർത്തനം ചെയ്യട്ടെ.
4യഹോവ തന്റെ ജനത്തിൽ പ്രസാദിക്കുന്നു;
താഴ്മയുള്ളവരെ അവൻ രക്ഷകൊണ്ട് അലങ്കരിക്കും.
5ഭക്തന്മാർ മഹത്വത്തിൽ ആനന്ദിക്കട്ടെ;
അവർ അവരുടെ ശയ്യകളിൽ ഘോഷിച്ചുല്ലസിക്കട്ടെ.
6അവരുടെ വായിൽ ദൈവത്തിന്റെ പുകഴ്ചകളും
അവരുടെ കൈയിൽ ഇരുവായ്ത്തലയുള്ള വാളും ഉണ്ടായിരിക്കട്ടെ.
ജനതകൾക്കു പ്രതികാരവും വംശങ്ങൾക്കു ശിക്ഷയും നടത്തേണ്ടതിനും
7അവരുടെ രാജാക്കന്മാരെ ചങ്ങലകളാലും
അവരുടെ പ്രഭുക്കന്മാരെ ഇരിമ്പുവിലങ്ങുകളാലും ബന്ധിക്കേണ്ടതിനും
8എഴുതിയിരിക്കുന്ന വിധി അവരുടെമേൽ നടത്തേണ്ടതിനും തന്നെ.
9അത് അവന്റെ സർവ്വഭക്തന്മാർക്കും ബഹുമാനം ആകുന്നു.
യഹോവയെ സ്തുതിക്കുവിൻ.
150
1യഹോവയെ സ്തുതിക്കുവിൻ;
ദൈവത്തെ അവന്റെ വിശുദ്ധമന്ദിരത്തിൽ സ്തുതിക്കുവിൻ;
അവന്റെ ബലമുള്ള ആകാശവിതാനത്തിൽ അവനെ സ്തുതിക്കുവിൻ.
2അവന്റെ വീര്യപ്രവൃത്തികൾനിമിത്തം അവനെ സ്തുതിക്കുവിൻ;
അവന്റെ മഹിമാധിക്യത്തിനു തക്കവണ്ണം അവനെ സ്തുതിക്കുവിൻ.
3കാഹളനാദത്തോടെ അവനെ സ്തുതിക്കുവിൻ;
വീണയോടും കിന്നരത്തോടും കൂടി അവനെ സ്തുതിക്കുവിൻ.
4തപ്പിനോടും നൃത്തത്തോടും കൂടി അവനെ സ്തുതിക്കുവിൻ;
തന്ത്രിനാദത്തോടും കുഴലിനോടും കൂടി അവനെ സ്തുതിക്കുവിൻ.
5ഉച്ചനാദമുള്ള കൈത്താളങ്ങളോടെ അവനെ സ്തുതിക്കുവിൻ;
അത്യുച്ചനാദമുള്ള കൈത്താളങ്ങളോടെ അവനെ സ്തുതിക്കുവിൻ.
6ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ;
യഹോവയെ സ്തുതിക്കുവിൻ.

സദൃശവാക്യങ്ങൾ

1

1യിസ്രായേൽ രാജാവായിരുന്ന ദാവീദിന്റെ മകനായ ശലോമോന്റെ സദൃശവാക്യങ്ങൾ.

2ജ്ഞാനവും പ്രബോധനവും പ്രാപിക്കുവാനും
വിവേകവചനങ്ങളെ ഗ്രഹിക്കുവാനും
3പരിജ്ഞാനം, നീതി, ന്യായം, സത്യം എന്നിവയ്ക്കായി പ്രബോധനം ലഭിക്കുവാനും
4അല്പബുദ്ധികൾക്ക് സൂക്ഷ്മബുദ്ധിയും
ബാലന് പരിജ്ഞാനവും വകതിരിവും നല്കുവാനും
5ജ്ഞാനി കേട്ടിട്ട് വിദ്യാഭിവൃദ്ധി പ്രാപിക്കുവാനും,
ബുദ്ധിമാൻ സദുപദേശം സമ്പാദിക്കുവാനും
6സദൃശവാക്യങ്ങളും അലങ്കാരവചനങ്ങളും
ജ്ഞാനികളുടെ മൊഴികളും കടങ്കഥകളും ഗ്രഹിക്കുവാനും അവ ഉപകരിക്കുന്നു.
7യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു;
ഭോഷന്മാർ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു.
8മകനേ, അപ്പന്റെ പ്രബോധനം കേൾക്കുക;
അമ്മയുടെ ഉപദേശം ഉപേക്ഷിക്കുകയും അരുത്;
9അവ നിന്റെ ശിരസ്സിന് അലങ്കാരമാലയും
നിന്റെ കഴുത്തിന് ആഭരണവും ആയിരിക്കും.
10മകനേ, പാപികൾ നിന്നെ വശീകരിച്ചാൽ അവർക്കു വഴങ്ങരുത്.
11“ഞങ്ങളോടുകൂടി വരുക; നാം രക്തത്തിനായി പതിയിരിക്കുക;
നിർദ്ദോഷിയെ കാരണം കൂടാതെ പിടിക്കുവാൻ ഒളിച്ചിരിക്കുക.
12പാതാളംപോലെ അവരെ ജീവനോടെയും
കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ അവരെ സർവ്വാംഗമായും വിഴുങ്ങിക്കളയുക.
13നമുക്ക് വിലയേറിയ സമ്പത്തൊക്കെയും കിട്ടും;
നമ്മുടെ വീടുകളെ കൊള്ളകൊണ്ട് നിറയ്ക്കാം.
14നിനക്ക് ഞങ്ങളോടൊപ്പം തുല്യഓഹരി കിട്ടും;
നമുക്ക് എല്ലാവർക്കും സഞ്ചി ഒന്നായിരിക്കും” എന്നിങ്ങനെ അവർ പറഞ്ഞാൽ,
15മകനേ, നീ അവരുടെ വഴിക്ക് പോകരുത്;
നിന്റെ കാല് അവരുടെ പാതയിൽ വയ്ക്കുകയും അരുത്.
16അവരുടെ കാല് ദോഷം ചെയ്യുവാൻ ഓടുന്നു;
രക്തം ചൊരിയിക്കുവാൻ അവർ ബദ്ധപ്പെടുന്നു.
17പക്ഷി കാൺകെ വലവിരിക്കുന്നത് വ്യർത്ഥമല്ലയോ.
18അവർ സ്വന്ത രക്തത്തിനായി പതിയിരിക്കുന്നു;
സ്വന്തപ്രാണഹാനിക്കായി ഒളിച്ചിരിക്കുന്നു.
19ദുരാഗ്രഹികളായ എല്ലാരുടെയും വഴികൾ അങ്ങനെ തന്നെ;
അത് അവരുടെ ജീവനെ എടുത്തുകളയുന്നു.
20ജ്ഞാനം വീഥിയിൽ ഘോഷിക്കുന്നു;
അവൾ വിശാലസ്ഥലത്ത് സ്വരം കേൾപ്പിക്കുന്നു.
21അവൾ ആരവമുള്ള തെരുക്കളുടെ തലയ്ക്കൽനിന്ന് വിളിക്കുന്നു;
നഗരകവാടങ്ങളിലും നഗരത്തിനകത്തും പ്രസ്താവിക്കുന്നത്:
22“ബുദ്ധിഹീനരേ, നിങ്ങൾ ബുദ്ധീഹിനതയിൽ രസിക്കുകയും
പരിഹാസികളേ, നിങ്ങൾ പരിഹാസത്തിൽ സന്തോഷിക്കുകയും
ഭോഷന്മാരേ, നിങ്ങൾ പരിജ്ഞാനത്തെ വെറുക്കുകയും ചെയ്യുന്നത് എത്രത്തോളം?
23എന്റെ ശാസനയ്ക്ക് തിരിഞ്ഞുകൊള്ളുവിൻ;
ഞാൻ എന്റെ മനസ്സ് നിങ്ങൾക്ക് പകർന്നുതരും;
എന്റെ വചനങ്ങൾ നിങ്ങളെ അറിയിക്കും.
24ഞാൻ വിളിച്ചിട്ട് നിങ്ങൾ ശ്രദ്ധിക്കാതെയും
ഞാൻ കൈ നീട്ടിയിട്ട് ആരും കൂട്ടാക്കാതെയും
25നിങ്ങൾ എന്റെ ആലോചന എല്ലാം ത്യജിച്ചുകളയുകയും
എന്റെ ശാസനയെ ഒട്ടും അനുസരിക്കാതിരിക്കുകയും ചെയ്തതുകൊണ്ട്
26ഞാനും നിങ്ങളുടെ അനർത്ഥദിവസത്തിൽ ചിരിക്കും;
നിങ്ങൾ ഭയപ്പെടുന്നത് നിങ്ങൾക്ക് ഭവിക്കുമ്പോൾ പരിഹസിക്കും.
27നിങ്ങൾ ഭയപ്പെടുന്നത് നിങ്ങൾക്ക് കൊടുങ്കാറ്റുപോലെയും
നിങ്ങളുടെ ആപത്ത് ചുഴലിക്കാറ്റുപോലെയും വരുമ്പോൾ,
കഷ്ടവും സങ്കടവും നിങ്ങൾക്ക് വരുമ്പോൾ തന്നേ.
28അപ്പോൾ അവർ എന്നെ വിളിക്കും;
ഞാൻ ഉത്തരം പറയുകയില്ല.
എന്നെ ജാഗ്രതയോടെ അന്വേഷിക്കും; കണ്ടെത്തുകയുമില്ല.
29അവർ പരിജ്ഞാനത്തെ വെറുത്തുവല്ലോ;
യഹോവാഭക്തിയെ തിരഞ്ഞെടുത്തതുമില്ല.
30അവർ എന്റെ ആലോചന അനുസരിക്കാതെ
എന്റെ ശാസന എല്ലാം നിരസിച്ച് കളഞ്ഞതുകൊണ്ട്
31അവർ സ്വന്തവഴിയുടെ ഫലം അനുഭവിക്കുകയും
അവരുടെ ആലോചനകളാൽ തൃപ്തി പ്രാപിക്കുകയും ചെയ്യും.
32ബുദ്ധിഹീനരുടെ പിന്മാറ്റം അവരെ കൊല്ലും;
ഭോഷന്മാരുടെ അലസത അവരെ നശിപ്പിക്കും.
33എന്റെ വാക്ക് കേൾക്കുന്നവനോ നിർഭയം വസിക്കുകയും
ദോഷഭയം കൂടാതെ സ്വൈരമായിരിക്കുകയും ചെയ്യും”.

2

1മകനേ, ജ്ഞാനത്തിന് ചെവികൊടുക്കുകയും

ബോധത്തിന് നിന്റെ ഹൃദയം ചായിക്കുകയും ചെയ്യേണ്ടതിന്
2എന്റെ വചനങ്ങളെ കൈക്കൊണ്ട്
എന്റെ കല്പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ചാൽ,
3നീ ബോധത്തിനായി വിളിച്ച്
വിവേകത്തിനായി ശബ്ദം ഉയർത്തുന്നു എങ്കിൽ,
4അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ച്
നിക്ഷേപങ്ങളെപ്പോലെ തിരയുന്നു എങ്കിൽ,
5നീ യഹോവാഭക്തി ഗ്രഹിക്കുകയും
ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും.
6യഹോവയല്ലയോ ജ്ഞാനം നല്കുന്നത്;
അവന്റെ വായിൽനിന്ന് പരിജ്ഞാനവും വിവേകവും വരുന്നു.
7അവൻ നേരുള്ളവർക്ക് രക്ഷ സംഗ്രഹിച്ചുവയ്ക്കുന്നു:
നഷ്കളങ്കമായി നടക്കുന്നവർക്ക് അവൻ ഒരു പരിച തന്നെ.
8അവൻ ന്യായത്തിന്റെ പാതകളെ കാക്കുന്നു;
തന്റെ വിശുദ്ധന്മാരുടെ വഴിയെ സൂക്ഷിക്കുന്നു.
9അങ്ങനെ നീ നീതിയും ന്യായവും സത്യവും
സകലസന്മാർഗ്ഗവും ഗ്രഹിക്കും.
10ജ്ഞാനം നിന്റെ ഹൃദയത്തിൽ പ്രവേശിക്കും;
പരിജ്ഞാനം നിന്റെ മനസ്സിന് ഇമ്പമായിരിക്കും.
11വകതിരിവ് നിന്നെ കാക്കും;
വിവേകം നിന്നെ സൂക്ഷിക്കും.
12അത് നിന്നെ ദുഷ്ടന്റെ വഴിയിൽനിന്നും
വക്രത പറയുന്നവരുടെ കൂട്ടത്തിൽനിന്നും വിടുവിക്കും.
13അവർ ഇരുട്ടുള്ള വഴികളിൽ നടക്കേണ്ടതിന്
നേരെയുള്ള പാത വിട്ടുകളയുകയും
14ദോഷപ്രവൃത്തിയിൽ സന്തോഷിക്കുകയും
ദുഷ്ടന്റെ വക്രതയിൽ ആനന്ദിക്കുകയും ചെയ്യുന്നു.
15അവർ വളഞ്ഞവഴിക്ക് പോകുന്നവരും
നേരെയല്ലാത്ത പാതയിൽ നടക്കുന്നവരും ആകുന്നു.
16അത് നിന്നെ പരസ്ത്രീയുടെ കയ്യിൽനിന്നും
ചക്കരവാക്ക് പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും വിടുവിക്കും.
17അവൾ തന്റെ യൗവനകാന്തനെ ഉപേക്ഷിച്ച്
തന്റെ ദൈവത്തിന്റെ നിയമം മറന്നുകളഞ്ഞിരിക്കുന്നു.
18അവളുടെ വീട് മരണത്തിലേക്കും
അവളുടെ പാതകൾ മരിച്ചവരുടെ അടുക്കലേക്കും ചാഞ്ഞിരിക്കുന്നു.
19അവളുടെ അടുക്കൽ ചെല്ലുന്ന ഒരുത്തനും മടങ്ങിവരുന്നില്ല;
ജീവന്റെ പാതകളെ പ്രാപിക്കുന്നതുമില്ല.
20അതുകൊണ്ട് നീ സജ്ജനത്തിന്റെ വഴിയിൽ നടന്ന്
നീതിമാന്മാരുടെ പാതകളെ പ്രമാണിച്ചുകൊള്ളുക.
21നേരുള്ളവർ ദേശത്ത് വസിക്കും;
നിഷ്കളങ്കന്മാർ അതിൽ ശേഷിച്ചിരിക്കും.
22എന്നാൽ ദുഷ്ടന്മാർ ദേശത്തുനിന്ന് ഛേദിക്കപ്പെടും;
ദ്രോഹികൾ അതിൽനിന്ന് നിർമ്മൂലമാകും.

3

1മകനേ, എന്റെ ഉപദേശം മറക്കരുത്;

നിന്റെ ഹൃദയം എന്റെ കല്പനകൾ കാത്തുകൊള്ളട്ടെ.
2അവ ദീർഘായുസ്സും ജീവകാലവും
സമാധാനവും നിനക്ക് വർദ്ധിപ്പിച്ചുതരും.
3ദയയും വിശ്വസ്തതയും നിന്നെ വിട്ടുപോകരുത്;
അവയെ നിന്റെ കഴുത്തിൽ കെട്ടിക്കൊള്ളുക;
നിന്റെ ഹൃദയത്തിന്റെ പലകയിൽ എഴുതിക്കൊള്ളുക.
4അങ്ങനെ നീ ദൈവത്തിന്റെയും മനുഷ്യരുടെയും ദൃഷ്ടിയിൽ
ലാവണ്യവും സൽബുദ്ധിയും പ്രാപിക്കും.
5പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുക;
സ്വന്ത വിവേകത്തിൽ ആശ്രയിക്കരുത്.
6നിന്റെ എല്ലാവഴികളിലും അവിടുത്തെ അംഗീകരിച്ചുകൊള്ളുക;
അവിടുന്ന് നിന്റെ പാതകളെ നേരെയാക്കും;
7നിനക്ക് തന്നെ നീ ജ്ഞാനിയായി തോന്നരുത്;
യഹോവയെ ഭയപ്പെട്ട് ദോഷം വിട്ടകലുക.
8അതു നിന്റെ നാഭിക്ക് ആരോഗ്യവും
അസ്ഥികൾക്ക് തണുപ്പും ആയിരിക്കും.
9യഹോവയെ നിന്റെ ധനംകൊണ്ടും
എല്ലാ വിളവിന്റെയും ആദ്യഫലംകൊണ്ടും ബഹുമാനിക്കുക.
10അങ്ങനെ നിന്റെ കളപ്പുരകൾ സമൃദ്ധിയായി നിറയും;
നിന്റെ ചക്കുകളിൽ വീഞ്ഞ് കവിഞ്ഞൊഴുകും.
11മകനേ, യഹോവയുടെ ശിക്ഷ നിരസിക്കരുത്;
അവിടുത്തെ ശാസനയിൽ മുഷിയുകയും അരുത്.
12അപ്പൻ ഇഷ്ടപുത്രനോട് ചെയ്യുന്നതുപോലെ
യഹോവ താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു.
13ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും
വിവേകം ലഭിക്കുന്ന മനുഷ്യനും ഭാഗ്യവാൻ.
14അതിന്റെ ആദായം വെള്ളിയെക്കാളും
അതിന്റെ ലാഭം തങ്കത്തെക്കാളും നല്ലത്.
15അത് മുത്തുകളിലും വിലയേറിയത്;
നിന്റെ മനോഹരവസ്തുക്കൾ ഒന്നും അതിന് തുല്യമാകുകയില്ല.
16അതിന്റെ വലങ്കയ്യിൽ ദീർഘായുസ്സും
ഇടങ്കയ്യിൽ ധനവും മാനവും ഇരിക്കുന്നു.
17അതിന്റെ വഴികൾ സന്തുഷ്ടവും
അതിന്റെ പാതകളെല്ലാം സമാധാനവും ആകുന്നു.
18അതിനെ പിടിച്ചുകൊള്ളുന്നവർക്ക് അത് ജീവ വൃക്ഷം;
അതിനെ കരസ്ഥമാക്കുന്നവർ ഭാഗ്യവാന്മാർ.
19ജ്ഞാനത്താൽ യഹോവ ഭൂമിയെ സ്ഥാപിച്ചു;
വിവേകത്താൽ അവിടുന്ന് ആകാശത്തെ ഉറപ്പിച്ചു.
20അവിടുത്തെ പരിജ്ഞാനത്താൽ ആഴങ്ങൾ പിളർന്നു;
മേഘങ്ങൾ മഞ്ഞ് പൊഴിക്കുന്നു.
21മകനേ, ജ്ഞാനവും വകതിരിവും കാത്തുകൊള്ളുക;
അവ നിന്റെ ദൃഷ്ടിയിൽനിന്ന് മാറിപ്പോകരുത്.
22അവ നിനക്ക് ജീവനും
നിന്റെ കഴുത്തിന് അലങ്കാരവും ആയിരിക്കും.
23അങ്ങനെ നീ നിർഭയമായി വഴിയിൽ നടക്കും;
നിന്റെ കാല് ഇടറുകയുമില്ല.
24നീ കിടക്കുവാൻ പോകുമ്പോൾ നിനക്ക് പേടി ഉണ്ടാകുകയില്ല;
കിടക്കുമ്പോൾ നിന്റെ ഉറക്കം സുഖകരമായിരിക്കും.
25പെട്ടെന്നുള്ള വിപത്ത് ഹേതുവായും
ദുഷ്ടന്മാർക്ക് വരുന്ന നാശംനിമിത്തവും നീ ഭയപ്പെടുകയില്ല.
26യഹോവ നിന്റെ ആശ്രയമായിരിക്കും;
അവിടുന്ന് നിന്റെ കാല് കെണിയിൽപ്പെടാതെ കാക്കും.
27നന്മ ചെയ്യുവാൻ നിനക്ക് പ്രാപ്തിയുള്ളപ്പോൾ
അതിന് യോഗ്യന്മാരായിരിക്കുന്നവർക്ക് ചെയ്യാതിരിക്കരുത്.
28നിന്റെ കയ്യിൽ ഉള്ളപ്പോൾ കൂട്ടുകാരനോട്:
“പോയിവരുക, നാളെത്തരാം ” എന്ന് പറയരുത്.
29കൂട്ടുകാരൻ സമീപത്ത് നിർഭയം വസിക്കുമ്പോൾ,
അവന്റെ നേരെ ദോഷം നിരൂപിക്കരുത്.
30നിനക്ക് ഒരു ദോഷവും ചെയ്യാത്ത മനുഷ്യനോട്
നീ വെറുതെ കലഹിക്കരുത്.
31സാഹസക്കാരനോട് നീ അസൂയപ്പെടരുത്;
അവന്റെ വഴികൾ ഒന്നും തിരഞ്ഞെടുക്കുകയുമരുത്.
32വക്രതയുള്ളവൻ യഹോവയ്ക്ക് വെറുപ്പാകുന്നു;
നീതിമാന്മാരോട് അവിടുത്തേയ്ക്ക് സഖ്യത ഉണ്ട്.
33യഹോവയുടെ ശാപം ദുഷ്ടന്റെ വീട്ടിൽ ഉണ്ട്;
നീതിമാന്മാരുടെ വാസസ്ഥലത്തെയോ അവിടുന്ന് അനുഗ്രഹിക്കുന്നു.
34പരിഹാസികളെ അവിടുന്ന് പരിഹസിക്കുന്നു;
എളിയവർക്കോ അവിടുന്ന് കൃപ നല്കുന്നു.
35ജ്ഞാനികൾ ബഹുമാനത്തെ അവകാശമാക്കും;
ഭോഷന്മാരുടെ ഉയർച്ചയോ അപമാനം തന്നേ.

4

1മക്കളേ, അപ്പന്റെ പ്രബോധനം കേട്ട്

വിവേകം പ്രാപിക്കേണ്ടതിന് ശ്രദ്ധിക്കുവിൻ.
2ഞാൻ നിങ്ങൾക്ക് സൽബുദ്ധി ഉപദേശിച്ചുതരുന്നു;
എന്റെ ഉപദേശം നിങ്ങൾ ഉപേക്ഷിക്കരുത്.
3ഞാൻ എന്റെ അപ്പന് മകനും
എന്റെ അമ്മയ്ക്ക് ഓമനയും ഏകപുത്രനും ആയിരുന്നു;
4അവൻ എന്നെ പഠിപ്പിച്ച്, എന്നോട് പറഞ്ഞത്:
“എന്റെ വചനങ്ങളെ ഹൃദയത്തിൽ സംഗ്രഹിച്ചുകൊള്ളുക;
എന്റെ കല്പനകളെ പ്രമാണിച്ച് ജീവിക്കുക.
5ജ്ഞാനം സമ്പാദിക്കുക: വിവേകം നേടുക; മറക്കരുത്;
എന്റെ വചനങ്ങളെ വിട്ടുമാറുകയും അരുത്.
6അതിനെ ഉപേക്ഷിക്കരുത്; അത് നിന്നെ കാക്കും;
അതിൽ പ്രിയം വയ്ക്കുക; അത് നിന്നെ സൂക്ഷിക്കും;
7ജ്ഞാനംതന്നെ പ്രധാനം; ജ്ഞാനം സമ്പാദിക്കുക;
നിന്റെ സകലസമ്പാദ്യം കൊണ്ടും വിവേകം നേടുക.
8അതിനെ ഉയർത്തുക; അത് നിന്നെ ഉയർത്തും;
അതിനെ ആലിംഗനം ചെയ്താൽ അത് നിനക്ക് മാനം വരുത്തും.
9അത് നിന്റെ തലയെ അലങ്കാരമാല അണിയിക്കും;
അത് നിന്നെ ഒരു മഹത്വകിരീടം ചൂടിക്കും.
10മകനേ കേട്ട് എന്റെ വചനങ്ങളെ കൈക്കൊള്ളുക;
എന്നാൽ നിനക്ക് ദീർഘായുസ്സുണ്ടാകും.
11ജ്ഞാനത്തിന്റെ മാർഗ്ഗം ഞാൻ നിന്നെ ഉപദേശിക്കുന്നു;
നേരെയുള്ള പാതയിൽ ഞാൻ നിന്നെ നടത്തുന്നു.
12നടക്കുമ്പോൾ നിന്റെ കാലടികൾ തടസ്സം നേരിടുകയില്ല ;
ഓടുമ്പോൾ നീ ഇടറുകയുമില്ല.
13പ്രബോധനം മുറുകെ പിടിക്കുക; വിട്ടുകളയരുത്;
അതിനെ കാത്തുകൊള്ളുക, അത് നിന്റെ ജീവനല്ലയോ.
14ദുഷ്ടന്മാരുടെ പാതയിൽ നീ ചെല്ലരുത്;
ദുർജ്ജനത്തിന്റെ വഴിയിൽ നടക്കുകയും അരുത്;
15അതിനോട് അകന്നുനില്ക്കുക; അതിൽ നടക്കരുത്;
അത് വിട്ടുമാറി കടന്നുപോകുക.
16അവർ ദോഷം ചെയ്തിട്ടല്ലാതെ ഉറങ്ങുകയില്ല;
ആരെയെങ്കിലും വീഴിച്ചിട്ടല്ലാതെ അവർക്ക് ഉറക്കം വരുകയില്ല.
17ദുഷ്ടതയുടെ ആഹാരംകൊണ്ട് അവർ ഉപജീവിക്കുന്നു;
ബലാല്ക്കാരത്തിന്റെ വീഞ്ഞ് അവർ പാനം ചെയ്യുന്നു.
18നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ;
അത് നട്ടുച്ചവരെ അധികമധികം ശോഭിച്ചുവരുന്നു.
19ദുഷ്ടന്മാരുടെ വഴി അന്ധകാരംപോലെയാകുന്നു;
ഏതിൽ തട്ടി വീഴും എന്ന് അവർ അറിയുന്നില്ല.
20മകനേ, എന്റെ വചനങ്ങൾക്ക് ശ്രദ്ധതരുക;
എന്റെ മൊഴികൾക്ക് നിന്റെ ചെവി ചായിക്കുക.
21അവ നിന്റെ ദൃഷ്ടിയിൽനിന്ന് മാറിപ്പോകരുത്;
നിന്റെ ഹൃദയത്തിന്റെ നടുവിൽ അവയെ സൂക്ഷിച്ചുവയ്ക്കുക.
22അവയെ കിട്ടുന്നവർക്ക് അവ ജീവനും
അവരുടെ മുഴുവൻശരീരത്തിനും സൗഖ്യവും ആകുന്നു.
23സകലജാഗ്രതയോടുംകൂടി നിന്റെ ഹൃദയത്തെ കാത്തുകൊള്ളുക;
ജീവന്റെ ഉത്ഭവം അതിൽനിന്നല്ലയോ ആകുന്നത്.
24വായുടെ വക്രത നിന്നിൽനിന്ന് നീക്കിക്കളയുക;
അധരങ്ങളുടെ വികടം നിന്നിൽനിന്ന് അകറ്റുക.
25നിന്റെ കണ്ണ് നേരെ നോക്കട്ടെ;
നിന്റെ ദൃഷ്ടി മുമ്പോട്ട് തന്നെ ആയിരിക്കട്ടെ.
26നിന്റെ കാലുകളുടെ പാത നിരപ്പാക്കുക;
നിന്റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ.
27ഇടത്തോട്ടോ വലത്തോട്ടോ തിരിയരുത്;
നിന്റെ കാലുകൾ തിന്മയിൽനിന്ന് അകലുമാറാക്കുക.

5

1മകനേ, വകതിരിവ് കാത്തുകൊള്ളേണ്ടതിനും

നിന്റെ അധരങ്ങൾ പരിജ്ഞാനം പാലിക്കേണ്ടതിനും
2ജ്ഞാനം ശ്രദ്ധിച്ച്
എന്റെ തിരിച്ചറിവിലേക്ക് ചെവി ചായിക്കുക.
3പരസ്ത്രീയുടെ അധരങ്ങളിൽനിന്ന് തേൻ ഇറ്റിറ്റ് വീഴുന്നു;
അവളുടെ അണ്ണാക്ക് എണ്ണയെക്കാൾ മൃദുവാകുന്നു.
4പിന്നീട് അവൾ കാഞ്ഞിരംപോലെ കയ്പും
ഇരുവായ്ത്തലവാൾപോലെ മൂർച്ചയും ഉള്ളവൾ തന്നെ.
5അവളുടെ കാലുകൾ മരണത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നു;
അവളുടെ കാലടികൾ പാതാളത്തിലേക്ക് ഓടുന്നു.
6ജീവന്റെ മാർഗ്ഗത്തിൽ ചെല്ലാത്തവിധം
അവളുടെ പാതകൾ അസ്ഥിരമായിരിക്കുന്നു; അവൾ അത് അറിയുന്നതുമില്ല.
7ആകയാൽ മക്കളേ, എന്റെ വാക്ക് കേൾക്കുവിൻ;
എന്റെ വായിലെ മൊഴികൾ വിട്ടുമാറരുത്.
8നിന്റെ വഴി അവളിൽ നിന്ന് അകറ്റുക;
അവളുടെ വീടിന്റെ വാതിലിനോട് അടുക്കരുത്.
9നിന്റെ യൗവനശക്തി അന്യന്മാർക്കും
നിന്റെ ആണ്ടുകൾ ക്രൂരനും കൊടുക്കരുത്.
10അന്യർ നിന്റെ സമ്പത്ത് തിന്നുകളയരുത്;
നിന്റെ പ്രയത്നഫലം അന്യരുടെ വീട്ടിലേക്ക് പോകുകയുമരുത്.
11നിന്റെ മാംസവും ദേഹവും ക്ഷയിച്ചിട്ട്
നീ ഒടുവിൽ നെടുവീർപ്പിട്ടുകൊണ്ട്:
12“അയ്യോ! ഞാൻ പ്രബോധനം വെറുക്കുകയും
എന്റെ ഹൃദയം ശാസന നിരസിക്കുകയും ചെയ്തുവല്ലോ!.
13എന്റെ ഉപദേഷ്ടാക്കന്മാരുടെ വാക്ക് ഞാൻ അനുസരിച്ചില്ല;
എന്നെ പ്രബോധിപ്പിച്ചവർക്ക് ഞാൻ ചെവികൊടുത്തില്ല.
14സഭയുടെയും സംഘത്തിന്റെയും മദ്ധ്യത്തിൽ ഞാൻ ഏകദേശം സകലദോഷത്തിലും അകപ്പെട്ടുപോയല്ലോ”
എന്നിങ്ങനെ പറയുവാൻ സംഗതിവരരുത്.
15നിന്റെ സ്വന്തം ജലാശയത്തിലെ ജലവും
സ്വന്തം കിണറ്റിൽനിന്ന് ഒഴുകുന്ന വെള്ളവും കുടിക്കുക.
16നിന്റെ ഉറവുകൾ വെളിയിലേക്കും
നിന്റെ നീരൊഴുക്കുകൾ വീഥിയിലേക്കും ഒഴുകിപ്പോകണമോ?
17അവ നിനക്കും അന്യന്മാർക്കും കൂടെയല്ല
നിനക്ക് മാത്രമേ ഇരിക്കാവു.
18നിന്റെ ഉറവ് അനുഗ്രഹിക്കപ്പെട്ടിരിക്കട്ടെ;
നിന്റെ യൗവനത്തിലെ ഭാര്യയിൽ സന്തോഷിച്ചുകൊള്ളുക.
19കൗതുകമുള്ള പേടമാനും മനോഹരമായ ഇളമാൻപേടയുംപോലെ
അവളുടെ സ്തനങ്ങൾ എല്ലാകാലത്തും നിന്നെ രമിപ്പിക്കട്ടെ;
അവളുടെ പ്രേമത്താൽ നീ എല്ലായ്പോഴും മത്തനായിരിക്കുക.
20മകനേ, നീ പരസ്ത്രീയെ കണ്ട് ഭ്രമിക്കുന്നതും
അന്യസ്ത്രീയുടെ മാറിടം തഴുകുന്നതും എന്ത്?
21മനുഷ്യന്റെ വഴികൾ യഹോവയുടെ ദൃഷ്ടിയിൽ ഇരിക്കുന്നു;
അവന്റെ നടപ്പ് എല്ലാം അവൻ ശോധന ചെയ്യുന്നു.
22ദുഷ്ടന്റെ അകൃത്യങ്ങൾ അവനെ പിടികൂടും;
തന്റെ പാപപാശങ്ങളാൽ അവൻ പിടിക്കപെടും.
23പ്രബോധനം കേൾക്കായ്കയാൽ അവൻ മരിക്കും;
മഹാഭോഷത്തത്താൽ അവൻ വഴിതെറ്റിപ്പോകും.

6

1മകനേ, കൂട്ടുകാരനു വേണ്ടി നീ ജാമ്യം നില്ക്കുകയോ

അന്യനു വേണ്ടി കൈയടിച്ച് ഉറപ്പ് നൽകുകയോ ചെയ്തിട്ടുണ്ടെങ്കിൽ,
2നിന്റെ വായിലെ വാക്കുകളാൽ നീ ചതിക്കപ്പെട്ടു;
നിന്റെ വായിലെ മൊഴികളാൽ നീ കെണിയിലായി.
3ആകയാൽ മകനേ, ഇത് ചെയ്യുക; നിന്നെത്തന്നെ വിടുവിക്കുക;
കൂട്ടുകാരന്റെ കൈകളിൽ നീ അകപ്പെട്ടുപോയല്ലോ;
നീ ചെന്ന്, താണുവീണ് കൂട്ടുകാരനോട് മുട്ടിപ്പായി അപേക്ഷിക്കുക.
4നിന്റെ കണ്ണിന് ഉറക്കവും
നിന്റെ കൺപോളകൾക്ക് നിദ്രയും കൊടുക്കരുത്.
5മാൻ നായാട്ടുകാരന്റെ കൈയിൽനിന്നും
പക്ഷി വേട്ടക്കാരന്റെ കൈയിൽനിന്നും
എന്നപോലെ നീ നിന്നെത്തന്നെ വിടുവിക്കുക,
6മടിയാ, ഉറുമ്പിന്റെ അടുക്കൽ ചെല്ലുക;
അതിന്റെ വഴികൾ നോക്കി ബുദ്ധിപഠിക്കുക.
7അതിന് നായകനും മേൽവിചാരകനും
അധിപതിയും ഇല്ലാതിരുന്നിട്ടും
8വേനല്ക്കാലത്ത് തന്റെ ആഹാരം ഒരുക്കുന്നു;
കൊയ്ത്തുകാലത്ത് തന്റെ ഭക്ഷണം ശേഖരിക്കുന്നു.
9മടിയാ, നീ എത്രനേരം കിടന്നുറങ്ങും?
എപ്പോൾ ഉറക്കത്തിൽ നിന്നെഴുന്നേല്ക്കും?
10കുറേക്കൂടെ ഉറക്കം; കുറേക്കൂടെ നിദ്ര;
കുറേക്കൂടെ കൈകെട്ടിക്കിടപ്പ്.
11അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും
നിന്റെ ബുദ്ധിമുട്ട് ആയുധധാരിയെപ്പോലെയും വരും.
12നിസ്സാരനും ദുഷ്കർമ്മിയുമായവൻ
വായുടെ വക്രതയോടെ നടക്കുന്നു.
13അവൻ കണ്ണിമയ്ക്കുന്നു; കാൽകൊണ്ട് തോണ്ടുന്നു;
വിരൽകൊണ്ട് ആംഗ്യം കാണിക്കുന്നു.
14അവന്റെ ഹൃദയത്തിൽ വക്രതയുണ്ട്;
അവൻ എല്ലായ്പോഴും ദോഷം നിരൂപിച്ച് വഴക്കുണ്ടാക്കുന്നു.
15അതുകൊണ്ട് അവന്റെ ആപത്ത് പെട്ടെന്ന് വരും;
ക്ഷണത്തിൽ അവൻ തകർന്നുപോകും; പരിഹാരമുണ്ടാകുകയുമില്ല.
16ആറു കാര്യം യഹോവ വെറുക്കുന്നു;
ഏഴു കാര്യം അവന് അറപ്പാകുന്നു:
17ഗർവ്വമുള്ള കണ്ണും വ്യാജമുള്ള നാവും
കുറ്റമില്ലാത്ത രക്തം ചൊരിയുന്ന കൈയും
18ദുരുപായം നിരൂപിക്കുന്ന ഹൃദയവും
ദോഷത്തിനു ബദ്ധപ്പെട്ട് ഓടുന്ന കാലും
19ഭോഷ്ക് പറയുന്ന കള്ളസാക്ഷിയും
സഹോദരന്മാരുടെ ഇടയിൽ വഴക്കുണ്ടാക്കുന്നവനും തന്നെ.
20മകനേ, നിന്റെ അപ്പന്റെ കല്പന പ്രമാണിക്കുക;
അമ്മയുടെ ഉപദേശം ഉപേക്ഷിക്കുകയുമരുത്.
21അത് എല്ലായ്പോഴും നിന്റെ ഹൃദയത്തോട് ബന്ധിച്ചുകൊള്ളുക;
നിന്റെ കഴുത്തിൽ അത് കെട്ടിക്കൊള്ളുക.
22നീ നടക്കുമ്പോൾ അത് നിനക്ക് വഴികാണിക്കും.
നീ ഉറങ്ങുമ്പോൾ അത് നിന്നെ കാക്കും;
നീ ഉണരുമ്പോൾ അത് നിന്നോട് സംസാരിക്കും.
23കല്പന ഒരു ദീപവും ഉപദേശം ഒരു വെളിച്ചവും
പ്രബോധനത്തിന്റെ ശാസനകൾ ജീവന്റെ മാർഗ്ഗവും ആകുന്നു.
24അവ ദുഷ്ടസ്ത്രീയുടെ വശീകരണത്തിൽ നിന്നും
പരസ്ത്രീയുടെ ചക്കരവാക്കുകളിൽനിന്നും നിന്നെ രക്ഷിക്കും.
25അവളുടെ സൗന്ദര്യത്തെ നിന്റെ ഹൃദയത്തിൽ മോഹിക്കരുത്;
അവൾ കണ്ണിമകൊണ്ട് നിന്നെ വശീകരിക്കുകയുമരുത്.
26വേശ്യാസ്ത്രീനിമിത്തം പുരുഷൻ ഉണങ്ങിയ അപ്പക്കഷണം പോലെയായിപ്പോകും;
വ്യഭിചാരിണി വിലയേറിയ ജീവനെ വേട്ടയാടുന്നു.
27ഒരു മനുഷ്യനു തന്റെ വസ്ത്രം വെന്തുപോകാതെ
മടിയിൽ തീ കൊണ്ടുവരാമോ?
28ഒരുത്തനു കാൽ പൊള്ളാതെ
തീക്കനലിന്മേൽ നടക്കാമോ?
29കൂട്ടുകാരന്റെ ഭാര്യയുടെ അടുക്കൽ ചെല്ലുന്നവൻ ഇങ്ങനെ തന്നെ;
അവളെ തൊടുന്ന ഒരുത്തനും ശിക്ഷ വരാതെയിരിക്കുകയില്ല.
30കള്ളൻ വിശന്നിട്ട് വിശപ്പടക്കുവാൻ മാത്രം മോഷ്ടിച്ചാൽ
ആരും അവനെ നിന്ദിക്കുന്നില്ല.
31അവൻ പിടിക്കപ്പെട്ടാൽ അവൻ ഏഴിരട്ടി മടക്കിക്കൊടുക്കണം;
തന്റെ വീട്ടിലെ വസ്തുവക ഒക്കെയും കൊടുക്കേണ്ടിവരാം;
32സ്ത്രീയോട് വ്യഭിചാരം ചെയ്യുന്നവനോ, ബുദ്ധിഹീനൻ;
അങ്ങനെ ചെയ്യുന്നവൻ സ്വന്തപ്രാണനെ നശിപ്പിക്കുന്നു.
33പ്രഹരവും അപമാനവും അവനു ലഭിക്കും;
അവന്റെ നിന്ദ മാഞ്ഞുപോകുകയുമില്ല.
34ജാരശങ്ക പുരുഷന് ക്രോധഹേതുവാകുന്നു;
പ്രതികാരദിവസത്തിൽ അവൻ ഇളവ് നൽകുകയില്ല.
35അവൻ യാതൊരു നഷ്ടപരിഹാരവും സ്വീകരിക്കുകയില്ല;
എത്ര സമ്മാനം കൊടുത്താലും അവൻ തൃപ്തിപ്പെടുകയുമില്ല.

7

1മകനേ, എന്റെ വചനങ്ങൾ പ്രമാണിച്ച്

എന്റെ കല്പനകൾ നിന്റെ ഉള്ളിൽ സംഗ്രഹിച്ചുകൊള്ളുക.
2നീ ജീവിച്ചിരിക്കേണ്ടതിന് എന്റെ കല്പനകളെയും ഉപദേശത്തെയും
നിന്റെ കണ്ണിന്റെ കൃഷ്ണമണിപോലെ കാത്തുകൊള്ളുക.
3നിന്റെ വിരലിന്മേൽ അവയെ കെട്ടുക;
ഹൃദയത്തിന്റെ പലകയിൽ എഴുതുക.
4ജ്ഞാനത്തോട്: “നീ എന്റെ സഹോദരി” എന്ന് പറയുക;
വിവേകത്തെ സഖി എന്ന് വിളിക്കുക.
5അവ നിന്നെ പരസ്ത്രീയുടെ കൈയിൽ നിന്നും
ചക്കരവാക്ക് പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും കാക്കും.
6ഞാൻ എന്റെ വീടിന്റെ കിളിവാതില്ക്കൽ
അഴികൾക്ക് ഇടയിലൂടെ നോക്കിക്കൊണ്ടിരിക്കുമ്പോൾ
7ഭോഷന്മാരുടെ ഇടയിൽ ഒരുവനെ കണ്ടു;
യൗവനക്കാരുടെ കൂട്ടത്തിൽ ബുദ്ധിഹീനനായ ഒരു യുവാവിനെ കണ്ടറിഞ്ഞു.
8അവൻ വൈകുന്നേരം, സന്ധ്യാസമയത്ത്,
ഇരുട്ടും അന്ധകാരവുമുള്ള ഒരു രാത്രിയിൽ,
9അവളുടെ വീടിന്റെ കോണിനരികെ വീഥിയിൽകൂടി കടന്ന്,
അവളുടെ വീട്ടിലേക്കുള്ള വഴിയിൽ കൂടിനടന്നുചെല്ലുന്നു.
10പെട്ടെന്ന് ഇതാ ഒരു സ്ത്രീ, വേശ്യാവസ്ത്രം ധരിച്ചും,
ഹൃദയത്തിൽ ഉപായം നിരൂപിച്ചും, അവനെ എതിരേറ്റുവരുന്നു.
11അവൾ മോഹപരവശയും തന്നിഷ്ടക്കാരിയും ആകുന്നു;
അവളുടെ കാല് വീട്ടിൽ അടങ്ങിയിരിക്കുകയില്ല.
12ഇപ്പോൾ അവളെ വീഥിയിലും പിന്നെ വിശാലസ്ഥലത്തും കാണാം;
ഓരോ കോണിലും അവൾ പതിയിരിക്കുന്നു.
13അവൾ അവനെ പിടിച്ചുചുംബിച്ച്,
ലജ്ജകൂടാതെ അവനോട് പറയുന്നത്
14“എനിക്ക് സമാധാനയാഗങ്ങൾ ഉണ്ടായിരുന്നു;
ഇന്ന് ഞാൻ എന്റെ നേർച്ചകൾ കഴിച്ചിരിക്കുന്നു.
15അതുകൊണ്ട് ഞാൻ നിന്നെ കാണുവാൻ ആഗ്രഹിച്ച്
നിന്നെ എതിരേല്ക്കുവാൻ പുറപ്പെട്ട് നിന്നെ കണ്ടെത്തിയിരിക്കുന്നു.
16ഞാൻ എന്റെ കട്ടിലിന്മേൽ പരവതാനികളും
ഈജിപ്റ്റിലെ നൂൽകൊണ്ടുള്ള വർണ്ണവിരികളും വിരിച്ചിരിക്കുന്നു.
17മൂറും അകിലും ലവംഗവുംകൊണ്ട്
ഞാൻ എന്റെ മെത്ത സുഗന്ധമാക്കിയിരിക്കുന്നു.
18വരുക; വെളുക്കുംവരെ നമുക്ക് പ്രേമത്തിൽ രമിക്കാം;
കാമവിലാസങ്ങളാൽ നമുക്ക് സുഖിക്കാം.
19പുരുഷൻ വീട്ടിൽ ഇല്ല;
ദൂരയാത്ര പോയിരിക്കുന്നു;
20പണമടിശ്ശീല കൂടെ കൊണ്ടുപോയിട്ടുണ്ട്;
പൗർണ്ണമാസിയിലേ വീട്ടിൽ തിരിച്ചെത്തുകയുള്ളു”.
21ഇങ്ങനെ ഏറിയോരു ഇമ്പവാക്കുകളാൽ അവൾ അവനെ വശീകരിച്ച്
അധരമാധുര്യംകൊണ്ട് അവനെ നിർബ്ബന്ധിക്കുന്നു.
22അറക്കുന്നേടത്തേക്ക് കാളയും ചങ്ങലയിലേക്ക് ഭോഷനും പോകുന്നതുപോലെയും,
23പക്ഷി ജീവഹാനിക്കുള്ളതെന്ന് അറിയാതെ
കെണിയിലേക്ക് ബദ്ധപ്പെടുന്നതുപോലെയും
കരളിൽ അസ്ത്രം തറയ്ക്കുവോളം അവൻ അവളുടെ പിന്നാലെ ചെല്ലുന്നു.
24ആകയാൽ മക്കളേ, എന്റെ വാക്ക് കേൾക്കുവിൻ;
എന്റെ വായിലെ വചനങ്ങളെ ശ്രദ്ധിക്കുവിൻ.
25നിന്റെ മനസ്സ് അവളുടെ വഴിയിലേക്ക് ചായരുത്;
അവളുടെ പാതകളിലേക്ക് നീ തെറ്റിച്ചെല്ലുകയുമരുത്.
26അവൾ വീഴിച്ച ഹതന്മാർ അനേകം പേർ;
അവൾ കൊന്നുകളഞ്ഞവർ ആകെ വലിയ ഒരു കൂട്ടം ആകുന്നു.
27അവളുടെ വീട് പാതാളത്തിലേക്കുള്ള വഴിയാകുന്നു;
അത് മരണത്തിന്റെ അറകളിലേക്ക് ചെല്ലുന്നു.

8

1ജ്ഞാനമായവൾ വിളിച്ചുപറയുന്നില്ലയോ?

ബുദ്ധിയായവൾ തന്റെ സ്വരം ഉയർത്തുന്നില്ലയോ?
2അവൾ വഴിയരികിൽ കുന്നുകളുടെ മുകളിൽ,
പാതകൾ കൂടുന്നേടത്ത് നില്ക്കുന്നു.
3അവൾ പടിവാതിലുകളുടെ അരികത്തും പട്ടണവാതില്ക്കലും
ഗോപുരദ്വാരത്തിങ്കലും ഘോഷിക്കുന്നത്:
4“പുരുഷന്മാരേ, ഞാൻ നിങ്ങളോട് വിളിച്ചുപറയുന്നു;
എന്റെ സ്വരം മനുഷ്യപുത്രന്മാരുടെ അടുക്കലേക്ക് വരുന്നു.
5അല്പബുദ്ധികളേ, സൂക്ഷ്മബുദ്ധി ഗ്രഹിച്ചുകൊള്ളുവിൻ;
മൂഢന്മാരേ, വിവേകഹൃദയന്മാരാകുവിൻ.
6കേൾക്കുവിൻ, ഞാൻ ഉൽകൃഷ്ടമായത് സംസാരിക്കും;
എന്റെ അധരങ്ങൾ തുറക്കുന്നത് നേരിന് ആയിരിക്കും.
7എന്റെ വായ് സത്യം സംസാരിക്കും;
ദുഷ്ടത എന്റെ അധരങ്ങൾക്ക് അറപ്പാകുന്നു.
8എന്റെ വായിലെ മൊഴി സകലവും നീതിയാകുന്നു;
അവയിൽ വക്രവും വികടവുമായത് ഒന്നുമില്ല.
9അവയെല്ലാം ബുദ്ധിമാന് തെളിവും
പരിജ്ഞാനം ലഭിച്ചവർക്ക് നേരും ആകുന്നു.
10വെള്ളിയെക്കാൾ എന്റെ പ്രബോധനവും
മേൽത്തരമായ പൊന്നിനെക്കാൾ പരിജ്ഞാനവും കൈക്കൊള്ളുവിൻ.
11ജ്ഞാനം മുത്തുകളെക്കാൾ നല്ലതാകുന്നു;
ഒരുവൻ ആഗ്രഹിക്കുന്നതൊന്നും അതിന് തുല്യമാകുകയില്ല.
12ജ്ഞാനം എന്ന ഞാൻ സൂക്ഷ്മബുദ്ധിയോടൊപ്പം വസിക്കുന്നു;
പരിജ്ഞാനവും വകതിരിവും ഞാൻ കണ്ടെത്തുന്നു.
13യഹോവാഭക്തി ദോഷത്തെ വെറുക്കുന്നതാകുന്നു;
ഡംഭം, അഹങ്കാരം, ദുർമാർഗ്ഗം, വക്രതയുള്ള വായ് എന്നിവ ഞാൻ പകയ്ക്കുന്നു.
14ആലോചനയും പരിജ്ഞാനവും എനിക്കുള്ളത്;
ഞാൻ തന്നെ വിവേകം; എനിക്ക് വീര്യബലം ഉണ്ട്.
15ഞാൻ മുഖാന്തരം രാജാക്കന്മാർ വാഴുന്നു;
പ്രഭുക്കന്മാർ നീതി നടത്തുന്നു.
16ഞാൻ മുഖാന്തരം അധിപതിമാരും പ്രധാനികളും
ഭൂമിയിലെ ന്യായാധിപന്മാരൊക്കെയും ആധിപത്യം നടത്തുന്നു.
17എന്നെ സ്നേഹിക്കുന്നവരെ ഞാൻ സ്നേഹിക്കുന്നു;
എന്നെ ജാഗ്രതയോടെ അന്വേഷിക്കുന്നവർ എന്നെ കണ്ടെത്തും.
18എന്റെ പക്കൽ ധനവും മാനവും
പുരാതനസമ്പത്തും നീതിയും ഉണ്ട്.
19എന്റെ ഫലം പൊന്നിലും തങ്കത്തിലും
എന്റെ ആദായം മേല്ത്തരമായ വെള്ളിയിലും നല്ലത്.
20എന്നെ സ്നേഹിക്കുന്നവർക്ക് വസ്തുവക അവകാശമാക്കിക്കൊടുക്കുകയും
അവരുടെ ഭണ്ഡാരങ്ങളെ നിറയ്ക്കുകയും ചെയ്യേണ്ടതിന്
21ഞാൻ നീതിയുടെ മാർഗ്ഗത്തിലും
ന്യായത്തിന്റെ പാതകളിലും നടക്കുന്നു.
22യഹോവ പണ്ടുപണ്ടേ തന്റെ വഴിയുടെ ആരംഭമായി,
തന്റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ ഉളവാക്കി.
23ഞാൻ പുരാതനമേ, ആദിയിൽ തന്നെ,
ഭൂമിയുടെ ഉല്പത്തിക്ക് മുമ്പ് നിയമിക്കപ്പെട്ടിരിക്കുന്നു.
24ആഴങ്ങൾ ഇല്ലാതിരുന്നപ്പോൾ ഞാൻ ജനിച്ചിരിക്കുന്നു;
വെള്ളം നിറഞ്ഞ ഉറവുകൾ ഇല്ലാതിരുന്നപ്പോൾ തന്നെ.
25പർവ്വതങ്ങൾ സ്ഥാപിച്ചതിനു മുമ്പെയും
കുന്നുകൾക്കു മുമ്പെയും ഞാൻ ജനിച്ചിരിക്കുന്നു.
26അവിടുന്ന് ഭൂമിയെയും വയലുകളെയും
ഭൂതലത്തിന്റെ പൊടിയുടെ തുകയെയും
ഉണ്ടാക്കിയിട്ടില്ലാത്ത സമയത്ത് തന്നെ.
27അവിടുന്ന് ആകാശത്തെ ഉറപ്പിച്ചപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു;
അവിടുന്ന് ആഴത്തിന്റെ ഉപരിഭാഗത്ത് വൃത്തം വരച്ചപ്പോഴും
28അവിടുന്ന് മീതെ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും
ആഴത്തിന്റെ ഉറവുകളെ ബലപ്പെടുത്തിയപ്പോഴും
29വെള്ളം അവിടുത്തെ കല്പനയെ അതിക്രമിക്കാത്തവണ്ണം
അവിടുന്ന് സമുദ്രത്തിന് അതിരിട്ടപ്പോഴും
ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോഴും
30ഞാൻ അവിടുത്തെ അടുക്കൽ ശില്പി ആയിരുന്നു;
ഇടവിടാതെ അവിടുത്തെ മുമ്പിൽ വിനോദിച്ചുകൊണ്ട്
ദിനംപ്രതി അവിടുത്തെ പ്രമോദമായിരുന്നു.
31അവിടുത്തെ ഭൂതലത്തിൽ ഞാൻ വിനോദിച്ചുകൊണ്ടിരുന്നു;
എന്റെ പ്രമോദം മനുഷ്യപുത്രന്മാരോടുകൂടി ആയിരുന്നു.
32ആകയാൽ മക്കളേ, എന്റെ വാക്ക് കേട്ടുകൊള്ളുവിൻ;
എന്റെ വഴികളെ പ്രമാണിക്കുന്നവർ ഭാഗ്യവാന്മാർ.
33പ്രബോധനം കേട്ട് ബുദ്ധിമാന്മാരായിരിക്കുവിൻ;
അതിനെ ത്യജിച്ചുകളയരുത്.
34ദിവസംപ്രതി എന്റെ പടിവാതില്ക്കൽ ജാഗരിച്ചും
എന്റെ വാതില്ക്കൽ കാത്തുകൊണ്ടും
എന്റെ വാക്ക് കേട്ടനുസരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.
35എന്നെ കണ്ടെത്തുന്നവൻ ജീവനെ കണ്ടെത്തുന്നു;
അവൻ യഹോവയുടെ കടാക്ഷം പ്രാപിക്കുന്നു.
36എന്നോടു പാപം ചെയ്യുന്നവനോ തനിക്ക് പ്രാണഹാനി വരുത്തുന്നു;
എന്നെ ദ്വേഷിക്കുന്നവരൊക്കെയും മരണത്തെ ഇച്ഛിക്കുന്നു”.

9

1ജ്ഞാനമായവൾ തനിക്ക് ഒരു വീട് പണിതു;

അതിന് ഏഴ് തൂണുകൾ തീർത്തു.
2അവൾ മൃഗങ്ങളെ അറുത്ത്, വീഞ്ഞ് കലക്കി,
തന്റെ മേശ ഒരുക്കിയിരിക്കുന്നു.
3അവൾ തന്റെ ദാസികളെ അയച്ച്
പട്ടണത്തിലെ ഉന്നതസ്ഥലങ്ങളിൽ നിന്ന് വിളിച്ച് പറയിക്കുന്നത്:
4“അല്പബുദ്ധിയായവൻ ഇങ്ങോട്ട് വരട്ടെ”;
ബുദ്ധിഹീനനോട് അവൾ പറയിക്കുന്നത്;
5“വരുവിൻ, എന്റെ അപ്പം തിന്നുകയും
ഞാൻ കലക്കിയ വീഞ്ഞ് കുടിക്കുകയും ചെയ്യുവിൻ!
6ബുദ്ധിഹീനരേ, ബുദ്ധിഹീനത വിട്ട് ജീവിക്കുവിൻ!
വിവേകത്തിന്റെ മാർഗ്ഗത്തിൽ നടന്നുകൊള്ളുവിൻ”.
7പരിഹാസിയെ ശാസിക്കുന്നവൻ ലജ്ജ സമ്പാദിക്കുന്നു;
ദുഷ്ടനെ ഭർത്സിക്കുന്നവന് ഉപദ്രവം ഉണ്ടാകുന്നു.
8പരിഹാസി നിന്നെ പകയ്ക്കാതിരിക്കേണ്ടതിന് അവനെ ശാസിക്കരുത്;
ജ്ഞാനിയെ ശാസിക്കുക; അവൻ നിന്നെ സ്നേഹിക്കും.
9ജ്ഞാനിയെ പ്രബോധിപ്പിക്കുക, അവന്റെ ജ്ഞാനം വർദ്ധിക്കും;
നീതിമാനെ ഉപദേശിക്കുക, അവൻ വിദ്യാഭിവൃദ്ധി പ്രാപിക്കും.
10യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭവും
പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകവും ആകുന്നു.
11ഞാൻ മുഖാന്തരം നിന്റെ നാളുകൾ പെരുകും;
നിനക്ക് ദീർഘായുസ്സ് ഉണ്ടാകും.
12നീ ജ്ഞാനിയാകുന്നുവെങ്കിൽ നിനക്കുവേണ്ടി തന്നെ ജ്ഞാനിയായിരിക്കും;
പരിഹസിക്കുന്നു എങ്കിലോ, നീ തന്നെ സഹിക്കേണ്ടിവരും”.
13ഭോഷത്വമായവൾ മോഹപരവശയായിരിക്കുന്നു;
അവൾ ബുദ്ധിഹീന തന്നെ, ഒന്നും അറിയുന്നതുമില്ല.
14തങ്ങളുടെ പാതയിൽ നേരെ നടക്കുന്നവരായി,
കടന്നുപോകുന്നവരെ വിളിക്കേണ്ടതിന്
15അവൾ പട്ടണത്തിലെ ഉന്നതസ്ഥാനങ്ങളിൽ
തന്റെ വീട്ടുവാതില്ക്കൽ ഒരു പീഠത്തിന്മേൽ ഇരിക്കുന്നു.
16“അല്പബുദ്ധിയായവൻ ഇങ്ങോട്ട് വരട്ടെ”;
ബുദ്ധിഹീനനോട് അവൾ പറയുന്നത്;
17“മോഷ്ടിച്ച വെള്ളം മധുരവും
ഒളിച്ചുതിന്നുന്ന അപ്പം രുചികരവും ആകുന്നു”.
18എങ്കിലും മൃതന്മാർ അവിടെ ഉണ്ടെന്നും
അവളുടെ വിരുന്നുകാർ പാതാളത്തിന്റെ ആഴത്തിൽ
ഇരിക്കുന്നു എന്നും അവൻ അറിയുന്നില്ല.

10

1ശലോമോന്റെ സദൃശവാക്യങ്ങൾ:

ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു;
ഭോഷനായ മകൻ അമ്മയ്ക്കു വ്യസനം ഉളവാക്കുന്നു.
2ദുഷ്ടതയാൽ സമ്പാദിച്ച നിക്ഷേപങ്ങൾ പ്രയോജനപ്പെടുന്നില്ല;
നീതിയോ മരണത്തിൽനിന്ന് വിടുവിക്കുന്നു.
3യഹോവ നീതിമാനെ പട്ടിണി കിടത്തുകയില്ല;
ദുഷ്ടന്മാരുടെ മോഹത്തെയോ അവിടുന്ന് തള്ളിക്കളയുന്നു.
4മടിയുള്ള കൈകൊണ്ട് പ്രവർത്തിക്കുന്നവൻ ദരിദ്രനായിത്തീരുന്നു;
ഉത്സാഹിയുടെ കൈയോ സമ്പത്തുണ്ടാക്കുന്നു.
5വേനല്ക്കാലത്ത് ശേഖരിച്ചുവയ്ക്കുന്നവൻ ബുദ്ധിയുള്ള മകൻ;
കൊയ്ത്തുകാലത്ത് ഉറങ്ങുന്നവനോ നാണംകെട്ട മകൻ.
6നീതിമാന്റെ ശിരസ്സിന്മേൽ അനുഗ്രഹങ്ങൾ വരുന്നു;
എന്നാൽ ദുഷ്ടന്മാരുടെ വായെ സാഹസം മൂടുന്നു.
7നീതിമാന്റെ ഓർമ്മ അനുഗ്രഹിക്കപ്പെട്ടത്;
ദുഷ്ടന്മാരുടെ പേരോ ദുഷിച്ചുപോകും.
8ജ്ഞാനഹൃദയൻ കല്പനകൾ കൈക്കൊള്ളുന്നു;
വിടുവായനായ ഭോഷനോ വീണുപോകും.
9നേരായി നടക്കുന്നവൻ നിർഭയമായി നടക്കുന്നു;
നടപ്പിൽ വക്രതയുള്ളവന്റെ വഴികൾ വെളിപ്പെട്ടുവരും.
10കണ്ണുകൊണ്ട് ആംഗ്യം കാട്ടുന്നവൻ ദുഃഖം വരുത്തുന്നു;
തുറന്നു ശാസിക്കുന്നവനോ സമാധാനം ഉണ്ടാക്കുന്നു.
11നീതിമാന്റെ വായ് ജീവന്റെ ഉറവാകുന്നു.
എന്നാൽ ദുഷ്ടന്മാരുടെ അധരത്തെ സാഹസം മൂടുന്നു.
12പക വഴക്കുകൾക്ക് കാരണം ആകുന്നു;
സ്നേഹമോ, സകല ലംഘനങ്ങളെയും മൂടുന്നു.
13വിവേകിയുടെ അധരങ്ങളിൽ ജ്ഞാനം ഉണ്ട്;
ബുദ്ധിഹീനന്റെ മുതുകിലോ വടി വീഴും.
14ജ്ഞാനികൾ പരിജ്ഞാനം അടക്കിവയ്ക്കുന്നു;
ഭോഷന്റെ വായ്ക്കോ നാശം അടുത്തിരിക്കുന്നു.
15ധനവാന്റെ സമ്പത്ത്, അവന് ഉറപ്പുള്ള ഒരു പട്ടണം;
എളിയവരുടെ നാശമോ അവരുടെ ദാരിദ്ര്യം തന്നെ.
16നീതിമാന്റെ സമ്പാദ്യം ജീവഹേതുവും
ദുഷ്ടന്റെ ആദായം പാപകാരണവും ആകുന്നു.
17പ്രബോധനം പ്രമാണിക്കുന്നവൻ ജീവമാർഗ്ഗത്തിൽ ഇരിക്കുന്നു;
ശാസന ത്യജിക്കുന്നവനോ വഴി തെറ്റിപ്പോകുന്നു;
18പക മറച്ചുവയ്ക്കുന്നവൻ വ്യാജമുള്ളവൻ;
ഏഷണി പറയുന്നവൻ ഭോഷൻ.
19വാക്ക് പെരുകിയാൽ ലംഘനം ഇല്ലാതിരിക്കുകയില്ല;
അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാൻ.
20നീതിമാന്റെ നാവ് മേല്ത്തരമായ വെള്ളി;
ദുഷ്ടന്മാരുടെ ഹൃദയമോ നിസ്സാരം.
21നീതിമാന്റെ അധരങ്ങൾ അനേകം പേരെ പോഷിപ്പിക്കും;
ഭോഷന്മാരോ ബുദ്ധിഹീനതയാൽ മരിക്കുന്നു.
22യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു;
അദ്ധ്വാനത്താൽ അതിനോട് ഒന്നും കൂടുന്നില്ല.
23ദോഷം ചെയ്യുന്നത് ഭോഷന് കളിയാകുന്നു;
വിവേകി ജ്ഞാനത്തിൽ സന്തോഷിക്കുന്നു.
24ദുഷ്ടൻ പേടിക്കുന്നത് അവന് ഭവിക്കും;
നീതിമാന്മാരുടെ ആഗ്രഹമോ സാധിക്കും.
25ചുഴലിക്കാറ്റ് കടന്നുപോകുമ്പോൾ ദുഷ്ടൻ ഇല്ലാതെയായി;
നീതിമാനോ ശാശ്വതമായ അടിസ്ഥാനം ഉള്ളവൻ.
26ചൊറുക്ക പല്ലിനും പുക കണ്ണിനും എങ്ങനെയോ,
അങ്ങനെയാകുന്നു മടിയൻ തന്നെ അയയ്ക്കുന്നവർക്ക് .
27യഹോവാഭക്തി ആയുസ്സ് ദീർഘമാക്കുന്നു;
ദുഷ്ടന്മാരുടെ സംവത്സരങ്ങൾ കുറഞ്ഞുപോകും.
28നീതിമാന്മാരുടെ പ്രത്യാശ സന്തോഷമാകുന്നു;
ദുഷ്ടന്മാരുടെ പ്രതീക്ഷയ്ക്ക് ഭംഗം വരും.
29യഹോവയുടെ വഴി നേരുള്ളവന് ഒരു ദുർഗ്ഗം;
ദുഷ്പ്രവൃത്തിക്കാർക്ക് അത് നാശകരം.
30നീതിമാൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല;
ദുഷ്ടന്മാർ ദേശത്ത് വസിക്കുകയില്ല.
31നീതിമാന്റെ വായ് ജ്ഞാനം പുറപ്പെടുവിക്കുന്നു;
വക്രതയുള്ള നാവ് ഛേദിക്കപ്പെടും.
32നീതിമാന്റെ അധരങ്ങൾ പ്രസാദകരമായത് അറിയുന്നു;
ദുഷ്ടന്മാരുടെ വായ് വക്രതയുള്ളതാകുന്നു.

11

1കള്ളത്തുലാസ്സ് യഹോവയ്ക്ക് വെറുപ്പ്;

ശരിയായ തൂക്കം അവിടുത്തേക്ക് പ്രസാദകരം.
2അഹങ്കാരം വരുമ്പോൾ ലജ്ജയും വരുന്നു;
താഴ്മയുള്ളവരുടെ പക്കൽ ജ്ഞാനമുണ്ട്.
3നേരുള്ളവരുടെ സത്യസന്ധത അവരെ വഴിനടത്തും;
ദ്രോഹികളുടെ വക്രത അവരെ നശിപ്പിക്കും.
4ക്രോധദിവസത്തിൽ സമ്പത്ത് ഉപകരിക്കുന്നില്ല;
നീതിയോ മരണത്തിൽനിന്ന് വിടുവിക്കുന്നു.
5നിഷ്കളങ്കന്റെ നീതി അവന് നേർവഴി ഒരുക്കും;
ദുഷ്ടൻ തന്റെ ദുഷ്ടതകൊണ്ട് വീണുപോകും.
6നേരുള്ളവരുടെ നീതി അവരെ വിടുവിക്കും;
ദ്രോഹികൾ അവരുടെ ദുർമ്മോഹത്താൽ പിടിക്കപ്പെടും.
7ദുഷ്ടൻ മരിക്കുമ്പോൾ അവന്റെ പ്രതീക്ഷ നശിക്കുന്നു;
നീതികെട്ടവരുടെ ആശയ്ക്ക് ഭംഗം വരുന്നു.
8നീതിമാൻ കഷ്ടത്തിൽനിന്ന് രക്ഷപെടുന്നു;
ദുഷ്ടൻ അവന് പകരം അകപ്പെടുന്നു.
9വഷളൻ വായ്കൊണ്ട് കൂട്ടുകാരനെ നശിപ്പിക്കുന്നു;
നീതിമാന്മാർ പരിജ്ഞാനത്താൽ വിടുവിക്കപ്പെടുന്നു.
10നീതിമാന്മാർ ശുഭമായിരിക്കുമ്പോൾ പട്ടണം സന്തോഷിക്കുന്നു;
ദുഷ്ടന്മാർ നശിക്കുമ്പോൾ ആർപ്പുവിളി ഉണ്ടാകുന്നു.
11നേരുള്ളവരുടെ അനുഗ്രഹംകൊണ്ട് പട്ടണം ഉയർച്ച പ്രാപിക്കുന്നു;
ദുഷ്ടന്മാരുടെ വായ്കൊണ്ടോ അത് ഇടിഞ്ഞുപോകുന്നു.
12കൂട്ടുകാരനെ നിന്ദിക്കുന്നവൻ ബുദ്ധിഹീനൻ;
വിവേകമുള്ളവൻ മിണ്ടാതിരിക്കുന്നു.
13ഏഷണിക്കാരനായി നടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു;
വിശ്വസ്തമാനസൻ കാര്യം മറച്ചുവയ്ക്കുന്നു.
14മാർഗ്ഗനിർദ്ദേശം ഇല്ലാത്തയിടത്ത് ജനം അധോഗതി പ്രാപിക്കുന്നു;
മന്ത്രിമാരുടെ ബഹുത്വത്തിലോ രക്ഷയുണ്ട്.
15അന്യനുവേണ്ടി ജാമ്യം നില്ക്കുന്നവൻ അത്യന്തം വ്യസനിക്കും!
ജാമ്യം നിൽക്കാത്തവൻ നിർഭയനായിരിക്കും.
16കൃപാലുവായ സ്ത്രീ മാനം സംരക്ഷിക്കുന്നു;
കരുണയില്ലാത്തവർ സമ്പത്ത് സൂക്ഷിക്കുന്നു.
17ദയാലുവായവൻ സ്വന്തപ്രാണന് നന്മ ചെയ്യുന്നു;
ക്രൂരനോ സ്വന്തജഡത്തെ ഉപദ്രവിക്കുന്നു.
18ദുഷ്ടൻ വൃഥാലാഭം ഉണ്ടാക്കുന്നു;
നീതി വിതയ്ക്കുന്നവന് വാസ്തവമായ പ്രതിഫലം കിട്ടും.
19നീതിയിൽ സ്ഥിരപ്പെട്ടിരിക്കുന്നവൻ ജീവനെ പ്രാപിക്കുന്നു;
ദോഷത്തെ പിന്തുടരുന്നവൻ തന്റെ മരണത്തിനായി പ്രവർത്തിക്കുന്നു.
20വക്രബുദ്ധികൾ യഹോവയ്ക്ക് വെറുപ്പ്;
നിഷ്കളങ്കമാർഗ്ഗികൾ അവിടുത്തേക്ക് പ്രസാദമുള്ളവർ.
21നിശ്ചയമായും ദുഷ്ടനു ശിക്ഷ വരാതിരിക്കുകയില്ല ;
നീതിമാന്മാരുടെ സന്തതിയോ രക്ഷിക്കപ്പെടും.
22വിവേകമില്ലാത്ത ഒരു സുന്ദരി
പന്നിയുടെ മൂക്കിൽ പൊൻമൂക്കുത്തിപോലെ.
23നീതിമാന്മാരുടെ ആഗ്രഹം നന്മ തന്നെ;
ദുഷ്ടന്മാരുടെ പ്രതീക്ഷയോ ക്രോധമത്രേ.
24ഒരുവൻ വാരിവിതറിയിട്ടും വർദ്ധിച്ചുവരുന്നു;
മറ്റൊരുവൻ അന്യായമായി സമ്പാദിച്ചിട്ടും ദാരിദ്ര്യത്തിൽ എത്തുന്നു.
25ഔദാര്യമാനസൻ പുഷ്ടി പ്രാപിക്കും;
തണുപ്പിക്കുന്നവന് തണുപ്പ് കിട്ടും.
26ധാന്യം പൂട്ടിയിട്ടുകൊണ്ടിരിക്കുന്നവനെ ജനങ്ങൾ ശപിക്കും;
അത് വില്ക്കുന്നവന്റെ തലമേൽ അനുഗ്രഹം വരും.
27നന്മയ്ക്കായി ഉത്സാഹിക്കുന്നവൻ പ്രീതി സമ്പാദിക്കുന്നു;
തിന്മ തേടുന്നവന് അത് തന്നെ ലഭിക്കും.
28തന്റെ സമ്പത്തിൽ ആശ്രയിക്കുന്നവൻ വീഴും;
നീതിമാന്മാർ പച്ചയിലപോലെ തഴയ്ക്കും.
29സ്വഭവനത്തെ വലയ്ക്കുന്നവന്റെ അവകാശം വായുവത്രെ;
ഭോഷൻ ജ്ഞാനഹൃദയന് ദാസനായിത്തീരും.
30നീതിമാന് ജീവവൃക്ഷം പ്രതിഫലം;
ജ്ഞാനിയായവൻ ആത്മാക്കളെ നേടുന്നു.
31നീതിമാന് ഭൂമിയിൽ പ്രതിഫലം കിട്ടുന്നു എങ്കിൽ
ദുഷ്ടനും പാപിക്കും എത്ര അധികം?

12

1പ്രബോധനം ഇഷ്ടപ്പെടുന്നവൻ പരിജ്ഞാനം ഇഷ്ടപ്പെടുന്നു;

ശാസന വെറുക്കുന്നവനോ മൂഢൻ.
2ഉത്തമൻ യഹോവയിൽ നിന്ന് പ്രസാദം പ്രാപിക്കുന്നു;
ദുരുപായിക്ക് അവിടുന്ന് ശിക്ഷ വിധിക്കുന്നു.
3ഒരു മനുഷ്യനും ദുഷ്ടതകൊണ്ട് സ്ഥിരപ്പെടുകയില്ല;
നീതിമാന്മാരുടെ വേര് ഇളകിപ്പോകുകയില്ല.
4സാമർത്ഥ്യമുള്ള സ്ത്രീ ഭർത്താവിന് ഒരു കിരീടം;
നാണംകെട്ടവൾ അവന്റെ അസ്ഥികൾക്ക് ദ്രവത്വം.
5നീതിമാന്മാരുടെ വിചാരങ്ങൾ ന്യായം;
ദുഷ്ടന്മാരുടെ നിരൂപണങ്ങളോ ചതിവത്രെ.
6ദുഷ്ടന്മാർ പ്രാണഹാനി വരുത്തുവാൻ കൂടിയാലോചിക്കുന്നു;
നേരുള്ളവരുടെ വാക്ക് അവരെ വിടുവിക്കുന്നു.
7ദുഷ്ടന്മാർ മറിഞ്ഞുവീണ് ഇല്ലാതെയാകും;
നീതിമാന്മാരുടെ ഭവനം നിലനില്ക്കും.
8മനുഷ്യൻ തന്റെ ജ്ഞാനത്തിനനുസരിച്ച് പ്രശംസിയ്ക്കപ്പെടുന്നു;
വക്രബുദ്ധിയോ നിന്ദിയ്ക്കപ്പെടുന്നു.
9മാന്യഭാവം നടിച്ചിട്ടും ഉപജീവനത്തിന് വകയില്ലാത്തവനെക്കാൾ
നിസ്സാരനായി ഗണിക്കപ്പെട്ടിട്ടും ഒരു ഭൃത്യനുള്ളവൻ ശ്രേഷ്ഠൻ ആകുന്നു.
10നീതിമാൻ തന്റെ മൃഗത്തിന്റെ ജീവനെക്കുറിച്ച് ശ്രദ്ധിയ്ക്കുന്നു;
ദുഷ്ടന്മാരുടെ മനസ്സ് ക്രൂരമത്രെ.
11നിലം കൃഷി ചെയ്യുന്നവന് ആഹാരം സമൃദ്ധിയായി കിട്ടും;
നിസ്സാരന്മാരെ പിൻചെല്ലുന്നവൻ ബുദ്ധിഹീനൻ.
12ദുഷ്ടൻ ദോഷികളുടെ കവർച്ച മോഹിക്കുന്നു;
നീതിമാന്മാരുടെ വേരോ ഫലം നല്കുന്നു.
13ദുഷ്ടൻ തന്റെ അധരങ്ങളുടെ ലംഘനത്താൽ വല്ലാത്ത കെണിയിൽപ്പെടും;
നീതിമാൻ കഷ്ടത്തിൽനിന്ന് ഒഴിഞ്ഞുപോകും.
14തന്റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ അനുഭവിച്ച് തൃപ്തനാകും;
തന്റെ കൈകളുടെ പ്രവൃത്തിക്കു തക്കവണ്ണം അവന് പ്രതിഫലം കിട്ടും.
15ഭോഷന് തന്റെ വഴി ചൊവ്വായി തോന്നുന്നു;
ജ്ഞാനി ആലോചന കേട്ട് അനുസരിക്കുന്നു.
16ഭോഷന്റെ നീരസം തൽക്ഷണം വെളിപ്പെടുന്നു;
വിവേകമുള്ളവൻ ലജ്ജ അടക്കിവയ്ക്കുന്നു.
17സത്യം പറയുന്നവൻ നീതി അറിയിക്കുന്നു;
കള്ളസാക്ഷിയോ വഞ്ചന അറിയിക്കുന്നു.
18വാളുകൊണ്ട് കുത്തുന്നതുപോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ട്;
ജ്ഞാനികളുടെ നാവോ സുഖപ്രദം.
19സത്യം പറയുന്ന അധരം എന്നേക്കും നിലനില്ക്കും;
വ്യാജം പറയുന്ന നാവോ ക്ഷണികമത്രേ.
20ദോഷം നിരൂപിക്കുന്നവരുടെ ഹൃദയത്തിൽ ചതിവ് ഉണ്ട്;
സമാധാനകാംക്ഷികൾക്ക് സന്തോഷം ഉണ്ട്.
21നീതിമാന് ഒരു തിന്മയും ഭവിക്കുകയില്ല;
ദുഷ്ടന്മാർ അനർത്ഥംകൊണ്ട് നിറയും.
22വ്യാജമുള്ള അധരങ്ങൾ യഹോവയ്ക്ക് വെറുപ്പ്;
സത്യം പ്രവർത്തിക്കുന്നവർ അവിടുത്തേയ്ക്ക് പ്രസാദം.
23വിവേകമുള്ള മനുഷ്യൻ പരിജ്ഞാനം അടക്കിവയ്ക്കുന്നു;
ഭോഷന്മാരുടെ ഹൃദയം ഭോഷത്തം പ്രസിദ്ധമാക്കുന്നു.
24ഉത്സാഹികളുടെ കൈ അധികാരം നടത്തും;
മടിയൻ അടിമവേലയ്ക്കു പോകേണ്ടിവരും.
25മനോവ്യസനം നിമിത്തം മനുഷ്യന്റെ മനസ്സ് ക്ഷീണിക്കുന്നു;
ഒരു നല്ല വാക്ക് അതിനെ സന്തോഷിപ്പിക്കുന്നു.
26നീതിമാൻ കൂട്ടുകാരന് വഴികാട്ടിയാകുന്നു;
ദുഷ്ടന്മാരുടെ വഴിയോ അവരെ തെറ്റി നടക്കുമാറാക്കുന്നു.
27മടിയൻ ഒന്നും വേട്ടയാടിപ്പിടിക്കുന്നില്ല;
ഉത്സാഹമോ മനുഷ്യന് വിലയേറിയ സമ്പത്താകുന്നു.
28നീതിയുടെ മാർഗ്ഗത്തിൽ ജീവനുണ്ട്;
അതിന്റെ പാതയിൽ മരണം ഇല്ല.

13

1ജ്ഞാനമുള്ള മകൻ അപ്പന്റെ പ്രബോധനം കൈക്കൊള്ളുന്നു;

പരിഹാസിയോ ശാസന കേട്ടനുസരിക്കുന്നില്ല.
2തന്റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ അനുഭവിക്കും;
ദ്രോഹികളുടെ ആഗ്രഹമോ സാഹസം തന്നെ.
3അധരങ്ങളെ കാത്തുകൊള്ളുന്നവൻ പ്രാണനെ സൂക്ഷിക്കുന്നു;
അധരങ്ങളെ നിയന്ത്രിക്കാത്തവന് നാശം ഭവിക്കും.
4മടിയൻ കൊതിച്ചിട്ടും ഒന്നും കിട്ടുന്നില്ല;
ഉത്സാഹികളുടെ പ്രാണന് പുഷ്ടിയുണ്ടാകും.
5നീതിമാൻ വ്യാജം വെറുക്കുന്നു;
ദുഷ്ടൻ ലജ്ജയും നിന്ദയും വരുത്തുന്നു.
6നീതി സന്മാർഗ്ഗിയെ കാക്കുന്നു;
ദുഷ്ടത പാപിയെ മറിച്ചുകളയുന്നു.
7ഒന്നും ഇല്ലാഞ്ഞിട്ടും ധനികൻ എന്ന് നടിക്കുന്നവൻ ഉണ്ട്;
വളരെ ധനം ഉണ്ടായിട്ടും ദരിദ്രൻ എന്ന് നടിക്കുന്നവനും ഉണ്ട്;
8മനുഷ്യന്റെ ജീവന് മറുവില അവന്റെ സമ്പത്ത് തന്നെ;
ദരിദ്രന് ഒരു ഭീഷണിയും കേൾക്കേണ്ടിവരുന്നില്ല.
9നീതിമാന്റെ വെളിച്ചം പ്രകാശിക്കുന്നു;
ദുഷ്ടന്മാരുടെ വിളക്ക് കെട്ടുപോകും.
10അഹങ്കാരംകൊണ്ട് കലഹം മാത്രം ഉണ്ടാകുന്നു;
ആലോചന കേൾക്കുന്നവരുടെ പക്കൽ ജ്ഞാനം ഉണ്ട്;
11അന്യായമായി സമ്പാദിച്ച ധനം കുറഞ്ഞുകുറഞ്ഞ് പോകും;
അദ്ധ്വാനിച്ച് സമ്പാദിക്കുന്നവനോ വർദ്ധിച്ചുവർദ്ധിച്ച് വരും.
12ആഗ്രഹനിവൃത്തിയുടെ താമസം ഹൃദയത്തെ ക്ഷീണിപ്പിക്കുന്നു;
ഇച്ഛാനിവൃത്തിയോ ജീവവൃക്ഷം തന്നെ.
13വചനത്തെ നിന്ദിക്കുന്നവൻ അതിന് ഉത്തരവാദി;
കല്പനയെ ഭയപ്പെടുന്നവൻ പ്രതിഫലം പ്രാപിക്കുന്നു.
14ജ്ഞാനിയുടെ ഉപദേശം ജീവന്റെ ഉറവാകുന്നു;
അതിനാൽ മരണത്തിന്റെ കെണികളെ ഒഴിഞ്ഞുപോകും.
15സൽബുദ്ധിയാൽ പ്രീതിയുണ്ടാകുന്നു;
ദ്രോഹിയുടെ വഴിയോ ദുർഘടം.
16സൂക്ഷ്മബുദ്ധിയുള്ള ഏവനും പരിജ്ഞാനത്തോടെ പ്രവർത്തിക്കുന്നു;
ഭോഷനോ തന്റെ ഭോഷത്തം തെളിവായി കാണിക്കുന്നു.
17ദുഷ്ടദൂതൻ ദോഷത്തിൽ അകപ്പെടുന്നു;
വിശ്വസ്തനായ സ്ഥാനാപതിയോ സുഖം നല്കുന്നു.
18പ്രബോധനം ത്യജിക്കുന്നവന് ദാരിദ്ര്യവും ലജ്ജയും വരും;
ശാസന കൂട്ടാക്കുന്നവന് ബഹുമാനം ലഭിക്കും.
19ആഗ്രഹനിവൃത്തി മനസ്സിന് മധുരമാകുന്നു;
ദോഷം വിട്ടകലുന്നത് ഭോഷന്മാർക്ക് വെറുപ്പ്.
20ജ്ഞാനികളോടുകൂടി നടക്കുക; നീയും ജ്ഞാനിയാകും;
ഭോഷന്മാർക്ക് കൂട്ടാളിയായവൻ വ്യസനിക്കേണ്ടിവരും.
21ദോഷം പാപികളെ പിന്തുടരുന്നു;
നീതിമാന്മാർക്ക് നന്മ പ്രതിഫലമായി വരും.
22ഗുണവാൻ മക്കളുടെ മക്കൾക്ക് അവകാശം നീക്കിവയ്ക്കുന്നു;
പാപിയുടെ സമ്പത്തോ നീതിമാന് വേണ്ടി സംഗ്രഹിക്കപ്പെടുന്നു.
23സാധുക്കളുടെ കൃഷി വളരെ ആഹാരം നല്കുന്നു;
എന്നാൽ അന്യായം മൂലം അത് നശിച്ചുപോകുവാൻ ഇടയാകും.
24വടി ഉപയോഗിക്കാത്തവൻ തന്റെ മകനെ പകയ്ക്കുന്നു;
അവനെ സ്നേഹിക്കുന്നവൻ ചെറുപ്പത്തിലേ അവനെ ശിക്ഷിയ്ക്കുന്നു.
25നീതിമാൻ വേണ്ടുവോളം ഭക്ഷിക്കുന്നു;
ദുഷ്ടന്മാരുടെ വയറോ വിശന്നുകൊണ്ടിരിക്കും.

14

1സ്ത്രീകളിൽ ജ്ഞാനമുള്ളവൾ തന്റെ വീട് പണിയുന്നു;

ഭോഷത്തമുള്ളവളോ അത് സ്വന്തകൈകളാൽ പൊളിച്ചുകളയുന്നു.
2നേരായി നടക്കുന്നവൻ യഹോവയെ ഭയപ്പെടുന്നു;
നടപ്പിൽ വക്രതയുള്ളവൻ അവിടുത്തെ നിന്ദിക്കുന്നു.
3ഭോഷന്റെ വായിൽ ഡംഭത്തിന്റെ വടിയുണ്ട്;
ജ്ഞാനികളുടെ അധരങ്ങൾ അവരെ കാത്തുകൊള്ളുന്നു.
4കാളകൾ ഇല്ലാത്തിടത്ത് തൊഴുത്ത് വെടിപ്പുള്ളത്;
കാളയുടെ ശക്തികൊണ്ട് വളരെ ആദായം ഉണ്ട്.
5വിശ്വസ്തസാക്ഷി ഭോഷ്കു പറയുകയില്ല;
കള്ളസ്സാക്ഷി ഭോഷ്കു പറയുന്നു.
6പരിഹാസി ജ്ഞാനം അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ല;
വിവേകമുള്ളവന് പരിജ്ഞാനം എളുപ്പം.
7മൂഢന്റെ മുമ്പിൽനിന്ന് മാറിപ്പോകുക;
പരിജ്ഞാനമുള്ള അധരങ്ങൾ നീ അവനിൽ കാണുകയില്ല.
8വഴി തിരിച്ചറിയുന്നത് വിവേകിയുടെ ജ്ഞാനം;
ചതിക്കുന്നതോ ഭോഷന്മാരുടെ ഭോഷത്തം.
9ഭോഷന്മാർ അകൃത്യയാഗത്തെ പരിഹസിക്കുന്നു;
നേരുള്ളവർക്ക് തമ്മിൽ പ്രീതി ഉണ്ട്.
10ഹൃദയം സ്വന്തദുഃഖത്തെ അറിയുന്നു;
അതിന്റെ സന്തോഷവും അന്യൻ പങ്കിടുന്നില്ല.
11ദുഷ്ടന്മാരുടെ വീട് നശിച്ചുപോകും;
നീതിമാന്റെ കൂടാരമോ തഴയ്ക്കും.
12ചിലപ്പോൾ ഒരു വഴി മനുഷ്യന് ചൊവ്വായി തോന്നും;
അതിന്റെ അവസാനം മരണവഴികൾ അത്രേ.
13ചിരിക്കുമ്പോഴും ഹൃദയം ദുഃഖിച്ചിരിക്കാം;
സന്തോഷത്തിന്റെ അവസാനം ദുഃഖമായിരിക്കാം.
14ഹൃദയത്തിൽ പിന്മാറ്റമുള്ളവന് തന്റെ നടപ്പിൽ മടുപ്പുവരും;
നല്ല മനുഷ്യന് തന്റെ പ്രവൃത്തിയാൽ സംതൃപ്തി വരും.
15അല്പബുദ്ധി ഏത് വാക്കും വിശ്വസിക്കുന്നു;
സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പ് സൂക്ഷിച്ചുകൊള്ളുന്നു.
16ജ്ഞാനി ഭയപ്പെട്ട് ദോഷം അകറ്റിനടക്കുന്നു;
ഭോഷൻ ധിക്കാരംപൂണ്ട് നിർഭയനായി നടക്കുന്നു.
17മുൻകോപി ഭോഷത്തം പ്രവർത്തിക്കുന്നു;
ദുരുപായി വെറുക്കപ്പെടും.
18അല്പബുദ്ധികൾ ഭോഷത്തം അവകാശമാക്കുന്നു;
സൂക്ഷ്മബുദ്ധികളോ പരിജ്ഞാനം അണിയുന്നു.
19ദുർജ്ജനം സജ്ജനത്തിന്റെ മുമ്പിലും
ദുഷ്ടന്മാർ നീതിമാന്മാരുടെ വാതില്ക്കലും വണങ്ങിനില്ക്കുന്നു.
20ദരിദ്രനെ കൂട്ടുകാരൻ പോലും പകയ്ക്കുന്നു;
ധനവാനോ വളരെ സ്നേഹിതന്മാർ ഉണ്ട്.
21കൂട്ടുകാരനെ നിന്ദിക്കുന്നവൻ പാപം ചെയ്യുന്നു;
എളിയവരോട് കൃപകാണിക്കുന്നവൻ ഭാഗ്യവാൻ.
22ദോഷം നിരൂപിക്കുന്നവർ വഴിവിട്ട് പോകുന്നില്ലയോ?
നന്മ നിരൂപിക്കുന്നവർക്ക് ദയയും വിശ്വസ്തതയും ലഭിക്കുന്നു.
23എല്ലാ തൊഴിലുംകൊണ്ട് ലാഭം വരും;
വ്യർത്ഥഭാഷണംകൊണ്ട് ദാരിദ്ര്യമേ വരുകയുള്ളു.
24ജ്ഞാനികളുടെ ധനം അവർക്ക് കിരീടം;
മൂഢന്മാരുടെ ഭോഷത്വമോ ഭോഷത്തം തന്നെ.
25സത്യസാക്ഷി പ്രാണരക്ഷ ചെയ്യുന്നു;
ഭോഷ്കു പറയുന്നവനോ വഞ്ചന ചെയ്യുന്നു.
26യഹോവാഭക്തന് ഉറച്ചധൈര്യം ഉണ്ട്;
അവന്റെ മക്കൾക്കും അഭയം ഉണ്ടാകും.
27യഹോവാഭക്തി ജീവന്റെ ഉറവാകുന്നു;
അതിനാൽ മരണത്തിന്റെ കെണികൾ ഒഴിഞ്ഞുപോകും.
28പ്രജാബാഹുല്യം രാജാവിന് ബഹുമാനം;
പ്രജാന്യൂനത പ്രഭുവിന് നാശം.
29ദീർഘക്ഷമയുള്ളവൻ മഹാബുദ്ധിമാൻ;
മുൻകോപിയോ ഭോഷത്തം ഉയർത്തുന്നു.
30ശാന്തമനസ്സ് ദേഹത്തിന് ജീവൻ;
അസൂയയോ അസ്ഥികൾക്ക് ദ്രവത്വം.
31എളിയവനെ പീഡിപ്പിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു;
ദരിദ്രനോട് കൃപ കാണിക്കുന്നവൻ അവിടുത്തെ ബഹുമാനിക്കുന്നു.
32ദുഷ്ടന് തന്റെ ദുഷ്ടതയാൽ വീഴ്ച വരുന്നു;
നീതിമാന് മരണത്തിലും പ്രത്യാശയുണ്ട്.
33വിവേകമുള്ളവന്റെ ഹൃദയത്തിൽ ജ്ഞാനം അടങ്ങിപ്പാർക്കുന്നു;
മൂഢന്മാരുടെ അന്തരംഗത്തിൽ ഉള്ളത് വെളിപ്പെട്ടുവരുന്നു.
34നീതി രാജ്യത്തെ ഉയർത്തുന്നു;
പാപം ജനതയ്ക്ക് അപമാനം.
35ബുദ്ധിമാനായ ദാസന് രാജാവിന്റെ പ്രീതി ലഭിക്കുന്നു;
നാണംകെട്ടവൻ അവന്റെ കോപത്തെ നേരിടും.

15

1മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു;

കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു.
2ജ്ഞാനിയുടെ നാവ് നല്ല പരിജ്ഞാനം പ്രസ്താവിക്കുന്നു;
മൂഢന്മാരുടെ വായ് ഭോഷത്തം വർഷിക്കുന്നു.
3യഹോവയുടെ കണ്ണ് എല്ലായിടവും ഉണ്ട്;
ദുഷ്ടന്മാരെയും നല്ലവരെയും നോക്കിക്കൊണ്ടിരിക്കുന്നു.
4നാവിന്റെ ശാന്തത ജീവവൃക്ഷം;
അതിന്റെ വക്രതയോ മനോവ്യസനം.
5ഭോഷൻ അപ്പന്റെ പ്രബോധനം നിരസിക്കുന്നു;
ശാസനയെ സ്വീകരിക്കുന്നവൻ വിവേകിയായിത്തീരും.
6നീതിമാന്റെ വീട്ടിൽ വളരെ നിക്ഷേപം ഉണ്ട്;
ദുഷ്ടന്റെ ആദായത്തിലോ അനർത്ഥം.
7ജ്ഞാനികളുടെ അധരങ്ങൾ പരിജ്ഞാനം വിതറുന്നു;
മൂഢന്മാരുടെ ഹൃദയം നേരുള്ളതല്ല.
8ദുഷ്ടന്മാരുടെ യാഗം യഹോവയ്ക്ക് വെറുപ്പ്;
നേരുള്ളവരുടെ പ്രാർത്ഥനയോ അവന് പ്രസാദം.
9ദുഷ്ടന്മാരുടെ വഴി യഹോവയ്ക്ക് വെറുപ്പ്;
എന്നാൽ നീതിയെ പിന്തുടരുന്നവനെ അവിടുന്ന് സ്നേഹിക്കുന്നു.
10സന്മാർഗ്ഗം ത്യജിക്കുന്നവന് കഠിനശിക്ഷ വരും;
ശാസന വെറുക്കുന്നവൻ മരിക്കും.
11പാതാളവും നരകവും യഹോവയുടെ ദൃഷ്ടിയിൽ തുറന്നിരിക്കുന്നുവെങ്കിൽ
മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങൾ എത്ര അധികം!
12പരിഹാസി ശാസന ഇഷ്ടപ്പെടുന്നില്ല;
ജ്ഞാനികളുടെ അടുക്കൽ ചെല്ലുന്നതുമില്ല.
13സന്തോഷമുള്ള ഹൃദയം മുഖപ്രസാദമുണ്ടാക്കുന്നു;
ഹൃദയത്തിലെ വ്യസനംകൊണ്ടോ ധൈര്യം നഷ്ടപ്പെടുന്നു.
14വിവേകമുള്ളവന്റെ ഹൃദയം പരിജ്ഞാനം അന്വേഷിക്കുന്നു;
മൂഢന്മാരുടെ വായ് ഭോഷത്തം ആകുന്നു.
15പീഡിതന്റെ ജീവനാൾ എല്ലാം കഷ്ടകാലം;
സന്തുഷ്ടഹൃദയനോ നിത്യം ഉത്സവം.
16ബഹു നിക്ഷേപവും അതിനോടുകൂടി കഷ്ടതയും ഉള്ളതിനെക്കാൾ
യഹോവാഭക്തിയോടുകൂടി അല്പധനം ഉള്ളത് നന്ന്.
17വിദ്വേഷമുള്ളേടത്തെ തടിപ്പിച്ച കാളയെക്കാൾ
സ്നേഹമുള്ളേടത്തെ സസ്യഭോജനം നല്ലത്.
18ക്രോധമുള്ളവൻ കലഹം ഉണ്ടാക്കുന്നു;
ദീർഘക്ഷമയുള്ളവൻ കലഹം ശമിപ്പിക്കുന്നു.
19മടിയന്റെ വഴി മുള്ളുവേലിപോലെയാകുന്നു;
നീതിമാന്മാരുടെ പാതയോ പെരുവഴി തന്നെ.
20ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു;
മൂഢനോ അമ്മയെ നിന്ദിക്കുന്നു.
21ഭോഷത്തം ബുദ്ധിഹീനന് സന്തോഷം;
വിവേകിയോ ചൊവ്വായി നടക്കുന്നു.
22ആലോചന ഇല്ലാഞ്ഞാൽ ഉദ്ദേശ്യങ്ങൾ സാധിക്കാതെ പോകുന്നു;
ആലോചനക്കാരുടെ ബഹുത്വത്താൽ അവ സാധിക്കുന്നു.
23താൻ പറയുന്ന ഉത്തരം ഹേതുവായി മനുഷ്യന് സന്തോഷം വരും;
തക്കസമയത്ത് പറയുന്ന വാക്ക് എത്ര മനോഹരം!
24ബുദ്ധിമാന്റെ ജീവയാത്ര ഉയരത്തിലേയ്ക്കാകുന്നു;
കീഴെയുള്ള പാതാളത്തെ അവൻ ഒഴിഞ്ഞുപോകും.
25അഹങ്കാരിയുടെ വീട് യഹോവ പൊളിച്ചുകളയും;
വിധവയുടെ അതിര് അവിടുന്ന് ഉറപ്പിക്കും.
26ദുരുപായങ്ങൾ യഹോവയ്ക്ക് വെറുപ്പ്;
ദയാവാക്കോ നിർമ്മലം.
27ദുരാഗ്രഹി തന്റെ ഭവനത്തെ വലയ്ക്കുന്നു;
കോഴ വെറുക്കുന്നവൻ ജീവിച്ചിരിക്കും.
28നീതിമാൻ മനസ്സിൽ ആലോചിച്ച് ഉത്തരം പറയുന്നു;
ദുഷ്ടന്മാരുടെ വായ് ദോഷങ്ങൾ വർഷിക്കുന്നു.
29യഹോവ ദുഷ്ടന്മാരോട് അകന്നിരിക്കുന്നു;
നീതിമാന്മാരുടെ പ്രാർത്ഥനയോ അവൻ കേൾക്കുന്നു.
30കണ്ണിന്റെ ശോഭ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു;
നല്ല വർത്തമാനം അസ്ഥികളെ തണുപ്പിക്കുന്നു.
31ജീവദായകമായ ശാസന കേൾക്കുന്ന ചെവിയുള്ളവൻ
ജ്ഞാനികളുടെ മദ്ധ്യേ വസിക്കും.
32പ്രബോധനം ത്യജിക്കുന്നവൻ തന്റെ പ്രാണനെ നിരസിക്കുന്നു;
ശാസന കേട്ട് അനുസരിക്കുന്നവൻ വിവേകം സമ്പാദിക്കുന്നു.
33യഹോവാഭക്തി ജ്ഞാനോപദേശമാകുന്നു;
മാനത്തിന് വിനയം മുന്നോടിയാകുന്നു.

16

1ഹൃദയത്തിലെ നിരൂപണങ്ങൾ മനുഷ്യനുള്ളവ;

നാവിന്റെ ഉത്തരം യഹോവയിൽ നിന്ന് വരുന്നു.
2മനുഷ്യന് തന്റെ വഴികളൊക്കെയും നിർമ്മലമായി തോന്നുന്നു;
യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു.
3നിന്റെ പ്രവൃത്തികളെ യഹോവയ്ക്കു സമർപ്പിക്കുക;
എന്നാൽ നിന്റെ ഉദ്ദേശ്യങ്ങൾ സാധിക്കും.
4യഹോവ സകലത്തെയും തന്റെ ഉദ്ദേശ്യത്തിനായി ഉണ്ടാക്കിയിരിക്കുന്നു;
അനർത്ഥദിവസത്തിനായി ദുഷ്ടനെയും സൃഷ്ടിച്ചിരിക്കുന്നു.
5നിഗളഹൃദയമുള്ള ഏവനും യഹോവയ്ക്കു വെറുപ്പ്;
അവന് നിശ്ചയമായും ശിക്ഷ വരാതിരിക്കുകയില്ല .
6ദയയും വിശ്വസ്തതയുംകൊണ്ട് അകൃത്യം പരിഹരിക്കപ്പെടുന്നു;
യഹോവാഭക്തികൊണ്ട് മനുഷ്യർ ദോഷം വിട്ടകലുന്നു.
7ഒരുത്തന്റെ വഴികൾ യഹോവയ്ക്കു പ്രസാദകരമായിരിക്കുമ്പോൾ
അവിടുന്ന് അവന്റെ ശത്രുക്കളെപ്പോലും അവനുമായി സമാധാനത്തിലാക്കുന്നു.
8ന്യായരഹിതമായ വലിയ വരവിനെക്കാൾ
നീതിയോടെയുള്ള അല്പം നല്ലത്.
9മനുഷ്യന്റെ ഹൃദയം തന്റെ വഴിയെക്കുറിച്ച് ആലോചിച്ചുറയ്ക്കുന്നു;
അവന്റെ കാലടികളെയോ യഹോവ ക്രമപ്പെടുത്തുന്നു.
10രാജാവിന്റെ അധരങ്ങളിൽ അരുളപ്പാടുണ്ട്;
ന്യായവിധിയിൽ അവന്റെ വായ് തെറ്റിപ്പോകുന്നതുമില്ല.
11ശരിയായ അളവുകോലും ത്രാസും യഹോവയ്ക്കുള്ളവ;
സഞ്ചിയിലെ പടി ഒക്കെയും അവിടുത്തെ പ്രവൃത്തിയാകുന്നു.
12ദുഷ്ടത പ്രവർത്തിക്കുന്നത് രാജാക്കന്മാർക്ക് വെറുപ്പ്;
നീതികൊണ്ടല്ലയോ സിംഹാസനം സ്ഥിരപ്പെടുന്നത്.
13നീതിയുള്ള അധരങ്ങൾ രാജാക്കന്മാർക്ക് പ്രസാദം;
സത്യം പറയുന്നവനെ അവർ സ്നേഹിക്കുന്നു.
14രാജാവിന്റെ ക്രോധം മരണദൂതന് തുല്യം;
ജ്ഞാനമുള്ള മനുഷ്യനോ അതിനെ ശമിപ്പിക്കും.
15രാജാവിന്റെ മുഖപ്രകാശത്തിൽ ജീവൻ ഉണ്ട്;
അവന്റെ പ്രസാദം പിന്മഴയ്ക്കുള്ള മേഘംപോലെയാകുന്നു.
16തങ്കത്തെക്കാൾ ജ്ഞാനം സമ്പാദിക്കുന്നത് എത്ര നല്ലത്!
വെള്ളിയെക്കാൾ വിവേകം സമ്പാദിക്കുന്നത് എത്ര ഉത്തമം!
17ദോഷം വിട്ടുനടക്കുന്നത് നേരുള്ളവരുടെ പെരുവഴി;
തന്റെ വഴി സൂക്ഷിക്കുന്നവൻ തന്റെ പ്രാണനെ കാത്തുകൊള്ളുന്നു.
18നാശത്തിന് മുമ്പ് ഗർവ്വം;
വീഴ്ചയ്ക്ക് മുമ്പ് ഉന്നതഭാവം.
19ഗർവ്വികളോടുകൂടെ കവർച്ച പങ്കിടുന്നതിനെക്കാൾ
താഴ്മയുള്ളവരോടുകൂടി താഴ്മയുള്ളവനായിരിക്കുന്നത് നല്ലത്.
20തിരുവചനം പ്രമാണിക്കുന്നവൻ നന്മ കണ്ടെത്തും;
യഹോവയിൽ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ.
21ജ്ഞാനഹൃദയൻ വിവേകി എന്ന് വിളിക്കപ്പെടും;
അധരമാധുര്യം വിദ്യയെ വർദ്ധിപ്പിക്കുന്നു.
22വിവേകം വിവേകിക്ക് ജീവന്റെ ഉറവാകുന്നു;
ഭോഷന്മാരുടെ പ്രബോധനമോ ഭോഷത്തം തന്നെ.
23ജ്ഞാനിയുടെ ഹൃദയം അവന്റെ വായെ പഠിപ്പിക്കുന്നു;
അവന്റെ അധരങ്ങൾക്ക് വിദ്യ വർദ്ധിപ്പിക്കുന്നു.
24ഇമ്പമുള്ള വാക്ക് തേൻകട്ടയാകുന്നു;
മനസ്സിന് മധുരവും അസ്ഥികൾക്ക് ഔഷധവും തന്നെ;
25ചിലപ്പോൾ ഒരു വഴി മനുഷ്യന് ചൊവ്വായി തോന്നുന്നു;
അതിന്റെ അവസാനമോ മരണവഴികൾ അത്രേ.
26പണിക്കാരന്റെ വിശപ്പ് അവനെക്കൊണ്ടു പണി ചെയ്യിക്കുന്നു;
അവന്റെ വായ് അവനെ അതിനായി നിർബ്ബന്ധിക്കുന്നു.
27നിസ്സാരമനുഷ്യൻ ദോഷം എന്ന കുഴികുഴിയ്ക്കുന്നു;
അവന്റെ അധരങ്ങളിൽ കത്തുന്ന തീ ഉണ്ട്.
28വക്രതയുള്ള മനുഷ്യൻ വഴക്ക് ഉണ്ടാക്കുന്നു;
ഏഷണിക്കാരൻ മിത്രങ്ങളെ ഭേദിപ്പിക്കുന്നു.
29സാഹസക്കാരൻ കൂട്ടുകാരനെ വശീകരിക്കുകയും
കൊള്ളരുതാത്ത വഴിയിൽ നടത്തുകയും ചെയ്യുന്നു.
30കണ്ണിറുക്കുന്നവൻ വക്രത നിരൂപിക്കുന്നു;
വപ്പ് കടിക്കുന്നവൻ ദോഷം ചെയ്യുന്നു.
31നരച്ച തല ശോഭയുള്ള കിരീടമാകുന്നു;
നീതിയുടെ മാർഗ്ഗത്തിൽ അതിനെ പ്രാപിക്കാം.
32ദീർഘക്ഷമയുള്ളവൻ യുദ്ധവീരനിലും
മനോനിയന്ത്രണമുള്ളവൻ പട്ടണം പിടിക്കുന്നവനിലും ശ്രേഷ്ഠൻ.
33ചീട്ട് മടിയിൽ ഇടുന്നു;
അതിന്റെ തീരുമാനമോ യഹോവയിൽ നിന്ന് വരുന്നു.

17

1കലഹത്തോടുകൂടി ഒരു വീടു നിറയെ യാഗഭോജനത്തിലും

സ്വസ്ഥതയോടുകൂടി ഒരു കഷണം ഉണങ്ങിയ അപ്പം ഏറ്റവും നല്ലത്.
2നാണംകെട്ട മകന്റെമേൽ ബുദ്ധിമാനായ ദാസൻ ഭരണം നടത്തും;
സഹോദരന്മാരുടെ ഇടയിൽ അവകാശം പ്രാപിക്കും.
3വെള്ളിക്ക് പുടം, പൊന്നിന് മൂശ;
ഹൃദയങ്ങളെ ശോധന ചെയ്യുന്നതോ യഹോവ തന്നെ.
4ദുഷ്ക്കർമ്മി നീതികെട്ട അധരങ്ങൾക്ക് ശ്രദ്ധകൊടുക്കുന്നു;
വ്യാജം പറയുന്നവൻ വഷളത്തമുള്ള നാവിന് ചെവികൊടുക്കുന്നു.
5ദരിദ്രനെ പരിഹസിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു;
ആപത്തിൽ സന്തോഷിക്കുന്നവന് ശിക്ഷ വരാതിരിക്കുകയില്ല.
6മക്കളുടെ മക്കൾ വൃദ്ധന്മാർക്ക് കിരീടമാകുന്നു;
മക്കളുടെ മഹത്വം അവരുടെ അപ്പന്മാർ തന്നെ.
7സുഭാഷിതം പറയുന്ന അധരം ഭോഷന് യോഗ്യമല്ല;
വ്യാജമുള്ള അധരം ഒരു പ്രഭുവിന് ഒട്ടും ഉചിതമല്ല.
8സമ്മാനം വാങ്ങുന്നവന് അത് രത്നമായി തോന്നും;
അവൻ ചെല്ലുന്നേടത്തെല്ലാം കാര്യം സാധിക്കും.
9സ്നേഹം തേടുന്നവൻ ലംഘനം മറച്ചുവയ്ക്കുന്നു;
കാര്യം പാട്ടാക്കുന്നവനോ മിത്രങ്ങളെ ഭേദിപ്പിക്കുന്നു.
10ഭോഷനെ നൂറ് അടിക്കുന്നതിനെക്കാൾ
ബുദ്ധിമാനെ ഒന്ന് ശാസിക്കുന്നത് അധികം ഫലിക്കും.
11മത്സരക്കാരൻ ദോഷം മാത്രം അന്വേഷിക്കുന്നു;
ക്രൂരനായ ഒരു ദൂതനെ അവന്റെ നേരെ അയയ്ക്കും.
12മൂഢനെ അവന്റെ ഭോഷത്തത്തിൽ എതിരിടുന്നതിനെക്കാൾ
കുട്ടികൾ കാണാതെപോയ കരടിയെ എതിരിടുന്നത് ഭേദം.
13ഒരുത്തൻ നന്മയ്ക്കു പകരം തിന്മ ചെയ്യുന്നു എങ്കിൽ
അവന്റെ ഭവനത്തെ തിന്മ വിട്ടുമാറുകയില്ല.
14കലഹത്തിന്റെ ആരംഭം മടവെട്ടി വെള്ളം വിടുന്നതുപോലെ;
ആകയാൽ കലഹമാകുംമുമ്പ് തർക്കം നിർത്തിക്കളയുക.
15ദുഷ്ടനെ നീതീകരിക്കുന്നവനും നീതിമാനെ കുറ്റം വിധിക്കുന്നവനും
രണ്ടുപേരും യഹോവയ്ക്ക് വെറുപ്പ്.
16മൂഢന് ജ്ഞാനം
സമ്പാദിക്കുവാൻ ബുദ്ധിയില്ലാതിരിക്കുമ്പോൾ അത് വാങ്ങുവാൻ അവന്റെ കയ്യിൽ പണം എന്തിന്?
17സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു;
അനർത്ഥകാലത്ത് അവൻ സഹോദരനായിത്തീരുന്നു.
18ബുദ്ധിഹീനനായ മനുഷ്യൻ കയ്യടിച്ച്
കൂട്ടുകാരനു വേണ്ടി ജാമ്യം നില്ക്കുന്നു.
19കലഹപ്രിയൻ ലംഘനപ്രിയൻ ആകുന്നു;
പടിവാതിൽ ഉയർത്തിപ്പണിയുന്നവൻ നാശം ഇച്ഛിക്കുന്നു.
20വക്രഹൃദയമുള്ളവൻ നന്മ കാണുകയില്ല;
വികടനാവുള്ളവൻ ആപത്തിൽ അകപ്പെടും.
21ഭോഷനെ ജനിപ്പിച്ചവന് അത് ഖേദകാരണമാകും;
മൂഢന്റെ അപ്പന് സന്തോഷം ഉണ്ടാകുകയില്ല.
22സന്തുഷ്ടഹൃദയം നല്ലൊരു ഔഷധമാകുന്നു;
തകർന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു.
23ദുഷ്ടൻ ന്യായത്തിന്റെ വഴികളെ മറിക്കേണ്ടതിന്
ഒളിച്ചുകൊണ്ടുവരുന്ന സമ്മാനം വാങ്ങുന്നു.
24ജ്ഞാനം ബുദ്ധിമാന്റെ മുമ്പിൽ ഇരിക്കുന്നു;
മൂഢന്റെ കണ്ണോ ഭൂമിയുടെ അറുതികളിലേക്ക് നോക്കുന്നു.
25മൂഢനായ മകൻ അപ്പന് വ്യസനവും, തന്നെ
പ്രസവിച്ചവൾക്ക് കൈപ്പും ആകുന്നു.
26നീതിമാന് പിഴ കല്പിക്കുന്നതും
ശ്രേഷ്ഠന്മാരെ സത്യസന്ധത നിമിത്തം അടിക്കുന്നതും നല്ലതല്ല.
27വാക്ക് അടക്കിവയ്ക്കുന്നവൻ പരിജ്ഞാനമുള്ളവൻ;
ശാന്തമാനസൻ ബുദ്ധിമാൻ തന്നെ.
28മിണ്ടാതിരുന്നാൽ ഭോഷനെപ്പോലും ജ്ഞാനിയായും
നാവടക്കിയാൽ വിവേകിയായും എണ്ണും.

18

1കൂട്ടംവിട്ടു നടക്കുന്നവൻ സ്വന്തം താത്പര്യം അന്വേഷിക്കുന്നു;

സകലജ്ഞാനത്തോടും അവൻ കയർക്കുന്നു.
2തന്റെ മനസ്സ് വെളിപ്പെടുത്തുന്നതിൽ അല്ലാതെ
മൂഢന് വിവേകത്തിൽ താത്പര്യമില്ല.
3ദുഷ്ടനോടുകൂടി അപമാനവും
ദുഷ്ക്കീർത്തിയോടുകൂടി നിന്ദയും വരുന്നു.
4മനുഷ്യന്റെ വായിലെ വാക്ക് ആഴമുള്ള വെള്ളവും
ജ്ഞാനത്തിന്റെ ഉറവ് ഒഴുക്കുള്ള തോടും ആകുന്നു.
5നീതിമാനെ ന്യായവിസ്താരത്തിൽ തോല്പിക്കേണ്ടതിന്
ദുഷ്ടന്റെ പക്ഷം പിടിക്കുന്നത് നല്ലതല്ല.
6മൂഢന്റെ അധരങ്ങൾ വഴക്കിന് ഇടയാക്കുന്നു;
അവന്റെ വായ് തല്ല് വിളിച്ചുവരുത്തുന്നു.
7മൂഢന്റെ വായ് അവന് നാശം;
അവന്റെ അധരങ്ങൾ അവന്റെ പ്രാണന് കെണി.
8ഏഷണിക്കാരന്റെ വാക്ക് സ്വാദുഭോജനംപോലെയിരിക്കുന്നു;
അത് ശരീരത്തിന്റെ ഉള്ളറകളിലേക്ക് ചെല്ലുന്നു.
9വേലയിൽ മടിയനായവൻ
മുടിയന്റെ സഹോദരൻ.
10യഹോവയുടെ നാമം ബലമുള്ള ഗോപുരം;
നീതിമാൻ അതിലേയ്ക്ക് ഓടിച്ചെന്ന് അഭയം പ്രാപിക്കുന്നു.
11ധനവാന് തന്റെ സമ്പത്ത് ഉറപ്പുള്ള പട്ടണം;
അത് അവന് ഉയർന്ന മതിൽ ആയിത്തോന്നുന്നു.
12നാശത്തിന് മുമ്പ് മനുഷ്യന്റെ ഹൃദയം നിഗളിക്കുന്നു;
മാനത്തിന് മുമ്പെ താഴ്മ.
13കേൾക്കുന്നതിനു മുമ്പ് ഉത്തരം പറയുന്നവന്
അത് ഭോഷത്തവും ലജ്ജയും ആയിത്തീരുന്നു.
14പുരുഷന്റെ ധീരത രോഗത്തിൽ അവന് സഹിഷ്ണുത നൽകുന്നു;
തകർന്ന മനസ്സിനെയോ ആർക്ക് സഹിക്കാം?
15ബുദ്ധിമാന്റെ ഹൃദയം പരിജ്ഞാനം സമ്പാദിക്കുന്നു;
ജ്ഞാനികളുടെ ചെവി പരിജ്ഞാനം അന്വേഷിക്കുന്നു.
16മനുഷ്യൻ നൽകുന്ന സമ്മാനം മൂലം അവന് പ്രവേശനം ലഭിക്കും;
അവൻ മഹാന്മാരുടെ സന്നിധിയിൽ ചെല്ലുവാൻ ഇടയാകും.
17തന്റെ അന്യായം ആദ്യം ബോധിപ്പിക്കുന്നവൻ നീതിമാൻ എന്ന് തോന്നും;
എന്നാൽ അവന്റെ പ്രതിയോഗി അവനെ പരിശോധിക്കുന്നതുവരെ മാത്രം.
18നറുക്ക് തർക്കങ്ങൾ തീർക്കുകയും
ബലവാന്മാർക്കിടയിൽ തീർപ്പുണ്ടാക്കുകയും ചെയ്യുന്നു.
19ദ്രോഹിക്കപ്പെട്ട സഹോദരനെ ഇണക്കുന്നത് ഉറപ്പുള്ള പട്ടണത്തെ ജയിക്കുന്നതിനെക്കാൾ ബുദ്ധിമുട്ടാകുന്നു;
അങ്ങനെയുള്ള പിണക്കം അരമനയുടെ ഓടാമ്പൽപോലെ ആകുന്നു.
20വായുടെ ഫലത്താൽ മനുഷ്യന്റെ ഉദരം നിറയും;
അധരങ്ങളുടെ വിളവുകൊണ്ട് അവന് തൃപ്തിവരും;
21മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു;
അതിൽ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലം അനുഭവിക്കും.
22ഭാര്യയെ കിട്ടുന്നവന് നന്മ കിട്ടുന്നു;
യഹോവയോട് പ്രസാദം ലഭിച്ചുമിരിക്കുന്നു.
23ദരിദ്രൻ യാചനാരീതിയിൽ സംസാരിക്കുന്നു;
ധനവാനോ കഠിനമായി ഉത്തരം പറയുന്നു.
24വളരെ സ്നേഹിതന്മാരുള്ള മനുഷ്യന് നാശം വരും;
എന്നാൽ സഹോദരനെക്കാളും പറ്റിച്ചേരുന്ന സ്നേഹിതന്മാരും ഉണ്ട്.

19

1വികടാധരം ഉള്ള മൂഢനെക്കാൾ

പരമാർത്ഥതയിൽ നടക്കുന്ന ദരിദ്രൻ ഉത്തമൻ.
2പരിജ്ഞാനമില്ലാത്ത മനസ്സ് നല്ലതല്ല;
തിടുക്കത്തോടെ ചുവട് വയ്ക്കുന്നവൻ തെറ്റിപ്പോകുന്നു.
3മനുഷ്യന്റെ ഭോഷത്തം അവന്റെ വഴിയെ മറിച്ചുകളയുന്നു;
അവന്റെ ഹൃദയം യഹോവയോട് കോപിക്കുന്നു.
4സമ്പത്ത് സ്നേഹിതന്മാരെ വർദ്ധിപ്പിക്കുന്നു;
എളിയവന്റെ കൂട്ടുകാരനോ അവനോട് അകന്നിരിക്കുന്നു.
5കള്ളസ്സാക്ഷിക്ക് ശിക്ഷ വരാതിരിക്കുകയില്ല;
ഭോഷ്ക്ക് പറയുന്നവൻ രക്ഷപെടുകയുമില്ല.
6പ്രഭുവിന്റെ പ്രീതി സമ്പാദിക്കുവാൻ പലരും നോക്കുന്നു;
ദാനം ചെയ്യുന്നവന് ഏവനും സ്നേഹിതൻ.
7ദരിദ്രന്റെ സഹോദരന്മാരെല്ലാം അവനെ പകയ്ക്കുന്നു;
അവന്റെ സ്നേഹിതന്മാർ എത്രയധികം അകന്നുനില്ക്കും?
അവൻ വാക്കുകൾ പറഞ്ഞ് അവരെ പിന്തുടർന്നാലും അവർ അവനെ ഉപേക്ഷിക്കുന്നു.
8ബുദ്ധി സമ്പാദിക്കുന്നവൻ തന്റെ പ്രാണനെ സ്നേഹിക്കുന്നു;
വിവേകം കാത്തുകൊള്ളുന്നവൻ നന്മ പ്രാപിക്കും.
9കള്ളസ്സാക്ഷിക്ക് ശിക്ഷ വരാതിരിക്കുകയില്ല;
ഭോഷ്ക്ക് പറയുന്നവൻ നശിച്ചുപോകും.
10സുഖജീവിതം ഭോഷന് യോഗ്യമല്ല;
പ്രഭുക്കന്മാരുടെമേൽ ദാസൻ എങ്ങനെ ഭരണം നടത്തും?
11വിവേകബുദ്ധിയാൽ മനുഷ്യന് ദീർഘക്ഷമ വരുന്നു;
ലംഘനം ക്ഷമിക്കുന്നത് അവന് ഭൂഷണം.
12രാജാവിന്റെ ക്രോധം സിംഹഗർജ്ജനത്തിനു തുല്യം;
അവന്റെ പ്രസാദമോ പുല്ലിന്മേലുള്ള മഞ്ഞുപോലെ.
13മൂഢനായ മകൻ അപ്പന് നിർഭാഗ്യം;
ഭാര്യയുടെ കലഹം തീരാത്ത ചോർച്ച പോലെ.
14ഭവനവും സമ്പത്തും പിതാക്കന്മാരിൽ നിന്ന് ലഭിക്കുന്ന അവകാശം;
ബുദ്ധിയുള്ള ഭാര്യയോ യഹോവയുടെ ദാനം.
15മടി ഗാഢനിദ്രയിൽ വീഴിക്കുന്നു;
അലസചിത്തൻ പട്ടിണികിടക്കും.
16കല്പന പ്രമാണിക്കുന്നവൻ പ്രാണനെ കാക്കുന്നു;
നടപ്പ് സൂക്ഷിക്കാത്തവൻ മരണശിക്ഷ അനുഭവിക്കും.
17എളിയവനോട് കൃപ കാണിക്കുന്നവൻ യഹോവയ്ക്ക് വായ്പ കൊടുക്കുന്നു;
അവൻ ചെയ്ത നന്മയ്ക്ക് അവിടുന്ന് പകരം കൊടുക്കും.
18പ്രത്യാശയുള്ളേടത്തോളം നിന്റെ മകനെ ശിക്ഷിക്കുക;
എങ്കിലും അവനെ കൊല്ലുവാൻ തക്കവണ്ണം ഭാവിക്കരുത്.
19മുൻകോപി പിഴ കൊടുക്കേണ്ടിവരും;
നീ അവനെ വിടുവിച്ചാൽ അത് പിന്നെയും ചെയ്യേണ്ടിവരും.
20പില്ക്കാലത്ത് നീ ജ്ഞാനിയാകേണ്ടതിന്
ആലോചന കേട്ട് പ്രബോധനം കൈക്കൊള്ളുക.
21മനുഷ്യന്റെ ഹൃദയത്തിൽ പല വിചാരങ്ങളും ഉണ്ട്;
യഹോവയുടെ ആലോചനയോ നിലനില്ക്കും.
22ഒരു മനുഷ്യനിൽ പ്രതീക്ഷിക്കുന്നത് ദയയാണ് ;
ഭോഷ്ക്ക് പറയുന്നവനെക്കാൾ ദരിദ്രൻ ഉത്തമൻ.
23യഹോവാഭക്തി ജീവനിലേയ്ക്ക് നയിക്കുന്നു;
അതുള്ളവൻ തൃപ്തനായി വസിക്കും;
അനർത്ഥം അവന് നേരിടുകയില്ല.
24മടിയൻ തന്റെ കൈ തളികയിൽ പൂഴ്ത്തുന്നു;
വായിലേക്ക് തിരികെ കൊണ്ടുവരുകയില്ല.
25പരിഹാസിയെ അടിച്ചാൽ അല്പബുദ്ധി വിവേകം പഠിക്കും;
ബുദ്ധിമാനെ ശാസിച്ചാൽ അവൻ പരിജ്ഞാനം പ്രാപിക്കും.
26അപ്പനോട് അതിക്രമം കാണിക്കുകയും അമ്മയെ ഓടിച്ചുകളയുകയും ചെയ്യുന്നവൻ
ലജ്ജയും അപമാനവും വരുത്തുന്ന മകനാകുന്നു.
27മകനേ, പ്രബോധനം കേൾക്കുന്നത് മതിയാക്കിയാൽ നീ പരിജ്ഞാനത്തിന്റെ വചനങ്ങളിൽ നിന്ന്
അകന്നുപോകും.
28അയോഗ്യനായ സാക്ഷി ന്യായത്തെ പരിഹസിക്കുന്നു;
ദുഷ്ടന്മാരുടെ വായ് അകൃത്യത്തെ വിഴുങ്ങുന്നു.
29പരിഹാസികൾക്കായി ശിക്ഷാവിധിയും
മൂഢന്മാരുടെ മുതുകിന് തല്ലും ഒരുങ്ങിയിരിക്കുന്നു.

20

1വീഞ്ഞ് പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു;

അവയാൽ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകുകയില്ല.
2രാജാവിന്റെ ക്രോധം സിംഹഗർജ്ജനംപോലെ;
അവനെ കോപിപ്പിക്കുന്നവൻ തന്റെ പ്രാണനോട് ദ്രോഹം ചെയ്യുന്നു.
3കലഹം ഒഴിഞ്ഞിരിക്കുന്നത് പുരുഷന് മാനം;
എന്നാൽ ഏത് ഭോഷനും ശണ്ഠ കൂടും.
4മടിയൻ ശീതം നിമിത്തം നിലം ഉഴുന്നില്ല;
കൊയ്ത്തുകാലത്ത് അവൻ ഇരക്കും; ഒന്നും കിട്ടുകയുമില്ല.
5മനുഷ്യന്റെ ഹൃദയത്തിലെ ആലോചന ആഴമുള്ള വെള്ളം;
വിവേകമുള്ള പുരുഷൻ അത് കോരി എടുക്കും.
6മിക്ക മനുഷ്യരും തങ്ങളോട് ദയാലുവായ ഒരുത്തനെ കാണും;
എന്നാൽ വിശ്വസ്തനായ ഒരുത്തനെ ആർക്ക് കണ്ടെത്താനാകും?
7പരമാർത്ഥതയിൽ നടക്കുന്നവൻ നീതിമാൻ;
അവന്റെ ശേഷം, അവന്റെ മക്കളും ഭാഗ്യവാന്മാർ.
8ന്യായാസനത്തിൽ ഇരിക്കുന്ന രാജാവ്
തന്റെ കണ്ണുകൊണ്ട് സകലദോഷത്തെയും പാറ്റിക്കളയുന്നു.
9ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ച്
പാപം ഒഴിഞ്ഞ് നിർമ്മലനായിരിക്കുന്നു എന്ന് ആർക്ക് പറയാം?
10രണ്ടുതരം തൂക്കവും രണ്ടുതരം അളവും
രണ്ടും ഒരുപോലെ യഹോവയ്ക്ക് വെറുപ്പ്.
11ബാല്യത്തിലെ ക്രിയകളാൽ തന്നെ ഒരുത്തന്റെ പ്രവൃത്തി
വെടിപ്പും നേരുമുള്ളതും ആകുമോ എന്ന് അറിയാം.
12കേൾക്കുന്ന ചെവി, കാണുന്ന കണ്ണ്,
ഇവ രണ്ടും യഹോവ ഉണ്ടാക്കി.
13ദരിദ്രനാകാതെയിരിക്കേണ്ടതിന് നിദ്രാപ്രിയനാകരുത്;
നീ കണ്ണു തുറക്കുക; നിനക്ക് വേണ്ടുവോളം ആഹാരം ഉണ്ടാകും.
14വിലയ്ക്കു വാങ്ങുന്നവൻ ചീത്തചീത്ത എന്ന് പറയുന്നു;
വാങ്ങി തന്റെ വഴിക്ക് പോകുമ്പോൾ അവൻ പ്രശംസിക്കുന്നു.
15പൊന്നും അനവധി മുത്തുകളും ഉണ്ടല്ലോ;
പരിജ്ഞാനമുള്ള അധരങ്ങൾ വിലയേറിയ ആഭരണം.
16അന്യനുവേണ്ടി ജാമ്യം നില്ക്കുന്നവന്റെ വസ്ത്രം എടുത്തുകൊൾക;
അന്യജാതിക്കാരനുവേണ്ടി ഉത്തരവാദി ആകുന്നവനോട് പണയം വാങ്ങുക.
17വ്യാജത്താൽ നേടിയ ആഹാരം മനുഷ്യന് മധുരം;
പിന്നത്തേതിൽ അവന്റെ വായിൽ ചരൽ നിറയും.
18പദ്ധതികൾ ആലോചനകൊണ്ട് സാധിക്കുന്നു;
ആകയാൽ ഭരണസാമർത്ഥ്യത്തോടെ യുദ്ധം ചെയ്യുക.
19നുണയനായി നടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു;
ആകയാൽ വിടുവായനോട് ഇടപെടരുത്.
20ആരെങ്കിലും അപ്പനെയോ അമ്മയെയോ ദുഷിച്ചാൽ
അവന്റെ വിളക്ക് കൂരിരുട്ടിൽ കെട്ടുപോകും.
21ആദിയിൽ ഒരു അവകാശം ബദ്ധപ്പെട്ട് കൈവശമാക്കാം;
അതിന്റെ അവസാനമോ അനുഗ്രഹിക്കപ്പെടുകയില്ല.
22ഞാൻ ദോഷത്തിന് പ്രതികാരം ചെയ്യുമെന്ന് നീ പറയരുത്;
യഹോവയെ കാത്തിരിക്കുക; അവിടുന്ന് നിന്നെ രക്ഷിക്കും.
23രണ്ടുതരം തൂക്കം യഹോവയ്ക്ക് വെറുപ്പ്;
കള്ളത്തുലാസും നല്ലതല്ല.
24മനുഷ്യന്റെ പാതകൾ യഹോവയാൽ നിയമിക്കപ്പെടുന്നു;
പിന്നെ മനുഷ്യന് തന്റെ വഴി എങ്ങനെ ഗ്രഹിക്കാം?
25“ഇത് നിവേദിതം” എന്ന് തിടുക്കത്തിൽ നേരുന്നതും
നേർന്നശേഷം പുനർചിന്തനം നടത്തുന്നതും മനുഷ്യന് ഒരു കെണി.
26ജ്ഞാനമുള്ള രാജാവ് ദുഷ്ടന്മാരെ പാറ്റിക്കളയുന്നു;
അവരുടെ മേൽ അവൻ മെതിവണ്ടി ഉരുട്ടുന്നു.
27മനുഷ്യന്റെ ആത്മാവ് യഹോവയുടെ ദീപം;
അത് അവന്റെ അന്തരംഗത്തെയെല്ലാം ശോധനചെയ്യുന്നു.
28ദയയും വിശ്വസ്തതയും രാജാവിനെ കാക്കുന്നു;
ദയകൊണ്ട് അവൻ തന്റെ സിംഹാസനത്തെ ഉറപ്പിക്കുന്നു.
29യൗവനക്കാരുടെ ശക്തി അവരുടെ പ്രശംസ;
വൃദ്ധന്മാരുടെ നര അവരുടെ ഭൂഷണം.
30ഹൃദയത്തിന്റെ ഉള്ളിലേക്ക് ചെല്ലുന്ന തല്ലും
പൊട്ടിപ്പോകത്തക്ക അടിയും ദോഷത്തെ അടിച്ചുവാരിക്കളയുന്നു.

21

1രാജാവിന്റെ ഹൃദയം യഹോവയുടെ കയ്യിൽ നീർത്തോട് പോലെ ഇരിക്കുന്നു;

തനിക്ക് ഇഷ്ടമുള്ളേടത്തേക്കൊക്കെയും അവിടുന്ന് അതിനെ തിരിക്കുന്നു.
2മനുഷ്യന്റെ വഴി ഒക്കെയും അവന് ചൊവ്വായിത്തോന്നുന്നു;
യഹോവയോ ഹൃദയങ്ങളെ തൂക്കിനോക്കുന്നു.
3നീതിയും ന്യായവും പ്രവർത്തിക്കുന്നത്
യഹോവയ്ക്ക് ഹനനയാഗത്തെക്കാൾ സ്വീകാര്യം.
4ഗർവ്വമുള്ള കണ്ണും അഹങ്കാരഹൃദയവും
ദുഷ്ടന്മാരുടെ ദീപവും പാപം തന്നെ.
5ഉത്സാഹിയുടെ വിചാരങ്ങൾ സമൃദ്ധിയിലേയ്ക്ക് നയിക്കുന്നു;
തിടുക്കം കൂട്ടുന്നവരൊക്കെയും ദാരിദ്ര്യത്തിലേയ്ക്ക് പോകുവാൻ ബദ്ധപ്പെടുന്നു.
6കള്ളനാവുകൊണ്ട് ധനം സമ്പാദിക്കുന്നത് പാറിപ്പോകുന്ന ആവിയാകുന്നു;
അതിനെ അന്വേഷിക്കുന്നവർ മരണത്തെ അന്വേഷിക്കുന്നു.
7ദുഷ്ടന്മാരുടെ അതിക്രമം അവർക്ക് നാശകാരണമാകുന്നു;
ന്യായം ചെയ്യുവാൻ അവർക്ക് മനസ്സില്ലല്ലോ.
8അകൃത്യഭാരം ചുമക്കുന്നവന്റെ വഴി വളഞ്ഞിരിക്കുന്നു;
നിർമ്മലന്റെ പ്രവൃത്തിയോ ചൊവ്വുള്ളത് തന്നെ.
9ശണ്ഠകൂടുന്ന സ്ത്രീയോടുകൂടി വീടിനുള്ളിൽ പാർക്കുന്നതിനെക്കാൾ
മേൽപുരയുടെ ഒരു കോണിൽ പാർക്കുന്നത് നല്ലത്.
10ദുഷ്ടന്റെ മനസ്സ് ദോഷത്തെ ആഗ്രഹിക്കുന്നു;
അവന് കൂട്ടുകാരനോട് ദയ തോന്നുന്നതുമില്ല.
11പരിഹാസിയെ ശിക്ഷിച്ചാൽ അല്പബുദ്ധി ജ്ഞാനിയായിത്തീരും;
ജ്ഞാനിയെ ഉപദേശിച്ചാൽ അവൻ പരിജ്ഞാനം പ്രാപിക്കും.
12നീതിമാനായ ദൈവം ദുഷ്ടന്റെ ഭവനത്തിന്മേൽ ദൃഷ്ടിവയ്ക്കുന്നു;
ദുഷ്ടന്മാരെ നാശത്തിലേക്ക് മറിച്ചുകളയുന്നു.
13എളിയവന്റെ നിലവിളിക്ക് ചെവി പൊത്തിക്കളയുന്നവൻ
വിളിച്ചപേക്ഷിക്കുമ്പോൾ തനിക്കും ഉത്തരം ലഭിക്കുകയില്ല.
14രഹസ്യത്തിൽ കൊടുക്കുന്ന സമ്മാനം കോപത്തെയും
മടിയിൽ കൊണ്ടുവരുന്ന കോഴ ഉഗ്രകോപത്തെയും ശമിപ്പിക്കുന്നു.
15ന്യായം പ്രവർത്തിക്കുന്നത് നീതിമാന് സന്തോഷവും
ദുഷ്പ്രവൃത്തിക്കാർക്ക് ഭയങ്കരവും ആകുന്നു.
16വിവേകമാർഗ്ഗം വിട്ടുനടക്കുന്നവൻ
മൃതന്മാരുടെ കൂട്ടത്തിൽ വിശ്രമിക്കും.
17ഉല്ലാസപ്രിയൻ ദരിദ്രനായിത്തീരും;
വീഞ്ഞും തൈലവും പ്രിയപ്പെടുന്നവൻ ധനവാനാകുകയില്ല.
18ദുഷ്ടൻ നീതിമാന് മറുവിലയാകും;
അവിശ്വസ്തൻ നേരുള്ളവർക്ക് പകരമായിത്തീരും.
19ശണ്ഠയും ദുശ്ശീലവുമുള്ള സ്ത്രീയോടുകൂടി പാർക്കുന്നതിലും
നിർജ്ജനപ്രദേശത്ത് പോയി പാർക്കുന്നത് നല്ലത്.
20ജ്ഞാനിയുടെ പാർപ്പിടത്തിൽ വിലയേറിയ നിക്ഷേപവും തൈലവും ഉണ്ട്;
മൂഢൻ അവയെ ദുരുപയോഗം ചെയ്തുകളയുന്നു.
21നീതിയും ദയയും പിന്തുടരുന്നവൻ
ജീവനും നീതിയും മാനവും കണ്ടെത്തും.
22ജ്ഞാനി വീരന്മാരുടെ പട്ടണത്തിൽ കയറുകയും
അതിന്റെ ആശ്രയമായ കോട്ട ഇടിച്ചുകളയുകയും ചെയ്യുന്നു.
23വായും നാവും സൂക്ഷിക്കുന്നവൻ
തന്റെ പ്രാണനെ കഷ്ടങ്ങളിൽനിന്ന് സൂക്ഷിക്കുന്നു.
24നിഗളവും ഗർവ്വവും ഉള്ളവന് പരിഹാസി എന്ന് പേരാകുന്നു;
അവൻ ഗർവ്വത്തിന്റെ അഹങ്കാരത്തോടെ പ്രവർത്തിക്കുന്നു.
25മടിയന്റെ കൊതി അവന് മരണകാരണം;
വേലചെയ്യുവാൻ അവന്റെ കൈകൾ മടിക്കുന്നുവല്ലോ.
26ചിലർ നിത്യവും അത്യാഗ്രഹത്തോടെ ഇരിക്കുന്നു;
എന്നാൽ നീതിമാൻ ലോഭിക്കാതെ കൊടുത്തുകൊണ്ടിരിക്കുന്നു.
27ദുഷ്ടന്മാരുടെ യാഗം വെറുപ്പാകുന്നു;
അവൻ ദുഷ്ടതാത്പര്യത്തോടെ അത് അർപ്പിച്ചാൽ എത്ര അധികം!
28കള്ളസ്സാക്ഷി നശിച്ചുപോകും;
ശ്രദ്ധിച്ചുകേൾക്കുന്നവന് എപ്പോഴും സംസാരിക്കാം.
29ദുഷ്ടൻ മുഖധാർഷ്ട്യം കാണിക്കുന്നു;
നേരുള്ളവൻ തന്റെ വഴി നന്നാക്കുന്നു.
30യഹോവയ്ക്കെതിരെ ജ്ഞാനവുമില്ല,
ബുദ്ധിയുമില്ല, ആലോചനയുമില്ല.
31കുതിരയെ യുദ്ധദിവസത്തേക്ക് ചമയിക്കുന്നു;
ജയം യഹോവയിൽ നിന്ന് വരുന്നു.

22

1അനവധി സമ്പത്തിനെക്കാൾ സൽക്കീർത്തിയും

വെള്ളിയേക്കാളും പൊന്നിനെക്കാളും കൃപയും ഏറെ നല്ലത്.
2ധനവാനും ദരിദ്രനും ഒരു കാര്യത്തിൽ തുല്യരാണ്;
അവരുടെ സൃഷ്ടാവ് യഹോവ തന്നെ.
3വിവേകമുള്ളവൻ അനർത്ഥം കണ്ട് ഒളിച്ചുകൊള്ളുന്നു;
അല്പബുദ്ധികൾ നേരെ ചെന്ന് അനർത്ഥത്തിൽ അകപ്പെടുന്നു.
4താഴ്മയ്ക്കും യഹോവാഭക്തിക്കും ഉള്ള പ്രതിഫലം
ധനവും മാനവും ജീവനും ആകുന്നു.
5വക്രന്റെ വഴിയിൽ മുള്ളും കെണിയും ഉണ്ട്;
തന്റെ പ്രാണനെ സൂക്ഷിക്കുന്നവൻ അവയോട് അകന്നിരിക്കട്ടെ.
6ബാലൻ നടക്കേണ്ട വഴിയിൽ അവനെ അഭ്യസിപ്പിക്കുക;
അവൻ വൃദ്ധനായാലും അത് വിട്ടുമാറുകയില്ല.
7ധനവാൻ ദരിദ്രന്മാരെ ഭരിക്കുന്നു;
കടം മേടിക്കുന്നവൻ കടം കൊടുക്കുന്നവന് ദാസൻ.
8നീതികേട് വിതയ്ക്കുന്നവൻ ആപത്ത് കൊയ്യും;
അവന്റെ കോപത്തിന്റെ വടി വിഫലമാകും.
9ദയാകടാക്ഷമുള്ളവൻ അനുഗ്രഹിക്കപ്പെടും;
കാരണം അവൻ തന്റെ ആഹാരത്തിൽനിന്ന് അഗതിക്ക് കൊടുക്കുന്നുവല്ലോ.
10പരിഹാസിയെ നീക്കിക്കളയുക; അപ്പോൾ പിണക്കം ഒഴിഞ്ഞുപോകും;
കലഹവും നിന്ദയും നിന്നുപോകും.
11ഹൃദയശുദ്ധി ഇഷ്ടപ്പെടുന്നവന് അധരലാവണ്യം ഉണ്ട്;
രാജാവ് അവന്റെ സ്നേഹിതൻ.
12യഹോവയുടെ കണ്ണുകൾ പരിജ്ഞാനമുള്ളവനെ കാക്കുന്നു;
ദ്രോഹികളുടെ വാക്ക് അവിടുന്ന് മറിച്ചുകളയുന്നു.
13“വെളിയിൽ സിംഹം ഉണ്ട്,
വീഥിയിൽ എനിക്ക് ജീവഹാനി വരും” എന്ന് മടിയൻ പറയുന്നു.
14പരസ്ത്രീയുടെ വായ് ആഴമുള്ള കുഴി ആകുന്നു;
യഹോവയാൽ ത്യജിക്കപ്പെട്ടവൻ അതിൽ വീഴും.
15ബാലന്റെ ഹൃദയത്തോട് ഭോഷത്തം പറ്റിയിരിക്കുന്നു;
ശിക്ഷയ്ക്കുള്ള വടി അതിനെ അവനിൽ നിന്ന് അകറ്റിക്കളയും.
16ആദായം ഉണ്ടാക്കേണ്ടതിന് എളിയവനെ പീഡിപ്പിക്കുന്നവനും
ധനവാനു കൊടുക്കുന്നവനും ദരിദ്രനായിത്തീരും.
17ജ്ഞാനികളുടെ വചനങ്ങൾ ചെവിചായിച്ച് കേൾക്കുക;
എന്റെ പരിജ്ഞാനത്തിന് മനസ്സുവയ്ക്കുക.
18അവയെ നിന്റെ ഉള്ളിൽ സൂക്ഷിക്കുന്നതും
നിന്റെ അധരങ്ങളിൽ അവ ഉറച്ചിരിക്കുന്നതും മനോഹരം.
19നിന്റെ ആശ്രയം യഹോവയിൽ ആയിരിക്കേണ്ടതിന്
ഞാൻ ഇന്ന് നിന്നോട്, നിന്നോടു തന്നെ, ഉപദേശിച്ചിരിക്കുന്നു.
20നിന്നെ അയച്ചവർക്ക് നീ നേരുള്ള മറുപടി നൽകുവാൻ തക്കവണ്ണം
നിനക്ക് നേരുള്ള മറുപടിയുടെ നിശ്ചയം അറിയിച്ചുതരുവാൻ
21ആലോചനയും പരിജ്ഞാനവും അടങ്ങിയ ഉത്തമവാക്യങ്ങൾ
ഞാൻ നിനക്ക് എഴുതിയിട്ടുണ്ടല്ലോ.
22എളിയവനോട് അവൻ എളിയവനാകുകകൊണ്ട് കവർച്ച ചെയ്യരുത്;
അരിഷ്ടനെ പടിവാതില്ക്കൽവച്ചു പീഡിപ്പിക്കുകയും അരുത്.
23യഹോവ അവരുടെ വ്യവഹാരം നടത്തും;
അവരെ കൊള്ളയിട്ടവരുടെ ജീവനെ കൊള്ളയിടും.
24കോപശീലനോടു സഖിത്വമരുത്;
ക്രോധമുള്ള മനുഷ്യനോടുകൂടി നടക്കുകയും അരുത്.
25നീ അവന്റെ വഴികളെ പഠിക്കുവാനും
നിന്റെ പ്രാണൻ കെണിയിൽ അകപ്പെടുവാനും സംഗതി വരരുത്.
26നീ കൈയടിച്ച് ഉറപ്പിക്കുന്നവരുടെ കൂട്ടത്തിലും
കടത്തിന് ജാമ്യം നില്ക്കുന്നവരുടെ കൂട്ടത്തിലും ആയിപ്പോകരുത്.
27വീട്ടുവാൻ നിനക്ക് വകയില്ലാതെ വന്നിട്ട്
നിന്റെ കീഴിൽനിന്ന് നിന്റെ മെത്ത എടുത്തുകളയുവാൻ ഇടവരുത്തുന്നത് എന്തിന്?
28നിന്റെ പിതാക്കന്മാർ ഇട്ടിരിക്കുന്ന
പണ്ടത്തെ അതിര് നീ മാറ്റരുത്.
29പ്രവൃത്തിയിൽ സാമർത്ഥ്യമുള്ള പുരുഷനെ നീ കാണുന്നുവോ?
അവൻ രാജാക്കന്മാരുടെ മുമ്പിൽ നില്ക്കും;
നീചന്മാരുടെ മുമ്പിൽ അവൻ നില്ക്കുകയില്ല.

23

1നീ അധിപതിയോടുകൂടെടി ഭക്ഷണത്തിന് ഇരിക്കുമ്പോൾ

നിന്റെ മുമ്പിൽ ഇരിക്കുന്നവൻ ആരെന്ന് കരുതിക്കൊള്ളുക.
2നീ ഭോജനപ്രിയൻ ആകുന്നുവെങ്കിൽ
നിന്റെ തൊണ്ടയ്ക്ക് ഒരു കത്തി വച്ചുകൊള്ളുക.
3അവന്റെ സ്വാദുഭോജനങ്ങൾ കൊതിക്കരുത്;
അവ വഞ്ചിക്കുന്ന ഭോജനമത്രേ.
4ധനവാനാകേണ്ടതിന് ബദ്ധപ്പെടരുത്;
അതിനായുള്ള ബുദ്ധി വിട്ടുകളയുക.
5നിന്റെ ദൃഷ്ടി ധനത്തിന്മേൽ പതിക്കുന്നത് എന്തിന്?
അത് ഇല്ലാതെയായിപ്പോകുമല്ലോ.
കഴുകൻ ആകാശത്തേക്ക് എന്നപോലെ
അത് ചിറകെടുത്ത് പറന്നുകളയും.
6കണ്ണുകടിയുള്ളവന്റെ അപ്പം തിന്നരുത്;
അവന്റെ സ്വാദുഭോജ്യങ്ങൾ ആഗ്രഹിക്കുകയുമരുത്.
7അവൻ തന്റെ മനസ്സിൽ കണക്ക് കൂട്ടുന്നതുപോലെ ആകുന്നു;
‘തിന്നു കുടിച്ചുകൊള്ളുക’ എന്ന് അവൻ നിന്നോട് പറയും;
അവന്റെ ഹൃദയമോ നിനക്ക് അനുകൂലമല്ല.
8നീ തിന്ന കഷണം ഛർദ്ദിച്ചുപോകും;
നിന്റെ മാധുര്യവാക്ക് നഷ്ടമായെന്നും വരും.
9ഭോഷൻ കേൾക്കെ നീ സംസാരിക്കരുത്;
അവൻ നിന്റെ വാക്കുകളുടെ ജ്ഞാനം നിരസിച്ചുകളയും.
10പണ്ടേയുള്ള അതിര് നീക്കരുത്;
അനാഥരുടെ നിലം ആക്രമിക്കുകയുമരുത്.
11അവരുടെ പ്രതികാരകൻ ബലവാനല്ലയോ;
അവർക്ക് നിന്നോടുള്ള വ്യവഹാരം അവിടുന്ന് നടത്തും.
12നിന്റെ ഹൃദയം പ്രബോധനത്തിനും
നിന്റെ ചെവി പരിജ്ഞാനവചനങ്ങൾക്കും സമർപ്പിക്കുക.
13ബാലന് ശിക്ഷ കൊടുക്കാതിരിക്കരുത്;
വടികൊണ്ട് അടിച്ചാൽ അവൻ ചത്തുപോകുകയില്ല.
14വടികൊണ്ട് അവനെ അടിക്കുന്നതിനാൽ
നീ അവന്റെ പ്രാണനെ പാതാളത്തിൽനിന്ന് വിടുവിക്കും.
15മകനേ, നിന്റെ ഹൃദയം ജ്ഞാനം പഠിച്ചാൽ
എന്റെ ഹൃദയവും സന്തോഷിക്കും.
16നിന്റെ അധരം നേര് സംസാരിച്ചാൽ
എന്റെ അന്തരംഗങ്ങൾ ആനന്ദിക്കും.
17നിന്റെ ഹൃദയം പാപികളോട് അസൂയപ്പെടരുത്;
നീ എല്ലായ്പോഴും യഹോവഭക്തിയോടിരിക്കുക.
18ഒരു പ്രതിഫലം ഉണ്ടാകും നിശ്ചയം;
നിന്റെ പ്രത്യാശയ്ക്ക് ഭംഗം വരുകയുമില്ല.
19മകനേ, കേട്ട് ജ്ഞാനം പഠിക്കുക;
നിന്റെ ഹൃദയത്തെ നേർവഴിയിൽ നടത്തിക്കൊള്ളുക.
20നീ വീഞ്ഞു കുടിക്കുന്നവരുടെ കൂട്ടത്തിലും
മാംസഭോജനപ്രിയരുടെ ഇടയിലും ഇരിക്കരുത്.
21കുടിയനും അമിതഭോജകനും ദരിദ്രരായ്തീരും;
ആലസ്യം പഴന്തുണി ഉടുക്കുമാറാക്കും.
22നിന്നെ ജനിപ്പിച്ച അപ്പന്റെ വാക്ക് കേൾക്കുക;
നിന്റെ അമ്മ വൃദ്ധയായിരിക്കുമ്പോൾ അവളെ നിന്ദിക്കരുത്.
23നീ സത്യം വില്ക്കുകയല്ല വാങ്ങുകയാണ് വേണ്ടത്;
ജ്ഞാനവും പ്രബോധനവും വിവേകവും അങ്ങനെ തന്നെ.
24നീതിമാന്റെ അപ്പൻ ഏറ്റവും ആനന്ദിക്കും;
ജ്ഞാനിയുടെ ജനകൻ അവനിൽ സന്തോഷിക്കും.
25നിന്റെ അമ്മയപ്പന്മാർ സന്തോഷിക്കട്ടെ;
നിന്നെ പ്രസവിച്ചവൾ ആനന്ദിക്കട്ടെ.
26മകനേ, നിന്റെ ഹൃദയം എനിക്ക് തരുക;
എന്റെ വഴി നിന്റെ കണ്ണിന് ഇമ്പമായിരിക്കട്ടെ.
27വേശ്യാസ്ത്രീ ആഴമുള്ള കുഴിയും
പരസ്ത്രീ ഇടുക്കമുള്ള കിണറും ആകുന്നു.
28അവൾ പിടിച്ചുപറിക്കാരനെപ്പോലെ പതിയിരിക്കുന്നു;
മനുഷ്യരിൽ അവിശ്വസ്തരെ വർദ്ധിപ്പിക്കുന്നു.
29ആർക്ക് കഷ്ടം, ആർക്ക് സങ്കടം, ആർക്ക് കലഹം?
ആർക്ക് ആവലാതി, ആർക്ക് അനാവശ്യമായ മുറിവുകൾ, ആർക്ക് കൺചുവപ്പ്?
30വീഞ്ഞു കുടിച്ചുകൊണ്ട് നേരം വൈകിക്കുന്നവർക്കും
മദ്യം രുചിനോക്കുവാൻ പോകുന്നവർക്കും തന്നെ.
31വീഞ്ഞു ചുവന്നു പാത്രത്തിൽ തിളങ്ങുന്നതും
രസമായി ഇറക്കുന്നതും നീ നോക്കരുത്.
32ഒടുവിൽ അത് സർപ്പംപോലെ കടിക്കും;
അണലിപോലെ കൊത്തും.
33നിന്റെ കണ്ണുകൾ പരസ്ത്രീകളെ നോക്കും;
നിന്റെ ഹൃദയം വക്രത പറയും.
34നീ നടുക്കടലിൽ ശയിക്കുന്നവനെപ്പോലെയും
പാമരത്തിന്റെ മുകളിൽ ഉറങ്ങുന്നവനെപ്പോലെയും ആകും.
35“അവർ എന്നെ അടിച്ചു എനിക്കു നൊന്തില്ല;
അവർ എന്നെ തല്ലി, ഞാൻ അറിഞ്ഞതുമില്ല.
ഞാൻ എപ്പോൾ ഉണരും? ഞാൻ ഇനിയും അതു തന്നെ തേടും” എന്ന് നീ പറയും.

24

1ദുഷ്ടന്മാരോട് അസൂയപ്പെടരുത്;

അവരോടുകൂടി ഇരിക്കുവാൻ ആഗ്രഹിക്കുകയുമരുത്.
2അവരുടെ ഹൃദയം അക്രമം മെനയുന്നു;
കലഹം ഉണ്ടാക്കുവാൻ അവരുടെ അധരങ്ങൾ ഉപയോഗിക്കുന്നു.
3ജ്ഞാനംകൊണ്ട് ഭവനം പണിയുന്നു;
വിവേകംകൊണ്ട് അത് സ്ഥിരമായിവരുന്നു.
4പരിജ്ഞാനംകൊണ്ട് അതിന്റെ മുറികളിൽ
വിലയേറിയതും മനോഹരവുമായ സകല സമ്പത്തും നിറഞ്ഞുവരുന്നു.
5ജ്ഞാനിയായ പുരുഷൻ ബലവാനാകുന്നു;
പരിജ്ഞാനമുള്ളവൻ ബലം വർദ്ധിപ്പിക്കുന്നു.
6ബുദ്ധിയുള്ള ആലോചനയാൽ നീ യുദ്ധം നടത്തി ജയിക്കും;
മന്ത്രിമാരുടെ ബഹുത്വത്തിൽ രക്ഷയുണ്ട്.
7ജ്ഞാനം ഭോഷന് അപ്രാപ്യമായിരിക്കുന്നു;
അവൻ പട്ടണവാതില്ക്കൽ വായ് തുറക്കുന്നില്ല.
8ദോഷം ചെയ്യുവാൻ നിരൂപിക്കുന്നവനെ
ദുഷ്ക്കർമ്മി എന്ന് പറഞ്ഞുവരുന്നു;
9ഭോഷന്റെ നിരൂപണം പാപം തന്നെ;
പരിഹാസി മനുഷ്യർക്ക് വെറുപ്പാകുന്നു.
10കഷ്ടകാലത്ത് നീ പതറിപ്പോയാൽ
നിന്റെ ബലം കുറഞ്ഞുപോകും.
11മരണത്തിന് കൊണ്ടുപോകുന്നവരെ വിടുവിക്കുക;
കൊലക്കളത്തിലേക്ക് വിറച്ച് ചെല്ലുന്നവരെ രക്ഷിക്കുവാൻ ശ്രമിക്കുക.
12“ഞങ്ങൾ അറിഞ്ഞില്ലല്ലോ” എന്ന് നീ പറഞ്ഞാൽ
ഹൃദയങ്ങളെ തൂക്കിനോക്കുന്നവൻ ഗ്രഹിക്കുകയില്ലയോ?
നിന്റെ പ്രാണനെ കാക്കുന്നവൻ അറിയുകയില്ലയോ?
അവിടുന്ന് മനുഷ്യന് പ്രവൃത്തിക്ക് തക്കവണ്ണം പകരം കൊടുക്കുകയില്ലയോ?
13മകനേ, തേൻ തിന്നുക; അത് നല്ലതല്ലോ;
തേങ്കട്ട നിന്റെ അണ്ണാക്കിന് മധുരമത്രേ.
14ജ്ഞാനവും നിന്റെ ഹൃദയത്തിന് അങ്ങനെ തന്നെ എന്നറിയുക;
നീ അത് പ്രാപിച്ചാൽ പ്രതിഫലം ഉണ്ടാകും;
നിന്റെ പ്രത്യാശയ്ക്ക് ഭംഗം വരികയുമില്ല.
15ദുഷ്ടാ, നീ നീതിമാന്റെ പാർപ്പിടത്തിന് പതിയിരിക്കരുത്;
അവന്റെ വിശ്രാമസ്ഥലത്തെ നശിപ്പിക്കുകയുമരുത്.
16നീതിമാൻ ഏഴുപ്രാവശ്യം വീണാലും എഴുന്നേല്ക്കും;
ദുഷ്ടന്മാരോ അനർത്ഥത്തിൽ നശിച്ചുപോകും.
17നിന്റെ ശത്രു വീഴുമ്പോൾ സന്തോഷിക്കരുത്;
അവൻ ഇടറുമ്പോൾ നിന്റെ ഹൃദയം ആനന്ദിക്കരുത്.
18യഹോവ കണ്ടിട്ട് അവിടുത്തേയ്ക്ക് ഇഷ്ടക്കേടാകുവാനും
തന്റെ കോപം അവങ്കൽനിന്ന് മാറ്റിക്കളയുവാനും മതി.
19ദുഷ്പ്രവൃത്തിക്കാർനിമിത്തം മുഷിയരുത്;
ദുഷ്ടന്മാരോട് അസൂയപ്പെടുകയും അരുത്.
20ദോഷിക്ക് പ്രതിഫലമുണ്ടാകുകയില്ല;
ദുഷ്ടന്റെ വിളക്ക് കെട്ടുപോകും.
21മകനേ, യഹോവയെയും രാജാവിനെയും ഭയപ്പെടുക;
മത്സരികളോട് ഇടപെടരുത്.
22അവരിൽനിന്ന് ആപത്ത് പെട്ടെന്ന് വരും;
രണ്ടു കൂട്ടരും വരുത്തുന്ന നാശം ആരറിയുന്നു?1
23ഇവയും ജ്ഞാനികളുടെ വാക്യങ്ങൾ.
ന്യായവിസ്താരത്തിൽ മുഖപക്ഷം നന്നല്ല.
24ദുഷ്ടനോട് “നീ നീതിമാൻ” എന്ന് പറയുന്നവനെ
ജനതകൾ ശപിക്കുകയും വംശങ്ങൾ വെറുക്കുകയും ചെയ്യും.
25അവനെ ശാസിക്കുന്നവർക്ക് നന്മ ഉണ്ടാകും;
വലിയ അനുഗ്രഹം അവരുടെ മേൽ വരും.
26നേരുള്ള ഉത്തരം പറയുന്നവൻ
അധരങ്ങളെ ചുംബനം ചെയ്യുന്നു.
27വെളിയിൽ നിന്റെ വേല ചെയ്യുക; വയലിൽ എല്ലാം തീർക്കുക;
പിന്നീട് നിന്റെ വീട് പണിയുക.
28കാരണം കൂടാതെ കൂട്ടുകാരന് വിരോധമായി സാക്ഷിനില്ക്കരുത്;
നിന്റെ അധരംകൊണ്ട് ചതിക്കുകയും അരുത്.
29“അവൻ എന്നോടു ചെയ്തതുപോലെ ഞാൻ അവനോടു ചെയ്യുമെന്നും
ഞാൻ അവന് അവന്റെ പ്രവൃത്തിക്ക് പകരം കൊടുക്കും” എന്നും നീ പറയരുത്.
30ഞാൻ മടിയന്റെ നിലത്തിനരികിലും
ബുദ്ധിഹീനന്റെ മുന്തിരിത്തോട്ടത്തിന് സമീപത്തും കൂടി പോയി
31അവിടെ മുള്ള് പടർന്നുപിടിച്ചിരിക്കുന്നതും
കള നിറഞ്ഞ് നിലം മൂടിയിരിക്കുന്നതും
അതിന്റെ കന്മതിൽ ഇടിഞ്ഞുകിടക്കുന്നതും കണ്ടു.
32ഞാൻ അത് നോക്കി വിചാരിക്കുകയും
അതു കണ്ട് ഉപദേശം പ്രാപിക്കുകയും ചെയ്തു.
33കുറെക്കൂടെ ഉറക്കം, കുറെക്കൂടെ നിദ്ര,
കുറെക്കൂടെ കൈകെട്ടി കിടപ്പ്.
34അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും
നിന്റെ ബുദ്ധിമുട്ട് ആയുധപാണിയെപ്പോലെയും വരും.


1 24:22 രണ്ടു കൂട്ടരും എന്നത് യഹോവയും രാജാവും

25

1ഇവയും ശലോമോന്റെ സദൃശവാക്യങ്ങൾ;

യെഹൂദാരാജാവായ ഹിസ്കീയാവിന്റെ ആളുകൾ അവ ശേഖരിച്ചിരിക്കുന്നു.
2കാര്യം മറച്ചുവയ്ക്കുന്നത് ദൈവത്തിന്റെ മഹത്വം;
കാര്യം ആരായുന്നതോ രാജാക്കന്മാരുടെ മഹത്വം.
3ആകാശത്തിന്റെ ഉയരവും ഭൂമിയുടെ ആഴവും
രാജാക്കന്മാരുടെ ഹൃദയവും അജ്ഞാതം.
4വെള്ളിയിൽനിന്ന് മാലിന്യം നീക്കിക്കളഞ്ഞാൽ
തട്ടാന് പണിത്തരം കിട്ടും.
5രാജസന്നിധിയിൽനിന്ന് ദുഷ്ടനെ നീക്കിക്കളഞ്ഞാൽ
അവന്റെ സിംഹാസനം നീതിയാൽ സ്ഥിരപ്പെടും.
6രാജസന്നിധിയിൽ നിന്നെത്തന്നെ പുകഴ്ത്തരുത്;
മഹാന്മാരുടെ സ്ഥാനത്ത് നില്ക്കുകയും അരുത്.
7പ്രഭുവിന്റെ സന്നിധിയിൽ നീ താഴ്ത്തപ്പെടുന്നതിനെക്കാൾ
“ഇവിടെ കയറിവരുക” എന്ന് അവൻ നിന്നോട് പറയുന്നത് നല്ലത്.
8ബദ്ധപ്പെട്ട് വ്യവഹാരത്തിന് പുറപ്പെടരുത്;
അല്ലെങ്കിൽ ഒടുവിൽ കൂട്ടുകാരൻ നിന്നെ ലജ്ജിപ്പിച്ചാൽ നീ എന്ത് ചെയ്യും?
9നിന്റെ വഴക്ക് കൂട്ടുകാരനുമായി പറഞ്ഞു തീർക്കുക;
എന്നാൽ മറ്റൊരുത്തന്റെ രഹസ്യം വെളിപ്പെടുത്തരുത്.
10കേൾക്കുന്നവൻ നിന്നെ നിന്ദിക്കുവാനും
നിനക്ക് തീരാത്ത അപമാനം വരുവാനും ഇടവരരുത്.
11തക്കസമയത്ത് പറയുന്ന വാക്ക്
വെള്ളിത്താലത്തിൽ പൊൻനാരങ്ങാ പോലെ.
12കേട്ടനുസരിക്കുന്ന കാതിന് ജ്ഞാനിയുടെ ശാസന
പൊൻകടുക്കനും തങ്കംകൊണ്ടുള്ള ആഭരണവും ആകുന്നു.
13വിശ്വസ്തനായ ദൂതൻ തന്നെ അയക്കുന്നവർക്ക്
കൊയ്ത്തുകാലത്ത് ഹിമത്തിന്റെ തണുപ്പുപോലെ;
അവൻ യജമാനന്മാരുടെ ഉള്ളം തണുപ്പിക്കുന്നു.
14ദാനങ്ങളെച്ചൊല്ലി വെറുതെ പ്രശംസിക്കുന്നവൻ
മഴയില്ലാത്ത മേഘവും കാറ്റുംപോലെയാകുന്നു.
15ദീർഘക്ഷമകൊണ്ട് ന്യായാധിപനെ സമ്മതിപ്പിക്കാം;
മൃദുവായുള്ള നാവ് അസ്ഥിയെ നുറുക്കുന്നു.
16നിനക്ക് തേൻ കിട്ടിയാൽ വേണ്ടുന്നതേ ഭക്ഷിക്കാവു;
അധികം ഭക്ഷിച്ചിട്ട് ഛർദ്ദിക്കുവാൻ ഇടവരരുത്.
17കൂട്ടുകാരൻ നിന്നെക്കൊണ്ട് മടുത്ത് നിന്നെ വെറുക്കാതെയിരിക്കേണ്ടതിന്
അവന്റെ വീട്ടിൽ കൂടെക്കൂടെ ചെല്ലരുത്.
18കൂട്ടുകാരന് വിരോധമായി കള്ളസ്സാക്ഷ്യം പറയുന്ന മനുഷ്യൻ
ഗദയും വാളും കൂർത്ത അമ്പും ആകുന്നു.
19കഷ്ടകാലത്ത് അവിശ്വസ്തനെ ആശ്രയിക്കുന്നത്
കേടുള്ള പല്ലും ഉളുക്കിയ കാലുംപോലെ ആകുന്നു.
20വിഷാദമുള്ള ഹൃദയത്തിനായി പാട്ടു പാടുന്നവൻ
ശീതകാലത്ത് വസ്ത്രം കളയുന്നതുപോലെയും
യവക്ഷാരത്തിന്മേൽ ചൊറുക്ക പകരുന്നതുപോലെയും ആകുന്നു.
21ശത്രുവിന് വിശക്കുന്നു എങ്കിൽ അവന് ഭക്ഷിക്കുവാൻ കൊടുക്കുക;
ദാഹിക്കുന്നു എങ്കിൽ കുടിക്കുവാൻ കൊടുക്കുക.
22അങ്ങനെ നീ അവന്റെ തലമേൽ തീക്കനൽ കൂട്ടും;
യഹോവ നിനക്കു പ്രതിഫലം നല്കുകയും ചെയ്യും.
23വടക്കൻ കാറ്റ് മഴ കൊണ്ടുവരുന്നു;
ഏഷണിവാക്ക് കോപഭാവം ജനിപ്പിക്കുന്നു;
24ശണ്ഠകൂടുന്ന സ്ത്രീയോടുകൂടി വീടിനുള്ളിൽ പാർക്കുന്നതിനെക്കാൾ
മേൽപുരയുടെ ഒരു കോണിൽ പാർക്കുന്നത് നല്ലത്.
25ദാഹമുള്ളവന് തണ്ണീർ കിട്ടുന്നതും
ദൂരദേശത്തുനിന്ന് നല്ല വർത്തമാനം വരുന്നതും ഒരുപോലെ.
26ദുഷ്ടന്റെ മുമ്പിൽ കുലുങ്ങിപ്പോയ നീതിമാൻ
കലങ്ങിയ കിണറിനും മലിനമായ നീരുറവിനും സമം.
27തേൻ ഏറെ കുടിക്കുന്നത് നല്ലതല്ല;
സ്വന്തം മഹത്വം ആരായുന്നത് അതുപോലെ തന്നെ.
28ആത്മസംയമനം ഇല്ലാത്ത പുരുഷൻ
മതിൽ ഇല്ലാതെ ഇടിഞ്ഞുകിടക്കുന്ന പട്ടണംപോലെയാകുന്നു.

26

1വേനൽകാലത്ത് ഹിമവും കൊയ്ത്തുകാലത്ത് മഴയും എന്നപോലെ

ഭോഷന് ബഹുമാനം ചേർന്നതല്ല.
2പാറിപ്പോകുന്ന കുരികിലും പറന്നുപോകുന്ന മീവൽപക്ഷിയും പോലെ
കാരണം കൂടാതെ ശാപം ഫലിക്കുകയില്ല.
3കുതിരയ്ക്ക് ചമ്മട്ടി, കഴുതയ്ക്കു കടിഞ്ഞാൺ,
മൂഢന്മാരുടെ മുതുകിനു വടി.
4നീയും മൂഢനെപ്പോലെ ആകാതിരിക്കേണ്ടതിന്
അവന്റെ ഭോഷത്തംപോലെ അവനോട് ഉത്തരം പറയരുത്.
5മൂഢന് താൻ ജ്ഞാനിയെന്ന് തോന്നാതിരിക്കേണ്ടതിന്
അവന്റെ ഭോഷത്തത്തിനൊത്തവണ്ണം അവനോട് ഉത്തരം പറയുക.
6മൂഢന്റെ കൈവശം വർത്തമാനം അയക്കുന്നവൻ
സ്വന്തകാൽ മുറിച്ചുകളയുകയും അന്യായം കുടിക്കുകയും ചെയ്യുന്നു.
7മൂഢന്മാരുടെ വായിലെ സദൃശവാക്യം
മുടന്തന്റെ കാല് ഞാന്നു കിടക്കുന്നതുപോലെ.
8മൂഢന് ബഹുമാനം കൊടുക്കുന്നത്
കവിണയിൽ കല്ലുകെട്ടി മുറുക്കുന്നതുപോലെ.
9മൂഢന്മാരുടെ വായിലെ സദൃശവാക്യം
മദ്യപന്റെ കയ്യിലെ മുള്ളുപോലെ.
10എല്ലാവരെയും മുറിവേല്പിക്കുന്ന വില്ലാളിയും,
മൂഢനെയും
വഴിപോക്കരെയും കൂലിക്കു നിർത്തുന്നവനും ഒരുപോലെ.
11നായ് ഛർദ്ദിച്ചതിലേക്ക് വീണ്ടും തിരിയുന്നതും
മൂഢൻ തന്റെ ഭോഷത്തം ആവർത്തിക്കുന്നതും ഒരുപോലെ.
12തനിക്കുതന്നെ ജ്ഞാനിയെന്ന് തോന്നുന്ന മനുഷ്യനെ നീ കാണുന്നുവോ?
അവനെക്കുറിച്ചുള്ളതിനെക്കാളും മൂഢനെക്കുറിച്ച് അധികം പ്രത്യാശയുണ്ട്.
13“വഴിയിൽ സിംഹം ഉണ്ട്, തെരുവീഥികളിൽ ഉഗ്രസിംഹം ഉണ്ട് ”
എന്നിങ്ങനെ മടിയൻ പറയുന്നു.
14കതക് വിജാഗിരിയിൽ എന്നപോലെ
മടിയൻ തന്റെ കിടക്കയിൽ തിരിയുന്നു.
15മടിയൻ തന്റെ കൈ തളികയിൽ പൂഴ്ത്തുന്നു;
വായിലേക്ക് തിരികെ കൊണ്ടുവരുന്നത് അവനു പ്രയാസം.
16ബുദ്ധിയോടെ ഉത്തരം പറയുവാൻ പ്രാപ്തിയുള്ള ഏഴു പേരിലും
താൻ ജ്ഞാനി എന്ന് മടിയനു തോന്നുന്നു.
17തന്നെ സംബന്ധിക്കാത്ത വഴക്കിൽ ഇടപെടുന്നവൻ
വഴിയെപോകുന്ന നായുടെ ചെവിക്ക് പിടിക്കുന്നവനെപ്പോലെ.
18കൂട്ടുകാരനെ വഞ്ചിച്ചിട്ട്
“അത് തമാശ” എന്ന് പറയുന്ന മനുഷ്യൻ
19തീക്കൊള്ളികളും അമ്പുകളും മരണവും
എറിയുന്ന ഭ്രാന്തനെപ്പോലെയാകുന്നു.
20വിറക് ഇല്ലാഞ്ഞാൽ തീ കെട്ടുപോകും;
നുണയൻ ഇല്ലാഞ്ഞാൽ വഴക്കും ഇല്ലാതെയാകും.
21കരി കനലിനും വിറക് തീയ്ക്കും എന്നപോലെ
വഴക്കുകാരൻ കലഹം ജ്വലിക്കുന്നതിനു കാരണം.
22ഏഷണിക്കാരന്റെ വാക്ക് സ്വാദുഭോജനംപോലെ;
അത് വയറിന്റെ അറകളിലേക്ക് ചെല്ലുന്നു.
23ദുഷ്ടഹൃദയമുള്ളവന്റെ സ്നേഹം ജ്വലിക്കുന്ന അധരം
വെള്ളിക്കീടം പൊതിഞ്ഞ മൺകുടംപോലെയാകുന്നു.
24പകയുള്ളവൻ അധരംകൊണ്ട് വേഷം ധരിക്കുന്നു;
ഉള്ളിൽ അവൻ ചതിവ് സംഗ്രഹിച്ചു വയ്ക്കുന്നു.
25അവൻ ഇമ്പമായി സംസാരിക്കുമ്പോൾ അവനെ വിശ്വസിക്കരുത്;
അവന്റെ ഹൃദയത്തിൽ ഏഴു വെറുപ്പുണ്ട് .
26അവന്റെ പക കപടംകൊണ്ടു മറച്ചുവച്ചാലും
അവന്റെ ദുഷ്ടത സഭയുടെ മുമ്പിൽ വെളിപ്പെട്ടുവരും.
27കുഴി കുഴിക്കുന്നവൻ അതിൽ വീഴും;
കല്ലുരുട്ടുന്നവന്റെമേൽ അത് തിരിഞ്ഞുരുളും.
28ഭോഷ്ക്കു പറയുന്ന നാവ് അതിനിരയായവരെ ദ്വേഷിക്കുന്നു;
മുഖസ്തുതി പറയുന്ന വായ് നാശം വരുത്തുന്നു.

27

1നാളെയെച്ചൊല്ലി പ്രശംസിക്കരുത്;

ഒരു ദിവസത്തിൽ എന്തെല്ലാം സംഭവിക്കും എന്ന് അറിയുന്നില്ലല്ലോ.
2നിന്റെ വായല്ല മറ്റൊരുത്തൻ,
നിന്റെ അധരമല്ല വേറൊരുത്തൻ നിന്നെ സ്തുതിക്കട്ടെ.
3കല്ല് ഘനമുള്ളതും മണൽ ഭാരമുള്ളതും ആകുന്നു;
ഒരു ഭോഷന്റെ നീരസം ഇവ രണ്ടിലും ഘനമേറിയത്.
4ക്രോധം ക്രൂരവും കോപം പ്രളയവും ആകുന്നു;
അസൂയയ്ക്കു മുമ്പിൽ ആർക്ക് നില്ക്കാം?
5മറഞ്ഞിരിക്കുന്ന സ്നേഹത്തിലും തുറന്ന ശാസനയാണ് നല്ലത്.
6സ്നേഹിതൻ വരുത്തുന്ന മുറിവുകൾ വിശ്വസ്തതയുടെ ഫലം;
ശത്രുവിന്റെ ചുംബനങ്ങൾ വഞ്ചനാപൂർണ്ണം.
7തിന്ന് തൃപ്തനായവൻ തേൻകട്ടയും ചവിട്ടിക്കളയുന്നു;
വിശപ്പുള്ളവന് കൈപ്പുള്ളതൊക്കെയും മധുരം.
8കൂടുവിട്ടലയുന്ന പക്ഷിയും
നാടു വിട്ടുഴലുന്ന മനുഷ്യനും ഒരുപോലെ.
9തൈലവും ധൂപവും ഹൃദയത്തെ സന്തോഷിപ്പിക്കുന്നു;
സ്നേഹിതന്റെ ഹൃദയപൂർവ്വമായ ഉപദേശവും അങ്ങനെ തന്നെ.
10നിന്റെ സ്നേഹിതനെയും അപ്പന്റെ സ്നേഹിതനെയും ഉപേക്ഷിക്കരുത്;
നിന്റെ കഷ്ടകാലത്ത് സഹോദരന്റെ വീട്ടിൽ പോകുകയും അരുത്;
ദൂരത്തെ സഹോദരനിലും സമീപത്തെ അയല്ക്കാരൻ നല്ലത്.
11മകനേ, എന്നെ നിന്ദിക്കുന്നവനോട് ഞാൻ ഉത്തരം പറയേണ്ടതിന്
നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുക.
12വിവേകമുള്ളവൻ അനർത്ഥം കണ്ട് ഒളിച്ചുകൊള്ളുന്നു;
അല്പബുദ്ധികളോ നേരെ ചെന്ന് അനർത്ഥത്തിൽ അകപ്പെടുന്നു.
13അന്യനുവേണ്ടി ജാമ്യം നില്ക്കുന്നവന്റെ വസ്ത്രം എടുത്തുകൊള്ളുക;
പരസ്ത്രീക്കു വേണ്ടി ഉത്തരവാദിയാകുന്നവനോട് പണയം വാങ്ങുക.
14അതികാലത്ത് എഴുന്നേറ്റ് സ്നേഹിതനെ
ഉച്ചത്തിൽ അനുഗ്രഹിക്കുന്നവന് അത് ശാപമായി എണ്ണപ്പെടും.
15പെരുമഴയുള്ള ദിവസത്തിൽ ഇടവിടാത്ത ചോർച്ചയും
കലഹക്കാരത്തിയായ സ്ത്രീയും ഒരുപോലെ.
16അവളെ നിയന്ത്രിക്കുവാൻ നോക്കുന്നവൻ കാറ്റിനെ നിയന്ത്രിക്കുവാൻ നോക്കുന്നു;
തന്റെ വലങ്കൈകൊണ്ട് എണ്ണ പിടിക്കുവാൻ പോകുന്നതുപോലെ.
17ഇരിമ്പ് ഇരിമ്പിന് മൂർച്ചകൂട്ടുന്നു;
മനുഷ്യൻ മനുഷ്യന് മൂർച്ചകൂട്ടുന്നു.
18അത്തികാക്കുന്നവൻ അതിന്റെ പഴം തിന്നും;
യജമാനനെ സൂക്ഷിക്കുന്നവൻ ബഹുമാനിക്കപ്പെടും.
19വെള്ളത്തിൽ മുഖത്തിന്റെ രൂപം പ്രതിഫലിച്ചുകാണുന്നതുപോലെ;
മനുഷ്യൻ തന്റെ ഹൃദയത്തിനൊത്തവണ്ണം മറ്റൊരുവനെ കാണുന്നു.
20പാതാളത്തിനും നരകത്തിനും ഒരിക്കലും തൃപ്തി വരുന്നില്ല;
മനുഷ്യന്റെ കണ്ണിനും ഒരിക്കലും തൃപ്തിവരുന്നില്ല.
21വെള്ളിക്ക് പുടവും പൊന്നിന് മൂശയും ശോധന;
മനുഷ്യനോ അവന്റെ പ്രശംസ.
22ഭോഷനെ ഉരലിൽ ഇട്ട് ഉലക്കകൊണ്ട് അവൽപോലെ ഇടിച്ചാലും
അവന്റെ ഭോഷത്തം വിട്ടുമാറുകയില്ല.
23നിന്റെ ആടുകളുടെ അവസ്ഥ അറിയുവാൻ ജാഗ്രതയായിരിക്കുക;
നിന്റെ കന്നുകാലികളിൽ നന്നായി ദൃഷ്ടിവയ്ക്കുക.
24സമ്പത്ത് എന്നേക്കും ഇരിക്കുന്നതല്ലല്ലോ;
കിരീടം തലമുറതലമുറയോളം ഇരിക്കുമോ?
25പുല്ല് ചെത്തി കൊണ്ടുപോകുന്നു; ഇളമ്പുല്ല് മുളച്ചുവരുന്നു;
പർവ്വതങ്ങളിലെ സസ്യങ്ങളെ ശേഖരിക്കുന്നു.
26കുഞ്ഞാടുകൾ നിനക്ക് ഉടുപ്പിനും
കോലാടുകൾ നിലത്തിന്റെ വിലയ്ക്കും പ്രയോജനപ്പെടും.
27കോലാടുകളുടെ പാല് നിന്റെ ആഹാരത്തിനും
നിന്റെ ഭവനക്കാരുടെ അഹോവൃത്തിക്കും
നിന്റെ ദാസിമാരുടെ ഉപജീവനത്തിനും മതിയാകും.

28

1ആരും ഓടിക്കാതെ ദുഷ്ടന്മാർ ഓടിപ്പോകുന്നു;

നീതിമാന്മാർ ബാലസിംഹംപോലെ നിർഭയമായിരിക്കുന്നു.
2ദേശത്തിലെ അതിക്രമം നിമിത്തം അതിലെ പ്രഭുക്കന്മാർ അനേകം പേരായിരിക്കുന്നു;
ബുദ്ധിയും പരിജ്ഞാനവും ഉള്ളവർ മുഖാന്തരം അതിന്റെ വ്യവസ്ഥ ദീർഘമായി നില്ക്കുന്നു.
3അഗതികളെ പീഡിപ്പിക്കുന്ന ദരിദ്രൻ
വിളവ് ശേഷിപ്പിക്കാതെ ഒഴുക്കിക്കളയുന്ന മഴപോലെയാകുന്നു.
4ന്യായപ്രമാണം ഉപേക്ഷിക്കുന്നവർ ദുഷ്ടനെ പ്രശംസിക്കുന്നു;
ന്യായപ്രമാണം പാലിക്കുന്നവർ അവരോട് എതിർത്തു നില്ക്കുന്നു.
5ദുഷ്ടന്മാർ ന്യായം തിരിച്ചറിയുന്നില്ല;
യഹോവയെ അന്വേഷിക്കുന്നവരോ സകലവും തിരിച്ചറിയുന്നു.
6തന്റെ വഴികളിൽ വക്രനായി നടക്കുന്ന ധനവാനെക്കാൾ
പരമാർത്ഥതയിൽ നടക്കുന്ന ദരിദ്രൻ ഉത്തമൻ.
7ന്യായപ്രമാണം പ്രമാണിക്കുന്നവൻ ബുദ്ധിയുള്ള മകൻ;
ഭോജനപ്രീയന്മാർക്കു സഖിയായവൻ പിതാവിനെ അപമാനിക്കുന്നു.
8പലിശയും ലാഭവും വാങ്ങി സമ്പത്ത് വർദ്ധിപ്പിക്കുന്നവൻ
അഗതികളോട് കൃപാലുവായവനു വേണ്ടി അത് ശേഖരിക്കുന്നു.
9ന്യായപ്രമാണം കേൾക്കാതെ ചെവി തിരിച്ചുകളയുന്നവന്റെ
പ്രാർത്ഥന പോലും വെറുപ്പാകുന്നു.
10നേരുള്ളവരെ ദുർമ്മാർഗ്ഗത്തിലേക്ക് തെറ്റിക്കുന്നവൻ
താൻ കുഴിച്ച കുഴിയിൽതന്നെ വീഴും;
നിഷ്കളങ്കരായവർ നന്മ അവകാശമാക്കും.
11ധനവാന് സ്വയം ജ്ഞാനിയായി തോന്നുന്നു;
ബുദ്ധിയുള്ള അഗതി അവനെ ശോധന ചെയ്യുന്നു.
12നീതിമാന്മാർ ആഹ്ളാദിക്കുമ്പോൾ എല്ലാവരും ഉല്ലസിക്കുന്നു;
ദുഷ്ടന്മാരുടെ ഉയർച്ചയിൽ ആളുകൾ സ്വയം ഒളിക്കുന്നു.
13തന്റെ ലംഘനങ്ങളെ മറയ്ക്കുന്നവന് ശുഭം വരുകയില്ല;
അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവന് കരുണ ലഭിക്കും.
14എപ്പോഴും ഭയഭക്തിയോടിരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ;
ഹൃദയത്തെ കഠിനമാക്കുന്നവൻ അനർത്ഥത്തിൽ അകപ്പെടും.
15അഗതികളുടെമേൽ അധികാരം നടത്തുന്ന ദുഷ്ടൻ
ഗർജ്ജിക്കുന്ന സിംഹത്തിനും ഇരതേടി നടക്കുന്ന കരടിക്കും തുല്യൻ.
16ബുദ്ധിഹീനനായ പ്രഭു മഹാപീഡകൻ ആകുന്നു;
ദ്രവ്യാഗ്രഹം വെറുക്കുന്നവൻ ദീർഘായുസ്സോടെ ഇരിക്കും.
17രക്തച്ചൊരിച്ചിലിന്റെ കുറ്റം ചുമക്കുന്നവൻ കുഴിയിലേയ്ക്ക് ബദ്ധപ്പെടും;
അവനെ ആരും തുണയ്ക്കരുത്.
18നിഷ്കളങ്കനായി നടക്കുന്നവൻ സുരക്ഷിതനായിരിക്കും;
നടപ്പിൽ വക്രതയുള്ളവൻ പെട്ടെന്നു വീഴും.
19നിലം കൃഷിചെയ്യുന്നവന് ആഹാരം സമൃദ്ധിയായി കിട്ടും;
നിസ്സാരന്മാരെ പിൻചെല്ലുന്നവനോ വേണ്ടുവോളം ദാരിദ്ര്യം അനുഭവിക്കും.
20വിശ്വസ്തപുരുഷൻ അനുഗ്രഹസമ്പൂർണ്ണൻ;
ധനവാനാകേണ്ടതിനു ബദ്ധപ്പെടുന്നവന് ശിക്ഷ വരാതിരിക്കുകയില്ല.
21പക്ഷപാതം കാണിക്കുന്നത് നല്ലതല്ല;
ഒരു കഷണം അപ്പത്തിനായും മനുഷ്യൻ അന്യായം ചെയ്യും.
22ദുഷ്ടകണ്ണുള്ളവൻ ധനവാനാകുവാൻ ബദ്ധപ്പെടുന്നു;
ബുദ്ധിമുട്ടു വരുമെന്ന് അവൻ അറിയുന്നതുമില്ല.
23ചക്കരവാക്ക് പറയുന്നവനെക്കാൾ
ശാസിക്കുന്നവനു പിന്നീട് പ്രീതി ലഭിക്കും.
24അപ്പനോടോ അമ്മയോടോ പിടിച്ചുപറിച്ചിട്ട്
‘അത് അക്രമമല്ല’ എന്നു പറയുന്നവൻ നാശകന്റെ സഖി.
25അത്യാഗ്രഹമുള്ളവൻ വഴക്കുണ്ടാക്കുന്നു;
യഹോവയിൽ ആശ്രയിക്കുന്നവൻ പുഷ്ടി പ്രാപിക്കും.
26സ്വന്തഹൃദയത്തിൽ ആശ്രയിക്കുന്നവൻ മൂഢൻ;
ജ്ഞാനത്തോടെ നടക്കുന്നവൻ സുരക്ഷിതനായിരിക്കും.
27ദരിദ്രനു കൊടുക്കുന്നവന് കുറവ് ഉണ്ടാകുകയില്ല;
കണ്ണ് അടച്ചുകളയുന്നവന് ഏറിയ ശാപം ഉണ്ടാകും.
28ദുഷ്ടന്മാരുടെ ഉയർച്ചയിൽ ആളുകൾ സ്വയം ഒളിക്കുന്നു;
അവർ നശിക്കുമ്പോൾ നീതിമാന്മാർ വർദ്ധിക്കുന്നു.

29

1തുടർച്ചയായി ശാസന കേട്ടിട്ടും ശാഠ്യം കാണിക്കുന്നവൻ

നീക്കുപോക്കില്ലാതെ പെട്ടെന്നു നശിച്ചുപോകും.
2നീതിമാന്മാർ വർദ്ധിക്കുമ്പോൾ ജനം സന്തോഷിക്കുന്നു;
ദുഷ്ടൻ ആധിപത്യം നടത്തുമ്പോൾ ജനം ഞരങ്ങുന്നു.
3ജ്ഞാനം ഇഷ്ടപ്പെടുന്നവൻ തന്റെ അപ്പനെ സന്തോഷിപ്പിക്കുന്നു;
വേശ്യകളോട് സഹവാസം ചെയ്യുന്നവനോ തന്റെ സമ്പത്ത് നശിപ്പിക്കുന്നു.
4രാജാവ് ന്യായപാലനത്താൽ രാജ്യത്തെ നിലനിർത്തുന്നു;
നികുതി വർദ്ധിപ്പിക്കുന്നവൻ അതിനെ നശിപ്പിക്കുന്നു.
5കൂട്ടുകാരനോട് മുഖസ്തുതി പറയുന്നവൻ
അവന്റെ കാലിന് ഒരു വല വിരിക്കുന്നു.
6ദുഷ്ക്കർമ്മി തന്റെ ലംഘനത്തിൽ കുടുങ്ങുന്നു;
നീതിമാനോ ഘോഷിച്ചാനന്ദിക്കുന്നു.
7നീതിമാൻ അഗതികളുടെ കാര്യം അറിയുന്നു;
ദുഷ്ടനോ പരിജ്ഞാനം ഇന്നതെന്ന് അറിയുന്നില്ല.
8പരിഹാസികൾ പട്ടണത്തിൽ കോപാഗ്നി ജ്വലിപ്പിക്കുന്നു;
ജ്ഞാനികൾ ക്രോധത്തെ ശമിപ്പിക്കുന്നു.
9ജ്ഞാനിക്കും ഭോഷനും തമ്മിൽ തർക്കം ഉണ്ടായിട്ട്
ഭോഷൻ കോപിക്കുകയോ ചിരിക്കുകയോ ചെയ്തേക്കാം; എന്നാൽ അവിടെ ശാന്തത ഉണ്ടാകുകയില്ല.
10രക്തപാതകന്മാർ നിഷ്ക്കളങ്കനെ ദ്വേഷിക്കുന്നു;
നേരുള്ളവരോ അവന്റെ പ്രാണരക്ഷ അന്വേഷിക്കുന്നു.
11മൂഢൻ തന്റെ കോപം മുഴുവനും വെളിപ്പെടുത്തുന്നു;
ജ്ഞാനി അതിനെ അടക്കി ശമിപ്പിക്കുന്നു.
12അധിപതി നുണ കേൾക്കുവാൻ തുടങ്ങിയാൽ
അവന്റെ ഭൃത്യന്മാരെല്ലാവരും ദുഷ്ടന്മാരാകും.
13ദരിദ്രനും പീഡകനും തമ്മിൽ പൊതുവായി ഒന്നുണ്ട്;
ഇരുവരുടെയും കണ്ണ് യഹോവ പ്രകാശിപ്പിക്കുന്നു.
14അഗതികൾക്ക് വിശ്വസ്തതയോടെ ന്യായപാലനം ചെയ്യുന്ന
രാജാവിന്റെ സിംഹാസനം എന്നേക്കും സ്ഥിരമായിരിക്കും.
15വടിയും ശാസനയും ജ്ഞാനം നല്കുന്നു;
തന്നിഷ്ടത്തിനു വിട്ടിരിക്കുന്ന ബാലൻ അമ്മയ്ക്കു ലജ്ജ വരുത്തുന്നു.
16ദുഷ്ടന്മാർ പെരുകുമ്പോൾ അതിക്രമം പെരുകുന്നു;
നീതിമാന്മാർ അവരുടെ വീഴ്ച കാണും.
17നിന്റെ മകനെ ശിക്ഷിക്കുക; അവൻ നിനക്ക് ആശ്വാസമായിത്തീരും;
അവൻ നിന്റെ മനസ്സിന് പ്രമോദം വരുത്തും.
18വെളിപ്പാട് ഇല്ലാത്തിടത്തു ജനം മര്യാദവിട്ടു നടക്കുന്നു;
ന്യായപ്രമാണം കാത്തുകൊള്ളുന്നവനോ ഭാഗ്യവാൻ.
19ദാസനെ നന്നാക്കുവാൻ വാക്കു മാത്രം പോരാ;
അവൻ അത് ഗ്രഹിച്ചാലും കൂട്ടാക്കുകയില്ലല്ലോ.
20വാക്കിൽ തിടുക്കമുള്ള മനുഷ്യനെ നീ കാണുന്നുവോ?
അവനെക്കാൾ മൂഢനെക്കുറിച്ച് അധികം പ്രത്യാശയുണ്ട്.
21ദാസനെ ബാല്യംമുതൽ ലാളിച്ചുവളർത്തുന്നവനോട്
അവൻ ഒടുവിൽ ദുശ്ശാഠ്യം കാണിക്കും.
22കോപമുള്ളവൻ വഴക്കുണ്ടാക്കുന്നു;
ക്രോധമുള്ളവൻ അതിക്രമം വർദ്ധിപ്പിക്കുന്നു.
23മനുഷ്യന്റെ ഗർവ്വം അവനെ താഴ്ത്തിക്കളയും;
മനോവിനയമുള്ളവൻ മാനം പ്രാപിക്കും.
24കള്ളന്റെ പങ്കാളി സ്വന്തം പ്രാണനെ പകയ്ക്കുന്നു;
അവൻ സത്യം ചെയ്യുന്നു; ഒന്നും വെളിപ്പെടുത്തുന്നതുമില്ല.
25മാനുഷഭയം ഒരു കെണി ആകുന്നു;
യഹോവയിൽ ആശ്രയിക്കുന്നവൻ രക്ഷപ്രാപിക്കും.
26അനേകം പേർ അധിപതിയുടെ മുഖപ്രസാദം അന്വേഷിക്കുന്നു;
മനുഷ്യന് നീതി യഹോവയിൽനിന്നു വരുന്നു.
27നീതികെട്ടവൻ നീതിമാന്മാർക്ക് വെറുപ്പ്;
സന്മാർഗ്ഗി ദുഷ്ടന്മാർക്കും വെറുപ്പ്.

30

1യാക്കേയുടെ മകനായ ആഗൂരിന്റെ വചനങ്ങൾ;

ഒരു അരുളപ്പാട്; ആ പുരുഷൻ പ്രസ്താവിച്ചത്:
“ദൈവമേ, ഞാൻ അദ്ധ്വാനിച്ചു,
ദൈവമേ, ഞാൻ അദ്ധ്വാനിച്ചു ക്ഷയിച്ചിരിക്കുന്നു.
2ഞാൻ സകലമനുഷ്യരിലും ബുദ്ധിഹീനനാകുന്നു;
മാനുഷീകബുദ്ധി എനിക്കില്ല;
3ഞാൻ ജ്ഞാനം അഭ്യസിച്ചിട്ടില്ല;
പരിശുദ്ധനായവന്റെ പരിജ്ഞാനം എനിക്കില്ല.
4സ്വർഗ്ഗത്തിൽ കയറുകയും ഇറങ്ങിവരുകയും ചെയ്തവൻ ആര്?
കാറ്റിനെ തന്റെ മുഷ്ടിയിൽ പിടിച്ചടക്കിയവൻ ആര്?
വെള്ളത്തെ വസ്ത്രത്തിൽ കെട്ടിയവൻ ആര്?
ഭൂമിയുടെ അറുതികളെയൊക്കെയും നിയമിച്ചവൻ ആര്?
അവന്റെ പേരെന്ത്? അവന്റെ മകന്റെ പേരെന്ത്? നിനക്കറിയാമോ?
5ദൈവത്തിന്റെ സകലവചനവും ശുദ്ധിചെയ്തതാകുന്നു;
തന്നിൽ ആശ്രയിക്കുന്നവർക്ക് അവിടുന്ന് പരിച തന്നെ.
6അവിടുത്തെ വചനങ്ങളോട് നീ ഒന്നും കൂട്ടരുത്;
അവിടുന്ന് നിന്നെ വിസ്തരിച്ചിട്ട് നീ കള്ളനാകുവാൻ ഇട വരരുത്.
7രണ്ട് കാര്യം ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു;
ജീവപര്യന്തം അവ എനിക്ക് നിഷേധിക്കരുതേ;
8വ്യാജവും ഭോഷ്ക്കും എന്നോട് അകറ്റണമേ;
ദാരിദ്ര്യവും സമ്പത്തും എനിക്ക് തരാതെ
നിത്യവൃത്തി തന്ന് എന്നെ പോഷിപ്പിക്കണമേ.
9ഞാൻ തൃപ്തനായിത്തീർന്നിട്ട്: ‘യഹോവ ആര്’ എന്ന് അങ്ങയെ നിഷേധിക്കുവാനും
ദരിദ്രനായിത്തീർന്നിട്ട് മോഷ്ടിച്ച് എന്റെ ദൈവത്തിന്റെ നാമത്തെ ദുഷിക്കുവാനും സംഗതി വരരുതേ.
10ദാസനെക്കുറിച്ച് യജമാനനോട് ഏഷണി പറയരുത്;
അവൻ നിന്നെ ശപിക്കുവാനും നീ കുറ്റക്കാരനായിത്തീരുവാനും ഇടവരരുത്.
11അപ്പനെ ശപിക്കുകയും അമ്മയെ അനുഗ്രഹിക്കാതിരിക്കുകയും ചെയ്യുന്നോരു തലമുറ!
12തങ്ങൾക്ക് തന്നെ നിർമ്മലരായിത്തോന്നുന്നവരും
അശുദ്ധി കഴുകിക്കളയാത്തവരുമായോരു തലമുറ!
13അയ്യോ ഈ തലമുറയുടെ കണ്ണുകൾ എത്ര ഉയർന്നിരിക്കുന്നു -
അവരുടെ കൺപോളകൾ എത്ര പൊങ്ങിയിരിക്കുന്നു -
14എളിയവരെ ഭൂമിയിൽനിന്നും
ദരിദ്രരെ മനുഷ്യരുടെ ഇടയിൽനിന്നും തിന്നുകളയുവാൻ തക്കവണ്ണം
മുമ്പല്ലുകൾ വാളായും അണപ്പല്ലുകൾ കത്തിയായും ഇരിക്കുന്ന ഒരു തലമുറ!
15കന്നട്ടയ്ക്കു: ‘തരുക, തരുക’ എന്ന രണ്ടു പുത്രിമാർ ഉണ്ട്;
ഒരിക്കലും തൃപ്തിവരാത്തത് മൂന്നുണ്ട്;
‘മതി’ എന്നു പറയാത്തത് നാലുണ്ട്:
16പാതാളവും വന്ധ്യയുടെ ഗർഭപാത്രവും
വെള്ളം കുടിച്ചു തൃപ്തിവരാത്ത ഭൂമിയും
‘മതി ’എന്നു പറയാത്ത തീയും തന്നെ.
17അപ്പനെ പരിഹസിക്കുകയും
അമ്മയെ അനുസരിക്കാതിരിക്കുകയും ചെയ്യുന്ന കണ്ണിനെ
തോട്ടരികത്തെ കാക്ക കൊത്തിപ്പറിക്കുകയും
കഴുകിൻ കുഞ്ഞുങ്ങൾ തിന്നുകയും ചെയ്യും.
18എനിക്ക് അതിവിസ്മയമായി തോന്നുന്നത് മൂന്നുണ്ട്;
എനിക്ക് അറിഞ്ഞുകൂടാത്തത് നാലുണ്ട്:
19ആകാശത്ത് കഴുകന്റെ വഴിയും
പാറമേൽ സർപ്പത്തിന്റെ വഴിയും
സമുദ്രമദ്ധ്യത്തിൽ കപ്പലിന്റെ വഴിയും
കന്യകയോടുകൂടി പുരുഷന്റെ വഴിയും തന്നെ.
20വ്യഭിചാരിണിയുടെ വഴിയും അങ്ങനെ തന്നെ:
അവൾ തിന്നു വായ് തുടച്ചിട്ട്,
‘ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ല’ എന്നു പറയുന്നു.
21മൂന്നിന്റെ നിമിത്തം ഭൂമി വിറയ്ക്കുന്നു;
നാലിന്റെ നിമിത്തം അതിന് സഹിച്ചു കൂടാ:
22ദാസൻ രാജാവായാൽ അവന്റെ നിമിത്തവും
ഭോഷൻ തിന്ന് തൃപ്തനായാൽ അവന്റെ നിമിത്തവും
23വെറുക്കപ്പെട്ട സ്ത്രീയ്ക്കു വിവാഹം കഴിഞ്ഞാൽ അവളുടെ നിമിത്തവും
ദാസി യജമാനത്തിയുടെ സ്ഥാനം പ്രാപിച്ചാൽ അവളുടെ നിമിത്തവും തന്നെ.
24ഭൂമിയിൽ എത്രയും ചെറിയവയെങ്കിലും
അത്യന്തം ജ്ഞാനമുള്ളതു നാലുണ്ട്:
25ഉറുമ്പ് ബലഹീനജാതി എങ്കിലും
അത് വേനല്ക്കാലത്ത് ആഹാരം സമ്പാദിച്ചു വയ്ക്കുന്നു.
26കുഴിമുയൽ ശക്തിയില്ലാത്ത ജാതി എങ്കിലും
അത് പാറയിൽ പാർപ്പിടം ഉണ്ടാക്കുന്നു.
27വെട്ടുക്കിളിക്ക് രാജാവില്ല എങ്കിലും
അതൊക്കെയും അണിയണിയായി പുറപ്പെടുന്നു.
28പല്ലിയെ കൈകൊണ്ട് പിടിക്കാം എങ്കിലും
അവ രാജാക്കന്മാരുടെ അരമനകളിൽ പാർക്കുന്നു.
29ചന്തമായി നടകൊള്ളുന്നത് മൂന്നുണ്ട്;
ചന്തമായി നടക്കുന്നത് നാലുണ്ട്:
30മൃഗങ്ങളിൽ ശക്തിയേറിയതും
ഒന്നിനും വഴിമാറാത്തതുമായ സിംഹവും
31നായാട്ടുനായും കോലാട്ടുകൊറ്റനും
സൈന്യസമേതനായ രാജാവും തന്നെ.
32നീ നിഗളിച്ച് ഭോഷത്തം പ്രവർത്തിക്കുകയോ
ദോഷം നിരൂപിക്കുകയോ ചെയ്തുപോയെങ്കിൽ
കൈകൊണ്ട് വായ് പൊത്തിക്കൊള്ളുക.
33പാല് കടഞ്ഞാൽ വെണ്ണയുണ്ടാകും;
മൂക്കു ഞെക്കിയാൽ ചോര വരും;
കോപം ഇളക്കിയാൽ വഴക്കുണ്ടാകും.

31

1ലെമൂവേൽരാജാവിന്റെ വചനങ്ങൾ;

അവന്റെ അമ്മ അവന് ഉപദേശിച്ചുകൊടുത്ത അരുളപ്പാട്.
2മകനേ, എന്ത്? ഞാൻ പ്രസവിച്ച മകനേ എന്ത്?
എന്റെ നേർച്ചകളുടെ മകനേ, എന്ത്?
3സ്ത്രീകൾക്ക് നിന്റെ ബലത്തെയും
രാജാക്കന്മാരെ നശിപ്പിക്കുന്നവർക്ക് നിന്റെ വഴികളെയും ഏല്പിച്ചു കൊടുക്കരുത്.
4വീഞ്ഞ് കുടിക്കുന്നത് രാജാക്കന്മാർക്ക് ചേർന്നതല്ല;
ലെമൂവേലേ, രാജാക്കന്മാർക്ക് അതു ചേർന്നതല്ല;
മദ്യാസക്തി പ്രഭുക്കന്മാർക്ക് ഉചിതവുമല്ല.
5അവർ മദ്യപിച്ചിട്ട്, നിയമം മറന്നുപോകുവാനും
പീഡിതരുടെ ന്യായം മറിച്ചുകളയുവാനും ഇടവരരുത്.
6നശിച്ചുകൊണ്ടിരിക്കുന്നവന് മദ്യവും
മനോവ്യസനമുള്ളവന് വീഞ്ഞും കൊടുക്കുക.
7അവൻ മദ്യപിച്ചിട്ട്, തന്റെ ദാരിദ്ര്യം മറക്കുകയും
തന്റെ അരിഷ്ടത ഓർക്കാതിരിക്കുകയും ചെയ്യട്ടെ.
8ഊമനു വേണ്ടി നിന്റെ വായ് തുറക്കുക;
ക്ഷയിച്ചുപോകുന്ന എല്ലാവരുടെയും കാര്യത്തിൽ തന്നെ.
9നിന്റെ വായ് തുറന്ന് നീതിയോടെ ന്യായം വിധിക്കുക;
എളിയവനും ദരിദ്രനും ന്യായപാലനം ചെയ്തുകൊടുക്കുക.
10സാമർത്ഥ്യമുള്ള ഭാര്യയെ ആർക്ക് കിട്ടും?
അവളുടെ വില മുത്തുകളിലും ഏറിയത്.
11ഭർത്താവിന്റെ ഹൃദയം അവളെ വിശ്വസിക്കുന്നു;
അവന്റെ ലാഭത്തിന് ഒരു കുറവുമില്ല.
12അവൾ തന്റെ ആയുഷ്ക്കാലമൊക്കെയും
അവന് തിന്മയല്ല നന്മ തന്നെ ചെയ്യുന്നു.
13അവൾ ആട്ടുരോമവും ചണവും സമ്പാദിച്ച്
താത്പര്യത്തോടെ സ്വന്തം കൈകൊണ്ട് വേലചെയ്യുന്നു.
14അവൾ കച്ചവടക്കപ്പൽപോലെയാകുന്നു;
ദൂരത്തുനിന്ന് ആഹാരം കൊണ്ടുവരുന്നു.
15അവൾ അതിരാവിലെ എഴുന്നേറ്റ്, വീട്ടിലുള്ളവർക്ക് ആഹാരവും
വേലക്കാരികൾക്ക് ഓഹരിയും കൊടുക്കുന്നു.
16അവൾ ഒരു നിലത്തിന്മേൽ ദൃഷ്ടിവച്ച് അത് വാങ്ങുന്നു;
സമ്പാദ്യം കൊണ്ട് അവൾ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കുന്നു.
17അവൾ ബലംകൊണ്ട് അര മുറുക്കുകയും
ഭുജങ്ങളെ ശക്തീകരിക്കുകയും ചെയ്യുന്നു.
18തന്റെ വ്യാപാരം ആദായമുള്ളതെന്ന് അവൾ അറിയുന്നു;
അവളുടെ വിളക്ക് രാത്രിയിൽ കെട്ടുപോകുന്നതുമില്ല.
19അവൾ നെയ്ത്തുദണ്ഡിന് കൈ നീട്ടുന്നു;
അവളുടെ വിരൽ തക്ളി പിടിക്കുന്നു.
20അവൾ തന്റെ കൈ എളിയവർക്കുവേണ്ടി തുറക്കുന്നു;
ദരിദ്രന്മാരുടെ അടുക്കലേക്ക് കൈ നീട്ടുന്നു.
21തന്റെ വീട്ടുകാരെക്കുറിച്ച് അവൾ ഹിമകാലത്ത് ഭയപ്പെടുന്നില്ല;
അവളുടെ വീട്ടിലുള്ള എല്ലാവർക്കും ചുവപ്പു കമ്പിളി ഉണ്ടല്ലോ.
22അവൾ തനിക്ക് പരവതാനി ഉണ്ടാക്കുന്നു;
ചണപട്ടും ധൂമ്രവസ്ത്രവും അവളുടെ ഉടുപ്പ്.
23ദേശത്തിലെ മൂപ്പന്മാരോടുകൂടി ഇരിക്കുമ്പോൾ
അവളുടെ ഭർത്താവ് പട്ടണവാതില്ക്കൽ പ്രസിദ്ധനാകുന്നു.
24അവൾ ചണവസ്ത്രം ഉണ്ടാക്കി വില്ക്കുന്നു;
അരക്കച്ച ഉണ്ടാക്കി കച്ചവടക്കാരനെ ഏല്പിക്കുന്നു.
25ബലവും മഹിമയും അവളുടെ ഉടുപ്പ്;
ഭാവികാലം ഓർത്ത് അവൾ പുഞ്ചിരി തൂകുന്നു.
26അവൾ ജ്ഞാനത്തോടെ വായ് തുറക്കുന്നു;
ദയയുള്ള ഉപദേശം അവളുടെ നാവിന്മേൽ ഉണ്ട്.
27വീട്ടുകാരുടെ പെരുമാറ്റം അവൾ ശ്രദ്ധിച്ചുനോക്കുന്നു;
അലസതയുടെ ഭക്ഷണം കഴിക്കുന്നതുമില്ല.
28അവളുടെ മക്കൾ എഴുന്നേറ്റ് അവളെ ‘ഭാഗ്യവതി’ എന്ന് പുകഴ്ത്തുന്നു;
അവളുടെ ഭർത്താവും അവളെ പ്രശംസിക്കുന്നത്:
29“അനേകം തരുണികൾ സാമർത്ഥ്യം കാണിച്ചിട്ടുണ്ട്;
നീയോ അവരെല്ലാവരിലും ശ്രേഷ്ഠയായിരിക്കുന്നു”.
30ലാവണ്യം വ്യാജവും സൗന്ദര്യം വ്യർത്ഥവും ആകുന്നു;
യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും.
31അവളുടെ കൈകളുടെ ഫലം അവൾക്ക് കൊടുക്കുവിൻ;
അവളുടെ സ്വന്തപ്രവൃത്തികൾ പട്ടണവാതില്ക്കൽ അവളെ പ്രശംസിക്കട്ടെ.

സഭാപ്രസംഗി

1

1യെരൂശലേമിലെ രാജാവായിരുന്ന ദാവീദിന്റെ മകനായ സഭാപ്രസംഗിയുടെ വചനങ്ങൾ.

2ഹാ മായ, മായ എന്ന് സഭാപ്രസംഗി പറയുന്നു; ഹാ മായ, മായ, സകലവും മായയത്രേ.3സൂര്യനു കീഴിൽ പ്രയത്നിക്കുന്ന മനുഷ്യന്റെ സകലപ്രയത്നത്താലും അവന് എന്ത് ലാഭം?
4ഒരു തലമുറ പോകുന്നു; മറ്റൊരു തലമുറ വരുന്നു;5ഭൂമിയോ എന്നേക്കും നില്ക്കുന്നു; സൂര്യൻ ഉദിക്കുന്നു; സൂര്യൻ അസ്തമിക്കുന്നു; ഉദിച്ച സ്ഥലത്തേക്കു തന്നെ വീണ്ടും ബദ്ധപ്പെട്ടു ചെല്ലുന്നു.6കാറ്റ് തെക്കോട്ടു ചെന്ന് വടക്കോട്ടു തിരിയുന്നു. അങ്ങനെ കാറ്റ് ചുറ്റിച്ചുറ്റി തിരിഞ്ഞുകൊണ്ട് പരിവർത്തനം ചെയ്യുന്നു.
7സകലനദികളും സമുദ്രത്തിലേക്ക് ഒഴുകിവീഴുന്നു; എന്നിട്ടും സമുദ്രം നിറയുന്നില്ല; നദികൾ ഒഴുകിവീഴുന്ന ഇടത്തേക്കു പിന്നെയും പിന്നെയും ചെല്ലുന്നു.8സകലകാര്യങ്ങൾക്കായും മനുഷ്യൻ അധ്വാനിക്കേണ്ടി വരുന്നു. അവന് അത് വിവരിക്കുവാൻ കഴിയുകയില്ല; കണ്ടിട്ട് കണ്ണിന് തൃപ്തി വരുന്നില്ല; കേട്ടിട്ട് ചെവിയ്ക്ക് മതിവരുന്നില്ല.
9ഉണ്ടായിരുന്നത് ഉണ്ടാകുവാനുള്ളതും, ചെയ്തുകഴിഞ്ഞത് ചെയ്യുവാനുള്ളതും ആകുന്നു; സൂര്യനു കീഴിൽ പുതിയതായി യാതൊന്നും ഇല്ല.10‘ഇതു പുതിയത്’ എന്നു പറയത്തക്കവണ്ണം വല്ലതും ഉണ്ടോ? നമുക്കു മുമ്പ്, പണ്ടത്തെ കാലത്തു തന്നെ അതുണ്ടായിരുന്നു.11പുരാതന ജനത്തെക്കുറിച്ച് ഓർമ്മയില്ലല്ലോ; ഭാവിയിൽ ജനിക്കുവാനുള്ളവരെക്കുറിച്ച് പിന്നീട് വരുന്നവർക്കും ഓർമ്മയുണ്ടാകുകയില്ല.

12സഭാപ്രസംഗിയായ ഞാൻ യെരൂശലേമിൽ യിസ്രായേലിന് രാജാവായിരുന്നു.13ആകാശത്തിൻ കീഴിൽ സംഭവിക്കുന്നതൊക്കെയും ജ്ഞാനബുദ്ധികൊണ്ട് ആരാഞ്ഞറിയേണ്ടതിന് ഞാൻ മനസ്സുവച്ചു; ഇത് ദൈവം മനുഷ്യർക്കു കൊടുത്ത വല്ലാത്ത കഷ്ടപ്പാടു തന്നേ.14സൂര്യന് കീഴെ നടക്കുന്ന സകല പ്രവൃത്തികളും ഞാൻ കണ്ടിട്ടുണ്ട്; അവയെല്ലാം മായയും വൃഥാപ്രയത്നവും ആകുന്നു.15വളവുള്ളതു നേരെ ആക്കുവാൻ കഴിയുകയില്ല; കുറവുള്ളത് എണ്ണം തികയ്ക്കുവാനും കഴിയുകയില്ല.
16ഞാൻ മനസ്സിൽ ആലോചിച്ചുപറഞ്ഞത്: “യെരൂശലേമിൽ എനിക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ജ്ഞാനം ഞാൻ സമ്പാദിച്ചിരിക്കുന്നു; എന്റെ ഹൃദയം ജ്ഞാനവും അറിവും ധാരാളം പ്രാപിച്ചിരിക്കുന്നു.”17ജ്ഞാനം ഗ്രഹിക്കുവാനും ഭ്രാന്തും ഭോഷത്ത്വവും അറിയുവാനും ഞാൻ മനസ്സുവച്ചു; ഇതും വൃഥാപ്രയത്നമെന്നു കണ്ടു.18ജ്ഞാനം വർദ്ധിക്കുമ്പോൾ വ്യസനവും വർദ്ധിക്കുന്നു; അറിവു വർദ്ധിപ്പിക്കുന്നവൻ ദുഃഖവും വർദ്ധിപ്പിക്കുന്നു.

2

1ഞാൻ എന്നോടു തന്നെ പറഞ്ഞു: “വരിക;ഞാൻ നിന്നെ സന്തോഷംകൊണ്ടു പരീക്ഷിക്കും; സുഖം അനുഭവിച്ചുകൊള്ളുക.”2എന്നാൽ അതും മായ തന്നെ. ഞാൻ ചിരിയെക്കുറിച്ച് “അത് ഭ്രാന്ത്” എന്നും സന്തോഷത്തെക്കുറിച്ച് “അതുകൊണ്ട് എന്ത് ഫലം?” എന്നും പറഞ്ഞു.

3മനുഷ്യർക്ക് ആകാശത്തിൻ കീഴിൽ ജീവപര്യന്തം ചെയ്യുവാൻ നല്ലത് ഏതെന്നു ഞാൻ കാണുവോളം എന്റെ ഹൃദയത്തെ ജ്ഞാനത്തിൽ സൂക്ഷിച്ചുകൊണ്ട്, എന്റെ ദേഹത്തെ വീഞ്ഞുകൊണ്ടു സന്തോഷിപ്പിക്കുവാനും ഭോഷത്തം പിടിച്ചു കൊള്ളുവാനും എന്റെ മനസ്സിൽ നിരൂപിച്ചു.
4ഞാൻ എന്റെ പ്രവർത്തികളെ മഹത്തരമാക്കി; എനിക്കുവേണ്ടി അരമനകൾ പണിതു; മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കി.5ഞാൻ തോട്ടങ്ങളും ഉദ്യാനങ്ങളും ഉണ്ടാക്കി; അവയിൽ സകലവിധ ഫലവൃക്ഷങ്ങളും നട്ടു.6തോട്ടങ്ങളിൽ വച്ചുപിടിപ്പിച്ചിരുന്ന വൃക്ഷങ്ങൾ നനയ്ക്കുവാൻ കുളങ്ങളും കുഴിപ്പിച്ചു.
7ഞാൻ ദാസന്മാരെയും ദാസിമാരെയും വിലയ്ക്കു വാങ്ങി; വീട്ടിൽ ജനിച്ച ദാസന്മാരും എനിക്കുണ്ടായിരുന്നു; യെരൂശലേമിൽ എന്റെ മുൻ ഗാമികളെക്കാൾ അധികം ആടുമാടുകളുടെ സമ്പത്ത് എനിക്കുണ്ടായിരുന്നു.8ഞാൻ വെള്ളിയും പൊന്നും രാജാക്കന്മാർക്കും സംസ്ഥാനങ്ങൾക്കും ഉള്ള നിക്ഷേപങ്ങളും സ്വരൂപിച്ചു; മനുഷ്യരുടെ പ്രമോദമായ സംഗീതക്കാരെയും സംഗീതക്കാരത്തികളെയും അനവധി സംഗീതോപകരണങ്ങളും സമ്പാദിച്ചു.
9ഇങ്ങനെ ഞാൻ, എനിക്കുമുമ്പ് യെരൂശലേമിൽ ഉണ്ടായിരുന്ന എല്ലാവരിലും മഹാനായിത്തീരുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തു; എനിയ്ക്ക് ജ്ഞാനവും ഒട്ടും കുറവില്ലായിരുന്നു.10എന്റെ കണ്ണ് ആഗ്രഹിച്ചതൊന്നും ഞാൻ അതിന് നിഷേധിച്ചില്ല; എന്റെ ഹൃദയത്തിന് ഒരു സന്തോഷവും വിലക്കിയില്ല; എന്റെ സകലപ്രയത്നവുംനിമിത്തം എന്റെ ഹൃദയം സന്തോഷിച്ചു; എന്റെ സകലപ്രയത്നത്തിലും എനിക്കുണ്ടായ അനുഭവം ഇതു തന്നെ.
11ഞാൻ എന്റെ കൈകളുടെ സകലപ്രവൃത്തികളെയും എന്റെ സകലപരിശ്രമങ്ങളെയും നോക്കി; എല്ലാം മായയും വൃഥാപ്രയത്നവും അത്രേ; സൂര്യന്റെ കീഴിൽ യാതൊരു ലാഭവും ഇല്ല എന്നു കണ്ടു.12ഞാൻ ജ്ഞാനവും ഭ്രാന്തും ഭോഷത്തവും നോക്കുവാൻ തിരിഞ്ഞു;ഒരു രാജാവിന്റെ പിൻഗാമിയായി വരുന്ന മനുഷ്യൻ എന്തു ചെയ്യും? പണ്ടു ചെയ്തതു തന്നെ.
13വെളിച്ചം ഇരുളിനെക്കാൾ ശ്രേഷ്ഠമായിരിക്കുന്നതുപോലെ ജ്ഞാനം ഭോഷത്തത്തെക്കാൾ ശ്രേഷ്ഠമായിരിക്കുന്നു എന്നു ഞാൻ കണ്ടു.14ജ്ഞാനിയുടെ കണ്ണ് തലയുടെ ഉള്ളിലാണ്; ഭോഷൻ ഇരുട്ടിൽ നടക്കുന്നു; എന്നാൽ അവർ ഇരുവർക്കും ഗതി ഒന്നു തന്നെ എന്നു ഞാൻ ഗ്രഹിച്ചു.
15ആകയാൽ ഞാൻ എന്നോട്: “ഭോഷനും എനിക്കും ഗതി ഒന്നു തന്നെ; പിന്നെ ഞാൻ എന്തിന് അധികം ജ്ഞാനം സമ്പാദിക്കുന്നു?” എന്നു പറഞ്ഞു. ഇതും മായയത്രേ എന്നു ഞാൻ മനസ്സിൽ പറഞ്ഞു.16ഭോഷനെക്കുറിച്ചാകട്ടെ ജ്ഞാനിയെക്കുറിച്ചാകട്ടെ ശാശ്വതമായ ഓർമ്മയില്ല; വരുംകാലത്ത് അവരെ ഒക്കെയും മറന്നുപോകും; അയ്യോ ഭോഷൻ മരിക്കുന്നതുപോലെ ജ്ഞാനിയും മരിക്കുന്നു;
17അങ്ങനെ സൂര്യന് കീഴിൽ നടക്കുന്ന കാര്യം എനിക്ക് അനിഷ്ടമായതുകൊണ്ട് ഞാൻ ജീവനെ വെറുത്തു; എല്ലാം മായയും വൃഥാപ്രയത്നവും അത്രേ.

18സൂര്യന് കീഴിലുള്ള എന്റെ പ്രയത്നത്തെ എല്ലാം ഞാൻ വെറുത്തു; എന്റെ ശേഷം വരുവാനിരിക്കുന്ന മനുഷ്യനുവേണ്ടി ഞാൻ അത് വിട്ടേച്ചു പോകേണ്ടിവരുമല്ലോ.
19അവൻ ജ്ഞാനിയായിരിക്കുമോ ഭോഷനായിരിക്കുമോ? ആർക്കറിയാം? എന്തായാലും ഞാൻ സൂര്യന് കീഴിൽ പ്രയത്നിച്ചതും ജ്ഞാനം വെളിപ്പെടുത്തിയതുമായ സകലപ്രയത്നഫലത്തിന്മേലും അവൻ അധികാരം പ്രാപിക്കും. അതും മായ അത്രേ.20ആകയാൽ സൂര്യന് കീഴിൽ ഞാൻ പ്രയത്നിച്ച സർവ്വപ്രയത്നത്തെക്കുറിച്ചും എന്റെ ഹൃദയത്തിൽ മടുപ്പുണ്ടാകുവാൻ തുടങ്ങി.
21ഒരുവൻ ജ്ഞാനത്തോടും അറിവോടും സാമർത്ഥ്യത്തോടുംകൂടി പ്രയത്നിക്കുന്നു; എങ്കിലും അതിൽ പ്രയത്നിക്കാത്ത ഒരുവന് അവൻ അത് അവകാശമായി വിട്ടുകൊടുക്കേണ്ടി വരും; അതും മായയും വലിയ തിന്മയും അത്രേ.22സൂര്യന് കീഴിലുള്ള സകലപ്രയത്നംകൊണ്ടും ഹൃദയപരിശ്രമംകൊണ്ടും മനുഷ്യന് എന്തു ഫലം?23അവന്റെ നാളുകൾ ഒക്കെയും ദുഃഖകരവും അവന്റെ കഷ്ടപ്പാട് വ്യസനകരവും അല്ലയോ; രാത്രിയിലും അവന്റെ ഹൃദയത്തിന് സ്വസ്ഥതയില്ല; അതും മായ അത്രേ.
24തിന്നു കുടിച്ച് തന്റെ പ്രയത്നത്താൽ സുഖം അനുഭവിക്കുന്നതല്ലാതെ മനുഷ്യന് മറ്റൊരു നന്മയുമില്ല; അതും ദൈവത്തിന്റെ കയ്യിൽനിന്നുള്ളത് എന്നു ഞാൻ കണ്ടു.25അവൻ നല്കീട്ടല്ലാതെ ആര് ഭക്ഷിക്കും; ആര് അനുഭവിക്കും?
26തനിക്കു പ്രസാദമുള്ള മനുഷ്യന് അവൻ ജ്ഞാനവും അറിവും സന്തോഷവും കൊടുക്കുന്നു; പാപിക്കോ ദൈവം തനിക്കു പ്രസാദമുള്ളവന് അനുഭവമാകുവാൻ തക്കവണ്ണം ധനം സമ്പാദിക്കയും സ്വരൂപിക്കയും ചെയ്യുവാനുള്ള കഷ്ടപ്പാടു കൊടുക്കുന്നു. അതും മായയും വൃഥാപ്രയത്നവും അത്രേ.

3

1എല്ലാറ്റിനും ഒരു സമയമുണ്ട്; ആകാശത്തിൻ കീഴിലുള്ള സകലകാര്യത്തിനും ഒരു കാലം ഉണ്ട്.2ജനിക്കുവാൻ ഒരു കാലം, മരിക്കുവാൻ ഒരു കാലം; നടുവാൻ ഒരു കാലം, നട്ടതു പറിക്കുവാൻ ഒരു കാലം; കൊല്ലുവാൻ ഒരു കാലം, സൗഖ്യമാക്കുവാൻ ഒരു കാലം;3ഇടിച്ചുകളയുവാൻ ഒരു കാലം, പണിയുവാൻ ഒരുകാലം,

4കരയുവാൻ ഒരു കാലം ചിരിക്കുവാൻ ഒരുകാലം; വിലപിക്കുവാൻ ഒരു കാലം, നൃത്തം ചെയ്യുവാൻ ഒരു കാലം;5കല്ലു പെറുക്കിക്കളയുവാൻ ഒരു കാലം, കല്ലു പെറുക്കിക്കൂട്ടുവാൻ ഒരു കാലം; ആലിംഗനം ചെയ്യുവാൻ ഒരു കാലം, ആലിംഗനം ചെയ്യാതിരിക്കുവാൻ ഒരു കാലം;
6സമ്പാദിക്കുവാൻ ഒരു കാലം, നഷ്ടമാകുവാൻ ഒരു കാലം; സൂക്ഷിച്ചുവയ്ക്കുവാൻ ഒരു കാലം, എറിഞ്ഞുകളയുവാൻ ഒരു കാലം;7കീറുവാൻ ഒരു കാലം, തുന്നിച്ചേർക്കുവാൻ ഒരു കാലം; മിണ്ടാതിരിക്കുവാൻ ഒരു കാലം, സംസാരിക്കുവാൻ ഒരു കാലം;
8സ്നേഹിക്കുവാൻ ഒരു കാലം, ദ്വേഷിക്കുവാൻ ഒരു കാലം; യുദ്ധത്തിന് ഒരു കാലവും സമാധാനത്തിന് ഒരു കാലവും ഉണ്ട്.9പ്രയത്നിക്കുന്നവന് തന്റെ പ്രയത്നംകൊണ്ട് എന്ത് ലാഭം?10ദൈവം മനുഷ്യർക്കു കൊടുത്തിരിക്കുന്ന കഷ്ടപ്പാട് ഞാൻ കണ്ടിട്ടുണ്ട്.
11അവൻ സകലവും അതതിന്റെ സമയത്ത് ഭംഗിയായി ചെയ്ത്, നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വച്ചിരിക്കുന്നു; എങ്കിലും ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തി എന്തെന്ന് ഗ്രഹിക്കുവാൻ അവർക്കു കഴിവില്ല.
12ജീവപര്യന്തം സന്തോഷിക്കുന്നതും സുഖം അനുഭവിക്കുന്നതും അല്ലാതെ ഒരു നന്മയും മനുഷ്യർക്കില്ല എന്നു ഞാൻ അറിയുന്നു.13ഏതു മനുഷ്യനും തിന്നു കുടിച്ച് തന്റെ സകലപ്രയത്നത്താലും സുഖം അനുഭവിക്കുന്നത് ദൈവത്തിന്റെ ദാനം ആകുന്നു.
14ദൈവം പ്രവർത്തിക്കുന്നതെല്ലാം ശാശ്വതം എന്നു ഞാൻ അറിയുന്നു; അതിനോട് ഒന്നും കൂട്ടുവാനും അതിൽനിന്ന് ഒന്നും കുറയ്ക്കുവാനും കഴിയുന്നതല്ല; മനുഷ്യർ, തന്നെ ഭയപ്പെടേണ്ടതിന് ദൈവം അത് ചെയ്തിരിക്കുന്നു.15ഇപ്പോഴുള്ളത് പണ്ടുണ്ടായിരുന്നു;ഇനി ഉണ്ടാകുവാനുള്ളതും മുമ്പ് ഉണ്ടായിരുന്നതു തന്നെ; കഴിഞ്ഞുപോയതിനെ ദൈവം വീണ്ടും അന്വേഷിക്കുന്നു.
16പിന്നെയും ഞാൻ സൂര്യനു കീഴിലുള്ള ന്യായത്തിന്റെ സ്ഥലത്ത് ന്യായക്കേടും നീതിയുടെ സ്ഥലത്ത് നീതികേടും കണ്ടു.17ഞാൻ എന്റെ മനസ്സിൽ: “ദൈവം നീതിമാനെയും ദുഷ്ടനെയും ന്യായം വിധിക്കും; സകലകാര്യത്തിനും സകലപ്രവൃത്തിക്കും ഒരു കാലം ഉണ്ടല്ലോ” എന്നു വിചാരിച്ചു.
18പിന്നെയും ഞാൻ മനസ്സിൽ വിചാരിച്ചത്: “ഇത് മനുഷ്യർ നിമിത്തമത്രേ; ദൈവം അവരെ ശോധനകഴിക്കേണ്ടതിനും തങ്ങൾ മൃഗങ്ങൾ മാത്രം എന്ന് അവർ കാണേണ്ടതിനും തന്നെ.”
19മനുഷ്യർക്കു ഭവിക്കുന്നത് മൃഗങ്ങൾക്കും ഭവിക്കുന്നു; രണ്ടിനും ഗതി ഒന്നു തന്നേ; അതു മരിക്കുന്നതുപോലെ അവനും മരിക്കുന്നു; രണ്ടിനും ശ്വാസം ഒന്നത്രേ; മനുഷ്യന് മൃഗത്തെക്കാൾ വിശേഷതയില്ല; സകലവും മായയല്ലോ.20എല്ലാം ഒരു സ്ഥലത്തേക്കു തന്നെ പോകുന്നു; എല്ലാം പൊടിയിൽ നിന്നുണ്ടായി, എല്ലാം വീണ്ടും പൊടിയായ്ത്തീരുന്നു.
21മനുഷ്യരുടെ ആത്മാവ് മേലോട്ടു പോകുന്നുവോ? മൃഗങ്ങളുടെ ആത്മാവ് കീഴോട്ട് ഭൂമിയിലേക്കു പോകുന്നുവോ? ആർക്കറിയാം?22അതുകൊണ്ട് മനുഷ്യൻ തന്റെ പ്രവൃത്തികളിൽ സന്തോഷിക്കുന്നതല്ലാതെ മറ്റൊരു നന്മയുമില്ല എന്ന് ഞാൻ കണ്ടു; അതു തന്നെ അവന്റെ ഓഹരി; തന്റെ ശേഷം ഉണ്ടാകാനിരിക്കുന്നതു കാണുവാൻ ആര് അവനെ മടക്കിവരുത്തും?

4

1പിന്നെ ഞാൻ സൂര്യനു കീഴിൽ നടക്കുന്ന പീഡനങ്ങളെല്ലാം കണ്ടു; പീഡിതന്മാർ കണ്ണുനീരൊഴുക്കുന്നു; അവർക്ക് ആശ്വാസപ്രദൻ ഇല്ല; അവരെ പീഡിപ്പിക്കുന്നവരുടെ കയ്യാൽ അവർ ബലാല്ക്കാരം അനുഭവിക്കുന്നു; എന്നിട്ടും അവരെ ആശ്വസിപ്പിക്കാൻ ആരും അവർക്കില്ല.

2ആകയാൽ ഇപ്പോൾ ജീവനോടിരിക്കുന്നവരെക്കാൾ മുമ്പെ തന്നെ മരിച്ചുപോയ മൃതന്മാരെ ഞാൻ പ്രശംസിച്ചു.3ഈ രണ്ടു വകക്കാരെക്കാളും ഇതുവരെ ജനിക്കാത്തവനും സൂര്യനു കീഴിൽ നടക്കുന്ന ദുഷ്പ്രവൃത്തി കാണാത്തവനുമായ മനുഷ്യൻ ഭാഗ്യവാൻ.
4സകലപ്രയത്നവും സാമർത്ഥ്യമുള്ള പ്രവൃത്തി സകലവും ഒരുവന് മറ്റൊരുവനോടുള്ള അസൂയയിൽ നിന്ന് ഉളവാകുന്നു എന്ന് ഞാൻ കണ്ടു; അതും മായയും വൃഥാപ്രയത്നവും അത്രേ.
5മൂഢൻ കയ്യും കെട്ടിയിരുന്ന് സ്വന്തമാംസം തിന്നുന്നു.6രണ്ടു കൈ നിറയെ അദ്ധ്വാനവും വൃഥാപ്രയത്നവും ഉള്ളതിനേക്കാൾ ഒരു കൈ നിറയെ വിശ്രാമം അധികം നല്ലത്.
7ഞാൻ പിന്നെയും സൂര്യനു കീഴിൽ മായ കണ്ടു.8ഏകാകിയായ ഒരുവനുണ്ട്; അവന് ആരുമില്ല, മകനില്ല, സഹോദരനും ഇല്ല; എങ്കിലും അവന്റെ പ്രയത്നത്തിന് ഒരു അവസാനവുമില്ല; അവന്റെ കണ്ണിന് സമ്പത്തു കണ്ട് തൃപ്തിവരുന്നതുമില്ല; എന്നാൽ താൻ ആർക്കുവേണ്ടി പ്രയത്നിച്ച് സുഖാനുഭവം ത്യജിക്കുന്നു? ഇത് മായയും വല്ലാത്ത കഷ്ടപ്പാടും അത്രേ.
9ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലത്; അവർക്ക് തങ്ങളുടെ പ്രയത്നത്താൽ നല്ല പ്രതിഫലം കിട്ടുന്നു.10വീണാൽ ഒരുവൻ മറ്റവനെ എഴുന്നേല്പിക്കും; ഏകാകി വീണാലോ അവനെ എഴുന്നേല്പിക്കുവാൻ ആരുമില്ലായ്കകൊണ്ട് അവന് അയ്യോ കഷ്ടം!11രണ്ടുപേർ ഒന്നിച്ചു കിടന്നാൽ അവർക്കു കുളിർ മാറും; ഒരാൾ തന്നേ ആയാലോ എങ്ങനെ കുളിർ മാറും?
12ഒരുവനെ ആരെങ്കിലും ആക്രമിച്ചാൽ രണ്ടുപേർക്കും അവനോട് എതിർത്തുനില്ക്കാം; മുപ്പിരിച്ചരട് വേഗത്തിൽ അറ്റുപോകുകയില്ല.
13പ്രബോധനം കൈക്കൊള്ളാത്ത വൃദ്ധനും മൂഢനുമായ ഒരു രാജാവിനെക്കാൾ ദരിദ്രനും ജ്ഞാനിയുമായ ഒരു ബാലനാണ് ഉത്തമൻ.14അവൻ മറ്റൊരു രാജ്യത്തിൽ ദരിദ്രനായി ജനിച്ചിട്ടും രാജാവായി വാഴേണ്ടതിന് കാരാഗൃഹത്തിൽനിന്നു വരുന്നു.
15സൂര്യനുകീഴിൽ സഞ്ചരിക്കുന്ന ജീവനുള്ളവർ എല്ലം രാജാവിനു പകരം എഴുന്നേറ്റ ബാ‍ലന്റെ പക്ഷം ചേർന്നിരിക്കുന്നത് ഞാൻ കണ്ടു.16അവൻ അസംഖ്യജനത്തിന് തലവനായിരുന്നു; എങ്കിലും പിന്നീട് വരുന്നവർ അവനിൽ സന്തോഷിക്കുകയില്ല. അതും മായയും വൃഥാപ്രയത്നവും തന്നെ.

5

1ദൈവാലയത്തിലേക്കു പോകുമ്പോൾ പാദം സൂക്ഷിക്കുക; മൂഢന്മാർ യാഗം അർപ്പിക്കുന്നതിനെക്കാൾ അടുത്തുചെന്നു ശ്രദ്ധിച്ച് കേൾക്കുന്നതാണ് നല്ലത്; പരിജ്ഞാനമില്ലാത്തതുകൊണ്ടാണ് അവർ ദോഷം ചെയ്യുന്നത്.

2അതിവേഗത്തിൽ ഒന്നും പറയരുത്; ദൈവസന്നിധിയിൽ ഒരു വാക്ക് ഉച്ചരിക്കുവാൻ നിന്റെ ഹൃദയം ബദ്ധപ്പെടരുത്; ദൈവം സ്വർഗ്ഗത്തിലും നീ ഭൂമിയിലും അല്ലയോ; ആകയാൽ നിന്റെ വാക്കുകൾ ചുരുക്കമായിരിക്കട്ടെ.3കഷ്ടപ്പാടിന്റെ ആധിക്യംകൊണ്ട് സ്വപ്നം ഉണ്ടാകുന്നു.ഭോഷൻ വാക്കുകളുടെ പെരുപ്പംകൊണ്ട് വൃഥാ സംസാരിക്കുന്നു.
4ദൈവത്തിന് നേർച്ച നേർന്നാൽ ആ നേർച്ച അർപ്പിക്കുവാൻ താമസിക്കരുത്; മൂഢന്മാരിൽ അവന് പ്രസാദമില്ല; നീ നേർന്നത് അർപ്പിക്കുക.5നേർന്നിട്ട് അർപ്പിക്കാതെ ഇരിയ്ക്കുന്നതിനെക്കാൾ നേരാതെയിരിക്കുന്നത് നല്ലത്.
6നിന്റെ വായ് നിന്റെ ദേഹത്തിന് പാപകാരണമാകരുത്; അബദ്ധവശാൽ വന്നുപോയി എന്ന് നീ ദൂതന്റെ സന്നിധിയിൽ പറയുകയും അരുത്; ദൈവം നിന്റെ വാക്കുനിമിത്തം കോപിച്ച് നിന്റെ കൈകളുടെ പ്രവൃത്തിയെ നശിപ്പിക്കുന്നത് എന്തിന്?7സ്വപ്നബഹുത്വത്തിലും വാക്കുപെരുപ്പത്തിലും വ്യർത്ഥത ഉണ്ട്; നീയോ ദൈവത്തെ ഭയപ്പെടുക.

8ഒരു സംസ്ഥാനത്ത് ദരിദ്രനെ പീഡിപ്പിക്കുന്നതും നീതിയും ന്യായവും എടുത്തുകളയുന്നതും കണ്ടാൽ നീ വിസ്മയിച്ചുപോകരുത്; ഉന്നതനു മീതെ ഒരു ഉന്നതനും അവർക്കുമീതെ അത്യുന്നതനും ജാഗരിക്കുന്നു.9കൃഷിതൽപരനായ രാജാവ് ദേശത്തിന് എല്ലാറ്റിലും ഉപകാരി ആയിരിക്കുന്നു.രാജാവുപോലും ആ വിളവിൽനിന്ന് ഭക്ഷണം കഴിക്കുന്നു.

10ദ്രവ്യപ്രിയന് ദ്രവ്യം കിട്ടിയിട്ടും തൃപ്തി വരുന്നില്ല.സമൃദ്ധിയിൽ കണ്ണുള്ളവന് ആദായം വർദ്ധിച്ചിട്ടും തൃപ്തി വരുന്നില്ല. അതും മായ തന്നെ.11വസ്തുവക പെരുകുമ്പോൾ അതുകൊണ്ട് ഉപജീവിക്കുന്നവരും പെരുകുന്നു; അതിന്റെ ഉടമസ്ഥന് കണ്ണുകൊണ്ടു കാണുകയല്ലാതെ മറ്റെന്തു പ്രയോജനം?
12അദ്ധാനിക്കുന്ന മനുഷ്യൻ അല്പമോ അധികമോ ഭക്ഷിച്ചാലും അവന്റെ ഉറക്കം സുഖകരമാകുന്നു; ധനവാന്റെ സമൃദ്ധിയോ അവനെ ഉറങ്ങുവാൻ സമ്മതിക്കുന്നില്ല.
13സൂര്യനുകീഴിൽ ഞാൻ കണ്ടിട്ടുള്ള ഒരു വല്ലാത്ത തിന്മയുണ്ട്: ഉടമസ്ഥൻ തനിക്ക് അനർത്ഥത്തിനായി സൂക്ഷിച്ചുവയ്ക്കുന്ന സമ്പത്തു തന്നെ.14ആ സമ്പത്ത് നിർഭാഗ്യവശാൽ നശിച്ചു പോകുന്നു; അവന് ഒരു മകൻ ജനിച്ചാൽ അവന്റെ കയ്യിൽ ഒന്നും ഉണ്ടാകുകയില്ല.
15അവൻ അമ്മയുടെ ഗർഭത്തിൽനിന്നു പുറപ്പെട്ടുവന്നതുപോലെ നഗ്നനായി തന്നെ മടങ്ങിപ്പോകും; തന്റെ പ്രയത്നത്തിന്റെ ഫലമായി അവൻ കയ്യിൽ ഒരു വസ്തുവും കൊണ്ടുപോകയില്ല.16അതും ഒരു വല്ലാത്ത തിന്മ തന്നെ; അവൻ വന്നതുപോലെ തന്നെ പോകുന്നു; അവന്റെ വൃഥാപ്രയത്നത്താൽ അവന് എന്തു പ്രയോജനം?17അവൻ ജീവകാലം എല്ലാം ഇരുട്ടിലും വ്യസനത്തിലും ദീനത്തിലും ക്രോധത്തിലും കഴിയുന്നു.
18ഞാൻ ശുഭവും യോഗ്യവുമായി കണ്ടത്: ദൈവം ഒരുത്തന് കൊടുക്കുന്ന ആയുഷ്കാലമെല്ലാം അവൻ തിന്നു കുടിച്ച് സൂര്യനു കീഴിലുള്ള തന്റെ സകലപ്രയത്നത്തിലും സുഖം അനുഭവിക്കുന്നതു തന്നെ; അതാകുന്നു അവന്റെ ഓഹരി.
19ദൈവം ധനവും ഐശ്വര്യവും നല്കുകയും, അതനുഭവിച്ച് തന്റെ ഓഹരി ലഭിച്ച് തന്റെ പ്രയത്നത്തിൽ സന്തോഷിക്കുവാൻ അധികാരം കൊടുത്തിരിക്കുകയും ചെയ്യുന്ന ഏതു മനുഷ്യനും അതു ദൈവത്തിന്റെ ദാനം തന്നെ.20ദൈവം അവന് ഹൃദയസന്തോഷം അരുളുന്നതുകൊണ്ട് അവൻ തന്റെ ആയുഷ്കാലത്തെപ്പറ്റി ഏറെ വിചാരപ്പെടുകയില്ല.

6

1സൂര്യനു കീഴിൽ ഞാൻ കണ്ടിരിക്കുന്ന ഒരു തിന്മ ഉണ്ട്; അത് മനുഷ്യർക്ക് ഭാരമുള്ളതാകുന്നു.2ദൈവം ഒരു മനുഷ്യന് ധനവും ഐശ്വര്യവും മാനവും നല്കുന്നു; അവൻ ആഗ്രഹിക്കുന്ന ഒന്നിനും അവന് കുറവില്ല; എങ്കിലും അത് അനുഭവിക്കുവാൻ ദൈവം അവന് അധികാരം കൊടുക്കുന്നില്ല; ഒരു അന്യനത്രേ അത് അനുഭവിക്കുന്നത്; അത് മായയും വല്ലാത്ത ദോഷവും തന്നെ.

3ഒരു മനുഷ്യൻ നൂറുമക്കളെ ജനിപ്പിക്കുകയും ഏറിയ സംവത്സരം ജീവിച്ച് ദീർഘായുസ്സായിരിക്കുകയും ചെയ്തിട്ടും അവൻ നന്മ അനുഭവിച്ചു തൃപ്തനാകാതെയും ഒരു ശവസംസ്കാരം പ്രാപിക്കാതെയും പോയാൽ ഗർഭം അലസിപ്പോയ പിണ്ഡം അവനെക്കാൾ നല്ലത് എന്നു ഞാൻ പറയുന്നു.4അത് മായയിൽ വരുന്നു; അന്ധകാരത്തിലേക്കു പോകുന്നു; അതിന്റെ പേര് അന്ധകാരത്തിൽ മറഞ്ഞിരിക്കുന്നു.
5സൂര്യനെ അത് കണ്ടിട്ടോ അറിഞ്ഞിട്ടോ ഇല്ലെങ്കിലും; മറ്റേ മനുഷ്യനെക്കാൾ അധികം വിശ്രാമം അതിനുണ്ട്.6അവൻ രണ്ടായിരം വർഷം ജീവിച്ചിരുന്നിട്ടും നന്മ അനുഭവിച്ചില്ലെങ്കിൽ എന്തു പ്രയോജനം? എല്ലാവരും ഒരു സ്ഥലത്തേക്കല്ലയോ പോകുന്നത്?
7മനുഷ്യന്റെ പ്രയത്നമൊക്കെയും അവന്റെ വായുടെ തൃപ്തിക്കുവേണ്ടിയാകുന്നു; എങ്കിലും അവന്റെ കൊതിക്കു ശമനം വരുന്നില്ല.8മൂഢനെക്കാൾ ജ്ഞാനിക്ക് എന്തു വിശേഷതയുള്ളു? പരിജ്ഞാനത്തോടെ ജീവനുള്ളവരുടെ മുമ്പിൽ നടക്കുന്ന സാധുവിന് എന്തു വിശേഷതയുള്ളു?
9മോഹിച്ച് അലഞ്ഞു നടക്കുന്നതിനെക്കാൾ കണ്ണുകൊണ്ട് കാണുന്നത് നല്ലത്; അതും മായയും വൃഥാപ്രയത്നവും തന്നെ.

10ഒരുവൻ ജീവിതത്തിൽ എന്തു തന്നെ ആയിരുന്നാലും അവന് പണ്ടേ പേര് വിളിച്ചിരിക്കുന്നു; മനുഷ്യൻ എന്താകും എന്ന് വിധിച്ചുമിരിക്കുന്നു; തന്നിലും ബലമേറിയവനോടു വാദിക്കുവാൻ അവന് കഴിവില്ല.11മായയെ വർദ്ധിപ്പിക്കുന്ന വാക്കുകൾ എത്ര തന്നെ പെരുക്കിയാലും മനുഷ്യന് എന്തു ലാഭം?12മനുഷ്യന്റെ ജീവിതകാലത്ത്, അവൻ നിഴൽപോലെ കഴിച്ചുകൂട്ടുന്ന വ്യർത്ഥമായുള്ള ആയുഷ്കാലത്തൊക്കെയും, അവന് എന്താകുന്നു നല്ലത് എന്ന് ആർക്കറിയാം? അവന്റെ ശേഷം സൂര്യനു കീഴിൽ എന്തു സംഭവിക്കും എന്ന് മനുഷ്യനോട് ആര് അറിയിക്കും?

7

1നല്ല പേര് സുഗന്ധതൈലത്തെക്കാളും മരണദിവസം ജനനദിവസത്തെക്കാളും ഉത്തമം.2വിരുന്നുവീട്ടിൽ പോകുന്നതിനെക്കാൾ വിലാപഭവനത്തിൽ പോകുന്നത് നല്ലത്; മരണം സകലമനുഷ്യരുടെയും അവസാനമല്ലയോ; ജീവിച്ചിരിക്കുന്നവൻ അത് ഹൃദയത്തിൽ കരുതിക്കൊള്ളും.

3ചിരിയെക്കാൾ വ്യസനം നല്ലത്; മുഖം വാടിയിരിക്കുമ്പോൾ ഹൃദയം സുഖമായിരിക്കും.4ജ്ഞാനികളുടെ ഹൃദയം വിലാപഭവനത്തിൽ ഇരിക്കുന്നു;എന്നാൽ മൂഢന്മാരുടെ ഹൃദയം സന്തോഷഭവനത്തിലത്രേ.
5മൂഢന്റെ ഗീതം കേൾക്കുന്നതിനെക്കാൾ ജ്ഞാനിയുടെ ശാസന കേൾക്കുന്നത് മനുഷ്യന് നല്ലത്.6മൂഢൻ ചിരിക്കുമ്പോൾ കലത്തിന്റെ കീഴിൽ മുള്ളുകൾ കത്തുമ്പോൾ ഉണ്ടാകുന്ന ശബ്ദം പോലെ തോന്നും. അതും മായ അത്രേ.
7കോഴ ജ്ഞാനിയെ ബുദ്ധിഹീനനാക്കുന്നു; കൈക്കൂലി ഹൃദയത്തെ തരംതാഴ്ത്തുന്നു.
8ഒരു കാര്യത്തിന്റെ ആരംഭത്തെക്കാൾ അതിന്റെ അവസാനം നല്ലത്; ഗർവ്വമാനസനെക്കാൾ ക്ഷമാമാനസൻ ശ്രേഷ്ഠൻ.9നിന്റെ മനസ്സിൽ അത്ര വേഗത്തിൽ നീരസം ഉണ്ടാകരുത്; മൂഢന്മാരുടെ മാർവ്വിൽ അല്ലയോ നീരസം വസിക്കുന്നത്.
10പഴയകാലം ഇന്നത്തെക്കാൾ നന്നായിരുന്നതിന്റെ കാരണം എന്തെന്ന് നീ ചോദിക്കരുത്; നീ അങ്ങനെ ചോദിക്കുന്നത് ജ്ഞാനലക്ഷണമല്ല.
11ജ്ഞാനം ഒരു അവകാശംപോലെ നല്ലത്; സകലഭൂവാസികൾക്കും അതു ബഹുവിശേഷം.12ജ്ഞാനം ഒരു ശരണം; ദ്രവ്യവും ഒരു ശരണം. ജ്ഞാനം ജ്ഞാനിയുടെ ജീവനെ പാലിക്കുന്നു; ഇതാകുന്നു പരിജ്ഞാനത്തിന്റെ വിശേഷത.
13ദൈവത്തിന്റെ പ്രവൃത്തികൾ നോക്കുക; അവൻ വളച്ചതിനെ നേരെയാക്കുവാൻ ആർക്കു കഴിയും?
14സുഖകാലത്ത് സന്തോഷമായിരിയ്ക്കുക; അനർത്ഥകാലത്ത് ചിന്തിച്ചുകൊള്ളുക; മനുഷ്യൻ തന്റെ ശേഷം വരുവാനുള്ളതൊന്നും അറിയാതിരിക്കേണ്ടതിന് ദൈവം ഇവ രണ്ടും ഉണ്ടാക്കിയിരിക്കുന്നു.

15ഞാൻ മായയായ എന്റെ ജീവിതകാലത്ത് ഇതൊക്കെയും കണ്ടു: തന്റെ നീതിയിൽ നശിച്ചുപോകുന്ന നീതിമാൻ ഉണ്ട്; തന്റെ ദുഷ്ടതയിൽ ദീർഘായുസ്സായിരിക്കുന്ന ദുഷ്ടനും ഉണ്ട്.16അതിനീതിമാനായിരിക്കരുത്; അതിജ്ഞാനിയും ആയിരിക്കരുത്; നിന്നെ നീ എന്തിന് നശിപ്പിക്കുന്നു?
17അതിദുഷ്ടനായിരിക്കരുത്; മൂഢനായിരിക്കുകയുമരുത്; നിന്റെ സമയത്തിനു മുമ്പ് നീ എന്തിന് മരിക്കുന്നു?18നീ ഇതു ഗ്രഹിച്ചെങ്കിൽ കൊള്ളാമായിരുന്നു; അതിൽനിന്ന് നിന്റെ കൈ വലിച്ചുകളയരുത്; ദൈവഭക്തൻ ഇവ എല്ലാറ്റിൽനിന്നും രക്ഷപെടും.
19പട്ടണത്തിലെ പത്തു ബലശാലികളേക്കാൾ ജ്ഞാനം ജ്ഞാനിയെ അധികം ബലവാനാക്കും.20പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമിയിൽ ഇല്ല.
21പറഞ്ഞുകേൾക്കുന്ന സകലവാക്കിനും നീ ശ്രദ്ധകൊടുക്കരുത്; നിന്റെ ദാസൻ നിന്നെ ശപിക്കുന്നതു നീ കേൾക്കാതിരിക്കേണ്ടതിനു തന്നെ.22നീയും പല പ്രാവശ്യം മറ്റുള്ളവരെ ശപിച്ച കാര്യത്തെപ്പറ്റി നിനക്കു മനോബോധമുണ്ടല്ലോ.

23ഇതൊക്കെയും ഞാൻ ജ്ഞാനംകൊണ്ട് പരീക്ഷിച്ചു; “ഞാൻ ജ്ഞാനം സമ്പാദിക്കും”എന്ന് ഞാൻ പറഞ്ഞു; എന്നാൽ അത് എനിക്ക് അതിദൂരമായിരുന്നു.24ഈ കാര്യം വിദൂരവും അത്യഗാധവും ആയിരിക്കുന്നു; അതു കണ്ടെത്തുവാൻ ആർക്കു കഴിയും?25ഞാൻ എല്ലാം അറിയുവാനും പരിശോധിക്കുവാനും തുനിഞ്ഞു.ജ്ഞാനവും യുക്തിയും അന്വേഷിക്കുവാനും ദുഷ്ടത ഭോഷത്തമെന്നും മൂഢത ഭ്രാന്തെന്നും ഗ്രഹിക്കുവാനും മനസ്സുവച്ചു.
26മരണത്തെക്കാൾ കൈപ്പായിരിക്കുന്ന ഒരു കാര്യം ഞാൻ കണ്ടു: ഹൃദയത്തിൽ കെണികളും വലകളും കയ്യിൽ പാശങ്ങളും ഉള്ള സ്ത്രീ തന്നെ; ദൈവത്തിനു പ്രസാദമുള്ളവൻ അവളെ ഒഴിഞ്ഞു രക്ഷപ്പെടും; എന്നാൽ പാപി അവളാൽ പിടിക്കപ്പെടും.
27“കാര്യം അറിയേണ്ടതിന് ഒന്നോടൊന്നു ചേർത്തു പരിശോധിച്ചുനോക്കി ഞാൻ ഇതാകുന്നു കണ്ടത്” എന്ന് സഭാപ്രസംഗി പറയുന്നു:28ഞാൻ താത്പര്യമായി അന്വേഷിച്ചുകൊണ്ടിരിക്കുന്നുവെങ്കിലും കണ്ടുകിട്ടാത്തത്: ആയിരംപേരിൽ ഒരു പുരുഷനെ ഞാൻ കണ്ടെത്തി എങ്കിലും ഇത്രയും പേരിൽ ഒരു സ്ത്രീയെ കണ്ടെത്തിയില്ല എന്നതു തന്നെ.
29ഒരു കാര്യം മാത്രം സത്യമായി ഞാൻ കണ്ടിരിക്കുന്നു: ദൈവം മനുഷ്യനെ നേരുള്ളവനായി സൃഷ്ടിച്ചു; അവരോ അനേകം സൂത്രങ്ങൾ അന്വേഷിച്ചു വരുന്നു.

8

1ജ്ഞാനിക്കു തുല്യനായി ആരുണ്ട്? കാര്യത്തിന്റെ പൊരുൾ അറിയുന്നവൻ ആര്? മനുഷ്യന്റെ ജ്ഞാനം അവന്റെ മുഖം പ്രകാശിപ്പിക്കുന്നു; അവന്റെ മുഖത്തിന്റെ കാഠിന്യം മാറിപ്പോകുന്നു.

2ദൈവസന്നിധിയിൽ ചെയ്ത സത്യം ഓർത്ത് രാജാവിന്റെ കല്പന പ്രമാണിച്ചുകൊള്ളണം എന്നു ഞാൻ പ്രബോധിപ്പിക്കുന്നു.3നീ അവന്റെ സന്നിധി വിട്ടുപോകുവാൻ ബദ്ധപ്പെടരുത്; ഒരു ദുഷ്കാര്യത്തിലും ഇടപെടരുത്; രാജാവ് തനിക്ക് ഇഷ്ടമുള്ളതൊക്കെയും ചെയ്യുമല്ലോ.4രാജാവിന്റെ കല്പന ബലമുള്ളത്; “നീ എന്തു ചെയ്യുന്നു?” എന്ന് അവനോട് ആര് ചോദിക്കും?
5രാജകല്പന പ്രമാണിക്കുന്നവന് ഒരു ദോഷവും സംഭവിക്കുകയില്ല; ജ്ഞാനിയുടെ ഹൃദയം കാലത്തെയും ന്യായത്തെയും വിവേചിക്കുന്നു.6സകല കാര്യത്തിനും ഒരു സമയവും ന്യായവും ഉണ്ടല്ലോ; മനുഷ്യന്റെ അരിഷ്ടത അവന് ഭാരമായിരിക്കുന്നു.7സംഭവിക്കാനിരിക്കുന്നത് അവൻ അറിയുന്നില്ലല്ലോ; അത് എങ്ങനെ സംഭവിക്കും എന്ന് അവനോട് ആര് അറിയിക്കും?
8ആത്മാവിനെ പിടിച്ചു നിർത്തുവാൻ ആത്മാവിന്മേൽ അധികാരമുള്ള ഒരു മനുഷ്യനുമില്ല; മരണദിവസത്തിന്മേൽ അധികാരമുള്ളവനുമില്ല; യുദ്ധസേവയിൽനിന്ന് വിമോചനവുമില്ല; ദുഷ്ടത ദുഷ്ടന്മാരെ വിടുവിക്കയുമില്ല.9ഇതൊക്കെയും ഞാൻ മനസ്സിലാക്കി; സൂര്യനു കീഴിൽ നടക്കുന്ന സകലപ്രവൃത്തിയിലും ഞാൻ ദൃഷ്ടിവച്ചു. മറ്റുള്ളവർക്ക് ദോഷം ചെയ്യുവാൻ ഒരു മനുഷ്യന് അധികാരമുള്ളതും ഞാൻ ഗ്രഹിച്ചു.
10ദുഷ്ടന്മാർ അടക്കം ചെയ്യപ്പെട്ട് വിശ്രാമം പ്രാപിക്കുന്നതും നേരായി നടന്നവർ വിശുദ്ധസ്ഥലം വിട്ടുപോകേണ്ടിവരുന്നതും അവരുടെ പട്ടണത്തിൽ ഓർക്കപ്പെടാതിരിക്കുന്നതും ഞാൻ കണ്ടു; അതും മായ തന്നെ.11ദുഷ്പ്രവൃത്തിക്കുള്ള ശിക്ഷാവിധി തൽക്ഷണം നടപ്പിലാക്കാത്തതുകൊണ്ട് മനുഷ്യർ ദോഷം ചെയ്യുവാൻ ധൈര്യപ്പെടുന്നു.
12ഒരു പാപി നൂറു തവണ ദോഷം ചെയ്യുകയും ദീർഘായുസ്സോടെ ഇരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ദൈവത്തെ ഭയപ്പെടുന്ന ഭക്തന്മാർക്കു നന്മ വരുമെന്ന് ഞാൻ നിശ്ചയമായി അറിയുന്നു.13എന്നാൽ ദുഷ്ടന് നന്മ വരുകയില്ല; അവൻ ദൈവത്തെ ഭയപ്പെടായ്കയാൽ നിഴൽപോലെയുള്ള അവന്റെ ആയുസ്സ് ദീർഘമാകുകയില്ല.
14ഭൂമിയിൽ നടക്കുന്ന ഒരു മായ ഉണ്ട്: നീതിമാന്മാർക്ക് ദുഷ്ടന്മാരുടെ പ്രവൃത്തിക്കു യോഗ്യമായതു ഭവിക്കുന്നു; ദുഷ്ടന്മാർക്കു നീതിമാന്മാരുടെ പ്രവൃത്തിക്കു യോഗ്യമായതും ഭവിക്കുന്നു; അതും മായ തന്നെ എന്നു ഞാൻ പറഞ്ഞു.15അതിനാൽ ഞാൻ സന്തോഷത്തെ പ്രശംസിച്ചു; തിന്നു കുടിച്ചു സന്തോഷിക്കുന്നതല്ലാതെ മനുഷ്യന് സൂര്യനു കീഴിൽ മറ്റൊരു നന്മയുമില്ലല്ലോ; ദൈവം സൂര്യനു കീഴിൽ അവന് നല്കുന്ന ആയുഷ്കാലത്ത് അവന്റെ പ്രയത്നത്തിൽ അവനോടുകൂടി നിലനില്ക്കുന്നത് ഇതുമാത്രമേയുള്ളു.
16ഭൂമിയിൽ നടക്കുന്ന കാര്യം കാണുവാനും - മനുഷ്യന് രാവും പകലും കണ്ണിൽ ഉറക്കം വരുന്നില്ലല്ലോ - ജ്ഞാനം ഗ്രഹിക്കുവാനും ഞാൻ മനസ്സുവച്ചപ്പോൾ17സൂര്യനു കീഴിൽ നടക്കുന്ന പ്രവൃത്തി ഗ്രഹിക്കുവാൻ മനുഷ്യന് കഴിവില്ല എന്നുള്ള ദൈവത്തിന്റെ പ്രവൃത്തിയെ ഞാൻ കണ്ടു; മനുഷ്യൻ എത്ര പ്രയാസപ്പെട്ട് അന്വേഷിച്ചാലും അതിനെ ഗ്രഹിക്കുകയില്ല; ഒരു ജ്ഞാനി തന്നെ അത് ഗ്രഹിക്കുവാൻ നിരൂപിച്ചാലും അവന് അത് സാധിക്കുകയില്ല.

9

1നീതിമാന്മാരും ജ്ഞാനികളും അവരുടെ പ്രവൃത്തികളും ദൈവത്തിന്റെ കയ്യിൽ ഇരിക്കുന്നു: ഇത്യാദി കാര്യങ്ങൾ ശോധന ചെയ്യുവാൻ ഞാൻ മനസ്സുവച്ചു; സ്നേഹമാകട്ടെ ദ്വേഷമാകട്ടെ ഒന്നും മനുഷ്യർ അറിയുന്നില്ല; സർവ്വവും അവരുടെ മുമ്പിൽ ഇരിക്കുന്നു താനും.

2എല്ലാവർക്കും എല്ലാം ഒരുപോലെ സംഭവിക്കുന്നു; നീതിമാനും പാപിക്കും, നിർമ്മലനും മലിനനും, യാഗം കഴിക്കുന്നവനും യാഗം കഴിക്കാത്തവനും, ഒരു ഗതി വരുന്നു; പാപിയും നല്ലവനും ആണ പേടിക്കുന്നവനും ആണയിടുന്നവനും ഒരു ഗതിആകുന്നു.
3എല്ലാവർക്കും ഒരു ഗതി വരുന്നു എന്നത് സൂര്യനു കീഴിൽ നടക്കുന്ന എല്ലാറ്റിലും വലിയ ഒരു തിന്മയത്രേ; മനുഷ്യരുടെ ഹൃദയത്തിലും ദോഷം നിറഞ്ഞിരിക്കുന്നു; ജീവപര്യന്തം അവരുടെ ഹൃദയത്തിൽ ഭ്രാന്തുണ്ട്. അതിനു ശേഷം അവർ മരിച്ചവരുടെ അടുക്കലേക്കു പോകുന്നു.
4ജീവിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ ഉള്ള ഏതൊരുവനും പ്രത്യാശയ്ക്ക് വകയുണ്ട്; ചത്ത സിംഹത്തെക്കാൾ ജീവനുള്ള നായ് നല്ലതാണല്ലോ.5ജീവിച്ചിരിക്കുന്നവർ അവർ മരിക്കും എന്നറിയുന്നു; മരിച്ചവർ ഒന്നും അറിയുന്നില്ല; മേലാൽ അവർക്ക് ഒരു പ്രതിഫലവും ഇല്ല; അവരെക്കുറിച്ചുള്ള ഓർമ്മയും നഷ്ടമാകുന്നു.
6അവരുടെ സ്നേഹവും ദ്വേഷവും അസൂയയും നശിച്ചുപോയി; സൂര്യനു കീഴിൽ നടക്കുന്ന യാതൊന്നിലും അവർക്ക് ഇനി ഒരിക്കലും ഓഹരിയില്ല.

7നീ ചെന്ന് സന്തോഷത്തോടുകൂടി അപ്പം തിന്നുക; ആനന്ദഹൃദയത്തോടെ വീഞ്ഞു കുടിക്കുക; ദൈവം നിന്റെ പ്രവൃത്തികളിൽ പ്രസാദിച്ചിരിക്കുന്നുവല്ലോ.8നിന്റെ വസ്ത്രം എല്ലായ്പോഴും വെള്ളയായിരിക്കട്ടെ; നിന്റെ തലയിൽ എണ്ണ കുറയാതിരിക്കട്ടെ.
9സൂര്യനു കീഴിൽ അവൻ നിനക്കു നല്കിയിരിക്കുന്ന മായയായ ആയുഷ്കാലത്ത് നീ സ്നേഹിക്കുന്ന ഭാര്യയോടുകൂടി നിന്റെ ആയുഷ്കാലമെല്ലാം സന്തോഷിച്ചുകൊൾക; അതല്ലയോ ഈ ആയുസ്സിൽ സൂര്യന്റെ കീഴിൽ നീ ചെയ്യുന്ന സകല പ്രയത്നത്തിലും നിനക്കുള്ള ഓഹരി.10നീ ചെയ്യുന്ന എല്ലാ പ്രവൃത്തികളും ശക്തിയോടെ ചെയ്യുക; നീ ചെല്ലുന്ന പാതാളത്തിൽ പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല.

11പിന്നെയും ഞാൻ സൂര്യനു കീഴിൽ കണ്ടത്: വേഗതയുള്ളവർ ഓട്ടത്തിലും വീരന്മാർ യുദ്ധത്തിലും ജയിക്കുന്നില്ല; ജ്ഞാനികൾക്ക് ആഹാരവും വിവേകികൾക്ക് സമ്പത്തും സാമർത്ഥ്യമുള്ളവർക്ക് പ്രീതിയും ലഭിക്കുന്നില്ല; അവർക്കെല്ലാം ആയുസ്സും അവസരങ്ങളും ആകുന്നു ലഭിക്കുന്നത്.12മനുഷ്യൻ തന്റെ കാലം അറിയുന്നില്ലല്ലോ; വലയിൽ പെട്ടുപോയ മത്സ്യങ്ങളെപ്പോലെയും കെണിയിൽ അകപ്പെട്ട പക്ഷികളെപ്പോലെയും മനുഷ്യർ, പെട്ടെന്നു വരുന്ന ദുഷ്കാലത്ത് കെണിയിൽ കുടുങ്ങിപ്പോകുന്നു.

13ഞാൻ സൂര്യന് കീഴിൽ ഇങ്ങനെയും ജ്ഞാനം കണ്ടു; അതെനിക്ക് മഹത്തായി തോന്നി:14ചെറിയ ഒരു പട്ടണം ഉണ്ടായിരുന്നു; അതിൽ മനുഷ്യർ ചുരുക്കമായിരുന്നു; ശക്തനായ ഒരു രാജാവ് അതിന്റെ നേരെ വന്ന്, അതിനെ ഉപരോധിച്ചു; അതിനെതിരെ വലിയ കൊത്തളങ്ങൾ പണിതു.15എന്നാൽ അവിടെ ദരിദ്രനായ ഒരു ജ്ഞാനി വസിച്ചിരുന്നു; അവൻ തന്റെ ജ്ഞാനത്താൽ പട്ടണത്തെ രക്ഷിച്ചു; എങ്കിലും ആ സാധുമനുഷ്യനെ ആരും ഓർമ്മിച്ചില്ല.
16“ജ്ഞാനം ശക്തിയേക്കാൾ നല്ലതു തന്നേ, എങ്കിലും സാധുവിന്റെ ജ്ഞാനം തുച്ഛീകരിക്കപ്പെടുന്നു; അവന്റെ വാക്ക് ആരും കൂട്ടാക്കുന്നതുമില്ല” എന്നു ഞാൻ പറഞ്ഞു.

17മൂഢന്മാരെ ഭരിക്കുന്നവന്റെ അട്ടഹാസത്തെക്കാൾ സാവധാനത്തിൽ പറയുന്ന ജ്ഞാനികളുടെ വചനങ്ങൾ ഉത്തമം.18യുദ്ധായുധങ്ങളെക്കാളും ജ്ഞാനം നല്ലത്; എന്നാൽ കേവലം ഒരു പാപി വളരെ നന്മ നശിപ്പിച്ചുകളയുന്നു.

10

1ചത്ത ഈച്ച തൈലക്കാരന്റെ തൈലത്തെ ദുർഗന്ധപൂരിതമാക്കുന്നു;അതുപോലെ അല്പം ഭോഷത്തം ജ്ഞാനവും മാനവും ഉള്ള വ്യക്തിക്ക് അധികം ദോഷം ചെയ്യുന്നു.2ജ്ഞാനിയുടെ ബുദ്ധി വലത്തുഭാഗത്തേക്കും മൂഢന്റെ ബുദ്ധി ഇടത്തുഭാഗത്തേക്കും ചായുന്നു.3ഭോഷൻ നടക്കുന്ന വഴിയിൽ അവന്റെ ബുദ്ധി ക്ഷയിച്ചുപോകുന്നു; താൻ ഭോഷൻ എന്ന് എല്ലാവർക്കും വെളിവാക്കും.

4അധിപതിയുടെ കോപം നിന്റെ നേരെ പൊങ്ങുന്നു എങ്കിൽ നീ നിന്റെ സ്ഥലം വിട്ടുമാറരുത്;അനുരഞ്ജനം മഹാപാതകങ്ങൾ ഒഴിവാക്കാൻ കാരണമാകും.
5അധിപതിയുടെ പക്കൽനിന്നു പുറപ്പെടുന്ന തെറ്റുപോലെ ഞാൻ സൂര്യനു കീഴിൽ ഒരു തിന്മ കണ്ടു;6മൂഢന്മാർ ശ്രേഷ്ഠപദവിയിൽ എത്തുകയും ധനവാന്മാർ താണ പദവിയിൽ ഇരിക്കുകയും ചെയ്യുന്നതു തന്നെ.7ദാസന്മാർ കുതിരപ്പുറത്തിരിക്കുന്നതും പ്രഭുക്കന്മാർ ദാസന്മാരെപ്പോലെ കാൽനടയായി നടക്കുന്നതും ഞാൻ കണ്ടു.
8കുഴി കുഴിക്കുന്നവൻ അതിൽ വീഴും; മതിൽ പൊളിക്കുന്നവനെ പാമ്പു കടിക്കും.9കല്ലു വെട്ടുന്നവന് അതുകൊണ്ട് മുറിവുണ്ടാകാം.വിറകു കീറുന്നവന് അതിനാൽ ആപത്തും വരാം.
10ഇരിമ്പായുധത്തിന്റെ വായ്ത്തല തേക്കാതിരുന്നാൽ മൂർച്ച ഇല്ലാത്തതുകൊണ്ട് അവൻ അധികം ശക്തി പ്രയോഗിക്കേണ്ടിവരും; എന്നാൽ ജ്ഞാനമോ കാര്യസിദ്ധിക്ക് ഉതകുന്നു.11മന്ത്രപ്രയോഗം ചെയ്യും മുമ്പ് പാമ്പ് കടിച്ചാൽ മന്ത്രവാദിയെ വിളിച്ചതുകൊണ്ട് പ്രയോജനമില്ല.
12ജ്ഞാനിയുടെ വായിലെ വാക്ക് ലാവണ്യമുള്ളത്; മൂഢന്റെ അധരമോ അവനെ നശിപ്പിക്കും.
13അവന്റെ വായിലെ വാക്കുകളുടെ ആരംഭം ഭോഷത്തവും അവന്റെ സംസാരത്തിന്റെ അവസാനം വല്ലാത്ത ഭ്രാന്തും തന്നെ.14ഭോഷൻ വാക്കുകൾ വർദ്ധിപ്പിക്കുന്നു; സംഭവിക്കുവാനിരിക്കുന്നത് മനുഷ്യൻ അറിയുന്നില്ല; അവന്റെ ശേഷം ഉണ്ടാകുവാനുള്ളത് ആര് അവനെ അറിയിക്കും?
15പട്ടണത്തിലേക്കു പോകുന്ന വഴി അറിയാത്ത മൂഢന്മാർ അവരുടെ പ്രയത്നത്തിൽ ക്ഷീണിച്ചുപോകുന്നു.
16ബാലനായ രാജാവും അതികാലത്തു വിരുന്നു കഴിക്കുന്ന പ്രഭുക്കന്മാരും ഉള്ള ദേശമേ, നിനക്കു അയ്യോ കഷ്ടം!17കുലീനപുത്രനായ രാജാവും ലഹരിപിടിക്കുവാനല്ല, ബലത്തിനു വേണ്ടി മാത്രം തക്കസമയത്തു ഭക്ഷണം കഴിക്കുന്ന പ്രഭുക്കന്മാരും ഉള്ള ദേശമേ, നിനക്കു ഭാഗ്യം!
18മടികൊണ്ട് മേല്പുര വീണുപോകുന്നു; കൈകളുടെ അലസതകൊണ്ട് വീടു ചോരുന്നു.19സന്തോഷത്തിനു വേണ്ടി വിരുന്നു കഴിക്കുന്നു; വീഞ്ഞ് ഹൃദയത്തെ ആനന്ദിപ്പിക്കുന്നു; ദ്രവ്യമോ സകലത്തിനും ഉതകുന്നു.
20നിന്റെ മനസ്സിൽപോലും രാജാവിനെ ശപിക്കരുത്; നിന്റെ ശയനമുറിയിൽ വച്ചുപോലും ധനവാനെ ശപിക്കരുത്; ആകാശത്തിലെ പക്ഷി ആ ശബ്ദം കൊണ്ടുപോകുകയും പറവജാതി ആ കാര്യം പ്രസിദ്ധമാക്കുകയും ചെയ്തേക്കാം.

11

1നിന്റെ അപ്പം വെള്ളത്തിന്മേൽ എറിയുക; ഏറിയനാൾ കഴിഞ്ഞ് നിനക്ക് അത് തിരികെ കിട്ടും;2ഒരു ഓഹരി ഏഴായിട്ടോ എട്ടായിട്ടോ വിഭാഗിച്ചുകൊള്ളുക; ഭൂമിയിൽ എന്ത് അനർത്ഥം സംഭവിക്കും എന്നു നീ അറിയുന്നില്ലല്ലോ.3മേഘം വെള്ളംകൊണ്ടു നിറയുമ്പോൾ ഭൂമിയിൽ മഴപെയ്യും; വൃക്ഷം തെക്കോട്ടോ വടക്കോട്ടോ വീണാൽ വീണിടത്തു തന്നെ കിടക്കും.

4കാറ്റിനെക്കുറിച്ച് വിചാരപ്പെടുന്നവൻ വിതയ്ക്കുകയില്ല; മേഘങ്ങളെ നോക്കുന്നവൻ കൊയ്യുകയുമില്ല.5കാറ്റിന്റെ ഗതി എങ്ങോട്ടെന്നും ഗർഭിണിയുടെ ഉദരത്തിൽ അസ്ഥികൾ ഉരുവായി വരുന്നത് എങ്ങനെ എന്നും നീ അറിയാത്തതുപോലെ സകലവും ഉണ്ടാക്കുന്ന ദൈവത്തിന്റെ പ്രവൃത്തികളെ നീ അറിയുന്നില്ല.
6രാവിലെ നിന്റെ വിത്തു വിതയ്ക്കുക; വൈകുന്നേരത്തും നിന്റെ കൈ അലസമായിരിക്കരുത്; ഇതോ, അതോ, ഏതു സഫലമാകും എന്നും രണ്ടും ഒരുപോലെ നന്നായിരിക്കുമോ എന്നും നീ അറിയുന്നില്ലല്ലോ.7വെളിച്ചം മനോഹരവും സൂര്യനെ കാണുന്നത് കണ്ണിന് ആനന്ദപ്രദവും ആകുന്നു.8മനുഷ്യൻ ബഹുകാലം ജീവിച്ചിരിക്കുന്നു എങ്കിൽ അവൻ അതിൽ ഒക്കെയും സന്തോഷിക്കട്ടെ; എങ്കിലും അന്ധകാരകാലം ദീർഘമായിരിക്കും എന്നും അവൻ ഓർത്തുകൊള്ളട്ടെ; വരുന്നതെല്ലാം മായ തന്നെ.

9യൗവനക്കാരാ, നിന്റെ യൗവനത്തിൽ സന്തോഷിക്കുക; യൗവനകാലത്തിൽ നിന്റെ ഹൃദയം ആനന്ദിക്കട്ടെ; നിനക്ക് ഇഷ്ടമുള്ള വഴികളിലും ബോധിച്ചവണ്ണവും നടന്നുകൊള്ളുക; എന്നാൽ ഇവയെല്ലാം നിമിത്തം ദൈവം നിന്നെ ന്യായവിസ്താരത്തിലേക്കു വരുത്തും എന്നറിയുക.10അതിനാൽ നിന്റെ ഹൃദയത്തിൽനിന്ന് വ്യസനം അകറ്റി, നിന്റെ ജഡത്തിൽനിന്ന് തിന്മ നീക്കിക്കളയുക; ബാല്യവും യൗവനവും മായ അത്രേ.

12

1യൗവനകാലത്ത് നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊള്ളുക; ദുർദ്ദിവസങ്ങൾ വരുകയും ‘എനിക്ക് ഇഷ്ടമില്ല’ എന്ന് നീ പറയുന്ന കാലം സമീപിക്കുന്നതിന് മുമ്പ്,2സൂര്യന്റെ വെളിച്ചവും ചന്ദ്രനും നക്ഷത്രങ്ങളും ഇരുണ്ടുപോകുകയും മഴ പെയ്ത ശേഷം മേഘങ്ങൾ മടങ്ങി വരുകയും ചെയ്യുന്നതിനു മുമ്പു തന്നെ.

3അന്ന് വീട്ടുകാവല്ക്കാർ വിറയ്ക്കും; ബലവാന്മാർ കുനിയും; അരയ്ക്കുന്നവർ ചുരുക്കമാകയാൽ അടങ്ങിയിരിക്കും; കിളിവാതിലുകളിൽകൂടി നോക്കുന്നവരുടെ കാഴ്ച മങ്ങിപ്പോകും.
4തെരുവിലെ കതകുകൾ അടയും; അരയ്കുന്ന ശബ്ദം മന്ദമാകും; പക്ഷികളുടെ ശബ്ദത്തിൽ ഉണർന്നുപോകും; പാട്ടുകാരികൾ ഒക്കെയും തളരുകയും ചെയ്യും;
5അന്ന് അവർ കയറ്റം പേടിക്കും; വഴിയിൽ ഭീതിപ്പെടുത്തുന്ന കാര്യങ്ങൾ ഉള്ളതായി തോന്നും; ബദാംവൃക്ഷം പൂക്കും; തുള്ളൻ ഇഴഞ്ഞുനടക്കും; മോഹങ്ങൾ അസ്തമിക്കും. മനുഷ്യൻ തന്റെ ശാശ്വതഭവനത്തിലേക്കു പോകും; വിലാപം കഴിക്കുന്നവർ വീഥിയിൽ ചുറ്റി സഞ്ചരിക്കും.
6അന്ന് വെള്ളിച്ചരട് അറ്റുപോകും; പൊൻകിണ്ണം തകരും; ഉറവിടത്തിലെ കുടം ഉടയും; കിണറ്റിലെ ചക്രം തകരും.7പൊടി പണ്ട് ആയിരുന്നതുപോലെ ഭൂമിയിലേക്ക് തിരികെ ചേരും; ആത്മാവ് അതിനെ നല്കിയ ദൈവത്തിന്റെ അടുക്കലേക്ക് മടങ്ങിപ്പോകും.
8ഹാ മായ, മായ, സകലവും മായ തന്നെ എന്ന് സഭാപ്രസംഗി പറയുന്നു.9സഭാപ്രസംഗി ജ്ഞാനിയായിരുന്നതു കൂടാതെ അവൻ ജനത്തിന് പരിജ്ഞാനം ഉപദേശിച്ചുകൊടുക്കുകയും, ചിന്തിച്ചും പരിശോധിച്ചും അനേകം സദൃശവാക്യങ്ങൾ രചിക്കുകയും ചെയ്തു.
10ഇമ്പമായുള്ള വാക്കുകളും നേരായി എഴുതിയിരിക്കുന്നവയും സത്യമായുള്ള വചനങ്ങളും കണ്ടെത്തുവാൻ സഭാപ്രസംഗി ഉത്സാഹിച്ചു.11ജ്ഞാനികളുടെ വചനങ്ങൾ മുടിങ്കോൽപോലെയും, സഭാധിപന്മാരുടെ വാക്കുകൾ തറച്ചിരിക്കുന്ന ആണികൾപോലെയും ആകുന്നു; അവ ഒരു ഇടയനാൽ തന്നെ നല്കപ്പെട്ടിരിക്കുന്നു.
12എന്നാൽ എന്റെ മകനേ, പ്രബോധനം കൈക്കൊള്ളുക; പുസ്തകം ഓരോന്നുണ്ടാക്കുന്നതിന് അവസാനമില്ല; അധികം പഠിക്കുന്നത് ശരീരത്തിന് ക്ഷീണം തന്നെ.

13എല്ലാറ്റിന്റെയും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ട് അവന്റെ കല്പനകൾ പ്രമാണിച്ചുകൊള്ളുക; അതാകുന്നു സകല മനുഷ്യർക്കും വേണ്ടത്.14ദൈവം നല്ലതും തീയതുമായ സകലപ്രവൃത്തികളെയും സകല രഹസ്യങ്ങളുമായി ന്യായവിസ്താരത്തിലേക്കു വരുത്തും.

ഉത്തമഗീതം

1

1ശലോമോന്റെ ഉത്തമഗീതം.

2അവൻ തന്റെ അധരങ്ങളാൽ എന്നെ ചുംബിക്കട്ടെ;
നിന്റെ പ്രേമം വീഞ്ഞിലും മേന്മയേറിയത്.
3നിന്റെ തൈലം സുഗന്ധം പരത്തുന്നു;
നിന്റെ നാമം പകർന്ന തൈലംപോലെ ഇരിക്കുന്നു;
അതുകൊണ്ട് കന്യകമാർ നിന്നെ സ്നേഹിക്കുന്നു.
4നിന്റെ പിന്നാലെ എന്നെ കൊണ്ടുപോകുക; നാം ഓടിപ്പോകുക;
രാജാവ് എന്നെ പള്ളിയറയിലേക്ക് കൊണ്ടുവന്നിരിക്കുന്നു;
ഞങ്ങൾ നിന്നിൽ ഉല്ലസിച്ചാനന്ദിക്കും;
നിന്റെ പ്രേമത്തെ വീഞ്ഞിനെക്കാൾ പ്രശംസിക്കും;
നിന്നെ സ്നേഹിക്കുന്നത് ഉചിതം തന്നെ.
5യെരൂശലേംപുത്രിമാരേ, ഞാൻ കറുത്തവൾ എങ്കിലും
കേദാര്യകൂടാരങ്ങളെപ്പോലെയും
ശലോമോന്റെ തിരശ്ശീലകളെപ്പോലെയും അഴകുള്ളവൾ ആകുന്നു.
6എനിക്ക് ഇരുൾനിറം ആയതിനാലും ,
ഞാൻ വെയിൽകൊണ്ട് കറുത്തിരിക്കുകയാലും എന്നെ തുറിച്ചുനോക്കരുത്.
എന്റെ അമ്മയുടെ പുത്രന്മാർ എന്നോട് കോപിച്ചു,
എന്നെ മുന്തിരിത്തോട്ടങ്ങൾക്ക് കാവലാക്കി;
എന്റെ സ്വന്തം മുന്തിരിത്തോട്ടം ഞാൻ കാത്തിട്ടുമില്ല.
7എന്റെ പ്രാണപ്രിയനേ, പറഞ്ഞുതരുക:
നീ ആടുകളെ മേയിക്കുന്നത് എവിടെ?
ഉച്ചയ്ക്ക് കിടത്തുന്നത് എവിടെ?
നിന്റെ ചങ്ങാതിമാരുടെ ആട്ടിൻ കൂട്ടങ്ങൾക്കരികിൽ
ഞാൻ മുഖം മൂടിയവളെപ്പോലെ ഇരിക്കുന്നത് എന്തിന്?
8സ്ത്രീകളിൽ അതിസുന്ദരിയേ, നീ അറിയുന്നില്ലെങ്കിൽ
ആടുകളുടെ കാൽചുവട് പിന്തുടർന്ന്
ഇടയന്മാരുടെ കൂടാരങ്ങളുടെ അരികിൽ നിന്റെ കുഞ്ഞാടുകളെ മേയിക്കുക.
9എന്റെ പ്രിയേ, ഫറവോന്റെ രഥത്തിന് കെട്ടുന്ന
പെൺകുതിരയോട് ഞാൻ നിന്നെ ഉപമിക്കുന്നു.
10നിന്റെ കവിൾത്തടങ്ങൾ രത്നാഭരണങ്ങൾകൊണ്ടും
നിന്റെ കഴുത്ത് മുത്തുമാലകൊണ്ടും ശോഭിച്ചിരിക്കുന്നു.
11ഞങ്ങൾ നിനക്ക് വെള്ളിമണികളോടു കൂടിയ
സുവർണ്ണസരപ്പളിമാല ഉണ്ടാക്കിത്തരാം.
12രാജാവ് ഭക്ഷണത്തിനിരിക്കുമ്പോൾ
എന്റെ ജടാമാംസി സുഗന്ധം പുറപ്പെടുവിക്കുന്നു.
13എന്റെ പ്രിയൻ എനിക്ക് സ്തനങ്ങളുടെ മദ്ധ്യേ
കിടക്കുന്ന മൂറിൻ കെട്ടുപോലെയാകുന്നു.
14എന്റെ പ്രിയൻ എനിക്ക് ഏൻഗെദി മുന്തിരിത്തോട്ടങ്ങളിലെ
മയിലാഞ്ചിപ്പൂക്കുലപോലെ ഇരിക്കുന്നു.
15എന്റെ പ്രിയേ, നീ സുന്ദരി, നീ സുന്ദരി തന്നെ;
നിന്റെ കണ്ണ് പ്രാവിന്റെ കണ്ണുപോലെ ഇരിക്കുന്നു.
16എന്റെ പ്രിയനേ, നീ സുന്ദരൻ, നീ മനോഹരൻ;
നമ്മുടെ കിടക്കയും പച്ചയാകുന്നു.
17നമ്മുടെ വീടിന്റെ ഉത്തരം ദേവദാരുവും
കഴുക്കോൽ സരളവൃക്ഷവും ആകുന്നു.

2

1ഞാൻ ശാരോനിലെ പനിനീർപുഷ്പവും

താഴ്വരകളിലെ താമരപ്പൂവും ആകുന്നു.
2മുള്ളുകളുടെ ഇടയിൽ താമരപോലെ
കന്യകമാരുടെ ഇടയിൽ എന്റെ പ്രിയ ഇരിക്കുന്നു.
3കാട്ടുമരങ്ങളുടെ ഇടയിൽ ഒരു നാരകംപോലെ
യൗവനക്കാരുടെ ഇടയിൽ എന്റെ പ്രിയൻ ഇരിക്കുന്നു;
അതിന്റെ നിഴലിൽ ഞാൻ ആനന്ദത്തോടെ ഇരുന്നു;
അതിന്റെ പഴം എന്റെ നാവിന് മധുരമായിരുന്നു.
4അവൻ എന്നെ വീഞ്ഞുവീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു;
എന്റെ മീതെ അവൻ പിടിച്ചിരുന്ന കൊടി സ്നേഹമായിരുന്നു.
5ഞാൻ പ്രേമവിവശയായിരിക്കുകയാൽ
മുന്തിരിയട തന്ന് എന്നെ ശക്തീകരിക്കുവിൻ;
നാരങ്ങാ തന്ന് എന്നെ തണുപ്പിക്കുവിൻ.
6അവന്റെ ഇടം കൈ എന്റെ തലയിൻ കീഴിൽ ഇരിക്കട്ടെ;
അവന്റെ വലം കൈ എന്നെ ആശ്ലേഷിക്കട്ടെ.
7യെരൂശലേംപുത്രിമാരേ, വയലിലെ ചെറുമാനുകളാണ, പേടമാനുകളാണ,
പ്രേമത്തിന് ഇഷ്ടമാകുവോളം
അതിനെ ഇളക്കരുത്, ഉണർത്തുകയുമരുത്.
8അതാ, എന്റെ പ്രിയന്റെ സ്വരം!
അവൻ മലകളിന്മേൽ ചാടിയും കുന്നുകളിന്മേൽ കുതിച്ചുംകൊണ്ട് വരുന്നു.
9എന്റെ പ്രിയൻ ചെറുമാനിനും കലമാൻകുട്ടിക്കും തുല്യൻ;
ഇതാ, അവൻ നമ്മുടെ മതിലിന് പുറമേ നില്ക്കുന്നു;
അവൻ കിളിവാതിലിലൂടെ നോക്കുന്നു;
അഴിക്കിടയിൽകൂടി ഒളിഞ്ഞുനോക്കുന്നു.
10എന്റെ പ്രിയൻ എന്നോട് പറഞ്ഞത്:
“എന്റെ പ്രിയേ, എഴുന്നേല്ക്കുക; എന്റെ സുന്ദരീ, വരുക.
11ശീതകാലം കഴിഞ്ഞു; മഴയും മാറിപ്പോയല്ലോ.
12പുഷ്പങ്ങൾ ഭൂമിയിൽ കാണായ്‌വരുന്നു;
വള്ളിത്തല മുറിക്കുംകാലം വന്നിരിക്കുന്നു;
കുറുപ്രാവിന്റെ ശബ്ദവും നമ്മുടെ നാട്ടിൽ കേൾക്കുന്നു.
13അത്തിക്കായ്കൾ പഴുക്കുന്നു;
മുന്തിരിവള്ളി പൂത്ത് സുഗന്ധം വീശുന്നു;
എന്റെ പ്രിയേ, എഴുന്നേല്ക്കുക; എന്റെ സുന്ദരീ, വരുക.
14പാറയുടെ പിളർപ്പിലും പർവ്വതച്ചെരിവിന്റെ മറവിലും ഇരിക്കുന്ന എന്റെ പ്രാവേ,
ഞാൻ നിന്റെ മുഖം ഒന്നു കാണട്ടെ;
നിന്റെ സ്വരം ഒന്നു കേൾക്കട്ടെ;
നിന്റെ സ്വരം ഇമ്പമുള്ളതും മുഖം സൗന്ദര്യമുള്ളതും ആകുന്നു.
15ഞങ്ങളുടെ മുന്തിരിത്തോട്ടങ്ങൾ പൂത്തിരിക്കുകയാൽ
മുന്തിരിവള്ളി നശിപ്പിക്കുന്ന കുറുക്കന്മാരെ,
ചെറുകുറുക്കന്മാരെത്തന്നെ പിടിച്ചുതരുവിൻ.
16എന്റെ പ്രിയൻ എനിക്കുള്ളവൻ; ഞാൻ അവനുള്ളവൾ;
അവൻ താമരകളുടെ ഇടയിൽ ആടുമേയ്ക്കുന്നു.
17വെയിലാറി, നിഴൽ കാണാതെയാകുവോളം,
എന്റെ പ്രിയനേ, നീ മടങ്ങിവന്ന് ദുർഘടപർവ്വതങ്ങളിലെ
ചെറുമാനിനും കലമാൻകുട്ടിക്കും തുല്യനായിരിക്കുക.

3

1രാത്രിസമയത്ത് എന്റെ കിടക്കയിൽ

ഞാൻ എന്റെ പ്രാണപ്രിയനെ അന്വേഷിച്ചു;
ഞാൻ അവനെ അന്വേഷിച്ചു; കണ്ടില്ലതാനും.
2ഞാൻ എഴുന്നേറ്റ് നഗരത്തിൽ സഞ്ചരിച്ചു;
“വീഥികളിലും വിശാലസ്ഥലങ്ങളിലും എന്റെ പ്രാണപ്രിയനെ അന്വേഷിക്കും” എന്ന് ഞാൻ പറഞ്ഞു;
ഞാൻ അവനെ അന്വേഷിച്ചു; കണ്ടില്ല താനും.
3നഗരത്തിൽ സഞ്ചരിക്കുന്ന കാവല്ക്കാർ എന്നെ കണ്ടു;
“എന്റെ പ്രാണപ്രിയനെ കണ്ടുവോ” എന്ന് ഞാൻ അവരോട് ചോദിച്ചു.
4അവരെ വിട്ട് അല്പം മുന്നോട്ട് ചെന്നപ്പോൾ
ഞാൻ എന്റെ പ്രാണപ്രിയനെ കണ്ടു.
ഞാൻ അവനെ പിടിച്ച്, എന്റെ അമ്മയുടെ വീട്ടിലേക്കും
എന്നെ പ്രസവിച്ചവളുടെ അറയിലേക്കും കൊണ്ടുവരുന്നതുവരെ അവനെ വിട്ടില്ല.
5യെരൂശലേംപുത്രിമാരേ, ചെറുമാനുകളാണ, പേടമാനുകളാണ,
പ്രേമത്തിന് ഇഷ്ടമാകുവോളം അതിനെ ഇളക്കരുത് ഉണർത്തുകയുമരുത്.
6മൂറും കുന്തുരുക്കവും കൊണ്ടും
കച്ചവടക്കാരന്റെ സകലവിധ സുഗന്ധചൂർണ്ണങ്ങൾകൊണ്ടും
പരിമളമാക്കപ്പെട്ട പുകത്തൂൺപോലെ മരുഭൂമിയിൽനിന്ന് കയറിവരുന്നോരിവൻ ആര്?
7ശലോമോന്റെ പല്ലക്ക് തന്നെ;
യിസ്രായേൽ വീരന്മാരിൽ അറുപത് വീരന്മാർ അതിന്റെ ചുറ്റും ഉണ്ട്.
8അവരെല്ലാവരും വാളെടുത്ത യുദ്ധസമർത്ഥന്മാർ;
രാത്രിയിലെ ഭയം നിമിത്തം ഓരോരുത്തൻ അരയ്ക്ക് വാൾ കെട്ടിയിരിക്കുന്നു.
9ശലോമോൻരാജാവ് ലെബാനോനിലെ മരംകൊണ്ട്
തനിക്ക് ഒരു പല്ലക്ക് ഉണ്ടാക്കി.
10അതിന്റെ തൂണുകൾ അവൻ വെള്ളി കൊണ്ടും
ചാര് പൊന്നുകൊണ്ടും ഇരിപ്പിടം രക്താംബരംകൊണ്ടും ഉണ്ടാക്കി;
അതിന്റെ അന്തർഭാഗം യെരൂശലേംപുത്രിമാരുടെ പ്രേമംകൊണ്ട്
ചിത്രലിഖിതമായിരിക്കുന്നു.
11സീയോൻ പുത്രിമാരേ, നിങ്ങൾ പുറപ്പെട്ടു ചെന്ന്
ശലോമോൻരാജാവിനെ അവന്റെ കല്യാണ ദിവസത്തിൽ,
അവന്റെ ഹൃദയത്തിന്റെ ആനന്ദദിവസത്തിൽ തന്നെ,
അവന്റെ അമ്മ അവനെ ധരിപ്പിച്ച കിരീടത്തോടുകൂടി കാണുവിൻ.

4

1എന്റെ പ്രിയേ, നീ സുന്ദരി; നീ സുന്ദരി തന്നെ;

നിന്റെ മൂടുപടത്തിൻ മദ്ധ്യേ നിന്റെ കണ്ണ്
പ്രാവിൻ കണ്ണുപോലെ ഇരിക്കുന്നു;
നിന്റെ തലമുടി ഗിലെയാദ് മലഞ്ചരിവിൽ
കിടക്കുന്ന കോലാട്ടിൻകൂട്ടം പോലെയാകുന്നു.
2നിന്റെ പല്ല്, രോമം കത്രിച്ചിട്ട് കുളിച്ചു കയറിവരുന്ന
ആടുകളെപ്പോലെ ഇരിക്കുന്നു;
അവയിൽ ഒന്നും മച്ചിയായിരിക്കാതെ
എല്ലാം ഇരട്ടപ്രസവിക്കുന്നു.
3നിന്റെ അധരം കടുംചുവപ്പുനൂൽപോലെയും
നിന്റെ വായ് മനോഹരവും ആകുന്നു;
നിന്റെ ചെന്നികൾ നിന്റെ മൂടുപടത്തിനുള്ളിൽ
മാതളപ്പഴത്തിൻ ഖണ്ഡംപോലെ ഇരിക്കുന്നു.
4നിന്റെ കഴുത്ത് ആയുധശാലയായി പണിതിരിക്കുന്ന ദാവീദിൻ ഗോപുരത്തോടു സമം;
അതിൽ ആയിരം പരിച തൂക്കിയിരിക്കുന്നു;
അവ ഒക്കെയും വീരന്മാരുടെ പരിച തന്നെ.
5നിന്റെ സ്തനം രണ്ടും താമരയ്ക്കിടയിൽ മേയുന്ന
ഇരട്ട പിറന്ന രണ്ട് മാൻകുട്ടികൾക്ക് സമം.
6വെയലാറി നിഴൽ കാണാതെയാകുവോളം
ഞാൻ മൂറിൻമലയിലും കുന്തുരുക്കക്കുന്നിലും ചെന്നിരിക്കാം.
7എന്റെ പ്രിയേ, നീ സർവ്വാംഗസുന്ദരി;
നിന്നിൽ യാതൊരു ഊനവും ഇല്ല.
8കാന്തേ ലെബാനോനെ വിട്ട് എന്നോടുകൂടി,
ലെബാനോനെ വിട്ട് എന്നോടുകൂടി വരുക;
അമാനാമുകളും ശെനീർ ഹെർമ്മോൻ കൊടുമുടികളും സിംഹങ്ങളുടെ ഗുഹകളും
പുള്ളിപ്പുലികളുടെ പർവ്വതങ്ങളും വിട്ടു പോരുക.
9എന്റെ സഹോദരീ, എന്റെ കാന്തേ,
നീ എന്റെ ഹൃദയം അപഹരിച്ചിരിക്കുന്നു;
ഒരു നോട്ടംകൊണ്ടും കഴുത്തിലെ മാല കൊണ്ടും
നീ എന്റെ ഹൃദയം അപഹരിച്ചിരിക്കുന്നു.
10എന്റെ സഹോദരീ, എന്റെ കാന്തേ,
നിന്റെ പ്രേമം എത്ര മനോഹരം!
വീഞ്ഞിനെക്കാൾ നിന്റെ പ്രേമവും
സകലവിധ സുഗന്ധവർഗ്ഗത്തെക്കാൾ നിന്റെ തൈലത്തിന്റെ പരിമളവും എത്ര രസകരം!
11അല്ലയോ കാന്തേ, നിന്റെ അധരം തേൻകട്ട പൊഴിക്കുന്നു;
നിന്റെ നാവിൻ കീഴിൽ തേനും പാലും ഉണ്ട്;
നിന്റെ വസ്ത്രത്തിന്റെ സൗരഭ്യം ലെബാനോന്റെ സൗരഭ്യം പോലെ ഇരിക്കുന്നു.
12എന്റെ സഹോദരി, എന്റെ കാന്ത കെട്ടി അടച്ചിരിക്കുന്ന ഒരു തോട്ടം,
അടച്ചിരിക്കുന്ന ഒരു നീരുറവ്,
മുദ്രയിട്ടിരിക്കുന്ന ഒരു കിണറ്.
13നിന്റെ ചെടികൾ വിശിഷ്ടഫലങ്ങളോടു കൂടിയ മാതളത്തോട്ടം;
മയിലാഞ്ചിയോടുകൂടി ജടാമാംസിയും,
14ജടാമാംസിയും കുങ്കുമവും, വയമ്പും ലവംഗവും,
സകലവിധ കുന്തുരുക്കവൃക്ഷങ്ങളും,
മൂറും അകിലും മേൽത്തരമായ എല്ലാ സുഗന്ധവർഗ്ഗവും തന്നെ.
15നീ തോട്ടങ്ങൾക്ക് ഒരു നീരുറവും, വറ്റിപ്പോകാത്ത കിണറും
ലെബാനോനിൽനിന്ന് ഒഴുകുന്ന ഒഴുക്കുകളും തന്നെ.
16വടക്കൻകാറ്റേ ഉണരുക; തെക്കൻ കാറ്റേ വരുക;
എന്റെ തോട്ടത്തിൽനിന്ന് സുഗന്ധം വീശേണ്ടതിന്
അതിന്മേൽ ഊതുക;
എന്റെ പ്രിയൻ തന്റെ തോട്ടത്തിൽ വന്ന്
അതിലെ വിശിഷ്ടഫലം ആസ്വദിക്കട്ടെ.

5

1എന്റെ സഹോദരീ, എന്റെ കാന്തേ,

ഞാൻ എന്റെ തോട്ടത്തിൽ വന്നിരിക്കുന്നു;
ഞാൻ എന്റെ മൂറും സുഗന്ധവർഗ്ഗവും പെറുക്കി;
ഞാൻ എന്റെ തേൻകട്ട തേനോടുകൂടി തിന്നും
എന്റെ വീഞ്ഞ് പാലോടുകൂടി കുടിച്ചും ഇരിക്കുന്നു;
സ്നേഹിതന്മാരേ, തിന്നുവിൻ; പ്രിയരേ, കുടിച്ചു മത്തരാകുവിൻ!
2ഞാൻ ഉറങ്ങുന്നു എങ്കിലും എന്റെ ഹൃദയം ഉണർന്നിരിക്കുന്നു.
വാതില്ക്കൽ മുട്ടുന്ന എന്റെ പ്രിയന്റെ സ്വരം:
“എന്റെ സഹോദരീ, എന്റെ പ്രിയേ,
എന്റെ പ്രാവേ, എന്റെ നിഷ്കളങ്കേ, തുറക്കുക;
എന്റെ ശിരസ്സ് മഞ്ഞുകൊണ്ടും
കുറുനിരകൾ രാത്രിയിൽ പെയ്യുന്ന മഞ്ഞുകൊണ്ടും നനഞ്ഞിരിക്കുന്നു”.
3എന്റെ അങ്കി ഞാൻ ഊരിയിരിക്കുന്നു;
അത് വീണ്ടും ധരിക്കുന്നത് എങ്ങനെ?
ഞാൻ കാലുകൾ കഴുകിയിരിക്കുന്നു;
അവയെ മലിനമാക്കുന്നത് എങ്ങനെ?
4എന്റെ പ്രിയൻ വാതില്പഴുതിൽ കൂടി കൈ നീട്ടി;
എന്റെ ഉള്ളം അവനെച്ചൊല്ലി ഉരുകിപ്പോയി.
5എന്റെ പ്രിയന് തുറക്കേണ്ടതിന് ഞാൻ എഴുന്നേറ്റു;
എന്റെ കൈ മൂറും, എന്റെ വിരൽ മൂറിൻ തൈലവും
വാതിൽപിടികളിന്മേൽ പൊഴിഞ്ഞു.
6ഞാൻ എന്റെ പ്രിയനു വേണ്ടി തുറന്നു
എന്റെ പ്രിയനോ പൊയ്ക്കളഞ്ഞിരുന്നു;
അവൻ സംസാരിച്ചപ്പോൾ ഞാൻ വിവശയായിരുന്നു;
ഞാൻ അന്വേഷിച്ചു; അവനെ കണ്ടില്ല;
ഞാൻ അവനെ വിളിച്ചു; അവൻ ഉത്തരം പറഞ്ഞില്ല.
7നഗരത്തിൽ ചുറ്റി സഞ്ചരിക്കുന്ന കാവല്ക്കാർ എന്നെ കണ്ടു;
അവർ എന്നെ അടിച്ച്, മുറിവേല്പിച്ചു;
മതിൽകാവല്ക്കാർ എന്റെ മൂടുപടം എടുത്തുകളഞ്ഞു.
8യെരൂശലേംപുത്രിമാരേ, നിങ്ങൾ എന്റെ പ്രിയനെ കണ്ടെങ്കിൽ
“ഞാൻ പ്രേമവിവശയായിരിക്കുന്നു എന്ന് അവനെ അറിയിക്കണം”
എന്ന് ഞാൻ നിങ്ങളോട് ആണയിടുന്നു.
9സ്ത്രീകളിൽ അതി സുന്ദരിയായുള്ളവളേ,
നിന്റെ പ്രിയന് മറ്റ് പ്രിയന്മാരെക്കാൾ എന്തു വിശേഷതയുള്ളു?
നീ ഇങ്ങനെ ഞങ്ങളോട് ആണയിടേണ്ടതിന്
നിന്റെ പ്രിയന് മറ്റു പ്രിയന്മാരെക്കാൾ എന്തു വിശേഷതയുള്ളു?
10എന്റെ പ്രിയൻ വെണ്മയും ചുവപ്പും ഉള്ളവൻ,
പതിനായിരംപേരിൽ അതിശ്രേഷ്ഠൻ തന്നെ.
11അവന്റെ ശിരസ്സ് അതിവിശേഷമായ തങ്കം;
അവന്റെ കുറുനിരകൾ ചുരുണ്ടും
കാക്കയെപ്പോലെ കറുത്തും ഇരിക്കുന്നു.
12അവന്റെ കണ്ണ് നീർത്തോടുകളുടെ അരികത്തുള്ള പ്രാവുകൾക്ക് തുല്യം;
അത് പാലുകൊണ്ട് കഴുകിയതും ചേർച്ചയായി പതിച്ചതും ആകുന്നു.
13അവന്റെ കവിൾ സുഗന്ധസസ്യങ്ങളുടെ തടവും
നറുന്തൈകളുടെ വാരവും,
അവന്റെ അധരം താമരപ്പൂവുംപോലെ ഇരിക്കുന്നു;
അതു മൂറിൻ തൈലം പൊഴിച്ചുകൊണ്ടിരിക്കുന്നു;
14അവന്റെ കൈകൾ ഗോമേദകം പതിച്ചിരിക്കുന്ന സ്വർണ്ണദണ്ഡുകൾ;
അവന്റെ ശരീരം നീലരത്നം പതിച്ച ദന്ത നിർമ്മിതം.
15അവന്റെ തുട തങ്കച്ചുവട്ടിൽ നിർത്തിയ വെൺകൽത്തൂൺ;
അവന്റെ രൂപം ലെബാനോനെപ്പോലെ,
ദേവദാരുപോലെ തന്നെ ശ്രേഷ്ഠമാകുന്നു.
16അവന്റെ വായ് ഏറ്റവും മധുരമുള്ളത്;
അവൻ സർവ്വാംഗസുന്ദരൻ തന്നെ;
യെരൂശലേംപുത്രിമാരേ, ഇവനത്രേ എന്റെ പ്രിയൻ;
ഇവനത്രേ എന്റെ സ്നേഹിതൻ.

6

1++സ്ത്രീകളിൽ അതിസുന്ദരിയായുള്ളവളേ,

നിന്റെ പ്രിയൻ എവിടെ പോയിരിക്കുന്നു?
നിന്റെ പ്രിയൻ ഏതുവഴിക്ക് തിരിഞ്ഞിരിക്കുന്നു?
ഞങ്ങൾ നിന്നോടുകൂടി അവനെ അന്വേഷിക്കാം.
2തോട്ടങ്ങളിൽ മേയിക്കുവാനും താമരപ്പൂക്കൾ പറിക്കുവാനും
എന്റെ പ്രിയൻ തന്റെ തോട്ടത്തിൽ
സുഗന്ധസസ്യങ്ങളുടെ തടങ്ങളിലേക്ക് ഇറങ്ങിപ്പോയിരിക്കുന്നു.
3ഞാൻ എന്റെ പ്രിയനുള്ളവൾ;
എന്റെ പ്രിയൻ എനിക്കുള്ളവൻ;
അവൻ താമരകളുടെ ഇടയിൽ മേയ്ക്കുന്നു.
4എന്റെ പ്രിയേ, നീ തിർസ്സാപോലെ സൗന്ദര്യമുള്ളവൾ;
യെരൂശലേംപോലെ മനോഹരി,
കൊടികളോടു കൂടിയ സൈന്യംപോലെ ഭയാവഹം.
5നിന്റെ കണ്ണ് എന്നിൽനിന്ന് തിരിക്കുക;
അത് എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു;
നിന്റെ തലമുടി ഗിലെയാദ് മലഞ്ചരിവിൽ
കിടക്കുന്ന കോലാട്ടിൻകൂട്ടംപോലെയാകുന്നു.
6നിന്റെ പല്ല് കുളിച്ച് കയറിവരുന്ന ആടുകളെപ്പോലെയിരിക്കുന്നു;
അവയിൽ ഒന്നും മച്ചിയായിരിക്കാതെ
എല്ലാം ഇരട്ട പ്രസവിക്കുന്നു.
7നിന്റെ ചെന്നികൾ നിന്റെ മൂടുപടത്തിന്റെ ഉള്ളിൽ
മാതളപ്പഴത്തിന്റെ ഖണ്ഡംപോലെ ഇരിക്കുന്നു.
8അറുപത് രാജ്ഞികളും എൺപത് വെപ്പാട്ടികളും
അസംഖ്യം കന്യകമാരും ഉണ്ടല്ലോ.
9എന്റെ പ്രാവും എന്റെ നിഷ്കളങ്കയുമായവളോ ഒരുത്തി മാത്രം;
അവൾ തന്റെ അമ്മയ്ക്ക് ഏകപുത്രിയും
തന്നെ പ്രസവിച്ചവൾക്ക് ഓമനയും ആകുന്നു;
കന്യകമാർ അവളെ കണ്ട് ‘ഭാഗ്യവതി’ എന്ന് വാഴ്ത്തും;
രാജ്ഞികളും വെപ്പാട്ടികളും കൂടെ അവളെ പുകഴ്ത്തും.
10അരുണോദയംപോലെ ശോഭയും
ചന്ദ്രനെപ്പോലെ സൗന്ദര്യവും സൂര്യനെപ്പോലെ നിർമ്മലതയും
കൊടികളോടു കൂടിയ സൈന്യംപോലെ ഭയങ്കരത്വവും ഉള്ളോരിവൾ ആർ?
11ഞാൻ തോട്ടിനരികിലുള്ള സസ്യങ്ങളെ കാണേണ്ടതിനും
മുന്തിരിവള്ളി തളിർക്കുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ
എന്ന് നോക്കേണ്ടതിനും അക്രോത്ത്തോട്ടത്തിലേക്ക് ഇറങ്ങിച്ചെന്നു.
12എന്റെ അഭിലാഷം ഹേതുവായി ഞാൻ അറിയാതെ
എന്റെ പ്രഭുജനത്തിൻ രഥങ്ങളുടെ ഇടയിൽ എത്തി.
13മടങ്ങിവരുക, ശൂലേംകാരീ, മടങ്ങിവരുക;
ഞങ്ങൾ നിന്നെ ഒന്ന് കണ്ടുകൊള്ളട്ടെ, മടങ്ങിവരുക, മടങ്ങിവരുക;
നിങ്ങൾ മഹനയീമിലെ നൃത്തത്തെപ്പോലെ
ശൂലേംകാരിയെ കാണുവാൻ ആഗ്രഹിക്കുന്നത് എന്തിന്?

7

1പ്രഭുകുമാരീ, ചെരിപ്പിട്ടിരിക്കുന്ന നിന്റെ കാല് എത്ര മനോഹരം!

നിന്റെ ഉരുണ്ട നിതംബം സമർത്ഥനായ ശില്പിയുടെ പണിയായ ഭൂഷണം പോലെ ഇരിക്കുന്നു.
2നിന്റെ നാഭി, വൃത്താകാരമായ പാനപാത്രം പോലെയാകുന്നു;
അതിൽ, കലക്കിയ വീഞ്ഞ് ഇല്ലാതിരിക്കുന്നില്ല;
നിന്റെ ഉദരം താമരപ്പൂ ചുറ്റിയിരിക്കുന്ന ഗോതമ്പുകൂമ്പാരംപോലെ ആകുന്നു.
3നിന്റെ സ്തനം രണ്ടും ഇരട്ടപിറന്ന രണ്ട് മാൻകുട്ടികൾക്ക് സമം.
4നിന്റെ കഴുത്ത് ദന്തഗോപുരംപോലെയും
നിന്റെ കണ്ണ് ഹെശ്ബോനിൽ ബാത്ത് റബ്ബീം വാതില്ക്കലെ കുളങ്ങൾപോലെയും
നിന്റെ മൂക്ക് ദമാസ്കസിന് നേരെയുള്ള
ലെബാനോൻ ഗോപുരംപോലെയും ഇരിക്കുന്നു.
5നിന്റെ ശിരസ്സ് കർമ്മേൽപോലെയും
നിന്റെ തലമുടി രക്താംബരംപോലെയും ഇരിക്കുന്നു;
രാജാവ് നിന്റെ അളകങ്ങളാൽ ബദ്ധനായിരിക്കുന്നു.
6പ്രിയേ, പ്രേമഭോഗങ്ങളിൽ നീ എത്ര സുന്ദരി, എത്ര മനോഹരി!
7നിന്റെ ശരീരാകൃതി പനയോടും
നിന്റെ സ്തനങ്ങൾ മുന്തിരിക്കുലയോടും സദൃശം!
8“ഞാൻ പനമേൽ കയറും;
അതിന്റെ മടൽ പിടിക്കും” എന്ന് ഞാൻ പറഞ്ഞു.
നിന്റെ സ്തനങ്ങൾ മുന്തിരിക്കുലപോലെയും
നിന്റെ മൂക്കിന്റെ വാസന നാരങ്ങയുടെ വാസനപോലെയും ആകട്ടെ.
നിന്റെ അണ്ണാക്ക് മേല്ത്തരമായ വീഞ്ഞ്.
9അത് എന്റെ പ്രിയന് മൃദുപാനമായി
അധരത്തിലും പല്ലിലും കൂടി കടക്കുന്നതും ആകുന്നു.
10ഞാൻ എന്റെ പ്രിയനുള്ളവൾ;
അവന്റെ ആഗ്രഹം എന്നോടാകുന്നു.
11പ്രിയാ, വരുക; നാം വെളിംപ്രദേശത്ത് പോകുക;
നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം.
12അതികാലത്ത് എഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽ പോയി
മുന്തിരിവള്ളി തളിർത്ത് പൂ വിടരുകയും
മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം;
അവിടെവച്ച് ഞാൻ നിനക്ക് എന്റെ പ്രേമം തരും.
13ദൂദായിപഴം സുഗന്ധം വീശുന്നു;
നമ്മുടെ വാതില്ക്കൽ സകലവിധ വിശിഷ്ടഫലവും ഉണ്ട്;
എന്റെ പ്രിയാ, ഞാൻ നിനക്കായി പഴയതും പുതിയതും സംഗ്രഹിച്ചിരിക്കുന്നു.

8

1നീ എന്റെ അമ്മയുടെ മുലകുടിച്ച സഹോദരൻ ആയിരുന്നുവെങ്കിൽ!

ഞാൻ നിന്നെ വെളിയിൽ കണ്ട് ചുംബിക്കുമായിരുന്നു;
ആരും എന്നെ നിന്ദിക്കുകയില്ലായിരുന്നു.
2നീ എനിക്ക് ഉപദേശം തരേണ്ടതിന്
ഞാൻ നിന്നെ അമ്മയുടെ വീട്ടിൽ കൂട്ടിക്കൊണ്ടുപോകുമായിരുന്നു;
സുഗന്ധവർഗ്ഗം ചേർത്ത വീഞ്ഞും എന്റെ മാതളപ്പഴത്തിൻ ചാറും
ഞാൻ നിനക്ക് കുടിക്കുവാൻ തരുമായിരുന്നു.
3അവന്റെ ഇടങ്കൈ എന്റെ തലയിൻ കീഴെ ഇരിക്കട്ടെ;
അവന്റെ വലങ്കൈ എന്നെ ആശ്ലേഷിക്കട്ടെ.
4യെരൂശലേംപുത്രിമാരേ, പ്രേമത്തിന് ഇഷ്ടമാകുവോളം
അതിനെ ഇളക്കരുത്, ഉണർത്തുകയുമരുത്
എന്ന് ഞാൻ നിങ്ങളോട് ആണയിട്ടപേക്ഷിക്കുന്നു.
5മരുഭൂമിയിൽനിന്ന് തന്റെ പ്രിയന്റെ മേൽ
ചാരിക്കൊണ്ട് വരുന്നോരിവൾ ആർ?
നാരകത്തിൻ ചുവട്ടിൽവച്ച് ഞാൻ നിന്നെ ഉണർത്തി;
അവിടെ വച്ചല്ലയോ നിന്റെ അമ്മ നിന്നെ പ്രസവിച്ചത്;
അവിടെവച്ചല്ലയോ നിന്നെ പ്രസവിച്ചവൾക്ക് ഈറ്റുനോവ് കിട്ടിയത്.
6എന്നെ ഒരു മുദ്രമോതിരമായി നിന്റെ ഹൃദയത്തിന്മേലും
ഒരു മുദ്രമോതിരമായി നിന്റെ ഭുജത്തിന്മേലും വച്ചുകൊള്ളണമേ;
പ്രേമം മരണംപോലെ ബലമുള്ളതും
പത്നീവ്രതശങ്ക പാതാളംപോലെ കഠിനവുമാകുന്നു;
അതിന്റെ ജ്വലനം അഗ്നിജ്വലനവും ഒരു ദിവ്യജ്വാലയും തന്നെ.
7ഏറിയ വെള്ളങ്ങൾ പ്രേമത്തെ കെടുത്തുകയില്ല;
നദികൾ അതിനെ മുക്കിക്കളയുകയില്ല.
ഒരുവൻ തന്റെ ഗൃഹത്തിലുള്ള സർവ്വസമ്പത്തും
പ്രേമത്തിനു വേണ്ടി കൊടുത്താലും അവൻ നിന്ദിതനായേക്കാം.
8നമുക്ക് ഒരു ചെറിയ സഹോദരി ഉണ്ട്;
അവൾക്ക് സ്തനങ്ങൾ വന്നിട്ടില്ല;
നമ്മുടെ സഹോദരിക്ക് കല്യാണം പറയുന്ന നാളിൽ
നാം അവൾക്ക് വേണ്ടി എന്ത് ചെയ്യും?
9അവൾ ഒരു മതിൽ എങ്കിൽ അതിന്മേൽ
ഒരു വെള്ളിമകുടം പണിയാമായിരുന്നു;
ഒരു വാതിൽ എങ്കിൽ ദേവദാരുപ്പലകകൊണ്ട് അടയ്ക്കാമായിരുന്നു.
10ഞാൻ മതിലും എന്റെ സ്തനങ്ങൾ ഗോപുരങ്ങൾപോലെയും ആയിരുന്നു;
അന്ന് ഞാൻ അവന്റെ ദൃഷ്ടിയിൽ സമാധാനം പ്രാപിച്ചിരുന്നു.
11ശലോമോന് ബാൽഹാമോനിൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു.
ആ മുന്തിരിത്തോട്ടം അവൻ കാവല്ക്കാരെ ഏല്പിച്ചു;
അതിന്റെ പാട്ടമായിട്ട്, ഓരോവ്യക്തിയും
ആയിരം പണം വീതം കൊണ്ടുവരേണ്ടിയിരുന്നു.
12എന്റെ സ്വന്തം മുന്തിരിത്തോട്ടം എന്റെ കൈവശം ഇരിക്കുന്നു;
ശലോമോനേ, നിനക്ക് ആയിരവും
ഫലം കാക്കുന്നവർക്ക് ഇരുനൂറും ഇരിക്കട്ടെ.
13ഉദ്യാനനിവാസിനിയേ,
സഖിമാർ നിന്റെ സ്വരം ശ്രദ്ധിച്ച് കേൾക്കുന്നു;
അത് എന്നെയും കേൾപ്പിക്കണമേ.
14എന്റെ പ്രിയാ നീ പരിമളപർവ്വതങ്ങളിലെ
ചെറുമാനിനും കലമാൻകുട്ടിക്കും തുല്യനായി ഓടിപ്പോകുക.

യെശയ്യാപ്രവാചകന്റെ പുസ്തകം

1

1ആമോസിന്റെ മകനായ യെശയ്യാവ് യെഹൂദാരാജാക്കന്മാരായ ഉസ്സീയാവ്, യോഥാം, ആഹാസ്, യെഹിസ്കീയാവ് എന്നിവരുടെ കാലത്ത് യെഹൂദായെയും യെരൂശലേമിനെയും പറ്റി ദർശിച്ച ദർശനം.

2ആകാശമേ, കേൾക്കുക; ഭൂമിയേ, ചെവിതരുക; യഹോവ അരുളിച്ചെയ്യുന്നു: “ഞാൻ മക്കളെ പോറ്റി വളർത്തി; അവരോ എന്നോടു മത്സരിച്ചിരിക്കുന്നു.3കാള തന്റെ ഉടയവനെയും കഴുത തന്റെ യജമാനന്റെ പുൽത്തൊട്ടിയെയും അറിയുന്നു; യിസ്രായേലോ അറിയുന്നില്ല; എന്റെ ജനം ഗ്രഹിക്കുന്നതുമില്ല.”
4അയ്യോ പാപമുള്ള ജനത! അകൃത്യഭാരം ചുമക്കുന്ന ജനം! ദുഷ്പ്രവൃത്തിക്കാരുടെ സന്തതി! വഷളായി നടക്കുന്ന മക്കൾ! അവർ യഹോവയെ ഉപേക്ഷിച്ചു യിസ്രായേലിന്റെ പരിശുദ്ധനെ നിരസിച്ചു പുറകോട്ടു മാറിക്കളഞ്ഞിരിക്കുന്നു.
5ഇനി നിങ്ങളെ അടിച്ചിട്ട് എന്ത്? നിങ്ങൾ അധികം അധികം പിന്മാറുകയേയുള്ളു; തല മുഴുവനും ദീനവും ഹൃദയം മുഴുവനും രോഗവും പിടിച്ചിരിക്കുന്നു.6ഉള്ളങ്കാല്‍ മുതൽ ഉച്ചിവരെ ഒരു സുഖവും ഇല്ല; മുറിവും ചതവും പഴുത്തവ്രണവും മാത്രമേ ഉള്ളു; അവയെ ഞെക്കി കഴുകിയിട്ടില്ല, വച്ചുകെട്ടിയിട്ടില്ല, എണ്ണപുരട്ടി ശമിപ്പിച്ചിട്ടുമില്ല.
7നിങ്ങളുടെ ദേശം ശൂന്യമായി നിങ്ങളുടെ പട്ടണങ്ങൾ തീയ്ക്കിരയായി; നിങ്ങൾ കാൺകെ അന്യജാതിക്കാർ നിങ്ങളുടെ നാടു വിഴുങ്ങികളഞ്ഞു; അത് അന്യജാതിക്കാർ ഉന്മൂലനാശം ചെയ്തതുപോലെ ശൂന്യമായിരിക്കുന്നു.8സീയോൻപുത്രി, മുന്തിരിത്തോട്ടത്തിലെ കുടിൽപോലെയും വെള്ളരിത്തോട്ടത്തിലെ മാടംപോലെയും ഉപരോധിച്ച പട്ടണംപോലെയും ശേഷിച്ചിരിക്കുന്നു.
9സൈന്യങ്ങളുടെ യഹോവ നമ്മിൽ ഏതാനും പേരെ ശേഷിപ്പിച്ചില്ലായിരുന്നെങ്കിൽ നാം സൊദോംപോലെ ആകുമായിരുന്നു; ഗൊമോറായ്ക്കു സദൃശമാകുമായിരുന്നു.

10സൊദോം അധിപതികളേ, യഹോവയുടെ വചനം കേൾക്കുവിൻ; ഗൊമോറാജനമേ, നമ്മുടെ ദൈവത്തിന്റെ ന്യായപ്രമാണം ശ്രദ്ധിച്ചുകൊള്ളുവിൻ.11“നിങ്ങളുടെ നിരവധിയായ ഹനനയാഗങ്ങൾ എനിക്ക് എന്തിന്?” എന്നു യഹോവ അരുളിച്ചെയ്യുന്നു; “മുട്ടാടുകളെക്കൊണ്ടുള്ള ഹോമയാഗവും തടിപ്പിച്ച മൃഗങ്ങളുടെ മേദസ്സുംകൊണ്ട് എനിക്കു മതിയായിരിക്കുന്നു; കാളകളുടെയോ കുഞ്ഞാടുകളുടെയോ കോലാട്ടുകൊറ്റന്മാരുടെയോ രക്തം എനിക്ക് ഇഷ്ടമല്ല.
12നിങ്ങൾ എന്റെ സന്നിധിയിൽ വരുമ്പോൾ എന്റെ പ്രാകാരങ്ങളെ ചവിട്ടുവാൻ ഇതു നിങ്ങളോടു ചോദിച്ചത് ആര്?13ഇനി നിങ്ങൾ വ്യർത്ഥമായുള്ള കാഴ്ച കൊണ്ടുവരരുത്; ധൂപം എനിക്കു വെറുപ്പാകുന്നു; അമാവാസ്യയും ശബ്ബത്തും സഭായോഗം കൂടുന്നതും - നീതികേടും ഉത്സവയോഗവും എനിക്കു സഹിച്ചുകൂടാ.
14നിങ്ങളുടെ അമാവാസ്യകളെയും ഉത്സവങ്ങളെയും ഞാൻ വെറുക്കുന്നു; അവ എനിക്ക് അസഹ്യം; ഞാൻ അവ സഹിച്ചു മുഷിഞ്ഞിരിക്കുന്നു.15നിങ്ങൾ കൈകൾമലർത്തുമ്പോൾ ഞാൻ നിങ്ങളിൽനിന്ന് എന്റെ കണ്ണു മറച്ചുകളയും; നിങ്ങൾ എത്ര തന്നെ പ്രാർത്ഥിച്ചാലും ഞാൻ കേൾക്കുകയില്ല; നിങ്ങളുടെ കൈകൾ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു.
16നിങ്ങളെ കഴുകി ശുദ്ധമാക്കുവിൻ; നിങ്ങളുടെ പ്രവൃത്തികളുടെ ദോഷത്തെ എന്റെ കണ്ണിന്മുമ്പിൽനിന്നു നീക്കിക്കളയുവിൻ; തിന്മ ചെയ്യുന്നതു മതിയാക്കുവിൻ.17നന്മ ചെയ്യുവാൻ പഠിക്കുവിൻ; ന്യായം അന്വേഷിക്കുവിൻ; പീഡിതനെ സഹായിക്കുവിൻ1 ; അനാഥനു ന്യായം നടത്തിക്കൊടുക്കുവിൻ; വിധവയ്ക്കുവേണ്ടി വാദിക്കുവിൻ.
18വരുവിൻ, നമുക്കു തമ്മിൽ വാദിക്കാം” എന്നു യഹോവ അരുളിച്ചെയ്യുന്നു; “നിങ്ങളുടെ പാപങ്ങൾ കടുംചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായിരുന്നാലും പഞ്ഞിപോലെ ആയിത്തീരും.
19നിങ്ങൾ മനസ്സു വച്ചു കേട്ടനുസരിക്കുന്നുവെങ്കിൽ ദേശത്തിലെ നന്മ അനുഭവിക്കും.20മറുത്തു മത്സരിക്കുന്നു എങ്കിലോ നിങ്ങൾ വാളിന് ഇരയായിത്തീരും;” യഹോവയുടെ വായ് അരുളിച്ചെയ്തിരിക്കുന്നു.

21വിശ്വസ്തനഗരം വേശ്യയായി തീർന്നിരിക്കുന്നത് എങ്ങനെ! അതിൽ ന്യായം നിറഞ്ഞിരുന്നു; നീതി വസിച്ചിരുന്നു; ഇപ്പോഴോ, കുലപാതകന്മാർ.22നിന്റെ വെള്ളി കീടമായും2 നിന്റെ വീഞ്ഞു വെള്ളം ചേർന്നും ഇരിക്കുന്നു.
23നിന്റെ പ്രഭുക്കന്മാർ മത്സരികൾ; കള്ളന്മാരുടെ കൂട്ടാളികൾ തന്നെ; അവർ എല്ലാവരും സമ്മാനപ്രിയരും പ്രതിഫലം കാംക്ഷിക്കുന്നവരും ആകുന്നു; അവർ അനാഥനു ന്യായം നടത്തിക്കൊടുക്കുന്നില്ല; വിധവയുടെ വ്യവഹാരം അവരുടെ അടുക്കൽ വരുന്നതുമില്ല.

24അതുകൊണ്ട് യിസ്രായേലിന്റെ ശക്തനായി, സൈന്യങ്ങളുടെ യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു: “ഹാ, ഞാൻ എന്റെ വൈരികളോടു പകവീട്ടി എന്റെ ശത്രുക്കളോടു പ്രതികാരം നടത്തും.25ഞാൻ എന്റെ കൈ നിന്റെ നേരെ തിരിച്ചു നിന്റെ കീടം പൂര്‍ണ്ണമായി ഉരുക്കിക്കളയുകയും നിന്റെ വെള്ളീയം എല്ലാം നീക്കിക്കളയുകയും ചെയ്യും.
26ഞാൻ നിന്റെ ന്യായാധിപന്മാരെ ആദിയിൽ എന്നപോലെയും നിന്റെ ഉപദേശകന്മാരെ ആരംഭത്തിൽ എന്നപോലെയും ആക്കും; അതിന്റെശേഷം നീ നീതിനഗരം എന്നും വിശ്വസ്തനഗരം എന്നും വിളിക്കപ്പെടും.”
27സീയോൻ ന്യായത്താലും അതിൽ മനം തിരിയുന്നവർ നീതിയാലും വീണ്ടെടുക്കപ്പെടും.28എന്നാൽ അതിക്രമികൾക്കും പാപികൾക്കും ഒരുപോലെ നാശം ഭവിക്കും; യഹോവയെ ഉപേക്ഷിക്കുന്നവർ മുടിഞ്ഞുപോകും.
29നിങ്ങൾ താത്പര്യം വച്ചിരുന്ന കരുവേലകങ്ങളെക്കുറിച്ചു നാണിക്കും; നിങ്ങൾ തിരഞ്ഞെടുത്തിരുന്ന തോട്ടങ്ങൾനിമിത്തം ലജ്ജിക്കും.30നിങ്ങൾ ഇല പൊഴിഞ്ഞ കരുവേലകംപോലെയും വെള്ളമില്ലാത്ത തോട്ടംപോലെയും ഇരിക്കും.
31ബലവാൻ ചണനാരുപോലെയും അവന്റെ പണി തീപ്പൊരിപോലെയും ആകും; കെടുത്തുവാൻ ആരുമില്ലാതെ രണ്ടും ഒരുമിച്ചു വെന്തുപോകും.


1 1:17 പീഡിതനെ സഹായിക്കുവിൻ പീഡിതനെ സഹായിക്കുവിൻ എന്ന് എബ്രായ ബൈബിളിലും പീഡിപ്പിക്കുന്നവനെ നേർവ്വഴിക്കാക്കുവിൻ എന്ന് മറ്റ് വിവർത്തനങ്ങളിലും ഉണ്ട്.
2 1:22 കീടമായും ഉരുകിയ വെള്ളിയില്‍നിന്നും നീക്കം ചെയ്ത മലിനവസ്തു.

2

1ആമോസിന്റെ മകനായ യെശയ്യാവ് യെഹൂദായെയും യെരൂശലേമിനെയും പറ്റി ദർശിച്ച വചനം.

2അന്ത്യകാലത്ത് യഹോവയുടെ ആലയമുള്ള പർവ്വതം പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കുമീതെ ഉന്നതവുമായിരിക്കും; സകലജനതകളും അതിലേക്ക് ഒഴുകിച്ചെല്ലും.
3അനേകവംശങ്ങളും ചെന്ന്: “വരുവിൻ, നമുക്ക് യഹോവയുടെ പർവ്വതത്തിലേക്ക്, യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്ക് കയറിച്ചെല്ലാം; അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരുകയും നാം അവന്റെ പാതകളിൽ നടക്കുകയും ചെയ്യും” എന്നു പറയും. സീയോനിൽനിന്ന് ഉപദേശവും യെരൂശലേമിൽനിന്നു യഹോവയുടെ വചനവും പുറപ്പെടും.
4അവൻ ജനതകളുടെ ഇടയിൽ ന്യായം വിധിക്കുകയും ബഹുവംശങ്ങൾക്കു വിധികല്പിക്കുകയും ചെയ്യും; അവർ അവരുടെ വാളുകളെ കലപ്പകളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജനത ജനതയ്ക്കു നേരെ വാളോങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കുകയും ഇല്ല.

5യാക്കോബ് ഗൃഹമേ, വരുവിൻ; നമുക്കു യഹോവയുടെ വെളിച്ചത്തിൽ നടക്കാം.6എന്നാൽ നീ യാക്കോബ് ഗൃഹമായ നിന്റെ ജനത്തെ തള്ളിക്കളഞ്ഞിരിക്കുന്നു; അവർ പൂർവ്വദേശക്കാരുടെ മര്യാദകളാൽ നിറഞ്ഞും ഫെലിസ്ത്യരെപ്പോലെ പ്രശ്നക്കാരായും അന്യജാതിക്കാരോടു സഖ്യതയുള്ളവരായും ഇരിക്കുന്നു.
7അവരുടെ ദേശത്തു വെള്ളിയും പൊന്നും നിറഞ്ഞിരിക്കുന്നു; അവരുടെ നിക്ഷേപങ്ങൾക്കു കണക്കില്ല; അവരുടെ ദേശത്തു കുതിരകൾ നിറഞ്ഞിരിക്കുന്നു; അവരുടെ രഥങ്ങൾക്കും എണ്ണമില്ല.8അവരുടെ ദേശത്തു വിഗ്രഹങ്ങൾ നിറഞ്ഞിരിക്കുന്നു; സ്വന്തംവിരൽകൊണ്ടുണ്ടാക്കിയ കൈപ്പണിയെ അവർ നമസ്കരിക്കുന്നു.
9മനുഷ്യൻ വണങ്ങുന്നു, പുരുഷൻ കുനിയുന്നു; അതിനാൽ നീ അവരോടു ക്ഷമിക്കരുതേ.10യഹോവയുടെ ഭയങ്കരത്വം നിമിത്തവും അവന്റെ മഹിമയുടെ പ്രഭനിമിത്തവും നീ പാറയിൽ കടന്നു മണ്ണിൽ ഒളിച്ചുകൊള്ളുക.11മനുഷ്യരുടെ നിഗളിച്ച കണ്ണു താഴും; പുരുഷന്മാരുടെ ഉന്നതഭാവം കുനിയും; യഹോവ മാത്രം ആ നാളിൽ ഉന്നതനായിരിക്കും.
12സൈന്യങ്ങളുടെ യഹോവയുടെ നാൾ അഹങ്കാരവും ഉന്നതഭാവവും ഉള്ള എല്ലാറ്റിന്മേലും നിഗളമുള്ള എല്ലാറ്റിന്മേലും വരും; അവ താണുപോകും.13ലെബാനോനിലെ പൊക്കവും ഉയരവും ഉള്ള സകല ദേവദാരുക്കളിന്മേലും ബാശാനിലെ എല്ലാ കരുവേലകങ്ങളിന്മേലും ഉയർന്നിരിക്കുന്ന
14സകലപർവ്വതങ്ങളിന്മേലും ഉയരമുള്ള എല്ലാ കുന്നുകളിന്മേലും15ഉന്നതമായ സകലഗോപുരത്തിന്മേലും16ഉറപ്പുള്ള എല്ലാ മതിലിന്മേലും എല്ലാ തർശീശ് കപ്പലിന്മേലും മനോഹരമായ സകലശൃംഗാരഗോപുരത്തിന്മേലും1 വരും.
17അപ്പോൾ മനുഷ്യന്റെ ഗർവ്വം2 കുനിയും; പുരുഷന്മാരുടെ ഉന്നതഭാവം താഴും; യഹോവ മാത്രം ആ നാളിൽ ഉന്നതനായിരിക്കും.18വിഗ്രഹങ്ങളോ പൂർണ്ണമായി ഇല്ലാതെയാകും.19യഹോവ ഭൂമിയെ നടുക്കുവാൻ എഴുന്നേല്ക്കുമ്പോൾ അവർ അവന്റെ ഭയങ്കരത്വം നിമിത്തവും അവന്റെ മഹിമയുടെ പ്രഭനിമിത്തവും പാറകളുടെ ഇടുക്കുകളിലും മണ്ണിലെ ഗുഹകളിലും കടക്കും.
20യഹോവ ഭൂമിയെ നടുക്കുവാൻ എഴുന്നേല്ക്കുമ്പോൾ അവന്റെ ഭയങ്കരത്വം നിമിത്തവും അവന്റെ മഹിമയുടെ പ്രഭനിമിത്തവും പാറകളുടെ പിളർപ്പുകളിലും പൊട്ടിയ പാറകളുടെ വിള്ളലുകളിലും കടക്കേണ്ടതിന്21അവർ നമസ്കരിക്കുവാൻ വെള്ളികൊണ്ടും പൊന്നുകൊണ്ടും ഉണ്ടാക്കിയ മിഥ്യാമൂർത്തികളെ മനുഷ്യർ ആ നാളിൽ തുരപ്പനെലിക്കും നരിച്ചീറിനും എറിഞ്ഞുകളയും.22മൂക്കിൽ ശ്വാസമുള്ള മനുഷ്യനെ വിട്ടൊഴിയുവിൻ; അവനെ എന്തു വിലമതിക്കുവാനുള്ളു?


1 2:16 സകലശൃംഗാരഗോപുരത്തിന്മേലും മനോഹരമായ സകലശില്പങ്ങളിന്മേലും എന്നും ചില വിവർത്തനത്തിൽ കാണുന്നുണ്ട്.
2 2:17 ഗർവ്വം അഹങ്കാരം.

3

1സൈന്യങ്ങളുടെ യഹോവയായ കർത്താവ് യെരൂശലേമിൽനിന്നും യെഹൂദയിൽനിന്നും ആധാരവും ആശ്രയവും, അപ്പം എന്ന ആധാരമൊക്കെയും വെള്ളം എന്ന ആധാരമൊക്കെയും2വീരൻ, യോദ്ധാവ്, ന്യായാധിപതി, പ്രവാചകൻ, പ്രശ്നക്കാരൻ, മൂപ്പൻ,3അമ്പതുപേർക്ക് അധിപതി, മാന്യൻ, മന്ത്രി, കൗശലപ്പണിക്കാരൻ, മന്ത്രവാദി എന്നിവരെയും നീക്കിക്കളയും.

4“ഞാൻ ബാലന്മാരെ അവർക്കു പ്രഭുക്കന്മാരാക്കി വയ്ക്കും; ശിശുക്കൾ അവരെ വാഴും.”5ഒരുത്തൻ മറ്റൊരുവനെയും ഒരാൾ തന്റെ കൂട്ടുകാരനെയും ഇങ്ങനെ ജനം അന്യോന്യം പീഡിപ്പിക്കും; ബാലൻ വൃദ്ധനോടും നീചൻ മാന്യനോടും കയർക്കും.
6ഒരുവൻ തന്റെ പിതൃഭവനത്തിലെ സഹോദരനെ പിടിച്ചു: “നിനക്കു മേലങ്കിയുണ്ട്; നീ ഞങ്ങളുടെ അധിപതി ആയിരിക്കുക; ഈ പാഴ്ക്കൂമ്പാരം നിന്റെ കൈവശം ഇരിക്കട്ടെ” എന്നു പറയും.7അവൻ അന്ന് കൈ ഉയർത്തിക്കൊണ്ട്: “വൈദ്യനായിരിക്കുവാൻ എനിക്കു മനസ്സില്ല; എന്റെ വീട്ടിൽ ആഹാരവുമില്ല, വസ്ത്രവുമില്ല; എന്നെ ജനത്തിന് അധിപതിയാക്കരുത് ”എന്നു പറയും.
8യഹോവയുടെ തേജസ്സുള്ള കണ്ണിനു വെറുപ്പുതോന്നുവാൻ തക്കവിധം അവരുടെ നാവുകളും പ്രവൃത്തികളും അവന് വിരോധമായിരിക്കുകയാൽ യെരൂശലേം ഇടിഞ്ഞുപോകും; യെഹൂദാ വീണുപോകും.9അവരുടെ മുഖഭാവം അവർക്കു വിരോധമായി സാക്ഷീകരിക്കുന്നു; അവർ സൊദോംപോലെ അവരുടെ പാപം പരസ്യമാക്കുന്നു; അതിനെ മറയ്ക്കുന്നതുമില്ല; അവർക്ക് അയ്യോ കഷ്ടം! അവർ അവർക്കു തന്നെ ദോഷം വരുത്തുന്നു.
10നീതിമാനെക്കുറിച്ച്: “അവനു നന്മവരും” എന്നു പറയുവിൻ; അവരുടെ പ്രവൃത്തികളുടെ ഫലം അവർ അനുഭവിക്കും.11ദുഷ്ടന് അയ്യോ കഷ്ടം! അവനു ദോഷം വരും; അവന്റെ പ്രവൃത്തികളുടെ ഫലം അവനും അനുഭവിക്കും.12എന്റെ ജനമോ, കുട്ടികൾ അവരെ പീഡിപ്പിക്കുന്നു; സ്ത്രീകൾ അവരെ വാഴുന്നു; എന്റെ ജനമേ, നിന്നെ നടത്തുന്നവർ നിന്നെ വഴിതെറ്റിക്കുന്നു; നീ നടക്കേണ്ട വഴി അവർ നശിപ്പിക്കുന്നു.
13യഹോവ വാദിക്കുവാൻ എഴുന്നേറ്റു വംശങ്ങളെ വിധിക്കുവാൻ നില്ക്കുന്നു.14യഹോവ തന്റെ ജനത്തിന്റെ മൂപ്പന്മാരുടെമേലും പ്രഭുക്കന്മാരുടെമേലുംഉള്ള ന്യായവിധി അറിയിക്കും; “നിങ്ങൾ മുന്തിരിത്തോട്ടം തിന്നുകളഞ്ഞു; എളിയവരോടു കവർന്നെടുത്തതു നിങ്ങളുടെ വീടുകളിൽ ഉണ്ട്;15എന്റെ ജനത്തെ തകർത്തുകളയുവാനും എളിയവരെ ദുഃഖിപ്പിക്കുവാനും നിങ്ങൾക്ക് എന്തു കാര്യം?” എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവിന്റെ അരുളപ്പാട്.

16യഹോവ പിന്നെയും അരുളിച്ചെയ്തത് എന്തെന്നാൽ: സീയോൻ പുത്രിമാർ നിഗളിച്ചു കഴുത്തു നീട്ടിയും എറികണ്ണിട്ടുംകൊണ്ടു സഞ്ചരിക്കുകയും തത്തിത്തത്തി നടക്കുകയും കാൽകൊണ്ടു ചിലമ്പൊലി കേൾപ്പിക്കുകയും ചെയ്യുന്നു.17ഇതുനിമിത്തം യഹോവ സീയോൻ പുത്രിമാരുടെ നെറുകയ്ക്കു ചൊറി പിടിപ്പിക്കും; യഹോവ അവരുടെ ഗുഹ്യപ്രദേശങ്ങളെ നഗ്നമാക്കും.
18അന്നു കർത്താവ് അവരുടെ കാൽച്ചിലമ്പുകളുടെ അലങ്കാരം,19അവരുടെ നെറ്റിപ്പട്ടം, ചന്ദ്രക്കല, കാതില, കടകം, കവണി,20തലപ്പാവ്, കാൽത്തള, പട്ടുകച്ച, പരിമളപ്പെട്ടി,
21ഏലസ്സ്, മോതിരം, മൂക്കുത്തി,22ഉത്സവ വസ്ത്രം, മേലാട, ശാൽവാ, ചെറുസഞ്ചി, ദർപ്പണം, ക്ഷോമപടം,23കല്ലാവ്, മൂടുപടം എന്നിവ നീക്കിക്കളയും.
24അപ്പോൾ സുഗന്ധത്തിനു പകരം ദുർഗ്ഗന്ധവും അരക്കച്ചയ്ക്കു പകരം കയറും പിന്നിയ തലമുടിക്കു പകരം കഷണ്ടിയും വിലയേറിയ മേലങ്കിക്കു പകരം ചാക്കുശീലയും സൗന്ദര്യത്തിനു പകരം കരിവാളിപ്പും ഉണ്ടാകും.25നിന്റെ പുരുഷന്മാർ വാളിനാലും നിന്റെ വീരന്മാർ യുദ്ധത്തിലും വീഴും.26സീയോൻ പുത്രിയുടെ വാതിലുകൾ വിലപിച്ചു ദുഃഖിക്കും; അവൾ ശൂന്യമായി നിലത്തു ഇരിക്കും.

4

1അന്ന് ഏഴു സ്ത്രീകൾ ഒരു പുരുഷനെ പിടിച്ച്: “ഞങ്ങൾ സ്വന്തം അപ്പം ഭക്ഷിക്കുകയും സ്വന്തവസ്ത്രം ധരിക്കുകയും ചെയ്തുകൊള്ളാം; നിന്റെ പേര് മാത്രം ഞങ്ങൾക്കു ഇരിക്കട്ടെ; ഞങ്ങളുടെ നിന്ദ നീക്കിക്കളയണമേ” എന്നു പറയും.

2ആ നാളിൽ യഹോവയുടെ ശാഖ ഭംഗിയും മഹത്ത്വവും ഉള്ളതും ഭൂമിയുടെ ഫലം യിസ്രായേലിലെ രക്ഷിതഗണത്തിന് മഹിമയും അഴകും ഉള്ളതും ആയിരിക്കും.
3കർത്താവ് ന്യായവിധിയുടെ കാറ്റുകൊണ്ടും ദഹനത്തിന്റെ കാറ്റുകൊണ്ടും സീയോൻ പുത്രിമാരുടെ മലിനത കഴുകിക്കളയുകയും യെരൂശലേമിന്റെ രക്തപാതകം അതിന്റെ നടുവിൽനിന്നു നീക്കി വെടിപ്പാക്കുകയും ചെയ്തശേഷം4സീയോനിൽ ശേഷിച്ചിരിക്കുന്നവനും യെരൂശലേമിൽ അവശേഷിച്ചിരിക്കുന്നവനും, ഇങ്ങനെ യെരൂശലേമിൽ ജീവനുള്ളവരുടെ കൂട്ടത്തിൽ പേര് എഴുതിയിരിക്കുന്ന ഏവനും തന്നെ, വിശുദ്ധൻ എന്നു വിളിക്കപ്പെടും.
5യഹോവ സീയോൻപർവ്വതത്തിലെ സകലവാസസ്ഥലത്തിന്മേലും അതിലെ സഭായോഗങ്ങളിന്മേലും പകലിന് ഒരു മേഘവും പുകയും രാത്രിക്ക് അഗ്നിജ്വാലയുടെ പ്രകാശവും സൃഷ്ടിക്കും; സകലതേജസ്സിനും മീതെ ഒരു വിതാനം ഉണ്ടായിരിക്കും.6പകൽ, വെയിൽ കൊള്ളാതിരിക്കുവാൻ തണലായും കൊടുങ്കാറ്റും മഴയും തട്ടാതിരിക്കുവാൻ സങ്കേതവും മറവിടവുമായും ഒരു കൂടാരം ഉണ്ടായിരിക്കും.

5

1ഞാൻ എന്റെ പ്രിയതമന് അവന്റെ മുന്തിരിത്തോട്ടത്തെക്കുറിച്ച് എന്റെ പ്രിയന്റെ പാട്ടു പാടും; എന്റെ പ്രിയതമന് ഏറ്റവും ഫലവത്തായ ഒരു കുന്നിന്മേൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു.2അവൻ അതിനു വേലി കെട്ടി, അതിലെ കല്ലു പെറുക്കിക്കളഞ്ഞു, അതിൽ നല്ലവക മുന്തിരിവള്ളി നട്ടു, നടുവിൽ ഒരു ഗോപുരം പണിതു, ഒരു മുന്തിരിച്ചക്കും ഇട്ടു; മുന്തിരിങ്ങ കായ്ക്കും എന്ന് അവൻ കാത്തിരുന്നു; കായിച്ചതോ കാട്ടുമുന്തിരിങ്ങയത്രേ.

3“അതിനാൽ യെരൂശലേംനിവാസികളും യെഹൂദാപുരുഷന്മാരും ആയുള്ളവരേ, എനിക്കും എന്റെ മുന്തിരിത്തോട്ടത്തിനും മദ്ധ്യേ വിധിക്കുവിൻ.4ഞാൻ എന്റെ മുന്തിരിത്തോട്ടത്തിൽ ചെയ്തിട്ടുള്ളതല്ലാതെ ഇനി അതിൽ എന്തു ചെയ്യുവാനുണ്ട്? മുന്തിരിങ്ങ കായ്ക്കുമെന്നു ഞാൻ കാത്തിരുന്നപ്പോൾ അതു കാട്ടുമുന്തിരിങ്ങ കായിച്ചത് എന്ത്? അതിനാൽ വരുവിൻ;
5ഞാൻ എന്റെ മുന്തിരിത്തോട്ടത്തോട് എന്തു ചെയ്യും എന്നു നിങ്ങളോട് അറിയിക്കാം; ഞാൻ അതിന്റെ വേലി പൊളിച്ചുകളയും; അതു തിന്നു പോകും; ഞാൻ അതിന്റെ മതിൽ ഇടിച്ചുകളയും; അതു ചവിട്ടി മെതിച്ചുപോകും.6ഞാൻ അതിനെ ശൂന്യമാക്കും; അതു വള്ളിത്തല മുറിക്കാതെയും കിളയ്ക്കാതെയും ഇരിക്കും; മുൾച്ചെടിയും മുള്ളും അതിൽ മുളയ്ക്കും; അതിൽ മഴ പെയ്യിക്കരുതെന്നു ഞാൻ മേഘങ്ങളോടു കല്പിക്കും.”
7സൈന്യങ്ങളുടെ യഹോവയുടെ മുന്തിരിത്തോട്ടം യിസ്രായേൽ ഗൃഹവും അവന്റെ മനോഹരമായ നടുതല യെഹൂദാപുരുഷന്മാരും ആകുന്നു; അവൻ ന്യായത്തിനായി കാത്തിരുന്നു; എന്നാൽ ഇതാ, അന്യായം! നീതിക്കായി നോക്കിയിരുന്നു; എന്നാൽ ഇതാ ഭീതി!
8അവർ മാത്രം ദേശമദ്ധ്യത്തിൽ പാർക്കത്തക്കവിധം മറ്റാർക്കും സ്ഥലം ഇല്ലാതാകുവോളവും വീടോടു വീടു ചേർക്കുകയും വയലോടു വയൽ കൂട്ടുകയും ചെയ്യുന്നവർക്ക് അയ്യോ കഷ്ടം!9ഞാൻ കേൾക്കെ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്തത്: “വലിയതും നല്ലതുമായിരിക്കുന്ന പല വീടുകളും ആൾ പാർപ്പില്ലാതെ ശൂന്യമാകും നിശ്ചയം.10പത്തേക്കർ മുന്തിരിത്തോട്ടത്തിൽനിന്ന് ഒരു ബത്തും ഒരു ഹോമർ വിത്തിൽനിന്ന് ഒരു ഏഫായും മാത്രം കിട്ടും.”
11അതികാലത്ത് എഴുന്നേറ്റു മദ്യം തേടി ഓടുകയും വീഞ്ഞു കുടിച്ചു മത്തരായി സന്ധ്യാസമയത്തു വൈകി ഇരിക്കുകയും ചെയ്യുന്നവർക്കും അയ്യോ കഷ്ടം!12അവരുടെ വിരുന്നുകളിൽ കിന്നരവും വീണയും തപ്പും കുഴൽവാദ്യവും വീഞ്ഞും ഉണ്ട്; എന്നാൽ യഹോവയുടെ പ്രവൃത്തിയെ അവർ നോക്കുന്നില്ല, അവന്റെ കൈവേലയെ പരിഗണിക്കുന്നതുമില്ല.
13അങ്ങനെ എന്റെ ജനം അറിവില്ലായ്കയാൽ പ്രവാസത്തിലേക്കു പോകുന്നു; അവരുടെ മാന്യന്മാർ പട്ടിണികിടക്കുന്നു; അവരുടെ ജനസമൂഹം ദാഹത്താൽ വരണ്ടുപോകുന്നു.14അതുകൊണ്ടു പാതാളം തൊണ്ട തുറന്നു, വിസ്താരമായി വായ് പിളർന്നിരിക്കുന്നു; അവരുടെ മഹിമയും ആരവവും ഘോഷവും അവയിൽ ഉല്ലസിക്കുന്നവരും അതിലേക്ക് ഇറങ്ങിപ്പോകുന്നു.
15അങ്ങനെ മനുഷ്യനെ കുനിയിപ്പിക്കുകയും പുരുഷനെ താഴ്ത്തുകയും നിഗളികളുടെ കണ്ണ് താഴുകയും ചെയ്യും.16എന്നാൽ സൈന്യങ്ങളുടെ യഹോവ ന്യായവിധിയിൽ ഉന്നതനായിരിക്കുകയും പരിശുദ്ധദൈവം നീതിയിൽ തന്നെത്താൻ പരിശുദ്ധനായി കാണിക്കുകയും ചെയ്യും.17അപ്പോൾ കുഞ്ഞാടുകൾ മേച്ചൽപുറത്തെന്നപോലെ മേയും; പുഷ്ടിയുള്ളവരുടെ ശൂന്യപ്രദേശങ്ങളെ സഞ്ചാരികൾ അനുഭവിക്കും.

18വ്യാജചരടുകൊണ്ട് അകൃത്യത്തെയും വണ്ടിക്കയറുകൊണ്ട് എന്നപോലെ പാപത്തെയും വലിക്കുകയും19“അവൻ ബദ്ധപ്പെട്ടു തന്റെ പ്രവൃത്തിയെ വേഗത്തിൽ നിവർത്തിക്കട്ടെ; കാണാമല്ലോ; യിസ്രായേലിൻ പരിശുദ്ധന്റെ ആലോചന അടുത്തുവരട്ടെ; നമുക്ക് അറിയാമല്ലോ” എന്നു പറയുകയും ചെയ്യുന്നവർക്ക് അയ്യോ കഷ്ടം!

20തിന്മയ്ക്ക് നന്മ എന്നും നന്മയ്ക്കു തിന്മ എന്നും പേര് പറയുകയും ഇരുട്ടിനെ വെളിച്ചവും വെളിച്ചത്തെ ഇരുട്ടും ആക്കുകയും കൈപ്പിനെ മധുരവും മധുരത്തെ കൈപ്പും ആക്കുകയും ചെയ്യുന്നവർക്ക് അയ്യോ കഷ്ടം!

21തങ്ങൾക്കുതന്നെ ജ്ഞാനികളായും തങ്ങൾക്കുതന്നെ വിവേകികളായും തോന്നുന്നവർക്ക് അയ്യോ കഷ്ടം!
22വീഞ്ഞു കുടിക്കുവാൻ വീരന്മാരും മദ്യം കലർത്തുവാൻ ശൂരന്മാരും ആയുള്ളവർക്കും23സമ്മാനം1 നിമിത്തം ദുഷ്ടനെ നീതീകരിക്കുകയും നീതിമാന്റെ നീതിയെ ഇല്ലാതാക്കുകയും ചെയ്യുന്നവർക്കും അയ്യോ കഷ്ടം!
24അതുകൊണ്ടു തീനാവു വൈക്കോലിനെ തിന്നുകളയുകയും ഉണക്കപ്പുല്ല് ജ്വാലയാൽ ദഹിച്ചുപോകുകയും ചെയ്യുന്നതുപോലെ അവരുടെ വേര് ജീർണ്ണിച്ചുപോകും; അവരുടെ പുഷ്പം പൊടിപോലെ പറന്നുപോകും; അവർ സൈന്യങ്ങളുടെ യഹോവയുടെ ന്യായപ്രമാണത്തെ ഉപേക്ഷിച്ചു, യിസ്രായേലിൻ പരിശുദ്ധന്റെ വചനത്തെ നിന്ദിച്ചുകളഞ്ഞിരിക്കുന്നു.
25അതുനിമിത്തം യഹോവയുടെ കോപം തന്റെ ജനത്തിന്റെ നേരെ ജ്വലിക്കും; അവിടുന്ന് അവരുടെ നേരെ കൈ നീട്ടി അവരെ ദണ്ഡിപ്പിക്കും; അപ്പോൾ മലകൾ വിറയ്ക്കുകയും അവരുടെ ശവങ്ങൾ വീഥികളുടെ നടുവിൽ ചവറുപോലെ ആയിത്തീരുകയും ചെയ്യും; ഇതെല്ലാംകൊണ്ടും അവിടുത്തെ കോപം അടങ്ങാതെ അവിടുത്തെ കൈ ഇനിയും നീട്ടിയിരിക്കും.
26യഹോവ ദൂരത്തുള്ള ജനതകൾക്ക് ഒരു കൊടി ഉയർത്തി, ഭൂമിയുടെ അറ്റത്തുനിന്ന് അവരെ ചൂളമടിച്ചു വിളിക്കും; അവർ ബദ്ധപ്പെട്ടു വേഗത്തിൽ വരും.
27അവരിൽ ഒരുത്തനും ക്ഷീണിക്കുകയോ ഇടറുകയോ ചെയ്യുകയില്ല; ഒരുത്തനും ഉറക്കം തൂങ്ങുകയില്ല, ഉറങ്ങുകയുമില്ല; അവരുടെ അരക്കച്ച അയഞ്ഞുപോവുകയില്ല, ചെരിപ്പുവാറു പൊട്ടുകയുമില്ല.28അവരുടെ അമ്പ് കൂർത്തും വില്ല് എല്ലാം കുലച്ചും ഇരിക്കുന്നു; അവരുടെ കുതിരകളുടെ കുളമ്പു തീക്കല്ലുപോലെയും അവരുടെ രഥചക്രം ചുഴലിക്കാറ്റുപോലെയും തോന്നും.
29അവരുടെ ഗർജ്ജനം സിംഹത്തിന്റേതുപോലെ ഇരിക്കും; അവർ ബാലസിംഹങ്ങളെപ്പോലെ ഗർജ്ജിക്കും; അവർ അലറി, ഇരപിടിച്ചു കൊണ്ടുപോകും; ആരും വിടുവിക്കുകയും ഇല്ല.30ആ നാളിൽ അവർ കടലിന്റെ അലർച്ചപോലെ അവരുടെ നേരെ അലറും; ദേശത്തു നോക്കിയാൽ ഇതാ, അന്ധകാരവും കഷ്ടതയും തന്നെ; അതിന്റെ മേഘങ്ങളിൽ വെളിച്ചം ഇരുണ്ടുപോകും2 .


1 5:23 സമ്മാനം കൈക്കൂലി.
2 5:30 അതിന്റെ മേഘങ്ങളിൽ വെളിച്ചം ഇരുണ്ടുപോകും മേഘങ്ങളാൽ വെളിച്ചം ഇരുണ്ടുപോകും എന്നുമാകാം.

6

1ഉസ്സീയാരാജാവ് മരിച്ച വർഷം കർത്താവ്, ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു; അവന്റെ വസ്ത്രത്തിന്റെ തൊങ്ങലുകൾ മന്ദിരത്തെ നിറച്ചിരുന്നു.2സാറാഫുകൾ അവന് ചുറ്റും നിന്നു; ഓരോരുത്തന് ആറാറു ചിറകുണ്ടായിരുന്നു; രണ്ടുകൊണ്ട് അവർ മൂഖം മൂടി; രണ്ടുകൊണ്ടു കാൽ മൂടി; രണ്ടുകൊണ്ടു പറന്നു.

3ഒരുത്തനോട് ഒരുത്തൻ; “സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; സർവ്വഭൂമിയും അവന്റെ മഹത്ത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു” എന്ന് ആർത്തുപറഞ്ഞു.
4അവർ ആർക്കുന്ന ശബ്ദത്താൽ ഉമ്മരപ്പടികളുടെ അടിസ്ഥാനങ്ങൾ കുലുങ്ങി, ആലയം പുകകൊണ്ടു നിറഞ്ഞു.5അപ്പോൾ ഞാൻ: “എനിക്ക് അയ്യോ കഷ്ടം; ഞാൻ നശിച്ചു; ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ള ഒരു മനുഷ്യൻ; ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ള ജനത്തിന്റെ നടുവിൽ വസിക്കുന്നു; എന്റെ കണ്ണ് സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടുവല്ലോ” എന്നു പറഞ്ഞു.
6അപ്പോൾ സാറാഫുകളിൽ ഒരുത്തൻ യാഗപീഠത്തിൽനിന്നു കൊടിൽ1 കൊണ്ട് ഒരു തീക്കനൽ എടുത്തു കൈയിൽ പിടിച്ചുകൊണ്ട് എന്റെ അടുക്കൽ പറന്നുവന്നു,7അത് എന്റെ വായ്ക്കു തൊടുവിച്ചു: “ഇതാ, ഇതു നിന്റെ അധരങ്ങളെ തൊട്ടതിനാൽ നിന്റെ അകൃത്യം നീങ്ങി നിന്റെ പാപത്തിനു പരിഹാരം വന്നിരിക്കുന്നു” എന്നു പറഞ്ഞു.
8അനന്തരം “ഞാൻ ആരെ അയയ്ക്കേണ്ടു? ആര് നമുക്കുവേണ്ടി പോകും?” എന്നു ചോദിക്കുന്ന കർത്താവിന്റെ ശബ്ദം കേട്ടിട്ട്: “അടിയൻ ഇതാ അടിയനെ അയയ്ക്കേണമേ” എന്നു ഞാൻ പറഞ്ഞു.9അപ്പോൾ അവൻ അരുളിച്ചെയ്തത്: “നീ ചെന്ന്, ഈ ജനത്തോടു പറയേണ്ടത്: ‘നിങ്ങൾ കേട്ടിട്ടും കേട്ടിട്ടും തിരിച്ചറിയുകയില്ല; നിങ്ങൾ കണ്ടിട്ടും കണ്ടിട്ടും ഗ്രഹിക്കുകയുമില്ല.’
10ഈ ജനം കണ്ണുകൊണ്ടു കാണുകയോ ചെവികൊണ്ടു കേൾക്കുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കുകയോ മനസ്സു തിരിഞ്ഞു സൗഖ്യം പ്രാപിക്കുകയോ ചെയ്യാതെ ഇരിക്കേണ്ടതിനു നീ അവരുടെ ഹൃദയം തടിപ്പിക്കുകയും അവരുടെ ചെവി മന്ദമാക്കുകയും അവരുടെ കണ്ണ് അടച്ചുകളയുകയും ചെയ്യുക.”
11“കർത്താവേ, എത്രത്തോളം?” എന്നു ഞാൻ ചോദിച്ചതിന് അവൻ: “പട്ടണങ്ങൾ നിവാസികളില്ലാതെയും വീടുകൾ ആളില്ലാതെയും ശൂന്യമായി ദേശം തീരെ പാഴായിപ്പോവുകയും12യഹോവ മനുഷ്യരെ ദൂരത്ത് അകറ്റിയിട്ട് ദേശത്തിന്റെ നടുവിൽ വലിയ ഒരു നിർജ്ജനപ്രദേശം ഉണ്ടാവുകയും ചെയ്യുവോളം തന്നെ” എന്നു ഉത്തരം പറഞ്ഞു.
13“അതിൽ പത്തിൽ ഒരംശം എങ്കിലും ശേഷിച്ചാൽ അതു വീണ്ടും നാശത്തിന് ഇരയായിത്തീരും; എങ്കിലും കരിമരവും കരുവേലകവും വെട്ടിയിട്ടാൽ അവയുടെ കുറ്റി ശേഷിച്ചിരിക്കുന്നതുപോലെ വിശുദ്ധസന്തതി ഒരു കുറ്റിയായി ശേഷിക്കും.”


1 6:6 കൊടിൽ ചവണ എന്ന് മറ്റൊരു പേര്.

7

1ഉസ്സീയാവിന്റെ മകനായ യോഥാമിന്റെ മകനായി യെഹൂദാരാജാവായ ആഹാസിന്റെ കാലത്ത് അരാമ്യരാജാവായ രെസീനും രെമല്യാവിന്റെ മകനായി യിസ്രായേൽരാജാവായ പേക്കഹും യെരൂശലേമിന്റെ നേരെ യുദ്ധം ചെയ്യുവാൻ പുറപ്പെട്ടുവന്നു; അതിനെ പിടിക്കുവാൻ അവർക്കു കഴിഞ്ഞില്ലതാനും.2“അരാം എഫ്രയീമിനോടു യോജിച്ചിരിക്കുന്നു” എന്നു ദാവീദുഗൃഹത്തിനു അറിവുകിട്ടിയപ്പോൾ അവന്റെ ഹൃദയവും അവന്റെ ജനത്തിന്റെ ഹൃദയവും കാട്ടിലെ വൃക്ഷങ്ങൾ കാറ്റുകൊണ്ട് ഉലയും പോലെ ഉലഞ്ഞുപോയി.

3അപ്പോൾ യഹോവ യെശയ്യാവോട് അരുളിച്ചെയ്തതെന്തെന്നാൽ: “നീയും നിന്റെ മകൻ ശെയാർ-യാശൂബും അലക്കുകാരന്റെ വയലിലേക്കുള്ള പ്രധാനപാതയ്ക്കരികിൽ മേലെക്കുളത്തിന്റെ നീർപാത്തിയുടെ അറ്റത്ത് ആഹാസിനെ എതിരേല്ക്കുവാൻ ചെന്ന് അവനോടു പറയേണ്ടത്:4‘സൂക്ഷിച്ചുകൊള്ളുക: സാവധാനമായിരിക്കുക; പുകയുന്ന ഈ രണ്ടു കഷണം തീക്കൊള്ളി1 നിമിത്തം, അരാമിന്റെയും രെസീന്റെയും രെമല്യാവിൻ മകന്റെയും ഉഗ്രകോപംനിമിത്തം നീ ഭയപ്പെടരുത്; നിന്റെ ധൈര്യം ക്ഷയിച്ചുപോകുകയുമരുത്.
5നാം യെഹൂദയുടെ നേരെ ചെന്ന് അതിനെ ഭയപ്പെടുത്തി മതിൽ ഇടിച്ചു കടന്നു താബെയലിന്റെ മകനെ അവിടെ രാജാവായി വാഴിക്കണം’ ” എന്നു പറഞ്ഞു.6അരാമും എഫ്രയീമും രെമല്യാവിന്റെ മകനും നിന്റെ നേരെ ദുരാലോചന ചെയ്യുകകൊണ്ടു
7യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “അതു സംഭവിക്കുകയില്ല, സാധിക്കുകയുമില്ല.8അരാമിനു തല2 ദമ്മേശെക്; ദമ്മേശെക്കിനു തല രെസീൻ അറുപത്തഞ്ചു വർഷത്തിനകം എഫ്രയീം ജനമായിരിക്കാത്തവിധം തകർന്നുപോകും.9എഫ്രയീമിനു തല ശമര്യ; ശമര്യയ്ക്കു തല രെമല്യാവിന്റെ മകൻ; നിങ്ങൾക്കു വിശ്വാസം ഇല്ലെങ്കിൽ സ്ഥിരവാസവുമില്ല.”
10യഹോവ പിന്നെയും ആഹാസിനോട്:11“നിന്റെ ദൈവമായ യഹോവയോടു താഴെ പാതാളത്തിലോ മീതെ ഉയരത്തിലോ ഒരു അടയാളം ചോദിച്ചുകൊള്ളുക” എന്നു കല്പിച്ചതിന് ആഹാസ്:12“ഞാൻ ചോദിക്കുകയില്ല, യഹോവയെ പരീക്ഷിക്കുകയും ഇല്ല” എന്നു പറഞ്ഞു.
13അതിന് യെശയ്യാവ് പറഞ്ഞത്: “ദാവീദ് ഗൃഹമേ, കേൾക്കുവിൻ; മനുഷ്യരെ മുഷിപ്പിക്കുന്നതു പോരാഞ്ഞിട്ടോ നിങ്ങൾ എന്റെ ദൈവത്തെക്കൂടെ മുഷിപ്പിക്കുന്നത്?14അതുകൊണ്ടു കർത്താവു തന്നെ നിങ്ങൾക്ക് ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന് ഇമ്മാനൂവേൽ എന്നു പേര് വിളിക്കും.15തിന്മ തള്ളി നന്മ തിരഞ്ഞെടുക്കുവാൻ പ്രായമാകുംവരെ അവൻ തൈരും തേനുംകൊണ്ട് ഉപജീവിക്കും.
16തിന്മ തള്ളി നന്മ തിരഞ്ഞെടുക്കുവാൻ ബാലനു പ്രായമാകുംമുമ്പ്, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.17യഹോവ നിന്റെമേലും നിന്റെ ജനത്തിന്മേലും നിന്റെ പിതൃഭവനത്തിന്മേലും എഫ്രയീം യെഹൂദയെ വിട്ടുപിരിഞ്ഞ നാൾമുതൽ വന്നിട്ടില്ലാത്ത ഒരു കാലം വരുത്തും; അശ്ശൂർരാജാവിനെത്തന്നെ.

18ആ നാളിൽ യഹോവ ഈജിപ്റ്റിലെ നദികളുടെ അറ്റത്തുനിന്നു ഈച്ചയെയും അശ്ശൂർദേശത്തുനിന്നു തേനീച്ചയെയും ചൂളമടിച്ചു വിളിക്കും.19അവ ഒക്കെയും വന്നു ശൂന്യമായ താഴ്വരകളിലും പാറപ്പിളർപ്പുകളിലും എല്ലാമുൾപടർപ്പുകളിലും എല്ലാ മേച്ചൽപുറങ്ങളിലും പറ്റും
20ആ നാളിൽ കർത്താവ് നദിക്ക് അക്കരെനിന്നു കൂലിക്കു വാങ്ങിയ ക്ഷൗരക്കത്തികൊണ്ട്, അശ്ശൂർരാജാവിനെക്കൊണ്ടുതന്നെ, തലയും കാലും ക്ഷൗരം ചെയ്യും; അതു താടിയും കൂടി നീക്കും.21ആ നാളിൽ ഒരുവൻ ഒരു പശുക്കിടാവിനെയും രണ്ട് ആടിനെയും വളർത്തും.22അവയെ കറന്നു കിട്ടുന്ന പാലിന്റെ പെരുപ്പംകൊണ്ട് അവൻ തൈരു തന്നെ ഭക്ഷിക്കും; ദേശത്തു ശേഷിച്ചിരിക്കുന്ന ഏവരുടെയും ആഹാരം തൈരും തേനും ആയിരിക്കും.

23ആ നാളിൽ ആയിരം വെള്ളിക്കാശു വിലയുള്ള ആയിരം മുന്തിരിവള്ളി ഉണ്ടായിരുന്ന സ്ഥലമെല്ലാം മുള്ളുകളും മുൾച്ചെടികളും പിടിച്ചുകിടക്കും.24ദേശമെല്ലാം മുള്ളുകളും മുൾച്ചെടികളും പിടിച്ചുകിടക്കുന്നതിനാൽ മനുഷ്യർ അമ്പും വില്ലും എടുത്തുകൊണ്ടു മാത്രമേ അവിടേക്കു ചെല്ലുകയുള്ളു.25തൂമ്പാകൊണ്ടു കിളച്ചുവന്ന എല്ലാമലകളിലും മുള്ളുകളും മുൾച്ചെടികളും പേടിച്ചിട്ട് ആരും പോവുകയില്ല; അതു കാളകളെ അഴിച്ചുവിടുവാനും ആടുകൾ ചവിട്ടിക്കളയുവാനുമുള്ള ഇടമാകും.”


1 7:4 ക്കൊള്ളി വിറക് കഷണം.
2 7:8 തല തലസ്ഥാനം എന്നും ഉണ്ട്.

8

1യഹോവ എന്നോടു കല്പിച്ചത്: “നീ ഒരു വലിയ പലക എടുത്ത്, സാമാന്യഅക്ഷരത്തിൽ: മഹേർ-ശാലാൽ ഹാശ്-ബസ് എന്ന് എഴുതുക.2ഞാൻ ഊരിയാപുരോഹിതനെയും യെബെരെഖ്യാവിന്റെ മകനായ സെഖര്യാവെയും എനിക്കു വിശ്വസ്തസാക്ഷികളാക്കി വയ്ക്കും.”

3ഞാൻ പ്രവാചകിയുടെ അടുക്കൽ ചെന്നു; അവൾ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു. യഹോവ എന്നോട്: “അവന് മഹേർ-ശാലാൽ ഹാശ്-ബസ് എന്നു പേര് വിളിക്കുക;4ഈ കുട്ടിക്ക് ‘അപ്പാ, അമ്മേ’ എന്നു വിളിക്കുവാൻ പ്രായമാകുംമുമ്പ് ദമ്മേശെക്കിലെ ധനവും ശമര്യയിലെ കൊള്ളയും അശ്ശൂർ രാജാവിന്റെ അടുക്കലേക്ക് എടുത്തുകൊണ്ടുപോകും” എന്നരുളിച്ചെയ്തു.
5യഹോവ പിന്നെയും എന്നോട് അരുളിച്ചെയ്തത് എന്തെന്നാൽ:6“ഈ ജനം സാവധാനത്തോടെ ഒഴുകുന്ന ശീലോഹാവെള്ളത്തെ നിരസിച്ചു രെസീനിലും രെമല്യാവിൻമകനിലും സന്തോഷിക്കുന്നതുകൊണ്ട്,7അതുകാരണത്താൽ തന്നെ, യഹോവ നദിയിലെ ബലമേറിയ പെരുവെള്ളത്തെ, അശ്ശൂർരാജാവിനെയും അവന്റെ സകലമഹത്ത്വത്തെയും തന്നെ, അവരുടെമേൽ വരുത്തും; അത് അതിന്റെ എല്ലാതോടുകളിലും പൊങ്ങി അതിന്റെ എല്ലാകരകളെയും കവിഞ്ഞൊഴുകും.
8അതു യെഹൂദായിലേക്കു കടന്നു കവിഞ്ഞൊഴുകി കഴുത്തോളം എത്തും; അതിന്റെ വിടർന്ന ചിറക്, ഇമ്മാനൂവേലേ, നിന്റെ ദേശത്തിന്റെ വിസ്‌തൃതിയെ മൂടും.”

9ജനതകളേ, കലഹിക്കുവിൻ; തകർന്നുപോകുവിൻ! സകല ദൂരരാജ്യക്കാരുമായുള്ളവരേ, ശ്രദ്ധിച്ചുകൊള്ളുവിൻ; അര കെട്ടിക്കൊള്ളുവിൻ; തകർന്നുപോകുവിൻ. അര കെട്ടിക്കൊള്ളുവിൻ, തകർന്നുപോകുവിൻ.10കൂടി ആലോചിച്ചുകൊള്ളുവിൻ; അതു നിഷ്ഫലമായിത്തീരും; കാര്യം പറഞ്ഞുറക്കുവിൻ; അതു നിലനില്ക്കുകയില്ല; ദൈവം ഞങ്ങളോടുകൂടി ഉണ്ട്.
11യഹോവ ബലമുള്ള കൈകൊണ്ട് എന്നെ പിടിച്ച് എന്നോട് അരുളിച്ചെയ്തു; ഞാൻ ഈ ജനത്തിന്റെ വഴിയിൽ നടക്കാതെയിരിക്കേണ്ടതിന് എനിക്ക് ഉപദേശിച്ചുതന്നത് എന്തെന്നാൽ:12“ഈ ജനം കൂട്ടുകെട്ട് എന്നു പറയുന്നതിനെല്ലാം കൂട്ടുകെട്ട് എന്നു നിങ്ങൾ പറയരുത്; അവർ ഭയപ്പെടുന്നതിനെ നിങ്ങൾ ഭയപ്പെടരുത്, ഭ്രമിച്ചുപോകുകയുമരുത്.13സൈന്യങ്ങളുടെ യഹോവയെ ശുദ്ധീകരിക്കുവിൻ ; അവിടുന്ന് തന്നെ നിങ്ങളുടെ ഭയവും നിങ്ങളുടെ ഭീതിയും ആയിരിക്കട്ടെ.
14എന്നാൽ അവൻ ഒരു വിശുദ്ധമന്ദിരമായിരിക്കും; എങ്കിലും യിസ്രായേൽഗൃഹത്തിനു രണ്ടിനും അവൻ ഒരു ഇടർച്ചക്കല്ലും തടങ്ങൽപാറയും യെരൂശലേം നിവാസികൾക്ക് ഒരു കുടുക്കും കെണിയും ആയിരിക്കും.15പലരും അതിന്മേൽ തട്ടിവീണു തകർന്നുപോവുകയും കെണിയിൽ കുടുങ്ങി പിടിപെടുകയും ചെയ്യും.”

16സാക്ഷ്യം പൊതിഞ്ഞുകെട്ടുക; എന്റെ ശിഷ്യന്മാരുടെ ഇടയിൽ ഉപദേശം മുദ്രയിട്ടു വയ്ക്കുക.17ഞാനോ യാക്കോബ് ഗൃഹത്തിന് തന്റെ മുഖം മറച്ചുകളഞ്ഞ യഹോവയ്ക്കായി കാത്തിരിക്കുകയും പ്രത്യാശിക്കുകയും ചെയ്യും.18ഇതാ, ഞാനും യഹോവ എനിക്കു തന്ന മക്കളും സീയോൻപർവ്വതത്തിൽ അധിവസിക്കുന്ന സൈന്യങ്ങളുടെ യഹോവയാൽ യിസ്രായേലിൽ അടയാളങ്ങളും അത്ഭുതങ്ങളും ആയിരിക്കുന്നു.
19“വെളിച്ചപ്പാടന്മാരോട് ചിലയ്ക്കുകയും ജപിക്കുകയും ചെയ്യുന്നവരായ ലക്ഷണവാദികളോടും അരുളപ്പാടു ചോദിക്കുവിൻ” എന്ന് അവർ നിങ്ങളോടു പറയുന്നുവെങ്കിൽ - “ജനം അവരുടെ ദൈവത്തോടല്ലയോ ചോദിക്കേണ്ടത്? ജീവനുള്ളവർക്കുവേണ്ടി മരിച്ചവരോടോ ചോദിക്കേണ്ടത്?20ഉപദേശത്തിനും സാക്ഷ്യത്തിനും വരുവിൻ!” അവർ ഈ വാക്കുപോലെ പറയുന്നില്ലെങ്കിൽ - അവർക്ക് അരുണോദയം ഉണ്ടാവുകയില്ല.
21അവർ ഏറ്റവും വലഞ്ഞും വിശന്നും ദേശത്തുകൂടി കടന്നുപോകും; അവർക്കു വിശക്കുമ്പോൾ അവർ കോപാകുലരായി മുഖം മേലോട്ടുയർത്തി അവരുടെ രാജാവിനെയും അവരുടെ ദൈവത്തെയും ശപിക്കും.22അവർ ഭൂമിയിൽ നോക്കുമ്പോൾ കഷ്ടതയും അന്ധകാരവും സങ്കടമുള്ള തിമിരവും1 കാണും; കൂരിരുട്ടിലേക്ക് അവരെ തള്ളിക്കളയും.


1 8:22 സങ്കടമുള്ള തിമിരവും കഠിനവേദനയുടെ ഇരുളും എന്നുമാകാം.


8:13 സൈന്യങ്ങളുടെ യഹോവയെ ശുദ്ധീകരിപ്പിൻ ലേവ്യപുസ്ത്കം 19:2; തെസ്സലൊനീക്യർ 4:3.
9

1എന്നാൽ കഷ്ടതയിൽ ഇരുന്ന ദേശത്തിന് തിമിരം1 നില്ക്കുകയില്ല; പണ്ട് അവിടുന്ന് സെബൂലൂൻദേശത്തിനും നഫ്താലിദേശത്തിനും അപമാനം വരുത്തിയെങ്കിലും പിന്നത്തേതിൽ അവിടുന്ന് കടൽവഴിയായി യോർദ്ദാനക്കരെയുള്ള ജാതികളുടെ ഗലീലയിൽ മഹത്ത്വം വരുത്തും.2ഇരുട്ടിൽ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; മരണനിഴലിന്റെ ദേശത്തു വസിച്ചവരുടെ മേൽ പ്രകാശം ശോഭിച്ചു.

3അവിടുന്ന് ജനതയെ പെരുക്കുന്നു; അവരുടെ ആനന്ദത്തെ വർദ്ധിപ്പിക്കുന്നു; അവർ അവിടുത്തെ സന്നിധിയിൽ സന്തോഷിക്കുന്ന സന്തോഷം കൊയ്ത്തുകാലത്തിലെ സന്തോഷംപോലെയും കൊള്ളപങ്കിടുമ്പോൾ ആനന്ദിക്കുന്നതു2 പോലെയും ആകുന്നു.
4അവൻ ചുമക്കുന്ന നുകവും അവന്റെ ചുമലിലെ കോലും അവനെ ദണ്ഡിപ്പിക്കുന്നവന്റെ വടിയും മിദ്യാന്റെ നാളിലെപ്പോലെ അവിടുന്ന് ഒടിച്ചുകളഞ്ഞിരിക്കുന്നു.5ഒച്ചയോടെ ചവിട്ടി നടക്കുന്ന യോദ്ധാവിന്റെ ചെരിപ്പൊക്കെയും രക്തംപുരണ്ട വസ്ത്രവും വിറകുപോലെ തീക്ക് ഇരയായിത്തീരും.
6നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്ക് ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന് അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവ്, സമാധാനപ്രഭു എന്നു പേര് വിളിക്കപ്പെടും.7അവന്റെ ആധിപത്യത്തിന്റെ വർദ്ധനയ്ക്കും സമാധാനത്തിനും അവസാനം ഉണ്ടാവുകയില്ല; ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജത്വത്തിലും ഇന്നുമുതൽ എന്നെന്നേക്കും അവൻ അതിനെ ന്യായത്തോടും നീതിയോടും കൂടി സ്ഥാപിച്ചു നിലനിർത്തും; സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ നിവർത്തിക്കും.
8കർത്താവ് യാക്കോബിൽ ഒരു വചനം അയച്ചു; അതു യിസ്രായേലിന്മേൽ വീണും ഇരിക്കുന്നു.9“ഇഷ്ടികകൾ വീണുപോയി എങ്കിലും ഞങ്ങൾ വെട്ടുകല്ലുകൊണ്ടു പണിയും; കാട്ടത്തികളെ വെട്ടിക്കളഞ്ഞു എങ്കിലും ഞങ്ങൾ അവയ്ക്കു പകരം ദേവദാരുക്കളെ നട്ടുകൊള്ളും”10എന്നിങ്ങനെ അഹങ്കാരത്തോടും ഹൃദയഗർവ്വത്തോടുംകൂടി പറയുന്ന എഫ്രയീമും ശമര്യനിവാസികളുമായ ജനമെല്ലാം അത് അറിയും.
11അതുകൊണ്ട് യഹോവ രെസീന്റെ വൈരികളെ അവന്റെ നേരെ ഉയർത്തി, അവന്റെ ശത്രുക്കളെ ഇളക്കിവിട്ടിരിക്കുന്നു.12അരാമ്യർ കിഴക്കും ഫെലിസ്ത്യർ പടിഞ്ഞാറും തന്നെ; അവർ യിസ്രായേലിനെ വായ് പിളർന്നു വിഴുങ്ങിക്കളയും. ഇതെല്ലാംകൊണ്ടും അവിടുത്തെ കോപം അടങ്ങാതെ അവിടുത്തെ കൈ ഇനിയും നീട്ടിയിരിക്കും.
13എന്നിട്ടും ജനം അവരെ അടിക്കുന്നവനിലേക്കു തിരിയുന്നില്ല; സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കുന്നതുമില്ല.14അതുകൊണ്ട് യഹോവ യിസ്രായേലിൽനിന്നു തലയും വാലും പനമ്പട്ടയും പോട്ടപ്പുല്ലും ഒരു ദിവസത്തിൽ തന്നെ ഛേദിച്ചുകളയും.15മൂപ്പനും മാന്യപുരുഷനും തന്നെ തല; അസത്യം ഉപദേശിക്കുന്ന പ്രവാചകൻ തന്നെ വാൽ.
16ഈ ജനത്തെ നടത്തുന്നവർ അവരെ തെറ്റിച്ചുകളയുന്നു; അവരാൽ നടത്തപ്പെടുന്നവർ നശിച്ചുപോകുന്നു.17അതുകൊണ്ട് കർത്താവ് അവരുടെ യൗവനക്കാരിൽ സന്തോഷിക്കുകയില്ല; അവരുടെ അനാഥന്മാരോടും വിധവമാരോടും അവിടുത്തേക്കു കരുണ തോന്നുകയുമില്ല; എല്ലാവരും വഷളന്മാരും ദുഷ്കർമ്മികളും ആകുന്നു; എല്ലാവായും ബുദ്ധികേട്‌ സംസാരിക്കുന്നു. ഇത് എല്ലാംകൊണ്ടും അവിടുത്തെ കോപം അടങ്ങാതെ അവിടുത്തെ കൈ ഇനിയും നീട്ടിയിരിക്കും.
18ദുഷ്ടത തീപോലെ ജ്വലിക്കുന്നു; അതു മുൾച്ചെടികളും മുള്ളുകളും ദഹിപ്പിക്കുന്നു; വനത്തിലെ കുറ്റിക്കാടുകളിൽ കത്തുന്നു; പുകത്തൂണുകളായി ഉരുണ്ടുഉയരുന്നു.19സൈന്യങ്ങളുടെ യഹോവയുടെ കോപംനിമിത്തം ദേശം ദഹിച്ചുപോയിരിക്കുന്നു; ജനവും തീയ്ക്ക് ഇരയായിരിക്കുന്നു; ഒരുത്തനും തന്റെ സഹോദരനെ ആദരിക്കുന്നില്ല.
20ഒരുവൻ വലത്തുഭാഗം കടിച്ചുപറിച്ചിട്ടും വിശന്നിരിക്കും; ഇടത്തുഭാഗവും തിന്നും; തൃപ്തിവരുകയുമില്ല; ഓരോരുത്തൻ അവനവന്റെ ഭുജത്തിന്റെ മാംസം തിന്നുകളയുന്നു.21മനശ്ശെ എഫ്രയീമിനെയും എഫ്രയീം മനശ്ശെയെയും തന്നെ; അവർ ഇരുവരും യെഹൂദായ്ക്കു വിരോധമായിരിക്കുന്നു. ഇതെല്ലാംകൊണ്ടും അവിടുത്തെ കോപം അടങ്ങാതെ അവിടുത്തെ കൈ ഇനിയും നീട്ടിയിരിക്കും.


1 9:1 തിമിരം മങ്ങൽ എന്നുമാകാം.
2 9:3 ആനന്ദിക്കുന്നതു ആന്ദിക്കുന്നവരെപോലെയും എന്നുമാകാം.

10

1ദരിദ്രന്മാരുടെ ന്യായം മറിച്ചുകളയുവാനും എന്റെ ജനത്തിലെ എളിയവരുടെ അവകാശം ഇല്ലാതാക്കുവാനും വിധവമാർ അവർക്കു കൊള്ളയായിത്തീരുവാനും അനാഥന്മാരെ അവർക്ക് ഇരയാക്കുവാനും തക്കവിധം2നീതികെട്ട ചട്ടം നിയമിക്കുന്നവർക്കും അനർത്ഥം എഴുതിവയ്ക്കുന്ന എഴുത്തുകാർക്കും അയ്യോ കഷ്ടം!

3സന്ദർശനദിവസത്തിലും ദൂരത്തുനിന്നു വരുന്ന വിനാശത്തിങ്കലും നിങ്ങൾ എന്തു ചെയ്യും? സഹായത്തിനായിട്ടു നിങ്ങൾ ആരുടെ അടുക്കൽ ഓടിപ്പോകും? നിങ്ങളുടെ മഹത്ത്വം നിങ്ങൾ എവിടെ വച്ചുകൊള്ളും?4അവർ ബദ്ധന്മാരുടെ കീഴിൽ കുനിയുകയും കൊല്ലപ്പെട്ടവരുടെ കീഴിൽ വീഴുകയും ചെയ്യുകയേയുള്ളു. ഇതെല്ലാംകൊണ്ടും അവിടുത്തെ കോപം അടങ്ങാതെ അവിടുത്തെ കൈ ഇനിയും നീട്ടിയിരിക്കും.

5“എന്റെ കോപത്തിന്റെ കോലായ അശ്ശൂരിന് അയ്യോ കഷ്ടം! അവരുടെ കൈയിലെ വടി എന്റെ ക്രോധം ആകുന്നു.6ഞാൻ അവനെ അശുദ്ധമായ ഒരു ജനതയ്ക്കു നേരെ അയയ്ക്കും; എന്റെ ക്രോധം വഹിക്കുന്ന ജനത്തിനു വിരോധമായി ഞാൻ അവന് കല്പന കൊടുക്കും; അവരെ കൊള്ളയിടുവാനും കവർച്ച ചെയ്യുവാനും തെരുവീഥിയിലെ ചെളിയെപ്പോലെ ചവിട്ടിക്കളയുവാനും തന്നെ.
7അശ്ശൂരോ അങ്ങനെയല്ല നിരൂപിക്കുന്നത്; തന്റെ ഹൃദയത്തിൽ അങ്ങനെയല്ല വിചാരിക്കുന്നത്; നശിപ്പിക്കുവാനും അനേകം ജനതകളെ ഛേദിച്ചുകളയുവാനുമാകുന്നു അവന്റെ താത്പര്യം.8അവൻ പറയുന്നത്: ‘എന്റെ പ്രഭുക്കന്മാർ ഒക്കെയും രാജാക്കന്മാരല്ലയോ?9കല്നോ കർക്കെമീശിനെപ്പോലെയല്ലയോ? ഹമാത്ത് അർപ്പാദിനെപ്പോലെയല്ലയോ? ശമര്യ ദമ്മേശെക്കിനെപ്പോലെയല്ലയോ?
10യെരൂശലേമിലും ശമര്യയിലും ഉള്ളവയെക്കാൾ വിശേഷമായ ബിംബങ്ങൾ ഉണ്ടായിരുന്ന മിഥ്യാമൂർത്തികളുടെ രാജ്യങ്ങളെ എന്റെ കൈ എത്തിപ്പിടിച്ചിരിക്കെ,11ഞാൻ ശമര്യയോടും അതിലെ മിഥ്യാമൂർത്തികളോടും ചെയ്തതുപോലെ ഞാൻ യെരൂശലേമിനോടും അതിലെ വിഗ്രഹങ്ങളോടും ചെയ്യുകയില്ലയോ?’”

12അതുകൊണ്ടു കർത്താവ് സീയോൻപർവ്വതത്തിലും യെരൂശലേമിലും തന്റെ പ്രവൃത്തിയെല്ലാം തീർത്തശേഷം, “ഞാൻ അശ്ശൂർരാജാവിന്റെ അഹങ്കാരമുള്ള ഹൃദയത്തിന്റെ ഫലത്തെയും അവന്റെ ഉന്നതഭാവത്തിന്റെ മഹിമയെയും സന്ദർശിക്കും.13‘എന്റെ കൈയുടെ ശക്തികൊണ്ടും എന്റെ ജ്ഞാനം കൊണ്ടും ഞാൻ ഇതു ചെയ്തു; ഞാൻ ബുദ്ധിമാൻ; ഞാൻ ജനതകളുടെ അതിരുകളെ മാറ്റുകയും അവരുടെ ഭണ്ഡാരങ്ങളെ കവർന്നുകളയുകയും പരാക്രമിയെപ്പോലെ സിംഹാസനസ്ഥന്മാരെ താഴ്ത്തുകയും ചെയ്തിരിക്കുന്നു.
14എന്റെ കൈ ജനതകളുടെ ധനത്തെ ഒരു പക്ഷിക്കൂടിനെപ്പോലെ എത്തിപ്പിടിച്ചു; ഉപേക്ഷിച്ചുകളഞ്ഞ മുട്ടകളെ ശേഖരിക്കുന്നതുപോലെ, ഞാൻ സർവ്വഭൂമിയെയും കൂട്ടിച്ചേർത്തു; ചിറക് അനക്കുകയോ ചുണ്ടു തുറക്കുകയോ ചിലയ്ക്കുകയോ ചെയ്യുവാൻ ഒന്നും ഉണ്ടായിരുന്നില്ല’ എന്ന് അവൻ പറയുന്നുവല്ലോ.”
15വെട്ടുന്നവനോടു കോടാലി വമ്പു പറയുമോ? അറുക്കുന്നവനോട് ഈർച്ചവാൾ വലിപ്പം കാട്ടുമോ? അതോ, വടിപിടിക്കുന്നവനെ വടി പൊക്കുന്നതുപോലെയും മരമല്ലാത്തവനെ കോൽ ഉയർത്തുന്നതുപോലെയും ആകുന്നു.16അതുകൊണ്ട് സൈന്യങ്ങളുടെ യഹോവയായ കർത്താവ് അവന്റെ തടിച്ചുകൊഴുത്തവരുടെ ഇടയിൽ ക്ഷയം അയയ്ക്കും; അവന്റെ മഹത്ത്വത്തിൻ കീഴിൽ തീ കത്തുംപോലെ ഒന്നു കത്തും.
17യിസ്രായേലിന്റെ വെളിച്ചം ഒരു തീയായും അവന്റെ പരിശുദ്ധൻ ഒരു ജ്വാലയായും ഇരിക്കും; അതു കത്തി, ഒരു ദിവസംകൊണ്ട് അവന്റെ മുള്ളുകളും മുൾച്ചെടികളും ദഹിപ്പിച്ചുകളയും.18അവൻ അവന്റെ കാടിന്റെയും തോട്ടത്തിന്റെയും മഹത്ത്വത്തെ ദേഹിദേഹവുമായി നശിപ്പിക്കും; അത് ഒരു രോഗി ക്ഷയിച്ചു പോകുന്നതു പോലെയിരിക്കും.19അവന്റെ കാട്ടിൽ ശേഷിച്ചിരിക്കുന്ന വൃക്ഷങ്ങൾ ചുരുക്കം ആയിരിക്കും; ഒരു ബാലന് അവയെ എണ്ണി എഴുതാം.
20ആ നാളിൽ യിസ്രായേലിൽ ശേഷിച്ചവരും യാക്കോബ് ഗൃഹത്തിലെ രക്ഷിതഗണവും അവരെ അടിച്ചവനെ ഇനി ആശ്രയിക്കാതെ, യിസ്രായേലിന്റെ പരിശുദ്ധനായ യഹോവയെ പരമാർത്ഥമായി ആശ്രയിക്കും.21ഒരു ശേഷിപ്പു മടങ്ങിവരും (ശെയാർ-യാശൂബ്); യാക്കോബിന്റെ ശേഷിപ്പു വീരനാം ദൈവത്തിങ്കലേക്കു മടങ്ങിവരും.
22യിസ്രായേലേ, നിന്റെ ജനം കടല്ക്കരയിലെ മണൽപോലെ ആയിരുന്നാലും അതിൽ ഒരു ശേഷിപ്പു മാത്രം മടങ്ങിവരും; നീതി കവിഞ്ഞൊഴുകുന്ന സംഹാരം നിർണ്ണയിക്കപ്പെട്ടിരിക്കുന്നു.23എങ്ങനെ എന്നാൽ സൈന്യങ്ങളുടെ യഹോവയായ കർത്താവ് സർവ്വഭൂമിയുടെയും മദ്ധ്യത്തിൽ നിർണ്ണയിക്കപ്പെട്ട സംഹാരം വരുത്തും.
24അതുകൊണ്ടു സൈന്യങ്ങളുടെ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “സീയോനിൽ വസിക്കുന്ന എന്റെ ജനമേ, അശ്ശൂർ വടികൊണ്ടു നിന്നെ അടിക്കുകയും മിസ്രയീമിലെ രീതിയിൽ നിന്റെ നേരെ ചൂരൽ ഓങ്ങുകയും ചെയ്താലും നീ അവനെ ഭയപ്പെടണ്ടാ.25ഇനി അല്പസ്മയം കഴിഞ്ഞ് എന്റെ ക്രോധവും അവരുടെ സംഹാരത്തോടെ എന്റെ കോപവും തിർന്നുപോകും.”
26ഓറേബ് പാറയ്ക്കരികിൽ വച്ചുള്ള മിദ്യാന്റെ സംഹാരത്തിൽ എന്നപോലെ സൈന്യങ്ങളുടെ യഹോവ അവന്റെ നേരെ ഒരു ചമ്മട്ടി പൊക്കും; അവിടുന്ന് തന്റെ വടി സമുദ്രത്തിന്മേൽ നീട്ടും; മിസ്രയീമിൽ ചെയ്തതുപോലെ അതിനെ ഓങ്ങും.27ആ നാളിൽ അവന്റെ ചുമടു നിന്റെ തോളിൽനിന്നും അവന്റെ നുകം നിന്റെ കഴുത്തിൽനിന്നും നീങ്ങിപ്പോകും; അഭിഷേകതൈലം1 നിമിത്തം നുകം തകർന്നുപോകും.
28അവൻ അയ്യാത്തിൽ എത്തി, മിഗ്രോനിൽകൂടി കടന്നു; മിക്മാശിൽ തന്റെ പടക്കോപ്പു വച്ചിരിക്കുന്നു.29അവർ ചുരം കടന്നു; ഗേബയിൽ രാത്രി പാർത്തു; റാമാ നടുങ്ങുന്നു; ശൗലിന്റെ ഗിബെയാ ഓടിപ്പോയി.
30ഗല്ലീംപുത്രീ, ഉറക്കെ നിലവിളിക്കുക; ലയേശേ, ശ്രദ്ധിച്ചുകേൾക്കുക; അനാഥോത്തേ, ഉത്തരം പറയുക.31മദ്മേനാ പലായനം ചെയ്യുന്നു; ഗെബീംനിവാസികൾ രക്ഷയ്ക്കായി ഓടുന്നു.32ഇന്ന് അവൻ നോബിൽ താമസിക്കും; യെരൂശലേംഗിരിയായ സീയോൻ പുത്രിയുടെ പർവ്വതത്തിന്റെ നേരെ അവൻ കൈ കുലുക്കുന്നു.
33സൈന്യങ്ങളുടെ യഹോവയായ കർത്താവ് ശിഖരങ്ങളെ ഭയങ്കരമായി മുറിച്ചുകളയും; പൊക്കത്തിൽ വളർന്നവയെ അവൻ വെട്ടിയിടുകയും ഉയർന്നവയെ താഴ്ത്തുകയും ചെയ്യും.34അവൻ വനത്തിലെ കുറ്റിക്കാടുകളെ ഇരിമ്പായുധംകൊണ്ടു വെട്ടിക്കളയും; ലെബാനോനും ബലവാന്റെ കൈയാൽ വീണുപോകും.


1 10:27 അഭിഷേകതൈലം പുഷ്ടിനിമിത്തം എന്ന് മലയാളം ബൈബിളിൽ കാണുന്നു.

11

1എന്നാൽ യിശ്ശായിയുടെ കുറ്റിയിൽനിന്ന് ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളിൽനിന്നുള്ള ഒരു ശിഖരം ഫലം കായിക്കും.2അവന്റെ മേൽ യഹോവയുടെ ആത്മാവ് ആവസിക്കും; ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവ്, ആലോചനയുടെയും ബലത്തിന്റെയും ആത്മാവ്, പരിജ്ഞാനത്തിന്റെയും യഹോവാഭക്തിയുടെയും ആത്മാവുതന്നെ.

3അവന്റെ ആനന്ദം യഹോവാഭക്തിയിൽ ആയിരിക്കും; അവൻ കണ്ണുകൊണ്ടു കാണുന്നതുപോലെ ന്യായപാലനം ചെയ്യുകയില്ല; ചെവികൊണ്ടു കേൾക്കുന്നതുപോലെ വിധിക്കുകയുമില്ല.4അവൻ ദരിദ്രന്മാർക്കു നീതിയോടെ ന്യായം പാലിച്ചുകൊടുക്കുകയും ദേശത്തിലെ സാധുക്കൾക്കു നേരോടെ വിധികല്പിക്കുകയും ചെയ്യും; തന്റെ വായ് എന്ന വടികൊണ്ട് അവൻ ഭൂമിയെ അടിക്കും; തന്റെ അധരങ്ങളുടെ ശ്വാസംകൊണ്ടു ദുഷ്ടനെ കൊല്ലും.5നീതി അവന്റെ നടുക്കെട്ടും വിശ്വസ്തത അവന്റെ അരക്കച്ചയും ആയിരിക്കും.
6ചെന്നായ് കുഞ്ഞാടിനോടുകൂടി പാർക്കും; പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടി കിടക്കും; പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു വസിക്കും; ഒരു ചെറിയ കുട്ടി അവയെ നടത്തും.7പശു കരടിയോടുകൂടി മേയും; അവയുടെ കുട്ടികൾ ഒരുമിച്ചുകിടക്കും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും.
8മുലകുടിക്കുന്ന ശിശു സർപ്പത്തിന്റെ മാളത്തിനു മുകളിൽ കളിക്കും; മുലകുടി മാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈ ഇടും.9സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കുകയാൽ എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്യുകയില്ല.
10ആ നാളിൽ വംശങ്ങൾക്കു കൊടിയായി നില്ക്കുന്ന യിശ്ശായിവേരായവനെ ജാതികൾ അന്വേഷിച്ചുവരും; അവന്റെ വിശ്രാമസ്ഥലം മഹത്ത്വമുള്ളതായിരിക്കും.11ആ നാളിൽ കർത്താവ് തന്റെ ജനത്തിൽ ശേഷിച്ചിരിക്കുന്ന ശേഷിപ്പിനെ അശ്ശൂരിൽനിന്നും മിസ്രയീമിൽനിന്നും പത്രോസിൽനിന്നും കൂശിൽനിന്നും ഏലാമിൽനിന്നും ശിനാരിൽനിന്നും ഹമാത്തിൽനിന്നും സമുദ്രത്തിലെ ദ്വീപുകളിൽനിന്നും വീണ്ടുകൊള്ളുവാൻ രണ്ടാം പ്രാവശ്യം കൈ നീട്ടും.
12അവൻ ജനതകൾക്ക് ഒരു കൊടി ഉയർത്തി, യിസ്രായേലിന്റെ പുറത്താക്കപ്പെട്ടവരെ ചേർക്കുകയും യെഹൂദായുടെ ചിതറിപ്പോയവരെ ഭൂമിയുടെ നാലു ദിക്കുകളിൽനിന്നും ഒന്നിച്ചുകൂട്ടുകയും ചെയ്യും.13എഫ്രയീമിന്റെ അസൂയ നീങ്ങിപ്പോകും; യെഹൂദായെ എതിരിടുന്നവർ ഛേദിക്കപ്പെടും; എഫ്രയീം യെഹൂദായോട് അസൂയപ്പെടുകയില്ല; യെഹൂദാ എഫ്രയീമിനെ അസഹ്യപ്പെടുത്തുകയുമില്ല.
14അവർ പടിഞ്ഞാറു ഫെലിസ്ത്യരുടെ മലഞ്ചരിവിന്മേൽ ചാടും; കിഴക്കുള്ളവരെ ഒക്കെയും കൊള്ളയിടും; ഏദോമിന്മേലും മോവാബിന്മേലും കൈവയ്ക്കും; അമ്മോന്യർ അവരെ അനുസരിക്കും.15യഹോവ ഈജിപ്റ്റുകടലിന്റെ നാവിനു1 ഉന്മൂലനാശം വരുത്തും; അവിടുന്ന് ഉഷ്ണക്കാറ്റോടുകൂടി നദിയുടെ മീതെ കൈ ഓങ്ങി അതിനെ അടിച്ച് ഏഴു കൈവഴികളാക്കി മനുഷ്യരെ ചെരിപ്പു നനയാതെ കടക്കുമാറാക്കും.
16ഈജിപ്റ്റിൽനിന്നു പുറപ്പെട്ട നാളിൽ യിസ്രായേലിന് ഉണ്ടായിരുന്നതുപോലെ, അശ്ശൂരിൽനിന്ന് അവിടുത്തെ ജനത്തിൽ ശേഷിക്കുന്ന ശേഷിപ്പിന് ഒരു പ്രധാനപാത2 ഉണ്ടാകും.


1 11:15 മിസ്രയീംകടലിന്റെ നാവിന്നു ഈജിപ്തിലെ കടലിടുക്ക് (ന്യൂകിംഗ് ജെയിംസ് വേർഷൻ).
2 11:16 പെരുവഴി രാജപാത,പ്രധാനപാത, പെരുവഴി, പ്രധാനവഴി.

12

1ആ നാളിൽ നീ പറയുന്നത് എന്തെന്നാൽ: “യഹോവേ, അവിടുന്ന് എന്നോടു കോപിച്ചു അവിടുത്തെ കോപം മാറി, അവിടുന്ന് എന്നെ ആശ്വസിപ്പിച്ചിരിക്കുകയാൽ ഞാൻ അവിടുത്തേക്കു സ്തോത്രം ചെയ്യുന്നു.2ഇതാ, ദൈവം എന്റെ രക്ഷ; യഹോവയായ യാഹ് എന്റെ ബലവും എന്റെ ഗീതവും ആയിരിക്കുകകൊണ്ടും അവൻ എന്റെ രക്ഷയായ്തീർന്നിരിക്കുകകൊണ്ടും ഞാൻ ഭയപ്പെടാതെ ആശ്രയിക്കും.”

3അതുകൊണ്ടു നിങ്ങൾ സന്തോഷത്തോടെ രക്ഷയുടെ ഉറവുകളിൽനിന്നു വെള്ളം കോരും.4ആ നാളിൽ നിങ്ങൾ പറയുന്നത്: “യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; അവിടുത്തെ നാമത്തെ വിളിച്ചപേക്ഷിക്കുവിൻ; ജനതകളുടെ ഇടയിൽ അവിടുത്തെ പ്രവൃത്തികളെ അറിയിക്കുവിൻ; അവിടുത്തെ നാമം ഉന്നതമായിരിക്കുന്നു എന്നു പ്രസ്താവിക്കുവിൻ.
5യഹോവയ്ക്ക് കീർത്തനം ചെയ്യുവിൻ; അവിടുന്ന് ശ്രേഷ്ഠമായതു ചെയ്തിരിക്കുന്നു; ഇതു ഭൂമിയിൽ എല്ലായിടവും പ്രസിദ്ധമായിവരട്ടെ.6സീയോൻ നിവാസികളേ, യിസ്രായേലിന്റെ പരിശുദ്ധൻ നിങ്ങളുടെ മദ്ധ്യഠിൽ വലിയവനായിരിക്കുകയാൽ ഘോഷിച്ചുല്ലസിക്കുവിൻ.”

13

1ആമോസിന്റെ മകനായ യെശയ്യാവ് ബാബേലിനെക്കുറിച്ചു ദർശിച്ച പ്രവാചകം:2മൊട്ടക്കുന്നിന്മേൽ കൊടി ഉയർത്തുവിൻ; അവർ പ്രഭുക്കന്മാരുടെ വാതിലുകൾക്കകത്തു കടക്കേണ്ടതിനു ശബ്ദം ഉയർത്തി അവരെ കൈവീശി വിളിക്കുവിൻ.3ഞാൻ എന്റെ വിശുദ്ധീകരിക്കപ്പെട്ടവരോടു കല്പിച്ചു, എന്റെ ഔന്നത്യത്തിൽ ഉല്ലസിക്കുന്ന എന്റെ വീരന്മാരെ ഞാൻ എന്റെ കോപത്തെ നിവർത്തിക്കേണ്ടതിനു വിളിച്ചിരിക്കുന്നു.

4ബഹുജനത്തിന്റെ ഘോഷംപോലെ പർവ്വതങ്ങളിൽ പുരുഷാരത്തിന്റെ ഒരു ഘോഷം! കൂടിയിരിക്കുന്ന ജനതകളുടെ രാജ്യങ്ങളുടെ ആരവം! സൈന്യങ്ങളുടെ യഹോവ യുദ്ധസൈന്യത്തെ ഒന്നിച്ചുകൂട്ടുന്നു.5ദേശത്തെ മുഴുവനും നശിപ്പിക്കുവാൻ ദൂരദേശത്തുനിന്നും ആകാശത്തിന്റെ അറ്റത്തുനിന്നും യഹോവയും അവന്റെ കോപത്തിന്റെ ആയുധങ്ങളും വരുന്നു.
6യഹോവയുടെ ദിവസം സമീപിച്ചിരിക്കുകകൊണ്ട് നിലവിളിക്കുവിൻ; അതു സർവ്വശക്തനിൽനിന്നു സർവ്വനാശംപോലെ വരുന്നു.7അതുകൊണ്ട് എല്ലാകൈകളും തളർന്നുപോകും; സകലഹൃദയവും ഉരുകിപ്പോകും.8അവർ ഭ്രമിച്ചുപോകും; വേദനയും ദുഃഖവും അവർക്കു പിടിപെടും; നോവു കിട്ടിയ സ്ത്രീയെപ്പോലെ അവർ വേദനപ്പെടും; അവർ അന്യോന്യം തുറിച്ചുനോക്കും; അവരുടെ മുഖം ജ്വലിച്ചിരിക്കും.
9ദേശത്തെ ശൂന്യമാക്കുവാനും പാപികളെ അതിൽനിന്നു മുടിച്ചുകളയുവാനും യഹോവയുടെ ദിവസം ക്രൂരമായി ക്രോധത്തോടും അതികോപത്തോടും കൂടി വരുന്നു.10ആകാശത്തിലെ നക്ഷത്രങ്ങളും നക്ഷത്രസമൂഹങ്ങളും പ്രകാശം തരുകയില്ല; സൂര്യൻ ഉദയത്തിങ്കൽത്തന്നെ ഇരുണ്ടുപോകും; ചന്ദ്രൻ പ്രകാശം നല്കുകയുമില്ല.
11ഞാൻ ഭൂതലത്തെ ദോഷംനിമിത്തവും ദുഷ്ടന്മാരെ അവരുടെ അകൃത്യംനിമിത്തവും ശിക്ഷിക്കും; അഹങ്കാരികളുടെ ഗർവ്വത്തെ ഞാൻ ഇല്ലാതാക്കും; ഉഗ്രന്മാരുടെ നിഗളത്തെ താഴ്ത്തും.12ഞാൻ ഒരു പുരുഷനെ തങ്കത്തെക്കാളും ഒരു മനുഷ്യനെ ഓഫീർതങ്കത്തെക്കാളും വിരളമാക്കും.
13അങ്ങനെ ഞാൻ ആകാശത്തെ നടുങ്ങുമാറാക്കും; സൈന്യങ്ങളുടെ യഹോവയുടെ ക്രോധത്തിലും അവന്റെ ഉഗ്രകോപത്തിന്റെ നാളിലും ഭൂമി അതിന്റെ സ്ഥാനത്തുനിന്ന് ഇളകിപ്പോകും;14ഓടിച്ചുവിട്ട ഇളമാനിനെപ്പോലെയും ആരും കൂട്ടിച്ചേർക്കാത്ത ആടുകളെപ്പോലെയും അവർ ഓരോരുത്തൻ അവനവന്റെ ജനത്തിന്റെ അടുക്കലേക്ക് തിരിയും; ഓരോരുത്തൻ അവനവന്റെ സ്വദേശത്തിലേക്ക് ഓടിപ്പോകും.
15കണ്ടുകിട്ടുന്നവനെ എല്ലാം കുത്തിക്കൊല്ലും; പിടിപെടുന്നവനെല്ലാം വാളാൽ വീഴും.16അവരുടെ കൺമുമ്പിൽ അവരുടെ ശിശുക്കളെ അടിച്ചു തകർത്തുകളയും; അവരുടെ വീടുകളെ കൊള്ളയിടും; അവരുടെ ഭാര്യമാരെ അപമാനിക്കും.
17ഞാൻ മേദ്യരെ അവർക്കു വിരോധമായി ഉണർത്തും; അവർ വെള്ളിയെ കാര്യമാക്കുകയില്ല; പൊന്നിൽ അവർക്കു താത്പര്യവുമില്ല.18അവരുടെ വില്ലുകൾ യുവാക്കളെ തകർത്തുകളയും; ഗർഭഫലത്തോട് അവർക്കു കരുണ തോന്നുകയില്ല; പൈതങ്ങളെയും അവർ ആദരിക്കുകയില്ല.
19രാജ്യങ്ങളുടെ മഹത്ത്വവും കല്ദയരുടെ പ്രശംസാലങ്കാരവുമായ ബാബേൽ, ദൈവം സൊദോമിനെയും ഗൊമോറയെയും മറിച്ചുകളഞ്ഞതുപോലെ, ആയിത്തീരും.20അതിൽ ഒരുനാളും താമസമുണ്ടാവുകയില്ല; തലമുറതലമുറയോളം അതിൽ ആരും വസിക്കുകയുമില്ല; അറബിക്കാരൻ അവിടെ കൂടാരം അടിക്കുകയില്ല; ഇടയന്മാർ അവിടെ ആടുകളെ കിടത്തുകയും ഇല്ല.
21മരുഭൂമിയിലെ വന്യമൃഗങ്ങൾ അവിടെ കിടക്കും; അവരുടെ വീടുകളിൽ മൂങ്ങാ നിറയും; ഒട്ടകപ്പക്ഷികൾ അവിടെ വസിക്കും; ഭൂതങ്ങൾ അവിടെ നൃത്തംചെയ്യും1 .22അവരുടെ അരമനകളിൽ ചെന്നായ്ക്കളും 2 അവരുടെ മനോഹരമന്ദിരങ്ങളിൽ കുറുനരികളും ഓരിയിടും; അതിന്റെ സമയം അടുത്തിരിക്കുന്നു; അതിന്റെ കാലം ദീർഘിച്ചുപോവുകയുമില്ല.


1 13:21 ഭൂതങ്ങൾ അവിടെ നൃത്തംചെയ്യും കാട്ടാടുകൾ അവിടെ തുള്ളിനടക്കും എന്നുമാകാം.
2 13:22 ചെന്നായ്ക്കളും കഴുതപ്പുലികളും എന്നും മറ്റ് വിവർത്തനത്തിൽ കാണാം.

14

1യഹോവ യാക്കോബിനോടു മനസ്സലിഞ്ഞ് യിസ്രായേലിനെ വീണ്ടും തിരഞ്ഞെടുത്തു സ്വദേശത്ത് അവരെ പാർപ്പിക്കും; അന്യജാതിക്കാരും അവരോടു യോജിച്ചു യാക്കോബ് ഗൃഹത്തോടു ചേർന്നുകൊള്ളും.2ജനതകൾ അവരെ കൂട്ടി അവരുടെ സ്ഥലത്തേക്കു കൊണ്ടുവരും; യിസ്രായേൽ ഗൃഹം അവരെ യഹോവയുടെ ദേശത്തു ദാസന്മാരായും ദാസിമാരായും കൈവശമാക്കിക്കൊള്ളും; അവരെ ബദ്ധന്മാരാക്കിയവരെ അവർ ബദ്ധന്മാരാക്കുകയും തങ്ങളെ പീഡിപ്പിച്ചവരുടെമേൽ ഭരണം നടത്തുകയും ചെയ്യും.

3യഹോവ നിന്റെ വ്യസനവും നിന്റെ കഷ്ടതയും നീ ചെയ്യേണ്ടിവന്ന നിന്റെ കഠിനദാസ്യവും നീക്കി നിനക്കു വിശ്രമം നല്കുന്ന നാളിൽ4നീ ബാബേൽരാജാവിനെക്കുറിച്ച് ഈ പാട്ടുചൊല്ലും: പീഡിപ്പിക്കുന്നവൻ എങ്ങനെ ഇല്ലാതെയായി! സ്വർണ്ണനഗരം എങ്ങനെ മുടിഞ്ഞുപോയി!
5യഹോവ ദുഷ്ടന്മാരുടെ വടിയും ഭരണാധിപന്മാരുടെ ചെങ്കോലും ഒടിച്ചുകളഞ്ഞു.6വംശങ്ങളെ ഇടവിടാതെ ക്രോധത്തോടെ അടിക്കുകയും ആർക്കും അടുത്തുകൂടാത്ത ഉപദ്രവത്താൽ ജനതകളെ കോപത്തോടെ ഭരിക്കുകയും ചെയ്തവനെ തന്നെ.
7സർവ്വഭൂമിയും വിശ്രമിച്ച് സ്വസ്ഥമായിരിക്കുന്നു; അവർ ആർത്തുപാടുന്നു.8സരളവൃക്ഷങ്ങളും ലെബാനോനിലെ ദേവദാരുക്കളും നിന്നെക്കുറിച്ചു സന്തോഷിച്ച്: “നീ വീണുകിടന്നതുമുതൽ ഒരു മരംവെട്ടുകാരനും ഞങ്ങളുടെ നേരെ കയറിവരുന്നില്ല” എന്നു പറയുന്നു.9നിന്റെ വരവിൽ നിന്നെ എതിരേല്ക്കുവാൻ താഴെ പാതാളം നിന്റെ നിമിത്തം ഇളകിയിരിക്കുന്നു; അതു നിന്നെച്ചൊല്ലി സകലഭൂപാലന്മാരുമായ പ്രേതന്മാരെ ഉണർത്തുകയും ജനതകളുടെ സകലരാജാക്കന്മാരെയും സിംഹാസനങ്ങളിൽനിന്ന് എഴുന്നേല്പിക്കുകയും ചെയ്തിരിക്കുന്നു.
10അവരെല്ലാം നിന്നോട്: “നീയും ഞങ്ങളെപ്പോലെ ബലഹീനനായോ? നീയും ഞങ്ങൾക്കു തുല്യനായിത്തീർന്നുവോ?” എന്നു പറയും.11നിന്റെ ആഡംബരവും വാദ്യഘോഷവും പാതാളത്തിലേക്ക് ഇറങ്ങിപ്പോയി; നിന്റെ കീഴിൽ പുഴുക്കളെ വിരിച്ചിരിക്കുന്നു; കൃമികൾ നിനക്ക് പുതപ്പായിരിക്കുന്നു.
12അരുണോദയപുത്രനായ ശുക്രാ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജനതകളെ താഴ്ത്തിക്കളഞ്ഞവനേ, നീ എങ്ങനെ വെട്ടേറ്റു നിലത്തു വീണു!13“ഞാൻ സ്വർഗ്ഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വയ്ക്കും; ഉത്തരദിക്കിന്റെ അതിർത്തിയിൽ സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും;14ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും” എന്നല്ലയോ നീ ഹൃദയത്തിൽ പറഞ്ഞത്.
15എന്നാൽ നീ പാതാളത്തിലേക്ക്, നാശകൂപത്തിന്റെ അടിയിലേക്കു തന്നെ വീഴും.16നിന്നെ കാണുന്നവർ നിന്നെ ഉറ്റുനോക്കി: “ഭൂമിയെ നടുക്കുകയും രാജ്യങ്ങളെ കുലുക്കുകയും17ഭൂതലത്തെ മരുഭൂമിപോലെ ആക്കുകയും അതിലെ പട്ടണങ്ങളെ ഇടിച്ചുകളയുകയും തന്റെ ബദ്ധന്മാരെ വീട്ടിലേക്ക് അഴിച്ചുവിടാതിരിക്കുകയും ചെയ്തവൻ ഇവനല്ലയോ” എന്നു നിരൂപിക്കും.
18ജനതകളുടെ രാജാക്കന്മാർ എല്ലാവരും, അവരെല്ലാവരും തന്നെ ഒരോരുത്തൻ അവനവന്റെ ഭവനത്തിൽ മഹത്ത്വത്തോടെ കിടന്നുറങ്ങുന്നു.19നിന്നെയോ നിന്ദ്യമായൊരു ചുള്ളിയെപ്പോലെയും വാൾകൊണ്ടു കുത്തേറ്റു മരിച്ചു കുഴിയിലെ കല്ലുകളോളം ഇറങ്ങിയവരെക്കൊണ്ടു പൊതിഞ്ഞിരിക്കുന്നവനായി ചവിട്ടിമെതിച്ച ശവംപോലെയും നിന്റെ കല്ലറയിൽനിന്ന് എറിഞ്ഞുകളഞ്ഞിരിക്കുന്നു.20നീ നിന്റെ ദേശത്തെ നശിപ്പിച്ചു, നിന്റെ ജനത്തെ കൊന്നുകളഞ്ഞതുകൊണ്ടു നിനക്ക് അവരെപ്പോലെ ശവസംസ്കാരം ഉണ്ടാവുകയില്ല; ദുഷ്ടന്മാരുടെ സന്തതിയുടെ പേർ എന്നും നിലനില്ക്കുകയില്ല.
21അവന്റെ മക്കൾ എഴുന്നേറ്റ് ഭൂമിയെ കൈവശമാക്കുകയും ഭൂതലത്തിന്റെ ഉപരിഭാഗത്തെ പട്ടണങ്ങൾകൊണ്ടു നിറയ്ക്കുകയും ചെയ്യാതിരിക്കേണ്ടതിന് അവർക്ക് അവരുടെ പിതാക്കന്മാരുടെ അകൃത്യംനിമിത്തം ഒരു കൊലനിലം ഒരുക്കിക്കൊള്ളുവിൻ.22“ഞാൻ അവർക്കു വിരോധമായി എഴുന്നേല്ക്കും” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; “ബാബേലിൽനിന്നു പേരിനെയും ശേഷിപ്പിനെയും സന്തതിയെയും പിൻതലമുറയെയും ഛേദിച്ചുകളയും” എന്നു യഹോവ അരുളിച്ചെയ്യുന്നു.23“ഞാൻ അതിനെ മുള്ളൻ പന്നിയുടെ അവകാശവും നീർപ്പൊയ്കകളും ആക്കും; ഞാൻ അതിനെ നാശത്തിന്റെ ചൂലുകൊണ്ട് തൂത്തുവാരും” എന്നും സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
24സൈന്യങ്ങളുടെ യഹോവ ആണയിട്ട് അരുളിച്ചെയ്യുന്നത്: “ഞാൻ വിചാരിച്ചതുപോലെ സംഭവിക്കും; ഞാൻ നിർണ്ണയിച്ചതുപോലെ നിവൃത്തിയാകും.25എന്റെ ദേശത്തുവച്ച് ഞാൻ അശ്ശൂരിനെ തകർക്കും; എന്റെ പർവ്വതങ്ങളിൽവച്ച് അവനെ ചവിട്ടിക്കളയും; അങ്ങനെ അവന്റെ നുകം അവരുടെമേൽനിന്നു നീങ്ങും; അവന്റെ ചുമട് അവരുടെ തോളിൽനിന്നു മാറിപ്പോകും.”
26സർവ്വഭൂമിയെയും കുറിച്ച് നിർണ്ണയിച്ചിരിക്കുന്ന നിർണ്ണയം ഇതാകുന്നു; സകലജനതകളുടെയും മേൽ നീട്ടിയിരിക്കുന്ന കൈ ഇതുതന്നെ.27സൈന്യങ്ങളുടെ യഹോവ നിർണ്ണയിച്ചിരിക്കുന്നു; അതു ദുർബ്ബലമാക്കുന്നവനാര്? അവന്റെ കൈ നീട്ടിയിരിക്കുന്നു; അതു മടക്കുന്നവനാര്?

28ആഹാസ്‌രാജാവ് മരിച്ച വർഷം ഈ പ്രവാചകം ഉണ്ടായി:29സകലഫെലിസ്ത്യ ദേശവുമായുള്ളവയേ, നിന്നെ അടിച്ചവന്റെ വടി ഒടിഞ്ഞിരിക്കുകകൊണ്ടു നീ സന്തോഷിക്കണ്ടാ; സർപ്പത്തിന്റെ വേരിൽനിന്ന് ഒരു അണലി പുറപ്പെടും; അതിന്റെ ഫലം1 , പറക്കുന്ന അഗ്നിസർപ്പമായിരിക്കും.30എളിയവരുടെ ആദ്യജാതന്മാർ ഭക്ഷണം കഴിക്കും; ദരിദ്രന്മാർ നിർഭയമായി കിടക്കും; എന്നാൽ നിന്റെ വേരിനെ ഞാൻ ക്ഷാമംകൊണ്ടു മരിക്കുമാറാക്കും; നിന്റെ ശേഷിപ്പിനെ അവൻ കൊല്ലും.
31വാതിലേ, അലറുക; പട്ടണമേ നിലവിളിക്കുക; സകല ഫെലിസ്ത്യദേശവുമായുള്ളവയേ, നീ അലിഞ്ഞുപോയി; വടക്കുനിന്ന് ഒരു പുകവരുന്നു; അവന്റെ അണികളിൽ ഉഴന്നുനടക്കുന്ന2 ഒരുത്തനും ഇല്ല.32ജനതകളുടെ ദൂതന്മാർക്കു കിട്ടുന്ന മറുപടി: “യഹോവ സീയോനെ സ്ഥാപിച്ചിരിക്കുന്നു; അവിടെ അവന്റെ ജനത്തിലെ അരിഷ്ടന്മാർ ശരണം പ്രാപിക്കും” എന്നത്രേ.


1 14:29 അതിന്റെ ഫലം അവന്റെ ഫലം അല്ലെങ്കിൽ അതിന്റെ സന്തതി എന്നുമാകാം.
2 14:31 ഉഴന്നുനടക്കുന്ന ഇവിടെ അര്‍ത്ഥമാക്കുന്നത് ചിട്ട തെറ്റിച്ച ഒരുത്തനും ഇല്ല എന്നതാണ്.

15

1മോവാബിനെക്കുറിച്ചുള്ള പ്രവാചകം: ഒരു രാത്രിയിൽ മോവാബിലെ ആർപട്ടണം നശിച്ചു ശൂന്യമായിപ്പോയിരിക്കുന്നു; ഒരു രാത്രിയിൽ മോവാബിലെ കീർപട്ടണം നശിച്ചു ശൂന്യമായിപ്പോയിരിക്കുന്നു.2ബയീത്തും ദീബോനും കരയേണ്ടതിനു പൂജാഗിരികളിൽ കയറിപ്പോയിരിക്കുന്നു; നെബോവിലും മേദെബയിലും മോവാബ് നിലവിളിക്കുന്നു; അവരുടെ തലയെല്ലാം മുണ്ഡനംചെയ്തും താടിയെല്ലാം കത്രിച്ചും ഇരിക്കുന്നു.

3അവരുടെ തെരുവീഥികളിൽ അവർ ചാക്കുടുത്തു നടക്കുന്നു; അവരുടെ പുരമുകളിലും വിശാലസ്ഥലങ്ങളിലും എല്ലാവരും അലമുറയിട്ടു കരയുന്നു.4ഹെശ്ബോനും എലെയാലെയും നിലവിളിക്കുന്നു; അവരുടെ ഒച്ച യഹസ് വരെ കേൾക്കുന്നു; അതുകൊണ്ട് മോവാബിന്റെ ആയുധധാരികൾ അലറുന്നു; അവന്റെ പ്രാണൻ അവന്റെ ഉള്ളിൽ നടങ്ങുന്നു.
5എന്റെ ഹൃദയം മോവാബിനെക്കുറിച്ചു നിലവിളിക്കുന്നു; അതിലെ അഭയാര്‍ത്ഥികൾ സോവാരിലേക്കും എഗ്ലത്ത് ശെളീശീയയിലേക്കും ഓടിപ്പോകുന്നു; ലൂഹീത്തിലേക്കുള്ള കയറ്റത്തിൽ കൂടി അവർ കരഞ്ഞുംകൊണ്ടു കയറിച്ചെല്ലുന്നു; ഹോരോനയീമിലേക്കുള്ള വഴിയിൽ അവർ നാശത്തിന്റെ നിലവിളി കൂട്ടുന്നു.6നിമ്രീമിലെ ജലാശയങ്ങൾ വരണ്ടിരിക്കുന്നു; അതുകൊണ്ടു പുല്ലുണങ്ങി, ഇളമ്പുല്ലു വാടി, പച്ചയായ സകലവും ഇല്ലാതെയായിരിക്കുന്നു.7അതിനാൽ അവർ സ്വരൂപിച്ച സമ്പത്തും സംഗ്രഹിച്ചുവച്ചതും അലരിത്തോട്ടിനക്കരയിലേക്ക് എടുത്തുകൊണ്ടുപോകുന്നു.
8നിലവിളി മോവാബിന്റെ അതിർത്തികളെ ചുറ്റിയിരിക്കുന്നു; അലർച്ച എഗ്ലയീംവരെയും കൂകൽ ബേർ-ഏലീംവരെയും എത്തിയിരിക്കുന്നു.9ദീമോനിലെ ജലാശയങ്ങൾ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞാൻ ദീമോന്റെമേൽ ഇതിലധികം വരുത്തും; മോവാബിൽനിന്നു ചാടിപ്പോയവരുടെമേലും ദേശത്തിൽ ശേഷിച്ചവരുടെമേലും ഞാൻ ഒരു സിംഹത്തെ വരുത്തും.

16

1നിങ്ങൾ ദേശാധിപതിക്കു വേണ്ടിയുള്ള കുഞ്ഞാടുകളെ സേലയിൽനിന്നു മരുഭൂമിവഴിയായി സീയോൻ പുത്രിയുടെ പർവ്വതത്തിലേക്കു കൊടുത്തയയ്ക്കുവിൻ.2മോവാബിന്റെ പുത്രിമാർ കൂടു വിട്ടലയുന്ന പക്ഷികളെപ്പോലെ അർന്നോന്റെ കടവുകളിൽ ഇരിക്കും.

3“ആലോചന പറഞ്ഞുതരുക; വിധിന്യായം നടത്തുക; നിന്റെ നിഴലിനെ നട്ടുച്ചയ്ക്കു രാത്രിയെപ്പോലെ ആക്കുക; പുറത്താക്കപ്പെട്ടവരെ ഒളിപ്പിക്കുക; അലഞ്ഞു നടക്കുന്നവനെ കാണിച്ചുകൊടുക്കരുത്.4മോവാബിന്റെ പുറത്താക്കപ്പെട്ടവർ നിന്നോടുകൂടി പാർത്തുകൊള്ളട്ടെ; കവർച്ചക്കാരന്റെ മുമ്പിൽ നീ അവർക്ക് ഒരു മറവായിരിക്കുക;” എന്നാൽ പീഡകൻ ഇല്ലാതെയാകും; കവർച്ച അവസാനിക്കും; ചവിട്ടിക്കളയുന്നവർ ദേശത്തുനിന്നു മുടിഞ്ഞുപോകും.
5അങ്ങനെ ദയയാൽ സിംഹാസനം സ്ഥിരമായിവരും; അതിന്മേൽ ദാവീദിന്റെ കൂടാരത്തിൽനിന്ന് ഒരുവൻ ന്യായപാലനം ചെയ്തും ന്യായതല്പരനായും നീതിനടത്തുവാൻ വേഗതയുള്ളവനായും നേരോടെ ഇരിക്കും.
6ഞങ്ങൾ മോവാബിന്റെ അഹങ്കാരത്തെക്കുറിച്ചു കേട്ടിട്ടുണ്ട്; അവൻ മഹാഗർവ്വിയാകുന്നു; അവന്റെ നിഗളത്തെയും ഡംഭത്തെയും ക്രോധത്തെയും വ്യർത്ഥപ്രശംസയെയും കുറിച്ചും കേട്ടിട്ടുണ്ട്.7അതുകൊണ്ടു മോവാബിനെപ്പറ്റി മോവാബ് തന്നെ അലമുറയിടും; എല്ലാവരും അലമുറയിടും; കീർ-ഹരേശെത്തിന്റെ മുന്തിരിയടകളെക്കുറിച്ചു നിങ്ങൾ കേവലം ദുഃഖിതന്മാരായി വിലപിക്കും.
8ഹെശ്ബോൻ വയലുകളും ശിബ്മയിലെ മുന്തിരിവള്ളിയും ഉണങ്ങിക്കിടക്കുന്നു; അതിലെ മേല്ത്തരമായ വള്ളി ജനതകളുടെ പ്രഭുക്കന്മാർ ഒടിച്ചു കളഞ്ഞു; അതു യസേർവരെ നീണ്ടു മരുഭൂമി വരെ പടർന്നിരുന്നു; അതിന്റെ ശാഖകൾ പടർന്ന് കടൽ കടന്നിരുന്നു.
9അതുകൊണ്ട് ഞാൻ യസേരിനോടുകൂടി ശിബ്മയിലെ മുന്തിരിവള്ളിയെക്കുറിച്ചു കരയും; ഹെശ്ബോനേ, എലെയാലേ, ഞാൻ നിന്നെ എന്റെ കണ്ണുനീരുകൊണ്ടു നനയ്ക്കും; നിന്റെ വേനൽഫലങ്ങൾക്കും നിന്റെ കൊയ്ത്തിനും പോർവിളി നേരിട്ടിരിക്കുന്നു.10സന്തോഷവും ആനന്ദവും വിളനിലത്തുനിന്നു പൊയ്പോയിരിക്കുന്നു; മുന്തിരിത്തോട്ടങ്ങളിൽ പാട്ടില്ല, ഉല്ലാസഘോഷവുമില്ല; ചവിട്ടുകാർ ചക്കുകളിൽ മുന്തിരിങ്ങാ ചവിട്ടുകയുമില്ല; മുന്തിരിക്കൊയ്ത്തിന്റെ ആർപ്പുവിളി ഞാൻ നിർത്തിക്കളഞ്ഞിരിക്കുന്നു.
11അതുകൊണ്ട് എന്റെ ഉള്ളം മോവാബിനെക്കുറിച്ചും എന്റെ അന്തരംഗം കീർഹേരെശിനെക്കുറിച്ചും കിന്നരംപോലെ മുഴങ്ങുന്നു.12പിന്നെ മോവാബ് പൂജാഗിരിയിൽ ചെന്നു പാടുപെട്ടു ക്ഷേത്രത്തിൽ പ്രാർത്ഥിക്കുവാൻ കടന്നാൽ അവന്റെ പ്രാർത്ഥനകൾക്ക് ഫലപ്രാപ്തിയുണ്ടാവുകയില്ല.
13ഇതാകുന്നു യഹോവ പണ്ടു തന്നെ മോവാബിനെക്കുറിച്ച് അരുളിച്ചെയ്ത വചനം.14ഇപ്പോൾ യഹോവ അരുളിച്ചെയ്യുന്നതോ: “കൂലിക്കാരന്റെ വർഷംപോലെയുള്ള മൂന്ന് വർഷത്തിനകം മോവാബിന്റെ മഹത്ത്വം അവന്റെ സർവ്വമഹാപുരുഷാരത്തോടുകൂടി തുച്ഛീകരിക്കപ്പെടും; അവന്റെ ശേഷിപ്പ് അത്യല്പവും ദുർബലവും ആയിരിക്കും.”

17

1ദമ്മേശെക്കിനെക്കുറിച്ചുള്ള പ്രവാചകം: “ഇതാ, ദമ്മേശെക്ക് ഒരു പട്ടണമായിരിക്കാത്തവിധം നീങ്ങിപ്പോയിരിക്കുന്നു; അതു ശൂന്യകൂമ്പാരമായിത്തീരും.2അരോവേർപട്ടണങ്ങൾ നിർജ്ജനമായിരിക്കുന്നു; അവ ആട്ടിൻകൂട്ടങ്ങൾക്കായിരിക്കും; ആരും പേടിപ്പിക്കാതെ അവ അവിടെ മേഞ്ഞുകിടക്കും.3എഫ്രയീമിൽ കോട്ടയും ദമ്മേശെക്കിൽ രാജത്വവും ഇല്ലാതെയാകും; അരാമിൽ ശേഷിച്ചവർ യിസ്രായേൽമക്കളുടെ മഹത്ത്വംപോലെയാകും” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

4“ആ നാളിൽ യാക്കോബിന്റെ മഹത്ത്വം ക്ഷയിക്കും; അവന്റെ ദേഹപുഷ്ടി മെലിഞ്ഞുപോകും.5അതു കൊയ്ത്തുകാരൻ വിളചേർത്തു പിടിച്ചു കൈകൊണ്ടു കതിരുകൾ കൊയ്യുംപോലെയും ഒരുത്തൻ റെഫായീംതാഴ്വരയിൽ കതിരുകളെ പെറുക്കുംപോലെയും ആയിരിക്കും.
6ഒലിവ് തല്ലുമ്പോൾ വൃക്ഷാഗ്രത്തിൽ രണ്ടുമൂന്നു കായോ ഫലവൃക്ഷത്തിന്റെ ശിഖരങ്ങളിൽ നാലഞ്ചു കായോ ഇങ്ങനെ കാലാ പറിക്കുവാൻ ചിലതു ശേഷിച്ചിരിക്കും” എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.7ആ നാളിൽ മനുഷ്യൻ തന്റെ കൈപ്പണിയായ ബലിപീഠങ്ങളിലേക്കു തിരിയാതെയും തന്റെ വിരലുകളാൽ ഉണ്ടാക്കിയ അശേരാവിഗ്രഹങ്ങളെയും സൂര്യസ്തംഭങ്ങളെയും നോക്കാതെയും
8തന്റെ സ്രഷ്ടാവിങ്കലേക്കു തിരിയുകയും അവന്റെ കണ്ണ് യിസ്രായേലിന്റെ പരിശുദ്ധനെ നോക്കുകയും ചെയ്യും.9ആ നാളിൽ അവന്റെ ഉറപ്പുള്ള പട്ടണങ്ങൾ അമോര്യരും ഹിവ്യരും യിസ്രായേൽമക്കളുടെ മുമ്പിൽനിന്ന് ഉപേക്ഷിച്ചുപോയ നിർജ്ജനദേശം പോലെയാകും; അവ ശൂന്യമായിത്തീരും.
10നിന്റെ രക്ഷയുടെ ദൈവത്തെ നീ മറന്നു നിന്റെ ബലമുള്ള പാറയെ ഓർക്കാതെയിരിക്കുകകൊണ്ടു നീ മനോഹരമായ തോട്ടങ്ങളെ ഉണ്ടാക്കി അവയിൽ അന്യദേശത്തുനിന്നുള്ള വള്ളികൾ നടുന്നു.11നടുന്ന ദിവസത്തിൽ നീ അതിനു വേലി കെട്ടുകയും രാവിലെ നിന്റെ നടുതല പൂക്കുമാറാക്കുകയും ചെയ്യുന്നു; എങ്കിലും കഠിനമായ മുറിവും തീരാത്ത വ്യസനവും തട്ടുന്ന ദിവസത്തിൽ കൊയ്ത്തു പൊയ്പോകും.
12അയ്യോ, അനേകജനതകളുടെ മുഴക്കം; അവർ കടലിന്റെ മുഴക്കംപോലെ മുഴങ്ങുന്നു! അയ്യോ, വംശങ്ങളുടെ ഇരച്ചിൽ! അവർ പെരുവെള്ളങ്ങളുടെ ഇരച്ചിൽപോലെ ഇരയ്ക്കുന്നു.13വംശങ്ങൾ പെരുവെള്ളങ്ങളുടെ ഇരച്ചിൽ പോലെ ഇരയ്ക്കുന്നു; എങ്കിലും അവിടുന്ന് അവരെ ശാസിക്കും; അപ്പോൾ അവർ ദൂരത്തേക്ക് ഓടിപ്പോകും; കാറ്റിനു മുമ്പിൽ പർവ്വതങ്ങളിലെ പതിർപോലെയും കൊടുങ്കാറ്റിനു മുമ്പിൽ ചുഴന്നുപറക്കുന്ന പൊടിപോലെയും പാറിപ്പോകും.14സന്ധ്യാസമയത്ത് ഇതാ, ഭീതി! പ്രഭാതത്തിനു മുമ്പ് അവൻ ഇല്ലാതെയായി! ഇതു നമ്മെ കൊള്ളയിടുന്നവരുടെ ഓഹരിയും നമ്മോടു പിടിച്ചുപറിക്കുന്നവരുടെ പങ്കും ആകുന്നു.

18

1അയ്യോ, കൂശിലെ നദികൾക്കരികിൽ ചിറകുകൾ ഉരയ്ക്കുന്നതും കടൽവഴിയായി വെള്ളത്തിന്മേൽ ഞാങ്ങണകൊണ്ടുള്ള തോണികളിൽ ദൂതന്മാരെ അയയ്ക്കുന്നതും ആയദേശമേ!2ശീഘ്രദൂതന്മാരേ, നിങ്ങൾ ദീർഘകായന്മാരും മൃദുചർമ്മികളുമായ ജനതയുടെ അടുക്കൽ, ആരംഭംമുതൽ ഇന്നുവരെ ഭയങ്കരമായിരിക്കുന്ന ജാതിയുടെ അടുക്കൽ, അളക്കുന്നതും ചവിട്ടിക്കളയുന്നതും നദികൾ ദേശത്തെ വിഭാഗിക്കുന്നതുമായ ജനതയുടെ അടുക്കൽ തന്നെ ചെല്ലുവിൻ.

3ഭൂതലത്തിലെ സർവ്വനിവാസികളും ഭൂമിയിൽ വസിക്കുന്നവരും ആയുള്ളവരേ, പർവ്വതത്തിന്മേൽ കൊടി ഉയർത്തുമ്പോൾ, നിങ്ങൾ നോക്കുവിൻ; കാഹളം ഊതുമ്പോൾ കേൾക്കുവിൻ.
4യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “വെയിൽ തെളിഞ്ഞു മൂക്കുമ്പോൾ, കൊയ്ത്തുകാലത്തെ ഉഷ്ണത്തിൽ മേഘം മഞ്ഞു പൊഴിക്കുമ്പോൾ, ഞാൻ എന്റെ നിവാസത്തിൽ സ്വസ്ഥമായി നോക്കിക്കൊണ്ടിരിക്കും.”5കൊയ്ത്തിനു മുമ്പ്, മൊട്ടിട്ടു കഴിഞ്ഞു, പൂവ് പൊഴിഞ്ഞു, മുന്തിരിങ്ങാ വിളയുമ്പോൾ, അവൻ അരിവാൾകൊണ്ടു വള്ളി മുറിച്ചു ശാഖകൾ ചെത്തിക്കളയും.
6അതെല്ലാം മലയിലെ കഴുകനും ഭൂമിയിലെ മൃഗത്തിനും ഇട്ടുകളയും; കഴുകൻ അതുകൊണ്ടു വേനൽ കഴിക്കും; ഭൂമിയിലെ സകലമൃഗവും അതുകൊണ്ടു ശൈത്യകാലം കഴിക്കും.7ആ കാലത്തു ദീർഘകായന്മാരും മൃദുചർമ്മികളും ആയ ജനം, ആരംഭംമുതൽ ഇന്നുവരെ ഭയങ്കരമായിരിക്കുന്ന ജനം, അളക്കുന്നതും ചവിട്ടിക്കളയുന്നതും നദികൾ ദേശത്തെ വിഭാഗിക്കുന്നതുമായ ജനത തന്നെ, സൈന്യങ്ങളുടെ യഹോവയുടെ നാമമുള്ള സ്ഥലമായ സീയോൻ പർവ്വതത്തിലേക്കു സൈന്യങ്ങളുടെ യഹോവയ്ക്കു തിരുമുല്ക്കാഴ്ച കൊണ്ടുവരും.

19

1ഈജിപ്റ്റിനെക്കുറിച്ചുള്ള പ്രവാചകം: യഹോവ വേഗതയുള്ള ഒരു മേഘത്തെ വാഹനമാക്കി ഈജിപ്റ്റിലേക്കു വരുന്നു; അപ്പോൾ ഈജിപ്റ്റിലെ മിഥ്യാമൂർത്തികൾ അവിടുത്തെ സന്നിധിയിങ്കൽ നടുങ്ങുകയും ഈജിപ്റ്റിന്റെ ഹൃദയം അതിന്റെ ഉള്ളിൽ ഉരുകുകയും ചെയ്യും.2“ഞാൻ ഈജിപ്റ്റുകാരെ ഈജിപ്റ്റുകാരോടു കലഹിപ്പിക്കും; അവർ ഓരോരുത്തൻ അവനവന്റെ സഹോദരനോടും ഓരോരുത്തൻ അവനവന്റെ കൂട്ടുകാരനോടും പട്ടണം പട്ടണത്തോടും രാജ്യം രാജ്യത്തോടും യുദ്ധം ചെയ്യും.

3ഈജിപ്റ്റിന്റെ ചൈതന്യം അതിന്റെ ഉള്ളിൽ ഒഴിഞ്ഞുപോകും; ഞാൻ അതിന്റെ ആലോചനയെ നശിപ്പിക്കും; അപ്പോൾ അവർ മിഥ്യാമൂർത്തികളോടും മന്ത്രവാദികളോടും വെളിച്ചപ്പാടന്മാരോടും ലക്ഷണം പറയുന്നവരോടും അരുളപ്പാടു ചോദിക്കും.4ഞാൻ ഈജിപ്റ്റുകാരെ ഒരു ക്രൂരയജമാനന്റെ കൈയിൽ ഏല്പിക്കും; ഉഗ്രനായ ഒരു രാജാവ് അവരെ ഭരിക്കും” എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
5സമുദ്രത്തിൽ വെള്ളം ഇല്ലാതെയാകും; നദി വറ്റി ഉണങ്ങിപ്പോകും.6നദികൾക്കു നാറ്റം പിടിക്കും; ഈജിപ്റ്റിലെ തോടുകൾ വറ്റി ഉണങ്ങും; ഞാങ്ങണയും ഓടപ്പുല്ലും1 വാടിപ്പോകും.
7നദിക്കരികിലും നദീതീരത്തും ഉള്ള പുല്പുറങ്ങളും നദീതീരത്തു വിതച്ച സകലവും ഉണങ്ങി പറന്ന് ഇല്ലാതെപോകും.8മീൻപിടിക്കുന്നവർ വിലപിക്കും; നദിയിൽ ചൂണ്ടൽ ഇടുന്നവരെല്ലാം ദുഃഖിക്കും; വെള്ളത്തിൽ വല വീശുന്നവർ വിഷാദിക്കും.
9ചീകി വെടിപ്പാക്കിയ ചണംകൊണ്ടു വേല ചെയ്യുന്നവരും വെള്ളത്തുണി നെയ്യുന്നവരും ലജ്ജിച്ചു പോകും.10രാജ്യത്തിന്റെ തൂണുകളായിരിക്കുന്നവർ തകർന്നുപോകും; കൂലിവേലക്കാർ മനോവ്യസനത്തോടെയിരിക്കും.
11സോവനിലെ പ്രഭുക്കന്മാർ കേവലം ഭോഷന്മാരത്രേ; ഫറവോന്റെ ജ്ഞാനമേറിയ മന്ത്രിമാരുടെ ആലോചന ഭോഷത്തമായി തീർന്നിരിക്കുന്നു; “ഞാൻ ജ്ഞാനികളുടെ മകൻ, പുരാതനരാജാക്കന്മാരുടെ മകൻ” എന്നിപ്രകാരം നിങ്ങൾ ഫറവോനോടു പറയുന്നത് എങ്ങനെ?12നിന്റെ ജ്ഞാനികൾ എവിടെ? അവർ ഇപ്പോൾ നിനക്കു പറഞ്ഞുതരട്ടെ; സൈന്യങ്ങളുടെ യഹോവ മിസ്രയീമിനെക്കുറിച്ചു നിർണ്ണയിച്ചത് അവർ എന്തെന്നു ഗ്രഹിക്കട്ടെ.
13സോവനിലെ പ്രഭുക്കന്മാർ ഭോഷന്മാരായിത്തീർന്നിരിക്കുന്നു; നോഫിലെ പ്രഭുക്കന്മാർ വഞ്ചിക്കപ്പെട്ടിരിക്കുന്നു; ഈജിപ്റ്റിലെ ഗോത്രങ്ങളുടെ മൂലക്കല്ലായിരിക്കുന്നവർ അതിനെ തെറ്റിച്ചുകളഞ്ഞു.14യഹോവ അതിന്റെ നടുവിൽ മനോവിഭ്രമം പകർന്നു; ലഹരിപിടിച്ചവൻ തന്റെ ഛർദ്ദിയിൽ വേച്ചുനടക്കുന്നതുപോലെ അവർ ഈജിപ്റ്റിനെ അതിന്റെ സകലപ്രവൃത്തിയിലും തെറ്റിനടക്കുമാറാക്കിയിരിക്കുന്നു.15തലയ്ക്കോ വാലിനോ പനമ്പട്ടയ്ക്കോ പോട്ടപ്പുല്ലിനോ ഈജിപ്റ്റിനുവേണ്ടി ഒരു പ്രവൃത്തിയും ചെയ്യുവാനുണ്ടായിരിക്കുകയില്ല.
16ആ നാളിൽ ഈജിപ്റ്റുകാർ സ്ത്രീകൾക്കു തുല്യരായിരിക്കും; സൈന്യങ്ങളുടെ യഹോവ അവരുടെ നേരെ കൈ ഓങ്ങുന്നതിനാൽ അവർ പേടിച്ചു വിറയ്ക്കും.17യെഹൂദാദേശം ഈജിപറ്റിനു ഭയങ്കരമായിരിക്കും; അതിന്റെ പേര് പറഞ്ഞുകേൾക്കുന്നവരെല്ലാം സൈന്യങ്ങളുടെ യഹോവ അതിനു വിരോധമായി നിർണ്ണയിച്ച നിർണ്ണയംനിമിത്തം ഭയപ്പെടും.
18ആ നാളിൽ ഈജിപ്റ്റിലുള്ള അഞ്ചു പട്ടണങ്ങൾ കനാൻ ഭാഷ സംസാരിച്ചു സൈന്യങ്ങളുടെ യഹോവയോടു സത്യം ചെയ്യും; ഒന്നിനു സൂര്യനഗരം (ഈർ ഹഹേരെസ്) എന്നു പേര് വിളിക്കപ്പെടും.
19ആ നാളിൽ ഈജിപ്റ്റിന്റെ നടുവിൽ യഹോവയ്ക്ക് ഒരു യാഗപീഠവും അതിന്റെ അതിർത്തിയിൽ യഹോവയ്ക്ക് ഒരു തൂണും ഉണ്ടായിരിക്കും.20അതു ഈജിപ്റ്റിൽ സൈന്യങ്ങളുടെ യഹോവയ്ക്ക് ഒരു അടയാളവും ഒരു സാക്ഷ്യവും ആയിരിക്കും; പീഡകന്മാർ നിമിത്തം അവർ യഹോവയോടു നിലവിളിക്കും; അവൻ അവർക്ക് ഒരു രക്ഷകനെ അയയ്ക്കും; അവൻ പൊരുതി അവരെ വിടുവിക്കും.
21അങ്ങനെ യഹോവ ഈജിപ്റ്റിനു സ്വയം വെളിപ്പെടുത്തുകയും ഈജിപ്റ്റുക്കാർ അന്നു യഹോവയെ അറിഞ്ഞു യാഗവും വഴിപാടും അർപ്പിക്കുകയും യഹോവയ്ക്ക് ഒരു നേർച്ച നേർന്ന് അതിനെ നിവർത്തിക്കുകയും ചെയ്യും.22യഹോവ ഈജിപ്റ്റിനെ അടിക്കും; അടിച്ചിട്ട് അവൻ വീണ്ടും അവരെ സൗഖ്യമാക്കും; അവർ യഹോവയിങ്കലേക്കു തിരിയുകയും അവൻ അവരുടെ പ്രാർത്ഥന കേട്ട് അവരെ സൗഖ്യമാക്കുകയും ചെയ്യും.
23ആ നാളിൽ ഈജിപ്റ്റിൽനിന്ന് അശ്ശൂരിലേക്ക് ഒരു പ്രധാനപാത ഉണ്ടാകും; അശ്ശൂര്യർ ഈജിപ്റ്റിലേക്കും ഈജിപ്റ്റുകാർ അശ്ശൂരിലേക്കും ചെല്ലും; ഈജിപ്റ്റുകാർ അശ്ശൂര്യരോടുകൂടി ആരാധന കഴിക്കും.
24ആ നാളിൽ യിസ്രായേൽ ഭൂമിയുടെ മദ്ധ്യത്തിൽ ഒരു അനുഗ്രഹമായി ഈജിപ്റ്റിനോടും അശ്ശൂരിനോടുംകൂടി മൂന്നാമതായിരിക്കും.25സൈന്യങ്ങളുടെ യഹോവ അവരെ അനുഗ്രഹിച്ചു: “എന്റെ ജനമായ ഈജിപ്റ്റും എന്റെ കൈകളുടെ പ്രവൃത്തിയായ അശ്ശൂരും എന്റെ അവകാശമായ യിസ്രായേലും അനുഗ്രഹിക്കപ്പെടുമാറാകട്ടെ” എന്ന് അരുളിച്ചെയ്യും.


1 19:6 ഓടപ്പുല്ല് നദിയരികെ വളരുന്ന ഒരുതരം സസ്യം.

20

1അശ്ശൂർരാജാവായ സർഗ്ഗോന്റെ കല്പനപ്രകാരം തർത്താൻ അശ്ദോദിലേക്കു ചെന്ന് അശ്ദോദിനോടു യുദ്ധംചെയ്ത് അതിനെ പിടിച്ച വർഷം,2ആ കാലത്തുതന്നെ, യഹോവ ആമോസിന്റെ മകനായ യെശയ്യാവിനോട്: “നീ ചെന്നു നിന്റെ അരയിൽനിന്നു ചാക്കുവസ്ത്രം അഴിച്ചുവച്ചു കാലിൽനിന്നു ചെരിപ്പും ഊരിക്കളയുക” എന്നു കല്പിച്ചു; അവൻ അങ്ങനെ ചെയ്തു നഗ്നനായും ചെരിപ്പിടാതെയും നടന്നു.

3പിന്നെ യഹോവ അരുളിച്ചെയ്തത്; “എന്റെ ദാസനായ യെശയ്യാവ് ഈജിപ്റ്റിനും കൂശിനും അടയാളവും അത്ഭുതവും ആയി മൂന്നു വർഷം നഗ്നനായും ചെരിപ്പിടാതെയും നടന്നതുപോലെ,4അശ്ശൂർരാജാവ് ഈജിപ്റ്റിൽനിന്നുള്ള ബദ്ധന്മാരെയും കൂശിൽനിന്നുള്ള പ്രവാസികളെയും ആബാലവൃദ്ധം മിസ്രയീമിന്റെ ലജ്ജയ്ക്കായിട്ടു നഗ്നന്മാരും ചെരിപ്പിടാത്തവരും ആസനം മറയ്ക്കാത്തവരും ആയി പിടിച്ചുകൊണ്ടുപോകും.
5അങ്ങനെ അവർ അവരുടെ പ്രത്യാശയായിരുന്ന കൂശും അവരുടെ പുകഴ്ചയായിരുന്ന ഈജിപ്റ്റുംനിമിത്തം ഭ്രമിച്ചു ലജ്ജിക്കും.6ഈ കടല്ക്കരയിലെ നിവാസികൾ അന്ന്: ‘അശ്ശൂർരാജാവിന്റെ കൈയിൽനിന്നു വിടുവിക്കപ്പെടുവാൻ സഹായത്തിനായി നാം ഓടിച്ചെന്നിരുന്ന നമ്മുടെ പ്രത്യാശ ഇങ്ങനെ ആയല്ലോ; ഇനി നാം എങ്ങനെ രക്ഷപ്പെടും’ എന്നു പറയും.”

21

1സമുദ്രതീരത്തെ മരുഭൂമിയെക്കുറിച്ചുള്ള പ്രവാചകം: തെക്കു ചുഴലിക്കാറ്റ് അടിക്കുന്നതുപോലെ, അതു മരുഭൂമിയിൽനിന്നു ഭയങ്കരദേശത്തുനിന്നു തന്നെ വരുന്നു!2അസഹ്യപ്പെടുത്തുന്ന ഒരു ദർശനം എനിക്കു വെളിപ്പെട്ടിരിക്കുന്നു; ദ്രോഹി ദ്രോഹം ചെയ്യുന്നു; കവർച്ചക്കാരൻ കവർച്ച ചെയ്യുന്നു. ഏലാമേ, കയറിച്ചെല്ലുക, മേദ്യയേ, നിരോധിച്ചുകൊള്ളുക; അതിന്റെ ഞരക്കമെല്ലാം ഞാൻ നിർത്തിക്കളയും.

3അതുകൊണ്ട് എന്റെ അരയിൽ വേദന നിറഞ്ഞിരിക്കുന്നു; നോവു കിട്ടിയ സ്ത്രീയുടെ നോവുപോലെയുള്ള വേദന എന്നെ പിടിച്ചിരിക്കുന്നു; എനിക്കു ചെവി കേട്ടുകൂടാത്തവിധം ഞാൻ അതിവേദനപ്പെട്ടിരിക്കുന്നു; കണ്ണു കാണാത്തവിധം ഞാൻ പരിഭ്രമിച്ചിരിക്കുന്നു.4എന്റെ ഹൃദയം പതറുന്നു; ഭീതി എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു; ഞാൻ കാംക്ഷിച്ച സന്ധ്യാസമയം അവിടുന്ന് എനിക്കു വിറയലാക്കിത്തീർത്തു.
5മേശ ഒരുക്കുവിൻ; പരവതാനി വിരിക്കുവിൻ; ഭക്ഷിച്ചു പാനം ചെയ്യുവിൻ; പ്രഭുക്കന്മാരേ, എഴുന്നേല്ക്കുവിൻ; പരിചയ്ക്ക് എണ്ണ പൂശുവിൻ.
6കർത്താവ് എന്നോട്: “നീ ചെന്ന് ഒരു കാവല്ക്കാരനെ നിർത്തിക്കൊള്ളുക; അവൻ കാണുന്നത് അറിയിക്കട്ടെ.7ഈരണ്ടീരണ്ടായി വരുന്ന കുതിരപ്പടയെയും കഴുതപ്പടയെയും ഒട്ടകപ്പടയെയും കാണുമ്പോൾ അവൻ ബഹുശ്രദ്ധയോടെ ശ്രദ്ധിക്കട്ടെ” എന്നു കല്പിച്ചു.
8അവൻ ഒരു സിംഹംപോലെ അലറി: “കർത്താവേ, ഞാൻ പകൽ ഇടവിടാതെ കാവൽനില്ക്കുന്നു; രാത്രി മുഴുവനും ഞാൻ കാവൽ കാത്തുകൊണ്ടിരുന്നു.9ഇതാ, ഒരു കൂട്ടം കുതിരപടയാളികൾ; ഈരണ്ടീരണ്ടായി കുതിരപ്പട വരുന്നു” എന്നു പറഞ്ഞു. “വീണു, ബാബേൽ വീണു! അതിലെ ദേവന്മാരുടെ വിഗ്രഹങ്ങൾ സകലവും നിലത്തു വീണു തകർന്നുകിടക്കുന്നു” എന്നും അവൻ പറഞ്ഞു.
10എന്റെ മെതിയേ, എന്റെ കളത്തിലെ ധാന്യമേ, യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്തു ഞാൻ കേട്ടിട്ടുള്ളതു നിങ്ങളോട് അറിയിച്ചിരിക്കുന്നു.
11ദൂമയെക്കുറിച്ചുള്ള പ്രവാചകം: “കാവല്ക്കാരാ, രാത്രി എന്തായി? കാവല്ക്കാരാ, രാത്രി എന്തായി?” എന്ന് ഒരുവൻ സേയീരിൽനിന്ന് എന്നോടു വിളിച്ചുചോദിക്കുന്നു.12അതിനു കാവല്ക്കാരൻ: “പ്രഭാതവും രാത്രിയും വന്നിരിക്കുന്നു; നിങ്ങൾക്കു ചോദിക്കണമെങ്കിൽ ചോദിച്ചു കൊള്ളുവിൻ; പോയി വരുവിൻ” എന്നു പറഞ്ഞു.

13അറേബ്യയെക്കുറിച്ചുള്ള പ്രവാചകം: ദേദാന്യരുടെ സഞ്ചാരഗണങ്ങളേ, നിങ്ങൾ അറേബ്യയിലെ കാട്ടിൽ രാത്രി പാർക്കുവിൻ.14തേമാദേശനിവാസികളേ, നിങ്ങൾ ദാഹിച്ചിരിക്കുന്നവനു വെള്ളം കൊണ്ടുചെല്ലുവിൻ; ഓടിപ്പോകുന്നവരെ അപ്പവുമായി ചെന്ന് എതിരേല്ക്കുവിൻ.15അവർ വാളിനെ ഒഴിഞ്ഞ് ഓടിപ്പോകുന്നവരാകുന്നു; ഊരിയ വാളിനെയും കുലച്ച വില്ലിനെയും യുദ്ധത്തിന്റെ കെടുതിയെയും ഒഴിഞ്ഞ് ഓടുന്നവർതന്നെ.
16കർത്താവ് ഇപ്രകാരം എന്നോട് അരുളിച്ചെയ്തു: “കൂലിക്കാരന്റെ വർഷംപോലെയുള്ള ഒരു വർഷത്തിനകം കേദാരിന്റെ മഹത്ത്വം എല്ലാം ക്ഷയിച്ചുപോകും;17കേദാര്യരിൽ വീരന്മാരായ വില്ലാളികളുടെ കൂട്ടത്തിൽ ശേഷിക്കുന്നവർ ചുരുക്കമായിരിക്കും;” യിസ്രായേലിന്റെ ദൈവമായ യഹോവയല്ലയോ അരുളിച്ചെയ്തിരിക്കുന്നത്.

22

1ദർശനത്താഴ്വരയെക്കുറിച്ചുള്ള പ്രവാചകം: നിങ്ങൾ എല്ലാവരും വീടുകളുടെ മുകളിൽ കയറേണ്ടതിനു നിങ്ങൾക്ക് എന്തു ഭവിച്ചു?2അയ്യോ, കോലാഹലം നിറഞ്ഞും ആരവപൂർണ്ണമായും ഇരിക്കുന്ന പട്ടണമേ! ഉല്ലസിതനഗരമേ! നിന്റെ കൊല്ലപ്പെട്ടവർ വാളാൽ കൊല്ലപ്പെട്ടവരല്ല, യുദ്ധത്തിൽ മരിച്ചുപോയവരും അല്ല.

3നിന്റെ ഭരണാധിപന്മാർ എല്ലാവരും ഒരുമിച്ച് ഓടിപ്പോയിരിക്കുന്നു; അവർ വില്ലില്ലാത്തവരായി ബന്ധിക്കപ്പെട്ടിരിക്കുന്നു; നിന്നിൽ ഉണ്ടായിരുന്നവരെല്ലാം ദൂരത്ത് ഓടിപ്പോയിട്ടും ഒരുമിച്ച് ബദ്ധരായിരിക്കുന്നു.4അതുകൊണ്ടു ഞാൻ പറഞ്ഞത്: “എന്നെ നോക്കരുത്; ഞാൻ കൈപ്പോടെ കരയട്ടെ; എന്റെ ജനത്തിന്റെ നാശത്തെച്ചൊല്ലി എന്നെ ആശ്വസിപ്പിക്കുവാൻ ബദ്ധപ്പെടരുത്.”
5സൈന്യങ്ങളുടെ യഹോവയായ കർത്താവിങ്കൽനിന്നു ദർശനത്താഴ്വരയിൽ ക്ലേശവും സംഹാരവും പരിഭ്രമവുമുള്ള ഒരു നാൾ വരുന്നു; മതിലുകളെ ഇടിച്ചുകളയുന്നതും മലകളോടു നിലവിളിക്കുന്നതും ആയ നാൾ തന്നെ.6ഏലാം, കാലാളും കുതിരപ്പടയും ഉള്ള സൈന്യത്തോടുകൂടി ആവനാഴിക1 എടുക്കുകയും കീർ പരിചയുടെ ഉറ നീക്കുകയും ചെയ്തു.7അങ്ങനെ നിന്റെ മനോഹരമായ താഴ്വരകൾ രഥങ്ങൾകൊണ്ടു നിറയും; കുതിരപ്പട വാതില്ക്കൽ അണിനിരത്തും.
8അവൻ യെഹൂദായുടെ മൂടുപടം നീക്കിക്കളഞ്ഞു; അന്നു നിങ്ങൾ വനഗൃഹത്തിലെ ആയുധവർഗ്ഗത്തെ നോക്കി,9ദാവീദിൻ നഗരത്തിന്റെ ഇടിവുകൾ അനവധിയെന്നു കണ്ടു; താഴത്തെ കുളത്തിലെ വെള്ളം കെട്ടി നിർത്തി,
10യെരൂശലേമിലെ വീടുകൾ എണ്ണി, മതിൽ ഉറപ്പിക്കുവാൻ വീടുകൾ പൊളിച്ചുകളഞ്ഞു.11പഴയ കുളത്തിലെ വെള്ളം സൂക്ഷിക്കുവാൻ രണ്ടു മതിലുകളുടെ മദ്ധ്യത്തിൽ ഒരു ജലസംഭരണി ഉണ്ടാക്കി; എങ്കിലും അതു വരുത്തിയവങ്കലേക്കു നിങ്ങൾ തിരിഞ്ഞില്ല, പണ്ടു പണ്ടേ അതു രൂപകല്പന ചെയ്തവനെ ബഹുമാനിച്ചതുമില്ല.
12അന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവു കരച്ചിലിനും വിലാപത്തിനും മുണ്ഡനം ചെയ്യുന്നതിനും13ചാക്കുടുക്കുന്നതിനും വിളിച്ചപ്പോൾ എന്നാൽ തല്‍സ്ഥാനത്ത് ആനന്ദവും സന്തോഷവും കാള അറുക്കുക, ആടറുക്കുക, ഇറച്ചിതിന്നുക, വീഞ്ഞു കുടിക്കുക! “നാം തിന്നുക, കുടിക്കുക; നാളെ മരിക്കുമല്ലോ” എന്നിങ്ങനെ ആയിരുന്നു.14സൈന്യങ്ങളുടെ യഹോവ എന്റെ കാതിൽ വെളിപ്പെടുത്തിത്തന്നത്: “നിങ്ങൾ മരിക്കുംവരെ ഈ അകൃത്യം നിങ്ങൾക്കു മോചിക്കപ്പെടുകയില്ല” എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.

15സൈന്യങ്ങളുടെ യഹോവയായ കർത്താവ് ഇപ്രകാരം കല്പിക്കുന്നു: “നീ ചെന്നു ഭണ്ഡാരപതിയും2 രാജധാനിവിചാരകനുമായ ശെബ്നെയെ കണ്ടു പറയേണ്ടത്;16നീ എന്താകുന്നു ഈ ചെയ്യുന്നത്? നിനക്ക് ഇവിടെ ആരുള്ളു? ഇവിടെ നീ കല്ലറ വെട്ടിക്കുന്നത് ആർക്കു വേണ്ടി? ഉയർന്ന ഒരു സ്ഥലത്ത് അവൻ തനിക്ക് ഒരു കല്ലറ വെട്ടിക്കുന്നു; പാറയിൽ തനിക്ക് ഒരു പാർപ്പിടം കൊത്തിയുണ്ടാക്കുന്നു.
17ഹേ, ബലവാനായ മനുഷ്യാ, നിന്നെ യഹോവ തൂക്കിയെടുത്തു ചുഴറ്റി എറിഞ്ഞുകളയും.18അവൻ ഉഗ്രതയോടെ നിശ്ചയമായും നിന്നെ ഒരു പന്തുപോലെ വിശാലമായൊരു ദേശത്തിലേക്ക് ഉരുട്ടിക്കളയും; നിന്റെ യജമാനന്റെ ഗൃഹത്തിന്റെ ലജ്ജയായുള്ളോവേ, അവിടെ നീ മരിക്കും; നിന്റെ മഹത്ത്വമുള്ള രഥങ്ങളും അവിടെയാകും.19ഞാൻ നിന്നെ നിന്റെ ഉദ്യോഗത്തിൽനിന്നു നീക്കിക്കളയും; നിന്റെ സ്ഥാനത്തുനിന്ന് അവൻ നിന്നെ തള്ളിയിടും.
20ആ നാളിൽ ഞാൻ ഹില്ക്കീയാവിന്റെ മകനായ എന്റെ ദാസനായ എല്യാക്കീമിനെ വിളിക്കും.21അവനെ ഞാൻ നിന്റെ മേലങ്കി ധരിപ്പിക്കും; നിന്റെ കച്ചകൊണ്ട് അവന്റെ അര കെട്ടും; നിന്റെ അധികാരം ഞാൻ അവന്റെ കൈയിൽ ഏല്പിക്കും; അവൻ യെരൂശലേം നിവാസികൾക്കും യെഹൂദാഗൃഹത്തിനും ഒരു അപ്പനായിരിക്കും.22ഞാൻ ദാവീദ്ഗൃഹത്തിന്റെ താക്കോൽ അവന്റെ തോളിൽ വയ്ക്കും; അവൻ തുറന്നാൽ ആരും അടയ്ക്കുകയില്ല; അവൻ അടച്ചാൽ ആരും തുറക്കുകയുമില്ല.
23ഉറപ്പുള്ള സ്ഥലത്ത് ഒരു ആണിപോലെ ഞാൻ അവനെ തറയ്ക്കും; അവൻ തന്റെ പിതൃഭവനത്തിനു മഹത്ത്വമുള്ള ഒരു സിംഹാസനം ആയിരിക്കും.24അവർ അവന്റെമേൽ അവന്റെ പിതൃഭവനത്തിന്റെ സകലമഹത്ത്വത്തെയും സന്തതിയെയും സന്തതിപരമ്പരയെയും കിണ്ണംമുതൽ തുരുത്തിവരെയുള്ള സകലവിധ ചെറുപാത്രങ്ങളെയും തൂക്കിയിടും.”
25“ആ നാളിൽ ഉറപ്പുള്ള സ്ഥലത്തു തറച്ചിരുന്ന ആണി ഇളകിപ്പോകും” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; “അതു മുറിഞ്ഞുവീഴുകയും അതിന്മേലുള്ള ഭാരം തകർന്നുപോകുകയും ചെയ്യും;” യഹോവയല്ലയോ അരുളിച്ചെയ്തിരിക്കുന്നത്.


1 22:6 ആവനാഴിക അമ്പുകള്‍ ഇടുന്ന ഉറ.
2 22:15 ഭണ്ഡാരപതിയും ഖജാന്‍ജി.

23

1സോരിനെക്കുറിച്ചുള്ള പ്രവാചകം:

തർശീശ് കപ്പലുകളേ, അലമുറയിടുവിൻ; ഒരു വീടും ശേഷിക്കാത്തവിധവും തുറമുഖം ഇല്ലാത്തവിധവും അതു ശൂന്യമായിരിക്കുന്നു; കിത്തീംദേശത്തുവച്ച് ഇതു അവർക്ക് അറിവു കിട്ടിയിരിക്കുന്നു.

2സമുദ്രതീരനിവാസികളേ, മിണ്ടാതെയിരിക്കുവിൻ; സമുദ്രസഞ്ചാരം ചെയ്യുന്ന സീദോന്യവ്യാപാരികള്‍ നിന്നെ നിറച്ചുവല്ലോ.3വലിയ വെള്ളത്തിന്മേൽ സീഹോർപ്രദേശത്തെ കൃഷിയും നൈൽനദിയിങ്കലെ കൊയ്ത്തും അതിന് വരുമാനമായിവന്നു; അത് ജനതകളുടെ ചന്ത ആയിരുന്നു.
4സീദോനേ, ലജ്ജിച്ചുകൊള്ളുക; “എനിക്കു നോവു കിട്ടിയിട്ടില്ല, ഞാൻ പ്രസവിച്ചിട്ടില്ല, ബാലന്മാരെ പോറ്റിയിട്ടില്ല, കന്യകമാരെ വളർത്തിയിട്ടുമില്ല” എന്നു സമുദ്രം, സമുദ്രദുർഗ്ഗം തന്നെ, പറഞ്ഞിരിക്കുന്നു.5സോരിന്റെ വർത്തമാനം ഈജിപ്റ്റിൽ എത്തുമ്പോൾ അവർ ആ വർത്തമാനത്താൽ ഏറ്റവും വ്യസനിക്കും.
6തർശീശിലേക്കു കടന്നുചെല്ലുവിൻ; സമുദ്രതീരനിവാസികളേ, അലമുറയിടുവിൻ.7പുരാതനമായി പണ്ടേയുള്ള നിങ്ങളുടെ ഉല്ലസിതനഗരം ഇതാകുന്നുവോ? സ്വന്തകാല് അതിനെ ദൂരത്തു പ്രവാസം ചെയ്യുവാൻ വഹിച്ചു കൊണ്ടുപോകും.
8കിരീടം നല്കുന്നതും വ്യാപാരപ്രഭുക്കന്മാരുള്ളതും ഭൂമിയിലെ മഹാന്മാരായ കച്ചവടക്കാരുള്ളതുമായ സോരിനെക്കുറിച്ച് അതു നിർണ്ണയിച്ചതാര്?9സകല മഹത്ത്വത്തിന്റെയും അഹങ്കാരത്തെ അശുദ്ധമാക്കേണ്ടതിനും ഭൂമിയിലെ സകലമഹാന്മാരെയും അപമാനിക്കേണ്ടതിനും സൈന്യങ്ങളുടെ യഹോവ അതു നിർണ്ണയിച്ചിരിക്കുന്നു.
10തർശീശ് പുത്രിയേ, ഇനി ബന്ധനമില്ലായ്കയാൽ നീ നൈൽനദിപോലെ നിന്റെ ദേശത്തെ കവിഞ്ഞൊഴുകുക.11അവിടുന്ന് സമുദ്രത്തിന്മേൽ കൈ നീട്ടി, രാജ്യങ്ങളെ നടുക്കിയിരിക്കുന്നു; യഹോവ കനാനെക്കുറിച്ച് അതിന്റെ കോട്ടകളെ നശിപ്പിക്കുവാൻ കല്പന കൊടുത്തിരിക്കുന്നു.12“ബലാല്ക്കാരം അനുഭവിച്ച കന്യകയായ സീദോൻപുത്രീ, ഇനി നീ ഉല്ലസിക്കുകയില്ല; എഴുന്നേറ്റു കിത്തീമിലേക്കു കടന്നുപോവുക; അവിടെയും നിനക്കു സ്വസ്ഥത ഉണ്ടാവുകയില്ല” എന്ന് അവിടുന്ന് കല്പിച്ചിരിക്കുന്നു.
13ഇതാ, കല്ദയരുടെ ദേശം! ഈ ജനം ഇല്ലാതെയായി; അശ്ശൂർ അതിനെ മരുഭൂമിയിലെ വന്യമൃഗങ്ങൾക്കായി നിയമിച്ചുകളഞ്ഞു; അവർ അവരുടെ കാവൽഗോപുരങ്ങളെ പണിത് അതിലെ കൊട്ടാരങ്ങളെ ഇടിച്ച്, അതിനെ ശൂന്യകൂമ്പാരമാക്കിത്തീർത്തു.14തർശീശ് കപ്പലുകളേ, അലമുറയിടുവിൻ; നിങ്ങളുടെ കോട്ട ശൂന്യമായിപ്പോയല്ലോ.
15ആ നാളിൽ സോർ, ഒരു രാജാവിന്റെ കാലത്തിനൊത്ത എഴുപതു വർഷത്തേക്കു മറന്നുകിടക്കും; എഴുപതു വർഷം കഴിഞ്ഞ് സോരിനു വേശ്യയുടെ പാട്ടുപോലെ സംഭവിക്കും:
16“മറന്നു കിടന്നിരുന്ന വേശ്യയേ,
വീണയെടുത്തു പട്ടണത്തിൽ ചുറ്റിനടക്കുക;
നിന്നെ ഓർമ്മ വരേണ്ടതിനു
നല്ല രാഗം മീട്ടി വളരെ പാട്ടു പാടുക.”
17എഴുപതു വർഷം കഴിഞ്ഞ് യഹോവ സോരിനെ സന്ദർശിക്കും; അപ്പോൾ അതു തന്റെ ആദായത്തിനായി തിരിഞ്ഞ്, ഭൂമിയിലെ സകലലോകരാജ്യങ്ങളോടും വേശ്യാവൃത്തി ചെയ്യും.18എന്നാൽ അതിന്റെ വ്യാപാരവും ആദായവും യഹോവയ്ക്കു വിശുദ്ധം ആയിരിക്കും; അതിനെ നിക്ഷേപിക്കുകയോ സ്വരൂപിച്ചുവയ്ക്കുകയോ ചെയ്യുകയില്ല; അതിന്റെ വ്യാപാരം യഹോവയുടെ സന്നിധിയിൽ വസിക്കുന്നവർക്കു മതിയായ ഭക്ഷണത്തിനും മോടിയുള്ള ഉടുപ്പിനുമായി ഉതകും.

24

1യഹോവ ഭൂമിയെ നിർജ്ജനവും ശൂന്യവും ആക്കി കീഴ്മേൽ മറിക്കുകയും അതിലെ നിവാസികളെ ചിതറിക്കുകയും ചെയ്യും.2ജനത്തിനും പുരോഹിതനും, ദാസനും യജമാനനും, ദാസിക്കും യജമാനത്തിക്കും, വാങ്ങുന്നവനും വില്ക്കുന്നവനും, കടം കൊടുക്കുന്നവനും കടം വാങ്ങുന്നവനും, പലിശ വാങ്ങുന്നവനും പലിശ കൊടുക്കുന്നവനും ഒരുപോലെ സംഭവിക്കും.

3ഭൂമി അശേഷം നിർജ്ജനമായും കവർച്ചയായും പോകും; യഹോവയല്ലയോ ഈ വചനം അരുളിച്ചെയ്തിരിക്കുന്നത്.4ഭൂമി ദുഃഖിച്ചു വാടിപ്പോകുന്നു; ഭൂതലം ക്ഷയിച്ചു വാടിപ്പോകുന്നു;5ഭൂമിയിലെ ഉന്നതന്മാർ ക്ഷീണിച്ചുപോകുന്നു. ഭൂമി അതിലെ നിവാസികളാൽ മലിനമായിരിക്കുന്നു; അവർ പ്രമാണങ്ങളെ ലംഘിച്ചു ചട്ടത്തെ മറിച്ചു നിത്യനിയമത്തിനു ഭംഗം വരുത്തിയിരിക്കുന്നു.
6അതുകൊണ്ടു ഭൂമി ശാപഗ്രസ്തമായി അതിൽ വസിക്കുന്നവർ ശിക്ഷ അനുഭവിക്കുന്നു; അതുകൊണ്ടു ഭൂവാസികൾ ദഹിച്ചുപോയി, ചുരുക്കം പേർ മാത്രം ശേഷിച്ചിരിക്കുന്നു.7പുതുവീഞ്ഞു ദുഃഖിക്കുന്നു; മുന്തിരിവള്ളി വാടുന്നു; സന്തുഷ്ടമാനസന്മാരെല്ലാം നെടുവീർപ്പിടുന്നു.
8തപ്പുകളുടെ ആനന്ദം നിന്നുപോകുന്നു; ഉല്ലസിക്കുന്നവരുടെ ഘോഷം തീർന്നുപോകുന്നു; കിന്നരത്തിന്റെ ആനന്ദം ഇല്ലാതെയാകുന്നു.9അവർ പാട്ടു പാടിക്കൊണ്ടു വീഞ്ഞു കുടിക്കുകയില്ല; മദ്യം കുടിക്കുന്നവർക്ക് അതു കൈപ്പായിരിക്കും.
10ശൂന്യപട്ടണം ഇടിഞ്ഞുകിടക്കുന്നു; ആർക്കും കടന്നു കൂടാത്തവിധം എല്ലാ വീടും അടഞ്ഞുപോയിരിക്കുന്നു.11വീഞ്ഞില്ലായ്കയാൽ വീഥികളിൽ നിലവിളികേൾക്കുന്നു; സന്തോഷം ഒക്കെ ഇരുണ്ടിരിക്കുന്നു; ദേശത്തിലെ ആനന്ദം പൊയ്പോയിരിക്കുന്നു.
12പട്ടണത്തിൽ ശൂന്യത മാത്രം ശേഷിച്ചിരിക്കുന്നു; വാതിൽതകർന്നു നാശമായി കിടക്കുന്നു.13ഒലിവു തല്ലുംപോലെയും മുന്തിരിപ്പഴം പറിച്ചു തീർന്നിട്ടു കാലാ പെറുക്കുംപോലെയും ഭൂമിയുടെ മദ്ധ്യത്തിൽ ജനതകളുടെ ഇടയിൽ സംഭവിക്കുന്നു.
14അവർ ഉച്ചത്തിൽ ആർക്കും; യഹോവയുടെ മഹിമനിമിത്തം അവർ സമുദ്രത്തിൽനിന്ന് ഉറക്കെ ആർക്കും.15അതുകൊണ്ടു നിങ്ങൾ കിഴക്കു യഹോവയെയും സമുദ്രതീരങ്ങളിൽ യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തെയും മഹത്ത്വപ്പെടുത്തുവിൻ.
16“നീതിമാന് മഹത്ത്വം” എന്നിങ്ങനെ ഭൂമിയുടെ അറ്റത്തുനിന്നു കീർത്തനം പാടുന്നതു ഞങ്ങൾ കേട്ടു; ഞാനോ: “എനിക്കു ക്ഷയം, എനിക്കു ക്ഷയം, എനിക്ക് അയ്യോ കഷ്ടം!” എന്നു പറഞ്ഞു. “ദ്രോഹികൾ ദ്രോഹം ചെയ്തിരിക്കുന്നു; ദ്രോഹികൾ മഹാദ്രോഹം ചെയ്തിരിക്കുന്നു.”
17ഭൂവാസിയേ, പേടിയും കുഴിയും കെണിയും നിനക്കു നേരിട്ടിരിക്കുന്നു.18പേടി കേട്ട് ഓടിപ്പോകുന്നവൻ കുഴിയിൽ വീഴും; കുഴിയിൽനിന്നു കയറുന്നവൻ കെണിയിൽ അകപ്പെടും; ഉയരത്തിലെ കിളിവാതിലുകൾ തുറന്നിരിക്കുന്നു; ഭൂമിയുടെ അടിസ്ഥാനങ്ങൾ കുലുങ്ങുന്നു.
19ഭൂമി പൊടുപൊടെ പൊട്ടുന്നു; ഭൂമി കിറുകിറെ കീറുന്നു; ഭൂമി കിടുകിട കിടുങ്ങുന്നു.20ഭൂമി മദ്യപനെപ്പോലെ ചാഞ്ചാടുന്നു; കാവൽമാടംപോലെ ആടുന്നു; അതിന്റെ അകൃത്യം അതിന്മേൽ ഭാരമായിരിക്കുന്നു; അതു വീഴും, എഴുന്നേല്ക്കുകയുമില്ല.

21ആ നാളിൽ യഹോവ ഉയരത്തിൽ ഉന്നതന്മാരുടെ സൈന്യത്തെയും ഭൂമിയിൽ ഭൂരാജാക്കന്മാരെയും ശിക്ഷിക്കും.22കുണ്ടറയിൽ തടവുകാരെപ്പോലെ അവരെ ഒന്നിച്ചു കൂട്ടി കാരാഗൃഹത്തിൽ അടയ്ക്കുകയും ഏറിയനാൾ കഴിഞ്ഞിട്ട് അവരെ സന്ദർശിക്കുകയും ചെയ്യും.23സൈന്യങ്ങളുടെ യഹോവ സീയോൻപർവ്വതത്തിലും യെരൂശലേമിലും വാഴുകയാലും അവന്റെ മൂപ്പന്മാരുടെ മുമ്പിൽ തേജസ്സുണ്ടാവുകയാലും ചന്ദ്രൻ നാണിക്കുകയും സൂര്യൻ ലജ്ജിക്കുകയും ചെയ്യും.

25

1യഹോവേ നീ എന്റെ ദൈവമാകുന്നു; ഞാൻ നിന്നെ പുകഴ്ത്തും; ഞാൻ നിന്റെ നാമത്തെ സ്തുതിക്കും; നീ അത്ഭുതമായി പണ്ടേയുള്ള ആലോചനകളെ വിശ്വസ്തതയോടും സത്യത്തോടും കൂടി അനുഷ്ഠിച്ചിരിക്കുന്നുവല്ലോ.2നീ നഗരത്തെ കല്ക്കുന്നും ഉറപ്പുള്ള പട്ടണത്തെ ശൂന്യവും അന്യന്മാരുടെ കൊട്ടാരങ്ങളെ നഗരമല്ലാത്തവിധവും ആക്കിത്തീർത്തു; അത് ഒരുനാളും പണിയുകയില്ല.3അതുകൊണ്ടു ബലമുള്ള ജനം നിന്നെ മഹത്ത്വപ്പെടുത്തും; ഭയങ്കരജനതകളുടെ പട്ടണം നിന്നെ ഭയപ്പെടും.

4ഭയങ്കരന്മാരുടെ ചീറ്റൽ മതിലിന്റെ നേരെ കൊടുങ്കാറ്റുപോലെ അടിക്കുമ്പോൾ, നീ എളിയവന് ഒരു ദുർഗ്ഗവും ദരിദ്രന് അവന്റെ കഷ്ടത്തിൽ ഒരു കോട്ടയും കൊടുങ്കാറ്റിൽ ഒരു ശരണവും ഉഷ്ണത്തിൽ ഒരു തണലും ആയിരിക്കുന്നു.5വരണ്ട നിലത്തിലെ ഉഷ്ണത്തെപ്പോലെ നീ അന്യന്മാരുടെ ആരവത്തെ അടക്കിക്കളയുന്നു; മേഘത്തിന്റെ തണൽകൊണ്ട് ഉഷ്ണം എന്നപോലെ ഭയങ്കരന്മാരുടെ പാട്ട് ഒതുങ്ങിപ്പോകും.
6സൈന്യങ്ങളുടെ യഹോവ ഈ പർവ്വതത്തിൽ സകലജനതകൾക്കും മൃഷ്ടഭോജനങ്ങൾ1 കൊണ്ടും മട്ടൂറിയ വീഞ്ഞുകൊണ്ടും ഒരു വിരുന്നു കഴിക്കും; മേദസ്സു നിറഞ്ഞ മൃഷ്ടഭോജനങ്ങൾകൊണ്ടും മട്ടു നീക്കി തെളിച്ചെടുത്ത വീഞ്ഞുകൊണ്ടും ഉള്ള വിരുന്നു തന്നെ.7സകല വംശങ്ങൾക്കും ഉള്ള മൂടുപടവും സകലജനതകളുടെയും മേൽ കിടക്കുന്ന മറവും അവൻ ഈ പർവ്വതത്തിൽവച്ചു നശിപ്പിച്ചുകളയും.8അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവ് സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടയ്ക്കുകയും തന്റെ ജനത്തിന്റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളയുകയും ചെയ്യും. യഹോവയല്ലയോ അരുളിച്ചെയ്തിരിക്കുന്നത്.
9ആ നാളിൽ: “ഇതാ, നമ്മുടെ ദൈവം; അവനെയാകുന്നു നാം കാത്തിരുന്നത്; അവൻ നമ്മെ രക്ഷിക്കും; അവൻ തന്നെ യഹോവ; അവനെയത്രേ നാം കാത്തിരുന്നത്; അവന്റെ രക്ഷയിൽ നമുക്ക് ആനന്ദിച്ചു സന്തോഷിക്കാം” എന്ന് അവർ പറയും.10യഹോവയുടെ കൈ ഈ പർവ്വതത്തിൽ ആവസിക്കുമല്ലോ; എന്നാൽ വൈക്കോൽ ചാണകക്കുഴിയിലെ വെള്ളത്തിൽ ഇട്ടു ചവിട്ടുന്നതുപോലെ മോവാബ് സ്വസ്ഥാനത്തുതന്നെ മെതിക്കപ്പെടും.
11നീന്തുന്നവൻ നീന്തുവാൻ കൈ നീട്ടുന്നതുപോലെ മോവാബ് അതിന്റെ നടുവിൽ കൈ നീട്ടും; എങ്കിലും അവന്റെ അഹങ്കാരവും കൈമിടുക്കും അവിടുന്ന് താഴ്ത്തിക്കളയും.12നിന്റെ ഉറപ്പും ഉയരവും ഉള്ള മതിലുകളെ അവിടുന്ന് താഴെ നിലത്തു തള്ളിയിട്ടു പൊടിയാക്കിക്കളയും.


1 25:6 മൃഷ്ടഭോജനങ്ങൾ സമൃദ്ധമായഭോജനങ്ങൾ.

26

1ആ നാളിൽ അവർ യെഹൂദാദേശത്ത് ഈ പാട്ടു പാടും: നമുക്കു ബലമുള്ള ഒരു പട്ടണം ഉണ്ട്; അവിടുന്ന് രക്ഷയെ മതിലുകളും കൊത്തളങ്ങളും1 ആക്കി വയ്ക്കുന്നു.2വിശ്വസ്തത കാണിക്കുന്ന നീതിയുള്ള ജനത പ്രവേശിക്കേണ്ടതിനു വാതിലുകളെ തുറക്കുവിൻ.

3സ്ഥിരമാനസൻ നിന്നിൽ ആശ്രയം വച്ചിരിക്കുകകൊണ്ടു നീ അവനെ പൂർണ്ണസമാധാനത്തിൽ കാക്കുന്നു.4യഹോവയാം യാഹിൽ ശാശ്വതമായ ഒരു പാറ ഉള്ളതിനാൽ യഹോവയിൽ എന്നേക്കും ആശ്രയിക്കുവിൻ.
5അവൻ ഉയരത്തിൽ വസിക്കുന്നവരെ ഉന്നതനഗരത്തെതന്നെ താഴ്ത്തി തള്ളിയിട്ടു നിലംപരിചാക്കി പൊടിയിൽ ഇട്ടുകളഞ്ഞിരിക്കുന്നു.6കാല് അതിനെ ചവിട്ടിക്കളയും; എളിയവരുടെ കാലുകളും ദരിദ്രന്മാരുടെ കാലടികളും തന്നെ.
7നീതിമാന്റെ വഴി ചൊവ്വുള്ളതാകുന്നു; നീ നീതിമാന്റെ പാതയെ ചൊവ്വായി നിരത്തുന്നു.8അതേ, യഹോവേ, നിന്റെ ന്യായവിധികളുടെ പാതയിൽ ഞങ്ങൾ നിന്നെ കാത്തിരിക്കുന്നു; നിന്റെ നാമത്തിനായിട്ടും നിന്റെ സ്മരണയ്ക്കായിട്ടും ഞങ്ങളുടെ ഉള്ളം വാഞ്ഛിക്കുന്നു.9എന്റെ ഉള്ളംകൊണ്ടു ഞാൻ രാത്രിയിൽ നിന്നെ ആഗ്രഹിച്ചു; എന്റെ ഉള്ളിൽ എന്റെ ആത്മാവുകൊണ്ടുതന്നെ ഞാൻ ജാഗ്രതയോടെ നിന്നെ അന്വേഷിക്കും; നിന്റെ ന്യായവിധികൾ ഭൂമിയിൽ നടക്കുമ്പോൾ ഭൂവാസികൾ നീതി പഠിക്കും.
10ദുഷ്ടനു കൃപ കാണിച്ചാലും അവൻ നീതി പഠിക്കുകയില്ല; നേരുള്ള ദേശത്ത് അവൻ അന്യായം പ്രവർത്തിക്കും; യഹോവയുടെ മഹത്ത്വം അവൻ കാണുകയുമില്ല.
11യഹോവേ, നിന്റെ കൈ ഉയർന്നിരിക്കുന്നു; അവരോ കാണുന്നില്ല; എങ്കിലും ജനത്തെക്കുറിച്ചുള്ള നിന്റെ തീക്ഷ്ണത അവർ കണ്ടു ലജ്ജിക്കും; നിന്റെ ശത്രുക്കളെ ദഹിപ്പിക്കുന്ന തീ അവരെ ദഹിപ്പിച്ചുകളയും.12യഹോവേ, നീ ഞങ്ങൾക്കായിട്ടു സമാധാനം നിയമിക്കും; ഞങ്ങളുടെ സകലപ്രവൃത്തികളെയും നീ ഞങ്ങൾക്കുവേണ്ടി നിവർത്തിച്ചിരിക്കുന്നുവല്ലോ.
13ഞങ്ങളുടെ ദൈവമായ യഹോവേ, നീയല്ലാതെ വേറെ കർത്താക്കന്മാർ ഞങ്ങളുടെമേൽ കർത്തൃത്വം നടത്തിയിട്ടുണ്ട്; എന്നാൽ നിന്നെ മാത്രം, നിന്റെ നാമത്തെ തന്നെ, ഞങ്ങൾ സ്വീകരിക്കുന്നു2 .14മരിച്ചവർ ജീവിക്കുന്നില്ല; മൃതന്മാർ എഴുന്നേല്ക്കുന്നില്ല; അതിനായിട്ടല്ലയോ നീ അവരെ സന്ദർശിച്ച് സംഹരിക്കുകയും അവരുടെ ഓർമ്മയെ അശേഷം ഇല്ലാതാക്കുകയും ചെയ്തത്.
15നീ ജനത്തെ വർദ്ധിപ്പിച്ചു; യഹോവേ, ജനത്തെ നീ വർദ്ധിപ്പിച്ചു; നീ മഹത്ത്വപ്പെട്ടിരിക്കുന്നു; ദേശത്തിന്റെ അതിരുകളെയെല്ലാം നീ വിസ്താരമാക്കിയിരിക്കുന്നു.
16യഹോവേ, കഷ്ടതയിൽ അവർ നിന്നെ നോക്കുകയും നിന്റെ ശിക്ഷ അവർക്കു തട്ടിയപ്പോൾ പ്രാർത്ഥന കഴിക്കുകയും ചെയ്തു.17യഹോവേ, പ്രസവം അടുത്തിരിക്കുന്ന ഗർഭിണി നോവുകിട്ടി തന്റെ വേദനയിൽ നിലവിളിക്കുന്നതുപോലെ ഞങ്ങൾ നിന്റെ മുമ്പാകെ ആയിരുന്നു.
18ഞങ്ങൾ ഗർഭം ധരിച്ചു നോവുകിട്ടി പ്രസവിച്ചപ്പോൾ, കാറ്റിനെ പ്രസവിച്ചതുപോലെ ആയിരുന്നു; ദേശത്ത് ഒരു വിടുതലും ഞങ്ങൾ കൊണ്ടുവന്നിട്ടില്ല; ഭൂവാസികൾ പിറന്നുവീണതുമില്ല.
19നിന്റെ മൃതന്മാർ ജീവിക്കും; എന്റെ ശവങ്ങൾ എഴുന്നേല്ക്കും; പൊടിയിൽ കിടക്കുന്നവരേ, ഉണർന്നു ഘോഷിക്കുവിൻ; നിന്റെ മഞ്ഞ് പ്രഭാതത്തിലെ മഞ്ഞുപോലെ ആയിരിക്കുന്നു; ഭൂമി മരിച്ചവരെ പുറംതള്ളുമല്ലോ.
20എന്റെ ജനമേ, വന്നു നിന്റെ അറകളിൽ കടന്നു വാതിലുകൾ അടയ്ക്കുക; ക്രോധം കടന്നുപോകുവോളം അല്പനേരത്തേക്ക് ഒളിച്ചിരിക്കുക.21യഹോവ ഭൂവാസികളെ അവരുടെ അകൃത്യംനിമിത്തം ശിക്ഷിക്കുവാൻ തന്റെ സ്ഥലത്തുനിന്ന് ഇതാ വരുന്നു. ഭൂമി താൻ കുടിച്ച രക്തം മുഴുവനും വെളിപ്പെടുത്തും; തന്നിലുള്ള കൊല്ലപ്പെട്ടവരെ ഇനി മൂടിവയ്ക്കുകയുമില്ല.


1 26:1 കൊത്തളങ്ങളും ശത്രുവിന്റെ വരവു നോക്കിക്കാണുന്നതിനും അവരെ തടയുന്നതിനും കോട്ടയുടെ മുകളില്‍ ഉണ്ടാക്കുന്ന മണ്ഡപം.
2 26:13 സ്വീകരിക്കുന്നു ഏറ്റുപറയുന്നു, പുകഴ്ത്തുന്നു എന്നും മറ്റു വിവർത്തനങ്ങളിൽ കാണാം.

27

1അന്നാളിൽ യഹോവ കടുപ്പവും വലിപ്പവും ബലവും ഉള്ള തന്റെ വാൾകൊണ്ടു വിദ്രുതസർപ്പമായ1 ലിവ്യാഥാനെയും വക്രസർപ്പമായ2 ലിവ്യാഥാനെയും ശിക്ഷിക്കും; സമുദ്രത്തിലെ മഹാസർപ്പത്തെ അവൻ കൊന്നുകളയും.2അന്നു നിങ്ങൾ മനോഹരമായ ഒരു മുന്തിരിത്തോട്ടത്തെപ്പറ്റി പാട്ടു പാടുവിൻ.3“യഹോവയായ ഞാൻ അതിനെ സൂക്ഷിക്കും; നിമിഷംപ്രതി ഞാൻ അതിനെ നനയ്ക്കും; ആരും അതിനെ നശിപ്പിക്കാതിരിക്കേണ്ടതിനു ഞാൻ അതിനെ രാവും പകലും സൂക്ഷിക്കും.

4ക്രോധം എനിക്കില്ല; യുദ്ധത്തിൽ മുള്ളുകളും മുൾച്ചെടികളും എനിക്കു വിരോധമായിരുന്നെങ്കിൽ കൊള്ളാമായിരുന്നു; ഞാൻ അവയുടെ നേരെ ചെന്ന് അവയെ ആകപ്പാടെ ചുട്ടുകളയുമായിരുന്നു.5അല്ലെങ്കിൽ അവൻ എന്നെ അഭയം പ്രാപിച്ച് എന്നോടു സമാധാനം ചെയ്തുകൊള്ളട്ടെ; അതേ, അവൻ എന്നോടു സമാധാനം ചെയ്തുകൊള്ളട്ടെ.”
6വരുംകാലത്ത് യാക്കോബ് വേരൂന്നുകയും യിസ്രായേൽ തളിർത്തുപൂക്കുകയും അങ്ങനെ ഭൂതലത്തിന്റെ ഉപരിഭാഗം ഫലപൂർണ്ണമാവുകയും ചെയ്യും.
7യിസ്രായേലിനെ അടിച്ചവരെ അടിച്ചതുപോലെയോ യഹോവ യിസ്രായേലിനെ അടിച്ചത്? യിസ്രായേലിനെ കൊന്നവരെ കൊന്നതുപോലെയോ അവൻ കൊല്ലപ്പെട്ടിരിക്കുന്നത്?8അവരെ ഉപേക്ഷിച്ചതിനാൽ അവിടുന്ന് അല്പമായിട്ട് അവളോടു വാദിച്ചു; കിഴക്കൻ കാറ്റുള്ള നാളിൽ അവൻ കൊടുങ്കാറ്റുകൊണ്ടു പാറ്റിക്കളഞ്ഞു.
9ഇതുകൊണ്ട് യാക്കോബിന്റെ അകൃത്യത്തിനു പരിഹാരം വരും; അവന്റെ പാപത്തെ നീക്കിക്കളഞ്ഞതിന്റെ ഫലമെല്ലാം ഇതാകുന്നു; അവൻ ബലിപീഠത്തിന്റെ കല്ല് എല്ലാം ഇടിച്ചുതകർത്ത ചുണ്ണാമ്പുകല്ലുപോലെ ആക്കുമ്പോൾ അശേരാപ്രതിഷ്ഠകളും സൂര്യസ്തംഭങ്ങളും ഇനി നിവിർന്നുനില്ക്കുകയില്ല.
10ഉറപ്പുള്ള പട്ടണം ഏകാന്തവും മരുഭൂമിപോലെ നിർജ്ജനവും ശൂന്യവും ആയിരിക്കും; അവിടെ കാളക്കിടാവു മേഞ്ഞുകിടന്ന് അവിടെയുള്ള തളിരുകൾ തിന്നുകളയും.11അതിലെ കൊമ്പുകൾ ഉണങ്ങുമ്പോൾ ഒടിഞ്ഞുവീഴും; സ്ത്രീകൾ വന്ന് അതു പെറുക്കി തീ കത്തിക്കും; അതു തിരിച്ചറിവില്ലാത്ത ഒരു ജനമല്ലയോ; അതുകൊണ്ട് അവരെ നിർമ്മിച്ചവന് അവരോടു കരുണ തോന്നുകയില്ല; അവരെ മനെഞ്ഞവൻ അവർക്കു കൃപ കാണിക്കുകയുമില്ല.
12ആ നാളിൽ യഹോവ നദിമുതൽ ഈജിപ്റ്റുതോടുവരെ കറ്റ മെതിക്കും; യിസ്രായേൽ മക്കളേ, നിങ്ങളെ ഓരോന്നായി പെറുക്കി എടുക്കും.

13അന്നാളിൽ മഹാകാഹളം ഊതും; അശ്ശൂർ ദേശത്തു നഷ്ടരായവരും ഈജിപ്റ്റുദേശത്തു പുറത്താക്കപ്പെട്ടവരും വന്നു യെരൂശലേമിലെ വിശുദ്ധപർവ്വതത്തിൽ യഹോവയെ നമസ്കരിക്കും.


1 27:1 വിദ്രുതസർപ്പമായ കുതിച്ചുപായുന്ന സർപ്പമായ.
2 27:1 വക്രസർപ്പമായ വളഞ്ഞുപുളഞ്ഞ് പോകുന്ന സർപ്പമായ.

28

1എഫ്രയീമിലെ മദ്യപന്മാരുടെ ഡംഭകിരീടത്തിനും വീഞ്ഞുകുടിച്ചു ലഹരിപിടിച്ചവരുടെ ഫലവത്തായ താഴ്വരയിലെ ശിരസ്സിന്മേൽ വാടിപ്പോകുന്ന പുഷ്പമായ അവന്റെ ഭംഗിയുള്ള അലങ്കാരത്തിനും അയ്യോ, കഷ്ടം!2ഇതാ, ശക്തിയും ബലവുമുള്ള ഒരുവൻ കർത്താവിങ്കൽനിന്നു വരുന്നു1 ; തകർക്കുന്ന കൊടുങ്കാറ്റോടുകൂടിയ കന്മഴപോലെയും കവിഞ്ഞൊഴുകുന്ന മഹാ ജലപ്രവാഹം പോലെയും അവിടുന്ന് അവരെ വെറുംകൈകൊണ്ടു നിലത്തു തള്ളിയിടും.

3എഫ്രയീമിലെ മദ്യപന്മാരുടെ ഡംഭകിരീടം അവൻ കാലുകൊണ്ടു ചവിട്ടിക്കളയും.4ഫലവത്തായ താഴ്വരയിലെ ശിരസ്സിന്മേൽ വാടിപ്പോകുന്ന പുഷ്പമായ അവന്റെ ഭംഗിയുള്ള അലങ്കാരം ഫലശേഖരകാലത്തിനു മുമ്പ് പഴുത്തതും കാണുന്നവൻ ഉടനെ പറിച്ചുതിന്നുന്നതുമായ അത്തിപ്പഴംപോലെ ഇരിക്കും.
5ആ നാളിൽ സൈന്യങ്ങളുടെ യഹോവ തന്റെ ജനത്തിന്റെ ശേഷിപ്പിനു മഹത്ത്വമുള്ള ഒരു കിരീടവും ഭംഗിയുള്ള ഒരു മുടിയും6ന്യായവിസ്താരം കഴിക്കുവാൻ ഇരിക്കുന്നവനു ന്യായത്തിന്റെ ആത്മാവും പട്ടണവാതില്ക്കൽവച്ചു പടയെ മടക്കിക്കളയുന്നവർക്കു വീര്യബലവും ആയിരിക്കും.

7എന്നാൽ ഇവരും വീഞ്ഞു കുടിച്ചു ചാഞ്ചാടുകയും മദ്യപിച്ച് ആടിനടക്കുകയും ചെയ്യുന്നു; പുരോഹിതനും പ്രവാചകനും മദ്യപാനം ചെയ്തു ചാഞ്ചാടുകയും വീഞ്ഞുകുടിച്ചു മത്തരാവുകയും മദ്യപിച്ച് ആടിനടക്കുകയും ചെയ്യുന്നു; അവർ ദർശനത്തിൽ പിഴച്ചു ന്യായവിധിയിൽ തെറ്റിപ്പോകുന്നു.8മേശകൾ മുഴുവനും ഛർദ്ദിയും അഴുക്കുംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഒരു സ്ഥലവും ശേഷിക്കുന്നില്ല2 .
9“ആർക്കാകുന്നു ഇവൻ പരിജ്ഞാനം ഉപദേശിക്കുവാൻ പോകുന്നത്? ആരെയാകുന്നു അവൻ പ്രസംഗം ഗ്രഹിപ്പിക്കുവാൻ പോകുന്നത്? പാലുകുടി മാറിയവരെയോ? മുലകുടി വിട്ടവരെയോ?10ചട്ടത്തിന്മേൽ ചട്ടം, ചട്ടത്തിന്മേൽ ചട്ടം; സൂത്രത്തിന്മേൽ സൂത്രം, സൂത്രത്തിന്മേൽ സൂത്രം; ഇവിടെ അല്പം, അവിടെ അല്പം” എന്ന് അവർ പറയുന്നു അതേ,
11വിക്കിവിക്കി പറയുന്ന അധരങ്ങളാലും അന്യഭാഷയിലും അവിടുന്ന് ഈ ജനത്തോടു സംസാരിക്കും.12“ഇതാകുന്നു സ്വസ്ഥത; ക്ഷീണിച്ചിരിക്കുന്നവനു സ്വസ്ഥത കൊടുക്കുവിൻ; ഇതാകുന്നു വിശ്രമം” എന്ന് അവിടുന്ന് അവരോട് അരുളിച്ചെയ്തു എങ്കിലും കേൾക്കുവാൻ അവർക്കു മനസ്സില്ലായിരുന്നു.
13അതിനാൽ അവർ ചെന്നു പുറകോട്ടുവീണു തകർന്നു കുടുക്കിൽ അകപ്പെട്ടു പിടിപെടേണ്ടതിന്, യഹോവയുടെ വചനം അവർക്കു “ചട്ടത്തിന്മേൽ ചട്ടം, ചട്ടത്തിന്മേൽ ചട്ടം, സൂത്രത്തിന്മേൽ സൂത്രം, സൂത്രത്തിന്മേൽ സൂത്രം, ഇവിടെ അല്പം അവിടെ അല്പം” എന്ന് ആയിരിക്കും.
14അതുകൊണ്ടു യെരൂശലേമിലെ ഈ ജനത്തെ ഭരിക്കുന്ന പരിഹാസികളേ, യഹോവയുടെ വചനം കേൾക്കുവിൻ.15“ഞങ്ങൾ മരണത്തോടു ഉടമ്പടിയും പാതാളത്തോട് കരാറും ചെയ്തിരിക്കുന്നു; പ്രവഹിക്കുന്ന ബാധ കടന്നുപോകുമ്പോൾ അതു ഞങ്ങളോട് അടുത്തു വരികയില്ല; ഞങ്ങൾ ഭോഷ്കിനെ ശരണമാക്കി വ്യാജത്തിൽ ഒളിച്ചിരിക്കുന്നു” എന്നു നിങ്ങൾ പറഞ്ഞുവല്ലോ.
16അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, ഞാൻ സീയോനിൽ ഉറപ്പുള്ള അടിസ്ഥാനമായിട്ടു ശോധനചെയ്ത കല്ലും വിലയേറിയ മൂലക്കല്ലും ആയി ഒരു അടിസ്ഥാനക്കല്ല് ഇട്ടിരിക്കുന്നു; വിശ്വസിക്കുന്നവൻ ഓടിപ്പോവുകയില്ല.
17ഞാൻ ന്യായത്തെ അളവുചരടും നീതിയെ തൂക്കുകട്ടയും ആക്കിവയ്ക്കും; കന്മഴ വ്യാജശരണത്തെ നീക്കിക്കളയും; വെള്ളം ഒളിപ്പിടത്തെ ഒഴുക്കി കൊണ്ടുപോകും.
18മരണത്തോടുള്ള നിങ്ങളുടെ ഉടമ്പടി ദുർബ്ബലമാകും; പാതാളത്തോടുള്ള നിങ്ങളുടെ കരാർ നിലനില്ക്കുകയില്ല; പ്രവഹിക്കുന്ന ബാധ കടന്നുപോകുമ്പോൾ നിങ്ങൾ തകർന്നു പോകും.19അത് കടന്നുപോകുമ്പോഴെല്ലാം നിങ്ങളെ പിടിക്കും; അതു രാവിലെതോറും, രാവും പകലും, കടന്നുപോകും;” അതിന്റെ വാർത്ത കേൾക്കുന്ന മാത്രയ്ക്കു നടുക്കം ഉണ്ടാകും.
20കിടക്ക ഒരുത്തനു നിവിർന്നു കിടക്കുവാൻ നിളം പോരാത്തതും പുതപ്പ് പുതയ്ക്കുവാൻ വീതി പോരാത്തതും ആകും.21യഹോവ തന്റെ പ്രവൃത്തിയെ തന്റെ ആശ്ചര്യപ്രവൃത്തിയെ തന്നെ, ചെയ്യേണ്ടതിനും തന്റെ ക്രിയയെ, തന്റെ അപൂർവ്വക്രിയയെ തന്നെ നടത്തേണ്ടതിനും പെറാസീംമലയിൽ എന്നപോലെ എഴുന്നേല്ക്കുകയും ഗിബെയോൻതാഴ്വരയിൽ എന്നപോലെ കോപിക്കുകയും ചെയ്യും.
22അതുകൊണ്ട് നിങ്ങളുടെ ബന്ധനങ്ങൾ മുറുകിപ്പോകാതെയിരിക്കേണ്ടതിനു നിങ്ങൾ പരിഹാസികൾ ആയിരിക്കരുത്; സർവ്വഭൂമിയിലും വരുവാൻ നിർണ്ണയിച്ചിട്ടുള്ള ഒരു സംഹാരത്തെക്കുറിച്ചു ഞാൻ സൈന്യങ്ങളുടെ യഹോവയായ കർത്താവിങ്കൽനിന്നു കേട്ടിരിക്കുന്നു.
23ചെവി തന്ന് എന്റെ വാക്കു കേൾക്കുവിൻ; ശ്രദ്ധവച്ച് എന്റെ വചനം കേൾക്കുവിൻ.24വിതക്കുവാൻ ഉഴുന്നവൻ ഇടവിടാതെ ഉഴുതുകൊണ്ടിരിക്കുന്നുവോ? അവൻ എല്ലായ്പോഴും നിലം കീറി കട്ട ഉടച്ചുകൊണ്ടിരിക്കുന്നുവോ?
25നിലം നിരപ്പാക്കിയിട്ട് അവൻ കരിഞ്ജീരകം വിതയ്ക്കുകയും ജീരകം വിതറുകയും ഗോതമ്പ് ഉഴവു ചാലിലും യവം അതിനുള്ള സ്ഥലത്തും ചെറുഗോതമ്പ് അതിന്റെ അറ്റത്തും ഇടുകയും ചെയ്യുന്നില്ലയോ?26അങ്ങനെ അവന്റെ ദൈവം അവനെ യഥാക്രമം ഉപദേശിച്ചു പഠിപ്പിച്ചിരിക്കുന്നു.
27കരിഞ്ജീരകം മെതിവണ്ടികൊണ്ടു മെതിക്കുന്നില്ല; ജീരകത്തിന്മേൽ വണ്ടിയുടെ ചക്രം ഉരുട്ടുന്നതുമില്ല; കരിഞ്ജീരകം വടികൊണ്ടും ജീരകം കോൽകൊണ്ടും തല്ലിയെടുക്കുകയത്രേ ചെയ്യുന്നത്.28മെതിക്കയിൽ ധാന്യം ചതച്ചുകളയാറുണ്ടോ? അവൻ അതിനെ എല്ലായ്പോഴും മെതിക്കുകയും വണ്ടിയുടെ ചക്രത്തെയും കുതിരകളെയും അതിന്മേൽ തെളിക്കുകയും ചെയ്യുകയില്ലല്ലോ; അവൻ അതിനെ ചതച്ചുകളയുകയില്ല.
29അതും സൈന്യങ്ങളുടെ യഹോവയിങ്കൽനിന്നു വരുന്നു; അവൻ ആലോചനയിൽ അതിശയവും ജ്ഞാനത്തിൽ ഉൽകൃഷ്ടതയും 3 ഉള്ളവനാകുന്നു.


1 28:2 കർത്താവിങ്കൽനിന്നു വരുന്നു കർത്താവിനുണ്ട് എന്നും ഭാഷാന്തരങ്ങളിൽ കാണാം.
2 28:8 ഒരു സ്ഥലവും ശേഷിക്കുന്നില്ല ശുദ്ധമായ ഒരു സ്ഥലവുമില്ല എന്നുമാകാം.
3 28:29 ഉൽകൃഷ്ടതയും ശ്രേഷ്ടതയും.

29

1അയ്യോ, അരീയേലേ, അരീയേലേ! ദാവീദ് പാളയമിറങ്ങിയിരുന്ന നഗരമേ! ആണ്ടോട് ആണ്ടു കൂട്ടുവിൻ; ഉത്സവങ്ങൾ മുറയ്ക്കു വന്നുകൊണ്ടിരിക്കട്ടെ.2എന്നാൽ ഞാൻ അരീയേലിനെ ഞെരുക്കും; ദുഃഖവും വിലാപവും ഉണ്ടാകും; അത് എനിക്ക് അരീയേലിനെപോലെ ഇരിക്കും.

3ഞാൻ നിനക്കു വിരോധമായി ചുറ്റും പാളയമിറങ്ങി മൺകൂനകൊണ്ട് നിന്നെ ഉപരോധിക്കുകയും നിന്റെ നേരെ കൊത്തളം ഉണ്ടാക്കുകയും ചെയ്യും.4അപ്പോൾ നീ താണു, നിലത്തുനിന്നു സംസാരിക്കും; നിന്റെ വാക്ക് പൊടിയിൽനിന്നു പതുക്കെ വരും; വെളിച്ചപ്പാടന്റേതുപോലെ നിന്റെ ഒച്ച നിലത്തുനിന്നു വരും; നിന്റെ വാക്ക് പൊടിയിൽനിന്നു ചിലയ്ക്കും.
5നിന്റെ ശത്രുക്കളുടെ സംഘം നേരിയ പൊടിപോലെയും ഭയങ്കരന്മാരുടെ കൂട്ടം, പാറിപ്പോകുന്ന പതിർപോലെയും ഇരിക്കും; അത് ഒരു ക്ഷണമാത്രകൊണ്ടു പെട്ടെന്നു സംഭവിക്കും.6ഇടിമുഴക്കത്തോടും ഭൂകമ്പത്തോടും മഹാനാദത്തോടും കൂടി ചുഴലിക്കാറ്റും കൊടുങ്കാറ്റും ദഹിപ്പിക്കുന്ന അഗ്നിജ്വാലയുമായി അതു സൈന്യങ്ങളുടെ യഹോവയാൽ സന്ദർശിക്കപ്പെടും.
7അരീയേലിന്റെ നേരെ യുദ്ധം ചെയ്യുന്ന സകലജനതകളുടെയും കൂട്ടം അതിനും അതിന്റെ കോട്ടയ്ക്കും നേരെ യുദ്ധം ചെയ്തു അതിനെ വിഷമിപ്പിക്കുന്ന ഏവരും തന്നെ, ഒരു സ്വപ്നംപോലെ, ഒരു രാത്രിദർശനംപോലെ ആകും.8വിശന്നിരിക്കുന്നവൻ താൻ ഭക്ഷിക്കുന്നു എന്നു സ്വപ്നം കണ്ടിട്ട് ഉണരുമ്പോൾ വിശന്നിരിക്കുന്നതുപോലെയും ദാഹിച്ചിരിക്കുന്നവൻ താൻ പാനംചെയ്യുന്നു എന്നു സ്വപ്നം കണ്ടിട്ട് ഉണരുമ്പോൾ ക്ഷീണിച്ചും ദാഹിച്ചും ഇരിക്കുന്നതുപോലെയും സീയോൻ പർവ്വതത്തോടു യുദ്ധം ചെയ്യുന്ന സകലജനതകളുടെയും കൂട്ടം ആയിരിക്കും.
9വിസ്മയിച്ചു സ്തംഭിച്ചുപോകുവിൻ; അന്ധതപിടിച്ചു കുരുടരായിത്തീരുവിൻ; അവർ മത്തരായിരിക്കുന്നു. വീഞ്ഞുകൊണ്ടല്ലതാനും; അവർ ചാഞ്ചാടിനടക്കുന്നു; മദ്യപാനംകൊണ്ടല്ലതാനും.10യഹോവ ഗാഢനിദ്ര നിങ്ങളുടെമേൽ പകർന്നു നിങ്ങളുടെ കണ്ണുകളെ അടച്ചിരിക്കുന്നു; അവൻ പ്രവാചകന്മാർക്കും നിങ്ങളുടെ ദർശകന്മാരായ തലവന്മാർക്കും മൂടുപടം ഇട്ടിരിക്കുന്നു.
11അങ്ങനെ നിങ്ങൾക്കു സകലദർശനവും മുദ്രയിട്ടിരിക്കുന്ന ഒരു പുസ്തകത്തിലെ വചനങ്ങൾ പോലെ ആയിത്തീർന്നിരിക്കുന്നു; അതിനെ അക്ഷരവിദ്യയുള്ള ഒരുവന്റെ കൈയിൽ കൊടുത്ത്: “ഇതൊന്നു വായിക്കണം” എന്നു പറഞ്ഞാൽ അവൻ: “എനിക്കു വയ്യാ; അതിനു മുദ്രയിട്ടിരിക്കുന്നുവല്ലോ” എന്നു പറയും.12അല്ല, ആ പുസ്തകം അക്ഷരവിദ്യയില്ലാത്തവന്റെ കൈയിൽ കൊടുത്ത്: “ഇതൊന്നു വായിക്കണം” എന്നു പറഞ്ഞാൽ അവൻ: “എനിക്ക് അക്ഷര വിദ്യയില്ല” എന്നു പറയും.
13“ഈ ജനം അടുത്തുവന്നു വായ് കൊണ്ടും അധരംകൊണ്ടും എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയത്തെ അവർ എങ്കൽനിന്നു ദൂരത്ത് അകറ്റിവച്ചിരിക്കുന്നു; എന്നോടുള്ള അവരുടെ ഭക്തി, മനഃപാഠമാക്കിയ മാനുഷകല്പനയത്രേ.14ഇതു കാരണത്താൽ ഞാൻ ഈ ജനത്തിന്റെ ഇടയിൽ ഇനിയും ഒരു അത്ഭുതപ്രവൃത്തി, അത്ഭുതവും ആശ്ചര്യവും ആയൊരു പ്രവൃത്തി തന്നെ, ചെയ്യും; അവരുടെ ജ്ഞാനികളുടെ ജ്ഞാനം നശിക്കും; അവരുടെ ബുദ്ധിമാന്മാരുടെ ബുദ്ധിയും മറഞ്ഞുപോകും” എന്നു കർത്താവ് അരുളിച്ചെയ്തു.
15സ്വന്തം ആലോചനയെ യഹോവയ്ക്ക് അഗാധമായി മറച്ചുവയ്ക്കുവാൻ നോക്കുകയും സ്വന്തം പ്രവൃത്തികളെ അന്ധകാരത്തിൽ ചെയ്യുകയും: “ഞങ്ങളെ ആര് കാണുന്നു? ഞങ്ങളെ ആര് അറിയുന്നു” എന്നു പറയുകയും ചെയ്യുന്നവർക്ക് അയ്യോ കഷ്ടം!
16നിങ്ങൾ കാര്യങ്ങൾ തലകീഴാക്കുന്നുവല്ലോ! കുശവനും കളിമണ്ണും ഒരുപോലെ എന്നു വിചാരിക്കാമോ? ഉണ്ടായത് ഉണ്ടാക്കിയവനെക്കുറിച്ച്: “അവൻ എന്നെ ഉണ്ടാക്കിയിട്ടില്ല” എന്നും, ഉരുവായത് ഉരുവാക്കിയവനെക്കുറിച്ച്: “അവനു ബുദ്ധിയില്ല” എന്നും പറയുമോ?
17ഇനി അല്പകാലംകൊണ്ടു ലെബാനോൻ ഒരു ഉദ്യാനമായി1 തീരുകയും ഉദ്യാനം വനമായി എണ്ണപ്പെടുകയും ചെയ്യുകയില്ലയോ?18ആ നാളിൽ ചെകിടന്മാർ പുസ്തകത്തിലെ വചനങ്ങളെ കേൾക്കുകയും കരുടന്മാരുടെ കണ്ണുകൾ ഇരുളും അന്ധകാരവും നീങ്ങി കാണുകയും19സൗമ്യതയുള്ളവർക്കു യഹോവയിൽ സന്തോഷം വർദ്ധിക്കുകയും മനുഷ്യരിൽ സാധുക്കളായവർ യിസ്രായേലിന്റെ പരിശുദ്ധനിൽ ആനന്ദിക്കുകയും ചെയ്യും.
20ഭയങ്കരൻ നാസ്തിയായും പരിഹാസി ഇല്ലാതെയായും ഇരിക്കുന്നുവല്ലോ.21മനുഷ്യരെ വ്യവഹാരത്തിൽ കുറ്റക്കാരാക്കുകയും പട്ടണവാതില്ക്കൽ ന്യായം വിസ്തരിക്കുന്നവനു കെണിവയ്ക്കുകയും നീതിമാനെ നിസ്സാരകാര്യംകൊണ്ടു ബഹിഷ്കരിക്കുകയും ചെയ്യുന്നവരായി നീതികേടിന് കാത്തിരിക്കുന്ന ഏവരും ഛേദിക്കപ്പെട്ടുമിരിക്കുന്നു.
22ആകയാൽ അബ്രാഹാമിനെ വീണ്ടെടുത്ത യഹോവ യക്കോബ് ഗൃഹത്തെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: “യാക്കോബ് ഇനി ലജ്ജിച്ചുപോവുകയില്ല; അവന്റെ മുഖം ഇനി വിളറിപ്പോവുകയുമില്ല.23എന്നാൽ അവൻ, അവന്റെ മക്കൾ തന്നെ, അവരുടെ മദ്ധ്യത്തിൽ എന്റെ കൈകളുടെ പ്രവൃത്തി കാണുമ്പോൾ അവർ എന്റെ നാമത്തെ വിശുദ്ധീകരിക്കും; അതേ അവർ യാക്കോബിന്റെ പരിശുദ്ധനെ വിശുദ്ധീകരിക്കുകയും യിസ്രായേലിന്റെ ദൈവത്തെ ഭയപ്പെടുകയും ചെയ്യും.24മനോവിഭ്രമമുള്ളവർ ജ്ഞാനം ഗ്രഹിക്കുകയും പിറുപിറുക്കുന്നവർ ഉപദേശം പഠിക്കുകയും ചെയ്യും.”


1 29:17 ഉദ്യാനമായി ഫലസമൃദ്ധമായ ഒരു വയൽ എന്നുമാകാം.

30

1“പാപത്തോടു പാപം കൂട്ടുവാൻ തക്കവണ്ണം എന്നെ കൂടാതെ ആലോചന കഴിക്കുകയും എന്റെ ആത്മാവിനെ കൂടാതെ സഖ്യത ചെയ്യുകയും2ഫറവോന്റെ സംരക്ഷണയിൽ തങ്ങളെത്തന്നെ സംരക്ഷിക്കേണ്ടതിനും ഈജിപ്റ്റിന്റെ നിഴലിൽ ശരണം പ്രാപിക്കേണ്ടതിനും എന്റെ അരുളപ്പാടു ചോദിക്കാതെ ഈജിപ്റ്റിലേക്കു പോവുകയും ചെയ്യുന്ന മത്സരമുള്ള മക്കൾക്ക് അയ്യോ കഷ്ടം” എന്നു യഹോവ അരുളിച്ചെയ്യുന്നു.

3“എന്നാൽ ഫറവോന്റെ സംരക്ഷണം നിങ്ങൾക്കു നാണമായും ഈജിപ്റ്റിന്റെ നിഴലിലെ ശരണം ലജ്ജയായും ഭവിക്കും.4അവന്റെ പ്രഭുക്കന്മാർ സോവനിൽ ആയി അവന്റെ ദൂതന്മാർ ഹാനേസിൽ എത്തിയിരിക്കുന്നു.5അവർ എല്ലാവരും അവർക്കു ലജ്ജയും അപമാനവും അല്ലാതെ ഉപകാരമോ സഹായമോ പ്രയോജനമോ ഒന്നും വരാത്ത ഒരു ജനത നിമിത്തം ലജ്ജിച്ചുപോകും.”

6തെക്കെ ദേശത്തിലെ മൃഗങ്ങളെക്കുറിച്ചുള്ള പ്രവാചകം: സിംഹി, സിംഹം, അണലി, പറക്കുന്ന അഗ്നിസർപ്പം എന്നിവ വരുന്നതായി കഷ്ടവും ക്ലേശവും ഉള്ള ദേശത്തുകൂടി, അവർ ഇളം കഴുതപ്പുറത്തു അവരുടെ സമ്പത്തും ഒട്ടകപ്പുറത്തു അവരുടെ നിക്ഷേപങ്ങളും കയറ്റി അവർക്ക് ഉപകാരം വരാത്ത ഒരു ജനത്തിന്റെ അടുക്കൽ കൊണ്ടുപോകുന്നു.7ഈജിപ്റ്റുകാരുടെ സഹായം വ്യർത്ഥവും നിഷ്ഫലവുമത്രേ; അതുകൊണ്ടു ഞാൻ അതിന്: അനങ്ങാതിരിക്കുന്ന സാഹസക്കാർ എന്നു പേര് വിളിക്കുന്നു.
8നീ ഇപ്പോൾ ചെന്നു, വരുംകാലത്തേക്ക് ഒരു ശാശ്വതസാക്ഷ്യമായിരിക്കേണ്ടതിന് അവരുടെ മുമ്പിൽ അതിനെ ഒരു പലകയിൽ എഴുതി ഒരു രേഖയായി കുറിച്ചുവയ്ക്കുക.9അവർ മത്സരമുള്ള ഒരു ജനവും ഭോഷ്കു പറയുന്ന മക്കളും യഹോവയുടെ ന്യായപ്രമാണം അനുസരിക്കാത്ത സന്തതിയുമല്ലയോ.
10അവർ ദർശകന്മാരോട്: “ദർശിക്കരുത്; പ്രവാചകന്മാരോട്: നേരുള്ളതു ഞങ്ങളോടു പ്രവചിക്കരുത്; മധുരവാക്കു ഞങ്ങളോടു സംസാരിക്കുവിൻ; വ്യാജങ്ങൾ പ്രവചിക്കുവിൻ;11വഴി വിട്ടു നടക്കുവിൻ; പാത തെറ്റി നടക്കുവിൻ; യിസ്രായേലിന്റെ പരിശുദ്ധനെ ഞങ്ങളുടെ മുമ്പിൽനിന്നു നീങ്ങുമാറാക്കുവിൻ” എന്നു പറയുന്നു.
12അതിനാൽ യിസ്രായേലിന്റെ പരിശുദ്ധൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ഈ വചനത്തെ നിരസിച്ചുകളയുകയും പീഡനത്തിലും വക്രതയിലും ആശ്രയിച്ചു ചാരിനിൽക്കുകയും ചെയ്യുന്നതുകൊണ്ട്,13ഈ അകൃത്യം നിങ്ങൾക്ക് ഉയർന്ന ചുവരിൽ ഉന്തിനില്ക്കുന്നതും പെട്ടെന്ന് ഒരു മാത്രകൊണ്ടു വീഴുന്നതും ആയ ഒരു പൊട്ടൽപോലെ ആയിരിക്കും.
14അടുപ്പിൽനിന്നു തീ എടുക്കുവാനോ കുളത്തിൽനിന്നു വെള്ളം കോരുവാനോ കൊള്ളാകുന്ന ഒരു കഷണംപോലും ശേഷിക്കാത്തവിധം ഒരുവൻ കുശവന്റെ പൊട്ടക്കലം ഗണ്യമാക്കാതെ ഉടച്ചുകളയുന്നതുപോലെ അവൻ അതിനെ ഉടച്ചുകളയും.”
15യിസ്രായേലിന്റെ പരിശുദ്ധനായി യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “മനംതിരിഞ്ഞ് അടങ്ങിയിരുന്നാൽ നിങ്ങൾ രക്ഷിക്കപ്പെടും. വിശ്രമിക്കുന്നതിലും ആശ്രയിക്കുന്നതിലും നിങ്ങളുടെ ബലം; എങ്കിലും നിങ്ങൾക്ക് മനസ്സാകാതെ: ‘അല്ല;16ഞങ്ങൾ കുതിരപ്പുറത്തു കയറി ഓടിപ്പോകും’ എന്നു നിങ്ങൾ പറഞ്ഞു; അതുകൊണ്ടു നിങ്ങൾ ഓടിപ്പോകേണ്ടിവരും; ‘ഞങ്ങൾ വേഗതയുള്ള കുതിരകളിന്മേൽ കയറിപ്പോകും’ എന്നും പറഞ്ഞു; അതുകൊണ്ടു നിങ്ങളെ പിന്തുടരുന്നവരും വേഗതയുള്ളവരായിരിക്കും.
17മലമുകളിൽ ഒരു കൊടിമരംപോലെയും കുന്നിൻപുറത്ത് ഒരു കൊടിപോലെയും നിങ്ങൾ ശേഷിക്കുന്നതുവരെ, ഏകന്റെ ഭീഷണിയാൽ ആയിരം പേരും അഞ്ചുപേരുടെ ഭീഷണിയാൽ നിങ്ങളെല്ലാവരും ഓടിപ്പോകും.”
18അതുകൊണ്ട് യഹോവ നിങ്ങളോടു കൃപ കാണിക്കുവാൻ താമസിക്കുന്നു; അതുകൊണ്ട് അവൻ നിങ്ങളോടു കരുണ കാണിക്കാത്തവിധം ഉയർന്നിരിക്കുന്നു; യഹോവ ന്യായത്തിന്റെ ദൈവമല്ലയോ; അവനായി കാത്തിരിക്കുന്നവരെല്ലാം ഭാഗ്യവാന്മാർ.19യെരൂശലേമ്യരായ സീയോൻനിവാസികളേ, ഇനി കരഞ്ഞുകൊണ്ടിരിക്കണ്ടാ; നിങ്ങളുടെ നിലവിളിയുടെ ശബ്ദത്തിങ്കൽ അവനു നിശ്ചയമായി കരുണ തോന്നും; അതു കേൾക്കുമ്പോൾ തന്നെ അവൻ ഉത്തരം അരുളും.
20കർത്താവ് നിങ്ങൾക്കു കഷ്ടത്തിന്റെ അപ്പവും ഞെരുക്കത്തിന്റെ വെള്ളവും മാത്രം തന്നാലും ഇനി നിന്റെ ഉപദേഷ്ടാവ് മറഞ്ഞിരിക്കുകയില്ല; നിന്റെ കണ്ണ് നിന്റെ ഉപദേഷ്ടാവിനെ കണ്ടുകൊണ്ടിരിക്കും.21നിങ്ങൾ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ: “വഴി ഇതാകുന്നു, ഇതിൽ നടന്നുകൊള്ളുവിൻ” എന്നൊരു വാക്ക് പിറകിൽനിന്നു കേൾക്കും.
22വെള്ളി പൊതിഞ്ഞിരിക്കുന്ന ബിംബങ്ങളെയും പൊന്നു പൊതിഞ്ഞിരിക്കുന്ന വിഗ്രഹങ്ങളെയും നിങ്ങൾ അശുദ്ധമാക്കും; അവയെ മലിനമായൊരു വസ്തുപോലെ എറിഞ്ഞുകളയുകയും “പൊയ്ക്കൊ” എന്നു പറയുകയും ചെയ്യും.
23നീ നിലത്തു വിതയ്ക്കുന്ന വിത്തിനു മഴയും നിലത്തിലെ വിളവായ അപ്പവും അവൻ നിനക്കു തരും; അതു പുഷ്ടിയും സമൃദ്ധിയും ഉള്ളതായിരിക്കും; അന്നു നിന്റെ കന്നുകാലികൾ വിസ്താരമായ മേച്ചൽപുറങ്ങളിൽ മേയും.24നിലം ഉഴുന്ന കാളകളും കഴുതകളും, മുറംകൊണ്ടും പല്ലികൊണ്ടും വീശി വെടിപ്പാക്കിയതും, ഉപ്പു ചേർത്തതുമായ തീൻ1 തിന്നും.
25മഹാസംഹാരദിവസത്തിൽ ഗോപുരങ്ങൾ വീഴുമ്പോൾ, ഉയരമുള്ള എല്ലാമലയിലും പൊക്കമുള്ള എല്ലാകുന്നിന്മേലും തോടുകളും നീരൊഴുക്കുകളും ഉണ്ടാകും.26യഹോവ തന്റെ ജനത്തിന്റെ മുറിവു കെട്ടുകയും അവരുടെ അടിപ്പിണർ പൊറുപ്പിക്കുകയും ചെയ്യുന്ന നാളിൽ ചന്ദ്രന്റെ പ്രകാശം സൂര്യന്റെ പ്രകാശം പോലെയാകും; സൂര്യന്റെ പ്രകാശം ഏഴു പകലിന്റെ പ്രകാശംപോലെ ഏഴിരട്ടിയായിരിക്കും.

27ഇതാ, കോപം ജ്വലിച്ചും കനത്ത പുക പുറപ്പെടുവിച്ചുംകൊണ്ടു യഹോവയുടെ നാമം ദൂരത്തുനിന്നു വരുന്നു; അവന്റെ അധരങ്ങളിൽ ഉഗ്രകോപം നിറഞ്ഞിരിക്കുന്നു; അവന്റെ നാവ് ദഹിപ്പിക്കുന്ന തീപോലെയും ഇരിക്കുന്നു.28ജനതകളെ നാശത്തിന്റെ അരിപ്പകൊണ്ട് അരിക്കേണ്ടതിന് അവന്റെ ശ്വാസം കവിഞ്ഞൊഴുകുന്നതും കഴുത്തോളം വെള്ളമുള്ളതും ആയ തോടുപോലെയും ജനതകളുടെ വായിൽ അവരെ തെറ്റിച്ചുകളയുന്ന ഒരു കടിഞ്ഞാണായും ഇരിക്കുന്നു.
29നിങ്ങൾ ഉത്സവാഘോഷരാത്രിയിൽ എന്നപോലെ പാട്ടുപാടുകയും യഹോവയുടെ പർവ്വതത്തിൽ യിസ്രായേലിൻ പാറയായവന്റെ അടുക്കൽ ചെല്ലേണ്ടതിനു കുഴലോടുകൂടി പോകുന്നവനെപോലെ ഹൃദയപൂർവ്വം സന്തോഷിക്കുകയും ചെയ്യും.
30യഹോവ തന്റെ മഹത്ത്വമുള്ള മേഘനാദം കേൾപ്പിക്കുകയും ഉഗ്രകോപത്തോടും ദഹിപ്പിക്കുന്ന അഗ്നിജ്വാലയോടും കൊടുങ്കാറ്റ്, മഴക്കോൾ, കന്മഴ എന്നിവയോടും കൂടി തന്റെ ഭുജത്തിന്റെ അവതരണം2 കാണിക്കുകയും ചെയ്യും.
31യഹോവയുടെ മേഘനാദത്താൽ അശ്ശൂർ തകർന്നുപോകും; തന്റെ വടികൊണ്ട് അവൻ അവനെ അടിക്കും.32യഹോവ അവനെ വിധിദണ്ഡുകൊണ്ട് അടിക്കുന്ന ഓരോ അടിയോടും കൂടി തപ്പിന്റെയും കിന്നരത്തിന്റെയും നാദം ഉണ്ടായിരിക്കും; അവൻ അവരോടു തകർത്തു പടവെട്ടും.
33പണ്ടു തന്നെ ഒരു ദഹനസ്ഥലം ഒരുക്കിയിട്ടുണ്ടല്ലോ; അതു രാജാവിനായിട്ടും ഒരുക്കിയിരിക്കുന്നു; അവൻ അതിനെ ആഴവും വിശാലവും ആക്കിയിരിക്കുന്നു; അതിന്റെ ചിതയിൽ വളരെ തീയും വിറകും ഉണ്ട്; യഹോവയുടെ ശ്വാസം ഒരു ഗന്ധകനദിപോലെ അതിനെ കത്തിക്കും.


1 30:24 തീൻ തീറ്റി.
2 30:30 അവതരണം പ്രഹരം.

31

1യിസ്രായേലിന്റെ പരിശുദ്ധനിലേക്കു നോക്കുകയോ യഹോവയെ അന്വേഷിക്കുകയോ ചെയ്യാതെ സഹായത്തിനായി ഈജിപ്റ്റിൽ ചെന്നു കുതിരകളിൽ മനസ്സ് ഊന്നി രഥം അനവധിയുള്ളതുകൊണ്ട് അതിലും കുതിരപടയാളികൾ മഹാബലവാന്മാരായതുകൊണ്ട് അവരിലും ആശ്രയിക്കുന്നവർക്ക് അയ്യോ കഷ്ടം!2എന്നാൽ അവിടുന്നും ജ്ഞാനിയാകുന്നു; അവിടുന്ന് അനർത്ഥം വരുത്തും; അവിടുത്തെ വചനം മാറ്റുകയില്ല; അവിടുന്ന് ദുഷ്കർമ്മികളുടെ ഗൃഹത്തിനും ദുഷ്പ്രവൃത്തിക്കാരുടെ സഹായത്തിനും വിരോധമായി എഴുന്നേല്ക്കും.

3ഈജിപ്റ്റുകാർ ദൈവമല്ല, മനുഷ്യരാകുന്നു; അവരുടെ കുതിരകൾ ആത്മാവല്ല, ജഡമാകുന്നു; യഹോവ അവിടുത്തെ കൈ നീട്ടുമ്പോൾ സഹായിക്കുന്നവൻ ഇടറുകയും സഹായിക്കപ്പെടുന്നവൻ വീഴുകയും അവരെല്ലാവരും ഒരുപോലെ നശിച്ചുപോവുകയും ചെയ്യും.
4യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: “സിംഹമോ, ബാലസിംഹമോ ഇര കണ്ടു മുരളുമ്പോൾ ഇടയക്കൂട്ടത്തെ അതിന്റെ നേരെ വിളിച്ചുകൂട്ടിയാലും അത് അവരുടെ കൂക്കുവിളികൊണ്ടു പേടിക്കാതെയും അവരുടെ ആരവംകൊണ്ടു ചുളുങ്ങാതെയും ഇരിക്കുന്നതുപോലെ സൈന്യങ്ങളുടെ യഹോവ സീയോൻ പർവ്വതത്തിലും അതിന്റെ ഗിരിയിലും യുദ്ധം ചെയ്യുവാൻ ഇറങ്ങിവരും.
5പക്ഷി ചുറ്റിപ്പറന്നു കാക്കുന്നതുപോലെ സൈന്യങ്ങളുടെ യഹോവ യെരൂശലേമിനെ കാത്തുകൊള്ളും. അവൻ അതിനെ കാത്തുരക്ഷിക്കും; നശിപ്പിക്കാതെ അതിനെ പരിപാലിക്കും.”6യിസ്രായേൽമക്കളേ, നിങ്ങൾ ഇത്ര കഠിനമായി മത്സരിച്ചു ത്യജിച്ചുകളഞ്ഞവന്റെ അടുക്കലേക്കു തിരിയുവിൻ.7ആ നാളിൽ നിങ്ങളിൽ ഓരോരുത്തൻ നിങ്ങളുടെ കൈകൾ നിങ്ങൾക്കു പാപത്തിനായി വെള്ളിയും പൊന്നുംകൊണ്ട് ഉണ്ടാക്കിയ മിഥ്യാമൂർത്തികളെ ത്യജിച്ചുകളയും.8“എന്നാൽ അശ്ശൂർ പുരുഷന്റേതല്ലാത്ത വാളാൽ വീഴും; മനുഷ്യന്റേതല്ലാത്ത വാളിന് ഇരയായിത്തീരും; അവർ വാളിന് ഒഴിഞ്ഞ് ഓടിപ്പോയാൽ അവരുടെ യൗവനക്കാർ ഊഴിയവേലക്കാരായിത്തീരും1 .9ഭീതിഹേതുവായി അവരുടെ പാറ പൊയ്പോകും; അവരുടെ പ്രഭുക്കന്മാർ കൊടി കണ്ടു നടുങ്ങിപ്പോകും” എന്നു സീയോനിൽ തീയും യെരൂശലേമിൽ ചൂളയും ഉള്ള യഹോവയുടെ അരുളപ്പാട്.


1 31:8 ഊഴിയവേലക്കാർ നിര്‍ബന്ധിതവേലക്കാർ.

32

1ഒരു രാജാവ് നീതിയോടെ വാഴും; പ്രഭുക്കന്മാർ ന്യായത്തോടെ അധികാരം നടത്തും.2ഓരോരുത്തൻ കാറ്റിന് ഒരു മറവും കൊടുങ്കാറ്റിന് ഒരു സങ്കേതവും ആയി വരണ്ട നിലത്തു നീർത്തോടുകൾപോലെയും ക്ഷീണമുള്ള ദേശത്ത് ഒരു വൻ പാറയുടെ തണൽപോലെയും ഇരിക്കും.3കാണുന്നവരുടെ കണ്ണ് ഇനി മങ്ങുകയില്ല; കേൾക്കുന്നവരുടെ ചെവി ശ്രദ്ധിക്കും.

4അവിവേകികളുടെ ഹൃദയം പരിജ്ഞാനം ഗ്രഹിക്കും; വിക്കന്മാരുടെ നാവു തടസ്സമില്ലാതെ വ്യക്തമായി സംസാരിക്കും.5ഭോഷനെ ഇനി ഉത്തമൻ എന്നു വിളിക്കുകയില്ല; ആഭാസനെ മഹാത്മാവെന്നു പറയുകയുമില്ല.6ഭോഷൻ ഭോഷത്തം സംസാരിക്കും; വഷളത്തം ചെയ്തും യഹോവയ്ക്കു വിരോധമായി അബദ്ധം സംസാരിച്ചും വിശപ്പുള്ളവരെ പട്ടിണിയിട്ടും ദാഹമുള്ളവർക്കു പാനം മുടക്കിയുംകൊണ്ട് അവന്റെ ഹൃദയം നീതികേടും പ്രവർത്തിക്കും.
7ആഭാസന്റെ ആയുധങ്ങളും ദോഷമുള്ളവ; ദരിദ്രൻ ന്യായമായി സംസാരിച്ചാലും എളിയവരെ വ്യാജവാക്കുകൊണ്ടു നശിപ്പിക്കുവാൻ അവൻ ദുരുപായങ്ങൾ നിരൂപിക്കുന്നു.8ഉത്തമനോ ഉത്തമകാര്യങ്ങളെ ചിന്തിക്കുന്നു; ഉത്തമകാര്യങ്ങളിൽ അവൻ ഉറ്റുനില്ക്കുന്നു.

9സ്വൈരമായിരിക്കുന്ന സ്ത്രീകളേ, എഴുന്നേറ്റ് എന്റെ വാക്കു കേൾക്കുവിൻ; ചിന്തയില്ലാത്ത പുത്രിമാരെ, എന്റെ വചനം ശ്രദ്ധിക്കുവിൻ.10ചിന്തയില്ലാത്ത പെണ്ണുങ്ങളേ, ഒരു വർഷവും കുറെ ദിവസവും കഴിയുമ്പോൾ നിങ്ങൾ നടുങ്ങിപ്പോകും; മുന്തിരിക്കൊയ്ത്തു നഷ്ടമാകും; ഫലശേഖരം ഉണ്ടാവുകയുമില്ല.
11സ്വൈരമായിരിക്കുന്ന സ്ത്രീകളേ, വിറയ്ക്കുവിൻ; ചിന്തയില്ലാത്ത പെണ്ണുങ്ങളേ, നടുങ്ങുവിൻ; വസ്ത്രം ഉരിഞ്ഞു നഗ്നരാകുവിൻ; അരയിൽ ചാക്ക് കെട്ടുവിൻ.12മനോഹരമായ വയലുകളെയും ഫലപുഷ്ടിയുള്ള മുന്തിരിവള്ളിയെയും ഓർത്ത് അവർ മാറത്ത് അടിക്കും.13എന്റെ ജനത്തിന്റെ ദേശത്ത് ഉല്ലസിതനഗരത്തിലെ സകലസന്തോഷഭവനങ്ങളിലും തന്നെ മുള്ളും മുൾച്ചെടിയും മുളയ്ക്കും.
14കൊട്ടാരം ഉപേക്ഷിക്കപ്പെടും; ജനപുഷ്ടിയുള്ള നഗരം നിർജ്ജനമായിത്തീരും; കുന്നും കാവല്‍ഗോപുരവും സദാകാലത്തേക്കും ഗുഹകളായി ഭവിക്കും; അവ കാട്ടുകഴുതകളുടെ സന്തോഷസ്ഥാനവും ആട്ടിൻ കൂട്ടങ്ങളുടെ മേച്ചിൽപുറവും ആയിരിക്കും.15ഉയരത്തിൽനിന്ന് ആത്മാവിനെ നമ്മുടെമേൽ പകരുവോളം തന്നെ; അപ്പോൾ മരുഭൂമി ഉദ്യാനമായിത്തീരും1 ; ഉദ്യാനം വനമായി എണ്ണപ്പെടും.
16അന്നു മരുഭൂമിയിൽ ന്യായം വസിക്കും; ഉദ്യാനത്തിൽ നീതി പാർക്കും.17നീതിയുടെ പ്രവൃത്തി സമാധാനവും നീതിയുടെ ഫലം ശാശ്വതവിശ്രമവും നിർഭയത്വവും ആയിരിക്കും.18എന്റെ ജനം സമാധാനനിവാസത്തിലും നിർഭയവസതികളിലും സ്വൈരമുള്ള വിശ്രമസ്ഥലങ്ങളിലും വസിക്കും.
19എന്നാൽ വനത്തിന്റെ വീഴ്ചയ്ക്കു കന്മഴ പെയ്യുകയും നഗരം അശേഷം നിലംപരിചാകുകയും ചെയ്യും.20വെള്ളത്തിനരികത്തെല്ലാം വിതയ്ക്കുകയും കാളയെയും കഴുതയെയും അഴിച്ചുവിടുകയും ചെയ്യുന്നവരേ, നിങ്ങൾക്കു ഭാഗ്യം!


1 32:15 ഉദ്യാനം ഫലപുഷ്ടിയുള്ള വയൽ എന്നുമാകാം.

33

1സാഹസം അനുഭവിക്കാതെ സാഹസം ചെയ്യുകയും നിന്നോട് ആരും ദ്രോഹം പ്രവർത്തിക്കാതെ ദ്രോഹം പ്രവർത്തിക്കുകയും ചെയ്യുന്നവനേ, നിനക്ക് അയ്യോ കഷ്ടം! നീ സാഹസം ചെയ്യുന്നതു നിർത്തുമ്പോൾ നിന്നെയും സാഹസം ചെയ്യും; നീ ദ്രോഹം പ്രവർത്തിക്കുന്നതു മതിയാക്കുമ്പോൾ നിന്നോടും ദ്രോഹം പ്രവർത്തിക്കും.

2യഹോവേ, ഞങ്ങളോടു കൃപയുണ്ടാകണമേ; ഞങ്ങൾ നിന്നെ കാത്തിരിക്കുന്നു; രാവിലെതോറും നീ അവർക്കു ഭുജവും കഷ്ടകാലത്തു ഞങ്ങൾക്കു രക്ഷയും ആയിരിക്കണമേ.
3കോലാഹലം ഹേതുവായി വംശങ്ങൾ ഓടിപ്പോയി; നീ എഴുന്നേറ്റപ്പോൾ ജനതകൾ ചിതറിപ്പോയി.4തുള്ളനെ ശേഖരിക്കുന്നതുപോലെ നിങ്ങളുടെ കവർച്ച ശേഖരിക്കപ്പെടും; വെട്ടുക്കിളി ചാടി വീഴുന്നതുപോലെ അവർ അതിന്മേൽ ചാടിവീഴും.
5യഹോവ ഉന്നതനായിരിക്കുന്നു; ഉയരത്തിലല്ലയോ അവിടുന്ന് വസിക്കുന്നത്; അവിടുന്ന് സീയോനെ ന്യായവും നീതിയുംകൊണ്ടു നിറച്ചിരിക്കുന്നു.6നിന്റെ കാലത്തു സ്ഥിരതയും രക്ഷാസമൃദ്ധിയും ജ്ഞാനവും പരിജ്ഞാനവും ഉണ്ടാകും; യഹോവാഭക്തി അവരുടെ1 നിക്ഷേപം ആയിരിക്കും.
7ഇതാ അവരുടെ ശൗര്യവാന്മാർ2 പുറത്തു നിലവിളിക്കുന്നു; സമാധാനത്തിന്റെ ദൂതന്മാർ അതിദുഃഖത്തോടെ കരയുന്നു.8പ്രധാനപാതകൾ ശൂന്യമായിക്കിടക്കുന്നു; വഴിപോക്കർ ഇല്ലാതെയായിരിക്കുന്നു; അവൻ ഉടമ്പടി ലംഘിച്ചു, പട്ടണങ്ങളെ നിന്ദിച്ചു: ഒരു മനുഷ്യനെയും അവൻ ആദരിക്കുന്നില്ല.
9ദേശം ദുഃഖിച്ചു ക്ഷയിക്കുന്നു; ലെബാനോൻ ലജ്ജിച്ചു വാടിപ്പോകുന്നു; ശാരോൻ മരുഭൂമിപോലെ ആയിരിക്കുന്നു; ബാശാനും കർമ്മേലും ഇലപൊഴിക്കുന്നു.
10“ഇപ്പോൾ ഞാൻ എഴുന്നേല്ക്കും; ഇപ്പോൾ ഞാൻ എന്നെത്തന്നെ ഉയർത്തും; ഇപ്പോൾ ഞാൻ ഉന്നതനായിരിക്കും” എന്നു യഹോവ അരുളിച്ചെയ്യുന്നു.11“നിങ്ങൾ കച്ചിയെ ഗർഭം ധരിച്ചു കച്ചികുറ്റിയെ പ്രസവിക്കും; നിങ്ങളുടെ ശ്വാസം തീയായി നിങ്ങളെ ദഹിപ്പിച്ചുകളയും.12വംശങ്ങൾ കുമ്മായം ചുടുന്നതുപോലെ ആകും; വെട്ടിക്കളഞ്ഞ മുള്ളുപോലെ അവരെ തീയിൽ ഇട്ടു ചുട്ടുകളയും.”

13ദൂരസ്ഥന്മാരേ, ഞാൻ ചെയ്തതു കേൾക്കുവിൻ; സമീപസ്ഥന്മാരേ, എന്റെ വീര്യപ്രവൃത്തികൾ ഗ്രഹിക്കുവിൻ.14സീയോനിലെ പാപികൾ പേടിക്കുന്നു; വഷളന്മാരായവർക്കു നടുക്കം പിടിച്ചിരിക്കുന്നു; “നമ്മിൽ ആര് ദഹിപ്പിക്കുന്ന തീയുടെ അടുക്കൽ വസിക്കും? നമ്മിൽ ആര് നിത്യദഹനങ്ങളുടെ അടുക്കൽ വസിക്കും?”
15നീതിയായി നടന്നു നേര് പറയുകയും പീഡനത്താൽ ഉള്ള ആദായം വെറുക്കുകയും കൈക്കൂലിവാങ്ങാതെ കൈ കുടഞ്ഞുകളയുകയും രക്ത പാതകത്തെക്കുറിച്ചു കേൾക്കാത്തവിധം ചെവി പൊത്തുകയും ദോഷത്തെ കണ്ടു രസിക്കാത്തവിധം കണ്ണ് അടച്ചുകളയുകയും ചെയ്യുന്നവൻ;16ഇങ്ങനെയുള്ളവൻ ഉയരത്തിൽ വസിക്കും; പാറക്കോട്ടകൾ അവന്റെ അഭയസ്ഥാനമായിരിക്കും; അവന്റെ അപ്പം അവനു കിട്ടും; അവനു വെള്ളം മുട്ടിപ്പോകുകയുമില്ല.
17നിന്റെ കണ്ണ് രാജാവിനെ അവന്റെ സൗന്ദര്യത്തോടെ ദർശിക്കും; വിശാലമായ ഒരു ദേശം കാണും.18“പണം എണ്ണുന്നവൻ എവിടെ? തൂക്കിനോക്കുന്നവൻ എവിടെ? ഗോപുരങ്ങളെ എണ്ണുന്നവൻ എവിടെ?” എന്നിങ്ങനെ നിന്റെ ഹൃദയം ഭീതിയെക്കുറിച്ചു ധ്യാനിക്കും.19നീ തിരിച്ചറിയാത്ത പ്രയാസമുള്ള വാക്കും നിനക്കു ഗ്രഹിച്ചു കൂടാത്ത അന്യഭാഷയും ഉള്ള ഉഗ്രജനതയെ നീ കാണുകയില്ല.
20നമ്മുടെ ഉത്സവങ്ങളുടെ നഗരമായ സീയോനെ നോക്കുക; നിന്റെ കണ്ണ് യെരൂശലേമിനെ സ്വൈരനിവാസമായും ഒരിക്കലും നീങ്ങിപ്പോകാത്തതും കുറ്റി ഒരുനാളും ഇളകിപ്പോകാത്തതും കയറ് ഒന്നും പൊട്ടിപ്പോകാത്തതുമായ കൂടാരമായും കാണും.21അവിടെ മഹിമയുള്ളവനായ യഹോവ നമുക്കു വീതിയുള്ള നദികൾക്കും തോടുകൾക്കും പകരമായിരിക്കും; തുഴവച്ച പടക് അതിൽ പോവുകയില്ല; പ്രതാപമുള്ള കപ്പൽ അതിൽകൂടി കടന്നുപോവുകയുമില്ല.
22യഹോവ നമ്മുടെ ന്യായാധിപൻ; യഹോവ നമ്മുടെ ന്യായദാതാവ്; യഹോവ നമ്മുടെ രാജാവ്; അവൻ നമ്മെ രക്ഷിക്കും.
23നിന്റെ കയറ് അഴിഞ്ഞുകിടക്കുന്നു; അതിനാൽ പാമരത്തെ ചുവട്ടിൽ ഉറപ്പിച്ചുകൂടാ; പായ് നിവിർത്തുകൂടാ. പിടിച്ചുപറിച്ച വലിയ കൊള്ള അന്ന് വിഭാഗിക്കപ്പെടും; മുടന്തരും കൊള്ളയിടും.24“ഞാൻ രോഗിയാണ് ”എന്നു യാതൊരു നിവാസിയും പറയുകയില്ല; അതിൽ വസിക്കുന്ന ജനത്തിന്റെ അകൃത്യം മോചിക്കപ്പെട്ടിരിക്കും.


1 33:6 അവരുടെ ഹീബ്രൂവിൽ അവൻ എന്നാണ്.
2 33:7 ശൗര്യവാന്മാർ വീരൻമാർ.

34

1ജനതകളേ, അടുത്തുവന്നു കേൾക്കുവിൻ; വംശങ്ങളേ, ശ്രദ്ധതരുവിൻ; ഭൂമിയും അതിന്റെ നിറവും ഭൂതലവും അതിൽ മുളയ്ക്കുന്ന സകലവും കേൾക്കട്ടെ.2യഹോവയ്ക്കു സകലജനതകളോടും കോപവും അവരുടെ സർവ്വസൈന്യത്തോടും ക്രോധവും ഉണ്ട്; അവൻ അവരെ ശപഥാർപ്പിതമായി കൊലയ്ക്ക് ഏല്പിച്ചിരിക്കുന്നു.

3അവരുടെ കൊല്ലപ്പെട്ടവരെ എറിഞ്ഞുകളയും; അവരുടെ ശവങ്ങളിൽനിന്നു നാറ്റം പുറപ്പെടും; അവരുടെ രക്തംകൊണ്ടു മലകൾ ഉരുകിപ്പോകും.4ആകാശത്തിലെ സൈന്യമെല്ലാം അലിഞ്ഞുപോകും; ആകാശവും ഒരു ചുരുൾപോലെ ചുരുണ്ടുപോകും; അതിലെ സൈന്യമെല്ലാം മുന്തിരിവള്ളിയുടെ ഇല വാടി പൊഴിയുന്നതുപോലെയും അത്തിവൃക്ഷത്തിന്റെ കായ് വാടി പൊഴിയുന്നതുപോലെയും പൊഴിഞ്ഞുപോകും.
5എന്റെ വാൾ ആകാശത്തിൽ ലഹരിപിടിച്ചിരിക്കുന്നു; അത് എദോമിന്മേലും എന്റെ ശപഥാർപ്പിതജനത്തിന്മേലും ന്യായവിധിക്കായി ഇറങ്ങിവരും.6യഹോവയുടെ വാൾ രക്തം പുരണ്ടും കൊഴുപ്പു പൊതിഞ്ഞും ഇരിക്കുന്നു; കുഞ്ഞാടുകളുടെയും കോലാടുകളുടെയും രക്തംകൊണ്ടും ആട്ടുകൊറ്റന്മാരുടെ വൃക്കകളുടെ കൊഴുപ്പുംകൊണ്ടും തന്നെ; യഹോവയ്ക്കു ബൊസ്രയിൽ ഒരു യാഗവും എദോംദേശത്ത് ഒരു മഹാസംഹാരവും ഉണ്ട്.
7അവയോടുകൂടി കാട്ടുപോത്തുകളും കാളകളോടുകൂടി മൂരികളും വീഴും; അവരുടെ ദേശം രക്തം കുടിച്ചു ലഹരിപിടിക്കും; അവരുടെ നിലം കൊഴുപ്പുകൊണ്ടു നിറഞ്ഞിരിക്കും.
8അതു യഹോവ പ്രതികാരം നടത്തുന്ന ദിവസവും സീയോന്റെ വ്യവഹാരത്തിൽ പകരംവീട്ടുന്ന1 വർഷവും ആകുന്നു.9അവിടത്തെ തോടുകൾ കീലായും മണ്ണ് ഗന്ധകമായും നിലം കത്തുന്ന കീലായും ഭവിക്കും.10രാവും പകലും അതു കെടുകയില്ല; അതിന്റെ പുക സദാകാലം പൊങ്ങിക്കൊണ്ടിരിക്കും; തലമുറതലമുറയായി അതു ശൂന്യമായി കിടക്കും; ഒരുത്തനും ഒരുനാളും അതിൽകൂടി കടന്നു പോവുകയുമില്ല.
11വേഴാമ്പലും മുള്ളൻപന്നിയും അതിനെ കൈവശമാക്കും; മൂങ്ങയും മലങ്കാക്കയും അതിൽ പാർക്കും; അവൻ അതിന്മേൽ പാഴിന്റെ നൂലും ശൂന്യത്തിന്റെ തൂക്കുകട്ടിയും പിടിക്കും.12അതിലെ കുലീനന്മാർ2 ആരും രാജത്വം ഘോഷിക്കുകയില്ല; അതിലെ പ്രഭുക്കന്മാർ എല്ലാവരും ഒന്നുമില്ലാതെയായിപ്പോകും.
13അതിന്റെ അരമനകളിൽ മുള്ളും അതിന്റെ കോട്ടകളിൽ തൂവയും ഞെരിഞ്ഞിലും മുളയ്ക്കും; അതു കുറുക്കന്മാർക്കു പാർപ്പിടവും ഒട്ടകപ്പക്ഷികൾക്കു താവളവും ആകും.14മരുഭൂമിയിലെ വന്യമൃഗങ്ങളും ചെന്നായ്ക്കളും തമ്മിൽ എതിർപ്പെടും; വനഭൂതം വനഭൂതത്തെ വിളിക്കും; അവിടെ വേതാളം3 കിടക്കുകയും വിശ്രമം പ്രാപിക്കുകയും ചെയ്യും.15അവിടെ അസ്ത്രനാഗം കൂടുണ്ടാക്കി മുട്ടയിട്ടു വിരിയിച്ചു കുഞ്ഞുങ്ങളെ തന്റെ നിഴലിൻ കീഴിൽ ചേർത്തുകൊള്ളും; അവിടെ പരുന്തുകൾ അതതിന്റെ ഇണയോടു കൂടും.
16യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കുവിൻ; അവയിൽ ഒന്നും കാണാതിരിക്കുകയില്ല; ഒന്നിന്നും ഇണ ഇല്ലാതിരിക്കുകയുമില്ല; അവന്റെ വായല്ലയോ കല്പിച്ചത്; അവന്റെ ആത്മാവത്രേ അവയെ കൂട്ടിവരുത്തിയത്.17അവിടുന്ന് അവയ്ക്കായി ചീട്ടിട്ടു, അവിടുത്തെ കൈ അതിനെ അവയ്ക്കു ചരടുകൊണ്ടു വിഭാഗിച്ചുകൊടുത്തു; അവ സദാകാലത്തേക്കും അതിനെ കൈവശമാക്കി തലമുറതലമുറയായി അതിൽ വസിക്കും.


1 34:8 സീയോന്റെ വ്യവഹാരത്തിൽ പകരംവീട്ടുന്ന സീയോനുവേണ്ടി പകരംവീട്ടുന്ന എന്നുമാകാം.
2 34:12 കുലീനന്മാർ ഉന്നതകുലജാതന്മാർ.
3 34:14 വേതാളം നത്ത് എന്ന് എബ്രായ ബൈബിളിൽ.

35

1മരുഭൂമിയും വരണ്ട നിലവും ആനന്ദിക്കും; നിർജ്ജനപ്രദേശം ഉല്ലസിച്ചു പനിനീർപുഷ്പംപോലെ പൂക്കും.2അതു മനോഹരമായി പൂത്ത് ഉല്ലാസത്തോടും ഘോഷത്തോടും കൂടി ഉല്ലസിക്കും; ലെബാനോന്റെ മഹത്ത്വവും കർമ്മേലിന്റെയും ശാരോന്റെയും ശോഭയും അതിനു നൽകപ്പെടും; അവർ യഹോവയുടെ മഹത്ത്വവും നമ്മുടെ ദൈവത്തിന്റെ തേജസ്സും കാണും.

3തളർന്ന കൈകളെ ബലപ്പെടുത്തുവിൻ; കുഴഞ്ഞ മുഴങ്കാലുകളെ ഉറപ്പിക്കുവിൻ.4മനോഭീതിയുള്ളവരോട്: “ധൈര്യപ്പെടുവിൻ, ഭയപ്പെടണ്ടാ; ഇതാ, നിങ്ങളുടെ ദൈവം! പ്രതികാരവും ദൈവത്തിന്റെ പ്രതിഫലവും വരുന്നു! അവൻ വന്നു നിങ്ങളെ രക്ഷിക്കും” എന്നു പറയുവിൻ.
5അന്നു കുരുടന്മാരുടെ കണ്ണ് തുറന്നുവരും; ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കുകയുമില്ല.6അന്നു മുടന്തൻ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും; മരുഭൂമിയിൽ വെള്ളവും നിർജ്ജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും.7മരീചിക ഒരു പൊയ്കയായും വരണ്ടനിലം നീരുറവുകളായും തീരും, കുറുക്കന്മാരുടെ പാർപ്പിടത്തിൽ, അവ കിടന്ന സ്ഥലത്തുതന്നെ, പുല്ലും ഓട1 യും ഞാങ്ങണയും വളരും.
8അവിടെ ഒരു പ്രധാനവീഥിയും പാതയും ഉണ്ടാകും; അതിനു വിശുദ്ധവഴി എന്നു പേരാകും; ഒരു അശുദ്ധനും അതിൽകൂടി കടന്നുപോവുകയില്ല; അവൻ അവരോടുകൂടി ഇരിക്കും; വഴിപോക്കർ, ഭോഷന്മാർപോലും, വഴിതെറ്റിപ്പോവുകയില്ല.9ഒരു സിംഹവും അവിടെ ഉണ്ടാവുകയില്ല; ഒരു ദുഷ്ടമൃഗവും അവിടെ കയറി വരുകയില്ല; ആ വകയെ അവിടെ കാണുകയില്ല; വീണ്ടെടുക്കപ്പെട്ടവർ അവിടെ നടക്കും.
10അങ്ങനെ യഹോവയാൽ വീണ്ടെടുക്കപ്പെട്ടവർ മടങ്ങി ഉല്ലാസഘോഷത്തോടെ സീയോനിലേക്കു വരും; നിത്യാനന്ദം അവരുടെ തലമേൽ ഉണ്ടായിരിക്കും; അവർ ആനന്ദവും സന്തോഷവും പ്രാപിക്കും; ദുഃഖവും നെടുവീർപ്പും ഓടിപ്പോകും.


1 35:7 ഓട നദിയരികെ വളരുന്ന ഒരുതരം സസ്യം.

36

1ഹിസ്കീയാരാജാവിന്റെ പതിനാലാം വർഷം, അശ്ശൂർരാജാവായ സൻഹേരീബ് യെഹൂദയിലെ ഉറപ്പുള്ള എല്ലാപട്ടണങ്ങളുടേയും നേരെ പുറപ്പെട്ടുവന്ന് അവയെ പിടിച്ചു.2അന്ന് അശ്ശൂർരാജാവ് രബ്-ശാക്കേയെ ലാഖീശിൽനിന്നു യെരൂശലേമിലേക്കു ഹിസ്കീയാരാജാവിന്റെ അടുക്കൽ ഒരു വലിയ സൈന്യത്തോടുകൂടി അയച്ചു; അവൻ അലക്കുകാരന്റെ വയലിലേക്കുള്ള പ്രധാനപാതയ്ക്കരികിലുള്ള മേലത്തെ കുളത്തിന്റെ കല്പാത്തിക്കരികിൽ നിന്നു.3അപ്പോൾ ഹില്ക്കീയാവിന്റെ മകൻ എല്യാക്കീം എന്ന രാജധാനിവിചാരകനും രായസക്കാരൻ ശെബ്നയും ആസാഫിന്റെ മകൻ യോവാഹ് എന്ന മന്ത്രിയും അവന്റെ അടുക്കൽ പുറത്തു ചെന്നു.

4രബ്-ശാക്കേ അവരോട് പറഞ്ഞതെന്തെന്നാൽ: “നിങ്ങൾ ഹിസ്കീയാവോടു പറയേണ്ടത്: ‘അശ്ശൂർരാജാവായ മഹാരാജാവ് ഇപ്രകാരം കല്പിക്കുന്നു: നീ ആശ്രയിച്ചിരിക്കുന്ന ഈ ആശ്രയം എന്ത്?5യുദ്ധത്തിനു വേണ്ടുന്ന ആലോചനയും ബലവും ഉണ്ട് എന്നുള്ള വെറും വാക്ക് അത്രേ എന്നു ഞാൻ പറയുന്നു; ആരെ ആശ്രയിച്ചിട്ടാകുന്നു നീ എന്നോടു മത്സരിച്ചിരിക്കുന്നത്?
6ചതഞ്ഞ ഓടക്കോലായ ഈജിപ്റ്റിൽ അല്ലയോ നീ ആശ്രയിച്ചിരിക്കുന്നത്; അത് ഒരുത്തൻ ഊന്നിയാൽ, അവന്റെ ഉള്ളംകൈയിൽ തറച്ചുകയറും; ഈജിപ്റ്റുരാജാവായ ഫറവോൻ തന്നിൽ ആശ്രയിക്കുന്ന ഏവർക്കും അങ്ങനെ തന്നെയാകുന്നു.7അല്ല നീ എന്നോട്: “ഞങ്ങളുടെ ദൈവമായ യഹോവയിൽ ഞങ്ങൾ ആശ്രയിക്കുന്നു” എന്നു പറയുന്നുവെങ്കിൽ അവന്റെ പൂജാഗിരികളും യാഗപീഠങ്ങളും ഹിസ്കീയാവ് നീക്കിക്കളഞ്ഞിട്ടല്ലയോ യെഹൂദയോടും യെരൂശലേമ്യരോടും: “നിങ്ങൾ ഈ യാഗപീഠത്തിന്റെ മുമ്പിൽ നമസ്കരിക്കുവിൻ” എന്നു കല്പിച്ചത്?
8ആകട്ടെ; എന്റെ യജമാനനായ അശ്ശൂർരാജാവുമായി പന്തയംവയ്ക്കുക: തക്ക കുതിരപടയാളികളെ കയറ്റുവാൻ നിനക്കു കഴിയുമെങ്കിൽ ഞാൻ രണ്ടായിരം കുതിരയെ നിനക്കു തരാം.
9നീ പിന്നെ എങ്ങനെ എന്റെ യജമാനന്റെ എളിയ ദാസന്മാരിൽ ഒരു പടനായകനെയെങ്കിലും മടക്കും? രഥങ്ങൾക്കായിട്ടും കുതിരച്ചേവകർക്കായിട്ടും നീ ഈജിപ്റ്റിൽ ആശ്രയിക്കുന്നുവല്ലോ.10ഞാൻ ഇപ്പോൾ ഈ ദേശം നശിപ്പിക്കുവാൻ യഹോവയെ കൂടാതെയോ അതിന്റെ നേരെ പുറപ്പെട്ടുവന്നിരിക്കുന്നത്? യഹോവ എന്നോട്: “ഈ ദേശത്തിന്റെ നേരെ പുറപ്പെട്ടുചെന്ന് അതിനെ നശിപ്പിക്കുക” എന്നു കല്പിച്ചിരിക്കുന്നു. ’ ”
11അപ്പോൾ എല്യാക്കീമും ശെബ്നയും യോവാഹും രബ്-ശാക്കേയോട്: “അടിയങ്ങളോട് അരാംഭാഷയിൽ സംസാരിക്കണമേ; അതു ഞങ്ങൾക്ക് അറിയാം; മതിലിന്മേലുള്ള ജനം കേൾക്കെ ഞങ്ങളോടു യെഹൂദാഭാഷയിൽ സംസാരിക്കരുതേ” എന്നു പറഞ്ഞു.12അതിനു രബ്-ശാക്കേ: “നിന്റെ യജമാനനോടും നിന്നോടും ഈ വാക്ക് പറയുവാനോ എന്റെ യജമാനൻ എന്നെ അയച്ചിരിക്കുന്നത്? നിങ്ങളോടുകൂടി സ്വന്തമലം തിന്നുകയും സ്വന്തമൂത്രം കുടിക്കുകയും ചെയ്യുവാൻ മതിലിന്മേൽ ഇരിക്കുന്ന പുരുഷന്മാരുടെ അടുക്കൽ അല്ലയോ” എന്നു പറഞ്ഞു.
13അങ്ങനെ രബ്-ശാക്കേ നിന്നുകൊണ്ടു യെഹൂദാഭാഷയിൽ ഉറക്കെ വിളിച്ചുപറഞ്ഞത്: “മഹാരാജാവായ അശ്ശൂർരാജാവിന്റെ വാക്ക് കേൾക്കുവിൻ.14രാജാവ് ഇപ്രകാരം കല്പിക്കുന്നു: ‘ഹിസ്കീയാവ് നിങ്ങളെ ചതിക്കരുത്; അവനു നിങ്ങളെ വിടുവിക്കുവാൻ കഴിയുകയില്ല.15“യഹോവ നമ്മെ നിശ്ചയമായി വിടുവിക്കും; ഈ നഗരം അശ്ശൂർരാജാവിന്റെ കൈയിൽ ഏല്പിക്കുകയില്ല” എന്നു പറഞ്ഞു ഹിസ്കീയാവ് നിങ്ങളെ യഹോവയിൽ ആശ്രയിക്കുമാറാക്കുകയും അരുത്.’
16ഹിസ്കീയാവിനു നിങ്ങൾ ചെവി കൊടുക്കരുത്; അശ്ശൂർരാജാവ് ഇപ്രകാരം കല്പിക്കുന്നു: ‘നിങ്ങൾ എന്നോടു സന്ധിചെയ്ത്1 എന്റെ അടുക്കൽ പുറത്തുവരുവിൻ; നിങ്ങൾ ഓരോരുത്തൻ അവനവന്റെ മുന്തിരിവള്ളിയുടെയും അത്തിവൃക്ഷത്തിന്റെയും ഫലം തിന്നുകയും അവനവന്റെ കിണറ്റിലെ വെള്ളം കുടിക്കുകയും ചെയ്തുകൊള്ളുവിൻ.17പിന്നെ ഞാൻ വന്നു, നിങ്ങളുടെ ദേശം പോലെയുള്ള ഒരു ദേശത്തേക്കു ധാന്യവും വീഞ്ഞും അപ്പവും മുന്തിരിത്തോട്ടങ്ങളും ഉള്ള ഒരു ദേശത്തേക്കു തന്നെ നിങ്ങളെ കൂട്ടിക്കൊണ്ടുപോകും.’
18‘യഹോവ നമ്മെ വിടുവിക്കും’എന്നു പറഞ്ഞു ഹിസ്കീയാവ് നിങ്ങളെ ചതിക്കരുത്; ജനതകളുടെ ദേവന്മാരിൽ ആരെങ്കിലും തന്റെ ദേശത്തെ അശ്ശൂർ രാജാവിന്റെ കൈയിൽനിന്നു വിടുവിച്ചിട്ടുണ്ടോ?19ഹമാത്തിലെയും അർപ്പാദിലെയും ദേവന്മാർ എവിടെ? സെഫർവ്വയീമിലെ ദേവന്മാരും എവിടെ? അവർ ശമര്യയെ എന്റെ കൈയിൽനിന്നു വിടുവിച്ചിട്ടുണ്ടോ?20ഈ ദേശങ്ങളിലെ സകല ദേവന്മാരിലും വച്ച് ആരാണ് അവരുടെ ദേശങ്ങളെ എന്റെ കൈയിൽനിന്നു വിടുവിച്ചിട്ടുള്ളത്? പിന്നെ എങ്ങനെ യഹോവ യെരൂശലേമിനെ എന്റെ കൈയിൽനിന്നു വിടുവിക്കും.”
21എന്നാൽ ജനം മിണ്ടാതിരുന്ന് അവനോട് ഒന്നും ഉത്തരം പറഞ്ഞില്ല; “അവനോട് ഉത്തരം പറയരുത് ”എന്നു രാജകല്പന ഉണ്ടായിരുന്നു.22ഹില്ക്കീയാവിന്റെ മകൻ എല്യാക്കീം എന്ന രാജധാനിവിചാരകനും രായസക്കാരൻ ശെബ്നയും ആസാഫിന്റെ മകൻ യോവാഹ് എന്ന മന്ത്രിയും വസ്ത്രം കീറി ഹിസ്കീയാവിന്റെ അടുക്കൽ വന്നു രബ്-ശാക്കേയുടെ വാക്ക് അവനോട് അറിയിച്ചു.


1 36:16 സന്ധിചെയ്ത് സമാധാന ഉടമ്പടി ചെയ്ത്.

37

1ഹിസ്കീയാരാജാവ് അതു കേട്ടപ്പോൾ വസ്ത്രം കീറി ചാക്കുടുത്തുകൊണ്ടു യഹോവയുടെ ആലയത്തിൽ ചെന്നു.2പിന്നെ അവൻ രാജധാനിവിചാരകൻ എല്യാക്കീമിനെയും രായസക്കാരൻ ശെബ്നയെയും പുരോഹിതന്മാരിൽ മൂപ്പന്മാരെയും ചാക്കുടുത്തവരായി ആമോസിന്റെ മകനായ യെശയ്യാപ്രവാചകന്റെ അടുക്കൽ അയച്ചു.

3അവർ അവനോടു പറഞ്ഞത്: “ഹിസ്കീയാവ് ഇപ്രകാരം പറയുന്നു: ‘ഇതു കഷ്ടവും ശാസനയും നിന്ദയും ഉള്ള ദിവസമത്രേ; കുഞ്ഞുങ്ങൾ ജനിക്കാറായിരിക്കുന്നു; പ്രസവിക്കുവാനോ ശക്തിയില്ല.4ജീവനുള്ള ദൈവത്തെ നിന്ദിക്കുവാൻ രബ്-ശാക്കേയെ അവന്റെ യജമാനനായ അശ്ശൂർരാജാവ് അയച്ചു പറയിക്കുന്ന വാക്ക് നിന്റെ ദൈവമായ യഹോവ പക്ഷേ കേൾക്കും; നിന്റെ ദൈവമായ യഹോവ കേട്ടിരിക്കുന്ന വാക്കിനു പ്രതികാരം ചെയ്യും; അതിനാൽ ഇനിയും ശേഷിച്ചിരിക്കുന്നവർക്കുവേണ്ടി പക്ഷവാദം കഴിക്കണമേ.’ ”
5ഹിസ്കീയാരാജാവിന്റെ ഭൃത്യന്മാർ യെശയ്യാവിന്റെ അടുക്കൽ വന്നപ്പോൾ യെശയ്യാവ് അവരോടു പറഞ്ഞത്:6“നിങ്ങൾ നിങ്ങളുടെ യജമാനനോടു പറയേണ്ടത് എന്തെന്നാൽ: ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അശ്ശൂർരാജാവിന്റെ ഭൃത്യന്മാർ എന്നെ നിന്ദിച്ചതായി നീ കേട്ടിരിക്കുന്ന വാക്കു നിമിത്തം ഭയപ്പെടണ്ടാ.7ഞാൻ അവന് ഒരു മനോവിഭ്രമം വരുത്തും; അവൻ ഒരു ശ്രുതി1 കേട്ടിട്ടു സ്വദേശത്തേക്കു മടങ്ങിപ്പോകും; ഞാൻ അവനെ അവന്റെ സ്വന്തദേശത്തുവച്ചു വാൾകൊണ്ടു വീഴുമാറാക്കും.’ ”
8രബ്-ശാക്കേ മടങ്ങിച്ചെന്ന് അശ്ശൂർരാജാവ് ലിബ്നയുടെ നേരെ യുദ്ധം ചെയ്യുന്നതു കണ്ടു; അവൻ ലാക്കീശ് വിട്ടുപോയി എന്ന് അവൻ കേട്ടിരുന്നു.9എന്നാൽ കൂശ്‌രാജാവായ തിർഹാക്ക തന്റെ നേരെ യുദ്ധംചെയ്യുവാൻ പുറപ്പെട്ടിരിക്കുന്നു എന്നു കേട്ടിട്ട് അശ്ശൂർരാജാവായ സൻഹേരീബ് ഹിസ്കീയാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു കല്പിച്ചത്:10“നിങ്ങൾ യെഹൂദാരാജാവായ ഹിസ്കീയാവോടു പറയേണ്ടത്: ‘ “യെരൂശലേം അശ്ശൂർരാജാവിന്റെ കൈയിൽ ഏല്പിച്ചുകളയുകയില്ല” എന്നു നീ ആശ്രയിക്കുന്ന നിന്റെ ദൈവം നിന്നെ ചതിക്കരുത്.
11അശ്ശൂർരാജാക്കന്മാർ സകലദേശങ്ങളോടും ചെയ്തതും അവയ്ക്ക് ഉന്മൂലനാശം വരുത്തിയതും നീ കേട്ടിട്ടുണ്ടല്ലോ; നീ വിടുവിക്കപ്പെടുമോ?12ഗോസാൻ, ഹാരാൻ, രേസെഫ, തെലസ്സാരിലെ ഏദേന്യർ എന്നിങ്ങനെ എന്റെ പിതാക്കന്മാർ നശിപ്പിച്ചുകളഞ്ഞ ജനതകളുടെ ദേവന്മാർ അവരെ വിടുവിച്ചിട്ടുണ്ടോ?13ഹമാത്ത് രാജാവും അർപ്പാദ്‌രാജാവും സെഫർവ്വയീംപട്ടണം, ഹേന, ഇവ്വ എന്നിവയ്ക്കു രാജാവായിരുന്നവനും എവിടെ?’ ”
14ഹിസ്കീയാവ് ദൂതന്മാരുടെ കൈയിൽനിന്ന് എഴുത്തു വാങ്ങി വായിച്ചു; ഹിസ്കീയാവ് യഹോവയുടെ ആലയത്തിൽ ചെന്നു യഹോവയുടെ സന്നിധിയിൽ അതു വിടർത്തി.15ഹിസ്കീയാവ് യഹോവയോടു പ്രാർത്ഥിച്ചു പറഞ്ഞത്:16“യിസ്രായേലിന്റെ ദൈവമായ കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, അങ്ങ് ഒരുവൻ മാത്രം ഭൂമിയിലെ സർവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു; അങ്ങ് ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.
17യഹോവേ, ചെവി ചായിച്ചു കേൾക്കണമേ; യഹോവേ, തൃക്കണ്ണു തുറന്നു നോക്കണമേ; ജീവനുള്ള ദൈവത്തെ നിന്ദിക്കുവാൻ ആളയച്ചിരിക്കുന്ന സൻഹേരീബിന്റെ വാക്കുകൾ കേൾക്കണമേ.18യഹോവേ, അശ്ശൂർരാജാക്കന്മാർ സർവ്വജനതകളെയും അവരുടെ ദേശത്തെയും ശൂന്യമാക്കി,
19അവരുടെ ദേവന്മാരെ തീയിൽ ഇട്ടുകളഞ്ഞതു സത്യം തന്നെ; അവ ദേവന്മാരല്ല, മനുഷ്യരുടെ കൈപ്പണിയായ മരവും കല്ലും മാത്രം ആയിരുന്നുവല്ലോ; അതിനാൽ അവർ അവയെ നശിപ്പിച്ചുകളഞ്ഞു.20ഇപ്പോൾ ഞങ്ങളുടെ ദൈവമായ യഹോവേ, അങ്ങ് ഒരുവൻ മാത്രം യഹോവ എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിനു ഞങ്ങളെ അവന്റെ കൈയിൽനിന്നു രക്ഷിക്കണമേ.”
21ആമോസിന്റെ മകനായ യെശയ്യാവ് ഹിസ്കീയാവിന്റെ അടുക്കൽ പറഞ്ഞയച്ചത് എന്തെന്നാൽ: “യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നീ അശ്ശൂർരാജാവായ സൻഹേരീബ് നിമിത്തം എന്നോടു പ്രാർത്ഥിച്ചതുകൊണ്ട്,22അവനെക്കുറിച്ച് യഹോവ അരുളിച്ചെയ്ത വചനം ഇതാകുന്നു: “സീയോൻ പുത്രിയായ കന്യക നിന്നെ നിന്ദിച്ചു പരിഹസിക്കുന്നു; യെരൂശലേംപുത്രി നിന്റെ പിന്നാലെ തല കുലുക്കുന്നു.23നീ ആരെയാകുന്നു നിന്ദിച്ചു ദുഷിച്ചത്? ആർക്കു വിരോധമായിട്ടാകുന്നു നീ ശബ്ദം ഉയർത്തുകയും തല ഉന്നതമായി ഉയർത്തുകയും ചെയ്തത്? യിസ്രായേലിന്റെ പരിശുദ്ധനു വിരോധമായിട്ടു തന്നെയല്ലയോ?
24നിന്റെ ഭൃത്യന്മാർ മുഖാന്തരം നീ കർത്താവിനെ നിന്ദിച്ചു; ‘എന്റെ അസംഖ്യരഥങ്ങളോടു കൂടി ഞാൻ മലമുകളിലും ലെബാനോന്റെ ശിഖരങ്ങളിലും കയറിയിരിക്കുന്നു; അതിലെ പൊക്കമുള്ള ദേവദാരുക്കളും വിശേഷമായ സരളവൃക്ഷങ്ങളും ഞാൻ മുറിക്കും; അതിന്റെ അറ്റത്തെ കൊടുമുടിവരെയും അതിന്റെ അതിനിബിഡമായ കാടുവരെയും ഞാൻ കടന്നുചെല്ലും;25ഞാൻ വെള്ളം കുഴിച്ചെടുത്തു കുടിക്കും; എന്റെ കാലടികളാൽ ഈജിപ്റ്റിലെ സകലനദികളെയും വറ്റിക്കും’ എന്നു പറഞ്ഞു.
26ഞാൻ പണ്ടുപണ്ടേ അതിനെ ഉണ്ടാക്കി; പൂർവ്വകാലത്തുതന്നെ അതിനെ നിർമ്മിച്ചു എന്നു നീ കേട്ടിട്ടില്ലയോ? നീ ഉറപ്പുള്ള പട്ടണങ്ങളെ മുടിച്ചു ശൂന്യകൂമ്പാരങ്ങളാക്കുവാൻ ഞാൻ ഇപ്പോൾ സംഗതി വരുത്തിയിരിക്കുന്നു.27അതുകൊണ്ട് അവയിലെ നിവാസികൾ ദുർബ്ബലന്മാരായി വിരണ്ട് അമ്പരന്നുപോയി; അവർ വയലിലെ പുല്ലും പച്ചച്ചെടിയും പുരപ്പുറങ്ങളിലെ പുല്ലും വളരുംമുമ്പ് കരിഞ്ഞുപോയ ധാന്യവുംപോലെ ആയിത്തീർന്നു.
28എന്നാൽ നിന്റെ ഇരിപ്പും നിന്റെ ഗമനവും ആഗമനവും എന്റെ നേരെയുള്ള നിന്റെ കോപഭ്രാന്തും ഞാൻ അറിയുന്നു.29എന്റെ നേരെയുള്ള നിന്റെ കോപഭ്രാന്തുകൊണ്ടും നിന്റെ അഹങ്കാരം എന്റെ ചെവിയിൽ എത്തിയിരിക്കുകകൊണ്ടും ഞാൻ എന്റെ കൊളുത്തു നിന്റെ മൂക്കിലും എന്റെ കടിഞ്ഞാൺ നിന്റെ അധരങ്ങളിലും ഇട്ടു നീ വന്ന വഴിക്കുതന്നെ നിന്നെ മടക്കികൊണ്ടുപോകും.”
30എന്നാൽ ഇതു നിനക്ക് അടയാളമാകും: നിങ്ങൾ ഈ വർഷം പടുവിത്തു വിളയുന്നതും രണ്ടാം വർഷം താനെ കിളുർത്തുവിളയുന്നതും തിന്നും; മൂന്നാം വർഷം നിങ്ങൾ വിതച്ചു കൊയ്യുകയും മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കി അവയുടെ പഴം തിന്നുകയും ചെയ്യും.
31യെഹൂദാഗൃഹത്തിൽ രക്ഷപ്പെട്ട ഒരു ശേഷിപ്പ് വീണ്ടും താഴെ വേരൂന്നി മീതെ ഫലം കായ്ക്കും.32ഒരു ശേഷിപ്പ് യെരൂശലേമിൽനിന്നും ഒരു രക്ഷിതഗണം സീയോൻ പർവ്വതത്തിൽനിന്നും പുറപ്പെട്ടുവരും;’ സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ അനുഷ്ഠിക്കും.”
33അതുകൊണ്ട് യഹോവ അശ്ശൂർരാജാവിനെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവൻ ഈ നഗരത്തിലേക്കു വരുകയില്ല; ഒരു അമ്പ് അവിടെ എയ്യുകയുമില്ല; അതിന്റെ നേരെ പരിചയോടുകൂടി വരുകയില്ല; അതിനെതിരെ ഉപരോധ മൺകൂന ഉണ്ടാക്കുകയുമില്ല.34അവൻ വന്ന വഴിക്കുതന്നെ മടങ്ങിപ്പോകും; ഈ നഗരത്തിലേക്കു വരുകയുമില്ല;”
35“എന്റെ നിമിത്തവും എന്റെ ദാസനായ ദാവീദിന്റെ നിമിത്തവും ഞാൻ ഈ നഗരത്തെ പാലിച്ചു രക്ഷിക്കും” എന്നു യഹോവയുടെ അരുളപ്പാട്.
36എന്നാൽ യഹോവയുടെ ദൂതൻ പുറപ്പെട്ടു അശ്ശൂർപാളയത്തിൽ ഒരുലക്ഷത്തെൺപത്തയ്യായിരം പേരെ കൊന്നു; ജനം രാവിലെ എഴുന്നേറ്റപ്പോൾ അവർ എല്ലാവരും ശവങ്ങളായി കിടക്കുന്നതു കണ്ടു.37അങ്ങനെ അശ്ശൂർരാജാവായ സൻഹേരീബ് യാത്രപുറപ്പെട്ടു മടങ്ങിപ്പോയി നീനെവേയിൽ താമസിച്ചു.
38എന്നാൽ അവൻ തന്റെ ദേവനായ നിസ്രോക്കിന്റെ ക്ഷേത്രത്തിൽ നമസ്കരിക്കുന്ന സമയത്ത് അവന്റെ പുത്രന്മാരായ അദ്രമ്മേലെക്കും ശരേസെരും അവനെ വാൾകൊണ്ടു കൊന്നിട്ടു അരാരാത്ത് ദേശത്തേക്ക് ഓടിപ്പൊയ്ക്കളഞ്ഞു; അവന്റെ മകനായ ഏസർഹദ്ദോൻ അവനു പകരം രാജാവായി.


1 37:7 ശ്രുതി കിംവദന്തി എന്നുമാകാം.

38

1അക്കാലത്ത് ഹിസ്കീയാവിനു മരിക്കത്തക്ക രോഗം പിടിച്ചു; ആമോസിന്റെ മകനായ യെശയ്യാപ്രവാചകൻ അവന്റെ അടുക്കൽ വന്ന് അവനോട്: “നിന്റെ ഗൃഹകാര്യം ക്രമത്തിലാക്കുക; നീ മരിച്ചുപോകും; സൗഖ്യമാവുകയില്ല” എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.2അപ്പോൾ ഹിസ്കീയാവ് മുഖം ചുവരിന്റെ നേരെ തിരിച്ചു യഹോവയോടു പ്രാർത്ഥിച്ചു:3“അയ്യോ, യഹോവേ, ഞാൻ വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടും കൂടി തിരുമുമ്പിൽ നടന്നു നിനക്കു പ്രസാദമായുള്ളതു ചെയ്തിരിക്കുന്നു എന്ന് ഓർക്കണമേ” എന്നു പറഞ്ഞു; ഹിസ്കീയാവ് ഏറ്റവും കരഞ്ഞു.

4എന്നാൽ യെശയ്യാവിനു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:5“നീ ചെന്നു ഹിസ്കീയാവോടു പറയേണ്ടത്: ‘നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്റെ പ്രാർത്ഥന കേട്ടു നിന്റെ കണ്ണുനീർ കണ്ടിരിക്കുന്നു. ഞാൻ നിന്റെ ആയുസ്സിനോടു പതിനഞ്ചു വർഷം കൂട്ടും.6ഞാൻ നിന്നെയും ഈ നഗരത്തെയും അശ്ശൂർരാജാവിന്റെ കൈയിൽനിന്നു വിടുവിക്കും; ഈ നഗരത്തെ ഞാൻ കാത്തുരക്ഷിക്കും.’ ”
7യഹോവ, അവിടുന്ന് അരുളിച്ചെയ്ത ഈ കാര്യം നിവർത്തിക്കും എന്നുള്ളതിനു യഹോവയുടെ പക്കൽനിന്നു ഇതു നിനക്ക് ഒരു അടയാളം ആകും.8“ആഹാസിന്റെ ഘടികാരത്തിൽ സൂര്യഗതി അനുസരിച്ച് ഇറങ്ങിപ്പോയിരിക്കുന്ന നിഴലിനെ ഞാൻ പത്തു പടി പിന്നോക്കം തിരിയുമാറാക്കും;” ഇങ്ങനെ സൂര്യൻ ഘടികാരത്തിൽ ഇറങ്ങിപ്പോയിരുന്ന പത്തു പടി തിരിഞ്ഞുപോന്നു.
9യെഹൂദാരാജാവായ ഹിസ്കീയാവിന്നു രോഗം ബാധിച്ചിട്ടു അതു മാറി സുഖമായ ശേഷം അവൻ എഴുതിയത്:
10“എന്റെ ആയുസ്സിൻ മദ്ധ്യാഹ്നത്തിൽ ഞാൻ പാതാളവാതിലകം പൂകേണ്ടിവരുന്നു;
എന്റെ വർഷങ്ങളുടെ ശേഷിപ്പും എനിക്കില്ലാതെ പോയി” എന്നു ഞാൻ പറഞ്ഞു.
11“ഞാൻ യഹോവയെ, ജീവനുള്ളവരുടെ ദേശത്തുവച്ചു യഹോവയെ കാണുകയില്ല;
ഞാൻ ഭൂവാസികളുടെ ഇടയിൽവച്ച് ഇനി മനുഷ്യനെ കാണുകയില്ല” എന്നു ഞാൻ പറഞ്ഞു.
12“എന്റെ ജീവിതകാലയളവു നീങ്ങി ഒരു ഇടയക്കൂടാരം പോലെ എന്നെ വിട്ടുപോയിരിക്കുന്നു;
നെയ്ത്തുകാരൻ തുണി ചുരുട്ടുംപോലെ ഞാൻ എന്റെ ജീവനെ ചുരുട്ടിവയ്ക്കുന്നു;
അവൻ എന്നെ തറി1 യിൽനിന്ന് അറുത്തുകളയുന്നു;
ഒരു രാപകൽ കഴിയുംമുമ്പ് നീ എനിക്ക് അന്തം വരുത്തുന്നു.
13പ്രഭാതംവരെ ഞാൻ എന്നെത്തന്നെ അടക്കിക്കൊണ്ടിരുന്നു;
അവനോ സിംഹംപോലെ എന്റെ അസ്ഥികളെ എല്ലാം തകർത്തുകളയുന്നു;
ഒരു രാപകൽ കഴിയുംമുമ്പ് നീ എനിക്ക് അന്തം വരുത്തുന്നു.
14മീവൽപക്ഷിയോ കൊക്കോ എന്ന പോലെ ഞാൻ ചിലച്ചു2 ;
ഞാൻ പ്രാവുപോലെ കുറുകി എന്റെ കണ്ണ് ഉയരത്തിലേക്കു നോക്കി ക്ഷീണിച്ചിരിക്കുന്നു;
യഹോവേ ഞാൻ ഞെരുങ്ങിയിരിക്കുന്നു; നീ എനിക്ക് ഇട നില്ക്കണമേ.
15ഞാൻ എന്തു പറയേണ്ടു? അവൻ എന്നോട് അരുളിച്ചെയ്തു, അവൻ തന്നെ നിവർത്തിച്ചും ഇരിക്കുന്നു;
എന്റെ മനോവ്യസനം ഹേതുവായി ഞാൻ എന്റെ കാലമെല്ലാം സാവധാനത്തോടെ നടക്കും.
16കർത്താവേ, അതിനാൽ മനുഷ്യർ ജീവിക്കുന്നു;
എന്റെ ജീവനും കേവലം അതിലത്രേ;
അങ്ങനെ നീ എന്നെ സൗഖ്യമാക്കി എന്റെ ജീവനെ രക്ഷിക്കും.
17സമാധാനത്തിനായി എനിക്ക് അത്യന്തം കൈപ്പായതു ഭവിച്ചു;
എങ്കിലും നീ എന്റെ സകലപാപങ്ങളെയും നിന്റെ പുറകിൽ എറിഞ്ഞുകളഞ്ഞതുകൊണ്ട്
എന്റെ പ്രാണനെ നാശകുഴിയിൽനിന്നു സ്നേഹത്തോടെ രക്ഷിച്ചിരിക്കുന്നു.
18പാതാളം നിന്നെ സ്തുതിക്കുന്നില്ല; മരണം നിന്നെ വാഴ്ത്തുന്നില്ല;
കുഴിയിൽ ഇറങ്ങുന്നവർ നിന്റെ വിശ്വസ്തതയെ പ്രത്യാശിക്കുന്നതുമില്ല.
19ഞാൻ ഇന്നു ചെയ്യുന്നതുപോലെ ജീവനുള്ളവൻ, ജീവനുള്ളവൻ മാത്രം നിന്നെ സ്തുതിക്കും;
അപ്പൻ മക്കളോടു നിന്റെ വിശ്വസ്തതയെ അറിയിക്കും.
20യഹോവ എന്നെ രക്ഷിക്കുവാൻ ഒരുങ്ങിയിരിക്കുന്നു;
അതുകൊണ്ട് ഞങ്ങൾ ജീവപര്യന്തം യഹോവയുടെ ആലയത്തിൽ
തന്ത്രിനാദത്തോടെ എന്റെ ഗീതങ്ങളെ പാടും.”
21എന്നാൽ അവനു സൗഖ്യം വരേണ്ടതിന് അത്തിപ്പഴക്കട്ട കൊണ്ടുവന്നു പരുവിന്മേൽ പുരട്ടുവാൻ യെശയ്യാവ് പറഞ്ഞിരുന്നു.22“ഞാൻ യഹോവയുടെ ആലയത്തിൽ കയറിച്ചെല്ലും എന്നതിന് അടയാളം എന്ത്?” എന്നു ഹിസ്കീയാവ് ചോദിച്ചിരുന്നു.


1 38:12 തറി നെയ്‌ത്തുപകരണം.
2 38:14 ചിലെച്ചു നിലവിളിച്ചു.

39

1അക്കാലത്ത് ബലദാന്റെ മകനായ മെരോദക്-ബലദാൻ എന്ന ബാബേൽരാജാവ് ഹിസ്കീയാവിനു രോഗം പിടിച്ചിട്ടു സുഖമായി എന്നു കേട്ടതുകൊണ്ട് അവന് എഴുത്തും സമ്മാനവും കൊടുത്തയച്ചു.2ഹിസ്കീയാവ് അവരെക്കുറിച്ചു സന്തോഷിച്ചു തന്റെ ഭണ്ഡാരഗൃഹവും പൊന്നും വെള്ളിയും സുഗന്ധവർഗ്ഗവും പരിമളതൈലവും ആയുധശാല മുഴുവനും തന്റെ ഭണ്ഡാരത്തിലുള്ള സകലവും അവരെ കാണിച്ചു; തന്റെ രാജധാനിയിലും തന്റെ ആധിപത്യത്തിൽ പെട്ട സകലത്തിലും ഹിസ്കീയാവ് അവരെ കാണിക്കാത്ത ഒരു വസ്തുവും ഇല്ലായിരുന്നു.

3അപ്പോൾ യെശയ്യാപ്രവാചകൻ ഹിസ്കീയാരാജാവിന്റെ അടുക്കൽ വന്ന് അവനോട്: “ഈ പുരുഷന്മാർ എന്തു പറഞ്ഞു? അവർ എവിടെനിന്നു നിന്റെ അടുക്കൽ വന്നു” എന്നു ചോദിച്ചതിനു ഹിസ്കീയാവ്: “അവർ ഒരു ദൂരദേശത്തുനിന്നു, ബാബേലിൽനിന്നു തന്നെ; എന്റെ അടുക്കൽ വന്നിരിക്കുന്നു” എന്നു പറഞ്ഞു.4“അവർ നിന്റെ രാജധാനിയിൽ എന്തെല്ലാം കണ്ടു” എന്നു ചോദിച്ചതിനു ഹിസ്കീയാവ്: “എന്റെ രാജധാനിയിൽ ഉള്ള സകലവും അവർ കണ്ടു; എന്റെ ഭണ്ഡാരത്തിൽ ഞാൻ അവരെ കാണിക്കാത്ത ഒരു വസ്തുവും ഇല്ല എന്ന് ഉത്തരം പറഞ്ഞു.”
5അപ്പോൾ യെശയ്യാവ് ഹിസ്കീയാവിനോടു പറഞ്ഞത്: “സൈന്യങ്ങളുടെ യഹോവയുടെ വചനം കേട്ടുകൊള്ളുക:6‘നിന്റെ രാജധാനിയിൽ ഉള്ള സകലവും നിന്റെ പിതാക്കന്മാർ ഇന്നുവരെ ശേഖരിച്ചുവെച്ചിട്ടുള്ളതും ഒട്ടൊഴിയാതെ ബാബേലിലേക്ക് എടുത്തു കൊണ്ടുപോകുന്ന കാലം വരുന്നു!
7നീ ജനിപ്പിച്ചവരായി നിന്നിൽനിന്ന് ഉത്ഭവിക്കുന്ന നിന്റെ പുത്രന്മാരിലും ചിലരെ അവർ കൊണ്ടുപോകും; അവർ ബാബേൽരാജാവിന്റെ രാജധാനിയിൽ ഷണ്ഡന്മാരായിരിക്കും’ എന്നു യഹോവ അരുളിച്ചെയ്യുന്നു.”8അതിനു ഹിസ്കീയാവ് യെശയ്യാവോട്: “നീ പറഞ്ഞിരിക്കുന്ന യഹോവയുടെ വചനം നല്ലത്” എന്നു പറഞ്ഞു; “എങ്കിലും എന്റെ ജീവകാലത്തു സമാധാനവും സത്യവും ഉണ്ടായിരിക്കുമല്ലോ” എന്നും അവൻ പറഞ്ഞു.

40

1എന്റെ ജനത്തെ ആശ്വസിപ്പിക്കുവിൻ, ആശ്വസിപ്പിക്കുവിൻ എന്നു നിങ്ങളുടെ ദൈവം അരുളിച്ചെയ്യുന്നു.2യെരൂശലേമിനോട് ആദരവോടെ സംസാരിച്ചു: അവളുടെ യുദ്ധ സേവ കഴിഞ്ഞും അവളുടെ അകൃത്യം മോചിക്കപ്പെട്ടും അവൾ തന്റെ സകലപാപങ്ങൾക്കും പകരം യഹോവയുടെ കൈയിൽനിന്ന് ഇരട്ടിയായി പ്രാപിച്ചുമിരിക്കുന്നു എന്ന് അവളോടു വിളിച്ചുപറയുവിൻ.

3കേട്ടോ ഒരുവൻ വിളിച്ചുപറയുന്നത്: “മരുഭൂമിയിൽ യഹോവയ്ക്കു വഴി ഒരുക്കുവിൻ; നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന് ഒരു പ്രധാനപാത നിരപ്പാക്കുവിൻ.4എല്ലാ താഴ്വരയും നികന്നും എല്ലാമലയും കുന്നും താണും വരണം; വളഞ്ഞതു ചൊവ്വായും1 ദുർഘടങ്ങൾ സമതലമായും തീരണം.5യഹോവയുടെ മഹത്ത്വം വെളിപ്പെടും, സകലമനുഷ്യരും ഒരുപോലെ അതിനെ കാണും; യഹോവയുടെ വായല്ലയോ അരുളിച്ചെയ്തിരിക്കുന്നത്.”
6കേട്ടോ, “വിളിച്ചുപറയുക” എന്ന് ഒരുവൻ പറയുന്നു; “എന്തു വിളിച്ചുപറയേണ്ടു?” എന്നു ഞാൻ ചോദിച്ചു; “സകലമനുഷ്യരും പുല്ലുപോലെയും അവരുടെ ഭംഗിയെല്ലാം വയലിലെ പൂപോലെയും ആകുന്നു.7യഹോവയുടെ ശ്വാസം അതിന്മേൽ ഊതുകയാൽ പുല്ലുണങ്ങുന്നു. പൂവ് വാടുന്നു; അതേ ജനം പുല്ലുതന്നെ.8പുല്ലുണങ്ങുന്നു, പൂവ് വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമോ എന്നേക്കും നിലനില്ക്കും.”
9സുവാർത്താദൂതിയായ സീയോനേ, നീ ഉയർന്നപർവ്വതത്തിലേക്കു കയറിച്ചെല്ലുക; സുവാർത്താദൂതിയായ യെരൂശലേമേ, നിന്റെ ശബ്ദം ശക്തിയോടെ ഉയർത്തുക; ഭയപ്പെടാതെ ഉയർത്തുക; യെഹൂദാനഗരങ്ങളോട്: “ഇതാ, നിങ്ങളുടെ ദൈവം” എന്നു പറയുക.10ഇതാ, യഹോവയായ കർത്താവ് ബലശാലിയായി വരുന്നു; അവന്റെ ഭുജം അവനുവേണ്ടി ഭരണം ചെയ്യുന്നു; ഇതാ, കൂലി അവന്റെ പക്കലും പ്രതിഫലം അവന്റെ കൈയിലും ഉണ്ട്.
11ഒരു ഇടയനെപ്പോലെ അവിടുന്ന് തന്റെ ആട്ടിൻകൂട്ടത്തെ മേയിക്കുകയും കുഞ്ഞാടുകളെ ഭുജത്തിൽ എടുത്തു മാർവ്വിടത്തിൽ ചേർത്തു വഹിക്കുകയും തള്ളകളെ പതുക്കെ നടത്തുകയും ചെയ്യും.

12തന്റെ ഉള്ളംകൈകൊണ്ടു വെള്ളം അളക്കുകയും ചാണുകൊണ്ട് ആകാശത്തിന്റെ പരിമാണമെടുക്കുകയും ഭൂമിയുടെ പൊടി നാഴിയിൽ കൊള്ളിക്കുകയും പർവ്വതങ്ങൾ വെള്ളിക്കോൽകൊണ്ടും കുന്നുകൾ തുലാസിലും തൂക്കുകയും ചെയ്തവൻ ആര്?
13യഹോവയുടെ ആത്മാവിനെ നിയന്ത്രിക്കുകയോ അവിടുത്തെ മന്ത്രിയായി അവിടുത്തെ ഗ്രഹിപ്പിക്കുകയോ ചെയ്തവനാര്?14യഹോവയെ ഉപദേശിച്ചു ന്യായത്തിന്റെ പാതയെ പഠിപ്പിക്കുകയും യഹോവയെ പരിജ്ഞാനം പഠിപ്പിച്ചു വിവേകത്തിന്റെ മാർഗ്ഗം കാണിക്കുകയും ചെയ്തുകൊടുക്കേണ്ടതിനു യഹോവ ആരോടാകുന്നു ആലോചന കഴിച്ചതു?
15ഇതാ ജനതകൾ തൊട്ടിയിലെ ഒരു തുള്ളിപോലെയും, തുലാസിലെ ഒരു പൊടിപോലെയും അവന് തോന്നുന്നു; ഇതാ, അവൻ ദ്വീപുകളെ ഒരു മണൽതരിയെപ്പോലെ എടുത്തു പൊക്കുന്നു.16ലെബാനോൻ വിറകിനു പോരാ; അതിലെ മൃഗങ്ങൾ ഹോമയാഗത്തിനു മതിയാകുന്നില്ല.17സകലജനതകളും അവന് ഏതുമില്ലാത്തതുപോലെ ഇരിക്കുന്നു; അവൻ അവരെ ഒന്നുമില്ലായ്മയ്ക്കും ശൂന്യതയ്ക്കും താഴെയായി എണ്ണിയിരിക്കുന്നു.
18ആകയാൽ നിങ്ങൾ ദൈവത്തെ ആരോട് ഉപമിക്കും? ഏതു പ്രതിമയെ നിങ്ങൾ അവനോടു സദൃശമാക്കും?19മൂശാരി വിഗ്രഹം വാർക്കുന്നു; തട്ടാൻ പൊന്നുകൊണ്ടു പൊതിയുകയും അതിനു വെള്ളിച്ചങ്ങല തീർക്കുകയും ചെയ്യുന്നു.20ഇങ്ങിനെയുള്ള പ്രതിഷ്ഠയ്ക്കു വകയില്ലാത്തവൻ ദ്രവിച്ചുപോകാത്ത ഒരു തടിക്കഷണം തിരഞ്ഞെടുക്കുകയും ഇളകാത്ത വിഗ്രഹം കൊത്തിയുണ്ടാക്കി നിർത്തുവാൻ ഒരു ശില്പിയെ അന്വേഷിക്കുകയും ചെയ്യുന്നു.
21നിങ്ങൾക്ക് അറിഞ്ഞുകൂടായോ? നിങ്ങൾ കേട്ടിട്ടില്ലയോ? ആദിമുതൽ നിങ്ങളോട് അറിയിച്ചിട്ടില്ലയോ? ഭൂമിയുടെ അടിസ്ഥാനങ്ങളാൽ നിങ്ങൾ ഗ്രഹിച്ചിട്ടില്ലയോ?22അവിടുന്ന് ഭൂമണ്ഡലത്തിന്മീതെ അധിവസിക്കുന്നു; അതിലെ നിവാസികൾ വെട്ടുക്കിളികളെപ്പോലെ ഇരിക്കുന്നു; അവിടുന്ന് ആകാശത്തെ ഒരു തിരശ്ശീലപോലെ നിവർത്തുകയും താമസിക്കുവാനുള്ള ഒരു കൂടാരത്തെപ്പോലെ വിരിക്കുകയും
23പ്രഭുക്കന്മാരെ ഇല്ലാതെയാക്കുകയും ഭൂമിയിലെ ന്യായാധിപന്മാരെ ശൂന്യമാക്കുകയും ചെയ്യുന്നു.24അവരെ നട്ട ഉടനെ, അവരെ വിതച്ച ഉടനെ അവർ നിലത്തു വേരൂന്നിത്തുടങ്ങിയ ഉടനെ അവിടുന്ന് അവരുടെമേൽ ഊതി അവർ വാടിപ്പോവുകയും ചുഴലിക്കാറ്റുകൊണ്ടു വൈക്കോൽകുറ്റിപോലെ പാറിപ്പോവുകയും ചെയ്യുന്നു.
25“അതിനാൽ നിങ്ങൾ എന്നെ ആരോടു സദൃശമാക്കും? ഞാൻ ആരോടു തുല്യനാകും” എന്നു പരിശുദ്ധനായവൻ അരുളിച്ചെയ്യുന്നു.26നിങ്ങൾ കണ്ണ് മേലോട്ട് ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാര്? അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കുകയും അവയെ എല്ലാം പേർ ചൊല്ലി വിളിക്കുകയും ചെയ്യുന്നു; അവന്റെ വീര്യമാഹാത്മ്യംനിമിത്തവും അവന്റെ ശക്തിയുടെ ആധിക്യംനിമിത്തവും അവയിൽ ഒന്നും കുറഞ്ഞു കാണുകയില്ല.
27എന്നാൽ “എന്റെ വഴി യഹോവയ്ക്കു മറഞ്ഞിരിക്കുന്നു; എന്റെ ന്യായം എന്റെ ദൈവം കാണാതെ കടന്നുപോയിരിക്കുന്നു” എന്ന്, യാക്കോബേ, നീ പറയുകയും യിസ്രായേലേ, നീ സംസാരിക്കുകയും ചെയ്യുന്നതെന്ത്?28നിനക്കറിഞ്ഞുകൂടായോ? നീ കേട്ടിട്ടില്ലയോ? യഹോവ നിത്യദൈവം; ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവൻ തന്നെ; അവൻ ക്ഷീണിക്കുന്നില്ല, തളർന്നുപോകുന്നതുമില്ല; അവന്റെ ബുദ്ധി അപ്രമേയമത്രേ.
29അവൻ ക്ഷീണിച്ചിരിക്കുന്നവനു ശക്തി നല്കുന്നു; ബലമില്ലാത്തവനു ബലം വർദ്ധിപ്പിക്കുന്നു.30ബാല്യക്കാർ ക്ഷീണിച്ചു തളർന്നുപോകും; യൗവനക്കാരും ഇടറിവീഴും.31എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചു കയറും; അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും.


1 40:4 ചൊവ്വായും നേരെയായും എന്നും കാണാം.

41

1“ദ്വീപുകളേ, എന്റെ മുമ്പിൽ മിണ്ടാതെ ഇരിക്കുവിൻ; ജനതകൾ ശക്തിയെ പുതുക്കട്ടെ; അവർ അടുത്തുവന്നു സംസാരിക്കട്ടെ; നാം തമ്മിൽ ന്യായവാദം ചെയ്യുന്നതിന് അടുത്തുവരുക.2ചെല്ലുന്നെടത്തെല്ലാം നീതി എതിരേല്ക്കുന്നവനെ കിഴക്കുനിന്ന് ഉണർത്തിയതാര്? അവിടുന്ന് ജനതകളെ അവന്റെ മുമ്പിൽ ഏല്പിച്ചുകൊടുക്കുകയും അവനെ രാജാക്കന്മാരുടെ മേൽ വാഴുമാറാക്കുകയും ചെയ്യുന്നു; അവരുടെ വാളിനെ അവൻ പൊടിപോലെയും അവരുടെ വില്ലിനെ പാറിപ്പോകുന്ന വൈക്കോൽകുറ്റിപോലെയും ആക്കിക്കളയുന്നു.

3അവൻ അവരെ പിന്തുടർന്നു നിർഭയനായി കടന്നു ചെല്ലുന്നു; പാതയിൽ കാല് വച്ചല്ല അവൻ പോകുന്നത്.4ആര് അതു പ്രവർത്തിക്കുകയും അനുഷ്ഠിക്കുകയും ചെയ്തു? ആദിമുതൽ തലമുറകളെ വിളിച്ചവൻ; യഹോവയായ ഞാൻ ആദ്യനും അന്ത്യന്മാരോടുകൂടി അനന്യനും ആകുന്നു.”
5ദ്വീപുകൾ കണ്ടു ഭയപ്പെട്ടു; ഭൂമിയുടെ അറുതികൾ വിറച്ചു; അവർ ഒന്നിച്ചുകൂടി അടുത്തുവന്നു;6അവർ അന്യോന്യം സഹായിച്ചു; ഒരുത്തൻ മറ്റേവനോട്: “ധൈര്യമായിരിക്കുക” എന്നു പറഞ്ഞു.7അങ്ങനെ ആശാരി തട്ടാനെയും കൊല്ലൻ കൂടം തല്ലുന്നവനെയും ധൈര്യപ്പെടുത്തി “കൂട്ടിവിളക്കുന്നതിനു അത് തയ്യാറായിരിക്കുന്നു” എന്നു പറഞ്ഞ്, ഇളകാതെയിരിക്കേണ്ടതിനു അവൻ അതിനെ ആണികൊണ്ട് ഉറപ്പിക്കുന്നു.

8“നീയോ, എന്റെ ദാസനായ യിസ്രായേലേ, ഞാൻ തിരഞ്ഞെടുത്ത യാക്കോബേ, എന്റെ സ്നേഹിതനായ അബ്രാഹാമിന്റെ സന്തതിയേ, ‘നീ എന്റെ ദാസൻ,9ഞാൻ നിന്നെ നിരസിച്ചുകളയാതെ തിരഞ്ഞെടുത്തിരിക്കുന്നു’ എന്നു പറഞ്ഞുകൊണ്ടു ഭൂമിയുടെ അറ്റങ്ങളിൽനിന്ന് എടുക്കുകയും അതിന്റെ മൂലകളിൽനിന്നു വിളിച്ചു ചേർക്കുകയും ചെയ്തിരിക്കുന്നവനായുള്ളവനേ, നീ ഭയപ്പെടേണ്ടാ;
10ഞാൻ നിന്നോടുകൂടി ഉണ്ട്; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലംകൈകൊണ്ടു ഞാൻ നിന്നെ താങ്ങും.
11നിന്നോടു കോപിച്ചിരിക്കുന്ന എല്ലാവരും ലജ്ജിച്ച് അമ്പരന്നുപോകും; നിന്നോടു വിവാദിക്കുന്നവർ1 നശിച്ചു ഇല്ലാതെയാകും.
12നിന്നോടു പോരാടുന്നവരെ നീ അന്വേഷിക്കും; കാണുകയില്ലതാനും; നിന്നോടു യുദ്ധം ചെയ്യുന്നവർ നാസ്തിത്വവും ഇല്ലായ്മയുംപോലെ ആകും.13നിന്റെ ദൈവമായ യഹോവ എന്ന ഞാൻ നിന്റെ വലംകൈ പിടിച്ചു നിന്നോട്: ‘ഭയപ്പെടേണ്ടാ, ഞാൻ നിന്നെ സഹായിക്കും’ എന്നു പറയുന്നു.”
14“പുഴുവായ യാക്കോബേ, യിസ്രായേൽജനമേ, ഭയപ്പെടേണ്ടാ; ഞാൻ നിന്നെ സഹായിക്കും” എന്നു യഹോവ അരുളിച്ചെയ്യുന്നു; നിന്റെ വീണ്ടെടുപ്പുകാരൻ യിസ്രായേലിന്റെ പരിശുദ്ധൻ തന്നെ.15“ഇതാ, ഞാൻ നിന്നെ പുതിയതും മൂർച്ചയുള്ളതും പല്ലേറിയതും ആയ മെതിവണ്ടിയാക്കി തീർക്കുന്നു; നീ പർവ്വതങ്ങളെ മെതിച്ചു പൊടിക്കുകയും കുന്നുകളെ പതിർ പോലെ ആക്കുകയും ചെയ്യും.
16നീ അവയെ പാറ്റും; കാറ്റ് അവയെ പറപ്പിച്ചുകൊണ്ടുപോകും; ചുഴലിക്കാറ്റ് അവയെ ചിതറിച്ചുകളയും; നീയോ യഹോവയിൽ ഘോഷിച്ചുല്ലസിച്ചു യിസ്രായേലിന്റെ പരിശുദ്ധനിൽ പുകഴും.
17എളിയവരും ദരിദ്രന്മാരുമായവർ വെള്ളം തിരഞ്ഞുനടക്കുന്നു; ഒട്ടും കിട്ടായ്കയാൽ അവരുടെ നാവു ദാഹംകൊണ്ടു വരണ്ടുപോകുന്നു. യഹോവയായ ഞാൻ അവർക്ക് ഉത്തരം അരുളും; യിസ്രായേലിന്റെ ദൈവമായ ഞാൻ അവരെ കൈവിടുകയില്ല.18ഞാൻ പാഴ്മലകളിൽ നദികളെയും താഴ്വരകളുടെ നടുവിൽ ഉറവുകളെയും തുറക്കും; മരുഭൂമിയെ ഞാൻ നീർപൊയ്കയും വരണ്ട നിലത്തെ നീരുറവുകളും ആക്കും.
19ഞാൻ മരുഭൂമിയിൽ ദേവദാരു, ഖദിരമരം, കൊഴുന്തു, ഒലിവുവൃക്ഷം എന്നിവ നടും; ഞാൻ നിർജ്ജനപ്രദേശത്തു സരളവൃക്ഷവും പയിൻമരവും പുന്നയും വച്ചുപിടിപ്പിക്കും.20യഹോവയുടെ കൈ അതു ചെയ്തു എന്നും യിസ്രായേലിന്റെ പരിശുദ്ധൻ അതു സൃഷ്ടിച്ചു എന്നും അവരെല്ലാവരും കണ്ട് അറിഞ്ഞു വിചാരിച്ചു ഗ്രഹിക്കേണ്ടതിനു തന്നെ.”
21“നിങ്ങളുടെ വ്യവഹാരം കൊണ്ടുവരുവിൻ” എന്നു യഹോവ കല്പിക്കുന്നു; “നിങ്ങളുടെ ന്യായങ്ങളെ കാണിക്കുവിൻ” എന്നു യാക്കോബിന്റെ രാജാവ് കല്പിക്കുന്നു.22സംഭവിക്കുവാനുള്ളതു അവർ കാണിച്ചു നമ്മോടു പ്രസ്താവിക്കട്ടെ; നാം വിചാരിച്ച് അതിന്റെ അവസാനം അറിയേണ്ടതിന് ആദ്യകാര്യങ്ങൾ ഇന്നിന്നവയെന്ന് അവർ പ്രസ്താവിക്കട്ടെ; അല്ലെങ്കിൽ സംഭവിക്കുവാനുള്ളതു നമ്മെ കേൾപ്പിക്കട്ടെ.
23നിങ്ങൾ ദേവന്മാർ എന്നു ഞങ്ങൾ അറിയേണ്ടതിനു മേലാൽ വരുവാനുള്ളതു പ്രസ്താവിക്കുവിൻ; ഞങ്ങൾ കണ്ടു വിസ്മയിക്കേണ്ടതിനു നന്മയെങ്കിലും തിന്മയെങ്കിലും പ്രവർത്തിക്കുവിൻ.24നിങ്ങൾ ഇല്ലായ്മയും നിങ്ങളുടെ പ്രവൃത്തി നാസ്തിയും ആകുന്നു; നിങ്ങളെ തിരഞ്ഞെടുക്കുന്നവൻ മ്ലേച്ഛനാകുന്നു.
25“ഞാൻ ഒരുത്തനെ വടക്കുനിന്ന് എഴുന്നേല്പിച്ചു; അവൻ വന്നിരിക്കുന്നു; സൂര്യോദയദിക്കിൽനിന്ന് അവനെ എഴുന്നേല്പിച്ചു; അവൻ എന്റെ നാമത്തെ ആരാധിക്കും; അവൻ വന്നു ചെളിയെപ്പോലെയും കുശവൻ കളിമണ്ണു ചവിട്ടുന്നതുപോലെയും ദേശാധിപതികളെ ചവിട്ടും.26ഞങ്ങൾ അറിയേണ്ടതിന് ആദിമുതലും ‘അവൻ നീതിമാൻ’ എന്നു ഞങ്ങൾ പറയേണ്ടതിന് പണ്ടേയും ആര് പ്രസ്താവിച്ചിട്ടുള്ളു? പ്രസ്താവിക്കുവാനോ കാണിച്ചുതരുവാനോ നിങ്ങളുടെ വാക്കു കേൾക്കുവാനോ ആരും ഇല്ല.
27ഞാൻ ആദ്യനായി സീയോനോട്: ‘ഇതാ, ഇതാ, അവർ വരുന്നു’ എന്നു പറയുന്നു; യെരൂശലേമിനു ഞാൻ ഒരു സുവാർത്താദൂതനെ കൊടുക്കുന്നു.28ഞാൻ നോക്കിയപ്പോൾ: ഒരുത്തനുമില്ല; ഞാൻ ചോദിച്ചപ്പോൾ; ഉത്തരം പറയുവാൻ അവരിൽ ഒരു ആലോചനക്കാരനും ഇല്ല.29അവരെല്ലാവരും വ്യാജമാകുന്നു; അവരുടെ പ്രവൃത്തികൾ നാസ്തിയത്രേ; അവരുടെ വിഗ്രഹങ്ങൾ കാറ്റും ശൂന്യവും തന്നെ.”


1 41:11 വിവാദിക്കുന്നവർ തര്‍ക്കം, വാദപ്രതിവാദം.

42

1“ഇതാ, ഞാൻ താങ്ങുന്ന എന്റെ ദാസൻ; എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ വൃതൻ1 ; ഞാൻ എന്റെ ആത്മാവിനെ അവന്റെ മേൽ വച്ചിരിക്കുന്നു; അവൻ ജാതികളോടു ന്യായം പ്രസ്താവിക്കും.2അവൻ നിലവിളിക്കുകയില്ല, ഒച്ചയുണ്ടാക്കുകയില്ല, തെരുവീഥിയിൽ തന്റെ ശബ്ദം കേൾപ്പിക്കുകയുമില്ല.

3ചതഞ്ഞ ഓട അവൻ ഒടിച്ചുകളയുകയില്ല; പുകയുന്ന തിരി കെടുത്തികളയുകയില്ല; അവൻ സത്യത്തോടെ ന്യായം പ്രസ്താവിക്കും.4ഭൂമിയിൽ ന്യായം സ്ഥാപിക്കുംവരെ അവൻ തളരുകയില്ല; അധൈര്യപ്പെടുകയുമില്ല; അവന്റെ ഉപദേശത്തിനായി ദ്വീപുകൾ കാത്തിരിക്കുന്നു.”
5ആകാശത്തെ സൃഷ്ടിച്ചു വിരിക്കുകയും ഭൂമിയെയും അതിലെ ഉല്പന്നങ്ങളെയും പരത്തുകയും അതിലെ ജനത്തിനു ശ്വാസത്തെയും അതിൽ നടക്കുന്നവർക്കു പ്രാണനെയും കൊടുക്കുകയും ചെയ്ത യഹോവയായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു:6“കുരുട്ടുകണ്ണുകളെ തുറക്കുവാനും തടവുകാരെ തടവറയിൽനിന്നും അന്ധകാരത്തിൽ ഇരിക്കുന്നവരെ കാരാഗൃഹത്തിൽനിന്നും വിടുവിക്കുവാനും
7യഹോവയായ ഞാൻ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു; ഞാൻ നിന്റെ കൈ പിടിച്ചു നിന്നെ കാക്കും; നിന്നെ ജനത്തിന്റെ നിയമവും ജാതികളുടെ പ്രകാശവും ആക്കും.
8ഞാൻ യഹോവ; അതു തന്നെ എന്റെ നാമം; ഞാൻ എന്റെ മഹത്ത്വം മറ്റൊരുത്തനും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കുകയില്ല.9പണ്ടു പ്രസ്താവിച്ചത് ഇതാ, സംഭവിച്ചിരിക്കുന്നു; ഞാൻ പുതിയത് അറിയിക്കുന്നു; അത് ഉത്ഭവിക്കും മുമ്പ് ഞാൻ നിങ്ങളെ കേൾപ്പിക്കുന്നു.”

10സമുദ്രത്തിൽ സഞ്ചരിക്കുന്നവരും അതിൽ ഉള്ള സകലവും ദ്വീപുകളും അവയിലെ നിവാസികളും ആയുള്ളവരേ, യഹോവയ്ക്ക് ഒരു പുതിയ പാട്ടും ഭൂമിയുടെ അറ്റത്തുനിന്ന് അവനു സ്തുതിയും പാടുവിൻ.11മരുഭൂമിയും അതിലെ പട്ടണങ്ങളും കേദാർ പാർക്കുന്ന ഗ്രാമങ്ങളും ശബ്ദം ഉയർത്തട്ടെ; ശൈലനിവാസികൾ ഘോഷിച്ചുല്ലസിക്കുകയും മലമുകളിൽ നിന്ന് ആർക്കുകയും ചെയ്യട്ടെ.
12അവർ യഹോവയ്ക്കു മഹത്ത്വം കൊടുത്ത് അവന്റെ സ്തുതിയെ ദ്വീപുകളിൽ പ്രസ്താവിക്കട്ടെ.13യഹോവ ഒരു വീരനെപ്പോലെ പുറപ്പെടും; ഒരു യോദ്ധാവിനെപ്പോലെ തീക്ഷ്ണത ജ്വലിപ്പിക്കും; അവൻ ആർത്തുവിളിക്കും; അവൻ ഉച്ചത്തിൽ ആർക്കും; തന്റെ ശത്രുക്കളോടു വീര്യം പ്രവർത്തിക്കും.
14ഞാൻ ബഹുകാലം മിണ്ടാതെയിരുന്നു; ഞാൻ മൗനമായി അടങ്ങിപ്പാർത്തിരുന്നു; ഇപ്പോഴോ നോവുകിട്ടിയ സ്ത്രീയെപ്പോലെ ഞാൻ ഞരങ്ങി നെടുവീർപ്പിട്ടു കിതയ്ക്കും.15ഞാൻ മലകളെയും കുന്നുകളെയും ശൂന്യമാക്കി അവയുടെ സസ്യങ്ങളെ എല്ലാം ഉണക്കിക്കളയും; ഞാൻ നദികളെ ദ്വീപുകളാക്കും; പൊയ്കകളെ വറ്റിച്ചുകളയും.
16ഞാൻ കുരുടന്മാരെ അവർ അറിയാത്ത വഴിയിൽ നടത്തും; അവർ അറിയാത്ത പാതകളിൽ അവരെ സഞ്ചരിക്കുമാറാക്കും; ഞാൻ അവരുടെ മുമ്പിൽ ഇരുട്ടിനെ വെളിച്ചവും ദുർഘടങ്ങളെ സമഭൂമിയും ആക്കും; ഞാൻ ഈ വചനങ്ങളെ വിട്ടുകളയാതെ നിവർത്തിക്കും2 .
17വിഗ്രഹങ്ങളിൽ ആശ്രയിച്ചു ബിംബങ്ങളോട്: ‘നിങ്ങൾ ഞങ്ങളുടെ ദേവന്മാർ’ എന്നു പറയുന്നവർ പിന്തിരിഞ്ഞ് ഏറ്റവും ലജ്ജിച്ചുപോകും.
18“ചെകിടന്മാരേ, കേൾക്കുവിൻ; കുരുടന്മാരേ, നോക്കിക്കാണുവിൻ!19എന്റെ ദാസനല്ലാതെ കുരുടൻ ആര്? ഞാൻ അയയ്ക്കുന്ന ദൂതനെപ്പോലെ ചെകിടൻ ആര്? എന്റെ പ്രിയനെപ്പോലെ കുരുടനും യഹോവയുടെ ദാസനെപ്പോലെ അന്ധനുമായവൻ ആര്?
20പലതും കണ്ടിട്ടും നീ സൂക്ഷിക്കുന്നില്ല3 ; ചെവി തുറന്നിരുന്നിട്ടും അവൻ കേൾക്കുന്നില്ല.”21യഹോവ തന്റെ നീതി നിമിത്തം ഉപദേശത്തെ ശ്രേഷ്ഠമാക്കി മഹത്ത്വീകരിക്കുവാൻ പ്രസാദിച്ചിരിക്കുന്നു.
22എന്നാൽ ഇതു മോഷ്ടിച്ചും കവർന്നും പോയിരിക്കുന്ന ഒരു ജനമാകുന്നു; അവരെല്ലാവരും കുഴികളിൽ കുടുങ്ങിയും കാരാഗൃഹങ്ങളിൽ അടയ്ക്കപ്പെട്ടുമിരിക്കുന്നു; അവർ കവർച്ചയായിപ്പോയി, ആരും വിടുവിക്കുന്നില്ല; അവർ കൊള്ളയായിപ്പോയി, “മടക്കിത്തരുക” എന്ന് ആരും പറയുന്നതുമില്ല.
23നിങ്ങളിൽ ആര് അതിനു ചെവികൊടുക്കും? ഭാവികാലത്തേക്ക് ആര് ശ്രദ്ധിച്ചു കേൾക്കും?24യാക്കോബിനെ കൊള്ളയായും യിസ്രായേലിനെ കവർച്ചക്കാർക്കും ഏല്പിച്ചുകൊടുത്തവൻ ആര്? യഹോവ തന്നെയല്ലോ; അവനോടു നാം പാപം ചെയ്തുപോയി അവന്റെ വഴികളിൽ നടക്കുവാൻ അവർക്കു മനസ്സില്ലായിരുന്നു; അവന്റെ ന്യായപ്രമാണം അവർ അനുസരിച്ചിട്ടുമില്ല.
25അതുകൊണ്ട് അവൻ തന്റെ ഉഗ്രകോപവും യുദ്ധകാഠിന്യവും അവരുടെമേൽ പകർന്നു; അത് അവരുടെ ചുറ്റും ജ്വലിച്ചിട്ടും അവർ അറിഞ്ഞില്ല; അത് അവരെ ദഹിപ്പിച്ചിട്ടും അവർ കൂട്ടാക്കിയില്ല.


1 42:1 വൃതൻ തിരഞ്ഞെടുക്കപ്പെട്ടവൻ എന്ന് മറ്റ് ഭാഷാന്തരത്തിൽ കാണാം.
2 42:16 ഞാൻ ഈ വചനങ്ങളെ വിട്ടുകളയാതെ നിവർത്തിക്കും ഈ കാര്യങ്ങൾ ഞാൻ അവർക്കുവേണ്ടി ചെയ്യും; അവരെ ഉപേക്ഷിക്കുകയുമില്ല. എന്നുമാകാം.
3 42:20 സൂക്ഷിക്കുന്നില്ല നിരീക്ഷിക്കുന്നില്ല എന്ന് മറ്റ് ഭാഷന്തരത്തിൽ കാണാം.

43

1ഇപ്പോഴോ യാക്കോബേ, നിന്നെ സൃഷ്ടിച്ചവനും, യിസ്രായേലേ, നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഭയപ്പെടേണ്ടാ, ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു; ഞാൻ നിന്നെ പേര് ചൊല്ലി വിളിച്ചിരിക്കുന്നു; നീ എനിക്കുള്ളവൻ തന്നെ.

2നീ വെള്ളത്തിൽകൂടി കടക്കുമ്പോൾ ഞാൻ നിന്നോടുകൂടി ഇരിക്കും; നീ നദികളിൽകൂടി കടക്കുമ്പോൾ അവ നിന്റെമീതെ കവിയുകയില്ല; നീ തീയിൽകൂടി നടന്നാൽ വെന്തു പോവുകയില്ല; അഗ്നിജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല.3നിന്റെ ദൈവവും യിസ്രായേലിന്റെ പരിശുദ്ധനുമായ യഹോവ എന്ന ഞാൻ നിന്റെ രക്ഷകൻ; നിന്റെ മറുവിലയായി ഞാൻ ഈജിപ്റ്റിനെയും നിനക്കു പകരമായി കൂശിനെയും സെബയെയും കൊടുത്തിരിക്കുന്നു.
4നീ എനിക്കു വിലയേറിയവനും മാന്യനും ആയി ഞാൻ നിന്നെ സ്നേഹിച്ചിരിക്കുകയാൽ ഞാൻ നിനക്കു പകരം മനുഷ്യരെയും നിന്റെ ജീവനു പകരം ജനതകളെയും കൊടുക്കുന്നു.5ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടി ഉണ്ട്; നിന്റെ സന്തതിയെ ഞാൻ കിഴക്കുനിന്നു വരുത്തുകയും പടിഞ്ഞാറുനിന്നു നിന്നെ ശേഖരിക്കുകയും ചെയ്യും.
6ഞാൻ വടക്കിനോട്: ‘തരുക’ എന്നും തെക്കിനോട്: ‘തടുത്തുവയ്ക്കരുത് ’ എന്നും കല്പിക്കും; ദൂരത്തുനിന്ന് എന്റെ പുത്രന്മാരെയും ഭൂമിയുടെ അറ്റത്തുനിന്ന് എന്റെ പുത്രിമാരെയും7എന്റെ നാമത്തിൽ വിളിച്ചും എന്റെ മഹത്ത്വത്തിനായി സൃഷ്ടിച്ചു നിർമ്മിച്ചു ഉണ്ടാക്കിയും ഇരിക്കുന്ന ഏവരെയും കൊണ്ടുവരുക എന്നു ഞാൻ കല്പിക്കും.”
8കണ്ണുണ്ടായിട്ടും കുരുടന്മാരായും ചെവിയുണ്ടായിട്ടും ചെകിടന്മാരായും ഇരിക്കുന്ന ജനത്തെ പുറപ്പെടുവിച്ചു കൊണ്ടുവരുവിൻ.9സകലജനതകളും ഒന്നിച്ചുകൂടട്ടെ, വംശങ്ങൾ ചേർന്നുവരട്ടെ; അവരിൽ ആര് ഇതു പ്രസ്താവിക്കുകയും, പണ്ടു പ്രസ്താവിച്ചതു കേൾപ്പിച്ചുതരുകയും ചെയ്യുന്നു? അവർ നീതീകരിക്കപ്പെടേണ്ടതിനു സാക്ഷികളെ കൊണ്ടുവരട്ടെ; അവർ കേട്ടിട്ടു “സത്യം തന്നെ” എന്നു പറയട്ടെ.
10“നിങ്ങൾ അറിഞ്ഞ് എന്നെ വിശ്വസിക്കുകയും ഞാൻ ആകുന്നു എന്നു ഗ്രഹിക്കുകയും ചെയ്യേണ്ടതിനു നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു” എന്നു യഹോവയുടെ അരുളപ്പാട്: “എനിക്കുമുമ്പ് ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാവുകയുമില്ല.11ഞാൻ, ഞാൻ തന്നെ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.
12നിങ്ങളുടെ ഇടയിൽ ഒരു അന്യദേവനല്ല, ഞാൻ തന്നെ പ്രസ്താവിക്കുകയും രക്ഷിക്കുകയും കേൾപ്പിക്കുകയും ചെയ്തത്; അതുകൊണ്ടു നിങ്ങൾ എന്റെ സാക്ഷികൾ” എന്നു യഹോവയുടെ അരുളപ്പാട്; “ഞാൻ ദൈവം തന്നെ.13ഇന്നും ഞാൻ അനന്യൻ തന്നെ; എന്റെ കൈയിൽനിന്നു വിടുവിക്കുന്നവൻ ആരുമില്ല; ഞാൻ പ്രവർത്തിക്കും; ആര് അതു തടുക്കും?”
14നിങ്ങളുടെ വീണ്ടെടുപ്പുകാരനും യിസ്രായേലിന്റെ പരിശുദ്ധനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ നിമിത്തം ഞാൻ ബാബേലിലേക്ക് ആളയച്ചു, അവരെ എല്ലാവരെയും, കല്ദയരെ തന്നെ, ഓടിപ്പോകുന്നവരായി അവർ ഘോഷിച്ചുല്ലസിച്ചിരുന്ന കപ്പലുകളിൽ താഴോട്ട് ഓടുമാറാക്കും.15ഞാൻ നിങ്ങളുടെ പരിശുദ്ധനായ യഹോവയും യിസ്രായേലിന്റെ സ്രഷ്ടാവും നിങ്ങളുടെ രാജാവും ആകുന്നു.”
16സമുദ്രത്തിൽ വഴിയും പെരുവെള്ളത്തിൽ പാതയും ഉണ്ടാക്കുകയും17രഥം, കുതിര, സൈന്യം, ബലം എന്നിവയെ പുറപ്പെടുവിക്കുകയും ചെയ്യുന്ന യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവർ ഒരുപോലെ കിടക്കുന്നു, എഴുന്നേല്ക്കുകയില്ല; അവർ കെട്ടുപോകുന്നു; വിളക്കുതിരിപോലെ കെട്ടുപോകുന്നു.
18മുമ്പുള്ളവയെ നിങ്ങൾ ഓർക്കണ്ടാ; പണ്ടുള്ളവയെ നിരൂപിക്കുകയും വേണ്ടാ.19ഇതാ, ഞാൻ പുതിയതൊന്നു ചെയ്യുന്നു; അത് ഇപ്പോൾ ഉത്ഭവിക്കും; നിങ്ങൾ അത് അറിയുന്നില്ലയോ? അതേ, ഞാൻ മരുഭൂമിയിൽ ഒരു വഴിയും നിർജ്ജനപ്രദേശത്തു നദികളും ഉണ്ടാക്കും.
20ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ജനത്തിനു കുടിക്കുവാൻ കൊടുക്കേണ്ടതിന് ഞാൻ മരുഭൂമിയിൽ വെള്ളവും നിർജ്ജനപ്രദേശത്തു നദികളും നല്കിയിരിക്കുന്നതുകൊണ്ടു കാട്ടുമൃഗങ്ങളും കുറുക്കന്മാരും ഒട്ടകപ്പക്ഷികളും എന്നെ ബഹുമാനിക്കും.21ഞാൻ എനിക്കുവേണ്ടി നിർമ്മിച്ചിരിക്കുന്ന ജനം എന്റെ സ്തുതിയെ വിവരിക്കും.
22എന്നാൽ യാക്കോബേ, നീ എന്നെ വിളിച്ചപേക്ഷിച്ചിട്ടില്ല; യിസ്രായേലേ, നീ എന്റെ നിമിത്തം മടുത്തിരിക്കുന്നു.23നിന്റെ ഹോമയാഗങ്ങളുടെ കുഞ്ഞാടുകളെ നീ എനിക്കു കൊണ്ടുവന്നിട്ടില്ല; നിന്റെ ഹനനയാഗങ്ങളാൽ നീ എന്നെ ബഹുമാനിച്ചിട്ടില്ല; ഭോജനയാഗങ്ങളാൽ ഞാൻ നിന്നെ ഭാരപ്പെടുത്തിയിട്ടില്ല; ധൂപനം1 കൊണ്ടു ഞാൻ നിന്നെ ബദ്ധപ്പെടുത്തിയിട്ടുമില്ല.
24നീ എനിക്കായി വയമ്പു വാങ്ങിയിട്ടില്ല; നിന്റെ ഹനനയാഗങ്ങളുടെ മേദസ്സുകൊണ്ട് എനിക്കു തൃപ്തിവരുത്തിയിട്ടുമില്ല; നിന്റെ പാപങ്ങൾകൊണ്ടു നീ എന്നെ ഭാരപ്പെടുത്തുകയും നിന്റെ അകൃത്യങ്ങൾകൊണ്ട് എന്നെ മടുപ്പിക്കുകയും ചെയ്തു.
25എന്റെ നിമിത്തം ഞാൻ, ഞാൻ തന്നെ, നിന്റെ അതിക്രമങ്ങളെ മായിച്ചുകളയുന്നു; നിന്റെ പാപങ്ങളെ ഞാൻ ഓർക്കുകയുമില്ല.26എന്നെ ഓർമിപ്പിക്കുക; നാം തമ്മിൽ വ്യവഹരിക്കുക; നീ നീതീകരിക്കപ്പെടേണ്ടതിനു വാദിച്ചുകൊള്ളുക.
27നിന്റെ ആദ്യപിതാവ് പാപം ചെയ്തു; നിന്റെ മദ്ധ്യസ്ഥന്മാർ എന്നോടു ദ്രോഹം ചെയ്തു.28അതുകൊണ്ടു ഞാൻ വിശുദ്ധമന്ദിരത്തിന്റെ പ്രഭുക്കന്മാരെ മലിനമാക്കി, യാക്കോബിനെ ഉന്മൂലനാശത്തിനും, യിസ്രായേലിനെ നിന്ദയ്ക്കും ഏല്പിച്ചിരിക്കുന്നു.”


1 43:23 ധൂപം സുഗന്ധദ്രവ്യം.

44

1“ഇപ്പോൾ, എന്റെ ദാസനായ യാക്കോബേ, ഞാൻ തിരഞ്ഞെടുത്ത യിസ്രായേലേ, കേൾക്കുക.2നിന്നെ ഉരുവാക്കിയവനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനും നിന്നെ സഹായിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ദാസനായ യാക്കോബേ, ഞാൻ തിരഞ്ഞെടുത്ത യെശുരൂനേ, നീ ഭയപ്പെടണ്ടാ.

3ദാഹിച്ചിരിക്കുന്നിടത്ത് ഞാൻ വെള്ളവും വരണ്ട നിലത്തു നീരൊഴുക്കുകളും പകരും; നിന്റെ സന്തതിമേൽ എന്റെ ആത്മാവിനെയും നിന്റെ സന്താനത്തിന്മേൽ എന്റെ അനുഗ്രഹത്തെയും പകരും.4അവർ പുല്ലിന്റെ ഇടയിൽ നീർത്തോടുകൾക്കരികിലുള്ള അലരികൾപോലെ മുളച്ചുവരും.
5‘ഞാൻ യഹോവയ്ക്കുള്ളവൻ’ എന്ന് ഒരുത്തൻ പറയും; മറ്റൊരുത്തൻ തനിക്കു യാക്കോബിന്റെ പേരെടുക്കും; വേറൊരുത്തൻ തന്റെ കൈമേൽ: ‘യഹോവയ്ക്കുള്ളവൻ’ എന്ന് എഴുതി, യിസ്രായേൽ എന്നു മറുപേർ എടുക്കും.
6യിസ്രായേലിന്റെ രാജാവായ യഹോവ, അവന്റെ വീണ്ടെടുപ്പുകാരനായ സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല.
7ഞാൻ പുരാതനമായൊരു ജനത്തെ സ്ഥാപിച്ചതുമുതൽ ഞാൻ എന്നപോലെ വിളിച്ചുപറയുകയും പ്രസ്താവിക്കുകയും എനിക്കുവേണ്ടി ഒരുക്കിവയ്ക്കുകയും ചെയ്യുന്നവൻ ആര്? സംഭവിക്കുന്നതും സംഭവിക്കുവാനുള്ളതും അവർ പ്രസ്താവിക്കട്ടെ.
8നിങ്ങൾ ഭയപ്പെടണ്ടാ; പേടിക്കുകയും വേണ്ടാ; പണ്ടുതന്നെ ഞാൻ നിന്നോടു പ്രസ്താവിച്ചു കേൾപ്പിച്ചിട്ടില്ലയോ? നിങ്ങൾ എന്റെ സാക്ഷികൾ ആകുന്നു; ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല.”
9വിഗ്രഹത്തെ നിർമ്മിക്കുന്ന ഏവനും ശൂന്യം; അവരുടെ മനോഹരബിംബങ്ങൾ ഉപകരിക്കുന്നില്ല; അവയുടെ സാക്ഷികളോ ഒന്നും കാണുന്നില്ല, ഒന്നും അറിയുന്നതുമില്ല; ലജ്ജിച്ചുപോകുന്നതേയുള്ള.10ഒരു ദേവനെ നിർമ്മിക്കുകയോ ഒന്നിനും കൊള്ളരുതാത്ത ഒരു വിഗ്രഹത്തെ വാർക്കുകയോ ചെയ്യുന്നവൻ ആര്?
11ഇതാ അവന്റെ കൂട്ടക്കാർ എല്ലാവരും ലജ്ജിച്ചുപോകുന്നു; കൗശലപ്പണിക്കാരോ മനുഷ്യരത്രേ; അവർ എല്ലാവരും ഒന്നിച്ചുകൂടി നില്ക്കട്ടെ; അവർ ഒരുപോലെ വിറച്ചു ലജ്ജിച്ചുപോകും.
12കൊല്ലൻ ഉളിയെ മൂർച്ചയാക്കി തീക്കനലിൽ വേല ചെയ്തു ചുറ്റികകൊണ്ട് അടിച്ചു രൂപമാക്കി ബലമുള്ള ഭുജംകൊണ്ടു പണിതീർക്കുന്നു; അവൻ വിശന്നു ക്ഷീണിക്കുന്നു; വെള്ളം കുടിക്കാതെ തളർന്നുപോകുന്നു.
13ആശാരി തോതുപിടിച്ച് ഈയക്കോൽകൊണ്ട് അടയാളമിട്ടു ചീകുളികൊണ്ടു രൂപമാക്കുകയും വൃത്തയന്ത്രംകൊണ്ടു വരയ്ക്കുകയും ചെയ്യുന്നു; ഇങ്ങനെ അവൻ അതിനെ മനുഷ്യാകൃതിയിലും പുരുഷകോമളത്വത്തിലും തീർത്തു ക്ഷേത്രത്തിൽ വയ്ക്കുന്നു.
14ഒരുവൻ ദേവദാരുക്കളെ വെട്ടുകയും തേക്കും കരിവേലവും എടുക്കുകയും കാട്ടിലെ വൃക്ഷങ്ങളിൽ അവയെ കണ്ട് ഉറപ്പിക്കുകയും ഒരു അശോകം നട്ടുപിടിപ്പിക്കുകയും, മഴ അതിനെ വളർത്തുകയും ചെയ്യുന്നു.
15പിന്നെ അതു മനുഷ്യനു തീ കത്തിക്കുവാൻ ഉപകരിക്കുന്നു; അവൻ അതിൽ കുറെ എടുത്തു തീ കായുകയും അതു കത്തിച്ച് അപ്പം ചുടുകയും അതുകൊണ്ട് ഒരു ദേവനെ ഉണ്ടാക്കി നമസ്കരിക്കുകയും ഒരു വിഗ്രഹം തീർത്ത് അതിന്റെ മുമ്പിൽ സാഷ്ടാംഗം വീഴുകയും ചെയ്യുന്നു.16അതിൽ ഒരംശംകൊണ്ട് അവൻ തീ കത്തിക്കുന്നു; ഒരംശം കൊണ്ട് ഇറച്ചി ചുട്ടുതിന്നുന്നു; അങ്ങനെ അവൻ ചുട്ടുതിന്നു തൃപ്തനാകുന്നു; അവൻ തീ കാഞ്ഞു; “നല്ല തീ, കുളിർ മാറി” എന്നു പറയുന്നു.
17അതിന്റെ ശേഷിപ്പുകൊണ്ട് അവൻ ഒരു ദേവനെ, ഒരു വിഗ്രഹത്തെ തന്നെ, ഉണ്ടാക്കി അതിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിക്കുകയും അതിനോടു പ്രാർത്ഥിച്ച്: “എന്നെ രക്ഷിക്കണമേ; നീ എന്റെ ദേവനല്ലയോ” എന്നു പറയുകയും ചെയ്യുന്നു.
18അവർ അറിയുന്നില്ല, ഗ്രഹിക്കുന്നതുമില്ല; കാണാത്തവിധം അവരുടെ കണ്ണുകളെയും ഗ്രഹിക്കാത്തവിധം അവരുടെ ഹൃദയങ്ങളെയും അവിടുന്ന് അടച്ചിരിക്കുന്നു.
19ഒരുത്തനും ഹൃദയത്തിൽ വിചാരിക്കുന്നില്ല: “ഒരംശം ഞാൻ കത്തിച്ചു കനലിൽ അപ്പം ചുട്ട് ഇറച്ചിയും ചുട്ടു തിന്നു; ശേഷിപ്പുകൊണ്ടു ഞാൻ ഒരു മ്ലേച്ഛവിഗ്രഹം ഉണ്ടാക്കുമോ? ഒരു മരമുട്ടിയുടെ മുമ്പിൽ സാഷ്ടാംഗം വീഴുമോ!” എന്നിങ്ങനെ പറയുവാൻ തക്കവിധം ഒരുത്തനും അറിവും ഇല്ല, ബോധവുമില്ല.
20അവൻ ചാരം തിന്നുന്നു; വഞ്ചിക്കപ്പെട്ട അവന്റെ ഹൃദയം അവനെ തെറ്റിച്ചുകളയുന്നു; അവൻ തന്റെ പ്രാണനെ രക്ഷിക്കുന്നില്ല; “എന്റെ വലംകൈയിൽ ഭോഷ്കില്ലയോ?” എന്നു ചോദിക്കുന്നതുമില്ല.
21“യാക്കോബേ, ഇത് ഓർത്തുകൊള്ളുക; യിസ്രായേലേ, നീ എന്റെ ദാസനല്ലയോ; ഞാൻ നിന്നെ നിർമ്മിച്ചു; നീ എന്റെ ദാസൻ തന്നെ; യിസ്രായേലേ, ഞാൻ നിന്നെ മറന്നുകളയുകയില്ല.22ഞാൻ കാർമുകിലിനെപ്പോലെ നിന്റെ ലംഘനങ്ങളെയും മേഘത്തെപോലെ നിന്റെ പാപങ്ങളെയും മായിച്ചുകളയുന്നു; എങ്കലേക്കു തിരിഞ്ഞുകൊള്ളുക; ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു.”
23ആകാശമേ, ഘോഷിച്ചുല്ലസിക്കുക; യഹോവ ഇതു ചെയ്തിരിക്കുന്നു ഭൂമിയുടെ അധോഭാഗങ്ങളേ, ആർത്തുകൊള്ളുവിൻ; പർവ്വതങ്ങളും വനവും സകലവൃക്ഷങ്ങളും ആയുള്ളോവയേ, പൊട്ടിയാർക്കുവിൻ; യഹോവ യാക്കോബിനെ വീണ്ടെടുത്തു യിസ്രായേലിൽ സ്വയം മഹത്ത്വപ്പെടുത്തുന്നു.
24നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നെ ആകാശത്തെ വിരിക്കുകയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആര് എന്നോടുകൂടി ഉണ്ടായിരുന്നു?25ഞാൻ ജല്പകന്മാരുടെ ശകുനങ്ങളെ വ്യർത്ഥമാക്കുകയും പ്രശ്നക്കാരെ ഭ്രാന്തന്മാരാക്കുകയും ജ്ഞാനികളെ മടക്കി അവരുടെ ജ്ഞാനത്തെ ഭോഷത്തമാക്കുകയും ചെയ്യുന്നു.
26ഞാൻ എന്റെ ദാസന്റെ വചനം നിവർത്തിച്ച് എന്റെ ദൂതന്മാരുടെ ആലോചന അനുഷ്ഠിക്കുന്നു; യെരൂശലേമിൽ നിവാസികൾ ഉണ്ടാകുമെന്നും യെഹൂദാനഗരങ്ങൾ പണിയപ്പെടും, ഞാൻ അവയുടെ ഇടിവുകളെ നന്നാക്കും എന്നും കല്പിക്കുന്നു.27ഞാൻ ആഴിയോട് ‘ഉണങ്ങിപ്പോവുക; നിന്റെ നദികളെ ഞാൻ വറ്റിച്ചുകളയും’ എന്നു കല്പിക്കുന്നു.
28കോരെശ് എന്റെ ഇടയൻ; അവൻ എന്റെ ഹിതമെല്ലാം നിവർത്തിക്കും എന്നും യെരൂശലേം പണിയപ്പെടും, മന്ദിരത്തിന് അടിസ്ഥാനം ഇടും എന്നും ഞാൻ കല്പിക്കുന്നു.”

45

1യഹോവ തന്റെ അഭിഷിക്തനായ കോരെശിനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു - അവനു ജനതകളെ കീഴടക്കി രാജാക്കന്മാരുടെ അരക്കച്ചകളെ അഴിക്കേണ്ടതിനും കതകുകൾ അവനു തുറന്നിരിക്കേണ്ടതിനും വാതിലുകൾ അടയാതിരിക്കേണ്ടതിനും ഞാൻ അവന്റെ വലംകൈ പിടിച്ചിരിക്കുന്നു:

2“ഞാൻ നിനക്കു മുമ്പായി ചെന്നു ദുർഘടങ്ങളെ നിരപ്പാക്കുകയും താമ്രവാതിലുകളെ തകർത്ത് ഇരിമ്പോടാമ്പലുകളെ ഖണ്ഡിച്ചുകളയുകയും ചെയ്യും.3നിന്നെ പേര് ചൊല്ലിവിളിക്കുന്ന ഞാൻ യഹോവ, യിസ്രായേലിന്റെ ദൈവം തന്നെ എന്നു നീ അറിയേണ്ടതിനു ഞാൻ നിനക്ക് ഇരുട്ടിലെ നിക്ഷേപങ്ങളെയും മറവിടങ്ങളിലെ ഗുപ്തനിധികളെയും തരും.
4എന്റെ ദാസനായ യാക്കോബ് നിമിത്തവും എന്റെ വൃതനായ1 യിസ്രായേൽനിമിത്തവും ഞാൻ നിന്നെ പേര് ചൊല്ലി വിളിച്ചിരിക്കുന്നു; നീ എന്നെ അറിയാതിരിക്കെ ഞാൻ നിന്നെ ഓമനപ്പേര് ചൊല്ലി വിളിച്ചിരിക്കുന്നു.5ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; നീ എന്നെ അറിയാതെയിരിക്കെ ഞാൻ നിന്റെ അര മുറുക്കിയിരിക്കുന്നു.6സൂര്യോദയത്തിങ്കലും അസ്തമയത്തിങ്കലും ഉള്ളവർ ഞാനല്ലാതെ മറ്റൊരുത്തനും ഇല്ല എന്നറിയേണ്ടതിനു തന്നെ; ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല.
7ഞാൻ പ്രകാശത്തെ നിർമ്മിക്കുന്നു, അന്ധകാരത്തെയും സൃഷ്ടിക്കുന്നു; ഞാൻ നന്മയെ ഉണ്ടാക്കുന്നു, തിന്മയെയും സൃഷ്ടിക്കുന്നു; യഹോവയായ ഞാൻ ഇതൊക്കെയും ചെയ്യുന്നു.8ആകാശമേ, മേലിൽനിന്നു പൊഴിക്കുക; മേഘങ്ങൾ നീതി വർഷിക്കട്ടെ; രക്ഷ വിളയേണ്ടതിനു ഭൂമി തുറന്നുവരട്ടെ; അതു നീതിയെ മുളപ്പിക്കട്ടെ; യഹോവയായ ഞാൻ അതു സൃഷ്ടിച്ചിരിക്കുന്നു.

9“നിലത്തിലെ കലനുറുക്കുകളുടെ2 ഇടയിൽ ഒരു കലനുറുക്കായിരിക്കെ, തന്നെ നിർമ്മിച്ചവനോടു തർക്കിക്കുന്നവന് അയ്യോ കഷ്ടം; മെനയുന്നവനോടു കളിമണ്ണ്: ‘നീ എന്തുണ്ടാക്കുന്നു’ എന്നും കൈപ്പണി: ‘അവനു കൈ ഇല്ല’ എന്നും പറയുമോ?
10അപ്പനോട്: ‘നീ ജനിപ്പിക്കുന്നത് എന്ത് ?’ എന്നും സ്ത്രീയോട്: ‘നീ പ്രസവിക്കുന്നത് എന്ത് ?’ എന്നും പറയുന്നവനു അയ്യോ കഷ്ടം!”
11യിസ്രായേലിന്റെ പരിശുദ്ധനും അവനെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “വരുവാനുള്ളതിനെക്കുറിച്ച്, എന്റെ മക്കളെക്കുറിച്ച് നീ എന്നെ ചോദ്യം ചെയ്യുമോ? എന്തു ചെയ്യണമെന്ന് എന്റെ കൈകളുടെ പ്രവൃത്തിയെക്കുറിച്ച് നീ എനിക്ക് പറഞ്ഞുതരുമോ?
12ഞാൻ ഭൂമിയെ ഉണ്ടാക്കി അതിൽ മനുഷ്യനെയും സൃഷ്ടിച്ചു; എന്റെ കൈ തന്നെ ആകാശത്തെ വിരിച്ച് അതിലെ സകലസൈന്യത്തെയും ഞാൻ കല്പിച്ചാക്കിയിരിക്കുന്നു.
13ഞാൻ നീതിയിൽ അവനെ ഉണർത്തിയിരിക്കുന്നു; അവന്റെ വഴികളെ എല്ലാം ഞാൻ നിരപ്പാക്കും; അവൻ എന്റെ നഗരം പണിയും; വിലയും സമ്മാനവും വാങ്ങാതെ അവൻ എന്റെ പ്രവാസികളെ വിട്ടയയ്ക്കും” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
14യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മിസ്രയീമിന്റെ അദ്ധ്വാനഫലവും കൂശിന്റെ വ്യാപാരലാഭവും ദീർഘകായന്മാരായ3 സെബായരും നിന്റെ അടുക്കൽ കടന്നുവന്നു നിനക്കു കൈവശമാകും; അവർ നിന്റെ പിന്നാലെ നടക്കും; ചങ്ങലയിട്ടവരായി അവർ കടന്നുവരും; അവർ നിന്നെ വണങ്ങി; ‘നിന്റെ മദ്ധ്യത്തിൽ മാത്രമേ ദൈവമുള്ളൂ; അവനല്ലാതെ വേറൊരു ദൈവവും ഇല്ല’ എന്നിങ്ങനെ പറഞ്ഞു നിന്നോടു യാചിക്കും.”15യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ള യഹോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം.
16അവർ എല്ലാവരും ലജ്ജിച്ച് അമ്പരന്നുപോകും; വിഗ്രഹങ്ങളെ ഉണ്ടാക്കുന്നവർ ഒരുപോലെ അമ്പരപ്പിൽ ആകും.17എന്നാൽ യിസ്രായേൽ യഹോവയാൽ നിത്യരക്ഷയായി രക്ഷിക്കപ്പെടും; നിങ്ങൾ ഒരുനാളും ലജ്ജിക്കുകയില്ല, അമ്പരന്നുപോകുകയും ഇല്ല.

18ആകാശത്തെ സൃഷ്ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു - അവൻ തന്നെ ദൈവം; അവൻ ഭൂമിയെ നിർമ്മിച്ചുണ്ടാക്കി; അവൻ അതിനെ ഉറപ്പിച്ചു; വ്യർത്ഥമായിട്ടല്ല അവൻ അതിനെ സൃഷ്ടിച്ചത്; വസിക്കുവാനത്രേ അതിനെ നിർമ്മിച്ചത്: - “ഞാൻ തന്നെ യഹോവ; വേറൊരുത്തനും ഇല്ല.
19ഞാൻ രഹസ്യത്തിൽ അന്ധകാരപ്രദേശത്തുവച്ചല്ല സംസാരിച്ചത്; ഞാൻ യാക്കോബിന്റെ സന്തതിയോട്: ‘വ്യർത്ഥമായി എന്നെ അന്വേഷിക്കുവിൻ’ എന്നല്ല കല്പിച്ചിരിക്കുന്നത്; യഹോവയായ ഞാൻ നീതി സംസാരിക്കുന്നു, നേരുള്ളതു പ്രസ്താവിക്കുന്നു.
20നിങ്ങൾ കൂടിവരുവിൻ; ജനതകളിൽനിന്ന് രക്ഷപ്പെട്ടവരേ, ഒന്നിച്ച് അടുത്തു വരുവിൻ; വിഗ്രഹമായൊരു മരം എടുത്തുകൊണ്ടു നടക്കുകയും രക്ഷിക്കുവാൻ കഴിയാത്ത ദേവനോടു പ്രാർത്ഥിക്കുകയും ചെയ്യുന്നവർക്ക് അറിവില്ല.
21നിങ്ങൾ പ്രസ്താവിച്ചു കാണിച്ചുതരുവിൻ; അവർ കൂടി ആലോചിക്കട്ടെ; പുരാതനമേ ഇതു കേൾപ്പിക്കുകയും പണ്ടുതന്നെ ഇതു പ്രസ്താവിക്കുകയും ചെയ്തവൻ ആര്? യഹോവയായ ഞാൻ അല്ലയോ? ഞാൻ അല്ലാതെ വേറൊരു ദൈവം ഇല്ല; ഞാൻ അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല.
22സകലഭൂസീമാവാസികളുമായുള്ളവരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.23എന്നാണ, എന്റെ മുമ്പിൽ ഏതു മുഴങ്കാലും മടങ്ങും; ഏതു നാവും സത്യം ചെയ്യും എന്നിങ്ങനെ എന്റെ വായിൽനിന്നു നീതിയും മടങ്ങാത്ത ഒരു വചനവും പുറപ്പെട്ടിരിക്കുന്നു.”
24“യഹോവയിൽ മാത്രം നീതിയും ബലവും ഉണ്ട് ” എന്ന് ഓരോരുത്തൻ പറഞ്ഞുകൊണ്ട് അവന്റെ അടുക്കൽ ചെല്ലും; അവനോടു കോപിക്കുന്ന എല്ലാവരും ലജ്ജിച്ചുപോകും.25യഹോവയിൽ യിസ്രായേൽസന്തതിയെല്ലാം നീതീകരിക്കപ്പെട്ടു പുകഴും.


1 45:4 വൃതൻ തിരഞ്ഞെടുക്കപ്പെട്ടവൻ.
2 45:9 കലനുറുക്കുകളുടെ ഉടഞ്ഞ മൺകലത്തിന്റെ ഒരു ഭാഗം.
3 45:14 ദീർഘകായന്മാർ പൊക്കമേറിയ ശരീരമുള്ളവർ.

46

1ബേൽ വണങ്ങുന്നു; നെബോ കുനിയുന്നു; അവരുടെ വിഗ്രഹങ്ങളെ മൃഗങ്ങളുടെ പുറത്തും കന്നുകാലികളുടെ പുറത്തും കയറ്റിയിരിക്കുന്നു; നിങ്ങൾ എടുത്തുകൊണ്ടു നടന്നവ ഒരു ചുമടും, തളർന്ന മൃഗങ്ങൾക്കു ഭാരവും ആയിത്തീർന്നിരിക്കുന്നു.2അവ കുനിയുന്നു; ഒരുപോലെ വണങ്ങുന്നു; ഭാരം ഒഴിക്കുവാൻ കഴിയാതെ അവ തന്നെ പ്രവാസത്തിലേക്കു പോയിരിക്കുന്നു.

3“ഗർഭംമുതൽ വഹിക്കപ്പെട്ടവരും ഉദരംമുതൽ ചുമക്കപ്പെട്ടവരുമായി യാക്കോബ് ഗൃഹവും യിസ്രായേൽഗൃഹത്തിൽ ശേഷിച്ചിരിക്കുന്ന എല്ലാവരുമായുള്ളവരേ, എന്റെ വാക്കു കേൾക്കുവിൻ.4നിങ്ങളുടെ വാർദ്ധക്യംവരെ ഞാൻ അനന്യൻ തന്നെ; നിങ്ങൾ നരയ്ക്കുവോളം ഞാൻ നിങ്ങളെ ചുമക്കും; ഞാൻ ചെയ്തിരിക്കുന്നു; ഞാൻ വഹിക്കുകയും ഞാൻ ചുമന്ന് വിടുവിക്കുകയും ചെയ്യും.
5നിങ്ങൾ എന്നെ ആരോട് ഉപമിച്ചു സദൃശമാക്കും? തമ്മിൽ ഒത്തുവരത്തക്കവിധം എന്നെ ആരോടു തുല്യമാക്കും?6അവർ സഞ്ചിയിൽനിന്നു പൊന്ന് കുടഞ്ഞിടുന്നു; തുലാസ്സിൽ വെള്ളി തൂക്കുന്നു; തട്ടാനെ കൂലിക്കു വയ്ക്കുന്നു; അവൻ അതുകൊണ്ട് ഒരു ദേവനെ ഉണ്ടാക്കുന്നു; അവർ സാഷ്ടാംഗം വീണു നമസ്കരിക്കുന്നു.
7അവർ അതിനെ തോളിൽ എടുത്തുകൊണ്ടു പോയി അതിന്റെ സ്ഥലത്തു നിർത്തുന്നു; അതു തന്റെ സ്ഥലത്തുനിന്നു മാറാതെ നില്ക്കുന്നു; അതിനോടു നിലവിളിച്ചാൽ അത് ഉത്തരം പറയുന്നില്ല; കഷ്ടത്തിൽനിന്നു രക്ഷിക്കുന്നതുമില്ല.

8ഇത് ഓർത്ത് സ്ഥിരത കാണിക്കുവിൻ; അതിക്രമികളെ, ഇതു മനസ്സിലാക്കുവിൻ.9പണ്ടുള്ള പൂർവ്വകാര്യങ്ങളെ ഓർത്തുകൊള്ളുവിൻ; ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നെ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല.
10ആരംഭത്തിൽതന്നെ അവസാനവും പൂർവ്വകാലത്തുതന്നെ മേലാൽ സംഭവിക്കുവാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു; ‘എന്റെ ആലോചന നിവൃത്തിയാകും; ഞാൻ എന്റെ താത്പര്യമെല്ലാം അനുഷ്ഠിക്കും’ എന്നു ഞാൻ പറയുന്നു.11ഞാൻ കിഴക്കുനിന്ന് ഒരു റാഞ്ചൻപക്ഷിയെ, ദൂരദേശത്തുനിന്ന്, എന്റെ ആലോചനയെ അനുഷ്ഠിക്കുന്ന പുരുഷനെ തന്നെ വിളിക്കുന്നു; ഞാൻ പ്രസ്താവിച്ചിരിക്കുന്നു; ഞാൻ നിവർത്തിക്കും; ഞാൻ നിരൂപിച്ചിരിക്കുന്നു; ഞാൻ അനുഷ്ഠിക്കും.
12നീതിയോട് അകന്നിരിക്കുന്ന കഠിനഹൃദയന്മാരേ, എന്റെ വാക്കു കേൾക്കുവിൻ.13ഞാൻ എന്റെ നീതിയെ അടുത്തുവരുത്തിയിരിക്കുന്നു; അതു വിദൂരമായിരിക്കുന്നില്ല; എന്റെ രക്ഷ താമസിക്കുകയുമില്ല; ഞാൻ സീയോനിൽ രക്ഷയും യിസ്രായേലിന് എന്റെ മഹത്ത്വവും നല്കും.”

47

1“ബാബേൽപുത്രിയായ കന്യകേ, ഇറങ്ങി പൊടിയിൽ ഇരിക്കുക; കല്ദയപുത്രീ, സിംഹാസനം കൂടാതെ നിലത്തിരിക്കുക; നിന്നെ ഇനി തന്വംഗി1 എന്നും സുഖഭോഗിനി എന്നും വിളിക്കുകയില്ല.2തിരികല്ല് എടുത്തു മാവ് പൊടിക്കുക; നിന്റെ മൂടുപടം നീക്കുക; വസ്ത്രാഗ്രം എടുത്തു കുത്തി തുട മറയ്ക്കാതെ നദികളെ കടക്കുക.

3നിന്റെ നഗ്നത അനാവൃതമാകും; നിന്റെ നാണിടം കാണും; ഞാൻ ഒരു മനുഷ്യനെയും ആദരിക്കാതെ പ്രതികാരം നടത്തും.”4ഞങ്ങളുടെ വീണ്ടെടുപ്പുകാരനോ സൈന്യങ്ങളുടെ യഹോവ, യിസ്രായേലിന്റെ പരിശുദ്ധൻ എന്നാകുന്നു അവന്റെ നാമം.5“കല്ദയപുത്രീ, മിണ്ടാതെയിരിക്കുക; ഇരുട്ടിലേക്കു പോവുക; നിന്നെ ഇനി രാജ്യങ്ങളുടെ തമ്പുരാട്ടി എന്നു വിളിക്കുകയില്ല.
6ഞാൻ എന്റെ ജനത്തോടു കോപിച്ചു, എന്റെ അവകാശത്തെ അശുദ്ധമാക്കി, അവരെ നിന്റെ കൈയിൽ ഏല്പിച്ചുതന്നു; നീ അവരോടു കനിവു കാണിക്കാതെ വൃദ്ധന്മാരുടെ മേൽപോലും നിന്റെ ഭാരമുള്ള നുകം വച്ചിരിക്കുന്നു.7‘ഞാൻ എന്നേക്കും തമ്പുരാട്ടി ആയിരിക്കും’ എന്നു നീ പറഞ്ഞ് അതു കൂട്ടാക്കാതെയും അതിന്റെ അവസാനം ഓർക്കാതെയും ഇരുന്നു.
8അതിനാൽ: ‘ഞാൻ മാത്രം; എനിക്കു തുല്യമായി മറ്റാരുമില്ല; ഞാൻ വിധവയായിരിക്കുകയില്ല; പുത്രനഷ്ടം അറിയുകയുമില്ല’ എന്നു ഹൃദയത്തിൽ പറയുന്ന സുഖഭോഗിനിയും നിർഭയവാസിനിയും ആയുള്ളവളേ, ഇതു കേൾക്കുക:9പുത്രനഷ്ടം, വൈധവ്യം ഇവ രണ്ടും പെട്ടെന്ന് ഒരു ദിവസത്തിൽ തന്നെ നിനക്കു ഭവിക്കും; നിന്റെ ക്ഷുദ്രപ്രയോഗങ്ങൾ എത്ര പെരുകിയിരുന്നാലും നിന്റെ ആഭിചാരങ്ങൾ എത്ര അധികമായിരുന്നാലും അവ നിനക്കു നിറപടിയായി ഭവിക്കാതിരിക്കുകയില്ല.
10നീ നിന്റെ ദുഷ്ടതയിൽ ആശ്രയിച്ചു, ‘ആരും എന്നെ കാണുന്നില്ല’ എന്നു പറഞ്ഞുവല്ലോ; നിന്റെ ജ്ഞാനവും നിന്റെ അറിവും നിന്നെ തെറ്റിച്ചുകളഞ്ഞു; ‘ഞാൻ മാത്രം; എനിക്കു തുല്യമായി മറ്റാരും ഇല്ല’ എന്നു നീ നിന്റെ ഹൃദയത്തിൽ പറഞ്ഞു.11അതുകൊണ്ടു മന്ത്രവാദത്താൽ നീക്കുവാൻ കഴിയാത്ത അനർത്ഥം നിന്റെമേൽ വരും; നിന്നാൽ പരിഹരിക്കുവാൻ കഴിയാത്ത ആപത്തു നിനക്കു ഭവിക്കും; നീ അറിയാത്ത നാശം പെട്ടെന്നു നിന്റെമേൽ വരും.
12നീ ബാല്യംമുതൽ അദ്ധ്വാനിച്ചു ചെയ്യുന്ന നിന്റെ മന്ത്രവാദങ്ങൾകൊണ്ടും ക്ഷുദ്രപ്രയോഗങ്ങളുടെ പെരുപ്പംകൊണ്ടും ഇപ്പോൾ നിന്നുകൊള്ളുക; പക്ഷേ ഫലിക്കും; പക്ഷേ നീ പേടിപ്പിക്കും!13നിന്റെ ആലോചനാബാഹുല്യംകൊണ്ടു നീ വലഞ്ഞിരിക്കുന്നു; ജ്യോതിഷക്കാരും നക്ഷത്രം നോക്കുന്നവരും നിനക്കു വരുവാനുള്ള മാസാന്തരം അറിയിക്കുന്നവരും2 ഇപ്പോൾ എഴുന്നേറ്റു നിന്നെ രക്ഷിക്കട്ടെ.
14ഇതാ, അവർ വൈക്കോൽകുറ്റിപോലെ ആയി തീയ്ക്ക് ഇരയാകും; അവർ അഗ്നിജ്വാലയിൽനിന്ന് അവരെത്തന്നെ വിടുവിക്കുകയില്ല; അതു കുളിർ മാറ്റുവാൻ തക്ക കനലും കായുവാൻ തക്ക തീയും അല്ല.15ഇങ്ങനെയാകും നീ അദ്ധ്വാനിച്ചിരിക്കുന്നതു; നിന്റെ ബാല്യംമുതൽ നിന്നോടുകൂടി വ്യാപാരം ചെയ്തവർ ഓരോരുത്തൻ അവനവന്റെ ദിക്കിലേക്കു അലഞ്ഞുപോകും; ആരും നിന്നെ രക്ഷിക്കുകയില്ല.”


1 47:1 തന്വംഗി കൃശാംഗി (സുന്ദരി). മറ്റ് ഭാഷാന്തരത്തിൽ മൃദുല എന്നും കാണാം.
2 47:13 നിനക്കു വരുവാനുള്ള മാസാന്തരം അറിയിക്കുന്നവരും മാസംതോറുമ്മുള്ള ഭാവി പ്രവചിക്കുന്നവരും എന്നും എഴുതാം.

48

1യിസ്രായേൽ എന്ന പേര് വിളിക്കപ്പെട്ടവരും യെഹൂദയുടെ വെള്ളത്തിൽനിന്ന് ഉത്ഭവിച്ചിരിക്കുന്നവരും യഹോവയുടെ നാമത്തിൽ സത്യം ചെയ്യുന്നവരും സത്യത്തോടും നീതിയോടും കൂടിയല്ലെങ്കിലും യിസ്രായേലിന്റെ ദൈവത്തെ കീർത്തിക്കുന്നവരും ആയ യാക്കോബ് ഗൃഹമേ, ഇതു കേട്ടുകൊള്ളുവിൻ.2അവർ അവരെത്തന്നെ വിശുദ്ധനഗരം എന്നു വിളിച്ചു യിസ്രായേലിന്റെ ദൈവത്തിൽ ആശ്രയിക്കുന്നുവല്ലോ; അവിടുത്തെ നാമം സൈന്യങ്ങളുടെ യഹോവ എന്നാകുന്നു.

3“പൂർവ്വകാര്യങ്ങളെ ഞാൻ പണ്ടുതന്നെ പ്രസ്താവിച്ചു; അവ എന്റെ വായിൽനിന്നു പുറപ്പെട്ടു; ഞാൻ അവയെ കേൾപ്പിച്ചു; പെട്ടെന്നു ഞാൻ പ്രവർത്തിച്ചു; അവ സംഭവിച്ചുമിരിക്കുന്നു.4നീ കഠിനൻ എന്നും നിന്റെ കഴുത്ത് ഇരിമ്പുഞരമ്പുള്ളതെന്നും നിന്റെ നെറ്റി താമ്രം എന്നും ഞാൻ അറിയുകകൊണ്ടു5ഞാൻ പണ്ടുതന്നെ നിന്നോടു പ്രസ്താവിച്ചു; ‘എന്റെ വിഗ്രഹം അവയെ ചെയ്തു എന്നും എന്റെ വിഗ്രഹവും ബിംബവും അവയെ കല്പിച്ചു’ എന്നും നീ പറയാതെ ഇരിക്കേണ്ടതിന് അവ സംഭവിക്കും മുമ്പ് ഞാൻ നിന്നെ കേൾപ്പിച്ചിരിക്കുന്നു.
6നീ കേട്ടിട്ടുണ്ട്; ഇപ്പോൾ എല്ലാം കണ്ടുകൊള്ളുക; നിങ്ങൾ തന്നെ അതു പ്രസ്താവിക്കുകയില്ലയോ? ഇന്നുമുതൽ ഞാൻ പുതിയത്, നീ അറിയാതെ മറഞ്ഞിരിക്കുന്നതുതന്നെ നിന്നെ കേൾപ്പിക്കുന്നു.7‘ഞാൻ അത് അറിഞ്ഞുവല്ലോ’ എന്നു നീ പറയാതെ ഇരിക്കേണ്ടതിന് അതു പണ്ടല്ല, ഇപ്പോൾതന്നെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു; ഇന്നേദിവസത്തിനു മുമ്പ് നീ അതിനെക്കുറിച്ച് ഒന്നും കേട്ടിട്ടില്ല.
8നീ കേൾക്കുകയോ അറിയുകയോ നിന്റെ ചെവി അന്നു തുറക്കപ്പെടുകയോ ചെയ്തിട്ടില്ല. നീ വളരെ ദ്രോഹം ചെയ്തു, ഗർഭംമുതൽ വിശ്വാസവഞ്ചകൻ എന്നു വിളിക്കപ്പെട്ടിരിക്കുന്നു എന്നു ഞാൻ അറിഞ്ഞു.
9എന്റെ നാമംനിമിത്തം ഞാൻ എന്റെ കോപത്തെ താമസിപ്പിക്കുന്നു; നിന്നെ സംഹരിക്കേണ്ടതിന് എന്റെ സ്തുതി നിമിത്തം ഞാൻ അടങ്ങിയിരിക്കുന്നു.10ഇതാ, ഞാൻ നിന്നെ ഊതിക്കഴിച്ചിരിക്കുന്നു, വെള്ളിയെപ്പോലെ അല്ലതാനും; ഞാൻ നിന്നെ കഷ്ടതയുടെ ചൂളയിൽ ആകുന്നു ശോധന കഴിച്ചത്.11എന്റെ നിമിത്തം, എന്റെ നിമിത്തംതന്നെ, ഞാൻ അതു ചെയ്യും; എന്റെ നാമം അശുദ്ധമായിത്തീരുന്നത് എങ്ങനെ? ഞാൻ എന്റെ മഹത്ത്വം മറ്റൊരുത്തനും കൊടുക്കുകയില്ല.
12യാക്കോബേ, ഞാൻ വിളിച്ചിരിക്കുന്ന യിസ്രായേലേ, എന്റെ വാക്കു കേൾക്കുക; ഞാൻ അനന്യൻ; ഞാൻ ആദ്യനും ഞാൻ അന്ത്യനും ആകുന്നു.13എന്റെ കൈ ഭൂമിക്ക് അടിസ്ഥാനമിട്ടു; എന്റെ വലംകൈ ആകാശത്തെ വിരിച്ചു; ഞാൻ വിളിക്കുമ്പോൾ അവ സകലവും ഉളവായിവരുന്നു.”
14നിങ്ങൾ എല്ലാവരും കൂടിവന്നു കേട്ടുകൊള്ളുവിൻ; അവരിൽ ആര് ഇതു പ്രസ്താവിച്ചു? യഹോവ സ്നേഹിക്കുന്നവൻ ബാബേലിനോട് അവിടുത്തെ ഹിതവും കല്ദയരോട് അവന്റെ ഭുജബലവും അനുഷ്ഠിക്കും.15ഞാൻ, ഞാൻതന്നെ പ്രസ്താവിക്കുന്നു; ഞാൻ അവനെ വിളിച്ചുവരുത്തിയിരിക്കുന്നു; അവന്റെ വഴി സാദ്ധ്യമാകും.
16നിങ്ങൾ അടുത്തുവന്ന് ഇതു കേൾക്കുവിൻ; ഞാൻ ആദിമുതൽ രഹസ്യത്തിലല്ല പ്രസ്താവിച്ചിട്ടുള്ളത്; അതിന്റെ ഉത്ഭവകാലംമുതൽ ഞാൻ അവിടെ ഉണ്ട്;” ഇപ്പോൾ യഹോവയായ കർത്താവ് എന്നെയും1 അവിടുത്തെ ആത്മാവിനെയും അയച്ചിരിക്കുന്നു.
17യിസ്രായേലിന്റെ പരിശുദ്ധനും നിന്റെ വീണ്ടെടുപ്പുകാരനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ശുഭകരമായി പ്രവർത്തിക്കുവാൻ നിന്നെ അഭ്യസിപ്പിക്കുകയും നീ പോകേണ്ട വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാൻ തന്നെ.18അയ്യോ, നീ എന്റെ കല്പനകൾ കേട്ടനുസരിച്ചെങ്കിൽ കൊള്ളാമായിരുന്നു! എന്നാൽ നിന്റെ സമാധാനം നദിപോലെയും നിന്റെ നീതി സമുദ്രത്തിലെ തിരപോലെയും ആകുമായിരുന്നു.
19നിന്റെ സന്തതി മണൽപോലെയും നിന്റെ ഗർഭഫലം മണൽതരിപോലെയും ആകുമായിരുന്നു. നിന്റെ പേര് എന്റെ മുമ്പിൽനിന്നു ഛേദിക്കപ്പെടുകയോ നശിച്ചുപോവുകയോ ചെയ്യുകയില്ലായിരുന്നു.”
20ബാബേലിൽനിന്ന് പുറപ്പെടുവിൻ; ഉല്ലാസഘോഷത്തോടെ കല്ദയരെ വിട്ട് ഓടിപ്പോകുവിൻ: ഇതു പ്രസ്താവിച്ചു കേൾപ്പിക്കുവിൻ; ഭൂമിയുടെ അറ്റത്തോളം ഇതു പ്രസിദ്ധമാക്കുവിൻ; “യഹോവ തന്റെ ദാസനായ യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു” എന്നു പറയുവിൻ.
21യഹോവ അവരെ ശൂന്യപ്രദേശങ്ങളിൽകൂടി നടത്തിയപ്പോൾ അവർക്കു ദാഹിച്ചില്ല; അവിടുന്ന് അവർക്കുവേണ്ടി പാറയിൽനിന്നു വെള്ളം ഒഴുകുമാറാക്കി; അവിടുന്ന് പാറ പിളർന്നപ്പോൾ വെള്ളം ചാടിപുറപ്പെട്ടു2 .22“ദുഷ്ടന്മാർക്കു സമാധാനം ഇല്ല” എന്നു യഹോവ അരുളിച്ചെയ്യുന്നു.


1 48:16 എന്നെയും ഇവിടെ പ്രവാചകൻ നിഴലായും യേശുക്രിസ്തു പൊരുളായും കാണുവാൻ സാധിക്കും.
2 48:21 ചാടിപുറപ്പെട്ടു പ്രവഹിച്ചു എന്നും ആകാം.

49

1ദ്വീപുകളേ, എന്റെ വാക്കു കേൾക്കുവിൻ; ദൂരത്തുള്ള വംശങ്ങളേ, ശ്രദ്ധിക്കുവിൻ; യഹോവ എന്നെ ഗർഭംമുതൽ വിളിച്ചു; എന്റെ അമ്മയുടെ ഉദരത്തിൽ ഇരിക്കുമ്പോൾ തന്നെ എന്റെ പേര് പ്രസ്താവിച്ചിരിക്കുന്നു.2അവൻ എന്റെ വായെ മൂർച്ചയുള്ള വാൾപോലെയാക്കി തന്റെ കൈയുടെ നിഴലിൽ എന്നെ ഒളിപ്പിച്ചു; അവൻ എന്നെ മിനുക്കിയ അമ്പാക്കി തന്റെ പൂണിയിൽ1 മറച്ചുവച്ചു, എന്നോട്:

3“യിസ്രായേലേ, നീ എന്റെ ദാസൻ; ഞാൻ നിന്നിൽ മഹത്ത്വീകരിക്കപ്പെടും” എന്ന് അരുളിച്ചെയ്തു.4ഞാനോ; “ഞാൻ വെറുതെ അദ്ധ്വാനിച്ചു; എന്റെ ശക്തിയെ വ്യർത്ഥമായും നിഷ്ഫലമായും ചെലവഴിച്ചിരിക്കുന്നു” എന്നു പറഞ്ഞു; എങ്കിലും എന്റെ ന്യായം യഹോവയുടെ പക്കലും എന്റെ പ്രതിഫലം എന്റെ ദൈവത്തിന്റെ പക്കലും ഇരിക്കുന്നു.
5ഇപ്പോൾ, യാക്കോബിനെ തന്റെ അടുക്കൽ തിരിച്ചുവരുത്തുവാനും യിസ്രായേലിനെ തനിക്കുവേണ്ടി ശേഖരിക്കുവാനും (ഞാൻ യഹോവയ്ക്കു മാന്യനും എന്റെ ദൈവം എന്റെ ബലവും ആകുന്നു) എന്നെ ഗർഭത്തിൽ തന്റെ ദാസനായി നിർമ്മിച്ചിട്ടുള്ള യഹോവ അരുളിച്ചെയ്യുന്നു:6“നീ യാക്കോബിന്റെ ഗോത്രങ്ങളെ എഴുന്നേല്പിക്കേണ്ടതിനും യിസ്രായേലിൽ സൂക്ഷിക്കപ്പെട്ടവരെ തിരിച്ചുവരുത്തേണ്ടതിനും എനിക്കു ദാസനായിരിക്കുന്നതു പോരാ; എന്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിനു ഞാൻ നിന്നെ ജാതികൾക്ക് പ്രകാശമാക്കിവച്ചുമിരിക്കുന്നു” എന്നു അവിടുന്ന് അരുളിച്ചെയ്യുന്നു.
7യിസ്രായേലിന്റെ വീണ്ടെടുപ്പുകാരനും അവന്റെ പരിശുദ്ധനുമായ യഹോവ, സർവ്വനിന്ദിതനും ജനതയ്ക്കു വെറുപ്പുള്ളവനും അധിപതികളുടെ ദാസനുമായവനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: “വിശ്വസ്തനായ യഹോവ നിമിത്തവും നിന്നെ തിരഞ്ഞെടുത്ത യിസ്രായേലിൻ പരിശുദ്ധൻ നിമിത്തവും രാജാക്കന്മാർ കണ്ട് എഴുന്നേല്ക്കുകയും പ്രഭുക്കന്മാർ കണ്ടു നമസ്കരിക്കുകയും ചെയ്യും.”
8യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “പ്രസാദകാലത്തു ഞാൻ നിനക്ക് ഉത്തരം അരുളി; രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു; ദേശത്തെ ഉയർത്തുവാനും ശൂന്യമായി കിടക്കുന്ന അവകാശങ്ങളെ കൈവശമാക്കിക്കൊടുക്കുവാനും ബന്ധിക്കപ്പെട്ടവരോട്: ‘ഇറങ്ങിപെയ്ക്കൊള്ളുവിൻ’ എന്നും അന്ധകാരത്തിൽ ഇരിക്കുന്നവരോട്: ‘വെളിയിൽ വരുവിൻ’ എന്നും പറയുവാനും ഞാൻ നിന്നെ കാത്തു,
9നിന്നെ ജനത്തിന്റെ നിയമമാക്കി വച്ചിരിക്കുന്നു. അവർ വഴികളിൽ മേയും; എല്ലാ പാഴ്കുന്നുകളിലും അവർക്ക് മേച്ചിലുണ്ടാകും.
10അവർക്കു വിശക്കുകയില്ല, ദാഹിക്കുകയുമില്ല; മരീചികയും വെയിലും അവരെ ബാധിക്കുകയില്ല; അവരോടു കരുണയുള്ളവൻ അവരെ വഴിനടത്തുകയും നീരുറവുകൾക്കരികിൽ അവരെ കൊണ്ടുപോകുകയും ചെയ്യും.11ഞാൻ എന്റെ മലകളെയെല്ലാം വഴിയാക്കും; എന്റെ പ്രധാനപാതകൾ പൊങ്ങിയിരിക്കും.
12ഇതാ, ഇവർ ദൂരത്തുനിന്നും ഇവർ വടക്കുനിന്നും പടിഞ്ഞാറുനിന്നും ഇവർ സീനീംദേശത്തുനിന്നും വരുന്നു.”13ആകാശമേ, ഘോഷിച്ചുല്ലസിക്കുക; ഭൂമിയേ, ആനന്ദിക്കുക; പർവ്വതങ്ങളേ, ആർത്തു പാടുവിൻ; യഹോവ തന്റെ ജനത്തെ ആശ്വസിപ്പിക്കുന്നു; തന്റെ പീഡിതന്മാരോടു കരുണ കാണിക്കുന്നു.
14സീയോൻ: “യഹോവ എന്നെ ഉപേക്ഷിച്ചു, കർത്താവ് എന്നെ മറന്നുകളഞ്ഞു” എന്നു പറയുന്നു.15“ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താൻ പ്രസവിച്ച മകനോടു കരുണ തോന്നാതിരിക്കുമോ? അവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കുകയില്ല.
16ഇതാ ഞാൻ നിന്നെ എന്റെ ഉള്ളംകൈയിൽ വരച്ചിരിക്കുന്നു; നിന്റെ മതിലുകൾ എല്ലായ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു.17നിന്റെ മക്കൾ തിടുക്കത്തോടെ വരുന്നു; നിന്നെ നശിപ്പിച്ചവരും ശൂന്യമാക്കിയവരും നിന്നെ വിട്ടുപോകുന്നു.18തലപൊക്കി ചുറ്റും നോക്കുക; ഇവർ എല്ലാവരും നിന്റെ അടുക്കൽ വന്നു കൂടുന്നു. എന്നാണ, നീ അവരെ എല്ലാം ആഭരണംപോലെ അണിയുകയും ഒരു മണവാട്ടി എന്നപോലെ അവരെ അരയ്ക്കു കെട്ടുകയും ചെയ്യും” എന്നു യഹോവ അരുളിച്ചെയ്യുന്നു.
19“നിന്റെ ശൂന്യസ്ഥലങ്ങളും പാഴിടങ്ങളും നാശം ഭവിച്ച ദേശവുമോ ഇപ്പോൾ നിവാസികൾക്കു പോരാതെവരും; നിന്നെ വിഴുങ്ങിക്കളഞ്ഞവർ ദൂരത്ത് അകന്നിരിക്കും.20നിന്റെ പുത്രഹീനതയിലെ മക്കൾ: ‘സ്ഥലം പോരാതിരിക്കുന്നു; പാർക്കുവാൻ സ്ഥലം തരുക’ എന്നു നിന്നോടു പറയും.
21അപ്പോൾ നീ നിന്റെ ഹൃദയത്തിൽ: ‘ഞാൻ പുത്രഹീനയും വന്ധ്യയും പ്രവാസിനിയും അലഞ്ഞു നടക്കുന്നവളും ആയിരിക്കുമ്പോൾ ആര് ഇവരെ പ്രസവിച്ചു വളർത്തിത്തന്നിരിക്കുന്നു? ഞാൻ ഏകാകിയായിരുന്നുവല്ലോ; ഇവർ എവിടെ ആയിരുന്നു’ എന്നു പറയും.”

22യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ജനതകൾക്ക് എന്റെ കൈ ഉയർത്തുകയും വംശങ്ങൾക്ക് എന്റെ കൊടി കാണിക്കുകയും ചെയ്യും; അവർ നിന്റെ പുത്രന്മാരെ അവരുടെ മാർവ്വിൽ അണച്ചും പുത്രിമാരെ തോളിൽ എടുത്തുംകൊണ്ടു വരും.
23രാജാക്കന്മാർ നിന്റെ വളർത്തപ്പന്മാരും അവരുടെ രാജ്ഞികൾ നിന്റെ വളർത്തമ്മമാരും ആയിരിക്കും; അവർ നിന്നെ സാഷ്ടാംഗം വണങ്ങി, നിന്റെ കാലിലെ പൊടി നക്കും; ഞാൻ യഹോവ എന്നും എനിക്കായി കാത്തിരിക്കുന്നവർ ലജ്ജിച്ചുപോകുകയില്ല എന്നും നീ അറിയും.”
24ബലവാനോട് അവന്റെ കവർച്ച എടുത്തുകളയാമോ? അല്ല, സ്വേച്ഛാധിപതിയിൽനിന്ന്2 ബദ്ധന്മാരെ വിടുവിക്കാമോ?25എന്നാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ബലവാനോടു ബദ്ധന്മാരെ എടുത്തുകളയാം; നിഷ്കണ്ടകന്റെ കവർച്ചയെയും വിടുവിക്കാം; നിന്നോടു പോരാടുന്നവനോടു ഞാൻ പോരാടുകയും നിന്റെ മക്കളെ രക്ഷിക്കുകയും ചെയ്യും.
26നിന്നെ ഞെരുക്കുന്നവരെ ഞാൻ അവരുടെ സ്വന്തമാംസം തീറ്റും; വീഞ്ഞുപോലെ സ്വന്തരക്തം കുടിച്ച് അവർക്കു ലഹരി പിടിക്കും; യഹോവയായ ഞാൻ നിന്റെ രക്ഷിതാവും യാക്കോബിന്റെ വീരൻ നിന്റെ വീണ്ടെടുപ്പുകാരനും ആകുന്നു എന്നു സകലമനുഷ്യരും അറിയും.”


1 49:2 പൂണി ആവനാഴി അല്ലെങ്കിൽ അമ്പ് ഇടുന്ന ഉറ.
2 49:24 സ്വേച്ഛാധിപതി നിഷ്കണ്ടകൻ എന്നും കാണാം.

50

1യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിങ്ങളുടെ അമ്മയെ ഉപേക്ഷിച്ചുകളഞ്ഞതിന്റെ ഉപേക്ഷണപത്രം എവിടെ? അല്ല, എന്റെ കടക്കാരിൽ ആർക്കാകുന്നു ഞാൻ നിങ്ങളെ വിറ്റുകളഞ്ഞത്! നിങ്ങളുടെ അകൃത്യങ്ങളാൽ നിങ്ങൾ നിങ്ങളെത്തന്നെ വിറ്റുകളഞ്ഞും നിങ്ങളുടെ ലംഘനങ്ങളാൽ നിങ്ങളുടെ അമ്മ ഉപേക്ഷിക്കപ്പെട്ടുമിരിക്കുന്നു.

2ഞാൻ വന്നപ്പോൾ ആരും ഇല്ലാതിരിക്കുവാനും ഞാൻ വിളിച്ചപ്പോൾ ആരും ഉത്തരം പറയാതിരിക്കുവാനും കാരണം എന്ത്? വീണ്ടെടുക്കുവാൻ കഴിയാത്തവിധം എന്റെ കൈ വാസ്തവമായി കുറുകിയിരിക്കുന്നുവോ? അല്ല, വിടുവിക്കുവാൻ എനിക്കു ശക്തിയില്ലയോ? ഇതാ, എന്റെ ശാസനകൊണ്ടു ഞാൻ സമുദ്രത്തെ വറ്റിച്ചുകളയുന്നു; നദികളെ മരുഭൂമികളാക്കുന്നു; വെള്ളം ഇല്ലായ്കയാൽ അവയിലെ മത്സ്യം ദാഹംകൊണ്ടു ചത്തുനാറുന്നു.3ഞാൻ ആകാശത്തെ ഇരുട്ട് ഉടുപ്പിക്കുകയും ചാക്കുതുണി പുതപ്പിക്കുകയും ചെയ്യുന്നു.”
4തളർന്നിരിക്കുന്നവനെ വാക്കുകൊണ്ടു താങ്ങുവാൻ അറിയേണ്ടതിനു യഹോവയായ കർത്താവ് എനിക്കു ശിഷ്യന്മാരുടെ നാവു തന്നിരിക്കുന്നു; അവൻ രാവിലെതോറും ഉണർത്തുന്നു; ശിഷ്യന്മാരെപ്പോലെ കേൾക്കേണ്ടതിന് അവൻ എന്റെ ചെവി ഉണർത്തുന്നു.
5യഹോവയായ കർത്താവ് എന്റെ ചെവി തുറന്നു; ഞാനോ മറുത്തുനിന്നില്ല; പിന്തിരിഞ്ഞതുമില്ല.6അടിക്കുന്നവർക്ക്, ഞാൻ എന്റെ മുതുകും രോമം പറിക്കുന്നവർക്ക്, എന്റെ കവിളും കാണിച്ചുകൊടുത്തു; എന്റെ മുഖം നിന്ദയ്ക്കും തുപ്പലിനും മറച്ചിട്ടുമില്ല.
7യഹോവയായ കർത്താവ് എന്നെ സഹായിക്കും; അതുകൊണ്ടു ഞാൻ അമ്പരന്നുപോകുകയില്ല; അതുകൊണ്ടു ഞാൻ എന്റെ മുഖം തീക്കല്ലു1 പോലെ ആക്കിയിരിക്കുന്നു; ഞാൻ ലജ്ജിച്ചുപോകുകയില്ല എന്നു ഞാൻ അറിയുന്നു.
8എന്നെ നീതീകരിക്കുന്നവൻ സമീപത്തുണ്ട്; എന്നോടു വാദിക്കുന്നവൻ ആര്? നമുക്കു തമ്മിൽ ഒന്നു നോക്കാം; എന്റെ പ്രതിയോഗി ആര്? അവൻ ഇങ്ങുവരട്ടെ.9ഇതാ, യഹോവയായ കർത്താവ് എന്നെ സഹായിക്കുന്നു; എന്നെ കുറ്റം വിധിക്കുന്നവൻ ആര്? അവരെല്ലാവരും വസ്ത്രം പോലെ പഴകിപ്പോകും? പുഴു അവരെ തിന്നുകളയും.
10നിങ്ങളിൽ യഹോവയെ ഭയപ്പെടുകയും അവന്റെ ദാസന്റെ വാക്കു കേട്ട് അനുസരിക്കുകയും ചെയ്യുന്നവൻ ആര്? തനിക്കു പ്രകാശം ഇല്ലാതെ അന്ധകാരത്തിൽ നടന്നാലും അവൻ യഹോവയുടെ നാമത്തിൽ ആശ്രയിച്ച് തന്റെ ദൈവത്തിന്മേൽ ചാരിക്കൊള്ളട്ടെ.
11ഹാ, തീ കത്തിച്ചു തീയമ്പുകൾ അരയ്ക്കു കെട്ടുന്നവരേ, നിങ്ങൾ എല്ലാവരും നിങ്ങളുടെ തീയുടെ വെളിച്ചത്തിലും നിങ്ങൾ കൊളുത്തിയിരിക്കുന്ന തീയമ്പുകളുടെ ഇടയിലും നടക്കുവിൻ; എന്റെ കൈയാൽ ഇതു നിങ്ങൾക്കു ഭവിക്കും; നിങ്ങൾ വ്യസനത്തോടെ കിടക്കേണ്ടിവരും.


1 50:7 തീക്കല്ല് ഒരു തരം ഉറപ്പുള്ള കല്ല്.

51

1“നീതിയെ പിന്തുടരുന്നവരും യഹോവയെ അന്വേഷിക്കുന്നവരും ആയുള്ളവരേ, എന്റെ വാക്കു കേൾക്കുവിൻ; നിങ്ങളെ വെട്ടിയെടുത്ത പാറയിലേക്കും നിങ്ങളെ കുഴിച്ചെടുത്ത ഖനിഗർഭത്തിലേക്കും തിരിഞ്ഞുനോക്കുവിൻ.

2നിങ്ങളുടെ പിതാവായ അബ്രാഹാമിങ്കലേക്കും നിങ്ങളെ പ്രസവിച്ച സാറായിങ്കലേക്കും തിരിഞ്ഞുനോക്കുവിൻ; ഞാൻ അവനെ ഏകനായിട്ടു വിളിച്ചു അവനെ അനുഗ്രഹിച്ചു വർദ്ധിപ്പിച്ചിരിക്കുന്നു.”
3യഹോവ സീയോനെ ആശ്വസിപ്പിക്കുന്നു; അവിടുന്ന് അതിന്റെ സകലശൂന്യസ്ഥലങ്ങളെയും ആശ്വസിപ്പിച്ചു, അതിന്റെ മരുഭൂമിയെ ഏദെനെപ്പോലെയും അതിന്റെ നിർജ്ജനപ്രദേശത്തെ യഹോവയുടെ തോട്ടത്തെപ്പോലെയും ആക്കുന്നു; ആനന്ദവും സന്തോഷവും സ്തോത്രവും സംഗീതഘോഷവും അതിൽ ഉണ്ടാകും.
4“എന്റെ ജനമേ, എന്റെ വാക്കു കേൾക്കുവിൻ; എന്റെ ജനതയേ, എനിക്കു ചെവിതരുവിൻ; ഉപദേശം എങ്കൽനിന്നു പുറപ്പെടും; ഞാൻ എന്റെ ന്യായത്തെ വംശങ്ങൾക്ക് പ്രകാശമായി സ്ഥാപിക്കും.5എന്റെ നീതി സമീപമായിരിക്കുന്നു; എന്റെ രക്ഷ പുറപ്പെട്ടിരിക്കുന്നു; എന്റെ ഭുജങ്ങൾ വംശങ്ങൾക്കു ന്യായം വിധിക്കും; ദ്വീപുകൾ എനിക്കായി കാത്തിരിക്കുന്നു; എന്റെ ഭുജത്തിൽ അവർ ആശ്രയിക്കുന്നു.
6നിങ്ങളുടെ കണ്ണ് ആകാശത്തിലേക്ക് ഉയർത്തുവിൻ; താഴെ ഭൂമിയെ നോക്കുവിൻ; ആകാശം പുകപോലെ പൊയ്പോകും; ഭൂമി വസ്ത്രംപോലെ പഴകും; അതിലെ നിവാസികൾ കൊതുകുപോലെ ചത്തുപോകും; എന്നാൽ എന്റെ രക്ഷ എന്നേക്കും ഇരിക്കും; എന്റെ നീതിക്കു നീക്കം വരുകയുമില്ല.
7നീതിയെ അറിയുന്നവരും ഹൃദയത്തിൽ എന്റെ ന്യായപ്രമാണം ഉള്ള ജനവും ആയുള്ളവരേ, എന്റെ വാക്കു കേൾക്കുവിൻ; നിങ്ങൾ മനുഷ്യരുടെ നിന്ദയെ ഭയപ്പെടരുത്; അവരുടെ ദൂഷണങ്ങളെ1 പേടിക്കുകയും അരുത്.8പുഴു അവരെ വസ്ത്രത്തെപ്പോലെ അരിച്ചുകളയും; കൃമി അവരെ കമ്പിളിയെപ്പോലെ തിന്നുകളയും; എന്നാൽ എന്റെ നീതി ശാശ്വതമായും എന്റെ രക്ഷ തലമുറതലമുറയായും ഇരിക്കും.”
9യഹോവയുടെ ഭുജമേ ഉണരുക, ഉണരുക; ശക്തി ധരിച്ചുകൊള്ളുക; പൂർവ്വകാലത്തും പണ്ടത്തെ തലമുറകളിലും എന്നപോലെ ഉണരുക; രഹബിനെ വെട്ടി മഹാസർപ്പത്തെ കുത്തിക്കളഞ്ഞതു അവിടുന്നല്ലയോ?10സമുദ്രത്തെ, വലിയ ആഴിയിലെ വെള്ളങ്ങളെ തന്നെ, വറ്റിച്ചുകളയുകയും വീണ്ടെടുക്കപ്പെട്ടവർ കടന്നുപോകേണ്ടതിനു സമുദ്രത്തിന്റെ ആഴത്തെ വഴിയാക്കുകയും ചെയ്തതു നീയല്ലയോ?
11യഹോവയുടെ വിമുക്തന്മാർ2 ഉല്ലാസഘോഷത്തോടെ സീയോനിലേക്കു മടങ്ങിവരും; നിത്യാനന്ദം അവരുടെ തലയിൽ ഉണ്ടായിരിക്കും; അവർ ആനന്ദവും സന്തോഷവും പ്രാപിക്കും; ദുഃഖവും ഞരക്കവും ഓടിപ്പോകും.
12“ഞാൻ, ഞാൻ തന്നെ, നിങ്ങളെ ആശ്വസിപ്പിക്കുന്നവൻ; എന്നാൽ മരിച്ചുപോകുന്ന മർത്യനെയും പുല്ലുപോലെ ആയിത്തീരുന്ന മനുഷ്യനെയും ഭയപ്പെടുവാൻ നീ ആര്?
13ആകാശത്തെ വിരിച്ച് ഭൂമിയുടെ അടിസ്ഥാനങ്ങളെ ഇട്ടവനായി നിന്റെ സ്രഷ്ടാവായ യഹോവയെ നീ മറക്കുകയും പീഡകൻ നശിപ്പിക്കുവാൻ ഒരുങ്ങിവരുന്നു എന്നു വിചാരിച്ച് അവന്റെ ക്രോധംനിമിത്തം ദിനംപ്രതി ഇടവിടാതെ പേടിക്കുകയും ചെയ്യുന്നതെന്ത്?
14പീഡകന്റെ ക്രോധം എവിടെ? ബദ്ധനായിരിക്കുന്നവനെ വേഗത്തിൽ അഴിച്ചുവിടും; അവൻ തടവറയിൽ3 മരിക്കുകയില്ല; അവന്റെ ആഹാരത്തിന്നു മുട്ടുവരുകയുമില്ല.15തിരകൾ അലറുവാൻ തക്കവിധം സമുദ്രത്തെ കോപിപ്പിക്കുന്നവനായി നിന്റെ ദൈവമായ യഹോവ ഞാൻ ആകുന്നു; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു എന്റെ നാമം.
16ഞാൻ ആകാശത്തെ ഉറപ്പിച്ച് ഭൂമിക്ക് അടിസ്ഥാനം ഇടുകയും സീയോനോട്: ‘നീ എന്റെ ജനം’ എന്നു പറയുകയും ചെയ്യേണ്ടതിനു ഞാൻ എന്റെ വചനങ്ങളെ നിന്റെ വായിൽ ആക്കി എന്റെ കൈയുടെ നിഴലിൽ നിന്നെ മറച്ചിരിക്കുന്നു.”
17യഹോവയുടെ കൈയിൽനിന്ന് അവന്റെ ക്രോധത്തിന്റെ പാനപാത്രം കുടിച്ചിട്ടുള്ള യെരൂശലേമേ, ഉണരുക, ഉണരുക, എഴുന്നേറ്റുനില്ക്കുക; പരിഭ്രമമാകുന്ന പാനപാത്രത്തിന്റെ മട്ട് നീ കുടിച്ചു വറ്റിച്ചുകളഞ്ഞിരിക്കുന്നു.18അവൾ പ്രസവിച്ച സകലപുത്രന്മാരിലും അവളെ വഴിനടത്തുന്നതിന് ഒരുത്തനും ഇല്ല; അവൾ വളർത്തിയ എല്ലാമക്കളിലും അവളെ കൈക്കുപിടിച്ചു കൂട്ടിക്കൊണ്ടുപോകുന്നതിന് ആരുമില്ല.
19ഇതു രണ്ടും നിനക്കു നേരിട്ടിരിക്കുന്നു; നിന്നോട് ആര് സഹതാപം കാണിക്കും? ശൂന്യവും നാശവും ക്ഷാമവും വാളും നേരിട്ടിരിക്കുന്നു; ഞാൻ നിന്നെ ആശ്വസിപ്പിക്കേണ്ടതെങ്ങനെ?20നിന്റെ മക്കൾ ബോധംകെട്ടു വലയിൽ അകപ്പെട്ട മാൻ എന്നപോലെ വീഥികളുടെ തലയ്ക്കലെല്ലാം കിടക്കുന്നു; അവർ യഹോവയുടെ ക്രോധവും നിന്റെ ദൈവത്തിന്റെ ശാസനയുംകൊണ്ടു നിറഞ്ഞിരിക്കുന്നു.
21അതുകൊണ്ട് പീഡ അനുഭവിക്കുന്നവളും വീഞ്ഞു കുടിക്കാതെ ലഹരിപിടിച്ചവളും ആയവളേ, ഇതു കേട്ടുകൊള്ളുക.22നിന്റെ കർത്താവായ യഹോവയും അവിടുത്തെ ജനത്തിന്റെ വ്യവഹാരം നടത്തുന്ന നിന്റെ ദൈവവും ആയവൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ പരിഭ്രമത്തിന്റെ പാനപാത്രം, എന്റെ ക്രോധമാകുന്ന പാനപാത്രത്തിന്റെ മട്ട് തന്നെ, നിന്റെ കൈയിൽനിന്നും എടുത്തുകളഞ്ഞിരിക്കുന്നു; ഇനി നീ അതു കുടിക്കുകയില്ല;
23‘കുനിയുക; ഞങ്ങൾ കടന്നുപോകട്ടെ’ എന്നു അവർ നിന്നോടു പറഞ്ഞുവല്ലോ; അങ്ങനെ കടന്നുപോകുന്നവർക്കു നീ നിന്റെ മുതുകിനെ നിലംപോലെയും തെരുവീഥിപോലെയും ആക്കിവയ്ക്കേണ്ടി വന്നുവല്ലോ. എന്നാൽ നിന്നെ ക്ലേശിപ്പിക്കുന്നവരുടെ കൈയിൽ ഞാൻ ഈ പാനപാത്രം കൊടുക്കും.”


1 51:7 ദൂഷണം ദുഷിച്ചുപറയല്‍, ദോഷം ആരോപിക്കല്‍, അപവാദം.
2 51:11 വിമുക്തന്മാർ വീണ്ടെടുക്കപ്പെട്ടവർ എന്നും ആകാം.
3 51:14 തടവറ (കുണ്ടറയിൽ) കുഴി എന്നും പാതാളം എന്നും ഭാഷാന്തരങ്ങളിൽ കാണുന്നു.

52

1സീയോനേ, ഉണരുക, ഉണരുക, നിന്റെ ബലം ധരിച്ചുകൊള്ളുക; വിശുദ്ധനഗരമായ യെരൂശലേമേ, നിന്റെ അലങ്കാരവസ്ത്രം ധരിച്ചുകൊള്ളുക; ഇനിമേലിൽ അഗ്രചർമ്മിയും അശുദ്ധനും നിന്നിലേക്കു വരുകയില്ല.

2പൊടി കുടഞ്ഞുകളയുക; യെരൂശലേമേ, എഴുന്നേറ്റ് ഇരിക്കുക; ബദ്ധയായ സീയോൻ പുത്രീ, നിന്റെ കഴുത്തിലെ ബന്ധനങ്ങൾ അഴിച്ചുകളയുക.3യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “വിലവാങ്ങാതെ നിങ്ങളെ വിറ്റുകളഞ്ഞു; വിലകൊടുക്കാതെ നിങ്ങളെ വീണ്ടുകൊള്ളും.”
4യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “എന്റെ ജനം പണ്ടു പരദേശവാസം ചെയ്യുവാൻ മിസ്രയീമിലേക്ക് ഇറങ്ങിച്ചെന്നു; അശ്ശൂരും അവരെ വെറുതെ പീഡിപ്പിച്ചു.
5ഇപ്പോൾ എന്റെ ജനത്തെ വെറുതെ പിടിച്ചു കൊണ്ടുപോയിരിക്കുകകൊണ്ടു ഞാൻ ഇവിടെ എന്തു ചെയ്യേണ്ടു” എന്നു യഹോവ അരുളിച്ചെയ്യുന്നു; “അവരുടെ അധിപതിമാർ അലമുറയിടുന്നു; എന്റെ നാമം ഇടവിടാതെ എല്ലായ്പോഴും ദുഷിക്കപ്പെടുന്നു” എന്നും യഹോവ അരുളിച്ചെയ്യുന്നു.6“അതുകൊണ്ട് എന്റെ ജനം എന്റെ നാമത്തെ അറിയും; അതുകൊണ്ടു ഞാൻ, ഞാൻ തന്നെയാകുന്നു പ്രസ്താവിക്കുന്നവൻ എന്ന് അവർ അന്ന് അറിയും.”

7സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കുകയും രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോട്: “നിന്റെ ദൈവം വാഴുന്നു” എന്നു പറയുകയും ചെയ്യുന്ന സുവാർത്താദൂതന്റെ കാൽ പർവ്വതങ്ങളിന്മേൽ എത്ര മനോഹരം!8നിന്റെ കാവൽക്കാരുടെ ശബ്ദം കേട്ടുവോ? അവർ ശബ്ദം ഉയർത്തി ഒരുപോലെ ഉല്ലസിച്ചു ഘോഷിക്കുന്നു; യഹോവ സീയോനിലേക്കു മടങ്ങിവരുമ്പോൾ അവർ അഭിമുഖമായി കാണും.
9യെരൂശലേമിന്റെ ശൂന്യപ്രദേശങ്ങളേ, പൊട്ടി ആർത്തുകൊള്ളുവിൻ; യഹോവ തന്റെ ജനത്തെ ആശ്വസിപ്പിച്ച്, യെരൂശലേമിനെ വീണ്ടെടുത്തിരിക്കുന്നുവല്ലോ.10സകല ജനതകളും കാൺകെ യഹോവ തന്റെ വിശുദ്ധഭുജത്തെ വെളിപ്പെടുത്തിയിരിക്കുന്നു1 ; ഭൂമിയുടെ അറ്റങ്ങളെല്ലാം നമ്മുടെ ദൈവത്തിന്റെ രക്ഷയെ കാണും.
11വിട്ടുപോരുവിൻ; വിട്ടുപോരുവിൻ; അവിടെനിന്നു പുറപ്പെട്ടുപോരുവിൻ; അശുദ്ധമായതൊന്നും തൊടരുത്; അതിന്റെ നടുവിൽനിന്നും പുറപ്പെട്ടുപോരുവിൻ; യഹോവയുടെ ഉപകരണങ്ങളെ ചുമക്കുന്നവരേ, നിങ്ങളെത്തന്നെ നിർമ്മലീകരിക്കുവിൻ.12നിങ്ങൾ തിടുക്കത്തോടെ പോവുകയില്ല, ഓടിപ്പോവുകയുമില്ല; യഹോവ നിങ്ങൾക്കു മുമ്പായി നടക്കും; യിസ്രായേലിന്റെ ദൈവം നിങ്ങൾക്കു പിൻപട ആയിരിക്കും.

13എന്റെ ദാസൻ കൃതാർത്ഥനാകും; അവൻ ഉയർന്നുപൊങ്ങി അത്യന്തം ഉന്നതനായിരിക്കും.14അവന്റെ രൂപം കണ്ടാൽ ആളല്ല എന്നും അവന്റെ ആകൃതി കണ്ടാൽ മനുഷ്യനല്ല എന്നും തോന്നുമാറു വിരൂപമായിരിക്കുകകൊണ്ടു പലരും നിന്നെ കണ്ടു സ്തംഭിച്ചുപോയതുപോലെ,
15അവൻ പല ജനതകളെയും കുതിച്ചുചാടുമാറാക്കും2 ; രാജാക്കന്മാർ അവനെ കണ്ടു വായ്പൊത്തി നില്ക്കും; അവർ ഒരിക്കലും അറിഞ്ഞിട്ടില്ലാത്തതു കാണുകയും ഒരിക്കലും കേട്ടിട്ടില്ലാത്തതു ഗ്രഹിക്കുകയും ചെയ്യും.


1 52:10 വിശുദ്ധഭുജത്തെ വെളിപ്പെടുത്തിയിരിക്കുന്നു നഗ്നമാക്കിയിരിക്കുന്നു എന്നും ആകാം.
2 52:15 കുതിച്ചുചാടുമാറാക്കും ചില വിവർത്തനത്തിൽ പരിഭ്രാന്തരാക്കും എന്ന് കാണാം.

53

1ഞങ്ങൾ കേൾപ്പിച്ചത് ആര് വിശ്വസിച്ചിരിക്കുന്നു? യഹോവയുടെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു?2അവൻ ഇളയ തൈപോലെയും വരണ്ട നിലത്തുനിന്നു വേര് മുളയ്ക്കുന്നതുപോലെയും അവിടുത്തെ മുമ്പാകെ വളരും; അവനു രൂപഗുണം ഇല്ല, കോമളത്വം ഇല്ല; കണ്ടാൽ ആഗ്രഹിക്കത്തക്ക സൗന്ദര്യവുമില്ല.

3അവൻ മനുഷ്യരാൽ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു; അവനെ കാണുന്നവർ മുഖം മറച്ചുകളയത്തക്കവിധം അവൻ നിന്ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല.
4സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ വേദനകളെ അവൻ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു.
5എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിനായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ1 നമുക്കു സൗഖ്യം വന്നുമിരിക്കുന്നു.
6നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തനും അവനവന്റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെ മേൽ ചുമത്തി.
7തന്നെത്താൻ താഴ്ത്തി വായ് തുറക്കാതെയിരുന്നിട്ടും അവൻ പീഡിപ്പിക്കപ്പെട്ടു; കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുമ്പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവൻ വായ് തുറക്കാതെ ഇരുന്നു.
8അവൻ പീഡനത്താലും ശിക്ഷാവിധിയാലും എടുക്കപ്പെട്ടു; ജീവനുള്ളവരുടെ ദേശത്തുനിന്നു അവൻ ഛേദിക്കപ്പെട്ടു എന്നും എന്റെ ജനത്തിന്റെ അതിക്രമം നിമിത്തം അവനു ദണ്ഡനം വന്നു എന്നും അവന്റെ തലമുറയിൽ ആര് വിചാരിച്ചു?9അവൻ സാഹസം ഒന്നും ചെയ്യാതെയും അവന്റെ വായിൽ വഞ്ചനയൊന്നും ഇല്ലാതെയും ഇരുന്നിട്ടും അവർ അവനു ദുഷ്ടന്മാരോടുകൂടി ശവക്കുഴി കൊടുത്തു; അവന്റെ മരണത്തിൽ അവൻ സമ്പന്നന്മാരോടുകൂടി ആയിരുന്നു.
10എന്നാൽ അവനെ തകർത്തുകളയുവാൻ യഹോവയ്ക്ക് ഇഷ്ടം തോന്നി; അവിടുന്ന് അവനു കഷ്ടം വരുത്തി; അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർന്നിട്ട് അവൻ സന്തതിയെ കാണുകയും ദീർഘായുസ്സു പ്രാപിക്കുകയും യഹോവയുടെ ഇഷ്ടം അവന്റെ കൈയാൽ സാധിക്കുകയും ചെയ്യും.11അവൻ തന്റെ പ്രയത്നഫലം കണ്ടു തൃപ്തനാകും; നീതിമാനായ എന്റെ ദാസൻ തന്റെ പരിജ്ഞാനംകൊണ്ടു പലരെയും നീതീകരിക്കും; അവരുടെ അകൃത്യങ്ങളെ അവൻ വഹിക്കും.
12അതുകൊണ്ടു ഞാൻ അവനു മഹാന്മാരോടുകൂടി ഓഹരി കൊടുക്കും; ബലവാന്മാരോടുകൂടി അവൻ കൊള്ള പങ്കിടും; അവൻ തന്റെ പ്രാണനെ മരണത്തിന് ഒഴുക്കിക്കളയുകയും അനേകം പേരുടെ പാപം വഹിച്ചും അതിക്രമക്കാർക്കു വേണ്ടി ഇടനിന്നുംകൊണ്ട് അതിക്രമക്കാരോടുകൂടി എണ്ണപ്പെടുകയും ചെയ്യുകയാൽ തന്നെ.


1 53:5 അടിപ്പിണരുകളാൽ മറ്റ് വിവർത്തനങ്ങളിൽ മുറിവുകൾ, ക്ഷതം എന്നും കാണാം.

54

1“പ്രസവിക്കാത്ത മച്ചിയേ, ഘോഷിക്കുക; നോവു കിട്ടിയിട്ടില്ലാത്തവളേ, പൊട്ടി ആർത്തു ഘോഷിക്കുക; ഏകാകിനിയുടെ മക്കൾ ഭർത്താവുള്ളവളുടെ മക്കളെക്കാൾ അധികം” എന്നു യഹോവ അരുളിച്ചെയ്യുന്നു.

2നിന്റെ കൂടാരത്തിന്റെ സ്ഥലത്തെ വിശാലമാക്കുക; നിന്റെ നിവാസങ്ങളുടെ തിരശ്ശീലകളെ അവർ നിവർക്കട്ടെ; തടുത്തുകളയരുത്; നിന്റെ കയറുകളെ നീട്ടുക; നിന്റെ കുറ്റികളെ ഉറപ്പിക്കുക.3നീ ഇടത്തോട്ടും വലത്തോട്ടും പരക്കും; നിന്റെ സന്തതി ജനതകളുടെ ദേശം കൈവശമാക്കുകയും ശൂന്യനഗരങ്ങളിൽ നിവാസികളെ പാർപ്പിക്കുകയും ചെയ്യും.
4ഭയപ്പെടണ്ട, നീ ലജ്ജിച്ചുപോവുകയില്ല; ഭ്രമിക്കണ്ടാ, നീ നാണിച്ചുപോകുകയില്ല; നിന്റെ യൗവനത്തിലെ ലജ്ജ നീ മറക്കും; നിന്റെ വൈധവ്യത്തിലെ നിന്ദ ഇനി ഓർക്കുകയുമില്ല.
5നിന്റെ സ്രഷ്ടാവാകുന്നു നിന്റെ ഭർത്താവ്; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവിടുത്തെ നാമം; യിസ്രായേലിന്റെ പരിശുദ്ധനാകുന്നു നിന്റെ വീണ്ടെടുപ്പുകാരൻ; സർവ്വഭൂമിയുടെയും ദൈവം എന്ന് അവിടുന്ന് വിളിക്കപ്പെടുന്നു.6ഉപേക്ഷിക്കപ്പെട്ടു മനോവ്യസനത്തിൽ ഇരിക്കുന്ന സ്ത്രീയെ എന്നപോലെ യഹോവ നിന്നെ വിളിച്ചിരിക്കുന്നു; യൗവനത്തിൽ വിവാഹം ചെയ്തിട്ടു തള്ളിക്കളഞ്ഞ ഭാര്യയെ എന്നപോലെ തന്നെ എന്നു നിന്റെ ദൈവം അരുളിച്ചെയ്യുന്നു.
7“അല്പനേരത്തേക്കു മാത്രം ഞാൻ നിന്നെ ഉപേക്ഷിച്ചു; എങ്കിലും മഹാകരുണയോടെ ഞാൻ നിന്നെ ചേർത്തുകൊള്ളും.8ക്രോധാധിക്യത്തിൽ ഞാൻ ക്ഷണനേരത്തേക്ക് എന്റെ മുഖം നിനക്കു മറച്ചു; എങ്കിലും നിത്യദയയോടെ ഞാൻ നിന്നോടു കരുണകാണിക്കും” എന്നു നിന്റെ വീണ്ടെടുപ്പുകാരനായ യഹോവ അരുളിച്ചെയ്യുന്നു.
9“ഇത് എനിക്കു നോഹയുടെ വെള്ളങ്ങൾപോലെയാകുന്നു; നോഹയുടെ വെള്ളങ്ങൾ ഇനി ഭൂമിയെ മുക്കിക്കളയുകയില്ല എന്നു ഞാൻ സത്യം ചെയ്തതുപോലെ ഞാൻ നിന്നോടു കോപിക്കുകയോ നിന്നെ ശാസിക്കുകയോ ഇല്ല എന്നു ഞാൻ സത്യം ചെയ്തിരിക്കുന്നു.10പർവ്വതങ്ങൾ മാറിപ്പോകും, കുന്നുകൾ നീങ്ങിപ്പോകും; എങ്കിലും എന്റെ ദയ നിന്നെ വിട്ടുമാറുകയില്ല; എന്റെ സമാധാനനിയമം നീങ്ങിപ്പോവുകയുമില്ല” എന്നു നിന്നോടു കരുണയുള്ള യഹോവ അരുളിച്ചെയ്യുന്നു.
11“പീഡ അനുഭവിക്കുന്നവളും കൊടുങ്കാറ്റിനാൽ അടിക്കപ്പെട്ട് ആശ്വാസമറ്റവളും ആയുള്ളവളേ, ഞാൻ നിന്റെ കല്ല് അഞ്ജനത്തിൽ1 പതിക്കുകയും നീലക്കല്ലുകൊണ്ടു2 നിന്റെ അടിസ്ഥാനം ഇടുകയും ചെയ്യും.12ഞാൻ നിന്റെ താഴികക്കുടങ്ങളെ3 പത്മരാഗംകൊണ്ടും നിന്റെ ഗോപുരങ്ങളെ പുഷ്പരാഗംകൊണ്ടും നിന്റെ അറ്റങ്ങളെയെല്ലാം മനോഹരമായ കല്ലുകൊണ്ടും ഉണ്ടാക്കും.
13നിന്റെ മക്കൾ എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവരും നിന്റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും.14നീതിയാൽ നീ സ്ഥിരമായി നില്ക്കും; നീ പീഡനത്തോട് അകന്നിരിക്കും; നിനക്കു ഭയപ്പെടുവാനില്ലല്ലോ; ഭീഷണിയോടു നീ അകന്നിരിക്കും; അതു നിന്നോട് അടുത്തുവരുകയില്ല.
15ഒരുത്തൻ നിന്നോടു കലഹം ഉണ്ടാക്കുന്നു എങ്കിൽ അതു എന്റെ ഹിതപ്രകാരമല്ല; ആരെങ്കിലും നിന്നോടു കലഹം ഉണ്ടാക്കിയാൽ അവൻ നിന്റെ നിമിത്തം വീഴും.16തീക്കനൽ ഊതി പണിചെയ്ത് ഓരോ ആയുധം തീർക്കുന്ന കൊല്ലനെ ഞാൻ സൃഷ്ടിച്ചിരിക്കുന്നു; നശിപ്പിക്കുവാൻ സംഹാരകനെയും ഞാൻ സൃഷ്ടിച്ചിരിക്കുന്നു.
17നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കുകയില്ല; ന്യായായവിസ്താരത്തിൽ നിനക്കു വിരോധമായി എഴുന്നേല്ക്കുന്ന എല്ലാ നാവിനെയും നീ കുറ്റം വിധിക്കും; യഹോവയുടെ ദാസന്മാരുടെ അവകാശവും എന്റെ പക്കൽ നിന്നുള്ള അവരുടെ നീതിയും ഇതുതന്നെ ആകുന്നു” എന്നു യഹോവ അരുളിച്ചെയ്യുന്നു.


1 54:11 അഞ്ജനം രത്നം.
2 54:11 നീലക്കല്ലുകൊണ്ടു ഇന്ദ്രനീലക്കല്ല്‌ എന്നും ആകാം.
3 54:12 താഴികക്കുടം ഒരലങ്കാരപ്പണി. ക്ഷേത്രങ്ങളുടെയും മറ്റും മുകളില്‍ ചെയ്യുന്നത് (ഒരു താഴികയും അതിനുമുകളില്‍ ഒരു കുടവും കമഴ്ത്തിവച്ചതുപോലെയാണ് ഇതിന്‍റെ ആകൃതി, കുടത്തിനുമുകളില്‍ കൂര്‍ത്തഒരു സ്തൂപമുള്ള താഴികക്കുടങ്ങളുമുണ്ട്)

55

1അല്ലയോ, ദാഹിക്കുന്ന ഏവരും ദ്രവ്യമില്ലാത്തവരുമായുള്ളവരേ വെള്ളത്തിനു വരുവിൻ: വന്നു വാങ്ങി തിന്നുവിൻ; നിങ്ങൾ വന്നു ദ്രവ്യവും വിലയും കൂടാതെ വീഞ്ഞും പാലും വാങ്ങിക്കൊള്ളുവിൻ.

2അപ്പമല്ലാത്തതിനു ദ്രവ്യവും തൃപ്തി വരുത്താത്തതിനു നിങ്ങളുടെ പ്രയത്നഫലവും ചെലവിടുന്നതെന്തിന്? എന്റെ വാക്കു ശ്രദ്ധിച്ചു കേട്ടു നന്മ അനുഭവിക്കുവിൻ; വിശിഷ്ടആഹാരം കഴിച്ചു ആനന്ദിച്ചുകൊള്ളുവിൻ.
3നിങ്ങൾ ചെവി ചായിച്ച് എന്റെ അടുക്കൽ വരുവിൻ; നിങ്ങൾക്കു ജീവനുണ്ടാകേണ്ടതിനു കേട്ടുകൊള്ളുവിൻ; ദാവീദിന്റെ മാറ്റമില്ലാത്തകൃപകൾ1 എന്ന ഒരു നിത്യ നിയമം ഞാൻ നിങ്ങളോടു ചെയ്യും.4ഞാൻ അവനെ ജനതകൾക്കു സാക്ഷിയും വംശങ്ങൾക്കു പ്രഭുവും അധിപതിയും ആക്കിയിരിക്കുന്നു.
5നീ അറിയാത്ത ഒരു ജനതയെ നീ വിളിക്കും; നിന്നെ അറിയാത്ത ഒരു ജനത നിന്റെ ദൈവമായ യഹോവ നിമിത്തവും യിസ്രായേലിന്റെ പരിശുദ്ധൻനിമിത്തവും അവൻ നിന്നെ മഹത്ത്വപ്പെടുത്തിയിരിക്കുകയാൽ തന്നെ നിന്റെ അടുക്കൽ ഓടിവരും.
6യഹോവയെ കണ്ടെത്താകുന്ന സമയത്ത് അവനെ അന്വേഷിക്കുവിൻ; അവൻ അടുത്തിരിക്കുമ്പോൾ അവനെ വിളിച്ചപേക്ഷിക്കുവിൻ.7ദുഷ്ടൻ തന്റെ വഴിയും നീതികെട്ടവൻ തന്റെ വിചാരങ്ങളും ഉപേക്ഷിച്ചു യഹോവയിങ്കലേക്കു തിരിയട്ടെ; അവിടുന്ന് അവനോടു കരുണ കാണിക്കും; നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ; അവൻ ധാരാളം ക്ഷമിക്കും.
8“എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; നിങ്ങളുടെ വഴികൾ എന്റെ വഴികളുമല്ല” എന്നു യഹോവ അരുളിച്ചെയ്യുന്നു.9“ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ എന്റെ വഴികൾ നിങ്ങളുടെ വഴികളിലും എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളിലും ഉയർന്നിരിക്കുന്നു.
10മഴയും മഞ്ഞും ആകാശത്തുനിന്നു പെയ്യുകയും അവിടേക്കു മടങ്ങാതെ വിതയ്ക്കുവാൻ വിത്തും തിന്നുവാൻ ആഹാരവും നല്കത്തക്കവിധം ഭൂമിയെ നനച്ചു ഫലവത്താക്കി വിളയിക്കുന്നതുപോലെ11എന്റെ വായിൽനിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്ക് ഇഷ്ടമുള്ളതു നിവർത്തിക്കുകയും ഞാൻ അയച്ച കാര്യം സാധിപ്പിക്കുകയും ചെയ്യും.
12നിങ്ങൾ സന്തോഷത്തോടെ പുറപ്പെടും; സമാധാനത്തോടെ നിങ്ങളെ പറഞ്ഞയയ്ക്കും; മലകളും കുന്നുകളും നിങ്ങളുടെ മുമ്പിൽ പൊട്ടി ആർക്കും; ദേശത്തിലെ സകല വൃക്ഷങ്ങളും കൈ കൊട്ടും.13മുള്ളിനു പകരം സരളവൃക്ഷം മുളയ്ക്കും; മുൾച്ചെടിക്കു പകരം കൊഴുന്തു2 മുളയ്ക്കും; അതു യഹോവയ്ക്ക് ഒരു കീർത്തിയായും ഛേദിക്കപ്പെടാത്ത ശാശ്വതമായ ഒരു അടയാളമായും ഇരിക്കും.”


1 55:3 മാറ്റമില്ലാത്തകൃപകൾ ദാവീദിനോടുള്ള മാറ്റം വരാത്ത കൃപകൾ.
2 55:13 കൊഴുന്തു ഒരു സുഗന്ധച്ചെടി.

56

1യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “എന്റെ രക്ഷ വരുവാനും എന്റെ നീതി വെളിപ്പെടുവാനും അടുത്തിരിക്കുകയാൽ ന്യായം പ്രമാണിച്ചു നീതി പ്രവർത്തിക്കുവിൻ.2ശബ്ബത്തിനെ അശുദ്ധമാക്കാതെ പ്രമാണിച്ചു ദോഷം ചെയ്യാത്തവിധം തന്റെ കൈ സൂക്ഷിച്ചുംകൊണ്ട് ഇതു ചെയ്യുന്ന മർത്യനും ഇതു മുറുകെ പിടിക്കുന്ന മനുഷ്യനും ഭാഗ്യവാൻ.”

3യഹോവയോടു ചേർന്നിട്ടുള്ള അന്യജാതിക്കാരൻ; “യഹോവ എന്നെ തന്റെ ജനത്തിൽനിന്ന് അശേഷം വേർപെടുത്തും” എന്നു പറയരുത്; ഷണ്ഡനും: “ഞാൻ ഒരു ഉണങ്ങിയ വൃക്ഷം” എന്നു പറയരുത്.
4“എന്റെ ശബ്ബത്ത് ആചരിക്കുകയും എനിക്ക് ഇഷ്ടമുള്ളതു തിരഞ്ഞെടുക്കുകയും എന്റെ നിയമം പ്രമാണിക്കുകയും ചെയ്യുന്ന ഷണ്ഡന്മാരോടു യഹോവയായ ഞാൻ ഇപ്രകാരം പറയുന്നു:5ഞാൻ അവർക്ക് എന്റെ ആലയത്തിലും എന്റെ മതിലകങ്ങളിലും പുത്രീപുത്രന്മാരെക്കാൾ വിശേഷമായ ഒരു സ്ഥലവും1 നാമവും കൊടുക്കും; ഛേദിക്കപ്പെടാത്ത ഒരു ശാശ്വതനാമം തന്നെ ഞാൻ അവർക്കു കൊടുക്കും.”
6യഹോവയെ സേവിച്ച്, അവന്റെ നാമത്തെ സ്നേഹിച്ച്, അവന്റെ ദാസന്മാരായിരിക്കേണ്ടതിനു യഹോവയോടു ചേർന്നുവരുന്ന അന്യജാതിക്കാരെ, “ശബ്ബത്തിനെ അശുദ്ധമാക്കാതെ ആചരിക്കുകയും എന്റെ നിയമം പ്രമാണിച്ചു നടക്കുകയും ചെയ്യുന്നവരെ എല്ലാവരെയും തന്നെ,7ഞാൻ എന്റെ വിശുദ്ധപർവ്വതത്തിലേക്കു കൊണ്ടുവന്ന്, എന്റെ പ്രാർത്ഥനാലയത്തിൽ അവരെ സന്തോഷിപ്പിക്കും; അവരുടെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും എന്റെ യാഗപീഠത്തിന്മേൽ പ്രസാദകരമായിരിക്കും; എന്റെ ആലയം സകലജനതകൾക്കും ഉള്ള പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും.
8ഞാൻ അവരോട്, അവരുടെ ശേഖരിക്കപ്പെട്ടവരോടുതന്നെ, ‘ഇനി മറ്റുള്ളവരെയും കൂട്ടിച്ചേർക്കും’ ”എന്നു യിസ്രായേലിന്റെ പുറത്താക്കപ്പെട്ടവരെ ശേഖരിക്കുന്ന ദൈവമായ യഹോവയുടെ അരുളപ്പാട്.
9വയലിലെ സകലമൃഗങ്ങളും കാട്ടിലെ സകലമൃഗങ്ങളും ആയുള്ളോവയേ, വന്ന് തിന്നുകൊള്ളുവിൻ.10അവന്റെ കാവല്ക്കാർ കുരുടന്മാർ; അവരെല്ലാവരും പരിജ്ഞാനമില്ലാത്തവർ, അവരെല്ലാവരും കുരയ്ക്കുവാൻ കഴിയാത്ത ഊമനായ്ക്കൾ തന്നെ; അവർ നിദ്രാപ്രിയന്മാരായി സ്വപ്നം കണ്ടു കിടന്നുറങ്ങുന്നു.
11ഈ നായ്‌ക്കൾ ഒരിക്കലും തൃപ്തിപ്പെടാത്ത കൊതിയന്മാർ തന്നെ; ഈ ഇടയന്മാരോ സൂക്ഷിക്കുവാൻ അറിയാത്തവർ2 ; അവരെല്ലാവരും ഒട്ടൊഴിയാതെ അവനവന്റെ വഴിക്കും ഓരോരുത്തൻ അവനവന്റെ ലാഭത്തിനും തിരിഞ്ഞിരിക്കുന്നു.12“വരുവിൻ: ഞാൻ പോയി വീഞ്ഞുകൊണ്ടുവരാം; നമുക്കു മദ്യം കുടിക്കാം; ഇന്നത്തെപ്പോലെ നാളെയും സമൃദ്ധിയിൽ തന്നെ” എന്ന് അവർ പറയുന്നു.


1 56:5 സ്ഥലവും ജ്ഞാപകവും, സ്മാരകവും എന്നുമാകാം.
2 56:11 സൂക്ഷിപ്പാൻ അറിയാത്തവർ തിരിച്ചറിയുവാൻ കഴിയാത്തവർ എന്നുമാകാം.

57

1നീതിമാൻ നശിക്കുന്നു; ആരും അതു കാര്യമാക്കുന്നില്ല; ഭക്തന്മാരും കഴിഞ്ഞുപോകുന്നു; നീതിമാൻ അനർത്ഥത്തിനു മുമ്പ് കഴിഞ്ഞുപോകുന്നു എന്ന് ആരും ഗ്രഹിക്കുന്നില്ല.2അവൻ സമാധാനത്തിലേക്കു പ്രവേശിക്കുന്നു; നേരായി നടക്കുന്നവരെല്ലാം അവനവന്റെ കിടക്കയിൽ വിശ്രാമം പ്രാപിക്കുന്നു.

3“ക്ഷുദ്രക്കാരത്തിയുടെ മക്കളേ, വ്യഭിചാരിയുടെയും വേശ്യയുടെയും സന്തതിയേ; ഇങ്ങോട്ട് അടുത്തുവരുവിൻ.4നിങ്ങൾ ആരെയാകുന്നു കളിയാക്കുന്നത്? ആരുടെനേരെയാകുന്നു നിങ്ങൾ വായ്പിളർന്നു നാക്കു നീട്ടുന്നത്? നിങ്ങൾ അതിക്രമക്കാരും വ്യാജസന്തതിയും അല്ലയോ?
5നിങ്ങൾ കരുവേലകങ്ങൾക്കരികത്തും ഓരോ പച്ചമരത്തിൻകീഴിലും വികാരാവേശത്താൽ ജ്വലിച്ചു, പാറപ്പിളർപ്പുകൾക്കു താഴെ തോട്ടുവക്കത്തുവച്ചു കുഞ്ഞുങ്ങളെ അറുക്കുന്നുവല്ലോ.
6തോട്ടിലെ മിനുസമുള്ള കല്ല് നിന്റെ പങ്ക്; അതുതന്നെ നിന്റെ ഓഹരി; അതിനല്ലയോ നീ പാനീയബലി പകർന്നു ഭോജനബലി അർപ്പിച്ചിരിക്കുന്നത്? ഈ വക കണ്ടിട്ടു ഞാൻ ക്ഷമിച്ചിരിക്കുമോ?
7പൊക്കവും ഉയരവും ഉള്ള മലയിൽ നീ നിന്റെ കിടക്ക വിരിച്ചിരിക്കുന്നു; അവിടേക്കു തന്നെ നീ ബലികഴിക്കുവാൻ കയറിച്ചെന്നു.8കതകിനും കട്ടിളയ്ക്കും പുറകിൽ നീ നിന്റെ അടയാളം വച്ചു, നീ എന്നെ വിട്ടു ചെന്നു മറ്റുള്ളവർക്കു നിന്നെത്തന്നെ നഗ്നയാക്കി കയറി നിന്റെ കിടക്ക വിസ്താരമാക്കി അവരുമായി ഉടമ്പടിചെയ്തു അവരുടെ കിടക്ക കൊതിച്ചു ആംഗ്യം നോക്കിക്കൊണ്ടിരുന്നു.
9നീ തൈലവുംകൊണ്ടു മോലെക്കിന്റെ അടുക്കൽ ചെന്നു, നിന്റെ പരിമളവർഗ്ഗം ധാരാളം ചെലവു ചെയ്തു, നിന്റെ ദൂതന്മാരെ ദൂരത്തയച്ചു പാതാളത്തോളം ഇറങ്ങിച്ചെന്നു.10വഴിയുടെ ദൂരംകൊണ്ടു നീ തളർന്നുപോയിട്ടും ‘അതു നിഷ്ഫലം’ എന്നു നീ പറഞ്ഞില്ല; നിന്റെ കൈവശം നീ ജീവശക്തി കണ്ടതുകൊണ്ടു നിനക്കു ക്ഷീണം തോന്നിയില്ല.
11കപടം കാണിക്കുവാനും എന്നെ ഓർക്കുകയോ കൂട്ടാക്കുകയോ ചെയ്യാതിരിക്കുവാനും നീ ആരെയാകുന്നു ശങ്കിച്ചു ഭയപ്പെട്ടത്? ഞാൻ ബഹുകാലം മിണ്ടാതെ ഇരുന്നിട്ടല്ലയോ നീ എന്നെ ഭയപ്പെടാതിരിക്കുന്നത്?12നിന്റെ നീതി ഞാൻ വെളിച്ചത്താക്കും; നിന്റെ പ്രവൃത്തികളോ നിനക്കു പ്രയോജനമാവുകയില്ല.
13നീ നിലവിളിക്കുമ്പോൾ നിന്റെ വിഗ്രഹസമൂഹം നിന്നെ രക്ഷിക്കട്ടെ; എന്നാൽ അവയെ മുഴുവനും കാറ്റു പാറ്റിക്കൊണ്ടുപോകും; ഒരു ശ്വാസം അവയെ നീക്കിക്കളയും; എങ്കിലും എന്നെ ആശ്രയിക്കുന്നവൻ ദേശത്തെ അവകാശമാക്കി എന്റെ വിശുദ്ധപർവ്വതത്തെ കൈവശമാക്കും.”
14“നികത്തുവിൻ, നികത്തുവിൻ, വഴി ഒരുക്കുവിൻ; എന്റെ ജനത്തിന്റെ വഴിയിൽനിന്ന് ഇടർച്ച നീക്കിക്കളയുവിൻ” എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.15ഉന്നതനും ഉയർന്നിരിക്കുന്നവനും ശാശ്വതവാസിയും പരിശുദ്ധൻ എന്നു നാമമുള്ളവനുമായവൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഉന്നതനും പരിശുദ്ധനുമായി വസിക്കുന്നു; താഴ്മയുള്ളവരുടെ മനസ്സിനും മനസ്താപമുള്ളവരുടെ ഹൃദയത്തിനും ചൈതന്യം1 വരുത്തുവാൻ മനസ്താപവും മനോവിനയവുമുള്ളവരോടു കൂടിയും വസിക്കുന്നു.
16ഞാൻ എന്നേക്കും വാദിക്കുകയില്ല; എല്ലായ്പോഴും കോപിക്കുകയുമില്ല; അല്ലെങ്കിൽ അവരുടെ ആത്മാവും ഞാൻ സൃഷ്ടിച്ചിട്ടുള്ള ദേഹികളും എന്റെ മുമ്പിൽനിന്നു ക്ഷയിച്ചുപോകുമല്ലോ.17അവരുടെ അത്യാഗ്രഹത്തിന്റെ അകൃത്യംനിമിത്തം ഞാൻ കോപിച്ച് അവരെ അടിച്ചു; ഞാൻ കോപിച്ചു മുഖം മറച്ചു; എന്നാൽ അവർ തിരിഞ്ഞ് അവർക്കു തോന്നിയ വഴിയിൽ നടന്നു.
18ഞാൻ അവരുടെ വഴികളെ കണ്ടിരിക്കുന്നു; ഞാൻ അവരെ സൗഖ്യമാക്കും; ഞാൻ അവരെ നടത്തി അവർക്ക്, അവരുടെ ദുഃഖിതന്മാർക്കു തന്നെ, വീണ്ടും ആശ്വാസം വരുത്തും.19ഞാൻ അധരങ്ങളുടെ ഫലം സൃഷ്ടിക്കും; ദൂരസ്ഥനും സമീപസ്ഥനും സമാധാനം, സമാധാനം” എന്നും “ഞാൻ അവരെ സൗഖ്യമാക്കും” എന്നും യഹോവ അരുളിച്ചെയ്യുന്നു.
20ദുഷ്ടന്മാരോ, കലങ്ങിമറിയുന്ന കടൽപോലെയാകുന്നു; അതിന് അടങ്ങിയിരിക്കുവാൻ കഴിയുകയില്ല; അതിലെ വെള്ളം ചേറും ചെളിയും മേലോട്ടു തള്ളുന്നു.21“ദുഷ്ടന്മാർക്കു സമാധാനമില്ല” എന്ന് എന്റെ ദൈവം അരുളിച്ചെയ്യുന്നു.


1 57:15 ചൈതന്യം നവീകരണം എന്നുമാകാം.

58

1ഉറക്കെ വിളിക്കുക; അടങ്ങിയിരിക്കരുത്; കാഹളംപോലെ നിന്റെ ശബ്ദം ഉയർത്തി, എന്റെ ജനത്തിന് അവരുടെ ലംഘനത്തെയും യാക്കോബ് ഗൃഹത്തിന് അവരുടെ പാപങ്ങളെയും അറിയിക്കുക.2എങ്കിലും അവർ എന്നെ ദിനംപ്രതി അന്വേഷിച്ച് എന്റെ വഴികളെ അറിയുവാൻ ഇച്ഛിക്കുന്നു; നീതി പ്രവർത്തിക്കുകയും അവരുടെ ദൈവത്തിന്റെ ന്യായം ഉപേക്ഷിക്കാതെയിരിക്കുകയും ചെയ്ത ഒരു ജനതയെപ്പോലെ അവർ നീതിയുള്ള വിധികളെ എന്നോടു ചോദിച്ചു ദൈവത്തോടു അടുക്കുവാൻ വാഞ്ഛിക്കുന്നു.

3“ഞങ്ങൾ നോമ്പു നോല്ക്കുന്നതു നീ നോക്കാതെയിരിക്കുന്നതെന്ത്? ഞങ്ങൾ ആത്മതപനം ചെയ്യുന്നതു നീ അറിയാതിരിക്കുന്നതെന്ത്?” “ഇതാ, നിങ്ങൾ നോമ്പു നോക്കുന്ന ദിവസത്തിൽ തന്നെ നിങ്ങളുടെ കാര്യാദികളെ നോക്കുകയും നിങ്ങളുടെ എല്ലാവേലക്കാരെയുംകൊണ്ടു അദ്ധ്വാനിപ്പിക്കുകയും ചെയ്യുന്നു.
4നിങ്ങൾ വിവാദത്തിനും കലഹത്തിനും ക്രൂരമുഷ്ടികൊണ്ട് അടിക്കേണ്ടതിനും നോമ്പു നോല്ക്കുന്നു; നിങ്ങളുടെ പ്രാർത്ഥന ഉയരത്തിൽ കേൾക്കുവാൻ തക്കവിധമല്ല നിങ്ങൾ ഇന്നു നോമ്പു നോല്ക്കുന്നത്.5എനിക്ക് ഇഷ്ടമുള്ള നോമ്പും മനുഷ്യൻ ആത്മതപനം ചെയ്യുന്ന ദിവസവും ഇങ്ങനെയുള്ളതോ? തലയെ വേഴത്തെപ്പോലെ1 കുനിയിക്കുക, ചാക്കുതുണിയും ചാരവും വിരിച്ചു കിടക്കുക, ഇതാകുന്നുവോ ഉപവാസം? ഇതിനോ നീ നോമ്പെന്നും യഹോവയ്ക്കു പ്രസാദമുള്ള ദിവസമെന്നും പേര് പറയുന്നത്?
6അന്യായബന്ധനങ്ങളെ അഴിക്കുക; നുകത്തിന്റെ അമിക്കയറുകളെ അഴിക്കുക; പീഡിതരെ സ്വതന്ത്രരായി വിട്ടയയ്ക്കുക; എല്ലാ നുകത്തെയും തകർക്കുക; ഇതല്ലയോ എനിക്ക് ഇഷ്ടമുള്ള ഉപവാസം?7വിശപ്പുള്ളവനു നിന്റെ അപ്പം നുറുക്കിക്കൊടുക്കുന്നതും അലഞ്ഞുനടക്കുന്ന സാധുക്കളെ നിന്റെ വീട്ടിൽ ചേർത്തുകൊള്ളുന്നതും നഗ്നനെ കണ്ടാൽ അവനെ ഉടുപ്പിക്കുന്നതും നിന്റെ മാംസരക്തങ്ങളായിരിക്കുന്നവർക്കു നിന്നെത്തന്നെ മറയ്ക്കാതെയിരിക്കുന്നതും അല്ലയോ?
8അപ്പോൾ നിന്റെ വെളിച്ചം ഉഷസ്സുപോലെ പ്രകാശിക്കും; നിന്റെ മുറിവുകൾക്കു വേഗത്തിൽ പൊറുതിവരും2 ; നിന്റെ നീതി നിനക്കു മുമ്പായി നടക്കും; യഹോവയുടെ മഹത്ത്വം നിന്റെ പിൻപട ആയിരിക്കും.
9അപ്പോൾ നീ വിളിക്കും; യഹോവ ഉത്തരം അരുളും; നീ നിലവിളിക്കും, ‘ഞാൻ വരുന്നു’ എന്ന് അവിടുന്ന് അരുളിച്ചെയ്യും; നുകവും വിരൽ ചൂണ്ടുന്നതും വഷളത്തം സംസാരിക്കുന്നതും നീ നിന്റെ നടുവിൽനിന്നു നീക്കിക്കളയുകയും10വിശപ്പുള്ളവനോടു നീ താത്പര്യം കാണിക്കുകയും കഷ്ടത്തിൽ ഇരിക്കുന്നവനു തൃപ്തിവരുത്തുകയും ചെയ്യുമെങ്കിൽ നിന്റെ പ്രകാശം ഇരുളിൽ ഉദിക്കും; നിന്റെ അന്ധകാരം നട്ടുച്ചപോലെയാകും.
11യഹോവ നിന്നെ എല്ലയ്പോഴും നടത്തുകയും വരണ്ടനിലത്തിലും നിന്റെ വിശപ്പ് അടക്കി, നിന്റെ അസ്ഥികളെ ബലപ്പെടുത്തുകയും ചെയ്യും; നീ നനവുള്ള തോട്ടംപോലെയും വെള്ളം വറ്റിപ്പോകാത്ത നീരുറവുപോലെയും ആകും.
12നിന്റെ സന്തതി പുരാതനശൂന്യങ്ങളെ പണിയും; തലമുറതലമുറയായി കിടക്കുന്ന അടിസ്ഥാനങ്ങളെ നീ കെട്ടിപ്പൊക്കും; കേടുതീർക്കുന്നവനെന്നും പാർക്കുവാൻ തക്കവിധം പാതകളെ യഥാസ്ഥാനത്താക്കുന്നവനെന്നും നിനക്കു പേര് പറയും.
13നീ എന്റെ വിശുദ്ധദിവസത്തിൽ നിന്റെ കാര്യാദികൾ നോക്കാതെ ശബ്ബത്തിൽ നിന്റെ കാല് അടക്കിവച്ചു, ശബ്ബത്തിനെ ഒരു സന്തോഷം എന്നും യഹോവയുടെ വിശുദ്ധദിവസത്തെ ബഹുമാനയോഗ്യം എന്നും പറയുകയും നിന്റെ വേലയ്ക്കു പോവുകയോ നിന്റെ കാര്യാദികളെ നോക്കുകയോ വ്യർത്ഥസംസാരത്തിൽ നേരം പോക്കുകയോ ചെയ്യാതെ അതിനെ ബഹുമാനിക്കുകയും ചെയ്യുമെങ്കിൽ, നീ യഹോവയിൽ പ്രമോദിക്കും3 ;
14ഞാൻ നിന്നെ ദേശത്തിലെ ഉന്നതങ്ങളിൽ വാഹനമേറി ഓടുമാറാക്കുകയും നിന്റെ പിതാവായ യാക്കോബിന്റെ അവകാശംകൊണ്ടു നിന്നെ പോഷിപ്പിക്കുകയും ചെയ്യും;” യഹോവയുടെ വായല്ലയോ അരുളിച്ചെയ്തിരിക്കുന്നത്.


1 58:5 വേഴം ഒരുതരം വലിയ പുല്ല്.
2 58:8 പൊറുതിവരും സൗഖ്യം വരും.
3 58:13 പ്രമോദിക്കും ആനന്ദിക്കും.

59

1രക്ഷിക്കുവാൻ കഴിയാത്തവിധം യഹോവയുടെ കൈ കുറുകീട്ടില്ല; കേൾക്കുവാൻ കഴിയാത്തവിധം അവന്റെ ചെവി മന്ദമായിട്ടുമില്ല.2നിങ്ങളുടെ അകൃത്യങ്ങൾ അത്രേ നിങ്ങളെയും നിങ്ങളുടെ ദൈവത്തെയും തമ്മിൽ ഭിന്നിപ്പിച്ചിരിക്കുന്നത്; നിങ്ങളുടെ പാപങ്ങൾ അത്രേ അവൻ കേൾക്കാത്തവിധം അവന്റെ മുഖത്തെ നിങ്ങൾക്കു മറയ്ക്കുമാറാക്കിയത്.

3നിങ്ങളുടെ കൈകൾ രക്തംകൊണ്ടും നിങ്ങളുടെ വിരലുകൾ അകൃത്യംകൊണ്ടും മലിനമായിരിക്കുന്നു; നിങ്ങളുടെ അധരങ്ങൾ ഭോഷ്കു സംസാരിക്കുന്നു; നിങ്ങളുടെ നാവു നീതികേടു ജപിക്കുന്നു1 .4ഒരുത്തനും നീതിയോടെ വ്യവഹരിക്കുന്നില്ല; ഒരുത്തനും സത്യത്തോടെ പ്രതിവാദിക്കുന്നില്ല; അവർ വ്യാജത്തിൽ ആശ്രയിച്ചു ഭോഷ്കു സംസാരിക്കുന്നു; അവർ തിന്മയെ ഗർഭംധരിച്ചു നീതികേടിനെ പ്രസവിക്കുന്നു.
5അവർ അണലിമുട്ടയ്ക്ക് അടയിരിക്കുകയും ചിലന്തിവല നെയ്യുകയും ചെയ്യുന്നു; ആ മുട്ട തിന്നുന്നവൻ മരിക്കും; പൊട്ടിച്ചാൽ അണലി പുറത്തുവരുന്നു.6അവർ നെയ്തതു വസ്ത്രത്തിനു കൊള്ളുകയില്ല; അവരുടെ പണി അവർക്കു പുതപ്പാവുകയും ഇല്ല; അവരുടെ പ്രവൃത്തികൾ നീതികെട്ട പ്രവൃത്തികൾ; അക്രമപ്രവൃത്തികൾ അവരുടെ കൈക്കൽ ഉണ്ട്.
7അവരുടെ കാല് ദോഷത്തിനായി ഓടുന്നു; കുറ്റമില്ലാത്ത രക്തം ചിന്തുവാൻ അവർ തിടുക്കപ്പെടുന്നു; അവരുടെ നിരൂപണങ്ങൾ അന്യായനിരൂപണങ്ങൾ ആകുന്നു; ശൂന്യവും നാശവും അവരുടെ പാതകളിൽ ഉണ്ട്.8സമാധാനത്തിന്റെ വഴി അവർ അറിയുന്നില്ല; അവരുടെ നടപ്പിൽ ന്യായവും ഇല്ല; അവർ അവർക്കായി വളഞ്ഞ പാതകളെ ഉണ്ടാക്കിയിരിക്കുന്നു; അവയിൽ നടക്കുന്നവനൊരുത്തനും സമാധാനം അറിയുകയില്ല.

9അതുകൊണ്ടു ന്യായം ഞങ്ങളോട് അകന്നു ദൂരെയായിരിക്കുന്നു; നീതി ഞങ്ങളോട് എത്തിക്കൊള്ളുന്നതുമില്ല; ഞങ്ങൾ പ്രകാശത്തിനായിട്ടു കാത്തിരുന്നു; എന്നാൽ ഇതാ, ഇരുട്ട്; വെളിച്ചത്തിനായിട്ടു കാത്തിരുന്നു; എന്നാൽ ഇതാ അന്ധകാരത്തിൽ ഞങ്ങൾ നടക്കുന്നു.10ഞങ്ങൾ കുരുടന്മാരെപ്പോലെ ഭിത്തി തപ്പിനടക്കുന്നു; കണ്ണില്ലാത്തവരെപ്പോലെ തപ്പിത്തടഞ്ഞു നടക്കുന്നു; സന്ധ്യാസമയത്ത് എന്ന പോലെ ഞങ്ങൾ നട്ടുച്ചയ്ക്ക് ഇടറുന്നു; ആരോഗ്യമുള്ളവരുടെ മദ്ധ്യത്തിൽ ഞങ്ങൾ മരിച്ചവരെപ്പോലെ ആകുന്നു.
11ഞങ്ങൾ എല്ലാവരും കരടികളെപ്പോലെ അലറുന്നു; പ്രാവുകളെപ്പോലെ ഏറ്റവും കുറുകുന്നു; ഞങ്ങൾ ന്യായത്തിനായി കാത്തിരിക്കുന്നു എങ്കിലും ഒട്ടുമില്ല; രക്ഷയ്ക്കായി കാത്തിരിക്കുന്നു; എന്നാൽ അതു ഞങ്ങളോട് അകന്നിരിക്കുന്നു.
12ഞങ്ങളുടെ അതിക്രമങ്ങൾ നിന്റെ മുമ്പാകെ പെരുകിയിരിക്കുന്നു; ഞങ്ങളുടെ പാപങ്ങൾ ഞങ്ങൾക്കു വിരോധമായി സാക്ഷീകരിക്കുന്നു; ഞങ്ങളുടെ അതിക്രമങ്ങൾ ഞങ്ങൾക്കു ബോദ്ധ്യമായിരിക്കുന്നു2 ; ഞങ്ങളുടെ അകൃത്യങ്ങളെ ഞങ്ങൾ അറിയുന്നു.13അതിക്രമം ചെയ്തു യഹോവയെ നിഷേധിക്കുക, ഞങ്ങളുടെ ദൈവത്തെ വിട്ടുമാറുക, പീഡനവും മത്സരവും സംസാരിക്കുക, വ്യാജവാക്കുകളെ ഗർഭംധരിച്ചു ഹൃദയത്തിൽനിന്നു ഉച്ചരിക്കുക എന്നിവ തന്നെ.
14അങ്ങനെ ന്യായം പിന്മാറി നീതി അകന്നുനില്ക്കുന്നു; സത്യം വീഥിയിൽ ഇടറുന്നു; നേരിനു കടക്കുവാൻ കഴിയുന്നതുമില്ല.15സത്യം കാണാതെയായി; ദോഷം വിട്ടകലുന്നവൻ കവർച്ചയായി ഭവിക്കുന്നു; യഹോവ അതു കണ്ടിട്ടു ന്യായം ഇല്ലായ്കനിമിത്തം അവിടുത്തേക്കു അനിഷ്ടം തോന്നുന്നു.
16ആരും ഇല്ലെന്ന് അവിടുന്ന് കണ്ടു പക്ഷവാദം ചെയ്യുവാൻ ആരും ഇല്ലായ്കയാൽ ആശ്ചര്യപ്പെട്ടു; അതുകൊണ്ട് അവിടുത്തെ ഭുജം തന്നെ അവിടുത്തേക്കു രക്ഷവരുത്തി, അവന്റെ നീതി അവനെ താങ്ങി.
17അവൻ നീതി ഒരു കവചംപോലെ ധരിച്ചു രക്ഷ എന്ന പടത്തൊപ്പി തലയിൽ ഇട്ടു; അവൻ പ്രതികാരവസ്ത്രങ്ങൾ ഉടുത്തു, തീക്ഷ്ണത ഒരു മേലങ്കിപോലെ പുതച്ചു.18അവരുടെ പ്രവൃത്തികൾക്കു തക്കവിധം അവിടുന്ന് പകരം ചെയ്യും; അവിടുത്തെ വൈരികൾക്കു ക്രോധവും അവിടുത്തെ ശത്രുക്കൾക്കു പ്രതികാരവും തന്നെ; ദ്വീപുവാസികളോട് അവൻ പകരംവീട്ടും.
19അങ്ങനെ അവർ പടിഞ്ഞാറ് യഹോവയുടെ നാമത്തെയും കിഴക്ക് അവിടുത്തെ മഹത്ത്വത്തെയും ഭയപ്പെടും; കെട്ടിനിന്നതും യഹോവയുടെ ശ്വാസം തള്ളിപ്പായിക്കുന്നതുമായ ഒരു നദിപോലെ അവിടുന്ന് വരും.20എന്നാൽ “സീയോനും യാക്കോബിൽ അതിക്രമം വിട്ടുതിരിയുന്നവർക്കും അവൻ വീണ്ടെടുപ്പുകാരനായി വരും” എന്നു യഹോവയുടെ അരുളപ്പാട്.
21“ഞാൻ അവരോടു ചെയ്തിരിക്കുന്ന നിയമം ഇതാകുന്നു” എന്നു യഹോവ അരുളിച്ചെയ്യുന്നു: “നിന്റെമേലുള്ള എന്റെ ആത്മാവും നിന്റെ വായിൽ ഞാൻ തന്ന എന്റെ വചനങ്ങളും നിന്റെ വായിൽനിന്നും നിന്റെ സന്തതിയുടെ വായിൽനിന്നും നിന്റെ സന്തതിയുടെ സന്തതിയുടെ വായിൽനിന്നും ഇന്നുമുതൽ ഒരുനാളും വിട്ടുപോകുകയില്ല” എന്നു യഹോവ അരുളിച്ചെയ്യുന്നു.


1 59:3 ജപിക്കുന്നു ആവര്‍ത്തിച്ചു ചൊല്ലുക, പിറുപിറുക്കുക, പതുക്കെ പറയുക എന്നും അർത്ഥം ഉണ്ട്.
2 59:12 ഞങ്ങൾക്കു ബോദ്ധ്യമായിരിക്കുന്നു ഞങ്ങളോടൊപ്പമുണ്ട്.

60

1“എഴുന്നേറ്റു പ്രകാശിക്കുക; നിന്റെ പ്രകാശം വന്നിരിക്കുന്നു; യഹോവയുടെ തേജസ്സും നിന്റെമേൽ ഉദിച്ചിരിക്കുന്നു.

2അന്ധകാരം ഭൂമിയെയും കൂരിരുട്ടു ജനതകളെയും മൂടുന്നു; നിന്റെമേലോ യഹോവ ഉദിക്കും; അവിടുത്തെ തേജസ്സും നിന്റെമേൽ പ്രത്യക്ഷമാകും.3ജാതികൾ നിന്റെ പ്രകാശത്തിലേക്കും രാജാക്കന്മാർ നിന്റെ ഉദയശോഭയിലേക്കും വരും.
4നീ തല പൊക്കി ചുറ്റും നോക്കുക; അവർ എല്ലാവരും ഒന്നിച്ചുകൂടി നിന്റെ അടുക്കൽ വരുന്നു; നിന്റെ പുത്രന്മാർ ദൂരത്തുനിന്നു വരും; നിന്റെ പുത്രിമാരെ എളിയിൽ വഹിച്ചുകൊണ്ടു വരും.5അപ്പോൾ നീ കണ്ടു ശോഭിക്കും; നിന്റെ ഹൃദയം പിടച്ചു വികസിക്കും; സമുദ്രത്തിന്റെ ധനം നിന്റെ അടുക്കൽ ചേരും; ജാതികളുടെ സമ്പത്തു നിന്റെ അടുക്കൽ വരും.
6ഒട്ടകങ്ങളുടെ കൂട്ടവും മിദ്യാനിലെയും ഏഫയിലെയും ചിറ്റൊട്ടകങ്ങളും1 നിന്നെ മൂടും; ശേബയിൽ നിന്ന് അവർ എല്ലാവരും വരും; പൊന്നും കുന്തുരുക്കവും അവർ കൊണ്ടുവന്നു യഹോവയുടെ സ്തുതിയെ ഘോഷിക്കും.7കേദാരിലെ ആടുകൾ എല്ലാം നിന്റെ അടുക്കൽ ഒന്നിച്ചുകൂടും; നെബായോത്തിലെ മുട്ടാടുകൾ നിനക്കു ശുശ്രൂഷ ചെയ്യും; അവ പ്രസാദമുള്ള യാഗമായി എന്റെ പീഠത്തിന്മേൽ വരും; അങ്ങനെ ഞാൻ എന്റെ മഹത്ത്വമുള്ള ആലയത്തെ മഹത്ത്വപ്പെടുത്തും
8മേഘംപോലെയും അവരുടെ കിളിവാതിലുകളിലേക്കു2 പ്രാവുകളെപ്പോലെയും പറന്നുവരുന്ന ഇവർ ആര്?9ദൂരത്തുനിന്നു നിന്റെ മക്കളെ അവരുടെ പൊന്നും വെള്ളിയുമായി നിന്റെ ദൈവമായ യഹോവയുടെ നാമത്തിനും അവിടുന്ന് നിന്നെ മഹത്ത്വപ്പെടുത്തിയിരിക്കുകകൊണ്ടു യിസ്രായേലിന്റെ പരിശുദ്ധനും കൊണ്ടുവരേണ്ടതിനു ദ്വീപുവാസികളും തർശീശ് കപ്പലുകൾ ഒന്നാമതായും എനിക്കായി കാത്തിരിക്കുന്നു.
10അന്യജാതിക്കാർ നിന്റെ മതിലുകളെ പണിയും; അവരുടെ രാജാക്കന്മാർ നിനക്കു ശുശ്രൂഷ ചെയ്യും; എന്റെ ക്രോധത്തിൽ ഞാൻ നിന്നെ അടിച്ചു; എങ്കിലും എന്റെ പ്രീതിയിൽ എനിക്കു നിന്നോടു കരുണ തോന്നും.11ജാതികളുടെ സമ്പത്തും യാത്രാസംഘത്തിൽ അവരുടെ രാജാക്കന്മാരെയും നിന്റെ അടുക്കൽ കൊണ്ടുവരേണ്ടതിനു നിന്റെ വാതിലുകൾ രാവും പകലും അടയ്ക്കപ്പെടാതെ എല്ലായ്പോഴും തുറന്നിരിക്കും.
12നിന്നെ സേവിക്കാത്ത ജനതയും രാജ്യവും നശിച്ചുപോകും; ആ ജനതകൾ അശേഷം ശൂന്യമായിപ്പോകും.13എന്റെ വിശുദ്ധമന്ദിരമുള്ള സ്ഥലത്തിനു ഭംഗിവരുത്തുവാനായി ലെബാനോന്റെ മഹത്ത്വവും സരളവൃക്ഷവും പയിനും പുന്നയും ഒരുപോലെ നിന്റെ അടുക്കൽ വരും; അങ്ങനെ ഞാൻ എന്റെ പാദസ്ഥാനത്തെ മഹത്ത്വീകരിക്കും.
14നിന്നെ ക്ലേശിപ്പിച്ചവരുടെ പുത്രന്മാർ നിന്റെ അടുക്കൽ വണങ്ങിക്കൊണ്ടു വരും; നിന്നെ നിന്ദിച്ചവരെല്ലാം നിന്റെ കാല് പിടിച്ചു നമസ്കരിക്കും; അവർ നിന്നെ യഹോവയുടെ നഗരം എന്നും യിസ്രായേലിൻ പരിശുദ്ധന്റെ സീയോൻ എന്നും വിളിക്കും.
15ആരും കടന്നുപോകാത്തവിധം നീ നിർജ്ജനവും ദ്വേഷവിഷയവും ആയിരുന്നതിനു പകരം ഞാൻ നിന്നെ നിത്യമാഹാത്മ്യവും തലമുറതലമുറയായുള്ള ആനന്ദവും ആക്കിത്തീർക്കും.16നീ ജാതികളുടെ പാല് കുടിക്കും; രാജാക്കന്മാരുടെ മുല കുടിക്കും; യഹോവയായ ഞാൻ നിന്റെ രക്ഷകൻ എന്നും യാക്കോബിന്റെ വല്ലഭൻ നിന്റെ വീണ്ടെടുപ്പുകാരൻ എന്നും നീ അറിയും.
17ഞാൻ താമ്രത്തിനു പകരം സ്വർണ്ണം വരുത്തും; ഇരിമ്പിനു പകരം വെള്ളിയും മരത്തിനു പകരം താമ്രവും കല്ലിനു പകരം ഇരിമ്പും വരുത്തും; ഞാൻ സമാധാനത്തെ നിനക്കു നായകന്മാരും നീതിയെ നിനക്കു അധിപതിമാരും ആക്കും.18ഇനി നിന്റെ ദേശത്തു അക്രമവും നിന്റെ അതിരിനകത്തു ശൂന്യവും നാശവും കേൾക്കുകയില്ല; നിന്റെ മതിലുകൾക്കു രക്ഷ എന്നും നിന്റെ വാതിലുകൾക്കു സ്തുതി എന്നും നീ പേര് പറയും.
19ഇനി പകൽനേരത്തു നിന്റെ വെളിച്ചം സൂര്യനല്ല; നിനക്കു നിലാവെട്ടം തരുന്നതു ചന്ദ്രനുമല്ല; യഹോവ നിനക്കു നിത്യപ്രകാശവും നിന്റെ ദൈവം നിന്റെ തേജസ്സും ആകുന്നു.20നിന്റെ സൂര്യൻ ഇനി അസ്തമിക്കുകയില്ല; നിന്റെ ചന്ദ്രൻ മറഞ്ഞുപോവുകയുമില്ല; യഹോവ നിന്റെ നിത്യപ്രകാശമായിരിക്കും; നിന്റെ ദുഃഖകാലം തീർന്നുപോകും.
21നിന്റെ ജനമെല്ലാം നീതിമാന്മാരാകും; ഞാൻ മഹത്ത്വപ്പെടേണ്ടതിനു എന്റെ നടുതലയുടെ3 മുളയും എന്റെ കൈകളുടെ പ്രവൃത്തിയും ആയിട്ട് അവർ ദേശത്തെ സദാകാലത്തേക്കും കൈവശമാക്കും.22കുറഞ്ഞവൻ ആയിരവും ചെറിയവൻ മഹാജനതയും ആയിത്തീരും; യഹോവയായ ഞാൻ തക്ക സമയത്ത് അതിനെ വേഗത്തിൽ നിവർത്തിക്കും.”


1 60:6 ചിറ്റൊട്ടകങ്ങളും ഒട്ടകങ്ങളുടെ വർഗ്ഗത്തിലെ ചെറിയ തരം ഒട്ടകങ്ങൾ.
2 60:8 കിളിവാതിൽ വീടിന്‍റെ ഭിത്തിയില്‍ കുറെ ഉയരത്തില്‍ വയ്ക്കുന്ന ചെറുവാതില്‍ (കിളികള്‍ക്കുമാത്രം കടക്കത്തക്കവിധത്തിലുള്ള) ചെറു ജനല്‍.
3 60:21 നടുതലയുടെ വള്ളിതല മുറിച്ചു നടുമ്പോൾ ചുവടും മണ്ടയും എടുക്കാറില്ല നടുഭാഗമാണ് എടുക്കാറുള്ളത് അതാണ് നടുതല.

61

1എളിയവരോടു സദ്വർത്തമാനം ഘോഷിക്കുവാൻ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കുകകൊണ്ടു യഹോവയായ കർത്താവിന്റെ ആത്മാവ് എന്റെമേൽ ഇരിക്കുന്നു; ഹൃദയം തകർന്നവരെ മുറിവുകെട്ടുവാനും തടവുകാർക്കു വിടുതലും ബദ്ധന്മാർക്കു സ്വാതന്ത്ര്യവും അറിയിക്കുവാനും

2യഹോവയുടെ പ്രസാദവർഷവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും ദുഃഖിതന്മാരെയെല്ലാം ആശ്വസിപ്പിക്കുവാനും
3സീയോനിലെ ദുഃഖിതന്മാർക്കു ചാരത്തിനു പകരം അലങ്കാരമാലയും ദുഃഖത്തിനു പകരം ആനന്ദതൈലവും വിഷാദമനസ്സിനു പകരം സ്തുതി എന്ന മേലാടയും കൊടുക്കുവാനും അവൻ എന്നെ അയച്ചിരിക്കുന്നു; അവൻ മഹത്ത്വീകരിക്കപ്പെടേണ്ടതിന് അവർക്ക് നീതിവൃക്ഷങ്ങൾ എന്നും യഹോവയുടെ നടുതല എന്നും പേരാകും.
4അവർ പുരാതനശൂന്യങ്ങളെ പണിയുകയും പൂർവ്വന്മാരുടെ നിർജ്ജനസ്ഥലങ്ങളെ നന്നാക്കുകയും തലമുറതലമുറയായി നിർജ്ജനമായിരുന്ന ശൂന്യനഗരങ്ങളെ കേടു പോക്കുകയും ചെയ്യും.5അന്യജാതിക്കാർ നിന്നു നിങ്ങളുടെ ആട്ടിൻ കൂട്ടങ്ങളെ മേയ്ക്കും; പരദേശക്കാർ നിങ്ങൾക്കു ഉഴവുകാരും മുന്തിരിത്തോട്ടക്കാരും1 ആയിരിക്കും.
6നിങ്ങളോ യഹോവയുടെ പുരോഹിതന്മാർ എന്നു വിളിക്കപ്പെടും; നമ്മുടെ ദൈവത്തിന്റെ ശുശ്രൂഷകന്മാർ എന്നും നിങ്ങൾക്കു പേരാകും; നിങ്ങൾ ജാതികളുടെ സമ്പത്ത് അനുഭവിച്ചു, അവരുടെ മഹത്ത്വത്തിനു അവകാശികൾ ആയിത്തീരും.7നാണത്തിനു പകരം നിങ്ങൾക്ക് ഇരട്ടിയായി പ്രതിഫലം കിട്ടും; ലജ്ജയ്ക്കു പകരം അവർ അവരുടെ ഓഹരിയിൽ സന്തോഷിക്കും; അങ്ങനെ അവർ അവരുടെ ദേശത്ത് ഇരട്ടി അവകാശം പ്രാപിക്കും; നിത്യാനന്ദം അവർക്ക് ഉണ്ടാകും.
8“യഹോവയായ ഞാൻ ന്യായത്തെ ഇഷ്ടപ്പെടുകയും അന്യായമായ കവർച്ചയെ വെറുക്കുകയും ചെയ്യുന്നു; ഞാൻ വിശ്വസ്തതയോടെ അവർക്കു പ്രതിഫലം കൊടുത്ത് അവരോടു ഒരു ശാശ്വതനിയമം ചെയ്യും.9ജാതികളുടെ ഇടയിൽ അവരുടെ പിൻതലമുറയെയും വംശങ്ങളുടെ മദ്ധ്യത്തിൽ അവരുടെ സന്തതിയെയും അറിയും; അവരെ കാണുന്നവർ എല്ലാവരും അവരെ യഹോവ അനുഗ്രഹിച്ച സന്തതി എന്ന് അറിയും.”
10ഞാൻ യഹോവയിൽ ഏറ്റവും ആനന്ദിക്കും; എന്റെ ഉള്ളം എന്റെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും; മണവാളൻ തലപ്പാവ് അണിയുന്നതുപോലെയും മണവാട്ടി ആഭരണങ്ങളാൽ സ്വയം അലങ്കരിക്കുന്നതുപോലെയും അവൻ എന്നെ രക്ഷാവസ്ത്രം ധരിപ്പിച്ചു നീതി എന്ന അങ്കി ഇടുവിച്ചിരിക്കുന്നു.11ഭൂമി തൈകളെ മുളപ്പിക്കുന്നതുപോലെയും തോട്ടം അതിൽ വിതച്ച വിത്തിനെ കിളിർപ്പിക്കുന്നതുപോലെയും യഹോവയായ കർത്താവ് സകല ജനതകളും കാൺകെ നീതിയെയും സ്തുതിയെയും മുളപ്പിക്കും.


1 61:5 മുന്തിരിത്തോട്ടക്കാരും മുന്തിരിത്തോട്ടത്തിൽ പണിയെടുക്കുന്നവർ.

62

1സീയോനെപ്രതി ഞാൻ മിണ്ടാതെ ഇരിക്കുകയില്ല, യെരൂശലേമിനെപ്രതി ഞാൻ അടങ്ങിയിരിക്കുകയുമില്ല; അതിന്റെ നീതി പ്രകാശംപോലെയും അതിന്റെ രക്ഷ, കത്തുന്ന വിളക്കുപോലെയും വിളങ്ങിവരുവോളം തന്നെ.2ജാതികൾ നിന്റെ നീതിയെയും സകലരാജാക്കന്മാരും നിന്റെ മഹത്ത്വത്തെയും കാണും; യഹോവയുടെ വായ് കല്പിക്കുന്ന പുതിയ പേര് നിനക്കു വിളിക്കപ്പെടും.

3യഹോവയുടെ കൈയിൽ നീ ഭംഗിയുള്ള കിരീടവും നിന്റെ ദൈവത്തിന്റെ കൈയിൽ രാജമുടിയും1 ആയിരിക്കും.4നിന്നെ ഇനി അസൂബാ (പരിത്യക്ത) എന്നു വിളിക്കുകയില്ല; നിന്റെ ദേശത്തെ ശെമാമാ (ശൂന്യം) എന്നു പറയുകയുമില്ല; നിനക്കു ഹെഫ്സീബാ (ഇഷ്ട) എന്നും നിന്റെ ദേശത്തിനു ബെയൂലാ (വിവാഹസ്ഥ) എന്നും പേര് ആകും; യഹോവയ്ക്കു നിന്നോടു പ്രിയമുണ്ടല്ലോ; നിന്റെ ദേശത്തിനു വിവാഹം കഴിയും.
5യൗവനക്കാരൻ കന്യകയെ വിവാഹം ചെയ്യുന്നതുപോലെ നിന്റെ പുത്രന്മാർ നിന്നെ വിവാഹം ചെയ്യും; മണവാളൻ മണവാട്ടിയിൽ സന്തോഷിക്കുന്നതുപോലെ നിന്റെ ദൈവം നിന്നിൽ സന്തോഷിക്കും.
6യെരൂശലേമേ, ഞാൻ നിന്റെ മതിലുകളിന്മേൽ കാവല്ക്കാരെ ആക്കിയിരിക്കുന്നു; അവർ രാവോ പകലോ ഒരിക്കലും മിണ്ടാതെയിരിക്കുകയില്ല; യഹോവയെ ഓർമിപ്പിക്കുന്നവരേ, നിങ്ങൾ സ്വസ്ഥമായിരിക്കരുത്.7അവിടുന്ന് യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തുവോളവും ഭൂമിയിൽ അതിനെ പ്രശംസാവിഷയമാക്കുവോളവും അവിടുത്തേക്കു സ്വസ്ഥത കൊടുക്കുകയുമരുത്.
8“ഇനി ഞാൻ നിന്റെ ധാന്യം നിന്റെ ശത്രുക്കൾക്കു ആഹാരമായി കൊടുക്കുകയില്ല; നീ അദ്ധ്വാനിച്ചുണ്ടാക്കിയ വീഞ്ഞ് അന്യജാതിക്കാർ കുടിച്ചുകളയുകയുമില്ല” എന്നു യഹോവ തന്റെ വലംകൈയും തന്റെ ബലമുള്ള ഭുജവും തൊട്ടു സത്യം ചെയ്തിരിക്കുന്നു.9“അതിനെ ശേഖരിച്ചവർതന്നെ അതു ഭക്ഷിച്ചു യഹോവയെ സ്തുതിക്കും; അതിനെ സംഭരിച്ചവർ തന്നെ എന്റെ വിശുദ്ധപ്രാകാരങ്ങളിൽവച്ച് അതു പാനം ചെയ്യും.”
10കടക്കുവിൻ; വാതിലുകളിൽകൂടി കടക്കുവിൻ; ജനത്തിനു വഴി ഒരുക്കുവിൻ; നികത്തുവിൻ; പ്രധാനപാത നികത്തുവിൻ; കല്ലു പെറുക്കിക്കളയുവിൻ; ജനതകൾക്കായിട്ട് ഒരു കൊടി ഉയർത്തുവിൻ.
11“ ‘ഇതാ, നിന്റെ രക്ഷ വരുന്നു; കൂലി അവന്റെ പക്കലും പ്രതിഫലം അവന്റെ കൈയിലും ഉണ്ട് ’ എന്നു സീയോൻ പുത്രിയോടു പറയുവിൻ” എന്നിങ്ങനെ യഹോവ ഭൂമിയുടെ അറുതിയോളം ഘോഷിപ്പിച്ചിരിക്കുന്നു.12അവർ അവരെ വിശുദ്ധജനമെന്നും യഹോവയുടെ വിമുക്തന്മാ2 രെന്നും വിളിക്കും; നിനക്കോ അന്വേഷിക്കപ്പെട്ടവൾ എന്നും ഉപേക്ഷിക്കപ്പെടാത്ത നഗരം എന്നും പേര് ആകും.


1 62:3 രാജമുടിയും രാജകീയ മകുടവും.
2 62:12 വിമുക്തന്മാർ വീണ്ടെടുക്കപ്പെട്ടവർ എന്നും ചില വിവർത്തനങ്ങളിൽ കാണാം.

63

1എദോമിൽ നിന്നു, രക്താംബരം ധരിച്ചുകൊണ്ടു ബൊസ്രയിൽനിന്നു വരുന്നോരിവൻ ആര്? വസ്ത്രാലംകൃതനായി തന്റെ ശക്തിയുടെ മാഹാത്മ്യത്തിൽ നടകൊള്ളുന്നോരിവൻ ആര്? “നീതിയെ അരുളിച്ചെയ്യുന്നവനും രക്ഷിക്കുവാൻ വല്ലഭനുമായ ഞാൻ തന്നെ.”2നിന്റെ ഉടുപ്പു ചുവന്നിരിക്കുന്നതെന്ത്? നിന്റെ വസ്ത്രം മുന്തിരിച്ചക്കു ചവിട്ടുന്നവന്റേതുപോലെ ആയിരിക്കുന്നതെന്ത്?

3“ഞാൻ ഏകനായി മുന്തിരിച്ചക്കു ചവിട്ടി; ജനതകളിൽ ആരും എന്നോടുകൂടി ഉണ്ടായിരുന്നില്ല; എന്റെ കോപത്തിൽ ഞാൻ അവരെ ചവിട്ടി, എന്റെ ക്രോധത്തിൽ അവരെ മെതിച്ചുകളഞ്ഞു; അവരുടെ രക്തം എന്റെ വസ്ത്രത്തിൽ തെറിച്ചു; എന്റെ ഉടുപ്പെല്ലാം മലിനമായിരിക്കുന്നു.4ഞാൻ ഒരു പ്രതികാരദിവസം കരുതിയിരുന്നു; എന്റെ വിമുക്തന്മാരുടെ1 സംവത്സരം വന്നിരുന്നു.
5ഞാൻ നോക്കി എങ്കിലും സഹായിക്കുവാൻ ആരുമില്ലായിരുന്നു; ഞാൻ വിസ്മയിച്ചു നോക്കി എങ്കിലും തുണയ്ക്കുവാൻ ആരെയും കണ്ടില്ല; അതുകൊണ്ട് എന്റെ ഭുജം തന്നെ എനിക്കു രക്ഷ വരുത്തി; എന്റെ ക്രോധം തന്നെ എനിക്കു തുണനിന്നു.6ഞാൻ എന്റെ കോപത്തിൽ ജനതകളെ ചവിട്ടി, എന്റെ ക്രോധത്തിൽ അവരെ മത്തുപിടിപ്പിച്ചു, അവരുടെ രക്തം ഞാൻ നിലത്തു വീഴ്ത്തിക്കളഞ്ഞു.”
7യഹോവ നമുക്കു നല്കിയതുപോലെ ഒക്കെയും ഞാൻ യഹോവയുടെ പ്രീതിവാത്സല്യത്തെയും യഹോവയുടെ സ്തുതിയെയും അവിടുത്തെ കരുണയ്ക്കും മഹാദയയ്ക്കും ഒത്തവണ്ണം അവിടുന്ന് യിസ്രായേൽ ഗൃഹത്തിനു കാണിച്ച വലിയ നന്മയെയും കീർത്തിക്കും.8“അവർ എന്റെ ജനം, കപടം കാണിക്കാത്ത മക്കൾതന്നെ” എന്നു പറഞ്ഞ് അവിടുന്ന് അവർക്കു രക്ഷിതാവായിത്തീർന്നു.
9അവരുടെ കഷ്ടതയിൽ എല്ലാം അവിടുന്ന് കഷ്ടപ്പെട്ടു; അവിടുത്തെ സന്മുഖദൂതൻ2 അവരെ രക്ഷിച്ചു; തന്റെ സ്നേഹത്തിലും കനിവിലും അവിടുന്ന് അവരെ വീണ്ടെടുത്തു; പുരാതനകാലത്തെല്ലാം അവിടുന്ന് അവരെ ചുമന്നുകൊണ്ടു നടന്നു.
10എന്നാൽ അവർ മത്സരിച്ചു അവന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിച്ചു; അതുകൊണ്ട് അവൻ അവർക്കു ശത്രുവായിത്തീർന്നു താൻ തന്നെ അവരോടു യുദ്ധം ചെയ്തു.
11അപ്പോൾ അവന്റെ ജനം മോശെയുടെ കാലമായ പുരാതന കാലം ഓർത്തു പറഞ്ഞത്: അവരെ തന്റെ ആടുകളുടെ ഇടയനോടുകൂടി സമുദ്രത്തിൽനിന്നു കരേറുമാറാക്കിയവൻ എവിടെ? അവരുടെ ഉള്ളിൽ തന്റെ പരിശുദ്ധാത്മാവിനെ കൊടുത്തവൻ എവിടെ?
12തന്റെ മഹത്ത്വമുള്ള ഭുജംകൊണ്ട് മോശെയുടെ വലംകൈയാൽ അവരെ നടത്തിയവൻ തനിക്കു ഒരു ശാശ്വതനാമം ഉണ്ടാക്കേണ്ടതിനു അവരുടെ മുമ്പിൽ വെള്ളം വിഭാഗിക്കുകയും13അവർ ഇടറാത്തവിധം മരുഭൂമിയിൽ ഒരു കുതിരയെപ്പോലെ അവരെ ആഴങ്ങളിൽകൂടി നടത്തുകയും ചെയ്തവൻ എവിടെ?
14താഴ്വരയിലേക്കു ഇറങ്ങിച്ചെല്ലുന്ന കന്നുകാലികളെപ്പോലെ യഹോവയുടെ ആത്മാവ് അവരെ വിശ്രമിക്കുമാറാക്കി; അങ്ങനെ നീ നിനക്കു മഹത്ത്വമുള്ള ഒരു നാമം ഉണ്ടാക്കേണ്ടതിനു നിന്റെ ജനത്തെ നടത്തി.
15സ്വർഗ്ഗത്തിൽനിന്നു നോക്കി, വിശുദ്ധിയും മഹത്ത്വവുമുള്ള നിന്റെ വാസസ്ഥലത്തുനിന്നു കടാക്ഷിക്കണമേ! നിന്റെ തീക്ഷ്ണതയും വീര്യപ്രവൃത്തികളും എവിടെ? നിന്റെ മനസ്സലിവും കരുണയും എന്നോടു കാണിക്കാത്തവിധം നീ അടക്കിവച്ചിരിക്കുന്നു.16നീയല്ലയോ ഞങ്ങളുടെ പിതാവ്; അബ്രാഹാം ഞങ്ങളെ അറിയുന്നില്ല; യിസ്രായേൽ ഞങ്ങളെ തിരിച്ചറിയുന്നതുമില്ല3 ; നീയോ യഹോവേ, ഞങ്ങളുടെ പിതാവാകുന്നു; യുഗാരംഭംമുതൽ ഞങ്ങളുടെ വീണ്ടെടുപ്പുകാരൻ എന്നാകുന്നു നിന്റെ നാമം.
17യഹോവേ, നീ ഞങ്ങളെ നിന്റെ വഴി വിട്ടു തെറ്റുമാറാക്കുന്നതും നിന്നെ ഭയപ്പെടാത്തവിധം ഞങ്ങളുടെ ഹൃദയത്തെ കഠിനമാക്കുന്നതും എന്ത്? നിന്റെ അവകാശഗോത്രങ്ങളായ നിന്റെ ദാസന്മാർനിമിത്തം മടങ്ങിവരേണമേ.
18നിന്റെ വിശുദ്ധജനത്തിനു അല്പകാലത്തേക്കു മാത്രം കൈവശമായ ശേഷം നിന്റെ വിശുദ്ധമന്ദിരത്തെ ഞങ്ങളുടെ വൈരികൾ ചവിട്ടിക്കളഞ്ഞു.19ഞങ്ങൾ ഇതാ, നീ ഒരിക്കലും ഭരിച്ചിട്ടില്ലാത്തവരും നിന്റെ നാമം വിളിക്കപ്പെട്ടിട്ടില്ലാത്തവരും എന്നപോലെ ആയിത്തീർന്നിരിക്കുന്നു.


1 63:4 വിമുക്തന്മാരുടെ വീണ്ടെടുക്കപ്പെട്ടവരുടെ എന്നുമാകാം.
2 63:9 സമ്മുഖദൂതൻ ദൈവസന്നിധിയിൽ നിൽക്കുന്ന ദൂതൻ.
3 63:16 തിരിച്ചറിയുന്നതുമില്ല അംഗീകരിക്കുന്നതുമില്ല എന്നും ഉണ്ട്.

64

1അയ്യോ, ജനതകൾ തിരുമുമ്പിൽ വിറയ്ക്കത്തക്കവിധം നിന്റെ നാമത്തെ നിന്റെ എതിരാളികൾക്കു വെളിപ്പെടുത്തുവാൻ തീയിൽ ചുള്ളി കത്തുന്നതു പോലെയും2തീ കൊണ്ടു വെള്ളം തിളയ്ക്കുന്നതുപോലെയും മലകൾ നിന്റെ മുമ്പിൽ ഉരുകിപ്പോകത്തക്കവിധം നീ ആകാശം കീറി ഇറങ്ങിവന്നെങ്കിൽ കൊള്ളാമായിരുന്നു!

3ഞങ്ങൾ വിചാരിച്ചിട്ടില്ലാത്ത ഭയങ്കരകാര്യങ്ങൾ നീ പ്രവർത്തിച്ചപ്പോൾ നീ ഇറങ്ങിവരുകയും മലകൾ തിരുമുമ്പിൽ ഉരുകിപ്പോകുകയും ചെയ്തുവല്ലോ.4നീയല്ലാതെ ഒരു ദൈവം തന്നെ കാത്തിരിക്കുന്നവനുവേണ്ടി പ്രവർത്തിക്കുന്നതു പണ്ടുമുതൽ ആരും കേട്ടിട്ടില്ല, ഗ്രഹിച്ചിട്ടില്ല, കണ്ണുകൊണ്ടു കണ്ടിട്ടുമില്ല.
5സന്തോഷിച്ചു നീതി പ്രവർത്തിക്കുന്നവരെ നീ എതിരേല്ക്കുന്നു; അവർ നിന്റെ വഴികളിൽ നിന്നെ ഓർക്കുന്നു; ഞങ്ങൾ പാപംചെയ്തതുകൊണ്ട് നീ കോപിച്ചു; ഇതിൽ ഞങ്ങൾ ബഹുകാലം കഴിച്ചു; ഞങ്ങൾക്കു രക്ഷ ഉണ്ടാകുമോ?
6ഞങ്ങൾ എല്ലാവരും അശുദ്ധനെപ്പോലെ ആയിത്തീർന്നു; ഞങ്ങളുടെ നീതിപ്രവർത്തികൾ സകലവും കറപുരണ്ട തുണിപോലെ; ഞങ്ങൾ എല്ലാവരും ഇലപോലെ വാടിപ്പോകുന്നു; ഞങ്ങളുടെ അകൃത്യങ്ങൾ ഞങ്ങളെ കാറ്റുപോലെ പറപ്പിച്ചുകളയുന്നു.7നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവനും നിന്നെ മുറുകെ പിടിക്കുവാൻ ഉത്സാഹിക്കുന്നവനും ആരുമില്ല; നിന്റെ മുഖം ഞങ്ങൾ കാണാത്തവിധം നീ മറച്ചുവച്ചു ഞങ്ങളുടെ അകൃത്യങ്ങൾക്കു ഞങ്ങളെ ഏല്പിച്ചിരിക്കുന്നു.
8എന്നാൽ യഹോവേ, നീ ഞങ്ങളുടെ പിതാവ്; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയാകുന്നു;9യഹോവേ, ഉഗ്രമായി കോപിക്കരുതേ; അകൃത്യം എന്നേക്കും ഓർക്കരുതേ; അയ്യോ, കടാക്ഷിക്കണമേ; ഞങ്ങൾ എല്ലാവരും നിന്റെ ജനമല്ലയോ.
10നിന്റെ വിശുദ്ധനഗരങ്ങൾ ഒരു മരുഭൂമിയായിരിക്കുന്നു; സീയോൻ മരുഭൂമിയും യെരൂശലേം നിർജ്ജനപ്രദേശവും ആയിത്തീർന്നിരിക്കുന്നു.11ഞങ്ങളുടെ പിതാക്കന്മാർ നിന്നെ സ്തുതിച്ചുപോന്നിരുന്നതായി വിശുദ്ധിയും ഭംഗിയും ഉള്ള ഞങ്ങളുടെ ആലയം തീയ്ക്ക് ഇരയായിത്തീർന്നു; ഞങ്ങൾക്കു മനോഹരമായിരുന്ന സകലവും ശൂന്യമായി കിടക്കുന്നു.12യഹോവേ, നീ ഇതു കണ്ടു അടങ്ങിയിരിക്കുമോ? നീ മിണ്ടാതെയിരുന്നു ഞങ്ങളെ അതികഠിനമായി ക്ലേശിപ്പിക്കുമോ?

65

1“എന്നെ ആഗ്രഹിക്കാത്തവർ എന്നെ അന്വേഷിക്കുവാൻ ഇടയായി; എന്നെ അന്വേഷിക്കാത്തവർക്ക് എന്നെ കണ്ടെത്തുവാൻ സംഗതി വന്നു; എന്റെ നാമം വിളിച്ചപേക്ഷിക്കാത്ത ജനതയോട്: ‘ഇതാ ഞാൻ, ഇതാ ഞാൻ’ എന്നു ഞാൻ പറഞ്ഞു.2സ്വന്ത വിചാരങ്ങളെ അനുസരിച്ച് ആകാത്ത വഴിയിൽ നടക്കുന്ന മത്സരമുള്ള ജനത്തിങ്കലേക്കു ഞാൻ ഇടവിടാതെ കൈ നീട്ടുന്നു.

3അവർ എന്റെ മുഖത്തു നോക്കി എല്ലായ്പോഴും എന്നെ കോപിപ്പിക്കുന്ന ഒരു ജനമായി തോട്ടങ്ങളിൽ ബലികഴിക്കുകയും ഇഷ്ടികമേൽ ധൂപം കാണിക്കുകയും4കല്ലറകളിൽ കുത്തിയിരിക്കുകയും ഗുഹകളിൽ രാത്രി പാർക്കുകയും പന്നിയിറച്ചി തിന്നുകയും പാത്രങ്ങളിൽ അറപ്പായ ചാറു നിറയ്ക്കുകയും ‘മാറി നില്ക്ക; ഇങ്ങോട്ട് അടുക്കരുത്;
5ഞാൻ നിന്നെക്കാൾ ശുദ്ധൻ’ എന്നു പറയുകയും ചെയ്യുന്നു; അവർ എന്റെ മൂക്കിൽ പുകയും ഇടവിടാതെ കത്തുന്ന തീയും ആകുന്നു.
6അത് എന്റെ മുമ്പാകെ എഴുതിവച്ചിരിക്കുന്നു; ഞാൻ പകരം വീട്ടിയിട്ടല്ലാതെ അടങ്ങിയിരിക്കുകയില്ല; അവരുടെ മാർവ്വിടത്തിലേക്ക് തന്നെ ഞാൻ പകരം വീട്ടും.7നിങ്ങളുടെ അകൃത്യങ്ങൾക്കും മലകളിന്മേൽ ധൂപം കാട്ടുകയും കുന്നുകളിന്മേൽ എന്നെ ദുഷിക്കുകയും ചെയ്തിട്ടുള്ള നിങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങൾക്കും കൂടെ പകരം വീട്ടും; ഞാൻ അവരുടെ മുൻകാലപ്രവൃത്തികളെ അവരുടെ മാർവ്വിടത്തിലേക്ക് അളന്നുകൊടുക്കും” എന്നു യഹോവ അരുളിച്ചെയ്യുന്നു.
8യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മുന്തിരിക്കുലയിൽ പുതുവീഞ്ഞു കണ്ടിട്ട്; ‘നശിപ്പിക്കരുത്; ഒരനുഗ്രഹം അതിൽ ഉണ്ട് ’ എന്നു പറയുന്നതുപോലെ ഞാൻ എന്റെ ദാസന്മാർനിമിത്തം പ്രവർത്തിക്കും; എല്ലാവരെയും നശിപ്പിക്കുകയില്ല.
9ഞാൻ യാക്കോബിൽനിന്ന് ഒരു സന്തതിയെയും യെഹൂദയിൽനിന്ന് എന്റെ പർവ്വതങ്ങൾക്ക് ഒരു അവകാശിയെയും ഉത്ഭവിപ്പിക്കും; എന്റെ വൃതന്മാർ അതിനെ കൈവശമാക്കുകയും എന്റെ ദാസന്മാർ അവിടെ വസിക്കുകയും ചെയ്യും.10എന്നെ അന്വേഷിച്ചിട്ടുള്ള എന്റെ ജനത്തിനായി ശാരോൻ ആടുകൾക്കു മേച്ചിൽപുറവും ആഖോർതാഴ്വര കന്നുകാലികൾക്കു കിടപ്പിടവും ആയിരിക്കും.
11എന്നാൽ യഹോവയെ ഉപേക്ഷിക്കുകയും എന്റെ വിശുദ്ധപർവ്വതത്തെ മറക്കുകയും ഗദ് ദേവന് ഒരു മേശ ഒരുക്കി മെനിദേവിക്കു വീഞ്ഞു കലർത്തി നിറച്ചുവയ്ക്കുകയും ചെയ്യുന്നവരേ,
12ഞാൻ വിളിച്ചപ്പോൾ നിങ്ങൾ ഉത്തരം പറയാതെയും ഞാൻ അരുളിച്ചെയ്തപ്പോൾ കേൾക്കാതെയും എനിക്ക് അനിഷ്ടമായുള്ളതു പ്രവർത്തിച്ച് എനിക്കു പ്രസാദമല്ലാത്തതു തിരഞ്ഞെടുത്തതുകൊണ്ടു ഞാൻ നിങ്ങളെ വാളിനു നിയമിച്ചുകൊടുക്കും; നിങ്ങൾ എല്ലാവരും കൊലയ്ക്കു കുനിയേണ്ടിവരും.”
13അതുകൊണ്ടു യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, എന്റെ ദാസന്മാർ ഭക്ഷിക്കും; നിങ്ങളോ വിശന്നിരിക്കും; എന്റെ ദാസന്മാർ പാനംചെയ്യും; നിങ്ങളോ ദാഹിച്ചിരിക്കും; എന്റെ ദാസന്മാർ സന്തോഷിക്കും; നിങ്ങളോ ലജ്ജിച്ചിരിക്കും.14എന്റെ ദാസന്മാർ ഹൃദയാനന്ദംകൊണ്ടു ഘോഷിക്കും; നിങ്ങളോ മനോവ്യസനംകൊണ്ടു നിലവിളിച്ചു മനോവ്യഥയാൽ അലമുറയിടും.
15നിങ്ങളുടെ പേര് നിങ്ങൾ എന്റെ വൃതന്മാർക്ക് ഒരു ശാപവാക്കായി വെച്ചേച്ചുപോകും; യഹോവയായ കർത്താവ് നിന്നെ കൊന്നുകളയും; തന്റെ ദാസന്മാർക്ക് അവിടുന്ന് വേറൊരു പേര് വിളിക്കും.16മുമ്പിലത്തെ കഷ്ടങ്ങൾ മറന്നുപോവുകയും അവ എന്റെ കണ്ണിനു മറഞ്ഞിരിക്കുകയും ചെയ്കകൊണ്ടു ഭൂമിയിൽ സ്വയം അനുഗ്രഹിക്കുന്നവൻ സത്യദൈവത്താൽ സ്വയം അനുഗ്രഹിക്കും; ഭൂമിയിൽ സത്യം ചെയ്യുന്നവൻ സത്യദൈവത്തെച്ചൊല്ലി സത്യം ചെയ്യും.
17“ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു; മുമ്പിലത്തേവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരുകയുമില്ല.18ഞാൻ സൃഷ്ടിക്കുന്നതിനെക്കുറിച്ച് നിങ്ങൾ സന്തോഷിച്ച് എന്നേക്കും ഘോഷിച്ചുല്ലസിക്കുവിൻ; ഇതാ, ഞാൻ യെരൂശലേമിനെ ഉല്ലാസപ്രദമായും അതിലെ ജനത്തെ ആനന്ദപ്രദമായും സൃഷ്ടിക്കുന്നു.19ഞാൻ യെരൂശലേമിനെക്കുറിച്ചു സന്തോഷിക്കുകയും എന്റെ ജനത്തെക്കുറിച്ചു ആനന്ദിക്കുകയും ചെയ്യും; കരച്ചിലും നിലവിളിയും ഇനി അതിൽ കേൾക്കുകയില്ല;
20കുറെ ദിവസം മാത്രം ജീവിക്കുന്ന കുട്ടിയും ആയുസ്സു തികയാത്ത വൃദ്ധനും അവിടെ ഇനി ഉണ്ടാവുകയില്ല; ബാലൻ നൂറു വയസ്സു പ്രായമുള്ളവനായി മരിക്കും; പാപിയോ നൂറു വയസ്സുള്ളവനായിരുന്നാലും ശപിക്കപ്പെട്ടവൻ എന്നേ വരൂ.21അവർ വീടുകളെ പണിതു വസിക്കും; അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും.
22അവർ പണിയുക, മറ്റൊരുത്തൻ വസിക്കുക എന്നു വരുകയില്ല; അവർ നടുക, മറ്റൊരുത്തൻ തിന്നുക എന്നും വരുകയില്ല; എന്റെ ജനത്തിന്റെ ആയുസ്സു വൃക്ഷത്തിന്റെ ആയുസ്സുപോലെ ആകും; എന്റെ വൃതന്മാർതന്നെ അവരുടെ അദ്ധ്വാനഫലം അനുഭവിക്കും.23അവർ വെറുതെ അദ്ധ്വാനിക്കുകയില്ല; ആപത്തിനായിട്ടു പ്രസവിക്കുകയുമില്ല; അവർ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവരുടെ സന്തതിയല്ലയോ; അവരുടെ സന്താനം അവരോടുകൂടി ഇരിക്കും.
24അവർ വിളിക്കുന്നതിനുമുമ്പ് ഞാൻ ഉത്തരം അരുളും; അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾതന്നെ ഞാൻ കേൾക്കും.25ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും; സിംഹം കാള എന്നപോലെ വയ്ക്കോൽ തിന്നും; സർപ്പത്തിനു പൊടി ആഹാരമായിരിക്കും; എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്യുകയില്ല” എന്നു യഹോവ അരുളിച്ചെയ്യുന്നു.

66

1യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “സ്വർഗ്ഗം എന്റെ സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു; നിങ്ങൾ എനിക്കു പണിയുന്ന ആലയം ഏതുവിധം? എന്റെ വിശ്രാമസ്ഥലവും ഏത്?

2എന്റെ കൈ ഇതൊക്കെയും ഉണ്ടാക്കി; അങ്ങനെയാകുന്നു ഇതെല്ലാം ഉളവായത് ” എന്നു യഹോവ അരുളിച്ചെയ്യുന്നു; “എങ്കിലും എളിയവനും മനസ്സു തകർന്നവനും എന്റെ വചനത്തിങ്കൽ വിറയ്ക്കുന്നവനുമായ മനുഷ്യനെ ഞാൻ കടാക്ഷിക്കും.
3കാളയെ അറുക്കുകയും മനുഷ്യനെ കൊല്ലുകയും ചെയ്യുന്നവൻ, കുഞ്ഞാടിനെ യാഗം കഴിക്കുകയും നായുടെ കഴുത്ത് ഒടിക്കുകയും ചെയ്യുന്നവൻ, ഭോജനയാഗം കഴിക്കുകയും പന്നിച്ചോര അർപ്പിക്കുകയും ചെയ്യുന്നവൻ, ധൂപം കാണിക്കുകയും മിഥ്യാമൂർത്തിയെ വാഴ്ത്തുകയും ചെയ്യുന്നവൻ, ഇവർ സ്വന്തവഴികളെ തിരഞ്ഞെടുക്കുകയും അവരുടെ മനസ്സ് മ്ലേച്ഛവിഗ്രഹങ്ങളിൽ ഇഷ്ടപ്പെടുകയും ചെയ്യുന്നതുപോലെ ഞാനും അവരെ ഉപദ്രവിക്കുന്നതു തിരഞ്ഞെടുത്ത്
4അവർ ഭയപ്പെടുന്നത് അവർക്കും വരുത്തും; ഞാൻ വിളിച്ചപ്പോൾ ആരും ഉത്തരം പറയാതെയും ഞാൻ അരുളിച്ചെയ്തപ്പോൾ കേൾക്കാതെയും അവർ എനിക്ക് അനിഷ്ടമായുള്ളതു ചെയ്ത് എനിക്കു പ്രസാദമല്ലാത്തതു തിരഞ്ഞെടുത്തതുകൊണ്ടു തന്നെ.”
5യഹോവയുടെ വചനത്തിങ്കൽ വിറയ്ക്കുന്നവരേ, അവന്റെ വചനം കേട്ടുകൊള്ളുവിൻ; “നിങ്ങളെ പകച്ച്, എന്റെ നാമംനിമിത്തം നിങ്ങളെ പുറത്താക്കിക്കളയുന്ന നിങ്ങളുടെ സഹോദരന്മാർ: ‘ഞങ്ങൾ നിങ്ങളുടെ സന്തോഷം കണ്ടു രസിക്കേണ്ടതിനു യഹോവ സ്വയം മഹത്ത്വീകരിക്കട്ടെ’ എന്നു പറയുന്നുവല്ലോ; എന്നാൽ അവർ ലജ്ജിച്ചു പോകും.”
6നഗരത്തിൽനിന്ന് ഒരു മുഴക്കം കേൾക്കുന്നു; മന്ദിരത്തിൽനിന്ന് ഒരു നാദം കേൾക്കുന്നു; തന്റെ ശത്രുക്കളോടു പകരംവീട്ടുന്ന യഹോവയുടെ നാദം തന്നെ.
7“നോവു കിട്ടുംമുമ്പ് അവൾ പ്രസവിച്ചു; വേദന വരുംമുമ്പ് അവൾ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു.8ഈവക ആര് കേട്ടിട്ടുള്ളു? ഇങ്ങനെയുള്ളതു ആര് കണ്ടിട്ടുള്ളു? ഒരു ദേശം ഒരു ദിവസംകൊണ്ടു പിറക്കുമോ? ഒരു ജനത ഒന്നായിട്ടുതന്നെ ജനിക്കുമോ? സീയോൻ, നോവുകിട്ടിയ ഉടൻതന്നെ മക്കളെ പ്രസവിച്ചിരിക്കുന്നു.
9ഞാൻ പ്രസവദ്വാരത്തിങ്കൽ വരുത്തിയിട്ടു പ്രസവിപ്പിക്കാതെ ഇരിക്കുമോ?” എന്നു യഹോവ അരുളിച്ചെയ്യുന്നു; “പ്രസവിക്കുമാറാക്കിയിട്ടു ഞാൻ ഗർഭപാത്രം അടച്ചുകളയുമോ?” എന്നു നിന്റെ ദൈവം അരുളിച്ചെയ്യുന്നു.
10യെരൂശലേമിനെ സ്നേഹിക്കുന്ന ഏവരുമായുള്ളവരേ, അവളോടുകൂടി സന്തോഷിക്കുവിൻ അവളെച്ചൊല്ലി ഘോഷിച്ചുല്ലസിക്കുവിൻ; അവളെച്ചൊല്ലി ദുഃഖിക്കുന്ന ഏവരുമായുള്ളവരേ, അവളോടുകൂടി അത്യന്തം ആനന്ദിക്കുവിൻ.11അവളുടെ സാന്ത്വനസ്തനങ്ങളെ പാനം ചെയ്തു തൃപ്തരാകുകയും അവളുടെ തേജസ്സിൻ കുചാഗ്രങ്ങളെ1 നുകർന്നു രമിക്കുകയും ചെയ്യുവിൻ.
12യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾക്കു കുടിക്കുവാൻവേണ്ടി ഞാൻ അവൾക്കു നദിപോലെ സമാധാനവും കവിഞ്ഞൊഴുകുന്ന തോടുപോലെ ജാതികളുടെ മഹത്ത്വവും നീട്ടിക്കൊടുക്കും; നിങ്ങളെ എളിയിൽ എടുത്തുകൊണ്ടു നടക്കുകയും മുഴങ്കാലിന്മേൽ ഇരുത്തി ലാളിക്കുകയും ചെയ്യും.13അമ്മ ആശ്വസിപ്പിക്കുന്നതുപോലെ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും; നിങ്ങൾ യെരൂശലേമിൽ ആശ്വാസം പ്രാപിക്കും.”
14അതു കണ്ടിട്ടു നിങ്ങളുടെ ഹൃദയം സന്തോഷിക്കും; നിങ്ങളുടെ അസ്ഥികൾ ഇളമ്പുല്ലുപോലെ തഴയ്ക്കും; യഹോവയുടെ കൈ തന്റെ ദാസന്മാർക്കു വെളിപ്പെടും; ശത്രുക്കളോട് അവൻ ക്രോധം കാണിക്കും.
15യഹോവ തന്റെ കോപത്തെ ഉഗ്രതയോടും തന്റെ ശാസനയെ അഗ്നിജ്വാലകളോടുംകൂടി നടത്തുവാൻ അഗ്നിയിൽ പ്രത്യക്ഷമാകും; അവന്റെ രഥങ്ങൾ ചുഴലിക്കാറ്റുപോലെ ആയിരിക്കും.16യഹോവ അഗ്നികൊണ്ടും വാൾകൊണ്ടും സകലജഡത്തോടും വ്യവഹരിക്കും; യഹോവയാൽ വധിക്കപ്പെട്ടവർ2 വളരെ ആയിരിക്കും.
17“തോട്ടങ്ങളിൽ പോകേണ്ടതിനു നടുവിലുള്ളവനെ3 അനുകരിച്ചു അവരെത്തന്നെ ശുദ്ധീകരിച്ചു വെടിപ്പാക്കുകയും പന്നിയിറച്ചി, അറയ്ക്കപ്പെട്ടവ, ചുണ്ടെലി എന്നിവയെ തിന്നുകയും ചെയ്യുന്നവർ ഒരുപോലെ മുടിഞ്ഞുപോകും” എന്നു യഹോവയുടെ അരുളപ്പാട്.
18“ഞാൻ അവരുടെ പ്രവൃത്തികളെയും വിചാരങ്ങളെയും അറിയുന്നു; ഞാൻ സകല ജനതകളെയും ഭാഷക്കാരെയും ഒന്നിച്ചുകൂട്ടുന്ന കാലം വരുന്നു; അവർ വന്ന് എന്റെ മഹത്ത്വം കാണും.19ഞാൻ അവരുടെ ഇടയിൽ ഒരു അടയാളം പ്രവർത്തിക്കും; അവരിൽ രക്ഷിക്കപ്പെട്ട ചിലരെ ഞാൻ തർശീശ്, വില്ലാളികളായ പൂൽ, ലൂദ് എന്നിവരും തൂബാൽ യാവാൻ എന്നിവരുമായ ജനതകളുടെ അടുക്കലേക്കും എന്റെ കീർത്തി കേൾക്കുകയും എന്റെ മഹത്ത്വം കാണുകയും ചെയ്തിട്ടില്ലാത്ത ദൂരദ്വീപുകളിലേക്കും അയയ്ക്കും; അവർ എന്റെ മഹത്ത്വത്തെ ജാതികളുടെ ഇടയിൽ പ്രസ്താവിക്കും;
20യിസ്രായേൽമക്കൾ യഹോവയുടെ ആലയത്തിലേക്കു വെടിപ്പുള്ള പാത്രങ്ങളിൽ വഴിപാടു കൊണ്ടുവരുന്നതുപോലെ അവർ സകലജനതകളുടെയും ഇടയിൽനിന്നു നിങ്ങളുടെ സഹോദരന്മാർ എല്ലാവരെയും കുതിരപ്പുറത്തും രഥങ്ങളിലും പല്ലക്കുകളിലും കോവർകഴുതപ്പുറത്തും ഒട്ടകപ്പുറത്തും കയറ്റി എന്റെ വിശുദ്ധപർവ്വതമായ യെരൂശലേമിലേക്കു യഹോവയ്ക്കു വഴിപാടായി കൊണ്ടുവരും” എന്നു യഹോവ അരുളിച്ചെയ്യുന്നു.21“അവരിൽനിന്നും ചിലരെ ഞാൻ പുരോഹിതന്മാരായും ലേവ്യരായും എടുക്കും” എന്നു യഹോവ അരുളിച്ചെയ്യുന്നു.
22“ഞാൻ ഉണ്ടാക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും എന്റെ മുമ്പാകെ നിലനില്ക്കുന്നതുപോലെ നിങ്ങളുടെ സന്തതിയും നിങ്ങളുടെ പേരും നിലനില്ക്കും” എന്നു യഹോവയുടെ അരുളപ്പാട്.23“പിന്നെ അമാവാസി4 തോറും ശബ്ബത്തുതോറും സകലജഡവും എന്റെ സന്നിധിയിൽ നമസ്കരിക്കുവാൻ വരും” എന്നു യഹോവ അരുളിച്ചെയ്യുന്നു.
24“അവർ പുറപ്പെട്ടുചെന്ന്, എന്നോട് അതിക്രമം ചെയ്ത മനുഷ്യരുടെ ശവങ്ങളെ നോക്കും; അവരുടെ പുഴു ചാവുകയില്ല; അവരുടെ തീ കെട്ടുപോകുകയില്ല; അവർ സകലജഡത്തിനും അറപ്പായിരിക്കും.”


1 66:11 കുചാഗ്രങ്ങളെ മുലക്കണ്ണ്.
2 66:16 യഹോവയുടെ വധിക്കപ്പെട്ടവർ യഹോവയാൽ വധിക്കപ്പെട്ടവർ എന്നുമാകാം.
3 66:17 നടുവിലുള്ളവനെ വിഗ്രഹം.
4 66:23 അമാവാസി കറുത്ത വാവ്‌.

യിരെമ്യാപ്രവാചകന്റെ പുസ്തകം

1

1ബെന്യാമീൻദേശത്ത് അനാഥോത്തിലെ പുരോഹിതന്മാരിൽ ഹില്ക്കീയാവിന്റെ മകനായ യിരെമ്യാവിന്റെ വചനങ്ങൾ.2അവന്, യെഹൂദാരാജാവായ ആമോന്റെ മകൻ യോശീയാവിന്റെ കാലത്ത്, അവന്റെ വാഴ്ചയുടെ പതിമൂന്നാം ആണ്ടിൽ, യഹോവയുടെ അരുളപ്പാടുണ്ടായി.3യെഹൂദാരാജാവായ യോശീയാവിന്റെ മകൻ യെഹോയാക്കീമിന്റെ കാലത്തും യെഹൂദാരാജാവായ യോശീയാവിന്റെ മകൻ സിദെക്കീയാവിന്റെ പതിനൊന്നാം ആണ്ടിന്റെ അവസാനംവരെയും, അഞ്ചാം മാസത്തിൽ യെരൂശലേമ്യരെ പ്രവാസത്തിലേക്ക് കൊണ്ടുപോയതുവരെയും തന്നെ, അവന് അരുളപ്പാട് ഉണ്ടായി.

4യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:5“നിന്നെ ഉദരത്തിൽ ഉരുവാക്കിയതിനു മുമ്പ് ഞാൻ നിന്നെ അറിഞ്ഞു; നീ ഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതിനു മുമ്പ് ഞാൻ നിന്നെ വിശുദ്ധീകരിച്ച്, ജനതകൾക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു”.6എന്നാൽ ഞാൻ: “അയ്യോ, യഹോവയായ കർത്താവേ, എനിക്കു സംസാരിക്കുവാൻ അറിഞ്ഞുകൂടാ; ഞാൻ ബാലനല്ലയോ” എന്നു പറഞ്ഞു.
7അതിന് യഹോവ എന്നോട് അരുളിച്ചെയ്തത്: “‘ഞാൻ ബാലൻ’ എന്നു നീ പറയരുത്; ഞാൻ നിന്നെ അയയ്ക്കുന്ന ഏവരുടെയും അടുക്കൽ നീ പോകുകയും ഞാൻ നിന്നോടു കല്പിക്കുന്നതെല്ലാം സംസാരിക്കുകയും വേണം.8നീ അവരെ ഭയപ്പെടരുത്; നിന്നെ വിടുവിക്കേണ്ടതിന് ഞാൻ നിന്നോടുകൂടി ഉണ്ട്”എന്ന് യഹോവയുടെ അരുളപ്പാട്.
9പിന്നെ യഹോവ കൈ നീട്ടി എന്റെ അധരങ്ങളെ സ്പർശിച്ചു: “ഞാൻ എന്റെ വചനങ്ങളെ നിന്റെ വായിൽ തന്നിരിക്കുന്നു;10നോക്കുക; നിർമ്മൂലമാക്കുവാനും പൊളിക്കുവാനും നശിപ്പിക്കുവാനും ഇടിച്ചുകളയുവാനും പണിയുവാനും നടുവാനും വേണ്ടി ഞാൻ നിന്നെ ഇന്ന് ജനതകളുടെമേലും രാജ്യങ്ങളുടെമേലും ആക്കിവച്ചിരിക്കുന്നു ”എന്ന് യഹോവ എന്നോടു കല്പിച്ചു.
11യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: “യിരെമ്യാവേ, നീ എന്തു കാണുന്നു” എന്ന് ചോദിച്ചു. ബദാം (ജാഗ്രത്) വൃക്ഷത്തിന്റെ ഒരു കൊമ്പു കാണുന്നു എന്നു ഞാൻ പറഞ്ഞു.12യഹോവ എന്നോട്: “നീ കണ്ടത് ശരി തന്നെ; എന്റെ വചനം നിവർത്തിക്കേണ്ടതിന് ഞാൻ ജാഗരിച്ചു കൊള്ളും” എന്ന് അരുളിച്ചെയ്തു.
13യഹോവയുടെ അരുളപ്പാട് രണ്ടാം പ്രാവശ്യം എനിക്കുണ്ടായി: “നീ എന്തു കാണുന്നു” എന്ന് ചോദിച്ചു. “തിളയ്ക്കുന്ന ഒരു കലം കാണുന്നു. അത് വടക്കുനിന്നു പ്രത്യക്ഷമായി വരുന്നു” എന്ന് ഞാൻ പറഞ്ഞു.14യഹോവ എന്നോട്: “വടക്കുനിന്ന് ദേശത്തിലെ സർവ്വനിവാസികൾക്കും അനർത്ഥം വരും.
15ഞാൻ വടക്കെ രാജ്യങ്ങളിലെ വംശങ്ങളെ ഒക്കെയും വിളിക്കും” എന്ന് യഹോവയുടെ അരുളപ്പാട്; അവർ വന്ന്, ഓരോരുത്തൻ അവനവന്റെ സിംഹാസനം യെരൂശലേമിന്റെ പടിവാതിലുകളുടെ പ്രവേശനത്തിങ്കലും ചുറ്റും അതിന്റെ എല്ലാ മതിലുകൾക്കു നേരെയും യെഹൂദയിലെ എല്ലാപട്ടണങ്ങൾക്കു നേരെയും വയ്ക്കും.16അവർ എന്നെ ഉപേക്ഷിക്കുകയും അന്യദേവന്മാർക്ക് ധൂപം കാട്ടി, അവരുടെ കൈപ്പണികളെ നമസ്കരിക്കുകയും ചെയ്ത സകലദോഷത്തെയും കുറിച്ച് ഞാൻ അവരോടു ന്യായവാദം കഴിക്കും.
17അതിനാൽ നീ അരകെട്ടി, എഴുന്നേറ്റ് ഞാൻ നിന്നോടു കല്പിക്കുന്നതെല്ലാം അവരോടു പ്രസ്താവിക്കുക; ഞാൻ നിന്നെ അവരുടെ മുമ്പിൽ ഭ്രമിപ്പിക്കാതെ ഇരിക്കേണ്ടതിന് നീ അവരെ കണ്ടു ഭ്രമിച്ചുപോകരുത്.18ഞാൻ ഇന്നു നിന്നെ സർവ്വദേശത്തിനും യെഹൂദാരാജാക്കന്മാർക്കും പ്രഭുക്കന്മാർക്കും പുരോഹിതന്മാർക്കും ദേശത്തിലെ ജനത്തിനും നേരെ ഉറപ്പുള്ള ഒരു പട്ടണവും ഇരിമ്പുതൂണും താമ്രമതിലുകളും ആക്കിയിരിക്കുന്നു.19അവർ നിന്നോടു യുദ്ധം ചെയ്യും; നിന്നെ ജയിക്കുകയില്ലതാനും; നിന്നെ രക്ഷിക്കുവാൻ ഞാൻ നിന്നോടുകൂടി ഉണ്ട്” എന്ന് യഹോവയുടെ അരുളപ്പാട്.

2

1യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:2“നീ ചെന്ന് യെരൂശലേം കേൾക്കെ വിളിച്ചുപറയേണ്ടത്; ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മരുഭൂമിയിൽ, വിതയ്ക്കാത്ത ദേശത്തു തന്നെ, നീ എന്നെ അനുഗമിച്ചു നടന്ന നിന്റെ യൗവനത്തിലെ ഭക്തിയും വിവാഹം നിശ്ചയിച്ച കാലത്തെ സ്നേഹവും ഞാൻ ഓർക്കുന്നു.3യിസ്രായേൽ യഹോവയ്ക്കു വിശുദ്ധവും അവിടുത്തെ വിളവിന്റെ ആദ്യഫലവും ആകുന്നു; അവനെ തിന്നുകളയുന്നവരെല്ലാം കുറ്റക്കാരായിത്തീരും; അവർക്കു ദോഷം വന്നു ഭവിക്കും” എന്നായിരുന്നു യഹോവയുടെ അരുളപ്പാട്.

4യാക്കോബ് ഗൃഹവും യിസ്രായേൽ ഗൃഹത്തിലെ സകല കുടുംബങ്ങളും ആയവരേ, യഹോവയുടെ അരുളപ്പാട് കേട്ടുകൊള്ളുവിൻ.5യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ പിതാക്കന്മാർ എന്നെ വിട്ടകന്ന് മിഥ്യാമൂർത്തികളോടു ചേർന്ന് വ്യർത്ഥർ ആയിത്തീരുവാൻ തക്കവണ്ണം അവർ എന്ത് അന്യായമാണ് എന്നിൽ കണ്ടത്?6‘ഞങ്ങളെ ഈജിപ്റ്റിൽനിന്നു പുറപ്പെടുവിച്ച്, പാഴ്നിലവും കുഴികളും ഉള്ള ദേശങ്ങൾ വരൾചയും കൂരിരുളും ഉള്ള ദേശങ്ങൾ മനുഷ്യസഞ്ചാരമോ ആൾപാർപ്പോ ഇല്ലാത്തതുമായ മരുഭൂമിയിൽകൂടി ഞങ്ങളെ നടത്തി കൊണ്ടുവന്ന യഹോവ എവിടെ’ എന്ന് അവർ ചോദിച്ചില്ല.
7ഞാൻ നിങ്ങളെ സമൃദ്ധിയുള്ള ഒരു ദേശത്ത് അതിന്റെ ഫലവും ഗുണവും അനുഭവിക്കുവാൻ കൂട്ടിക്കൊണ്ടുവന്നു; എന്നാൽ അവിടെ എത്തിയ ശേഷം നിങ്ങൾ എന്റെ ദേശത്തെ അശുദ്ധമാക്കി എന്റെ അവകാശത്തെ അറപ്പാക്കിക്കളഞ്ഞു.8‘യഹോവ എവിടെ’ എന്ന് പുരോഹിതന്മാർ അന്വേഷിച്ചില്ല; ന്യായപ്രമാണജ്ഞന്മാർ എന്നെ അറിഞ്ഞില്ല; ഇടയന്മാർ എന്നോട് അതിക്രമം ചെയ്തു: പ്രവാചകന്മാർ ബാൽമുഖാന്തരം പ്രവചിച്ച്, പ്രയോജനമില്ലാത്തവയോടു ചേർന്നുനടന്നു.
9അതുകൊണ്ട് ഞാൻ ഇനിയും നിങ്ങളോടു വ്യവഹരിക്കും; നിങ്ങളുടെ മക്കളുടെ മക്കളോടും ഞാൻ വ്യവഹരിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.10“നിങ്ങൾ കിത്തീയരുടെ പടിഞ്ഞാറൻ തീരപ്രദേശങ്ങളിലേക്കു ചെന്നു നോക്കുവിൻ; കേദാരിലേക്ക് ആളയച്ച് സൂക്ഷ്മമായി അന്വേഷിച്ച്, ‘ഇതുപോലെ സംഭവിച്ചിട്ടുണ്ടോ’ എന്നു നോക്കുവിൻ.11ഒരു ജാതി തന്റെ ദേവന്മാരെ മാറ്റിയിട്ടുണ്ടോ? അവ ദേവന്മാരല്ലതാനും; എന്നാൽ എന്റെ ജനം തന്റെ മഹത്വമായവനെ പ്രയോജനമില്ലാത്തതിനു വേണ്ടി മാറ്റിക്കളഞ്ഞിരിക്കുന്നു.
12ആകാശമേ, ഇതിങ്കൽ വിസ്മയിച്ച് ഭ്രമിച്ച് സ്തംഭിച്ചുപോകുക”എന്ന് യഹോവയുടെ അരുളപ്പാട്.13“എന്റെ ജനം രണ്ടു ദോഷം ചെയ്തിരിക്കുന്നു: അവർ ജീവജലത്തിന്റെ ഉറവയായ എന്നെ ഉപേക്ഷിച്ച്, വെള്ളമില്ലാത്ത കിണറുകളെ, പൊട്ടക്കിണറുകളെ തന്നെ, കുഴിച്ചിരിക്കുന്നു.
14യിസ്രായേൽ ഒരു ദാസനോ? വീട്ടിൽ പിറന്ന ഒരു അടിമയോ? അവൻ കവർച്ചയായി തീർന്നിരിക്കുന്നതെന്ത്?15ബാലസിംഹങ്ങൾ അവന്റെ നേരെ അലറി നാദം കേൾപ്പിച്ച് അവന്റെ ദേശത്തെ ശൂന്യമാക്കി; അവന്റെ പട്ടണങ്ങൾ വെന്ത് നിവാസികൾ ഇല്ലാതെയായിരിക്കുന്നു.16നോഫ്യരും തഹ്പനേസ്യരും നിന്റെ നെറുകയെ തകർത്തു കളഞ്ഞിരിക്കുന്നു.17നിന്റെ ദൈവമായ യഹോവ നിന്നെ വഴിനടത്തിയപ്പോൾ അവനെ ഉപേക്ഷിക്കുകകൊണ്ടല്ലയോ നീ ഇതു സമ്പാദിച്ചത്?
18ഇപ്പോൾ, ഈജിപ്റ്റിലേക്കുള്ള യാത്ര എന്തിന്? ശീഹോരിലെ വെള്ളം കുടിക്കുവാനോ? അശ്ശൂരിലേക്കുള്ള യാത്ര എന്തിന്? ആ നദിയിലെ വെള്ളം കുടിക്കുവാനോ?19നിന്റെ ദുഷ്ടത തന്നെ നിനക്കു ശിക്ഷയും നിന്റെ വിശ്വാസത്യാഗങ്ങൾ നിനക്കു ദണ്ഡനവുമാകും; അതുകൊണ്ട് നീ നിന്റെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതും എന്നെക്കുറിച്ചുള്ള ഭയം നിനക്ക് ഇല്ലാതിരിക്കുന്നതും എത്ര ദോഷവും കൈപ്പും ആണെന്ന് അറിഞ്ഞുകൊള്ളുക” എന്ന് സൈന്യങ്ങളുടെ യഹോവയായ കർത്താവിന്റെ അരുളപ്പാട്.
20“പണ്ടു തന്നെ നീ നുകം തകർത്ത് നിന്റെ കയറു പൊട്ടിച്ചു:‘ ഞാൻ അടിമവേല ചെയ്യുകയില്ല’ എന്നു പറഞ്ഞു; ഉയർന്ന കുന്നുകളിന്മേൽ പച്ചയായ വൃക്ഷത്തിൻ കീഴിൽ എല്ലാം നീ വേശ്യയായി കിടന്നു.21ഞാൻ നിന്നെ വിശിഷ്ടമുന്തിരിവള്ളിയായി, നല്ല തൈയായി തന്നെ നട്ടിരിക്കുമ്പോൾ, നീ എനിക്കു കാട്ടുമുന്തിരിവള്ളിയുടെ തൈയായിത്തീർന്നത് എങ്ങനെ?22ധാരാളം കാരവും സോപ്പും കൊണ്ട് കഴുകിയാലും നിന്റെ അകൃത്യം എന്റെ മുമ്പിൽ മലിനമായിരിക്കുന്നു” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
23“ഞാൻ മലിനയായിട്ടില്ല; ഞാൻ ബാൽവിഗ്രഹങ്ങളോടു ചെന്നു ചേർന്നിട്ടില്ല” എന്ന് നിനക്ക് എങ്ങനെ പറയാം? താഴ്വരയിലെ നിന്റെ നടപ്പു വിചാരിക്കുക; നീ ചെയ്തത് ഓർക്കുക; വഴിയിൽ അങ്ങോട്ടും ഇങ്ങോട്ടും വിരണ്ടോടുന്ന പെണ്ണൊട്ടകമല്ലയോ നീ?24നീ മരുഭൂമിയിൽ പരിചയിച്ച, അതിമോഹം പൂണ്ടു കിഴയ്ക്കുന്ന ഒരു കാട്ടുകഴുത തന്നെ; അവളുടെ മദപ്പാടിൽ ആർക്ക് അവളെ നിയന്ത്രിക്കാനാകും? ആരും അവളെ അന്വേഷിച്ചു തളരുകയില്ല; ഇണ ചേരേണ്ട മാസത്തിൽ, അവർ അവളെ കണ്ടെത്തും;25ചെരിപ്പ് ഊരിപ്പോകാത്തവണ്ണം നിന്റെ കാലും, വരണ്ടു പോകാത്തവണ്ണം തൊണ്ടയും സൂക്ഷിച്ചുകൊള്ളുക”; നീയോ “അതു വെറുതെ; അങ്ങനെയല്ല; ഞാൻ അന്യന്മാരെ സ്നേഹിക്കുന്നു; അവരുടെ പിന്നാലെ ഞാൻ പോകും” എന്നു പറഞ്ഞു.
26കള്ളനെ കണ്ടുപിടിക്കുമ്പോൾ അവൻ ലജ്ജിച്ചുപോകുന്നതുപോലെ യിസ്രായേൽഗൃഹം ലജ്ജിച്ചുപോകും; അവരും അവരുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പ്രവാചകന്മാരും തന്നെ.27അവർ വൃക്ഷത്തോട്: “നീ എന്റെ അപ്പൻ” എന്നും കല്ലിനോട്: “നീ എന്നെ പ്രസവിച്ചവൾ” എന്നും പറയുന്നു; അവർ മുഖമല്ല മുതുകത്രേ എന്നിലേക്കു തിരിച്ചിരിക്കുന്നത്; എന്നാൽ കഷ്ടകാലത്ത് അവർ: “നീ എഴുന്നേറ്റു ഞങ്ങളെ രക്ഷിക്കണമേ” എന്ന് പറയും.28“നീ ഉണ്ടാക്കിയിട്ടുള്ള നിന്റെ ദേവന്മാർ എവിടെ? കഷ്ടകാലത്തു നിന്നെ രക്ഷിക്കുവാൻ അവർക്കു കഴിവുണ്ടെങ്കിൽ അവർ എഴുന്നേല്ക്കട്ടെ; അയ്യോ യെഹൂദയേ, നിന്റെ പട്ടണങ്ങളുടെ എണ്ണത്തോളം നിനക്കു ദേവന്മാരും ഉണ്ടല്ലോ!
29നിങ്ങൾ എന്നോടു വാദിക്കുന്നത് എന്ത്? നിങ്ങൾ എല്ലാവരും എന്നോടു ദ്രോഹം ചെയ്തിരിക്കുന്നു” എന്ന് യഹോവയുടെ അരുളപ്പാട്.30“ഞാൻ നിങ്ങളുടെ മക്കളെ അടിച്ചതു വ്യർത്ഥം; അവർ ബുദ്ധി പഠിച്ചില്ല; നശിപ്പിക്കുന്ന സിംഹത്തെപ്പോലെ നിങ്ങളുടെ വാൾ തന്നെ നിങ്ങളുടെ പ്രവാചകന്മാരെ തിന്നുകളഞ്ഞു.31ഇന്നത്തെ തലമുറയേ, യഹോവയുടെ അരുളപ്പാട് കേൾക്കുവിൻ: “ഞാൻ യിസ്രായേലിന് ഒരു മരുഭൂമി ആയിരുന്നുവോ? അന്ധകാരപ്രദേശമായിരുന്നുവോ? ‘ഞങ്ങൾ കെട്ടഴിഞ്ഞു നടക്കുന്നു; ഇനി നിന്റെ അടുക്കൽ വരുകയില്ല’ എന്ന് എന്റെ ജനം പറയുന്നത് എന്ത്?
32ഒരു കന്യകയ്ക്ക് തന്റെ ആഭരണങ്ങളും ഒരു മണവാട്ടിക്ക് തന്റെ വിവാഹവസ്ത്രവും മറക്കുവാൻ കഴിയുമോ? എന്നാൽ എന്റെ ജനം എണ്ണമറ്റ ദിനങ്ങളായി എന്നെ മറന്നിരിക്കുന്നു.33പ്രേമം അന്വേഷിക്കേണ്ടതിന് നീ നിന്റെ വഴി എത്ര ഭംഗിയാക്കുന്നു! അതുകൊണ്ട് നീ ദുർന്നടപ്പുകാരത്തികളെയും നിന്റെ വഴികൾ അഭ്യസിപ്പിച്ചിരിക്കുന്നു.34നിന്റെ ഉടുപ്പിന്റെ വിളുമ്പിലും കുറ്റമില്ലാത്ത സാധുക്കളുടെ രക്തം കാണുന്നു; ഭവന ഭേദനത്തിലല്ല നീ അവരെ പിടിച്ചത്. ഇവയെക്കുറിച്ചെല്ലാം ഞാൻ ന്യായവാദം കഴിക്കും”.
35നീയോ: “ഞാൻ കുറ്റമില്ലാത്തവൾ; അവിടുത്തെ കോപം എന്നെ വിട്ടുമാറിയിരിക്കുന്നു സത്യം” എന്ന് പറയുന്നു; ‘ഞാൻ പാപം ചെയ്തിട്ടില്ല’ എന്ന് നീ പറയുന്നതുകൊണ്ട് ഞാൻ നിന്നോടു വ്യവഹരിക്കും.36നിന്റെ വഴി മാറ്റേണ്ടതിന് നീ ഇത്ര അലഞ്ഞുനടക്കുന്നതെന്ത്? അശ്ശൂരിനെക്കുറിച്ച് നീ ലജ്ജിച്ചതുപോലെ ഈജിപ്റ്റിനെക്കുറിച്ചും ലജ്ജിച്ചുപോകും.37അവിടെനിന്ന് നീ തലയിൽ കൈ വച്ചുകൊണ്ട് ഇറങ്ങിപ്പോരേണ്ടിവരും; നീ ആശ്രയിച്ചവരെ യഹോവ തള്ളിക്കളഞ്ഞിരിക്കുന്നു; അവരെക്കൊണ്ട് നിനക്ക് ഒരു പ്രയോജനവും ലഭിക്കുകയില്ല”.


2:10 കിത്തീയരുടെ = സൈപ്രസിന്റെ
3

1“ഒരു പുരുഷൻ തന്റെ ഭാര്യയെ ഉപേക്ഷിക്കുകയും അവൾ അവനെ വിട്ട് മറ്റൊരു പുരുഷനു ഭാര്യയായിമാറുകയും ചെയ്തശേഷം അവൻ അവളുടെ അടുക്കൽ വീണ്ടും ചെല്ലുമോ? അങ്ങനെയുള്ള ദേശം മലിനമായിപ്പോകുകയില്ലയോ? നീയോ, പല ജാരന്മാരുമായി പരസംഗം ചെയ്തിരിക്കുന്നു; എന്നിട്ടും എന്റെ അടുക്കൽ മടങ്ങിവരുവാൻ നീ വിചാരിക്കുന്നുവോ” എന്ന് യഹോവയുടെ അരുളപ്പാട്.2“മൊട്ടക്കുന്നുകളിലേക്ക് തല ഉയർത്തിനോക്കുക; നീ പരസംഗം ചെയ്യാത്ത സ്ഥലം ഏതുണ്ട്? മരുഭൂമിയിൽ ഒരു അരാബ്യൻ എന്നപോലെ നീ വഴികളിൽ അവർക്കായി പതിയിരുന്നു; നിന്റെ പരസംഗത്താലും വഷളത്തത്താലും ദേശത്തെ മലിനമാക്കിയിരിക്കുന്നു.

3അതുകൊണ്ട് മഴ നിന്നുപോയി; പിന്മഴ പെയ്തതുമില്ല; എന്നിട്ടും നീ വേശ്യയുടെ നെറ്റി കാണിച്ച്, നാണിക്കാതെയിരിക്കുന്നു.4നീ ഇന്നുമുതൽ എന്നോട്: ‘എന്റെ പിതാവേ, നീ എന്റെ യൗവനത്തിലെ സഖി’ എന്ന് വിളിച്ചുപറയുകയില്ലയോ?5‘അവിടുന്ന് എന്നേക്കും കോപം സംഗ്രഹിക്കുമോ? അവിടുന്ന് സദാകാലം അത് വച്ചുകൊണ്ടിരിക്കുമോ?’ എന്നിങ്ങനെ പറഞ്ഞ് നിനക്ക് കഴിയുന്ന വിധത്തിലെല്ലാം നീ ദുഷ്ടത പ്രവർത്തിച്ചുമിരിക്കുന്നു”.

6യോശീയാരാജാവിന്റെ കാലത്ത് യഹോവ എന്നോട് അരുളിച്ചെയ്തത്: “വിശ്വാസത്യാഗിനിയായ യിസ്രായേൽ ചെയ്തിരിക്കുന്നതു നീ കണ്ടുവോ? അവൾ ഉയരമുള്ള എല്ലാമലമുകളിലും എല്ലാപച്ചമരത്തിൻകീഴിലും ചെന്ന് അവിടെ പരസംഗം ചെയ്തു.7ഇതെല്ലാം ചെയ്തശേഷം ‘എന്റെ അടുക്കൽ മടങ്ങിവരുക’ എന്നു ഞാൻ പറഞ്ഞു: എന്നാൽ അവൾ മടങ്ങിവന്നില്ല; വിശ്വാസപാതകിയായ അവളുടെ സഹോദരി യെഹൂദാ അതു കണ്ടു.
8വിശ്വാസത്യാഗിനിയായ യിസ്രായേൽ വ്യഭിചാരം ചെയ്തതിനാൽ ഞാൻ അവളെ ഉപേക്ഷിച്ച് ഉപേക്ഷണപത്രം കൊടുത്തത്, വിശ്വാസപാതകിയായ അവളുടെ സഹോദരി യെഹൂദാ കണ്ടിട്ടും ഭയപ്പെടാതെ അവളും ചെന്ന് പരസംഗം ചെയ്തു.9ലാഘവത്തോടെ ചെയ്ത അവളുടെ പരസംഗം ഹേതുവായി ദേശം മലിനമായിപ്പോയി; കല്ലിനോടും മരത്തോടും അവൾ വ്യഭിചാരം ചെയ്തു.10ഇതെല്ലാമായിട്ടും വിശ്വാസപാതകിയായ സഹോദരി യെഹൂദാ കപടമായിട്ടല്ലാതെ പൂർണ്ണഹൃദയത്തോടെ എന്റെ അടുക്കലേക്കു മടങ്ങിവന്നിട്ടില്ല” എന്ന് യഹോവയുടെ അരുളപ്പാട്.
11“വിശ്വാസത്യാഗിനിയായ യിസ്രായേൽ വിശ്വാസപാതകിയായ യെഹൂദയെക്കാൾ നീതിയുള്ളവൾ” എന്ന് യഹോവ എന്നോട് അരുളിച്ചെയ്തു.12“നീ ചെന്ന് വടക്കോട്ടു നോക്കി ഈ വചനങ്ങൾ വിളിച്ചുപറയുക: ‘വിശ്വാസത്യാഗിനിയായ യിസ്രായേലേ, മടങ്ങിവരുക’ എന്ന് യഹോവയുടെ അരുളപ്പാട്. ഞാൻ നിങ്ങളോടു കോപം കാണിക്കുകയില്ല; ഞാൻ കരുണയുള്ളവൻ; എന്നേക്കും കോപം സംഗ്രഹിക്കുകയുമില്ല” എന്ന് യഹോവയുടെ അരുളപ്പാട്.
13“നിന്റെ ദൈവമായ യഹോവയോടു നീ ദ്രോഹം ചെയ്തു; പച്ചമരത്തിൻ കീഴിലൊക്കെയും അന്യന്മാരോടൊപ്പം ദുർമ്മാർഗ്ഗമായി നടന്നതും, എന്റെ വാക്കു കേട്ടനുസരിക്കാതെ ഇരുന്നതുമായ നിന്റെ അകൃത്യം സമ്മതിക്കുകമാത്രം ചെയ്യുക” എന്ന് യഹോവയുടെ അരുളപ്പാട്.14“വിശ്വാസത്യാഗികളായ മക്കളേ, മടങ്ങിവരുവിൻ” എന്ന് യഹോവയുടെ അരുളപ്പാട്; “ഞാനല്ലോ നിങ്ങളുടെ ഭർത്താവ്; ഞാൻ നിങ്ങളെ പട്ടണത്തിൽ ഒരുവനെയും ഒരു കുടുംബത്തിൽ രണ്ടുപേരെയും വീതം എടുത്ത് സീയോനിലേക്കു കൊണ്ടുവരും.15ഞാൻ നിങ്ങൾക്ക് എന്റെ ഹൃദയപ്രകാരമുള്ള ഇടയന്മാരെ നല്കും; അവർ നിങ്ങളെ ജ്ഞാനത്തോടും ബുദ്ധിയോടും കൂടി മേയിക്കും.
16അങ്ങനെ നിങ്ങൾ ദേശത്തു വർദ്ധിച്ചുപെരുകുന്ന കാലത്ത്: ‘യഹോവയുടെ നിയമപെട്ടകം’ എന്ന് ഇനി പറയുകയില്ല, അതു മനസ്സിൽ വരുകയില്ല, അതിനെ ഓർക്കുകയില്ല, ചെന്നു കാണുകയില്ല, ഇനി അത് ഉണ്ടാക്കുകയുമില്ല” എന്ന് യഹോവയുടെ അരുളപ്പാട്.
17ആ കാലത്ത് യെരൂശലേമിന് ‘യഹോവയുടെ സിംഹാസനം’ എന്ന് പേരാകും; സകലജനതകളും അവിടേക്ക്, യെരൂശലേമിലേക്കു തന്നെ, യഹോവയുടെ നാമംനിമിത്തം വന്നുചേരും; അവരുടെ ദുഷ്ടഹൃദയത്തിന്റെ ശാഠ്യപ്രകാരം ഇനി നടക്കുകയുമില്ല.18ആ കാലത്ത് യെഹൂദാഗൃഹം യിസ്രായേൽഗൃഹത്തോടു ചേർന്ന്, അവർ ഒന്നിച്ച് വടക്കെ ദിക്കിൽനിന്നു പുറപ്പെട്ട്, ഞാൻ നിങ്ങളുടെ പിതാക്കന്മാർക്ക് അവകാശമായി കൊടുത്ത ദേശത്തേക്കു വരും.
19ഞാൻ നിന്നെ ദത്തെടുത്ത്, നിനക്ക് ജനതകളുടെ അതിഭംഗിയുള്ള അവകാശമായ മനോഹരദേശം നല്കേണ്ടത് എങ്ങനെ എന്ന് വിചാരിച്ചു; നീ എന്നെ: ‘എന്റെ പിതാവേ’ എന്നു വിളിച്ച്, എന്നെ വിട്ടുമാറാതെയിരിക്കും എന്നും ഞാൻ വിചാരിച്ചു.20യിസ്രായേൽഗൃഹമേ, ഒരു ഭാര്യ ഭർത്താവിനോടു വിശ്വാസപാതകം ചെയ്ത് അവനെ വിട്ടുകളയുന്നതുപോലെ നിങ്ങൾ എന്നോടു വിശ്വാസപാതകം ചെയ്തിരിക്കുന്നു” എന്ന് യഹോവയുടെ അരുളപ്പാട്.
21“യിസ്രായേൽമക്കൾ വളഞ്ഞ വഴികളിൽ നടന്ന് അവരുടെ ദൈവമായ യഹോവയെ മറന്നുകളഞ്ഞതിനാൽ അവർ മൊട്ടക്കുന്നുകളിന്മേൽ കരഞ്ഞു യാചിക്കുന്നതു കേൾക്കുന്നു!22വിശ്വാസത്യാഗികളായ മക്കളേ, മടങ്ങിവരുവിൻ; ഞാൻ നിങ്ങളുടെ വിശ്വാസത്യാഗം മാറ്റിത്തരാം. ഇതാ, ഞങ്ങൾ അങ്ങയുടെ അടുക്കൽ വരുന്നു; അവിടുന്ന് ഞങ്ങളുടെ ദൈവമായ യഹോവയല്ലോ.
23കുന്നുകളിൽ നിന്നും അനേകം പർവ്വതങ്ങളിൽ നിന്നും രക്ഷ വന്നുചേരുമെന്ന് പ്രത്യാശിക്കുന്നത് വ്യർത്ഥം; ഞങ്ങളുടെ ദൈവമായ യഹോവയിൽ മാത്രമേ യിസ്രായേലിനു രക്ഷയുള്ളു.24ഞങ്ങളുടെ യൗവനംമുതൽ ഞങ്ങളുടെ പിതാക്കന്മാരുടെ സമ്പാദ്യത്തെയും അവരുടെ ആടുകളെയും കന്നുകാലികളെയും അവരുടെ പുത്രന്മാരെയും പുത്രിമാരെയും ലജ്ജ വിഴുങ്ങിക്കളഞ്ഞിരിക്കുന്നു.25ഞങ്ങൾ ഞങ്ങളുടെ ലജ്ജയിൽത്തന്നെ കിടക്കട്ടെ; ഞങ്ങളുടെ അപമാനം ഞങ്ങളെ മൂടട്ടെ; ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും യൗവനംമുതൽ ഇന്നുവരെയും ഞങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്തിരിക്കുന്നു; ഞങ്ങളുടെ ദൈവമായ യഹോവയുടെ വാക്ക് കേട്ടനുസരിച്ചിട്ടുമില്ല”.

4

1“യിസ്രായേലേ, നീ മനംതിരിയുമെങ്കിൽ എന്റെ അടുക്കലേക്കു മടങ്ങി വന്നുകൊള്ളുക” എന്ന് യഹോവയുടെ അരുളപ്പാട്; നിന്റെ മ്ലേച്ഛവിഗ്രഹങ്ങളെ എന്റെ മുമ്പിൽനിന്നു നീക്കിക്കളയുമെങ്കിൽ നീ അലഞ്ഞു നടക്കേണ്ടിവരുകയില്ല.2‘യഹോവയാണ’ എന്ന് നീ പരമാർത്ഥമായും ന്യായമായും നീതിയായും സത്യം ചെയ്യുമെങ്കിൽ, ജനതകൾ അവിടുത്തെ നാമത്തിൽ അവരെത്തന്നെ അനുഗ്രഹിക്കുകയും അവിടുത്തെ നാമത്തിൽ പുകഴുകയും ചെയ്യും”.3യെഹൂദാപുരുഷന്മാരോടും യെരൂശലേമ്യരോടും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ മുള്ളുകളുടെ ഇടയിൽ വിതയ്ക്കാതെ, തരിശുനിലം ഉഴുവിൻ”.

4“യെഹൂദാപുരുഷന്മാരും യെരൂശലേംനിവാസികളും ആയവരേ, നിങ്ങളുടെ ദുഷ്പ്രവൃത്തികൾനിമിത്തം എന്റെ കോപം തീപോലെ ജ്വലിച്ച്, ആർക്കും കെടുത്തിക്കൂടാത്തവിധം കത്താതിരിക്കേണ്ടതിന് നിങ്ങളെത്തന്നെ യഹോവയ്ക്കായി പരിച്ഛേദന ചെയ്ത് നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചർമ്മം നീക്കിക്കളയുവിൻ.5യെഹൂദയിൽ അറിയിച്ച്, യെരൂശലേമിൽ പ്രസിദ്ധമാക്കി, ദേശത്തു കാഹളം ഊതുവാൻ പറയുവിൻ; ‘കൂടിവരുവിൻ; നമുക്ക് ഉറപ്പുള്ള പട്ടണങ്ങളിലേക്കു പോകാം’ എന്ന് ഉറക്കെ വിളിച്ചുപറയുവിൻ.6സീയോനു കൊടി ഉയർത്തുവിൻ; നില്ക്കാതെ ഓടിപ്പോകുവിൻ; ഞാൻ വടക്കുനിന്ന് അനർത്ഥവും വലിയ നാശവും വരുത്തും.
7സിംഹം പള്ളക്കാട്ടിൽ നിന്ന് പുറത്തുവന്നിരിക്കുന്നു; ജനതകളുടെ സംഹാരകൻ ഇതാ, നിന്റെ ദേശത്തെ ശൂന്യമാക്കുവാൻ തന്റെ സ്ഥലം വിട്ടു പുറപ്പെട്ടിരിക്കുന്നു; അവൻ നിന്റെ പട്ടണങ്ങളെ നിവാസികൾ ഇല്ലാത്തവണ്ണം നശിപ്പിക്കും.8ഇതുനിമിത്തം രട്ടുടുക്കുവിൻ; വിലപിച്ചു മുറയിടുവിൻ; യഹോവയുടെ ഉഗ്രകോപം നമ്മെ വിട്ടുമാറിയിട്ടില്ലല്ലോ.
9അന്നാളിൽ രാജാവിന്റെ ധൈര്യവും പ്രഭുക്കന്മാരുടെ ധൈര്യവും ക്ഷയിക്കും; പുരോഹിതന്മാർ ഭ്രമിച്ചും പ്രവാചകന്മാർ സ്തംഭിച്ചും പോകും” എന്ന് യഹോവയുടെ അരുളപ്പാട്.10അതിനു ഞാൻ: “അയ്യോ, യഹോവയായ കർത്താവേ, പ്രാണനിൽ വാൾ കടന്നിരിക്കുമ്പോൾ ‘നിങ്ങൾക്കു സമാധാനം’ എന്നു പറഞ്ഞ് അങ്ങ് ഈ ജനത്തെയും യെരൂശലേമിനെയും ഏറ്റവും വഞ്ചിച്ചുവല്ലോ” എന്നു പറഞ്ഞു.
11ആ കാലത്ത് ഈ ജനത്തോടും യെരൂശലേമിനോടും പറയുവാനുള്ളതെന്തെന്നാൽ: “മരുഭൂമിയിലെ മൊട്ടക്കുന്നുകളിൽനിന്ന് ഒരു ഉഷ്ണക്കാറ്റ്- പാറ്റുവാനല്ല, കൊഴിക്കുവാനുമല്ല- എന്റെ ജനത്തിന്റെ പുത്രിക്കു നേരെ പ്രവഹിക്കും.12ഇതിലും ശക്തമായൊരു കാറ്റ് എന്റെ കല്പനയാൽ വരും; ഞാൻ ഇപ്പോൾ തന്നെ അവരോടു ന്യായവാദം കഴിക്കും”.
13“ഇതാ, അവൻ മേഘങ്ങളെപ്പോലെ കയറിവരുന്നു; അവന്റെ രഥങ്ങൾ ചുഴലിക്കാറ്റുപോലെ ആകുന്നു; അവന്റെ കുതിരകൾ കഴുക്കളെക്കാളും വേഗതയുള്ളവ; ‘അയ്യോ കഷ്ടം; നാം നശിച്ചുവല്ലോ’.14യെരൂശലേമേ, നീ രക്ഷിക്കപ്പെടേണ്ടതിന് നിന്റെ ഹൃദയത്തിന്റെ ദുഷ്ടത കഴുകിക്കളയുക; നിന്റെ ദുഷ്ടവിചാരങ്ങൾ എത്രത്തോളം നിന്റെ ഉള്ളിൽ ഇരിക്കും.15ദാനിൽനിന്ന് ഉറക്കെ ഘോഷിക്കുന്നു; എഫ്രയീംമലയിൽനിന്ന് അനർത്ഥം പ്രസിദ്ധമാക്കുന്നു.
16ജനതകളോടു പ്രസ്താവിക്കുവിൻ; ‘ഇതാ, കോട്ട വളയുന്നവർ ദൂരദേശത്തുനിന്നു വന്ന് യെഹൂദാപട്ടണങ്ങൾക്കു നേരെ ആർപ്പുവിളിക്കുന്നു’ എന്ന് യെരൂശലേമിനോട് അറിയിക്കുവിൻ.17അവൾ എന്നോടു മത്സരിച്ചിരിക്കുകകൊണ്ട് അവർ വയലിലെ കാവല്ക്കാരെപ്പോലെ അവളുടെ നേരെ വന്ന് ചുറ്റിവളഞ്ഞിരിക്കുന്നു” എന്ന് യഹോവയുടെ അരുളപ്പാട്.18“നിന്റെ നടപ്പും പ്രവൃത്തികളും ഹേതുവായിട്ടാകുന്നു ഇവ നിനക്കു വന്നത്; ഇത്ര കൈപ്പായിരിക്കുവാനും നിന്റെ ഹൃദയത്തിനു തട്ടുവാനും കാരണം നിന്റെ ദുഷ്ടത തന്നെ”.

19അയ്യോ എന്റെ ഉള്ളം, എന്റെ ഉള്ളം! ഞാൻ അതിവേദനയിൽ ആയിരിക്കുന്നു; അയ്യോ എന്റെ ഹൃദയഭിത്തികൾ! എന്റെ നെഞ്ചിടിക്കുന്നു; എനിക്കു മിണ്ടാതെ ഇരുന്നുകൂടാ; എന്റെ ഉള്ളം കാഹളനാദവും യുദ്ധത്തിന്റെ ആർപ്പുവിളിയും കേട്ടിരിക്കുന്നു.20നാശത്തിന്മേൽ നാശം വിളിച്ചു പറയുന്നു; ദേശമൊക്കെയും ശൂന്യമായി പെട്ടെന്ന് എന്റെ കൂടാരങ്ങളും നിമിഷങ്ങൾക്കകം എന്റെ തിരശ്ശീലകളും കവർച്ചയായിപ്പോയി.
21എത്രത്തോളം ഞാൻ കൊടി കണ്ട് കാഹളധ്വനി കേൾക്കേണ്ടിവരും?22“എന്റെ ജനം ഭോഷന്മാർ; അവർ എന്നെ അറിയുന്നില്ല; അവർ ബുദ്ധികെട്ട മക്കൾ; അവർക്ക് ഒട്ടും ബോധമില്ല; ദോഷം ചെയ്യുവാൻ അവർ സമർത്ഥന്മാർ; നന്മ ചെയ്യുവാനോ അവർക്ക് അറിഞ്ഞുകൂടാ”.
23ഞാൻ ഭൂമിയെ നോക്കി അതിനെ പാഴും ശൂന്യവുമായി കണ്ടു; ഞാൻ ആകാശത്തെ നോക്കി; അതിനു പ്രകാശം ഇല്ലാതെയിരുന്നു.24ഞാൻ പർവ്വതങ്ങളെ നോക്കി; അവ വിറയ്ക്കുന്നതു കണ്ടു; കുന്നുകൾ എല്ലാം ആടിക്കൊണ്ടിരുന്നു.25ഞാൻ നോക്കി, ഒരു മനുഷ്യനെയും കണ്ടില്ല; ആകാശത്തിലെ പക്ഷികൾ എല്ലാം പറന്നു പോയിരുന്നു.26ഞാൻ നോക്കി ഉദ്യാനം മരുഭൂമിയായിത്തീർന്നിരിക്കുന്നതു കണ്ടു; അതിലെ പട്ടണങ്ങളെല്ലാം യഹോവയാൽ അവിടുത്തെ ഉഗ്രകോപം ഹേതുവായി ഇടിഞ്ഞുപോയിരിക്കുന്നു.
27യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ദേശമെല്ലാം ശൂന്യമാകും; എങ്കിലും ഞാൻ മുഴുവനായി മുടിച്ചുകളയുകയില്ല.28ഇതുനിമിത്തം ഭൂമി വിലപിക്കും; മീതെ ആകാശം കറുത്തുപോകും; ഞാൻ നിർണ്ണയിച്ച് അരുളിച്ചെയ്തിരിക്കുന്നു; ഞാൻ അനുതപിക്കുകയില്ല, പിൻമാറുകയുമില്ല.29കുതിരച്ചേവകരുടെയും വില്ലാളികളുടെയും ആരവം ഹേതുവായി സകല നഗരവാസികളും ഓടിപ്പോകുന്നു; അവർ പള്ളക്കാടുകളിൽ ചെന്ന് പാറകളിന്മേൽ കയറുന്നു; സകല നഗരവും ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു; ആരും അവിടെ പാർക്കുന്നതുമില്ല.
30“ഇങ്ങനെ ശൂന്യമായിപ്പോകുമ്പോൾ നീ എന്തു ചെയ്യും? നീ രക്താംബരം ധരിച്ചാലും പൊന്നാഭരണം അണിഞ്ഞാലും നിന്റെ കണ്ണിൽ മഷി എഴുതിയാലും വ്യർത്ഥമായി നിനക്കു സൗന്ദര്യം വരുത്തുന്നു; നിന്റെ ജാരന്മാർ നിന്നെ നിരസിച്ച് നിനക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നു.31ഈറ്റുനോവു കിട്ടിയവളുടെയും കടിഞ്ഞൂൽകുട്ടിയെ പ്രസവിക്കുന്നവളുടെയും ഞരക്കംപോലെ ഒരു ശബ്ദം ഞാൻ കേട്ടു; നെടുവീർപ്പിട്ടും കൈമലർത്തിയുംകൊണ്ട്: ‘അയ്യോ കഷ്ടം! എന്റെ പ്രാണൻ കൊലപാതകന്മാരുടെ മുമ്പിൽ ക്ഷയിച്ചുപോകുന്നു’ എന്ന് പറയുന്ന സീയോൻ പുത്രിയുടെ ശബ്ദം തന്നെ”.

5

1“ന്യായം പ്രവർത്തിക്കുകയും വിശ്വസ്തത കാണിക്കുകയും ചെയ്യുന്നവൻ ഉണ്ടോ? അങ്ങനെ ഒരു മനുഷ്യനെ കാണുമോ എന്ന് യെരൂശലേമിന്റെ വീഥികളിൽ ചുറ്റിനടന്ന് അന്വേഷിക്കുകയും അതിന്റെ വിശാലസ്ഥലങ്ങളിൽ തിരഞ്ഞു അറിയുകയും ചെയ്യുവിൻ; കണ്ടു എങ്കിൽ ഞാൻ അതിനോടു ക്ഷമിക്കും.2‘യഹോവയാണ’ എന്നു പറഞ്ഞാലും അവർ കപടമായിട്ടാണ് സത്യം ചെയ്യുന്നത്.3യഹോവേ, അങ്ങയുടെ കണ്ണുകൾ വിശ്വസ്തതയല്ലയോ നോക്കുന്നത്? അവിടുന്ന് അവരെ അടിച്ചു എങ്കിലും അവർക്കു വേദനിച്ചില്ല; അവിടുന്ന് അവരെ ക്ഷയിപ്പിച്ചു എങ്കിലും അവർക്കു ബോധം കൈക്കൊള്ളുവാൻ മനസ്സില്ലായിരുന്നു; അവർ അവരുടെ മുഖം പാറയെക്കാൾ കടുപ്പമാക്കി; മടങ്ങിവരുവാൻ അവർക്കു മനസ്സില്ലായിരുന്നു”.

4അതുകൊണ്ട് ഞാൻ: “ഇവർ അല്പന്മാർ, ബുദ്ധിഹീനർ തന്നെ; അവർ യഹോവയുടെ വഴിയും തങ്ങളുടെ ദൈവത്തിന്റെ ന്യായവും അറിയുന്നില്ല.5ഞാൻ മഹാന്മാരുടെ അടുക്കൽ ചെന്ന് അവരോടു സംസാരിക്കും; അവർ യഹോവയുടെ വഴിയും തങ്ങളുടെ ദൈവത്തിന്റെ ന്യായവും അറിയും” എന്നു പറഞ്ഞു; എന്നാൽ അവരും ഒന്നുപോലെ നുകം തകർത്ത് കയറു പൊട്ടിച്ചുകളഞ്ഞിരിക്കുന്നു.6അതുകൊണ്ട് കാട്ടിൽനിന്ന് ഒരു സിംഹം വന്ന് അവരെ കൊല്ലും; മരുപ്രദേശത്തിലെ ചെന്നായ് അവരെ പിടിച്ചുകൊണ്ടുപോകും; പുള്ളിപ്പുലി അവരുടെ പട്ടണങ്ങൾക്കെതിരെ പതിയിരിക്കും; അവയിൽനിന്ന് പുറപ്പെട്ടുവരുന്ന എല്ലാവരെയും പറിച്ചു കീറിക്കളയും; അവരുടെ അതിക്രമങ്ങൾ വളരെയല്ലയോ? അവരുടെ പിൻമാറ്റങ്ങളും പെരുകിയിരിക്കുന്നു.
7ഞാൻ നിന്നോടു ക്ഷമിക്കുന്നത് എങ്ങനെ? നിന്റെ മക്കൾ എന്നെ ഉപേക്ഷിച്ച്, ദൈവമല്ലാത്തവയെ ചൊല്ലി സത്യം ചെയ്തുവരുന്നു; ഞാൻ അവരെ പോഷിപ്പിച്ച സമയത്തു തന്നെ അവർ വ്യഭിചാരം ചെയ്യുകയും വേശ്യാഗൃഹങ്ങളിൽ കൂട്ടമായി ചെല്ലുകയും ചെയ്തു.8തിന്നുകൊഴുത്ത കുതിരകളെപ്പോലെ അവർ മദിച്ചുനടന്ന്, ഓരോരുത്തൻ തന്റെ കൂട്ടുകാരന്റെ ഭാര്യയെ നോക്കി ചിനയ്ക്കുന്നു.9ഇവ നിമിത്തം ഞാൻ സന്ദർശിക്കാതെ ഇരിക്കുമോ? ഇങ്ങനെയുള്ള ജനങ്ങളോടു ഞാൻ പകരം ചെയ്യാതിരിക്കുമോ” എന്ന് യഹോവയുടെ അരുളപ്പാട്.
10“അതിന്റെ മതിലുകളിന്മേൽ കയറി നശിപ്പിക്കുവിൻ; എങ്കിലും മുടിച്ചുകളയരുത്; അതിന്റെ കൊമ്പുകളെ നീക്കിക്കളയുവിൻ; അവ യഹോവയ്ക്കുള്ളവയല്ലല്ലോ.11യിസ്രായേൽഗൃഹവും യെഹൂദാഗൃഹവും എന്നോടു മഹാദ്രോഹം ചെയ്തിരിക്കുന്നു” എന്ന് യഹോവയുടെ അരുളപ്പാട്.12അവർ യഹോവയെ നിഷേധിച്ചു പറഞ്ഞത്: “അത് അവനല്ല; നമുക്കു ദോഷം വരുകയില്ല; നാം വാളോ ക്ഷാമമോ കാണുകയുമില്ല”.13പ്രവാചകന്മാർ കാറ്റായിത്തീരും; അവർക്ക് അരുളപ്പാടില്ല; അവർക്ക് അങ്ങനെ തന്നെ സംഭവിക്കട്ടെ”.
14അതുകൊണ്ട് സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ഈ വാക്കു പറഞ്ഞതുകൊണ്ട്, ഇതാ, ഞാൻ നിന്റെ വായിൽ എന്റെ വചനങ്ങളെ തീയും, ഈ ജനത്തെ വിറകും ആക്കും; അവർ അതിന് ഇരയായിത്തീരും”.15“യിസ്രായേൽഗൃഹമേ, ഞാൻ ദൂരത്തുനിന്ന് ഒരു ജനതയെ നിങ്ങളുടെ നേരെ വരുത്തും” എന്ന് യഹോവയുടെ അരുളപ്പാട്: ‘അതു സ്ഥിരതയുള്ള ജനത; പുരാതനമായ ജനത;അവരുടെ ഭാഷ നിനക്ക് അറിഞ്ഞുകൂടാ; വാക്കു നീ ഗ്രഹിക്കുകയുമില്ല
16അവരുടെ ആവനാഴി തുറന്ന ശവക്കുഴി; അവർ എല്ലാവരും വീരന്മാരത്രേ.17നിന്റെ പുത്രന്മാരും പുത്രിമാരും ഭക്ഷിക്കേണ്ട നിന്റെ വിളവും ആഹാരവും അവർ ഭക്ഷിച്ചുതീർക്കും; അവർ നിന്റെ ആടുകളെയും കന്നുകാലികളെയും തിന്നുകളയും; അവർ നിന്റെ മുന്തിരിവള്ളികളും അത്തിവൃക്ഷങ്ങളും തിന്നും; നീ ആശ്രയിക്കുന്ന നിന്റെ ഉറപ്പുള്ള പട്ടണങ്ങളെ അവർ വാൾകൊണ്ടു ശൂന്യമാക്കിക്കളയും.
18എന്നാൽ ആ നാളിലും ഞാൻ നിങ്ങളെ മുടിച്ചുകളയുകയില്ല” എന്ന് യഹോവയുടെ അരുളപ്പാട്.19“നമ്മുടെ ദൈവമായ യഹോവ ഇപ്രകാരമെല്ലാം നമ്മളോടു ചെയ്യുവാൻ സംഗതി എന്ത്” എന്നു ചോദിക്കുമ്പോൾ നീ അവരോട്: “നിങ്ങൾ എന്നെ ഉപേക്ഷിച്ച് നിങ്ങളുടെ ദേശത്ത് അന്യദേവന്മാരെ സേവിച്ചതുപോലെ നിങ്ങൾ സ്വന്തമല്ലാത്ത ദേശത്ത് നിങ്ങൾ അന്യജാതിക്കാരെ സേവിക്കേണ്ടിവരും“ എന്ന് ഉത്തരം പറയണം.

20നിങ്ങൾ യാക്കോബ് ഗൃഹത്തിൽ പ്രസ്താവിച്ച് യെഹൂദയിൽ പ്രസിദ്ധമാക്കേണ്ടത്:21“കണ്ണുണ്ടായിട്ടും കാണാതെയും ചെവി ഉണ്ടായിട്ടും കേൾക്കാതെയും ഇരിക്കുന്ന മൂഢന്മാരും ബുദ്ധിഹീനന്മാരുമായ ജനമേ, ഇതു കേൾക്കുവിൻ!22നിങ്ങൾ എന്നെ ഭയപ്പെടുകയില്ലയോ? എന്റെ സന്നിധിയിൽ വിറയ്ക്കുകയില്ലയോ” എന്ന് യഹോവയുടെ അരുളപ്പാട്; ഞാൻ കടലിനു കവിഞ്ഞുകൂടാത്തവണ്ണം നിത്യപ്രമാണമായി മണൽ അതിരാക്കി വച്ചിരിക്കുന്നു; തിരകൾ അലച്ചാലും ഒന്നും സംഭവിക്കുകയില്ല; എത്രതന്നെ ഇരച്ചാലും അതിനെ മറികടക്കുകയില്ല.
23ഈ ജനത്തിന് ശാഠ്യവും മത്സരവും ഉള്ള ഒരു ഹൃദയം ഉണ്ട്; അവർ ശാഠ്യത്തോടെ പോയിരിക്കുന്നു.24“മുന്മഴയും പിന്മഴയും നമുക്ക് അതതു സമയത്തു തരുകയും കൊയ്ത്തിനുള്ള കാലം നിയമിച്ചുതരുകയും ചെയ്യുന്ന നമ്മുടെ ദൈവമായ യഹോവയെ നാം ഭയപ്പെടുക” എന്ന് അവർ ഹൃദയത്തിൽ പറയുന്നതുമില്ല.25“ഇവ മാറിപ്പോകുവാൻ നിങ്ങളുടെ അകൃത്യങ്ങൾ തന്നെ ആകുന്നു കാരണം; നിങ്ങളുടെ പാപങ്ങളാൽ ഈ നന്മയ്ക്കു മുടക്കം വന്നിരിക്കുന്നു.
26എന്റെ ജനത്തിന്റെ ഇടയിൽ ദുഷ്ടന്മാരെ കാണുന്നു; അവർ വേടന്മാരെപ്പോലെ പതിയിരിക്കുന്നു; അവർ കുടുക്കുവച്ച് മനുഷ്യരെ പിടിക്കുന്നു.27കൂട്ടിൽ പക്ഷികൾ നിറഞ്ഞിരിക്കുന്നതുപോലെ അവരുടെ വീട്ടിൽ വഞ്ചന നിറഞ്ഞിരിക്കുന്നു; അങ്ങനെ അവർ മഹാന്മാരും ധനവാന്മാരും ആയിത്തീർന്നിരിക്കുന്നു.28അവർ പുഷ്ടിവച്ചു മിനുത്തിരിക്കുന്നു; ദുഷ്കാര്യങ്ങളിൽ അവർ കവിഞ്ഞിരിക്കുന്നു; അവർ അനാഥന്മാർക്കു ഗുണം വരത്തക്കവണ്ണം അവരുടെ വ്യവഹാരം നടത്തുന്നില്ല; ദരിദ്രന്മാർക്കു ന്യായപാലനം ചെയ്യുന്നതുമില്ല.29ഇവനിമിത്തം ഞാൻ സന്ദർശിക്കാതെ ഇരിക്കുമോ? ഇങ്ങനെയുള്ള ജനതയോടു ഞാൻ പകരം ചെയ്യാതെ ഇരിക്കുമോ” എന്ന് യഹോവയുടെ അരുളപ്പാട്.

30“വിസ്മയകരവും ഭയങ്കരവുമായുള്ളത് ദേശത്തു സംഭവിക്കുന്നു.31പ്രവാചകന്മാർ വ്യാജമായി പ്രവചിക്കുന്നു; പുരോഹിതന്മാർ സ്വേച്ഛാധികാരം നടത്തുന്നു; എന്റെ ജനത്തിനോ അത് ഇഷ്ടം ആകുന്നു; എന്നാൽ അവസാനം നിങ്ങൾ എന്തു ചെയ്യും?”

6

1“ബെന്യാമീൻമക്കളേ, യെരൂശലേമിന്റെ നടുവിൽനിന്ന് ഓടിപ്പോകുവിൻ; തെക്കോവയിൽ കാഹളം ഊതുവിൻ; ബേത്ത്-ഹക്കേരെമിൽ തീ കൊണ്ടുള്ള ഒരടയാളം ഉയർത്തുവിൻ; വടക്കുനിന്ന് അനർത്ഥവും മഹാനാശവും വരുന്നു.2സുന്ദരിയും സുഖഭോഗിനിയുമായ സീയോൻപുത്രിയെ ഞാൻ നശിപ്പിച്ചുകളയും.3അവളുടെ അടുക്കൽ ഇടയന്മാർ ആട്ടിൻകൂട്ടങ്ങളോടുകൂടി വരും; അവർ ചുറ്റും അവൾക്കെതിരെ കൂടാരം അടിക്കും; അവർ ഓരോരുത്തൻ അവനവന്റെ സ്ഥലത്തു മേയിക്കും”.

4“അതിന്റെ നേരെ യുദ്ധത്തിനൊരുങ്ങുവിൻ! എഴുന്നേല്ക്കുവിൻ; ഉച്ചയ്ക്കു തന്നെ നമുക്കു കയറിച്ചെല്ലാം! അയ്യോ കഷ്ടം! നേരം വൈകി നിഴൽ നീണ്ടുവരുന്നു.5എഴുന്നേല്ക്കുവിൻ! രാത്രിയിൽ നാം കയറിച്ചെന്ന് അതിന്റെ അരമനകളെ നശിപ്പിക്കുക!”
6സൈന്യങ്ങളുടെ യഹോവ ഇപ്രകാരം കല്പിക്കുന്നു: “വൃക്ഷങ്ങൾ മുറിക്കുവിൻ! യെരൂശലേമിനെതിരെ നിരോധനം ഉണ്ടാക്കുവിൻ! സന്ദർശിക്കപ്പെടുവാനുള്ള നഗരം ഇതു തന്നെ; അതിന്റെ അകം മുഴുവനും പീഡനം നിറഞ്ഞിരിക്കുന്നു.7കിണറ്റിൽ പുതുവെള്ളം നിറയുന്നതുപോലെ അതിൽ എപ്പോഴും പുതിയ ദുഷ്ടത നിറയുന്നു; സാഹസവും കവർച്ചയും മാത്രമേ അവിടെ കേൾക്കുവാനുള്ളു; എന്റെ മുമ്പിൽ എപ്പോഴും സങ്കടവും മുറിവും മാത്രമേയുള്ളു.8യെരൂശലേമേ, എന്റെ ഉള്ളം നിന്നെ വിട്ടുപിരിയാതെയും ഞാൻ നിന്നെ ശൂന്യവും നിർജ്ജനപ്രദേശവും ആക്കാതെയും ഇരിക്കേണ്ടതിന് ഉപദേശം കൈക്കൊള്ളുക”.
9സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേലിന്റെ ശേഷിപ്പിനെ മുന്തിരിപ്പഴംപോലെ അരിച്ചുപറിക്കും; മുന്തിരിപ്പഴം പറിക്കുന്നവനെപ്പോലെ നിന്റെ കൈ വീണ്ടും വള്ളികളിലേക്കു നീട്ടുക.10അവർ കേൾക്കുവാൻ തക്കവണ്ണം ഞാൻ ആരോടു സംസാരിച്ച് താക്കീതു നൽകേണ്ടു? കാതുകൾക്ക് പരിച്ഛേദന ഇല്ലായ്കയാൽ ശ്രദ്ധിക്കുവാൻ അവർക്കു കഴിയുകയില്ല; യഹോവയുടെ വചനം അവർക്കു നിന്ദ്യമായിരിക്കുന്നു; അവർക്ക് അതിൽ ഇഷ്ടമില്ല.
11ആകയാൽ ഞാൻ യഹോവയുടെ ക്രോധംകൊണ്ടു നിറഞ്ഞിരിക്കുന്നു; അത് അടക്കിവച്ച് ഞാൻ തളർന്നുപോയി; ഞാൻ അതു വീഥികളിലെ കുട്ടികളിന്മേലും യൗവനക്കാരുടെ സംഘത്തിന്മേലും ഒരുപോലെ ചൊരിയും; ഭർത്താവും ഭാര്യയും വൃദ്ധനും വയോധികനും കൂടെ പിടിക്കപ്പെടും.12അവരുടെ വീടുകളും നിലങ്ങളും ഭാര്യമാരും എല്ലാം അന്യന്മാർക്ക് ആയിപ്പോകും; ഞാൻ എന്റെ കൈ ദേശത്തിലെ നിവാസികളുടെ നേരെ നീട്ടും” എന്ന് യഹോവയുടെ അരുളപ്പാട്.
13“അവരെല്ലാവരും ആബാലവൃദ്ധം ദ്രവ്യാഗ്രഹികൾ ആകുന്നു; പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ വ്യാജം പ്രവർത്തിക്കുന്നു.14സമാധാനം ഇല്ലാതിരിക്കുമ്പോൾ, ‘സമാധാനം സമാധാനം’ എന്ന് അവർ പറഞ്ഞ്, എന്റെ ജനത്തിന്റെ മുറിവിനു ലഘുവായി ചികിത്സിക്കുന്നു.15മ്ലേച്ഛത പ്രവർത്തിച്ചതുകൊണ്ട് അവർ ലജ്ജിക്കേണ്ടിവരും; അവർ ലജ്ജിക്കുകയോ നാണം അറിയുകയോ ചെയ്തിട്ടില്ല; അതുകൊണ്ട് വീഴുന്നവരുടെ ഇടയിൽ അവർ വീണുപോകും; ഞാൻ അവരെ സന്ദർശിക്കുന്ന കാലത്ത് അവർ ഇടറി വീഴും” എന്ന് യഹോവയുടെ അരുളപ്പാട്.
16യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ വഴിയരികിൽ ചെന്ന് നല്ലവഴി ഏതെന്ന് നോക്കുവിൻ; പഴയ പാതകൾ ഏതെന്ന് ചോദിച്ച് അതിൽ നടക്കുവിൻ; എന്നാൽ നിങ്ങളുടെ മനസ്സിനു വിശ്രമം ലഭിക്കും”. അവരോ: “ഞങ്ങൾ അതിൽ നടക്കുകയില്ല” എന്ന് പറഞ്ഞു.17ഞാൻ നിങ്ങൾക്കു കാവല്ക്കാരെ ആക്കി: “കാഹളനാദം ശ്രദ്ധിക്കുവിൻ” എന്നു കല്പിച്ചു; എന്നാൽ അവർ: “ഞങ്ങൾ ശ്രദ്ധിക്കുകയില്ല” എന്നു പറഞ്ഞു.18“അതുകൊണ്ടു ജനതകളേ, കേൾക്കുവിൻ; സഭയേ, അവരുടെ ഇടയിൽ നടക്കുന്നത് അറിഞ്ഞുകൊള്ളുക”.19“ഭൂമിയേ, കേൾക്കുക; ഈ ജനം എന്റെ വചനങ്ങൾ ശ്രദ്ധിക്കാതെ എന്റെ ന്യായപ്രമാണം നിരസിച്ചുകളഞ്ഞതുകൊണ്ട്, ഞാൻ അവരുടെ വിചാരങ്ങളുടെ ഫലമായി അനർത്ഥം അവരുടെമേൽ വരുത്തും”.
20“ശെബയിൽനിന്നു കുന്തുരുക്കവും ദൂരദേശത്തുനിന്നു വയമ്പും എനിക്കു കൊണ്ടുവരുന്നത് എന്തിന്? നിങ്ങളുടെ ഹോമയാഗങ്ങളിൽ എനിക്കു പ്രസാദമില്ല; നിങ്ങളുടെ ഹനനയാഗങ്ങളിൽ എനിക്ക് ഇഷ്ടവുമില്ല”.21ആകയാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഈ ജനത്തിന്റെ മുമ്പിൽ തടങ്കൽപ്പാറകൾ വയ്ക്കും; പിതാക്കന്മാരും പുത്രന്മാരും ഒരുപോലെ അതിന്മേൽ തട്ടിവീഴും; അയല്ക്കാരനും കൂട്ടുകാരനും ഒരുമിച്ച് നശിച്ചുപോകും.”22യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:“ ഇതാ, വടക്കുദേശത്തുനിന്ന് ഒരു ജനത വരുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്ന് ഒരു മഹാജനത ഉണർന്നുവരും.
23അവർ വില്ലും കുന്തവും എടുത്തിരിക്കുന്നു; അവർ ക്രൂരന്മാർ; കരുണയില്ലാത്തവർ തന്നെ; അവരുടെ ആരവം കടൽപോലെ ഇരയ്ക്കുന്നു; സീയോൻ പുത്രീ, അവർ നിന്റെ നേരെ യുദ്ധസന്നദ്ധരായി ഓരോരുത്തനും കുതിരപ്പുറത്തു കയറി അണിനിരന്നു നില്ക്കുന്നു”.24അതിന്റെ വാർത്ത കേട്ട് ഞങ്ങളുടെ ധൈര്യം ക്ഷയിച്ചു; നോവു കിട്ടിയ സ്ത്രീയെപ്പോലെ മഹാവ്യസനവും അതിവേദനയും ഞങ്ങളെ പിടിച്ചിരിക്കുന്നു.
25നിങ്ങൾ വയലിലേക്കു ചെല്ലരുത്; വഴിയിൽ നടക്കുകയുമരുത്; അവിടെ ശത്രുവിന്റെ വാൾ നിമിത്തം ചുറ്റും ഭയം ഉണ്ട്.26എന്റെ ജനത്തിന്റെ പുത്രീ, രട്ടുടുത്ത് വെണ്ണീറിൽ ഉരുളുക; ഏകജാതനെക്കുറിച്ച് എന്നപോലെയുള്ള ദുഃഖവും കഠിനമായ വിലാപവും കഴിക്കുക; സംഹാരകൻ പെട്ടെന്നു നമ്മുടെ നേരെ വരും.
27“നീ എന്റെ ജനത്തിന്റെ നടപ്പു പരീക്ഷിച്ച് അറിയേണ്ടതിന് ഞാൻ നിന്നെ അവരുടെ ഇടയിൽ ഒരു പരീക്ഷകനും മാറ്റുനോക്കുന്നവനും ആക്കിവച്ചിരിക്കുന്നു.28അവരെല്ലാവരും മഹാ മത്സരികൾ, നുണപറഞ്ഞു നടക്കുന്നവർ; അവർ ചെമ്പും ഇരിമ്പും തന്നെ; അവരെല്ലാവരും വഷളത്തം പ്രവർത്തിക്കുന്നു.29ഉല ഉഗ്രമായി ഊതുന്നു; തീയിൽനിന്നു വരുന്നത് ഈയമത്രേ; ഊതിക്കഴിക്കുന്ന പണി വെറുതെ; ദുഷ്ടന്മാർ നീങ്ങിപ്പോകുന്നില്ലല്ലോ.30യഹോവ അവരെ ത്യജിച്ചുകളഞ്ഞതുകൊണ്ട് അവർക്ക് കറക്കൻവെള്ളി എന്നു പേരാകും.

7

1യഹോവയിൽനിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാട് എന്തെന്നാൽ:2“നീ യഹോവയുടെ ആലയത്തിന്റെ വാതില്ക്കൽ നിന്നുകൊണ്ട് ഈ വചനം വിളിച്ചുപറയുക: ‘യഹോവയെ നമസ്കരിക്കുവാൻ ഈ വാതിലുകളിൽകൂടി കടക്കുന്നവരായ എല്ലാ യെഹൂദയുമായുള്ളോരേ, യഹോവയുടെ അരുളപ്പാട് കേൾക്കുവിൻ’.

3യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കുവിൻ; എന്നാൽ ഞാൻ നിങ്ങളെ ഈ സ്ഥലത്തു വസിക്കുമാറാക്കും.4‘യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം’ എന്നിങ്ങനെയുള്ള വ്യാജവാക്കുകളിൽ ആശ്രയിക്കരുത്.
5നിങ്ങളുടെ നടപ്പും പ്രവൃത്തികളും നിങ്ങൾ വാസ്തവമായി നന്നാക്കുന്നുവെങ്കിൽ, നിങ്ങൾ തമ്മിൽതമ്മിൽ ന്യായം നടത്തുന്നുവെങ്കിൽ,6പരദേശിയെയും അനാഥനെയും വിധവയെയും പീഡിപ്പിക്കാതെയും കുറ്റമില്ലാത്ത രക്തം ഈ സ്ഥലത്ത് ചൊരിയാതെയും നിങ്ങൾക്ക് ദോഷത്തിനായി അന്യദേവന്മാരോടു ചേർന്ന് നടക്കാതെയും ഇരിക്കുന്നു എങ്കിൽ,7ഞാൻ നിങ്ങളുടെ പിതാക്കന്മാർക്കു കൊടുത്ത ദേശമായ ഈ സ്ഥലത്ത് നിങ്ങളെ എന്നും എന്നേക്കും വസിക്കുമാറാക്കും.
8നിങ്ങൾ പ്രയോജനമില്ലാത്ത വ്യാജവാക്കുകളിൽ ആശ്രയിക്കുന്നു.9നിങ്ങൾ മോഷ്ടിക്കുകയും കൊലചെയ്യുകയും വ്യഭിചരിക്കുകയും കള്ളസ്സത്യം ചെയ്യുകയും ബാലിനു ധൂപം കാട്ടുകയും നിങ്ങൾ അറിയാത്ത ദേവന്മാരോടു ചേർന്ന് നടക്കുകയും ചെയ്യുന്നു.10പിന്നെ വന്ന് എന്റെ നാമം വിളിച്ചിരിക്കുന്ന ഈ ആലയത്തിൽ എന്റെ സന്നിധിയിൽ നിന്നുകൊണ്ട്: ‘ഞങ്ങൾ രക്ഷപെട്ടിരിക്കുന്നു’ എന്നു പറയുന്നത് ഈ മ്ലേച്ഛതകളെല്ലാം ചെയ്യേണ്ടതിനു തന്നെയോ?11എന്റെ നാമം വിളിച്ചിരിക്കുന്ന ഈ ആലയം‘ കള്ളന്മാരുടെ ഗുഹ’ എന്ന് നിങ്ങൾക്കു തോന്നുന്നുവോ? എനിക്കും അങ്ങനെ തന്നെ തോന്നുന്നു” എന്ന് യഹോവയുടെ അരുളപ്പാട്.
12“എന്നാൽ ആദിയിൽ എന്റെ നാമം വിളിച്ചിരുന്ന ശീലോവിലെ എന്റെ വാസസ്ഥലത്തു നിങ്ങൾ ചെന്ന് എന്റെ ജനമായ യിസ്രായേലിന്റെ ദുഷ്ടതനിമിത്തം ഞാൻ അതിനോടു ചെയ്തതു നോക്കുവിൻ!13ആകയാൽ നിങ്ങൾ ഈ പ്രവൃത്തികൾ എല്ലാം ചെയ്യുകയും ഞാൻ അതികാലത്തും ഇടവിടാതെയും നിങ്ങളോടു സംസാരിച്ചിട്ടും നിങ്ങൾ കേൾക്കാതിരിക്കുകയും ഞാൻ നിങ്ങളെ വിളിച്ചിട്ടും നിങ്ങൾ ഉത്തരം പറയാതിരിക്കുകയും ചെയ്യുകകൊണ്ട്,14എന്റെ നാമം വിളിച്ചിരിക്കുന്നതും നിങ്ങൾ ആശ്രയിക്കുന്നതുമായ ഈ ആലയത്തോടും, നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും ഞാൻ നൽകിയിരിക്കുന്ന ഈ സ്ഥലത്തോടും ശീലോവിനോടു ചെയ്തതുപോലെ ഞാൻ ചെയ്യും.15എഫ്രയിംസന്തതിയായ നിങ്ങളുടെ സഹോദരന്മാരെയെല്ലാം ഞാൻ തള്ളിക്കളഞ്ഞതുപോലെ നിങ്ങളെയും എന്റെ മുമ്പിൽനിന്നു ഞാൻ തള്ളിക്കളയും” എന്ന് യഹോവയുടെ അരുളപ്പാട്.
16അതുകൊണ്ട് നീ ഈ ജനത്തിനു വേണ്ടി പ്രാർത്ഥിക്കരുത്; അവർക്കു വേണ്ടി യാചനയും പ്രാർത്ഥനയും കഴിക്കരുത്; എന്നോടു പക്ഷവാദം ചെയ്യുകയുമരുത്; ഞാൻ നിന്റെ അപേക്ഷ കേൾക്കുകയില്ല.17യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്റെ വീഥികളിലും അവർ ചെയ്യുന്നത് നീ കാണുന്നില്ലയോ?18എനിക്കു കോപം ജ്വലിക്കത്തക്കവണ്ണം, ആകാശരാജ്ഞിക്ക് അപ്പം ചുടേണ്ടതിനും അന്യദേവന്മാർക്കു പാനീയബലി പകരേണ്ടതിനും മക്കൾ വിറകു പെറുക്കുകയും അപ്പന്മാർ തീ കത്തിക്കുകയും സ്ത്രീകൾ മാവു കുഴയ്ക്കുകയും ചെയ്യുന്നു.
19എന്നാൽ അവർ എന്നെയോ മുഷിപ്പിക്കുന്നത്? സ്വന്തലജ്ജയ്ക്കായിട്ട് അവർ അവരെത്തന്നെയല്ലയോ മുഷിപ്പിക്കുന്നത്” എന്ന് യഹോവയുടെ അരുളപ്പാട്.20അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, എന്റെ കോപവും എന്റെ ക്രോധവും ഈ സ്ഥലത്ത് മനുഷ്യന്റെമേലും മൃഗത്തിന്മേലും വയലിലെ വൃക്ഷങ്ങളിന്മേലും നിലത്തിലെ വിളവിന്മേലും ചൊരിയും; അതു കെട്ടുപോകാതെ ജ്വലിച്ചുകൊണ്ടിരിക്കും”.
21യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ഹനനയാഗങ്ങളോടു ഹോമയാഗങ്ങളും കൂട്ടി മാംസം തിന്നുവിൻ.22ഞാൻ നിങ്ങളുടെ പിതാക്കന്മാരെ ഈജിപ്റ്റിൽനിന്നു കൊണ്ടുവന്ന നാളിൽ ഹോമയാഗങ്ങളെക്കുറിച്ചോ ഹനനയാഗങ്ങളെക്കുറിച്ചോ അവരോടു സംസാരിക്കുകയോ കല്പിക്കുകയോ ചെയ്തിട്ടില്ല.23എന്റെ വാക്കു കേട്ടനുസരിക്കുവിൻ; എന്നാൽ ഞാൻ നിങ്ങൾക്കു ദൈവമായും നിങ്ങൾ എനിക്കു ജനമായും ഇരിക്കും; നിങ്ങൾക്കു ശുഭമായിരിക്കേണ്ടതിന് ഞാൻ നിങ്ങളോടു കല്പിച്ചിട്ടുള്ള എല്ലാവഴികളിലും നടക്കുവിൻ” എന്നിങ്ങനെയുള്ള കാര്യമാകുന്നുംഞാൻ അവരോടു കല്പിച്ചത്.
24എന്നാൽ അവർ അനുസരിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാതെ അവരുടെ ദുഷ്ടഹൃദയത്തിന്റെ ആലോചനയിലും ദുശ്ശാഠ്യത്തിലും നടന്നു മുമ്പോട്ടല്ല പിറകോട്ടു തന്നെ പൊയ്ക്കളഞ്ഞു.25നിങ്ങളുടെ പിതാക്കന്മാർ ഈജിപ്റ്റിൽനിന്നു പുറപ്പെട്ട നാൾമുതൽ ഇന്നുവരെയും ഞാൻ അതികാലത്തും ഇടവിടാതെയും പ്രവാചകന്മാരായ എന്റെ സകലദാസന്മാരെയും നിങ്ങളുടെ അടുക്കൽ പറഞ്ഞയച്ചു.26എന്നിട്ടും എന്നെ കേട്ടനുസരിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാതെ അവർ ദുശ്ശാഠ്യം കാട്ടി അവരുടെ പിതാക്കന്മാരെക്കാൾ അധികം ദോഷം ചെയ്തു.
27ഈ വചനങ്ങൾ എല്ലാം നീ അവരോടു പറയുമ്പോൾ അവർ നിനക്കു ചെവി തരുകയില്ല; നീ അവരെ വിളിക്കുമ്പോൾ അവർ ഉത്തരം പറയുകയില്ല;28എന്നാൽ നീ അവരോടു പറയേണ്ടത്: “ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിക്കുകയോ ഉപദേശം കൈക്കൊള്ളുകയോ ചെയ്യാത്ത ജനതയാകുന്നു ഇത്; സത്യം നശിച്ച് അവരുടെ വായിൽനിന്നും നിർമ്മൂലമായിരിക്കുന്നു.
29നിന്റെ തലമുടി കത്രിച്ച് എറിഞ്ഞുകളയുക; മൊട്ടക്കുന്നിന്മേൽ കയറി വിലാപം കഴിക്കുക; യഹോവ തന്റെ ക്രോധത്തിന്റെ സന്തതിയെ ഉപേക്ഷിച്ചു തള്ളിക്കളഞ്ഞിരിക്കുന്നു.30യെഹൂദാപുത്രന്മാർ എനിക്ക് അനിഷ്ടമായുള്ളതു ചെയ്തു”എന്ന് യഹോവയുടെ അരുളപ്പാട്. എന്റെ നാമത്താൽ വിളിക്കപ്പെട്ടിരിക്കുന്ന ആലയത്തെ മലിനമാക്കുവാൻ തക്കവണ്ണം അവർ അവരുടെ മ്ലേച്ഛവിഗ്രഹങ്ങളെ അതിൽ പ്രതിഷ്ഠിച്ചിരിക്കുന്നു.
31അവരുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിയിൽ ദഹിപ്പിക്കേണ്ടതിന് അവർ ബെൻഹിന്നോം താഴ്വരയിലുള്ള തോഫെത്തിലെ പൂജാഗിരികളെ പണിതിരിക്കുന്നു; അതു ഞാൻ കല്പിച്ചതല്ല; എന്റെ മനസ്സിൽ തോന്നിയതുമല്ല.32അതുകൊണ്ട് ഇനി അതിന് തോഫെത്ത് എന്നും ബെൻ ഹിന്നോംതാഴ്വര എന്നും പേരു പറയാതെ കൊലത്താഴ്വര എന്നു പേര് വിളിക്കുന്ന കാലം വരും” എന്ന് യഹോവയുടെ അരുളപ്പാട്. വേറെ സ്ഥലം ഇല്ലായ്കകൊണ്ട് അവർ തോഫെത്തിൽ ശവം അടക്കും.
33എന്നാൽ ഈ ജനത്തിന്റെ ശവങ്ങൾ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ കാട്ടുമൃഗങ്ങൾക്കും ഇരയായിത്തീരും; ആരും അവയെ ആട്ടിക്കളയുകയുമില്ല.34അന്ന് ഞാൻ യെഹൂദാപട്ടണങ്ങളിൽനിന്നും യെരൂശലേം വീഥികളിൽനിന്നും ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും നീക്കിക്കളയും; ദേശം ശൂന്യമായിക്കിടക്കും”.

8

1“ആ കാലത്ത് അവർ യെഹൂദാരാജാക്കന്മാരുടെ അസ്ഥികളും പ്രഭുക്കന്മാരുടെ അസ്ഥികളും പുരോഹിതന്മാരുടെ അസ്ഥികളും പ്രവാചകന്മാരുടെ അസ്ഥികളും യെരൂശലേംനിവാസികളുടെ അസ്ഥികളും ശവക്കുഴികളിൽനിന്നെടുത്ത്,2അവർ സ്നേഹിച്ചതും സേവിച്ചതും പിന്തുടർന്ന് അന്വേഷിച്ചതും നമസ്കരിച്ചതുമായ സൂര്യനും ചന്ദ്രനും ആകാശത്തിലെ സർവ്വസൈന്യത്തിനും മുമ്പിൽ അവ നിരത്തിവയ്ക്കും; ആരും അവയെ പെറുക്കിക്കൂട്ടുകയോ കുഴിച്ചിടുകയോ ചെയ്യുകയില്ല; അവ നിലത്തിനു വളമായിത്തീരും” എന്ന് യഹോവയുടെ അരുളപ്പാട്.3“ഈ ദുഷ്ടവംശങ്ങളിൽ ശേഷിച്ചിരിക്കുന്നവർ എല്ലാവരും, ഞാൻ അവരെ നീക്കിക്കളഞ്ഞിരിക്കുന്ന സകലസ്ഥലങ്ങളിലും ശേഷിച്ചിരിക്കുന്നവർ തന്നെ , ജീവനല്ല മരണം തന്നെ തിരഞ്ഞെടുക്കും” എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.

4“നീ അവരോടു പറയേണ്ടത് : ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഒരുത്തൻ വീണാൽ എഴുന്നേല്ക്കുകയില്ലയോ? ഒരുത്തൻ വഴി തെറ്റിപ്പോയാൽ മടങ്ങിവരുകയില്ലയോ?5യെരൂശലേമിലെ ഈ ജനം നിരന്തരമായി പിന്മാറിയിരിക്കുന്നതും വഞ്ചന മുറുകെ പിടിച്ചുകൊണ്ട് മടങ്ങിവരുവാൻ മനസ്സില്ലാതിരിക്കുന്നതും എന്ത്?
6ഞാൻ ശ്രദ്ധവച്ചു കേട്ടു; അവർ നേര് സംസാരിച്ചില്ല; “അയ്യോ ഞാൻ എന്താണു ചെയ്തത്?” എന്നു പറഞ്ഞ് ആരും തന്റെ ദുഷ്ടതയെക്കുറിച്ച് അനുതപിച്ചില്ല; കുതിര യുദ്ധത്തിനായി പായുന്നതുപോലെ ഓരോരുത്തൻ അവനവന്റെ വഴിക്കു തിരിയുന്നു.7ആകാശത്തിലെ പെരുഞാറ തന്റെ കാലം അറിയുന്നു; കുറുപ്രാവും മീവൽപക്ഷിയും കൊക്കും മടങ്ങിവരവിനുള്ള സമയം അനുസരിക്കുന്നു; എന്റെ ജനമോ യഹോവയുടെ ന്യായം അറിയുന്നില്ല”.
8“ഞങ്ങൾ ജ്ഞാനികൾ; യഹോവയുടെ ന്യായപ്രമാണം ഞങ്ങളുടെ പക്കൽ ഉണ്ട്” എന്ന് നിങ്ങൾ പറയുന്നത് എങ്ങനെ? ശാസ്ത്രിമാരുടെ വ്യാജമുള്ള എഴുത്തുകോൽ അതിനെ വ്യാജമാക്കിത്തീർത്തിരിക്കുന്നു.9ജ്ഞാനികൾ ലജ്ജിച്ചു ഭ്രമിച്ചു പിടിക്കപ്പെടും; അവർ യഹോവയുടെ വചനം ധിക്കരിച്ചുകളഞ്ഞുവല്ലോ; അവരിൽ എന്തു ജ്ഞാനമാണുള്ളത് ?10അതുകൊണ്ട് ഞാൻ അവരുടെ ഭാര്യമാരെ അന്യന്മാർക്കും അവരുടെ നിലങ്ങൾ അവയെ കൈവശമാക്കുന്നവർക്കും കൊടുക്കും; അവർ ആബാലവൃദ്ധം ദ്രവ്യാഗ്രഹികൾ ആകുന്നു; പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ വ്യാജം പ്രവർത്തിക്കുന്നു.
11സമാധാനം ഇല്ലാതിരിക്കെ ‘സമാധാനം സമാധാനം’ എന്നു പറഞ്ഞ് അവർ എന്റെ ജനത്തിന്റെ പുത്രിയുടെ മുറിവിനു ലഘുവായി ചികിത്സിക്കുന്നു.12മ്ലേച്ഛത പ്രവർത്തിച്ചതുകൊണ്ട് അവർ ലജ്ജിക്കേണ്ടിവരും; അവർ ഒരിക്കലും ലജ്ജിച്ചിട്ടില്ല നാണം അറിഞ്ഞിട്ടുമില്ല; അതുകൊണ്ട് വീഴുന്നവരുടെ ഇടയിൽ അവർ വീണുപോകും; അവരുടെ സന്ദർശനകാലത്ത് അവർ ഇടറി വീഴും” എന്ന് യഹോവ അരുളിച്ചെയ്യുന്നു.13“ഞാൻ അവരെ സംഹരിച്ചുകളയും” എന്ന് യഹോവയുടെ അരുളപ്പാട്; മുന്തിരിവള്ളിയിൽ മുന്തിരിപ്പഴം ഉണ്ടാവുകയില്ല; അത്തിവൃക്ഷത്തിൽ അത്തിപ്പഴം ഉണ്ടാവുകയില്ല; ഇലയും വാടിപ്പോകും; അവരെ ആക്രമിക്കുന്നവരെ ഞാൻ നിയമിച്ചിരിക്കുന്നു”.
14“നാം അനങ്ങാതിരിക്കുന്നതെന്ത്? കൂടിവരുവിൻ; നാം ഉറപ്പുള്ള പട്ടണങ്ങളിൽ ചെന്ന് അവിടെ നശിച്ചുപോകുക; നാം യഹോവയോടു പാപം ചെയ്യുകകൊണ്ട് നമ്മുടെ ദൈവമായ യഹോവ നമ്മെ നഞ്ചുവെള്ളം1 കുടിപ്പിച്ച് നശിപ്പിച്ചിരിക്കുന്നു.15നാം സമാധാനത്തിനായി കാത്തിരുന്നു; എന്നാൽ ഒരു നന്മയും വന്നില്ല; രോഗശമനത്തിനായി കാത്തിരുന്നു; എന്നാൽ ഇതാ, ഭീതി!”
16അവന്റെ കുതിരകളുടെ മുക്കുറ ശബ്ദം ദാനിൽനിന്നു കേൾക്കുന്നു; അവന്റെ ആൺകുതിരകളുടെ മദഗർജ്ജനംകൊണ്ടു ദേശമെല്ലാം വിറയ്ക്കുന്നു; അവ വന്ന് ദേശത്തെയും അതിലുള്ള സകലത്തെയും നഗരത്തെയും അതിൽ വസിക്കുന്നവരെയും വിഴുങ്ങിക്കളയും.17“ഞാൻ സർപ്പങ്ങളെയും മന്ത്രം ഫലിക്കാത്ത അണലികളെയും നിങ്ങളുടെ ഇടയിൽ അയയ്ക്കും; അവ നിങ്ങളെ കടിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
18“അയ്യോ, എന്റെ സങ്കടത്തിൽ എനിക്ക് ആശ്വാസം വന്നെങ്കിൽ കൊള്ളാമായിരുന്നു; എന്റെ മനസ്സു വല്ലാതെ ഉള്ളിൽ ക്ഷീണിച്ചിരിക്കുന്നു.19കേട്ടോ, ദൂരദേശത്തുനിന്ന് എന്റെ ജനത്തിന്റെ പുത്രി: “സീയോനിൽ യഹോവ വസിക്കുന്നില്ലയോ? അവളുടെ രാജാവ് അവിടെ ഇല്ലയോ” എന്ന് നിലവിളിക്കുന്നു. അവർ അവരുടെ വിഗ്രഹങ്ങളെക്കൊണ്ടും അന്യദേശങ്ങളിലെ മിഥ്യാമൂർത്തികളെക്കൊണ്ടും എന്നെ കോപിപ്പിച്ചതെന്തിന്”?
20കൊയ്ത്തുകഴിഞ്ഞു, ഫലശേഖരവും കഴിഞ്ഞു; നാമോ രക്ഷിക്കപ്പെട്ടതുമില്ല.21എന്റെ ജനത്തിന്റെ പുത്രിയുടെ മുറിവു നിമിത്തം ഞാനും മുറിവേറ്റ് ദുഃഖിച്ചുനടക്കുന്നു; സ്തംഭനം എന്നെ പിടിച്ചിരിക്കുന്നു.22ഗിലെയാദിൽ സുഗന്ധതൈലം ഇല്ലയോ? അവിടെ വൈദ്യൻ ഇല്ലയോ? എന്റെ ജനത്തിൻ പുത്രിക്ക് രോഗശമനം വരാതെ ഇരിക്കുന്നതെന്ത്”?


1 8:14 നഞ്ചുവെള്ളം വിഷദ്രാവകം

9

1അയ്യോ, എന്റെ ജനത്തിന്റെ പുത്രിയുടെ ഘാതകന്മാർനിമിത്തം രാവും പകലും കരയേണ്ടതിന് എന്റെ തല വെള്ളവും എന്റെ കണ്ണു കണ്ണുനീരുറവും ആയിരുന്നെങ്കിൽ കൊള്ളാമായിരുന്നു!2അയ്യോ, എന്റെ ജനത്തെ വിട്ടു പോകേണ്ടതിന് മരുഭൂമിയിൽ വഴിയാത്രക്കാർക്കുള്ള ഒരു സത്രം എനിക്കു കിട്ടിയെങ്കിൽ കൊള്ളാമായിരുന്നു! അവരെല്ലാവരും വ്യഭിചാരികളും ദ്രോഹികളുടെ കൂട്ടവുമല്ലയോ?.3“അവർ വ്യാജത്തിനായി നാവു വില്ലുപോലെ കുലയ്ക്കുന്നു; അവർ സത്യത്തിനായിട്ടല്ല ദേശത്ത് വീര്യം കാണിക്കുന്നത്; അവർ ഒരു ദോഷം വിട്ട് മറ്റൊരു ദോഷത്തിന് പുറപ്പെടുന്നു; അവർ എന്നെ അറിയുന്നില്ല” എന്ന് യഹോവയുടെ അരുളപ്പാട്.

4നിങ്ങൾ ഓരോരുത്തനും അവനവന്റെ കൂട്ടുകാരനെ സൂക്ഷിച്ചുകൊള്ളുവിൻ; ഒരു സഹോദരനിലും നിങ്ങൾ ആശ്രയിക്കരുത്; ഓരോ സഹോദരനും ഉപായം പ്രവർത്തിക്കുന്നു; ഓരോ കൂട്ടുകാരനും നുണ പറഞ്ഞു നടക്കുന്നു.5അവർ ഓരോരുത്തനും അവനവന്റെ കൂട്ടുകാരനെ ചതിക്കും; സത്യം സംസാരിക്കുകയുമില്ല; വ്യാജം സംസാരിക്കുവാൻ അവർ നാവിനെ അഭ്യസിപ്പിച്ചിരിക്കുന്നു; നീതികേടു പ്രവർത്തിക്കുവാൻ അവർ അദ്ധ്വാനിക്കുന്നു.6നിന്റെ വാസം വഞ്ചനയുടെ നടുവിൽ ആകുന്നു; വഞ്ചനനിമിത്തം അവർ എന്നെ അറിയുവാൻ വിസമ്മതിക്കുന്നു” എന്ന് യഹോവയുടെ അരുളപ്പാട്.
7അതുകൊണ്ട് സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ ഞാൻ അവരെ ഉരുക്കി ശോധന കഴിക്കും; എന്റെ ജനത്തിന്റെ പുത്രിക്കു വേണ്ടി എനിക്ക് മറ്റെന്തു ചെയ്യുവാൻ സാധിക്കും?8അവരുടെ നാവ് മരണകരമായ അസ്ത്രമാകുന്നു; അത് വഞ്ചന സംസാരിക്കുന്നു; വായ്കൊണ്ട് ഓരോരുത്തനും അവനവന്റെ കൂട്ടുകാരനോട് സമാധാനം സംസാരിക്കുന്നു; എന്നാൽ ഹൃദയത്തിൽ അവനായി പതിയിരിക്കുന്നു.9ഇവ നിമിത്തം ഞാൻ അവരെ സന്ദർശിക്കാതെ ഇരിക്കുമോ? ഇങ്ങനെയുള്ള ജനതയോടു ഞാൻ പകരം ചെയ്യാതെ ഇരിക്കുമോ” എന്ന് യഹോവയുടെ അരുളപ്പാട്.
10“പർവ്വതങ്ങളെക്കുറിച്ചു ഞാൻ കരച്ചിലും വിലാപവും മരുഭൂമിയിലെ മേച്ചിൽപുറങ്ങളെക്കുറിച്ചു പ്രലാപവും തുടങ്ങും; ആരും വഴിപോകാത്തവണ്ണം അവ വെന്തുപോയിരിക്കുന്നു; കന്നുകാലികളുടെ ശബ്ദം കേൾക്കുന്നില്ല; ആകാശത്തിലെ പക്ഷികളും മൃഗങ്ങളും എല്ലാം അവിടം വിട്ടുപോയിരിക്കുന്നു.11ഞാൻ യെരൂശലേമിനെ കൽക്കുന്നുകളും കുറുനരികളുടെ പാർപ്പിടവും ആക്കും; ഞാൻ യെഹൂദാപട്ടണങ്ങളെ നിവാസികൾ ഇല്ലാതെയാകും വിധം ശൂന്യമാക്കിക്കളയും.12ഇതു ഗ്രഹിക്കുവാൻ തക്ക ജ്ഞാനമുള്ളവൻ ആര്? അതു പ്രസ്താവിക്കുവാൻ തക്കവണ്ണം യഹോവയുടെ വായ് ആരോട് അരുളിച്ചെയ്തു? ആരും വഴിപോകാത്തവിധം ദേശം നശിച്ച് മരുഭൂമിപോലെ വെന്തുപോകുവാൻ സംഗതി എന്ത്?”
13യഹോവ അരുളിച്ചെയ്യുന്നത്: “ഞാൻ അവരുടെ മുമ്പിൽ വച്ച ന്യായപ്രമാണം അവർ ഉപേക്ഷിച്ച് എന്റെ വാക്കു കേൾക്കുകയോ അത് അനുസരിച്ചു നടക്കുകയോ ചെയ്യാതെ14അവരുടെ ഹൃദയത്തിന്റെ ശാഠ്യത്തെയും അവരുടെ പിതാക്കന്മാർ അവരെ അഭ്യസിപ്പിച്ച ബാൽവിഗ്രഹങ്ങളെയും അനുസരിച്ചു നടന്നു”; അതുകൊണ്ട്
15യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഈ ജനത്തെ കാഞ്ഞിരം1 കൊണ്ടു പോഷിപ്പിച്ച് നഞ്ചുവെള്ളം കുടിപ്പിക്കും.16അവരും അവരുടെ പിതാക്കന്മാരും അറിയാത്ത ജനതകളുടെ ഇടയിൽ ഞാൻ അവരെ ചിതറിച്ച്, അവരെ മുടിക്കുവോളം അവരുടെ പിന്നാലെ വാൾ അയയ്ക്കും”.
17സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ചിന്തിച്ചു വിലപിക്കുന്ന സ്ത്രീകളെ വിളിച്ചു വരുത്തുവിൻ; സാമർത്ഥ്യമുള്ള സ്ത്രീകളെ ആളയച്ചു വരുത്തുവിൻ.18നമ്മുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകത്തക്കവിധവും നമ്മുടെ കൺപോളയിൽനിന്നു വെള്ളം കവിഞ്ഞൊഴുകത്തക്കവിധവും അവർ ബദ്ധപ്പെട്ടു വിലാപം കഴിക്കട്ടെ.
19സീയോനിൽനിന്ന് ഒരു വിലാപം കേൾക്കുന്നു; “നാം എത്ര ശൂന്യമായിരിക്കുന്നു; നാം അത്യന്തം നാണിച്ചിരിക്കുന്നു; നാം ദേശം വിട്ടുപോയല്ലോ; നമ്മുടെ നിവാസങ്ങൾ അവർ തള്ളിയിട്ടുകളഞ്ഞിരിക്കുന്നു.20എന്നാൽ സ്ത്രീകളേ, യഹോവയുടെ വചനം കേൾക്കുവിൻ; നിങ്ങളുടെ ചെവി അവിടുത്തെ വായിലെ വചനം ശ്രദ്ധിക്കട്ടെ; നിങ്ങളുടെ പുത്രിമാരെ വിലാപവും ഓരോ സ്ത്രീയും അവളുടെ കൂട്ടുകാരിയെ പ്രലാപവും അഭ്യസിപ്പിക്കുവിൻ.
21വിശാലസ്ഥലത്തുനിന്നു കുഞ്ഞുങ്ങളെയും വീഥികളിൽനിന്നു യുവാക്കളെയും ഛേദിച്ചുകളയേണ്ടതിന് മരണം നമ്മുടെ കിളിവാതിലുകളിൽകൂടി കയറി നമ്മുടെ അരമനകളിലേക്കു പ്രവേശിച്ചിരിക്കുന്നു.22മനുഷ്യരുടെ ശവങ്ങൾ വയലിലെ ചാണകംപോലെയും, കൊയ്ത്തുകാരന്റെ പിന്നിലെ കതിർമണിപോലെയും വീഴും; ആരും അവയെ കൂട്ടിച്ചേർക്കുകയില്ല എന്ന് യഹോവയുടെ അരുളപ്പാട്” എന്നു പറയുക.
23യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ജ്ഞാനി തന്റെ ജ്ഞാനത്തിൽ പ്രശംസിക്കരുത്; ബലവാൻ തന്റെ ബലത്തിൽ പ്രശംസിക്കരുത്; ധനവാൻ തന്റെ ധനത്തിലും പ്രശംസിക്കരുത്.24പ്രശംസിക്കുന്നവനോ: യഹോവയായ ഞാൻ ഭൂമിയിൽ ദയയും ന്യായവും നീതിയും പ്രവർത്തിക്കുന്നു എന്നിങ്ങനെ എന്നെ ഗ്രഹിച്ചറിയുന്നതിൽ തന്നെ പ്രശംസിക്കട്ടെ; ഇതിൽ അല്ലയോ എനിക്കു പ്രസാദമുള്ളത്” എന്നു യഹോവയുടെ അരുളപ്പാട്.
25ഇതാ ഈജിപ്റ്റ്, യെഹൂദാ, ഏദോം, അമ്മോന്യർ, മോവാബ്, തലയുടെ അരികു വടിക്കുന്ന മരുഭൂനിവാസികൾ എന്നിങ്ങനെ അഗ്രചർമ്മത്തോടുകൂടിയ സകലപരിച്ഛേദനക്കാരെയും ഞാൻ ശിക്ഷിക്കുവാനുള്ള കാലം വരുന്നു.26സകലജനതകളും അഗ്രചർമ്മികളല്ലയോ?; എന്നാൽ യിസ്രായേൽഗൃഹം മുഴുവനും ഹൃദയത്തിൽ അഗ്രചർമ്മികളാകുന്നു” എന്ന് യഹോവയുടെ അരുളപ്പാട്.


1 9:15 കാഞ്ഞിരം കൈപ്പുള്ള ഫലം ഉണ്ടാകുന്ന വൃക്ഷം

10

1“യിസ്രായേൽഗൃഹമേ, യഹോവ നിങ്ങളോട് അരുളിച്ചെയ്യുന്ന വചനം കേൾക്കുവിൻ!2യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ജനതകളുടെ വഴി പഠിക്കരുത്; ആകാശത്തിലെ ലക്ഷണങ്ങൾ കണ്ട് ഭ്രമിക്കരുത്; ജനതകൾ അല്ലയോ അവ കണ്ടു ഭ്രമിക്കുന്നത്.

3ജനതകളുടെ ചട്ടങ്ങൾ മിഥ്യാമൂർത്തിയെ സംബന്ധിച്ചാകുന്നു; അത് ഒരുവൻ കാട്ടിൽനിന്നു വെട്ടിക്കൊണ്ടുവന്ന മരവും, ആശാരി ഉളികൊണ്ടു ചെയ്ത പണിയും അത്രേ.4അവർ അതിനെ വെള്ളിയും പൊന്നും കൊണ്ട് അലങ്കരിക്കുന്നു; അത് ഇളകാതെയിരിക്കേണ്ടതിന് അവർ അതിനെ ആണിയും ചുറ്റികയുംകൊണ്ട് ഉറപ്പിക്കുന്നു.5അവ വെള്ളരിത്തോട്ടത്തിലെ നോക്കുകുത്തിപോലെയാകുന്നു; അവ സംസാരിക്കുന്നില്ല; അവയ്ക്കു നടക്കുവാൻ കഴിവില്ലാത്തതുകൊണ്ട് അവയെ ചുമന്നുകൊണ്ടു പോകണം; അവയെ ഭയപ്പെടരുത്; ഒരു ദോഷവും ചെയ്യുവാൻ അവയ്ക്കു കഴിയുകയില്ല; ഗുണം ചെയ്യുവാനും അവയ്ക്കു പ്രാപ്തിയില്ല”.
6യഹോവേ, അങ്ങേയ്ക്കു തുല്യനായി ആരുമില്ല; അവിടുന്ന് വലിയവനും അവിടുത്തെ നാമം അത്യന്തം ശക്തിയുള്ളതും ആകുന്നു.7ജനതകളുടെ രാജാവേ, ആര് അങ്ങയെ ഭയപ്പെടാതെയിരിക്കും? അത് അങ്ങേയ്ക്കു യോഗ്യമാകുന്നു; ജനതകളുടെ സകല ജ്ഞാനികളിലും അവരുടെ സകലരാജ്യങ്ങളിലും അങ്ങയോടു തുല്യനായി ആരും ഇല്ല.
8അവർ ഒരുപോലെ മൃഗപ്രായരും ഭോഷന്മാരും ആകുന്നു; മിഥ്യാമൂർത്തികളുടെ ഉപദേശമോ മരക്കഷണമത്രേ.9തർശീശിൽനിന്ന് അടിച്ചുപരത്തിയ വെള്ളിയും ഊഫാസിൽനിന്ന് പൊന്നും കൊണ്ടുവരുന്നു; അത് കൗശലപ്പണിക്കാരന്റെയും തട്ടാന്റെയും കൈപ്പണി തന്നെ; നീലയും രക്താംബരവും അവയുടെ ഉടുപ്പ്; അവയെല്ലാം കൗശലപ്പണിക്കാരുടെ പണിതന്നെ.10യഹോവയോ സത്യദൈവം; അവിടുന്ന് ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നെ; അവിടുത്തെ ക്രോധത്താൽ ഭൂമി നടുങ്ങുന്നു; ജനതകൾക്ക് അവിടുത്തെ ഉഗ്രകോപം സഹിക്കുവാൻ കഴിയുകയുമില്ല.
11ആകാശത്തെയും ഭൂമിയെയും നിർമ്മിക്കാത്ത ദേവന്മാരോ ഭൂമിയിൽനിന്നും ആകാശത്തിൻ കീഴിൽനിന്നും നശിച്ചുപോകും” എന്നിങ്ങനെ അവരോടു പറയുവിൻ.12അവിടുന്ന് തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു; തന്റെ ജ്ഞാനത്താൽ ഭൂമണ്ഡലത്തെ സ്ഥാപിച്ചു; തന്റെ വിവേകത്താൽ ആകാശത്തെ വിരിച്ചു.13അവിടുന്ന് തന്റെ നാദം പുറപ്പെടുവിക്കുമ്പോൾ ആകാശത്ത് വെള്ളത്തിന്റെ മുഴക്കം ഉണ്ടാകുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്ന് അവിടുന്ന് നീരാവി പൊങ്ങുമാറാക്കുന്നു; മഴയ്ക്കു മിന്നൽ ഉണ്ടാക്കി, തന്റെ ഭണ്ഡാരത്തിൽനിന്ന് കാറ്റു പുറപ്പെടുവിക്കുന്നു.
14ഏതു മനുഷ്യനും മൃഗപ്രായനും, പരിജ്ഞാനമില്ലാത്തവനും ആകുന്നു; തട്ടാന്മാരൊക്കെയും വിഗ്രഹംനിമിത്തം ലജ്ജിച്ചുപോകുന്നു; അവർ വാർത്തുണ്ടാക്കിയ വിഗ്രഹം വ്യാജമായതുകൊണ്ടത്രേ; അവയിൽ ശ്വാസവുമില്ല.15അവ മായയും വ്യർത്ഥ പ്രവൃത്തിയും തന്നെ; ശിക്ഷയുടെ കാലത്ത് അവ നശിച്ചുപോകും.16യാക്കോബിന്റെ ഓഹരിയായവൻ അവയെപ്പോലെയല്ല; അവിടുന്ന് സർവ്വത്തെയും നിർമ്മിച്ചവൻ; യിസ്രായേൽ അവിടുത്തെ അവകാശഗോത്രം; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവിടുത്തെ നാമം.
17ഉപരോധിക്കപ്പെട്ടവളേ, നിലത്തുനിന്നു നിന്റെ ഭാണ്ഡം എടുത്തുകൊള്ളുക”.18യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഈ പ്രാവശ്യം ദേശത്തിലെ നിവാസികളെ കവിണയിൽ വച്ച് എറിഞ്ഞുകളയുകയും, അവർ മനം തിരിയത്തക്കവണ്ണം അവരെ ബുദ്ധിമുട്ടിക്കുകയും ചെയ്യും.
19എന്റെ മുറിവുനിമിത്തം എനിക്ക് അയ്യോ കഷ്ടം! എന്റെ മുറിവ് വ്യസനകരമാകുന്നു; എങ്കിലും : “അത് എന്റെ രോഗം! ഞാൻ അതു സഹിച്ചേ മതിയാവു” എന്ന് ഞാൻ പറഞ്ഞു.20എന്റെ കൂടാരം കവർച്ചയായിപ്പോയിരിക്കുന്നു; എന്റെ കയറുകൾ പൊട്ടിപ്പോയിരിക്കുന്നു; എന്റെ മക്കൾ എന്നെ വിട്ടുപോയി; അവർ ഇല്ലാതായിരിക്കുന്നു; ഇനി എന്റെ കൂടാരം അടിക്കുവാനും തിരശ്ശീല നിവിർക്കുവാനും ആരുമില്ല.
21ഇടയന്മാർ മൃഗപ്രായരായിത്തീർന്നു; യഹോവയെ അന്വേഷിക്കുന്നില്ല; അതുകൊണ്ട് അവർ കൃതാർത്ഥരായില്ല; അവരുടെ ആട്ടിൻകൂട്ടം എല്ലാം ചിതറിപ്പോയി.22കേട്ടോ, ഒരു ശ്രുതി: “ഇതാ, യെഹൂദപട്ടണങ്ങൾ ശൂന്യവും കുറുക്കന്മാരുടെ പാർപ്പിടവും ആക്കേണ്ടതിന് അത് വടക്കുനിന്ന് ഒരു മഹാകോലാഹലവുമായി വരുന്നു.
23യഹോവേ, മനുഷ്യനു തന്റെ വഴിയും നടക്കുന്നവനു തന്റെ കാലടികൾ നിയന്ത്രിക്കുവാനും സാദ്ധ്യമല്ല എന്ന് ഞാൻ അറിയുന്നു.24യഹോവേ, ഞാൻ ഇല്ലാതെയായിപ്പോകാതിരിക്കേണ്ടതിന് അവിടുന്ന് എന്നെ കോപത്തോടെയല്ല ന്യായത്തോടെ ശിക്ഷിക്കണമേ.25അങ്ങയെ അറിയാത്ത ജനതകളുടെമേലും അവിടുത്തെ നാമം വിളിച്ചപേക്ഷിക്കാത്ത വംശങ്ങളുടെമേലും അവിടുത്തെ ക്രോധം പകരണമേ; അവർ യാക്കോബിനെ വിഴുങ്ങിക്കളഞ്ഞുവല്ലോ; അവർ അവനെ വിഴുങ്ങി നശിപ്പിച്ച് അവന്റെ വാസസ്ഥലം ശൂന്യമാക്കിയിരിക്കുന്നു.

11

1യഹോവയിൽനിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാട്:2“ഈ നിയമത്തിന്റെ വചനങ്ങൾ നിങ്ങൾ കേട്ട് യെഹൂദാപുരുഷന്മാരോടും യെരൂശലേംനിവാസികളോടും പ്രസ്താവിക്കുവിൻ.

3നീ അവരോടു പറയേണ്ടത് എന്തെന്നാൽ:“യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. ഈ നിയമത്തിന്റെ വചനങ്ങൾ കേട്ടനുസരിക്കാത്ത മനുഷ്യൻ ശപിക്കപ്പെട്ടവൻ.4നിങ്ങളുടെ പിതാക്കന്മാരെ ഇരിമ്പുചൂളയായ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന നാളിൽ ഞാൻ അവയെ അവരോടു കല്പിച്ചു: നിങ്ങൾ എന്റെ വാക്കു കേട്ടനുസരിച്ച് ഞാൻ നിങ്ങളോടു കല്പിച്ചതുപോലെ സകലവും ചെയ്യുവിൻ; എന്നാൽ നിങ്ങൾ എനിക്കു ജനവും ഞാൻ നിങ്ങൾക്കു ദൈവവും ആയിരിക്കും” എന്നരുളിച്ചെയ്തു.5ഇന്നുള്ളതുപോലെ ഞാൻ നിങ്ങളുടെ പിതാക്കന്മാർക്ക് പാലും തേനും ഒഴുകുന്ന ദേശം കൊടുക്കും എന്ന് ഞാൻ അവരോടു ചെയ്ത സത്യം നിവർത്തിക്കേണ്ടതിനു തന്നെ”. അതിനു ഞാൻ: “ആമേൻ, യഹോവേ,” എന്ന് ഉത്തരം പറഞ്ഞു.
6അപ്പോൾ യഹോവ എന്നോട് അരുളിച്ചെയ്തത്: “നീ യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്റെ വീഥികളിലും ഈ വചനങ്ങളെല്ലാം വിളിച്ചുപറയുക: ‘ഈ നിയമത്തിന്റെ വചനങ്ങൾ കേട്ട് ചെയ്തുകൊള്ളുവിൻ’.7ഞാൻ നിങ്ങളുടെ പിതാക്കന്മാരെ ഈജിപ്റ്റിൽനിന്നു കൊണ്ടുവന്ന നാളിലും ഇന്നുവരെയും ഞാൻ അതികാലത്തും ഇടവിടാതെയും അവരോട്: “എന്റെ വാക്കു കേൾക്കുവിൻ” എന്നു പറഞ്ഞ് സാക്ഷീകരിച്ചിരിക്കുന്നു.8എന്നാൽ അവർ അനുസരിക്കുകയും ചെവി ചായിക്കുകയും ചെയ്യാതെ ഓരോരുത്തൻ അവനവന്റെ ദുഷ്ടഹൃദയത്തിന്റെ ശാഠ്യപ്രകാരം നടന്നു; അതുകൊണ്ട് ഞാൻ അവരോടു ചെയ്യുവാൻ കല്പിച്ചതും അവർ ചെയ്യാതെയിരുന്നതുമായ ഈ നിയമത്തിന്റെ വചനങ്ങളെപ്പോലെ എല്ലാം ഞാൻ അവരുടെമേൽ വരുത്തിയിരിക്കുന്നു”.
9യഹോവ പിന്നെയും എന്നോട് അരുളിച്ചെയ്തത്: “യെഹൂദാപുരുഷന്മാരുടെ ഇടയിലും യെരൂശലേംനിവാസികളുടെ ഇടയിലും ഒരു കൂട്ടുകെട്ടു കണ്ടിരിക്കുന്നു.10അവർ എന്റെ വചനങ്ങൾ കേട്ടനുസരിക്കാത്ത പൂർവ്വപിതാക്കന്മാരുടെ അകൃത്യങ്ങളിലേക്കു തിരിഞ്ഞ്, അന്യദേവന്മാരെ സേവിക്കുവാൻ അവരോടു ചേർന്നിരിക്കുന്നു; ഞാൻ അവരുടെ പിതാക്കന്മാരോടു ചെയ്ത നിയമം യിസ്രായേൽഗൃഹവും യെഹൂദാഗൃഹവും ലംഘിച്ചിരിക്കുന്നു”.
11അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “രക്ഷപെടുവാൻ കഴിയാത്ത ഒരനർത്ഥം ഞാൻ അവർക്കു വരുത്തും; അവർ എന്നോടു നിലവിളിച്ചാലും ഞാൻ കേൾക്കുകയില്ല.12അപ്പോൾ യെഹൂദാപട്ടണങ്ങളും യെരൂശലേംനിവാസികളും ചെന്ന്, അവർ ധൂപം കാട്ടിവന്ന ദേവന്മാരോടു നിലവിളിക്കും; എങ്കിലും അവർ അവരെ അനർത്ഥകാലത്തു രക്ഷിക്കുകയില്ല.13യെഹൂദയേ, നിന്റെ പട്ടണങ്ങളുടെ എണ്ണത്തോളം നിനക്കു ദേവന്മാരുണ്ട്; യെരൂശലേമിലെ വീഥികളുടെ എണ്ണത്തോളം നിങ്ങൾ ആ ലജ്ജാവിഗ്രഹത്തിനു ബലിപീഠങ്ങളെ, ബാലിനു ധൂപം കാട്ടുവാനുള്ള പീഠങ്ങളെ തന്നെ തീർത്തിരിക്കുന്നു.
14അതിനാൽ നീ ഈ ജനത്തിനു വേണ്ടി പ്രാർത്ഥിക്കരുത്; അവർക്കു വേണ്ടി യാചനയോ പക്ഷവാദമോ കഴിക്കുകയുമരുത്; അവർ അനർത്ഥംനിമിത്തം എന്നോടു നിലവിളിക്കുമ്പോൾ ഞാൻ കേൾക്കുകയില്ല.15എന്റെ പ്രിയയ്ക്ക് എന്റെ ആലയത്തിൽ എന്തു കാര്യം? അവൾ പലരോടുംകൂടി ദുഷ്കർമ്മം ചെയ്തുവല്ലോ; വിശുദ്ധമാംസം നിന്നെ വിട്ടുപോയിരിക്കുന്നു; ദോഷം ചെയ്യുമ്പോൾ നീ ഉല്ലസിക്കുന്നു.16‘മനോഹര ഫലങ്ങളാൽ ശോഭിതമായ പച്ച ഒലിവുവൃക്ഷം’ എന്ന് യഹോവ നിനക്ക് പേർ വിളിച്ചിരുന്നു; എന്നാൽ മഹാകോലാഹലത്തോടെ അവൻ അതിന് തീ വച്ചുകളഞ്ഞു; അതിന്റെ കൊമ്പുകളും ഒടിഞ്ഞു കിടക്കുന്നു.
17യിസ്രായേൽഗൃഹവും യെഹൂദാഗൃഹവും ബാലിനു ധൂപം കാട്ടി എന്നെ കോപിപ്പിച്ചതിനാൽ ദോഷം പ്രവർത്തിച്ചിരിക്കുന്നു. അതിനാൽ നിന്നെ നട്ടിരിക്കുന്ന സൈന്യങ്ങളുടെ യഹോവ നിനക്ക് അനർത്ഥം വിധിച്ചിരിക്കുന്നു.
18യഹോവ എനിക്കു വെളിപ്പെടുത്തിയതിനാൽ ഞാൻ അത് അറിഞ്ഞു; അങ്ങ് അവരുടെ പ്രവൃത്തികൾ അന്നെനിക്കു കാണിച്ചുതന്നു.19ഞാനോ അറുക്കുവാൻ കൊണ്ടുപോകുന്ന ഇണക്കമുള്ള കുഞ്ഞാടുപോലെ ആയിരുന്നു; ‘അവന്റെ പേർ ആരും ഓർക്കാതെ ഇരിക്കേണ്ടതിന് നാം വൃക്ഷത്തെ ഫലത്തോടുകൂടി നശിപ്പിച്ച് ജീവനുള്ളവരുടെ ദേശത്തുനിന്നു ഛേദിച്ചുകളയുക’ എന്ന് അവർ എന്റെ നേരെ ഉപായം നിരൂപിച്ചത് ഞാൻ അറിഞ്ഞതുമില്ല.20നീതിയോടെ ന്യായംവിധിക്കുകയും അന്തരംഗവും ഹൃദയവും ശോധനകഴിക്കുകയും ചെയ്യുന്ന സൈന്യങ്ങളുടെ യഹോവേ, അവിടുന്ന് അവരോടു ചെയ്യുന്ന പ്രതികാരം ഞാൻ കാണുമാറാകട്ടെ; ഞാൻ എന്റെ വ്യവഹാരം അങ്ങയെ ബോധിപ്പിച്ചിരിക്കുന്നുവല്ലോ.
21അതുകൊണ്ട്: “നീ ഞങ്ങളുടെ കൈയാൽ മരിക്കാതെയിരിക്കേണ്ടതിന് യഹോവയുടെ നാമത്തിൽ പ്രവചിക്കരുത്” എന്നു പറഞ്ഞ് നിനക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്ന അനാഥോത്തുകാരെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:22“ഞാൻ അവരെ സന്ദർശിക്കും; യൗവനക്കാർ വാൾകൊണ്ടു മരിക്കും; അവരുടെ പുത്രന്മാരും പുത്രിമാരും ക്ഷാമംകൊണ്ടു മരിക്കും.23ഞാൻ അനാഥോത്തുകാരെ സന്ദർശിക്കുന്ന കാലത്ത് അവർക്ക് അനർത്ഥം വരുത്തുന്നതുകൊണ്ട് അവരിൽ ഒരു ശേഷിപ്പും ഉണ്ടാകുകയില്ല” എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

12

1യഹോവേ ഞാൻ അങ്ങയോടു വാദിച്ചാൽ അവിടുന്ന് നീതിമാനായിരിക്കും; എങ്കിലും ന്യായങ്ങളെക്കുറിച്ച് ഞാൻ അങ്ങയോട് ചോദിക്കുവാൻ തുനിയുന്നു; ദുഷ്ടന്മാരുടെ വഴി ശുഭമായിരിക്കുവാൻ സംഗതി എന്ത്? ദ്രോഹം പ്രവർത്തിക്കുന്നവരെല്ലാം നിർഭയരായിരിക്കുന്നതെന്ത്?2അങ്ങ് അവരെ നട്ടു; അവർ വേരൂന്നി വളർന്ന് ഫലം കായ്ക്കുന്നു; അവരുടെ വായിൽ അവിടുന്ന് സമീപസ്ഥനായും അന്തരംഗത്തിൽ ദൂരസ്ഥനായും ഇരിക്കുന്നു.

3എന്നാൽ യഹോവേ, എന്നെ അങ്ങ് അറിയുന്നു; അവിടുന്ന് എന്നെ കണ്ട് അവിടുത്തെ സന്നിധിയിൽ എന്റെ ഹൃദയത്തെ ശോധനചെയ്യുന്നു; അറുക്കുവാനുള്ള ആടുകളെപ്പോലെ അവരെ വലിച്ചിഴയ്ക്കണമേ; കൊലദിവസത്തിനായി അവരെ ഒരുക്കണമേ.4ദേശം ദുഃഖിക്കുന്നതും നിലത്തിലെ സസ്യമൊക്കെയും വാടുന്നതും എത്രത്തോളം? നിവാസികളുടെ ദുഷ്ടത നിമിത്തം മൃഗങ്ങളും പക്ഷികളും നശിച്ചുപോകുന്നു; ഇവൻ ഞങ്ങളുടെ അവസാനം കാണുകയില്ല” എന്ന് അവർ പറയുന്നു.
5“കാലാളുകളോടുകൂടി ഓടിയിട്ട് നീ ക്ഷീണിച്ചുപോയാൽ, കുതിരകളോട് എങ്ങനെ മത്സരിച്ചോടും? സമാധാനമുള്ള ദേശത്ത് നീ നിർഭയനായിരിക്കുന്നു; എന്നാൽ യോർദ്ദാന്റെ വൻകാട്ടിൽ നീ എന്തു ചെയ്യും?”6“നിന്റെ സഹോദരന്മാരും പിതൃഭവനവും നിന്നോടു ദ്രോഹം ചെയ്തിരിക്കുന്നു; അവരും നിന്റെ പിന്നാലെ ആർപ്പുവിളിക്കുന്നു; അവർ നിന്നോട് മധുരവാക്കു പറഞ്ഞാലും അവരെ വിശ്വസിക്കരുത്.
7ഞാൻ എന്റെ ആലയത്തെ ഉപേക്ഷിച്ച്, എന്റെ അവകാശത്തെ ത്യജിച്ച്, എന്റെ പ്രാണപ്രിയയെ ശത്രുക്കളുടെ കൈയിൽ ഏല്പിച്ചിരിക്കുന്നു.8എന്റെ അവകാശം എനിക്ക് കാട്ടിലെ സിംഹംപോലെ ആയിരിക്കുന്നു; അത് എന്റെ നേരെ ഗർജ്ജിക്കുന്നു; അതുകൊണ്ട് ഞാൻ അതിനെ വെറുക്കുന്നു.9എന്റെ അവകാശം എനിക്ക് പുള്ളിക്കഴുകനെപ്പോലെയോ? കഴുകന്മാർ അതിനെ ചുറ്റിയിരിക്കുന്നുവോ? നിങ്ങൾ ചെന്ന് എല്ലാ കാട്ടുമൃഗങ്ങളെയും കൂട്ടി,അവരെ വിഴുങ്ങുവാൻ വരുവിൻ.
10അനേകം ഇടയന്മാർ എന്റെ മുന്തിരിത്തോട്ടം നശിപ്പിക്കുകയും എന്റെ ഓഹരി ചവിട്ടിക്കളയുകയും, എന്റെ മനോഹരമായ ഓഹരിയെ ശൂന്യമരുഭൂമിയാക്കുകയും ചെയ്തിരിക്കുന്നു.11അവർ അതിനെ ശൂന്യമാക്കിയിരിക്കുന്നു; ശൂന്യമായിത്തീർന്നതിനാൽ അത് എന്നോടു സങ്കടം പറയുന്നു; ആരും ശ്രദ്ധിക്കാത്തതിനാൽ ദേശം എല്ലാം ശൂന്യമായിപ്പോയിരിക്കുന്നു.
12കവർച്ചക്കാർ മരുഭൂമിയിലെ മൊട്ടക്കുന്നിന്മേൽ എല്ലായിടവും വന്നിരിക്കുന്നു; യഹോവയുടെ വാൾ ദേശത്തെ ഒരറ്റം മുതൽ മറ്റേ അറ്റംവരെ തിന്നുകളയുന്നു; ഒരു ജഡത്തിനും സമാധാനം ഇല്ല.13അവർ ഗോതമ്പു വിതച്ച്, മുള്ളു കൊയ്തു; അവർ പ്രയാസപ്പെട്ടു; ഒരു ഫലവും ഉണ്ടായില്ല; യഹോവയുടെ ഉഗ്രകോപം നിമിത്തം അവർ അവരുടെ വിളവിനെക്കുറിച്ച് ലജ്ജിക്കും”.
14ഞാൻ എന്റെ ജനമായ യിസ്രായേലിനു കൊടുത്തിരിക്കുന്ന അവകാശത്തെ തൊടുന്ന ദുഷ്ടന്മാരായ എന്റെ എല്ലാ അയല്ക്കാരെയും കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അവരെ അവരുടെ ദേശത്തുനിന്നു പറിച്ചുകളയും; യെഹൂദാഗൃഹത്തെ ഞാൻ അവരുടെ ഇടയിൽനിന്നു പറിച്ചുകളയും.15അവരെ പറിച്ചുകളഞ്ഞ ശേഷം ഞാൻ വീണ്ടും അവരോടു കരുണ കാണിച്ച് ഓരോരുത്തനെ അവനവന്റെ അവകാശത്തിലേക്കും ദേശത്തിലേക്കും തിരിച്ചുവരുത്തും.
16അവർ എന്റെ ജനത്തെ ബാലിന്റെ നാമത്തിൽ സത്യം ചെയ്യുവാൻ പഠിപ്പിച്ചതുപോലെ, ‘യഹോവയാണ’ എന്ന് എന്റെ നാമത്തിൽ സത്യം ചെയ്യുവാൻ തക്കവണ്ണം എന്റെ ജനത്തിന്റെ വഴികളെ താത്പര്യത്തോടെ പഠിക്കുമെങ്കിൽ, അവർ എന്റെ ജനത്തിന്റെ മദ്ധ്യത്തിൽ അഭിവൃദ്ധി പ്രാപിക്കും.17അവർ കേട്ടനുസരിക്കുന്നില്ലെങ്കിൽ, ഞാൻ ആ ജനതയെ പറിച്ച് നശിപ്പിച്ചുകളയും” എന്ന് യഹോവയുടെ അരുളപ്പാട്.

13

1യഹോവ എന്നോട്: “നീ ചെന്ന്, ചണനൂൽ കൊണ്ടുള്ള ഒരു അരക്കച്ച വാങ്ങി നിന്റെ അരയ്ക്കു കെട്ടുക; അത് വെള്ളത്തിൽ ഇടരുത്” എന്നു കല്പിച്ചു.2അങ്ങനെ ഞാൻ യഹോവയുടെ കല്പനപ്രകാരം ഒരു കച്ച വാങ്ങി അരയ്ക്കു കെട്ടി.3യഹോവയുടെ അരുളപ്പാട് രണ്ടാം പ്രാവശ്യം എനിക്കുണ്ടായത് :4“നീ വാങ്ങി അരയ്ക്കു കെട്ടിയ കച്ച എടുത്തു പുറപ്പെട്ട് ഫ്രാത്തിനരികിൽ ചെന്ന്, അവിടെ ഒരു പാറയുടെ വിള്ളലിൽ ഒളിച്ചു വയ്ക്കുക”.

5അങ്ങനെ ഞാൻ ചെന്ന് യഹോവ എന്നോടു കല്പിച്ചതുപോലെ അത് ഫ്രാത്തിനരികിൽ ഒളിച്ചുവച്ചു.6വളരെനാൾ കഴിഞ്ഞശേഷം യഹോവ എന്നോട്: “നീ എഴുന്നേറ്റ് ഫ്രാത്തിനരികിൽ ചെന്ന്, അവിടെ ഒളിച്ചുവയ്ക്കുവാൻ നിന്നോടു കല്പിച്ച കച്ച എടുത്തുകൊള്ളുക” എന്നരുളിച്ചെയ്തു.7അങ്ങനെ ഞാൻ ഫ്രാത്തിനരികിൽ ചെന്ന്, ഒളിച്ചുവച്ചിരുന്ന സ്ഥലത്തു നിന്ന് കച്ച മാന്തി എടുത്തു; എന്നാൽ കച്ച കേടുവന്ന് ഒന്നിനും കൊള്ളരുതാത്തതായിത്തീർന്നിരുന്നു.
8യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:9യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇങ്ങനെ ഞാൻ യെഹൂദയുടെ ഗർവ്വവും യെരൂശലേമിന്റെ മഹാഗർവ്വവും നശിപ്പിച്ചുകളയും.10എന്റെ വചനം കേൾക്കുവാൻ മനസ്സില്ലാതെ സ്വന്ത ഹൃദയത്തിന്റെ ആലോചന പോലെ നടക്കുകയും അന്യദേവന്മാരെ സേവിച്ചു നമസ്കരിക്കേണ്ടതിന് അവരോടു ചേരുകയും ചെയ്യുന്ന ഈ ദുഷ്ടജനം ഒന്നിനും കൊള്ളരുതാത്ത ഈ കച്ചപോലെ ആയിത്തീരും.11കച്ച ഒരു മനുഷ്യന്റെ അരയോടു പറ്റിയിരിക്കുന്നതുപോലെ ഞാൻ യിസ്രായേൽഗൃഹത്തെ മുഴുവനും യെഹൂദാഗൃഹത്തെ മുഴുവനും എനിക്ക് ജനവും കീർത്തിയും പ്രശംസയും അലങ്കാരവും ആകേണ്ടതിന്, എന്നോടു പറ്റിയിരിക്കുമാറാക്കി; അവർക്കോ അനുസരിക്കുവാൻ മനസ്സായില്ല” എന്ന് യഹോവയുടെ അരുളപ്പാട്.
12അതുകൊണ്ട് നീ അവരോടു പറയേണ്ടത്: “എല്ലാതുരുത്തിയിലും വീഞ്ഞു നിറയും” എന്ന് യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു; “എല്ലാതുരുത്തിയിലും വീഞ്ഞു നിറയും എന്ന് ഞങ്ങൾക്കറിഞ്ഞുകൂടയോ” എന്ന് അവർ നിന്നോടു ചോദിക്കും.13അതിനു നീ അവരോടു പറയേണ്ടത്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഈ ദേശത്തിലെ സർവ്വനിവാസികളെയും ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന രാജാക്കന്മാരെയും പുരോഹിതന്മാരെയും പ്രവാചകന്മാരെയും യെരൂശലേമിലെ സർവ്വനിവാസികളെയും ഞാൻ ലഹരികൊണ്ടു നിറയ്ക്കും.14ഞാൻ അവരെ അന്യോന്യവും പിതാക്കന്മാരെയും പുത്രന്മാരെയും തമ്മിലും ഏറ്റുമുട്ടി നശിക്കുമാറാക്കും” എന്ന് യഹോവയുടെ അരുളപ്പാട്; “അവരെ നശിപ്പിക്കുകയല്ലാതെ ഞാൻ അവരോടു കനിവോ ക്ഷമയോ കരുണയോ കാണിക്കുകയില്ല.
15നിങ്ങൾ കേൾക്കുവിൻ, ചെവിതരുവിൻ; ഗർവ്വിക്കരുത്; യഹോവയല്ലയോ അരുളിച്ചെയ്യുന്നത്.16ഇരുട്ടാകുന്നതിനും നിങ്ങളുടെ കാൽ അന്ധകാരപർവ്വതങ്ങളിൽ ഇടറിപ്പോകുന്നതിനും മുമ്പ് നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് ബഹുമാനം കൊടുക്കുവിൻ; അല്ലെങ്കിൽ നിങ്ങൾ പ്രകാശത്തിനു കാത്തിരിക്കുമ്പോൾ അവിടുന്ന് അത് മരണ നിഴലാക്കി മാറ്റി നിങ്ങളെ കൂരിരുട്ടിൽ കുടുക്കും .17നിങ്ങൾ കേട്ടനുസരിക്കുന്നില്ലെങ്കിൽ ഞാൻ നിങ്ങളുടെ ഗർവ്വം നിമിത്തം രഹസ്യത്തിൽ കരയും; യഹോവയുടെ ആട്ടിൻകൂട്ടത്തെ പിടിച്ചു കൊണ്ടുപോയിരിക്കുകയാൽ ഞാൻ ഏറ്റവും കരഞ്ഞു കണ്ണുനീരൊഴുക്കും.
18നീ രാജാവിനോടും രാജമാതാവിനോടും: “താഴെ ഇറങ്ങി ഇരിക്കുവിൻ; നിങ്ങളുടെ മഹത്വകിരീടം നിലത്തു വീണിരിക്കുന്നു” എന്നു പറയുക.19തെക്കുള്ള പട്ടണങ്ങൾ അടയ്ക്കപ്പെടും; ആരും അവയെ തുറക്കുകയില്ല; യെഹൂദയെ മുഴുവനും പിടിച്ചു കൊണ്ടുപോകും; അവരെ മുഴുവൻ പിടിച്ചു കൊണ്ടുപോകും.
20നീ കണ്ണുയർത്തി വടക്കു നിന്നു വരുന്നവരെ നോക്കുക; നിനക്കു നല്കിയിരുന്ന കൂട്ടം, നിന്റെ മനോഹരമായ ആട്ടിൻകൂട്ടം എവിടെ?21നിനക്കു സഖികളായിരിക്കുവാൻ നീ തന്നെ ശീലിപ്പിച്ചവരെ അവൻ നിനക്കു അധിപതികളായി നിയമിക്കുന്നു എങ്കിൽ നീ എന്തു പറയും? നോവു കിട്ടിയ സ്ത്രീയെപ്പോലെ നിനക്കു വേദന പിടിക്കുകയില്ലയോ?
22‘ഇങ്ങനെ എനിക്കു ഭവിക്കുവാൻ സംഗതി എന്ത്’ എന്നു നീ ഹൃദയത്തിൽ ചോദിക്കുന്നുവെങ്കിൽ - നിന്റെ അകൃത്യങ്ങളുടെ പെരുപ്പം നിമിത്തം നിന്റെ വസ്ത്രത്തിന്റെ വിളുമ്പു നീങ്ങിയും നിന്റെ കുതികാലിനു അപമാനം വന്നും ഇരിക്കുന്നു.23കൂശ്യനു തന്റെ ത്വക്കും പുള്ളിപ്പുലിക്കു തന്റെ പുള്ളിയും മാറ്റുവാൻ കഴിയുമോ? എന്നാൽ ദോഷം ചെയ്യുവാൻ ശീലിച്ചിരിക്കുന്ന നിങ്ങൾക്കു നന്മ ചെയ്യുവാൻ കഴിയും.24അതിനാൽ ഞാൻ അവരെ മരുഭൂമിയിലെ കാറ്റത്തു പാറിപ്പോകുന്ന പതിരെന്നപോലെ ചിതറിച്ചുകളയും.
25നീ എന്നെ മറന്ന് വ്യാജത്തിൽ ആശ്രയിച്ചിരിക്കുകകൊണ്ട് ഇതു നിന്റെ ഓഹരിയും ഞാൻ നിനക്ക് അളന്നുതന്ന അംശവും ആകുന്നു” എന്ന് യഹോവയുടെ അരുളപ്പാട്.26“അതുകൊണ്ട് ഞാനും നിന്റെ ലജ്ജ വെളിവാകേണ്ടതിന് നിന്റെ വസ്ത്രത്തിന്റെ വിളുമ്പ് നിന്റെ മുഖത്തിനു മീതെ പൊക്കിവയ്ക്കും.27നിന്റെ വ്യഭിചാരം, മദഗർജ്ജനം, വേശ്യാവൃത്തിയുടെ വഷളത്തം എന്നീ മ്ലേച്ഛതകൾ ഞാൻ വയലുകളിലെ കുന്നുകളിന്മേൽ കണ്ടിരിക്കുന്നു; യെരൂശലേമേ, നിനക്ക് അയ്യോ കഷ്ടം! നിർമ്മലയായിരിക്കുവാൻ നിനക്കു മനസ്സില്ല; ഇങ്ങനെ ഇനി എത്രത്തോളം?”

14

1വരൾച്ചയെക്കുറിച്ച് യിരെമ്യാവിനുണ്ടായ യഹോവയുടെ വചനം.2“യെഹൂദാ വിലപിക്കുന്നു; അതിന്റെ വാതിലുകൾ തളരുന്നു; അവർ കരഞ്ഞുകൊണ്ട് നിലത്തിരിക്കുന്നു; യെരൂശലേമിന്റെ നിലവിളി പൊങ്ങുന്നു.3അവരുടെ കുലീനന്മാർ ഭൃത്യരെ വെള്ളത്തിന് അയയ്ക്കുന്നു; അവർ കുളങ്ങളുടെ അടുത്തു ചെന്ന്, വെള്ളം കാണാതെ ഒഴിഞ്ഞപാത്രങ്ങളോടെ മടങ്ങി വരുന്നു; അവർ ലജ്ജിച്ച് വിഷണ്ണരായി തല മൂടുന്നു.

4ദേശത്തു മഴയില്ലാതെ നിലം ഉണങ്ങി വിണ്ടിരിക്കുന്നതിനാൽ, ഉഴവുകാർ ലജ്ജിച്ച് തല മൂടുന്നു.5മാൻപേട വയലിൽ പ്രസവിച്ചിട്ട് പുല്ല് ഇല്ലായ്കയാൽ കുട്ടിയെ ഉപേക്ഷിക്കുന്നു.6കാട്ടുകഴുത മൊട്ടക്കുന്നിന്മേൽ നിന്നുകൊണ്ട് കുറുനരികളെപ്പോലെ കിതയ്ക്കുന്നു; സസ്യങ്ങൾ ഇല്ലായ്കകൊണ്ട് അതിന്റെ കണ്ണു മങ്ങിപ്പോകുന്നു.
7യഹോവേ, ഞങ്ങളുടെ അകൃത്യങ്ങൾ ഞങ്ങൾക്കു വിരോധമായി സാക്ഷീകരിക്കുന്നു എങ്കിൽ നിന്റെ നാമംനിമിത്തം പ്രവർത്തിക്കണമേ; ഞങ്ങളുടെ പിന്മാറ്റങ്ങൾ വളരെയാകുന്നു; ഞങ്ങൾ നിന്നോടു പാപം ചെയ്തിരിക്കുന്നു.8യിസ്രായേലിന്റെ പ്രത്യാശയും കഷ്ടകാലത്ത് അവന്റെ രക്ഷകനുമായുള്ള യഹോവേ, അവിടുന്ന് ദേശത്ത് ഒരു അപരിചിതനെപ്പോലെയും ഒരു രാത്രി പാർക്കുവാൻ മാത്രം കൂടാരം അടിക്കുന്ന വഴിപോക്കനെപ്പോലെയും ആയിരിക്കുന്നതെന്ത്?9പരിഭ്രാന്തനായ പുരുഷനെപ്പോലെയും രക്ഷിക്കുവാൻ കഴിയാത്ത വീരനെപ്പോലെയും ആയിരിക്കുന്നതെന്ത്? എന്നാലും യഹോവേ, അങ്ങ് ഞങ്ങളുടെ മദ്ധ്യത്തിൽ ഉണ്ട്; അവിടുത്തെ നാമം വിളിച്ചിരിക്കുന്ന ഞങ്ങളെ ഉപേക്ഷിക്കരുതേ!.
10അവർ ഇങ്ങനെ അലഞ്ഞുനടക്കുവാൻ ഇഷ്ടപ്പെട്ട്, കാല് അടക്കിവച്ചതുമില്ല” എന്ന് യഹോവ ഈ ജനത്തെക്കുറിച്ച് അരുളിച്ചെയ്യുന്നു; അതുകൊണ്ട് യഹോവയ്ക്ക് അവരിൽ പ്രസാദമില്ല; അവിടുന്ന് ഇപ്പോൾ തന്നെ അവരുടെ അകൃത്യത്തെ ഓർത്ത് അവരുടെ പാപങ്ങളെ സന്ദർശിക്കും”.11യഹോവ എന്നോട്: “നീ ഈ ജനത്തിനുവേണ്ടി അവരുടെ നന്മയ്ക്കായി പ്രാർത്ഥിക്കരുത്;12അവർ ഉപവസിക്കുമ്പോൾ ഞാൻ അവരുടെ നിലവിളി കേൾക്കുകയില്ല; അവർ ഹോമയാഗവും ഭോജനയാഗവും അർപ്പിക്കുമ്പോൾ ഞാൻ അവയിൽ പ്രസാദിക്കുകയില്ല; ഞാൻ അവരെ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മുടിച്ചുകളയും” എന്ന് അരുളിച്ചെയ്തു.
13അതിനു ഞാൻ: “അയ്യോ, യഹോവയായ കർത്താവേ, നിങ്ങൾ വാൾ കാണുകയില്ല, നിങ്ങൾക്കു ക്ഷാമം ഉണ്ടാകുകയില്ല, ഞാൻ ഈ സ്ഥലത്ത് സ്ഥിരമായ സമാധാനം നിങ്ങൾക്കു നല്കും എന്നു പ്രവാചകന്മാർ അവരോടു പറയുന്നു” എന്ന് പറഞ്ഞു.14യഹോവ എന്നോട് അരുളിച്ചെയ്തത്: “പ്രവാചകന്മാർ എന്റെ നാമത്തിൽ വ്യാജം പ്രവചിക്കുന്നു; ഞാൻ അവരെ അയച്ചിട്ടില്ല, അവരോടു കല്പിച്ചിട്ടില്ല; അവരോടു സംസാരിച്ചിട്ടുമില്ല; അവർ വ്യാജദർശനവും പ്രശ്നവാക്യവും ഇല്ലാത്ത കാര്യവും സ്വന്തഹൃദയത്തിലെ വഞ്ചനയും നിങ്ങളോടു പ്രവചിക്കുന്നു”.
15അതുകൊണ്ട് യഹോവ: ”ഞാൻ അയയ്ക്കാതെ എന്റെ നാമത്തിൽ പ്രവചിക്കുകയും, ‘ഈ ദേശത്തു വാളും ക്ഷാമവും ഉണ്ടാവുകയില്ല’ എന്നു പറയുകയും ചെയ്യുന്ന പ്രവാചകന്മാരെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: വാൾകൊണ്ടും ക്ഷാമംകൊണ്ടും ആ പ്രവാചകന്മാർ മുടിഞ്ഞുപോകും;16അവരുടെ പ്രവചനം കേട്ട ജനം യെരൂശലേമിന്റെ വീഥികളിൽ ക്ഷാമവും വാളും ഹേതുവായി വീണുകിടക്കും; അവരെയും അവരുടെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും കുഴിച്ചിടുവാൻ ആരും ഉണ്ടാവുകയില്ല; ഇങ്ങനെ ഞാൻ അവരുടെ ദുഷ്ടത അവരുടെമേൽ പകരും.
17നീ ഈ വചനം അവരോടു പറയണം: എന്റെ കണ്ണിൽനിന്ന് രാവും പകലും ഇടവിടാതെ കണ്ണുനീർ ഒഴുകട്ടെ; എന്റെ ജനത്തിന്റെ പുത്രിയായ കന്യക കഠിനമായി തകർന്നും വ്യസനകരമായി മുറിവേറ്റും ഇരിക്കുന്നു.18വയലിൽ ചെന്നാൽ ഇതാ, വാൾകൊണ്ടു കൊല്ലപ്പെട്ടവർ; പട്ടണത്തിൽ ചെന്നാൽ ഇതാ, ക്ഷാമംകൊണ്ട് അവശരായവർ; പ്രവാചകനും പുരോഹിതനും ഒരുപോലെ അവർ അറിയാത്ത ദേശത്ത് അലഞ്ഞുനടക്കുന്നു.
19നീ യെഹൂദയെ കേവലം ത്യജിച്ചുകളഞ്ഞുവോ? നിനക്കു സീയോനോട് വെറുപ്പു തോന്നുന്നുവോ? ഭേദമാകാത്തവണ്ണം അവിടുന്ന് ഞങ്ങളെ മുറിവേല്പിച്ചതെന്തിന്? ഞങ്ങൾ സമാധാനത്തിനായി കാത്തിരുന്നു; ഒരു ഗുണവും വന്നില്ല! രോഗശമനത്തിനായി കാത്തിരുന്നു; എന്നാൽ ഇതാ, കഷ്ടത!20യഹോവേ ഞങ്ങൾ ഞങ്ങളുടെ ദുഷ്ടതയും ഞങ്ങളുടെ പിതാക്കന്മാരുടെ അകൃത്യവും അറിയുന്നു; ഞങ്ങൾ അങ്ങയോടു പാപം ചെയ്തിരിക്കുന്നു.
21അങ്ങയുടെ നാമം നിമിത്തം ഞങ്ങളെ തള്ളിക്കളയരുതേ; അങ്ങയുടെ മഹത്വമുള്ള സിംഹാസനത്തിനു അപമാനം വരുത്തരുതേ; ഞങ്ങളോടുള്ള അവിടുത്തെ ഉടമ്പടി ഓർക്കണമേ; അതിനു ഭംഗം വരുത്തരുതേ.22ജനതകളുടെ മിത്ഥ്യാമൂർത്തികളിൽ മഴ പെയ്യിക്കുവാൻ കഴിയുന്നവർ ഉണ്ടോ? അല്ല, ആകാശമോ മഴ നല്കുന്നത്? ഞങ്ങളുടെ ദൈവമായ യഹോവേ, അതു അങ്ങ് തന്നെയല്ലയോ? അങ്ങേയ്ക്കായി ഞങ്ങൾ കാത്തിരിക്കും; ഇവയെ ഒക്കെയും സൃഷ്ടിച്ചിരിക്കുന്നത് അവിടുന്നാണല്ലോ.

15

1യഹോവ എന്നോട് അരുളിച്ചെയ്തത്: “മോശെയും ശമൂവേലും എന്റെ മുമ്പാകെ നിന്നാലും എന്റെ മനസ്സ് ഈ ജനത്തിലേക്കു ചായുകയില്ല; ഇവരെ എന്റെ മുമ്പിൽനിന്ന് ആട്ടിക്കളയുക; അവർ പൊയ്ക്കൊള്ളട്ടെ.2‘ഞങ്ങൾ എവിടേയ്ക്കു പോകണം’ എന്ന് അവർ നിന്നോടു ചോദിച്ചാൽ നീ അവരോട്: മരണത്തിനുള്ളവർ മരണത്തിനും വാളിനുള്ളവർ വാളിനും ക്ഷാമത്തിനുള്ളവർ ക്ഷാമത്തിനും പ്രവാസത്തിനുള്ളവർ പ്രവാസത്തിനും പൊയ്ക്കൊള്ളട്ടെ’ എന്ന് യഹോവ അരുളിച്ചെയ്യുന്നു” എന്നു പറയുക.

3“ഞാൻ നാലുതരം നാശങ്ങളെ അവരുടെമേൽ നിയമിക്കും; കൊന്നുകളയുവാൻ വാളും കടിച്ചുകീറുവാൻ നായ്ക്കളും തിന്നുമുടിക്കുവാൻ ആകാശത്തിലെ പക്ഷികളും കാട്ടിലെ മൃഗങ്ങളും തന്നെ” എന്ന് യഹോവയുടെ അരുളപ്പാട്.4“യെഹൂദാരാജാവായ ഹിസ്കീയാവിന്റെ മകൻ മനശ്ശെ നിമിത്തം, അവൻ യെരൂശലേമിൽ ചെയ്തിട്ടുള്ളതു നിമിത്തം തന്നെ, ഞാൻ അവരെ ഭൂമിയിലുള്ള സകല രാജ്യങ്ങളിലും ഒരു ഭീതിവിഷയമാക്കിത്തീർക്കും.
5യെരൂശലേമേ, ആർക്കു നിന്നോടു കനിവുതോന്നുന്നു? ആര് നിന്നോടു സഹതാപം കാണിക്കും? നിന്റെ ക്ഷേമം ചോദിക്കുവാൻ ആര് കയറിവരും?6നീ എന്നെ ഉപേക്ഷിച്ചു പിൻമാറിയിരിക്കുന്നു” എന്ന് യഹോവ അരുളിച്ചെയ്യുന്നു; “അതുകൊണ്ട് ഞാൻ നിന്റെ നേരെ കൈ നീട്ടി നിന്നെ നശിപ്പിക്കും; ഞാൻ കരുണ കാണിച്ച് മടുത്തിരിക്കുന്നു.7ദേശത്തിന്റെ പടിവാതിലുകളിൽ ഞാൻ അവരെ വീശുമുറംകൊണ്ടു വീശിക്കളഞ്ഞു; ഞാൻ എന്റെ ജനത്തെ മക്കളില്ലാത്തവരാക്കി നശിപ്പിച്ചു: എങ്കിലും അവർ അവരുടെ വഴികളെ വിട്ടുതിരിഞ്ഞില്ല.
8അവരുടെ വിധവമാർ കടല്പുറത്തെ മണലിനെക്കാൾ അധികമായിരിക്കുന്നു; യൗവനക്കാരുടെ അമ്മയുടെ നേരെ ഞാൻ നട്ടുച്ചയ്ക്ക് ഒരു വിനാശകനെ വരുത്തി പെട്ടെന്ന് അവളുടെ മേൽ നടുക്കവും ഭീതിയും വീഴുമാറാക്കിയിരിക്കുന്നു.9ഏഴു മക്കളെ പ്രസവിച്ചവൾ ക്ഷീണിച്ചു പ്രാണനെ വിട്ടിരിക്കുന്നു; അവളുടെ സൂര്യൻ പകൽ തീരുംമുമ്പ് അസ്തമിച്ചുപോയി; അവൾ ലജ്ജിച്ചും നാണിച്ചും പോയിരിക്കുന്നു; അവരിൽ ശേഷിപ്പുള്ളവരെ ഞാൻ അവരുടെ ശത്രുക്കൾക്കു മുമ്പിൽ വാളിന് ഏല്പിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
10എന്റെ അമ്മേ, സർവ്വദേശത്തിനും കലഹക്കാരനും വിവാദക്കാരനും ആയിരിക്കുന്ന എന്നെ നീ പ്രസവിച്ചുവല്ലോ, അയ്യോ കഷ്ടം! ഞാൻ പലിശയ്ക്കു കൊടുത്തിട്ടില്ല; എനിക്ക് ആരും പലിശ തന്നിട്ടുമില്ല; എന്നിട്ടും അവരെല്ലാവരും എന്നെ ശപിക്കുന്നു.11യഹോവ അരുളിച്ചെയ്തത്: “ഞാൻ നിന്നെ നന്മയ്ക്കായി രക്ഷിക്കും നിശ്ചയം; അനർത്ഥകാലത്തും കഷ്ടകാലത്തും ഞാൻ ശത്രുവിനെക്കൊണ്ടു നിന്നോടു യാചിപ്പിക്കും നിശ്ചയം.

12താമ്രവും ഇരിമ്പും വടക്കൻഇരിമ്പും ഒടിഞ്ഞുപോകുമോ?
13നിന്റെ ദേശത്തെല്ലായിടവും നിന്റെ സകലപാപങ്ങളുംനിമിത്തം നിന്റെ സമ്പത്തും നിക്ഷേപങ്ങളും ഞാൻ വിലവാങ്ങാതെ കവർച്ചയ്ക്ക് ഏല്പിച്ചുകൊടുക്കും.14നീ അറിയാത്ത ദേശത്ത് ഞാൻ നിന്നെ ശത്രുക്കളെ സേവിക്കുമാറാക്കും; എന്റെ കോപത്തിൽ ഒരു തീ ജ്വലിച്ചിരിക്കുന്നു; അത് നിങ്ങളുടെമേൽ കത്തും”.
15യഹോവേ, അങ്ങ് അറിയുന്നു; എന്നെ ഓർത്തു സന്ദർശിക്കണമേ; എന്നെ ഉപദ്രവിക്കുന്നവരോടു പ്രതികാരം ചെയ്യണമേ; അങ്ങയുടെ ദീർഘക്ഷമയിൽ എന്നെ എടുത്തുകളയരുതേ; അങ്ങ് നിമിത്തം ഞാൻ നിന്ദ സഹിക്കുന്നു എന്ന് ഓർക്കണമേ;16ഞാൻ അങ്ങയുടെ വചനങ്ങൾ കണ്ടെത്തി ഭക്ഷിച്ചിരിക്കുന്നു; അങ്ങയുടെ വചനങ്ങൾ എനിക്ക് സന്തോഷവും എന്റെ ഹൃദയത്തിന് ആനന്ദവും ആയിത്തീർന്നു; സൈന്യങ്ങളുടെ ദൈവമായ യഹോവേ, അങ്ങയുടെ നാമം എനിക്കു വിളിക്കപ്പെട്ടിരിക്കുന്നുവല്ലോ.
17കളിക്കാരുടെ കൂട്ടത്തിൽ ഞാൻ ഇരുന്ന് ഉല്ലസിച്ചിട്ടില്ല; അങ്ങ് എന്നെ നീരസംകൊണ്ടു നിറച്ചിരിക്കുകയാൽ, അങ്ങയുടെ കൈനിമിത്തം ഞാൻ ഏകാന്തതയിൽ കഴിഞ്ഞുകൂടി.18എന്റെ വേദന നിരന്തരവും എന്റെ മുറിവു സൗഖ്യം പ്രാപിക്കാത്തവണ്ണം വിഷമവും ആയിരിക്കുന്നതെന്ത്? അങ്ങ് എനിക്ക് ചതിക്കുന്ന തോടും വറ്റിപ്പോകുന്ന വെള്ളവും പോലെ ആയിരിക്കുമോ?
19അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ മടങ്ങിവന്നാൽ ഞാൻ നിന്നെ എന്റെ മുമ്പാകെ നില്ക്കുവാൻ തക്കവണ്ണം വീണ്ടും കൈക്കൊള്ളും; നീ അധമമായത് ഉപേക്ഷിച്ച്, ഉത്തമമായതു പ്രസ്താവിച്ചാൽ നീ എന്റെ വായ് പോലെ ആകും; അവർ നിന്റെ പക്ഷം തിരിയും; നീ അവരുടെ പക്ഷം തിരിയുകയില്ല.20ഞാൻ നിന്നെ ഈ ജനത്തിന് ഉറപ്പുള്ള താമ്രഭിത്തിയാക്കിത്തീർക്കും; അവർ നിന്നോടു യുദ്ധം ചെയ്യും, ജയിക്കുകയില്ല; നിന്നെ രക്ഷിക്കുവാനും വിടുവിക്കുവാനും ഞാൻ നിന്നോടുകൂടി ഉണ്ട്” എന്ന് യഹോവയുടെ അരുളപ്പാട്.21“ഞാൻ നിന്നെ ദുഷ്ടന്മാരുടെ കയ്യിൽനിന്നു വിടുവിക്കുകയും ഭീകരന്മാരുടെ കയ്യിൽനിന്ന് വീണ്ടുകൊള്ളുകയും ചെയ്യും”.

16

1യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:2“ഈ സ്ഥലത്ത് നീ ഭാര്യയെ എടുക്കരുത്; നിനക്ക് പുത്രന്മാരും പുത്രിമാരും ജനിക്കുകയും അരുത്”.3ഈ സ്ഥലത്തു ജനിക്കുന്ന പുത്രീപുത്രന്മാരെക്കുറിച്ചും ഈ ദേശത്ത് അവരെ പ്രസവിക്കുന്ന അമ്മമാരെക്കുറിച്ചും അവർക്ക് ജന്മം നൽകുന്ന അപ്പന്മാരെക്കുറിച്ചും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:4“അവർ മാരകരോഗത്താൽ മരിക്കും; ആരും അവരെക്കുറിച്ചു വിലപിക്കുകയോ അവരെ കുഴിച്ചിടുകയോ ചെയ്യാതെ, അവർ നിലത്തിനു വളമായി കിടക്കും; വാളാലും ക്ഷാമത്താലും അവർ നശിച്ചുപോകും; അവരുടെ ശവങ്ങൾ ആകാശത്തിലെ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇരയായിത്തീരും”.

5യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ ദുഃഖഭവനത്തിൽ ചെല്ലരുത്; വിലപിക്കുവാൻ പോകരുത്; അവരോടു സഹതാപം കാണിക്കുകയും അരുത്; ഞാൻ എന്റെ സമാധാനവും ദയയും കരുണയും ഈ ജനത്തിൽനിന്നു നീക്കിക്കളഞ്ഞു” എന്ന് യഹോവയുടെ അരുളപ്പാട്.6“വലിയവരും ചെറിയവരും ഈ ദേശത്തു മരിക്കും; ആരും അവരെ കുഴിച്ചിടുകയില്ല, അവർക്കുവേണ്ടി വിലപിക്കുകയോ, സ്വയം മുറിവേല്പിക്കുകയോ, മുൻകഷണ്ടിയുണ്ടാക്കുകയോ ചെയ്യുകയില്ല.
7മരിച്ചവനെക്കുറിച്ച് വിലപിക്കുന്നവരെ ആശ്വസിപ്പിക്കേണ്ടതിന് ആരും അവർക്ക് അപ്പം നുറുക്കിക്കൊടുക്കുകയില്ല; അപ്പനോ അമ്മയ്ക്കോ വേണ്ടി ആരും അവർക്ക് ആശ്വാസത്തിന്റെ പാനപാത്രം കുടിക്കുവാൻ കൊടുക്കുകയുമില്ല.8അവരോടുകൂടി ഇരുന്നു ഭക്ഷിക്കുവാനും പാനം ചെയ്യുവാനും നീ വിരുന്നുവീട്ടിലേക്കു പോകരുത്”.9യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾക്കു കാണത്തക്കവിധം ഞാൻ നിങ്ങളുടെ നാളുകളിൽ ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും ഈ സ്ഥലത്തുനിന്നു നീക്കിക്കളയും.
10നീ ഈ വചനങ്ങളെല്ലാം ഈ ജനത്തോട് അറിയിക്കുമ്പോഴും ‘യഹോവ ഞങ്ങൾക്കു വിരോധമായി ഈ വലിയ അനർത്ഥം എല്ലാം കല്പിച്ചത് എന്ത്? ഞങ്ങളുടെ അകൃത്യം എന്ത്? ഞങ്ങളുടെ ദൈവമായ യഹോവയോടു ഞങ്ങൾ ചെയ്ത പാപം എന്ത്’ എന്ന് അവർ നിന്നോടു ചോദിക്കുമ്പോഴും11നീ അവരോടു പറയേണ്ടത് : “നിങ്ങളുടെ പിതാക്കന്മാർ എന്നെ ത്യജിച്ച് അന്യദേവന്മാരോടു ചേർന്നു അവരെ സേവിച്ചു നമസ്കരിക്കുകയും എന്നെ ഉപേക്ഷിച്ച് എന്റെ ന്യായപ്രമാണം അനുസരിച്ചു നടക്കാതെയിരിക്കുകയും ചെയ്യുകകൊണ്ടു തന്നെ” എന്ന് യഹോവയുടെ അരുളപ്പാട്.
12“നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരെക്കാൾ അധികം ദോഷം ചെയ്തിരിക്കുന്നു; നിങ്ങൾ ഓരോരുത്തനും എന്റെ വാക്കു കേൾക്കാതെ അവനവന്റെ ദുഷ്ടഹൃദയത്തിലെ ശാഠ്യം അനുസരിച്ചു നടക്കുന്നു.13അതുകൊണ്ട് ഞാൻ നിങ്ങളെ ഈ ദേശത്തുനിന്ന്, നിങ്ങളും നിങ്ങളുടെ പിതാക്കന്മാരും അറിയാത്ത ഒരു ദേശത്തേക്ക് നീക്കിക്കളയും; അവിടെ നിങ്ങൾ രാവും പകലും അന്യദേവന്മാരെ സേവിക്കും; അവിടെ ഞാൻ നിങ്ങൾക്ക് കൃപ കാണിക്കുകയുമില്ല.
14ആകയാൽ, ‘യിസ്രായേൽമക്കളെ ഈജിപ്തിൽനിന്നു കൊണ്ടുവന്ന യഹോവയാണ’ എന്നൊരിക്കലും പറയാതെ,15‘യിസ്രായേൽമക്കളെ വടക്കെദേശത്തുനിന്നും താൻ അവരെ നീക്കിക്കളഞ്ഞിരുന്ന സകലദേശങ്ങളിൽനിന്നും കൊണ്ടുവന്ന യഹോവയാണ’ എന്നു പറയുന്ന കാലം വരും” എന്ന് യഹോവയുടെ അരുളപ്പാട്; ഞാൻ അവരുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തേക്ക് ഞാൻ അവരെ വീണ്ടും കൊണ്ടുവരും.
16ഇതാ, ഞാൻ അനേകം മീൻപിടുത്തക്കാരെ വരുത്തും; അവർ അവരെ പിടിക്കും; അതിന്റെ ശേഷം ഞാൻ അനേകം നായാട്ടുകാരെ വരുത്തും; അവർ അവരെ എല്ലാമലയിൽനിന്നും എല്ലാകുന്നിൽനിന്നും പാറപ്പിളർപ്പുകളിൽനിന്നും വേട്ടയാടിപ്പിടിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.17“എന്റെ ദൃഷ്ടി അവരുടെ എല്ലാ വഴികളിലും ഇരിക്കുന്നു; അവ എനിക്ക് മറഞ്ഞിരിക്കുന്നില്ല; അവരുടെ അകൃത്യം എന്റെ കണ്ണിനു മറവായിരിക്കുന്നതുമില്ല.18അവർ എന്റെ ദേശത്തെ അവരുടെ മ്ലേച്ഛവിഗ്രഹങ്ങളാൽ മലിനമാക്കി, എന്റെ അവകാശത്തെ മലിനവും മ്ളേച്ഛവുമായ ശവങ്ങളാൽ നിറച്ചിരിക്കുകയാൽ, ഞാൻ ആദ്യം തന്നെ അവരുടെ അകൃത്യത്തിനും അവരുടെ പാപത്തിനും ഇരട്ടി പകരം ചെയ്യും.
19എന്റെ ബലവും എന്റെ കോട്ടയും കഷ്ടകാലത്ത് എന്റെ ശരണവുമായ യഹോവേ, ജാതികൾ ഭൂമിയുടെ അറ്റങ്ങളിൽനിന്നു അങ്ങയുടെ അടുക്കൽ വന്നു; ‘ഞങ്ങളുടെ പിതാക്കന്മാർക്ക് അവകാശമായിരുന്നത്,വ്യാജമായ മിഥ്യാമൂർത്തികളത്രേ; അവയിൽ പ്രയോജനമുള്ളത് ഒന്നുമില്ല’ എന്ന് പറയും.20തനിക്ക് ദേവന്മാരെ ഉണ്ടാക്കുവാൻ മനുഷ്യനു കഴിയുമോ? എന്നാൽ അവ ദേവന്മാരല്ല.21“ആകയാൽ ഈ ഒരു പ്രാവശ്യം ഞാൻ അവരെ പഠിപ്പിക്കും; എന്റെ കൈയും എന്റെ ബലവും ഞാൻ അവരെ അറിയിക്കും; എന്റെ നാമം യഹോവ എന്ന് അവർ അറിയും”.

17

1“യെഹൂദയുടെ പാപം നാരായംകൊണ്ടും വജ്രമുനകൊണ്ടും എഴുതിവച്ചിരിക്കുന്നു; അത് അവരുടെ ഹൃദയത്തിന്റെ പലകയിലും നിങ്ങളുടെ യാഗപീഠത്തിന്റെ കൊമ്പുകളിലും കൊത്തിയിരിക്കുന്നു.2ഉയർന്ന കുന്നുകളിൽ പച്ചമരങ്ങൾക്കരികിലുള്ള അവരുടെ യാഗപീഠങ്ങളെയും അശേരാപ്രതിഷ്ഠകളെയും അവരുടെ മക്കൾ ഓർക്കുന്നുവല്ലോ.

3വയൽപ്രദേശത്തെ എന്റെ പർവ്വതമേ, നിന്റെ അതിരിനകത്ത് എല്ലായിടവും ചെയ്ത പാപംനിമിത്തം ഞാൻ നിന്റെ സമ്പത്തും സകലനിക്ഷേപങ്ങളും പൂജാഗിരികളും കവർച്ചയ്ക്ക് ഏല്പിക്കും.4ഞാൻ നിനക്കു തന്ന അവകാശം നീ വിട്ടുപോകേണ്ടിവരും; നീ അറിയാത്ത ദേശത്ത് ഞാൻ നിന്നെ നിന്റെ ശത്രുക്കളെ സേവിക്കുമാറാക്കും; നിങ്ങൾ എന്റെ കോപത്തിൽ ഒരു തീ ജ്വലിപ്പിച്ചിരിക്കുന്നു; അത് എന്നേക്കും കത്തിക്കൊണ്ടിരിക്കും”.
5യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മനുഷ്യനിൽ ആശ്രയിച്ച് ജഡത്തെ തന്റെ ഭുജമാക്കി ഹൃദയംകൊണ്ടു യഹോവയെ വിട്ടുമാറുന്ന മനുഷ്യൻ ശപിക്കപ്പെട്ടവൻ.6അവൻ മരുഭൂമിയിലെ ചൂരച്ചെടിപോലെയാകും; നന്മ വരുമ്പോൾ അതു കാണാതെ മരുഭൂമിയിലെ വരണ്ട പ്രദേശങ്ങളിലും ജനവാസം ഇല്ലാത്ത ഉപ്പുനിലത്തിലും പാർക്കും.
7യഹോവയിൽ ആശ്രയിക്കുകയും യഹോവ തന്നെ ആശ്രയമായിരിക്കുകയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.8അവൻ വെള്ളത്തിനരികിൽ നട്ടിരിക്കുന്നതും ആറ്റരികിൽ വേരൂന്നിയിരിക്കുന്നതുമായ വൃക്ഷംപോലെയാകും; ഉഷ്ണം തട്ടുമ്പോൾ അതു പേടിക്കുകയില്ല; അതിന്റെ ഇല പച്ചയായിരിക്കും; വരൾച്ചയുള്ള കാലത്തും വാട്ടം തട്ടാതെ ഫലം കായിച്ചുകൊണ്ടിരിക്കും.
9ഹൃദയം എല്ലാറ്റിനെക്കാളും കപടവും ദുഷ്ടതയുമുള്ളത്; അത് ആരാഞ്ഞറിയുന്നവൻ ആര്?10യഹോവയായ ഞാൻ ഹൃദയത്തെ ശോധന ചെയ്ത് അന്തരംഗങ്ങളെ പരീക്ഷിച്ച് ഓരോരുത്തന് അവനവന്റെ നടപ്പിനും പ്രവൃത്തിയുടെ ഫലത്തിനും തക്കവണ്ണം കൊടുക്കുന്നു.11ന്യായമായിട്ടല്ലാതെ ധനം സമ്പാദിക്കുന്നവൻ, താൻ ഇടാത്ത മുട്ടയ്ക്ക് പൊരുന്നയിരിക്കുന്ന തിത്തിരിപ്പക്ഷിയെപ്പോലെയാകുന്നു; അവന്റെ ആയുസ്സിന്റെ മദ്ധ്യത്തിൽ അത് അവനെ വിട്ടുപോകും: ഒടുവിൽ അവൻ ഒരു ഭോഷനായിരിക്കും.
12ആദിമുതൽ ഉന്നതമായി, മഹത്വമുള്ള സിംഹാസനമാകുന്നു ഞങ്ങളുടെ വിശുദ്ധമന്ദിരം.13യിസ്രായേലിന്റെ പ്രത്യാശയായ യഹോവേ, അങ്ങയെ ഉപേക്ഷിക്കുന്ന ഏവരും ലജ്ജിച്ചുപോകും. “എന്നെ വിട്ടുപോകുന്നവരെ മണ്ണിൽ എഴുതിവയ്ക്കും; അവർ ജീവജലത്തിന്റെ ഉറവയായ യഹോവയെ ഉപേക്ഷിച്ചുകളഞ്ഞുവല്ലോ”.14യഹോവേ, എന്നെ സൗഖ്യമാക്കണമേ, എന്നാൽ എനിക്കു സൗഖ്യം വരും; എന്നെ രക്ഷിക്കണമേ, എന്നാൽ ഞാൻ രക്ഷപെടും; അവിടുന്ന് എന്റെ പുകഴ്ചയല്ലയോ.
15അവർ എന്നോട്: ‘യഹോവയുടെ വചനം എവിടെ? അതു വരട്ടെ' എന്നു പറയുന്നു.16ഞാനോ ഒരു ഇടയനായി അങ്ങയെ സേവിക്കുവാൻ മടിച്ചില്ല; ദുർദ്ദിനം ഞാൻ ആഗ്രഹിച്ചതുമില്ല എന്നു അവിടുന്ന് അറിയുന്നു; എന്റെ അധരങ്ങൾ ഉച്ചരിച്ചത് തിരുമുമ്പിൽ ഇരിക്കുന്നു.
17അങ്ങ് എനിക്കു ഭീതിവിഷയമാകരുതേ; അനർത്ഥദിവസത്തിൽ എന്റെ ശരണം അവിടുന്നല്ലയോ.18എന്നെ ഉപദ്രവിക്കുന്നവർ ലജ്ജിച്ചു പോകട്ടെ; ഞാൻ ലജ്ജിച്ചുപോകരുതേ; അവർ ഭ്രമിച്ചുപോകട്ടെ; ഞാൻ ഭ്രമിച്ചുപോകരുതേ; അവർക്ക് അനർത്ഥദിവസം വരുത്തണമേ; ഇരട്ടി വിനാശം വരുത്തി അവരെ തകർക്കണമേ”.
19യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “നീ ചെന്ന്, യെഹൂദാരാജാക്കന്മാർ അകത്തു വരുകയും പുറത്തു പോകുകയും ചെയ്യുന്ന ജനത്തിന്റെ വാതില്ക്കലും യെരൂശലേമിന്റെ എല്ലാവാതില്ക്കലും നിന്നുകൊണ്ട് അവരോടു പറയുക:20ഈ വാതിലുകളിൽകൂടി അകത്തു കടക്കുന്ന യെഹൂദാരാജാക്കന്മാരും എല്ലാ യെഹൂദന്മാരും യെരൂശലേമിലെ സർവ്വനിവാസികളും ആയുള്ളവരേ, യഹോവയുടെ അരുളപ്പാട് കേൾക്കുവിൻ!
21യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “സൂക്ഷിച്ചുകൊള്ളുവിൻ; ശബ്ബത്തുനാളിൽ യാതൊരു ചുമടും ചുമന്ന് യെരൂശലേമിന്റെ വാതിലുകളിൽകൂടി അകത്ത് കൊണ്ടുവരരുത്.22നിങ്ങളുടെ വീടുകളിൽനിന്ന് യാതൊരു ചുമടും ശബ്ബത്തുനാളിൽ പുറത്തു കൊണ്ടുപോകാതെയും, യാതൊരു വേലയും ചെയ്യാതെയും, നിങ്ങളുടെ പിതാക്കന്മാരോടു ഞാൻ കല്പിച്ചതുപോലെ ശബ്ബത്തുനാൾ വിശുദ്ധീകരിക്കുവിൻ.23എന്നാൽ അവർ അനുസരിച്ചില്ല, ചെവി ചായിച്ചതുമില്ല; കേട്ടനുസരിക്കുകയോ ബുദ്ധ്യുപദേശം കൈക്കൊള്ളുകയോ ചെയ്യാതെ അവർ ശാഠ്യം കാണിച്ചു.
24നിങ്ങളോ ശബ്ബത്തുനാളിൽ ഈ നഗരത്തിന്റെ വാതിലുകളിൽകൂടി യാതൊരു ചുമടും കൊണ്ടുവരാതെയും ശബ്ബത്തുനാളിൽ യാതൊരു വേലയും ചെയ്യാതെയും അതിനെ വിശുദ്ധീകരിക്കേണ്ടതിന് എന്റെ വാക്കു ജാഗ്രതയോടെ കേട്ടനുസരിക്കുമെങ്കിൽ,25ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്നവരും രഥങ്ങളിലും കുതിരപ്പുറത്തും കയറുന്നവരുമായ രാജാക്കന്മാരും രാജകുമാരന്മാരും അവരുടെ പ്രഭുക്കന്മാരായ യെഹൂദാപുരുഷന്മാരും യെരൂശലേം നിവാസികളും ഈ നഗരത്തിന്റെ വാതിലുകളിൽകൂടി കടക്കുകയും ഈ നഗരം എന്നേക്കും നിലനില്ക്കുകയും ചെയ്യും” എന്ന് യഹോവയുടെ അരുളപ്പാട്.
26യെഹൂദാപട്ടണങ്ങളിൽനിന്നും യെരൂശലേമിനു ചുറ്റും ഉള്ള പ്രദേശങ്ങളിൽനിന്നും ബെന്യാമീൻദേശത്തുനിന്നും താണപ്രദേശങ്ങളിൽനിന്നും മലനാടുകളിൽനിന്നും തെക്കേ ദിക്കിൽനിന്നും അവർ ഹോമയാഗങ്ങളും ഹനനയാഗങ്ങളും ഭോജനയാഗങ്ങളും കുന്തുരുക്കവും കൊണ്ടുവരും; യഹോവയുടെ ആലയത്തിൽ അവർ സ്തോത്രയാഗവും അർപ്പിക്കും.27“എന്നാൽ ശബ്ബത്തുനാൾ വിശുദ്ധീകരിക്കുവാനും ശബ്ബത്തുനാളിൽ യെരൂശലേമിന്റെ വാതിലുകളിൽകൂടി ചുമടു ചുമന്നുകൊണ്ടുപോകാതെ ഇരിക്കുവാനും നിങ്ങൾ എന്റെ വാക്കു കേട്ടനുസരിക്കുകയില്ലെങ്കിൽ ഞാൻ അതിന്റെ വാതിലുകളിൽ തീ കൊളുത്തും; അത് കെട്ടുപോകാതെ യെരൂശലേമിലെ അരമനകളെ ദഹിപ്പിക്കും”.

18

1യഹോവയിൽനിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാട് എന്തെന്നാൽ:2“നീ എഴുന്നേറ്റ് കുശവന്റെ വീട്ടിലേക്കു ചെല്ലുക; അവിടെവച്ച് ഞാൻ നിന്നെ എന്റെ വചനങ്ങൾ കേൾപ്പിക്കും”.3അങ്ങനെ ഞാൻ കുശവന്റെ വീട്ടിൽ ചെന്നപ്പോൾ അവൻ ചക്രത്തിന്മേൽ വേല ചെയ്തുകൊണ്ടിരുന്നു.4കുശവൻ കളിമണ്ണുകൊണ്ട് ഉണ്ടാക്കിയ പാത്രം അവന്റെ കൈയിൽ ചീത്തയായിപ്പോയി; എന്നാൽ കുശവൻ അതിനെ തനിക്കു യുക്തമെന്നു തോന്നിയതുപോലെ മറ്റൊരു പാത്രമാക്കിത്തീർത്തു.

5അപ്പോൾ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:6“യിസ്രായേൽഗൃഹമേ, ഈ കുശവൻ ചെയ്തതുപോലെ എനിക്കു നിങ്ങളോടു ചെയ്യുവാൻ കഴിയുകയില്ലയോ” എന്ന് യഹോവയുടെ അരുളപ്പാട്; “യിസ്രായേൽഗൃഹമേ, കളിമണ്ണു കുശവന്റെ കയ്യിൽ ഇരിക്കുന്നതുപോലെ നിങ്ങൾ എന്റെ കൈയിൽ ഇരിക്കുന്നു.7ഞാൻ ഒരു ജനതയെക്കുറിച്ചോ ഒരു രാജ്യത്തെക്കുറിച്ചോ ‘അതിനെ ഉന്മൂലനം ചെയ്ത് എറിഞ്ഞ് നശിപ്പിച്ചുകളയും’ എന്നരുളിച്ചെയ്തശേഷം,8ഞാൻ അങ്ങനെ അരുളിച്ചെയ്ത ജനത അതിന്റെ ദുഷ്ടത വിട്ടുതിരിയുന്നുവെങ്കിൽ അതിനോടു ചെയ്യുവാൻ നിരൂപിച്ച ദോഷത്തെക്കുറിച്ചു ഞാൻ അനുതപിക്കും.
9ഒരു ജനതയെക്കുറിച്ചോ രാജ്യത്തെക്കുറിച്ചോ ‘ഞാൻ അതിനെ പണിയുകയും നടുകയും ചെയ്യും’ എന്നരുളിച്ചെയ്തിട്ട്10അത് എന്റെ വാക്കു കേട്ടനുസരിക്കാതെ എനിക്ക് അനിഷ്ടമായുള്ളതു ചെയ്യുന്നുവെങ്കിൽ ‘അവർക്കു വരുത്തും’ എന്നരുളിച്ചെയ്ത നന്മയെക്കുറിച്ചു ഞാൻ അനുതപിക്കും.
11അതിനാൽ നീ ചെന്ന് യെഹൂദാപുരുഷന്മാരോടും യെരൂശലേംനിവാസികളോടും പറയേണ്ടത്: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങൾക്ക് ഒരനർത്ഥം ചിന്തിച്ച്, നിങ്ങൾക്കു വിരോധമായി ഒരു പദ്ധതി നിനച്ചിരിക്കുന്നു; നിങ്ങൾ ഓരോരുത്തനും അവനവന്റെ ദുർമ്മാർഗ്ഗം വിട്ടുതിരിഞ്ഞ് നിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കുവിൻ”.12അതിന് അവർ: “ഇതു വെറുതെ; ഞങ്ങൾ ഞങ്ങളുടെ സ്വന്ത നിരൂപണങ്ങൾ അനുസരിച്ചു നടക്കും; ഞങ്ങളിൽ ഓരോരുത്തനും അവനവന്റെ ദുഷ്ടഹൃദയത്തിലെ ശാഠ്യം പ്രവർത്തിക്കും” എന്ന് പറഞ്ഞു.
13അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ജനതകളുടെ ഇടയിൽ ചെന്ന് അന്വേഷിക്കുവിൻ; ഇങ്ങനെയുള്ളത് ആരെങ്കിലും കേട്ടിട്ടുണ്ടോ? യിസ്രായേൽകന്യക അതിഭയങ്കരമായുള്ളതു ചെയ്തിരിക്കുന്നു.14ലെബാനോനിലെ ഹിമം വയലിലെ പാറയെ വിട്ടുപോകുമോ? അന്യദേശത്തുനിന്ന് ഒഴുകിവരുന്ന തണുത്ത വെള്ളം വറ്റിപ്പോകുമോ?
15എന്റെ ജനമോ, എന്നെ മറന്ന് മിഥ്യാമൂർത്തികൾക്കു ധൂപം കാട്ടുന്നു; അവരുടെ വഴികളിൽ, പുരാതന പാതകളിൽ തന്നെ, അവർ അവരെ ഇടറിവീഴുമാറാക്കി; അവർ നിരപ്പില്ലാത്ത വഴികളിലും പാതകളിലും നടക്കുന്നു;16അവർ അവരുടെ ദേശത്തെ ശൂന്യവും നിത്യപരിഹാസവും ആക്കുന്നു; അതിൽകൂടി കടന്നു പോകുന്ന ഏതൊരുവനും സ്തംഭിച്ചു തലകുലുക്കും.17കിഴക്കൻ കാറ്റിലെന്നപോലെ ഞാൻ അവരെ ശത്രുക്കളുടെ മുമ്പിൽ ചിതറിച്ചുകളയും; അവരുടെ അനർത്ഥദിവസത്തിൽ ഞാൻ അവർക്ക് എന്റെ മുഖമല്ല, പുറമത്രേ കാണിക്കുന്നത്”.
18എന്നാൽ അവർ: “വരുവിൻ, നമുക്കു യിരെമ്യാവിന്റെ നേരെ ഉപായങ്ങൾ ചിന്തിക്കാം; പുരോഹിതന്റെ പക്കൽ ഉപദേശവും ജ്ഞാനിയുടെ പക്കൽ ആലോചനയും പ്രവാചകന്റെ പക്കൽ അരുളപ്പാടും ഇല്ലാതെവരുകയില്ല; വരുവിൻ നമുക്ക് അവനെ നാവുകൊണ്ട് തകർക്കാം; അവന്റെ വാക്ക് ഒന്നും നാം ശ്രദ്ധിക്കരുത്” എന്നു പറഞ്ഞു.19“യഹോവേ, എനിക്കു ചെവിതന്ന് എന്റെ പ്രതിയോഗികളുടെ വാക്കു കേൾക്കണമേ.20നന്മയ്ക്കു പകരം തിന്മ ചെയ്യാമോ? അവർ എന്റെ പ്രാണഹാനിക്കായി ഒരു കുഴി കുഴിച്ചിരിക്കുന്നു; അവിടുത്തെ കോപം അവരെ വിട്ടുമാറേണ്ടതിന് ഞാൻ അവർക്കുവേണ്ടി നന്മ സംസാരിക്കുവാൻ തിരുമുമ്പിൽ നിന്നത് ഓർക്കണമേ.
21അവരുടെ മക്കളെ ക്ഷാമത്തിന് ഏല്പിച്ച്, വാളിനിരയാക്കണമേ; അവരുടെ ഭാര്യമാർ മക്കളില്ലാത്തവരും വിധവമാരും ആയിത്തീരട്ടെ; അവരുടെ പുരുഷന്മാർ മരണത്തിന് ഇരയാകട്ടെ; അവരുടെ യൗവനക്കാർ യുദ്ധത്തിൽ വാളിനാൽ വധിക്കപ്പെടട്ടെ.22അങ്ങ് പെട്ടെന്നു ഒരു പടക്കൂട്ടത്തെ അവരുടെ മേൽ വരുത്തിയിട്ട്, അവരുടെ വീടുകളിൽനിന്ന് നിലവിളി കേൾക്കുമാറാകട്ടെ; അവർ എന്നെ പിടിക്കുവാൻ ഒരു കുഴി കുഴിച്ചു; എന്റെ കാലിന് കെണി മറച്ചുവച്ചിരിക്കുന്നുവല്ലോ.23യഹോവേ, എന്റെ മരണത്തിനുവേണ്ടിയുള്ള അവരുടെ ആലോചനയെല്ലാം അങ്ങ് അറിയുന്നു; അവരുടെ അകൃത്യം ക്ഷമിക്കരുതേ; അവരുടെ പാപം തിരുമുമ്പിൽനിന്ന് മായിച്ചുകളയരുതേ; അവർ തിരുമുമ്പിൽ ഇടറിവീഴട്ടെ; അവിടുത്തെ കോപത്തിന്റെ കാലത്തു തന്നെ അവരോടു പ്രവർത്തിക്കണമേ”.

19

1യഹോവ ഇപ്രകാരം കല്പിച്ചു: “നീ പോയി കുശവനോട് ഒരു മൺകുടം വിലയ്ക്കു വാങ്ങി, ജനത്തിന്റെ മൂപ്പന്മാരിലും പുരോഹിതന്മാരുടെ മൂപ്പന്മാരിലും ചിലരെ കൂട്ടിക്കൊണ്ട്,2ഹർസീത്ത് (ഓട്ടുനുറുക്ക്) വാതിലിന്റെ പുറമെയുള്ള ബെൻ-ഹിന്നോം താഴ്വരയിൽ ചെന്ന്, ഞാൻ നിന്നോട് അരുളിച്ചെയ്യുന്ന വാക്കുകൾ അവിടെ പ്രസ്താവിച്ചു പറയേണ്ടത്:3“യെഹൂദാരാജാക്കന്മാരും യെരൂശലേം നിവാസികളുമായുള്ളോരേ, യഹോവയുടെ വചനം കേൾക്കുവിൻ! യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഈ സ്ഥലത്തിന് വരുത്തുന്ന അനർത്ഥത്തെക്കുറിച്ച് കേൾക്കുന്നവന്റെ ചെവി തരിച്ചുപോകും.

4അവർ എന്നെ ഉപേക്ഷിച്ച്, ഈ സ്ഥലത്തെ വഷളാക്കി, അവരും അവരുടെ പിതാക്കന്മാരും യെഹൂദാരാജാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത അന്യദേവന്മാർക്ക് അവിടെവച്ച് ധൂപംകാട്ടി, ഈ സ്ഥലത്തെ കുറ്റമില്ലാത്തവരുടെ രക്തംകൊണ്ടു നിറയ്ക്കുകയും5ബാലിനു ദഹനയാഗങ്ങളായി അവരുടെ പുത്രന്മാരെ തീയിൽ ഇട്ടു ദഹിപ്പിക്കുവാൻ പൂജാഗിരികൾ പണിയുകയും ചെയ്തിരിക്കുന്നു. അത് ഞാൻ കല്പിച്ചിട്ടില്ല, അരുളിച്ചെയ്തിട്ടില്ല, എന്റെ മനസ്സിൽ വന്നിട്ടുമില്ല.
6അതുകൊണ്ട് ഈ സ്ഥലത്തിന് ഇനി തോഫെത്ത് എന്നും ബെൻ-ഹിന്നോംതാഴ്വര എന്നും പേരുപറയാതെ കൊലത്താഴ്വര എന്ന് പേരുപറയുന്ന കാലം വരും” എന്ന് യഹോവയുടെ അരുളപ്പാട്.7“അങ്ങനെ ഞാൻ ഈ സ്ഥലത്തുവച്ച് യെഹൂദയുടെയും യെരൂശലേമിന്റെയും ആലോചനയെ നിഷ്ഫലമാക്കും; ഞാൻ അവരെ ശത്രുക്കളുടെ മുമ്പിൽ വാൾകൊണ്ടും അവർക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കൈകൊണ്ടും വീഴ്ത്തുകയും, അവരുടെ ശവങ്ങൾ ആകാശത്തിലെ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇരയാക്കുകയും ചെയ്യും.8ഞാൻ ഈ നഗരത്തെ സ്തംഭനത്തിനും പരിഹാസത്തിനും വിഷയമാക്കിത്തീർക്കും; അതിനരികിലൂടെ കടന്നുപോകുന്ന ഏവനും സ്തംഭിച്ച്, അതിനു നേരിട്ട സകലബാധകളുംനിമിത്തം പരിഹാസത്തോടെ ചൂളംവിളിക്കും .9അവരുടെ ശത്രുക്കളും അവർക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരും അവരെ ഞെരുക്കുന്ന ഞെരുക്കത്തിലും ഉപരോധത്തിലും ഞാൻ അവരെ സ്വന്തപുത്രന്മാരുടെ മാംസവും പുത്രിമാരുടെ മാംസവും തിന്നുമാറാക്കും; ഓരോരുത്തൻ അവനവന്റെ കൂട്ടുകാരന്റെ മാംസം തിന്നും.
10പിന്നെ നിന്നോടുകൂടി വന്ന പുരുഷന്മാരുടെ കൺമുമ്പിൽ നീ ആ മൺകുടം ഉടച്ച് അവരോടു പറയേണ്ടതെന്തെന്നാൽ:11“സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നന്നാക്കുവാൻ കഴിയാത്തവണ്ണം കുശവന്റെ പാത്രം ഉടച്ചുകളഞ്ഞതുപോലെ, ഞാൻ ഈ ജനത്തെയും ഈ നഗരത്തെയും ഉടച്ചുകളയും. അടക്കം ചെയ്യുവാൻ വേറെ സ്ഥലമില്ലായ്കയാൽ അവരെ തോഫെത്തിൽ അടക്കംചെയ്യും.
12ഇങ്ങനെ ഞാൻ ഈ സ്ഥലത്തോടും അതിലെ നിവാസികളോടും ചെയ്യും; ഞാൻ ഈ നഗരത്തെ തോഫെത്തിനു സമമാക്കും” എന്ന് യഹോവയുടെ അരുളപ്പാട്.13മലിനമായിരിക്കുന്ന യെരൂശലേമിലെ വീടുകളും, യെഹൂദാരാജാക്കന്മാരുടെ അരമനകളും, അവർ മട്ടുപ്പാവുകളിൽവച്ച് ആകാശത്തിലെ സർവ്വസൈന്യത്തിനും ധൂപം കാണിക്കുകയും, അന്യദേവന്മാർക്ക് പാനീയബലി പകരുകയും ചെയ്ത എല്ലാ ഭവനങ്ങളും തോഫെത്ത് എന്ന സ്ഥലംപോലെയാകും”.
14അനന്തരം യഹോവ തന്നെ പ്രവചിക്കുവാൻ അയച്ചിരുന്ന തോഫെത്തിൽനിന്ന് യിരെമ്യാവ് വന്ന്, യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തിൽ നിന്നുകൊണ്ട് സകലജനത്തോടും:15“യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ എന്റെ വചനങ്ങൾ കേൾക്കാതെ ശാഠ്യംപിടിച്ചിരിക്കുകകൊണ്ട് ഞാൻ ഈ നഗരത്തിനു വിധിച്ചിരിക്കുന്ന സകല അനർത്ഥവും അതിനും അതിനടുത്ത എല്ലാപട്ടണങ്ങൾക്കും വരുത്തും” എന്ന് പറഞ്ഞു.

20

1എന്നാൽ യിരെമ്യാവ് ഈ കാര്യങ്ങൾ പ്രവചിക്കുന്നത് ഇമ്മേരിന്റെ മകനും യഹോവയുടെ ആലയത്തിന് പ്രധാനവിചാരകനുമായ2പശ്ഹൂർപുരോഹിതൻ കേട്ടിട്ട് യിരെമ്യാപ്രവാചകനെ അടിച്ച്, യഹോവയുടെ ആലയത്തിനരികിലുള്ള മുകളിലത്തെ ബെന്യാമീൻ ഗോപുരത്തിലെ ആമത്തിൽ ഇട്ടു.

3പിറ്റെന്നാൾ പശ്ഹൂർ യിരെമ്യാവിനെ വിലങ്ങഴിച്ചുവിട്ടപ്പോൾ യിരെമ്യാവ് അവനോടു പറഞ്ഞത്: “യഹോവ നിനക്ക് പശ്ഹൂർ എന്നല്ല, മാഗോർമിസ്സാബീബ് (സർവ്വത്രഭീതി) എന്നത്രേ പേര് വിളിച്ചിരിക്കുന്നത്”.4യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിന്നെ നിനക്കും നിന്റെ സകല സ്നേഹിതന്മാർക്കും ഭീതിയാക്കിത്തീർക്കും; അവർ ശത്രുക്കളുടെ വാൾകൊണ്ടു വീഴും; നിന്റെ കണ്ണ് അതു കാണും; എല്ലാ യെഹൂദയെയും ഞാൻ ബാബേൽരാജാവിന്റെ കൈയിൽ ഏല്പിക്കും; അവൻ അവരെ പിടിച്ച്, ബാബേലിലേക്കു കൊണ്ടുപോയി വാൾകൊണ്ട് കൊന്നുകളയും.
5ഈ നഗരത്തിലെ സകലനിക്ഷേപങ്ങളും അതിലെ സകലസമ്പാദ്യങ്ങളും സകല വിശിഷ്ടവസ്തുക്കളും യെഹൂദാരാജാക്കന്മാരുടെ സകലഭണ്ഡാരങ്ങളും ഞാൻ ശത്രുക്കളുടെ കയ്യിൽ ഏല്പിക്കും; അവർ അവ കൊള്ള ചെയ്ത് ബാബേലിലേക്കു കൊണ്ടുപോകും.6എന്നാൽ പശ്ഹൂരേ, നീയും നിന്റെ വീട്ടിൽ വസിക്കുന്ന എല്ലാവരും പ്രവാസത്തിലേക്കു പോകേണ്ടിവരും; നീയും നിന്റെ വ്യാജപ്രവചനം കേട്ട നിന്റെ സകലസ്നേഹിതന്മാരും ബാബേലിലേക്കു ചെന്ന്, അവിടെവച്ച് മരിച്ച്, അടക്കപ്പെടും.
7യഹോവേ, അങ്ങ്എന്നെ സമ്മതിപ്പിക്കുകയും ഞാൻ സമ്മതിക്കുകയും ചെയ്തു; അങ്ങ് ബലം പ്രയോഗിച്ചു ജയിച്ചിരിക്കുന്നു; ഞാൻ ഇടവിടാതെ പരിഹാസവിഷയമായിരിക്കുന്നു; എല്ലാവരും എന്നെ പരിഹസിക്കുന്നു.8സംസാരിക്കുമ്പോഴെല്ലാം ഞാൻ നിലവിളിച്ച് സാഹസത്തെയും ബലാല്ക്കാരത്തെയും കുറിച്ച് ആവലാധി പറയേണ്ടിവരുന്നു; അങ്ങനെ യഹോവയുടെ വചനം എനിക്ക് ഇടവിടാതെ നിന്ദയ്ക്കും പരിഹാസത്തിനും കാരണമായിരിക്കുന്നു.9‘ഞാൻ ഇനി അങ്ങയെ ഓർക്കുകയില്ല, അവിടുത്തെ നാമത്തിൽ സംസാരിക്കുകയുമില്ല’ എന്നു പറഞ്ഞാൽ അത് എന്റെ അസ്ഥികളിൽ അടയ്ക്കപ്പെട്ടിട്ട് എന്റെ ഹൃദയത്തിൽ തീ കത്തുംപോലെ ഇരിക്കുന്നു; ഞാൻ തളർന്ന്, എനിക്കു സഹിക്കുവാൻ കഴിയാതെയായി.
10“സർവ്വത്രഭീതി; ഞാൻ പലരുടെയും ഏഷണി കേട്ടിരിക്കുന്നു; കുറ്റം ബോധിപ്പിക്കുവിൻ; ഞങ്ങളും അവനെക്കുറിച്ചു കുറ്റം ബോധിപ്പിക്കാം; നാം അവനെ തോല്പിച്ച് അവനോടു പക വീട്ടുവാൻ തക്കവണ്ണം പക്ഷെ അവനെ വശത്താക്കാം” എന്ന് എന്റെ വീഴ്ചയ്ക്കു കാത്തിരിക്കുന്നവരായ എന്റെ സ്നേഹിതന്മാർ എല്ലാവരും പറയുന്നു.11എന്നാൽ യഹോവ ബലവാനായ വീരനെപ്പോലെ എന്നോടുകൂടി ഉണ്ട്; അതിനാൽ എന്നെ ഉപദ്രവിക്കുന്നവർ ഇടറിവീഴും; അവർ ജയിക്കുകയില്ല; അവർ ബുദ്ധിയോടെ പ്രവർത്തിക്കാതിരുന്നതിനാൽ ഏറ്റവും ലജ്ജിച്ചുപോകും; ഒരിക്കലും മറന്നുപോകാത്ത നിത്യലജ്ജയോടെ തന്നെ.
12നീതിമാനെ ശോധനചെയ്ത്, അന്തരംഗങ്ങളെയും ഹൃദയത്തെയും കാണുന്നവനായ സൈന്യങ്ങളുടെ യഹോവേ, അങ്ങ് അവരോടു ചെയ്യുന്ന പ്രതികാരം ഞാൻ കാണുമാറാകട്ടെ; എന്റെ വ്യവഹാരം ഞാൻ അങ്ങയോടു ബോധിപ്പിച്ചിരിക്കുന്നുവല്ലോ.13യഹോവയ്ക്കു പാട്ടുപാടുവിൻ! യഹോവയെ സ്തുതിക്കുവിൻ! അവിടുന്ന് ദരിദ്രന്റെ പ്രാണനെ ദുഷ്ടന്മാരുടെ കൈയിൽനിന്ന് വിടുവിച്ചിരിക്കുന്നു.
14ഞാൻ ജനിച്ചദിവസം ശപിക്കപ്പെട്ടിരിക്കട്ടെ; എന്റെ അമ്മ എന്നെ പ്രസവിച്ച ദിവസം അനുഗ്രഹിക്കപ്പെടാതിരിക്കട്ടെ.15‘നിനക്ക് ഒരു മകൻ ജനിച്ചിരിക്കുന്നു’ എന്ന് എന്റെ അപ്പനോട് അറിയിച്ച് അവനെ ഏറ്റവും സന്തോഷിപ്പിച്ച മനുഷ്യൻ ശപിക്കപ്പെട്ടവൻ.
16എന്റെ അമ്മ എന്റെ ശവക്കുഴിയും, അവളുടെ ഗർഭപാത്രം എല്ലായ്പോഴും നിറഞ്ഞതും ആയിരിക്കേണ്ടതിന്, ആ മനുഷ്യൻ എന്നെ ഉദരത്തിൽവച്ച് കൊന്നുകളയാതിരുന്നതുകൊണ്ട് അവൻ,17അനുതപിക്കാതെ യഹോവ ഉന്മൂലനാശം വരുത്തിയ പട്ടണങ്ങളെപ്പോലെ ആയിത്തീരട്ടെ; രാവിലെ അവൻ നിലവിളിയും ഉച്ചസമയത്ത് പോർവിളിയും കേൾക്കുമാറാകട്ടെ.18കഷ്ടവും സങ്കടവും അനുഭവിച്ച് ജീവകാലം ലജ്ജയിൽ കഴിച്ചുകൂട്ടേണ്ടതിന് ഞാൻ ഉദരത്തിൽനിന്ന് പുറത്തുവന്നത് എന്തിന്?”

21

1സിദെക്കീയാരാജാവ് മല്ക്കീയാവിന്റെ മകൻ പശ്ഹൂരിനെയും മയസേയാവിന്റെ മകൻ സെഫന്യാപുരോഹിതനെയും യിരെമ്യാവിന്റെ അടുക്കൽ അയച്ചു:2“ബാബേൽരാജാവായ നെബൂഖദ്നേസർ ഞങ്ങളോടു യുദ്ധം ചെയ്യുന്നതുകൊണ്ട് നീ ഞങ്ങൾക്കു വേണ്ടി യഹോവയോട് അപേക്ഷിക്കണമേ; അവൻ ഞങ്ങളെ വിട്ടുപോകേണ്ടതിന്, യഹോവ തന്റെ സകല അത്ഭുതങ്ങൾക്കും തക്കവിധം ഒരുപക്ഷേ ഞങ്ങൾക്കുവേണ്ടി പ്രവർത്തിക്കും” എന്ന് പറയിച്ചപ്പോൾ യിരെമ്യാവിന് യഹോവയിൽനിന്നുണ്ടായ അരുളപ്പാട്.

3യിരെമ്യാവ് അവരോടു പറഞ്ഞത്: “നിങ്ങൾ സിദെക്കീയാവിനോട് ഇപ്രകാരം പറയണം:4യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മതിലുകൾക്കു പുറത്തു നിന്ന് നിങ്ങളെ ഉപരോധിച്ചിരിക്കുന്ന ബാബേൽരാജാവിനോടും കല്ദയരോടും യുദ്ധംചെയ്യുവാൻ നിങ്ങളുടെ കൈയിലുള്ള ആയുധങ്ങളെ ഞാൻ ഉപയോഗശൂന്യമാക്കി, ഈ നഗരത്തിന്റെ മദ്ധ്യത്തിൽ കൂട്ടും.5ഞാൻ തന്നെയും, നീട്ടിയ കൈകൊണ്ടും ബലമുള്ള ഭുജംകൊണ്ടും കോപത്തോടും ക്രോധത്തോടും അത്യുഗ്രതയോടുംകൂടി നിങ്ങളോട് യുദ്ധംചെയ്യും.
6ഈ നഗരത്തിൽ വസിക്കുന്ന മനുഷ്യരെയും മൃഗങ്ങളെയും ഞാൻ സംഹരിക്കും; അവർ മഹാമാരിയാൽ മരിക്കും.7അതിന്റെശേഷം യെഹൂദാരാജാവായ സിദെക്കീയാവിനെയും അവന്റെ ഭൃത്യന്മാരെയും ജനത്തെയും ഈ നഗരത്തിൽ മഹാമാരി, വാൾ, ക്ഷാമം എന്നിവയിൽ നിന്ന് രക്ഷപെട്ട് ശേഷിച്ചവരെ തന്നെ, ഞാൻ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കൈയിലും അവരുടെ ശത്രുക്കളുടെ കൈയിലും അവർക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കൈയിലും ഏല്പിക്കും; അവൻ അവരോടു ക്ഷമയോ കനിവോ കരുണയോ കാണിക്കാതെ, അവരെ വാളിന്റെ വായ്ത്തലകൊണ്ട് സംഹരിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
8“നീ ഈ ജനത്തോടു പറയേണ്ടത്: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, ഞാൻ ജീവന്റെ വഴിയും മരണത്തിന്റെ വഴിയും നിങ്ങളുടെ മുമ്പിൽ വയ്ക്കുന്നു.9ഈ നഗരത്തിൽ വസിക്കുന്നവൻ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; എന്നാൽ നിങ്ങളെ ഉപരോധിച്ചിരിക്കുന്ന കല്ദയരുടെ പക്ഷം ചെന്നുചേരുന്നവനോ ജീവനോടെ ഇരിക്കും; അവന്റെ ജീവൻ അവന് കൊള്ള കിട്ടിയതുപോലെ ഇരിക്കും.10ഞാൻ എന്റെ മുഖം ഈ നഗരത്തിനുനേരെ നന്മയ്ക്കല്ല തിന്മയ്ക്കത്രേ വച്ചിരിക്കുന്നു” എന്ന് യഹോവയുടെ അരുളപ്പാട്. “അതിനെ ബാബേൽരാജാവിന്റെ കൈയിൽ ഏല്പിക്കും; അവൻ അതിനെ തീവച്ചു ചുട്ടുകളയും”.
11“യെഹൂദാരാജഗൃഹത്തോടു നീ പറയേണ്ടത്: “യഹോവയുടെ വചനം കേൾക്കുവിൻ!12“ദാവീദുഗൃഹമേ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പ്രവൃത്തികളുടെ ദോഷംനിമിത്തം എന്റെ ക്രോധം തീപോലെ പുറപ്പെട്ട് ആർക്കും കെടുത്താനാകാത്തവിധം, കത്താതെയിരിക്കേണ്ടതിന് നിങ്ങൾ രാവിലെതോറും ന്യായം പാലിക്കുകയും കവർച്ചയ്ക്ക് ഇരയായവനെ പീഡകന്റെ കൈയിൽനിന്നു വിടുവിക്കുകയും ചെയ്യുവിൻ.
13താഴ്വരയിലും സമഭൂമിയിലെ പാറയിലും പാർത്ത്, ‘ ഞങ്ങളുടെ നേരെ ആരു വരും? ഞങ്ങളുടെ പാർപ്പിടങ്ങളിൽ ആരു കടക്കും?’ എന്നു പറയുന്നവരേ, ഞാൻ നിങ്ങൾക്കു വിരോധമായിരിക്കുന്നു” എന്ന് യഹോവയുടെ അരുളപ്പാട്.14ഞാൻ നിങ്ങളുടെ പ്രവൃത്തികളുടെ ഫലത്തിനു തക്കവിധം സന്ദർശിക്കും; ഞാൻ അവളുടെ വനത്തിനു തീ വയ്ക്കും; അത് അവളുടെ ചുറ്റുമുള്ള സകലത്തെയും ദഹിപ്പിച്ചുകളയും” എന്ന് യഹോവയുടെ അരുളപ്പാട്.

22

1യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ യെഹൂദാരാജാവിന്റെ അരമനയിൽ ചെന്ന്, അവിടെ ഈ വചനം പ്രസ്താവിക്കുക:2“ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന യെഹൂദാരാജാവേ, നീയും, നിന്റെ ഭൃത്യന്മാരും, ഈ വാതിലുകളിൽകൂടി കടക്കുന്ന നിന്റെ ജനവും യഹോവയുടെ വചനം കേട്ടുകൊള്ളുവിൻ!3യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ നീതിയും ന്യായവും നടത്തി, കവർച്ചയ്ക്ക് ഇരയായവനെ പീഡകന്റെ കൈയിൽനിന്ന് വിടുവിക്കുവിൻ; പരദേശിയോടും അനാഥനോടും വിധവയോടും അന്യായവും ബലാല്ക്കാരവും ചെയ്യരുത്; ഈ സ്ഥലത്ത് കുറ്റമില്ലാത്ത രക്തം ചൊരിയുകയുമരുത്.

4നിങ്ങൾ ഈ വചനം അനുഷ്ഠിച്ചാൽ ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്നവരും രഥങ്ങളിലും കുതിരപ്പുറത്തും കയറുന്നവരുമായ രാജാക്കന്മാരും അവരുടെ ഭൃത്യന്മാരും പ്രജകളും ഈ അരമനയുടെ വാതിലുകളിൽകൂടി കടക്കും.5ഈ വചനം കേട്ടനുസരിക്കുകയില്ലെങ്കിലോ, ഈ അരമന ശൂന്യമായിപ്പോകുമെന്ന് ഞാൻ എന്നെച്ചൊല്ലി സത്യം ചെയ്യുന്നു” എന്ന് യഹോവയുടെ അരുളപ്പാട്.
6യെഹൂദാരാജാവിന്റെ അരമനയോട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ ഗിലെയാദും ലെബാനോന്റെ ശിഖരവും ആകുന്നു; എങ്കിലും ഞാൻ നിന്നെ ഒരു മരുഭൂമിയും നിവാസികളില്ലാത്ത പട്ടണങ്ങളും ആക്കും.7ഞാൻ ആയുധപാണികളായ സംഹാരകന്മാരെ നിന്റെ നേരെ ഒരുക്കും; അവർ നിന്റെ വിശിഷ്ടദേവദാരുക്കളെ വെട്ടി തീയിൽ ഇട്ടുകളയും.
8അനേകം ജനതകളും ഈ നഗരംവഴി കടന്നു പോകുമ്പോൾ ഓരോരുത്തൻ അവനവന്റെ കൂട്ടുകാരനോട്: ‘ഈ മഹാനഗരത്തോട് യഹോവ ഇങ്ങനെ ചെയ്തതെന്ത്’ എന്നു ചോദിക്കുകയും9‘അവർ അവരുടെ ദൈവമായ യഹോവയുടെ നിയമം ഉപേക്ഷിച്ച് അന്യദേവന്മാരെ നമസ്കരിച്ച് സേവിച്ചതുകൊണ്ടു തന്നെ’ എന്നുത്തരം പറയുകയും ചെയ്യും.

10മരിച്ചവനെക്കുറിച്ചു കരയണ്ടാ, അവനെക്കുറിച്ചു വിലപിക്കുകയും വേണ്ടാ; നാടുവിട്ടു പോകേണ്ടിവരുന്നവനെക്കുറിച്ചു തന്നെ കരയുവിൻ; അവൻ മടങ്ങിവരുകയില്ല; ജന്മദേശം ഇനി കാണുകയുമില്ല.
11തന്റെ അപ്പനായ യോശീയാവിനു പകരം വാണശേഷം ഈ സ്ഥലം വിട്ടുപോയവനായ യോശീയാവിന്റെ മകനും യെഹൂദാരാജാവുമായ ശല്ലൂമിനെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവൻ ഇവിടേക്കു മടങ്ങിവരുകയില്ല.12അവനെ ബദ്ധനാക്കി കൊണ്ടുചെന്ന സ്ഥലത്തു വച്ചു തന്നെ അവൻ മരിക്കും; ഈ ദേശം അവൻ ഇനി കാണുകയുമില്ല.

13നീതികേടുകൊണ്ട് അരമനയും അന്യായം കൊണ്ടു മാളികയും പണിത്, കൂട്ടുകാരനെക്കൊണ്ടു വേല ചെയ്യിച്ച് കൂലി കൊടുക്കാതിരിക്കുകയും14‘ഞാൻ വിസ്താരമുള്ള അരമനയും വിശാലമായ മാളികയും പണിയും’ എന്നു പറഞ്ഞ് കിളിവാതിലുകൾ വീതിയിൽ തീർക്കുകയും ദേവദാരുകൊണ്ടു തട്ടിടുകയും ചുവപ്പുചായംകൊണ്ടു മോടി പിടിപ്പിക്കുകയും ചെയ്യുന്നവന് അയ്യോ കഷ്ടം!
15ദേവദാരുകൊണ്ടു മികച്ചവൻ ആകുവാൻ ശ്രമിക്കുന്നതുകൊണ്ട് നീ രാജാവായിത്തീരുമോ? നിന്റെ അപ്പനും ഭക്ഷണപാനീയങ്ങൾ കഴിച്ച് നീതിയും ന്യായവും നടത്തിയിരുന്നില്ലയോ? അത് അവന് നന്മയായിത്തീർന്നു.16അവൻ എളിയവനും ദരിദ്രനും ന്യായം പാലിച്ചുകൊടുത്തു; അതിനാൽ അവന് നന്മ ഭവിച്ചു; ഇതല്ലയോ എന്നെ അറിയുക എന്നുള്ളത്?” എന്ന് യഹോവയുടെ അരുളപ്പാട്.
17“എന്നാൽ നിന്റെ കണ്ണും മനസ്സും, അത്യാഗ്രഹത്തിനും, കുറ്റമില്ലാത്ത രക്തം ചൊരിയുന്നതിനും, പീഡനവും സാഹസവും ചെയ്യുന്നതിനും അല്ലാതെ മറ്റൊന്നിനും ഉപകരിക്കുന്നില്ല.18അതുകൊണ്ട് യഹോവ യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിനെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: അവനെക്കുറിച്ച് അവർ: “അയ്യോ സഹോദരാ, അയ്യോ സഹോദരീ” എന്നു ചൊല്ലി വിലപിക്കുകയില്ല; അവനെക്കുറിച്ച്: “അയ്യോ തമ്പുരാനേ, അയ്യോ തിരുമേനീ” എന്നു ചൊല്ലി വിലപിക്കുകയുമില്ല.19യെരൂശലേമിന്റെ പടിവാതിലുകൾക്കു പുറത്ത് അവനെ വലിച്ചെറിഞ്ഞ് ഒരു കഴുതയെ കുഴിച്ചിടുന്നതുപോലെ അവനെ കുഴിച്ചിടും.
20ലെബാനോനിൽ കയറിച്ചെന്നു നിലവിളിക്കുക; ബാശാനിൽനിന്നു നിന്റെ ശബ്ദം ഉയർത്തുക; അബാരീമിൽനിന്നു നിലവിളിക്കുക; നിന്റെ സകല സ്നേഹിതന്മാരും തകർന്നുകിടക്കുന്നുവല്ലോ.21നിന്റെ ശുഭകാലത്തു ഞാൻ നിന്നോടു സംസാരിച്ചു; നീയോ: ‘ഞാൻ കേൾക്കുകയില്ല’ എന്നു പറഞ്ഞു; എന്റെ വാക്ക് അനുസരിക്കാതിരിക്കുന്നതായിരുന്നു ബാല്യംമുതൽ നിനക്കുള്ള ശീലം.
22നിന്നെ മേയിക്കുന്നവരെ എല്ലാം കൊടുങ്കാറ്റു പറപ്പിക്കും; നിന്റെ സ്നേഹിതന്മാർ പ്രവാസത്തിലേക്കു പോകും. അപ്പോൾ നീ നിന്റെ സകലദുഷ്ടതയുംനിമിത്തം ലജ്ജിച്ച് അമ്പരന്നുപോകും.23ദേവദാരുക്കളിൽ കൂടുവച്ച് ലെബാനോനിൽ വസിക്കുന്നവളേ, നിനക്കു വ്യസനവും, പ്രസവവേദന കിട്ടിയവളെപ്പോലെ വേദനയും ഉണ്ടാകുമ്പോൾ നീ എത്ര ഞരങ്ങും.
24എന്നാണ, യെഹോയാക്കീമിന്റെ മകനായി യെഹൂദാരാജാവായ കൊന്യാവ് എന്റെ വലങ്കൈക്ക് ഒരു മുദ്രമോതിരം ആയിരുന്നാലും ഞാൻ നിന്നെ ഊരിയെറിഞ്ഞുകളയും” എന്ന് യഹോവയുടെ അരുളപ്പാട്.25നിനക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കൈയിലും നീ ഭയപ്പെടുന്നവരുടെ കൈയിലും ഞാൻ നിന്നെ ഏല്പിക്കും; ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കൈയിലും കല്ദയരുടെ കൈയിലും തന്നെ.26നിന്നെയും നിന്നെ പ്രസവിച്ച അമ്മയെയും നിങ്ങൾ ജനിച്ചതല്ലാത്ത അന്യദേശത്തേക്കു ഞാൻ തള്ളിക്കളയും; അവിടെവച്ചു നിങ്ങൾ മരിക്കും.
27അവർ മടങ്ങിവരുവാൻ ആഗ്രഹിക്കുന്ന ദേശത്തേക്ക് അവർ മടങ്ങിവരുകയില്ല.28കൊന്യാവ് എന്ന ഈ ആൾ, ‘സാരമില്ല’ എന്നുവച്ച് ഉടച്ചുകളഞ്ഞ ഒരു കലമോ? ആർക്കും ഇഷ്ടമില്ലാത്ത പാത്രമോ? അവനെയും അവന്റെ സന്തതിയെയും ത്യജിച്ച്, അവർ അറിയാത്ത ദേശത്തേക്കു തള്ളിക്കളയുവാൻ കാരണം എന്ത്?
29ദേശമേ, ദേശമേ, ദേശമേ, യഹോവയുടെ വചനം കേൾക്കുക!30“ഈ ആളിനെ ‘മക്കളില്ലാത്തവൻ’ എന്നും ‘ആയുഷ്കാലത്ത് ഒരിക്കലും ശുഭംവരാത്തവൻ’ എന്നും എഴുതുവിൻ; അവന്റെ സന്തതിയിൽ യാതൊരുത്തനും ഇനി ദാവീദിന്റെ സിംഹാസനത്തിൽ ഇരുന്ന്, യെഹൂദയിൽ വാഴുവാൻ ഐശ്വര്യം പ്രാപിക്കുകയില്ല” എന്ന് യഹോവ അരുളിച്ചെയ്യുന്നു.

23

1“എന്റെ മേച്ചിൽപ്പുറത്തെ ആടുകളെ നശിപ്പിക്കുകയും ചിതറിക്കുകയും ചെയ്യുന്ന ഇടയന്മാർക്ക് അയ്യോ കഷ്ടം!” എന്ന് യഹോവയുടെ അരുളപ്പാട്.2അതുകൊണ്ട്, തന്റെ ജനത്തെ മേയിക്കുന്ന ഇടയന്മാരെക്കുറിച്ച് യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ എന്റെ ആട്ടിൻകൂട്ടത്തെ സൂക്ഷിക്കാതെ അവയെ ചിതറിക്കുകയും ഓടിച്ചുകളയുകയും ചെയ്തിരിക്കുന്നു; ഇതാ ഞാൻ നിങ്ങളുടെ പ്രവൃത്തികളുടെ ദോഷത്തെക്കുറിച്ച് നിങ്ങളോടു ചോദിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.

3എന്റെ ആട്ടിൻകൂട്ടത്തിൽ ശേഷിച്ചിരിക്കുന്നവയെ, ഞാൻ നീക്കിക്കളഞ്ഞിരിക്കുന്ന എല്ലാ ദേശങ്ങളിൽനിന്നും ശേഖരിച്ച്, അവയുടെ പുല്പുറങ്ങളിലേക്ക് വീണ്ടും കൊണ്ടുവരും; അവ വർദ്ധിച്ചു പെരുകും.4അവയെ മേയിക്കേണ്ടതിന് ഞാൻ ഇടയന്മാരെ നിയമിക്കും; അവ ഇനി പേടിക്കുകയില്ല, ഭ്രമിക്കുകയില്ല, നഷ്ടപ്പെട്ടുപോകുകയുമില്ല” എന്ന് യഹോവയുടെ അരുളപ്പാട്.
5“ഇതാ, ഞാൻ ദാവീദിന് നീതിയുള്ള ഒരു മുളയെ ഉത്ഭവിപ്പിക്കുന്ന കാലം വരും; അവൻ രാജാവായി വാണ് ബുദ്ധിയോടെ പ്രവർത്തിച്ച് ദേശത്തു നീതിയും ന്യായവും നടത്തും.6അവന്റെ കാലത്ത് യെഹൂദാ രക്ഷിക്കപ്പെടും; യിസ്രായേൽ സുരക്ഷിതരായി വസിക്കും; അവന് ‘യഹോവ നമ്മുടെ നീതി’ എന്നു പേര് പറയും” എന്ന് യഹോവയുടെ അരുളപ്പാട്.
7“അതിനാൽ ‘യിസ്രായേൽമക്കളെ ഈജിപ്റ്റിൽനിന്നു കൊണ്ടുവന്ന യഹോവയാണ’ എന്ന് ഇനി പറയാതെ,8‘യിസ്രായേൽഗൃഹത്തിന്റെ സന്തതിയെ വടക്കുദേശത്തുനിന്നും ഞാൻ അവരെ നീക്കിക്കളഞ്ഞിരുന്ന സകലദേശങ്ങളിൽനിന്നും പുറപ്പെടുവിച്ചുകൊണ്ടുവന്ന യഹോവയാണ’ എന്നു പറയുന്ന കാലം വരും; അവർ അവരുടെ സ്വന്തദേശത്തു വസിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.

9പ്രവാചകന്മാരെക്കുറിച്ചുള്ള അരുളപ്പാടു: “എന്റെ ഹൃദയം എന്റെ ഉള്ളിൽ നുറുങ്ങിയിരിക്കുന്നു; എന്റെ അസ്ഥികൾ എല്ലാം ഇളകുന്നു; യഹോവ നിമിത്തവും അവിടുത്തെ വിശുദ്ധവചനങ്ങൾ നിമിത്തവും ഞാൻ, മത്തനെപ്പോലെയും, വീഞ്ഞു കുടിച്ച് ലഹരിപിടിച്ചവനെപ്പോലെയും ആയിരിക്കുന്നു.10ദേശം വ്യഭിചാരികളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു; ശാപംനിമിത്തം ദേശം ദുഃഖിക്കുന്നു; മരുഭൂമിയിലെ മേച്ചില്പുറങ്ങൾ ഉണങ്ങിപ്പോയിരിക്കുന്നു; അവരുടെ മാർഗ്ഗം ദോഷമുള്ളതും അവരുടെ ശക്തി ന്യായരഹിതവും ആകുന്നു.
11പ്രവാചകനും പുരോഹിതനും ഒരുപോലെ മലിനരായിത്തീർന്നിരിക്കുന്നു; എന്റെ ആലയത്തിലും ഞാൻ അവരുടെ ദുഷ്ടത കണ്ടിരിക്കുന്നു” എന്ന് യഹോവയുടെ അരുളപ്പാട്.12“അതുകൊണ്ട് അവരുടെ വഴി അവർക്ക് വഴുവഴുപ്പുള്ളതായിരിക്കും; അവർ ഇരുട്ടിലേക്ക് തള്ളപ്പെടുകയും അവിടെ കാൽ തെറ്റി വീഴുകയും ചെയ്യും; ഞാൻ അവർക്ക് അനർത്ഥം, അവരുടെ സന്ദർശനകാലത്ത് തന്നെ, വരുത്തും” എന്ന് യഹോവയുടെ അരുളപ്പാട്.
13“ശമര്യയിലെ പ്രവാചകന്മാരിൽ ഞാൻ ഭോഷത്തം കണ്ടിരിക്കുന്നു; അവർ ബാലിന്റെ നാമത്തിൽ പ്രവചിച്ച്, എന്റെ ജനമായ യിസ്രായേലിനെ തെറ്റിച്ചുകളഞ്ഞു.14യെരൂശലേമിലെ പ്രവാചകന്മാരിൽ ഞാൻ ഭയാനകമായ കാര്യം കണ്ടിരിക്കുന്നു; അവർ വ്യഭിചാരം ചെയ്ത് വ്യാജത്തിൽ നടക്കുന്നു; ആരും തന്റെ ദുഷ്ടത വിട്ടുതിരിയാത്ത വിധം അവർ ദുഷ്പ്രവൃത്തിക്കാരെ ധൈര്യപ്പെടുത്തുന്നു; അവരെല്ലാവരും എനിക്ക് സൊദോംപോലെയും, അതിലെ നിവാസികൾ ഗൊമോറപോലെയും ആയിരിക്കുന്നു”.15“അതുകൊണ്ട് സൈന്യങ്ങളുടെ യഹോവ പ്രവാചകന്മാരെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അവരെ കാഞ്ഞിരം തീറ്റിക്കുകയും നഞ്ചുവെള്ളം കുടിപ്പിക്കുകയും ചെയ്യും; യെരൂശലേമിലെ പ്രവാചകന്മാരിൽനിന്നല്ലയോ വഷളത്തം ദേശത്തെല്ലായിടവും വ്യാപിച്ചിരിക്കുന്നത്”.
16സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കു കേൾക്കരുത്; അവർ നിങ്ങളെ വ്യാജം ഉപദേശിക്കുന്നു; യഹോവയുടെ അധരത്തിൽ നിന്നുള്ളതല്ല, സ്വന്തഹൃദയത്തിലെ ദർശനമത്രേ അവർ പ്രവചിക്കുന്നത്.17എന്നെ നിരസിക്കുന്നവരോട് അവർ: “നിങ്ങൾക്കു സമാധാനം ഉണ്ടാകും എന്ന് യഹോവ അരുളിച്ചെയ്തിരിക്കുന്നു” എന്നു പറയുന്നു; സ്വന്തം ഹൃദയത്തിലെ ശാഠ്യപ്രകാരം നടക്കുന്നവരോടെല്ലാം: “നിങ്ങൾക്കൊരു ദോഷവും വരുകയില്ല” എന്നും പറയുന്നു.18യഹോവയുടെ വചനം ദർശിച്ചുകേൾക്കുവാൻ തക്കവണ്ണം അവന്റെ ആലോചനസഭയിൽ നിന്നവനാര്? അവിടുത്തെ വചനം ശ്രദ്ധിച്ചുകേട്ടിരിക്കുന്നവനാര്?
19യഹോവയുടെ ക്രോധം എന്ന കൊടുങ്കാറ്റ്, വലിയ ചുഴലിക്കാറ്റു തന്നെ, പുറപ്പെട്ടിരിക്കുന്നു; അത് ദുഷ്ടന്മാരുടെ തലമേൽ ചുറ്റിയടിക്കും.20തന്റെ ഹൃദയത്തിലെ വിചാരങ്ങൾ നിറവേറ്റുവോളം യഹോവയുടെ കോപം മാറുകയില്ല; ഭാവികാലത്തു നിങ്ങൾ അത് പൂർണ്ണമായി ഗ്രഹിക്കും.
21ഞാൻ ഈ പ്രവാചകന്മാരെ അയയ്ക്കാതിരുന്നിട്ടും അവർ ഓടി; ഞാൻ അവരോടു അരുളിച്ചെയ്യാതിരുന്നിട്ടും അവർ പ്രവചിച്ചു.22അവർ എന്റെ ആലോചനസഭയിൽ നിന്നിരുന്നുവെങ്കിൽ, എന്റെ ജനത്തെ എന്റെ വചനങ്ങൾ അറിയിച്ച്, അവരെ അവരുടെ ദുഷ്ടവഴിയിൽനിന്നും, അവരുടെ പ്രവൃത്തികളുടെ ദോഷത്തിൽനിന്നും പിൻതിരിപ്പിക്കുമായിരുന്നു.
23ഞാൻ സമീപസ്ഥനായ ദൈവം മാത്രം ആകുന്നുവോ? ദൂരസ്ഥനായ ദൈവവും അല്ലയോ?” എന്ന് യഹോവയുടെ അരുളപ്പാട്.24“ഞാൻ കാണാത്തവിധം ആർക്കെങ്കിലും രഹസ്യമായി ഒളിക്കുവാൻ കഴിയുമോ?” എന്ന് യഹോവയുടെ അരുളപ്പാട്; “ഞാൻ ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നവനല്ലയോ” എന്ന് യഹോവയുടെ അരുളപ്പാട്.
25“‘ഞാൻ സ്വപ്നം കണ്ടു, സ്വപ്നം കണ്ടു’ എന്നു പറഞ്ഞ് എന്റെ നാമത്തിൽ വ്യാജം പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്ക് ഞാൻ കേട്ടിരിക്കുന്നു.26സ്വന്തഹൃദയത്തിലെ വഞ്ചനയുടെ പ്രവാചകന്മാരായി, വ്യാജം പ്രവചിക്കുന്ന പ്രവാചകന്മാർക്ക് ഈ താത്പര്യം എത്രകാലം ഉണ്ടായിരിക്കും?27ബാൽ നിമിത്തം അവരുടെ പിതാക്കന്മാർ എന്റെ നാമം മറന്നുകളഞ്ഞതുപോലെ, ഇവർ അന്യോന്യം വിവരിച്ചു പറയുന്ന സ്വപ്നങ്ങൾനിമിത്തം എന്റെ ജനം എന്റെ നാമം മറന്നുകളയുവാൻ ഇടയാകണമെന്ന് അവർ വിചാരിക്കുന്നു.
28“സ്വപ്നംകണ്ട പ്രവാചകൻ സ്വപ്നം വിവരിക്കട്ടെ; എന്റെ വചനം ലഭിച്ചിരിക്കുന്നവൻ എന്റെ വചനം വിശ്വസ്തതയോടെ പ്രസ്താവിക്കട്ടെ; വൈക്കോലും ഗോതമ്പും തമ്മിൽ എന്തു പൊരുത്തം?” എന്ന് യഹോവയുടെ അരുളപ്പാട്.29“എന്റെ വചനം തീ പോലെയും പാറയെ തകർക്കുന്ന ചുറ്റികപോലെയും അല്ലയോ” എന്ന് യഹോവയുടെ അരുളപ്പാട്.30“അതുകൊണ്ട് എന്റെ വചനങ്ങൾ അന്യോന്യം മോഷ്ടിക്കുന്ന പ്രവാചകന്മാർക്ക് ഞാൻ വിരോധമാകുന്നു” എന്ന് യഹോവയുടെ അരുളപ്പാട്.
31“തങ്ങളുടെ നാവുകൊണ്ട് ‘യഹോവയുടെ അരുളപ്പാട്’ എന്നു പറയുന്ന പ്രവാചകന്മാർക്ക് ഞാൻ വിരോധമാകുന്നു” എന്ന് യഹോവയുടെ അരുളപ്പാട്.32“വ്യാജസ്വപ്നങ്ങൾ പ്രവചിക്കുകയും അവയെ വിവരിച്ച് അവരുടെ വ്യാജവും ആത്മപ്രശംസയും കൊണ്ട് എന്റെ ജനത്തെ തെറ്റിച്ചുകളയുകയും ചെയ്യുന്നവർക്കു ഞാൻ വിരോധമാകുന്നു” എന്ന് യഹോവയുടെ അരുളപ്പാട്; ഞാൻ അവരെ അയച്ചിട്ടില്ല, അവരോടു കല്പിച്ചിട്ടില്ല, അവർ ഈ ജനത്തിന് ഒട്ടും പ്രയോജനമായിരിക്കുകയുമില്ല” എന്ന് യഹോവയുടെ അരുളപ്പാട്.
33“ഈ ജനം ഒരു പ്രവാചകനോ പുരോഹിതനോ യഹോവയുടെ ഭാരം (അരുളപ്പാട്) എന്ത് എന്നു നിന്നോടു ചോദിക്കുന്നുവെങ്കിൽ, നീ അവരോട്: ‘നിങ്ങൾ ആകുന്നു ഭാരം; ഞാൻ നിങ്ങളെ എറിഞ്ഞുകളയും എന്ന് യഹോവയുടെ അരുളപ്പാട്’ എന്നു പറയുക”.34“പ്രവാചകനോ പുരോഹിതനോ ജനമോ: ‘യഹോവയുടെ ഭാരം’ എന്നു പറയുന്നുവെങ്കിൽ ഞാൻ ആ മനുഷ്യനെയും അവന്റെ ഭവനത്തെയും സന്ദർശിക്കും.
35‘യഹോവ എന്ത് ഉത്തരം പറഞ്ഞിരിക്കുന്നു? യഹോവ എന്ത് അരുളിച്ചെയ്തിരിക്കുന്നു’ എന്നിങ്ങനെയാകുന്നു ഒരോരുത്തൻ അവനവന്റെ കൂട്ടുകാരനോടും അവനവന്റെ സഹോദരനോടും ചോദിക്കേണ്ടത്.36‘യഹോവയുടെ ഭാരം’ എന്ന് ഇനി പറയരുത്; അല്ലെങ്കിൽ അവനവന്റെ വാക്ക് അവനവനു ഭാരമായിത്തീരും; നമ്മുടെ ദൈവമായ സൈന്യങ്ങളുടെ യഹോവ എന്ന ജീവനുള്ള ദൈവത്തിന്റെ വചനങ്ങൾ നിങ്ങൾ മറിച്ചുകളഞ്ഞുവല്ലോ.
37‘യഹോവ നിന്നോട് എന്ത് ഉത്തരം പറഞ്ഞിരിക്കുന്നു? യഹോവ എന്ത് അരുളിച്ചെയ്തിരിക്കുന്നു?’ എന്നിങ്ങനെയാകുന്നു പ്രവാചകനോടു ചോദിക്കേണ്ടത്.38‘യഹോവയുടെ ഭാരം’ എന്നു നിങ്ങൾ പറയുന്നുവെങ്കിൽ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘യഹോവയുടെ ഭാരം എന്നു പറയരുത്’ എന്ന് ഞാൻ നിങ്ങളുടെ അടുക്കൽ പറഞ്ഞയച്ചിട്ടും നിങ്ങൾ ‘യഹോവയുടെ ഭാരം’ എന്ന വാക്കു പറയുകകൊണ്ട്,39ഞാൻ നിങ്ങളെ എടുത്ത് നിങ്ങളെയും, നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും ഞാൻ തന്നിട്ടുള്ള നഗരത്തെയും എന്റെ മുമ്പിൽ നിന്ന് എറിഞ്ഞുകളയും.40അങ്ങനെ ഞാൻ നിങ്ങൾക്ക് നിത്യനിന്ദയും മറന്നുപോകാത്ത നിത്യലജ്ജയും വരുത്തും.

24

1ബാബേൽരാജാവായ നെബൂഖദ്നേസർ യെഹോയാക്കീമിന്റെ മകനായി യെഹൂദാരാജാവായ യെഖൊന്യാവിനെയും, യെഹൂദാപ്രഭുക്കന്മാരെയും ശില്പികളെയും കൊല്ലന്മാരെയും പിടിച്ച് യെരൂശലേമിൽനിന്നു ബാബേലിലേക്കു കൊണ്ടുപോയ ശേഷം, രണ്ടു കൊട്ട അത്തിപ്പഴം യഹോവയുടെ മന്ദിരത്തിനു മുമ്പിൽ വച്ചിരിക്കുന്നത് യഹോവ എന്നെ കാണിച്ചു.2ഒരു കൊട്ടയിൽ തലപ്പഴം പോലെ എത്രയും നല്ല അത്തിപ്പഴവും, മറ്റെ കൊട്ടയിൽ എത്രയും മോശമായത് തിന്നുവാൻ കൊള്ളരുതാത്തവിധം ചീത്തയും ആയ അത്തിപ്പഴവും ഉണ്ടായിരുന്നു.3യഹോവ എന്നോടു: “യിരെമ്യാവേ, നീ എന്തു കാണുന്നു” എന്നു ചോദിച്ചു; അതിനു ഞാൻ: “അത്തിപ്പഴം; നല്ല അത്തിപ്പഴം എത്രയോ നല്ലതും, മോശമായത് എത്രയും മോശമായതും തിന്നുകൂടാത്തവിധം ചീത്തയും ആകുന്നു” എന്നു പറഞ്ഞു.

4അപ്പോൾ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:5“യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഈ സ്ഥലത്തുനിന്നു കല്ദയരുടെ ദേശത്തേക്കു നന്മയ്ക്കായി അയച്ചിരിക്കുന്ന യെഹൂദാബദ്ധന്മാരെ ഈ നല്ല അത്തിപ്പഴംപോലെ ഞാൻ വിചാരിക്കും.6ഞാൻ എന്റെ ദൃഷ്ടി നന്മയ്ക്കായി അവരുടെ മേൽവച്ച് അവരെ ഈ ദേശത്തേക്കു വീണ്ടും കൊണ്ടുവരും; ഞാൻ അവരെ പണിയും; പൊളിച്ചുകളയുകയില്ല; അവരെ നടും, പറിച്ചുകളയുകയുമില്ല.7ഞാൻ യഹോവ എന്ന് എന്നെ അറിയുവാൻ തക്ക ഹൃദയം ഞാൻ അവർക്കു കൊടുക്കും; അവർ എനിക്കു ജനമായും ഞാൻ അവർക്കു ദൈവമായും ഇരിക്കും; അവർ പൂർണ്ണഹൃദയത്തോടെ എങ്കലേക്കു തിരിയും.
8എന്നാൽ യെഹൂദാരാജാവായ സിദെക്കീയാവിനെയും പ്രഭുക്കന്മാരെയും ഈ ദേശത്തു ശേഷിച്ച യെരൂശലേമിലെ ശേഷിപ്പിനെയും ഈജിപ്റ്റിൽ പാർക്കുന്നവരെയും ഞാൻ, ആകാത്തതും തിന്നുകൂടാത്ത വിധം ചീത്തയുമായ അത്തിപ്പഴംപോലെ ത്യജിച്ചുകളയും” എന്ന് യഹോവ അരുളിച്ചെയ്യുന്നു.9“ഞാൻ അവരെ ഭൂമിയിലെ സകലരാജ്യങ്ങൾക്കും ഭീതിയും അനർത്ഥവും, ഞാൻ അവരെ നീക്കിക്കളയുവാനിരിക്കുന്ന സകലസ്ഥലങ്ങളിലും നിന്ദയും പഴഞ്ചൊല്ലും പരിഹാസവും ശാപവാക്യവും ആക്കിത്തീർക്കും.10ഞാൻ അവർക്കും അവരുടെ പിതാക്കന്മാർക്കും കൊടുത്ത ദേശത്തുനിന്ന് അവർ നശിച്ചുപോകുംവരെ ഞാൻ അവരുടെ ഇടയിൽ വാളും ക്ഷാമവും മഹാമാരിയും അയയ്ക്കും”.

25

1യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ നാലാം ആണ്ടിൽ - ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ ഒന്നാം ആണ്ടിൽത്തന്നെ, സകല യെഹൂദാജനത്തെയും കുറിച്ച് യിരെമ്യാവിനുണ്ടായ അരുളപ്പാട്.2അത് യിരെമ്യാപ്രവാചകൻ സകല യെഹൂദാജനത്തോടും സകലയെരൂശലേംനിവാസികളോടും പ്രസ്താവിച്ചത് എങ്ങനെയെന്നാൽ:

3“ആമോന്റെ മകനായി യെഹൂദാരാജാവായ യോശീയാവിന്റെ പതിമൂന്നാം ആണ്ടുമുതൽ ഇന്നുവരെ ഈ ഇരുപത്തിമൂന്നു സംവത്സരം യഹോവയുടെ വചനം എനിക്കുണ്ടാകുകയും ഞാൻ ഇടവിടാതെ നിങ്ങളോടു സംസാരിക്കുകയും ചെയ്തിട്ടും നിങ്ങൾ കേട്ടില്ല.4യഹോവ പ്രവാചകന്മാരായ തന്റെ സകല ദാസന്മാരെയും വീണ്ടും വീണ്ടും നിങ്ങളുടെ അടുക്കൽ അയച്ചിട്ടും നിങ്ങൾ കേട്ടില്ല; കേൾക്കുവാൻ നിങ്ങളുടെ ചെവി ചായിച്ചതുമില്ല.
5നിങ്ങൾ ഓരോരുത്തനും അവനവന്റെ ദുർമ്മാർഗ്ഗവും ദുഷ്പ്രവൃത്തികളും വിട്ടുതിരിയുവിൻ; എന്നാൽ യഹോവ നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും തന്ന ദേശത്ത് നിങ്ങൾ എന്നേക്കും വസിക്കും.6അന്യദേവന്മാരെ സേവിച്ചു നമസ്കരിക്കേണ്ടതിന് അവരോടു ചേരരുത്; നിങ്ങളുടെ കൈകളുടെ പ്രവൃത്തികൾകൊണ്ട് എന്നെ കോപിപ്പിക്കുകയും അരുത്; എന്നാൽ ഞാൻ നിങ്ങൾക്ക് അനർത്ഥം വരുത്തുകയില്ല” എന്നു അവർ നിങ്ങളോടു പറഞ്ഞു.
7എങ്കിലും നിങ്ങൾ നിങ്ങളുടെ അനർത്ഥത്തിനായി നിങ്ങളുടെ കൈകളുടെ പ്രവൃത്തികൊണ്ട് എന്നെ കോപിപ്പിക്കുവാൻ വേണ്ടിഎന്റെ വാക്കു കേൾക്കാതിരുന്നു” എന്ന് യഹോവയുടെ അരുളപ്പാട്.8അതുകൊണ്ട് സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ എന്റെ വചനങ്ങൾ അനുസരിക്കാതിരിക്കുകകൊണ്ട്,9ഞാൻ ആളയച്ച് വടക്കുള്ള സകലവംശങ്ങളെയും, എന്റെ ദാസൻ ബാബേൽരാജാവ് നെബൂഖദ്നേസരിനെയും ഈ ദേശത്തിന്റെയും, അതിലെ നിവാസികളുടെയും, ചുറ്റും വസിക്കുന്ന ഈ സകല ജനതകളുടെ നേരെയും വരുത്തി നിശ്ശേഷം നശിപ്പിച്ച് അവരെ സ്തംഭനവിഷയവും പരിഹാസവും നിത്യശൂന്യവുമാക്കിത്തീർക്കും.
10ഞാൻ ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും തിരികല്ലിന്റെ ശബ്ദവും വിളക്കിന്റെ വെളിച്ചവും അവരുടെ ഇടയിൽനിന്നു നീക്കിക്കളയും.11ഈ ദേശമൊക്കെയും ശൂന്യവും സ്തംഭനവിഷയവും ആകും; ഈ ജനതകൾ ബാബേൽരാജാവിനെ എഴുപതു സംവത്സരം സേവിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
12എഴുപതു സംവത്സരം തികയുമ്പോൾ, ഞാൻ ബാബേൽരാജാവിനെയും ആ ജനതയെയും കല്ദയരുടെ ദേശത്തെയും അവരുടെ അകൃത്യംനിമിത്തം സന്ദർശിച്ച് അതിനെ നിത്യശൂന്യമാക്കിത്തീർക്കും” എന്ന് യഹോവയുടെ അരുളപ്പാട്.13“അങ്ങനെ ഞാൻ ആ ദേശത്തെക്കുറിച്ച് അരുളിച്ചെയ്തിരിക്കുന്ന സകല വചനങ്ങളും യിരെമ്യാവ് സകല ജനതകളെയും കുറിച്ചു പ്രവചിച്ചതും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുമായ സകല വചനങ്ങളും ഞാൻ അതിനു വരുത്തും.14അനേകം ജനതകളും വലിയ രാജാക്കന്മാരും അവരെക്കൊണ്ടു സേവ ചെയ്യിക്കും. ഞാൻ അവരുടെ ക്രിയകൾക്കും അവരുടെ കൈകളുടെ പ്രവൃത്തികൾക്കും തക്കവണ്ണം അവർക്കു പകരം ചെയ്യും”.

15യിസ്രായേലിന്റെ ദൈവമായ യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു:“ ഈ ക്രോധമദ്യം നിറഞ്ഞ പാനപാത്രം എന്റെ കൈയിൽനിന്നു വാങ്ങി ഞാൻ നിന്നെ അയയ്ക്കുന്ന ജനതകളെയെല്ലാം കുടിപ്പിക്കുക.16അവർ കുടിക്കുകയും ഞാൻ അവരുടെ ഇടയിൽ അയയ്ക്കുന്ന വാൾനിമിത്തം ചാഞ്ചാടി ഭ്രാന്തന്മാരായിത്തീരുകയും ചെയ്യും”.
17അങ്ങനെ ഞാൻ പാനപാത്രം യഹോവയുടെ കൈയിൽനിന്നു വാങ്ങി, യഹോവ എന്നെ അയച്ച സകലജനതകളെയും കുടിപ്പിച്ചു.18ഇന്നുള്ളതുപോലെ ശൂന്യവും സ്തംഭനഹേതുവും പരിഹാസവിഷയവും ശാപവാക്യവുമാക്കേണ്ടതിന് യെരൂശലേമിനെയും യെഹൂദാപട്ടണങ്ങളെയും രാജാക്കന്മാരെയും
19പ്രഭുക്കന്മാരെയും ഈജിപ്റ്റ് രാജാവായ ഫറവോനെയും അവന്റെ ഭൃത്യന്മാരെയും പ്രഭുക്കന്മാരെയും20സകലപ്രജകളെയും സർവ്വസമ്മിശ്രജനതയെയും ഊസ് ദേശത്തിലെ സകലരാജാക്കന്മാരെയും ഫെലിസ്ത്യദേശത്തിലെ സകലരാജാക്കന്മാരെയും അസ്കലോനെയും ഗസ്സയെയും എക്രോനെയും അസ്തോദിൽ ശേഷിപ്പുള്ളവരെയും21ഏദോമിനെയും മോവാബിനെയും അമ്മോന്യരെയും സകല സോർ രാജാക്കന്മാരെയും
22സകല സീദോന്യരാജാക്കന്മാരെയും സമുദ്രത്തിനക്കരെയുള്ള ദ്വീപുകളിലെ രാജാക്കന്മാരെയും23ദേദാനെയും തേമയെയും ബൂസിനെയും തലയുടെ അരികു വടിച്ചവരെ ഒക്കെയും എല്ലാ അരാബ്യരാജാക്കന്മാരെയും
24മരുവാസികളായ സമ്മിശ്രജനതയുടെ സകല രാജാക്കന്മാരെയും25സകല സിമ്രിരാജാക്കന്മാരെയും ഏലാമിലെ സകല രാജാക്കന്മാരെയും മേദ്യരുടെ സകല രാജാക്കന്മാരെയും തമ്മിൽ അടുത്തും അകന്നും ഇരിക്കുന്ന26എല്ലാ വടക്കെ രാജാക്കന്മാരെയും ഭൂമിയിലെ സകല ലോകരാജ്യങ്ങളെയും തന്നെ; ശേശക്ക് രാജാവ് അവർക്കു ശേഷം കുടിക്കണം.
27നീ അവരോടു പറയേണ്ടത്: യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ കുടിച്ചു ലഹരിപിടിച്ച് ഛർദ്ദിച്ച്, ഞാൻ നിങ്ങളുടെ ഇടയിൽ അയയ്ക്കുന്ന വാളുകൊണ്ട് ഇനി എഴുന്നേല്ക്കാത്തവിധം വീഴുവിൻ.28എന്നാൽ പാനപാത്രം നിന്റെ കൈയിൽനിന്നു വാങ്ങി കുടിക്കുവാൻ അവർക്കു മനസ്സില്ലാതിരുന്നാൽ നീ അവരോടു പറയേണ്ടത്: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:29“നിങ്ങൾ കുടിച്ചേ മതിയാവൂ. എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന നഗരത്തിനു ഞാൻ അനർത്ഥം വരുത്തുവാൻ തുടങ്ങുന്നു; പിന്നെ നിങ്ങൾ കേവലം ശിക്ഷകൂടാതെ പോകുമോ? ശിക്ഷകൂടാതെ പോകയില്ല; ഞാൻ സകല ഭൂവാസികളുടെയുംമേൽ വാളിനെ വിളിച്ചുവരുത്തും” എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.
30ആയതുകൊണ്ട് നീ ഈ വചനങ്ങൾ ഒക്കെയും അവരോട് പ്രവചിച്ചു പറയുക: “യഹോവ ഉയരത്തിൽനിന്നു ഗർജ്ജിച്ച്, തന്റെ വിശുദ്ധനിവാസത്തിൽനിന്നു നാദം പുറപ്പെടുവിക്കുന്നു; അവിടുന്ന് തന്റെ മേച്ചില്പുറത്തെ നോക്കി ഉറക്കെ ഗർജ്ജിക്കുന്നു; മുന്തിരിച്ചക്കു ചവിട്ടുന്നവരെപ്പോലെ അവിടുന്ന് സകലഭൂവാസികൾക്കും നേരെ ആർപ്പുവിളിക്കുന്നു.31ആരവം ഭൂമിയുടെ അറ്റത്തോളം എത്തുന്നു; യഹോവയ്ക്ക് ജനതകളോട് ഒരു വ്യവഹാരം ഉണ്ട്; അവിടുന്ന് സകലജഡത്തോടും വ്യവഹരിച്ച് ദുഷ്ടന്മാരെ വാളിന് ഏല്പിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
32സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അനർത്ഥം ജനതയിൽനിന്നു ജനതയിലേക്കു പുറപ്പെടുന്നു; ഭൂമിയുടെ അറ്റങ്ങളിൽ നിന്നു വലിയ കൊടുങ്കാറ്റ് ഇളകിവരും.33അന്നാളിൽ യഹോവയുടെ നിഹതന്മാർ ഭൂമിയുടെ ഒരറ്റം മുതൽ മറ്റെ അറ്റംവരെ വീണു കിടക്കും; അവരെക്കുറിച്ച് ആരും വിലപിക്കുകയില്ല; അവരെ ആരും കുഴിച്ചിടുകയില്ല; അവർ നിലത്തിനു വളമായിത്തീരും.
34ഇടയന്മാരേ, മുറയിട്ടു കരയുവിൻ! ആട്ടിൻകൂട്ടത്തിലെ ശ്രേഷ്ഠന്മാരേ, വെണ്ണീറിൽ കിടന്നുരുളുവിൻ; നിങ്ങളെ അറുക്കുവാനുള്ള കാലം തികഞ്ഞിരിക്കുന്നു; ഞാൻ നിങ്ങളെ ഉടച്ചുകളയും; നിങ്ങൾ മനോഹരമായ ഒരു പാത്രംപോലെ വീഴും;35ഇടയന്മാർക്കു ശരണവും ആട്ടിൻകൂട്ടത്തിലെ ശ്രേഷ്ഠന്മാർക്കു ഉദ്ധാരണവും ഇല്ലാതെയാകും.36യഹോവ മേച്ചില്പുറത്തെ പാഴാക്കിക്കളയുന്നതുകൊണ്ട് ഇടയന്മാരുടെ നിലവിളിയും ആട്ടിൻകൂട്ടത്തിലെ ശ്രേഷ്ഠന്മാരുടെ വിലാപവും കേൾക്കുവിൻ.
37സമാധാനമുള്ള മേച്ചില്പുറങ്ങൾ യഹോവയുടെ ഉഗ്രകോപംനിമിത്തം നശിച്ചുപോയിരിക്കുന്നു.38അവിടുന്ന് ഒരു ബാലസിംഹമെന്നപോലെ തന്റെ മുറ്റുകാടു വിട്ടുവന്നിരിക്കുന്നു; പീഡിപ്പിക്കുന്ന വാൾകൊണ്ടും, തന്റെ ഉഗ്രകോപംകൊണ്ടും അവരുടെ ദേശം ശൂന്യമായിരിക്കുന്നു”.

26

1യോശീയാവിന്റെ മകൻ യെഹൂദാരാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ ആരംഭത്തിൽ യഹോവയിൽ നിന്നുണ്ടായ അരുളപ്പാട്:2യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തിൽ നിന്നുകൊണ്ട്, യഹോവയുടെ ആലയത്തിൽ നമസ്കരിക്കുവാൻ വരുന്ന സകല യെഹൂദാപട്ടണങ്ങളോടും പ്രസ്താവിക്കുവാൻ, ഞാൻ നിന്നോടു കല്പിക്കുന്ന സകല വചനങ്ങളും അവരോടു പ്രസ്താവിക്കുക; ഒരു വാക്കും വിട്ടുകളയരുത്.3അവരുടെ ദുഷ്പ്രവൃത്തികൾനിമിത്തം ഞാൻ അവർക്കു വരുത്തുവാൻ വിചാരിക്കുന്ന അനർത്ഥത്തെക്കുറിച്ച് ഞാൻ അനുതപിക്കത്തക്കവണ്ണം, ഒരുപക്ഷേ അവർ കേട്ട് ഓരോരുത്തൻ അവനവന്റെ ദുർമ്മാർഗ്ഗം വിട്ടുതിരിയുമായിരിക്കും.

4എന്നാൽ നീ അവരോടു പറയേണ്ടത്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ വീണ്ടുംവീണ്ടും നിങ്ങളുടെ അടുക്കൽ അയച്ചിട്ടും, നിങ്ങൾ ശ്രദ്ധിക്കാതിരുന്ന എന്റെ ദാസന്മാരായ പ്രവാചകന്മാരുടെ വചനങ്ങൾ കേൾക്കുവാനും5ഞാൻ നിങ്ങളുടെ മുമ്പിൽ വച്ച എന്റെ ന്യായപ്രമാണം അനുസരിച്ചുനടക്കുവാനും നിങ്ങൾ എന്റെ വാക്കു കേൾക്കുകയില്ലെങ്കിൽ,6ഞാൻ ഈ ആലയത്തെ ശീലോവിനു തുല്യമാക്കി, ഈ നഗരത്തെ ഭൂമിയിലുള്ള സകല ജനതകൾക്കും ഇടയിൽ ശാപയോഗ്യമാക്കിത്തീർക്കും.
7യിരെമ്യാവ് ഈ വാക്കുകൾ യഹോവയുടെ ആലയത്തിൽവച്ചു പറയുന്നത് പുരോഹിതന്മാരും പ്രവാചകന്മാരും സകലജനവും കേട്ടു.8എന്നാൽ സകലജനത്തോടും പ്രസ്താവിക്കുവാൻ യഹോവ കല്പിച്ചിരുന്ന സകലവും യിരെമ്യാവ് പ്രസ്താവിച്ചുതീർന്നശേഷം, പുരോഹിതന്മാരും പ്രവാചകന്മാരും സകലജനവും അവനെ പിടിച്ചു: ‘നീ മരിക്കണം നിശ്ചയം;9ഈ ആലയം ശീലോവിനു തുല്യമാകും, ഈ നഗരം നിവാസികൾ ഇല്ലാതെ ശൂന്യമാകും’ എന്ന് നീ യഹോവയുടെ നാമത്തിൽ പ്രവചിച്ചിരിക്കുന്നതെന്ത്” എന്നു പറഞ്ഞ് ജനമെല്ലാം യഹോവയുടെ ആലയത്തിൽ യിരെമ്യാവിന്റെ അടുക്കൽ വന്നു കൂടി.
10ഈ കാര്യം യെഹൂദാപ്രഭുക്കന്മാർ കേട്ടപ്പോൾ, അവർ രാജാവിന്റെ അരമനയിൽ നിന്ന് യഹോവയുടെ ആലയത്തിലേക്കു കയറിച്ചെന്ന്, യഹോവയുടെ ആലയത്തിന്റെ പുതിയ പടിവാതിലിന്റെ പ്രവേശനത്തിൽ ഇരുന്നു.11പുരോഹിതന്മാരും പ്രവാചകന്മാരും, പ്രഭുക്കന്മാരോടും സകലജനത്തോടും: “ഈ മനുഷ്യൻ മരണയോഗ്യൻ; അവൻ ഈ നഗരത്തിനു വിരോധമായി പ്രവചിച്ചിരിക്കുന്നത് നിങ്ങൾ സ്വന്തചെവികൊണ്ടു കേട്ടുവല്ലോ” എന്ന് പറഞ്ഞു.12അതിന് യിരെമ്യാവ് സകലപ്രഭുക്കന്മാരോടും സർവ്വജനത്തോടും പറഞ്ഞത്: “നിങ്ങൾ കേട്ടതായ വാക്കുകളെല്ലാം ഈ ആലയത്തിനും നഗരത്തിനും വിരോധമായി പ്രവചിക്കുവാൻ യഹോവ എന്നെ അയച്ചിരിക്കുന്നു.
13അതിനാൽ നിങ്ങൾ നിങ്ങളുടെ നടപ്പും പ്രവൃത്തികളും നല്ലതാക്കി, നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ട് അനുസരിക്കുവിൻ; എന്നാൽ യഹോവ നിങ്ങൾക്കു വിരോധമായി അരുളിച്ചെയ്തിരിക്കുന്ന അനർത്ഥത്തെക്കുറിച്ചു അനുതപിക്കും.14ഞാൻ, ഇതാ നിങ്ങളുടെ കൈയിൽ ഇരിക്കുന്നു; നിങ്ങൾക്ക് ഇഷ്ടവും ന്യായവുമായി തോന്നുന്നതുപോലെ എന്നോടു ചെയ്തുകൊള്ളുവിൻ.15എങ്കിലും നിങ്ങൾ എന്നെ കൊന്നുകളഞ്ഞാൽ, കുറ്റമില്ലാത്ത രക്തം നിങ്ങളുടെ മേലും ഈ നഗരത്തിന്മേലും അതിലെ നിവാസികളുടെ മേലും നിങ്ങൾ വരുത്തും എന്ന് അറിഞ്ഞുകൊള്ളുവിൻ; നിങ്ങൾ കേൾക്കെ ഈ വാക്കുകൾ മുഴുവനും പ്രസ്താവിക്കേണ്ടതിന് യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു സത്യം.
16അപ്പോൾ പ്രഭുക്കന്മാരും സകലജനവും പുരോഹിതന്മാരോടും പ്രവാചകന്മാരോടും: “ഈ മനുഷ്യൻ മരണയോഗ്യനല്ല; അവൻ നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ അല്ലയോ നമ്മോട് സംസാരിക്കുന്നത്” എന്നു പറഞ്ഞു.17അതിനുശേഷം ദേശത്തിലെ മൂപ്പന്മാരിൽ ചിലർ എഴുന്നേറ്റ് ജനത്തിന്റെ സർവ്വസംഘത്തോടും പറഞ്ഞത്:
18“യെഹൂദാരാജാവായ ഹിസ്കീയാവിന്റെ കാലത്ത് മോരേശേത്തിലെ മീഖായാവ് സകല യെഹൂദാജനത്തോടും പ്രവചിച്ചു: “സീയോനെ വയൽ പോലെ ഉഴുതുകളയും; യെരൂശലേം കല്ക്കുന്നായിത്തീരും; ഈ ആലയം നില്ക്കുന്ന പർവ്വതം വനത്തിലെ ഗിരിപ്രദേശമായി തീരും എന്നിങ്ങനെ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു” എന്നു പറഞ്ഞു.19യെഹൂദാരാജാവായ ഹിസ്കീയാവും സകല യെഹൂദയും അവനെ കൊന്നുകളഞ്ഞുവോ? അവൻ യഹോവയെ ഭയപ്പെട്ട്, യഹോവയോട് ക്ഷമ യാചിക്കുകയും താൻ അവർക്കു വരുത്തുമെന്ന് അരുളിച്ചെയ്തിരുന്ന അനർത്ഥത്തെക്കുറിച്ച് യഹോവ അനുതപിക്കുകയും ചെയ്തില്ലയോ? എന്നാൽ നാം നമ്മുടെ പ്രാണന് വലിയ ഒരു അനർത്ഥം വരുത്തുവാൻ പോകുന്നു”.
20അങ്ങനെ തന്നെ കിര്യത്ത്-യെയാരീമിൽനിന്നുള്ള ശെമയ്യാവിന്റെ മകനായ ഊരീയാവ് എന്നൊരുവൻ യഹോവയുടെ നാമത്തിൽ പ്രവചിച്ചു; അവൻ യിരെമ്യാവിന്റെ വാക്കുകൾക്കു സമമായ കാര്യങ്ങൾ ഈ നഗരത്തിനും ഈ ദേശത്തിനും വിരോധമായി പ്രവചിച്ചു.21യെഹോയാക്കീംരാജാവും അവന്റെ സകലയുദ്ധവീരന്മാരും സകലപ്രഭുക്കന്മാരും അവന്റെ വാക്കുകൾ കേട്ടു; രാജാവ് അവനെ കൊന്നുകളയുവാൻ വിചാരിച്ചു; ഊരീയാവ് അതു കേട്ട് ഭയപ്പെട്ട് ഈജിപ്റ്റിലേക്ക് ഓടിപ്പോയി.
22യെഹോയാക്കീംരാജാവ് അഖ്ബോരിന്റെ മകനായ എൽനാഥാനെയും അവനോടുകൂടി മറ്റു ചിലരെയും ഈജിപ്റ്റിലേക്ക് അയച്ചു.23അവർ ഊരീയാവിനെ ഈജിപ്റ്റിൽനിന്ന് യെഹോയാക്കീംരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ അവനെ വാൾകൊണ്ടു കൊന്ന് അവന്റെ ശവം സാമാന്യജനത്തിന്റെ ശ്മശാനത്തിൽ ഇട്ടുകളഞ്ഞു.24എന്നാൽ യിരെമ്യാവിനെ ജനത്തിന്റെ കൈയിൽ ഏല്പിച്ച് കൊല്ലാതിരിക്കേണ്ടതിന് ശാഫാന്റെ മകനായ അഹീക്കാം അവന് തുണയായിരുന്നു.

27

1യോശീയാവിന്റെ മകൻ യെഹൂദാരാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ ആരംഭത്തിൽ യഹോവയിൽനിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാട് എന്തെന്നാൽ:2“യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “നീ കയറും നുകവും ഉണ്ടാക്കി നിന്റെ കഴുത്തിൽ വയ്ക്കുക.3പിന്നെ അവയെ യെഹൂദാരാജാവായ സിദെക്കീയാവിന്റെ അടുക്കൽ വരുന്ന ദൂതന്മാരുടെ കൈയിൽ എദോംരാജാവിനും മോവാബ് രാജാവിനും അമ്മോന്യരുടെ രാജാവിനും സോർരാജാവിനും സീദോൻ രാജാവിനും കൊടുത്തയച്ച്,4അവരുടെ യജമാനന്മാരോടു പറയുവാൻ നീ അവരോടു കല്പിക്കേണ്ടത്: “യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ യജമാനന്മാരോടു ഇപ്രകാരം പറയുവിൻ:

5“ഞാൻ ഭൂമിയെയും ഭൂതലത്തിലെ മനുഷ്യരെയും മൃഗങ്ങളെയും എന്റെ മഹാശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും ഉണ്ടാക്കിയിരിക്കുന്നു; എനിക്കു ബോധിച്ചവനു ഞാൻ അതു കൊടുക്കും.6ഇപ്പോൾ ഞാൻ ഈ ദേശങ്ങളെ എല്ലാം എന്റെ ദാസനായി ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കൈയിൽ കൊടുത്തിരിക്കുന്നു; അവനെ സേവിക്കേണ്ടതിന് വയലിലെ മൃഗങ്ങളെയും ഞാൻ അവന് കൊടുത്തിരിക്കുന്നു.7സകലജനതകളും അവനെയും അവന്റെ മകനെയും മകന്റെ മകനെയും അവന്റെ ദേശത്തിന്റെ കാലം പൂർത്തിയാകുവോളം സേവിക്കും; അതിന്റെ ശേഷം അനേകം ജനതകളും വലിയ രാജാക്കന്മാരും അവനെ അവരുടെ സേവകനാക്കും.
8ബാബേൽരാജാവായ നെബൂഖദ്നേസരിനെ സേവിക്കുകയോ ബാബേൽരാജാവിന്റെ നുകത്തിന് കഴുത്തു കീഴ്പെടുത്തുകയോ ചെയ്യാത്ത ജനതയെയും രാജ്യത്തെയും ഞാൻ അവന്റെ കൈകൊണ്ട് നശിപ്പിച്ചുകളയുംവരെ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും സന്ദർശിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
9“നിങ്ങൾ ബാബേൽരാജാവിനെ സേവിക്കേണ്ടി വരുകയില്ല” എന്നു പറയുന്ന നിങ്ങളുടെ പ്രവാചകന്മാരുടെയും പ്രശ്നക്കാരുടെയും സ്വപ്നക്കാരുടെയും ശകുനവാദികളുടെയും ക്ഷുദ്രക്കാരുടെയും വാക്ക് നിങ്ങൾ കേൾക്കരുത്.10നിങ്ങളെ നിങ്ങളുടെ ദേശത്തുനിന്ന് അകറ്റിക്കളയുവാനും ഞാൻ നിങ്ങളെ നീക്കിക്കളഞ്ഞിട്ട് നിങ്ങൾ നശിച്ചുപോകുവാനും ഇടയാകത്തക്കവണ്ണം അവർ നിങ്ങളോടു വ്യാജം പ്രവചിക്കുന്നു.11എന്നാൽ ബാബേൽരാജാവിന്റെ നുകത്തിന് കഴുത്തു കീഴ്പെടുത്തി അവനെ സേവിക്കുന്ന ജനതയെ ഞാൻ അവരുടെ ദേശത്തു തന്നെ വസിക്കുമാറാക്കും; അവർ അതിൽ കൃഷിചെയ്ത് അവിടെ വസിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
12ഞാൻ അങ്ങനെ തന്നെ യെഹൂദാരാജാവായ സിദെക്കീയാവിനോടും പ്രസ്താവിച്ചതെന്തെന്നാൽ: “നിങ്ങൾ ബാബേൽരാജാവിന്റെ നുകത്തിനു കഴുത്തു കീഴ്പെടുത്തി അവനെയും അവന്റെ ജനത്തെയും സേവിച്ച് ജീവിച്ചുകൊള്ളുവിൻ.13ബാബേൽരാജാവിനെ സേവിക്കാത്ത ജനതയെക്കുറിച്ച് യഹോവ അരുളിച്ചെയ്തതുപോലെ നീയും നിന്റെ പ്രജകളും വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കുന്നത് എന്തിന്?
14‘നിങ്ങൾ ബാബേൽരാജാവിനെ സേവിക്കേണ്ടിവരുകയില്ല’ എന്നു പറയുന്ന പ്രവാചകന്മാരുടെ വാക്ക് കേൾക്കരുത്; അവർ വ്യാജമത്രേ നിങ്ങളോടു പ്രവചിക്കുന്നത്.15ഞാൻ അവരെ അയച്ചിട്ടില്ല; എങ്കിലും ഞാൻ നിങ്ങളെ നീക്കിക്കളയുവാനും നിങ്ങളും നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരും നശിച്ചുപോകുവാനും തക്കവിധം അവർ എന്റെ നാമത്തിൽ വ്യാജം പ്രവചിക്കുന്നു” എന്ന് യഹോവയുടെ അരുളപ്പാട്.
16പിന്നെ ഞാൻ പുരോഹിതന്മാരോടും ഈ സകലജനത്തോടും പ്രസ്താവിച്ചതെന്തെന്നാൽ: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘യഹോവയുടെ ആലയത്തിലെ ഉപകരണങ്ങൾ താമസിയാതെ ബാബേലിൽനിന്നു തിരികെ കൊണ്ടുവരും’ എന്ന് പ്രവചിക്കുന്ന നിങ്ങളുടെ പ്രവാചകന്മാരുടെ വാക്കു കേൾക്കരുത്: അവർ വ്യാജമത്രേ നിങ്ങളോടു പ്രവചിക്കുന്നത്.17അവരുടെ വാക്ക് നിങ്ങൾ കേൾക്കരുത്; ബാബേൽരാജാവിനെ സേവിച്ചു ജീവിച്ചുകൊള്ളുവിൻ; ഈ നഗരം ശൂന്യമായിത്തീരുന്നതെന്തിന്?18അവർ പ്രവാചകന്മാരാകുന്നു എങ്കിൽ, യഹോവയുടെ അരുളപ്പാട് അവർക്കുണ്ടെങ്കിൽ, യഹോവയുടെ ആലയത്തിലും യെഹൂദാരാജാവിന്റെ അരമനയിലും യെരൂശലേമിലും ശേഷിച്ചിരിക്കുന്ന ഉപകരണങ്ങൾ ബാബേലിലേക്കു കൊണ്ടുപോകാതിരിക്കേണ്ടതിന് അവർ സൈന്യങ്ങളുടെ യഹോവയോടു യാചന കഴിക്കട്ടെ.
19ബാബേൽരാജാവായ നെബൂഖദ്നേസർ, യെഹോയാക്കീമിന്റെ മകനായി യെഹൂദാരാജാവായ യെഖൊന്യാവിനെയും യെഹൂദയിലും യെരൂശലേമിലും ഉള്ള സകലകുലീനന്മാരെയും യെരൂശലേമിൽനിന്നു ബാബേലിലേക്കു പിടിച്ചു കൊണ്ടുപോയപ്പോൾ,20അവൻ എടുക്കാതെ വച്ചിരുന്ന സ്തംഭങ്ങളും കടലും പീഠങ്ങളും ഈ നഗരത്തിൽ ശേഷിച്ചിരിക്കുന്ന മറ്റ് ഉപകരണങ്ങളും സംബന്ധിച്ച് സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
21അതേ, യഹോവയുടെ ആലയത്തിലും യെഹൂദാരാജാവിന്റെ അരമനയിലും യെരൂശലേമിലും ശേഷിപ്പുള്ള ഉപകരണങ്ങളെക്കുറിച്ചു തന്നെ യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:22“അവയെ ബാബേലിലേക്കു കൊണ്ടുപോകും; ഞാൻ അവരെ സന്ദർശിക്കുന്ന നാൾവരെ, അവ അവിടെ ഇരിക്കും; പിന്നീട് ഞാൻ അവയെ ഈ സ്ഥലത്ത് മടക്കിവരുത്തും” എന്ന് യഹോവയുടെ അരുളപ്പാട്.

28

1ആ ആണ്ടിൽ, യെഹൂദാരാജാവായ സിദെക്കീയാവിന്റെ വാഴ്ചയുടെ ആരംഭത്തിൽ, നാലാം ആണ്ടിൽ അഞ്ചാം മാസം, ഗിബെയോന്യനായ അസ്സൂരിന്റെ മകൻ ഹനന്യാപ്രവാചകൻ യഹോവയുടെ ആലയത്തിൽ പുരോഹിതന്മാരുടെയും സർവ്വജനത്തിന്റെയും മുമ്പിൽവച്ച് എന്നോടു പറഞ്ഞതെന്തെന്നാൽ:2“യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ബാബേൽരാജാവിന്റെ നുകം ഒടിച്ചുകളയുന്നു.

3ബാബേൽരാജാവായ നെബൂഖദ്നേസർ ഈ സ്ഥലത്തുനിന്ന് എടുത്ത് ബാബേലിലേക്കു കൊണ്ടുപോയിരിക്കുന്ന യഹോവയുടെ ആലയംവക ഉപകരണങ്ങൾ സകലവും ഞാൻ രണ്ടു സംവത്സരത്തിനകം ഈ സ്ഥലത്തേക്കു മടക്കിവരുത്തും;4യെഹോയാക്കീമിന്റെ മകൻ യെഹൂദാരാജാവായ യെഖൊന്യാവിനെയും ബാബേലിലേക്കു പോയ സകല യെഹൂദാബദ്ധന്മാരെയും ഞാൻ ഈ സ്ഥലത്തേക്കു മടക്കിവരുത്തും; ഞാൻ ബാബേൽരാജാവിന്റെ നുകം ഒടിച്ചുകളയും” എന്ന് യഹോവയുടെ അരുളപ്പാട്.
5അപ്പോൾ യിരെമ്യാപ്രവാചകൻ പുരോഹിതന്മാരും യഹോവയുടെ ആലയത്തിൽ നില്ക്കുന്ന സകലജനവും കേൾക്കെ ഹനന്യാപ്രവാചകനോടു പറഞ്ഞത്:6“ആമേൻ, യഹോവ അങ്ങനെ ചെയ്യുമാറാകട്ടെ; യഹോവയുടെ ആലയത്തിലെ ഉപകരണങ്ങളും സകലബദ്ധന്മാരെയും അവൻ ബാബേലിൽനിന്നു ഈ സ്ഥലത്തേക്കു മടക്കിവരുത്തുമെന്ന് നീ പ്രവചിച്ച വാക്കുകളെ യഹോവ നിവർത്തിക്കുമാറാകട്ടെ!7എങ്കിലും ഞാൻ നിന്നോടും സകലജനത്തോടും പറയുന്ന ഈ വചനം കേട്ടുകൊള്ളുക.
8എനിക്കും നിനക്കും മുമ്പ് പണ്ടേയുണ്ടായിരുന്ന പ്രവാചകന്മാർ, അനേകം ദേശങ്ങൾക്കും വലിയ രാജ്യങ്ങൾക്കും വിരോധമായി യുദ്ധവും അനർത്ഥവും മഹാമാരിയും പ്രവചിച്ചു.9സമാധാനം പ്രവചിക്കുന്ന പ്രവാചകന്റെ വചനം നിവൃത്തിയാകുമ്പോൾ, അവൻ യഥാർഥത്തിൽ യഹോവ അയച്ച പ്രവാചകൻ എന്ന് തെളിയും” എന്ന് യിരെമ്യാപ്രവാചകൻ പറഞ്ഞു;
10അപ്പോൾ ഹനന്യാപ്രവാചകൻ യിരെമ്യാപ്രവാചകന്റെ കഴുത്തിൽനിന്ന് ആ നുകം എടുത്ത് ഒടിച്ചുകളഞ്ഞിട്ട്,11സകലജനവും കേൾക്കെ; ‘ഇങ്ങനെ ഞാൻ രണ്ടു സംവത്സരത്തിനകം ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ നുകം സകലജനതകളുടെയും കഴുത്തിൽനിന്ന് എടുത്ത് ഒടിച്ചുകളയും’ എന്ന് യഹോവ അരുളിച്ചെയ്യുന്നു” എന്നു പറഞ്ഞു. യിരെമ്യാപ്രവാചകൻ തന്റെ വഴിക്കു പോയി.
12ഹനന്യാപ്രവാചകൻ യിരെമ്യാപ്രവാചകന്റെ കഴുത്തിൽനിന്ന് നുകം എടുത്ത് ഒടിച്ചുകളഞ്ഞശേഷം യിരെമ്യാവിന് യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:13നീ ചെന്ന് ഹനന്യാവിനോടു പറയേണ്ടത്: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ മരം കൊണ്ടുള്ള നുകം ഒടിച്ചുകളഞ്ഞു; അതിനു പകരം നീ ഇരിമ്പുകൊണ്ടുള്ള ഒരു നുകം ഉണ്ടാക്കിയിരിക്കുന്നു”.14എങ്ങനെയെന്നാൽ യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; “ബാബേൽരാജാവായ നെബൂഖദ്നേസരിനെ സേവിക്കേണ്ടതിന് ഇരിമ്പുകൊണ്ടുള്ള ഒരു നുകം ഞാൻ ഈ സകലജനതകളുടെയും കഴുത്തിൽ വച്ചിരിക്കുന്നു; അവർ അവനെ സേവിക്കേണ്ടിവരും; വയലിലെ മൃഗങ്ങളെയും ഞാൻ അവന് കൊടുത്തിരിക്കുന്നു”.
15പിന്നെ യിരെമ്യാപ്രവാചകൻ ഹനന്യാപ്രവാചകനോട്: “ഹനന്യാവേ, കേൾക്കുക! യഹോവ നിന്നെ അയച്ചിട്ടില്ല; നീ ഈ ജനത്തെ വ്യാജത്തിൽ ആശ്രയിക്കുമാറാക്കുന്നു”.16അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിന്നെ ഭൂതലത്തിൽനിന്നു നീക്കിക്കളയും; ഈ ആണ്ടിൽ നീ മരിക്കും; നീ യഹോവയ്ക്കു വിരോധമായി മത്സരം സംസാരിച്ചിരിക്കുന്നു” എന്ന് പറഞ്ഞു.17അങ്ങനെ ഹനന്യാപ്രവാചകൻ ആയാണ്ടിൽ തന്നെ ഏഴാം മാസത്തിൽ മരിച്ചു.

29

1യെഖൊന്യാരാജാവും രാജമാതാവും ഷണ്ഡന്മാരും യെഹൂദയിലും യെരൂശലേമിലും ഉള്ള പ്രഭുക്കന്മാരും ശില്പികളും കൊല്ലന്മാരും യെരൂശലേം വിട്ടു പോയശേഷം,2പ്രവാസികളിൽ ശേഷിപ്പുള്ള മൂപ്പന്മാർക്കും പുരോഹിതന്മാർക്കും പ്രവാചകന്മാർക്കും നെബൂഖദ്നേസർ യെരൂശലേമിൽ നിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയിരുന്ന സകലജനത്തിനും3യെഹൂദാരാജാവായ സിദെക്കീയാവ് ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ അടുക്കൽ ബാബേലിലേക്ക് അയച്ച ശാഫാന്റെ മകനായ എലാസയുടെയും ഹില്ക്കീയാവിന്റെ മകനായ ഗെമര്യാവിന്റെയും കൈവശം യിരെമ്യാപ്രവാചകൻ യെരൂശലേമിൽനിന്ന് കൊടുത്തയച്ച ലേഖനത്തിലെ വിവരം എന്തെന്നാൽ:

4യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ, താൻ യെരൂശലേമിൽനിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടുപോകുമാറാക്കിയ സകലപ്രവാസികളോടും ഇപ്രകാരം അരുളിച്ചെയ്യുന്നു:5നിങ്ങൾ വീടുകൾ പണിതു പാർക്കുവിൻ; തോട്ടങ്ങൾ ഉണ്ടാക്കി ഫലം അനുഭവിക്കുവിൻ.
6ഭാര്യമാരെ സ്വീകരിച്ച് പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കുവിൻ; നിങ്ങൾ അവിടെ കുറഞ്ഞുപോകാതെ പെരുകേണ്ടതിന് പുത്രന്മാർക്കു ഭാര്യമാരെ എടുക്കുകയും പുത്രിമാരെ പുരുഷന്മാർക്കു കൊടുക്കുകയും ചെയ്യുവിൻ; അവരും പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കട്ടെ.7ഞാൻ നിങ്ങളെ പ്രവാസികളായി കൊണ്ടുപോകുമാറാക്കിയ പട്ടണത്തിന്റെ നന്മ അന്വേഷിച്ച് അതിനുവേണ്ടി യഹോവയോടു പ്രാർത്ഥിക്കുവിൻ; അതിനു നന്മ ഉണ്ടെങ്കിൽ നിങ്ങൾക്കും നന്മ ഉണ്ടാകും.
8യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ ഇടയിലുള്ള നിങ്ങളുടെ പ്രവാചകന്മാരും പ്രശ്നക്കാരും നിങ്ങളെ ചതിക്കരുത്; നിങ്ങൾ കാണുന്ന സ്വപ്നങ്ങളെ ശ്രദ്ധിക്കുകയുമരുത്.9അവർ എന്റെ നാമത്തിൽ നിങ്ങളോട് വ്യാജം പ്രവചിക്കുന്നു; ഞാൻ അവരെ അയച്ചിട്ടില്ല എന്ന് യഹോവയുടെ അരുളപ്പാട്.
10യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേലിലെ എഴുപതു സംവത്സരം തികഞ്ഞശേഷം, ഞാൻ നിങ്ങളെ സന്ദർശിച്ച് ഈ സ്ഥലത്തേക്കു മടക്കിവരുത്തുമെന്ന് നിങ്ങളോടുള്ള എന്റെ വചനം നിവർത്തിക്കും.11നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം എനിക്ക് നിങ്ങളെക്കുറിച്ചുള്ള നിരൂപണങ്ങൾ എന്തെല്ലാമെന്ന് ഞാൻ അറിയുന്നു; അവ തിന്മയ്ക്കല്ല, നന്മയ്ക്കുള്ളവയത്രേ എന്ന് യഹോവയുടെ അരുളപ്പാട്.
12നിങ്ങൾ എന്നോട് അപേക്ഷിച്ച് എന്റെ സന്നിധിയിൽ വന്നു പ്രാർത്ഥിക്കുകയും ഞാൻ നിങ്ങളുടെ പ്രാർത്ഥന കേൾക്കുകയും ചെയ്യും13നിങ്ങൾ എന്നെ അന്വേഷിക്കും; പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും.14നിങ്ങൾ എന്നെ കണ്ടെത്തുവാൻ ഞാൻ ഇടയാക്കും എന്ന് യഹോവയുടെ അരുളപ്പാട്; ഞാൻ നിങ്ങളുടെ പ്രവാസം മാറ്റും; ഞാൻ നിങ്ങളെ നീക്കിക്കളഞ്ഞിരിക്കുന്ന സകല ജനതകളിൽ നിന്നും എല്ലായിടങ്ങളിൽ നിന്നും നിങ്ങളെ ശേഖരിച്ച് നിങ്ങളെ വിട്ടുപോകുമാറാക്കിയ സ്ഥലത്തേക്കു തന്നെ മടക്കിവരുത്തും എന്ന് യഹോവയുടെ അരുളപ്പാട്.
15“യഹോവ ഞങ്ങൾക്ക് ബാബേലിൽ പ്രവാചകന്മാരെ എഴുന്നേല്പിച്ചിരിക്കുന്നു” എന്ന് നിങ്ങൾ പറയുന്നുവല്ലോ.16ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന രാജാവിനെക്കുറിച്ചും ഈ നഗരത്തിൽ പാർക്കുന്ന സകലജനത്തെക്കുറിച്ചും നിങ്ങളോടുകൂടി പ്രവാസത്തിലേക്കു വരാത്ത നിങ്ങളുടെ സഹോദരന്മാരെക്കുറിച്ചും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു.17അതേ, സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ വാളും ക്ഷാമവും മഹാമാരിയും അയച്ച്, അവരെ എത്രയും മോശമായതും തിന്നുകൂടാത്തവണ്ണം ചീത്തയും ആയ അത്തിപ്പഴത്തിനു സമമാക്കും.
18ഞാൻ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും അവരെ വേട്ടയാടി, ഭൂതലത്തിലെ സകലരാജ്യങ്ങൾക്കും ഭയഹേതുവും, ഞാൻ അവരെ നീക്കിക്കളഞ്ഞ സകലജനതകളുടെയും ഇടയിൽ ഒരു ശാപവാക്യവും സ്തംഭനഹേതുവും പരിഹാസവിഷയവും നിന്ദയും ആക്കും.19പ്രവാചകന്മാരായ എന്റെ ദാസന്മാർ മുഖാന്തരം ഞാൻ പറഞ്ഞയച്ച വചനങ്ങൾ അവർ കേൾക്കായ്കകൊണ്ടു തന്നെ എന്ന് യഹോവയുടെ അരുളപ്പാട്; ഞാൻ ഇടവിടാതെ അവരെ അയച്ചിട്ടും നിങ്ങൾ കേട്ടില്ല എന്ന് യഹോവയുടെ അരുളപ്പാട്.
20അതുകൊണ്ട് ഞാൻ യെരൂശലേമിൽനിന്ന് ബാബേലിലേക്ക് അയച്ചിരിക്കുന്ന സകല പ്രവാസികളുമായുള്ളോരേ, നിങ്ങൾ യഹോവയുടെ വചനം കേൾക്കുവിൻ!21എന്റെ നാമത്തിൽ നിങ്ങളോട് വ്യാജം പ്രവചിക്കുന്ന കോലായാവിന്റെ മകൻ ആഹാബിനെക്കുറിച്ചും, മയസേയാവിന്റെ മകൻ സിദെക്കിയാവിനെക്കുറിച്ചും, യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അവരെ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കൈയിൽ ഏല്പിക്കും; നിങ്ങൾ കാൺകെ അവൻ അവരെ കൊന്നുകളയും.
22“ബാബേൽരാജാവ് തീയിൽ ഇട്ടു ചുട്ടുകളഞ്ഞ സിദെക്കീയാവിനെപ്പോലെയും ആഹാബിനെപ്പോലെയും യഹോവ നിന്നെ ആക്കട്ടെ” എന്ന് ബാബേലിലുള്ള യെഹൂദാപ്രവാസികളെല്ലാം ഒരു ശാപവാക്യം അവരെച്ചൊല്ലി പറയും.23അവർ യിസ്രായേലിൽ വഷളത്തം പ്രവർത്തിച്ച് അവരുടെ കൂട്ടുകാരുടെ ഭാര്യമാരോട് വ്യഭിചാരം ചെയ്യുകയും ഞാൻ അവരോടു കല്പിച്ചിട്ടില്ലാത്ത വചനം വ്യാജമായി എന്റെ നാമത്തിൽ പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു; ഞാൻ അത് അറിയുന്നു; സാക്ഷിയും ആകുന്നു എന്ന് യഹോവയുടെ അരുളപ്പാട്.
24നെഹെലാമ്യനായ ശെമയ്യാവിനോട് നീ പറയേണ്ടത്:25യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ യെരൂശലേമിലെ സകലജനത്തിനും മയസേയാവിന്റെ മകനായ സെഫന്യാപുരോഹിതനും സകലപുരോഹിതന്മാർക്കും നിന്റെ പേരുവച്ച് അയച്ച എഴുത്തുകളിൽ:26നിങ്ങൾ യഹോവയുടെ ആലയത്തിൽ ഭ്രാന്തുപിടിച്ച് പ്രവചിക്കുന്ന എതു മനുഷ്യനെയും പിടിച്ച് ആമത്തിലും വിലങ്ങിലും ഇടേണ്ടതിന് യഹോവ നിന്നെ യഹോയാദാപുരോഹിതനു പകരം പുരോഹിതനാക്കിയിരിക്കുന്നു.
27ആകയാൽ നിങ്ങളോടു പ്രവചിക്കുന്ന അനാഥോത്തുകാരനായ യിരെമ്യാവിനെ നീ ശാസിക്കാതെ ഇരിക്കുന്നതെന്ത്?28അതുകൊണ്ടല്ലയോ അവൻ ബാബേലിൽ ഞങ്ങൾക്ക് ആളയച്ച്: “ഈ പ്രവാസം ദീർഘം ആയിരിക്കും; നിങ്ങൾ വീടുകൾ പണിതു താമസിക്കുവിൻ; തോട്ടങ്ങൾ ഉണ്ടാക്കി ഫലം അനുഭവിക്കുവിൻ” എന്ന് പറയിച്ചത്? എന്നു പ്രസ്താവിച്ചുവല്ലോ.29ഈ എഴുത്ത് സെഫന്യാപുരോഹിതൻ യിരെമ്യാപ്രവാചകൻ കേൾക്കെ വായിച്ചിരുന്നു.
30അപ്പോൾ യഹോവയുടെ അരുളപ്പാട് യിരെമ്യാവിനുണ്ടായതെന്തെന്നാൽ:31നീ സകലപ്രവാസികൾക്കും ആളയച്ച്, നെഹെലാമ്യനായ ശെമയ്യാവിനെക്കുറിച്ച് പറയിക്കേണ്ടത്; യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ശെമയ്യാവിനെ ഞാൻ അയക്കാതെ ഇരുന്നിട്ടും അവൻ നിങ്ങളോടു പ്രവചിച്ച് നിങ്ങളെ വ്യാജത്തിൽ ആശ്രയിക്കുമാറാക്കിയതുകൊണ്ട്32യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നെഹെലാമ്യനായ ശെമയ്യാവിനെയും അവന്റെ സന്തതിയെയും സന്ദർശിക്കും; ഈ ജനത്തിന്റെ മദ്ധ്യത്തിൽ പാർക്കുവാൻ അവന് ആരും ഉണ്ടാകുകയില്ല; എന്റെ ജനത്തിനു ഞാൻ വരുത്തുവാനിരിക്കുന്ന നന്മ അവൻ അനുഭവിക്കുകയുമില്ല; അവൻ യഹോവയ്ക്കു വിരോധമായി ദ്രോഹം സംസാരിച്ചുവല്ലോ എന്ന് യഹോവയുടെ അരുളപ്പാട്

30

1യഹോവയിൽനിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാട് എന്തെന്നാൽ:2“യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിന്നോട് അരുളിച്ചെയ്തിരിക്കുന്ന സകലവചനങ്ങളും ഒരു പുസ്തകത്തിൽ എഴുതിവയ്ക്കുക.3ഞാൻ യിസ്രായേലും യെഹൂദയുമാകുന്ന എന്റെ ജനത്തിന്റെ പ്രവാസം മാറ്റുവാനുള്ള കാലം വരും” എന്ന് യഹോവയുടെ അരുളപ്പാട്: “ഞാൻ അവരുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തേക്ക് അവരെ മടക്കിവരുത്തും; അവർ അതിനെ കൈവശമാക്കും” എന്ന് യഹോവയുടെ അരുളപ്പാട്.

4യഹോവ യിസ്രായേലിനെയും യെഹൂദയെയും കുറിച്ച് അരുളിച്ചെയ്ത വചനങ്ങൾ ഇതാകുന്നു:5യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നാം നടുക്കത്തിന്റെ മുഴക്കം കേട്ടിരിക്കുന്നു; സമാധാനമല്ല, ഭയമത്രെ ഉള്ളത്.
6പുരുഷൻ പ്രസവിക്കാറുണ്ടോ എന്ന് ചോദിച്ചുനോക്കുവിൻ! ഏതു പുരുഷനും നോവുകിട്ടിയ സ്ത്രീയെപ്പോലെ കൈ നടുവിനു കൊടുത്തിരിക്കുന്നതും ഏതു മുഖവും വിളറിയിരിക്കുന്നതും ഞാൻ കാണുന്നത് എന്ത`?7ആ നാൾപോലെ വേറെ ഇല്ലാത്തവിധം അതു വലുതായിരിക്കുന്നു കഷ്ടം! അത് യാക്കോബിന്റെ കഷ്ടകാലം തന്നെ; എങ്കിലും അവൻ അതിൽ നിന്നു വിടുവിക്കപ്പെടും.
8അന്നു ഞാൻ അവന്റെ നുകം നിന്റെ കഴുത്തിൽനിന്ന് ഒടിച്ച് ബന്ധനങ്ങൾ അറുത്തുകളയും; അന്യന്മാർ ഇനി അവനെക്കൊണ്ടു സേവ ചെയ്യിക്കുകയുമില്ല” എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.9“അവർ അവരുടെ ദൈവമായ യഹോവയെയും ഞാൻ അവർക്ക് എഴുന്നേല്പിക്കുവാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.
10ആകയാൽ എന്റെ ദാസനായ യാക്കോബേ, നീ ഭയപ്പെടേണ്ടാ; യിസ്രായേലേ, നീ പരിഭ്രമിക്കേണ്ടാ” എന്ന് യഹോവയുടെ അരുളപ്പാട്; “ഞാൻ നിന്നെ ദൂരത്തുനിന്നും നിന്റെ സന്തതിയെ പ്രവാസദേശത്തുനിന്നും രക്ഷിക്കും; യാക്കോബ് മടങ്ങിവന്ന് സ്വസ്ഥമായും സ്വൈരമായും ഇരിക്കും; ആരും അവനെ ഭയപ്പെടുത്തുകയില്ല.11നിന്നെ രക്ഷിക്കുവാൻ ഞാൻ നിന്നോടുകൂടിയുണ്ട്” എന്ന് യഹോവയുടെ അരുളപ്പാട്; “നിന്നെ ഞാൻ എവിടേക്കു ചിതറിച്ചുകളഞ്ഞുവോ,അവിടെയുള്ള സകലജനതകളെയും ഞാൻ നശിപ്പിച്ചുകളയും; എങ്കിലും, നിന്നെ ഞാൻ നശിപ്പിച്ചുകളയുകയില്ല; ഞാൻ നിന്നെ ന്യായത്തോടെ ശിക്ഷിക്കും; ശിക്ഷിക്കാതെ വിടുകയില്ലതാനും”.
12യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിന്റെ പരുക്ക് മാറാത്തതും നിന്റെ മുറിവ് വിഷമമുള്ളതുമാകുന്നു.13നിന്റെ വ്യവഹാരം നടത്തുവാൻ ആരുമില്ല; നിന്റെ മുറിവിന് ഇടുവാൻ മരുന്നും കുഴമ്പും ഇല്ല.
14നിന്റെ സ്നേഹിതന്മാരെല്ലാം നിന്നെ മറന്നിരിക്കുന്നു; നിന്റെ അകൃത്യത്തിന്റെ ആധിക്യംനിമിത്തവും നിന്റെ പാപത്തിന്റെ പെരുപ്പംനിമിത്തവും ഞാൻ നിന്നെ ശത്രു അടിക്കുന്നതുപോലെയും ക്രൂരൻ ശിക്ഷിക്കുന്നതുപോലെയും അടിച്ചിരിക്കുകകൊണ്ട് അവർ നിന്നെ നോക്കുന്നില്ല.15നിന്റെ പരുക്കിനെയും മാറാത്ത വേദനയെയും കുറിച്ച് നിലവിളിക്കുന്നത് എന്തിന്? നിന്റെ അകൃത്യത്തിന്റെ ആധിക്യംനിമിത്തവും നിന്റെ പാപത്തിന്റെ പെരുപ്പംനിമിത്തവും അല്ലയോ ഞാൻ ഇതു നിന്നോടു ചെയ്തിരിക്കുന്നത്.
16അതുകൊണ്ട് നിന്നെ തിന്നുകളയുന്നവരെയെല്ലാവരും തിന്നുകളയപ്പെടും; നിന്റെ സകല വൈരികളും ഒട്ടൊഴിയാതെ പ്രവാസത്തിലേക്കു പോകും; നിന്നെ കൊള്ളയിടുന്നവർ കൊള്ളയായിത്തീരും; നിന്നെ കവർച്ച ചെയ്യുന്നവരെയെല്ലാം ഞാൻ കവർച്ചയ്ക്ക് ഏല്പിക്കും.17അവർ നിന്നെ ഭ്രഷ്ടയെന്നും ആരും തിരിഞ്ഞു നോക്കാത്ത സീയോനെന്നും വിളിക്കുകകൊണ്ട്, ഞാൻ നിന്റെ മുറിവുകളെ സൗഖ്യമാക്കി നിനക്ക് ആരോഗ്യം വരുത്തും” എന്ന് യഹോവയുടെ അരുളപ്പാട്.
18യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ യാക്കോബിന്റെ കൂടാരങ്ങളുടെ പ്രവാസം മാറ്റി അവന്റെ നിവാസങ്ങളോടു കരുണ കാണിക്കും; നഗരം അതിന്റെ കൽക്കുന്നിന്മേൽ പണിയപ്പെടും; അരമനയും യഥാസ്ഥാനപ്പെടും.19അവയിൽനിന്നു സ്തോത്രവും സന്തോഷിക്കുന്നവരുടെ ഘോഷവും പുറപ്പെടും; ഞാൻ അവരെ വർദ്ധിപ്പിക്കും; അവർ കുറഞ്ഞുപോകുകയില്ല; ഞാൻ അവരെ മഹത്വീകരിക്കും; അവർ എളിമപ്പെടുകയുമില്ല.
20അവരുടെ മക്കളും പണ്ടത്തെപ്പോലെയാകും; അവരുടെ സഭ എന്റെ മുമ്പാകെ നിലനില്ക്കും; അവരെ ഉപദ്രവിക്കുന്ന എല്ലാവരെയും ഞാൻ സന്ദർശിക്കും.21അവരുടെ പ്രഭു അവരിൽനിന്നു തന്നെ ഉണ്ടാകും; അവരുടെ അധിപതി അവരുടെ നടുവിൽനിന്ന് ഉത്ഭവിക്കും; ഞാൻ അവനെ അടുക്കൽവരുത്തും; അവൻ എന്നോട് അടുക്കും; അല്ലാതെ എന്നോട് അടുക്കുവാൻ ആരാണ് ധൈര്യപ്പെടുന്നത്?” എന്ന് യഹോവയുടെ അരുളപ്പാട്.22“അങ്ങനെ നിങ്ങൾ എനിക്കു ജനമായും ഞാൻ നിങ്ങൾക്കു ദൈവമായും ഇരിക്കും.
23യഹോവയുടെ ക്രോധം എന്ന ചുഴലിക്കാറ്റ്, കടുപ്പമായി അടിക്കുന്ന ചുഴലിക്കാറ്റു തന്നെ, പുറപ്പെടുന്നു; അത് ദുഷ്ടന്മാരുടെ തലമേൽ വന്നുപതിക്കും.24യഹോവയുടെ ഉഗ്രകോപം അവിടുത്തെ മനസ്സിലെ ഉദ്ദേശ്യങ്ങൾ നിവർത്തിക്കുവോളം പിന്മാറുകയില്ല; ഭാവികാലത്ത് നിങ്ങൾ അതു ഗ്രഹിക്കും”.

31

1“ആ കാലത്ത് ഞാൻ യിസ്രായേലിന്റെ സകലവംശങ്ങൾക്കും ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും” എന്ന് യഹോവ അരുളിച്ചെയ്യുന്നു.2യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “വാളിൽ നിന്ന് രക്ഷപെട്ട് ശേഷിച്ച ജനം മരുഭൂമിയിൽ കൃപ കണ്ടെത്തി; ഞാൻ യിസ്രായേലിന് വിശ്രാമം വരുത്തുവാൻ പോകുന്നു”.3യഹോവ ദൂരത്തുനിന്ന് എനിക്കു പ്രത്യക്ഷമായി അരുളിച്ചെയ്തത്: “നിത്യസ്നേഹംകൊണ്ട് ഞാൻ നിന്നെ സ്നേഹിച്ചിരിക്കുന്നു; അതുകൊണ്ട് ഞാൻ നിനക്കു ദയ ദീർഘമാക്കിയിരിക്കുന്നു.

4യിസ്രായേൽകന്യകേ, ഞാൻ നിന്നെ വീണ്ടും പണിയുകയും നീ പണിയപ്പെടുകയും ചെയ്യും; നീ വീണ്ടും തപ്പ് എടുത്തുകൊണ്ട് സന്തോഷിച്ച്, നൃത്തംചെയ്യുന്നവരുടെ നിരയിൽ പുറപ്പെടും.5നീ ഇനിയും ശമര്യപർവ്വതങ്ങളിൽ മുന്തിരിത്തോട്ടം ഉണ്ടാക്കും; കൃഷിക്കാർ കൃഷിചെയ്ത് ഫലം അനുഭവിക്കും.6‘എഴുന്നേല്ക്കുവിൻ; നാം സീയോനിലേക്ക്, നമ്മുടെ ദൈവമായ യഹോവയുടെ അടുക്കലേക്ക്, കയറിപ്പോകുക’ എന്ന് കാവല്ക്കാർ എഫ്രയീംമലനാട്ടിൽ വിളിച്ചുപറയുന്ന കാലം വരും.
7യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “യാക്കോബിന് സന്തോഷത്തോടെ ഉച്ചത്തിൽ പാടുവിൻ! ജനതകളുടെ തലവനെക്കുറിച്ച് സന്തോഷിച്ച് ആർപ്പിടുവിൻ! ഘോഷിച്ചും സ്തുതിച്ചുംകൊണ്ട്: യഹോവേ, യിസ്രായേലിന്റെ ശേഷിപ്പായ അവിടുത്തെ ജനത്തെ രക്ഷിക്കണമേ എന്നു പറയുവിൻ!
8ഞാൻ അവരെ വടക്കുദേശത്തുനിന്ന് വരുത്തുകയും ഭൂമിയുടെ അറ്റങ്ങളിൽനിന്ന് അവരെയും അവരോടുകൂടി കുരുടനെയും മുടന്തനെയും ഗർഭിണിയെയും നോവുകിട്ടിയവളെയും എല്ലാം ശേഖരിക്കുകയും ചെയ്യും; അങ്ങനെ വലിയ ഒരു സംഘം ഇവിടേക്ക് മടങ്ങിവരും.9അവർ കരഞ്ഞുകൊണ്ടു വരും; യാചനയോടെ ഞാൻ അവരെ കൊണ്ടുവരും; ഇടറിപ്പോകാത്ത നിരപ്പുള്ള വഴിയിൽ ഞാൻ അവരെ നദികൾക്കരികിലൂടെ നടത്തും; ഞാൻ യിസ്രായേലിന് പിതാവും, എഫ്രയീം എന്റെ ആദ്യജാതനുമല്ലയോ.
10ജനതകളേ, യഹോവയുടെ വചനം കേൾക്കുവിൻ! ദൂരത്തുള്ള ദ്വീപുകളിൽ അതിനെ പ്രസ്താവിക്കുവിൻ! യിസ്രായേലിനെ ചിതറിച്ചവൻ അവനെ കൂട്ടിച്ചേർത്ത്, ഒരിടയൻ തന്റെ കൂട്ടത്തെ പാലിക്കുന്നപോലെ അവനെ പാലിക്കും” എന്ന് പറയുവിൻ.11“യഹോവ യാക്കോബിനെ വീണ്ടെടുത്ത് അവനെക്കാൾ ബലവാനായവന്റെ കൈയിൽനിന്ന് അവനെ രക്ഷിച്ചിരിക്കുന്നു.
12അവർ വന്ന് സീയോൻമുകളിൽ കയറി ഘോഷിച്ചുല്ലസിക്കും; ധാന്യം, വീഞ്ഞ്, എണ്ണ, കുഞ്ഞാടുകൾ, കാളക്കുട്ടികൾ എന്നിങ്ങനെ യഹോവ നൽകുന്ന നന്മയിലേക്ക് ഓടിവരും; അവരുടെ പ്രാണൻ നനയ്ക്കപ്പെടുന്ന തോട്ടം പോലെയാകും; അവർ ഇനി ക്ഷീണിച്ചുപോകുകയും ഇല്ല.
13അന്ന് കന്യകയും യൗവനക്കാരും വൃദ്ധന്മാരും ഒരുപോലെ നൃത്തംചെയ്ത് സന്തോഷിക്കും; ഞാൻ അവരുടെ ദുഃഖം മാറ്റി സന്തോഷമാക്കും; ഞാൻ അവരെ ആശ്വസിപ്പിച്ച് സങ്കടം നീക്കി സന്തോഷിപ്പിക്കും.14ഞാൻ പുരോഹിതന്മാരുടെ പ്രാണനെ പുഷ്ടികൊണ്ട് തണുപ്പിക്കും; എന്റെ ജനം എന്റെ നന്മകൊണ്ട് തൃപ്തിപ്രാപിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
15യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “രാമയിൽ ഒരു ശബ്ദം കേൾക്കുന്നു! വിലാപവും കഠിനമായുള്ള കരച്ചിലും തന്നെ; റാഹേൽ തന്റെ മക്കളെച്ചൊല്ലി കരയുന്നു; അവർ ഇല്ലായ്കയാൽ അവരെച്ചൊല്ലി ആശ്വാസം പ്രാപിക്കുവാൻ അവൾക്കു മനസ്സില്ല”.
16യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “കരയാതെ നിന്റെ ശബ്ദവും കണ്ണുനീർ വാർക്കാതെ നിന്റെ കണ്ണും അടക്കിക്കൊള്ളുക; നിന്റെ പ്രവൃത്തിക്കു പ്രതിഫലമുണ്ടാകും; അവർ ശത്രുവിന്റെ ദേശത്തുനിന്ന് മടങ്ങിവരും” എന്ന് യഹോവയുടെ അരുളപ്പാട്.17“നിന്റെ ഭാവിയെക്കുറിച്ച് പ്രത്യാശയുണ്ട്; നിന്റെ മക്കൾ അവരുടെ ദേശത്തേക്ക് മടങ്ങിവരും” എന്ന് യഹോവയുടെ അരുളപ്പാട്.
18“അവിടുന്ന് എന്നെ ശിക്ഷിച്ചു; മരുക്കമില്ലാത്ത കാളക്കുട്ടിയെപ്പോലെ ഞാൻ ശിക്ഷയനുഭവിച്ചിരിക്കുന്നു ; ഞാൻ മടങ്ങി വരേണ്ടതിന് എന്നെ മടക്കിവരുത്തണമേ; അവിടുന്ന് എന്റെ ദൈവമായ യഹോവയല്ലയോ.19ഞാൻ തെറ്റിപ്പോയശേഷം അനുതപിച്ചും ഉപദേശം ലഭിച്ചശേഷം തുടമേൽ അടിച്ച് നാണിച്ചും ലജ്ജിച്ചുമിരിക്കുന്നു; എന്റെ യൗവനത്തിലെ നിന്ദയല്ലയോ ഞാൻ വഹിക്കുന്നത്” എന്ന് എഫ്രയീം വിലപിക്കുന്നത് ഞാൻ നല്ലവണ്ണം കേട്ടിരിക്കുന്നു.20“എഫ്രയീം എന്റെ വാത്സല്യപുത്രനോ? ഓമനക്കുട്ടിയോ? ഞാൻ അവന് വിരോധമായി സംസാരിക്കുമ്പോഴെല്ലാം അവനെക്കുറിച്ച് എന്റെ മനസ്സിൽ ഓർക്കുന്നു; അതുകൊണ്ട് എന്റെ ഉള്ളം അവനെച്ചൊല്ലി ഉരുകുന്നു; ഞാൻ അവനോടു കരുണ കാണിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.

21“നിനക്ക് അടയാളങ്ങൾ വയ്ക്കുക; കൈചൂണ്ടികൾ നാട്ടുക; നീ പോയ പെരുവഴി മനസ്സിൽ വച്ചുകൊള്ളുക; യിസ്രായേൽകന്യകേ, മടങ്ങിവരുക; നിന്റെ ഈ പട്ടണങ്ങളിലേക്കു തന്നെ മടങ്ങിവരുക.22വിശ്വാസത്യാഗിനിയായ മകളേ! നീ എത്രത്തോളം അലഞ്ഞുനടക്കും? യഹോവ ദേശത്ത് ഒരു പുതുമ സൃഷ്ടിക്കുന്നു: ഒരു സ്ത്രീ പുരുഷനെ വലയം ചെയ്തു പരിപാലിക്കും”.
23യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അവരുടെ പ്രവാസികളെ മടക്കിവരുത്തുമ്പോൾ അവർ ഇനിയും യെഹൂദാദേശത്തും അതിലെ പട്ടണങ്ങളിലും,‘ നീതി നിവാസമേ, വിശുദ്ധപർവ്വതമേ, യഹോവ നിന്നെ അനുഗ്രഹിക്കുമാറാകട്ടെ‘ എന്ന വാക്കുകൾ പറയും.24അതിൽ യെഹൂദയും അതിന്റെ സകല നഗരവാസികളും കൃഷിക്കാരും ആട്ടിൻ കൂട്ടങ്ങളോടുകൂടി സഞ്ചരിക്കുന്നവരും ഒരുമിച്ച് വസിക്കും.25ദാഹിച്ചിരിക്കുന്നവനെ ഞാൻ തണുപ്പിക്കും; വിശന്നു ക്ഷീണിച്ചിരിക്കുന്ന ഏവനും ഞാൻ തൃപ്തിവരുത്തും.26ഈ സമയത്ത് ഞാൻ ഉണർന്നു; എന്റെ നിദ്ര എനിക്കു സുഖകരമായിരുന്നു എന്നു കണ്ടു.
27ഞാൻ യിസ്രായേൽഗൃഹത്തിലും യെഹൂദാഗൃഹത്തിലും മനുഷ്യരുടെയും മൃഗങ്ങളുടെയും വിത്തു വിതയ്ക്കുന്ന കാലം വരും” എന്ന് യഹോവയുടെ അരുളപ്പാട്.28“അന്ന് ഞാൻ പറിച്ചെടുക്കുവാനും പൊളിക്കുവാനും ഇടിക്കുവാനും നശിപ്പിക്കുവാനും കഷ്ടപ്പെടുത്തുവാനും അവരുടെ മേൽ ജാഗരിച്ചിരുന്നതുപോലെ, പണിയുവാനും നടുവാനും അവരുടെ മേൽ ജാഗരിച്ചിരിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
29“അപ്പന്മാർ പച്ചമുന്തിരിങ്ങാ തിന്നു; മക്കളുടെ പല്ലു പുളിച്ചു” എന്ന് അവർ ആ നാളിൽ ഇനി പറയുകയില്ല.30ഓരോരുത്തൻ അവനവന്റെ അകൃത്യം നിമിത്തമത്രേ മരിക്കുന്നത്; പച്ചമുന്തിരിങ്ങാ അവനവന്റെ പല്ലി മാത്രമേ പുളിക്കുകയുള്ളു.
31“ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയൊരു നിയമം ചെയ്യുന്ന കാലം വരും” എന്ന് യഹോവയുടെ അരുളപ്പാട്.32“ഞാൻ അവരുടെ പിതാക്കന്മാരെ കൈക്കു പിടിച്ച് ഈജിപ്റ്റിൽനിന്നു കൊണ്ടുവന്ന നാളിൽ ഞാൻ അവരോടു ചെയ്ത നിയമംപോലെയല്ല; ഞാൻ അവർക്കു ഭർത്താവായിരുന്നിട്ടും അവർ എന്റെ നിയമം ലംഘിച്ചുകളഞ്ഞു” എന്ന് യഹോവയുടെ അരുളപ്പാട്.
33“എന്നാൽ ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽഗൃഹത്തോട് ചെയ്യുവാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.34“ഇനി അവരിൽ ആരും തന്റെ കൂട്ടുകാരനെയും തന്റെ സഹോദരനെയും ‘യഹോവയെ അറിയുക’ എന്ന് ഉപദേശിക്കുകയില്ല; അവർ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും; ഞാൻ അവരുടെ അകൃത്യം മോചിക്കും; അവരുടെ പാപം ഇനി ഓർക്കുകയും ഇല്ല” എന്ന് യഹോവയുടെ അരുളപ്പാട്.
35സൂര്യനെ പകൽ വെളിച്ചത്തിനും ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും വ്യവസ്ഥയെ രാത്രി വെളിച്ചത്തിനും നിയമിച്ചിരിക്കുന്നവനും കടലിലെ തിരകൾ അലറുവാൻ തക്കവണ്ണം അതിനെ ഇളക്കുന്നവനും സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ളവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:36“ഈ വ്യവസ്ഥ എന്റെ മുമ്പിൽനിന്നു മാറിപ്പോകുന്നുവെങ്കിൽ, യിസ്രായേൽസന്തതിയും സദാകാലം എന്റെ മുമ്പിൽ ഒരു ജനതയാകാത്തവണ്ണം ഒടുങ്ങിപ്പോകും” എന്ന് യഹോവയുടെ അരുളപ്പാട്.
37യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മീതെ ആകാശത്തെ അളക്കുവാനും താഴെ ഭൂമിയുടെ അടിസ്ഥാനങ്ങളെ പരിശോധിക്കുവാനും കഴിയുമെങ്കിൽ, ഞാനും യിസ്രായേൽസന്തതിയെ മുഴുവനും അവർ ചെയ്ത സകലവും നിമിത്തം തള്ളിക്കളയും” എന്ന് യഹോവയുടെ അരുളപ്പാട്.
38“ഈ നഗരം ഹനനേൽഗോപുരം മുതൽ കോൺവാതിൽവരെ യഹോവയ്ക്കായി പണിയുവാനുള്ള കാലം വരും” എന്ന് യഹോവയുടെ അരുളപ്പാട്.39“അളവുചരട് പിന്നെയും നേരെ ഗാരേബ് കുന്നിലേക്കു ചെന്ന് ഗോവഹിലേക്കു തിരിയും.40ശവങ്ങൾക്കും വെണ്ണീറിനും ഉള്ള താഴ്വര മുഴുവനും കിദ്രോൻ തോടുവരെയും കിഴക്കോട്ട് കുതിരവാതിലിന്റെ കോണുവരെയും ഉള്ള നിലങ്ങൾ മുഴുവനും യഹോവയ്ക്ക് വിശുദ്ധമായിരിക്കും; അതിനെ ഇനി ഒരുനാളും പറിച്ചുകളയുകയില്ല; ഇടിച്ചുകളയുകയുമില്ല.

32

1യെഹൂദാരാജാവായ സിദെക്കീയാവിന്റെ പത്താം ആണ്ടിൽ, നെബൂഖദ്നേസരിന്റെ പതിനെട്ടാം ആണ്ടിൽ തന്നെ, യഹോവയിങ്കൽ നിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാട്.2അന്ന് ബാബേൽരാജാവിന്റെ സൈന്യം യെരൂശലേമിനെ നിരോധിച്ചിരുന്നു; യിരെമ്യാപ്രവാചകൻ യെഹൂദാരാജാവിന്റെ അരമനയുടെ കാവല്പുരമുറ്റത്ത് തടവിലാക്കപ്പെട്ടിരുന്നു.

3“ഞാൻ ഈ നഗരത്തെ ബാബേൽരാജാവിന്റെ കൈയിൽ ഏല്പിക്കും; അവൻ അതിനെ പിടിക്കും” എന്ന് യഹോവ അരുളിച്ചെയ്യുന്നു എന്നും4യെഹൂദാരാജാവായ സിദെക്കീയാവ് കല്ദയരുടെ കൈയിൽനിന്ന് രക്ഷപെട്ടുപോകാതെ, ബാബേൽരാജാവിന്റെ കൈയിൽ ഏല്പിക്കപ്പെടും; അവൻ ഇവനുമായി കണ്ണിൽകണ്ണിൽ നോക്കി, മുഖാമുഖമായി സംസാരിക്കും;5അവൻ സിദെക്കീയാവിനെ ബാബേലിലേക്കു കൊണ്ടുപോകും; ഞാൻ അവനെ സന്ദർശിക്കുതുവരെ അവൻ അവിടെ ആയിരിക്കും; നിങ്ങൾ കല്ദയരോടു യുദ്ധംചെയ്താലും നിങ്ങൾക്ക് ജയം ഉണ്ടാകുകയില്ല എന്ന് യഹോവയുടെ അരുളപ്പാട് എന്നും നീ പ്രവചിക്കുവാൻ എന്ത്” എന്നു പറഞ്ഞ് യെഹൂദാരാജാവായ സിദെക്കീയാവ് അവനെ അവിടെ തടവിലാക്കിയിരുന്നു.
6യിരെമ്യാവ് പറഞ്ഞത്: യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:7“നിന്റെ ഇളയപ്പനായ ശല്ലൂമിന്റെ മകൻ ഹനമെയേൽ നിന്റെ അടുക്കൽ വന്ന് ‘അനാഥോത്തിലെ എന്റെ നിലം വാങ്ങിക്കൊള്ളുക; അത് മേടിക്കുവാൻ തക്കവണ്ണം വീണ്ടെടുപ്പിന്റെ അവകാശം നിനക്കുള്ളതല്ലയോ;’ എന്ന് പറയും”.
8യഹോവ അരുളിച്ചെയ്തതുപോലെ എന്റെ ഇളയപ്പന്റെ മകൻ ഹനമെയേൽ കാവല്പുരമുറ്റത്ത് എന്റെ അടുക്കൽ വന്നു: “ബെന്യാമീൻദേശത്ത് അനാഥോത്തിലെ എന്റെ നിലം വാങ്ങണമേ; അവകാശം നിനക്കുള്ളതല്ലയോ; വീണ്ടെടുപ്പും നിനക്കുള്ളത്; നീ അത് മേടിച്ചുകൊള്ളണം” എന്ന് എന്നോടു പറഞ്ഞു; അത് യഹോവയുടെ അരുളപ്പാട് എന്ന് ഞാൻ ഗ്രഹിച്ചു.9അങ്ങനെ ഞാൻ ഇളയപ്പന്റെ മകൻ ഹനമെയേലിനോട് അനാഥോത്തിലെ നിലം വാങ്ങി, വിലയായ പതിനേഴ് ശേക്കെൽ വെള്ളി തൂക്കിക്കൊടുത്തു.
10ആധാരം എഴുതി മുദ്രയിട്ട് സാക്ഷികളെക്കൊണ്ട് ഒപ്പിടുവിച്ച ശേഷം ഞാൻ പണം അവന് തുലാസിൽ തൂക്കിക്കൊടുത്തു.11ഇങ്ങനെ ന്യായവും പതിവും അനുസരിച്ച് മുദ്രയിട്ടിരുന്നതും തുറന്നിരുന്നതുമായ ആധാരങ്ങൾ ഞാൻ വാങ്ങി.12ഇളയപ്പന്റെ മകനായ ഹനമെയേലും ആധാരത്തിൽ ഒപ്പിട്ടിരുന്ന സാക്ഷികളും കാവല്പുരമുറ്റത്തു ഇരുന്നിരുന്ന യെഹൂദന്മാർ എല്ലാവരുടെയും കണ്മുമ്പിൽ ആധാരം മഹസേയാവിന്റെ മകനായ നേര്യാവിന്റെ മകൻ ബാരൂക്കിന്റെ പക്കൽ കൊടുത്തു.
13അവർ കേൾക്കെ ഞാൻ ബാരൂക്കിനോടു കല്പിച്ചത് എന്തെന്നാൽ:14യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മുദ്രയിട്ടിരിക്കുന്നതും തുറന്നിരിക്കുന്നതുമായ ഈ ആധാരങ്ങൾ വാങ്ങി, അവ ഏറിയകാലം ഭദ്രമായിരിക്കേണ്ടതിന് ഒരു മൺപാത്രത്തിൽ വയ്ക്കുക.15ഇനിയും ഈ ദേശത്ത് വീടുകളും നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ക്രയവിക്രയം ചെയ്യും” എന്ന് യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

16അങ്ങനെ ആധാരം നേര്യാവിന്റെ മകനായ ബാരൂക്കിന്റെ പക്കൽ ഏല്പിച്ചശേഷം, ഞാൻ യഹോവയോടു പ്രാർത്ഥിച്ചത് എന്തെന്നാൽ:17“അയ്യോ, യഹോവയായ കർത്താവേ, അവിടുത്തെ മഹാശക്തികൊണ്ടും നീട്ടിയ ഭുജം കൊണ്ടും അങ്ങ് ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി; അങ്ങേയ്ക്ക് അസാദ്ധ്യമായത് ഒന്നുമില്ല.18അവിടുന്ന് ആയിരം തലമുറയോളം ദയ കാണിക്കുകയും പിതാക്കന്മാരുടെ അകൃത്യത്തിന് അവരുടെ ശേഷം അവരുടെ മക്കളുടെ മാർവ്വിടത്തിൽ പകരം കൊടുക്കുകയും ചെയ്യുന്നു; മഹത്ത്വവും വല്ലഭത്വവുമുള്ള ദൈവമേ, സൈന്യങ്ങളുടെ യഹോവ എന്നല്ലയോ അവിടുത്തെ നാമം.
19അവിടുന്ന് ആലോചനയിൽ വലിയവനും പ്രവൃത്തിയിൽ ശക്തനും ആകുന്നു; ഓരോരുത്തന് അവനവന്റെ നടപ്പിനും പ്രവൃത്തികളുടെ ഫലത്തിനും തക്കവിധം കൊടുക്കേണ്ടതിന് അങ്ങ് മനുഷ്യരുടെ എല്ലാ വഴികളിന്മേലും ദൃഷ്ടിവയ്ക്കുന്നു.20അവിടുന്ന് ഈജിപ്റ്റിലും, ഇന്നുവരെയും യിസ്രായേലിലും മറ്റു മനുഷ്യരുടെ ഇടയിലും അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ച് ഇന്നുള്ളതുപോലെ അവിടുത്തേക്ക് ഒരു നാമം സമ്പാദിക്കുകയും21അവിടുത്തെ ജനമായ യിസ്രായേലിനെ അടയാളങ്ങൾകൊണ്ടും അത്ഭുതങ്ങൾകൊണ്ടും ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും മഹാഭീതികൊണ്ടും ഈജിപ്റ്റിൽനിന്ന് കൊണ്ടുവരുകയും
22അവരുടെ പിതാക്കന്മാർക്ക് കൊടുക്കുവാൻ അങ്ങ് അവരോട് സത്യം ചെയ്തിരുന്ന, പാലും തേനും ഒഴുകുന്ന ഈ ദേശം അവർക്ക് കൊടുക്കുകയും ചെയ്തു.23അവർ അതിൽ കടന്ന് അതിനെ കൈവശമാക്കി; എങ്കിലും അവർ അവിടുത്തെ വാക്ക് അനുസരിക്കുകയോ അവിടുത്തെ ന്യായപ്രമാണംപോലെ നടക്കുകയോ ചെയ്തില്ല; ചെയ്യുവാൻ അങ്ങ് അവരോടു കല്പിച്ചതൊന്നും അവർ ചെയ്തില്ല; അതുകൊണ്ട് ഈ അനർത്ഥങ്ങൾ സകലവും അങ്ങ് അവർക്ക് വരുത്തിയിരിക്കുന്നു.
24ഇതാ, ഉപരോധക്കോട്ടകൾ! അവർ നഗരത്തെ പിടിക്കേണ്ടതിന് അടുത്തിരിക്കുന്നു! വാളും ക്ഷാമവും മഹാമാരിയും കാരണം ഈ നഗരം അതിനു നേരെ യുദ്ധം ചെയ്യുന്ന കല്ദയരുടെ കൈയിൽ ഏല്പിക്കപ്പെട്ടിരിക്കുന്നു; അങ്ങ് അരുളിചെയ്തത് സംഭവിച്ചിരിക്കുന്നു; അങ്ങ് അത് കാണുന്നുവല്ലോ.25യഹോവയായ കർത്താവേ, നഗരം കല്ദയരുടെ കൈയിൽ ഏല്പിക്കപ്പെട്ടിരിക്കെ, നിലം വിലയ്ക്കു വാങ്ങി അതിനു സാക്ഷികളെ വയ്ക്കുവാൻ അങ്ങ് എന്നോട് കല്പിച്ചുവല്ലോ”.
26അപ്പോൾ യഹോവയുടെ അരുളപ്പാട് യിരെമ്യാവിനുണ്ടായത് എന്തെന്നാൽ:27“ഞാൻ സകലജഡത്തിന്റെയും ദൈവമായ യഹോവയാകുന്നു; എനിക്കു കഴിയാത്ത വല്ല കാര്യവും ഉണ്ടോ?”28അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഈ നഗരത്തെ കല്ദയരുടെ കൈയിലും ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കൈയിലും ഏല്പിക്കും; അവൻ അതിനെ പിടിക്കും.
29ഈ നഗരത്തിന്റെ നേരെ യുദ്ധം ചെയ്യുന്ന കല്ദയർ വന്ന് നഗരത്തിനു തീ വച്ച്, എന്നെ കോപിപ്പിക്കേണ്ടതിന് മേല്പുരകളിൽവച്ച് ബാലിനു ധൂപംകാട്ടുകയും അന്യദേവന്മാർക്കു പാനീയബലി അർപ്പിക്കുകയും ചെയ്തിരുന്ന വീടുകളോടുകൂടി അതിനെ ചുട്ടുകളയും.30യിസ്രായേൽമക്കളും യെഹൂദാമക്കളും ബാല്യംമുതൽ എനിക്ക് അനിഷ്ടമായുള്ളതു മാത്രം ചെയ്തുവന്നു; യിസ്രായേൽമക്കൾ അവരുടെ കൈകളുടെ പ്രവൃത്തികൾകൊണ്ട് എന്നെ കോപിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളു” എന്ന് യഹോവയുടെ അരുളപ്പാട്.
31“അവർ ഈ നഗരത്തെ പണിത നാൾമുതൽ ഇന്നുവരെയും ഞാൻ അതിനെ എന്റെ മുമ്പിൽനിന്ന് നീക്കിക്കളയത്തക്കവണ്ണം അത് എനിക്കു കോപവും ക്രോധവും വരുത്തിയിരിക്കുന്നു.32എന്നെ കോപിപ്പിക്കേണ്ടതിന് യിസ്രായേൽമക്കളും യെഹൂദാമക്കളും അവരുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പ്രവാചകന്മാരും യെഹൂദാപുരുഷന്മാരും യെരൂശലേംനിവാസികളും ചെയ്ത സകലദോഷവുംനിമിത്തം തന്നെ.
33അവർ മുഖമല്ല, പുറമത്രേ എന്നിലേക്കു തിരിച്ചിരിക്കുന്നത്; ഞാൻ ഇടവിടാതെ അവരെ ഉപദേശിച്ചു പഠിപ്പിച്ചിട്ടും, ഉപദേശം കൈക്കൊള്ളുവാൻ അവർ മനസ്സുവച്ചില്ല.34എന്റെ നാമം വിളിച്ചിരിക്കുന്ന ആലയം അശുദ്ധമാക്കുവാൻ തക്കവണ്ണം അവർ അതിൽ മ്ലേച്ഛവിഗ്രഹങ്ങളെ പ്രതിഷ്ഠിച്ചു.35മോലെക്കിന് അവരുടെ പുത്രന്മാരെയും പുത്രിമാരെയും ദഹിപ്പിക്കേണ്ടതിന് അവർ ബെൻഹിന്നോംതാഴ്വരയിൽ ബാലിന്റെ പൂജാഗിരികൾ പണിതു; ഈ മ്ലേച്ഛതകൾ പ്രവർത്തിച്ച് യെഹൂദയെക്കൊണ്ട് പാപം ചെയ്യിക്കുവാൻ ഞാൻ അവരോടു കല്പിച്ചിട്ടില്ല; എന്റെ മനസ്സിൽ അത് തോന്നിയിട്ടുമില്ല”.
36‘ഇപ്പോൾ, വാൾ, ക്ഷാമം, മഹാമാരി എന്നിവയാൽ ബാബേൽരാജാവിന്റെ കൈയിൽ ഏല്പിക്കപ്പെടുന്നു’ എന്ന് നിങ്ങൾ പറയുന്ന ഈ നഗരത്തെക്കുറിച്ച് യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:37എന്റെ കോപത്തിലും ക്രോധത്തിലും മഹാരോഷത്തിലും ഞാൻ അവരെ നീക്കിക്കളഞ്ഞ സകലദേശങ്ങളിൽനിന്നും ഞാൻ അവരെ ശേഖരിക്കും; ഞാൻ അവരെ ഈ സ്ഥലത്തേക്ക് മടക്കിവരുത്തി അതിൽ നിർഭയമായി വസിക്കുമാറാക്കും.
38അവർ എനിക്കു ജനമായും ഞാൻ അവർക്കു ദൈവമായും ഇരിക്കും.39അവർക്കും അവരുടെ ശേഷം അവരുടെ മക്കൾക്കും നന്മവരത്തക്കവണ്ണം അവർ എന്നെ എന്നേക്കും ഭയപ്പെടേണ്ടതിന് ഞാൻ അവർക്ക് ഏകമനസ്സും ഏകമാർഗ്ഗവും കൊടുക്കും.40ഞാൻ അവരെ വിട്ടുപിരിയാതെ അവർക്കു നന്മ ചെയ്തുകൊണ്ടിരിക്കും എന്നിങ്ങനെ ഞാൻ അവരോട് ഒരു ശാശ്വതനിയമം ചെയ്യും; അവർ എന്നെ വിട്ടുമാറാതെയിരിക്കുവാൻ എന്നോടുള്ള ഭക്തി ഞാൻ അവരുടെ ഹൃദയത്തിൽ ആക്കും.
41ഞാൻ അവരിൽ സന്തോഷിച്ച് അവർക്കു ഗുണം ചെയ്യും. ഞാൻ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും കൂടി അവരെ ഈ ദേശത്തു നടും”.42യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഈ ജനത്തിന് ഈ വലിയ അനർത്ഥമെല്ലാം വരുത്തിയതുപോലെ തന്നെ ഞാൻ അവർക്കു വാഗ്ദത്തം ചെയ്തിരിക്കുന്ന എല്ലാ നന്മയും അവർക്കു വരുത്തും.
43‘മനുഷ്യനും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്നു, കല്ദയരുടെ കൈയിൽ ഏല്പിക്കപ്പെട്ടിരിക്കുന്നു’ എന്ന് നിങ്ങൾ പറയുന്ന ഈ ദേശത്ത് അവർ നിലങ്ങൾ വിലയ്ക്കു വാങ്ങും.44ഞാൻ അവരുടെ പ്രവാസികളെ മടക്കിവരുത്തുന്നതുകൊണ്ട് ബെന്യാമീൻദേശത്തും യെരൂശലേമിനു ചുറ്റുമുള്ള പ്രദേശങ്ങളിലും യെഹൂദാപട്ടണങ്ങളിലും മലനാട്ടിലെ പട്ടണങ്ങളിലും താഴ്വീതിയിലെ പട്ടണങ്ങളിലും തെക്കെ പട്ടണങ്ങളിലും ആളുകൾ നിലങ്ങൾ വിലയ്ക്കു വാങ്ങി ആധാരങ്ങൾ എഴുതി മുദ്രയിട്ട് സാക്ഷികളെയും വയ്ക്കും” എന്ന് യഹോവയുടെ അരുളപ്പാട്.

33

1യിരെമ്യാവ് കാവല്പുരമുറ്റത്ത് തടവിലാക്കപ്പെട്ടിരിക്കുമ്പോൾ യഹോവയുടെ അരുളപ്പാട് രണ്ടാം പ്രാവശ്യം അവനുണ്ടായതെന്തെന്നാൽ:2“ഭൂമിയെ 1 നിർമ്മിച്ചവനും, അതിനെ ഉറപ്പിച്ചവനുമായ യഹോവ, യഹോവ എന്ന് നാമം ഉള്ളവൻ തന്നെ, ഇപ്രകാരം അരുളിച്ചെയ്യുന്നു;3“എന്നെ വിളിച്ചപേക്ഷിക്കുക; ഞാൻ നിനക്ക് ഉത്തരം അരുളും; നീ അറിയാത്ത മഹത്തും അഗോചരവുമായ കാര്യങ്ങൾ ഞാൻ നിന്നെ അറിയിക്കും.

4ഉപരോധദുർഗ്ഗങ്ങൾക്കും വാളിനും എതിരെ തടുത്തു നില്ക്കേണ്ടതിനായി ഈ നഗരത്തിൽ പൊളിച്ചിട്ടിരിക്കുന്ന വീടുകളെയും യെഹൂദാരാജാക്കന്മാരുടെ അരമനകളെയും കുറിച്ച് യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു.5അവർ കല്ദയരോടു യുദ്ധം ചെയ്യുവാൻ ചെല്ലുന്നു; എന്നാൽ അത്, ഞാൻ എന്റെ കോപത്തിലും എന്റെ ക്രോധത്തിലും സംഹരിച്ചിരിക്കുന്ന മനുഷ്യരുടെ ശവങ്ങൾകൊണ്ട് അവയെ നിറയ്ക്കുവാനത്രേ; അവരുടെ സകലദോഷവുംനിമിത്തം ഞാൻ എന്റെ മുഖത്തെ ഈ നഗരത്തിനു മറച്ചിരിക്കുന്നു.
6ഇതാ, ഞാൻ രോഗശാന്തിയും ആരോഗ്യവും വരുത്തി അവരെ സൗഖ്യമാക്കുകയും സമാധാനത്തിന്റെയും സത്യത്തിന്റെയും സമൃദ്ധി അവർക്കു വെളിപ്പെടുത്തുകയും ചെയ്യും.7ഞാൻ യെഹൂദയുടെ പ്രവാസികളെയും യിസ്രായേലിന്റെ പ്രവാസികളെയും മടക്കിവരുത്തി പണ്ടത്തെപ്പോലെ അവർക്ക് അഭിവൃദ്ധി വരുത്തും.8അവർ എന്നോടു പാപം ചെയ്ത സകല അകൃത്യവും ഞാൻ നീക്കി അവരെ ശുദ്ധീകരിക്കുകയും, അവർ എനിക്കെതിരെ ചെയ്ത ദ്രോഹപൂർവമായ സകല അകൃത്യങ്ങളെയും മോചിക്കുകയും ചെയ്യും.9ഞാൻ അവർക്കു ചെയ്യുന്ന എല്ലാനന്മയെയും കുറിച്ച് കേൾക്കുന്ന സകലഭൂജാതികളുടെയും മുമ്പിൽ അത് എനിക്കു ആനന്ദനാമവും പ്രശംസയും മഹത്ത്വവും ആയിരിക്കും; ഞാൻ അതിനു വരുത്തുന്ന എല്ലാനന്മയും സർവ്വസമാധാനവും നിമിത്തം അവർ പേടിച്ചു വിറയ്ക്കും”.
10യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മനുഷ്യരും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്നു” എന്ന് നിങ്ങൾ പറയുന്ന ഈ സ്ഥലത്തും യെഹൂദാപട്ടണങ്ങളിലും മനുഷ്യനോ, നിവാസികളോ, മൃഗമോ ഇല്ലാതെ ശൂന്യമായിരിക്കുന്ന യെരൂശലേംവീഥികളിലും11ഇനിയും ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും: ‘സൈന്യങ്ങളുടെ യഹോവയെ സ്തുതിക്കുവിൻ, യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളത്’ എന്ന് പറയുന്നവരുടെ ശബ്ദവും യഹോവയുടെ ആലയത്തിൽ സ്തോത്രയാഗം കൊണ്ടുവരുന്നവരുടെ ശബ്ദവും കേൾക്കും; ഞാൻ ദേശത്തിന്റെ സ്ഥിതി മാറ്റി പണ്ടത്തെപ്പോലെ ആക്കും” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
12സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മനുഷ്യനും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്ന ഈ സ്ഥലത്തും അതിന്റെ സകലപട്ടണങ്ങളിലും ആടുകളെ കിടത്തുന്ന ഇടയന്മാർക്ക് ഇനിയും മേച്ചിൽപുറം ഉണ്ടാകും;13മലനാട്ടിലെ പട്ടണങ്ങളിലും താഴ്വീതിയിലെ പട്ടണങ്ങളിലും തെക്കെ പട്ടണങ്ങളിലും ബെന്യാമീൻദേശത്തും യെരൂശലേമിന്റെ ചുറ്റുമുള്ള സ്ഥലങ്ങളിലും യെഹൂദാപട്ടണങ്ങളിലും ആടുകൾ എണ്ണുന്നവന്റെ കൈക്കു കീഴെ ഇനിയും കടന്നുപോകും” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
14“ഞാൻ യിസ്രായേൽ ഗൃഹത്തോടും യെഹൂദാഗൃഹത്തോടും അരുളിച്ചെയ്ത നല്ലവചനം നിവർത്തിക്കുന്ന കാലം വരും” എന്ന് യഹോവയുടെ അരുളപ്പാട്.15ആ നാളുകളിലും ആ കാലത്തും ഞാൻ ദാവീദിന് നീതിയുള്ള ഒരു മുളയെ മുളപ്പിക്കും; അവൻ ദേശത്ത് നീതിയും ന്യായവും നടത്തും.16ആ നാളിൽ യെഹൂദാ രക്ഷിക്കപ്പെടും; യെരൂശലേം നിർഭയമായി വസിക്കും; അതിന് ‘യഹോവ നമ്മുടെ നീതി’ എന്ന് പേര് പറയും”.
17യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേൽ ഗൃഹത്തിന്റെ സിംഹാസനത്തിൽ ഇരിക്കുവാൻ ദാവീദിന് ഒരു പുരുഷൻ ഇല്ലാതെ വരുകയില്ല.18ദിനംപ്രതി ഹോമയാഗം കഴിക്കുവാനും ഭോജനയാഗം ദഹിപ്പിക്കുവാനും ഹനനയാഗം അർപ്പിക്കുവാനും എന്റെ മുമ്പാകെ ലേവ്യ പുരോഹിതന്മാർക്ക് ഒരു പുരുഷൻ ഇല്ലാതെ വരുകയുമില്ല”.
19യിരെമ്യാവിന് യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ:20“യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “തക്കസമയത്തു പകലും രാവും ഇല്ലാതിരിക്കത്തക്കവിധം പകലിനോടുള്ള എന്റെ നിയമവും രാത്രിയോടുള്ള എന്റെ നിയമവും ലംഘിക്കുവാൻ നിങ്ങൾക്കു കഴിയുമെങ്കിൽ,21എന്റെ ദാസനായ ദാവീദിന് അവന്റെ സിംഹാസനത്തിൽ ഇരുന്നു വാഴുവാൻ ഒരു മകൻ ഇല്ലാതെ വരത്തക്കവിധം അവനോടും എന്റെ ശുശ്രൂഷകന്മാരായ ലേവ്യപുരോഹിതന്മാരോടും ഉള്ള എന്റെ നിയമവും ഛേദിക്കപ്പെട്ടേക്കാം.22ആകാശത്തിലെ സൈന്യത്തെ എണ്ണുവാനും കടല്പുറത്തെ മണൽ അളക്കുവാനും കഴിയാത്തതുപോലെ ഞാൻ എന്റെ ദാസനായ ദാവീദിന്റെ സന്തതിയെയും എന്റെ ശുശ്രൂഷകന്മാരായ ലേവ്യരെയും വർദ്ധിപ്പിക്കും.
23യഹോവയുടെ അരുളപ്പാട് യിരെമ്യാവിനുണ്ടായതെന്തെന്നാൽ:24“യഹോവ തിരഞ്ഞെടുത്തിരിക്കുന്ന രണ്ടു വംശങ്ങളെയും അവൻ തള്ളിക്കളഞ്ഞു എന്ന് ഈ ജനം പറയുന്നത് നീ ശ്രദ്ധിക്കുന്നില്ലയോ? ഇങ്ങനെ അവൻ എന്റെ ജനത്തെ ‘അത് ഇനി ഒരു ജനതയല്ല’ എന്നു ദുഷിച്ചു പറയുന്നു”.
25യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; “പകലിനോടും രാത്രിയോടും ഉള്ള എന്റെ നിയമം നിലനില്ക്കുന്നില്ലെങ്കിൽ, ഞാൻ ആകാശത്തിന്റെയും ഭൂമിയുടെയും വ്യവസ്ഥ നിയമിച്ചിട്ടില്ലെങ്കിൽ,26ഞാൻ യാക്കോബിന്റെയും എന്റെ ദാസനായ ദാവീദിന്റെയും സന്തതിയെ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും സന്തതിക്ക് അധിപതിമാരായിരിക്കുവാൻ അവന്റെ സന്തതിയിൽ നിന്ന് ഒരാളെ എടുക്കാത്തവിധം തള്ളിക്കളയും. അവരുടെ പ്രവാസികളെ ഞാൻ മടക്കിവരുത്തുകയും അവരോട് കരുണ കാണിക്കുകയും ചെയ്യും”.


1 33:2 ഭൂമിയെ ‘അതിനെ’ എന്നു പറയുമ്പോൾ വ്യക്തത ഇല്ലാ‍ാത്തതുകൊണ്ടാണ് ഭൂമിയെ എന്നു ചേർത്തത്

34

1ബാബേൽരാജാവായ നെബൂഖദ്നേസരും അവന്റെ സകലസൈന്യവും അവന്റെ ആധിപത്യത്തിൻ കീഴുള്ള സകലഭൂരാജ്യങ്ങളും സകലജനതകളും യെരൂശലേമിനോടും അതിന്റെ എല്ലാപട്ടണങ്ങളോടും യുദ്ധം ചെയ്തുകൊണ്ടിരിക്കുമ്പോൾ, യിരെമ്യാവിന് യഹോവയിങ്കൽനിന്നുണ്ടായ അരുളപ്പാട് എന്തെന്നാൽ:2യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ ചെന്ന്, യെഹൂദാരാജാവായ സിദെക്കീയാവിനോട് പറയേണ്ടതെന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഈ നഗരം ബാബേൽരാജാവിന്റെ കൈയിൽ ഏല്പിക്കും; അവൻ അതിനെ തീ വച്ച് ചുട്ടുകളയും.3നീ അവന്റെ കൈയിൽനിന്ന് രക്ഷപെട്ടുപോകാതെ പിടിപെട്ട് അവന്റെ കൈയിൽ ഏല്പിക്കപ്പെടും; നീ ബാബേൽരാജാവിനെ കണ്ണിൽ കണ്ണിൽ നോക്കുകയും അവൻ മുഖാമുഖമായി നിന്നോടു സംസാരിക്കുകയും നീ ബാബേലിലേക്ക് പോകേണ്ടിവരുകയും ചെയ്യും.

4എങ്കിലും യെഹൂദാരാജാവായ സിദെക്കീയാവേ, യഹോവയുടെ വചനം കേൾക്കുക! നിന്നെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:5“നീ വാളാൽ മരിക്കുകയില്ല; നീ സമാധാനത്തോടെ മരിക്കും; നിനക്കു മുമ്പുണ്ടായിരുന്ന പണ്ടത്തെ രാജാക്കന്മാരായ നിന്റെ പിതാക്കന്മാർക്കു വേണ്ടി സുഗന്ധദഹനം കഴിച്ചതുപോലെ അവർ നിനക്കുവേണ്ടിയും കഴിക്കും; ‘അയ്യോ തമ്പുരാനേ!’ എന്നു ചൊല്ലി അവർ നിന്നെക്കുറിച്ചു വിലപിക്കും; അത് ഞാൻ കല്പിച്ച വചനമല്ലയോ” എന്ന് യഹോവയുടെ അരുളപ്പാട്.
6യിരെമ്യാ പ്രവാചകൻ ഈ വചനങ്ങളെല്ലാം യെരൂശലേമിൽ യെഹൂദാരാജാവായ സിദെക്കീയാവിനോട് പ്രസ്താവിച്ചു.7അന്ന് ബാബേൽരാജാവിന്റെ സൈന്യം യെരൂശലേമിനോടും ലാക്കീശ്, അസെക്കാ എന്നിങ്ങനെ യെഹൂദയിൽ ശേഷിച്ചിരുന്ന എല്ലാപട്ടണങ്ങളോടും യുദ്ധം ചെയ്തുകൊണ്ടിരുന്നു; യെഹൂദാപട്ടണങ്ങളിൽവച്ച് ഉറപ്പുള്ള പട്ടണങ്ങളായി ശേഷിച്ചിരുന്നത് ഇവയത്രേ.

8ആരും തന്റെ സഹോദരനായ ഒരു യെഹൂദനെക്കൊണ്ട് അടിമവേല ചെയ്യിക്കാതെ എബ്രായദാസനെയും എബ്രായദാസിയെയും9സ്വതന്ത്രരായി വിട്ടയയ്ക്കേണ്ടതിന് ഒരു വിമോചനം പ്രസിദ്ധമാക്കണമെന്ന് സിദെക്കീയാരാജാവ് യെരൂശലേമിലെ സകല ജനത്തോടും ഒരു നിയമം ചെയ്തശേഷം, യിരെമ്യാവിന് യഹോവയിങ്കൽനിന്നുണ്ടായ അരുളപ്പാട്.
10ആരും തന്റെ ദാസനെക്കൊണ്ടും ദാസിയെക്കൊണ്ടും ഇനി അടിമവേല ചെയ്യിക്കാതെ അവരെ സ്വതന്ത്രരായി വിട്ടയക്കണമെന്നുള്ള നിയമത്തിൽ ഉൾപ്പെട്ട സകലപ്രഭുക്കന്മാരും സർവ്വജനവും അത് അനുസരിച്ച് അവരെ വിട്ടയച്ചിരുന്നു.11പിന്നീട് അവർ അവരുടെ മനസ്സു മാറ്റി, സ്വതന്ത്രരായി വിട്ടയച്ചിരുന്ന ദാസന്മാരെയും ദാസിമാരെയും മടക്കിവരുത്തി അവരെ വീണ്ടും ദാസീദാസന്മാരാക്കിത്തീർത്തു.
12അതുകൊണ്ട് യിരെമ്യാവിന് യഹോവയിങ്കൽ നിന്ന് അരുളപ്പാട് ഉണ്ടായതെന്തെന്നാൽ:13“യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിങ്ങളുടെ പിതാക്കന്മാരെ അടിമവീടായ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന നാളിൽ അവരോട് ഒരു നിയമം ചെയ്തു:14‘തന്നെത്താൻ നിനക്കു വില്ക്കുകയും ആറുസംവത്സരം നിന്നെ സേവിക്കുകയും ചെയ്ത എബ്രായസഹോദരനെ ഏഴാം സംവത്സരത്തിൽ വിട്ടയയ്ക്കണം; അവനെ സ്വതന്ത്രനായി നിന്റെ അടുക്കൽനിന്ന് വിട്ടയയ്ക്കണം’ എന്ന് കല്പിച്ചിരുന്നു; എങ്കിലും നിങ്ങളുടെ പിതാക്കന്മാർ എന്റെ കല്പന അനുസരിച്ചില്ല, ശ്രദ്ധിച്ചതുമില്ല.
15നിങ്ങളോ ഇന്ന് തിരിഞ്ഞ് ഓരോരുത്തൻ തന്റെ കൂട്ടുകാരനു വിമോചനം പ്രസിദ്ധമാക്കിയതിനാൽ എനിക്ക് ഹിതമായത് പ്രവർത്തിച്ച്, എന്റെ നാമം വിളിച്ചിരിക്കുന്ന ആലയത്തിൽവച്ച് എന്റെ മുമ്പാകെ ഒരു നിയമം ചെയ്തു.16എങ്കിലും നിങ്ങൾ മനസ്സു മാറ്റി, എന്റെ നാമത്തെ അശുദ്ധമാക്കി ഓരോരുത്തൻ വിമോചനം കൊടുത്ത് അയച്ചിരുന്ന ദാസനെയും ദാസിയെയും തന്റെ ഇഷ്ടം പോലെ മടക്കിവരുത്തി ദാസീദാസന്മാരാക്കിയിരിക്കുന്നു.
17അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഓരോരുത്തൻ താന്താന്റെ സഹോദരനും കൂട്ടുകാരനും വിമോചനം പ്രസിദ്ധമാക്കുവാൻ തക്കവിധം നിങ്ങൾ എന്റെ വാക്കു കേട്ടില്ലല്ലോ; ഇതാ, ഞാൻ ഒരു വിമോചനം പ്രസിദ്ധമാക്കുന്നു; അത് വാളിനും മഹാമാരിക്കും ക്ഷാമത്തിനുമത്രേ; ഭൂമിയിലെ സകലരാജ്യങ്ങളിലും ഞാൻ നിങ്ങളെ ഭീതിവിഷയമാക്കിത്തീർക്കും എന്ന് യഹോവയുടെ അരുളപ്പാട്”.18“കാളക്കുട്ടിയെ രണ്ടായി പിളർന്ന് അതിന്റെ പിളർപ്പുകളുടെ നടുവെ കടന്നുകൊണ്ട് എന്റെ മുമ്പാകെ ചെയ്ത നിയമത്തിലെ സംഗതികൾ നിവർത്തിക്കാതെ എന്റെ നിയമം ലംഘിച്ചിരിക്കുന്നവരെ,19കാളക്കുട്ടിയുടെ പിളർപ്പുകളുടെ നടുവെ കടന്നുപോയ യെഹൂദാപ്രഭുക്കന്മാരെയും യെരൂശലേംപ്രഭുക്കന്മാരെയും ഷണ്ഡന്മാരെയും പുരോഹിതന്മാരെയും ദേശത്തിലെ സകലജനത്തെയും തന്നെ, ഞാൻ ഏല്പിക്കും.
20അവരുടെ ശത്രുക്കളുടെ കൈയിലും അവർക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കൈയിലും ഞാൻ അവരെ ഏല്പിക്കും; അവരുടെ ശവങ്ങൾ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇരയായിത്തീരും.21യെഹൂദാരാജാവായ സിദെക്കീയാവിനെയും അവന്റെ പ്രഭുക്കന്മാരെയും ഞാൻ അവരുടെ ശത്രുക്കളുടെ കൈയിലും അവർക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കൈയിലും നിങ്ങളെ വിട്ടുപോയിരിക്കുന്ന ബാബേൽരാജാവിന്റെ സൈന്യത്തിന്റെ കൈയിലും ഏല്പിക്കും.22ഞാൻ കല്പിച്ച് അവരെ ഈ നഗരത്തിലേക്കു മടക്കി വരുത്തും; അവർ അതിനെ യുദ്ധം ചെയ്തു പിടിച്ച് തീ വച്ച് ചുട്ടുകളയും; ഞാൻ യെഹൂദാപട്ടണങ്ങളെ നിവാസികളില്ലാതെ ശൂന്യമാക്കും” എന്ന് യഹോവയുടെ അരുളപ്പാട്.

35

1യോശീയാവിന്റെ മകൻ യെഹൂദാരാജാവായ യെഹോയാക്കീമിന്റെ കാലത്ത് യിരെമ്യാവിന് യഹോവയിങ്കൽ നിന്നുണ്ടായ അരുളപ്പാട് എന്തെന്നാൽ:2നീ രേഖാബ്യഗൃഹത്തിൽ ചെന്ന്, അവരോടു സംസാരിച്ച് അവരെ യഹോവയുടെ ആലയത്തിന്റെ ഒരു മുറിയിൽ കൊണ്ടുവന്ന് അവർക്ക് വീഞ്ഞുകുടിക്കുവാൻ കൊടുക്കുക.

3അങ്ങനെ ഞാൻ ഹബസിന്യാവിന്റെ മകനായ യിരെമ്യാവിന്റെ മകൻ യയസന്യാവിനെയും അവന്റെ സഹോദരന്മാരെയും അവന്റെ സകലപുത്രന്മാരെയും രേഖാബ്യഗൃഹത്തെ മുഴുവൻ കൂട്ടി4യഹോവയുടെ ആലയത്തിൽ പ്രഭുക്കന്മാരുടെ മുറിക്കരികിൽ ശല്ലൂമിന്റെ മകനായ വാതിൽക്കാവല്ക്കാരൻ മയസേയാവിന്റെ മുറിക്കു മീതെ ഇഗ്ദല്യാവിന്റെ മകനും ദൈവപുരുഷനുമായ ഹാനാന്റെ പുത്രന്മാരുടെ മുറിയിൽ കൊണ്ടുവന്നു.
5പിന്നെ ഞാൻ, രേഖാബ്യഗൃഹക്കാരുടെ മുമ്പിൽ വീഞ്ഞു നിറച്ച കുടങ്ങളും പാനപാത്രങ്ങളും വച്ച് അവരോട്: “വീഞ്ഞു കുടിക്കുവിൻ” എന്ന് പറഞ്ഞു.6അതിന് അവർ പറഞ്ഞത്: “ഞങ്ങൾ വീഞ്ഞു കുടിക്കുകയില്ല; രേഖാബിന്റെ മകൻ ഞങ്ങളുടെ പിതാവായ യോനാദാബ് ഞങ്ങളോട്: ‘നിങ്ങൾ ചെന്നു പാർക്കുന്ന ദേശത്ത് ദീർഘായുസ്സോടെ ഇരിക്കേണ്ടതിന്7നിങ്ങളും നിങ്ങളുടെ മക്കളും ഒരിക്കലും വീഞ്ഞു കുടിക്കരുത്; വീടു പണിയരുത്; വിത്തു വിതയ്ക്കരുത്; മുന്തിരിത്തോട്ടം ഉണ്ടാക്കരുത്; ഈവക ഒന്നും നിങ്ങൾക്കുണ്ടാകുകയും അരുത്; നിങ്ങൾ ജീവപര്യന്തം കൂടാരങ്ങളിൽ വസിക്കണം എന്നിങ്ങനെ കല്പിച്ചിരിക്കുന്നു.
8അങ്ങനെ ഞങ്ങളും ഭാര്യമാരും പുത്രന്മാരും പുത്രിമാരും ഞങ്ങളുടെ ജീവകാലത്ത് ഒരിക്കലും വീഞ്ഞു കുടിക്കുകയോ9താമസിക്കുവാൻ വീടു പണിയുകയോ ചെയ്യാതെ രേഖാബിന്റെ മകൻ ഞങ്ങളുടെ പിതാവായ യോനാദാബ് ഞങ്ങളോടു കല്പിച്ച സകലത്തിലും അവന്റെ വാക്ക് കേട്ടനുസരിച്ചുവരുന്നു; ഞങ്ങൾക്ക് മുന്തിരിത്തോട്ടവും വയലും വിത്തും ഇല്ല.10ഞങ്ങൾ കൂടാരങ്ങളിൽ വസിച്ച്, ഞങ്ങളുടെ പിതാവായ യോനാദാബ് ഞങ്ങളോടു കല്പിച്ചതുപോലെ എല്ലാം അനുസരിച്ചു നടക്കുന്നു.11എന്നാൽ ബാബേൽരാജാവായ നെബൂഖദ്നേസർ ദേശത്തെ ആക്രമിച്ചപ്പോൾ ഞങ്ങൾ: ‘വരുവിൻ, കല്ദയരുടെയും അരാമ്യരുടെയും സൈന്യത്തിന്റെ മുമ്പിൽനിന്ന് നമുക്ക് യെരൂശലേമിലേക്ക് പോയ്ക്കളയാം’ എന്ന് പറഞ്ഞു; അങ്ങനെ ഞങ്ങൾ യെരൂശലേമിൽ താമസിച്ചുവരുന്നു”.
12അപ്പോൾ യഹോവയുടെ അരുളപ്പാട് യിരെമ്യാവിനുണ്ടായതെന്തെന്നാൽ:13“യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ ചെന്ന് യെഹൂദാപുരുഷന്മാരോടും യെരൂശലേം നിവാസികളോടും പറയേണ്ടത്: “എന്റെ വചനങ്ങൾ അനുസരിക്കേണ്ടതിന് നിങ്ങൾ പ്രബോധനം കൈക്കൊള്ളുന്നില്ലയോ?” എന്ന് യഹോവയുടെ അരുളപ്പാട്.14“രേഖാബിന്റെ മകനായ യോനാദാബ് തന്റെ പുത്രന്മാരോട് വീഞ്ഞു കുടിക്കരുതെന്നു കല്പിച്ചത് അവർ അനുസരിക്കുന്നു; അവർ പിതാവിന്റെ കല്പന പ്രമാണിച്ച് ഇന്നുവരെ വീഞ്ഞ് കുടിക്കാതെ ഇരിക്കുന്നു; എന്നാൽ ഞാൻ ഇടവിടാതെ നിങ്ങളോടു സംസാരിച്ചിട്ടും നിങ്ങൾ എന്നെ അനുസരിച്ചിട്ടില്ല.
15നിങ്ങൾ ഓരോരുത്തൻ അവനവന്റെ ദുർമ്മാർഗ്ഗം വിട്ടുതിരിഞ്ഞ് നിങ്ങളുടെ പ്രവൃത്തികൾ നല്ലതാക്കുവിൻ; അന്യദേവന്മാരോടു ചേർന്ന് അവരെ സേവിക്കരുത്; അപ്പോൾ ഞാൻ നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും തന്ന ദേശത്ത് നിങ്ങൾ വസിക്കും എന്നിങ്ങനെ പ്രവാചകന്മാരായ എന്റെ സകലദാസന്മാരെയും ഞാൻ ഇടവിടാതെ നിങ്ങളുടെ അടുക്കൽ അയച്ചു പറയിച്ചിട്ടും നിങ്ങൾ ചെവി ചായിക്കുകയോ എന്റെ വാക്കു കേട്ടനുസരിക്കുകയോ ചെയ്തിട്ടില്ല.16രേഖാബിന്റെ മകനായ യോനാദാബിന്റെ പുത്രന്മാർ അവരുടെ പിതാവ് കല്പിച്ച കല്പന പ്രമാണിച്ചിരിക്കുന്നു; ഈ ജനമോ, എന്റെ വാക്ക് കേട്ടനുസരിച്ചിട്ടില്ല”.
17അതുകൊണ്ട് യിസ്രായേലിന്റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ പറഞ്ഞിട്ടും അവർ കേൾക്കുകയോ വിളിച്ചിട്ടും അവർ ഉത്തരം പറയുകയോ ചെയ്യായ്കയാൽ, ഞാൻ യെഹൂദയുടെ മേലും യെരൂശലേമിലെ സകലനിവാസികളുടെ മേലും ഞാൻ അവർക്കു വിധിച്ചിരിക്കുന്ന അനർത്ഥമെല്ലാം വരുത്തും”.
18പിന്നെ യിരെമ്യാവ് രേഖാബ്യഗൃഹത്തോടു പറഞ്ഞത്: “യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. “നിങ്ങൾ നിങ്ങളുടെ പിതാവായ യോനാദാബിന്റെ കല്പന പ്രമാണിച്ച് അവന്റെ ആജ്ഞ സകലവും അനുസരിച്ച് അവൻ കല്പിച്ചതുപോലെ എല്ലാം ചെയ്തിരിക്കുകകൊണ്ട്,19എന്റെ മുമ്പാകെ നില്ക്കുവാൻ രേഖാബിന്റെ മകനായ യോനാദാബിന് ഒരു പുരുഷൻ ഒരിക്കലും ഇല്ലാതെ വരുകയില്ല” എന്ന് യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.

36

1യോശീയാവിന്റെ മകൻ യെഹൂദാരാജാവായ യെഹോയാക്കീമിന്റെ നാലാം ആണ്ടിൽ യഹോവയിങ്കൽനിന്ന് യിരെമ്യാവിന് ഇപ്രകാരം അരുളപ്പാടുണ്ടായി:2“നീ ഒരു പുസ്തകച്ചുരുൾ വാങ്ങി ഞാൻ യോശീയാവിന്റെ കാലത്തു നിന്നോടു സംസാരിച്ചുതുടങ്ങിയ നാൾമുതൽ ഇന്നുവരെയും യിസ്രായേലിനെയും യെഹൂദയെയും സകലജനതകളെയുംകുറിച്ച് ഞാൻ നിന്നോട് അരുളിച്ചെയ്ത വചനങ്ങളെല്ലാം അതിൽ എഴുതുക.3ഒരുപക്ഷേ, യെഹൂദാഗൃഹം ഞാൻ അവർക്കു വരുത്തുവാൻ പോകുന്ന സകല അനർത്ഥത്തെയും കുറിച്ചു കേട്ടിട്ട് ഓരോരുത്തൻ അവനവന്റെ ദുർമ്മാർഗ്ഗം വിട്ടുതിരിയുവാനും ഞാൻ അവരുടെ അകൃത്യവും പാപവും ക്ഷമിക്കുവാനും ഇടവരും”.

4അങ്ങനെ യിരെമ്യാവ് നേര്യാവിന്റെ മകൻ ബാരൂക്കിനെ വിളിച്ചു; യഹോവ യിരെമ്യാവിനോട് അരുളിച്ചെയ്ത സകലവചനങ്ങളും അവന്റെ വാമൊഴിപ്രകാരം ബാരൂക്ക് ഒരു പുസ്തകച്ചുരുളിൽ എഴുതി.5യിരെമ്യാവ് ബാരൂക്കിനോടു കല്പിച്ചത്: “ഞാൻ തടവിലാക്കപ്പെട്ടിരിക്കുന്നു; എനിക്കു യഹോവയുടെ ആലയത്തിൽ പോകുവാൻ കഴിവില്ല.6ആകയാൽ നീ ചെന്ന് എന്റെ വാമൊഴികേട്ട് എഴുതിയ ചുരുളിൽനിന്ന് യഹോവയുടെ വചനങ്ങളെ യഹോവയുടെ ആലയത്തിൽ ഉപവാസദിവസത്തിൽ തന്നെ ജനം കേൾക്കെ വായിക്കുക; അതതു പട്ടണങ്ങളിൽനിന്നു വരുന്ന എല്ലാ യെഹൂദയും കേൾക്കെ നീ അത് വായിക്കണം.
7ഒരുപക്ഷേ അവർ യഹോവയുടെ മുമ്പിൽ വീണ് അപേക്ഷിച്ചുകൊണ്ട് ഓരോരുത്തൻ അവനവന്റെ ദുർമ്മാർഗ്ഗം വിട്ടുതിരിയും; യഹോവ ഈ ജനത്തിനു വിധിച്ചിരിക്കുന്ന കോപവും ക്രോധവും വലിയതാണല്ലോ”.8യിരെമ്യാപ്രവാചകൻ തന്നോടു കല്പിച്ചതുപോലെയെല്ലാം നേര്യാവിന്റെ മകനായ ബാരൂക്ക് ചെയ്തു; യഹോവയുടെ ആലയത്തിൽവച്ച് ആ പുസ്തകത്തിൽനിന്ന് യഹോവയുടെ വചനങ്ങൾ വായിച്ചു കേൾപ്പിച്ചു.
9യോശീയാവിന്റെ മകൻ യെഹൂദാരാജാവായ യെഹോയാക്കീമിന്റെ അഞ്ചാം ആണ്ടിൽ, ഒമ്പതാം മാസത്തിൽ, അവർ യെരൂശലേമിലെ സകല ജനത്തിനും യെഹൂദാപട്ടണങ്ങളിൽനിന്ന് യെരൂശലേമിൽ വന്ന സകലജനത്തിനും യഹോവയുടെ മുമ്പാകെ ഒരു ഉപവാസം പ്രസിദ്ധമാക്കി,10അപ്പോൾ ബാരൂക്ക് യഹോവയുടെ ആലയത്തിൽ, യഹോവയുടെ ആലയത്തിന്റെ പുതിയ വാതിലിന്റെ പ്രവേശനത്തിങ്കൽ, മുകളിലെ മുറ്റത്ത്, രായസക്കാരനായ ശാഫാന്റെ മകൻ ഗെമര്യാവിന്റെ മുറിയിൽ വച്ച് ആ പുസ്തകത്തിൽനിന്ന് യിരെമ്യാവിന്റെ വചനങ്ങൾ സകല ജനത്തെയും വായിച്ചു കേൾപ്പിച്ചു.
11ശാഫാന്റെ മകനായ ഗെമര്യാവിന്റെ മകൻ മീഖായാവ് യഹോവയുടെ വചനങ്ങളെല്ലാം പുസ്തകത്തിൽനിന്ന് വായിച്ചു കേട്ടപ്പോൾ12അവൻ രാജഗൃഹത്തിൽ രായസക്കാരന്റെ മുറിയിൽ ചെന്നു; അവിടെ സകലപ്രഭുക്കന്മാരും ഇരുന്നിരുന്നു; രായസക്കാരൻ എലീശാമായും ശെമയ്യാവിന്റെ മകൻ ദെലായാവും അഖ്ബോരിന്റെ മകൻ എൽനാഥാനും ശാഫാന്റെ മകൻ ഗെമര്യാവും ഹനന്യാവിന്റെ മകൻ സിദെക്കീയാവും ശേഷം പ്രഭുക്കന്മാരും തന്നെ.
13ബാരൂക്ക് ജനത്തെ പുസ്തകം വായിച്ചുകേൾപ്പിച്ചപ്പോൾ, താൻ കേട്ടിരുന്ന വചനങ്ങളെല്ലാം മീഖായാവ് അവരോടു പ്രസ്താവിച്ചു.14അപ്പോൾ സകലപ്രഭുക്കന്മാരും കൂശിയുടെ മകനായ ശെലെമ്യാവിന്റെ മകനായ നഥന്യാവിന്റെ മകൻ യെഹൂദിയെ ബാരൂക്കിന്റെ അടുക്കൽ അയച്ചു: “നീ ജനത്തെ വായിച്ചുകേൾപ്പിച്ച പുസ്തകച്ചുരുൾ എടുത്തുകൊണ്ടു വരുക” എന്നു പറയിച്ചു; അങ്ങനെ നേര്യാവിന്റെ മകൻ ബാരൂക്ക് പുസ്തകച്ചുരുൾ എടുത്തുകൊണ്ട് അവരുടെ അടുക്കൽ വന്നു.15അവർ അവനോട്: “ഇവിടെ ഇരുന്ന് അത് വായിച്ചുകേൾപ്പിക്കുക” എന്നു പറഞ്ഞു; ബാരൂക്ക് വായിച്ചുകേൾപ്പിച്ചു.
16ആ വചനങ്ങളെല്ലാം കേട്ടപ്പോൾ അവർ ഭയപ്പെട്ട് തമ്മിൽ തമ്മിൽ നോക്കി, ബാരൂക്കിനോട്: “ഈ വചനങ്ങളെല്ലാം ഞങ്ങൾ രാജാവിനെ അറിയിക്കും” എന്ന് പറഞ്ഞു.17“നീ ഈ വചനങ്ങളെല്ലാം എങ്ങനെയാകുന്നു എഴുതിയത്? അവൻ പറഞ്ഞുതന്നിട്ടോ? ഞങ്ങളോടു പറയുക” എന്ന് അവർ ബാരൂക്കിനോടു ചോദിച്ചു.18ബാരൂക്ക് അവരോട്: “അവൻ ഈ വചനങ്ങളെല്ലാം പറഞ്ഞുതന്നു; ഞാൻ മഷികൊണ്ട് പുസ്തകത്തിൽ എഴുതി” എന്നുത്തരം പറഞ്ഞു.19അപ്പോൾ പ്രഭുക്കന്മാർ ബാരൂക്കിനോട്: “പോയി നീയും യിരെമ്യാവും കൂടി ഒളിച്ചുകൊള്ളുക; നിങ്ങൾ എവിടെയാണെന്ന് ആരും അറിയരുത്” എന്നു പറഞ്ഞു.
20അനന്തരം അവർ പുസ്തകച്ചുരുൾ രായസക്കാരനായ എലീശാമയുടെ മുറിയിൽ വച്ചശേഷം, അരമനയിൽ രാജാവിന്റെ അടുക്കൽ ചെന്ന് ആ വചനങ്ങളെല്ലാം രാജാവിനെ ബോധിപ്പിച്ചു.21രാജാവ് ചുരുൾ എടുത്തുകൊണ്ടു വരുവാൻ യെഹൂദിയെ അയച്ചു; അവൻ രായസക്കാരനായ എലീശാമയുടെ മുറിയിൽനിന്ന് അതെടുത്തു കൊണ്ടുവന്നു; യെഹൂദി അത് രാജാവിനെയും രാജാവിന്റെ ചുറ്റും നില്ക്കുന്ന സകലപ്രഭുക്കന്മാരെയും വായിച്ചു കേൾപ്പിച്ചു.22ഒമ്പതാം മാസത്തിലെ ആ ദിവസം രാജാവ് ഹേമന്തഗൃഹത്തിൽ ഇരിക്കുകയായിരുന്നു; അവന്റെ മുമ്പാകെ നെരിപ്പോട്ടിൽ തീ കത്തിക്കൊണ്ടിരുന്നു.
23യെഹൂദി മൂന്നു നാലു ഭാഗം വായിച്ചുകഴിഞ്ഞപ്പോൾ രാജാവ് എഴുത്തുകാരന്റെ ഒരു കത്തികൊണ്ട് അത് മുറിച്ച് ചുരുൾ മുഴുവനും നെരിപ്പോട്ടിലെ തീയിൽ വെന്തുപോകുംവരെ നെരിപ്പോട്ടിൽ ഇട്ടുകൊണ്ടിരുന്നു.24രാജാവോ, ആ വചനങ്ങളെല്ലാം കേട്ട ഭൃത്യന്മാരിൽ ആരെങ്കിലുമോ, ഭയപ്പെടുകയോ വസ്ത്രം കീറുകയോ ചെയ്തില്ല.
25“ചുരുൾ ചുട്ടുകളയരുതേ” എന്ന് എൽനാഥാനും ദെലായാവും ശെമര്യാവും രാജാവിനോട് അപേക്ഷിച്ചു എങ്കിലും അവൻ അവരുടെ അപേക്ഷ കേട്ടില്ല.26അനന്തരം ബാരൂക്ക് എന്ന എഴുത്തുകാരനെയും യിരെമ്യാപ്രവാചകനെയും പിടിക്കുവാൻ രാജാവ് രാജകുമാരനായ യെരഹ്മെയേലിനോടും അസ്രീയേലിന്റെ മകനായ സെരായാവിനോടും അബ്ദേലിന്റെ മകനായ ശെലെമ്യാവിനോടും കല്പിച്ചു; എന്നാൽ യഹോവ അവരെ ഒളിപ്പിച്ചു.
27ചുരുളും ബാരൂക്ക് യിരെമ്യാവിന്റെ വാമൊഴിപ്രകാരം എഴുതിയിരുന്ന വചനങ്ങളും രാജാവ് ചുട്ടുകളഞ്ഞശേഷം, യഹോവയുടെ അരുളപ്പാട് യിരെമ്യാവിനുണ്ടായി:28“നീ മറ്റൊരു ചുരുൾ വാങ്ങി യെഹൂദാരാജാവായ യെഹോയാക്കീം ചുട്ടുകളഞ്ഞ മുമ്പിലത്തെ ചുരുളിൽ ഉണ്ടായിരുന്ന സകല വചനങ്ങളും അതിൽ എഴുതുക.29എന്നാൽ യെഹൂദാരാജാവായ യെഹോയാക്കീമിനോട് നീ പറയേണ്ടത്: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ബാബേൽരാജാവ് വന്ന് ഈ ദേശത്തെ നശിപ്പിച്ച്, മനുഷ്യനെയും മൃഗത്തെയും നശിപ്പിച്ചുകളയും എന്നു നീ അതിൽ എഴുതിയത് എന്തിന്’ എന്നു പറഞ്ഞ് നീ ആ ചുരുൾ ചുട്ടുകളഞ്ഞുവല്ലോ.
30അതുകൊണ്ട് യെഹൂദാരാജാവായ യെഹോയാക്കീമിനെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവന് ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുവാൻ ഒരുത്തനും ഉണ്ടാവുകയില്ല; അവന്റെ ശവം പകൽ വെയിലും രാത്രിയിൽ മഞ്ഞും ഏല്ക്കുവാൻ എറിഞ്ഞുകളയും.31ഞാൻ അവനെയും അവന്റെ സന്തതിയെയും ഭൃത്യന്മാരെയും അവരുടെ അകൃത്യംനിമിത്തം സന്ദർശിക്കും; അവർക്കും യെരൂശലേം നിവാസികൾക്കും യെഹൂദാപുരുഷന്മാർക്കും വരുത്തുമെന്ന് ഞാൻ വിധിച്ചതും അവർ ശ്രദ്ധിക്കാത്തതുമായ സകല അനർത്ഥങ്ങളും ഞാൻ അവർക്കു വരുത്തും”.
32അങ്ങനെ യിരെമ്യാവ് മറ്റൊരു ചുരുൾ എടുത്ത് നേര്യാവിന്റെ മകൻ ബാരൂക്ക് എന്ന എഴുത്തുകാരന്റെ കൈയിൽ കൊടുത്തു; അവൻ യെഹൂദാരാജാവായ യെഹോയാക്കീം തീയിൽ ഇട്ടു ചുട്ടുകളഞ്ഞ പുസ്തകത്തിലെ വചനങ്ങളെല്ലാം യിരെമ്യാവിന്റെ വാമൊഴിപ്രകാരം അതിൽ എഴുതി; അതുപോലെയുള്ള അനേകം വചനങ്ങളും ചേർത്തെഴുതുവാൻ സംഗതിവന്നു.

37

1യെഹോയാക്കീമിന്റെ മകനായ കൊന്യാവിനു പകരം യോശീയാവിന്റെ മകനായ സിദെക്കീയാവ് രാജാവായി; അവനെ ബാബേൽരാജാവായ നെബൂഖദ്നേസർ യെഹൂദാദേശത്ത് രാജാവാക്കിയിരുന്നു.2എന്നാൽ അവനോ അവന്റെ ഭൃത്യന്മാരോ ദേശത്തിലെ ജനമോ യിരെമ്യാപ്രവാചകൻ മുഖാന്തരം യഹോവ അരുളിച്ചെയ്ത വചനങ്ങൾ കേട്ടനുസരിച്ചില്ല.

3സിദെക്കീയാരാജാവ് ശെലെമ്യാവിന്റെ മകനായ യെഹൂഖലിനെയും മയസേയാവിന്റെ മകനായ സെഫന്യാപുരോഹിതനെയും യിരെമ്യാപ്രവാചകന്റെ അടുക്കൽ അയച്ചു: “നീ നമ്മുടെ ദൈവമായ യഹോവയോട് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം” എന്ന് പറയിച്ചു.4യിരെമ്യാവ് ജനത്തിന്റെ ഇടയിൽ വരുകയും പോവുകയും ചെയ്യുന്നുണ്ടായിരുന്നു; അവനെ തടവിലാക്കിയിരുന്നില്ല.5‘ഫറവോന്റെ സൈന്യം ഈജിപ്റ്റിൽനിന്നു പുറപ്പെട്ടു’ എന്ന വർത്തമാനം യെരൂശലേമിനെ നിരോധിച്ചുപാർത്തിരുന്ന കല്ദയർ കേട്ടപ്പോൾ അവർ യെരൂശലേം വിട്ടുപോയി.
6അന്ന് യിരെമ്യാപ്രവാചകന് യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:7“യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അരുളപ്പാട് ചോദിക്കുവാൻ നിങ്ങളെ എന്റെ അടുക്കൽ അയച്ച യെഹൂദാരാജാവിനോട് നിങ്ങൾ പറയേണ്ടത്: “നിങ്ങൾക്കു സഹായത്തിനായി പുറപ്പെട്ടിരിക്കുന്ന ഫറവോന്റെ സൈന്യം അവരുടെ ദേശമായ ഈജിപ്റ്റിലേക്ക് മടങ്ങിപ്പോകും.8കല്ദയരോ മടങ്ങിവന്ന് ഈ നഗരത്തോടു യുദ്ധം ചെയ്ത് അതിനെ പിടിച്ച് തീ വച്ച് ചുട്ടുകളയും.
9യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘കല്ദയർ തീർച്ചയായും നമ്മെ വിട്ടുപോകും’ എന്നു പറഞ്ഞ് നിങ്ങളെത്തന്നെ വഞ്ചിക്കരുത്; അവർ വിട്ടുപോകുകയില്ല.10നിങ്ങളോടു യുദ്ധം ചെയ്യുന്ന കല്ദയരുടെ സർവ്വ സൈന്യത്തെയും നിങ്ങൾ തോല്പിക്കുകയും, മുറിവേറ്റ ചിലർ മാത്രം ശേഷിച്ചിരിക്കുകയും ചെയ്താലും, അവർ ഓരോരുത്തൻ അവനവന്റെ കൂടാരത്തിൽ നിന്ന് എഴുന്നേറ്റുവന്ന് ഈ നഗരത്തെ തീവച്ച് ചുട്ടുകളയും”.

11ഫറവോന്റെ സൈന്യംനിമിത്തം കല്ദയരുടെ സൈന്യം യെരൂശലേം വിട്ടുപോയപ്പോൾ12യിരെമ്യാവ് ബെന്യാമീൻദേശത്തു ചെന്ന് സ്വജനത്തിന്റെ ഇടയിൽ തന്റെ ഓഹരി വാങ്ങുവാൻ യെരൂശലേമിൽനിന്നു പുറപ്പെട്ടു.13അവൻ ബെന്യാമീൻവാതില്ക്കൽ എത്തിയപ്പോൾ, അവിടത്തെ കാവല്ക്കാരുടെ അധിപതിയായി ഹനന്യാവിന്റെ മകനായ ശെലെമ്യാവിന്റെ മകൻ യിരീയാവ് എന്നു പേരുള്ളവൻ യിരെമ്യാപ്രവാചകനെ പിടിച്ച്: “നീ കല്ദയരുടെ പക്ഷം ചേരുവാൻ പോകുന്നു” എന്നു പറഞ്ഞു.
14അതിന് യിരെമ്യാവ്: “അത് നേരല്ല, ഞാൻ കല്ദയരുടെ പക്ഷം ചേരുവാനല്ല പോകുന്നത്” എന്ന് പറഞ്ഞു; യിരീയാവ് അതു ശ്രദ്ധിക്കാതെ യിരെമ്യാവിനെ പിടിച്ച് പ്രഭുക്കന്മാരുടെ അടുക്കൽ കൊണ്ടുചെന്നു.15പ്രഭുക്കന്മാർ യിരെമ്യാവിനോട് കോപിച്ച്, അവനെ അടിച്ച് രായസക്കാരനായ യോനാഥാന്റെ വീട്ടിൽ തടവിൽ വച്ചു; അതിനെ അവർ കാരാഗൃഹമാക്കിയിരുന്നു.
16അങ്ങനെ യിരെമ്യാവിന് കുണ്ടറയിലെ നിലവറകളിൽ വളരെനാൾ പാർക്കേണ്ടിവന്നു.17അനന്തരം സിദെക്കീയാരാജാവ് ആളയച്ച് അവനെ വരുത്തി: “യഹോവയിങ്കൽനിന്ന് വല്ല അരുളപ്പാടും ഉണ്ടോ” എന്ന് രാജാവ് അരമനയിൽവച്ച് അവനോടു രഹസ്യമായി ചോദിച്ചു; അതിന് യിരെമ്യാവ്: “ഉണ്ട്; നീ ബാബേൽരാജാവിന്റെ കൈയിൽ ഏല്പിക്കപ്പെടും” എന്ന് പറഞ്ഞു.
18പിന്നെ യിരെമ്യാവ് സിദെക്കീയാരാജാവിനോട് പറഞ്ഞത്: “നിങ്ങൾ എന്നെ കാരാഗൃഹത്തിൽ ആക്കുവാൻ തക്കവണ്ണം ഞാൻ നിന്നോടോ നിന്റെ ഭൃത്യന്മാരോടോ ഈ ജനത്തോടോ എന്തു കുറ്റം ചെയ്തു?19‘ബാബേൽരാജാവ് നിങ്ങളുടെ നേരെയും ഈ ദേശത്തിന്റെ നേരെയും വരുകയില്ല’ എന്ന് നിങ്ങളോടു പ്രവചിച്ച നിങ്ങളുടെ പ്രവാചകന്മാർ ഇപ്പോൾ എവിടെ?20ആകയാൽ യജമാനനായ രാജാവേ, കേൾക്കണമേ! എന്റെ അപേക്ഷ തിരുമനസ്സുകൊണ്ട് കൈക്കൊള്ളണമേ! ഞാൻ രായസക്കാരനായ യോനാഥാന്റെ വീട്ടിൽ കിടന്ന് മരിക്കാതെയിരിക്കേണ്ടതിന് എന്നെ വീണ്ടും അവിടെ അയയ്ക്കരുതേ”.
21അപ്പോൾ സിദെക്കീയാരാജാവ്: യിരെമ്യാവിനെ കാവൽപ്പുരമുറ്റത്ത് ഏല്പിക്കുവാനും നഗരത്തിൽ ആഹാരം തീരെ ഇല്ലാതാകുംവരെ അപ്പക്കാരുടെ തെരുവിൽനിന്ന് ദിവസംപ്രതി ഓരോ അപ്പം അവന് കൊടുക്കുവാനും കല്പിച്ചു. അങ്ങനെ യിരെമ്യാവ് കാവൽപ്പുരമുറ്റത്ത് പാർത്തു.

38

1യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഈ നഗരത്തിൽ വസിക്കുന്നവൻ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; കല്ദയരുടെ അടുക്കൽ ചെന്നു ചേരുന്നവനോ ജീവനോടെയിരിക്കും; അവന്റെ ജീവൻ അവന് കൊള്ളകിട്ടിയതുപോലെ ആയിരിക്കും; അവൻ ജീവനോടിരിക്കും” എന്നും യഹോവ അരുളിച്ചെയ്യുന്നു:2“ഈ നഗരം നിശ്ചയമായി ബാബേൽരാജാവിന്റെ സൈന്യത്തിന്റെ കൈയിൽ ഏല്പിക്കപ്പെടും; അവൻ അതിനെ പിടിക്കും” എന്നും3യിരെമ്യാവ് സകല ജനത്തോടും പ്രസ്താവിച്ച വചനങ്ങൾ മത്ഥാന്റെ മകനായ ശെഫത്യാവും പശ്ഹൂരിന്റെ മകനായ ഗെദല്യാവും ശെലെമ്യാവിന്റെ മകനായ യൂഖലും മല്ക്കീയാവിന്റെ മകനായ പശ്ഹൂരും കേട്ട്,

4പ്രഭുക്കന്മാർ രാജാവിനോട്: “ഈ മനുഷ്യൻ നഗരത്തിൽ ശേഷിച്ചിരിക്കുന്ന പടയാളികൾക്കും സർവ്വജനത്തിനും ഇങ്ങനെയുള്ള വാക്കു പറഞ്ഞ് ധൈര്യക്ഷയം വരുത്തുന്നതുകൊണ്ട് അവനെ കൊന്നുകളയണമേ; ഈ മനുഷ്യൻ ഈ ജനത്തിന്റെ നന്മയല്ല തിന്മയത്രേ ആഗ്രഹിക്കുന്നത്” എന്ന് പറഞ്ഞു.5സിദെക്കീയാരാജാവ്: “ഇതാ, അവൻ നിങ്ങളുടെ കൈയിൽ ഇരിക്കുന്നു; നിങ്ങൾക്കു വിരോധമായി ഒന്നും ചെയ്യുവാൻ രാജാവിനു കഴിവില്ലല്ലോ” എന്ന് പറഞ്ഞു.
6അവർ യിരെമ്യാവിനെ പിടിച്ച് കാവൽപ്പുരമുറ്റത്ത് രാജകുമാരനായ മല്ക്കീയാവിന്റെ കുഴിയിൽ ഇറക്കി; കയറുകൊണ്ടായിരുന്നു അവർ യിരെമ്യാവിനെ ഇറക്കിയത്; കുഴിയിൽ ചെളിയല്ലാതെ വെള്ളമില്ലായിരുന്നു; യിരെമ്യാവ് ചെളിയിൽ താണു.
7അവർ യിരെമ്യാവിനെ കുഴിയിൽ ഇട്ടുകളഞ്ഞു എന്ന് രാജഗൃഹത്തിൽ ഉണ്ടായിരുന്ന കൂശ്യനായ ഏബെദ്--മേലെക്ക് എന്ന ഷണ്ഡൻ കേട്ടു; അന്ന് രാജാവ് ബെന്യാമീൻവാതില്ക്കൽ ഇരിക്കുകയായിരുന്നു.8ഏബെദ്-മേലെക്ക് രാജഗൃഹത്തിൽനിന്ന് ഇറങ്ങിച്ചെന്നു രാജാവിനോട് ഇപ്രകാരം സംസാരിച്ചു:9“യജമാനനായ രാജാവേ, ഈ മനുഷ്യർ യിരെമ്യാപ്രവാചകനോടു ചെയ്തതൊക്കെയും അന്യായമത്രേ; അവർ അവനെ കുഴിയിൽ ഇട്ടുകളഞ്ഞു; നഗരത്തിൽ അപ്പം ഇല്ലായ്കയാൽ അവൻ അവിടെ പട്ടിണികിടന്നു മരിച്ചുപോകും” എന്ന് പറഞ്ഞു.
10രാജാവ് കൂശ്യനായ ഏബെദ്-മേലെക്കിനോട്: “നീ ഇവിടെനിന്ന് മുപ്പത് ആളുകളെ കൂട്ടിക്കൊണ്ടുചെന്ന്, യിരെമ്യാപ്രവാചകൻ മരിക്കുന്നതിനുമുമ്പ് അവനെ കുഴിയിൽനിന്നു കയറ്റിക്കൊള്ളുക” എന്ന് കല്പിച്ചു.11അങ്ങനെ ഏബെദ്-മേലെക്ക് ആളുകളെ കൂട്ടിക്കൊണ്ട് രാജഗൃഹത്തിൽ ഭണ്ഡാരമുറിക്കു കീഴിൽ ചെന്ന്, അവിടെ നിന്നു പഴന്തുണിയും കീറ്റുതുണിക്കഷണങ്ങളും എടുത്ത് കുഴിയിൽ യിരെമ്യാവിനു കയറുവഴി ഇറക്കിക്കൊടുത്തു.
12കൂശ്യനായ ഏബെദ്--മേലെക്ക് യിരെമ്യാവിനോട്: “ഈ പഴന്തുണിയും കീറ്റുതുണിക്കഷണങ്ങളും നിന്റെ കക്ഷങ്ങളിൽ വച്ച് അതിനു പുറമെ കയറിട്ടുകൊള്ളുക” എന്ന് പറഞ്ഞു; യിരെമ്യാവ് അങ്ങനെ ചെയ്തു.13അവർ യിരെമ്യാവിനെ കയറുകൊണ്ട് കുഴിയിൽനിന്നു വലിച്ചുകയറ്റി; യിരെമ്യാവ് കാവൽപ്പുരമുറ്റത്ത് താമസിച്ചു.
14അതിന്റെ ശേഷം സിദെക്കീയാരാജാവ് ആളയച്ച് യിരെമ്യാപ്രവാചകനെ യഹോവയുടെ ആലയത്തിലെ മൂന്നാം പ്രവേശനത്തിങ്കൽ തന്റെ അടുക്കൽ വരുത്തി; രാജാവ് യിരെമ്യാവിനോട്: “ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കുന്നു; എന്നോട് ഒന്നും മറച്ചുവയ്ക്കരുത്” എന്ന് കല്പിച്ചു.15അതിനു യിരെമ്യാവ് സിദെക്കീയാവിനോട്: “ഞാൻ അത് ബോധിപ്പിച്ചാൽ എന്നെ കൊല്ലുകയില്ലയോ? ഞാൻ ഒരാലോചന പറഞ്ഞു തന്നാൽ എന്റെ വാക്കു കേൾക്കുകയില്ലല്ലോ” എന്ന് പറഞ്ഞു.16സിദെക്കീയാരാജാവ്: “ഈ പ്രാണൻ സൃഷ്ടിച്ചുതന്ന യഹോവയാണ, ഞാൻ നിന്നെ കൊല്ലുകയില്ല; നിനക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്ന ഈ മനുഷ്യരുടെ കൈയിൽ ഞാൻ നിന്നെ ഏല്പിക്കുകയുമില്ല” എന്ന് യിരെമ്യാവിനോട് രഹസ്യമായി സത്യംചെയ്തു.
17അപ്പോൾ യിരെമ്യാവ് സിദെക്കീയാവിനോട്: “യിസ്രായേലിന്റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ബാബേൽരാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കൽ പുറത്തു ചെന്നാൽ നിനക്കു പ്രാണരക്ഷയുണ്ടാകും; ഈ നഗരത്തെ തീ വച്ച് ചുട്ടുകളയുകയുമില്ല; നീയും നിന്റെ ഗൃഹവും ജീവനോടെ ഇരിക്കും.18നീ ബാബേൽരാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കൽ പുറത്തു ചെല്ലുന്നില്ല എങ്കിൽ ഈ നഗരം കല്ദയരുടെ കൈയിൽ ഏല്പിക്കപ്പെടും; അവർ അതിനെ തീ വച്ചു ചുട്ടുകളയും; നീ അവരുടെ കൈയിൽനിന്ന് രക്ഷപെടുകയുമില്ല” എന്ന് പറഞ്ഞു.
19സിദെക്കീയാരാജാവ് യിരെമ്യാവിനോട്: “കൽദയർ എന്നെ അവരുടെ പക്ഷം ചേർന്നിരിക്കുന്ന യെഹൂദന്മാരുടെ കൈയിൽ ഏല്പിക്കുകയും അവർ എന്നെ അപമാനിക്കുകയും ചെയ്യുമെന്ന് ഞാൻ ഭയപ്പെടുന്നു” എന്ന് പറഞ്ഞു.
20അതിന് യിരെമ്യാവ് പറഞ്ഞത്: “അവർ നിന്നെ ഏല്പിക്കുകയില്ല; ഞാൻ ബോധിപ്പിക്കുന്ന യഹോവയുടെ വചനം കേൾക്കണമേ; എന്നാൽ നിനക്കു ശുഭമായിരിക്കും; നിനക്കു പ്രാണരക്ഷയുണ്ടാകും.21പുറത്തു ചെല്ലുവാൻ നിനക്കു മനസ്സില്ലെങ്കിലോ, യഹോവ വെളിപ്പെടുത്തിത്തന്ന അരുളപ്പാട് ഇതാണ്:
22യെഹൂദാരാജാവിന്റെ അരമനയിൽ ശേഷിച്ചിരിക്കുന്ന സകലസ്ത്രീകളും പുറത്ത് ബാബേൽരാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കൽ പോകേണ്ടിവരും; നിന്റെ ചങ്ങാതിമാർ നിന്നെ വശീകരിച്ച് തോല്പിച്ചു; നിന്റെ കാൽ ചെളിയിൽ താണപ്പോൾ പിന്മാറിക്കളഞ്ഞു” എന്ന് അവർ പറയും.23നിന്റെ സകലഭാര്യമാരെയും മക്കളെയും പുറത്ത് കല്ദയരുടെ അടുക്കൽ കൊണ്ടുപോകും; നീയും അവരുടെ കൈയിൽനിന്ന് രക്ഷപെടാതെ ബാബേൽരാജാവിന്റെ കൈയിൽ അകപ്പെടും; ഈ നഗരത്തെ തീ വച്ച് ചുട്ടുകളയുന്നതിനു നീ കാരണക്കാരനാകും”.
24സിദെക്കീയാവ് യിരെമ്യാവിനോട് പറഞ്ഞത്: “ഈ കാര്യം ആരും അറിയരുത്: എന്നാൽ നീ മരിക്കുകയില്ല.25ഞാൻ നിന്നോടു സംസാരിച്ചപ്രകാരം പ്രഭുക്കന്മാർ കേട്ടിട്ട് നിന്റെ അടുക്കൽ വന്ന്: ‘നീ രാജാവിനോട് എന്ത് സംസാരിച്ചു? ഞങ്ങളോടു പറയുക; ഒന്നും മറച്ചുവയ്ക്കരുത്; ഞങ്ങൾ നിന്നെ കൊല്ലുകയില്ല; രാജാവു നിന്നോട് എന്തു സംസാരിച്ചു’ എന്നിങ്ങനെ ചോദിച്ചാൽ,26നീ അവരോട്: ‘യോനാഥാന്റെ വീട്ടിൽ കിടന്നു മരിക്കാതെ ഇരിക്കേണ്ടതിന് എന്നെ വീണ്ടും അവിടെ അയക്കരുതേ എന്ന് ഞാൻ രാജസന്നിധിയിൽ സങ്കടം ബോധിപ്പിക്കുകയായിരുന്നു’ എന്ന് പറയണം”.
27സകലപ്രഭുക്കന്മാരും യിരെമ്യാവിന്റെ അടുക്കൽ വന്ന് അവനോടു ചോദിച്ചപ്പോൾ അവൻ, രാജാവ് കല്പിച്ച ഈ വാക്കുപോലെ ഒക്കെയും അവരോടു പറഞ്ഞു; രാജാവുമായുള്ള സംഭാഷണം ആരും കേട്ടിരുന്നില്ല; അതുകൊണ്ട് അവർ ഒന്നും മിണ്ടാതെ അവനെ വിട്ടുപോയി.28യെരൂശലേം പിടിച്ച നാൾവരെ യിരെമ്യാവ് കാവൽപ്പുരമുറ്റത്തു താമസിച്ചു; യെരൂശലേം പിടിച്ചപ്പോഴും അവൻ അവിടെത്തന്നെ ആയിരുന്നു.

39

1യെഹൂദാരാജാവായ സിദെക്കീയാവിന്റെ ഒമ്പതാം ആണ്ടിൽ പത്താം മാസത്തിൽ ബാബേൽരാജാവായ നെബൂഖദ്നേസരും അവന്റെ സകലസൈന്യവും യെരൂശലേമിന്റെ നേരെ വന്ന് അതിനെ നിരോധിച്ചു.2സിദെക്കീയാവിന്റെ പതിനൊന്നാം ആണ്ടിൽ നാലാം മാസം ഒമ്പതാം തീയതി നഗരത്തിന്റെ മതിൽ ഒരു ഭാഗം ഇടിച്ചു തുറന്നു.3ബാബേൽരാജാവിന്റെ എല്ലാ പ്രഭുക്കന്മാരും അകത്തു കടന്ന് നടുവിലത്തെ വാതില്ക്കൽ ഇരുന്നു; നേർഗ്ഗൽ-ശരേസരും സംഗർ-നെബോവും സർ-സെഖീമും രബ്-സാരീസും നേർഗ്ഗൽ-ശരേസരും രബ്-മാഗും ബാബേൽരാജാവിന്റെ മറ്റ് എല്ലാ പ്രഭുക്കന്മാരും തന്നെ.

4യെഹൂദാരാജാവായ സിദെക്കീയാവും എല്ലാ പടയാളികളും അവരെ കണ്ടപ്പോൾ ഓടിപ്പോയി; അവർ രാത്രിയിൽ രാജാവിന്റെ തോട്ടം വഴിയായി രണ്ടു മതിലുകൾക്കും നടുവിലുള്ള വാതില്ക്കൽകൂടി നഗരത്തിൽനിന്നു പുറപ്പെട്ട് അരാബവഴിയായി പോയി.5കല്ദയരുടെ സൈന്യം അവരെ പിന്തുടർന്ന്, യെരീഹോ സമഭൂമിയിൽവച്ച് സിദെക്കീയാവിനോടൊപ്പം എത്തി, അവനെ പിടിച്ചു; ഹമാത്ത് ദേശത്തിലെ രിബ്ളയിൽ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ അടുക്കൽ കൊണ്ടുചെന്നു; അവൻ അവന് വിധി കല്പിച്ചു.
6ബാബേൽരാജാവ് രിബ്ളയിൽവച്ച് സിദെക്കീയാവിന്റെ പുത്രന്മാരെ അവന്റെ കണ്മുമ്പിൽ വച്ചു കൊന്നു; യെഹൂദാകുലീനന്മാരെ എല്ലാം ബാബേൽരാജാവ് കൊന്നുകളഞ്ഞു.7അവൻ സിദെക്കീയാവിന്റെ കണ്ണു പൊട്ടിച്ച്, അവനെ ബാബേലിലേക്കു കൊണ്ടുപോകേണ്ടതിന് ചങ്ങലയിൽ ബന്ധിച്ചു.
8കല്ദയർ രാജഗൃഹവും ജനത്തിന്റെ വീടുകളും തീ വച്ചു ചുട്ട്, യെരൂശലേമിന്റെ മതിലുകൾ ഇടിച്ചുകളഞ്ഞു.9നഗരത്തിൽ ശേഷിച്ച ജനത്തെയും തന്റെ പക്ഷം ചേരുവാൻ ഓടിവന്നവരെയും ശേഷിച്ചിരുന്ന ജനത്തെയും അകമ്പടിനായകനായ നെബൂസർ-അദാൻ ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയി.10ജനത്തിൽ ഒന്നുമില്ലാത്ത എളിയവരെ അകമ്പടി നായകനായ നെബൂസർ-അദാൻ യെഹൂദാദേശത്തു പാർപ്പിച്ച്, അവർക്ക് അന്ന് മുന്തിരിത്തോട്ടങ്ങളും നിലങ്ങളും കൊടുത്തു.
11യിരെമ്യാവിനെക്കുറിച്ച് ബാബേൽരാജാവായ നെബൂഖദ്നേസർ അകമ്പടിനായകനായ നെബൂസർ-അദാനോട്:12“നീ അവനെ വരുത്തി, അവനെ സംരക്ഷിക്കണം; അവനോട് ഒരു ദോഷവും ചെയ്യാതെ അവൻ നിന്നോട് ആവശ്യപ്പെടുന്നതെല്ലാം ചെയ്തുകൊടുക്കുക” എന്നു കല്പിച്ചിരുന്നു.13അങ്ങനെ അകമ്പടിനായകനായ നെബൂസർ-അദാനും നെബൂശസ്ബാനും രബ്-സാരീസും നേർഗ്ഗൽ-ശരേസരും രബ്-മാഗും ബാബേൽരാജാവിന്റെ സകലപ്രഭുക്കന്മാരുംകൂടി ആളയച്ച്,14യിരെമ്യാവിനെ കാവൽപ്പുരമുറ്റത്തുനിന്നു വരുത്തി അവനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകേണ്ടതിന് ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനായ ഗെദല്യാവിനെ ഏല്പിച്ചു; അങ്ങനെ അവൻ ജനത്തിന്റെ ഇടയിൽ താമസിച്ചു.

15യിരെമ്യാവ് കാവൽപുരമുറ്റത്ത് തടവിലാക്കപ്പെട്ടിരുന്ന കാലത്ത് യഹോവയുടെ അരുളപ്പാട് അവനുണ്ടായതെന്തെന്നാൽ:16“നീ ചെന്ന് കൂശ്യനായ ഏബെദ്-മേലെക്കിനോടു പറയേണ്ടത്: “യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ എന്റെ വചനങ്ങൾ ഈ നഗരത്തിന്മേൽ നന്മയ്ക്കല്ല, തിന്മയ്ക്കായി നിവർത്തിക്കും; അന്ന് നിന്റെ കണ്മുമ്പിൽ അവ നിവൃത്തിയാകും.
17അന്ന് ഞാൻ നിന്നെ വിടുവിക്കും; നീ ഭയപ്പെടുന്ന മനുഷ്യരുടെ കൈയിൽ നീ ഏല്പിക്കപ്പെടുകയുമില്ല” എന്ന് യഹോവയുടെ അരുളപ്പാട്.18“ഞാൻ നിന്നെ വിടുവിക്കും; നീ വാളാൽ വീഴുകയില്ല; നിന്റെ ജീവൻ നിനക്ക് കൊള്ള കിട്ടിയതുപോലെ ഇരിക്കും; നീ എന്നിൽ ആശ്രയിച്ചിരിക്കുന്നുവല്ലോ” എന്ന് യഹോവയുടെ അരുളപ്പാട്.

40

1അകമ്പടിനായകനായ നെബൂസർ-അദാൻ യിരെമ്യാവിനെ രാമയിൽനിന്നു വിട്ടയച്ചശേഷം അവന് യഹോവയിങ്കൽനിന്നുണ്ടായ അരുളപ്പാട്: ബാബേലിലേക്കു പിടിച്ചു കൊണ്ടുപോയവരായ യെരൂശലേമിലെയും യെഹൂദയിലെയും സകലബദ്ധന്മാരുടെയും കൂട്ടത്തിൽ അവനെയും ചങ്ങലകൊണ്ടു ബന്ധിച്ചിരുന്നു.2എന്നാൽ അകമ്പടിനായകൻ യിരെമ്യാവിനെ വരുത്തി അവനോടു പറഞ്ഞത്: “നിന്റെ ദൈവമായ യഹോവ ഈ സ്ഥലത്തെക്കുറിച്ച് ഈ അനർത്ഥം അരുളിച്ചെയ്തു.

3അരുളിച്ചെയ്തതുപോലെ യഹോവ വരുത്തി, നിവർത്തിച്ചുമിരിക്കുന്നു; നിങ്ങൾ യഹോവയോടു പാപം ചെയ്ത് അവിടുത്തെ വാക്കു കേൾക്കാതിരുന്നതുകൊണ്ട് ഈ കാര്യം നിങ്ങൾക്കു സംഭവിച്ചിരിക്കുന്നു.4ഇപ്പോൾ, ഇതാ,ഞാൻ ഇന്ന് നിന്റെ കൈമേലുള്ള ചങ്ങല അഴിച്ച്, നിന്നെ വിട്ടയക്കുന്നു; എന്നോടു കൂടി ബാബേലിൽ വരുവാൻ നിനക്ക് ഇഷ്ടമുണ്ടെങ്കിൽ വരുക; ഞാൻ നിന്നെ സംരക്ഷിക്കും; എന്നോടുകൂടി ബാബേലിൽ വരുവാൻ ഇഷ്ടമില്ലെങ്കിൽ വേണ്ട; ഇതാ, ദേശമെല്ലാം നിന്റെ മുമ്പാകെ ഇരിക്കുന്നു; നിനക്കു ഇഷ്ടവും യോഗ്യവുമായി തോന്നുന്ന സ്ഥലത്തേക്ക് പൊയ്ക്കൊള്ളുക”.
5യിരെമ്യാവ് തന്നെ വിട്ടുപോകുംമുമ്പ് അവൻ പിന്നെയും: “ബാബേൽരാജാവ് യെഹൂദാപട്ടണങ്ങൾക്ക് അധിപതിയാക്കിയിരിക്കുന്ന ശാഫാന്റെ മകനായ അഹീക്കാമിന്റെ മകൻ ഗെദല്യാവിന്റെ അടുക്കൽ നീ ചെന്ന് അവനോടുകൂടി ജനത്തിന്റെ മദ്ധ്യത്തിൽ വസിക്കുക; അല്ലെങ്കിൽ നിനക്കു ഇഷ്ടമുള്ള സ്ഥലത്തേക്ക് പൊയ്ക്കൊള്ളുക” എന്നു പറഞ്ഞ് അകമ്പടിനായകൻ വഴിച്ചെലവും സമ്മാനവും കൊടുത്ത് അവനെ യാത്ര അയച്ചു.6അങ്ങനെ യിരെമ്യാവ് മിസ്പയിൽ അഹീക്കാമിന്റെ മകനായ ഗെദല്യാവിന്റെ അടുക്കൽചെന്ന്, അവനോടുകൂടി ദേശത്തു ശേഷിച്ചിരുന്ന ജനത്തിന്റെ ഇടയിൽ താമസിച്ചു.

7ബാബേൽരാജാവ് അഹീക്കാമിന്റെ മകനായ ഗെദല്യാവിനെ` ദേശാധിപതിയാക്കിയെന്നും ബാബേലിലേക്കു പിടിച്ചു കൊണ്ടുപോകാത്ത ദേശത്തിലെ എളിയവരായ പുരുഷന്മാരെയും സ്ത്രീകളെയും പൈതങ്ങളെയും അവനെ ഏല്പിച്ചു എന്നും നാട്ടിൻപുറത്തുണ്ടായിരുന്ന എല്ലാ പടത്തലവന്മാരും അവരുടെ ആളുകളും കേട്ടപ്പോൾ,8അവർ മിസ്പയിൽ ഗെദല്യാവിന്റെ അടുക്കൽ വന്നു: നെഥന്യാവിന്റെ മകനായ യിശ്മായേൽ, കാരേഹിന്റെ പുത്രന്മാരായ യോഹാനാനും യോനാഥാനും, തൻഹൂമെത്തിന്റെ പുത്രനായ സെരായാവും നെട്ടോഫാഥ്യനായ എഫായിയുടെ പുത്രന്മാർ, മയഖാഥ്യന്റെ മകനായ യെസന്യാവ് എന്നിവരും അവരുടെ ആളുകളും തന്നെ.
9ശാഫാന്റെ മകനായ അഹീക്കാമിന്റെ മകൻ ഗെദല്യാവ് അവരോടും അവരുടെ ആളുകളോടും സത്യം ചെയ്തു പറഞ്ഞത്: “നിങ്ങൾ കല്ദയരെ സേവിക്കുവാൻ ഭയപ്പെടരുത്; ദേശത്തു വസിച്ച് ബാബേൽരാജാവിനെ സേവിക്കുവിൻ; എന്നാൽ നിങ്ങൾക്കു നന്മയായിരിക്കും;10ഞാൻ നമ്മുടെ അടുക്കൽ വരുന്ന കല്ദയരുടെ മുമ്പിൽ നിങ്ങൾക്കു വേണ്ടി ഉത്തരവാദിയായി, മിസ്പയിൽ വസിക്കും; നിങ്ങൾ വീഞ്ഞും പഴവും എണ്ണയും ശേഖരിച്ച്, പാത്രങ്ങളിൽ സൂക്ഷിച്ച്, നിങ്ങൾ കൈവശമാക്കിയ പട്ടണങ്ങളിൽ താമസിച്ചുകൊള്ളുവിൻ.
11അങ്ങനെ തന്നെ മോവാബിലും അമ്മോന്യരുടെ ഇടയിലും എദോമിലും മറ്റു ദേശങ്ങളിലും ഉണ്ടായിരുന്ന എല്ലാ യെഹൂദന്മാരും ബാബേൽരാജാവ് യെഹൂദയിൽ ഒരു ശേഷിപ്പിനെ വച്ചിട്ടുണ്ടെന്നും ശാഫാന്റെ മകനായ അഹീക്കാമിന്റെ മകൻ ഗെദല്യാവിനെ അവർക്ക് അധിപതിയാക്കിയിട്ടുണ്ടെന്നും കേട്ടപ്പോൾ,12സകല യെഹൂദന്മാരും അവർ ചിതറിപ്പോയിരുന്ന സകലസ്ഥലങ്ങളിൽനിന്നും മടങ്ങി യെഹൂദാദേശത്ത് ഗെദല്യാവിന്റെ അടുക്കൽ മിസ്പയിൽ വന്ന് വീഞ്ഞും പഴവും അനവധിയായി ശേഖരിച്ചു.
13എന്നാൽ കാരേഹിന്റെ മകനായ യോഹാനാനും നാട്ടിൻപുറത്തു പാർത്തിരുന്ന എല്ലാപടത്തലവന്മാരും മിസ്പയിൽ ഗെദല്യാവിന്റെ അടുക്കൽ വന്ന് അവനോട്:14നിന്നെ കൊന്നുകളയേണ്ടതിന് അമ്മോന്യരുടെ രാജാവായ ബാലീസ് നെഥന്യാവിന്റെ മകനായ യിശ്മായേലിനെ അയച്ചിരിക്കുന്നു എന്ന് നീ അറിയുന്നുവോ” എന്ന് ചോദിച്ചു; അഹീക്കാമിന്റെ മകനായ ഗെദല്യാവ് അവരുടെ വാക്കു വിശ്വസിച്ചില്ല.
15പിന്നെ കാരേഹിന്റെ മകനായ യോഹാനാൻ മിസ്പയിൽവച്ച് ഗെദല്യാവിനോട് രഹസ്യമായി സംസാരിച്ചു: “ഞാൻ ചെന്ന് ആരും അറിയാതെ നെഥന്യാവിന്റെ മകനായ യിശ്മായേലിനെ കൊന്നുകളയട്ടെ; നിന്റെ അടുക്കൽ കൂടിയിരിക്കുന്ന എല്ലാ യെഹൂദന്മാരും ചിതറിപ്പോകുവാനും യെഹൂദയിൽ ശേഷിച്ചവർ നശിച്ചുപോകുവാനും തക്കവണ്ണം അവൻ നിന്നെ കൊല്ലുന്നത് എന്തിന്” എന്ന് പറഞ്ഞു.16എന്നാൽ അഹീക്കാമിന്റെ മകൻ ഗെദല്യാവ് കാരേഹിന്റെ മകൻ യോഹാനാനോട്: “നീ ഈ കാര്യം ചെയ്യരുത്; നീ യിശ്മായേലിനെക്കുറിച്ച് വ്യാജം പറയുന്നു” എന്ന് പറഞ്ഞു.

41

1എന്നാൽ ഏഴാം മാസത്തിൽ രാജവംശജനും രാജാവിന്റെ മഹത്തുക്കളിൽ ഒരുവനുമായി എലീശാമയുടെ മകനായ നെഥന്യാവിന്റെ മകൻ യിശ്മായേൽ പത്ത് ആളുകളുമായി മിസ്പയിൽ അഹീക്കാമിന്റെ മകനായ ഗെദല്യാവിന്റെ അടുക്കൽ വന്നു; അവിടെ മിസ്പയിൽവച്ച് അവർ ഒന്നിച്ച് ഭക്ഷണം കഴിച്ചു.2നെഥന്യാവിന്റെ മകൻ യിശ്മായേലും കൂടെ ഉണ്ടായിരുന്ന പത്ത് ആളുകളും എഴുന്നേറ്റ്, ബാബേൽരാജാവ് ദേശാധിപതിയാക്കിയിരുന്ന ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനായ ഗെദല്യാവിനെ വാൾകൊണ്ട് വെട്ടിക്കൊന്നു.3മിസ്പയിൽ ഗെദല്യാവിന്റെ അടുക്കൽ ഉണ്ടായിരുന്ന എല്ലാ യെഹൂദന്മാരെയും, അവിടെക്കണ്ട കല്ദയപടയാളികളെയും യിശ്മായേൽ കൊന്നുകളഞ്ഞു.

4ഗെദല്യാവിനെ കൊന്നതിന്റെ രണ്ടാം ദിവസം, അത് ആരും അറിയാതിരിക്കുമ്പോൾ തന്നെ,5ശെഖേമിൽനിന്നും ശീലോവിൽനിന്നും ശമര്യയിൽനിന്നും എണ്പത് പുരുഷന്മാർ താടി വടിച്ചും വസ്ത്രം കീറിയും സ്വയം മുറിവേല്പിച്ചുംകൊണ്ട് വഴിപാടും കുന്തുരുക്കവുമായി യഹോവയുടെ ആലയത്തിലേക്ക് പോകുന്നവഴി അവിടെ എത്തി.
6നെഥന്യാവിന്റെ മകൻ യിശ്മായേൽ മിസ്പയിൽനിന്നു പുറപ്പെട്ട്, കരഞ്ഞുംകൊണ്ട് അവരെ എതിരേറ്റു ചെന്നു; അവരെ കണ്ടപ്പോൾ അവൻ അവരോട്: “അഹീക്കാമിന്റെ മകനായ ഗെദല്യാവിന്റെ അടുക്കൽ വരുവിൻ” എന്ന് പറഞ്ഞു.7അവർ പട്ടണത്തിന്റെ നടുവിൽ എത്തിയപ്പോൾ നെഥന്യാവിന്റെ മകനായ യിശ്മായേലും കൂടെയുണ്ടായിരുന്ന ആളുകളും അവരെ കൊന്ന് ഒരു കുഴിയിൽ ഇട്ടുകളഞ്ഞു.
8എന്നാൽ അവരിൽ പത്തുപേർ യിശ്മായേലിനോട്: “ഞങ്ങളെ കൊല്ലരുതേ; വയലിൽ ഗോതമ്പ്, യവം, എണ്ണ, തേൻ എന്നിവയുടെ ശേഖരങ്ങൾ ഞങ്ങൾ ഒളിച്ചുവച്ചിട്ടുണ്ട്” എന്നു പറഞ്ഞു; അതുകൊണ്ട് അവൻ സമ്മതിച്ച് അവരെ അവരുടെ സഹോദരന്മാരോടുകൂടി കൊല്ലാതെയിരുന്നു.9യിശ്മായേൽ ഗെദല്യാവിനെയും കൂടെയുള്ളവരെയും കൊന്ന് ശവങ്ങൾ എല്ലാം ഇട്ടുകളഞ്ഞ കുഴി, ആസാരാജാവ് യിസ്രായേൽരാജാവായ ബയശാനിമിത്തം ഉണ്ടാക്കിയതായിരുന്നു; നെഥന്യാവിന്റെ മകനായ യിശ്മായേൽ അത് മൃതദേഹങ്ങൾ കൊണ്ടു നിറച്ചു.
10പിന്നെ യിശ്മായേൽ മിസ്പയിൽ ഉണ്ടായിരുന്ന ജനശിഷ്ടത്തെയും രാജകുമാരികളെയും, അകമ്പടിനായകനായ നെബൂസർ-അദാൻ അഹീക്കാമിന്റെ മകനായ ഗെദല്യാവിന്റെ ചുമതലയിൽ ഏല്പിച്ചവരായി മിസ്പയിൽ ശേഷിച്ചിരുന്ന സകലജനത്തെയും ബദ്ധരാക്കി കൊണ്ടുപോയി; നെഥന്യാവിന്റെ മകൻ യിശ്മായേൽ അവരെ ബദ്ധരാക്കി അമ്മോന്യരുടെ അടുക്കൽ കൊണ്ടുപോകുവാൻ യാത്ര പുറപ്പെട്ടു.
11നെഥന്യാവിന്റെ മകൻ യിശ്മായേൽ ചെയ്ത ദോഷം എല്ലാം കാരേഹിന്റെ മകനായ യോഹാനാനും കൂടെ ഉണ്ടായിരുന്ന പടത്തലവന്മാരും കേട്ടപ്പോൾ12അവർ സകല പുരുഷന്മാരെയും കൂട്ടിക്കൊണ്ട് നെഥന്യാവിന്റെ മകനായ യിശ്മായേലിനോടു യുദ്ധംചെയ്യുവാൻ ചെന്നു; ഗിബെയോനിലെ വലിയ കുളക്കരയിൽ വച്ച് അവനെ കണ്ടെത്തി.
13യിശ്മായേലിനോടു കൂടി ഉണ്ടായിരുന്ന ജനമെല്ലാം കാരേഹിന്റെ മകനായ യോഹാനാനെയും കൂടെയുണ്ടായിരുന്ന എല്ലാ പടത്തലവന്മാരെയും കണ്ടപ്പോൾ സന്തോഷിച്ചു.14യിശ്മായേൽ മിസ്പയിൽനിന്ന് ബദ്ധരാക്കി കൊണ്ടുപോയിരുന്ന സർവ്വജനവും തിരിഞ്ഞ്, കാരേഹിന്റെ മകനായ യോഹാനാന്റെ അടുക്കൽ വന്നു.
15നെഥന്യാവിന്റെ മകൻ യിശ്മായേലോ എട്ട് ആളുകളുമായി യോഹാനാന്റെ അടുക്കൽ നിന്ന് രക്ഷപെട്ട് അമ്മോന്യരുടെ അടുക്കൽ പൊയ്ക്കളഞ്ഞു.16നെഥന്യാവിന്റെ മകൻ യിശ്മായേൽ അഹീക്കാമിന്റെ മകനായ ഗെദല്യാവിനെ കൊന്നതിനുശേഷം, അവന്റെ കൈയിൽനിന്ന് കാരേഹിന്റെ മകനായ യോഹാനാനും കൂടെ ഉണ്ടായിരുന്ന എല്ലാപടത്തലവന്മാരും യിശ്മായേലിന്റെ പക്കൽ നിന്നു വിടുവിച്ച ജനശിഷ്ടത്തെയും, ഗിബെയോനിൽനിന്ന് തിരികെ കൊണ്ടുവന്ന പടയാളികളെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഷണ്ഡന്മാരെയും കൂട്ടികൊണ്ട് അവർ മിസ്പയിൽനിന്ന്
17കല്ദയരെ ഭയന്ന് ഈജിപ്റ്റിൽ പോകുവാൻ യാത്രപുറപ്പെട്ട് ബേത്ത്ലേഹെമിനു സമീപത്തുള്ള ഗേരൂത്ത്-കിംഹാമിൽ ചെന്നു താമസിച്ചു.18ബാബേൽരാജാവ് ദേശാധിപതിയാക്കിയ അഹീക്കാമിന്റെ മകനായ ഗെദല്യാവിനെ നെഥന്യാവിന്റെ മകൻ യിശ്മായേൽ കൊന്നത് നിമിത്തമാണ് അവർ കല്ദയരെ ഭയന്നത്.

42

1അനന്തരം എല്ലാ പടത്തലവന്മാരും കാരേഹിന്റെ മകനായ യോഹാനാനും ഹോശയ്യാവിന്റെ മകനായ യെസന്യാവും ആബാലവൃദ്ധം ജനങ്ങളും അടുത്തുവന്ന് യിരെമ്യാപ്രവാചകനോട്:2“നിന്റെ ദൈവമായ യഹോവ, ഞങ്ങൾ നടക്കേണ്ട വഴിയും ഞങ്ങൾ ചെയ്യേണ്ട കാര്യവും ഞങ്ങൾക്ക് അറിയിച്ചുതരേണ്ടതിന് ശേഷിച്ചിരിക്കുന്ന ഈ സകലജനവുമായ ഈ ഞങ്ങൾക്കു വേണ്ടി നിന്റെ ദൈവമായ യഹോവയോടു പ്രാർത്ഥിക്കണം എന്നുള്ള ഞങ്ങളുടെ അപേക്ഷ അംഗീകരിക്കണമേ.3അസംഖ്യജനമായിരുന്ന ഞങ്ങളിൽ അല്പംപേർ മാത്രമേ ശേഷിക്കുന്നുള്ളു എന്ന് നീ സ്വന്തകണ്ണാൽ കാണുന്നുവല്ലോ” എന്ന് പറഞ്ഞു.

4യിരെമ്യാപ്രവാചകൻ അവരോട്: “ഞാൻ നിങ്ങളുടെ അപേക്ഷ അംഗീകരിച്ചിരിക്കുന്നു; നിങ്ങൾ പറഞ്ഞതുപോലെ ഞാൻ നിങ്ങളുടെ ദൈവമായ യഹോവയോടു പ്രാർത്ഥിക്കും; യഹോവ നിങ്ങൾക്കു മറുപടി നൽകുന്നതെല്ലാം ഞാൻ നിങ്ങളെ അറിയിക്കും; ഒന്നും മറച്ചുവയ്ക്കുകയില്ല” എന്ന് പറഞ്ഞു.5അവർ യിരെമ്യാവിനോട്: “നീ മുഖാന്തരം നിന്റെ ദൈവമായ യഹോവ ഞങ്ങളോട് അരുളിച്ചെയ്യുന്നതൊക്കെയും ഞങ്ങൾ അനുസരിക്കാതെ ഇരുന്നാൽ, യഹോവ നമ്മുടെ മദ്ധ്യത്തിൽ സത്യവും വിശ്വസ്തതയുമുള്ള സാക്ഷിയായിരിക്കട്ടെ.6ഞങ്ങൾ നിന്നെ പറഞ്ഞയയ്ക്കുന്ന ഞങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ച് ഞങ്ങൾക്കു നന്മ വരേണ്ടതിന് നമ്മുടെ ദൈവമായ യഹോവയുടെ വാക്കു ഗുണമായാലും ദോഷമായാലും ഞങ്ങൾ കേട്ടനുസരിക്കും” എന്ന് പറഞ്ഞു.

7പത്തു ദിവസം കഴിഞ്ഞ ശേഷം യിരെമ്യാവിന് യഹോവയുടെ അരുളപ്പാടുണ്ടായി.8അവൻ കാരേഹിന്റെ മകനായ യോഹാനാനെയും കൂടെ ഉണ്ടായിരുന്ന എല്ലാ പടത്തലവന്മാരെയും ആബാലവൃദ്ധം സകലജനത്തെയും വിളിച്ച് അവരോടു പറഞ്ഞത്:9നിങ്ങളുടെ അപേക്ഷ ബോധിപ്പിക്കുവാൻ നിങ്ങൾ എന്നെ പറഞ്ഞയച്ച യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:10“നിങ്ങൾ ഈ ദേശത്തുതന്നെ വസിക്കുമെങ്കിൽ ഞാൻ നിങ്ങളെ പൊളിച്ചുകളയാതെ പണിയുകയും നിങ്ങളെ പറിച്ചുകളയാതെ നടുകയും ചെയ്യും; നിങ്ങൾക്കു വരുത്തിയ അനർത്ഥത്തെക്കുറിച്ച് ഞാൻ അനുതപിക്കുന്നു.
11നിങ്ങൾ ഭയപ്പെടുന്ന ബാബേൽരാജാവിനെ ഭയപ്പെടണ്ടാ; നിങ്ങളെ രക്ഷിക്കുവാനും അവന്റെ കൈയിൽനിന്ന് നിങ്ങളെ വിടുവിക്കുവാനും ഞാൻ നിങ്ങളോടുകൂടി ഉള്ളതുകൊണ്ട് അവനെ ഭയപ്പെടണ്ടാ” എന്ന് യഹോവയുടെ അരുളപ്പാട്.12അവന് നിങ്ങളോട് കരുണ തോന്നുവാനും നിങ്ങളെ നിങ്ങളുടെ ദേശത്തേക്ക് മടക്കി അയയ്ക്കുവാനും തക്കവിധം ഞാൻ നിങ്ങളോട് കരുണ കാണിക്കും.
13എന്നാൽ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്ക് അനുസരിക്കാതെ ‘ഞങ്ങൾ ഈ ദേശത്തു വസിക്കുകയില്ല;14യുദ്ധം കാണുവാനില്ലാത്തതും കാഹളനാദം കേൾക്കുവാനില്ലാത്തതും ആഹാരത്തിനു മുട്ടില്ലാത്തതുമായ, ഈജിപ്റ്റിൽ ചെന്നു വസിക്കും’ എന്ന് പറയുന്നു എങ്കിൽ - ശേഷിക്കുന്ന യെഹൂദാജനമേ,
15ഇപ്പോൾ യഹോവയുടെ വചനം കേൾക്കുവിൻ! യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ഈജിപ്റ്റിലേക്ക് പോകുവാൻ മനസ്സുവച്ച് അവിടെ ചെന്നു വസിക്കുവാൻ ഭാവിക്കുന്നു എങ്കിൽ -16നിങ്ങൾ പേടിക്കുന്ന വാൾ അവിടെ ഈജിപ്റ്റിൽവച്ച് നിങ്ങളെ പിടിക്കും; നിങ്ങൾ ഭയപ്പെടുന്ന ക്ഷാമം അവിടെ ഈജിപ്റ്റിൽവച്ച് നിങ്ങളെ ബാധിക്കും; അവിടെവച്ച് നിങ്ങൾ മരിക്കും.17ഈജിപ്റ്റിൽ ചെന്നു താമസിക്കേണ്ടതിന് അവിടെ പോകുവാൻ മനസ്സു വച്ചിരിക്കുന്ന എല്ലാവരും വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; ഞാൻ അവർക്കു വരുത്തുന്ന അനർത്ഥത്തിൽ അകപ്പെടാതെ അവരിൽ ആരും ശേഷിക്കുകയോ രക്ഷപെടുകയോ ചെയ്യുകയില്ല”.
18യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “എന്റെ കോപവും ക്രോധവും യെരൂശലേംനിവാസികളുടെ മേൽ ചൊരിഞ്ഞിരിക്കുന്നതുപോലെ തന്നെ, നിങ്ങൾ ഈജിപ്റ്റിൽ ചെല്ലുമ്പോൾ എന്റെ ക്രോധം നിങ്ങളുടെ മേലും ചൊരിയും; നിങ്ങൾ ആണയ്ക്കും ഭീതിക്കും ശാപത്തിനും നിന്ദയ്ക്കും വിഷയമായിത്തീരും; ഈ സ്ഥലം നിങ്ങൾ ഇനി കാണുകയുമില്ല.19“യെഹൂദയിൽ ശേഷിപ്പുള്ളവരേ, നിങ്ങൾ ഈജിപ്റ്റിൽ പോകരുത്” എന്ന് യഹോവ കല്പിക്കുന്നു; ഞാൻ അത് ഇന്നു നിങ്ങളോടു സാക്ഷീകരിച്ചിരിക്കുന്നു എന്ന് നിങ്ങൾ അറിഞ്ഞുകൊള്ളുവിൻ”.
20“നീ ഞങ്ങളുടെ ദൈവമായ യഹോവയോട് ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണം; ഞങ്ങളുടെ ദൈവമായ യഹോവ കല്പിക്കുന്നതെല്ലാം നീ ഞങ്ങളോട് അറിയിക്കണം; ഞങ്ങൾ അതുപോലെ ചെയ്യും” എന്നു പറഞ്ഞ് നിങ്ങൾ എന്നെ നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കൽ അയച്ചു.21ഞാൻ ഇന്ന് അതു നിങ്ങളോട് അറിയിക്കുകയും ചെയ്തു; നിങ്ങളോ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്ക്, ഞാൻ മുഖാന്തരം അവിടുന്ന് നിങ്ങളോട് അറിയിച്ച കാര്യം ഒന്നും അനുസരിച്ചിട്ടില്ല; ഇതിൽ നിങ്ങൾ നിങ്ങളെത്തന്നെ ചതിച്ചിരിക്കുന്നു.22അതിനാൽ നിങ്ങൾ ഇപ്പോൾ ചെന്നു പാർക്കുവാൻ ആഗ്രഹിക്കുന്ന സ്ഥലത്തുവച്ച് നിങ്ങൾ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും എന്ന് അറിഞ്ഞുകൊള്ളുവിൻ”.

43

1യിരെമ്യാവ് സകലജനത്തോടും അവരുടെ ദൈവമായ യഹോവ അവനെ അവരുടെ അടുക്കൽ അയച്ചു പറയിച്ച ഈ സകലവചനങ്ങളും, അവരുടെ ദൈവമായ യഹോവയുടെ സകലവചനങ്ങളും തന്നെ, പറഞ്ഞു തീർന്നശേഷം2ഹോശയ്യാവിന്റെ മകനായ അസര്യാവും കാരേഹിന്റെ മകനായ യോഹാനാനും അഹങ്കാരികളായ സകല പുരുഷന്മാരും യിരെമ്യാവിനോട്: നീ വ്യാജം പറയുന്നു; ‘ഈജിപ്റ്റിൽ ചെന്നു പാർക്കേണ്ടതിന് അവിടെ പോകരുതെന്നു’ പറയുവാൻ ഞങ്ങളുടെ ദൈവമായ യഹോവ നിന്നെ അയച്ചിട്ടില്ല.3കല്ദയർ ഞങ്ങളെ കൊന്നുകളയേണ്ടതിനും ഞങ്ങളെ ബദ്ധരാക്കി ബാബേലിലേക്കു കൊണ്ടുപോകേണ്ടതിനും ഞങ്ങളെ അവരുടെ കൈയിൽ ഏല്പിക്കുവാൻ നേര്യാവിന്റെ മകനായ ബാരൂക്ക് നിന്നെ ഞങ്ങൾക്കു വിരോധമായി ഉത്സാഹിപ്പിക്കുന്നു” എന്ന് പറഞ്ഞു.

4അങ്ങനെ കാരേഹിന്റെ മകനായ യോഹാനാനും എല്ലാ പടത്തലവന്മാരും സകലജനവും യെഹൂദാദേശത്തു വസിക്കണം എന്നുള്ള യഹോവയുടെ വാക്ക് അനുസരിച്ചില്ല.5സകലജാതികളുടെയും ഇടയിൽ ചിതറിപ്പോയിട്ട് യെഹൂദാദേശത്തു വസിക്കേണ്ടതിനു മടങ്ങിവന്ന മുഴുവൻ യെഹൂദാശിഷ്ടത്തെയും6പുരുഷന്മാരെയും സ്ത്രീകളെയും പൈതങ്ങളെയും രാജകുമാരികളെയും അകമ്പടിനായകനായ നെബൂസർ-അദാൻ ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനായ ഗെദല്യാവിനെ ഏല്പിച്ചിരുന്ന എല്ലാവരെയും യിരെമ്യാപ്രവാചകനെയും നേര്യാവിന്റെ മകനായ ബാരൂക്കിനെയും കാരേഹിന്റെ മകനായ യോഹാനാനും എല്ലാ പടത്തലവന്മാരും കൂട്ടിക്കൊണ്ട്,7യഹോവയുടെ വാക്ക് അനുസരിക്കാതെ ഈജിപ്റ്റിൽ ചെന്ന് തഹ്പനേസ് വരെ എത്തി.
8തഹ്പനേസിൽവച്ച് യിരെമ്യാവിനു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:9“നീ വലിയ കല്ലുകൾ എടുത്ത് യെഹൂദാപുരുഷന്മാർ കാൺകെ തഹ്പനേസിൽ ഫറവോന്റെ അരമനയുടെ പടിക്കലുള്ള കളത്തിലെ കളിമണ്ണിൽ കുഴിച്ചിട്ട് അവരോടു പറയേണ്ടത്:10“യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ എന്റെ ദാസനായ നെബൂഖദ്നേസർ എന്ന ബാബേൽരാജാവിനെ വരുത്തി ഞാൻ കുഴിച്ചിട്ട ഈ കല്ലുകളിന്മേൽ അവന്റെ സിംഹാസനം വയ്ക്കും; അവൻ അവയുടെമേൽ തന്റെ മണിപ്പന്തൽ നിവർത്തും.
11അവൻ അന്ന് ഈജിപ്റ്റ് ജയിച്ചടക്കി മരണത്തിനുള്ളവരെ മരണത്തിനും പ്രവാസത്തിനുള്ളവരെ പ്രവാസത്തിനും വാളിനുള്ളവരെ വാളിനും ഏല്പിക്കും.12ഞാൻ ഈജിപ്റ്റിലെ ദേവന്മാരുടെ ക്ഷേത്രങ്ങൾക്കു തീ വയ്ക്കും; അവയെ ചുട്ടുകളഞ്ഞശേഷം അവൻ അവരെ പ്രവാസത്തിലേക്കു കൊണ്ടുപോകും; ഒരിടയൻ തന്റെ പുതപ്പു പുതയ്ക്കുന്നതു പോലെ അവൻ ഈജിപ്റ്റ്ദേശത്തെ പുതയ്ക്കുകയും അവിടെനിന്നു സമാധാനത്തോടെ പുറപ്പെട്ടുപോകുകയും ചെയ്യും.13അവൻ ഈജിപ്റ്റ്ദേശത്ത് ബേത്ത്-ശേമെശിലെ വിഗ്രഹങ്ങളെ തകർത്ത് ഈജിപ്റ്റിലെ ദേവന്മാരുടെ ക്ഷേത്രങ്ങൾ തീവച്ച് ചുട്ടുകളയും.

44

1ഈജിപ്റ്റ്ദേശത്ത് മിഗ്ദോലിലും തഹ്പനേസിലും നോഫിലും പത്രോസ് ദേശത്തും വസിക്കുന്ന സകലയെഹൂദന്മാരെയും കുറിച്ച് യിരെമ്യാവിനുണ്ടായ അരുളപ്പാട് എന്തെന്നാൽ:2“യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ യെരൂശലേമിന്മേലും സകല യെഹൂദാപട്ടണങ്ങളിന്മേലും വരുത്തിയിരിക്കുന്ന അനർത്ഥങ്ങൾ എല്ലാം നിങ്ങൾ കണ്ടിട്ടുണ്ടല്ലോ; അവ ശൂന്യമായിരിക്കുന്നു; ആരും അവയിൽ വസിക്കുന്നതുമില്ല.3അവരോ നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരോ അറിയാത്ത അന്യദേവന്മാർക്കു ധൂപംകാട്ടുകയും, അവയെ സേവിക്കുകയും ചെയ്ത ദോഷം നിമിത്തം എന്നെ കോപിപ്പിച്ചതിനാലാണ് അങ്ങനെ സംഭവിച്ചത്.

4ഞാൻ ഇടവിടാതെ പ്രവാചകന്മാരായ എന്റെ ദാസന്മാരെ നിങ്ങളുടെ അടുക്കൽ അയച്ച്: “ഞാൻ വെറുക്കുന്ന ഈ മ്ലേച്ഛകാര്യം നിങ്ങൾ ചെയ്യരുത് എന്ന് പറയിച്ചു.5എന്നാൽ അവർ അന്യദേവന്മാർക്കു ധൂപംകാട്ടുക എന്ന അവരുടെ ദോഷം വിട്ടുതിരിയുവാൻ തക്കവണ്ണം ശ്രദ്ധിക്കുകയോ ചെവി ചായിക്കുകയോ ചെയ്യാതെ ഇരുന്നു.6അതുകൊണ്ട് എന്റെ ക്രോധവും കോപവും യെഹൂദാപട്ടണങ്ങളിലും യെരൂശലേംവീഥികളിലും ചൊരിഞ്ഞു; അവ ഇന്ന് ശൂന്യവും നാശവുമായിരിക്കുന്നു”.
7“ആകയാൽ യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾക്ക് ശേഷിപ്പായി ആരും ഇല്ലാതാകുംവണ്ണം യെഹൂദയുടെ മദ്ധ്യത്തിൽ നിന്ന് പുരുഷനെയും സ്ത്രീയെയും പൈതലിനെയും മുലകുടിക്കുന്ന കുഞ്ഞിനെയും ഛേദിച്ചുകളയേണ്ടതിന്8നിങ്ങൾ വന്നു പാർക്കുന്ന ഈജിപ്റ്റിൽവച്ച് അന്യദേവന്മാർക്കു ധൂപംകാണിച്ച് നിങ്ങളുടെ കൈകളുടെ പ്രവൃത്തികൾകൊണ്ട് എന്നെ കോപിപ്പിച്ച് നിങ്ങളെത്തന്നെ ഛേദിച്ചുകളഞ്ഞ് സകലഭൂജാതികളുടെയും ഇടയിൽ നിങ്ങൾ ശാപവും നിന്ദയും ആയിത്തീരേണ്ടതിന് നിങ്ങളുടെ പ്രാണഹാനിക്കായി ഈ മഹാദോഷം ചെയ്യുന്നതെന്ത്?
9യെഹൂദാദേശത്തും യെരൂശലേമിന്റെ വീഥികളിലും നിങ്ങളുടെ പിതാക്കന്മാർ ചെയ്ത ദോഷങ്ങളും യെഹൂദാരാജാക്കന്മാർ ചെയ്ത ദോഷങ്ങളും അവരുടെ ഭാര്യമാർ ചെയ്ത ദോഷങ്ങളും നിങ്ങൾ ചെയ്ത ദോഷങ്ങളും നിങ്ങളുടെ ഭാര്യമാർ ചെയ്ത ദോഷങ്ങളും നിങ്ങൾ മറന്നുപോയോ?10അവർ ഇന്നുവരെയും അവരെത്തന്നെ താഴ്ത്തിയില്ല; അവർ ഭയപ്പെടുകയോ ഞാൻ നിങ്ങളുടെയും നിങ്ങളുടെ പിതാക്കന്മാരുടെയും മുമ്പിൽ വച്ച ന്യായപ്രമാണവും ചട്ടങ്ങളും അനുസരിച്ചു നടക്കുകയോ ചെയ്തതുമില്ല”.
11അതുകൊണ്ട് യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അനർത്ഥത്തിനായി, യെഹൂദയെ മുഴുവനും ഛേദിച്ചുകളയുവാനായി തന്നെ, എന്റെ മുഖം നിങ്ങൾക്ക് എതിരായി വയ്ക്കുന്നു.12ഈജിപ്റ്റിൽ ചെന്നു വസിക്കുവാൻ അവിടെ പോകേണ്ടതിന് തീരുമാനിച്ചിരിക്കുന്ന യെഹൂദാശിഷ്ടത്തെ ഞാൻ പിടിക്കും; അവരെല്ലാവരും നശിച്ചുപോകും; ഈജിപ്റ്റിൽ അവർ വീഴും; വാൾകൊണ്ടും ക്ഷാമംകൊണ്ടും അവർ നശിച്ചുപോകും; അവർ ആബാലവൃദ്ധം വാൾകൊണ്ടും ക്ഷാമംകൊണ്ടും മരിക്കും; അവർ ആണയ്ക്കും ഭീതിക്കും ശാപത്തിനും നിന്ദയ്ക്കും വിഷയമായിത്തീരും.
13ഞാൻ യെരൂശലേമിനെ സന്ദർശിച്ചതുപോലെ ഈജിപ്റ്റിൽ വസിക്കുന്നവരെയും വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും സന്ദർശിക്കും.14ഈജിപ്റ്റിൽ വന്നു വസിക്കുന്ന യെഹൂദാശിഷ്ടത്തിൽ ആരും അവർക്ക് മടങ്ങിച്ചെന്നു പാർക്കുവാൻ ആഗ്രഹമുള്ള യെഹൂദാദേശത്തേക്ക് മടങ്ങിപ്പോകുവാൻ തക്കവണ്ണം രക്ഷപെടുകയില്ല, ശേഷിക്കുകയുമില്ല; രക്ഷപെട്ടുപോകുന്ന ചിലരല്ലാതെ ആരും മടങ്ങിപ്പോകുകയില്ല”.
15അതിന് അവരുടെ ഭാര്യമാർ അന്യദേവന്മാർക്കു ധൂപം കാട്ടിയിട്ടുണ്ടെന്ന് അറിഞ്ഞ സകലപുരുഷന്മാരും മഹാസംഘമായി അരികിൽ നിന്ന സകലസ്ത്രീകളും ഈജിപ്റ്റ്ദേശത്ത് പത്രോസിൽ താമസിച്ച സകലജനവും യിരെമ്യാവിനോട് ഉത്തരം പറഞ്ഞത്:16“നീ യഹോവയുടെ നാമത്തിൽ ഞങ്ങളോടു പറഞ്ഞിരിക്കുന്ന വചനം സംബന്ധിച്ച് ഞങ്ങൾ നിന്നെ കൂട്ടാക്കുകയില്ല.17ആകാശരാജ്ഞിക്കു ധൂപംകാട്ടുവാനും അവൾക്കു പാനീയബലി പകരുവാനും ഞങ്ങൾ നേർന്നിരിക്കുന്ന നേർച്ച ഒക്കെയും ഞങ്ങൾ നിവർത്തിക്കും; ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും രാജാക്കന്മാരും പ്രഭുക്കന്മാരും യെഹൂദാപട്ടണങ്ങളിലും യെരൂശലേം വീഥികളിലും ചെയ്തതുപോലെ തന്നെ; അന്ന് ഞങ്ങൾക്കു വേണ്ടുവോളം ആഹാരവും സുഖവും ഉണ്ടായിരുന്നു; ഒരു അനർത്ഥവും നേരിട്ടിരുന്നില്ല.
18എന്നാൽ ഞങ്ങൾ ആകാശരാജ്ഞിക്കു ധൂപം കാട്ടുന്നതും പാനീയബലി പകരുന്നതും നിർത്തിയ നാൾ മുതൽ ഞങ്ങൾക്കു എല്ലാം ബുദ്ധിമുട്ടായി; ഞങ്ങൾ വാൾകൊണ്ടും ക്ഷാമംകൊണ്ടും നശിക്കുന്നു.19ആകാശരാജ്ഞിക്കു ധൂപംകാട്ടുകയും പാനീയബലി പകരുകയും ചെയ്യുമ്പോൾ, ഞങ്ങൾ അവളുടെ രൂപത്തിൽ അട ഉണ്ടാക്കുന്നതും അവൾക്കു പാനീയബലി പകരുന്നതും ഞങ്ങളുടെ ഭർത്താക്കന്മാരെ കൂടാതെയോ?”
20അപ്പോൾ യിരെമ്യാവ് സകലജനത്തോടും, പുരുഷന്മാരും സ്ത്രീകളുമായി തന്നോട് ഉത്തരം പറഞ്ഞ സകലജനത്തോടും തന്നെ, പറഞ്ഞതെന്തെന്നാൽ:21“യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്റെ വീഥികളിലും നിങ്ങളും നിങ്ങളുടെ പിതാക്കന്മാരും രാജാക്കന്മാരും പ്രഭുക്കന്മാരും ദേശത്തുള്ള ജനവും ധൂപംകാട്ടിയത് യഹോവ ഓർത്തില്ലയോ? അവിടുത്തെ മനസ്സിൽ അതൊക്കെയും വന്നില്ലയോ?
22നിങ്ങളുടെ ദുഷ്പ്രവൃത്തികൾനിമിത്തവും നിങ്ങൾ പ്രവർത്തിച്ച മ്ലേച്ഛതനിമിത്തവും യഹോവയ്ക്കു സഹിക്കുവാൻ കഴിയാതെയായി; അതുകൊണ്ട് നിങ്ങളുടെ ദേശം ഇന്ന് നിവാസികൾ ഇല്ലാതെ ശൂന്യവും ഭീതിവിഷയവും ശാപഹേതുവും ആയിത്തീർന്നിരിക്കുന്നു.23നിങ്ങൾ യഹോവയുടെ വാക്ക് അനുസരിക്കാതെയും അവിടുത്തെ ന്യായപ്രമാണവും ചട്ടങ്ങളും സാക്ഷ്യങ്ങളും പ്രമാണിച്ചു നടക്കാതെയും ധൂപംകാട്ടി യഹോവയോടു പാപം ചെയ്തിരിക്കുകയാൽ, ഇന്ന് ഈ അനർത്ഥം നിങ്ങൾക്ക് വന്നു ഭവിച്ചിരിക്കുന്നു.
24പിന്നെയും യിരെമ്യാവ് സകലജനത്തോടും സകലസ്ത്രീകളോടും പറഞ്ഞത്: “ഈജിപ്റ്റ്ദേശത്ത് ആയിരിക്കുന്ന യെഹൂദന്മാരായ നിങ്ങൾ എല്ലാവരും യഹോവയുടെ വചനം കേൾക്കുവിൻ!25യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ആകാശരാജ്ഞിക്കു ധൂപം കാട്ടുവാനും പാനീയബലി പകരുവാനും നേർന്നിരിക്കുന്ന നേർച്ചകൾ ഞങ്ങൾ നിവർത്തിക്കും” എന്നു നിങ്ങളും നിങ്ങളുടെ ഭാര്യമാരും വായ്കൊണ്ടു പറയുകയും കൈകൊണ്ടു അനുഷ്ഠിക്കുകയും ചെയ്തികണ്മുമ്പിൽ രിക്കുന്നു; നിങ്ങളുടെ നേർച്ചകൾ ഉറപ്പാക്കിക്കൊള്ളുവിൻ! നിങ്ങളുടെ നേർച്ചകൾ അനുഷ്ഠിച്ചുകൊള്ളുവിൻ!
26അതുകൊണ്ട് ഈജിപ്റ്റിൽ വസിക്കുന്ന സകലയെഹൂദജനമേ, യഹോവയുടെ വചനം കേൾക്കുവിൻ! ഈജിപ്റ്റിൽ വസിക്കുന്ന ഒരു യെഹൂദനും വായ് കൊണ്ട്: ‘യഹോവയായ കർത്താവാണ’ എന്നിങ്ങനെ എന്റെ നാമം ഇനി ഉച്ചരിക്കുകയില്ല എന്നു ഞാൻ എന്റെ മഹത്തായ നാമം ചൊല്ലി സത്യം ചെയ്യുന്നു” എന്ന് യഹോവ അരുളിച്ചെയ്യുന്നു.27ഞാൻ അവരുടെ നന്മയ്ക്കായിട്ടല്ല, തിന്മയ്ക്കായിട്ടത്രേ ജാഗരിച്ചിരിക്കും; ഈജിപ്റ്റിലെ എല്ലായെഹൂദന്മാരും വാൾകൊണ്ടും ക്ഷാമംകൊണ്ടും നശിച്ചുപോകും.28എന്നാൽ വാളിനു തെറ്റി ഒഴിയുന്ന ഏതാനും പേർ ഈജിപ്റ്റിൽ നിന്ന് യെഹൂദാദേശത്തേക്കു മടങ്ങിവരും; ഈജിപ്റ്റിൽ വന്നു പാർക്കുന്ന ശേഷം യെഹൂദന്മാരെല്ലാം എന്റെ വചനമോ അവരുടേതോ ഏത് നിവൃത്തിയായി എന്നറിയും.
29എന്റെ വചനം നിങ്ങളുടെ തിന്മയ്ക്കായിട്ട് നിറവേറുമെന്ന് നിങ്ങൾ അറിയേണ്ടതിന് ഞാൻ ഈ സ്ഥലത്തുവച്ച് നിങ്ങളെ സന്ദർശിക്കും എന്നത് നിങ്ങൾക്ക് ഒരു അടയാളം ആകും” എന്ന് യഹോവയുടെ അരുളപ്പാട്.30“ഞാൻ യെഹൂദാരാജാവായ സിദെക്കീയാവിനെ അവന്റെ ശത്രുവും അവനു പ്രാണഹാനി വരുത്തുവാൻ നോക്കിയവനുമായ നെബൂഖദ്നേസർ എന്ന ബാബേൽരാജാവിന്റെ കൈയിൽ ഏല്പിച്ചതുപോലെ ഞാൻ ഈജിപ്റ്റ് രാജാവായ ഫറവോൻ-ഹോഫ്രയെയും അവന്റെ ശത്രുക്കളുടെ കൈയിലും അവനു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കൈയിലും ഏല്പിക്കും” എന്ന് യഹോവ അരുളിച്ചെയ്യുന്നു.

45

1യോശീയാവിന്റെ മകനും യെഹൂദാരാജാവുമായ യെഹോയാക്കീമിന്റെ നാലാം ആണ്ടിൽ, നേര്യാവിന്റെ മകനായ ബാരൂക്ക് ഈ വചനങ്ങൾ യിരെമ്യാവിന്റെ വാമൊഴിപ്രകാരം ഒരു പുസ്തകത്തിൽ എഴുതിയപ്പോൾ യിരെമ്യാപ്രവാചകൻ അവനോടു പറഞ്ഞ വചനം എന്തെന്നാൽ:2“ബാരൂക്കേ, നിന്നോട് യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:3‘യഹോവ എന്റെ വേദനയോടു ദുഃഖം കൂട്ടിയിരിക്കുന്നു; എനിക്ക് അയ്യോ കഷ്ടം! ഞാൻ എന്റെ ഞരക്കംകൊണ്ടു തളർന്നിരിക്കുന്നു; ഒരു ആശ്വാസവും കാണുന്നില്ല’ എന്ന് നീ പറയുന്നുവല്ലോ.

4ഞാൻ പണിതത് ഞാൻ തന്നെ ഇടിച്ചുകളയുന്നു; ഞാൻ നട്ടത് ഞാൻ തന്നെ പറിച്ചുകളയുന്നു; ഭൂമിയിൽ എങ്ങും അത് അങ്ങനെ തന്നെ.5എന്നാൽ നീ നിനക്കായിട്ട് വലിയ കാര്യങ്ങൾ ആഗ്രഹിക്കുന്നുവോ? ആഗ്രഹിക്കരുത്; ഞാൻ സർവ്വജഡത്തിനും അനർത്ഥം വരുത്തും” എന്ന് യഹോവയുടെ അരുളപ്പാട്; “എങ്കിലും നീ പോകുന്ന എല്ലാ സ്ഥലത്തും ഒരു കൊള്ളപോലെ ഞാൻ നിന്റെ ജീവനെ നിനക്ക് തരും എന്നിങ്ങനെ നീ അവനോടു പറയണം” എന്ന് യഹോവ അരുളിച്ചെയ്യുന്നു.

46

1ജനതകളെക്കുറിച്ചു യിരെമ്യാപ്രവാചകനുണ്ടായ യഹോവയുടെ അരുളപ്പാട്.2ഈജിപ്റ്റിനെക്കുറിച്ചുള്ളത്: യെഹൂദാരാജാവായ യോശീയാവിന്റെ മകനായ യെഹോയാക്കീമിന്റെ നാലാം ആണ്ടിൽ ഫ്രാത്ത് നദീതീരത്തെ കർക്കെമീശിൽ വച്ച് ബാബേൽരാജാവായ നെബൂഖദ്നേസർ തോല്പിച്ചുകളഞ്ഞ ഫറവോൻ-നെഖോ എന്ന ഈജിപ്റ്റ് രാജാവിന്റെ സൈന്യത്തെക്കുറിച്ചുള്ളതു തന്നെ.3“പരിചയും പലകയും ഒരുക്കി യുദ്ധത്തിന് അടുത്തുകൊള്ളുവിൻ!4കുതിരച്ചേവകരേ, കുതിരകൾക്കു കോപ്പിട്ടു കയറുവിൻ! പടത്തൊപ്പിയുമായി അണിനിരക്കുവിൻ; കുന്തങ്ങൾ മിനുക്കി കവചങ്ങൾ ധരിക്കുവിൻ.

5അവർ ഭ്രമിച്ചു പിന്മാറിക്കാണുന്നതെന്ത്? അവരുടെ വീരന്മാർ വെട്ടേറ്റ് തിരിഞ്ഞുനോക്കാതെ തിടുക്കത്തിൽ ഓടുന്നു! സർവ്വത്രഭീതി” എന്ന് യഹോവയുടെ അരുളപ്പാട്.6“വേഗതയുള്ളവൻ ഓടിപ്പോകാതിരിക്കട്ടെ; വീരൻ രക്ഷപെടാതിരിക്കട്ടെ; വടക്ക് ഫ്രാത്ത് നദീതീരത്ത് അവർ ഇടറിവീഴും.
7നീലനദിപോലെ പൊങ്ങുകയും നദികളിലെ വെള്ളംപോലെ അലറിപ്പായുകയും ചെയ്യുന്നോരിവനാർ?8ഈജിപ്റ്റ് നീലനദിപോലെ പൊങ്ങുകയും അതിന്റെ വെള്ളം നദികൾപോലെ അലറിപ്പായുകയും ‘ഞാൻ പെരുകി ദേശത്തെ മൂടി നഗരത്തെയും അതിലെ നിവാസികളെയും നശിപ്പിക്കും’ എന്നു പറയുകയും ചെയ്യുന്നു.9കുതിരകളേ, കുതിച്ചു ചാടുവിൻ; രഥങ്ങളേ, ഇരച്ചുകയറുവിൻ! വീരന്മാർ പുറപ്പെടട്ടെ; പരിച പിടിച്ചിരിക്കുന്ന കൂശ്യരും പൂത്യരും വില്ലെടുത്തു കുലയ്ക്കുന്ന ലൂദ്യരും കൂടെ.
10ആ ദിവസം സൈന്യങ്ങളുടെ യഹോവയായ കർത്താവ് തന്റെ വൈരികളോടു പ്രതികാരം ചെയ്യുന്ന പ്രതികാരദിവസം ആകുന്നു; വാൾ വേണ്ടുവോളം തിന്നുകയും അവരുടെ രക്തം കുടിച്ചു മദിക്കുകയും ചെയ്യും; വടക്ക് ഫ്രാത്ത് നദീതീരത്ത് സൈന്യങ്ങളുടെ യഹോവയായ കർത്താവിന് ഒരു ഹനനയാഗമുണ്ടല്ലോ.
11ഈജിപ്റ്റ്പുത്രിയായ കന്യകേ! ഗിലെയാദിൽ ചെന്ന് തൈലം വാങ്ങുക; നീ അനവധി ഔഷധങ്ങൾ വെറുതെ പ്രയോഗിക്കുന്നു; നിനക്ക് രോഗശാന്തി ഉണ്ടാകുകയില്ല.12ജനതകൾ നിന്റെ ലജ്ജയെക്കുറിച്ചു കേട്ടിരിക്കുന്നു; നിന്റെ നിലവിളി ദേശത്തു നിറഞ്ഞിരിക്കുന്നു; വീരൻ വീരനോട് ഏറ്റുമുട്ടി രണ്ടുപേരും ഒരുമിച്ചു വീണിരിക്കുന്നു!”

13ബാബേൽരാജാവായ നെബൂഖദ്നേസർ ഈജിപ്റ്റിനെ ജയിക്കുവാൻ വരുന്നതിനെക്കുറിച്ച് യിരെമ്യാപ്രവാചകനോട് യഹോവ കല്പിച്ച അരുളപ്പാട്.14“ഈജിപ്റ്റിൽ പ്രസ്താവിച്ച് മിഗ്ദോലിൽ പ്രസിദ്ധമാക്കി, നോഫിലും തഹ്പനേസിലും കേൾപ്പിക്കുവിൻ! ‘അണിനിരന്ന് ഒരുങ്ങിനില്ക്കുക’ എന്ന് പറയുവിൻ! വാൾ നിന്റെ ചുറ്റുമുള്ളവരെ നശിപ്പിച്ചുകളയുന്നുവല്ലോ.
15നിന്റെ ബലവാന്മാർ വീണുകിടക്കുന്നതെന്ത്? യഹോവ അവരെ തള്ളിയിട്ടതുകൊണ്ട് അവർക്കു നില്ക്കുവാൻ കഴിഞ്ഞില്ല.16അവൻ പലരെയും ഇടറി വീഴുമാറാക്കി; ഒരുത്തൻ മറ്റൊരുത്തന്റെ മീതെ വീണു; “എഴുന്നേല്ക്കുവിൻ; നശിപ്പിക്കുന്ന വാളിൽ നിന്ന് ഒഴിഞ്ഞ് നാം സ്വജനത്തിന്റെ അടുക്കലേക്കും ജന്മദേശത്തേക്കും മടങ്ങിപ്പോവുക” എന്ന് അവർ പറയും.17ഈജിപ്റ്റ് രാജാവായ ഫറവോന്: ‘വിനാശം’ എന്നും ‘സമയം തെറ്റി വരുന്നവൻ’ എന്നും പേര് പറയുവിൻ!
18എന്നാണ, പർവ്വതങ്ങളിൽവച്ച് താബോർപോലെയും കടലിനരികിലുള്ള കർമ്മേൽപോലെയും നിശ്ചയമായിട്ട് അവൻ വരും”എന്ന് സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ള രാജാവിന്റെ അരുളപ്പാട്.19ഈജിപ്റ്റിൽ വസിക്കുന്ന പുത്രീ, പ്രവാസത്തിനു പോകുവാൻ ഒരുങ്ങുക; നോഫ് നിവാസികളില്ലാതെ ശൂന്യമായി വെന്തുപോകും.
20ഈജിപ്റ്റ് ഏറ്റവും അഴകുള്ള പശുക്കിടാവാകുന്നു; എന്നാൽ വടക്കുനിന്ന് ഈച്ചപോലെ നാശം അതിന്മേൽ വരുന്നു.21അതിന്റെ കൂലിപ്പടയാളികൾ അതിന്റെ മദ്ധ്യത്തിൽ കൊഴുപ്പിച്ച കാളക്കിടാക്കളെപ്പോലെയാകുന്നു; അവരും പിന്തിരിഞ്ഞ് ഒരുപോലെ ഓടിപ്പോയി; അവരുടെ അപായദിവസവും സന്ദർശനകാലവും വന്നിരിക്കുകയാൽ അവർക്ക് നില്ക്കുവാൻ കഴിഞ്ഞില്ല.22അതിന്റെ ശബ്ദം പാമ്പ് ഓടുന്ന ശബ്ദംപോലെ; അവർ സൈന്യത്തോടുകൂടി നടന്ന്, മരം മുറിക്കുന്നവരെപ്പോലെ കോടാലികളുമായി അതിന്റെ നേരെ വരും.
23അതിന്റെ കാട് തിങ്ങിയതായിരുന്നാലും അവർ അതിനെ വെട്ടിക്കളയും” എന്ന് യഹോവയുടെ അരുളപ്പാട്; “അവർ വെട്ടുക്കിളികളെക്കാൾ അധികം; അവർക്ക് സംഖ്യയുമില്ല.24ഈജിപ്റ്റ്പുത്രി ലജ്ജിച്ചുപോകും; അവൾ വടക്കെ ജനതയുടെ കൈയിൽ ഏല്പിക്കപ്പെടും.
25ഞാൻ നോവിലെ അമ്മോനെയും ഫറവോനെയും ഈജിപ്റ്റിനെയും അതിന്റെ ദേവന്മാരെയും രാജാക്കന്മാരെയും സന്ദർശിക്കും; ഫറവോനെയും അവനിൽ ആശ്രയിക്കുന്നവരെയും സന്ദർശിക്കും” എന്ന് യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.26ഞാൻ അവരെ, അവർക്കു പ്രാണഹാനിവരുത്തുവാൻ നോക്കുന്നവരുടെ കൈയിലും ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കൈയിലും അവന്റെ ഭൃത്യന്മാരുടെ കൈയിലും ഏല്പിക്കും; അതിന്റെശേഷം പുരാതനകാലത്ത് എന്നപോലെ അതിന് നിവാസികൾ ഉണ്ടാകും” എന്ന് യഹോവയുടെ അരുളപ്പാട്.
27എന്നാൽ എന്റെ ദാസനായ യാക്കോബേ, നീ ഭയപ്പെടരുത്; യിസ്രായേലേ, നീ ഭ്രമിക്കരുത്; ഞാൻ നിന്നെ ദൂരത്തുനിന്നും നിന്റെ സന്തതിയെ അവരുടെ പ്രവാസദേശത്തുനിന്നും രക്ഷിക്കും; യാക്കോബ് മടങ്ങിവന്ന് സ്വസ്ഥമായും സ്വൈരമായും ഇരിക്കും; ആരും അവനെ ഭയപ്പെടുത്തുകയുമില്ല.28എന്റെ ദാസനായ യാക്കോബേ നീ ഭയപ്പെടരുത്; ഞാൻ നിന്നോടുകൂടി ഉണ്ടെന്ന്” യഹോവയുടെ അരുളപ്പാട്. “നിന്നെ ഞാൻ എവിടേക്കു ചിതറിച്ചുകളഞ്ഞുവോ ആ സകല ജനതകളെയും ഞാൻ നശിപ്പിച്ചുകളയും; എങ്കിലും നിന്നെ ഞാൻ നശിപ്പിച്ചുകളയുകയില്ല; ഞാൻ നിന്നെ ന്യായമായി ശിക്ഷിക്കും; നിന്നെ ശിക്ഷിക്കാതെ വിടുകയില്ലതാനും”.

47

1ഫറവോൻ ഗസ്സയെ തോല്പിച്ചതിനുമുമ്പ് ഫെലിസ്ത്യരെക്കുറിച്ച് യിരെമ്യാപ്രവാചകനു യഹോവയിങ്കൽനിന്നുണ്ടായ അരുളപ്പാട്.2യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “വടക്കുനിന്നു വെള്ളം പൊങ്ങി കവിഞ്ഞൊഴുകുന്ന നദിയാകും; അത് ദേശത്തിന്മേലും അതിലുള്ള എല്ലാറ്റിന്മേലും പട്ടണത്തിന്മേലും അതിൽ പാർക്കുന്നവരുടെ മേലും കവിഞ്ഞൊഴുകും; അപ്പോൾ മനുഷ്യർ നിലവിളിക്കും; ദേശനിവാസികൾ സകലരും വിലപിക്കും.

3അവന്റെ ബലമുള്ള കുതിരകളുടെ കുളമ്പടിശബ്ദവും അവന്റെ രഥങ്ങളുടെ ഘോഷവും ചക്രങ്ങളുടെ ആരവവും നിമിത്തം ധൈര്യം ക്ഷയിച്ചിട്ട് അപ്പന്മാർ മക്കളെ തിരിഞ്ഞുനോക്കുകയില്ല.4ഫെലിസ്ത്യരെ എല്ലാം നശിപ്പിക്കുവാനും സോരിലും സീദോനിലും ശേഷിച്ചിരിക്കുന്ന സകലസഹായികളെയും ഛേദിച്ചുകളയുവാനുമുള്ള ദിവസം വരുന്നതുകൊണ്ടു തന്നെ; കഫ്തോർകടല്പുറത്ത് ശേഷിപ്പുള്ള ഫെലിസ്ത്യരെ യഹോവ നശിപ്പിക്കും.
5ഗസ്സയ്ക്ക് കഷണ്ടി ബാധിച്ചിരിക്കുന്നു; അവരുടെ താഴ്വരയിലെ ശേഷിപ്പായ അസ്കലോൻ നശിച്ചുപോയി; എത്രത്തോളം നീ നിന്നെത്തന്നെ മുറിവേല്പിക്കും?6“അയ്യോ, യഹോവയുടെ വാളേ, നീ എത്രത്തോളം വിശ്രമിക്കാതെ ഇരിക്കും? നിന്റെ ഉറയിൽ കടക്കുക; വിശ്രമിച്ച് അടങ്ങിയിരിക്കുക.7അസ്കലോനും സമുദ്രതീരത്തിനും വിരോധമായി യഹോവ കല്പന കൊടുത്തിരിക്കുമ്പോൾ, അടങ്ങിയിരിക്കുവാൻ അതിന് എങ്ങനെ കഴിയും? അവിടേക്ക് അവിടുന്ന് അതിനെ നിയോഗിച്ചുവല്ലോ”.

48

1മോവാബിനെക്കുറിച്ചുള്ള അരുളപ്പാട്. യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നെബോവിന് അയ്യോ കഷ്ടം! അത് ശൂന്യമായിരിക്കുന്നു; കിര്യത്തയീമീം ലജ്ജിതയായി; അത് പിടിക്കപ്പെട്ടുപോയി; ഉയർന്ന കോട്ട ലജ്ജിച്ചു ഭ്രമിച്ചുപോയിരിക്കുന്നു.2മോവാബിന്റെ പ്രശസ്തി നഷ്ടപ്പെട്ടുപോയി; ഹെശ്ബോനിൽ അവർ അതിനെതിരായി അനർത്ഥം നിരൂപിക്കുന്നു; വരുവിൻ, അത് ഒരു ജനത ആയിരിക്കാത്തവണ്ണം നാം അതിനെ നശിപ്പിച്ചുകളയുക; മദ്മേനേ, നീയും നശിച്ചുപോകും; വാൾ നിന്നെ പിന്തുടരും.

3ഹോരോനയീമിൽനിന്ന്: “നാശം, മഹാസംഹാരം” എന്നിങ്ങനെ നിലവിളി കേൾക്കുന്നു.4“മോവാബ് തകർന്നിരിക്കുന്നു; അതിന്റെ കുഞ്ഞുങ്ങൾ നിലവിളി കൂട്ടുന്നു.5ലൂഹീതിലേക്കുള്ള കയറ്റം അവർ കരഞ്ഞുകൊണ്ട് കയറിപ്പോകുന്നു; ഹോരോനയീമിലേക്കുള്ള ഇറക്കത്തിൽ സംഹാരത്തെക്കുറിച്ചുള്ള നിലവിളിയുടെ ആർത്തനാദം കേൾക്കുന്നു.
6ഓടിപ്പോകുവിൻ! പ്രാണനെ രക്ഷിക്കുവിൻ! മരുഭൂമിയിലെ ചൂരൽച്ചെടിപോലെ ആയിത്തീരുവിൻ!7നിന്റെ കോട്ടകളിലും ഭണ്ഡാരങ്ങളിലും ആശ്രയിച്ചിരിക്കുകകൊണ്ട് നീയും പിടിക്കപ്പെടും; കെമോശ് തന്റെ പുരോഹിതന്മാരോടും പ്രഭുക്കന്മാരോടും കൂടി പ്രവാസത്തിലേക്കു പോകും.
8കൊള്ളയിടുന്നവൻ എല്ലാ പട്ടണത്തിലും വരും; ഒരു പട്ടണവും രക്ഷപെടുകയില്ല; യഹോവ അരുളിച്ചെയ്തതുപോലെ താഴ്വര നശിച്ചുപോകും; സമഭൂമി ശൂന്യമായിത്തീരും.9മോവാബ് പറന്നുപോകേണ്ടതിന് അതിനു ചിറകു കൊടുക്കുവിൻ; അതിന്റെ പട്ടണങ്ങൾ നിവാസികൾ ഇല്ലാതെ ശൂന്യമായിപ്പോകും.10യഹോവയുടെ പ്രവൃത്തി ഉദാസീനതയോടെ ചെയ്യുന്നവൻ ശപിക്കപ്പെട്ടവൻ; രക്തം ചൊരിയാതെ വാൾ അടക്കിവയ്ക്കുന്നവൻ ശപിക്കപ്പെട്ടവൻ;
11മോവാബ് ബാല്യം മുതൽ സ്വസ്ഥമായി മട്ടിനു മുകളിൽ തെളിഞ്ഞുനിന്നു; അവനെ പാത്രത്തിൽനിന്നു പാത്രത്തിലേക്കു പകർന്നിട്ടില്ല; അവൻ പ്രവാസത്തിലേക്കു പോയിട്ടുമില്ല; അതുകൊണ്ട് അവന്റെ സ്വാദ് അവനിൽ തന്നെ ഇരിക്കുന്നു; അവന്റെ ഗന്ധം വ്യത്യാസപ്പെട്ടിട്ടുമില്ല.12അതിനാൽ പകരുന്നതുവരെ ഞാൻ അവന്റെ അടുക്കൽ അയയ്ക്കുവാനുള്ള കാലം വരുന്നു” എന്ന് യഹോവയുടെ അരുളപ്പാട്; “അവർ അവനെ പകർന്നുകളയുകയും അവന്റെ പാത്രങ്ങൾ ശൂന്യമാക്കി, കുടങ്ങൾ ഉടച്ചുകളയുകയും ചെയ്യും.
13അവരുടെ ആശ്രയമായ ബേഥേലിനെക്കുറിച്ച് യിസ്രായേൽഗൃഹം ലജ്ജിച്ചുപോയതുപോലെ മോവാബും കെമോശിനെക്കുറിച്ച് ലജ്ജിച്ചുപോകും.14‘ഞങ്ങൾ വീരന്മാരും യുദ്ധസമർത്ഥന്മാരും ആകുന്നു’ എന്ന് നിങ്ങൾ പറയുന്നതെങ്ങനെ?
15മോവാബ് കവർച്ച ചെയ്യപ്പെട്ടു; അതിന്റെ പട്ടണങ്ങൾ തകർക്കപ്പെട്ടിരിക്കുന്നു; അവന്റെ ശ്രേഷ്ഠയുവാക്കൾ കൊലക്കളത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നു” എന്ന് സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ള രാജാവിന്റെ അരുളപ്പാട്.16മോവാബിന് ആപത്തു വരുവാൻ അടുത്തിരിക്കുന്നു; അവന്റെ അനർത്ഥം വേഗത്തിൽ ഉണ്ടാകും.17അവന്റെ ചുറ്റുമുള്ള എല്ലാവരുമേ അവനെക്കുറിച്ചു വിലപിക്കുവിൻ! അവന്റെ നാമം അറിയുന്ന സകലരുമേ, ‘അയ്യോ ബലമുള്ള വടി, ഭംഗിയുള്ള കോൽ എങ്ങനെ ഒടിഞ്ഞു’ എന്നു പറയുവിൻ.
18ദീബോൻനിവാസിനിയായ പുത്രീ, നിന്റെ മഹത്വം വിട്ടിറങ്ങി ദാഹത്തോടെ ഇരിക്കുക; മോവാബിനെ നശിപ്പിക്കുന്നവൻ നിന്റെ നേരെ വന്ന് നിന്റെ കോട്ടകൾ നശിപ്പിക്കുമല്ലോ.19അരോവേർനിവാസിനിയേ, നീ വഴിയിൽ നിന്നുകൊണ്ടു നോക്കുക; ഓടിപ്പോകുന്നവനോടും രക്ഷപെട്ടുപോകുന്നവളോടും ‘സംഭവിച്ചതെന്ത്’ എന്നു ചോദിക്കുക.20മോവാബ് തകർന്നിരിക്കുകയാൽ ലജ്ജിച്ചു പോയിരിക്കുന്നു; വിലപിച്ചു കരയുവിൻ; മോവാബ് കവർച്ചചെയ്യപ്പെട്ടിരിക്കുന്നു എന്ന് അർന്നോനിൽ അറിയിക്കുവിൻ.
21സമഭൂമിമേൽ ന്യായവിധി വന്നിരിക്കുന്നു; ഹോലോനും യഹ്സെക്കും മേഫാഥിനും22ദീബോനും നെബോവിനും ബേത്ത്-ദിബ്ളാത്തയീമിനും കിര്യത്തയീമിനും23ബേത്ത്--ഗാമൂലിനും ബേത്ത്-മെയോനും24കെരീയോത്തിനും ബൊസ്രെക്കും ദൂരത്തും സമീപത്തും ഉള്ള മോവാബിലെ എല്ലാ പട്ടണങ്ങൾക്കും തന്നെ.25മോവാബിന്റെ കൊമ്പ് വെട്ടിക്കളഞ്ഞിരിക്കുന്നു; അവന്റെ ഭുജം തകർന്നുപോയിരിക്കുന്നു” എന്ന് യഹോവയുടെ അരുളപ്പാട്.
26മോവാബ് യഹോവയുടെ നേരെ അഹങ്കരിച്ചിരിക്കുകകൊണ്ട് അവനെ ലഹരി പിടിപ്പിക്കുവിൻ; മോവാബ് തന്റെ ഛർദ്ദിയിൽ കിടന്നുരുളും; അവൻ നിന്ദാവിഷയമായിത്തീരും.27അല്ല, യിസ്രായേൽ നിനക്ക് നിന്ദാവിഷയമായിരുന്നില്ലയോ? നീ അവനെക്കുറിച്ച് പറയുമ്പോഴെല്ലാം തല കുലുക്കുവാൻ അവൻ കള്ളന്മാരുടെ കൂട്ടത്തിൽ പിടിക്കപ്പെട്ടിരുന്നുവോ?
28മോവാബ് നിവാസികളേ, പട്ടണങ്ങൾ വിട്ട് പാറകളിൽ അധിവസിക്കുവിൻ; ഗുഹയുടെ പാർശ്വങ്ങളിൽ കൂടുവയ്ക്കുന്ന പ്രാവിനെപ്പോലെയാകുവിൻ.29മോവാബ് മഹാഗർവ്വി; ഞങ്ങൾ അവന്റെ ഗർവ്വത്തെയും അഹന്തയെയും ഡംഭത്തെയും നിഗളത്തെയും ഉന്നതഭാവത്തെയും കുറിച്ച് കേട്ടിട്ടുണ്ട്.
30അവന്റെ ക്രോധം ഞാൻ അറിയുന്നു” എന്ന് യഹോവയുടെ അരുളപ്പാട്; അവന്റെ സംസാരം വ്യാജമാണ്; അവന്റെ വ്യാജമായ പ്രവൃത്തി കൊണ്ട് ഒന്നും സാധിച്ചില്ലല്ലോ.31അതുകൊണ്ട് മോവാബിനെക്കുറിച്ച് ഞാൻ വിലപിക്കും; എല്ലാ മോവാബിനെയും കുറിച്ച് ഞാൻ നിലവിളിക്കും; കീർഹേരെസിലെ ജനങ്ങളെക്കുറിച്ച് ഞാൻ ദുഃഖിക്കും.32സിബ്മാമുന്തിരിവള്ളിയേ, യസേരിനെക്കുറിച്ചു കരയുന്നതിലും അധികം ഞാൻ നിന്നെക്കുറിച്ചു കരയും; നിന്റെ വള്ളികൾ കടലിനിക്കരെ കടന്നിരിക്കുന്നു; അവ യസേർകടൽവരെ എത്തിയിരിക്കുന്നു; ശൂന്യമാക്കുന്നവൻ നിന്റെ കനികളിന്മേലും മുന്തിരിക്കൊയ്ത്തിന്മേലും ചാടി വീണിരിക്കുന്നു.
33സന്തോഷവും ഉല്ലാസവും വിളഭൂമിയിൽനിന്നും മോവാബ് ദേശത്തുനിന്നും നീങ്ങിപ്പോയിരിക്കുന്നു; ചക്കുകളിൽനിന്ന് വീഞ്ഞ് ഞാൻ ഇല്ലാതാക്കിയിരിക്കുന്നു; സന്തോഷധ്വനിയോടെ ആരും ചക്ക് ചവിട്ടുകയില്ല; കേൾക്കുന്ന ധ്വനികൾ സന്തോഷധ്വനികളല്ലതാനും.
34ഹെശ്ബോനിലെ നിലവിളി നിമിത്തം അവർ എലയാലെവരെയും യഹസ് വരെയും സോവാർമുതൽ ഹോരോനയീംവരെയും എഗ്ലത്ത്-ശെലീശിയവരെയും നിലവിളികൂട്ടുന്നു; നിമ്രീമിലെ ജലാശയങ്ങളും ശൂന്യമായിത്തീരുമല്ലോ.35പൂജാഗിരിയിൽ ബലികഴിക്കുന്നവനെയും ദേവന്മാർക്കു ധൂപം കാട്ടുന്നവനെയും ഞാൻ മോവാബിൽ ഇല്ലാതെയാക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
36അവർ സമ്പാദിച്ച സമ്പാദ്യം നശിച്ചുപോയിരിക്കുകയാൽ മോവാബിനെക്കുറിച്ചും കീർഹേരെസിലെ ജനങ്ങളെക്കുറിച്ചും എന്റെ ഹൃദയം കുഴൽപോലെ1 ധ്വനിക്കുന്നു.37എല്ലാ തലയും കഷണ്ടിയായും എല്ലാതാടിയും കത്രിക്കപ്പെട്ടും ഇരിക്കുന്നു; എല്ലാകൈകളിലും മുറിവും അരകളിൽ രട്ടും കാണുന്നു.
38ഇഷ്ടമില്ലാത്ത പാത്രത്തെപ്പോലെ ഞാൻ മോവാബിനെ ഉടച്ചുകളഞ്ഞിരിക്കുകയാൽ മോവാബിലെ എല്ലാ പുരമുകളിലും അതിന്റെ എല്ലാ തെരുവീഥികളിലും വിലാപം കേൾക്കുന്നു” എന്ന് യഹോവയുടെ അരുളപ്പാട്.39അത് എങ്ങനെ ഉടഞ്ഞുപോയിരിക്കുന്നു! മുറയിടുവിൻ! മോവാബ് എങ്ങനെ ലജ്ജിച്ച് പുറം തിരിഞ്ഞിരിക്കുന്നു! അങ്ങനെ മോവാബ് തന്റെ ചുറ്റുമുള്ളവരെല്ലാം നിന്ദയ്ക്കും ഭീതിയ്ക്കും വിഷയമായിത്തീരും”.
40യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഒരുവൻ കഴുകനെപ്പോലെ പറന്ന് മോവാബിന്മേൽ ചിറകു വിടർത്തും.41കെരീയോത്ത് പിടിക്കപ്പെട്ടു; ദുർഗ്ഗങ്ങൾ കീഴടങ്ങിപ്പോയി; അന്നാളിൽ മോവാബിലെ വീരന്മാരുടെ ഹൃദയം നോവുകിട്ടിയ സ്ത്രീയുടെ ഹൃദയംപോലെയാകും.
42യഹോവയുടെ മുമ്പിൽ തന്നത്താൻ ഉയർത്തിയിരിക്കുകയാൽ മോവാബ് ഒരു ജനമായിരിക്കാത്തവിധം നശിച്ചുപോകും.43മോവാബ് നിവാസിയേ, ഭയവും കുഴിയും കെണിയും നിനക്കു വരും” എന്ന് യഹോവയുടെ അരുളപ്പാട്.44“ഭയന്നോടുന്നവൻ കുഴിയിൽ വീഴും; കുഴിയിൽനിന്നു കയറുന്നവൻ കെണിയിൽ അകപ്പെടും; ഞാൻ മോവാബിന്റെമേൽ തന്നെ, അവരുടെ ശിക്ഷാകാലം വരുത്തും” എന്ന് യഹോവയുടെ അരുളപ്പാട്.
45ഓടിപ്പോയവർ ബലമില്ലാതെ ഹെശ്ബോന്റെ നിഴലിൽ നില്ക്കുന്നു; എന്നാൽ ഹെശ്ബോനിൽനിന്നു തീയും സീഹോന്റെ നടുവിൽനിന്നു ജ്വാലയും പുറപ്പെട്ട് മോവാബിന്റെ ചെന്നിയും കലാപകാരികളുടെ നെറുകയും ദഹിപ്പിച്ചുകളയും.
46മോവാബേ, നിനക്കു ഹാ കഷ്ടം! കെമോശിന്റെ ജനം നശിച്ചിരിക്കുന്നു; നിന്റെ പുത്രന്മാരെ ബദ്ധന്മാരായും നിന്റെ പുത്രിമാരെ പ്രവാസത്തിലേക്കും കൊണ്ടുപോയിരുന്നു.47എങ്കിലും അവസാനനാളിൽ ഞാൻ മോവാബിന്റെ പ്രവാസം മാറ്റും” എന്ന് യഹോവയുടെ അരുളപ്പാട്. ഇത്രത്തോളമാകുന്നു മോവാബിനെക്കുറിച്ചുള്ള ന്യായവിധി.


1 48:36 കുഴൽപോലെ ശവസസ്ക്കാരത്തിനുപയോഗിക്കുന്ന കിന്നരം

49

1അമ്മോന്യരെക്കുറിച്ചുള്ള അരുളപ്പാട്. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേലിനു പുത്രന്മാരില്ലയോ? അവന് അവകാശി ഇല്ലയോ? പിന്നെ മല്ക്കോം ഗാദിനെ കൈവശമാക്കി, അവന്റെ ജനം അതിലെ പട്ടണങ്ങളിൽ താമസിക്കുന്നതെന്ത്?2അതിനാൽ ഞാൻ അമ്മോന്യരുടെ രബ്ബയിൽ യുദ്ധത്തിന്റെ ആർപ്പുവിളി കേൾപ്പിക്കുന്ന കാലം വരുന്നു” എന്ന് യഹോവയുടെ അരുളപ്പാട്; “അന്ന് അത് ശൂന്യമായി കല്ക്കുന്നാകും; അതിന്റെ പുത്രീനഗരങ്ങളും തീ പിടിച്ച് വെന്തുപോകും; യിസ്രായേൽ തന്നെ കൈവശമാക്കിയവരെ കൈവശമാക്കും” എന്ന് യഹോവ അരുളിച്ചെയ്യുന്നു.

3“ഹെശ്ബോനേ, വിലപിക്കുക; ഹായി ശൂന്യമായിപ്പോയിരിക്കുന്നുവല്ലോ; രബ്ബയുടെ പുത്രീനഗരങ്ങളേ, നിലവിളിക്കുവിൻ; രട്ടുടുത്തുകൊള്ളുവിൻ; വിലപിച്ചുകൊണ്ട് വേലികൾക്കരികെ ഉഴന്നുനടക്കുവിൻ! മല്ക്കോമും അവന്റെ പുരോഹിതന്മാരും പ്രഭുക്കന്മാരും എല്ലാം പ്രവാസത്തിലേക്കു പോകും.4‘ആര് എനിക്കെതിരെ വരും’ എന്നു പറഞ്ഞ് തന്റെ ഭണ്ഡാരങ്ങളിൽ ആശ്രയിച്ചുകൊണ്ടിരിക്കുന്ന വിശ്വാസത്യാഗിനിയായ പുത്രീ, താഴ്വരകളിൽ നീ പ്രശംസിക്കുന്നത് എന്തിന്? നിന്റെ താഴ്വരകൾ ഒഴുകിപ്പോകുന്നു.
5ഇതാ നിന്റെ ചുറ്റുമുള്ള എല്ലാവരാലും ഞാൻ നിനക്കു ഭയം വരുത്തും” എന്ന് സൈന്യങ്ങളുടെ യഹോവയായ കർത്താവിന്റെ അരുളപ്പാട്. “നിങ്ങൾ ഓരോരുത്തൻ അവനവന്റെ വഴിക്ക് ചിതറിപ്പോകും; ചിതറിപ്പോയവരെ കൂട്ടിച്ചേർക്കുവാൻ ആരും ഉണ്ടാകുകയില്ല.6എന്നാൽ പിന്നീട് ഞാൻ അമ്മോന്യരുടെ പ്രവാസം മാറ്റും” എന്ന് യഹോവയുടെ അരുളപ്പാട്.

7എദോമിനെക്കുറിച്ചുള്ള അരുളപ്പാട്. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “തേമാനിൽ ഇനി ജ്ഞാനമില്ലയോ? വിവേകികൾക്ക് ആലോചന നശിച്ചുപോയോ? അവരുടെ ജ്ഞാനം ക്ഷയിച്ചുപോയോ?8ദെദാൻനിവാസികളേ, ഓടിപ്പോകുവിൻ; പിന്തിരിഞ്ഞ് കുഴികളിൽ താമസിച്ചുകൊള്ളുവിൻ; ഞാൻ ഏശാവിന്റെ ആപത്ത്, അവന്റെ ദർശനകാലം തന്നെ, അവന്റെമേൽ വരുത്തും.
9മുന്തിരിപ്പഴം പറിക്കുന്നവർ നിന്റെ അടുക്കൽ വന്നാൽ കാലാ പറിക്കുവാൻ ചിലത് ശേഷിപ്പിക്കുകയില്ലയോ? രാത്രിയിൽ കള്ളന്മാർ വന്നാൽ അവർ മതിയാകുവോളം മാത്രമല്ലയോ നശിപ്പിക്കുന്നത്?10എന്നാൽ ഏശാവിനെ ഞാൻ നഗ്നമാക്കി അവന്റെ ഗൂഢസ്ഥലങ്ങൾ അനാവൃതമാക്കിയിരിക്കുന്നു; അവനു ഒളിക്കാൻ കഴിയുകയില്ല; അവന്റെ സന്തതിയും സഹോദരന്മാരും അയല്ക്കാരും നശിച്ചുപോയി; അവനും ഇല്ലാതെ ആയിരിക്കുന്നു.11നിന്റെ അനാഥന്മാരെ ഉപേക്ഷിക്കുക; ഞാൻ അവരെ ജീവനോടെ രക്ഷിക്കും; നിന്റെ വിധവമാർ എന്നിൽ ആശ്രയിക്കട്ടെ”.
12യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “പാനപാത്രം കുടിക്കുവാൻ അർഹതയില്ലാത്തവർ കുടിക്കേണ്ടിവന്നു; പിന്നെ നിനക്ക് ശിക്ഷ വരാതെ പോകുമോ? നിനക്കു ശിക്ഷ വരാതെ പോകുകയില്ല; നീയും കുടിക്കേണ്ടിവരും.13ബൊസ്രാ ഭീതിവിഷയവും നിന്ദയും ശൂന്യവും ശാപവുമായിത്തീരും; അതിന്റെ എല്ലാപട്ടണങ്ങളും നിത്യശൂന്യങ്ങളായിത്തീരും എന്ന് ഞാൻ എന്നെക്കൊണ്ടു തന്നെ സത്യം ചെയ്തിരിക്കുന്നു” എന്ന് യഹോവയുടെ അരുളപ്പാട്.
14“‘നിങ്ങൾ ഒരുമിച്ചുകൂടി അതിന്റെ നേരെ ചെല്ലുവിൻ; യുദ്ധത്തിനായി എഴുന്നേല്ക്കുവിൻ!’ എന്ന് വിളിച്ചുപറയുവാൻ ഒരു ദൂതനെ ജനതകളുടെ അടുക്കലേക്ക് അയച്ചിരിക്കുന്നു” എന്ന വർത്തമാനം ഞാൻ യഹോവയിൽനിന്നു കേട്ടു.15ഞാൻ നിന്നെ ജനതകളുടെ ഇടയിൽ ചെറിയവനും മനുഷ്യരുടെ ഇടയിൽ നിന്ദിതനും ആക്കും.
16പാറപ്പിളർപ്പുകളിൽ വസിച്ച് കുന്നുകളുടെ ഉയരങ്ങൾ കീഴടക്കുന്നവനേ, നിന്റെ ഭയങ്കരത്വം വിചാരിച്ചാൽ നിന്റെ ഹൃദയത്തിലെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു; നീ കഴുകനെപ്പോലെ നിന്റെ കൂട് ഉയരത്തിൽ വച്ചാലും അവിടെനിന്ന് ഞാൻ നിന്നെ താഴെ ഇറക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
17എദോം ഭീതിവിഷയമായിത്തീരും; അതിനരികത്തുകൂടി കടന്നുപോകുന്ന ഏവരും ഭയപ്പെട്ട് അതിന്റെ സകലബാധകളും നിമിത്തം നിന്ദയോടെ പെരുമാറും.18സൊദോമും ഗൊമോരയും അവയുടെ അയൽപട്ടണങ്ങളും നശിച്ചുപോയശേഷം എന്നപോലെ, അവിടെയും ആരും വസിക്കുകയില്ല; ഒരു മനുഷ്യനും അവിടെ വസിക്കുകയില്ല” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
19യോർദ്ദാന്റെ വൻകാട്ടിൽനിന്ന് ഒരു സിംഹം എന്നപോലെ അവൻ എപ്പോഴും പച്ചയായിരിക്കുന്ന മേച്ചിൽപ്പുറങ്ങളിലേക്ക് കയറിവരുന്നു; ഞാൻ അവരെ പെട്ടെന്ന് അതിൽനിന്ന് ഓടിച്ചുകളയും; ഞാൻ തിരഞ്ഞെടുക്കുന്ന ഒരാളെ അതിനു നിയമിക്കും; എനിക്കു സമനായവൻ ആര്? എന്നെ കുറ്റം ചുമത്തുന്നവൻ ആര്? എന്റെ മുമ്പാകെ നില്ക്കുവാൻ കഴിയുന്ന ഇടയൻ ആര്?
20അതുകൊണ്ട് യഹോവ എദോമിനെക്കുറിച്ച് ആലോചിച്ച ആലോചനയും തേമാൻ നിവാസികളെക്കുറിച്ച് നിരൂപിച്ച നിരൂപണങ്ങളും കേൾക്കുവിൻ: ആട്ടിൻകൂട്ടത്തിൽ ചെറിയവരെ അവർ ഇഴച്ചുകൊണ്ടുപോകും; അവിടുന്ന് അവരുടെ മേച്ചിൽപ്പുറങ്ങളെ അവരോടുകൂടി ശൂന്യമാക്കും.
21അവരുടെ വീഴ്ചയുടെ മുഴക്കത്താൽ ഭൂമി നടുങ്ങുന്നു; ഒരു നിലവിളി; അതിന്റെ ശബ്ദം ചെങ്കടലിൽ കേൾക്കുന്നു!22അവൻ കഴുകനെപ്പോലെ പൊങ്ങി പറന്നുവന്ന് ബൊസ്രയുടെമേൽ ചിറകു വിരിക്കും; അന്നാളിൽ എദോമിലെ വീരന്മാരുടെ ഹൃദയം നോവുകിട്ടിയ സ്ത്രീയുടെ ഹൃദയം പോലെയാകും.”

23ദമസ്കോസിനെക്കുറിച്ചുള്ള അരുളപ്പാട്. ഹമാത്തും അർപ്പാദും ദുർവാർത്ത കേട്ടതുകൊണ്ട് ലജ്ജിച്ച് ഉരുകിപ്പോയിരിക്കുന്നു; അടങ്ങാത്ത കടൽപോലെ അവരുടെ മനസ്സ് ഇളകിയിരിക്കുന്നു; അതിന് അടങ്ങിയിരിക്കുവാൻ കഴിയുകയില്ല.24ദമസ്കോസ് ക്ഷീണിച്ച് ഓടിപ്പോകുവാൻ ഭാവിക്കുന്നു; നടുക്കം അതിനു പിടിച്ചിരിക്കുന്നു; നോവു കിട്ടിയ സ്ത്രീക്ക് എന്നപോലെ അതിന് അതിവ്യസനവും വേദനയും പിടിപെട്ടിരിക്കുന്നു.25കീർത്തിയുള്ള പട്ടണം, എന്റെ ആനന്ദനഗരം, ഉപേക്ഷിക്കാതെ ഇരിക്കുന്നതെങ്ങനെ?
26അതുകൊണ്ട് അതിലെ യൗവനക്കാർ അതിന്റെ വീഥികളിൽ വീഴുകയും സകലയോദ്ധാക്കളും അന്നു നശിച്ചുപോകുകയും ചെയ്യും” എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.27ഞാൻ ദമസ്കോസിന്റെ മതിലുകൾക്ക് തീവയ്ക്കും; അത് ബെൻ-ഹദദിന്റെ അരമനകൾ ദഹിപ്പിച്ചുകളയും”.
28ബാബേൽരാജാവായ നെബൂഖദ്നേസർ ജയിച്ചടക്കിയ കേദാരിനെയും ഹാസോർരാജ്യങ്ങളെയും കുറിച്ചുള്ള അരുളപ്പാട്. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ പുറപ്പെട്ട് കേദാരിൽ ചെന്ന് കിഴക്കുദേശക്കാരെ നശിപ്പിച്ചുകളയുവിൻ.29അവരുടെ കൂടാരങ്ങളെയും ആട്ടിൻകൂട്ടങ്ങളെയും അവർ അപഹരിക്കും; അവരുടെ തിരശ്ശീലകളും സകലഉപകരണങ്ങളും ഒട്ടകങ്ങളെയും അവർ കൊണ്ടുപോകും; ‘സർവ്വത്രഭീതി’ എന്ന് അവർ അവരോട് വിളിച്ചുപറയും.
30ഹാസോർനിവാസികളേ, ഓടിപ്പോകുവിൻ; അതിദൂരത്തു ചെന്ന് കുഴിയിൽ വസിച്ചുകൊള്ളുവിൻ” എന്ന് യഹോവയുടെ അരുളപ്പാട്; “ബാബേൽരാജാവായ നെബൂഖദ്നേസർ നിങ്ങളെക്കുറിച്ച് ഒരു ആലോചന ആലോചിച്ച് ഒരു നിരൂപണം നിരൂപിച്ചിരിക്കുന്നു.31വാതിലുകളും ഓടാമ്പലുകളും ഇല്ലാതെ തനിച്ചു പാർക്കുന്നവരും സ്വൈരവും നിർഭയവുമായി വസിക്കുന്നവരുമായ ജനതയുടെ അടുക്കൽ പുറപ്പെട്ടുചെല്ലുവിൻ” എന്ന് യഹോവയുടെ അരുളപ്പാട്.
32“അവരുടെ ഒട്ടകങ്ങൾ കവർച്ചയും അവരുടെ കന്നുകാലിക്കൂട്ടങ്ങൾ കൊള്ളയും ആയിത്തീരും; തലയുടെ അരികു വടിച്ചവരെ ഞാൻ എല്ലാ കാറ്റുകളിലേക്കും ചിതറിച്ചുകളയുകയും നാലു വശത്തുനിന്നും അവർക്ക് ആപത്തു വരുത്തുകയും ചെയ്യും” എന്ന് യഹോവയുടെ അരുളപ്പാട്.33“ഹാസോർ കുറുനരികളുടെ പാർപ്പിടവും നിത്യശൂന്യവും ആയിത്തീരും; ആരും അവിടെ വസിക്കുകയില്ല; ഒരു മനുഷ്യനും അവിടെ നിവസിക്കുകയുമില്ല”.

34യെഹൂദാരാജാവായ സിദെക്കീയാവിന്റെ വാഴ്ചയുടെ ആരംഭത്തിൽ ഏലാമിനെക്കുറിച്ച് യിരെമ്യാപ്രവാചകനുണ്ടായ അരുളപ്പാട് എന്തെന്നാൽ:35“സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഏലാമിന്റെ മുഖ്യബലമായ അവരുടെ വില്ല് ഒടിച്ചുകളയും.36ആകാശത്തിന്റെ നാലു ദിക്കിൽനിന്നും നാലു കാറ്റുകളെ ഞാൻ ഏലാമിന്റെ നേരെ വരുത്തി, ഈ കാറ്റുകളിലേക്ക് അവരെ ചിതറിച്ചുകളയും; ഏലാമിന്റെ ഭ്രഷ്ടന്മാർ ചെല്ലാത്ത ഒരു ജനതയും ഉണ്ടായിരിക്കുകയില്ല.
37ഞാൻ ഏലാമ്യരെ അവരുടെ ശത്രുക്കളുടെ മുമ്പിലും അവർക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ മുമ്പിലും ഭ്രമിപ്പിക്കും; ഞാൻ അവർക്ക് അനർത്ഥം, എന്റെ ഉഗ്രകോപം തന്നെ, വരുത്തും” എന്ന് യഹോവയുടെ അരുളപ്പാട്; ഞാൻ അവരുടെ പിന്നാലെ വാൾ അയച്ച് അവരെ നശിപ്പിച്ചുകളയും.38ഞാൻ എന്റെ സിംഹാസനം ഏലാമിൽ സ്ഥാപിച്ച്, അവിടെ നിന്ന് രാജാവിനെയും പ്രഭുക്കന്മാരെയും നശിപ്പിച്ചു കളയും” എന്ന് യഹോവയുടെ അരുളപ്പാട്.39എന്നാൽ ഒടുവിൽ ഞാൻ ഏലാമിന്റെ പ്രവാസം മാറ്റും” എന്ന് യഹോവയുടെ അരുളപ്പാട്.

50

1യിരെമ്യാപ്രവാചകൻമുഖാന്തരം യഹോവ ബാബേലിനെക്കുറിച്ചും കല്ദയദേശത്തെക്കുറിച്ചും കല്പിച്ച അരുളപ്പാട്:2“ജനതകളുടെ ഇടയിൽ പ്രസ്താവിച്ച് പ്രസിദ്ധമാക്കുവിൻ; കൊടി ഉയർത്തുവിൻ; മറച്ചുവയ്ക്കാതെ ഘോഷിക്കുവിൻ; ബാബേൽ പിടിക്കപ്പെട്ടിരിക്കുന്നു; ബേൽ ലജ്ജിച്ചുപോയി, മേരോദാക്ക് തകർന്നിരിക്കുന്നു; അതിലെ വിഗ്രഹങ്ങൾ ലജ്ജിച്ചുപോയി; അതിലെ ബിംബങ്ങൾ തകർന്നിരിക്കുന്നു എന്ന് പറയുവിൻ.

3വടക്കുനിന്ന് ഒരു ജനത അതിന്റെ നേരെ വരുന്നു; അത് ആ ദേശത്തെ ശൂന്യമാക്കുന്നു; അതിൽ ആരും വസിക്കുന്നില്ല; മനുഷ്യരും മൃഗങ്ങളും ഓടിപ്പോകുന്നു.4ആ നാളുകളിൽ, യിസ്രായേൽമക്കളും യെഹൂദാമക്കളും ഒരുമിച്ച് കരഞ്ഞുകൊണ്ട് വന്ന് അവരുടെ ദൈവമായ യഹോവയെ അന്വേഷിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.5അവർ സീയോനിലേക്കു മുഖം തിരിച്ച് അവിടേയ്ക്കുള്ള വഴി ചോദിച്ചുകൊണ്ട്: ‘വരുവിൻ; മറന്നുപോകാത്ത ഒരു ശാശ്വത ഉടമ്പടിയാൽ നമുക്ക് യഹോവയോടു ചേരാം’ എന്ന് പറയും.
6എന്റെ ജനം കാണാതെപോയ ആടുകൾ ആയിത്തീർന്നിരിക്കുന്നു; അവരുടെ ഇടയന്മാർ അവരെ തെറ്റിച്ച് മലകളിൽ ഉഴന്നുനടക്കുമാറാക്കിയിരിക്കുന്നു; അവർ മലയിൽനിന്ന് കുന്നിന്മേൽ പോയി അവരുടെ വിശ്രമസ്ഥലം മറന്നുകളഞ്ഞു.7അവരെ കാണുന്നവരെല്ലാം അവരെ തിന്നുകളയുന്നു; അവരുടെ വൈരികൾ: ‘നാം കുറ്റം ചെയ്യുന്നില്ല; അവർ നീതിനിവാസമായ യഹോവയോട്, അവരുടെ പിതാക്കന്മാരുടെ പ്രത്യാശയായ യഹോവയോടു തന്നെ, പാപം ചെയ്തുവല്ലോ’ എന്ന് പറഞ്ഞു.
8ബാബേലിൽനിന്ന് ഓടി കല്ദയദേശം വിട്ടു പോകുവിൻ; ആട്ടിൻകൂട്ടത്തിനു മുമ്പായി നടക്കുന്ന മുട്ടാടുകളെപ്പോലെ ആയിരിക്കുവിൻ.9ഞാൻ ബാബേലിന്റെ നേരെ വടക്കെ ദേശത്തുനിന്ന് മഹാജനതകളുടെ കൂട്ടത്തെ ഉണർത്തി വരുത്തും; അവർ അതിന്റെ നേരെ അണി നിരക്കും; അവിടെവച്ച് അത് പിടിക്കപ്പെടും; അവരുടെ അമ്പുകൾ വെറുതെ മടങ്ങാതെ സമർത്ഥനായ വീരന്റെ അമ്പുകൾ പോലെ ഇരിക്കും.10കല്ദയദേശം കൊള്ളയിട്ടുപോകും; അതിനെ കൊള്ളയിടുന്നവർക്കെല്ലാം തൃപ്തിവരും” എന്ന് യഹോവയുടെ അരുളപ്പാട്.
11“എന്റെ അവകാശം കൊള്ളയിട്ടവരേ, നിങ്ങൾ സന്തോഷിക്കുകയും ഉല്ലസിക്കുകയും ചെയ്യുന്നതുകൊണ്ട്, ധാന്യം മെതിക്കുന്ന പശുക്കിടാവിനെപ്പോലെ തുള്ളിക്കളിക്കുന്നതുകൊണ്ട്, ബലമുള്ള കുതിരയെപ്പോലെ നിങ്ങൾ ചിനയ്ക്കുന്നതുകൊണ്ട്,12നിങ്ങളുടെ അമ്മ ഏറ്റവും ലജ്ജിക്കും; നിങ്ങളെ പ്രസവിച്ചവൾ നാണിച്ചുപോകും; അവൾ ജനതകളിൽ താഴ്ന്നവൾ ആകും; മരുഭൂമിയും വരണ്ട നിലവും ശൂന്യദേശവും ആകും.13യഹോവയുടെ ക്രോധം നിമിത്തം അത് നിവാസികൾ ഇല്ലാതെ അശേഷം ശൂന്യമായിത്തീരും; ബാബേലിനരികത്തു കൂടി കടന്നുപോകുന്ന ഏല്ലാവരും ഭീതിയോടെ അതിന്റെ സകല ബാധകളും നിമിത്തം നിന്ദിച്ചു പരിഹസിക്കും.
14ബാബേലിന്റെ എതിരെ ചുറ്റും അണിനിരക്കുവിൻ; എല്ലാ വില്ലാളികളുമേ, നിർല്ലോഭം അമ്പുകൾ അതിലേക്ക് എയ്തുവിടുവിൻ; അത് യഹോവയോട് പാപം ചെയ്തിരിക്കുന്നുവല്ലോ.15അതിനു ചുറ്റും നിന്ന് ആർപ്പിടുവിൻ; അത് കീഴടങ്ങിയിരിക്കുന്നു; അതിന്റെ കൊത്തളങ്ങൾ വീണുപോയി; അതിന്റെ മതിലുകൾ ഇടിഞ്ഞിരിക്കുന്നു; ഇത് യഹോവയുടെ പ്രതികാരമല്ലയോ; അതിനോട് പ്രതികാരം ചെയ്യുവിൻ; അത് ചെയ്തതുപോലെ അതിനോടും ചെയ്യുവിൻ.
16വിതയ്ക്കുന്നവനെയും കൊയ്ത്തുകാലത്ത് അരിവാൾ പിടിക്കുന്നവനെയും ബാബേലിൽനിന്ന് ഛേദിച്ചുകളയുവിൻ; നശിപ്പിക്കുന്ന വാൾ പേടിച്ച് ഓരോരുത്തൻ സ്വജനത്തിന്റെ അടുക്കൽ മടങ്ങിപ്പോവുകയും സ്വദേശത്തേക്ക് ഓടിപ്പോവുകയും ചെയ്യും.

17യിസ്രായേൽ ചിതറിപ്പോയ ആട്ടിൻ കൂട്ടം ആകുന്നു; സിംഹങ്ങൾ അതിനെ ഓടിച്ചുകളഞ്ഞു; ആദ്യം അശ്ശൂർരാജാവ് അതിനെ വിഴുങ്ങി; ഒടുവിൽ ഇപ്പോൾ ബാബേൽരാജാവായ നെബൂഖദ്നേസർ അതിന്റെ അസ്ഥികൾ ഒടിച്ചുകളഞ്ഞു”.18അതുകൊണ്ട് യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അശ്ശൂർരാജാവിനെ സന്ദർശിച്ചതുപോലെ ബാബേൽ രാജാവിനെയും അവന്റെ രാജ്യത്തെയും സന്ദർശിക്കും.
19പിന്നെ ഞാൻ യിസ്രായേലിനെ അവന്റെ മേച്ചിൽപ്പുറത്തേക്ക് മടക്കിവരുത്തും; അവൻ കർമ്മേലിലും ബാശാനിലും മേഞ്ഞുകൊണ്ടിരിക്കും; എഫ്രയീംമലനാട്ടിലും ഗിലെയാദിലും മേഞ്ഞ് അവന് തൃപ്തിവരും.20ശേഷിപ്പിക്കുന്നവരോട് ഞാൻ ക്ഷമിക്കുകയാൽ ആ നാളുകളിൽ, യിസ്രായേലിന്റെ അകൃത്യം അന്വേഷിച്ചാൽ അത് ഇല്ലാതെ ആയിരിക്കും; യെഹൂദയുടെ പാപങ്ങൾ അന്വേഷിച്ചാൽ കാണുകയില്ല” എന്ന് യഹോവയുടെ അരുളപ്പാട്.

21ദ്വിമത്സരം (മെറാഥയീം) എന്ന ദേശത്തിന്റെ നേരെ ചെല്ലുക; അതിന്റെ നേരെയും, സന്ദർശനം (പെക്കോദ്) എന്ന പട്ടണത്തിലെ നിവാസികളുടെ നേരെയും തന്നെ; നീ പിന്നാലെ ചെന്ന് വെട്ടി അവരെ നിർമ്മൂലനാശം വരുത്തി ഞാൻ കല്പിച്ചതുപോലെ എല്ലാം ചെയ്യുക” എന്ന് യഹോവയുടെ അരുളപ്പാട്.22യുദ്ധത്തിന്റെ ആരവവും മഹാസംഹാരവും ദേശത്തുണ്ട്.
23സർവ്വഭൂമിയുടെയും ചുറ്റികയായിരുന്ന ദേശം പിളർന്ന് തകർന്നുപോയതെങ്ങനെ? ജനതകളുടെ ഇടയിൽ ബാബേൽ ശൂന്യമായിത്തീർന്നത് എങ്ങനെ?24ബാബേലേ, ഞാൻ നിനക്ക് ഒരു കെണിവച്ചു; നീ അറിയാതെ അകപ്പെട്ടിരിക്കുന്നു; നിന്നെ കണ്ടെത്തി പിടിച്ചിരിക്കുന്നു; യഹോവയോടല്ലയോ നീ പൊരുതിയത്.
25യഹോവ തന്റെ ആയുധശാല തുറന്ന് തന്റെ ക്രോധത്തിന്റെ ആയുധങ്ങൾ എടുത്തുകൊണ്ടുവന്നിരിക്കുന്നു; സൈന്യങ്ങളുടെ യഹോവയായ കർത്താവിന് കല്ദയദേശത്ത് ഒരു പ്രവൃത്തി ചെയ്യുവാനുണ്ട്.26സകലദിക്കുകളിലും നിന്ന് അതിന്റെ നേരെ വന്ന് അതിന്റെ കളപ്പുരകൾ തുറക്കുവിൻ; അതിനെ കറ്റപോലെ കൂമ്പാരം കൂട്ടുവിൻ; അതിൽ ഒന്നും ശേഷിപ്പിക്കാതെ നിർമ്മൂലനാശം വരുത്തുവിൻ;
27അതിലെ കാളകളെ എല്ലാം കൊല്ലുവിൻ; അവ കൊലക്കളത്തിലേക്ക് ഇറങ്ങിപ്പോകട്ടെ; അവർക്ക് അയ്യോ കഷ്ടം; അവരുടെ നാൾ, അവരുടെ സന്ദർശനകാലം വന്നിരിക്കുന്നു.28നമ്മുടെ ദൈവമായ യഹോവയുടെ പ്രതികാരം, തന്റെ മന്ദിരത്തിനു വേണ്ടിയുള്ള പ്രതികാരം തന്നെ, സീയോനിൽ അറിയിക്കേണ്ടതിന് ബാബേൽദേശത്തുനിന്നു രക്ഷപ്പെട്ട് ഓടിപ്പോകുന്നവരുടെ ഘോഷം!
29ബാബേലിന്റെ നേരെ വില്ലാളികളെ വിളിച്ചുകൂട്ടുവിൻ; വില്ലു കുലയ്ക്കുന്ന എല്ലാവരുമേ, അതിന്റെ നേരെ ചുറ്റും പാളയമിറങ്ങുവിൻ; ആരും അതിൽ നിന്ന് ചാടിപ്പോകരുത്; അതിന്റെ പ്രവൃത്തിക്കു തക്കവണ്ണം അതിനു പകരം കൊടുക്കുവിൻ; അത് ചെയ്തതുപോലെ ഒക്കെയും അതിനോടും ചെയ്യുവിൻ; അത് യഹോവയോട്, യിസ്രായേലിന്റെ പരിശുദ്ധനോടു തന്നെ, അഹങ്കാരം കാണിച്ചിരിക്കുന്നു.30അതുകൊണ്ട് അതിലെ യൗവനക്കാർ അതിന്റെ വീഥികളിൽ വീഴും; അതിലെ യോദ്ധാക്കൾ എല്ലാവരും അന്ന് നശിച്ചുപോകും” എന്ന് യഹോവയുടെ അരുളപ്പാട്.
31“അഹങ്കാരിയേ, ഞാൻ നിനക്ക് വിരോധമായിരിക്കുന്നു” എന്ന് സൈന്യങ്ങളുടെ യഹോവയായ കർത്താവിന്റെ അരുളപ്പാട്; “നിന്റെ നാൾ, ഞാൻ നിന്നെ സന്ദർശിക്കുന്ന കാലം, വന്നിരിക്കുന്നു.32അഹങ്കാരി ഇടറി വീഴും; ആരും അവനെ എഴുന്നേല്പിക്കുകയില്ല; ഞാൻ അവന്റെ പട്ടണങ്ങൾക്ക് തീ വയ്ക്കും; അത് അവന്റെ ചുറ്റുമുള്ള എല്ലാവരെയും ദഹിപ്പിച്ചുകളയും”.
33സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേൽമക്കളും യെഹൂദാമക്കളും ഒരുപോലെ പീഡിതരായിരിക്കുന്നു; അവരെ ബദ്ധരാക്കി കൊണ്ടുപോയവരെല്ലാം അവരെ വിട്ടയയ്ക്കുവാൻ മനസ്സില്ലാതെ മുറുകെപ്പിടിച്ചുകൊള്ളുന്നു.34എന്നാൽ അവരുടെ വീണ്ടെടുപ്പുകാരൻ ശക്തനാകുന്നു; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവിടുത്തെ നാമം; ഭൂമിക്ക് സ്വസ്ഥത വരുത്തേണ്ടതിനും ബാബേൽനിവാസികൾക്ക് സ്വസ്ഥത വരുത്തേണ്ടതിനും അവരുടെ വ്യവഹാരം അവിടുന്ന് ശ്രദ്ധയോടെ നടത്തും.
35കല്ദയരുടെമേലും ബാബേൽനിവാസികളുടെമേലും അതിന്റെ പ്രഭുക്കന്മാരുടെമേലും ജ്ഞാനികളുടെമേലും വാൾ വരുന്നു” എന്ന് യഹോവയുടെ അരുളപ്പാട്.36വ്യാജം പ്രവചിക്കുന്നവർ ഭോഷന്മാരാകത്തക്കവിധം അവരുടെ മേൽ വാൾ വരും; അതിലെ വീരന്മാർ ഭ്രമിച്ചുപോകത്തക്കവിധം അവരുടെ മേലും വാൾ വരും.37അവരുടെ കുതിരകളുടെമേലും രഥങ്ങളുടെമേലും അതിന്റെ നടുവിലെ സർവ്വസമ്മിശ്രജനതയും സ്ത്രീകളെപ്പോലെ ആയിത്തീരത്തക്കവിധം അവരുടെ മേലും വാൾ വരും; അതിന്റെ ഭണ്ഡാരങ്ങൾ കവർന്നുപോകത്തക്കവിധം അവയുടെ മേലും വാൾവരും.
38അതിലെ വെള്ളം വറ്റിപ്പോകത്തക്കവിധം ഞാൻ അതിന്മേൽ വരൾച്ച വരുത്തും; അത് വിഗ്രഹങ്ങളുടെ ദേശമല്ലയോ; ഘോരബിംബങ്ങൾ നിമിത്തം അവർ ഭ്രാന്തന്മാരായിരിക്കുന്നു.39ആകയാൽ അവിടെ മരുഭൂമൃഗങ്ങൾ കുറുനരികളോടുകൂടെ വസിക്കും; ഒട്ടകപ്പക്ഷിയും അവിടെ വസിക്കും; ഇനി അതിൽ ഒരു നാളും ജനവാസമുണ്ടാവുകയില്ല; തലമുറതലമുറയായി അതു നിവാസികൾ ഇല്ലാതെ കിടക്കും.40ദൈവം സൊദോമിനെയും ഗൊമോരയെയും അവയുടെ അയൽ പട്ടണങ്ങളെയും നശിപ്പിച്ച നാളിലെപ്പോലെ അവിടെയും ആരും താമസിക്കുകയില്ല; ഒരു മനുഷ്യനും അവിടെ വസിക്കുകയില്ല” എന്ന് യഹോവയുടെ അരുളപ്പാട്.
41വടക്കുനിന്ന് ഒരു ജനത വരുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്ന് ഒരു മഹാജനതയും അനേകം രാജാക്കന്മാരും ഇളകിവരുന്നു.42അവർ വില്ലും കുന്തവും എടുത്തിരിക്കുന്നു; അവർ ക്രൂരന്മാർ, കരുണയില്ലാത്തവർ തന്നെ; അവരുടെ ആരവം കടൽപോലെ ഇരമ്പുന്നു; ബാബേൽപുത്രീ, അവർ യുദ്ധസന്നദ്ധരായി ഓരോരുത്തനും കുതിരപ്പുറത്തു കയറി നിന്റെ നേരെ അണിനിരന്നു നില്ക്കുന്നു.43ബാബേൽരാജാവിന് അവരെപ്പറ്റിയുള്ള വാർത്ത കേട്ട് അവന്റെ ധൈര്യം ക്ഷയിച്ചുപോയി; നോവുകിട്ടിയ സ്ത്രീയെപ്പോലെ അതിവ്യസനവും വേദനയും പിടിച്ചു.
44യോർദ്ദാന്റെ വൻകാട്ടിൽനിന്ന് ഒരു സിംഹം എന്നപോലെ അവൻ, എപ്പോഴും പച്ചയായിരിക്കുന്ന മേച്ചിൽപ്പുറങ്ങളിലേക്ക് കയറിവരുന്നു; ഞാൻ അവരെ പെട്ടെന്ന് അതിൽനിന്നു ഓടിച്ചുകളയും; ഞാൻ തിരഞ്ഞെടുക്കുന്ന ഒരാളെ അതിനു നിയമിക്കും; എനിക്ക് സമനായവൻ ആര്? എന്നെ കുറ്റം ചുമത്തുന്നവൻ ആര്? എന്റെ മുമ്പാകെ നില്ക്കുവാൻ കഴിയുന്ന ഇടയൻ ആര്?”
45അതുകൊണ്ട് യഹോവ ബാബേലിനെക്കുറിച്ച് ആലോചിച്ച ആലോചനയും കല്ദയരുടെ ദേശത്തെക്കുറിച്ച് നിരൂപിച്ച നിരൂപണങ്ങളും കേൾക്കുവിൻ! ആട്ടിൻകൂട്ടത്തിൽ ചെറിയവയെ അവർ ഇഴച്ചുകൊണ്ടുപോകും; അവൻ അവരുടെ മേച്ചിൽപ്പുറങ്ങൾ അവരോടുകൂടി ശൂന്യമാക്കിക്കളയും.46ബാബേൽ പിടിക്കപ്പെട്ടു എന്ന ആർപ്പുവിളികൊണ്ട് ഭൂമി നടുങ്ങുന്നു; അതിന്റെ നിലവിളി ജനതകളുടെ ഇടയിൽ കേൾക്കുന്നു.

51

1യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: "ഞാൻ ബാബേലിനെതിരായും എന്റെ എതിരാളികൾക്കെതിരായും ഒരു കൊടുങ്കാറ്റു പോലെ സംഹാരകന്റെ മനസ്സ് ഉണർത്തും.2പാറ്റുന്നവരെ ഞാൻ ബാബേലിലേക്ക് അയയ്ക്കും; അവർ അതിനെ പാറ്റി ദേശത്തെ ശൂന്യമാക്കും; അനർത്ഥദിവസത്തിൽ അവർ അതിനെ നാലുപുറവും വളയും.

3വില്ലാളി വില്ലു കുലയ്ക്കാതിരിക്കട്ടെ; അവൻ കവചം ധരിച്ച് നിവിർന്നു നിൽക്കാതിരിക്കട്ടെ; അതിലെ യൗവനക്കാരെ ആദരിക്കാതെ സർവ്വസൈന്യത്തെയും നിർമ്മൂലമാക്കിക്കളയുവിൻ.4അങ്ങനെ കല്ദയരുടെ ദേശത്ത് നിഹതന്മാരും അതിന്റെ വീഥികളിൽ കുത്തിത്തുളയ്ക്കപ്പെട്ടവരും വീഴും.
5യിസ്രായേലിന്റെയും യെഹൂദയുടെയും ദേശങ്ങൾ യിസ്രായേലിന്റെ പരിശുദ്ധനോടുള്ള അകൃത്യംകൊണ്ടു നിറഞ്ഞിരിക്കുന്നു എങ്കിലും സൈന്യങ്ങളുടെ യഹോവയായ അവരുടെ ദൈവം അവരെ കൈവെടിഞ്ഞിട്ടില്ല.6ബാബേലിന്റെ നടുവിൽനിന്ന് ഓടി ഓരോരുത്തൻ അവനവന്റെ പ്രാണൻ രക്ഷിച്ചുകൊള്ളുവിൻ; നിങ്ങൾ അതിന്റെ അകൃത്യത്തിൽ നശിച്ചുപോകരുത്; ഇത് യഹോവയുടെ പ്രതികാരകാലമല്ലയോ; അതിന്റെ പ്രവൃത്തിക്കു തക്കവിധം അവിടുന്ന് അതിനോട് പകരം ചെയ്യും;
7ബാബേൽ യഹോവയുടെ കൈയിൽ സർവ്വഭൂമിയെയും ലഹരിപിടിപ്പിക്കുന്ന പൊൻപാനപാത്രം ആയിരുന്നു; ജനതകൾ അതിലെ വീഞ്ഞു കുടിച്ചിട്ട് അവർക്കു ഭ്രാന്തു പിടിച്ചു.8പെട്ടെന്ന് ബാബേൽ വീണു തകർന്നുപോയി; അതിനെക്കുറിച്ചു വിലപിക്കുവിൻ; അതിന്റെ വേദനയ്ക്കു തൈലം കൊണ്ടുവരുവിൻ; ഒരുപക്ഷേ അതിനു സൗഖ്യം വരും.
9ഞങ്ങൾ ബാബേലിനു ചികിത്സ ചെയ്തു എങ്കിലും സൗഖ്യം വന്നില്ല; അതിനെ ഉപേക്ഷിച്ചുകളയുവിൻ; നാം ഓരോരുത്തനും നമ്മുടെ സ്വദേശത്തേക്കു പോവുക; അതിന്റെ ശിക്ഷാവിധി സ്വർഗ്ഗത്തോളം എത്തി ആകാശത്തോളം പൊങ്ങിയിരിക്കുന്നു.10യഹോവ നമ്മുടെ നീതി വെളിപ്പെടുത്തിയിരിക്കുന്നു; വരുവിൻ, നമ്മുടെ ദൈവമായ യഹോവയുടെ പ്രവൃത്തിയെ സീയോനിൽ പ്രസ്താവിക്കുക.
11അമ്പുകൾക്ക് മൂർച്ച കൂട്ടുവിൻ; പരിച ധരിക്കുവിൻ; യഹോവ മേദ്യരാജാക്കന്മാരുടെ മനസ്സ് ഉണർത്തിയിരിക്കുന്നു; ബാബേലിനെ നശിപ്പിക്കുവാൻ തക്കവിധം അവന്റെ നിരൂപണം അതിനു വിരോധമായിരിക്കുന്നു; ഇത് യഹോവയുടെ പ്രതികാരം, തന്റെ മന്ദിരത്തിനു വേണ്ടിയുള്ള പ്രതികാരം തന്നെ.12ബാബേലിന്റെ മതിലുകൾക്കു നേരെ കൊടി ഉയർത്തുവിൻ; കാവൽ ശക്തിപ്പെടുത്തുവിൻ; കാവല്ക്കാരെ നിർത്തുവിൻ; പതിയിരിപ്പുകാരെ ഒരുക്കുവിൻ; യഹോവ ബാബേൽനിവാസികളെക്കുറിച്ച് അരുളിച്ചെയ്തത് നിർണ്ണയിച്ചും നിറവേറ്റിയുമിരിക്കുന്നു.
13വലിയ വെള്ളങ്ങൾക്കരികിൽ വസിക്കുന്നവളും വളരെ നിക്ഷേപങ്ങൾ ഉള്ളവളുമേ, നിന്റെ അവസാനം, നിന്നെ ഛേദിച്ചുകളയുവാനുള്ള അവധി തന്നെ, വന്നിരിക്കുന്നു.14“ഞാൻ നിശ്ചയമായി വെട്ടുക്കിളികളെപ്പോലെ മനുഷ്യരെക്കൊണ്ടു നിന്നെ നിറയ്ക്കും; അവർ നിന്റെ നേരെ ആർപ്പിടും” എന്ന് സൈന്യങ്ങളുടെ യഹോവ തന്നെക്കൊണ്ടു തന്നെ സത്യം ചെയ്തിരിക്കുന്നു.
15അവിടുന്ന് തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു; തന്റെ ജ്ഞാനത്താൽ ഭൂമണ്ഡലത്തെ സ്ഥാപിച്ചു; തന്റെ വിവേകത്താൽ ആകാശത്തെ വിരിച്ചു.16അവിടുന്ന് തന്റെ നാദം കേൾപ്പിക്കുമ്പോൾ ആകാശത്ത് വെള്ളത്തിന്റെ മുഴക്കം ഉണ്ടാകുന്നു; അവിടുന്ന് ഭൂമിയുടെ അറ്റങ്ങളിൽനിന്ന് നീരാവി ഉയരുമാറാക്കുന്നു; മഴയ്ക്കായി മിന്നൽ ഉണ്ടാക്കി, തന്റെ ഭണ്ഡാരത്തിൽനിന്ന് കാറ്റുകളെ പുറപ്പെടുവിക്കുന്നു.
17ഏതു മനുഷ്യനും മൃഗപ്രായനും പരിജ്ഞാനമില്ലാത്തവനുമാകുന്നു. തട്ടാന്മാർ എല്ലാവരും വിഗ്രഹംനിമിത്തം ലജ്ജിച്ചുപോകുന്നു; അവർ വാർത്തുണ്ടാക്കിയ ബിംബം വ്യാജമത്രേ.18അവയിൽ ശ്വാസവും ഇല്ല. അവ മായയും വ്യർത്ഥപ്രവൃത്തിയും തന്നെ; സന്ദർശനകാലത്ത് അവ നശിച്ചുപോകും.19യാക്കോബിന്റെ ഓഹരിയായവൻ ഇവയെപ്പോലെയല്ല; അവിടുന്ന് സർവ്വത്തെയും നിർമ്മിച്ചവൻ; യിസ്രായേൽ അവന്റെ അവകാശഗോത്രം; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവിടുത്തെ നാമം.
20നീ എന്റെ വെണ്മഴുവും യുദ്ധത്തിനുള്ള ആയുധങ്ങളും ആകുന്നു; ഞാൻ നിന്നെക്കൊണ്ട്` ജനതകളെ തകർക്കുകയും നിന്നെക്കൊണ്ട് രാജ്യങ്ങളെ നശിപ്പിക്കുകയും ചെയ്യും.21നിന്നെക്കൊണ്ട് ഞാൻ കുതിരയെയും അതിന്റെ പുറത്തു കയറിയിരിക്കുന്നവനെയും തകർക്കും; നിന്നെക്കൊണ്ട് ഞാൻ രഥത്തെയും അതിൽ ഇരിക്കുന്നവനെയും തകർക്കും;
22നിന്നെക്കൊണ്ട് ഞാൻ പുരുഷനെയും സ്ത്രീയെയും തകർക്കും; നിന്നെക്കൊണ്ട് ഞാൻ വൃദ്ധനെയും ബാലനെയും തകർക്കും; നിന്നെക്കൊണ്ട് ഞാൻ യുവാവിനെയും യുവതിയെയും തകർക്കും.23നിന്നെക്കൊണ്ട് ഞാൻ ഇടയനെയും ആട്ടിൻകൂട്ടത്തെയും തകർക്കും; നിന്നെക്കൊണ്ട് ഞാൻ കൃഷിക്കാരനെയും അവന്റെ കാളകളെയും തകർക്കും; നിന്നെക്കൊണ്ട് ഞാൻ ദേശാധിപതികളെയും സ്ഥാനാപതികളെയും തകർക്കും.
24നിങ്ങൾ കാൺകെ ഞാൻ ബാബേലിനും സകല കല്ദയനിവാസികൾക്കും അവർ സീയോനിൽ ചെയ്തിരിക്കുന്ന സകലദോഷത്തിനും തക്കവണ്ണം പകരം വീട്ടും” എന്ന് യഹോവയുടെ അരുളപ്പാട്.
25“സകലഭൂമിയെയും നശിപ്പിക്കുന്ന വിനാശകപർവ്വതമേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു; ഞാൻ നിന്റെ മേൽ കൈ നീട്ടി നിന്നെ പാറകളിൽനിന്ന് ഉരുട്ടി കത്തിയെരിയുന്ന പർവ്വതം ആക്കും” എന്ന് യഹോവയുടെ അരുളപ്പാട്.26“നിന്നിൽനിന്ന് അവർ മൂലക്കല്ലായിട്ടോ അടിസ്ഥാനക്കല്ലായിട്ടോ ഒരു കല്ലും എടുക്കാത്തവിധം നീ നിത്യശൂന്യമായി ഭവിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
27ദേശത്ത് ഒരു കൊടി ഉയർത്തുവിൻ; ജനതകളുടെ ഇടയിൽ കാഹളം ഊതുവിൻ; ജനതകളെ അതിന്റെ നേരെ ഒരുക്കുവിൻ; അറാറാത്ത്, മിന്നി, അസ്കെനാസ് എന്നീ രാജ്യങ്ങളെ അതിനു വിരോധമായി വിളിച്ചുകൂട്ടുവിൻ; അതിനെതിരെ ഒരു സേനാപതിയെ നിയമിക്കുവിൻ; വെട്ടുക്കിളിക്കൂട്ടംപോലെ കുതിരകളെ പുറപ്പെടുമാറാക്കുവിൻ.28മേദ്യരുടെ രാജാക്കന്മാരും ദേശാധിപതിമാരും സകല സ്ഥാനാപതിമാരും അവന്റെ ആധിപത്യത്തിൽ ഉൾപ്പെട്ട സകലദേശക്കാരുമായ ജനതകളെ അതിനു വിരോധമായി ഒരുക്കുവിൻ;
29ബാബേൽദേശത്തെ നിവാസികളില്ലാതെ ശൂന്യമാക്കേണ്ടതിന്, ബാബേലിനെക്കുറിച്ചുള്ള യഹോവയുടെ നിരൂപണങ്ങൾ നിറവേറുന്നതുമൂലം ദേശം നടുങ്ങി സങ്കടപ്പെടുന്നു.
30ബാബേലിലെ വീരന്മാർ യുദ്ധം മതിയാക്കി കോട്ടകളിൽ ഇരിക്കുന്നു; അവരുടെ ശക്തി ക്ഷയിച്ചിരിക്കുന്നു; അവർ സ്ത്രീകളെപ്പോലെ ആയിരിക്കുന്നു; അതിലെ വീടുകൾക്ക് തീ വച്ചുകളഞ്ഞു; അതിന്റെ ഓടാമ്പലുകൾ തകർന്നിരിക്കുന്നു.31പട്ടണം നാലുവശവും പിടിക്കപ്പെട്ടുപോയി, കടവുകൾ ശത്രുവിനധീനമായി; കളങ്ങൾ തീ പിടിച്ച് ദഹിച്ചിരിക്കുന്നു; യോദ്ധാക്കൾ ഭയപരവശരായിരിക്കുന്നു എന്നിങ്ങനെ ബാബേൽരാജാവിനോട് അറിയിക്കേണ്ടതിന്32ഓട്ടക്കാരൻ ഓട്ടക്കാരനെതിരെയും ദൂതൻ ദൂതനെതിരെയും ഓടുന്നു.
33യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ബാബേൽപുത്രി മെതികാലത്തെ മെതിക്കളംപോലെയായിരിക്കുന്നു; ഇനി അല്പകാലം കഴിഞ്ഞിട്ട് അതിന്റെ കൊയ്ത്തുകാലം വരും”.
34“ബാബേൽരാജാവായ നെബൂഖദ്നേസർ എന്നെ വിഴുങ്ങിക്കളഞ്ഞു; അവൻ എന്നെ ഒരൊഴിഞ്ഞ പാത്രമാക്കി; മഹാസർപ്പം പോലെ അവൻ എന്നെ വിഴുങ്ങി, എന്റെ സ്വാദുഭോജ്യങ്ങൾകൊണ്ട് വയറു നിറച്ചു; അവൻ എന്നെ തള്ളിക്കളഞ്ഞു.35“ഞാൻ സഹിച്ച സാഹസവും ദേഹപീഡയും ബാബേലിന്മേൽ വരട്ടെ” എന്ന് സീയോൻനിവാസി പറയും; “എന്റെ രക്തം കല്ദയ നിവാസികളുടെമേൽ വരട്ടെ” എന്ന് യെരൂശലേം പറയും.
36അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, ഞാൻ നിന്റെ വ്യവഹാരം നടത്തി, നിനക്കു വേണ്ടി പ്രതികാരം ചെയ്യും; അതിന്റെ കടൽ ഞാൻ വറ്റിച്ച്, അതിന്റെ ഉറവുകൾ ഉണക്കിക്കളയും.37ബാബേൽ, നിവാസികൾ ഇല്ലാതെ കല്ക്കുന്നുകളും, കുറുനരികളുടെ പാർപ്പിടവും, വിസ്മയത്തിനും പരിഹാസത്തിനും വിഷയവുമായിത്തീരും.
38അവർ എല്ലാവരും ബാലസിംഹങ്ങളെപ്പോലെ ഗർജ്ജിക്കും; അവർ സിംഹികളുടെ കുട്ടികളെപ്പോലെ മുരളും.39അവർ ഉല്ലാസഭരിതരായിരിക്കുമ്പോൾ ഞാൻ അവർക്ക് ഒരു വിരുന്നൊരുക്കി അവരെ ലഹരി പിടിപ്പിക്കും; അങ്ങനെ അവർ ഉല്ലസിച്ച് ഉണരാത്തവിധം നിത്യനിദ്ര പ്രാപിക്കും ” എന്ന് യഹോവയുടെ അരുളപ്പാട്.40“ഞാൻ അവരെ കുഞ്ഞാടുകളെപ്പോലെയും മുട്ടാടുകളോടുകൂടി ആട്ടുകൊറ്റന്മാരെപ്പോലെയും കൊലക്കളത്തിലേക്ക് ഇറക്കിക്കൊണ്ടുവരും.
41ശേശക്ക് പിടിക്കപ്പെട്ടത് എങ്ങനെ? സർവ്വഭൂമിയുടെയും പ്രശംസയായിരുന്നത് പിടിച്ചടക്കപ്പെട്ടത് എങ്ങനെ? ജനതകളുടെ ഇടയിൽ ബാബേൽ ഒരു ഭീതിവിഷയമായിത്തീർന്നത് എങ്ങനെ?42ബാബേലിന്മേൽ കടൽ കവിഞ്ഞുവന്നിരിക്കുന്നു; അതിന്റെ തിരകളുടെ പെരുപ്പംകൊണ്ട് അത് മൂടിയിരിക്കുന്നു.
43അതിന്റെ പട്ടണങ്ങൾ ശൂന്യവും വരണ്ടനിലവും മരുഭൂമിയും, ആരും നിവസിക്കാത്തതും വഴിനടക്കാത്തതും ആയ ദേശവും ആയിത്തീർന്നിരിക്കുന്നു.44ഞാൻ ബാബേലിൽവച്ച് ബേലിനെ സന്ദർശിച്ച്, അവൻ വിഴുങ്ങിയതിനെ അവന്റെ വായിൽനിന്നു പുറത്തിറക്കും; ജനതകൾ ഇനി അവന്റെ അടുക്കൽ ഓടിച്ചെല്ലുകയില്ല; ബാബേലിന്റെ മതിൽ വീണുപോകും.
45എന്റെ ജനമേ, അതിന്റെ നടുവിൽനിന്നു പുറപ്പെട്ടുവരുവിൻ; യഹോവയുടെ ഉഗ്രകോപത്തിൽനിന്ന് നിങ്ങൾ ഓരോരുത്തൻ അവനവന്റെ പ്രാണനെ രക്ഷിച്ചുകൊള്ളുവിൻ.46ദേശത്ത് കേൾക്കുന്ന വർത്തമാനംകൊണ്ടും ആണ്ടുതോറും കേൾക്കുന്ന വാർത്തകൾ നിമിത്തവും സാഹസകൃത്യങ്ങൾ ദേശത്ത് നടക്കുമ്പോഴും അധിപതി അധിപതിക്കു വിരോധമായി എഴുന്നേല്ക്കുമ്പോഴും നിങ്ങളുടെ ധൈര്യം ക്ഷയിച്ചുപോകരുത്; നിങ്ങൾ ഭയപ്പെടുകയും അരുത്.
47അതുകൊണ്ട് ഞാൻ ബാബേലിലെ വിഗ്രഹങ്ങളെ സന്ദർശിക്കുവാനുള്ള കാലം വരും; അന്ന് ദേശമെല്ലാം ലജ്ജിച്ചുപോകും; അതിലെ നിഹതന്മാർ എല്ലാവരും അതിന്റെ നടുവിൽ വീഴും.48ആകാശവും ഭൂമിയും അവയിലുള്ളതെല്ലാം ബാബേലിനെച്ചൊല്ലി ഘോഷിച്ചുല്ലസിക്കും; വടക്കുനിന്ന് സംഹാരകൻ അതിലേക്ക് വരും” എന്ന് യഹോവയുടെ അരുളപ്പാട്.49യിസ്രായേൽ നിഹതന്മാരേ, ബാബേൽ വീഴേണ്ടതാകുന്നു; ബാബേലിനോടുകൂടി സർവ്വദേശവും തന്നെ.
50വാളിന് ഒഴിഞ്ഞുപോയവരേ, നില്ക്കാതെ ചെല്ലുവിൻ; ദൂരത്തുനിന്ന് യഹോവയെ ഓർക്കുവിൻ; യെരൂശലേം നിങ്ങൾക്ക് ഓർമ്മ വരട്ടെ!51ഞങ്ങൾ നിന്ദ കേട്ട് ലജ്ജിച്ചിരിക്കുന്നു; അന്യന്മാർ യഹോവയുടെ ആലയത്തിന്റെ വിശുദ്ധസ്ഥലങ്ങളിലേക്കു വന്നിരിക്കുകയാൽ ലജ്ജ ഞങ്ങളുടെ മുഖം മൂടിയിരിക്കുന്നു.
52“അതുകൊണ്ട് ഞാൻ അതിലെ വിഗ്രഹങ്ങളെ സന്ദർശിക്കുവാനുള്ള കാലം വരും” എന്ന് യഹോവയുടെ അരുളപ്പാട്; “അന്ന് ദേശത്തെല്ലായിടവും മുറിവേറ്റവർ കിടന്നു ഞരങ്ങും.53ബാബേൽ ആകാശത്തോളം കയറിയാലും കോട്ട ഉയർത്തി ഉറപ്പിച്ചാലും, ഞാൻ വിനാശകന്മാരെ അതിലേക്ക് അയയ്ക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
54ബാബേലിൽനിന്ന് നിലവിളിയും കല്ദയദേശത്തുനിന്ന് മഹാനാശവും കേൾക്കുന്നു.55യഹോവ ബാബേലിനെ നശിപ്പിച്ച് അതിൽ നിന്നു മഹാഘോഷം ഇല്ലാതെയാക്കുന്നു; അവരുടെ തിരകൾ പെരുവെള്ളംപോലെ ഇരമ്പുന്നു; അവരുടെ ആരവത്തിന്റെ മുഴക്കം കേൾക്കുന്നു.56അതിന്റെ നേരെ, ബാബേലിന്റെ നേരെ തന്നെ, സംഹാരകൻ വന്നിരിക്കുന്നു; അതിലെ വീരന്മാർ പിടിക്കപ്പെട്ടിരിക്കുന്നു; അവരുടെ വില്ല് എല്ലാം ഒടിഞ്ഞുപോയി; യഹോവ പ്രതികാരത്തിന്റെ ദൈവമാകുന്നു; അവിടുന്ന് പകരം ചെയ്യും.
57ഞാൻ അതിലെ പ്രഭുക്കന്മാരെയും ജ്ഞാനികളെയും ദേശാധിപതിമാരെയും സ്ഥാനാപതികളെയും വീരന്മാരെയും ലഹരി പിടിപ്പിക്കും; അവർ ഉണരാത്തവിധം നിത്യനിദ്രകൊള്ളും” എന്ന് സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ള രാജാവിന്റെ അരുളപ്പാട്.58സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ബാബേലിന്റെ വിശാലമായ മതിലുകൾ നിശ്ശേഷം ഇടിഞ്ഞുപോകും; അതിന്റെ ഉയർന്ന വാതിലുകൾ തീയിൽ വെന്തുപോകും; അങ്ങനെ വംശങ്ങളുടെ അദ്ധ്വാനം വ്യർത്ഥമായും, ജനതകളുടെ പ്രയത്നം തീക്കിരയായും തീരുകയും, അവർ ക്ഷീണിച്ചുപോകുകയും ചെയ്യും”.

59യെഹൂദാരാജാവായ സിദെക്കീയാവിന്റെ വാഴ്ചയുടെ നാലാം ആണ്ടിൽ, അവനോടുകൂടി, മഹ്സേയാവിന്റെ മകനായ നേര്യാവിന്റെ മകൻ സെരായാവ് അംഗരക്ഷകസേനയുടെ നായകനായി ബാബേലിലേക്ക് പോകുമ്പോൾ യിരെമ്യാപ്രവാചകൻ സെരായാവിനോട് കല്പിച്ച വചനം -60ബാബേലിനു വരുവാനിരിക്കുന്ന അനർത്ഥമെല്ലാം, ബാബേലിനെക്കുറിച്ച് എഴുതിയിരിക്കുന്ന സകലവചനങ്ങളും തന്നെ, യിരെമ്യാവ് ഒരു പുസ്തകത്തിൽ എഴുതി -
61യിരെമ്യാവ് സെരായാവിനോടു പറഞ്ഞത്: “നീ ബാബേലിൽ എത്തുമ്പോൾ ഈ വചനങ്ങൾ എല്ലാം നോക്കി വായിച്ചശേഷം:62“യഹോവേ, ഈ സ്ഥലത്ത് മനുഷ്യനോ മൃഗമോ ഒന്നും ശേഷിക്കാതെ അത് ശാശ്വതശൂന്യമായിരിക്കത്തക്കവിധം അങ്ങ് അതിനെ നശിപ്പിച്ചുകളയുമെന്ന് അതിനെക്കുറിച്ച് അരുളിച്ചെയ്തുവല്ലോ” എന്ന് പറയണം.
63പിന്നെ ഈ പുസ്തകം വായിച്ചശേഷം നീ അതിന്മേൽ ഒരു കല്ലു കെട്ടി ഫ്രാത്തിന്റെ നടുവിലേക്ക് എറിഞ്ഞ്,64“ഇങ്ങനെ ബാബേൽ മുങ്ങിപ്പോകും; ഞാൻ അതിനു വരുത്തുന്ന അനർത്ഥത്തിൽനിന്ന് അതു പൊങ്ങിവരുകയില്ല; അവർ ക്ഷയിച്ചുപോകും” എന്ന് പറയണം”.
ഇത്രത്തോളം യിരെമ്യാവിന്റെ വചനങ്ങൾ.

52

1സിദെക്കീയാവ് വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തൊന്നു വയസ്സായിരുന്നു; അവൻ പതിനൊന്നു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മയ്ക്ക് ഹമൂതൽ എന്ന് പേരായിരുന്നു; അവൾ ലിബ്നക്കാരനായ യിരെമ്യാവിന്റെ മകൾ ആയിരുന്നു.2യെഹോയാക്കീം ചെയ്തതുപോലെ ഒക്കെയും അവൻ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു.3യഹോവയുടെ കോപം നിമിത്തം യെരൂശലേമിനും യെഹൂദയ്ക്കും അങ്ങനെ സംഭവിച്ചു; അവിടുന്ന് ഒടുവിൽ അവരെ തന്റെ സന്നിധിയിൽനിന്ന് തള്ളിക്കളഞ്ഞു; എന്നാൽ സിദെക്കീയാവ് ബാബേൽരാജാവിനോടു മത്സരിച്ചു.

4അവന്റെ വാഴ്ചയുടെ ഒമ്പതാം ആണ്ടിൽ പത്താം മാസം പത്താം തീയതി, ബാബേൽരാജാവായ നെബൂഖദ്നേസർ തന്റെ സർവ്വസൈന്യവുമായി യെരൂശലേമിന്റെ നേരെ വന്ന് പാളയമിറങ്ങി അതിനെതിരെ ചുറ്റും കൊത്തളങ്ങൾ പണിതു.5അങ്ങനെ സിദെക്കീയാരാജാവിന്റെ പതിനൊന്നാം ആണ്ടുവരെ നഗരം ഉപരോധിക്കപ്പെട്ടിരുന്നു.
6നാലാം മാസം ഒമ്പതാം തീയതി ദേശത്തെ ജനത്തിന് ആഹാരമില്ലാതെ ക്ഷാമം നഗരത്തിൽ അതിരൂക്ഷമായി.7അപ്പോൾ നഗരത്തിന്റെ മതിൽ ഒരിടം പൊളിച്ച്, കല്ദയർ നഗരം വളഞ്ഞിരിക്കുകയാൽ പടയാളികൾ എല്ലാവരും രാത്രിസമയം രാജാവിന്റെ തോട്ടത്തിനരികിൽ രണ്ടു മതിലുകളുടെ മദ്ധ്യത്തിലുള്ള പടിവാതില്ക്കൽകൂടി നഗരം വിട്ട് അരാബയിലേക്കുള്ള വഴിയായി ഓടിപ്പോയി.8എന്നാൽ കല്ദയരുടെ സൈന്യം രാജാവിനെ പിന്തുടർന്ന്, യെരീഹോസമഭൂമിയിൽവച്ച് സിദെക്കീയാവിനോടൊപ്പം എത്തി; അവന്റെ സൈന്യമെല്ലാം അവനെ വിട്ട് ചിതറിപ്പോയി.
9അവർ രാജാവിനെ പിടിച്ച്, ഹമാത്ത് ദേശത്തിലെ രിബ്ളയിൽ ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുചെന്നു; അവൻ അവന് വിധി കല്പിച്ചു.10ബാബേൽരാജാവ് സിദെക്കീയാവിന്റെ പുത്രന്മാരെ അവന്റെ കണ്മുമ്പിൽ വച്ച് കൊന്നു; യെഹൂദാപ്രഭുക്കന്മാരെ എല്ലാം അവൻ രിബ്ളയിൽവച്ച് കൊന്നുകളഞ്ഞു.11പിന്നെ അവൻ സിദെക്കീയാവിന്റെ കണ്ണു പൊട്ടിച്ചു; ബാബേൽരാജാവ് അവനെ ചങ്ങലകൊണ്ടു ബന്ധിച്ച് ബാബേലിലേക്കു കൊണ്ടുചെന്നു ജീവപര്യന്തം കാരാഗൃഹത്തിൽ ആക്കി.
12അഞ്ചാം മാസം പത്താം തീയതി, ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ പത്തൊമ്പതാം ആണ്ടിൽ തന്നെ, ബാബേൽരാജാവിന്റെ തിരുമുമ്പിൽ നിൽക്കുന്നവനും അകമ്പടിനായകനുമായ നെബൂസർ-അദാൻ യെരൂശലേമിലേക്ക് വന്നു.13അവൻ യഹോവയുടെ ആലയവും രാജധാനിയും ചുട്ടു; യെരൂശലേമിലെ എല്ലാ വീടുകളും പ്രധാനഭവനങ്ങളും തീ വച്ച് ചുട്ടുകളഞ്ഞു.14അകമ്പടിനായകനോടുകൂടി ഉണ്ടായിരുന്ന കല്ദയസൈന്യം യെരൂശലേമിന്റെ ചുറ്റുമുള്ള മതിലുകളെല്ലാം ഇടിച്ചുകളഞ്ഞു.
15ജനത്തിൽ എളിയവരായ ചിലരെയും നഗരത്തിൽ ശേഷിച്ചിരുന്ന ജനത്തെയും ബാബേൽരാജാവിനെ ശരണംപ്രാപിച്ചവരെയും പുരുഷാരത്തിൽ ശേഷിച്ചവരെയും അകമ്പടിനായകനായ നെബൂസർ-അദാൻ ബദ്ധരാക്കി കൊണ്ടുപോയി.16എന്നാൽ അകമ്പടിനായകനായ നെബൂസർ-അദാൻ ദേശത്തെ എളിയവരിൽ ചിലരെ മുന്തിരിത്തോട്ടക്കാരായും കൃഷിക്കാരായും അവിടെത്തന്നെ നിയമിച്ചു.
17യഹോവയുടെ ആലയത്തിലെ താമ്രസ്തംഭങ്ങളും പീഠങ്ങളും യഹോവയുടെ ആലയത്തിലെ താമ്രംകൊണ്ടുള്ള കടലും കൽദയർ ഉടച്ച്, താമ്രം മുഴുവനും ബാബേലിലേക്കു കൊണ്ടുപോയി.18കലങ്ങളും ചട്ടുകങ്ങളും കത്രികകളും കിണ്ണങ്ങളും തവികളും ശുശ്രൂഷയ്ക്കുള്ള സകല താമ്രോപകരണങ്ങളും അവർ എടുത്തുകൊണ്ടുപോയി.19പാനപാത്രങ്ങളും തീച്ചട്ടികളും കിണ്ണങ്ങളും കലങ്ങളും വിളക്കുതണ്ടുകളും തവികളും കുടങ്ങളും പൊന്നും വെള്ളിയും കൊണ്ടുള്ള സകലവും അകമ്പടിനായകൻ കൊണ്ടുപോയി.
20ശലോമോൻരാജാവ് യഹോവയുടെ ദൈവാലയത്തിനു വേണ്ടി ഉണ്ടാക്കിയ രണ്ടു സ്തംഭവും ഒരു കടലും പീഠങ്ങളുടെ കീഴിൽ ഉണ്ടായിരുന്ന പന്ത്രണ്ടു താമ്രക്കാളകളും തന്നെ; ഈ സകല സാധനങ്ങളുടെയും താമ്രത്തിന്റെ തൂക്കം കണക്കാക്കുവാൻ സാദ്ധ്യമല്ലായിരുന്നു.21സ്തംഭങ്ങൾ ഓരോന്നും പതിനെട്ടു മുഴം ഉയരവും പന്ത്രണ്ടു മുഴം ചുറ്റളവും നാലു വിരൽ കനവും ഉള്ളതായിരുന്നു; അതു പൊള്ളയുമായിരുന്നു.
22അതിന്മേൽ താമ്രംകൊണ്ട് ഒരു മകുടം ഉണ്ടായിരുന്നു; മകുടത്തിന്റെ ഉയരം അഞ്ചു മുഴം; മകുടത്തിൻമേൽ ചുറ്റും വലപ്പണിയും മാതളപ്പഴവും ഉണ്ടായിരുന്നു; എല്ലാം താമ്രംകൊണ്ടുള്ളതായിരുന്നു; രണ്ടാമത്തെ സ്തംഭത്തിന് ഇതിന് തുല്യമായ പണിയും മാതളപ്പഴവും ഉണ്ടായിരുന്നു.23നാലുഭാഗത്തുമായി തൊണ്ണൂറ്റാറ് മാതളപ്പഴവും ഉണ്ടായിരുന്നു: വലപ്പണിയിൽ ചുറ്റുമുള്ള മാതളപ്പഴം ആകെ നൂറ് ആയിരുന്നു.
24അകമ്പടിനായകൻ മഹാപുരോഹിതനായ സെരായാവിനെയും രണ്ടാം പുരോഹിതനായ സെഫന്യാവിനെയും മൂന്നു വാതിൽകാവല്ക്കാരെയും പിടിച്ചു കൊണ്ടുപോയി.25നഗരത്തിൽനിന്ന് അവൻ യോദ്ധാക്കളുടെ വിചാരകനായ ഒരു ഷണ്ഡനെയും നഗരത്തിൽവച്ചു കണ്ട ഏഴു രാജപരിചാരകന്മാരെയും ദേശത്തിലെ ജനത്തെ പടയ്ക്ക് ശേഖരിക്കുന്ന സേനാപതിയുടെ പകർപ്പെഴുത്തുകാരനെയും നഗരത്തിൽ കണ്ട അറുപത് ഗ്രാമീണരെയും പിടിച്ചു കൊണ്ടുപോയി.
26ഇവരെ അകമ്പടിനായകനായ നെബൂസർ-അദാൻ പിടിച്ച് രിബ്ളയിൽ ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുചെന്നു.27ബാബേൽരാജാവ് ഹമാത്ത് ദേശത്തിലെ രിബ്ളയിൽവച്ച് അവരെ വെട്ടിക്കൊന്നു; ഇങ്ങനെ യെഹൂദാ സ്വദേശം വിട്ട് പ്രവാസത്തിലേക്കു പോകേണ്ടിവന്നു.
28നെബൂഖദ്നേസർ പ്രവാസത്തിലേക്കു കൊണ്ടുപോയ ജനം: ഏഴാം ആണ്ടിൽ മൂവായിരത്തി ഇരുപത്തിമൂന്നു യെഹൂദന്മാർ;29നെബൂഖദ്നേസരിന്റെ പതിനെട്ടാം ആണ്ടിൽ അവൻ യെരൂശലേമിൽനിന്നു പ്രവാസത്തിലേക്കു കൊണ്ടുപോയ എണ്ണൂറ്റിമുപ്പത്തിരണ്ടുപേർ;30നെബൂഖദ്നേസരിന്റെ ഇരുപത്തിമൂന്നാം ആണ്ടിൽ, അകമ്പടിനായകനായ നെബൂസർ-അദാൻ പ്രവാസത്തിലേക്കു കൊണ്ടുപോയ യെഹൂദന്മാർ എഴുനൂറ്റി നാല്പത്തിയഞ്ചുപേർ; ഇങ്ങനെ ആകെ നാലായിരത്തി അറുനൂറു പേരായിരുന്നു.
31യെഹൂദാരാജാവായ യെഹോയാഖീന്റെ പ്രവാസത്തിന്റെ മുപ്പത്തിയേഴാം ആണ്ടിൽ പന്ത്രണ്ടാം മാസം ഇരുപത്തിയഞ്ചാം തീയതി ബാബേൽരാജാവായ എവീൽ-മെരോദക്ക് തന്റെ വാഴ്ചയുടെ ഒന്നാം ആണ്ടിൽ യെഹൂദാരാജാവായ യെഹോയാഖീനെ കടാക്ഷിച്ച് കാരാഗൃഹത്തിൽനിന്നു വിടുവിച്ച്,
32അവനോട് ആദരവായി സംസാരിച്ച്, അവന്റെ സിംഹാസനം തന്നോടു കൂടി ബാബേലിൽ ഉള്ള രാജാക്കന്മാരുടെ ഇരിപ്പിടങ്ങൾക്കു മേലായി വച്ചു.33അവന്റെ കാരാഗൃഹവസ്ത്രം മാറ്റി, അവൻ ജീവകാലം മുഴുവൻ നിത്യവും രാജസന്നിധിയിൽ ഭക്ഷണം കഴിച്ചുപോന്നു.34അവന്റെ നിത്യവൃത്തിയ്ക്ക്, ബാബേൽരാജാവ് അവന്റെ ജീവകാലം മുഴുവനും ദിവസംപ്രതിയുള്ള ഓഹരി അവന് കൊടുത്തുപോന്നു. ഇത് അവന്റെ മരണദിവസം വരെ തുടർന്നുപോന്നു.

വിലാപങ്ങൾ

1

1അയ്യോ, ജനനിബിഡമായിരുന്ന നഗരം ജനരഹിതമായതെങ്ങനെ?

ജനതകളിൽ ശ്രേഷ്ടയായിരുന്നവൾ വിധവയെപ്പോലെ ആയതെങ്ങനെ?
സംസ്ഥാനങ്ങളുടെ റാണിയായിരുന്നവൾ അടിമയായിപ്പോയതെങ്ങനെ?
2രാത്രിയിൽ അവൾ കരഞ്ഞുകൊണ്ടിരിക്കുന്നു; അവളുടെ കവിൾത്തടങ്ങളിൽ കണ്ണുനീർ കാണുന്നു;
അവളുടെ സകലപ്രിയന്മാരിലും അവളെ ആശ്വസിപ്പിപ്പാൻ ആരുമില്ല;
അവളുടെ സ്നേഹിതന്മാരൊക്കെയും ശത്രുക്കളായി അവൾക്ക് ദ്രോഹം ചെയ്തിരിക്കുന്നു.
3കഷ്ടതയും കഠിനദാസ്യവും നിമിത്തം യെഹൂദാ പ്രവാസത്തിലേയ്ക്ക് പോകേണ്ടിവന്നു;
അവൾ ജാതികളുടെ ഇടയിൽ പാർക്കുന്നു; വിശ്രാമം കണ്ടെത്തുന്നതുമില്ല;
അവളെ പിന്തുടരുന്നവരൊക്കെയും ഞെരുക്കത്തിന്റെ മദ്ധ്യേ അവളെ എത്തിപ്പിടിക്കുന്നു.
4ഉത്സവത്തിന് ആരും വരായ്കകൊണ്ട് സീയോനിലേയ്ക്കുള്ള വഴികൾ ദുഃഖിക്കുന്നു;
അവളുടെ വാതിലുകളൊക്കെയും ശൂന്യമായി. പുരോഹിതന്മാർ നെടുവീർപ്പിടുന്നു;
അവളുടെ കന്യകമാർ ഖേദിക്കുന്നു; അവൾക്കും വ്യസനം പിടിച്ചിരിക്കുന്നു.
5അവളുടെ അതിക്രമബാഹുല്യം നിമിത്തം യഹോവ അവൾക്ക് സങ്കടം വരുത്തിയതിനാൽ
അവളുടെ ശത്രുക്കൾക്ക് ആധിപത്യം ലഭിച്ചു, അവളുടെ ശത്രുക്കൾ ശുഭമായിരിക്കുന്നു;
അവളുടെ കുഞ്ഞുങ്ങൾ ശത്രുവിന്റെ മുമ്പിൽ പ്രവാസത്തിലേയ്ക്ക് പോകേണ്ടിവന്നു.
6സീയോൻ പുത്രിയുടെ മഹത്വമൊക്കെയും അവളെ വിട്ടുപോയി;
അവളുടെ പ്രഭുക്കന്മാർ പുൽമേട് കാണാത്ത മാനുകളെപ്പോലെ ആയി;
പിന്തുടരുന്നവന്റെ മുമ്പിൽ അവർ ശക്തിയില്ലാതെ നടക്കുന്നു.
7കഷ്ടതയുടെയും അലച്ചിലിന്റെയും കാലത്ത് യെരൂശലേം പണ്ടത്തെ മനോഹരവസ്തുക്കളെയൊക്കെയും ഓർക്കുന്നു;
സഹായിപ്പാൻ ആരുമില്ലാതെ അവളുടെ ജനം ശത്രുവിന്റെ കയ്യിൽ അകപ്പെട്ടപ്പോൾ,
ശത്രുക്കൾ അവളെ നോക്കി അവളുടെ നാശത്തിൽ പരിഹസിച്ചു.
8യെരൂശലേം കഠിനപാപം ചെയ്തിരിക്കകൊണ്ട് മലിനയായിരിക്കുന്നു;
അവളെ ബഹുമാനിച്ചവരൊക്കെയും അവളുടെ നഗ്നത കണ്ട് അവളെ നിന്ദിക്കുന്നു;
അവളോ നെടുവീർപ്പിട്ട് കൊണ്ട് പിന്നോക്കം തിരിയുന്നു.
9അവളുടെ മലിനത ഉടുപ്പിന്റെ വിളുമ്പിൽ കാണുന്നു; അവൾ ഭാവികാലം ഓർത്തില്ല;
അവൾ അതിശയമാംവണ്ണം വീണുപോയി; അവളെ ആശ്വസിപ്പിപ്പാൻ ആരുമില്ല;
“യഹോവേ, ശത്രു വമ്പ് പറയുന്നു; എന്റെ സങ്കടം നോക്കേണമേ”.
10അവളുടെ സകലമനോഹരവസ്തുക്കളിന്മേലും ശത്രു കൈവെച്ചിരിക്കുന്നു;
അങ്ങയുടെ സഭയിൽ പ്രവേശിക്കരുതെന്ന് അങ്ങ് കല്പിച്ച ജനതകൾ
അവളുടെ വിശുദ്ധമന്ദിരത്തിൽ കടന്നത് അവൾ കണ്ടുവല്ലോ.
11അവളുടെ സർവ്വജനവും നെടുവീർപ്പിട്ടുകൊണ്ട് ആഹാരം തേടുന്നു;
വിശപ്പടക്കുവാൻ ആഹാരത്തിന് വേണ്ടി അവർ തങ്ങളുടെ മനോഹര വസ്തുക്കളെ കൊടുക്കുന്നു;
“യഹോവേ, ഞാൻ നിന്ദിതയായിരിക്കുന്നത് കടാക്ഷിക്കേണമേ”.
12“കടന്നുപോകുന്ന ഏവരുമായുള്ളോരേ, ഇത് നിങ്ങൾക്ക് ഏതുമില്ലയോ?
യഹോവ തന്റെ ഉഗ്രകോപദിവസത്തിൽ ദുഃഖിപ്പിച്ചിരിക്കുന്ന എനിക്ക്
അവിടുന്ന് വരുത്തിയ വ്യസനം പോലെ ഒരു വ്യസനം ഉണ്ടോ എന്ന് നോക്കുവിൻ! ”
13“ഉയരത്തിൽനിന്ന് അവിടുന്ന് എന്റെ അസ്ഥികളിൽ തീ അയച്ചിരിക്കുന്നു; അത് കടന്നുപിടിച്ചിരിക്കുന്നു;
എന്റെ കാലിന് അവിടുന്ന് വല വിരിച്ച്, എന്നെ മടക്കിക്കളഞ്ഞു;
അവിടുന്ന് എന്നെ ശൂന്യയും നിത്യരോഗിണിയും ആക്കിയിരിക്കുന്നു”.
14“എന്റെ അതിക്രമങ്ങളുടെ നുകം അവിടുന്ന് സ്വന്തകയ്യാൽ യോജിപ്പിച്ചിരിക്കുന്നു;
അവ എന്റെ കഴുത്തിൽ അമർന്നിരിക്കുന്നു; അവിടുന്ന് എന്റെ ശക്തി ക്ഷയിപ്പിച്ചു;
എനിക്ക് എതിർത്തുനില്പാൻ കഴിയാത്തവരുടെ കയ്യിൽ കർത്താവ് എന്നെ ഏല്പിച്ചിരിക്കുന്നു”.
15“എന്റെ നടുവിലെ സകല ബലവാന്മാരെയും കർത്താവ് നിരസിച്ചുകളഞ്ഞു;
എന്റെ യൌവനക്കാരെ തകർത്തുകളയേണ്ടതിന് അവൻ എന്റെ നേരെ ഒരു ഉത്സവയോഗം വിളിച്ചുകൂട്ടി;
യെഹൂദാപുത്രിയായ കന്യകയെ കർത്താവ് ചക്കിൽ ഇട്ട് ചവിട്ടിക്കളഞ്ഞിരിക്കുന്നു”.
16“ഇത് നിമിത്തം ഞാൻ കരയുന്നു; എന്റെ കണ്ണ് കണ്ണുനീരൊഴുക്കുന്നു;
എന്റെ പ്രാണനെ തണുപ്പിക്കേണ്ട ആശ്വാസപ്രദൻ എന്നോട് അകന്നിരിക്കുന്നു;
ശത്രു പ്രബലനായിരിക്കയാൽ എന്റെ മക്കൾ നശിച്ചിരിക്കുന്നു”.
17സീയോൻ കൈ നീട്ടുന്നു; അവളെ ആശ്വസിപ്പിപ്പാൻ ആരുമില്ല;
യഹോവ യാക്കോബിന് അവന്റെ ചുറ്റും വൈരികളെ കല്പിച്ചാക്കിയിരിക്കുന്നു;
യെരൂശലേം അവരുടെ ഇടയിൽ മലിനയായിരിക്കുന്നു.
18“യഹോവ നീതിമാൻ; ഞാൻ അവിടുത്തെ കല്പനയോട് മത്സരിച്ചു;
സകലജാതികളുമായുള്ളോരേ, കേൾക്കേണമേ, എന്റെ വ്യസനം കാണേണമേ;
എന്റെ കന്യകമാരും യൌവനക്കാരും പ്രവാസത്തിലേയ്ക്ക് പോയിരിക്കുന്നു”.
19“ഞാൻ എന്റെ പ്രിയന്മാരെ വിളിച്ചു; അവരോ എന്നെ ചതിച്ചു;
എന്റെ പുരോഹിതന്മാരും മൂപ്പന്മാരും വിശപ്പടക്കേണ്ടതിന്
ആഹാരം തേടിനടക്കുമ്പോൾ നഗരത്തിൽവച്ച് പ്രാണനെ വിട്ടു”.
20“യഹോവേ, നോക്കേണമേ; ഞാൻ വിഷമത്തിലായി, എന്റെ ഉള്ളം കലങ്ങിയിരിക്കുന്നു;
ഞാൻ കഠിനമായി മത്സരിക്കകൊണ്ട് എന്റെ ഹൃദയം എന്റെ ഉള്ളിൽ അസ്വസ്ഥമായിരിക്കുന്നു;
പുറമേ വാൾ സന്തതിനാശം വരുത്തുന്നു; വീട്ടിലോ മരണം തന്നെ”.
21“ഞാൻ നെടുവീർപ്പിടുന്നത് അവർ കേട്ടു; എന്നെ ആശ്വസിപ്പിപ്പാൻ ആരുമില്ല;
എന്റെ ശത്രുക്കളൊക്കെയും എന്റെ അനർത്ഥം കേട്ട്, അവിടുന്ന് അത് വരുത്തിയതുകൊണ്ട് സന്തോഷിക്കുന്നു;
അവിടുന്ന് കല്പിച്ച ദിവസം അങ്ങ് വരുത്തും; അന്ന് അവരും എന്നെപ്പോലെയാകും”.
22“അവരുടെ ദുഷ്ടതയൊക്കെയും തിരുമുമ്പിൽ വരട്ടെ; എന്റെ സകല അതിക്രമങ്ങളും നിമിത്തം അങ്ങ് എന്നോട് ചെയ്തതുപോലെ അവരോടും ചെയ്യേണമേ;
എന്റെ നെടുവീർപ്പ് വളരെയല്ലോ; എന്റെ ഹൃദയം തളർന്നിരിക്കുന്നു”.

2

1അയ്യോ! യഹോവ സീയോൻ പുത്രിയെ തന്റെ കോപത്തിൽ മേഘംകൊണ്ട് മറച്ചതെങ്ങനെ?

അവിടുന്ന് യിസ്രായേലിന്റെ മഹത്വം ആകാശത്തുനിന്ന് ഭൂമിയിൽ ഇട്ടുകളഞ്ഞു;
തന്റെ കോപദിവസത്തിൽ അവിടുന്ന് തന്റെ പാദപീഠത്തെ ഓർത്തതുമില്ല.
2കർത്താവ് കരുണ കാണിക്കാതെ യാക്കോബിന്റെ മേച്ചൽപുറങ്ങളെയൊക്കെയും നശിപ്പിച്ചിരിക്കുന്നു;
തന്റെ ക്രോധത്തിൽ അവിടുന്ന് യെഹൂദാപുത്രിയുടെ കോട്ടകളെ ഇടിച്ചുകളഞ്ഞിരിക്കുന്നു;
രാജ്യത്തെയും അതിലെ പ്രഭുക്കന്മാരെയും അവിടുന്ന് നിലത്തിട്ട് അശുദ്ധമാക്കിയിരിക്കുന്നു.
3തന്റെ ഉഗ്രകോപത്തിൽ അവിടുന്ന് യിസ്രായേലിന്റെ കൊമ്പ് ഒക്കെയും വെട്ടിക്കളഞ്ഞു;
അവിടുന്ന് തന്റെ വലങ്കൈ ശത്രുവിൻ മുമ്പിൽ നിന്ന് പിൻവലിച്ചുകളഞ്ഞു;
ചുറ്റും ദഹിപ്പിക്കുന്ന ജ്വാലപോലെ അവിടുന്ന് യാക്കോബിനെ ദഹിപ്പിച്ചുകളഞ്ഞു.
4ശത്രു എന്നപോലെ അവിടുന്ന് വില്ല് കുലച്ചു, വൈരി എന്നപോലെ അവിടുന്ന് വലങ്കൈ നീട്ടി;
കണ്ണിന് കൌതുകമുള്ളത് ഒക്കെയും നശിപ്പിച്ചുകളഞ്ഞു;
സീയോൻ പുത്രിയുടെ കൂടാരത്തിൽ തന്റെ ക്രോധം തീപോലെ ചൊരിഞ്ഞു;
5കർത്താവ് ശത്രുവിനെപ്പോലെ ആയി, യിസ്രായേലിനെ മുടിച്ചുകളഞ്ഞു;
അവളുടെ അരമനകളെ ഒക്കെയും മുടിച്ച്, അവളുടെ കോട്ടകളെ നശിപ്പിച്ചുകളഞ്ഞു;
യെഹൂദാപുത്രിക്ക് ദുഃഖവും വിലാപവും വർദ്ധിപ്പിച്ചിരിക്കുന്നു.
6അവിടുന്ന് തിരുനിവാസം ഒരു തോട്ടംപോലെ നീക്കിക്കളഞ്ഞു; തന്റെ ഉത്സവസ്ഥലം നശിപ്പിച്ചിരിക്കുന്നു;
യഹോവ സീയോനിൽ ഉത്സവവും ശബ്ബത്തും മറക്കുമാറാക്കി,
തന്റെ ഉഗ്രകോപത്തിൽ രാജാവിനെയും പുരോഹിതനെയും നിരസിച്ചുകളഞ്ഞു.
7കർത്താവ് തന്റെ യാഗപീഠം തള്ളിക്കളഞ്ഞ്, തന്റെ വിശുദ്ധമന്ദിരം വെറുത്തിരിക്കുന്നു;
അവളുടെ അരമനമതിലുകളെ അവിടുന്ന് ശത്രുവിന്റെ കയ്യിൽ ഏല്പിച്ചു;
അവർ ഉത്സവത്തിൽ എന്നപോലെ യഹോവയുടെ ആലയത്തിൽ ആരവം ഉണ്ടാക്കി.
8യഹോവ സീയോൻ പുത്രിയുടെ മതിൽ നശിപ്പിപ്പാൻ നിർണ്ണയിച്ചു;
അവിടുന്ന് അളന്ന് നശിപ്പിക്കുന്നതിൽനിന്ന് കൈ പിൻവലിച്ചില്ല;
അവിടുന്ന് കോട്ടയും മതിലും വിലാപത്തിലാക്കി; അവ ഒരുപോലെ ക്ഷയിച്ചിരിക്കുന്നു.
9അവളുടെ വാതിലുകൾ മണ്ണിൽ ആഴ്ന്നുപോയിരിക്കുന്നു;
അവളുടെ ഓടാമ്പൽ അവിടുന്ന് തകർത്ത് നശിപ്പിച്ചിരിക്കുന്നു;
അവളുടെ രാജാവും പ്രഭുക്കന്മാരും ന്യായപ്രമാണം ഇല്ലാത്ത ജാതികളുടെ ഇടയിൽ പ്രവാസികളായി ഇരിക്കുന്നു;
അവളുടെ പ്രവാചകന്മാർക്ക് യഹോവയിൽ നിന്ന് ദർശനം ഉണ്ടാകുന്നതുമില്ല.
10സീയോൻപുത്രിയുടെ മൂപ്പന്മാർ മിണ്ടാതെ നിലത്തിരിക്കുന്നു;
അവർ തലയിൽ പൊടി വാരിയിട്ട് രട്ടുടുത്തിരിക്കുന്നു;
യെരൂശലേം കന്യകമാർ നിലത്തോളം തല താഴ്ത്തുന്നു.
11എന്റെ ജനത്തിൻ പുത്രിയുടെ നാശംനിമിത്തം ഞാൻ കണ്ണുനീർ വാർത്ത് കണ്ണ് മങ്ങിപ്പോകുന്നു;
എന്റെ ഉള്ളം കലങ്ങി കരൾ നിലത്ത് ഒഴുകിവീഴുന്നു;
പൈതങ്ങളും ശിശുക്കളും നഗരവീഥികളിൽ തളർന്നുകിടക്കുന്നു.
12അവർ മുറിവേറ്റവരെപ്പോലെ നഗരവീഥികളിൽ തളർന്നുകിടക്കുമ്പോഴും
അമ്മമാരുടെ മാർവ്വിൽവച്ച് പ്രാണൻ വിടുമ്പോഴും
ആഹാരവും വീഞ്ഞും എവിടെ എന്ന് അമ്മമാരോട് ചോദിക്കുന്നു.
13യെരൂശലേംപുത്രിയേ, ഞാൻ നിന്നോട് എന്ത് സാക്ഷീകരിക്കേണം? എന്തിനോട് നിന്നെ സദൃശമാക്കേണം?
സീയോൻ പുത്രിയായ കന്യകേ, ഞാൻ നിന്നെ ആശ്വസിപ്പിപ്പാൻ എന്തിനോട് നിന്നെ ഉപമിക്കേണം?
നിന്റെ മുറിവ് സമുദ്രംപോലെ വലുതായിരിക്കുന്നു; ആർ നിനക്ക് സൌഖ്യം വരുത്തും?
14നിന്റെ പ്രവാചകന്മാർ നിനക്ക് ഭോഷത്വവും വ്യാജവും ദർശിച്ചിരിക്കുന്നു;
അവർ നിന്റെ പ്രവാസം മാറ്റുവാൻ തക്കവണ്ണം നിന്റെ അകൃത്യം വെളിപ്പെടുത്താതെ
വ്യാജവും പ്രവാസകാരണവുമായ പ്രവാചകം ദർശിച്ചിരിക്കുന്നു.
15കടന്നുപോകുന്ന ഏവരും നിന്നെ നോക്കി കൈ കൊട്ടുന്നു;
അവർ യെരൂശലേംപുത്രിയെച്ചൊല്ലി ചൂളകുത്തി തലകുലുക്കി:
“ സൌന്ദര്യപൂർത്തി എന്നും സർവ്വമഹീതലമോദം എന്നും വിളിച്ചുവന്ന നഗരം ഇത് തന്നെയോ” എന്ന് ചോദിക്കുന്നു.
16നിന്റെ ശത്രുക്കളൊക്കെയും നിന്റെ നേരെ വായ് പിളർക്കുന്നു;
അവർ പരിഹസിച്ച്, പല്ലുകടിച്ച്: “നാം അവളെ വിഴുങ്ങിക്കളഞ്ഞു,
നാം കാത്തിരുന്ന ദിവസം ഇതു തന്നെ, നമുക്ക് സാദ്ധ്യമായി നാം കണ്ട് രസിപ്പാൻ ഇടയായല്ലോ” എന്ന് പറയുന്നു.
17യഹോവ നിർണ്ണയിച്ചത് അനുഷ്ഠിച്ചിരിക്കുന്നു;
പുരാതനകാലത്ത് അരുളിച്ചെയ്തത് നിവർത്തിച്ചിരിക്കുന്നു.
അവിടുന്ന് കരുണകൂടാതെ ഇടിച്ചുകളഞ്ഞ് ശത്രുവിന്
നിന്നെച്ചൊല്ലി സന്തോഷിക്കാൻ ഇടവരുത്തി വൈരികളുടെ കൊമ്പ് ഉയർത്തിയിരിക്കുന്നു.
18അവരുടെ ഹൃദയം കർത്താവിനോട് നിലവിളിച്ചു;
സീയോൻ പുത്രിയുടെ മതിലേ, രാവും പകലും നദിപോലെ കണ്ണുനീരൊഴുക്കുക;
നിനക്ക് സ്വസ്ഥതയും നിന്റെ കണ്ണുകൾക്ക് വിശ്രമവും നൽകരുത്.
19രാത്രിയിൽ, യാമാരംഭത്തിങ്കൽ എഴുന്നേറ്റ് നിലവിളിക്ക;
നിന്റെ ഹൃദയം വെള്ളംപോലെ കർത്തൃസന്നിധിയിൽ പകരുക;
വീഥികളുടെ തലയ്ക്കൽ വിശപ്പുകൊണ്ട് തളർന്നുകിടക്കുന്ന
നിന്റെ കുഞ്ഞുങ്ങളുടെ ജീവരക്ഷയ്ക്കായി യഹോവയിങ്കലേയ്ക്ക് കരങ്ങൾ ഉയർത്തുക
20യഹോവേ, ആരോടാകുന്നു അങ്ങ് ഇങ്ങനെ ചെയ്തതെന്ന് ഓർത്ത് കടാക്ഷിക്കേണമേ!
സ്ത്രീകൾ ഗർഭഫലത്തെ, കയ്യിൽ താലോലിക്കുന്ന കുഞ്ഞുങ്ങളെ തന്നെ, ഭക്ഷിക്കണമോ?
കർത്താവിന്റെ വിശുദ്ധമന്ദിരത്തിൽ പുരോഹിതനും പ്രവാചകനും കൊല്ലപ്പെടേണമോ?
21വീഥികളിൽ ബാലനും വൃദ്ധനും നിലത്ത് കിടക്കുന്നു;
എന്റെ കന്യകമാരും യൌവനക്കാരും വാൾകൊണ്ട് വീണിരിക്കുന്നു;
അങ്ങയുടെ കോപദിവസത്തിൽ അങ്ങ് അവരെ കൊന്ന്, കരുണകൂടാതെ അറുത്തുകളഞ്ഞു.
22ഉത്സവത്തിന്റെ ക്ഷണംപോലെ അങ്ങ് എനിക്ക് സർവ്വത്ര ഭീതികളെ വിളിച്ചുവരുത്തിയിരിക്കുന്നു;
യഹോവയുടെ കോപദിവസത്തിൽ ആരും രക്ഷപെട്ടില്ല; ആരും അതിജീവിച്ചതുമില്ല;
ഞാൻ പാലിച്ച് വളർത്തിയവരെ എന്റെ ശത്രു മുടിച്ചിരിക്കുന്നു.

3

1ഞാൻ അവന്റെ കോപത്തിന്റെ വടികൊണ്ട് കഷ്ടത കണ്ട പുരുഷനാകുന്നു.

2അവിടുന്ന് എന്നെ വെളിച്ചത്തിലല്ല, ഇരുട്ടിലത്രേ നടക്കുമാറാക്കിയത്.
3അതേ, അവിടുത്തെ കരം ഇടവിടാതെ എന്റെ നേരെ തിരിക്കുന്നു.
4എന്റെ മാംസവും ത്വക്കും അവിടുന്ന് ജീർണ്ണമാക്കി, എന്റെ അസ്ഥികളെ തകർത്തിരിക്കുന്നു.
5അവിടുന്ന് എന്നെ ആക്രമിച്ച്, കൈപ്പും പ്രയാസവും ചുറ്റുമതിലാക്കിയിരിക്കുന്നു.
6പണ്ടേ മരിച്ചവനെപ്പോലെ അവിടുന്ന് എന്നെ ഇരുട്ടിൽ പാർപ്പിച്ചിരിക്കുന്നു
7പുറത്തു പോകുവാൻ കഴിയാതവണ്ണം അവിടുന്ന് എന്നെ വേലികെട്ടിയടച്ച് എന്റെ ചങ്ങലയെ ഭാരമാക്കിയിരിക്കുന്നു.
8ഞാൻ കൂകി നിലവിളിച്ചാലും അവിടുന്ന് എന്റെ പ്രാർത്ഥന തടുത്തുകളയുന്നു.
9വെട്ടുകല്ലുകൊണ്ട് അവിടുന്ന് എന്റെ വഴി അടച്ച്, എന്റെ പാതകളെ വളയുമാറാക്കിയിരിക്കുന്നു.
10അവിടുന്ന് എനിക്ക് പതിയിരിക്കുന്ന കരടിയെപ്പോലെയും മറഞ്ഞുനില്ക്കുന്ന സിംഹത്തെപ്പോലെയും ആകുന്നു.
11അവിടുന്ന് എന്റെ വഴികളെ തെറ്റിച്ച് എന്നെ കടിച്ചുകീറി ശൂന്യമാക്കിയിരിക്കുന്നു.
12അവിടുന്ന് വില്ലു കുലച്ച് എന്നെ അമ്പിന് ലക്ഷ്യമാക്കിയിരിക്കുന്നു.
13തന്റെ ആവനാഴിയിലെ അമ്പുകളെ അവിടുന്ന് എന്റെ അന്തരംഗങ്ങളിൽ തറപ്പിച്ചിരിക്കുന്നു.
14ഞാൻ എന്റെ സർവ്വജനത്തിനും പരിഹാസവും ഇടവിടാതെ അവരുടെ പാട്ടും ആയിത്തീർന്നിരിക്കുന്നു.
15അവിടുന്ന് എന്നെ കൈപ്പുകൊണ്ട് നിറച്ച്, കാഞ്ഞിരംകൊണ്ട് മത്തുപിടിപ്പിച്ചിരിക്കുന്നു.
16അവിടുന്ന് കല്ലുകൊണ്ട് എന്റെ പല്ല് തകർത്ത്, എന്നെ വെണ്ണീരിൽ ഇട്ടുരുട്ടിയിരിക്കുന്നു.
17അങ്ങ് എന്റെ പ്രാണനിൽ നിന്ന് സമാധാനം നീക്കി; ഞാൻ സുഖം മറന്നിരിക്കുന്നു.
18എന്റെ മഹത്വവും യഹോവയിലുള്ള എന്റെ പ്രത്യാശയും പൊയ്പ്പോയല്ലോ എന്ന് ഞാൻ പറഞ്ഞു.
19അങ്ങ് എന്റെ കഷ്ടതയും അരിഷ്ടതയും കാഞ്ഞിരവും കൈപ്പും ഓർക്കേണമേ.
20എന്റെ പ്രാണൻ എന്റെ ഉള്ളിൽ എപ്പോഴും അവയെ ഓർത്ത് ഉരുകിയിരിക്കുന്നു.
21ഇത് ഞാൻ ഓർക്കും; അതുകൊണ്ട് ഞാൻ പ്രത്യാശിക്കും.
22നാം നശിച്ചുപോകാതിരിക്കുന്നത് യഹോവയുടെ ദയ ആകുന്നു; അവിടുത്തെ കരുണ തീർന്ന് പോയിട്ടില്ലല്ലോ;
23അത് രാവിലെതോറും പുതിയതും അവിടുത്തെ വിശ്വസ്തത വലിയതും ആകുന്നു.
24യഹോവ എന്റെ ഓഹരി എന്ന് എന്റെ ഉള്ളം പറയുന്നു; അതുകൊണ്ട് ഞാൻ അങ്ങയിൽ പ്രത്യാശവയ്ക്കുന്നു.
25തന്നെ കാത്തിരിക്കുന്നവർക്കും തന്നെ അന്വേഷിക്കുന്നവനും യഹോവ നല്ലവൻ.
26യഹോവയുടെ രക്ഷയ്ക്കായി മിണ്ടാതെ കാത്തിരിക്കുന്നത് നല്ലത്.
27ബാല്യത്തിൽ നുകം ചുമക്കുന്നത് ഒരു പുരുഷന് നല്ലത്.
28അവിടുന്ന് അത് അവന്റെ മേൽ വച്ചിരിക്കുക കൊണ്ട് അവൻ ഏകനായി മിണ്ടാതിരിക്കട്ടെ.
29അവൻ തന്റെ മുഖം പൊടിയോളം താഴ്ത്തട്ടെ; പക്ഷെ പ്രത്യാശ ശേഷിക്കും.
30തന്നെ അടിക്കുന്നവന് അവൻ കവിൾ കാണിക്കട്ടെ; അവൻ വേണ്ടുവോളം നിന്ദ അനുഭവിക്കട്ടെ.
31കർത്താവ് എന്നേക്കും തള്ളിക്കളകയില്ലല്ലോ.
32അവിടുന്ന് ദുഃഖിപ്പിച്ചാലും തന്റെ മഹാദയയ്ക്ക് ഒത്തവണ്ണം അവിടുത്തേയ്ക്ക് കരുണ തോന്നും.
33മനസ്സോടെയല്ലല്ലോ അവിടുന്ന് മനുഷ്യപുത്രന്മാരെ ദുഃഖിപ്പിച്ച് വ്യസനിപ്പിക്കുന്നത്.
34ഭൂമിയിലെ സകലബദ്ധന്മാരെയും കാല്കീഴിട്ട് മെതിക്കുന്നതും
35അത്യുന്നതന്റെ സന്നിധിയിൽ മനുഷ്യന്റെ ന്യായം മറിച്ചുകളയുന്നതും
36അവന്റെ നീതി നിഷേധിക്കുന്നതും കർത്താവ് കാണുകയില്ലയോ?
37കർത്താവ് കല്പിക്കാതെ ആര് പറഞ്ഞിട്ടാകുന്നു വല്ലതും സംഭവിക്കുന്നത്?
38അത്യുന്നതന്റെ വായിൽനിന്ന് നന്മയും തിന്മയും പുറപ്പെടുന്നില്ലയോ?
39ജീവനുള്ള മനുഷ്യൻ നെടുവീർപ്പിടുന്നതെന്ത്?
ഓരോരുത്തൻ താന്താന്റെ പാപങ്ങളെക്കുറിച്ച് നെടുവീർപ്പിടട്ടെ.
40നാം നമ്മുടെ നടപ്പ് ആരാഞ്ഞ് ശോധന ചെയ്ത് യഹോവയുടെ അടുക്കലേയ്ക്ക് തിരിയുക.
41നാം കൈകളെയും ഹൃദയത്തെയും സ്വർഗ്ഗസ്ഥനായ ദൈവത്തിങ്കലേയ്ക്ക് ഉയർത്തുക.
42ഞങ്ങൾ അതിക്രമം ചെയ്ത് മത്സരിച്ചു; അങ്ങ് ക്ഷമിച്ചതുമില്ല.
43അങ്ങ് കോപം പുതച്ച് ഞങ്ങളെ പിന്തുടർന്ന്, കരുണ കൂടാതെ കൊന്നുകളഞ്ഞു.
44ഞങ്ങളുടെ പ്രാർത്ഥന കടക്കാതവണ്ണം അങ്ങ് സ്വയം മേഘം കൊണ്ട് മറച്ചു.
45അങ്ങ് ഞങ്ങളെ ജനതകളുടെ ഇടയിൽ ചവറും എച്ചിലും ആക്കിയിരിക്കുന്നു.
46ഞങ്ങളുടെ ശത്രുക്കളൊക്കെയും ഞങ്ങളുടെ നേരെ വായ് പിളർന്നിരിക്കുന്നു.
47പേടിയും കണിയും ശൂന്യവും നാശവും ഞങ്ങൾക്ക് ഭവിച്ചിരിക്കുന്നു.
48എന്റെ ജനത്തിൻപുത്രിയുടെ നാശം നിമിത്തം എന്റെ കണ്ണിൽനിന്ന് ജലനദികൾ ഒഴുകുന്നു.
49യഹോവ സ്വർഗ്ഗത്തിൽനിന്ന് നോക്കി കടാക്ഷിക്കുവോളം
50എന്റെ കണ്ണ് ഇടവിടാതെ ഒഴുകുന്നു; നിലയ്ക്കുന്നതുമില്ല.
51എന്റെ നഗരത്തിലെ സകലസ്ത്രീജനത്തെയും കുറിച്ച് ഞാൻ കാണുന്നത് എന്റെ പ്രാണനെ വ്യസനിപ്പിക്കുന്നു.
52കാരണംകൂടാതെ എന്റെ ശത്രുക്കളായവർ എന്നെ ഒരു പക്ഷിയെപ്പോലെ വേട്ടയാടിയിരിക്കുന്നു.
53അവർ എന്റെ ജീവനെ കുഴിയിൽ ഇട്ട് നശിപ്പിച്ച്, എന്റെ മേൽ കല്ല് എറിഞ്ഞിരിക്കുന്നു.
54വെള്ളം എന്റെ തലയ്ക്കുമീതെ കവിഞ്ഞൊഴുകി; ഞാൻ നശിച്ചുപോയി എന്ന് ഞാൻ പറഞ്ഞു.
55യഹോവേ, ഞാൻ ആഴമുള്ള കുഴിയിൽ നിന്ന് അവിടുത്തെ നാമത്തെ വിളിച്ചപേക്ഷിച്ചിരിക്കുന്നു.
56‘എന്റെ നെടുവീർപ്പിനും എന്റെ നിലവിളിക്കും ചെവി പൊത്തിക്കളയരുതേ’ എന്ന എന്റെ പ്രാർത്ഥന അങ്ങ് കേട്ടിരിക്കുന്നു.
57ഞാൻ അങ്ങയെ വിളിച്ചപേക്ഷിച്ച നാളിൽ അങ്ങ് അടുത്തുവന്ന്: “ഭയപ്പെടേണ്ടാ” എന്ന് പറഞ്ഞു.
58കർത്താവേ, അങ്ങ് എന്റെ വ്യവഹാരം നടത്തി, എന്റെ ജീവനെ വീണ്ടെടുത്തിരിക്കുന്നു.
59യഹോവേ, ഞാൻ അനുഭവിച്ച അന്യായം അങ്ങ് കണ്ടിരിക്കുന്നു; എന്റെ വ്യവഹാരം തീർത്ത് തരേണമേ.
60അവർ ചെയ്ത സകലപ്രതികാരവും എനിക്ക് വിരോധമായുള്ള അവരുടെ സകലനിരൂപണങ്ങളും അങ്ങ് കണ്ടിരിക്കുന്നു.
61യഹോവേ, അവരുടെ നിന്ദയും എനിക്ക് വിരോധമായുള്ള അവരുടെ സകലനിരൂപണങ്ങളും
62എന്റെ ശത്രുക്കളുടെ വാക്കുകളും ഇടവിടാതെ എനിക്ക് വിരോധമായുള്ള ആലോചനകളും അങ്ങ് കേട്ടിരിക്കുന്നു.
63അവരുടെ ഇരിപ്പും എഴുന്നേല്പും നോക്കേണമേ; ഞാൻ അവരുടെ പാട്ടായിരിക്കുന്നു.
64യഹോവേ, അവരുടെ പ്രവൃത്തിക്ക് തക്കവണ്ണം അവർക്ക് പകരം ചെയ്യേണമേ;
65അങ്ങ് അവർക്ക് ഹൃദയകാഠിന്യം വരുത്തും; അങ്ങയുടെ ശാപം അവർക്ക് വരട്ടെ.
66അങ്ങ് അവരെ കോപത്തോടെ പിന്തുടർന്ന്, യഹോവയുടെ ആകാശത്തിൻ കീഴിൽനിന്ന് നശിപ്പിച്ചുകളയും.

4

1അയ്യോ, പൊന്ന് മങ്ങിപ്പോയി, നിർമ്മല തങ്കം മാറിപ്പോയി,

വിശുദ്ധരത്നങ്ങൾ സകലവീഥികളുടെയും തലയ്ക്കൽ ചിതറി കിടക്കുന്നു.
2തങ്കതുല്യരായിരുന്ന സീയോന്റെ വിശിഷ്ടപുത്രന്മാരെ
കുശവന്റെ പണിയായ മൺപാത്രങ്ങളെപ്പോലെ എണ്ണിയിരിക്കുന്നതെങ്ങനെ?
3കുറുനരികൾപോലും മുല കൊടുത്ത് കുഞ്ഞുങ്ങളെ പോറ്റുന്നു;
എന്റെ ജനത്തിന്റെ പുത്രിയോ മരുഭൂമിയിലെ ഒട്ടകപ്പക്ഷിയെപ്പോലെ ക്രൂരയായ് തീർന്നിരിക്കുന്നു.
4മുലകുടിക്കുന്ന കുഞ്ഞിന്റെ നാവ് ദാഹംകൊണ്ട് അണ്ണാക്കോട് പറ്റിയിരിക്കുന്നു;
പൈതങ്ങൾ അപ്പം ചോദിക്കുന്നു; ആരും നുറുക്കിക്കൊടുക്കുന്നതുമില്ല.
5സ്വാദുഭോജ്യങ്ങളെ അനുഭവിച്ചുവന്നവർ വീഥികളിൽ പട്ടിണികിടക്കുന്നു;
ധൂമ്രവസ്ത്രം ധരിച്ച് വളർന്നവർ ചാരകൂമ്പാരങ്ങളെ ആലിംഗനം ചെയ്യുന്നു.
6സഹായമില്ലാതെ പെട്ടെന്ന് മറിഞ്ഞുപോയ സൊദോമിന്റെ പാപത്തേക്കാൾ
എന്റെ ജനത്തിന്റെ പുത്രിയുടെ അകൃത്യം വലുതാകുന്നു.
7അവളുടെ പ്രഭുക്കന്മാർ ഹിമത്തേക്കാൾ നിർമ്മലന്മാരും പാലിനെക്കാൾ വെളുത്തവരുമായിരുന്നു;
അവരുടെ ദേഹം പവിഴത്തെക്കാൾ ചുവപ്പുള്ളതും അവരുടെ ശോഭ നീലക്കല്ലുപോലെയും ആയിരുന്നു.
8അവരുടെ മുഖം കരിക്കട്ടയെക്കാൾ കറുത്തിരിക്കുന്നു;
വീഥികളിൽ അവരെ കണ്ടിട്ട് ആരും അറിയുന്നില്ല;
അവരുടെ ത്വക്ക് അസ്ഥികളോട് പറ്റി ഉണങ്ങി മരംപോലെ ആയിത്തീർന്നിരിക്കുന്നു.
9വാൾകൊണ്ട് മരിക്കുന്നവർ വിശപ്പുകൊണ്ട് മരിക്കുന്നവരിലും ഭാഗ്യവാന്മാർ;
നിലത്തിൽ ഫലമില്ലായ്കയാൽ വിശപ്പിന്റെ പീഡയാൽ അവർ ക്ഷീണിച്ചുപോകുന്നു.
10കരുണയുള്ള സ്ത്രീകൾ തങ്ങളുടെ പൈതങ്ങളെ സ്വന്തകൈകൊണ്ട് പാകം ചെയ്തത് ,
എന്റെ ജനത്തിൻ പുത്രിയുടെ നാശത്തിൽ അവർക്ക് ആഹാരമായിരുന്നു.
11യഹോവ തന്റെ ക്രോധം നിവർത്തിച്ച്, തന്റെ ഉഗ്രകോപം ചൊരിഞ്ഞിരിക്കുന്നു;
അവിടുന്ന് സീയോനിൽ തീ കത്തിച്ചു: അത് അതിന്റെ അടിസ്ഥാനങ്ങളെ ദഹിപ്പിച്ചുകളഞ്ഞു.
12വൈരിയും ശത്രുവും യെരൂശലേമിന്റെ വാതിലുകൾക്കകത്ത് കടക്കും എന്ന്
ഭൂരാജാക്കന്മാരും ഭൂവാസികൾ ആരും വിശ്വസിച്ചിരുന്നില്ല.
13അതിന്റെ നടുവിൽ നീതിമാന്മാരുടെ രക്തം ചൊരിഞ്ഞിട്ടുള്ള
പ്രവാചകന്മാരുടെ പാപങ്ങളും പുരോഹിതന്മാരുടെ അകൃത്യങ്ങളും ഹേതുവായി ,
14അവർ കുരുടന്മാരായി വീഥികളിൽ ഉഴന്ന് രക്തം പുരണ്ട് നടക്കുന്നു;
അവരുടെ വസ്ത്രം ആർക്കും തൊട്ടുകൂടാ.
15‘മാറുവിൻ! അശുദ്ധൻ! മാറുവിൻ! മാറുവിൻ! തൊടരുത്! ’എന്ന് അവരോട് വിളിച്ചുപറയും;
അവർ ഓടി അലയുമ്പോൾ: ‘അവർ ഇനി ഇവിടെ വന്ന് പാർക്കയില്ല ’എന്ന് ജാതികളുടെ ഇടയിൽ പറയും.
16യഹോവയുടെ നോട്ടം അവരെ ചിതറിച്ചു; അവൻ അവരെ കടാക്ഷിക്കയില്ല;
അവർ പുരോഹിതന്മാരെ ആദരിച്ചില്ല, വൃദ്ധന്മാരോട് കൃപ കാണിച്ചതുമില്ല.
17സഹായത്തിന് വ്യർത്ഥമായി നോക്കി ഞങ്ങളുടെ കണ്ണ് ഇപ്പോഴും മങ്ങുന്നു;
രക്ഷിപ്പാൻ കഴിയാത്ത ജനതക്കായി ഞങ്ങളുടെ കാവൽമാളികയിൽ കാത്തിരിക്കുന്നു.
18ഞങ്ങളുടെ വീഥികളിൽ നടന്നുകൂടാതവണ്ണം അവർ ഞങ്ങളുടെ കാലടികൾക്ക് പതിയിരിക്കുന്നു;
ഞങ്ങളുടെ അന്ത്യം അടുത്തു, ഞങ്ങളുടെ കാലം തികഞ്ഞു, ഞങ്ങളുടെ അന്ത്യം വന്നിരിക്കുന്നു.
19ഞങ്ങളെ പിന്തുടർന്നവർ ആകാശത്തിലെ കഴുകനെക്കാൾ വേഗമുള്ളവർ;
അവർ മലകളിൽ ഞങ്ങളെ പിന്തുടർന്ന്,
മരുഭൂമിയിൽ ഞങ്ങൾക്കായി പതിയിരുന്നു.
20ഞങ്ങളുടെ ജീവശ്വാസമായ, യഹോവയുടെ അഭിഷിക്തൻ അവരുടെ കുഴികളിൽ അകപ്പെട്ടിരിക്കുന്നു;
“അവന്റെ നിഴലിൽ നാം ജാതികളുടെ മദ്ധ്യേ ജീവിക്കും ”എന്ന് ഞങ്ങൾ വിചാരിച്ചിരുന്നു.
21ഊസ് ദേശത്ത് പാർക്കുന്ന എദോംപുത്രിയേ, സന്തോഷിച്ച് ആനന്ദിക്ക;
പാനപാത്രം നിന്റെ അടുക്കലേയ്ക്കും വരും; നീ ലഹരിപിടിച്ച് നിന്നെത്തന്നേ നഗ്നയാക്കും.
22സീയോൻപുത്രിയേ, നിന്റെ അകൃത്യം തീർന്നിരിക്കുന്നു; ഇനി അവിടുന്ന് നിന്നെ പ്രവാസത്തിലേയ്ക്ക് അയയ്ക്കുകയില്ല;
എദോംപുത്രിയേ, അവിടുന്ന് നിന്റെ അകൃത്യം സന്ദർശിയ്ക്കുകയും നിന്റെ പാപങ്ങൾ വെളിപ്പെടുത്തുകയും ചെയ്യും.

5

1യഹോവേ, ഞങ്ങൾക്ക് എന്ത് ഭവിക്കുന്നു എന്ന് ഓർക്കേണമേ;

ഞങ്ങൾക്ക് നേരിട്ടിരിക്കുന്ന നിന്ദ നോക്കേണമേ.
2ഞങ്ങളുടെ അവകാശം അന്യന്മാർക്കും ഞങ്ങളുടെ വീടുകൾ അന്യജാതിക്കാർക്കും ആയിപ്പോയി.
3ഞങ്ങൾ അനാഥന്മാരും അപ്പനില്ലാത്തവരും ആയിരിക്കുന്നു;
ഞങ്ങളുടെ അമ്മമാർ വിധവമാരായ്തീർന്നിരിക്കുന്നു.
4ഞങ്ങളുടെ വെള്ളം ഞങ്ങൾ വില കൊടുത്ത് വാങ്ങി കുടിക്കുന്നു;
ഞങ്ങളുടെ വിറക് ഞങ്ങൾ വില കൊടുത്ത് വാങ്ങുന്നു.
5ഞങ്ങളെ പിന്തുടരുന്നവരുടെ കാലുകൾ ഞങ്ങളുടെ കഴുത്തിൽ എത്തിയിരിക്കുന്നു;
ഞങ്ങൾ തളർന്നിരിക്കുന്നു; ഞങ്ങൾക്ക് വിശ്രാമവുമില്ല.
6അപ്പം തിന്ന് തൃപ്തരാകേണ്ടതിന് ഞങ്ങൾ ഈജിപ്റ്റിനും അശ്ശൂരിനും കീഴടങ്ങിയിരിക്കുന്നു.
7ഞങ്ങളുടെ പിതാക്കന്മാർ പാപം ചെയ്ത് ഇല്ലാതെയായിരിക്കുന്നു;
അവരുടെ അകൃത്യങ്ങൾ ഞങ്ങൾ ചുമക്കുന്നു.
8ദാസന്മാർ ഞങ്ങളെ ഭരിക്കുന്നു;
അവരുടെ കയ്യിൽനിന്ന് ഞങ്ങളെ വിടുവിപ്പാൻ ആരുമില്ല.
9മരുഭൂമിയിലെ വാൾനിമിത്തം പ്രാണഭയത്തോടെ
ഞങ്ങൾ ആഹാരം ചെന്ന് കൊണ്ടുവരുന്നു.
10ക്ഷാമത്തിന്റെ കാഠിന്യം നിമിത്തം ഞങ്ങളുടെ ത്വക്ക് അടുപ്പുപോലെ കറുത്തിരിക്കുന്നു.
11അവർ സീയോനിൽ സ്ത്രീകളെയും യെഹൂദാപട്ടണങ്ങളിൽ കന്യകമാരെയും ബലാൽക്കാരം ചെയ്തിരിക്കുന്നു.
12അവർ സ്വന്തകൈകൊണ്ട് പ്രഭുക്കന്മാരെ തൂക്കിക്കളഞ്ഞു;
വൃദ്ധന്മാരുടെ മുഖം ആദരിച്ചതുമില്ല.
13യൌവനക്കാർ തിരികല്ല് ചുമക്കുന്നു; ബാലന്മാർ വിറകുചുമന്ന് ഇടറി വീഴുന്നു.
14വൃദ്ധന്മാരെ പട്ടണവാതില്ക്കലും
യൌവനക്കാരെ സംഗീതത്തിനും കാണുന്നില്ല.
15ഞങ്ങളുടെ ഹൃദയസന്തോഷം ഇല്ലാതെയായി;
ഞങ്ങളുടെ നൃത്തം വിലാപമായ്തീർന്നിരിക്കുന്നു.
16ഞങ്ങളുടെ തലയിലെ കിരീടം വീണുപോയി;
ഞങ്ങൾ പാപം ചെയ്കകൊണ്ട് ഞങ്ങൾക്ക് അയ്യോ കഷ്ടം!
17ഇതുകൊണ്ട് ഞങ്ങളുടെ ഹൃദയത്തിന് രോഗം പിടിച്ചിരിക്കുന്നു;
ഇതുനിമിത്തം ഞങ്ങളുടെ കണ്ണ് മങ്ങിയിരിക്കുന്നു.
18സീയോൻപർവ്വതം ശൂന്യമായി കുറുക്കന്മാർ അവിടെ സഞ്ചരിക്കുന്നതുകൊണ്ട് തന്നെ.
19യഹോവേ, അങ്ങ് ശാശ്വതനായും അങ്ങയുടെ സിംഹാസനം തലമുറതലമുറയായും ഇരിക്കുന്നു.
20അങ്ങ് സദാകാലം ഞങ്ങളെ മറക്കുന്നതും ദീർഘകാലം ഞങ്ങളെ ഉപേക്ഷിക്കുന്നതും എന്ത്?
21യഹോവേ, ഞങ്ങൾ മടങ്ങിവരേണ്ടതിന് ഞങ്ങളെ അങ്ങയിലേയ്ക്ക് മടക്കിവരുത്തേണമേ;
ഞങ്ങൾക്ക് പണ്ടത്തെപ്പോലെ ഒരു നല്ല കാലം വരുത്തേണമേ;
22അല്ല, അങ്ങ് ഞങ്ങളെ അശേഷം ത്യജിച്ചുകളഞ്ഞിരിക്കുന്നുവോ?
ഞങ്ങളോട് അങ്ങ് അതികഠിനമായി കോപിച്ചിരിക്കുന്നുവോ?

യെഹെസ്കേൽപ്രവാചകന്റെ പുസ്തകം

1

1മുപ്പതാം ആണ്ട് നാലാം മാസം അഞ്ചാം തീയതി ഞാൻ കെബാർനദീതീരത്ത് പ്രവാസികളുടെ ഇടയിൽ ഇരിക്കുമ്പോൾ, സ്വർഗ്ഗം തുറക്കപ്പെട്ടു;ഞാൻ ദിവ്യദർശനങ്ങൾ കണ്ടു.2യെഹോയാഖീൻരാജാവിന്റെ പ്രവാസത്തിന്റെ അഞ്ചാം ആണ്ടിൽ നാലാംമാസം അഞ്ചാം തീയതി തന്നെ,3കല്ദയദേശത്ത് കെബാർനദീതീരത്തുവച്ച് ബൂസിയുടെ മകൻ യെഹെസ്കേൽ പുരോഹിതന് യഹോവയുടെ അരുളപ്പാട് ഉണ്ടായി; അവിടെ യഹോവയുടെ കരവും അവന്റെമേൽ ഉണ്ടായിരുന്നു.

4ഞാൻ നോക്കിയപ്പോൾ വടക്കുനിന്ന് ഒരു കൊടുങ്കാറ്റും ഒരു വലിയ മേഘവും ആളിക്കത്തുന്ന തീയും വരുന്നതു കണ്ടു; അതിന്റെ ചുറ്റും ഒരു പ്രകാശവും അതിന്റെ നടുവിൽ നിന്ന്, തീയുടെ നടുവിൽനിന്നു തന്നെ, ശുക്ലസ്വർണ്ണംപോലെ ഒരു കാഴ്ചയും ഉണ്ടായിരുന്നു.5അതിന്റെ നടുവിൽ നാലു ജീവികളുടെ രൂപസാദൃശ്യം കണ്ടു; അവയുടെ രൂപത്തിന് മനുഷ്യസാദൃശ്യം ഉണ്ടായിരുന്നു.6ഓരോന്നിന് നാലു മുഖവും നാലു ചിറകും വീതം ഉണ്ടായിരുന്നു.
7അവയുടെ കാൽ നിവർന്നതും, പാദങ്ങൾ കാളക്കിടാവിന്റെ കുളമ്പുപോലെയും ആയിരുന്നു; മിനുക്കിയ താമ്രംപോലെ അവ മിന്നിക്കൊണ്ടിരുന്നു.8അവയ്ക്കു നാലു ഭാഗത്തും ചിറകിന്റെ കീഴിലായി മനുഷ്യന്റെ കൈകൾ ഉണ്ടായിരുന്നു; നാലിനും മുഖങ്ങളും ചിറകുകളും ഇപ്രകാരം ആയിരുന്നു.9അവയുടെ ചിറകുകൾ പരസ്പരം തൊട്ടിരുന്നു; പോകുമ്പോൾ അവ തിരിയാതെ ഓരോന്നും നേരെ മുമ്പോട്ടു പോകും.
10അവയുടെ മുഖരൂപമോ: അവയ്ക്കു മനുഷ്യമുഖം ഉണ്ടായിരുന്നു; നാലിനും വലത്തുഭാഗത്ത് സിംഹമുഖവും ഇടത്തുഭാഗത്ത് കാളമുഖവും ഉണ്ടായിരുന്നു; നാലിനും കഴുകുമുഖവും ഉണ്ടായിരുന്നു.11ഇങ്ങനെയായിരുന്നു അവയുടെ മുഖങ്ങൾ; അവയുടെ ചിറകുകൾ മേൽഭാഗം വിടർന്നിരുന്നു; ഈരണ്ടു ചിറകുകൾ തമ്മിൽ സ്പർശിച്ചും ഈരണ്ടു ചിറകുകൾകൊണ്ട് ശരീരം മറച്ചും ഇരുന്നു.12അവ ഓരോന്നും നേരെ മുമ്പോട്ടു പോകും; പോകുമ്പോൾ അവ തിരിയാതെ ആത്മാവിനു പോകേണ്ട സ്ഥലത്തേക്കു തന്നെ പോകും.
13ജീവികളുടെ നടുവിൽ കത്തിക്കൊണ്ടിരിക്കുന്ന തീക്കനൽപോലെയും പന്തങ്ങൾ പോലെയും ഒരു കാഴ്ച ഉണ്ടായിരുന്നു; അത് ജീവികളുടെ ഇടയിൽ സഞ്ചരിച്ചുകൊണ്ടിരുന്നു; ആ തീ തേജസ്സുള്ളതായിരുന്നു. തീയിൽനിന്ന് മിന്നൽ പുറപ്പെട്ടുകൊണ്ടിരുന്നു.14ജീവികൾ മിന്നൽപോലെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കൊണ്ടിരുന്നു.
15ഞാൻ ജീവികളെ നോക്കിയപ്പോൾ നിലത്ത് ജീവികളുടെ അരികിൽ നാലു മുഖത്തിനും നേരെ ഓരോ ചക്രം കണ്ടു.16ചക്രങ്ങളുടെ കാഴ്ചയും പണിയും പുഷ്പരാഗത്തിന്റെ കാഴ്ചപോലെ ആയിരുന്നു; അവയ്ക്കു നാലിനും ഒരേ ആകൃതി ആയിരുന്നു; അവയുടെ കാഴ്ചയും പണിയും ചക്രത്തിൽകൂടി മറ്റൊരു ചക്രം ഉള്ളതുപോലെ ആയിരുന്നു.
17അവയ്ക്കു നാലുഭാഗത്തേക്കും പോകാം; തിരിയുവാൻ ആവശ്യമില്ല.18അവയുടെ പട്ട പൊക്കമേറിയതും ഭയങ്കരവും ആയിരുന്നു; നാലിന്റെയും പട്ടകൾക്കു ചുറ്റും അടുത്തടുത്ത് കണ്ണുണ്ടായിരുന്നു.
19ജീവികൾ പോകുമ്പോൾ ചക്രങ്ങളും ഒപ്പം പോകും; ജീവികൾ ഭൂമിയിൽനിന്നു പൊങ്ങുമ്പോൾ ചക്രങ്ങളും പൊങ്ങും.20ആത്മാവിനു പോകേണ്ട സ്ഥലത്തെല്ലാം അവ പോകും; ജീവികളുടെ ആത്മാവ് ചക്രങ്ങളിൽ ആയിരുന്നതുകൊണ്ട് ചക്രങ്ങൾ അവയോടുകൂടി പൊങ്ങും.21ജീവികളുടെ ആത്മാവ് ചക്രങ്ങളിൽ ആയിരുന്നതുകൊണ്ട്, അവ പോകുമ്പോൾ ഇവയും പോകും; അവ നില്ക്കുമ്പോൾ ഇവയും നില്ക്കും; അവ ഭൂമിയിൽനിന്നു പൊങ്ങുമ്പോൾ ചക്രങ്ങളും അവയോടുകൂടി പൊങ്ങും.
22ജീവികളുടെ തലയ്ക്കു മീതെ ഭയങ്കരമായ, പളുങ്കുപോലെയുള്ള ഒരു വിതാനത്തിന്റെ രൂപം ഉണ്ടായിരുന്നു; അത് അവയുടെ തലയ്ക്കു മീതെ വിരിഞ്ഞിരുന്നു.23വിതാനത്തിന്റെ കീഴിൽ അവയുടെ ചിറകുകൾ നേർക്കുനേരെ വിടർന്നിരുന്നു; ഓരോ ജീവിക്കും ശരീരത്തിന്റെ ഇരുഭാഗവും മൂടുവാൻ ഈരണ്ടു ചിറകുകൾ വീതം ഉണ്ടായിരുന്നു.
24അവ പോകുമ്പോൾ ചിറകുകളുടെ ശബ്ദം പെരുവെള്ളത്തിന്റെ ശബ്ദംപോലെയും സർവ്വശക്തന്റെ നാദംപോലെയും ഒരു സൈന്യത്തിന്റെ ആരവം പോലെയും ഉള്ള മുഴക്കമായി ഞാൻ കേട്ടു; നില്ക്കുമ്പോൾ അവ ചിറകു താഴ്ത്തും.25അവയുടെ തലയ്ക്കു മീതെയുള്ള വിതാനത്തിനു മുകളിൽ നിന്ന് ഒരു നാദം പുറപ്പെട്ടു; നില്ക്കുമ്പോൾ അവ ചിറകു താഴ്ത്തും.
26അവയുടെ തലയ്ക്കു മീതെയുള്ള വിതാനത്തിനു മീതെ നീലക്കല്ലിന്റെ കാഴ്ചപോലെ സിംഹാസനത്തിന്റെ രൂപവും സിംഹാസനത്തിന്റെ രൂപത്തിന്മേൽ അതിനു മീതെ മനുഷ്യസാദൃശ്യത്തിൽ ഒരു രൂപവും ഉണ്ടായിരുന്നു.
27അവിടുത്തെ അരമുതൽ മേലോട്ടുള്ള ഭാഗം തീ നിറമുള്ള ശുക്ലസ്വർണ്ണംപോലെ ഞാൻ കണ്ടു; അവിടുത്തെ അരമുതൽ കീഴോട്ട് തീ പോലെ ഞാൻ കണ്ടു; അതിന്റെ ചുറ്റും പ്രകാശവും ഉണ്ടായിരുന്നു.28അതിന്റെ ചുറ്റുമുള്ള പ്രകാശം മഴയുള്ള ദിവസത്തിൽ മേഘത്തിൽ കാണുന്ന വില്ലിന്റെ കാഴ്ചപോലെ ആയിരുന്നു. യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടത്; അതു കണ്ടിട്ട് ഞാൻ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുത്തന്റെ ശബ്ദവും ഞാൻ കേട്ടു.

2

1അവിടുന്ന് എന്നോട്: “മനുഷ്യപുത്രാ, നിവർന്നുനില്ക്കുക; ഞാൻ നിന്നോടു സംസാരിക്കും” എന്ന് കല്പിച്ചു.2അവിടുന്ന് എന്നോടു സംസാരിച്ചപ്പോൾ ആത്മാവ് എന്നിൽ വന്നു, എന്നെ നിവർന്നുനില്ക്കുമാറാക്കി; അവൻ എന്നോടു സംസാരിക്കുന്നതു ഞാൻ കേട്ടു.3അവിടുന്ന് എന്നോട് അരുളിച്ചെയ്തത്: “മനുഷ്യപുത്രാ, എന്നോടു മത്സരിച്ചിരിക്കുന്ന മത്സരികളായ യിസ്രായേൽമക്കളുടെ അടുക്കൽ ഞാൻ നിന്നെ അയയ്ക്കുന്നു; അവരും അവരുടെ പിതാക്കന്മാരും ഇന്നുവരെ എന്നോട് അതിക്രമം ചെയ്തിരിക്കുന്നു.

4മക്കളോ ധാർഷ്ട്യവും ദുശ്ശാഠ്യവും ഉള്ളവരത്രെ; അവരുടെ അടുക്കലാകുന്നു ഞാൻ നിന്നെ അയയ്ക്കുന്നത്”; യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു എന്ന് നീ അവരോടു പറയണം.5കേട്ടാലും കേൾക്കാഞ്ഞാലും - അവർ മത്സരഗൃഹമാണല്ലോ - അവരുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടായിരുന്നു എന്ന് അവർ അറിയണം.
6നീയോ, മനുഷ്യപുത്രാ, അവരെ പേടിക്കരുത്; പറക്കാരയും മുള്ളും നിന്റെ അരികിൽ ഉണ്ടായിരുന്നാലും, തേളുകളുടെ ഇടയിൽ നീ വസിച്ചാലും അവരുടെ വാക്ക് പേടിക്കരുത്; അവർ മത്സരഗൃഹമല്ലോ; നീ അവരുടെ വാക്ക് പേടിക്കരുത്; അവരുടെ നോട്ടം കണ്ട് ഭ്രമിക്കുകയുമരുത്.
7അവർ കേട്ടാലും കേൾക്കാഞ്ഞാലും നീ എന്റെ വചനങ്ങൾ അവരോടു പ്രസ്താവിക്കണം; അവർ മഹാമത്സരികൾ അല്ലയോ.8നീയോ, മനുഷ്യപുത്രാ, ഞാൻ നിന്നോടു സംസാരിക്കുന്നതു കേൾക്കുക; നീ ആ മത്സരഗൃഹംപോലെ മത്സരക്കാരനായിരിക്കരുത്; ഞാൻ നിനക്കു തരുന്നത് നീ വായ്തുറന്നു തിന്നുക.
9ഞാൻ നോക്കിയപ്പോൾ: ഒരു കൈ എന്നിലേക്കു നീട്ടിയിരിക്കുന്നതും അതിൽ ഒരു പുസ്തകച്ചുരുൾ ഇരിക്കുന്നതും കണ്ടു.10അവൻ അത് എന്റെ മുമ്പിൽ വിടർത്തി: അതിൽ അകത്തും പുറത്തും എഴുത്തുണ്ടായിരുന്നു; വിലാപങ്ങളും സങ്കടവും കഷ്ടവും അതിൽ എഴുതിയിരുന്നു.

3

1അവിടുന്ന് എന്നോട്: “മനുഷ്യപുത്രാ, നീ കാണുന്നതു തിന്നുക: ഈ ചുരുൾ തിന്നശേഷം ചെന്ന് യിസ്രായേൽഗൃഹത്തോടു സംസാരിക്കുക” എന്ന് കല്പിച്ചു.2ഞാൻ വായ്തുറന്നു; അവിടുന്ന് ആ ചുരുൾ എനിക്ക് തിന്നുവാൻ തന്ന് എന്നോട്:3“മനുഷ്യപുത്രാ, ഞാൻ നിനക്ക് തരുന്ന ഈ ചുരുൾ നീ വയറ്റിൽ ആക്കി ഉദരം നിറയ്ക്കുക” എന്ന് കല്പിച്ചു; അങ്ങനെ ഞാൻ അത് തിന്നു; അത് വായിൽ തേൻപോലെ മധുരമായിരുന്നു.

4പിന്നെ അവിടുന്ന് എന്നോടു കല്പിച്ചത്: “മനുഷ്യപുത്രാ, നീ യിസ്രായേൽഗൃഹത്തിന്റെ അടുക്കൽ ചെന്ന് എന്റെ വചനങ്ങൾ അവരോടു പ്രസ്താവിക്കുക.5അവ്യക്തവാക്കും കടുത്ത ഭാഷയും ഉള്ള ജനതയുടെ അടുക്കൽ അല്ല, യിസ്രായേൽഗൃഹത്തിന്റെ അടുക്കലേക്കാകുന്നു നിന്നെ അയയ്ക്കുന്നത്;6അവ്യക്തവാക്കും കടുത്ത ഭാഷയും ഉള്ളവരും, നിനക്ക് വാക്ക് ഗ്രഹിച്ചുകൂടാത്തവരുമായ അനേകം ജനതകളുടെ അടുക്കലേക്കല്ല; അവരുടെ അടുക്കൽ ഞാൻ നിന്നെ അയച്ചെങ്കിൽ അവർ നിന്റെ വാക്ക് കേൾക്കുമായിരുന്നു.7യിസ്രായേൽഗൃഹമോ നിന്റെ വാക്ക് കേൾക്കുകയില്ല; എന്റെ വാക്ക് കേൾക്കുവാൻ അവർക്ക് മനസ്സില്ലല്ലോ; യിസ്രായേൽഗൃഹമെല്ലാം ദുശ്ശാഠ്യവും കഠിനഹൃദയവും ഉള്ളവരാകുന്നു.
8എന്നാൽ ഞാൻ നിന്റെ മുഖം അവരുടെ മുഖത്തിനു നേരെ കഠിനവും നിന്റെ നെറ്റി അവരുടെ നെറ്റിക്കു നേരെ കടുപ്പവും ആക്കിയിരിക്കുന്നു.9ഞാൻ നിന്റെ നെറ്റി തീക്കല്ലിനെക്കാൾ കടുപ്പമുള്ള വജ്രംപോലെ ആക്കിയിരിക്കുന്നു; അവർ മത്സരഗൃഹമെങ്കിലും നീ അവരെ പേടിക്കരുത്; അവരുടെ നോട്ടം കണ്ട് ഭ്രമിക്കുകയുമരുത്”.
10അവൻ പിന്നെയും എന്നോടു കല്പിച്ചത്: “മനുഷ്യപുത്രാ, ഞാൻ നിന്നോടു സംസാരിക്കുന്ന വചനങ്ങളെല്ലാ‍ാം ചെവികൊണ്ടു കേട്ട് ഹൃദയത്തിൽ കൈക്കൊള്ളുക.11നീ നിന്റെ ജനത്തിന്റെ പുത്രന്മാരായ പ്രവാസികളുടെ അടുക്കൽ ചെന്ന്, അവർ കേട്ടാലും കേൾക്കാഞ്ഞാലും അവരോടു സംസാരിച്ച്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു’ എന്ന് പറയുക”.
12അപ്പോൾ ആത്മാവ് എന്നെ എടുത്തു: “യഹോവയുടെ മഹത്വം സ്വസ്ഥാനത്ത് അനുഗ്രഹിക്കപ്പെടുമാറാകട്ടെ” എന്ന് ഞാൻ വലിയ മുഴക്കത്തോടെ ഒരു ശബ്ദം എന്റെ പിമ്പിൽ കേട്ടു.13ജീവികളുടെ ചിറകുകൾ തമ്മിൽ തട്ടുന്ന ശബ്ദവും അവയുടെ അരികിലുള്ള ചക്രങ്ങളുടെ ശബ്ദവും വലിയ മുഴക്കമുള്ള ഒരു ശബ്ദവും ഞാൻ കേട്ടു.
14ആത്മാവ് എന്നെ എടുത്തുകൊണ്ടുപോയി; ഞാൻ വ്യസനത്തോടും മനസ്സിന്റെ തീക്ഷ്ണതയോടും കൂടെ പോയി; യഹോവയുടെ കൈ ശക്തിയോടെ എന്റെമേൽ ഉണ്ടായിരുന്നു.15അങ്ങനെ ഞാൻ കെബാർനദീതീരത്ത് താമസിച്ച തേൽ-ആബീബിലെ പ്രവാസികളുടെ അടുക്കൽ, അവർ വസിച്ചിരുന്ന സ്ഥലത്തു തന്നെ എത്തി, അവരുടെ മദ്ധ്യത്തിൽ ഏഴു ദിവസം സ്തബ്ധനായി താമസിച്ചു.
16ഏഴു ദിവസം കഴിഞ്ഞിട്ട് യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:17“മനുഷ്യപുത്രാ, ഞാൻ നിന്നെ യിസ്രായേൽഗൃഹത്തിന് കാവല്ക്കാരനാക്കിയിരിക്കുന്നു; നീ എന്റെ വായിൽനിന്ന് വചനം കേട്ട് എന്റെ നാമത്തിൽ അവരെ പ്രബോധിപ്പിക്കണം.18ഞാൻ ദുഷ്ടനോട്: ‘നീ മരിക്കും’ എന്ന് കല്പിക്കുമ്പോൾ നീ അവനെ ഓർമ്മിപ്പിക്കുകയോ, ദുഷ്ടൻ ജീവരക്ഷ പ്രാപിക്കേണ്ടതിന് അവൻ തന്റെ ദുർമ്മാർഗ്ഗം ഉപേക്ഷിക്കുവാൻ അവനെ ഓർമ്മിപ്പിച്ചുകൊണ്ട് ഒന്നും പറയുകയോ ചെയ്യാതിരുന്നാൽ, ദുഷ്ടൻ തന്റെ അകൃത്യത്തിൽ മരിക്കും; അവന്റെ രക്തം ഞാൻ നിന്നോട് ചോദിക്കും.19എന്നാൽ നീ ദുഷ്ടനെ ഓർമ്മിപ്പിച്ചിട്ടും അവൻ തന്റെ ദുഷ്ടതയും ദുർമ്മാർഗ്ഗവും വിട്ടുതിരിയുന്നില്ലെങ്കിൽ അവൻ തന്റെ അകൃത്യത്തിൽ മരിക്കും; നീയോ നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു.
20അഥവാ, നീതിമാൻ തന്റെ നീതി വിട്ടുമാറി നീതികേടു പ്രവർത്തിച്ചിട്ടു ഞാൻ അവന്റെ മുമ്പിൽ ഇടർച്ച വയ്ക്കുന്നുവെങ്കിൽ അവൻ മരിക്കും; നീ അവനെ ഓർമ്മിപ്പിക്കായ്കകൊണ്ട് അവൻ തന്റെ പാപത്തിൽ മരിക്കും; അവൻ ചെയ്ത നീതി അവന് കണക്കിടുകയുമില്ല; അവന്റെ രക്തം ഞാൻ നിന്നോട് ചോദിക്കും.21എന്നാൽ നീതിമാൻ പാപം ചെയ്യാതെയിരിക്കേണ്ടതിന് നീ നീതിമാനെ ഓർമ്മിപ്പിച്ചിട്ട് അവൻ പാപം ചെയ്യാതെ ഇരുന്നാൽ, അവൻ പ്രബോധനം കൈക്കൊണ്ടിരിക്കുകയാൽ അവൻ ജീവിക്കും; നീയും നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു”.

22യഹോവയുടെ കൈ അവിടെ പിന്നെയും എന്റെമേൽ വന്നു; അവിടുന്ന് എന്നോട്: “നീ എഴുന്നേറ്റ് സമഭൂമിയിലേക്കു പോകുക; അവിടെവച്ച് ഞാൻ നിന്നോട് സംസാരിക്കും” എന്ന് കല്പിച്ചു.23അങ്ങനെ ഞാൻ എഴുന്നേറ്റ് സമഭൂമിയിലേക്കു പോയി; ഞാൻ കെബാർനദീതീരത്തു കണ്ട മഹത്വംപോലെ അവിടെ യഹോവയുടെ മഹത്വം നില്ക്കുന്നതു കണ്ട്, ഞാൻ കവിണ്ണുവീണു.
24അപ്പോൾ ആത്മാവ് എന്നിൽ വന്ന് എന്നെ നിവർന്നുനില്ക്കുമാറാക്കി, എന്നോടു സംസാരിച്ചു: “നീ ചെന്ന് നിന്റെ വീടിനകത്ത് കതകടച്ചു താമസിക്കുക.25എന്നാൽ മനുഷ്യപുത്രാ, നിനക്ക് അവരുടെ ഇടയിൽ പോകുവാൻ കഴിയാത്തവിധം അവർ നിന്നെ കയറുകൊണ്ട് കെട്ടും.
26നീ ഊമനായി അവരെ ശാസിക്കാതെയിരിക്കേണ്ടതിന് ഞാൻ നിന്റെ നാവിനെ നിന്റെ അണ്ണാക്കോടു പറ്റുമാറാക്കും; അവർ മത്സരഗൃഹമാണല്ലോ.27ഞാൻ നിന്നോടു സംസാരിക്കുമ്പോൾ ഞാൻ നിന്റെ വായ് തുറക്കും; നീ അവരോട്: “യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു” എന്ന് പറയണം; കേൾക്കുന്നവൻ കേൾക്കട്ടെ; കേൾക്കാത്തവൻ കേൾക്കാതെ ഇരിക്കട്ടെ; അവർ മത്സരഗൃഹമാണല്ലോ”.

4

1“മനുഷ്യപുത്രാ, നീ ഒരു ഇഷ്ടിക എടുത്ത് നിന്റെ മുമ്പിൽ വച്ച്, അതിൽ യെരൂശലേംനഗരം വരച്ച്, അതിനെ ഉപരോധിച്ച്,2അതിന്റെനേരെ കോട്ട പണിത് മൺതിട്ട ഉണ്ടാക്കി പാളയം അടിച്ച് ചുറ്റും യന്ത്രമുട്ടികൾ വയ്ക്കുക.3പിന്നെ ഒരു ഇരുമ്പുചട്ടി എടുത്ത് നിനക്കും നഗരത്തിനും മദ്ധ്യത്തിൽ ഇരിമ്പുമതിലായി വയ്ക്കുക; നിന്റെ മുഖം അതിന്റെനേരെ വച്ച്, അത് ഉപരോധത്തിൽ ആകേണ്ടതിന് അതിനെ നിരോധിക്കുക; ഇത് യിസ്രായേൽഗൃഹത്തിന് ഒരു അടയാളം ആയിരിക്കട്ടെ.

4പിന്നെ നീ ഇടത്തുവശം ചരിഞ്ഞുകിടന്ന് യിസ്രായേൽഗൃഹത്തിന്റെ അകൃത്യം അതിന്മേൽ ചുമത്തുക; നീ അങ്ങനെ കിടക്കുന്ന ദിവസങ്ങളുടെ എണ്ണത്തോളം അവരുടെ അകൃത്യം വഹിക്കണം.5ഞാൻ അവരുടെ അകൃത്യത്തിന്റെ സംവത്സരങ്ങളെ നിനക്ക് ദിവസങ്ങളായി എണ്ണും; അങ്ങനെ മുന്നൂറ്റിത്തൊണ്ണൂറു ദിവസം നീ യിസ്രായേൽഗൃഹത്തിന്റെ അകൃത്യം വഹിക്കണം.
6ഇത് തികച്ചശേഷം നീ വലത്തുവശം ചരിഞ്ഞു കിടന്ന് യെഹൂദാഗൃഹത്തിന്റെ അകൃത്യം നാല്പതു ദിവസം വഹിക്കണം; ഒരു സംവത്സരത്തിന് ഒരു ദിവസംവീതം ഞാൻ നിനക്ക് നിയമിച്ചിരിക്കുന്നു.7നീ യെരൂശലേമിന്റെ ഉപരോധത്തിനുനേരെ നിന്റെ മുഖവും നഗ്നമായ ഭുജവും വച്ച് അതിനു വിരോധമായി പ്രവചിക്കണം.8നിന്റെ ഉപരോധകാലം തികയുവോളം നീ ഒരു വശത്തുനിന്ന് മറുവശത്തേക്കു തിരിയാതെ ഇരിക്കേണ്ടതിന് ഞാൻ ഇതാ, കയറുകൊണ്ടു നിന്നെ കെട്ടുന്നു.
9നീ ഗോതമ്പും യവവും അമരയും ചെറുപയറും തിനയും ചോളവും എടുത്ത് ഒരു പാത്രത്തിൽ ഇട്ട് അവകൊണ്ട് അപ്പം ഉണ്ടാക്കുക; നീ വശംചരിഞ്ഞു കിടക്കുന്ന ദിവസങ്ങളുടെ എണ്ണത്തിനൊത്തവണ്ണം മുന്നൂറ്റിതൊണ്ണൂറു ദിവസം അതു തിന്നണം.10നീ ഭക്ഷിക്കുന്ന ആഹാരം ഒരു ദിവസത്തേക്ക് ഇരുപതു ശേക്കെൽ തൂക്കമായിരിക്കണം; നേരത്തോടു നേരം നീ അതുകൊണ്ട് ഉപജീവിച്ചുകൊള്ളണം.11ഹീനിന്റെ ആറിൽ ഒരു ഭാഗം വെള്ളവും നീ കുടിക്കണം; നേരത്തോടുനേരം നീ അത് കുടിക്കണം.
12നീ അത് യവദോശപോലെ തിന്നണം; അവരുടെ മുമ്പിൽ നീ മാനുഷമലം കത്തിച്ച് അത് ചുടണം.13ഇങ്ങനെ തന്നെ യിസ്രായേൽമക്കൾ, ഞാൻ അവരെ നീക്കിക്കളയുന്ന ജനതകളുടെ ഇടയിൽ അവരുടെ ആഹാരം മലിനമായി ഭക്ഷിക്കും” എന്ന് യഹോവ അരുളിച്ചെയ്തു.
14അതിന് ഞാൻ: “അയ്യോ, യഹോവയായ കർത്താവേ, എനിക്ക് ഒരിക്കലും ഒരു മാലിന്യവും ഭവിച്ചിട്ടില്ല; ഞാൻ ബാല്യംമുതൽ ഇന്നുവരെ തനിയെ ചത്തതിനെയോ പറിച്ചുകീറിപ്പോയതിനെയോ തിന്നിട്ടില്ല; അറപ്പായുള്ള മാംസം എന്റെ വായിൽ വച്ചിട്ടുമില്ല” എന്ന് പറഞ്ഞു.15അവിടുന്ന് എന്നോട്: “നോക്കുക മാനുഷമലത്തിനു പകരം ഞാൻ നിനക്ക് പശുവിൻചാണകം അനുവദിക്കുന്നു; അതു കത്തിച്ച് നിന്റെ അപ്പം ചുട്ടുകൊള്ളുക” എന്ന് കല്പിച്ചു.
16“മനുഷ്യപുത്രാ,അവർക്ക് അപ്പവും വെള്ളവും ഇല്ലാതാകേണ്ടതിനും ഓരോരുത്തൻ സ്തംഭിച്ച് അകൃത്യം നിമിത്തം ക്ഷയിച്ചുപോകേണ്ടതിനും17ഞാൻ യെരൂശലേമിൽ അപ്പം എന്ന കോൽ ഒടിച്ചുകളയും; അവർ തൂക്കപ്രകാരവും ഭയത്തോടെയും അപ്പം തിന്നും; അവർ അളവു പ്രകാരവും സ്തംഭനത്തോടെയും വെള്ളം കുടിക്കും” എന്ന് അവിടുന്ന് എന്നോട് അരുളിച്ചെയ്തു.

5

1മനുഷ്യപുത്രാ, നീ മൂർച്ചയുള്ള ഒരു വാൾ എടുത്ത് ക്ഷൗരക്കത്തിയായി ഉപയോഗിച്ച് നിന്റെ തലയും താടിയും ക്ഷൗരംചെയ്യുക; പിന്നെ തുലാസ്സ് എടുത്ത് ആ രോമം തൂക്കി വിഭജിക്കുക.2ഉപരോധകാലം തികയുമ്പോൾ മൂന്നിൽ ഒന്ന് നീ നഗരത്തിന്റെ നടുവിൽ തീയിൽ ഇട്ടു ചുട്ടുകളയണം; മൂന്നിൽ ഒന്ന് എടുത്ത് അതിന്റെ ചുറ്റും വാൾകൊണ്ട് അടിക്കണം; മൂന്നിൽ ഒന്ന് കാറ്റത്ത് ചിതറിച്ചുകളയണം; അവയുടെ പിന്നാലെ ഞാൻ വാളൂരും.

3അതിൽനിന്ന് അല്പം നീ എടുത്ത് നിന്റെ വസ്ത്രത്തിന്റെ അഗ്രത്തു കെട്ടണം.4ഇതിൽനിന്ന് പിന്നെയും നീ അല്പം എടുത്ത് തീയിൽ ഇട്ടു ചുട്ടുകളയണം; അതിൽനിന്ന് യിസ്രായേൽ ഗൃഹത്തിലേക്കെല്ലാം ഒരു തീ പുറപ്പെടും.
5യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:“ ഇത് യെരൂശലേം ആകുന്നു; ഞാൻ അതിനെ ജനതകളുടെ മദ്ധ്യത്തിൽ വച്ചിരിക്കുന്നു; അതിനു ചുറ്റും രാജ്യങ്ങൾ ഉണ്ട്6അത് ദുഷ്പ്രവൃത്തിയിൽ മറ്റു ജനതകളെക്കാൾ എന്റെ ന്യായങ്ങളോടും, ചുറ്റുമുള്ള രാജ്യങ്ങളെക്കാൾ അധികം എന്റെ ചട്ടങ്ങളോടും മത്സരിച്ചിരിക്കുന്നു; എന്റെ ന്യായങ്ങളെ അവർ തള്ളിക്കളഞ്ഞു; എന്റെ ചട്ടങ്ങളെ അവർ അനുസരിച്ചുനടന്നിട്ടുമില്ല”.
7അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:“ നിങ്ങൾ നിങ്ങളുടെ ചുറ്റുമുള്ള ജനതകളെക്കാൾ അധികം മത്സരിച്ച്, എന്റെ ചട്ടങ്ങളെ അനുസരിച്ചുനടക്കാതെയും എന്റെ ന്യായങ്ങളെ പ്രമാണിക്കാതെയും ചുറ്റുമുള്ള ജനതകളുടെ ന്യായങ്ങളെപ്പോലും ആചരിക്കാതെയും ഇരിക്കുകകൊണ്ട്,8യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:‘ ഇതാ,ഞാൻ, ഞാൻ തന്നെ നിനക്കു വിരോധമായിരിക്കുന്നു; ജനതകൾ കാണത്തക്കവിധം ഞാൻ നിന്റെ നടുവിൽ ന്യായവിധികൾ നടത്തും.
9നിന്റെ സകല മ്ളേച്ഛതകളും നിമിത്തം, ഞാൻ ഇതുവരെ ചെയ്തിട്ടില്ലാത്തതും, മേലാൽ ചെയ്യാത്തതുമായ കാര്യം നിന്റെ മദ്ധ്യത്തിൽ ചെയ്യും.10ആകയാൽ നിന്റെ മദ്ധ്യത്തിൽ അപ്പന്മാർ മക്കളെ തിന്നും; മക്കൾ അപ്പന്മാരെയും തിന്നും; ഞാൻ നിന്നിൽ ന്യായവിധി നടത്തും; നിന്നിലുള്ള ശേഷിപ്പിനെ മുഴുവനും ഞാൻ എല്ലാ കാറ്റുകളിലേക്കും ചിതറിച്ചുകളയും”.
11അതുകൊണ്ട് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നത്: “നിന്റെ എല്ലാ ഹീനപ്രവൃത്തികളാലും സകല മ്ലേച്ഛതകളാലും എന്റെ വിശുദ്ധമന്ദിരത്തെ നീ അശുദ്ധമാക്കിയതുകൊണ്ട്, എന്നാണ, ഞാനും നിന്നെ ആദരിക്കാതെ എന്റെ കടാക്ഷം നിന്നിൽനിന്ന് മാറ്റിക്കളയും; ഞാൻ കരുണ കാണിക്കുകയുമില്ല.12നിന്നിൽ മൂന്നിൽ ഒന്ന് മഹാമാരികൊണ്ടു മരിക്കും; ക്ഷാമംകൊണ്ടും അവർ നിന്റെ നടുവിൽ മുടിഞ്ഞുപോകും; മൂന്നിൽ ഒന്നിനെ നിന്റെ ചുറ്റും വാൾ കൊണ്ടു വീഴും; മൂന്നിൽ ഒന്ന് ഞാൻ എല്ലാ കാറ്റുകളിലേക്കും ചിതറിച്ചുകളയുകയും അവരുടെ പിന്നാലെ വാളൂരുകയും ചെയ്യും.
13അങ്ങനെ എന്റെ കോപത്തിനു നിവൃത്തി വരും; ഞാൻ അവരോട് എന്റെ ക്രോധം തീർത്ത് തൃപ്തനാകും; എന്റെ ക്രോധം അവരിൽ നിവർത്തിക്കുമ്പോൾ യഹോവയായ ഞാൻ എന്റെ തീക്ഷ്ണതയിൽ അത് അരുളിച്ചെയ്തു എന്ന് അവർ അറിയും.14വഴിപോകുന്ന എല്ലാവരും കാണത്തക്കവിധം ഞാൻ നിന്നെ നിന്റെ ചുറ്റുമുള്ള ജനതകളുടെ ഇടയിൽ ശൂന്യവും നിന്ദ്യവുമാക്കും.
15ഞാൻ കോപത്തോടും ക്രോധത്തോടും കഠിനശിക്ഷകളോടും കൂടി നിന്നിൽ ന്യായവിധി നടത്തുമ്പോൾ നീ നിന്റെ ചുറ്റുമുള്ള ജനതകൾക്കു നിന്ദയും ആക്ഷേപവും ബുദ്ധിയുപദേശവും സ്തംഭനഹേതുവും ആയിരിക്കും”; യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു.16“നിങ്ങളെ നശിപ്പിക്കേണ്ടതിന് ക്ഷാമം എന്ന നാശകരമായ ദുരസ്ത്രങ്ങൾ ഞാൻ എയ്യുമ്പോൾ, നിങ്ങൾക്കു ക്ഷാമം വർദ്ധിപ്പിച്ച് നിങ്ങളുടെ അപ്പം എന്ന കോൽ ഒടിച്ചുകളയും.17നിന്നെ മക്കളില്ലാതെയാക്കേണ്ടതിന് ഞാൻ ക്ഷാമത്തെയും ദുഷ്ടമൃഗങ്ങളെയും നിങ്ങളുടെ ഇടയിൽ അയയ്ക്കും; മഹാമാരിയും കൊലയും നിന്നിൽ കടക്കും; ഞാൻ വാളും നിന്റെനേരെ വരുത്തും”; യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു.

6

1യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:2“മനുഷ്യപുത്രാ, നീ യിസ്രായേൽപർവ്വതങ്ങളുടെ നേരെ മുഖം തിരിച്ച് അവർക്കു വിരോധമായി പ്രവചിച്ചു പറയേണ്ടത്:3“യിസ്രായേൽപർവ്വതങ്ങളേ, യഹോവയായ കർത്താവിന്റെ വചനം കേൾക്കുവിൻ! മലകളോടും കുന്നുകളോടും നീരൊഴുക്കുകളോടും താഴ്വരകളോടും യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ നിങ്ങളുടെനേരെ വാൾ വരുത്തും: ഞാൻ നിങ്ങളുടെ പൂജാഗിരികൾ നശിപ്പിക്കും.

4നിങ്ങളുടെ ബലിപീഠങ്ങൾ ശൂന്യമാകും; നിങ്ങളുടെ സൂര്യസ്തംഭങ്ങൾ തകർന്നുപോകും; നിങ്ങളുടെ നിഹതന്മാരെ ഞാൻ നിങ്ങളുടെ വിഗ്രഹങ്ങളുടെ മുമ്പിൽ വീഴിക്കും.5ഞാൻ യിസ്രായേൽമക്കളുടെ ശവങ്ങൾ അവരുടെ വിഗ്രഹങ്ങളുടെ മുമ്പിൽ ഇടും; ഞാൻ നിങ്ങളുടെ അസ്ഥികൾ നിങ്ങളുടെ ബലിപീഠങ്ങൾക്കു ചുറ്റും ചിതറിക്കും.
6നിങ്ങളുടെ ബലിപീഠങ്ങൾ ഇടിഞ്ഞ് ശൂന്യമാകുകയും നിങ്ങളുടെ വിഗ്രഹങ്ങൾ തകർന്നു മുടിഞ്ഞുപോകുകയും നിങ്ങളുടെ സൂര്യസ്തംഭങ്ങൾ വെട്ടിക്കളയുകയും നിങ്ങളുടെ പണികൾ നശിച്ചുപോകുകയും ചെയ്യുവാൻ തക്കവിധം നിങ്ങളുടെ വാസസ്ഥലങ്ങളിലെല്ലാം പട്ടണങ്ങൾ പാഴായും പൂജാഗിരികൾ ശൂന്യമായും തീരും.7നിഹതന്മാർ നിങ്ങളുടെ നടുവിൽ വീഴും; ഞാൻ യഹോവ എന്ന് നിങ്ങൾ അറിയും.
8എങ്കിലും നിങ്ങൾ ദേശങ്ങളിൽ ചിതറിപ്പോകുമ്പോൾ വാളിനു തെറ്റിപ്പോയവർ ജനതകളുടെ ഇടയിൽ നിങ്ങൾക്ക ഉണ്ടാകേണ്ടതിന് ഞാൻ ഒരു ശേഷിപ്പിനെ വച്ചേക്കും.9എന്നെ വിട്ടകന്ന് പരസംഗം ചെയ്യുന്ന അവരുടെ ഹൃദയത്തെയും വിഗ്രഹങ്ങളോടു ചേർന്നു പരസംഗം ചെയ്യുന്ന അവരുടെ കണ്ണുകളെയും ഞാൻ തകർത്തുകളഞ്ഞശേഷം, നിങ്ങളിൽ ചാടിപ്പോയവർ, അവരെ പിടിച്ചുകൊണ്ടുപോയ ജനതകളുടെ ഇടയിൽവച്ച് എന്നെ ഓർക്കും; അവരുടെ സകലമ്ലേച്ഛതകളാലും ചെയ്ത ദോഷങ്ങളാലും അവർക്ക് അവരോടു തന്നെ വെറുപ്പുതോന്നും.10ഞാൻ യഹോവ എന്ന് അവർ അറിയും; ഈ അനർത്ഥം അവർക്കു വരുത്തുമെന്ന് വെറുതെയല്ല ഞാൻ അരുളിച്ചെയ്തിരിക്കുന്നത്”.
11യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേൽഗൃഹത്തിന്റെ ദോഷകരമായ സകലമ്ലേച്ഛതകളും നിമിത്തം നീ കൈകൊണ്ടടിച്ച്, കാൽകൊണ്ടു ചവിട്ടി, ‘അയ്യോ കഷ്ടം!’ എന്ന് പറയുക; അവർ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും വീഴും;12ദൂരത്തുള്ളവൻ മഹാമാരിയാൽ മരിക്കും; സമീപത്തുള്ളവൻ വാളാൽ വീഴും; ശേഷിച്ചിരിക്കുന്നവനും രക്ഷപെട്ടവനും ക്ഷാമത്താൽ മരിക്കും; ഇങ്ങനെ ഞാൻ എന്റെ ക്രോധം അവരിൽ നിവർത്തിക്കും.
13അവർ അവരുടെ സകലവിഗ്രഹങ്ങൾക്കും സൗരഭ്യവാസന അർപ്പിച്ച, ഉയരമുള്ള എല്ലാ കുന്നിന്മേലും സകല പർവ്വതശിഖരങ്ങളിലും എല്ലാ പച്ചമരത്തിൻകീഴിലും തഴച്ചിരിക്കുന്ന എല്ലാ കരുവേലകത്തിൻകീഴിലും അവരുടെ നിഹതന്മാർ അവരുടെ ബലിപീഠങ്ങളുടെ ചുറ്റും അവരുടെ വിഗ്രഹങ്ങളുടെ ഇടയിൽ വീണുകിടക്കുമ്പോൾ, ഞാൻ യഹോവ എന്ന് നിങ്ങൾ അറിയും.14ഞാൻ അവരുടെ നേരെ കൈ നീട്ടി, അവരുടെ സകലവാസസ്ഥലങ്ങളിലും ദേശത്തെ രിബ്ളാമരുഭൂമിയെക്കാൾ അധികം നിർജ്ജനവും ശൂന്യവുമാക്കും; അപ്പോൾ ഞാൻ യഹോവയെന്ന് അവർ അറിയും”.

7

1യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:2“മനുഷ്യപുത്രാ, യഹോവയായ കർത്താവ് യിസ്രായേൽദേശത്തോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘അവസാനം! ദേശത്തിന്റെ നാലുഭാഗത്തും അവസാനം വന്നിരിക്കുന്നു.

3ഇപ്പോൾ നിനക്ക് അവസാനം വന്നിരിക്കുന്നു; ഞാൻ എന്റെ കോപം നിന്റെമേൽ അയച്ച് നിന്റെ നടപ്പിനു തക്കവണ്ണം നിന്നെ ന്യായംവിധിച്ച് നിന്റെ സകലമ്ലേച്ഛതകൾക്കും നിന്നോടു പകരം ചെയ്യും.4എന്റെ കണ്ണ് നിന്നെ ആദരിക്കാതെയും ഞാൻ കരുണ കാണിക്കാതെയും നിന്റെ നടപ്പിനു തക്കവണ്ണം നിന്നോട് പകരം ചെയ്യും; നിന്റെ മ്ലേച്ഛതകൾ നിന്റെ നടുവിൽ വെളിപ്പെട്ടുവരും; ഞാൻ യഹോവ എന്ന് നിങ്ങൾ അറിയും”.

5യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഒരു അനർത്ഥം, ഒരു അനർത്ഥം ഇതാ, വരുന്നു!6അവസാനം വന്നിരിക്കുന്നു! അവസാനം വന്നിരിക്കുന്നു! അതു നിന്റെ നേരെ ഉണർന്നുവരുന്നു! ഇതാ, അതു വരുന്നു.7ദേശനിവാസിയേ, ആപത്തു നിനക്കു വന്നിരിക്കുന്നു; കാലമായി, സമയം അടുത്തു; മലകളിൽ ആർപ്പുവിളി; സന്തോഷത്തിന്റെ ആർപ്പുവിളിയല്ല.
8ഇപ്പോൾ ഞാൻ വേഗത്തിൽ എന്റെ ക്രോധം നിന്റെമേൽ പകർന്ന്, എന്റെ കോപം നിന്നിൽ നിവർത്തിക്കും; ഞാൻ നിന്റെ നടപ്പിനു തക്കവണ്ണം നിന്നെ ന്യായം വിധിച്ച് നിന്റെ സകലമ്ലേച്ഛതകൾക്കും നിന്നോടു പകരം ചെയ്യും.9എന്റെ കണ്ണ് ആദരിക്കാതെയും ഞാൻ കരുണ കാണിക്കാതെയും നിന്റെ നടപ്പിനു തക്കവണ്ണം ഞാൻ നിന്നോടു പകരം ചെയ്യും; നിന്റെ മ്ലേച്ഛതകൾ നിന്റെ നടുവിൽ വെളിപ്പെട്ടുവരും; യഹോവയായ ഞാനാകുന്നു ദണ്ഡിപ്പിക്കുന്നത് എന്ന് നിങ്ങൾ അറിയും.
10ഇതാ, നാൾ; ഇതാ, അതു വരുന്നു; നിന്റെ ആപത്ത് പുറപ്പെട്ടിരിക്കുന്നു; വടി പൂത്ത് അഹങ്കാരം തളിർത്തിരിക്കുന്നു.11സാഹസം ദുഷ്ടതയുടെ വടിയായിട്ടു വളർന്നിരിക്കുന്നു; അവരിലോ അവരുടെ കോലാഹലത്തിലോ അവരുടെ സമ്പത്തിലോ ഒന്നും ശേഷിക്കുകയില്ല; അവരെക്കുറിച്ചു വിലാപം ഉണ്ടാകുകയുമില്ല.
12കാലം വന്നിരിക്കുന്നു; നാൾ അടുത്തിരിക്കുന്നു; അതിന്റെ സകല ജനസമൂഹത്തിന്മേലും ക്രോധം വന്നിരിക്കുകയാൽ വാങ്ങുന്നവൻ സന്തോഷിക്കുകയും വില്ക്കുന്നവൻ ദുഃഖിക്കുകയും വേണ്ടാ.13അവർ ജീവിച്ചിരുന്നാലും വില്ക്കുന്നവനു വിറ്റതു മടക്കിക്കിട്ടുകയില്ല; ദർശനം അതിന്റെ സകല ജനസമൂഹത്തെയും കുറിച്ചുള്ളതാകുന്നു; ആരും മടങ്ങിവരുകയില്ല; അകൃത്യത്തിൽ ജീവിതം കഴിക്കുന്ന ഒരുത്തനും ശക്തി പ്രാപിക്കുകയില്ല.
14അവർ കാഹളം ഊതി സകലവും ഒരുക്കുന്നു; എന്നാൽ എന്റെ ക്രോധം അതിന്റെ സകല ജനസമൂഹത്തിന്മേലും വന്നിരിക്കുകയാൽ ആരും യുദ്ധത്തിനു പോകുന്നില്ല,15പുറത്തു വാൾ, അകത്ത് മഹാമാരിയും ക്ഷാമവും; വയലിൽ ഇരിക്കുന്നവൻ വാൾകൊണ്ടു മരിക്കും; പട്ടണത്തിൽ ഇരിക്കുന്നവൻ ക്ഷാമത്തിനും മഹാമാരിക്കും ഇരയായിത്തീരും.16എന്നാൽ അവരിൽ ചാടിപ്പോകുന്നവർ ചാടിപ്പോകുകയും ഓരോരുത്തനും അവനവന്റെ അകൃത്യത്തെക്കുറിച്ച് താഴ്വരകളിലെ പ്രാവുകളെപ്പോലെ മലകളിൽ ഇരുന്നു കുറുകുകയും ചെയ്യും.
17എല്ലാകൈകളും തളരും; എല്ലാമുഴങ്കാലുകളും വെള്ളംപോലെ ബലഹീനമാകും.18അവർ രട്ടുടുക്കും; ഭീതി അവരെ മൂടും; സകലമുഖങ്ങളിലും ലജ്ജയും എല്ലാതലകളിലും കഷണ്ടിയും ഉണ്ടായിരിക്കും.19അവർ അവരുടെ വെള്ളി വീഥികളിൽ എറിഞ്ഞുകളയും; പൊന്ന് അവർക്ക് മലമായി തോന്നും; അവരുടെ വെള്ളിക്കും പൊന്നിനും യഹോവയുടെ കോപദിവസത്തിൽ അവരെ വിടുവിക്കുവാൻ കഴിയുകയില്ല; അതിനാൽ അവരുടെ വിശപ്പ് അടങ്ങുകയില്ല, അവരുടെ വയറ് നിറയുകയും ഇല്ല; അത് അവർക്ക് അകൃത്യഹേതു ആയിരുന്നുവല്ലോ.
20അതുകൊണ്ടുള്ള ആഭരണങ്ങളുടെ ഭംഗി അവർ ഡംഭത്തിനായി ഉപയോഗിച്ചു; അതുകൊണ്ട് അവർ അവർക്ക് മ്ലേച്ഛവിഗ്രഹങ്ങളെയും മലിനബിംബങ്ങളെയും ഉണ്ടാക്കി; ആകയാൽ ഞാൻ അത് അവർക്കു മലമാക്കിയിരിക്കുന്നു.21ഞാൻ അത് അന്യന്മാരുടെ കൈയിൽ കവർച്ചയായും ഭൂമിയിലെ ദുഷ്ടന്മാർക്ക് കൊള്ളയായും കൊടുക്കും; അവർ അത് അശുദ്ധമാക്കും.22ഞാൻ എന്റെ മുഖം അവരിൽനിന്നു തിരിക്കും. അവർ എന്റെ അമൂല്യസ്ഥലത്തെ അശുദ്ധമാക്കും; കവർച്ചക്കാർ അതിനകത്തു കടന്ന് അതിനെ അശുദ്ധമാക്കും.
23ദേശം രക്തപാതകംകൊണ്ടും നഗരം സാഹസംകൊണ്ടും നിറഞ്ഞിരിക്കുകയാൽ നീ ഒരു ചങ്ങല ഉണ്ടാക്കുക.24ഞാൻ ജനതകളിൽ അതിദുഷ്ടന്മാരായവരെ വരുത്തും; അവർ അവരുടെ വീടുകൾ കൈവശമാക്കും; ഞാൻ ബലവാന്മാരുടെ പ്രതാപം ഇല്ലാതെയാക്കും; അവരുടെ വിശുദ്ധസ്ഥലങ്ങൾ അശുദ്ധമായിത്തീരും.25നാശം വരുന്നു! അവർ സമാധാനം അന്വേഷിക്കും; എന്നാൽ അത് ഇല്ലാതെ ഇരിക്കും.
26അപകടത്തിന്മേൽ അപകടവും കിംവദന്തിയ്ക്കു പിന്നാലെ കിംവദന്തിയും വന്നുകൊണ്ടിരിക്കും; അവർ പ്രവാചകനോടു ദർശനം അന്വേഷിക്കും; എന്നാൽ പുരോഹിതന്റെ പക്കൽനിന്ന് ഉപദേശവും മൂപ്പന്മാരുടെ പക്കൽനിന്ന് ആലോചനയും നഷ്ടമായിപ്പോകും.27രാജാവു ദുഃഖിക്കും; പ്രഭു നിരാശ്രയനാകും; ദേശത്തെ ജനത്തിന്റെ കൈകൾ വിറയ്ക്കും; ഞാൻ അവരുടെ നടപ്പിനു തക്കവണ്ണം അവരോട് പകരം ചെയ്യും; അവർക്ക് ന്യായമായതുപോലെ അവരെ വിധിക്കും; ഞാൻ യഹോവ എന്ന് അവർ അറിയും.

8

1ആറാം ആണ്ട് ആറാം മാസം അഞ്ചാം തീയതി, ഞാൻ വീട്ടിൽ ഇരിക്കുമ്പോൾ, യെഹൂദാമൂപ്പന്മാർ എന്റെ മുമ്പിൽ ഇരിക്കുന്നുണ്ടായിരുന്നു. അപ്പോൾ അവിടെ യഹോവയായ കർത്താവിന്റെ കൈ എന്റെമേൽ വന്നു.2അപ്പോൾ ഞാൻ മനുഷ്യസാദൃശത്തിൽ ഒരു രൂപം കണ്ടു; അവിടുത്തെ അരമുതൽ കീഴോട്ടു തീപോലെയും അരമുതൽ മേലോട്ടു ശുക്ലസ്വർണ്ണത്തിന്റെ പ്രഭപോലെയും ആയിരുന്നു.

3അവിടുന്ന് കൈപോലെ ഒന്നു നീട്ടി എന്നെ തലമുടിക്കു പിടിച്ചു; ആത്മാവ് എന്നെ ഭൂമിയുടെയും ആകാശത്തിന്റെയും മദ്ധ്യത്തിലേക്ക് ഉയർത്തി ദിവ്യദർശനങ്ങളിൽ യെരൂശലേമിൽ വടക്കോട്ടുള്ള അകത്തെ വാതില്ക്കൽ കൊണ്ടുചെന്നു; അവിടെ അസൂയ ജനിപ്പിക്കുന്ന അസൂയാബിംബത്തിന്റെ ഇരിപ്പിടം ഉണ്ടായിരുന്നു.4അവിടെ ഞാൻ സമഭൂമിയിൽ കണ്ട ദർശനംപോലെ യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്ത്വം ഉണ്ടായിരുന്നു.
5അവിടുന്ന് എന്നോട്: “മനുഷ്യപുത്രാ, തലപൊക്കി വടക്കോട്ടു നോക്കുക” എന്ന് കല്പിച്ചു; ഞാൻ തലപൊക്കി വടക്കോട്ടു നോക്കി; യാഗപീഠത്തിന്റെ വാതിലിനു വടക്കോട്ട്, പ്രവേശനകവാടത്തിൽ തന്നെ, ആ അസൂയാബിംബത്തെ കണ്ടു.6അവിടുന്ന് എന്നോട്: “മനുഷ്യപുത്രാ, അവർ ചെയ്യുന്നത്, ഞാൻ എന്റെ വിശുദ്ധമന്ദിരം വിട്ടുപോകേണ്ടതിന് യിസ്രായേൽഗൃഹം ഇവിടെ ചെയ്യുന്ന മഹാമ്ലേച്ഛതകൾ തന്നെ, നീ കാണുന്നുവോ? ഇതിലും വലിയ മ്ലേച്ഛതകൾ നീ കാണും” എന്ന് അരുളിച്ചെയ്തു.
7അവിടുന്ന് എന്നെ പ്രാകാരത്തിന്റെ വാതില്ക്കൽ കൊണ്ടുപോയി; ഞാൻ നോക്കിയപ്പോൾ ചുവരിൽ ഒരു ദ്വാരം കണ്ടു.8അവിടുന്ന് എന്നോട്: “മനുഷ്യപുത്രാ, ചുവർ കുത്തിത്തുരക്കുക” എന്ന് പറഞ്ഞു; ഞാൻ ചുവർ കുത്തിത്തുരന്നപ്പോൾ ഒരു വാതിൽ കണ്ടു.9അവിടുന്ന് എന്നോട്: “അകത്തു ചെന്ന്, അവർ ഇവിടെ ചെയ്യുന്ന കടുത്ത മ്ലേച്ഛതകൾ നോക്കുക” എന്ന് കല്പിച്ചു.
10അങ്ങനെ ഞാൻ അകത്തു ചെന്നു; വെറുപ്പായുള്ള ഓരോ തരം ഇഴജാതികളെയും മൃഗങ്ങളെയും യിസ്രായേൽഗൃഹത്തിന്റെ സകലവിഗ്രഹങ്ങളെയും ചുറ്റും ചുവരിന്മേൽ വരച്ചിരിക്കുന്നതു കണ്ടു.11അവയുടെ മുമ്പിൽ യിസ്രായേൽ ഗൃഹത്തിന്റെ മൂപ്പന്മാരിൽ എഴുപതുപേരും ശാഫാന്റെ മകനായ യയസന്യാവ് അവരുടെ നടുവിലും ഓരോരുത്തൻ കൈയിൽ ധൂപകലശം പിടിച്ചുകൊണ്ടു നിന്നു; മേഘതുല്യമായ ധൂപത്തിന്റെ വാസന പൊങ്ങിക്കൊണ്ടിരുന്നു.
12അപ്പോൾ അവിടുന്ന് എന്നോട്: “മനുഷ്യപുത്രാ, യിസ്രായേൽഗൃഹത്തിന്റെ മൂപ്പന്മാർ ഇരുട്ടത്ത്, ഓരോരുത്തൻ അവനവന്റെ ബിംബങ്ങളുടെ അറകളിൽ ചെയ്യുന്നത് നീ കാണുന്നുവോ? ‘യഹോവ നമ്മെ കാണുന്നില്ല, യഹോവ ദേശത്തെ വിട്ടുപോയിരിക്കുന്നു’ എന്ന് അവർ പറയുന്നു” എന്നരുളിച്ചെയ്തു.13“അവർ ഇതിലും വലിയ മ്ലേച്ഛതകൾ ചെയ്യുന്നത് നീ കാണും” എന്നും അവിടുന്ന് എന്നോട് അരുളിച്ചെയ്തു.
14അവിടുന്ന് എന്നെ യഹോവയുടെ ആലയത്തിൽ വടക്കോട്ടുള്ള വാതിലിന്റെ പ്രവേശനത്തിലേക്ക് കൊണ്ടുപോയി; അവിടെ സ്ത്രീകൾ തമ്മൂസിനെക്കുറിച്ച് കരഞ്ഞുകൊണ്ട് ഇരിക്കുന്നത് ഞാൻ കണ്ടു.15അവിടുന്ന് എന്നോട്: “മനുഷ്യപുത്രാ, നീ കാണുന്നുവോ? ഇതിലും വലിയ മ്ലേച്ഛതകളെ ഇനിയും കാണും” എന്ന് അരുളിച്ചെയ്തു.
16അവിടുന്ന് എന്നെ യഹോവയുടെ ആലയത്തിന്റെ അകത്തെ പ്രാകാരത്തിൽ കൊണ്ടുപോയി; യഹോവയുടെ മന്ദിരത്തിന്റെ വാതില്ക്കൽ മണ്ഡപത്തിനും യാഗപീഠത്തിനും മദ്ധ്യത്തിൽ ഏകദേശം ഇരുപത്തഞ്ചു പുരുഷന്മാർ അവരുടെ പുറം യഹോവയുടെ മന്ദിരത്തിന്റെ നേരെയും മുഖം കിഴക്കോട്ടും തിരിച്ചുകൊണ്ട് നിന്നിരുന്നു; അവർ കിഴക്കോട്ടു നോക്കി സൂര്യനെ നമസ്കരിക്കുകയായിരുന്നു.
17അപ്പോൾ അവിടുന്ന് എന്നോട്: “മനുഷ്യപുത്രാ, നീ കാണുന്നുവോ? യെഹൂദാഗൃഹം ഇവിടെ ചെയ്യുന്ന മ്ലേച്ഛതകൾ പോരാഞ്ഞിട്ടോ, അവർ എന്നെ അധികമധികം കോപിപ്പിക്കുവാൻ ദേശം സാഹസംകൊണ്ടു നിറയ്ക്കുന്നത്? കണ്ടില്ലേ അവർ മരച്ചില്ല മൂക്കിൽ തൊടുവിക്കുന്നത്?18ആകയാൽ ഞാനും ക്രോധത്തോടെ പ്രവർത്തിക്കും; എന്റെ കണ്ണിന് ആദരവ് തോന്നുകയില്ല; ഞാൻ കരുണ കാണിക്കുകയുമില്ല; അവർ അത്യുച്ചത്തിൽ എന്നോടു നിലവിളിച്ചാലും ഞാൻ അപേക്ഷ കേൾക്കുകയില്ല”എന്ന് അരുളിച്ചെയ്തു.

9

1അനന്തരം ഞാൻ കേൾക്കെ അവിടുന്ന് അത്യുച്ചത്തിൽ വിളിച്ചു: “നഗരത്തിൽ ശിക്ഷ നൽകുന്നവരെ അടുത്തു വരുമാറാക്കുവിൻ; ഓരോരുത്തനും നാശകരമായ ആയുധം കൈയിൽ എടുക്കട്ടെ ”എന്ന് കല്പിച്ചു.2അപ്പോൾ ആറു പുരുഷന്മാർ, ഓരോരുത്തനും വെണ്മഴു കൈയിൽ എടുത്തുകൊണ്ട് വടക്കോട്ടുള്ള മുകളിലത്തെ പടിവാതിലിന്റെ വഴിയായി വന്നു; അവരുടെ നടുവിൽ ശണവസ്ത്രം ധരിച്ച് അരയിൽ എഴുത്തുകാരന്റെ മഷിക്കുപ്പിയുമായി ഒരുത്തൻ ഉണ്ടായിരുന്നു; അവർ അകത്തു ചെന്ന് താമ്രയാഗപീഠത്തിന്റെ അരികിൽ നിന്നു.

3യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്വം, അത് ഇരുന്നിരുന്ന കെരൂബിന്മേൽനിന്ന് ആലയത്തിന്റെ ഉമ്മരപ്പടിക്കൽ വന്നിരുന്നു; പിന്നെ അവിടുന്ന്, ശണവസ്ത്രം ധരിച്ച് അരയിൽ എഴുത്തുകാരന്റെ മഷിക്കുപ്പിയുമായി നിന്നിരുന്ന പുരുഷനെ വിളിച്ചു.4അവനോടു യഹോവ: “നീ നഗരത്തിന്റെ നടുവിൽ, യെരൂശലേമിന്റെ നടുവിൽകൂടി ചെന്ന്, അതിൽ നടക്കുന്ന സകലമ്ലേച്ഛതകളും കാരണം നെടുവീർപ്പിട്ടു കരയുന്ന പുരുഷന്മാരുടെ നെറ്റികളിൽ ഒരു അടയാളം ഇടുക” എന്ന് കല്പിച്ചു.
5മറ്റുള്ളവരോട് ഞാൻ കേൾക്കെ അവിടുന്ന്: “നിങ്ങൾ അവന്റെ പിന്നാലെ നഗരത്തിൽകൂടി ചെന്നു വെട്ടുവിൻ! നിങ്ങളുടെ കണ്ണിനു ആദരവു തോന്നരുത്; നിങ്ങൾ കരുണ കാണിക്കുകയുമരുത്.6വൃദ്ധന്മാരെയും യൗവനക്കാരെയും കന്യകമാരെയും കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊന്നുകളയുവിൻ! എന്നാൽ അടയാളമുള്ള ഒരുത്തനെയും തൊടരുത്; എന്റെ വിശുദ്ധമന്ദിരത്തിൽ തന്നെ തുടങ്ങുവിൻ” എന്ന് കല്പിച്ചു; അങ്ങനെ അവർ ആലയത്തിന്റെ മുമ്പിൽ ഉണ്ടായിരുന്ന മൂപ്പന്മാരുടെ ഇടയിൽ തുടങ്ങി.
7അവിടുന്ന് അവരോട്: “നിങ്ങൾ ആലയത്തെ അശുദ്ധമാക്കി, പ്രാകാരങ്ങളെ നിഹതന്മാരെക്കൊണ്ടു നിറയ്ക്കുവിൻ; പുറപ്പെടുവിൻ” എന്ന് കല്പിച്ചു. അങ്ങനെ അവർ പുറപ്പെട്ട്, നഗരത്തിൽ സംഹാരം നടത്തി.8അവരെ കൊന്നുകളഞ്ഞശേഷം ഞാൻ മാത്രം ശേഷിച്ചു; ഞാൻ കവിണ്ണുവീണു; “അയ്യോ, യഹോവയായ കർത്താവേ, യെരൂശലേമിന്മേൽ നിന്റെ ക്രോധം പകരുന്നതിനാൽ യിസ്രായേലിൽ ശേഷിപ്പുള്ളവരെ ഒക്കെയും സംഹരിക്കുമോ?” എന്നു നിലവിളിച്ചു പറഞ്ഞു.
9അതിന് അവിടുന്ന് എന്നോട്: “യിസ്രായേൽഗൃഹത്തിന്റെയും യെഹൂദാഗൃഹത്തിന്റെയും അകൃത്യം ഏറ്റവും വലുതായിരിക്കുന്നു; ദേശം രക്തപാതകംകൊണ്ടും നഗരം അന്യായംകൊണ്ടും നിറഞ്ഞിരിക്കുന്നു; ‘യഹോവ ദേശത്തെ വിട്ടുപോയിരിക്കുന്നു; യഹോവ കാണുന്നില്ല’ എന്ന് അവർ പറയുന്നുവല്ലോ.10ഞാനോ എന്റെ കണ്ണിന് ആദരവു തോന്നാതെയും ഞാൻ കരുണ കാണിക്കാതെയും അവരുടെ നടപ്പിനു തക്കവണ്ണം അവരുടെ തലമേൽ പകരം കൊടുക്കും ”എന്ന് അരുളിച്ചെയ്തു.11ശണവസ്ത്രം ധരിച്ച് അരയിൽ മഷിക്കുപ്പിയുമായുള്ള പുരുഷൻ: “എന്നോടു കല്പിച്ചതുപോലെ ഞാൻ ചെയ്തിരിക്കുന്നു ”എന്ന് ബോധിപ്പിച്ചു.

10

1അനന്തരം ഞാൻ നോക്കിയപ്പോൾ കെരൂബുകളുടെ തലയ്ക്കുമീതെ ഉണ്ടായിരുന്ന വിതാനത്തിൽ നീലക്കല്ലുപോലെ സിംഹാസനത്തിന്റെ സാദൃശ്യത്തിൽ ഒരു രൂപം അവയുടെമേൽ കാണപ്പെട്ടു.2അവിടുന്ന് ശണവസ്ത്രം ധരിച്ച പുരുഷനോടു സംസാരിച്ചു: “നീ കെരൂബിന്റെ കീഴിൽ തിരിഞ്ഞുകൊണ്ടിരിക്കുന്ന ചക്രങ്ങളുടെ നടുവിൽ ചെന്ന് കെരൂബുകളുടെ ഇടയിൽനിന്ന് നിന്റെ കൈ നിറയെ തീക്കനൽ എടുത്ത് നഗരത്തിന്മേൽ വിതറുക” എന്ന് കല്പിച്ചു; അങ്ങനെ ഞാൻ കാൺകെ അവൻ ചെന്നു.

3ആ പുരുഷൻ അകത്തു ചെല്ലുമ്പോൾ കെരൂബുകൾ ആലയത്തിന്റെ വലത്തുഭാഗത്തുനിന്നു; മേഘവും അകത്തെ പ്രാകാരത്തിൽ നിറഞ്ഞിരുന്നു.4എന്നാൽ യഹോവയുടെ മഹത്ത്വം കെരൂബിന്മേൽനിന്നു പൊങ്ങി, ആലയത്തിന്റെ ഉമ്മരപ്പടിക്കു മീതെ നിന്നു; ആലയം മേഘംകൊണ്ടു നിറഞ്ഞിരുന്നു; പ്രാകാരവും യഹോവയുടെ മഹത്വത്തിന്റെ ശോഭയാൽ നിറഞ്ഞിരുന്നു.5കെരൂബുകളുടെ ചിറകുകളുടെ ശബ്ദം പുറത്തെ പ്രാകാരംവരെ സർവ്വശക്തനായ ദൈവം സംസാരിക്കുന്ന നാദംപോലെ കേൾക്കുന്നുണ്ടായിരുന്നു.
6എന്നാൽ അവിടുന്ന് ശണവസ്ത്രം ധരിച്ച പുരുഷനോട്: “നീ കെരൂബുകളുടെ ഇടയിൽ നിന്ന്, തിരിഞ്ഞുകൊണ്ടിരിക്കുന്ന ചക്രങ്ങളുടെ നടുവിൽനിന്നു തന്നെ, തീ എടുക്കുക” എന്ന് കല്പിച്ചപ്പോൾ അവൻ ചെന്ന് ചക്രങ്ങളുടെ അരികിൽ നിന്നു.7ഒരു കെരൂബ്, കെരൂബുകളുടെ ഇടയിൽനിന്നു തന്റെ കൈ കെരൂബുകളുടെ നടുവിലുള്ള തീയിലേക്ക് നീട്ടി കുറെ എടുത്തു ശണവസ്ത്രം ധരിച്ചവന്റെ കയ്യിൽ കൊടുത്തു; അവൻ അതു വാങ്ങി പുറപ്പെട്ടുപോയി.8കെരൂബുകളുടെ ചിറകുകൾക്കു കീഴിൽ മനുഷ്യന്റെ കൈപോലെ ഒന്നു കാണപ്പെട്ടു.
9ഞാൻ കെരൂബുകളുടെ അരികിൽ നാലു ചക്രം കണ്ടു; ഓരോ കെരൂബിനരികിലും ഓരോ ചക്രം ഉണ്ടായിരുന്നു; ചക്രങ്ങളുടെ കാഴ്ച പുഷ്പരാഗംപോലെ ആയിരുന്നു.10അവയുടെ കാഴ്ചയോ നാലിനും ഒരുപോലെയുള്ള രൂപം ആയിരുന്നു; ചക്രത്തിൽകൂടി മറ്റൊരു ചക്രം ഉള്ളതുപോലെ തന്നെ.11അവയ്ക്കു നാലു ഭാഗത്തേക്കും പോകാം; തിരിയുവാൻ ആവശ്യമില്ലാതെ, തലതിരിയുന്ന ഭാഗത്തേക്ക് അതിന്റെ പിന്നാലെ അവ പോകും; പോകുമ്പോൾ തിരിയുകയുമില്ല.
12അവയുടെ ശരീരം മുഴുവനും പിൻഭാഗത്തും കൈയിലും ചിറകിലും ചക്രത്തിലും, നാലിനും ഉള്ള ചക്രത്തിൽ തന്നെ, ചുറ്റും അടുത്തടുത്ത് കണ്ണുകൾ ഉണ്ടായിരുന്നു.13ചക്രങ്ങൾക്ക്, ഞാൻ കേൾക്കെ “ചുഴലികൾ” എന്ന് പേര് വിളിച്ചു.14ഓരോന്നിനും നന്നാലു മുഖം ഉണ്ടായിരുന്നു; ഒന്നാമത്തെ മുഖം കെരൂബ് മുഖവും രണ്ടാമത്തേത് മാനുഷമുഖവും മൂന്നാമത്തേത് സിംഹമുഖവും നാലാമത്തേത് കഴുകുമുഖവും ആയിരുന്നു.
15കെരൂബുകൾ മുകളിലേക്ക് പൊങ്ങി; ഇത് ഞാൻ കെബാർനദീതീരത്തുവച്ചു കണ്ട ജീവി തന്നെ.16കെരൂബുകൾ പോകുമ്പോൾ ചക്രങ്ങളും അവയോടൊപ്പം പോകും; ഭൂമിയിൽനിന്നു പൊങ്ങുവാൻ കെരൂബുകൾ ചിറകു വിടർത്തുമ്പോൾ ചക്രങ്ങൾ അവയുടെ പാർശ്വത്തിൽനിന്ന് വിട്ടുമാറുകയില്ല.17ജീവിയുടെ ആത്മാവ് ചക്രങ്ങളിൽ ആയിരുന്നതുകൊണ്ട് അവ നില്ക്കുമ്പോൾ ഇവയും നില്ക്കും; അവ പൊങ്ങുമ്പോൾ ഇവയും പൊങ്ങും.
18പിന്നെ യഹോവയുടെ മഹത്ത്വം ആലയത്തിന്റെ ഉമ്മരപ്പടി വിട്ട് പുറപ്പെട്ട് കെരൂബുകളിൻ മീതെ വന്നുനിന്നു.19അപ്പോൾ കെരൂബുകൾ ചിറകു വിടർത്തി, ഞാൻ കാൺകെ ഭൂമിയിൽനിന്നു മുകളിലേക്കുപൊങ്ങി; അവ പൊങ്ങിയപ്പോൾ ചക്രങ്ങളും അവയോടൊപ്പം ഉണ്ടായിരുന്നു; എല്ലാംകൂടി യഹോവയുടെ ആലയത്തിന്റെ കിഴക്കെ പടിവാതില്ക്കൽ ചെന്നുനിന്നു; യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്ത്വവും അവയ്ക്കു മീതെ നിന്നു.
20ഇത് ഞാൻ കെബാർനദീതീരത്തുവച്ച് യിസ്രായേലിന്റെ ദൈവത്തിന്റെ കീഴിൽ കണ്ട ജീവി തന്നെ; അവ ‘കെരൂബുകൾ’ എന്ന് ഞാൻ ഗ്രഹിച്ചു.21ഓരോന്നിനും നന്നാലു മുഖവും നന്നാലു ചിറകും ഉണ്ടായിരുന്നു; ചിറകിൻ കീഴിൽ മാനുഷകൈപോലെ ഒന്നുണ്ടായിരുന്നു;22അവയുടെ മുഖരൂപം ഞാൻ കെബാർനദീതീരത്തുവച്ചു കണ്ട മുഖങ്ങൾ തന്നെ ആയിരുന്നു; അവയുടെ രൂപവും അപ്രകാരം തന്നെ; അവ ഓരോന്നും നേരെ മുമ്പോട്ടു തന്നെ പോകും.

11

1അനന്തരം ആത്മാവ് എന്നെ എടുത്ത് യഹോവയുടെ ആലയത്തിൽ കിഴക്കോട്ടു ദർശനമുള്ള കിഴക്കെ പടിവാതില്ക്കൽ കൊണ്ടുപോയി; പടിവാതിലിന്റെ പ്രവേശനകവാടത്തിൽ ഞാൻ ഇരുപത്തഞ്ച് പുരുഷന്മാരെയും അവരുടെ നടുവിൽ ജനത്തിന്റെ പ്രഭുക്കന്മാരായ അസ്സൂരിന്റെ മകൻ യയസന്യാവിനെയും ബെനായാവിന്റെ മകൻ പെലത്യാവിനെയും കണ്ടു.

2അവിടുന്ന് എന്നോട്: “മനുഷ്യപുത്രാ, ഇവർ ഈ നഗരത്തിൽ നീതികേടു നിരൂപിച്ച് ദുരാലോചന കഴിക്കുന്ന പുരുഷന്മാരാകുന്നു.3‘വീടുകൾ പണിയുവാൻ സമയം അടുത്തിട്ടില്ല; ഈ നഗരം കുട്ടകവും നാം മാംസവുമാകുന്നു’ എന്ന് അവർ പറയുന്നു.4അതുകൊണ്ട് അവരെക്കുറിച്ചു പ്രവചിക്കുക, മനുഷ്യപുത്രാ, പ്രവചിക്കുക” എന്ന് കല്പിച്ചു.
5അപ്പോൾ യഹോവയുടെ ആത്മാവ് എന്റെമേൽ വന്ന് എന്നോടു കല്പിച്ചത്: “നീ പറയേണ്ടത് എന്തെന്നാൽ: ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹമേ, നിങ്ങൾ ഇപ്രകാരം പറഞ്ഞിരിക്കുന്നു; നിങ്ങളുടെ മനസ്സിൽ തോന്നുന്ന കാര്യങ്ങളും ഞാൻ അറിയുന്നു.6നിങ്ങൾ ഈ നഗരത്തിൽ നിഹതന്മാരെ വർദ്ധിപ്പിച്ച് വീഥികളെ നിഹതന്മാരെക്കൊണ്ടു നിറച്ചുമിരിക്കുന്നു.7അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ഈ നഗരത്തിന്റെ നടുവിൽ വീഴ്ത്തിയ നിഹതന്മാർ മാംസവും ഈ നഗരം കുട്ടകവും ആകുന്നു; എന്നാൽ നിങ്ങളെ ഞാൻ അതിന്റെ നടുവിൽനിന്ന് പുറപ്പെടുവിക്കും.
8നിങ്ങൾ വാളിനെ പേടിക്കുന്നു; വാളിനെ തന്നെ ഞാൻ നിങ്ങളുടെ നേരെ വരുത്തും” എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.9ഞാൻ നിങ്ങളെ അതിന്റെ നടുവിൽനിന്നു പുറപ്പെടുവിച്ച് അന്യന്മാരുടെ കയ്യിൽ ഏല്പിച്ച് നിങ്ങളുടെ ഇടയിൽ ന്യായവിധി നടത്തും.10നിങ്ങൾ വാളാൽ വീഴും; യിസ്രായേലിന്റെ അതിർത്തിയിൽവച്ച് ഞാൻ നിങ്ങളെ ന്യായം വിധിക്കും; ഞാൻ യഹോവ എന്ന് നിങ്ങൾ അറിയും.
11ഈ നഗരം നിങ്ങൾക്ക് കുട്ടകം ആയിരിക്കുകയില്ല; നിങ്ങൾ അതിനകത്ത് മാംസവും ആയിരിക്കുകയില്ല; യിസ്രായേലിന്റെ അതിർത്തിയിൽവച്ചു തന്നെ ഞാൻ നിങ്ങളെ ന്യായം വിധിക്കും.12എന്റെ ചട്ടങ്ങളിൽ നടക്കുകയോ എന്റെ ന്യായങ്ങളെ ആചരിക്കുകയോ ചെയ്യാതെ, ചുറ്റുമുള്ള ജനതകളുടെ ന്യായങ്ങളെ പ്രമാണിച്ചുനടന്ന നിങ്ങൾ, ഞാൻ യഹോവ എന്ന് അറിയും”.
13ഞാൻ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ബെനായാവിന്റെ മകനായ പെലത്യാവ് മരിച്ചു; അപ്പോൾ ഞാൻ കവിണ്ണുവീണ് ഉറക്കെ നിലവിളിച്ചു: “അയ്യോ, യഹോവയായ കർത്താവേ, യിസ്രായേലിൽ ശേഷിപ്പുള്ളവരെ നീ അശേഷം മുടിച്ചു കളയുമോ” എന്ന് പറഞ്ഞു.
14യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:15“മനുഷ്യപുത്രാ, ‘യഹോവയോട് അകന്നുനില്ക്കുവിൻ! ഞങ്ങൾക്കാകുന്നു ഈ ദേശം അവകാശമായി നല്കപ്പെട്ടിരിക്കുന്നത്’ എന്നല്ലയോ യെരൂശലേം നിവാസികൾ, നിന്റെ ചാർച്ചക്കാരായ നിന്റെ സഹോദരന്മാരോടും മുഴുവൻ യിസ്രായേൽഗൃഹത്തോടും പറയുന്നത്.
16അതുകൊണ്ട് നീ പറയേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അവരെ ദൂരത്ത് ജനതകളുടെ ഇടയിലേക്ക് നീക്കി രാജ്യങ്ങളിൽ ചിതറിച്ചുകളഞ്ഞുവെങ്കിലും, അവർ പോയിരിക്കുന്ന രാജ്യങ്ങളിൽ ഞാൻ അവർക്ക് അല്പകാലത്തേക്ക് ഒരു വിശുദ്ധമന്ദിരമായിരിക്കും”.17“ആകയാൽ നീ പറയേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളെ ജനതകളിൽനിന്ന് ശേഖരിച്ച്, നിങ്ങൾ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽനിന്ന് കൂട്ടിച്ചേർത്ത് യിസ്രായേൽദേശം നിങ്ങൾക്കു തരും.18അവർ അവിടെ വന്ന്, അതിലെ സകല മലിനബിംബങ്ങളെയും മ്ലേച്ഛവിഗ്രഹങ്ങളെയും നീക്കിക്കളയും.
19അവർ എന്റെ ചട്ടങ്ങളിൽ നടന്ന് എന്റെ വിധികൾ പ്രമാണിച്ച് ആചരിക്കേണ്ടതിന് ഞാൻ അവർക്ക് വേറൊരു ഹൃദയം നല്കുകയും പുതിയൊരു ആത്മാവിനെ ഉള്ളിൽ ആക്കുകയും ചെയ്യും; കല്ലായുള്ള ഹൃദയം ഞാൻ അവരുടെ ജഡത്തിൽനിന്ന് നീക്കി മാംസമായുള്ള ഹൃദയം അവർക്ക് കൊടുക്കും.20അവർ എനിക്ക് ജനമായും ഞാൻ അവർക്ക് ദൈവമായും ഇരിക്കും.21എന്നാൽ അവരുടെ മലിനബിംബങ്ങളുടെയും മ്ലേച്ഛവിഗ്രഹങ്ങളുടെയും ഇഷ്ടം അനുസരിച്ച് നടക്കുന്നവർക്ക്, ഞാൻ അവരുടെ നടപ്പിനു തക്കവിധം അവരുടെ തലമേൽ പകരം കൊടുക്കും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
22അനന്തരം കെരൂബുകൾ ചിറകു വിടർത്തി; ചക്രങ്ങളും അവയോടൊപ്പം ഉണ്ടായിരുന്നു; യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്ത്വവും അവയ്ക്കുമീതെ ഉണ്ടായിരുന്നു.23യഹോവയുടെ മഹത്വം നഗരത്തിന്റെ നടുവിൽനിന്ന് മുകളിലേക്ക് പൊങ്ങി നഗരത്തിന് കിഴക്കുവശത്തുള്ള പർവ്വതത്തിന്മേൽ നിന്നു.
24എന്നാൽ ആത്മാവ് എന്നെ എടുത്ത്, ദർശനത്തിൽ ദൈവാത്മാവിനാൽ തന്നെ, കല്ദയദേശത്ത് പ്രവാസികളുടെ അടുക്കൽ കൊണ്ടുവന്നു; ഞാൻ കണ്ട ദർശനം എന്നെ വിട്ടു പൊങ്ങിപ്പോയി.25ഞാൻ യഹോവ എനിക്ക് വെളിപ്പെടുത്തിയ അവിടുത്തെ സകലവചനങ്ങളും പ്രവാസികളോടു പ്രസ്താവിച്ചു.

12

1യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:2“മനുഷ്യപുത്രാ, നീ മത്സരഗൃഹത്തിന്റെ നടുവിൽ വസിക്കുന്നു; കാണുവാൻ കണ്ണുണ്ടെങ്കിലും അവർ കാണുന്നില്ല; കേൾക്കുവാൻ ചെവിയുണ്ടെങ്കിലും അവർ കേൾക്കുന്നില്ല; അവർ മത്സരഗൃഹമാണല്ലോ.

3ആകയാൽ മനുഷ്യപുത്രാ, നീ യാത്രാസാമഗ്രികൾ ഒരുക്കി പകൽസമയത്ത് അവർ കാണുമ്പോൾ പുറപ്പെടുക; അവർ കാണുമ്പോൾ നിന്റെ സ്ഥലം വിട്ട് മറ്റൊരു സ്ഥലത്തേക്ക് യാത്ര പുറപ്പെടുക; മത്സരഗൃഹമെങ്കിലും ഒരുപക്ഷേ അവർ കണ്ട് ഗ്രഹിക്കുമായിരിക്കും.
4നിന്റെ സാധനങ്ങൾ നീ പകൽസമയത്ത് അവർ കാണുമ്പോൾ പുറത്ത് കൊണ്ടുവരണം; വൈകുന്നേരത്ത് അവർ കാൺകെ പ്രവാസത്തിനു പോകുന്നവരെപ്പോലെ നീ പുറപ്പെടണം.5അവർ കാണുമ്പോൾ നീ മതിൽ കുത്തിത്തുരന്ന് അതിൽകൂടി അത് പുറത്തു കൊണ്ടുപോകണം.6അവർ കാണുമ്പോൾ നീ അത് തോളിൽ ചുമന്നുകൊണ്ട് ഇരുട്ടത്ത് യാത്രപുറപ്പെടണം; നിലം കാണാത്തവിധം നിന്റെ മുഖം മൂടിക്കൊള്ളണം; ഞാൻ നിന്നെ യിസ്രായേൽഗൃഹത്തിന് ഒരു അടയാളം ആക്കിയിരിക്കുന്നു”.
7എന്നോടു കല്പിച്ചതുപോലെ ഞാൻ ചെയ്തു; യാത്രാസാമഗ്രികൾപോലെ ഞാൻ എന്റെ സാധനങ്ങൾ പകൽസമയത്ത് പുറത്തു കൊണ്ടുവന്ന്, വൈകുന്നേരത്ത് ഞാൻ എന്റെ കൈകൊണ്ട് മതിൽ കുത്തിത്തുരന്ന് ഇരുട്ടത്തു അത് പുറത്തു കൊണ്ടുവന്ന്, അവർ കാണത്തക്കവിധം തോളിൽ ചുമന്നു.
8എന്നാൽ രാവിലെ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:9“മനുഷ്യപുത്രാ, മത്സരഗൃഹമായ യിസ്രായേൽഗൃഹം നിന്നോട്: ‘നീ എന്തു ചെയ്യുന്നു’ എന്ന് ചോദിച്ചില്ലയോ?”10ഈ അരുളപ്പാട് യെരൂശലേമിലെ ‘പ്രഭുക്കന്മാർക്കും അവരുടെ ചുറ്റും വസിക്കുന്ന എല്ലാ യിസ്രായേൽ ഗൃഹത്തിനും ഉള്ളത് ’എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു എന്ന് നീ അവരോടു പറയുക.
11‘ഞാൻ നിങ്ങൾക്ക് ഒരു അടയാളമാകുന്നു’ എന്ന് നീ പറയുക; ഞാൻ ചെയ്തതുപോലെ അവർക്കു ഭവിക്കും; അവർ നാടുകടന്ന് പ്രവാസത്തിലേക്ക് പോകേണ്ടിവരും.12അവരുടെ ഇടയിലുള്ള പ്രഭു ഇരുട്ടത്തു തോളിൽ ചുമടുമായി പുറപ്പെടും; അത് പുറത്ത് കൊണ്ടുപോകേണ്ടതിന് അവർ മതിൽ കുത്തിത്തുരക്കും; കണ്ണുകൊണ്ട് നിലം കാണാതിരിക്കത്തക്കവിധം അവൻ മുഖം മൂടും.13ഞാൻ എന്റെ വല അവന്റെമേൽ വീശും; അവൻ എന്റെ കെണിയിൽ അകപ്പെടും; ഞാൻ അവനെ കല്ദയരുടെ ദേശത്ത് ബാബേലിൽ കൊണ്ടുപോകും; എങ്കിലും അവൻ അതിനെ കാണാതെ അവിടെവച്ച് മരിക്കും.
14അവന്റെ ചുറ്റുമുള്ള സഹായികൾ എല്ലാവരെയും അവന്റെ പടക്കൂട്ടങ്ങളെ ഒക്കെയും ഞാൻ നാലു ദിക്കിലേക്കും ചിതറിച്ചുകളയുകയും അവരുടെ പിന്നാലെ വാളൂരുകയും ചെയ്യും.15ഞാൻ അവരെ ജനതകളുടെ ഇടയിൽ ചിതറിച്ച് ദേശങ്ങളിൽ ചിന്നിക്കുമ്പോൾ ഞാൻ യഹോവ എന്ന് അവർ അറിയും.16എന്നാൽ അവർ പോയിരിക്കുന്ന ജനതകളുടെ ഇടയിൽ അവരുടെ സകലമ്ലേച്ഛതകളും വിവരിച്ചു പറയേണ്ടതിന് ഞാൻ അവരിൽ ഏതാനുംപേരെ വാൾ, ക്ഷാമം, മഹാമാരി എന്നിവയിൽനിന്ന് ശേഷിപ്പിക്കും; ഞാൻ യഹോവ എന്ന് അവർ അറിയും”.

17യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ;18“മനുഷ്യപുത്രാ, നടുക്കത്തോടെ അപ്പം തിന്നുകയും വിറയലോടും പേടിയോടുംകൂടി വെള്ളം കുടിക്കുകയും ചെയ്യുക.
19ദേശത്തിലെ ജനത്തോട് നീ പറയേണ്ടത്: ‘യെരൂശലേംനിവാസികളെയും യിസ്രായേൽ ദേശത്തെയും കുറിച്ച് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അവരുടെ ദേശം അതിലെ സകലനിവാസികളുടെയും സാഹസംനിമിത്തം അതിന്റെ നിറവോടുകൂടി ശൂന്യമായിപ്പോകുന്നതുകൊണ്ട് അവർ പേടിയോടെ അപ്പം തിന്നുകയും അമ്പരപ്പോടെ വെള്ളം കുടിക്കുകയും ചെയ്യും.20നിവാസികളുള്ള പട്ടണങ്ങൾ ശൂന്യവും ദേശം നിർജ്ജനവും ആയിത്തീരും; ഞാൻ യഹോവ എന്ന് നിങ്ങൾ അറിയും”.

21യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:22“മനുഷ്യപുത്രാ, ‘കാലം നീണ്ടുപോകും; ദർശനമൊക്കെയും ഫലിക്കാതെപോകും’ എന്ന് നിങ്ങൾക്ക് യിസ്രായേൽ ദേശത്ത് ഒരു പഴഞ്ചൊല്ലുള്ളത് എന്താണ്?23അതുകൊണ്ട് നീ അവരോടു പറയേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു; “ഞാൻ ഈ പഴഞ്ചൊല്ല് നിർത്തലാക്കും; അവർ യിസ്രായേലിൽ ഇനി അത് ഒരു പഴഞ്ചൊല്ലായി ഉപയോഗിക്കുകയില്ല; കാലവും സകലദർശനത്തിന്റെയും നിവൃത്തിയും അടുത്തിരിക്കുന്നു’ എന്ന് അവരോട് പ്രസ്താവിക്കുക”.
24“യിസ്രായേൽഗൃഹത്തിൽ ഇനി കപടദർശനവും വ്യാജപ്രശ്നവും ഉണ്ടാകുകയില്ല.25യഹോവയായ ഞാൻ പ്രസ്താവിക്കുവാൻ ഇച്ഛിക്കുന്ന വചനം പ്രസ്താവിക്കും; അത് താമസിയാതെ നിവൃത്തിയാകും; മത്സരഗൃഹമേ, നിങ്ങളുടെ കാലത്തു തന്നെ ഞാൻ വചനം പ്രസ്താവിക്കുകയും നിവർത്തിക്കുകയും ചെയ്യും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.

26യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:27“മനുഷ്യപുത്രാ, യിസ്രായേൽഗൃഹം: ‘ഇവൻ ദർശിക്കുന്ന ദർശനം വളരെനാളത്തേക്കുള്ളതും ഇവൻ പ്രവചിക്കുന്നത് ദീർഘകാലത്തേക്കുള്ളതും ആകുന്നു’ എന്ന് പറയുന്നു.28“അതുകൊണ്ട് നീ അവരോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “എന്റെ വചനങ്ങളിൽ ഒന്നും ഇനി താമസിക്കുകയില്ല; ഞാൻ പ്രസ്താവിക്കുന്ന വചനം നിവൃത്തിയാകും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.

13

1യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:2“മനുഷ്യപുത്രാ, യിസ്രായേലിൽ പ്രവചിച്ചുകൊണ്ടിരിക്കുന്ന പ്രവാചകന്മാരെക്കുറിച്ച് നീ ഇപ്രകാരം പ്രവചിക്കുക; സ്വന്തഹൃദയങ്ങളിൽനിന്നു പ്രവചിക്കുന്നവരായ അവരോട് പറയേണ്ടത്: “യഹോവയുടെ വചനം കേൾക്കുവിൻ!3യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘സ്വന്തമനസ്സിനെയും കണ്ടിട്ടില്ലാത്ത കാര്യങ്ങളെയും പിന്തുടരുന്ന ബുദ്ധികെട്ട പ്രവാചകന്മാർക്ക് അയ്യോ കഷ്ടം!4യിസ്രായേലേ, നിന്റെ പ്രവാചകന്മാർ ശൂന്യപ്രദേശങ്ങളിലെ കുറുക്കന്മാരെപ്പോലെ ആയിരിക്കുന്നു.

5യഹോവയുടെ നാളിൽ യുദ്ധത്തിൽ ഉറച്ചുനില്ക്കേണ്ടതിന് നിങ്ങൾ ഇടിവുകളിൽ കയറിയിട്ടില്ല, യിസ്രായേൽഗൃഹത്തിനു വേണ്ടി മതിൽ കെട്ടിയിട്ടുമില്ല.6അവർ വ്യാജവും കള്ളപ്രശ്നവും ദർശിച്ചിട്ട് ‘യഹോവയുടെ അരുളപ്പാട്’ എന്നു പറയുന്നു; യഹോവ അവരെ അയച്ചിട്ടില്ലാതിരിക്കെ, വചനം നിവൃത്തിയായ്‌വരുമെന്ന് അവർ ആശിക്കുന്നു.7ഞാൻ അരുളിച്ചെയ്യാതിരിക്കെ ‘യഹോവയുടെ അരുളപ്പാട്’ എന്ന് നിങ്ങൾ പറയുന്നതിനാൽ നിങ്ങൾ കപടദർശനം ദർശിക്കുകയും വ്യാജപ്രശ്നം പറയുകയും അല്ലയോ ചെയ്തിരിക്കുന്നത്?

8അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ വ്യാജം പ്രസ്താവിച്ച് കാപട്യം ദർശിച്ചിരിക്കുകകൊണ്ട്, ഞാൻ നിങ്ങൾക്കു വിരോധമായിരിക്കുന്നു” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.9വ്യാജം ദർശിക്കുകയും കള്ളപ്രശ്നം പറയുകയും ചെയ്യുന്ന പ്രവാചകന്മാർക്ക് എന്റെ കൈ വിരോധമായിരിക്കും; എന്റെ ജനത്തിന്റെ ആലോചനാസഭയിൽ അവർ ഇരിക്കുകയില്ല; യിസ്രായേൽഗൃഹത്തിന്റെ പേരുവിവരപട്ടികയിൽ അവരെ എഴുതുകയില്ല; യിസ്രായേൽദേശത്തിൽ അവർ കടക്കുകയുമില്ല; ഞാൻ യഹോവയായ കർത്താവ് എന്ന് നിങ്ങൾ അറിയും.
10സമാധാനം ഇല്ലാതെയിരിക്കുമ്പോൾ “സമാധാനം” എന്നു പറഞ്ഞ് അവർ എന്റെ ജനത്തെ ചതിച്ചിരിക്കുകകൊണ്ടും, ഒരുവൻ ഭിത്തി പണിത്, അവർ അതിൽ പാകപ്പെടുത്താത്ത കുമ്മായം പൂശിക്കളയുന്നതുകൊണ്ടും11അടർന്നുവീഴത്തക്കവണ്ണം കുമ്മായം പൂശുന്നവരോട് നീ പറയേണ്ടത്: “പെരുമഴ ചൊരിയും; ഞാൻ ആലിപ്പഴം പൊഴിയിച്ച് കൊടുങ്കാറ്റ് അടിപ്പിക്കും”.12“ഭിത്തി വീണിരിക്കുന്നു; നിങ്ങൾ പൂശിയ കുമ്മായം എവിടെപ്പോയി” എന്ന് നിങ്ങളോടു പറയുകയില്ലയോ?
13അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:“ ഞാൻ എന്റെ ക്രോധത്തിൽ ഒരു കൊടുങ്കാറ്റ് അടിക്കുമാറാക്കും; എന്റെ കോപത്തിൽ പെരുമഴ പെയ്യിക്കും; എന്റെ ക്രോധത്തിൽ നാശകരമായ വലിയ ആലിപ്പഴം പൊഴിക്കും.14നിങ്ങൾ കുമ്മായം പൂശിയ ഭിത്തി ഞാൻ ഇങ്ങനെ ഇടിച്ച് നിലത്തു തള്ളിയിട്ട് അതിന്റെ അടിസ്ഥാനം വെളിപ്പെടുത്തും; അത് വീഴും; നിങ്ങൾ അതിന്റെ നടുവിൽ നശിച്ചുപോകും; ഞാൻ യഹോവ എന്ന് നിങ്ങൾ അറിയും”.
15അങ്ങനെ ഞാൻ ഭിത്തിമേലും അതിന് കുമ്മായം പൂശിയവരുടെമേലും എന്റെ ക്രോധം നിറവേറ്റിയിട്ട് നിങ്ങളോട്:16“ഇനി ഭിത്തിയില്ല; അതിന് കുമ്മായം പൂശിയവരായി, യെരൂശലേമിനെക്കുറിച്ച് പ്രവചിച്ച്, സമാധാനമില്ലാതിരിക്കുമ്പോൾ അതിനു സമാധാനദർശനങ്ങളെ ദർശിക്കുന്ന യിസ്രായേലിന്റെ പ്രവാചകന്മാരും ഇല്ല” എന്ന് പറയും എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.

17“നീയോ, മനുഷ്യപുത്രാ, സ്വന്തവിചാരം പ്രവചിക്കുന്നവരായ നിന്റെ ജനത്തിന്റെ പുത്രിമാരുടെനേരെ നിന്റെ മുഖം തിരിച്ച് അവർക്കു വിരോധമായി പ്രവചിച്ചു പറയേണ്ടതെന്തെന്നാൽ:18യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ദേഹികളെ വേട്ടയാടേണ്ടതിന് കൈത്തണ്ടുകൾക്ക് ഒക്കെയും മാന്ത്രികചരടുകളും, ഏതു ഉയരം ഉള്ളവരുടെയും തലയ്ക്കു യോജിച്ച മൂടുപടങ്ങളും ഉണ്ടാക്കുന്ന സ്ത്രീകൾക്ക് അയ്യോ കഷ്ടം! നിങ്ങൾ എന്റെ ജനത്തിൽ ചില ദേഹികളെ വേട്ടയാടി കൊല്ലുകയും നിങ്ങളുടെ ആദായത്തിനായി ചില ദേഹികളെ ജീവനോടെ രക്ഷിക്കുകയും ചെയ്യുന്നു.
19മരിക്കരുതാത്ത ദേഹികളെ കൊല്ലേണ്ടതിനും ജീവിച്ചിരിക്കരുതാത്ത ദേഹികളെ ജീവനോടെ രക്ഷിക്കേണ്ടതിനും നിങ്ങൾ, വ്യാജം കേൾക്കുന്ന എന്റെ ജനത്തോടു വ്യാജം പറയുന്നതിനാൽ എന്റെ ജനത്തിന്റെ ഇടയിൽ ഒരു പിടി യവത്തിനും ഒരു അപ്പക്കഷണത്തിനും വേണ്ടി എന്നെ അശുദ്ധമാക്കിയിരിക്കുന്നു”.
20അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ദേഹികളെ പക്ഷികളെപ്പോലെ വേട്ടയാടുന്ന നിങ്ങളുടെ മാന്ത്രികചരടുകൾക്ക് ഞാൻ വിരോധമായിരിക്കുന്നു; ഞാൻ അവയെ നിങ്ങളുടെ ഭുജങ്ങളിൽനിന്നു പറിച്ചുകീറി, ദേഹികളെ, നിങ്ങൾ പക്ഷികളെപ്പോലെ വേട്ടയാടുന്ന ദേഹികളെത്തന്നെ , വിടുവിക്കും21നിങ്ങളുടെ മൂടുപടങ്ങളെയും ഞാൻ പറിച്ചുകീറി എന്റെ ജനത്തെ നിങ്ങളുടെ കൈയിൽനിന്ന് വിടുവിക്കും; അവർ ഇനി നിങ്ങളുടെ കൈയിൽ വേട്ടയായിരിക്കുകയില്ല; ഞാൻ യഹോവ എന്ന് നിങ്ങൾ അറിയും.
22ഞാൻ ദുഃഖിപ്പിക്കാത്ത നീതിമാന്റെ ഹൃദയത്തെ നിങ്ങൾ വ്യാജത്താൽ ദുഃഖിപ്പിക്കുകയും തന്റെ ദുർമ്മാർഗ്ഗം വിട്ടുതിരിഞ്ഞു ജീവരക്ഷ പ്രാപിക്കാത്തവിധം ദുഷ്ടനെ നിങ്ങൾ ധൈര്യപ്പെടുത്തുകയും ചെയ്യുന്നതുകൊണ്ട്23നിങ്ങൾ ഇനി വ്യാജം ദർശിക്കുകയോ പ്രശ്നം പറയുകയോ ചെയ്യുകയില്ല; ഞാൻ എന്റെ ജനത്തെ നിങ്ങളുടെ കൈയിൽനിന്നു വിടുവിക്കും; ഞാൻ യഹോവ എന്ന് നിങ്ങൾ അറിയും.

14

1യിസ്രായേൽമൂപ്പന്മാരിൽ ചിലർ എന്റെ അടുക്കൽ വന്ന് എന്റെ മുമ്പിൽ ഇരുന്നു.2അപ്പോൾ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:3“മനുഷ്യപുത്രാ, ഈ പുരുഷന്മാർ അവരുടെ വിഗ്രഹങ്ങളെ ഹൃദയത്തിൽ സ്മരിച്ച് അവരുടെ അകൃത്യകാരണം അവരുടെ മുമ്പിൽ വച്ചിരിക്കുന്നു; അവർ ചോദിച്ചാൽ ഞാൻ ഉത്തരമരുളുമോ?

4അതുകൊണ്ട് നീ അവരോടു പറയേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേൽഗൃഹത്തിൽ തന്റെ വിഗ്രഹങ്ങളെ ഹൃദയത്തിൽ സ്മരിച്ചും തന്റെ അകൃത്യകാരണം തന്റെ മുമ്പിൽ വച്ചുംകൊണ്ട് പ്രവാചകന്റെ അടുക്കൽ വരുന്ന ഏവനോടും5യഹോവയായ ഞാൻ തന്നെ യിസ്രായേൽഗൃഹത്തെ അവരുടെ ഹൃദയത്തെ പിടിച്ചടക്കേണ്ടതിന്, അവന്റെ വിഗ്രഹങ്ങളുടെ ബഹുത്വത്തിനു തക്കവണ്ണം ഉത്തരം അരുളും; അവർ എല്ലാവരും അവരുടെ വിഗ്രഹങ്ങൾനിമിത്തം എന്നെ വിട്ടകന്നിരിക്കുന്നുവല്ലോ”.
6അതിനാൽ നീ യിസ്രായേൽഗൃഹത്തോടു പറയേണ്ടത്: “യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ അനുതപിച്ച് നിങ്ങളുടെ വിഗ്രഹങ്ങളെ വിട്ടുതിരിയുവിൻ; നിങ്ങളുടെ സകല മ്ലേച്ഛബിംബങ്ങളിൽ നിന്നും നിങ്ങളുടെ മുഖം തിരിക്കുവിൻ.
7യിസ്രായേൽഗൃഹത്തിലും യിസ്രായേലിൽ വന്നു പാർക്കുന്ന പരദേശികളിലും എന്നെ വിട്ടകന്ന് തന്റെ വിഗ്രഹങ്ങളെ ഹൃദയത്തിൽ സ്മരിച്ചും തന്റെ അകൃത്യകാരണം മുമ്പിൽ വച്ചുംകൊണ്ട് പ്രവാചകന്റെ അടുക്കൽ അരുളപ്പാടു ചോദിക്കുവാൻ വരുന്ന ഏവനോടും യഹോവയായ ഞാൻ തന്നെ ഉത്തരം അരുളും.8ഞാൻ ആ മനുഷ്യന്റെ നേരെ മുഖംതിരിച്ച് അവനെ ഒരടയാളവും പഴഞ്ചൊല്ലും ആക്കും; ഞാൻ അവനെ എന്റെ ജനത്തിന്റെ നടുവിൽനിന്ന് ഛേദിച്ചുകളയും; ഞാൻ യഹോവ എന്ന് നിങ്ങൾ അറിയും.
9എന്നാൽ പ്രവാചകൻ വശീകരിക്കപ്പെട്ടിട്ട് ഒരു വാക്കു പ്രസ്താവിച്ചാൽ യഹോവയായ ഞാൻ ആ പ്രവാചകനെ വശീകരിച്ചിരിക്കുന്നു; ഞാൻ അവന്റെ നേരെ കൈ നീട്ടി അവനെ യിസ്രായേൽജനത്തിൽനിന്ന് സംഹരിച്ചുകളയും.10യിസ്രായേൽഗൃഹം ഇനിമേൽ എന്നെവിട്ടു തെറ്റിപ്പോകുകയും സകലവിധ ലംഘനങ്ങളുംകൊണ്ട് അശുദ്ധരായിത്തീരുകയും ചെയ്യാതെ അവർ എനിക്കു ജനവും ഞാൻ അവർക്കു ദൈവവും ആയിരിക്കേണ്ടതിന്11അവർ അവരുടെ അകൃത്യം വഹിക്കും; ചോദിക്കുന്നവന്റെ അകൃത്യവും പ്രവാചകന്റെ അകൃത്യവും ഒരുപോലെ ആയിരിക്കും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.

12യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:13“മനുഷ്യപുത്രാ ഒരു ദേശം എന്നോടു ദ്രോഹിച്ച് പാപം ചെയ്യുമ്പോൾ ഞാൻ അതിന്റെനേരെ കൈ നീട്ടി, അപ്പം എന്ന കോൽ ഒടിച്ച്, ക്ഷാമം വരുത്തി, മനുഷ്യനെയും മൃഗത്തെയും അതിൽ നിന്നു ഛേദിച്ചുകളയും.14നോഹ, ദാനീയേൽ, ഇയ്യോബ് എന്നീ മൂന്നു പുരുഷന്മാർ അതിൽ ഉണ്ടായിരുന്നാലും അവർ അവരുടെ നീതിയാൽ സ്വന്തജീവനെ മാത്രമേ രക്ഷിക്കുകയുള്ളു” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
15ഞാൻ ദുഷ്ടമൃഗങ്ങളെ ദേശത്തു വരുത്തുകയും ആ മൃഗങ്ങളെ ഭയന്ന് ആരും വഴിപോകാത്തവിധം അവ അതിനെ നിർജ്ജനമാക്കിയിട്ട് അത് ശൂന്യമാകുകയും ചെയ്താൽ,16ആ മൂന്നു പുരുഷന്മാർ അതിൽ ഉണ്ടായിരുന്നാലും എന്നാണ, അവർക്ക് പുത്രന്മാരെയോ പുത്രിമാരെയോ രക്ഷിക്കുവാൻ സാധിക്കാതെ അവർ മാത്രമേ രക്ഷപ്പെടുകയുള്ളു; ദേശമോ ശൂന്യമായിപ്പോകുമെന്ന്” യഹോവയായ കർത്താവിന്റെ അരുളപ്പാട്.
17അല്ലെങ്കിൽ ഞാൻ ആ ദേശത്ത് വാൾ വരുത്തി ‘വാളേ, നീ ദേശത്തുകൂടി കടക്കുക’ എന്നു കല്പിച്ച് മനുഷ്യരെയും മൃഗങ്ങളെയും18അതിൽനിന്നു ഛേദിച്ചുകളഞ്ഞാൽ ആ മൂന്നു പുരുഷന്മാർ അതിൽ ഉണ്ടായിരുന്നാലും, എന്നാണ, അവർക്ക് പുത്രന്മാരെയോ പുത്രിമാരെയോ രക്ഷിക്കുവാൻ സാധിക്കാതെ, അവർ മാത്രമേ രക്ഷപ്പെടുകയുള്ളു” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
19അല്ലെങ്കിൽ ഞാൻ ആ ദേശത്ത് മഹാമാരി അയച്ച്, അതിൽനിന്നു മനുഷ്യരെയും മൃഗങ്ങളെയും ഛേദിച്ചുകളയുവാൻ തക്കവിധം എന്റെ ക്രോധം രക്തരൂപേണ അതിന്മേൽ പകർന്നാൽ20നോഹയും ദാനീയേലും ഇയ്യോബും അതിൽ ഉണ്ടായിരുന്നാലും, എന്നാണ, അവർ പുത്രനെയോ പുത്രിയെയോ രക്ഷിക്കാതെ അവരുടെ നീതിയാൽ സ്വന്ത ജീവനെ മാത്രമേ രക്ഷിക്കുകയുള്ളു” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
21യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ യെരൂശലേമിൽനിന്നു മനുഷ്യരെയും മൃഗങ്ങളെയും ഛേദിച്ചുകളയേണ്ടതിന് വാൾ, ക്ഷാമം, ദുഷ്ടമൃഗം, മഹാമാരി എന്നിങ്ങനെ അനർത്ഥകരമായ ന്യായവിധികൾ നാലും കൂടി അയച്ചാലോ?
22എന്നാൽ പുറപ്പെട്ടു പോരുവാനുള്ള പുത്രന്മാരും പുത്രിമാരും ആയ ഒരു രക്ഷിതഗണം അതിൽ ശേഷിച്ചിരിക്കും; അവർ പുറപ്പെട്ട് നിങ്ങളുടെ അടുക്കൽ വരും; നിങ്ങൾ അവരുടെ നടപ്പും പ്രവൃത്തികളും കണ്ട്, ഞാൻ യെരൂശലേമിനു വരുത്തിയ അനർത്ഥവും അതിനു വരുത്തിയ സകലവും ചൊല്ലി ആശ്വാസം പ്രാപിക്കും.23നിങ്ങൾ അവരുടെ നടപ്പും പ്രവൃത്തികളും കാണുമ്പോൾ നിങ്ങൾക്ക് ആശ്വാസമായിരിക്കും; ഞാൻ അതിൽ ചെയ്തിരിക്കുന്നതെല്ലാം വെറുതെയല്ല ചെയ്തത് എന്ന് നിങ്ങൾ അറിയും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.

15

1യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:2“മനുഷ്യപുത്രാ, കാട്ടിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒരു ചെടിയായിരിക്കുന്ന മുന്തിരിവള്ളിക്ക് മറ്റു വൃക്ഷങ്ങളെക്കാൾ എന്തു വിശേഷതയുള്ളു?3ഏതെങ്കിലും പണിക്ക് അതിൽനിന്ന് മരത്തടി എടുക്കാമോ? ഏതെങ്കിലും സാധനം തൂക്കിയിടേണ്ടതിന് അതുകൊണ്ട് ഒരാണി ഉണ്ടാക്കാമോ?4അതിനെ തീക്ക് ഇരയായി കൊടുക്കുന്നു; തീ അതിന്റെ രണ്ടറ്റവും ദഹിപ്പിച്ചിരിക്കുന്നു; അതിന്റെ നടുമുറിയും വെന്തിരിക്കുന്നു; ഇനി അത് ഏതെങ്കിലും പണിക്ക് കൊള്ളുമോ?

5അത് മുഴുവനായിരുന്നപ്പോൾതന്നെ ഒരു പണിക്കും ഉപയോഗമില്ലാതിരുന്നു; തീ അതിനെ ദഹിപ്പിക്കുകയും അത് ദഹിച്ചുപോകുകയും ചെയ്തശേഷം ഏതെങ്കിലും പണിക്ക് ഉപകരിക്കുമോ?”6അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:“ കാട്ടിലെ വൃക്ഷങ്ങളിൽ ഞാൻ തീക്കികിരയാക്കിക്കൊടുത്ത മുന്തിരിവള്ളിയെപ്പോലെ ഞാൻ യെരൂശലേംനിവാസികളെയും ആക്കും.
7ഞാൻ അവർക്കു വിരോധമായി മുഖം തിരിക്കും; അവർ തീയിൽനിന്നു പുറപ്പെട്ടിരിക്കുന്നു എങ്കിലും അവർ തീക്കിരയായിത്തീരും; ഞാൻ അവർക്കു വിരോധമായി മുഖം തിരിക്കുമ്പോൾ ഞാൻ യഹോവ എന്ന് നിങ്ങൾ അറിയും.8അവർ ദ്രോഹം ചെയ്യുകകൊണ്ട് ഞാൻ ദേശത്തെ ശൂന്യമാക്കും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.

16

1യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:2“മനുഷ്യപുത്രാ, നീ യെരൂശലേമിനോട് അതിന്റെ മ്ലേച്ഛതകളെ അറിയിച്ചു പറയേണ്ടത്:3യഹോവയായ കർത്താവ് യെരൂശലേമിനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നിന്റെ ഉത്ഭവവും ജനനവും കനാൻദേശത്താകുന്നു; നിന്റെ അപ്പൻ അമോര്യനും അമ്മ ഹിത്യസ്ത്രീയും അത്രേ.

4നിന്റെ ജനനവസ്തുതയോ - ജനിച്ചനാളിൽ നിന്റെ പൊക്കിൾക്കൊടി മുറിച്ചിരുന്നില്ല; നിന്നെ വെള്ളത്തിൽ കുളിപ്പിച്ചു വെടിപ്പാക്കിയില്ല; ഉപ്പു തേച്ചിരുന്നില്ല, തുണി ചുറ്റിയതുമില്ല.5നിന്നോടു മനസ്സലിവു തോന്നിയിട്ട് ഇവയിൽ ഒന്നെങ്കിലും നിനക്ക് ചെയ്തുതരുവാൻ ഒരു കണ്ണിനും നിന്നോടു കനിവുണ്ടായില്ല; നീ ജനിച്ചനാളിൽ തന്നെ അവർക്കു നിന്നോടു വെറുപ്പുതോന്നിയതുകൊണ്ട് നിന്നെ വെളിമ്പ്രദേശത്ത് ഇട്ടുകളഞ്ഞു.
6എന്നാൽ ഞാൻ നിന്റെ സമീപത്തു കൂടി കടന്നുപോകുമ്പോൾ നീ രക്തത്തിൽ കിടന്നുരുളുന്നതു കണ്ട് നിന്നോട്: “നീ രക്തത്തിൽ കിടക്കുന്നു എങ്കിലും ജീവിക്കുക” എന്ന് കല്പിച്ചു; “അതേ, നീ രക്തത്തിൽ കിടക്കുന്നു എങ്കിലും ജീവിക്കുക” എന്ന് ഞാൻ നിന്നോടു കല്പിച്ചു.7വയലിലെ സസ്യംപോലെ ഞാൻ നിന്നെ വർദ്ധിപ്പിച്ചു; നീ വളർന്നു വലിയവളായി അതിസൗന്ദര്യം പ്രാപിച്ചു; നിനക്ക് ഉന്നതസ്തനവും ദീർഘകേശവും ഉണ്ടായി; എങ്കിലും നീ നഗ്നയും അനാവൃതയും ആയിരുന്നു.
8ഞാൻ നിന്റെ അരികിൽ കൂടി കടന്ന് നിന്നെ നോക്കിയപ്പോൾ നിനക്കു പ്രേമത്തിന്റെ സമയമായി എന്നു മനസ്സിലാക്കി, എന്റെ വസ്ത്രം നിന്റെമേൽ വിരിച്ച് നിന്റെ നഗ്നത മറച്ചു; ഞാൻ നിന്നോടു സത്യവും നിയമവും ചെയ്ത് നീ എനിക്കുള്ളവൾ ആയിത്തീർന്നു ”എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
9പിന്നെ ഞാൻ നിന്നെ വെള്ളത്തിൽ കുളിപ്പിച്ച്, രക്തം കഴുകിക്കളഞ്ഞ് എണ്ണപൂശി.10ഞാൻ നിന്നെ വിചിത്രവസ്ത്രം ധരിപ്പിച്ച്, തഹശുതോൽകൊണ്ടുള്ള ചെരിപ്പിടുവിച്ചു; ശണപടംകൊണ്ടു ചുറ്റി പട്ടു പുതപ്പിച്ചു.11ഞാൻ നിന്നെ ആഭരണം അണിയിച്ച് നിന്റെ കൈയ്ക്ക് വളയും കഴുത്തിൽ മാലയും ഇട്ടു.12ഞാൻ നിന്റെ മൂക്കിനു മൂക്കുത്തിയും കാതിൽ കുണുക്കും ഇട്ട്, തലയിൽ ഭംഗിയുള്ള ഒരു കിരീടവും വച്ചു.
13ഇങ്ങനെ നീ പൊന്നും വെള്ളിയും അണിഞ്ഞു; നിന്റെ ഉടുപ്പ് ശണപടവും പട്ടും വിചിത്രവസ്ത്രവും ആയിരുന്നു; നീ നേരിയ മാവും തേനും എണ്ണയും ഭക്ഷിച്ച് ഏറ്റവും സൗന്ദര്യമുള്ളവളായിത്തീർന്നു; നീ രാജത്വവും പ്രാപിച്ചു.14ഞാൻ നിന്നെ അണിയിച്ച അലങ്കാരംകൊണ്ട് നിന്റെ സൗന്ദര്യം പരിപൂർണ്ണമായതിനാൽ നിന്റെ കീർത്തി ജനതകളുടെ ഇടയിൽ പരന്നു ”എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
15“എന്നാൽ നീ നിന്റെ സൗന്ദര്യത്തിൽ ആശ്രയിച്ച്, നിന്റെ കീർത്തി ഹേതുവായി പരസംഗം ചെയ്തു; വഴിപോകുന്ന എല്ലാവരോടും ഒപ്പം പരസംഗം ചെയ്തു.16നിന്റെ വസ്ത്രങ്ങളിൽ ചിലതു നീ എടുത്ത്, പല നിറത്തിൽ പൂജാഗിരികളെ തീർത്ത്, അലങ്കരിച്ച്, അവയുടെമേൽ പരസംഗം ചെയ്തു; ഇത് ഒരിടത്തും സംഭവിച്ചിട്ടില്ല, സംഭവിക്കുകയും ഇല്ല.
17ഞാൻ നിനക്കു തന്ന പൊന്നും വെള്ളിയുംകൊണ്ടുള്ള ആഭരണങ്ങൾ നീ എടുത്ത്, പുരുഷരൂപങ്ങൾ ഉണ്ടാക്കി അവയോടു പരസംഗം ചെയ്തു.18നിന്റെ വിചിത്രവസ്ത്രങ്ങൾ നീ എടുത്ത് അവയെ പുതപ്പിച്ച്, എന്റെ എണ്ണയും കുന്തുരുക്കവും അവയുടെ മുമ്പിൽ വച്ചു.19ഞാൻ നിനക്കു തന്ന ആഹാരമായി, നിന്റെ പോഷണത്തിനുള്ള നേരിയ മാവും എണ്ണയും തേനും നീ അവയുടെ മുമ്പിൽ സൗരഭ്യവാസനയായി നിവേദിച്ചു; ഇങ്ങനെയാണ് സംഭവിച്ചത് ”എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
20“നീ എനിക്കു പ്രസവിച്ച നിന്റെ പുത്രന്മാരെയും പുത്രിമാരെയും നീ എടുത്ത് അവയ്ക്കു ഭോജനബലിയായി അർപ്പിച്ചു.21നിന്റെ പരസംഗം പോരാഞ്ഞിട്ടോ നീ എന്റെ മക്കളെ അറുത്ത് അഗ്നിപ്രവേശം ചെയ്യിച്ച് അവയ്ക്കു ഏല്പിച്ചുകൊടുത്തത്?22എന്നാൽ നിന്റെ സകലമ്ലേച്ഛതകളിലും പരസംഗങ്ങളിലും നീ മുമ്പ് നഗ്നയും അനാവൃതയും ആയി രക്തത്തിൽ കിടന്നുരുണ്ട നിന്റെ യൗവനകാലം ഓർത്തില്ല.
23നിന്റെ ദുഷ്ടതയെല്ലാം പ്രവർത്തിച്ചശേഷം - ‘നിനക്കു കഷ്ടം, കഷ്ടം!” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട് -24“നീ ഒരു കമാനം പണിത്, സകലവീഥിയിലും ഓരോ പൂജാഗിരി ഉണ്ടാക്കി.
25എല്ലാ വഴിത്തലയ്ക്കലും പൂജാഗിരി പണിത്, നീ നിന്റെ സൗന്ദര്യത്തെ വഷളാക്കി, വഴിപോകുന്ന ഏവനും നിന്റെ കാലുകൾ അകത്തി നിന്റെ പരസംഗം വർദ്ധിപ്പിച്ചു.26മാംസപുഷ്ടിയുള്ള ഈജിപ്റ്റ്നിവാസികളായ നിന്റെ അയല്ക്കാരോടും നീ പരസംഗംചെയ്ത്, എന്നെ കോപിപ്പിക്കേണ്ടതിന് നിന്റെ പരസംഗം വർദ്ധിപ്പിച്ചു.
27അതുകൊണ്ട് ഞാൻ നിന്റെ നേരെ കൈ നീട്ടി, നിന്റെ നിത്യച്ചെലവു കുറച്ച്, നിന്നെ ദ്വേഷിക്കുകയും നിന്റെ ദുർമ്മാർഗ്ഗത്തെക്കുറിച്ചു ലജ്ജിക്കുകയും ചെയ്യുന്ന ഫെലിസ്ത്യപുത്രിമാരുടെ ഇഷ്ടത്തിനു നിന്നെ ഏല്പിച്ചു.28നീ തൃപ്തി വരാത്തവളാകയാൽ അശ്ശൂര്യരോടും പരസംഗം ചെയ്തു; അവരുമായി പരസംഗം ചെയ്തിട്ടും നിനക്കു തൃപ്തിവന്നില്ല.29നീ കനാൻദേശത്തും കല്ദയദേശംവരെയും നിന്റെ പരസംഗം വർദ്ധിപ്പിച്ചു; അതുകൊണ്ടും നിനക്കു തൃപ്തി വന്നില്ല.
30നാണം കെട്ട വേശ്യയുടെ പ്രവൃത്തിയായിരിക്കുന്ന ഇതൊക്കെയും ചെയ്തതിൽ, നീ എല്ലാ വഴിത്തലയ്ക്കലും കമാനം പണിത്, സകലവീഥിയിലും പൂജാഗിരി ഉണ്ടാക്കിയതിൽ,31നിന്റെ ഹൃദയം എത്ര വഷളത്വം പൂണ്ടിരിക്കുന്നു” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്; “നീ കൂലി നിരസിക്കുന്നതുകൊണ്ട് വേശ്യയെപ്പോലെയല്ല.
32ഭർത്താവിനു പകരം അന്യന്മാരെ സ്വീകരിച്ച് വ്യഭിചാരം ചെയ്യുന്ന സ്ത്രീയേ!33സകലവേശ്യാസ്ത്രീകളും സമ്മാനം വാങ്ങുന്നു; നീയോ നിന്റെ സകലജാരന്മാർക്കും സമ്മാനം നല്കുകയും നീയുമായി പരസംഗം ചെയ്യേണ്ടതിന് നാലുപുറത്തുനിന്നും നിന്റെ അടുക്കൽ വരുവാൻ അവർക്ക് കൈക്കൂലി കൊടുക്കുകയും ചെയ്യുന്നു.34നിന്റെ പരസംഗത്തിൽ നിനക്കു മറ്റു സ്ത്രീകളുമായി ഒരു വ്യത്യാസം ഉണ്ട്; നിന്റെ അടുക്കൽ പരസംഗത്തിന് ആരും വരുന്നില്ല; നീ സമ്മാനം വാങ്ങുകയല്ല, സമ്മാനം കൊടുക്കുകയാകുന്നു ചെയ്യുന്നത്; അതിലാകുന്നു വ്യത്യാസം ഉള്ളത്.
35ആകയാൽ വേശ്യാസ്ത്രീയേ, യഹോവയുടെ വചനം കേൾക്കുക.36യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ജാരന്മാരുമായുള്ള നിന്റെ പരസംഗങ്ങളാൽ നിന്റെ പണം ചെലവഴിക്കുകയും നിന്റെ നഗ്നത അനാവൃതമാകുകയും ചെയ്യുകകൊണ്ട്, നിന്റെ സകലമ്ലേച്ഛവിഗ്രഹങ്ങളും നിമിത്തവും നീ അവയ്ക്കു കൊടുത്ത നിന്റെ മക്കളുടെ രക്തംനിമിത്തവും37നീ രമിച്ച നിന്റെ സകലജാരന്മാരെയും നീ സ്നേഹിച്ച ഏവരെയും നീ പകച്ച ഏവരെയും ഞാൻ കൂട്ടിവരുത്തും; ഞാൻ അവരെ നിനക്കു വിരോധമായി ചുറ്റും കൂട്ടിവരുത്തി, അവർ നിന്റെ നഗ്നത കാണത്തക്കവണ്ണം നിന്റെ നഗ്നത അവരുടെ മുമ്പിൽ അനാവൃതമാക്കും.
38വ്യഭിചരിക്കുകയും രക്തം ചൊരിയുകയും ചെയ്യുന്ന സ്ത്രീകളെ വിധിക്കുന്നതുപോലെ ഞാൻ നിന്നെ ന്യായം വിധിച്ച് ക്രോധത്തിന്റെയും അസൂയയുടെയും രക്തം നിന്റെമേൽ ചൊരിയും.39ഞാൻ നിന്നെ അവരുടെ കൈയിൽ ഏല്പിക്കും; അവർ നിന്റെ കമാനം പൊളിച്ച്, നിന്റെ പൂജാഗിരികളെ ഇടിച്ചുകളയും; അവർ നിന്റെ വസ്ത്രം അഴിച്ച് ആഭരണങ്ങൾ എടുത്ത്, നിന്നെ നഗ്നയും അനാവൃതയും ആക്കിവിടും.
40അവർ നിനക്കു വിരോധമായി ഒരു സഭയെ കൂട്ടിവരുത്തി നിന്നെ കല്ലെറിഞ്ഞ് വാൾകൊണ്ടു വെട്ടിക്കളയും.41അവർ നിന്റെ വീടുകളെ തീവച്ചു ചുട്ടുകളയും; അനേകം സ്ത്രീകളുടെ കണ്മുമ്പിൽ നിന്റെമേൽ ന്യായവിധി നടത്തും; നിന്റെ പരസംഗം ഞാൻ നിർത്തലാക്കും; നീ ഇനി ആർക്കും കൂലി കൊടുക്കുകയില്ല.42ഇങ്ങനെ ഞാൻ എന്റെ ക്രോധം നിന്നിൽ നിവർത്തിച്ചിട്ട് എന്റെ തീക്ഷ്ണത നിന്നെ വിട്ടുമാറും; പിന്നെ ഞാൻ കോപിക്കാതെ അടങ്ങിയിരിക്കും.
43നീ നിന്റെ യൗവനകാലം ഓർക്കാതെ ഇവയാൽ ഒക്കെയും എന്നെ കോപിപ്പിച്ചതുകൊണ്ട്, ഞാനും നിന്റെ നടപ്പിനു തക്കവണ്ണം നിനക്ക് പകരം ചെയ്യും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്; “നിന്റെ സകലമ്ലേച്ഛതകൾക്കും പുറമെ നീ ഈ ദുഷ്കർമ്മവും ചെയ്തിട്ടില്ലയോ.
44പഴഞ്ചൊല്ലു പറയുന്നവനെല്ലാം: “യഥാമാതാതഥാപുത്രീ”1 എന്നുള്ള പഴഞ്ചൊല്ല് നിന്നെക്കുറിച്ചു പറയും.45നീ ഭർത്താവിനെയും മക്കളെയും വെറുക്കുന്ന അമ്മയുടെ മകളും, ഭർത്താക്കന്മാരെയും മക്കളെയും വെറുത്തിരിക്കുന്ന സഹോദരിമാർക്കു നീ സഹോദരിയുമാകുന്നു; നിങ്ങളുടെ അമ്മ ഹിത്യസ്ത്രീയും അപ്പൻ അമോര്യനും ആയിരുന്നു.
46നിന്റെ ജ്യേഷ്ഠത്തി നിന്റെ ഇടത്തുഭാഗത്ത് തന്റെ പുത്രിമാരുമായി പാർക്കുന്ന ശമര്യ; നിന്റെ അനുജത്തി നിന്റെ വലത്തുഭാഗത്ത് തന്റെ പുത്രിമാരുമായി പാർക്കുന്ന സൊദോം.
47നീ അവരുടെ വഴികളിൽ നടന്നില്ല; അവരുടെ മ്ലേച്ഛതകൾപോലെ ചെയ്തില്ല; അതു പോരാ എന്നുവച്ച് നീ നിന്റെ എല്ലാവഴികളിലും അവരെക്കാൾ അധികം വഷളത്വം പ്രവർത്തിച്ചു.48എന്നാണ, നീയും നിന്റെ പുത്രിമാരും ചെയ്തിരിക്കുന്നതുപോലെ നിന്റെ സഹോദരിയായ സൊദോമും അവളുടെ പുത്രിമാരും ചെയ്തിട്ടില്ല” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
49“നിന്റെ സഹോദരിയായ സൊദോമിന്റെ അകൃത്യമോ: ഗർവ്വവും അമിതഭക്ഷണവും അലസജീവിതവും തന്നെ. അത് അവൾക്കും അവളുടെ പുത്രിമാർക്കും ഉണ്ടായിരുന്നു; എളിയവനെയും ദരിദ്രനെയും അവൾ സഹായിച്ചതുമില്ല.50അവർ അഹങ്കാരികളായി എന്റെ മുമ്പിൽ മ്ലേച്ഛത ചെയ്തു; അതുകൊണ്ട് എനിക്കു ബോധിച്ചതുപോലെ ഞാൻ അവരെ നീക്കിക്കളഞ്ഞു.
51ശമര്യയും, നിന്റെ പാപങ്ങളിൽ പകുതിയോളം ചെയ്തിട്ടില്ല; നീ അവരെക്കാൾ നിന്റെ മ്ലേച്ഛതകൾ വർദ്ധിപ്പിച്ച്, നീ ചെയ്തിരിക്കുന്ന സകലമ്ലേച്ഛതകളാലും നിന്റെ സഹോദരിമാരെ നീതീകരിച്ചിരിക്കുന്നു.52സഹോദരിമാരെ ന്യായം വിധിച്ചിരിക്കുന്ന നീയും നിന്റെ ലജ്ജ വഹിക്കുക; നീ അവരെക്കാൾ അധികം മ്ലേച്ഛമായി പ്രവർത്തിച്ചിരിക്കുന്ന നിന്റെ പാപങ്ങളാൽ അവർ നിന്നെക്കാൾ നീതിയുള്ളവരല്ലയോ; അതേ, നീ നിന്റെ സഹോദരിമാരെ നീതീകരിച്ചതിൽ, നാണിച്ച് നിന്റെ ലജ്ജ വഹിച്ചുകൊള്ളുക.
53നീ അവർക്ക് ആശ്വാസമായി നിന്റെ ലജ്ജ വഹിക്കേണ്ടതിനും നീ ചെയ്തിട്ടുള്ള എല്ലാറ്റിനെയും കുറിച്ചു ലജ്ജിക്കേണ്ടതിനും54ഞാൻ സൊദോമിന്റെയും അവളുടെ പുത്രിമാരുടെയും സ്ഥിതിയും ശമര്യയുടെയും അവളുടെ പുത്രിമാരുടെയും സ്ഥിതിയും അവരുടെ നടുവിൽ ഉള്ള നിന്റെ പ്രവാസികളുടെ സ്ഥിതിയും മാറ്റും.55നിന്റെ സഹോദരിയായ സൊദോമും അവളുടെ പുത്രിമാരും അവരുടെ പൂർവ്വാവസ്ഥയിലേക്കു മടങ്ങിവരും; ശമര്യയും അവളുടെ പുത്രിമാരും അവരുടെ പൂർവ്വാവസ്ഥയിലേക്കു മടങ്ങിവരും; നീയും നിന്റെ പുത്രിമാരും നിങ്ങളുടെ പൂർവ്വാവസ്ഥയിലേക്കു മടങ്ങിവരും.
56അരാമിന്റെ പുത്രിമാരും അവളുടെ ചുറ്റുമുള്ളവരെല്ലാം നിന്റെ ചുറ്റും നിന്ന് നിന്നെ നിന്ദിക്കുന്ന ഫെലിസ്ത്യപുത്രിമാരും നിന്നെ നിന്ദിച്ച കാലത്ത് എന്ന പോലെ നിന്റെ ദുഷ്ടത വെളിപ്പെടുന്നതിനു മുമ്പ്57നിന്റെ ഗർവ്വത്തിന്റെ നാളിൽ നിന്റെ സഹോദരിയായ സൊദോമിന്റെ പേരുപോലും നീ ഉച്ചരിച്ചിട്ടില്ല.58നിന്റെ ദുഷ്കർമ്മവും നിന്റെ മ്ലേച്ഛതകളും നീ വഹിക്കുന്നു” എന്ന് യഹോവയുടെ അരുളപ്പാട്.
59യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിയമം ലംഘിച്ച് സത്യം തുച്ഛീകരിക്കുന്ന നീ ചെയ്തതുപോലെ ഞാൻ നിന്നോടും ചെയ്യും.
60എങ്കിലും നിന്റെ യൗവനകാലത്ത് നിന്നോടുള്ള എന്റെ നിയമം ഞാൻ ഓർത്ത് ഒരു ശാശ്വതനിയമം നിന്നോടു ചെയ്യും.61നിന്റെ ജ്യേഷ്ഠത്തിമാരും അനുജത്തിമാരുമായ സഹോദരിമാരെ നീ കൈക്കൊള്ളുമ്പോൾ, അന്ന് നീ നിന്റെ വഴികളെ ഓർത്തു ലജ്ജിക്കും; ഞാൻ അവരെ നിനക്കു പുത്രിമാരായി തരും; നിന്റെ നിയമപ്രകാരമല്ലതാനും.
62നീ ചെയ്തതെല്ലാം ഞാൻ നിന്നോടു ക്ഷമിക്കുമ്പോൾ നീ ഓർത്ത് ലജ്ജിച്ച് നാണം നിമിത്തം ഇനി ഒരിക്കലും വായ് തുറക്കാതിരിക്കേണ്ടതിന്63ഞാൻ നിന്നോട് എന്റെ നിയമം ചെയ്യും; ഞാൻ യഹോവ എന്ന് നീ അറിയും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.


1 16:44 “യഥാമാതാതഥാപുത്രീ” അമ്മ എപ്രകാരമോ അതുപോൽ തന്നെ മകളും Referring to Jerusalem's continual hereditory tendency toward evil

17

1യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:2“മനുഷ്യപുത്രാ, നീ യിസ്രായേൽഗൃഹത്തോട് ഒരു കടങ്കഥ പറഞ്ഞ് ഒരു ഉപമ പ്രസ്താവിക്കേണ്ടത്:3‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: വലിയ ചിറകും നീണ്ടതും പലനിറത്തിലുമുള്ള തൂവലുകൾ നിറഞ്ഞതുമായ ഒരു വലിയ കഴുകൻ ലെബനോനിൽ വന്ന് ഒരു ദേവദാരുവിന്റെ ശിഖരം എടുത്തു.4അവൻ അതിന്റെ ഇളഞ്ചില്ലികളുടെ അറ്റം മുറിച്ച് വാണിജ്യപ്രാധാന്യമുള്ള ദേശത്ത് കൊണ്ടുചെന്ന്, കച്ചവടക്കാരുടെ പട്ടണത്തിൽ നട്ടു.

5അവൻ ദേശത്തെ തൈകളിൽ ഒന്നെടുത്ത് ഒരു വിളനിലത്തു നട്ടു; അവൻ അത് ധാരാളം വെള്ളമുള്ള സ്ഥലത്ത് കൊണ്ടുചെന്ന് അലരിവൃക്ഷംപോലെ നട്ടു.6അത് വളർന്ന്, പൊക്കം കുറഞ്ഞ് പടരുന്ന മുന്തിരിവള്ളിയായിത്തീർന്നു; അതിന്റെ വള്ളി അവന്റെ നേരെ തിരിഞ്ഞിരുന്നു; അതിന്റെ വേരുകൾ താഴോട്ട് ആയിരുന്നു; ഇങ്ങനെ അത് മുന്തിരിവള്ളിയായി കൊമ്പുകളെ പുറപ്പെടുവിക്കുകയും ചില്ലികളെ നീട്ടുകയും ചെയ്തു.
7എന്നാൽ വലിയ ചിറകും വളരെ തൂവലും ഉള്ള മറ്റൊരു വലിയ കഴുകൻ ഉണ്ടായിരുന്നു; അവൻ അതു നനയ്ക്കേണ്ടതിന് ആ മുന്തിരിവള്ളി തന്റെ തടത്തിൽനിന്ന് വേരുകളെ അവന്റെ നേരെ തിരിച്ച് കൊമ്പുകളെ അവന്റെ നേരെ നീട്ടി.8കൊമ്പുകളെ പുറപ്പെടുവിച്ച്, ഫലം കായിക്കുവാനും നല്ല മുന്തിരിവള്ളി ആയിത്തീരുവാനും തക്കവിധം അതിനെ ധാരാളം വെള്ളത്തിനരികിൽ നല്ലനിലത്ത് നട്ടിരുന്നു.
9ഇതു സാദ്ധ്യമാകുമോ? അത് വാടിപ്പോകത്തക്കവണ്ണം, അതിന്റെ തളിർത്ത ഇലകളൊക്കെയും വാടിപ്പോകത്തക്കവണ്ണം തന്നെ, അവൻ അതിന്റെ വേരുകൾ മാന്തുകയും കായ്കൾ പറിച്ചുകളയുകയും ചെയ്യുകയില്ലയോ? അതിനെ വേരോടെ പിഴുതുകളയേണ്ടതിന് വലിയ ബലമോ വളരെ ജനമോ ആവശ്യമില്ല.10അത് നട്ടിരിക്കുന്നു സത്യം; അത് തഴയ്ക്കുമോ? കിഴക്കൻ കാറ്റു തട്ടുമ്പോൾ അത് വേഗം വാടിപ്പോകുകയില്ലയോ? വളർന്ന തടത്തിൽ തന്നെ അത് ഉണങ്ങിപ്പോകും എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു എന്ന് നീ പറയുക”.

11യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:12“ഇതിന്റെ അർത്ഥം നിങ്ങൾ അറിയുന്നില്ലയോ” എന്ന് നീ ആ മത്സരഗൃഹത്തോട് ചോദിച്ചിട്ട് അവരോടു പറയേണ്ടത്: “ബാബേൽരാജാവ് യെരൂശലേമിലേക്കു വന്ന് അതിന്റെ രാജാവിനെയും പ്രഭുക്കന്മാരെയും പിടിച്ച് തന്നോടുകൂടി ബാബേലിലേക്കു കൊണ്ടുപോയി;
13രാജസന്തതിയിൽ ഒരുത്തനെ അവൻ എടുത്ത് അവനുമായി ഒരു ഉടമ്പടി ചെയ്ത് അവനെക്കൊണ്ട് സത്യം ചെയ്യിച്ചു;14രാജ്യം തന്നത്താൻ ഉയർത്താതെ താണിരുന്ന് അവന്റെ ഉടമ്പടി പ്രമാണിച്ച് നിലനിന്നുപോരേണ്ടതിന് അവൻ ദേശത്തിലെ ബലവാന്മാരെ കൊണ്ടുപോയി.
15എങ്കിലും അവനോടു മത്സരിച്ച് ഇവൻ തനിക്ക് കുതിരകളെയും വളരെ പടജ്ജനത്തെയും അയച്ചുതരണമെന്ന് പറയുവാൻ ദൂതന്മാരെ ഈജിപ്റ്റിലേക്ക് അയച്ചു: അവൻ കൃതാർത്ഥനാകുമോ? ഇങ്ങനെ ചെയ്യുന്നവൻ തെറ്റി ഒഴിയുമോ? അല്ല, അവൻ ഉടമ്പടി ലംഘിച്ചിട്ട് രക്ഷപ്പെടാൻ കഴിയുമോ?16എന്നാണ, അവനെ രാജാവാക്കിയ രാജാവിന്റെ സ്ഥലമായ ബാബേലിൽ, അവന്റെ അരികിൽ വച്ചു തന്നെ, അവൻ മരിക്കും ”എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്; അവനോട് ചെയ്ത സത്യം അവൻ ധിക്കരിക്കുകയും അവനുമായുള്ള ഉടമ്പടി ലംഘിക്കുകയും ചെയ്തുവല്ലോ.
17അസംഖ്യം ജനത്തെ നശിപ്പിച്ചുകളയുവാൻ തക്കവിധം അവർ ഉപരോധം ഏർപ്പെടുത്തി, കോട്ട പണിയുമ്പോൾ ഫറവോൻ മഹാസൈന്യത്തോടും വലിയ കൂട്ടത്തോടും കൂടി അവനുവേണ്ടി യുദ്ധത്തിൽ ഒന്നും പ്രവർത്തിക്കുകയില്ല.18അവൻ ഉടമ്പടി ലംഘിച്ച് സത്യം ധിക്കരിച്ചിരിക്കുന്നു; അവൻ കൈയടിച്ച് സത്യം ചെയ്തിട്ടും ഇതൊക്കെയും ചെയ്തിരിക്കുന്നു; ആകയാൽ അവൻ രക്ഷപെടുകയില്ല”.
19അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “എന്നാണ, അവൻ ധിക്കരിച്ചിരിക്കുന്ന എന്റെ സത്യവും ലംഘിച്ചിരിക്കുന്ന എന്റെ ഉടമ്പടിയും ഞാൻ അവന്റെ തലമേൽ വരുത്തും.20ഞാൻ എന്റെ വല അവന്റെമേൽ വീശും; അവൻ എന്റെ കെണിയിൽ അകപ്പെടും; ഞാൻ അവനെ ബാബേലിലേക്ക് കൊണ്ടുചെന്ന്, അവൻ എന്നോടു ചെയ്തിരിക്കുന്ന ദ്രോഹത്തെക്കുറിച്ച് അവിടെവച്ച് അവനോടു വ്യവഹരിക്കും.21അവന്റെ ശ്രേഷ്ഠയോദ്ധാക്കൾ എല്ലാവരും അവന്റെ എല്ലാപടക്കൂട്ടങ്ങളും വാളാൽ വീഴും; ശേഷിപ്പുള്ളവർ നാലു ദിക്കിലേക്കും ചിതറിപ്പോകും; യഹോവയായ ഞാൻ അത് അരുളിച്ചെയ്തു എന്ന് നിങ്ങൾ അറിയും”.
22യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാനും ഉയരമുള്ള ദേവദാരുവിന്റെ ഒരു ശിഖരം എടുത്ത് നടും; അതിന്റെ ഇളഞ്ചില്ലികളുടെ അറ്റത്തുനിന്ന് ഇളയതായിരിക്കുന്ന ഒന്ന് ഞാൻ മുറിച്ചെടുത്ത് ഉയരവും ഉന്നതവുമായ ഒരു പർവ്വതത്തിൽ നടും.23യിസ്രായേലിന്റെ ഉയർന്ന പർവ്വതത്തിൽ ഞാൻ അത് നടും; അത് കൊമ്പുകളെ പുറപ്പെടുവിച്ച് ഫലം കായിച്ച് ഭംഗിയുള്ള ഒരു ദേവദാരുവായിത്തീരും; അതിന്റെ കീഴിൽ പലവിധം ചിറകുള്ള പക്ഷികൾ പാർക്കും; അതിന്റെ കൊമ്പുകളുടെ നിഴലിൽ അവ വസിക്കും.
24‘യഹോവയായ ഞാൻ ഉയരമുള്ള വൃക്ഷത്തെ താഴ്ത്തി, താണിരുന്ന വൃക്ഷത്തെ ഉയർത്തുകയും, പച്ചയായ വൃക്ഷത്തെ ഉണക്കി, ഉണങ്ങിയ വൃക്ഷത്തെ തഴപ്പിക്കുകയും ചെയ്തിരിക്കുന്നു’ എന്ന് കാട്ടിലെ സകലവൃക്ഷങ്ങളും അറിയും; യഹോവയായ ഞാൻ അതു പ്രസ്താവിച്ചും നിറവേറ്റിയും ഇരിക്കുന്നു”.

18

1യഹോവയുടെ അരുളപ്പാട് എനിക്ക് ഉണ്ടായതെന്തെന്നാൽ:2“‘അപ്പന്മാർ പച്ചമുന്തിരിങ്ങാ തിന്നു; മക്കളുടെ പല്ലു പുളിച്ചു’ എന്ന് നിങ്ങൾ യിസ്രായേൽദേശത്ത് ഒരു പഴഞ്ചൊല്ലു പറയുന്നത് എന്ത്?

3എന്നാണ, നിങ്ങൾ ഇനി യിസ്രായേലിൽ ഈ പഴഞ്ചൊല്ലു പറയുവാൻ ഇടവരുകയില്ല” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.4സകല ദേഹികളും എനിക്കുള്ളവർ; അപ്പന്റെ പ്രാണനും മകന്റെ പ്രാണനും ഒരുപോലെ എനിക്കുള്ളത്; പാപം ചെയ്യുന്ന ദേഹി മരിക്കും.
5എന്നാൽ ഒരു മനുഷ്യൻ നീതിമാനായിരുന്ന് നീതിയും ന്യായവും പ്രവർത്തിക്കുന്നു എങ്കിൽ -6പൂജാഗിരികളിൽവച്ച് ഭക്ഷണം കഴിക്കുകയോ യിസ്രായേൽഗൃഹത്തിന്റെ വിഗ്രഹങ്ങളെ നോക്കി നമസ്കരിക്കുകയോ കൂട്ടുകാരന്റെ ഭാര്യയെ വഷളാക്കുകയോ ഋതുവായ സ്ത്രീയുടെ അടുക്കൽ ചെല്ലുകയോ ആരോടും അന്യായം പ്രവർത്തിക്കുകയോ ചെയ്യാതെ
7കടം വാങ്ങിയവനു പണയം മടക്കിക്കൊടുക്കുകയും ആരോടും പിടിച്ചുപറിക്കാതെ തന്റെ അപ്പം വിശപ്പുള്ളവനു കൊടുക്കുകയും നഗ്നനെ ഉടുപ്പിക്കുകയും8പലിശയ്ക്കു കൊടുക്കുകയോ ലാഭം വാങ്ങുകയോ ചെയ്യാതിരിക്കുകയും നീതികേട് ചെയ്യാത്തവണ്ണം കൈ മടക്കിക്കൊള്ളുകയും മനുഷ്യർ തമ്മിലുള്ള വ്യവഹാരത്തിൽ നേരോടെ വിധിക്കുകയും9എന്റെ ചട്ടങ്ങൾ അനുസരിക്കുകയും എന്റെ ന്യായങ്ങൾ പ്രമാണിക്കുകയും ചെയ്തുകൊണ്ട് നേരോടെ നടക്കുന്നവൻ നീതിമാൻ - അവൻ നിശ്ചയമായി ജീവിച്ചിരിക്കും ”എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
10എന്നാൽ അവന് ഒരു മകൻ ജനിച്ചിട്ട്, അവൻ അക്രമിയായിത്തീരുകയോ രക്തം ചൊരിയുകയോ,11ചെയ്യേണ്ടതൊന്നും ചെയ്യാതിരിക്കുക, പൂജാഗിരികളിൽ വച്ച് ഭക്ഷണം കഴിക്കുക,
12കൂട്ടുകാരന്റെ ഭാര്യയെ വഷളാക്കുക, എളിയവനോടും ദരിദ്രനോടും അന്യായം ചെയ്യുക, പിടിച്ചുപറിക്കുക, പണയം മടക്കിക്കൊടുക്കാതിരിക്കുക, വിഗ്രഹങ്ങളെ നോക്കി നമസ്കരിക്കുക,13മ്ലേച്ഛത പ്രവർത്തിക്കുക, പലിശയ്ക്കു കൊടുക്കുക, ലാഭം വാങ്ങുക എന്നിവ പ്രവർത്തിക്കുകയോ ചെയ്യുന്നവനായാൽ അവൻ ജീവിച്ചിരിക്കുമോ? അവൻ ജീവിച്ചിരിക്കുകയില്ല; അവൻ ഈ മ്ലേച്ഛതകളെല്ലാം ചെയ്തുവല്ലോ; അവൻ മരിക്കും; അവന്റെ രക്തം അവന്റെ മേൽ വരും.
14എന്നാൽ അവന് ഒരു മകൻ ജനിച്ചിട്ട് അവൻ തന്റെ അപ്പൻ ചെയ്ത സകലപാപങ്ങളും കണ്ട് ഭയന്ന് അങ്ങനെയുള്ളത് ചെയ്യാതെ പർവ്വതങ്ങളിൽവച്ച് ഭക്ഷണം കഴിക്കുക,15യിസ്രായേൽഗൃഹത്തിന്റെ വിഗ്രഹങ്ങളെ നോക്കി നമസ്കരിക്കുക, കൂട്ടുകാരന്റെ ഭാര്യയെ വഷളാക്കുക,
16ആരോടെങ്കിലും അന്യായം ചെയ്യുക, പണയം കൈവശം വച്ചുകൊണ്ടിരിക്കുക, പിടിച്ചുപറിക്കുക, എന്നീവകയൊന്നും ചെയ്യാതെ വിശപ്പുള്ളവനു അപ്പം കൊടുക്കുകയും നഗ്നനെ ഉടുപ്പിക്കുകയും17നീതികേടു ചെയ്യാതെ തന്റെ കൈ പിൻവലിക്കുകയും പലിശയും ലാഭവും വാങ്ങാതിരിക്കുകയും എന്റെ വിധികൾ നടത്തി, എന്റെ ചട്ടങ്ങൾ അനുസരിക്കുകയും ചെയ്യുന്നു എങ്കിൽ അവൻ അപ്പന്റെ അകൃത്യംനിമിത്തം മരിക്കാതെ ജീവിച്ചിരിക്കും.
18അവന്റെ അപ്പനോ കഠിനമായി കഷ്ടപ്പെടുത്തി, സഹോദരനോടു പിടിച്ചുപറിച്ച്, തന്റെ ജനത്തിന്റെ ഇടയിൽ കൊള്ളരുതാത്തത് പ്രവർത്തിച്ചതുകൊണ്ട് തന്റെ അകൃത്യത്താൽ മരിക്കും.
19എന്നാൽ ‘മകൻ അപ്പന്റെ അകൃത്യം വഹിക്കേണ്ടതല്ലയോ’ എന്ന് നിങ്ങൾ ചോദിക്കുന്നു; മകൻ നീതിയും ന്യായവും പ്രവർത്തിച്ച് എന്റെ ചട്ടങ്ങൾ പ്രമാണിച്ചു നടക്കുന്നു എങ്കിൽ, അവൻ ജീവിച്ചിരിക്കും.20പാപം ചെയ്യുന്ന ദേഹി മരിക്കും; മകൻ അപ്പന്റെ അകൃത്യം വഹിക്കണ്ട; അപ്പൻ മകന്റെ അകൃത്യവും വഹിക്കണ്ട; നീതിമാന്റെ നീതി അവന്റെമേലും ദുഷ്ടന്റെ ദുഷ്ടത അവന്റെമേലും ഇരിക്കും.
21എന്നാൽ ദുഷ്ടൻ താൻ ചെയ്ത സകലപാപങ്ങളും വിട്ടുതിരിഞ്ഞ് എന്റെ ചട്ടങ്ങളൊക്കെയും പ്രമാണിച്ച്, നീതിയും ന്യായവും പ്രവർത്തിക്കുന്നു എങ്കിൽ, അവൻ മരിക്കാതെ ജീവിച്ചിരിക്കും.22അവൻ ചെയ്ത അതിക്രമങ്ങളിൽ ഒന്നും അവന് കണക്കിടുകയില്ല; അവൻ ചെയ്ത നീതിയാൽ അവൻ ജീവിക്കും.
23ദുഷ്ടന്റെ മരണത്തിൽ എനിക്ക് അല്പമെങ്കിലും താത്പര്യം ഉണ്ടോ? അവൻ തന്റെ വഴികൾ വിട്ടുതിരിഞ്ഞ് ജീവിക്കണം എന്നല്ലയോ എന്റെ താത്പര്യം” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
24എന്നാൽ നീതിമാൻ തന്റെ നീതി വിട്ടുതിരിഞ്ഞ് നീതികേടു പ്രവർത്തിച്ച്, ദുഷ്ടൻ ചെയ്യുന്ന സകല മ്ലേച്ഛതകളും ചെയ്യുന്നു എങ്കിൽ, അവൻ ജീവിച്ചിരിക്കുമോ? അവൻ ചെയ്ത നീതിയൊന്നും കണക്കിടുകയില്ല; അവൻ ചെയ്ത ദ്രോഹത്താലും അവൻ ചെയ്ത പാപത്താലും അവൻ മരിക്കും”.
25“എന്നാൽ നിങ്ങൾ: ‘കർത്താവിന്റെ വഴി ചൊവ്വുള്ളതല്ല ’എന്ന് പറയുന്നു; യിസ്രായേൽഗൃഹമേ, കേൾക്കുവിൻ; എന്റെ വഴി ചൊവ്വുള്ളതല്ലയോ? നിങ്ങളുടെ വഴികൾ ചൊവ്വില്ലാത്തവയല്ലയോ?26നീതിമാൻ തന്റെ നീതി വിട്ടുതിരിഞ്ഞ് നീതികേടു പ്രവർത്തിക്കുന്നുവെങ്കിൽ അവൻ അതുനിമിത്തം മരിക്കും; അവൻ ചെയ്ത നീതികേടുനിമിത്തം തന്നെ അവൻ മരിക്കും.
27ദുഷ്ടൻ താൻ ചെയ്ത ദുഷ്ടത വിട്ടുതിരിഞ്ഞ് നീതിയും ന്യായവും പ്രവർത്തിക്കുന്നു എങ്കിൽ, അവൻ തന്നത്താൻ ജീവനോടെ രക്ഷിക്കും.28അവൻ ഓർത്ത്, താൻ ചെയ്ത അതിക്രമങ്ങളൊക്കെയും വിട്ടുതിരിയുകകൊണ്ട്, അവൻ മരിക്കാതെ ജീവിച്ചിരിക്കും
29എന്നാൽ യിസ്രായേൽഗൃഹം: ‘കർത്താവിന്റെ വഴി ചൊവ്വുള്ളതല്ല ’എന്ന് പറയുന്നു; യിസ്രായേൽഗൃഹമേ, എന്റെ വഴികൾ ചൊവ്വുള്ളവയല്ലയോ? നിങ്ങളുടെ വഴികൾ ചൊവ്വില്ലാത്തവയല്ലയോ?30അതുകൊണ്ട് യിസ്രായേൽഗൃഹമേ, ഞാൻ നിങ്ങളിൽ ഓരോരുത്തനെയും അവനവന്റെ വഴിക്കു തക്കവണ്ണം ന്യായം വിധിക്കും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്: “അകൃത്യം നിങ്ങൾക്ക് നാശകരമായി ഭവിക്കാതെയിരിക്കേണ്ടതിന് നിങ്ങൾ മനം തിരിഞ്ഞ് നിങ്ങളുടെ അതിക്രമങ്ങളെല്ലാം വിട്ടുതിരിയുവിൻ.
31നിങ്ങൾ ചെയ്തിരിക്കുന്ന അതിക്രമങ്ങൾ സകലവും നിങ്ങളിൽനിന്ന് എറിഞ്ഞുകളയുവിൻ; നിങ്ങൾക്ക് ഒരു പുതിയ ഹൃദയത്തെയും പുതിയ ആത്മാവിനെയും സമ്പാദിച്ചുകൊള്ളുവിൻ; യിസ്രായേൽഗൃഹമേ നിങ്ങൾ എന്തിന് മരിക്കുന്നു?32മരിക്കുന്നവന്റെ മരണത്തിൽ എനിക്ക് ഇഷ്ടമില്ല ”എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്; ആകയാൽ നിങ്ങൾ മനം തിരിഞ്ഞ് ജീവിച്ചുകൊള്ളുവിൻ.

19

1നീ യിസ്രായേലിന്റെ പ്രഭുവിനെക്കുറിച്ച് ഒരു വിലാപം ചൊല്ലേണ്ടത്:2“നിന്റെ അമ്മ ആരായിരുന്നു; ഒരു സിംഹി തന്നെ; അവൾ സിംഹങ്ങളുടെ ഇടയിൽ കിടന്ന് തന്റെ കുട്ടികളെ ബാലസിംഹങ്ങളുടെ ഇടയിൽ വളർത്തി.3അവൾ തന്റെ കുട്ടികളിൽ ഒന്നിനെ വളർത്തി; അത് ഒരു ബാലസിംഹമായിത്തീർന്നു; അത് ഇര തേടി പിടിക്കുവാൻ ശീലിച്ച്, മനുഷ്യരെ തിന്നുകളഞ്ഞു.4ജനതകൾ അവന്റെ വസ്തുത കേട്ടു; അവരുടെ കുഴിയിൽ അവൻ അകപ്പെട്ടു; അവർ അവനെ കൊളുത്തിട്ട് ഈജിപ്റ്റിലേക്ക് കൊണ്ടുപോയി.

5എന്നാൽ അവൾ പ്രതീക്ഷിച്ചുകൊണ്ടിരുന്ന ആശയ്ക്ക് ഭംഗംവന്നു എന്നു കണ്ടിട്ട് തന്റെ കുട്ടികളിൽ മറ്റൊന്നിനെ എടുത്ത് ബാലസിംഹമാക്കി.6അവനും സിംഹങ്ങളുടെ ഇടയിൽ സഞ്ചരിച്ച് ബാലസിംഹമായിത്തീർന്നു; ഇര തേടിപ്പിടിക്കുവാൻ ശീലിച്ച്, മനുഷ്യരെ തിന്നുകളഞ്ഞു.7അവൻ അവരുടെ രാജധാനികളെ അറിഞ്ഞ്, അവരുടെ പട്ടണങ്ങളെ ശൂന്യമാക്കി; അവന്റെ ഗർജ്ജനം ഹേതുവായി ദേശവും അതിലുള്ളതൊക്കെയും ശൂന്യമായിപ്പോയി.
8അപ്പോൾ ജനതകൾ ചുറ്റുമുള്ള സംസ്ഥാനങ്ങളിൽനിന്ന് അവന്റെ നേരെ വന്ന് അവന്റെമേൽ വലവീശി; അവൻ അവരുടെ കുഴിയിൽ അകപ്പെട്ടു.9അവർ അവനെ കൊളുത്തിട്ട് ഒരു കൂട്ടിൽ ആക്കി ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുപോയി; ഇനി അവന്റെ നാദം യിസ്രായേൽപർവ്വതങ്ങളിൽ കേൾക്കാതെയിരിക്കേണ്ടതിന് അവർ അവനെ ദുർഗ്ഗങ്ങളിൽ കൊണ്ടുപോയി.
10നിന്റെ അമ്മ, മുന്തിരിത്തോട്ടത്തിൽ വെള്ളത്തിനരികിൽ നട്ടിരിക്കുന്ന മുന്തിരിവള്ളിപോലെയാകുന്നു; വളരെ വെള്ളം ഉള്ളതുകൊണ്ട് അത് ഫലപ്രദവും തഴച്ചതുമായിരുന്നു.11അതിൽ അധിപതികളുടെ ചെങ്കോലുകൾക്കായി ബലമുള്ള കൊമ്പുകൾ ഉണ്ടായിരുന്നു; അത് തിങ്ങിയ കൊമ്പുകളുടെ ഇടയിൽ വളർന്നു പൊങ്ങിയിരുന്നു; അത് പൊക്കംകൊണ്ടും കൊമ്പുകളുടെ പെരുപ്പംകൊണ്ടും പ്രസിദ്ധമായിരുന്നു.
12എന്നാൽ അതിനെ ക്രോധത്തോടെ പറിച്ച് നിലത്തു തള്ളിയിട്ടു; കിഴക്കൻ കാറ്റ് അതിന്റെ ഫലം ഉണക്കിക്കളഞ്ഞു; അതിന്റെ ബലമുള്ള കൊമ്പുകൾ ഒടിഞ്ഞ് ഉണങ്ങിപ്പോയി, തീ അതിനെ ദഹിപ്പിച്ചുകളഞ്ഞു.13ഇപ്പോൾ അതിനെ മരുഭൂമിയിൽ ഉണങ്ങിവരണ്ട നിലത്തു നട്ടിരിക്കുന്നു.
14അതിന്റെ കൊമ്പുകളിലെ ഒരു ശാഖയിൽനിന്ന് തീ പുറപ്പെട്ട് അതിന്റെ ഫലം ദഹിപ്പിച്ചുകളഞ്ഞു; അതുകൊണ്ട് ആധിപത്യത്തിന്റെ ചെങ്കോലായിരിക്കുവാൻ തക്ക ബലമുള്ള കോൽ അതിൽ നിന്നെടുക്കുവാൻ ഇല്ലാതെപോയി”; ഇത് ഒരു വിലാപം; ഒരു വിലാപമായിത്തീർന്നുമിരിക്കുന്നു.

20

1ഏഴാം ആണ്ട് അഞ്ചാം മാസം പത്താം തീയതി യിസ്രായേൽമൂപ്പന്മാരിൽ ചിലർ യഹോവയോടു അരുളപ്പാടു ചോദിക്കുവാൻ വന്ന് എന്റെ മുമ്പിൽ ഇരുന്നു.

2അപ്പോൾ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:3“മനുഷ്യപുത്രാ, നീ യിസ്രായേൽമൂപ്പന്മാരോടു സംസാരിച്ച്, ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ എന്നോട് അരുളപ്പാടു ചോദിക്കുവാൻ വന്നിരിക്കുന്നുവോ? നിങ്ങൾ എന്നോടു ചോദിച്ചാൽ, എന്നാണ, ഞാൻ ഉത്തരം അരുളുകയില്ല’ എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്” എന്ന് അവരോടു പറയണം.
4“മനുഷ്യപുത്രാ, നീ അവരെ ന്യായം വിധിക്കുമോ? നീ അവരെ ന്യായം വിധിക്കുമോ? നീ അവരുടെ പിതാക്കന്മാരുടെ മ്ലേച്ഛതകൾ അവരോട് അറിയിച്ചുപറയേണ്ടത്:5യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേലിനെ തിരഞ്ഞെടുത്ത്, യാക്കോബ് ഗൃഹത്തിന്റെ സന്തതിയോടു കൈ ഉയർത്തി സത്യംചെയ്ത്, ഈജിപ്റ്റിൽവച്ച് എന്നെത്തന്നെ അവർക്ക് വെളിപ്പെടുത്തിയ നാളിൽ: “ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാകുന്നു” എന്ന് കൈ ഉയർത്തിക്കൊണ്ട് അവരോട് അരുളിച്ചെയ്തു.6ഞാൻ അവരെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിക്കുമെന്നും ഞാൻ അവർക്കുവേണ്ടി നോക്കിവച്ചിരുന്നതും പാലും തേനും ഒഴുകുന്നതും സർവ്വദേശങ്ങളുടെയും മഹത്ത്വമായിരിക്കുന്നതുമായ ദേശത്തിലേക്ക് അവരെ കൊണ്ടുവരുമെന്നും ആ നാളിൽ കൈ ഉയർത്തി സത്യംചെയ്തു”.
7അവരോട്: “നിങ്ങൾ ഓരോരുത്തനും അവനവന്റെ കണ്ണിന്മുമ്പിൽ ഇരിക്കുന്ന മ്ലേച്ഛവിഗ്രഹങ്ങൾ എറിഞ്ഞുകളയുവിൻ; ഈജിപ്റ്റിലെ ബിംബങ്ങളെക്കൊണ്ട് നിങ്ങളെ മലിനമാക്കരുത്, ഞാനാകുന്നു നിങ്ങളുടെ ദൈവമായ യഹോവ” എന്ന് കല്പിച്ചു.
8“അവരോ എന്നോടു മത്സരിച്ച്, എന്റെ വാക്കു കേൾക്കുവാൻ മനസ്സില്ലാതെ ഇരുന്നു; അവരിൽ ഒരുത്തനും തന്റെ കണ്ണിന്മുമ്പിൽ ഇരുന്ന മ്ലേച്ഛവിഗ്രഹങ്ങളെ എറിഞ്ഞുകളയുകയോ ഈജിപ്റ്റിലെ ബിംബങ്ങളെ ഉപേക്ഷിക്കുകയോ ചെയ്തില്ല; ആകയാൽ ഞാൻ: ഈജിപ്റ്റിന്റെ നടുവിൽവച്ച് എന്റെ ക്രോധം അവരുടെമേൽ പകർന്ന് എന്റെ കോപം അവരിൽ നിവർത്തിക്കും” എന്നും അരുളിച്ചെയ്തു.9എങ്കിലും അവരുടെ ചുറ്റും വസിക്കുകയും ഞാൻ അവരെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ച് എന്നെത്തന്നെ വെളിപ്പെടുത്തിയത് കാണുകയും ചെയ്ത ജനതകളുടെ മുമ്പാകെ, എന്റെ നാമം അശുദ്ധമാകാതെ ഇരിക്കേണ്ടതിന് ഞാൻ എന്റെ നാമംനിമിത്തം പ്രവർത്തിച്ചു.
10അങ്ങനെ ഞാൻ അവരെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ച് മരുഭൂമിയിൽ കൊണ്ടുവന്നു.11ഞാൻ എന്റെ ചട്ടങ്ങൾ അവർക്കു കൊടുത്ത്, എന്റെ വിധികൾ അവരെ അറിയിച്ചു; അവയെ പ്രമാണിക്കുന്ന മനുഷ്യൻ അവയാൽ ജീവിക്കും.12‘ഞാൻ അവരെ വിശുദ്ധീകരിക്കുന്ന യഹോവ’ എന്ന് അവർ അറിയേണ്ടതിന് എനിക്കും അവർക്കും മദ്ധ്യത്തിൽ അടയാളമായിരിക്കുവാൻ തക്കവിധം ഞാൻ എന്റെ ശബ്ബത്തുകൾ അവർക്കു കൊടുത്തു.
13യിസ്രായേൽഗൃഹമോ മരുഭൂമിയിൽവച്ച് എന്നോടു മത്സരിച്ചു; അവർ എന്റെ ചട്ടങ്ങൾ അനുസരിച്ചുനടക്കാതെ എന്റെ വിധികൾ ത്യജിച്ചുകളഞ്ഞു; ‘അവയെ പ്രമാണിക്കുന്ന മനുഷ്യൻ അവയാൽ ജീവിക്കും’; എന്റെ ശബ്ബത്തുകളെയും അവർ ഏറ്റവും അശുദ്ധമാക്കി; ആകയാൽ ഞാൻ മരുഭൂമിയിൽവച്ച് എന്റെ ക്രോധം അവരുടെമേൽ പകർന്ന് അവരെ സംഹരിക്കുമെന്ന് അരുളിച്ചെയ്തു.14എങ്കിലും ഞാൻ അവരെ പുറപ്പെടുവിച്ചതു കണ്ട ജനതകളുടെ മുമ്പാകെ എന്റെ നാമം അശുദ്ധമാകാതെയിരിക്കേണ്ടതിന് ഞാൻ അതു നിമിത്തം പ്രവർത്തിച്ചു.
15‘അവരുടെ ഹൃദയം അവരുടെ വിഗ്രഹങ്ങളോടു ചേർന്നിരുന്നതുകൊണ്ട് അവർ എന്റെ വിധികളെ ധിക്കരിച്ച് എന്റെ ചട്ടങ്ങളിൽ നടക്കാതെ എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കുകയാൽ16ഞാൻ അവർക്കു കൊടുത്തിരുന്നതും പാലും തേനും ഒഴുകുന്നതും സർവ്വദേശങ്ങളുടെയും മഹത്ത്വമായിരിക്കുന്നതും ആയ ദേശത്തേക്ക് അവരെ കൊണ്ടുവരുകയില്ല’ എന്നു ഞാൻ മരുഭൂമിയിൽവച്ച് കൈ ഉയർത്തി സത്യം ചെയ്തു.17“എങ്കിലും അവരെ നശിപ്പിക്കുകയും മരുഭൂമിയിൽവച്ച് അവരെ നശിപ്പിച്ചുകളയുകയും ചെയ്യാതിരിക്കത്തക്കവിധം എനിക്ക് അവരോടു സഹതാപം തോന്നി.
18ഞാൻ മരുഭൂമിയിൽവച്ച് അവരുടെ മക്കളോടു: ‘നിങ്ങളുടെ പിതാക്കന്മാരുടെ ചട്ടങ്ങളിൽ നടക്കരുത്; അവരുടെ വിധികളെ പ്രമാണിക്കരുത്; അവരുടെ വിഗ്രഹങ്ങളെക്കൊണ്ടു നിങ്ങളെത്തന്നെ അശുദ്ധമാക്കുകയും അരുത്;19ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാകുന്നു; നിങ്ങൾ എന്റെ ചട്ടങ്ങൾ അനുസരിച്ചുനടന്ന് എന്റെ വിധികളെ പ്രമാണിച്ച് അനുഷ്ഠിക്കുവിൻ;20എന്റെ ശബ്ബത്തുകളെ വിശുദ്ധീകരിക്കുവിൻ; ‘ഞാൻ നിങ്ങളുടെ ദൈവമായ യഹോവ’ എന്ന് നിങ്ങൾ അറിയേണ്ടതിന് അവ എനിക്കും നിങ്ങൾക്കും ഇടയിൽ അടയാളമായിരിക്കട്ടെ” എന്ന് കല്പിച്ചു.
21എന്നാൽ മക്കളും എന്നോടു മത്സരിച്ചു; അവർ എന്റെ ചട്ടങ്ങൾ അനുസരിച്ചില്ല; എന്റെ വിധികൾ പ്രമാണിച്ചുനടന്നതുമില്ല; ‘അവയെ ചെയ്യുന്ന മനുഷ്യൻ അവയാൽ ജീവിക്കും’; അവർ എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കി; ആകയാൽ ഞാൻ: ‘മരുഭൂമിയിൽവച്ച് എന്റെ ക്രോധം അവരുടെമേൽ പകർന്ന് എന്റെ കോപം അവരിൽ നിവർത്തിക്കും” എന്ന് അരുളിച്ചെയ്തു.22എങ്കിലും ഞാൻ എന്റെ കൈ പിൻവലിക്കുകയും ഞാൻ അവരെ പുറപ്പെടുവിച്ചതു കണ്ട ജനതകളുടെ മുമ്പിൽ എന്റെ നാമം അശുദ്ധമാകാതെ ഇരിക്കേണ്ടതിന് അതുനിമിത്തം പ്രവർത്തിക്കുകയും ചെയ്തു.
23അവർ എന്റെ വിധികൾ പ്രമാണിക്കാതെ എന്റെ ചട്ടങ്ങൾ ധിക്കരിച്ച് എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കുകയും അവരുടെ ദൃഷ്ടികൾ അവരുടെ പിതാക്കന്മാരുടെ വിഗ്രഹങ്ങളുടെമേൽ ഇരിക്കുകയും ചെയ്തതുകൊണ്ട്,24ഞാൻ അവരെ ജനതകളുടെ ഇടയിൽ ചിന്നിച്ച് രാജ്യങ്ങളിൽ ചിതറിച്ചുകളയുമെന്ന് മരുഭൂമിയിൽവച്ച് കൈ ഉയർത്തി അവരോടു സത്യം ചെയ്തു.
25ഞാൻ അവർക്ക് ദോഷകരമായ ചട്ടങ്ങളും ജീവരക്ഷ പ്രാപിക്കുവാൻ ഉതകാത്ത വിധികളും കൊടുത്തു.26‘ഞാൻ യഹോവ’ എന്ന് അവർ അറിയുവാൻ തക്കവിധം ഞാൻ അവരെ ശൂന്യമാക്കേണ്ടതിന് അവർ എല്ലാകടിഞ്ഞൂലുകളെയും അഗ്നിപ്രവേശം ചെയ്യിച്ചതിനാൽ ഞാൻ അവരുടെ സ്വന്തവഴിപാടുകളാൽത്തന്നെ അവരെ അശുദ്ധമാക്കി.
27അതുകൊണ്ട് മനുഷ്യപുത്രാ നീ യിസ്രായേൽഗൃഹത്തോടു പറയേണ്ടത് എന്തെന്നാൽ: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാക്കന്മാർ എന്നോടു ദ്രോഹം ചെയ്തിരിക്കുന്നതിനാൽ എന്നെ ദുഷിക്കുകയും ചെയ്തിരിക്കുന്നു.28അവർക്കു കൊടുക്കുമെന്ന് ഞാൻ കൈ ഉയർത്തി സത്യംചെയ്ത ദേശത്തേക്ക് ഞാൻ അവരെ കൊണ്ടുവന്നശേഷം അവർ ഉയർന്ന എല്ലാ കുന്നുകളും തഴച്ച സകലവൃക്ഷങ്ങളും നോക്കി, അവിടെ യാഗങ്ങൾ അർപ്പിക്കുകയും കോപകാരണമായ വഴിപാടു കഴിക്കുകയും സൗരഭ്യവാസന നിവേദിക്കുകയും പാനീയബലികളെ പകരുകയും ചെയ്തു”.29“നിങ്ങൾ പോകുന്ന പൂജാഗിരി എന്ത്” എന്ന് ഞാൻ അവരോടു ചോദിച്ചു; ഇന്നുവരെയും അതിനു ‘പൂജാഗിരി’ എന്നു പേരായിരിക്കുന്നു .
30അതുകൊണ്ട് നീ യിസ്രായേൽഗൃഹത്തോടു പറയേണ്ടത്: “യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ നിങ്ങളുടെ പിതാക്കന്മാരുടെ മര്യാദപ്രകാരം നിങ്ങളെത്തന്നെ അശുദ്ധമാക്കുവാനും അവരുടെ മ്ലേച്ഛവിഗ്രഹങ്ങളോടു ചേർന്ന് പരസംഗം ചെയ്യുവാനും പോകുന്നുവോ?31നിങ്ങളുടെ വഴിപാടുകൾ കഴിക്കുന്നതിനാലും നിങ്ങളുടെ മക്കളെ അഗ്നിപ്രവേശം ചെയ്യിക്കുന്നതിനാലും നിങ്ങൾ ഇന്നുവരെ നിങ്ങളുടെ സകല വിഗ്രഹങ്ങളാലും നിങ്ങളെത്തന്നെ അശുദ്ധമാക്കുന്നു; യിസ്രായേൽഗൃഹമേ, നിങ്ങൾ ചോദിച്ചാൽ ഞാൻ ഉത്തരമരുളുമോ? നിങ്ങൾ ചോദിച്ചാൽ, എന്നാണ ഞാൻ ഉത്തരമരുളുകയില്ല” എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.32“‘നാം മരത്തെയും കല്ലിനെയും സേവിച്ച്, ജനതകളെപ്പോലെയും ദേശങ്ങളിലെ വംശങ്ങളെപ്പോലെയും ആയിത്തീരുക’ എന്ന് നിങ്ങൾ പറയുന്നതായ നിങ്ങളുടെ മനസ്സിലെ വിചാരം ഒരിക്കലും നടക്കുകയില്ല.
33എന്നാണ, ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും ചൊരിയുന്ന ക്രോധംകൊണ്ടും ഞാൻ നിങ്ങളെ ഭരിക്കും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.34“ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും ചൊരിയുന്ന ക്രോധംകൊണ്ടും ഞാൻ നിങ്ങളെ ജനതകളിൽനിന്നു പുറപ്പെടുവിക്കുകയും നിങ്ങൾ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽനിന്നു ശേഖരിക്കുകയും ചെയ്യും.35ഞാൻ നിങ്ങളെ ജനതകളുടെ മരുഭൂമിയിലേക്കു കൊണ്ടുചെന്ന് അവിടെവച്ച് അഭിമുഖമായി നിങ്ങളോടു വ്യവഹരിക്കും.
36ഈജിപ്റ്റിലെ മരുഭൂമിയിൽവച്ച് നിങ്ങളുടെ പിതാക്കന്മാരോടു ഞാൻ വ്യവഹരിച്ചതുപോലെ നിങ്ങളോടും വ്യവഹരിക്കും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.37ഞാൻ നിങ്ങളെ വടിയുടെകീഴിലൂടെ കടത്തി നിയമത്തിന്റെ ബന്ധനത്തിൽ ഉൾപ്പെടുത്തും.38എന്നോടു മത്സരിച്ച് അതിക്രമിക്കുന്നവരെ ഞാൻ നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളയും; അവർ ചെന്നു പാർക്കുന്ന രാജ്യത്തുനിന്ന് ഞാൻ അവരെ പുറപ്പെടുവിക്കും; എങ്കിലും യിസ്രായേൽദേശത്ത് അവർ കടക്കുകയില്ല; ഞാൻ യഹോവ എന്ന് നിങ്ങൾ അറിയും”.
39യിസ്രായേൽഗൃഹമേ, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ചെന്ന് ഓരോരുത്തൻ അവനവന്റെ വിഗ്രഹങ്ങളെ സേവിച്ചുകൊള്ളുവിൻ; എന്നാൽ പിന്നീട് നിങ്ങൾ എന്റെ വാക്കു കേൾക്കും; എന്റെ വിശുദ്ധനാമത്തെ നിങ്ങളുടെ വഴിപാടുകളെക്കൊണ്ടും വിഗ്രഹങ്ങളെക്കൊണ്ടും ഇനി അശുദ്ധമാക്കുകയും ഇല്ല.
40എന്റെ വിശുദ്ധപർവ്വതത്തിൽ, യിസ്രായേലിന്റെ ഉന്നത പർവ്വതത്തിൽ തന്നെ, യിസ്രായേൽഗൃഹമെല്ലാം ഒട്ടൊഴിയാതെ അവിടെ ദേശത്തു വച്ച് എന്നെ സേവിക്കുമെന്ന്” യഹോവയായ കർത്താവിന്റെ അരുളപ്പാട്; അവിടെ ഞാൻ അവരെ സ്വീകരിക്കും; അവിടെ ഞാൻ നിങ്ങളുടെ വഴിപാടുകളെയും ആദ്യദാനങ്ങളെയും സകലനിവേദ്യങ്ങളെയും ആഗ്രഹിക്കും.41ഞാൻ നിങ്ങളെ ജനതകളുടെ ഇടയിൽനിന്ന് പുറപ്പെടുവിച്ച്, നിങ്ങൾ ചിതറിപ്പോയിരിക്കുന്നരാജ്യങ്ങളിൽ നിന്നു ശേഖരിക്കുമ്പോൾ ഞാൻ നിങ്ങളെ സൗരഭ്യവാസനയായി സ്വീകരിക്കും; അങ്ങനെ ഞാൻ ജനതകൾ കാൺകെ നിങ്ങളിൽ വിശുദ്ധീകരിക്കപ്പെടും.
42നിങ്ങളുടെ പിതാക്കന്മാർക്കു കൊടുക്കുമെന്ന് ഞാൻ കൈ ഉയർത്തി സത്യംചെയ്ത ദേശമായ യിസ്രായേൽദേശത്തേക്ക് നിങ്ങളെ കൊണ്ടുവരുമ്പോൾ ഞാൻ യഹോവ എന്ന് നിങ്ങൾ അറിയും.43അവിടെവച്ചു നിങ്ങൾ നിങ്ങളുടെ വഴികളും നിങ്ങളെത്തന്നെ മലിനമാക്കിയ സകലക്രിയകളും ഓർക്കും; നിങ്ങൾ ചെയ്ത സകലദോഷവുംനിമിത്തം നിങ്ങൾക്ക് നിങ്ങളോടുതന്നെ വെറുപ്പുതോന്നും.44യിസ്രായേൽഗൃഹമേ, നിങ്ങളുടെ ദോഷമായുള്ള വഴികൾക്കു തക്കവണ്ണമല്ല, നിങ്ങളുടെ വഷളായുള്ള പ്രവൃത്തികൾക്കു തക്കവണ്ണവുമല്ല, എന്റെ നാമംനിമിത്തം തന്നെ ഞാൻ നിങ്ങളോടു പ്രവർത്തിക്കുമ്പോൾ ഞാൻ യഹോവ എന്ന് നിങ്ങൾ അറിയും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
45യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:46“മനുഷ്യപുത്രാ, നിന്റെ മുഖം തെക്കോട്ടു തിരിച്ച് തെക്കേദേശത്തിനെതിരായി പ്രസംഗിച്ച്, തെക്കേദിക്കിലെ വനപ്രദേശത്തിനെതിരായി പ്രവചിച്ച് തെക്കുള്ള വനത്തോടു പറയേണ്ടത്:47യഹോവയുടെ വചനം കേൾക്കുക; യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിന്റെ നടുവിൽ തീ വയ്ക്കും; അത് നിന്നിൽ ഉള്ള സകല പച്ചവൃക്ഷത്തെയും ഉണങ്ങിയവൃക്ഷത്തെയും ദഹിപ്പിച്ചുകളയും; ജ്വലിക്കുന്ന ജ്വാല കെട്ടുപോകുകയില്ല; തെക്കുമുതൽ വടക്കുവരെയുള്ള മുഖങ്ങളെല്ലാം അതിനാൽ കരിഞ്ഞുപോകും.
48‘യഹോവയായ ഞാൻ അതു കത്തിച്ചു’ എന്ന് സകലജഡവും കാണും; അതു കെട്ടുപോകുകയുമില്ല”.49അപ്പോൾ ഞാൻ: “അയ്യോ, യഹോവയായ കർത്താവേ, ‘ഇവൻ ഉപമയല്ലയോ സംസാരിക്കുന്നത്’ എന്ന് അവർ എന്നെക്കുറിച്ചു പറയുന്നു” എന്ന് പറഞ്ഞു.

21

1യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:2മനുഷ്യപുത്രാ, നിന്റെ മുഖം യെരൂശലേമിനു നേരെ തിരിച്ച് വിശുദ്ധമന്ദിരത്തിനു വിരോധമായി പ്രസംഗിച്ച് യിസ്രായേൽദേശത്തിനു വിരോധമായി പ്രവചിച്ച് യിസ്രായേൽദേശത്തോടു പറയേണ്ടത്:3യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിന്റെ നേരെ പുറപ്പെട്ട് എന്റെ വാൾ ഉറയിൽനിന്ന് ഊരി നീതിമാനെയും ദുഷ്ടനെയും നിന്നിൽനിന്ന് ഛേദിച്ചുകളയും.

4ഞാൻ നീതിമാനെയും ദുഷ്ടനെയും നിന്നിൽനിന്നു ഛേദിച്ചുകളയുവാൻ പോകുന്നതുകൊണ്ട്, തെക്കുമുതൽ വടക്കുവരെ സകലജഡത്തിനും വിരോധമായി എന്റെ വാൾ ഉറയിൽനിന്ന് പുറപ്പെടും.5യഹോവയായ ഞാൻ എന്റെ വാൾ ഉറയിൽനിന്ന് ഊരിയെന്ന് സകലജഡവും അറിയും.
6അത് ഇനി മടങ്ങിപ്പോരുകയില്ല. നീയോ, മനുഷ്യപുത്രാ, തകർന്ന ഹൃദയത്തോടെ നെടുവീർപ്പിടുക; അവർ കാൺകെ കഠിനമായി നെടുവീർപ്പിടുക.7‘എന്തിന് നെടുവീർപ്പിടുന്നു’ എന്ന് അവർ നിന്നോടു ചോദിച്ചാൽ നീ ഉത്തരം പറയേണ്ടത്: ‘ഒരു വർത്തമാനംനിമിത്തം തന്നെ; അത് സംഭവിക്കുമ്പോൾ സകലഹൃദയവും ഉരുകിപ്പോകും, എല്ലാകൈകളും കുഴഞ്ഞുപോകും, ഏതു മനസ്സും കലങ്ങിപ്പോകും; എല്ലാ മുഴങ്കാലും വെള്ളംപോലെ ഒഴുകിപ്പോകും; അത് വന്നുകഴിഞ്ഞു’ എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്”.
8യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:9“മനുഷ്യപുത്രാ, നീ പ്രവചിച്ചു പറയേണ്ടത്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒരു വാൾ, ഒരു വാൾ; അത് മൂർച്ചകൂട്ടി മിനുക്കിയിരിക്കുന്നു എന്ന് പറയുക.
10കൊല നടത്തുവാൻ അതിന് മൂർച്ചകൂട്ടിയിരിക്കുന്നു; മിന്നുവാൻ തക്കവണ്ണം അതിനെ മിനുക്കിയിരിക്കുന്നു; അല്ലെങ്കിൽ നമുക്കു സന്തോഷിക്കാമോ? അത് എന്റെ മകന്റെ ചെങ്കോലിനെയും സകലവൃക്ഷത്തെയും നിന്ദിക്കുന്നു.11ഉപയോഗിക്കുവാൻ തക്കവണ്ണം അവൻ അതു മിനുക്കുവാൻ കൊടുത്തിരിക്കുന്നു; കൊല്ലുന്നവന്റെ കയ്യിൽ കൊടുക്കുവാൻ ഈ വാൾ മൂർച്ചകൂട്ടി മിനുക്കിയിരിക്കുന്നു.
12മനുഷ്യപുത്രാ, നിലവിളിച്ചു മുറയിടുക! അത് എന്റെ ജനത്തിന്മേലും യിസ്രായേലിന്റെ സകലപ്രഭുക്കന്മാരുടെ മേലും വരും; അവർ എന്റെ ജനത്തോടുകൂടി വാളിന് ഏല്പിക്കപ്പെട്ടവരാകുന്നു; ആകയാൽ നീ തുടയിൽ അടിക്കുക.13അതൊരു പരീക്ഷയല്ലയോ; എന്നാൽ നിന്ദിക്കുന്ന ചെങ്കോൽ തന്നെ ഇല്ലാതെപോയാൽ എന്ത്” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
14“നീയോ മനുഷ്യപുത്രാ, പ്രവചിച്ച് കൈകൊട്ടുക; വാൾ, നിഹതന്മാരുടെ വാൾ തന്നെ, മൂന്നിരട്ടിയായി ഭവിക്കട്ടെ; നിഹതന്റെ വലിയ വാൾ അവരെ ചുറ്റുന്നു.
15അവരുടെ ഹൃദയം ഉരുകിപ്പോകേണ്ടതിനും അവരിൽ പട്ടുപോയവർ പെരുകേണ്ടതിനും ഞാൻ വാളിന്റെ മുനയെ അവരുടെ എല്ലാ വാതിലുകൾക്കും നേരെ വച്ചിരിക്കുന്നു; അയ്യോ, അതു മിന്നൽപോലെയിരിക്കുന്നു; അതു കൊലയ്ക്കായി കൂർപ്പിച്ചിരിക്കുന്നു.16പുറകോട്ടോ ഇടത്തോട്ടോ വലത്തോട്ടോ നിന്റെ വായ്ത്തല തിരിയുന്നിടത്തേക്കു തന്നെ പുറപ്പെടുക.17ഞാനും കൈ കൊട്ടി, എന്റെ ക്രോധം ശമിപ്പിക്കും; യഹോവയായ ഞാൻ അത് അരുളിച്ചെയ്തിരിക്കുന്നു”.

18യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:19മനുഷ്യപുത്രാ, ബാബേൽരാജാവിന്റെ വാൾ വരേണ്ടതിന് നീ രണ്ടു വഴി നിയമിക്കുക; രണ്ടും ഒരു ദേശത്തുനിന്നു തന്നെ പുറപ്പെടണം; ഒരു ചൂണ്ടുപലക ഉണ്ടാക്കി നഗരത്തിലേക്കുള്ള വഴിയുടെ തലയ്ക്കൽ നാട്ടുക.20അങ്ങനെ വാൾ അമ്മോന്യരുടെ രബ്ബയിലും യെഹൂദയിൽ ഉറപ്പുള്ള യെരൂശലേമിലും വരേണ്ടതിന് നീ വഴി നിയമിക്കുക.
21ബാബേൽരാജാവ് ഇരുവഴിത്തലയ്ക്കൽ, വഴിത്തിരിവിങ്കൽ തന്നെ, പ്രശ്നം നോക്കുവാൻ നില്ക്കുന്നു; അവൻ തന്റെ അമ്പുകളെ കുലുക്കി കുലദേവന്മാരോടു ചോദിക്കുകയും കരൾ നോക്കുകയും ചെയ്യുന്നു.122യന്ത്രമുട്ടികളെ വയ്ക്കേണ്ടതിനും വൻകൊലയ്ക്കായി വായ്തുറന്ന് ആർപ്പുവിളിക്കേണ്ടതിനും വാതിലുകളുടെ നേരെ യന്ത്രമുട്ടികൾ വയ്ക്കേണ്ടതിനും ഉപരോധം ഏർപ്പെടുത്തി കോട്ട പണിയേണ്ടതിനും യെരൂശലേമിനെക്കുറിച്ചുള്ള പ്രശ്നം അവന്റെ വലംകൈയിൽ വന്നിരിക്കുന്നു.23എന്നാൽ അത് അവർക്ക് വ്യാജലക്ഷണമായി തോന്നുന്നു; അവർ ആണ ഇടുവിച്ചിരിക്കുന്നുവല്ലോ; എന്നാൽ അവർ പിടിക്കപ്പെടേണ്ടതിന് അവൻ അകൃത്യം ഓർമ്മിപ്പിക്കുന്നു”.
24അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ സകലപ്രവൃത്തികളിലും നിങ്ങളുടെ പാപങ്ങൾ ഓർക്കത്തക്കവണ്ണം നിങ്ങളുടെ അതിക്രമങ്ങൾ വെളിപ്പെട്ടുവരുന്നതിനാൽ നിങ്ങൾ നിങ്ങളുടെ അകൃത്യം ഓർമ്മിപ്പിച്ചിരിക്കുന്നതുകൊണ്ടും നിങ്ങളെയും ഓർത്തിരിക്കുന്നതുകൊണ്ടും നിങ്ങൾ പിടിക്കപ്പെടും.
25നിഹതനും ദുഷ്ടനുമായി യിസ്രായേലിന്റെ പ്രഭുവായുള്ളോവേ, നിന്റെ അകൃത്യത്തിന്റെ അന്ത്യനാൾ വന്നിരിക്കുന്നു”.26യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ തലപ്പാവ് നീക്കി കിരീടം എടുത്തുകളയും; അത് അങ്ങനെ ഇരിക്കുകയില്ല; ഞാൻ താണതിനെ ഉയർത്തുകയും ഉയർന്നതിനെ താഴ്ത്തുകയും ചെയ്യും.27ഞാൻ അതിന് ഉന്മൂലനാശം, ഉന്മൂലനാശം, ഉന്മൂലനാശം വരുത്തും; അതിന് അവകാശമുള്ളവൻ വരുവോളം അത് ഇല്ലാതെയിരിക്കും; അവന് ഞാൻ അതു കൊടുക്കും”.

28മനുഷ്യപുത്രാ, നീ പ്രവചിച്ചു പറയേണ്ടത്: അമ്മോന്യരെക്കുറിച്ചും അവരുടെ നിന്ദയെക്കുറിച്ചും യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:29“അകൃത്യത്തിന്റെ അവസാനനാൾ വരുമ്പോൾ, ദുഷ്ടന്മാരായ നിഹതന്മാരുടെ കഴുത്തിൽ വയ്ക്കേണ്ടതിന് അവർ നിനക്ക് വ്യാജം ദർശിക്കുന്ന നേരത്തും, നിനക്ക് കപടലക്ഷണം പറയുന്ന നേരത്തും ഒരു വാൾ, ഒരു വാൾ ഊരിയിരിക്കുന്നു; അതു മിന്നൽപോലെ മിന്നേണ്ടതിനും തിന്നുകളയേണ്ടതിനും കൊലയ്ക്കായി മിനുക്കിയിരിക്കുന്നു എന്ന് പറയുക.
30അത് ഉറയിൽ ഇടുക; നീ സൃഷ്ടിക്കപ്പെട്ട സ്ഥലത്ത്, നിന്റെ ജന്മദേശത്തു തന്നെ ഞാൻ നിന്നെ ന്യായം വിധിക്കും,31ഞാൻ എന്റെ ക്രോധം നിന്റെമേൽ പകർന്ന് എന്റെ കോപാഗ്നി നിന്റെമേൽ ഊതി, മൃഗപ്രായരും നശിപ്പിക്കുവാൻ സമർത്ഥന്മാരുമായ മനുഷ്യരുടെ കൈയിൽ നിന്നെ ഏല്പിക്കും.
32നീ തീയ്ക്കിരയായ്തീരും; നിന്റെ രക്തം നിന്റെ ദേശത്തിന്റെ നടുവിൽ ഇരിക്കും; നിന്നെ ഇനി ആരും ഓർക്കുകയില്ല; യഹോവയായ ഞാൻ അത് അരുളിച്ചെയ്തിരിക്കുന്നു”.


1 21:21 കുലദേവന്മാരോടു ചോദിക്കുകയും കരൾ നോക്കുകയും ചെയ്യുന്നു. പ്രശ്നം നോക്കുവാനുള്ള മൂന്നുപാധികൾ[1} യരുശലേമിനും രബ്ബക്കും വേണ്ടി അവൻ ഓരോ അമ്പ് കാണിക്കുന്നു [2] അവൻ തന്റെ കുലദേവന്മാരോടു ചോദിക്കുന്നു [3]കൊല്ലപ്പെട്ട ചില മൃഗങ്ങളുടെ കരളിലേക്ക് അവൻ നോക്കുന്നു

22

1യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:2“മനുഷ്യപുത്രാ, നീ ന്യായംവിധിക്കുമോ? രക്തപാതകമുള്ള പട്ടണത്തെ നീ ന്യായംവിധിക്കുമോ? എന്നാൽ നീ അതിന്റെ സകലമ്ലേച്ഛതകളും അതിനോട് അറിയിച്ചു പറയേണ്ടത്:3യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിന്റെ കാലം വരുവാൻ തക്കവണ്ണം നിന്റെ നടുവിൽ രക്തം ചൊരിഞ്ഞ് നിന്നെത്തന്നെ മലിനമാക്കേണ്ടതിന് വിഗ്രഹങ്ങളെ ഉണ്ടാക്കുന്ന നഗരമേ!

4നീ ചൊരിഞ്ഞ രക്തത്താൽ നീ കുറ്റക്കാരിയായിത്തീർന്നു; നീ ഉണ്ടാക്കിയിരിക്കുന്ന വിഗ്രഹങ്ങളാൽ നീ നിന്നെത്തന്നെ മലിനമാക്കിയിരിക്കുന്നു; നിന്റെ നാളുകളെ നീ സമീപിക്കുമാറാക്കി; നിന്റെ ആണ്ടുകൾ നിനക്കു വന്നെത്തിയിരിക്കുന്നു; അതുകൊണ്ട് ഞാൻ നിന്നെ ജനതകൾക്കു നിന്ദയും സകലദേശങ്ങൾക്കും പരിഹാസവിഷയവും ആക്കിയിരിക്കുന്നു.5നിനക്ക് സമീപസ്ഥന്മാരും ദൂരസ്ഥന്മാരും ആയിരിക്കുന്നവർ ദുഷ്കീർത്തിയും ക്ഷോഭവും ഉള്ള നിന്നെ പരിഹസിക്കും.
6യിസ്രായേൽപ്രഭുക്കന്മാർ ഓരോരുത്തനും അവനാൽ കഴിയുന്നിടത്തോളം രക്തം ചൊരിയുവാനത്രേ നിന്നിൽ വസിക്കുന്നത്.7നിന്റെ നടുവിൽ അവർ അപ്പനെയും അമ്മയെയും പുച്ഛിക്കുന്നു; നിന്റെ മദ്ധ്യേ അവർ പരദേശിയെ പീഡിപ്പിക്കുന്നു; നിന്നിൽവച്ച് അവർ അനാഥനെയും വിധവയെയും ഉപദ്രവിക്കുന്നു.8എന്റെ വിശുദ്ധ വസ്തുക്കളെ നീ ധിക്കരിച്ച് എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കുന്നു.9രക്തം ചൊരിയേണ്ടതിന് ഏഷണി പറയുന്നവർ നിന്നിൽ ഉണ്ട്; പൂജാഗിരികളിൽ ഭക്ഷണം കഴിക്കുന്നവർ നിന്നിൽ ഉണ്ട്; നിന്റെ മദ്ധ്യേ അവർ ദുഷ്കർമ്മം പ്രവർത്തിക്കുന്നു.
10നിന്നിൽ അവർ അപ്പന്റെ നഗ്നത അനാവൃതമാക്കുന്നു; നിന്നിൽവച്ച് അവർ ഋതുമാലിന്യത്തിൽ ഇരിക്കുന്നവളെ വഷളാക്കുന്നു.11ഒരുത്തൻ തന്റെ കൂട്ടുകാരന്റെ ഭാര്യയുമായി മ്ലേച്ഛത പ്രവർത്തിക്കുന്നു; മറ്റൊരുത്തൻ തന്റെ മരുമകളെ ദുഷ്ടത പ്രവർത്തിച്ച് മലിനയാക്കുന്നു; വേറൊരുത്തൻ നിന്നിൽവച്ച് തന്റെ അപ്പന്റെ മകളായ സഹോദരിയെ വഷളാക്കുന്നു.12രക്തംചൊരിയേണ്ടതിന് അവർ നിന്നിൽ കൈക്കൂലി വാങ്ങുന്നു; പലിശയും ലാഭവും വാങ്ങി നീ കൂട്ടുകാരെ ഞെരുക്കി സമ്പാദ്യമുണ്ടാക്കി എന്നെ മറന്നുകളഞ്ഞിരിക്കുന്നു” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
13“നീ സമ്പാദിച്ചിരിക്കുന്ന ലാഭത്തെയും നിന്റെ നടുവിലുണ്ടായ രക്തപാതകത്തെയും കുറിച്ച് ഞാൻ കൈകൊട്ടും:14ഞാൻ നിന്നോടു കാര്യം തീർക്കുന്ന നാളിൽ നീ ധൈര്യത്തോടെ നില്ക്കുമോ? നിന്റെ കൈകൾ ബലപ്പെട്ടിരിക്കുമോ?” യഹോവയായ ഞാൻ അത് അരുളിച്ചെയ്തിരിക്കുന്നു; “ഞാൻ നിവർത്തിക്കുകയും ചെയ്യും.15ഞാൻ നിന്നെ ജനതകളുടെ ഇടയിൽ ചിന്നിച്ച് രാജ്യങ്ങളിൽ ചിതറിച്ച് നിന്റെ മലിനത നിന്നിൽനിന്നു നീക്കും.16ജനതകൾ കാൺകെ നീ നിന്നിൽത്തന്നെ മലിനയായിത്തീരും; ഞാൻ യഹോവ എന്ന് നീ അറിയും”.

17യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:18മനുഷ്യപുത്രാ, യിസ്രായേൽഗൃഹം എനിക്കു ലോഹമാലിന്യമായിത്തീർന്നിരിക്കുന്നു; അവരെല്ലാവരും ഉലയുടെ നടുവിൽ താമ്രവും വെളുത്തീയവും ഇരിമ്പും കറുത്തീയവും തന്നെ; അവർ വെള്ളിയുടെ മാലിന്യമായിത്തീർന്നിരിക്കുന്നു”;19അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ എല്ലാവരും ലോഹമാലിന്യമായിത്തീർന്നിരിക്കുകകൊണ്ട് ഞാൻ നിങ്ങളെ യെരൂശലേമിന്റെ നടുവിൽ കൂട്ടും.
20വെള്ളിയും താമ്രവും ഇരിമ്പും കറുത്തീയവും വെളുത്തീയവും ഉലയുടെ നടുവിൽ ഇട്ട് ഊതി ഉരുക്കുന്നതുപോലെ, ഞാൻ എന്റെ കോപത്തിലും എന്റെ ക്രോധത്തിലും നിങ്ങളെയും കൂട്ടിയുരുക്കും.21ഞാൻ നിങ്ങളെ കൂട്ടി എന്റെ ക്രോധാഗ്നിയെ നിങ്ങളുടെ മേൽ ഊതും; അങ്ങനെ നിങ്ങൾ അതിന്റെ നടുവിൽ ഉരുകിപ്പോകും.22ഉലയുടെ നടുവിൽ വെള്ളി ഉരുകിപ്പോകുന്നതു പോലെ, നിങ്ങൾ അതിന്റെ നടുവിൽ ഉരുകിപ്പോകും; യഹോവയായ ഞാൻ എന്റെ ക്രോധം നിങ്ങളുടെമേൽ പകർന്നിരിക്കുന്നു എന്ന് നിങ്ങൾ അറിയും”.

23യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:24“മനുഷ്യപുത്രാ, നീ അതിനോടു പറയേണ്ടത്: ക്രോധദിവസത്തിൽ നീ ശുദ്ധിയില്ലാത്തതും മഴയില്ലാത്തതുമായ ദേശമായിരിക്കും.25അതിന്റെ നടുവിൽ അതിലെ പ്രവാചകന്മാരുടെ ഒരു കൂട്ടുകെട്ടുണ്ട്; അലറി ഇര കടിച്ചുകീറുന്ന ഒരു സിംഹം പോലെ അവർ മനുഷ്യരെ വിഴുങ്ങിക്കളയുന്നു; നിക്ഷേപങ്ങളും വിലയേറിയ വസ്തുക്കളും അപഹരിച്ചുകൊണ്ട് അവർ അതിന്റെ നടുവിൽ വിധവമാരെ വർദ്ധിപ്പിക്കുന്നു.
26അതിലെ പുരോഹിതന്മാർ എന്റെ ന്യായപ്രമാണത്തോടു ദ്രോഹം ചെയ്തു; എന്റെ വിശുദ്ധവസ്തുക്കൾ അശുദ്ധമാക്കുന്നു; അവർ ശുദ്ധവും അശുദ്ധവും തമ്മിൽ വേർതിരിക്കുന്നില്ല; മലിനവും നിർമ്മലവും തമ്മിലുള്ള ഭേദം കാണിച്ചുകൊടുക്കുന്നതുമില്ല; ഞാൻ അവരുടെ മദ്ധ്യത്തിൽ അശുദ്ധനായി ഭവിക്കത്തക്കവണ്ണം അവർ എന്റെ ശബ്ബത്തുകളെ നോക്കാതെ കണ്ണു മറച്ചുകളയുന്നു.27അതിന്റെ നടുവിലെ പ്രഭുക്കന്മാർ ലാഭം ഉണ്ടാക്കേണ്ടതിന് ഇര കടിച്ചുകീറുന്ന ചെന്നായ്ക്കളെപ്പോലെ രക്തം ചൊരിയുവാനും മനുഷ്യരെ നശിപ്പിക്കുവാനും നോക്കുന്നു.28അതിലെ പ്രവാചകന്മാർ വ്യാജം ദർശിച്ചും കള്ളപ്രശ്നം പറഞ്ഞും യഹോവ അരുളിച്ചെയ്യാതിരിക്കെ, ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു’ എന്ന് പറഞ്ഞുംകൊണ്ട് അവർക്കുവേണ്ടി വെള്ള പൂശുന്നു.
29ദേശത്തിലെ ജനം പീഡനം ചെയ്യുകയും പിടിച്ചുപറിക്കുകയും എളിയവനെയും ദരിദ്രനെയും ഉപദ്രവിക്കുകയും പരദേശിയെ അന്യായമായി പീഡിപ്പിക്കുകയും ചെയ്യുന്നു.
30ഞാൻ ദേശത്തെ നശിപ്പിക്കാത്തവിധം അതിനു മതിൽ കെട്ടി എന്റെ മുമ്പാകെ ഇടിവിൽ നില്ക്കേണ്ടതിന് ഒരു പുരുഷനെ ഞാൻ അവരുടെ ഇടയിൽ അന്വേഷിച്ചു; ആരെയും കണ്ടില്ലതാനും.31ആകയാൽ ഞാൻ എന്റെ ക്രോധം അവരുടെമേൽ പകർന്ന് എന്റെ കോപാഗ്നികൊണ്ട് അവരെ നശിപ്പിച്ചുകളഞ്ഞിരിക്കുന്നു; അവരുടെ നടപ്പിനു തക്കവിധം ഞാൻ അവർക്ക് പകരം കൊടുത്തിരിക്കുന്നു” എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.

23

1യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:2“മനുഷ്യപുത്രാ, ഒരമ്മയുടെ മക്കളായ രണ്ടു സ്ത്രീകൾ ഉണ്ടായിരുന്നു.3അവർ ഈജിപ്റ്റിൽവച്ച് പരസംഗം ചെയ്തു; യൗവനത്തിൽ തന്നെ അവർ പരസംഗം ചെയ്തു; അവിടെ വച്ച് അവരുടെ സ്തനങ്ങൾ തഴുകപ്പെട്ടു; അവരുടെ മാറിടം തലോടപ്പെട്ടു.4അവരിൽ മൂത്തവൾക്ക് ഒഹൊലാ എന്നും ഇളയവൾക്ക് ഒഹൊലീബാ എന്നും പേരായിരുന്നു; അവർ എനിക്കുള്ളവരായിരുന്നു; പുത്രന്മാരെയും പുത്രിമാരെയും പ്രസവിച്ചു; അവരുടെ പേര് ഒഹൊലാ എന്നത് ശമര്യയും ഒഹൊലീബാ എന്നത് യെരൂശലേമും ആകുന്നു.

5എന്നാൽ ഒഹൊലാ എന്നെ വിട്ട് പരസംഗം ചെയ്തു;6അവൾ തന്റെ സമീപസ്ഥരായ അശ്ശൂര്യജാരന്മാരെ മോഹിച്ചു; അവർ ധൂമ്രവസ്ത്രം ധരിച്ച ദേശാധിപതികളും സ്ഥാനാപതികളും കോമളയുവാക്കളും കുതിരപ്പുറത്തു കയറി ഓടിക്കുന്നവരുമായിരുന്നു .7അശ്ശൂര്യശ്രേഷ്ഠന്മാരായവരുമായി അവൾ വേശ്യാവൃത്തിയിൽ കഴിഞ്ഞുകൂടി; താൻ മോഹിച്ച എല്ലാവരുടെയും സകലവിഗ്രഹങ്ങളാലും അവൾ തന്നെത്തന്നെ മലിനയാക്കി.
8ഈജിപ്റ്റിൽനിന്നു കൊണ്ടുവന്ന തന്റെ വേശ്യാവൃത്തിയും അവൾ ഉപേക്ഷിച്ചില്ല; അവർ അവളുടെ യൗവനത്തിൽ അവളോടുകൂടി ശയിച്ച്, അവളുടെ മാറിടം തലോടി, തങ്ങളുടെ പരസംഗത്തിന് അവളെ ഉപകരണമാക്കി.9അതുകൊണ്ട് ഞാൻ അവളെ അവളുടെ ജാരന്മാരുടെ കൈയിൽ, അവൾ മോഹിച്ചിരുന്ന അശ്ശൂര്യരുടെ കൈയിൽ തന്നെ, ഏല്പിച്ചു.10അവർ അവളുടെ നഗ്നത അനാവരണം ചെയ്തു; അവളുടെ പുത്രന്മാരെയും പുത്രിമാരെയും പിടിക്കുകയും അവളെ വാൾകൊണ്ട് കൊല്ലുകയും ചെയ്തു; അവർ അവളുടെമേൽ വിധി നടത്തിയതുകൊണ്ട് അവൾ സ്ത്രീകളുടെ ഇടയിൽ ഒരു നിന്ദാപാത്രമായിത്തീർന്നു.
11എന്നാൽ അവളുടെ സഹോദരിയായ ഒഹൊലീബാ ഇതു കണ്ടു എങ്കിലും, തന്റെ കാമവികാരത്തിൽ അവളെക്കാളും, തന്റെ വേശ്യാവൃത്തിയിൽ സഹോദരിയുടെ വേശ്യവൃത്തിയെക്കാളും അധികം വഷളത്തം പ്രവർത്തിച്ചു.12മോടിയായി ഉടുത്തുചമഞ്ഞ ദേശാധിപതികളും സ്ഥാനാപതികളും കുതിരപ്പുറത്തു കയറി ഓടിക്കുന്നവരും കോമളയുവാക്കന്മാരുമായ, സമീപസ്ഥരായ എല്ലാ അശ്ശൂര്യരെയും അവൾ മോഹിച്ചു,13അവളും തന്നെത്തന്നെ മലിനയാക്കി എന്ന് ഞാൻ കണ്ടു; ഇരുവരും ഒരേ വഴിയിൽ തന്നെ നടന്നു.
14അവൾ പിന്നെയും പരസംഗം ചെയ്തുകൊണ്ടിരുന്നു; ചുവപ്പുചായംകൊണ്ട് എഴുതിയ കല്ദയരുടെ ചിത്രങ്ങൾ,15കല്ദയദേശം ജന്മഭൂമിയായുള്ള ബാബേല്ക്കാരുടെ രൂപത്തിൽ അരയ്ക്ക് കച്ചകെട്ടി, തലയിൽ തലപ്പാവു ചുറ്റി, പ്രഭുക്കന്മാരെപ്പോലെ കാണപ്പെട്ട പുരുഷന്മാരുടെ ചിത്രങ്ങളെ തന്നെ ചുവരിന്മേൽ വരച്ചിരിക്കുന്നത് അവൾ കണ്ടു.
16കണ്ട ഉടനെ അവൾ അവരെ മോഹിച്ച്, കല്ദയദേശത്തേക്ക് അവരുടെ അടുക്കൽ ദൂതന്മാരെ അയച്ചു.17അങ്ങനെ ബാബേല്ക്കാർ പ്രേമശയനത്തിനായി അവളുടെ അടുക്കൽ വന്ന് പരസംഗംകൊണ്ട് അവളെ മലിനയാക്കി; അവൾ അവരാൽ മലിനയായിത്തീർന്നു; പിന്നെ അവൾക്ക് അവരോട് വെറുപ്പുതോന്നി.
18ഇങ്ങനെ അവൾ തന്റെ പരസംഗം വെളിപ്പെടുത്തി തന്റെ നഗ്നത അനാവരണം ചെയ്തപ്പോൾ, എനിക്ക് അവളുടെ സഹോദരിയോട് വെറുപ്പു തോന്നിയതുപോലെ അവളോടും വെറുപ്പു തോന്നി.19എന്നിട്ടും അവൾ ഈജിപ്റ്റിൽവച്ച് പരസംഗം ചെയ്ത തന്റെ യൗവനകാലം ഓർത്ത് പരസംഗം വർദ്ധിപ്പിച്ചു.
20കഴുതകളുടെ ലിംഗംപോലെ ലിംഗവും കുതിരകളുടെ ബീജസ്രവണംപോലെ ബീജസ്രവണവും ഉള്ള ജാരന്മാരെ അവൾ മോഹിച്ചു.21ഇങ്ങനെ നിന്റെ യൗവനസ്തനങ്ങൾ നിമിത്തം ഈജിപ്റ്റുകാർ നിന്റെ സ്തനാഗ്രങ്ങൾ തലോടിയ നിന്റെ യൗവനത്തിലെ ദുഷ്കർമ്മം നീ തിരിഞ്ഞുനോക്കി.
22അതുകൊണ്ട് ഒഹൊലീബയേ, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ബാബേല്ക്കാർ, കല്ദയർ, പെക്കോദ്യർ, ശോവ്യർ,23കോവ്യർ, അശ്ശൂര്യർ എന്നിങ്ങനെയുള്ള കോമളയുവാക്കളും ദേശാധിപതികളും സ്ഥാനാപതികളും പ്രഭുക്കന്മാരും കീർത്തികേട്ടവരും കുതിരപ്പുറത്തു കയറി ഓടിക്കുന്നവരുമായി, നിനക്ക് വെറുപ്പു തോന്നിയിരിക്കുന്ന നിന്റെ ജാരന്മാരെ ഞാൻ നിനക്കു വിരോധമായി ഉണർത്തി എല്ലാവശത്തുനിന്നും നിന്റെ നേരെ വരുത്തും.
24അവർ അനവധി രഥങ്ങളും വാഹനങ്ങളും ഒരു ജനസമൂഹവുമായി നിന്റെ നേരെ വരും; അവർ പരിചയും പലകയും പിടിച്ച് ശിരസ്ത്രം ധരിച്ച് നിന്നെ വന്നു വളയും; ഞാൻ ന്യായവിധി അവരെ ഭരമേല്പിക്കും; അവർ അവരുടെ ന്യായങ്ങൾക്ക് അനുസരിച്ച് നിന്നെ ന്യായം വിധിക്കും.25ഞാൻ എന്റെ തീക്ഷ്ണത നിന്റെ നേരെ പ്രയോഗിക്കും; അവർ ക്രോധത്തോടെ നിന്നോടു പെരുമാറും; അവർ നിന്റെ മൂക്കും ചെവിയും ചെത്തിക്കളയും; നിനക്കു ശേഷിക്കുന്നവർ വാൾകൊണ്ടു വീഴും; അവർ നിന്റെ പുത്രന്മാരെയും പുത്രിമാരെയും പിടിച്ചു കൊണ്ടുപോകും; നിനക്കു ശേഷിക്കുന്നവർ തീയാൽ ദഹിപ്പിക്കപ്പെടും.
26അവർ നിന്റെ വസ്ത്രം ഉരിഞ്ഞ് ആഭരണങ്ങൾ എടുത്തുകളയും.27ഇങ്ങനെ ഞാൻ നിന്റെ ദുർന്നടപ്പും, ഈജിപ്റ്റിൽനിന്നു കൊണ്ടുവന്ന നിന്റെ വേശ്യാവൃത്തിയും നിർത്തലാക്കും; നീ ഇനി തലപൊക്കി അവരെ നോക്കുകയില്ല; ഈജിപ്റ്റിനെ ഓർക്കുകയുമില്ല”.
28യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിന്നെ നീ പകയ്ക്കുന്നവരുടെ കൈയിൽ, നിനക്ക് വെറുപ്പു തോന്നുന്നവരുടെ കൈയിൽ തന്നെ, ഏല്പിക്കും.29അവർ പകയോടെ നിന്നോടു പെരുമാറി, നിന്റെ സമ്പാദ്യം മുഴുവനും എടുത്ത്, നിന്നെ നഗ്നയും അനാവൃതയും ആക്കിവിടും; അങ്ങനെ നിന്റെ വേശ്യാവൃത്തിയുടെ നഗ്നതയും നിന്റെ ദുർന്നടപ്പും പരസംഗങ്ങളും വെളിപ്പെട്ടുവരും.
30നീ ജനതകളോടു ചേർന്ന് പരസംഗം ചെയ്തതുകൊണ്ടും അവരുടെ വിഗ്രഹങ്ങളാൽ നിന്നെത്തന്നെ മലിനയാക്കിയതുകൊണ്ടും ഇത് നിനക്കു ഭവിക്കും.31നീ സഹോദരിയുടെ വഴിയിൽ നടന്നതുകൊണ്ട് ഞാൻ അവളുടെ പാനപാത്രം നിന്റെ കൈയിൽ തരും”.
32യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ സഹോദരിയുടെ ആഴവും വിസ്താരവും ഉള്ള പാനപാത്രത്തിൽനിന്നു കുടിച്ച് നിന്ദയ്ക്കും പരിഹാസത്തിനും വിഷയമായിത്തീരും; അതിൽ വളരെ കൊള്ളുമല്ലോ.
33ഭീതിയും ശൂന്യതയുമുള്ള പാനപാത്രമായി, നിന്റെ സഹോദരി ശമര്യയുടെ പാനപാത്രമായ ലഹരിയും ദുഃഖവുംകൊണ്ട് നീ നിറഞ്ഞിരിക്കുന്നു.34നീ അതു കുടിച്ചു വറ്റിച്ച് ഉടച്ച് കഷണങ്ങളെ നക്കി നിന്റെ സ്തനങ്ങളെ കീറിക്കളയും; ഞാൻ അത് കല്പിച്ചിരിക്കുന്നു” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
35ആകയാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ എന്നെ മറന്ന് എന്നെ നിന്റെ പിമ്പിൽ എറിഞ്ഞുകളയുകകൊണ്ട് നീ നിന്റെ ദുർന്നടപ്പും പരസംഗവും വഹിക്കുക”.
36പിന്നെയും യഹോവ എന്നോടു അരുളിച്ചെയ്തത്: “മനുഷ്യപുത്രാ, നീ ഒഹൊലയെയും ഒഹൊലീബയെയും ന്യായംവിധിക്കുമോ? എന്നാൽ അവരുടെ മ്ലേച്ഛതകൾ അവരോട് അറിയിക്കുക.37അവർ വ്യഭിചാരം ചെയ്തു; അവരുടെ കൈയിൽ രക്തം ഉണ്ട്; അവരുടെ വിഗ്രഹങ്ങളോട് അവർ വ്യഭിചാരം ചെയ്തു; അവർ എനിക്കു പ്രസവിച്ച മക്കളെ അവയ്ക്കു ഭോജനമായി അഗ്നിപ്രവേശം ചെയ്യിച്ചു.
38ഒന്നുകൂടെ അവർ എന്നോടു ചെയ്തിരിക്കുന്നു: അന്നു തന്നെ അവർ എന്റെ വിശുദ്ധമന്ദിരത്തെ മലിനമാക്കി, എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കി.39അവർ അവരുടെ മക്കളെ വിഗ്രഹങ്ങൾക്കു വേണ്ടി കൊന്ന ശേഷം അന്നുതന്നെ അവർ എന്റെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കേണ്ടതിന് അതിലേക്കു വന്നു; ഇങ്ങനെയാകുന്നു അവർ എന്റെ ആലയത്തിന്റെ മദ്ധ്യത്തിൽ ചെയ്തത്.
40ഇതുകൂടാതെ, ദൂരത്തുനിന്നു വന്ന പുരുഷന്മാർക്ക് അവർ ആളയച്ചു; ഒരു ദൂതൻ അവരുടെ അടുക്കൽ ചെന്നയുടൻ അവർ വന്നു; അവർക്കു വേണ്ടി നീ കുളിച്ച്, കണ്ണിൽ മഷി എഴുതി, ആഭരണം അണിഞ്ഞ്,41ഭംഗിയുള്ള ഒരു കട്ടിലിന്മേൽ ഇരുന്നു, അതിന്റെ മുമ്പിൽ ഒരു മേശ ഒരുക്കി, അതിന്മേൽ എന്റെ കുന്തുരുക്കവും എണ്ണയും വച്ചു.
42നിർഭയമായിരിക്കുന്ന ഒരു പുരുഷാരത്തിന്റെ ഘോഷം അവളോടുകൂടി ഉണ്ടായിരുന്നു; ജനസമൂഹത്തിലെ പുരുഷന്മാരുടെ അടുക്കൽ അവർ ആളയച്ച്, മരുഭൂമിയിൽനിന്നു മദ്യപന്മാരെ വരുത്തി; അവർ അവരുടെ കൈകളിൽ വളയിടുകയും തലയിൽ ഭംഗിയുള്ള കിരീടങ്ങൾ വയ്ക്കുകയും ചെയ്തു”.
43അപ്പോൾ വ്യഭിചാരവൃത്തികൊണ്ട് വൃദ്ധയായവളെക്കുറിച്ച് ഞാൻ: “ഇപ്പോൾ അവർ അവളോടും അവൾ അവരോടും പരസംഗം ചെയ്യുമോ?” എന്ന് പറഞ്ഞു.44അങ്ങനെ വേശ്യയുടെ അടുക്കൽ ചെല്ലുന്നതുപോലെ അവർ അവളുടെ അടുക്കൽ ചെന്നു; അതെ അവർ കാമുകികളായ ഒഹൊലയുടെ അടുക്കലും ഒഹൊലീബയുടെ അടുക്കലും ചെന്നു.45എന്നാൽ നീതിമാന്മാരായ പുരുഷന്മാർ, വ്യഭിചാരിണികൾക്കും രക്തപാതകികൾക്കും തക്ക ന്യായപ്രകാരം അവരെ ന്യായം വിധിക്കും; അവർ വ്യഭിചാരിണികളല്ലയോ; അവരുടെ കൈയിൽ രക്തവും ഉണ്ട്.
46യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അവരുടെ നേരെ ഒരു സഭ കൂട്ടി അവരെ പരിഭ്രമത്തിനും കവർച്ചയ്ക്കും ഏല്പിക്കും.47ആ സഭ അവരെ കല്ലെറിഞ്ഞ് വാൾകൊണ്ടു വെട്ടിക്കളയും; അവരുടെ പുത്രന്മാരെയും പുത്രിമാരെയും അവർ കൊന്ന് അവരുടെ വീടുകൾ തീവച്ച് ചുട്ടുകളയും.
48ഇങ്ങനെ നിങ്ങളുടെ ദുർന്നടപ്പുപോലെ ചെയ്യാതിരിക്കുവാൻ സകലസ്ത്രീകളും ഒരു പാഠം പഠിക്കേണ്ടതിന് ഞാൻ ദുർന്നടപ്പ് ദേശത്തുനിന്ന് നീക്കിക്കളയും.49അങ്ങനെ അവർ നിങ്ങളുടെ ദുർന്നടപ്പിനു തക്കവണ്ണം നിങ്ങൾക്കു പകരം ചെയ്യും; നിങ്ങൾ നിങ്ങളുടെ വിഗ്രഹങ്ങളുടെ പാപങ്ങളെ ചുമക്കേണ്ടിവരും; ഞാൻ യഹോവയായ കർത്താവ് എന്നു നിങ്ങൾ അറിയും”.

24

1ഒമ്പതാം ആണ്ട് പത്താം മാസം, പത്താം തീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:2“മനുഷ്യപുത്രാ, ഈ തീയതി ഇന്നത്തെ തീയതി തന്നെ, എഴുതിവയ്ക്കുക; ഇന്നുതന്നെ ബാബേൽരാജാവ് യെരൂശലേമിനെ ആക്രമിച്ചിരിക്കുന്നു.

3നീ മത്സരഗൃഹത്തോട് ഒരു ഉപമ പ്രസ്താവിച്ചു പറയേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ ഒരു കുട്ടകം അടുപ്പത്തു വച്ച് അതിൽ വെള്ളം ഒഴിക്കുക.4മാംസക്കഷണങ്ങൾ, തുട, കൈക്കുറക് മുതലായ നല്ല കഷണങ്ങളെല്ലാം തന്നെ എടുത്ത് അതിൽ ഇടുക; ഉത്തമമായ അസ്ഥിക്കഷണങ്ങൾകൊണ്ട് അത് നിറയ്ക്കുക.5ആട്ടിൻ കൂട്ടത്തിൽനിന്ന് വിശേഷമായതിനെ പിടിച്ചുകൊണ്ടുവന്ന്, അതിന്റെ കീഴിൽ വിറകടുക്കി അതിനെ നല്ലവണ്ണം പുഴുങ്ങുക; അതിന്റെ അസ്ഥികൾ അതിനകത്തു കിടന്ന് വേകട്ടെ”.
6അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “അകത്തു ക്ലാവുള്ളതും ക്ലാവു വിട്ടുപോകാത്തതുമായ കുട്ടകത്തിന്, രക്തപാതകമുള്ള നഗരത്തിനു തന്നെ, അയ്യോ കഷ്ടം! അതിനെ കഷണംകഷണമായി പുറത്തെടുക്കുക; ചീട്ട് അതിന്മേൽ വീണിട്ടില്ല.
7അവൾ ചൊരിഞ്ഞിരിക്കുന്ന രക്തം അവളുടെ മദ്ധ്യത്തിൽ ഉണ്ട്; അവൾ അതു വെറും പാറമേലാകുന്നു ചൊരിഞ്ഞത്; മണ്ണുകൊണ്ടു മൂടത്തക്കവിധം അവൾ അതു നിലത്ത് ഒഴിച്ചില്ല.8ക്രോധം വരുത്തേണ്ടതിനും പ്രതികാരം ചെയ്യേണ്ടതിനും ഞാൻ, അവൾ ചൊരിഞ്ഞ രക്തം മൂടിപ്പോകാത്തറ്വണ്ണം അതിനെ വെറും പാറമേൽ തന്നെ നിർത്തിയിരിക്കുന്നു”.
9അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “രക്തപാതകങ്ങളുടെ നഗരത്തിന് അയ്യോ കഷ്ടം! ഞാൻ വിറകുകൂമ്പാരം വലുതാക്കും.10വിറകു കൂട്ടുക; തീ കത്തിക്കുക; മാംസം വേകട്ടെ; ചാറു കുറുകട്ടെ; അസ്ഥികൾ വെന്തുപോകട്ടെ.
11അതിന്റെ താമ്രം കാഞ്ഞു വെന്തുപോകേണ്ടതിനും, അതിന്റെ കറ അതിൽ ഉരുകി അതിന്റെ ക്ലാവു ഇല്ലാതെയാകേണ്ടതിനും അതിലെ വസ്തുക്കൾ നീക്കം ചെയ്ത്, അത് കനലിന്മേൽ വയ്ക്കുക.12അവൾ അദ്ധ്വാനംകൊണ്ടു തളർന്നുപോയി; അവളുടെ കനത്ത ക്ലാവ് അവളെ വിട്ടുപോകുന്നില്ല. അവളുടെ ക്ലാവ് തീയിലും വിട്ടുപോകുന്നില്ല.
13നിന്റെ മലിനമായ ദുർന്നടപ്പുനിമിത്തം ഞാൻ നിന്നെ ശുദ്ധീകരിച്ചിട്ടും നീ ശുദ്ധമാകാത്തതിനാൽ, ഞാൻ എന്റെ ക്രോധം നിന്റെമേൽ തീർക്കുവോളം ഇനി നിന്റെ മലിനത നീങ്ങി നീ ശുദ്ധയായിത്തീരുകയില്ല.
14യഹോവയായ ഞാൻ അത് അരുളിച്ചെയ്തിരിക്കുന്നു; അത് സംഭവിക്കും; ഞാൻ അത് അനുഷ്ഠിക്കും; ഞാൻ പിന്മാറുകയില്ല, ആദരിക്കുകയില്ല, സഹതപിക്കുകയുമില്ല, നിന്റെ നടപ്പിനും ക്രിയകൾക്കും തക്കവിധം അവർ നിന്നെ ന്യായം വിധിക്കും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.

15യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:16“മനുഷ്യപുത്രാ, ഞാൻ നിന്റെ കണ്ണിന്റെ ആനന്ദമായവളെ ഒറ്റ അടിയാൽ തന്നെ നിന്നിൽനിന്ന് എടുത്തുകളയും; നീ വിലപിക്കുകയോ കരയുകയോ കണ്ണുനീർ വാർക്കുകയോ ചെയ്യരുത്.17നീ മൗനമായി നെടുവീർപ്പിട്ടുകൊള്ളുക; മരിച്ചവൾക്കുവേണ്ടി വിലാപം കഴിക്കരുത്; തലയ്ക്കു തലപ്പാവു കെട്ടി കാലിനു ചെരിപ്പിടുക; അധരം മൂടരുത്; മറ്റുള്ളവർ കൊടുത്തയയ്ക്കുന്ന അപ്പം തിന്നുകയും അരുത്”.
18അങ്ങനെ ഞാൻ രാവിലെ ജനത്തോടു സംസാരിച്ചു; വൈകുന്നേരത്ത് എന്റെ ഭാര്യ മരിച്ചു; എന്നോടു കല്പിച്ചതുപോലെ ഞാൻ പിറ്റെദിവസം രാവിലെ ചെയ്തു.
19അപ്പോൾ ജനം എന്നോട്: “നീ ഈ ചെയ്യുന്നതിന്റെ അർത്ഥം എന്ത്? ഞങ്ങൾക്കു പറഞ്ഞുതരുകയില്ലയോ” എന്ന് ചോദിച്ചു.20അതിന് ഞാൻ അവരോട് ഉത്തരം പറഞ്ഞത്: “യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:21നീ യിസ്രായേൽഗൃഹത്തോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ഗർവ്വത്തോടെ അഭിമാനിക്കുന്നതും നിങ്ങളുടെ കണ്ണിന്റെ ആനന്ദവും നിങ്ങളുടെ ഹൃദയത്തിന്റെ വാഞ്ഛയും ആയിരിക്കുന്ന എന്റെ വിശുദ്ധമന്ദിരത്തെ ഞാൻ അശുദ്ധമാക്കും; നിങ്ങൾ വിട്ടിട്ടുപോകുന്ന നിങ്ങളുടെ പുത്രന്മാരും പുത്രിമാരും വാൾകൊണ്ടു വീഴും.
22ഞാൻ ചെയ്തതുപോലെ നിങ്ങളും അന്നു ചെയ്യും; നിങ്ങൾ അധരം മൂടാതെയും മറ്റുള്ളവർ കൊടുത്തയയ്ക്കുന്ന അപ്പം തിന്നാതെയും ഇരിക്കും.23നിങ്ങളുടെ തലപ്പാവു തലയിലും ചെരിപ്പ് കാലിലും ഇരിക്കും; നിങ്ങൾ വിലപിക്കുകയോ കരയുകയോ ചെയ്യാതെ നിങ്ങളുടെ അകൃത്യങ്ങളിൽ തന്നെ ക്ഷയിച്ച്, തമ്മിൽ തമ്മിൽ നോക്കി ഞരങ്ങും.24ഇങ്ങനെ യെഹെസ്കേൽ നിങ്ങൾക്ക് ഒരടയാളം ആയിരിക്കും; അവൻ ചെയ്തതുപോലെ എല്ലാം നിങ്ങളും ചെയ്യും; അതു സംഭവിക്കുമ്പോൾ ഞാൻ യഹോവയായ കർത്താവ് എന്നു നിങ്ങൾ അറിയും”.

25“മനുഷ്യപുത്രാ, അവരുടെ ശരണവും അവരുടെ മഹത്ത്വമുള്ള സന്തോഷവും അവരുടെ കണ്ണിന്റെ ആനന്ദവും അവരുടെ ഹൃദയവാഞ്ഛയും ആയിരിക്കുന്നതിനെയും അവരുടെ പുത്രന്മാരെയും പുത്രിമാരെയും ഞാൻ അവരിൽനിന്ന് എടുത്തുകളയുന്ന നാളിൽ,26ആ നാളിൽ തന്നെ, രക്ഷപെട്ടുപോകുന്ന ഒരുത്തൻ നിന്റെ അടുക്കൽ വന്ന് വസ്തുത നിന്നെ പറഞ്ഞു കേൾപ്പിക്കും;27രക്ഷപെട്ടുപോകുന്നവനോടു സംസാരിക്കുവാൻ അന്നു നിന്റെ വായ് തുറക്കും; നീ ഇനി മൗനമായിരിക്കാതെ സംസാരിക്കും; അങ്ങനെ നീ അവർക്ക് ഒരു അടയാളമായിരിക്കും; ഞാൻ യഹോവ എന്ന് അവർ അറിയും”.

25

1“യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത എന്തെന്നാൽ:2മനുഷ്യപുത്രാ, നീ അമ്മോന്യരുടെനേരെ മുഖംതിരിച്ച് അവരെക്കുറിച്ചു പ്രവചിച്ച് അവരോടു പറയേണ്ടത്:

3"യഹോവയായ കർത്താവിന്റെ വചനം കേൾക്കുവിൻ; യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘എന്റെ വിശുദ്ധമന്ദിരം അശുദ്ധമായിത്തീർന്നപ്പോൾ നീ അതിനെയും, യിസ്രായേൽദേശം ശൂന്യമായിത്തീർന്നപ്പോൾ അതിനെയും, യെഹൂദാഗൃഹം പ്രവാസത്തിലേക്കു പോയപ്പോൾ അവരെയും ചൊല്ലി ‘നന്നായി’ എന്ന് പറഞ്ഞതുകൊണ്ട്4ഞാൻ നിന്നെ കിഴക്കുള്ളവർക്ക് കൈവശമാക്കിക്കൊടുക്കും; അവർ നിന്നിൽ പാളയമടിച്ച്, നിവാസങ്ങളെ ഉണ്ടാക്കും; അവർ നിന്റെ ഫലം തിന്നുകയും നിന്റെ പാല് കുടിക്കുകയും ചെയ്യും.5ഞാൻ രബ്ബയെ ഒട്ടകങ്ങൾക്ക് മേച്ചിൽസ്ഥലവും അമ്മോനിനെ ആട്ടിൻകൂട്ടങ്ങൾക്കു താവളവും ആക്കും; ഞാൻ യഹോവ എന്ന് നിങ്ങൾ അറിയും”.
6യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേൽദേശത്തെക്കുറിച്ചു നീ കൈകൊട്ടി കാലുകൊണ്ടു ചവിട്ടി സർവ്വനിന്ദയോടുംകൂടി ഹൃദയപൂർവ്വം സന്തോഷിച്ചതുകൊണ്ട്,7ഞാൻ നിന്റെ നേരെ കൈ നീട്ടി നിന്നെ ജനതകൾക്കു കവർച്ചയായി കൊടുക്കും; ഞാൻ നിന്നെ വംശങ്ങളിൽനിന്നു ഛേദിച്ച് ദേശങ്ങളിൽ നിന്നു മുടിച്ച് നശിപ്പിച്ചുകളയും; ഞാൻ യഹോവ എന്ന് നീ അറിയും”.
8യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “യെഹൂദാഗൃഹം സകല ജനതകളെയുംപോലെ തന്നെ’ എന്ന് മോവാബും സേയീരും പറയുന്നതുകൊണ്ട്,9ഞാൻ മോവാബിന്റെ പാർശ്വത്തെ അതിന്റെ അതിർത്തികളിലുള്ള പട്ടണങ്ങളായി ദേശത്തിന്റെ മഹത്ത്വമായ ബേത്ത്-യെശീമോത്ത്, ബാൽ-മെയോൻ, കീര്യഥയീം എന്നീ പട്ടണങ്ങൾമുതൽ തുറന്നുവച്ചു10അവയെ അമ്മോന്യർ ജനതകളുടെ ഇടയിൽ ഓർക്കപ്പെടാത്തവിധം ആയിരിക്കേണ്ടതിന് അമ്മോന്യരോടുകൂടി കിഴക്കുള്ളവർക്ക് കൈവശമാക്കിക്കൊടുക്കും.11ഇങ്ങനെ ഞാൻ മോവാബിൽ ന്യായവിധി നടത്തും; ഞാൻ യഹോവ എന്നു അവർ അറിയും”.

12യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഏദോം യെഹൂദാഗൃഹത്തോടു പ്രതികാരം ചെയ്ത് ഏറ്റവുമധികം കുറ്റക്കാരായിരിക്കുന്നു”.13അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു; “ഞാൻ ഏദോമിന്റേ നേരെ കൈ നീട്ടി അതിൽനിന്ന് മനുഷ്യനെയും മൃഗത്തെയും ഛേദിച്ച് അതിനെ ശൂന്യമാക്കിക്കളയും; തേമാൻ മുതൽ ദേദാൻ വരെ അവർ വാളിനാൽ വീഴും.
14ഞാൻ എന്റെ ജനമായ യിസ്രായേൽമുഖാന്തരം എദോമിനോടു പ്രതികാരം നടത്തും; അവർ എന്റെ കോപത്തിനും എന്റെ ക്രോധത്തിനും തക്കവിധം എദോമിനോടു ചെയ്യും; അപ്പോൾ അവർ എന്റെ പ്രതികാരം അറിയും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.

15യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഫെലിസ്ത്യർ പ്രതികാരം ചെയ്ത് പൂർവ്വദ്വേഷത്തോടും നാശം വരുത്തുവാൻ നിന്ദാഹൃദയത്തോടും കൂടി പകരം വീട്ടിയിരിക്കുകകൊണ്ട്16യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഫെലിസ്ത്യരുടെ നേരെ കൈ നീട്ടി ക്രേത്യരെ സംഹരിച്ച് കടല്ക്കരയിൽ ശേഷിപ്പുള്ളവരെ നശിപ്പിച്ചുകളയും.17ഞാൻ ക്രോധശിക്ഷകളോടു കൂടി അവരോട് മഹാപ്രതികാരം നടത്തും; ഞാൻ പ്രതികാരം നടത്തുമ്പോൾ, ഞാൻ യഹോവ എന്ന് അവർ അറിയും”.

26

1പതിനൊന്നാം ആണ്ട് ഒന്നാം തീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:2“മനുഷ്യപുത്രാ, യെരൂശലേമിനെക്കുറിച്ച്: ‘നന്നായി, ജനതകളുടെ വാതിലായിരുന്നവൾ തകർന്നുപോയി; അവൾ എന്നിലേക്കു തിരിഞ്ഞിരിക്കുന്നു; അവൾ ശൂന്യമായിത്തീർന്നിരിക്കുകയാൽ ഞാൻ നിറയും’ എന്ന് സോർ പറയുന്നതുകൊണ്ട്

3യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: സോരേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു; സമുദ്രം തന്റെ തിരകളെ കയറിവരുമാറാക്കുന്നതുപോലെ ഞാൻ അനേകം ജനതകളെ നിന്റെ നേരെ പുറപ്പെട്ടുവരുമാറാക്കും.4അവർ സോരിന്റെ മതിലുകൾ നശിപ്പിച്ച്, അതിന്റെ ഗോപുരങ്ങളെ ഇടിച്ചുകളയും; ഞാൻ അതിന്റെ പൊടി അടിച്ചുവാരിക്കളഞ്ഞ് അതിനെ വെറും പാറയാക്കും.
5അതു സമുദ്രത്തിന്റെ നടുവിൽ വലവിരിക്കുന്നതിനുള്ള സ്ഥലമായിത്തീരും; ഞാൻ അത് അരുളിച്ചെയ്തിരിക്കുന്നു” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്; “അത് ജനതകൾക്കു കവർച്ചയായിത്തീരും.6നാട്ടിൻപുറത്തുള്ള അതിന്റെ പുത്രിമാർ വാളാൽ കൊല്ലപ്പെടും; ഞാൻ യഹോവ എന്ന് അവർ അറിയും”.
7യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ വടക്കുനിന്ന് രാജാധിരാജാവായ നെബൂഖദ്നേസർ എന്ന ബാബേൽരാജാവിനെ കുതിരകളോടും രഥങ്ങളോടും കുതിരച്ചേവകരോടും ജനസമൂഹത്തോടും വളരെ പടജ്ജനത്തോടും കൂടി സോരിനുനേരെ വരുത്തും.8അവൻ നാട്ടിൻപുറത്തുള്ള നിന്റെ പുത്രിമാരെ വാൾകൊണ്ടു കൊല്ലും; അവൻ നിന്റെ നേരെ ഉപരോധമതിലുകൾ പണിത്, മൺകൂനകൾ ഉയർത്തും.
9അവൻ നിന്റെ മതിലുകളുടെ നേരെ യന്ത്രമുട്ടികൾ വച്ച് കോടാലികൊണ്ടു നിന്റെ ഗോപുരങ്ങൾ തകർത്തുകളയും.10അവന്റെ കുതിരകളുടെ പെരുപ്പംകൊണ്ട് ഉയരുന്ന പൊടി നിന്നെ മൂടും; മതിൽ ഇടിഞ്ഞുകിടക്കുന്ന പട്ടണത്തിലേക്കു കടക്കുന്നതുപോലെ അവൻ നിന്റെ ഗോപുരങ്ങളിൽകൂടി കടക്കുമ്പോൾ കുതിരച്ചേവകരുടെയും ചക്രങ്ങളുടെയും രഥങ്ങളുടെയും മുഴക്കംകൊണ്ട് നിന്റെ മതിലുകൾ കുലുങ്ങിപ്പോകും.11തന്റെ കുതിരകളുടെ കുളമ്പുകൊണ്ട് അവൻ നിന്റെ സകലവീഥികളെയും മെതിച്ചുകളയും; നിന്റെ ജനത്തെ അവൻ വാൾകൊണ്ടു കൊല്ലും; നിന്റെ ബലമുള്ള തൂണുകൾ നിലത്തു വീണുകിടക്കും.
12അവർ നിന്റെ സമ്പത്തു കവർന്ന് നിന്റെ ചരക്കു കൊള്ളയിട്ട് നിന്റെ മതിലുകൾ ഇടിച്ച് നിന്റെ മനോഹരഭവനങ്ങൾ നശിപ്പിക്കും; നിന്റെ കല്ലും മരവും മണ്ണും എല്ലാം അവർ വെള്ളത്തിൽ ഇട്ടുകളയും.13നിന്റെ സംഗീതഘോഷം ഞാൻ ഇല്ലാതെയാക്കും; നിന്റെ വീണകളുടെ നാദം ഇനി കേൾക്കുകയുമില്ല.14ഞാൻ നിന്നെ വെറും പാറയാക്കും; നീ വലവിരിക്കുവാനുള്ള സ്ഥലമായിത്തീരും; നിന്നെ ഇനി പണിയുകയില്ല; യഹോവയായ ഞാൻ അതു കല്പിച്ചിരിക്കുന്നു” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.

15യഹോവയായ കർത്താവ് സോരിനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിഹതന്മാർ ഞരങ്ങുമ്പോഴും നിന്റെ മദ്ധ്യത്തിൽ സംഹാരം നടക്കുമ്പോഴും നിന്റെ വീഴ്ചയുടെ ശബ്ദത്താൽ ദ്വീപുകൾ നടുങ്ങിപ്പോകുകയില്ലയോ?16അപ്പോൾ സമുദ്രത്തിലെ സകലപ്രഭുക്കന്മാരും സിംഹാസനം വിട്ടിറങ്ങി, അങ്കികൾ നീക്കി വിചിത്രവസ്ത്രങ്ങൾ അഴിച്ചുവയ്ക്കും; അവർ വിറയൽപൂണ്ട് നിലത്തിരുന്ന് നിമിഷംതോറും വിറച്ചുകൊണ്ട് നിന്നെക്കുറിച്ചു സ്തംഭിച്ചുപോകും.
17അവർ നിന്നെച്ചൊല്ലി ഒരു വിലാപം തുടങ്ങി നിന്നെക്കുറിച്ചു പറയും: ‘സമുദ്രസഞ്ചാരികൾ വസിച്ചതും കീർത്തികേട്ടതുമായ പട്ടണമേ, നീ എങ്ങനെ നശിച്ചിരിക്കുന്നു; നീയും നിന്റെ നിവാസികളും സമുദ്രത്തിൽ പ്രാബല്യം പ്രാപിച്ചിരുന്നു; അതിലെ സകലനിവാസികൾക്കും നിങ്ങളെ പേടി ആയിരുന്നുവല്ലോ!18ഇപ്പോൾ നിന്റെ വീഴ്ചയുടെ നാളിൽ ദ്വീപുകൾ വിറയ്ക്കും; അതെ, സമുദ്രത്തിലെ ദ്വീപുകൾ നിന്റെ തകർച്ചയിൽ ഭ്രമിച്ചുപോകും”.
19യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിന്നെ നിവാസികൾ ഇല്ലാത്ത പട്ടണങ്ങളെപ്പോലെ ശൂന്യപട്ടണം ആക്കുമ്പോഴും ഞാൻ നിന്റെമേൽ ആഴിയെ വരുത്തി പെരുവെള്ളം നിന്നെ മൂടുമ്പോഴും,20ഞാൻ നിന്നെ കുഴിയിൽ ഇറങ്ങുന്നവരോടുകൂടി പുരാതനജനത്തിന്റെ അടുക്കൽ ഇറക്കുകയും നിനക്കു നിവാസികൾ ഇല്ലാതെയിരിക്കേണ്ടതിനും നീ ജീവനുള്ളവരുടെ ദേശത്തു നിലനില്ക്കാതെയിരിക്കേണ്ടതിനും ഞാൻ നിന്നെ ഭൂമിയുടെ അധോഭാഗങ്ങളിൽ, പുരാതനശൂന്യങ്ങളിൽ തന്നെ, കുഴിയിൽ ഇറങ്ങുന്നവരോടുകൂടി താമസിപ്പിക്കുകയും ചെയ്യും.21ഞാൻ നിനക്ക് ഭീതിജനകമായ അവസാനം വരുത്തും; നീ ഇല്ലാതെയാകും; നിന്നെ അന്വേഷിച്ചാലും ഇനി ഒരിക്കലും നിന്നെ കണ്ടെത്തുകയില്ല” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.

27

1യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:2“മനുഷ്യപുത്രാ, നീ സോരിനെക്കുറിച്ച് ഒരു വിലാപം തുടങ്ങി സോരിനോടു പറയേണ്ടത്:3‘തുറമുഖങ്ങളിൽ വസിക്കുന്നവളും ഏറിയ ദ്വീപുകളിലെ ജനതകളുടെ വ്യാപാരിയും ആയ സോരേ, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ഞാൻ പൂർണ്ണസുന്ദരിയാകുന്നു” എന്ന് നീ പറഞ്ഞിരിക്കുന്നു.

4നിന്റെ രാജ്യം സമുദ്രമദ്ധ്യത്തിൽ ഇരിക്കുന്നു; നിന്നെ നിർമ്മിച്ചവർ നിന്റെ സൗന്ദര്യത്തെ പരിപൂർണ്ണമാക്കിയിരിക്കുന്നു.5സെനീരിലെ സരളമരംകൊണ്ട് അവർ നിന്റെ തട്ടുപലകകൾ പണിതു; നിനക്ക് പാമരം ഉണ്ടാക്കേണ്ടതിന് അവർ ലെബാനോനിൽനിന്നു ദേവദാരു കൊണ്ടുവന്നു.
6ബാശാനിലെ കരുവേലകംകൊണ്ട് അവർ നിന്റെ തണ്ടുകൾ ഉണ്ടാക്കി; കിത്തീംദ്വീപുകളിലെ പുന്നമരത്തിൽ ആനക്കൊമ്പു പതിച്ച് നിനക്ക് തട്ടുണ്ടാക്കിയിരിക്കുന്നു.7നിനക്ക് കൊടി ആയിരിക്കേണ്ടതിന് നിന്റെ കപ്പൽപായ് ഈജിപ്റ്റിൽനിന്നുള്ള വിചിത്രശണവസ്ത്രംകൊണ്ട് ഉണ്ടാക്കിയതായിരുന്നു; എലീശാദ്വീപുകളിലെ ധൂമ്രപടവും രക്താംബരവും നിന്റെ വിതാനമായിരുന്നു.
8സീദോനിലെയും സർവ്വാദിലെയും നിവാസികൾ നിന്റെ തണ്ടുവലിക്കാരായിരുന്നു; സോരേ, നിന്നിൽ ഉണ്ടായിരുന്ന ജ്ഞാനികൾ നിന്റെ കപ്പിത്താന്മാർ ആയിരുന്നു.9ഗെബലിലെ മൂപ്പന്മാരും അതിലെ ജ്ഞാനികളും നിന്റെ 1 ഓരായപ്പണിക്കാരായിരുന്നു; നിന്റെ കച്ചവടം നടത്തേണ്ടതിന് സമുദ്രത്തിലെ എല്ലാ കപ്പലുകളും അവയുടെ കപ്പല്ക്കാരും നിന്നിൽ ഉണ്ടായിരുന്നു.
10പാർസികളും ലൂദ്യരും പൂത്യരും യോദ്ധാക്കളായി നിന്റെ സൈന്യത്തിൽ ഉണ്ടായിരുന്നു; അവർ പരിചയും ശിരസ്ത്രങ്ങളും നിന്നിൽ തൂക്കി നിനക്കു ഭംഗിപിടിപ്പിച്ചു.11അർവ്വാദ്യർ നിന്റെ സൈന്യത്തോടുകൂടി ചുറ്റും നിന്റെ മതിലുകളിന്മേലും ഗമ്മാദ്യർ നിന്റെ ഗോപുരങ്ങളിലും ഉണ്ടായിരുന്നു; അവർ നിന്റെ മതിലുകളിന്മേൽ ചുറ്റും പരിച തൂക്കി നിന്റെ സൗന്ദര്യത്തെ പരിപൂർണ്ണമാക്കി.
12തർശീശ് സകലവിധസമ്പത്തിന്റെയും പെരുപ്പംനിമിത്തം നിന്റെ വ്യാപാരിയായിരുന്നു; വെള്ളി, ഇരിമ്പ്, വെള്ളീയം, കാരീയം എന്നിവ അവർ നിന്റെ ചരക്കിനു പകരം തന്നു.13യാവാൻ, തൂബാൽ, മേശക്ക് എന്നിവർ നിന്റെ വ്യാപാരികൾ ആയിരുന്നു; അവർ ആളുകളെയും താമ്രസാധനങ്ങളെയും നിന്റെ ചരക്കിനു പകരം തന്നു.
14തോഗർമ്മാഗൃഹക്കാർ നിന്റെ ചരക്കിനു പകരം കുതിരകളെയും പടക്കുതിരകളെയും കോവർകഴുതകളെയും തന്നു.15ദെദാന്യർ നിന്റെ വ്യാപാരികളായിരുന്നു; അനേകം ദ്വീപുകൾ നിന്റെ അധീനത്തിലെ വ്യാപാരദേശങ്ങളായിരുന്നു; അവർ ആനക്കൊമ്പും കരിമരവും നിനക്ക് കപ്പമായി കൊണ്ടുവന്നു.
16നിന്റെ പണിത്തരങ്ങളുടെ പെരുപ്പംനിമിത്തം അരാം നിന്റെ വ്യാപാരി ആയിരുന്നു; അവർ മരതകവും ധൂമ്രവസ്ത്രവും വിചിത്രവസ്ത്രവും ശണവസ്ത്രവും പവിഴവും പത്മരാഗവും നിന്റെ ചരക്കിനു പകരം തന്നു.17യെഹൂദയും യിസ്രായേൽദേശവും നിന്റെ വ്യാപാരികളായിരുന്നു; അവർ മിന്നീത്തിലെ ഗോതമ്പും പലഹാരവും തേനും എണ്ണയും പരിമളതൈലവും നിന്റെ ചരക്കിനു പകരം തന്നു.18നിന്റെ പണിത്തരങ്ങളുടെയും സകലവിധസമ്പത്തിന്റെയും പെരുപ്പംനിമിത്തം,ദമാസ്ക്കസ് ഹെൽബോനിലെ വീഞ്ഞും വെളുത്ത ആട്ടുരോമവുംകൊണ്ട് നിന്നോട് വ്യാപാരം ചെയ്തു.
19വെദാന്യരും ഊസാലിലെ യാവാന്യരും നിന്റെ ചരക്കുകൊണ്ട് വ്യാപാരം ചെയ്തു; മിനുസമുള്ള ഇരിമ്പും വഴനത്തോലും വയമ്പും നിന്റെ ചരക്കിന്റെ കൂട്ടത്തിൽ ഉണ്ടായിരുന്നു.20കുതിരപ്പുറത്തിടുന്ന വിശിഷ്ടവസ്ത്രംകൊണ്ട് ദെദാൻ നിന്റെ വ്യാപാരിയായിരുന്നു;21അറബികളും കേദാർപ്രഭുക്കന്മാർ എല്ലാവരും നിനക്കധീനരായ വ്യാപാരികൾ ആയിരുന്നു; കുഞ്ഞാടുകൾ, ആട്ടുകൊറ്റന്മാർ, കോലാടുകൾ എന്നിവകൊണ്ട് അവർ നീയുമായി കച്ചവടം നടത്തി.
22ശെബയിലെയും രാമയിലെയും വ്യാപാരികൾ നിന്റെ കച്ചവടക്കാരായിരുന്നു; അവർ മേല്ത്തരമായ സകലവിധപരിമളതൈലവും സകലവിധരത്നങ്ങളും പൊന്നും നിന്റെ ചരക്കിനു പകരം തന്നു.23ഹാരാനും കല്നെയും ഏദെനും ശെബാവ്യാപാരികളും അശ്ശൂരും കില്മദും നിന്റെ കച്ചവടക്കാരായിരുന്നു.
24അവർ വിശിഷ്ടസാധനങ്ങളും ചിത്രത്തയ്യലുള്ള ധൂമ്രപ്പുതപ്പുകളും പരവതാനികളും ബലത്തിൽ പിരിച്ച കയറുകളും നിന്റെ ചരക്കിനു പകരം തന്നു.25തർശീശ് കപ്പലുകൾ നിനക്ക് ചരക്കു കൊണ്ടുവന്നു; നീ പരിപൂർണ്ണയും സമുദ്രമദ്ധ്യത്തിൽ അതിധനികയും ആയിത്തീർന്നു.
26നിന്റെ തണ്ടുവലിക്കാർ നിന്നെ പുറങ്കടലിലേക്ക് കൊണ്ടുപോയി; എന്നാൽ കിഴക്കൻ കാറ്റ് സമുദ്രമദ്ധ്യത്തിൽവച്ച് നിന്നെ ഉടച്ചുകളഞ്ഞു.27നിന്റെ സമ്പത്തും ചരക്കും കച്ചവടവും കപ്പല്ക്കാരും കപ്പിത്താന്മാരും ഓരായപ്പണിക്കാരും വ്യാപാരികളും നിന്നിലുള്ള സകലയോദ്ധാക്കളും നിന്റെ അകത്തുള്ള സർവ്വജനസമൂഹത്തോടും കൂടി നിന്റെ വീഴ്ചയുടെ നാളിൽ സമുദ്രമദ്ധ്യത്തിൽ വീഴും.
28നിന്റെ കപ്പിത്താന്മാരുടെ നിലവിളികൊണ്ട് കപ്പൽകൂട്ടങ്ങൾ നടുങ്ങിപ്പോകും.29തണ്ടുവലിക്കാർ എല്ലാവരും കപ്പല്ക്കാരും കടലിലെ കപ്പിത്താന്മാരും കപ്പലുകളിൽനിന്ന് ഇറങ്ങി കരയിൽ നില്ക്കും.30അവർ കൈപ്പോടെ ഉറക്കെ നിലവിളിച്ച് തലയിൽ പൂഴി വാരിയിട്ട് ചാരത്തിൽ കിടന്നുരുളുകയും
31നിന്നെച്ചൊല്ലി തല മുണ്ഡനം ചെയ്ത് രട്ടുടുക്കുകയും നിന്നെക്കുറിച്ച് മനോവ്യസനത്തോടും കൈപ്പുള്ള വിലാപത്തോടും കൂടി കരയുകയും ചെയ്യും.32അവരുടെ ദുഃഖത്തിൽ അവർ നിന്നെച്ചൊല്ലി ഒരു വിലാപം തുടങ്ങി, നിന്നെക്കുറിച്ചു വിലപിക്കുന്നത്: ‘സമുദ്രമദ്ധ്യത്തിൽ നശിച്ചുപോയ സോരിനെപ്പോലെ ഏതു നഗരമുള്ളു?’33നിന്റെ ചരക്ക് സമുദ്രത്തിൽ നിന്നു കയറിവന്നപ്പോൾ, നീ ഏറിയ വംശങ്ങൾക്കു തൃപ്തിവരുത്തി, നിന്റെ സമ്പത്തിന്റെയും വ്യാപാരത്തിന്റെയും പെരുപ്പംകൊണ്ട് ഭൂമിയിലെ രാജാക്കന്മാരെ സമ്പന്നന്മാരാക്കി.
34ഇപ്പോൾ നീ സമുദ്രത്തിൽനിന്ന് തകർന്നു പൊയ്പോയി; നിന്റെ വ്യാപാരസമ്പത്തും നിന്റെ അകത്തുള്ള ജനസമൂഹങ്ങളും വെള്ളത്തിന്റെ ആഴത്തിൽ വീണിരിക്കുന്നു.35ദ്വീപുവാസികളെല്ലാവരും നിന്നെക്കുറിച്ചു സ്തംഭിച്ചുപോകുന്നു; അവരുടെ രാജാക്കന്മാർ ഏറ്റവും ഭയപ്പെട്ട് മുഖം വാടി നില്ക്കുന്നു.36ജനതകൾക്കിടയിലെ വ്യാപാരികൾ നിന്നെ നിന്ദിക്കുന്നു: ‘നിനക്കു ശീഘ്രനാശം ഭവിച്ചു നീ സദാകാലത്തേക്കും ഇല്ലാതെയാകും’”.


1 27:9 വിടവുകൾ അടക്കുന്നവരായിരുന്നു

28

1യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:2“മനുഷ്യപുത്രാ, നീ സോർപ്രഭുവിനോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിന്റെ ഹൃദയം നിഗളിച്ചുപോയി; നീ ദൈവമല്ല മനുഷ്യൻ മാത്രമാകുമ്പോൾ: ‘ഞാൻ ദൈവമാകുന്നു; ഞാൻ സമുദ്രമദ്ധ്യത്തിൽ ദൈവസിംഹാസനത്തിൽ ഇരിക്കുന്നു’ എന്ന് പറഞ്ഞു.3നീ ദൈവഭാവം നടിച്ചതുകൊണ്ട് - നീ ദാനീയേലിലും ജ്ഞാനിയോ? നീ അറിയാത്തവിധം മറച്ചുവയ്ക്കാകുന്ന ഒരു രഹസ്യവുമില്ലയോ?

4നിന്റെ ജ്ഞാനംകൊണ്ടും വിവേകംകൊണ്ടും നീ ധനം സമ്പാദിച്ച് പൊന്നും വെള്ളിയും നിന്റെ ഭണ്ഡാരത്തിൽ സംഗ്രഹിച്ചു വച്ചു;5നീ മഹാജ്ഞാനംകൊണ്ട് കച്ചവടത്താൽ ധനം വർദ്ധിപ്പിച്ചു; നിന്റെ ഹൃദയം ധനംനിമിത്തം ഗർവ്വിച്ചുമിരിക്കുന്നു” -
6അതുകൊണ്ടു തന്നെ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:7നീ ദൈവഭാവം നടിക്കുകയാൽ ഞാൻ ജനതകളിൽ ഉഗ്രന്മാരായ അന്യജാതിക്കാരെ നിന്റെ നേരെ വരുത്തും; അവർ നിന്റെ ജ്ഞാനത്തിന്റെ മനോഹാരിതയ്ക്കു നേരെ വാളൂരി നിന്റെ പ്രഭയെ അശുദ്ധമാക്കും.
8അവർ നിന്നെ കുഴിയിൽ ഇറങ്ങുമാറാക്കും; നീ സമുദ്രമദ്ധ്യത്തിൽ നിഹതന്മാരെപ്പോലെ മരിക്കും.9നിന്നെ കൊല്ലുന്നവന്റെ കൈയിൽ നീ ദൈവമല്ല, മനുഷ്യൻ മാത്രം ആയിരിക്കുമ്പോൾ, നിന്നെ കൊല്ലുന്നവന്റെ മുമ്പിൽ: ‘ഞാൻ ദൈവം’ എന്ന് നീ പറയുമോ?10അന്യദേശക്കാരുടെ കൈ കൊണ്ട് നീ അഗ്രചർമ്മികളെപ്പോലെ മരിക്കും; ഞാൻ അതു കല്പിച്ചിരിക്കുന്നു” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.

11യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:12“മനുഷ്യപുത്രാ, നീ സോർരാജാവിനെക്കുറിച്ച് ഒരു വിലാപം തുടങ്ങി അവനോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു! ‘നീ പരിപൂർണ്ണതയുടെ മുദ്രയാകുന്നു; നീ ജ്ഞാനസമ്പൂർണ്ണനും സൗന്ദര്യസമ്പൂർണ്ണനും തന്നെ.13നീ ദൈവത്തിന്റെ തോട്ടമായ ഏദെനിൽ ആയിരുന്നു; താമ്രമണി, പീതരത്നം, വജ്രം, പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം, നീലക്കല്ല്, മാണിക്യം, മരതകം മുതലായ സകലരത്നങ്ങളും നിന്നെ മൂടിയിരുന്നു; നിന്നെ നിർമ്മിച്ചനാളിൽ നിന്റെ തംബുരുവിന്റെയും പുല്ലാംകുഴലിന്റെയും പണി പൊന്നുകൊണ്ടുള്ളതായിരുന്നു.
14നീ ചിറകു വിടർത്തി മറയ്ക്കുന്ന കെരൂബ് ആകുന്നു; ഞാൻ നിന്നെ വിശുദ്ധദേവപർവ്വതത്തിൽ ഇരുത്തിയിരുന്നു; നീ അഗ്നിമയരഥങ്ങളുടെ മദ്ധ്യത്തിൽ സഞ്ചരിച്ചുപോന്നു.15നിന്നെ സൃഷ്ടിച്ച നാൾമുതൽ നിന്നിൽ നീതികേട് കണ്ടതുവരെ നീ നടപ്പിൽ നഷ്കളങ്കനായിരുന്നു.
16നിന്റെ വ്യാപാരത്തിന്റെ പെരുപ്പംനിമിത്തം നിന്റെ അന്തർഭാഗം സാഹസംകൊണ്ടു നിറഞ്ഞ് നീ പാപം ചെയ്തു; അതുകൊണ്ട് ഞാൻ നിന്നെ ‘അശുദ്ധൻ’ എന്ന് എണ്ണി ദേവപർവ്വതത്തിൽ നിന്ന് തള്ളിക്കളഞ്ഞു; മറയ്ക്കുന്ന കെരൂബേ, ഞാൻ നിന്നെ അഗ്നിമയരഥങ്ങളുടെ മദ്ധ്യത്തിൽനിന്ന് നശിപ്പിച്ചുകളഞ്ഞു.17നിന്റെ സൗന്ദര്യംനിമിത്തം നിന്റെ ഹൃദയം ഗർവ്വിച്ചു; നിന്റെ പ്രഭനിമിത്തം നീ നിന്റെ ജ്ഞാനത്തെ വഷളാക്കി; ഞാൻ നിന്നെ നിലത്തു തള്ളിയിട്ട്, രാജാക്കന്മാർ നിന്നെ കണ്ടു രസിക്കത്തക്കവണ്ണം നിന്നെ അവരുടെ മുമ്പിൽ ഇട്ടുകളഞ്ഞു.
18നിന്റെ അകൃത്യബാഹുല്യംകൊണ്ടും നിന്റെ വ്യാപാരത്തിന്റെ നീതികേടുകൊണ്ടും നീ നിന്റെ വിശുദ്ധമന്ദിരങ്ങളെ അശുദ്ധമാക്കി; അതുകൊണ്ട് ഞാൻ നിന്റെ നടുവിൽനിന്ന് ഒരു തീ പുറപ്പെടുവിക്കും; അതു നിന്നെ ദഹിപ്പിച്ചുകളയും; നിന്നെ കാണുന്ന എല്ലാവരുടെയും മുമ്പിൽ ഞാൻ നിന്നെ നിലത്തു ഭസ്മമാക്കിക്കളയും.19ജനതകളിൽ നിന്നെ അറിയുന്നവരെല്ലാവരും നിന്നെ കണ്ടു സ്തംഭിച്ചുപോകും; നിനക്ക് ശീഘ്രനാശം ഭവിച്ചിട്ട് നീ സദാകാലത്തേക്കും ഇല്ലാതെയാകും”.

20യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:21“മനുഷ്യപുത്രാ, നീ സീദോനു നേരെ മുഖംതിരിച്ച് അതിനെക്കുറിച്ചു പ്രവചിച്ചു പറയേണ്ടത്:

22യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘സീദോനേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു; ഞാൻ നിന്റെ നടുവിൽ എന്നെത്തന്നെ മഹത്വീകരിക്കും; ഞാൻ അതിൽ ന്യായവിധികൾ നടത്തി എന്നെത്തന്നെ വിശുദ്ധീകരിക്കുമ്പോൾ ഞാൻ യഹോവ എന്ന് അവർ അറിയും.
23ഞാൻ അതിൽ പകർച്ചവ്യാധിയും അതിന്റെ വീഥികളിൽ രക്തവും അയയ്ക്കും; എല്ലാഭാഗത്തുനിന്നും അതിന്റെ നേരെ വരുന്ന വാൾകൊണ്ടു നിഹതന്മാരായവർ അതിന്റെ നടുവിൽ വീഴും; ഞാൻ യഹോവ എന്ന് അവർ അറിയും.24യിസ്രായേൽഗൃഹത്തെ നിന്ദിച്ചവരായി അവരുടെ ചുറ്റുമുള്ള എല്ലാവരിലുംനിന്ന് കുത്തുന്ന മുൾച്ചെടിയും നോവിക്കുന്ന മുള്ളും ഇനി അവർക്കുണ്ടാകുകയില്ല; ഞാൻ യഹോവയായ കർത്താവ് എന്ന് അവർ അറിയും”.

25യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ യിസ്രായേൽഗൃഹത്തെ അവർ ചിതറിപ്പോയിരിക്കുന്ന ജനതകളുടെ ഇടയിൽനിന്നു ശേഖരിച്ചു. ജനതകളുടെ കണ്മുമ്പിൽ എന്നെത്തന്നെ അവരിൽ വിശുദ്ധീകരിക്കുമ്പോൾ, ഞാൻ എന്റെ ദാസനായ യാക്കോബിനു കൊടുത്ത ദേശത്ത് അവർ വസിക്കും.26അവർ അതിൽ നിർഭയമായി വസിക്കും; അതെ, അവർ വീടുകൾ പണിത് മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കും; അവരെ നിന്ദിക്കുന്ന അവരുടെ ചുറ്റുമുള്ള എല്ലാവരിലും ഞാൻ ന്യായവിധിനടത്തുമ്പോൾ അവർ നിർഭയമായി വസിക്കും; ഞാൻ അവരുടെ ദൈവമായ യഹോവ എന്ന് അവർ അറിയും”.

29

1പത്താം ആണ്ട്, പത്താം മാസം, പന്ത്രണ്ടാം തീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:2“മനുഷ്യപുത്രാ, നീ ഈജിപ്റ്റ് രാജാവായ ഫറവോന്റെനേരെ മുഖംതിരിച്ച് അവനും എല്ലാ ഈജിപ്റ്റിനും എതിരായി പ്രവചിച്ചു പറയേണ്ടത് എന്തെന്നാൽ:3യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഈജിപ്റ്റ് രാജാവായ ഫറവോനേ, തന്റെ നദികളുടെ നടുവിൽ കിടന്ന്: ‘ഈ നദി എനിക്കുള്ളതാകുന്നു; ഞാൻ അതിനെ എനിക്കായിട്ട് ഉണ്ടാക്കിയിരിക്കുന്നു’ എന്നു പറയുന്ന മഹാസത്വമേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു.

4ഞാൻ നിന്റെ ചെകിളയിൽ ചൂണ്ടൽ കൊളുത്തി, നിന്റെ നദികളിലെ മത്സ്യങ്ങളെ നിന്റെ ചെതുമ്പലിൽ പറ്റുമാറാക്കും; നിന്നെ നിന്റെ നദികളുടെ നടുവിൽനിന്നു വലിച്ചുകയറ്റും; നിന്റെ നദികളിലെ മത്സ്യം എല്ലം നിന്റെ ചെതുമ്പലിൽ പറ്റിയിരിക്കും.5ഞാൻ നിന്നെയും നിന്റെ നദികളിലെ മത്സ്യങ്ങളെ എല്ലം മരുഭൂമിയിൽ എറിഞ്ഞുകളയും; നീ വെളിമ്പ്രദേശത്തു വീഴും; ആരും നിന്നെ പെറുക്കുകയോ ശേഖരിക്കുകയോ ചെയ്യുകയില്ല; ഞാൻ നിന്നെ കാട്ടുമൃഗങ്ങൾക്കും ആകാശത്തിലെ പക്ഷികൾക്കും ഇരയായി കൊടുക്കും.
6ഈജിപ്റ്റ്നിവാസികൾ യിസ്രായേൽഗൃഹത്തിന് ഒരു 1 ഓടക്കോലായിരുന്നതുകൊണ്ട് ഞാൻ യഹോവ എന്ന് അവരെല്ലം അറിയും.7അവർ നിന്നെ കയ്യിൽ പിടിച്ചപ്പോൾ തന്നെ നീ ഒടിഞ്ഞ് അവരുടെ തോൾ എല്ലാം കീറിക്കളഞ്ഞു; അവർ ഊന്നിയപ്പോൾ തന്നെ നീ ഒടിഞ്ഞ് അവരുടെ നടുവെല്ലാം കുലുങ്ങുമാറാക്കി”.
8അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിന്റെ നേരെ വാൾ വരുത്തി നിന്നിൽനിന്ന് മനുഷ്യനെയും മൃഗത്തെയും ഛേദിച്ചുകളയും.9ഈജിപ്റ്റ് പാഴും ശൂന്യവുമായിത്തീരും; ഞാൻ യഹോവ എന്ന് അവർ അറിയും; ‘നദി എനിക്കുള്ളതാകുന്നു; ഞാൻ അതിനെ ഉണ്ടാക്കിയിരിക്കുന്നു’ എന്ന് അവൻ പറഞ്ഞുവല്ലോ.10അതുകൊണ്ട് ഞാൻ നിനക്കും നിന്റെ നദികൾക്കും വിരോധമായിരുന്ന് ഈജിപ്റ്റിലെ സെവേനെഗോപുരം മുതൽ കൂശിന്റെ അതിർത്തിവരെ അശേഷം പാഴും ശൂന്യവുമാക്കും.
11മനുഷ്യന്റെ കാല് അതിൽകൂടി കടന്നുപോകുകയില്ല; മൃഗത്തിന്റെ കാല് അതിൽ ചവിട്ടുകയുമില്ല; നാല്പതു സംവത്സരത്തേക്ക് അതിൽ നിവാസികൾ ഇല്ലാതെയിരിക്കും.12ഞാൻ ഈജിപ്റ്റിനെ ശൂന്യദേശങ്ങളുടെ കൂട്ടത്തിൽ ശൂന്യമാക്കും; അതിലെ പട്ടണങ്ങൾ ശൂന്യപട്ടണങ്ങളുടെ കൂട്ടത്തിൽ നാല്പതു സംവത്സരത്തേക്ക് ശൂന്യമായിരിക്കും; ഞാൻ ഈജിപ്റ്റ്നിവാസികളെ ജനതകളുടെ ഇടയിൽ ഛിന്നിച്ച് ദേശങ്ങളിൽ ചിതറിച്ചുകളയും”.
13യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നാല്പതു സംവത്സരം കഴിഞ്ഞിട്ട് ഞാൻ ഈജിപ്റ്റ്നിവാസികളെ അവർ ചിതറിപ്പോയിരിക്കുന്ന ജനതകളിൽനിന്ന് ശേഖരിക്കും.14ഞാൻ ഈജിപ്റ്റിന്റെ പ്രവാസം മാറ്റി, അവരെ അവരുടെ ജന്മദേശമായ പത്രോസ് ദേശത്തേക്കു മടക്കിവരുത്തും; അവിടെ അവർ ഒരു എളിയരാജ്യമായിരിക്കും.
15അത് രാജ്യങ്ങളിൽവച്ച് ഏറ്റവും എളിയരാജ്യമായിരിക്കും; ഇനി ജനതകൾക്കു മേലായി അത് തന്നെത്താൻ ഉയർത്തുകയും ഇല്ല; അവർ ജനതകളുടെമേൽ വാഴാത്തവിധം ഞാൻ അവരെ കുറച്ചുകളയും.16യിസ്രായേൽഗൃഹം തിരിഞ്ഞ് അവരെ നോക്കുമ്പോൾ, അവരവരുടെ അകൃത്യം ഓർമ്മിപ്പിക്കുന്ന ഒരു ശരണമായി അവർ ഇരിക്കുകയില്ല; ഞാൻ യഹോവയായ കർത്താവ് എന്ന് അവർ അറിയും”.

17ഇരുപത്തേഴാം ആണ്ട്, ഒന്നാം മാസം, ഒന്നാം തീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:18“മനുഷ്യപുത്രാ, ബാബേൽരാജാവായ നെബൂഖദ്നേസർ സോരിന്റെ നേരെ തന്റെ സൈന്യത്തെക്കൊണ്ട് കഠിനവേല ചെയ്യിച്ചു; എല്ലാതലയും കഷണ്ടിയായി, എല്ലാചുമലും തോലുരിഞ്ഞുപോയി; എങ്കിലും സോരിനു വിരോധമായി ചെയ്ത വേലയ്ക്കു അവനോ അവന്റെ സൈന്യത്തിനോ അവിടെനിന്നു പ്രതിഫലം കിട്ടിയില്ല”.
19അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഈജിപ്റ്റിനെ ബാബേൽരാജാവായ നെബൂഖദ്നേസരിനു കൊടുക്കും; അവൻ അതിലെ സമ്പത്ത് എടുത്ത് അതിനെ കൊള്ളയിട്ട് കവർച്ചചെയ്യും; അത് അവന്റെ സൈന്യത്തിനു പ്രതിഫലമായിരിക്കും.20ഞാൻ അവന്, അവൻ ചെയ്തവേലയ്ക്കു പ്രതിഫലമായി ഈജിപ്റ്റിനെ കൊടുക്കുന്നു; അവർ എനിക്കായിട്ടല്ലയോ പ്രവർത്തിച്ചത്” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
21“അന്നാളിൽ ഞാൻ യിസ്രായേൽഗൃഹത്തിന് ഒരു കൊമ്പു മുളയ്ക്കുമാറാക്കി, അവരുടെ നടുവിൽ നിനക്ക് തുറന്ന വായ് നല്കും; ഞാൻ യഹോവ എന്ന് അവർ അറിയും”.


1 29:6 ഞാങ്ങണവടി

30

1യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:2മനുഷ്യപുത്രാ, നീ പ്രവചിച്ചുപറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “അയ്യോ, കഷ്ടദിവസം!” എന്ന് വിലപിക്കുവിൻ.3“നാൾ അടുത്തിരിക്കുന്നു! അതേ, യഹോവയുടെ നാൾ അടുത്തിരിക്കുന്നു! അത് മേഘമുള്ള ദിവസം, ജനതകളുടെ കാലം തന്നെ ആയിരിക്കും.

4ഈജിപ്റ്റിന്റെ നേരെ വാൾ വരും; ഈജിപ്റ്റിൽ നിഹതന്മാർ വീഴുകയും അവർ അതിലെ സമ്പത്ത് അപഹരിക്കുകയും അതിന്റെ അടിസ്ഥാനങ്ങൾ ഇടിക്കുകയും ചെയ്യുമ്പോൾ കൂശിൽ അതിവേദനയുണ്ടാകും.5കൂശ്യരും പൂത്യരും ലൂദ്യരും ആയ സകല സമ്മിശ്രജനതകളും കൂബ്യരും സഖ്യത്തിൽപെട്ട ദേശക്കാരും അവരോടുകൂടി വാൾകൊണ്ടു വീഴും”.
6യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഈജിപ്റ്റിനെ താങ്ങുന്നവർ വീഴും; അതിന്റെ ബലത്തിന്റെ പ്രതാപം താണുപോകും; സെവേനേഗോപുരംമുതൽ അവർ വാൾകൊണ്ടു വീഴും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.7അവർ ശൂന്യദേശങ്ങളുടെ മദ്ധ്യത്തിൽ ശൂന്യമായിപ്പോകും; അതിലെ പട്ടണങ്ങൾ ശൂന്യപട്ടണങ്ങളുടെ കൂട്ടത്തിൽ ആയിരിക്കും.
8ഞാൻ ഈജിപ്റ്റിനു തീ വച്ചിട്ട്, അതിന്റെ സഹായികൾ എല്ലാവരും തകർന്നുപോകുമ്പോൾ ഞാൻ യഹോവയെന്ന് അവർ അറിയും.9ആ നാളിൽ ദൂതന്മാർ അശ്രദ്ധരായ കൂശ്യരെ ഭയപ്പെടുത്തേണ്ടതിന് കപ്പലുകളിൽ കയറി എന്റെ മുമ്പിൽനിന്നു പുറപ്പെടും; അപ്പോൾ ഈജിപ്റ്റിന്റെ നാളിൽ എന്നപോലെ അവർക്ക് അതിവേദന ഉണ്ടാകും; ഇതാ, അതു വരുന്നു”.
10യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ബാബേൽ രാജാവായ നെബൂഖദ്നേസരിന്റെ കൈയാൽ ഈജിപ്റ്റിന്റെ പുരുഷാരത്തെ ഇല്ലാതെയാകും.11ദേശത്തെ നശിപ്പിക്കേണ്ടതിന് അവനെയും അവനോടുകൂടി ജനതകളിൽ ഭയങ്കരന്മാരായ അവന്റെ ജനത്തെയും വരുത്തും; അവർ ഈജിപ്റ്റിന്റെ നേരെ വാൾ ഊരി ദേശത്തെ നിഹതന്മാരെക്കൊണ്ടു നിറയ്ക്കും.
12ഞാൻ നദികൾ വറ്റിച്ച് ദേശത്തെ ദുഷ്ടന്മാർക്കു വിറ്റുകളയും; ദേശത്തെയും അതിലുള്ള സകലത്തെയും ഞാൻ അന്യജനതകളുടെ കൈയാൽ ശൂന്യമാക്കും; യഹോവയായ ഞാൻ അത് അരുളിച്ചെയ്തിരിക്കുന്നു”.
13യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ വിഗ്രഹങ്ങളെ നശിപ്പിച്ച് അവരുടെ മിഥ്യാമൂർത്തികളെ നോഫിൽനിന്ന് ഇല്ലാതെയാകും; ഇനി ഈജിപ്റ്റിൽനിന്ന് ഒരു പ്രഭു ഉത്ഭവിക്കുകയില്ല; ഞാൻ ഈജിപ്റ്റിൽ ഭയം വരുത്തും.14ഞാൻ പത്രോസിനെ ശൂന്യമാക്കും; സോവാനു തീ വയ്ക്കും, നോവിൽ ന്യായവിധി നടത്തും.
15ഈജിപ്റ്റിന്റെ കോട്ടയായ സീനിൽ ഞാൻ എന്റെ ക്രോധം പകരും; ഞാൻ നോവിലെ പുരുഷാരത്തെ ഛേദിച്ചുകളയും.16ഞാൻ ഈജിപ്റ്റിനു തീ വയ്ക്കും; സീൻ അതിവേദനയിൽ ആകും; നോവ് പിളർന്നുപോകും; നോഫ് നിരന്തരം 1 ദുരിതത്തിലാകും.
17ആവെനിലെയും പി-ബേസെത്തിലെയും യൗവനക്കാർ വാൾകൊണ്ടു വീഴും; ആ പട്ടണങ്ങൾ പ്രവാസത്തിലേക്കു പോകേണ്ടിവരും.18ഞാൻ ഈജിപ്റ്റിന്റെ നുകം ഒടിച്ച് അവളുടെ ബലത്തിന്റെ പ്രതാപം ഇല്ലാതാക്കുമ്പോൾ തഹഫ്നേഹെസിൽ പകൽ ഇരുണ്ടുപോകും; അവളെ ഒരു മേഘം മൂടും; അവളുടെ പുത്രിമാർ പ്രവാസത്തിലേക്കു പോകേണ്ടിവരും.19ഇങ്ങനെ ഞാൻ ഈജിപ്റ്റിൽ ന്യായവിധികൾ നടത്തും; ഞാൻ യഹോവ എന്ന് അവർ അറിയും”.

20പതിനൊന്നാമാണ്ട്, ഒന്നാം മാസം ഏഴാം തീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:21“മനുഷ്യപുത്രാ, ഈജിപ്റ്റ് രാജാവായ ഫറവോന്റെ ഭുജത്തെ ഞാൻ ഒടിച്ചിരിക്കുന്നു; അതു വാൾ പിടിക്കുവാൻ തക്കവണ്ണം ശക്തി പ്രാപിക്കേണ്ടതിന് അതിനു മരുന്ന് വച്ചുകെട്ടുകയില്ല, ചികിത്സ ചെയ്യുകയുമില്ല”.
22അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഈജിപ്റ്റ് രാജാവായ ഫറവോനു വിരോധമായിരിക്കുന്നു; ഞാൻ അവന്റെ ഭുജങ്ങളെ, ബലമുള്ളതിനെയും ഒടിഞ്ഞിരിക്കുന്നതിനെയും തന്നെ, ഒടിച്ചുകളയും; ഞാൻ അവന്റെ കൈയിൽനിന്നു വാൾ വീഴ്ത്തികളയുകയും ചെയ്യും.23ഞാൻ ഈജിപ്റ്റുകാരെ ജനതകളുടെ ഇടയിൽ ഛിന്നിച്ച് ദേശങ്ങളിൽ ചിതറിച്ചുകളയും.24ഞാൻ ബാബേൽരാജാവിന്റെ ഭുജങ്ങളെ ബലപ്പെടുത്തി എന്റെ വാൾ അവന്റെ കൈയിൽ കൊടുക്കും; ഫറവോന്റെ ഭുജങ്ങളെയോ ഞാൻ ഒടിച്ചുകളയും; മുറിവേറ്റവൻ ഞരങ്ങുന്നതുപോലെ അവൻ അവന്റെ മുമ്പിൽ ഞരങ്ങും.
25ഇങ്ങനെ ഞാൻ ബാബേൽരാജാവിന്റെ ഭുജങ്ങളെ ബലപ്പെടുത്തും; ഫറവോന്റെ ഭുജങ്ങൾ വീണുപോകും; ഞാൻ എന്റെ വാൾ ബാബേൽരാജാവിന്റെ കൈയിൽ കൊടുത്തിട്ട്, അവൻ അതിനെ ഈജിപ്റ്റിന്റെ നേരെ ഓങ്ങുമ്പോൾ ഞാൻ യഹോവ എന്ന് അവർ അറിയും.26ഞാൻ ഈജിപ്റ്റ്കാരെ ജനതകളുടെ ഇടയിൽ ഛിന്നിച്ച് ദേശങ്ങളിൽ ചിതറിച്ചുകളയും; ഞാൻ യഹോവ എന്ന് അവർ അറിയും”.


1 30:16 NKJV for clarity

31

1പതിനൊന്നാം ആണ്ട്, മൂന്നാം മാസം, ഒന്നാം തീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:2“മനുഷ്യപുത്രാ, നീ ഈജിപ്റ്റ് രാജാവായ ഫറവോനോടും അവന്റെ പുരുഷാരത്തോടും പറയേണ്ടത്: ‘നിന്റെ മഹത്ത്വത്തിൽ നീ ആരോടു സമനായിരിക്കുന്നു?

3അശ്ശൂർ, ലെബാനോനിൽ ഭംഗിയുള്ള കൊമ്പുകളോടും തണലുള്ള ഇലകളോടും കൂടി ഉയർന്ന് പടർന്നുപന്തലിച്ച ഒരു ദേവദാരു ആയിരുന്നുവല്ലോ; അതിന്റെ അഗ്രം മേഘങ്ങളോളം എത്തിയിരുന്നു.4വെള്ളം അതിനെ വളർത്തി ആഴി അതിനെ ഉയരുമാറാക്കി; അതിന്റെ നദികൾ തോട്ടത്തെ ചുറ്റി ഒഴുകി, അത് തന്റെ പ്രവാഹങ്ങളെ വയലിലെ സകല വൃക്ഷങ്ങളുടെയും അടുക്കലേക്ക് അയച്ചുകൊടുത്തു.
5അതുകൊണ്ട് അതു വളർന്ന് വയലിലെ സകലവൃക്ഷങ്ങളെക്കാളും പൊങ്ങി; വെള്ളത്തിന്റെ സമൃദ്ധികൊണ്ട് അതു പടർന്ന് തന്റെ കൊമ്പുകളെ വർദ്ധിപ്പിച്ച് ചില്ലികളെ നീട്ടി.6അതിന്റെ ചില്ലികളിൽ ആകാശത്തിലെ പറവകൾ എല്ലാം കൂടുണ്ടാക്കി; അതിന്റെ കൊമ്പുകളുടെ കീഴിൽ കാട്ടുമൃഗംങ്ങൾ എല്ലാം പ്രസവിച്ചുകിടന്നു; അതിന്റെ തണലിൽ വലിയ ജനസമൂഹമെല്ലാം വസിച്ചു.7ഇങ്ങനെ അതിന്റെ വേര് ജലസമൃദ്ധിക്കരികിൽ ആയിരുന്നതുകൊണ്ട്, അത് വലുതായി കൊമ്പുകൾ നീട്ടി ശോഭിച്ചിരുന്നു.
8ദൈവത്തിന്റെ തോട്ടത്തിലെ ദേവദാരുക്കൾക്ക് അതിനെ മറയ്ക്കുവാൻ കഴിഞ്ഞില്ല; സരളവൃക്ഷങ്ങൾ അതിന്റെ കൊമ്പുകളോടു തുല്യമായിരുന്നില്ല; അരിഞ്ഞിൽവൃക്ഷങ്ങൾ അതിന്റെ ചില്ലികളോട് ഒത്തിരുന്നില്ല; ദൈവത്തിന്റെ തോട്ടത്തിലെ ഒരു വൃക്ഷവും ഭംഗിയിൽ അതിനോട് സമമായിരുന്നതുമില്ല.9കൊമ്പുകളുടെ പെരുപ്പം കൊണ്ട് ഞാൻ അതിനു ഭംഗിവരുത്തിയതിനാൽ ദൈവത്തിന്റെ തോട്ടമായ ഏദെനിലെ സകലവൃക്ഷങ്ങളും അതിനോട് അസൂയപ്പെട്ടു”.
10അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “അത് വളർന്നുപൊങ്ങി അഗ്രം മേഘങ്ങളോളം നീട്ടി, അതിന്റെ ഹൃദയം തന്റെ വളർച്ചയിൽ നിഗളിച്ചുപോയതുകൊണ്ട്,11ഞാൻ അതിനെ ജനതകളിൽ ബലവാനായവന്റെ കൈയിൽ ഏല്പിക്കും; അവൻ അതിനോട് ഇടപെടും; അതിന്റെ ദുഷ്ടതനിമിത്തം ഞാൻ അതിനെ തള്ളിക്കളഞ്ഞിരിക്കുന്നു.
12ജനതകളിൽ ഉഗ്രന്മാരായ അന്യജാതിക്കാർ അതിനെ വെട്ടി തള്ളിയിട്ടു; അതിന്റെ കൊമ്പുകൾ മലകളിലും എല്ലാ താഴ്വരകളിലും വീണു; അതിന്റെ ശാഖകൾ ദേശത്തിലെ എല്ലാതോടുകളുടെയും അരികത്ത് ഒടിഞ്ഞുകിടക്കുന്നു; ഭൂമിയിലെ സകലജനവർഗ്ഗങ്ങളും അതിന്റെ തണൽ വിട്ട്, അതിനെ ഉപേക്ഷിച്ചുപോയി.
13വീണുകിടക്കുന്ന അതിന്റെ തടിമേൽ ആകാശത്തിലെ പറവകളെല്ലാം പാർക്കും; അതിന്റെ കൊമ്പുകളുടെ ഇടയിലേക്ക് കാട്ടുമൃഗങ്ങളെല്ലാം വരും.14വെള്ളത്തിനരികിലുള്ള ഒരു വൃക്ഷവും ഉയരം കാരണം നിഗളിക്കുകയോ, അഗ്രം മേഘങ്ങളോളം നീട്ടുകയോ,വെള്ളം കുടിക്കുന്നവരായ അവരുടെ സകലബലശാലികളും അവരുടെ ഉയർച്ചയിൽ നിഗളിച്ചുനില്ക്കുകയോ ചെയ്യാതിരിക്കേണ്ടതിനു തന്നെ; അവരെല്ലാം മനുഷ്യപുത്രന്മാരുടെ ഇടയിൽ കുഴിയിൽ ഇറങ്ങുന്നവരോടുകൂടി ഭൂമിയുടെ അധോഭാഗത്ത് മരണത്തിന് ഏല്പിക്കപ്പെട്ടിരിക്കുന്നു”.

15യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “അത് പാതാളത്തിൽ ഇറങ്ങിപ്പോയനാളിൽ ഞാൻ ഒരു വിലാപം കഴിപ്പിച്ചു; അതിനു വേണ്ടി ആഴത്തെ മൂടി; പെരുവെള്ളം കെട്ടിനില്ക്കുവാൻ തക്കവിധം അതിന്റെ നദികളെ തടസ്സപ്പെടുത്തി; അതുനിമിത്തം ഞാൻ ലെബാനോനെ വിലപിക്കുമാറാക്കി; കാട്ടിലെ സകലവൃക്ഷങ്ങളും അതുനിമിത്തം ക്ഷീണിച്ചുപോയി.
16ഞാൻ കുഴിയിൽ ഇറങ്ങുന്നവരോടുകൂടി പാതാളത്തിൽ അതിനെ തള്ളിയിട്ടപ്പോൾ, അതിന്റെ വീഴ്ചയുടെ മുഴക്കത്തിൽ ഞാൻ ജനതകളെ നടുങ്ങുമാറാക്കി; ഏദെനിലെ സകല വൃക്ഷങ്ങളും ലെബാനോനിലെ ശ്രേഷ്ഠവും ഉത്തമവുമായ, വെള്ളം കുടിക്കുന്ന സകലവൃക്ഷങ്ങളും ഭൂമിയുടെ അധോഭാഗത്ത് ആശ്വാസം പ്രാപിച്ചു.
17അവയും അതിനോടുകൂടി വാളാൽ നിഹതന്മാരായവരുടെ അടുക്കൽ പാതാളത്തിൽ ഇറങ്ങിപ്പോയി; അതിന്റെ തുണയായി അതിന്റെ നിഴലിൽ ജനതകളുടെ മദ്ധ്യത്തിൽ വസിച്ചവർ തന്നെ.18അങ്ങനെ നീ മഹത്ത്വത്തിലും വലിപ്പത്തിലും ഏദെനിലെ വൃക്ഷങ്ങളിൽ ഏതിനോടു തുല്യമാകുന്നു? എന്നാൽ നീ ഏദെനിലെ വൃക്ഷങ്ങളോടുകൂടി ഭൂമിയുടെ അധോഭാഗത്ത് ഇറങ്ങിപ്പോകേണ്ടിവരും; വാളാൽ നിഹതന്മാരായവരോടുകൂടി നീ അഗ്രചർമ്മികളുടെ ഇടയിൽ കിടക്കും. ഇത് ഫറവോനും അവന്റെ സകലപുരുഷാരവും തന്നെ” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.

32

1പന്ത്രണ്ടാം ആണ്ട്, പന്ത്രണ്ടാം മാസം, ഒന്നാം തീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:2“മനുഷ്യപുത്രാ, നീ ഈജിപ്റ്റ് രാജാവായ ഫറവോനെക്കുറിച്ച് ഒരു വിലാപം കഴിച്ച് അവനോടു പറയേണ്ടത്: ‘ജനതകളിൽ ബാലസിംഹമായുള്ളോവേ, നീ നശിച്ചിരിക്കുന്നു; നീ കടലിലെ നക്രംപോലെ ആയിരുന്നു; നീ നദികളിൽ ചാടി കാല് കൊണ്ട് വെള്ളം കലക്കി നദികളെ മലിനമാക്കിക്കളഞ്ഞു’.

3യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അനേകം ജനതകളുടെ കൂട്ടത്തെക്കൊണ്ട് നിന്റെമേൽ എന്റെ വല വീശിക്കും; എന്റെ വലയിൽ അവർ നിന്നെ വലിച്ചെടുക്കും;4ഞാൻ നിന്നെ കരയിലേക്ക് വലിച്ചിടും; നിന്നെ വെളിമ്പ്രദേശത്ത് എറിഞ്ഞുകളയും; ആകാശത്തിലെ പറവകളെയെല്ലാം നിന്റെമേൽ ഇരിക്കുമാറാക്കും; സർവ്വഭൂമിയിലെയും മൃഗങ്ങൾക്ക് നിന്നെ ഇരയാക്കി, അവയ്ക്ക് തൃപ്തിവരുത്തും.
5ഞാൻ നിന്റെ മാംസം പർവ്വതങ്ങളിന്മേൽ കൂട്ടി, നിന്റെ ശരീരാവശിഷ്ടംകൊണ്ട് താഴ്വരകൾ നിറയ്ക്കും.6ഞാൻ കരകളെല്ലാം നിന്റെ രക്തംകൊണ്ട്, മലകളോളം നനയ്ക്കും; നീർച്ചാലുകൾ നിന്നെക്കൊണ്ടു നിറയും.
7നിന്റെ വെളിച്ചം കെടുത്തിക്കളയുമ്പോൾ ഞാൻ ആകാശത്തെ മൂടി അതിലെ നക്ഷത്രങ്ങളെ ഇരുളടഞ്ഞവയാക്കും; ഞാൻ സൂര്യനെ മേഘംകൊണ്ടു മറയ്ക്കും; ചന്ദ്രൻ പ്രകാശം നല്കുകയും ഇല്ല.8ആകാശത്തിലെ ശോഭയുള്ള ജ്യോതിസ്സുകളെയെല്ലാം നിന്റെ നിമിത്തം ഞാൻ ഇരുളടഞ്ഞവയാക്കുകയും, നിന്റെ ദേശത്ത് അന്ധകാരം വരുത്തുകയും ചെയ്യും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
9നിന്റെ നാശം ജനതകളുടെ ഇടയിലും നീ അറിയാത്ത ദേശങ്ങളോളവും പ്രസിദ്ധമാക്കുമ്പോൾ ഞാൻ അനേകം ജനതകളുടെ ഹൃദയങ്ങളെ വ്യസനിപ്പിക്കും.10ഞാൻ അനേകം ജനതകളെ നിന്നെച്ചൊല്ലി സ്തംഭിക്കുമാറാക്കും; അവരുടെ രാജാക്കന്മാർ കാൺകെ ഞാൻ എന്റെ വാൾ വീശുമ്പോൾ, അവർ നിന്റെനിമിത്തം അത്യന്തം പേടിച്ചുപോകും; നിന്റെ വീഴ്ചയുടെ നാളിൽ അവർ ഓരോരുത്തനും അവരവരുടെ പ്രാണനെ ഓർത്ത് നിമിഷംതോറും വിറയ്ക്കും”.
11യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ബാബേൽരാജാവിന്റെ വാൾ നിന്റെ നേരെ വരും.12വീരന്മാരുടെ വാൾകൊണ്ടു ഞാൻ നിന്റെ പുരുഷാരത്തെ വീഴുമാറാക്കും; അവരെല്ലാവരും ജനതകളിൽവച്ച് ഉഗ്രന്മാർ; അവർ ഈജിപ്റ്റിന്റെ പ്രതാപത്തെ ശൂന്യമാക്കും; അതിലെ പുരുഷാരമൊക്കെയും നശിച്ചുപോകും.
13സമൃദ്ധമായ ജലാശയത്തിനരികെനിന്നു ഞാൻ അതിലെ സകലമൃഗങ്ങളെയും നശിപ്പിക്കും; ഇനിമേൽ മനുഷ്യന്റെ കാൽ അതിനെ കലക്കുകയില്ല; മൃഗങ്ങളുടെ കുളമ്പും അതിനെ കലക്കുകയില്ല.14ആ കാലത്ത് അവരുടെ വെള്ളം തെളിമയുള്ളതാക്കി, ഞാൻ അവരുടെ നദികളെ എണ്ണപോലെ ഒഴുകുമാറാക്കും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
15“ഞാൻ ഈജിപ്റ്റിനെ പാഴാക്കി, ദേശം ശൂന്യമാക്കി, അതിലുള്ളതെല്ലാം ഇല്ലാതാകുമ്പോഴും, ഞാൻ അതിലെ നിവാസികളെയെല്ലാം നശിപ്പിക്കുമ്പോഴും, ഞാൻ യഹോവ എന്ന് അവർ അറിയും.16അവർ അതിനെക്കുറിച്ചു വിലപിക്കുന്ന വിലാപം ഇതത്രേ; ജനതകളുടെ പുത്രിമാർ ഇതു ചൊല്ലി വിലപിക്കും; അവർ ഈജിപ്റ്റിനെക്കുറിച്ചും അതിലെ സകലപുരുഷന്മാരെക്കുറിച്ചും ഇതു ചൊല്ലി വിലപിക്കും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.

17പന്ത്രണ്ടാം ആണ്ട്, അതേ മാസം, പതിനഞ്ചാം തീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:18“മനുഷ്യപുത്രാ, നീ ഈജിപ്റ്റിലെ ജനസമൂഹത്തെക്കുറിച്ചു വിലപിച്ച്, അതിനെയും പ്രസിദ്ധമായ ജനതകളുടെ പുത്രിമാരെയും കുഴിയിൽ ഇറങ്ങുന്നവരോടു കൂടെ ഭൂമിയുടെ അധോഭാഗത്തു തള്ളിയിടുക.
19സൗന്ദര്യത്തിൽ നീ ആരെക്കാൾ മെച്ചപ്പെട്ടിരിക്കുന്നു; നീ ഇറങ്ങിച്ചെന്ന് അഗ്രചർമ്മികളുടെ കൂട്ടത്തിൽ കിടക്കുക.20വാളാൽ കൊല്ലപ്പെട്ടവരുടെ നടുവിൽ അവർ വീഴും; വാൾ നിയമിക്കപ്പെട്ടിരിക്കുന്നു; അതിനെയും അതിന്റെ സകലപുരുഷാരത്തെയും വലിച്ചുകൊണ്ടുപോകുവിൻ.21വീരന്മാരിൽ ബലവാന്മാരായവർ അവന്റെ സഹായികളോടുകൂടെ പാതാളത്തിന്റെ നടുവിൽനിന്ന് അവനോടു സംസാരിക്കും; അഗ്രചർമ്മികളായി വാളാൽ കൊല്ലപ്പെട്ടവർ ഇറങ്ങിച്ചെന്ന് അവിടെ കിടക്കുന്നു.
22അവിടെ അശ്ശൂരും അതിന്റെ സർവ്വസമൂഹവും ഉണ്ട്; അവന്റെ ശവക്കുഴികൾ അവന്റെ ചുറ്റും കിടക്കുന്നു; അവരെല്ലാവരും വാളാൽ കൊല്ലപ്പെട്ടവരായി വീണവർ തന്നെ.23അവരുടെ ശവക്കുഴികൾ പാതാളത്തിന്റെ ഏറ്റവും അടിയിൽ സ്ഥിതിചെയ്യുന്നു; അതിന്റെ സമൂഹം അതിന്റെ ശവക്കുഴിയുടെ ചുറ്റും ഇരിക്കുന്നു; ജീവനുള്ളവരുടെ ദേശത്തു ഭീതിപരത്തിയ, അവരെല്ലാവരും വാളാൽ കൊല്ലപ്പെട്ടവരായി വീണിരിക്കുന്നു.
24അവിടെ ഏലാമും അതിന്റെ സകലപുരുഷാരവും അതിന്റെ ശവക്കുഴിയുടെ ചുറ്റും ഉണ്ട്; അവർ എല്ലാവരും വാളാൽ കൊല്ലപ്പെട്ടവരായി വീണ്, അഗ്രചർമ്മികളായി, ഭൂമിയുടെ അധോഭാഗത്ത് ഇറങ്ങിപ്പോയിരിക്കുന്നു; ജീവനുള്ളവരുടെ ദേശത്ത് അവർ ഭീതി പരത്തി; ഇപ്പോൾ കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ അവർ ലജ്ജ വഹിക്കുന്നു.25കൊല്ലപ്പെട്ടവരുടെ മദ്ധ്യേ അവർ അതിനും അതിന്റെ സകലപുരുഷാരത്തിനും ഒരു കിടക്ക വിരിച്ചിരിക്കുന്നു; അതിന്റെ ശവക്കുഴികൾ അതിന്റെ ചുറ്റും ഇരിക്കുന്നു; അവരെല്ലാവരും അഗ്രചർമ്മികളായി വാളാൽ കൊല്ലപ്പെട്ടവരാകുന്നു; ജീവനുള്ളവരുടെ ദേശത്ത് അവർ ഭീതി പരത്തിയിരിക്കുകയാൽ കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ ലജ്ജ വഹിക്കുന്നു; കൊല്ലപ്പെട്ടവരുടെ മദ്ധ്യത്തിൽ അത് കിടക്കുന്നു.
26അവിടെ മേശെക്കും തൂബലും അതിന്റെ സകലപുരുഷാരവും ഉണ്ട്; അതിന്റെ ശവക്കുഴികൾ അതിന്റെ ചുറ്റും സ്ഥിതിചെയ്യുന്നു; അവർ ജീവനുള്ളവരുടെ ദേശത്ത് ഭീതി പരത്തിയിരിക്കുകയാൽ അവരെല്ലാം അഗ്രചർമ്മികളായി വാളാൽ കൊല്ലപ്പെട്ടിരിക്കുന്നു.27അവർ ജീവനുള്ളവരുടെ ദേശത്ത് വീരന്മാർക്കു ഭീതി ആയിരുന്നതുകൊണ്ട്, അവരുടെ അകൃത്യങ്ങൾ അസ്ഥികളിന്മേൽ ചുമന്നും, അവരുടെ വാളുകൾ തലയ്ക്കു കീഴിൽ വച്ചുംകൊണ്ട്, അഗ്രചർമ്മികളിൽ പട്ടുപോയ വീരന്മാരായി യുദ്ധായുധങ്ങളോടുകൂടെ പാതാളത്തിൽ ഇറങ്ങിയവരുടെ കൂട്ടത്തിൽ കിടക്കേണ്ടതല്ലയോ?
28നീയോ, അഗ്രചർമ്മികളുടെ കൂട്ടത്തിൽ തകർന്നുപോകുകയും വാളാൽ കൊല്ലപ്പെട്ടവരോടുകൂടെ കിടക്കുകയും ചെയ്യും.29അവിടെ ഏദോമും അതിന്റെ രാജാക്കന്മാരും സകലപ്രഭുക്കന്മാരും ഉണ്ട്; അവർ അവരുടെ വല്ലഭത്വത്തിൽ വാളാൽ കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ കിടക്കേണ്ടിവന്നു; അവർ അഗ്രചർമ്മികളോടും, കുഴിയിൽ ഇറങ്ങുന്നവരോടും കൂടി കിടക്കുന്നു.
30അവിടെ വടക്കെ പ്രഭുക്കന്മാരെല്ലാവരും കൊല്ലപ്പെട്ടവരോടു കൂടെ ഇറങ്ങിപ്പോയ സകലസീദോന്യരും ഉണ്ട്; അവർ അവരുടെ ആധിപത്യം മൂലം പരത്തിയ ഭീതിനിമിത്തം ലജ്ജിക്കുന്നു; അവർ അഗ്രചർമ്മികളായി വാളാൽ കൊല്ലപ്പെട്ടവരോടുകൂടെ കിടക്കുകയും കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ ലജ്ജ വഹിക്കുകയും ചെയ്യുന്നു.
31അവരെ ഫറവോൻ കണ്ട് തന്റെ സകലപുരുഷാരത്തെയും കുറിച്ച് ആശ്വസിക്കും; ഫറവോനും അവന്റെ സകലസൈന്യവും വാളാൽ കൊല്ലപ്പെട്ടവരായിരിക്കുന്നു” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.32“ഞാനല്ലയോ അവന്റെ ഭീതി ജീവനുള്ളവരുടെ ദേശത്തു പരത്തിയത്; ഫറവോനും അവന്റെ പുരുഷാരമെല്ലാം വാളാൽ കൊല്ലപ്പെട്ടവരോടുകൂടി അഗ്രചർമ്മികളുടെ കൂട്ടത്തിൽ കിടക്കേണ്ടിവരും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.

33

1യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ;2“മനുഷ്യപുത്രാ, നീ നിന്റെ സ്വജാതിക്കാരോടു പ്രവചിച്ച് പറയേണ്ടത്: ‘ഞാൻ ഒരു ദേശത്തിന്റെ നേരെ വാൾ വരുത്തുമ്പോൾ, ആ ദേശത്തിലെ ജനം അവരുടെ കൂട്ടത്തിൽനിന്ന് ഒരു പുരുഷനെ തിരഞ്ഞെടുത്ത് കാവല്ക്കാരനായിവച്ചാൽ,3ദേശത്തിന്റെ നേരെ വാൾ വരുന്നതു കണ്ടിട്ട് അവൻ കാഹളം ഊതി ജനത്തെ ഓർമ്മപ്പെടുത്തുമ്പോൾ,4ആരെങ്കിലും കാഹളനാദം കേട്ട് കരുതിക്കൊള്ളാതെ ഇരുന്നാൽ, വാൾ വന്ന് അവനെ ഛേദിച്ചുകളയുന്നു എങ്കിൽ അവന്റെ രക്തം അവന്റെ തലമേൽ തന്നെ ഇരിക്കും.

5അവൻ കാഹളനാദം കേട്ടിട്ട് മുൻകരുതൽ എടുക്കാതെയിരുന്നതിനാൽ അവന്റെ രക്തം അവന്റെമേൽ ഇരിക്കും; മുൻകരുതൽ എടുത്തിരുന്നുവെങ്കിൽ അവൻ തന്റെ പ്രാണനെ രക്ഷിക്കുമായിരുന്നു.6എന്നാൽ കാവല്ക്കാരൻ വാൾ വരുന്നതു കണ്ട് കാഹളം ഊതാതെയും ജനം കരുതിക്കൊള്ളാതെയും ഇരുന്നിട്ട്, വാൾ വന്ന് അവരുടെ ഇടയിൽനിന്ന് ഒരുത്തനെ ഛേദിച്ചുകളയുന്നു എങ്കിൽ, ഇവൻ തന്റെ അകൃത്യംനിമിത്തം ഛേദിക്കപ്പെട്ടുപോയി എങ്കിലും, അവന്റെ രക്തം ഞാൻ കാവല്ക്കാരനോടു ചോദിക്കും.
7അതുപോലെ മനുഷ്യപുത്രാ, ഞാൻ നിന്നെ യിസ്രായേൽഗൃഹത്തിനു കാവല്ക്കാരനാക്കി വച്ചിരിക്കുന്നു, നീ എന്റെ വായിൽനിന്നു വചനം കേട്ട് എന്റെ നാമത്തിൽ അവരെ ഓർമ്മപ്പെടുത്തണം.8ഞാൻ ദുഷ്ടനോട്: ‘ദുഷ്ടാ, നീ മരിക്കും’ എന്ന് കല്പിക്കുമ്പോൾ ദുഷ്ടൻ തന്റെ വഴി വിട്ടുതിരിയുവാൻ തക്കവിധം നീ അവനെ പ്രബോധിപ്പിക്കാതെയിരുന്നാൽ ദുഷ്ടൻ തന്റെ അകൃത്യംനിമിത്തം മരിക്കും; അവന്റെ രക്തമോ ഞാൻ നിന്നോടു ചോദിക്കും.9എന്നാൽ ദുഷ്ടൻ തന്റെ വഴി വിട്ടുതിരിയേണ്ടതിന് നീ അവനെ ഓർമ്മപ്പെടുത്തിയിട്ടും, അവൻ തന്റെ വഴി വിട്ടുതിരിയാതെയിരുന്നാൽ, അവൻ തന്റെ അകൃത്യംനിമിത്തം മരിക്കും; നീയോ, നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു.
10അതുകൊണ്ട് മനുഷ്യപുത്രാ, നീ യിസ്രായേൽ ഗൃഹത്തോടു പറയേണ്ടത്: ‘ഞങ്ങളുടെ അതിക്രമങ്ങളും പാപങ്ങളും ഞങ്ങളുടെമേൽ ഇരിക്കുന്നു; അവയാൽ ഞങ്ങൾ ക്ഷയിച്ചുപോകുന്നു; ഞങ്ങൾ എങ്ങനെ ജീവിച്ചിരിക്കും’ എന്ന് നിങ്ങൾ പറയുന്നു.11എന്നാണ, ദുഷ്ടന്റെ മരണത്തിൽ അല്ല, ദുഷ്ടൻ തന്റെ വഴി വിട്ടുതിരിഞ്ഞു ജീവിക്കുന്നതിൽ ആകുന്നു എനിക്ക് ഇഷ്ടമുള്ളത്” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്; “തിരിയുവിൻ, നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടുതിരിയുവിൻ; യിസ്രായേൽഗൃഹമേ, നിങ്ങൾ എന്തിനു മരിക്കുന്നു” എന്ന് അവരോടു പറയുക.
12“മനുഷ്യപുത്രാ, നീ നിന്റെ സ്വജാതിക്കാരോടു പറയേണ്ടത് ‘നീതിമാൻ അതിക്രമം ചെയ്യുന്ന നാളിൽ അവന്റെ നീതി അവനെ രക്ഷിക്കുകയില്ല; ദുഷ്ടൻ തന്റെ ദുഷ്ടത വിട്ടുതിരിയുന്ന നാളിൽ തന്റെ ദുഷ്ടതയാൽ ഇടറിവീഴുകയുമില്ല; നീതിമാൻ പാപം ചെയ്യുന്ന നാളിൽ, അവന് തന്റെ നീതിയാൽ ജീവിക്കുവാൻ കഴിയുകയുമില്ല.13നീതിമാൻ ജീവിക്കുമെന്ന് ഞാൻ അവനോടു പറയുമ്പോൾ, അവൻ സ്വന്ത നീതിയിൽ ആശ്രയിച്ച് അകൃത്യം പ്രവർത്തിക്കുന്നു എങ്കിൽ, അവന്റെ നീതിപ്രവൃത്തികൾ ഒന്നും അവനു കണക്കിടുകയില്ല; അവൻ ചെയ്ത നീതികേടുനിമിത്തം അവൻ മരിക്കും.
14എന്നാൽ ഞാൻ ദുഷ്ടനോട്: ‘നീ മരിക്കും’ എന്നു പറയുമ്പോൾ അവൻ തന്റെ പാപം വിട്ടുതിരിഞ്ഞ് നീതിയും ന്യായവും പ്രവർത്തിക്കുകയും,15പണയം തിരികെ കൊടുക്കുകയും, അപഹരിച്ചതു മടക്കിക്കൊടുക്കുകയും, നീതികേട് ഒന്നും ചെയ്യാതെ ജീവന്റെ ചട്ടങ്ങളെ അനുസരിക്കുകയും ചെയ്താൽ അവൻ മരിക്കാതെ ജീവിക്കും.16അവൻ ചെയ്ത പാപം ഒന്നും അവനോട് കണക്കിടുകയില്ല; അവൻ നീതിയും ന്യായവും പ്രവർത്തിച്ചിരിക്കുന്നു; അവൻ ജീവിക്കും.
17എന്നാൽ നിന്റെ സ്വജാതിക്കാർ: ‘കർത്താവിന്റെ വഴി ന്യായമുള്ളതല്ല’ എന്ന് പറയുന്നു; അവരുടെ വഴിയത്രേ ന്യായമല്ലാത്തതായിരിക്കുന്നത്.18നീതിമാൻ തന്റെ നീതി വിട്ടുതിരിഞ്ഞ് നീതികേടു പ്രവർത്തിക്കുന്നുവെങ്കിൽ അവൻ അതിനാൽ തന്നെ മരിക്കും.19എന്നാൽ ദുഷ്ടൻ തന്റെ ദുഷ്ടത വിട്ടുതിരിഞ്ഞ് നീതിയും ന്യായവും പ്രവർത്തിക്കുന്നുവെങ്കിൽ അവൻ അതിനാൽ ജീവിക്കും.20എന്നിട്ടും ‘കർത്താവിന്റെ വഴി ന്യായമുള്ളതല്ല’ എന്ന് നിങ്ങൾ പറയുന്നു; യിസ്രായേൽഗൃഹമേ, ഞാൻ നിങ്ങളിൽ ഓരോരുത്തനെയും അവനവന്റെ നടപ്പിനു തക്കവണ്ണം ന്യായം വിധിക്കും”.

21ഞങ്ങളുടെ പ്രവാസത്തിന്റെ പന്ത്രണ്ടാം ആണ്ട്, പത്താം മാസം, അഞ്ചാം തീയതി, യെരൂശലേമിൽനിന്നു രക്ഷപെട്ട ഒരുവൻ എന്റെ അടുക്കൽ വന്നു: “നഗരം പിടിക്കപ്പെട്ടുപോയി” എന്നു പറഞ്ഞു.22രക്ഷപെട്ടവൻ വരുന്നതിന്റെ തലേദിവസം വൈകുന്നേരം യഹോവയുടെ കൈ എന്റെമേൽ വന്നു; രാവിലെ അവൻ എന്റെ അടുക്കൽ വരുമ്പോഴേക്ക് യഹോവ എന്റെ വായ് തുറന്നിരുന്നു; അങ്ങനെ എന്റെ വായ് തുറന്നതുകൊണ്ട് ഞാൻ പിന്നെ മൗനമായിരുന്നില്ല.
23യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: “മനുഷ്യപുത്രാ,24യിസ്രായേൽദേശത്തിലെ ശൂന്യസ്ഥലങ്ങളിൽ വസിക്കുന്നവർ: ‘അബ്രഹാം ഏകനായിരിക്കെ അവന് ദേശം അവകാശമായി ലഭിച്ചു; ഞങ്ങൾ പലരാകുന്നു; ഈ ദേശം ഞങ്ങൾക്ക് അവകാശമായി നൽകപ്പെട്ടിരിക്കുന്നു’ എന്നു പറയുന്നു.
25അതുകൊണ്ട് നീ അവരോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ മാംസം രക്തത്തോടുകൂടി തിന്നുകയും നിങ്ങളുടെ വിഗ്രഹങ്ങളെ നോക്കി നമസ്കരിക്കുകയും രക്തം ചൊരിയുകയും ചെയ്യുന്നു;26നിങ്ങൾ ദേശം കൈവശമാക്കുമോ? നിങ്ങൾ നിങ്ങളുടെ വാളിൽ ആശ്രയിക്കുകയും മ്ലേച്ഛത പ്രവർത്തിക്കുകയും ഓരോരുത്തനും തന്റെ കൂട്ടുകാരന്റെ ഭാര്യയെ വഷളാക്കുകയും ചെയ്യുന്നു; നിങ്ങൾ ദേശം കൈവശമാക്കുമോ?”
27നീ അവരോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “എന്നാണ, ശൂന്യസ്ഥലങ്ങളിൽ പാർക്കുന്നവർ വാൾകൊണ്ടു വീഴും; വെളിമ്പ്രദേശത്തുള്ളവരെ ഞാൻ മൃഗങ്ങൾക്ക് ഇരയായി കൊടുക്കും; കോട്ടകളിലും ഗുഹകളിലും ഉള്ളവരോ പകർച്ചവ്യാധിയാൽ മരിക്കും.28ഞാൻ ദേശത്തെ പാഴും ശൂന്യവും ആക്കും; അതിന്റെ ബലത്തിന്റെ പ്രതാപം നിന്നുപോകും; ആരും വഴിനടക്കാത്തവണ്ണം യിസ്രായേൽപർവ്വതങ്ങൾ ശൂന്യമായിത്തീരും.29അവർ ചെയ്ത സകലമ്ലേച്ഛതകളുംനിമിത്തം ഞാൻ ദേശത്തെ പാഴും ശൂന്യവുമാക്കുമ്പോൾ, ഞാൻ യഹോവ എന്ന് അവർ അറിയും.
30മനുഷ്യപുത്രാ, നിന്റെ സ്വജാതിക്കാർ മതിലുകൾക്കരികിലും വീട്ടുവാതില്ക്കലുംവച്ച് നിന്നെക്കുറിച്ചു സംഭാഷിച്ച്: ‘യഹോവയിൽനിന്നുണ്ടായ അരുളപ്പാട് എന്തെന്ന് വന്നു കേൾക്കുവിൻ’ എന്ന് തമ്മിൽതമ്മിലും ഓരോരുത്തൻ അവനവന്റെ സഹോദരനോടും പറയുന്നു.31സംഘം കൂടിവരുന്നതുപോലെ അവർ നിന്റെ അടുക്കൽവന്ന് എന്റെ ജനമായിട്ട് നിന്റെ മുമ്പിൽ ഇരുന്ന് നിന്റെ വചനങ്ങൾ കേൾക്കുന്നു; എന്നാൽ അവർ അവ പ്രമാണിക്കുന്നില്ല; വായ്കൊണ്ട് അവർ വളരെ സ്നേഹം കാണിക്കുന്നു; ഹൃദയമോ, അന്യായലാഭം കൊതിക്കുന്നു.
32നീ അവർക്ക് മധുരസ്വരവും വാദ്യനൈപുണ്യവും ഉള്ള ഒരുത്തന്റെ പ്രേമഗീതംപോലെ ഇരിക്കുന്നു; അവർ നിന്റെ വചനങ്ങൾ കേൾക്കുന്നു; അനുസരിക്കുന്നില്ലതാനും.33എന്നാൽ അതു സംഭവിക്കുമ്പോൾ - ഇതാ, അതു വരുന്നു - അവരുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടായിരുന്നു.. എന്ന് അവർ അറിയും”.

34

1യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:2“മനുഷ്യപുത്രാ, യിസ്രായേലിന്റെ ഇടയന്മാരെക്കുറിച്ചു പ്രവചിക്കുക; നീ പ്രവചിച്ച് അവരോട്, ഇടയന്മാരോടു തന്നെ, പറയേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അവരവരെത്തന്നെ മേയിക്കുന്ന യിസ്രായേലിന്റെ ഇടയന്മാർക്ക് അയ്യോ കഷ്ടം! ആടുകളെ അല്ലയോ ഇടയന്മാർ മേയിക്കേണ്ടത്?3നിങ്ങൾ മേദസ്സ് തിന്നുകയും ആട്ടുരോമം ധരിക്കുകയും തടിച്ചിരിക്കുന്നവയെ അറുക്കുകയും ചെയ്യുന്നു; ആടുകളെ നിങ്ങൾ മേയിക്കുന്നില്ലതാനും.

4നിങ്ങൾ ബലഹീനമായതിനെ ശക്തീകരിക്കുകയോ രോഗം ബാധിച്ചതിനെ ചികിത്സിക്കുകയോ ഒടിഞ്ഞതിനെ മുറിവുകെട്ടുകയോ ചിതറിപ്പോയതിനെ തിരിച്ചുവരുത്തുകയോ കാണാതെപോയതിനെ അന്വേഷിക്കുകയോ ചെയ്യാതെ, കഠിനതയോടും ക്രൂരതയോടും കൂടെ അവയെ ഭരിച്ചിരിക്കുന്നു.5ഇടയൻ ഇല്ലാതിരിക്കുകയാൽ അവ ചിതറിപ്പോയി; ചിതറിപ്പോയിട്ട് അവ കാട്ടിലെ സകലമൃഗങ്ങൾക്കും ഇരയായിത്തീർന്നു.6എന്റെ ആടുകൾ എല്ലാമലകളിലും ഉയരമുള്ള എല്ലാകുന്നിന്മേലും അലഞ്ഞുനടന്നു; ഭൂതലത്തിൽ എല്ലായിടവും എന്റെ ആടുകൾ ചിതറിപ്പോയി; ആരും അവയെ തിരയുകയോ അന്വേഷിക്കുകയോ ചെയ്തിട്ടില്ല.
7അതുകൊണ്ട് ഇടയന്മാരേ, യഹോവയുടെ വചനം കേൾക്കുവിൻ;8എന്നാണ, ഇടയനില്ലാഞ്ഞതിനാലാകുന്നു എന്റെ ആടുകൾ കവർച്ചയായിപ്പോകുകയും, കാട്ടിലെ സകലമൃഗത്തിനും ഇരയായിത്തീരുകയും ചെയ്തത്” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്; എന്റെ ഇടയന്മാർ എന്റെ ആടുകളെ അന്വേഷിക്കാതെ അവരവരെത്തന്നെ മേയിക്കുകയും ആടുകളെ മേയിക്കാതെയിരിക്കുകയും ചെയ്യുകകൊണ്ട്,
9ഇടയന്മാരേ, യഹോവയുടെ വചനം കേൾക്കുവിൻ:10യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ ഇടയന്മാർക്കു വിരോധമായിരിക്കുന്നു; ഞാൻ എന്റെ ആടുകളെ അവരുടെ കൈയിൽനിന്നു ചോദിച്ച്, ആടുകളെ മേയിക്കുന്ന വേലയിൽനിന്ന് അവരെ നീക്കിക്കളയും; ഇടയന്മാർ ഇനി തങ്ങളെത്തന്നെ മേയിക്കുകയില്ല; എന്റെ ആടുകൾ അവർക്ക് ഇരയാകാതെയിരിക്കേണ്ടതിന് ഞാൻ അവയെ അവരുടെ വായിൽനിന്നു വിടുവിക്കും”.
11യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ തന്നെ എന്റെ ആടുകളെ അന്വേഷിച്ചുകണ്ടെത്തും.12ഒരു ഇടയൻ ചിതറിപ്പോയിരിക്കുന്ന തന്റെ ആടുകളുടെ ഇടയിൽ ഇരിക്കുന്ന നാളിൽ, തന്റെ ആട്ടിൻകൂട്ടത്തെ അന്വേഷിക്കുന്നതുപോലെ ഞാൻ എന്റെ ആടുകളെ അന്വേഷിച്ച്, കാർമേഘവും അന്ധകാരവുമുള്ള ദിവസത്തിൽ, അവ ചിതറിപ്പോയ സകലസ്ഥലങ്ങളിലുംനിന്ന് അവയെ വിടുവിക്കും.13ഞാൻ അവയെ ജനതകളുടെ ഇടയിൽനിന്നു പുറപ്പെടുവിച്ച്, ദേശങ്ങളിൽ നിന്നു ശേഖരിച്ച്, സ്വദേശത്തു കൊണ്ടുവന്ന്, യിസ്രായേൽമലകളിലും നദീതീരങ്ങളിലും ദേശത്തിലെ സകലവാസസ്ഥലങ്ങളിലും മേയിക്കും.
14നല്ല മേച്ചിൽപുറത്തു ഞാൻ അവയെ മേയിക്കും; യിസ്രായേലിന്റെ ഉയർന്ന മലകളിൽ അവ കിടക്കും; അവിടെ അവ നല്ല തൊഴുത്തുകളിൽ കിടക്കുകയും യിസ്രായേൽമലകളിലെ പുഷ്ടിയുള്ള മേച്ചിൽപുറത്തു മേയുകയും ചെയ്യും.15ഞാൻ തന്നെ എന്റെ ആടുകളെ മേയിക്കുകയും കിടത്തുകയും ചെയ്യും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.16“കാണാതെപോയതിനെ ഞാൻ അന്വേഷിക്കുകയും, ഓടിച്ചുകളഞ്ഞതിനെ തിരിച്ചു വരുത്തുകയും, ഒടിഞ്ഞതിനെ മുറിവുകെട്ടുകയും, രോഗം ബാധിച്ചതിനെ ശക്തീകരിക്കുകയും ചെയ്യും; എന്നാൽ കൊഴുത്തതിനെയും കരുത്തുള്ളതിനെയും ഞാൻ നശിപ്പിക്കും; ഞാൻ ന്യായത്തോടെ അവയെ മേയിക്കും.
17നിങ്ങളോ, എന്റെ ആടുകളേ,” യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ആടിനും ആടിനും നടുവിലും ആട്ടുകൊറ്റന്മാർക്കും കോലാട്ടുകൊറ്റന്മാർക്കും നടുവിലും ന്യായം വിധിക്കുന്നു.18നിങ്ങൾ നല്ല സ്ഥലത്തു മേഞ്ഞശേഷം,മേച്ചിലിന്റെ ശേഷിപ്പ് കാല് കൊണ്ടു ചവിട്ടിക്കളയുന്നതും, തെളിഞ്ഞവെള്ളം കുടിച്ചിട്ട് ശേഷിപ്പുള്ളത് കാല് കൊണ്ടു കലക്കിക്കളയുന്നതും നിങ്ങൾക്കു പോരായോ?19നിങ്ങൾ കാല് കൊണ്ടു ചവിട്ടിയത് എന്റെ ആടുകൾ തിന്നുകയും, നിങ്ങൾ കാല് കൊണ്ടു കലക്കിയത് അവ കുടിക്കുകയും ചെയ്യണമോ?”
20അതുകൊണ്ട് യഹോവയായ കർത്താവ് അവയോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ തന്നെ തടിച്ച ആടുകൾക്കും മെലിഞ്ഞ ആടുകൾക്കും മദ്ധ്യത്തിൽ ന്യായംവിധിക്കും.21രോഗം ബാധിച്ചവയെ പാർശ്വംകൊണ്ടും തോൾകൊണ്ടും ഉന്തിയും, കൊമ്പുകൊണ്ട് ഇടിച്ചും അവയെ ചുറ്റും ചിതറിക്കുന്നതിനാൽ,
22ഞാൻ എന്റെ ആട്ടിൻകൂട്ടത്തെ രക്ഷിക്കും; അവ ഇനി ഇരയായിത്തീരുകയില്ല; ഞാൻ ആടിനും ആടിനും മദ്ധ്യത്തിൽ ന്യായം വിധിക്കും.23അവയെ മേയിക്കേണ്ടതിന് ഞാൻ ഒരു ഇടയനെ അവയ്ക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നെ; അവൻ അവയെ മേയിച്ച്, അവയ്ക്ക് ഇടയനായിരിക്കും.24അങ്ങനെ യഹോവയായ ഞാൻ അവർക്കു ദൈവവും എന്റെ ദാസനായ ദാവീദ് അവരുടെ മദ്ധ്യത്തിൽ പ്രഭുവും ആയിരിക്കും; യഹോവയായ ഞാൻ അത് അരുളിച്ചെയ്തിരിക്കുന്നു.
25ഞാൻ അവയോട് ഒരു സമാധാനനിയമം ചെയ്ത് ദുഷ്ടമൃഗങ്ങളെ ദേശത്തുനിന്ന് നീക്കിക്കളയും; അങ്ങനെ അവ മരുഭൂമിയിൽ നിർഭയമായി വസിക്കുകയും കാടുകളിൽ ഉറങ്ങുകയും ചെയ്യും.26ഞാൻ അവയെയും എന്റെ കുന്നിനു ചുറ്റുമുള്ള സ്ഥലങ്ങളും ഒരു അനുഗ്രഹമാക്കിവയ്ക്കും; ഞാൻ തക്ക സമയത്തു മഴപെയ്യിക്കും; അത് അനുഗ്രഹകരമായ മഴ ആയിരിക്കും.27വയലിലെ വൃക്ഷം ഫലം കായിക്കുകയും നിലം നന്നായി വിളയുകയും അവർ അവരുടെ ദേശത്ത് നിർഭയമായി വസിക്കുകയും ഞാൻ അവരുടെ നുകബന്ധനങ്ങൾ പൊട്ടിച്ച്, അവരെക്കൊണ്ടു പണി എടുപ്പിച്ചവരുടെ കൈയിൽനിന്ന് അവരെ വിടുവിക്കുകയും ചെയ്യുമ്പോൾ ഞാൻ യഹോവ എന്ന് അവർ അറിയും.
28അവർ ഇനി ജനതകൾക്കു കവർച്ച ആയിത്തീരുകയില്ല; കാട്ടുമൃഗം അവരെ കടിച്ചു കീറുകയില്ല; അവർ നിർഭയമായി വസിക്കും; ആരും അവരെ ഭയപ്പെടുത്തുകയുമില്ല.29വിളവുകൾക്ക് പ്രശസ്തമായൊരു തോട്ടം ഞാൻ അവർക്ക് നട്ടുണ്ടാക്കും; അവർ ഇനി ദേശത്തു പട്ടിണി കിടന്നു നശിക്കുകയില്ല; ജനതകളുടെ നിന്ദ ഇനി വഹിക്കുകയുമില്ല.
30ഇങ്ങനെ അവരുടെ ദൈവമായ യഹോവ എന്ന ഞാൻ അവരോടുകൂടി ഉണ്ടെന്നും, യിസ്രായേൽഗൃഹമായിരിക്കുന്ന അവർ എന്റെ ജനമാകുന്നു എന്നും അവർ അറിയും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.31“എന്നാൽ എന്റെ മേച്ചിൽപുറത്തെ ആടുകളായ, എന്റെ ആടുകളേ, നിങ്ങൾ മനുഷ്യരത്രേ; ഞാനോ നിങ്ങളുടെ ദൈവം” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.

35

1യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:2“മനുഷ്യപുത്രാ, നീ സെയീർപർവ്വതത്തിനു നേരെ മുഖംതിരിച്ച് അതിനെക്കുറിച്ചു പ്രവചിച്ച് അതിനോടു പറയേണ്ടത്:3‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “സെയീർപർവ്വതമേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു; ഞാൻ നിന്റെ നേരെ കൈ നീട്ടി നിന്നെ പാഴും ശൂന്യവുമാക്കും.

4ഞാൻ നിന്റെ പട്ടണങ്ങളെ ശൂന്യമാക്കും; നീ പാഴായിത്തീരും; ഞാൻ യഹോവയെന്ന് നീ അറിയും.5നീ പുരാതനശത്രുത്വം പുലർത്തി, യിസ്രായേൽമക്കളുടെ അകൃത്യത്തിന്റെ അന്ത്യശിക്ഷാകാലമായ അവരുടെ ആപത്തുകാലത്ത്, അവരെ വാളിന് ഏല്പിച്ചുവല്ലോ.6അതുകൊണ്ട്: എന്നാണ, ഞാൻ നിന്നെ രക്തച്ചൊരിച്ചിലിന് ഏല്പിക്കുകയും രക്തം നിന്നെ പിന്തുടരുകയും ചെയ്യും; രക്തം നീ വെറുക്കാതിരുന്നതുകൊണ്ട്, രക്തം നിന്നെ പിന്തുടരും എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
7അങ്ങനെ ഞാൻ സെയീർപർവ്വതത്തെ പാഴും ശൂന്യവുമാക്കി, അതിൽക്കൂടി കടന്നുപോകുന്നവരെ അതിൽ നിന്നു ഛേദിച്ചുകളയും.8ഞാൻ അതിന്റെ മലകളെ നിഹതന്മാരെക്കൊണ്ടു നിറയ്ക്കും; നിന്റെ കുന്നുകളിലും താഴ്വരകളിലും നിന്റെ സകലനദികളിലും വാളാൽ നിഹതന്മാരായവർ വീഴും.9ഞാൻ നിന്നെ ശാശ്വതശൂന്യങ്ങളാക്കും; നിന്റെ പട്ടണങ്ങൾ നിവാസികൾ ഇല്ലാതെയിരിക്കും; ഞാൻ യഹോവ എന്ന് നിങ്ങൾ അറിയും.
10യഹോവ അവിടെ ഉണ്ടായിരിക്കുമ്പോൾ: ‘ഈ ജനതകൾ രണ്ടും ഈ ദേശങ്ങൾ രണ്ടും എനിക്കുള്ളവയാകും; ഞങ്ങൾ അതു കൈവശമാക്കും’ എന്ന് നീ പറഞ്ഞതുകൊണ്ട്11എന്നാണ, നീ അവരോടു നിന്റെ വിദ്വേഷം ഹേതുവായി കാണിച്ചിരിക്കുന്ന കോപത്തിനും അസൂയയ്ക്കും ഒത്തവിധം ഞാനും പ്രവർത്തിക്കും; ഞാൻ നിനക്കു ന്യായം വിധിക്കുമ്പോൾ ഞാൻ അവരുടെ ഇടയിൽ എന്നെത്തന്നെ വെളിപ്പെടുത്തും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
12“‘യിസ്രായേൽപർവ്വതങ്ങൾ ശൂന്യമായിരിക്കുന്നു; അവ ഞങ്ങൾക്ക് ഇരയായി നല്കപ്പെട്ടിരിക്കുന്നു’ എന്നിങ്ങനെ അവയെക്കുറിച്ച് നീ പറഞ്ഞിരിക്കുന്ന ദൂഷണങ്ങൾ എല്ലാം യഹോവയായ ഞാൻ കേട്ടിരിക്കുന്നു എന്ന് നീ അറിയും.13നിങ്ങൾ വായ്കൊണ്ട് എന്റെനേരെ വമ്പു പറഞ്ഞ് എനിക്കു വിരോധമായി നിങ്ങളുടെ വാക്കുകളെ വർദ്ധിപ്പിച്ചു; ഞാൻ അത് കേട്ടിരിക്കുന്നു”.
14യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “സർവ്വഭൂമിയും സന്തോഷിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ നിന്നെ ശൂന്യമാക്കും.15യിസ്രായേൽഗൃഹത്തിന്റെ അവകാശം ശൂന്യമായതിൽ നീ സന്തോഷിച്ചുവല്ലോ; ഞാൻ നിന്നോടും അതുപോലെ ചെയ്യും; സെയീർപർവ്വതവും എല്ലാ ഏദോമുമായുള്ളവയേ, നീ ശൂന്യമായിത്തീരും; ഞാൻ യഹോവയെന്ന് അവർ അറിയും”.

36

1"നീയോ, മനുഷ്യപുത്രാ, യിസ്രായേൽപർവ്വതങ്ങളോടു പ്രവചിച്ചു പറയേണ്ടത്: ‘യിസ്രായേൽപർവ്വതങ്ങളേ, യഹോവയുടെ വചനം കേൾക്കുവിൻ‘!2യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:“ ശത്രു നിങ്ങളെക്കുറിച്ച്: ‘നന്നായി; പുരാതനഗിരികൾ ഞങ്ങൾക്കു കൈവശം ആയിരിക്കുന്നു’ എന്നു പറയുന്നു.3അതുകൊണ്ടു നീ പ്രവചിച്ചുപറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ജനതകളിൽ ശേഷിച്ചവർക്കു കൈവശമായിത്തീരത്തക്കവിധം അവർ നിങ്ങളെ ശൂന്യമാക്കി നിങ്ങളെ ചുറ്റും നിന്നു വിഴുങ്ങിക്കളയുന്നതുകൊണ്ടും നിങ്ങൾ വായാടികളുടെ അധരങ്ങളാൽ ലോകരുടെ അപവാദവിഷയമായിത്തീർന്നിരിക്കുകകൊണ്ടും യിസ്രായേൽപർവ്വതങ്ങളേ,

4യഹോവയായ കർത്താവിന്റെ വചനം കേൾക്കുവിൻ! മലകളോടും കുന്നുകളോടും തോടുകളോടും താഴ്വരകളോടും പാഴായിരിക്കുന്ന ശൂന്യപ്രദേശങ്ങളോടും നിർജ്ജനവും ചുറ്റുമുള്ള ജനതകളിൽ ശേഷിച്ചവർക്കു കവർച്ചയും പരിഹാസവും ആയി ഭവിച്ചിരിക്കുന്ന പട്ടണങ്ങളോടും യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:5അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ജനതകളിൽ ശേഷിച്ചവരോടും എല്ലാ ഏദോമിനോടും ഞാൻ നിശ്ചയമായി എന്റെ ജ്വലിക്കുന്ന തീക്ഷ്ണതയോടെ സംസാരിക്കും; അവർ എന്റെ ദേശത്തെ കവർച്ചയ്ക്കായി തള്ളിക്കളയുവാൻ തക്കവിധം അതിനെ പൂർണ്ണഹൃദയസന്തോഷത്തോടും നിന്ദാഭാവത്തോടും കൂടി അവർക്ക് അവകാശമായി നിയമിച്ചുവല്ലോ”.6അതുകൊണ്ട് നീ യിസ്രായേൽ ദേശത്തെക്കുറിച്ചു പ്രവചിച്ച് മലകളോടും കുന്നുകളോടും തോടുകളോടും താഴ്വരകളോടും പറയേണ്ടത്: “യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ജനതകളുടെ നിന്ദ വഹിച്ചതുകൊണ്ട് ഞാൻ എന്റെ തീക്ഷ്ണതയോടും എന്റെ ക്രോധത്തോടും കൂടി സംസാരിക്കുന്നു”.
7അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ ചുറ്റുമുള്ള ജനതകൾ നിശ്ചയമായി തങ്ങളുടെ ലജ്ജ വഹിക്കും എന്ന് ഞാൻ കൈ ഉയർത്തി സത്യം ചെയ്യുന്നു.
8നിങ്ങളോ, യിസ്രായേൽപർവ്വതങ്ങളേ, എന്റെ ജനമായ യിസ്രായേൽ വരുവാൻ അടുത്തിരിക്കുകകൊണ്ട് കൊമ്പുകളെ നീട്ടി അവർക്കു വേണ്ടി ഫലം കായിക്കുവിൻ.9ഞാൻ നിങ്ങൾക്ക് അനുകൂലമായിരിക്കുന്നു; ഞാൻ നിങ്ങളുടെ അടുക്കലേക്കു തിരിയും; നിങ്ങളിൽ കൃഷിയും വിതയും നടക്കും.
10ഞാൻ നിങ്ങളിൽ മനുഷ്യരെ, യിസ്രായേൽഗൃഹം മുഴുവനെയും തന്നെ, വർദ്ധിപ്പിക്കും; പട്ടണങ്ങളിൽ നിവാസികൾ ഉണ്ടാകും; ശൂന്യപ്രദേശങ്ങളെയും പണിയും.11ഞാൻ നിങ്ങളിൽ മനുഷ്യരെയും മൃഗങ്ങളെയും വർദ്ധിപ്പിക്കും; അവർ പെരുകി സന്താനപുഷ്ടിയുള്ളവരാകും; കഴിഞ്ഞകാലത്ത് എന്ന പോലെ ഞാൻ നിങ്ങളിൽ ജനവാസമുണ്ടാക്കും; നിങ്ങളുടെ ആദികാലത്തുണ്ടായിരുന്നതിനെക്കാൾ അധികം നന്മ ഞാൻ നിങ്ങൾക്കു ചെയ്യും; ഞാൻ യഹോവ എന്ന് നിങ്ങൾ അറിയും.12ഞാൻ നിങ്ങളിൽകൂടി മനുഷ്യരെ, എന്റെ ജനമായ യിസ്രായേലിനെ തന്നെ, സഞ്ചരിക്കുമാറാക്കും; അവർ നിന്നെ കൈവശമാക്കും; നീ അവർക്ക് അവകാശമായിരിക്കും; നീ ഇനി അവരെ മക്കളില്ലാത്തവരാക്കുകയുമില്ല”.
13യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ നിന്നോട്: “നീ മനുഷ്യരെ തിന്നുകളയുകയും നിന്റെ ജനത്തെ മക്കളില്ലാത്തവരാക്കുകയും ചെയ്ത ദേശമാകുന്നു’ എന്നു പറയുന്നതുകൊണ്ട്,14നീ ഇനിമേൽ മനുഷ്യരെ തിന്നുകളയുകയില്ല; നിന്റെ ജനത്തെ മക്കളില്ലാത്തവരാക്കുകയുമില്ല”; എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.15“ഞാൻ ഇനി നിന്നെ ജനതകളുടെ നിന്ദ കേൾപ്പിക്കുകയില്ല; വംശങ്ങളുടെ അപമാനം നീ ഇനി വഹിക്കുകയില്ല; നീ ഇനി നിന്റെ ജനത്തെ മക്കളില്ലാത്തവരാക്കുകയുമില്ല” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.

16യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:17“മനുഷ്യപുത്രാ, യിസ്രായേൽ ഗൃഹം അവരുടെ ദേശത്തു വസിച്ചിരുന്നപ്പോൾ, അവർ അതിനെ അവരുടെ നടപ്പുകൊണ്ടും പ്രവൃത്തികൾകൊണ്ടും മലിനമാക്കി; എന്റെ മുമ്പാകെ അവരുടെ നടപ്പ് ഋതുവായോരു സ്ത്രീയുടെ മാലിന്യംപോലെ ആയിരുന്നു.18അവർ ദേശത്തു ചൊരിഞ്ഞ രക്തംനിമിത്തവും അതിനെ അവരുടെ വിഗ്രഹങ്ങൾകൊണ്ടു മലിനമാക്കിയതുനിമിത്തവും ഞാൻ എന്റെ ക്രോധം അവരുടെമേൽ പകർന്നു.
19ഞാൻ അവരെ ജനതകളുടെ ഇടയിൽ ചിന്നിച്ചു; അവർ ദേശങ്ങളിൽ ചിതറിപ്പോയി; അവരുടെ നടപ്പിനും പ്രവൃത്തികൾക്കും തക്കവിധം ഞാൻ അവരെ ന്യായം വിധിച്ചു.20ജനതകളുടെ ഇടയിൽ അവർ എത്തുന്നയിടത്തെല്ലാം അവരെക്കുറിച്ച്: ‘ഇവർ യഹോവയുടെ ജനം, അവിടുത്തെ ദേശം വിട്ടുപോകേണ്ടിവന്നവർ’ എന്ന് പറയുവാൻ ഇടയാക്കിയതിനാൽ അവർ എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കി.21എങ്കിലും യിസ്രായേൽഗൃഹം ചെന്നുചേർന്ന ജനതകളുടെ ഇടയിൽ അശുദ്ധമാക്കിയ എന്റെ വിശുദ്ധനാമത്തെക്കുറിച്ച് എനിക്ക് ഹൃദയഭാരം ഉണ്ടായി
22അതുകൊണ്ട് നീ യിസ്രായേൽഗൃഹത്തോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹമേ, നിങ്ങളുടെ നിമിത്തമല്ല, നിങ്ങൾ ചെന്നുചേർന്ന ജനതകളുടെ ഇടയിൽ നിങ്ങൾ അശുദ്ധമാക്കിയിരിക്കുന്ന എന്റെ വിശുദ്ധനാമംനിമിത്തം അത്രേ ഞാൻ അങ്ങനെ ചെയ്യുന്നത്.23ജനതകളുടെ ഇടയിൽ നിങ്ങൾ അശുദ്ധമാക്കിയതായി അവരുടെ ഇടയിൽ അശുദ്ധമായിത്തീർന്നിരിക്കുന്ന എന്റെ മഹത്തായ നാമത്തെ ഞാൻ വിശുദ്ധീകരിക്കും; ജനതകളുടെ മുൻപിൽ ഞാൻ എന്നെത്തന്നെ നിങ്ങളിൽ വിശുദ്ധീകരിക്കുമ്പോൾ ഞാൻ യഹോവ എന്ന് അവർ അറിയും എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
24ഞാൻ നിങ്ങളെ ജനതകളുടെ ഇടയിൽനിന്നു കൂട്ടിവരുത്തി, സകലദേശങ്ങളിൽനിന്നും നിങ്ങളെ ശേഖരിച്ച്, സ്വന്തദേശത്തേക്കു കൊണ്ടുവരും.25ഞാൻ നിങ്ങളുടെമേൽ നിർമ്മലജലം തളിക്കും; നിങ്ങൾ നിർമ്മലരായി തീരും; ഞാൻ നിങ്ങളുടെ സകലമലിനതയെയും സകലവിഗ്രഹങ്ങളെയും നീക്കി നിങ്ങളെ നിർമ്മലീകരിക്കും.
26ഞാൻ നിങ്ങൾക്കു പുതിയ ഒരു ഹൃദയം തരും; പുതിയ ഒരു ആത്മാവിനെ ഞാൻ നിങ്ങളുടെ ഉള്ളിൽ ആക്കും; കല്ലായുള്ള ഹൃദയം ഞാൻ നിങ്ങളുടെ ജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങൾക്കു തരും.27ഞാൻ എന്റെ ആത്മാവിനെ നിങ്ങളുടെ ഉള്ളിൽ ആക്കി നിങ്ങളെ എന്റെ ചട്ടങ്ങളിൽ നടക്കുമാറാക്കും; നിങ്ങൾ എന്റെ വിധികളെ പ്രമാണിച്ച് അനുഷ്ഠിക്കും.28ഞാൻ നിങ്ങളുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്ത് നിങ്ങൾ വസിക്കും; നിങ്ങൾ എനിക്കു ജനമായും ഞാൻ നിങ്ങൾക്കു ദൈവമായും ഇരിക്കും.
29ഞാൻ നിങ്ങളുടെ സകല മലിനതകളും നീക്കി നിങ്ങളെ രക്ഷിക്കും; ഞാൻ നിങ്ങളുടെമേൽ ക്ഷാമം വരുത്താതെ ധാന്യം വിളിച്ചുവരുത്തി അതിനെ വർദ്ധിപ്പിക്കും.30നിങ്ങൾ ഇനി ഒരിക്കലും ജനതകളുടെ ഇടയിൽ ക്ഷാമത്തിന്റെ നിന്ദ അനുഭവിക്കാതെയിരിക്കേണ്ടതിന് ഞാൻ വൃക്ഷങ്ങളുടെ ഫലവും നിലത്തിന്റെ വിളവും വർദ്ധിപ്പിക്കും.31അപ്പോൾ നിങ്ങൾ നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെയും ദുഷ്ടപ്രവൃത്തികളെയും ഓർത്ത്, നിങ്ങളുടെ അകൃത്യങ്ങളും മ്ലേച്ഛതകളും നിമിത്തം നിങ്ങൾക്കു നിങ്ങളോടു തന്നെ വെറുപ്പു തോന്നും.
32‘നിങ്ങളുടെ നിമിത്തമല്ല ഞാൻ ഇതു ചെയ്യുന്നത്’ എന്ന് നിങ്ങൾ മനസ്സിലാക്കണമെന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു; യിസ്രായേൽഗൃഹമേ, നിങ്ങളുടെ നടപ്പുനിമിത്തം ലജ്ജിച്ചു നാണിക്കുവിൻ.33യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിങ്ങളുടെ അകൃത്യങ്ങളെല്ലാം നീക്കി നിങ്ങളെ നിർമ്മലീകരിക്കുന്ന നാളിൽ ഞാൻ നിങ്ങളുടെ പട്ടണങ്ങൾ ജനവാസമുള്ളതാക്കും; ശൂന്യസ്ഥലങ്ങളെയും പണിയും.34അതിലെ വഴിപോകുന്ന എല്ലാവരുടെയും കാഴ്ചയ്ക്കു ശൂന്യമായിക്കിടന്നിരുന്ന പ്രദേശത്ത് കൃഷി നടക്കും.
35‘ശൂന്യമായിക്കിടന്നിരുന്ന ദേശം ഏദെൻതോട്ടം പോലെയായിത്തീർന്നുവല്ലോ; പാഴും ശൂന്യവുമായി ഇടിഞ്ഞുകിടന്നിരുന്ന പട്ടണങ്ങൾ ഉറപ്പും നിവാസികളും ഉള്ളവ ആയിത്തീർന്നുവല്ലോ’ എന്ന് അവർ പറയും.36ഇടിഞ്ഞുകിടന്നിരുന്ന പട്ടണങ്ങളെ യഹോവയായ ഞാൻ പണിത്, ശൂന്യപ്രദേശത്ത് കൃഷി ചെയ്യുമെന്ന് നിങ്ങളുടെ ചുറ്റും ശേഷിച്ചിരിക്കുന്ന ജനതകൾ അന്ന് അറിയും; യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു; ഞാൻ നിവർത്തിക്കുകയും ചെയ്യും”.
37യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേൽഗൃഹത്തിന്റെ അപേക്ഷ കേട്ട്, ഞാൻ ഒന്നുകൂടി ചെയ്യും: ഞാൻ അവർക്ക് ആളുകളെ ആട്ടിൻ കൂട്ടത്തെപ്പോലെ വർദ്ധിപ്പിച്ചുകൊടുക്കും.38ശൂന്യമായിപ്പോയിരുന്ന പട്ടണങ്ങൾ വിശുദ്ധമായ ആട്ടിൻ കൂട്ടംപോലെ, ഉത്സവങ്ങളിൽ യെരൂശലേമിലെ ആട്ടിൻ കൂട്ടംപോലെ തന്നെ, മനുഷ്യരാകുന്ന ആട്ടിൻ കൂട്ടം കൊണ്ടു നിറയും; ഞാൻ യഹോവ എന്ന് അവർ അറിയും”.

37

1യഹോവയുടെ കൈ എന്റെമേൽ വന്ന്, യഹോവയുടെ ആത്മാവിൽ എന്നെ പുറപ്പെടുവിച്ച്, താഴ്വരയുടെ നടുവിൽ നിറുത്തി; അത് അസ്ഥികൾകൊണ്ടു നിറഞ്ഞിരുന്നു.2അവിടുന്ന് എന്നെ അവയുടെ ഇടയിലൂടെ ചുറ്റിനടക്കുമാറാക്കി; തുറസ്സായ താഴ്വരയിൽ അവ എത്രയും അധികമായിരുന്നു; അവ ഏറ്റവും ഉണങ്ങിയുമിരുന്നു.3അവിടുന്ന് എന്നോട്: “മനുഷ്യപുത്രാ, ഈ അസ്ഥികൾ ജീവിക്കുമോ” എന്നു ചോദിച്ചു; അതിനു ഞാൻ: “യഹോവയായ കർത്താവേ, അങ്ങ് അറിയുന്നു” എന്നുത്തരം പറഞ്ഞു.

4അവിടുന്ന് എന്നോടു കല്പിച്ചത്: “നീ ഈ അസ്ഥികളെക്കുറിച്ചു പ്രവചിച്ച് അവയോടു പറയേണ്ടത്: “ഉണങ്ങിയ അസ്ഥികളേ, യഹോവയുടെ വചനം കേൾക്കുവിൻ!5യഹോവയായ കർത്താവ് ഈ അസ്ഥികളോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ജീവിക്കേണ്ടതിന് ഞാൻ നിങ്ങളിലേക്ക് ശ്വാസം അയയ്ക്കും.6ഞാൻ നിങ്ങളുടെമേൽ ഞരമ്പുവച്ച് മാംസം പിടിപ്പിച്ച് നിങ്ങളെ ത്വക്കുകൊണ്ടു പൊതിഞ്ഞ് നിങ്ങൾ ജീവിക്കേണ്ടതിന് നിങ്ങളിലേക്ക് ശ്വാസം അയയ്ക്കും; ഞാൻ യഹോവ എന്ന് നിങ്ങൾ അറിയും”.
7എന്നോടു കല്പിച്ചതുപോലെ ഞാൻ പ്രവചിച്ചു; ഞാൻ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു മുഴക്കം കേട്ടു; ഉടനെ ഒരു ഭൂകമ്പം ഉണ്ടായി, അസ്ഥി അസ്ഥിയോടു വന്നുചേർന്നു.8പിന്നെ ഞാൻ നോക്കി: അവയുടെ മേൽ ഞരമ്പും മാംസവും വന്നതും അവയുടെമേൽ ത്വക്കുപൊതിഞ്ഞതും കണ്ടു; എന്നാൽ ശ്വാസം അവയിൽ ഉണ്ടായിരുന്നില്ല.
9അപ്പോൾ അവിടുന്ന് എന്നോടു കല്പിച്ചത്: “കാറ്റിനോടു പ്രവചിക്കുക; മനുഷ്യപുത്രാ, നീ പ്രവചിച്ച് കാറ്റിനോടു പറയേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ശ്വാസമേ, നീ നാലു കാറ്റുകളിൽനിന്നും വന്ന് ഈ നിഹതന്മാർ ജീവിക്കേണ്ടതിന് അവരുടെ മേൽ ഊതുക”.10അവിടുന്ന് എന്നോടു കല്പിച്ചതുപോലെ ഞാൻ പ്രവചിച്ചപ്പോൾ ശ്വാസം അവരിൽ വന്നു; അവർ ജീവിച്ച് ഏറ്റവും വലിയ സൈന്യമായി നിവിർന്നുനിന്നു.
11പിന്നെ അവിടുന്ന് എന്നോട് അരുളിച്ചെയ്തത്: “മനുഷ്യപുത്രാ, ഈ അസ്ഥികൾ യിസ്രായേൽഗൃഹം മുഴുവനും ആകുന്നു; ‘ഞങ്ങളുടെ അസ്ഥികൾ ഉണങ്ങി, ഞങ്ങളുടെ പ്രത്യാശയ്ക്കു ഭംഗം വന്ന്, ഞങ്ങൾ തീരെ മുടിഞ്ഞിരിക്കുന്നു’ എന്ന് അവർ പറയുന്നു.12അതുകൊണ്ടു നീ പ്രവചിച്ച് അവരോടു പറയേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ജനമേ, ഞാൻ നിങ്ങളുടെ ശവക്കുഴി തുറന്ന് നിങ്ങളെ ശവക്കുഴിയിൽനിന്നു കയറ്റി യിസ്രായേൽദേശത്തേക്കു കൊണ്ടുപോകും.
13അങ്ങനെ എന്റെ ജനമേ, ഞാൻ നിങ്ങളുടെ ശവക്കുഴി തുറന്ന് നിങ്ങളെ ശവക്കുഴിയിൽനിന്നു കയറ്റുമ്പോൾ ഞാൻ യഹോവ എന്ന് നിങ്ങൾ അറിയും.14നിങ്ങൾ ജീവിക്കേണ്ടതിന് ഞാൻ എന്റെ ആത്മാവിനെ നിങ്ങളിൽ ആക്കും; ഞാൻ നിങ്ങളെ സ്വദേശത്തു പാർപ്പിക്കും; യഹോവയായ ഞാൻ അരുളിച്ചെയ്തു നിവർത്തിച്ചുമിരിക്കുന്നു എന്നു നിങ്ങൾ അറിയും’ എന്ന് യഹോവയുടെ അരുളപ്പാട്”.

15യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:16മനുഷ്യപുത്രാ, നീ ഒരു വടി എടുത്ത് അതിന്മേൽ: ‘യെഹൂദയ്ക്കും അവനോടു ചേർന്നിരിക്കുന്ന യിസ്രായേൽമക്കൾക്കും’ എന്ന് എഴുതിവയ്ക്കുക; പിന്നെ മറ്റൊരു വടി എടുത്ത് അതിന്മേൽ: ‘എഫ്രയീമിന്റെ വടിയായ യോസേഫിനും അവനോടു ചേർന്നിരിക്കുന്ന എല്ലാ യിസ്രായേൽഗൃഹത്തിനും’ എന്ന് എഴുതിവയ്ക്കുക.17പിന്നെ നീ അവയെ ഒരു വടിയായി ഒന്നോടൊന്നു ചേർക്കുക; അവ നിന്റെ കൈയിൽ ഒന്നായിത്തീരും.
18‘ഇതിന്റെ അർത്ഥം എന്തെന്ന് നീ ഞങ്ങളെ അറിയിക്കുകയില്ലയോ’ എന്ന് നിന്റെ സ്വജാതിക്കാർ നിന്നോടു ചോദിക്കുമ്പോൾ, നീ അവരോടു പറയേണ്ടത്:19‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ എഫ്രയീമിന്റെ കൈയിലുള്ള യോസേഫിന്റെ വടിയും അവനോടു ചേർന്നിരിക്കുന്ന എല്ലാ യിസ്രായേൽഗോത്രങ്ങളെയും എടുത്ത് അവരെ അവനോട്, യെഹൂദയുടെ വടിയോടു തന്നെ, ചേർത്ത് ഒരു വടിയാക്കും; അവർ എന്റെ കൈയിൽ ഒന്നായിരിക്കും’.20നീ എഴുതിയ വടികൾ അവരുടെ കാൺമുമ്പിൽ നിന്റെ കൈയിൽ ഇരിക്കണം.
21പിന്നെ നീ അവരോടു പറയേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേൽമക്കളെ അവർ ചെന്നു ചേർന്നിരിക്കുന്ന ജനതകളുടെ ഇടയിൽനിന്നു കൂട്ടി എല്ലാ ഭാഗത്തുനിന്നും സ്വരൂപിച്ച് സ്വദേശത്തേക്കു കൊണ്ടുവരും.22ഞാൻ അവരെ ദേശത്ത്, യിസ്രായേൽ പർവ്വതങ്ങളിൽ തന്നെ, ഏകജനതയാക്കും; ഒരു രാജാവ് അവർക്കെല്ലാവർക്കും രാജാവായിരിക്കും; അവർ ഇനി രണ്ടു ജനതയായിരിക്കുകയില്ല, രണ്ടു രാജ്യമായി പിരിയുകയുമില്ല.23അവർ ഇനി വിഗ്രഹങ്ങളാലും മ്ലേച്ഛതകളാലും യാതൊരു അതിക്രമത്താലും അവരെ സ്വയം മലിനമാക്കുകയില്ല; അവർ പാപം ചെയ്ത അവരുടെ സകല വാസസ്ഥലങ്ങളിലുംനിന്ന് ഞാൻ അവരെ രക്ഷിച്ചു ശുദ്ധീകരിക്കും; അങ്ങനെ അവർ എനിക്കു ജനമായും ഞാൻ അവർക്കു ദൈവമായും ഇരിക്കും.
24എന്റെ ദാസനായ ദാവീദ് അവർക്കു രാജാവായിരിക്കും; അവർക്കെല്ലാവർക്കും ഒരു ഇടയൻ ഉണ്ടാകും; അവർ എന്റെ വിധികളിൽ നടന്ന് എന്റെ ചട്ടങ്ങളെ പ്രമാണിച്ച് അനുഷ്ഠിക്കും.25എന്റെ ദാസനായ യാക്കോബിനു ഞാൻ കൊടുത്തതും നിങ്ങളുടെ പിതാക്കന്മാർ വസിച്ചിരുന്നതും ആയ ദേശത്ത് അവർ വസിക്കും; അവരും, മക്കളും, മക്കളുടെ മക്കളും എന്നേക്കും അവിടെ വസിക്കും; എന്റെ ദാസനായ ദാവീദ് എന്നേക്കും അവർക്കു പ്രഭുവായിരിക്കും.
26ഞാൻ അവരോട് ഒരു സമാധാനനിയമം ചെയ്യും; അത് അവർക്ക് ഒരു ശാശ്വതനിയമം ആയിരിക്കും; ഞാൻ അവരെ സ്ഥിരപ്പെടുത്തി, വർദ്ധിപ്പിച്ച് അവരുടെ നടുവിൽ എന്റെ വിശുദ്ധമന്ദിരത്തെ സദാകാലത്തേക്കും സ്ഥാപിക്കും.27എന്റെ നിവാസം അവരോടുകൂടി ആയിരിക്കും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും.28എന്റെ വിശുദ്ധമന്ദിരം സദാകാലത്തേക്കും അവരുടെ നടുവിൽ ഇരിക്കുമ്പോൾ ഞാൻ യിസ്രായേലിനെ വിശുദ്ധീകരിക്കുന്ന യഹോവയെന്ന് ജനതകൾ അറിയും.

38

1യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:2“മനുഷ്യപുത്രാ, രോശ്, മേശെക്, തൂബൽ എന്നിവയുടെ പ്രഭുവായി, മാഗോഗ് ദേശത്തിലുള്ള ഗോഗിന്റെ നേരെ നീ മുഖംതിരിച്ച് അവനെക്കുറിച്ചു പ്രവചിച്ചു പറയേണ്ടത്:3‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: രോശ്, മേശെക്, തൂബൽ എന്നിവയുടെ പ്രഭുവായ ഗോഗേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു.

4ഞാൻ നിന്നെ വഴിതെറ്റിച്ച്, നിന്റെ താടിയെല്ലിൽ ചൂണ്ടൽ കൊളുത്തി, നിന്നെയും നിന്റെ സകല സൈന്യത്തെയും എല്ലാ കുതിരകളെയും സർവ്വായുധം ധരിച്ച എല്ലാ കുതിരച്ചേവകരെയും വാളും പരിചയും പലകയും എടുത്ത ഒരു മഹാസമൂഹത്തെയും,5അവരോടുകൂടിയുള്ള പരിചയും ശിരസ്ത്രവും ധരിച്ച പാർസികൾ, കൂശ്യർ, പൂത്യർ എന്നിവരും, ഗോമെരും6അവന്റെ എല്ലാപടക്കൂട്ടങ്ങളും വടക്കെ അറ്റത്തുള്ള തോഗർമ്മാഗൃഹവും അതിന്റെ എല്ലാ പടക്കൂട്ടങ്ങളും എന്നിങ്ങനെ പല ജനതകളെയും നിന്നോടുകൂടി പുറപ്പെടുമാറാക്കും.
7ഒരുങ്ങിക്കൊള്ളുക! നീയും നിന്റെ അടുക്കൽ കൂടിയിരിക്കുന്ന നിന്റെ സമൂഹവും എല്ലാം ഒരുങ്ങിക്കൊള്ളുവിൻ! നീ അവർക്കു മേധാവി ആയിരിക്കുക.8ഏറിയനാൾ കഴിഞ്ഞിട്ട് നീ സന്ദർശിക്കപ്പെടും; വാളിൽനിന്ന് രക്ഷപെട്ടതും, പല ജനതകളിൽനിന്ന് ശേഖരിക്കപ്പെട്ടതുമായ ഒരു രാജ്യത്തിലേക്ക് നീ അവസാനം വന്നുചേരും; നിരന്തരശൂന്യമായി കിടന്നിരുന്ന യിസ്രായേൽപർവ്വതങ്ങളിൽ തന്നെ; എന്നാൽ അവർ ജനതകളുടെ ഇടയിൽനിന്നു വന്ന് എല്ലാവരും നിർഭയമായി വസിക്കും.9നീ മഴക്കോൾപോലെ കയറിവരും; നീയും നിന്റെ എല്ലാ പടക്കൂട്ടങ്ങളും നിന്നോടുകൂടിയുള്ള പല ജനതകളും മേഘംപോലെ ദേശത്തെ മൂടും”.
10യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ആ നാളിൽ നിന്റെ ഹൃദയത്തിൽ ചില ചിന്തകൾ ഉത്ഭവിക്കും;11നീ ഒരു ദുരുപായം നിരൂപിക്കും; ‘മതിലില്ലാത്ത ഗ്രാമങ്ങൾ ഉള്ള ദേശത്തു ഞാൻ ചെല്ലും; കൊള്ളയിടേണ്ടതിനും കവർച്ച ചെയ്യേണ്ടതിനും, ശൂന്യമായിക്കിടന്നശേഷം വീണ്ടും നിവാസികളൾ ഉള്ളതായ സ്ഥലങ്ങൾക്കു നേരെയും, ജനതകളുടെ ഇടയിൽനിന്നു ശേഖരിക്കപ്പെട്ട്, കന്നുകാലികളും ധനവും സമ്പാദിച്ച്, ഭൂമിയുടെ മദ്ധ്യത്തിൽ വസിച്ചിരിക്കുന്ന ഒരു ജനത്തിന്റെ നേരെയും കൈ നീട്ടേണ്ടതിനും12മതിലും ഓടാമ്പലും കതകും കൂടാതെ നിർഭയം വസിച്ച് സ്വൈരമായിരിക്കുന്ന എല്ലാവരുടെയും നേരെ ഞാൻ ചെല്ലും” എന്നും നീ പറയും.
13ശെബയും ദെദാനും തർശീശിലെ വ്യാപാരികളും അതിലെ സകലബാലസിംഹങ്ങളും നിന്നോട്: ‘നീ കൊള്ളയിടുവാനോ വന്നത്? കവർച്ചചെയ്യുവാനും വെള്ളിയും പൊന്നും എടുത്തു കൊണ്ടുപോകുവാനും കന്നുകാലികളെയും ധനത്തെയും അപഹരിക്കുവാനും ഏറ്റവും വലിയ കൊള്ള നടത്തുവാനും ആകുന്നുവോ നീ നിന്റെ സമൂഹത്തെ കൂട്ടിയിരിക്കുന്നത്’ എന്നു പറയും.
14ആകയാൽ മനുഷ്യപുത്രാ, നീ പ്രവചിച്ച് ഗോഗിനോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “എന്റെ ജനമായ യിസ്രായേൽ നിർഭയമായി വസിക്കുന്ന ആ നാളിൽ, നീ അത് അറിയുകയില്ലയോ?15നീയും നിന്നോടുകൂടി പല ജനതകളും, മഹാസൈന്യവും, മഹാസമൂഹമായി എല്ലാവരും കുതിരപ്പുറത്തു കയറി, നിന്റെ ദിക്കിൽനിന്ന്, വടക്കെ അറ്റത്തുനിന്നു തന്നെ, വരും.16ദേശത്തെ മറയ്ക്കേണ്ടതിനുള്ള ഒരു മേഘംപോലെ നീ എന്റെ ജനമായ യിസ്രായേലിന്റെ നേരെ വരും; ഗോഗേ, അന്ത്യകാലത്തു ജാതികളുടെ കാൺമുമ്പിൽ ഞാൻ എന്നെത്തന്നെ നിന്നിൽ വിശുദ്ധീകരിക്കുമ്പോൾ അവർ എന്നെ അറിയേണ്ടതിന് ഞാൻ നിന്നെ എന്റെ ദേശത്തിന്റെ നേരെ വരുത്തും”.
17യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിന്നെ യിസ്രായേലിനു വിരോധമായി വരുത്തും’ എന്ന് കഴിഞ്ഞ കാലത്ത്, അനേകം സംവത്സരങ്ങളായി പ്രവചിച്ചുപോന്ന അവരുടെ പ്രവാചകന്മാരായ എന്റെ ദാസന്മാർമുഖാന്തരം ഞാൻ അന്ന് അരുളിച്ചെയ്തത് നിന്നെക്കുറിച്ചല്ലയോ?18യിസ്രായേൽദേശത്തിനു വിരോധമായി ഗോഗ് വരുന്ന ആ നാളിൽ, എന്റെ മുഖം ഉഗ്രകോപത്താൽ ജ്വലിക്കും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
19“അന്നാളിൽ നിശ്ചയമായി യിസ്രായേൽദേശത്ത് ഒരു വലിയ ഭൂകമ്പം ഉണ്ടാകും’ എന്ന് ഞാൻ എന്റെ തീക്ഷ്ണതയിലും എന്റെ കോപാഗ്നിയിലും അരുളിച്ചെയ്തിരിക്കുന്നു.20അങ്ങനെ സമുദ്രത്തിലെ മത്സ്യവും ആകാശത്തിലെ പറവയും കാട്ടിലെ മൃഗവും നിലത്തിഴയുന്ന എല്ലാ ഇഴജാതിയും ഭൂതലത്തിലെ സകലമനുഷ്യരും എന്റെ സന്നിധിയിൽ വിറയ്ക്കും; മലകൾ ഇടിഞ്ഞുപോകും; കടുന്തൂക്കായ സ്ഥലങ്ങൾ വീണുപോകും; എല്ലാ മതിലും നിലംപരിചാകും.
21ഞാൻ എന്റെ സകലപർവ്വതങ്ങളോടും അവന്റെ നേരെ വാളെടുക്കുവാൻ കല്പിക്കും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്; ഓരോരുത്തന്റെ വാൾ അവനവന്റെ സഹോദരനു വിരോധമായിരിക്കും.22ഞാൻ മഹാമാരികൊണ്ടും രക്തംകൊണ്ടും അവനെ ന്യായംവിധിക്കും; ഞാൻ അവന്റെമേലും അവന്റെ പടക്കൂട്ടങ്ങളുടെമേലും അവനോടുകൂടിയുള്ള പല ജനതകളുടെമേലും പെരുമഴയും വലിയ ആലിപ്പഴവും തീയും ഗന്ധകവും വർഷിപ്പിക്കും.23ഇങ്ങനെ ഞാൻ സ്വയം മഹത്ത്വീകരിക്കുകയും സ്വയം വിശുദ്ധീകരിക്കുകയും പല ജനതകളുടെയും കാൺമുമ്പിൽ എന്നെത്തന്നെ വെളിപ്പെടുത്തുകയും ചെയ്യുമ്പോൾ ഞാൻ യഹോവ എന്ന് അവർ അറിയും.

39

1നീയോ, മനുഷ്യപുത്രാ, ഗോഗിനെക്കുറിച്ചു പ്രവചിച്ച് പറയേണ്ടത്: “യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: രോശ്, മേശെക്, തൂബൽ എന്നിവയുടെ പ്രഭുവായ ഗോഗേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു.2ഞാൻ നിന്നെ വഴിതെറ്റിച്ച് നിന്നിൽ ആറിലൊന്നു മാത്രം ശേഷിപ്പിച്ച്, നിന്നെ വടക്കെ അറ്റത്തുനിന്നു പുറപ്പെടുവിച്ച്, യിസ്രായേൽപർവ്വതങ്ങളിൽ വരുത്തും.3ഞാൻ നിന്റെ ഇടങ്കയ്യിൽനിന്നു വില്ലു തെറിപ്പിച്ച്, നിന്റെ വലങ്കയ്യിൽനിന്ന് അമ്പു വീഴിക്കും.

4നീയും നിന്റെ എല്ലാ പടക്കൂട്ടങ്ങളും നിന്നോടുകൂടിയുള്ള ജനതകളും യിസ്രായേൽപർവ്വതങ്ങളിൽ വീഴും; ഞാൻ നിന്നെ കഴുകൻ മുതലായ പറവകൾക്കും, എല്ലാ കാട്ടുമൃഗങ്ങൾക്കും ഇരയായി കൊടുക്കും.5നീ വെളിമ്പ്രദേശത്തു വീഴും; ഞാനല്ലയോ അതു കല്പിച്ചിരിക്കുന്നത്” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.6“മാഗോഗിലും തീരപ്രദേശങ്ങളിൽ നിർഭയം വസിക്കുന്നവരുടെ ഇടയിലും ഞാൻ തീ അയയ്ക്കും; ഞാൻ യഹോവ എന്ന് അവർ അറിയും
7ഇങ്ങനെ ഞാൻ എന്റെ വിശുദ്ധനാമം എന്റെ ജനമായ യിസ്രായേലിന്റെ നടുവിൽ വെളിപ്പെടുത്തും; ഇനി എന്റെ വിശുദ്ധനാമം അശുദ്ധമാക്കുവാൻ ഞാൻ സമ്മതിക്കുകയില്ല; ഞാൻ യിസ്രായേലിൽ പരിശുദ്ധനായ യഹോവയാകുന്നു എന്ന് ജനതകൾ അറിയും.8ഇതാ, അതു വരുന്നു; അതു സംഭവിക്കും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്; “ഇതത്രേ ഞാൻ അരുളിച്ചെയ്ത ദിവസം.
9യിസ്രായേലിന്റെ പട്ടണങ്ങളിൽ വസിക്കുന്നവർ പുറപ്പെട്ട് പരിച, പലക, വില്ല്, അമ്പ്, കുറുവടി, കുന്തം മുതലായ ആയുധങ്ങൾ എടുത്തു തീ കത്തിക്കും; അവർ അവകൊണ്ട് ഏഴു സംവത്സരം തീ കത്തിക്കും.10വയലിൽനിന്നു വിറകു ശേഖരിക്കുകയോ, കാട്ടിൽനിന്നു വിറകു വെട്ടുകയോ ചെയ്യാതെ ആയുധങ്ങൾ തന്നെ അവർ കത്തിക്കും; അവരെ കൊള്ളയിട്ടവരെ അവർ കൊള്ളയിടുകയും അവരെ കവർച്ച ചെയ്തവരെ കവർച്ച ചെയ്യുകയും ചെയ്യും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
11അന്ന് ഞാൻ ഗോഗിന് യിസ്രായേലിൽ ഒരു ശ്മശാനഭൂമി കൊടുക്കും. കടലിനു കിഴക്കുവശത്ത് വഴിപോക്കരുടെ താഴ്വര തന്നെ; അവിടെ അവർ ഗോഗിനെയും അവന്റെ സകല പുരുഷാരത്തെയും അടക്കം ചെയ്യുന്നതുനിമിത്തം വഴിപോക്കർക്ക് അത് മാർഗതടസ്സമായിത്തീരും; അതിന് ഹാമോൻ-ഗോഗ് (ഗോഗ് പുരുഷാരത്തിന്റെ) താഴ്വര എന്ന് അവർ വിളിക്കും.
12യിസ്രായേൽഗൃഹം അവരെ അടക്കം ചെയ്തുതീർത്ത്, ദേശം വെടിപ്പാക്കുവാൻ ഏഴു മാസം വേണ്ടിവരും.13ദേശത്തിലെ ജനം എല്ലാവരും ചേർന്ന് അവരെ അടക്കംചെയ്യും; ഞാൻ എന്നെത്തന്നെ മഹത്വീകരിക്കുന്ന നാളിൽ അത് അവർക്കു കീർത്തിയായിരിക്കും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
14ദേശമെല്ലാം വെടിപ്പാക്കേണ്ടതിന് അതിൽ ശേഷിച്ച ശവങ്ങൾ അടക്കുവാൻ ദേശത്തിൽ ചുറ്റി സഞ്ചരിക്കുന്ന പതിവുജോലിക്കാരെ നിയമിക്കും; ഏഴുമാസം കഴിഞ്ഞശേഷം അവർ പരിശോധന കഴിക്കും.15അവർ ദേശത്തു ചുറ്റി സഞ്ചരിക്കുമ്പോൾ, അവരിൽ ഒരുവൻ ഒരു മനുഷ്യാസ്ഥി കണ്ടാൽ അതിനരികിൽ ഒരു അടയാളം വയ്ക്കും; അടക്കം ചെയ്യുന്നവർ അത് ഹാമോൻ-ഗോഗ് താഴ്വരയിൽ കൊണ്ടുപോയി അടക്കം ചെയ്യും.16ഹമോനാ (പുരുഷാരം) എന്ന പേരിൽ ഒരു നഗരമുണ്ടാകും; ഇങ്ങനെ അവർ ദേശത്തെ വെടിപ്പാക്കും.
17മനുഷ്യപുത്രാ, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: സകലവിധ പക്ഷികളോടും എല്ലാ കാട്ടുമൃഗങ്ങളോടും നീ പറയേണ്ടത്: നിങ്ങൾ കൂടിവരുവിൻ; നിങ്ങൾ മാംസം തിന്നുകയും രക്തം കുടിക്കുകയും ചെയ്യേണ്ടതിന് ഞാൻ യിസ്രായേൽപർവ്വതങ്ങളിൽ ഒരു മഹായാഗമായി നിങ്ങൾക്കു വേണ്ടി അറുക്കുവാൻ പോകുന്ന എന്റെ യാഗത്തിന് നാലുഭാഗത്തുനിന്നും വന്നുകൂടുവിൻ.18നിങ്ങൾ വീരന്മാരുടെ മാംസം തിന്ന് ഭൂമിയിലെ പ്രഭുക്കന്മാരുടെ രക്തം കുടിക്കണം; അവരെല്ലാം ബാശാനിലെ തടിപ്പിച്ച ആട്ടുകൊറ്റന്മാരും കുഞ്ഞാടുകളും കോലാട്ടുകൊറ്റന്മാരും കാളകളും തന്നെ.
19ഞാൻ നിങ്ങൾക്കു വേണ്ടി അറുത്തിരിക്കുന്ന എന്റെ യാഗത്തിൽനിന്ന് നിങ്ങൾ തൃപ്തരാകുവോളം മേദസ്സു തിന്നുകയും ലഹരിയാകുവോളം രക്തം കുടിക്കുകയും ചെയ്യും.20ഇങ്ങനെ നിങ്ങൾ, കുതിരകളെയും വാഹനമൃഗങ്ങളെയും വീരന്മാരെയും സകലയോദ്ധാക്കളെയും, എന്റെ മേശയിൽ നിന്ന് തിന്നു തൃപ്തരാകും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
21ഞാൻ എന്റെ മഹത്വം ജനതകളുടെ ഇടയിൽ സ്ഥാപിക്കും; ഞാൻ നടത്തിയിരിക്കുന്ന എന്റെ ന്യായവിധിയും ഞാൻ അവരുടെമേൽ വച്ച എന്റെ കൈയും സകലജനതകളും കാണും.22അങ്ങനെ അന്നുമുതൽ, ഞാൻ തങ്ങളുടെ ദൈവമായ യഹോവയെന്ന് യിസ്രായേൽഗൃഹം അറിയും.
23യിസ്രായേൽഗൃഹം അവരുടെ അകൃത്യംനിമിത്തം പ്രവാസത്തിലേക്കു പോകേണ്ടിവന്നു എന്നും, അവർ എന്നോടു ദ്രോഹം ചെയ്തതുകൊണ്ട് ഞാൻ എന്റെ മുഖം അവർക്കു മറച്ച്, അവരെല്ലാം വാൾകൊണ്ടു വീഴേണ്ടതിന് അവരെ അവരുടെ വൈരികളുടെ കയ്യിൽ ഏല്പിച്ചു എന്നും ജനതകൾ അറിയും.24അവരുടെ അശുദ്ധിക്കും അവരുടെ അതിക്രമങ്ങൾക്കും തക്കവിധം ഞാൻ അവരോടു പ്രവർത്തിച്ച്, എന്റെ മുഖം അവർക്കു മറച്ചു”.
25അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇപ്പോൾ ഞാൻ യാക്കോബിന്റെ പ്രവാസികളെ മടക്കിവരുത്തി, എല്ലാ യിസ്രായേൽഗൃഹത്തോടും കരുണ ചെയ്ത്, എന്റെ വിശുദ്ധനാമംനിമിത്തം തീക്ഷ്ണത കാണിക്കും.26ഞാൻ അവരെ ജനതകളുടെ ഇടയിൽനിന്നു മടക്കിവരുത്തി, അവരുടെ ശത്രുക്കളുടെ ദേശങ്ങളിൽ നിന്ന് അവരെ ശേഖരിച്ച് പല ജനതകളുടെയും കൺമുമ്പിൽ എന്നെത്തന്നെ അവരിൽ വിശുദ്ധീകരിച്ചശേഷം27ആരും അവരെ ഭയപ്പെടുത്താതെ അവർ അവരുടെ ദേശത്ത് നിർഭയമായി വസിക്കുമ്പോൾ, അവരുടെ ലജ്ജയും, എന്നോടു ചെയ്തിരിക്കുന്ന സർവ്വദ്രോഹങ്ങളും മറക്കും.
28ഞാൻ അവരെ ജനതകളുടെ ഇടയിൽ പ്രവാസികളായി കൊണ്ടുപോയെങ്കിലും, അവരിൽ ആരെയും അവിടെ വിട്ടുകളയാതെ അവരുടെ ദേശത്തേക്ക് കൂട്ടിവരുത്തുകയും ചെയ്തതിനാൽ ഞാൻ അവരുടെ ദൈവമായ യഹോവ എന്ന് അവർ അറിയും.29ഞാൻ യിസ്രായേൽഗൃഹത്തിന്മേൽ എന്റെ ആത്മാവിനെ പകർന്നിരിക്കുകയാൽ ഇനി എന്റെ മുഖം അവർക്കു മറയ്ക്കുകയുമില്ല” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.

40

1ഞങ്ങളുടെ പ്രവാസത്തിന്റെ ഇരുപത്തഞ്ചാം ആണ്ടിന്റെ ആരംഭത്തിൽ പത്താം തീയതി, നഗരം പിടിക്കപ്പെട്ടതിന്റെ പതിനാലാം ആണ്ടിൽ, അതേ ദിവസം തന്നെ, യഹോവയുടെ കൈ എന്റെ മേൽ വന്ന് എന്നെ അവിടേക്കു കൊണ്ടുപോയി.2ദിവ്യദർശനങ്ങളിൽ അവിടുന്ന് എന്നെ യിസ്രായേൽദേശത്തു കൊണ്ടുചെന്ന് ഏറ്റവും ഉയർന്ന ഒരു പർവ്വതത്തിന്മേൽ നിർത്തി; അതിന്മേൽ തെക്കുഭാഗത്ത് ഒരു നഗരത്തിന്റെ രൂപംപോലെ ഒന്നു കാണുവാനുണ്ടായിരുന്നു.

3അവിടുന്ന് എന്നെ അവിടെ കൊണ്ടുചെന്നു; അവിടെ ഒരു പുരുഷൻ ഉണ്ടായിരുന്നു; അവൻ കാഴ്ചയ്ക്കു താമ്രംപോലെ ആയിരുന്നു; അവന്റെ കൈയിൽ ഒരു ചണച്ചരടും അളവുദണ്ഡും ഉണ്ടായിരുന്നു; അവൻ പടിവാതില്ക്കൽ നിന്നു.4ആ പുരുഷൻ എന്നോട്: “മനുഷ്യപുത്രാ, നീ കണ്ണുകൊണ്ടു നോക്കി, ചെവികൊണ്ടു കേട്ട്, ഞാൻ നിന്നെ കാണിക്കുവാൻ പോകുന്നതെല്ലാം ശ്രദ്ധിച്ചുകൊള്ളുക; അവ നിനക്കു കാണിച്ചുതരുവാനായിട്ടാകുന്നു ഞാൻ നിന്നെ ഇവിടെ കൊണ്ടുവന്നത്; നീ കാണുന്നത് സകലവും യിസ്രായേൽഗൃഹത്തോട് അറിയിക്കുക” എന്നു കല്പിച്ചു.
5എന്നാൽ ആലയത്തിനു പുറമെ ചുറ്റും ഒരു മതിൽ ഉണ്ടായിരുന്നു; ആ പുരുഷന്റെ കൈയിൽ ആറു മുഴം നീളമുള്ള ഒരു അളവുദണ്ഡ് ഉണ്ടായിരുന്നു; ഓരോ മുഴവും, ഒരു മുഴത്തോട് നാലു വിരലിന്റെ വീതിയും കൂടിയതായിരുന്നു; അവൻ മതിൽ അളന്നു; വീതി ഒരു ദണ്ഡ്, ഉയരം ഒരു ദണ്ഡ്;6പിന്നെ അവൻ കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിൽ ചെന്ന്, അതിന്റെ പടികളിൽ കയറി ഗോപുരത്തിന്റെ ഉമ്മരപ്പടി അളന്നു; അതിന്റെ വീതി ഒരു ദണ്ഡ്; മറ്റെ ഉമ്മരപ്പടിയുടെ വീതിയും ഒരു ദണ്ഡ്;7ഓരോ കാവൽമാടത്തിനും ഒരു ദണ്ഡു നീളവും ഒരു ദണ്ഡു വീതിയും ഉണ്ടായിരുന്നു; കാവൽമാടങ്ങൾ തമ്മിൽ അയ്യഞ്ചു മുഴം അകന്നിരുന്നു; ഗോപുരത്തിന്റെ ഉമ്മരപ്പടി അകത്ത് ഗോപുരത്തിന്റെ പൂമുഖത്തിനരികിൽ ഒരു ദണ്ഡായിരുന്നു.
8അവൻ ഗോപുരത്തിന്റെ പൂമുഖം അകവശം അളന്നു; ഒരു ദണ്ഡ്.9അവൻ ഗോപുരത്തിന്റെ പൂമുഖം അളന്നു; അത് എട്ടു മുഴവും അതിന്റെ കട്ടിളക്കാലുകൾ ഈരണ്ടു മുഴവും ആയിരുന്നു; ഗോപുരത്തിന്റെ പൂമുഖം അകത്തോട്ടായിരുന്നു.10കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിന്റെ കാവൽമാടങ്ങൾ ഒരുവശത്തു മൂന്നും മറുവശത്തു മൂന്നും ആയിരുന്നു; മൂന്നിനും ഒരേ അളവായിരുന്നു; ഇരുവശത്തും ഉള്ള കട്ടിളക്കാലുകൾക്കും ഒരേ അളവായിരുന്നു.
11അവൻ ഗോപുരദ്വാരത്തിന്റെ വീതി അളന്നു; പത്തു മുഴം; ഗോപുരത്തിന്റെ നീളം അളന്നു: പതിമൂന്നു മുഴം.12കാവൽമാടങ്ങളുടെ മുമ്പിൽ ഇരുവശത്തും ഓരോ മുഴം വീതമുള്ള അഴികൾ കൊണ്ട് അതിരിട്ടിരുന്നു; ഇരുവശത്തെയും കാവൽമാടങ്ങൾ ആറു മുഴം വീതമായിരുന്നു.13അവൻ ഒരു കാവൽമാടത്തിന്റെ മേല്പുര മുതൽ മറ്റേതിന്റെ മേല്പുരവരെ അളന്നു; വാതിലോടു വാതിൽ ഇരുപത്തഞ്ചു മുഴമായിരുന്നു.
14അവൻ പൂമുഖം അളന്നു: ഇരുപതു മുഴം; ഗോപുരത്തിന്റെ കാവൽമാടങ്ങൾ ചുറ്റും പ്രാകാരത്തിലേക്കു തുറന്നിരുന്നു.15പ്രവേശനദ്വാരത്തിന്റെ മുൻഭാഗംതുടങ്ങി അകത്തെ വാതില്ക്കലെ പൂമുഖത്തിന്റെ മുൻഭാഗംവരെ അമ്പതു മുഴമായിരുന്നു.16ഗോപുരത്തിനും പൂമുഖത്തിനും അകത്തേക്ക് ചുറ്റിലും കാവൽമാടങ്ങളിലും ഇടത്തൂണുകളിലും അഴിയുള്ള ജാലകങ്ങൾ ഉണ്ടായിരുന്നു; ആ ജാലകങ്ങൾ അകത്തു ചുറ്റും ഉണ്ടായിരുന്നു; ഓരോ ഇടത്തൂണിന്മേലും ഈന്തപ്പനകളും ഉണ്ടായിരുന്നു.
17പിന്നെ അവൻ എന്നെ പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുചെന്നു; അവിടെ പ്രാകാരത്തിനു ചുറ്റും മണ്ഡപങ്ങളും ഓരോ കല്ത്തളവും ഉണ്ടായിരുന്നു; കല്ത്തളത്തിൽ മുപ്പതു മണ്ഡപങ്ങൾ ഉണ്ടായിരുന്നു.18കല്ത്തളം ഗോപുരങ്ങളുടെ നീളത്തിനൊത്തവണ്ണം ഗോപുരങ്ങളുടെ പാർശ്വത്തിൽ ആയിരുന്നു; അത് താഴത്തെ കല്ത്തളം.19പിന്നെ അവൻ താഴത്തെ ഗോപുരത്തിന്റെ മുൻഭാഗം മുതൽ അകത്തെ പ്രാകാരത്തിന്റെ പുറത്തെ മുൻഭാഗംവരെയുള്ള ദൂരം അളന്നു; കിഴക്കോട്ടും വടക്കോട്ടും നൂറു മുഴം വീതമായിരുന്നു.
20വടക്കോട്ടു ദർശനമുള്ള പുറത്തെ പ്രാകാരഗോപുരത്തിന്റെ നീളവും വീതിയും അവൻ അളന്നു.21അതിന്റെ കാവൽമാടങ്ങൾ ഇരുവശവും മൂന്നു വീതം ആയിരുന്നു; അതിന്റെ ഇടത്തൂണുകളും പൂമുഖവും ഒന്നാമത്തെ ഗോപുരത്തിന്റെ അളവുപോലെ ആയിരുന്നു; അതിന്റെ നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവുമായിരുന്നു.
22അതിന്റെ ജാലകങ്ങളും പൂമുഖവും ഈന്തപ്പനകളും കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിന്റെ അളവുപോലെ ആയിരുന്നു; അതിലേക്കു കയറാൻ ഏഴു പടികൾ ഉണ്ടായിരുന്നു; അതിന്റെ പൂമുഖം അതിന്റെ അകത്തു ഭാഗത്തായിരുന്നു.23അകത്തെ പ്രാകാരത്തിനു വടക്കോട്ടും കിഴക്കോട്ടും ഉള്ള ഗോപുരത്തിനു നേരെ ഒരു ഗോപുരം ഉണ്ടായിരുന്നു; ഒരു ഗോപുരംമുതൽ മറ്റെ ഗോപുരംവരെ അവൻ അളന്നു: നൂറു മുഴം.
24പിന്നെ അവൻ എന്നെ തെക്കോട്ടു കൊണ്ടുചെന്നു; തെക്കോട്ട് ഒരു ഗോപുരം; അതിന്റെ ഇടത്തൂണുകളും പൂമുഖവും അവൻ ഈ അളവുപോലെ തന്നെ അളന്നു.25ആ ജാലകങ്ങൾപോലെ ഇതിനും അതിന്റെ പൂമുഖത്തിനും ചുറ്റും ജാലകങ്ങൾ ഉണ്ടായിരുന്നു; നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവും ആയിരുന്നു.
26അതിലേക്കു കയറുവാൻ ഏഴു പടികൾ ഉണ്ടായിരുന്നു; അതിന്റെ പൂമുഖം അതിന്റെ അകത്തുഭാഗത്തായിരുന്നു; അതിന് അതിന്റെ ഇടത്തൂണുകളിന്മേൽ ഈന്തപ്പനകൾ ഇരുവശവും ഓരോന്നുവീതം ഉണ്ടായിരുന്നു.27അകത്തെ പ്രാകാരത്തിനു തെക്കോട്ട് ഒരു ഗോപുരം ഉണ്ടായിരുന്നു; തെക്കോട്ടുള്ള ഗോപുരം മുതൽ മറ്റെ ഗോപുരംവരെ അവൻ അളന്നു: നൂറു മുഴം.
28പിന്നെ അവൻ തെക്കെ ഗോപുരത്തിൽകൂടി എന്നെ അകത്തെ പ്രാകാരത്തിൽ കൊണ്ടുചെന്നു; അവൻ തെക്കെ ഗോപുരവും ഈ അളവുപോലെ തന്നെ അളന്നു.29അതിന്റെ കാവൽമാടങ്ങളും ഇടത്തൂണുകളും പൂമുഖവും ഈ അളവുപോലെ തന്നെ ആയിരുന്നു; അതിനും അതിന്റെ പൂമുഖത്തിനും ചുറ്റും ജാലകങ്ങൾ ഉണ്ടായിരുന്നു; അത് അമ്പതു മുഴം നീളവും ഇരുപത്തഞ്ചു മുഴം വീതിയും ഉള്ളതായിരുന്നു.30പൂമുഖങ്ങൾ ചുറ്റും ഇരുപത്തഞ്ചു മുഴം നീളവും അഞ്ചുമുഴം വീതിയും ഉള്ളവയായിരുന്നു.31അതിന്റെ പൂമുഖം പുറത്തെ പ്രാകാരത്തിന്റെ നേരെ ആയിരുന്നു; അതിന്റെ ഇടത്തൂണുകളിന്മേൽ ഈന്തപ്പനകൾ ഉണ്ടായിരുന്നു; അതിലേക്കു കയറുവാൻ എട്ടു പടികൾ ഉണ്ടായിരുന്നു.
32പിന്നെ അവൻ എന്നെ കിഴക്ക് അകത്തെ പ്രാകാരത്തിലേക്കു കൊണ്ടുചെന്നു; അവൻ ഗോപുരത്തെ ഈ അളവുപോലെ തന്നെ അളന്നു.33അതിന്റെ കാവൽമാടങ്ങളും ഇടത്തൂണുകളും പൂമുഖവും ഈ അളവുപോലെ തന്നെ ആയിരുന്നു; അതിന്റെ പൂമുഖത്തിനു ചുറ്റും ജാലകങ്ങൾ ഉണ്ടായിരുന്നു; അത് അമ്പതു മുഴം നീളവും ഇരുപത്തഞ്ചു മുഴം വീതിയും ഉള്ളതായിരുന്നു;34അതിന്റെ പൂമുഖം പുറത്തെ പ്രാകാരത്തിനു നേരെ ആയിരുന്നു; അതിന്റെ ഇടത്തൂണുകളിന്മേൽ ഇരുവശത്തും ഈന്തപ്പനകൾ ഉണ്ടായിരുന്നു; അതിലേക്കു കയറുവാൻ എട്ടു പടികൾ ഉണ്ടായിരുന്നു.
35പിന്നെ അവൻ എന്നെ വടക്കെ ഗോപുരത്തിലേക്കു കൊണ്ടുചെന്ന്, ഈ അളവുപോലെ തന്നെ അതും അളന്നു.36അവൻ അതിന്റെ കാവൽമാടങ്ങളും ഇടത്തൂണുകളും പൂമുഖവും അളന്നു; ചുറ്റും അതിനു ജാലകങ്ങൾ ഉണ്ടായിരുന്നു; അതിന്റെ നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവും ആയിരുന്നു.37അതിന്റെ പൂമുഖം പുറത്തെ പ്രാകാരത്തിനു നേരെ ആയിരുന്നു; ഇടത്തൂണുകളിന്മേൽ ഇരുവശത്തും ഈന്തപ്പനകൾ ഉണ്ടായിരുന്നു; അതിലേക്കു കയറുവാൻ എട്ടു പടികൾ ഉണ്ടായിരുന്നു.
38അവിടെ ഒരു അറ ഉണ്ടായിരുന്നു; അതിലേക്കുള്ള പ്രവേശനം ഗോപുരത്തിന്റെ പൂമുഖത്തിൽകൂടി ആയിരുന്നു; അവിടെ അവർ ഹോമയാഗം കഴുകിയിരുന്നു.39ഗോപുരത്തിന്റെ പൂമുഖത്ത് ഒരുവശത്ത് രണ്ടു മേശകളും, മറുവശത്ത് രണ്ടു മേശകളും ഉണ്ടായിരുന്നു; അവയുടെ മേൽ ഹോമയാഗവും പാപയാഗവും അകൃത്യയാഗവും അറുത്തിരുന്നു.
40ഗോപുരപ്രവേശനത്തിൽ കയറുമ്പോൾ പുറമെ വടക്കുവശത്തു രണ്ടുമേശയും പൂമുഖത്തിന്റെ മറുവശത്തു രണ്ടുമേശയും ഉണ്ടായിരുന്നു.41ഗോപുരത്തിന്റെ പാർശ്വഭാഗത്ത് ഇരുവശത്തും നാലുവീതം, ഇങ്ങനെ എട്ടു മേശകൾ ഉണ്ടായിരുന്നു; അവയുടെ മേൽ അവർ യാഗങ്ങളെ അറുത്തിരുന്നു.
42ഹോമയാഗത്തിനുള്ള നാലു മേശകളും ചെത്തിയ കല്ലുകൊണ്ട് ഒന്നര മുഴം നീളവും ഒന്നര മുഴം വീതിയും ഒരു മുഴം ഉയരവുമായി ഉണ്ടാക്കിയിരുന്നു; ഹോമയാഗവും ഹനനയാഗവും അറുക്കുവാനുള്ള ആയുധങ്ങൾ, അവയുടെ മേൽ അവർ വച്ചിരുന്നു.43അകത്ത് ചുറ്റിലും നാലു വിരൽ നീളമുള്ള കൊളുത്തുകൾ തറച്ചിരുന്നു; എന്നാൽ മേശകളുടെ മേൽ യാഗമാംസം വച്ചിരുന്നു.
44അകത്തെ ഗോപുരത്തിനു പുറത്ത്, അകത്തെ പ്രാകാരത്തിൽ തന്നെ, രണ്ടു മണ്ഡപങ്ങൾ ഉണ്ടായിരുന്നു; ഒന്ന് വടക്കെ ഗോപുരത്തിന്റെ പാർശ്വത്തിൽ തെക്കോട്ടു ദർശനമുള്ളതായിരുന്നു; മറ്റേത് തെക്കെഗോപുരത്തിന്റെ പാർശ്വത്തിൽ വടക്കോട്ടു ദർശനമുള്ളതായിരുന്നു.45അവൻ എന്നോടു കല്പിച്ചത്: “തെക്കോട്ടു ദർശനമുള്ള ഈ മണ്ഡപം ആലയത്തിന്റെ ചുമതലക്കാരായ പുരോഹിതന്മാർക്കുള്ളത്.
46വടക്കോട്ടു ദർശനമുള്ള മണ്ഡപം യാഗപീഠത്തിന്റെ ചുമതലക്കാരായ പുരോഹിതന്മാർക്കുള്ളത്; ഇവർ യഹോവയ്ക്കു ശുശ്രൂഷ ചെയ്യേണ്ടതിന് അടുത്തുചെല്ലുന്ന ലേവ്യരിൽ സാദോക്കിന്റെ പുത്രന്മാരാകുന്നു.47അവൻ പ്രാകാരം അളന്നു; അത് നൂറു മുഴം നീളവും നൂറു മുഴം വീതിയും ഇങ്ങനെ സമചതുരമായിരുന്നു; യാഗപീഠമോ ആലയത്തിന്റെ മുൻവശത്തായിരുന്നു.
48പിന്നെ അവൻ എന്നെ ആലയത്തിന്റെ പൂമുഖത്തു കൊണ്ടുചെന്നു; അവൻ പൂമുഖത്തിന്റെ കട്ടിളപ്പടി അളന്നു, ഇരുവശത്തും അഞ്ചു മുഴം വീതം; കട്ടിളപ്പടിയുടെ വീതിയോ ഇരുവശവും മൂന്നു മുഴം വീതം ആയിരുന്നു.49പൂമുഖത്തിന്റെ നീളം ഇരുപതു മുഴം, വീതി പന്ത്രണ്ടു മുഴം, അതിലേക്കു കയറുവാനുള്ള പടികൾ പത്ത്; കട്ടിളപ്പടികൾക്കരികിൽ ഇരുവശത്തും ഓരോ തൂണുകൾ ഉണ്ടായിരുന്നു.

41

1അനന്തരം അവൻ എന്നെ മന്ദിരത്തിലേക്കു കൊണ്ടുചെന്ന്, കട്ടിളപ്പടികൾ അളന്നു; കട്ടിളപ്പടികളുടെ വീതി ഒരുവശത്ത് ആറു മുഴവും മറുവശത്ത് ആറു മുഴവും ആയിരുന്നു.2പ്രവേശനകവാടത്തിന്റെ വീതി പത്തു മുഴവും അതിന്റെ പാർശ്വഭിത്തികൾ ഒരുവശത്ത് അഞ്ചു മുഴവും മറുവശത്ത് അഞ്ചു മുഴവും ആയിരുന്നു; അവൻ മന്ദിരം അളന്നു: അതിന്റെ നീളം നാല്പതു മുഴം, വീതി ഇരുപതു മുഴം.

3പിന്നെ അവൻ അകത്തേക്കു ചെന്ന്, പ്രവേശനകവാടത്തിന്റെ കട്ടിളപ്പടികൾ അളന്നു: ഘനം രണ്ടു മുഴവും അതിന്റെ ഉയരം ആറു മുഴവും കട്ടിളപ്പടികളുടെ വീതി ഏഴു മുഴം വീതവുമായിരുന്നു.4അവൻ അതിന്റെ നീളം അളന്നു: ഇരുപതുമുഴം; വീതി മന്ദിരത്തിനൊത്തവിധം ഇരുപതു മുഴം; “ഇത് അതിവിശുദ്ധസ്ഥലം” എന്ന് അവൻ എന്നോടു കല്പിച്ചു.
5പിന്നെ അവൻ ആലയത്തിന്റെ ഭിത്തി അളന്നു: ഘനം ആറു മുഴം: ആലയത്തിന്റെ ചുറ്റുമുള്ള പാർശ്വമുറികളുടെ വീതി നാലു മുഴം.6എന്നാൽ പാർശ്വമുറികൾ ഒന്നിന്റെ മേൽ ഒന്നായി മൂന്നു നിലയായും, ഒരു നിലയിൽ മുപ്പതു വീതവും ആയിരുന്നു; പാർശ്വമുറികൾക്കു ചുറ്റും തുലാങ്ങൾ ഉണ്ടായിരുന്നു; അവ ആലയത്തിനും പാർശ്വമുറികൾക്കും ഇടയിലുള്ള ഭിത്തിയെ താങ്ങിനിർത്തുവാൻ തക്കവിധം ചേർന്നിരുന്നു; എന്നാൽ തുലാങ്ങൾ ആലയഭിത്തിക്കകത്ത് എത്തിയിരുന്നില്ല.7ആലയത്തിന്റെ മുകളിലേക്കു പോകുന്തോറും ചുറ്റിനുമുള്ള പാർശ്വമുറികൾക്ക് വിസ്താരം ഏറിയിരുന്നു ; ആലയത്തിനു ചുറ്റും മുറിക്കകത്ത്, മുകളിലേക്കു പോകുന്തോറും വീതി കൂടിയിരുന്നു; അതുകൊണ്ട്, മുകളിലേക്കു ചെല്ലുന്തോറും അതിന്റെ ഘടനയ്ക്ക് വിസ്താരം ഏറിയിരുന്നു; താഴത്തെ നിലയിൽനിന്ന് മദ്ധ്യനിലയിൽക്കൂടി മുകളിലത്തെ നിലയിൽ കയറാം.
8ഞാൻ ആലയത്തിന്റെ ചുറ്റിലും പൊക്കമുള്ള ഒരു തറ കണ്ടു; പാർശ്വമുറികളുടെ അടിസ്ഥാനങ്ങൾ ഒരു മുഴുദണ്ഡായിരുന്നു; അതായത് ആറു മുഴം വീതി.9പാർശ്വമുറികളുടെ പുറംഭിത്തിയുടെ ഘനം അഞ്ചു മുഴമായിരുന്നു;
10എന്നാൽ ആലയത്തിന്റെ പാർശ്വമുറികൾക്കും മണ്ഡപങ്ങൾക്കും ഇടയിൽ ആലയത്തിനു ചുറ്റും ഇരുപതുമുഴം വീതിയുള്ള മുറ്റം ഉണ്ടായിരുന്നു.11പാർശ്വമുറികളുടെ വാതിലുകൾ പുറംതിണ്ണയ്ക്കു നേരെ തുറന്നിരുന്നു; ഒരു വാതിൽ വടക്കോട്ടും ഒരു വാതിൽ തെക്കോട്ടും ആയിരുന്നു; പുറംതിണ്ണയുടെ വീതി ചുറ്റും അഞ്ചു മുഴമായിരുന്നു.
12മുറ്റത്തിന്റെ മുമ്പിൽ പടിഞ്ഞാറോട്ടുള്ള കെട്ടിടം എഴുപതു മുഴം വീതിയുള്ളതും കെട്ടിടത്തിന്റെ ചുറ്റുമുള്ള ഭിത്തി അഞ്ചു മുഴം ഘനമുള്ളതും തൊണ്ണൂറു മുഴം നീളമുള്ളതും ആയിരുന്നു.13അവൻ ആലയം അളന്നു: നീളം നൂറു മുഴം; മുറ്റവും കെട്ടിടവും അതിന്റെ ഭിത്തികളും അളന്നു; അതിനും നൂറു മുഴം നീളം.14ആലയത്തിന്റെ മുൻഭാഗത്തിന്റെയും കിഴക്കുള്ള മുറ്റത്തിന്റെയും വീതിയും നൂറുമുഴമായിരുന്നു.
15പിന്നെ അവൻ മുറ്റത്തിന്റെ പിൻഭാഗത്ത് അതിനെതിരെയുള്ള കെട്ടിടത്തിന്റെ നീളവും അതിന് ഇരുവശത്തും ഉള്ള നടപ്പുരകളും അളന്നു; നൂറുമുഴം; അകത്തെ മന്ദിരത്തിനും പ്രാകാരത്തിന്റെ പൂമുഖങ്ങൾക്കും16ഉമ്മരപ്പടികൾക്കും അഴിയുള്ള ജാലകങ്ങൾക്കും ഉമ്മരപ്പടിക്കു മേൽ മൂന്നു നിലയായി ചുറ്റും ഉണ്ടായിരുന്ന നടപ്പുരകൾക്കും നിലത്തുനിന്ന് ജാലകങ്ങൾ വരെ പലകയടിച്ചിരുന്നു; ജാലകങ്ങൾ മൂടിയിരുന്നു.17അകത്തെ ആലയത്തിന്റെ വാതിലിന്റെ മുകൾഭാഗംവരെയും, പുറമെയും, ചുറ്റും എല്ലാ ഭിത്തിമേലും അകത്തും പുറത്തും ചിത്രപ്പണി ഉണ്ടായിരുന്നു.
18കെരൂബുകളും ഈന്തപ്പനകളും അതിന്മേൽ കൊത്തിയിരുന്നു; കെരൂബിനും കെരൂബിനും ഇടയിൽ ഓരോ ഈന്തപ്പനയും ഓരോ കെരൂബിനും ഈരണ്ടു മുഖവും ഉണ്ടായിരുന്നു.19മനുഷ്യമുഖം ഒരുവശത്തുള്ള ഈന്തപ്പനയുടെ നേരെയും ബാലസിംഹമുഖം മറുവശത്തുള്ള ഈന്തപ്പനയുടെ നേരെയും ആയിരുന്നു; ആലയത്തിന്റെ ചുറ്റും എല്ലായിടവും ഇങ്ങനെ ഉണ്ടാക്കിയിരുന്നു.20നിലംമുതൽ വാതിലിന്റെ മുകൾഭാഗംവരെ കെരൂബുകളും ഈന്തപ്പനകളും ഉണ്ടായിരുന്നു; ഇങ്ങനെ ആയിരുന്നു മന്ദിരത്തിന്റെ ഭിത്തി.
21മന്ദിരത്തിന് സമചതുരമായുള്ള കട്ടിളക്കാലുകളുണ്ടായിരുന്നു; അവ വിശുദ്ധമന്ദിരത്തിന്റെ മുമ്പിൽ യാഗപീഠംപോലെയുള്ളതായിരുന്നു.22യാഗപീഠം മരംകൊണ്ടുള്ളതും, മൂന്നു മുഴം ഉയരവും രണ്ടുമുഴം നീളവും ഉള്ളതുമായിരുന്നു; അതിന്റെ കോണുകളും ചുവടും വശങ്ങളും മരംകൊണ്ടായിരുന്നു; അവൻ എന്നോട്: “ഇത് യഹോവയുടെ സന്നിധിയിലെ മേശയാകുന്നു” എന്ന് കല്പിച്ചു.23മന്ദിരത്തിനും അതിവിശുദ്ധമന്ദിരത്തിനും ഈരണ്ടു കതകുകൾ ഉണ്ടായിരുന്നു.24കതകുകൾക്ക് ഈരണ്ടു മടക്കുപാളികൾ ഉണ്ടായിരുന്നു; ഒരു കതകിന് രണ്ടു മടക്കുപാളികൾ; മറ്റെ കതകിന് രണ്ടു മടക്കുപാളികൾ.
25ഭിത്തികളിൽ എന്നപോലെ മന്ദിരത്തിന്റെ കതകുകളിന്മേലും കെരൂബുകളും ഈന്തപ്പനകളും ഉണ്ടാക്കിയിരുന്നു; പുറമെ പൂമുഖത്തിന്റെ മുമ്പിൽ മരം കൊണ്ടുള്ള ഒരു വിതാനം ഉണ്ടായിരുന്നു.26പൂമുഖത്തിന്റെ പാർശ്വങ്ങളിൽ ഇരുവശത്തും അഴിയുള്ള ജാലകങ്ങളും ഈന്തപ്പനകളും ഉണ്ടായിരുന്നു; ഇങ്ങനെയായിരുന്നു ആലയത്തിന്റെ പാർശ്വമുറികളുടെയും തുലാങ്ങളുടെയും പണികൾ.

42

1അനന്തരം അവൻ എന്നെ വടക്കോട്ടുള്ള വഴിയായി പുറത്തെ പ്രാകാരത്തിലേക്ക് കൊണ്ടുപോയി; മുറ്റത്തിനു നേരെയും വടക്കോട്ടുള്ള കെട്ടിടത്തിനെതിരെയും ഉണ്ടായിരുന്ന മണ്ഡപത്തിലേക്ക് എന്നെ കൊണ്ടുചെന്നു.2അതിന്റെ മുൻഭാഗത്തിന് നൂറു മുഴം നീളവും, വടക്കോട്ടു വാതിലും ഉണ്ടായിരുന്നു; വീതി അമ്പതു മുഴം.3അകത്തെ പ്രാകാരത്തിനുള്ള ഇരുപതു മുഴത്തിനെതിരെയും പുറത്തെ പ്രാകാരത്തിനുള്ള കല്ത്തളത്തിനെതിരെയും മൂന്നു നിലയായി നടപ്പുരയ്ക്കു നേരെ നടപ്പുര ഉണ്ടായിരുന്നു.

4മണ്ഡപങ്ങളുടെ മുമ്പിൽ അകത്തോട്ടു പത്തു മുഴം വീതിയും നൂറു മുഴം നീളവുമുള്ള ഒരു നടപ്പുര ഉണ്ടായിരുന്നു. അവയുടെ വാതിലുകൾ വടക്കോട്ടായിരുന്നു.5കെട്ടിടത്തിന്റെ താഴത്തെ മണ്ഡപങ്ങളിൽനിന്നും മദ്ധ്യത്തേതിൽനിന്നും എടുത്തതിനെക്കാൾ അധികം സ്ഥലം മുകളിലത്തെ മണ്ഡപങ്ങളിൽനിന്ന് നടപ്പുരകൾക്ക് എടുത്തിരുന്നതിനാൽ അവ നീളം കുറഞ്ഞവ ആയിരുന്നു.6അവ മൂന്നു നിലയായിരുന്നു; എന്നാൽ അവയ്ക്കു പ്രാകാരങ്ങളുടെ തൂണുകൾപോലെ തൂണുകൾ ഇല്ലാതിരുന്നതിനാൽ, താഴത്തേതിനെക്കാളും മദ്ധ്യത്തേതിനെക്കാളും മുകളിലത്തേതിന്റെ തറയുടെ വിസ്താരം കുറവായിരുന്നു.
7പുറമെ മണ്ഡപങ്ങളുടെ നീളത്തിൽ പുറത്തെ പ്രാകാരത്തിന്റെ നേരെ മണ്ഡപങ്ങളുടെ മുൻവശത്തെ മതിലിന്റെ നീളം അമ്പതു മുഴം ആയിരുന്നു.8പുറത്തെ പ്രാകാരത്തിലേക്കു ദർശനമുള്ള മണ്ഡപങ്ങളുടെ നീളം അമ്പതു മുഴമായിരുന്നു; എന്നാൽ മന്ദിരത്തിനെതിരെയുള്ള നീളം നൂറു മുഴമായിരുന്നു;9പുറത്തെ പ്രാകാരത്തിൽനിന്ന് ഇവയിലേക്കു കടന്നാൽ കിഴക്കോട്ട് ഈ മണ്ഡപങ്ങൾക്കു താഴെ ഒരു പ്രവേശനം ഉണ്ടായിരുന്നു.
10കിഴക്കോട്ടുള്ള പ്രാകാരത്തിന്റെ മതിലിന്റെ ഘനത്തിനൊത്ത് മുറ്റത്തിനും കെട്ടിടത്തിനുമെതിരായി മണ്ഡപങ്ങൾ ഉണ്ടായിരുന്നു.11അവയുടെ മുമ്പിലുള്ള വഴി വടക്കോട്ടുള്ള മണ്ഡപങ്ങളുടെ അളവുപോലെ ആയിരുന്നു; അവയ്ക്ക് തുല്യമായ നീളവും വീതിയും ഉണ്ടായിരുന്നു; അവയുടെ അകത്തേക്കും പുറത്തേക്കുമുള്ള വഴികളും മറ്റു സംവിധാനങ്ങളും ഒരുപോലെ തന്നെ.12തെക്കോട്ടുള്ള മണ്ഡപങ്ങളുടെ പ്രവേശനങ്ങൾ പോലെ ഒരു പ്രവേശനം വഴിയുടെ മുൻഭാഗത്ത് ഉണ്ടായിരുന്നു; അവയിലേക്കു കടന്നാൽ, കിഴക്കോട്ടുള്ള മതിലിനു നേരെ മുമ്പിലുള്ള വഴിയുടെ മുമ്പിൽ പ്രവേശിക്കാം.
13പിന്നെ അവൻ എന്നോടു കല്പിച്ചത്: “മുറ്റത്തിന്റെ മുമ്പിലുള്ള വടക്കെ മണ്ഡപങ്ങളും തെക്കെ മണ്ഡപങ്ങളും യഹോവയോട് അടുത്തുചെല്ലുന്ന പുരോഹിതന്മാർ അതിവിശുദ്ധവസ്തുക്കൾ ഭക്ഷിക്കുവാനുള്ള വിശുദ്ധമണ്ഡപങ്ങളാകുന്നു; അവിടെ അവർ അതിവിശുദ്ധവസ്തുക്കളും ഭോജനയാഗവും പാപയാഗവും അകൃത്യയാഗവും വയ്ക്കണം. ആ സ്ഥലം വിശുദ്ധമാണല്ലോ.14പുരോഹിതന്മാർ വിശുദ്ധമന്ദിരത്തിൽനിന്ന് പുറത്തെ പ്രാകാരത്തിലേക്കു കടക്കാതെ വേണം അതിൽ പ്രവേശിക്കുവാൻ; ശുശ്രൂഷയ്ക്കുള്ള അവരുടെ വസ്ത്രം അവർ അവിടെ വച്ചേക്കണം; അവ വിശുദ്ധമാണല്ലോ; വേറെ വസ്ത്രം ധരിച്ച ശേഷം മാത്രമേ അവർ ജനത്തിനുള്ള സ്ഥലത്ത് പോകാവു.
15അവൻ അകത്തെ ആലയം അളന്നു തീർന്നശേഷം, കിഴക്കോട്ടു ദർശനമുള്ള വാതില്ക്കൽ കൂടി എന്നെ കൊണ്ടു ചെന്ന് അവിടം ചുറ്റും അളന്നു.
16അവൻ കിഴക്കുഭാഗം ദണ്ഡുകൊണ്ട് അളന്നു; ആകെ അഞ്ഞൂറു മുഴം.17അവൻ വടക്കുഭാഗം ദണ്ഡുകൊണ്ട് അളന്നു; ആകെ അഞ്ഞൂറു മുഴം.18അവൻ തെക്കുഭാഗം ദണ്ഡുകൊണ്ട് അളന്നു; ആകെ അഞ്ഞൂറു മുഴം.19അവൻ പടിഞ്ഞാറോട്ടു തിരിഞ്ഞ് ദണ്ഡുകൊണ്ട് അളന്നു; അഞ്ഞൂറു മുഴം.
20ഇങ്ങനെ അവൻ നാലുവശവും അളന്നു; വിശുദ്ധമായതും സാമാന്യമായതും തമ്മിൽ വേർതിരിക്കുവാൻ തക്കവണ്ണം അഞ്ഞൂറു മുഴം നീളത്തിലും അഞ്ഞൂറുമുഴം വീതിയിലും ഒരു മതിൽ അതിനു ചുറ്റും ഉണ്ടായിരുന്നു.

43

1അനന്തരം അവൻ എന്നെ ഗോപുരത്തിലേക്ക്, കിഴക്കോട്ടുള്ള ഗോപുരത്തിലേക്കു തന്നെ, കൊണ്ടുചെന്നു;2അപ്പോൾ യിസ്രായേലിന്റെ ദൈവത്തിന്റെ തേജസ്സ് കിഴക്കുനിന്നു വന്നു; അതിന്റെ മുഴക്കം പെരുവെള്ളത്തിന്റെ ഇരച്ചിൽപോലെ ആയിരുന്നു; ഭൂമി അവിടുത്തെ തേജസ്സുകൊണ്ട് പ്രകാശിച്ചു.

3ഇതു ഞാൻ കണ്ട ദർശനംപോലെ ആയിരുന്നു; നഗരത്തെ നശിപ്പിക്കുവാൻ ഞാൻ വന്നപ്പോൾ കണ്ട ദർശനംപോലെ തന്നെ; ഈ ദർശനങ്ങൾ കെബാർ നദീതീരത്തുവച്ച് ഞാൻ കണ്ട ദർശനംപോലെ ആയിരുന്നു; അപ്പോൾ ഞാൻ കവിണ്ണുവീണു.4യഹോവയുടെ തേജസ്സ് കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിൽ കൂടി ആലയത്തിലേക്കു പ്രവേശിച്ചു.5ആത്മാവ് എന്നെ എടുത്ത് അകത്തെ പ്രാകാരത്തിലേക്കു കൊണ്ടുചെന്നു; യഹോവയുടെ തേജസ്സ് ആലയത്തെ നിറച്ചിരുന്നു.
6ആ പുരുഷൻ എന്റെ അടുക്കൽ നില്ക്കുമ്പോൾ, ആലയത്തിൽ നിന്ന് ഒരുവൻ എന്നോടു സംസാരിക്കുന്നതു ഞാൻ കേട്ടു.7അവിടുന്ന് എന്നോട് അരുളിച്ചെയ്തത്: “മനുഷ്യപുത്രാ, ഇത് ഞാൻ എന്നേക്കും യിസ്രായേൽമക്കളുടെ മദ്ധ്യത്തിൽ വസിക്കുന്ന എന്റെ സിംഹാസനത്തിന്റെ സ്ഥലവും എന്റെ കാലടികളുടെ സ്ഥലവും ആകുന്നു; യിസ്രായേൽഗൃഹമോ, അവരുടെ രാജാക്കന്മാരോ, അവരുടെ പരസംഗംകൊണ്ടും പൂജാഗിരികളിലെ അവരുടെ രാജാക്കന്മാരുടെ ശവങ്ങൾകൊണ്ടും8എനിക്കും അവർക്കും ഇടയിൽ ഒരു ഭിത്തി മാത്രം ഉണ്ടായിരിക്കത്തക്കവിധം അവരുടെ ഉമ്മരപ്പടി എന്റെ ഉമ്മരപ്പടിയും അവരുടെ കട്ടിള എന്റെ കട്ടിളയും ആക്കുന്നതുകൊണ്ടും എന്റെ വിശുദ്ധനാമത്തെ ഇനി അശുദ്ധമാക്കേണ്ടതല്ല; അവർ ചെയ്ത മ്ലേച്ഛതകളാൽ അവർ എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കിയിരിക്കുന്നു; അതുകൊണ്ട് ഞാൻ എന്റെ കോപത്തിൽ അവരെ നശിപ്പിച്ചു.
9ഇപ്പോൾ അവർ അവരുടെ പരസംഗവും രാജാക്കന്മാരുടെ ശവങ്ങളും എന്റെ മുമ്പിൽനിന്ന് നീക്കിക്കളയട്ടെ; എന്നാൽ ഞാൻ അവരുടെ മദ്ധ്യത്തിൽ എന്നേക്കും വസിക്കും.
10മനുഷ്യപുത്രാ, യിസ്രായേൽഗൃഹം അവരുടെ അകൃത്യങ്ങളെക്കുറിച്ചു ലജ്ജിക്കേണ്ടതിന് നീ ഈ ആലയം അവരെ കാണിക്കുക; അവർ അതിന്റെ മാതൃക അളക്കട്ടെ.11അവർ ചെയ്ത സകലത്തെയുംകുറിച്ച് അവർ ലജ്ജിച്ചാൽ നീ ആലയത്തിന്റെ ആകൃതിയും സംവിധാനവും, അകത്തേക്കും പുറത്തേക്കുമുള്ള വാതിലുകളും, അതിന്റെ മാതൃകകളും സകലവ്യവസ്ഥകളും അതിന്റെ സകലനിയമങ്ങളും അവരെ അറിയിച്ച്, അവർ അതിന്റെ എല്ലാ ചട്ടങ്ങളും വ്യവസ്ഥകളും പ്രമാണിച്ച് അനുഷ്ഠിക്കേണ്ടതിന് അതെല്ലാം അവർ കാണതക്കവിധം എഴുതിവയ്ക്കുക.
12ഇതാകുന്നു ആലയത്തെക്കുറിച്ചുള്ള പ്രമാണം; പർവ്വതത്തിന്റെ മുകളിൽ അതിന്റെ അതിർത്തിക്കകമെല്ലാം അതിവിശുദ്ധമായിരിക്കണം; അതേ, ഇതാകുന്നു ആലയത്തെക്കുറിച്ചുള്ള പ്രമാണം.

13മുഴപ്രകാരം യാഗപീഠത്തിന്റെ അളവ് ഇവയാണ്- മുഴം ഒന്നിന് ഒരു മുഴവും നാലു വിരലും: ചുവട് ഒരു മുഴം; വീതി ഒരു മുഴം; അതിന്റെ അകത്ത് ചുറ്റുമുള്ള വക്ക് ഒരു ചാൺ. യാഗപീഠത്തിന്റെ ഉയരം ഇപ്രകാരമാണ്:14നിലത്തുള്ള അതിന്റെ ചുവടുമുതൽ താഴത്തെ തട്ടുവരെ രണ്ടു മുഴവും വീതി ഒരു മുഴവും; താഴത്തെ ചെറിയ തട്ടുമുതൽ വലിയ തട്ടുവരെ നാലു മുഴവും വീതി ഒരു മുഴവും ആയിരിക്കണം.
15ഇങ്ങനെ മുകളിലെ യാഗപീഠം നാലു മുഴം; യാഗപീഠത്തിന്റെ അടുപ്പിൽനിന്ന് മുകളിലേക്ക് നാലു കൊമ്പ് ഉണ്ടായിരിക്കണം;16യാഗപീഠത്തിന്റെ അടുപ്പിന്റെ നീളം പന്ത്രണ്ടു മുഴവും വീതി പന്ത്രണ്ടു മുഴവുമായി സമചതുരമായിരിക്കണം.17അതിന്റെ നാലു വശത്തുമുള്ള തട്ട് പതിനാലു മുഴം നീളവും പതിനാലു മുഴം വീതിയും അതിന്റെ ചുറ്റുമുള്ള വക്ക് അര മുഴവും ചുവട് ചുറ്റും ഒരു മുഴവും ആയിരിക്കണം; അതിന്റെ പടികൾ കിഴക്കോട്ടായിരിക്കണം.
18പിന്നെ അവിടുന്ന് എന്നോടു കല്പിച്ചത്: “മനുഷ്യപുത്രാ, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ യാഗപീഠം ഉണ്ടാക്കുന്ന നാളിൽ അതിന്മേൽ ഹോമയാഗം കഴിക്കേണ്ടതിനും രക്തം തളിക്കേണ്ടതിനും അതിനെക്കുറിച്ചുള്ള ചട്ടങ്ങൾ ഇവയാണ്:19എനിക്കു ശുശ്രൂഷ ചെയ്യേണ്ടതിന് എന്നോട് അടുത്തു വരുന്ന സാദോക്കിന്റെ സന്തതിയിലുള്ള ലേവ്യരായ പുരോഹിതന്മാർക്ക്, പാപയാഗമായി ഒരു കാളക്കുട്ടിയെ നീ കൊടുക്കണം” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
20നീ അതിന്റെ രക്തത്തിൽ കുറെ എടുത്ത് യാഗപീഠത്തിന്റെ നാലു കൊമ്പിലും തട്ടിന്റെ നാലു കോണിലും ചുറ്റുമുള്ള വക്കിലും പുരട്ടി, അതിനു പാപപരിഹാരവും പ്രായശ്ചിത്തവും വരുത്തണം.21പിന്നെ നീ പാപയാഗത്തിന് കാളയെ എടുത്ത് ആലയത്തിൽ നിയമിക്കപ്പെട്ട സ്ഥലത്ത് വിശുദ്ധമന്ദിരത്തിന്റെ പുറത്തുവച്ച് ദഹിപ്പിക്കണം.
22രണ്ടാം ദിവസം നീ ഊനമില്ലാത്ത ഒരു കോലാട്ടുകൊറ്റനെ പാപയാഗമായി അർപ്പിക്കണം; അവർ കാളയെക്കൊണ്ട് യാഗപീഠത്തിനു പാപപരിഹാരം വരുത്തിയതുപോലെ ഇതിനെക്കൊണ്ടും അതിന് പാപപരിഹാരം വരുത്തണം.23അതിനു പാപപരിഹാരം വരുത്തിത്തീർന്നശേഷം, നീ ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ആട്ടിൻ കൂട്ടത്തിൽ നിന്ന് ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെയും അർപ്പിക്കണം.24നീ അവയെ യഹോവയുടെ സന്നിധിയിൽ കൊണ്ടുവരണം; പുരോഹിതന്മാർ അവയുടെമേൽ ഉപ്പു വിതറിയശേഷം അവയെ യഹോവയ്ക്കു ഹോമയാഗമായി അർപ്പിക്കണം.
25ഏഴു ദിവസം ദിനംപ്രതി പാപയാഗമായി ഓരോ കോലാടിനെ നീ അർപ്പിക്കണം; അവർ ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ആട്ടിൻ കൂട്ടത്തിൽനിന്ന് ഒരു ആട്ടുകൊറ്റനെയും കൂടെ അർപ്പിക്കണം.26അങ്ങനെ അവർ ഏഴു ദിവസം യാഗപീഠത്തിന് പ്രായശ്ചിത്തം വരുത്തിയും അതിനെ നിർമ്മലീകരിച്ചുംകൊണ്ട് പ്രതിഷ്ഠ കഴിക്കണം.27ഈ ദിവസങ്ങൾ തികച്ചശേഷം, എട്ടാം ദിവസം മുതൽ പുരോഹിതന്മാർ യാഗപീഠത്തിന്മേൽ നിങ്ങളുടെ ഹോമയാഗങ്ങളെയും സമാധാനയാഗങ്ങളെയും അർപ്പിക്കണം. അങ്ങനെ എനിക്ക് നിങ്ങളിൽ പ്രസാദമുണ്ടാകും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.

44

1അനന്തരം അവൻ എന്നെ വിശുദ്ധമന്ദിരത്തിന്റെ കിഴക്കോട്ടു ദർശനമുള്ള പുറത്തെ ഗോപുരത്തിലേക്കു മടക്കിക്കൊണ്ടുവന്നു; എന്നാൽ അത് അടച്ചിരുന്നു.2അപ്പോൾ യഹോവ എന്നോട് അരുളിച്ചെയ്തത്: “ഈ ഗോപുരം തുറക്കാതെ അടച്ചിരിക്കണം; ആരും അതിൽകൂടി കടക്കരുത്; യിസ്രായേലിന്റെ ദൈവമായ യഹോവ അതിൽകൂടി അകത്തു കടന്നതുകൊണ്ട് അത് അടച്ചിരിക്കണം.3പ്രഭുവായിരിക്കുകയാൽ, അവൻ മാത്രം യഹോവയുടെ സന്നിധിയിൽ ഭക്ഷണം കഴിക്കുവാൻ അവിടെ ഇരിക്കണം; അവൻ ആ ഗോപുരത്തിന്റെ പൂമുഖത്തുകൂടി അകത്തു കടക്കുകയും അതിൽകൂടി പുറത്തു പോകുകയും വേണം”.

4പിന്നെ അവൻ എന്നെ വടക്കെഗോപുരംവഴിയായി ആലയത്തിന്റെ മുമ്പിൽ കൊണ്ടുചെന്നു; ഞാൻ നോക്കി, യഹോവയുടെ തേജസ്സ് യഹോവയുടെ ആലയത്തിൽ നിറഞ്ഞിരിക്കുന്നതു കണ്ട് കവിണ്ണുവീണു.5അപ്പോൾ യഹോവ എന്നോട് അരുളിച്ചെയ്തത്: ”മനുഷ്യപുത്രാ, യഹോവയുടെ ആലയത്തിന്റെ സകലവ്യവസ്ഥകളെയും നിയമങ്ങളെയും കുറിച്ച് ഞാൻ നിന്നോടു കല്പിക്കുന്നതെല്ലാം നീ നല്ലവണ്ണം ശ്രദ്ധവച്ച് കണ്ണുകൊണ്ടു നോക്കി, ചെവികൊണ്ടു കേൾക്കുക; ആലയത്തിലേക്ക് പ്രവേശിക്കുന്നത് ആരെന്നും വിശുദ്ധമന്ദിരത്തിൽനിന്നു പുറത്തേക്കു പോകുന്നത് ആരെന്നും നീ നല്ലവണ്ണം കുറിക്കൊള്ളുക”.
6മത്സരികളായ യിസ്രായേൽഗൃഹത്തോട് നീ പറയേണ്ടത്:“ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘യിസ്രായേൽഗൃഹമേ, നിങ്ങളുടെ സകല മ്ലേച്ഛതകളും മതിയാക്കുവിൻ.7നിങ്ങൾ എന്റെ ആഹാരമായ മേദസ്സും രക്തവും അർപ്പിക്കുമ്പോൾ, എന്റെ ആലയത്തെ അശുദ്ധമാക്കേണ്ടതിന് നിങ്ങൾ, ഹൃദയത്തിലും മാംസത്തിലും അഗ്രചർമ്മികളായ അന്യജനതകളെ എന്റെ വിശുദ്ധമന്ദിരത്തിൽ കൊണ്ടുവന്നതിനാൽ, നിങ്ങളുടെ സകലമ്ലേച്ഛതകൾക്കും പുറമെ നിങ്ങൾ എന്റെ നിയമവും ലംഘിച്ചിരിക്കുന്നു.
8നിങ്ങൾ എന്റെ വിശുദ്ധവസ്തുക്കളുടെ കടമകൾ നിറവേറ്റാതെ, എന്റെ വിശുദ്ധമന്ദിരത്തിലെ കാര്യങ്ങൾ നിറവേറ്റാൻ അവരെ ആക്കിയിരിക്കുന്നു”.9യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേൽമക്കളുടെ ഇടയിലുള്ള യാതൊരു അന്യജാതിക്കാരനും, ഹൃദയത്തിലും മാംസത്തിലും പരിച്ഛേദന ഏല്ക്കാത്ത യാതൊരു അന്യജാതിക്കാരനും , എന്റെ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കരുത്.
10യിസ്രായേൽ തെറ്റിപ്പോയ കാലത്ത്, എന്നെ വിട്ടകന്നു പോയവരും, എന്നെ ഉപേക്ഷിച്ച് വിഗ്രഹങ്ങളോടു ചേർന്നവരുമായ ലേവ്യർ തന്നെ അവരുടെ അകൃത്യം വഹിക്കണം.11അവർ എന്റെ വിശുദ്ധമന്ദിരത്തിൽ ആലയത്തിന്റെ പടിവാതില്ക്കൽ ശുശ്രൂഷകന്മാരായി കാവൽനിന്ന്, ആലയത്തിൽ ശുശ്രൂഷ ചെയ്യണം; അവർ ജനത്തിനുവേണ്ടി ഹോമയാഗവും ഹനനയാഗവും അറുത്ത്, അവർക്കു ശുശ്രൂഷ ചെയ്യേണ്ടതിന് അവരുടെ മുമ്പിൽ നില്ക്കണം.12അവർ അവരുടെ വിഗ്രഹങ്ങളുടെ മുമ്പിൽ ശുശ്രൂഷചെയ്തതിനാൽ, യിസ്രായേൽഗൃഹം അകൃത്യം ചെയ്യുവാൻ കാരണമായി; അതുകൊണ്ട് ഞാൻ അവർക്കു വിരോധമായി കൈ ഉയർത്തി സത്യം ചെയ്തിരിക്കുന്നു; അവർ അവരുടെ അകൃത്യം വഹിക്കണം” എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.
13“എനിക്കു പുരോഹിതശുശ്രൂഷ ചെയ്യുവാനും, അതിവിശുദ്ധങ്ങളായ എന്റെ സകലവിശുദ്ധവസ്തുക്കളെയും സ്പർശിക്കുവാനും, അവർ എന്നോട് അടുത്തുവരരുത്; അങ്ങനെ അവരുടെ അവർ ചെയ്ത മ്ലേച്ഛതകളും അവർ വഹിക്കണം.14എന്നാൽ ആലയത്തിന്റെ എല്ലാ വേലയ്ക്കും അതിൽ ചെയ്യുവാനുള്ള എല്ലാ പ്രവൃത്തികൾക്കും ഞാൻ അവരെ കാര്യവിചാരകന്മാരാക്കിവയ്ക്കും.
15യിസ്രായേൽമക്കൾ എന്നെ വിട്ടു തെറ്റിപ്പോയ കാലത്ത്, എന്റെ വിശുദ്ധമന്ദിരത്തിന്റെ കർത്തവ്യങ്ങൾ നിർവഹിച്ചിരുന്നവരും സാദോക്കിന്റെ പുത്രന്മാരുമായ ലേവ്യപുരോഹിതന്മാർ എനിക്കു ശുശ്രൂഷ ചെയ്യേണ്ടതിന് എന്നോട് അടുത്തുവന്ന്, എനിക്ക് മേദസ്സും രക്തവും അർപ്പിക്കേണ്ടതിന് എന്റെ മുമ്പാകെ നില്ക്കണം” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.16അവർ എന്റെ വിശുദ്ധമന്ദിരത്തിൽ കടന്ന് എനിക്കു ശുശ്രൂഷ ചെയ്യേണ്ടതിന് എന്റെ മേശയുടെ അടുക്കൽ വരുകയും എന്റെ കാര്യവിചാരണ നടത്തുകയും വേണം.
17എന്നാൽ അകത്തെ പ്രാകാരത്തിന്റെ വാതിലുകൾക്കകത്തു കടക്കുമ്പോൾ അവർ ശണവസ്ത്രം ധരിക്കണം; അകത്തെ പ്രാകാരത്തിന്റെ വാതില്ക്കലും ആലയത്തിനകത്തും ശുശ്രൂഷചെയ്യുമ്പോൾ ആട്ടിൻ രോമംകൊണ്ടുള്ള വസ്ത്രം ധരിക്കരുത്.18അവരുടെ തലയിൽ ശണംകൊണ്ടുള്ള തലപ്പാവും അരയിൽ ശണംകൊണ്ടുള്ള കാല്ക്കുപ്പായവും ഉണ്ടായിരിക്കണം; വിയർപ്പുണ്ടാകുന്ന യാതൊന്നും അവർ ധരിക്കരുത്.
19അവർ പുറത്തെ പ്രാകാരത്തിൽ ജനത്തിന്റെ അടുക്കലേക്ക് ചെല്ലുമ്പോൾ അവരുടെ വസ്ത്രത്താൽ ജനത്തെ വിശുദ്ധീകരിക്കാതിരിക്കേണ്ടതിന്, അവർ ശുശ്രൂഷചെയ്ത സമയം ധരിച്ചിരുന്ന വസ്ത്രം നീക്കി വിശുദ്ധമണ്ഡപങ്ങളിൽ വച്ചിട്ടു വേറെ വസ്ത്രം ധരിക്കണം.
20അവർ തല ക്ഷൗരം ചെയ്യുകയോ തലമുടി നീട്ടുകയോ ചെയ്യാതെ കത്രിക്കുക മാത്രമേ ചെയ്യാവു.21യാതൊരു പുരോഹിതനും വീഞ്ഞു കുടിച്ച് അകത്തെ പ്രാകാരത്തിൽ കടക്കരുത്.22വിധവയെയോ ഉപേക്ഷിക്കപ്പെട്ടവളെയോ ഭാര്യയായി എടുക്കാതെ അവർ യിസ്രായേൽഗൃഹത്തിലെ സന്തതിയിലുള്ള കന്യകമാരെയോ ഒരു പുരോഹിതന്റെ ഭാര്യയായിരുന്ന വിധവയെയോ വിവാഹം കഴിക്കണം.
23അവർ വിശുദ്ധമായതിനും സാമാന്യമായതിനും തമ്മിലുള്ള വ്യത്യാസം എന്റെ ജനത്തിന് ഉപദേശിച്ച്, മലിനമായതും നിർമ്മലമായതും അവരെ തിരിച്ചറിയുമാറാക്കണം.24വ്യവഹാരത്തിൽ അവർ ന്യായം വിധിക്കുവാൻ നില്ക്കണം; എന്റെ വിധികളെ അനുസരിച്ച് അവർ ന്യായം വിധിക്കണം; അവർ ഉത്സവങ്ങളിൽ എല്ലാം എന്റെ പ്രമാണങ്ങളും ചട്ടങ്ങളും ആചരിക്കുകയും എന്റെ ശബ്ബത്തുകളെ വിശുദ്ധീകരിക്കുകയും വേണം.
25അവർ മരിച്ച ആളുടെ അടുക്കൽ ചെന്ന് അശുദ്ധരാകരുത്; എങ്കിലും അപ്പൻ, അമ്മ, മകൻ, മകൾ, സഹോദരൻ, ഭർത്താവില്ലാത്ത സഹോദരി എന്നിവർക്കുവേണ്ടി അശുദ്ധരാകാം.26അവന്റെ ശുദ്ധീകരണം കഴിഞ്ഞശേഷം ഏഴു ദിവസം എണ്ണണം.27വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷചെയ്യേണ്ടതിന് അവൻ അകത്തെ പ്രാകാരത്തിൽ വിശുദ്ധമന്ദിരത്തിലേക്കു പോകുന്ന ദിവസത്തിൽ അവൻ പാപയാഗം അർപ്പിക്കണം” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
28അവരുടെ അവകാശമോ, ഞാൻ തന്നെ അവരുടെ അവകാശം; നിങ്ങൾ അവർക്ക് യിസ്രായേലിൽ സ്വത്ത് ഒന്നും കൊടുക്കരുത്; ഞാൻ തന്നെ അവരുടെ സ്വത്താകുന്നു.29അവർ ഭോജനയാഗം, പാപയാഗം, അകൃത്യയാഗം എന്നിവകൊണ്ട് ഉപജീവനം കഴിക്കണം; യിസ്രായേലിൽ നിവേദിതമായ സകലവും അവർക്കുള്ളതായിരിക്കണം.
30സകലവിധ ആദ്യഫലങ്ങളിലും ഉത്തമമായതും വഴിപാടായി വരുന്ന എല്ലാവക വഴിപാടുകളും പുരോഹിതന്മാർക്കുള്ളതായിരിക്കണം; നിന്റെ ഭവനത്തിന്മേൽ അനുഗ്രഹം വസിക്കേണ്ടതിന് നിങ്ങളുടെ തരിമാവിന്റെ ആദ്യഭാഗവും പുരോഹിതനു കൊടുക്കണം.31സ്വയം ചത്തതും പറിച്ചുകീറിപ്പോയതുമായ പക്ഷിയെയോ മൃഗത്തെയോ ഒന്നിനെയും പുരോഹിതൻ തിന്നരുത്.

45

1“ദേശത്തെ അവകാശമായി ചീട്ടിട്ടു വിഭാഗിക്കുമ്പോൾ, നിങ്ങൾ ദേശത്തിന്റെ ഒരു വിശുദ്ധാംശം യഹോവയ്ക്കു വഴിപാടായി അർപ്പിക്കണം; അത് ഇരുപത്തയ്യായിരം മുഴം നീളവും ഇരുപതിനായിരം മുഴം വീതിയും ഉള്ളതായിരിക്കണം; അതിന്റെ ചുറ്റുമുള്ള എല്ലാ അതിരുകളും വിശുദ്ധമായിരിക്കണം.2അതിൽ അഞ്ഞൂറു മുഴം നീളവും അഞ്ഞൂറു മുഴം വീതിയും ആയി സമചതുരമായ ഒരു ഭാഗം വിശുദ്ധസ്ഥലത്തിന് ആയിരിക്കണം; അതിനു ചുറ്റും അമ്പതു മുഴം സ്ഥലം വെളിമ്പ്രദേശം ആയി കിടക്കണം.

3ആ അളവിൽ നിന്ന് ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും നീ അളക്കണം; അതിൽ അതിവിശുദ്ധമായ വിശുദ്ധമന്ദിരം ഉണ്ടായിരിക്കണം;4അത് ദേശത്തിന്റെ വിശുദ്ധാംശമാകുന്നു; അതു യഹോവയ്ക്കു ശുശ്രൂഷചെയ്യുവാൻ അടുത്തു വരുന്നവരായി, വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷകന്മാരായ പുരോഹിതന്മാർക്കുള്ളതായിരിക്കണം; അത് അവരുടെ വീടുകൾക്കുള്ള സ്ഥലവും വിശുദ്ധമന്ദിരത്തിനുള്ള വിശുദ്ധസ്ഥലവുമായിരിക്കണം.5പിന്നെ ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും ഉള്ള ഭാഗം, ആലയത്തിന്റെ ശുശ്രൂഷകന്മാരായ ലേവ്യർക്കു വസിക്കുവാനുള്ള ഗ്രാമത്തിനു വേണ്ട സ്വത്തായിരിക്കണം.
6വിശുദ്ധാംശമായ വഴിപാടിനോടു ചേർന്ന് നഗരസ്വത്തായി അയ്യായിരം മുഴം വീതിയിലും ഇരുപത്തയ്യായിരം മുഴം നീളത്തിലും ഒരു സ്ഥലം നിയമിക്കണം; അത് യിസ്രായേൽഗൃഹത്തിനു മുഴുവനും ഉള്ളതായിരിക്കണം.7പ്രഭുവിനുള്ളത്, വിശുദ്ധവഴിപാടായ സ്ഥലത്തിനും നഗരസ്വത്തിനും ഇരുവശത്തും വിശുദ്ധവഴിപാടായ സ്ഥലത്തിനും നഗരസ്വത്തിനും മുമ്പിൽ പടിഞ്ഞാറുവശത്ത് പടിഞ്ഞാറോട്ടും കിഴക്കുവശത്ത് കിഴക്കോട്ടും ആയിരിക്കണം; അതിന്റെ നീളം ദേശത്തിന്റെ പടിഞ്ഞാറെ അതിരുമുതൽ കിഴക്കെ അതിരുവരെയുള്ള അംശങ്ങളിൽ ഒന്നിനോട് ഒത്തിരിക്കണം.
8അത് യിസ്രായേലിൽ അവനുള്ള സ്വത്തായിരിക്കണം; എന്റെ പ്രഭുക്കന്മാർ ഇനി എന്റെ ജനത്തെ പീഡിപ്പിക്കാതെ, യിസ്രായേൽഗൃഹത്തിലെ അതതു ഗോത്രത്തിനു ദേശം കൊടുക്കണം”.
9യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേൽപ്രഭുക്കന്മാരേ, മതിയാക്കുവിൻ! സാഹസവും കവർച്ചയും അകറ്റി നീതിയും ന്യായവും നടത്തുവിൻ; എന്റെ ജനത്തോടു പിടിച്ചുപറിക്കുന്നത് നിർത്തുവിൻ” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.10ഒത്ത തുലാസ്സും ഒത്ത ഏഫയും ഒത്ത ബത്തും നിങ്ങൾക്കുണ്ടായിരിക്കണം.11ഏഫയും ബത്തും ഒരേ അളവായിരിക്കണം; ബത്ത് ഹോമെരിന്റെ പത്തിൽ ഒന്നും ഏഫാ ഹോമെരിന്റെ പത്തിൽ ഒന്നും ആയിരിക്കണം; അതിന്റെ അളവ് ഹോമെരിനൊത്തതായിരിക്കണം.12ഒരു ശേക്കെൽ ഇരുപതു ഗേരാ ആയിരിക്കണം; ഇരുപത് ശേക്കെൽ , ഇരുപത്തഞ്ച് ശേക്കെൽ , പതിനഞ്ച് ശേക്കെൽ ഇവ കൂടുമ്പോൾ ഒരു മാനേ ആയിരിക്കണം;
13നിങ്ങൾ വഴിപാടു കഴിക്കേണ്ടത് എങ്ങനെ എന്നാൽ: ഒരു ഹോമെർ ഗോതമ്പിൽനിന്ന് ഏഫയുടെ ആറിലൊന്നും ഒരു ഹോമെർ യവത്തിൽനിന്ന് ഏഫയുടെ ആറിലൊന്നും കൊടുക്കണം.14എണ്ണയ്ക്കുള്ള പ്രമാണം: പത്തു ബത്ത് കൊള്ളുന്ന ഹോമെർ ഒരു കോർ; അതിൽനിന്ന് ബത്തിന്റെ പത്തിലൊന്നു കൊടുക്കണം; പത്തു ബത്ത് ഒരു ഹോമെർ.15പ്രായശ്ചിത്തം വരുത്തേണ്ടതിന് ഭോജനയാഗമായും ഹോമയാഗമായും സമാധാനയാഗങ്ങളായും യിസ്രായേലിന്റെ പുഷ്ടിയുള്ള മേച്ചിൽപുറങ്ങളിലെ ഇരുനൂറു ആടുള്ള ഒരു കൂട്ടത്തിൽനിന്ന് ഒരു കുഞ്ഞാടിനെ കൊടുക്കണം” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
16ദേശത്തെ സകലജനവും യിസ്രായേലിന്റെ പ്രഭുവിനു വേണ്ടിയുള്ള ഈ വഴിപാടിനായി കൊടുക്കണം.17ഉത്സവങ്ങളിലും അമാവാസികളിലും ശബ്ബത്തുകളിലും യിസ്രായേൽഗൃഹത്തിന്റെ ഉത്സവസമയങ്ങളിൽ എല്ലം ഹോമയാഗങ്ങളും ഭോജനയാഗങ്ങളും പാനീയയാഗങ്ങളും കഴിക്കുവാൻ പ്രഭു ബാദ്ധ്യസ്ഥനാകുന്നു; യിസ്രായേൽഗൃഹത്തിനു പ്രായശ്ചിത്തം വരുത്തേണ്ടതിന് അവൻ പാപയാഗവും ഭോജനയാഗവും ഹോമയാഗവും സമാധാനയാഗങ്ങളും അർപ്പിക്കണം.
18യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഒന്നാം മാസം ഒന്നാം തീയതി നീ ഊനമില്ലാത്ത ഒരു കാളക്കുട്ടിയെ എടുത്ത് വിശുദ്ധമന്ദിരത്തിനു പാപപരിഹാരം വരുത്തണം.19പുരോഹിതൻ പാപയാഗത്തിന്റെ രക്തത്തിൽ കുറെ എടുത്ത് ആലയത്തിന്റെ വാതിൽപ്പടികളിലും യാഗപീഠത്തിന്റെ തട്ടിന്റെ നാലു കോണിലും അകത്തെ പ്രാകാരത്തിന്റെ ഗോപുരത്തിന്റെ വാതിൽപ്പടികളിലും പുരട്ടണം.20അങ്ങനെ തന്നെ നീ ഏഴാം മാസം ഒന്നാം തീയതിയും, അബദ്ധത്താലോ ബുദ്ധിഹീനതയാലോ പിഴച്ചു പോയവനു വേണ്ടി ചെയ്യണം; ഇങ്ങനെ നിങ്ങൾ ആലയത്തിനു പ്രായശ്ചിത്തം വരുത്തണം.
21ഒന്നാം മാസം പതിനാലാം തീയതിമുതൽ നിങ്ങൾ ഏഴു ദിവസത്തേക്ക് പെസഹപെരുനാൾ ആചരിച്ച് പുളിപ്പില്ലാത്ത അപ്പം തിന്നണം.22അന്ന് പ്രഭു തനിക്കു വേണ്ടിയും ദേശത്തിലെ സകലജനത്തിനു വേണ്ടിയും പാപയാഗമായി ഒരു കാളയെ അർപ്പിക്കണം.
23ഉത്സവത്തിന്റെ ഏഴു ദിവസവും അവൻ യഹോവയ്ക്ക് ഹോമയാഗമായി ഊനമില്ലാത്ത ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും ആ ഏഴു ദിവസവും ദിനംപ്രതി അർപ്പിക്കണം; പാപയാഗമായി ദിനംപ്രതി ഓരോ കോലാട്ടിൻകുട്ടിയെയും അർപ്പിക്കണം.24കാള ഒന്നിന് ഒരു ഏഫയും ആട്ടുകൊറ്റൻ ഒന്നിന് ഒരു ഏഫയും ഏഫ ഒന്നിന് ഒരു ഹീൻ എണ്ണയും വീതം അവൻ ഭോജനയാഗം അർപ്പിക്കണം.
25ഏഴാം മാസം പതിനഞ്ചാം തീയതിയിലുള്ള ഉത്സവത്തിൽ അവൻ ഈ ഏഴു ദിവസം എന്നപോലെ, പാപയാഗത്തിനും ഹോമയാഗത്തിനും ഭോജനയാഗത്തിനും എണ്ണയ്ക്കും തക്കവണ്ണം അർപ്പിക്കണം.

46

1യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “അകത്തെ പ്രാകാരത്തിന്റെ കിഴക്കോട്ടു ദർശനമുള്ള ഗോപുരം ആറു പ്രവൃത്തിദിവസങ്ങളിലും അടച്ചിരിക്കണം; ശബ്ബത്തുനാളിലും അമാവാസിയിലും അതു തുറന്നിരിക്കണം.2എന്നാൽ പ്രഭു പുറത്തുനിന്ന് ആ ഗോപുരത്തിന്റെ പൂമുഖംവഴിയായി കടന്നു ചെന്ന്, ഗോപുരത്തിന്റെ കട്ടിളത്തൂണിനരികിൽ നില്ക്കണം; പുരോഹിതൻ അവന്റെ ഹോമയാഗവും സമാധാനയാഗവും അർപ്പിക്കുമ്പോൾ അവൻ ഗോപുരത്തിന്റെ ഉമ്മരപ്പടിക്കൽ നമസ്കരിക്കണം; പിന്നെ അവൻ പുറത്തേക്കു പോകണം: എന്നാൽ ഗോപുരം സന്ധ്യവരെ അടയ്ക്കാതെയിരിക്കണം.

3ദേശത്തെ ജനം ശബ്ബത്തുകളിലും അമാവാസികളിലും ഈ ഗോപുരപ്രവേശനത്തിങ്കൽ യഹോവയുടെ സന്നിധിയിൽ നമസ്കരിക്കണം.4പ്രഭു ശബ്ബത്തുനാളിൽ യഹോവയ്ക്ക് ഹോമയാഗമായി ഊനമില്ലാത്ത ആറു കുഞ്ഞാടുകളെയും ഊനമില്ലാത്ത ഒരു മുട്ടാടിനെയും അർപ്പിക്കണം.5ഭോജനയാഗമായി അവൻ മുട്ടാടിന് ഒരു ഏഫയും കുഞ്ഞാടുകൾക്ക് തന്റെ പ്രാപ്തിപോലെയുള്ള ഭോജനയാഗവും, ഏഫ ഒന്നിന് ഒരു ഹീൻ എണ്ണവീതവും അർപ്പിക്കണം.
6അമാവാസിദിവസത്തിൽ ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ആറു കുഞ്ഞാടുകളെയും ഒരു മുട്ടാടിനെയും അർപ്പിക്കണം; ഇവയും ഊനമില്ലാത്തവ ആയിരിക്കണം.7ഭോജനയാഗമായി അവൻ കാളയ്ക്ക് ഒരു ഏഫയും മുട്ടാടിന് ഒരു ഏഫയും കുഞ്ഞാടുകൾക്കു തന്റെ പ്രാപ്തിപോലെയും ഏഫ ഒന്നിന് ഒരു ഹീൻ എണ്ണവീതവും അർപ്പിക്കണം.8പ്രഭു വരുമ്പോൾ അവൻ ഗോപുരത്തിന്റെ പൂമുഖംവഴിയായി കടക്കുകയും ആ വഴിയായി തന്നെ പുറത്തേക്കു പോകുകയും വേണം.
9എന്നാൽ ദേശത്തെ ജനം ഉത്സവങ്ങളിൽ യഹോവയുടെ സന്നിധിയിൽ വരുമ്പോൾ, വടക്കെഗോപുരംവഴി നമസ്കരിക്കുവാൻ വരുന്നവൻ തെക്കെഗോപുരം വഴി പുറത്തേക്കു പോകുകയും തെക്കെ ഗോപുരംവഴി വരുന്നവൻ വടക്കെ ഗോപുരം വഴി പുറത്തേക്കു പോകുകയും വേണം; താൻ വന്ന ഗോപുരംവഴിയായി മടങ്ങിപ്പോകാതെ അതിനെതിരെയുള്ളതിൽകൂടി പുറത്തേക്കു പോകണം.10അവർ വരുമ്പോൾ പ്രഭുവും അവരുടെ മദ്ധ്യത്തിൽ വരുകയും അവർ പോകുമ്പോൾ അവനും കൂടെ പോകുകയും വേണം.
11വിശേഷദിവസങ്ങളിലും ഉത്സവങ്ങളിലും ഭോജനയാഗം, കാളയ്ക്ക് ഒരു ഏഫയും മുട്ടാടിന് ഒരു ഏഫയും കുഞ്ഞാടുകൾക്ക് തന്റെ പ്രാപ്തിപോലെയും ഏഫയ്ക്ക് ഒരു ഹീൻ എണ്ണയും വീതം ആയിരിക്കണം.12എന്നാൽ പ്രഭു സ്വമേധാദാനമായ ഹോമയാഗമോ സ്വമേധാദാനമായ സമാധാനയാഗങ്ങളോ യഹോവയ്ക്ക് അർപ്പിക്കുമ്പോൾ കിഴക്കോട്ടു ദർശനമുള്ള ഗോപുരം അവനു തുറന്നുകൊടുക്കണം; അവൻ ശബ്ബത്തുനാളിൽ ചെയ്യുന്നതുപോലെ തന്റെ ഹോമയാഗവും സമാധാനയാഗങ്ങളും അർപ്പിക്കണം; പിന്നെ അവൻ പുറത്തേക്കു പോകണം; അവൻ പുറത്തേക്കു പോയ ശേഷം ഗോപുരം അടയ്ക്കണം.
13ഒരു വയസ്സു പ്രായമുള്ളതും ഊനമില്ലാത്തതുമായ ഒരു കുഞ്ഞാടിനെ നീ ദിനംപ്രതി യഹോവയ്ക്കു ഹോമയാഗമായി അർപ്പിക്കണം; രാവിലെതോറും അതിനെ അർപ്പിക്കണം.14അതിന്റെ ഭോജനയാഗമായി നീ രാവിലെതോറും ഏഫയിൽ ആറിലൊന്നും നേരിയ മാവു നനയ്ക്കേണ്ടതിന് ഹീനിൽ മൂന്നിലൊന്ന് എണ്ണയും അർപ്പിക്കണം; അത് ഒരു ശാശ്വതനിയമമായി യഹോവയ്ക്കുള്ള നിരന്തരഭോജനയാഗം.15ഇങ്ങനെ നിരന്തരഹോമയാഗമായി കുഞ്ഞാടും, ഭോജനയാഗവും എണ്ണയും അവർ രാവിലെതോറും അർപ്പിക്കണം”.
16യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “പ്രഭു തന്റെ പുത്രന്മാരിൽ ഒരുത്തന് ഒരു ദാനം കൊടുക്കുന്നുവെങ്കിൽ അത് അവന്റെ അവകാശമായി അവന്റെ പുത്രന്മാർക്കുള്ളതായിരിക്കണം; അത് അവകാശമായി അവരുടെ കൈവശം ഇരിക്കണം.17എന്നാൽ അവൻ തന്റെ ദാസന്മാരിൽ ഒരുത്തന് തന്റെ അവകാശത്തിൽനിന്ന് ഒരു ദാനം കൊടുക്കുന്നുവെങ്കിൽ അത് വിമോചനവർഷം വരെ അവനുള്ളതായിരിക്കണം; പിന്നത്തേതിൽ അത് പ്രഭുവിനു തിരികെ ചേരണം; അതിന്റെ അവകാശം അവന്റെ പുത്രന്മാർക്കു തന്നെ ഇരിക്കണം.18പ്രഭു ജനത്തെ അവരുടെ അവകാശത്തിൽനിന്നു നീക്കി അവരുടെ അവകാശത്തിലൊന്നും അപഹരിക്കരുത്; എന്റെ ജനത്തിൽ ഓരോരുത്തനും അവനവന്റെ അവകാശം കൈവിട്ടു പോകാതെയിരിക്കുവാൻ അവൻ സ്വന്തഅവകാശത്തിൽനിന്നു തന്നെ തന്റെ പുത്രന്മാർക്ക് അവകാശം കൊടുക്കണം”.

19പിന്നെ അവൻ ഗോപുരത്തിന്റെ പാർശ്വത്തിലുള്ള പ്രവേശനത്തിൽകൂടി എന്നെ വടക്കോട്ടു ദർശനമുള്ളതായ, പുരോഹിതന്മാരുടെ വിശുദ്ധമണ്ഡപങ്ങളിലേക്കു കൊണ്ടുചെന്നു; അവിടെ ഞാൻ പടിഞ്ഞാറെ അറ്റത്ത് ഒരു സ്ഥലം കണ്ടു.20അവൻ എന്നോട്: “പുരോഹിതന്മാർ അകൃത്യയാഗവും പാപയാഗവും പാകം ചെയ്യുന്നതും, ഭോജനയാഗം ചുടുന്നതുമായ സ്ഥലം ഇതാകുന്നു; അവർ ജനത്തെ വിശുദ്ധീകരിക്കേണ്ടതിന് അവയെ പുറത്ത്, പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടു പോകാതെയിരിക്കുവാൻ തന്നെ” എന്ന് അരുളിച്ചെയ്തു.
21പിന്നെ അവൻ എന്നെ പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുപോയി, പ്രാകാരത്തിന്റെ നാലു കോണിലും ചെല്ലുമാറാക്കി; പ്രാകാരത്തിന്റെ ഓരോ കോണിലും ഓരോ മുറ്റം ഉണ്ടായിരുന്നു.22പ്രാകാരത്തിന്റെ നാലു കോണിലും നാല്പതു മുഴം നീളവും മുപ്പതു മുഴം വീതിയും ഉള്ള അടയ്ക്കപ്പെട്ട മുറ്റങ്ങൾ ഉണ്ടായിരുന്നു; നാലു കോണിലും ഉള്ള, അവ നാലിനും ഒരേ അളവായിരുന്നു.23അവയ്ക്കു നാലിനും ചുറ്റും ഒരു പന്തി കല്ല് കെട്ടിയിരുന്നു; ഈ കൽനിരകളുടെ ചുവട്ടിൽ ചുറ്റും അടുപ്പ് ഉണ്ടാക്കിയിരുന്നു.24അവൻ എന്നോട്: “ഇവ ആലയത്തിന്റെ ശുശ്രൂഷകന്മാർ ജനത്തിന്റെ ഹനനയാഗം പാകം ചെയ്യുന്ന പാചകശാലയാകുന്നു” എന്ന് അരുളിച്ചെയ്തു.

47

1അവൻ എന്നെ ആലയത്തിന്റെ പ്രവേശനത്തിങ്കൽ തിരികെ കൊണ്ടുവന്നപ്പോൾ, ആലയത്തിന്റെ ഉമ്മരപ്പടിയുടെ കീഴിൽ നിന്ന് വെള്ളം കിഴക്കോട്ടു പുറപ്പെടുന്നത് ഞാൻ കണ്ടു. ആലയത്തിന്റെ ദർശനം കിഴക്കോട്ടായിരുന്നു; ആ വെള്ളം ആലയത്തിന്റെ വലത്തു ഭാഗത്ത് കീഴിൽനിന്ന് യാഗപീഠത്തിനു തെക്കുവശമായി ഒഴുകി.2അവൻ വടക്കോട്ടുള്ള ഗോപുരത്തിൽകൂടി എന്നെ പുറത്തു കൊണ്ടുചെന്ന് പുറത്തെ വഴിയായി കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിൽകൂടി പുറത്തെ ഗോപുരത്തിലേക്ക് ചുറ്റിനടത്തി കൊണ്ടുപോയി; വെള്ളം വലത്തുഭാഗത്തുകൂടി ഒഴുകുന്നതു ഞാൻ കണ്ടു.

3ആ പുരുഷൻ കൈയിൽ ചരടുമായി കിഴക്കോട്ടു നടന്നു; ആയിരം മുഴം അളന്ന്, എന്നെ വെള്ളത്തിൽ കൂടി കടക്കുമാറാക്കി; വെള്ളം കണങ്കാലോളം ആയി.4അവൻ പിന്നെയും ആയിരം മുഴം അളന്ന്, എന്നെ വെള്ളത്തിൽകൂടി കടക്കുമാറാക്കി; വെള്ളം മുട്ടോളം ആയി; അവൻ പിന്നെയും ആയിരം മുഴം അളന്ന്, എന്നെ കടക്കുമാറാക്കി; വെള്ളം അരയോളം ആയി.5അവൻ പിന്നെയും ആയിരം മുഴം അളന്നു; അത് എനിക്കു കടക്കുവാൻ കഴിയാത്ത ഒരു നദിയായി; വെള്ളം പൊങ്ങി, നീന്തിയിട്ടല്ലാതെ കടക്കുവാൻ കഴിയാത്ത ഒരു നദിയായിത്തീർന്നു.
6അവൻ എന്നോട്: “മനുഷ്യപുത്രാ, ഇത് നീ കണ്ടുവോ” എന്നു ചോദിച്ചു; പിന്നെ അവൻ എന്നെ നദീതീരത്തു മടങ്ങിച്ചെല്ലുമാറാക്കി.7ഞാൻ മടങ്ങിച്ചെന്നപ്പോൾ നദീതീരത്ത് ഇക്കരെയും അക്കരെയും അനവധി വൃക്ഷങ്ങൾ നില്ക്കുന്നതു കണ്ടു.8അപ്പോൾ അവൻ എന്നോട് അരുളിച്ചെയ്തത്: “ഈ വെള്ളം കിഴക്കെ ഗലീലയിലേക്കു പുറപ്പെട്ട് അരാബയിലേക്ക് ഒഴുകി കടലിൽ വീഴുന്നു; വെള്ളം ഒഴുകിച്ചെന്ന് കടലിൽ വീണ്, അതിലെ വെള്ളം ശുദ്ധമായിത്തീരും.
9എന്നാൽ ഈ നദി ചെല്ലുന്നിടത്തെല്ലാം ചലിക്കുന്ന സകലപ്രാണികളും ജീവിച്ചിരിക്കും; ഈ വെള്ളം അവിടെ വന്നതുകൊണ്ട്, ഏറ്റവുമധികം മത്സ്യം ഉണ്ടാകും; ഈ നദി ചെല്ലുന്നിടത്തെല്ലാം അതു ശുദ്ധമായിത്തീർന്നിട്ട് സകലവും ജീവിക്കും.10അതിന്റെ കരയിൽ ഏൻ-ഗതി മുതൽ ഏൻ-എഗ്ലയീംവരെ മീൻപിടിത്തക്കാർ നിന്നു വല വീശും; അതിലെ മത്സ്യം മഹാസമുദ്രത്തിലെ മത്സ്യംപോലെ വിവിധ ഇനങ്ങളായി അസംഖ്യമായിരിക്കും.
11എന്നാൽ അതിന്റെ ചേറ്റുകണ്ടങ്ങളും ചതുപ്പുനിലങ്ങളും ശുദ്ധമാകാതെ, ഉപ്പിനുവേണ്ടി മാറ്റിവയ്ക്കും.12നദീതീരത്ത് ഇക്കരെയും അക്കരെയും ഭക്ഷ്യയോഗ്യമായ ഫലമുള്ള സകലവിധ വൃക്ഷങ്ങളും വളരും; അവയുടെ ഇല വാടുകയില്ല, ഫലം ഇല്ലാതെപോകുകയുമില്ല; അതിലെ വെള്ളം വിശുദ്ധമന്ദിരത്തിൽനിന്ന് ഒഴുകിവരുന്നതുകൊണ്ട് അവ മാസംതോറും പുതിയ ഫലം കായ്ക്കും; അവയുടെ ഫലം ഭക്ഷണത്തിനും, അവയുടെ ഇല ചികിത്സക്കും ഉപകരിക്കും”.

13യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ദേശത്തെ യിസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങൾക്കും അവകാശമായി വിഭാഗിക്കേണ്ട അതിരുകൾ ഇവയായിരിക്കും: യോസേഫിന് രണ്ടു പങ്ക് ഉണ്ടായിരിക്കണം.14‘നിങ്ങളുടെ പിതാക്കന്മാർക്കു നല്കുമെന്ന്’ ഞാൻ കൈ ഉയർത്തി സത്യം ചെയ്തിരിക്കുകകൊണ്ട് നിങ്ങൾക്ക് എല്ലാവർക്കും തുല്യാവകാശം ലഭിക്കണം; ഈ ദേശം നിങ്ങൾക്ക് അവകാശമായി വരും.
15ദേശത്തിന്റെ അതിർത്തികൾ ഇങ്ങനെ ആയിരിക്കണം: വടക്കുഭാഗത്ത് മഹാസമുദ്രംമുതൽ ഹെത്ലോൻവഴിയായി16സെദാദ് വരെയും ഹമാത്തും ബേരോത്തയും ദമാസ്ക്കസിന്റെ അതിർത്തിക്കും ഹമാത്തിന്റെ അതിർത്തിക്കും ഇടയിലുള്ള സിബ്രയീമും ഹൗറാന്റെ അതിർത്തിയിലുള്ള നടുഹാസേരും17ഇങ്ങനെ അതിരുകൾ സമുദ്രംമുതൽ ദമാസ്ക്കസിന്റെ അതിർത്തിയിലും ഹസർ-ഏനാൻ വരെ വടക്കെഭാഗത്ത് വടക്കോട്ടുള്ള ഹമാത്തിന്റെ അതിർത്തിയിലും ആയിരിക്കണം; അത് വടക്കേഭാഗം.
18കിഴക്കു ഭാഗം ഹൗറാൻ, ദമാസ്ക്കസ്, ഗിലെയാദ് എന്നിവയ്ക്കും യിസ്രായേൽദേശത്തിനും ഇടയിൽ യോർദ്ദാൻ ആയിരിക്കണം; വടക്കെ അതിരുമുതൽ കിഴക്കെ കടൽവരെ നിങ്ങൾ അളക്കണം; അത് കിഴക്കുഭാഗം.19തെക്കുഭാഗം തെക്കോട്ട് താമാർമുതൽ മെരീബോത്ത്-കാദേശ് ജലാശയംവരെയും ഈജിപ്റ്റ്തോടുവരെയും മഹാസമുദ്രംവരെയും ആയിരിക്കണം; അത് തെക്കോട്ട് തെക്കേഭാഗം.20പടിഞ്ഞാറുഭാഗം: തെക്കെ അതിരുമുതൽ ഹമാത്തിലേക്കുള്ള തിരിവിന്റെ അറ്റംവരെയും മഹാസമുദ്രം ആയിരിക്കണം; അത് പടിഞ്ഞാറെ ഭാഗം.
21ഇങ്ങനെ നിങ്ങൾ ഈ ദേശത്തെ യിസ്രായേൽഗോത്രങ്ങൾക്കനുസരിച്ച് വിഭാഗിച്ചുകൊള്ളണം.22നിങ്ങൾ അതിനെ നിങ്ങൾക്കും നിങ്ങളുടെ ഇടയിൽ വന്നുപാർക്കുന്നവരായി, നിങ്ങളുടെ ഇടയിൽ മക്കളെ ജനിപ്പിക്കുന്ന പരദേശികൾക്കും അവകാശമായി ചീട്ടിട്ടു വിഭാഗിക്കണം; അവർ നിങ്ങൾക്ക് യിസ്രായേൽമക്കളുടെ ഇടയിൽ സ്വദേശികളെപ്പോലെ ആയിരിക്കണം; നിങ്ങളോടുകൂടി അവർക്കും യിസ്രായേൽഗോത്രങ്ങളുടെ ഇടയിൽ അവകാശം ലഭിക്കണം.23പരദേശി വന്നുപാർക്കുന്ന ഗോത്രത്തിൽ തന്നെ നിങ്ങൾ അവന് അവകാശം കൊടുക്കണം ”എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.

48

1എന്നാൽ ഗോത്രങ്ങളുടെ പേരുകൾ ഇവയാണ്: വടക്കെ അറ്റംമുതൽ ഹെത്ലോൻ വഴിക്കരികിലുള്ള ഹമാത്ത്‌വരെ വടക്കോട്ട് ദമാസ്ക്കസിന്റെ അതിർത്തിയിലുള്ള ഹസർ-ഏനാനും, ഇങ്ങനെ വടക്ക് ഹമാത്തിന്റെ പാർശ്വത്തിൽ കിഴക്കും പടിഞ്ഞാറും ഉള്ള ഭാഗങ്ങളായി ദാന്റെ ഓഹരി ഒന്ന്.2ദാന്റെ അതിർത്തിയിൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെഭാഗംവരെ ആശേരിന്റെ ഓഹരി ഒന്ന്.3ആശേരിന്റെ അതിർത്തിയിൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെഭാഗംവരെ നഫ്താലിയുടെ ഓഹരി ഒന്ന്.

4നഫ്താലിയുടെ അതിർത്തിയിൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെഭാഗംവരെ മനശ്ശെയുടെ ഓഹരി ഒന്ന്.5മനശ്ശെയുടെ അതിർത്തിയിൽ കിഴക്കുഭാഗംമുതൽ പടിഞ്ഞാറെഭാഗംവരെ എഫ്രയീമിന്റെ ഓഹരി ഒന്ന്.6എഫ്രയീമിന്റെ അതിർത്തിയിൽ കിഴക്കെഭാഗം മുതൽ പടിഞ്ഞാറെഭാഗംവരെ രൂബേന്റെ ഓഹരി ഒന്ന്.7രൂബേന്റെ അതിർത്തിയിൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെഭാഗംവരെ യെഹൂദയുടെ ഓഹരി ഒന്ന്.
8യെഹൂദയുടെ അതിർത്തിയിൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെഭാഗംവരെ ഇരുപത്തയ്യായിരം മുഴം വീതിയും കിഴക്കെഭാഗംമുതൽ പടിഞ്ഞാറെഭാഗംവരെയുള്ള മറ്റെ ഓഹരികളിൽ ഒന്നിനെപ്പോലെ നീളവും ഉള്ളത് നിങ്ങൾ അർപ്പിക്കേണ്ട വഴിപാടായിരിക്കണം; വിശുദ്ധമന്ദിരം അതിന്റെ നടുവിൽ ആയിരിക്കണം.9നിങ്ങൾ യഹോവയ്ക്ക് വഴിപാടായി വേർതിരിക്കുന്ന പ്രദേശം ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും ആയിരിക്കണം.
10ഈ വിശുദ്ധവഴിപാട് പുരോഹിതന്മാർക്കുള്ളതായിരിക്കണം; അത് വടക്ക് ഇരുപത്തയ്യായിരം മുഴം നീളവും പടിഞ്ഞാറ് പതിനായിരം മുഴം വീതിയും കിഴക്ക് പതിനായിരം മുഴം വീതിയും തെക്ക് ഇരുപത്തയ്യായിരം മുഴം നീളവും ഉള്ളതു തന്നെ; യഹോവയുടെ വിശുദ്ധമന്ദിരം അതിന്റെ നടുവിൽ ആയിരിക്കണം.11അത് എന്റെ കാര്യങ്ങൾ നിർവഹിക്കുകയും, യിസ്രായേൽമക്കൾ തെറ്റിപ്പോയ കാലത്ത്, ലേവ്യർ തെറ്റിപ്പോയതു പോലെ തെറ്റിപ്പോകാതിരിക്കുകയും ചെയ്ത, സാദോക്കിന്റെ പുത്രന്മാരായി വിശുദ്ധീകരിക്കപ്പെട്ട പുരോഹിതന്മാർക്കുള്ളതായിരിക്കണം.12അങ്ങനെ അത് അവർക്ക് ലേവ്യരുടെ അതിർത്തിയിൽ, ദേശത്തിന്റെ വഴിപാടിൽനിന്ന് ഒരു വഴിപാടും അതിപരിശുദ്ധവുമായിരിക്കണം.
13പുരോഹിതന്മാരുടെ അതിരിനോടുചേർന്ന് ലേവ്യർക്കും ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും ഉള്ള ഒരംശം ഉണ്ടായിരിക്കണം; ആകെ ഇരുപത്തയ്യായിരം മുഴം നീളവും ഇരുപതിനായിരം മുഴം വീതിയും തന്നെ.14അവർ അതിൽ ഒട്ടും വില്ക്കരുത്; കൈമാറ്റം ചെയ്യരുത്; ദേശത്തിന്റെ ആദ്യഫലമായ ഇത് അന്യർക്ക് കൈവശം കൊടുക്കുകയുമരുത്; അത് യഹോവയ്ക്കു വിശുദ്ധമാണല്ലോ.
15എന്നാൽ ഇരുപത്തയ്യായിരം മുഴം വീതിയിൽ ശേഷിച്ചിരിക്കുന്ന അയ്യായിരം മുഴം നഗരത്തിനു വാസസ്ഥലവും വെളിമ്പ്രദേശവുമായ സാമാന്യഭൂമിയും, നഗരം അതിന്റെ നടുവിലും ആയിരിക്കണം.16അതിന്റെ അളവ് ഇപ്രകാരമാണ്: വടക്കെഭാഗം നാലായിരത്തഞ്ഞൂറും തെക്കെഭാഗം നാലായിരത്തഞ്ഞൂറും കിഴക്കെഭാഗം നാലായിരത്തഞ്ഞൂറും പടിഞ്ഞാറെഭാഗം നാലായിരത്തഞ്ഞൂറും മുഴം.
17നഗരത്തിനുള്ള വെളിമ്പ്രദേശമോ; വടക്കോട്ട് ഇരുനൂറ്റമ്പതും തെക്കോട്ട് ഇരുനൂറ്റമ്പതും കിഴക്കോട്ട് ഇരുനൂറ്റമ്പതും പടിഞ്ഞാറോട്ട് ഇരുനൂറ്റമ്പതും മുഴം.18എന്നാൽ വിശുദ്ധവഴിപാടിന് ഒത്ത നീളത്തിൽ കിഴക്കോട്ടു പതിനായിരവും പടിഞ്ഞാറോട്ടു പതിനായിരവും മുഴം; ശേഷിക്കുന്നത് വിശുദ്ധവഴിപാടിനൊത്തവണ്ണം തന്നെ ആയിരിക്കണം; അതിന്റെ അനുഭവം നഗരത്തിലെ കൃഷിക്കാരുടെ ഉപജീവനം ആയിരിക്കണം.
19യിസ്രായേലിന്റെ സർവ്വഗോത്രങ്ങളിലും നിന്നുള്ളവരായ നഗരത്തിലെ കൃഷിക്കാർ അതിൽ കൃഷിചെയ്യണം.20വഴിപാടുസ്ഥലം മുഴുവനും ഇരുപത്തയ്യായിരം നീളവും ഇരുപത്തയ്യായിരം വീതിയും ആയിരിക്കണം. നഗരസ്വത്തോടുകൂടി ഈ വിശുദ്ധവഴിപാടുസ്ഥലം സമചതുരമായി നിങ്ങൾ അർപ്പിക്കണം.
21ശേഷിക്കുന്ന ഭാഗം പ്രഭുവിനുള്ളതായിരിക്കണം; വിശുദ്ധവഴിപാടായ സ്ഥലത്തിനും നഗരസ്വത്തിനും ഇരുവശത്തും വഴിപാടുസ്ഥലത്തിന്റെ ഇരുപത്തയ്യായിരം മുഴത്തിനെതിരെ കിഴക്കെ അതിർത്തിയിലും പടിഞ്ഞാറ് ഇരുപത്തയ്യായിരം മുഴത്തിനെതിരെ പടിഞ്ഞാറേ അതിർത്തിയിലും ഗോത്രങ്ങളുടെ ഓഹരികൾക്ക് ഒത്തവണ്ണം തന്നെ; ഇത് പ്രഭുവിനുള്ളതായിരിക്കണം; വിശുദ്ധവഴിപാടുസ്ഥലവും വിശുദ്ധമന്ദിരമായ ആലയവും അതിന്റെ നടുവിൽ ആയിരിക്കണം;22ലേവ്യർക്കുള്ള സ്വത്തും നഗരസ്വത്തും പ്രഭുവിനുള്ള സ്ഥലത്തിന്റെ മദ്ധ്യത്തിലായിരിക്കണം; യെഹൂദയുടെ അതിരിനും ബെന്യാമീന്റെ അതിരിനും ഇടയിൽ ഉള്ളത് പ്രഭുവിനുള്ളതായിരിക്കണം.
23ശേഷമുള്ള ഗോത്രങ്ങൾക്കോ: കിഴക്കെഭാഗംമുതൽ പടിഞ്ഞാറെഭാഗംവരെ ബെന്യാമിന് ഓഹരി ഒന്ന്.24ബെന്യാമീന്റെ അതിർത്തിയിൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെഭാഗംവരെ ശിമെയോന് ഓഹരി ഒന്ന്.25ശിമെയൊന്റെ അതിർത്തിയിൽ കിഴക്കെഭാഗം മുതൽ പടിഞ്ഞാറെ ഭാഗംവരെ യിസ്സാഖാരിന് ഓഹരി ഒന്ന്.26യിസ്സാഖാരിന്റെ അതിർത്തിയിൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെഭാഗംവരെ സെബൂലൂന് ഓഹരി ഒന്ന്.
27സെബൂലൂന്റെ അതിർത്തിയിൽ കിഴക്കേഭാഗംമുതൽ പടിഞ്ഞാറെഭാഗംവരെ ഗാദിന് ഓഹരി ഒന്ന്.28ഗാദിന്റെ അതിർത്തിയിൽ തെക്കോട്ട് തെക്കെ ഭാഗത്ത് താമാർമുതൽ മെരീബത്ത്-കാദേശ് ജലാശയംവരെയും ഈജിപ്റ്റ്തോടുവരെയും മഹാസമുദ്രംവരെയും ആയിരിക്കണം.29നിങ്ങൾ ചീട്ടിട്ട് യിസ്രായേൽഗോത്രങ്ങൾക്ക് അവകാശമായി വിഭാഗിക്കേണ്ടുന്ന ദേശം ഇതു തന്നെ; അവരുടെ ഓഹരികൾ ഇവ തന്നെ” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
30നഗരത്തിന്റെ അളവുകൾ ഇപ്രകാരമാണ്: വടക്കുഭാഗത്തെ അളവ് നാലായിരത്തഞ്ഞൂറു മുഴം.31നഗരത്തിന്റെ ഗോപുരങ്ങൾ യിസ്രായേൽഗോത്രങ്ങളുടെ പേരുകൾക്ക് ഒത്തവണ്ണമായിരിക്കണം; വടക്കോട്ട് മൂന്നു ഗോപുരം; രൂബേന്റെ ഗോപുരം ഒന്ന്; യെഹൂദയുടെ ഗോപുരം ഒന്ന്; ലേവിയുടെ ഗോപുരം ഒന്ന്.32കിഴക്കുഭാഗത്ത് നാലായിരത്തഞ്ഞൂറു മുഴം; ഗോപുരം മൂന്ന്: യോസേഫിന്റെ ഗോപുരം ഒന്ന്; ബെന്യാമീന്റെ ഗോപുരം ഒന്ന്; ദാന്റെ ഗോപുരം ഒന്ന്.
33തെക്കുഭാഗത്തെ അളവ് നാലായിരത്തഞ്ഞൂറു മുഴം; ഗോപുരം മൂന്ന്; ശിമെയോന്റെ ഗോപുരം ഒന്ന്; യിസ്സാഖാരിന്റെ ഗോപുരം ഒന്ന്; സെബൂലൂന്റെ ഗോപുരം ഒന്ന്.34പടിഞ്ഞാറെഭാഗത്ത് നാലായിരത്തഞ്ഞൂറു മുഴം; ഗോപുരം മൂന്ന്: ഗാദിന്റെ ഗോപുരം ഒന്ന്; ആശേരിന്റെ ഗോപുരം ഒന്ന്; നഫ്താലിയുടെ ഗോപുരം ഒന്ന്.35അതിന്റെ ചുറ്റളവ് പതിനെണ്ണായിരം മുഴം. അന്നുമുതൽ നഗരത്തിനു ‘യഹോവശമ്മാ’ (യഹോവ അവിടെ) എന്നു പേരാകും.

ദാനീയേലിന്റെ പുസ്തകം

1

1യെഹൂദാരാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ ബാബേൽ രാജാവായ നെബൂഖദ്-നേസർ യെരൂശലേമിലേക്ക് വന്ന് അതിനെ നിരോധിച്ചു.2കർത്താവ് യെഹൂദാരാജാവായ യെഹോയാക്കീമിനെയും ദൈവത്തിന്റെ ആലയത്തിലെ പാത്രങ്ങളിൽ ചിലതും അവന്റെ കൈയിൽ ഏല്പിച്ചു; അവൻ ആ പാത്രങ്ങൾ ശിനാർദേശത്ത് തന്റെ ദേവന്റെ ക്ഷേത്രത്തിൽ കൊണ്ടുപോയി; അവ അവൻ തന്റെ ദേവന്റെ ഭണ്ഡാരഗൃഹത്തിൽ വച്ചു.

3അനന്തരം രാജാവ് തന്റെ ഷണ്ഡന്മാരിൽ പ്രധാനിയായ അശ്പെനാസിനോട്: “രാജവംശത്തിലുള്ളവരും കുലീനന്മാരും,4അംഗഭംഗമില്ലാത്തവരും, സുന്ദരന്മാരും സകലജ്ഞാനത്തിലും നിപുണരും, സമർത്ഥരും, വിദ്യാപരിജ്ഞാനികളും, രാജധാനിയിൽ പരിചരിക്കുവാൻ യോഗ്യരും ആയ ചില ബാലന്മാരെ വരുത്തി, അവരെ കല്ദയരുടെ വിദ്യയും ഭാഷയും അഭ്യസിപ്പിക്കുക” എന്ന് കല്പിച്ചു.5രാജാവ് അവർക്ക് രാജഭോജനത്തിൽനിന്നും താൻ കുടിക്കുന്ന വീഞ്ഞിൽനിന്നും നിത്യവൃത്തി നിയമിച്ചു; ഇങ്ങനെ അവരെ മൂന്നു സംവത്സരം പരിശീലിപ്പിച്ചശേഷം അവർ രാജസന്നിധിയിൽ നില്ക്കണം എന്നും കല്പിച്ചു.
6അവരുടെ കൂട്ടത്തിൽ ദാനീയേൽ, ഹനന്യാവ്, മീശായേൽ, അസര്യാവ് എന്നീ യെഹൂദാമക്കൾ ഉണ്ടായിരുന്നു.7ഷണ്ഡാധിപൻ അവർക്ക് പുതിയ പേരുകൾ നൽകി; ദാനീയേലിന് അവൻ ബേൽത്ത്ശസ്സർ എന്നും ഹനന്യാവിന് ശദ്രക്ക് എന്നും മീശായേലിന് മേശക്ക് എന്നും അസര്യാവിന് അബേദ്-നെഗോ എന്നും പേരുവിളിച്ചു.
8എന്നാൽ രാജാവിന്റെ ഭോജനംകൊണ്ടും അവൻ കുടിക്കുന്ന വീഞ്ഞുകൊണ്ടും സ്വയം അശുദ്ധമാക്കുകയില്ല എന്ന് ദാനീയേൽ ഹൃദയത്തിൽ നിശ്ചയിച്ചു; തനിക്ക് അശുദ്ധി ഭവിക്കുവാൻ ഇടവരുത്തരുതെന്ന് ഷണ്ഡാധിപനോട് അപേക്ഷിച്ചു.9ദൈവം ദാനീയേലിന് ഷണ്ഡാധിപന്റെ മുമ്പിൽ ദയയും കരുണയും ലഭിക്കുവാൻ ഇടവരുത്തി.10ഷണ്ഡാധിപൻ ദാനീയേലിനോട്: “നിങ്ങളുടെ ഭക്ഷണവും പാനീയവും നിയമിച്ചിട്ടുള്ള എന്റെ യജമാനനായ രാജാവിനെ ഞാൻ ഭയപ്പെടുന്നു; അവൻ നിങ്ങളുടെ മുഖം നിങ്ങളുടെ സമപ്രായക്കാരായ ബാലന്മാരുടെ മുഖത്തേക്കാൾ മെലിഞ്ഞുകാണുന്നത് എന്തിന്? അങ്ങനെയായാൽ നിങ്ങൾ രാജസന്നിധിയിൽ എന്റെ തല അപകടത്തിലാക്കും” എന്ന് പറഞ്ഞു.
11ഷണ്ഡാധിപൻ ദാനീയേലിനും, ഹനന്യാവിനും മീശായേലിനും, അസര്യാവിനും മേൽവിചാരകനായി നിയമിച്ചിരുന്ന മെൽസറിനോട് ദാനീയേൽ:12“അടിയങ്ങളെ പത്തു ദിവസം പരീക്ഷിച്ചുനോക്കിയാലും; അവർ ഞങ്ങൾക്കു ഭക്ഷിക്കുവാൻ സസ്യഭോജനവും കുടിക്കുവാൻ വെള്ളവും തന്നു നോക്കട്ടെ.13അതിനുശേഷം ഞങ്ങളുടെ മുഖവും രാജഭോജനം കഴിക്കുന്ന ബാലന്മാരുടെ മുഖവും തമ്മിൽ നീ ഒത്തു നോക്കുക; പിന്നെ കാണുന്നതുപോലെ അടിയങ്ങളോട് ചെയ്തുകൊള്ളുക” എന്നു പറഞ്ഞു.
14അവൻ ഈ കാര്യത്തിൽ അവരുടെ അപേക്ഷ കേട്ട്, പത്തു ദിവസം അവരെ പരീക്ഷിച്ചു.15പത്തു ദിവസം കഴിഞ്ഞ് അവരുടെ മുഖം രാജഭോജനം കഴിച്ചുവന്ന സകലബാലന്മാരുടേതിലും അഴകുള്ളതെന്നും, അവർ മാംസപുഷ്ടിയുള്ളവരെന്നും കണ്ടു.16അങ്ങനെ മെൽസർ അവരുടെ ഭോജനവും അവർ കുടിക്കേണ്ട വീഞ്ഞും നീക്കി അവർക്ക് സസ്യഭോജനം കൊടുത്തു.
17ഈ നാലു ബാലന്മാർക്ക് ദൈവം സകലവിദ്യയിലും ജ്ഞാനത്തിലും നൈപുണ്യവും സാമർത്ഥ്യവും കൊടുത്തു; ദാനീയേൽ സകലദർശനങ്ങളും സ്വപ്നങ്ങളും സംബന്ധിച്ച് വിവേകിയായിരുന്നു.18അവരെ സന്നിധിയിൽ കൊണ്ടുവരുവാൻ രാജാവ് കല്പിച്ചിരുന്ന കാലം തികഞ്ഞപ്പോൾ ഷണ്ഡാധിപൻ അവരെ നെബൂഖദ്നേസരിന്റെ സന്നിധിയിൽ കൊണ്ടുചെന്നു.
19രാജാവ് അവരോടു സംസാരിച്ചപ്പോൾ, മറ്റുള്ള എല്ലാവരിലും ദാനീയേൽ, ഹനന്യാവ്, മീശായേൽ, അസര്യാവ് എന്നിവർക്കു തുല്യരായി ആരെയും കണ്ടില്ല; അവർ രാജസന്നിധിയിൽ ശുശ്രൂഷയ്ക്ക് നിന്നു.20രാജാവ് അവരോട് ജ്ഞാനവും വിവേകവും സംബന്ധിച്ച് ചോദിച്ചതിൽ എല്ലാം അവർ തന്റെ രാജ്യത്തുള്ള സകലമന്ത്രവാദികളിലും ആഭിചാരകന്മാരിലും പത്തിരട്ടി വിശിഷ്ടന്മാരെന്നു കണ്ടു.21ദാനീയേൽ കോരെശ്‌രാജാവിന്റെ ഒന്നാം ആണ്ടുവരെ ജീവിച്ചിരുന്നു.

2

1തന്റെ വാഴ്ചയുടെ രണ്ടാം ആണ്ടിൽ നെബൂഖദ്-നേസർ ഒരു സ്വപ്നം കണ്ടു; അവന്റെ മനസ്സ് വ്യാകുലപ്പെട്ടു; അവന് ഉറക്കമില്ലാതെയായി.2രാജാവിനോട് സ്വപ്നം അറിയിക്കുവാൻ മന്ത്രവാദികളെയും ആഭിചാരകന്മാരെയും ക്ഷുദ്രക്കാരെയും കല്ദയരെയും വിളിക്കുവാൻ രാജാവ് കല്പിച്ചു; അവർ വന്ന് രാജസന്നിധിയിൽ നിന്നു.

3രാജാവ് അവരോട്: “ഞാൻ ഒരു സ്വപ്നം കണ്ടു; സ്വപ്നം ഓർക്കുവാൻ കഴിയാതെ എന്റെ മനസ്സ് വ്യാകുലപ്പെട്ടിരിക്കുന്നു” എന്ന് പറഞ്ഞു.4അതിന് കല്ദയർ അരാമ്യഭാഷയിൽ രാജാവിനോട്: “രാജാവ് ദീർഘായുസ്സായിരിക്കട്ടെ; സ്വപ്നം അടിയങ്ങളോടു അറിയിച്ചാലും; അർത്ഥം ബോധിപ്പിക്കാം” എന്നുണർത്തിച്ചു.
5രാജാവ് കല്ദയരോട് ഉത്തരം അരുളിയത്: “വിധി കല്പിച്ചു പോയി; സ്വപ്നവും അർത്ഥവും അറിയിക്കാഞ്ഞാൽ നിങ്ങളെ കഷണംകഷണമായി നുറുക്കുകയും നിങ്ങളുടെ വീടുകൾ കുപ്പക്കുന്നാക്കുകയും ചെയ്യും;6സ്വപ്നവും അർത്ഥവും അറിയിച്ചാൽ നിങ്ങൾക്ക് സമ്മാനവും പ്രതിഫലവും ബഹുമാനവും ലഭിക്കും; അതുകൊണ്ട് സ്വപ്നവും അർത്ഥവും അറിയിക്കുവിൻ”.
7അവർ പിന്നെയും: “രാജാവ് സ്വപ്നം അടിയങ്ങളോട് അറിയിച്ചാലും; അർത്ഥം ബോധിപ്പിക്കാം” എന്ന് ഉണർത്തിച്ചു.8അതിന് രാജാവ് മറുപടി കല്പിച്ചത്: “വിധി കല്പിച്ചുപോയി എന്ന് നിങ്ങൾ മനസ്സിലാക്കി കാലതാമസം വരുത്തുവാൻ നോക്കുന്നു എന്ന് ഞാൻ അറിയുന്നു.9നിങ്ങൾ സ്വപ്നം അറിയിക്കാതിരുന്നാൽ നിങ്ങൾക്ക് ഒരു വിധി മാത്രമേയുള്ളു; സാഹചര്യം മാറുന്നതുവരെ എന്റെ മുമ്പിൽ വ്യാജവും പൊളിവാക്കും പറയുവാൻ നിങ്ങൾ യോജിച്ചിരിക്കുന്നു; സ്വപ്നം പറയുവിൻ; എന്നാൽ അർത്ഥവും അറിയിക്കുവാൻ നിങ്ങൾക്കു കഴിയും എന്ന് എനിക്കു ബോധ്യമാകും.”
10കല്ദയർ രാജസന്നിധിയിൽ ഉത്തരം ബോധിപ്പിച്ചത്: “രാജാവിന്റെ കാര്യം അറിയിക്കുവാൻ കഴിയുന്ന ഒരു മനുഷ്യനും ഭൂമിയിൽ ഇല്ല; എത്രയും മഹാനും ബലവാനുമായ ഒരു രാജാവും ഇതുപോലെ ഒരു കാര്യം ഒരു മന്ത്രവാദിയോടോ ആഭിചാരകനോടോ കല്ദയനോടോ ഒരിക്കലും ചോദിച്ചിട്ടില്ല.11രാജാവ് ചോദിക്കുന്ന കാര്യം പ്രയാസമുള്ളതാകുന്നു; തിരുമുമ്പിൽ അത് അറിയിക്കുവാൻ ജഡവാസമില്ലാത്ത ദേവന്മാർക്കല്ലാതെ മറ്റാർക്കും കഴിയുകയില്ല.”
12ഇതു മൂലം രാജാവ് കോപിച്ച് അത്യന്തം ക്രുദ്ധിച്ചു: ബാബേലിലെ സകല വിദ്വാന്മാരെയും നശിപ്പിക്കുവാൻ കല്പന കൊടുത്തു.13അങ്ങനെ വിദ്വാന്മാരെ കൊല്ലുവാനുള്ള തീർപ്പ് പുറപ്പെട്ടതിനാൽ, അവർ ദാനീയേലിനെയും കൂട്ടുകാരെയും കൂടി കൊല്ലുവാൻ അന്വേഷിച്ചു.
14എന്നാൽ ബാബേലിലെ വിദ്വാന്മാരെ കൊന്നുകളയുവാൻ പുറപ്പെട്ട രാജാവിന്റെ അകമ്പടിനായകനായ അര്യോക്കിനോട് ദാനീയേൽ ബുദ്ധിയോടും വിവേകത്തോടും കൂടി സംസാരിച്ചു.15“രാജസന്നിധിയിൽനിന്ന് ഇത്ര കഠിനകല്പന പുറപ്പെടുവാൻ സംഗതി എന്ത്” എന്ന് അവൻ രാജാവിന്റെ സേനാപതിയായ അര്യോക്കിനോട് ചോദിച്ചു; അര്യോക്ക് ദാനീയേലിനോട് കാര്യം അറിയിച്ചു;16ദാനീയേൽ അകത്തു ചെന്ന് രാജാവിനോട് തനിക്കു സമയം നൽകണം എന്നും താൻ രാജാവിനോട് അർത്ഥം അറിയിക്കാമെന്നും ബോധിപ്പിച്ചു.
17പിന്നെ ദാനീയേൽ വീട്ടിൽ ചെന്നു; താനും കൂട്ടുകാരും ബാബേലിലെ ശേഷം വിദ്വാന്മാരോടുകൂടി നശിച്ചുപോകാതിരിക്കേണ്ടതിന്,18ഈ രഹസ്യത്തെക്കുറിച്ച് സ്വർഗ്ഗസ്ഥനായ ദൈവത്തിന്റെ കരുണ അപേക്ഷിക്കുവാൻ തക്കവിധം കൂട്ടുകാരായ ഹനന്യാവിനോടും മീശായേലിനോടും അസര്യാവിനോടും കാര്യം അറിയിച്ചു.
19അങ്ങനെ ആ രഹസ്യം ദാനീയേലിന് രാത്രിദർശനത്തിൽ വെളിപ്പെട്ടു; ദാനീയേൽ സ്വർഗ്ഗസ്ഥനായ ദൈവത്തെ സ്തുതിച്ച് പറഞ്ഞത്:20“ദൈവത്തിന്റെ നാമം എന്നും എന്നേക്കും സ്തുതിക്കപ്പെടുമാറാകട്ടെ; ജ്ഞാനവും ബലവും അവനുള്ളതല്ലയോ.
21അവൻ കാലങ്ങളും സമയങ്ങളും മാറ്റുന്നു; അവൻ രാജാക്കന്മാരെ നീക്കുകയും രാജാക്കന്മാരെ വാഴിക്കുകയും ചെയ്യുന്നു; അവൻ ജ്ഞാനികൾക്കു ജ്ഞാനവും വിവേകികൾക്കു ബുദ്ധിയും കൊടുക്കുന്നു.22അവൻ അഗാധവും ഗൂഢവും ആയ കാര്യങ്ങൾ വെളിപ്പെടുത്തുന്നു; അവൻ ഇരുട്ടിൽ ഉള്ളത് അറിയുന്നു; വെളിച്ചം അവനോടുകൂടി വസിക്കുന്നു.
23എന്റെ പിതാക്കന്മാരുടെ ദൈവമേ, നീ എനിക്ക് ജ്ഞാനവും ബലവും തന്നു, ഞങ്ങൾ നിന്നോട് അപേക്ഷിച്ചത് ഇപ്പോൾ എന്നെ അറിയിച്ച് രാജാവിന്റെ കാര്യം ഞങ്ങൾക്ക് വെളിപ്പെടുത്തിത്തന്നിരിക്കുകയാൽ ഞാൻ നിന്നെ വാഴ്ത്തിസ്തുതിക്കുന്നു.”
24അതുകൊണ്ട് ദാനീയേൽ, ബാബേലിലെ വിദ്വാന്മാരെ നശിപ്പിക്കുവാൻ രാജാവ് നിയോഗിച്ചിരുന്ന അര്യോക്കിന്റെ അടുക്കൽ ചെന്ന് അവനോട്: “ബാബേലിലെ വിദ്വാന്മാരെ നശിപ്പിക്കരുത്; എന്നെ രാജസന്നിധിയിൽ കൊണ്ടുപോകണം; ഞാൻ രാജാവിനെ അർത്ഥം ബോധിപ്പിക്കാം” എന്ന് പറഞ്ഞു.
25അര്യോക്ക് ദാനീയേലിനെ വേഗം രാജസന്നിധിയിൽ കൊണ്ടുചെന്നു: “രാജാവിനെ അർത്ഥം ബോധിപ്പിക്കേണ്ടതിന് യെഹൂദാപ്രവാസികളിൽ ഒരുത്തനെ ഞാൻ കണ്ടെത്തിയിരിക്കുന്നു” എന്ന് ഉണർത്തിച്ചു.26ബേല്ത്ത്ശസ്സർ എന്നും പേരുള്ള ദാനീയേലിനോട് രാജാവ്: “ഞാൻ കണ്ട സ്വപ്നവും അർത്ഥവും അറിയിക്കുവാൻ നിനക്കു കഴിയുമോ?” എന്ന് ചോദിച്ചു.
27ദാനീയേൽ രാജസന്നിധിയിൽ ഉത്തരം ബോധിപ്പിച്ചത്: “രാജാവു ചോദിച്ച രഹസ്യകാര്യം വിദ്വാന്മാർക്കും ആഭിചാരകന്മാർക്കും മന്ത്രവാദികൾക്കും ശകുനവാദികൾക്കും രാജാവിനെ അറിയിക്കുവാൻ കഴിയുന്നതല്ല.28എങ്കിലും രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വർഗ്ഗത്തിൽ ഉണ്ട്; അവൻ ഭാവികാലത്ത് സംഭവിക്കുവാനിരിക്കുന്നത് നെബൂഖദ്നേസർരാജാവിനെ അറിയിച്ചിരിക്കുന്നു. സ്വപ്നവും പള്ളിമെത്തയിൽവച്ച് തിരുമനസ്സിൽ ഉണ്ടായ ദർശനങ്ങളും ഇവയാകുന്നു:
29“രാജാവേ, ഇനിമേൽ സംഭവിക്കുവാനിരിക്കുന്നത് എന്തെന്നുള്ള വിചാരം പള്ളിമെത്തയിൽവച്ച് തിരുമനസ്സിൽ ഉണ്ടായി; രഹസ്യങ്ങൾ വെളിപ്പെടുത്തുന്നവൻ സംഭവിക്കുവാനിരിക്കുന്നത് അറിയിച്ചുമിരിക്കുന്നു.30എനിക്ക് ജീവനോടിരിക്കുന്ന ആരേക്കാളും അധിക ജ്ഞാനം ഉണ്ടായിട്ടല്ല, പ്രത്യുത, രാജാവിനോട് അർത്ഥം ബോധിപ്പിക്കേണ്ടതിനും തിരുമനസ്സിലെ വിചാരം അങ്ങ് അറിയേണ്ടതിനും ആകുന്നു ഈ രഹസ്യം എനിക്ക് വെളിപ്പെട്ടിരിക്കുന്നത്.
31രാജാവു കണ്ട ദർശനം: വലിയ ഒരു ബിംബം; വലിപ്പമേറിയതും വിശേഷശോഭയുള്ളതുമായ ആ ബിംബം തിരുമുമ്പിൽ നിന്നു; അതിന്റെ രൂപം ഭയങ്കരമായിരുന്നു.32ബിംബത്തിന്റെ തല തങ്കംകൊണ്ടും നെഞ്ചും കൈകളും വെള്ളികൊണ്ടും വയറും അരയും താമ്രംകൊണ്ടും തുട ഇരിമ്പു കൊണ്ടും33കാൽ പകുതി ഇരിമ്പുകൊണ്ടും പകുതി കളിമണ്ണുകൊണ്ടും ആയിരുന്നു.
34തിരുമനസ്സുകൊണ്ട് നോക്കിക്കൊണ്ടിരിക്കുമ്പോൾ കൈ തൊടാതെ ഒരു കല്ല് പറിഞ്ഞുവന്ന് ബിംബത്തെ ഇരിമ്പും കളിമണ്ണുംകൊണ്ടുള്ള കാലിൽ അടിച്ച് തകർത്തുകളഞ്ഞു.35ഇരിമ്പും കളിമണ്ണും താമ്രവും വെള്ളിയും പൊന്നും ഒരുപോലെ തകർന്ന് വേനല്ക്കാലത്ത് കളത്തിലെ പതിർപോലെ ആയിത്തീർന്നു; ഒരിടത്തും തങ്ങാതെ കാറ്റ് അവയെ പറപ്പിച്ചു കൊണ്ടുപോയി; ബിംബത്തെ അടിച്ച കല്ല് ഒരു മഹാപർവ്വതമായിത്തീർന്ന് ഭൂമിയിൽ എല്ലാം നിറഞ്ഞു.
36ഇതത്രെ സ്വപ്നം; അർത്ഥവും അടിയങ്ങൾ തിരുമുമ്പാകെ അറിയിക്കാം.37രാജാവേ, തിരുമനസ്സുകൊണ്ട് രാജാധിരാജാവാകുന്നു; സ്വർഗ്ഗസ്ഥനായ ദൈവം തിരുമനസ്സിലേക്ക് രാജത്വവും ഐശ്വര്യവും ശക്തിയും മഹത്വവും നല്കിയിരിക്കുന്നു.38മനുഷ്യവാസം ഉള്ളിടത്തൊക്കെ അവരെയും കാട്ടിലെ മൃഗങ്ങളെയും ആകാശത്തിലെ പക്ഷികളെയും അവൻ തൃക്കൈയിൽ തന്നു, എല്ലാറ്റിനും അങ്ങയെ അധിപതി ആക്കിയിരിക്കുന്നു; പൊന്നുകൊണ്ടുള്ള തല തിരുമനസ്സു തന്നെ.
39തിരുമനസ്സിനു ശേഷം തിരുമേനിയേക്കാൾ താഴ്ന്ന മറ്റൊരു രാജത്വവും സർവ്വഭൂമിയിലും വാഴുവാനിരിക്കുന്ന താമ്രംകൊണ്ടുള്ള മൂന്നാമതൊരു രാജത്വവും ഉത്ഭവിക്കും.
40നാലാമത്തെ രാജത്വം ഇരിമ്പുപോലെ ബലമുള്ളതായിരിക്കും; ഇരിമ്പ് സകലത്തെയും തകർത്ത് കീഴടക്കുന്നുവല്ലോ. തകർക്കുന്ന ഇരിമ്പുപോലെ അത് മറ്റു രാജത്വങ്ങളെയെല്ലാം ഇടിച്ച് തകർത്തുകളയും.
41കാലും കാൽ വിരലും പകുതി കളിമണ്ണും പാതി ഇരുമ്പും കൊണ്ടുള്ളതായി കണ്ടതിന്റെ അർത്ഥമോ: അത് ഒരു ഭിന്നരാജത്വം ആയിരിക്കും; എങ്കിലും ഇരിമ്പും കളിമണ്ണും ഇടകലർന്നതായി കണ്ടതുപോലെ അതിൽ ഇരിമ്പിനുള്ള ബലം കുറെ ഉണ്ടായിരിക്കും.42കാൽവിരൽ പകുതി ഇരിമ്പും പാതി കളിമണ്ണുംകൊണ്ട് ആയിരുന്നതുപോലെ രാജത്വം കുറെ ബലമുള്ളതും കുറെ ഉടഞ്ഞുപോകുന്നതും ആയിരിക്കും.43ഇരിമ്പും കളിമണ്ണും ഇടകലർന്നതായി കണ്ടതിന്റെ അർത്ഥമോ: മനുഷ്യബീജത്താൽ തമ്മിൽ ഇടകലരുമെങ്കിലും ഇരിമ്പും കളിമണ്ണും തമ്മിൽ ചേരാതിരിക്കുന്നതുപോലെ അവർ തമ്മിൽ ചേരുകയില്ല.
44ഈ രാജാക്കന്മാരുടെ കാലത്ത് സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജനതയ്ക്കും ഏല്പിക്കപ്പെടുകയില്ല; അത് മറ്റ് രാജത്വങ്ങളെ എല്ലാം തകർത്ത് നശിപ്പിക്കുകയും എന്നേക്കും നിലനില്ക്കുകയും ചെയ്യും.45കൈ തൊടാതെ ഒരു കല്ല് പർവ്വതത്തിൽനിന്ന് പറിഞ്ഞുവന്ന് ഇരിമ്പും താമ്രവും കളിമണ്ണും വെള്ളിയും പൊന്നും തകർത്തുകളഞ്ഞതായി കണ്ടതിന്റെ അർത്ഥമോ: മഹാദൈവം മേലാൽ സംഭവിക്കുവാനുള്ളത് രാജാവിനെ അറിയിച്ചിരിക്കുന്നു; സ്വപ്നം നിശ്ചയവും അർത്ഥം സത്യവും ആകുന്നു. ”
46അപ്പോൾ നെബൂഖദ്നേസർരാജാവ് സാഷ്ടാംഗം വീണ് ദാനീയേലിനെ നമസ്കരിച്ചു; അവന് ഒരു വഴിപാടും സൗരഭ്യവാസനയും അർപ്പിക്കണമെന്ന് കല്പിച്ചു. രാജാവ് ദാനീയേലിനോട്:47“നീ ഈ രഹസ്യം വെളിപ്പെടുത്തുവാൻ പ്രാപ്തനായതുകൊണ്ട് നിങ്ങളുടെ ദൈവം ദൈവാധിദൈവവും രാജാധികർത്താവും രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവനും ആകുന്നു സത്യം” എന്ന് കല്പിച്ചു.
48രാജാവ് ദാനീയേലിന് ബഹുമതികളും അനേകം വലിയ സമ്മാനങ്ങളും കൊടുത്തു; അവനെ ബാബേൽസംസ്ഥാനത്തിന് അധിപതിയും ബാബേലിലെ സകലവിദ്വാന്മാർക്കും പ്രധാനവിചാരകനും ആക്കി.49ദാനീയേലിന്റെ അപേക്ഷപ്രകാരം രാജാവ് ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും ബാബേൽ സംസ്ഥാനത്തിലെ കാര്യാദികൾക്ക് മേൽവിചാരകന്മാരാക്കി; ദാനീയേൽ രാജാവിന്റെ അരമനക്കുള്ളിൽ വസിച്ചു.

3

1നെബൂഖദ്നേസർരാജാവ് പൊന്നുകൊണ്ട് ഒരു ബിംബം ഉണ്ടാക്കി; അതിന്റെ ഉയരം അറുപതു മുഴവും വീതി ആറു മുഴവും ആയിരുന്നു; അവൻ അത് ബാബേൽസംസ്ഥാനത്ത് ദൂരാ എന്ന സമഭൂമിയിൽ നിർത്തി.2നെബൂഖദ്നേസർരാജാവ്, പ്രധാനദേശാധിപന്മാരും സ്ഥാനാപതിമാരും ദേശാധിപന്മാരും ന്യായാധിപന്മാരും, ഭണ്ഡാരവിചാരകന്മാരും മന്ത്രിമാരും നഗരാധിപന്മാരും സകലസംസ്ഥാനപാലകന്മാരും താൻ നിർത്തിയ ബിംബത്തിന്റെ പ്രതിഷ്ഠയ്ക്ക് വന്നുകൂടുവാൻ ആളയച്ചു.

3അങ്ങനെ പ്രധാനദേശാധിപന്മാരും സ്ഥാനാപതിമാരും ദേശാധിപന്മാരും ന്യായാധിപന്മാരും ഭണ്ഡാരവിചാരകന്മാരും മന്ത്രിമാരും നഗരാധിപന്മാരും സകലസംസ്ഥാനപാലകന്മാരും നെബൂഖദ്നേസർരാജാവ് നിർത്തിയ ബിംബത്തിന്റെ പ്രതിഷ്ഠയ്ക്ക് വന്നുകൂടി, നെബൂഖദ്നേസർ നിർത്തിയ ബിംബത്തിന്റെ മുമ്പിൽ നിന്നു.4അപ്പോൾ വിളംബരക്കാരൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞത്: “വംശങ്ങളും ജനതകളും വിവിധ ഭാഷക്കാരുമേ, നിങ്ങളോടു കല്പിക്കുന്നത് എന്തെന്നാൽ:5കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം മുതലായ സകലവിധവാദ്യനാദവും കേൾക്കുമ്പോൾ, നിങ്ങൾ വീണ്, നെബൂഖദ്നേസർരാജാവ് നിർത്തിയിരിക്കുന്ന സ്വർണ്ണബിംബത്തെ നമസ്കരിക്കണം.
6ആരെങ്കിലും വീണ് നമസ്കരിക്കാതെ ഇരുന്നാൽ, അവനെ ആ നാഴികയിൽ തന്നെ, എരിയുന്ന തീച്ചൂളയിൽ ഇട്ടുകളയും”.7അതുകൊണ്ട്, കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ മുതലായ സകലവിധ വാദ്യനാദവും കേട്ടപ്പോൾ സകലവംശങ്ങളും ജനതകളും ഭാഷക്കാരും വീണ് നെബൂഖദ്നേസർരാജാവ് നിർത്തിയ സ്വർണ്ണബിംബത്തെ നമസ്കരിച്ചു.
8എന്നാൽ ആ സമയത്ത് ചില കല്ദയർ അടുത്തുവന്ന് യഹൂദന്മാരെ കുറ്റം ചുമത്തി.9അവർ നെബൂഖദ്നേസർരാജാവിനെ ബോധിപ്പിച്ചത്: “രാജാവ് ദീർഘായുസ്സായിരിക്കട്ടെ!10രാജാവേ, കാഹളം കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം മുതലായ സകലവിധ വാദ്യനാദവും കേൾക്കുന്ന ഏവനും വീണ് സ്വർണ്ണബിംബത്തെ നമസ്കരിക്കണമെന്നും
11ആരെങ്കിലും വീണ് നമസ്കരിക്കാതെയിരുന്നാൽ അവനെ എരിയുന്ന തീച്ചൂളയിൽ ഇട്ടുകളയുമെന്നും ഒരു തീർപ്പ് കല്പിച്ചുവല്ലോ.12ബാബേൽസംസ്ഥാനത്തിലെ കാര്യാദികൾക്ക് മേൽവിചാരകന്മാരായി നിയമിച്ച ശദ്രക്, മേശക്, അബേദ്നെഗോ എന്ന ചില യഹൂദന്മാരുണ്ടല്ലോ; ഈ പുരുഷന്മാർ രാജാവിനെ കൂട്ടാക്കിയില്ല; അവർ തിരുമനസ്സിലെ ദേവന്മാരെ സേവിക്കുകയോ തിരുമനസ്സുകൊണ്ട് നിർത്തിയ സ്വർണ്ണ ബിംബത്തെ നമസ്കരിക്കുകയോ ചെയ്യുന്നില്ല.
13അപ്പോൾ നെബൂഖദ്നേസർ ഉഗ്രകോപവും ക്രോധവും പൂണ്ട്, ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും കൊണ്ടുവരുവാൻ കല്പിച്ചു; അവർ ആ പുരുഷന്മാരെ രാജസന്നിധിയിൽ കൊണ്ടുവന്നു.14നെബൂഖദ്നേസർ അവരോട് കല്പിച്ചത്: “ശദ്രക്കേ, മേശക്കേ, അബേദ്നെഗോവേ, നിങ്ങൾ എന്റെ ദേവന്മാരെ സേവിക്കുകയോ ഞാൻ നിർത്തിയ സ്വർണ്ണബിംബത്തെ നമസ്കരിക്കുകയോ ചെയ്യുന്നില്ല എന്നുള്ളത് സത്യം തന്നെയോ?
15ഇപ്പോൾ കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം മുതലായ സകലവിധ വാദ്യനാദവും കേൾക്കുന്ന സമയത്ത് നിങ്ങൾ, ഞാൻ പ്രതിഷ്ഠിച്ച ബിംബത്തെ വീണു നമസ്കരിക്കുവാൻ തയ്യാറായാൽ നന്ന്; നമസ്കരിക്കാതെയിരുന്നാലോ ഈ നാഴികയിൽതന്നെ നിങ്ങളെ എരിയുന്ന തീച്ചൂളയിൽ ഇട്ടുകളയും; നിങ്ങളെ എന്റെ കൈയിൽനിന്ന് വിടുവിക്കുവാൻ കഴിയുന്ന ദേവൻ ആര്?
16ശദ്രക്കും മേശക്കും അബേദ്നെഗോവും രാജാവിനോട്: “നെബൂഖദ്നേസരേ, ഈ കാര്യത്തിൽ ഉത്തരം പറയേണ്ട ആവശ്യമില്ല.17ഞങ്ങൾ സേവിക്കുന്ന ദൈവത്തിന് ഞങ്ങളെ വിടുവിക്കുവാൻ കഴിയുമെങ്കിൽ, അവൻ ഞങ്ങളെ എരിയുന്ന തീച്ചൂളയിൽനിന്നും രാജാവിന്റെ കൈയിൽനിന്നും വിടുവിക്കും.18അല്ലെങ്കിലും ഞങ്ങൾ രാജാവിന്റെ ദേവന്മാരെ സേവിക്കുകയില്ല. രാജാവ് നിർത്തിയ സ്വർണ്ണബിംബത്തെ നമസ്കരിക്കുകയുമില്ല എന്ന് അറിഞ്ഞാലും” എന്ന് ഉത്തരം പറഞ്ഞു.
19അപ്പോൾ നെബൂഖദ്നേസർ കോപപരവശനായി; ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും നേരെ തന്റെ മുഖഭാവം മാറി. തീച്ചൂള പതിവായി ചൂടുപിടിപ്പിക്കുന്നതിൽ ഏഴുമടങ്ങ് ചൂടുപിടിപ്പിക്കുവാൻ അവൻ കല്പിച്ചു.20അവൻ തന്റെ സൈന്യത്തിലെ മഹാബലവാന്മാരായ ചില പുരുഷന്മാരോട് ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും ബന്ധിച്ച് എരിയുന്ന തീച്ചൂളയിൽ ഇട്ടുകളയുവാൻ കല്പിച്ചു.
21അങ്ങനെ അവർ ആ പുരുഷന്മാരെ, അവരുടെ കാൽചട്ട, കുപ്പായം, മേലാട മുതലായ വസ്ത്രങ്ങളോടുകൂടി ബന്ധിച്ച് എരിയുന്ന തീച്ചൂളയിൽ ഇട്ടുകളഞ്ഞു.22രാജകല്പന കർശനമായിരിക്കുകയാലും ചൂള അത്യന്തം ചൂടായിരിക്കുകയാലും ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും എടുത്തു കൊണ്ടുപോയ പുരുഷന്മാരെ അഗ്നിജ്വാല ദഹിപ്പിച്ചുകളഞ്ഞു.23ശദ്രക്, മേശക്, അബേദ്നെഗോ എന്നീ മൂന്നു പുരുഷന്മാർ ബന്ധിക്കപ്പെട്ടവരായി എരിയുന്ന തീച്ചൂളയിൽ വീണു.
24നെബൂഖദ്നേസർരാജാവ് പരിഭ്രമിച്ച് വേഗത്തിൽ എഴുന്നേറ്റ് മന്ത്രിമാരോട്: “നാം മൂന്നു പുരുഷന്മാരെ അല്ലയോ ബന്ധിച്ച് തീയിൽ ഇട്ടത്?” എന്ന് ചോദിച്ചതിന് അവർ: “സത്യം തന്നെ രാജാവേ” എന്ന് രാജാവിനോട് ഉണർത്തിച്ചു.25അതിന് അവൻ: “നാലു പുരുഷന്മാർ കെട്ടഴിഞ്ഞ് തീയിൽ നടക്കുന്നത് ഞാൻ കാണുന്നു; അവർക്കു ഒരു കേടും തട്ടിയിട്ടില്ല; നാലാമത്തവന്റെ രൂപം ഒരു ദൈവപുത്രനോട് സമമായിരിക്കുന്നു.” എന്ന് കല്പിച്ചു.
26നെബൂഖദ്നേസർ എരിയുന്ന തീച്ചൂളയുടെ വാതില്ക്കൽ അടുത്തു ചെന്ന്: “അത്യുന്നതനായ ദൈവത്തിന്റെ ദാസന്മാരായ ശദ്രക്കേ, മേശക്കേ, അബേദ് നെഗോവേ, പുറത്തുവരുവിൻ” എന്ന് കല്പിച്ചു; അങ്ങനെ ശദ്രക്കും മേശക്കും അബേദ്നെഗോവും തീയിൽനിന്ന് പുറത്തുവന്നു.27പ്രധാനദേശാധിപതിമാരും സ്ഥാനാപതിമാരും ദേശാധിപതിമാരും രാജമന്ത്രിമാരും വന്നുകൂടി, ആ പുരുഷന്മാരുടെ ദേഹത്തിന് തീപ്പൊള്ളൽ ഏൽക്കാതെയും അവരുടെ തലമുടി കരിയാതെയും കാൽചട്ടയ്ക്ക് കേടു പറ്റാതെയും അവർക്ക് തീയുടെ മണംപോലും തട്ടാതെയും ഇരുന്നത് കണ്ടു.
28അപ്പോൾ നെബൂഖദ്നേസർ കല്പിച്ചത്: “ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവം വാഴ്ത്തപ്പെട്ടവൻ; തന്നിൽ ആശ്രയിക്കുകയും സ്വന്ത ദൈവത്തെയല്ലാതെ വേറൊരു ദൈവത്തെ സേവിക്കുകയോ നമസ്കരിക്കുകയോ ചെയ്യാതെ രാജകല്പനപോലും മറുത്ത് അവരുടെ ശരീരത്തെ ഏല്പിച്ചുകൊടുക്കുകയും ചെയ്ത തന്റെ ദാസന്മാരെ അവൻ സ്വദൂതനെ അയച്ച് വിടുവിച്ചിരിക്കുന്നുവല്ലോ.
29ഈ വിധത്തിൽ വിടുവിക്കുവാൻ കഴിയുന്ന മറ്റൊരു ദൈവവും ഇല്ലായ്കകൊണ്ട് ഏതു ജനതകളിലും വംശങ്ങളിലും ഭാഷക്കാരിലും ആരെങ്കിലും ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവത്തിന് വിരോധമായി വല്ല തിന്മയും പറഞ്ഞാൽ അവനെ കഷണംകഷണമായി നുറുക്കുകയും അവന്റെ വീട് കുപ്പക്കുന്നാക്കുകയും ചെയ്യുമെന്ന് ഞാൻ ഒരു വിധി കല്പിക്കുന്നു.”30പിന്നെ രാജാവ് ശദ്രക്കിനും മേശക്കിനും അബേദ്നെഗോവിനും ബാബേൽസംസ്ഥാനത്ത് സ്ഥാനമാനങ്ങൾ കല്പിച്ചുകൊടുത്തു

4

1നെബൂഖദ്നേസർരാജാവ് സർവ്വഭൂമിയിലും വസിക്കുന്ന സകലവംശങ്ങൾക്കും ജനതകൾക്കും ഭാഷക്കാർക്കും എഴുതുന്നത്: “നിങ്ങൾക്ക് സമാധാനം വർദ്ധിച്ചുവരട്ടെ.2അത്യുന്നതനായ ദൈവം എനിക്കുവേണ്ടി പ്രവർത്തിച്ച അടയാളങ്ങളും അത്ഭുതങ്ങളും പ്രസിദ്ധമാക്കുന്നത് നല്ലതെന്ന് എനിക്ക് തോന്നിയിരിക്കുന്നു.3അവന്റെ അടയാളങ്ങൾ എത്ര വലിയവ! അവന്റെ അത്ഭുതങ്ങൾ എത്ര ശ്രേഷ്ഠമായവ! അവന്റെ രാജത്വം എന്നേക്കുമുള്ള രാജത്വവും അവന്റെ ആധിപത്യം തലമുറതലമുറയായുള്ളതും ആകുന്നു.

4നെബൂഖദ്നേസർ എന്ന ഞാൻ എന്റെ അരമനയിൽ സ്വൈരമായും എന്റെ രാജധാനിയിൽ സുഖമായും വസിക്കുമ്പോൾ ഒരു സ്വപ്നം കണ്ടു;5അതുനിമിത്തം ഭയപ്പെട്ടു; കിടക്കയിൽവച്ച് എനിക്കുണ്ടായ നിരൂപണങ്ങളാലും ദർശനങ്ങളാലും ഞാൻ വ്യാകുലപ്പെട്ടു.6സ്വപ്നത്തിന്റെ അർത്ഥം അറിയിക്കുവാൻ ബാബേലിലെ സകലവിദ്വാന്മാരെയും എന്റെ മുമ്പിൽ കൊണ്ടുവരുവാൻ ഞാൻ കല്പിച്ചു.
7അങ്ങനെ മന്ത്രവാദികളും ആഭിചാരകന്മാരും കല്ദയരും ശകുനവാദികളും അകത്തു വന്നു; ഞാൻ സ്വപ്നം അവരോടു വിവരിച്ചുപറഞ്ഞു; അവർ അർത്ഥം അറിയിച്ചതുമില്ല .8ഒടുവിൽ എന്റെ ദേവന്റെ നാമധേയപ്രകാരം ബേൽത്ത്ശസ്സർ എന്നു പേരുള്ളവനും വിശുദ്ധദേവന്മാരുടെ ആത്മാവുള്ളവനുമായ ദാനീയേൽ എന്റെ മുമ്പിൽ വന്നു; അവനോട് ഞാൻ സ്വപ്നം വിവരിച്ചു:9“മന്ത്രവാദശ്രേഷ്ഠനായ ബേൽത്ത്ശസ്സരേ, വിശുദ്ധദേവന്മാരുടെ ആത്മാവ് നിന്നിൽ ഉണ്ടെന്നും ഒരു രഹസ്യവും നിനക്ക് മറവായിരിക്കുന്നില്ലെന്നും ഞാൻ അറിയുന്നതുകൊണ്ട് ഞാൻ കണ്ട സ്വപ്നത്തിന്റെ ദർശനവും അർത്ഥവും പറയുക.
10കിടക്കയിൽവച്ച് എനിക്കുണ്ടായ ദർശനം ഇതാകുന്നു: ഭൂമിയുടെ നടുവിൽ ഞാൻ ഒരു വൃക്ഷം കണ്ടു; അത് ഏറ്റവും ഉയരമുള്ളതായിരുന്നു.11ആ വൃക്ഷം വളർന്ന് ബലപ്പെട്ടു; അത് ആകാശത്തോളം ഉയരമുള്ളതും ഭൂമിയുടെ അറ്റത്തോളം കാണാകുന്നതും ആയിരുന്നു.12അതിന്റെ ഇല ഭംഗിയുള്ളതും ഫലം അനവധിയും ആയിരുന്നു; എല്ലാവർക്കും അതിൽ ആഹാരം ഉണ്ടായിരുന്നു; കാട്ടുമൃഗങ്ങൾ അതിന്റെ കീഴെ തണൽ കണ്ടെത്തി; ആകാശത്തിലെ പക്ഷികൾ അതിന്റെ കൊമ്പുകളിൽ വസിച്ചു; സകലജഡവും അതുകൊണ്ട് ഉപജീവനം കഴിച്ചുപോന്നു.
13കിടക്കയിൽവച്ച് എനിക്കുണ്ടായ ദർശനത്തിൽ ഒരു ദൂതൻ, ഒരു പരിശുദ്ധൻ തന്നെ, സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവരുന്നത് ഞാൻ കണ്ടു.14അവൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞത്: വൃക്ഷം വെട്ടിയിട്ട്, അതിന്റെ കൊമ്പുകൾ മുറിച്ച്, ഇല കുടഞ്ഞുകളഞ്ഞ്, കായ്കൾ ചിതറിച്ചുകളയുവിൻ; അതിന്റെ കീഴിൽനിന്ന് മൃഗങ്ങളും കൊമ്പുകളിൽനിന്ന് പക്ഷികളും പൊയ്ക്കൊള്ളട്ടെ.
15അതിന്റെ തായ് വേര് വയലിലെ ഇളമ്പുല്ലിൽ ഇരിമ്പും താമ്രവുംകൊണ്ട് ബന്ധിച്ച് ഭൂമിയിൽ ശേഷിപ്പിക്കുക; അവൻ ആകാശത്തിലെ മഞ്ഞുകൊണ്ട് നനയട്ടെ; അവന് മൃഗങ്ങളോടുകൂടി നിലത്തെ പുല്ല് ഉപജീവനം ആയിരിക്കട്ടെ.16അവന്റെ മാനുഷസ്വഭാവം മാറി മൃഗസ്വഭാവമായിത്തീരട്ടെ; അങ്ങനെ അവന് ഏഴു കാലം കഴിയട്ടെ.
17അത്യുന്നതനായവൻ മനുഷ്യരുടെ രാജത്വത്തിന്മേൽ വാഴുകയും അത് തനിക്ക് ബോധിച്ചവന് കൊടുക്കുകയും മനുഷ്യരിൽ അധമനായവനെ അതിന്മേൽ വാഴിക്കുകയും ചെയ്യുന്നു എന്ന് ജീവനോടിരിക്കുന്നവർ അറിയേണ്ടതിന് ഈ തീരുമാനം ദൂതന്മാരുടെ നിർണ്ണയവും വിധി വിശുദ്ധന്മാരുടെ കല്പനയും ആകുന്നു.18നെബൂഖദ്നേസർ രാജാവായ ഞാൻ ഈ സ്വപ്നം കണ്ടു; എന്നാൽ ബേൽത്ത്ശസ്സരേ, എന്റെ രാജ്യത്തിലെ വിദ്വാന്മാർക്ക് ആർക്കും അതിന്റെ അർത്ഥം അറിയിക്കുവാൻ കഴിയായ്കകൊണ്ട് നീ അതിന്റെ അർത്ഥം അറിയിച്ചുതരണം; വിശുദ്ധദേവന്മാരുടെ ആത്മാവ് നിന്നിൽ ഉള്ളതുകൊണ്ട് നീ അതിന് പ്രാപ്തനാകുന്നു.”

19അപ്പോൾ ബേൽത്ത്ശസ്സർ എന്ന് പേരുള്ള ദാനീയേൽ കുറെ നേരത്തേക്ക് സ്തംഭിച്ചിരുന്നു; അവൻ വിചാരങ്ങളാൽ പരവശനായി. രാജാവ് അവനോട്: “ബേൽത്ത് ശസ്സരേ, സ്വപ്നവും അതിന്റെ അർത്ഥവും നിമിത്തം നീ പരവശനാകരുതേ” എന്ന് കല്പിച്ചു. ബേൽത്ത്ശസ്സർ ഉത്തരം പറഞ്ഞത്: “യജമാനനേ, സ്വപ്നം തിരുമനസ്സിലെ ശത്രുക്കൾക്കും അതിന്റെ അർത്ഥം തിരുമനസ്സിലെ വൈരികൾക്കും ഭവിക്കട്ടെ.
20വളർന്നു ബലപ്പെട്ടതും ആകാശത്തോളം ഉയരമുള്ളതും ഭൂമിയിൽ എല്ലായിടത്തുനിന്നും കാണാകുന്നതും21ഭംഗിയുള്ള ഇലയും അനവധി ഫലവും എല്ലാവർക്കും ആഹാരവും ഉള്ളതും കീഴെ കാട്ടുമൃഗങ്ങൾ വസിച്ചതും കൊമ്പുകളിൽ ആകാശത്തിലെ പക്ഷികൾക്കു പാർപ്പിടം ഉണ്ടായിരുന്നതുമായി കണ്ട വൃക്ഷം,22രാജാവേ, വർദ്ധിച്ച് ബലവാനായി തീർന്നിരിക്കുന്ന തിരുമേനി തന്നെ; തിരുമനസ്സിലെ മഹത്വം വർദ്ധിച്ച് ആകാശംവരെയും ആധിപത്യം ഭൂമിയുടെ അറുതിവരെയും എത്തിയിരിക്കുന്നു.
23ഒരു ദൂതൻ, ഒരു പരിശുദ്ധൻ തന്നെ, സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നു: ‘വൃക്ഷം വെട്ടിയിട്ട് നശിപ്പിച്ചുകളയുവിൻ; എങ്കിലും അതിന്റെ തായ് വേര് വയലിലെ ഇളമ്പുല്ലിൽ ഇരിമ്പും താമ്രവും കൊണ്ട് ബന്ധിച്ച് ഭൂമിയിൽ ശേഷിപ്പിക്കുവിൻ; അവൻ ആകാശത്തിലെ മഞ്ഞുകൊണ്ട് നനയട്ടെ; ഏഴുകാലം കഴിയുന്നതുവരെ അവന്റെ ഉപജീവനം കാട്ടുമൃഗങ്ങളോടുകൂടി ആയിരിക്കട്ടെ’ എന്നിങ്ങനെ പറയുന്നത് രാജാവ് കണ്ടുവല്ലോ.
24രാജാവേ, അതിന്റെ അർത്ഥം ഇതാകുന്നു; എന്റെ യജമാനനായ രാജാവിന്റെമേൽ വരുന്ന അത്യുന്നതനായവന്റെ വിധി ഇതു തന്നെ;25തിരുമേനിയെ മനുഷ്യരുടെ ഇടയിൽനിന്ന് നീക്കിക്കളയും; തിരുമനസ്സിലെ വാസം കാട്ടുമൃഗങ്ങളോടുകൂടിയാകും. തിരുമേനിയെ കാളയെപ്പോലെ പുല്ലു തീറ്റും; തിരുമേനി ആകാശത്തിലെ മഞ്ഞുകൊണ്ട് നനയും; മനുഷ്യരുടെ രാജത്വത്തിന്മേൽ അത്യുന്നതനായവൻ വാഴുകയും അത് തനിക്ക് ബോധിച്ചവന് കൊടുക്കുകയും ചെയ്യുന്നുവെന്ന് തിരുമനസ്സുകൊണ്ട് അറിയുന്നതുവരെ ഏഴു കാലം കഴിയും.
26വൃക്ഷത്തിന്റെ തായ് വേര് ശേഷിപ്പിക്കുവാൻ അവർ കല്പിച്ചതോ: വാഴുന്നത് സ്വർഗ്ഗമാകുന്നു എന്ന് തിരുമനസ്സുകൊണ്ട് ഗ്രഹിച്ചശേഷം രാജത്വം തിരുമേനിക്ക് സ്ഥിരമാകും എന്നത്രെ.27ആകയാൽ രാജാവേ, എന്റെ ആലോചന തിരുമനസ്സിലേക്ക് പ്രസാദമായിരിക്കട്ടെ; നീതിയാൽ പാപങ്ങളും ദരിദ്രന്മാരോട് കരുണ കാണിക്കുന്നതിനാൽ അകൃത്യങ്ങളും പരിഹരിച്ചുകൊള്ളുക; ഒരുപക്ഷെ തിരുമനസ്സിലെ സുഖകാലം ദീർഘമായേക്കും.”
28ഇതെല്ലാം നെബൂഖദ്നേസർരാജാവിന് വന്നുഭവിച്ചു.29പന്ത്രണ്ടു മാസം കഴിഞ്ഞ് അവൻ ബാബേലിലെ രാജമന്ദിരത്തിന്റെ മട്ടുപ്പാവിൽ ഉലാത്തുകയായിരുന്നു.30“ഇത്, ഞാൻ എന്റെ ധനമാഹാത്മ്യത്താൽ എന്റെ പ്രതാപമഹത്വത്തിനുവേണ്ടി രാജധാനിയായി പണിത മഹത്വമുള്ള ബാബേൽ അല്ലയോ.” എന്ന് രാജാവ് പറഞ്ഞുതുടങ്ങി.
31ഈ വാക്ക് രാജാവിന്റെ വായിൽ ഇരിക്കുമ്പോൾ തന്നെ, സ്വർഗ്ഗത്തിൽനിന്ന് ഒരു ശബ്ദം ഉണ്ടായതെന്തെന്നാൽ: “നെബൂഖദ്നേസർരാജാവേ, നിന്നോട് ഇതു കല്പിക്കുന്നു: രാജത്വം നിന്നെ വിട്ട് നീങ്ങിയിരിക്കുന്നു.32നിന്നെ മനുഷ്യരുടെ ഇടയിൽനിന്ന് നീക്കിക്കളയും; നിന്റെ വാസം കാട്ടിലെ മൃഗങ്ങളോടുകൂടി ആയിരിക്കും; നിന്നെ കാളയെപ്പോലെ പുല്ലു തീറ്റും; അത്യുന്നതനായവൻ മനുഷ്യരുടെ രാജത്വത്തിന്മേൽ വാഴുകയും അത് തനിക്ക് ബോധിച്ചവന് കൊടുക്കുകയും ചെയ്യുന്നു എന്നു നീ അറിയുന്നതുവരെ നിനക്ക് ഏഴു കാലം കഴിയും.”
33ഉടൻ തന്നെ ആ വാക്ക് നെബൂഖദ്നേസരിന് നിവൃത്തിയായി; അവനെ മനുഷ്യരുടെ ഇടയിൽ നിന്ന് നീക്കിക്കളഞ്ഞു; അവന്റെ രോമം കഴുകന്റെ തൂവൽപോലെയും നഖം പക്ഷിയുടെ നഖംപോലെയും വളരുന്നതുവരെ, അവൻ കാളയെപ്പോലെ പുല്ലു തിന്നുകയും അവന്റെ ദേഹം ആകാശത്തിലെ മഞ്ഞുകൊണ്ട് നനയുകയും ചെയ്തു.
34ആ കാലം കഴിഞ്ഞ് നെബൂഖദ്നേസർ എന്ന ഞാൻ സ്വർഗ്ഗത്തിലേക്ക് കണ്ണുകൾ ഉയർത്തി; എന്റെ ബുദ്ധി എനിക്ക് മടക്കിക്കിട്ടി; ഞാൻ അത്യുന്നതനായവനെ വാഴ്ത്തി, എന്നേക്കും ജീവിച്ചിരിക്കുന്നവനെ സ്മരിച്ച്, ബഹുമാനിക്കുകയും ചെയ്തു; അവന്റെ ആധിപത്യം എന്നേക്കുമുള്ള ആധിപത്യവും അവന്റെ രാജത്വം തലമുറതലമുറയായുള്ളതും അല്ലയോ.
35അവൻ സർവ്വഭൂവാസികളെയും നാസ്തിയായി എണ്ണുന്നു; സ്വർഗ്ഗീയ സൈന്യത്തോടും ഭൂവാസികളോടും ഇഷ്ടംപോലെ പ്രവർത്തിക്കുന്നു; അവന്റെ കൈ തടുക്കുവാനോ, ‘നീ എന്തു ചെയ്യുന്നു?’ എന്ന് അവനോട് ചോദിക്കുവാനോ ആർക്കും കഴിയുകയില്ല.
36ആ നേരത്തു തന്നെ എന്റെ ബുദ്ധി മടങ്ങിവന്നു; എന്റെ രാജത്വത്തിന്റെ മഹത്വത്തിനായി എന്റെ മഹിമയും മുഖപ്രകാശവും മടങ്ങിവന്നു; എന്റെ മന്ത്രിമാരും മഹത്തുക്കളും എന്നെ അന്വേഷിച്ചു; ഞാൻ എന്റെ രാജത്വത്തിൽ യഥാസ്ഥാനപ്പെട്ടു, ശ്രേഷ്ഠമഹത്വം എനിക്ക് അധികമായി സിദ്ധിച്ചു.37ഇപ്പോൾ നെബൂഖദ്നേസർ എന്ന ഞാൻ സ്വർഗ്ഗസ്ഥനായ രാജാവിനെ സ്തുതിച്ചു പുകഴ്ത്തി ബഹുമാനിക്കുന്നു; അവന്റെ പ്രവൃത്തികൾ എല്ലാം സത്യവും അവന്റെ വഴികൾ ന്യായവും ആകുന്നു; നിഗളിച്ചുനടക്കുന്നവരെ താഴ്ത്തുവാൻ അവൻ പ്രാപ്തൻ തന്നെ.

5

1ബേൽശസ്സർരാജാവ് തന്റെ പ്രഭുക്കന്മാരിൽ ആയിരം പേർക്ക് ഒരു വലിയ വിരുന്നൊരുക്കി; അവർ കാൺകെ വീഞ്ഞു കുടിച്ചു.2ബേൽശസ്സർ വീഞ്ഞു കുടിച്ച് രസിച്ചിരിക്കുമ്പോൾ, തന്റെ അപ്പനായ നെബൂഖദ്നേസർ യെരൂശലേമിലെ മന്ദിരത്തിൽനിന്ന് എടുത്തുകൊണ്ടുവന്ന, പൊന്നും, വെള്ളിയും കൊണ്ടുള്ള പാത്രങ്ങൾ, രാജാവും പ്രഭുക്കന്മാരും അവന്റെ ഭാര്യമാരും വെപ്പാട്ടികളും അവയിൽ നിന്ന് കുടിക്കേണ്ടതിന് കൊണ്ടുവരുവാൻ കല്പിച്ചു.

3അങ്ങനെ അവർ യെരൂശലേം ദൈവാലയത്തിന്റെ മന്ദിരത്തിലെ പൊൻപാത്രങ്ങൾ കൊണ്ടുവന്ന്, രാജാവും പ്രഭുക്കന്മാരും അവന്റെ ഭാര്യമാരും വെപ്പാട്ടികളും അവയിൽനിന്ന് കുടിച്ചു.4അവർ വീഞ്ഞു കുടിച്ച്, പൊന്നും വെള്ളിയും താമ്രവും ഇരിമ്പും മരവും കല്ലും കൊണ്ടുള്ള ദേവന്മാരെ സ്തുതിച്ചു.
5തൽക്ഷണം ഒരു മനുഷ്യന്റെ കൈവിരലുകൾ പ്രത്യക്ഷപ്പെട്ട് വിളക്കിനു നേരെ രാജധാനിയുടെ വെള്ളപൂശിയ ചുവരിന്മേൽ എഴുതി; എഴുതിയ കൈപ്പത്തി രാജാവ് കണ്ടു.6ഉടനെ രാജാവിന്റെ മുഖഭാവം മാറി; അവൻ വിചാരങ്ങളാൽ പരവശനായി: അരയുടെ ഏപ്പ് അഴിഞ്ഞ് കാൽമുട്ടുകൾ ആടിപ്പോയി.
7രാജാവ് ഉറക്കെ വിളിച്ചു; ആഭിചാരകന്മാരെയും കല്ദയരെയും ശകുനവാദികളെയും കൊണ്ടുവരുവാൻ കല്പിച്ചു. രാജാവ് ബാബേലിലെ വിദ്വാന്മാരോട്: “ആരെങ്കിലും ഈ എഴുത്ത് വായിച്ച് അർത്ഥം അറിയിച്ചാൽ, അവൻ ധൂമ്രവസ്ത്രവും കഴുത്തിൽ പൊൻമാലയും ധരിച്ച്, രാജ്യത്തിൽ മൂന്നാമനായി വാഴും” എന്ന് കല്പിച്ചു.
8അങ്ങനെ രാജാവിന്റെ വിദ്വാന്മാരെല്ലാം അകത്തുവന്നു; എങ്കിലും എഴുത്ത് വായിക്കുവാനും രാജാവിനെ അർത്ഥം അറിയിക്കുവാനും അവർക്ക് കഴിഞ്ഞില്ല.9അപ്പോൾ ബേൽശസ്സർരാജാവ് അത്യന്തം വ്യാകുലപ്പെട്ടു; അവന്റെ മുഖഭാവം മാറി. അവന്റെ പ്രഭുക്കന്മാർ അമ്പരന്നു പോയി.
10രാജാവിന്റെയും പ്രഭുക്കന്മാരുടെയും വാക്കു ഹേതുവായി രാജ്ഞി വിരുന്നുശാലയിൽ വന്നു: “രാജാവ് ദീർഘായുസ്സായിരിക്കട്ടെ; തിരുമനസ്സുകൊണ്ട് വിചാരങ്ങളാൽ പരവശനാകരുത്; മുഖഭാവം മാറുകയും അരുത്.
11വിശുദ്ധദേവന്മാരുടെ ആത്മാവുള്ള ഒരു പുരുഷൻ തിരുമനസ്സിലെ രാജ്യത്തുണ്ട്; തിരുമേനിയുടെ അപ്പന്റെ കാലത്ത് പ്രകാശവും ബുദ്ധിയും ദേവന്മാരുടെ ജ്ഞാനംപോലെ ജ്ഞാനവും അവനിൽ കണ്ടിരുന്നു; തിരുമേനിയുടെ അപ്പനായ നെബൂഖദ്നേസർരാജാവ്,12ബേൽത്ത്ശസ്സർ എന്ന് പേരുവിളിച്ച ദാനീയേലിൽ ഉൽകൃഷ്ടമനസ്സും, അറിവും, ബുദ്ധിയും, സ്വപ്നവ്യാഖ്യാനവും, കടങ്കഥകളുടെ വ്യാഖ്യാനവും, സംശയനിവാരണവും, കണ്ടിരിക്കുകയാൽ, രാജാവ് അവനെ മന്ത്രവാദികൾക്കും ആഭിചാരകന്മാർക്കും കല്ദയർക്കും ശകുനവാദികൾക്കും അധിപതിയാക്കി വച്ചു; ഇപ്പോൾ ദാനീയേലിനെ വിളിച്ചാലും; അവൻ അർത്ഥം ബോധിപ്പിക്കും” എന്ന് ഉണർത്തിച്ചു.
13അങ്ങനെ അവർ ദാനീയേലിനെ രാജസന്നിധിയിൽ കൊണ്ടുവന്നു; രാജാവ് ദാനീയേലിനോട് ചോദിച്ചത്: “എന്റെ അപ്പനായ രാജാവ് യെഹൂദയിൽനിന്ന് കൊണ്ടുവന്ന പ്രവാസികളിൽ ഒരുവനായ ദാനീയേൽ നീ തന്നെയോ?14ദേവന്മാരുടെ ആത്മാവ് നിന്നിൽ ഉണ്ടെന്നും പ്രകാശവും ബുദ്ധിയും വിശേഷജ്ഞാനവും നിന്നിൽ കണ്ടിരിക്കുന്നു എന്നും ഞാൻ നിന്നെക്കുറിച്ച് കേട്ടിരിക്കുന്നു.
15ഇപ്പോൾ ഈ എഴുത്ത് വായിച്ച് അർത്ഥം അറിയിക്കേണ്ടതിന് വിദ്വാന്മാരെയും ആഭിചാരകന്മാരെയും എന്റെ മുമ്പാകെ വരുത്തിയിരുന്നു; എങ്കിലും അർത്ഥം അറിയിക്കുവാൻ അവർക്ക് കഴിഞ്ഞില്ല.16എന്നാൽ അർത്ഥം പറയുവാനും സംശയനിവാരണത്തിനും നീ പ്രാപ്തനെന്ന് ഞാൻ നിന്നെക്കുറിച്ച് കേട്ടിരിക്കുന്നു; ആകയാൽ ഈ എഴുത്ത് വായിച്ച്, അതിന്റെ അർത്ഥം അറിയിക്കുവാൻ നിനക്ക് കഴിയുമെങ്കിൽ നീ ധൂമ്രവസ്ത്രവും കഴുത്തിൽ പൊന്മാലയും ധരിച്ച്, രാജ്യത്തിലെ മൂന്നാമനായി വാഴും.
17ദാനീയേൽ രാജസന്നിധിയിൽ ഉത്തരം ഉണർത്തിച്ചത്: “ദാനങ്ങൾ തിരുമേനിക്കു തന്നെ ഇരിക്കട്ടെ; സമ്മാനങ്ങൾ മറ്റൊരുത്തന് കൊടുത്താലും; എഴുത്ത് ഞാൻ രാജാവിനെ വായിച്ചു കേൾപ്പിച്ച് അർത്ഥം ബോധിപ്പിക്കാം;18രാജാവേ, അത്യുന്നതനായ ദൈവം തിരുമേനിയുടെ അപ്പനായ നെബൂഖദ്നേസരിന് രാജത്വവും മഹത്വവും പ്രതാപവും ബഹുമാനവും നല്കി.19അവന് നല്കിയ മഹത്വം ഹേതുവായി സകലവംശങ്ങളും ജനതകളും ഭാഷക്കാരും അവന്റെ മുമ്പിൽ ഭയപ്പെട്ട് വിറച്ചിരുന്നു; തനിക്കു ബോധിച്ചവനെ അവൻ കൊല്ലുകയും ബോധിച്ചവനെ ജീവനോടെ ശേഷിപ്പിക്കുകയും ബോധിച്ചവനെ ഉയർത്തുകയും ബോധിച്ചവനെ താഴ്ത്തുകയും ചെയ്തുവന്നു.
20എന്നാൽ അവന്റെ ഹൃദയം ഗർവ്വിച്ച്, അവന്റെ മനസ്സ് അഹങ്കാരത്താൽ കഠിനമായിപ്പോയതിനാൽ അവൻ രാജാസനത്തിൽനിന്ന് നീക്കപ്പെട്ടു; അവർ അവന്റെ മഹത്വം അവനിൽനിന്ന് എടുത്തുകളഞ്ഞു.21അങ്ങനെ അവൻ മനുഷ്യരുടെ ഇടയിൽനിന്ന് നീക്കപ്പെട്ടു; അവന്റെ ഹൃദയം മൃഗപ്രായമായിത്തീർന്നു; അവന്റെ വാസം കാട്ടുകഴുതകളോടുകൂടി ആയിരുന്നു; അവനെ കാളയെപ്പോലെ പുല്ലു തീറ്റി; മനുഷ്യരുടെ രാജത്വത്തിന്മേൽ അത്യുന്നതനായ ദൈവം വാഴുകയും തനിക്ക് ബോധിച്ചവനെ അതിന് നിയമിക്കുകയും ചെയ്യുന്നു എന്ന് അവൻ അറിഞ്ഞതുവരെ അവന്റെ ദേഹം ആകാശത്തിലെ മഞ്ഞുകൊണ്ടു നനഞ്ഞു.
22അവന്റെ മകനായ ബേൽശസ്സരേ, ഇതൊക്കെ അറിഞ്ഞിട്ടും തിരുമേനി ഹൃദയത്തെ താഴ്ത്താതെ23സ്വർഗ്ഗസ്ഥനായ കർത്താവിന്റെ നേരെ സ്വയം ഉയർത്തി, അവന്റെ ആലയത്തിലെ പാത്രങ്ങൾ അവർ തിരുമുമ്പിൽ കൊണ്ടുവന്നു; തിരുമേനിയും മഹത്തുക്കളും തിരുമനസ്സിലെ ഭാര്യമാരും വെപ്പാട്ടികളും അവയിൽ നിന്ന് വീഞ്ഞു കുടിച്ചു; കാണുവാനും കേൾക്കുവാനും അറിയുവാനും കഴിയാത്ത പൊന്ന്, വെള്ളി, താമ്രം, ഇരിമ്പ്, മരം, കല്ല് എന്നിവകൊണ്ടുള്ള ദേവന്മാരെ സ്തുതിച്ചു; തിരുമനസ്സിലെ ശ്വാസവും തിരുമേനിയുടെ എല്ലാവഴികളും കൈയിൽ വഹിക്കുന്നവനായ ദൈവത്തെ മഹത്ത്വീകരിച്ചതുമില്ല.24അതിനാൽ അവൻ ആ കൈപ്പത്തി അയച്ച് ഈ എഴുത്ത് എഴുതിച്ചു.
25എഴുതിയിരിക്കുന്ന എഴുത്തോ: മെനേ, മെനേ, തെക്കേൽ, ഊഫർസീൻ.26കാര്യത്തിന്റെ അർത്ഥമെന്തെന്നാൽ: മെനേ എന്നുവച്ചാൽ: ദൈവം നിന്റെ രാജത്വം എണ്ണി, അതിന് അന്തം വരുത്തിയിരിക്കുന്നു.27തെക്കേൽ എന്നുവച്ചാൽ: തുലാസിൽ നിന്നെ തൂക്കി, കുറവുള്ളവനായി കണ്ടിരിക്കുന്നു.28പെറേസ് എന്നുവച്ചാൽ: നിന്റെ രാജ്യം വിഭാഗിച്ചു മേദ്യർക്കും പാർസികൾക്കും കൊടുത്തിരിക്കുന്നു”
29അപ്പോൾ ബേൽശസ്സരിന്റെ കല്പനയാൽ അവർ ദാനീയേലിനെ ധൂമ്രവസ്ത്രവും കഴുത്തിൽ പൊന്മാലയും ധരിപ്പിച്ചു; അവൻ രാജ്യത്തിലെ മൂന്നാമനായി വാഴും എന്ന് അവനെക്കുറിച്ച് പ്രസിദ്ധമാക്കി.30ആ രാത്രിയിൽ തന്നെ കല്ദയരാജാവായ ബേൽശസ്സർ കൊല്ലപ്പെട്ടു.31മേദ്യനായ ദാര്യാവേശ് അറുപത്തിരണ്ട് വയസ്സുള്ളവനായി രാജത്വം പ്രാപിച്ചു.

6

1രാജ്യം ഭരിക്കേണ്ടതിന് രാജ്യത്തെല്ലായിടവും നൂറ്റിയിരുപത് പ്രധാന ദേശാധിപതികളെയും2അവരുടെമേൽ മൂന്ന് അദ്ധ്യക്ഷന്മാരെയും നിയമിക്കുവാൻ ദാര്യാവേശിന് ഇഷ്ടം തോന്നി; ഈ മൂവരിൽ ദാനീയേൽ ഒരുവനായിരുന്നു. രാജാവിന് നഷ്ടം വരാതിരിക്കേണ്ടതിന് പ്രധാനദേശാധിപതികൾ ഇവർക്ക് കണക്ക് ബോധിപ്പിക്കേണ്ടതായിരുന്നു.3എന്നാൽ ദാനീയേൽ ഉൾകൃഷ്ടമാനസനായിരുന്നതുകൊണ്ട് അവൻ അദ്ധ്യക്ഷന്മാരിലും പ്രധാനദേശാധിപന്മാരിലും വിശിഷ്ടനായി വിളങ്ങി; രാജാവ് അവനെ രാജ്യത്തിനു മുഴുവൻ അധികാരിയാക്കുവാൻ വിചാരിച്ചു.

4ആകയാൽ അദ്ധ്യക്ഷന്മാരും പ്രധാന ദേശാധിപന്മാരും രാജ്യം സംബന്ധിച്ച് ദാനീയേലിനു വിരോധമായി എന്തെങ്കിലും കുറ്റം കണ്ടെത്തുവാൻ അന്വേഷിച്ചു; എന്നാൽ യാതൊരു കുറ്റവും കണ്ടെത്തുവാൻ അവർക്ക് കഴിഞ്ഞില്ല; അവൻ വിശ്വസ്തനായിരുന്നതുകൊണ്ട് ഒരു തെറ്റും കുറ്റവും അവനിൽ കണ്ടെത്തിയില്ല.5അപ്പോൾ ആ പുരുഷന്മാർ: “നാം ഈ ദാനീയേലിന്റെ നേരെ അവന്റെ ദൈവത്തിന്റെ ന്യായപ്രമാണം സംബന്ധിച്ചല്ലാതെ മറ്റൊരു കാരണവും കണ്ടെത്തുകയില്ല” എന്നു പറഞ്ഞു.
6അങ്ങനെ അദ്ധ്യക്ഷന്മാരും പ്രധാനദേശാധിപന്മാരും രാജാവിന്റെ അടുക്കൽ ബദ്ധപ്പെട്ടു ചെന്ന് ഉണർത്തിച്ചതെന്തെന്നാൽ: “ദാര്യാവേശ്‌രാജാവ് ദീർഘായുസ്സായിരിക്കട്ടെ.7രാജാവേ, മുപ്പതു ദിവസത്തേക്ക് തിരുമേനിയോടല്ലാതെ യാതൊരു ദേവനോടോ മനുഷ്യനോടോ ആരെങ്കിലും അപേക്ഷ കഴിച്ചാൽ, അവനെ സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളയും എന്നൊരു രാജനിയമം നിശ്ചയിക്കുകയും ഖണ്ഡിതമായി നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്യണമെന്ന് രാജ്യത്തിലെ സകല അദ്ധ്യക്ഷന്മാരും സ്ഥാനാപതികളും പ്രധാനദേശാധിപന്മാരും മന്ത്രിമാരും ദേശാധിപന്മാരും കൂടി ആലോചിച്ചിരിക്കുന്നു.
8ആകയാൽ രാജാവേ, മേദ്യരുടെയും പാർസികളുടെയും നീക്കം വരാത്ത നിയമപ്രകാരം മാറ്റം വരാത്തവിധം ആ നിരോധനാജ്ഞ ഉറപ്പിച്ച് രേഖ എഴുതിക്കണമേ.9അങ്ങനെ ദാര്യാവേശ്‌രാജാവ് രേഖയും നിരോധനാജ്ഞയും എഴുതിച്ചു.
10എന്നാൽ രേഖ എഴുതിയിരിക്കുന്നു എന്ന് ദാനീയേൽ അറിഞ്ഞപ്പോൾ അവൻ വീട്ടിൽ ചെന്നു, - അവന്റെ മാളികമുറിയുടെ കിളിവാതിൽ യെരൂശലേമിനു നേരെ തുറന്നിരുന്നു - താൻ മുമ്പ് ചെയ്തുവന്നതുപോലെ ദിവസം മൂന്നു പ്രാവശ്യം മുട്ടുകുത്തി തന്റെ ദൈവത്തിന്റെ സന്നിധിയിൽ പ്രാർത്ഥിച്ച് സ്തോത്രം ചെയ്തു.11അപ്പോൾ ആ പുരുഷന്മാർ ബദ്ധപ്പെട്ട് വന്നു, ദാനീയേൽ തന്റെ ദൈവത്തിന്റെ സന്നിധിയിൽ പ്രാർത്ഥിച്ച് അപേക്ഷിക്കുന്നത് കണ്ടു.
12ഉടനെ അവർ രാജസന്നിധിയിൽ ചെന്ന് രാജാവിന്റെ കല്പനയെക്കുറിച്ച് സംസാരിച്ചു: “രാജാവേ, മുപ്പതു ദിവസത്തേക്ക് തിരുമേനിയോടല്ലാതെ യാതൊരു ദേവനോടോ മനുഷ്യനോടോ അപേക്ഷ കഴിക്കുന്ന ഏതു മനുഷ്യനെയും സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളയും എന്നിങ്ങനെ ഒരു കല്പന എഴുതിച്ചിട്ടില്ലയോ” എന്ന് ചോദിച്ചു; അതിന് രാജാവ്: “മേദ്യരുടെയും പാർസികളുടെയും നീക്കം വരാത്ത നിയമപ്രകാരം ആ കാര്യം ഉറപ്പുതന്നെ” എന്നുത്തരം പറഞ്ഞു.
13അതിന് അവർ രാജസന്നിധിയിൽ: “രാജാവേ, യെഹൂദാപ്രവാസികളിൽ ഒരുവനായ ദാനീയേൽ തിരുമേനിയെയും, തിരുമനസ്സുകൊണ്ട് എഴുതിച്ച കല്പനയും കൂട്ടാക്കാതെ, ദിവസം മൂന്നു പ്രാവശ്യം അപേക്ഷ കഴിച്ചുവരുന്നു” എന്ന് ഉണർത്തിച്ചു.14രാജാവു ഈ വാക്കുകൾ കേട്ടപ്പോൾ അത്യന്തം വ്യസനിച്ചു, ദാനീയേലിനെ രക്ഷിക്കുവാൻ മനസ്സുവച്ച്, അവനെ രക്ഷിക്കുവാൻ സൂര്യൻ അസ്തമിക്കുവോളം പ്രയത്നം ചെയ്തു.
15എന്നാൽ ആ പുരുഷന്മാർ രാജാവിന്റെ അടുക്കൽ ബദ്ധപ്പെട്ടു ചെന്ന്: “രാജാവേ, രാജാവു ഉറപ്പിക്കുന്ന ഒരു കല്പനയോ നിയമമോ മാറ്റിക്കൂടാ എന്നിങ്ങനെയാകുന്നു മേദ്യരുടെയും പാർസികളുടെയും നിയമം എന്നുള്ളത് അങ്ങേയ്ക്ക് ബോദ്ധ്യമുണ്ടല്ലോ?” എന്ന് രാജാവിനോട് ഉണർത്തിച്ചു.
16അങ്ങനെ രാജാവിന്റെ കല്പനയാൽ അവർ ദാനീയേലിനെ കൊണ്ടുവന്ന് സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളഞ്ഞു; രാജാവ് ദാനീയേലിനോട് ഇപ്രകാരം സംസാരിച്ചു: “നീ ഇടവിടാതെ സേവിച്ചുവരുന്ന നിന്റെ ദൈവം നിന്നെ രക്ഷിക്കും”.
17അവർ ഒരു കല്ല് കൊണ്ടുവന്ന് ഗുഹയുടെ വാതില്ക്കൽ വച്ചു; ദാനീയേലിനെക്കുറിച്ചുള്ള നിർണ്ണയത്തിന് മാറ്റം വരാതെയിരിക്കേണ്ടതിന് രാജാവ് തന്റെ മോതിരംകൊണ്ടും മഹത്തുക്കളുടെ മോതിരം കൊണ്ടും അതിന് മുദ്രയിട്ടു.18പിന്നെ രാജാവ് രാജധാനിയിൽ ചെന്ന് ഭക്ഷണം വെടിഞ്ഞ് രാത്രി കഴിച്ചു; അവന്റെ സന്നിധിയിൽ വെപ്പാട്ടികളെ കൊണ്ടുവന്നില്ല; ഉറക്കം അവനെ വിട്ടുപോയി.
19രാജാവ് അതികാലത്തുതന്നെ എഴുന്നേറ്റ് ബദ്ധപ്പെട്ട് സിംഹഗുഹയുടെ അരികിൽ ചെന്നു.20ഗുഹയുടെ അരികിൽ എത്തിയപ്പോൾ അവൻ ദുഃഖത്തോടെ ദാനീയേലിനെ വിളിച്ചു. രാജാവ് ദാനീയേലിനോട് സംസാരിച്ചു:“ ജീവനുള്ള ദൈവത്തിന്റെ ദാസനായ ദാനീയേലേ, നീ ഇടവിടാതെ സേവിച്ചുവരുന്ന നിന്റെ ദൈവം സിംഹങ്ങളിൽനിന്ന് നിന്നെ രക്ഷിക്കുവാൻ പ്രാപ്തനായോ” എന്ന് ചോദിച്ചു.
21ദാനീയേൽ രാജാവിനോട്: “രാജാവ് ദീർഘായുസ്സായിരിക്കട്ടെ.22സിംഹങ്ങൾ എനിക്ക് കേടുവരുത്താതിരിക്കേണ്ടതിന് എന്റെ ദൈവം തന്റെ ദൂതനെ അയച്ച് അവയുടെ വായടച്ചുകളഞ്ഞു; അവന്റെ സന്നിധിയിൽ ഞാൻ കുറ്റമില്ലാത്തവൻ; രാജാവേ, തിരുമുമ്പിലും ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ല” എന്ന് ഉണർത്തിച്ചു.
23അപ്പോൾ രാജാവ് അത്യന്തം സന്തോഷിച്ചു; ദാനീയേലിനെ ഗുഹയിൽനിന്ന് കയറ്റുവാൻ കല്പിച്ചു; അവർ ദാനീയേലിനെ ഗുഹയിൽനിന്ന് കയറ്റി; അവൻ തന്റെ ദൈവത്തിൽ വിശ്വസിച്ചിരുന്നതുകൊണ്ട് അവന് യാതൊരു കേടും പറ്റിയതായി കണ്ടില്ല.
24പിന്നെ രാജാവിന്റെ കല്പനയാൽ, അവർ ദാനീയേലിനെ കുറ്റം ചുമത്തിയവരെ കൊണ്ടുവന്നു, അവരെയും മക്കളെയും ഭാര്യമാരെയും സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളഞ്ഞു; അവർ ഗുഹയുടെ അടിയിൽ എത്തുന്നതിന് മുമ്പ് സിംഹങ്ങൾ അവരെ പിടിച്ചു; അവരുടെ അസ്ഥികളെല്ലാം തകർത്തുകളഞ്ഞു.25അന്ന് ദാര്യാവേശ്‌രാജാവ് ഭൂമിയിലെങ്ങും വസിക്കുന്ന സകലവംശങ്ങൾക്കും ഭാഷക്കാർക്കും എഴുതിയതെന്തെന്നാൽ: “നിങ്ങൾക്കു സമാധാനം വർദ്ധിച്ചുവരട്ടെ.
26എന്റെ ആധിപത്യത്തിൽ ഉൾപ്പെട്ട ഏവരും ദാനീയേലിന്റെ ദൈവത്തിന്റെ മുമ്പാകെ ഭയഭക്തിയോടിരിക്കണമെന്ന് ഞാൻ ഒരു തീർപ്പ് കല്പിക്കുന്നു; അവൻ ജീവനുള്ള ദൈവവും എന്നേക്കും നിലനില്ക്കുന്നവനും അവന്റെ രാജത്വം നശിച്ചു പോകാത്തതും അവന്റെ ആധിപത്യം അവസാനം വരാത്തതും ആകുന്നു.27അവൻ രക്ഷിക്കുകയും വിടുവിക്കുകയും ചെയ്യുന്നു; അവൻ ആകാശത്തിലും ഭൂമിയിലും അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കുന്നു; അവൻ ദാനീയേലിനെ സിംഹത്തിന്റെ വായിൽനിന്ന് രക്ഷിച്ചിരിക്കുന്നു.
28എന്നാൽ ദാനീയേൽ ദാര്യാവേശിന്റെ വാഴ്ചയിലും പാർസിരാജാവായ കോരെശിന്റെ വാഴ്ചയിലും അഭിവൃദ്ധിപ്രാപിച്ചിരുന്നു.

7

1ബാബേൽരാജാവായ ബേൽശസ്സരിന്റെ ഒന്നാം ആണ്ടിൽ ദാനീയേൽ ഒരു സ്വപ്നം കണ്ടു; അവന് കിടക്കയിൽവച്ച് ദർശനങ്ങൾ ഉണ്ടായി. അവൻ സ്വപ്നം എഴുതി കാര്യത്തിന്റെ സാരം വിവരിച്ചു.2ദാനീയേൽ വിവരിച്ചുപറഞ്ഞത്: “ഞാൻ രാത്രിയിൽ എന്റെ ദർശനത്തിൽ കണ്ടത് ഇപ്രകാരം ആയിരുന്നു: ആകാശത്തിലെ നാലു കാറ്റും മഹാസമുദ്രത്തിന്റെ നേരെ അടിക്കുന്നത് ഞാൻ കണ്ടു.3അപ്പോൾ വ്യത്യസ്തങ്ങളായ നാല് മഹാമൃഗങ്ങൾ സമുദ്രത്തിൽനിന്ന് കയറിവന്നു.

4ഒന്നാമത്തെ മൃഗം സിംഹത്തോട് സദൃശവും കഴുകിൻ ചിറകുള്ളതുമായിരുന്നു; ഞാൻ നോക്കിക്കൊണ്ടിരിക്കുമ്പോൾ അതിന്റെ ചിറകുകൾ പറിഞ്ഞുപോയി; അതിനെ നിലത്തുനിന്നു ഉയർത്തി, മനുഷ്യനെപ്പോലെ ഇരുകാലുകളിൽ നിർത്തി, അതിന് മാനുഷഹൃദയവും കൊടുത്തു.5രണ്ടാമത് കരടിയോടു സദൃശമായ മറ്റൊരു മൃഗത്തെ കണ്ടു; അത് ഒരു പാർശ്വം ഉയർത്തി, വായിൽ പല്ലിന്റെ ഇടയിൽ മൂന്ന് വാരിയെല്ലുകൾ കടിച്ചുപിടിച്ചുകൊണ്ട് നിന്നു; അവർ അതിനോട്: ‘എഴുന്നേറ്റ് മാംസം ധാരാളം തിന്നുക’ എന്ന് പറഞ്ഞു.
6പിന്നെ പുള്ളിപ്പുലിക്കു സദൃശമായ മറ്റൊന്നിനെ കണ്ടു; അതിന്റെ മുതുകത്ത് പക്ഷിയുടെ നാലു ചിറകുകളുണ്ടായിരുന്നു; മൃഗത്തിന് നാലു തലയും ഉണ്ടായിരുന്നു; അതിന് ആധിപത്യം ലഭിച്ചു.7രാത്രിദർശനത്തിൽ ഞാൻ പിന്നെ ഘോരവും ഭയങ്കരവും ബലശാലിയുമായ നാലാമതൊരു മൃഗത്തെ കണ്ടു; അതിന് വലിയ ഇരിമ്പുപല്ലുകൾ ഉണ്ടായിരുന്നു; അത് തിന്നുകയും തകർക്കുകയും ചെയ്തിട്ട് ശേഷിച്ചത് കാൽകൊണ്ട് ചവിട്ടിക്കളഞ്ഞു; മുമ്പെ കണ്ട സകലമൃഗങ്ങളിലുംവച്ച് ഇത് വ്യത്യാസമുള്ളതായിരുന്നു; അതിന് പത്ത് കൊമ്പുകൾ ഉണ്ടായിരുന്നു.
8ഞാൻ ആ കൊമ്പുകൾ നോക്കിക്കൊണ്ടിരിക്കുമ്പോൾ, അവയുടെ ഇടയിൽ മറ്റൊരു ചെറിയ കൊമ്പ് മുളച്ചുവന്നു; അതിനാൽ മുമ്പിലത്തെ കൊമ്പുകളിൽ മൂന്നെണ്ണം വേരോടെ പറിഞ്ഞുപോയി; ഈ കൊമ്പിൽ മനുഷ്യന്റെ കണ്ണുപോലെ കണ്ണും വമ്പു പറയുന്ന വായും ഉണ്ടായിരുന്നു.
9ഞാൻ നോക്കിക്കൊണ്ടിരിക്കുമ്പോൾ അവർ ന്യായാസനങ്ങൾ വച്ചു. കാലാതീതനായ ഒരുവൻ ഇരുന്നു. അവന്റെ വസ്ത്രം ഹിമംപോലെ വെളുത്തതും അവന്റെ തലമുടി നിർമ്മലമായ ആട്ടുരോമംപോലെയും അവന്റെ സിംഹാസനം അഗ്നിജ്വാലയും അവന്റെ രഥചക്രങ്ങൾ കത്തുന്ന തീയും ആയിരുന്നു.
10ഒരു അഗ്നിനദി അവന്റെ മുമ്പിൽനിന്ന് പുറപ്പെട്ട് ഒഴുകി; ആയിരമായിരം പേർ അവന് ശുശ്രൂഷചെയ്തു; പതിനായിരം പതിനായിരം പേർ അവന്റെ മുമ്പാകെ നിന്നു; ന്യായവിസ്താരസഭ ഇരുന്നു; പുസ്തകങ്ങൾ തുറന്നു.
11കൊമ്പ് സംസാരിച്ച നിഗളവാക്കുകളുടെ ശബ്ദംനിമിത്തം ഞാൻ അപ്പോൾ നോക്കി; അവർ മൃഗത്തെ കൊല്ലുകയും അതിന്റെ ഉടൽ നശിപ്പിച്ച് തീയിൽ ഇട്ട് ചുട്ടുകളയുകയും ചെയ്യുവോളം ഞാൻ നോക്കിക്കൊണ്ടിരുന്നു.12ശേഷം മൃഗങ്ങളോ - അവയുടെ ആധിപത്യത്തിന് നീക്കം ഭവിച്ചു; എന്നിട്ടും അവയുടെ ആയുസ്സ് ഒരു സമയത്തേക്കും കാലത്തേക്കും നീണ്ടുനിന്നു.
13രാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നത് കണ്ടു; അവൻ കാലാതീതനായവന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി.14സകലവംശങ്ങളും ജനതകളും ഭാഷക്കാരും അവനെ സേവിക്കുവാൻ തക്കവിധം അവന് ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.
15ദാനീയേൽ എന്ന ഞാൻ എന്റെ ഉള്ളിൽ, ആത്മാവിൽ, വ്യസനിച്ചു: എനിക്കുണ്ടായ ദർശനങ്ങളാൽ ഞാൻ പരവശനായി.16ഞാൻ അരികിൽ നില്ക്കുന്നവരിൽ ഒരുവന്റെ അടുക്കൽ ചെന്ന് അവനോട് ഇവ എല്ലാറ്റിന്റെയും സാരം ചോദിച്ചു; അവൻ കാര്യങ്ങളുടെ അർത്ഥം പറഞ്ഞുതന്നു.
17ആ നാല് മഹാമൃഗങ്ങൾ ഭൂമിയിൽ ഉണ്ടാകുവാനിരിക്കുന്ന നാല് രാജാക്കന്മാരാകുന്നു.18എന്നാൽ അത്യുന്നതനായവന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ച് സദാകാലത്തേക്കും രാജത്വം അനുഭവിക്കും.
19എന്നാൽ മറ്റ് സകലമൃഗങ്ങളിലുംവച്ച് വ്യത്യാസമുള്ളതും ഇരിമ്പുപല്ലും താമ്രനഖങ്ങളും ഉള്ളതായി അതിഭയങ്കരമായതും തിന്നുകയും തകർക്കുകയും ശേഷിച്ചത് കാൽകൊണ്ട് ചവിട്ടിക്കളയുകയും ചെയ്ത നാലാമത്തെ മൃഗത്തെക്കുറിച്ചും,20അതിന്റെ തലയിലുള്ള പത്ത് കൊമ്പുകളെക്കുറിച്ചും, മുളച്ചുവന്ന മൂന്ന് കൊമ്പുകളെ വീഴിച്ച, കണ്ണും വമ്പു പറയുന്ന വായും ഉള്ള, മറ്റുകൊമ്പുകളേക്കാൾ കാഴ്ചയ്ക്ക് വലിപ്പമേറിയ കൊമ്പിനെക്കുറിച്ചും അറിയുവാൻ ഞാൻ ഇച്ഛിച്ചു.
21പുരാതനനായവൻ വന്ന് അത്യുന്നതന്റെ വിശുദ്ധന്മാർക്ക് ന്യായവിധിയ്ക്ക് അധികാരം നല്കുകയും വിശുദ്ധന്മാർ രാജത്വം അവകാശമാക്കുന്ന കാലം വരുകയും ചെയ്യുവോളം22ആ കൊമ്പ് വിശുദ്ധന്മാരോട് യുദ്ധം ചെയ്ത് അവരെ ജയിക്കുന്നത് ഞാൻ കണ്ടു.
23അവൻ പറഞ്ഞതോ: “നാലാമത്തെ മൃഗം ഭൂമിയിൽ നാലാമതായി ഉത്ഭവിക്കുവാനുള്ള രാജ്യം തന്നെ; അത് സകലരാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി, സർവ്വഭൂമിയെയും കടിച്ചുകീറുകയും ചവിട്ടിത്തകർത്തുകളയുകയും ചെയ്യും.24ഈ രാജ്യത്തുനിന്നുള്ള പത്ത് കൊമ്പുകളോ എഴുന്നേല്ക്കുവാനിരിക്കുന്ന പത്ത് രാജാക്കന്മാരാകുന്നു; അവരുടെ ശേഷം മറ്റൊരുത്തൻ എഴുന്നേല്ക്കും; അവൻ മുമ്പുള്ളവരിൽനിന്ന് വ്യത്യസ്തനായി മൂന്ന് രാജാക്കന്മാരെ വീഴ്ത്തിക്കളയും.
25അവൻ അത്യുന്നതന് വിരോധമായി വമ്പു പറയുകയും അത്യുന്നതന്റെ വിശുദ്ധന്മാരെ ഒടുക്കിക്കളയുകയും സമയങ്ങളും നിയമങ്ങളും മാറ്റുവാൻ ശ്രമിക്കുകയും ചെയ്യും; കാലവും കാലങ്ങളും കാലാംശവും അവന്റെ കൈയിൽ ഏല്പിക്കപ്പെടും.26എന്നാൽ ന്യായവിസ്താരസഭ ഇരുന്ന് അവന്റെ ആധിപത്യം എടുത്തുകളഞ്ഞ് അത് നശിപ്പിച്ച് മുടിക്കും.
27പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴിൽ എല്ലായിടത്തുമുള്ള രാജ്യങ്ങളുടെ മഹത്ത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന് ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.28ഇങ്ങനെയാകുന്നു കാര്യത്തിന്റെ സമാപ്തി; ദാനീയേൽ എന്ന ഞാൻ എന്റെ വിചാരങ്ങളാൽ അത്യന്തം പരവശനായി; എന്റെ മുഖഭാവവും മാറി; എങ്കിലും ഞാൻ ആ കാര്യം എന്റെ ഹൃദയത്തിൽ സംഗ്രഹിച്ചുവച്ചു.”

8

1ദാനീയേൽ എന്ന എനിക്ക് ആദ്യം ഉണ്ടായ ദർശനത്തിനു ശേഷം, ബേൽശസ്സർരാജാവിന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ വീണ്ടും ഒരു ദർശനം ഉണ്ടായി.2ഞാൻ ഈ ദർശനം കണ്ടത്, ഏലാംസംസ്ഥാനത്തിലെ ശൂശൻരാജധാനിയിൽ ആയിരുന്നപ്പോൾ ആയിരുന്നു; ഞാൻ ഊലായി നദീതീരത്ത് നില്ക്കുന്നതായി ദർശനത്തിൽ കണ്ടു.

3ഞാൻ തലപൊക്കി നോക്കിയപ്പോൾ, രണ്ടു കൊമ്പുകളുള്ള ഒരു ആട്ടുകൊറ്റൻ നദീതീരത്ത് നില്ക്കുന്നത് കണ്ടു; ആ കൊമ്പുകൾ രണ്ടും നീളമുള്ളവയായിരുന്നു; ഒന്ന് മറ്റേതിനെക്കാൾ അധികം നീളമുള്ളത്; അധികം നീളമുള്ളത് ഒടുവിൽ മുളച്ചുവന്നതായിരുന്നു.4ആ ആട്ടുകൊറ്റൻ പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും ഇടിക്കുന്നത് ഞാൻ കണ്ടു; ഒരു മൃഗത്തിനും അതിന്റെ മുമ്പാകെ നില്ക്കുവാൻ കഴിഞ്ഞില്ല; അതിന്റെ കൈയിൽനിന്ന് രക്ഷിക്കുവാൻ കഴിയുന്നവനും ആരുമില്ലായിരുന്നു; അത് ഇഷ്ടംപോലെ പ്രവർത്തിച്ച് മഹാനായിത്തീർന്നു.
5ഞാൻ നോക്കിക്കൊണ്ടിരിക്കുമ്പോൾ, ഒരു കോലാട്ടുകൊറ്റൻ പടിഞ്ഞാറു നിന്ന് നിലം തൊടാതെ സർവ്വഭൂതലത്തിലും കൂടെ വന്നു; ആ കോലാട്ടുകൊറ്റന് കണ്ണുകളുടെ നടുവിൽ വിശേഷമായൊരു കൊമ്പുണ്ടായിരുന്നു.6അത് നദീതീരത്തു നില്ക്കുന്നതായി ഞാൻ കണ്ട രണ്ടു കൊമ്പുകളുള്ള ആട്ടുകൊറ്റന്റെ നേരെ ഉഗ്രക്രോധത്തോടെ പാഞ്ഞുചെന്നു.
7അത് ആട്ടുകൊറ്റനോട് അടുക്കുന്നത് ഞാൻ കണ്ടു; അത് ആട്ടുകൊറ്റനോട് ക്രുദ്ധിച്ച്, അതിനെ ഇടിച്ച് അതിന്റെ കൊമ്പ് രണ്ടും തകർത്തുകളഞ്ഞു; അതിന്റെ മുമ്പിൽ നില്ക്കുവാൻ ആട്ടുകൊറ്റന് ശക്തിയില്ലായിരുന്നു; അത് ആട്ടുകൊറ്റനെ നിലത്ത് തള്ളിയിട്ട് ചവിട്ടിക്കളഞ്ഞു; അതിന്റെ കൈയിൽനിന്ന് ആട്ടുകൊറ്റനെ രക്ഷിക്കുവാൻ ആരും ഉണ്ടായിരുന്നില്ല.8കോലാട്ടുകൊറ്റൻ ഏറ്റവും വലിപ്പമുള്ളതായിത്തീർന്നു; എന്നാൽ അത് ബലപ്പെട്ടപ്പോൾ വലിയ കൊമ്പ് തകർന്നുപോയി; അതിനു പകരം ആകാശത്തിലെ നാലു കാറ്റിനു നേരെ ഭംഗിയുള്ള നാല് കൊമ്പുകൾ മുളച്ചുവന്നു.
9അവയിൽ ഒന്നിൽനിന്ന് ഒരു ചെറിയ കൊമ്പ് പുറപ്പെട്ടു; അത് തെക്കോട്ടും കിഴക്കോട്ടും മനോഹരദേശത്തിന് നേരെയും ഏറ്റവും വലുതായിത്തീർന്നു.10അത് ആകാശത്തിലെ സൈന്യത്തോളം വലുതായിത്തീർന്നു, സൈന്യത്തിലും നക്ഷത്രങ്ങളിലും ചിലതിനെ നിലത്ത് തള്ളിയിട്ട് ചവിട്ടിക്കളഞ്ഞു.
11അത് സൈന്യത്തിന്റെ അധിപതിയോളം തന്നെത്താൻ ഉയർത്തി, അവനുള്ള നിരന്തരഹോമയാഗം അപഹരിക്കുകയും അവന്റെ വിശുദ്ധമന്ദിരം ഇടിച്ചുകളയുകയും ചെയ്തു.12അതിക്രമം നിമിത്തം നിരന്തരഹോമയാഗത്തിനെതിരെ ഒരു സേന നിയമിക്കപ്പെടും; അത് സത്യം നിലത്ത് തള്ളിയിട്ടു.അവൻ ഇതെല്ലാം നടത്തി വിജയിക്കുകയും ചെയ്യും.
13അനന്തരം ഒരു വിശുദ്ധദൂതൻ സംസാരിക്കുന്നത് ഞാൻ കേട്ടു; സംസാരിച്ചുകൊണ്ടിരുന്ന വിശുദ്ധദൂതനോട് മറ്റൊരു ദൂതൻ: “വിശുദ്ധമന്ദിരത്തെയും സേനയെയും ചവിട്ടിക്കളയേണ്ടതിന് ഏല്പിച്ചുകൊടുക്കുവാൻ തക്കവിധം നിരന്തരഹോമയാഗത്തെയും ശൂന്യമാക്കുന്ന അതിക്രമത്തെയും കുറിച്ച് ദർശനത്തിൽ കണ്ടത് എത്ര കാലത്തേക്കുള്ളതാണ്” എന്ന് ചോദിച്ചു.14അതിന് അവൻ മറ്റെ ദൂതനോട്: “രണ്ടായിരത്തിമുന്നൂറ് സന്ധ്യകളും ഉഷസ്സുകളും തികയുവോളം തന്നെ; പിന്നെ വിശുദ്ധമന്ദിരം യഥാസ്ഥാനപ്പെടും.”
15എന്നാൽ ദാനീയേലെന്ന ഞാൻ ഈ ദർശനം കണ്ട് അർത്ഥം ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു പുരുഷരൂപം എന്റെ മുമ്പിൽ നില്ക്കുന്നത് കണ്ടു.16“ഗബ്രീയേലേ, ഇവന് ഈ ദർശനം ഗ്രഹിപ്പിച്ചുകൊടുക്കുക” എന്ന് ഊലായിതീരത്തുനിന്ന് വിളിച്ചുപറയുന്ന ഒരു മനുഷ്യന്റെ ശബ്ദം ഞാൻ കേട്ടു.17അപ്പോൾ ഞാൻ നിന്നിടത്ത് അവൻ അടുത്തുവന്നു; അവൻ വന്നപ്പോൾ ഞാൻ ഭയപ്പെട്ട് സാഷ്ടാംഗം വീണു; എന്നാൽ അവൻ എന്നോട്: “മനുഷ്യപുത്രാ, ഗ്രഹിച്ചുകൊള്ളുക; ഈ ദർശനം അന്ത്യകാലത്തേക്കുള്ളതാകുന്നു” എന്ന് പറഞ്ഞു.
18അവൻ എന്നോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ ഗാഢനിദ്രയിലായി നിലത്ത് കവിണ്ണു വീണു; അവൻ എന്നെ തൊട്ട് എഴുന്നേല്പിച്ചുനിർത്തി.19പിന്നെ അവൻ പറഞ്ഞത്: “ക്രോധത്തിന്റെ അവസാന കാലത്ത് സംഭവിക്കുവാനിരിക്കുന്നത് ഞാൻ നിന്നെ ഗ്രഹിപ്പിക്കും; അത് അന്ത്യകാലത്തേക്കുള്ളതാണല്ലോ.
20നീ കണ്ട രണ്ടുകൊമ്പുള്ള ആട്ടുകൊറ്റൻ പാർസ്യരാജാക്കന്മാരെ കുറിക്കുന്നു.21പരുക്കനായ കോലാട്ടുകൊറ്റൻ യവനരാജാവും അതിന്റെ കണ്ണുകളുടെ നടുവിലുള്ള വലിയ കൊമ്പ് ഒന്നാമത്തെ രാജാവും ആകുന്നു.
22അത് തകർന്ന ശേഷം അതിന്റെ സ്ഥാനത്ത് നാലു കൊമ്പുകൾ മുളച്ചതോ, നാലു രാജ്യങ്ങൾ ആ രാജ്യത്തിൽനിന്ന് ഉത്ഭവിക്കും; അത്രത്തോളം ശക്തിയുള്ളവ അല്ലതാനും.23എന്നാൽ അവരുടെ രാജത്വത്തിന്റെ അന്ത്യകാലത്ത് അതിക്രമക്കാരുടെ അതിക്രമം തികയുമ്പോൾ, ഉഗ്രഭാവവും ഉപായബുദ്ധിയും ഉള്ള ഒരു രാജാവ് എഴുന്നേല്ക്കും.
24അവന്റെ അധികാരം വലുതായിരിക്കും; സ്വന്തശക്തിയാൽ അല്ലതാനും; അവൻ അതിശയമാംവണ്ണം നാശം പ്രവർത്തിക്കുകയും കൃതാർത്ഥനായിത്തീരുകയും ചെയ്യും.അവൻ വീരന്മാരെയും വിശുദ്ധജനത്തെയും നശിപ്പിക്കുകയും ചെയ്യും.25അവൻ നയതന്ത്രത്താൽ തന്റെ ഭരണകാലത്ത് വഞ്ചന വളർത്തുകയും ഹൃദയത്തിൽ നിഗളിച്ച്, മുന്നറിയിപ്പില്ലാതെ പലരെയും നശിപ്പിക്കുകയും കർത്താധികർത്താവിനോട് എതിർത്ത് നില്ക്കുകയും ചെയ്യും.എന്നാൽ അവൻ മാനുഷകരങ്ങളാൽ അല്ലാതെ തകർന്നുപോകുകയും ചെയ്യും.
26സന്ധ്യകളെയും ഉഷസ്സുകളെയും കുറിച്ച് പറഞ്ഞുതന്ന ദർശനം സത്യമാകുന്നു; ദർശനം ബഹുകാലത്തേക്കുള്ളതാകയാൽ അത് മുദ്രവയ്ക്കുക.
27എന്നാൽ ദാനീയേലെന്ന ഞാൻ ബോധരഹിതനായി, കുറെ ദിവസങ്ങൾ രോഗിയായിക്കിടന്നു; അതിന്റെ ശേഷം ഞാൻ എഴുന്നേറ്റ് രാജാവിന്റെ കാര്യാദികൾ നോക്കി; ഞാൻ ദർശനത്തെക്കുറിച്ച് വിസ്മയിച്ചു; ആർക്കും അത് മനസ്സിലായില്ലതാനും.

9

1കല്ദയരാജ്യത്തിന് രാജാവായിത്തീർന്നവനും മേദ്യവംശത്തിൽ ഉള്ള അഹശ്വേരോശിന്റെ മകനുമായ ദാര്യാവേശിന്റെ ഒന്നാം ആണ്ടിൽ,2അവന്റെ വാഴ്ചയുടെ ഒന്നാം ആണ്ടിൽ തന്നെ, ദാനീയേൽ എന്ന ഞാൻ, യെരൂശലേമിന്റെ ശൂന്യാവസ്ഥ എഴുപത് സംവത്സരംകൊണ്ട് തീരും എന്നുള്ള യഹോവയുടെ അരുളപ്പാട് യിരെമ്യാപ്രവാചകനുണ്ടായതിന്റെ ഒരു കാലസംഖ്യ പുസ്തകങ്ങളിൽനിന്ന് ഗ്രഹിച്ചു.

3അപ്പോൾ ഞാൻ ഉപവസിച്ചും രട്ടുടുത്തും വെണ്ണീരിൽ ഇരുന്നുകൊണ്ടും പ്രാർത്ഥനയോടും യാചനകളോടും കൂടി അപേക്ഷിക്കേണ്ടതിന് ദൈവമായ കർത്താവിങ്കലേക്ക് മുഖം തിരിച്ചു.4എന്റെ ദൈവമായ യഹോവയോടു ഞാൻ പ്രാർത്ഥിച്ച് ഏറ്റുപറഞ്ഞത്: “തന്നെ സ്നേഹിക്കുന്നവർക്കും തന്റെ കല്പനകൾ പ്രമാണിക്കുന്നവർക്കും നിയമവും ദയയും പാലിക്കുന്ന മഹാനും ഭയങ്കരനുമായ ദൈവമായ കർത്താവേ,
5ഞങ്ങൾ പാപം ചെയ്തു, തിന്മയിൽ നടന്നു, ദുഷ്ടത പ്രവർത്തിച്ചു; ഞങ്ങൾ മത്സരിച്ച് നിന്റെ കല്പനകളും വിധികളും വിട്ടുമാറിയിരിക്കുന്നു.6ഞങ്ങളുടെ രാജാക്കന്മാരോടും പ്രഭുക്കന്മാരോടും പിതാക്കന്മാരോടും ദേശത്തിലെ സകലജനത്തോടും നിന്റെ നാമത്തിൽ സംസാരിച്ച നിന്റെ ദാസന്മാരായ പ്രവാചകന്മാരുടെ വാക്ക് ഞങ്ങൾ കേട്ടനുസരിച്ചതുമില്ല.
7കർത്താവേ, നിന്റെ പക്കൽ നീതിയുണ്ട്; ഇന്ന് ഞങ്ങൾക്കുള്ളത് ലജ്ജയത്രെ; നിന്നോട് ചെയ്തിരിക്കുന്ന ദ്രോഹം ഹേതുവായി നീ അവരെ ഓടിച്ചുകളഞ്ഞിരിക്കുന്ന സകലദേശങ്ങളിലുമുള്ള സമീപസ്ഥരും ദൂരസ്ഥരുമായ യെഹൂദാപുരുഷന്മാർക്കും യെരൂശലേം നിവാസികൾക്കും എല്ലായിസ്രായേലിനും തന്നെ.8കർത്താവേ, ഞങ്ങൾ നിന്നോട് പാപം ചെയ്തിരിക്കുകയാൽ ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പിതാക്കന്മാരും ലജ്ജിക്കേണ്ടതു തന്നെ.
9ഞങ്ങളുടെ ദൈവമായ കർത്താവിന്റെ പക്കൽ കരുണയും പാപമോചനവും ഉണ്ട്; ഞങ്ങളോ അവനോട് മത്സരിച്ചു.10അവൻ തന്റെ ദാസന്മാരായ പ്രവാചകന്മാർ മുഖാന്തരം ഞങ്ങളുടെ മുമ്പിൽ വച്ചിരിക്കുന്ന ന്യായപ്രമാണപ്രകാരം നടക്കുവാൻ ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയുടെ വചനം കേട്ടനുസരിച്ചില്ല.11യിസ്രായേലൊക്കെയും നിന്റെ വചനം കേട്ടനുസരിക്കാതെ വിട്ടുമാറി നിന്റെ ന്യായപ്രമാണം ലംഘിച്ചിരിക്കുന്നു; ഇങ്ങനെ ഞങ്ങൾ നിന്നോട് പാപം ചെയ്തിരിക്കുകയാൽ ദൈവത്തിന്റെ ദാസനായ മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന ശാപവും ആണയും ഞങ്ങളുടെ മേൽ ചൊരിഞ്ഞിരിക്കുന്നു.
12അവൻ വലിയ അനർത്ഥം ഞങ്ങളുടെ മേൽ വരുത്തിയതിനാൽ ഞങ്ങൾക്കും ഞങ്ങൾക്ക് ന്യായപാലനം നടത്തിവന്ന ന്യായാധിപന്മാർക്കും വിരോധമായി താൻ അരുളിച്ചെയ്ത വചനങ്ങൾ നിവർത്തിച്ചിരിക്കുന്നു; യെരൂശലേമിൽ സംഭവിച്ചതുപോലെ ആകാശത്തിൻ കീഴിലെങ്ങും സംഭവിച്ചിട്ടില്ലല്ലോ.13മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ ഞങ്ങൾക്ക് ഈ അനർത്ഥങ്ങൾ എല്ലാം വന്നിരിക്കുന്നു; എന്നിട്ടും ഞങ്ങൾ ഞങ്ങളുടെ അകൃത്യങ്ങൾ വിട്ടുതിരിഞ്ഞ് നിന്റെ സത്യത്താൽ ബുദ്ധിപഠിക്കേണ്ടതിന് ഞങ്ങളുടെ ദൈവമായ യഹോവയുടെ കൃപയ്ക്കായി യാചിച്ചില്ല.14അതുകൊണ്ട് യഹോവ ഹൃദയത്തിൽ കരുതിയിരുന്ന അനർത്ഥം ഞങ്ങളുടെമേൽ വരുത്തിയിരിക്കുന്നു; ഞങ്ങളുടെ ദൈവമായ യഹോവ താൻ ചെയ്യുന്ന സകല പ്രവൃത്തികളിലും നീതിമാനാകുന്നു; ഞങ്ങളോ അവന്റെ വചനം കേട്ടനുസരിച്ചില്ല.
15നിന്റെ ജനത്തെ ബലമുള്ള കൈകൊണ്ട് ഈജിപ്റ്റ്ദേശത്തുനിന്ന് കൊണ്ടുവന്ന്, ഇന്നുള്ളതുപോലെ നിന്റെ നാമം മഹത്വപ്പെടുത്തിയവനായ ഞങ്ങളുടെ ദൈവമായ കർത്താവേ, ഞങ്ങൾ പാപം ചെയ്ത് ദുഷ്ടത പ്രവർത്തിച്ചിരിക്കുന്നു.16കർത്താവേ, നിന്റെ സർവ്വനീതിക്കും ഒത്തവണ്ണം നിന്റെ കോപവും ക്രോധവും നിന്റെ വിശുദ്ധപർവ്വതമായ യെരൂശലേം നഗരത്തിൽനിന്ന് നീങ്ങിപ്പോകുമാറാകട്ടെ; ഞങ്ങളുടെ പാപങ്ങൾനിമിത്തവും ഞങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങൾനിമിത്തവും യെരൂശലേമും നിന്റെ ജനവും, ചുറ്റുമുള്ള എല്ലാവർക്കും നിന്ദയായി തീർന്നിരിക്കുന്നുവല്ലോ.
17ആകയാൽ ഞങ്ങളുടെ ദൈവമേ, അടിയന്റെ പ്രാർത്ഥനയും യാചനകളും കേട്ട്, ശൂന്യമായിരിക്കുന്ന നിന്റെ വിശുദ്ധമന്ദിരത്തിന്മേൽ കർത്താവിൻനിമിത്തം തിരുമുഖം പ്രകാശിപ്പിക്കുമാറാക്കണമേ.18എന്റെ ദൈവമേ, ചെവി ചായിച്ച് കേൾക്കണമേ; കണ്ണു തുറന്ന് ഞങ്ങളുടെ നാശകരമായ അവസ്ഥയും നിന്റെ നാമം വിളിച്ചിരിക്കുന്ന നഗരവും കടാക്ഷിക്കണമേ; ഞങ്ങൾ ഞങ്ങളുടെ നീതിപ്രവൃത്തികളിൽ അല്ല, നിന്റെ മഹാകരുണയിൽ ആശ്രയിച്ചുകൊണ്ടത്രെ ഞങ്ങളുടെ യാചനകൾ തിരുസന്നിധിയിൽ ബോധിപ്പിക്കുന്നത്.19കർത്താവേ, കേൾക്കണമേ; കർത്താവേ, ക്ഷമിക്കണമേ; കർത്താവേ, ചെവിക്കൊണ്ട് പ്രവർത്തിക്കണമേ; എന്റെ ദൈവമേ, തിരുനാമം നിമിത്തം ഇനിയും താമസിക്കരുതേ; ഈ പട്ടണവും ഈ ജനവും നിന്റെ നാമത്താൽ വിളിക്കപ്പെട്ടിരിക്കുന്നുവല്ലോ.”

20ഇങ്ങനെ ഞാൻ പ്രാർത്ഥിക്കുകയും എന്റെ പാപവും എന്റെ ജനമായ യിസ്രായേലിന്റെ പാപവും ഏറ്റുപറയുകയും എന്റെ ദൈവത്തിന്റെ വിശുദ്ധപർവ്വതത്തിനു വേണ്ടി എന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ അപേക്ഷ കഴിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോൾ,21ഞാൻ പ്രാർത്ഥന കഴിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ, ആദിയിൽ ഞാൻ അത്യന്തം ക്ഷീണിച്ചിരുന്ന സമയം ദർശനത്തിൽ കണ്ട ഗബ്രീയേൽ എന്ന പുരുഷൻ ഏകദേശം സന്ധ്യായാഗത്തിന്റെ നേരത്ത് എന്നോട് അടുത്തുവന്നു.
22അവൻ വന്ന് എന്നോട് പറഞ്ഞതെന്തെന്നാൽ: “ദാനീയേലേ, നിനക്ക് ബുദ്ധി ഉപദേശിച്ചുതരേണ്ടതിന് ഞാൻ ഇപ്പോൾ വന്നിരിക്കുന്നു.23നീ ഏറ്റവും പ്രിയനാകയാൽ നിന്റെ യാചനകളുടെ ആരംഭത്തിൽ തന്നെ കല്പന പുറപ്പെട്ടു, നിന്നോട് അറിയിക്കുവാൻ ഞാൻ വന്നുമിരിക്കുന്നു; അതുകൊണ്ട് നീ കാര്യം ചിന്തിച്ച് ദർശനം ഗ്രഹിച്ചുകൊള്ളുക.
24അതിക്രമത്തിന് അവസാനം വരുത്തി പാപത്തിന് അറുതി വരുത്തുവാനും അകൃത്യത്തിന് പ്രായശ്ചിത്തം ചെയ്ത് നിത്യനീതി വരുത്തുവാനും, ദർശനവും പ്രവചനവും മുദ്രയിടുവാനും അതിപരിശുദ്ധമായത് അഭിഷേകം ചെയ്യുവാനും തക്കവിധം നിന്റെ ജനത്തിനും വിശുദ്ധനഗരത്തിനും എഴുപത് ആഴ്ചവട്ടം നിയമിച്ചിരിക്കുന്നു.25അതുകൊണ്ട് നീ അറിയുകയും ഗ്രഹിക്കുകയും ചെയ്യേണ്ടത് എന്തെന്നാൽ: യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിയുവാൻ കല്പന പുറപ്പെടുന്നതുമുതൽ അഭിഷിക്തനായ ഒരു പ്രഭു വരെ ഏഴ് ആഴ്ചവട്ടം; അറുപത്തിരണ്ട് ആഴ്ചവട്ടം കൊണ്ട് അതിനെ വീഥിയും കിടങ്ങുമായി, കഷ്ടകാലങ്ങളിൽ തന്നെ, വീണ്ടും പണിയും.
26അറുപത്തിരണ്ട് ആഴ്ചവട്ടം കഴിഞ്ഞ് അഭിഷിക്തൻ ഛേദിക്കപ്പെടും; അവന് ആരും ഇല്ലെന്നു വരും; പിന്നെ വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജ്ജനം നഗരത്തെയും വിശുദ്ധമന്ദിരത്തെയും നശിപ്പിക്കും; അവന്റെ അവസാനം ഒരു പ്രളയത്തോടെ ആയിരിക്കും; അവസാനത്തോളം യുദ്ധമുണ്ടാകും; ശൂന്യമാക്കുന്ന കാര്യങ്ങളും നിർണ്ണയിക്കപ്പെട്ടിരിക്കുന്നു.
27അവൻ ഒരു ആഴ്ചവട്ടത്തേക്ക് പലരോടും നിയമം ഉറപ്പാക്കും; ആഴ്ചവട്ടത്തിന്റെ മദ്ധ്യത്തിൽ അവൻ ഹനനയാഗവും ഭോജനയാഗവും നിർത്തലാക്കും; മ്ലേച്ഛതകളുടെ ചിറകിന്മേൽ ശൂന്യമാക്കുന്നവൻ വരും; നിർണ്ണയിക്കപ്പെട്ടിരിക്കുന്ന സമാപ്തിയോളം ശൂന്യമാക്കുന്നവന്റെ മേൽ കോപം ചൊരിയും.”

10

1പാർസിരാജാവായ കോരെശിന്റെ മൂന്നാം ആണ്ടിൽ, ബേല്ത്ത്ശസ്സർ എന്നു പേരുള്ള ദാനീയേലിന് ഒരു കാര്യം വെളിപ്പെട്ടു; സത്യമായ ആ ദർശനം മഹാകഷ്ടകരമായിരുന്നു; അവൻ ആ ദർശനം ഗ്രഹിച്ചു; അതിന്റെ സന്ദേശത്തിൽ ശ്രദ്ധവച്ചു.

2ആ കാലത്ത് ദാനീയേൽ എന്ന ഞാൻ മൂന്ന് ആഴ്ച മുഴുവനും ദുഃഖിച്ചുകൊണ്ടിരുന്നു.3മൂന്ന് ആഴ്ച കഴിയുവോളം ഞാൻ സ്വാദുഭോജനം ഭക്ഷിക്കുകയോ മാംസവും വീഞ്ഞും ആസ്വദിക്കുകയോ ചെയ്തില്ല; എണ്ണ തേച്ചുമില്ല.
4എന്നാൽ ഒന്നാം മാസം ഇരുപത്തിനാലാം തീയതി ഞാൻ ഹിദ്ദേക്കൽ എന്ന മഹാ നദീതീരത്ത് ഇരിക്കുമ്പോൾ തലപൊക്കി നോക്കി.5അപ്പോൾ ശണവസ്ത്രം ധരിച്ചും അരയ്ക്ക് ഊഫാസ് തങ്കംകൊണ്ടുള്ള കച്ച കെട്ടിയും ഇരിക്കുന്ന ഒരു പുരുഷനെ കണ്ടു.6അവന്റെ ദേഹം ഗോമേദകം പോലെയും മുഖം മിന്നൽ പ്രകാശം പോലെയും കണ്ണ് തീപ്പന്തം പോലെയും ഭുജങ്ങളും കാലുകളും മിനുക്കിയ താമ്രത്തിന്റെ വർണ്ണം പോലെയും അവന്റെ വാക്കുകളുടെ ശബ്ദം ഒരു പുരുഷാരത്തിന്റെ ആരവം പോലെയും ആയിരുന്നു.
7ദാനീയേൽ എന്ന ഞാൻ മാത്രം ഈ ദർശനം കണ്ടു; എന്നോടുകൂടി ഉണ്ടായിരുന്ന ആളുകൾ ദർശനം കണ്ടില്ല; എങ്കിലും ഒരു മഹാസംഭ്രമം അവർക്കുണ്ടായിട്ട് അവർ ഓടിയൊളിച്ചു.8അങ്ങനെ ഞാൻ തനിയെ ഇരുന്ന് ഞാൻ ഈ മഹാദർശനം കണ്ടു; എന്നിൽ ഒട്ടും ബലം ശേഷിച്ചിരുന്നില്ല; എന്റെ മുഖശോഭ ക്ഷയിച്ചുപോയി; എനിക്ക് ഒട്ടും ബലം ഇല്ലാതെയും ആയി.9എന്നാൽ ഞാൻ അവന്റെ വാക്കുകളുടെ ശബ്ദം കേട്ടു; അവന്റെ വാക്കുകളുടെ ശബ്ദം കേട്ടപ്പോൾ ഞാൻ ബോധരഹിതനായി നിലത്ത് കവിണ്ണുവീണു.
10പെട്ടെന്ന് ഒരു കൈ എന്നെ തൊട്ടു, എന്നെ മുഴങ്കാലും ഉള്ളങ്കയ്യും ഊന്നി വിറയലോടെ നില്ക്കുമാറാക്കി.11അവൻ എന്നോട്: “ഏറ്റവും പ്രിയപുരുഷനായ ദാനീയേലേ, ഞാൻ നിന്നോട് പറയുന്ന വചനങ്ങൾ ശ്രദ്ധിച്ച് നിവിർന്നുനില്ക്കുക; ഞാൻ ഇപ്പോൾ നിന്റെ അടുക്കൽ അയയ്ക്കപ്പെട്ടിരിക്കുന്നു” എന്ന് പറഞ്ഞു; അവൻ ഈ വാക്കുകൾ എന്നോട് സംസാരിച്ചപ്പോൾ ഞാൻ വിറച്ചുകൊണ്ട് നിവിർന്നു നിന്നു.
12അവൻ എന്നോട് പറഞ്ഞത്: “ദാനീയേലേ, ഭയപ്പെടേണ്ടാ; നീ തിരിച്ചറിയേണ്ടതിനും, നിന്റെ ദൈവത്തിന്റെ മുമ്പാകെ നിന്നെത്തന്നെ താഴ്ത്തേണ്ടതിനും മനസ്സുവച്ച ആദ്യദിവസം മുതൽ നിന്റെ വാക്കുകൾ കേട്ടിരിക്കുന്നു; നിന്റെ വാക്കുകൾ ഹേതുവായി തന്നെ ഞാൻ വന്നിരിക്കുന്നു.13പാർസിരാജ്യത്തിന്റെ പ്രഭു ഇരുപത്തൊന്നു ദിവസം എന്നോട് എതിർത്തുനിന്നു; എങ്കിലും പ്രധാന പ്രഭുക്കന്മാരിൽ ഒരുവനായ മീഖായേൽ എന്നെ സഹായിക്കുവാൻ വന്നു; അവനെ ഞാൻ പാർസിരാജാക്കന്മാരോടുകൂടി അവിടെ വിട്ടേച്ച്,
14നിന്റെ ജനത്തിന് ഭാവികാലത്ത് സംഭവിക്കുവാനുള്ളത് നിന്നെ ഗ്രഹിപ്പിക്കേണ്ടതിന് ഇപ്പോൾ വന്നിരിക്കുന്നു; ദർശനം ഇനിയും ബഹുകാലത്തേക്കുള്ളതാകുന്നു.”15അവൻ ഈ വാക്കുകൾ എന്നോട് സംസാരിക്കുമ്പോൾ ഞാൻ മുഖം കുനിച്ച് ഊമനായിത്തീർന്നു.
16അപ്പോൾ മനുഷ്യരോടു സദൃശനായ ഒരുവൻ എന്റെ അധരങ്ങളെ തൊട്ടു; ഉടൻ ഞാൻ വായ്തുറന്ന് സംസാരിച്ചു; എന്റെ മുമ്പിൽ നിന്നവനോട്: “യജമാനനേ, ഈ ദർശനംനിമിത്തം എനിക്ക് അതിവേദന പിടിപെട്ട്, ശക്തിയില്ലാതെ ആയിരിക്കുന്നു.17അടിയന് യജമാനനോട് സംസാരിക്കുവാൻ എങ്ങനെ കഴിയും? എനിക്ക് പെട്ടെന്ന് ശക്തിയില്ലാതെയായി; ശ്വാസവും ശേഷിച്ചിരിപ്പില്ല” എന്ന് പറഞ്ഞു.
18അപ്പോൾ മനുഷ്യസാദൃശ്യത്തിലുള്ളവൻ പിന്നെയും വന്ന് എന്നെ തൊട്ട് ബലപ്പെടുത്തി:19“ഏറ്റവും പ്രിയപുരുഷാ, ഭയപ്പെടേണ്ടാ; നിനക്ക് സമാധാനം! ബലപ്പെട്ടിരിക്കുക, ബലപ്പെട്ടിരിക്കുക” എന്ന് പറഞ്ഞു; അവൻ എന്നോട് സംസാരിച്ചപ്പോൾ ഞാൻ ബലപ്പെട്ടു: “യജമാനനേ, സംസാരിക്കണമേ; നീ എന്നെ ബലപ്പെടുത്തിയിരിക്കുന്നുവല്ലോ” എന്ന് പറഞ്ഞു.
20അതിന് അവൻ എന്നോട് പറഞ്ഞത്: “ഞാൻ നിന്റെ അടുക്കൽ വന്നിരിക്കുന്നത് എന്തിനെന്ന് നീ അറിയുന്നുവോ? ഞാൻ ഇപ്പോൾ പാർസിപ്രഭുവിനോട് യുദ്ധംചെയ്യുവാൻ മടങ്ങിപ്പോകും; ഞാൻ പുറപ്പെട്ട ശേഷമോ, യവനപ്രഭു വരും.21എന്നാൽ സത്യഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നത് ഞാൻ നിന്നെ അറിയിക്കാം: നിങ്ങളുടെ പ്രഭുവായ മീഖായേൽ അല്ലാതെ ഈ കാര്യങ്ങളിൽ എന്നോടുകൂടി ഉറച്ചുനില്ക്കുന്നവൻ ആരും ഇല്ല. ”

11

1ഞാനോ മേദ്യനായ ദാര്യാവേശിന്റെ ഒന്നാം ആണ്ടിൽ അവനെ ഉറപ്പിക്കുവാനും ബലപ്പെടുത്തുവാനും എഴുന്നേറ്റ് നിന്നു.2ഇപ്പോൾ, ഞാൻ നിന്നോട് സത്യം അറിയിക്കാം: പാർസിദേശത്ത് ഇനി മൂന്നു രാജാക്കന്മാർ എഴുന്നേല്ക്കും; നാലാമത്തവൻ എല്ലാവരിലും അധികം ധനവാനായിരിക്കും; അവൻ ധനം കൊണ്ട് ശക്തിപ്പെട്ടുവരുമ്പോൾ എല്ലാവരെയും യവനരാജ്യത്തിന് നേരെ ഇളക്കിവിടും.

3പിന്നെ ശക്തനായ ഒരു രാജാവ് എഴുന്നേല്ക്കും; അവൻ വലിയ അധികാരത്തോടെ വാണ്, തന്റെ ഇഷ്ടംപോലെ പ്രവർത്തിക്കും.4അവൻ ഭരിക്കുമ്പോൾ തന്നെ, അവന്റെ രാജ്യം തകർന്ന്, ആകാശത്തിലെ നാലു കാറ്റിലേക്കും വിഭജിച്ചു പോകും; അത് അവന്റെ സന്തതിക്ക് ലഭിക്കുകയില്ല, അവൻ ഭരിച്ചിരുന്ന പ്രകാരവുമല്ല, അവന്റെ രാജത്വം നിർമ്മൂലമായി, അന്യാധീനമാകും.
5എന്നാൽ തെക്കെദേശത്തിലെ രാജാവ് പ്രാബല്യം പ്രാപിക്കും; അവന്റെ പ്രഭുക്കന്മാരിൽ ഒരുത്തൻ അവനെക്കാൾ പ്രബലനായി വാഴും; അവന്റെ ആധിപത്യം മഹാധിപത്യമായിത്തീരും.6കുറെക്കാലം കഴിഞ്ഞ് അവർ തമ്മിൽ യോജിക്കും; തെക്കെദേശത്തെ രാജാവിന്റെ മകൾ വടക്കെദേശത്തെ രാജാവിന്റെ അടുക്കൽ ഉടമ്പടി ചെയ്യുവാൻ വരും; എങ്കിലും ആ ഉടമ്പടി നിലനില്ക്കുകയില്ല; അവനും അവന്റെ ശക്തിയും നിലനിൽക്കുകയില്ല; അവളും അവളെ കൊണ്ടുചെന്നവരും അവളുടെ ജനകനും അവളെ തുണച്ചവനും ഉപേക്ഷിക്കപ്പെടും.
7എന്നാൽ അവന് പകരം അവളുടെ വേരിൽനിന്ന് മുളച്ച തൈയായ ഒരുവൻ എഴുന്നേല്ക്കും; അവൻ ബലം പ്രാപിച്ച് വടക്കെദേശത്തെ രാജാവിന്റെ കോട്ടയിൽ കടന്ന് അവരെ എതിരിട്ട് ജയിക്കും.8അവരുടെ ദേവന്മാരെയും ബിംബങ്ങളെയും വെള്ളി, പൊന്ന് ഇവ കൊണ്ടുള്ള മനോഹരവസ്തുക്കളെയും അവൻ എടുത്ത് ഈജിപ്റ്റിലേക്ക് കൊണ്ടുപോകും; പിന്നെ അവൻ കുറെ സംവത്സരങ്ങൾ വടക്കെദേശത്തെ രാജാവിനോട് പൊരുതാതെയിരിക്കും.9അവൻ തെക്കെ ദേശത്തെ രാജാവിന്റെ രാജ്യത്തേക്ക് ചെന്നിട്ട്, സ്വദേശത്തേക്ക് മടങ്ങിപ്പോകും.
10അവന്റെ പുത്രന്മാർ വീണ്ടും യുദ്ധം ആരംഭിക്കുകയും ബഹുപുരുഷാരം അടങ്ങിയ മഹാസൈന്യങ്ങളെ ശേഖരിക്കുകയും ചെയ്യും; ആ സൈന്യങ്ങൾ വന്ന് കവിഞ്ഞ് കടന്നുപോകും; പിന്നെ അവൻ മടങ്ങിച്ചെന്ന് അവന്റെ കോട്ടവരെ യുദ്ധം ചെയ്യും
11അപ്പോൾ തെക്കെദേശത്തെ രാജാവ് ദ്വേഷ്യം പൂണ്ട് പുറപ്പെട്ട് വടക്കെദേശത്തെ രാജാവിനോട് യുദ്ധം ചെയ്യും; അവൻ വലിയ ഒരു സമൂഹത്തെ അണിനിരത്തും; എന്നാൽ ആ സമൂഹം മറ്റവന്റെ കയ്യിൽ ഏല്പിക്കപ്പെടും.12ആ ജനസമൂഹം വീണുപോകും; അവന്റെ ഹൃദയം ഗർവ്വിച്ച്, അവൻ പതിനായിരക്കണക്കിന് ജനത്തെ വീഴിക്കും; എങ്കിലും അവൻ പ്രബലനായിത്തീരുകയില്ല.
13വടക്കെദേശത്തെ രാജാവ് മടങ്ങിവന്ന്, മുമ്പത്തെക്കാൾ വലിയ ജനസമൂഹത്തെ അണിനിരത്തും; ചില സംവത്സരങ്ങൾ കഴിഞ്ഞ് അവൻ വലിയൊരു സൈന്യത്തോടും വളരെ സമ്പത്തോടുംകൂടി വരും.
14ആ കാലത്ത് പലരും തെക്കെദേശത്തെ രാജാവിന്റെ നേരെ എഴുന്നേല്ക്കും; നിന്റെ ജനത്തിലെ അക്രമികൾ ദർശന നിവർത്തിക്കായി മത്സരിക്കും; എങ്കിലും അവർ ഇടറിവീഴും.
15എന്നാൽ വടക്കെദേശത്തെ രാജാവ് വന്ന് അതിർത്തി ഉറപ്പിച്ചിട്ടുള്ള പട്ടണങ്ങൾ പിടിച്ചടക്കും; തെക്കെപടക്കൂട്ടങ്ങളും അവന്റെ വീരന്മാരായ പടയാളികളും ഉറച്ചുനില്ക്കുകയില്ല; ഉറച്ചുനില്ക്കുവാൻ അവർക്ക് ശക്തിയുണ്ടാകുകയുമില്ല.16അവന്റെ നേരെ വരുന്നവൻ ഇഷ്ടംപോലെ പ്രവർത്തിക്കും. ആരും അവന്റെ മുമ്പാകെ നില്ക്കുകയില്ല; നാശം വിതയ്ക്കുവാനുള്ള ശക്തിയുമായി അവൻ മനോഹരദേശത്തു നില്ക്കും.
17അവൻ തന്റെ രാജ്യത്തിന്റെ സർവ്വ ശക്തിയോടുംകൂടി വരുവാൻ താത്പര്യപ്പെടും; എന്നാൽ അവൻ അവനോട് ഒരു ഉടമ്പടി ചെയ്ത്, അവന്റെ നാശത്തിനായി തന്റെ മകളെ ഭാര്യയായി കൊടുക്കും; എങ്കിലും അവൾ അവനോടൊപ്പം നില്ക്കുകയില്ല; അവന് സ്വന്തമായി ഇരിക്കുകയുമില്ല.18പിന്നെ അവൻ തീരദേശങ്ങളിലേക്ക് മുഖം തിരിച്ച് പലതും പിടിച്ചടക്കും; എന്നാൽ അവൻ കാണിച്ച നിന്ദ ഒരു അധിപതി നിർത്തലാക്കും; അത്രയുമല്ല, അവന്റെ നിന്ദ അവന്റെമേൽ തന്നെ വരുത്തും.19പിന്നെ അവൻ സ്വദേശത്തെ കോട്ടകളുടെ നേരെ മുഖം തിരിക്കും; എങ്കിലും അവൻ ഇടറിവീണ്, ഇല്ലാതെയാകും;
20അവന് പകരം എഴുന്നേല്ക്കുന്നവൻ തന്റെ രാജ്യത്തിന്റെ മഹത്വത്തിനായി നികുതി പിരിക്കുവാൻ ഒരു അപഹാരിയെ അയയ്ക്കും; എങ്കിലും കുറെ ദിവസത്തിനുള്ളിൽ അവൻ സംഹരിക്കപ്പെടും. കോപത്താലല്ല, യുദ്ധത്താലുമല്ല.21അവന് പകരം നിന്ദ്യനായ ഒരുവൻ എഴുന്നേല്ക്കും; അവന് അവർ രാജത്വത്തിന്റെ പദവി കൊടുക്കുവാൻ വിചാരിച്ചിരുന്നില്ല; എങ്കിലും അവൻ സമാധാനകാലത്ത് വന്ന് ഉപായത്താൽ രാജത്വം കൈവശമാക്കും.22പ്രളയം പോലെ വരുന്ന സൈന്യങ്ങളും ഉടമ്പടി ചെയ്ത പ്രഭുവും അവന്റെ മുമ്പിൽ പ്രവാഹം പോലെ വന്ന് തകർന്നുപോകും.
23ആരെങ്കിലും അവനോട് സഖ്യത ചെയ്താൽ അവൻ വഞ്ചന പ്രവർത്തിക്കും; അവൻ ചെറിയ ഒരു പടക്കൂട്ടവുമായി വന്ന് ജയംപ്രാപിക്കും.24അവൻ സമാധാനകാലത്തു തന്നെ സംസ്ഥാനത്തെ സമ്പന്നമായ സ്ഥലങ്ങളിൽ വന്ന്, തന്റെ പിതാക്കന്മാരോ പിതാമഹന്മാരോ ഒരുനാളും ചെയ്യാത്തത് ചെയ്യും; അവൻ കവർച്ചയും കൊള്ളയും സമ്പത്തും അവർക്ക് വാരി വിതറിക്കൊടുക്കും; അവൻ കോട്ടകളുടെ നേരെ ഉപായം പ്രയോഗിക്കും; എന്നാൽ ഇത് അല്പകാലത്തേക്കു മാത്രമായിരിക്കും.
25അവൻ ഒരു മഹാസൈന്യത്തോടുകൂടി തെക്കെദേശത്തെ രാജാവിന്റെ നേരെ തന്റെ ശക്തിയും ധൈര്യവും പ്രയോഗിക്കും; തെക്കെദേശത്തെ രാജാവും ഏറ്റവും വലിയതും ശക്തിയേറിയതുമായ സൈന്യത്തോടുകൂടി യുദ്ധത്തിന് പുറപ്പെടും; എങ്കിലും അവർ അവന്റെ നേരെ ഉപായം പ്രയോഗിക്കുകകൊണ്ട് അവന് ഉറച്ചുനില്ക്കുവാൻ കഴിയുകയില്ല.26അവന്റെ സ്വാദുഭോജനം ആസ്വദിക്കുന്നവർ തന്നെ അവനെ നശിപ്പിക്കും; അവന്റെ സൈന്യം ഒഴുകിപ്പോകും; അനേകം പേർ നിഹതന്മാരായി വീഴും.27ഈ രാജാക്കന്മാർ ഇരുവരും ദുഷ്ടത പ്രവർത്തിക്കുവാൻ ഭാവിച്ചുകൊണ്ട് ഒരു മേശയ്ക്കു ചുറ്റുമിരുന്ന് ഭോഷ്ക് സംസാരിക്കും; എങ്കിലും അവരുടെ ആഗ്രഹം സാധിക്കുകയില്ല; നിയമിക്കപ്പെട്ട സമയത്തു മാത്രമെ അവസാനം വരുകയുള്ളു.
28പിന്നെ അവൻ വളരെ സമ്പത്തോടുകൂടി സ്വദേശത്തേക്ക് മടങ്ങിപ്പോകും; അവൻ വിശുദ്ധനിയമത്തിന് വിരോധമായി ചിന്തിക്കുകയും, അതനുസരിച്ച് നാശം വിതച്ച് സ്വദേശത്തേക്ക് മടങ്ങിപ്പോകുകയും ചെയ്യും.
29നിയമിക്കപ്പെട്ട കാലത്ത് അവൻ വീണ്ടും തെക്കോട്ടു വരും; എങ്കിലും ഈ പ്രാവശ്യം മുമ്പത്തെപ്പോലെ കാര്യങ്ങൾ സാദ്ധ്യമാകുകയില്ല.30കിത്തീംകപ്പലുകൾ അവന്റെ നേരെ വരും; അതുകൊണ്ട് അവൻ വ്യസനിച്ച് മടങ്ങിച്ചെന്ന്, വിശുദ്ധനിയമത്തിനു വിരോധമായി ക്രുദ്ധിച്ച് പ്രവർത്തിക്കും; അവൻ മടങ്ങിച്ചെന്ന് വിശുദ്ധനിയമം ഉപേക്ഷിക്കുന്നവരെ ആദരിക്കും.
31അവൻ അയച്ച സൈന്യങ്ങൾ അണിനിരന്ന്, വിശുദ്ധമന്ദിരവും കോട്ടയും അശുദ്ധമാക്കി, നിരന്തരഹോമം നിർത്തൽചെയ്ത്, ശൂന്യമാക്കുന്ന മ്ലേച്ഛബിംബം പ്രതിഷ്ഠിക്കും.32നിയമലംഘികളായി ദുഷ്ടത പ്രവർത്തിക്കുന്നവരെ അവൻ ഉപായംകൊണ്ട് വഷളാക്കും; എങ്കിലും തങ്ങളുടെ ദൈവത്തെ അറിയുന്ന ജനം ഉറച്ചുനിന്ന് വീര്യം പ്രവർത്തിക്കും.
33ജനത്തിലെ ബുദ്ധിമാന്മാരായവർ മറ്റുപലർക്കും ബോധം വരുത്തും; എങ്കിലും കുറെക്കാലത്തേക്ക് അവർ വാളുകൊണ്ടും തീകൊണ്ടും പ്രവാസംകൊണ്ടും കവർച്ചകൊണ്ടും ഇടറിവീണുകൊണ്ടിരിക്കും;34ഇടറിവീഴുമ്പോൾ അവർക്ക് അല്പം സഹായവും രക്ഷയും ലഭിക്കും; പലരും കപടഭാവത്തോടെ അവരോട് ചേർന്നുനിൽക്കും.35എന്നാൽ അവസാനം വരെ അവരിൽ ശോധനയും ശുദ്ധീകരണവും നിർമ്മലീകരണവും നടക്കേണ്ടതിന് ബുദ്ധിമാന്മാരിൽ ചിലർ വീഴും; നിശ്ചയിക്കപ്പെട്ടകാലത്തു മാത്രം അവസാനം വരും.
36രാജാവോ,സ്വന്തഇഷ്ടംപോലെ പ്രവർത്തിക്കും; അവൻ തന്നെത്താൻ ഉയർത്തി, ഏതു ദേവനും മേലായി സ്വയം മഹത്ത്വീകരിക്കുകയും ദൈവാധിദൈവത്തിന്റെ നേരെ ദൂഷണവചനങ്ങൾ സംസാരിക്കുകയും ദൈവക്രോധം ചൊരിയുവോളം അവന് ഇതെല്ലാം സാധിക്കുകയും ചെയ്യും; നിർണ്ണയിക്കപ്പെട്ടിരിക്കുന്നത് സംഭവിക്കുമല്ലോ.37അവൻ എല്ലാറ്റിനും മീതെ തന്നെത്താൻ മഹത്ത്വീകരിക്കുകയാൽ, തന്റെ പിതാക്കന്മാരുടെ ദേവന്മാരെയും സ്ത്രീകളുടെ ഇഷ്ടദേവനെയും മറ്റു യാതൊരു ദേവനെയും കൂട്ടാക്കുകയില്ല.
38അതിനു പകരം അവൻ കോട്ടകളുടെ ദേവനെ ബഹുമാനിക്കും; അവന്റെ പിതാക്കന്മാർ അറിയാത്ത ആ ദേവനെ അവൻ പൊന്നു കൊണ്ടും വെള്ളികൊണ്ടും രത്നങ്ങൾകൊണ്ടും മനോഹരവസ്തുക്കൾകൊണ്ടും ബഹുമാനിക്കും.39അവൻ അന്യദേവനെ ആരാധിക്കുന്ന ഒരു ജനത്തെ, കോട്ടകളുടെ കൊത്തളങ്ങളിന്മേൽ ആക്കിവയ്ക്കും; അവനെ അംഗീകരിക്കുന്നവർക്ക് അവൻ മഹത്ത്വം വർദ്ധിപ്പിക്കും; അവൻ അവരെ അധിപതികളാക്കി ദേശം പ്രതിഫലമായി അവർക്ക് വിഭാഗിച്ചുകൊടുക്കും.
40അന്ത്യകാലത്ത് തെക്കെദേശത്തെ രാജാവ് അവനെ ആക്രമിക്കും; വടക്കെ ദേശത്തെ രാജാവ് രഥങ്ങളോടും കുതിരച്ചേവകരോടും വളരെ കപ്പലുകളോടും കൂടി ചുഴലിക്കാറ്റുപോലെ അവന്റെ നേരെ വരും; അവൻ രാജ്യങ്ങളിലേക്ക് കടക്കുകയും പെരുവെള്ളം പോലെ കവിഞ്ഞ് പോകുകയും ചെയ്യും;41അവൻ മനോഹരദേശത്തും കടക്കും; പതിനായിരക്കണക്കിന് ആളുകൾ ഇടറിവീഴും; എങ്കിലും എദോമും മോവാബും അമ്മോന്യശ്രേഷ്ഠന്മാരും അവന്റെ കൈയിൽനിന്ന് വഴുതിപ്പോകും.
42അവൻ രാജ്യങ്ങളുടെ നേരെ കൈ നീട്ടും; ഈജിപ്റ്റ്ദേശവും അവന്റെ കൈയിൽനിന്ന് ഒഴിഞ്ഞുപോകുകയില്ല.43അവൻ പൊന്ന് വെള്ളി എന്നീ നിക്ഷേപങ്ങളും ഈജിപ്റ്റിലെ മനോഹര വസ്തുക്കളും കൈവശമാക്കും; ലൂബ്യരും കൂശ്യരും അവന്റെ പിന്നാലെ വരും.
44എന്നാൽ കിഴക്കുനിന്നും വടക്കുനിന്നും ഉള്ള വർത്തമാനങ്ങളാൽ അവൻ പരവശനാകും; അതുമൂലം അവൻ പലരെയും നശിപ്പിച്ച് നിർമ്മൂലമാക്കേണ്ടതിന് മഹാക്രോധത്തോടെ പുറപ്പെടും.45പിന്നെ അവൻ സമുദ്രത്തിനും മഹത്ത്വപൂർണ്ണമായ വിശുദ്ധപർവ്വതത്തിനും മദ്ധ്യത്തിൽ കൂടാരം അടിക്കും; അവിടെ അവൻ അന്തരിക്കും; ആരും അവനെ രക്ഷിക്കുകയുമില്ല.”

12

1ആ കാലത്ത് നിന്റെ സ്വന്ത ജനത്തിന് തുണനില്ക്കുന്ന മഹാപ്രഭുവായ മീഖായേൽ എഴുന്നേല്ക്കും; ഒരു ജനത ഉണ്ടായതുമുതൽ ഈ കാലം വരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടകാലം ഉണ്ടാകും; അന്ന് നിന്റെ ജനം, പുസ്തകത്തിൽ പേരെഴുതിക്കാണുന്ന ഏവനും തന്നെ, വിടുവിക്കപ്പെടും.2നിലത്തെ പൊടിയിൽ നിദ്രകൊള്ളുന്നവരിൽ പലരും അന്ന് ഉണരും. ചിലർ നിത്യജീവനായും ചിലർ ലജ്ജയ്ക്കും നിത്യനിന്ദയ്ക്കുമായും ഉണരും.

3എന്നാൽ ബുദ്ധിമാന്മാർ ആകാശമണ്ഡലത്തിന്റെ പ്രഭ പോലെയും അനേകരെ നീതിയിലേക്ക് തിരിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നും എന്നേക്കും പ്രകാശിക്കും.4നീയോ ദാനീയേലേ, അന്ത്യകാലംവരെ ഈ വചനങ്ങൾ അടച്ചുവയ്ക്കുവാൻ പുസ്തകത്തിന് മുദ്രയിടുക; പലരും അത് സമൂലം പരിശോധിക്കുകയും ജ്ഞാനം വർദ്ധിക്കുകയും ചെയ്യും.
5അനന്തരം ദാനീയേലെന്ന ഞാൻ നോക്കിയപ്പോൾ, വേറെ രണ്ടുപേർ, ഒരുവൻ നദീതീരത്ത് ഇക്കരെയും മറ്റവൻ നദീതീരത്ത് അക്കരെയും നില്ക്കുന്നത് കണ്ടു.6എന്നാൽ അതിൽ ഒരുവൻ, നദിയിലെ വെള്ളത്തിന്മീതെ ശണവസ്ത്രം ധരിച്ച് നില്ക്കുന്ന പുരുഷനോട്: “ഈ അതിശയകാര്യങ്ങളുടെ അവസാനം എപ്പോൾ വരും” എന്ന് ചോദിച്ചു.
7ശണവസ്ത്രം ധരിച്ച് നദിയിലെ വെള്ളത്തിന്മീതെ നില്ക്കുന്ന പുരുഷൻ വലങ്കയ്യും ഇടങ്കയ്യും സ്വർഗ്ഗത്തേക്കുയർത്തി: “എന്നേക്കും ജീവിച്ചിരിക്കുന്നവനാണ, ഇനി കാലവും കാലങ്ങളും കാലാർദ്ധവും കഴിയും; അവർ വിശുദ്ധജനത്തിന്റെ ബലം തകർത്തുകളഞ്ഞ ശേഷം ഈ കാര്യങ്ങൾ സകലവും നിവൃത്തിയാകും” എന്നിങ്ങനെ സത്യം ചെയ്യുന്നത് ഞാൻ കേട്ടു.
8ഞാൻ കേട്ടു എങ്കിലും ഗ്രഹിച്ചില്ല; ആകയാൽ ഞാൻ: “യജമാനനേ, ഈ കാര്യങ്ങളുടെ അവസാനം എന്തായിരിക്കും” എന്ന് ചോദിച്ചു.9അതിന് അവൻ ഉത്തരം പറഞ്ഞത്: ദാനീയേലേ, പൊയ്ക്കൊള്ളുക; ഈ വചനങ്ങൾ അന്ത്യകാലത്തേക്ക് അടയ്ക്കപ്പെട്ടും മുദ്രയിട്ടും ഇരിക്കുന്നു.
10പലരും തങ്ങളെ ശുദ്ധീകരിച്ച് നിർമ്മലീകരിച്ച് ശോധനകഴിക്കും; ദുഷ്ടന്മാരോ, ദുഷ്ടത പ്രവർത്തിക്കും; ദുഷ്ടന്മാരിൽ ആരും അത് തിരിച്ചറിയുകയില്ല; ബുദ്ധിമാന്മാരോ ഗ്രഹിക്കും.11നിരന്തരഹോമയാഗം നിർത്തലാക്കുകയും ശൂന്യമാക്കുന്ന മ്ലേച്ഛബിംബത്തെ പ്രതിഷ്ഠിക്കുകയും ചെയ്യുന്ന സമയം മുതൽ ആയിരത്തിഇരുനൂറ്റിത്തൊണ്ണൂറു ദിവസം കഴിയും.
12ആയിരത്തി മുന്നൂറ്റിമുപ്പത്തിയഞ്ച് ദിവസത്തോളം കാത്തിരുന്ന് അവസാനം വരെ ജീവിച്ചിരിക്കുന്നവൻ ഭാഗ്യവാൻ.13നീയോ അവസാനം വരുവോളം പൊയ്ക്കൊള്ളുക; നീ വിശ്രമിച്ച് കാലാവസാനത്തിൽ നിന്റെ ഓഹരി ലഭിക്കുവാൻ എഴുന്നേറ്റുവരും.

ഹോശേയ

1

1ഉസ്സീയാവ്, യോഥാം, ആഹാസ്, ഹിസ്കീയാവ് എന്നീ യെഹൂദാരാജാക്കന്മാരുടെ കാലത്തും യിസ്രായേൽരാജാവായ യോവാശിന്റെ മകൻ യൊരോബെയാമിന്റെ കാലത്തും ബെയേരിയുടെ മകനായ ഹോശേയയ്ക്ക് ഉണ്ടായ യഹോവയുടെ അരുളപ്പാട്.2യഹോവ ഹോശേയ മുഖാന്തരം സംസാരിച്ചുതുടങ്ങിയപ്പോൾ, യഹോവ ഹോശേയയോട്: “നീ ചെന്ന് പരസംഗം ചെയ്യുന്ന ഒരു ഭാര്യയെയും പരസംഗത്തിൽ ജനിച്ച മക്കളെയും എടുക്കുക; ദേശം യഹോവയെ വിട്ടുമാറി കഠിന പരസംഗം ചെയ്തിരിക്കുന്നുവല്ലോ” എന്ന് കല്പിച്ചു.

3അങ്ങനെ അവൻ ചെന്ന് ദിബ്ലയീമിന്റെ മകളായ ഗോമരിനെ പരിഗ്രഹിച്ചു; അവൾ ഗർഭം ധരിച്ച് അവന് ഒരു മകനെ പ്രസവിച്ചു.4യഹോവ അവനോട്: “അവന് യിസ്രായേൽ(ദൈവം വിതയ്ക്കും) എന്ന് പേര് വിളിക്കണം; ഇനി കുറെക്കാലം കഴിഞ്ഞിട്ടു ഞാൻ യിസ്രായേലിന്റെ രക്തപാതകങ്ങൾ യേഹൂഗൃഹത്തെ സന്ദർശിച്ച് യിസ്രായേൽഗൃഹത്തിന്റെ രാജത്വം അവസാനിപ്പിക്കും;5അന്നാളിൽ ഞാൻ യിസ്രായേൽ താഴ്വരയിൽവച്ച് യിസ്രായേലിന്റെ വില്ല് ഒടിച്ചുകളയും” എന്ന് അരുളിച്ചെയ്തു.
6അവൾ പിന്നെയും ഗർഭംധരിച്ച് ഒരു മകളെ പ്രസവിച്ചു. യഹോവ അവനോട്: “അവൾക്കു ലോരൂഹമാ (കരുണ ലഭിക്കാത്തവൾ) എന്ന് പേര് വിളിക്കണം; ഞാൻ ഇനി യിസ്രായേൽഗൃഹത്തോട് ക്ഷമിക്കുവാൻ തക്കവണ്ണം അവരോട് ഒട്ടും കരുണ കാണിക്കുകയില്ല.7എന്നാൽ യെഹൂദാഗൃഹത്തോട് ഞാൻ കരുണ കാണിച്ച്, അവരെ വില്ലുകൊണ്ടോ വാൾകൊണ്ടോ യുദ്ധംകൊണ്ടോ കുതിരകളെക്കൊണ്ടോ കുതിരപ്പടയാളികളെക്കൊണ്ടോ രക്ഷിക്കാതെ അവരുടെ ദൈവമായ യഹോവയെക്കൊണ്ട് അവരെ രക്ഷിക്കും” എന്ന് അരുളിച്ചെയ്തു.
8അവൾ ലോരൂഹമയെ മുലകുടി മാറ്റിയശേഷം വീണ്ടും ഗർഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു.9അപ്പോൾ യഹോവ: “അവന് ലോ-അമ്മീ (എന്റെ ജനമല്ല) എന്ന് പേര് വിളിക്കണം; നിങ്ങൾ എന്റെ ജനമല്ല, ഞാൻ നിങ്ങൾക്ക് ദൈവമായിരിക്കുകയുമില്ല” എന്ന് അരുളിച്ചെയ്തു.
10എങ്കിലും യിസ്രായേൽമക്കളുടെ എണ്ണം അളക്കുവാനും എണ്ണുവാനും കഴിയാത്ത കടല്ക്കരയിലെ മണൽ പോലെയായിരിക്കും; ‘നിങ്ങൾ എന്റെ ജനമല്ല’ എന്ന് അവരോട് അരുളിച്ചെയ്തതിനു പകരം ‘നിങ്ങൾ ജീവനുള്ള ദൈവത്തിന്റെ മക്കൾ’ എന്ന് അവരോട് പറയും.11യെഹൂദാമക്കളും യിസ്രായേൽമക്കളും ഒന്നിച്ചുകൂടി തങ്ങൾക്കു ഒരു തലവനെ നിയമിച്ച് ദേശത്തുനിന്ന് പുറപ്പെട്ടുപോകും; യിസ്രായേലിന്റെ നാൾ വലുതായിരിക്കുമല്ലോ.

2

1നിങ്ങളുടെ സഹോദരന്മാർക്ക് അമ്മീ (എന്റെ ജനം) എന്നും നിങ്ങളുടെ സഹോദരിമാർക്ക് രൂഹമാ (കരുണ ലഭിച്ചവൾ) എന്നും പേര് വിളിക്കുവിൻ.

2വ്യവഹരിക്കുവിൻ; നിങ്ങളുടെ അമ്മയോട് വ്യവഹരിക്കുവിൻ; അവൾ എന്റെ ഭാര്യയല്ല, ഞാൻ അവളുടെ ഭർത്താവുമല്ല; അവൾ പരസംഗം മുഖത്തുനിന്നും വ്യഭിചാരം മാറിടത്തിൽ നിന്നും നീക്കിക്കളയട്ടെ.3അല്ലെങ്കിൽ ഞാൻ അവളെ വസ്ത്രം അഴിച്ച് നഗ്നയാക്കി, ജനിച്ച ദിവസത്തിലെന്നപോലെ നിർത്തുകയും അവളെ മരുഭൂമിയും വരണ്ട നിലവും പോലെ ആക്കി, ദാഹംകൊണ്ട് മരിപ്പിക്കുകയും ചെയ്യും.
4ഞാൻ അവളുടെ മക്കളോട് കരുണ കാണിക്കുകയില്ല; അവർ പരസംഗത്തിൽ ജനിച്ച മക്കളല്ലോ.5അവരുടെ അമ്മ പരസംഗം ചെയ്തു; അവരെ പ്രസവിച്ചവൾ ലജ്ജാകരമായി പ്രവർത്തിച്ചു; “എനിക്ക് അപ്പവും വെള്ളവും ആട്ടുരോമവും ശണവും എണ്ണയും പാനീയവും തരുന്ന എന്റെ ജാരന്മാരുടെ പിന്നാലെ ഞാൻ പോകും” എന്ന് പറഞ്ഞുവല്ലോ.
6അതുകൊണ്ട് ഞാൻ അവളുടെ വഴി മുള്ളുകൊണ്ട് വേലി കെട്ടി അടയ്ക്കും; അവൾ തന്റെ പാതകൾ കണ്ടെത്താത്ത വിധം ഞാൻ ഒരു മതിൽ ഉണ്ടാക്കും.7അവൾ ജാരന്മാരെ പിന്തുടരും; എങ്കിലും അവരോട് ഒപ്പം എത്തുകയില്ല; അവൾ അവരെ അന്വേഷിക്കും, കണ്ടെത്തുകയില്ലതാനും; അപ്പോൾ അവൾ: “ഞാൻ എന്റെ ആദ്യത്തെ ഭർത്താവിന്റെ അടുക്കൽ മടങ്ങിപ്പോകും; ഇന്നത്തേക്കാൾ അന്ന് എനിക്ക് ഏറെ നന്നായിരുന്നുവല്ലോ” എന്ന് പറയും.
8അവൾക്ക് ധാന്യവും വീഞ്ഞും എണ്ണയും നല്കിയതും ബാലിനു വേണ്ടി ഉപയോഗിച്ച അവളുടെ വെള്ളിയും പൊന്നും വർദ്ധിപ്പിച്ചതും ഞാനായിരുന്നു എന്ന് അവൾ അറിഞ്ഞില്ല.9അതുകൊണ്ട് തക്ക കാലത്ത് എന്റെ ധാന്യവും തക്ക സമയത്ത് എന്റെ വീഞ്ഞും ഞാൻ തിരികെ എടുക്കുകയും അവളുടെ നഗ്നത മറയ്ക്കുവാൻ കൊടുത്തിരുന്ന എന്റെ ആട്ടിൻ രോമവും ശണവും എടുത്തുകളയുകയും ചെയ്യും.
10ഇപ്പോൾ ഞാൻ അവളുടെ ജാരന്മാർ കാൺകെ അവളുടെ നഗ്നത അനാവൃതമാക്കും; ആരും അവളെ എന്റെ കൈയിൽനിന്ന് വിടുവിക്കുകയില്ല.11ഞാൻ അവളുടെ സകലവിധ സന്തോഷവും ഉത്സവങ്ങളും അമാവാസികളും ശബ്ബത്തുകളും അവളുടെ വിശേഷദിവസങ്ങളും ഇല്ലാതെയാക്കും.
12“ഇത് എന്റെ ജാരന്മാർ എനിക്കു തന്ന സമ്മാനങ്ങൾ” എന്ന് അവൾ പറഞ്ഞ മുന്തിരിവള്ളികളും അത്തിവൃക്ഷങ്ങളും ഞാൻ നശിപ്പിച്ച് വനമാക്കും; വന്യമൃഗങ്ങൾ അവ തിന്നുകളയും.13അവൾ ബാൽവിഗ്രഹങ്ങൾക്ക് ധൂപം കാണിച്ച് കുണുക്കും ആഭരണങ്ങളുംകൊണ്ട് സ്വയം അലങ്കരിച്ച് തന്റെ ജാരന്മാരെ പിന്തുടർന്ന് എന്നെ മറന്നുകളഞ്ഞ നാളുകൾ ഞാൻ അവളോട് സന്ദർശിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
14അതുകൊണ്ട് ഞാൻ അവളെ വശീകരിച്ച് മരുഭൂമിയിൽ കൊണ്ടുചെന്ന് അവളോട് ഹൃദ്യമായി സംസാരിക്കും.15അവിടെ ഞാൻ അവൾക്ക് മുന്തിരിത്തോട്ടങ്ങളും പ്രത്യാശയുടെ വാതിലായി ആഖോർതാഴ്വരയും കൊടുക്കും; അവൾ അവിടെ യൗവന കാലത്തെന്നപോലെയും ഈജിപ്റ്റ്ദേശത്തുനിന്ന് പുറപ്പെട്ടുവന്ന നാളിലെപ്പോലെയും വിധേയ ആകും.
16“അന്നാളിൽ നീ എന്നെ ബാലീ (ഉടയവനേ) എന്നല്ല ഈശീ (ഭർത്താവേ) എന്ന് വിളിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.17ഞാൻ ബാൽവിഗ്രഹങ്ങളുടെ പേരുകൾ അവളുടെ വായിൽനിന്ന് നീക്കിക്കളയും; ഇനി ആരും അവയെ പേര് ചൊല്ലി സ്മരിക്കുകയുമില്ല.
18അന്നാളിൽ ഞാൻ അവർക്കു വേണ്ടി കാട്ടിലെ മൃഗങ്ങളോടും ആകാശത്തിലെ പക്ഷികളോടും ഭൂമിയിലെ ഇഴജാതികളോടും ഒരു നിയമം ചെയ്യും; ഞാൻ വില്ലും വാളും യുദ്ധവും ഭൂമിയിൽനിന്ന് നീക്കി, അവരെ നിർഭയം വസിക്കുമാറാക്കും.
19ഞാൻ നിന്നെ സദാകാലത്തേക്കും എനിക്ക് വിവാഹത്തിന് നിശ്ചയിക്കും; അതെ, നീതിയോടും ന്യായത്തോടും ദയയോടും കരുണയോടുംകൂടി നിന്നെ എനിക്ക് വിവാഹത്തിന് നിശ്ചയിക്കും.20ഞാൻ വിശ്വസ്തതയോടെ നിന്നെ എനിക്കു വിവാഹത്തിന് നിശ്ചയിക്കും; നീ യഹോവയെ അറിയുകയും ചെയ്യും.
21“ആ കാലത്ത് ഞാൻ ഉത്തരം നല്കും” എന്ന് യഹോവ അരുളിച്ചെയ്യുന്നു: ഞാൻ ആകാശത്തിന് ഉത്തരം നല്കും; ആകാശം ഭൂമിക്ക് ഉത്തരം നല്കും;22ഭൂമി ധാന്യത്തിനും വീഞ്ഞിനും എണ്ണയ്ക്കും ഉത്തരം നല്കും; അവ യിസ്രയേലിനും ഉത്തരം നല്കും.
23ഞാൻ അതിനെ എനിക്കായി ദേശത്ത് വിതയ്ക്കും; കരുണ ലഭിക്കാത്തവളോട് ഞാൻ കരുണ കാണിക്കും. എന്റെ ജനമല്ലാത്തവരോട്: “നീ എന്റെ ജനം” എന്ന് ഞാൻ പറയും; “അങ്ങ് എന്റെ ദൈവം” എന്ന് അവരും പറയും.

3

1അനന്തരം യഹോവ എന്നോട്: “യിസ്രായേൽമക്കൾ അന്യദേവന്മാരോട് ചേർന്ന് മുന്തിരിയടകൾ ഇഷ്ടപ്പെടുന്നുവെങ്കിലും യഹോവ അവരെ സ്നേഹിക്കുന്നതുപോലെ, നീ വീണ്ടും ചെന്ന് ഒരു ജാരനാൽ സ്നേഹിക്കപ്പെടുന്ന വ്യഭിചാരിണിയായ സ്ത്രീയെ സ്നേഹിക്കുക” എന്ന് കല്പിച്ചു.2അങ്ങനെ ഞാൻ അവളെ പതിനഞ്ച് വെള്ളിക്കാശും ഒന്നര ഹോമെർ യവവും വില കൊടുത്ത് വാങ്ങി അവളോട്:3“നീ ബഹുകാലം എന്നോടൊപ്പം അടങ്ങിപ്പാർക്കണം; പരസംഗം ചെയ്യുകയോ മറ്റൊരു പുരുഷന്റെ ഭാര്യയാകുകയോ അരുത്; ഞാനും അങ്ങനെ തന്നെ ചെയ്യും” എന്ന് പറഞ്ഞു.

4ഈ വിധം യിസ്രായേൽമക്കൾ ബഹുകാലം രാജാവില്ലാതെയും, പ്രഭുവില്ലാതെയും, യാഗമില്ലാതെയും, പ്രതിഷ്ഠയില്ലാതെയും, എഫോദില്ലാതെയും, ഗൃഹബിംബമില്ലാതെയും ഇരിക്കും.5പിന്നെ, യിസ്രായേൽമക്കൾ മനംതിരിഞ്ഞ് തങ്ങളുടെ ദൈവമായ യഹോവയെയും തങ്ങളുടെ രാജാവായ ദാവീദിനെയും അന്വേഷിക്കും; ഭാവികാലത്ത് അവർ ഭയപ്പെട്ട് യഹോവയിലേക്കും അവിടുത്തെ നന്മയിലേക്കും വരും.

4

1യിസ്രായേൽമക്കളേ, യഹോവയുടെ വചനം കേൾക്കുവിൻ; യഹോവയ്ക്ക് ദേശനിവാസികളോട് ഒരു വ്യവഹാരം ഉണ്ട്; ദേശത്ത് സത്യവും ദയയും ഇല്ല, ദൈവപരിജ്ഞാനവുമില്ല.2അവർ ആണയിടുന്നു; ഭോഷ്കു പറയുന്നു; കൊല ചെയ്യുന്നു; മോഷ്ടിക്കുന്നു; വ്യഭിചരിക്കുന്നു; എല്ലാ അതിരുകളും ലംഘിക്കുന്നു; രക്തപാതകത്തോട് രക്തപാതകം കൂട്ടുന്നു.

3അതുകൊണ്ട് ദേശം ദുഃഖിക്കുന്നു; അതിലെ സകലനിവാസികളും വയലിലെ മൃഗങ്ങളും ആകാശത്തിലെ പറവകളും തളർന്നു പോകുന്നു; സമുദ്രത്തിൽ മത്സ്യങ്ങളും ഇല്ലാതെയാകുന്നു.
4എങ്കിലും ആരും തർക്കിക്കരുത്; ആരും മറ്റൊരുവനെ ശാസിക്കുകയും അരുത്; നിന്റെ ജനമോ, പുരോഹിതനോട് തർക്കിക്കുന്നവരെപ്പോലെ ഇരിക്കുന്നു.5അതുകൊണ്ടു നീ പകൽ സമയത്ത് ഇടറിവീഴും; പ്രവാചകനും നിന്നോടൊപ്പം രാത്രിയിൽ ഇടറിവീഴും; നിന്റെ അമ്മയെ ഞാൻ നശിപ്പിക്കും.
6പരിജ്ഞാനമില്ലായ്കയാൽ എന്റെ ജനം നശിച്ചുപോകുന്നു; പരിജ്ഞാനം ത്യജിച്ചതുകൊണ്ട് നീ എനിക്ക് പുരോഹിതനായിരിക്കാതെ ഞാൻ നിന്നെയും ത്യജിക്കും; നീ നിന്റെ ദൈവത്തിന്റെ ന്യായപ്രമാണം മറന്നുകളഞ്ഞതുകൊണ്ട് ഞാനും നിന്റെ മക്കളെ മറക്കും.7അവർ പെരുകുന്തോറും എന്നോട് ഏറെ പാപം ചെയ്തു; ഞാൻ അവരുടെ മഹത്ത്വത്തെ ലജ്ജയായി മാറ്റും.
8അവർ എന്റെ ജനത്തിന്റെ പാപം കൊണ്ട് ഉപജീവനം കഴിക്കുന്നു; ജനം അകൃത്യത്തിനായിട്ട് ആഗ്രഹിക്കുന്നു.9ആകയാൽ ജനത്തിന് എപ്രകാരമോ, പുരോഹിതനും അപ്രകാരം തന്നെ ഭവിക്കും. ഞാൻ അവരുടെ തെറ്റായ വഴികൾ നിമിത്തം അവരെ സന്ദർശിച്ച് അവരുടെ പ്രവൃത്തികൾക്കു തക്കവിധം അവർക്ക് പകരം കൊടുക്കും.
10അവർ ഭക്ഷിച്ചാലും തൃപ്തി പ്രാപിക്കുകയില്ല; അവർ പരസംഗം ചെയ്താലും പെരുകുകയില്ല; യഹോവയെ അനുസരിക്കുന്നത് അവർ വിട്ടുകളഞ്ഞുവല്ലോ.
11പരസംഗവും വീഞ്ഞും പുതിയ വീഞ്ഞും ബുദ്ധിയെ കെടുത്തിക്കളയുന്നു.12എന്റെ ജനം തങ്ങളുടെ മരം കൊണ്ടുള്ള വിഗ്രഹങ്ങളോട് അരുളപ്പാട് ചോദിക്കുന്നു; അവരുടെ ഊന്നുവടി അവരോട് ലക്ഷണം പറയുന്നു; പരസംഗമോഹം അവരെ വഴി തെറ്റിക്കുന്നു; അവർ തങ്ങളുടെ ദൈവത്തെ വിട്ട് പരസംഗം ചെയ്യുന്നു.
13അവർ പർവ്വതശിഖരങ്ങളിൽ ബലി കഴിക്കുന്നു; കുന്നുകളിൽ അവർ നല്ല തണലുള്ള കരുവേലകത്തിന്റെയും പുന്നയുടെയും ആലിന്റെയും കീഴിൽ ധൂപം കാട്ടുന്നു; അവിടെ നിങ്ങളുടെ പുത്രിമാർ പരസംഗം ചെയ്യുന്നു; നിങ്ങളുടെ പുത്ര ഭാര്യമാർ വ്യഭിചരിക്കുന്നു.14നിങ്ങളുടെ പുത്രിമാർ പരസംഗം ചെയ്യുന്നതും നിങ്ങളുടെ വധുക്കൾ വ്യഭിചരിച്ചുനടക്കുന്നതും ഞാൻ സന്ദർശിക്കുകയില്ല; നിങ്ങളുടെ പുരുഷന്മാരും വേശ്യാസ്ത്രീകളോടുകൂടി വേറിട്ട് പോകുകയും ദേവദാസികളോടുകൂടി ബലി കഴിക്കുകയും ചെയ്യുന്നുവല്ലോ; ഇങ്ങനെ ബുദ്ധിയില്ലാത്ത ജനം നശിച്ചുപോകും.
15യിസ്രായേലേ, നി പരസംഗം ചെയ്താലും, യെഹൂദാ അപരാധം ചെയ്യാതിരിക്കട്ടെ; നിങ്ങൾ ഗില്ഗാലിലേക്ക് ചെല്ലരുത്; ബേത്ത്-ആവെനിലേക്ക് കയറിപ്പോകരുത്; ‘യഹോവയാണ’ എന്ന് സത്യം ചെയ്യുകയുമരുത്.16യിസ്രായേൽ ദുശ്ശാഠ്യമുള്ള പശുക്കിടാവിനെപ്പോലെ ദുശ്ശാഠ്യം കാണിച്ചാൽ യഹോവ അവരെ ഒരു വിശാലസ്ഥലത്ത് കുഞ്ഞാടിനെപ്പോലെ മേയിക്കുമോ?
17എഫ്രയീം വിഗ്രഹങ്ങളുടെ കൂട്ടാളിയാകുന്നു; അവനെ വിട്ടുകളയുക.18മദ്യപാനം കഴിയുമ്പോൾ അവർ പരസംഗം ചെയ്യും; അവരുടെ പ്രഭുക്കന്മാർ ലജ്ജാകരമായ കാര്യങ്ങൾ അത്യന്തം ഇഷ്ടപ്പെടുന്നു.19കാറ്റ് അവളെ ചിറകുകൾ കൊണ്ട് ചുറ്റിപ്പിടിക്കുന്നു. അവർ തങ്ങളുടെ ബലികൾ നിമിത്തം ലജ്ജിച്ചുപോകും.

5

1പുരോഹിതന്മാരേ, കേൾക്കുവിൻ; യിസ്രായേൽഗൃഹമേ, ചെവിക്കൊള്ളുവിൻ; രാജഗൃഹമേ, ചെവിതരുവിൻ; നിങ്ങൾ മിസ്പയ്ക്ക് ഒരു കെണിയും താബോരിന്മേൽ വിരിച്ച വലയും ആയിത്തീർന്നിരിക്കുകകൊണ്ട് നിങ്ങൾക്ക് ന്യായവിധി വരുന്നു.2മത്സരികൾ വഷളത്വത്തിൽ ആണ്ടുപോയിരിക്കുന്നു; ഞാൻ അവർ എല്ലാവരെയും ശാസിക്കും.

3ഞാൻ എഫ്രയീമിനെ അറിയുന്നു; യിസ്രായേൽ എനിക്ക് മറഞ്ഞിരിക്കുന്നതുമില്ല; എഫ്രയീമേ, നീ ഇപ്പോൾ പരസംഗം ചെയ്തിരിക്കുന്നു; യിസ്രായേൽ മലിനമായിരിക്കുന്നു.4അവർ തങ്ങളുടെ ദൈവത്തിന്റെ അടുക്കലേക്ക് മടങ്ങിവരുവാൻ അവരുടെ പ്രവൃത്തികൾ സമ്മതിക്കുന്നില്ല; പരസംഗമോഹം അവരുടെ ഉള്ളിൽ ഉണ്ട്; അവർ യഹോവയെ അറിയുന്നതുമില്ല.
5യിസ്രായേലിന്റെ മുഖം അവന്റെ അഹംഭാവം സാക്ഷീകരിക്കുന്നു; അതുകൊണ്ട് യിസ്രായേലും എഫ്രയീമും തങ്ങളുടെ അകൃത്യത്താൽ ഇടറിവീഴും; യെഹൂദയും അവരോടുകൂടി ഇടറിവീഴും.6അവർ ആടുമാടുകളോടുകൂടി യഹോവയെ അന്വേഷിക്കും; എങ്കിലും അവർ അവനെ കണ്ടെത്തുകയില്ല; അവൻ അവരെ വിട്ടുമാറിയിരിക്കുന്നു.7അവർ ജാരസന്തതികൾക്കു ജൻമം നൽകിയിരിക്കുകയാൽ യഹോവയോട് വിശ്വാസവഞ്ചന ചെയ്തിരിക്കുന്നു. ഇപ്പോൾ ഒരു അമാവാസി അവരെ അവരുടെ അവകാശത്തോടുകൂടി തിന്നുകളയും.
8ഗിബെയയിൽ ആട്ടിൻകൊമ്പും രാമയിൽ കാഹളവും ഊതുവിൻ; ബേത്ത്-ആവെനിൽ പോർവിളി മുഴക്കുവിൻ; ബെന്യാമീനേ,ഞങ്ങൾ നിന്റെ പിറകെ വരുന്നു.9ശിക്ഷാദിവസത്തിൽ എഫ്രയീം ശൂന്യമാകും; നിശ്ചയമുള്ളത് ഞാൻ യിസ്രായേൽ ഗോത്രങ്ങളുടെ ഇടയിൽ അറിയിച്ചിരിക്കുന്നു.
10യെഹൂദാപ്രഭുക്കന്മാർ അതിര് മാറ്റുന്നവരെപ്പോലെ ആയിത്തീർന്നു; അതുകൊണ്ട് ഞാൻ എന്റെ ക്രോധം വെള്ളംപോലെ അവരുടെമേൽ പകരും.11എഫ്രയീം മാനുഷകല്പന അനുസരിച്ചുനടക്കുവാൻ ഇഷ്ടപ്പെട്ടതുകൊണ്ട് അവൻ പീഡിതനും വ്യവഹാരത്തിൽ തോറ്റവനും ആയിരിക്കുന്നു.
12അതുകൊണ്ട് ഞാൻ എഫ്രയീമിന് പുഴുവും യെഹൂദാഗൃഹത്തിന് ദ്രവത്വവുമായിരിക്കും.13എഫ്രയീം തന്റെ വ്യാധിയും യെഹൂദാ തന്റെ മുറിവും കണ്ടപ്പോൾ എഫ്രയീം അശ്ശൂരിൽ യുദ്ധതല്പരനായ രാജാവിന്റെ അടുക്കൽ ആളയച്ചു; എങ്കിലും നിങ്ങളെ സൗഖ്യമാക്കുവാനും നിങ്ങളുടെ മുറിവ് ഉണക്കുവാനും അവന് കഴിഞ്ഞില്ല.
14ഞാൻ എഫ്രയീമിന് ഒരു സിംഹംപോലെയും യെഹൂദാഗൃഹത്തിന് ഒരു ബാലസിംഹംപോലെയും ആയിരിക്കും; ഞാൻ തന്നെ കടിച്ചുകീറി കടന്നുപോകും; ഞാൻ പിടിച്ചു കൊണ്ടുപോകും; ആരും എന്റെ കൈയിൽ നിന്ന് വിടുവിക്കുകയുമില്ല.15അവർ കുറ്റം ഏറ്റുപറഞ്ഞ് എന്റെ മുഖം അന്വേഷിക്കുവോളം ഞാൻ മടങ്ങിപ്പോയി എന്റെ സ്ഥാനത്ത് ഇരിക്കും; കഷ്ടതയിൽ അവർ എന്നെ ജാഗ്രതയോടെ അന്വേഷിക്കും.

6

1വരുവിൻ നാം യഹോവയുടെ അടുക്കലേക്ക് ചെല്ലുക. അവിടുന്ന് നമ്മെ കടിച്ചു കീറിയിരിക്കുന്നു;എങ്കിലും അവിടുന്ന് സൗഖ്യമാക്കും; അവിടുന്ന് നമ്മെ അടിച്ചിരിക്കുന്നു; എങ്കിലും അവിടുന്ന് മുറിവു കെട്ടും.2രണ്ടു ദിവസം കഴിഞ്ഞ് അവിടുന്ന് നമ്മെ ജീവിപ്പിക്കും; മൂന്നാം ദിവസം അവിടുന്ന് നമ്മെ എഴുന്നേല്പിക്കും; നാം അവിടുത്തെ മുമ്പാകെ ജീവിക്കുകയും ചെയ്യും.3നാം അറിഞ്ഞുകൊള്ളുക; യഹോവയെ അറിയുവാൻ നാം ഉത്സാഹിക്കുക; അവിടുത്തെ ഉദയം പ്രഭാതം പോലെ നിശ്ചയമുള്ളത്; അവിടുന്ന് മഴപോലെ, ഭൂമിയെ നനയ്ക്കുന്ന പിൻമഴപോലെ തന്നെ, നമ്മുടെ അടുക്കൽ വരും.

4എഫ്രയീമേ, ഞാൻ നിനക്കുവേണ്ടി എന്തു ചെയ്യണം? യെഹൂദയേ, ഞാൻ നിനക്കുവേണ്ടി എന്തു ചെയ്യണം? നിങ്ങളുടെ സ്നേഹം പ്രഭാതമേഘംപോലെയും പുലർച്ചയിൽ നീങ്ങിപ്പോകുന്ന മഞ്ഞുപോലെയും ഇരിക്കുന്നു.5അതുകൊണ്ട് ഞാൻ പ്രവാചകന്മാർ മുഖാന്തരം അവരെ വെട്ടി, എന്റെ വായിലെ വചനങ്ങളാൽ അവരെ കൊന്നുകളഞ്ഞു; എന്റെ ന്യായം വെളിച്ചംപോലെ ഉദിക്കുന്നു.
6യാഗമല്ല, കരുണ അത്രെ ഞാൻ ആഗ്രഹിക്കുന്നത്; ഹോമയാഗങ്ങളെക്കാൾ ദൈവപരിജ്ഞാനത്തിൽ ഞാൻ പ്രസാദിക്കുന്നു.7എന്നാൽ അവർ ആദാമിനെപ്പോലെ നിയമം ലംഘിച്ചു; അവിടെ അവർ എന്നോട് അവിശ്വസ്തത കാണിച്ചിരിക്കുന്നു.
8ഗിലയാദ് അകൃത്യം പ്രവർത്തിക്കുന്നവരുടെ പട്ടണം, അത് രക്തംകൊണ്ട് മലിനമായിരിക്കുന്നു.9പതിയിരിക്കുന്ന കവർച്ചക്കാരെപ്പോലെ ഒരു കൂട്ടം പുരോഹിതന്മാർ ശെഖേമിലേക്കുള്ള വഴിയിൽ കൊല ചെയ്യുന്നു; അതേ, അവർ ദുഷ്കർമ്മം ചെയ്യുന്നു.
10യിസ്രായേൽഗൃഹത്തിൽ ഞാൻ ഒരു ഭയങ്കരകാര്യം കണ്ടിരിക്കുന്നു; അവിടെ എഫ്രയീം പരസംഗം ചെയ്തു; യിസ്രായേൽ മലിനമായിരിക്കുന്നു.11യെഹൂദയേ, ഞാൻ എന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോൾ, നിനക്കും ഒരു കൊയ്ത്ത് വച്ചിരിക്കുന്നു.

7

1ഞാൻ യിസ്രായേലിനെ ചികിത്സിക്കുമ്പോൾ, എഫ്രയീമിന്റെ അകൃത്യവും ശമര്യയുടെ ദുഷ്ടതയും വെളിപ്പെട്ടുവരുന്നു; അവർ വ്യാജം പ്രവർത്തിക്കുന്നു; അകത്ത് കള്ളൻ കടക്കുന്നു; പുറത്ത് കവർച്ചക്കാരുടെ കൂട്ടം കൊള്ളയിടുന്നു.2അവരുടെ സകല ദുഷ്ടതയും ഞാൻ ഓർക്കുന്നു എന്ന് അവർ മനസ്സിൽ ചിന്തിക്കുന്നില്ല; ഇപ്പോൾ അവരുടെ സ്വന്ത പ്രവൃത്തികൾ അവരെ ചുറ്റിയിരിക്കുന്നു; അവ എന്റെ മുമ്പാകെ ഇരിക്കുന്നു.

3അവർ ദുഷ്ടതകൊണ്ട് രാജാവിനെയും ഭോഷ്കുകൊണ്ട് പ്രഭുക്കന്മാരെയും സന്തോഷിപ്പിക്കുന്നു.4അവർ എല്ലാവരും വ്യഭിചാരികൾ ആകുന്നു; അപ്പക്കാരൻ ചൂടാക്കുന്ന അപ്പക്കൂടുപോലെ അവർ ഇരിക്കുന്നു; മാവു കുഴച്ചതുമുതൽ അത് പുളിക്കുവോളം അപ്പക്കാരൻ തീ കത്തിക്കാതിരിക്കുന്നതുപോലെ.5നമ്മുടെ രാജാവിന്റെ ദിവസത്തിൽ പ്രഭുക്കന്മാർക്ക് വീഞ്ഞിന്റെ ലഹരിയാൽ ദീനം പിടിക്കുന്നു; അവൻ പരിഹാസികളോടുകൂടി കൈ നീട്ടുന്നു.
6അവർ പതിയിരിക്കുന്ന സമയത്ത് തങ്ങളുടെ ഹൃദയത്തെ അപ്പക്കൂടുപോലെ ഒരുക്കിയിരിക്കുന്നു; അവരുടെ അപ്പക്കാരൻ രാത്രി മുഴുവനും ഉറങ്ങുന്നു; രാവിലെ അത് ജ്വലിക്കുന്ന തീപോലെ കത്തുന്നു.7അവരെല്ലാം അപ്പക്കൂടുപോലെ ചൂടുപിടിച്ച്, തങ്ങളുടെ ന്യായാധിപതിമാരെ തിന്നുകളയുന്നു; അവരുടെ രാജാക്കന്മാർ എല്ലാം വീണുപോയിരിക്കുന്നു; അവരുടെ ഇടയിൽ എന്നോട് അപേക്ഷിക്കുന്നവൻ ആരുമില്ല.
8എഫ്രയീം ജനതയോട് ഇടകലർന്നിരിക്കുന്നു; എഫ്രയീം മറിച്ചിടാത്ത ദോശ ആകുന്നു.9അന്യജനത അവന്റെ ബലം തിന്നുകളഞ്ഞെങ്കിലും അവൻ അറിയുന്നില്ല; അവന്റെ തല അവിടവിടെ നരച്ചിരിക്കുന്നു എങ്കിലും അവൻ അത് അറിയുന്നില്ല.
10യിസ്രായേലിന്റെ അഹംഭാവം അവന്റെ മുഖത്ത് പ്രകടമായിരിക്കുന്നു; എന്നാൽ അവർ തങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കൽ മടങ്ങി വന്നിട്ടില്ല; ഈ കാര്യങ്ങളിൽ അവനെ അന്വേഷിച്ചിട്ടും ഇല്ല.11എഫ്രയീം ബുദ്ധികെട്ട പൊട്ടപ്രാവുപോലെ ആകുന്നു; അവർ ഈജിപ്റ്റിനെ വിളിക്കുകയും അശ്ശൂരിലേക്ക് പോകുകയും ചെയ്യുന്നു.
12അവർ പോകുമ്പോൾ ഞാൻ എന്റെ വല അവരുടെമേൽ വീശും; ഞാൻ അവരെ ആകാശത്തിലെ പറവകളെപ്പോലെ താഴെ വരുത്തും; അവരുടെ സഭയിൽ കേൾപ്പിച്ചതുപോലെ ഞാൻ അവരെ ശിക്ഷിക്കും.13അവർ എന്നെ വിട്ട് ഓടിപ്പോയതുകൊണ്ട് അവർക്ക് അയ്യോ കഷ്ടം; അവർ എന്നോട് അതിക്രമം ചെയ്തതുകൊണ്ട് അവർക്കു നാശം; ഞാൻ അവരെ വീണ്ടെടുക്കുവാൻ വിചാരിച്ചിട്ടും അവർ എന്നോട് ഭോഷ്ക് സംസാരിക്കുന്നു.
14അവർ ഹൃദയപൂർവ്വം എന്നോട് നിലവിളിക്കാതെ കിടക്കയിൽവച്ച് അലമുറയിടുന്നു; അവർ ധാന്യവും വീഞ്ഞും നിമിത്തം ഒന്നിച്ചുകൂടുന്നു; അവർ എന്നോട് മത്സരിക്കുന്നു.15ഞാൻ അവരെ അഭ്യസിപ്പിച്ച് അവരുടെ ഭുജങ്ങളെ ബലപ്പെടുത്തിയിട്ടും, അവർ എന്റെ നേരെ ദോഷം നിരൂപിക്കുന്നു.
16അവർ മടങ്ങിവരുന്നു, അത്യുന്നതന്റെ അടുക്കലേക്ക് അല്ലതാനും; അവർ വഞ്ചനയുള്ള വില്ലുപോലെ ആകുന്നു; അവരുടെ പ്രഭുക്കന്മാർ നാവിന്റെ ക്രോധം നിമിത്തം വാളുകൊണ്ട് വീഴും; അത് ഈജിപ്റ്റ്ദേശത്ത് അവർക്ക് പരിഹാസഹേതുവായിത്തീരും.

8

1അവർ എന്റെ നിയമം ലംഘിച്ച് എന്റെ ന്യായപ്രമാണത്തിന് വിരോധമായി അതിക്രമം ചെയ്തതുകൊണ്ട് കാഹളം ഊതുവാൻ ഒരുങ്ങുക; കഴുകനെപ്പോലെ യഹോവയുടെ ആലയത്തിന്റെ മീതെ പറന്നുവരുക.2അവർ എന്നോട്: “ദൈവമേ, യിസ്രായേലാകുന്ന ഞങ്ങൾ നിന്നെ അറിയുന്നു” എന്ന് നിലവിളിക്കുന്നു.3യിസ്രായേൽ നന്മയായത് ഉപേക്ഷിച്ചുകളഞ്ഞിരിക്കുന്നു; ശത്രു അവനെ പിന്തുടരട്ടെ.

4അവർ രാജാക്കന്മാരെ വാഴിച്ചു, ഞാൻ മുഖാന്തരം അല്ലതാനും; ഞാൻ അറിയാതെ പ്രഭുക്കന്മാരെ അവർ നിയമിച്ചിരിക്കുന്നു; അവർ ഛേദിക്കപ്പെടേണ്ടതിന് വെള്ളികൊണ്ടും പൊന്നുകൊണ്ടും തങ്ങൾക്ക് വിഗ്രഹങ്ങൾ ഉണ്ടാക്കി.5ശമര്യയേ, നിന്റെ പശുക്കിടാവിനെ അവൻ വെറുക്കുന്നു; എന്റെ കോപം അവരുടെ നേരെ ജ്വലിക്കുന്നു; അവർക്ക് നിഷ്ക്കളങ്കത എത്രത്തോളം അപ്രാപ്യമായിരിക്കും?
6ഇത് യിസ്രായേലിന്റെ കൈപ്പണി തന്നെ; ഒരു കൗശലപ്പണിക്കാരൻ അത് ഉണ്ടാക്കി, അതു ദൈവമല്ല; ശമര്യയുടെ പശുക്കിടാവ് പല കഷണങ്ങളായി നുറുങ്ങിപ്പോകും.7അവർ കാറ്റ് വിതച്ച്, ചുഴലിക്കാറ്റ് കൊയ്യും; ചെടികളിൽ തണ്ടില്ല, അവ ധാന്യമാവ് നല്കുകയുമില്ല; നല്കിയാലും അന്യർ അത് തിന്നുകളയും.
8യിസ്രായേൽ വിഴുങ്ങപ്പെട്ടു; അവർ ഇപ്പോൾ ജനതയുടെ ഇടയിൽ ആർക്കും ഇഷ്ടമില്ലാത്ത ഒരു പാത്രംപോലെ ആയിരിക്കുന്നു.9അവർ കൂട്ടം വിട്ട് നടക്കുന്ന കാട്ടുകഴുതയെപോലെ അശ്ശൂരിലേക്കു പോയി; എഫ്രയീം ജാരന്മാരെ കൂലിക്കു വാങ്ങിയിരിക്കുന്നു.10അവർ ജനതയുടെ ഇടയിൽനിന്ന് ജാരന്മാരെ കൂലിക്കു വാങ്ങിയാലും ഞാൻ ഇപ്പോൾ അവരെ ഒന്നിച്ചു കൂട്ടും; അവർ പ്രഭുക്കന്മാരുടെ രാജാവിന്റെ ചുമടിൻകീഴിൽ അൽപ്പം വേദന അനുഭവിക്കും.
11എഫ്രയീം പാപപരിഹാരത്തിനായി അനേകം യാഗപീഠങ്ങൾ ഉണ്ടാക്കിയതുകൊണ്ട്, യാഗപീഠങ്ങൾ അവന് പാപഹേതുവായി തീർന്നിരിക്കുന്നു.12ഞാൻ എന്റെ ന്യായപ്രമാണം അവന് പതിനായിരം കല്പനയായി എഴുതിക്കൊടുത്താലും അവ അപൂർവ്വകാര്യമായി എണ്ണപ്പെടുന്നു.
13അവർ എന്റെ അർപ്പണയാഗങ്ങൾക്കുള്ള മൃഗങ്ങളെ അറുത്ത് മാംസം തിന്നുന്നു; എന്നാൽ യഹോവ അവയിൽ പ്രസാദിക്കുന്നില്ല; ഇപ്പോൾ അവൻ അവരുടെ അകൃത്യം ഓർത്ത് അവരുടെ പാപം സന്ദർശിക്കും; അവർ ഈജിപ്റ്റിലേക്ക് മടങ്ങിപ്പോകേണ്ടിവരും.14യിസ്രായേൽ അവരെ ഉണ്ടാക്കിയവനെ മറന്ന് മന്ദിരങ്ങൾ പണിതിരിക്കുന്നു; യെഹൂദാ ഉറപ്പുള്ള പട്ടണങ്ങൾ വർദ്ധിപ്പിച്ചിരിക്കുന്നു; എന്നാൽ ഞാൻ അവന്റെ പട്ടണങ്ങളിൽ തീ അയയ്ക്കും; ആ തീ അവയിലുള്ള അരമനകൾ ദഹിപ്പിച്ചുകളയും.

9

1യിസ്രായേലേ, നീ നിന്റെ ദൈവത്തെ വിട്ട് പരസംഗം ചെയ്തു നടക്കുകയും ധാന്യക്കളങ്ങളിൽ എല്ലാം വേശ്യയുടെ കൂലി ആഗ്രഹിക്കുകയും ചെയ്തിരിക്കുകയാൽ നീ ശേഷം ജനതയെപ്പോലെ സന്തോഷിക്കരുത്.2കളവും ചക്കും അവരെ പോഷിപ്പിക്കുകയില്ല, പുതുവീഞ്ഞ് അതിൽ ഇല്ലാതെയാകും.

3അവർ യഹോവയുടെ ദേശത്ത് വസിക്കുകയില്ല; എഫ്രയീം ഈജിപ്റ്റിലേക്ക് മടങ്ങിപ്പോകുകയും അശ്ശൂരിൽവച്ച് മലിനമായത് തിന്നുകയും ചെയ്യും.4അവർ യഹോവയ്ക്ക് വീഞ്ഞ് അർപ്പിക്കുകയില്ല; അവരുടെ ഹനനയാഗങ്ങൾ അവന് പ്രസാദമായിരിക്കുകയുമില്ല; അവർ അർപ്പിക്കുന്ന അപ്പം അവർക്ക് വിലാപത്തിന്റെ അപ്പംപോലെ ആയിരിക്കും; അത് തിന്നുന്നവനെല്ലാം അശുദ്ധനായിത്തീരും; അവരുടെ അപ്പം വിശപ്പടക്കുവാൻ മാത്രം അവർക്ക് ഉതകും; അത് യഹോവയുടെ ആലയത്തിലേക്ക് കൊണ്ടുവരുകയില്ല.
5സഭായോഗ ദിവസത്തിലും യഹോവയുടെ ഉത്സവദിവസത്തിലും നിങ്ങൾ എന്തു ചെയ്യും?6അവർ നാശത്തിൽനിന്ന് ഓടിപ്പോയാലും ഈജിപ്റ്റ് അവരെ ഒരുമിച്ച് കൂട്ടും; മോഫ് അവരെ അടക്കംചെയ്യും; വെള്ളികൊണ്ടുള്ള അവരുടെ മനോഹരവസ്തുക്കൾ മുൾച്ചെടികൾ കൈവശമാക്കും; മുള്ളുകൾ അവരുടെ കൂടാരങ്ങളിൽ ഉണ്ടാകും.
7ശിക്ഷയുടെ ദിനങ്ങൾ വന്നിരിക്കുന്നു; പ്രതികാരദിവസം അടുത്തിരിക്കുന്നു; നിന്റെ അകൃത്യബാഹുല്യവും വിദ്വേഷവും നിമിത്തം പ്രവാചകൻ ഭോഷനും ആത്മപൂർണ്ണൻ ഭ്രാന്തനും എന്ന് യിസ്രായേൽ അറിയും.
8എഫ്രയീം എന്റെ ദൈവത്തിന്റെ നേരെ പതിയിരിക്കുന്നു; പ്രവാചകൻ തന്റെ എല്ലാവഴികളിലും വേട്ടക്കാരന്റെ കെണിയും ദൈവത്തിന്റെ ആലയത്തിൽ പകയും നേരിടും.9ഗിബെയയുടെ കാലത്ത് എന്നപോലെ അവർ വഷളത്വത്തിൽ മുഴുകിയിരിക്കുന്നു; അവൻ അവരുടെ അകൃത്യം ഓർത്ത് അവരുടെ പാപത്തിന് ശിക്ഷ നൽകും.
10മരുഭൂമിയിൽ മുന്തിരിപ്പഴം പോലെ ഞാൻ യിസ്രായേലിനെ കണ്ടിരുന്നു; അത്തിവൃക്ഷത്തിൽ ആദ്യം ഉണ്ടായ തലക്കനിപോലെ ഞാൻ നിങ്ങളുടെ പിതാക്കന്മാരെ കണ്ടിരുന്നു; ബാൽ-പെയോരിൽ എത്തിയപ്പോൾ അവർ തങ്ങളെത്തന്നെ ലജ്ജയായതിന് ഏല്പിച്ചു; അവരുടെ ഇഷ്ടദേവനെപ്പോലെ അവരും മ്ലേച്ഛതയുള്ളവരായി.
11പ്രസവമോ ഗർഭമോ ഗർഭധാരണമോ ഒന്നും ഇല്ലാതെ എഫ്രയീമിന്റെ മഹത്വം ഒരു പക്ഷിയെപ്പോലെ പറന്നുപോകും.12അവർ മക്കളെ വളർത്തിയാലും ഞാൻ അവരെ ഒരുത്തനും ശേഷിക്കാതെ മക്കളില്ലാത്തവരാക്കും; ഞാൻ അവരെ വിട്ടു മാറിപ്പോകുമ്പോൾ അവർക്ക് അയ്യോ കഷ്ടം!
13ഞാൻ എഫ്രയീമിനെ നോക്കുമ്പോൾ സോർവരെ അത് മനോഹരസ്ഥലത്തെ നടുതല പോലെ ഇരിക്കുന്നു; എങ്കിലും എഫ്രയീം തന്റെ മക്കളെ ഘാതകന്റെ അടുക്കൽ പുറത്ത് കൊണ്ടുചെല്ലേണ്ടിവരും.14യഹോവേ, അവർക്കു കൊടുക്കണമേ; നീ അവർക്ക് എന്തുകൊടുക്കും? അലസിപ്പോകുന്ന ഗർഭവും വരണ്ട സ്തനങ്ങളും അവർക്ക് കൊടുക്കണമേ.
15അവരുടെ ദുഷ്ടതയെല്ലാം ഗില്ഗാലിൽ വച്ച് സംഭവിച്ചു; അവിടെവച്ച് ഞാൻ അവരെ വെറുത്തു; അവരുടെ പ്രവൃത്തികളുടെ ദുഷ്ടതനിമിത്തം ഞാൻ ഇനി അവരെ സ്നേഹിക്കാതെ എന്റെ ആലയത്തിൽനിന്ന് നീക്കിക്കളയും; അവരുടെ സകലപ്രഭുക്കന്മാരും മത്സരികൾ ആകുന്നു.
16എഫ്രയീമിന് പുഴുക്കുത്തു പിടിച്ചു; അവരുടെ വേര് ഉണങ്ങിപ്പോയി; അവർ ഫലം കായിക്കുകയില്ല; അവർ പ്രസവിച്ചാലും ഞാൻ അവരുടെ ഇഷ്ടസന്തതികളെ കൊന്നുകളയും.17അവർ എന്റെ ദൈവത്തെ അനുസരിക്കായ്കകൊണ്ട് അവൻ അവരെ തള്ളിക്കളയും; അവർ ജനതയുടെ ഇടയിൽ ഉഴന്നു നടക്കേണ്ടിവരും.

10

1യിസ്രായേൽ പടർന്നു പന്തലിച്ചിരിക്കുന്ന ഒരു മുന്തിരിവള്ളി ആകുന്നു; അവൻ ഫലം കായിക്കുന്നു; തന്റെ ഫലം വർദ്ധിച്ചപ്പോൾ അവൻ ബലിപീഠങ്ങളും വർദ്ധിപ്പിച്ചു; തന്റെ ദേശത്തിന് സമൃദ്ധി ഉണ്ടായപ്പോൾ അവൻ ഭംഗിയുള്ള വിഗ്രഹസ്തംഭങ്ങളും ഉണ്ടാക്കി.2അവരുടെ ഹൃദയം ഭിന്നിച്ചിരിക്കുന്നു; ഇപ്പോൾ അവർ കുറ്റക്കാരായിത്തീരും; അവൻ അവരുടെ ബലിപീഠങ്ങൾ ഇടിച്ചുകളയുകയും അവരുടെ വിഗ്രഹസ്തംഭങ്ങൾ നശിപ്പിക്കുകയും ചെയ്യും.

3ഇപ്പോൾ അവർ: “നമുക്ക് രാജാവില്ല; നാം യഹോവയെ ഭയപ്പെടുന്നില്ലല്ലോ; രാജാവ് നമുക്കുവേണ്ടി എന്തു ചെയ്യും?” എന്ന് പറയും.4അവർ വ്യർത്ഥവാക്കുകൾ സംസാരിച്ച്, ഉടമ്പടി ചെയ്യുമ്പോൾ കള്ളസ്സത്യം ചെയ്യുന്നു; അതുകൊണ്ട് ദൈവത്തിന്റെ ന്യായവിധി വയലിലെ ഉഴവുചാലുകളിൽ നഞ്ചുചെടിപോലെ മുളച്ചുവരുന്നു.
5ശമര്യാ നിവാസികൾ ബേത്ത്-ആവെനിലെ കാളക്കുട്ടി നിമിത്തം ഭയപ്പെടുന്നു; അവിടുത്തെ ജനം അതിനെക്കുറിച്ചു ദുഃഖിക്കുന്നു; അവരുടെ പൂജാരികൾ മഹത്വം അതിനെ വിട്ടുപോയതുകൊണ്ട് അതിനെക്കുറിച്ച് ഭയപ്പെട്ട് വിറയ്ക്കുന്നു.6ആ വിഗ്രഹത്തെയും യുദ്ധതല്പരനായ രാജാവിന് സമ്മാനമായി അശ്ശൂരിലേക്ക് കൊണ്ടുപോകും; എഫ്രയീം ലജ്ജിക്കും; യിസ്രായേൽ സ്വന്ത ആലോചനയെക്കുറിച്ച് ലജ്ജിക്കും.
7ശമര്യയുടെ കാര്യമോ, അതിന്റെ രാജാവ് വെള്ളത്തിലെ ചുള്ളിക്കമ്പ് പോലെ നശിച്ചുപോകും.8യിസ്രായേലിന്റെ പാപമായിരിക്കുന്ന ആവെനിലെ പൂജാഗിരികൾ നശിച്ചുപോകും; മുള്ളും പറക്കാരയും അവരുടെ ബലിപീഠങ്ങളിന്മേൽ മുളയ്ക്കും; അവർ മലകളോട്: “ഞങ്ങളുടെമേൽ വീഴുവിൻ” എന്ന് പറയും.
9യിസ്രായേലേ, ഗിബെയയുടെ കാലംമുതൽ നീ പാപം ചെയ്തിരിക്കുന്നു; അവർ ഇന്നും അതേ അവസ്ഥയിൽ തുടരുന്നു; ഗിബെയയിൽ നീതികെട്ടവരോടുള്ള പോരാട്ടം അവരെ കീഴടക്കിയില്ല;
10ഞാൻ ഇഛിക്കുമ്പോൾ അവരെ ശിക്ഷിക്കും; അവരുടെ രണ്ട് അകൃത്യങ്ങൾ നിമിത്തം ഞാൻ അവരെ ശിക്ഷിക്കുമ്പോൾ ജനത അവർക്കെതിരെ കൂടിവരും.11എഫ്രയീം മെരുക്കമുള്ളതും ധാന്യം മെതിക്കുവാൻ ഇഷ്ടപ്പെടുന്നതുമായ പശുക്കിടാവ് ആകുന്നു; ഞാൻ അതിന്റെ ഭംഗിയുള്ള കഴുത്തിൽ നുകം വയ്ക്കും; ഞാൻ എഫ്രയീമിനെ നുകത്തിൽ കെട്ടും; യെഹൂദാ ഉഴുകയും യാക്കോബ് കട്ട ഉടയ്ക്കുകയും ചെയ്യേണ്ടിവരും.
12നീതിയിൽ വിതയ്ക്കുവിൻ; ദയക്കൊത്തവണ്ണം കൊയ്യുവിൻ; നിങ്ങളുടെ തരിശുനിലം ഉഴുവിൻ; യഹോവ വന്ന് നിങ്ങളുടെ മേൽ നീതി വർഷിപ്പിക്കേണ്ടതിന് അവനെ അന്വേഷിക്കുവാനുള്ള കാലം ഇതാകുന്നു.13നിങ്ങൾ ദുഷ്ടത ഉഴുത്, നീതികേട് കൊയ്ത്, ഭോഷ്കിന്റെ ഫലം തിന്നിരിക്കുന്നു; നിങ്ങൾ സ്വന്ത വഴിയിലും നിങ്ങളുടെ വീരന്മാരുടെ സംഖ്യാബലത്തിലും ആശ്രയിച്ചിരിക്കുന്നു.
14അതുകൊണ്ട് നിന്റെ ജനത്തിന്റെ ഇടയിൽ ഒരു കലഹം ഉണ്ടാകും; യുദ്ധദിവസത്തിൽ ശൽമാൻ ബേത്ത്-അർബ്ബേലിനെ നശിപ്പിച്ചതുപോലെ നിങ്ങളുടെ എല്ലാ കോട്ടകൾക്കും നാശം വരും; അവർ അമ്മയെ മക്കളോടുകൂടി തകർത്തുകളഞ്ഞുവല്ലോ.15അങ്ങനെ തന്നെ ബേഥേലേ! നിങ്ങളുടെ മഹാദുഷ്ടതനിമിത്തം നിങ്ങൾക്ക് ഇത് സംഭവിക്കും; പുലർച്ചയ്ക്ക് യിസ്രായേൽരാജാവ് അശേഷം നശിച്ചുപോകും.

11

1“യിസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു; ഈജിപ്റ്റിൽ നിന്ന് ഞാൻ എന്റെ മകനെ വിളിച്ചു.2അവരെ വിളിക്കുന്തോറും അവർ വിട്ടകന്നുപോയി; ബാൽബിംബങ്ങൾക്ക് അവർ ബലികഴിച്ചു, വിഗ്രഹങ്ങൾക്ക് ധൂപം കാട്ടി.

3ഞാൻ എഫ്രയീമിനെ നടക്കുവാൻ പരിശീലിപ്പിച്ചു; ഞാൻ അവരെ എന്റെ ഭുജങ്ങളിൽ എടുത്തു; എങ്കിലും ഞാൻ അവരെ സൗഖ്യമാക്കി എന്ന് അവർ അറിഞ്ഞില്ല.4മൃദുവായ ചരടുകൾകൊണ്ട്, സ്നേഹബന്ധനങ്ങൾ കൊണ്ട് തന്നെ, ഞാൻ അവരെ വലിച്ചു; അവരുടെ കഴുത്തിൽനിന്ന് നുകം നീക്കിക്കളയുന്നവനെപ്പോലെ അവർക്ക് ഞാൻ ആയിരുന്നു; ഞാൻ കുനിഞ്ഞ് അവർക്ക് ഭക്ഷണം ഇട്ടുകൊടുത്തു.
5അവർ ഈജിപ്റ്റ് ദേശത്തേക്ക് മടങ്ങിപ്പോകുകയില്ല; എന്നാൽ എങ്കലേക്ക് മടങ്ങിവരുവാൻ അവർക്കു മനസ്സില്ലായ്കകൊണ്ട് അശ്ശൂര്യൻ അവരുടെ രാജാവാകും.6അവരുടെ ആലോചനനിമിത്തം വാൾ അവന്റെ പട്ടണങ്ങളിൽ വീണ് അവന്റെ ഓടാമ്പലുകൾ നശിപ്പിച്ച് ഒടുക്കിക്കളയും.7എന്റെ ജനം എന്നെ വിട്ട് പിന്തിരിയുവാൻ ഒരുങ്ങിയിരിക്കുന്നു; അവർ അത്യുന്നതനോട് നിലവിളിച്ചാലും അവൻ അവരെ ഉയർത്തുകയില്ല.
8എഫ്രയീമേ, ഞാൻ നിന്നെ എങ്ങനെ വിട്ടുകൊടുക്കും? യിസ്രായേലേ, ഞാൻ നിന്നെ എങ്ങനെ ഏല്പിച്ചുകൊടുക്കും? ഞാൻ നിന്നെ എങ്ങനെ അദ്മയെപ്പോലെ ആക്കും? ഞാൻ നിന്നെ എങ്ങനെ സെബോയിമിനെപ്പോലെ ആക്കിത്തീർക്കും? എന്റെ ഹൃദയം എന്നെ അതിന് അനുവദിക്കുന്നില്ല; എനിക്ക് നിങ്ങളോട് അയ്യോഭാവം തോന്നുന്നു.9എന്റെ ഉഗ്രകോപം ഞാൻ ചൊരിയുകയില്ല; ഞാൻ എഫ്രയീമിനെ വീണ്ടും നശിപ്പിക്കുകയുമില്ല; ഞാൻ മനുഷ്യനല്ല ദൈവം അത്രെ. നിന്റെ നടുവിൽ പരിശുദ്ധൻ തന്നെ; ഞാൻ ക്രോധത്തോടെ വരുകയുമില്ല.
10സിംഹംപോലെ ഗർജ്ജിക്കുന്ന യഹോവയുടെ പിന്നാലെ അവർ നടക്കും; യഹോവ ഗർജ്ജിക്കുമ്പോൾ പടിഞ്ഞാറുനിന്ന് അവിടുത്തെ മക്കൾ വിറച്ചുകൊണ്ട് വരും.11അവർ ഈജിപ്റ്റിൽനിന്ന് ഒരു പക്ഷിയെപ്പോലെയും അശ്ശൂർദേശത്തുനിന്ന് ഒരു പ്രാവിനെപ്പോലെയും വിറച്ചുകൊണ്ട് വരും; ഞാൻ അവരെ അവരുടെ വീടുകളിൽ പാർപ്പിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
12എഫ്രയീം കാപട്യം കൊണ്ടും യിസ്രായേൽഗൃഹം വഞ്ചനകൊണ്ടും എന്നെ ചുറ്റിയിരിക്കുന്നു; യെഹൂദയും, ദൈവത്തോടും വിശ്വസ്തനായ പരിശുദ്ധനോടും ഇന്നും അസ്ഥിരത കാണിക്കുന്നു.

12

1എഫ്രയീം കാറ്റിനെ സ്നേഹിച്ച്, കിഴക്കൻ കാറ്റിനെ പിന്തുടരുന്നു; അവൻ ഇടവിടാതെ ഭോഷ്കും ശൂന്യതയും വർദ്ധിപ്പിക്കുന്നു; അവർ അശ്ശൂര്യരോട് ഉടമ്പടി ചെയ്യുന്നു; ഈജിപ്റ്റിലേക്ക് എണ്ണ കൊടുത്തയയ്ക്കുന്നു.2യഹോവയ്ക്ക് യെഹൂദയോടും ഒരു വ്യവഹാരം ഉണ്ട്; യഹോവ യാക്കോബിനെ അവന്റെ നടപ്പിന് തക്കവണ്ണം സന്ദർശിക്കും; അവന്റെ പ്രവൃത്തികൾക്കു തക്കവണ്ണം അവന് പകരം കൊടുക്കും.

3അവൻ ഗർഭത്തിൽവച്ച് തന്റെ സഹോദരന്റെ കുതികാൽ പിടിച്ചു; തന്റെ പുരുഷപ്രായത്തിൽ ദൈവത്തോടു പൊരുതി.4അവൻ ദൂതനോടു പൊരുതി ജയിച്ചു; അവൻ യഹോവയോട് കരഞ്ഞപേക്ഷിച്ചു; അവൻ ബേഥേലിൽവച്ച് ദൈവത്തെ കണ്ടെത്തി, അവിടെവച്ച് യഹോവ നമ്മോട് സംസാരിച്ചു.
5യഹോവ സൈന്യങ്ങളുടെ ദൈവമാകുന്നു; ‘യഹോവ’ എന്നാകുന്നു അവിടുത്തെ നാമം.6അതുകൊണ്ട് നീ നിന്റെ ദൈവത്തിന്റെ സഹായത്താൽ യഹോവയുടെ അടുക്കലേക്ക് മടങ്ങി വരുക; ദയയും ന്യായവും പ്രമാണിച്ച്, ഇടവിടാതെ ദൈവത്തിനായി കാത്തിരിക്കുക.
7യിസ്രായേൽ ഒരു കനാന്യനാകുന്നു; കള്ളത്തുലാസ് അവന്റെ കയ്യിൽ ഉണ്ട്; പീഡിപ്പിക്കുവാൻ അവൻ ആഗ്രഹിക്കുന്നു.8എന്നാൽ എഫ്രയീം: “ഞാൻ സമ്പന്നനായിരിക്കുന്നു, എനിക്കു ധനം കിട്ടിയിരിക്കുന്നു; എന്റെ സകല പ്രയത്നങ്ങളിലും പാപകരമായ യാതൊരു അകൃത്യവും എന്നിൽ കണ്ടെത്തുകയില്ല” എന്നിങ്ങനെ പറയുന്നു.
9ഞാനോ ഈജിപ്റ്റ്ദേശം മുതൽ നിന്റെ ദൈവമായ യഹോവയാകുന്നു; ഞാൻ നിന്നെ ഉത്സവദിവസങ്ങളിലെന്നപോലെ ഇനിയും കൂടാരങ്ങളിൽ വസിക്കുമാറാക്കും.10ഞാൻ പ്രവാചകന്മാരോടു സംസാരിച്ച് ദർശനങ്ങൾ വർദ്ധിപ്പിച്ചു; പ്രവാചകന്മാർ മുഖാന്തരം സദൃശവാക്യങ്ങളും നൽകിയിരിക്കുന്നു.
11ഗിലെയാദ്യർ നീതികെട്ടവർ എങ്കിൽ അവർ വ്യർത്ഥരായിത്തീരും; അവർ ഗില്ഗാലിൽ കാളകളെ ബലികഴിക്കുന്നു എങ്കിൽ, അവരുടെ ബലിപീഠങ്ങൾ വയലിലെ ഉഴവുചാലുകളിൽ ഉള്ള കൽകൂമ്പാരങ്ങൾപോലെ ആകും.12യാക്കോബ് അരാം ദേശത്തേക്ക് ഓടിപ്പോയി; യിസ്രായേൽ ഒരു ഭാര്യയ്ക്കുവേണ്ടി സേവ ചെയ്തു, ഒരു ഭാര്യയ്ക്കുവേണ്ടി ആടുകളെ പാലിച്ചു.
13യഹോവ ഒരു പ്രവാചകൻമുഖാന്തരം യിസ്രായേലിനെ ഈജിപ്റ്റിൽനിന്നു കൊണ്ടുവന്നു, ഒരു പ്രവാചകനാൽ അവൻ സംരക്ഷിക്കപ്പെട്ടു.14എഫ്രയീം അവനെ ഏറ്റവും കൈപ്പോടുകൂടി പ്രകോപിപ്പിച്ചു; ആകയാൽ അവന്റെ കർത്താവ് അവന്റെ രക്തപാതകം അവന്റെമേൽ ചുമത്തുകയും അവൻ നിന്ദിച്ചതിന് തക്കവണ്ണം അവന് പകരം കൊടുക്കുകയും ചെയ്യും

13

1എഫ്രയീം സംസാരിച്ചപ്പോൾ വിറയൽ ഉണ്ടായി; അവൻ യിസ്രായേലിൽ ഉന്നതനായിരുന്നു; എന്നാൽ ബാൽമുഖാന്തരം കുറ്റം ചെയ്തപ്പോൾ അവൻ മരിച്ചുപോയി.2ഇപ്പോഴോ, അവർ അധികമധികം പാപം ചെയ്യുന്നു; അവർ വെള്ളികൊണ്ട് ബിംബങ്ങളും ബോധിച്ചതുപോലെ വിഗ്രഹങ്ങളും ഉണ്ടാക്കി; ഇവയെല്ലാം കൗശലപ്പണിക്കാരുടെ പണിയാകുന്നു; അവയോട് അവർ സംസാരിക്കുന്നു; ബലികഴിക്കുന്ന മനുഷ്യർ കാളക്കിടാക്കളെ ചുംബിക്കുന്നു.

3അതുകൊണ്ട് അവർ പ്രഭാതമേഘംപോലെയും പുലർച്ചയിൽ നീങ്ങിപ്പോകുന്ന മഞ്ഞുപോലെയും കളത്തിൽനിന്ന് കാറ്റ് പറപ്പിക്കുന്ന പതിർ പോലെയും പുകക്കുഴലിൽനിന്നു പൊങ്ങുന്ന പുകപോലെയും ആയിരിക്കും.
4ഞാനോ ഈജിപ്റ്റ്ദേശം മുതൽ നിന്റെ ദൈവമായ യഹോവ ആകുന്നു; എന്നെയല്ലാതെ വേറൊരു ദൈവത്തെ നീ അറിയുന്നില്ല;5ഞാനല്ലാതെ ഒരു രക്ഷിതാവ് ഇല്ലല്ലോ. ഞാൻ മരുഭൂമിയിൽ ഏറ്റവും വരണ്ട ദേശത്ത് നിന്നെ മേയിച്ചു.6അവർക്ക് സമൃദ്ധിയായി മേച്ചൽ ലഭിച്ചു. അവർ തൃപ്തരായപ്പോൾ അവരുടെ ഹൃദയം നിഗളിച്ചു; അതുകൊണ്ട് അവർ എന്നെ മറന്നുകളഞ്ഞു.
7ആകയാൽ ഞാൻ അവർക്ക് ഒരു സിംഹത്തെപ്പോലെ ഇരിക്കും; വഴിയരികെ ഒരു പുള്ളിപ്പുലിയെപ്പോലെ ഞാൻ അവർക്കായി പതിയിരിക്കും;8കുട്ടികൾ നഷ്ടപ്പെട്ട കരടിയെപ്പോലെ ഞാൻ അവരെ എതിരിട്ട് അവരുടെ മാറിടം കീറിക്കളയും; അവിടെവച്ച് ഞാൻ അവരെ ഒരു സിംഹത്തെപ്പോലെ തിന്നുകളയും; കാട്ടുമൃഗം അവരെ കടിച്ചുകീറും.
9യിസ്രായേലേ, നിന്റെ സഹായമായിരിക്കുന്ന എന്നോട് നീ മത്സരിയ്ക്കുന്നത് നിന്റെ നാശത്തിനാകുന്നു.10നിന്റെ എല്ലാപട്ടണങ്ങളിലും നിന്നെ രക്ഷിക്കുവാൻ നിന്റെ രാജാവ് ഇപ്പോൾ എവിടെ? ‘ഞങ്ങൾക്ക് ഒരു രാജാവിനെയും പ്രഭുക്കന്മാരെയും തരേണം’ എന്ന് അപേക്ഷിച്ച നിന്റെ ന്യായാധിപന്മാർ എവിടെ?11എന്റെ കോപത്തിൽ ഞാൻ നിനക്ക് ഒരു രാജാവിനെ തന്നു, എന്റെ ക്രോധത്തിൽ ഞാൻ അവനെ നീക്കിക്കളഞ്ഞു.
12എഫ്രയീമിന്റെ അകൃത്യം സംഗ്രഹിച്ചും അവന്റെ പാപം സൂക്ഷിച്ചും വച്ചിരിക്കുന്നു.13നോവുകിട്ടിയ സ്ത്രീയുടെ വേദന അവന് ഉണ്ടാകും; അവൻ ബുദ്ധിയില്ലാത്ത മകൻ; സമയമാകുമ്പോൾ അവൻ ഗർഭദ്വാരത്തിൽ എത്തുന്നില്ല.
14ഞാൻ അവരെ പാതാളത്തിന്റെ അധികാരത്തിൽനിന്ന് വീണ്ടെടുക്കും; മരണത്തിൽനിന്നു ഞാൻ അവരെ വിടുവിക്കും; മരണമേ, നിന്റെ ബാധകൾ എവിടെ? പാതാളമേ, നിന്റെ സംഹാരം എവിടെ? എനിക്ക് സഹതാപം തോന്നുകയില്ല.
15അവൻ തന്റെ സഹോദരന്മാരുടെ ഇടയിൽ ഫലപുഷ്ടിയുള്ളവനായിരുന്നാലും ഒരു കിഴക്കൻകാറ്റു വരും; അവന്റെ ഉറവു വറ്റി കിണർ ഉണങ്ങിപ്പോകുവാൻ തക്കവണ്ണം യഹോവയുടെ കാറ്റ് മരുഭൂമിയിൽനിന്നു വരും; അവൻ സകലമനോഹരവസ്തുക്കളുടെയും നിക്ഷേപം കവർന്നുകൊണ്ടുപോകും.
16ശമര്യ തന്റെ ദൈവത്തോട് മത്സരിച്ചതുകൊണ്ട് അവൾ തന്റെ അകൃത്യം വഹിക്കേണ്ടിവരും; അവർ വാൾകൊണ്ടു വീഴും; അവരുടെ ശിശുക്കളെ അവർ തകർത്തുകളയും; അവരുടെ ഗർഭിണികളുടെ ഉദരം പിളർന്നുകളയും.

14

1യിസ്രായേലേ, നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്ക് മടങ്ങിച്ചെല്ലുക; നിന്റെ അകൃത്യംനിമിത്തം അല്ലയോ നീ വീണിരിക്കുന്നത്.2നിങ്ങൾ അനുതാപവാക്യങ്ങളോടുകൂടി യഹോവയുടെ അടുക്കൽ മടങ്ങിച്ചെന്ന് യഹോവയോട്: “സകല അകൃത്യവും ക്ഷമിച്ച്, ഞങ്ങളെ കൃപയോടെ കൈക്കൊള്ളണമേ; എന്നാൽ ഞങ്ങൾ ഞങ്ങളുടെ അധരാർപ്പണമായ കാളകളെ അർപ്പിക്കും;

3അശ്ശൂർ ഞങ്ങളെ രക്ഷിക്കുകയില്ല; ഞങ്ങൾ കുതിരപ്പുറത്തു കയറി ഓടുകയോ ഇനി ഞങ്ങളുടെ കൈവേലയോട്: ‘ഞങ്ങളുടെ ദൈവമേ’ എന്ന് പറയുകയോ ചെയ്യുകയില്ല; അനാഥന് തിരുസന്നിധിയിൽ കരുണ ലഭിക്കുന്നുവല്ലോ” എന്നു പറയുവിൻ.
4ഞാൻ അവരുടെ പിൻമാറ്റം ചികിത്സിച്ചു സൗഖ്യമാക്കും; എന്റെ കോപം അവനെ വിട്ടുമാറിയിരിക്കുകയാൽ ഞാൻ അവരെ ഔദാര്യമായി സ്നേഹിക്കും.5ഞാൻ യിസ്രായേലിന് മഞ്ഞുപോലെയിരിക്കും; അവൻ താമരപോലെ പൂത്ത് ലെബാനോൻ വനം പോലെ വേരൂന്നും.6അവന്റെ കൊമ്പുകൾ പടരും; അവന്റെ ഭംഗി ഒലിവുവൃക്ഷത്തിന്റെ ഭംഗിപോലെയും അവന്റെ സൗരഭ്യം ലെബാനോൻ പോലെയും ആയിരിക്കും.
7അവന്റെ നിഴലിൽ പാർക്കുന്നവർ വീണ്ടും ധാന്യം വിളയിക്കുകയും മുന്തിരിവള്ളിപോലെ തളിർക്കുകയും ചെയ്യും; അതിന്റെ കീർത്തി ലെബാനോനിലെ വീഞ്ഞുപോലെ ആയിരിക്കും.8എഫ്രയീമേ, ഇനി എനിക്ക് വിഗ്രഹങ്ങളോട് എന്തു കാര്യം? ഞാൻ അവന് ഉത്തരം അരുളി അവനെ കടാക്ഷിക്കും; ഞാൻ തഴച്ചിരിക്കുന്ന സരള വൃക്ഷംപോലെ ആകുന്നു. എന്നിൽ നീ ഫലം കണ്ടെത്തും.
9ഇത് ഗ്രഹിക്കുവാൻ തക്ക ജ്ഞാനി ആര്? ഇത് അറിയുവാൻ തക്ക വിവേകി ആര്? യഹോവയുടെ വഴികൾ ചൊവ്വുള്ളവയല്ലോ; നീതിമാന്മാർ അവയിൽ നടക്കും; അതിക്രമക്കാരോ അവയിൽ ഇടറി വീഴും.

യോവേൽ

1

1പെഥൂവേലിന്റെ മകനായ യോവേലിന് യഹോവയുടെ അരുളപ്പാടുണ്ടായത് ഇപ്രകാരമായിരുന്നു:2മൂപ്പന്മാരേ, ഇതുകേൾക്കുവിൻ; സകല ദേശനിവാസികളുമേ,ശ്രദ്ധിയ്ക്കുവിൻ; നിങ്ങളുടെ കാലത്തോ നിങ്ങളുടെ പിതാക്കന്മാരുടെ കാലത്തോ ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ?3ഇത് നിങ്ങൾ നിങ്ങളുടെ മക്കളോടും നിങ്ങളുടെ മക്കൾ അവരുടെ മക്കളോടും അവരുടെ മക്കൾ വരുവാനുള്ള തലമുറയോടും വിവരിച്ചുപറയണം.

4തുള്ളൻ തിന്നു ശേഷിപ്പിച്ചത് വെട്ടുക്കിളി തിന്നു; വെട്ടുക്കിളി ശേഷിപ്പിച്ചത് വിട്ടിൽ തിന്നു; വിട്ടിൽ ശേഷിപ്പിച്ചത് പച്ചപ്പുഴു തിന്നു നശിപ്പിച്ചു.
5മദ്യപന്മാരേ, ഉണർന്നു കരയുവിൻ; വീഞ്ഞു കുടിക്കുന്ന ഏവരുമേ, പുതുവീഞ്ഞ് നിങ്ങൾക്ക് ഇനി ലഭ്യമല്ലാത്തതിനാൽ കരഞ്ഞ് മുറയിടുവിൻ.6ശക്തിയുള്ളതും എണ്ണുവാൻ കഴിയാത്തതുമായ ഒരു ജാതി എന്റെ ദേശത്തിന്റെ നേരെ വന്നിരിക്കുന്നു; അതിന്റെ പല്ല് സിംഹത്തിന്റെ പല്ല്; സിംഹിയുടെ അണപ്പല്ല് അതിനുണ്ട്.7അത് എന്റെ മുന്തിരിവള്ളിയെല്ലാം നശിപ്പിച്ച് ശൂന്യമാക്കി എന്റെ അത്തിവൃക്ഷം ഒടിച്ചുകളഞ്ഞു; അത് മുഴുവനും തോലുരിച്ച് എറിഞ്ഞുകളഞ്ഞു; അതിന്റെ കൊമ്പുകൾ വെളുത്തുപോയിരിക്കുന്നു.
8യൗവനത്തിലെ ഭർത്താവിനെച്ചൊല്ലി രട്ടുടുത്ത് കരയുന്ന കന്യകയെപ്പോലെ വിലപിക്കുക.9ഭോജനയാഗവും പാനീയയാഗവും യഹോവയുടെ ആലയത്തിൽ ഇല്ലാതെയായിരിക്കുന്നു; യഹോവയുടെ ശുശ്രൂഷകന്മാരായ പുരോഹിതന്മാർ ദുഃഖിക്കുന്നു.10വയൽ ശൂന്യമായി തീർന്നിരിക്കുന്നു. ധാന്യം നശിച്ചും പുതുവീഞ്ഞു വറ്റിയും എണ്ണ ക്ഷയിച്ചും പോയിരിക്കുകയാൽ ദേശം ദുഃഖിക്കുന്നു.
11കർഷകരേ, ലജ്ജിക്കുവിൻ; മുന്തിരിത്തോട്ടക്കാരേ, ഗോതമ്പിനെയും യവത്തെയും ചൊല്ലി മുറയിടുവിൻ; വയലിലെ വിളവ് നശിച്ചുപോയല്ലോ.12മുന്തിരിവള്ളി വാടി, അത്തിവൃക്ഷം ഉണങ്ങി; മാതളം, ഈന്തപ്പന, നാരകം മുതലായ തോട്ടത്തിലെ സകലവൃക്ഷങ്ങളും ഉണങ്ങിപ്പോയിരിക്കുന്നു; ആനന്ദം മനുഷ്യരെ വിട്ട് മാഞ്ഞുപോയല്ലോ.
13പുരോഹിതന്മാരേ, രട്ടുടുത്ത് വിലപിക്കുവിൻ; യാഗപീഠത്തിന്റെ ശുശ്രൂഷകന്മാരേ, മുറയിടുവിൻ; എന്റെ ദൈവത്തിന്റെ ശുശ്രൂഷകന്മാരേ, ഭോജനയാഗവും പാനീയയാഗവും നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിൽ മുടങ്ങിപ്പോയിരിക്കുകകൊണ്ട് നിങ്ങൾ വന്ന് രട്ടുടുത്ത് രാത്രി കഴിച്ചുകൂട്ടുവിൻ.14ഒരു ഉപവാസത്തിനായി സമയം വേർതിരിക്കുവിൻ. സഭായോഗം വിളിക്കുവിൻ; മൂപ്പന്മാരെയും സകല ദേശനിവാസികളെയും നിങ്ങളുടെ ദൈവമായ യഹോവയുടെ ആലയത്തിൽ കൂട്ടിവരുത്തുവിൻ; യഹോവയോട് നിലവിളിക്കുവിൻ;
15ആ ദിവസം അയ്യോ കഷ്ടം! യഹോവയുടെ ദിവസം അടുത്തിരിക്കുന്നു. അത് സർവ്വശക്തന്റെ പക്കൽനിന്ന് സംഹാരത്തിനായി വരുന്നു.16നമ്മുടെ കണ്ണിനു മുമ്പിൽനിന്ന് ആഹാരവും നമ്മുടെ ദൈവത്തിന്റെ ആലയത്തിൽനിന്ന് സന്തോഷവും ഉല്ലാസവും അറ്റുപോയല്ലോ.17വിത്ത് കട്ടകളുടെ കീഴിൽ കിടന്ന് നശിച്ചുപോകുന്നു; ധാന്യം കരിഞ്ഞുപോയിരിക്കുകയാൽ പാണ്ടികശാലകൾ ശൂന്യമായും കളപ്പുരകൾ ഇടിഞ്ഞും പോകുന്നു.
18മൃഗങ്ങൾ എത്രയധികം ഞരങ്ങുന്നു! കന്നുകാലികൾ മേച്ചൽ ഇല്ലായ്കകൊണ്ട് ബുദ്ധിമുട്ടുന്നു; ആടുകൾ വേദന അനുഭവിക്കുന്നു.19യഹോവേ, നിന്നോട് ഞാൻ നിലവിളിക്കുന്നു; മരുഭൂമിയിലെ പുല്പുറങ്ങൾ തീയ്ക്കും വയലിലെ വൃക്ഷങ്ങൾ എല്ലാം തീജ്വാലയ്ക്കും ഇരയായിത്തീർന്നുവല്ലോ.20നീർത്തോടുകൾ വറ്റിപ്പോകുകയും മരുഭൂമിയിലെ പുല്പുറങ്ങൾ തീയ്ക്ക് ഇരയായിത്തീരുകയും ചെയ്തതുകൊണ്ട് വയലിലെ മൃഗങ്ങളും നിന്നെ നോക്കി കരയുന്നു.

2

1സീയോനിൽ കാഹളം ഊതുവിൻ; എന്റെ വിശുദ്ധപർവ്വതത്തിൽ അയ്യംവിളിക്കുവിൻ; യഹോവയുടെ ദിവസം വരുന്നു! അത് എത്രയും അടുത്തിരിക്കുന്നു. സകല ദേശനിവാസികളും ഭയന്ന് വിറയ്ക്കട്ടെ.2ഇരുട്ടും അന്ധകാരവും ഉള്ള ഒരു ദിവസം; മേഘവും കൂരിരുട്ടും ഉള്ള ഒരു ദിവസം തന്നെ. പർവ്വതങ്ങളിൽ പരന്നിരിക്കുന്ന പ്രഭാതമേഘം പോലെ പെരുപ്പവും ബലവും ഉള്ള ഒരു ജനത; അങ്ങനെയുള്ള ഒരു ജനത പണ്ട് ഉണ്ടായിട്ടില്ല; മേലാൽ തലമുറതലമുറയോളം ഉണ്ടാകുകയുമില്ല.

3അവരുടെ മുമ്പിൽ തീ കത്തുന്നു; അവരുടെ പിമ്പിൽ തീജ്വാല ദഹിപ്പിക്കുന്നു; അവരുടെ മുമ്പിൽ ദേശം ഏദെൻതോട്ടം പോലെയാകുന്നു; അവരുടെ പിറകിലോ ശൂന്യമായ മരുഭൂമി; അവരുടെ കയ്യിൽ നിന്ന് യാതൊന്നും രക്ഷപെടുകയില്ല.
4അവരുടെ രൂപം കുതിരകളുടെ രൂപംപോലെ; അവർ വേഗതയുള്ള പടക്കുതിരകളെപ്പോലെ ഓടുന്നു.5അവർ പർവ്വതശിഖരങ്ങളിൽ രഥങ്ങളുടെ മുഴക്കംപോലെ കുതിച്ചുചാടുന്നു; അഗ്നിജ്വാല വൈക്കോലിനെ ദഹിപ്പിക്കുന്ന ശബ്ദംപോലെയും പടയ്ക്ക് അണിനിരക്കുന്ന ശക്തിയുള്ള പടജ്ജനം പോലെയും തന്നെ.
6അവരുടെ മുമ്പിൽ ജനതകൾ നടുങ്ങുന്നു; സകലമുഖങ്ങളും വിളറിപ്പോകുന്നു;7അവർ വീരന്മാരെപ്പോലെ ഓടുന്നു; യോദ്ധാക്കളെപ്പോലെ മതിൽ കയറുന്നു; അവർ പാത വിട്ടുമാറാതെ അവനവന്റെ വഴിയിൽ നടക്കുന്നു.
8അവർ തമ്മിൽ തിക്കിതിരക്കാതെ അവനവന്റെ പാതയിൽ നേരെ നടക്കുന്നു; അവർ മുറിവേൽക്കാതെ ആയുധങ്ങളുടെ ഇടയിൽകൂടി ചാടുന്നു.9അവർ പട്ടണത്തിൽ ചാടിക്കടക്കുന്നു; മതിലിന്മേൽ ഓടുന്നു; വീടുകളിൽ കയറുന്നു; കള്ളനെപ്പോലെ കിളിവാതിലുകളിൽകൂടി കടക്കുന്നു.
10അവരുടെ മുമ്പിൽ ഭൂമി കുലുങ്ങുന്നു; ആകാശം നടുങ്ങുന്നു; സൂര്യനും ചന്ദ്രനും ഇരുണ്ടുപോകുന്നു; നക്ഷത്രങ്ങൾ പ്രകാശം നല്കാതിരിക്കുന്നു.11യഹോവ തന്റെ സൈന്യത്തിന്റെ മുമ്പിൽ മേഘനാദം കേൾപ്പിക്കുന്നു; അവന്റെ പാളയം അത്യന്തം വലുതും അവന്റെ വചനം അനുഷ്ഠിക്കുന്നവൻ ശക്തിയുള്ളവനും തന്നെ; യഹോവയുടെ ദിവസം വലുതും അതിഭയങ്കരവുമാകുന്നു; അത് ആർക്ക് സഹിയ്ക്കുവാൻ കഴിയും?
12“എന്നാൽ ഇപ്പോഴെങ്കിലും നിങ്ങൾ പൂർണ്ണഹൃദയത്തോടും ഉപവാസത്തോടും കരച്ചിലോടും വിലാപത്തോടുംകൂടി എങ്കലേക്കു തിരിയുവിൻ” എന്ന് യഹോവയുടെ അരുളപ്പാട്.13വസ്ത്രങ്ങളല്ല ഹൃദയങ്ങൾ തന്നെ കീറി നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിയുവിൻ; അവൻ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ളവനല്ലോ; അവൻ അനർത്ഥത്തെക്കുറിച്ച് അനുതപിക്കും.
14നിങ്ങളുടെ ദൈവമായ യഹോവ വീണ്ടും മനഃസ്താപപ്പെട്ട് തനിക്ക് ഭോജനയാഗവും പാനീയയാഗവും കഴിക്കുവാൻ തക്ക അനുഗ്രഹം നൽകുകയില്ലേ? ആർക്കറിയാം?
15സീയോനിൽ കാഹളം ഊതുവിൻ; ഒരു ഉപവാസത്തിനായി സമയം വേർതിരിക്കുവിൻ; സഭായോഗം വിളിക്കുവിൻ!16ജനത്തെ കൂട്ടിവരുത്തുവിൻ; സഭയെ വിശുദ്ധീകരിക്കുവിൻ; മൂപ്പന്മാരെ കൂട്ടിവരുത്തുവിൻ; കുഞ്ഞുങ്ങളെയും മുലകുടിക്കുന്ന പൈതങ്ങളെയും ഒരുമിച്ചുകൂട്ടുവിൻ; മണവാളൻ മണവറയും മണവാട്ടി ഉള്ളറയും വിട്ടു പുറത്തു വരട്ടെ.
17യഹോവയുടെ ശുശ്രൂഷകന്മാരായ പുരോഹിതന്മാർ പൂമുഖത്തിന്റെയും യാഗപീഠത്തിന്റെയും മദ്ധ്യത്തിൽ കരഞ്ഞുകൊണ്ട്: “യഹോവേ, നിന്റെ ജനത്തോടു ക്ഷമിക്കണമേ; ജാതികൾ അവരുടെ മേൽ വാഴുവാൻ തക്കവണ്ണം നിന്റെ അവകാശത്തെ നിന്ദയ്ക്ക് ഏല്പിക്കരുതേ; ‘അവരുടെ ദൈവം എവിടെ?’എന്ന് ജനതകളുടെ ഇടയിൽ പറയുന്നതെന്തിന്?” എന്നിങ്ങനെ പറയട്ടെ.

18അങ്ങനെ യഹോവ തന്റെ ദേശത്തിനു വേണ്ടി തീക്ഷ്ണത കാണിച്ച് തന്റെ ജനത്തെ ആദരിച്ചു.19യഹോവ തന്റെ ജനത്തിന് ഉത്തരം അരുളിയത്: “ഞാൻ നിങ്ങൾക്ക് ധാന്യവും വീഞ്ഞും എണ്ണയും നല്കും; നിങ്ങൾ അതിനാൽ തൃപ്തി പ്രാപിക്കും; ഞാൻ ഇനി നിങ്ങളെ ജനതകളുടെ ഇടയിൽ നിന്ദാവിഷയമാക്കുകയുമില്ല.
20വടക്കുനിന്നുള്ള ശത്രുവിനെ ഞാൻ നിങ്ങളുടെ ഇടയിൽനിന്നു ദൂരത്താക്കി വരണ്ടതും ശൂന്യവുമായ ഒരു ദേശത്തേക്കു നീക്കി, അവന്റെ മുൻപടയെ കിഴക്കെ കടലിലും അവന്റെ പിൻപടയെ പടിഞ്ഞാറെ കടലിലും ഇട്ടുകളയും; അവൻ വമ്പു കാട്ടിയിരിക്കുകകൊണ്ട് അവന്റെ ദുർഗ്ഗന്ധം പൊങ്ങുകയും നാറ്റം പരക്കുകയും ചെയ്യും.”
21ദേശമേ, ഭയപ്പെടേണ്ടാ, ഘോഷിച്ചുല്ലസിച്ചു സന്തോഷിക്കുക; യഹോവ വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു.22വയലിലെ മൃഗങ്ങളേ, ഭയപ്പെടേണ്ടാ; മരുഭൂമിയിലെ പുല്പുറങ്ങൾ പച്ചപിടിക്കുന്നു; വൃക്ഷം ഫലം കായ്ക്കുന്നു; അത്തിവൃക്ഷവും മുന്തിരിവള്ളിയും സമൃദ്ധിയായി ഫലം നല്കുന്നു.23സീയോൻ മക്കളേ, ഘോഷിച്ചുല്ലസിച്ച് നിങ്ങളുടെ ദൈവമായ യഹോവയിൽ സന്തോഷിക്കുവിൻ! അവൻ കൃത്യഅളവിൽ നിങ്ങൾക്കു മുൻമഴ തരുന്നു; അവൻ മുമ്പത്തെപ്പോലെ നിങ്ങൾക്ക് മുൻമഴയും പിൻമഴയും പെയ്യിച്ചുതരുന്നു.
24അങ്ങനെ കളപ്പുരകൾ ധാന്യംകൊണ്ടു നിറയും; ചക്കുകൾ വീഞ്ഞും എണ്ണയും കൊണ്ട് കവിഞ്ഞൊഴുകും.25ഞാൻ നിങ്ങളുടെ ഇടയിൽ അയച്ചിരിക്കുന്ന എന്റെ മഹാസൈന്യമായ വെട്ടുക്കിളിയും വിട്ടിലും തുള്ളനും പച്ചപ്പുഴുവും തിന്നുകളഞ്ഞ സംവത്സരങ്ങൾക്കു പകരം ഞാൻ നിങ്ങൾക്ക് സമൃദ്ധിയുടെ നാളുകൾ നല്കും.
26നിങ്ങൾ വേണ്ടുവോളം ഭക്ഷിച്ച് തൃപ്തരായി, നിങ്ങളോട് അത്ഭുതകരമായി പ്രവർത്തിച്ചിരിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ സ്തുതിക്കും; എന്റെ ജനം ഒരുനാളും ലജ്ജിച്ചുപോകുകയുമില്ല.27ഞാൻ യിസ്രായേലിന്റെ നടുവിൽ ഉണ്ട്; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ തന്നെ; മറ്റൊരു ദൈവവുമില്ല എന്ന് നിങ്ങൾ അറിയും; എന്റെ ജനം ഒരു നാളും ലജ്ജിച്ചുപോകുകയുമില്ല.

28അതിനു ശേഷം, ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും; നിങ്ങളുടെ യൗവനക്കാർ ദർശനങ്ങൾ ദർശിക്കും.29ആ നാളുകളിൽ ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ ഞാൻ എന്റെ ആത്മാവിനെ പകരും.
30ഞാൻ ആകാശത്തിലും ഭൂമിയിലും അത്ഭുതങ്ങൾ കാണിക്കും: രക്തവും തീയും പുകത്തൂണുകളും തന്നേ.31യഹോവയുടെ വലുതും ഭയങ്കരവുമായ ദിവസം വരും മുമ്പ് സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും.
32എന്നാൽ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും; യഹോവ അരുളിച്ചെയ്തതുപോലെ സീയോൻപർവ്വതത്തിലും യെരൂശലേമിലും ഒരു രക്ഷിതഗണവും ശേഷിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ യഹോവ വിളിക്കുവാനുള്ളവരും ഉണ്ടാകും.

3

1ഞാൻ യെഹൂദയുടെയും യെരൂശലേമിന്റെയും പ്രവാസികളുടെ സ്ഥിതി മാറ്റുവാനുള്ള നാളുകളിലും കാലത്തിലും2ഞാൻ സകലജനതകളെയും യഹോശാഫാത്ത് താഴ്വരയിൽ കൂട്ടിവരുത്തുകയും എന്റെ ജനവും എന്റെ അവകാശവുമായ യിസ്രായേൽനിമിത്തം അവരോടു വ്യവഹരിക്കുകയും ചെയ്യും; അവർ അവരെ ജനതകളുടെ ഇടയിൽ ചിതറിച്ച് എന്റെ ദേശത്തെ വിഭാഗിച്ചുകളഞ്ഞുവല്ലോ.3അവർ എന്റെ ജനത്തിനുവേണ്ടി ചീട്ടിട്ടു; ഒരു ബാലനെ വേശ്യയുടെ കൂലിയായി കൊടുക്കുകയും ഒരു ബാലയെ വിറ്റ് വീഞ്ഞുകുടിക്കുകയും ചെയ്തു.

4സോരും സീദോനും സകലഫെലിസ്ത്യ പ്രദേശങ്ങളുമേ, നിങ്ങൾക്ക് എന്നോട് എന്തു കാര്യം? നിങ്ങളോടു ചെയ്തതിന് നിങ്ങൾ എന്നോട് പ്രതികാരം ചെയ്യുമോ? അല്ല, നിങ്ങൾ എന്നോട് പ്രതികാരം ചെയ്യുന്നു എങ്കിൽ ഞാൻ വളരെ വേഗത്തിൽ നിങ്ങളുടെ പ്രവൃത്തി നിങ്ങളുടെ തലമേൽ തന്നെ വരുത്തും.5നിങ്ങൾ എന്റെ വെള്ളിയും പൊന്നും എടുത്തു; എന്റെ അതിമനോഹരവസ്തുക്കൾ നിങ്ങളുടെ ക്ഷേത്രങ്ങളിലേക്കു കൊണ്ടുപോയി.6യെഹൂദ്യരെയും യെരൂശലേമ്യരെയും അവരുടെ അതിരുകളിൽനിന്നു ദൂരത്ത് അകറ്റുവാൻ നിങ്ങൾ അവരെ യവനന്മാർക്ക് വിറ്റുകളഞ്ഞു.
7എന്നാൽ നിങ്ങൾ അവരെ വിറ്റുകളഞ്ഞ ദേശത്തുനിന്ന് ഞാൻ അവരെ ഉദ്ധരിക്കുകയും നിങ്ങളുടെ പ്രവൃത്തി നിങ്ങളുടെ തലമേൽ തന്നെ വരുത്തുകയും ചെയ്യും.8ഞാൻ നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും യെഹൂദ്യർക്കു വിറ്റുകളയും; അവർ അവരെ ദൂരത്തുള്ള ജനതയായ ശെബായർക്ക് വിറ്റുകളയും; യഹോവ തന്നെ ഇത് അരുളിച്ചെയ്തിരിക്കുന്നു.

9ഇത് ജനതകളുടെ ഇടയിൽ വിളിച്ചുപറയുവിൻ! വിശുദ്ധയുദ്ധത്തിന് ഒരുങ്ങിക്കൊള്ളുവീൻ! വീരന്മാരെ ഉണർത്തുവിൻ! സകലയോദ്ധാക്കളും അടുത്തുവന്ന് യുദ്ധത്തിന് പുറപ്പെടട്ടെ.10നിങ്ങളുടെ കലപ്പകളുടെ കൊഴുക്കളിൽ നിന്ന് വാളുകളും, വാക്കത്തികളിൽ നിന്ന് കുന്തങ്ങളും ഉണ്ടാക്കുവിൻ! ദുർബ്ബലൻ തന്നെത്താൻ വീരനായി മതിക്കട്ടെ.
11ചുറ്റുമുള്ള സകലജനതകളുമേ, ബദ്ധപ്പെട്ടു കൂടിവരുവിൻ! യഹോവേ, അവിടേക്ക് നിന്റെ വീരന്മാരെ അയയ്ക്കണമേ.
12ജനതകൾ ഉണർന്ന് യഹോശാഫാത്ത് താഴ്വരയിലേക്കു പുറപ്പെടട്ടെ. അവിടെ ഞാൻ ചുറ്റുമുള്ള സകലജനതകളെയും ന്യായം വിധിക്കേണ്ടതിനായി ഇരിക്കും.13അരിവാൾ എടുക്കുവിൻ;നിലങ്ങൾ കൊയ്ത്തിന് വിളഞ്ഞിരിക്കുന്നു; വന്ന് ധാന്യം മെതിക്കുവിൻ; ചക്കുകൾ നിറഞ്ഞിരിക്കുന്നു; തൊട്ടികൾ കവിഞ്ഞിരിക്കുന്നു; അവരുടെ ദുഷ്ടത വലിയതല്ലോ.
14വിധിയുടെ താഴ്വരയിൽ അസംഖ്യം സമൂഹങ്ങളെ കാണുന്നു; വിധിയുടെ താഴ്വരയിൽ യഹോവയുടെ ദിവസം അടുത്തിരിക്കുന്നു.15സൂര്യനും ചന്ദ്രനും ഇരുണ്ടുപോകും; നക്ഷത്രങ്ങൾ പ്രകാശം നല്കുകയുമില്ല.
16യഹോവ സീയോനിൽനിന്നു ഗർജ്ജിക്കുകയും, യെരൂശലേമിൽനിന്നു തന്റെ നാദം കേൾപ്പിക്കുകയും ചെയ്യും; ആകാശവും ഭൂമിയും കുലുങ്ങിപ്പോകും; എന്നാൽ യഹോവ തന്റെ ജനത്തിന് ശരണവും യിസ്രായേൽമക്കൾക്ക് മറവിടവും ആയിരിക്കും.17അങ്ങനെ ഞാൻ എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ വസിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവ എന്ന് നിങ്ങൾ അറിയും. യെരൂശലേം വിശുദ്ധമായിരിക്കും; അന്യജനതകൾ ഇനി അതിൽകൂടി കടക്കുകയുമില്ല.
18അന്നാളിൽ പർവ്വതങ്ങൾ പുതുവീഞ്ഞു പൊഴിക്കും; കുന്നുകൾ പാൽ ഒഴുക്കും; യെഹൂദയിലെ എല്ലാതോടുകളും വെള്ളം ഒഴുക്കും; യഹോവയുടെ ആലയത്തിൽനിന്ന് ഒരു ഉറവ പുറപ്പെട്ട് ശിത്തീംതാഴ്വരയെ നനയ്ക്കും.19യെഹൂദാദേശത്തുവച്ച് കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞ് അവരോടു ചെയ്ത സാഹസം ഹേതുവായി ഈജിപ്റ്റ് ശൂന്യമായിത്തീരുകയും എദോം നിർജ്ജനമരുഭൂമിയായി ഭവിക്കുകയും ചെയ്യും.
20യെഹൂദയിൽ സദാകാലത്തും യെരൂശലേമിൽ തലമുറതലമുറയോളവും നിവാസികളുണ്ടാകും.21ഞാൻ ക്ഷമിക്കാത്ത അവരുടെ രക്തപാതകം ഞാൻ ക്ഷമിക്കും; യഹോവ സീയോനിൽ എന്നേക്കും വസിക്കും.

ആമോസ്

1

1തെക്കോവയിലെ ഇടയന്മാരിൽ ഒരുവനായ ആമോസ്, യെഹൂദാരാജാവായ ഉസ്സീയാവിന്റെയും യിസ്രായേൽരാജാവായ യോവാശിന്റെ മകൻ യൊരോബെയാമിന്റെയും കാലത്ത്, ഭൂകമ്പത്തിന് രണ്ട് സംവത്സരം മുമ്പ് യിസ്രായേലിനെക്കുറിച്ച് ദർശിച്ച വചനങ്ങൾ.2അവൻ പറഞ്ഞത്: “യഹോവ സീയോനിൽനിന്ന് ഗർജ്ജിക്കും; യെരൂശലേമിൽ നിന്ന് തന്റെ നാദം കേൾപ്പിക്കും. അപ്പോൾ ഇടയന്മാരുടെ മേച്ചല്പുറങ്ങൾ ദുഃഖിക്കും; കർമ്മേലിന്റെ കൊടുമുടി വാടിപ്പോകും”.

3യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ദമസ്കൊസിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ ഗിലെയാദിനെ ഇരിമ്പുമെതിവണ്ടികൊണ്ട് മെതിച്ചിരിക്കുകയാൽ തന്നെ, ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല.4ഞാൻ ഹസായേൽഗൃഹത്തിൽ ഒരു തീ അയയ്ക്കും; അത് ബെൻഹദദിന്റെ അരമനകളെ ദഹിപ്പിച്ചുകളയും.
5ഞാൻ ദമസ്കൊസിന്റെ ഓടാമ്പൽ തകർത്ത്, ആവെൻതാഴ്വരയിൽനിന്ന് നിവാസിയെയും ഏദെൻഗൃഹത്തിൽനിന്ന് ചെങ്കോൽ പിടിക്കുന്നവനെയും ഛേദിച്ചുകളയും; അരാമ്യർ ബദ്ധന്മാരായി കീറിലേക്ക് പോകേണ്ടിവരും” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
6യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഗസ്സയുടെ മൂന്നോ നാലോ അതിക്രമം നിമിത്തം, അവർ ബദ്ധന്മാരെ മുഴുവൻ എദോമിന് ഏല്പിക്കേണ്ടതിന് കൊണ്ടുപോയിരിക്കുകയാൽ, ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല.7ഞാൻ ഗസ്സയുടെ മതിലിനകത്ത് ഒരു തീ അയയ്ക്കും; അത് അതിന്റെ അരമനകളെ ദഹിപ്പിച്ചുകളയും.
8ഞാൻ അസ്തോദിൽനിന്ന് നിവാസിയെയും അസ്കെലോനിൽനിന്ന് ചെങ്കോൽ പിടിക്കുന്നവനെയും ഛേദിച്ചുകളയും; എന്റെ കൈ എക്രോന്റെ നേരെ തിരിക്കും; ഫെലിസ്ത്യരിൽ ശേഷിപ്പുള്ളവർ നശിച്ചുപോകും” എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
9യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “സോരിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ സഹോദരസഖ്യത ഓർക്കാതെ ബദ്ധന്മാരെ മുഴുവൻ എദോമിന് ഏല്പിച്ചുകളഞ്ഞിരിക്കുകയാൽ, ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല.10ഞാൻ സോരിന്റെ മതിലിനകത്ത് ഒരു തീ അയയ്ക്കും; അത് അതിന്റെ അരമനകളെ ദഹിപ്പിച്ചുകളയും”.
11യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “എദോമിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവൻ തന്റെ സഹോദരനെ വാളോടുകൂടി പിന്തുടർന്ന്, തന്റെ കോപം സദാകാലം ജ്വലിക്കുവാൻ തക്കവിധം അനുകമ്പ വിട്ടുകളയുകയും ക്രോധം സദാകാലം വച്ചുകൊള്ളുകയും ചെയ്തിരിക്കുകയാൽ, ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല.12ഞാൻ തേമാനിൽ ഒരു തീ അയയ്ക്കും; അത് ബൊസ്രയിലെ അരമനകളെ ദഹിപ്പിച്ചുകളയും”.
13യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അമ്മോന്യരുടെ മൂന്നോ നാലോ അതിക്രമം നിമിത്തം, അവർ തങ്ങളുടെ അതിരുകൾ വിസ്താരമാക്കേണ്ടതിന് ഗിലെയാദിലെ ഗർഭിണികളെ പിളർന്നുകളഞ്ഞിരിക്കുകയാൽ, ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല.
14ഞാൻ രബ്ബയുടെ മതിലിനകത്ത് ഒരു തീ കത്തിക്കും; അത് യുദ്ധദിവസത്തിലെ ആർപ്പോടും ചുഴലിക്കാറ്റിന്റെ നാളിലെ കൊടുങ്കാറ്റോടുംകൂടി അതിലെ അരമനകളെ ദഹിപ്പിച്ചുകളയും.15അവരുടെ രാജാവ് പ്രവാസത്തിലേക്ക് പോകേണ്ടിവരും; അവനും അവന്റെ പ്രഭുക്കന്മാരും ഒരുപോലെ തന്നെ ”എന്ന് യഹോവ അരുളിച്ചെയ്യുന്നു.

2

1യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മോവാബിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവൻ എദോംരാജാവിന്റെ അസ്ഥികളെ ചുട്ട് കുമ്മായമാക്കിക്കളഞ്ഞിരിക്കുകയാൽ തന്നെ, ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല.

2ഞാൻ മോവാബിൽ ഒരു തീ അയയ്ക്കും; അത് കെരീയോത്തിന്റെ അരമനകളെ ദഹിപ്പിച്ചുകളയും; മോവാബ് കലഹത്തോടും ആർപ്പോടും കാഹളനാദത്തോടും കൂടി മരിക്കും.3ഞാൻ ന്യായാധിപതിയെ അതിന്റെ നടുവിൽനിന്ന് ഛേദിച്ച്, അതിന്റെ സകലപ്രഭുക്കന്മാരെയും അവനോടുകൂടി കൊല്ലും” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
4യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “യെഹൂദയുടെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ യഹോവയുടെ ന്യായപ്രമാണം നിരസിക്കുകയും, അവിടുത്തെ ചട്ടങ്ങൾ പ്രമാണിക്കാതെയിരിക്കുകയും, അവരുടെ പിതാക്കന്മാർ പിന്തുടർന്നുപോന്ന അവരുടെ വ്യാജമൂർത്തികൾ അവരെ തെറ്റിനടക്കുമാറാക്കുകയും ചെയ്തിരിക്കുകയാൽ തന്നെ, ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല.5ഞാൻ യെഹൂദയിൽ ഒരു തീ അയയ്ക്കും; അത് യെരൂശലേമിലെ അരമനകൾ ദഹിപ്പിച്ചുകളയും”.

6യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേലിന്റെ മൂന്നോ നാലോ അതിക്രമം നിമിത്തം, അവർ നീതിമാനെ പണത്തിനും ദരിദ്രനെ ഒരുജോടി ചെരുപ്പിനും വിറ്റുകളഞ്ഞിരിക്കുകയാൽ തന്നെ, ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല.
7അവർ എളിയവരുടെ തലയിൽ മൺപൊടി കാണുവാൻ കാംക്ഷിക്കുകയും സാധുക്കളുടെ വഴി മറിച്ചുകളയുകയും ചെയ്യുന്നു: എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കുവാൻ തക്കവണ്ണം ഒരു പുരുഷനും അവന്റെ അപ്പനും ഒരു യുവതിയുടെ അടുക്കൽ ചെല്ലുന്നു.8അവർ ഏത് ബലിപീഠത്തിനരികത്തും പണയം വാങ്ങിയ വസ്ത്രം വിരിച്ച് കിടന്നുറങ്ങുകയും പിഴ അടച്ചവരുടെ വീഞ്ഞ് തങ്ങളുടെ ദൈവത്തിന്റെ ആലയത്തിൽവച്ച് കുടിക്കുകയും ചെയ്യുന്നു.
9ഞാൻ അമോര്യനെ അവരുടെ മുമ്പിൽനിന്ന് നശിപ്പിച്ചുകളഞ്ഞു; അവന്റെ ഉയരം ദേവദാരുക്കളുടെ ഉയരംപോലെയായിരുന്നു; അവൻ കരുവേലകങ്ങൾപോലെ ശക്തിയുള്ളവനുമായിരുന്നു; എങ്കിലും ഞാൻ മീതെ അവന്റെ ഫലവും താഴെ അവന്റെ വേരും നശിപ്പിച്ചുകളഞ്ഞു.10ഞാൻ നിങ്ങളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ച്, അമോര്യന്റെ ദേശം കൈവശമാക്കേണ്ടതിന് നിങ്ങളെ നാല്പത് സംവത്സരം മരുഭൂമിയിൽകൂടി നടത്തി.
11ഞാൻ നിങ്ങളുടെ പുത്രന്മാരിൽ ചിലരെ പ്രവാചകന്മാരായും നിങ്ങളുടെ യൗവനക്കാരിൽ ചിലരെ വ്രതസ്ഥന്മാരായും എഴുന്നേല്പിച്ചു; അങ്ങനെ തന്നെ അല്ലയോ, യിസ്രായേൽമക്കളേ”, എന്ന് യഹോവയുടെ അരുളപ്പാട്.12എന്നാൽ നിങ്ങൾ വ്രതസ്ഥന്മാർക്കു വീഞ്ഞു കുടിക്കുവാൻ കൊടുക്കുകയും പ്രവാചകന്മാരോടു: ‘പ്രവചിക്കരുത് ’എന്നു കല്പിക്കുകയും ചെയ്തു.
13കറ്റ കയറ്റിയ വണ്ടി അമർത്തുന്നതുപോലെ ഞാൻ നിങ്ങളെ നിങ്ങൾ ഇരിക്കുന്നിടത്ത് അമർത്തിക്കളയും.14അങ്ങനെ വേഗത്തിൽ ഓടുന്നവർക്ക് ശരണം നശിക്കും; ബലവാന്റെ ശക്തി നിലനില്ക്കുകയില്ല; വീരൻ തന്റെ ജീവനെ രക്ഷിക്കുകയില്ല;
15വില്ലാളി ഉറച്ചുനിൽക്കുകയില്ല; വേഗത്തിൽ ഓടുന്നവൻ സ്വയം വിടുവിക്കുകയില്ല, കുതിര കയറി ഓടുന്നവൻ തന്റെ ജീവനെ രക്ഷിക്കുകയുമില്ല.16വീരന്മാരിൽ ധൈര്യമേറിയവൻ അന്നാളിൽ നഗ്നനായി ഓടിപ്പോകും” എന്ന് യഹോവയുടെ അരുളപ്പാട്.

3

1യിസ്രായേൽമക്കളേ, നിങ്ങളെക്കുറിച്ചും ഞാൻ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ച സർവ്വവംശത്തെക്കുറിച്ചും യഹോവ അരുളിച്ചെയ്തിരിക്കുന്ന ഈ വചനം കേൾക്കുവിൻ!2ഭൂമിയിലെ സകലവംശങ്ങളിലുംവച്ച് ഞാൻ നിങ്ങളെ മാത്രം തിരഞ്ഞെടുത്തിരിക്കുന്നു; അതുകൊണ്ട് ഞാൻ നിങ്ങളുടെ അകൃത്യങ്ങൾനിമിത്തം നിങ്ങളെ സന്ദർശിക്കും.

3രണ്ടുപേർ തമ്മിൽ ഒത്തിട്ടല്ലാതെ ഒരുമിച്ച് നടക്കുമോ? ഇരയില്ലാതിരിക്കുമ്പോൾ സിംഹം കാട്ടിൽ അലറുമോ?4ഒന്നിനെയും പിടിച്ചിട്ടല്ലാതെ ബാലസിംഹം ഗുഹയിൽനിന്ന് മുരൾച്ച പുറപ്പെടുവിക്കുമോ?
5കുടുക്കില്ലാതിരുന്നാൽ പക്ഷി നിലത്തെ കെണിയിൽ അകപ്പെടുമോ? ഒന്നും അകപ്പെടാതെ കെണി നിലത്തുനിന്ന് പൊങ്ങുമോ?6നഗരത്തിൽ കാഹളം ഊതുമ്പോൾ ജനം പേടിക്കാതിരിക്കുമോ? യഹോവ വരുത്തീട്ടല്ലാതെ നഗരത്തിൽ അനർത്ഥം ഭവിക്കുമോ?
7യഹോവയായ കർത്താവ് പ്രവാചകന്മാരായ തന്റെ ദാസന്മാർക്ക് തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്യുകയില്ല.8സിംഹം ഗർജ്ജിച്ചിരിക്കുന്നു; ആര് ഭയപ്പെടാതിരിക്കും? യഹോവയായ കർത്താവ് അരുളിച്ചെയ്തിരിക്കുന്നു; ആര് പ്രവചിക്കാതിരിക്കും?
9“ശമര്യാപർവ്വതങ്ങളിൽ വന്നുകൂടി അതിന്റെ നടുവിലുള്ള മഹാകലഹങ്ങളെയും അതിന്റെ മദ്ധ്യേയുള്ള പീഡനങ്ങളെയും നോക്കുവിൻ” എന്ന് അസ്തോദിലെയും ഈജിപ്റ്റിലെയും അരമനകളിന്മേൽ ഘോഷിച്ചുപറയുവിൻ!10“തങ്ങളുടെ അരമനകളിൽ അന്യായവും സാഹസവും സംഗ്രഹിച്ചുവയ്ക്കുന്നവർ ന്യായം പ്രവർത്തിക്കുവാൻ അറിയുന്നില്ല” എന്ന് യഹോവയുടെ അരുളപ്പാട്.
11അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ദേശത്തിനു ചുറ്റും ഒരു വൈരി ഉണ്ടാകും; അവൻ നിന്റെ ഉറപ്പ് നിന്നിൽനിന്ന് താഴ്ത്തിക്കളയും; നിന്റെ അരമനകൾ കൊള്ളയായിത്തീരും”.12യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഒരു ഇടയൻ രണ്ട് കാലോ ഒരു കാതോ സിംഹത്തിന്റെ വായിൽനിന്ന് വലിച്ചെടുക്കുന്നതുപോലെ ശമര്യയിൽ കിടക്കയുടെ കോണിലും പട്ടുമെത്തമേലും ഇരിക്കുന്ന യിസ്രായേൽമക്കൾ വിടുവിക്കപ്പെടും.
13നിങ്ങൾ കേട്ട് യാക്കോബ് ഗൃഹത്തോട് സാക്ഷീകരിക്കുവിൻ” എന്ന് സൈന്യങ്ങളുടെ ദൈവമായ യഹോവയായ കർത്താവിന്റെ അരുളപ്പാട്.14“ഞാൻ യിസ്രായേലിന്റെ അതിക്രമങ്ങൾനിമിത്തം അവനെ സന്ദർശിക്കുന്ന നാളിൽ ബലിപീഠത്തിന്റെ കൊമ്പുകൾ മുറിഞ്ഞ് നിലത്ത് വീഴത്തക്കവിധം ഞാൻ ബെഥേലിലെ ബലിപീഠങ്ങളെയും സന്ദർശിക്കും.
15ഞാൻ വേനൽക്കാലവസതിയും ശൈത്യകാലവസതിയും ഒരുപോലെ തകർത്തുകളയും; ദന്തഭവനങ്ങൾ നശിച്ചുപോകും; പലവീടുകളും മുടിഞ്ഞുപോകും” എന്ന് യഹോവയുടെ അരുളപ്പാട്.

4

1എളിയവരെ പീഡിപ്പിക്കുകയും ദരിദ്രന്മാരെ ഞെരുക്കുകയും സ്വന്തം ഭർത്താക്കന്മാരോട്: “കൊണ്ടുവരുവിൻ; ഞങ്ങൾ കുടിക്കട്ടെ” എന്ന് പറയുകയും ചെയ്യുന്ന ശമര്യാപർവ്വതത്തിലെ ബാശാന്യപശുക്കളേ, ഈ വചനം കേൾക്കുവിൻ.2“ഞാൻ നിങ്ങളെ കൊളുത്തുകൊണ്ടും നിങ്ങളുടെ സന്തതിയെ ചൂണ്ടൽകൊണ്ടും പിടിച്ചു കൊണ്ടുപോകുന്ന കാലം നിങ്ങൾക്കു വരും ”എന്ന് യഹോവയായ കർത്താവ് തന്റെ വിശുദ്ധിയെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു.

3“അപ്പോൾ നിങ്ങൾ ഓരോരുത്തരും നേരെ മുമ്പോട്ട് മതിൽ പിളർപ്പുകളിൽകൂടി പുറത്തുചെല്ലുകയും നിങ്ങളെ ഹെർമ്മോനിലേക്ക് എറിഞ്ഞുകളയുകയും ചെയ്യും” എന്ന് യഹോവയുടെ അരുളപ്പാട്.
4ബെഥേലിൽ ചെന്ന് അതിക്രമം ചെയ്യുവിൻ; ഗില്ഗാലിൽ ചെന്ന് അതിക്രമം വർദ്ധിപ്പിക്കുവിൻ; രാവിലെതോറും നിങ്ങളുടെ ഹനനയാഗങ്ങളും മൂന്നാംനാൾതോറും നിങ്ങളുടെ ദശാംശങ്ങളും കൊണ്ടുവരുവിൻ.5“പുളിച്ചമാവുകൊണ്ടുള്ള സ്തോത്ര യാഗം അർപ്പിക്കുവിൻ; സ്വമേധാദാനങ്ങളെക്കുറിച്ച് ഘോഷിച്ച് പ്രസിദ്ധമാക്കുവിൻ; ഇതല്ലയോ, യിസ്രായേൽമക്കളേ, നിങ്ങൾക്ക് ഇഷ്ടമായിരിക്കുന്നത്” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
6“നിങ്ങളുടെ എല്ലാപട്ടണങ്ങളിലും ഞാൻ നിങ്ങൾക്ക് പല്ലിന്റെ വെടിപ്പും എല്ലായിടങ്ങളിലും അപ്പത്തിന്റെ കുറവും വരുത്തിയിട്ടും നിങ്ങൾ എന്നിലേയ്ക്ക് തിരിഞ്ഞില്ല” എന്ന് യഹോവയുടെ അരുളപ്പാട്.7“കൊയ്ത്തിന് ഇനി മൂന്നു മാസമുള്ളപ്പോൾ ഞാൻ നിങ്ങൾക്ക് മഴ മുടക്കിക്കളഞ്ഞു; ഞാൻ ഒരു പട്ടണത്തിൽ മഴ നൽകുകയും മറ്റെ പട്ടണത്തിൽ മഴ നൽകാതിരിക്കുകയും ചെയ്തു; ഒരു വയലിൽ മഴ പെയ്തു; മഴ പെയ്യാത്ത മറ്റെ വയൽ വരണ്ടുപോയി.
8രണ്ടോ മൂന്നോ പട്ടണങ്ങൾ വെള്ളം കുടിക്കുവാൻ ഒരു പട്ടണത്തിലേക്ക് ഉഴന്നുചെന്നു, ദാഹം തീർന്നില്ലതാനും; എന്നിട്ടും നിങ്ങൾ എന്നിലേയ്ക്ക് തിരിഞ്ഞില്ല”എന്ന് യഹോവയുടെ അരുളപ്പാട്.9ഞാൻ നിങ്ങളെ വെൺകതിർകൊണ്ടും വിഷമഞ്ഞുകൊണ്ടും ശിക്ഷിച്ചു; നിങ്ങളുടെ തോട്ടങ്ങളും മുന്തിരിത്തോപ്പുകളും അത്തിവൃക്ഷങ്ങളും ഒലിവുമരങ്ങളും പലപ്പോഴും വെട്ടുക്കിളി തിന്നുകളഞ്ഞു; എങ്കിലും നിങ്ങൾ എന്നിലേയ്ക്ക് തിരിഞ്ഞില്ല” എന്ന് യഹോവയുടെ അരുളപ്പാട്.
10“ഈജിപ്റ്റിലെപ്പോലെ ഞാൻ മഹാവ്യാധി നിങ്ങളടെ ഇടയിൽ അയച്ച് നിങ്ങളുടെ യൗവനക്കാരെ വാൾകൊണ്ട് കൊന്ന് നിങ്ങളുടെ കുതിരകളെ പിടിച്ചു കൊണ്ടുപോയി; നിങ്ങളുടെ പാളയങ്ങളിലെ നാറ്റം ഞാൻ നിങ്ങളുടെ മൂക്കിൽ കയറുമാറാക്കി; എന്നിട്ടും നിങ്ങൾ എന്നിലേയ്ക്കു തിരിഞ്ഞില്ല” എന്ന് യഹോവയുടെ അരുളപ്പാട്.11“ദൈവം സൊദോമിനെയും ഗൊമോരയെയും ഉന്മൂലനാശം ചെയ്തതുപോലെ ഞാൻ നിങ്ങളുടെ ഇടയിൽ ഒരു ഉന്മൂലനാശം വരുത്തി, നിങ്ങൾ കത്തുന്ന തീയിൽനിന്ന് വലിച്ചെടുക്കപ്പെട്ട ഒരു കൊള്ളിപോലെ ആയിരുന്നു; എന്നിട്ടും നിങ്ങൾ എന്നിലേയ്ക്ക് തിരിഞ്ഞില്ല” എന്ന് യഹോവയുടെ അരുളപ്പാട്.
12“അതുകൊണ്ട് യിസ്രായേലേ, ഞാൻ നിന്നോട് ഇങ്ങനെ ചെയ്യും; യിസ്രായേലേ, ഞാൻ ഇത് നിന്നോട് ചെയ്യുവാൻ പോകുന്നതുകൊണ്ട് നിന്റെ ദൈവത്തെ എതിരേല്ക്കുവാൻ ഒരുങ്ങിക്കൊള്ളുക”.13പർവ്വതങ്ങളെ നിർമ്മിക്കുകയും കാറ്റിനെ സൃഷ്ടിക്കുകയും മനുഷ്യനോട് അവന്റെ നിരൂപണം ഇന്നതെന്ന് അറിയിക്കുകയും പ്രഭാതത്തെ അന്ധകാരമാക്കുകയും ഭൂമിയുടെ ഉന്നതികളിന്മേൽ നടകൊള്ളുകയും ചെയ്യുന്ന ഒരുവനുണ്ട്; സൈന്യങ്ങളുടെ ദൈവമായ യഹോവ എന്നാകുന്നു അവിടുത്തെ നാമം.

5

1യിസ്രായേൽഗൃഹമേ, നിങ്ങളെക്കുറിച്ചുള്ള ഈ വിലാപവചനം കേൾക്കുവിൻ!2യിസ്രായേൽകന്യക വീണിരിക്കുന്നു; ഇനി എഴുന്നേൽക്കുകയും ഇല്ല; അവൾ നിലത്തോട് പറ്റിക്കിടക്കുന്നു; അവളെ എഴുന്നേൽപ്പിക്കുവാൻ ആരുമില്ല.

3യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേൽഗൃഹത്തിൽ ആയിരം പേരുമായി പുറപ്പെട്ട പട്ടണത്തിൽ നൂറുപേർ മാത്രം ശേഷിക്കും; നൂറ് പേരുമായി പുറപ്പെട്ടതിൽ പത്തുപേർ മാത്രം ശേഷിക്കും”.
4യഹോവ യിസ്രായേൽഗൃഹത്തോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന് എന്നെ അന്വേഷിക്കുവിൻ.5ബെഥേലിനെ അന്വേഷിക്കരുത്; ഗില്ഗാലിലേയ്ക്ക് പോകരുത്; ബേർ-ശേബയിലേയ്ക്ക് കടക്കുകയുമരുത്; ഗില്ഗാൽ പ്രവാസത്തിലേക്ക് പോകേണ്ടിവരും; ബെഥേൽ ശൂന്യമായിത്തീരും.
6നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന് യഹോവയെ അന്വേഷിക്കുവിൻ; അല്ലെങ്കിൽ അവിടുന്ന് ബേഥേലിൽ ആർക്കും കെടുത്തുവാൻ കഴിയാത്ത ഒരു തീപോലെ യോസേഫ്ഗൃഹത്തിൽ കടന്ന് അതിനെ ദഹിപ്പിച്ചുകളയും.7ന്യായത്തെ കാഞ്ഞിരം ആക്കിത്തീർക്കുകയും നീതിയെ നിലത്ത് തള്ളിയിട്ടുകളയുകയും ചെയ്യുന്നവരേ,
8കാർത്തികയെയും മകയിരത്തെയും സൃഷ്ടിക്കുകയും അന്ധതമസ്സിനെ പ്രഭാതമാക്കി മാറ്റുകയും പകലിനെ രാത്രിയാക്കി തീർക്കുകയും സമുദ്രത്തിലെ വെള്ളത്തെ വിളിച്ച് ഭൂതലത്തിൽ പകരുകയും ചെയ്യുന്നവനെ അന്വേഷിക്കുവിൻ; യഹോവ എന്നാകുന്നു അവിടുത്തെ നാമം.9അവിടുന്ന് കോട്ടയ്ക്കു നാശം വരുവാൻ തക്കവിധം ബലവാന്റെ മേൽ നാശം പെയ്യിക്കുന്നു.
10ഗോപുരത്തിങ്കൽ ന്യായം വിധിക്കുന്നവനെ അവർ ദ്വേഷിക്കുകയും പരമാർത്ഥം സംസാരിക്കുന്നവനെ വെറുക്കുകയും ചെയ്യുന്നു.11അങ്ങനെ നിങ്ങൾ എളിയവനെ ചവിട്ടിക്കളയുകയും അവനോട് കോഴയായി ധാന്യം വാങ്ങുകയും ചെയ്യുന്നതിനാൽ നിങ്ങൾ വെട്ടുകല്ലുകൊണ്ട് വീടു പണിയും; അതിൽ പാർക്കുകയില്ലതാനും; നിങ്ങൾ മനോഹരമായ മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കും; അവയിലെ വീഞ്ഞ് കുടിക്കുകയില്ലതാനും;
12നീതിമാനെ പീഡിപ്പിച്ച് കൈക്കൂലി വാങ്ങുകയും ഗോപുരത്തിങ്കൽ ദരിദ്രന്മാരുടെ ന്യായം മറിച്ചുകളയുകയും ചെയ്യുന്നവരേ, നിങ്ങളുടെ അതിക്രമങ്ങൾ അനവധിയും നിങ്ങളുടെ പാപങ്ങൾ കഠിനവും എന്ന് ഞാൻ അറിയുന്നു.13അതുകൊണ്ട് ബുദ്ധിമാൻ ഈ കാലത്ത് മിണ്ടാതിരിക്കുന്നു; ഇത് ദുഷ്ക്കാലമല്ലോ;
14നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന് തിന്മയല്ല നന്മ തന്നെ അന്വേഷിക്കുവിൻ; അപ്പോൾ നിങ്ങൾ പറയുന്നതുപോലെ സൈന്യങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടുകൂടി ഇരിക്കും.15നിങ്ങൾ തിന്മ വെറുത്ത് നന്മ ഇച്ഛിച്ച് ഗോപുരത്തിങ്കൽ ന്യായം നിലനിർത്തുവിൻ; പക്ഷേ സൈന്യങ്ങളുടെ ദൈവമായ യഹോവ യോസേഫിൽ ശേഷിപ്പുള്ളവരോട് കൃപ കാണിക്കും.
16അതുകൊണ്ട് സൈന്യങ്ങളുടെ ദൈവമായ യഹോവ എന്ന കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു; സകല വീഥികളിലും വിലാപം ഉണ്ടാകും; എല്ലാ തെരുക്കളിലും അവർ: ‘അയ്യോ, അയ്യോ’ എന്ന് പറയും; അവർ കൃഷിക്കാരെ ദുഃഖിക്കുവാനും വിലാപക്കാരെ വിലപിക്കുവാനും വിളിക്കും.17ഞാൻ നിന്റെ നടുവിൽ കൂടി കടന്നുപോകുന്നതുകൊണ്ട് എല്ലാ മുന്തിരിത്തോട്ടങ്ങളിലും വിലാപമുണ്ടാകും” എന്ന് യഹോവ അരുളിച്ചെയ്യുന്നു.

18യഹോവയുടെ ദിവസത്തിനായി കാത്തിരിക്കുന്ന നിങ്ങൾക്ക് അയ്യോ കഷ്ടം! യഹോവയുടെ ദിവസംകൊണ്ട് നിങ്ങൾക്ക് എന്ത് ഗുണം! അത് വെളിച്ചമല്ല ഇരുട്ടത്രേ.19അത് ഒരുവൻ സിംഹത്തിന്റെ മുമ്പിൽനിന്ന് ഓടിപ്പോയി കരടിയുടെ മുമ്പിൽ പെടുന്നതുപോലെയും വീട്ടിൽ ചെന്ന് ചുമരിൽ കൈ ചാരുമ്പോൾ സർപ്പം അവനെ കടിക്കുന്നതുപോലെയും ആകുന്നു.20യഹോവയുടെ ദിവസം വെളിച്ചമല്ല, ഇരുൾ തന്നെയല്ലോ; ഒട്ടും പ്രകാശമില്ലാതെ അന്ധകാരം തന്നെ.
21നിങ്ങളുടെ ഉത്സവങ്ങളെ ഞാൻ ദ്വേഷിച്ച് നിരസിക്കുന്നു; നിങ്ങളുടെ സഭായോഗങ്ങളിൽ എനിക്ക് പ്രസാദമില്ല.22നിങ്ങൾ എനിക്ക് ഹോമയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചാലും ഞാൻ പ്രസാദിക്കുകയില്ല; തടിപ്പിച്ച മൃഗങ്ങളെകൊണ്ടുള്ള നിങ്ങളുടെ സമാധാനയാഗങ്ങളെ ഞാൻ സ്വീകരിക്കുകയില്ല.
23നിന്റെ പാട്ടുകളുടെ സ്വരം എന്റെ മുമ്പിൽനിന്ന് നീക്കുക; നിന്റെ വീണാനാദം ഞാൻ കേൾക്കുകയില്ല.24എന്നാൽ ന്യായം വെള്ളംപോലെയും നീതി വറ്റാത്ത തോടുപോലെയും കവിഞ്ഞൊഴുകട്ടെ.
25യിസ്രായേൽഗൃഹമേ, നിങ്ങൾ മരുഭൂമിയിൽ എനിക്ക് നാല്പത് സംവത്സരം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചുവോ?26നിങ്ങൾ നിങ്ങൾക്കുവേണ്ടി ഉണ്ടാക്കിയ വിഗ്രഹങ്ങളായ നക്ഷത്രദേവൻ കീയൂനെയും നിങ്ങളുടെ രാജാവ് സിക്കൂത്തിനെയും നിങ്ങൾ ചുമന്നുകൊണ്ട് പോകേണ്ടിവരും.
27ഞാൻ നിങ്ങളെ ദമസ്കൊസിന് അപ്പുറം പ്രവാസത്തിലേയ്ക്ക് പോകുമാറാക്കും” എന്ന് യഹോവ അരുളിച്ചെയ്യുന്നു; സൈന്യങ്ങളുടെ ദൈവം എന്നാകുന്നു അവിടുത്തെ നാമം.

6

1സീയോനിൽ സ്വൈരമായിരിക്കുന്നവരും ശമര്യാപർവ്വതത്തിൽ നിർഭയരായിരിക്കുന്നവരും ജനതകളിൽ പ്രധാനികളായ ശ്രേഷ്ഠന്മാരും, യിസ്രായേൽഗൃഹം സമീപിക്കുന്നവരുമായുള്ളോരേ, നിങ്ങൾക്ക് അയ്യോ കഷ്ടം.2നിങ്ങൾ കല്നെയിൽ ചെന്നു നോക്കുവിൻ; അവിടെ നിന്ന് മഹാനഗരമായ ഹമാത്തിലേക്ക് പോകുവിൻ; ഫെലിസ്ത്യരുടെ ഗത്തിലേക്ക് ചെല്ലുവിൻ; അവ ഈ രാജ്യങ്ങളെക്കാൾ നല്ലവയോ? അവയുടെ ദേശം നിങ്ങളുടെ ദേശത്തെക്കാൾ വിസ്താരമുള്ളതോ?

3നിങ്ങൾ ദുർദ്ദിവസം അകറ്റിവയ്ക്കുകയും സാഹസത്തിന്റെ ഇരിപ്പിടം അടുപ്പിക്കുകയും ചെയ്യുന്നു.4നിങ്ങൾ ആനക്കൊമ്പു കൊണ്ടുള്ള കട്ടിലുകളിന്മേൽ ചാരിയിരിക്കുകയും നിങ്ങളുടെ ശയ്യകളിന്മേൽ നിവിർന്നു കിടക്കുകയും ആട്ടിൻകൂട്ടത്തിൽനിന്ന് കുഞ്ഞാടുകളെയും തൊഴുത്തിൽനിന്ന് പശുക്കിടാക്കളെയും തിന്നുകയും ചെയ്യുന്നു.
5നിങ്ങൾ വീണാനാദത്തോടെ വ്യർത്ഥസംഗീതം മീട്ടി ദാവീദിനെപ്പോലെ സംഗീതോപകരണങ്ങൾ ഉണ്ടാക്കുന്നു.6നിങ്ങൾ കലശങ്ങളിൽ വീഞ്ഞ് കുടിക്കുകയും വിശേഷതൈലം പൂശുകയും ചെയ്യുന്നു; യോസേഫിന്റെ കഷ്ടതയെക്കുറിച്ച് വ്യസനിക്കുന്നില്ലതാനും.
7അതുകൊണ്ട് അവർ ഇപ്പോൾ പ്രവാസികളിൽ മുമ്പന്മാരായി പ്രവാസത്തിലേക്ക് പോകും; സുഖശയനം നടത്തുന്നവരുടെ മദ്യപാനഘോഷം നിന്നുപോകും.8യഹോവയായ കർത്താവ് തന്നെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു എന്ന് സൈന്യങ്ങളുടെ ദൈവമായ യഹോവയുടെ അരുളപ്പാട്: “ഞാൻ യാക്കോബിന്റെ ഗർവ്വത്തെ വെറുത്ത് അവന്റെ അരമനകളെ ദ്വേഷിക്കുന്നു; ഞാൻ പട്ടണവും അതിലുള്ളതൊക്കെയും ഏല്പിച്ചുകൊടുക്കും”;
9ഒരു വീട്ടിൽ പത്ത് പുരുഷന്മാർ ശേഷിച്ചിരുന്നാലും അവർ മരിക്കും;10ഒരു മനുഷ്യന്റെ ബന്ധു, അവനെ ദഹിപ്പിക്കേണ്ടുന്നവൻ തന്നെ, അവന്റെ അസ്ഥികളെ വീട്ടിൽനിന്ന് നീക്കേണ്ടതിന് അവനെ ചുമന്നുകൊണ്ടുപോകുമ്പോൾ അവൻ വീടിന്റെ അകത്തെ മൂലയിൽ ഇരിക്കുന്നവനോട്: “നിന്റെ അടുക്കൽ ഇനി വല്ലവരും ഉണ്ടോ”? എന്ന് ചോദിക്കുന്നതിന് അവൻ: “ആരുമില്ല” എന്ന് പറഞ്ഞാൽ അവൻ: “യഹോവയുടെ നാമത്തെ കീർത്തിച്ചുകൂടായ്കയാൽ നീ മിണ്ടാതിരിക്കുക” എന്ന് പറയും.
11യഹോവ കല്പിച്ചിട്ട് വലിയ വീട് ഇടിഞ്ഞും ചെറിയ വീട് പിളർന്നും തകർന്നുപോകും.
12കുതിര പാറമേൽ ഓടുമോ? അവിടെ കാളയെ പൂട്ടി ഉഴുമോ? എന്നാൽ നിങ്ങൾ ന്യായത്തെ വിഷമായും നീതിഫലത്തെ കാഞ്ഞിരമായും മാറ്റിയിരിക്കുന്നു.13നിങ്ങൾ മിഥ്യാവസ്തുവിൽ സന്തോഷിച്ചുകൊണ്ട്: “സ്വന്തശക്തിയാൽ ഞങ്ങൾ പ്രാബല്യം പ്രാപിച്ചിട്ടില്ലയോ” എന്ന് പറയുന്നു.
14“എന്നാൽ യിസ്രായേൽഗൃഹമേ, ഞാൻ നിങ്ങളുടെ നേരെ ഒരു ജനതയെ എഴുന്നേല്പിക്കും; അവർ ഹമാത്തിലേക്കുള്ള പ്രവേശനംമുതൽ അരാബയിലെ തോടുവരെ നിങ്ങളെ ഞെരുക്കും” എന്ന് സൈന്യങ്ങളുടെ ദൈവമായ യഹോവയുടെ അരുളപ്പാട്.

7

1യഹോവയായ കർത്താവ് എനിക്ക് കാണിച്ചു തന്നതെന്തെന്നാൽ: വിള രണ്ടാമത് മുളച്ചു തുടങ്ങിയപ്പോൾ അവിടുന്ന് വിട്ടിലുകളെ ഒരുക്കി: അത് രാജാവിന്റെ വക വിളവെടുത്തശേഷം മുളച്ച രണ്ടാമത്തെ വിള ആയിരുന്നു.2എന്നാൽ അവ ദേശത്തിലെ സസ്യം തിന്നുതീർന്നപ്പോൾ ഞാൻ: “യഹോവയായ കർത്താവേ, ക്ഷമിക്കണമേ; യാക്കോബിന് എങ്ങനെ നിലനിൽക്കാൻ കഴിയും? അവൻ ചെറിയവനല്ലോ” എന്ന് പറഞ്ഞു.3യഹോവ അതിനെക്കുറിച്ച് അനുതപിച്ചു; “അത് സംഭവിക്കുകയില്ല" എന്ന് യഹോവ അരുളിച്ചെയ്തു.

4യഹോവയായ കർത്താവ് എനിക്ക് കാണിച്ചുതന്നതെന്തെന്നാൽ: യഹോവയായ കർത്താവ് തീയാൽ വ്യവഹരിക്കുവാൻ അതിനെ വിളിച്ചു; അത് വലിയ ആഴിയെ വറ്റിച്ചുകളഞ്ഞു; യഹോവയുടെ ഓഹരിയെയും തിന്നുകളഞ്ഞു.5അപ്പോൾ ഞാൻ: “യഹോവയായ കർത്താവേ, മതിയാക്കണമേ; യാക്കോബിന് എങ്ങനെ നിലനിൽക്കാൻ കഴിയും? അവൻ ചെറിയവനല്ലോ” എന്ന് പറഞ്ഞു.6യഹോവ അതിനെക്കുറിച്ച് അനുതപിച്ചു; “അത് സംഭവിക്കുകയില്ല” എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്തു.
7അവിടുന്ന് എനിക്ക് കാണിച്ചുതന്നതെന്തെന്നാൽ: തൂക്കുകട്ട ഉപയോഗിച്ച് പണിത ഒരു മതിലിന്മേൽ കർത്താവ് കൈയിൽ തൂക്കുകട്ട പിടിച്ചുകൊണ്ട് നിന്നു.8യഹോവ എന്നോട്: “ആമോസേ, നീ എന്ത് കാണുന്നു” എന്ന് ചോദിച്ചതിന് “ഒരു തൂക്കുകട്ട” എന്ന് ഞാൻ പറഞ്ഞു. അതിന് കർത്താവ്: “ഞാൻ എന്റെ ജനമായ യിസ്രായേലിന്റെ നടുവിൽ ഒരു തൂക്കുകട്ട പിടിക്കും; ഞാൻ ഇനി അവരെ ശിക്ഷിക്കാതെ വിടുകയില്ല;
9യിസ്ഹാക്കിന്റെ പൂജാഗിരികൾ പാഴും യിസ്രായേലിന്റെ വിശുദ്ധമന്ദിരങ്ങൾ ശൂന്യവുമായിത്തീരും; ഞാൻ യൊരോബെയാംഗൃഹത്തിനു വിരോധമായി വാളുമായി എഴുന്നേൽക്കും” എന്ന് അരുളിച്ചെയ്തു.
10എന്നാൽ ബേഥേലിലെ പുരോഹിതനായ അമസ്യാവ് യിസ്രായേൽരാജാവായ യൊരോബെയാമിന്റെ അടുക്കൽ ആളയച്ചു: “ആമോസ് യിസ്രായേൽഗൃഹത്തിന്റെ മദ്ധ്യത്തിൽ നിനക്കു വിരോധമായി കൂട്ടുകെട്ടുണ്ടാക്കുന്നു; അവന്റെ വാക്കുകൾ സഹിക്കുവാൻ ദേശത്തിന് കഴിയുന്നില്ല.11‘യൊരോബെയാം വാൾകൊണ്ടു മരിക്കും; യിസ്രായേൽ സ്വദേശം വിട്ട് പ്രവാസത്തിലേക്കു പോകേണ്ടിവരും’ എന്നിങ്ങനെ ആമോസ് പറയുന്നു” എന്ന് പറയിച്ചു.
12എന്നാൽ ആമോസിനോട് അമസ്യാവ്: “ദർശകാ, യെഹൂദാദേശത്തിലേക്ക് ഓടിപ്പൊയ്ക്കൊള്ളുക; അവിടെ പ്രവചിച്ച് ഉപജീവനം കഴിച്ചുകൊള്ളുക.13ബെഥേലിലോ ഇനി പ്രവചിക്കരുത്; അത് രാജാവിന്റെ വിശുദ്ധമന്ദിരവും രാജധാനിയുമല്ലോ” എന്ന് പറഞ്ഞു.
14അതിന് ആമോസ് അമസ്യാവിനോട്: “ഞാൻ പ്രവാചകനല്ല, പ്രവാചകശിഷ്യനുമല്ല, ഇടയനും കാട്ടത്തിപ്പഴം പെറുക്കുന്നവനും അത്രേ.15ഞാൻ ആടുകളെ നോക്കിക്കൊണ്ടിരിക്കുമ്പോൾ യഹോവ എന്നെ പിടിച്ചു: ‘നീ ചെന്ന് എന്റെ ജനമായ യിസ്രായേലിനോടു പ്രവചിക്കുക’ എന്ന് യഹോവ എന്നോടു കല്പിച്ചു” എന്ന് ഉത്തരം പറഞ്ഞു.
16“ആകയാൽ നീ യഹോവയുടെ വചനം കേൾക്കുക: ‘യിസ്രായേലിനെക്കുറിച്ച് പ്രവചിക്കരുത്; യിസ്‌ഹാക്ക്ഗൃഹത്തിനു വിരോധമായി നീ പ്രസംഗിക്കരുത്’ എന്ന് നീ പറയുന്നുവല്ലോ”.17“അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നിന്റെ ഭാര്യ നഗരത്തിൽ വേശ്യയാകും; നിന്റെ പുത്രന്മാരും പുത്രിമാരും വാൾകൊണ്ടു വീഴും; നിന്റെ ദേശം അളവുനൂൽകൊണ്ട് വിഭാഗിക്കപ്പെടും; നീയോ ഒരു അശുദ്ധദേശത്തുവച്ച് മരിക്കും; യിസ്രായേൽ സ്വദേശം വിട്ടു പ്രവാസത്തിലേക്കു പോകേണ്ടിവരും”.

8

1യഹോവയായ കർത്താവ് എനിക്ക് ഒരു കൊട്ട പഴുത്ത പഴം കാണിച്ചുതന്നു.2“ആമോസേ, നീ എന്ത് കാണുന്നു” എന്ന് അവിടുന്ന് ചോദിച്ചതിന്: “ഒരു കൊട്ട പഴുത്തപഴം” എന്ന് ഞാൻ പറഞ്ഞു. യഹോവ എന്നോട് അരുളിച്ചെയ്തത്: “എന്റെ ജനമായ യിസ്രായേലിന് പഴുപ്പ് വന്നിരിക്കുന്നു; ഞാൻ ഇനി അവരെ ശിക്ഷിക്കാതെ വിടുകയില്ല.3ആ നാളിൽ മന്ദിരത്തിലെ ഗീതങ്ങൾ മുറവിളിയാകും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാടു. “ശവം അനവധി! എല്ലായിടത്തും അവ നിശ്ശബ്ദമായി എറിഞ്ഞുകളയപ്പെടും.

4‘ഞങ്ങൾ ഏഫയെ കുറച്ച്, ശേക്കലിനെ വലുതാക്കി കള്ളത്തുലാസ്സുകൊണ്ട് വഞ്ചന പ്രവർത്തിച്ച്, എളിയവരെ പണത്തിനും, ദരിദ്രന്മാരെ ഒരു ജോടി ചെരുപ്പിനും പകരമായി വാങ്ങേണ്ടതിനും, ഗോതമ്പിന്റെ പതിര് വില്ക്കേണ്ടതിനും,5ധാന്യവ്യാപാരം ചെയ്യുവാൻ തക്കവിധം അമാവാസിയും ഗോതമ്പുവ്യാപാരശാല തുറന്നുവയ്ക്കുവാൻ തക്കവിധം ശബ്ബത്തും എപ്പോൾ കഴിഞ്ഞുപോകും’ എന്ന് പറഞ്ഞ്,6ദരിദ്രന്മാരെ വിഴുങ്ങുവാനും ദേശത്തിലെ സാധുക്കളെ ഇല്ലാതാക്കുവാനും പോകുന്നവരേ, ഇത് കേൾക്കുവിൻ.
7ഞാൻ അവരുടെ പ്രവൃത്തികളിൽ യാതൊന്നും ഒരുനാളും മറക്കുകയില്ല” എന്ന് യഹോവ യാക്കോബിന്റെ മഹിമയെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു.8“അതുനിമിത്തം ഭൂമി നടുങ്ങുകയും അതിൽ വസിക്കുന്ന ഏവനും ഭ്രമിച്ചുപോകുകയും ചെയ്യുകയില്ലയോ? അത് മുഴുവനും നീലനദിപോലെ പൊങ്ങും; ഈജിപ്റ്റിലെ നദിപോലെ പൊങ്ങുകയും താഴുകയും ചെയ്യും.
9അന്നാളിൽ ഞാൻ ഉച്ചയ്ക്കു സൂര്യനെ അസ്തമിപ്പിക്കുകയും പട്ടാപ്പകൽ ഭൂമിയെ ഇരുട്ടാക്കുകയും ചെയ്യും.10ഞാൻ നിങ്ങളുടെ ഉത്സവങ്ങളെ ദുഃഖമായും നിങ്ങളുടെ ഗീതങ്ങളെ വിലാപമായും മാറ്റും; ഞാൻ ഏത് അരയിലും രട്ടും ഏത് തലയിലും കഷണ്ടിയും വരുത്തും; ഞാൻ അതിനെ ഏകജാതനെക്കുറിച്ചുള്ള വിലാപംപോലെയും അതിന്റെ അവസാനത്തെ കൈപ്പുള്ള ദിവസംപോലെയും ആക്കും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
11“അപ്പത്തിനായുള്ള വിശപ്പല്ല വെള്ളത്തിനായുള്ള ദാഹവുമല്ല, യഹോവയുടെ വചനങ്ങൾ കേൾക്കേണ്ടതിനുള്ള വിശപ്പു തന്നെ ഞാൻ ദേശത്തേക്ക് അയക്കുന്ന നാളുകൾ വരുന്നു” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.12“അന്ന് അവർ സമുദ്രംമുതൽ സമുദ്രംവരെയും വടക്കുമുതൽ കിഴക്കുവരെയും ഉഴന്നുചെന്ന് യഹോവയുടെ വചനം അന്വേഷിച്ച് അലഞ്ഞുനടക്കും; കണ്ടുകിട്ടുകയില്ലതാനും.
13ആ നാളിൽ സൗന്ദര്യമുള്ള കന്യകമാരും യൗവനക്കാരും ദാഹംകൊണ്ട് ബോധംകെട്ടുവീഴും.14‘ദാനേ, നിന്റെ ദൈവത്താണ, ബേർ-ശേബാമാർഗ്ഗത്താണ’ എന്ന് പറഞ്ഞുംകൊണ്ട് ശമര്യയുടെ അകൃത്യത്തെച്ചൊല്ലി സത്യം ചെയ്യുന്നവർ വീഴും; ഇനി എഴുന്നേൽക്കുകയുമില്ല”.

9

1യഹോവ യാഗപീഠത്തിനു മീതെ നില്ക്കുന്നത് ഞാൻ കണ്ടു; അവിടുന്ന് അരുളിച്ചെയ്തതെന്തെന്നാൽ: “ഉത്തരങ്ങൾ കുലുങ്ങുമാറ് നീ മകുടത്തെ അടിക്കുക; അവ എല്ലാവരുടെയും തലമേൽ വീഴുവാൻ തക്കവിധം തകർത്തുകളയുക; അവരുടെ സന്തതിയെ ഞാൻ വാൾകൊണ്ട് കൊല്ലും; അവരിൽ ആരും ഓടിപ്പോകുകയില്ല. അവരിൽ ആരും വഴുതിപ്പോകുകയുമില്ല.2അവർ പാതാളത്തിൽ തുരന്നുകടന്നാലും അവിടെനിന്ന് എന്റെ കൈ അവരെ പിടിക്കും; അവർ ആകാശത്തിലേക്ക് കയറിപ്പോയാലും അവിടെനിന്ന് ഞാൻ അവരെ ഇറക്കും.

3അവർ കർമ്മേലിന്റെ കൊടുമുടിയിൽ ഒളിച്ചിരുന്നാലും ഞാൻ അവരെ തിരഞ്ഞ് അവിടെനിന്ന് പിടിച്ചുകൊണ്ടുവരും; അവർ എന്റെ ദൃഷ്ടിയിൽനിന്ന് സമുദ്രത്തിന്റെ അടിയിൽ മറഞ്ഞിരുന്നാലും ഞാൻ അവിടെ സർപ്പത്തോടു കല്പിച്ചിട്ട് അത് അവരെ കടിക്കും.4അവർ ശത്രുക്കളുടെ മുമ്പിൽ പ്രവാസത്തിലേക്കു പോയാലും ഞാൻ അവിടെ വാളിനോടു കല്പിച്ചിട്ട് അത് അവരെ കൊല്ലും. നന്മയ്ക്കായിട്ടല്ല തിന്മയ്ക്കായിട്ടു തന്നെ ഞാൻ അവരുടെ മേൽ ദൃഷ്ടിവയ്ക്കും”.
5സൈന്യങ്ങളുടെ യഹോവയായ കർത്താവ് ദേശത്തെ തൊടുന്നു; അത് ഉരുകിപ്പോകുന്നു; അതിൽ പാർക്കുന്നവർ എല്ലാവരും വിലപിക്കും; അത് മുഴുവനും നീലനദിപോലെ പൊങ്ങുകയും ഈജിപ്റ്റിലെ നദിപോലെ താഴുകയും ചെയ്യും.6അവിടുന്ന് ആകാശത്തിൽ തന്റെ മാളികമുറികളെ പണിയുകയും ഭൂമിയിൽ തന്റെ മണ്ഡപത്തിന് അടിസ്ഥാനം ഇടുകയും സമുദ്രത്തിലെ വെള്ളത്തെ വിളിച്ച് ഭൂതലത്തിൽ പകരുകയും ചെയ്യുന്നു; യഹോവ എന്നാകുന്നു അവിടുത്തെ നാമം.
7“യിസ്രായേൽമക്കളേ നിങ്ങൾ എനിക്ക് കൂശ്യരെപ്പോലെ അല്ലയോ” എന്ന് യഹോവയുടെ അരുളപ്പാട്; “ഞാൻ യിസ്രായേലിനെ ഈജിപ്റ്റിൽനിന്നും ഫെലിസ്ത്യരെ കഫ്തോരിൽനിന്നും അരാമ്യരെ കീറിൽനിന്നും കൊണ്ടുവന്നില്ലയോ?”8“യഹോവയായ കർത്താവിന്റെ ദൃഷ്ടി പാപമുള്ള രാജ്യത്തിന്മേൽ ഇരിക്കുന്നു; ഞാൻ അതിനെ ഭൂതലത്തിൽനിന്ന് നശിപ്പിക്കും; എങ്കിലും ഞാൻ യാക്കോബ് ഗൃഹത്തെ മുഴുവനും നശിപ്പിക്കുകയില്ല” എന്ന് യഹോവയുടെ അരുളപ്പാട്.
9“അരിപ്പകൊണ്ട് അരിക്കുന്നതുപോലെ ഞാൻ യിസ്രായേൽഗൃഹത്തെ സകലജനതകളുടെയും ഇടയിൽ അരിക്കുവാൻ കല്പിക്കും; ഒരു മണിപോലും നിലത്തു വീഴുകയില്ല.10‘അനർത്ഥം ഞങ്ങളെ പിന്തുടർന്നെത്തുകയില്ല, എത്തിപ്പിടിക്കുകയുമില്ല’ എന്നു പറയുന്നവരായി എന്റെ ജനത്തിലുള്ള സകലപാപികളും വാൾകൊണ്ടു മരിക്കും.
11“അവർ എദോമിൽ ശേഷിച്ചിരിക്കുന്നവരുടെയും എന്റെ നാമം വിളിക്കപ്പെടുന്ന സകല ജനതകളുടെയും ദേശത്തെ കൈവശമാക്കേണ്ടതിന്12ദാവീദിന്റെ വീണുപോയ കൂടാരത്തെ ഞാൻ ആ നാളിൽ ഉയർത്തുകയും അതിന്റെ പിളർപ്പുകളെ അടയ്ക്കുകയും അതിന്റെ ഇടിവുകളെ തീർക്കുകയും അതിനെ പുരാതനകാലത്തിൽ എന്നപോലെ പണിയുകയും ചെയ്യും” എന്നാകുന്നു ഇത് അനുഷ്ഠിക്കുന്ന യഹോവയുടെ അരുളപ്പാട്.
13“ഉഴുന്നവൻ കൊയ്യുന്നവന്റെയും മുന്തിരിപ്പഴം ചവിട്ടുന്നവൻ വിതയ്ക്കുന്നവന്റെയും മുമ്പിലെത്തുകയും പർവ്വതങ്ങൾ പുതുവീഞ്ഞു പൊഴിക്കുകയും എല്ലാ കുന്നുകളും ഉരുകിപ്പോകുകയും ചെയ്യുന്ന നാളുകൾ വരും” എന്ന് യഹോവയുടെ അരുളപ്പാട്.
14“അപ്പോൾ ഞാൻ എന്റെ ജനമായ യിസ്രായേലിന്റെ പ്രവാസികളെ മടക്കിവരുത്തും; ശൂന്യമായിപ്പോയിരുന്ന പട്ടണങ്ങളെ അവർ പണിത് പാർക്കുകയും മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കി അവയിലെ വീഞ്ഞ് കുടിക്കുകയും തോട്ടങ്ങൾ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കുകയും ചെയ്യും.15ഞാൻ അവരെ അവരുടെ ദേശത്ത് നടും; ഞാൻ അവർക്ക് കൊടുത്തിരിക്കുന്ന ദേശത്തുനിന്ന് അവരെ ഇനി പറിച്ചുകളയുകയുമില്ല” എന്ന് നിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.

ഓബദ്യാവു

1

1ഓബദ്യാവിന്റെ ദർശനം. യഹോവയായ കർത്താവ് ഏദോമിനെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: "നാം യഹോവയിങ്കൽനിന്ന് ഒരു വർത്തമാനം കേട്ടിരിക്കുന്നു; ജനതകളുടെ ഇടയിൽ ഒരു ദൂതനെ അയച്ചിരിക്കുന്നു; ‘എഴുന്നേൽക്കുവിൻ; നാം അവളുടെ നേരെ യുദ്ധത്തിന് പുറപ്പെടുക‘”.2“ഞാൻ നിന്നെ ജനതകളുടെ ഇടയിൽ ചെറുതാക്കിയിരിക്കുന്നു; നീ അത്യന്തം നിന്ദിക്കപ്പെട്ടിരിക്കുന്നു.

3പാറപ്പിളർപ്പുകളിൽ പാർക്കുന്നവനും ഉന്നതവാസമുള്ളവനും ‘ആര് എന്നെ നിലത്ത് തള്ളിയിടും’ എന്ന് ഹൃദയത്തിൽ പറയുന്നവനുമേ, നിന്റെ ഹൃദയത്തിന്റെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു.4നീ കഴുകനെപ്പോലെ ഉയർന്നാലും, നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവച്ചാലും, അവിടെനിന്ന് ഞാൻ നിന്നെ ഇറക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
5“കള്ളന്മാർ നിന്റെ അടുക്കൽ വന്നാലോ, രാത്രിയിൽ പിടിച്ചുപറിക്കാർ വന്നാലോ - നീ എങ്ങനെ നശിച്ചുപോയിരിക്കുന്നു - അവർ തങ്ങൾക്ക് മതിയാകുവോളം മോഷ്ടിക്കുകയില്ലയോ? മുന്തിരിപ്പഴം പറിക്കുന്നവർ നിന്റെ അടുക്കൽ വന്നാൽ അവർ കാലാ പെറുക്കുവാനുള്ള പഴം ശേഷിപ്പിക്കുകയില്ലയോ?6ഏശാവിനുള്ളവരെ കണ്ടുപിടിച്ചിരിക്കുന്നതും അവന്റെ നിക്ഷേപങ്ങളെ തിരഞ്ഞ് കണ്ടിരിക്കുന്നതും എങ്ങനെ?
7നിന്നോട് സഖ്യതയുള്ളവരെല്ലാം നിന്നെ അതിർത്തിയോളം അയച്ചുകളഞ്ഞു; നിന്നോട് സമാധാനമുള്ളവർ നിന്നെ ചതിച്ച് തോല്പിച്ചിരിക്കുന്നു; നിന്റെ ആഹാരം ഭക്ഷിക്കുന്നവർ നിനക്ക് കെണിവയ്ക്കുന്നു; ആർക്കും അത് മനസ്സിലാകുന്നതുമില്ല.8ആ നാളിൽ ഞാൻ എദോമിൽനിന്ന് ജ്ഞാനികളെയും ഏശാവിന്റെ പർവ്വതത്തിൽ നിന്ന് വിവേകത്തെയും നശിപ്പിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.9ഏശാവിന്റെ പർവ്വതത്തിൽ ഉള്ള യാതൊരുവനും വെട്ടേറ്റ് ഛേദിക്കപ്പെടുവാൻ തക്കവിധം തേമാനേ, നിന്റെ വീരന്മാർ പരിഭ്രമിച്ചുപോകും.
10“നിന്റെ സഹോദരനായ യാക്കോബിനോട് നീ ചെയ്ത അക്രമം നിമിത്തം ലജ്ജ നിന്നെ മൂടും; നീ സദാകാലത്തേക്കും ഛേദിക്കപ്പെടും.11നീ അകന്നുനിന്ന നാളിൽ, പരദേശികൾ അവന്റെ സമ്പത്ത് അപഹരിച്ചു കൊണ്ടുപോകുകയും അന്യദേശക്കാർ അവന്റെ ഗോപുരങ്ങളിൽ കടന്ന് യെരൂശലേമിനു ചീട്ടിടുകയും ചെയ്ത നാളിൽ തന്നെ, നീയും അവരിൽ ഒരുത്തനെപ്പോലെ ആയിരുന്നു.
12നിന്റെ സഹോദരന്റെ ദിവസം, അവന്റെ അനർത്ഥദിവസം തന്നെ, നീ കണ്ടു രസിക്കരുതായിരുന്നു; നീ യെഹൂദ്യരെക്കുറിച്ച് അവരുടെ വിനാശദിവസത്തിൽ സന്തോഷിക്കരുതായിരുന്നു; അവരുടെ കഷ്ടദിവസത്തിൽ നീ വമ്പു പറയരുതായിരുന്നു.13എന്റെ ജനത്തിന്റെ അനർത്ഥദിവസത്തിൽ നീ അവരുടെ വാതിലിനകത്ത് കടക്കരുതായിരുന്നു; അവരുടെ അനർത്ഥദിവസത്തിൽ നീ അവരുടെ അനർത്ഥം കണ്ടു രസിക്കരുതായിരുന്നു; അവരുടെ അനർത്ഥദിവസത്തിൽ അവരുടെ സമ്പത്തിന്മേൽ നീ കൈ വയ്ക്കരുതായിരുന്നു.14അവരിൽ രക്ഷപെട്ടുപോയവരെ ഛേദിച്ചുകളയുവാൻ നീ വഴിത്തലയ്ക്കൽ നിൽക്കരുതായിരുന്നു; കഷ്ടദിവസത്തിൽ അവന് ശേഷിച്ചവരെ നീ ഏല്പിച്ചുകൊടുക്കരുതായിരുന്നു.
15സകലജനതകൾക്കും യഹോവയുടെ നാൾ അടുത്തിരിക്കുന്നു; നീ ചെയ്തിരിക്കുന്നതുപോലെ നിന്നോടും ചെയ്യും; നിന്റെ പ്രവൃത്തി നിന്റെ തലമേൽ തന്നെ മടങ്ങിവരും.16നിങ്ങൾ എന്റെ വിശുദ്ധപർവ്വതത്തിൽവച്ച് കുടിച്ചതുപോലെ സകലജനതകളും ഇടവിടാതെ കുടിക്കും; അവർ മോന്തിക്കുടിക്കുകയും ജനിക്കാത്തവരെപ്പോലെ ആകുകയും ചെയ്യും.
17എന്നാൽ സീയോൻപർവ്വതത്തിൽ ഒരു രക്ഷിതഗണം ഉണ്ടാകും; അത് വിശുദ്ധമായിരിക്കും; യാക്കോബ് ഗൃഹം തങ്ങളുടെ അവകാശങ്ങളെ കൈവശമാക്കും.18അന്ന് യാക്കോബ് ഗൃഹം തീയും യോസേഫ്ഗൃഹം ജ്വാലയും ഏശാവുഗൃഹം വയ്ക്കോലും ആയിരിക്കും; അവർ അവരെ കത്തിച്ച് ദഹിപ്പിച്ചുകളയും; ഏശാവുഗൃഹത്തിന് ശേഷിപ്പുണ്ടാകുകയില്ല”; യഹോവയല്ലയോ അരുളിച്ചെയ്തിരിക്കുന്നത്.
19തെക്കെ ദേശക്കാർ ഏശാവിന്റെ പർവ്വതവും താഴ്വരയിലുള്ളവർ ഫെലിസ്ത്യദേശവും കൈവശമാക്കും; അവർ എഫ്രയീമിന്റെയും ശമര്യയുടെയും പ്രദേശങ്ങൾ കൈവശമാക്കും; ബെന്യാമീൻ ഗിലെയാദിനെ കൈവശമാക്കും.
20ഇവിടെനിന്ന് പ്രവാസികളായിപ്പോയ യിസ്രായേൽമക്കൾ സാരെഫാത്ത്‌വരെ കനാന്യർക്കുള്ളതും, സെഫാരദിലുള്ള യെരൂശലേമ്യപ്രവാസികൾ തെക്കെദേശത്തെ പട്ടണങ്ങളും കൈവശമാക്കും.21ഏശാവിന്റെ പർവ്വതത്തെ ന്യായംവിധിക്കേണ്ടതിന് രക്ഷകന്മാർ സീയോൻപർവ്വതത്തിൽ കയറിച്ചെല്ലും; രാജത്വം യഹോവയ്ക്ക് ആകും.

യോനാ

1

1അമിത്ഥായുടെ മകനായ യോനെക്ക് യഹോവയുടെ അരുളപ്പാട് ഉണ്ടായത് ഇപ്രകാരമായിരുന്നു:2നീ മഹാനഗരമായ നീനെവേയിൽ ചെന്ന് അതിനു വിരോധമായി പ്രസംഗിക്ക. അവരുടെ ദുഷ്ടത എന്റെ സന്നിധിയിൽ എത്തിയിരിക്കുന്നു.3എന്നാൽ യോനാ യഹോവയുടെ വാക്കനുസരിച്ച് നിനവയിലേക്കു പോകാതെ യോപ്പ തുറമുഖത്തേക്കു ചെന്ന്, തർശീശിലേക്കു പോകുന്ന ഒരു കപ്പൽ കണ്ട് യാത്രകൂലി കൊടുത്ത് യഹോവയുടെ സന്നിധിയിൽനിന്നും തർശീശിലേക്കു പൊയ്ക്കളയുവാൻ അതിൽ കയറി.

4യഹോവ സമുദ്രത്തിൽ ഒരു കൊടുങ്കാറ്റ് അടിപ്പിച്ചു;കടൽ ക്ഷോഭിച്ചു. കപ്പൽ തകർന്നുപോകുന്ന അവസ്ഥയായി.5കപ്പലിൽ ഉള്ളവർ ഭയപ്പെട്ട് ഓരോരുത്തൻ താന്താന്റെ ദേവനോട് നിലവിളിച്ചു; കപ്പലിന് ഭാരം കുറക്കേണ്ടതിന് അവർ അതിലെ ചരക്ക് കടലിൽ എറിഞ്ഞുകളഞ്ഞു. യോനയോ കപ്പലിന്റെ അടിത്തട്ടിൽ കിടന്ന് സുഖമായി ഉറങ്ങുകയായിരുന്നു.
6കപ്പിത്താൻ അവന്റെ അടുക്കൽ വന്ന് അവനോട്: “നീ ഈ സമയത്തു ഉറങ്ങുന്നത് എന്ത്?എഴുന്നേറ്റ് നിന്റെ ദൈവത്തെ വിളിച്ചപേക്ഷിക്ക.നാം നശിച്ചുപോകാതെ പക്ഷെ ദൈവം നമ്മെ കടാക്ഷിക്കും.”7അനന്തരം അവർ: വരുവിൻ; ആരുടെ നിമിത്തം ഈ അനർത്ഥം നമ്മുടെ മേൽ വന്നിരിക്കുന്നു എന്നറിയേണ്ടതിന് നാം നറുക്കിടുക എന്ന് തമ്മിൽ തമ്മിൽ പറഞ്ഞു. അങ്ങനെ അവർ നറുക്കിട്ടു; യോനെക്ക് നറുക്കു വീണു.
8അവർ അവനോട് “ആരുടെനിമിത്തം ഈ അനർത്ഥം നമ്മുടെമേൽ വന്നു എന്ന് നീ പറഞ്ഞുതരേണം; നിന്റെ തൊഴിൽ എന്ത്? നീ എവിടെനിന്നു വരുന്നു? നിന്റെ നാട് ഏത്? നീ ഏതു ജാതിക്കാരൻ?” എന്ന് ചോദിച്ചു.9അവൻ അവരോട് “ഞാൻ ഒരു എബ്രായൻ, കടലും കരയും ഉണ്ടാക്കിയ സ്വർഗ്ഗീയദൈവമായ യഹോവയെ ഞാൻ ഭജിച്ചുവരുന്നു”എന്നു പറഞ്ഞു.ദൈവകൽപ്പന ധിക്കരിച്ച് തിരുസന്നിധിയിൽനിന്ന് താൻ ഓടിപ്പോകയാണെന്ന് യോന അവരോട് പറഞ്ഞിരുന്നു.10അപ്പോൾ ആ പുരുഷന്മാർ അത്യന്തം ഭയപ്പെട്ടു് അവനോട്: “നീ എന്തിന് അങ്ങനെ ചെയ്തു?” എന്ന് ചോദിച്ചു.
11എന്നാൽ കടൽ മേല്ക്കുമേൽ അധികം ക്ഷോഭിച്ചതുകൊണ്ട് അവർ അവനോട്: “കടൽ ശാന്തമാവാൻ തക്കക്കവണ്ണം ഞങ്ങൾ എന്തു ചെയ്യേണ്ടു?” എന്ന് ചോദിച്ചു.12അവൻ അവരോട്: “എന്നെ എടുത്ത് കടലിൽ ഇടുക; അപ്പോൾ കടൽ അടങ്ങും; എന്റെനിമിത്തം ഈ കടൽക്ഷോഭം ഉണ്ടായിരിക്കുന്നു എന്ന് ഞാൻ അറിയുന്നു” എന്നു പറഞ്ഞു.13യോനാ ഇങ്ങനെ പറഞ്ഞെങ്കിലും കപ്പൽ കരെക്ക് അടുക്കേണ്ടതിന് അവർ ആഞ്ഞ് തണ്ടുവലിച്ചു; എങ്കിലും കടൽ വല്ലാതെ ക്ഷോഭിച്ചിരുന്നതിനാൽ അവർക്ക് അത് സാധിച്ചില്ല.
14അവർ യഹോവയോടു് നിലവിളിച്ചു: “അയ്യോ യഹോവേ, ഈ മനുഷ്യന്റെ ജീവൻനിമിത്തം ഞങ്ങൾ നശിച്ചുപോകരുതേ; എങ്കിലും നിർദ്ദോഷരക്തം ചൊരിയിച്ച കുറ്റം ഞങ്ങളുടെമേൽ വരുത്തരുതേ; യഹോവേ, നിനക്കു ഇഷ്ടമായതു നീ ചെയ്തിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.15പിന്നെ അവർ യോനയെ എടുത്ത് കടലിൽ ഇട്ടുകളകയും കടലിന്റെ കോപം അടങ്ങുകയും ചെയ്തു.16അപ്പോൾ അവർ യഹോവയെ അത്യന്തം ഭയപ്പെട്ട് യഹോവെക്കു യാഗം കഴിച്ചു; നേർച്ചകൾ നേർന്നു.
17യോനയെ വിഴുങ്ങേണ്ടതിന്നു യഹോവ ഒരു വലിയ മത്സ്യത്തെ നിയോഗിച്ചിരുന്നു. യോനാ മൂന്നു രാവും മൂന്നു പകലും ആ മത്സ്യത്തിന്റെ വയറ്റിൽ കിടന്നു.

2

1യോനാ മത്സ്യത്തിന്റെ വയറ്റിൽ കിടന്നുകൊണ്ട് തന്റെ ദൈവമായ യഹോവയോട് പ്രാർത്ഥിച്ചു:2“ഞാൻ എന്റെ കഷ്ടതനിമിത്തം യഹോവയോട് നിലവിളിച്ചു; അവൻ എനിക്ക് ഉത്തരം അരുളി; ഞാൻ പാതാളത്തിന്റെ ഉദരത്തിൽനിന്ന് കരഞ്ഞപേക്ഷിച്ചു; നീ എന്റെ നിലവിളി കേട്ടു.

3നീ എന്നെ സമുദ്രത്തിന്റെ ആഴത്തിൽ ഇട്ടുകളഞ്ഞു; പ്രവാഹങ്ങൾ എന്നെ ചുറ്റി; നിന്റെ ഓളങ്ങളും തിരകളുമെല്ലാം എന്റെ മീതെ കടന്നുപോയി.4നിന്റെ ദൃഷ്ടി എന്നിൽ നിന്നു നീക്കിയിരിക്കുന്നു; എങ്കിലും ഞാൻ നിന്റെ വിശുദ്ധമന്ദിരത്തിങ്കലേക്കു നോക്കിക്കൊണ്ടിരിക്കും എന്നു ഞാൻ പറഞ്ഞു.
5വെള്ളം എന്റെ പ്രാണനോളം എത്തി, ആഴി എന്നെ ചുറ്റി, കടൽപുല്ല് എന്റെ തലപ്പാവായിരുന്നു.6ഞാൻ പർവ്വതങ്ങളുടെ അടിവാരങ്ങളോളം ഇറങ്ങി, ഭൂമി തന്റെ ഓടാമ്പലുകളാൽ എന്നെ സദാകാലത്തേക്കും അടെച്ചു. എങ്കിലും എന്റെ ദൈവമായ യഹോവേ, നീ എന്റെ പ്രാണനെ പാതാളത്തിൽനിന്ന് കയറ്റിയിരിക്കുന്നു.
7എന്റെ പ്രാണൻ ക്ഷീണിച്ചുപോയപ്പോൾ ഞാൻ യഹോവയെ ഓർത്തു. എന്റെ പ്രാർത്ഥന വിശുദ്ധമന്ദിരത്തിൽ നിന്റെ അടുക്കൽ എത്തി.8മിത്ഥ്യാമൂർത്തികളെ ഭജിക്കുന്നവർ തങ്ങളോടു ദയാലുവായവനെ ഉപേക്ഷിക്കുന്നു.
9ഞാനോ സ്തോത്രനാദത്തോടെ നിനക്കു യാഗം അർപ്പിക്കും; നേർന്നിരിക്കുന്നതു ഞാൻ നിറവേറ്റും. രക്ഷ യഹോവയിൽ നിന്നു തന്നെ വരുന്നു.”10അപ്പോൾ യഹോവ മത്സ്യത്തോടു കല്പിച്ചു. അത് യോനയെ കരയ്ക്ക് ഛർദ്ദിച്ചു.

3

1യഹോവയുടെ അരുളപ്പാട് രണ്ടാം പ്രാവശ്യം യോനെക്ക് ഉണ്ടായത് എന്തെന്നാൽ:2“നീ പുറപ്പെട്ട് മഹാനഗരമായ നീനെവേയിൽ ചെന്ന് ഞാൻ നിന്നോട് അരുളിച്ചെയ്യുന്ന സന്ദേശം അതിനോട് പ്രസംഗിക്ക.”3അങ്ങനെ യോനാ പുറപ്പെട്ട്, യഹോവയുടെ കല്പനപ്രകാരം നീനെവേയിൽ ചെന്നു. ഒരറ്റത്തുനിന്ന് മറ്റേഅറ്റം വരെ എത്താൻ മൂന്നു ദിവസം നടക്കേണ്ട മഹാനഗരമായിരുന്നു നീനെവേ.

4യോനാ നഗരത്തിൽ കടന്ന് ആദ്യ ദിവസം ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. “നാല്പതു ദിവസം കഴിഞ്ഞാൽ നീനെവേയ്ക്ക് ഉന്മൂലനാശം സംഭവിക്കും.5എന്നാൽ നീനെവേക്കാർ ദൈവത്തിൽ വിശ്വസിച്ച് ഒരു ഉപവാസം പ്രസിദ്ധപ്പെടുത്തി. വലിയവരും ചെറിയവരും ഒരുപോലെ അനുതാപത്തോടെ രട്ടുടുത്തു.
6ഈ വാർത്ത നീനെവേരാജാവ് അറിഞ്ഞപ്പോൾ അവൻ സിംഹാസനത്തിൽനിന്ന് എഴുന്നേറ്റ് രാജവസ്ത്രം മാറ്റി രട്ടുടുത്ത് ചാരത്തിൽ ഇരുന്നു.7അവൻ നീനെവേയിൽ എങ്ങും വിളംബരം ചെയ്തത്“ നീനെവേ രാജാവും പ്രഭുക്കന്മാരും ആജ്ഞാപിക്കുന്നു: ‘മനുഷ്യനോ മൃഗമോ കന്നുകാലിയോ ആടോ ഒന്നും ഒരു വസ്തുവും ആസ്വദിക്കരുത്; മേയ്കയും വെള്ളം കുടിക്കയും അരുത്.
8മനുഷ്യനും മൃഗവും രട്ടു പുതെച്ച് ഉച്ചത്തിൽ ദൈവത്തോട് നിലവിളിക്കേണം; ഓരോരുത്തൻ താന്താന്റെ ദുർമ്മാർഗ്ഗവും കൈക്കലുള്ള സാഹസവും വിട്ട് മനംതിരികയും വേണം.9ഒരുപക്ഷേ ദൈവം മനസ്സലിഞ്ഞ് നാം നശിച്ചുപോകാതെ അവന്റെ ഉഗ്രകോപം വിട്ടുമാറുമായിരിക്കും; ആർക്കറിയാം?”
10അവർ ദുർമ്മാർഗ്ഗം വിട്ടുതിരിഞ്ഞു എന്ന് ദൈവം അവരുടെ പ്രവൃത്തികളാൽ കണ്ടപ്പോൾ അവർക്കു വരുത്തും എന്നു അരുളിച്ചെയ്തിരുന്ന അനർത്ഥത്തെക്കുറിച്ചു മനസ്സുമാറ്റി. അങ്ങനെ സംഭവിച്ചതുമില്ല.

4

1യോനെക്ക് ഇത് തികച്ചും അനിഷ്ടമായി. അവൻ കോപിച്ചു.2അവൻ യഹോവയോട് പ്രാർത്ഥിച്ചു: “അയ്യോ, യഹോവേ, ഞാൻ സ്വദേശത്ത് ആയിരുന്നപ്പോൾ ഇതു തന്നേ സംഭവിക്കുമെന്ന് പറഞ്ഞിരുന്നല്ലോ? അതുകൊണ്ടായിരുന്നു ഞാൻ ആദ്യം തർശീശിലേക്ക് ഓടിപ്പോയത്; നീ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ള ദൈവമാകയാൽ അനർത്ഥത്തെക്കുറിച്ചു മനസ്സുമാറ്റും എന്നു ഞാൻ അറിഞ്ഞിരുന്നു.3ആകയാൽ യഹോവേ, എന്റെ ജീവനെ എടുത്തുകൊള്ളേണമേ; ജീവിച്ചിരിക്കുന്നതിനെക്കാൾ മരിക്കുന്നത് എനിക്കു നല്ലത്” എന്നു പറഞ്ഞു.

4“നീ കോപിക്കുന്നതു ന്യായമോ” എന്ന് യഹോവ ചോദിച്ചു.5അനന്തരം യോനാ നഗരത്തിന്റെ പുറത്ത് കിഴക്കുഭാഗത്തായി ഇരുന്നു; അവിടെ ഒരു കുടിലുണ്ടാക്കി നഗരത്തിന് എന്തു ഭവിക്കും എന്നു കാണുവാൻ അതിന്റെ തണലിൽ കാത്തിരുന്നു.
6യോനയുടെ സങ്കടത്തിൽ ആശ്വാസമായി അവന്റെ തലക്കു മുകളിൽ തണൽ ആയിരിക്കേണ്ടതിന് യഹോവയായ ദൈവം ഒരു ആവണക്ക് ഉണ്ടാകുവാൻ കല്പിച്ചു. അത് അവന് മീതെ വളർന്നു പൊങ്ങി; യോനാ ആവണക്കു നിമിത്തം അത്യന്തം സന്തോഷിച്ചു.7പിറ്റെന്നാൾ പുലർന്നപ്പോൾ ദൈവകൽപ്പനയാൽ ഒരു പുഴു ആ ആവണക്ക് നശിപ്പിച്ചുകളഞ്ഞു, അതു വാടിപ്പോയി.
8സൂര്യൻ ഉദിച്ചപ്പോൾ ദൈവം അത്യഷ്ണമുള്ള ഒരു കിഴക്കൻ കാറ്റ് വരുത്തി; വെയിൽ യോനയുടെ തലയിൽ കൊള്ളുകയാൽ അവൻ ക്ഷീണിച്ച് മരിച്ചാൽ കൊള്ളാം എന്ന് ഇച്ഛിച്ചു: “ജീവിച്ചിരിക്കുന്നതിനെക്കാൾ മരിക്കുന്നത് എനിക്ക് നല്ലത്” എന്ന് പറഞ്ഞു.9ദൈവം യോനയോട്: “നീ ആവണക്കു നിമിത്തം കോപിക്കുന്നത് ന്യായമോ” എന്നു ചോദിച്ചതിന് അവൻ: “ഞാൻ മരണപര്യന്തം കോപിക്കുന്നത് ന്യായം തന്നേ” എന്ന് പറഞ്ഞു.
10അതിന് യഹോവ: “നീ അദ്ധ്വാനിക്കയോ വളർത്തുകയൊ ചെയ്യാതെ ഒരു രാത്രിയിൽ ഉണ്ടായി വരികയും പിറ്റേ രാത്രിയിൽ നശിച്ചു പോകയും ചെയ്ത ആവണക്കിനെക്കുറിച്ച് നിനക്ക് അനുകമ്പ തോന്നുന്നുവല്ലോ.11എന്നാൽ വലങ്കയ്യും ഇടങ്കയ്യും തമ്മിൽ തിരിച്ചറിഞ്ഞുകൂടാത്ത ഒരുലക്ഷത്തി ഇരുപതിനായിരത്തിൽ അധികം മനുഷ്യരും അനേകം മൃഗങ്ങളുമുള്ള മഹാനഗരമായ നീനെവേയോട് എനിക്കു സഹതാപം തോന്നരുതോ” എന്നു ചോദിച്ചു.

മീഖാ

1

1യോഥാം, ആഹാസ്, യെഹിസ്കീയാവ് എന്നീ യെഹൂദാരാജാക്കന്മാരുടെ കാലത്ത് മോരസ്ത്യനായ മീഖയ്ക്കു ഉണ്ടായതും അവൻ ശമര്യയെയും യെരൂശലേമിനെയും കുറിച്ച് ദർശിച്ചതുമായ യഹോവയുടെ അരുളപ്പാട്.

2സകലജാതികളുമായുള്ളവരേ, കേൾക്കുവിൻ; ഭൂമിയും അതിലുള്ള സകല നിവാസികളുമായുള്ളവരേ, ചെവിക്കൊള്ളുവിൻ; യഹോവയായ കർത്താവ്, തന്റെ വിശുദ്ധമന്ദിരത്തിൽനിന്ന് കർത്താവു തന്നെ, നിങ്ങൾക്ക് വിരോധമായി സാക്ഷിയായിരിക്കട്ടെ.3യഹോവ തന്റെ സ്ഥലത്തു നിന്ന് പുറപ്പെട്ട് ഇറങ്ങി ഭൂമിയുടെ ഉന്നതികളിന്മേൽ നടകൊള്ളുന്നു.4തീയുടെ മുമ്പിൽ മെഴുകുപോലെയും മലഞ്ചരുവിൽ ചാടുന്ന വെള്ളംപോലെയും പർവ്വതങ്ങൾ അവന്റെ കീഴിൽ ഉരുകുകയും താഴ്വരകൾ പിളർന്നുപോകുകയും ചെയ്യുന്നു.
5ഇതൊക്കെയും യാക്കോബിന്റെ അതിക്രമംനിമിത്തവും യിസ്രായേൽഗൃഹത്തിന്റെ പാപങ്ങൾനിമിത്തവുമാകുന്നു. യാക്കോബിന്റെ അതിക്രമം എന്ത്? ശമര്യയല്ലയോ? യെഹൂദയുടെ പൂജാഗിരികൾ ഏവ?
6യെരൂശലേം അല്ലയോ? അതുകൊണ്ട് ഞാൻ ശമര്യയെ വയലിലെ കല്ക്കുന്നുപോലെയും, മുന്തിരിത്തോട്ടത്തിലെ നടുതലപോലെയും ആക്കും; ഞാൻ അതിന്റെ കല്ല് താഴ്വരയിലേക്ക് തള്ളിയിടുകയും അതിന്റെ അടിസ്ഥാനങ്ങളെ തുറക്കുമാറാക്കുകയും ചെയ്യും.7അതിലെ സകലവിഗ്രഹങ്ങളും തകർന്നുപോകും; അതിന്റെ സകലവേശ്യാസമ്മാനങ്ങളും തീ പിടിച്ചുവെന്തുപോകും; അതിലെ സകലബിംബങ്ങളെയും ഞാൻ ശൂന്യമാക്കും; വേശ്യാസമ്മാനംകൊണ്ടല്ലയോ അവൾ അത് സ്വരൂപിച്ചത്; അവ വീണ്ടും വേശ്യാസമ്മാനമായിത്തീരും.
8അതുകൊണ്ട് ഞാൻ വിലപിച്ചു മുറയിടും; ഞാൻ ചെരുപ്പില്ലാത്തവനും നഗ്നനുമായി നടക്കും; ഞാൻ കുറുനരികളെപ്പോലെ വിലപിച്ച്, ഒട്ടകപ്പക്ഷികളെപ്പോലെ കരയും.9അവളുടെ മുറിവ് സുഖപ്പെടാത്തതല്ലയോ; അത് യെഹൂദയോളം വന്ന്, എന്റെ ജനത്തിന്റെ ഗോപുരമായ യെരൂശലേമിനോളം എത്തിയിരിക്കുന്നു.10അത് ഗത്തിൽ പ്രസ്താവിക്കരുത്; ഒട്ടും കരയരുത്; ബേത്ത്-അഫ്രയിൽ (പൊടിവീട്) ഞാൻ പൊടിയിൽ ഉരുണ്ടിരിക്കുന്നു.
11ശാഫീർ (അലങ്കാര) നഗരനിവാസികളേ, ലജ്ജയും നഗ്നതയും പൂണ്ട് കടന്നുപോകുവിൻ; സയനാൻ (പുറപ്പാട്) നിവാസികൾ പുറപ്പെടുവാൻ തുനിയുന്നില്ല; ബേത്ത്-ഏസെലിന്റെ വിലാപം നിങ്ങൾക്ക് അവിടെ താമസിക്കുവാൻ മുടക്കമാകും.12യഹോവയുടെ പക്കൽനിന്ന് യെരൂശലേംഗോപുരത്തിങ്കൽ തിന്മ ഇറങ്ങിയിരിക്കുകയാൽ മാരോത്ത് (കൈപ്പ്) നിവാസികൾ നന്മയ്ക്കായി കാത്ത് വിങ്ങിപ്പൊട്ടുന്നു.
13ലാക്കീശ് (ത്വരിത) നഗരനിവാസികളേ, കുതിരകളെ രഥത്തിനു കെട്ടുവിൻ; അവർ സീയോൻപുത്രിക്ക് പാപകാരണമായ്ത്തീർന്നു; യിസ്രായേലിന്റെ അതിക്രമങ്ങൾ നിന്നിൽ കണ്ടിരിക്കുന്നു.14അതുകൊണ്ട് നീ മോരേശെത്ത്-ഗത്തിന് ഉപേക്ഷണസമ്മാനം കൊടുക്കേണ്ടിവരും; ബേത്ത്-അക്സീബിലെ (വ്യാജഗൃഹം) വീടുകൾ യിസ്രായേൽരാജാക്കന്മാരെ നിരാശരാക്കും.
15മാരേശാ (കൈവശം) നിവാസികളേ, കൈവശമാക്കുന്ന ഒരുവനെ ഞാൻ നിങ്ങളുടെ നേരെ വരുത്തും; യിസ്രായേലിന്റെ മഹത്തുക്കൾ അദുല്ലാം വരെ പോകേണ്ടിവരും.16നിന്റെ ഓമനക്കുഞ്ഞുങ്ങൾനിമിത്തം നിന്നെത്തന്നെ ക്ഷൗരംചെയ്ത് മൊട്ടയാക്കുക; കഴുകനെപ്പോലെ നിന്റെ കഷണ്ടിയെ വിസ്താരമാക്കുക; അവർ നിന്നെ വിട്ട് പ്രവാസത്തിലേക്ക് പോയല്ലോ.

2

1കിടക്കയിൽ നീതികേട് നിരൂപിച്ച് തിന്മ പ്രവർത്തിക്കുന്നവർക്ക് അയ്യോ കഷ്ടം! അവർക്ക് പ്രാപ്തിയുള്ളതുകൊണ്ട് പുലരുമ്പോൾ തന്നെ അവർ അത് നടത്തുന്നു.2അവർ നിലങ്ങൾ മോഹിച്ച് അതിക്രമത്താൽ അവ കൈവശപ്പെടുത്തുന്നു; അവർ വീടുകൾ മോഹിച്ച് അവയെ പിടിച്ചെടുക്കുന്നു; അങ്ങനെ അവർ പുരുഷനെയും അവന്റെ ഭവനത്തെയും, മനുഷ്യനെയും അവന്റെ അവകാശത്തെയും പീഡിപ്പിക്കുന്നു.

3അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഈ ജനത്തിന്റെ നേരെ അനർത്ഥം നിരൂപിക്കുന്നു; അതിൽനിന്ന് നിങ്ങൾ നിങ്ങളുടെ കഴുത്തുകളെ വിടുവിക്കുകയില്ല, നിഗളത്തോടെ നടക്കുകയുമില്ല; ഇത് ദുഷ്ക്കാലമല്ലയോ”.4ആ നാളിൽ നിങ്ങളെക്കുറിച്ച് ഒരു പരിഹാസവാക്യം ചൊല്ലുകയും ഒരു വിലാപം വിലപിക്കുകയും ചെയ്തു: “ നാം നശിച്ച്, നമുക്ക് പൂർണ്ണ സംഹാരം ഭവിച്ചിരിക്കുന്നു; അവിടുന്ന് എന്റെ ജനത്തിന്റെ ഓഹരി മാറ്റിക്കളഞ്ഞു; അവിടുന്ന് അത് എന്റെ പക്കൽനിന്ന് എങ്ങനെ നീക്കിക്കളയുന്നു!; വിശ്വാസത്യാഗികൾക്ക് അവൻ നമ്മുടെ വയലുകളെ വിഭാഗിച്ചുകൊടുക്കുന്നു” എന്ന് പറയും;5അതുകൊണ്ട് യഹോവയുടെ സഭയിൽ ഓഹരിമേൽ അളവുനൂൽ പിടിക്കുവാൻ നിനക്ക് ആരും ഉണ്ടാകുകയില്ല.
6“പ്രവചിക്കരുത്” എന്ന് അവർ പ്രവാചകന്മാരോട് പറയുന്നു; ഇവയെക്കുറിച്ച് അവർ പ്രവചിക്കേണ്ടതല്ല; അവരുടെ ആക്ഷേപങ്ങൾ ഒരിക്കലും തീരുകയില്ല.7“യാക്കോബ് ഗൃഹമേ, ഇതെന്തൊരു വാക്കാകുന്നു? യഹോവ മുൻകോപിയോ? അങ്ങനെയോ അവിടുത്തെ പ്രവൃത്തികൾ? നേരായി നടക്കുന്നവന് എന്റെ വചനങ്ങൾ ഗുണകരമല്ലയോ?8ഒടുവിൽ ഇതാ, എന്റെ ജനം ശത്രുവായി എഴുന്നേറ്റിരിക്കുന്നു; യുദ്ധവിമുഖന്മാരായി നിർഭയന്മാരായി കടന്നു പോകുന്നവരുടെ വസ്ത്രത്തിന്മേൽനിന്ന് നിങ്ങൾ പുതപ്പ് വലിച്ചെടുക്കുന്നു.
9നിങ്ങൾ എന്റെ ജനത്തിന്റെ സ്ത്രീകളെ അവരുടെ സുഖകരമായ വീടുകളിൽനിന്ന് ഇറക്കിക്കളയുന്നു; അവരുടെ പൈതങ്ങളോട് നിങ്ങൾ എന്റെ മഹത്വം സദാകാലത്തേക്കും അപഹരിച്ചുകളയുന്നു”.10“പുറപ്പെട്ടുപോകുവിൻ; നാശത്തിന്, കഠിനനാശത്തിനു കാരണമായിരിക്കുന്ന മാലിന്യംനിമിത്തം ഇത് നിങ്ങൾക്ക് വിശ്രാമസ്ഥലമല്ല”.11വ്യാജാത്മാവിൽ നടക്കുന്ന ഒരുവൻ: “ഞാൻ വീഞ്ഞിനെക്കുറിച്ചും മദ്യപാനത്തെക്കുറിച്ചും നിന്നോട് പ്രവചിക്കും” എന്നിങ്ങനെ വ്യാജം പറഞ്ഞാൽ അവൻ ഈ ജനത്തിന് ഒരു പ്രസംഗിയായിരിക്കും.

12“യാക്കോബേ, ഞാൻ നിനക്കുള്ളവരെ എല്ലാം ചേർത്തുകൊള്ളും; യിസ്രായേലിൽ ശേഷിപ്പുള്ളവരെ ഞാൻ ശേഖരിക്കും; തൊഴുത്തിലെ ആടുകളെപ്പോലെ, മേച്ചൽപ്പുറത്തെ ആട്ടിൻകൂട്ടത്തെപ്പോലെ ഞാൻ അവരെ ഒരുമിച്ചുകൂട്ടും; ആൾപെരുപ്പം ഹേതുവായി അവിടെ വലിയ മുഴക്കം ഉണ്ടാകും.13തകർക്കുന്നവൻ അവർക്കു മുമ്പായി പുറപ്പെടുന്നു; അവർ തകർത്ത് ഗോപുരത്തിൽകൂടി കടക്കുകയും പുറപ്പെടുകയും ചെയ്യും; അവരുടെ രാജാവ് അവർക്കു മുമ്പായും യഹോവ അവരുടെ നായകനായും നടക്കും”.

3

1എന്നാൽ ഞാൻ പറഞ്ഞത്: “യാക്കോബിന്റെ തലവന്മാരും യിസ്രായേൽഗൃഹത്തിന്റെ അധിപന്മാരുമായുള്ളവരേ, കേൾക്കുവിൻ! ന്യായം അറിയുന്നത് നിങ്ങളുടെ കടമയല്ലയോ?2നിങ്ങൾ നന്മയെ ദ്വേഷിച്ച് തിന്മയെ ഇച്ഛിക്കുന്നു; നിങ്ങൾ ത്വക്കു അവരുടെ ശരീരത്തുനിന്നും മാംസം അവരുടെ അസ്ഥികളിൽനിന്നും പറിച്ചുകളയുന്നു.3നിങ്ങൾ എന്റെ ജനത്തിന്റെ മാംസം തിന്ന് അവരുടെ ത്വക്ക് അവരിൽനിന്ന് ഉരിഞ്ഞെടുക്കുന്നു; നിങ്ങൾ അവരുടെ അസ്ഥികൾ ഒടിച്ച്, കലത്തിൽ ഇടുവാൻ എന്നപോലെയും കുട്ടകത്തിനകത്തെ മാംസംപോലെയും മുറിച്ചുകളയുന്നു.

4അന്ന് അവർ യഹോവയോടു നിലവിളിക്കും; എന്നാൽ അവിടുന്ന് അവർക്ക് ഉത്തരം അരുളുകയില്ല; അവർ ചെയ്ത ദുഷ്പ്രവൃത്തികൾക്ക് തക്കവിധം അവിടുന്ന് ആ കാലത്ത് തന്റെ മുഖം അവർക്ക് മറയ്ക്കും”.
5എന്റെ ജനത്തെ തെറ്റിച്ചുകളയുകയും ഭക്ഷിക്കുവാൻ എന്തെങ്കിലും ഉണ്ടെങ്കിൽ ‘സമാധാനം’ പ്രസംഗിക്കുകയും അവർക്ക് ഭക്ഷണം ഒന്നും നൽകാത്തവന്റെ നേരെ വിശുദ്ധയുദ്ധം ഘോഷിക്കുകയും ചെയ്യുന്ന പ്രവാചകന്മാരെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:6“അതുകൊണ്ട് നിങ്ങൾക്ക് ദർശനമില്ലാത്ത രാത്രിയും ലക്ഷണം പറയുവാൻ കഴിയാത്ത ഇരുട്ടും ഉണ്ടാകും. പ്രവാചകന്മാർക്ക് സൂര്യൻ അസ്തമിക്കുകയും പകൽ ഇരുണ്ടുപോകുകയും ചെയ്യും.7അപ്പോൾ ദർശകന്മാർ ലജ്ജിക്കും; ലക്ഷണം പറയുന്നവർ നാണിക്കും; ദൈവത്തിൽ നിന്ന് മറുപടി ലഭിക്കായ്കകൊണ്ട് അവർ എല്ലാവരും വായ് പൊത്തും”.
8എങ്കിലും യാക്കോബിനോട് അവന്റെ അതിക്രമവും യിസ്രായേലിനോട് അവന്റെ പാപവും പ്രസ്താവിക്കേണ്ടതിന് ഞാൻ യഹോവയുടെ ആത്മാവിനാൽ ശക്തിയും ന്യായവും വീര്യവും കൊണ്ട് നിറഞ്ഞിരിക്കുന്നു.
9ന്യായം വെറുക്കുകയും നീതിയായുള്ളത് ഒക്കെയും വളച്ചുകളയുകയും ചെയ്യുന്ന യാക്കോബ് ഗൃഹത്തിന്റെ തലവന്മാരും യിസ്രായേൽഗൃഹത്തിന്റെ അധിപന്മാരുമായുള്ളവരേ, ഇത് കേൾക്കുവിൻ.10അവർ സീയോനെ രക്തപാതകംകൊണ്ടും യെരൂശലേമിനെ ദ്രോഹംകൊണ്ടും പണിയുന്നു.11അതിലെ തലവന്മാർ സമ്മാനം വാങ്ങി ന്യായം വിധിക്കുന്നു; അതിലെ പുരോഹിതന്മാർ കൂലി വാങ്ങി ഉപദേശിക്കുന്നു; അതിലെ പ്രവാചകന്മാർ പണം വാങ്ങി ലക്ഷണം പറയുന്നു; എന്നിട്ടും അവർ യഹോവയിൽ ആശ്രയിച്ച്: “യഹോവ നമ്മുടെ ഇടയിൽ ഇല്ലയോ? അനർത്ഥം നമുക്കു വരുകയില്ല” എന്ന് പറയുന്നു.
12അതുകൊണ്ട് നിങ്ങളുടെ നിമിത്തം സീയോനെ വയൽപോലെ ഉഴും; യെരൂശലേം കല്ക്കുന്നുകളും ആലയത്തിന്റെ പർവ്വതം കാട്ടിലെ മേടുകൾപോലെയും ആകും.

4

1അന്ത്യകാലത്ത് യഹോവയുടെ ആലയം ഉള്ള പർവ്വതം പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കു മീതെ ഉന്നതവുമായിരിക്കും; ജനതകൾ അവിടേക്ക് ഒഴുകിച്ചെല്ലും.

2അനേകം വംശങ്ങളും ചെന്ന്: “വരുവിൻ, നമുക്ക് യഹോവയുടെ പർവ്വതത്തിലേക്കും യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്കും കയറിച്ചെല്ലാം; അവിടുന്ന് നമുക്ക് തന്റെ വഴികളെ ഉപദേശിച്ചുതരുകയും നാം അവന്റെ പാതകളിൽ നടക്കുകയും ചെയ്യും" എന്ന് പറയും. സീയോനിൽനിന്ന് ഉപദേശവും യെരൂശലേമിൽനിന്ന് യഹോവയുടെ വചനവും പുറപ്പെടും.3അവിടുന്ന് അനേകം ജനതകളുടെ ഇടയിൽ ന്യായം വിധിക്കുകയും ബഹുവംശങ്ങൾക്ക് ദൂരത്തോളം വിധി കല്പിക്കുകയും ചെയ്യും; അവർ തങ്ങളുടെ വാളുകളെ കലപ്പകളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജനത ജനതയ്ക്കു നേരെ വാൾ ഓങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കുകയുമില്ല.
4അവർ ഓരോരുത്തൻ സ്വന്തം മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാർക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല; സൈന്യങ്ങളുടെ യഹോവയുടെ വായ് അത് അരുളിച്ചെയ്തിരിക്കുന്നു.5സകലജനതകളും തങ്ങളുടെ ദേവന്മാരുടെ നാമത്തിൽ നടക്കുന്നുവല്ലോ; നാമും നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ എന്നും എന്നേക്കും നടക്കും.
6“ആ നാളിൽ മുടന്തിനടക്കുന്നതിനെ ഞാൻ ചേർത്തുകൊള്ളുകയും ചിതറിപ്പോയതിനെയും ഞാൻ ക്ലേശിപ്പിച്ചതിനെയും ശേഖരിക്കുകയും7മുടന്തിനടക്കുന്നതിനെ ശേഷിപ്പിക്കുകയും അകന്നുപോയതിനെ മഹാജനതയാക്കുകയും യഹോവ സീയോൻപർവ്വതത്തിൽ ഇന്നുമുതൽ എന്നെന്നേക്കും അവർക്ക് രാജാവായിരിക്കുകയും ചെയ്യും” എന്ന് യഹോവയുടെ അരുളപ്പാട്.8“നീയോ, ഏദെർ ഗോപുരമേ, സീയോൻപുത്രിയുടെ ഗിരിയേ നിനക്ക്, പൂർവ്വാധിപത്യം, യെരൂശലേംപുത്രിയുടെ രാജത്വം തന്നെ, നിനക്കു വരും”.
9നീ ഇപ്പോൾ ഇത്ര ഉറക്കെ നിലവിളിക്കുന്നത് എന്തിന്? നിന്റെ അകത്ത് രാജാവില്ലയോ? നിന്റെ മന്ത്രി നശിച്ചുപോയോ? ഈറ്റുനോവു കിട്ടിയവളെപ്പോലെ നിനക്ക് വേദനപിടിക്കുന്നത് എന്ത്?10സീയോൻപുത്രിയേ, ഈറ്റുനോവു കിട്ടിയവളെപ്പോലെ വേദനപ്പെട്ട് പ്രസവിക്കുക; ഇപ്പോൾ നീ നഗരം വിട്ട് വയലിൽ പാർത്ത് ബാബേലിലേക്കു പോകേണ്ടിവരും; അവിടെവച്ച് നീ വിടുവിക്കപ്പെടും; അവിടെവച്ച് യഹോവ നിന്നെ ശത്രുക്കളുടെ കയ്യിൽനിന്ന് ഉദ്ധരിക്കും.
11‘ഞങ്ങളുടെ കണ്ണ് സീയോനെ കണ്ടു രസിക്കേണ്ടതിന് അവൾ മലിനയായിത്തീരട്ടെ’ എന്നു പറയുന്ന അനേകജനതകൾ ഇപ്പോൾ നിനക്കു വിരോധമായി കൂടിയിരിക്കുന്നു.12എന്നാൽ അവർ യഹോവയുടെ വിചാരങ്ങൾ അറിയുന്നില്ല; അവിടുത്തെ ആലോചന ഗ്രഹിക്കുന്നതുമില്ല; കറ്റകൾ പോലെ അവിടുന്ന് അവരെ കളത്തിൽ കൂട്ടുമല്ലോ.
13“സീയോൻ പുത്രിയേ, എഴുന്നേറ്റ് മെതിക്കുക; ഞാൻ നിന്റെ കൊമ്പിനെ ഇരിമ്പും നിന്റെ കുളമ്പുകളെ താമ്രവും ആക്കും; നീ അനേകജനതകളെ തകർത്തുകളയുകയും അവരുടെ ലാഭം യഹോവയ്ക്കും അവരുടെ സമ്പത്ത് സർവ്വഭൂമിയുടെയും കർത്താവിനും നിവേദിക്കുകയും ചെയ്യും”.

5

1ഇപ്പോൾ പടക്കൂട്ടങ്ങളുടെ മകളേ, പടക്കൂട്ടമായി കൂടുക; അവൻ നമ്മുടെ നേരെ അണിനിരത്തുന്നു; യിസ്രായേലിന്റെ ന്യായാധിപതിയെ അവർ വടികൊണ്ട് ചെകിട്ടത്ത് അടിക്കുന്നു.

2നീയോ, ബേത്ത്ലേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന് അധിപതിയായിരിക്കേണ്ടുന്നവൻ എനിക്ക് നിന്നിൽനിന്ന് ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നെ.3അതുകൊണ്ട് പ്രസവിക്കാനുള്ളവൾ പ്രസവിക്കുവോളം അവിടുന്ന് അവരെ ഏല്പിച്ചുകൊടുക്കും; അവന്റെ സഹോദരന്മാരിൽ ശേഷിപ്പുള്ളവർ യിസ്രായേൽമക്കളുടെ അടുക്കൽ മടങ്ങിവരും.
4എന്നാൽ അവിടുന്ന് യഹോവയുടെ ശക്തിയോടും തന്റെ ദൈവമായ യഹോവയുടെ നാമത്തിന്റെ മഹിമയോടുംകൂടി നിന്ന് തന്റെ ആട്ടിൻകൂട്ടത്തെ മേയിക്കും; അവർ നിർഭയം വസിക്കും; അവിടുന്ന് അന്ന് ഭൂമിയുടെ അറ്റങ്ങളോളം മഹാനാകുമല്ലോ.5അവിടുന്ന് സമാധാനമാകും; അശ്ശൂർ നമ്മുടെ ദേശത്തു വന്ന് നമ്മുടെ അരമനകളിൽ ചവിട്ടുമ്പോൾ നാം അവരുടെ നേരെ ഏഴ് ഇടയന്മാരെയും എട്ട് ജനപ്രഭുക്കന്മാരെയും നിർത്തും.
6അവർ അശ്ശൂർദേശത്തെയും അതിന്റെ പ്രവേശനങ്ങളിൽവച്ച് നിമ്രോദ് ദേശത്തെയും വാൾകൊണ്ട് നശിപ്പിക്കും; അശ്ശൂർ നമ്മുടെ ദേശത്തുവന്ന് നമ്മുടെ അതിരുകളിൽ ചവിട്ടുമ്പോൾ അവിടുന്ന് നമ്മെ അവരുടെ കയ്യിൽനിന്നു വിടുവിക്കും.7യാക്കോബിൽ ശേഷിപ്പുള്ളവർ പലജാതികളുടെയും ഇടയിൽ യഹോവയിങ്കൽ നിന്നുള്ള മഞ്ഞുപോലെയും, മനുഷ്യനായി കാത്തുനിൽക്കുകയോ മനുഷ്യപുത്രന്മാർക്കായി കാത്തിരിക്കുകയോ ചെയ്യാതെ പുല്ലിന്മേൽ പെയ്യുന്ന മാരിപോലെയും ആകും.
8യാക്കോബിൽ ശേഷിപ്പുള്ളവർ ജനതകളുടെ ഇടയിൽ, അനേകവംശങ്ങളുടെ ഇടയിൽ തന്നെ, കാട്ടുമൃഗങ്ങളിൽ ഒരു സിംഹംപോലെയും ആട്ടിൻകൂട്ടങ്ങളിൽ ഒരു ബാലസിംഹംപോലെയും ആകും; അത് അകത്തുകടന്നാൽ ചവിട്ടി കടിച്ചുകീറിക്കളയും; വിടുവിക്കുവാൻ ആരും ഉണ്ടാകുകയില്ല.9നിന്റെ കൈ നിന്റെ വൈരികൾക്കുമീതെ ഉയർന്നിരിക്കും; നിന്റെ സകലശത്രുക്കളും ഛേദിക്കപ്പെടും.

10“ആ നാളിൽ ഞാൻ നിന്റെ കുതിരകളെ നിന്റെ നടുവിൽനിന്ന് ഛേദിച്ചുകളയും; നിന്റെ രഥങ്ങളെ നശിപ്പിക്കുകയും ചെയ്യും” എന്ന് യഹോവയുടെ അരുളപ്പാട്.11ഞാൻ നിന്റെ ദേശത്തിലെ പട്ടണങ്ങളെ നശിപ്പിക്കുകയും നിന്റെ കോട്ടകളെ എല്ലാം ഇടിച്ചുകളയുകയും ചെയ്യും.
12ഞാൻ ക്ഷുദ്രപ്രയോഗങ്ങളെ നിന്റെ കയ്യിൽനിന്ന് ഛേദിച്ചുകളയും; ശകുനവാദികൾ നിനക്ക് ഇനി ഉണ്ടാകുകയുമില്ല.13ഞാൻ വിഗ്രഹങ്ങളെയും സ്തംഭപ്രതിഷ്ഠകളെയും നിന്റെ നടുവിൽനിന്ന് ഛേദിച്ചുകളയും; നീ ഇനി നിന്റെ കൈപ്പണിയെ നമസ്കരിക്കുകയുമില്ല.14ഞാൻ നിന്റെ അശേരാപ്രതിഷ്ഠകളെ നിന്റെ നടുവിൽനിന്ന് പറിച്ചുകളയുകയും നിന്റെ പട്ടണങ്ങളെ നശിപ്പിക്കുകയും ചെയ്യും.15ഞാൻ ജനതകളോട് അവർ കേട്ടിട്ടില്ലാത്തവിധം കോപത്തോടും ക്രോധത്തോടുംകൂടി പ്രതികാരം ചെയ്യും.

6

1യഹോവ അരുളിച്ചെയ്യുന്നത് കേൾക്കുവിൻ; “നീ എഴുന്നേറ്റ് പർവ്വതങ്ങളുടെ മുമ്പിൽ വ്യവഹരിക്കുക; കുന്നുകൾ നിന്റെ വാക്ക് കേൾക്കട്ടെ”;2പർവ്വതങ്ങളും ഭൂമിയുടെ സ്ഥിരമായ അടിസ്ഥാനങ്ങളുമായുള്ളോവേ, യഹോവയുടെ വ്യവഹാരം കേൾക്കുവിൻ! യഹോവയ്ക്ക് തന്റെ ജനത്തോട് ഒരു വ്യവഹാരം ഉണ്ട്; അവിടുന്ന് യിസ്രായേലിനോട് വാദിക്കും.

3“എന്റെ ജനമേ, ഞാൻ നിന്നോട് എന്ത് ചെയ്തു? എന്തിനാൽ ഞാൻ നിന്നെ മുഷിപ്പിച്ചു? എനിക്ക് വിരോധമായി സാക്ഷീകരിക്കുക.4ഞാൻ നിന്നെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ച്, അടിമവീട്ടിൽനിന്ന് നിന്നെ വീണ്ടെടുത്ത്, മോശെയെയും അഹരോനെയും മിര്യാമിനെയും നിന്റെ മുമ്പിൽ അയച്ചു.5എന്റെ ജനമേ, നിങ്ങൾ യഹോവയുടെ നീതിപ്രവൃത്തികളെ അറിയേണ്ടതിന്, മോവാബ്‌രാജാവായ ബാലാക്ക് ആലോചിച്ചതും, ബെയോരിന്റെ മകനായ ബിലെയാം ഉത്തരം പറഞ്ഞതും, ശിത്തീംമുതൽ ഗില്ഗാൽവരെ സംഭവിച്ചതും ഓർക്കുക”.
6യഹോവയുടെ സന്നിധിയിൽ ചെന്ന്, അത്യുന്നതദൈവത്തിന്റെ മുമ്പാകെ കുമ്പിടേണ്ടതിന് ഞാൻ എന്താണ് കൊണ്ടുവരേണ്ടത്? ഞാൻ ഹോമയാഗങ്ങളോടും ഒരു വയസ്സ് പ്രായമുള്ള കാളക്കിടാക്കളോടും കൂടി അവിടുത്തെ സന്നിധിയിൽ ചെല്ലണമോ?7ആയിരം ആയിരം ആട്ടുകൊറ്റനിലും പതിനായിരം പതിനായിരം തൈലനദിയിലും യഹോവ പ്രസാദിക്കുമോ? എന്റെ അതിക്രമത്തിനു വേണ്ടി ഞാൻ എന്റെ ആദ്യജാതനെയും ഞാൻ ചെയ്ത പാപത്തിനു വേണ്ടി എന്റെ ഉദരഫലത്തെയും കൊടുക്കണമോ?8മനുഷ്യാ, നല്ലത് എന്തെന്ന് അവിടുന്ന് നിനക്ക് കാണിച്ചു തന്നിരിക്കുന്നു: ന്യായം പ്രവർത്തിക്കുവാനും ദയാതല്പരനായിരിക്കുവാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടക്കുവാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോട് ചോദിക്കുന്നത്?

9കേട്ടോ യഹോവ പട്ടണത്തോട് വിളിച്ചു പറയുന്നത്; അങ്ങയുടെ നാമത്തെ ഭയപ്പെടുന്നത് ജ്ഞാനം ആകുന്നു; “വടിയെയും അതിനെ നിയമിച്ചവനെയും ശ്രദ്ധിക്കുവിൻ”.10ദുഷ്ടന്റെ വീട്ടിൽ ഇനിയും അനീതിയുള്ള നിക്ഷേപങ്ങളും ശാപകരമായ കള്ളയളവും ഉണ്ടോ?
11കള്ളത്തുലാസ്സും കള്ളപ്പടികൾ ഇട്ട സഞ്ചിയുമുള്ളവനെ ഞാൻ നിർമ്മലനായി എണ്ണുമോ?12അതിലെ ധനവാന്മാർ അക്രമികൾ ആകുന്നു; അതിന്റെ നിവാസികൾ വ്യാജം സംസാരിക്കുന്നു; അവരുടെ നാവ് ചതിവുള്ളതു തന്നേ;
13“ആകയാൽ ഞാൻ നിന്നെ കഠിനമായി പീഡിപ്പിക്കും; നിന്റെ പാപങ്ങൾനിമിത്തം നിന്നെ ശൂന്യമാക്കും.14നീ ഭക്ഷിക്കും; തൃപ്തി വരുകയില്ല, വിശപ്പ് അടങ്ങുകയുമില്ല; നീ നീക്കിവയ്ക്കും; ഒന്നും സ്വരൂപിക്കുകയില്ലതാനും; നീ സ്വരൂപിക്കുന്നത് ഞാൻ വാളിന് ഏല്പിച്ചുകൊടുക്കും.15നീ വിതയ്ക്കും, കൊയ്യുകയില്ല; നീ ഒലിവുകായ് ചവിട്ടും, എണ്ണ പൂശുകയില്ല; മുന്തിരിപ്പഴം ചവിട്ടും, വീഞ്ഞ് കുടിക്കുകയില്ലതാനും.
16ഞാൻ നിന്നെ ശൂന്യവും നിന്റെ നിവാസികളെ പരിഹാസവിഷയവും ആക്കേണ്ടതിനും, നിങ്ങൾ എന്റെ ജനത്തിന്റെ നിന്ദവഹിക്കേണ്ടതിനും, ഒമ്രിയുടെ ചട്ടങ്ങളും ആഹാബ് ഗൃഹത്തിന്റെ സകലപ്രവൃത്തികളും പ്രമാണമാക്കിയിരിക്കുന്നു; അവരുടെ ആലോചനകളെ നിങ്ങൾ അനുസരിച്ചുനടക്കുന്നു”.

7

1എനിക്ക് അയ്യോ കഷ്ടം; പഴം പറിച്ച ശേഷമെന്നപോലെയും മുന്തിരിപ്പഴം പറിച്ചശേഷം കാലാ പെറുക്കുന്നതുപോലെയും ഞാൻ ആയല്ലോ! തിന്നുവാൻ ഒരു മുന്തിരിക്കുലയും ഇല്ല; ഞാൻ കൊതിക്കുന്ന അത്തിയുടെ ആദ്യഫലവുമില്ല.2ഭക്തിമാൻ ഭൂമിയിൽനിന്ന് നശിച്ചുപോയി, മനുഷ്യരുടെ ഇടയിൽ നേരുള്ളവൻ ആരുമില്ല; അവരെല്ലാം രക്തത്തിനായി പതിയിരിക്കുന്നു; ഓരോരുത്തൻ അവനവന്റെ സഹോദരനെ വലവച്ചു പിടിക്കുവാൻ നോക്കുന്നു.

3ജാഗ്രതയോടെ ദോഷം പ്രവർത്തിക്കേണ്ടതിന് അവരുടെ കൈ അതിലേക്ക് നീണ്ടിരിക്കുന്നു; പ്രഭു പ്രതിഫലം ചോദിക്കുന്നു; ന്യായാധിപതി കോഴ വാങ്ങി ന്യായം വിധിക്കുന്നു; മഹാൻ തന്റെ മനസ്സിലെ ദുരാഗ്രഹം പ്രസ്താവിക്കുന്നു; ഇങ്ങനെ അവർ ആലോചന കഴിക്കുന്നു.4അവരിൽ ഉത്തമൻ മുൾപടർപ്പുപോലെ; നേരുള്ളവൻ മുൾവേലിയെക്കാൾ ഭയങ്കരൻ ; നിന്റെ ദർശകന്മാർ പറഞ്ഞ ദിവസം, നിന്റെ സന്ദർശനദിവസം തന്നെ, വരുന്നു; ഇപ്പോൾ അവരുടെ പരിഭ്രമം വന്നുഭവിക്കും.
5കൂട്ടുകാരനെ വിശ്വസിക്കരുത്; സ്നേഹിതനിൽ ആശ്രയിക്കരുത്; നിന്റെ മാർവ്വിടത്ത് ശയിക്കുന്നവളോട് പറയാത്തവിധം നിന്റെ വായുടെ കതക് കാത്തുകൊള്ളുക.6മകൻ അപ്പനെ നിന്ദിക്കുന്നു; മകൾ അമ്മയോടും മരുമകൾ അമ്മാവിയമ്മയോടും എതിർത്തുനില്ക്കുന്നു; മനുഷ്യന്റെ ശത്രുക്കൾ അവന്റെ വീട്ടുകാർ തന്നേ.

7ഞാനോ യഹോവയിങ്കലേക്കു നോക്കും; എന്റെ രക്ഷയുടെ ദൈവത്തിനായി കാത്തിരിക്കും; എന്റെ ദൈവം എന്റെ പ്രാർത്ഥന കേൾക്കും.8എന്റെ ശത്രുവായവളേ, എന്നെച്ചൊല്ലി സന്തോഷിക്കരുത്; വീണു എങ്കിലും ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടിൽ ഇരുന്നാലും യഹോവ എനിക്ക് വെളിച്ചമായിരിക്കുന്നു.
9യഹോവ എന്റെ വ്യവഹാരം നടത്തി എനിക്ക് ന്യായം പാലിച്ചുതരുവോളം ഞാൻ അവിടുത്തെ ക്രോധം വഹിക്കും; ഞാൻ അവിടുത്തോട് പാപം ചെയ്തുവല്ലോ; അവിടുന്ന് എന്നെ വെളിച്ചത്തിലേക്ക് പുറപ്പെടുവിക്കുകയും ഞാൻ അവിടുത്തെ നീതി കണ്ട് സന്തോഷിക്കുകയും ചെയ്യും.
10എന്റെ ശത്രു അത് കാണും; “നിന്റെ ദൈവമായ യഹോവ എവിടെ” എന്ന് എന്നോട് പറഞ്ഞവളെ ലജ്ജ മൂടും; എന്റെ കണ്ണ് അവളെ കണ്ടു രസിക്കും; അന്ന് അവളെ വീഥികളിലെ ചെളിപോലെ ചവിട്ടിക്കളയും.
11നിന്റെ മതിലുകൾ പണിയുവാനുള്ള നാൾ വരുന്നു: ആ നാളിൽ നിന്റെ അതിരുകൾ വിശാലമാകും.12ആ നാളിൽ അശ്ശൂരിൽനിന്നും ഈജിപ്റ്റിന്റെപട്ടണങ്ങളിൽനിന്നും ഈജിപ്റ്റ് മുതൽ നദിവരെയും സമുദ്രംമുതൽ സമുദ്രംവരെയും പർവ്വതംമുതൽ പർവ്വതംവരെയും അവർ നിന്റെ അടുക്കൽ വരും.13എന്നാൽ ഭൂമി നിവാസികൾനിമിത്തവും അവരുടെ പ്രവൃത്തികളുടെ ഫലം ഹേതുവായും ശൂന്യമായ്തീരും.
14കർമ്മേലിന്റെ മദ്ധ്യത്തിൽ കാട്ടിൽ തനിച്ചിരിക്കുന്നതും അങ്ങയുടെ അവകാശവുമായി, അങ്ങയുടെ ജനമായ ആട്ടിൻകൂട്ടത്തെ അങ്ങയുടെ കോൽകൊണ്ട് മേയിക്കണമേ; പുരാതനകാലത്ത് എന്നപോലെ അവർ ബാശാനിലും ഗിലെയാദിലും മേഞ്ഞുകൊണ്ടിരിക്കട്ടെ.15“നീ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ട കാലത്തെന്നപോലെ ഞാൻ അവരെ അത്ഭുതങ്ങൾ കാണിക്കും”.
16രാജ്യങ്ങൾ കണ്ടിട്ട് തങ്ങളുടെ സകലവീര്യത്തിലും ലജ്ജിക്കും; അവർ വായ്മേൽ കൈ വയ്ക്കുകയും ചെകിടരായ്ത്തീരുകയും ചെയ്യും.17അവർ പാമ്പിനെപ്പോലെ പൊടിനക്കും; നിലത്തെ ഇഴജാതിപോലെ തങ്ങളുടെ ഗുഹകളിൽനിന്ന് വിറച്ചുകൊണ്ടു വരും; അവർ പേടിച്ചുംകൊണ്ട് നമ്മുടെ ദൈവമായ യഹോവയുടെ അടുക്കൽ വരികയും, നിങ്ങൾ നിമിത്തം ഭയപ്പെടുകയും ചെയ്യും.
18അകൃത്യം ക്ഷമിക്കുകയും തന്റെ അവകാശത്തിൽ ശേഷിപ്പുള്ളവരോട് അതിക്രമം മോചിക്കുകയും ചെയ്യുന്ന അങ്ങയോട് സമനായ ദൈവം ആരുള്ളു? അവിടുന്ന് എന്നേക്കും കോപം വച്ചുകൊള്ളുന്നില്ല; ദയയിൽ അല്ലയോ അവിടുത്തേക്ക് പ്രസാദമുള്ളത്.
19അവിടുന്ന് നമ്മോട് വീണ്ടും കരുണ കാണിക്കും; നമ്മുടെ അകൃത്യങ്ങളെ ചവിട്ടിക്കളയും; അവരുടെ പാപങ്ങൾ എല്ലാം അവിടുന്ന് സമുദ്രത്തിന്റെ ആഴത്തിൽ ഇട്ടുകളയും.20പുരാതനകാലംമുതൽ അവിടുന്ന് ഞങ്ങളുടെ പിതാക്കന്മാരോട് സത്യം ചെയ്തിരിക്കുന്ന അവിടുത്തെ വിശ്വസ്തത അവിടുന്ന് യാക്കോബിനോടും അവിടുത്തെ ദയ അബ്രാഹാമിനോടും കാണിക്കും.

നഹൂം

1

1നിനെവെയെക്കുറിച്ചുള്ള പ്രവാചകം; എൽക്കോശ്യനായ നഹൂമിന്റെ ദർശനഗ്രന്ഥം.

2ദൈവം തീക്ഷ്ണതയുള്ളവനും യഹോവ പ്രതികാരം ചെയ്യുന്നവനും ആകുന്നു; യഹോവ പ്രതികാരം ചെയ്യുന്നവനും കോപം നിറഞ്ഞവനുമാകുന്നു; അവിടുന്ന് തന്റെ വൈരികളോട് പ്രതികാരം ചെയ്യുകയും തന്റെ ശത്രുക്കൾക്കായി കോപം സംഗ്രഹിക്കുകയും ചെയ്യുന്നു.3യഹോവ ദീർഘക്ഷമയും മഹാശക്തിയും ഉള്ളവൻ; അവിടുന്ന് ഒരിക്കലും ശിക്ഷിക്കാതെ വിടുകയില്ല; യഹോവയുടെ വഴി ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലും ഉണ്ട്; മേഘം അവിടുത്തെ കാൽക്കീഴിലെ പൊടിയാകുന്നു.
4അവിടുന്ന് സമുദ്രത്തെ ശാസിച്ച് വറ്റിക്കുകയും സകലനദികളെയും ഉണക്കിക്കളയുകയും ചെയ്യുന്നു; ബാശാനും കർമ്മേലും വരളുന്നു; ലെബാനോന്റെ പുഷ്പം വാടിപ്പോകുന്നു.5അവിടുത്തെ മുമ്പിൽ പർവ്വതങ്ങൾ കുലുങ്ങുന്നു; കുന്നുകൾ ഉരുകിപ്പോകുന്നു; തിരുസാന്നിദ്ധ്യത്തിൽ ഭൂമി ഞെട്ടിപ്പോകുന്നു; ഭൂലോകവും അതിലെ സകലനിവാസികളും തന്നെ.
6അവിടുത്തെ ക്രോധത്തിൻ മുമ്പിൽ ആർക്ക് നിൽക്കാം? അവിടുത്തെ ഉഗ്രകോപത്തിങ്കൽ ആർക്ക് നിവിർന്നുനിൽക്കാം? അവിടുത്തെ ക്രോധം തീപോലെ ചൊരിയുന്നു; അവിടുത്തെ സാന്നിദ്ധ്യത്താൽ പാറകൾ തകർന്നുപോകുന്നു.
7യഹോവ നല്ലവനും കഷ്ടദിവസത്തിൽ ശരണവും ആകുന്നു; തന്നിൽ ആശ്രയിക്കുന്നവരെ അവിടുന്ന് അറിയുന്നു.8എന്നാൽ കവിഞ്ഞൊഴുകുന്നോരു പ്രവാഹംകൊണ്ട് അവിടുന്ന് ആ സ്ഥലത്തിന് നാശം വരുത്തും; തന്റെ ശത്രുക്കളെ അവിടുന്ന് അന്ധകാരത്തിൽ പിന്തുടരുന്നു.
9നിങ്ങൾ യഹോവയ്ക്കു വിരോധമായി നിരൂപിക്കുന്നതെന്ത്? അവിടുന്ന് നാശം വരുത്തും; കഷ്ടത രണ്ടുപ്രാവശ്യം പൊങ്ങിവരുകയില്ല.10അവർ കൂടിപ്പിണഞ്ഞിരിക്കുന്ന മുള്ളുപോലെ ആയാലും, തങ്ങളുടെ മദ്യപാനത്തിൽ മദ്യപിച്ചിരുന്നാലും, അവർ മുഴുവനും ഉണങ്ങിയ വൈക്കോൽ പോലെ ദഹിപ്പിക്കപ്പെടും.11യഹോവയ്ക്കു വിരോധമായി ദോഷം നിരൂപിക്കുന്ന ദുഷ്ടനായ ആലോചനക്കാരൻ നിന്നിൽനിന്ന് പുറപ്പെട്ടിരിക്കുന്നു.
12യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവർ മഹാശക്തന്മാരും അനേകം പേരും ആയിരുന്നാലും അവർ അങ്ങനെ തന്നെ ഛേദിക്കപ്പെടുകയും അവൻ കഴിഞ്ഞുപോകുകയും ചെയ്യും. ഞാൻ നിന്നെ താഴ്ത്തി എങ്കിലും ഇനി നിന്നെ താഴ്ത്തുകയില്ല.13ഇപ്പോൾ ഞാൻ അവന്റെ നുകം നിന്റെമേൽനിന്ന് ഒടിച്ചുകളയും; നിന്റെ ബന്ധനങ്ങൾ അറുത്തുകളയുകയും ചെയ്യും”.
14എന്നാൽ യഹോവ നിന്നെക്കുറിച്ച്: “നിന്റെ പേര് നിലനിർത്താൻ ഒരു സന്തതി നിനക്കുണ്ടാകുകയില്ല; കൊത്തിയുണ്ടാക്കിയ വിഗ്രഹത്തെയും വാർത്തുണ്ടാക്കിയ ബിംബത്തെയും നിന്റെ ദേവന്മാരുടെ ക്ഷേത്രത്തിൽ നിന്ന് ഞാൻ ഛേദിച്ചുകളയും; നീ നിസ്സാരനായിരിക്കുകയാൽ ഞാൻ നിന്റെ ശവക്കുഴി കുഴിക്കും” എന്ന് കല്പിച്ചിരിക്കുന്നു.
15ഇതാ, പർവ്വതങ്ങളിന്മേൽ സുവാർത്താദൂതനായി സമാധാനം ഘോഷിക്കുന്നവന്റെ കാൽ; യെഹൂദയേ, നിന്റെ ഉത്സവങ്ങളെ ആചരിക്കുക; നിന്റെ നേർച്ചകളെ കഴിക്കുക; നിസ്സാരൻ ഇനി നിന്നിൽകൂടി കടക്കുകയില്ല; അവൻ അശേഷം ഛേദിക്കപ്പെട്ടിരിക്കുന്നു.

2

1സംഹാരകൻ നിനക്കെതിരെ കയറിവരുന്നു; കോട്ട കാത്തുകൊള്ളുക; വഴി സൂക്ഷിച്ചു നോക്കുക; അര മുറുക്കുക; നിന്നെത്തന്നെ നല്ലവണ്ണം ശക്തീകരിക്കുക.2യഹോവ യാക്കോബിന്റെ മഹിമയെ യിസ്രായേലിന്റെ മഹിമയെപ്പോലെ യഥാസ്ഥാനത്താക്കും; പിടിച്ചുപറിക്കാർ അവരോട് പിടിച്ചുപറിച്ച്, അവരുടെ മുന്തിരിവള്ളികൾ നശിപ്പിച്ചുകളഞ്ഞുവല്ലോ.

3അവന്റെ വീരന്മാരുടെ പരിച ചുവപ്പിച്ചിരിക്കുന്നു; പരാക്രമശാലികൾ ധൂമ്രവസ്ത്രം ധരിച്ചു നില്ക്കുന്നു; അവന്റെ ഒരുക്കദിവസത്തിൽ രഥങ്ങൾ ഉലയിൽ പഴുപ്പിച്ച ഇരുമ്പുപോലെ ജ്വലിക്കുന്നു; കുന്തങ്ങൾ ഓങ്ങിയിരിക്കുന്നു.4രഥങ്ങൾ തെരുവുകളിൽ പായുന്നു; വീഥികളിൽ അങ്ങും ഇങ്ങും ഓടുന്നു; തീപ്പന്തങ്ങളെപ്പോലെ അവയെ കാണുന്നു; അവ മിന്നൽപോലെ ഓടുന്നു.
5അവൻ തന്റെ കുലീനന്മാരെ ഓർക്കുന്നു; അവർ നടക്കുകയിൽ ഇടറിപ്പോകുന്നു; അവർ അതിന്റെ മതിലിങ്കലേക്കു ബദ്ധപ്പെട്ട് ചെല്ലുന്നു; അവിടെ രക്ഷാകവചം കെട്ടിയിരിക്കുന്നു.
6നദികൾ തുറന്നുവിട്ടിരിക്കുന്നു; രാജമന്ദിരം തകർന്നുപോകുന്നു.7അത് തീരുമാനിച്ചിരിക്കുന്നു; അവൾ അനാവൃതയായി, ബദ്ധയായി പോകേണ്ടിവരും; അവളുടെ ദാസിമാർ പ്രാവുകളെപ്പോലെ കുറുകി മാറത്തടിക്കുന്നു.
8നിനെവേ പുരാതനമേ ഒരു ജലാശയം പോലെയായിരുന്നു; എന്നാൽ അവർ ഓടിപ്പോകുന്നു: “നില്ക്കുവിൻ, നില്ക്കുവിൻ!” എന്ന് വിളിച്ചിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ലതാനും.9വെള്ളി കൊള്ളയിടുവിൻ; പൊന്ന് കൊള്ളയിടുവിൻ; സമ്പത്തിനു കണക്കില്ല; സകലവിധ മനോഹരവസ്തുക്കളായ സമ്പത്തും ഉണ്ട്.10അവൾ പാഴും നിർജ്ജനവും ശൂന്യവുമായിരിക്കുന്നു; ഹൃദയം ഉരുകിപ്പോകുന്നു; മുഴങ്കാൽ ആടുന്നു; എല്ലായിടത്തും അതിവേദന ഉണ്ട്; എല്ലാവരുടെയും മുഖം വിളറിയിരിക്കുന്നു.
11ആരും ഭയപ്പെടുത്താതെ സിംഹവും സിംഹിയും ബാലസിംഹവും സഞ്ചരിച്ചുപോകുന്ന സിംഹഗുഹയും ബാലസിംഹങ്ങളുടെ മേച്ചിൽപ്പുറവും എവിടെ?12സിംഹം തന്റെ കുട്ടികൾക്ക് മതിയാകുവോളം കടിച്ചുകീറിവയ്ക്കുകയും സിംഹികൾക്കുവേണ്ടി ഞെക്കിക്കൊല്ലുകയും ഇരകൊണ്ടു തന്റെ ഒളിയിടങ്ങളെയും കടിച്ചുകീറിയതിനെക്കൊണ്ടു തന്റെ ഗുഹകളെയും നിറയ്ക്കുകയും ചെയ്തു.
13“ഞാൻ നിന്റെനേരെ വരും; ഞാൻ അതിന്റെ രഥങ്ങളെ ചുട്ടു പുകയാക്കും; നിന്റെ ബാലസിംഹങ്ങൾ വാളിന് ഇരയായിത്തീരും; ഞാൻ നിന്റെ ഇരയെ ഭൂമിയിൽ നിന്ന് ഛേദിച്ചുകളയും; നിന്റെ ദൂതന്മാരുടെ ശബ്ദം ഇനി കേൾക്കുകയുമില്ല” എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.

3

1രക്തപങ്കിലമായ പട്ടണത്തിന് അയ്യോ കഷ്ടം! അതു മുഴുവനും വ്യാജവും കൊള്ളയും കൊണ്ട് നിറഞ്ഞിരിക്കുന്നു; കവർച്ച അതിൽനിന്ന് വിട്ടുപോകുന്നതുമില്ല.2ചമ്മട്ടിയുടെ പ്രഹരശബ്ദം; ചക്രങ്ങൾ ഉരുളുന്ന ശബ്ദം; പായുന്ന കുതിരകൾ; ഓടുന്ന രഥങ്ങൾ!

3കുതിക്കുന്ന കുതിരപ്പട; ജ്വലിക്കുന്ന വാൾ; മിന്നുന്ന കുന്തം; അനേകർ കൊല്ലപ്പെടുന്നു; അനവധി ശവങ്ങൾ; ശവശരീരങ്ങൾക്കു കണക്കില്ല; അവർ ശവശരീരങ്ങളിൽ തട്ടി വീഴുന്നു.4വേശ്യാവൃത്തികൊണ്ട് രാജ്യങ്ങളെയും ക്ഷുദ്രപ്രയോഗംകൊണ്ട് ജനങ്ങളെയും വില്ക്കുന്നവളായി, ക്ഷുദ്രനൈപുണ്യവും സൗന്ദര്യവുമുള്ള വേശ്യയുടെ എണ്ണമറ്റ വേശ്യാവൃത്തി നിമിത്തം തന്നെ ഇങ്ങനെ സംഭവിച്ചത്.
5“ഞാൻ നിന്റെനേരെ വരും, ഞാൻ നിന്റെ വസ്ത്രാഗ്രങ്ങളെ നിന്റെ മുഖംവരെ ഉയർത്തി ജനതകളെ നിന്റെ നഗ്നതയും രാജ്യങ്ങളെ നിന്റെ അപമാനവും കാണിക്കും” എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.6ഞാൻ അമേദ്ധ്യം നിന്റെമേൽ എറിഞ്ഞ് നിന്നെ നീചയും നിന്ദാവിഷയവുമാക്കും.7അങ്ങനെ നിന്നെ കാണുന്ന എല്ലാവരും നിന്നെ വിട്ട് ഓടി: “നീനെവേ ശൂന്യമായിക്കിടക്കുന്നു; ആർക്ക് അവളോടു സഹതാപം തോന്നും; ഞാൻ എവിടെനിന്ന് നിനക്കു ആശ്വാസകന്മാരെ കണ്ടെത്തും” എന്ന് പറയും.
8നദികളുടെ ഇടയിൽ ഇരിക്കുന്നതും ചുറ്റും വെള്ളം ഉള്ളതും സമുദ്രം കോട്ടയും മതിലും ആയിരിക്കുന്നതുമായ നോ-അമ്മോനെക്കാൾ നീ ഉത്തമ ആകുന്നുവോ?9കൂശും ഈജിപ്റ്റും അവളുടെ ബലമായിരുന്നു; അത് അതിരില്ലാത്തതായിരുന്നു; പൂത്യരും ലൂബ്യരും നിന്റെ സഹായകന്മാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു.
10എങ്കിലും അവൾ ബദ്ധയായി പ്രവാസത്തിലേക്കു പോകേണ്ടിവന്നു; അവളുടെ പൈതങ്ങളെ അവർ സകലവീഥികളുടെയും തലയ്ക്കൽവച്ചു തകർത്തുകളഞ്ഞു; അവളുടെ മാന്യന്മാർക്കു അവർ ചീട്ടിട്ടു; അവളുടെ സകലമഹാന്മാരെയും ചങ്ങലകൊണ്ടു ബന്ധിച്ചുകളഞ്ഞു.11അങ്ങനെ നീയും ലഹരിപിടിച്ച് ബോധംകെട്ടു വീഴും; നീയും ശത്രുനിമിത്തം ഒരു അഭയസ്ഥാനം അന്വേഷിക്കും.
12നിന്റെ കോട്ടകൾ എല്ലാം വിളഞ്ഞ ആദ്യഫലമുള്ള അത്തിവൃക്ഷങ്ങൾപോലെയാകും; കുലുക്കിയാൽ അവ തിന്നുന്നവന്റെ വായിൽതന്നെ വീഴും.13നിന്റെ ജനം നിന്റെ മദ്ധ്യത്തിൽ സ്ത്രീകളെപ്പോലെ ആകുന്നു; നിന്റെ ദേശത്തിന്റെ വാതിലുകൾ നിന്റെ ശത്രുക്കൾക്ക് വിസ്താരമായി തുറന്നുകിടക്കുന്നു; നിന്റെ ഓടാമ്പലുകൾ അഗ്നിക്ക് ഇരയായിത്തീർന്നിരിക്കുന്നു.
14ഉപരോധത്തിനു വേണ്ടി വെള്ളം കോരിക്കൊള്ളുക; നിന്റെ കൊത്തളങ്ങളെ ഉറപ്പിക്കുക; ചെളിയിൽ ചെന്ന് കളിമണ്ണു ചവിട്ടുക; ഇഷ്ടിക ഉണ്ടാക്കുക!15അവിടെ തീ നിന്നെ ദഹിപ്പിച്ചുകളയും; വാൾ നിന്നെ ഛേദിച്ച് വിട്ടിൽ എന്നപോലെ നിന്നെ തിന്നുകളയും; വിട്ടിലിനെപ്പോലെയും വെട്ടുക്കിളിയെപ്പോലെയും നീ നിന്നെത്തന്നെ വർദ്ധിപ്പിക്കുക.
16നിന്റെ വ്യാപാരികളെ നീ ആകാശത്തിലെ നക്ഷത്രങ്ങളെക്കാൾ വർദ്ധിപ്പിച്ചുവല്ലോ; വിട്ടിൽ നാശം വിതച്ച് പറന്നുപോകുന്നു.17നിന്റെ പ്രഭുക്കന്മാർ വെട്ടുക്കിളികൾപോലെയും നിന്റെ സേനാധിപതിമാർ ശീതമുള്ള ദിവസത്തിൽ മതിലുകളിന്മേൽ പറ്റുന്ന വിട്ടിൽകൂട്ടംപോലെയും ആകുന്നു; സൂര്യൻ ഉദിക്കുമ്പോൾ അവ പറന്നുപോകുന്നു; അവ ചെന്നിരിക്കുന്ന സ്ഥലം ആരും അറിയുന്നില്ല.
18അശ്ശൂർരാജാവേ, നിന്റെ ഇടയന്മാർ ഉറങ്ങുന്നു; നിന്റെ കുലീനന്മാർ വിശ്രമിച്ചു കിടക്കുന്നു; നിന്റെ ജനം പർവ്വതങ്ങളിൽ ചിതറിയിരിക്കുന്നു; അവരെ കൂട്ടിച്ചേർക്കുവാൻ ആരുമില്ല.19നിന്റെ പരുക്കിന് ശമനമില്ല; നിന്റെ മുറിവ് മാരകമാകുന്നു; നിന്റെ വർത്തമാനം കേൾക്കുന്ന എല്ലാവരും നിന്നെക്കുറിച്ച് കൈകൊട്ടും; കാരണം, നിന്റെ ഇടവിടാതെയുള്ള ദുഷ്ടത അനുഭവിക്കാത്തവരായി ആരുണ്ട്?

ഹബക്കൂൿ

1

1ഹബക്കൂക്ക് പ്രവാചകൻ ദർശിച്ച പ്രവാചകം.2“യഹോവേ, എത്രത്തോളം ഞാൻ വിളിച്ചപേക്ഷിക്കുകയും അങ്ങ് കേൾക്കാതിരിക്കുകയും ചെയ്യും? സാഹസം നിമിത്തം ഞാൻ എത്രത്തോളം അങ്ങയോട് നിലവിളിക്കുകയും അങ്ങ് രക്ഷിക്കാതിരിക്കുകയും ചെയ്യും?

3അങ്ങ് എന്നെ നീതികേട് കാണുമാറാക്കുന്നതും പീഡനം വെറുതെ നോക്കുന്നതും എന്തിന്? കവർച്ചയും സാഹസവും എന്റെ മുമ്പിൽ ഉണ്ട്; കലഹവും മത്സരവും സാധാരണം ആകുന്നു.4അതുകൊണ്ട് ന്യായപ്രമാണം ദുർബലമായിരിക്കുന്നു; ന്യായം ഒരുനാളും വെളിപ്പെട്ടുവരുന്നതുമില്ല; ദുഷ്ടൻ നീതിമാനെ വളഞ്ഞിരിക്കുന്നു; അതുകൊണ്ട് ന്യായം വക്രതയായി വെളിപ്പെട്ടുവരുന്നു.
5ജനതകളെ ശ്രദ്ധിച്ച് നോക്കുവിൻ! ആശ്ചര്യപ്പെട്ട് വിസ്മയിക്കുവിൻ! ഞാൻ നിങ്ങളുടെ കാലത്ത് ഒരു പ്രവൃത്തി ചെയ്യും; അത് വിവരിച്ചുകേട്ടാൽ നിങ്ങൾ വിശ്വസിക്കുകയില്ല.6ഞാൻ ക്രൂരതയും വേഗതയുമുള്ള ജനതയായ കല്ദയരെ ഉണർത്തും; അവർ തങ്ങളുടേതല്ലാത്ത വാസസ്ഥലങ്ങൾ കൈവശമാക്കേണ്ടതിന് ഭൂമണ്ഡലത്തിൽ ഉടനീളം സഞ്ചരിക്കുന്നു.7അവർ ഘോരത്വവും ഭയങ്കരത്വവുമുള്ളവർ; അവരുടെ ന്യായവും ശ്രേഷ്ഠതയും അവരിൽനിന്ന് തന്നെ പുറപ്പെടുന്നു.
8അവരുടെ കുതിരകൾ പുള്ളിപ്പുലികളെക്കാൾ വേഗതയും വൈകുന്നേരത്തെ ചെന്നായ്ക്കളെക്കാൾ ക്രൂരതയുമുള്ളവ; അവരുടെ കുതിരച്ചേവകർ ഗർവ്വോടെ ഓടിക്കുന്നു; അവരുടെ കുതിരച്ചേവകർ ദൂരത്തുനിന്ന് വരുന്നു; ഇരയെ പിടിക്കുവാൻ ബദ്ധപ്പെടുന്ന കഴുകനെപ്പോലെ അവർ പറന്നുവരുന്നു.9അവർ എല്ലാവരും സംഹാരത്തിനായി വരുന്നു;അവരുടെ മുഖം മുമ്പോട്ട് ബദ്ധപ്പെടുന്നു; മണൽ പോലെ അവർ ബദ്ധന്മാരെ പിടിച്ചുചേർക്കുന്നു.
10അവർ രാജാക്കന്മാരെ പരിഹസിക്കുന്നു; പ്രഭുക്കന്മാരെ അവർ അവഹേളിക്കുന്നു; അവർ ഏത് കോട്ടയെയും നിസ്സാരമായി കണ്ട് ചിരിക്കുന്നു; അവർ മൺതിട്ട ഉയർത്തി അതിനെ പിടിക്കും.11അന്ന് അവൻ കാറ്റുപോലെ വീശി കടന്നു പോകുന്നു. അവൻ അതിക്രമിച്ച് കുറ്റക്കാരനായ്തീരും; കാരണം സ്വന്തശക്തിയല്ലോ അവന് ദൈവം.
12എന്റെ ദൈവമായ യഹോവേ, അങ്ങ് പുരാതനമേ എന്റെ പരിശുദ്ധനല്ലയോ? ഞങ്ങൾ മരിക്കുകയില്ല; യഹോവേ അങ്ങ് അവനെ ന്യായവിധിക്കായി നിയമിച്ചിരിക്കുന്നു; പാറയായുള്ളോവേ, ശിക്ഷയ്ക്കായി അങ്ങ് അവനെ നിയോഗിച്ചിരിക്കുന്നു.
13നിർമ്മലമായ അങ്ങയുടെ കണ്ണുകളാൽ ദോഷം കാണുവാൻ സാധ്യമല്ല. അങ്ങയ്ക്ക് പീഡനം സഹിക്കുവാൻ കഴിയുകയുമില്ല. ദ്രോഹം പ്രവർത്തിക്കുന്നവരെ അങ്ങ് വെറുതെ നോക്കുന്നത് എന്തിന് ? ദുഷ്ടൻ തന്നിലും നീതിമാനായവനെ വിഴുങ്ങുമ്പോൾ14അങ്ങ് മിണ്ടാതിരിക്കുന്നതും മനുഷ്യരെ സമുദ്രത്തിലെ മത്സ്യങ്ങളെപ്പോലെയും അധിപതിയില്ലാത്ത ഇഴജാതികളെപ്പോലെയും ആക്കുന്നതും എന്തിന്?
15അവർ അവയെ എല്ലാം 1 ചൂണ്ട കൊണ്ട് പിടിച്ചെടുക്കുന്നു; അവർ വലകൊണ്ട് അവയെ വലിച്ചെടുക്കുന്നു; കോരുവലയിൽ അവയെ ശേഖരിക്കുന്നു; അതുകൊണ്ട് അവർ സന്തോഷിച്ച് ആനന്ദിക്കുന്നു.16അതുകാരണം അവൻ തങ്ങളുടെ വലയ്ക്ക് ബലികഴിക്കുന്നു; കോരുവലയ്ക്ക് ധൂപം കാട്ടുന്നു; കാരണം അവയാൽ അല്ലയോ അവരുടെ ഓഹരി പുഷ്ടിയുള്ളതും അവരുടെആഹാരം പൂര്‍ത്തിയുള്ളതുമായി തീരുന്നത് .17അതുനിമിത്തം അവർ തന്റെ വല കുടഞ്ഞ് ശൂന്യമാക്കി, ജനതകളെ ആദരിക്കാതെ നിത്യം കൊല്ലുവാൻ പോകുമോ?


1 1:15 ചൂണ്ട = മീൻ പിടിക്കുവാൻ ഉപയോഗിക്കുന്ന ലോഹക്കൊളുത്ത്

2

1ഞാൻ എന്റെ കാവൽഗോപുരത്തിൽ നിലയുറപ്പിക്കും. യഹോവ എന്നോട് എന്ത് അരുളിച്ചെയ്യും എന്നും എന്റെ ആവലാതിയെക്കുറിച്ച് അവിടുന്ന് എന്ത് ഉത്തരം നൽകുമെന്നും അറിയാൻ ഞാൻ കാത്തിരിക്കുന്നു. .

2യഹോവ എന്നോട് ഉത്തരം അരുളിയത്: “നീ ദർശനം എഴുതുക; വേഗത്തിൽ വായിക്കുവാൻ തക്കവിധം അത് പലകയിൽ വ്യക്തമായി എഴുതുക.”3ഈ ദർശനം ഭാവിയിൽ സംഭവിക്കേണ്ടതിനെക്കുറിച്ചാണ് ; ആ സമയം അടുത്തുകൊണ്ടിരിക്കുന്നു. സമയം തെറ്റുകയുമില്ല. അത് വൈകിയാലും അതിനായി കാത്തിരിക്കുക; അതു വരും നിശ്ചയം; താമസിക്കുകയുമില്ല.
4അവന്റെ മനസ്സ് അവനിൽ അഹങ്കരിച്ചിരിക്കുന്നു; അത് നേരുള്ളതല്ല; നീതിമാൻ വിശ്വാസത്താൽ ജീവിച്ചിരിക്കും.5വീഞ്ഞ് വഞ്ചന നിറഞ്ഞതാണ്; അഹങ്കാരിയായ മനുഷ്യൻ നിലനിൽക്കുയില്ല; അവൻ പാതാളംപോലെ വിസ്താരമായി വായ് പിളർക്കുന്നു; മരണംപോലെ തൃപ്തിപ്പെടാതെയുമിരിക്കുന്നു; അവൻ സകലജനതകളെയും തന്റെ അടുക്കൽ കൂട്ടി, സകലവംശങ്ങളെയും തന്റെ അടുക്കൽ ചേർക്കുന്നു.
6അവർ അവനെക്കുറിച്ച് ഒരു ഉപമയും പരിഹസിച്ച് പഴഞ്ചൊല്ലായി, “തന്റേതല്ലാത്തത് എത്രത്തോളം വർദ്ധിപ്പിക്കും? പണയവസ്തു വാങ്ങി കൂട്ടിവയ്ക്കുന്നവന് അയ്യോ കഷ്ടം!”എന്ന് പറയുകയില്ലയോ?7നിന്റെ കടക്കാർ പെട്ടെന്ന് എഴുന്നേൽക്കുകയും നിന്നെ ബുദ്ധിമുട്ടിക്കുന്നവർ ആക്രമിക്കുകയും നീ അവർക്ക് ഇരയായിത്തീരുകയും ഇല്ലയോ?8നീ പലജനതകളെയും കവർച്ച ചെയ്തതുകൊണ്ട് അവരിൽ ശേഷിച്ചവർ മനുഷ്യരുടെ രക്തംനിമിത്തവും നീ ദേശത്തോടും നഗരത്തോടും അതിന്റെ സകലനിവാസികളോടും ചെയ്ത സാഹസംനിമിത്തവും നിന്നോടും കവർച്ച ചെയ്യും.
9അനർത്ഥം നേരിടാത്ത വിധം ഉയരത്തിൽ തന്റെ കൂട് വയ്ക്കേണ്ടതിന് തന്റെ വീടിനുവേണ്ടി ദുരാദായം ആഗ്രഹിക്കുന്നവന് അയ്യോ കഷ്ടം!10പലജനതകളെയും ഛേദിച്ചുകളഞ്ഞ് നീ നിന്റെ വീടിന് ലജ്ജ നിരൂപിച്ച് നിന്റെ സ്വന്തപ്രാണനോട് പാപം ചെയ്തിരിക്കുന്നു.11ചുവരിൽനിന്ന് കല്ല് നിലവിളിക്കുകയും മേൽക്കൂരയിൽനിന്ന് 1 കഴുക്കോൽ ഉത്തരം പറയുകയും ചെയ്യുമല്ലോ.
12രക്തപാതകംകൊണ്ട് പട്ടണം പണിയുകയും നീതികേടുകൊണ്ട് നഗരം സ്ഥാപിക്കുകയും ചെയ്യുന്നവന് അയ്യോ കഷ്ടം!13ജനതകൾ തീയ്ക്ക് ഇരയാകുവാൻ അദ്ധ്വാനിക്കുന്നതും വംശങ്ങൾ വെറുതെ തളർന്നുപോകുന്നതും സൈന്യങ്ങളുടെ യഹോവയുടെ ഹിതത്താൽ അല്ലയോ?14വെള്ളം സമുദ്രത്തിൽ നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ മഹത്വത്തിന്റെ പരിജ്ഞാനത്താൽ പൂർണ്ണമാകും.
15കൂട്ടുകാരുടെ നഗ്നത കാണേണ്ടതിന് അവർക്കു കുടിക്കുവാൻ കൊടുക്കുകയും നഞ്ചു കൂട്ടിക്കലർത്തി ലഹരിപിടിപ്പിക്കുകയും ചെയ്യുന്നവന് അയ്യോ കഷ്ടം!16നിനക്ക് മഹത്വംകൊണ്ടല്ല, ലജ്ജകൊണ്ട് പൂർത്തിവന്നിരിക്കുന്നു; നീയും കുടിക്കുക; നിന്റെ നഗ്നത അനാവൃതമാക്കുക; യഹോവയുടെ വലങ്കയ്യിലെ പാനപാത്രം നിന്റെ അടുക്കൽ വരും; മഹത്വത്തിന് പകരം നിനക്ക് അപമാനം ഭവിക്കും.
17മനുഷ്യരുടെ രക്തവും, ദേശത്തോടും നഗരത്തോടും അതിന്റെ സകലനിവാസികളോടും ചെയ്ത സാഹസവും നിമിത്തം ലെബാനോനോട് ചെയ്ത ദ്രോഹവും മൃഗങ്ങളെ പേടിപ്പിച്ച സംഹാരവും നിന്നെ പിടികൂടും.
18ഊമ മിഥ്യാമൂൎത്തികളെ ഉണ്ടാക്കുന്നവന് എന്ത് ലാഭം? ശില്പി ഒരു ബിംബത്തെ കൊത്തിയുണ്ടാക്കിയാലോ, ഒരു ലോഹബിംബം വാർത്തുണ്ടാക്കിയാലോ എന്ത് പ്രയോജനം -അവ വ്യാജ ഉപദേഷ്ടാക്കൾ അല്ലയോ19മരത്തോട്:“ ഉണരുക” എന്നും ഊമക്കല്ലിനോട്: “എഴുന്നേൽക്കുക” എന്നും പറയുന്നവന് അയ്യോ കഷ്ടം! അത് ഉപദേശിക്കുമോ? അത് പൊന്നും വെള്ളിയും പൊതിഞ്ഞിരിക്കുന്നു; അതിന്റെ ഉള്ളിൽ ശ്വാസം ഒട്ടും ഇല്ലല്ലോ.20എന്നാൽ യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ട്; സർവ്വഭൂമിയും അവന്റെ സന്നിധിയിൽ മൗനമായിരിക്കട്ടെ.


1 2:11 കഴുക്കോൽ = മേൽക്കൂരയുടെ താങ്ങ്

3

1വിഭ്രമരാഗത്തിൽ ഹബക്കൂക്ക് പ്രവാചകന്റെ ഒരു പ്രാർത്ഥനാഗീതം.

2യഹോവേ, ഞാൻ അങ്ങയെക്കുറിച്ച് കേട്ട് ഭയപ്പെട്ടുപോയി;
യഹോവേ, വർഷങ്ങൾ കഴിയുംമുമ്പ് അങ്ങയുടെ പ്രവൃത്തിയെ ജീവിപ്പിക്കണമേ;
ഈ നാളുകളിൽ അതിനെ വെളിപ്പെടുത്തണമേ;
ക്രോധത്തിൽ കരുണ ഓർക്കണമേ.
3ദൈവം തേമാനിൽനിന്നും
പരിശുദ്ധൻ പാറാൻ പർവ്വതത്തിൽനിന്നും വരുന്നു.
സേലാ.
ദൈവത്തിന്റെ പ്രഭ ആകാശത്തെ മൂടുന്നു;
ദൈവത്തിന്റെ സ്തുതിയാൽ ഭൂമി നിറഞ്ഞിരിക്കുന്നു.
4സൂര്യപ്രകാശംപോലെ ഒരു ശോഭ ഉളവായി വരുന്നു;
കിരണങ്ങൾ ദൈവത്തിന്റെ അടുത്തുനിന്ന് പുറപ്പെടുന്നു;
അവിടെ ദൈവത്തിന്റെ വല്ലഭത്വം മറഞ്ഞിരിക്കുന്നു.
5മഹാവ്യാധി ദൈവത്തിന്റെ മുമ്പിൽ നടക്കുന്നു;
പകർച്ചവ്യാധി ദൈവത്തിന്റെ പിന്നാലെ ചെല്ലുന്നു.
6ദൈവം ഭൂമിയെ അളക്കുന്നു;
ദൈവം നോക്കി ജാതികളെ ചിതറിക്കുന്നു;
ശാശ്വതപർവ്വതങ്ങൾ പിളർന്നുപോകുന്നു;
പുരാതനഗിരികൾ വണങ്ങി വീഴുന്നു;
ദൈവം പുരാതനപാതകളിൽ നടക്കുന്നു.
7ഞാൻ കൂശാന്റെ കൂടാരങ്ങളെ അനർത്ഥത്തിൽ കാണുന്നു;
മിദ്യാൻദേശത്തിലെ തിരശ്ശീലകൾ വിറയ്ക്കുന്നു.
8യഹോവ നദികളോട് നീരസപ്പെട്ടിരിക്കുന്നുവോ?
അങ്ങയുടെ കോപം നദികളുടെ നേരെ വരുന്നുവോ?
അങ്ങ് കുതിരപ്പുറത്തും ജയരഥത്തിലും കയറിയിരിക്കുകയാൽ
അങ്ങയുടെ ക്രോധം സമുദ്രത്തിന്റെ നേരെ ഉള്ളതോ?
9അവിടുന്ന് വില്ല് പുറത്തെടുത്ത് ഞാണിൽ അമ്പ് തൊടുത്തിരിക്കുന്നു.
വചനത്തിന്റെ ദണ്ഡനങ്ങൾ ആണകളോടുകൂടിയിരിക്കുന്നു.
സേലാ.
അങ്ങ് ഭൂമിയെ നദികളാൽ പിളർക്കുന്നു.
10പർവ്വതങ്ങൾ അങ്ങയെ കണ്ട് വിറയ്ക്കുന്നു;
വെള്ളത്തിന്റെ പ്രവാഹം കടന്നുപോകുന്നു;
ആഴി ശബ്ദം പുറപ്പെടുവിക്കുന്നു;
ഉയരത്തിലേക്ക് കൈ ഉയർത്തുന്നു.
11അങ്ങയുടെ അസ്ത്രങ്ങൾ പായുന്ന പ്രകാശത്തിലും
മിന്നിപ്രകാശിക്കുന്ന കുന്തത്തിന്റെ ശോഭയിലും
സൂര്യനും ചന്ദ്രനും സ്വഗൃഹത്തിൽ നില്ക്കുന്നു.
12ക്രോധത്തോടെ അങ്ങ് ഭൂമിയിൽ ചവിട്ടുന്നു;
കോപത്തോടെ ജനതകളെ മെതിക്കുന്നു.
13അങ്ങയുടെ ജനത്തിന്റെയും
അങ്ങയുടെ അഭിഷിക്തന്റെയും രക്ഷയ്ക്കായിട്ട് അങ്ങ് പുറപ്പെടുന്നു;
അങ്ങ് ദുഷ്ടന്റെ വീടിന്റെ മുകൾ ഭാഗം തകർത്ത്,
അടിസ്ഥാനം മുഴുവനും അനാവൃതമാക്കി.
സേലാ.
14അങ്ങ് അവന്റെ കുന്തങ്ങൾകൊണ്ട് അവന്റെ യോദ്ധാക്കളുടെ തല കുത്തിത്തുളയ്ക്കുന്നു;
എന്നെ ചിതറിക്കേണ്ടതിന് അവർ ചുഴലിക്കാറ്റുപോലെ വരുന്നു;
എളിയവനെ മറവിൽവച്ച് വിഴുങ്ങുവാൻ പോകുന്നതുപോലെ അവർ ഉല്ലസിക്കുന്നു.
15അങ്ങയുടെ കുതിരകളോടുകൂടി അങ്ങ് സമുദ്രത്തിൽ,
പെരുവെള്ളക്കൂട്ടത്തിൽ തന്നെ, നടകൊള്ളുന്നു.
16ഞാൻ കേട്ടു എന്റെ ഉദരം കുലുങ്ങിപ്പോയി,
ആ ശബ്ദം കാരണം എന്റെ അധരം വിറച്ചു;
അവൻ ജനത്തെ ആക്രമിക്കുവാൻ പുറപ്പെടുമ്പോൾ
കഷ്ടദിവസത്തിൽ ഞാൻ വിശ്രമിച്ചിരിക്കേണ്ടതുകൊണ്ട്
എന്റെ അസ്ഥികൾ ഉരുകി,
ഞാൻ നിന്ന നിലയിൽ വിറച്ചുപോയി.
17അത്തിവൃക്ഷം തളിർക്കുകയില്ല;
മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകുകയില്ല;
ഒലിവുമരത്തിന്റെ പ്രയത്നം നിഷ്ഫലമായിപ്പോകും;
നിലങ്ങൾ ആഹാരം വിളയിക്കുകയില്ല;
ആട്ടിൻ കൂട്ടം തൊഴുത്തിൽനിന്ന് നശിച്ചുപോകും;
ഗോശാലകളിൽ കന്നുകാലി ഉണ്ടായിരിക്കുകയില്ല.
18എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും;
എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും.
19യഹോവയായ കർത്താവ് എന്റെ ബലം ആകുന്നു;
കർത്താവ് എന്റെ കാൽ പേടമാൻ കാലുപോലെ ആക്കുന്നു;
ഉന്നതികളിന്മേൽ എന്നെ നടക്കുമാറാക്കുന്നു.
സംഗീതപ്രമാണിക്ക് തന്ത്രിനാദത്തോടെ.

സെഫന്യാവു

1

1യെഹൂദാരാജാവായ ആമോന്റെ മകനായ യോശീയാവിന്റെ കാലത്ത്, ഹിസ്കീയാവിന്റെ മകനായ അമര്യാവിന്റെ മകനായ ഗെദല്യാവിന്റെ മകനായ കൂശിയുടെ മകനായ സെഫന്യാവിനുണ്ടായ യഹോവയുടെ അരുളപ്പാട്.2“ഞാൻ ഭൂതലത്തിൽനിന്ന് സകലത്തെയും സംഹരിച്ചുകളയും” എന്ന് യഹോവയുടെ അരുളപ്പാട്.3“ഞാൻ മനുഷ്യരെയും മൃഗങ്ങളെയും സംഹരിക്കും; ഞാൻ ആകാശത്തിലെ പറവജാതികളെയും സമുദ്രത്തിലെ മത്സ്യങ്ങളെയും ദുഷ്ടന്മാരോടുകൂടി ഭൗതിക അവശിഷ്ടങ്ങളെയും നശിപ്പിക്കും; ഞാൻ ഭൂതലത്തിൽ നിന്ന് മനുഷ്യനെ ഛേദിച്ചുകളയും” എന്ന് യഹോവയുടെ അരുളപ്പാട്.

4“ഞാൻ യെഹൂദയുടെ മേലും യെരൂശലേമിലെ സകലനിവാസികളുടെ മേലും കൈ നീട്ടും; ഞാൻ ഈ സ്ഥലത്തുനിന്ന് ബാലിന്റെ ശേഷിപ്പിനെയും പുരോഹിതന്മാരോടു കൂടി പൂജാരികളുടെ പേരിനെയും5മേൽപുരകളിൽ ആകാശത്തിലെ സൈന്യത്തെ നമസ്കരിക്കുന്നവരെയും യഹോവയെച്ചൊല്ലിയും മൽക്കാമിനെച്ചൊല്ലിയും സത്യം ചെയ്ത് നമസ്കരിക്കുന്നവരെയും യഹോവയെ വിട്ടു പിന്മാറിയവരെയും6യഹോവയെ അന്വേഷിക്കുകയോ അവിടുത്തെക്കുറിച്ച് ചോദിക്കുകയോ ചെയ്യാത്തവരെയും ഛേദിച്ചുകളയും.
7യഹോവയായ കർത്താവിന്റെ സന്നിധിയിൽ മൗനമായിരിക്കുക; യഹോവയുടെ ദിവസം അടുത്തിരിക്കുന്നു; യഹോവ ഒരു യാഗസദ്യ ഒരുക്കി താൻ ക്ഷണിച്ചവരെ വിശുദ്ധീകരിച്ചുമിരിക്കുന്നു.8എന്നാൽ യഹോവയുടെ യാഗസദ്യയുള്ള ദിവസത്തിൽ ഞാൻ പ്രഭുക്കന്മാരെയും രാജകുമാരന്മാരെയും അന്യദേശവസ്ത്രം ധരിച്ചിരിക്കുന്ന എല്ലാവരെയും സന്ദർശിക്കും.9ആ ദിവസം ഞാൻ ഉമ്മരപ്പടി ചാടിക്കടക്കുന്ന എല്ലാവരെയും സാഹസവും വഞ്ചനയും കൊണ്ട് തങ്ങളുടെ യജമാനന്മാരുടെ വീടുകളെ നിറയ്ക്കുന്നവരെയും സന്ദർശിക്കും.
10അന്ന് മത്സ്യഗോപുരത്തിൽനിന്ന് ഉച്ചത്തിലുള്ള ഒരു നിലവിളിയും യെരുശലേമിന്റെ പുതിയ നഗരാംശത്തിൽനിന്ന് ഒരു മുറവിളിയും കുന്നുകളിൽനിന്ന് ഒരു ഝടഝടനാദവും ഉണ്ടാകും” എന്ന് യഹോവയുടെ അരുളപ്പാട്.11മക്തേശ് നിവാസികളേ, മുറയിടുവിൻ; വ്യാപാരി ജനം എല്ലാം നശിച്ചുപോയല്ലോ; സകലദ്രവ്യവാഹകന്മാരും ഛേദിക്കപ്പെട്ടിരിക്കുന്നു.
12ആ കാലത്ത് ഞാൻ യെരൂശലേമിനെ വിളക്ക് കത്തിച്ച് പരിശോധിക്കുകയും യഹോവ ഗുണമോ ദോഷമോ ചെയ്യുകയില്ല എന്ന് പറഞ്ഞ് വീഞ്ഞുകുടിച്ച് കിടക്കുന്ന പുരുഷന്മാരെ സന്ദർശിക്കുകയും ചെയ്യും.13അങ്ങനെ അവരുടെ സമ്പത്ത് കവർച്ച ചെയ്യപ്പെടുകയും അവരുടെ വീടുകൾ ശൂന്യമായിത്തീരുകയും ചെയ്യും; അവർ വീടു പണിയും, പക്ഷേ താമസിക്കുകയില്ല; അവർ മുന്തിരിത്തോട്ടം ഉണ്ടാക്കും, വീഞ്ഞു കുടിക്കുകയില്ല.
14യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു; അത് അതിവേഗം അടുത്ത് വരുന്നു; കേട്ടോ യഹോവയുടെ ദിവസം! വീരൻ അവിടെ കഠിനമായി നിലവിളിക്കുന്നു.15ആ ദിവസം ക്രോധദിവസം, കഷ്ടവും സങ്കടവും ഉള്ള ദിവസം, ശൂന്യതയും നാശവും ഉള്ള ദിവസം, ഇരുട്ടും അന്ധകാരവും ഉള്ള ദിവസം, മേഘവും മൂടലും ഉള്ള ദിവസം,16ഉറപ്പുള്ള പട്ടണങ്ങൾക്കും ഉയരമുള്ള കൊത്തളങ്ങൾക്കും വിരോധമായി കാഹളനാദവും ആരവവും ഉള്ള ദിവസം തന്നെ.
17മനുഷ്യർ കുരുടന്മാരെപ്പോലെ നടക്കുന്ന വിധം ഞാൻ അവർക്ക് കഷ്ടത വരുത്തും; അവർ യഹോവയോട് പാപം ചെയ്തുവല്ലോ; അവരുടെ രക്തം പൊടിപോലെയും അവരുടെ മാംസം കാഷ്ഠം പോലെയും ചൊരിയും.18യഹോവയുടെ ക്രോധദിവസത്തിൽ അവരുടെ വെള്ളിക്കും പൊന്നിനും അവരെ രക്ഷിക്കുവാൻ കഴിയുകയില്ല; സർവ്വഭൂമിയും അവന്റെ ക്രോധത്തിന്റെ തീക്ഷ്ണമായ അഗ്നിക്ക് ഇരയായ്തീരും; സകലഭൂവാസികൾക്കും അവൻ ശീഘ്രസംഹാരം വരുത്തും.

2

1ലജ്ജയില്ലാത്ത ജനതയേ, വിധി നടപ്പാക്കുന്നതിന് മുമ്പ്, ദിവസം പതിർപോലെ പാറിപ്പോകുന്നതിന് മുമ്പ്, യഹോവയുടെ ഉഗ്രകോപം നിങ്ങളുടെമേൽ വരുന്നതിന് മുമ്പ്,2യഹോവയുടെ കോപദിവസം നിങ്ങളുടെ മേൽ വരുന്നതിന് മുമ്പ്, കൂടിവരുവിൻ; അതേ, കൂടിവരുവിൻ!3യഹോവയുടെ ന്യായം പ്രവർത്തിക്കുന്നവരായി ഭൂമിയിൽ സൗമ്യതയുള്ളവരായ സകലരുമേ, അവനെ അന്വേഷിക്കുവിൻ; നീതി അന്വേഷിക്കുവിൻ; സൗമ്യത അന്വേഷിക്കുവിൻ; ഒരുപക്ഷെ നിങ്ങൾക്ക് യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാൻ സാധിക്കും.

4ഗസ്സാ നിർജ്ജനമാകും; അസ്കലോൻ ശൂന്യമായിത്തീരും; അസ്തോദിനെ അവർ മദ്ധ്യാഹ്നത്തിൽ നീക്കിക്കളയും; എക്രോന് നിർമ്മൂലനാശം വരും.5സമുദ്രതീരനിവാസികളായ ക്രേത്യജനതയ്ക്ക് അയ്യോ കഷ്ടം! ഫെലിസ്ത്യദേശമായ കനാനേ, യഹോവയുടെ വചനം നിങ്ങൾക്ക് വിരോധമായിരിക്കുന്നു; നിനക്ക് നിവാസികൾ ആരും ഇല്ലാതെയാകുംവിധം ഞാൻ നിന്നെ നശിപ്പിക്കും.
6സമുദ്രതീരം ഇടയന്മാർക്ക് കുടിലുകളും ആട്ടിൻകൂട്ടങ്ങൾക്ക് തൊഴുത്തുകളും ഉള്ള പുല്പുറങ്ങളായിത്തീരും.7തീരപ്രദേശം യെഹൂദാഗൃഹത്തിന്റെ ശേഷിപ്പിന് ആകും; അവിടെ അവർ ആടുകളെ മേയ്ക്കും; അസ്കലോന്റെ വീടുകളിൽ അവർ വൈകുന്നേരത്ത് കിടന്നുറങ്ങും; അവരുടെ ദൈവമായ യഹോവ അവരെ സന്ദർശിച്ച് അവരുടെ സ്ഥിതി മാറ്റുമല്ലോ.
8മോവാബിന്റെ ധിക്കാരവും അമ്മോന്യർ എന്റെ ജനത്തെ നിന്ദിച്ച് അവരുടെ ദേശത്തിന് വിരോധമായി പറഞ്ഞ ശകാരങ്ങളും ഞാൻ കേട്ടിരിക്കുന്നു.9അതുകൊണ്ട് യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്തു: എന്നാണ, മോവാബ് സൊദോമിനെപ്പോലെയും അമ്മോന്യർ ഗൊമോറയെപ്പോലെയും മുൾപ്പടർപ്പുകളും ഉപ്പുകുഴികളും പോലെ ശാശ്വതശൂന്യം ആയിത്തീരും; എന്റെ ജനത്തിൽ ശേഷിച്ചവർ അവരെ കവർച്ച ചെയ്യും; എന്റെ ജനത്തിൽ ശേഷിച്ചിരിക്കുന്നവർ അവരുടെ ദേശത്തെ അവകാശമാക്കും.
10ഇത് അവരുടെ അഹങ്കാരംനിമിത്തം അവർക്ക് ഭവിക്കും; അവർ സൈന്യങ്ങളുടെ യഹോവയുടെ ജനത്തോട് നിന്ദയും വമ്പും കാട്ടിയിരിക്കുന്നുവല്ലോ.11അപ്പോൾ അവർ യഹോവയെ ഭയപ്പെടും ;കാരണം അവൻ ഭൂമിയിലെ സകലദേവന്മാരെയും ക്ഷയിപ്പിക്കും; ജനതകളുടെ സകലദ്വീപുകളും അതത് സ്ഥലത്തുനിന്ന് അവനെ നമസ്കരിക്കും;
12നിങ്ങളോ കൂശ്യരേ, എന്റെ വാളിനിരയാകും!13അവൻ വടക്കോട്ട് കൈ നീട്ടി അശ്ശൂരിനെ നശിപ്പിക്കും; നീനെവേയെ ശൂന്യവും മരുഭൂമി പോലെ വരണ്ട നിലവും ആക്കും.14അതിന്റെ നടുവിൽ ആട്ടിൻ കൂട്ടങ്ങളും നാനാജാതി മൃഗങ്ങളും കിടക്കും; അതിന്റെ മകുടങ്ങളുടെ ഇടയിൽ വേഴാമ്പലും മുള്ളനും രാപാർക്കും; കിളിവാതിൽക്കൽ പാട്ടു പാടുന്നതു കേട്ടോ! ദേവദാരുപ്പണി പറിച്ചുകളഞ്ഞിരിക്കയാൽ ഉമ്മരപ്പടിക്കൽ ശൂന്യതയുണ്ടു.
15ഞാനേയുള്ളു; ഞാനല്ലാതെ മറ്റാരുമില്ല എന്ന് ഹൃദയത്തിൽ പറഞ്ഞ് നിർഭയം വസിച്ചിരുന്ന ഉല്ലസിതനഗരം ഇതു തന്നെ; അത് ശൂന്യവും മൃഗങ്ങൾക്കു പാർക്കുവാനുള്ള ഇടവും ആയിത്തീർന്നതെങ്ങനെ; അതിനരികിലൂടെ പോകുന്നവർ ചൂളമടിച്ച് പരിഹസിക്കുകയും കൈ വീശുകയും ചെയ്യും.

3

1മത്സരവും മലിനതയും നിറഞ്ഞതും പീഡിപ്പിക്കുന്നതും ആയ നഗരത്തിന് അയ്യോ കഷ്ടം!2അവൾ യഹോവയുടെ വാക്ക് കേട്ടനുസരിച്ചിട്ടില്ല; പ്രബോധനം കൈക്കൊണ്ടിട്ടില്ല; യഹോവയിൽ ആശ്രയിച്ചിട്ടില്ല; തന്റെ ദൈവത്തോട് അടുത്തുവന്നിട്ടുമില്ല.

3അതിനകത്ത് അതിന്റെ പ്രഭുക്കന്മാർ ഗർജ്ജിക്കുന്ന സിംഹങ്ങൾ; അതിന്റെ ന്യായാധിപതിമാർ വൈകുന്നേരത്തെ ചെന്നായ്ക്കൾ; അവർ പ്രഭാതകാലത്തേക്ക് ഒന്നും ശേഷിപ്പിക്കുന്നില്ല.4അതിന്റെ പ്രവാചകന്മാർ അല്പബുദ്ധികളും വിശ്വാസപാതകന്മാരും ആകുന്നു; അതിന്റെ പുരോഹിതന്മാർ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കി, ന്യായപ്രമാണം ലംഘിക്കുന്നു.
5യഹോവ അതിന്റെ മദ്ധ്യത്തിൽ നീതിമാനാകുന്നു; അവൻ നീതികേടു ചെയ്യുന്നില്ല; രാവിലേതോറും അവൻ തന്റെ ന്യായത്തെ തെറ്റാതെ വെളിപ്പെടുത്തുന്നു; നീതികെട്ടവനോ നാണം എന്തെന്നറിഞ്ഞുകൂടാ.
6ഞാൻ ജനതകളെ ഛേദിച്ചുകളഞ്ഞു; അവരുടെ കോട്ടകൾ ശൂന്യമാക്കിയിരിക്കുന്നു; ഞാൻ അവരുടെ വീഥികളെ ആരും കടന്നുപോകാത്തവിധം ശൂന്യമാക്കി, അവരുടെ പട്ടണങ്ങൾ ഒരു മനുഷ്യനും നിവാസിയും ഇല്ലാതെ നശിച്ചിരിക്കുന്നു.7“നീ എന്നെ ഭയപ്പെട്ട് പ്രബോധനം സ്വീകരിക്കുക” എന്ന് ഞാൻ കല്പിച്ചു; എന്നാൽ ഞാൻ തീരുമാനിച്ചതുപോലെ അവളുടെ ഭവനത്തിൽ നിന്ന് ഛേദിക്കപ്പെടുകയില്ലായിരുന്നു; പക്ഷേ അവർ ജാഗ്രതയോടെ തങ്ങളുടെ ദുഷ്പ്രവൃത്തികൾ ചെയ്തുപോന്നു.
8അതുകൊണ്ട് “ഞാൻ സാക്ഷിയായി എഴുന്നേല്ക്കുന്ന ദിവസംവരെ എനിക്കായി കാത്തിരിക്കുക” എന്ന് യഹോവയുടെ അരുളപ്പാട്. എന്റെ ക്രോധവും എന്റെ ഉഗ്രകോപവും പകരേണ്ടതിന് ജനതകളെ ചേർക്കുവാനും രാജ്യങ്ങളെ കൂട്ടുവാനും ഞാൻ തീരുമാനിച്ചിരിക്കുന്നു; സർവ്വഭൂമിയും എന്റെ തീക്ഷ്ണതാഗ്നിക്ക് ഇരയായിത്തീരും.
9അപ്പോൾ സകലജാതികളും യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിച്ച് ഏകമനസ്സോടെ അവനെ സേവിക്കേണ്ടതിന് ഞാൻ അവർക്ക് നിർമ്മലമായുള്ള അധരങ്ങൾ നൽകും.10കൂശ് നദികളുടെ അക്കരെനിന്ന് എന്റെ നമസ്കാരികൾ, എന്റെ ചിതറിപ്പോയവരുടെ സഭ തന്നെ, എനിക്ക് വഴിപാട് കൊണ്ടുവരും.11അന്ന് ഞാൻ നിന്റെ മദ്ധ്യത്തിൽനിന്ന് അഹങ്കരിച്ച് ഉല്ലസിക്കുന്നവരെ നീക്കിക്കളയും. നീ എന്റെ വിശുദ്ധപർവ്വതത്തിൽ ഇനി അഹങ്കരിക്കാതിരിക്കുന്നതുകൊണ്ട് നീ എന്നോട് അതിക്രമമായി ചെയ്തിരിക്കുന്ന സകലപ്രവൃത്തികളുംനിമിത്തം അന്ന് ലജ്ജിക്കേണ്ടിവരുകയില്ല.
12ഞാൻ നിന്റെ നടുവിൽ താഴ്മയും ദാരിദ്ര്യവും ഉള്ള ജനത്തെ ശേഷിപ്പിക്കും; അവർ യഹോവയുടെ നാമത്തിൽ ശരണം പ്രാപിക്കും.13യിസ്രായേലിൽ അവശേഷിച്ചവർ നീതികേട് പ്രവർത്തിക്കുകയില്ല; ഭോഷ്കുപറയുകയുമില്ല; ചതിവുള്ള നാവ് അവരുടെ വായിൽ ഉണ്ടാകുകയില്ല; അവർ ആടുമാടുകളെ മേയിക്കുകയും സുഖമായി വിശ്രമിക്കുകയും ചെയ്യും; ആരും അവരെ ഭയപ്പെടുത്തുകയുമില്ല.
14സീയോൻ പുത്രിയേ, ഘോഷിച്ചാനന്ദിക്കുക; യിസ്രായേലേ, ആർപ്പിടുക; യെരൂശലേം പുത്രിയേ, പൂർണ്ണഹൃദയത്തോടെ സന്തോഷിച്ചുല്ലസിക്ക.15യഹോവ നിന്റെ ന്യായവിധികളെ മാറ്റി, നിന്റെ ശത്രുവിനെ നീക്കിക്കളഞ്ഞിരിക്കുന്നു; യിസ്രായേലിന്റെ രാജാവായ യഹോവ നിന്റെ മദ്ധ്യത്തിൽ ഇരിക്കുന്നു; ഇനി നീ അനർത്ഥം കാണുകയില്ല.16അന്ന് അവർ യെരൂശലേമിനോട്: “ഭയപ്പെടരുത്”എന്നും സീയോനോട്: “അധൈര്യപ്പെടരുത്” എന്നും പറയും.
17നിന്റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്റെ മദ്ധ്യേ ഇരിക്കുന്നു; അവൻ നിന്നിൽ അത്യന്തം സന്തോഷിക്കും; തന്റെ സ്നേഹത്താൽ അവൻ മിണ്ടാതിരിക്കുന്നു; ഉത്സവദിനത്തിലെപ്പോലെ അവൻ നിന്നിൽ ആനന്ദിക്കും.18ലജ്ജാഭാരം വഹിച്ചവളായ നിനക്കുള്ളവരായി സംഘത്തെ വിട്ടു ദുഃഖിക്കുന്നവരെ ഞാൻ ചേർത്തു കൊള്ളും..
19നിന്നെ ക്ലേശിപ്പിക്കുന്നവരോട് ഞാൻ ആ കാലത്ത് ഇടപെടും; ഞാൻ മുടന്തരെ രക്ഷിക്കുകയും ചിതറിപ്പോയതിനെ ശേഖരിക്കുകയും സർവ്വഭൂമിയിലും ലജ്ജ നേരിട്ടവരെ പ്രശംസയും കീർത്തിയുമാക്കി തീർക്കുകയും ചെയ്യും.20ആ കാലത്ത് ഞാൻ നിങ്ങളെ വരുത്തുകയും, ഞാൻ നിങ്ങളെ ശേഖരിക്കുകയും ചെയ്യും; നിങ്ങളുടെ കൺമുൻപിൽ ഞാൻ നിങ്ങളുടെ പ്രവാസികളെ മടക്കിവരുത്തുമ്പോൾ ഞാൻ നിങ്ങളെ ഭൂമിയിലെ സകലജനതകളുടെയും ഇടയിൽ കീർത്തിയും പ്രശംസയും ആക്കിത്തീർക്കുമെന്ന് യഹോവ അരുളിച്ചെയ്യുന്നു.

ഹഗ്ഗായി

1

1ദാര്യാവേശ്‌ രാജാവ് ഭരണം തുടങ്ങിയതിന്റെ രണ്ടാം വർഷം ആറാം മാസം, ഒന്നാം തീയതി യഹോവയുടെ അരുളപ്പാട് ഹഗ്ഗായിപ്രവാചകൻ മുഖാന്തരം യെഹൂദാദേശാധിപതിയായ ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലിനും മഹാപുരോഹിതനായ യെഹോസാദാക്കിന്റെ മകനായ യോശുവയ്ക്കും ഉണ്ടായത്:2“സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയുടെ ആലയം പണിയുവാനുള്ള കാലം വന്നിട്ടില്ലെന്ന് ഈ ജനം പറയുന്നുവല്ലോ.”

3ഹഗ്ഗായിപ്രവാചകൻമുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായത്:4“ഈ ആലയം ശൂന്യമായിരിക്കുമ്പോൾ നിങ്ങൾ തട്ടിട്ട വീടുകളിൽ പാർക്കുവാൻ കാലമായോ?”5ആകയാൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിൻ.6നിങ്ങൾ വളരെ വിതച്ചിട്ടും അല്പമേ കൊണ്ടുവരുന്നുള്ളു; നിങ്ങൾ ഭക്ഷിച്ചിട്ടും തൃപ്തരാകുന്നില്ല; പാനം ചെയ്തിട്ടും തൃപ്തിവരുന്നില്ല. വസ്ത്രം ധരിച്ചിട്ടും ആർക്കും കുളിർ മാറുന്നില്ല; കൂലിക്കാരൻ ഓട്ടസഞ്ചിയിൽ ഇടുവാൻ കൂലിവാങ്ങുന്നു.”
7സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിൻ.8നിങ്ങൾ മലയിൽ ചെന്ന് മരം കൊണ്ടുവന്ന് ആലയം പണിയുവിൻ; ഞാൻ അതിൽ പ്രസാദിച്ച് മഹത്വപ്പെടും” എന്ന് യഹോവ കല്പിക്കുന്നു.9“നിങ്ങൾ അധികം കിട്ടുമെന്ന് കാത്തിരുന്നു; എന്നാൽ അത് അല്പമായ്തീർന്നു; നിങ്ങൾ അത് വീട്ടിൽ കൊണ്ടുവന്നു; ഞാനോ അത് ഊതിക്കളഞ്ഞു; അതെന്തുകൊണ്ട്? എന്റെ ആലയം ശൂന്യമായ്ക്കിടക്കുകയും നിങ്ങൾ ഓരോരുത്തനും അവനവന്റെ വീട്ടിലേക്ക് ഓടുകയും ചെയ്യുന്നതുകൊണ്ടു തന്നെ” എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.
10അതുകൊണ്ട് നിങ്ങൾ കാരണം ആകാശം മഞ്ഞുപെയ്യാതെ അടഞ്ഞിരിക്കുന്നു; ഭൂമി വിളവ് നൽകുന്നുമില്ല.11ഞാൻ ദേശത്തിലും മലകളിലും ധാന്യത്തിലും വീഞ്ഞിലും എണ്ണയിലും നിലത്തെ വിളവിലും മനുഷ്യരിലും മൃഗങ്ങളിലും മനുഷ്യരുടെ എല്ലാ പ്രവർത്തനങ്ങളിലും വരൾച്ച വരുത്തിയിരിക്കുന്നു.

12അങ്ങനെ ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലും, മഹാപുരോഹിതനായ യെഹോസാദാക്കിന്റെ മകനായ യോശുവയും, ജനത്തിൽ ശേഷിച്ചവരും അവരുടെ ദൈവമായ യഹോവയുടെ വാക്കും, അവരുടെ ദൈവമായ യഹോവയുടെ നിയോഗപ്രകാരം അയച്ച ഹഗ്ഗായി പ്രവാചകന്റെ വചനങ്ങളും കേട്ടനുസരിച്ചു; ജനം യഹോവയെ ഭയപ്പെടുകയും ചെയ്തു.13അപ്പോൾ യഹോവയുടെ ദൂതനായ ഹഗ്ഗായി യഹോവയുടെ ദൂത് ജനത്തോട് ഇപ്രകാരം അറിയിച്ചു:“ ഞാൻ നിങ്ങളോട് കൂടി ഉണ്ട് എന്ന് യഹോവ അരുളിച്ചെയ്യുന്നു” എന്ന് പറഞ്ഞു.
14യഹോവ യെഹൂദാദേശാധിപതിയായ ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലിന്റെ മനസ്സും മഹാപുരോഹിതനായ യെഹോസാദാക്കിന്റെ മകനായ യോശുവയുടെ മനസ്സും ജനത്തിൽ ശേഷിച്ചവരുടെ മനസ്സും ഉണർത്തി; അവർ വന്ന് അവരുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിൽ വേലചെയ്തു.15ദാര്യാവേശ്‌ രാജാവ് ഭരണം തുടങ്ങിയതിന്റെ രണ്ടാം വർഷം ആറാം മാസം, ഇരുപത്തിനാലാം തീയതി ആയിരുന്നു അത്.

2

1ഏഴാം മാസം ഇരുപത്തൊന്നാം തീയതി ഹഗ്ഗായിപ്രവാചകൻ മുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായത് എന്തെന്നാൽ:2“നീ യെഹൂദാദേശാധിപതിയായ ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലിനോടും മഹാപുരോഹിതനായ യെഹോസാദാക്കിന്റെ മകനായ യോശുവയോടും ജനത്തിൽ അവശേഷിച്ചവരോടും പറയേണ്ടത്:

3നിങ്ങളിൽ ഈ ആലയത്തെ അതിന്റെ ആദ്യമഹത്ത്വത്തോടെ കണ്ടിട്ടുള്ള ആരെങ്കിലും അവശേഷിച്ചിരിക്കുന്നുണ്ടോ? ഇപ്പോൾ അത് കണ്ടിട്ട് നിങ്ങൾക്ക് എന്ത് തോന്നുന്നു? നിസ്സാരമായി തോന്നുന്നില്ലയോ?”4ഇപ്പോഴോ സെരുബ്ബാബേലേ, “ധൈര്യപ്പെടുക” എന്ന് യഹോവയുടെ അരുളപ്പാട്; “മഹാപുരോഹിതനായ യഹോസാദാക്കിന്റെ മകനായ യോശുവേ, ധൈര്യപ്പെടുക; ദേശത്തിലെ സകലജനങ്ങളുമേ, ധൈര്യപ്പെട്ട് വേല ചെയ്യുവിൻ” എന്ന് യഹോവയുടെ അരുളപ്പാട്; “ഞാൻ നിങ്ങളോടുകൂടി ഉണ്ടല്ലോ” എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.5നിങ്ങൾ ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ടപ്പോൾ ഞാൻ നിങ്ങളോട് ചെയ്ത ഉടമ്പടിയിൽ ഉള്ള വാഗ്ദാനങ്ങളെ ഓർക്കുവിൻ; എന്റെ ആത്മാവ് നിങ്ങളുടെ ഇടയിൽ വസിക്കുന്നു; നിങ്ങൾ ഭയപ്പെടേണ്ടാ.
6സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇനി ഏറെ താമസിക്കാതെ ഞാൻ ആകാശത്തെയും ഭൂമിയെയും കടലിനെയും കരയെയും ഇളക്കും.7ഞാൻ സകലജനതകളെയും ഇളക്കും; അങ്ങനെ സകലജനതകളും അവരുടെ അമൂല്യനിധി എന്റെ അടുക്കൽ കൊണ്ടുവരുകയും ചെയ്യും; ഞാൻ ഈ ആലയത്തെ മഹത്ത്വപൂർണ്ണമാക്കും” എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
8“വെള്ളി എനിക്കുള്ളത്, പൊന്നും എനിക്കുള്ളത്” എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.9“ഈ ആലയത്തിന്റെ പിന്നത്തെ മഹത്ത്വം മുമ്പുള്ളതിലും വലുതായിരിക്കും” എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; “ഈ സ്ഥലത്ത് ഞാൻ സമാധാനം നല്കും” എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.
10ദാര്യാവേശിന്റെ ഭരണത്തിന്റെ രണ്ടാം വർഷത്തിന്റെ , ഒമ്പതാം മാസം, ഇരുപത്തിനാലാം തീയതി ഹഗ്ഗായി പ്രവാചകൻ മുഖാന്തരം യഹോവയുടെ അരുളപ്പാട് ഇപ്രകാരം ഉണ്ടായി:11“സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ പുരോഹിതന്മാരോട് ന്യായപ്രമാണത്തെക്കുറിച്ച് ഇപ്രകാരം ചോദിക്കണം:12“ഒരാൾ തന്റെ വസ്ത്രത്തിന്റെ കോണിൽ വിശുദ്ധമാംസം വയ്ക്കുകയും, ആ കോണുകൊണ്ട് അപ്പമോ പായസമോ വീഞ്ഞോ എണ്ണയോ ഏതെങ്കിലും ഒരു ഭക്ഷണസാധനമോ തൊട്ടാൽ അത് വിശുദ്ധമാകുമോ?” അതിന് പുരോഹിതന്മാർ “ഇല്ല” എന്നുത്തരം പറഞ്ഞു.
13എന്നാൽ ഹഗ്ഗായി: “ശവ ശരീരത്തിൽ തൊട്ട് അശുദ്ധനായ ഒരാൾ അവയിൽ ഒന്ന് തൊടുന്നുവെങ്കിൽ അത് അശുദ്ധമാകുമോ ? ”എന്ന് ചോദിച്ചതിന്: “അത് അശുദ്ധമാകും” എന്ന് പുരോഹിതന്മാർ ഉത്തരം പറഞ്ഞു.14അതിന് ഹഗ്ഗായി ഉത്തരം പറഞ്ഞത് എന്തെന്നാൽ: “അങ്ങനെ തന്നേ ഈ ജനവും അങ്ങനെ തന്നേ ഈ ജനതയും എന്റെ സന്നിധിയിൽ ആകുന്നു” എന്ന് യഹോവയുടെ അരുളപ്പാട്. അവരുടെ കൈകളുടെ പ്രവൃത്തിയൊക്കെയും അങ്ങനെ തന്നെ; അവർ അവിടെ അർപ്പിക്കുന്നതും അശുദ്ധം ആകുന്നു.
15ആകയാൽ നിങ്ങൾ യഹോവയുടെ മന്ദിരത്തിൽ കല്ലിന്മേൽ കല്ല് വച്ചതിന് മുമ്പുള്ളകാലത്തെപ്പറ്റി വിചാരിച്ചുകൊള്ളുവിൻ.16ആ കാലത്ത് ഒരാൾ ഇരുപത് പറ ധാന്യം കൂട്ടിയിരിക്കുന്നിടത്ത് ചെല്ലുമ്പോൾ പത്ത് മാത്രമേ കാണുകയുള്ളു; ഒരാൾ അമ്പത് പാത്രം കോരുവാൻ 1 ചക്കാലയിൽ ചെല്ലുമ്പോൾ ഇരുപത് മാത്രമേ കാണുകയുള്ളു.17“വെൺകതിരും വിഷമഞ്ഞും കൽമഴയുംകൊണ്ട് ഞാൻ നിങ്ങളെയും നിങ്ങളുടെ കൈകളുടെ സകലപ്രവൃത്തികളെയും ദണ്ഡിപ്പിച്ചു; എങ്കിലും നിങ്ങൾ എന്നിലേക്ക് തിരിഞ്ഞില്ല ”എന്ന് യഹോവയുടെ അരുളപ്പാട്.
18“നിങ്ങൾ ഇന്നുമുതൽ മുമ്പോട്ട് ദൃഷ്ടിവയ്ക്കുവിൻ; ഒമ്പതാം മാസം, ഇരുപത്തിനാലാം തീയതിമുതൽ, യഹോവയുടെ മന്ദിരത്തിന് അടിസ്ഥാനം ഇട്ട ദിവസം തുടങ്ങിയുള്ള കാലത്തിൽ തന്നെ ദൃഷ്ടിവയ്ക്കുവിൻ.19വിത്ത് ഇനിയും കളപ്പുരയിൽ കിടക്കുന്നുവോ? മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളവും ഒലിവുമരവും കായ്ക്കുന്നില്ലയോ? ഇന്നുമുതൽ ഞാൻ നിങ്ങളെ അനുഗ്രഹിക്കും.”
20ഇരുപത്തിനാലാം തീയതി യഹോവയുടെ അരുളപ്പാടു രണ്ടാം പ്രാവശ്യം ഹഗ്ഗായിക്കുണ്ടായത് എന്തെന്നാൽ:21“നീ യെഹൂദാദേശാധിപതിയായ സെരുബ്ബാബേലിനോട് പറയേണ്ടത്: ഞാൻ ആകാശത്തെയും ഭൂമിയെയും ഇളക്കും.22ഞാൻ രാജ്യങ്ങളുടെ സിംഹാസനം മറിച്ചിടും; ജനതകളുടെ രാജ്യങ്ങളുടെ ബലം നശിപ്പിച്ചുകളയും; ഞാൻ രഥത്തെയും അതിൽ കയറി ഓടിക്കുന്നവരെയും മറിച്ചുകളയും; കുതിരകളും അതിന്റെ പുറത്ത് കയറി ഓടിക്കുന്നവരും ഓരോരുത്തനും അവനവന്റെ സഹോദരന്റെ വാളിനാൽ വീഴും.
23അ നാളിൽ - സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട് - എന്റെ ദാസനായ ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലേ, ഞാൻ നിന്നെ എടുത്ത് മുദ്രമോതിരമാക്കും” എന്ന് യഹോവയുടെ അരുളപ്പാട്; “ഞാൻ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു” എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.


1 2:16 ചക്കാല = വീഞ്ഞ് സൂക്ഷിക്കുന്ന സ്ഥലം

സെഖര്യാവ്

1

1ദാര്യാവേശിന്റെ രണ്ടാം വർഷം എട്ടാം മാസത്തിൽ ഇദ്ദോപ്രവാചകന്റെ മകനായ ബെരെഖ്യാവിന്റെ മകനായ സെഖര്യാവിനു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:2“യഹോവ നിങ്ങളുടെ പിതാക്കന്മാരോട് അത്യന്തം കോപിച്ചിരിക്കുന്നു.3ആകയാൽ നീ അവരോടു പറയേണ്ടത്: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘എന്നിലേക്കു തിരിയുവിൻ’ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്; ‘എന്നാൽ ഞാൻ നിങ്ങളുടെ അടുക്കലേക്കും തിരിയും’ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

4നിങ്ങൾ നിങ്ങളുടെ പിതാക്കന്മാരെപ്പോലെ ആയിത്തീരരുത്; സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെയും ദുഷ്പ്രവൃത്തികളെയും വിട്ടുതിരിയുവിൻ’ എന്നിങ്ങനെ പണ്ടത്തെ പ്രവാചകന്മാർ അവരോടു പ്രസംഗിച്ചിട്ടും അവർ കേൾക്കുകയോ എനിക്കു ചെവി തരുകയോ ചെയ്തിട്ടില്ല എന്നു യഹോവയുടെ അരുളപ്പാട്.5നിങ്ങളുടെ പിതാക്കന്മാർ എവിടെ? പ്രവാചകന്മാർ സദാകാലം ജീവിച്ചിരിക്കുമോ?6എന്നാൽ ഞാൻ എന്റെ ദാസന്മാരായ പ്രവാചകന്മാരോടു കല്പിച്ച വചനങ്ങളും ചട്ടങ്ങളും നിങ്ങളുടെ പിതാക്കന്മാരെ തുടർന്നുപിടിച്ചില്ലയോ? ‘ഞങ്ങളുടെ വഴികൾക്കും പ്രവൃത്തികൾക്കും തക്കവിധം സൈന്യങ്ങളുടെ യഹോവ ഞങ്ങളോടു ചെയ്‌വാൻ നിരൂപിച്ചതുപോലെ തന്നെ അവിടുന്ന് ഞങ്ങളോടു ചെയ്തിരിക്കുന്നു’ എന്ന് അവർ മനംതിരിഞ്ഞു പറഞ്ഞില്ലയോ?”
7ദാര്യാവേശിന്റെ രണ്ടാം വർഷത്തിൽ ശെബാത്ത് മാസമായ പതിനൊന്നാം മാസം, ഇരുപത്തുനാലാം തീയതി, ഇദ്ദോവിന്റെ മകനായ ബെരെഖ്യാവിന്റെ മകനായ സെഖര്യാപ്രവാചകന് യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ:8ഞാൻ രാത്രിയിൽ ചുവന്ന കുതിരപ്പുറത്തു കയറിയിരിക്കുന്ന ഒരു പുരുഷനെ കണ്ടു; അവൻ ചോലയിലെ1 കൊഴുന്തുചെടികളുടെ ഇടയിൽ നിന്നു; അവന്റെ പിമ്പിൽ ചുവപ്പും തവിട്ടുനിറവും വെണ്മയും ഉള്ള കുതിരകൾ ഉണ്ടായിരുന്നു.9“യജമാനനേ, ഇവർ ആരാകുന്നു?” എന്നു ഞാൻ ചോദിച്ചതിന് എന്നോടു സംസാരിക്കുന്ന ദൂതൻ: “ഇവർ ആരെന്നു ഞാൻ നിനക്കു കാണിച്ചുതരാം” എന്ന് എന്നോടു പറഞ്ഞു.
10എന്നാൽ കൊഴുന്തുചെടികളുടെ ഇടയിൽ നില്ക്കുന്ന പുരുഷൻ: “ഇവർ ഭൂമിയിൽ ഊടാടി സഞ്ചരിക്കേണ്ടതിനു യഹോവ അയച്ചിരിക്കുന്നവർ തന്നെ” എന്ന് ഉത്തരം പറഞ്ഞു.11അവർ കൊഴുന്തുചെടികളുടെ ഇടയിൽ നില്ക്കുന്ന യഹോവയുടെ ദൂതനോട്: “ഞങ്ങൾ ഭൂമിയിൽ ഊടാടി സഞ്ചരിച്ചു, സർവ്വഭൂമിയും സ്വസ്ഥമായി വിശ്രമിച്ചിരിക്കുന്നതു കണ്ടു” എന്ന് ഉത്തരം പറഞ്ഞു.
12എന്നാൽ യഹോവയുടെ ദൂതൻ: “സൈന്യങ്ങളുടെ യഹോവേ, ഈ എഴുപതു വർഷം അങ്ങ് കോപിച്ചിരിക്കുന്ന യെരൂശലേമിനോടും യെഹൂദാപട്ടണങ്ങളോടും അങ്ങ് എത്രത്തോളം കരുണ കാണിക്കാതിരിക്കും?” എന്നു ചോദിച്ചു.13അതിനു യഹോവ എന്നോടു സംസാരിക്കുന്ന ദൂതനോടു നല്ല വാക്കും ആശ്വാസകരമായ വാക്കും അരുളിച്ചെയ്തു.
14എന്നോടു സംസാരിക്കുന്ന ദൂതൻ എന്നോടു പറഞ്ഞത്: “നീ പ്രസംഗിച്ചു പറയേണ്ടതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ യെരൂശലേമിനും സീയോനും വേണ്ടി മഹാതീക്ഷ്ണതയോടെ എരിയുന്നു.15ഞാൻ അല്പം മാത്രം കോപിച്ചിരിക്കെ അവർ അനർത്ഥത്തിനായി സഹായിച്ചതുകൊണ്ടു സ്വൈരമായിരിക്കുന്ന ജനതകളോടു ഞാൻ അത്യന്തം കോപിക്കുന്നു.’
16അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ കരുണയോടെ യെരൂശലേമിങ്കലേക്കു തിരിഞ്ഞിരിക്കുന്നു; എന്റെ ആലയം അതിൽ പണിയും; യെരൂശലേമിന്മേൽ അളവുനൂൽ പിടിക്കും’ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.17നീ ഇനിയും പ്രസംഗിച്ചു പറയേണ്ടത്: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘എന്റെ പട്ടണങ്ങൾ ഇനിയും അഭിവൃദ്ധിഹേതുവായി വിശാലത പ്രാപിക്കും; യഹോവ ഇനിയും സീയോനെ ആശ്വസിപ്പിക്കുകയും ഇനിയും യെരൂശലേമിനെ തിരഞ്ഞെടുക്കുകയും ചെയ്യും.’ ”
18ഞാൻ തല പൊക്കി നോക്കിയപ്പോൾ നാലു കൊമ്പ് കണ്ടു.19എന്നോടു സംസാരിക്കുന്ന ദൂതനോട്: “ഇവ എന്താകുന്നു?” എന്നു ഞാൻ ചോദിച്ചതിന് അവൻ എന്നോട്: “ഇവ യെഹൂദയെയും യിസ്രായേലിനെയും യെരൂശലേമിനെയും ചിതറിച്ചുകളഞ്ഞ കൊമ്പുകൾ” എന്ന് ഉത്തരം പറഞ്ഞു.
20യഹോവ എനിക്ക് നാലു കൊല്ലന്മാരെ2 കാണിച്ചുതന്നു.21“ഇവർ എന്തുചെയ്യുവാൻ വന്നിരിക്കുന്നു?” എന്നു ഞാൻ ചോദിച്ചതിന് അവൻ: “ആരും തല ഉയർത്താത്തവിധം യെഹൂദയെ ചിതറിച്ചുകളഞ്ഞ കൊമ്പുകളാകുന്നു അവ; കൊല്ലന്മാരോ യെഹൂദാദേശത്തെ ചിതറിച്ചുകളയേണ്ടതിനു കൊമ്പുയർത്തിയ ജനതകളുടെ കൊമ്പുകളെ തള്ളിയിട്ട് ജനതകളെ പേടിപ്പിക്കുവാൻ വന്നിരിക്കുന്നു” എന്നു പറഞ്ഞു.


1 1:8 ചോലയിലെ മലയിടുക്കിലെ എന്നും അർത്ഥം ആകാം.
2 1:20 കൊല്ലന്മാരെ ലോഹപ്പണിക്കാരെ.

2

1ഞാൻ പിന്നെയും തല പൊക്കി നോക്കിയപ്പോൾ, കൈയിൽ അളവുനൂൽ പിടിച്ചിരിക്കുന്ന ഒരു പുരുഷനെ കണ്ടു.2“നീ എവിടേക്കു പോകുന്നു?” എന്നു ഞാൻ ചോദിച്ചതിന് അവൻ: “ഞാൻ യെരൂശലേമിനെ അളന്ന് അതിന്റെ വീതി എന്തെന്നും നീളം എന്തെന്നും നോക്കുവാൻ പോകുന്നു” എന്ന് എന്നോടു പറഞ്ഞു.

3എന്നാൽ എന്നോടു സംസാരിക്കുന്ന ദൂതൻ പുറത്തുവന്നു; അവനെ എതിരേല്ലക്കുവാൻ മറ്റൊരു ദൂതനും പുറത്തുവന്നു അവനോടു പറഞ്ഞത്:4“നീ വേഗം ചെന്ന് ഈ യൗവനക്കാരനോടു സംസാരിച്ച്: ‘യെരൂശലേം അതിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും ബഹുത്വംനിമിത്തം മതിലില്ലാതെ തുറന്നുകിടക്കും’ എന്നു പറയുക.5‘എന്നാൽ ഞാൻ അതിനു ചുറ്റും തീമതിലായിരിക്കും; ഞാൻ അതിന്റെ നടുവിൽ മഹത്ത്വമായിരിക്കും’ ” എന്ന് യഹോവയുടെ അരുളപ്പാട്.
6“ഹേ, ഹേ, വടക്കെ ദേശം വിട്ടോടുവിൻ!” എന്നു യഹോവയുടെ അരുളപ്പാട്; “ഞാൻ നിങ്ങളെ ആകാശത്തിന്റെ നാലു കാറ്റുപോലെ ചിതറിച്ചിരിക്കുന്നുവല്ലോ” എന്നു യഹോവയുടെ അരുളപ്പാട്.7“ഹേ, ബാബേൽപുത്രിയുടെ അടുക്കൽ പാർക്കുന്ന സീയോനേ, ചാടിപ്പോകുക.”
8സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളോടു കവർച്ച ചെയ്ത ജനതകളുടെ അടുക്കൽ അവൻ എന്നെ മഹത്വത്തിനായി അയച്ചിരിക്കുന്നു; നിങ്ങളെ തൊടുന്നവൻ യഹോവയുടെ കണ്മണിയെ തൊടുന്നു.9ഞാൻ അവരുടെ നേരെ കൈ കുലുക്കും; അവർ അവരുടെ ദാസന്മാർക്ക് കവർച്ചയായ്തീരും; സൈന്യങ്ങളുടെ യഹോവ എന്നെ അയച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയുകയും ചെയ്യും.
10“സീയോൻപുത്രിയേ, ഘോഷിച്ചുല്ലസിച്ചു സന്തോഷിക്ക; ഇതാ, ഞാൻ വരുന്നു; ഞാൻ നിന്റെ മദ്ധ്യേ വസിക്കും” എന്നു യഹോവയുടെ അരുളപ്പാട്.11ആ നാളിൽ പല ജനതകളും യഹോവയോടു ചേർന്ന് എനിക്കു ജനമായിത്തീരും; ഞാൻ നിന്റെ മദ്ധ്യത്തിൽ വസിക്കും; സൈന്യങ്ങളുടെ യഹോവ എന്നെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നീ അറിയുകയും ചെയ്യും.
12യഹോവ വിശുദ്ധദേശത്തു യെഹൂദയെ തന്റെ ഓഹരിയായി കൈവശമാക്കുകയും യെരൂശലേമിനെ വീണ്ടും തിരഞ്ഞെടുക്കുകയും ചെയ്യും.13സകലജഡവുമായുള്ളോരേ, യഹോവയുടെ മുമ്പിൽ മിണ്ടാതിരിക്കുവിൻ; അവൻ തന്റെ വിശുദ്ധനിവാസത്തിൽനിന്ന് എഴുന്നരുളിയിരിക്കുന്നു.

3

1അനന്തരം അവൻ എനിക്കു മഹാപുരോഹിതനായ യോശുവ, യഹോവയുടെ ദൂതന്റെ മുമ്പിൽ നില്ക്കുന്നതും സാത്താൻ അവനെ കുറ്റം ചുമത്തുവാൻ അവന്റെ വലത്തുഭാഗത്തു നില്ക്കുന്നതും കാണിച്ചുതന്നു.2യഹോവ സാത്താനോട്: “സാത്താനേ, യഹോവ നിന്നെ ഭൽസിക്കുന്നു; യെരൂശലേമിനെ തിരഞ്ഞെടുത്തിരിക്കുന്ന യഹോവ തന്നെ നിന്നെ ഭർത്സിക്കുന്നു; ഇവൻ തീയിൽനിന്നു വലിച്ചെടുക്കപ്പെട്ട കൊള്ളിയല്ലയോ?” എന്നു കല്പിച്ചു.3എന്നാൽ യോശുവ മുഷിഞ്ഞ വസ്ത്രം ധരിച്ചു ദൂതന്റെ മുമ്പിൽ നിൽക്കയായിരുന്നു.

4യഹോവ തന്റെ മുമ്പിൽ നിൽക്കുന്നവരോട്: “മുഷിഞ്ഞ വസ്ത്രം അവങ്കൽനിന്നു നീക്കിക്കളവിൻ” എന്നു കല്പിച്ചു; പിന്നെ അവനോട്: “ഞാൻ നിന്റെ അകൃത്യം നിന്നിൽനിന്നു നീക്കിയിരിക്കുന്നു; നിന്നെ ഉത്സവവസ്ത്രം ധരിപ്പിക്കും” എന്നു അരുളിച്ചെയ്തു.5“അവന്റെ തലയിൽ വെടിപ്പുള്ള ഒരു തലപ്പാവ് വയ്ക്കട്ടെ” എന്ന് അവൻ കല്പിച്ചു; അങ്ങനെ അവർ അവന്റെ തലയിൽ വെടിപ്പുള്ളോരു തലപ്പാവ് വച്ചു. അവനെ വസ്ത്രം ധരിപ്പിച്ചു യഹോവയുടെ ദൂതൻ അടുക്കൽ നിൽക്കയായിരുന്നു.
6യഹോവയുടെ ദൂതൻ യോശുവയോടു സാക്ഷീകരിച്ചത് എന്തെന്നാൽ:7“സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നീ എന്റെ വഴികളിൽ നടക്കുകയും എന്റെ കാര്യം നോക്കുകയും ചെയ്താൽ നീ എന്റെ ആലയത്തെ പരിപാലിക്കുകയും എന്റെ പ്രാകാരങ്ങളെ സൂക്ഷിക്കുകയും ഞാൻ നിനക്ക് ഈ നില്ക്കുന്നവരുടെ ഇടയിൽ ആഗമനം അനുവദിക്കുകയും ചെയ്യും.
8മഹാപുരോഹിതനായ യോശുവേ, നീയും നിന്റെ മുമ്പിൽ ഇരിക്കുന്ന നിന്റെ കൂട്ടുകാരും കേട്ടുകൊള്ളുവിൻ! അവർ അത്ഭുതലക്ഷണപുരുഷന്മാരല്ലയൊ; ഞാൻ എന്റെ ദാസനായ മുള എന്നവനെ വരുത്തും.9ഞാൻ യോശുവയുടെ മുമ്പിൽ വച്ചിരിക്കുന്ന കല്ലുണ്ടല്ലോ; ഒരേ കല്ലിന്മേൽ ഏഴു കണ്ണും ഉണ്ട്; ഞാൻ അതിന്റെ കൊത്തുപണി കൊത്തും; ഒരു ദിവസത്തിൽ ഞാൻ ദേശത്തിന്റെ അകൃത്യം നീക്കും’ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.”
10“ആ നാളിൽ നിങ്ങൾ ഓരോരുത്തൻ അവനവന്റെ കൂട്ടുകാരനെ മുന്തിരിവള്ളിയുടെ കീഴിലേക്കും അത്തിവൃക്ഷത്തിൻ കീഴിലേക്കും ക്ഷണിക്കും” എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.

4

1എന്നോടു സംസാരിക്കുന്ന ദൂതൻ പിന്നെയും വന്ന്, ഉറക്കത്തിൽനിന്ന് ഉണർത്തുന്നതുപോലെ എന്നെ ഉണർത്തി:2“നീ എന്തു കാണുന്നു?” എന്ന് എന്നോടു ചോദിച്ചതിനു ഞാൻ: “മുഴുവനും പൊന്നുകൊണ്ടുള്ള ഒരു വിളക്കുതണ്ടും അതിന്റെ തലയ്ക്കൽ ഒരു കുടവും അതിന്മേൽ ഏഴു വിളക്കും അതിന്റെ തലയ്ക്കലുള്ള ഏഴു വിളക്കിന് ഏഴു കുഴലും3അതിനരികിൽ കുടത്തിന്റെ വലത്തുഭാഗത്ത് ഒന്നും ഇടത്തുഭാഗത്ത് ഒന്നും ഇങ്ങനെ രണ്ട് ഒലിവുമരവും ഞാൻ കാണുന്നു” എന്നു പറഞ്ഞു.

4എന്നോടു സംസാരിക്കുന്ന ദൂതനോടു ഞാൻ: “യജമാനനേ, ഇത് എന്താകുന്നു?” എന്നു ചോദിച്ചു.5എന്നോടു സംസാരിക്കുന്ന ദൂതൻ എന്നോട്: “ഇത് എന്താകുന്നു എന്നു നീ അറിയുന്നില്ലയോ?” എന്നു ചോദിച്ചതിന്: “ഇല്ല, യജമാനനേ,” എന്നു ഞാൻ പറഞ്ഞു.
6അവൻ എന്നോടു ഉത്തരം പറഞ്ഞത് എന്തെന്നാൽ: “സെരുബ്ബാബേലിനോടുള്ള യഹോവയുടെ അരുളപ്പാട് ഇതാകുന്നു: ‘സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്റെ ആത്മാവിനാലത്രേ’ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.”7“സെരുബ്ബാബേലിന്റെ മുമ്പിലുള്ള മഹാപർവ്വതമേ, നീ ആര്? നീ സമഭൂമിയായ്തീരും; അതിനു ‘കൃപ, കൃപ’ എന്ന ആർപ്പോടുകൂടി അവൻ ആണിക്കല്ലു കയറ്റും.”
8യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:9“സെരുബ്ബാബേലിന്റെ കൈ ഈ ആലയത്തിന് അടിസ്ഥാനം ഇട്ടിരിക്കുന്നു; അവന്റെ കൈ തന്നെ അതു തീർക്കും; സൈന്യങ്ങളുടെ യഹോവ എന്നെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നീ അറിയും.10അല്പകാര്യങ്ങളുടെ ദിവസത്തെ ആര് നിസ്സാരമാക്കുന്നു? സർവ്വഭൂമിയിലും ഊടാടിച്ചെല്ലുന്ന യഹോവയുടെ ഈ ഏഴു കണ്ണ് സെരുബ്ബാബേലിന്റെ കൈയിലുള്ള തുക്കുകട്ട കണ്ടു സന്തോഷിക്കുന്നു.”11അതിനു ഞാൻ അവനോട്: “വിളക്കുതണ്ടിന് ഇടത്തുഭാഗത്തും വലത്തുഭാഗത്തും ഉള്ള രണ്ട് ഒലിവു മരം എന്താകുന്നു?” എന്നു ചോദിച്ചു.
12ഞാൻ രണ്ടാം പ്രാവശ്യം അവനോട്: “പൊന്നുകൊണ്ടുള്ള രണ്ടു നാള1 ത്തിനരികിൽ പൊൻനിറമായ എണ്ണ ഒഴുക്കുന്ന രണ്ട് ഒലിവുശിഖരം എന്ത്?” എന്നു ചോദിച്ചു.13അവൻ എന്നോട്: “ഇത് എന്താകുന്നു എന്നു നീ അറിയുന്നില്ലയോ?” എന്നു ചോദിച്ചതിന്: “ഇല്ല, യജമാനനേ,” എന്നു ഞാൻ പറഞ്ഞു.
14അതിന് അവൻ: “ഇവർ സർവ്വഭൂമിയുടെയും കർത്താവിന്റെ സന്നിധിയിൽ നില്ക്കുന്ന രണ്ട് അഭിഷിക്തന്മാർ” എന്നു പറഞ്ഞു.


1 4:12 നാളം കുഴൽ എന്നുമാകാം.

5

1ഞാൻ വീണ്ടും തല പൊക്കി നോക്കിയപ്പോൾ, പാറിപ്പോകുന്ന ഒരു ചുരുൾ കണ്ടു.2അവൻ എന്നോട്: “നീ എന്തു കാണുന്നു?” എന്നു ചോദിച്ചതിന്: “പാറിപ്പോകുന്ന ഒരു ചുരുൾ ഞാൻ കാണുന്നു; അതിന് ഇരുപതു മുഴം നീളവും പത്തു മുഴം വീതിയും ഉണ്ട്” എന്നു ഞാൻ ഉത്തരം പറഞ്ഞു.

3അവൻ എന്നോടു പറഞ്ഞത്: “ഇതു സർവ്വദേശത്തിലേക്കും പുറപ്പെടുന്ന ശാപമാകുന്നു; മോഷ്ടിക്കുന്നവൻ എല്ലാം അതുപോലെ ഇവിടെനിന്നു പാറിപ്പോകും; സത്യം ചെയ്യുന്നവൻ എല്ലാം അതുപോലെ ഇവിടെനിന്നു പാറിപ്പോകും.4‘ഞാൻ ആ ശാപത്തെ പുറപ്പെടുവിച്ചിട്ട് അതു കള്ളന്റെ വീട്ടിലേക്കും എന്റെ നാമത്തിൽ കള്ളസ്സത്യം ചെയ്യുന്നവന്റെ വീട്ടിലേക്കും ചെല്ലും; അത് അവന്റെ വീട്ടിനകത്തു താമസിച്ച്, വീടിനെ തടിയോടും കല്ലോടുംകൂടി നശിപ്പിച്ചുകളയും’ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.”

5അനന്തരം എന്നോടു സംസാരിക്കുന്ന ദൂതൻ പുറത്തുവന്ന് എന്നോട്: “നീ തലപൊക്കി ഈ പുറപ്പെടുന്നത് എന്താകുന്നു എന്നു നോക്കുക” എന്നു പറഞ്ഞു.6“അതെന്ത് ” എന്നു ഞാൻ ചോദിച്ചതിന്: “പുറപ്പെടുന്നതായ ഒരു ഏഫാ” എന്ന് അവൻ പറഞ്ഞു; “അതു സർവ്വദേശത്തിലും ഉള്ള അവരുടെ അകൃത്യം” എന്നും അവൻ പറഞ്ഞു.7പിന്നെ ഞാൻ വട്ടത്തിലുള്ള ഒരു ഈയ്യപ്പലക പൊങ്ങിപ്പോകുന്നതും അവിടെ ഏഫായുടെ നടുവിൽ ഒരു സ്ത്രീ ഇരിക്കുന്നതും കണ്ടു.
8“ഇതു ദുഷ്ടതയാകുന്നു” എന്നു പറഞ്ഞ് ദൂതൻ അവളെ ഏഫായുടെ അകത്താക്കി ഈയ്യപ്പലകകൊണ്ട് അടച്ചു.9ഞാൻ പിന്നെയും തലപൊക്കി നോക്കിയപ്പോൾ, രണ്ടു സ്ത്രീകൾ പുറത്തു വരുന്നതു കണ്ടു; അവരുടെ ചിറകിൽ കാറ്റുണ്ടായിരുന്നു; അവർക്കു പെരുഞ്ഞാറയുടെ ചിറകുപോലെ ചിറകുണ്ടായിരുന്നു; അവർ ഭൂമിക്കും ആകാശത്തിനും മദ്ധ്യത്തിൽ ഏഫായെ പൊക്കിക്കൊണ്ടുപോയി.
10എന്നോടു സംസാരിക്കുന്ന ദൂതനോട്: “അവർ ഏഫായെ എവിടേക്കു കൊണ്ടുപോകുന്നു?” എന്നു ഞാൻ ചോദിച്ചു.11അതിന് അവൻ: “ശിനാർദേശത്ത് അവർ അവൾക്ക് ഒരു വീടു പണിയുവാൻ പോകുന്നു; അതു തീർന്നാൽ അവളെ സ്വസ്ഥാനത്തു പാർപ്പിക്കും” എന്ന് എന്നോടു പറഞ്ഞു.

6

1ഞാൻ വീണ്ടും തല പൊക്കി നോക്കിയപ്പോൾ രണ്ടു പർവ്വതങ്ങളുടെ ഇടയിൽനിന്നു നാലു രഥം പുറപ്പെടുന്നതു കണ്ടു; ആ പർവ്വതങ്ങളോ താമ്രപർവ്വതങ്ങൾ ആയിരുന്നു.2ഒന്നാമത്തെ രഥത്തിനു ചുവന്ന കുതിരകളെയും രണ്ടാമത്തെ രഥത്തിനു കറുത്ത കുതിരകളെയും3മൂന്നാമത്തെ രഥത്തിനു വെളുത്ത കുതിരകളെയും നാലാമത്തെ രഥത്തിനു പുള്ളിയും തവിട്ടുനിറവും ഉള്ള കുതിരകളെയും പൂട്ടിയിരുന്നു.4എന്നോടു സംസാരിക്കുന്ന ദൂതനോട്: “യജമാനനേ, ഇത് എന്താകുന്നു?” എന്നു ഞാൻ ചോദിച്ചു.

5ദൂതൻ എന്നോട് ഉത്തരം പറഞ്ഞത്: “ഇതു സർവ്വഭൂമിയുടെയും കർത്താവിന്റെ സന്നിധിയിൽ നിന്നിട്ടു പുറപ്പെടുന്ന ആകാശത്തിലെ നാലു കാറ്റ് ആകുന്നു.6കറുത്ത കുതിരകൾ ഉള്ളത് വടക്കെ ദേശത്തിലേക്കു പുറപ്പെട്ടു; വെളുത്തവ അവയുടെ പിന്നാലെ പുറപ്പെട്ടു; പുള്ളിയുള്ളവ തെക്കേ ദേശത്തേക്കു പുറപ്പെട്ടു.
7തവിട്ടുനിറമുള്ളവ പുറപ്പെട്ടു ഭൂമിയിൽ ഊടാടി സഞ്ചരിക്കുവാൻ നോക്കി: ‘നിങ്ങൾ പോയി ഭൂമിയിൽ ഊടാടി സഞ്ചരിക്കുവിൻ’ എന്ന് അവൻ കല്പിച്ചു; അങ്ങനെ അവ ഭൂമിയിൽ ഊടാടി സഞ്ചരിച്ചു.”8അവൻ എന്നോട് ഉറക്കെ വിളിച്ചു; “വടക്കെ ദേശത്തേക്കു പുറപ്പെട്ടിരിക്കുന്നവ വടക്കെ ദേശത്തിൽ എന്റെ കോപത്തെ ശമിപ്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു.

9യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:10“നീ ഹെല്ദായി, തോബീയാവ്, യെദായാവ് എന്നീ പ്രവാസികളോടു വാങ്ങുക; അവർ ബാബേലിൽനിന്നു വന്നെത്തിയിരിക്കുന്ന സെഫന്യാവിന്റെ മകനായ യോശീയാവിന്റെ വീട്ടിൽ നീ അന്നു തന്നെ ചെല്ലണം.11അവരോടു നീ വെള്ളിയും പൊന്നും വാങ്ങി കിരീടം ഉണ്ടാക്കി മഹാപുരോഹിതനായ യെഹോസാദാക്കിന്റെ മകനായ യോശുവയുടെ തലയിൽ വച്ച് അവനോടു പറയേണ്ടതെന്തെന്നാൽ:
12‘സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മുള എന്നു പേരുള്ള ഒരു പുരുഷനുണ്ടല്ലോ; അവൻ തന്റെ നിലയിൽനിന്നു മുളച്ചുവന്നു യഹോവയുടെ മന്ദിരം പണിയും.13അവൻ തന്നെ യഹോവയുടെ മന്ദിരം പണിയും; അവൻ ബഹുമാനഭൂഷണം ധരിച്ചു സിംഹാസനത്തിൽ ഇരുന്നു വാഴും; അവൻ സിംഹാസനത്തിൽ പുരോഹിതനുമായിരിക്കും; ഇരുവർക്കും തമ്മിൽ സമാധാനമന്ത്രണം1 ഉണ്ടാകും.
14ആ കിരീടം, ഹേലെം, തോബീയാവ്, യെദായാവ്, സെഫന്യാവിന്റെ മകനായ ഹേൻ എന്നിവരുടെ ഓർമ്മയ്ക്കായി യഹോവയുടെ മന്ദിരത്തിൽ ഉണ്ടായിരിക്കണം.15എന്നാൽ ദൂരസ്ഥന്മാർ വന്നു യഹോവയുടെ മന്ദിരത്തിങ്കൽ പണിയും; സൈന്യങ്ങളുടെ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയും; നിങ്ങൾ ശ്രദ്ധയോടെ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിക്കുമെങ്കിൽ അതു സംഭവിക്കും.


1 6:13 മന്ത്രണം ഉപദേശം, രഹസ്യമായികൊടുക്കുന്ന ആലോചന, കൂടിയാലോചന (കൂടിയാലോചിച്ച് ഉണ്ടാക്കുന്ന തീരുമാനം).

7

1ദാര്യാവേശ്‌രാജാവിന്റെ നാലാം വർഷത്തിൽ, കിസ്ളേവ് എന്ന ഒമ്പതാം മാസം, നാലാം തീയതി, സെഖര്യാവിന് യഹോവയുടെ അരുളപ്പാടുണ്ടായി.2ബേഥേലുകാർ യഹോവയെ പ്രസാദിപ്പിക്കേണ്ടതിനു സരേസരിനെയും രേഗെം-മേലെക്കിനെയും അവരുടെ ആളുകളെയും അയച്ചു,3സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിലെ പുരോഹിതന്മാരോടും പ്രവാചകന്മാരോടും: “ഞങ്ങൾ ഇത്ര വർഷമായി ചെയ്തുവന്നതുപോലെ അഞ്ചാം മാസത്തിൽ കരഞ്ഞുംകൊണ്ട് ഉപവസിക്കണമോ?” എന്നു ചോദിപ്പിച്ചു.

4അപ്പോൾ സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട് എനിക്ക് ഉണ്ടായതെന്തെന്നാൽ:5“നീ ദേശത്തിലെ സകലജനത്തോടും പുരോഹിതന്മാരോടും പറയേണ്ടത്: ‘നിങ്ങൾ ഈ എഴുപതു വർഷമായി അഞ്ചാം മാസത്തിലും ഏഴാം മാസത്തിലും ഉപവസിച്ചു വിലപിക്കുകയിൽ നിങ്ങൾ എനിക്കുവേണ്ടി തന്നെയോ ഉപവസിച്ചത്?6നിങ്ങൾ ഭക്ഷിക്കുമ്പോഴും പാനം ചെയ്യുമ്പോഴും നിങ്ങൾ നിങ്ങൾക്കുവേണ്ടി തന്നെയല്ലയോ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നത്?7യെരൂശലേമിനും അതിന്റെ ചുറ്റും അതിന്റെ ഉപനഗരങ്ങൾക്കും നിവാസികളും സ്വസ്ഥതയും ഉണ്ടായിരുന്നപ്പോഴും തെക്കെ ദേശത്തിനും താഴ്വീതിക്കും നിവാസികൾ ഉണ്ടായിരുന്നപ്പോഴും യഹോവ പണ്ടത്തെ പ്രവാചകന്മാർമുഖാന്തരം പ്രസംഗിപ്പിച്ച വചനങ്ങളെ നിങ്ങൾ കേട്ടനുസരിക്കേണ്ടതല്ലയോ?’ ”

8യഹോവയുടെ അരുളപ്പാട് സെഖര്യാവിനുണ്ടായതെന്തെന്നാൽ:9“സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നേരോടെ ന്യായം പാലിക്കുകയും ഓരോരുത്തൻ അവനവന്റെ സഹോദരനോടു ദയയും കരുണയും കാണിക്കുകയും ചെയ്യുവിൻ.10വിധവയെയും അനാഥനെയും പരദേശിയെയും ദരിദ്രനെയും പീഡിപ്പിക്കരുത്; നിങ്ങളിൽ ആരും തന്റെ സഹോദരന്റെ നേരെ ഹൃദയത്തിൽ ദോഷം നിരൂപിക്കുകയും അരുത്.’
11എന്നാൽ ചെവി കൊടുക്കുവാൻ അവർക്കു മനസ്സില്ലായിരുന്നു; അവർ ദുശ്ശാഠ്യം കാണിക്കുകയും കേൾക്കാത്തവിധം ചെവി പൊത്തിക്കളയുകയും ചെയ്തു.12അവർ ന്യായപ്രമാണവും സൈന്യങ്ങളുടെ യഹോവ തന്റെ ആത്മാവിനാൽ പണ്ടത്തെ പ്രവാചകന്മാർമുഖാന്തരം അയച്ച വചനങ്ങളും കേട്ടനുസരിക്കാത്തവിധം ഹൃദയങ്ങളെ വജ്രംപോലെ കടുപ്പമാക്കി; അങ്ങനെ സൈന്യങ്ങളുടെ യഹോവയിങ്കൽനിന്നു ഒരു മഹാകോപം വന്നു.
13‘ആകയാൽ ഞാൻ വിളിച്ചിട്ടും അവർ കേൾക്കാതിരുന്നതുപോലെ തന്നെ അവർ നിലവിളിക്കും; ഞാൻ കേൾക്കയുമില്ല’ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.14‘ഞാൻ ഒരു ചുഴലിക്കാറ്റുകൊണ്ട് അവരെ അവർ അറിയാത്ത സകലജനതകളുടെയും ഇടയിൽ പാറ്റിക്കളഞ്ഞു; ദേശം ആൾ സഞ്ചാരമില്ലാത്തവിധം അവരുടെ പിമ്പിൽ ശൂന്യമായിത്തീർന്നു; അങ്ങനെ അവർ മനോഹരദേശത്തെ ശൂന്യമാക്കിക്കളഞ്ഞു.’ ”

8

1സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:2സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ മഹാതീക്ഷ്ണതയോടെ സീയോനുവേണ്ടി എരിയുന്നു; ഞാൻ അതിനുവേണ്ടി മഹാക്രോധത്തോടെ എരിയുന്നു.”3യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ സീയോനിലേക്കു മടങ്ങിവന്നു യെരൂശലേമിന്റെ മദ്ധ്യത്തിൽ വസിക്കും; യെരൂശലേമിനു സത്യനഗരം എന്നും സൈന്യങ്ങളുടെ യഹോവയുടെ പർവ്വതത്തിനു വിശുദ്ധപർവ്വതം എന്നും പേർ പറയും.”

4സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇനിയും യെരൂശലേമിന്റെ വീഥികളിൽ വൃദ്ധന്മാരും വൃദ്ധമാരും ഇരിക്കും; വാർദ്ധക്യംനിമിത്തം ഓരോ വ്യക്തിയും കൈയിൽ വടി പിടിക്കും.5നഗരത്തിന്റെ വീഥികൾ ആൺകുട്ടികളെയും പെൺകുട്ടികളെയുംകൊണ്ട് നിറഞ്ഞിരിക്കും; അവർ അതിന്റെ വീഥികളിൽ കളിച്ചുകൊണ്ടിരിക്കും.”
6സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അത് ഈ കാലത്തിൽ ഈ ജനത്തിൽ ശേഷിപ്പുള്ളവർക്ക് അതിശയമായി തോന്നുന്നു എങ്കിൽ എനിക്കും അതിശയമായി തോന്നുമോ?” എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.7സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ എന്റെ ജനത്തെ ഉദയദേശത്തുനിന്നും അസ്തമയദേശത്തുനിന്നും രക്ഷിക്കും.8ഞാൻ അവരെ കൊണ്ടുവരും; അവർ യെരൂശലേമിൽ പാർക്കും; സത്യത്തിലും നീതിയിലും അവർ എനിക്കു ജനമായും ഞാൻ അവർക്കു ദൈവമായും ഇരിക്കും.”
9സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “സൈന്യങ്ങളുടെ യഹോവയുടെ ആലയമായ മന്ദിരം പണിയേണ്ടതിന് അടിസ്ഥാനം ഇട്ട നാളിൽ ഉണ്ടായിരുന്ന പ്രവാചകന്മാരുടെ വായിൽനിന്ന് ഈ വചനങ്ങളെ ഈ കാലത്തു കേൾക്കുന്നവരേ, ധൈര്യപ്പെടുവിൻ.10ഈ കാലത്തിനു മുമ്പ് മനുഷ്യനു കൂലിയില്ല, മൃഗത്തിനു കൂലിയില്ല; വരുകയും പോകുകയും ചെയ്യുന്നവർക്കു ശത്രു നിമിത്തം സമാധാനവുമില്ല; ഞാൻ സകലമനുഷ്യരെയും തമ്മിൽ തമ്മിൽ വിരോധമാക്കിയിരുന്നു.
11ഇപ്പോഴോ ഞാൻ ഈ ജനത്തിൽ ശേഷിപ്പുള്ളവരോടു മുമ്പിലത്തെ കാലത്ത് എന്നപോലെ പെരുമാറുകയില്ല” എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.12“വിത സമാധാനത്തോടെ ആയിരിക്കും; മുന്തിരിവള്ളി ഫലം കായ്ക്കും; ഭൂമി അനുഭവം നല്കും; ആകാശം മഞ്ഞു പെയ്യിക്കും; ഈ ജനത്തിൽ ശേഷിപ്പുള്ളവർക്കു ഞാൻ ഇവയെല്ലാം അവകാശമായി കൊടുക്കും.
13യെഹൂദാഗൃഹവും യിസ്രായേൽഗൃഹവുമായുള്ളവരേ, നിങ്ങൾ ജനതകളുടെ ഇടയിൽ ശാപമായിരുന്നതുപോലെ ഞാൻ നിങ്ങളെ രക്ഷിച്ചിട്ടു നിങ്ങൾ അനുഗ്രഹമായിത്തീരും; നിങ്ങൾ ഭയപ്പെടാതെ ധൈര്യമായിരിക്കുവിൻ.”14സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ പിതാക്കന്മാർ എന്നെ കോപിപ്പിച്ചപ്പോൾ ഞാൻ നിങ്ങൾക്കു തിന്മ വരുത്തുവാൻ വിചാരിക്കുകയും അനുതപിക്കാതിരിക്കുകയും ചെയ്തതുപോലെ15ഞാൻ ഈ കാലത്തു യെരൂശലേമിനും യെഹൂദാഗൃഹത്തിനും വീണ്ടും നന്മ വരുത്തുവാൻ വിചാരിക്കുന്നു; നിങ്ങൾ ഭയപ്പെടണ്ടാ” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
16“നിങ്ങൾ ചെയ്യേണ്ടുന്ന കാര്യങ്ങൾ ഇവയാകുന്നു: ഓരോരുത്തൻ അവനവന്റെ കൂട്ടുകാരനോടു സത്യം പറവിൻ; നിങ്ങളുടെ ഗോപുരങ്ങളിൽ നേരോടും സമാധാനത്തോടുംകൂടെ ന്യായപാലനം ചെയ്യുവിൻ.17നിങ്ങളിൽ ആരും തന്റെ കൂട്ടുകാരന്റെനേരെ ഹൃദയത്തിൽ ദോഷം നിരൂപിക്കരുത്; കള്ളസ്സത്യത്തിൽ ഇഷ്ടം തോന്നുകയും അരുത്; ഇതെല്ലാം ഞാൻ വെറുക്കുന്നതല്ലയോ” എന്നു യഹോവയുടെ അരുളപ്പാട്.

18സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:19“സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നാലാം മാസത്തെ ഉപവാസവും അഞ്ചാം മാസത്തെ ഉപവാസവും ഏഴാം മാസത്തെ ഉപവാസവും പത്താം മാസത്തെ ഉപവാസവും യെഹൂദാഗൃഹത്തിന് ആനന്ദവും സന്തോഷവും പ്രമോദമായുള്ള ഉത്സവങ്ങളും ആയിരിക്കണം; അതുകൊണ്ടു സത്യവും സമാധാനവും ഇഷ്ടപ്പെടുവിൻ.’ ”
20സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇനി ജനതകളും അനേക പട്ടണങ്ങളിലെ നിവാസികളും വരുവാൻ ഇടയാകും.21ഒരു പട്ടണത്തിലെ നിവാസികൾ മറ്റൊന്നിലേക്കു ചെന്ന്: ‘വരുവിൻ, നമുക്കു യഹോവയെ പ്രസാദിപ്പിക്കേണ്ടതിനും സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കേണ്ടതിനും പോകാം; ഞാനും പോരുന്നു’ എന്നു പറയും.22അങ്ങനെ അനേകജനതകളും ബഹുവംശങ്ങളും യെരൂശലേമിൽ സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കുവാനും യഹോവയെ പ്രസാദിപ്പിക്കുവാനും വരും.”
23സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ആ കാലത്തു ജനതകളുടെ സകലഭാഷകളിലുംനിന്ന് പത്തുപേർ ഒരു യെഹൂദന്റെ വസ്ത്രാഗ്രം പിടിച്ചു: ‘ദൈവം നിങ്ങളോടുകൂടി ഉണ്ടെന്നു ഞങ്ങൾ കേട്ടിരിക്കുകയാൽ ഞങ്ങൾ നിങ്ങളോടുകൂടി പോരുന്നു’ എന്നു പറയും.”

9

1പ്രവാചകം. യഹോവയുടെ അരുളപ്പാട് ഹദ്രാക്ക്ദേശത്തിനു വിരോധമായിരിക്കുന്നു; ദമ്മേശെക്കിന്മേൽ അതു വന്നമരും; യഹോവ, മനുഷ്യരിലും യിസ്രായേലിന്റെ സകലഗോത്രങ്ങളിലും ദൃഷ്ടിവയ്ക്കുന്നു.2ദമ്മേശെക്കിനോടു ചേർന്നുകിടക്കുന്ന ഹമാത്തിനും ജ്ഞാനം ഏറിയ സോരിനും സീദോനും അങ്ങനെ തന്നെ.

3സോർ തനിക്ക് ഒരു കോട്ട പണിത്, പൊടിപോലെ വെള്ളിയും വീഥികളിലെ ചെളിപോലെ തങ്കവും കൂട്ടിവച്ചു.4എന്നാൽ കർത്താവ് അവളെ ഇറക്കും1 , അവളുടെ കൊത്തളം2 കടലിൽ ഇട്ടുകളയും; അവൾ തീക്ക് ഇരയായ്തീരുകയും ചെയ്യും.
5അസ്കലോൻ അതു കണ്ടു ഭയപ്പെടും; ഗസ്സയും എക്രോനും കണ്ട് ഏറ്റവും വിറയ്ക്കും; അവളുടെ പ്രത്യാശയ്ക്കു ഭംഗം വരുമല്ലോ; ഗസ്സയിൽനിന്ന് രാജാവ് നശിച്ചുപോകും; അസ്കലോനു നിവാസികൾ ഇല്ലാതെയാകും.6അസ്തോദിൽ ജാരസന്തതികൾ പാർക്കും; ഫെലിസ്ത്യരുടെ അഹങ്കാരം ഞാൻ ഛേദിച്ചുകളയും.7ഞാൻ അവന്റെ രക്തം അവന്റെ വായിൽനിന്നും അവന്റെ വെറുപ്പുകൾ അവന്റെ പല്ലിനിടയിൽനിന്നും നീക്കിക്കളയും; എന്നാൽ അവനും നമ്മുടെ ദൈവത്തിന് ഒരു ശേഷിപ്പായിത്തീരും; അവൻ യെഹൂദയിൽ ഒരു മേധാവിയെപ്പോലെയും എക്രോൻ ഒരു യെബൂസ്യനെപ്പോലെയും ആകും.
8ആരും വരുകയും പോകുകയും ചെയ്യാതിരിക്കേണ്ടതിനു ഞാൻ ഒരു പട്ടാളമായി എന്റെ ആലയത്തിനു ചുറ്റും പാളയമിറങ്ങും; ഇനി ഒരു പീഡകനും അവരുടെ ഇടയിൽകൂടി കടക്കുകയില്ല; ഇപ്പോൾ ഞാൻ സ്വന്തകണ്ണുകൊണ്ടു കണ്ടുവല്ലോ.

9സീയോൻ പുത്രിയേ, ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്കുക; യെരൂശലേംപുത്രിയേ, ആർപ്പിടുക! ഇതാ, നിന്റെ രാജാവ് നിന്റെ അടുക്കൽ വരുന്നു; അവൻ നീതിമാനും ജയശാലിയും താഴ്മയുള്ളവനും ആയി കഴുതപ്പുറത്തും പെൺകഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറിവരുന്നു.10ഞാൻ എഫ്രയീമിൽനിന്നു രഥത്തെയും യെരൂശലേമിൽനിന്നു കുതിരയെയും ഛേദിച്ചുകളയും; പടവില്ലും3 ഒടിഞ്ഞുപോകും; അവൻ ജനതകളോടു സമാധാനം കല്പിക്കും; അവന്റെ ആധിപത്യം സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അറ്റങ്ങളോളവും ആയിരിക്കും.
11നീയോ - നിന്റെ നിയമരക്തം ഹേതുവായി ഞാൻ നിന്റെ ബദ്ധന്മാരെ4 വെള്ളമില്ലാത്ത കുഴിയിൽനിന്നു വിട്ടയക്കും.12പ്രത്യാശയുള്ള ബദ്ധന്മാരേ, കോട്ടയിലേക്കു മടങ്ങിവരുവിൻ; ഞാൻ നിനക്ക് ഇരട്ടിയായി പകരം നല്കും എന്നു ഞാൻ ഇന്നുതന്നെ പ്രസ്താവിക്കുന്നു.13ഞാൻ എനിക്കു യെഹൂദയെ വില്ലായി കുലച്ചും എഫ്രയീമിനെ നിറെച്ചുമിരിക്കുന്നു; സീയോനേ, ഞാൻ നിന്റെ പുത്രന്മാരെ യവനദേശമേ, നിന്റെ പുത്രന്മാരുടെ നേരെ ഉണർത്തി നിന്നെ ഒരു വീരന്റെ വാൾപോലെയാക്കും.
14യഹോവ അവർക്കു മീതെ പ്രത്യക്ഷനാകും; അവന്റെ അസ്ത്രം മിന്നൽപോലെ പുറപ്പെടും; യഹോവയായ കർത്താവ് കാഹളം ഊതി തെക്കൻ ചുഴലിക്കാറ്റുകളിൽ വരും.15സൈന്യങ്ങളുടെ യഹോവ അവരെ പരിചകൊണ്ട് മറയ്ക്കും; അവർ മാംസം തിന്നു കവിണക്കല്ലു ചവിട്ടിക്കളയുകയും രക്തം കുടിച്ചു വീഞ്ഞുകൊണ്ടെന്നപോലെ ഘോഷിക്കുകയും യാഗകലശങ്ങൾപോലെയും യാഗപീഠത്തിന്റെ കോണുകൾപോലെയും നിറഞ്ഞിരിക്കുകയും ചെയ്യും.
16ആ നാളിൽ അവരുടെ ദൈവമായ യഹോവ അവരെ തന്റെ ജനമായ ആട്ടിൻ കൂട്ടത്തെപ്പോലെ രക്ഷിക്കും; അവർ അവന്റെ ദേശത്ത് ഒരു കിരീടത്തിന്റെ രത്നംപോലെ പൊങ്ങി ശോഭിക്കും.17അതിന്റെ ശ്രേഷ്ഠതയും സൗന്ദര്യവും എത്ര വലുതായിരിക്കും! ധാന്യം യുവാക്കളെയും വീഞ്ഞ് യുവതികളെയും പുഷ്ടീകരിക്കുന്നു.


1 9:4 ഇറക്കും പുറത്താക്കും എന്ന് മറ്റ് ഭാഷാന്തരത്തിൽ കാണാം.
2 9:4 കൊത്തളം മറ്റ് ഭാഷാന്തരത്തിൽ ധനം എന്നും കാണാം.
3 9:10 പടവില്ലും യുദ്ധത്തിനു ഉപയോഗിക്കുന്ന വില്ല്.
4 9:11 ബദ്ധന്മാരെ ബന്ദികളെ, തടവുകാരെ എന്നും ആകാം.

10

1പിന്മഴയുടെ കാലത്തു യഹോവയോടു മഴയ്ക്ക് അപേക്ഷിക്കുവിൻ; യഹോവ മിന്നൽപിണർ ഉണ്ടാക്കുന്നുവല്ലോ; അവൻ അവർക്കു വയലിലെ ഏതു സസ്യത്തിനുംവേണ്ടി മാരി പെയ്യിച്ചുകൊടുക്കും.2ഗൃഹബിംബങ്ങൾ മിഥ്യാത്വം1 സംസാരിക്കുകയും ലക്ഷണം പറയുന്നവർ വ്യാജം ദർശിച്ചു വ്യർത്ഥസ്വപ്നം പ്രസ്താവിച്ച് വൃഥാ ആശ്വസിപ്പിക്കുകയും ചെയ്യുന്നു; അതുകൊണ്ട് അവർ ആടുകളെപ്പോലെ പുറപ്പെട്ട് ഇടയൻ ഇല്ലായ്കകൊണ്ടു വലഞ്ഞിരിക്കുന്നു.

3“എന്റെ കോപം ഇടയന്മാരുടെ നേരെ ജ്വലിച്ചിരിക്കുന്നു; ഞാൻ കോലാട്ടുകൊറ്റന്മാരെ2 ശിക്ഷിക്കും; സൈന്യങ്ങളുടെ യഹോവ യെഹൂദാഗൃഹമായ തന്റെ ആട്ടിൻകൂട്ടത്തെ സന്ദർശിച്ച് അവരെ യുദ്ധത്തിൽ തന്റെ രാജകീയകുതിരകളെ പോലെയാക്കും.
4അവന്റെ പക്കൽ നിന്ന് മൂലക്കല്ലും അവന്റെ പക്കൽനിന്ന് ആണിയും അവന്റെ പക്കൽനിന്ന് പടവില്ലും അവന്റെ പക്കൽനിന്ന് ഏതു അധിപതിയും വരും.5അവർ യുദ്ധത്തിൽ ശത്രുക്കളെ വീഥികളിലെ ചേറ്റിൽ ചവിട്ടിക്കളയുന്ന വീരന്മാരെപ്പോലെയാകും; യഹോവ അവരോടുകൂടിയുള്ളതുകൊണ്ട് അവർ കുതിരപടയാളികൾ ലജ്ജിച്ചുപോകുവാൻ തക്കവണ്ണം പൊരുതും.
6ഞാൻ യെഹൂദാഗൃഹത്തെ ബലപ്പെടുത്തുകയും യോസേഫ്ഗൃഹത്തെ രക്ഷിക്കുകയും എനിക്ക് അവരോടു കരുണയുള്ളതുകൊണ്ട് അവരെ മടക്കിവരുത്തുകയും ചെയ്യും; ഞാൻ അവരെ തള്ളിക്കളഞ്ഞിട്ടില്ലാത്തതുപോലെയിരിക്കും; ഞാൻ അവരുടെ ദൈവമായ യഹോവയല്ലോ; ഞാൻ അവർക്ക് ഉത്തരമരുളും.7എഫ്രയീമ്യർ വീരനെപ്പോലെയാകും; അവരുടെ ഹൃദയം വീഞ്ഞുകൊണ്ടെന്നപോലെ സന്തോഷിക്കും; അവരുടെ പുത്രന്മാർ അതു കണ്ട് സന്തോഷിക്കും; അവരുടെ ഹൃദയം യഹോവയിൽ ഘോഷിച്ചാനന്ദിക്കും.
8ഞാൻ അവരെ വീണ്ടെടുത്തിരിക്കുകയാൽ അവരെ ചൂളമടിച്ചു ശേഖരിക്കും3 ; അവർ പെരുകിയിരുന്നതുപോലെ പെരുകും.9ഞാൻ അവരെ ജനതകളുടെ ഇടയിൽ വിതറും; ദൂരദേശങ്ങളിൽവച്ച് അവർ എന്നെ ഓർക്കും; അവർ മക്കളോടുകൂടി ജീവിച്ചു മടങ്ങിവരും.10ഞാൻ അവരെ മിസ്രയീംദേശത്തുനിന്നു മടക്കിവരുത്തും; അശ്ശൂരിൽനിന്ന് അവരെ ശേഖരിക്കും; ഗിലെയാദ്‌ദേശത്തിലേക്കും ലെബാനോനിലേക്കും അവരെ കൊണ്ടുവരും; അവർക്ക് ഇടം പോരാതെവരും.
11അവൻ കഷ്ടതയുടെ സമുദ്രത്തിലൂടെ കടന്നു, സമുദ്രത്തിലെ ഓളങ്ങളെ അടിക്കും; നീലനദിയുടെ4 ആഴങ്ങളെല്ലാം വറ്റിപ്പോകുകയും അശ്ശൂരിന്റെ അഹങ്കാരം താഴുകയും മിസ്രയീമിന്റെ ചെങ്കോൽ നീങ്ങിപ്പോകുകയും ചെയ്യും.12ഞാൻ അവരെ യഹോവയിൽ ബലപ്പെടുത്തും; അവർ അവന്റെ നാമത്തിൽ സഞ്ചരിക്കും” എന്നു യഹോവയുടെ അരുളപ്പാട്.


1 10:2 മിഥ്യ മായ, യഥാര്‍ഥമല്ലാത്തത്, ഇല്ലാത്തത്, വ്യാജം.
2 10:3 കോലാട്ടുകൊറ്റന്മാരെ ആട്ടിടയന്മാർ അല്ലെങ്കിൽ നായകന്മാർ എന്നുമാകാം.
3 10:8 ശേഖരിക്കും വിളിച്ചുകൂട്ടും എന്നുമാകാം.
4 10:11 നീലനദിയുടെ നൈൽ നദി.

11

1ലെബാനോനേ, നിന്റെ ദേവദാരുക്കൾ തീക്ക് ഇരയായിത്തീരേണ്ടതിനു വാതിൽ തുറന്നുവയ്ക്കുക.2ദേവദാരു വീണും മഹത്തുക്കൾ1 നശിച്ചും ഇരിക്കയാൽ സരളവൃക്ഷമേ, വിലപിക്കുക; ഘോരവനം വീണിരിക്കുകയാൽ ബാശാനിലെ കരുവേലങ്ങളേ, വിലപിക്കുവിൻ!3ഇടയന്മാരുടെ മഹത്വം നശിച്ചിട്ട് അവർ മുറയിടുന്നതു കേട്ടുവോ? യോർദ്ദാന്റെ മുറ്റു കാട് നശിച്ചിട്ട് ബാലസിംഹങ്ങളുടെ ഗർജ്ജനം കേട്ടുവോ?

4എന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അറുക്കുവാനുള്ള ആടുകളെ മേയ്ക്ക.5അവയെ വാങ്ങുന്നവർ കുറ്റം എന്ന് കരുതാതെ അവയെ അറുക്കുന്നു; അവയെ വില്ക്കുന്നവരോ: ‘ഞാൻ ധനവാനായിത്തീർന്നതുകൊണ്ടു യഹോവയ്ക്കു സ്തോത്രം’ എന്നു പറയുന്നു; അവയുടെ ഇടയന്മാർ അവയെ ആദരിക്കുന്നില്ല.”6“ഞാൻ ഇനി ദേശനിവാസികളെ ആദരിക്കുകയില്ല” എന്നു യഹോവയുടെ അരുളപ്പാട്; “ഞാൻ മനുഷ്യരെ ഓരോരുത്തനെ അവനവന്റെ കൂട്ടുകാരന്റെ കൈയിലും അവനവന്റെ രാജാവിന്റെ കൈയിലും ഏല്പിക്കും; അവർ ദേശത്തെ തകർത്തുകളയും; അവരുടെ കൈയിൽനിന്നു ഞാൻ അവരെ രക്ഷിക്കുകയുമില്ല.
7അങ്ങനെ അറുക്കുവാനുള്ള ആടുകളെ, കൂട്ടത്തിൽ അരിഷ്ടത ഏറിയവയെ തന്നെ, മേയിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ രണ്ടു കോൽ എടുത്ത് ഒന്നിന് ഇമ്പം എന്നും മറ്റേതിന് ഒരുമ എന്നും പേരിട്ടു; അങ്ങനെ ഞാൻ ആടുകളെ മേയിച്ചുകൊണ്ടിരുന്നു.8എന്നാൽ ഞാൻ ഒരു മാസത്തിൽ മൂന്ന് ഇടയന്മാരെ ഛേദിച്ചുകളഞ്ഞു; എനിക്ക് അവരോടു വെറുപ്പു തോന്നി, അവർക്ക് എന്നോടും നീരസം തോന്നിയിരുന്നു.9ഞാൻ നിങ്ങളെ മേയ്ക്കുകയില്ല; മരിക്കുന്നത് മരിക്കട്ടെ, കാണാതെപോകുന്നത് കാണാതെ പോകട്ടെ; ശേഷിച്ചിരിക്കുന്നവ ഒന്ന് ഒന്നിന്റെ മാംസം തിന്നുകളയട്ടെ” എന്നു ഞാൻ പറഞ്ഞു.
10അനന്തരം ഞാൻ ഇമ്പം എന്ന കോൽ എടുത്തു: ഞാൻ സകലജനതകളോടും ചെയ്തിരുന്ന എന്റെ നിയമത്തെ മുറിക്കേണ്ടതിന് കോലിനെ മുറിച്ചുകളഞ്ഞു.11അതു ആ ദിവസത്തിൽ തന്നെ മുറിഞ്ഞുപോയി; അങ്ങനെ, എന്നെ നോക്കിക്കൊണ്ടിരുന്ന കൂട്ടത്തിൽ അരിഷ്ടതയേറിയവ അത് ദൈവത്തിന്റെ അരുളപ്പാട് എന്നു ഗ്രഹിച്ചു.12ഞാൻ അവരോട്: “നിങ്ങൾക്ക് മനസ്സുണ്ടെങ്കിൽ എന്റെ കൂലിതരുവിൻ; ഇല്ലെന്നുവരുകിൽ തരേണ്ടാ” എന്നു പറഞ്ഞു; അങ്ങനെ അവർ എന്റെ കൂലിയായി മുപ്പതു വെള്ളിക്കാശ് തൂക്കിത്തന്നു.
13എന്നാൽ യഹോവ എന്നോട്: “അതു ഭണ്ഡാരത്തിൽ ഇട്ടുകളയുക; അവർ എന്നെ മതിച്ചിരിക്കുന്ന2 മനോഹരമായൊരു വില തന്നെ” എന്നു കല്പിച്ചു; അങ്ങനെ ഞാൻ ആ മുപ്പതു വെള്ളിക്കാശു വാങ്ങി യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽ ഇട്ടുകളഞ്ഞു.14അനന്തരം ഞാൻ, യെഹൂദയും യിസ്രായേലും തമ്മിലുള്ള സഹോദരത്വം ഭിന്നിപ്പിക്കേണ്ടതിന് ഒരുമ എന്ന മറ്റേ കോൽ മുറിച്ചുകളഞ്ഞു.
15എന്നാൽ യഹോവ എന്നോടു കല്പിച്ചത്: “നീ ഇനി ഒരു ബുദ്ധിശൂന്യനായ ഇടയന്റെ ഉപകരണങ്ങൾ എടുത്തുകൊള്ളുക.16ഞാൻ ദേശത്തിൽ ഒരു ഇടയനെ എഴുന്നേല്പിക്കും; അവൻ കാണാതെപോയവയെ നോക്കുകയോ ചിതറിപ്പോയവയെ അന്വേഷിക്കുകയോ മുറിവേറ്റവയെ സുഖപ്പെടുത്തുകയോ ദീനമില്ലാത്തവയെ പോറ്റുകയോ ചെയ്യാതെ തടിച്ചവയുടെ മാംസം തിന്നുകയും കുളമ്പുകളെ കീറിക്കളയുകയും ചെയ്യും.
17ആട്ടിൻകൂട്ടത്തെ ഉപേക്ഷിച്ചുകളയുന്ന വിലകെട്ട ഇടയന് അയ്യോ കഷ്ടം! അവന്റെ ഭുജത്തിനും വലംകണ്ണിനും നേരെ വാൾ! അവന്റെ ഭുജം അശേഷം വരണ്ടും വലംകണ്ണ് അശേഷം ഇരുണ്ടും പോകട്ടെ.”


1 11:2 മഹത്തുക്കൾ മഹത്തായ മരങ്ങൾ.
2 11:13 മതിച്ചിരിക്കുന്ന വിലനിശ്ചയിക്കല്‍, വിലവയ്ക്കല്‍.

12

1പ്രവാചകം. യിസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ അരുളപ്പാട്; ആകാശം വിരിക്കുകയും ഭൂമിയുടെ അടിസ്ഥാനം ഇടുകയും മനുഷ്യന്റെ ആത്മാവിനെ അവന്റെ ഉള്ളിൽ നിർമ്മിക്കുകയും ചെയ്തിരിക്കുന്ന യഹോവയുടെ അരുളപ്പാട്.2“ഞാൻ യെരൂശലേമിനെ ചുറ്റുമുള്ള സകലജനതകൾക്കും ഒരു പരിഭ്രമപാത്രമാക്കും; യെരൂശലേമിന്റെ ഉപരോധത്തിങ്കൽ അതു യെഹൂദയ്ക്കും എതിരായിരിക്കും.3ആ നാളിൽ ഞാൻ യെരൂശലേമിനെ സകലജനതകൾക്കും ഭാരമുള്ള കല്ലാക്കി വയ്ക്കും; അതിനെ ചുമക്കുന്നവരെല്ലാം കഠിനമായി മുറിവേല്ക്കും; ഭൂമിയിലെ സകലജനതകളും അതിനു വിരോധമായി കൂടിവരും.

4അന്നാളിൽ ഞാൻ ഏതു കുതിരയെയും സ്തംഭനംകൊണ്ടും പുറത്തു കയറിയവനെ ഭ്രാന്തുകൊണ്ടും ബാധിക്കും; യെഹൂദാഗൃഹത്തിന്മേൽ ഞാൻ കണ്ണു തുറക്കുകയും ജനതകളുടെ ഏതു കുതിരയെയും അന്ധതപിടിപ്പിക്കുകയും ചെയ്യും”എന്നു യഹോവയുടെ അരുളപ്പാട്.5“അപ്പോൾ യെഹൂദാമേധാവികൾ: ‘യെരൂശലേംനിവാസികൾ അവരുടെ ദൈവമായ സൈന്യങ്ങളുടെ യഹോവ നിമിത്തം നമുക്ക് ബലമായിരിക്കുന്നു’ എന്നു ഹൃദയത്തിൽ പറയും.
6ആ നാളിൽ ഞാൻ യെഹൂദാമേധാവികളെ വിറകിന്റെ ഇടയിൽ തീച്ചട്ടിപോലെയും കറ്റയുടെ ഇടയിൽ തീപ്പന്തംപോലെയും ആക്കും; അവർ വലത്തുഭാഗത്തും ഇടത്തുഭാഗത്തും ചുറ്റുമുള്ള സകലജനതകളെയും തിന്നുകളയും; യെരൂശലേമിനു സ്വസ്ഥാനത്ത്, യെരൂശലേമിൽ തന്നെ, വീണ്ടും നിവാസികൾ ഉണ്ടാകും.
7ദാവീദുഗൃഹത്തിന്റെ പ്രശംസയും യെരൂശലേംനിവാസികളുടെ പ്രശംസയും യെഹൂദയുടെ നേരേ ഏറിപ്പോകാതിരിക്കേണ്ടതിനു യഹോവ യെഹൂദാകൂടാരങ്ങളെ ആദ്യം രക്ഷിക്കും.8ആ നാളിൽ യഹോവ യെരൂശലേംനിവാസികളെ പരിചകൊണ്ട് മറയ്ക്കും; അവരുടെ ഇടയിൽ ഇടറിനടക്കുന്നവൻ അന്നാളിൽ ദാവീദിനെപ്പോലെ ആയിരിക്കും; ദാവീദുഗൃഹം ദൈവത്തെപ്പോലെയും അവരുടെ മുമ്പിലുള്ള യഹോവയുടെ ദൂതനെപ്പോലെയും ആയിരിക്കും.9ആ നാളിൽ ഞാൻ യെരൂശലേമിന്റെ നേരെ വരുന്ന സകലജനതകളെയും നശിപ്പിക്കുവാൻ നോക്കും.
10ഞാൻ ദാവീദുഗൃഹത്തിന്മേലും യെരൂശലേംനിവാസികളുടെമേലും കൃപയുടെയും യാചനകളുടെയും ആത്മാവിനെ പകരും; തങ്ങൾ കുത്തിയിട്ടുള്ളവനിലേക്കു അവർ നോക്കും; ഏകജാതനെക്കുറിച്ചു വിലപിക്കുന്നതുപോലെ അവർ അവനെക്കുറിച്ചു വിലപിക്കും; ആദ്യജാതനെക്കുറിച്ചു വ്യസനിക്കുന്നതുപോലെ അവർ അവനെക്കുറിച്ചു വ്യസനിക്കും.11ആ നാളിൽ മെഗിദ്ദോതാഴ്വരയിലുള്ള ഹദദ്-രിമ്മോനിലെ വിലാപംപോലെ യെരൂശലേമിൽ ഒരു മഹാവിലാപം ഉണ്ടാകും.
12ദേശം കുലംകുലമായി1 വെവ്വേറെ വിലപിക്കും; ദാവീദുഗൃഹത്തിന്റെ കുലം പ്രത്യേകവും അവരുടെ സ്ത്രീജനം പ്രത്യേകവും; നാഥാൻഗൃഹത്തിന്റെ കുലം പ്രത്യേകവും അവരുടെ സ്ത്രീജനം പ്രത്യേകവും;13ലേവിഗൃഹത്തിന്റെ കുലം പ്രത്യേകവും അവരുടെ സ്ത്രീജനം പ്രത്യേകവും; ശിമെയി കുലം പ്രത്യേകവും; അവരുടെ സ്ത്രീജനം പ്രത്യേകവും;14ശേഷിച്ചിരിക്കുന്ന കുലങ്ങളെല്ലാം അതതു കുലം പ്രത്യേകവും അവരുടെ സ്ത്രീജനം പ്രത്യേകവും വിലപിക്കും.”


1 12:12 കുലംകുലമായി കുടുംബംകുടുംബമായി എന്നുമാകാം.

13

1“ആ നാളിൽ ദാവീദുഗൃഹത്തിനും യെരൂശലേംനിവാസികൾക്കും പാപത്തിന്റെയും മാലിന്യത്തിന്റെയും പരിഹാരത്തിനായി ഒരു ഉറവ തുറന്നിരിക്കും.2ആ നാളിൽ ഞാൻ ദേശത്തുനിന്നു വിഗ്രഹങ്ങളുടെ പേര് ഇല്ലാതാക്കും; ഇനി അവയെ ഓർക്കുകയുമില്ല; ഞാൻ പ്രവാചകന്മാരെയും മലിനാത്മാവിനെയും ദേശത്തുനിന്നു നീക്കിക്കളയും” എന്ന് യഹോവയുടെ അരുളപ്പാട്.

3ആരെങ്കിലും ഇനി പ്രവചിക്കുമ്പോൾ അവനെ ജനിപ്പിച്ച അപ്പനും അമ്മയും അവനോട്: “യഹോവയുടെ നാമത്തിൽ ഭോഷ്ക്കു സംസാരിക്കുന്നതുകൊണ്ടു നീ ജീവനോടിരിക്കുകയില്ല” എന്നു പറയുകയും അവനെ ജനിപ്പിച്ച അപ്പനും അമ്മയും അവൻ പ്രവചിക്കുമ്പോൾ തന്നെ അവനെ കുത്തിക്കളയുകയും ചെയ്യും.
4“ആ നാളിൽ പ്രവാചകന്മാർ പ്രവചിക്കുമ്പോൾ ഓരോരുത്തൻ അവനവന്റെ ദർശനത്തെക്കുറിച്ചു ലജ്ജിക്കും; വഞ്ചിക്കാനായി അവർ രോമമുള്ള മേലങ്കി ധരിക്കുകയുമില്ല.5‘ഞാൻ പ്രവാചകനല്ല, കൃഷിക്കാരനത്രേ; എന്റെ ബാല്യത്തിൽ തന്നെ ഒരാൾ എന്നെ വിലയ്ക്കു വാങ്ങിയിരിക്കുന്നു’1 എന്ന് അവൻ പറയും.” എന്നാൽ അവനോട്:6“നിന്റെ കൈയിൽ കാണുന്ന ഈ മുറിവുകൾ എന്ത്?” എന്നു ചോദിക്കുന്നതിന് അവൻ: “എന്നെ സ്നേഹിക്കുന്നവരുടെ വീട്ടിൽവച്ചു ഞാൻ അടികൊണ്ടതാകുന്നു” എന്ന് ഉത്തരം പറയും.

7“വാളേ, എന്റെ ഇടയന്റെ നേരെയും എന്റെ കൂട്ടാളിയായ പുരുഷന്റെ നേരെയും ഉണരുക” എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്; “ആടുകൾ ചിതറിപ്പോകേണ്ടതിന് ഇടയനെ വെട്ടുക; ഞാൻ ചെറിയവരുടെ നേരെ കൈ തിരിക്കും.
8എന്നാൽ സർവ്വദേശത്തിലും മൂന്നിൽ രണ്ടംശം ഛേദിക്കപ്പെട്ടു പ്രാണനെ വിടും; മൂന്നിൽ ഒരംശം ശേഷിച്ചിരിക്കും” എന്നു യഹോവയുടെ അരുളപ്പാട്.9“മൂന്നിൽ ഒരംശം ഞാൻ തീയിൽ കൂടി കടത്തി വെള്ളി ഊതിക്കഴിക്കുന്നതുപോലെ അവരെ ഊതിക്കഴിക്കും; പൊന്നു ശോധന കഴിക്കുന്നതുപോലെ അവരെ ശോധനകഴിക്കും; അവർ എന്റെ നാമത്തെ വിളിച്ചപേക്ഷിക്കുകയും ഞാൻ അവർക്ക് ഉത്തരം അരുളുകയും ചെയ്യും; ‘അവർ എന്റെ ജനം’ എന്നു ഞാൻ പറയും; ‘യഹോവ എന്റെ ദൈവം’ എന്ന് അവരും പറയും.”


1 13:5 എന്റെ ബാല്യത്തിൽ തന്നേ ഒരാൾ എന്നെ വിലെക്കു മേടിച്ചിരിക്കുന്നു എന്റെ ബാല്യത്തിൽ തന്നെ ഒരാൾ കന്നുകാലികളെ പരിപ്പാലിക്കുവാൻ എന്നെ പഠിപ്പിച്ചു എന്നുമാകാം.

14

1അവർ നിന്റെ നടുവിൽവച്ചു നിന്റെ കൊള്ള വിഭാഗിക്കുവാനുള്ള യഹോവയുടെ ഒരു ദിവസം വരുന്നു.2ഞാൻ സകലജനതകളെയും യെരൂശലേമിനോടു യുദ്ധത്തിനായി കൂട്ടിവരുത്തും; നഗരം പിടിക്കപ്പെടുകയും വീടുകൾ കൊള്ളയിടുകയും സ്ത്രീകളെ വഷളാക്കുകയും നഗരത്തിന്റെ പാതി പ്രവാസത്തിലേക്കു പോകുകയും ചെയ്യും; ജനത്തിൽ ശേഷിപ്പുള്ളവർ നഗരത്തിൽനിന്നു ഛേദിക്കപ്പെടുകയില്ല.

3എന്നാൽ യഹോവ പുറപ്പെട്ടു, താൻ യുദ്ധദിവസത്തിൽ പൊരുതിയതുപോലെ ആ ജനതകളോടു പൊരുതും.4ആ നാളിൽ അവന്റെ കാൽ യെരൂശലേമിനെതിരെ കിഴക്കുള്ള ഒലിവുമലയിൽ നില്ക്കും; ഒലിവുമല കിഴക്കുപടിഞ്ഞാറായി നടുവേ പിളർന്നുപോകും; ഏറ്റവും വലിയൊരു താഴ്വര ഉളവായി വരും; മലയുടെ ഒരു പകുതി വടക്കോട്ടും മറ്റേ പകുതി തെക്കോട്ടും നീങ്ങിപ്പോകും.
5എന്നാൽ മലകളുടെ താഴ്വര ആസൽവരെ എത്തുന്നതുകൊണ്ട് നിങ്ങൾ എന്റെ മലകളുടെ താഴ്വരയിലേക്ക് ഓടിപ്പോകും; യെഹൂദാരാജാവായ ഉസ്സീയാവിന്റെ കാലത്തു നിങ്ങൾ ഭൂകമ്പം ഹേതുവായി ഓടിപ്പോയതുപോലെ നിങ്ങൾ ഓടിപ്പോകും; എന്റെ ദൈവമായ യഹോവയും തന്നോടുകൂടെ സകലവിശുദ്ധന്മാരും വരും.
6ആ നാളിൽ വെളിച്ചം ഉണ്ടാകയില്ല; ജ്യോതിർഗ്ഗോളങ്ങൾ മറഞ്ഞുപോകും.7യഹോവ മാത്രം അറിയുന്ന ഒരു ദിവസം വരും; അതു പകലല്ല, രാത്രിയുമല്ല. സന്ധ്യാസമയത്തോ വെളിച്ചമാകും.8ആ നാളിൽ ജീവനുള്ള വെള്ളം യെരൂശലേമിൽനിന്നു പുറപ്പെട്ടു പകുതി കിഴക്കേ കടലിലേക്കും പകുതി പടിഞ്ഞാറേ കടലിലേക്കും ഒഴുകും; അത് ഉഷ്ണകാലത്തും ശീതകാലത്തും ഉണ്ടാകും;
9യഹോവ സർവ്വഭൂമിക്കും രാജാവാകും; ആ നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.10ദേശം മുഴവനും മാറി ഗേബമുതൽ യെരൂശലേമിനു തെക്ക് രിമ്മോൻവരെ സമഭൂമിയായിത്തീരും; യെരൂശലേമോ, ഉന്നതമായി സ്വസ്ഥാനത്തു ബെന്യാമീൻഗോപുരം മുതൽ പണ്ടത്തെ ഗോപുരത്തിന്റെ സ്ഥാനംവരെ, കോൺഗോപുരംവരെ തന്നെ, ഹനനേൽഗോപുരംമുതൽ രാജാവിന്റെ മുന്തിരിച്ചക്കുകൾവരെയും നിവാസികൾ ഉള്ളതാകും.11അവർ അതിൽ പാർക്കും; ഇനി പൂർണ്ണ നശീകരണം ഉണ്ടാകുകയില്ല; യെരൂശലേം നിർഭയം വസിക്കും.
12യെരൂശലേമിനോടു യുദ്ധം ചെയ്ത സകലജനതകളെയും യഹോവ ശിക്ഷിക്കുവാനുള്ള ശിക്ഷ ഇതാകുന്നു: അവർ നിവിർന്നുനില്ക്കുമ്പോൾ തന്നെ അവരുടെ മാംസം ചീഞ്ഞഴുകിപ്പോകും; അവരുടെ കണ്ണ് തടത്തിൽ തന്നെ ചീഞ്ഞഴുകിപ്പോകും; അവരുടെ നാവ് വായിൽ തന്നെ ചീഞ്ഞഴുകിപ്പോകും.13ആ നാളിൽ യഹോവയാൽ ഒരു മഹാപരിഭ്രമം അവരുടെ ഇടയിൽ ഉണ്ടാകും; അവർ ഓരോരുത്തൻ അവനവന്റെ കൂട്ടുകാരന്റെ കൈ കടന്നുപിടിക്കും; ഒരുവന്റെ കൈ മറ്റവന്റെ നേരെ പൊങ്ങും.
14യെഹൂദയും യെരൂശലേമിൽവച്ചു യുദ്ധം ചെയ്യും; ചുറ്റുമുള്ള സകലജനതകളുടെയും ധനമായ പൊന്നും വെള്ളിയും വസ്ത്രവും അനവധിയായി ശേഖരിക്കപ്പെടും.15അങ്ങനെ ഈ പാളയങ്ങളിലുള്ള കുതിര, കോവർകഴുത, ഒട്ടകം, കഴുത എന്നീ സകലമൃഗങ്ങൾക്കും ഈ ബാധപോലെയുള്ള ഒരു ബാധയുണ്ടാകും.
16എന്നാൽ യെരൂശലേമിനു നേരെ വന്ന സകലജനതകളിലും ശേഷിച്ചിരിക്കുന്ന ഏവനും സൈന്യങ്ങളുടെ യഹോവയായ രാജാവിനെ നമസ്കരിക്കുവാനും കൂടാരപ്പെരുനാൾ ആചരിക്കുവാനും വർഷംതോറും വരും.17ഭൂമിയിലെ സകലവംശങ്ങളിലും ആരെങ്കിലും സൈന്യങ്ങളുടെ യഹോവയായ രാജാവിനെ നമസ്കരിക്കുവാൻ യെരൂശലേമിലേക്കു വരാതിരുന്നാൽ അവർക്കു മഴയുണ്ടാകയില്ല.18മിസ്രയീംവംശം വരാതിരുന്നാൽ അവർക്കും മഴ ഉണ്ടാകയില്ല; കൂടാരപ്പെരുന്നാൾ ആചരിക്കേണ്ടതിനു വരാതിരിക്കുന്ന ജനതകളെ യഹോവ ശിക്ഷിക്കുവാള്ള ശിക്ഷതന്നെ അവർക്കുണ്ടാകും.
19കൂടാരപ്പെരുനാൾ ആചരിക്കേണ്ടതിന് വരാതിരിക്കുന്ന മിസ്രയീമിനുള്ള പാപശിക്ഷയും സകലജനതകൾക്കും ഉള്ള പാപശിക്ഷയും ഇതു തന്നെ.
20ആ നാളിൽ കുതിരകളുടെ മണികളിന്മേൽ യഹോവയ്ക്കു വിശുദ്ധം എന്ന് എഴുതിയിരിക്കും; യഹോവയുടെ ആലയത്തിലെ കലങ്ങളും യാഗപീഠത്തിൻ മുമ്പിലുള്ള കലശങ്ങൾപോലെ ആയിരിക്കും.21യെരൂശലേമിലും യെഹൂദയിലും ഉള്ള കലമൊക്കെയും സൈന്യങ്ങളുടെ യഹോവയ്ക്കു വിശുദ്ധമായിരിക്കും; യാഗം കഴിക്കുന്നവരെല്ലാം വന്നു വാങ്ങി അവയിൽ വേവിക്കും; അന്നുമുതൽ സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിൽ ഒരു കനാന്യനും ഉണ്ടാകുകയില്ല.

മലാഖി

1

1പ്രവാചകം; മലാഖിമുഖാന്തരം യിസ്രായേലിനോടുള്ള യഹോവയുടെ അരുളപ്പാട്.2“ഞാൻ നിങ്ങളെ സ്നേഹിക്കുന്നു” എന്നു യഹോവ അരുളിച്ചെയ്യുന്നു; എന്നാൽ നിങ്ങൾ: “നീ ഞങ്ങളെ ഏതിനാൽ സ്നേഹിക്കുന്നു?” എന്നു ചോദിക്കുന്നു. “ഏശാവ് യാക്കോബിന്റെ സഹോദരനല്ലയോ; എങ്കിലും ഞാൻ യാക്കോബിനെ സ്നേഹിക്കുന്നു” എന്നു യഹോവയുടെ അരുളപ്പാട്.3“എന്നാൽ ഏശാവിനെ ഞാൻ വെറുത്തു അവന്റെ പർവ്വതങ്ങളെ ശൂന്യമാക്കി അവന്റെ അവകാശത്തെ മരുഭൂമിയിലെ കുറുനരികൾക്കു കൊടുത്തിരിക്കുന്നു.”

4“ഞങ്ങൾ ഇടിഞ്ഞിരിക്കുന്നു എങ്കിലും ഞങ്ങൾ ശൂന്യസ്ഥലങ്ങളെ വീണ്ടും പണിയും” എന്നു എദോം പറയുന്നു എങ്കിൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവർ പണിയട്ടെ ഞാൻ ഇടിച്ചുകളയും; അവർക്കു ദുഷ്ടപ്രദേശം എന്നും യഹോവ സദാകാലം കോപിക്കുന്ന ജനം എന്നും പേര് പറയും.5നിങ്ങൾ സ്വന്തകണ്ണുകൊണ്ട് അതു കാണുകയും ‘യഹോവ യിസ്രായേലിന്റെ അതിരിന് അപ്പുറത്തോളം വലിയവൻ’ എന്നു പറയുകയും ചെയ്യും.”

6“മകൻ അപ്പനെയും ദാസൻ യജമാനനെയും ബഹുമാനിക്കേണ്ടതല്ലയൊ. ഞാൻ അപ്പൻ എങ്കിൽ എന്നോടുള്ള ബഹുമാനം എവിടെ? ഞാൻ യജമാനൻ എങ്കിൽ എന്നോടുള്ള ഭക്തി എവിടെ?” എന്നു സൈന്യങ്ങളുടെ യഹോവ, അവിടുത്തെ നാമത്തെ നിന്ദിക്കുന്ന1 പുരോഹിതന്മാരേ, നിങ്ങളോടു ചോദിക്കുന്നു; “അതിന് നിങ്ങൾ: ‘ഏതിനാൽ ഞങ്ങൾ നിന്റെ നാമത്തെ നിന്ദിക്കുന്നു’ എന്നു ചോദിക്കുന്നു.”7“നിങ്ങൾ എന്റെ യാഗപീഠത്തിന്മേൽ മലിനഭോജനം അർപ്പിക്കുന്നു. എന്നാൽ നിങ്ങൾ: ‘ഏതിനാൽ ഞങ്ങൾ നിന്നെ മലിനമാക്കുന്നു’ എന്നു ചോദിക്കുന്നു. ‘യഹോവയുടെ മേശ നിന്ദ്യം’ എന്നു നിങ്ങൾ പറയുന്നതിനാൽ തന്നെ.
8നിങ്ങൾ കണ്ണു പൊട്ടിയതിനെ യാഗം കഴിക്കുവാൻ കൊണ്ടുവന്നാൽ അതു ദോഷമല്ല; നിങ്ങൾ മുടന്തും ദീനവുമുള്ളതിനെ അർപ്പിച്ചാൽ അതും ദോഷമല്ല; അതിനെ നിന്റെ ദേശാധിപതിക്കു കാഴ്ച വയ്ക്കുക; അവൻ പ്രസാദിക്കുമോ? നിന്നോടു കൃപ തോന്നുമോ?” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.9ആകയാൽ ദൈവം നമ്മോടു കൃപകാണിക്കുവാൻ തക്കവിധം അവനെ പ്രസാദിപ്പിച്ചുകൊള്ളുവിൻ. നിങ്ങൾ ഇതൊക്കെയും ചെയ്തിരിക്കുന്നു; അവനു നിങ്ങളോടു കൃപ തോന്നുമോ? എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
10“നിങ്ങൾ എന്റെ യാഗപീഠത്തിന്മേൽ വെറുതെ തീ കത്തിക്കാതിരിക്കേണ്ടതിനു നിങ്ങളിൽ ആരെങ്കിലും വാതിൽ അടച്ചുകളഞ്ഞാൽ കൊള്ളാമായിരുന്നു; എനിക്ക് നിങ്ങളിൽ പ്രസാദമില്ല” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; “നിങ്ങളുടെ കൈയിൽനിന്ന് ഞാൻ വഴിപാടു കൈക്കൊൾകയുമില്ല.11സൂര്യന്റെ ഉദയംമുതൽ അസ്തമയംവരെ എന്റെ നാമം ജാതികളുടെ ഇടയിൽ വലിയതാകുന്നു; എല്ലായിടത്തും എന്റെ നാമത്തിന് ധൂപവും നിർമ്മലമായ വഴിപാടും അർപ്പിച്ചുവരുന്നു; എന്റെ നാമം ജനതകളുടെ ഇടയിൽ വലുതാകുന്നുവല്ലോ” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.12“നിങ്ങളോ: ‘യഹോവയുടെ മേശ മലിനമായിരിക്കുന്നു; അവന്റെ ഭോജനമായ അതിന്റെ അനുഭവം നിന്ദ്യം ആകുന്നു’ എന്നു പറയുന്നതിനാൽ നിങ്ങൾ എന്റെ നാമത്തെ അശുദ്ധമാക്കുന്നു.
13‘എന്തൊരു പ്രയാസം’ എന്നു പറഞ്ഞു നിങ്ങൾ അതിനോടു ചീറുന്നു; എന്നാൽ കടിച്ചുകീറിപ്പോയതിനെയും മുടന്തും ദീനവുമുള്ളതിനെയും നിങ്ങൾ കൊണ്ടുവന്ന് അങ്ങനെ കാഴ്ചവയ്ക്കുന്നു” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; “അതിനെ ഞാൻ നിങ്ങളുടെ കൈയിൽനിന്ന് അംഗീകരിക്കുമോ?” എന്നു യഹോവ അരുളിച്ചെയ്യുന്നു.14“എന്നാൽ തന്റെ ആട്ടിൻകൂട്ടത്തിൽ ഒരു ആൺ ഉണ്ടായിരിക്കെ, കർത്താവിന് നേർന്നിട്ട് ഊനമുള്ളതിനെ2 യാഗംകഴിക്കുന്ന വഞ്ചകൻ ശപിക്കപ്പെട്ടവൻ. ഞാൻ മഹാരാജാവല്ലയൊ; എന്റെ നാമം ജനതകളുടെ ഇടയിൽ ഭയങ്കരമായിരിക്കുന്നു” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.


1 1:6 നിന്ദിക്കുന്ന നിസ്സാരമാക്കുക എന്നും അർത്ഥം ഉണ്ട്.
2 1:14 ഊനമുള്ളതിനെ തള്ളയെ എന്ന് മറ്റ് ഭാഷാന്തരത്തിൽ കാണുന്നില്ല.

2

1“ഇപ്പോഴോ പുരോഹിതന്മാരേ, ഈ കല്പന നിങ്ങളോട് ആകുന്നു.2നിങ്ങൾ കേട്ടനുസരിക്കുകയും എന്റെ നാമത്തിനു മഹത്ത്വം കൊടുക്കുവാൻ തക്കവിധം മനസ്സുവയ്ക്കുകയും ചെയ്യാതിരുന്നാൽ ഞാൻ നിങ്ങളുടെ മേൽ ശാപം അയച്ച് നിങ്ങൾക്കുള്ള അനുഗ്രഹങ്ങളെയും ശപിക്കും” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; “അതേ, നിങ്ങൾ മനസ്സു വയ്ക്കായ്കകൊണ്ടു ഞാൻ അവയെ ശപിച്ചുമിരിക്കുന്നു.

3ഞാൻ നിങ്ങൾക്കുള്ള സന്തതിയെ ശാസിക്കുകയും ചാണകം, നിങ്ങളുടെ ഉത്സവങ്ങളിലെ ചാണകം തന്നെ, നിങ്ങളുടെ മുഖത്തു വിതറുകയും അവർ നിങ്ങളെ അതിനോടുകൂടി കൊണ്ടുപോകുകയും ചെയ്യും.4ലേവിയോടുള്ള എന്റെ നിയമം നിലനിൽക്കുവാൻ തക്കവിധം ഞാൻ ഈ കല്പന നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയും” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
5“അവനോടുള്ള എന്റെ നിയമം ജീവനും സമാധാനവുമായിരുന്നു; അവൻ ഭയപ്പെടേണ്ടതിനു ഞാൻ അവന് അവയെ കൊടുത്തു; അവൻ എന്നെ ഭയപ്പെട്ട് എന്റെ നാമംനിമിത്തം വിറയ്ക്കുകയും ചെയ്തു.6നേരുള്ള ഉപദേശം അവന്റെ വായിൽ ഉണ്ടായിരുന്നു; നീതികേട് അവന്റെ അധരങ്ങളിൽ കണ്ടതുമില്ല; സമാധാനമായും പരമാർത്ഥമായും അവൻ എന്നോടുകൂടി നടന്ന് പലരെയും അകൃത്യം വിട്ടുതിരിയുമാറാക്കി;7പുരോഹിതൻ സൈന്യങ്ങളുടെ യഹോവയുടെ ദൂതനാകയാൽ അവന്റെ അധരങ്ങൾ പരിജ്ഞാനം സൂക്ഷിച്ചുവയ്ക്കേണ്ടതും ജനം ഉപദേശം അവനോടു ചോദിച്ചു പഠിക്കേണ്ടതും അല്ലയൊ.
8നിങ്ങളോ വഴി വിട്ടുമാറി പലരെയും ഉപദേശത്താൽ ഇടറുമാറാക്കി ലേവിയുടെ നിയമം നശിപ്പിച്ചിരിക്കുന്നു” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.9“അങ്ങനെ നിങ്ങൾ എന്റെ വഴികളെ പ്രമാണിക്കാതെ ന്യായപാലനത്തിൽ പക്ഷഭേദം കാണിച്ചതുകൊണ്ട് ഞാനും നിങ്ങളെ സകലജനത്തിനും നിന്ദിതരും നീചരുമാക്കിയിരിക്കുന്നു.”

10നമുക്കെല്ലാവർക്കും ഒരു പിതാവല്ലയൊ ഉള്ളത്; ഒരു ദൈവം തന്നേയല്ലയൊ നമ്മെ സൃഷ്ടിച്ചത്; നമ്മുടെ പിതാക്കന്മാരുടെ നിയമത്തെ അശുദ്ധമാക്കേണ്ടതിനു നാം അന്യോന്യം ദ്രോഹം ചെയ്യുന്നതെന്തിന്?11യെഹൂദാ ദ്രോഹം ചെയ്തു; യിസ്രായേലിലും യെരൂശലേമിലും മ്ലേച്ഛത സംഭവിച്ചിരിക്കുന്നു; യഹോവയ്ക്ക് ഇഷ്ടമായുള്ള അവന്റെ വിശുദ്ധമന്ദിരത്തെ യെഹൂദാ അശുദ്ധമാക്കി ഒരു അന്യദേവന്റെ മകളെ വിവാഹം കഴിച്ചിരിക്കുന്നു.12ബോധവാനായിരുന്നിട്ടും ഇങ്ങനെ ചെയ്യുന്ന മനുഷ്യനെ, സൈന്യങ്ങളുടെ യഹോവയ്ക്കു വഴിപാട് അർപ്പിക്കുന്നവനെ തന്നെ യഹോവ യാക്കോബിന്റെ കൂടാരങ്ങളിൽനിന്നു ഛേദിച്ചുകളയും.
13രണ്ടാമത് നിങ്ങൾ ഇങ്ങനെ ചെയ്യുന്നു: യഹോവ ഇനി വഴിപാടു കടാക്ഷിക്കുകയോ നിങ്ങളുടെ കൈയിൽനിന്ന് പ്രസാദമുള്ളതു കൈക്കൊള്ളുകയോ ചെയ്യാത്തവിധം നിങ്ങൾ അവന്റെ യാഗപീഠത്തെ കണ്ണുനീർകൊണ്ടും കരച്ചിൽകൊണ്ടും ഞരക്കംകൊണ്ടും മൂടിക്കളയുന്നു.
14എന്നാൽ നിങ്ങൾ: “അത് എന്തുകൊണ്ട്” എന്നു ചോദിക്കുന്നു. യഹോവ നിനക്കും നീ അവിശ്വസ്തത കാണിച്ചിരിക്കുന്ന നിന്റെ യൗവനത്തിലെ ഭാര്യക്കും മദ്ധ്യത്തിൽ സാക്ഷിയായിരുന്നതുകൊണ്ടുതന്നെ; അവൾ നിന്റെ കൂട്ടാളിയും നിന്റെ ഉഭയസമ്മതത്തിന്റെ പത്നിയുമല്ലോ1 .15ലേശംപോലും സുബോധം ശേഷിച്ചിരുന്ന ഒരുത്തൻ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല.എന്നാൽ ആ ഒരുത്തൻ എന്തു ചെയ്തു? ദൈവം വാഗ്ദാനം ചെയ്ത സന്തതിയെ അവൻ അന്വേഷിച്ചു. നിങ്ങളുടെ ഉള്ളിൽ സൂക്ഷിച്ചുകൊൾവിൻ.ഏകശരീരവും ഏകാത്മാവുമായിട്ടല്ലയൊ ദൈവം നിങ്ങളെ സൃഷ്ടിച്ചത്. ദൈവഭക്തരായ സന്തതികളെ അല്ലാതെ എന്താണു ദൈവം ആഗ്രഹിക്കുന്നത്? അതുകൊണ്ട് യൗവനത്തിലെ ഭാര്യയോട് അവിശ്വസ്തത കാണിക്കാതിരിക്കാൻ ശ്രദ്ധിക്കുവിൻ.16“ഞാൻ ഉപേക്ഷണം വെറുക്കുന്നു” എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു: “അതു ചെയ്യുന്നവൻ തന്റെ വസ്ത്രം സാഹസംകൊണ്ടു മൂടുന്നു” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. ആകയാൽ നിങ്ങൾ അവിശ്വസ്തത കാണിക്കാതിരിക്കേണ്ടതിനു നിങ്ങളുടെ ഉള്ളിൽ സൂക്ഷിച്ചുകൊള്ളുവിൻ.

17നിങ്ങൾ നിങ്ങളുടെ വാക്കുകളാൽ യഹോവയെ മുഷിപ്പിക്കുന്നു. എന്നാൽ നിങ്ങൾ: “ഏതിനാൽ ഞങ്ങൾ അവനെ മുഷിപ്പിക്കുന്നു” എന്നു ചോദിക്കുന്നു. “ദോഷം പ്രവർത്തിക്കുന്ന ഏവനും യഹോവയ്ക്ക് ഇഷ്ടമുള്ളവൻ ആകുന്നു; അങ്ങനെയുള്ളവരിൽ അവൻ പ്രസാദിക്കുന്നു; അല്ലെങ്കിൽ ന്യായവിധിയുടെ ദൈവം എവിടെ?” എന്നിങ്ങിനെ നിങ്ങൾ പറയുന്നതിനാൽ തന്നെ.


1 2:14 ഉഭയസമ്മതത്തിന്റെ പത്നിയുമല്ലോ ധർമ്മപത്നിയുമല്ലോ എന്നും ആകാം.

3

1“എനിക്കു മുമ്പായി വഴി നിരത്തേണ്ടതിനു ഞാൻ എന്റെ ദൂതനെ അയയ്ക്കുന്നു. നിങ്ങൾ അന്വേഷിക്കുന്ന കർത്താവും നിങ്ങൾ ഇഷ്ടപ്പെടുന്ന നിയമദൂതനുമായവൻ പെട്ടെന്നു തന്റെ മന്ദിരത്തിലേക്കു വരും; ഇതാ, അവൻ വരുന്നു” എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.2എന്നാൽ അവൻ വരുന്ന ദിവസത്തെ ആർക്കു സഹിക്കാം? അവൻ പ്രത്യക്ഷനാകുമ്പോൾ ആര് നിലനില്ക്കും1 ? അവൻ ഊതിക്കഴിക്കുന്നവന്റെ തീപോലെയും അലക്കുന്നവരുടെ കാരംപോലെയും ആയിരിക്കും.3അവൻ ഊതിക്കഴിക്കുന്നവനെപ്പോലെയും വെള്ളി ശുദ്ധിവരുത്തുന്നവനെപ്പോലെയും ഇരുന്നുകൊണ്ടു ലേവിപുത്രന്മാരെ ശുദ്ധീകരിച്ച് പൊന്നുപോലെയും വെള്ളിപോലെയും നിർമ്മലീകരിക്കും; അങ്ങനെ അവർ നീതിയിൽ യഹോവയ്ക്കു വഴിപാട് അർപ്പിക്കും.

4അന്ന് യെഹൂദയുടെയും യെരൂശലേമിന്റെയും വഴിപാട് പുരാതനകാലത്തെന്നപോലെയും പണ്ടത്തെ വർഷങ്ങളിലെന്നപോലെയും യഹോവയ്ക്ക് പ്രസാദകരമായിരിക്കും.5“ഞാൻ ന്യായവിധിക്കായി നിങ്ങളോട് അടുത്തുവരും; ഞാൻ ക്ഷുദ്രക്കാർക്കും വ്യഭിചാരികൾക്കും കള്ളസ്സത്യം ചെയ്യുന്നവർക്കും കൂലിയുടെ കാര്യത്തിൽ കൂലിക്കാരനെയും വിധവയെയും അനാഥനെയും പീഡിപ്പിക്കുന്നവർക്കും എന്നെ ഭയപ്പെടാതെ പരദേശിയുടെ ന്യായം മറിച്ചുകളയുന്നവർക്കും വിരോധമായി ഒരു ശീഘ്രസാക്ഷിയായിരിക്കും” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
6“യഹോവയായ ഞാൻ മാറാത്തവൻ; അതുകൊണ്ടു യാക്കോബിന്റെ പുത്രന്മാരേ, നിങ്ങൾ മുടിഞ്ഞുപേകാതിരിക്കുന്നു.

7“നിങ്ങളുടെ പിതാക്കന്മാരുടെ കാലംമുതൽ നിങ്ങൾ എന്റെ ചട്ടങ്ങളെ പ്രമാണിക്കാതെ തെറ്റിനടന്നിരിക്കുന്നു; എന്റെ അടുക്കലേക്കു മടങ്ങിവരുവിൻ; ഞാൻ നിങ്ങളുടെ അടുക്കലേക്കും മടങ്ങിവരും” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. “എന്നാൽ നിങ്ങൾ: ‘ഏതിൽ ഞങ്ങൾ മടങ്ങിവരേണ്ടു?’ എന്നു ചോദിക്കുന്നു.”
8“മനുഷ്യനു ദൈവത്തെ തോല്പ്പിക്കാമോ ? എങ്കിലും നിങ്ങൾ എന്നെ തോൽപിക്കുന്നു. എന്നാൽ നിങ്ങൾ: ‘ഏതിൽ ഞങ്ങൾ നിന്നെ തോൽപിക്കുന്നു’ എന്നു ചോദിക്കുന്നു.” “ദശാംശത്തിലും വഴിപാടിലും തന്നെ.9നിങ്ങൾ, ഈ ജനത മുഴുവനും തന്നെ, എന്നെ തോൽപിക്കുന്നതുകൊണ്ടു നിങ്ങൾ ശാപഗ്രസ്തരാകുന്നു.
10എന്റെ ആലയത്തിൽ ആഹാരം ഉണ്ടാകേണ്ടതിന് നിങ്ങൾ ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്കു കൊണ്ടുവരുവിൻ. ഞാൻ നിങ്ങൾക്ക് ആകാശത്തിന്റെ കിളിവാതിലുകളെ തുറന്നു, സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേൽ അനുഗ്രഹം പകരുകയില്ലയോ? എന്നിങ്ങനെ നിങ്ങൾ ഇതിനാൽ എന്നെ പരീക്ഷിക്കുവിൻ” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.11“ഞാൻ വെട്ടുക്കിളിയെ ശാസിക്കും; അതു നിങ്ങളുടെ നിലത്തിലെ അനുഭവം നശിപ്പിച്ചു കളയുകയില്ല; പറമ്പിലെ മുന്തിരിവള്ളിയുടെ ഫലം പാകമാകാതെ കൊഴിഞ്ഞുപോകയുമില്ല” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.12“നിങ്ങൾ മനോഹരമായൊരു ദേശം ആയിരിക്കയാൽ സകലജാതികളും നിങ്ങളെ ഭാഗ്യവാന്മാർ എന്നു പറയും” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

13“നിങ്ങളുടെ വാക്കുകൾ എന്റെനേരെ അതികഠിനമായിരിക്കുന്നു” എന്നു യഹോവ അരുളിച്ചെയ്യുന്നു. “എന്നാൽ നിങ്ങൾ: ‘ഞങ്ങൾ നിന്റെ നേരെ എന്തു സംസാരിക്കുന്നു?’ എന്നു ചോദിക്കുന്നു.14‘യഹോവയ്ക്കു ശുശ്രൂഷ ചെയ്യുന്നതു വ്യർത്ഥം; ഞങ്ങൾ അവന്റെ കാര്യം നോക്കുന്നതിനാലും സൈന്യങ്ങളുടെ യഹോവയുടെ മുമ്പാകെ കറുപ്പുടുത്തു നടന്നതിനാലും എന്തു പ്രയോജനമുള്ളു?15ആകയാൽ ഞങ്ങൾ അഹങ്കാരികളെ ഭാഗ്യവാന്മാർ എന്നു പറയുന്നു; ദുഷ്പ്രവൃത്തിക്കാർ അഭിവൃദ്ധി പ്രാപിക്കുന്നു; ദൈവത്തെ പരീക്ഷിക്കുന്നവർ ശിക്ഷ ഒഴിഞ്ഞുപോകുന്നു’ എന്നു നിങ്ങൾ പറയുന്നു.”
16യഹോവാഭക്തന്മാർ അന്നു തമ്മിൽ തമ്മിൽ സംസാരിച്ചു; യഹോവ ശ്രദ്ധവച്ചു കേട്ടു; യഹോവാഭക്തന്മാർക്കും അവന്റെ നാമത്തെ സ്മരിക്കുന്നവർക്കും വേണ്ടി അവന്റെ സന്നിധിയിൽ ഒരു സ്മരണപുസ്തകം എഴുതിവച്ചിരിക്കുന്നു.
17“ഞാൻ ഉണ്ടാക്കുവാനുള്ള ദിവസത്തിൽ അവർ എനിക്ക് ഒരു നിക്ഷേപം ആയിരിക്കും” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; “ഒരു മനുഷ്യൻ തനിക്കു ശുശ്രൂഷ ചെയ്യുന്ന മകനെ ആദരിക്കുന്നതുപോലെ ഞാൻ അവരെ ആദരിക്കും.18അപ്പോൾ നിങ്ങൾ നീതിമാനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലും ഉള്ള വ്യത്യാസം വീണ്ടും കാണും.”


1 3:2 നിലനില്ക്കും നില്ക്കും എന്ന് മറ്റ് ഭാഷാന്തരത്തിൽ കാണുന്നു.

4

1ചൂളപോലെ കത്തുന്ന ഒരു ദിവസം വരും; അപ്പോൾ അഹങ്കാരികളെല്ലാവരും സകലദുഷ്പ്രവൃത്തിക്കാരും താളടിയാകും; വരുവാനുള്ള ആ ദിവസം വേരും ശിഖരവും ശേഷിപ്പിക്കാതെ അവരെ ദഹിപ്പിച്ചുകളയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.2എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങൾക്കോ നീതിസൂര്യൻ തന്റെ ചിറകുകളിൽ രോഗോപശാന്തിയോടുകൂടി ഉദിക്കും; നിങ്ങളും പുറപ്പെട്ട് തൊഴുത്തിൽനിന്നു വരുന്ന പശുക്കിടാക്കളെപ്പോലെ തുള്ളിച്ചാടും.3ഞാൻ ഉണ്ടാക്കുവാനുള്ള ദിവസത്തിൽ ദുഷ്ടന്മാർ നിങ്ങളുടെ കാലിൻ കീഴിൽ ചാരം ആയിരിക്കുകകൊണ്ടു നിങ്ങൾ അവരെ ചവിട്ടിക്കളയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

4ഞാൻ ഹോരേബിൽവച്ച് എല്ലാ യിസ്രായേലിനുംവേണ്ടി എന്റെ ദാസനായ മോശെയോടു കല്പിച്ചിരിക്കുന്ന ന്യായപ്രമാണവും ചട്ടങ്ങളും വിധികളും ഓർത്തുകൊള്ളുവിൻ.5യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ വരുന്നതിനു മുമ്പേ ഞാൻ നിങ്ങൾക്ക് ഏലീയാപ്രവാചകനെ അയക്കും.6ഞാൻ വന്നു ഭൂമിയെ ശാപംകൊണ്ടു ദണ്ഡിപ്പിക്കാതിരിക്കേണ്ടതിന് അവൻ അപ്പന്മാരുടെ ഹൃദയം മക്കളോടും മക്കളുടെ ഹൃദയം അപ്പന്മാരോടും നിരപ്പിക്കും.

മത്തായി

1
യേശുക്രിസ്തുവിന്റെ വംശാവലി

1അബ്രഹാമിന്റെയും ദാവീദിന്റെയും പുത്രനായി ജനിച്ച യേശുക്രിസ്തുവിന്റെ വംശാവലി:2അബ്രഹാം യിസ്ഹാക്കിന്റെ പിതാവായിരുന്നു; യിസ്ഹാക്ക് യാക്കോബിന്റെ പിതാവായിരുന്നു; യാക്കോബ് യെഹൂദയുടേയും അവന്റെ സഹോദരന്മാരുടെയും പിതാവായിരുന്നു;3യെഹൂദാ പാരെസിനെയും സാരഹിനേയും താമാറിൽ ജനിപ്പിച്ചു; പാരെസ് ഹെസ്രോന്റെ പിതാവായിരുന്നു; ഹെസ്രോൻ ആരാമിന്റെ പിതാവായിരുന്നു;

4ആരാം അമ്മീനാദാബിന്റെ പിതാവായിരുന്നു; അമ്മീനാദാബ് നഹശോനെ ജനിപ്പിച്ചു; നഹശോൻ ശല്മോനെ ജനിപ്പിച്ചു;5ശല്മോൻ രാഹാബിൽ ബോവസിനെ ജനിപ്പിച്ചു; ബോവസ് രൂത്തിൽ ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യിശ്ശായിയുടെ പിതാവായിരുന്നു;6യിശ്ശായി ദാവീദ്‌രാജാവിന്റെ പിതാവായിരുന്നു; ദാവീദ് ഊരിയാവിന്റെ ഭാര്യയായിരുന്നവളിൽ ശലോമോനെ ജനിപ്പിച്ചു;
7ശലോമോൻ രെഹബ്യാമിന്റെ പിതാവായിരുന്നു; രെഹബ്യാം അബീയാവിന്റെ പിതാവായിരുന്നു; അബീയാവ് ആസായുടെ പിതാവായിരുന്നു;8ആസാ യെഹോശാഫാത്തിന്റെ പിതാവായിരുന്നു; യെഹോശാഫാത്ത് യോരാമിന്റെ പിതാവായിരുന്നു; യോരാം ഉസ്സീയാവിന്റെ പിതാവായിരുന്നു;
9ഉസ്സീയാവ് യോഥാമിന്റെ പിതാവായിരുന്നു; യോഥാം ആഹാസിന്റെ പിതാവായിരുന്നു; ആഹാസ് ഹിസ്കീയാവിന്റെ പിതാവായിരുന്നു;10ഹിസ്കീയാവ് മനശ്ശെയുടെ പിതാവായിരുന്നു; മനശ്ശെ ആമോസിന്റെ പിതാവായിരുന്നു; ആമോസ് യോശിയാവിന്റെ പിതാവായിരുന്നു;11യോശീയാവ് യെഖൊന്യാവെയും അവന്റെ സഹോദരന്മാരെയും ബാബേൽപ്രവാസകാലത്ത് ജനിപ്പിച്ചു.

12ബാബേൽപ്രവാസത്തിനുശേഷം യെഖൊന്യാവ് ശെയല്തീയേലിന്റെ പിതാവായിരുന്നു; ശെയല്തീയേൽ സെരുബ്ബാബേലിന്റെ പിതാവായിരുന്നു;13സെരുബ്ബാബേൽ അബീഹൂദിന്റെ പിതാവായിരുന്നു; അബീഹൂദ് എല്യാക്കീമിന്റെ പിതാവായിരുന്നു; എല്യാക്കീം ആസോരിന്റെ പിതാവായിരുന്നു.14ആസോർ സാദോക്കിന്റെ പിതാവായിരുന്നു; സാദോക്ക് ആഖീമിന്റെ പിതാവായിരുന്നു; ആഖീം എലീഹൂദിന്റെ പിതാവായിരുന്നു;
15എലീഹൂദ് എലീയാസരിന്റെ പിതാവായിരുന്നു; എലീയാസർ മത്ഥാന്റെ പിതാവായിരുന്നു; മത്ഥാൻ യാക്കോബിന്റെ പിതാവായിരുന്നു.16യാക്കോബ് മറിയയുടെ ഭർത്താവായ യോസഫിന്റെ പിതാവായിരുന്നു. മറിയയിൽ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു.

17ഇങ്ങനെ തലമുറകൾ ആകെ അബ്രഹാം മുതൽ ദാവീദ്‌വരെ പതിനാലും ദാവീദുമുതൽ ബാബേൽപ്രവാസത്തോളം പതിനാലും ബാബേൽ പ്രവാസം മുതൽ ക്രിസ്തുവിനോളം പതിനാലും ആകുന്നു.
യേശുക്രിസ്തുവിന്റെ ജനനം

18എന്നാൽ യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരം ആയിരുന്നു. അവന്റെ അമ്മയായ മറിയ യോസഫിന് വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടി യോജിക്കുംമുമ്പെ പരിശുദ്ധാത്മാവിനാൽ ഗർഭം ധരിച്ചു എന്നു മനസ്സിലാക്കി.19അവളുടെ ഭർത്താവായ യോസഫ് നീതിമാനായിരുന്നതുകൊണ്ടും അവളെ പരസ്യമായി കളങ്കപ്പെടുത്തുവാൻ അവന് മനസ്സില്ലാത്തതു കൊണ്ടും അവളുമായുള്ള വിവഹനിശ്ചയം രഹസ്യമായി അവസാനിപ്പിക്കുവാൻ തീരുമാനിച്ചു.
20ഇങ്ങനെ ചിന്തിച്ചിരിക്കുമ്പോൾ കർത്താവിന്റെ ദൂതൻ അവന് സ്വപ്നത്തിൽ പ്രത്യക്ഷനായി: “ദാവീദിന്റെ മകനായ യോസഫേ, മറിയയെ ഭാര്യയായി സ്വീകരിക്കുന്ന കാര്യത്തിൽ നീ ഭയപ്പെടേണ്ടാ; അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിനാൽ ആകുന്നു.21അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിക്കുവാനായി വന്നിരിക്കുന്നതുകൊണ്ട് നീ അവന്റെ പേര് യേശു എന്നു വിളിക്കണം എന്നു പറഞ്ഞു.”
22“കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന് ദൈവം നമ്മോടു കൂടെ എന്നർത്ഥമുള്ള ഇമ്മാനുവേൽ എന്നു പേർ വിളിക്കും”
23കർത്താവ് പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്ത കാര്യങ്ങൾ ഇപ്രകാരം നിവർത്തിയായി.

24യോസഫ് ഉറക്കം ഉണർന്നു. കർത്താവിന്റെ ദൂതൻ കല്പിച്ചതുപോലെ ചെയ്തു, തന്റെ ഭാര്യയായി അവളെ സ്വീകരിച്ചു.25എന്നിരുന്നാലും, മകനെ പ്രസവിക്കുംവരെ അവൻ അവളുമായി ശാരീരികമായി ബന്ധപ്പെട്ടിരുന്നില്ല. മകന് അവൻ യേശു എന്നു പേർ വിളിച്ചു.

2
കിഴക്കുനിന്ന് വന്ന ജ്ഞാനികൾ യെരുശലേമിൽ

1ഹെരോദാരാജാവിന്റെ കാലത്ത് യേശു യെഹൂദ്യയിലെ ബേത്ത്ലേഹെമിൽ ജനിച്ചശേഷം, കിഴക്കുനിന്ന് വിദ്വാന്മാർ യെരൂശലേമിൽ എത്തി:2യെഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ? ഞങ്ങൾ അവന്റെ നക്ഷത്രം കിഴക്ക് കണ്ട് അവനെ നമസ്കരിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.3ഹെരോദാരാജാവ് അത് കേട്ടിട്ട് അവനും യെരൂശലേം ഒക്കെയും ഭ്രമിച്ചുപോയി,

4ഹെരോദാരാജാവ് ജനത്തിന്റെ മഹാപുരോഹിതന്മാരെയും ശാസ്ത്രിമാരെയും എല്ലാം കൂട്ടിവരുത്തി: ക്രിസ്തു എവിടെ ആകുന്നു ജനിക്കുന്നതെന്ന് അവരോട് ചോദിച്ചു.5അവർ അവനോട്: പ്രവാചകൻ എഴുതിയിരിക്കുന്നതിൻ പ്രകാരം യെഹൂദ്യയിലെ ബേത്ത്ലേഹെമിൽ തന്നേ.
6“യെഹൂദ്യയിലെ ബേത്ത്ലേഹെമേ, യെഹൂദ്യാ പ്രഭുക്കന്മാരിൽ നീ ഒട്ടും ചെറുതല്ല; എന്റെ ജനമായ യിസ്രായേലിനെ മേയ്ക്കുവാനുള്ള തലവൻ നിന്നിൽ നിന്നു പുറപ്പെട്ടുവരും”
എന്നു പറഞ്ഞു.

7ഉടനെ ഹെരോദാവ് വിദ്വാന്മാരെ രഹസ്യമായി വിളിച്ചു, നക്ഷത്രം പ്രത്യക്ഷമായ സമയം അവരോട് കൃത്യമായി ചോദിച്ചറിഞ്ഞു.8അവരെ ബേത്ളഹേമിലേക്കു അയച്ചു: നിങ്ങൾ ചെന്ന് ശിശുവിനെക്കുറിച്ച് ശ്രദ്ധയോടെ അന്വേഷിക്കുവിൻ; കണ്ടെത്തിയാൽ ആ വാർത്ത എന്നെ അറിയിക്കുവിൻ ഞാനും വന്നു അവനെ നമസ്കരിക്കട്ടെ,
9രാജാവ് പറഞ്ഞത് കേട്ട് അവർ പുറപ്പെട്ടു; അവർ കിഴക്ക് കണ്ട നക്ഷത്രം ശിശു ഇരിക്കുന്ന സ്ഥലത്തിന് മീതെ വന്നുനില്ക്കുന്നതുവരെ അവർക്ക് മുമ്പായി പൊയ്ക്കൊണ്ടിരുന്നു.10നക്ഷത്രം കണ്ടപ്പോൾ അവർ അത്യന്തം സന്തോഷിച്ചു;
11ആ വീട്ടിൽ ചെന്ന്, ശിശുവിനെ അമ്മയായ മറിയയോടു കൂടെ കണ്ട്, കുമ്പിട്ട് അവനെ നമസ്കരിച്ചു; നിക്ഷേപപാത്രങ്ങളെ തുറന്നു അവന് പൊന്നും കുന്തുരുക്കവും മൂരും അർപ്പിച്ചു.12ഹെരോദാവിന്റെ അടുക്കൽ മടങ്ങിപ്പോകരുത് എന്നു സ്വപ്നത്തിൽ ദൈവം അവരോട് അരുളിച്ചെയ്തിട്ട് അവർ വേറെ വഴിയായി സ്വദേശത്തേക്ക് മടങ്ങിപ്പോയി.
മിസ്രയീമിലേക്ക് ഓടിപ്പോകുന്നു

13അവർ പോയശേഷം കർത്താവിന്റെ ദൂതൻ യോസഫിന് സ്വപ്നത്തിൽ പ്രത്യക്ഷനായി: നീ ‘‘എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ട് മിസ്രയീമിലേക്ക് ഓടിപ്പോക, ഞാൻ നിന്നോട് പറയുംവരെ അവിടെ പാർക്കുക; ഹെരോദാവ് ശിശുവിനെ നശിപ്പിക്കേണ്ടതിന്നു അവനെ അന്വേഷിക്കുന്നു” എന്നു പറഞ്ഞു.14ആ രാത്രിയിൽ യോസഫ് എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ട് മിസ്രയീമിലേക്ക് പുറപ്പെട്ടു.15ഹെരോദാവിന്റെ മരണത്തോളം അവൻ അവിടെ പാർത്തു: “മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി” എന്നു കർത്താവ് പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്ത പ്രവചനം നിവൃത്തിയാകുവാൻ ഇടവന്നു.
ഹെരോദാവിന്റെ കോപം

16കിഴക്കുനിന്നും വന്ന ജ്ഞാനികൾ തന്നെ കളിയാക്കി എന്നു ഹെരോദാവ് കണ്ട് വളരെ കോപിച്ചു, അവരോട് ചോദിച്ചറിഞ്ഞ കാലത്തിന് ഒത്തവണ്ണം രണ്ടു വയസ്സും അതിൽ താഴെയുമുള്ള ആൺകുട്ടികളെ ഒക്കെയും ബേത്ത്ലേഹെമിലും അതിന്റെ എല്ലാ അതിരുകളിലും ആളയച്ച് കൊല്ലിച്ചു.
17“റാമയിൽ ഒരു ശബ്ദം കേട്ട്, കരച്ചിലും വലിയ നിലവിളിയും തന്നേ; റാഹേൽ മക്കളെച്ചൊല്ലി കരഞ്ഞു; അവർ ഇല്ലായ്കയാൽ ആശ്വാസം കൈക്കൊൾവാൻ മനസ്സില്ലാതിരുന്നു”
18യിരെമ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്ത പ്രവചനം അന്ന് നിവൃത്തിയായി.
നസറെത്തിലേക്ക് മടക്കിവരുത്തുന്നു

19എന്നാൽ ഹെരോദാവ് മരിച്ചു കഴിഞ്ഞശേഷം കർത്താവിന്റെ ദൂതൻ മിസ്രയീമിൽ വെച്ച് യോസഫിന് സ്വപ്നത്തിൽ പ്രത്യക്ഷനായി:20ശിശുവിന് പ്രാണഹാനി വരുത്തുവാൻ നോക്കിയവർ മരിച്ചുപോയതുകൊണ്ട് നീ എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ട് യിസ്രായേൽദേശത്തേക്കു പോക എന്നു പറഞ്ഞു.21യോസഫ് എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ട് യിസ്രായേൽദേശത്തു വന്നു.
22എന്നാൽ യെഹൂദ്യയിൽ അർക്കെലയൊസ് തന്റെ അപ്പനായ ഹെരോദാവിന് പകരം വാഴുന്നു എന്നു കേട്ടതുകൊണ്ട് അവിടെ പോകുവാൻ ഭയപ്പെട്ടു, സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ട് ഗലീലപ്രദേശങ്ങളിലേക്ക് മാറിപ്പോയി.23അവൻ നസറായൻ എന്നു വിളിക്കപ്പെടും എന്നു പ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തത് നിവൃത്തിയാകുവാൻ തക്കവണ്ണം നസറെത്ത് എന്ന ഗ്രാമത്തിൽ ചെന്ന് പാർത്തു.

3
സ്നാപകയോഹന്നാന്റെ പ്രസംഗം

1ആ കാലങ്ങളിൽ യോഹന്നാൻ സ്നാപകൻ വന്നു, യെഹൂദ്യമരുഭൂമിയിൽ പ്രസംഗിച്ചു:2സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുകയാൽ മാനസാന്തരപ്പെടുവിൻ എന്നു പറഞ്ഞു.

3“മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കുകൾ: കർത്താവിന്റെ വഴി ഒരുക്കി അവന്റെ പാത നിരപ്പാക്കുവിൻ”
എന്നിങ്ങനെ യെശയ്യാ പ്രവാചകൻ പറഞ്ഞവൻ ഇവൻ തന്നേ.
4യോഹന്നാന് ഒട്ടകരോമംകൊണ്ടുള്ള ഉടുപ്പും തോലുകൊണ്ടുള്ള അരപ്പട്ടയും ഉണ്ടായിരുന്നു; അവന്റെ ആഹാരമോ വെട്ടുക്കിളിയും കാട്ടുതേനും ആയിരുന്നു.5അന്ന് യെരൂശലേമ്യരും യെഹൂദ്യദേശക്കാരൊക്കയും യോർദ്ദാന്റെ ഇരുകരയുമുള്ള എല്ലാ നാട്ടുകാരും പുറപ്പെട്ടു അവന്റെ അടുക്കൽ ചെന്ന്6തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ട് യോർദ്ദാൻനദിയിൽ അവനാൽ സ്നാനം ഏറ്റു.
7സ്നാനമേൽക്കുന്നതിനായി പരീശരിലും സദൂക്യരിലും ഉള്ള പലരും തന്റെ അരികിൽ വരുന്നത് കണ്ടപ്പോൾ യോഹന്നാൻ അവരോട് പറഞ്ഞത്: സർപ്പസന്തതികളേ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞു ഓടിപ്പോകുവാൻ നിങ്ങൾക്ക് മുന്നറിയിപ്പ് തന്നതു ആർ?
മാനസാന്തരത്തിനു യോഗ്യമായ ഫലം കായ്പിൻ

8മാനസാന്തരത്തിന് യോഗ്യമായ ഫലം കായ്പിൻ.9അബ്രഹാം ഞങ്ങൾക്കു പിതാവായുണ്ട് എന്നു നിങ്ങളുടെ ഇടയിൽ പറയുവാൻ ചിന്തിക്കരുത്; ഈ കല്ലുകളിൽ നിന്നു അബ്രഹാമിന് മക്കളെ ഉളവാക്കുവാൻ ദൈവത്തിന് കഴിയും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
10ഇപ്പോൾ തന്നേ വൃക്ഷങ്ങളുടെ ചുവട്ടിന് കോടാലി വെച്ചിരിക്കുന്നു; നല്ലഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു.11ഞാൻ നിങ്ങളെ മാനസാന്തരത്തിനായി വെള്ളത്തിൽ സ്നാനം കഴിപ്പിക്കുന്നു; എന്റെ പിന്നാലെ വരുന്നവനോ എന്നേക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവ് കൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും.12പാറ്റുവാൻ ഉപയോഗിക്കുന്ന വീശൂമുറം അവന്റെ കയ്യിൽ ഉണ്ട്; അവൻ മെതിക്കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പ് കളപ്പുരയിൽ കൂട്ടിവയ്ക്കുകയും പതിർ ഒരിക്കലും കെടാത്ത തീയിൽ ഇട്ട് ചുട്ടുകളകയും ചെയ്യും.
യേശു സ്നാനം ഏൽക്കുന്നു

13അനന്തരം യേശു യോഹന്നാനാൽ സ്നാനം ഏല്ക്കുവാൻ ഗലീലയിൽ നിന്നു യോർദ്ദാൻനദിയിൽ അവന്റെ അടുക്കൽ വന്നു.14യോഹന്നാൻ അവനെ വിലക്കി: നിന്നാൽ സ്നാനം ഏല്ക്കുവാൻ എനിക്ക് ആവശ്യം; പിന്നെ നീ എന്റെ അടുക്കൽ വരുന്നുവോ എന്നു പറഞ്ഞു.15യേശു പ്രത്യുത്തരമായി യോഹന്നാൻ സ്നാപകനോട്: “ഇപ്പോൾ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവർത്തിയ്ക്കുന്നത് നമുക്കു ഉചിതം” എന്നു പറഞ്ഞു; ഉടനെ യോഹന്നാൻ യേശുവിനെ അനുവദിച്ചു.
ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു

16യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്ന് കയറി; അപ്പോൾ സ്വർഗ്ഗം അവനായി തുറന്നു ദൈവാത്മാവ് പ്രാവെന്നതുപോലെ ഇറങ്ങുന്നതും തന്റെ മേൽ പ്രകടമാകുന്നതും അവൻ കണ്ട്;17ശ്രദ്ധിക്കുക, ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.

4
യേശു മരുഭൂമിയിൽ പരീക്ഷിക്കപ്പെടുന്നു

1അനന്തരം പിശാചിനാൽ പരീക്ഷിക്കപ്പെടുവാൻ യേശുവിനെ ആത്മാവ് മരുഭൂമിയിലേക്ക് നടത്തി.2അവൻ നാല്പതു പകലും നാല്പതു രാവും ഉപവസിച്ചശേഷം അവന് വിശന്നു.3അപ്പോൾ പരീക്ഷകൻ അടുത്തുവന്ന് പറഞ്ഞു: “നീ ദൈവപുത്രൻ എങ്കിൽ ഈ കല്ല് അപ്പമായിത്തീരുവാൻ കല്പിക്ക”4എന്നാൽ അവൻ ഉത്തരം പറഞ്ഞത്: “മനുഷ്യൻ അപ്പംകൊണ്ട് മാത്രമല്ല, ദൈവത്തിന്റെ വായിൽനിന്നും വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു” എന്നു എഴുതിയിരിക്കുന്നു

5പിന്നെ പിശാച് അവനെ വിശുദ്ധ നഗരത്തിൽ കൊണ്ടുപോയി ദൈവാലയത്തിന്റെ ഏറ്റവും ഉയർന്ന ഭാഗത്ത് നിർത്തി അവനോട്:6“നീ ദൈവപുത്രൻ എങ്കിൽ താഴോട്ടു ചാടുക”;
“നിന്നെക്കുറിച്ച് അവൻ തന്റെ ദൂതന്മാരോട് കല്പിക്കും; അവൻ നിന്റെ കാൽ കല്ലിനോട് തട്ടാതവണ്ണം നിന്നെ കയ്യിൽ താങ്ങിക്കൊള്ളും”
എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
7യേശു അവനോട്: “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത് എന്നും കൂടെ എഴുതിയിരിക്കുന്നു” എന്നു പറഞ്ഞു.8പിന്നെ പിശാച് അവനെ ഏറ്റവും ഉയർന്നൊരു മലമുകളിൽ കൂട്ടിക്കൊണ്ടുപോയി ലോകത്തിലുള്ള സകല രാജപദവികളെയും അവയുടെ മഹത്വത്തെയും കാണിച്ചു:9വണങ്ങി എന്നെ നമസ്കരിച്ചാൽ ഇതൊക്കെയും നിനക്ക് നൽകാം എന്നു അവനോട് പറഞ്ഞു.
10യേശു അവനോട് പറഞ്ഞു: സാത്താനേ ഇവിടം വിട്ട് പോക “നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവൂ എന്നു എഴുതിയിരിക്കുന്നുവല്ലോ.”11അപ്പോൾ പിശാച് അവനെ വിട്ടുപോയി; ദൂതന്മാർ അടുത്തുവന്ന് അവനെ ശുശ്രൂഷിച്ചു.
യേശു തന്റെ ദൗത്യം ആരംഭിക്കുന്നു

12യോഹന്നാനെ തടവിലാക്കിയിരിക്കുന്നു എന്നു കേട്ടപ്പോൾ യേശു ഗലീലയിലേക്ക് പിൻ വാങ്ങുകയും,13നസറെത്ത് വിട്ടു സെബൂലൂന്റെയും നഫ്താലിയുടെയും അതിരുകളിൽ കടല്ക്കരെയുള്ള കഫർന്നഹൂമിൽ ചെന്ന് താമസിക്കുകയും ചെയ്തു;
14“സെബൂലൂൻ ദേശത്തും നഫ്താലിദേശത്തും കടല്ക്കരയിലും യോർദ്ദാനക്കരെയുള്ള നാടുകളിലും ജാതികളുടെ ഗലീലയിലും15ഇങ്ങനെ ഇരുട്ടിൽ ഇരുന്നതായ ജനം മഹത്തായൊരു വെളിച്ചം കണ്ട്; മരണത്തിന്റെ ദേശത്തിലും നിഴലിലും ആയിരുന്നവർക്ക് പ്രകാശം ഉദിച്ചു”
16എന്നു യെശയ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തത് നിവൃത്തിയാകുവാൻ കാരണമായി.

17അന്നുമുതൽ യേശു: സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുകയാൽ മാനസാന്തരപ്പെടുവിൻ എന്നു പ്രസംഗിച്ചു തുടങ്ങി.
ആദ്യം തിരഞ്ഞെടുത്ത നാല് ശിഷ്യന്മാർ

18യേശു ഗലീലക്കടല്പുറത്ത് നടക്കുമ്പോൾ പത്രൊസ് എന്നു പേരുള്ള ശിമോൻ അവന്റെ സഹോദരനായ അന്ത്രെയാസ്, എന്നിങ്ങനെ മീൻപിടിക്കുന്നവരായ രണ്ടു സഹോദരന്മാർ കടലിൽ വല വീശുന്നത് കണ്ട്:19യേശു അവരോട് പറഞ്ഞു. എന്റെ പിന്നാലെ വരുവിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും20ഉടനെ അവർ വല വിട്ടുകളഞ്ഞ് യേശുവിനെ അനുഗമിച്ചു.
21അവിടെ നിന്നു മുമ്പോട്ടു പോയപ്പോൾ സെബെദിയുടെ മകൻ യാക്കോബും അവന്റെ സഹോദരൻ യോഹന്നാനും എന്ന വേറെ രണ്ടു സഹോദരന്മാർ പടകിൽ ഇരുന്നു അപ്പനായ സെബെദിയുമായി വല നന്നാക്കുന്നത് കണ്ട് അവരെയും വിളിച്ചു.22അവരും ഉടൻതന്നെ പടകിനെയും അപ്പനെയും വിട്ടു യേശുവിനെ അനുഗമിച്ചു.
രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുകയും, രോഗികളെ സൗഖ്യമാക്കുകയും ചെയ്യുന്നു

23പിന്നെ യേശു ഗലീലയിൽ ഒക്കെയും ചുറ്റി സഞ്ചരിച്ചുകൊണ്ട് അവരുടെ പള്ളികളിൽ ഉപദേശിക്കുകയും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുകയും ജനങ്ങളിലുള്ള സകലദീനത്തെയും വ്യാധിയെയും സൌഖ്യമാക്കുകയും ചെയ്തു.24അവനെ പറ്റിയുള്ള ശ്രുതി സുറിയയിൽ ഒക്കെയും പരന്നു. നാനാവ്യാധികളാലും ബാധകളാലും വലഞ്ഞവർ, ഭൂതഗ്രസ്തർ, അപസ്മാരരോഗികൾ, പക്ഷവാതക്കാർ ഇങ്ങനെ സകലവിധ ദീനക്കാരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു.25അവൻ അവരെ സൌഖ്യമാക്കി; ഗലീല, ദെക്കപ്പൊലി, യെരൂശലേം, യെഹൂദ്യ, യോർദ്ദാനക്കരെ എന്നീ സ്ഥലങ്ങളിൽ നിന്നു വളരെ പുരുഷാരം അവനെ പിന്തുടർന്നു.

5
സുവിശേഷ സൗഭാഗ്യങ്ങൾ

1യേശു പുരുഷാരത്തെ കണ്ടപ്പോൾ മലയിൽ കയറി; അവിടെ അവൻ ഇരുന്നശേഷം ശിഷ്യന്മാർ അടുക്കൽ വന്നു.2അവൻ തിരുവായ്മൊഴിഞ്ഞു അവരെ ഉപദേശിച്ചുതുടങ്ങിയത്:

3ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളത്.

4ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്ക് ആശ്വാസം ലഭിക്കും.

5സൌമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും.

6നീതിക്കുവേണ്ടി വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവർ സംതൃപ്തർ ആകും.

7കരുണയുള്ളവർ ഭാഗ്യവാന്മാർ; അവർക്ക് കരുണ ലഭിക്കും.

8ഹൃദയനിർമ്മലതയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും.

9സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും.

10നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളത്.
11എന്റെ നിമിത്തം നിങ്ങളെ അപമാനിക്കുകയും ഉപദ്രവിക്കുകയും നിങ്ങളെക്കൊണ്ട് എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.12സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം മഹത്തരമാകകൊണ്ട് സന്തോഷിച്ചുല്ലസിപ്പിൻ; നിങ്ങൾക്ക് മുമ്പെ ജീവിച്ചിരുന്ന പ്രവാചകന്മാരെയും അവർ അങ്ങനെതന്നെ ഉപദ്രവിച്ചുവല്ലോ.
ഉപ്പും പ്രകാശവും

13നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു; ഉപ്പ് സ്വാദ് ഇല്ലാതെപോയാൽ അതിന് എങ്ങനെ സ്വാദ് വരുത്താം? പുറത്തു കളഞ്ഞിട്ട് മനുഷ്യർ ചവിട്ടുവാനല്ലാതെ മറ്റൊന്നിനും പിന്നെ കൊള്ളുന്നതല്ല.14നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേൽ സ്ഥാപിച്ചിരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാൻ പാടില്ല.
15വിളക്കു കത്തിച്ച് കൂടയ്ക്ക് കീഴിലല്ല, പ്രത്യുത തണ്ടിന്മേലത്രേ വെയ്ക്കുന്നത്; അപ്പോൾ വിളക്ക് വീട്ടിലുള്ള എല്ലാവർക്കും പ്രകാശം കൊടുക്കുന്നു.16അങ്ങനെ തന്നേ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ട്, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.
ന്യായപ്രമാണത്തിന്റെ പൂർത്തീകരണം

17ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നശിപ്പിക്കേണ്ടതിന്നു വന്നു എന്നു ചിന്തിക്കരുത്; നശിപ്പിക്കുവാനല്ല പൂർത്തിയാക്കുവാനത്രേ ഞാൻ വന്നത്.18സത്യമായിട്ട് ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും പൂർത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്ന് ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.
19ആകയാൽ ഈ ഏറ്റവും ചെറിയ കല്പനകളിൽ ഒന്ന് വ്യത്യാസപ്പെടുത്തുകയും മനുഷ്യരെ അങ്ങനെ പഠിപ്പിക്കയും ചെയ്യുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവൻ എന്നു വിളിക്കപ്പെടും; അവയെ അനുസരിക്കുകയും പഠിപ്പിക്കയും ചെയ്യുന്നവനോ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ എന്നു വിളിക്കപ്പെടും.20നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ കടക്കുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
കൊലപാതകം അരുത്

21കൊല ചെയ്യരുത് എന്നും ആരെങ്കിലും കൊല ചെയ്താൽ ന്യായവിധിയ്ക്ക് യോഗ്യനാകും എന്നും പൂർവ്വപിതാക്കൻമാരോട് ആ കാലങ്ങളിൽ അരുളിച്ചെയ്തത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.22ഞാനോ നിങ്ങളോടു പറയുന്നത്: സഹോദരനോട് കോപിക്കുന്നവൻ എല്ലാം ന്യായവിധിയ്ക്ക് യോഗ്യനാകും; സഹോദരനോട് വിലയില്ലാത്തവൻ എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നിൽക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിന് യോഗ്യനാകും.
വഴിപാട് അർപ്പിക്കുമ്പോൾ

23അതുകൊണ്ട് നിന്റെ വഴിപാട് യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന് നിനക്ക് എതിരായി വല്ലവിരോധവും ഉണ്ടെന്ന് അവിടെവച്ച് ഓർമ്മവന്നാൽ24നിന്റെ വഴിപാട് അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചിട്ട്, ഒന്നാമത് ചെന്ന് സഹോദരനോട് നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാട് കഴിക്ക.
25നിന്റെ പ്രതിയോഗിയോടുകൂടെ ന്യായസ്ഥലത്തേക്കുള്ള വഴിയിൽ ആയിരിക്കുമ്പോൾ തന്നേ വേഗത്തിൽ അവനോട് ഇണങ്ങിക്കൊൾക; അല്ലാഞ്ഞാൽ പ്രതിയോഗി നിന്നെ ന്യായാധിപനും ന്യായാധിപൻ നിന്നെ കാവൽക്കാരന്റെ പക്കലും ഏല്പിച്ചിട്ട് നീ തടവിലായ്പോകും.26ഒടുവിലത്തെ കാശുപോലും കൊടുത്തു തീരുവോളം നീ അവിടെനിന്ന് പുറത്തു വരികയില്ല എന്നു ഞാൻ സത്യമായിട്ട് നിന്നോട് പറയുന്നു.
വ്യഭിചാരം ചെയ്യരുത്

27വ്യഭിചാരം ചെയ്യരുത് എന്നു അരുളിച്ചെയ്തത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.28ഞാനോ നിങ്ങളോടു പറയുന്നത്: സ്ത്രീയെ മോഹിക്കേണ്ടതിന് അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ട് അവളോട് വ്യഭിചാരം ചെയ്തുപോയി.
29എന്നാൽ വലങ്കണ്ണ് നിനക്ക് വീഴ്ചവരുത്തുന്നു എങ്കിൽ അതിനെ ചൂഴ്ന്നെടുത്ത് എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ വീഴുന്നതിനേക്കാൾ നിന്റെ അവയവങ്ങളിൽ ഒന്ന് നശിക്കുന്നത് നിനക്ക് പ്രയോജനമത്രേ.30വലങ്കൈ നിനക്ക് വീഴ്ച വരുത്തുന്നു എങ്കിൽ അതിനെ വെട്ടി എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ പോകുന്നതിനേക്കാൾ അവയവങ്ങളിൽ ഒന്ന് നശിക്കുന്നത് നിനക്ക് പ്രയോജനമത്രേ.
ഉപേക്ഷണം അരുത്

31ആരെങ്കിലും ഭാര്യയെ ഉപേക്ഷിച്ചാൽ അവൾക്ക് ഉപേക്ഷണപത്രം കൊടുക്കട്ടെ എന്ന് അരുളിച്ചെയ്തിട്ടുണ്ടല്ലോ.32ഞാനോ നിങ്ങളോടു പറയുന്നത്: വ്യഭിചാരം ഹേതുവായിട്ടല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവനെല്ലാം അവളെ വ്യഭിചാരിണിയാക്കുന്നു; ഉപേക്ഷിച്ചവളെ ആരെങ്കിലും വിവാഹം കഴിച്ചാൽ വ്യഭിചാരം ചെയ്യുന്നു.
കള്ള സത്യം ചെയ്യരുത്.

33കള്ള സത്യം ചെയ്യരുത് എന്നും സത്യം ചെയ്തതു കർത്താവിന് നിവർത്തിക്കേണം എന്നും പൂർവ്വന്മാരോട് ആ കാലങ്ങളിൽ അരുളിച്ചെയ്തത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.34ഞാനോ നിങ്ങളോടു പറയുന്നത്: ഒരിക്കലും സത്യം ചെയ്യരുത്; സ്വർഗ്ഗത്തെക്കൊണ്ട് അരുത്, അത് ദൈവത്തിന്റെ സിംഹാസനം;35ഭൂമിയെക്കൊണ്ട് അരുത്, അത് അവന്റെ പാദപീഠം; യെരൂശലേമിനെക്കൊണ്ട് അരുത്, അത് മഹാരാജാവിന്റെ നഗരം
36നിന്റെ തലയെക്കൊണ്ടും സത്യം ചെയ്യരുത്; ഒരു രോമവും വെളുപ്പിപ്പാനോ കറുപ്പിക്കുവാനോ നിനക്ക് കഴിയുകയില്ലല്ലോ.37നിങ്ങളുടെ വാക്ക് അതെ അതെ, എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ; ഇതിൽ അധികമായത് ദുഷ്ടനിൽനിന്ന് വരുന്നു.
പ്രതികാരം അരുത്, ആവശ്യക്കാരനെ അവഗണിക്കരുത്

38കണ്ണിന് പകരം കണ്ണും പല്ലിന് പകരം പല്ലും എന്നു അരുളിച്ചെയ്തത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.39ഞാനോ നിങ്ങളോടു പറയുന്നത്: ദുഷ്ടനോട് എതിർക്കരുത്; നിന്നെ വലത്തെ കരണത്ത് അടിക്കുന്നവന് മറ്റേ കരണവും തിരിച്ചുകാണിക്ക.
40നിന്നോട് വ്യവഹരിച്ച് നിന്റെ വസ്ത്രം എടുക്കുവാൻ ഇച്ഛിക്കുന്നവന് നിന്റെ മേൽ കുപ്പായവും വിട്ടുകൊടുക്കുക.41ഒരുവൻ നിന്നെ ഒരു മൈൽ1 ദൂരം പോകുവാൻ നിർബ്ബന്ധിച്ചാൽ രണ്ടു അവനോടുകൂടെ പോക.42നിന്നോട് യാചിക്കുന്നവനു കൊടുക്ക; വായ്പവാങ്ങുവാൻ ഇച്ഛിക്കുന്നവനെ ഒഴിഞ്ഞുകളയരുത്.
ശത്രുക്കളെ സ്നേഹിക്കുക

43അയൽക്കാരനെ സ്നേഹിക്ക എന്നും ശത്രുവിനെ പകയ്ക്ക എന്നും അരുളിച്ചെയ്തത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.44ഞാനോ നിങ്ങളോടു പറയുന്നത്: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുവിൻ;45സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന് പുത്രന്മാരായി തീരേണ്ടതിന് തന്നേ; അവൻ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെ മേലും മഴ പെയ്യിക്കയും ചെയ്യുന്നുവല്ലോ.
സൽഗുണപൂർണ്ണരാകുവിൻ

46നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ നിങ്ങൾക്ക് എന്ത് പ്രതിഫലം? ചുങ്കക്കാരും അങ്ങനെതന്നെ ചെയ്യുന്നില്ലയോ?47സഹോദരന്മാരെ മാത്രം വന്ദനം ചെയ്താൽ നിങ്ങൾ എന്ത് വിശേഷം ചെയ്യുന്നു? ജാതികളും അങ്ങനെതന്നെ ചെയ്യുന്നില്ലയോ?48ആകയാൽ നിങ്ങളുടെ സ്വർഗ്ഗീയപിതാവ് സൽഗുണപൂർണ്ണൻ ആയിരിക്കുന്നതുപോലെ നിങ്ങളും സൽഗുണപൂർണ്ണരായിരിക്കേണം.


1 5. 41 ഒരു മൈൽ എന്നാൽ 1. 6 കി. മീ.

6
നമ്മുടെ നന്മ പ്രവർത്തികൾ

1മനുഷ്യർ കാണേണ്ടതിനായി നിങ്ങളുടെ നീതിപ്രവൃത്തികൾ അവരുടെ മുമ്പിൽ ചെയ്യാതിരിപ്പാൻ ജാഗ്രതയുള്ളവരായിരിപ്പിൻ; അല്ലായെങ്കിൽ സ്വർഗ്ഗത്തിലുള്ള നിങ്ങളുടെ പിതാവിന്റെ പക്കൽനിന്നും നിങ്ങൾക്ക് പ്രതിഫലം ലഭിക്കുകയില്ല.

2ആകയാൽ ഭിക്ഷ കൊടുക്കുമ്പോൾ മനുഷ്യരാൽ പ്രശംസിക്കപ്പെടേണ്ടതിന് പള്ളികളിലും വീഥികളിലും കപടഭക്തിക്കാർ ചെയ്യുന്നതുപോലെ നിന്റെ മുമ്പിൽ കാഹളം ഊതിക്കരുത്; അവർക്ക് പ്രതിഫലം കിട്ടിയിരിക്കുന്നു എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
3നീയോ ദാനം ചെയ്യുമ്പോൾ നിന്റെ ദാനം രഹസ്യത്തിലായിരിക്കേണ്ടതിന് വലതു കൈ ചെയ്യുന്നതു എന്ത് എന്നു ഇടതുകൈ അറിയരുത്.4രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവ് നിനക്ക് പ്രതിഫലം തരും.
പ്രാർത്ഥിക്കുമ്പോൾ

5നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ കപടഭക്തിക്കാരെപ്പോലെ ആകരുത്; അവർ മനുഷ്യർ കാണേണ്ടതിന് പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ടു പ്രാർത്ഥിക്കുവാൻ ഇഷ്ടപ്പെടുന്നു; അവർക്ക് പ്രതിഫലം കിട്ടിയിരിക്കുന്നു എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.6നീയോ പ്രാർത്ഥിക്കുമ്പോൾ സ്വകാര്യമുറിയിൽ കടന്നു വാതിൽ അടച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോട് പ്രാർത്ഥിക്കുക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവ് നിനക്ക് പ്രതിഫലം തരും.7പ്രാർത്ഥിക്കുമ്പോൾ നിങ്ങൾ ജാതികളെപ്പോലെ വ്യർത്ഥവാക്കുകൾ ആവർത്തിക്കരുത്; അധികം സംസാരിക്കുന്നതുകൊണ്ട് ഉത്തരം കിട്ടും എന്നാണ് അവർ ചിന്തിക്കുന്നത്.
8അവരോട് തുല്യരാകരുത്; നിങ്ങൾക്ക് ആവശ്യമുള്ളത് ഇന്നതെന്ന് നിങ്ങൾ യാചിക്കും മുമ്പെ നിങ്ങളുടെ പിതാവ് അറിയുന്നുവല്ലോ.9നിങ്ങൾ ഇപ്രകാരം പ്രാർത്ഥിക്കുവിൻ: സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ നാമം വിശുദ്ധീകരിക്കപ്പെടേണമേ;10അങ്ങയുടെ രാജ്യം വരേണമേ; അങ്ങയുടെ ഹിതം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;
11ഞങ്ങൾക്ക് ആവശ്യമുള്ള ആഹാരം ഇന്ന് തരേണമേ;12ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെയും ഞങ്ങളോടു ക്ഷമിക്കേണമേ;13പരീക്ഷകളിൽ ഞങ്ങൾ അകപ്പെടാതെ, ദുഷ്ടനായവനിൽനിന്ന് ഞങ്ങളെ വിടുവിക്കേണമേ. രാജ്യവും ശക്തിയും മഹത്വവും എന്നും അങ്ങയ്ക്കുള്ളതല്ലോ.
14നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിയ്ക്കും.15നിങ്ങൾ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവ് നിങ്ങളോടും പിഴകളെ ക്ഷമിക്കയില്ല.
ഉപവസിക്കുമ്പോൾ

16വിശേഷിച്ചും നിങ്ങൾ ഉപവസിക്കുമ്പോൾ കപടഭക്തിക്കാർ ചെയ്യുന്നതുപോലെ വിഷാദമായ മുഖം കാണിക്കരുത്; എന്തെന്നാൽ അവർ ഉപവസിക്കുന്നു എന്നു മനുഷ്യരെ കാണിക്കേണ്ടതിന് അവരുടെ മുഖത്തെ വിരൂപമാക്കുന്നു; അവർക്ക് പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.17എന്നാൽ നീയോ ഉപവസിക്കുമ്പോൾ തലയിൽ എണ്ണ തേച്ച് മുഖം കഴുകുക എങ്കിൽ നിന്റെ ഉപവാസം മനുഷ്യരല്ല രഹസ്യത്തിലുള്ള നിന്റെ പിതാവ് കാണുകയും.18നിനക്ക് പ്രതിഫലം നല്കുകയും ചെയ്യും.
നിക്ഷേപം സ്വരൂപിക്കേണ്ടത് എവിടെ?

19പുഴുവും തുരുമ്പും തിന്നു തീർക്കുന്നതും കള്ളന്മാർ തുരന്നു മോഷ്ടിക്കുകയും ചെയ്യുന്ന ഈ ഭൂമിയിൽ നിങ്ങൾക്ക് തന്നെ നിക്ഷേപം സ്വരൂപിക്കരുതു.20പുഴുവും തുരുമ്പും തിന്നു തീർക്കാത്തതും കള്ളന്മാർ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വർഗ്ഗത്തിൽതന്നെ നിങ്ങൾക്ക് നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ.21നിന്റെ നിക്ഷേപം ഉള്ളിടത്ത് നിന്റെ ഹൃദയവും ഇരിക്കും.
കണ്ണ് ശരീരത്തിന്റെ വിളക്ക്

22കണ്ണ് ശരീരത്തിന്റെ വിളക്കു ആകുന്നു; അതുകൊണ്ട് കണ്ണ് ചൊവ്വുള്ളതെങ്കിൽ നിന്റെ ശരീരം മുഴുവനും പ്രകാശത്താൽ നിറഞ്ഞിരിക്കും.23കണ്ണ് ദോഷമുള്ളതെങ്കിലോ നിന്റെ ശരീരം മുഴുവനും ഇരുട്ടായിരിക്കും; അതുകൊണ്ട് നിന്നിലുള്ള വെളിച്ചം ഇരുട്ടായാൽ ഇരുട്ട് എത്ര വലിയത്!
ദൈവമോ മാമോനൊ?

24രണ്ടു യജമാനന്മാരെ സേവിക്കുവാൻ ആർക്കും കഴിയുകയില്ല; അങ്ങനെ ചെയ്താൽ ഒരുവനെ പകച്ച് മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുവനോട് പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും; നിങ്ങൾക്ക് ദൈവത്തെയും ധനത്തെയും1 സേവിക്കുവാൻ കഴിയുകയില്ല.
വിചാരപ്പെടരുത്

25അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നത്: എന്ത് തിന്നും, എന്ത് കുടിക്കും എന്നു നിങ്ങളുടെ ജീവനായിക്കൊണ്ടും എന്ത് ഉടുക്കും എന്നു ശരീരത്തിനായിക്കൊണ്ടും ആകുലപ്പെടരുത്; ആഹാരത്തേക്കാൾ ജീവനും ഉടുപ്പിനേക്കാൾ ശരീരവും വലുതല്ലയോ?26ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവയ്ക്കുന്നതുമില്ല എങ്കിലും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് അവയെ പുലർത്തുന്നു; അവയെക്കാൾ നിങ്ങൾ ഏറ്റവും വിശേഷതയുള്ളവരല്ലയോ?
27ആകുലപ്പെടുന്നതുകൊണ്ട് തന്റെ ജീവിതകാലയളവിനോട് ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്ക് കഴിയും?28ഉടുപ്പിനെക്കുറിച്ച് ആകുലപ്പെടുന്നത് എന്തിന്? വയലിലെ താമര എങ്ങനെ വളരുന്നു എന്നു നിരൂപിപ്പിൻ; അവ അദ്ധ്വാനിക്കുന്നില്ല, നൂല്ക്കുന്നതുമില്ല.29എന്നാൽ ശലോമോൻ പോലും തന്റെ സർവ്വമഹത്വത്തിലും ഇവയിൽ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
30ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ചമയിക്കുന്നു എങ്കിൽ, അല്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം.31ആകയാൽ നാം എന്ത് തിന്നും എന്ത് കുടിക്കും എന്ത് ഉടുക്കും എന്നിങ്ങനെ നിങ്ങൾ ആകുലപ്പെടരുത്.
32ഈ വക ഒക്കെയും ജാതികൾ അന്വേഷിക്കുന്നു; സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് ഇതൊക്കെയും നിങ്ങൾക്ക് ആവശ്യം എന്നു അറിയുന്നുവല്ലോ.33മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിക്കുവിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്ക് കിട്ടും.34അതുകൊണ്ട് നാളെയ്ക്കായി ആകുലപ്പെടരുത്; നാളത്തെ ദിവസം തനിക്കായി ആകുലപ്പെടുമല്ലോ; അതത് ദിവസത്തിന് അന്നന്നത്തെ ദോഷം മതി.


1 6. 24 മൂലഭാഷയിൽ മമോനെയും എന്നത് തിന്മയായോ, അധാർമ്മികമായി സമ്പാദിച്ച് ധനം എന്നാണ്.

7
സ്വയശോധനയുടെ അനിവാര്യത

1നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന് വിധിക്കരുത്.2നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളും വിധിക്കപ്പെടും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നുകിട്ടും.

3എന്നാൽ സ്വന്തകണ്ണിൽ തടിക്കഷണം ഇരിക്കുന്നത് നോക്കാതെ സഹോദരന്റെ കണ്ണിലെ ചെറിയ വൈക്കോൽ കരട് നോക്കുന്നത് എന്ത്?4അല്ല, സ്വന്ത കണ്ണിൽ തടിക്കഷണം ഇരിക്കെ നീ സഹോദരനോട്: നിന്റെ കണ്ണിൽ നിന്നു വൈക്കോൽ കരട് എടുത്തുകളയട്ടെ എന്നു പറയുന്നത് എങ്ങനെ?5കപടഭക്തിക്കാരാ, ആദ്യം സ്വന്തകണ്ണിൽനിന്ന് തടിക്കഷണം എടുത്തുകളയുക; പിന്നെ സഹോദരന്റെ കണ്ണിൽനിന്ന് കരട് എടുത്തുകളയുവാൻ വ്യക്തമായി കാണും.
അർഹമായത് അർഹിക്കുന്നവർക്ക്

6വിശുദ്ധമായത് നായ്ക്കൾക്ക് കൊടുക്കരുത്; നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പിൽ ഇടുകയുമരുത്; അവ കാൽകൊണ്ട് അവയെ ചവിട്ടുകയും തിരിഞ്ഞു നിങ്ങളെ ചീന്തിക്കളകയും ചെയ്‌വാൻ ഇടവരും.
പ്രാർത്ഥനയുടെ ശക്തി

7യാചിപ്പിൻ എന്നാൽ നിങ്ങൾക്ക് കിട്ടും; അന്വേഷിക്കുവിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കായി തുറക്കും.8യാചിക്കുന്ന ഏവർക്കും ലഭിക്കുന്നു; അന്വേഷിക്കുന്നവർ കണ്ടെത്തുന്നു; മുട്ടുന്നവനു തുറക്കപ്പെടും.9മകൻ അപ്പം ചോദിച്ചാൽ അവന് കല്ല് കൊടുക്കുന്ന മനുഷ്യൻ നിങ്ങളിൽ ആരുള്ളു?10മീൻ ചോദിച്ചാൽ അവന് പാമ്പിനെ കൊടുക്കുമോ?
11അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുക്കുവാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് തന്നോട് യാചിക്കുന്നവർക്കു നന്മ എത്ര അധികം കൊടുക്കും!
ന്യായപ്രമാണവും പ്രവാചകന്മാരും

12മനുഷ്യർ നിങ്ങൾക്ക് ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതൊക്കെയും നിങ്ങൾ അവർക്കും ചെയ്‌വിൻ; ന്യായപ്രമാണവും പ്രവാചകന്മാരും ഇതു തന്നേ.
ജീവനിലേക്കുള്ള വാതിൽ

13ഇടുക്കുവാതിലിലൂടെ അകത്ത് കടക്കുവിൻ; നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽകൂടി കടക്കുന്നവർ അനേകരും ആകുന്നു.14ജീവങ്കലേക്ക് പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളത്; അത് കണ്ടെത്തുന്നവർ ചുരുക്കമത്രേ.
ഫലങ്ങളാൽ തിരിച്ചറിയൂ

15കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊള്ളുവിൻ; അവർ ആടുകളുടെ വേഷം ധരിച്ചു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്ക്കൾ ആകുന്നു.16അവരുടെ ഫലങ്ങളാൽ നിങ്ങൾ അവരെ അറിയും; മുൾപ്പടർപ്പിൽ നിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളിൽനിന്ന് അത്തിപ്പഴവും ആരെങ്കിലും പറിക്കാറുണ്ടോ?17അതുപോലെ നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായ്ക്കുന്നു; ചീത്തയായ വൃക്ഷമോ ചീത്തഫലം കായ്ക്കുന്നു.
18നല്ല വൃക്ഷത്തിന് ചീത്ത ഫലവും ചീത്ത വൃക്ഷത്തിന് നല്ല ഫലവും കായ്പാൻ കഴിയില്ല.19നല്ല ഫലം കായ്ക്കാത്ത വൃക്ഷം ഒക്കെയും വെട്ടി തീയിൽ ഇടുന്നു.20ആകയാൽ അവരുടെ ഫലങ്ങളാൽ നിങ്ങൾ അവരെ തിരിച്ചറിയും.
പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ സ്വർഗ്ഗരാജ്യത്തിൽ

21എന്നോട് കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, പ്രത്യുത സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നത്.22കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോട് പറയും.23അന്ന് ഞാൻ പരസ്യമായി അവരോട് പ്രഖ്യാപിക്കും: “ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിരുന്നില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ.”
വചനം കേട്ട് ചെയ്യുന്നവൻ

24ആകയാൽ എന്റെ ഈ വചനങ്ങളെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നവർ ഒക്കെയും പാറമേൽ വീട് പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു.25വന്മഴ ചൊരിഞ്ഞു, നദികൾ പൊങ്ങി, കാറ്റ് അടിച്ചു, ആ വീടിന്മേൽ അടിച്ചു; എന്നാൽ അത് പാറമേൽ അടിസ്ഥാനമുള്ളതാകയാൽ വീണില്ല.
26എന്റെ ഈ വചനങ്ങളെ കേൾക്കുകയും എന്നാൽ അനുസരിക്കാതിരിക്കുകയും ചെയ്യുന്നവരൊക്കെയും മണലിന്മേൽ വീടുപണിത മനുഷ്യനോടു തുല്യനാകുന്നു.27വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റ് അടിച്ചു ആ വീടിന്മേൽ അടിച്ചു, അത് വീണു; അതിന്റെ വീഴ്ച വലിയതായിരുന്നു.

28ഈ വചനങ്ങളെ യേശു പറഞ്ഞു തീർന്നപ്പോൾ പുരുഷാരം അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു;29അവരുടെ ശാസ്ത്രിമാരെപ്പോലെ അല്ല, അധികാരമുള്ളവനായിട്ടത്രേ അവൻ അവരോട് ഉപദേശിച്ചത്.

8
കുഷ്ഠരോഗിയെ സൗഖ്യമാക്കുന്നു

1യേശു മലയിൽനിന്നു ഇറങ്ങിവന്നപ്പോൾ വളരെ പുരുഷാരം അവനെ പിന്തുടർന്നു.2അപ്പോൾ ഒരു കുഷ്ഠരോഗി വന്നു അവനെ നമസ്കരിച്ചു, കർത്താവേ, നിനക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു പറഞ്ഞു.3യേശു കൈ നീട്ടി അവനെ തൊട്ടു: എനിക്ക് മനസ്സുണ്ട്; നീ ശുദ്ധമാക എന്നു പറഞ്ഞു; ഉടനെ കുഷ്ഠം മാറി അവൻ ശുദ്ധനായി.

4യേശു അവനോട്: നോക്കു, ഇത് നീ ആരോടും പറയരുത്; എന്നാൽ പുരോഹിതന്മാർക്കു സാക്ഷ്യത്തിനായി നീ ചെന്ന് നിന്നെത്തന്നെ അവർക്ക് കാണിച്ചു, മോശെ കല്പിച്ച വഴിപാട് കഴിക്ക എന്നു പറഞ്ഞു.
ശതാധിപന്റെ വലിയ വിശ്വാസം

5യേശു കഫർന്നഹൂമിൽ എത്തിയപ്പോൾ ഒരു ശതാധിപൻ വന്നു അവനോട്:6കർത്താവേ, എന്റെ വേലക്കാരൻ തളർവാതം പിടിച്ച് കഠിനമായി വേദനപ്പെട്ട് വീട്ടിൽ കിടക്കുന്നു എന്നു അപേക്ഷിച്ചു പറഞ്ഞു.7യേശു അവനോട്: ഞാൻ വന്നു അവനെ സൌഖ്യമാക്കും എന്നു പറഞ്ഞു.
8അതിന് ശതാധിപൻ: കർത്താവേ, നീ എന്റെ വീടിനകത്ത് വരുവാൻ ഞാൻ യോഗ്യനല്ല; ഒരു വാക്കുമാത്രം കല്പിച്ചാൽ എന്റെ വേലക്കാരന് സൌഖ്യം വരും.9ഞാനും അധികാരത്തിൻകീഴുള്ള മനുഷ്യൻ ആകുന്നു. എന്റെ കീഴിൽ പടയാളികൾ ഉണ്ട്; ഞാൻ ഒരുവനോട്: പോക എന്നു പറഞ്ഞാൽ പോകുന്നു; മറ്റൊരുത്തനോട്: വരിക എന്നു പറഞ്ഞാൽ വരുന്നു; എന്റെ ദാസനോട്: ഇതു ചെയ്ക എന്നു പറഞ്ഞാൽ അവൻ ചെയ്യുന്നു എന്നു ഉത്തരം പറഞ്ഞു.10അത് കേട്ടിട്ട് യേശു അതിശയിച്ചു, തന്നെ അനുഗമിക്കുന്നവരോട് പറഞ്ഞത്: യിസ്രായേലിൽകൂടെ ഇത്ര വലിയ വിശ്വാസമുള്ള ഒരുവനെ കണ്ടിട്ടില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
11കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അനേകർ വന്നു അബ്രഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെ സ്വർഗ്ഗരാജ്യത്തിൽ പന്തിയിലിരിക്കും.12രാജ്യത്തിന്റെ പുത്രന്മാരെയോ ഏറ്റവും പുറത്തുള്ള ഇരുളിലേക്ക് തള്ളിക്കളയും; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.13പിന്നെ യേശു ശതാധിപനോട്: പോക, നീ വിശ്വസിച്ചതുപോലെ നിനക്ക് ഭവിക്കട്ടെ എന്നു പറഞ്ഞു. ആ സമയം തന്നേ അവന്റെ വേലക്കാരന് സൌഖ്യം വന്നു.
പത്രൊസിന്റെ വീട്ടിൽ

14യേശു പത്രൊസിന്റെ വീട്ടിൽ വന്നപ്പോൾ അവന്റെ അമ്മാവിയമ്മ പനിപിടിച്ച് കിടക്കുന്നത് കണ്ട്.15അവൻ അവളുടെ കയ്യിൽ തൊട്ടു പനി അവളെ വിട്ടുമാറി; അവൾ എഴുന്നേറ്റ് അവർക്ക് ശുശ്രൂഷ ചെയ്തു.
സകലദീനക്കാർക്കും സൗഖ്യം

16വൈകുന്നേരം ആയപ്പോൾ പല ഭൂതഗ്രസ്തരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ വാക്കുകൊണ്ടു ദുരാത്മാക്കളെ പുറത്താക്കി സകല ദീനക്കാർക്കും സൌഖ്യം വരുത്തി.17അവൻ നമ്മുടെ ബലഹീനതകളെ എടുത്തു വ്യാധികളെ ചുമന്നു എന്നു യെശയ്യാപ്രവാചകൻ പറഞ്ഞത് ഇപ്രകാരം നിവൃത്തിയാകുവാൻ ഇടയായി.
യേശുവിനെ അനുഗമിക്കുവാൻ എത്തിയ ശാസ്ത്രി

18എന്നാൽ യേശു തന്റെ ചുറ്റും വളരെ പുരുഷാരത്തെ കണ്ടപ്പോൾ ഗലീലാകടലിന്റെ അക്കരയ്ക്ക് പോകുവാൻ കല്പിച്ചു.19അപ്പോൾ ഒരു ശാസ്ത്രി അവന്റെ അടുക്കൽ വന്നു: ഗുരോ, നീ എവിടെ പോയാലും ഞാൻ നിന്നെ അനുഗമിക്കും എന്നു പറഞ്ഞു.20യേശു അവനോട്: കുറുനരികൾക്ക് കുഴികളും ആകാശത്തിലെ പറവകൾക്ക് കൂടുകളും ഉണ്ട്; മനുഷ്യപുത്രനോ തലചായിപ്പാൻ ഇടം ഇല്ല എന്നു പറഞ്ഞു.
21ശിഷ്യന്മാരിൽ മറ്റൊരുവൻ അവനോട്: കർത്താവേ, ഞാൻ മുമ്പേപോയി എന്റെ അപ്പനെ അടക്കം ചെയ്‌വാൻ അനുവാദം തരേണം എന്നുപറഞ്ഞു.22യേശു അവനോട്: “നീ എന്നെ അനുഗമിക്ക, മരിച്ചവർ തങ്ങളുടെ മരിച്ചവരെ അടക്കം ചെയ്യുവാനായി അവരെ വിട്ടയയ്ക്ക” എന്നു പറഞ്ഞു.
കടലിനെ ശാന്തമാക്കുന്നു

23പിന്നെ യേശു പടകിൽ കയറിയപ്പോൾ അവന്റെ ശിഷ്യന്മാർ അവനോട് കൂടെ ചെന്ന്.24അപ്പോൾ കടലിൽ വലിയ ഓളം ഉണ്ടായിട്ട് പടക് തിരകളാൽ മുങ്ങുമാറായി; യേശുവോ ഉറങ്ങുകയായിരുന്നു.25അവർ അടുത്തുചെന്നു: കർത്താവേ, രക്ഷിക്കേണമേ; ഞങ്ങൾ ഇപ്പോൾ തന്നെ മരിച്ചുപോകും എന്നു പറഞ്ഞു അവനെ ഉണർത്തി.
26യേശു അവരോട്: അല്പവിശ്വാസികളേ, നിങ്ങൾ ഭീരുക്കൾ ആകുവാൻ എന്ത് എന്നു പറഞ്ഞശേഷം എഴുന്നേറ്റ് കാറ്റിനേയും കടലിനേയും ശാസിച്ചു വലിയ ശാന്തതയുണ്ടായി.27അപ്പോൾ ആ മനുഷ്യർ ആശ്ചര്യപ്പെട്ടിട്ട്: ഇവൻ എങ്ങനെയുള്ളവൻ? കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
ഗദരദേശത്തെ ഭൂതഗ്രസ്തർ

28അവൻ അക്കരെ ഗദരേന്യരുടെ ദേശത്തു എത്തിയപ്പോൾ രണ്ടു ഭൂതഗ്രസ്തർ ശവക്കല്ലറകളിൽ നിന്നു പുറപ്പെട്ടു അവന് എതിരെ വന്നു; അവർ അക്രമാസക്തർ ആയിരുന്നതുകൊണ്ട് ആർക്കും ആ വഴി നടക്കുവാൻ കഴിഞ്ഞിരുന്നില്ല.29അവർ അവനോട് നിലവിളിച്ചു: ദൈവപുത്രാ, ഞങ്ങൾക്ക് നിനക്കുമായിട്ട് എന്ത് കാര്യം? നിശ്ചയിച്ച സമയത്തിനു മുമ്പെ ഞങ്ങളെ ദണ്ഡിപ്പിപ്പാൻ ഇവിടെ വന്നുവോ എന്നു നിലവിളിച്ച് പറഞ്ഞു.
30അവിടെ അല്പം ദൂരത്തായി ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു.31ഭൂതങ്ങൾ അവനോട്: നീ ഞങ്ങളെ പുറത്താക്കുന്നു എങ്കിൽ ആ പന്നിക്കൂട്ടത്തിലേക്ക് അയയ്ക്കേണം എന്നു അപേക്ഷിച്ചു.32പൊയ്ക്കൊൾവിൻ എന്നു അവൻ അവരോട് പറഞ്ഞു; അവർ പുറപ്പെട്ടു പന്നികളിലേക്ക് ചെന്ന്; ആ കൂട്ടം എല്ലാം കുത്തനെയുള്ള മലയിറങ്ങി കടലിലേക്ക് പാഞ്ഞു വെള്ളത്തിൽ മുങ്ങി ചത്തു.
33മേയ്ക്കുന്നവർ ഓടി പട്ടണത്തിൽ ചെന്ന് ഭൂതഗ്രസ്തർക്ക് സംഭവിച്ചത് ഒക്കെയും അറിയിച്ചു.34ഉടനെ പട്ടണത്തിലുള്ളവരെല്ലാം പുറപ്പെട്ടു യേശുവിനെ കാണുവാൻ ചെന്ന്; അവനെ കണ്ടപ്പോൾ തങ്ങളുടെ പ്രദേശം വിട്ടു പോകണമെന്ന് അപേക്ഷിച്ചു.

9
തളർവാതക്കാരന്റെ സൗഖ്യം

1അവൻ പടകിൽ കയറി ഇക്കരയ്ക്ക് കടന്നു സ്വന്തപട്ടണത്തിൽ എത്തി.2അവിടെ ചിലർ കിടക്കമേൽ കിടക്കുന്ന ഒരു തളർവാതക്കാരനെ അവന്റെ അടുക്കൽ കൊണ്ടുവന്നു; യേശു അവരുടെ വിശ്വാസം കണ്ട് തളർവാതക്കാരനോട്: മകനേ, സന്തോഷവാനായിരിക്ക, നിന്റെ പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞു.

3എന്നാൽ ശാസ്ത്രിമാരിൽ ചിലർ: ഇവൻ ദൈവദൂഷണം പറയുന്നു എന്നു പരസ്പരം പറഞ്ഞു.4യേശുവോ അവരുടെ നിരൂപണം ഗ്രഹിച്ചു: നിങ്ങൾ ഹൃദയത്തിൽ ദോഷം നിരൂപിക്കുന്നത് എന്ത്? നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു5എന്നു പറയുന്നതോ, എഴുന്നേറ്റ് നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു.6എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിക്കുവാൻ മനുഷ്യപുത്രന് അധികാരം ഉണ്ട് എന്നു നിങ്ങൾ അറിയേണ്ടതിന് അവൻ പക്ഷവാതക്കാരനോട്: “എഴുന്നേൽക്ക, കിടക്ക എടുത്തു വീട്ടിൽ പോക” എന്നു പറഞ്ഞു.
7ആ മനുഷ്യൻ എഴുന്നേറ്റ് വീട്ടിൽ പോയി.8പുരുഷാരം ഇതു കണ്ടപ്പോൾ ഭയപ്പെട്ടു മനുഷ്യർക്ക് ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്വപ്പെടുത്തി.
മത്തായി യേശുവിനെ അനുഗമിക്കുന്നു

9യേശു അവിടെനിന്ന് പോകുമ്പോൾ മത്തായി എന്നു പേരുള്ള ഒരു മനുഷ്യൻ നികുതി പിരിക്കുന്ന സ്ഥലത്ത് ഇരിക്കുന്നത് കണ്ട്: എന്നെ അനുഗമിക്ക എന്നു അവനോട് പറഞ്ഞു; അവൻ എഴുന്നേറ്റ് അവനെ അനുഗമിച്ചു.
യേശു നികുതിപിരിവുകാരോടും പാപികളോടും കൂടെ.

10അവൻ വീട്ടിൽ ഭക്ഷണത്തിന് ഇരിക്കുമ്പോൾ വളരെ നികുതി പിരിവുകാരും പാപികളും വന്നു യേശുവിനോടും അവന്റെ ശിഷ്യന്മാരോടും കൂടെ പന്തിയിൽ ഇരുന്നു.11പരീശന്മാർ അത് കണ്ട് അവന്റെ ശിഷ്യന്മാരോട്: നിങ്ങളുടെ ഗുരു നികുതി പിരിവുകാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നത് എന്ത് എന്നു ചോദിച്ചു.
12യേശു അത് കേട്ടപ്പോൾ: രോഗികൾക്കല്ലാതെ സൌഖ്യമുള്ളവർക്ക് വൈദ്യനെക്കൊണ്ട് ആവശ്യമില്ല;13യാഗത്തിലല്ല കരുണയിൽ അത്രേ ഞാൻ പ്രസാദിക്കുന്നു എന്നത് എന്താണ് അർത്ഥമാക്കുന്നത് എന്നു പോയി പഠിപ്പിൻ; ഞാൻ നീതിമാന്മാരെ അല്ല പാപികളെ മാനസാന്തരത്തിനായി വിളിക്കുവാൻ അത്രേ വന്നത് എന്നു പറഞ്ഞു.
ഉപവാസം

14പിന്നീട് യോഹന്നാന്റെ ശിഷ്യന്മാർ യേശുവിന്റെ അടുക്കൽ വന്നു: ഞങ്ങളും പരീശന്മാരും വളരെ ഉപവസിക്കുന്നു; നിന്റെ ശിഷ്യന്മാർ ഉപവസിക്കാത്തത് എന്ത് എന്നു ചോദിച്ചു.15യേശു അവരോട് പറഞ്ഞത്: മണവാളൻ കൂടെയുള്ളപ്പോൾ വിവാഹ പരിചാരകർക്ക് ദുഃഖിപ്പാൻ കഴിയുമോ?; മണവാളൻ അവരിൽനിന്ന് പിരിഞ്ഞുപോകേണ്ടുന്ന നാൾ വരും; അന്ന് അവർ ഉപവസിക്കും.
16പുതിയ തുണി കഷണം ആരും പഴയ വസ്ത്രത്തിൽ ചേർത്ത് തുന്നാറില്ല; തുന്നിച്ചേർത്താൽ അതുകൊണ്ട് വസ്ത്രം കീറും; കീറൽ ഏറ്റവും വല്ലാതെയായി തീരും.
17പുതു വീഞ്ഞ് പഴയ തുരുത്തിയിൽ പകരുമോ, ഒരിക്കലുമില്ല; പകർന്നാൽ തുരുത്തി 1 പൊളിഞ്ഞു വീഞ്ഞ് ഒഴുകിപ്പോകും; തുരുത്തിയും നശിച്ചുപോകും. പുതുവീഞ്ഞ് പുതിയ തുരുത്തിയിലേ പകർന്നു വെയ്ക്കുകയുള്ളൂ; അങ്ങനെ രണ്ടും സുരക്ഷിതമായിരിക്കും.
പ്രമാണിയുടെയും രക്തസ്രവക്കാരിയുടെയും വിശ്വാസം

18യേശു ഇങ്ങനെ അവരോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു പ്രമാണി വന്നു അവനെ നമസ്കരിച്ചു: എന്റെ മകൾ ഇപ്പോൾ തന്നേ മരിച്ചുപോയി; എങ്കിലും നീ വന്നു അവളുടെമേൽ കൈ വെച്ചാൽ അവൾ ജീവിക്കും എന്നു പറഞ്ഞു.19യേശു എഴുന്നേറ്റ് ശിഷ്യന്മാരുമായി അവന്റെ കൂടെ ചെന്ന്.
20ആ സമയത്ത് പന്ത്രണ്ട് വർഷമായിട്ട് രക്തസ്രവമുള്ള ഒരു സ്ത്രീ:21അവന്റെ വസ്ത്രം മാത്രം ഒന്ന് തൊട്ടാൽ എനിക്ക് സൌഖ്യം വരും എന്നു ഉള്ളിൽ പറഞ്ഞു, പിറകിൽ വന്നു അവന്റെ വസ്ത്രത്തിൽ തൊട്ടു.22യേശു തിരിഞ്ഞു അവളെ കണ്ടപ്പോൾ: മകളെ, ധൈര്യപ്പെടുക; നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു എന്നു പറഞ്ഞു; ക്ഷണത്തിൽ ആ സ്ത്രീക്ക് സൌഖ്യം വന്നു.
23പിന്നെ യേശു പ്രമാണിയുടെ വീട്ടിൽ എത്തിച്ചേർന്നു; കുഴലൂതുന്നവരും ജനക്കൂട്ടവും അധികം ഒച്ചപ്പാടും, ബഹളവും ഉണ്ടാക്കുന്നത് കണ്ടിട്ട്:24മാറിപ്പോകുവിൻ; ബാലിക, മരിച്ചില്ല ഉറങ്ങുകയത്രേ എന്നു പറഞ്ഞു; അവരോ അവനെ നോക്കി പരിഹാസത്തോടെ ചിരിച്ചു.
25അവൻ പുരുഷാരത്തെ പുറത്താക്കി അകത്ത് കടന്ന് ബാലികയുടെ കൈയ്ക്ക് പിടിച്ച്, ബാലിക എഴുന്നേറ്റ്.26ഈ വർത്തമാനം ആ ദേശത്തു ഒക്കെയും പരന്നു.
രണ്ടു കുരുടന്മാർ കാഴ്ച പ്രാപിക്കുന്നു

27യേശു അവിടെനിന്ന് പോകുമ്പോൾ രണ്ടു കുരുടന്മാർ: ദാവീദ് പുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചുകൊണ്ട് പിന്തുടർന്നു.28അവൻ വീട്ടിൽ എത്തിയപ്പോൾ കുരുടന്മാർ അവന്റെ അടുക്കൽ വന്നു. ഇതു ചെയ്‌വാൻ എനിക്ക് കഴിയും എന്നു നിങ്ങൾ വിശ്വസിക്കുന്നുവോ എന്നു യേശു ചോദിച്ചതിന്: അതെ, കർത്താവേ എന്നു അവർ പറഞ്ഞു.
29അവൻ അവരുടെ കണ്ണുകളിൽ തൊട്ടു: നിങ്ങളുടെ വിശ്വാസംപോലെ നിങ്ങൾക്ക് ഭവിക്കട്ടെ എന്നു പറഞ്ഞു; ഉടനെ അവരുടെ കണ്ണ് തുറന്നു.30പിന്നെ യേശു: ഇത് ആരും അറിയാതിരിക്കുവാൻ നോക്കുവിൻ എന്ന് കർശനമായി കല്പിച്ചു.31അവരോ പുറപ്പെട്ടു ആ ദേശത്തിലൊക്കെയും ഈ വാർത്തയെ പരസ്യമാക്കി.
ഊമൻ സംസാരിക്കുന്നു

32സൗഖ്യം പ്രാപിച്ചവർ പോകുമ്പോൾ ചിലർ ഭൂതഗ്രസ്തനായൊരു ഊമനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു.33അവൻ ഭൂതത്തെ പുറത്താക്കിയ ശേഷം ഊമൻ സംസാരിച്ചു; “യിസ്രായേലിൽ ഇങ്ങനെ ഒരുനാളും കണ്ടിട്ടില്ല” എന്നു പുരുഷാരം അതിശയിച്ചു.34പരീശന്മാരോ: ഇവൻ ഭൂതങ്ങളുടെ തലവനെക്കൊണ്ട് ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു.
ഇടയനില്ലാത്തവരെ കണ്ട് മനസ്സലിയുന്ന യേശു

35യേശു പട്ടണങ്ങളിലും ഗ്രാമങ്ങളിലും സഞ്ചരിക്കുകയും അവരുടെ പള്ളികളിൽ ഉപദേശിക്കുകയും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുകയും സകലവിധദീനവും വ്യാധിയും സൌഖ്യമാക്കുകയും ചെയ്തു പോന്നു.36അവൻ പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ അസ്വസ്ഥരും ആകുലരുമായി കണ്ടിട്ട് അവരെക്കുറിച്ച് മനസ്സലിഞ്ഞ്, തന്റെ ശിഷ്യന്മാരോട്:
37കൊയ്ത്ത് വളരെയുണ്ട് സത്യം, വേലക്കാരോ ചുരുക്കം;38ആകയാൽ കൊയ്ത്തിന്റെ യജമാനനോടു കൊയ്ത്തിലേക്ക് വേലക്കാരെ അയയ്ക്കേണ്ടതിന് അടിയന്തിരമായി പ്രാർത്ഥിക്കുവിൻ എന്നു പറഞ്ഞു.


1 9. 17 മൃഗത്തോലുകൊണ്ടുള്ള ജാർ.

10
അപ്പൊസ്തലന്മാർ അധികാരത്തോടെ

1അതിനുശേഷം യേശു തന്റെ പന്ത്രണ്ട് ശിഷ്യന്മാരെയും ഒരുമിച്ചു വിളിച്ചു, അശുദ്ധാത്മാക്കളെ പുറത്താക്കുവാനും സകലവിധ വ്യാധികളേയും രോഗങ്ങളെയും സൗഖ്യമാക്കുവാൻ അവർക്ക് അധികാരം കൊടുത്തു.

2പന്ത്രണ്ട് അപ്പൊസ്തലന്മാരുടെ പേരുകൾ: ഒന്നാമൻ പത്രൊസ് എന്നു പേരുള്ള ശിമോൻ, അവന്റെ സഹോദരൻ അന്ത്രെയാസ്, സെബെദിയുടെ മകൻ യാക്കോബ്,3അവന്റെ സഹോദരൻ യോഹന്നാൻ, ഫിലിപ്പൊസ്, ബർത്തൊലൊമായി, തോമസ്, ചുങ്കക്കാരൻ മത്തായി, അല്ഫായുടെ മകൻ യാക്കോബ്,4തദ്ദായി, എരുവുകാരനായ ശിമോൻ, യേശുവിനെ കാണിച്ചുകൊടുത്ത ഈസ്കര്യോത്താ യൂദാ.
അപ്പൊസ്തലന്മാരുടെ ദൗത്യം

5ഈ പന്ത്രണ്ടുപേരെയും യേശു അയയ്ക്കുമ്പോൾ അവരോട് നിർദ്ദേശിച്ചതെന്തെന്നാൽ: ജാതികളുടെ അടുക്കൽ പോകാതെയും ശമര്യരുടെ പട്ടണത്തിൽ കടക്കാതെയും6യിസ്രായേൽ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കൽ തന്നേ ചെല്ലുവിൻ.7നിങ്ങൾ പോകുമ്പോൾ: സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു പ്രസംഗിച്ചു പറയുവിൻ.
8രോഗികളെ സൌഖ്യമാക്കുവിൻ; മരിച്ചവരെ ഉയിർപ്പിക്കുവിൻ; കുഷ്ഠരോഗികളെ ശുദ്ധരാക്കുവിൻ; ഭൂതങ്ങളെ പുറത്താക്കുവിൻ; സൌജന്യമായി നിങ്ങൾക്ക് ലഭിച്ചു, സൌജന്യമായി കൊടുക്കുവിൻ.9പൊന്നും, വെള്ളിയും, ചെമ്പും, പണസഞ്ചിയും,10വഴിക്ക് യാത്രാസഞ്ചിയോ രണ്ടു ഉടുപ്പോ ചെരിപ്പോ വടിയോ ഒന്നും കരുതരുത്; വേലക്കാരൻ തന്റെ ആഹാരത്തിന് യോഗ്യനത്രെ.
11ഏത് പട്ടണത്തിലോ ഗ്രാമത്തിലോ പ്രവേശിക്കുമ്പോൾ അവിടെ യോഗ്യനായവൻ ആരെന്ന് അന്വേഷിക്കുവിൻ; അവിടെനിന്നും പുറപ്പെട്ടുപോകുവോളം അവന്റെ അടുക്കൽത്തന്നെ പാർപ്പിൻ.12ആ വീട്ടിൽ പ്രവേശിക്കുമ്പോൾ അതിന് വന്ദനം പറവിൻ.13വീടിന് യോഗ്യതയുണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അതിന്മേൽ വരട്ടെ; യോഗ്യതയില്ല എന്നു വരികിൽ സമാധാനം നിങ്ങളിലേക്ക് മടങ്ങിപ്പോരട്ടെ;
14ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വചനങ്ങളെ കേൾക്കാതെയുമിരുന്നാൽ ആ വീടോ പട്ടണമോ വിട്ടു പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി കുടഞ്ഞുകളയുവിൻ.15ന്യായവിധിദിവസത്തിൽ ആ പട്ടണത്തേക്കാൾ സൊദോമ്യരുടേയും ഗമോര്യരുടെയും ദേശത്തിന് സഹിക്കുവാൻകഴിയും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
മനുഷ്യരെ സൂക്ഷിച്ചുകൊള്ളുവിൻ

16ശ്രദ്ധിക്കുവിൻ, ഞാൻ നിങ്ങളെ ചെന്നായ്ക്കളുടെ നടുവിൽ ചെമ്മരിയാടിനെപ്പോലെ അയയ്ക്കുന്നു. ആകയാൽ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനേപ്പോലെ നിരുപദ്രവകാരികളും ആയിരിപ്പിൻ.17മനുഷ്യരുടെ മുൻപാകെ നിങ്ങൾ നിങ്ങളെ തന്നെ സൂക്ഷിച്ചുകൊള്ളുവിൻ; കാരണം അവർ നിങ്ങളെ ന്യായാധിപസഭകളിൽ ഏല്പിക്കുകയും തങ്ങളുടെ പള്ളികളിൽവെച്ച് ചാട്ടകൊണ്ട് അടിക്കുകയും ചെയ്യും18എന്റെ നിമിത്തം നാടുവാഴികളുടേയും, രാജാക്കന്മാരുടേയും മുമ്പാകെ കൊണ്ടുപോകും; അത് അവർക്കും ജാതികൾക്കും ഒരു സാക്ഷ്യം ആയിരിക്കും.
19എന്നാൽ, നിങ്ങളെ ഏല്പിക്കുമ്പോൾ എങ്ങനെയോ എന്തോ പറയേണ്ടു എന്നു വിചാരപ്പെടേണ്ടാ; പറയുവാനുള്ളത് ആ സമയത്തുതന്നെ നിങ്ങൾക്ക് ലഭിക്കും.20പറയുന്നത് നിങ്ങൾ അല്ല, നിങ്ങളിൽ ഉള്ള നിങ്ങളുടെ പിതാവിന്റെ പരിശുദ്ധാത്മാവത്രേ പറയുന്നത്.
21സഹോദരൻ തന്റെ സഹോദരനെയും അപ്പൻ തന്റെ മകനെയും മരണത്തിന് ഏല്പിക്കും; അമ്മയപ്പന്മാർക്ക് എതിരായി മക്കൾ എഴുന്നേറ്റ് അവരെ മരണത്തിനേല്പിക്കും.22എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകയ്ക്കും; എന്നാൽ അവസാനത്തോളം സഹിച്ചുനില്ക്കുന്നവനോ രക്ഷിയ്ക്കപ്പെടും.23ഈ പട്ടണത്തിൽ നിങ്ങളെ ഉപദ്രവിച്ചാൽ മറ്റൊന്നിലേക്ക് ഓടിപ്പോകുവിൻ. മനുഷ്യപുത്രൻ വരുവോളം നിങ്ങൾ യിസ്രായേൽ പട്ടണങ്ങളിൽ സഞ്ചരിച്ചു തീരുകയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
ശിഷ്യൻ ഗുരുവിനെപ്പോലെ

24ശിഷ്യൻ ഗുരുവിനേക്കാൾ വലിയവനല്ല; ദാസൻ യജമാനന് മീതെയുമല്ല;25ഗുരുവിനെപ്പോലെയാകുന്നത് ശിഷ്യനു മതി; യജമാനനെപ്പോലെയാകുന്നതു ദാസനും മതി. അവർ വീട്ടുടയവനെ ബെയെത്സെബൂൽ എന്നു വിളിച്ചു എങ്കിൽ വീട്ടുകാരെ എത്ര അധികം?
26അതുകൊണ്ട് അവരെ ഭയപ്പെടേണ്ടാ; മറച്ചുവച്ചത് ഒന്നും വെളിപ്പെടാതെയും ഗൂഢമായത് ഒന്നും അറിയപ്പെടാതെയും ഇരിക്കയില്ല.27ഞാൻ ഇരുട്ടത്ത് നിങ്ങളോടു പറയുന്നത് വെളിച്ചത്തു പറവിൻ; ചെവിയിൽ മൃദുസ്വരത്തിൽ പറഞ്ഞുകേൾക്കുന്നത് പുരമുകളിൽനിന്ന് ഘോഷിപ്പിൻ.
ആരെ ഭയപ്പെടണം

28ആത്മാവിനെ കൊല്ലുവാൻ കഴിയാതെ ശരീരത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ട; മറിച്ച് ആത്മാവിനെയും ശരീരത്തെയും നരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെ തന്നേ ഭയപ്പെടുവിൻ.29ചെറിയ നാണയത്തിന് രണ്ടു കുരികിലുകളെ വില്ക്കുന്നില്ലയോ? അവയിൽ ഒന്നുപോലും നിങ്ങളുടെ പിതാവിന്റെ അറിവില്ലാതെ നിലത്തു വീഴുകയില്ല.30എന്നാൽ നിങ്ങളുടെ തലയിലെ രോമവും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു.31ആകയാൽ ഭയപ്പെടേണ്ടാ; അനേകം കുരികിലുകളേക്കാൾ നിങ്ങൾ വിലയുള്ളവരല്ലോ.
ക്രിസ്തുവിനെ ഏറ്റുപറയുക

32അതുകൊണ്ട് മനുഷ്യരുടെ മുമ്പിൽ എന്നെ ഏറ്റുപറയുന്ന ഏതൊരുവനെയും സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുമ്പിൽ ഞാനും ഏറ്റുപറയും.33മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെയോ എന്റെ പിതാവിന്റെ മുമ്പിൽ ഞാനും തള്ളിപ്പറയും.
ക്രിസ്തുവിന്റെ പക്ഷം ചേരുക

34ഞാൻ ഭൂമിയിൽ സമാധാനം കൊണ്ടുവരുവാൻ വന്നു എന്നു നിരൂപിക്കരുത്; സമാധാനം അല്ല, വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നത്.35മനുഷ്യനെ തന്റെ അപ്പനോടും മകളെ തന്റെ അമ്മയോടും മരുമകളെ തന്റെ അമ്മാവിയമ്മയോടും എതിരാക്കുവാനത്രേ ഞാൻ വന്നത്.36മനുഷ്യന്റെ ശത്രുക്കൾ അവന്റെ വീട്ടുകാർ തന്നേ ആയിരിക്കും.
37എന്നേക്കാൾ അധികം അപ്പനെയോ അമ്മയെയോ പ്രിയപ്പെടുന്നവൻ എനിക്ക് യോഗ്യനല്ല; എന്നേക്കാൾ അധികം മകനെയോ മകളെയോ പ്രിയപ്പെടുന്നവൻ എനിക്ക് യോഗ്യനല്ല.38തന്റെ ക്രൂശ് എടുത്തു എന്നെ അനുഗമിക്കാത്തവൻ എനിക്ക് യോഗ്യനല്ല.39തന്റെ ജീവനെ കണ്ടെത്തിയവൻ അതിനെ കളയും; എന്റെ നിമിത്തം തന്റെ ജീവനെ കളഞ്ഞവൻ അതിനെ കണ്ടെത്തും.
കൈക്കൊള്ളുന്നവന് ലഭിക്കുന്ന പ്രതിഫലം

40നിങ്ങളെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെയും കൈക്കൊള്ളുന്നു.41പ്രവാചകൻ എന്നുവച്ച് പ്രവാചകനെ കൈക്കൊള്ളുന്നവന് പ്രവാചകന്റെ പ്രതിഫലം ലഭിക്കും; നീതിമാൻ എന്നുവച്ച് നീതിമാനെ കൈക്കൊള്ളുന്നവന് നീതിമാന്റെ പ്രതിഫലം ലഭിക്കും.
42ശിഷ്യൻ എന്നു വെച്ച് ഈ ചെറിയവരിൽ ഒരുവന് ഒരു പാനപാത്രം തണ്ണീർ മാത്രം കുടിക്കുവാൻ കൊടുക്കുന്നവന് പ്രതിഫലം കിട്ടാതെ പോകയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.

11

1യേശു തന്റെ പന്ത്രണ്ട് ശിഷ്യന്മാരോടും നിർദ്ദേശിച്ചു തീർന്നശേഷം അവരുടെ പട്ടണങ്ങളിൽ ഉപദേശിക്കുവാനും പ്രസംഗിക്കുവാനും അവിടെ നിന്നു പുറപ്പെട്ടുപോയി.

യോഹന്നാൻ സ്നാപകന്റെ ചോദ്യവും, യേശുവിന്റെ മറുപടിയും

2യോഹന്നാൻ കാരാഗൃഹത്തിൽവച്ച് ക്രിസ്തുവിന്റെ പ്രവൃത്തികളെക്കുറിച്ചു കേട്ടിട്ട് തന്റെ ശിഷ്യന്മാരെ അയച്ചു:3വരുവാനുള്ളവൻ നീയോ, അതോ ഞങ്ങൾ മറ്റൊരുവനെ കാത്തിരിക്കണമോ എന്നു അവർ മുഖാന്തരം അവനോട് ചോദിച്ചു.
4യേശു അവരോട്: കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായ് തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ജീവനിലേക്ക് ഉയിർക്കുന്നു; ദരിദ്രരോട് സുവിശേഷം അറിയിക്കുന്നു5എന്നിങ്ങനെ നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നതു യോഹന്നാനെ ചെന്ന് അറിയിക്കുവിൻ.6എന്നാൽ എന്നിൽ ഇടറിപ്പോകുവാൻ ഒരവസരവും ലഭിക്കാതിരിക്കുന്നവനെല്ലാം ഭാഗ്യവാൻ എന്നുത്തരം പറഞ്ഞു.
സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ വലിയവനും, സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവനും

7അവർ പോയ ശേഷം യേശു യോഹന്നാനെക്കുറിച്ച് പുരുഷാരത്തോട് പറഞ്ഞുതുടങ്ങിയത്: നിങ്ങൾ എന്ത് കാണ്മാൻ മരുഭൂമിയിലേക്ക് പോയി? കാറ്റിനാൽ ഉലയുന്ന ഞാങ്ങണയോ?8അല്ല, എന്തുകാണ്മാൻ പോയി? മൃദുവായവസ്ത്രം ധരിച്ച മനുഷ്യനെയോ? വാസ്തവത്തിൽ മൃദുവായവസ്ത്രം ധരിക്കുന്നവർ രാജഗൃഹങ്ങളിലല്ലോ.
9അല്ല, എന്ത് കാണുവാൻ പോയി? ഒരു പ്രവാചകനെയോ? അതെ, പ്രവാചകനിലും മികച്ചവനെ തന്നേ എന്നു ഞാൻ നിങ്ങളോടു പറയുന്നു.
10“ഞാൻ എന്റെ ദൂതനെ നിനക്ക് മുമ്പായി അയയ്ക്കുന്നു; അവൻ നിന്റെ മുമ്പിൽ നിനക്ക് വഴി ഒരുക്കും”
എന്നു എഴുതപ്പെട്ടിരിക്കുന്നവൻ ഇവൻ തന്നേ.
11സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല; എങ്കിലും സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.12യോഹന്നാൻ സ്നാപകന്റെ നാളുകൾമുതൽ ഇന്നുവരെ സ്വർഗ്ഗരാജ്യം ബലാൽക്കാരം നേരിടുന്നു; ബലാൽക്കാരികൾ അതിനെ ബലത്തോടെ പിടിച്ചെടുക്കുന്നു.
13സകല പ്രവാചകന്മാരും ന്യായപ്രമാണവും യോഹന്നാൻ വരെ പ്രവചിച്ചു.14നിങ്ങൾക്ക് സ്വീകരിക്കുവാൻ മനസ്സുണ്ടെങ്കിൽ വരുവാനുള്ള ഏലിയാവ് അവൻ തന്നേ.15കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ.
ഈ തലമുറയെ ഏതിനോട് ഉപമിക്കേണ്ടു?

16ഈ തലമുറയെ ഏതിനോട് ഉപമിക്കേണ്ടു? ചന്തസ്ഥലങ്ങളിൽ ഇരുന്നു17ഞങ്ങൾ നിങ്ങൾക്കായി കുഴലൂതി, നിങ്ങൾ നൃത്തംചെയ്തില്ല; ഞങ്ങൾ വിലാപം പാടി, നിങ്ങൾ മാറത്തടിച്ചില്ല; എന്നു വിളിച്ചുപറയുന്ന കുട്ടികളോട് തുല്യം.
18യോഹന്നാൻ അപ്പം തിന്നുകയും വീഞ്ഞ് കുടിക്കുകയും ചെയ്യാത്തവനായി വന്നു; അവന് ഭൂതമുണ്ടെന്ന് അവർ പറയുന്നു.19മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ടു വന്നു; അവർ പറയുന്നു നോക്കു അവൻ ഭക്ഷണപ്രിയനും കുടിയനുമായ മനുഷ്യൻ; നികുതിപിരിവുകാരുടെയും പാപികളുടെയും സ്നേഹിതൻ, എന്നാൽ ജ്ഞാനം തന്റെ പ്രവൃത്തികളാൽ നീതീകരിക്കപ്പെട്ടിരിക്കുന്നു”.
മാനസാന്തരപ്പെടാത്ത പട്ടണങ്ങളെ ശാസിക്കുന്നു

20പിന്നെ അവൻ തന്റെ വീര്യപ്രവൃത്തികൾ മിക്കതും നടന്ന പട്ടണങ്ങൾ മാനസാന്തരപ്പെടാഞ്ഞതിനാൽ അവയെ ശാസിച്ചുതുടങ്ങി:21കോരസീനേ, നിനക്ക് ഹാ കഷ്ടം; ബേത്ത്സയിദേ, നിനക്ക് ഹാ കഷ്ടം; നിങ്ങളിൽ നടന്ന വീര്യപ്രവൃത്തികൾ സോരിലും സീദോനിലും നടന്നിരുന്നു എങ്കിൽ അവർ പണ്ടുതന്നെ ചാക്ക്ശീലയുടുത്തും ചാരത്തിലിരുന്നും മാനസാന്തരപ്പെടുമായിരുന്നു.22എന്നാൽ ന്യായവിധിദിവസത്തിൽ നിങ്ങളേക്കാൾ സോരിനും സീദോനും സഹിക്കാവതാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
23നീയോ കഫർന്നഹൂമേ, സ്വർഗ്ഗത്തോളം ഉയർന്നിരിക്കും എന്നുചിന്തിക്കുന്നുവോ? നീ പാതാളംവരെ താണുപോകും; നിന്നിൽ നടന്ന വീര്യപ്രവൃത്തികൾ സൊദോമിൽ നടന്നിരുന്നു എങ്കിൽ അത് ഇന്നുവരെ നിലനില്ക്കുമായിരുന്നു.24എന്നാൽ ന്യായവിധിദിവസത്തിൽ നിന്നേക്കാൾ സൊദോമ്യരുടെ നാട്ടിന് സഹിക്കാവുന്നതാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ആശ്രയിക്കുന്നവർക്ക് ആശ്വാസം

25ആ സമയത്തു തന്നേ യേശു ഉത്തരമായി പറഞ്ഞത്: പിതാവേ, സ്വർഗ്ഗത്തിനും ഭൂമിക്കും കർത്താവായുള്ളോവേ, നീ ഇതു ജ്ഞാനികൾക്കും വിവേകികൾക്കും മറച്ച് പഠിപ്പില്ലാത്തവരായി, ശിശുക്കളെപ്പോലെയുള്ളവർക്ക് വെളിപ്പെടുത്തിയതുകൊണ്ട് ഞാൻ നിന്നെ വാഴ്ത്തൂന്നു.26അതേ, പിതാവേ, ഇങ്ങനെയല്ലോ നിനക്ക് പ്രസാദം തോന്നിയത്.27എന്റെ പിതാവ് സകലവും എങ്കൽ ഭരമേല്പിച്ചിരിക്കുന്നു; പിതാവല്ലാതെ ആരും പുത്രനെ അറിയുന്നില്ല; പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുക്കുവാൻ ഇച്ഛിക്കുന്നവനും അല്ലാതെ ആരും പിതാവിനെ അറിയുന്നതുമില്ല.
28അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങൾക്ക് വിശ്രമം നൽകാം.29ഞാൻ സൌമ്യതയും ഹൃദയത്തിൽ താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ട് എന്നോട് പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്ക് നിങ്ങൾ വിശ്രമം കണ്ടെത്തും.30എന്റെ നുകം മൃദുവും എന്റെ ചുമട് ലഘുവും ആകുന്നുവല്ലോ.

12
മനുഷ്യപുത്രൻ ശബ്ബത്തിന് കർത്താവാകുന്നു

1ആ കാലത്ത് യേശു ശബ്ബത്തിൽ വിളഭൂമിയിൽകൂടി കടന്നുപോയി; അവന്റെ ശിഷ്യന്മാർ വിശന്നിട്ട് ധാന്യത്തിന്റെ കതിർ പറിച്ചു തിന്നുതുടങ്ങി2പരീശന്മാർ അത് കണ്ടിട്ട്: നോക്കു, ശബ്ബത്തിൽ നിയമവിരുദ്ധമായത് നിന്റെ ശിഷ്യന്മാർ ചെയ്യുന്നു എന്നു യേശുവിനോടു പറഞ്ഞു.

3എന്നാൽ യേശു അവരോട് പറഞ്ഞത്: ദാവീദ് തനിക്കും കൂടെയുള്ളവർക്കും4വിശന്നപ്പോൾ ചെയ്തത് എന്ത് എന്നു നിങ്ങൾ വായിച്ചിട്ടില്ലയോ? അവൻ ദൈവാലയത്തിൽ ചെന്ന്, പുരോഹിതന്മാർക്കു മാത്രമല്ലാതെ തനിക്കും കൂടെയുള്ളവർക്കും തിന്മാൻ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു
5അല്ല, ശബ്ബത്തിൽ പുരോഹിതന്മാർ ദൈവാലയത്തിൽ വെച്ച് ശബ്ബത്തിനെ ലംഘിക്കുന്നു എങ്കിലും കുറ്റമില്ലാതെ ഇരിക്കുന്നു എന്നു ന്യായപ്രമാണത്തിൽ വായിച്ചിട്ടില്ലയോ?6എന്നാൽ ദൈവാലയത്തേക്കാൾ വലിയവൻ ഇവിടെ ഉണ്ട് എന്നു ഞാൻ നിങ്ങളോടു പറയുന്നു.
7യാഗത്തിലല്ല കരുണയിൽ അത്രേ, ഞാൻ പ്രസാദിക്കുന്നു എന്നുള്ളത് എന്ത് എന്നു നിങ്ങൾ അറിഞ്ഞിരുന്നു എങ്കിൽ കുറ്റമില്ലാത്തവരെ കുറ്റം വിധിക്കുകയില്ലായിരുന്നു.8മനുഷ്യപുത്രനോ ശബ്ബത്തിന് കർത്താവാകുന്നു.
ശബ്ബത്തിൽ സൌഖ്യം

9അവൻ അവിടം വിട്ടു അവരുടെ പള്ളിയിൽ ചെന്നപ്പോൾ, കൈ വരണ്ട ഒരു മനുഷ്യനെ കണ്ട്.10അവർ അവനിൽ കുറ്റം ചുമത്തേണ്ടതിന് ശബ്ബത്തിൽ സൌഖ്യമാക്കുന്നത് വിഹിതമോ എന്നു അവനോട് ചോദിച്ചു.
11അവൻ അവരോട്: നിങ്ങളിൽ ഒരുവന് ഒരേയൊരു ആടുണ്ട് എന്നിരിക്കട്ടെ; അത് ശബ്ബത്തിൽ ആഴമുള്ളകുഴിയിൽ വീണാൽ അവൻ അതിനെ പിടിച്ച് കയറ്റുകയില്ലയോ?12എന്നാൽ മനുഷ്യൻ ആടിനേക്കാൾ എത്ര വിശേഷതയുള്ളവൻ. ആകയാൽ ശബ്ബത്തിൽ നന്മ ചെയ്യുന്നതു നിയമാനുസൃതം തന്നേ എന്നു പറഞ്ഞു.
13പിന്നെ യേശു ആ മനുഷ്യനോടു: കൈ നീട്ടുക എന്നു പറഞ്ഞു; അവൻ നീട്ടി, അത് മറ്റേ കൈ പോലെ സൌഖ്യമായി.14പരീശന്മാരോ പുറപ്പെട്ടു അവനെ എങ്ങനെ കൊല്ലുവാൻ കഴിയും എന്ന് അന്വേഷിച്ച് അവന് വിരോധമായി ഉപായം ചമച്ചു.
15യേശു അത് അറിഞ്ഞിട്ട് അവിടം വിട്ടുപോയി, വളരെ പേർ അവന്റെ പിന്നാലെ ചെന്ന്; അവൻ അവരെ ഒക്കെയും സൌഖ്യമാക്കി,16തന്നെ മറ്റുള്ളവരുടെ മുൻപിൽ പ്രസിദ്ധമാക്കരുത് എന്നു അവരോട് ആജ്ഞാപിച്ചു.
17“ഇതാ, ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസൻ, എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ പ്രിയൻ; ഞാൻ എന്റെ ആത്മാവിനെ അവന്റെമേൽ വെയ്ക്കും; അവൻ ജാതികൾക്ക് ന്യായവിധി അറിയിക്കും.
18അവൻ മത്സരിക്കുകയില്ല, നിലവിളിക്കുകയില്ല; ആരും തെരുവീഥികളിൽ അവന്റെ ശബ്ദം കേൾക്കുകയുമില്ല.
19ചതഞ്ഞ ഞാങ്ങണ അവൻ ഒടിച്ചുകളയുകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവൻ ന്യായവിധി ജയത്തോളം നടത്തും.20അവന്റെ നാമത്തിൽ ജാതികൾ പ്രത്യാശവെയ്ക്കും”
21എന്നിങ്ങനെ യെശയ്യാപ്രവാചകന്മുഖാന്തരം അരുളിച്ചെയ്തത് നിവൃത്തിയായി.
ദൈവാത്മാവിനാൽ ഭൂതങ്ങളെ പുറത്താക്കുന്നു

22അതിനുശേഷം കുരുടനും ഊമനുമായൊരു ഭൂതഗ്രസ്തനെ ചിലർ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു; ഊമൻ സംസാരിക്കുകയും കാണുകയും ചെയ്‌വാൻ തക്കവണ്ണം അവൻ അവനെ സൌഖ്യമാക്കി.23പുരുഷാരം ഒക്കെയും വിസ്മയിച്ചു: ഇവൻ ദാവീദുപുത്രൻ തന്നെയോ എന്നു പറഞ്ഞു.
24അത് കേട്ടിട്ട് പരീശന്മാർ: ഇവൻ ഭൂതങ്ങളുടെ പ്രഭുവായ ബെയെത്സെബൂലിനെക്കൊണ്ടല്ലാതെ ഭൂതങ്ങളെ പുറത്താക്കുന്നില്ല എന്നു പറഞ്ഞു.25യേശു അവരുടെ നിരൂപണം അറിഞ്ഞ് അവരോട് പറഞ്ഞത്: തന്നിൽ തന്നെ ഭിന്നിക്കുന്ന ഏത് രാജ്യവും ശൂന്യമാകും;
26ഒരു പട്ടണമോ ഗൃഹമോ തന്നിൽ തന്നേ ഭിന്നിക്കുന്നു എങ്കിൽ നിലനില്ക്കയില്ല. സാത്താൻ സാത്താനെ പുറത്താക്കുന്നുവെങ്കിൽ അവൻ തന്നിൽ തന്നേ ഭിന്നിച്ചു പോയല്ലോ; പിന്നെ അവന്റെ രാജ്യം എങ്ങനെ നിലനില്ക്കും?27ഞാൻ ബെയെത്സെബൂലിനെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ, നിങ്ങളുടെ അനുഗാമികൾ ആരെക്കൊണ്ട് പുറത്താക്കുന്നു? അതുകൊണ്ട് അവർ നിങ്ങൾക്ക് ന്യായാധിപന്മാർ ആകും.
28ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിലോ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നെത്തിയിരിക്കുന്നു.29ബലവാന്റെ വീട്ടിൽ കടന്നു അവന്റെ വസ്തുവകകൾ കവർന്നെടുക്കുവാൻ, ആദ്യം ബലവാനെ പിടിച്ച് കെട്ടീട്ടല്ലാതെ എങ്ങനെ കഴിയും? പിടിച്ചുകെട്ടിയാൽ പിന്നെ അവന്റെ വീട് കവർച്ച ചെയ്യാം.30എനിക്ക് അനുകൂലമല്ലാത്തവൻ എനിക്ക് പ്രതികൂലം ആകുന്നു; എന്നോടൊപ്പം ചേർക്കാത്തവൻ ചിതറിപ്പോകുന്നു.
പരിശുദ്ധാത്മാവിന് നേരെയുള്ള ദൂഷണമോ ക്ഷമിക്കയില്ല

31അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നത്: സകലപാപവും ദൂഷണവും മനുഷ്യരോടു ക്ഷമിയ്ക്കും; ആത്മാവിന് എതിരെയുള്ള ദൂഷണമോ ക്ഷമിക്കയില്ല.32ആരെങ്കിലും മനുഷ്യപുത്രന് എതിരെ ഒരു വാക്ക് പറഞ്ഞാൽ അത് അവനോട് ക്ഷമിയ്ക്കും; പരിശുദ്ധാത്മാവിന് എതിരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോട് ക്ഷമിക്കയില്ല.
33ഒന്നുകിൽ വൃക്ഷം നല്ലത്, ഫലവും നല്ലത് എന്നു വയ്ക്കുവിൻ; അല്ലെങ്കിൽ വൃക്ഷം ഗുണമല്ല, ഫലവും ഗുണകരമല്ല എന്നു വയ്ക്കുവിൻ; ഫലം കൊണ്ടല്ലോ വൃക്ഷത്തെ അറിയുന്നത്.34സർപ്പസന്തതികളേ, നിങ്ങൾ ദുഷ്ടരായിരിക്കെ നല്ലത് സംസാരിപ്പാൻ എങ്ങനെ കഴിയും? ഹൃദയം നിറഞ്ഞു കവിയുന്നതിൽ നിന്നല്ലോ വായ് സംസാരിക്കുന്നത്.35നല്ല മനുഷ്യൻ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തിൽനിന്ന് നല്ലത് പുറപ്പെടുവിക്കുന്നു; ദുഷ്ടമനുഷ്യൻ തന്റെ ഹൃദയത്തിലെ ദുഷ്ടതയിൽനിന്ന് ദുഷ്ടതയായത് പുറപ്പെടുവിക്കുന്നു.
36എന്നാൽ മനുഷ്യർ പറയുന്ന ഏത് നിസ്സാരവാക്കിനും ന്യായവിധിദിവസത്തിൽ കണക്ക് ബോധിപ്പിക്കേണ്ടിവരും എന്നു ഞാൻ നിങ്ങളോടു പറയുന്നു.37നിന്റെ വാക്കുകളാൽ നീ നീതീകരിക്കപ്പെടുകയും നിന്റെ വാക്കുകളാൽ കുറ്റം വിധിക്കപ്പെടുകയും ചെയ്യും.
അടയാളം അന്വേഷിക്കുന്നവർ

38അപ്പോൾ ശാസ്ത്രിമാരിലും പരീശന്മാരിലും ചിലർ അവനോട്: ഗുരോ, നീ ഒരു അടയാളം ചെയ്തുകാണ്മാൻ ഞങ്ങൾ ഇച്ഛിക്കുന്നു എന്നു പറഞ്ഞു. അവൻ അവരോട് ഉത്തരം പറഞ്ഞത്:39ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനാപ്രവാചകന്റെ അടയാളമല്ലാതെ അതിന് അടയാളം ലഭിക്കുകയില്ല.40യോനാ വലിയ മത്സ്യത്തിന്റെ വയറ്റിൽ മൂന്നു രാവും മൂന്നു പകലും ഇരുന്നതുപോലെ മനുഷ്യപുത്രൻ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ ഇരിക്കും.
41നിനവേക്കാർ ന്യായവിധിയിൽ ഈ തലമുറയോട് ഒന്നിച്ച് എഴുന്നേറ്റ് അതിനെ കുറ്റം വിധിക്കും; അവർ യോനയുടെ പ്രസംഗം കേട്ട് മാനസാന്തരപ്പെട്ടുവല്ലോ; ഇതാ, ഇവിടെ യോനയിലും വലിയവൻ.
42തെക്കെ രാജ്ഞി ന്യായവിധിയിൽ ഈ തലമുറയോട് ഒന്നിച്ച് ഉയിർത്തെഴുന്നേറ്റ് അതിനെ കുറ്റം വിധിക്കും; അവൾ ശലോമോന്റെ ജ്ഞാനം കേൾക്കുവാൻ ഭൂമിയുടെ അറുതികളിൽനിന്നു വന്നുവല്ലോ; ഇവിടെ ഇതാ, ശലോമോനിലും വലിയവൻ.
മടങ്ങിവരുന്ന അശുദ്ധാത്മാവ്

43അശുദ്ധാത്മാവ് ഒരു മനുഷ്യനെ വിട്ടു പുറപ്പെട്ടശേഷം വരണ്ട സ്ഥലങ്ങളിൽക്കൂടി വിശ്രമം അന്വേഷിച്ചുകൊണ്ട് സഞ്ചരിക്കുന്നു; കണ്ടെത്തുന്നില്ലതാനും.44അപ്പോൾ ഞാൻ പുറപ്പെട്ടുപോന്ന എന്റെ വീട്ടിലേക്ക് മടങ്ങിച്ചെല്ലും എന്ന് അവൻ പറയുന്നു; മടങ്ങിവന്നപ്പോൾ, അത് ഒഴിഞ്ഞതും അടിച്ചുവാരി അലങ്കരിച്ചതുമായി കണ്ട്.45പിന്നെ അത് പുറപ്പെട്ടു, തന്നിലും ദുഷ്ടതയേറിയ വേറെ ഏഴ് ആത്മാക്കളെ കൂട്ടിക്കൊണ്ടുവരുന്നു; അവരും അവിടെ കയറി പാർക്കുന്നു; ആ മനുഷ്യന്റെ ഒടുവിലത്തെ സ്ഥിതി ആദ്യത്തേതിലും ദുരിതപൂർണ്ണം ആകും; ഈ ദുഷ്ടതലമുറയ്ക്കും അങ്ങനെ ഭവിക്കും.
എന്റെ അമ്മയും എന്റെ സഹോദരന്മാരും

46യേശു പുരുഷാരത്തോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അവന്റെ അമ്മയും സഹോദരന്മാരും അവനോട് സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തു നിന്നു.47ഒരുവൻ അവനോട്: നിന്റെ അമ്മയും സഹോദരന്മാരും നിന്നോട് സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തുനില്ക്കുന്നു എന്നു പറഞ്ഞു.
48അത് പറഞ്ഞവനോട് ഉത്തരമായി അവൻ: എന്റെ അമ്മ ആർ എന്റെ സഹോദരന്മാർ ആർ എന്നു ചോദിച്ചു.49എന്നിട്ട് അവന്റെ ശിഷ്യന്മാരുടെ നേരെ കൈ നീട്ടി: ഇതാ, എന്റെ അമ്മയും എന്റെ സഹോദരന്മാരും.50സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ ഏവനും എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു എന്നു പറഞ്ഞു.

13
വിത്തുവിതക്കുന്നവന്റെ ഉപമ

1ആ ദിവസം യേശു വീട്ടിൽനിന്ന് പുറപ്പെട്ടു കടലരികെ ഇരുന്നു.2വളരെ പുരുഷാരം അവന്റെ അടുക്കൽ വന്നുകൂടിയതുകൊണ്ട് അവൻ പടകിൽ കയറി ഇരുന്നു; പുരുഷാരം എല്ലാം കരയിൽ നിന്നു.

3അവൻ അവരോട് പലതും ഉപമകളിലൂടെ പ്രസ്താവിച്ചതെന്തെന്നാൽ: ഇതാ വിതയ്ക്കുന്ന ഒരുവൻ വിതയ്ക്കുവാൻ പുറപ്പെട്ടു.4വിതയ്ക്കുമ്പോൾ ചിലത് വഴിയരികെ വീണു; പറവകൾ വന്നു അത് തിന്നുകളഞ്ഞു.5ചിലത് പാറസ്ഥലത്ത് ഏറെ മണ്ണില്ലാത്ത ഇടത്ത് വീണു; മണ്ണിന് താഴ്ചയില്ലായ്കയാൽ ക്ഷണത്തിൽ മുളച്ചുവന്നു.6എന്നാൽ സൂര്യൻ ഉദിച്ചപ്പോൾ ചൂടുതട്ടി, വേര് ഇല്ലായ്കയാൽ അത് ഉണങ്ങിപ്പോയി.
7മറ്റു ചിലത് മുൾച്ചെടികൾക്കിടയിൽ വീണു; മുൾച്ചെടി മുളച്ചു വളർന്ന് അതിനെ ഞെരുക്കിക്കളഞ്ഞു.8മറ്റു ചിലത് നല്ല നിലത്തു വീണു, നൂറും അറുപതും മുപ്പതും മേനിയായി വിളവ് നൽകി.9കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ.
ഉപമകൾ എന്തിന്?

10പിന്നെ ശിഷ്യന്മാർ യേശുവിന്റെ അടുക്കൽ വന്ന്: പുരുഷാരത്തോട് ഉപമകളായി സംസാരിക്കുന്നത് എന്തുകൊണ്ട് എന്നു ചോദിച്ചു.11അവൻ അവരോട് ഉത്തരം പറഞ്ഞത്: സ്വർഗ്ഗരാജ്യത്തിന്റെ മർമ്മങ്ങളെ അറിയുവാനുള്ള പദവി നിങ്ങൾക്ക് ലഭിച്ചിരിക്കുന്നു; ഇവർക്കോ ലഭിച്ചിട്ടില്ല.12ആകയാൽ ഉള്ളവന് അധികം കൊടുക്കും; അവന് സമൃദ്ധിയുണ്ടാകും; ഇല്ലാത്തവനോടോ അവനുള്ളതും കൂടെ എടുത്തുകളയും.
13അതുകൊണ്ട് അവർ കാണുന്നു എങ്കിലും ഉള്ളതുപോലെ കാണാതെയും കേൾക്കുന്നു എങ്കിലും ഉള്ളതുപോലെ കേൾക്കാതെയും ഉള്ളതുപോലെ ഗ്രഹിക്കാതെയും ഇരിക്കയാൽ ഞാൻ ഉപമകളായി അവരോട് സംസാരിക്കുന്നു.
14“നിങ്ങൾ കേട്ടുകൊണ്ടേയിരിക്കും, എന്നാൽ ഒരു വിധത്തിലും ഗ്രഹിക്കയില്ലതാനും; കണ്ടുകൊണ്ടേയിരിക്കും, എന്നാൽ ഒരു വിധത്തിലും മനസ്സിലാക്കുകയില്ലതാനും; ഈ ജനത്തിന്റെ ഹൃദയം മങ്ങിപ്പോയിരിക്കുന്നു; അവരുടെ ചെവി കേൾവിനിമിത്തം ഭാരമായിരിക്കുന്നു; അവരുടെ കണ്ണ് അവർ അടച്ചിരിക്കുന്നു; അവർ കണ്ണ് കാണാതെയും ചെവി കേൾക്കാതെയും ഹൃദയംകൊണ്ട് ഗ്രഹിക്കാതെയും ഞാൻ അവരെ രൂപാന്തരപ്പെടുത്താതെയും സൗഖ്യമാക്കാതെയും ഇരിക്കേണ്ടതിനുതന്നെ”
15എന്നിങ്ങനെ യെശയ്യാവു പറഞ്ഞ പ്രവചനത്തിന് അവരിൽ നിവൃത്തിവരുന്നു.
16എന്നാൽ നിങ്ങളുടെ കണ്ണ് കാണുന്നതുകൊണ്ടും നിങ്ങളുടെ ചെവി കേൾക്കുന്നതുകൊണ്ടും ഭാഗ്യമുള്ളവ.17ഏറിയ പ്രവാചകന്മാരും നീതിമാന്മാരും നിങ്ങൾ കാണുന്നത് കാണ്മാൻ ആഗ്രഹിച്ചിട്ട് കണ്ടില്ല; നിങ്ങൾ കേൾക്കുന്നത് കേൾക്കുവാൻ ആഗ്രഹിച്ചിട്ടും കേട്ടില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
ഉപമയുടെ പൊരുൾ

18എന്നാൽ വിതയ്ക്കുന്നവന്റെ ഉപമ കേട്ടുകൊൾവിൻ.19ഒരുവൻ രാജ്യത്തിന്റെ വചനം കേട്ടിട്ട് മനസ്സിലാക്കാതെ ഇരുന്നാൽ ദുഷ്ടൻ വന്നു അവന്റെ ഹൃദയത്തിൽ വിതയ്ക്കപ്പെട്ടത് റാഞ്ചിക്കൊണ്ടുപോകുന്നു; ഇതത്രെ വഴിയരികെ വിതയ്ക്കപ്പെട്ടത്.
20പാറസ്ഥലത്ത് വിതയ്ക്കപ്പെട്ടതോ, ഒരുവൻ വചനം കേട്ടിട്ട് ഉടനെ സന്തോഷത്തോടെ കൈക്കൊള്ളുന്നു എങ്കിലും തന്നിൽ തന്നെ വേരില്ലാതിരിക്കയാൽ അവന്റെ നിലനില്പ് ക്ഷണികമത്രേ.21വചനംനിമിത്തം ഞെരുക്കമോ ഉപദ്രവമോ നേരിട്ടാൽ അവൻ ക്ഷണത്തിൽ ഇടറിപ്പോകുന്നു.
22മുൾച്ചെടികൾക്കിടയിൽ വിതയ്ക്കപ്പെട്ടതോ, ഒരുവൻ വചനം കേൾക്കുന്നു എങ്കിലും ഈ ലോകത്തിന്റെ ചിന്തയും ധനത്തിന്റെ വഞ്ചനയും വചനത്തെ ഞെരുക്കീട്ട് ഫലമില്ലാത്തവനായി തീരുന്നതാകുന്നു.23നല്ല നിലത്തു വിതയ്ക്കപ്പെട്ടതോ ഒരുവൻ വചനം കേട്ട് മനസ്സിലാക്കുന്നത് ആകുന്നു; അവൻ വാസ്തവമായി ഫലം നൽകുന്നവനും വർദ്ധിപ്പിക്കുന്നവനും ആകുന്നു; ചിലർ നൂറുമേനിയും അതിലധികവും, മറ്റുചിലർ അറുപതും മുപ്പതും മേനിയും വിളയിപ്പിക്കുന്നു.
ഗോതമ്പും കളയും

24അവൻ മറ്റൊരു ഉപമ അവർക്ക് പറഞ്ഞുകൊടുത്തു: സ്വർഗ്ഗരാജ്യം ഒരു മനുഷ്യൻ തന്റെ കൃഷിസ്ഥലത്ത് നല്ല വിത്ത് വിതച്ചതിനോട് സദൃശമാകുന്നു.25മനുഷ്യർ ഉറങ്ങുമ്പോൾ അവന്റെ ശത്രു വന്നു, ഗോതമ്പിന്റെ ഇടയിൽ കള വിതച്ച് പൊയ്ക്കളഞ്ഞു.26ഞാറ് വളർന്ന് കതിരായപ്പോൾ കളയും ദൃശ്യമായ് വന്നു.
27അപ്പോൾ ഭൂവുടയവന്റെ ദാസന്മാർ അവന്റെ അടുക്കൽ ചെന്ന്: യജമാനനേ, അങ്ങ് വയലിൽ നല്ലവിത്തല്ലയോ വിതച്ചത്? പിന്നെ കള എവിടെനിന്ന് വന്നു എന്നു ചോദിച്ചു.28ഇതു ശത്രു ചെയ്തതാകുന്നു എന്നു അവൻ അവരോട് പറഞ്ഞു. ഞങ്ങൾ പോയി അത് പറിച്ചുകളയുവാൻ സമ്മതമുണ്ടോ എന്നു ദാസന്മാർ അവനോട് ചോദിച്ചു.
29അതിന് ഭൂവുടമ അരുത്, ഒരു പക്ഷേ കള പറിക്കുമ്പോൾ ഗോതമ്പും കൂടെ പിഴുതുപോകും.30രണ്ടുംകൂടെ കൊയ്ത്തുവരെ വളരട്ടെ; കൊയ്ത്ത് കാലത്ത് ഞാൻ കൊയ്യുന്നവരോട് മുമ്പെ കള പറിച്ചുകൂട്ടി ചുട്ടുകളയേണ്ടതിന് കെട്ടുകളായി കെട്ടുവാനും ഗോതമ്പു എന്റെ കളപ്പുരയിൽ കൂട്ടിവയ്ക്കുവാനും കല്പിക്കും എന്നു പറഞ്ഞു.
കടുകുമണിയുടെ ഉപമ

31മറ്റൊരു ഉപമ അവൻ അവർക്ക് പറഞ്ഞുകൊടുത്തു: സ്വർഗ്ഗരാജ്യം ഒരു മനുഷ്യൻ എടുത്തു തന്റെ വയലിൽ വിതച്ച കടുകുമണിയോട് സദൃശം;32ഈ വിത്ത് അത് എല്ലാവിത്തിലും ചെറിയതെങ്കിലും വളർന്നപ്പോൾ സസ്യങ്ങളിൽ ഏറ്റവും വലുതായി, ആകാശത്തിലെ പറവകൾ വന്നു അതിന്റെ കൊമ്പുകളിൽ കൂട് കൂട്ടുവാൻ തക്കവണ്ണം വൃക്ഷമായി തീരുന്നു.
പുളിച്ച മാവിനോടു സദൃശം

33അവൻ മറ്റൊരു ഉപമ അവരോട് പറഞ്ഞത്; “സ്വർഗ്ഗരാജ്യം ഒരു സ്ത്രീ മൂന്നുപറ1 മാവ് എടുത്ത് എല്ലാം പുളിച്ചുവരുവോളം ചേർത്തുവയ്ക്കുന്ന അല്പം പുളിച്ച മാവിനോടു സദൃശം”
34ഇതു ഒക്കെയും യേശു പുരുഷാരത്തോട് ഉപമകളായി പറഞ്ഞു; ഉപമ കൂടാതെ അവരോട് ഒന്നും പറഞ്ഞില്ല
35“ഞാൻ ഉപമ പ്രസ്താവിപ്പാൻ വായ്തുറക്കും; ലോകസ്ഥാപനം മുതൽ ഗൂഢമായത് ഉച്ചരിക്കും”
എന്നു പ്രവാചകൻ പറഞ്ഞത് നിവൃത്തിയാകുവാൻ സംഗതിവന്നു.
വയലിലെ കളയുടെ ഉപമയുടെ വിവരണം

36അനന്തരം യേശു പുരുഷാരത്തെ പറഞ്ഞയച്ചിട്ട് വീട്ടിൽ വന്നു, ശിഷ്യന്മാർ അവന്റെ അടുക്കൽ ചെന്ന്: വയലിലെ കളയുടെ ഉപമ വിവരിച്ചുതരണം എന്നു അപേക്ഷിച്ചു. അതിന് അവൻ ഉത്തരം പറഞ്ഞത്:37നല്ല വിത്ത് വിതയ്ക്കുന്നവൻ മനുഷ്യപുത്രൻ;38വയൽ ലോകം; നല്ലവിത്ത് രാജ്യത്തിന്റെ പുത്രന്മാർ;39കള ദുഷ്ടന്റെ പുത്രന്മാർ; അത് വിതച്ച ശത്രു പിശാച്; കൊയ്ത്ത് ലോകാവസാനം; കൊയ്യുന്നവർ ദൂതന്മാർ.
40അതുകൊണ്ട് കള കൂട്ടി തീയിൽ ഇട്ട് ചുടുംപോലെ ലോകാവസാനത്തിൽ സംഭവിക്കും.41മനുഷ്യപുത്രൻ തന്റെ ദൂതന്മാരെ അയയ്ക്കും; അവർ അവന്റെ രാജ്യത്തിൽനിന്നു പാപത്തെ ഉളവാക്കുന്ന സകലത്തേയും അധർമ്മം പ്രവർത്തിക്കുന്ന എല്ലാവരെയും കൂട്ടിച്ചേർത്തു42തീച്ചൂളയിൽ ഇട്ടുകളയും; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും.43അന്ന് നീതിമാന്മാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കും. കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ.
വയലിൽ ഒളിച്ചുവച്ച നിധി

44സ്വർഗ്ഗരാജ്യം വയലിൽ ഒളിച്ചുവച്ച നിധിയോട് സദൃശം. അത് ഒരു മനുഷ്യൻ കണ്ട് മറച്ചിട്ട്, തന്റെ സന്തോഷത്താൽ ചെന്ന് തനിക്കുള്ളതൊക്കെയും വിറ്റ് ആ വയൽ വാങ്ങി.
മുത്ത് അന്വേഷിക്കുന്ന വ്യാപാരി

45പിന്നെയും സ്വർഗ്ഗരാജ്യം നല്ല മുത്ത് അന്വേഷിക്കുന്ന ഒരു വ്യാപാരിയോട് സദൃശം.46അവൻ വിലയേറിയ ഒരു മുത്ത് കണ്ടെത്തിയാറെ ചെന്ന് തനിക്കുള്ളതൊക്കെയും വിറ്റ് അത് വാങ്ങി.
എല്ലാവക മീൻ പിടിക്കുന്ന വല

47പിന്നെയും സ്വർഗ്ഗരാജ്യം കടലിൽ ഇടുന്നതും എല്ലാവക ജീവികളേയും പിടിക്കുന്നതുമായൊരു വലയോടു സദൃശം.48അത് നിറഞ്ഞപ്പോൾ മീൻ പിടുത്തക്കാർ അത് വലിച്ചു കരയ്ക്ക് കയറ്റി, ഇരുന്നുകൊണ്ട് നല്ലത് പാത്രങ്ങളിൽ കൂട്ടിവച്ചു, ചീത്തയായവ എറിഞ്ഞുകളഞ്ഞു.
ലോകാവസാനത്തിൽ സംഭവിക്കുന്നത്

49ഇങ്ങനെ തന്നേ ലോകാവസാനത്തിൽ സംഭവിക്കും; ദൂതന്മാർ പുറപ്പെട്ടു നീതിമാന്മാരുടെ ഇടയിൽനിന്ന് ദുഷ്ടന്മാരെ വേർതിരിക്കും.50അവർ അവരെ തീച്ചൂളയിൽ ഇട്ടുകളയും; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും.

51ഇതെല്ലാം ഗ്രഹിച്ചുവോ? എന്നതിന് ശിഷ്യന്മാർ അതെ എന്നു പറഞ്ഞു.52പിന്നെ യേശു അവരോട്: അതുകൊണ്ട് സ്വർഗ്ഗരാജ്യത്തിന് ശിഷ്യനായ് തീർന്ന ഏത് ശാസ്ത്രിയും തന്റെ നിക്ഷേപത്തിൽ നിന്നു പുതിയതും പഴയതും പുറത്തെടുക്കുന്ന ഒരു വീട്ടുടയവനോട് സദൃശനാകുന്നു എന്നു പറഞ്ഞു.
പിതൃനഗരത്തിൽ തിരസ്കരണം

53യേശു ഈ ഉപമകളെ പറഞ്ഞു തീർന്നശേഷം അവിടെ നിന്നും പുറപ്പെട്ടു.
54അതിനുശേഷം തന്റെ സ്വന്ത പ്രദേശങ്ങളിൽ പ്രവേശിച്ചു അവിടെയുള്ള ജനങ്ങളെ അവരുടെ പള്ളിയിൽ ഉപദേശിച്ചു. അപ്പോൾ അവർ യേശുവിന്റെ ഉപദേശത്തിൽ വിസ്മയിച്ചു: ഇവന് ഈ ജ്ഞാനവും വീര്യപ്രവൃത്തികളും എവിടെ നിന്നു ലഭിച്ചു?55ഇവൻ തച്ചന്റെ മകൻ അല്ലയോ? ഇവന്റെ അമ്മ മറിയ അല്ലയോ? ഇവന്റെ സഹോദരന്മാർ യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നവർ അല്ലയോ?56ഇവന്റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ? ഇവന് ഇതു ഒക്കെയും എവിടെ നിന്നുലഭിച്ചു എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി.
57യേശു അവരോട്: ഒരു പ്രവാചകൻ തന്റെ പിതൃനഗരത്തിലും സ്വന്തഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല എന്നു പറഞ്ഞു.58അവരുടെ അവിശ്വാസം നിമിത്തം അവൻ അവിടെ വളരെ വീര്യപ്രവൃത്തികളെ ചെയ്തില്ല.


1 13:33 ഏകദേശം 27 കിലോഗ്രാം തൂക്കം

14
യോഹന്നാൻ സ്നാപകന്റെ ശിരച്ഛേദം

1ആ കാലത്ത് ഇടപ്രഭുവായ1 ഹെരോദാവ് യേശുവിന്റെ ശ്രുതി കേട്ടിട്ട്:2ഇവൻ യോഹന്നാൻ സ്നാപകൻ; അവൻ മരിച്ചവരുടെ ഇടയിൽ നിന്നും ഉയിർത്തു; അതുകൊണ്ടാകുന്നു ഈ ശക്തികൾ അവനിൽ വ്യാപരിക്കുന്നത് എന്നു തന്റെ ഭൃത്യന്മാരോടു പറഞ്ഞു.

3ഹെരോദാവ് തന്റെ സഹോദരനായ ഫീലിപ്പോസിന്റെ ഭാര്യ ഹെരോദ്യ നിമിത്തം, അവൾ നിനക്ക് ഭാര്യയായിരിക്കുന്നതു നിയമാനുസൃതമല്ല എന്നു4യോഹന്നാൻ അവനോട് പറഞ്ഞതുകൊണ്ട്, അവനെ പിടിച്ച് കെട്ടി തടവിൽ ആക്കിയിരുന്നു.5അവനെ കൊല്ലണമെന്നുണ്ടായിരുന്നിട്ടും പുരുഷാരം അവനെ പ്രവാചകൻ എന്നു എണ്ണുകയാൽ അവരെ ഭയപ്പെട്ടു.
6എന്നാൽ ഹെരോദാവിന്റെ ജന്മദിവസം ആയപ്പോൾ ഹെരോദ്യയുടെ മകൾ സഭാമദ്ധ്യേ നൃത്തം ചെയ്തു ഹെരോദാവിനെ പ്രസാദിപ്പിച്ചു.7അതുമുഖാന്തരം എന്ത് ചോദിച്ചാലും കൊടുക്കും എന്നു അവൻ സത്യംചെയ്തു അവൾക്ക് വാക്ക് കൊടുത്തു.
8അവൾ അമ്മയുടെ നിർദ്ദേശപ്രകാരം: യോഹന്നാൻ സ്നാപകന്റെ തല ഒരു താലത്തിൽ ഇവിടെ തരേണം എന്നു പറഞ്ഞു.9ഇതു നിമിത്തം രാജാവ് സ്തബ്ധനായിപോയെങ്കിലും ചെയ്ത സത്യത്തെയും വിരുന്നുകാരെയും വിചാരിച്ചു അത് കൊടുക്കുവാൻ കല്പിച്ചു;
10അവൻ ആളയച്ച് തടവിൽ യോഹന്നാനെ ശിരച്ഛേദം ചെയ്യിച്ചു.11അവന്റെ തല ഒരു താലത്തിൽ കൊണ്ടുവന്നു മകൾക്ക് കൊടുത്തു; അവൾ അമ്മയ്ക്ക് കൊണ്ടുപോയി കൊടുത്തു.12അവന്റെ ശിഷ്യന്മാർ ചെന്ന് ഉടൽ എടുത്തു അടക്കം ചെയ്തു; പിന്നെ ചെന്ന് യേശുവിനെ അറിയിച്ചു.
അഞ്ചപ്പംകൊണ്ട് അയ്യായിരം പേരെ പോഷിപ്പിക്കുന്നു

13അത് കേട്ടിട്ട് യേശു അവിടെനിന്നും പിൻവാങ്ങി പടകിൽ കയറി നിർജ്ജനമായൊരു സ്ഥലത്തേയ്ക്ക് വേറിട്ടു പോയി; പുരുഷാരം അത് കേട്ട് പട്ടണങ്ങളിൽ നിന്നു കാൽനടയായി അവന്റെ പിന്നാലെ ചെന്ന്.14അവൻ അവരുടെ മുൻപാകെ വന്നു വലിയ പുരുഷാരത്തെ കണ്ട് അവരിൽ മനസ്സലിഞ്ഞ് അവരുടെ രോഗികളെ സൌഖ്യമാക്കി.
15വൈകുന്നേരമായപ്പോൾ ശിഷ്യന്മാർ അവന്റെ അടുക്കൽ ചെന്ന് പറഞ്ഞു: ഈ സ്ഥലം വിജനമല്ലോ, പകലും കഴിഞ്ഞല്ലോ; പുരുഷാരം ഗ്രാമങ്ങളിൽ പോയി ഭക്ഷണസാധനങ്ങൾ വാങ്ങേണ്ടതിന് അവരെ പിരിച്ചുവിടേണം എന്നു പറഞ്ഞു.
16എന്നാൽ യേശു അവരോട്: അവർ പോകുവാൻ ആവശ്യമില്ല; നിങ്ങൾ അവർക്ക് ഭക്ഷിക്കുവാൻ കൊടുക്കുവിൻ എന്നു പറഞ്ഞു.17അവർ അവനോട്: അഞ്ച് അപ്പവും രണ്ടു മീനും അല്ലാതെ ഞങ്ങൾക്കു ഇവിടെ ഒന്നും ഇല്ല എന്നു പറഞ്ഞു.18അത് എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു അവൻ പറഞ്ഞു.
19പിന്നെ പുരുഷാരം പുല്ലിന്മേൽ ഇരിക്കുവാൻ കല്പിച്ചു; ആ അഞ്ച് അപ്പവും രണ്ടു മീനും എടുത്തു, സ്വർഗ്ഗത്തേക്ക് നോക്കി വാഴ്ത്തി, അപ്പം നുറുക്കി, ശിഷ്യന്മാർക്കും, ശിഷ്യന്മാർ പുരുഷാരത്തിനും കൊടുത്തു.20എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണങ്ങൾ പന്ത്രണ്ട് കൊട്ട നിറച്ചെടുത്തു.21തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ ഏകദേശം അയ്യായിരം പുരുഷന്മാർ ആയിരുന്നു.
യേശു കടലിന്മേൽ നടക്കുന്നു

22ഉടനെ യേശു താൻ പുരുഷാരത്തെ പറഞ്ഞയയ്ക്കുന്നതിനിടയിൽ ശിഷ്യന്മാർ പടകിൽ കയറി, തനിക്കുമുമ്പായി അക്കരയ്ക്ക് പോകുവാൻ അവരെ നിബ്ബന്ധിച്ചു.23അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ട് പ്രാർത്ഥിക്കുവാൻ തനിയെ മലയിൽ കയറിപ്പോയി; വൈകുന്നേരം ആയപ്പോൾ ഏകനായി അവിടെ ഇരുന്നു.24പടകോ കരവിട്ട് കടലിന് നടുവിലും, കാറ്റ് പ്രതികൂലമാകയാൽ തിരകൾ നിമിത്തം നിയന്ത്രണാതീതവുമായി.
25രാത്രിയിലെ നാലാം യാമത്തിൽ അവൻ കടലിന്മേൽ നടന്നു അവരുടെ അടുക്കൽ വന്നു.26അവൻ കടലിന്മേൽ നടക്കുന്നത് കണ്ടിട്ട് ശിഷ്യന്മാർ ഭയപ്പെട്ടു അത് ഒരു ഭൂതം എന്നു പറഞ്ഞു പേടിച്ചു നിലവിളിച്ചു.27ഉടനെ യേശു അവരോട്: ധൈര്യപ്പെടുവിൻ; ഞാൻ ആകുന്നു; പേടിക്കേണ്ടാ എന്നു പറഞ്ഞു.
പത്രൊസ് വെള്ളത്തിന്മീതെ നടക്കുന്നു

28അതിന് പത്രൊസ്: കർത്താവേ, നീ ആകുന്നു എങ്കിൽ ഞാൻ വെള്ളത്തിന്മീതെ നിന്റെ അടുക്കൽ വരേണ്ടതിന് കല്പിക്കണം എന്നു പറഞ്ഞു.29വരിക എന്നു അവൻ പറഞ്ഞു. പത്രൊസ് പടകിൽ നിന്നു ഇറങ്ങി, യേശുവിന്റെ അടുക്കൽ ചെല്ലുവാൻ വെള്ളത്തിന്മേൽ നടന്നു.30എന്നാൽ അവൻ കാറ്റ് കണ്ട് ഭയപ്പെട്ടു മുങ്ങിത്തുടങ്ങുകയാൽ: കർത്താവേ, എന്നെ രക്ഷിക്കേണമേ എന്നു നിലവിളിച്ചു.
31യേശു ഉടനെ കൈ നീട്ടി അവനെ പിടിച്ച്: അല്പവിശ്വാസിയേ, നീ എന്തിന് സംശയിച്ചു എന്നു പറഞ്ഞു.32യേശുവും പത്രൊസും പടകിൽ കയറിയപ്പോൾ കാറ്റ് അടിക്കുന്നത് നിന്നു.33പടകിലുള്ള ശിഷ്യന്മാർ: നീ ദൈവപുത്രൻ സത്യം എന്നു പറഞ്ഞു അവനെ നമസ്കരിച്ചു.
ഗെന്നേസരത്ത് ദേശത്തു സൗഖ്യം

34അവർ അക്കരെയെത്തി, ഗെന്നേസരത്ത് ദേശത്തു ചെന്ന്.35അവിടുത്തെ ജനങ്ങൾ അവൻ ആരെന്ന് തിരിച്ചറിഞ്ഞു ചുറ്റുമുള്ള നാട്ടിൽ എല്ലാം ആളയച്ച് ദീനക്കാരെ ഒക്കെയും അവന്റെ അടുക്കൽ കൊണ്ടുവന്നു.36അവന്റെ വസ്ത്രത്തിന്റെ വക്കിൽ മാത്രം തൊടുവാൻ അനുവാദം ചോദിച്ചു, തൊട്ടവർക്ക് ഒക്കെയും സൌഖ്യം വന്നു.


1 14. 1 ഇടപ്രഭു റോമാ സാമ്രാജ്യത്തിലുൾപ്പെട്ടിരിക്കുന്ന ഒരു രാജ്യത്തിന്റെയോ പ്രവിശ്യയുടെയോ നാലിൽ ഒരു ഭാഗത്തിന്റെ അധികാരി.

15
ദൈവകൽപ്പനയോ മാനുഷിക സമ്പ്രദായമോ?

1അതിനുശേഷം യെരൂശലേമിൽനിന്നു പരീശന്മാരും ശാസ്ത്രിമാരും യേശുവിന്റെ അടുക്കൽ വന്നു:2നിന്റെ ശിഷ്യന്മാർ പൂർവ്വികരുടെ സമ്പ്രദായം ലംഘിക്കുന്നത് എന്ത്? അവർ ഭക്ഷിക്കുമ്പോൾ കൈ കഴുകുന്നില്ലല്ലോ എന്നു പറഞ്ഞു3അവൻ അവരോട് ഉത്തരം പറഞ്ഞത്: നിങ്ങളുടെ സമ്പ്രദായംകൊണ്ടു നിങ്ങൾ ദൈവകല്പന ലംഘിക്കുന്നത് എന്ത്?

4അപ്പനെയും അമ്മയെയും ബഹുമാനിയ്ക്ക എന്നും അപ്പനെയോ അമ്മയെയോ ദുഷിക്കുന്നവൻ മരിക്കണം എന്നും ദൈവം കല്പിച്ചുവല്ലോ.5എന്നാൽ നിങ്ങൾ പറയുന്നു ആരെങ്കിലും അപ്പനോടോ, അമ്മയോടോ: നിനക്ക് എന്നിൽ നിന്നും ലഭിക്കേണ്ടിയിരുന്ന സഹായം എല്ലാം ദൈവത്തിന് വഴിപാടായി അർപ്പിച്ചു എന്നു പറഞ്ഞാൽ6അവൻ അപ്പനെ ബഹുമാനിക്കേണ്ടതായ ആവശ്യമില്ലായെന്ന് പറയുന്നു; ഇങ്ങനെ നിങ്ങളുടെ സമ്പ്രദായം നിമിത്തം ദൈവവചനത്തെ ദുർബ്ബലമാക്കിയിരിക്കുന്നു.
7കപടഭക്തിക്കാരേ, നിങ്ങളെക്കുറിച്ച് യെശയ്യാവു:
8“ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ടു അകന്നിരിക്കുന്നു.
9മാനുഷകല്പനകളെ അവരുടെ ഉപദേശങ്ങളായി പഠിപ്പിക്കുന്നതുകൊണ്ട് അവർ എന്നെ വ്യർത്ഥമായി ആരാധിക്കുന്നു”
എന്നിങ്ങനെ പ്രവചിച്ചിരിക്കുന്നത് ഒത്തിരിക്കുന്നു.
മനുഷ്യന് അശുദ്ധി വരുത്തുന്നത്

10പിന്നെ അവൻ പുരുഷാരത്തെ അരികെ വിളിച്ചു അവരോട് പറഞ്ഞത്: കേട്ട് ഗ്രഹിച്ചു കൊൾവിൻ.11വായ്ക്കകത്തു പ്രവേശിക്കുന്നത് മനുഷ്യനെ അശുദ്ധനാക്കുന്നില്ല, മറിച്ച് വായിൽ നിന്നു പുറപ്പെടുന്നതത്രേ; മനുഷ്യനെ അശുദ്ധനാക്കുന്നത്.
12അപ്പോൾ ശിഷ്യന്മാർ അടുക്കെ വന്നു: പരീശന്മാർ ഈ പ്രസ്താവന കേട്ട് ഇടറിപ്പോയി എന്നു അറിയുന്നുവോ എന്നു ചോദിച്ചു.13അതിന് അവൻ: സ്വർഗ്ഗസ്ഥനായ എന്റെ പിതാവ് നട്ടിട്ടില്ലാത്ത തൈ ഒക്കെയും വേരോടെ പറിഞ്ഞുപോകും.14അവരെ വിടുവിൻ; അവർ കുരുടന്മാരായ വഴികാട്ടികൾ അത്രേ; കുരുടൻ കുരുടനെ വഴിനടത്തിയാൽ ഇരുവരും കുഴിയിൽ വീഴും എന്നു ഉത്തരം പറഞ്ഞു.
15പത്രൊസ് അവനോട്: ആ ഉപമ ഞങ്ങൾക്കു വിശദീകരിച്ച് തരണം എന്നു പറഞ്ഞു.16അതിന് അവൻ പറഞ്ഞത്: നിങ്ങളും ഇന്നുവരെ ബോധമില്ലാത്തവരോ?17വായ്ക്കകത്തു കടക്കുന്നത് എല്ലാം വയറ്റിൽ ചെന്നിട്ട് മറപ്പുരയിൽ പോകുന്നു എന്നു ഗ്രഹിക്കുന്നില്ലയോ?
18വായിൽ നിന്നു പുറപ്പെടുന്നതോ ഹൃദയത്തിൽനിന്ന് വരുന്നു; അത് മനുഷ്യനെ അശുദ്ധമാക്കുന്നു.19എങ്ങനെയെന്നാൽ ദുശ്ചിന്ത, കൊലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ള സാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തിൽ നിന്നു പുറപ്പെട്ടുവരുന്നു.20മനുഷ്യനെ അശുദ്ധമാക്കുന്നത് ഈ കാര്യങ്ങളത്രേ; കഴുകാത്ത കൈകൊണ്ട് ഭക്ഷിക്കുന്നതോ മനുഷ്യനെ അശുദ്ധമാക്കുന്നില്ല.
കനാന്യ സ്ത്രീയുടെ വലിയ വിശ്വാസം

21യേശു അവിടം വിട്ടു, സോർ സീദോൻ എന്ന പ്രദേശങ്ങളിലേക്ക് പിൻവാങ്ങിപ്പോയി.22ആ ദേശത്തുനിന്ന് ഒരു കനാന്യസ്ത്രീ വന്നു, അവനോട്: കർത്താവേ, ദാവീദ് പുത്രാ, എന്നോട് കരുണ തോന്നേണമേ; എന്റെ മകൾക്കു ഭൂതോപദ്രവം കഠിനമായിരിക്കുന്നു എന്നു ഉറക്കെ നിലവിളിച്ചു പറഞ്ഞു.23അവൻ അവളോട് ഒരു വാക്കും ഉത്തരം പറഞ്ഞില്ല; അവന്റെ ശിഷ്യന്മാർ അടുക്കെ, വന്നു: അവൾ നമ്മുടെ പിന്നാലെ ഉറക്കെ നിലവിളിച്ചുകൊണ്ട് വരുന്നു; അവളെ പറഞ്ഞയയ്ക്കേണമേ എന്നു അവനോട് അപേക്ഷിച്ചു.
24അതിന് അവൻ: യിസ്രായേൽ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല എന്നു ഉത്തരം പറഞ്ഞു.25എന്നാൽ അവൾ വന്നു: കർത്താവേ, എന്നെ സഹായിക്കണമേ എന്നു പറഞ്ഞു അവനെ നമസ്കരിച്ചു.26അവനോ: മക്കളുടെ അപ്പം എടുത്തു നായ്ക്കുട്ടികൾക്ക് എറിഞ്ഞുകൊടുക്കുന്നത് നന്നല്ല എന്നു ഉത്തരം പറഞ്ഞു.
27അതിന് അവൾ: അതേ, കർത്താവേ, നായ്ക്കുട്ടികളും ഉടയവരുടെ മേശയിൽ നിന്നു വീഴുന്ന ചില നുറുക്കുകൾ തിന്നുന്നുണ്ടല്ലോ എന്നു പറഞ്ഞു.28യേശു അവളോട്: സ്ത്രീയേ, നിന്റെ വിശ്വാസം വലിയത്; നിന്റെ ഇഷ്ടംപോലെ നിനക്ക് ഭവിക്കട്ടെ എന്നു ഉത്തരം പറഞ്ഞു. ആ നാഴികയിൽത്തന്നെ അവളുടെ മകൾക്കു സൌഖ്യം വന്നു.
യേശു അനേകരെ സൗഖ്യമാക്കുന്നു

29യേശു അവിടെ നിന്നു യാത്രയായി ഗലീലക്കടലരികെ ചെന്ന് മലയിൽ കയറി അവിടെ ഇരുന്നു.30വളരെ പുരുഷാരം അവന്റെ അടുക്കൽ വന്നു; അവർ മുടന്തർ, കുരുടർ, ഊമർ, കൂനർ മുതലായവരെയും മറ്റു പലരോഗികളേയും അവന്റെ അടുക്കൽ, അവന്റെ പാദപീഠത്തിൽതന്നെ കൊണ്ടുവന്നു; അവൻ അവരെ സൌഖ്യമാക്കി.31ഊമർ സംസാരിക്കുന്നതും കൂനർ സൌഖ്യമാകുന്നതും മുടന്തർ നടക്കുന്നതും കുരുടർ കാണുന്നതും പുരുഷാരം കണ്ടിട്ട് ആശ്ചര്യപ്പെട്ടു, യിസ്രായേലിന്റെ ദൈവത്തെ മഹത്വപ്പെടുത്തി.
യേശു നാലായിരം പേരെ പോഷിപ്പിക്കുന്നു

32എന്നാൽ യേശു തന്റെ ശിഷ്യന്മാരെ അടുക്കെവിളിച്ചു; ഈ പുരുഷാരം ഇപ്പോൾ മൂന്നു നാളുകളായി എന്നോടുകൂടെ പാർക്കുന്നു; അവർക്ക് ഭക്ഷിക്കുവാൻ ഒന്നും ഇല്ലാത്തതുകൊണ്ട് അവരെക്കുറിച്ച് എനിക്ക് മനസ്സലിവു തോന്നുന്നു; അവരെ പട്ടിണിയായി വിട്ടയപ്പാൻ മനസ്സുമില്ല; അവർ വഴിയിൽവെച്ചു തളർന്നുപോയേക്കും എന്നു പറഞ്ഞു.33ശിഷ്യന്മാർ അവനോട്: ഇത്ര വലിയ പുരുഷാരത്തിന് തൃപ്തിവരുത്തുവാൻ ആവശ്യമായ അപ്പം ഈ വിജനമായ സ്ഥലത്ത് നമുക്കു എവിടെ നിന്നു എന്നു ചോദിച്ചു.34യേശു അവരോട് നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ട് എന്നു ചോദിച്ചതിന്, ഏഴ് അപ്പവും, കുറെ ചെറുമീനുകളും ഉണ്ട് എന്നു അവർ പറഞ്ഞു.35അവൻ പുരുഷാരത്തോട് നിലത്തു ഇരിക്കുവാൻ കല്പിച്ചു,
36ആ ഏഴ് അപ്പവും മീനും എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാർ പുരുഷാരത്തിനും കൊടുത്തു.37എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണങ്ങൾ അവർ ഏഴ് കൊട്ട നിറച്ചെടുത്തു.38തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ നാലായിരം പുരുഷന്മാർ ആയിരുന്നു.39പിന്നെ അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ട് പടകിൽ കയറി മഗദാ ദേശത്തു എത്തി.

16
കാലലക്ഷണങ്ങളെ വിവേചിക്കുവിൻ

1പരീശന്മാരും സദൂക്യരും അടുക്കൽ വന്നു: ആകാശത്തുനിന്ന് ഒരു അടയാളം ഞങ്ങൾക്ക് കാണിച്ചുതരണമെന്ന് അവനെ പരീക്ഷിച്ച് ചോദിച്ചു.2അവരോട് അവൻ ഉത്തരം പറഞ്ഞത്: സന്ധ്യാസമയത്ത് ആകാശം ചുവന്നുകണ്ടാൽ നല്ല തെളിവായ കാലാവസ്ഥ എന്നും

3രാവിലെ ആകാശം ചുവന്ന് മേഘാവൃതമായി കണ്ടാൽ ഇന്ന് മഴക്കോൾ ഉണ്ടാകും എന്നും നിങ്ങൾ വ്യാഖ്യാനിക്കുന്നു. ആകാശത്തിന്റെ ഭാവങ്ങളെ വ്യാഖ്യാനിപ്പാൻ നിങ്ങൾ അറിയുന്നു; എന്നാൽ കാലലക്ഷണങ്ങളെ വ്യാഖാനിപ്പാൻ നിങ്ങൾക്ക് കഴിയുന്നില്ല4ദുഷ്ടതയും വ്യഭിചാരവുമുള്ള തലമുറ അടയാളം അന്വേഷിക്കുന്നു; എന്നാൽ യോനയുടെ അടയാളമല്ലാതെ അതിന് അടയാളം ലഭിക്കുകയില്ല; പിന്നെ അവൻ അവരെ വിട്ടു പോയി.
പരീശന്മാരുടെയും സദൂക്യരുടെയും ഉപദേശങ്ങൾ

5ശിഷ്യന്മാർ തടാകത്തിന്റെ മറുവശത്ത് എത്തിയപ്പോൾ അവർ അപ്പം എടുക്കുന്ന കാര്യം മറന്നുപോയിരുന്നു.6യേശു അവരോട്: പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ച മാവു കരുതിയും സൂക്ഷിച്ചും കൊൾവിൻ എന്നു പറഞ്ഞു.7അപ്പം കൊണ്ടുപോരായ്കയാൽ ആയിരിക്കും എന്നു അവർ തമ്മിൽ തമ്മിൽ പറഞ്ഞു.8യേശു അത് അറിഞ്ഞിട്ട് പറഞ്ഞത് : അല്പവിശ്വാസികളേ, അപ്പം കൊണ്ടുവരായ്കയാൽ ആയിരിക്കും എന്ന് തമ്മിൽ തമ്മിൽ പറയുന്നത് എന്ത്?
9ഇപ്പോഴും നിങ്ങൾ തിരിച്ചറിയുന്നില്ലയോ? അയ്യായിരം പേർക്ക് അഞ്ച് അപ്പം കൊടുത്തിട്ട് എത്ര കൊട്ട എടുത്തു എന്നും10നാലായിരം പേർക്ക് ഏഴ് അപ്പം കൊടുത്തിട്ട് എത്ര കൊട്ട എടുത്തു എന്നും ഓർക്കുന്നില്ലയോ?
11അപ്പത്തെക്കുറിച്ചല്ല എന്നു തിരിച്ചറിയാത്തത് എന്ത്? പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ച മാവു സൂക്ഷിച്ചുകൊള്ളേണം എന്നത്രേ പറഞ്ഞത്12അങ്ങനെ അപ്പത്തിന്റെ പുളിച്ച മാവല്ല, പരീശന്മാരുടെയും സദൂക്യരുടെയും ഉപദേശമത്രേ സൂക്ഷിച്ചുകൊള്ളുവാൻ അവൻ പറഞ്ഞത് എന്നു അവർ ഗ്രഹിച്ചു.
മനുഷ്യപുത്രനെ ആർ എന്നു പറയുന്നു

13യേശു ഫിലിപ്പിന്റെ കൈസര്യയുടെ പ്രദേശത്ത് എത്തിയശേഷം തന്റെ ശിഷ്യന്മാരോട്: ജനങ്ങൾ മനുഷ്യപുത്രൻ ആർ ആകുന്നു എന്നു പറയുന്നുവെന്ന് ചോദിച്ചു.14ചിലർ യോഹന്നാൻസ്നാപകൻ എന്നും മറ്റു ചിലർ ഏലിയാവെന്നും വേറെ ചിലർ യിരെമ്യാവോ പ്രവാചകന്മാരിൽ ഒരുവനോ എന്നും പറയുന്നു എന്നു അവർ പറഞ്ഞു.15എന്നാൽ ഞാൻ ആർ ആകുന്നു എന്നു നിങ്ങൾ പറയുന്നുവെന്ന് യേശു ചോദിച്ചു?16അതിനുത്തരമായി ശിമോൻ പത്രൊസ്: നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്നു പറഞ്ഞു.
17യേശു അവനോട്: ബർയോനാ ശിമോനെ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിനക്ക് ഇതു വെളിപ്പെടുത്തിയത്.

18നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നും ഞാൻ നിന്നോട് പറയുന്നു.
19സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ ഞാൻ നിനക്ക് തരും; നീ ഭൂമിയിൽ കെട്ടുന്നത് ഒക്കെയും സ്വർഗ്ഗത്തിൽ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതൊക്കെയും സ്വർഗ്ഗത്തിൽ അഴിയപ്പെട്ടിരിക്കും എന്നു ഉത്തരം പറഞ്ഞു.20പിന്നെ താൻ ക്രിസ്തു ആകുന്നു എന്നു ആരോടും പറയാതിരിപ്പാൻ യേശു ശിഷ്യന്മാരോട് കല്പിച്ചു.
യേശു, തന്റെ പീഢാനുഭവങ്ങൾ ശിഷ്യന്മാരോട് പ്രസ്താവിക്കുന്നു

21അന്നുമുതൽ യേശു, താൻ യെരൂശലേമിൽ പോകണമെന്നും, മൂപ്പന്മാർ, മഹാപുരോഹിതന്മാർ, ശാസ്ത്രിമാർ എന്നിവരാൽ പലതും സഹിച്ചു കൊല്ലപ്പെടുകയും മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കുകയും വേണം എന്നു ശിഷ്യന്മാരോട് പ്രസ്താവിച്ചു തുടങ്ങി.22അപ്പോൾ പത്രൊസ് അവനെ വേറിട്ടു കൊണ്ടുപോയി: കർത്താവേ, അത് നിന്നിൽ നിന്നു മാറിപ്പോകട്ടെ; നിനക്ക് അങ്ങനെ ഒരിക്കലും സംഭവിക്കരുതേ എന്നു ശാസിച്ചു.23അവനോ തിരിഞ്ഞു പത്രൊസിനോട്; എന്നെ വിട്ടു മാറിപ്പോകൂ, സാത്താനെ; നീ എനിക്ക് ഇടർച്ചയാകുന്നു; നീ ദൈവത്തിന്റെ കാര്യങ്ങളല്ല, മനുഷ്യരുടെ കാര്യങ്ങളത്രേ കരുതുന്നത് എന്നു പറഞ്ഞു.
തന്റെ ക്രൂശ് എടുത്തു എന്നെ അനുഗമിക്കട്ടെ

24പിന്നെ യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞത്: ഒരുവൻ എന്നെ അനുഗമിക്കുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ച്, തന്റെ ക്രൂശ് എടുത്തു എന്നെ അനുഗമിക്കട്ടെ.25ആരെങ്കിലും തന്റെ ജീവനെ രക്ഷിക്കാൻ ഇച്ഛിച്ചാൽ അതിനെ നഷ്ടമാക്കും; എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ നഷ്ടമാക്കിയാൽ അതിനെ കണ്ടെത്തും.26ഒരു മനുഷ്യൻ തന്റെ ജീവനെ നഷ്ടപ്പെടുത്തിയിട്ട് സർവ്വലോകവും നേടിയത് കൊണ്ട് അവന് എന്ത് പ്രയോജനം? അല്ല, തന്റെ ജീവന് പകരമായി മനുഷ്യൻ എന്ത് കൊടുക്കുവാൻ കഴിയും?
27മനുഷ്യപുത്രൻ തന്റെ പിതാവിന്റെ മഹത്വത്തിൽ തന്റെ ദൂതന്മാരുമായി വരും; അപ്പോൾ അവൻ ഓരോരുത്തനും അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നല്കും.28മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നത് കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ട് എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.

17
യേശു മലമേൽ രൂപാന്തരപ്പെടുന്നു

1ആറ് ദിവസം കഴിഞ്ഞശേഷം യേശു പത്രൊസിനെയും യാക്കോബിനെയും അവന്റെ സഹോദരനായ യോഹന്നാനോടും കൂടെ ഒരു ഉയർന്ന മലയിലേക്ക് പോയി,2അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു, അവന്റെ മുഖം സൂര്യനെപ്പോലെ ശോഭിച്ചു അവന്റെ വസ്ത്രം വെളിച്ചംപോലെ തിളങ്ങുന്നതായി തീർന്നു.

3ഇതാ മോശെയും ഏലിയാവും പ്രത്യക്ഷമായി അവനോട് സംസാരിക്കുന്നതും അവർ കണ്ട്.4അപ്പോൾ പത്രൊസ് യേശുവിനോടു: കർത്താവേ, നാം ഇവിടെ ഇരിക്കുന്നത് നല്ലത്; നിനക്ക് സമ്മതമെങ്കിൽ ഞാൻ ഇവിടെ മൂന്നു കുടിൽ ഉണ്ടാക്കാം; ഒന്ന് നിനക്കും ഒന്ന് മോശെക്കും ഒന്ന് ഏലിയാവിനും എന്നു പറഞ്ഞു.
ഇവൻ എന്റെ പ്രിയപുത്രൻ

5അവൻ പറയുമ്പോൾ തന്നേ പ്രകാശമുള്ളൊരു മേഘം അവരുടെ മേൽ നിഴലിട്ടു; മേഘത്തിൽ നിന്നു, ഇവൻ എന്റെ പ്രിയപുത്രൻ, ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു; ഇവനെ ശ്രദ്ധിപ്പിൻ എന്നു ഒരു ശബ്ദവും ഉണ്ടായി.6ശിഷ്യന്മാർ അത് കേട്ടിട്ട് ഏറ്റവും ഭയപ്പെട്ടു കവിണ്ണുവീണു.7യേശു അടുത്തുചെന്ന് അവരെ തൊട്ടു: എഴുന്നേല്പിൻ, ഭയപ്പെടേണ്ടാ എന്നു പറഞ്ഞു.8അവർ തലപൊക്കി നോക്കിയപ്പോൾ യേശുവിനെ അല്ലാതെ മറ്റാരെയും കണ്ടില്ല.
ഏലിയാവായി വന്ന യോഹന്നാൻസ്നാപകൻ

9അവർ മലയിൽ നിന്നു ഇറങ്ങുമ്പോൾ യേശു അവരോട്: മനുഷ്യപുത്രൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തെഴുന്നേല്ക്കുംവരെ ഈ ദർശനം ആരോടും പറയരുത് എന്നു കല്പിച്ചു.10ശിഷ്യന്മാർ അവനോട്: എന്നാൽ ഏലിയാവത്രെ മുമ്പെ വരേണ്ടത് എന്നു ശാസ്ത്രിമാർ പറയുന്നത് എന്ത് എന്നു ചോദിച്ചു.
11അതിന് അവൻ: ഏലിയാവ് നിശ്ചയമായും വന്നു സകലവും യഥാസ്ഥാനത്താക്കും.12എന്നാൽ ഏലിയാവ് വന്നു കഴിഞ്ഞു എന്നു ഞാൻ നിങ്ങളോടു പറയുന്നു; എങ്കിലും അവർ അവനെ തിരിച്ചറിയാതെ തങ്ങൾക്കു ബോധിച്ചതുപോലെ എല്ലാം അവനോട് ചെയ്തു. അപ്രകാരം മനുഷ്യപുത്രനും അവരുടെ കരങ്ങളാൽ കഷ്ടപ്പെടുവാനുണ്ട് എന്നു ഉത്തരം പറഞ്ഞു.13അവൻ യോഹന്നാൻസ്നാപകനെക്കുറിച്ചു തങ്ങളോട് പറഞ്ഞു എന്നു ശിഷ്യന്മാർ ഗ്രഹിച്ചു.
അപസ്മാര രോഗിയായ ബാലനെ സൗഖ്യമാക്കുന്നു

14അവർ പുരുഷാരത്തിന്റെ അടുക്കൽ വന്നപ്പോൾ ഒരു മനുഷ്യൻ വന്നു അവന്റെ മുമ്പാകെ മുട്ടുകുത്തി:15കർത്താവേ, എന്റെ മകനോടു കരുണയുണ്ടാകേണമേ; അവൻ അപസ്മാരരോഗം ബാധിച്ചതു കൊണ്ട് പലപ്പോഴും തീയിലും വെള്ളത്തിലും വീണു കഠിനമായ കഷ്ടത്തിലായ്പോകുന്നു.16ഞാൻ അവനെ നിന്റെ ശിഷ്യന്മാരുടെ അടുക്കൽ കൊണ്ടുവന്നു; എന്നാൽ സൌഖ്യമാക്കുവാൻ അവർക്ക് കഴിഞ്ഞില്ല എന്നു പറഞ്ഞു.
17അതിന് യേശു മറുപടി പറഞ്ഞത് അവിശ്വാസവും ദുഷിച്ചതുമായ തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടു കൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ സഹിക്കും? അവനെ ഇവിടെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു ഉത്തരം പറഞ്ഞു.18യേശു ഭൂതത്തെ ശാസിച്ചു, അത് അവനെ വിട്ടുപോയി, ബാലന് ആ സമയം മുതൽ സൌഖ്യംവന്നു.
19പിന്നെ ശിഷ്യന്മാർ സ്വകാര്യമായി യേശുവിന്റെ അടുക്കൽ വന്നു: ഞങ്ങൾക്കു അതിനെ പുറത്താക്കാൻ കഴിയാഞ്ഞത് എന്ത് എന്നു ചോദിച്ചു.20അവൻ അവരോട്: നിങ്ങളുടെ അല്പവിശ്വാസം നിമിത്തമത്രേ;21നിങ്ങൾക്ക് കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ മലയോട്: നീ ഇവിടെ നിന്നു അവിടേക്ക് നീങ്ങുക എന്നു പറഞ്ഞാൽ അത് നീങ്ങും; നിങ്ങൾക്ക് ഒന്നും അസാദ്ധ്യമാകയുമില്ല. (എങ്കിലും പ്രാർത്ഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജാതി നീങ്ങിപ്പോകുന്നില്ല) എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
യേശു തന്റെ മരണത്തെക്കുറിച്ച് പറയുന്നു

22അവർ ഗലീലയിൽ പാർക്കുമ്പോൾ യേശു അവരോട്: മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടുകയും.23അവർ അവനെ കൊല്ലുകയും മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും എന്നു പറഞ്ഞു; അവരോ ഏറ്റവും ദുഃഖിച്ചു.
കരം കൊടുക്കുവാനുള്ള പണം മീനിന്റെ വായിൽനിന്ന്

24അവർ കഫർന്നഹൂമിൽ എത്തിയപ്പോൾ കരം പിരിക്കുന്നവർ പത്രൊസിന്റെ അടുക്കൽ വന്നു: നിങ്ങളുടെ ഗുരു കരം (ദ്വിദ്രഹ്മപ്പണം) 1 കൊടുക്കുന്നില്ലയോ എന്നു ചോദിച്ചതിന്: ഉണ്ട് എന്നു അവൻ പറഞ്ഞു.25പത്രൊസ് വീട്ടിൽ വന്നപ്പോൾ യേശു ആദ്യം അവനോട്: ശിമോനേ, നിനക്ക് എന്ത് തോന്നുന്നു? ഭൂമിയിലെ രാജാക്കന്മാർ കരമോ പ്രതിഫലമോ ആരോട് വാങ്ങുന്നു? രാജ്യത്തിലെ അംഗങ്ങളോടോ അതോ പുറത്തുള്ളവരോടോ എന്നു ചോദിച്ചതിന്: പുറത്തുള്ളവരോട് എന്നു പത്രൊസ് പറഞ്ഞു.
26യേശു അവനോട്: എന്നാൽ രാജ്യത്തിലെ അംഗങ്ങൾ ഒഴിവുള്ളവരല്ലോ.27എങ്കിലും നാം കരം പിരിക്കുന്നവർക്ക് ഇടർച്ച വരുത്താതിരിക്കേണ്ടതിന് നീ കടലിലേക്ക് ചെന്ന് ചൂണ്ട ഇട്ട് ആദ്യം കിട്ടുന്ന മീനിനെ എടുക്ക; അതിന്റെ വായ് തുറക്കുമ്പോൾ ഒരു ചതുർദ്രഹ്മപ്പണം കാണും; അത് എടുത്ത് എനിക്കും പത്രൊസിനും വേണ്ടി കൊടുക്ക എന്നു പറഞ്ഞു.


1 17. 24 ദ്വിദ്രഹ്മപ്പണം അര ശേക്കെൽ വെള്ളി എന്നാൽ 8 ഗ്രാം അതായത് 5 ഡോളറിനും 332 രൂപയ്ക്കും തുല്യം.

18
സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവൻ

1ആ സമയത്തു തന്നെ ശിഷ്യന്മാർ യേശുവിന്റെ അടുക്കൽ വന്നു. സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും മഹാനായവൻ ആർ എന്നു ചോദിച്ചു.2അവൻ ഒരു ശിശുവിനെ അടുക്കെ വിളിച്ചു അവരുടെ നടുവിൽ നിർത്തി:3നിങ്ങൾ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആയിത്തീരുന്നില്ല എങ്കിൽ സ്വർഗ്ഗരാജ്യത്തിൽ ഒരുവിധത്തിലും കടക്കുകയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.

4ആകയാൽ ഈ ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആകും.5ഇങ്ങനെയുള്ള ശിശുവിനെ എന്റെ നാമത്തിൽ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു.
ഇടർച്ച വരുത്തുന്നവന്

6എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുവനെ ആരെങ്കിലും പാപത്തിലേക്ക് നടത്തിയാലോ അവന്റെ കഴുത്തിൽ വലിയൊരു തിരികല്ല് കെട്ടി അവനെ സമുദ്രത്തിന്റെ ആഴത്തിൽ താഴ്ത്തിക്കളയുന്നത് അവന് നല്ലത്.
7കാരണം; ഇടർച്ച ഹേതുവായി ലോകത്തിനു അയ്യോ കഷ്ടം! അങ്ങനെയുള്ള സമയങ്ങൾ വരേണ്ടത് തന്നേ; എങ്കിലും ഇടർച്ച വരുത്തുന്ന മനുഷ്യന് അയ്യോ കഷ്ടം.8നിന്റെ കയ്യോ കാലോ നിനക്ക് ഇടർച്ച ആയാൽ അതിനെ വെട്ടി എറിഞ്ഞുകളക; രണ്ടു കയ്യും രണ്ടു കാലും ഉള്ളവനായി നിത്യാഗ്നിയിൽ വീഴുന്നതിനേക്കാൾ അംഗഹീനനായിട്ടോ മുടന്തനായിട്ടോ ജീവനിൽ കടക്കുന്നത് നിനക്ക് നല്ലത്.
9നിന്റെ കണ്ണ് നിനക്ക് ഇടർച്ച ആയാൽ അതിനെ പിഴുതെടുത്തു എറിഞ്ഞുകളക; രണ്ടു കണ്ണുള്ളവനായി അഗ്നിനരകത്തിൽ വീഴുന്നതിനേക്കാൾ ഒറ്റക്കണ്ണനായി ജീവനിൽ കടക്കുന്നത് നിനക്ക് നന്ന്.
ഈ ചെറിയവരിൽ ഒരുവൻപോലും നശിക്കരുത്

10ഈ ചെറിയവരിൽ ഒരുവനേപ്പോലും തുച്ഛീകരിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ.11സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.
12നിങ്ങൾക്ക് എന്ത് തോന്നുന്നു? ഒരു മനുഷ്യന് നൂറു ആട് ഉണ്ട് എന്നിരിക്കട്ടെ; അവയിൽ ഒന്ന് വഴിതെറ്റി അലഞ്ഞു പോയാൽ തൊണ്ണൂറ്റൊമ്പതിനെയും വിട്ടിട്ട് തെററിപ്പോയതിനെ മലകളിൽ ചെന്ന് തിരയുകയില്ലയോ?13അതിനെ കണ്ടുകിട്ടിയാൽ തെറ്റിപ്പോകാത്ത തൊണ്ണൂറ്റൊമ്പതിലും അധികം അതിനെക്കുറിച്ച് സന്തോഷിക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.14അങ്ങനെതന്നെ ഈ ചെറിയവരിൽ ഒരുവൻ നശിച്ചുപോകുന്നത് സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന് ഇഷ്ടമല്ല.
സഹോദരൻ നിന്നോട് പിഴച്ചാൽ.

15നിന്റെ സഹോദരൻ നിന്നോട് പാപം ചെയ്താൽ നീ ചെന്ന് നീയും അവനും മാത്രം ഉള്ളപ്പോൾ കുറ്റം അവന് ബോധ്യം വരുത്തുക; അവൻ നിന്റെ വാക്ക് കേട്ടാൽ നീ സഹോദരനെ നേടി.16കേൾക്കാഞ്ഞാലോ രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴിയാൽ സകല കാര്യവും ഉറപ്പാകേണ്ടതിന് ഒന്ന് രണ്ടു പേരെ കൂട്ടിക്കൊണ്ട് ചെല്ലുക.
17അവരെ കൂട്ടാക്കാഞ്ഞാൽ സഭയോട് അറിയിക്ക; സഭയേയും കൂട്ടാക്കാഞ്ഞാൽ അവൻ നിനക്ക് പുറജാതിക്കാരനും ചുങ്കക്കാരനും എന്നപോലെ ഇരിക്കട്ടെ.
18നിങ്ങൾ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങൾ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗ്ഗത്തിലും അഴിഞ്ഞിരിക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.19ഭൂമിയിൽവെച്ചു നിങ്ങളിൽ രണ്ടുപേർ ഒരുമനപ്പെട്ട് യാചിക്കുന്ന ഏത് കാര്യമാണെങ്കിലും അത് സ്വർഗ്ഗസ്ഥനായ എന്റെ പിതാവിങ്കൽ നിന്നു അവർക്ക് ലഭിക്കും;20രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നിടത്തൊക്കെയും ഞാൻ അവരുടെ നടുവിൽ ഉണ്ട് എന്നും ഞാൻ നിങ്ങളോടു പറയുന്നു.
ക്ഷമ എത്ര തവണ

21അപ്പോൾ പത്രൊസ് അവന്റെ അടുക്കൽ വന്നു: കർത്താവേ, സഹോദരൻ എത്രവട്ടം എനിക്കെതിരായി പാപം ചെയ്താൽ ഞാൻ ക്ഷമിക്കേണം?22ഏഴുവട്ടം മതിയോ എന്നു ചോദിച്ചു. യേശു അവനോട്: ഏഴുവട്ടമല്ല, ഏഴ് എഴുപത് വട്ടം എന്നു ഞാൻ നിന്നോട് പറയുന്നു എന്നു പറഞ്ഞു.
23സ്വർഗ്ഗരാജ്യം തന്റെ ദാസന്മാരുമായി കണക്ക് തീർപ്പാൻ ഭാവിക്കുന്ന ഒരു രാജാവിനോടു സദൃശം.24അവൻ കണക്ക് നോക്കിത്തുടങ്ങിയപ്പോൾ പതിനായിരം താലന്ത് 1 കടമ്പെട്ട ഒരുവനെ അവന്റെ അടുക്കൽ കൊണ്ടുവന്നു.25അവന് വീട്ടുവാൻ വകയില്ലാത്തതിനാൽ അവന്റെ യജമാനൻ അവനെയും ഭാര്യയെയും മക്കളെയും അവനുള്ളതൊക്കെയും വിറ്റ് കടം തീർപ്പാൻ കല്പിച്ചു.
26അതുകൊണ്ട് ആ ദാസൻ വീണു അവനെ നമസ്കരിച്ചു: യജമാനനേ എന്നോട് ക്ഷമ തോന്നേണമേ; ഞാൻ സകലവും തന്നു തീർക്കാം എന്നു പറഞ്ഞു.27അപ്പോൾ ആ ദാസന്റെ യജമാനൻ മനസ്സലിഞ്ഞ് അവനെ വിട്ടയച്ചു കടവും ഇളച്ചുകൊടുത്തു.
28ആ ദാസൻ പോകുമ്പോൾ തനിക്കു നൂറു വെള്ളിക്കാശ്2 കടമ്പെട്ട ഒരു കൂട്ടുദാസനെ കണ്ട് തൊണ്ടയ്ക്ക് പിടിച്ച് ഞെക്കി: നിന്റെ കടം തീർക്കുക എന്നു പറഞ്ഞു.29അവന്റെ കൂട്ടുദാസൻ: നിലത്തു വീണു എന്നോട് ക്ഷമ തോന്നേണമേ; ഞാൻ തന്നു തീർക്കാം എന്നു അവനോട് അപേക്ഷിച്ചു.
30എന്നാൽ അവൻ മനസ്സില്ലാതെ ഉടനെ ചെന്ന് കടം വീട്ടുവോളം അവനെ തടവിൽ ആക്കിച്ചു.31ഈ സംഭവിച്ചത് അവന്റെ കൂട്ടുദാസന്മാർ കണ്ടിട്ട് വളരെ ദുഃഖിച്ചു, ചെന്ന് സംഭവിച്ചത് ഒക്കെയും യജമാനനെ ബോധിപ്പിച്ചു.
32യജമാനൻ അവനെ വിളിച്ചു: ദുഷ്ടദാസനേ, നീ എന്നോട് അപേക്ഷിക്കുകയാൽ ഞാൻ ആ കടം ഒക്കെയും ഇളച്ചുതന്നുവല്ലോ.33എനിക്ക് നിന്നോട് കരുണ തോന്നിയതുപോലെ നിനക്കും കൂട്ടുദാസനോട് കരുണ തോന്നേണ്ടതല്ലയോ എന്നു പറഞ്ഞു
34അങ്ങനെ യജമാനൻ കോപിച്ചു, അവൻ കടമൊക്കെയും തീർക്കുവോളം അവനെ ദണ്ഡിപ്പിക്കുന്നവരുടെ കയ്യിൽ ഏല്പിച്ചു35നിങ്ങൾ ഓരോരുത്തൻ സഹോദരനോട് ഹൃദയപൂർവ്വം ക്ഷമിക്കാഞ്ഞാൽ സ്വർഗ്ഗസ്ഥനായ എന്റെ പിതാവ് അങ്ങനെതന്നെ നിങ്ങളോടും ചെയ്യും.


1 18. 24 താലന്ത്ഒരു താലന്ത് 15 വർഷത്തെ വേതനത്തിന് തുല്യമാണ്
2 18. 28 നൂറു വെള്ളിക്കാശ് 20 യുഎസ് ഡോളർ അതായത് 1300 രൂപ (ഏകദേശ കണക്ക്)

19

1ഈ വചനങ്ങളെ പറഞ്ഞു തീർന്നിട്ട് യേശു ഗലീല വിട്ടു,2യോർദ്ദാനക്കരെ യെഹൂദ്യദേശത്തിന്റെ അതിരോളം ചെന്ന്, വളരെ പുരുഷാരം അവനെ പിൻചെന്നു: അവൻ അവിടെവച്ച് അവരെ സൌഖ്യമാക്കി.

ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ

3പരീശന്മാർ അവന്റെ അടുക്കൽ വന്നു: ഏത് കാരണം ചൊല്ലിയും ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ എന്നു അവനെ പരീക്ഷിപ്പാനായി ചോദിച്ചു.4അതിന് യേശു മറുപടിപറഞ്ഞത്: സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നും
5അത് നിമിത്തം മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായി തീരും എന്നു അരുളിച്ചെയ്തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ?6അതുകൊണ്ട് അവർ മേലാൽ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത് എന്നു ഉത്തരം പറഞ്ഞു.
7അവർ അവനോട്: എന്നാൽ വിവാഹമോചന സാക്ഷ്യപത്രം കൊടുത്തിട്ട് അവളെ ഉപേക്ഷിക്കുവാൻ മോശെ കല്പിച്ചത് എന്ത് എന്നു ചോദിച്ചു.8അവൻ അവരോട്: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രേ ഭാര്യമാരെ ഉപേക്ഷിക്കുവാൻ മോശെ അനുവദിച്ചത്; ആദി മുതൽ അങ്ങനെയല്ലായിരുന്നു.9ഞാനോ നിങ്ങളോടു പറയുന്നത്: ദുർന്നടപ്പുനിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ വ്യഭിചാരം ചെയ്യുന്നു; ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.
സ്വർഗ്ഗരാജ്യം നിമിത്തം ഷണ്ഡന്മാരായവർ

10ശിഷ്യന്മാർ അവനോട്: സ്ത്രീയെ സംബന്ധിച്ച് പുരുഷന്റെ അവസ്ഥ ഇങ്ങനെ എങ്കിൽ വിവാഹം കഴിക്കുന്നത് നന്നല്ല എന്നു പറഞ്ഞു.11അവൻ അവരോട്: അനുവാദം ലഭിച്ചവർ അല്ലാതെ എല്ലാവരും ഈ വചനം ഗ്രഹിക്കുന്നില്ല.

12അമ്മയുടെ ഗർഭത്തിൽനിന്ന് തന്നെ ഷണ്ഡന്മാരായി ജനിച്ചവർ ഉണ്ട്; മനുഷ്യർ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ട്; സ്വർഗ്ഗരാജ്യംനിമിത്തം തങ്ങളെത്തന്നെ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ട്; ഗ്രഹിപ്പാൻ പ്രാപ്തരായവർ ഗ്രഹിക്കട്ടെ എന്നു പറഞ്ഞു.
സ്വർഗ്ഗരാജ്യം ശിശുതുല്യരായവരുടേത്

13പിന്നീട് അവൻ കൈവച്ചു പ്രാർത്ഥിക്കേണ്ടതിന് ചിലർ ശിശുക്കളെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാർ അവരെ ശാസിച്ചു.14യേശു പറഞ്ഞു: ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ അനുവദിക്ക; അവരെ തടയരുത്; സ്വർഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ എന്നു പറഞ്ഞു.15അങ്ങനെ അവൻ അവരുടെ മേൽ കൈവച്ചു; പിന്നെ അവിടെ നിന്നു യാത്രയായി.
നിത്യജീവനെ പ്രാപിക്കുവാൻ വന്ന ധനിക യുവാവ്

16അനന്തരം ഒരുവൻ വന്നു അവനോട്: ഗുരോ, നിത്യജീവനെ പ്രാപിക്കുവാൻ ഞാൻ എന്ത് നല്ല കാര്യങ്ങൾ ചെയ്യേണം എന്നു ചോദിച്ചതിന്17അവൻ: എന്നോട് നല്ല കാര്യങ്ങളെക്കുറിച്ച് ചോദിക്കുന്നത് എന്ത്? നല്ലവൻ ഒരുവനേ ഉള്ളൂ. ജീവനിൽ കടക്കുവാൻ ഇച്ഛിക്കുന്നു എങ്കിൽ കല്പനകളെ പ്രമാണിക്ക എന്നു അവനോട് പറഞ്ഞു.
18ഏത് കല്പന എന്നു അവൻ ചോദിച്ചതിന് യേശു: കൊല ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ള സാക്ഷ്യം പറയരുത്;19അപ്പനെയും അമ്മയെയും ബഹുമാനിയ്ക്ക; കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്ക എന്നിവ തന്നേ എന്നു പറഞ്ഞു.
20യൗവനക്കാരൻ അവനോട്: ഈ കൽപ്പനകൾ ഒക്കെയും ഞാൻ അനുസരിച്ചു പോരുന്നു; ഇനി കുറവുള്ളത് എന്ത് എന്നു ചോദിച്ചു.21യേശു അവനോട്: സൽഗുണപൂർണ്ണൻ ആകുവാൻ ഇച്ഛിക്കുന്നു എങ്കിൽ നീ ചെന്ന് നിനക്കുള്ളത് വിറ്റ് ദരിദ്രർക്ക് കൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്ക് നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക എന്നു പറഞ്ഞു.22യൗവനക്കാരൻ വളരെ സമ്പത്തുള്ളവനാകയാൽ ഈ വചനം കേട്ടിട്ട് ദുഃഖിച്ചു പൊയ്ക്കളഞ്ഞു.
ധനവാൻ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നത് പ്രയാസം

23യേശു തന്റെ ശിഷ്യന്മാരോട്: ധനവാൻ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നത് പ്രയാസം തന്നേ എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.24ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനേക്കാൾ ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നത് എളുപ്പം എന്നും ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
25അത് കേട്ട് ശിഷ്യന്മാർ ഏറ്റവും വിസ്മയിച്ചു: എന്നാൽ രക്ഷിയ്ക്കപ്പെടുവാൻ ആർക്ക് കഴിയും എന്നു പറഞ്ഞു.26യേശു അവരെ നോക്കി: അത് മനുഷ്യർക്ക് അസാദ്ധ്യം എങ്കിലും ദൈവത്തിന് സകലവും സാദ്ധ്യം എന്നു പറഞ്ഞു.
സകലവും വിട്ട് യേശുവിനെ അനുഗമിക്കുന്നവർക്ക് എന്ത് ലഭിക്കും?

27പത്രൊസ് അവനോട്: ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചുവല്ലോ; ഞങ്ങൾക്കു എന്ത് ഉണ്ടായിരിക്കും എന്നു ചോദിച്ചു.
28യേശു അവരോട് പറഞ്ഞത്: എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങൾ പുതുജനനത്തിൽ മനുഷ്യപുത്രൻ തന്റെ മഹത്വത്തിന്റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ നിങ്ങളും പന്ത്രണ്ട് സിംഹാസനത്തിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിനേയും ന്യായം വിധിക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
എന്റെ നാമം നിമിത്തം വിട്ടുകളഞ്ഞവന് നൂറുമടങ്ങ്

29എന്റെ നാമംനിമിത്തം വീടുകളെയോ സഹോദരന്മാരെയോ സഹോദരികളെയോ അപ്പനെയോ അമ്മയെയോ മക്കളെയോ നിലങ്ങളെയോ വിട്ടു കളഞ്ഞവന് എല്ലാം നൂറുമടങ്ങ് ലഭിക്കും; അവൻ നിത്യജീവനെയും അവകാശമാക്കും.30എങ്കിലും മുമ്പന്മാർ പലരും പിമ്പന്മാരും പിമ്പന്മാർ മുമ്പന്മാരും ആകും.

20
ന്യായമായത് ചെയ്യുന്ന വീട്ടുടയവന്റെ ഉപമ

1സ്വർഗ്ഗരാജ്യം തന്റെ മുന്തിരിത്തോട്ടത്തിൽ വേലക്കാരെ വിളിച്ചാക്കേണ്ടതിന് അതിരാവിലെ പുറപ്പെട്ട ഭൂവുടമയോട് സദൃശം.2വേലക്കാരോട് അവൻ ദിവസത്തേക്ക് ഓരോ വെള്ളിക്കാശ് 1 പറഞ്ഞൊത്തിട്ട്, അവരെ മുന്തിരിത്തോട്ടത്തിൽ അയച്ചു.

3അവൻ മൂന്നാം മണി നേരത്തും2 പുറപ്പെട്ടു, മറ്റു ചിലർ ചന്തയിൽ മിനക്കെട്ടു നില്ക്കുന്നതു കണ്ട്:4നിങ്ങളും മുന്തിരിത്തോട്ടത്തിൽ പോകുവിൻ; ന്യായമായത് തരാം എന്നു അവരോട് പറഞ്ഞു; അങ്ങനെ അവർ ജോലിയ്ക്കുപോയി.
5അവൻ ആറാം 3 മണി നേരത്തും ഒമ്പതാം4 മണി നേരത്തും ചെന്ന് അങ്ങനെതന്നെ ചെയ്തു.6പതിനൊന്നാം മണി നേരത്തും ചെന്ന്, മറ്റു ചിലർ നില്ക്കുന്നതു കണ്ടിട്ട്; നിങ്ങൾ ഇവിടെ പകൽ മുഴുവൻ മിനക്കെട്ടു നില്ക്കുന്നതു എന്ത് എന്നു ചോദിച്ചു.7ഞങ്ങളെ ആരും കൂലിക്ക് വിളിക്കായ്കകൊണ്ടത്രേ എന്നു അവർ പറഞ്ഞപ്പോൾ: നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിൻ എന്നു അവരോട് പറഞ്ഞു.
8സന്ധ്യയായപ്പോൾ മുന്തിരിത്തോട്ടത്തിന്റെ ഉടയവൻ തന്റെ കാര്യസ്ഥനോട്: വേലക്കാരെ വിളിച്ച്, പിമ്പന്മാർ തുടങ്ങി മുമ്പന്മാർ വരെ അവർക്ക് കൂലി കൊടുക്ക എന്നു പറഞ്ഞു.9അങ്ങനെ പതിനൊന്നാം മണി നേരത്ത് വന്നവർ ചെന്ന് ഓരോ വെള്ളിക്കാശ് വാങ്ങി.10മുമ്പന്മാർ വന്നപ്പോൾ തങ്ങൾക്കു അധികം കിട്ടും എന്നു നിരൂപിച്ചു; അവർക്കും ഓരോ വെള്ളിക്കാശ് കിട്ടി.
11അത് വാങ്ങിയിട്ട് അവർ ഭൂവുടമയുടെ നേരെ പരാതിപ്പെട്ടു.12ഈ പിമ്പന്മാർ ഒരു മണിനേരം മാത്രം വേല ചെയ്തിട്ടും നീ അവരെ പകലത്തെ ഭാരവും ചുട്ടു പൊള്ളുന്ന ചൂടും സഹിച്ച ഞങ്ങളോടു സമമാക്കിയല്ലോ എന്നു പറഞ്ഞു.
13എന്നാൽ ഭൂവുടമ അവരിൽ ഒരുവനോട് ഉത്തരം പറഞ്ഞത്: സ്നേഹിതാ, ഞാൻ നിന്നോട് അന്യായം ചെയ്യുന്നില്ല; നീ എന്നോട് ഒരു വെള്ളിക്കാശ് പറഞ്ഞു സമ്മതിച്ചില്ലയോ?14നിന്റേത് വാങ്ങി പൊയ്ക്കൊൾക; നിനക്ക് തന്നതുപോലെ ഈ ഒടുവിൽ വന്നവനും കൊടുക്കുക എന്നത് എന്റെ ഇഷ്ടമാണ്.
15എനിക്കുള്ളതിനെക്കൊണ്ട് മനസ്സുപോലെ ചെയ്‌വാൻ എനിക്ക് ന്യായമില്ലയോ? ഞാൻ നല്ലവൻ ആകകൊണ്ട് നിന്റെ കണ്ണ് കടിക്കുന്നുവോ?16ഇങ്ങനെ പിമ്പന്മാർ മുമ്പന്മാരും മുമ്പന്മാർ പിമ്പന്മാരും ആകും.
മനുഷ്യപുത്രൻ മൂന്നാം നാൾ ഉയിർത്തെഴുന്നേല്ക്കും

17യേശു യെരൂശലേമിലേക്ക് യാത്രചെയ്യുമ്പോൾ പന്ത്രണ്ട് ശിഷ്യന്മാരെയും വേറിട്ടു കൂട്ടിക്കൊണ്ട് വഴിയിൽവെച്ചു അവരോട് പറഞ്ഞത്:18കാണ്മീൻ, നാം യെരൂശലേമിലേക്ക് പോകുന്നുവല്ലോ; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതന്മാർക്കും ശാസ്ത്രിമാർക്കും ഏല്പിക്കപ്പെടും;19അവർ അവന് മരണശിക്ഷ കല്പിച്ച്, പരിഹസിപ്പാനും തല്ലുവാനും ക്രൂശിപ്പാനും അവനെ ജാതികൾക്ക് ഏല്പിക്കും; എന്നാൽ മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേല്ക്കും.
സെബെദിപുത്രന്മാരുടെ അമ്മയുടെ അഭിലാഷം

20പിന്നീട് സെബെദിപുത്രന്മാരുടെ അമ്മ അവളുടെ പുത്രന്മാരുമായി യേശുവിന്റെ അടുക്കെ വന്നു നമസ്കരിച്ചു അവനോട് ഒരു അപേക്ഷ കഴിച്ചു.21നിനക്ക് എന്ത് വേണം എന്നു യേശു അവളോട് ചോദിച്ചു. അവൾ അവനോട്: ഈ എന്റെ പുത്രന്മാർ ഇരുവരും നിന്റെ രാജ്യത്തിൽ ഒരുവൻ നിന്റെ വലത്തും ഒരുവൻ ഇടത്തും ഇരിക്കുവാൻ കല്പിക്കണമേ എന്നു പറഞ്ഞു.
22അതിന് ഉത്തരമായി യേശു: നിങ്ങൾ യാചിക്കുന്നതു ഇന്നത് എന്നു നിങ്ങൾ അറിയുന്നില്ല; ഞാൻ കുടിക്കുവാനിരിക്കുന്ന പാനപാത്രം കുടിക്കുവാൻ നിങ്ങൾക്ക് കഴിയുമോ എന്നു ചോദിച്ചു. ഞങ്ങൾക്ക് കഴിയും എന്നു അവർ പറഞ്ഞു.23അവൻ അവരോട്: എന്റെ പാനപാത്രം നിങ്ങൾ കുടിക്കും നിശ്ചയം; എങ്കിലും എന്റെ വലത്തും ഇടത്തും ഇരിക്കുവാൻ വരം നല്കുന്നത് എന്റേതല്ല; എന്റെ പിതാവ് ആർക്ക് ഒരുക്കിയിരിക്കുന്നുവോ അത് അവർക്കുള്ളതാണ് എന്നു പറഞ്ഞു.
ഒന്നാമൻ ആകേണ്ടവൻ ദാസൻ ആകണം

24ശേഷം പത്തു ശിഷ്യന്മാർ അത് കേട്ടിട്ട് ആ രണ്ടു സഹോദരന്മാരോട് വളരെനീരസപ്പെട്ടു.
25യേശുവോ അവരെ അടുക്കൽ വിളിച്ചു: ജാതികളുടെ അധിപന്മാർ അവരിൽ കർത്തൃത്വം ചെയ്യുന്നു എന്നും മഹത്തുക്കൾ അവരുടെമേൽ അധികാരം നടത്തുന്നു എന്നും നിങ്ങൾ അറിയുന്നു.26എന്നാൽ നിങ്ങൾ അങ്ങനെ അരുത്: നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ദാസൻ ആകണം.27നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ദാസൻ ആകണം.28മനുഷ്യപുത്രൻ ശുശ്രൂഷിക്കപ്പെടുവാനല്ല ശുശ്രൂഷിക്കുവാനും അനേകർക്ക് വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുക്കുവാനും വന്നതുപോലെ തന്നേ എന്നു പറഞ്ഞു.
കാഴ്ച പ്രാപിച്ച കുരുടർ യേശുവിനെ അനുഗമിക്കുന്നു

29അവർ യെരീഹോവിൽ നിന്നു പുറപ്പെട്ടപ്പോൾ വലിയൊരു പുരുഷാരം അവനെ അനുഗമിച്ചു.30അപ്പോൾ വഴിയരികെ ഇരിക്കുന്ന രണ്ടു കുരുടന്മാർ യേശു കടന്നുപോകുന്നത് കേട്ട്: കർത്താവേ, ദാവീദ് പുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു ഉറക്കെ വിളിച്ചുപറഞ്ഞു31മിണ്ടാതിരിക്കുവാൻ പുരുഷാരം അവരെ ശാസിച്ചപ്പോൾ അവർ: കർത്താവേ, ദാവീദ് പുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു അധികം ഉറക്കെവിളിച്ചു.
32യേശു നിന്നു അവരെ വിളിച്ചു: ഞാൻ നിങ്ങൾക്ക് എന്ത് ചെയ്യേണമെന്ന് നിങ്ങൾ ഇച്ഛിക്കുന്നു എന്നു ചോദിച്ചു.33കർത്താവേ, ഞങ്ങൾക്കു കണ്ണ് തുറന്നുകിട്ടേണം എന്നു അവർ പറഞ്ഞു.34യേശു മനസ്സലിഞ്ഞ് അവരുടെ കണ്ണ് തൊട്ടു; ഉടനെ അവർ കാഴ്ച പ്രാപിച്ചു, അവനെ അനുഗമിച്ചു.


1 20. 2 വെള്ളിക്കാശ് റോമൻ ദിനാറി. ഒരുദിവസത്തെ വേതനം.
2 20. 3 മൂന്നാംമണിനേരത്തും രാവിലെ 9 മണി.
3 20. 5 ആറാം മണി ഉച്ചയ്ക്ക് 12 മണി.
4 20. 6 പതിനൊന്നാം മണി, വൈകിട്ട് 5മണി

21
യേശുവിന്റെ രാജകീയ നഗര പ്രവേശനം

1അനന്തരം യേശുവും ശിഷ്യന്മാരും യെരൂശലേമിനു സമീപം ഒലിവുമലയരികെ ബേത്ത്ഫഗയിൽ എത്തിയപ്പോൾ, യേശു രണ്ടു ശിഷ്യന്മാരെ അയച്ചു:2നിങ്ങൾക്ക് അടുത്തുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; ഉടനെ അവിടെ കെട്ടിയിരിക്കുന്ന ഒരു പെൺകഴുതയെയും അതിന്റെ കുട്ടിയെയും നിങ്ങൾ കാണും; അവയെ അഴിച്ച് എന്റെ അടുത്തു കൊണ്ടുവരുവിൻ.3നിങ്ങളോടു ആരെങ്കിലും അതിനെക്കുറിച്ച് എന്തെങ്കിലും ചോദിച്ചാൽ കർത്താവിന് ഇവയെക്കൊണ്ട് ആവശ്യം ഉണ്ട് എന്നു പറവിൻ; തൽക്ഷണം അവൻ അവയെ നിങ്ങളുടെ കൂടെ അയയ്ക്കും എന്നു പറഞ്ഞു.

4“സീയോൻ പുത്രിയോട്: ഇതാ, നിന്റെ രാജാവ് സൌമ്യനായി കഴുതപ്പുറത്തും വാഹനമൃഗത്തിന്റെ കുട്ടിയുടെ പുറത്തും കയറി നിന്റെ അടുക്കൽ വരുന്നു എന്നു പറവിൻ”
5എന്നിങ്ങനെ പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതിന് നിവൃത്തിവരുവാൻ ഇതു സംഭവിച്ചു.
6ശിഷ്യന്മാർ പുറപ്പെട്ടു യേശു നിർദ്ദേശിച്ചതുപോലെ ചെയ്തു,7കഴുതയെയും കുട്ടിയെയും കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അവയുടെ മേൽ ഇട്ട്; യേശു കയറി ഇരുന്നു.8പുരുഷാരത്തിൽ പലരും തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു: മറ്റുള്ളവർ വൃക്ഷങ്ങളിൽ നിന്നു കൊമ്പുകൾ വെട്ടി വഴിയിൽ വിതറി.
9മുമ്പിലും പിമ്പിലും നടന്നിരുന്ന പുരുഷാരം: ദാവീദ് പുത്രന് ഹോശന്നാ; 1 കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആർത്തുകൊണ്ടിരുന്നു.10അവൻ യെരൂശലേമിൽ പ്രവേശിച്ചപ്പോൾ നഗരം മുഴുവനും ഇളകി: ഇവൻ ആർ എന്നു പറഞ്ഞു.11ഇവൻ ഗലീലയിലെ നസറെത്തിൽനിന്നുള്ള പ്രവാചകനായ യേശു എന്നു പുരുഷാരം പറഞ്ഞു.
ദൈവാലയ ശുദ്ധീകരണം

12പിന്നീട് യേശു ദൈവലായത്തിൽ പ്രവേശിച്ച്, ദൈവാലയത്തിൽ വില്ക്കുന്നവരെയും വാങ്ങുന്നവരെയും എല്ലാം പുറത്താക്കി, നാണയവിനിമയക്കാരുടെ മേശകളെയും പ്രാവുകളെ വില്ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചു കളഞ്ഞു13അവൻ അവരോട്: എന്റെ ആലയം പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീർക്കുന്നു എന്നു പറഞ്ഞു.14കുരുടന്മാരും മുടന്തന്മാരും ദൈവാലയത്തിൽ അവന്റെ അടുക്കൽ വന്നു; അവൻ അവരെ സൌഖ്യമാക്കി.
15എന്നാൽ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവൻ ചെയ്ത അത്ഭുതങ്ങളെയും ദാവീദ് പുത്രന് ഹോശന്നാ എന്നു ദൈവാലയത്തിൽ ആർക്കുന്ന ബാലന്മാരെയും കണ്ടതിനാൽ അമർഷം തോന്നി;16ഇവർ പറയുന്നത് കേൾക്കുന്നുവോ എന്നു അവനോട് ചോദിച്ചു. യേശു അവരോട് “ഉവ്വ്! ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽ നിന്നു നീ പുകഴ്ച ഒരുക്കിയിരിക്കുന്നു എന്നുള്ളത് നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ എന്നു ചോദിച്ചു.17പിന്നെ അവരെ വിട്ടു നഗരത്തിൽ നിന്നു പുറപ്പെട്ടു ബെഥാന്യയിൽ ചെന്ന് അവിടെ രാത്രി പാർത്തു.
യേശുവും ഫലമില്ലാത്ത അത്തിവൃക്ഷവും

18രാവിലെ നഗരത്തിലേയ്ക്ക് മടങ്ങിപ്പോകുന്ന സമയം അവന് വിശന്നു.19വഴിയരികെ ഒരു അത്തിവൃക്ഷം കണ്ട്; അടുക്കൽ ചെന്ന്, അതിൽ ഇലയല്ലാതെ ഒന്നും കാണായ്കയാൽ: ഇനി നിന്നിൽ ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ എന്നു അതിനോട് പറഞ്ഞു; ക്ഷണത്തിൽ ആ അത്തിവൃക്ഷം ഉണങ്ങിപ്പോയി.
20ശിഷ്യന്മാർ അത് കണ്ടപ്പോൾ: അത്തി ഇത്ര ക്ഷണത്തിൽ ഉണങ്ങിപ്പോയത് എങ്ങനെ എന്നു പറഞ്ഞു ആശ്ചര്യപ്പെട്ടു.21അതിന് യേശു: നിങ്ങൾ സംശയിക്കാതെ വിശ്വാസം ഉള്ളവരായാൽ ഈ അത്തിയോട് ചെയ്തതു നിങ്ങളും ചെയ്യും; എന്നു മാത്രമല്ല, ഈ മലയോട്: നീങ്ങി കടലിലേക്ക് ചാടിപ്പോക എന്നു പറഞ്ഞാൽ അതും സംഭവിക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.22നിങ്ങൾ വിശ്വസിച്ചുകൊണ്ട് പ്രാർത്ഥനയിൽ എന്ത് യാചിച്ചാലും നിങ്ങൾക്ക് ലഭിക്കും എന്നു ഉത്തരം പറഞ്ഞു.
യേശുവിന്റെ അധികാരം ചോദ്യം ചെയ്യപ്പെടുന്നു

23അവൻ ദൈവാലയത്തിൽ ചെന്ന് ഉപദേശിക്കുമ്പോൾ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അവന്റെ അടുക്കൽ വന്നു: നീ എന്ത് അധികാരംകൊണ്ട് ഇവ ചെയ്യുന്നു? ഈ അധികാരം നിനക്ക് തന്നതു ആർ എന്നു ചോദിച്ചു.24യേശു അവരോട് ഉത്തരം പറഞ്ഞത്: ഞാനും നിങ്ങളോടു ഒരു ചോദ്യം ചോദിക്കും; അത് നിങ്ങൾ എന്നോട് പറഞ്ഞാൽ എന്ത് അധികാരംകൊണ്ട് ഞാൻ ഇതു ചെയ്യുന്നു എന്നുള്ളത് ഞാനും നിങ്ങളോടു പറയും.
25യോഹന്നാന്റെ സ്നാനം എവിടെ നിന്നു? സ്വർഗ്ഗത്തിൽനിന്നോ മനുഷ്യരിൽ നിന്നോ? അവർ തമ്മിൽ ആലോചിച്ചു: സ്വർഗ്ഗത്തിൽനിന്ന് എന്നു പറഞ്ഞാൽ, പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞത് എന്ത് എന്നു അവൻ നമ്മോടു ചോദിക്കും;26മനുഷ്യരിൽ നിന്നു എന്നു പറഞ്ഞാലോ, നാം പുരുഷാരത്തെ ഭയപ്പെടുന്നു; എല്ലാവരും യോഹന്നാനെ പ്രവാചകൻ എന്നല്ലോ കാണുന്നത് എന്നു പറഞ്ഞു.27എന്നിട്ട് അവർ യേശുവിനോടു: ഞങ്ങൾക്കു അറിഞ്ഞുകൂടാ എന്നു ഉത്തരം പറഞ്ഞു. അവനും അവരോട് പറഞ്ഞത്: എന്നാൽ ഞാൻ ഇതു എന്ത് അധികാരംകൊണ്ട് ചെയ്യുന്നു എന്നുള്ളത് ഞാനും നിങ്ങളോടു പറയുന്നില്ല.
പിതാവിന്റെ ഇഷ്ടം ചെയ്യുന്ന മകന്റെ ഉപമ

28എങ്കിലും നിങ്ങൾക്ക് എന്ത് തോന്നുന്നു? ഒരു മനുഷ്യന് രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; അവൻ ഒന്നാമത്തവന്റെ അടുക്കൽ ചെന്ന്: മകനേ ഇന്ന് എന്റെ മുന്തിരിത്തോട്ടത്തിൽ പോയി വേല ചെയ്ക എന്നു പറഞ്ഞു.29എനിക്ക് മനസ്സില്ല എന്നു അവൻ ഉത്തരം പറഞ്ഞു; എങ്കിലും പിന്നത്തേതിൽ അനുതപിച്ച് അവൻ പോയി.30രണ്ടാമത്തവന്റെ അടുക്കൽ അവൻ ചെന്ന് അങ്ങനെതന്നെ പറഞ്ഞപ്പോൾ: ഞാൻ പോകാം യജമാനനേ എന്നു അവൻ ഉത്തരം പറഞ്ഞു; എന്നാൽ പോയില്ലതാനും.
31ഈ രണ്ടുപേരിൽ ആർ ആകുന്നു അപ്പന്റെ ഇഷ്ടം ചെയ്തതു? ഒന്നാമത്തവൻ എന്നു അവർ പറഞ്ഞു. യേശു അവരോട് പറഞ്ഞത്: ചുങ്കക്കാരും വേശ്യമാരും നിങ്ങൾക്ക് മുമ്പായി ദൈവരാജ്യത്തിൽ കടക്കും എന്നു സത്യമായിട്ട് ഞാൻ നിങ്ങളോടു പറയുന്നു.32യോഹന്നാൻ നീതിമാർഗ്ഗത്തിലൂടെ നിങ്ങളുടെ അടുക്കൽ വന്നു: നിങ്ങൾ അവനെ വിശ്വസിച്ചില്ല; എന്നാൽ ചുങ്കക്കാരും വേശ്യമാരും അവനെ വിശ്വസിച്ചു; അത് കണ്ടിട്ടും നിങ്ങൾ അവനെ വിശ്വസിപ്പാൻ തക്കവണ്ണം പിന്നത്തേതിൽ അനുതപിച്ചില്ല.
ഗൃഹസ്ഥനായൊരു മനുഷ്യന്റെ ഉപമ

33മറ്റൊരു ഉപമ കേൾക്കുവിൻ ധാരാളം ഭൂപ്രദേശമുള്ള ഒരു മനുഷ്യനുണ്ടായിരുന്നു അവൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി, അതിന് വേലികെട്ടി, അതിൽ ചക്ക് കുഴിച്ചിട്ട്, ഗോപുരവും പണിതു; പിന്നെ മുന്തിരി കൃഷിക്കാർക്ക് പാട്ടത്തിന് ഏല്പിച്ചിട്ട് മറ്റൊരു ദേശത്തുപോയി.34മുന്തിരിവിളവ് എടുക്കുന്ന കാലം സമീപിച്ചപ്പോൾ തനിക്കുള്ള വിളവ് വാങ്ങുവാനായി അവൻ ദാസന്മാരെ മുന്തിരി കൃഷിക്കാരുടെ അടുക്കൽ അയച്ചു.
35മുന്തിരി കൃഷിക്കാർ അവന്റെ ദാസന്മാരെ പിടിച്ച്, ഒരുവനെ തല്ലി, ഒരുവനെ കൊന്നു, മറ്റൊരുവനെ കല്ലെറിഞ്ഞു.36അവൻ പിന്നെയും മുമ്പിലത്തേതിലും അധികം ദാസന്മാരെ അയച്ചു; അവരോടും അവർ അങ്ങനെതന്നെ ചെയ്തു.37ഒടുവിൽ മുന്തിരിത്തോട്ടത്തിന്റെ ഉടമ: എന്റെ മകനെ അവർ ബഹുമാനിക്കും എന്നു പറഞ്ഞു, സ്വന്തമകനെ അവരുടെ അടുക്കൽ അയച്ചു.
38മകനെ കണ്ടിട്ട് മുന്തിരി കൃഷിക്കാർ: ഇവനാണ് അവകാശി; വരുവിൻ, നാം അവനെ കൊന്നു അവന്റെ അവകാശം കൈവശമാക്കുക എന്നു തമ്മിൽ പറഞ്ഞു,39അവനെ പിടിച്ച് തോട്ടത്തിൽനിന്ന് പുറത്താക്കി കൊന്നു കളഞ്ഞു.
40ആകയാൽ മുന്തിരിത്തോട്ടത്തിന്റെ ഉടയവൻ വരുമ്പോൾ മുന്തിരി കൃഷിക്കാരെ എന്ത് ചെയ്യും?41മുന്തിരിത്തോട്ടത്തിന്റെ ഉടമ ആ മോശമായ പ്രവൃത്തി ചെയ്തവരെ അതിക്രൂരമായി നിഗ്രഹിച്ച് തക്കസമയത്ത് അനുഭവം കൊടുക്കുന്ന വേറെ മുന്തിരി കൃഷിക്കാരെ തോട്ടം ഏല്പിക്കും എന്നു അവർ അവനോട് പറഞ്ഞു.
42യേശു അവരോട്:
“വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി തീർന്നിരിക്കുന്നു; ഇതു കർത്താവിനാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യവുമായിരിക്കുന്നു”
എന്നു നിങ്ങൾ തിരുവെഴുത്തുകളിൽ ഒരിക്കലും വായിച്ചിട്ടില്ലയോ?
43അതുകൊണ്ട് ദൈവരാജ്യം നിങ്ങളുടെ പക്കൽനിന്ന് എടുത്തു അതിന്റെ ഫലം കൊടുക്കുന്ന ദേശത്തിന് കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.44ഈ കല്ലിന്മേൽ വീഴുന്നവൻ കഷണങ്ങളായി ചിതറിപ്പോകും; ഇത് ആരുടെ മേൽ എങ്കിലും വീണാൽ അവനെ ധൂളിപ്പിക്കും എന്നു പറഞ്ഞു.
45അവന്റെ ഉപമകളെ മഹാപുരോഹിതന്മാരും പരീശന്മാരും കേട്ടിട്ട്, തങ്ങളെക്കുറിച്ച് പറയുന്നു എന്നു അറിഞ്ഞ്,46അവനെ പിടിപ്പാൻ അന്വേഷിച്ചു; എന്നാൽ പുരുഷാരം അവനെ പ്രവാചകൻ എന്നു കരുതുകയാൽ അവരെ ഭയപ്പെട്ടു.


1 21. 9 ദൈവം വാഴ്ത്തപ്പെടുമാറകട്ടെ.

22
വിവാഹ വിരുന്നിന്റെ ഉപമ

1യേശു പിന്നെയും ഉപമകളിലൂടെ അവരോട് പ്രസ്താവിച്ചതെന്തെന്നാൽ:2സ്വർഗ്ഗരാജ്യം തന്റെ പുത്രന് വേണ്ടി കല്യാണസദ്യ ഒരുക്കിയ ഒരു രാജാവിനോടു സദൃശം.3അവൻ കല്യാണത്തിന് ക്ഷണിച്ചവരെ വിളിക്കേണ്ടതിന് ദാസന്മാരെ പറഞ്ഞയച്ചു; അവർക്കോ വരുവാൻ മനസ്സായില്ല.

4പിന്നെയും അവൻ മറ്റു ദാസന്മാരെ അയച്ചു: എന്റെ വിരുന്ന് ഒരുക്കിത്തീർന്നു, എന്റെ കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും അറുത്തു, എല്ലാം ഒരുങ്ങിയിരിക്കുന്നു; കല്യാണവിരുന്നിന് വരുവിൻ എന്നു ക്ഷണിച്ചവരോട് പറയിച്ചു.
5എന്നാൽ അവർ അവന്റെ ക്ഷണം ഗൗരവമായി കൂട്ടാക്കിയില്ല ചിലർ തങ്ങളുടെ നിലങ്ങളിലേക്കും മറ്റുചിലർ തങ്ങളുടെ വ്യാപാരസ്ഥലങ്ങളിലേയ്ക്കും പൊയ്ക്കളഞ്ഞു.6ശേഷമുള്ളവർ അവന്റെ ദാസന്മാരെ പിടിച്ച് അപമാനിച്ചു കൊന്നുകളഞ്ഞു.7രാജാവ് കോപിച്ചു സൈന്യങ്ങളെ അയച്ച് ആ കുലപാതകന്മാരെ മുടിച്ചു അവരുടെ പട്ടണം ചുട്ടുകളഞ്ഞു.
8പിന്നെ അവൻ ദാസന്മാരോട്: കല്യാണം ഒരുങ്ങിയിരിക്കുന്നു; ക്ഷണിക്കപ്പെട്ടവരോ യോഗ്യരായില്ല.9ആകയാൽ പെരുവഴികൾ ചേരുന്ന ഇടങ്ങളിൽ ചെന്ന് കാണുന്നവരെ ഒക്കെയും കല്യാണത്തിന് വിളിപ്പിൻ എന്നു പറഞ്ഞു.10ആ ദാസന്മാർ പെരുവഴികളിൽ പോയി, കണ്ട ദുഷ്ടന്മാരെയും നല്ലവരെയും എല്ലാം കൂട്ടിക്കൊണ്ടുവന്നു; കല്യാണശാല വിരുന്നുകാരെക്കൊണ്ടു നിറഞ്ഞു.
11വിരുന്നുകാരെ നോക്കുവാൻ രാജാവ് അകത്തുവന്നപ്പോൾ കല്യാണവസ്ത്രം ധരിക്കാത്ത ഒരു മനുഷ്യനെ അവിടെ കണ്ട്:12സ്നേഹിതാ, നീ കല്യാണവസ്ത്രം ഇല്ലാതെ ഇവിടെ അകത്തുവന്നത് എങ്ങനെ എന്നു ചോദിച്ചു. എന്നാൽ അവന് ഉത്തരം മുട്ടിപ്പോയി.
13രാജാവ് തന്റെ ദാസന്മാരോട്: ഇവനെ കയ്യും കാലും കെട്ടി ഏറ്റവും പുറത്തുള്ള ഇരുട്ടിൽ തള്ളിക്കളവിൻ; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും എന്നു പറഞ്ഞു.14വിളിക്കപ്പെട്ടവർ അനേകർ; തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം.
കരം കൊടുക്കുന്നത് വിഹിതമോ?

15അനന്തരം പരീശന്മാർ ചെന്ന് യേശുവിനെ അവന്റെ തന്നെ വാക്കിൽ കുടുക്കേണ്ടതിന് ആലോചിച്ചുകൊണ്ട്16അവരുടെ ശിഷ്യന്മാരെ ഹെരോദ്യരോടുകൂടെ അവന്റെ അടുക്കൽ അയച്ചു. “ഗുരോ, നീ സത്യവാനും, ദൈവത്തിന്റെ വഴി നേരായി പഠിപ്പിക്കുന്നവനും, മനുഷ്യരുടെ മുഖം നോക്കാത്തവനും, ആരുടെയും അഭിപ്രായത്തിന് വിധേയനാകാത്തവനും, ആണ് എന്നു ഞങ്ങൾ അറിയുന്നു.17നിനക്ക് എന്ത് തോന്നുന്നു? കൈസർക്ക് കരം കൊടുക്കുന്നത് വിഹിതമോ അല്ലയോ” എന്നു പറഞ്ഞുതരേണം.
18യേശു അവരുടെ ദുഷ്ടത അറിഞ്ഞിട്ട്: കപടഭക്തിക്കാരേ, എന്നെ പരീക്ഷിക്കുന്നത് എന്ത്?19കരത്തിനുള്ള നാണയം കാണിക്കുവിൻ എന്നു പറഞ്ഞു; അവർ അവന്റെ അടുക്കൽ ഒരു വെള്ളിക്കാശ് കൊണ്ടുവന്നു.
20അവൻ അവരോട്: ഇതിലുള്ള പ്രതിച്ഛായയും മേലെഴുത്തും ആരുടേത് എന്നു ചോദിച്ചതിന് കൈസരുടേത് എന്നു അവർ പറഞ്ഞു.21എന്നാൽ കൈസർക്കുള്ളത് കൈസർക്കും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുവിൻ എന്നു അവൻ അവരോട് പറഞ്ഞു.22അവർ ഇത് കേട്ട് ആശ്ചര്യപ്പെട്ടു അവനെ വിട്ടു പൊയ്ക്കളഞ്ഞു.
പുനരുത്ഥാനാന്തര ജീവിതം

23ആ ദിവസം പുനരുത്ഥാനം ഇല്ല എന്നു പറയുന്ന ചില സദൂക്യരും അവന്റെ അടുക്കൽ വന്നു:24ഗുരോ, ഒരുവൻ മക്കൾ ഇല്ലാതെ മരിച്ചാൽ അവന്റെ സഹോദരൻ വിധവയായ സഹോദരഭാര്യയെ വിവാഹം കഴിച്ച് തന്റെ സഹോദരന് വേണ്ടി സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ കല്പിച്ചുവല്ലോ.
25എന്നാൽ ഒരിടത്ത് ഏഴ് സഹോദരന്മാർ ഉണ്ടായിരുന്നു. അവരിൽ ഒന്നാമത്തവൻ വിവാഹം ചെയ്തശേഷം മരിച്ചു, സന്തതി ഇല്ലായ്കയാൽ തന്റെ ഭാര്യ സഹോദരന്റേതായിത്തീർന്നു.26രണ്ടാമത്തവനും മൂന്നാമത്തവനും ഏഴാമത്തവൻ വരെയും അങ്ങനെ തന്നെ ചെയ്തു.27എല്ലാവരും കഴിഞ്ഞിട്ട് ഒടുവിൽ സ്ത്രീയും മരിച്ചു.28എന്നാൽ പുനരുത്ഥാനത്തിൽ അവൾ എഴുവരിൽ ആർക്ക് ഭാര്യയാകും? എല്ലാവർക്കും അവൾ ഭാര്യ ആയിരുന്നുവല്ലോ എന്നു ചോദിച്ചു.
29അതിന് യേശു ഉത്തരം പറഞ്ഞത്: നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയാത്തതുകൊണ്ട് തെറ്റിപ്പോകുന്നു.30പുനരുത്ഥാനത്തിൽ അവർ വിവാഹം കഴിക്കുന്നില്ല, വിവാഹത്തിന് കൊടുക്കപ്പെടുന്നതുമില്ല; സ്വർഗ്ഗത്തിലെ ദൂതന്മാരെപ്പോലെ അത്രേ ആകുന്നത്.
31മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചോ ദൈവം അരുളിച്ചെയ്തിരിക്കുന്നത് നിങ്ങൾ വായിച്ചിട്ടില്ലയോ?32ഞാൻ അബ്രഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു എന്നു അവൻ അരുളിച്ചെയ്യുന്നു; എന്നാൽ അവൻ മരിച്ചവരുടെ ദൈവമല്ല, മറിച്ച് ജീവനുള്ളവരുടെ ദൈവമത്രേ.33പുരുഷാരം ഇതു കേട്ടിട്ട് അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു.
ഏറ്റവും വലിയ കൽപ്പന

34സദൂക്യരെ അവൻ നിശബ്ദരാക്കിയെന്ന് കേട്ടിട്ട് പരീശന്മാർ ഒന്നിച്ച് കൂടി,35അവരിൽ നിയമപണ്ഡിതനായ ഒരുവൻ:36ഗുരോ, ന്യായപ്രമാണത്തിൽ ഏറ്റവും മഹത്തരമായ കല്പന ഏത് എന്നു യേശുവിനെ പരീക്ഷിച്ച് ചോദിച്ചു.
37യേശു അവനോട്: നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം.38ഇത് മഹത്തരവും, ഒന്നാമത്തേതുമായ കല്പന
39രണ്ടാമത്തേതും അതിനോട് സമം: കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം.40ഈ രണ്ടു കല്പനകളിൽ സകല ന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.
ദാവീദ് വിളിച്ച കർത്താവ്

41പരീശന്മാർ ഒരുമിച്ചു കൂടിയിരിക്കുമ്പോൾ യേശു അവരോട്:42ക്രിസ്തുവിനെക്കുറിച്ച് നിങ്ങൾക്ക് എന്ത് തോന്നുന്നു? അവൻ ആരുടെ പുത്രൻ എന്നു ചോദിച്ചു; ദാവീദിന്റെ പുത്രൻ എന്നു അവർ പറഞ്ഞു.
43അവൻ അവരോട്: എന്നാൽ ദാവീദ് ആത്മാവിൽ അവനെ കർത്താവ് എന്നു വിളിക്കുന്നത് എങ്ങനെ?
44“ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം എന്റെ വലത്തുഭാഗത്ത് ഇരിക്ക എന്നു കർത്താവ് എന്റെ കർത്താവിനോട് അരുളിച്ചെയ്തു”
എന്നു അവൻ പറയുന്നുവല്ലോ.
45ദാവീദ് അവനെ കർത്താവ് എന്നു പറയുന്നുവെങ്കിൽ അവന്റെ പുത്രൻ ആകുന്നത് എങ്ങനെ എന്നു ചോദിച്ചു.46അവനോട് ഉത്തരം പറവാൻ ആർക്കും കഴിഞ്ഞില്ല; അന്നുമുതൽ ആരും അവനോട് ഒന്നും ചോദിപ്പാൻ ധൈര്യപ്പെട്ടില്ല.

23
യേശു ശാസ്ത്രിമാരുടെയും പരീശന്മാരുടെയും കാപട്യം തുറന്നു കാട്ടുന്നു

1അനന്തരം യേശു പുരുഷാരത്തോടും തന്റെ ശിഷ്യന്മാരോടും പറഞ്ഞത്:2ശാസ്ത്രിമാരും പരീശന്മാരും മോശെയുടെ സ്ഥാനത്ത് ഇരിക്കുന്നു.3ആകയാൽ അവർ നിങ്ങളോടു കല്പിക്കുന്ന ഇവ ഒക്കെയും അനുസരിക്കുകയും നിരീക്ഷിക്കുകയും ചെയ്‌വിൻ; അവരുടെ പ്രവർത്തികളെ അനുകരിക്കരുതുതാനും. അവർ കാര്യങ്ങൾ പറയുന്നതല്ലാതെ അവയെ ചെയ്യുന്നില്ലല്ലോ.

4അതെ അവർ ചുമക്കുവാൻ വഹിയാത്ത ഘനമുള്ള ഭാരങ്ങളെ കെട്ടി മനുഷ്യരുടെ തോളിൽ വെയ്ക്കുന്നു; എങ്കിലും ഒരു വിരൽ കൊണ്ടുപോലും അവയെ വഹിക്കുവാൻ അവർക്ക് മനസ്സില്ല.5അവർ തങ്ങളുടെ പ്രവൃത്തികൾ എല്ലാം മനുഷ്യർ കാണേണ്ടതിനത്രേ ചെയ്യുന്നതു; തങ്ങളുടെ നെറ്റിപ്പട്ടവീതിയാക്കി വസ്ത്രത്തിന്റെ അരികുകൾ വലുതാക്കുന്നു.
6വിരുന്നു സൽക്കാരങ്ങളിൽ പ്രധാനസ്ഥലവും പള്ളിയിൽ പ്രധാന ഇരിപ്പിടങ്ങളും7അങ്ങാടിയിൽ വന്ദനവും മനുഷ്യർ റബ്ബീ എന്നു വിളിക്കുന്നതും അവർക്ക് പ്രിയമാകുന്നു.
8നിങ്ങളോ റബ്ബീ എന്നു പേർ എടുക്കരുത്. ഒരുവൻ അത്രേ നിങ്ങളുടെ ഗുരു; നിങ്ങളോ എല്ലാവരും സഹോദരന്മാർ.9ഭൂമിയിൽ ആരെയും പിതാവ് എന്നു വിളിക്കരുത്; ഒരുവൻ അത്രേ നിങ്ങളുടെ പിതാവ്, സ്വർഗ്ഗസ്ഥനായവൻ തന്നേ.10നിങ്ങൾ ഗുരു എന്നും പേർ എടുക്കരുത്; ഒരുവൻ അത്രേ നിങ്ങളുടെ ഗുരുനാഥൻ, ക്രിസ്തു തന്നെ.
11നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകണം.12തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും.

13കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശരുമായുള്ളവരേ, നിങ്ങൾ മനുഷ്യർക്ക് സ്വർഗ്ഗരാജ്യം അടച്ചുകളയുന്നു; നിങ്ങൾതന്നെ കടക്കുന്നതുമില്ല, കടക്കുന്നവരെ കടക്കുവാൻ സമ്മതിക്കുന്നതുമില്ല. [കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്ക് ഹാ കഷ്ടം; നിങ്ങൾ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും 1 ഉപായരൂപേണ ദീർഘമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു; ഇതു ഹേതുവായി നിങ്ങൾക്ക് ഏറ്റവും വലിയ ശിക്ഷാവിധി വരും.]14കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശരുമായുള്ളവരേ, നിങ്ങൾക്ക് ഹാ കഷ്ടം; നിങ്ങൾ ഒരുവനെ നിങ്ങളുടെ മതത്തിൽ ചേർക്കുവാൻ കടലും കരയും ചുറ്റി നടക്കുന്നു;15നിങ്ങളുടെ മതത്തിൽ ചേർന്നശേഷം അവനെ നിങ്ങളേക്കാൾ ഇരട്ടി നരകയോഗ്യൻ ആക്കിത്തീർക്കുന്നു.
സത്യം ചെയ്യുന്നത്

16കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾക്ക് ഹാ കഷ്ടം; ആരെങ്കിലും മന്ദിരത്തെക്കൊണ്ട് സത്യം ചെയ്താൽ അത് ഏതുമില്ല എന്നും മന്ദിരത്തിലെ സ്വർണ്ണത്തെക്കൊണ്ട് സത്യം ചെയ്യുന്നവനോ ചെയ്ത സത്യത്തിന് ബാധ്യസ്ഥൻ എന്നും പറയുന്നു.17കുരുടരായ മൂഢന്മാരേ, ഏത് വലിയത്? സ്വർണ്ണമോ സ്വർണ്ണത്തെ വിശുദ്ധീകരിച്ച മന്ദിരമോ?
18യാഗപീഠത്തെക്കൊണ്ട് സത്യം ചെയ്താൽ അത് ഏതുമില്ല; അതിന്മേലുള്ള വഴിപാടിനാൽ സത്യം ചെയ്യുന്നവനോ ചെയ്ത സത്യത്തിനു ബാധ്യസ്ഥൻ എന്നു നിങ്ങൾ പറയുന്നു.19കുരുടന്മാരായുള്ളോരേ, ഏത് വലിയത്? വഴിപാടോ വഴിപാടിനെ വിശുദ്ധീകരിക്കുന്ന യാഗപീഠമോ?
20ആകയാൽ യാഗപീഠത്തെക്കൊണ്ട് സത്യം ചെയ്യുന്നവൻ അതിനെയും അതിന്മേലുള്ള സകലവഴിപാടിനാലും സത്യം ചെയ്യുന്നു.21മന്ദിരത്തെക്കൊണ്ട് സത്യം ചെയ്യുന്നവൻ അതിനെയും അതിൽ വസിക്കുന്നവനെയും ഓർത്ത് സത്യം ചെയ്യുന്നു.22സ്വർഗ്ഗത്തെക്കൊണ്ട് സത്യംചെയ്യുന്നവൻ, ദൈവത്തിന്റെ സിംഹാസനത്തെയും അതിൽ ഇരിക്കുന്നവനെയും ഓർത്ത് സത്യം ചെയ്യുന്നു.
ദശാംശത്തെക്കുറിച്ച്

23കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്ക് ഹാ കഷ്ടം; നിങ്ങൾ കർപ്പൂരതുളസി, അയമോദകം, ജീരകം എന്നിവയ്ക്ക് ദശാംശം കൊടുക്കുകയും ന്യായം, കരുണ, വിശ്വാസം ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു. ഇവ ചെയ്കയും അവ ത്യജിക്കാതിരിക്കയും വേണം.24കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾ കൊതുകിനെ അരിച്ചെടുക്കുകയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്നു.
അകമേ എങ്ങനെ

25കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്ക് ഹാ കഷ്ടം; നിങ്ങൾ പാനപാത്ര താലങ്ങളുടെ പുറം വെടിപ്പാക്കുന്നു; അകമേയോ കവർച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നു.26കുരുടനായ പരീശനേ, മുമ്പെ പാനപാത്രതാലങ്ങളുടെ അകംവെടിപ്പാക്കുക; അതിനാൽ അവയുടെ പുറവും വെടിപ്പായിക്കൊള്ളും.

27ശാസ്ത്രിമാരും പരീശന്മാരും കപടഭക്തിക്കാരുമായുള്ളോരേ, നിങ്ങൾക്ക് ഹാ കഷ്ടം; വെള്ള തേച്ച ശവക്കല്ലറകളോട് നിങ്ങൾ ഒത്തിരിക്കുന്നു; അവ പുറമെ മനോഹരമായി കാണുന്നെങ്കിലും അകമേ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു.28അങ്ങനെതന്നെ പുറമെ നിങ്ങൾ നീതിമാന്മാർ എന്നു മനുഷ്യർക്ക് തോന്നുന്നു; അകമേയോ കപടഭക്തിയും അതിക്രമവും നിറഞ്ഞവരത്രേ.
നരകവിധി എങ്ങനെ ഒഴിഞ്ഞുപോകും

29കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്ക് ഹാ കഷ്ടം; നിങ്ങൾ പ്രവാചകന്മാരുടെ കല്ലറകളെ പണിതും നീതിമാന്മാരുടെ കല്ലറകളെ അലങ്കരിച്ചുംകൊണ്ട്:30ഞങ്ങൾ പിതാക്കന്മാരുടെ കാലത്ത് ഉണ്ടായിരുന്നു എങ്കിൽ പ്രവാചകന്മാരുടെ രക്തം ചൊരിയിക്കുന്നതിൽ അവരോട് കൂടെ പങ്കാളികൾ ആകയില്ലായിരുന്നു എന്നു പറയുന്നു.31അങ്ങനെ നിങ്ങൾ പ്രവാചകന്മാരെ കൊന്നവരുടെ മക്കൾ എന്നു നിങ്ങൾ തന്നേ സാക്ഷ്യം പറയുന്നുവല്ലോ.
32പിതാക്കന്മാരുടെ പാപത്തിന്റെ അളവ് നിങ്ങൾ പൂരിപ്പിച്ചു കൊൾവിൻ.33സർപ്പങ്ങളേ, അണലിസന്തതികളേ, നിങ്ങൾ നരകന്യായവിധി എങ്ങനെ ഒഴിഞ്ഞുപോകും?

34അതുകൊണ്ട് ഞാൻ പ്രവാചകന്മാരെയും ജ്ഞാനികളെയും ശാസ്ത്രിമാരെയും നിങ്ങളുടെ അടുക്കൽ അയയ്ക്കുന്നു; അവരിൽ ചിലരെ നിങ്ങൾ ക്രൂശിച്ചു കൊല്ലുകയും ചിലരെ നിങ്ങളുടെ പള്ളികളിൽ ചാട്ടവാറു കൊണ്ട് അടിക്കുകയും പട്ടണത്തിൽ നിന്നു പട്ടണത്തിലേക്ക് ഓടിക്കയും ചെയ്യും.35ഇതിന്റെ ഫലമോ നീതിമാനായ ഹാബെലിന്റെ രക്തംമുതൽ നിങ്ങൾ മന്ദിരത്തിനും യാഗപീഠത്തിനും നടുവിൽവച്ച് കൊന്നവനായ ബെരെഖ്യാവിന്റെ മകനായ സെഖര്യാവിന്റെ രക്തംവരെ ഭൂമിയിൽ ചൊരിഞ്ഞിട്ടുള്ള നീതിയുള്ള രക്തം എല്ലാം നിങ്ങളുടെമേൽ വരും.36ഇതൊക്കെയും ഈ തലമുറമേൽ സംഭവിക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
യെരുശലേമിന്റെ ഭാവിയെ ഓർത്ത് യേശു വിലപിക്കുന്നു

37യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കുംപോലെ നിന്റെ മക്കളെ ചേർത്തുകൊൾവാൻ ഞാൻ എത്രവട്ടം ആഗ്രഹിച്ചു; നിങ്ങൾക്കോ സമ്മതമായില്ല.38കാണ്മീൻ, നിങ്ങളുടെ ഭവനം നിങ്ങളെ ഉപേക്ഷിച്ച് ശൂന്യമായ്തീരും.39കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്നു നിങ്ങൾ പറയുവോളം നിങ്ങൾ ഇനി എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.


1 23. 13 മറ്റു വിവർത്തനങ്ങളിൽ ഈ ഭാഗം ചേർത്തിട്ടില്ല. വിഴുങ്ങുക എന്നാൽ ഭക്തിയുടെ വേഷം ധരിച്ച് സ്വാർത്ഥലാഭത്തിനായി ചൂഷണം ചെയ്യുന്നു

24
ദേവാലയ നാശവും അന്ത്യകാല സംഭവങ്ങളും

1യേശു ദൈവാലയം വിട്ടു പുറത്തു പോകുമ്പോൾ ശിഷ്യന്മാർ അവന് ദൈവാലയത്തിന്റെ പണികൾ കാണിക്കേണ്ടതിന് അവന്റെ അടുക്കൽ വന്നു.2അവൻ അവരോട് മറുപടി പറഞ്ഞത്: ഇതെല്ലാം നിങ്ങൾ കാണുന്നില്ലയോ? ഇടിഞ്ഞുപോകാതെ കല്ലിന്മേൽ കല്ല് ഇവിടെ ശേഷിക്കയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.

മുൻ വരുന്ന വിപത്തുകൾ

3അവൻ ഒലിവുമലയിൽ ഇരിക്കുമ്പോൾ ശിഷ്യന്മാർ തനിച്ചു അവന്റെ അടുക്കൽ വന്നു: ഇവയെല്ലാം എപ്പോൾ സംഭവിക്കും എന്നും നിന്റെ വരവിനും ലോകാവസാനത്തിനും അടയാളം എന്ത് എന്നും പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു.4അതിന് യേശു ഉത്തരം പറഞ്ഞത്: ആരും നിങ്ങളെ വഴി തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ.5ഞാൻ ക്രിസ്തു എന്നു പറഞ്ഞു അനേകർ എന്റെ പേർ എടുത്തു വന്നു പലരെയും തെറ്റിക്കും.
6നിങ്ങൾ യുദ്ധങ്ങളെയും യുദ്ധവിവരങ്ങളെയും കുറിച്ചുകേൾക്കും; ചഞ്ചലപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ; അത് സംഭവിക്കേണ്ടത് തന്നേ; എന്നാൽ അത് അവസാനമല്ല;7ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും; ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും.8എങ്കിലും ഇതു ഒക്കെയും പ്രസവവേദനയുടെ ആരംഭമത്രേ.
9അന്ന് അവർ നിങ്ങളെ ഉപദ്രവത്തിന് ഏല്പിക്കുകയും കൊല്ലുകയും ചെയ്യും; എന്റെ നാമം നിമിത്തം സകലജാതികളും നിങ്ങളെ പകയ്ക്കും.10പലരും ഇടറുകയും അന്യോന്യം തള്ളിപ്പറകയും അന്യോന്യം വെറുക്കുകയും ചെയ്യും11കള്ളപ്രവാചകന്മാർ പലരും എഴുന്നേറ്റ് അനേകരെ തെറ്റിക്കും.
12അതിക്രമം പെരുകുന്നതുകൊണ്ട് അനേകരുടെ സ്നേഹം തണുത്തുപോകും.13എന്നാൽ അവസാനത്തോളം സഹിച്ചു നില്ക്കുന്നവൻ, ആരോ അവൻ രക്ഷിയ്ക്കപ്പെടും.14രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.
മഹാ കഷ്ടകാലം

15അതുകൊണ്ട് ദാനീയേൽ പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതുപോലെ ശൂന്യമാക്കുന്ന മ്ലേച്ഛത വിശുദ്ധസ്ഥലത്ത് നില്ക്കുന്നതു നിങ്ങൾ കാണുമ്പോൾ - വായിക്കുന്നവൻ ചിന്തിച്ചു കൊള്ളട്ടെ -16അന്ന് യെഹൂദ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ.17വീടിന്മുകളിൽ ഇരിക്കുന്നവൻ വീടിനുള്ളിലുള്ളത് ഒന്നും തന്നെ എടുക്കേണ്ടതിന് ഇറങ്ങരുത്;18വയലിലുള്ളവൻ വസ്ത്രം എടുക്കുവാൻ മടങ്ങിപ്പോകരുത്.
19ആ കാലത്ത് ഗർഭിണികൾക്കും മുലകുടിപ്പിക്കുന്നവർക്കും അയ്യോ കഷ്ടം!20എന്നാൽ നിങ്ങളുടെ ഓടിപ്പോക്ക് ശീതകാലത്തോ ശബ്ബത്തിലോ സംഭവിക്കാതിരിപ്പാൻ പ്രാർത്ഥിക്കുവിൻ.21ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി മേൽ സംഭവിക്കാത്തതും ആയ വലിയ പീഢനം അന്ന് ഉണ്ടാകും.22ആ നാളുകളുടെ എണ്ണം കുറയാതിരുന്നാൽ ഒരു ജഡവും രക്ഷിയ്ക്കപ്പെടുകയില്ല; തിരഞ്ഞെടുക്കപ്പെട്ടവർ നിമിത്തമോ ആ നാളുകളുടെ എണ്ണം കുറയും.
23അന്ന് ആരെങ്കിലും നിങ്ങളോടു: ഇതാ, ക്രിസ്തു ഇവിടെ, അല്ല അവിടെ എന്നു പറഞ്ഞാൽ വിശ്വസിക്കരുത്.24കള്ള ക്രിസ്തുക്കളും കള്ളപ്രവാചകന്മാരും വന്ന് കഴിയുമെങ്കിൽ തിരഞ്ഞെടുക്കപ്പെട്ടവരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിയ്ക്കും.25ജാഗ്രതയായിരിപ്പീൻ; ഞാൻ മുമ്പുകൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു.
26ആകയാൽ നിങ്ങളോടു: അതാ, ക്രിസ്തു മരുഭൂമിയിൽ എന്നു പറഞ്ഞാൽ മരുഭൂമിയിലേക്ക് പുറപ്പെടരുത്; ഇതാ, അവൻ അറകളിൽ എന്നു പറഞ്ഞാൽ വിശ്വസിക്കരുത്.27മിന്നൽ കിഴക്ക് നിന്നു പുറപ്പെട്ടു പടിഞ്ഞാറോളം തിളങ്ങുംപോലെ മനുഷ്യപുത്രന്റെ വരവ് ആകും.28എവിടെയൊക്കെ മൃഗങ്ങളുടെ ശവങ്ങൾ ഉണ്ടോ അവിടെ കഴുകന്മാർ കൂടും.
ക്രിസ്തുവിന്റെ മടങ്ങിവരവ്

29ആ കാലത്തിലെ വലിയ പീഢനം കഴിഞ്ഞ ഉടനെ സൂര്യൻ ഇരുണ്ടുപോകും; ചന്ദ്രൻ അതിന്റെ പ്രകാശം കൊടുക്കാതിരിക്കും; നക്ഷത്രങ്ങൾ ആകാശത്തുനിന്ന് വീഴും; ആകാശത്തിലെ ശക്തികൾ ഇളകും.
30അപ്പോൾ മനുഷ്യപുത്രന്റെ അടയാളം ആകാശത്ത് പ്രകടമാകും; അന്ന് ഭൂമിയിലെ സകലഗോത്രങ്ങളും മാറത്തടിച്ചും കൊണ്ട്, മനുഷ്യപുത്രൻ ആകാശത്തിലെ മേഘങ്ങളിന്മേൽ ശക്തിയോടും മഹാതേജസ്സോടും കൂടെ വരുന്നത് കാണും.31അവൻ തന്റെ ദൂതന്മാരെ മഹാ കാഹളധ്വനിയോടുംകൂടെ അയയ്ക്കും; അവർ അവന്റെ തിരഞ്ഞെടുക്കപ്പെട്ടവരെ ആകാശത്തിന്റെ ഒരറ്റം മുതൽ മറ്റെ അറ്റംവരെയും നാല് ദിക്കിൽനിന്നും കൂട്ടിച്ചേർക്കും.
അത്തിയിൽ നിന്നു പഠിപ്പിൻ

32അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിൻ; അതിന്റെ കൊമ്പ് ഇളതായി ഇല തളിർക്കുമ്പോൾ വേനൽ അടുത്തു എന്നു നിങ്ങൾ അറിയുന്നുവല്ലോ.33അങ്ങനെ നിങ്ങൾ ഇതു ഒക്കെയും കാണുമ്പോൾ അവൻ അടുക്കെ പ്രവേശന കവാടത്തിൽ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ.
34ഇവയൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.35ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒരുനാളും ഒഴിഞ്ഞുപോകയില്ല.
ക്രിസ്തുവിന്റെ വരവിന്റെ സമയം ആരും അറിയുന്നില്ല

36ആ ദിവസമോ സമയമോ സംബന്ധിച്ച് എന്റെ പിതാവ് മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.
37നോഹയുടെ കാലംപോലെ തന്നേ ആയിരിക്കും മനുഷ്യപുത്രന്റെ വരവിലും.38ജലപ്രളയത്തിന് മുമ്പുള്ള കാലത്ത് നോഹ പെട്ടകത്തിൽ കയറിയ നാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന് കൊടുത്തും പോന്നു;39ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കളയുവോളം അവർ ഒന്നും അറിഞ്ഞതുമില്ല; മനുഷ്യപുത്രന്റെ വരവും അങ്ങനെതന്നെ ആകും.
40അന്ന് രണ്ടുപേർ വയലിൽ ആയിരിക്കും; ഒരുവനെ കൈക്കൊള്ളും, മറ്റവനെ തള്ളികളയും.41രണ്ടുസ്ത്രീകൾ ഒരു തിരികല്ലിൽ പൊടിച്ചുകൊണ്ടിരിക്കും; ഒരുവളെ കൈക്കൊള്ളും, മറ്റവളെ തള്ളിക്കളയും.42അതുകൊണ്ട് നിങ്ങളെ തന്നെ സൂക്ഷിപ്പിൻ, കാരണം നിങ്ങളുടെ കർത്താവ് ഏത് ദിവസം വരും എന്നു നിങ്ങൾ അറിയുന്നില്ലല്ലോ
43കള്ളൻ വരുന്നസമയം എപ്പോൾ എന്നു വീട്ടുടയവൻ അറിഞ്ഞ് എങ്കിൽ അവൻ ഉണർന്നിരിക്കുകയും തന്റെ വീട് മുറിച്ചു കടക്കാതിരിക്കുവാൻ സമ്മതിക്കാതിരിക്കയും ചെയ്യും എന്നു അറിയുന്നുവല്ലോ.44അങ്ങനെ നിങ്ങൾ പ്രതീക്ഷിക്കാത്ത സമയത്ത് മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ.
വിശ്വസ്തനും അവിശ്വസ്തനും ആയദാസന്മാർ

45എന്നാൽ യജമാനൻ തന്റെ വീട്ടുകാർക്ക് തത്സമയത്ത് ഭക്ഷണം കൊടുക്കേണ്ടതിന് അവരുടെ മേൽ ആക്കിവെച്ച വിശ്വസ്തനും ബുദ്ധിമാനും ആയ ദാസൻ ആർ?46യജമാനൻ വരുമ്പോൾ അങ്ങനെ ചെയ്തു കാണുന്ന ദാസൻ ഭാഗ്യവാൻ.47അവൻ അവനെ തനിക്കുള്ള സകലത്തിന്മേലും യജമാനൻ ആക്കിവെക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
48എന്നാൽ അവൻ ഒരു ദുഷ്ടദാസനായി: യജമാനൻ വരുവാൻ താമസിക്കുന്നു എന്നു ഹൃദയംകൊണ്ട് പറഞ്ഞു,49കൂട്ട് ദാസന്മാരെ അടിക്കുവാനും കുടിയന്മാരോടുകൂടി തിന്നുകുടിപ്പാനും തുടങ്ങിയാൽ50ആ ദാസൻ പ്രതീക്ഷിക്കാത്ത നാളിലും അറിയാത്ത നാഴികയിലും യജമാനൻ വന്നു51അവനെ ദണ്ഡിപ്പിച്ച് അവന്റെ അവസാനം കപടഭക്തിക്കാരുടേതുപോലെ ആക്കും; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും.

25
വിളക്കിൽ എണ്ണ കരുതിയ ബുദ്ധിയുള്ള കന്യകമാർ

1സ്വർഗ്ഗരാജ്യം വിളക്കു എടുത്തുകൊണ്ട് മണവാളനെ എതിരേൽക്കുവാൻ പുറപ്പെട്ട പത്തു കന്യകമാരോട് തുല്യം ആയിരിക്കും.2അവരിൽ അഞ്ചുപേർ ബുദ്ധിയില്ലാത്തവരും അഞ്ചുപേർ ബുദ്ധിയുള്ളവരും ആയിരുന്നു.3ബുദ്ധിയില്ലാത്ത കന്യകമാർ വിളക്ക് എടുത്തപ്പോൾ എണ്ണയും എടുത്തില്ല.4ബുദ്ധിയുള്ള കന്യകമാരോ വിളക്കിനോടൊപ്പം എണ്ണയുള്ള പാത്രങ്ങളും എടുത്തു.

5അപ്പോൾ മണവാളൻ വരുവാൻ താമസിക്കുന്നതുകൊണ്ട് എല്ലാവരും മയക്കംപിടിച്ച് ഉറങ്ങി.6അർദ്ധരാത്രിക്കോ മണവാളൻ വരുന്നു; അവനെ എതിരേൽക്കുവാൻ പുറപ്പെടുവിൻ എന്നു ആർപ്പുവിളി ഉണ്ടായി.
7അപ്പോൾ കന്യകമാർ എല്ലാവരും എഴുന്നേറ്റ് വിളക്കു തെളിയിച്ചു.8എന്നാൽ ബുദ്ധിയില്ലാത്തവർ ബുദ്ധിയുള്ളവരോട്: ഞങ്ങളുടെ വിളക്കു കെട്ടുപോകുന്നതു കൊണ്ട് നിങ്ങളുടെ എണ്ണയിൽ കുറെ ഞങ്ങൾക്കു തരേണം എന്നു പറഞ്ഞു.9ബുദ്ധിയുള്ളവർ: ഞങ്ങൾക്കും നിങ്ങൾക്കും തികയാതെ വരാതിരിപ്പാൻ നിങ്ങൾ വില്ക്കുന്നവരുടെ അടുക്കൽ പോയി വാങ്ങിക്കൊൾവിൻ എന്നു ഉത്തരം പറഞ്ഞു.
10ബുദ്ധിയില്ലാത്ത കന്യകമാർ വാങ്ങുവാൻ പോയപ്പോൾ മണവാളൻ വന്നു; ഒരുങ്ങിയിരുന്നവർ അവനോടുകൂടെ കല്യാണസദ്യയ്ക്ക് ചെന്ന്; വാതിൽ അടയ്ക്കുകയും ചെയ്തു.11അതിന്റെ ശേഷം ബുദ്ധിയില്ലാത്ത കന്യകമാരും വന്നു: യജമാനനെ, യജമാനനെ ഞങ്ങൾക്കു വേണ്ടി വാതിൽ തുറക്കേണമേ എന്നു പറഞ്ഞു.12അതിന് അവൻ മറുപടിയായി: ഞാൻ നിങ്ങളെ അറിയുന്നില്ല എന്നു സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.13ആകയാൽ നാളും സമയവും നിങ്ങൾ അറിയായ്കകൊണ്ട് ജാഗ്രത ഉള്ളവരായിരിക്കുവിൻ.
താലന്തുകളുടെ ഉപമ

14ഒരു മനുഷ്യൻ വിദേശത്തു പോകുമ്പോൾ തന്റെ ദാസന്മാരെ വിളിച്ചു തന്റെ സമ്പത്ത് അവരെ ഭരമേല്പിച്ചു.15അവരിൽ ഒരുവന് അഞ്ച് താലന്ത്, ഒരുവന് രണ്ടു, ഒരുവന് ഒന്ന് ഇങ്ങനെ ഓരോരുത്തന് അവനവന്റെ പ്രാപ്തിപോലെ കൊടുത്തതിനു ശേഷം യാത്രപുറപ്പെട്ടു.16അഞ്ച് താലന്ത് ലഭിച്ചവൻ ഉടനെ ചെന്ന് വ്യാപാരം ചെയ്തു വേറെ അഞ്ച് താലന്ത് കൂടെ സമ്പാദിച്ചു.
17അങ്ങനെതന്നെ രണ്ടു താലന്ത് ലഭിച്ചവൻ വേറെ രണ്ടു കൂടെ നേടി.18ഒന്ന് ലഭിച്ചവനോ പോയി നിലത്തു ഒരു കുഴി കുഴിച്ച് യജമാനന്റെ പണം മറച്ചുവച്ചു.
19വളരെ കാലം കഴിഞ്ഞശേഷം ആ ദാസന്മാരുടെ യജമാനൻ വന്നു അവരുമായി കണക്ക് തീർത്തു.20അഞ്ച് താലന്ത് ലഭിച്ചവൻ അടുക്കൽ വന്നു വേറെ അഞ്ച് താലന്ത് കൂടെ കൊണ്ടുവന്നു: യജമാനനേ, അഞ്ച് താലന്തല്ലോ എന്നെ ഏല്പിച്ചത്; ഞാൻ അഞ്ച് താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു.21അവന്റെ യജമാനൻ: അവനെ അനുമോദിച്ചുകൊണ്ട്, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പകാര്യങ്ങളിൽ പോലും വിശ്വസ്തനായിരുന്നു; ഞാൻ നിന്നെ അനേക കാര്യങ്ങൾക്ക് വിചാരകനാക്കും; നിന്റെ യജമാനന്റെ ആനന്ദത്തിലേക്ക് പ്രവേശിക്ക എന്നു അവനോട് പറഞ്ഞു.
22രണ്ടു താലന്ത് ലഭിച്ചവനും അടുക്കൽ വന്നു: യജമാനനേ, രണ്ടു താലന്തല്ലോ എന്നെ ഏല്പിച്ചത്; ഞാൻ രണ്ടു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു.23അതിന് യജമാനൻ: അവനെ അനുമോദിച്ചുകൊണ്ട്, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പകാര്യങ്ങളിൽ വിശ്വസ്തനായിരുന്നു; ഞാൻ നിന്നെ അധിക കാര്യങ്ങൾക്ക് വിചാരകനാക്കും; നിന്റെ യജമാനന്റെ ആനന്ദത്തിലേക്ക് പ്രവേശിക്ക എന്നു അവനോട് പറഞ്ഞു.
24പിന്നീട് ഒരു താലന്ത് ലഭിച്ചവനും അടുക്കൽ വന്നു: യജമാനനേ, നീ വിതയ്ക്കാത്തിടത്തുനിന്ന് കൊയ്യുകയും വിതറാത്തിടത്തുനിന്ന് ചേർക്കുകയും ചെയ്യുന്ന കർശനക്കാരനായ മനുഷ്യൻ എന്നു ഞാൻ അറിഞ്ഞ്25ഞാൻ ഭയപ്പെട്ട് നീ എനിക്ക് തന്ന താലന്ത് നിലത്തു മറച്ചുവച്ചു; ഇതാ, നിനക്ക് അവകാശപ്പെട്ടത് എടുത്തുകൊൾക എന്നു പറഞ്ഞു.
26അതിന് യജമാനൻ ഉത്തരം പറഞ്ഞത്: ദുഷ്ടനും മടിയനും ആയ ദാസനേ, ഞാൻ വിതയ്ക്കാത്തിടത്ത് നിന്നു കൊയ്യുകയും വിതറാത്തിടത്തുനിന്ന് ചേർക്കുകയും ചെയ്യുന്നവൻ എന്നു നീ അറിഞ്ഞുവല്ലോ.27നീ എന്റെ പണം പൊൻവാണിഭക്കാരെ ഏല്പിക്കേണ്ടിയിരുന്നു; എന്നാൽ ഞാൻ വന്നു എന്റെ പണം പലിശയോടുകൂടെ വാങ്ങിക്കൊള്ളുമായിരുന്നു.
28ആകയാൽ ആ താലന്ത് അവന്റെ പക്കൽനിന്ന് എടുത്തു പത്തു താലന്ത് ഉള്ളവന് കൊടുക്കുവിൻ.29അങ്ങനെ ഉള്ളവന് ഏവനും ലഭിക്കും; അവന് സമൃദ്ധിയും ഉണ്ടാകും; ഇല്ലാത്തവനോടോ ഉള്ളതുംകൂടെ എടുത്തുകളയും.30എന്നാൽ ഈ പ്രയോജനമില്ലാത്ത ദാസനെ ഏറ്റവും പുറത്തുള്ള ഇരുട്ടിലേക്ക് എറിഞ്ഞുകളയുവിൻ; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും.
മനുഷ്യപുത്രൻ തേജസ്സിന്റെ സിംഹാസനത്തിൽ

31മനുഷ്യപുത്രൻ തന്റെ തേജസ്സോടെ സകല ദൂതന്മാരുമായി വരുമ്പോൾ അവൻ തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കും.32സകല ജാതികളേയും അവന്റെ മുമ്പിൽ കൂട്ടും; അവൻ അവരെ ഓരോരുത്തരായി ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നതുപോലെ വേർതിരിക്കും,33ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ ഇടത്തും നിർത്തും.
34രാജാവ് തന്റെ വലത്തുള്ളവരോട് അരുളിച്ചെയ്യും: എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനം മുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ.35എനിക്ക് വിശന്നു, നിങ്ങൾ ഭക്ഷണം തന്നു; എനിക്ക് ദാഹിച്ചു നിങ്ങൾ കുടിക്കുവാൻ തന്നു; ഞാൻ അപരിചിതനായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടു;36ഞാൻ നഗ്നനായിരുന്നു, നിങ്ങൾ എന്നെ ധരിപ്പിച്ചു; ഞാൻ രോഗിയായിരുന്നു, നിങ്ങൾ എന്നെ സംരക്ഷിച്ചു; തടവിൽ ആയിരുന്നു, നിങ്ങൾ എന്റെ അടുക്കൽ വന്നു.
37അതിന് നീതിമാന്മാർ അവനോട്: കർത്താവേ, ഞങ്ങൾ എപ്പോൾ നിന്നെ വിശന്നു കണ്ടിട്ട് ഭക്ഷണം തരികയോ ദാഹിച്ചു കണ്ടിട്ട് കുടിക്കുവാൻ തരികയോ ചെയ്തു?38ഞങ്ങൾ എപ്പോൾ നിന്നെ അതിഥിയായി കണ്ടിട്ട് ചേർത്തുകൊൾകയോ നഗ്നനായി കണ്ടിട്ട് ഉടുപ്പിക്കയോ ചെയ്തു?39നിന്നെ രോഗിയായിട്ടോ തടവിലോ എപ്പോൾ കണ്ടിട്ട് ഞങ്ങൾ നിന്റെ അടുക്കൽ വന്നു എന്നു ഉത്തരം പറയും.40രാജാവ് അവരോട്: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്ക് ചെയ്തു എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും.
41പിന്നെ അവൻ ഇടത്തുള്ളവരോട്: ശപിക്കപ്പെട്ടവരെ, എന്നെ വിട്ടു പിശാചിനും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്ക് പോകുവിൻ.42എനിക്ക് വിശന്നു, നിങ്ങൾ ഭക്ഷിക്കുവാൻ തന്നില്ല; ദാഹിച്ചു, നിങ്ങൾ കുടിക്കുവാൻ തന്നില്ല.43അപരിചിതനായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടില്ല; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ധരിപ്പിച്ചില്ല; രോഗിയും തടവിലും ആയിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നില്ല എന്നു അരുളിച്ചെയ്യും.
44അതിന് അവർ: കർത്താവേ, ഞങ്ങൾ നിന്നെ വിശക്കുന്നവനോ ദാഹിക്കുന്നവനോ അപരിചിതനോ നഗ്നനോ രോഗിയോ തടവിലോ ആയി എപ്പോൾ കണ്ട് നിനക്ക് ശുശ്രൂഷ ചെയ്യാതിരുന്നു എന്നു ഉത്തരം പറയും. അവൻ അവരോട്:45ഈ ഏറ്റവും ചെറിവരിൽ ഒരുവന് നിങ്ങൾ ചെയ്യാതിരുന്നതെല്ലാം എനിക്ക് ആകുന്നു ചെയ്യാഞ്ഞത് എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു ഉത്തരം പറയും.46ഇവർ നിത്യശിക്ഷാവിധിയിലേക്കും നീതിമാന്മാർ നിത്യജീവനിലേക്കും പോകും.

26
യേശുവിനെ ഉപായത്താൽ പിടിച്ച് കൊല്ലുവാൻ ആലോചിക്കുന്നു

1യേശു ഈ വചനങ്ങൾ മുഴുവനും പറഞ്ഞു തീർന്നശേഷം ശിഷ്യന്മാരോട്:2രണ്ടു ദിവസം കഴിഞ്ഞിട്ട് പെസഹ വരുന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ; അന്ന് മനുഷ്യപുത്രനെ ക്രൂശിക്കുവാൻ ഏല്പിക്കും എന്നു പറഞ്ഞു.

3അന്ന് മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും മഹാപുരോഹിതനായ കയ്യഫാവിന്റെ മണ്ഡപത്തിൽ വന്നു കൂടി,4യേശുവിനെ ഉപായത്താൽ പിടിച്ച് ഗൂഢമായി കൊല്ലുവാൻ ആലോചിച്ചു;5എങ്കിലും ജനത്തിൽ കലഹമുണ്ടാകാതിരിക്കുവാൻ പെരുന്നാളിൽ ആകരുത് എന്നു അവർ പറഞ്ഞു.
ശീമോന്റെ ഭവനത്തിൽ യേശു

6യേശു ബെഥാന്യയിൽ കുഷ്ഠരോഗിയായിരുന്ന ശീമോന്റെ വീട്ടിൽ മേശയ്ക്കഭിമുഖമായി ചാരി ഇരിക്കുമ്പോൾ7ഒരു സ്ത്രീ വിലയേറിയ പരിമളതൈലം നിറഞ്ഞ, വെൺകല്ലിൽ തീർത്ത ഭരണിയുമായി യേശുവിന്റെ അടുക്കൽ വന്നു, പരിമളതൈലം അവന്റെ തലയിൽ ഒഴിച്ചു.8ശിഷ്യന്മാർ അത് കണ്ടിട്ട് കോപത്തോടെ: ഈ വെറും ചെലവിന്റെ കാരണം എന്താണ്?9ഇതു വളരെ വിലയ്ക്ക് വിറ്റ് ദരിദ്രർക്ക് കൊടുക്കാമായിരുന്നുവല്ലോ എന്നു പറഞ്ഞു.
10യേശു അത് അറിഞ്ഞ് അവരോട്: സ്ത്രീയെ അസഹ്യപ്പെടുത്തുന്നത് എന്ത്? അവൾ എങ്കൽ മനോഹരമായ പ്രവർത്തിയല്ലോ ചെയ്തതു.11ദരിദ്രർ എല്ലായ്പോഴും നിങ്ങളുടെ അടുക്കൽ ഉണ്ടല്ലോ; ഞാനോ എല്ലായ്പോഴും നിങ്ങളോടൊപ്പം ഇല്ലല്ലോ?
12അവൾ ഈ തൈലം എന്റെ ദേഹത്തിന്മേൽ ഒഴിച്ചത് എന്റെ ശവസംസ്കാരത്തിനായി ചെയ്തതാകുന്നു.13ലോകത്തിൽ എങ്ങും, ഈ സുവിശേഷം പ്രസംഗിക്കുന്നിടത്തെല്ലാം, അവൾ ചെയ്തതും അവളുടെ ഓർമ്മയ്ക്കായി പ്രസ്താവിക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.

14അന്ന് പന്തിരുവരിൽ ഒരുവനായ യൂദാ ഈസ്കര്യോത്താവ് മഹാപുരോഹിതന്മാരുടെ അടുക്കൽ ചെന്ന്:15ഞാൻ യേശുവിനെ നിങ്ങൾക്ക് ഏൽപ്പിച്ചു തന്നാൽ, നിങ്ങൾ എനിക്ക് എന്ത് തരുവാൻ മനസ്സുണ്ട് എന്നു ചോദിച്ചു? അവർ യൂദാ ഈസ്കര്യോത്താവിന് മുപ്പത് വെള്ളിക്കാശ് തൂക്കിക്കൊടുത്തു.16അന്നുമുതൽ യേശുവിനെ കാണിച്ചുകൊടുക്കുവാൻ അവൻ അവസരം അന്വേഷിച്ചു പോന്നു.
യേശു ശിഷ്യന്മാരുമായി പെസഹ കഴിക്കുന്നു

17പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളിൽ ശിഷ്യന്മാർ യേശുവിന്റെ അടുക്കൽ വന്നു: നീ പെസഹ കഴിക്കുവാൻ ഞങ്ങൾ ഒരുക്കേണ്ടത് എവിടെ എന്നു ചോദിച്ചു.18അതിന് അവൻ പറഞ്ഞത്: നിങ്ങൾ നഗരത്തിൽ ഒരുവന്റെ അടുക്കൽ ചെന്ന്: എന്റെ സമയം അടുത്തിരിക്കുന്നു; ഞാൻ എന്റെ ശിഷ്യരുമായി നിന്റെ അടുക്കൽ പെസഹ കഴിക്കും എന്നു ഗുരു പറയുന്നു എന്നു പറയുവിൻ.19ശിഷ്യന്മാർ യേശു നിർദ്ദേശിച്ചത് പോലെ ചെയ്തു പെസഹ തയ്യാറാക്കി.
20സന്ധ്യയായപ്പോൾ യേശു പന്ത്രണ്ട് ശിഷ്യന്മാരോടുകൂടെ ഭക്ഷിക്കുവാൻ ഇരുന്നു.21അവർ ഭക്ഷിക്കുമ്പോൾ യേശു: നിങ്ങളിൽ ഒരുവൻ എന്നെ കാണിച്ചുകൊടുക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.22അപ്പോൾ അവർ അത്യന്തം ദുഃഖിച്ചു: തീർച്ചയായും ഞാനല്ലല്ലോ കർത്താവേ, ഞാനല്ലല്ലോ കർത്താവേ, എന്നു ഓരോരുത്തൻ ചോദിച്ചു തുടങ്ങി.
23അവൻ ഉത്തരം പറഞ്ഞത്: എന്നോടുകൂടെ കൈ താലത്തിൽ മുക്കുന്നവൻ തന്നേ എന്നെ കാണിച്ചുകൊടുക്കും.24തന്നെക്കുറിച്ച് എഴുതിയിരിക്കുന്നതുപോലെ മനുഷ്യപുത്രൻ പോകും; മനുഷ്യപുത്രനെ കാണിച്ചുകൊടുക്കുന്ന മനുഷ്യനോ ഹാ കഷ്ടം; ആ മനുഷ്യൻ ജനിക്കാതിരുന്നു എങ്കിൽ അവന് നന്നായിരുന്നു.25അവനെ കാണിച്ചുകൊടുക്കുന്ന യൂദാ: ഞാനോ, റബ്ബീ, എന്നു പറഞ്ഞതിന്: നീ സ്വയം പറഞ്ഞുവല്ലോ എന്ന് അവൻ പറഞ്ഞു.
26അവർ ഭക്ഷിക്കുമ്പോൾ യേശു അപ്പം എടുത്തു അനുഗ്രഹിച്ചു നുറുക്കി ശിഷ്യന്മാർക്ക് കൊടുത്തു: വാങ്ങി ഭക്ഷിക്കുവിൻ; ഇതു എന്റെ ശരീരം എന്നു പറഞ്ഞു.
27പിന്നെ പാനപാത്രം എടുത്തു സ്തോത്രം അർപ്പിച്ച് അവർക്ക് കൊടുത്തു: ഇതിൽ നിന്നു എല്ലാവരും കുടിക്കുവിൻ.28ഇതു എന്റെ രക്തം ഉടമ്പടിക്കായുള്ളത് അനേകർക്കുവേണ്ടി പാപമോചനത്തിനായി ചൊരിയുന്നു;29എന്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളോടുകൂടെ പുതുതായി കുടിക്കുംനാൾവരെ ഞാൻ മുന്തിരിവള്ളിയുടെ ഫലത്തിന്റെ ഈ അനുഭവത്തിൽ നിന്നു ഇനി കുടിക്കുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.

30പിന്നെ അവർ സ്തോത്രാലാപനത്തിന് ശേഷം ഒലിവുമലയ്ക്ക് പുറപ്പെട്ടുപോയി.
യേശു സംഭവിക്കാൻ പോകുന്ന കാര്യങ്ങളെ ശിഷ്യരെ അറിയിക്കുന്നു

31യേശു അവരോട്: ഈ രാത്രിയിൽ ഞാൻ നിമിത്തം നിങ്ങൾ എല്ലാവരും വീണുപോകും; ഞാൻ ഇടയനെ വെട്ടും; ആട്ടിൻകൂട്ടങ്ങൾ എല്ലാം ചിതറിപ്പോകും എന്നു എഴുതിയിരിക്കുന്നുവല്ലോ.32എന്നാൽ ഞാൻ ഉയിർത്തെഴുന്നേറ്റശേഷം നിങ്ങൾക്ക് മുമ്പായി ഗലീലയ്ക്കു് പോകും.
33അതിന് പത്രൊസ്: എല്ലാവരും അങ്ങ് നിമിത്തം വീണുപോയാലും ഞാൻ ഒരുനാളും വീഴുകയില്ല എന്നു ഉത്തരം പറഞ്ഞു.34യേശു അവനോട്: ഈ രാത്രിയിൽ കോഴി കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു ഞാൻ സത്യമായിട്ട് നിന്നോട് പറയുന്നു എന്നു പറഞ്ഞു.35നിന്നോട് കൂടെ മരിക്കേണ്ടിവന്നാലും ഞാൻ നിന്നെ തള്ളിപ്പറകയില്ല എന്നു പത്രൊസ് അവനോട് പറഞ്ഞു. അതുപോലെതന്നെ ശിഷ്യന്മാർ എല്ലാവരും പറഞ്ഞു.
ഗെത്ത്ശമനയിൽ പ്രാർത്ഥിക്കുന്നു

36അനന്തരം യേശു അവരുമായി ഗെത്ത്ശമന എന്നറിയപ്പെടുന്ന തോട്ടത്തിൽ വന്നു ശിഷ്യന്മാരോട്: ഞാൻ അവിടെ പോയി പ്രാർത്ഥിച്ചു വരുവോളം ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു,37തന്നോടൊപ്പം പത്രൊസിനേയും സെബെദിപുത്രന്മാർ ഇരുവരെയും കൂട്ടിക്കൊണ്ട് ചെന്ന് ദുഃഖിച്ചും വ്യാകുലപ്പെട്ടും തുടങ്ങി:38എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ എന്നോടൊപ്പം ഉണർന്നിരിപ്പിൻ എന്നു അവരോട് പറഞ്ഞു.
39പിന്നെ അവൻ അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു: പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ എന്നു പ്രാർത്ഥിച്ചു.40പിന്നെ അവൻ ശിഷ്യന്മാരുടെ അടുക്കൽ വന്നു, അവർ ഉറങ്ങുന്നത് കണ്ട്, പത്രൊസിനോട്: എന്നോട് കൂടെ ഒരു നാഴികപോലും ഉണർന്നിരിപ്പാൻ നിങ്ങൾക്ക് കഴിഞ്ഞില്ലയോ?41പരീക്ഷയിൽ അകപ്പെടാതിരിക്കുവാൻ ഉണർന്നിരുന്നു പ്രാർത്ഥിക്കുവിൻ; ആത്മാവ് ഒരുക്കമുള്ളത്, ജഡമോ ബലഹീനമത്രേ എന്നു പറഞ്ഞു
42രണ്ടാമതും പോയി: പിതാവേ, ഞാൻ കുടിക്കാതെ അത് നീങ്ങിക്കൂടാ എങ്കിൽ, നിന്റെ ഇഷ്ടം ആകട്ടെ എന്നു പ്രാർത്ഥിച്ചു.43അനന്തരം അവൻ വന്നു, അവർ കണ്ണിന് ഭാരം ഏറുകയാൽ പിന്നെയും ഉറങ്ങുന്നത് കണ്ട്.44അവരെ വിട്ടു മൂന്നാമതും പോയി ആ വചനം തന്നേ ചൊല്ലി പ്രാർത്ഥിച്ചു.
45പിന്നെ ശിഷ്യന്മാരുടെ അടുക്കൽ വന്നു: ഇപ്പോഴും നിങ്ങൾ ഉറങ്ങി ആശ്വസിച്ചു കൊണ്ടിരിക്കുന്നുവോ? സമയം സമീപിച്ചിരിക്കുന്നു; മനുഷ്യപുത്രൻ പാപികളുടെ കയ്യിൽ ഏല്പിക്കപ്പെടുന്നു;46എഴുന്നേല്പിൻ, നമുക്കു പോകാം; ഇതാ, എന്നെ കാണിച്ചു കൊടുക്കുന്നവൻ അടുത്തെത്തിയിരിക്കുന്നു എന്നു പറഞ്ഞു.

47അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ പന്തിരുവരിൽ ഒരുവനായ യൂദയും അവനോട് കൂടെ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അയച്ച വലിയൊരു പുരുഷാരവും വാളുകളും വടികളുമായി വന്നു.48യേശുവിനെ കാണിച്ചുകൊടുക്കുന്നവൻ അവർക്ക് ഒരു അടയാളം കൊടുത്തിരുന്നു; ഞാൻ ആരെ ചുംബിക്കുമോ അവൻ തന്നേ ആകുന്നു, അവനെ പിടിച്ചുകൊൾവിൻ എന്നുപറഞ്ഞു.
49ഉടനെ അവൻ യേശുവിന്റെ അടുക്കൽ വന്നു: വന്ദനം റബ്ബീ, എന്നു പറഞ്ഞു അവനെ ചുംബിച്ചു.50യേശു അവനോട്: സ്നേഹിതാ, നീ വന്ന കാര്യം എന്ത് എന്നു പറഞ്ഞപ്പോൾ അവർ അടുത്തുവന്ന് യേശുവിന്മേൽ കൈ വെച്ച് അവനെ പിടിച്ച്.
51അപ്പോൾ യേശുവിനോടു കൂടെയുള്ളവരിൽ ഒരുവൻ കൈനീട്ടി വാൾ ഊരി, മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ കാത് അറുത്തു.52യേശു അവനോട്: വാൾ ഉറയിൽ ഇടുക; വാൾ എടുക്കുന്നവർ ഒക്കെയും വാളാൽ തന്നെ നശിച്ചുപോകും.53എന്റെ പിതാവിനോട് ഇപ്പോൾ തന്നേ പന്ത്രണ്ട് ലെഗ്യോനിലും 1 അധികം ദൂതന്മാരെ എന്റെ അരികെ നിർത്തേണ്ടതിന് എനിക്ക് വിളിച്ചുകൂടാ എന്നു തോന്നുന്നുവോ?54എന്നാൽ ഇങ്ങനെ സംഭവിച്ചിരിക്കണം എന്നുള്ള തിരുവെഴുത്തുകൾക്ക് പിന്നെ എങ്ങനെ നിവൃത്തിവരും എന്നു പറഞ്ഞു.
55ആ നാഴികയിൽ യേശു പുരുഷാരത്തോട്: ഒരു കൊള്ളക്കാരന്റെ നേരെ എന്നപോലെ നിങ്ങൾ എന്നെ പിടിപ്പാൻ വാളും വടിയുമായി വന്നിരിക്കുന്നു; ഞാൻ ദിവസേന ഉപദേശിച്ചുകൊണ്ട് ദൈവാലയത്തിൽ ഇരുന്നിട്ടും നിങ്ങൾ എന്നെ ബന്ധിച്ചില്ല.56എന്നാൽ ഇതു ഒക്കെയും പ്രവാചകന്മാരുടെ എഴുത്തുകൾ നിവൃത്തിയാകേണ്ടതിന് സംഭവിച്ചു എന്നു പറഞ്ഞു. അപ്പോൾ ശിഷ്യന്മാർ എല്ലാവരും അവനെ വിട്ടു ഓടിപ്പോയി.
യേശു ന്യായവിസ്താരത്തിനായ്

57യേശുവിനെ പിടിച്ചവരോ അവനെ മഹാപുരോഹിതനായ കയ്യഫായുടെ അടുക്കൽ ശാസ്ത്രിമാരും മൂപ്പന്മാരും ഒന്നിച്ചുകൂടിയിരുന്നിടത്തേക്ക് കൊണ്ടുപോയി.58എന്നാൽ പത്രൊസ് ദൂരത്ത് നിന്നും പിൻതുടർന്നു മഹാപുരോഹിതന്റെ അരമനയോളം ചെന്ന്, അകത്ത് കടന്ന് അവസാനം എന്താകും എന്ന് കാണ്മാൻ സേവകന്മാരോടുകൂടി ഇരുന്നു
59മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലുവാനായി അവന്റെ നേരെ കള്ള സാക്ഷ്യം അന്വേഷിച്ചു;60കള്ള സാക്ഷികൾ പലരും വന്നിട്ടും ഒത്തുവന്നില്ല.61ഒടുവിൽ രണ്ടുപേർ വന്നു: ദൈവമന്ദിരം പൊളിച്ച് മൂന്നു ദിവസംകൊണ്ട് വീണ്ടും പണിവാൻ എനിക്ക് കഴിയും എന്നു ഇവൻ പറഞ്ഞു എന്നു അവരെ ധരിപ്പിച്ചു.
62മഹാപുരോഹിതൻ എഴുന്നേറ്റ് അവനോട്: നിനക്ക് ഒരു ഉത്തരവും പറയുവാനില്ലേ? ഇവർ നിന്റെ നേരെ സാക്ഷ്യം പറയുന്നത് എന്ത് എന്നു ചോദിച്ചു.63യേശുവോ നിശബ്ദനായിരുന്നു. മഹാപുരോഹിതൻ പിന്നെയും അവനോട്: നീ ദൈവപുത്രനായ ക്രിസ്തുതന്നെയോ? പറക എന്നു ഞാൻ ജീവനുള്ള ദൈവത്തെക്കൊണ്ട് നിന്നോട് ആണയിട്ട് കൽപ്പിക്കുന്നു.64യേശു അവനോട്: നീ നിന്നോട് തന്നെ അത് പറഞ്ഞിരിക്കുന്നു; ഇനി മനുഷ്യപുത്രൻ സർവ്വാധികാരത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും എന്നു ഞാൻ പറയുന്നു.
65ഉടനെ മഹാപുരോഹിതൻ വസ്ത്രം കീറി: ഇവൻ ദൈവദൂഷണം പറഞ്ഞു; ഇനി സാക്ഷികളെക്കൊണ്ട് നമുക്കു എന്ത് ആവശ്യം? നിങ്ങൾ ഇപ്പോൾ ദൈവദൂഷണം കേട്ടുവല്ലോ;66നിങ്ങൾക്ക് എന്ത് തോന്നുന്നു എന്നു ചോദിച്ചതിന്: അവൻ മരണയോഗ്യൻ എന്നു അവർ ഉത്തരം പറഞ്ഞു.
67അപ്പോൾ അവർ അവന്റെ മുഖത്തു തുപ്പി, കന്നത്തടിച്ചു, ചിലർ അവനെ മുഷ്ടിചുരുട്ടി കുത്തി,68ക്രിസ്തുവേ, നിന്നെ തല്ലിയത് ആർ എന്നു ഞങ്ങളോടു പ്രവചിക്ക എന്നു പറഞ്ഞു.
പത്രൊസ് യേശുവിനെ തള്ളിപ്പറയുന്നു

69എന്നാൽ പത്രൊസ് പുറത്തു മുറ്റത്ത് ഇരുന്നു. അവന്റെ അടുക്കൽ ഒരു വേലക്കാരി പെൺകുട്ടി വന്നു: നീയും ഗലീലക്കാരനായ യേശുവിനോടുകൂടെ ആയിരുന്നുവല്ലോ എന്നു പറഞ്ഞു.70അതിന് അവൻ: നീ പറയുന്നത് എന്ത് എന്ന് ഞാൻ അറിയുന്നില്ല എന്നു എല്ലാവരും കേൾക്കെ തള്ളിപ്പറഞ്ഞു.
71പിന്നെ അവൻ പടിപ്പുരയിലേക്ക് പുറപ്പെടുമ്പോൾ മറ്റൊരു വേലക്കാരി പെൺകുട്ടി അവനെ കണ്ട് അവിടെയുള്ളവരോട്: ഇവനും നസറായനായ യേശുവിനോടു കൂടെയായിരുന്നു എന്നു പറഞ്ഞു72ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു അവൻ രണ്ടാമതും ആണയോടെ തള്ളിപ്പറഞ്ഞു.
73അല്പനേരം കഴിഞ്ഞിട്ട് അവിടെ നിന്നവർ അടുത്തുവന്നു പത്രൊസിനോട്: നീയും അവരുടെ കൂട്ടത്തിൽ ഉള്ളവൻ സത്യം; നിന്റെ ഉച്ചാരണവും അത് വ്യക്തമാക്കുന്നുവല്ലോ എന്നു പറഞ്ഞു.74അപ്പോൾ അവൻ: ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു ശപിക്കുവാനും ആണയിടുവാനും തുടങ്ങി; ഉടനെ കോഴി കൂകി.75കോഴി കൂകും മുമ്പേ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു യേശു പറഞ്ഞ വാക്ക് പത്രൊസ് ഓർത്ത് പുറത്തുപോയി അതിദുഃഖത്തോടെ കരഞ്ഞു.


1 26. 53 ലെഗ്യോനിലും 3000 മുതൽ6000 വരെ ആളുകളുള്ള സേനാവിഭാഗം

27
യേശു പീലാത്തോസിന്റെ മുൻപാകെ

1പ്രഭാതം ആയപ്പോൾ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും എല്ലാം യേശുവിനെ കൊല്ലുവാൻ ഗൂഢാലോചന കഴിച്ചു,2അവനെ ബന്ധിച്ചു കൊണ്ടുപോയി നാടുവാഴിയായ പീലാത്തൊസിനെ ഏല്പിച്ചു.

3അവനെ ശിക്ഷയ്ക്ക് വിധിച്ചു എന്നു അവനെ കാണിച്ചുകൊടുത്ത യൂദാ കണ്ട് അനുതപിച്ചു, ആ മുപ്പത് വെള്ളിക്കാശ് മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ മടക്കി കൊണ്ടുവന്നു:4ഞാൻ കുറ്റമില്ലാത്ത രക്തത്തെ കാണിച്ചുകൊടുത്തതിനാൽ പാപം ചെയ്തു എന്നു പറഞ്ഞു. അത് ഞങ്ങൾക്കു എന്ത്? നീ തന്നേ നോക്കിക്കൊൾക എന്നു അവർ പറഞ്ഞു.5അവൻ ആ വെള്ളിക്കാശ് മന്ദിരത്തിലേക്ക് എറിഞ്ഞിട്ട്, വേറിട്ടു ചെന്ന് കെട്ടിഞാന്നു ചത്തുകളഞ്ഞു.
6മഹാപുരോഹിതന്മാർ ആ വെള്ളിക്കാശ് എടുത്തു: ഇതു രക്തവിലയാകയാൽ ഖജനാവിൽ ഇടുന്നത് വിഹിതമല്ല എന്നു പറഞ്ഞു കൂടി ആലോചിച്ചു,7പരദേശികളെ കുഴിച്ചിടുവാൻ അതുകൊണ്ട് കുശവന്റെ നിലം വാങ്ങി.8ആകയാൽ ആ നിലത്തിന് ഇന്നുവരെ രക്തനിലം എന്നു പേർ പറയുന്നു.
9“യിസ്രായേൽമക്കൾ വിലമതിച്ചവന്റെ വിലയായ മുപ്പത് വെള്ളിക്കാശ് അവർ എടുത്തു,10കർത്താവ് എന്നോട് നിർദ്ദേശിച്ചതുപോലെ കുശവന്റെ നിലത്തിന് വേണ്ടി കൊടുത്തു”
എന്നു യിരെമ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതിന് അന്ന് നിവൃത്തിവന്നു.

11എന്നാൽ യേശു നാടുവാഴിയുടെ മുമ്പാകെ നിന്നു; നീ യെഹൂദന്മാരുടെ രാജാവോ എന്നു നാടുവാഴി ചോദിച്ചു; ഞാൻ ആകുന്നു എന്നു യേശു അവനോട് പറഞ്ഞു12മഹാപുരോഹിതന്മാരും മൂപ്പന്മാരും കുറ്റം ചുമത്തുകയിൽ അവൻ ഒന്നും ഉത്തരം പറഞ്ഞില്ല.13പീലാത്തോസ് അവനോട്: ഇവർ നിനക്ക് വിരോധമായി എന്തെല്ലാം കുറ്റാരോപണം പറയുന്നു എന്നു നീ കേൾക്കുന്നില്ലയോ എന്നു ചോദിച്ചു.14അവൻ ഒരു വാക്കിനും ഉത്തരം പറയായ്കയാൽ നാടുവാഴി അത്യന്തം ആശ്ചര്യപ്പെട്ടു.
15എന്നാൽ ഉത്സവസമയത്ത് പുരുഷാരം തിരഞ്ഞെടുക്കുന്ന ഒരു തടവുകാരനെ നാടുവാഴി വിട്ടയയ്ക്ക പതിവായിരുന്നു.16അന്ന് ബറബ്ബാസ് എന്ന കുപ്രസിദ്ധനായൊരു തടവുകാരൻ ഉണ്ടായിരുന്നു.
17അവർ ഒരുമിച്ചു കൂടിവന്നപ്പോൾ പീലാത്തോസ് അവരോട്: ബറബ്ബാസിനെയോ, ക്രിസ്തു എന്നു പറയുന്ന യേശുവിനെയോ, ആരെ നിങ്ങൾക്ക് വിട്ടുതരണം എന്നു ചോദിച്ചു.18അവർ അസൂയകൊണ്ടാകുന്നു അവനെ ഏല്പിച്ചത് എന്നു അവൻ ഗ്രഹിച്ചിരുന്നു.19അവൻ ന്യായാസനത്തിൽ ഇരിക്കുമ്പോൾ അവന്റെ ഭാര്യ ആളയച്ച്: ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുത്; അവൻ നിമിത്തം ഞാൻ ഇന്ന് സ്വപ്നത്തിൽ വളരെ കഷ്ടം സഹിച്ചു എന്നു പറയിച്ചു.
20എന്നാൽ ബറബ്ബാസിനെ ചോദിപ്പാനും യേശുവിനെ നശിപ്പിപ്പാനും മഹാപുരോഹിതന്മാരും മൂപ്പന്മാരും പുരുഷാരത്തെ വശീകരിച്ചു.21നാടുവാഴി അവരോട്: ഈ ഇരുവരിൽ ആരെ വിട്ടുതരണമെന്നു നിങ്ങൾ ഇച്ഛിക്കുന്നു എന്നു ചോദിച്ചതിന് ബറബ്ബാസിനെ എന്നു അവർ പറഞ്ഞു.22പീലാത്തോസ് അവരോട്: എന്നാൽ ക്രിസ്തു എന്ന യേശുവിനെ എന്ത് ചെയ്യേണ്ടു എന്നു ചോദിച്ചതിന്: അവനെ ക്രൂശിക്കേണം എന്നു എല്ലാവരും പറഞ്ഞു.
23അവൻ ചെയ്ത അതിക്രമം എന്ത് എന്നു അവൻ ചോദിച്ചു. അവനെ ക്രൂശിക്കേണം എന്നു അവർ ഏറ്റവും അധികം നിലവിളിച്ചു പറഞ്ഞു.

24ലഹള അധികമാകുന്നതല്ലാതെ ഒന്നും സാധിക്കുന്നില്ല എന്നു പീലാത്തോസ് കണ്ടിട്ട് വെള്ളം എടുത്തു പുരുഷാരത്തിന് മുൻപാകെ കൈ കഴുകി: ഈ കളങ്കമില്ലാത്തവന്റെ രക്തത്തിൽ ഞാൻ കളങ്കരഹിതൻ; നിങ്ങൾ തന്നേ നോക്കിക്കൊൾവിൻ എന്നു പറഞ്ഞു.
25അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ എന്നു ജനം ഒക്കെയും ഉത്തരം പറഞ്ഞു.26അങ്ങനെ അവൻ ബറബ്ബാസിനെ അവർക്ക് വിട്ടുകൊടുത്തു, യേശുവിനെ ചമ്മട്ടി കൊണ്ടടിപ്പിച്ച് ക്രൂശിക്കേണ്ടതിന് ഏല്പിച്ചു.
പടയാളികൾ യേശുവിനെ പരിഹസിക്കുന്നു

27അനന്തരം നാടുവാഴിയുടെ പടയാളികൾ യേശുവിനെ നടുത്തളത്തിലേക്ക് കൊണ്ടുപോയി പട്ടാളത്തെ എല്ലാം അവന്റെ നേരെ വരുത്തി,28അവന്റെ വസ്ത്രം അഴിച്ച് ഒരു ചുവന്ന മേലങ്കി ധരിപ്പിച്ചു,29മുള്ളുകൊണ്ട് ഒരു കിരീടം മെടഞ്ഞു അവന്റെ തലയിൽ വെച്ച്, വലങ്കയ്യിൽ ഒരു കോലും കൊടുത്തു അവന്റെ മുമ്പിൽ മുട്ടുകുത്തി: യെഹൂദന്മാരുടെ രാജാവേ, ജയജയ എന്നു പരിഹസിച്ചു പറഞ്ഞു.
30പിന്നെ അവന്റെമേൽ തുപ്പി, കോൽ എടുത്തു അവന്റെ തലയിൽ അടിച്ചു.31അവനെ പരിഹസിച്ചുതീർന്നപ്പോൾ മേലങ്കി നീക്കി അവന്റെ സ്വന്തവസ്ത്രം ധരിപ്പിച്ച്, ക്രൂശിപ്പാൻ കൊണ്ടുപോയി.
ഗൊല്ഗോഥായിൽ യേശു ക്രൂശിതനാകുന്നു

32അവർ പോകുമ്പോൾ ശീമോൻ എന്നു പേരുള്ള കുറേനക്കാരനെ കണ്ട്, അവന്റെ ക്രൂശ് ചുമപ്പാൻ നിബ്ബന്ധിച്ചു.33തലയോടിടം എന്നർത്ഥമുള്ള ഗൊല്ഗോഥാ എന്ന സ്ഥലത്ത് എത്തിയപ്പോൾ അവന് കയ്പ് കലർത്തിയ വീഞ്ഞ് കുടിക്കുവാൻ കൊടുത്തു;34അത് രുചിനോക്കിയപ്പോൾ അവന് കുടിക്കുവാൻ മനസ്സായില്ല.
35അവനെ ക്രൂശിൽ തറച്ചശേഷം അവന്റെ വസ്ത്രം പകുത്തെടുക്കുവാനായി പടയാളികൾ ചീട്ടിട്ടു,36അവിടെ ഇരുന്നുകൊണ്ട് അവനെ നിരീക്ഷിച്ചു.37യെഹൂദന്മാരുടെ രാജാവായ യേശു എന്നു അവന്റെ കുറ്റസംഗതി എഴുതി അവന്റെ തലയ്ക്കുമീതെ വെച്ച്.
38വലത്തും ഇടത്തുമായി രണ്ടു കള്ളന്മാരെയും അവനോട് കൂടെ ക്രൂശിച്ചു.

39കടന്നുപോകുന്നവർ തല കുലുക്കി അവനെ നിന്ദിച്ചു:40മന്ദിരം പൊളിച്ച് മൂന്നുനാൾകൊണ്ടു പണിയുന്നവനേ, നിന്നെത്തന്നെ രക്ഷിയ്ക്ക; ദൈവപുത്രൻ എങ്കിൽ ക്രൂശിൽ നിന്നു ഇറങ്ങിവാ എന്നു പറഞ്ഞു.
41അങ്ങനെതന്നെ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും പരിഹസിച്ചു:42ഇവൻ മറ്റുള്ളവരെ രക്ഷിച്ചു, തന്നെത്താൻ രക്ഷിക്കാൻ കഴിയുകയില്ലയോ; ഇവൻ യിസ്രായേലിന്റെ രാജാവ് ആകുന്നു എങ്കിൽ ഇപ്പോൾ ക്രൂശിൽനിന്ന് ഇറങ്ങിവരട്ടെ; അപ്പോൾ ഞങ്ങൾ ഇവനിൽ വിശ്വസിക്കാം.
43ഇവൻ ദൈവത്തിൽ ആശ്രയിക്കുന്നു; ദൈവത്തിന് ഇവനിൽ പ്രസാദമുണ്ടെങ്കിൽ ഇപ്പോൾ വിടുവിക്കട്ടെ; ഞാൻ ദൈവപുത്രൻ എന്നു ഇവൻ പറഞ്ഞുവല്ലോ എന്നു പറഞ്ഞു.44അങ്ങനെതന്നെ അവനോടുകൂടെ ക്രൂശിച്ചിരുന്ന കള്ളന്മാരും അവനെ നിന്ദിച്ചു.
യേശു പ്രാണനെ വിടുന്നു

45ആറാംമണി നേരംമുതൽ ഒമ്പതാംമണി നേരംവരെ1 ദേശത്തു എല്ലാം ഇരുട്ടുണ്ടായി.46ഏകദേശം ഒമ്പതാംമണി2 നേരത്ത് യേശു: ഏലീ, ഏലീ, ലമ്മാ ശബക്താനി എന്നു ഉറക്കെ നിലവിളിച്ചു; എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടത് എന്ത് എന്നർത്ഥം.47അവിടെ നിന്നിരുന്നവരിൽ ചിലർ അത് കേട്ടിട്ട്; അവൻ ഏലിയാവെ വിളിക്കുന്നു എന്നു പറഞ്ഞു.
48ഉടനെ അവരിൽ ഒരുവൻ ഓടി ഒരു സ്പോങ്ങ് എടുത്തു പുളിച്ച വീഞ്ഞ് നിറച്ച് ഓടത്തണ്ടിന്മേൽ ആക്കി അവന് കുടിക്കുവാൻ കൊടുത്തു.49ശേഷമുള്ളവർ: അവനെ തനിയെ വിടുക; ഏലിയാവ് അവനെ രക്ഷിക്കാൻ വരുമോ എന്നു നോക്കാം എന്നു പറഞ്ഞു.50യേശു പിന്നെയും അത്യുച്ചത്തിൽ നിലവിളിച്ചു പ്രാണനെ വിട്ടു.
51അപ്പോൾ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ട് അടിയോളവും രണ്ടായി ചീന്തിപ്പോയി;52ഭൂമി കുലുങ്ങി, പാറകൾ പിളർന്നു, കല്ലറകൾ തുറന്നു, നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങൾ പലതും ഉയിർത്തെഴുന്നേറ്റ്53അവന്റെ പുനരുത്ഥാനത്തിന്റെശേഷം കല്ലറകളെ വിട്ടു, വിശുദ്ധനഗരത്തിൽ ചെന്ന് പലർക്കും പ്രത്യക്ഷമായി.
54ശതാധിപനും അവനോടുകൂടെ യേശുവിനെ കാത്തുനിന്നവരും ഭൂകമ്പം മുതലായവ സംഭവിച്ചത് കണ്ടിട്ട്: അവൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു ഏറ്റവും ഭയപ്പെട്ടു.55ഗലീലയിൽ നിന്നു യേശുവിനെ ശുശ്രൂഷിച്ചുകൊണ്ട് അനുഗമിച്ചുവന്ന പല സ്ത്രീകളും ദൂരത്തുനിന്ന് നോക്കിക്കൊണ്ടിരുന്നു.56അവരിൽ മഗ്ദലക്കാരത്തി മറിയയും യാക്കോബ് യോസഫ് എന്നിവരുടെ അമ്മയായ മറിയയും സെബെദിപുത്രന്മാരുടെ അമ്മയും ഉണ്ടായിരുന്നു.
അരിമത്ഥ്യക്കാരനായ യോസഫ് യേശുവിന്റെ ശരീരം അടക്കം ചെയ്യുന്നു

57സന്ധ്യയായപ്പോൾ യേശുവിന്റെ ശിഷ്യനായിരുന്ന അരിമത്ഥ്യക്കാരനായ യോസഫ് എന്ന പേരുള്ള ധനവാൻ വന്നു,58പീലാത്തോസിനെ സമീപിച്ചു യേശുവിന്റെ ശരീരം ചോദിച്ചു; പീലാത്തോസ് അത് കൊടുക്കുവാൻ കല്പിച്ചു.
59യോസഫ് ശരീരം എടുത്തു വൃത്തിയുള്ള ചണശീലയിൽ പൊതിഞ്ഞു,60താൻ പാറയിൽ വെട്ടിച്ചിരുന്ന തന്റെ സ്വന്തമായ പുതിയ കല്ലറയിൽ വെച്ച് കല്ലറയുടെ വാതിൽക്കൽ ഒരു വലിയ കല്ല് ഉരുട്ടിവച്ചിട്ടുപോയി.61കല്ലറയ്ക്ക് എതിരെ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും ഇരുന്നിരുന്നു.

62ഒരുക്കനാളിന്റെ പിറ്റെ ദിവസം മഹാപുരോഹിതന്മാരും പരീശന്മാരും പീലാത്തൊസിനോടൊപ്പം വന്നുകൂടി:63യജമാനനേ, ഞങ്ങൾ ഓർക്കുന്നു ആ ചതിയൻ ജീവനോടിരിക്കുമ്പോൾ: മൂന്നുനാൾ കഴിഞ്ഞിട്ട് ഞാൻ ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞത്.64അതുകൊണ്ട് അവന്റെ ശിഷ്യന്മാർ ചെന്ന് അവനെ മോഷ്ടിച്ചിട്ട്, അവൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തെഴുന്നേറ്റു എന്നു ജനത്തോടു പറകയും ഒടുവിലത്തെ ചതിവ് മുമ്പിലത്തേതിലും വിഷമമായിത്തീരുകയും ചെയ്യാതിരിക്കേണ്ടതിന് മൂന്നാം നാൾവരെ കല്ലറ ഉറപ്പാക്കുവാൻ കല്പിക്ക എന്നു പറഞ്ഞു.
65പീലാത്തോസ് അവരോട്: കാവൽക്കൂട്ടത്തെ തരാം; പോയി നിങ്ങളാൽ കഴിയുന്നിടത്തോളം ഉറപ്പുവരുത്തുവിൻ എന്നു പറഞ്ഞു.66അവർ ചെന്ന് കല്ലിന് മുദ്രവെച്ചു കാവൽക്കൂട്ടത്തെ നിർത്തി കല്ലറ ഉറപ്പാക്കി.


1 27. 45 ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 4 മണി വരെ.
2 27. 46 വൈകിട്ട് 4മണി.

28
യേശുവിന്റെ പുനരുത്ഥാനം

1ശബ്ബത്തിനു ശേഷം ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം പ്രഭാതം ആകുന്ന സമയം മഗ്ദലക്കാരത്തി മറിയയും അതെ പേരുള്ള മറ്റൊരു മറിയയും യേശുവിനെ അടക്കം ചെയ്ത കല്ലറ കാണ്മാൻ വന്നു.2പെട്ടെന്ന് വലിയൊരു ഭൂകമ്പം ഉണ്ടായി; കർത്താവിന്റെ ദൂതൻ സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്ന്, കല്ല് ഉരുട്ടിനീക്കിയതിനുശേഷം അതിന്മേൽ ഇരുന്നിരുന്നു.

3അവന്റെ രൂപം മിന്നലിന് സമവും അവന്റെ ഉടുപ്പ് ഹിമംപോലെ വെളുത്തതും ആയിരുന്നു.4കാവൽക്കാർ അവനെ കണ്ട് പേടിച്ചു വിറച്ച് മരിച്ചവരെപോലെ ആയി.
5ദൂതൻ സ്ത്രീകളോട്: ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു എന്നു ഞാൻ അറിയുന്നു;6യേശു ഇവിടെ ഇല്ല; താൻ പറഞ്ഞതുപോലെ ഉയിർത്തെഴുന്നേറ്റു; അവൻ കിടന്ന സ്ഥലം വന്നുകാണ്മിൻ7അവൻ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തെഴുന്നേറ്റു എന്നു വേഗം ചെന്ന് അവന്റെ ശിഷ്യന്മാരോട് പറവിൻ; ഞാൻ നിങ്ങളോടു പറഞ്ഞിരിക്കുന്നത് പോലെ അവൻ നിങ്ങൾക്ക് മുമ്പെ ഗലീലയ്ക്കു് പോകുന്നു; അവിടെ നിങ്ങൾ അവനെ കാണും;
8അങ്ങനെ അവർ വേഗത്തിൽ ഭയത്തോടും മഹാസന്തോഷത്തോടും, കൂടി കല്ലറ വിട്ടു അവന്റെ ശിഷ്യന്മാരോട് അറിയിക്കുവാൻ ഓടിപ്പോയി. എന്നാൽ യേശു അവരെ എതിരേറ്റു:9നിങ്ങൾക്ക് വന്ദനം എന്നു പറഞ്ഞു; അവർ അടുത്തുചെന്ന് അവന്റെ കാൽപിടിച്ച് അവനെ നമസ്കരിച്ചു.10യേശു അവരോട്: ഭയപ്പെടേണ്ട; നിങ്ങൾ പോയി എന്റെ സഹോദരന്മാരോട് ഗലീലയ്ക്കു് പോകുവാൻ പറവിൻ; അവിടെ അവർ എന്നെ കാണും എന്നു പറഞ്ഞു.

11അവർ പോകുമ്പോൾ കാവൽക്കാരിൽ ചിലർ നഗരത്തിൽ ചെന്ന് സംഭവിച്ചത് എല്ലാം മഹാപുരോഹിതന്മാരോട് അറിയിച്ചു.12അവർ ഒന്നിച്ചുകൂടി മൂപ്പന്മാരുമായി ആലോചനകഴിച്ചിട്ട് പടയാളികൾക്ക് വേണ്ടുവോളം പണം കൊടുത്തു;13അവന്റെ ശിഷ്യന്മാർ രാത്രിയിൽ ഞങ്ങൾ ഉറങ്ങുമ്പോൾ വന്നു യേശുവിന്റെ ശരീരം മോഷ്ടിച്ചു കൊണ്ടുപോയി എന്നു പറയുവിൻ.
14വസ്തുത നാടുവാഴിയുടെ സന്നിധാനത്തിൽ എത്തി എങ്കിലോ ഞങ്ങൾ അവനെ സമ്മതിപ്പിച്ച് നിങ്ങളെ എല്ലാ ആകുലങ്ങളിൽ നിന്നും വിടുവിച്ചു കൊള്ളാം എന്നു പറഞ്ഞു.15അവർ പണം വാങ്ങി അവരുടെ നിർദ്ദേശപ്രകാരം ചെയ്തു; ഈ കഥ ഇന്നുവരെ യെഹൂദന്മാരുടെ ഇടയിൽ പരക്കെ നടപ്പായിരിക്കുന്നു.
മഹാനിയോഗ ആഹ്വാനം

16എന്നാൽ പതിനൊന്നു ശിഷ്യന്മാർ ഗലീലയിൽ യേശു അവരോട് നിർദ്ദേശിച്ചിരുന്ന മലയിലേക്ക് പോയി.17അവനെ കണ്ടപ്പോൾ അവർ നമസ്കരിച്ചു; ചിലരോ സംശയിച്ചു.
18യേശു അടുത്തുചെന്നു: സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്ക് നൽകിയിരിക്കുന്നു.19അതുകൊണ്ട് നിങ്ങൾ പോയി, സകലജാതികളെയും ശിഷ്യരാക്കുകയും, അവരെ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനംകഴിപ്പിക്കുകയും ചെയ്യുവിൻ.
20ഞാൻ നിങ്ങളോടു കല്പിച്ചത് ഒക്കെയും അനുസരിക്കേണ്ടതിനായി ഉപദേശിക്കുകയും ചെയ്യുവിൻ; നോക്കു, ഞാൻ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ട് എന്നു അരുളിച്ചെയ്തു.

മർക്കൊസ്

1
സ്നാപക യോഹന്നാൻ വഴിയൊരുക്കുന്നു.

1ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷം ഇവിടെ ആരംഭിക്കുന്നു:

2“ഞാൻ നിനക്ക് മുമ്പായി എന്റെ ദൂതനെ അയയ്ക്കുന്നു; അവൻ നിന്റെ വഴി ഒരുക്കും.
3കർത്താവിന്റെ വഴി ഒരുക്കുവിൻ, അവന്റെ പാത നിരപ്പാക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം”
എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ
4യോഹന്നാൻ വന്നു മരുഭൂമിയിൽ സ്നാനം കഴിപ്പിച്ചും പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചുംകൊണ്ടിരുന്നു.5അവന്റെ അടുക്കൽ യെഹൂദ്യദേശം ഒക്കെയും യെരൂശലേമ്യർ എല്ലാവരും വന്നു തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞ് യോർദ്ദാൻ നദിയിൽ അവനാൽ സ്നാനം ഏറ്റു.6യോഹന്നാനോ ഒട്ടക രോമംകൊണ്ടുള്ള ഉടുപ്പും അരയിൽ തോൽ വാറും ധരിച്ചും വെട്ടുക്കിളിയും കാട്ടുതേനും ഭക്ഷിച്ചും പോന്നു.
7“എന്നിലും ബലമേറിയവൻ എന്റെ പിന്നാലെ വരുന്നു; അവന്റെ ചെരിപ്പിന്റെ വാറ് കുനിഞ്ഞഴിക്കുവാൻ ഞാൻ യോഗ്യനല്ല.8ഞാൻ നിങ്ങളെ വെള്ളത്തിൽ സ്നാനം കഴിപ്പിക്കുന്നു; അവനോ നിങ്ങളെ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും” എന്നു അവൻ പ്രസംഗിച്ചു.
യേശുവിന്റെ സ്നാനവും പരീക്ഷയും.

9ആ കാലത്ത് യേശു ഗലീലയിലെ നസറെത്തിൽ നിന്നു വന്നു യോഹന്നാനാൽ യോർദ്ദാനിൽ സ്നാനം ഏറ്റു.10വെള്ളത്തിൽ നിന്നു കയറിയ ഉടനെ ആകാശം പിളരുന്നതും ആത്മാവ് പ്രാവുപോലെ തന്റെമേൽ വരുന്നതും കണ്ട്.11നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.

12ആത്മാവ് ഉടനെ അവനെ മരുഭൂമിയിലേക്ക് പോകുവാൻ നിബ്ബന്ധിച്ചു.13അവിടെ അവൻ സാത്താനാൽ പരീക്ഷിക്കപ്പെട്ടു, നാല്പതു ദിവസം മരുഭൂമിയിൽ കാട്ടുമൃഗങ്ങളോടുകൂടെ ആയിരുന്നു; ദൂതന്മാർ അവനെ ശുശ്രൂഷിച്ചു പോന്നു.
യേശുവിന്റെ ശുശ്രൂഷയുടെ ആരംഭം.

14എന്നാൽ യോഹന്നാൻ തടവിൽ ആയശേഷം യേശു ഗലീലയിൽ ചെന്ന് ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചു:15“കാലം തികഞ്ഞു, ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ട് സുവിശേഷത്തിൽ വിശ്വസിപ്പിൻ” എന്നു പറഞ്ഞു.
യേശു ശിഷ്യന്മാരെ വിളിക്കുന്നു.

16അവൻ ഗലീലക്കടല്പുറത്ത് നടക്കുമ്പോൾ ശീമോനും അവന്റെ സഹോദരനായ അന്ത്രെയാസും കടലിൽ വല വീശുന്നത് കണ്ട്; അവർ മീൻ പിടിക്കുന്നവർ ആയിരുന്നു.17യേശു അവരോട്: “എന്നെ അനുഗമിക്കുവിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നു പറഞ്ഞു.18ഉടനെ അവർ വല വിട്ടു അവനെ അനുഗമിച്ചു.
19യേശു അവിടെ നിന്നു അല്പം മുന്നോട്ടു ചെന്നപ്പോൾ സെബെദിയുടെ മകനായ യാക്കോബും അവന്റെ സഹോദരനായ യോഹന്നാനും പടകിൽ ഇരുന്നു വല നന്നാക്കുന്നത് കണ്ട്.20അവൻ ഉടനെ അവരെയും വിളിച്ചു; അവർ തങ്ങളുടെ അപ്പനായ സെബെദിയെ കൂലിക്കാരോടുകൂടെ പടകിൽ വിട്ടു അവനെ അനുഗമിച്ചു.
അശുദ്ധാത്മാവിനെ പുറത്താക്കുന്നു.

21അവർ കഫർന്നഹൂമിലേക്ക് പോയി; ശബ്ബത്ത് ദിവസത്തിൽ അവൻ പള്ളിയിൽ ചെന്ന് ഉപദേശിച്ചു.22അവന്റെ ഉപദേശത്തിങ്കൽ അവർ വിസ്മയിച്ചു; അവൻ ശാസ്ത്രിമാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടത്രേ അവരെ ഉപദേശിച്ചത്.
23അവരുടെ പള്ളിയിൽ അശുദ്ധാത്മാവുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു; അവൻ നിലവിളിച്ച്:24“നസറായനായ യേശുവേ, ഞങ്ങൾക്കും നിനക്കും തമ്മിൽ എന്ത്? ഞങ്ങളെ നശിപ്പിപ്പാൻ വന്നുവോ? നീ ആർ എന്നു ഞാൻ അറിയുന്നു; ദൈവത്തിന്റെ പരിശുദ്ധൻ തന്നേ” എന്നു പറഞ്ഞു.25യേശു അതിനെ ശാസിച്ചു: മിണ്ടരുത്; അവനെ വിട്ടുപോ എന്നു പറഞ്ഞു.26അപ്പോൾ അശുദ്ധാത്മാവ് അവനെ തള്ളിയിട്ട് ഇഴച്ച്, ഉറക്കെ നിലവിളിച്ചു അവനെ വിട്ടു പോയി.
27എല്ലാവരും ആശ്ചര്യപ്പെട്ട്: “ഇതെന്ത്? അധികാരത്തോടെയുള്ള ഒരു പുതിയ ഉപദേശം! അവൻ അശുദ്ധാത്മാക്കളോടുപോലും കല്പിക്കുന്നു; അവ അവനെ അനുസരിക്കുകയും ചെയ്യുന്നു” എന്നു പറഞ്ഞു തമ്മിൽ വാദിച്ചുകൊണ്ടിരുന്നു.28അവന്റെ ശ്രുതി വേഗത്തിൽ ഗലീല നാടെങ്ങും പരന്നു.
യേശു അനേകരെ സൗഖ്യമാക്കുന്നു.

29അവർ പള്ളിയിൽ നിന്നു ഇറങ്ങിയ ഉടനെ യാക്കോബും യോഹന്നാനുമായി ശിമോന്റെയും അന്ത്രെയാസിന്റെയും വീട്ടിൽ വന്നു.30അവിടെ ശിമോന്റെ അമ്മാവിയമ്മ പനിപിടിച്ച് കിടന്നിരുന്നു; അവർ ഉടനെ അവളെക്കുറിച്ച് അവനോട് പറഞ്ഞു.31അവൻ അടുത്തു ചെന്ന് അവളെ കൈക്കുപിടിച്ച് എഴുന്നേല്പിച്ചു; പനി അവളെ വിട്ടുമാറി, അവൾ അവരെ ശുശ്രൂഷിച്ചു.

32വൈകുന്നേരം സൂര്യൻ അസ്തമിച്ചശേഷം അവർ സകലവിധ ദീനക്കാരെയും ഭൂതഗ്രസ്തരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു.33പട്ടണം ഒക്കെയും വാതിൽക്കൽ വന്നു കൂടിയിരുന്നു.34നാനാവ്യാധികളാൽ വലഞ്ഞിരുന്ന അനേകരെ അവൻ സൌഖ്യമാക്കി, അനേകം ഭൂതങ്ങളെയും പുറത്താക്കി; ഭൂതങ്ങൾ അവനെ അറിയുകകൊണ്ട് അവയെ സംസാരിപ്പാൻ അവൻ സമ്മതിച്ചില്ല.
യേശു തനിച്ചുപോയി പ്രാർത്ഥിക്കുന്നു.

35അവൻ അതികാലത്ത്, ഇരുട്ടുള്ളപ്പോൾതന്നെ എഴുന്നേറ്റ് പുറപ്പെട്ടു ഒരു നിർജ്ജനസ്ഥലത്ത് ചെന്ന് പ്രാർത്ഥിച്ചു.36ശിമോനും കൂടെയുള്ളവരും അവനെ അന്വേഷിച്ചു ചെന്ന്,37അവനെ കണ്ടപ്പോൾ: “എല്ലാവരും നിന്നെ അന്വേഷിക്കുന്നു” എന്നു പറഞ്ഞു.
38അവൻ അവരോട്: “ഞാൻ ചുറ്റുമുള്ള ഗ്രാമങ്ങളിലും പ്രസംഗിക്കേണ്ടതിന് നാം അവിടേക്ക് പോക; ഇതിനായിട്ടല്ലോ ഞാൻ പുറപ്പെട്ടു വന്നിരിക്കുന്നത്” എന്നു പറഞ്ഞു.39അങ്ങനെ അവൻ ഗലീലയിൽ ഒക്കെയും അവരുടെ പള്ളികളിൽ ചെന്ന് പ്രസംഗിക്കുകയും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്തു.
യേശു കുഷ്ഠരോഗിയെ സൗഖ്യമാക്കുന്നു.

40ഒരു കുഷ്ഠരോഗി അവന്റെ അടുക്കൽ വന്നു മുട്ടുകുത്തി: “നിനക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും” എന്നു അപേക്ഷിച്ചു.41യേശു മനസ്സലിഞ്ഞ് കൈ നീട്ടി അവനെ തൊട്ടു:42“മനസ്സുണ്ട്, ശുദ്ധമാക” എന്നു പറഞ്ഞു. ഉടനെ കുഷ്ഠം അവനെ വിട്ടുമാറി അവന് ശുദ്ധിവന്നു.
43യേശു അവനെ കർശനമായി താക്കീത് ചെയ്തു:44“നോക്കൂ, ആരോടും ഒന്നും പറയരുത്; എന്നാൽ ചെന്ന് പുരോഹിതന് നിന്നെത്തന്നെ കാണിച്ചു, നിന്റെ ശുദ്ധീകരണത്തിന് വേണ്ടി മോശെ കല്പിച്ചത് അവർക്ക് സാക്ഷ്യത്തിനായി അർപ്പിക്ക” എന്നു പറഞ്ഞു അവനെ വിട്ടയച്ചു.
45അവനോ പുറപ്പെട്ടു ഈ കാര്യം അനേകരോട് ഘോഷിക്കുവാനും വളരെ പ്രചരിപ്പിക്കുവാനും തുടങ്ങി; തന്മൂലം യേശുവിനു പരസ്യമായി പട്ടണത്തിൽ കടക്കുവാൻ കഴിയായ്കകൊണ്ട് അവൻ പുറത്തു നിർജ്ജനസ്ഥലങ്ങളിൽ പാർത്തു; എല്ലായിടത്തു നിന്നും ആളുകൾ അവന്റെ അടുക്കൽ വന്നു കൂടി.

2
യേശു പക്ഷവാതക്കാരനെ സൗഖ്യമാക്കുന്നു.

1ചില ദിവസം കഴിഞ്ഞശേഷം അവൻ പിന്നെയും കഫർന്നഹൂമിൽ ചെന്ന്; അവൻ വീട്ടിൽ ഉണ്ടെന്ന് ശ്രുതിയായി.2ഉടനെ വാതിൽക്കൽപോലും ഇടമില്ലാത്തവണ്ണം പലരും വന്നു കൂടി, അവൻ അവരോട് ദൈവവചനം പ്രസ്താവിച്ചു.

3അപ്പോൾ ചിലർ ഒരു പക്ഷവാതക്കാരനെയുംകൊണ്ട് യേശുവിന്റെ അടുക്കൽ വന്നു; നാല് ആളുകൾ അവനെ ചുമന്നിരുന്നു.4ജനക്കൂട്ടം നിമിത്തം സമീപിച്ചുകൂടായ്കയാൽ യേശു ഇരുന്ന സ്ഥലത്തിന്റെ മേൽക്കൂര പൊളിച്ച് തുറന്നു, ഒരു ദ്വാരം ഉണ്ടാക്കി, പക്ഷവാതക്കാരനെ കിടക്കയോടെ താഴോട്ടിറക്കി വെച്ച്.
5യേശു അവരുടെ വിശ്വാസം കണ്ടിട്ട് പക്ഷവാതക്കാരനോട്: “മകനേ, നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു” എന്നു പറഞ്ഞു.6അവിടെ ചില ശാസ്ത്രിമാർ ഇരുന്നിരുന്നു: “ഈ മനുഷ്യന് എങ്ങനെ ഇപ്രകാരം പറയുവാൻ കഴിയും? ഇവൻ ദൈവദൂഷണം പറയുന്നു!7ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിക്കുവാൻ കഴിയുന്നവൻ ആർ” എന്നു ഹൃദയത്തിൽ ചിന്തിച്ചുകൊണ്ടിരുന്നു.
8ഇങ്ങനെ അവർ ഉള്ളിൽ ചിന്തിക്കുന്നത് യേശു ഉടനെ ആത്മാവിൽ ഗ്രഹിച്ചു അവരോട്: “നിങ്ങൾ ഹൃദയത്തിൽ ഇങ്ങനെ ചിന്തിക്കുന്നത് എന്ത്?9പക്ഷവാതക്കാരനോട് ‘നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റ് കിടക്ക എടുത്തു നടക്ക’ എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം” എന്നു ചോദിച്ചു.
10“എന്നാൽ ഭൂമിയിൽ പാപങ്ങളെ മോചിക്കുവാൻ മനുഷ്യപുത്രന് അധികാരം ഉണ്ട് എന്നു നിങ്ങൾ അറിയേണ്ടതിന്” — അവൻ പക്ഷവാതക്കാരനോട്:11“എഴുന്നേറ്റ് കിടക്ക എടുത്തു വീട്ടിലേക്ക് പോക എന്നു ഞാൻ നിന്നോട് പറയുന്നു” എന്നു പറഞ്ഞു.12ഉടനെ അവൻ എഴുന്നേറ്റ് കിടക്ക എടുത്തു എല്ലാവരും കാൺകെ പുറപ്പെട്ടു; അതുകൊണ്ട് എല്ലാവരും വിസ്മയിച്ചു: ഞങ്ങൾ ഇതുപോലെ ഒരു നാളും കണ്ടിട്ടില്ല എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.
ലേവിയെ വിളിക്കുന്നു.

13അവൻ പിന്നെയും കടല്ക്കരെ ചെന്ന്; പുരുഷാരം ഒക്കെയും അവന്റെ അടുക്കൽ വന്നു; അവൻ അവരെ ഉപദേശിച്ചു.14പിന്നെ അവൻ കടന്നു പോകുമ്പോൾ അല്ഫായിയുടെ മകനായ ലേവി ചുങ്കസ്ഥലത്ത് ഇരിക്കുന്നത് കണ്ട്: “എന്നെ അനുഗമിക്ക” എന്നു പറഞ്ഞു; അവൻ എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചു.

15യേശു ലേവിയുടെ വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ പല ചുങ്കക്കാരും പാപികളും യേശുവിനോടും അവന്റെ ശിഷ്യന്മാരോടും കൂടി പന്തിയിൽ ഇരുന്നു; അവനെ അനുഗമിച്ചുവന്നവർ അനേകർ ആയിരുന്നു.16അവൻ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകയും കുടിക്കുകയും ചെയ്യുന്നതു പരീശന്മാരുടെ കൂട്ടത്തിലുള്ള ശാസ്ത്രിമാർ കണ്ടിട്ട് അവന്റെ ശിഷ്യന്മാരോട്: അവൻ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നു കുടിക്കുന്നതെന്ത് ? എന്നു ചോദിച്ചു.
17യേശു അത് കേട്ട് അവരോട്: രോഗികൾക്കല്ലാതെ ആരോഗ്യമുള്ളവർക്ക് വൈദ്യനെക്കൊണ്ട് ആവശ്യമില്ല; ഞാൻ നീതിമാന്മാരെ അല്ല, പാപികളെ അത്രേ വിളിക്കുവാൻ വന്നത് എന്നു പറഞ്ഞു.
ഉപവാസത്തെപ്പറ്റിയുള്ള തർക്കം.

18യോഹന്നാന്റെ ശിഷ്യന്മാരും പരീശന്മാരും ഉപവസിക്കുക പതിവായിരുന്നു; അവർ വന്നു അവനോട്: യോഹന്നാന്റെയും പരീശന്മാരുടെയും ശിഷ്യന്മാർ ഉപവസിക്കുന്നുവല്ലോ; നിന്റെ ശിഷ്യന്മാർ ഉപവസിക്കാത്തതെന്ത് എന്നു ചോദിച്ചു.19യേശു അവരോട് പറഞ്ഞത്: “മണവാളൻ കൂടെ ഉള്ളപ്പോൾ തോഴ്മക്കാർക്ക് ഉപവസിക്കുവാൻ കഴിയുമോ? മണവാളൻ കൂടെ ഇരിക്കുംകാലത്തോളം അവർക്ക് ഉപവസിക്കുവാൻ കഴിയുകയില്ല.
20എന്നാൽ മണവാളൻ അവരെ വിട്ടുപിരിയേണ്ടുന്ന കാലം വരും; ആ നാളുകളിൽ അവർ ഉപവസിക്കും.21പഴയ വസ്ത്രത്തിൽ പുതിയതുണിക്കഷണം ആരും ചേർത്ത് തുന്നുമാറില്ല; തുന്നിയാൽ ചേർത്ത പുതിയ കഷണം പഴയതിൽ നിന്നു വലിഞ്ഞിട്ട് കീറൽ ഏറ്റവും വല്ലാതെ ആകും.
22ആരും പുതിയ വീഞ്ഞ് പഴയ തുരുത്തിയിൽ പകർന്നു വെയ്ക്കുമാറില്ല; വെച്ചാൽ പുതുവീഞ്ഞ് തുരുത്തിയെ പൊളിക്കും; വീഞ്ഞ് ഒഴുകിപ്പോകും; തുരുത്തി നശിച്ചുപോകും; പുതിയ വീഞ്ഞ് പുതിയ തുരുത്തിയിലത്രേ പകർന്നു വെയ്ക്കേണ്ടത്.”
മനുഷ്യപുത്രൻ ശബത്തിനും കർത്താവ്.

23യേശു ശബ്ബത്തിൽ ഒരു വയലിൽകൂടി കടന്നുപോകുമ്പോൾ അവന്റെ ശിഷ്യന്മാർ വഴി നടക്കയിൽ കതിർ പറിച്ചു തിന്നുതുടങ്ങി.24പരീശന്മാർ അവനോട്: നോക്കൂ, ഇവർ ശബ്ബത്തിൽ വിഹിതമല്ലാത്തത് ചെയ്യുന്നതെന്ത് എന്നു പറഞ്ഞു.
25അവൻ അവരോട്: ദാവീദ്, തനിക്കും കൂടെയുള്ളവർക്കും മുട്ടുണ്ടാകുകയും വിശക്കുകയും ചെയ്തപ്പോൾ ചെയ്തതു എന്ത്?26അവൻ അബ്യാഥാർമഹാപുരോഹിതന്റെ കാലത്ത് ദൈവാലയത്തിൽ ചെന്ന്, പുരോഹിതന്മാർക്കല്ലാതെ ആർക്കും തിന്മാൻ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു, കൂടെയുള്ളവർക്കും കൊടുത്തു എന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ എന്നു ചോദിച്ചു.
27പിന്നെ യേശു അവരോട്: മനുഷ്യൻ ശബ്ബത്ത് നിമിത്തമല്ല; ശബ്ബത്ത് മനുഷ്യൻ നിമിത്തമത്രേ ഉണ്ടായത്;28അതുകൊണ്ട് മനുഷ്യപുത്രൻ ശബ്ബത്തിനും കർത്താവ് ആകുന്നു എന്നു പറഞ്ഞു.

3
യേശു ശബത്തിൽ സൗഖ്യമാക്കുന്നു.

1യേശു പിന്നെയും പള്ളിയിൽ ചെന്ന്: അവിടെ വരണ്ട കയ്യുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു.2അവർ അവനെ കുറ്റം ചുമത്തേണ്ടതിനുള്ള ഒരു കാരണത്തിനുവേണ്ടി ശബ്ബത്തിൽ അവനെ സൌഖ്യമാക്കുമോ എന്നു നോക്കിക്കൊണ്ടിരുന്നു.

3വരണ്ട കയ്യുള്ള മനുഷ്യനോടു അവൻ: എഴുന്നേറ്റ് നടുവിൽ നില്ക്ക എന്നു പറഞ്ഞു.4പിന്നെ അവരോട്: “ശബ്ബത്തിൽ നന്മ ചെയ്കയോ, തിന്മചെയ്കയോ, ജീവനെ രക്ഷിയ്ക്കുകയോ, കൊല്ലുകയോ, ഏത് വിഹിതം?” എന്നു ചോദിച്ചു. അവരോ മിണ്ടാതിരുന്നു.
5അവരുടെ ഹൃദയകാഠിന്യം നിമിത്തം അവൻ ദുഃഖിച്ചുകൊണ്ട് കോപത്തോടെ അവരെ ചുറ്റും നോക്കി, ആ മനുഷ്യനോടു: “കൈ നീട്ടുക” എന്നു പറഞ്ഞു: അവൻ നീട്ടി, അവന്റെ കൈ സൗഖ്യമായി.6ഉടനെ പരീശന്മാർ പുറപ്പെട്ടു, ഹെരോദ്യരുമായി കൂടിക്കാഴ്ച നടത്തി, അവനെ കൊല്ലേണ്ടതിന് അവന് വിരോധമായി ആലോചന കഴിച്ചു.
യേശു അനേകരെ സൗഖ്യമാക്കുന്നു.

7യേശു ശിഷ്യന്മാരുമായി കടൽത്തീരത്തേക്ക് പോയി; ഗലീലയിൽനിന്ന് വലിയൊരു പുരുഷാരം അവനെ അനുഗമിച്ചു;8യെഹൂദ്യയിൽ നിന്നും യെരൂശലേമിൽനിന്നും ഏദോമിൽ നിന്നും യോർദ്ദാനക്കരെനിന്നും സോരിന്റെയും സിദോന്റെയും ചുറ്റുപാടിൽനിന്നും വലിയൊരു കൂട്ടം അവൻ ചെയ്തതു ഒക്കെയും കേട്ടിട്ട് അവന്റെ അടുക്കൽ വന്നു.
9പുരുഷാരം തന്നെ ഞെരുക്കാതിരിക്കേണ്ടതിന് അവരുടെ നിമിത്തം ഒരു പടക് തനിക്കുവേണ്ടി ഒരുക്കി നിർത്തുവാൻ അവൻ ശിഷ്യന്മാരോട് പറഞ്ഞു.10അവൻ അനേകരെ സൌഖ്യമാക്കുകയാൽ ബാധകൾ ഉള്ളവർ ഒക്കെയും അവനെ തൊടേണ്ടതിന് തിക്കിത്തിരക്കി വന്നു.
11അശുദ്ധാത്മാക്കൾ അവനെ കാണുമ്പോൾ ഒക്കെയും അവന്റെ മുമ്പിൽ വീണു; “നീ ദൈവപുത്രൻ” എന്നു നിലവിളിച്ചു പറയുകയും ചെയ്തു.12തന്നെ പ്രസിദ്ധമാക്കരുതെന്ന് അവൻ അവരോട് കർശനമായി കല്പിച്ചുപോന്നു.
പന്ത്രണ്ടുപേരെ തിരഞ്ഞെടുക്കുന്നു.

13പിന്നെ അവൻ മലയിൽ കയറി തനിക്കു ബോധിച്ചവരെ അടുക്കൽ വിളിച്ചു; അവർ അവന്റെ അരികെ വന്നു.14അവൻ പന്ത്രണ്ടുപേരെ നിയമിച്ച് അവർക്ക് അപ്പൊസ്തലന്മാർ എന്നു പേരു നൽകി, തന്നോടുകൂടെ ഇരിപ്പാനും പ്രസംഗിക്കേണ്ടതിന് അയക്കുവാനും15ഭൂതങ്ങളെ പുറത്താക്കേണ്ടതിന് അധികാരം ഉണ്ടാകുവാനും അവരെ നിയമിച്ചു;16ശിമോന് പത്രൊസ് എന്നു പേരിട്ടു;
17സെബെദിയുടെ മക്കളായ യാക്കോബ്, അവന്റെ സഹോദരനായ യോഹന്നാൻ എന്നിവർക്ക് ഇടിമക്കൾ എന്നർത്ഥമുള്ള ബൊവനേർഗ്ഗസ് എന്നു പേരിട്ടു —18അന്ത്രെയാസ്, ഫിലിപ്പൊസ്, ബർത്തൊലൊമായി, മത്തായി, തോമസ്, അല്ഫായിയുടെ മകനായ യാക്കോബ്, തദ്ദായി, എരുവുകാരനായ ശിമോൻ,19തന്നെ കാണിച്ചുകൊടുത്ത ഈസ്കര്യോത്ത് യൂദാ എന്നിവരെ തന്നേ.
യേശുവും ബെയെത്സെബൂലും

20പിന്നീട് അവൻ വീട്ടിൽ വന്നു; അവർക്ക് ഭക്ഷണം കഴിക്കുവാൻപോലും കഴിയാതവണ്ണം പുരുഷാരം പിന്നെയും തിങ്ങി കൂടി വന്നു.21അവന്റെ കുടുംബക്കാർ അത് കേട്ട്, “അവന് ബുദ്ധിഭ്രമം ഉണ്ട്” എന്നു പറഞ്ഞു അവനെ പിടിപ്പാൻ വന്നു.22യെരൂശലേമിൽ നിന്നു വന്ന ശാസ്ത്രിമാരും: അവന് ബെയെത്സെബൂൽ ബാധിച്ചിരിക്കുന്നു, ഭൂതങ്ങളുടെ തലവനെകൊണ്ട് അവൻ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു.
23അവൻ അവരെ അടുക്കെ വിളിച്ചു ഉപമകളാൽ അവരോട് പറഞ്ഞത്: “സാത്താന് സാത്താനെ എങ്ങനെ പുറത്താക്കുവാൻ കഴിയും?24ഒരു രാജ്യം തന്നിൽതന്നേ ഛിദ്രിച്ചു എങ്കിൽ ആ രാജ്യത്തിനു നിലനില്പാൻ കഴിയുകയില്ല.25ഒരു വീട് തന്നിൽതന്നേ ഛിദ്രിച്ചു എങ്കിൽ ആ വീടിന് നിലനില്പാൻ കഴിയുകയില്ല.
26സാത്താൻ തന്നോടുതന്നെ എതിർത്ത് ഛിദ്രിച്ചു എങ്കിൽ അവന് നിലനില്പാൻ കഴിവില്ല; അവന്റെ അവസാനം വന്നു.27ഒരു ബലവാനെ പിടിച്ചുകെട്ടീട്ടല്ലാതെ അവന്റെ വീട്ടിൽ കടന്നു വസ്തുവകകൾ കവർന്നെടുക്കുവാൻ ആർക്കും കഴിയുകയില്ല; പിടിച്ച് കെട്ടിയാൽ പിന്നെ അവന്റെ വീട് കവർച്ച ചെയ്യാം.
28മനുഷ്യരോടു സകല പാപങ്ങളും അവർ ദുഷിച്ചു പറയുന്ന സകല ദൂഷണങ്ങളും ക്ഷമിയ്ക്കും;29എന്നാൽ പരിശുദ്ധാത്മാവിന്റെ നേരെ ദൂഷണം പറയുന്നവനോ ഒരുനാളും ക്ഷമ കിട്ടാതെ നിത്യശിക്ഷയ്ക്ക് യോഗ്യനാകും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.”30തനിക്ക് ഒരു അശുദ്ധാത്മാവ് ഉണ്ട് എന്നു അവർ പറഞ്ഞിരുന്നതിനാലാണ് യേശു ഇങ്ങനെ പറഞ്ഞത്.
യേശുവിന്റെ അമ്മയും സഹോദരങ്ങളും.

31അനന്തരം അവന്റെ അമ്മയും സഹോദരന്മാരും വന്നു പുറത്തു നിന്നു അവനെ വിളിക്കുവാൻ ആളയച്ച്.32പുരുഷാരം അവന്റെ ചുറ്റും ഇരുന്നിരുന്നു; അവർ അവനോട്: നിന്റെ അമ്മയും സഹോദരന്മാരും പുറത്തു നിന്നു നിന്നെ അന്വേഷിക്കുന്നു എന്നു പറഞ്ഞു.
33അവൻ അവരോട്: എന്റെ അമ്മയും സഹോദരന്മാരും ആർ എന്നു പറഞ്ഞിട്ട് ചുറ്റിലും ഇരിക്കുന്നവരെ നോക്കിക്കൊണ്ട്:34“എന്റെ അമ്മയും സഹോദരന്മാരും ഇതാ.35ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവൻ തന്നേ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു എന്നു പറഞ്ഞു.

4
വിത്തുവിതക്കാരന്റെ ഉപമ.

1അവൻ പിന്നെയും കടല്ക്കരെവച്ച് ഉപദേശിക്കുവാൻ തുടങ്ങി. അപ്പോൾ ഏറ്റവും വലിയ പുരുഷാരം അവന്റെ അടുക്കൽ വന്നു കൂടുകകൊണ്ട് അവൻ ഒരു പടകിൽ കയറി; പടക് കടലിലേക്ക് നീക്കി അതിൽ ഇരുന്നു; പുരുഷാരം ഒക്കെയും കടലരികെ കരയിൽ ആയിരുന്നു.2അവൻ ഉപമകളാൽ അവരെ പലതും ഉപദേശിച്ചു, ഉപദേശിക്കുമ്പോൾ അവരോട് പറഞ്ഞത്:

3“കേൾക്കുവിൻ; വിതയ്ക്കുന്നവൻ വിതയ്ക്കുവാൻ പുറപ്പെട്ടു.4വിതയ്ക്കുമ്പോൾ ചില വിത്തുകൾ വഴിയിൽ വീണു; പറവകൾ വന്നു അത് തിന്നുകളഞ്ഞു.5മറ്റു ചില വിത്തുകൾ പാറസ്ഥലത്ത് ഏറെ മണ്ണില്ലാത്തേടത്തു വീണു; മണ്ണിന് താഴ്ച ഇല്ലായ്കയാൽ ക്ഷണത്തിൽ മുളച്ചുപൊങ്ങി.
6സൂര്യൻ ഉദിച്ചപ്പോൾ ചൂട് തട്ടി, വേരില്ലായ്കകൊണ്ട് ഉണങ്ങിപ്പോയി.7മറ്റു ചില വിത്തുകൾ മുൾച്ചെടികൾക്കിടയിൽ വീണു; മുൾച്ചെടി വളർന്ന് അതിനെ ഞെരുക്കിക്കളഞ്ഞു; അത് വിളഞ്ഞതുമില്ല.
8മറ്റു ചില വിത്തുകൾ നല്ല മണ്ണിൽ വീണു മുളച്ചു വളർന്ന് ഫലം കൊടുത്തു; ആ വിത്തുകളിൽ ചിലത് മുപ്പതും ചിലത് അറുപതും ചിലത് നൂറും മേനിയും വിളഞ്ഞു.9കേൾക്കുവാൻ ചെവി ഉള്ളവൻ കേൾക്കട്ടെ” എന്നും അവൻ പറഞ്ഞു.

10അനന്തരം യേശു തനിച്ചിരിക്കുമ്പോൾ അവനോടുകൂടെയുള്ളവർ പന്തിരുവരുമായി ആ ഉപമകളെക്കുറിച്ച് ചോദിച്ചു.11അവരോട് അവൻ പറഞ്ഞത്: “ദൈവരാജ്യത്തിന്റെ മർമ്മം നിങ്ങൾക്ക് നല്കപ്പെട്ടിരിക്കുന്നു; പുറത്തുള്ളവർക്കോ സകലവും ഉപമകളാൽ ലഭിക്കുന്നു.12അവർ മനം തിരിയാതെയും അവരോട് ക്ഷമിക്കാതെയും ഇരിക്കത്തക്കവണ്ണം അവർ കണ്ടിട്ടും അറിയാതിരിക്കുവാനും കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും ഇട വരും.”
13പിന്നെ അവൻ അവരോട് പറഞ്ഞത്: “ഈ ഉപമ ഗ്രഹിക്കുന്നില്ലയോ? പിന്നെ മറ്റെ ഉപമകൾ ഒക്കെയും എങ്ങനെ ഗ്രഹിക്കും?14വിതയ്ക്കുന്നവൻ വചനം വിതയ്ക്കുന്നു.15വചനം വിതച്ചിട്ട് വഴിയരികെ വീണത്, കേട്ട ഉടനെ സാത്താൻ വന്നു ഹൃദയങ്ങളിൽ വിതയ്ക്കപ്പെട്ട വചനം എടുത്തുകളയുന്നതാകുന്നു.
16പാറസ്ഥലത്ത് വിതച്ചത്; വചനം കേട്ട ഉടനെ സന്തോഷത്തോടെ കൈക്കൊള്ളുന്നവർ;17എങ്കിലും അവർ ഉള്ളിൽ വേരില്ലാത്തതിനാൽ അല്പസമയത്തേക്ക് മാത്രം നിലനിൽക്കുന്നു. പിന്നീട് വചനം നിമിത്തം ഉപദ്രവമോ പീഢയോ ഉണ്ടായാൽ ക്ഷണത്തിൽ ഇടറിപ്പോകുന്നവരാകുന്നു.
18മുള്ളിനിടയിൽ വിതയ്ക്കപ്പെട്ടതോ; വചനം കേട്ടിട്ട്19ഇഹലോകത്തിന്റെ ചിന്തകളും ധനത്തിന്റെ വഞ്ചനയും മറ്റു വസ്തുക്കൾക്കായുള്ള മോഹങ്ങളും അകത്ത് കടന്ന്, വചനത്തെ ഞെരുക്കി നിഷ്ഫലമാക്കി തീർക്കുന്നതാകുന്നു.20നല്ല മണ്ണിൽ വിതയ്ക്കപ്പെട്ടതോ വചനം കേൾക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവർ തന്നേ; അവർ മുപ്പതും അറുപതും നൂറും മേനി വിളഞ്ഞു.”
വെളിച്ചം മറച്ചുവെക്കുവാനുള്ളതല്ല.

21പിന്നെ അവൻ അവരോട് പറഞ്ഞത്: “നിങ്ങൾ വീട്ടിലേക്ക് വിളക്കു കൊണ്ടുവരുന്നത് പറയിൻ കീഴിലോ കട്ടില്ക്കീഴിലോ വെയ്ക്കുവാനാണോ? നിങ്ങൾ അത് കൊണ്ടുവന്ന് വിളക്കുതണ്ടിന്മേലല്ലേ വെയ്ക്കുന്നത്?22വെളിപ്പെടുവാനുള്ളതല്ലാതെ ഗൂഢമായത് ഒന്നും ഇല്ല; വെളിച്ചത്തു വരുവാനുള്ളതല്ലാതെ മറവായതു ഒന്നും ഇല്ല.23കേൾക്കുവാൻ ചെവി ഉള്ളവൻ കേൾക്കട്ടെ.
24നിങ്ങൾ കേൾക്കുന്നതെന്ത് എന്നു സൂക്ഷിച്ച് കൊൾവിൻ; നിങ്ങൾ അളക്കുന്ന അളവുകൊണ്ട് നിങ്ങൾക്കും അളന്നുകിട്ടും; അധികമായും കിട്ടും.25എന്തുകൊണ്ടെന്നാൽ ഉള്ളവന് കൊടുക്കും; ഇല്ലാത്തവനോടോ ഉള്ളതുംകൂടെ എടുത്തുകളയും” എന്നും അവൻ അവരോട് പറഞ്ഞു.
വിത്ത് വളരുന്ന ഉപമ.

26പിന്നെ അവൻ പറഞ്ഞത്: ദൈവരാജ്യം ഒരു മനുഷ്യൻ മണ്ണിൽ വിത്ത് എറിഞ്ഞശേഷം27രാവും പകലും ഉറങ്ങിയും എഴുന്നേറ്റും ഇരിക്കെ, എങ്ങനെയെന്ന് അവൻ അറിയുന്നില്ലെങ്കിലും വിത്ത് മുളച്ചു വളരുന്നതുപോലെ ആകുന്നു.28ഭൂമി സ്വയമായി മുമ്പെ ഞാറും പിന്നെ കതിരും പിന്നെ കതിരിൽ നിറഞ്ഞ മണിയും ഇങ്ങനെ വിളയുന്നു.29ധാന്യം വിളയുമ്പോൾ കൊയ്ത്തുകാലമായതുകൊണ്ട് അവൻ ഉടനെ അരിവാൾ വെയ്ക്കുന്നു.
കടുകുമണിയുടെ ഉപമ.

30പിന്നെ അവൻ പറഞ്ഞത്: “ദൈവരാജ്യത്തെ എന്തിനോട് ഉപമിക്കും? ഏത് ഉപമയാൽ അതിനെ വിശദീകരിക്കും?31അത് ഒരു കടുകുമണിയോട് സദൃശം; അതിനെ വിതയ്ക്കുമ്പോൾ മണ്ണിലെ എല്ലാവിത്തിലും ചെറിയത്.32എങ്കിലും വിതച്ചശേഷം വളർന്ന്, സകല സസ്യങ്ങളിലും വലുതായിത്തീർന്നു, ആകാശത്തിലെ പക്ഷികൾ അതിന്റെ തണലിൽ കൂടുകൂട്ടുവാൻ തക്കവണ്ണം വലുതായ കൊമ്പുകളെ പുറപ്പെടുവിക്കുന്നു.”

33അവൻ ഇങ്ങനെ പല ഉപമകളാൽ അവർക്ക് ഗ്രഹിപ്പാൻ കഴിയുംപോലെ അവരോട് വചനം പറഞ്ഞുപോന്നു.34ഉപമ കൂടാതെ അവരോട് ഒന്നും പറഞ്ഞതുമില്ല; തനിച്ചിരിക്കുമ്പോൾ അവൻ തന്റെ ശിഷ്യന്മാരോട് സകലവും വ്യാഖ്യാനിക്കും.
യേശു കാറ്റിനേയും കടലിനേയും ശാന്തമാക്കുന്നു.

35അന്ന് സന്ധ്യയായപ്പോൾ: നാം അക്കരയ്ക്ക് പോക എന്നു അവൻ അവരോട് പറഞ്ഞു.36അവർ പുരുഷാരത്തെ വിട്ടു, യേശു പടകിൽ തന്നേയായിരുന്നു, ശിഷ്യന്മാർ അവനെ കൂടെ കൊണ്ടുപോയി; മറ്റു ചെറുപടകുകളും കൂടെ ഉണ്ടായിരുന്നു;37അപ്പോൾ വലിയ ചുഴലിക്കാറ്റ് ഉണ്ടായി: പടകിൽ തിര തള്ളിക്കയറുകകൊണ്ട് അത് മുങ്ങാറായി.
38അവൻ അമരത്ത് തലയണ വെച്ച് ഉറങ്ങുകയായിരുന്നു; അവർ അവനെ ഉണർത്തി: “ഗുരോ, ഞങ്ങൾ നശിച്ചുപോകുന്നതിൽ നിനക്ക് വിചാരം ഇല്ലയോ?” എന്നു പറഞ്ഞു.39അവൻ എഴുന്നേറ്റ് കാറ്റിനെ ശാസിച്ചു, കടലിനോട്: “ശാന്തമാക, അനങ്ങാതിരിക്ക” എന്നു പറഞ്ഞു; കാറ്റ് നിന്നു, വലിയ ശാന്തത ഉണ്ടായി.
40പിന്നെ അവൻ അവരോട്: “നിങ്ങൾ ഇങ്ങനെ ഭയപ്പെടുന്നതെന്ത്? നിങ്ങൾക്ക് ഇപ്പോഴും വിശ്വാസമില്ലയോ?” എന്നു പറഞ്ഞു.41അവർ വളരെ ഭയപ്പെട്ടു: “കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ; ഇവൻ ആർ?” എന്നു തമ്മിൽ പറഞ്ഞു.

5
യേശു ലെഗ്യോനെ പുറത്താക്കുന്നു.

1അവർ കടലിന്റെ അക്കരെ ഗദരദേശത്ത് എത്തി.2യേശു പടകിൽനിന്ന് ഇറങ്ങിയ ഉടനെ അശുദ്ധാത്മാവുള്ള ഒരു മനുഷ്യൻ കല്ലറകളിൽ നിന്നു വന്നു അവനെ എതിരേറ്റു.

3അവന്റെ താമസം കല്ലറകളിൽ ആയിരുന്നു; ആർക്കും അവനെ ചങ്ങലകൊണ്ടുപോലും ബന്ധിച്ചിടുവാൻ കഴിഞ്ഞിരുന്നില്ല.4പലപ്പോഴും അവനെ വിലങ്ങും ചങ്ങലയുംകൊണ്ട് ബന്ധിച്ചിട്ടും അവൻ ചങ്ങല വലിച്ചുപൊട്ടിച്ചും വിലങ്ങുകൾ തകർത്തും കളഞ്ഞു; ആർക്കും അവനെ നിയന്ത്രിക്കുവാൻ കഴിഞ്ഞില്ല.
5അവൻ രാവും പകലും കല്ലറകളിലും മലകളിലും ഇടവിടാതെ നിലവിളിച്ചും കല്ലുകൊണ്ട് തന്നെത്താൻ മുറിവേൽപ്പിച്ചും പോന്നു.6അവൻ യേശുവിനെ ദൂരത്തുനിന്ന് കണ്ടിട്ട് ഓടിച്ചെന്നു അവനെ നമസ്കരിച്ചു.
7അവൻ ഉറക്കെ നിലവിളിച്ചു: “യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മിൽ എന്ത്? ദൈവത്താണ, എന്നെ ദണ്ഡിപ്പിക്കരുതേ” എന്നു അപേക്ഷിക്കുന്നു എന്നു പറഞ്ഞു.8“അശുദ്ധാത്മാവേ, ഈ മനുഷ്യനെ വിട്ടു പുറപ്പെട്ടുപോക” എന്നു യേശു കല്പിച്ചിരുന്നു.
9“നിന്റെ പേരെന്ത്?” എന്നു അവനോട് ചോദിച്ചതിന്: “എന്റെ പേർ ലെഗ്യോൻ; ഞങ്ങൾ പലർ ആകുന്നു” എന്നു അവൻ ഉത്തരം പറഞ്ഞു;10ആ നാട്ടിൽ നിന്നു തങ്ങളെ അയച്ചുകളയാതിരിക്കുവാൻ അവൻ പലവട്ടം അപേക്ഷിച്ചു.
11അവിടെ മലയരികെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു.12“ആ പന്നികളിൽ കടക്കേണ്ടതിന് ഞങ്ങളെ അയയ്ക്കേണം” എന്നു അവർ അവനോട് അപേക്ഷിച്ചു.13അവൻ അനുവാദം കൊടുത്തു; അശുദ്ധാത്മാക്കൾ പുറത്തുവന്ന് പന്നികളിൽ കടന്നിട്ട് അവ കൂട്ടമായി മലഞ്ചരിവിലൂടെ കടലിലേക്ക് പാഞ്ഞുചെന്ന് മുങ്ങി ചത്തു. അവ ഏകദേശം രണ്ടായിരം പന്നികൾ ആയിരുന്നു.
14പന്നികളെ മേയ്ക്കുന്നവർ ഓടിച്ചെന്നു പട്ടണത്തിലും നാട്ടിലും അറിയിച്ചു; സംഭവിച്ചത് കാണ്മാൻ പലരും പുറപ്പെട്ടു ചെന്ന്.15അവർ യേശുവിന്റെ അടുക്കൽ വന്നു, ലെഗ്യോൻ ഉണ്ടായിരുന്ന ഭൂതഗ്രസ്തൻ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും ഇരിക്കുന്നത് കണ്ട് ഭയപ്പെട്ടു.
16കണ്ടവർ ഭൂതഗ്രസ്തന് സംഭവിച്ചതും പന്നികളുടെ കാര്യവും വരുന്നവരോട് അറിയിച്ചു.17അപ്പോൾ അവർ യേശുവിനോടു തങ്ങളുടെ പ്രദേശം വിട്ടുപോകുവാൻ അപേക്ഷിച്ചു തുടങ്ങി.
18അവൻ പടക് കയറി പോകുവാൻ തുടങ്ങുമ്പോൾ ഭൂതഗ്രസ്തനായിരുന്നവൻ താനും കൂടെ പോരട്ടെ എന്നു അവനോട് അപേക്ഷിച്ചു.19യേശു അവനെ അനുവദിക്കാതെ: “നിന്റെ വീട്ടിൽ നിനക്കുള്ളവരുടെ അടുക്കൽ ചെന്ന്, കർത്താവ് നിനക്ക് ചെയ്തതു ഒക്കെയും നിന്നോട് കരുണ കാണിച്ചതും പ്രസ്താവിക്ക” എന്നു അവനോട് പറഞ്ഞു.20അവൻ പോയി യേശു തനിക്കു ചെയ്തതൊക്കെയും ദെക്കപ്പൊലിനാട്ടിൽ ഘോഷിച്ചു തുടങ്ങി; എല്ലാവരും ആശ്ചര്യപ്പെടുകയും ചെയ്തു.

21യേശു വീണ്ടും പടകിൽ കയറി ഇക്കരെ കടന്നു കടലരികെ നിൽക്കുമ്പോൾ വലിയ പുരുഷാരം അവന്റെ അടുക്കൽ വന്നുകൂടി.22പള്ളി പ്രമാണികളിൽ യായിറോസ് എന്നു പേരുള്ള ഒരു മനുഷ്യൻ വന്നു, യേശുവിനെകണ്ട് കാല്ക്കൽ വീണു:23എന്റെ കുഞ്ഞുമകൾ അത്യാസന്നമായി ഇരിക്കുന്നു; അവൾ രക്ഷപെട്ട് ജീവിക്കേണ്ടതിന് നീ വന്നു അവളുടെമേൽ കൈ വെയ്ക്കേണമേ എന്നു വളരെ അപേക്ഷിച്ചു.24അവൻ അവനോടുകൂടെ പോയി, വലിയ പുരുഷാരവും പിൻചെന്നു അവനെ തിക്കിക്കൊണ്ടിരുന്നു.
രക്തസ്രവമുള്ള സ്ത്രീയെ സൗഖ്യമാക്കുന്നു.

25പന്ത്രണ്ട് സംവത്സരമായിട്ട് രക്തസ്രവമുള്ള ഒരു സ്ത്രീ അവിടെ ഉണ്ടായിരുന്നു.26അവൾ പല വൈദ്യന്മാരാലുള്ള ചികിത്സകൊണ്ട് വളരെയധികം സഹിച്ചു തനിക്കുള്ളതൊക്കെയും ചെലവഴിച്ചിട്ടും ഒട്ടും ഭേദം വരാതെ ഏറ്റവും പരവശയായി തീർന്നിരുന്നു.27അവൾ യേശുവിനെ കുറിച്ചുള്ള വർത്തമാനം കേട്ട്:
28“അവന്റെ വസ്ത്രം എങ്കിലും തൊട്ടാൽ ഞാൻ സുഖപ്പെടും” എന്നു പറഞ്ഞു; അവൻ പുരുഷാരത്തിൽകൂടി നടക്കുമ്പോൾ അവന്റെ പുറകിൽ വന്നു അവന്റെ വസ്ത്രം തൊട്ടു.29ക്ഷണത്തിൽ അവളുടെ രക്തസ്രവം നിന്നു; ബാധ മാറി താൻ സ്വസ്ഥയായി എന്നു അവൾ തന്റെ ശരീരത്തിൽ അറിഞ്ഞ്.
30ഉടനെ യേശു തന്നിൽനിന്ന് ശക്തി പുറപ്പെട്ടു എന്നു ഉള്ളിൽ അറിഞ്ഞിട്ട് പുരുഷാരത്തിൽ തിരിഞ്ഞു: “എന്റെ വസ്ത്രം തൊട്ടത് ആർ” എന്നു ചോദിച്ചു.31ശിഷ്യന്മാർ അവനോട്: പുരുഷാരം നിന്നെ ചുറ്റും തിക്കുന്നത് കണ്ടിട്ടും “എന്നെ തൊട്ടത് ആർ” എന്നു നീ ചോദിക്കുന്നുവോ എന്നു പറഞ്ഞു.32അവനോ അത് ചെയ്തത് ആരാണെന്ന് കാണ്മാൻ ചുറ്റും നോക്കി.
33സ്ത്രീ തനിക്കു സംഭവിച്ചത് അറിഞ്ഞിട്ട് ഭയപ്പെട്ടും വിറച്ചുംകൊണ്ടു വന്നു അവന്റെ മുമ്പിൽ വീണു വസ്തുത ഒക്കെയും അവനോട് പറഞ്ഞു.34അവൻ അവളോട്: “മകളേ, നിന്റെ വിശ്വാസം നിന്നെ സുഖമാക്കിയിരിക്കുന്നു; സമാധാനത്തോടെ പോക, ബാധ ഒഴിഞ്ഞു ആരോഗ്യത്തോടിരിക്ക” എന്നു പറഞ്ഞു.
യായിറോസിന്റെ മകളെ ഉയിർപ്പിക്കുന്നു.

35ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നേ പള്ളി പ്രമാണിയുടെ വീട്ടിൽ നിന്നു ആൾ വന്നു: “നിന്റെ മകൾ മരിച്ചുപോയി; ഗുരുവിനെ ഇനി അസഹ്യപ്പെടുത്തുന്നത് എന്തിന്?” എന്നു പറഞ്ഞു.
36യേശു ആ വാക്ക് കേട്ട് പള്ളിപ്രമാണിയോട്: “ഭയപ്പെടേണ്ടാ, വിശ്വസിക്ക മാത്രം ചെയ്ക” എന്നു പറഞ്ഞു.37പത്രൊസും യാക്കോബും യാക്കോബിന്റെ സഹോദരനായ യോഹന്നാനും അല്ലാതെ മറ്റാരും തന്നോടുകൂടെ ചെല്ലുവാൻ അവൻ സമ്മതിച്ചില്ല.38അവർ പള്ളിപ്രമാണിയുടെ വീട്ടിൽ വന്നപ്പോൾ, ആരവാരത്തെയും വളരെ കരഞ്ഞു വിലപിക്കുന്നവരെയും യേശു കണ്ട്;
39അകത്ത് കടന്നു: “നിങ്ങളുടെ ആരവാരവും കരച്ചിലും എന്തിന്? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുകയത്രേ” എന്നു അവരോട് പറഞ്ഞു; അവരോ അവനെ പരിഹസിച്ചു.40അവൻ അവരെല്ലാവരെയും പുറത്താക്കി കുട്ടിയുടെ അപ്പനെയും അമ്മയെയും തന്നോടുകൂടെയുള്ളവരെയും കൂട്ടിക്കൊണ്ട് കുട്ടി കിടക്കുന്ന ഇടത്തുചെന്ന് കുട്ടിയുടെ കൈയ്ക്ക് പിടിച്ച്:
41“ബാലേ, എഴുന്നേല്ക്ക എന്നു നിന്നോട് കല്പിക്കുന്നു” എന്ന അർത്ഥത്തോടെ “തലീഥാ കൂമി” എന്നു അവളോട് പറഞ്ഞു.42ബാല ഉടനെ എഴുന്നേറ്റ് നടന്നു; അവൾക്ക് പന്ത്രണ്ട് വയസ്സായിരുന്നു; അവർ അത്യന്തം വിസ്മയിച്ചു.43“ഇതു ആരും അറിയരുത്” എന്നു അവൻ അവരോട് കർശനമായി കല്പിച്ചു. “അവൾക്ക് ഭക്ഷിക്കുവാൻ കൊടുക്കേണം” എന്നും പറഞ്ഞു.

6
യേശു സ്വന്തദേശത്ത് അവഗണിയ്ക്കപ്പെടുന്നു.

1അവൻ അവിടെ നിന്നു പുറപ്പെട്ടു, തന്റെ സ്വദേശത്തിൽ വന്നു; അവന്റെ ശിഷ്യന്മാർ അവനെ അനുഗമിച്ചു.2ശബ്ബത്തായപ്പോൾ അവൻ പള്ളിയിൽ വച്ച് ഉപദേശിച്ചു തുടങ്ങി; പലരും കേട്ട് വിസ്മയിച്ചു: “ഇവന് ഈ ഉപദേശങ്ങൾ എവിടെനിന്ന്? ഇവന് കിട്ടിയ ജ്ഞാനവും ഇവന്റെ കയ്യാൽ നടക്കുന്ന വീര്യപ്രവൃത്തികളും എന്ത്?3ഇവൻ മറിയയുടെ മകനും യാക്കോബ്, യോസെ, യൂദാ, ശിമോൻ എന്നവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവന്റെ സഹോദരികളും ഇവിടെ നമ്മോടു കൂടെ ഇല്ലയോ?” എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി.

4യേശു അവരോട്: ഒരു പ്രവാചകൻ തന്റെ ജന്മദേശത്തും ബന്ധുക്കളുടെ ഇടയിലും സ്വന്ത ഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല എന്നു പറഞ്ഞു.5ഏതാനും ചില രോഗികളുടെ മേൽ കൈ വെച്ച് സൌഖ്യം വരുത്തിയത് അല്ലാതെ അവിടെ വീര്യപ്രവൃത്തി ഒന്നും ചെയ്‌വാൻ അവന് കഴിഞ്ഞില്ല.6അവരുടെ അവിശ്വാസം ഹേതുവായി അവൻ ആശ്ചര്യപ്പെട്ടു.

അവൻ ചുറ്റുമുള്ള ഊരുകളിൽ ഉപദേശിച്ചുകൊണ്ട് സഞ്ചരിച്ചു പോന്നു.

യേശു ശിഷ്യന്മാരെ അയയ്ക്കുന്നു.

7അനന്തരം അവൻ പന്തിരുവരെ അടുക്കെ വിളിച്ചു, അവരെ ഈരണ്ടായി അയച്ചു തുടങ്ങി, അവർക്ക് അശുദ്ധാത്മാക്കളുടെ മേൽ അധികാരം കൊടുത്തു.8അവർ വഴിക്ക് വടി അല്ലാതെ ഒന്നും എടുക്കരുത്; അപ്പവും യാത്രാസഞ്ചിയും അരപ്പട്ടയിൽ കാശും അരുത്; ചെരിപ്പു ഇട്ടുകൊള്ളാം;9രണ്ടു വസ്ത്രം ധരിക്കരുത് എന്നിങ്ങനെ അവരോട് കല്പിച്ചു.
10“നിങ്ങൾ എവിടെയെങ്കിലും ഒരു വീട്ടിൽ ചെന്നാൽ അവിടം വിട്ടു പുറപ്പെടുവോളം അതിൽ തന്നേ താമസിക്കുവിൻ.11ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വാക്ക് കേൾക്കാതെയും ഇരുന്നാൽ അവിടം വിട്ടു പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി അവർക്കെതിരെയുള്ള സാക്ഷ്യത്തിനായി കുടഞ്ഞുകളയുവിൻ” എന്നും അവരോട് പറഞ്ഞു.
12അങ്ങനെ അവർ പുറപ്പെട്ടു മാനസാന്തരപ്പെടണം എന്നു പ്രസംഗിച്ചു;13വളരെ ഭൂതങ്ങളെ പുറത്താക്കുകയും അനേകം രോഗികൾക്കു എണ്ണ തേച്ച് സൌഖ്യം വരുത്തുകയും ചെയ്തു.
സ്നാപകയോഹന്നാന്റെ ശിരച്ഛേദം.

14ഇങ്ങനെ യേശുവിന്റെ പേര് വളരെ പ്രസിദ്ധമായി, അത് ഹെരോദാരാജാവ് കേട്ട്. യോഹന്നാൻസ്നാപകൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തെഴുന്നേറ്റിരിക്കുന്നു; അതുകൊണ്ട് ഈ ശക്തികൾ അവനിൽ വ്യാപരിക്കുന്നു എന്നു ചിലർ പറഞ്ഞു.15അവൻ ഏലിയാവാകുന്നു എന്നു മറ്റു ചിലർ പറഞ്ഞു. വേറെ ചിലർ: അവൻ ആദ്യകാല പ്രവാചകന്മാരിൽ ഒരുവനെപ്പോലെ ഒരു പ്രവാചകൻ എന്നു പറഞ്ഞു.
16അത് ഹെരോദാവ് കേട്ടപ്പോൾ “ഞാൻ ശിരച്ഛേദം ചെയ്ത യോഹന്നാൻ ആകുന്നു അവൻ; അവൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു” എന്നു പറഞ്ഞു.17ഹെരോദാ തന്റെ സഹോദരനായ ഫിലിപ്പോസിന്റെ ഭാര്യ ഹെരോദ്യയെ വിവാഹം ചെയ്തതുകൊണ്ടു അവൾ നിമിത്തം ആളയച്ച്, യോഹന്നാനെ പിടിച്ച് തടവിൽ ആക്കിയിരുന്നു.
18“സഹോദരന്റെ ഭാര്യയെ സ്വന്തമാക്കുന്നത് നിനക്ക് വിഹിതമല്ല” എന്നു യോഹന്നാൻ ഹെരോദാവോട് പറഞ്ഞിരുന്നു.19ഹെരോദ്യയോ അവന്റെ നേരെ പകവച്ച് അവനെ കൊല്ലുവാനും ഇച്ഛിച്ചു; സാധിച്ചില്ല താനും.20യോഹന്നാൻ നീതിയും വിശുദ്ധിയുമുള്ള പുരുഷൻ എന്നു ഹെരോദാവ് അറിഞ്ഞ് അവനെ ഭയപ്പെടുകയും അവനെ സംരക്ഷിക്കുകയും ചെയ്തു; അവന്റെ വചനം കേട്ടിട്ട് വളരെ കലങ്ങിയെങ്കിലും സന്തോഷത്തോടെ കേട്ടുപോന്നു.
21എന്നാൽ ഹെരോദാവ് തന്റെ ജനനോത്സവത്തിൽ തന്റെ മഹത്തുക്കൾക്കും സഹസ്രാധിപന്മാർക്കും ഗലീലയിലെ പ്രമാണികൾക്കും വിരുന്നു കഴിച്ചപ്പോൾ ഹെരോദ്യയ്ക്ക് ഒരു അവസരം ലഭിച്ചു.22ഹെരോദ്യയുടെ മകൾ അകത്ത് ചെന്ന് നൃത്തം ചെയ്തു ഹെരോദാവിനെയും വിരുന്നുകാരെയും പ്രസാദിപ്പിച്ച സമയം: “മനസ്സുള്ളത് എന്തെങ്കിലും എന്നോട് ചോദിച്ചു കൊൾക; നിനക്ക് തരാം” എന്നു രാജാവ് ബാലയോടു പറഞ്ഞു.
23എന്ത് ചോദിച്ചാലും, രാജ്യത്തിൽ പകുതിയോളം ആയാലും നിനക്ക് തരാം എന്നു സത്യം ചെയ്തു.24അവൾ പുറത്തിറങ്ങി അമ്മയോട്: “ഞാൻ എന്ത് ചോദിക്കേണം” എന്നു ചോദിച്ചതിന്: “യോഹന്നാൻ സ്നാപകന്റെ തല” എന്നു അവൾ പറഞ്ഞു.25ഉടനെ അവൾ ബദ്ധപ്പെട്ടു രാജാവിന്റെ അടുക്കൽ ചെന്ന്: “ഇപ്പോൾ തന്നേ യോഹന്നാൻ സ്നാപകന്റെ തല ഒരു തളികയിൽ തരേണം” എന്നു പറഞ്ഞു.
26രാജാവ് അതിദുഃഖിതനായി എങ്കിലും തന്റെ ശപഥത്തെയും തന്റെ വിരുന്നുകാരെയും വിചാരിച്ചു അവന് അവളോട് നിഷേധിപ്പാൻ കഴിഞ്ഞില്ല.27ഉടനെ രാജാവ് ഒരു അകമ്പടിയെ അയച്ച്, അവന്റെ തല കൊണ്ടുവരുവാൻ കല്പിച്ചു.28അവൻ പോയി തടവിൽ അവനെ ശിരച്ഛേദം ചെയ്തു; അവന്റെ തല ഒരു തളികയിൽ കൊണ്ടുവന്നു ബാലയ്ക്കു് കൊടുത്തു; ബാല അമ്മയ്ക്ക് കൊടുത്തു.29അവന്റെ ശിഷ്യന്മാർ അത് കേട്ടിട്ട് വന്നു അവന്റെ മൃതശരീരം എടുത്തു ഒരു കല്ലറയിൽ വെച്ച്.
അയ്യായിരം പേരെ പോഷിപ്പിക്കുന്നു

30അപ്പൊസ്തലന്മാർ യേശുവിന്റെ അടുക്കൽ ഒരുമിച്ചുകൂടി തങ്ങൾ ചെയ്തതും ഉപദേശിച്ചതും എല്ലാം അറിയിച്ചു.31വരുന്നവരും പോകുന്നവരും വളരെ ആയിരുന്നതിനാൽ അവർക്ക് വിശ്രമിപ്പാൻ സമയം ലഭിച്ചിരുന്നില്ല, ഭക്ഷിക്കുവാൻ പോലും സമയം ഇല്ലാത്തതുകൊണ്ട് അവൻ അവരോട്: “നിങ്ങൾ ഒരു ഏകാന്തസ്ഥലത്ത് വേറിട്ടുവന്ന് അല്പം ആശ്വസിച്ചുകൊൾവിൻ എന്നു പറഞ്ഞു.32അങ്ങനെ അവർ പടകിൽ കയറി ഒരു ഏകാന്ത സ്ഥലത്ത് വേറിട്ടുപോയി.
33അവർ പോകുന്നത് പലരും കണ്ട്, അറിഞ്ഞ്, എല്ലാ പട്ടണങ്ങളിൽ നിന്നും കാൽനടയായി അവിടേക്ക് ഓടി, അവർക്ക് മുമ്പെ അവിടെ എത്തി.34അവൻ പടകിൽ നിന്നു കരയ്ക്കിറങ്ങിയപ്പോൾ വലിയ പുരുഷാരത്തെ കണ്ട്, അവർ ഇടയൻ ഇല്ലാത്ത ആടുകളെപ്പോലെ ആകകൊണ്ട് അവരിൽ മനസ്സലിഞ്ഞ് പലതും ഉപദേശിച്ചു തുടങ്ങി.
35പിന്നെ നേരം നന്നേ വൈകിയപ്പോൾ, ശിഷ്യന്മാർ അവന്റെ അടുക്കൽ വന്നു; “ഇതു നിർജ്ജനപ്രദേശം അല്ലോ;36നേരവും നന്നേ വൈകി; അവർ ചുറ്റുമുള്ള നാട്ടിൻപുറങ്ങളിലും ഗ്രാമങ്ങളിലും ചെന്ന് ഭക്ഷിക്കുവാൻ വല്ലതും വാങ്ങേണ്ടതിന് അവരെ പറഞ്ഞയയ്ക്കണം” എന്നു പറഞ്ഞു.
37എന്നാൽ അവൻ അവരോട്: “നിങ്ങൾ അവർക്ക് ഭക്ഷിക്കുവാൻ കൊടുക്കുവിൻ എന്നു പറഞ്ഞതിന്: ഞങ്ങൾ പോയി ഇരുനൂറ് വെള്ളിക്കാശിന് അപ്പം കൊണ്ടവന് അവർക്ക് തിന്മാൻ കൊടുക്കുകയോ?” എന്നു അവനോട് പറഞ്ഞു.38അവൻ അവരോട്: “നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ട്? ചെന്ന് നോക്കുവിൻ” എന്നു പറഞ്ഞു; അവർ നോക്കിയിട്ട്: “അഞ്ച് അപ്പവും രണ്ടു മീനും ഉണ്ട്” എന്നു പറഞ്ഞു.
39പിന്നെ അവൻ എല്ലാവരോടും പച്ചപ്പുല്ലിന്മേൽ പന്തിപന്തിയായി ഇരിക്കുവാൻ കല്പിച്ചു.40അവർ നൂറും അമ്പതും വീതം പന്തിപന്തിയായി ഇരുന്നു.41അവൻ ആ അഞ്ച് അപ്പവും രണ്ടു മീനും എടുത്തു സ്വർഗ്ഗത്തേക്ക് നോക്കി വാഴ്ത്തി, അപ്പം നുറുക്കി, അവർക്ക് വിളമ്പുവാൻ തന്റെ ശിഷ്യന്മാർക്ക് കൊടുത്തു; ആ രണ്ടു മീനും എല്ലാവർക്കും വിഭാഗിച്ചുകൊടുത്തു.
42അവർ എല്ലാവരും തൃപ്തരാകുന്നതുവരെ കഴിച്ചു.43അവർ അപ്പക്കഷണങ്ങളും മീൻനുറുക്കും പന്ത്രണ്ട് കൊട്ട നിറച്ചെടുത്തു.44അപ്പം തിന്നവരോ അയ്യായിരം പുരുഷന്മാർ ആയിരുന്നു.
യേശു വെള്ളത്തിനുമീതെ നടക്കുന്നു.

45താൻ പുരുഷാരത്തെ പറഞ്ഞയയ്ക്കുന്നതിനിടയിൽ തന്റെ ശിഷ്യന്മാരെ ഉടനെ പടക് കയറി തനിക്കുമുമ്പേ അക്കരെ ബേത്ത്സയിദെക്കു നേരെ പോകുവാൻ നിബ്ബന്ധിച്ചു.46അവരെ പറഞ്ഞയച്ചശേഷം താൻ പ്രാർത്ഥിക്കുവാൻ മലയിലേക്ക് പോയി.47വൈകുന്നേരം ആയപ്പോൾ പടക് കടലിന്റെ നടുവിലും താൻ ഏകനായി കരയിലും ആയിരുന്നു.
48കാറ്റ് പ്രതികൂലം ആകകൊണ്ട് അവർ തണ്ടുവലിച്ച് വലയുന്നതു അവൻ കണ്ട് ഏകദേശം രാത്രി നാലാം യാമത്തിൽ കടലിന്മേൽ നടന്ന് അവരുടെ അടുക്കൽ ചെന്ന് അവരെ കടന്നുപോകുവാൻ ഭാവിച്ചു.49അവൻ കടലിന്മേൽ നടക്കുന്നത് കണ്ടിട്ട് ഭൂതം എന്നു അവർ നിരൂപിച്ചു നിലവിളിച്ചു.50എല്ലാവരും അവനെ കണ്ട് ഭ്രമിച്ചിരുന്നു. ഉടനെ അവൻ അവരോട് സംസാരിച്ചു: “ധൈര്യപ്പെടുവിൻ; ഞാൻ തന്നേ ആകുന്നു; ഭയപ്പെടേണ്ടാ” എന്നു പറഞ്ഞു.
51പിന്നെ അവൻ അവരുടെ അടുക്കൽ ചെന്ന് പടകിൽ കയറി, കാറ്റ് നിന്നു; അവർ ഉള്ളിൽ അത്യന്തം ആശ്ചര്യപ്പെട്ടു.52അവരുടെ ഹൃദയം മന്ദീഭവിച്ചിരുന്നതുകൊണ്ട് അപ്പത്തെക്കുറിച്ച് അവർ ഗ്രഹിച്ചില്ല.
ഗെന്നേസരത്തിൽ അനേകർ സൗഖ്യമാകുന്നു.

53അവർ അക്കരെ ഗെന്നേസരത്ത് എത്തി പടക് കരയ്ക്കടുപ്പിച്ചു.54അവർ പടകിൽനിന്ന് ഇറങ്ങിയ ഉടനെ ജനങ്ങൾ യേശുവിനെ തിരിച്ചറിഞ്ഞു.55ആ ജനങ്ങൾ നാട്ടിൽ ഒക്കെയും ഓടിനടന്ന്, അവൻ വരുന്നു എന്നു കേൾക്കുന്ന ഇടത്തേക്ക് ദീനക്കാരെ കിടക്കയിൽ എടുത്തുംകൊണ്ട് അവന്റെ അടുക്കൽ വന്നു തുടങ്ങി.
56ഊരുകളിലോ പട്ടണങ്ങളിലോ കുടികളിലോ അവൻ ചെന്നിടത്തൊക്കെയും അവർ ചന്തകളിൽ രോഗികളെ കൊണ്ടുവന്നു വെച്ച്, അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ എങ്കിലും തൊടേണ്ടതിന് അപേക്ഷിക്കുകയും അവനെ തൊട്ടവർക്ക് ഒക്കെയും സൌഖ്യം വരികയും ചെയ്തു.

7
ശുദ്ധിയും അശുദ്ധിയും.

1പരീശന്മാരും യെരൂശലേമിൽ നിന്നു വന്ന ചില ശാസ്ത്രിമാരും യേശുവിന്റെ അടുക്കൽ വന്നു കൂടി.

2അവന്റെ ശിഷ്യന്മാരിൽ ചിലർ ശുദ്ധിയില്ലാത്ത എന്നുവച്ചാൽ, കഴുകാത്ത, കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത് അവർ കണ്ട്.3പരീശന്മാരും യെഹൂദന്മാർ ഒക്കെയും പൂർവ്വന്മാരുടെ സമ്പ്രദായം പ്രമാണിച്ചു കൈ നന്നായി കഴുകിയിട്ടല്ലാതെ ഭക്ഷണം കഴിക്കുകയില്ല.4ചന്തയിൽ നിന്നു വരുമ്പോഴും കുളിച്ചിട്ടല്ലാതെ ഭക്ഷണം കഴിക്കുകയില്ല. പാനപാത്രം, ഭരണി, ചെമ്പു എന്നിവ കഴുകുക, കിടക്കപോലും തുടയ്ക്കുക മുതലായ പലതും പ്രമാണിക്കുന്നത് അവർക്ക് ചട്ടമായിരുന്നു.
5പരീശന്മാരും ശാസ്ത്രിമാരും: “നിന്റെ ശിഷ്യന്മാർ പൂർവ്വന്മാരുടെ സമ്പ്രദായം അനുസരിച്ചു നടക്കാതെ ശുദ്ധിയില്ലാത്ത കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത് എന്ത്?” എന്നു അവനോട് ചോദിച്ചു.
6അവൻ അവരോട് ഉത്തരം പറഞ്ഞത്: “കപടഭക്തിക്കാരായ നിങ്ങളെക്കുറിച്ച് യെശയ്യാവു പ്രവചിച്ചതു ശരി:
“ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എങ്കൽനിന്ന് ദൂരത്ത് അകന്നിരിക്കുന്നു.
7മാനുഷനിയമങ്ങളെ അവരുടെ ഉപദേശങ്ങളായി ഉപദേശിച്ചുകൊണ്ട് എനിക്ക് വ്യർത്ഥമായ ആരാധന കഴിക്കുന്നു”
എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.
8നിങ്ങൾ ദൈവകല്പന വിട്ടുകളഞ്ഞ് മനുഷ്യരുടെ സമ്പ്രദായം മുറുകെപ്പിടിക്കുന്നു;9പിന്നെ അവരോട് പറഞ്ഞത്: നിങ്ങളുടെ സമ്പ്രദായം പ്രമാണിക്കുവാൻ വേണ്ടി സൗകര്യപ്രകാരം നിങ്ങൾ ദൈവകല്പന തള്ളിക്കളയുന്നു.10നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിയ്ക്ക എന്നും അപ്പനെയോ അമ്മയെയോ ദുഷിക്കുന്നവൻ മരിക്കണം എന്ന് മോശെ പറഞ്ഞുവല്ലോ.
11നിങ്ങളോ ഒരു മനുഷ്യൻ തന്റെ അപ്പനോടോ അമ്മയോടോ: നിങ്ങൾക്ക് എന്നിൽനിന്ന് സഹായമായി ലഭിക്കാനുള്ളത് ‘കൊർബ്ബാൻ’ (‘ദൈവത്തിനുള്ള വഴിപാട്’ എന്നർത്ഥം) എന്നു പറഞ്ഞാൽ മതി എന്നു പറയുന്നു;12തന്റെ അപ്പനോ അമ്മയ്ക്കോ മേലാൽ ഒന്നും ചെയ്‌വാൻ അവനെ സമ്മതിക്കുന്നതുമില്ല.13ഇങ്ങനെ നിങ്ങൾ കൈമാറുന്ന സമ്പ്രദായത്താൽ ദൈവകല്പന ദുർബ്ബലമാക്കുന്നു; ഇതുപോലെ പലതും നിങ്ങൾ ചെയ്യുന്നു.”
14പിന്നെ അവൻ പുരുഷാരത്തെ അരികെ വിളിച്ചു അവരോട്: “എല്ലാവരും കേട്ട് ഗ്രഹിച്ചുകൊൾവിൻ.15പുറത്തുനിന്ന് മനുഷ്യന്റെ അകത്ത് ചെല്ലുന്ന യാതൊന്നിനും അവനെ അശുദ്ധമാക്കുവാൻ കഴിയുകയില്ല; അവനിൽ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധമാക്കുന്നത്16[കേൾക്കുവാൻ ചെവി ഉള്ളവൻ കേൾക്കട്ടെ]” എന്നു പറഞ്ഞു.
17അവൻ പുരുഷാരത്തെ വിട്ടു വീട്ടിൽ ചെന്നശേഷം അവന്റെ ശിഷ്യന്മാർ ആ ഉപമയെക്കുറിച്ച് അവനോട് ചോദിച്ചു.18അവൻ അവരോട്: “ഇങ്ങനെ നിങ്ങളും ബോധമില്ലാത്തവരോ? പുറത്തു നിന്നു മനുഷ്യന്റെ അകത്ത് ചെല്ലുന്ന യാതൊന്നിനും അവനെ അശുദ്ധമാക്കുവാൻ കഴിയുകയില്ല എന്നു തിരിച്ചറിയുന്നില്ലയോ?19അത് അവന്റെ ഹൃദയത്തിൽ അല്ല വയറ്റിലത്രേ ചെല്ലുന്നത്; പിന്നെ മറപ്പുരയിലേക്കു പോകുന്നു; ഈ പ്രസ്താവനകൊണ്ട് യേശു സകലഭോജ്യങ്ങളും ശുദ്ധമാണെന്ന് വരുത്തി.
20മനുഷ്യനിൽ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നത്;21അകത്തുനിന്ന്, മനുഷ്യരുടെ ഹൃദയത്തിൽനിന്ന് തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം,22കുലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കാമം, വിടക്കുകണ്ണ്, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു.23ഈ ദോഷങ്ങൾ എല്ലാം അകത്തുനിന്ന് പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്നു” എന്നും അവൻ പറഞ്ഞു.
യവനസ്ത്രീയുടെ വിശ്വാസം.

24അവൻ അവിടെ നിന്നു പുറപ്പെട്ടു സീദോന്റെയും സോരിന്റെയും അതിർനാട്ടിൽ ചെന്ന് ഒരു വീട്ടിൽ കടന്നു; ആരും അറിയരുത് എന്നു ഇച്ഛിച്ചു എങ്കിലും മറഞ്ഞിരിപ്പാൻ സാധിച്ചില്ല.25ഉടനെ അശുദ്ധാത്മാവ് ബാധിച്ച ചെറിയ മകൾ ഉള്ളൊരു സ്ത്രീ അവന്റെ വസ്തുത കേട്ടിട്ട് വന്നു അവന്റെ കാല്ക്കൽ വീണു.26അവൾ സുറൊഫൊയ്നീക്യ ജാതിയിലുള്ള ഒരു യവനസ്ത്രീ ആയിരുന്നു; തന്റെ മകളിൽ നിന്നു ഭൂതത്തെ പുറത്താക്കുവാൻ അവൾ അവനോട് അപേക്ഷിച്ചു.
27യേശു അവളോട്: “മുമ്പെ മക്കൾ ഭക്ഷിച്ചു തൃപ്തി വരട്ടെ; മക്കളുടെ അപ്പം എടുത്തു വളർത്തുനായ്ക്കൾക്ക് ഇട്ടുകൊടുക്കുന്നത് നന്നല്ല” എന്നു പറഞ്ഞു.28അവൾ അവനോട്: “അതേ, കർത്താവേ, നായ്ക്കളും മേശെയ്ക്ക് കീഴെ കുട്ടികളുടെ അപ്പനുറുക്കുകളെ തിന്നുന്നുവല്ലോ” എന്നു ഉത്തരം പറഞ്ഞു.
29അവൻ അവളോട്: “ഈ വാക്കുനിമിത്തം പൊയ്ക്കൊൾക: ഭൂതം നിന്റെ മകളെ വിട്ടു പോയിരിക്കുന്നു” എന്നു പറഞ്ഞു.30അവൾ വീട്ടിൽ വന്നപ്പോൾ, മകൾ കിടക്കമേൽ കിടക്കുന്നതും ഭൂതം വിട്ടുപോയതും കണ്ട്.
ചെകിടനെ സൗഖ്യമാക്കുന്നു.

31അവൻ വീണ്ടും സോരിന്റെ അതിർ വിട്ടു സീദോൻ വഴിയായി ദെക്കപ്പൊലിദേശത്തിന്റെ നടുവിൽകൂടി ഗലീലക്കടല്പുറത്ത് വന്നു.32അവിടെ അവർ വിക്കനായൊരു ചെകിടനെ അവന്റെ അടുക്കൽ കൊണ്ടുവന്നു, അവന്റെ മേൽ കൈ വെയ്ക്കേണം എന്നു അപേക്ഷിച്ചു.
33അവൻ അവനെ പുരുഷാരത്തിൽനിന്ന് വേറിട്ടു കൂട്ടിക്കൊണ്ടുപോയി അവന്റെ ചെവിയിൽ വിരൽ ഇട്ട്, തുപ്പി അവന്റെ നാവിനെ തൊട്ടു,34സ്വർഗ്ഗത്തേക്ക് നോക്കി നെടുവീർപ്പിട്ടു അവനോട്: തുറന്നുവരിക എന്നു അർത്ഥമുള്ള എഫഥാ എന്നു പറഞ്ഞു.35ഉടനെ അവന്റെ ചെവി തുറന്നു; അവൻ കേൾക്കുകയും നാവിന്റെ കെട്ട് അഴിഞ്ഞിട്ട് അവൻ ശരിയായി സംസാരിക്കുകയും ചെയ്തു.
36ഇതു ആരോടും പറയരുത് എന്നു അവരോട് കല്പിച്ചു എങ്കിലും അവൻ എത്ര കല്പിച്ചുവോ അത്രയും അവർ പ്രസിദ്ധമാക്കി:37“അവൻ സകലവും നന്നായി ചെയ്തു; ചെകിടരെ കേൾക്കുമാറാക്കുന്നു; ഊമരെ സംസാരിക്കുമാറാക്കുന്നു” എന്നു പറഞ്ഞു അത്യന്തം വിസ്മയിച്ചു.

8
ഏഴ് അപ്പം നാലായിരംപേർക്ക്.

1ആ ദിവസങ്ങളിൽ വീണ്ടും വലിയ പുരുഷാരം കൂടിവന്നു, അവർക്ക് ഭക്ഷിക്കുവാൻ ഒന്നും ഇല്ലാത്തതുകൊണ്ട് യേശു ശിഷ്യന്മാരെ അടുക്കൽ വിളിച്ചു അവരോട്:2“ഈ പുരുഷാരം ഇപ്പോൾ മൂന്നു നാളായി എന്നോടുകൂടെയുണ്ട്; അവർക്ക് ഭക്ഷിക്കുവാൻ ഒന്നും ഇല്ലാത്തതുകൊണ്ട് എനിക്ക് അവരോട് അലിവ് തോന്നുന്നു;3ഞാൻ അവരെ പട്ടിണിയായി വീട്ടിലേക്ക് അയച്ചാൽ അവർ വഴിയിൽ വെച്ച് തളർന്നു പോകും; അവരിൽ ചിലർ ദൂരത്തുനിന്നുവന്നവരല്ലോ” എന്നു പറഞ്ഞു.4അതിന് അവന്റെ ശിഷ്യന്മാർ: “ഇവർക്ക് തൃപ്തിവരുത്തുവാൻ മതിയായ അപ്പം ഈ മരുഭൂമിയിൽ എവിടെനിന്ന് നമുക്കു ലഭിക്കും?” എന്നു ഉത്തരം പറഞ്ഞു.

5അവൻ അവരോട്: “നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ട്?” എന്നു ചോദിച്ചു. ഏഴ് എന്നു അവർ പറഞ്ഞു.6അവൻ പുരുഷാരത്തോട് നിലത്തു ഇരിക്കുവാൻ കല്പിച്ചു; പിന്നെ ആ ഏഴ് അപ്പം എടുത്തു സ്തോത്രം ചെയ്തു നുറുക്കി, ശിഷ്യന്മാരുടെ പക്കൽ വിളമ്പുവാൻ കൊടുത്തു; അവർ പുരുഷാരത്തിന് വിളമ്പി.
7ചെറിയ മീനും കുറച്ച് ഉണ്ടായിരുന്നു; അതും അവൻ അനുഗ്രഹിച്ചിട്ട്, വിളമ്പുവാൻ പറഞ്ഞു.8അവർ തിന്നു തൃപ്തരായി; ശേഷിച്ച കഷണങ്ങൾ ഏഴ് വട്ടി നിറച്ചെടുത്തു.9അവർ ഏകദേശം നാലായിരം പുരുഷന്മാർ ആയിരുന്നു.10അവൻ അവരെ പറഞ്ഞയച്ച ഉടനെ ശിഷ്യന്മാരോട് കൂടെ പടക് കയറി ദല്മനൂഥ ദേശങ്ങളിൽ എത്തി.

11അനന്തരം പരീശന്മാർ വന്നു അവനെ പരീക്ഷിക്കേണ്ടതിന് ആകാശത്തുനിന്ന് ഒരു അടയാളം അന്വേഷിച്ച് അവനുമായി തർക്കിച്ചു തുടങ്ങി.12അവൻ ആത്മാവിൽ ഞരങ്ങി: “ഈ തലമുറ അടയാളം അന്വേഷിക്കുന്നതെന്ത്? ഈ തലമുറയ്ക്ക് അടയാളം ലഭിക്കുകയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു,13പിന്നെ അവരെ വിട്ടു വീണ്ടും പടക് കയറി അക്കരയ്ക്ക് കടന്നു.

14ശിഷ്യന്മാർ അപ്പം എടുത്തുകൊണ്ടുപോരുവാൻ മറന്നു പോയിരുന്നു; പടകിൽ അവരുടെ പക്കൽ ഒരു അപ്പം മാത്രമേ ഉണ്ടായിരുന്നുള്ളു.15അവൻ അവരോട്: നോക്കുവിൻ, പരീശരുടെയും ഹെരോദാവിന്റെയും പുളിപ്പിനെക്കുറിച്ച് ജാഗരൂകരായിരിക്കുവിൻ എന്നു മുന്നറിയിപ്പ് നൽകി.
16നമുക്കു അപ്പം ഇല്ലായ്കയാൽ ആയിരിക്കും എന്നു അവർ തമ്മിൽ തമ്മിൽ പറഞ്ഞു.17അത് യേശു അറിഞ്ഞ് അവരോട് പറഞ്ഞത്: “അപ്പം ഇല്ലാത്തതിനെക്കുറിച്ച് നിങ്ങൾ തമ്മിൽ പറയുന്നത് എന്ത്? ഇപ്പോഴും തിരിച്ചറിയുന്നില്ലയോ? ഗ്രഹിക്കുന്നില്ലയോ? നിങ്ങളുടെ ഹൃദയം കടുത്തിരിക്കുന്നുവോ?
18കണ്ണ് ഉണ്ടായിട്ടും കാണുന്നില്ലയോ? ചെവി ഉണ്ടായിട്ടും കേൾക്കുന്നില്ലയോ? ഓർക്കുന്നതുമില്ലയോ?19അയ്യായിരംപേർക്ക് ഞാൻ അഞ്ച് അപ്പം നുറുക്കിയപ്പോൾ കഷണങ്ങൾ എത്ര കൊട്ട നിറച്ചെടുത്തു? പന്ത്രണ്ട് എന്നു അവർ അവനോട് പറഞ്ഞു.
20നാലായിരം പേർക്ക് ഏഴപ്പം നുറുക്കിയപ്പോൾ കഷണങ്ങൾ എത്ര വട്ടി നിറച്ചെടുത്തു? “ഏഴ്” എന്നു അവർ അവനോട് പറഞ്ഞു.21പിന്നെ അവൻ അവരോട്: “ഇപ്പോഴും നിങ്ങൾ ഗ്രഹിക്കുന്നില്ലയോ” എന്നു പറഞ്ഞു.
ബേത്ത്സയിദയിൽ ഒരു കുരുടനെ സൗഖ്യമാക്കുന്നു.

22അവർ ബേത്ത്സയിദയിൽ എത്തിയപ്പോൾ അവിടുത്തെ ജനങ്ങൾ ഒരു കുരുടനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു അവനെ തൊടേണമെന്ന് അപേക്ഷിച്ചു.23അവൻ കുരുടന്റെ കൈയ്ക്ക് പിടിച്ച് അവനെ ഗ്രാമത്തിന് പുറത്തുകൊണ്ടു പോയി അവന്റെ കണ്ണിൽ തുപ്പി അവന്റെ മേൽ കൈ വെച്ച്: നീ വല്ലതും കാണുന്നുണ്ടോ എന്നു ചോദിച്ചു.
24അവൻ മേല്പോട്ടു നോക്കി: ഞാൻ മനുഷ്യരെ കാണുന്നു; മരങ്ങൾ നടക്കുന്നതുപോലെയത്രേ ഞാൻ അവരെ കാണുന്നത് എന്നു പറഞ്ഞു.25വീണ്ടും യേശു അവന്റെ കണ്ണിന്മേൽ കൈ വെച്ചപ്പോൾ അവൻ കാഴ്ച പ്രാപിച്ചു മിഴിച്ചുനോക്കി എല്ലാം സ്പഷ്ടമായി കണ്ട്.26“നീ ഗ്രാമത്തിൽ കടക്കുകപോലും അരുത്” എന്നു പറഞ്ഞ് അവൻ അവനെ വീട്ടിലേക്ക് അയച്ചു.
പത്രൊസ് യേശുവിനെ ക്രിസ്തു എന്നു ഏറ്റുപറയുന്നു.

27അനന്തരം യേശു ശിഷ്യന്മാരുമായി ഫിലിപ്പൊസിന്റെ കൈസര്യയിലെ ഗ്രാമങ്ങളിലേക്ക് പോയി; വഴിയിൽവെച്ചു ശിഷ്യന്മാരോട്: “ജനങ്ങൾ എന്നെ ആർ എന്നു പറയുന്നു” എന്നു ചോദിച്ചു.28“യോഹന്നാൻ സ്നാപകനെന്ന് ചിലർ, ഏലിയാവെന്ന് ചിലർ, പ്രവാചകന്മാരിൽ ഒരുവൻ എന്നു മറ്റു ചിലർ” എന്നു അവർ ഉത്തരം പറഞ്ഞു.
29അവൻ അവരോട്: “എന്നാൽ നിങ്ങൾ എന്നെ ആർ എന്നു പറയുന്നു” എന്നു ചോദിച്ചതിന്: “നീ ക്രിസ്തു ആകുന്നു” എന്നു പത്രൊസ് ഉത്തരം പറഞ്ഞു.30പിന്നെ തന്നെക്കുറിച്ച് ആരോടും പറയരുതെന്ന് അവൻ അവരോട് ഖണ്ഡിതമായി പറഞ്ഞു.
31“മനുഷ്യപുത്രൻ പലതും സഹിക്കുകയും മൂപ്പന്മാരും മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും മൂന്നു നാൾ കഴിഞ്ഞിട്ട് അവൻ ഉയിർത്തെഴുന്നേല്ക്കുകയും വേണം” എന്നു അവരെ ഉപദേശിച്ചു തുടങ്ങി.32അവൻ ഇതു വ്യക്തമായി പറഞ്ഞു. അപ്പോൾ പത്രൊസ് അവനെ വേറിട്ടു കൊണ്ടുപോയി ശാസിച്ചുതുടങ്ങി.
33അവനോ തിരിഞ്ഞു നോക്കി ശിഷ്യന്മാരെ കണ്ടിട്ട് പത്രൊസിനെ ശാസിച്ചു: “സാത്താനേ, എന്റെ മുമ്പിൽനിന്ന് പോ; നീ ദൈവത്തിന്റേതല്ല മനുഷ്യരുടേതത്രേ കരുതുന്നത്” എന്നു പറഞ്ഞു.
തന്റെ ക്രൂശെടുത്ത് അനുഗമിക്കുക.

34പിന്നെ അവൻ പുരുഷാരത്തെയും തന്റെ ശിഷ്യന്മാരെയും ഒരുമിച്ചുവിളിച്ച് അവരോട് പറഞ്ഞത്: “ഒരുവൻ എന്നെ അനുഗമിക്കുവാൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ ത്യജിച്ച് തന്റെ ക്രൂശ് എടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ.
35ആരെങ്കിലും തന്റെ ജീവനെ രക്ഷിക്കാൻ ഇച്ഛിച്ചാൽ അതിനെ കളയും; ആരെങ്കിലും എന്റെയും സുവിശേഷത്തിന്റെയും നിമിത്തം തന്റെ ജീവനെ കളഞ്ഞാൽ അതിനെ രക്ഷിക്കും.36ഒരു മനുഷ്യൻ സർവ്വലോകവും നേടുകയും തന്റെ ജീവനെ കളയുകയും ചെയ്താൽ അവന് എന്ത് പ്രയോജനം?37അല്ല, തന്റെ ജീവന് വേണ്ടി മനുഷ്യൻ എന്ത് മറുവില കൊടുക്കും?;
38വ്യഭിചാരവും പാപവും ഉള്ള ഈ തലമുറയിൽ ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ച് നാണിച്ചാൽ അവനെക്കുറിച്ച് മനുഷ്യപുത്രനും തന്റെ പിതാവിന്റെ തേജസ്സിൽ വിശുദ്ധ ദൂതന്മാരുമായി വരുമ്പോൾ നാണിക്കും;”

9

1പിന്നെ യേശു അവരോട്: “ദൈവരാജ്യം ശക്തിയോടെ വരുന്നത് കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ട് എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.

യേശു രൂപാന്തരപ്പെടുന്നു.

2ആറ് ദിവസം കഴിഞ്ഞ ശേഷം യേശു പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടി ഒരു ഉയർന്ന മലയിലേക്ക് തനിച്ചു കൊണ്ടുപോയി അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു.3ഭൂമിയിൽ ഒരു അലക്കുകാരനും വെളുപ്പിപ്പാൻ കഴിയാതവണ്ണം അവന്റെ വസ്ത്രം അത്യന്തം വെള്ളയായി തിളങ്ങി.
4അപ്പോൾ ഏലിയാവും മോശെയും അവർക്ക് പ്രത്യക്ഷമായി യേശുവിനോടു സംഭാഷിച്ചു കൊണ്ടിരുന്നു.5പത്രൊസ് യേശുവിനോടു: “റബ്ബീ, നാം ഇവിടെ ഇരിക്കുന്നത് നല്ലത്; ഞങ്ങൾ മൂന്നു കുടിൽ ഉണ്ടാക്കട്ടെ; ഒന്ന് നിനക്കും ഒന്ന് മോശെക്കും ഒന്ന് ഏലിയാവിനും” എന്നു പറഞ്ഞു.6താൻ എന്ത് പറയേണ്ടു എന്നു അവൻ അറിഞ്ഞില്ല; ആ ശിഷ്യന്മാരെല്ലാവരും ഭയപരവശരായിരുന്നു.
7പിന്നെ ഒരു മേഘം വന്നു അവരുടെ മേൽ നിഴലിട്ടു: “ഇവൻ എന്റെ പ്രിയപുത്രൻ; ഇവന് ചെവികൊടുപ്പിൻ” എന്നു മേഘത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.8പെട്ടെന്ന് അവർ ചുറ്റും നോക്കിയപ്പോൾ തങ്ങളോടുകൂടെ യേശുവിനെ മാത്രം അല്ലാതെ ആരെയും കണ്ടില്ല.

9അവർ മലയിൽ നിന്നു ഇറങ്ങുമ്പോൾ: “മനുഷ്യപുത്രൻ മരിച്ചവരിൽ നിന്നു ഉയിർത്തിട്ടല്ലാതെ ഈ കണ്ടത് ആരോടും അറിയിക്കരുത്” എന്നു അവൻ അവരോട് കല്പിച്ചു.10‘മരിച്ചവരിൽനിന്ന് ഉയിർക്കുക’ എന്നത് എന്ത് എന്നു അവർ തമ്മിൽ ചർച്ചചെയ്തുംകൊണ്ട് ആ വാക്ക് ഉള്ളിൽ സംഗ്രഹിച്ചു.
11“ഏലിയാവ് മുമ്പെ വരേണ്ടത് എന്നു ശാസ്ത്രിമാർ പറയുന്നത് എന്ത്?” എന്നു അവർ ചോദിച്ചു.12അതിന് യേശു: “ഏലിയാവ് മുമ്പെ വന്നു സകലവും യഥാസ്ഥാനത്താക്കുന്നു സത്യം; എന്നാൽ മനുഷ്യപുത്രനെക്കുറിച്ച്: അവൻ വളരെ കഷ്ടപ്പെടുകയും ധിക്കരിക്കപ്പെടുകയും ചെയ്യേണ്ടിവരും എന്നു എഴുതിയിരിക്കുന്നത് എങ്ങനെ?13എന്നാൽ ഏലിയാവ് വന്നു; അവനെക്കുറിച്ച് തിരുവെഴുത്തിൽ എഴുതിയിരിക്കുന്നതുപോലെ അവർ തങ്ങൾക്കു തോന്നിയത് എല്ലാം അവനോട് ചെയ്തു എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു ഉത്തരം പറഞ്ഞു.
ദുരാത്മാവ് ബാധിച്ച ബാലനെ സൗഖ്യമാക്കുന്നു.

14അവർ മറ്റു ശിഷ്യന്മാരുടെ അടുക്കെ മടങ്ങിവന്നപ്പോൾ വലിയ പുരുഷാരം അവരെ ചുറ്റി നില്ക്കുന്നതും ശാസ്ത്രിമാർ അവരോട് തർക്കിക്കുന്നതും കണ്ട്.15പുരുഷാരം യേശുവിനെ കണ്ട ഉടനെ ഭ്രമിച്ചു; ഓടിവന്നു അവനെ വന്ദിച്ചു.16അവൻ അവരോട്: “നിങ്ങൾ എന്തിനെക്കുറിച്ചാണ് അവരുമായി തർക്കിക്കുന്നത്?” എന്നു ചോദിച്ചു.
17അതിന് പുരുഷാരത്തിൽ ഒരുവൻ: “ഗുരോ, എന്റെ മകനെ ഞാൻ നിന്റെ അടുക്കൽ കൊണ്ടുവന്നു; അവനെ ഊമനായ ഒരു ആത്മാവ് ബാധിച്ചിരിക്കുന്നു.18അത് അവനെ എവിടെവച്ച് പിടിച്ചാലും അവനെ തള്ളിയിടുന്നു; പിന്നെ അവൻ നുരച്ച് പല്ലുകടിച്ചു വരണ്ടുപോകുന്നു. അതിനെ പുറത്താക്കേണ്ടതിന് ഞാൻ നിന്റെ ശിഷ്യന്മാരോട് പറഞ്ഞിട്ട് അവർക്ക് കഴിഞ്ഞില്ല” എന്നു ഉത്തരം പറഞ്ഞു.19അവൻ അവരോട്: “അവിശ്വാസമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടു കൂടെയിരിക്കും? എത്രത്തോളം നിങ്ങളെ സഹിക്കും? അവനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ” എന്നു ഉത്തരം പറഞ്ഞു.
20അവർ അവനെ അവന്റെ അടുക്കൽ കൊണ്ടുവന്നു. യേശുവിനെ കണ്ട ഉടനെ ആത്മാവ് അവനെ ഇഴച്ചു; അവൻ നിലത്തു വീണു, വായിൽനിന്ന് നുരച്ചുവന്നു.21“ഇതു അവന് സംഭവിച്ചിട്ട് എത്ര കാലമായി?” എന്നു അവന്റെ അപ്പനോട് ചോദിച്ചതിന് അവൻ: “ചെറുപ്പംമുതൽ തന്നേ,22അത് അവനെ നശിപ്പിക്കേണ്ടതിന്നു പലപ്പോഴും തീയിലും വെള്ളത്തിലും തള്ളിയിട്ടിട്ടുണ്ട്; നിന്നാൽ വല്ലതും കഴിയും എങ്കിൽ മനസ്സലിഞ്ഞ് ഞങ്ങളെ സഹായിക്കണമേ” എന്നു പറഞ്ഞു.
23യേശു അവനോട്: “നിന്നാൽ കഴിയും എങ്കിൽ എന്നോ? വിശ്വസിക്കുന്നവന് സകലവും കഴിയും” എന്നു പറഞ്ഞു.24ബാലന്റെ അപ്പൻ ഉടനെ നിലവിളിച്ചു: “കർത്താവേ, ഞാൻ വിശ്വസിക്കുന്നു; എന്റെ അവിശ്വാസത്തെ പരിഹരിക്കണമേ” എന്നു പറഞ്ഞു.25പുരുഷാരം ഓടിക്കൂടുന്നതു കണ്ടിട്ട് യേശു അശുദ്ധാത്മാവിനെ ശാസിച്ചു: “ഊമനും ചെകിടനുമായ ആത്മാവേ, ഇവനെ വിട്ടു പോ; ഇനി അവനിൽ കടക്കരുത് എന്നു ഞാൻ നിന്നോട് കല്പിക്കുന്നു” എന്നു പറഞ്ഞു.
26അപ്പോൾ അത് നിലവിളിച്ച് അവനെ വളരെ ഇഴച്ചു പുറപ്പെട്ടുപോയി. ‘മരിച്ചുപോയി’ എന്നു പലരും പറവാൻ തക്കവണ്ണം അവൻ മരിച്ചപോലെ ആയി.27യേശു അവനെ കൈയ്ക്ക് പിടിച്ച് നിവർത്തി, അവൻ എഴുന്നേറ്റ് നിന്നു.
28യേശു വീട്ടിൽ വന്നശേഷം ശിഷ്യന്മാർ സ്വകാര്യമായി അവനോട്: “ഞങ്ങൾക്കു അതിനെ പുറത്താക്കുവാൻ കഴിയാഞ്ഞത് എന്ത്?” എന്നു ചോദിച്ചു.29“പ്രാർത്ഥനയാൽ അല്ലാതെ ഈ ജാതി ഒന്നിനാലും പുറപ്പെട്ടുപോകയില്ല” എന്നു അവൻ പറഞ്ഞു.

30അവർ അവിടെ നിന്നു പുറപ്പെട്ടു ഗലീലയിൽ കൂടി സഞ്ചരിച്ചു; അവർ എവിടെയാണെന്ന് ആരും അറിയരുതെന്ന് അവൻ ഇച്ഛിച്ചു.31കാരണം അവൻ തന്റെ ശിഷ്യന്മാരെ പഠിപ്പിക്കുകയായിരുന്നു. അവൻ അവരോട്: “മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടും; അവർ അവനെ കൊല്ലും; കൊന്നിട്ട് മൂന്നു നാൾ കഴിഞ്ഞ ശേഷം അവൻ ഉയിർത്തെഴുന്നേല്ക്കും” എന്നു പറഞ്ഞു.32ആ വാക്കുകൾ അവർ ഗ്രഹിച്ചില്ല; അവനോട് ചോദിപ്പാനോ ഭയപ്പെട്ടു.
വലിയവൻ ആകുവാൻ ആഗ്രഹിക്കുന്നവൻ.

33അവൻ കഫർന്നഹൂമിൽ വന്നു വീട്ടിൽ ഇരിക്കുമ്പോൾ: “നിങ്ങൾ വഴിയിൽവെച്ചു തമ്മിൽ വാദിച്ചതെന്ത്?” എന്നു ശിഷ്യന്മാരോട് ചോദിച്ചു.34അവരോ തങ്ങളുടെ ഇടയിൽ വലിയവൻ ആർ എന്നു വഴിയിൽവെച്ചു വാദിച്ചിരുന്നതുകൊണ്ടു മിണ്ടാതിരുന്നു.35അവൻ ഇരുന്നിട്ട് പന്തിരുവരെയും ഒരുമിച്ചുവിളിച്ചു: “ഒരുവൻ മുമ്പൻ ആകുവാൻ ഇച്ഛിച്ചാൽ അവൻ എല്ലാവരിലും ഒടുവിലത്തവനും എല്ലാവർക്കും ശുശ്രൂഷകനും ആകണം” എന്നു പറഞ്ഞു.
36അവൻ ഒരു ശിശുവിനെ എടുത്തു അവരുടെ നടുവിൽ നിർത്തി. ആ ശിശുവിനെ തന്റെ കരങ്ങളിൽ എടുത്തുംകൊണ്ട് അവരോട്:37“ഇങ്ങനെയുള്ള ശിശുക്കളിൽ ഒന്നിനെ എന്റെ നാമത്തിൽ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവനോ എന്നെയല്ല എന്നെ അയച്ചവനെ സ്വീകരിക്കുന്നു” എന്നു പറഞ്ഞു.
ഇടർച്ച വരുത്താതിരിക്കുക.

38യോഹന്നാൻ അവനോട്: “ഗുരോ, ഒരുവൻ നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നത് ഞങ്ങൾ കണ്ട്; അവൻ നമ്മെ അനുഗമിക്കായ്കയാൽ ഞങ്ങൾ അവനെ വിരോധിച്ചു” എന്നു പറഞ്ഞു.39അതിന് യേശു പറഞ്ഞത്: “അവനെ വിരോധിക്കരുത്; എന്റെ നാമത്തിൽ ഒരു വീര്യപ്രവൃത്തി ചെയ്തിട്ട് വേഗത്തിൽ എന്നെ ദുഷിച്ചുപറവാൻ കഴിയുന്നവൻ ആരും ഇല്ല.
40നമുക്കു പ്രതികൂലമല്ലാത്തവൻ നമുക്കുള്ളവനല്ലോ.41നിങ്ങൾ ക്രിസ്തുവിനുള്ളവരാകകൊണ്ട് ആരെങ്കിലും ഒരു പാനപാത്രം വെള്ളം നിങ്ങൾക്ക് കുടിക്കുവാൻ തന്നാൽ അവന് പ്രതിഫലം കിട്ടാതിരിക്കുകയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
42എങ്കൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുവന് ഇടർച്ചവരുത്തുന്നവന്റെ കഴുത്തിൽ വലിയൊരു തിരികല്ല് കെട്ടി അവനെ കടലിൽ ഇട്ടുകളയുന്നത് അവന് ഏറെ നല്ലത്.43നിന്റെ കൈ നിനക്ക് ഇടർച്ച വരുത്തിയാൽ അതിനെ വെട്ടിക്കളക:44അംഗവൈകല്യമുള്ളവനായി ജീവനിൽ കടക്കുന്നത് രണ്ടു കയ്യുമുള്ളവൻ ആയി കെടാത്ത തീയായ നരകത്തിൽ പോകുന്നതിനേക്കാൾ നിനക്ക് നല്ലത്.
45നിന്റെ കാൽ നിനക്ക് ഇടർച്ച വരുത്തിയാൽ അതിനെ വെട്ടിക്കളക:46മുടന്തനായി ജീവനിൽ കടക്കുന്നത് രണ്ടു കാലുമുള്ളവൻ ആയി നരകത്തിൽ എറിയപ്പെടുന്നതിനേക്കാൾ നിനക്ക് നല്ലത്.
47നിന്റെ കണ്ണ് നിനക്ക് ഇടർച്ച വരുത്തിയാൽ അതിനെ ചൂഴ്ന്നുകളയുക;48രണ്ടുകണ്ണുള്ളവനായി ചാകാത്ത പുഴുവും കെടാത്ത തീയുമുള്ള അഗ്നിനരകത്തിൽ എറിയപ്പെടുന്നതിനേക്കാൾ ഒറ്റക്കണ്ണനായി ദൈവരാജ്യത്തിൽ കടക്കുന്നത് നിനക്ക് നല്ലത്.
49എല്ലാവരേയും തീകൊണ്ട് ഉപ്പിടും.50ഉപ്പ് നല്ലത് തന്നെ; ഉപ്പ് കാരമില്ലാതെ പോയാലോ എന്തൊന്നിനാൽ അതിന് വീണ്ടും രസം വരുത്തും? നിങ്ങളിൽതന്നെ ഉപ്പുള്ളവരും അന്യോന്യം സമാധാനമുള്ളവരും ആയിരിപ്പിൻ.”

10
വിവാഹമോചനത്തെകുറിച്ച്.

1യേശു അവിടെനിന്ന് പുറപ്പെട്ടു യോർദ്ദാനക്കരെ യെഹൂദ്യദേശത്തിന്റെ അതിരോളം ചെന്ന്; പുരുഷാരം പിന്നെയും അവന്റെ അടുക്കൽ വന്നു കൂടി, പതിവുപോലെ അവൻ അവരെ വീണ്ടും ഉപദേശിച്ചു.2അപ്പോൾ പരീശന്മാർ അടുക്കെ വന്നു: “ഭാര്യയെ ഉപേക്ഷിക്കുന്നത് പുരുഷന് നിയമാനുസൃതമോ?” എന്നു അവനെ പരീക്ഷിച്ചുകൊണ്ട് അവനോട് ചോദിച്ചു.3അവൻ അവരോട്: “മോശെ നിങ്ങൾക്ക് എന്ത് കല്പന തന്നു?” എന്നു ചോദിച്ചു.4“ഉപേക്ഷണപത്രം എഴുതിക്കൊടുത്തു അവളെ ഉപേക്ഷിക്കുവാൻ മോശെ അനുവദിച്ചു” എന്നു അവർ പറഞ്ഞു.

5യേശു അവരോട്: “നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രേ അവൻ നിങ്ങൾക്ക് ഈ കല്പന എഴുതിത്തന്നത്.6സൃഷ്ടിയുടെ ആരംഭത്തിങ്കലോ ദൈവം അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.
7അതുകൊണ്ട് പുരുഷൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും;8ഇരുവരും ഒരു ദേഹമായിത്തീരും; അങ്ങനെ അവർ പിന്നെ രണ്ടല്ല ഒരു ദേഹമത്രേ.9ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത്” എന്നു ഉത്തരം പറഞ്ഞു.
10വീട്ടിൽവച്ച് ശിഷ്യന്മാർ പിന്നെയും അതിനെക്കുറിച്ച് അവനോട് ചോദിച്ചു.11അവൻ അവരോട്: “ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ അവൾക്ക് വിരോധമായി വ്യഭിചാരം ചെയ്യുന്നു.12സ്ത്രീയും ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരുത്തനുമായി വിവാഹം കഴിഞ്ഞാൽ വ്യഭിചാരം ചെയ്യുന്നു” എന്നു പറഞ്ഞു.
ദൈവരാജ്യം ശിശുക്കളെപ്പോലെയുള്ളവർക്ക്.

13അവൻ തൊടേണ്ടതിന് ചിലർ തങ്ങളുടെ കുട്ടികളെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാരോ അവരെ ശാസിച്ചു.14യേശു അത് കണ്ടപ്പോൾ കോപത്തോടെ അവരോട്: “ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുത്; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ.
15ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവൻ ആരും ഒരിക്കലും അതിൽ പ്രവേശിക്കയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.16പിന്നെ അവൻ കുട്ടികളെ എടുത്ത് അവരുടെ മേൽ കൈ വെച്ച്, അവരെ അനുഗ്രഹിച്ചു.
സമ്പത്തുള്ളവനും ദൈവരാജ്യവും.

17അവൻ പുറപ്പെട്ടു യാത്രചെയ്യുമ്പോൾ ഒരുവൻ ഓടിവന്നു അവന്റെ മുമ്പിൽ മുട്ടുകുത്തി: “നല്ല ഗുരോ, നിത്യജീവനെ അവകാശം ആക്കുവാൻ ഞാൻ എന്ത് ചെയ്യേണം?” എന്നു അവനോട് ചോദിച്ചു.18അതിന് യേശു: “എന്നെ നല്ലവൻ എന്നു പറയുന്നത് എന്ത്? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല.19കൊലചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ള സാക്ഷ്യം പറയരുത്, ചതിക്കരുത്, നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിയ്ക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ” എന്നു പറഞ്ഞു.
20അവൻ അവനോട്: “ഗുരോ, ഇതു ഒക്കെയും ഞാൻ ചെറുപ്പം മുതൽ പ്രമാണിച്ചുപോരുന്നു” എന്നു പറഞ്ഞു.21യേശു അവനെ നോക്കി അവനെ സ്നേഹിച്ചു: “ഒരു കുറവ് നിനക്കുണ്ട്; നീ പോയി നിനക്കുള്ളത് എല്ലാം വിറ്റ് ദരിദ്രർക്ക് കൊടുക്ക; എന്നാൽ നിനക്ക് സ്വർഗ്ഗത്തിൽ നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക” എന്നു പറഞ്ഞു.22അവൻ വളരെ സമ്പത്തുള്ളവൻ ആകകൊണ്ട് ഈ വചനത്തിങ്കൽ വിഷാദിച്ചു ദുഃഖിതനായി പൊയ്ക്കളഞ്ഞു.

23യേശു ചുറ്റും നോക്കി തന്റെ ശിഷ്യന്മാരോട്: “സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ കടക്കുന്നത് എത്ര പ്രയാസം!” എന്നു പറഞ്ഞു.24അവന്റെ ഈ വാക്കിനാൽ ശിഷ്യന്മാർ വിസ്മയിച്ചു; എന്നാൽ യേശു പിന്നെയും: “മക്കളേ, ദൈവരാജ്യത്തിൽ കടക്കുന്നത് എത്ര പ്രയാസം!25ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനേക്കാൾ ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നത് എളുപ്പം” എന്നു ഉത്തരം പറഞ്ഞു.
26അവർ ഏറ്റവും വിസ്മയിച്ചു: “എന്നാൽ രക്ഷപ്രാപിക്കുവാൻ ആർക്ക് കഴിയും?” എന്നു തമ്മിൽ തമ്മിൽ പറഞ്ഞു.27യേശു അവരെ നോക്കി; “മനുഷ്യരാൽ അസാദ്ധ്യം തന്നേ, ദൈവത്താൽ അല്ലതാനും; ദൈവത്താൽ സകലവും സാദ്ധ്യമല്ലോ” എന്നു പറഞ്ഞു.

28പത്രൊസ് അവനോട്: “ഇതാ, ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
29അതിന് യേശു: “എന്റെ നിമിത്തവും സുവിശേഷം നിമിത്തവും വീടോ സഹോദരന്മാരെയോ സഹോദരികളെയോ അമ്മയെയോ അപ്പനെയോ മക്കളെയോ നിലങ്ങളെയോ വിട്ടാൽ,30ഈ ലോകത്തിൽ തന്നേ, ഉപദ്രവങ്ങളോടുംകൂടെ, നൂറു മടങ്ങ് വീടുകളെയും സഹോദരന്മാരെയും സഹോദരികളെയും അമ്മമാരെയും മക്കളെയും നിലങ്ങളെയും വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കാത്തവൻ ആരുമില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.31എങ്കിലും മുമ്പന്മാർ പലരും പിമ്പന്മാരും പിമ്പന്മാർ മുമ്പന്മാരും ആകും” എന്നു ഉത്തരം പറഞ്ഞു.
യേശു വീണ്ടും തന്റെ പുനരുത്ഥാനത്തെ കുറിച്ച് പ്രസ്താവിക്കുന്നു.

32അവർ യെരൂശലേമിലേക്കുള്ള വഴിയിലൂടെ യാത്രചെയ്യുകയായിരുന്നു; യേശു അവർക്ക് മുമ്പായി നടന്നു; ശിഷ്യന്മാർ വിസ്മയിച്ചു; അനുഗമിക്കുന്നവരോ ഭയപ്പെട്ടു. അവൻ വീണ്ടും പന്ത്രണ്ടുപേരെയും കൂട്ടിക്കൊണ്ട് അവരോട്:33“ഇതാ, നാം യെരൂശലേമിലേക്കു പോകുന്നു; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതന്മാരുടെയും ശാസ്ത്രിമാരുടെയും കയ്യിൽ ഏല്പിക്കപ്പെടും; അവർ അവനെ മരണത്തിനു വിധിച്ചു ജാതികൾക്ക് ഏല്പിക്കും.34അവർ അവനെ പരിഹസിക്കുകയും തുപ്പുകയും തല്ലുകയും കൊല്ലുകയും ചെയ്യും. എന്നാൽ മൂന്നു നാൾ കഴിഞ്ഞിട്ട് അവൻ ഉയിർത്തെഴുന്നേല്ക്കും” എന്നിങ്ങനെ തനിക്കു വേഗത്തിൽ സംഭവിക്കാനുള്ളത് പറഞ്ഞു തുടങ്ങി.
സെബെദിമക്കളുടെ അഭ്യർത്ഥന.

35സെബെദിയുടെ മക്കളായ യാക്കോബും യോഹന്നാനും അവന്റെ അടുക്കൽ വന്നു അവനോട്: “ഗുരോ, ഞങ്ങൾ നിന്നോട് യാചിക്കുവാൻ പോകുന്നത് ഞങ്ങൾക്കു ചെയ്തുതരുവാൻ അപേക്ഷിക്കുന്നു എന്നു പറഞ്ഞു.36അവൻ അവരോട്: ഞാൻ നിങ്ങൾക്ക് എന്ത് ചെയ്തുതരുവാൻ നിങ്ങൾ ആഗ്രഹിക്കുന്നു?” എന്നു ചോദിച്ചു.37“നിന്റെ മഹത്വത്തിൽ ഞങ്ങളിൽ ഒരുവൻ നിന്റെ വലത്തും ഒരുവൻ ഇടത്തും ഇരിക്കുവാൻ വരം നല്കേണം” എന്നു അവർ പറഞ്ഞു.
38യേശു അവരോട്: “നിങ്ങൾ ആവശ്യപ്പെടുന്നത് എന്താണെന്ന് നിങ്ങൾ അറിയുന്നില്ല; ഞാൻ കുടിക്കുന്ന പാനപാത്രം കുടിക്കുവാനും ഞാൻ ഏല്ക്കുന്ന സ്നാനം ഏൽക്കുവാനും നിങ്ങൾക്ക് കഴിയുമോ?” എന്നു ചോദിച്ചതിന് “കഴിയും” എന്നു അവർ പറഞ്ഞു.39യേശു അവരോട്: “ഞാൻ കുടിക്കുന്ന പാനപാത്രം നിങ്ങൾ കുടിക്കുകയും ഞാൻ ഏല്ക്കുന്ന സ്നാനം നിങ്ങൾ ഏല്ക്കുകയും ചെയ്യും.40എന്നാൽ എന്റെ വലത്തും ഇടത്തും ഇരിക്കുവാൻ വരം നല്കുന്നതോ എന്റേതല്ല; ആർക്ക് ഒരുക്കിയിരിക്കുന്നുവോ അവർക്ക് കിട്ടും” എന്നു പറഞ്ഞു.
41അത് ശേഷം പത്തു ശിഷ്യന്മാരും കേട്ടിട്ട്, അവർക്ക് യാക്കോബിനോടും യോഹന്നാനോടും അമർഷം തോന്നിത്തുടങ്ങി.42യേശു അവരെ അടുക്കെ വിളിച്ചു അവരോട്: “ജാതികളുടെ അധിപതികളായവർ അവരുടെമേൽ കർത്തൃത്വം ചെയ്യുന്നുവെന്നും; അവരുടെ പ്രമാണികൾ അവരുടെ മേൽ അധികാരം നടത്തുന്നു എന്നും നിങ്ങൾ അറിയുന്നുവല്ലോ.
43എന്നാൽ നിങ്ങളുടെ ഇടയിൽ അങ്ങനെ അരുത്; നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകണം;44നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാവർക്കും ദാസനാകേണം.45മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകർക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുക്കുവാനും അത്രേ വന്നത്” എന്നു പറഞ്ഞു.
ബർത്തിമായിയ്ക്ക് കാഴ്ച ലഭിക്കുന്നു.

46അവർ യെരീഹോവിൽ എത്തി; പിന്നെ അവൻ ശിഷ്യന്മാരോടും വലിയ പുരുഷാരത്തോടും കൂടെ യെരീഹോവിൽ നിന്നു പുറപ്പെടുമ്പോൾ തിമായിയുടെ മകനായ ബർത്തിമായി എന്ന കുരുടനായ ഒരു ഭിക്ഷക്കാരൻ വഴിയരികെ ഇരുന്നിരുന്നു.47നസറായനായ യേശു ആ വഴി വരുന്നു എന്നു കേട്ടിട്ട് അവൻ: “ദാവീദുപുത്രാ, യേശുവേ, എന്നോട് കരുണ തോന്നേണമേ” എന്നു നിലവിളിച്ചു തുടങ്ങി.48മിണ്ടാതിരിക്കുവാൻ പലരും അവനെ ശാസിച്ചിട്ടും: “ദാവീദുപുത്രാ, എന്നോട് കരുണ തോന്നേണമേ” എന്നു അവൻ ഏറ്റവും അധികം നിലവിളിച്ചു പറഞ്ഞു.
49അപ്പോൾ യേശു നിന്നു: “അവനെ വിളിപ്പിൻ” എന്നു പറഞ്ഞു. “ധൈര്യപ്പെടുക, എഴുന്നേല്ക്ക, അവൻ നിന്നെ വിളിക്കുന്നു” എന്നു പറഞ്ഞ് അവർ കുരുടനെ വിളിച്ചു.50അവൻ തന്റെ പുതപ്പ് എറിഞ്ഞുകളഞ്ഞു ചാടിയെഴുന്നേറ്റ് യേശുവിന്റെ അടുക്കൽ വന്നു.
51യേശു അവനോട്: “ഞാൻ നിനക്ക് എന്ത് ചെയ്തുതരേണമെന്ന് നീ ഇച്ഛിക്കുന്നു?” എന്നു ചോദിച്ചതിന്: “റബ്ബൂനി, എനിക്ക് കാഴ്ച പ്രാപിക്കണം” എന്നു കുരുടൻ അവനോട് പറഞ്ഞു.52യേശു അവനോട്: “പോക; നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു” എന്നു പറഞ്ഞു. ഉടനെ അവൻ കാഴ്ച പ്രാപിച്ചു യാത്രയിൽ അവനെ അനുഗമിച്ചു.

11
യേശുവിന്റെ യെരൂശലേമിലേക്കുള്ള രാജകീയ പ്രവേശനം.

1അവർ യെരൂശലേമിനോട് അടുത്ത്, ഒലിവുമലയരികെ ബേത്ത്ഫാഗയോടു ബേഥാന്യയോടും സമീപിച്ചപ്പോൾ അവൻ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ച് അവരോട്:2“നിങ്ങൾക്ക് എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അതിൽ കടന്നാൽ ഉടനെ ആരും ഒരിക്കലും സവാരി ചെയ്തിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നത് കാണും; അതിനെ അഴിച്ച് കൊണ്ടുവരുവിൻ.3“ഇതു ചെയ്യുന്നതു എന്ത്?” എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ “കർത്താവിന് ഇതിനെക്കൊണ്ട് ആവശ്യം ഉണ്ട്” എന്നു പറവിൻ; ക്ഷണത്തിൽ അതിനെ ഇങ്ങോട്ട് അയയ്ക്കും” എന്നു പറഞ്ഞു.

4അവർ പോയി തെരുവിൽ പുറത്തു വാതിൽക്കൽ കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നത് കണ്ട് അതിനെ അഴിച്ച്.5അവിടെ നിന്നവരിൽ ചിലർ അവരോട്: “നിങ്ങൾ കഴുതക്കുട്ടിയെ അഴിക്കുന്നത് എന്ത്?” എന്നു ചോദിച്ചു.6യേശു കല്പിച്ചതുപോലെ അവർ അവരോട് പറഞ്ഞു; അവർ അവരെ വിട്ടയച്ചു.
7അവർ കഴുതക്കുട്ടിയെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രങ്ങൾ അതിന്മേൽ ഇട്ട്; അങ്ങനെ അവൻ അതിന്മേൽ കയറി ഇരുന്നു.8അനേകർ തങ്ങളുടെ വസ്ത്രങ്ങൾ വഴിയിൽ വിരിച്ചു; മറ്റു ചിലർ പറമ്പുകളിൽ നിന്നു ചില്ലിക്കൊമ്പ് വെട്ടി വഴിയിൽ വിതറി.9മുമ്പും പിമ്പും നടക്കുന്നവർ: “ഹോശന്നാ, കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ;10നമ്മുടെ പിതാവായ ദാവീദിന്റെ വരുന്നതായ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ; അത്യുന്നതങ്ങളിൽ ഹോശന്നാ” എന്നു ആർത്തുകൊണ്ടിരുന്നു.

11അവൻ യെരൂശലേമിൽ ദൈവാലയത്തിലേക്ക് ചെന്ന് സകലവും ചുറ്റും നോക്കിയ ശേഷം നേരം വൈകിയതുകൊണ്ട് പന്തിരുവരോടും കൂടെ ബേഥാന്യയിലേക്കു പോയി.
അത്തിവൃക്ഷത്തെ ശപിക്കുന്നു.

12പിറ്റെന്നാൾ അവർ ബേഥാന്യ വിട്ടു പോരുമ്പോൾ അവന് വിശന്നു;
13അവൻ ഇലയുള്ളൊരു അത്തിവൃക്ഷം ദൂരത്തുനിന്ന് കണ്ട്, അതിൽ ഫലം വല്ലതും കണ്ടുകിട്ടുമോ എന്നു വെച്ച് ചെന്ന്, അതിനരികെ എത്തിയപ്പോൾ ഇല അല്ലാതെ ഒന്നും കണ്ടില്ല; അത് അത്തിപ്പഴത്തിന്റെ കാലം ആയിരുന്നില്ല.14അവൻ അതിനോട്; “ഇനി നിങ്കൽനിന്ന് ആരും ഒരിക്കലും ഫലം തിന്നാതിരിക്കട്ടെ” എന്നു പറഞ്ഞു; അത് ശിഷ്യന്മാർ കേട്ട്.
ദൈവാലയത്തെ ശുദ്ധീകരിക്കുന്നു.-

15അവർ യെരൂശലേമിൽ എത്തിയപ്പോൾ അവൻ ദൈവാലയത്തിൽ കടന്നു, ദൈവാലയത്തിൽ വില്ക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കിത്തുടങ്ങി; നാണയമാറ്റക്കാരുടെ മേശകളെയും പ്രാക്കളെ വില്ക്കുന്നവരുടെ ഇരിപ്പിടങ്ങളെയും മറിച്ചിട്ടു കളഞ്ഞു;16ആരും ദൈവാലയത്തിൽകൂടി വില്പനയ്ക്കുള്ള ഒരു വസ്തുവും കൊണ്ടുപോകുവാൻ സമ്മതിച്ചില്ല.
17പിന്നെ അവരെ ഉപദേശിച്ചു: “എന്റെ ആലയം സകല ജാതികൾക്കും പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നില്ലയോ? നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീർത്തു” എന്നു പറഞ്ഞു.18അത് കേട്ടിട്ട് മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ കൊല്ലുവാനായി അവസരം അന്വേഷിച്ചു. പുരുഷാരം എല്ലാം അവന്റെ ഉപദേശത്തിൽ അതിശയിക്കുകയാൽ അവർ അവനെ ഭയപ്പെട്ടിരുന്നു.

19സന്ധ്യയാകുമ്പോൾ അവൻ നഗരം വിട്ടു പോകും.
സംശയിക്കാതെ വിശ്വസിക്കുക.

20രാവിലെ അവർ കടന്നുപോരുമ്പോൾ അത്തിവൃക്ഷം വേരോടെ ഉണങ്ങിപ്പോയത് കണ്ട്.21അപ്പോൾ പത്രൊസിന് ഓർമ്മ വന്നു: “റബ്ബീ, നോക്കൂ, നീ ശപിച്ച അത്തി ഉണങ്ങിപ്പോയി” എന്നു അവനോട് പറഞ്ഞു.
22യേശു അവരോട് ഉത്തരം പറഞ്ഞത്: “ദൈവത്തിൽ വിശ്വാസമുള്ളവർ ആയിരിപ്പിൻ.23ആരെങ്കിലും തന്റെ ഹൃദയത്തിൽ സംശയിക്കാതെ താൻ പറയുന്നത് സംഭവിക്കും എന്നു വിശ്വസിച്ചുകൊണ്ട് ഈ മലയോട്: ദൈവം നിന്നെയെടുത്ത് കടലിൽ എറിയട്ടെ എന്നു പറഞ്ഞാൽ അവൻ പറഞ്ഞതുപോലെ സംഭവിക്കും, ദൈവം അങ്ങനെതന്നെ ചെയ്യും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
24അതുകൊണ്ട് നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ യാചിക്കുന്നതൊക്കെയും ലഭിച്ചു എന്നു വിശ്വസിപ്പിൻ; എന്നാൽ അത് നിങ്ങൾക്ക് ഉണ്ടാകും” എന്നു ഞാൻ നിങ്ങളോടു പറയുന്നു.25നിങ്ങൾ പ്രാർത്ഥിക്കുവാൻ നില്ക്കുമ്പോൾ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളുടെ ലംഘനങ്ങളെയും ക്ഷമിക്കേണ്ടതിന് നിങ്ങൾക്ക് ആരോടെങ്കിലും വിരോധമായി വല്ലതും ഉണ്ടെങ്കിൽ അവനോട് ക്ഷമിപ്പിൻ.26നിങ്ങൾ ക്ഷമിക്കാഞ്ഞാലോ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളുടെ ലംഘനങ്ങളെയും ക്ഷമിക്കയില്ല.
യേശുവിന്റെ അധികാരം ചോദ്യംചെയ്യപ്പെടുന്നു.

27അവർ പിന്നെയും യെരൂശലേമിൽ ചെന്ന്. അവൻ ദൈവാലയത്തിൽ നടക്കുമ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും അവന്റെ അടുക്കൽ വന്നു;28“നീ എന്ത് അധികാരംകൊണ്ട് ഇതു ചെയ്യുന്നു” എന്നും “ഇതു ചെയ്‌വാനുള്ള അധികാരം നിനക്ക് തന്നതു ആർ?” എന്നും അവനോട് ചോദിച്ചു.
29യേശു അവരോട്: “ഞാൻ നിങ്ങളോടു ഒരു വാക്ക് ചോദിക്കും; അതിന് ഉത്തരം പറവിൻ; എന്നാൽ ഇന്ന അധികാരംകൊണ്ട് ഇതു ചെയ്യുന്നു എന്നു ഞാനും നിങ്ങളോടു പറയും.30യോഹന്നാന്റെ സ്നാനം സ്വർഗ്ഗത്തിൽ നിന്നോ മനുഷ്യരിൽനിന്നോ ഉണ്ടായത്? എന്നോട് ഉത്തരം പറവിൻ” എന്നു പറഞ്ഞു.
31അവർ തമ്മിൽ ചർച്ചചെയ്തു: “സ്വർഗ്ഗത്തിൽ നിന്നു എന്നു നമ്മൾ പറഞ്ഞാൽ, പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞത് എന്ത് എന്നു അവൻ പറയും.32മനുഷ്യരിൽ നിന്നു എന്നു പറഞ്ഞാലോ” —എല്ലാവരും യോഹന്നാനെ സാക്ഷാൽ പ്രവാചകൻ എന്നു എണ്ണുകകൊണ്ട് അവർ ജനത്തെ ഭയപ്പെട്ടു.33അങ്ങനെ അവർ യേശുവിനോടു: “ഞങ്ങൾക്കു അറിഞ്ഞുകൂടാ” എന്നു ഉത്തരം പറഞ്ഞു. “എന്നാൽ ഞാനും ഇതു ഇന്ന അധികാരംകൊണ്ട് ചെയ്യുന്നു എന്നു നിങ്ങളോടു പറയുന്നില്ല” എന്നു യേശു അവരോട് പറഞ്ഞു.

12
മുന്തിരിത്തോട്ടത്തിന്റെ ഉപമ.

1പിന്നെ അവൻ ഉപമകളാൽ അവരോട് പറഞ്ഞുതുടങ്ങിയത്: ഒരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി ചുറ്റും വേലികെട്ടി മുന്തിരിച്ചക്കും കുഴിച്ചുനാട്ടി ഗോപുരവും പണിതു അത് പാട്ടത്തിന് കൃഷിക്കാരെ ഏല്പിച്ചിട്ട് ദൂരദേശത്തേക്ക് പോയി.2കാലം ആയപ്പോൾ മുന്തിരിത്തോട്ടത്തിന്റെ ഫലത്തിൽനിന്ന് ചിലത് കൊണ്ടുവരേണ്ടതിന് അവൻ ഒരു ദാസനെ ആ കൃഷിക്കാരുടെ അടുക്കൽ പറഞ്ഞയച്ചു.3അവർ അവനെ പിടിച്ച് തല്ലി വെറുതെ അയച്ചുകളഞ്ഞു.

4പിന്നെ മറ്റൊരു ദാസനെ അവരുടെ അടുക്കൽ പറഞ്ഞയച്ചു; അവനെ അവർ തലയിൽ മുറിവേല്പിക്കയും അപമാനിക്കുകയും ചെയ്തു.5അവൻ മറ്റൊരുവനെ പറഞ്ഞയച്ചു; അവനെ അവർ കൊന്നു; മറ്റു പലരെയും അവർ അതുപോലെതന്നെ, ചിലരെ അടിക്കുകയും ചിലരെ കൊല്ലുകയും ചെയ്തു.
6അവന് ഇനി ഒരുവൻ, ഒരു പ്രിയമകൻ, ഉണ്ടായിരുന്നു. “എന്റെ മകനെ അവർ ആദരിക്കും” എന്നു പറഞ്ഞു ഒടുക്കം അവനെ അവരുടെ അടുക്കൽ പറഞ്ഞയച്ചു.7ആ പാട്ടക്കൃഷിക്കാരോ: “ഇവൻ അവകാശി ആകുന്നു; വരുവിൻ; നാം ഇവനെ കൊല്ലുക; എന്നാൽ അവകാശം നമുക്കാകും” എന്നു തമ്മിൽ പറഞ്ഞു.
8അവർ അവനെ പിടിച്ച് കൊന്നു തോട്ടത്തിൽ നിന്നു എറിഞ്ഞുകളഞ്ഞു.9എന്നാൽ തോട്ടത്തിന്റെ ഉടയവൻ എന്ത് ചെയ്യും? അവൻ വന്നു ആ പാട്ടക്കൃഷിക്കാരെ നിഗ്രഹിച്ച് തോട്ടം മറ്റുള്ളവരെ ഏല്പിക്കും.
10“വീട് പണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായിത്തീർന്നിരിക്കുന്നു.11ഇതു കർത്താവിനാൽ സംഭവിച്ചു, നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യവുമായിരിക്കുന്നു”
എന്ന തിരുവെഴുത്ത് നിങ്ങൾ വായിച്ചിട്ടില്ലയോ?
12ഈ ഉപമ തങ്ങളെക്കുറിച്ച് ആകുന്നു പറഞ്ഞത് എന്നു ഗ്രഹിച്ചിട്ട് അവർ അവനെ പിടിപ്പാൻ അന്വേഷിച്ചു; എന്നാൽ പുരുഷാരത്തെ ഭയപ്പെട്ടു അവനെ വിട്ടുപോയി.
കൈസർക്കുള്ള നികുതി.

13അനന്തരം അവനെ വാക്കിൽ കുടുക്കുവാൻ വേണ്ടി അവർ പരീശന്മാരിലും ഹെരോദ്യരിലും ചിലരെ അവന്റെ അടുക്കൽ അയച്ചു.14അവർ വന്നു: “ഗുരോ, നീ മനുഷ്യരുടെ മുഖം നോക്കാതെ ദൈവത്തിന്റെ വഴി നേരായി പഠിപ്പിക്കുന്നതുകൊണ്ട് നീ സത്യവാനും ആരെയും ഗണ്യമാക്കാത്തവനും എന്നു ഞങ്ങൾ അറിയുന്നു; കൈസർക്ക് കരം കൊടുക്കുന്നത് വിഹിതമോ അല്ലയോ? ഞങ്ങൾ കൊടുക്കുകയോ കൊടുക്കാതിരിക്കയോ വേണ്ടത്?” എന്നു അവനോട് ചോദിച്ചു.15അവൻ അവരുടെ കപടം അറിഞ്ഞ്: “നിങ്ങൾ എന്നെ പരീക്ഷിക്കുന്നത് എന്ത്? ഒരു വെള്ളിക്കാശ് കൊണ്ടുവരുവിൻ; ഞാൻ കാണട്ടെ” എന്നു പറഞ്ഞു.
16അവർ അത് കൊണ്ടുവന്നു. അവൻ “ഈ സ്വരൂപവും മേലെഴുത്തും ആരുടേത്?” എന്നു അവരോട് ചോദിച്ചതിന്: “കൈസരുടേത്” എന്നു അവർ പറഞ്ഞു.17യേശു അവരോട്: “കൈസർക്കുള്ളത് കൈസർക്കും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുവിൻ” എന്നു പറഞ്ഞു; അവർ അവങ്കൽ വളരെ ആശ്ചര്യപ്പെട്ടു.
പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദം.

18പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യർ അവന്റെ അടുക്കൽ വന്നു ചോദിച്ചതെന്തെന്നാൽ:19“ഗുരോ, ഒരുവന്റെ സഹോദരൻ മക്കളില്ലാതെ മരിച്ചു ഭാര്യ ശേഷിച്ചാൽ ആ ഭാര്യയെ അവന്റെ സഹോദരൻ പരിഗ്രഹിച്ച് തന്റെ സഹോദരനുവേണ്ടി സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ എഴുതിയിരിക്കുന്നു.
20എന്നാൽ ഏഴ് സഹോദരന്മാർ ഉണ്ടായിരുന്നു; അവരിൽ മൂത്തവൻ ഒരു സ്ത്രീയെ വിവാഹം കഴിച്ച് സന്തതിയില്ലാതെ മരിച്ചു പോയി.21രണ്ടാമത്തവൻ അവളെ പരിഗ്രഹിച്ച് സന്തതിയില്ലാതെ മരിച്ചു; മൂന്നാമത്തവനും അങ്ങനെ തന്നെ.22ഏഴ് പേരും സന്തതിയില്ലാതെ മരിച്ചു; എല്ലാവർക്കും ഒടുവിൽ സ്ത്രീയും മരിച്ചു.23പുനരുത്ഥാനത്തിൽ അവർ ഉയിർത്തെഴുന്നേല്ക്കുമ്പോൾ അവൾ അവരിൽ ആർക്ക് ഭാര്യയാകും? ഏഴ് പേർക്കും ഭാര്യ ആയിരുന്നുവല്ലോ?”
24യേശു അവരോട് പറഞ്ഞത്: “നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടല്ലയോ തെറ്റിപ്പോകുന്നത്?25മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്ക്കുമ്പോൾ വിവാഹം കഴിക്കുകയില്ല, വിവാഹത്തിന് കൊടുക്കപ്പെടുകയുമില്ല; അവർ സ്വർഗ്ഗത്തിലെ ദൂതന്മാരെപ്പോലെ ആകും.
26എന്നാൽ മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നതിനെക്കുറിച്ച് മോശെയുടെ പുസ്തകത്തിൽ മുൾപ്പടർപ്പുഭാഗത്ത് ദൈവം അവനോട്: ‘ഞാൻ അബ്രഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും’ എന്നു അരുളിച്ചെയ്തപ്രകാരം വായിച്ചിട്ടില്ലയോ?27അവൻ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; നിങ്ങൾ വളരെ തെറ്റിപ്പോകുന്നു.”
പ്രധാന കല്പനകൾ

28ശാസ്ത്രിമാരിൽ ഒരുവൻ അടുത്തുവന്ന് അവർ തമ്മിൽ തർക്കിക്കുന്നത് കേട്ട്: യേശു അവരോട് നല്ലവണ്ണം ഉത്തരം പറഞ്ഞത് കണ്ട് ബോധിച്ചിട്ട്: “എല്ലാറ്റിലും മുഖ്യകല്പന ഏത്?” എന്നു അവനോട് ചോദിച്ചു. അതിന് യേശു:29“എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്കുക; നമ്മുടെ ദൈവമായ കർത്താവ് ഏകകർത്താവ്.30നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം” എന്നു ആകുന്നു.31രണ്ടാമത്തേതോ: “നിന്റെ അയൽക്കാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്നത്രേ; ഇവയിൽ വലുതായിട്ട് മറ്റൊരു കല്പനയും ഇല്ല” എന്നു ഉത്തരം പറഞ്ഞു.
32ശാസ്ത്രി അവനോട്: “നല്ലത്, ഗുരോ, നീ പറഞ്ഞത് സത്യം തന്നേ; ദൈവം ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.33അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടുംകൂടെ സ്നേഹിക്കുന്നതും തന്നെപ്പോലെ കൂട്ടുകാരനെ സ്നേഹിക്കുന്നതും സകല സർവ്വാംഗഹോമങ്ങളെക്കാളും യാഗങ്ങളേക്കാളും സാരമേറിയത് തന്നേ” എന്നു പറഞ്ഞു.34അവൻ ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ട്: “നീ ദൈവരാജ്യത്തോട് അകന്നവനല്ല” എന്നു പറഞ്ഞു. അതിന്റെ ശേഷം അവനോട് ആരും ഒന്നും ചോദിപ്പാൻ തുനിഞ്ഞില്ല.
ക്രിസ്തു ദാവീദിന്റെ പുത്രനാകുന്നതെങ്ങനെ?

35യേശു ദൈവാലയത്തിൽ ഉപദേശിച്ചുകൊണ്ട് പറഞ്ഞുതുടങ്ങിയത്: “ക്രിസ്തു ദാവീദിന്റെ പുത്രൻ എന്നു ശാസ്ത്രിമാർ പറയുന്നത് എങ്ങനെ?
36“കർത്താവ് എന്റെ കർത്താവിനോട്: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം എന്റെ വലത്തുഭാഗത്തിരിക്ക എന്നു അരുളിച്ചെയ്തു”
എന്നു ദാവീദ് താൻ പരിശുദ്ധാത്മാവിലായി പറയുന്നു.
37ദാവീദ് തന്നേ ക്രിസ്തുവിനെ കർത്താവ് എന്നു പറയുന്നുവല്ലോ; പിന്നെ അവന്റെ പുത്രൻ ആകുന്നത് എങ്ങനെ?” വലിയ പുരുഷാരം അവന്റെ വാക്ക് സന്തോഷത്തോടെ കേട്ടുപോന്നു.
ശാസ്ത്രിമാരെ സൂക്ഷിച്ചുകൊള്ളുവിൻ.

38അവൻ തന്റെ ഉപദേശത്തിൽ അവരോട്: “നീണ്ട അങ്കികളോടെ നടക്കുന്നതും അങ്ങാടിയിൽ39വന്ദനവും പള്ളിയിൽ മുഖ്യാസനവും അത്താഴത്തിൽ പ്രധാനസ്ഥലവും ഇച്ഛിക്കുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊള്ളുവിൻ.40അവർ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും മനുഷ്യർ കാണേണ്ടതിന് നീണ്ട പ്രാർത്ഥന കഴിക്കുകയും ചെയ്യുന്നു; അവർക്ക് ഏറ്റവും വലിയ ശിക്ഷാവിധി വരും” എന്നു പറഞ്ഞു.
വിധവയുടെ നാണയം.

41പിന്നെ യേശു ദൈവാലയത്തിലെ ശ്രീഭണ്ഡാരത്തിന് നേരെ ഇരിക്കുമ്പോൾ പുരുഷാരം ഭണ്ഡാരത്തിൽ പണം ഇടുന്നത് നോക്കിക്കൊണ്ടിരുന്നു; ധനവാന്മാർ പലരും വളരെയധികം ഇട്ട്.42അപ്പോൾ ദരിദ്രയായ ഒരു വിധവ വന്നു ഒരു പൈസയ്ക്ക് തുല്യമായ രണ്ടു കാശ് ഇട്ട്.
43അവൻ ശിഷ്യന്മാരെ അടുക്കൽ വിളിച്ചു: “ഭണ്ഡാരത്തിൽ ഇട്ട എല്ലാവരേക്കാളും ഈ ദരിദ്രയായ വിധവ അധികം ഇട്ടിരിക്കുന്നു എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.44എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ നിന്നു ഇട്ട്; ഇവളോ തന്റെ ഇല്ലായ്മയിൽ നിന്നു, തനിക്കുള്ളതെല്ലാം തന്റെ ഉപജീവനത്തിനുള്ളത് മുഴുവനും ഇട്ട്” എന്നു അവരോട് പറഞ്ഞു.

13
ദൈവാലയം തകർക്കപ്പെടുമെന്ന് പ്രവചിക്കുന്നു.

1യേശു ദൈവാലയത്തെ വിട്ടു പോകുമ്പോൾ ശിഷ്യന്മാരിൽ ഒരുവൻ: “ഗുരോ, നോക്കൂ, എത്ര വിസ്മയകരമായ കല്ലുകളും പണികളും!” എന്നു അവനോട് പറഞ്ഞു.2യേശു അവനോട്: “നീ ഈ വലിയ പണി കാണുന്നുവോ? ഇതെല്ലാം കല്ലിന്മേൽ കല്ല് ശേഷിക്കാതവണ്ണം തകർക്കപ്പെടും” എന്നു പറഞ്ഞു.

അന്ത്യകാലത്തെ അടയാളങ്ങൾ.

3പിന്നെ അവൻ ഒലിവുമലയിൽ ദൈവാലയത്തിന് നേരെ ഇരിക്കുമ്പോൾ പത്രൊസും യാക്കോബും യോഹന്നാനും അന്ത്രെയാസും സ്വകാര്യമായി അവനോട്:4“അത് എപ്പോൾ സംഭവിക്കും? ഇതെല്ലാം സംഭവിപ്പാൻ പോകുന്നതിനുള്ള ലക്ഷണം എന്ത് എന്നു ഞങ്ങളോടു പറഞ്ഞാലും” എന്നു ചോദിച്ചു.
5യേശു അവരോട് പറഞ്ഞു തുടങ്ങിയത്: “ആരും നിങ്ങളെ വഴിതെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ.6ഞാൻ ആകുന്നു എന്നു പറഞ്ഞുകൊണ്ട് അനേകർ എന്റെ പേരെടുത്തു വന്നു പലരെയും വഴിതെറ്റിക്കും.
7നിങ്ങൾ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ച് കേൾക്കുമ്പോൾ ഭ്രമിച്ചുപോകരുതു. അത് സംഭവിക്കേണ്ടത് തന്നേ; എന്നാൽ അപ്പോഴും അവസാനമായിട്ടില്ല.8ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും; പലയിടങ്ങളിലും ഭൂകമ്പവും ക്ഷാമവും ഉണ്ടാകും; ഇതെല്ലാം ഈറ്റുനോവിന്റെ ആരംഭമത്രേ.

9എന്നാൽ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊള്ളുവിൻ; അവർ നിങ്ങളെ ന്യായാധിപസംഘങ്ങളിൽ ഏല്പിക്കുകയും പള്ളികളിൽവെച്ച് തല്ലുകയും എന്റെ നിമിത്തം നാടുവാഴികൾക്കും രാജാക്കന്മാർക്കും മുമ്പാകെ അവർക്ക് സാക്ഷ്യത്തിനായി നിർത്തുകയും ചെയ്യും.10എന്നാൽ സുവിശേഷം മുമ്പെ സകലജാതികളോടും പ്രസംഗിക്കേണ്ടതാകുന്നു.
11അവർ നിങ്ങളെ പിടിച്ചുകൊണ്ടുപോയി ഏല്പിക്കുമ്പോൾ എന്ത് പറയേണ്ടു എന്നു മുൻകൂട്ടി വിചാരപ്പെടരുത്. ആ നാഴികയിൽ നിങ്ങൾക്ക് ലഭിക്കുന്നതു തന്നേ പറവിൻ; പറയുന്നത് നിങ്ങൾ അല്ല, പരിശുദ്ധാത്മാവത്രേ.12സഹോദരൻ സഹോദരനെയും അപ്പൻ മകനെയും മരണത്തിന് ഏല്പിക്കും; മക്കളും അവരുടെ മാതാപിതാക്കളുടെ നേരെ എഴുന്നേറ്റ് അവരെ കൊല്ലിക്കും.13എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ വെറുക്കും; എന്നാൽ അവസാനത്തോളം സഹിച്ചുനില്ക്കുന്നവൻ രക്ഷിയ്ക്കപ്പെടും.

14എന്നാൽ ശൂന്യമാക്കുന്ന മ്ലേച്ഛത നില്ക്കരുതാത്ത സ്ഥലത്ത് നില്ക്കുന്നതു നിങ്ങൾ കാണുമ്പോൾ, -- വായിക്കുന്നവൻ ചിന്തിച്ചുകൊള്ളട്ടെ -- അന്ന് യെഹൂദ്യദേശത്ത് ഉള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ.15പുരമുകളിൽ ഇരിക്കുന്നവൻ അകത്തേക്ക് ഇറങ്ങിപ്പോകയോ വീട്ടിൽ നിന്നു വല്ലതും എടുക്കുവാൻ കടക്കുകയോ അരുത്.16വയലിൽ ഇരിക്കുന്നവൻ തന്റെ വസ്ത്രം എടുക്കുവാൻ മടങ്ങിപ്പോകരുത്.
17ആ കാലത്ത് ഗർഭിണികൾക്കും മുലകുടിപ്പിക്കുന്നവർക്കും അയ്യോ കഷ്ടം!18എന്നാൽ അത് ശീതകാലത്ത് സംഭവിക്കാതിരിപ്പാൻ പ്രാർത്ഥിക്കുവിൻ.19ആ നാളുകൾ ദൈവം സൃഷ്ടിച്ച സൃഷ്ടിയുടെ ആരംഭംമുതൽ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതും ആയ മഹാകഷ്ടകാലം ആകും.20കർത്താവ് ആ നാളുകളെ ചുരുക്കീട്ടില്ല എങ്കിൽ ഒരു ജഡവും രക്ഷിയ്ക്കപ്പെടുകയില്ല. താൻ തിരഞ്ഞെടുത്ത വൃതന്മാർനിമിത്തമോ അവൻ ആ നാളുകളെ ചുരുക്കിയിരിക്കുന്നു.
21അന്ന് ആരെങ്കിലും നിങ്ങളോടു: ഇതാ ക്രിസ്തു ഇവിടെ എന്നോ അതാ അവിടെ എന്നോ പറഞ്ഞാൽ വിശ്വസിക്കരുത്.22കള്ള ക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റ്, കഴിയുമെങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി അടയാളങ്ങളും അത്ഭുതങ്ങളും കാണിയ്ക്കും.23നിങ്ങളോ സൂക്ഷിച്ചുകൊള്ളുവിൻ; ഞാൻ എല്ലാം നിങ്ങളോടു മുൻകൂട്ടി പറഞ്ഞുവല്ലോ.

24എങ്കിലോ ആ കാലത്തെ കഷ്ടം കഴിഞ്ഞ ശേഷം സൂര്യൻ ഇരുണ്ടുപോകുകയും ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കുകയും25ആകാശത്തുനിന്ന് നക്ഷത്രങ്ങൾ വീഴുകയും ആകാശത്തിലെ ശക്തികൾ ഇളകിപ്പോകുകയും ചെയ്യും.26അപ്പോൾ മനുഷ്യപുത്രൻ വലിയ ശക്തിയോടും തേജസ്സോടുംകൂടെ മേഘങ്ങളിൽ വരുന്നത് അവർ കാണും.27അന്ന് അവൻ തന്റെ ദൂതന്മാരെ അയച്ച്, തന്റെ വൃതന്മാരെ ഭൂമിയുടെ അറുതിമുതൽ ആകാശത്തിന്റെ അറുതിവരെയും നാല് ദിക്കിൽ നിന്നും കൂട്ടിച്ചേർക്കും.
മനുഷ്യപുത്രന്റെ വരവിനായി ജാഗ്രതയോടെ ഇരിക്കുക

28അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിൻ; അതിന്റെ കൊമ്പ് ഇളതായി ഇല തളിർക്കുമ്പോൾ വേനൽ അടുത്തു എന്നു നിങ്ങൾ അറിയുന്നുവല്ലോ.29അങ്ങനെ നിങ്ങളും ഇതു സംഭവിക്കുന്നത് കാണുമ്പോൾ അവൻ അടുക്കെ വാതിൽക്കൽ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ.
30ഇതു ഒക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.31ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒരിക്കലും ഒഴിഞ്ഞു പോകയില്ല.32ആ നാളും നാഴികയും സംബന്ധിച്ചോ പിതാവല്ലാതെ ആരും, സ്വർഗ്ഗത്തിലെ ദൂതന്മാരും, പുത്രനും കൂടെ അറിയുന്നില്ല.
33ആ സമയം എപ്പോഴാണെന്ന് നിങ്ങൾ അറിയായ്കകൊണ്ട് ജാഗ്രതയോടെ ഉണർന്നും പ്രാർത്ഥിച്ചുംകൊണ്ടിരിക്കുവിൻ.34ഇതു ഒരു മനുഷ്യൻ വീടുവിട്ട് പരദേശത്തുപോകുമ്പോൾ തന്റെ ദാസന്മാർക്ക് ആ വീടിന്റെ ചുമതലയും അവനവന് അതത് വേലയും കൊടുത്തിട്ട് വാതിൽ കാവൽക്കാരനോട് ഉണർന്നിരിപ്പാൻ കല്പിച്ചതുപോലെ തന്നേ.
35യജമാനൻ സന്ധ്യയ്ക്കോ അർദ്ധരാത്രിക്കോ കോഴികൂകുന്ന നേരത്തോ രാവിലെയോ എപ്പോൾ വരും എന്നു നിങ്ങൾ അറിയായ്കകൊണ്ട്,36അവൻ പെട്ടെന്ന് വന്നു നിങ്ങളെ ഉറങ്ങുന്നവരായി കണ്ടെത്താതിരിക്കേണ്ടതിന് ഉണർന്നിരിപ്പിൻ.37ഞാൻ നിങ്ങളോടു പറയുന്നത് എല്ലാവരോടും പറയുന്നു: ഉണർന്നിരിപ്പിൻ.

14

1രണ്ടു ദിവസം കഴിഞ്ഞിട്ട് പെസഹയുടെയും പുളിപ്പില്ലാത്ത അപ്പത്തിന്റെയും ഉത്സവം ആയിരുന്നു. അപ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും യേശുവിനെ ഉപായത്താൽ പിടിച്ച് കൊല്ലേണ്ടത് എങ്ങനെ എന്നു അന്വേഷിച്ചു.2ജനത്തിൽ കലഹം ഉണ്ടാകാതിരിക്കുവാൻ ഉത്സവത്തിൽ അരുത് എന്ന് അവർ പറഞ്ഞു.

ബേഥാന്യയിലെ തൈലാഭിഷേകം.

3യേശു ബേഥാന്യയിൽ കുഷ്ഠരോഗിയായ ശിമോന്റെ വീട്ടിൽ പന്തിയിൽ ഇരിക്കുമ്പോൾ ഒരു സ്ത്രീ ഒരു വെങ്കൽഭരണിയിൽ വളരെ വിലയേറിയതും ശുദ്ധവുമായ സ്വച്ഛജടാമാംസി1 തൈലവുമായി വന്നു ഭരണി പൊട്ടിച്ച് അവന്റെ തലയിൽ ഒഴിച്ചു.4അവിടെ ചിലർ ദേഷ്യത്തോടെ: “തൈലത്തിന്റെ ഈ വെറും ചെലവ് എന്തിന്?5ഇതു മുന്നൂറിൽ അധികം വെള്ളിക്കാശിന് വിറ്റ് ദരിദ്രർക്ക് കൊടുക്കുവാൻ കഴിയുമായിരുന്നുവല്ലോ” എന്നിങ്ങനെ തമ്മിൽ പറഞ്ഞു, അവളെ ശാസിച്ചു.
6എന്നാൽ യേശു: “അവളെ വിടുവിൻ; അവളെ അസഹ്യപ്പെടുത്തുന്നത് എന്ത്? അവൾ എനിക്ക് ഒരു നല്ല കാര്യം ചെയ്തിരിക്കുന്നു.7ദരിദ്രർ എല്ലായ്പോഴും നിങ്ങളുടെ അടുക്കെ ഉണ്ടല്ലോ; ഇച്ഛിക്കുമ്പോൾ അവർക്ക് നന്മചെയ്‌വാൻ നിങ്ങൾക്ക് കഴിയും; ഞാനോ എല്ലായ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല.8അവളാൽ കഴിയുന്നത് അവൾ ചെയ്തു; എന്റെ സംസ്ക്കാരത്തിനുവേണ്ടി അവൾ മുമ്പുകൂട്ടി എന്റെ ദേഹത്തിന് തൈലാഭിഷേകം ചെയ്തു.9സുവിശേഷം ലോകത്തിൽ പ്രസംഗിക്കുന്നിടത്തെല്ലാം അവൾ ചെയ്തതു അവളുടെ ഓർമ്മയ്ക്കായി പ്രസ്താവിക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.”
യൂദാസിന്റെ വഞ്ചന.

10പിന്നെ പന്തിരുവരിൽ ഒരുവനായ ഈസ്കര്യോത്താ യൂദാ യേശുവിനെ മഹാപുരോഹിതൻമാർക്ക് ഏല്പിച്ചുകൊടുക്കേണ്ടതിന് അവരുടെ അടുക്കൽ ചെന്ന്.11അവർ അത് കേട്ട് സന്തോഷിച്ച് അവന് പണം കൊടുക്കാം എന്നു വാഗ്ദാനം ചെയ്തു; അവൻ യേശുവിനെ എങ്ങനെ അവർക്ക് ഏല്പിച്ചുകൊടുക്കാം എന്നു തക്കം അന്വേഷിച്ചുപോന്നു.
പെസഹാ ഭക്ഷണത്തിനായി ഒരുക്കുന്നു.

12പെസഹ കുഞ്ഞാടിനെ അറുക്കുന്നതായ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളിൽ ശിഷ്യന്മാർ അവനോട്: നീ പെസഹ കഴിക്കുവാൻ ഞങ്ങൾ എവിടെ ഒരുക്കണം എന്നു ചോദിച്ചു.13അവൻ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ചു; നഗരത്തിൽ ചെല്ലുവിൻ; അവിടെ ഒരു കുടം വെള്ളം ചുമന്നുകൊണ്ടുവരുന്ന ഒരു മനുഷ്യൻ നിങ്ങളെ കണ്ടുമുട്ടും.14അവന്റെ പിന്നാലെ ചെല്ലുക അവൻ കടക്കുന്ന വീട്ടിൽചെന്ന് ആ വിട്ടുടയവനോടു: ഞാൻ എന്റെ ശിഷ്യന്മാരുമായി പെസഹ കഴിക്കുവാനുള്ള ശാല എവിടെ എന്നു ഗുരു ചോദിക്കുന്നു എന്നു പറവിൻ.
15അവൻ വിരിച്ചൊരുക്കിയ ഒരു വന്മാളിക കാണിച്ചുതരും; അവിടെ നമുക്കു ഒരുക്കുവിൻ എന്നു പറഞ്ഞു.16ശിഷ്യന്മാർ പുറപ്പെട്ടു നഗരത്തിൽ ചെന്ന് അവൻ തങ്ങളോട് പറഞ്ഞതുപോലെ കണ്ട് പെസഹ ഒരുക്കി.

17സന്ധ്യയായപ്പോൾ അവൻ പന്തിരുവരോടും കൂടെ വന്നു.18അവർ ഇരുന്നു ഭക്ഷിക്കുമ്പോൾ യേശു: “നിങ്ങളിൽ ഒരുവൻ, എന്നോടുകൂടെ ഭക്ഷിക്കുന്നവൻ തന്നേ, എന്നെ കാണിച്ചുകൊടുക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.19അവർ ദുഃഖിച്ചു: ഓരോരുത്തരും: “തീർച്ചയായും അത് ഞാനല്ലല്ലോ” എന്നു അവനോട് ചോദിക്കാൻ തുടങ്ങി.
20അവൻ അവരോട്: “പന്തിരുവരിൽ ഒരുവൻ, എന്നോടുകൂടെ പാത്രത്തിൽ കൈമുക്കുന്നവൻ തന്നേ.21മനുഷ്യപുത്രൻ പോകുന്നത് തന്നെക്കുറിച്ച് തിരുവെഴുത്തിൽ എഴുതിയിരിക്കുന്നതുപോലെതന്നെ; എന്നാൽ മനുഷ്യപുത്രനെ ഒറ്റികൊടുക്കുന്ന മനുഷ്യനോ അയ്യോ കഷ്ടം; ആ മനുഷ്യൻ ജനിക്കാതിരുന്നു എങ്കിൽ അവന് കൊള്ളാമായിരുന്നു” എന്നു പറഞ്ഞു.
യേശുവിന്റെ ശരീരവും രക്തവും.

22അവർ ഭക്ഷിക്കുമ്പോൾ അവൻ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവർക്ക് കൊടുത്തു: “വാങ്ങുവിൻ; ഇതു എന്റെ ശരീരം” എന്നു പറഞ്ഞു.23പിന്നെ പാനപാത്രം എടുത്തു സ്തോത്രംചൊല്ലി അവർക്ക് കൊടുത്തു; അവർ എല്ലാവരും അതിൽനിന്ന് കുടിച്ചു:24“ഇതു അനേകർക്ക് വേണ്ടി ചൊരിയുന്നതായ ഉടമ്പടിക്കുള്ള എന്റെ രക്തം.25മുന്തിരിവള്ളിയുടെ അനുഭവം ദൈവരാജ്യത്തിൽ പുതുതായി കുടിക്കുന്ന നാൾവരെ ഞാൻ അത് ഇനി അനുഭവിക്കുകയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു” എന്നു അവരോട് പറഞ്ഞു.

26പിന്നെ അവർ സ്തോത്രം പാടിയശേഷം ഒലിവ് മലയ്ക്ക് പോയി.

27യേശു അവരോട്: “എന്റെ നിമിത്തം നിങ്ങൾ എല്ലാവരും ഇടറിപ്പോകും; “ഞാൻ ഇടയനെ വെട്ടും, ആടുകൾ ചിതറിപ്പോകും” എന്നു എഴുതിയിരിക്കുന്നുവല്ലോ.
28എന്നാൽ ഞാൻ ഉയിർത്തെഴുന്നേറ്റശേഷം നിങ്ങൾക്ക് മുമ്പെ ഗലീലയ്ക്കു് പോകും” എന്നു പറഞ്ഞു.29പത്രൊസ് അവനോട്: “എല്ലാവരും ഇടറിയാലും ഞാൻ ഇടറുകയില്ല” എന്നു പറഞ്ഞു.
30യേശു അവനോട്: “ഇന്ന്, ഈ രാത്രിയിൽ തന്നേ, കോഴി രണ്ടുവട്ടം കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു ഞാൻ സത്യമായി നിന്നോട് പറയുന്നു” എന്നു പറഞ്ഞു.31എന്നാൽ പത്രൊസ്: “നിന്നോടുകൂടെ മരിക്കേണ്ടിവന്നാലും ഞാൻ നിന്നെ തള്ളിപ്പറകയില്ല” എന്നു അധികമായി പറഞ്ഞു; അങ്ങനെതന്നെ എല്ലാവരും പറഞ്ഞു.
യേശു ഗെത്സമനയിൽ പ്രാർത്ഥിക്കുന്നു.

32അവർ ഗെത്ത്ശമന എന്നു പേരുള്ള സ്ഥലത്തുവന്നപ്പോൾ അവൻ ശിഷ്യന്മാരോട്: “ഞാൻ പ്രാർത്ഥിച്ചുതീരുവോളം ഇവിടെ ഇരിപ്പിൻ” എന്നു പറഞ്ഞു.33പിന്നെ അവൻ പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ട് ഭ്രമിക്കുവാനും വ്യാകുലപ്പെടുവാനും തുടങ്ങി:34“എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ പാർത്തു ഉണർന്നിരിപ്പിൻ” എന്നു അവരോട് പറഞ്ഞു.
35പിന്നെ അല്പം മുമ്പോട്ടു ചെന്ന് നിലത്തു വീണു, കഴിയും എങ്കിൽ ആ നാഴിക നീങ്ങിപ്പോകേണം എന്നു പ്രാർത്ഥിച്ചു:36“അബ്ബാ, പിതാവേ, നിനക്ക് എല്ലാം കഴിയും; ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും എന്റെ ഹിതമല്ല അങ്ങയുടെ ഹിതം തന്നേ”ആകട്ടെ എന്നു പറഞ്ഞു.
37പിന്നെ അവൻ വന്നു അവർ ഉറങ്ങുന്നത് കണ്ട് പത്രൊസിനോട്: “ശിമോനേ, നീ ഉറങ്ങുന്നുവോ? ഒരു നാഴിക ഉണർന്നിരിപ്പാൻ നിനക്ക് കഴിഞ്ഞില്ലയോ?38പരീക്ഷയിൽ അകപ്പെടാതിരിക്കുവാൻ ഉണർന്നിരുന്നു പ്രാർത്ഥിക്കുവിൻ; ആത്മാവ് ഒരുക്കമുള്ളത്, ജഡമോ ബലഹീനമത്രേ” എന്നു പറഞ്ഞു.39അവൻ പിന്നെയും പോയി ആ വചനം തന്നേ ചൊല്ലി പ്രാർത്ഥിച്ചു.
40മടങ്ങിവന്നപ്പോൾ അവരുടെ കണ്ണുകൾക്ക് ഭാരമേറിയിരുന്നതുകൊണ്ടു അവർ ഉറങ്ങുന്നത് കണ്ട്; അവർ അവനോട് എന്ത് ഉത്തരം പറയേണം എന്നു അറിഞ്ഞില്ല.41അവൻ മൂന്നാമതു വന്നു അവരോട്: “ഇപ്പോഴും നിങ്ങൾ ഉറങ്ങി വിശ്രമിക്കുകയാണോ? മതി, ആ നാഴിക വന്നു; ഇതാ, മനുഷ്യപുത്രൻ പാപികളുടെ കയ്യിൽ ഏല്പിക്കപ്പെടുന്നു.42എഴുന്നേല്പിൻ; നാം പോക; ഇതാ, എന്നെ ഒറ്റികൊടുക്കുന്നവൻ അടുത്തിരിക്കുന്നു” എന്നു പറഞ്ഞു.
യൂദാസ് ഒറ്റികൊടുക്കുന്നു.

43ഉടനെ, അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ, പന്തിരുവരിൽ ഒരുവനായ യൂദയും അവനോടുകൂടെ മുഖ്യപുരോഹിതന്മാർ, ശാസ്ത്രിമാർ, മൂപ്പന്മാർ എന്നവർ അയച്ച ഒരു പുരുഷാരവും വാളും വടിയുമായി വന്നു.44അവനെ ഒറ്റികൊടുക്കുന്നവൻ: “ഞാൻ ആരെ ചുംബിക്കുമോ അവൻ തന്നേ ആകുന്നു; അവനെ പിടിച്ച് സുരക്ഷിതമായി കൊണ്ടുപോകുവിൻ” എന്നു അവർക്ക് ഒരു അടയാളം പറഞ്ഞുകൊടുത്തിരുന്നു.45യൂദാ വന്ന ഉടനെ യേശുവിന്റെ അടുത്തു ചെന്ന്: “റബ്ബീ,” എന്നു പറഞ്ഞു അവനെ ചുംബിച്ചു.46അവർ അവന്റെമേൽ കൈവച്ച് അവനെ പിടിച്ച്.
47അരികെ നില്ക്കുന്നവരിൽ ഒരുവൻ വാൾ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി കാത് അറുത്തു.48യേശു അവരോട്: “ഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങൾ എന്നെ പിടിപ്പാൻ വാളും വടിയുമായി പുറപ്പെട്ടു വന്നുവോ?49ഞാൻ ദിവസേന ദൈവാലയത്തിൽ ഉപദേശിച്ചുകൊണ്ട് നിങ്ങളോടുകൂടെ ഇരുന്നു; നിങ്ങൾ എന്നെ പിടിച്ചില്ല; എങ്കിലും തിരുവെഴുത്തുകൾക്ക് നിവൃത്തി വരേണ്ടതിന് ഇങ്ങനെ സംഭവിക്കുന്നു” എന്നു പറഞ്ഞു.50അപ്പോൾ യേശുവിന്റെ കൂടെയുണ്ടായിരുന്ന എല്ലാവരും അവനെ വിട്ടു ഓടിപ്പോയി.

51ഒരു ബാല്യക്കാരൻ തന്റെ ശരീരത്തിന്മേൽ പുതപ്പ് മാത്രം പുതച്ചുംകൊണ്ട് അവനെ അനുഗമിച്ചു; അവർ അവനെ പിടിച്ച്.52അവനോ ആ പുതപ്പ് അവിടെ വിട്ടു നഗ്നനായി ഓടിപ്പോയി.
യേശു പുരോഹിതസംഘത്തിന്റെ മുമ്പിൽ.

53അവർ യേശുവിനെ മഹാപുരോഹിതന്റെ അടുക്കൽ കൊണ്ടുപോയി. അവന്റെ അടുക്കൽ എല്ലാ മുഖ്യപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരും വന്നു കൂടിയിരുന്നു.54പത്രൊസ് മഹാപുരോഹിതന്റെ അരമനയുടെ മുറ്റംവരെ അവനെ അല്പം ദൂരെയായി അനുഗമിച്ചു, ഭൃത്യന്മാരോടു ചേർന്ന് തീ കാഞ്ഞുകൊണ്ടിരുന്നു.
55മുഖ്യപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന് അവനെതിരെ സാക്ഷ്യം അന്വേഷിച്ചു, കണ്ടില്ലതാനും.56അനേകർ അവന്റെ നേരെ കള്ള സാക്ഷ്യം പറഞ്ഞു; എന്നാൽ അവരുടെ സാക്ഷ്യംപോലും ഒത്തുവന്നില്ല.
57ചിലർ എഴുന്നേറ്റ് അവന്റെ നേരെ:58“ഞാൻ കൈപ്പണിയായ ഈ മന്ദിരം പൊളിച്ച് മൂന്നു ദിവസംകൊണ്ട് കൈപ്പണിയല്ലാത്ത മറ്റൊന്നു പണിയും എന്നു ഇവൻ പറഞ്ഞത് ഞങ്ങൾ കേട്ട്” എന്നു കള്ള സാക്ഷ്യം പറഞ്ഞു.59എന്നിട്ടും അവരുടെ സാക്ഷ്യം ഒത്തുവന്നില്ല.
60മഹാപുരോഹിതൻ നടുവിൽ നിന്നുകൊണ്ടു യേശുവിനോടു: “നീ ഒന്നും ഉത്തരം പറയുന്നില്ലയോ? ഇവർ നിന്റെ നേരെ സാക്ഷ്യം പറയുന്നത് എന്ത്?” എന്നു ചോദിച്ചു.61അവനോ മിണ്ടാതെയും ഉത്തരം പറയാതെയും ഇരുന്നു. മഹാപുരോഹിതൻ പിന്നെയും അവനോട്: “നീ വന്ദ്യനായവന്റെ പുത്രനായ ക്രിസ്തുവോ?” എന്നു ചോദിച്ചു.62“ഞാൻ ആകുന്നു; മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്ത് ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും” എന്നു യേശു പറഞ്ഞു.
63അപ്പോൾ മഹാപുരോഹിതൻ വസ്ത്രം കീറി:64“ഇനി സാക്ഷികളെക്കൊണ്ട് നമുക്കു എന്ത് ആവശ്യം? ദൈവദൂഷണം നിങ്ങൾ കേട്ടുവല്ലോ; എന്താണ് നിങ്ങളുടെ തീരുമാനം?” എന്നു ചോദിച്ചു. “അവൻ മരണയോഗ്യൻ” എന്നു എല്ലാവരും വിധിച്ചു.65ചിലർ അവനെ തുപ്പുകയും അവന്റെ മുഖം മൂടി അവനെ മുഷ്ടി ചുരുട്ടി കുത്തുകയും ‘പ്രവചിക്ക’ എന്നു അവനോട് പറകയും ചെയ്തു തുടങ്ങി; ചേവകർ അവനെ ഏറ്റുവാങ്ങി അടിച്ചു.
പത്രൊസ് യേശുവിനെ തള്ളിപ്പറയുന്നു.

66പത്രൊസ് താഴെ നടുമുറ്റത്ത് ഇരിക്കുമ്പോൾ മഹാപുരോഹിതന്റെ വേലക്കാരത്തികളിൽ ഒരുവൾ വന്നു,67പത്രൊസ് തീ കായുന്നത് കണ്ട് അവനെ സൂക്ഷിച്ചുനോക്കി: “നീയും ആ നസറായനായ യേശുവിനോടുകൂടെ ആയിരുന്നു” എന്നു പറഞ്ഞു.68“നീ പറയുന്നത് എന്തെന്ന് ഞാൻ അറിയുന്നുമില്ല, എനിക്ക് മനസ്സിലാകുന്നതുമില്ല” എന്നിങ്ങനെ അവൻ തള്ളിപ്പറഞ്ഞു. പിന്നെ അവൻ പുറത്തു പടിപ്പുരയിലേക്ക് പോയപ്പോൾ കോഴി കൂകി.
69ആ വേലക്കാരത്തി അവനെ പിന്നെയും കണ്ട് സമീപത്ത് നില്ക്കുന്നവരോട്: “ഇവൻ ആ കൂട്ടരിൽ ഉള്ളവൻ തന്നേ” എന്നു പറഞ്ഞു തുടങ്ങി. അവൻ പിന്നെയും തള്ളിപ്പറഞ്ഞു.70കുറച്ചുനേരം കഴിഞ്ഞശേഷം അരികെ നിന്നവർ പത്രൊസിനോട്: “നിശ്ചയമായും നീ ആ കൂട്ടരിൽ ഉള്ളവൻ തന്നെ; നീയും ഗലീലക്കാരനല്ലോ” എന്നു പറഞ്ഞു.
71“നിങ്ങൾ പറയുന്ന മനുഷ്യനെ ഞാൻ അറിയുന്നില്ല” എന്നു പറഞ്ഞ് അവൻ പ്രാകുവാനും ആണയിടുവാനും തുടങ്ങി.72ഉടനെ കോഴി രണ്ടാമതും കൂകി; കോഴി രണ്ടുവട്ടം കൂകുംമുമ്പെ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു യേശു തന്നോട് പറഞ്ഞ വാക്ക് ഓർത്ത് പത്രൊസ് പൊട്ടിക്കരഞ്ഞു.


1 14. 3 ഹിമാലയത്തിൽ കണ്ടുവരുന്ന ‘നാർദിൻ’ എന്ന ചെടിയുടെ വേരിൽനിന്നെടുക്കുന്ന സുഗന്ധദ്രവ്യം.

15
പീലാത്തോസ് യേശുവിനെ വിചാരണ ചെയ്യുന്നു.

1അതികാലത്ത് മുഖ്യപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരുമായി ന്യായാധിപസംഘം ഒക്കെയും കൂടി ആലോചിച്ചു. പിന്നെ അവർ യേശുവിനെ ബന്ധിച്ചു കൊണ്ടുപോയി പീലാത്തൊസിനെ ഏല്പിച്ചു.2പീലാത്തോസ് അവനോട്: “നീ യെഹൂദന്മാരുടെ രാജാവോ?” എന്നു ചോദിച്ചതിന്: “നീ അങ്ങനെ പറയുന്നു” എന്നു പറഞ്ഞു.3മുഖ്യപുരോഹിതന്മാർ അവനെതിരെ അനേകം കുറ്റങ്ങൾ ആരോപിച്ചു.

4പീലാത്തോസ് പിന്നെയും അവനോട് ചോദിച്ചു: “നീ ഒരു ഉത്തരവും പറയുന്നില്ലയോ? ഇതാ, അവർ നിനക്കെതിരെ എന്തെല്ലാം കുറ്റങ്ങൾ ആരോപിക്കുന്നു” എന്നു പറഞ്ഞു.5യേശു പിന്നെയും ഉത്തരം ഒന്നും പറയായ്കയാൽ പീലാത്തോസ് ആശ്ചര്യപ്പെട്ടു.

6അവൻ ഉത്സവംതോറും അവർ ചോദിക്കുന്ന ഒരു തടവുകാരനെ അവർക്ക് വിട്ടുകൊടുക്കുക പതിവായിരുന്നു.7എന്നാൽ ഒരു വിപ്ലവത്തിൽ കൊല ചെയ്തവരായ വിപ്ലവക്കാരോടുകൂടെ ബന്ധിച്ചിരുന്ന ബറബ്ബാസ് എന്നു പേരുള്ള ഒരുവൻ തടവിൽ ഉണ്ടായിരുന്നു.8പുരുഷാരം പീലാത്തോസിന്റെ അടുക്കൽവന്ന്, പതിവുപോലെ ചെയ്യേണം എന്നു അവനോട് അപേക്ഷിച്ചുതുടങ്ങി.
9മുഖ്യപുരോഹിതന്മാർ അസൂയകൊണ്ടാണ് യേശുവിനെ ഏല്പിച്ചത് എന്നു പീലാത്തോസ് അറിഞ്ഞതുകൊണ്ട് അവരോട്:10“യെഹൂദന്മാരുടെ രാജാവിനെ നിങ്ങൾക്ക് വിട്ടുതരണം എന്നു ഇച്ഛിക്കുന്നുവോ?” എന്നു ചോദിച്ചു.11എന്നാൽ ബറബ്ബാസിനെ വിട്ടുകൊടുക്കേണ്ടതിന് ചോദിപ്പാൻ മുഖ്യപുരോഹിതന്മാർ പുരുഷാരത്തെ ഉത്സാഹിപ്പിച്ചുകൊണ്ടിരുന്നു.
12പീലാത്തോസ് പിന്നെയും അവരോട്: “എന്നാൽ യെഹൂദന്മാരുടെ രാജാവ്” എന്ന് നിങ്ങൾ വിളിക്കുന്നവനെ ഞാൻ എന്ത് ചെയ്യേണം?” എന്നു ചോദിച്ചു.13“അവനെ ക്രൂശിയ്ക്ക” എന്നു അവർ വീണ്ടും നിലവിളിച്ചു.
14പീലാത്തോസ് അവരോട്: “അവൻ എന്ത് ദോഷം ചെയ്തു?” എന്നു പറഞ്ഞപ്പോൾ, “അവനെ ക്രൂശിയ്ക്ക” എന്നു അവർ അധികമായി നിലവിളിച്ചു.15പീലാത്തോസ് പുരുഷാരത്തിന് തൃപ്തിവരുത്തുവാൻ ഇച്ഛിച്ചു ബറബ്ബാസിനെ അവർക്ക് വിട്ടുകൊടുത്തു, യേശുവിനെ ചമ്മട്ടികൊണ്ട് അടിപ്പിച്ച് ക്രൂശിപ്പാൻ ഏല്പിച്ചു.
യേശുവിനെ രക്താംബരവും മുൾക്കിരീടവും ധരിപ്പിക്കുന്നു.

16പടയാളികൾ അവനെ അവരുടെ ആസ്ഥാനമായ മണ്ഡപത്തിനകത്തു കൊണ്ടുപോയി പട്ടാളത്തെ എല്ലാം വിളിച്ചുകൂട്ടി.17അവനെ രക്താംബരം ധരിപ്പിച്ച്, മുള്ളുകൊണ്ട് ഒരു കിരീടം മെടഞ്ഞു അവനെ ചൂടിച്ചു:18“യെഹൂദന്മാരുടെ രാജാവേ, ജയജയ” എന്നു പറഞ്ഞു വന്ദിച്ചു;
19കോൽകൊണ്ട് അവന്റെ തലയിൽ അടിച്ചു, അവനെ തുപ്പി, മുട്ടുകുത്തി അവനെ നമസ്കരിച്ചു.20അങ്ങനെ അവനെ പരിഹസിച്ച ശേഷം അവർ രക്താംബരം നീക്കി സ്വന്തവസ്ത്രം ധരിപ്പിച്ച് അവനെ ക്രൂശിപ്പാൻ കൊണ്ടുപോയി.
യേശുവിനെ ക്രൂശിക്കുന്നു.

21അലെക്സന്തരിന്റെയും രൂഫൊസിന്റെയും അപ്പനായ കുറേനക്കാരൻ ശിമോൻ നാട്ടിൻപുറത്തുനിന്ന് വന്നു അതുവഴി പോവുകയായിരുന്നു. യേശുവിന്റെ ക്രൂശ് ചുമപ്പാൻ അവർ അവനെ നിബ്ബന്ധിച്ചു.
22തലയോടിടം എന്നർത്ഥമുള്ള ഗൊല്ഗോഥാ എന്ന സ്ഥലത്തേയ്ക്ക് അവർ യേശുവിനെ കൊണ്ടുപോയി;23കുന്തുരുക്കം കലർത്തിയ വീഞ്ഞ് അവന് കൊടുത്തു; അവൻ അത് കുടിച്ചില്ല.24അവനെ ക്രൂശിച്ചശേഷം അവന്റെ വസ്ത്രങ്ങൾ ഓരോരുത്തരും വിഭാഗിച്ച് എടുക്കേണ്ടതിന് അവർ ചീട്ടിട്ടു.
25അവനെ ക്രൂശിച്ചപ്പോൾ മൂന്നാം മണി നേരമായിരുന്നു.26‘യെഹൂദന്മാരുടെ രാജാവ്’ എന്നിങ്ങനെ അവന്റെമേൽ ചുമത്തിയ കുറ്റം മീതെ എഴുതിവച്ചിരുന്നു.27അവർ രണ്ടു കള്ളന്മാരെ ഒരുവനെ വലത്തും ഒരുവനെ ഇടത്തുമായി അവനോടുകൂടെ ക്രൂശിച്ചു.28[അധർമ്മികളുടെ കൂട്ടത്തിൽ അവനെ എണ്ണി എന്നുള്ള തിരുവെഴുത്ത് നിവൃത്തിയായി.]
29അതുവഴി കടന്നു പോകുന്നവർ തല കുലുക്കിക്കൊണ്ട്: “ഹാ, ഹാ, മന്ദിരം പൊളിച്ച് മൂന്നു നാളുകൊണ്ട് പണിയുന്നവനേ,30നിന്നെത്തന്നെ രക്ഷിച്ചു ക്രൂശിൽ നിന്നു ഇറങ്ങിവാ” എന്നു പറഞ്ഞു അവനെ ദുഷിച്ചു.
31അങ്ങനെതന്നെ മഹാപുരോഹിതന്മാരും മൂപ്പന്മാരും അവനെ പരിഹസിച്ചു: “ഇവൻ മറ്റുള്ളവരെ രക്ഷിച്ചു, എന്നാൽ തന്നെത്താൻ രക്ഷിക്കാൻ ഇവന് കഴിയുന്നില്ല” എന്നു പരസ്പരം പറഞ്ഞു.32“നമ്മൾ കണ്ട് വിശ്വസിക്കേണ്ടതിന് ക്രിസ്തു എന്ന യിസ്രായേൽ രാജാവ് ഇപ്പോൾ ക്രൂശിൽ നിന്നു ഇറങ്ങിവരട്ടെ” എന്നു പറഞ്ഞു. അവനോടുകൂടെ ക്രൂശിക്കപ്പെട്ടവരും അവനെ പരിഹസിച്ചു.
യേശുവിന്റെ മരണം.

33ആറാം മണിനേരം മുതൽ ഒമ്പതാം മണി നേരത്തോളം ദേശത്തു എല്ലായിടത്തും ഇരുട്ട് ഉണ്ടായി.34ഒമ്പതാം മണി നേരത്ത് യേശു: “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടത് എന്ത്?” എന്നു അർത്ഥമുള്ള “എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ” എന്നു അത്യുച്ചത്തിൽ നിലവിളിച്ചു.35അരികെ നിന്നവരിൽ ചിലർ കേട്ടിട്ട്: “നോക്കൂ അവൻ ഏലിയാവെ വിളിക്കുന്നു” എന്നു പറഞ്ഞു.
36ഒരുവൻ ഓടി ഒരു സ്പോങ്ങിൽ പുളിച്ചവീഞ്ഞ് നിറച്ച് ഒരു ഓടക്കോലിന്മേലാക്കി: “ഏലിയാവ് അവനെ ഇറക്കുവാൻ വരുമോ എന്നു നമുക്കു കാണാം” എന്നു പറഞ്ഞു അവന് കുടിക്കുവാൻ കൊടുത്തു.37അപ്പോൾ യേശു ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു.38ഉടനെ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ട് അടിയോളവും രണ്ടായി ചീന്തിപ്പോയി.
39അവന് എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ട്: “ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം” എന്നു പറഞ്ഞു.40സ്ത്രീകളും ദൂരത്തുനിന്ന് നോക്കിക്കൊണ്ടിരുന്നു; അവരിൽ മഗ്ദലക്കാരത്തി മറിയയും ഇളയ യാക്കോബിന്റെയും യോസെയുടെയും അമ്മ മറിയയും ശലോമയും ഉണ്ടായിരുന്നു.41അവൻ ഗലീലയിൽ ഇരിക്കുമ്പോൾ അവർ അവനെ അനുഗമിച്ചും ശുശ്രൂഷിച്ചും പോന്നു; അവനോടുകൂടെ യെരൂശലേമിലേക്കു വന്ന മറ്റു സ്ത്രീകളും ഉണ്ടായിരുന്നു.
യേശുവിനെ സംസ്കരിക്കുന്നു.

42വൈകുന്നേരമായപ്പോൾ ശബ്ബത്തിന്റെ തലേദിവസമായ ഒരുക്കനാൾ ആകകൊണ്ട്43ആലോചനാസമിതിയിലെ ബഹുമാന്യനായ ഒരംഗവും, ദൈവരാജ്യത്തെ കാത്തിരുന്നവനുമായ അരിമത്ഥ്യയിലെ യോസഫ് ധൈര്യത്തോടെ പീലാത്തോസിന്റെ അടുക്കൽ ചെന്ന് യേശുവിന്റെ ശരീരം ചോദിച്ചു.44അവൻ മരിച്ചുകഴിഞ്ഞുവോ എന്നു പീലാത്തോസ് ആശ്ചര്യപ്പെട്ടു ശതാധിപനെ വിളിച്ചു: യേശു മരിച്ചുവോ എന്നു അന്വേഷിച്ചു.
45ശതാധിപനിൽനിന്ന് വസ്തുത അറിഞ്ഞശേഷം അവൻ യേശുവിന്റെ ശരീരം യോസഫിന് വിട്ടുകൊടുത്തു.46അവൻ ഒരു ശീല വാങ്ങി അവനെ കുരിശിൽനിന്ന് താഴെയിറക്കി ശീലയിൽ ചുറ്റിപ്പൊതിഞ്ഞു, പാറയിൽ വെട്ടിയിട്ടുള്ള ഒരു കല്ലറയിൽ വെച്ച്, കല്ലറവാതില്ക്കൽ ഒരു കല്ല് ഉരുട്ടിവച്ചു;47അവനെ സംസ്കരിച്ച ഇടം മഗ്ദലക്കാരത്തി മറിയയും യോസെയുടെ അമ്മ മറിയയും നോക്കിക്കണ്ടു.

16
യേശുവിന്റെ പുനരുത്ഥാനം.

1ശബ്ബത്തുനാൾ കഴിഞ്ഞശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും ചെന്ന് യേശുവിന്റെ ശരീരം അഭിഷേകം ചെയ്യേണ്ടതിന് സുഗന്ധവർഗ്ഗം വാങ്ങി.2ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ അതികാലത്ത് സൂര്യൻ ഉദിച്ചപ്പോൾ തന്നേ അവർ കല്ലറയ്ക്കൽ ചെന്ന്:

3കല്ലറയുടെ വാതിൽക്കൽ നിന്നു നമുക്കു വേണ്ടി ആർ കല്ല് ഉരുട്ടിക്കളയും എന്നു തമ്മിൽ പറഞ്ഞു.4അവർ നോക്കിയപ്പോൾ കല്ല് ഉരുട്ടിമാറ്റിയിരിക്കുന്നതായി കണ്ട്; അത് ഏറ്റവും വലുതായിരുന്നു.
5അവർ കല്ലറയ്ക്കകത്ത് കടന്നപ്പോൾ വെള്ളനിലയങ്കി ധരിച്ച ഒരു ബാല്യക്കാരൻ വലത്തു ഭാഗത്ത് ഇരിക്കുന്നത് കണ്ട് ഭ്രമിച്ചു.6അവൻ അവരോട്: “ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു; അവൻ ഉയിർത്തെഴുന്നേറ്റു; അവൻ ഇവിടെ ഇല്ല, നോക്കൂ അവനെ വെച്ച സ്ഥലം ഇതാ.7എന്നാൽ നിങ്ങൾ പോയി അവന്റെ ശിഷ്യന്മാരോടും പത്രൊസിനോടും: അവൻ നിങ്ങൾക്ക് മുമ്പെ ഗലീലയ്ക്കു് പോകുന്നു; അവൻ നിങ്ങളോടു പറഞ്ഞതുപോലെ അവിടെവച്ച് നിങ്ങൾ അവനെ കാണും എന്നു പറവിൻ” എന്നു പറഞ്ഞു.
8അവർക്ക് വിറയലും ഭ്രമവും പിടിച്ച് അവർ കല്ലറ വിട്ടു ഓടിപ്പോയി; അവർ വളരെ ഭയപ്പെട്ടിരുന്നതുകൊണ്ട് ആരോടും ഒന്നും പറഞ്ഞില്ല.

9[അവൻ ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ രാവിലെ ഉയിർത്തെഴുന്നേറ്റതിനുശേഷം താൻ ഏഴ് ഭൂതങ്ങളെ പുറത്താക്കിയിരുന്ന മഗ്ദലക്കാരത്തി മറിയയ്ക്ക് ആദ്യം പ്രത്യക്ഷനായി.10അവൾ ചെന്ന് അവനോടുകൂടെ ഇരുന്നവരായി ദുഃഖിച്ചും കരഞ്ഞുംകൊണ്ടിരുന്നവരോട് അറിയിച്ചു.11അവൻ ജീവനോടിരിക്കുന്നു എന്നും അവൾ അവനെ കണ്ട് എന്നും അവർ കേട്ടപ്പോൾ വിശ്വസിച്ചില്ല.
ശിഷ്യർക്ക് പ്രത്യക്ഷപ്പെടുന്നു

12പിന്നെ അവരിൽ രണ്ടുപേർ നാട്ടിലേക്ക് പോകുമ്പോൾ അവൻ മറ്റൊരു രൂപത്തിൽ അവർക്ക് പ്രത്യക്ഷനായി.13അവർ പോയി ശേഷമുള്ള ശിഷ്യന്മാരോട് അറിയിച്ചു; അവരുടെ വാക്കും അവർ വിശ്വസിച്ചില്ല.

14പിന്നീട് ആ പതിനൊന്നുപേർ ഭക്ഷണത്തിനിരിക്കുമ്പോൾ യേശു അവർക്ക് പ്രത്യക്ഷനായി, ഉയിർത്തെഴുന്നേറ്റതിനുശേഷം തന്നെ കണ്ടവരുടെ വാക്ക് വിശ്വസിക്കായ്കയാൽ അവരുടെ അവിശ്വാസത്തെയും ഹൃദയകാഠിന്യത്തെയും ശാസിച്ചു.15പിന്നെ അവൻ അവരോട്: “നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ.16വിശ്വസിക്കയും സ്നാനം ഏല്ക്കുകയും ചെയ്യുന്നവൻ രക്ഷിയ്ക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.
17വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും: എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും, അവർ പുതുഭാഷകളിൽ സംസാരിക്കും,18അവരുടെ കൈകളാൽ അവർ സർപ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ യാതൊന്നു കുടിച്ചാലും അവർക്ക് ഹാനി വരികയില്ല; അവർ രോഗികളുടെ മേൽ കൈവച്ചാൽ അവർക്ക് സൗഖ്യം വരും” എന്നു പറഞ്ഞു.

19ഇങ്ങനെ കർത്താവായ യേശു അവരോട് അരുളിച്ചെയ്തശേഷം സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു, ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരുന്നു.20അവർ പുറപ്പെട്ടു എല്ലായിടത്തും പ്രസംഗിച്ചു; കർത്താവ് അവരോടുകൂടെ പ്രവർത്തിച്ചും അവരാൽ നടന്ന അത്ഭുതകരമായ അടയാളങ്ങളാൽ വചനത്തെ ഉറപ്പിച്ചും പോന്നു.]

ലൂക്കോസ്

1

1ബഹുമാന്യനായ തെയോഫിലോസേ, നമ്മുടെ ഇടയിൽ നിറവേറിയ കാര്യങ്ങളെ വിവരിക്കുന്ന ഒരു ചരിത്രം എഴുതാൻ പലരും ശ്രമിച്ചു വരുന്നു.2ആദിമുതലുള്ള ദൃക് സാക്ഷികളും വചനത്തിന്റെ ശുശ്രൂഷകരുമായവർ ഇതു നമ്മെ അറിയിച്ചിരിക്കുന്നു.3അതുകൊണ്ട് നിനക്ക് ഉപദേശം ലഭിച്ചിരിക്കുന്ന വിവരങ്ങളുടെ യാഥാർത്ഥ്യം നീ അറിയേണ്ടതിന്,4അത് ക്രമമായി എഴുതുന്നത് നല്ലതാണെന്ന് ആദിമുതൽ സകലവും സൂക്ഷ്മമായി പരിശോധിച്ചിട്ട് എനിക്കും തോന്നിയിരിക്കുന്നു.

5യെഹൂദ്യരാജാവായ ഹെരോദാവിന്റെ ഭരണ കാലത്ത് അബീയാവിന്റെ പൗരോഹിത്യ ഗണത്തിൽ ഉൾപ്പെട്ടിരുന്ന സെഖര്യാവ് എന്നു പേരുള്ളോരു പുരോഹിതൻ ഉണ്ടായിരുന്നു; 1 അവന്റെ ഭാര്യ അഹരോന്റെ പുത്രിമാരിൽ ഒരുവൾ ആയിരുന്നു; അവൾക്ക് എലിസബെത്ത് എന്നു പേർ.6ഇരുവരും ദൈവസന്നിധിയിൽ നീതിയുള്ളവരും കർത്താവിന്റെ സകല കല്പനകളും ന്യായങ്ങളും അനുസരിക്കുന്നവരും ആയിരുന്നു.7എലിസബെത്ത് വന്ധ്യയായിരുന്നതു കൊണ്ട് അവർക്ക് മക്കൾ ഇല്ലായിരുന്നു; ഇരുവരും വൃദ്ധരും ആയിരുന്നു.

8സെഖര്യാവ് തന്റെ ഗണത്തിന്റെ ക്രമം അനുസരിച്ച് ദൈവസന്നിധിയിൽ പുരോഹിതനായി ശുശ്രൂഷ ചെയ്തുവരുമ്പോൾ:9പൗരോഹിത്യമര്യാദപ്രകാരം കർത്താവിന്റെ മന്ദിരത്തിൽ ചെന്ന് ധൂപം കാട്ടുവാൻ അവനെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.10അവൻ ധൂപം കാട്ടുന്ന സമയത്ത് ജനസമൂഹം ഒക്കെയും പുറത്തു പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
11അപ്പോൾ കർത്താവിന്റെ ദൂതൻ ധൂപപീഠത്തിന്റെ വലത്തു ഭാഗത്ത് നില്ക്കുന്നവനായിട്ട് അവന് പ്രത്യക്ഷനായി.12സെഖര്യാവ് അവനെ കണ്ട് പരിഭ്രമിച്ചു.13ദൂതൻ അവനോട് പറഞ്ഞത്: സെഖര്യാവേ, ഭയപ്പെടേണ്ടാ; നിന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിച്ചു: നിന്റെ ഭാര്യ എലിസബെത്ത് നിനക്ക് ഒരു മകനെ പ്രസവിക്കും; അവന് യോഹന്നാൻ എന്നു പേർ ഇടേണം.
14നിനക്ക് സന്തോഷവും ഉല്ലാസവും ഉണ്ടാകും; അവന്റെ ജനനം പലർക്കും സന്തോഷം ഉളവാക്കും.15അവൻ കർത്താവിന് വേണ്ടി വലിയ കാര്യങ്ങൾ ചെയ്യും; വീഞ്ഞും മദ്യവും കുടിക്കുകയില്ല; അമ്മയുടെ ഗർഭത്തിൽവച്ച് തന്നേ പരിശുദ്ധാത്മാവുകൊണ്ടു നിറയും.
16അവൻ യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിലേക്ക് മടക്കിവരുത്തും.17അവൻ കർത്താവിന് മുമ്പായി ഏലിയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും; അവൻ മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം പുന:സ്ഥാപിക്കും; അവൻ അനുസരിക്കാത്തവരെ നീതിമാന്മാരുടെ വിവേകത്തിലേക്ക് തിരിച്ചു കൊണ്ടുവരും; അങ്ങനെ ഒരുക്കമുള്ള ഒരു ജനത്തെ കർത്താവിനുവേണ്ടി തയ്യാറാക്കും.
18സെഖര്യാവ് ദൂതനോട്; ഇവ സംഭവിക്കും എന്നു ഞാൻ എങ്ങനെ അറിയും? ഞാൻ വൃദ്ധനും എന്റെ ഭാര്യ വയസ്സുചെന്നവളുമല്ലോ എന്നു പറഞ്ഞു.19ദൂതൻ അവനോട്: ഞാൻ ദൈവസന്നിധിയിൽ നില്ക്കുന്ന ഗബ്രിയേൽ ആകുന്നു; നിന്നോട് സംസാരിപ്പാനും ഈ സദ്വർത്തമാനം നിന്നോട് അറിയിക്കുവാനും എന്നെ അയച്ചിരിക്കുന്നു.20തക്കസമയത്ത് സംഭവിപ്പാനുള്ള എന്റെ ഈ വാക്ക് വിശ്വസിക്കാഞ്ഞതുകൊണ്ട് അത് സംഭവിക്കും വരെ നീ സംസാരിപ്പാൻ കഴിയാതെ മൗനമായിരിക്കും എന്നു ഉത്തരം പറഞ്ഞു.
21ജനം സെഖര്യാവിനായി കാത്തിരുന്നു, അവൻ മന്ദിരത്തിൽ നിന്നു പുറത്തു വരാൻ താമസിച്ചതിനാൽ ആശ്ചര്യപ്പെട്ടു.22അവൻ പുറത്തു വന്നപ്പോൾ അവരോട് സംസാരിപ്പാൻ കഴിഞ്ഞില്ല; അതിനാൽ അവൻ മന്ദിരത്തിൽ ഒരു ദർശനം കണ്ട് എന്നു അവർ അറിഞ്ഞ്; അവൻ അവരോട് ആം‌ഗ്യഭാഷയിൽ സംസാരിച്ചു ഊമനായി പാർത്തു.23അവന്റെ ശുശ്രൂഷാകാലം പൂർത്തിയായപ്പോൾ അവൻ വീട്ടിലേക്ക് മടങ്ങിപ്പോയി.

24ആ നാളുകൾ കഴിഞ്ഞിട്ട് അവന്റെ ഭാര്യ എലിസബെത്ത് ഗർഭം ധരിച്ചു:25മനുഷ്യരുടെ ഇടയിൽ എനിക്കുണ്ടായിരുന്ന നിന്ദ നീക്കുവാൻ കർത്താവിന് എന്നോട് ദയ തോന്നിയ നാളിൽ ഇങ്ങനെ എനിക്ക് ചെയ്തുതന്നിരിക്കുന്നു എന്നു പറഞ്ഞു അഞ്ച് മാസം ഒളിച്ചു പാർത്തു.

26എലിസബെത്ത് ഗർഭിണിയായി ആറ് മാസം കഴിഞ്ഞപ്പോൾ ദൈവം ഗബ്രിയേൽദൂതനെ ഗലീലയിലെ നസറെത്ത് എന്ന പട്ടണത്തിലേക്ക് അയച്ചു.27അവിടെ ദാവീദിന്റെ പിന്തുടർച്ചക്കാരനായ യോസഫ് എന്നൊരു പുരുഷന് വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കൽ അയച്ചു; ആ കന്യകയുടെ പേർ മറിയ എന്ന് ആയിരുന്നു.28ദൂതൻ അവളുടെ അടുക്കൽ അകത്ത് ചെന്ന്: കൃപ ലഭിച്ചവളേ, നിനക്ക് വന്ദനം; കർത്താവ് നിന്നോടുകൂടെ ഉണ്ട് എന്നു പറഞ്ഞു.29അവൾ ആ വാക്ക് കേട്ട് ഭയപരവശയായി. ഇതു എന്തിനാണ് തന്നോട് പറയുന്നത് എന്നു വിചാരിച്ചു.
30ദൂതൻ അവളോട്: മറിയയേ, ഭയപ്പെടേണ്ടാ; നിനക്ക് ദൈവത്തിന്റെ കൃപ ലഭിച്ചു.31നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന് യേശു എന്നു പേർ വിളിക്കണം.32അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന് കൊടുക്കും33അവൻ യാക്കോബിന്റെ സന്തതി പരമ്പരകൾക്ക് എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു.
34മറിയ ദൂതനോട്: ഞാൻ കന്യക ആയതിനാൽ ഇതു എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു.35അതിന് ദൂതൻ: പരിശുദ്ധാത്മാവ് നിന്റെമേൽ വരും; അത്യുന്നതന്റെ ശക്തിയാൽ അത് സംഭവിക്കും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധശിശു ദൈവപുത്രൻ എന്നു വിളിക്കപ്പെടും.
36നിന്റെ ബന്ധുവായ എലിസബെത്ത് വൃദ്ധയായിരുന്നിട്ടും ഒരു മകനെ ഗർഭം ധരിച്ചിരിക്കുന്നു; വന്ധ്യ എന്നു പറഞ്ഞുവന്നവൾക്ക് ഇതു ആറാം മാസം.37ദൈവത്തിന് ഒരു കാര്യവും അസാദ്ധ്യമല്ല എന്നു ഉത്തരം പറഞ്ഞു.38അതിന് മറിയ: ഇതാ, ഞാൻ കർത്താവിന്റെ ദാസി; അതുകൊണ്ട് നീ പറഞ്ഞ കാര്യങ്ങൾ എനിക്ക് സംഭവിക്കട്ടെ എന്നു പറഞ്ഞു; ദൂതൻ അവളെ വിട്ടുപോയി.

39കുറച്ച് ദിവസങ്ങൾക്ക് ശേഷം മറിയ വളരെ വേഗം മല നാട്ടിൽ ഒരു യെഹൂദ്യപട്ടണത്തിൽ ചെന്ന്,40അവിടെ സെഖര്യാവിന്റെ വീട്ടിൽ എത്തി എലിസബെത്തിനെ വന്ദനം ചെയ്തു.41മറിയയുടെ വന്ദനം എലിസബെത്ത് കേട്ടപ്പോൾ ശിശു അവളുടെ ഗർഭത്തിൽ തുള്ളി; എലിസബെത്ത് പരിശുദ്ധാത്മാവ് നിറഞ്ഞു,
42ഇപ്രകാരം ഉച്ചത്തിൽ വിളിച്ചു പറഞ്ഞു: സകല സ്ത്രീകളിലും നീ അനുഗ്രഹിക്കപ്പെട്ടവളാണ്; നിന്റെ ഗർഭത്തിലുള്ള ശിശുവും അനുഗ്രഹിക്കപ്പെട്ടതാണ്.43എന്റെ കർത്താവിന്റെ മാതാവ് എന്റെ അടുക്കൽ വരുവാനുള്ള ഭാഗ്യം എനിക്ക് എവിടെ നിന്നു ഉണ്ടായി.44നിന്റെ വന്ദനസ്വരം ഞാൻ കേട്ടപ്പോൾ ശിശു എന്റെ ഗർഭത്തിൽ ആനന്ദംകൊണ്ട് തുള്ളി.45കർത്താവ് തന്നോട് അരുളിച്ചെയ്ത കാര്യങ്ങൾ സംഭവിക്കും എന്നു വിശ്വസിച്ചവൾ ഭാഗ്യവതി.

46അപ്പോൾ മറിയ പറഞ്ഞത്:
“എന്റെ ഉള്ളം കർത്താവിനെ മഹിമപ്പെടുത്തുന്നു;
47എന്റെ ആത്മാവ് എന്റെ രക്ഷിതാവായ ദൈവത്തിൽ സന്തോഷിക്കുന്നു.
48അവൻ തന്റെ ദാസിയുടെ താഴ്ചയെ അംഗീകരിച്ചിരിക്കുന്നു; ഇന്നുമുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും.
49സർവ്വശക്തൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു; അവന്റെ നാമം പരിശുദ്ധം ആകുന്നു.
50അവനെ ഭയപ്പെടുന്നവർക്ക് അവന്റെ കരുണ തലമുറതലമുറയോളം ലഭിക്കുന്നു.
51അവൻ തന്റെ കയ്യാൽ ശക്തമായ കാര്യങ്ങൾ ചെയ്തു. തങ്ങളുടെ ചിന്തകളിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചിരിക്കുന്നു.
52പ്രഭുക്കന്മാരെ അവരുടെ സിംഹാസനങ്ങളിൽ നിന്നു ഇറക്കി വിനീതരെ ഉയർത്തിയിരിക്കുന്നു.
53വിശന്നിരിക്കുന്നവർക്ക് ആവശ്യമായ ആഹാരം നൽകി, സമ്പന്നന്മാരെ വെറുതെ അയച്ചു.
54നമ്മുടെ പിതാക്കന്മാരോട് അരുളിച്ചെയ്തതുപോലെ അബ്രഹാമിനും അവന്റെ സന്തതിയ്ക്കും എന്നേക്കും കരുണ ലഭിക്കേണ്ടതിനു,
55തന്റെ ദാസനായ യിസ്രായേലിനെ സഹായിച്ചിരിക്കുന്നു”.

56മറിയ ഏകദേശം മൂന്നു മാസം എലിസബെത്തിനോട് കൂടെ താമസിച്ചിട്ട് വീട്ടിലേക്ക് മടങ്ങിപ്പോയി.

57എലിസബെത്തിന് പ്രസവിപ്പാനുള്ള സമയം തികഞ്ഞപ്പോൾ അവൾ ഒരു മകനെ പ്രസവിച്ചു;58കർത്താവ് അവൾക്ക് വലിയ കരുണ കാണിച്ചു എന്നു അയൽക്കാരും ബന്ധുക്കളും കേട്ടിട്ട് അവളോടുകൂടെ സന്തോഷിച്ചു.
59എട്ടാം നാളിൽ അവർ പൈതലിനെ പരിച്ഛേദന ചെയ്‌വാൻ കൊണ്ട് വന്നു; യെഹൂദന്മാരുടെ പാരമ്പര്യം അനുസരിച്ചു അപ്പന്റെ പേർപോലെ അവന് സെഖര്യാവ് എന്നു പേർ വിളിക്കുവാൻ തീരുമാനിച്ചു.60അവന്റെ അമ്മയോ: അല്ല, അവന് യോഹന്നാൻ എന്നു പേരിടേണം എന്നു പറഞ്ഞു.61അവർ അവളോട്: നിന്റെ ബന്ധുക്കൾക്ക് ആർക്കും ആ പേര് ഇല്ലല്ലോ എന്നു പറഞ്ഞു.
62പിന്നെ അവന് എന്ത് പേരിടാൻ ആഗ്രഹിക്കുന്നു എന്നു അപ്പനോട് ആംഗ്യം കാട്ടി ചോദിച്ചു.63അവൻ ഒരു എഴുത്തു പലക ചോദിച്ചു: അവന്റെ പേർ യോഹന്നാൻ എന്നു എഴുതി; എല്ലാവരും ആശ്ചര്യപ്പെട്ടു.
64ഉടനെ അവന്റെ സംസാരശേഷി തിരികെ ലഭിച്ചു, അവൻ സംസാരിച്ചു ദൈവത്തെ സ്തുതിച്ചു.65അയൽക്കാർക്കെല്ലാം ദൈവത്തിന്റെ ശക്തിയെക്കുറിച്ച് ഭയവും ആശ്ചര്യവും ഉണ്ടായി; യെഹൂദ്യമലനാട്ടിൽ എങ്ങും ഈ വാർത്ത ഒക്കെയും പ്രസിദ്ധമായി66കേട്ടവർ എല്ലാവരും അവിടെ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചു: ഈ പൈതൽ ആരാകും എന്നു പറഞ്ഞു; കർത്താവിന്റെ ശക്തി അവനോട് കൂടെ ഉണ്ടായിരുന്നു.

67അവന്റെ പിതാവായ സെഖര്യാവ് പരിശുദ്ധാത്മാവിൽ നിറഞ്ഞ് ഇപ്രകാരം പ്രവചിച്ചു:
68“യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു അവരെ സ്വതന്ത്രരാക്കും.
69ആദിമുതൽ തന്റെ വിശുദ്ധപ്രവാചകന്മാരിലൂടെ അരുളിച്ചെയ്തതുപോലെ
70അവൻ ശക്തനായ രക്ഷകനെ തന്റെ ദാസനായ ദാവീദിന്റെ സന്തതി പരമ്പരകളിൽ നിന്നു നമുക്ക് നൽകിയിരിക്കുന്നു.
71അവൻ നമ്മെ നമ്മുടെ ശത്രുക്കളിൽ നിന്നും, നമ്മെ വെറുക്കുന്നവരുടെ കയ്യിൽ നിന്നും, രക്ഷിക്കും എന്നു വാഗ്ദത്തം ചെയ്തിരിക്കുന്നു.
72അങ്ങനെ നമ്മുടെ പിതാക്കന്മാരോട് കരുണ കാണിക്കുകയും, അവരോട് ചെയ്ത വിശുദ്ധ ഉടമ്പടി നിറവേറ്റുകയും ചെയ്തു.
73നമ്മുടെ പൂർവ്വപിതാവായ അബ്രഹാമിനോട് സത്യം ചെയ്തതാണു് ഈ ഉടമ്പടി.
74നമ്മെ ശത്രുക്കളുടെ കയ്യിൽ നിന്നും വിടുവിക്കുവാനും നമ്മുടെ ആയുഷ്ക്കാലം മുഴുവനും ഭയം കൂടാതെ തിരുമുമ്പിൽ
75വിശുദ്ധിയോടും നീതിയോടും കൂടെ അവനെ സേവിക്കുവാൻ നമുക്കു കൃപ നൽകും എന്നായിരുന്നു ആ ഉടമ്പടി.
76നീയോ പൈതലേ, അത്യുന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. എന്തുകൊണ്ടെന്നാൽ കർത്താവിന്റെ വഴി ഒരുക്കുവാനും
77നമ്മുടെ ദൈവത്തിന്റെ ആർദ്രകരുണയാൽ അവന്റെ ജനത്തിന് പാപമോചനം ലഭിക്കുമെന്ന് അറിയിക്കാനുമായി നീ അവന് മുമ്പായി നടക്കും.
78സത്യം അറിയാതിരിക്കുന്നവരുടെയും മരണത്തിന്റെ ഭീതിയിൽ കഴിയുന്നവരുടെയും മേൽ പ്രകാശിച്ച്, അവരെ സമാധാനമാർഗ്ഗത്തിൽ നടത്തേണ്ടതിന്
79ആ ആർദ്രകരുണയാൽ ഉദയസൂര്യനെ പോലെയുള്ള രക്ഷകൻ സ്വർഗ്ഗത്തിൽ നിന്നു നമ്മെ സന്ദർശിച്ചിരിക്കുന്നു.”

80പൈതൽ വളർന്ന് ആത്മാവിൽ ബലപ്പെട്ടു; അവൻ യിസ്രായേൽ ജനങ്ങളുടെ മുൻപിൽ തന്റെ പരസ്യശുശ്രൂഷ തുടങ്ങുന്ന നാൾവരെയും മരുഭൂമിയിൽ ആയിരുന്നു.


1 1. 5 1 ദിന 24: 10 ദാവീദ് പുരോഹിതന്മാരെ 24 ഗണങ്ങളാക്കി തിരിച്ചതിൽ ഒരു ഗണത്തിന്റെ പിതാവാണ് അബീയാവ്

2

1ആ കാലത്ത്, റോമാസാമ്രാജ്യത്തിൽ ഒക്കെയും ജനസംഖ്യ കണക്ക് എടുക്കണം എന്ന് ഔഗുസ്തൊസ് കൈസർ ഒരു ആജ്ഞ കൊടുത്തു.2കുറേന്യാസ്, സിറിയയിലെ ഗവർണ്ണർ ആയിരിക്കുമ്പോൾ ആകുന്നു ഈ ഒന്നാമത്തെ കണക്കെടുപ്പ് ഉണ്ടാകുന്നത്.3അതുകൊണ്ട് എല്ലാവരും ജനസംഖ്യ രേഖപ്പെടുത്തേണ്ടതിന് അവരവരുടെ പട്ടണങ്ങളിലേക്ക് യാത്രയായി.

4അങ്ങനെ യോസഫും ദാവീദിന്റെ കുടുംബത്തിലും വംശത്തിലും ഉൾപ്പെട്ടവൻ ആയിരുന്നതുകൊണ്ട്, തനിക്കു വിവാഹം നിശ്ചയിച്ചിരുന്ന മറിയ എന്ന ഗർഭിണിയായ ഭാര്യയോടും കൂടെ പേരു ചേർക്കേണ്ടതിന് ഗലീലയിലെ നസറെത്ത് പട്ടണം വിട്ടു,5യെഹൂദ്യയിൽ ബേത്ത്ലേഹെം എന്ന ദാവീദിന്റെ പട്ടണത്തിലേക്ക് പോയി.
6അവർ അവിടെ ആയിരുന്നപ്പോൾ അവൾക്ക് പ്രസവത്തിനുള്ള സമയം ആയി7അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു. വഴിയമ്പലത്തിൽ അവർക്ക് സ്ഥലം ഇല്ലാതിരുന്നതിനാൽ പുതപ്പ് കൊണ്ട് നല്ലവണ്ണം പൊതിഞ്ഞു പശുത്തൊട്ടിയിൽ 1 കിടത്തി.

8അന്ന്, സൂര്യൻ അസ്തമിച്ച് ഇരുൾ വ്യാപിച്ചപ്പോൾ, ആ പ്രദേശത്ത് ഇടയന്മാർ ആട്ടിൻകൂട്ടത്തിന് കാവലായി വെളിയിൽ താമസിച്ചിരുന്നു.9പെട്ടെന്ന് കർത്താവിന്റെ ഒരു ദൂതൻ അവരുടെ അരികെ വന്നു, കർത്താവിന്റെ തേജസ്സ് അവരെ ചുറ്റിമിന്നി, അവർ ഭയപരവശരായിത്തീർന്നു.
10ദൂതൻ അവരോട്: ഭയപ്പെടേണ്ടാ; സർവ്വജനത്തിനും ഉണ്ടാകുവാനുള്ള മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു.11കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്ന് ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്ക് വേണ്ടി ജനിച്ചിരിക്കുന്നു.12നിങ്ങൾക്ക് അടയാളമോ; പുതപ്പിനാൽ നല്ലവണ്ണം പൊതിയപ്പെട്ട് പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും എന്നു പറഞ്ഞു.
13പെട്ടെന്ന് സ്വർഗ്ഗീയ സൈന്യത്തിന്റെ ഒരു സംഘം ദൂതനോട് ചേർന്ന് ദൈവത്തെ പുകഴ്ത്തി.
14“അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്ക് സമാധാനം”
എന്നു പറഞ്ഞു.

15ദൂതന്മാർ അവരെ വിട്ടു സ്വർഗ്ഗത്തിൽ പോയശേഷം ഇടയന്മാർ: ഇപ്പോൾ നാം ബേത്ത്ലേഹെമിൽ ചെന്ന് കർത്താവ് നമ്മോടു അറിയിച്ച ഈ സംഭവം കാണണം എന്നു തമ്മിൽ പറഞ്ഞു.16അവർ വേഗത്തിൽ ചെന്ന്, മറിയയെയും യോസഫിനെയും പശുത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ട്.
17ഈ കുഞ്ഞിനെക്കുറിച്ച് മാലാഖമാർ തങ്ങളോട് പറഞ്ഞ വാക്ക് മറ്റുള്ളവരെയെല്ലാം അറിയിച്ചു.18ഇടയന്മാർ പറഞ്ഞത് കേട്ടവർ എല്ല്ലാം ആശ്ചര്യപ്പെട്ടു.19മറിയ ഈ വാർത്ത ഒക്കെയും വില ഉള്ളതെന്ന് കരുതി ഹൃദയത്തിൽ സംഗ്രഹിച്ച് ധ്യാനിച്ചുകൊണ്ടിരുന്നു.20തങ്ങളോട് അറിയിച്ചതുപോലെ ഇടയന്മാർ കണ്ട്. അവർ കേട്ടതും കണ്ടതുമായ എല്ലാറ്റിനെയും കുറിച്ച് ദൈവത്തെ മഹത്വപ്പെടുത്തിയും പുകഴ്ത്തിയുംകൊണ്ട് മടങ്ങിപ്പോയി.

21ശിശുവിനെ പരിച്ഛേദന ചെയ്യേണ്ട എട്ടാം ദിവസം, അവൻ ഗർഭത്തിൽ ഉല്പാദിക്കുന്നതിനു മുമ്പെ ദൂതൻ പറഞ്ഞിരുന്നതുപോലെ, അവന് യേശു എന്നു പേർ വിളിച്ചു.

22മോശെയുടെ ന്യായപ്രമാണം അനുസരിച്ചുള്ള അവളുടെ ശുദ്ധീകരണകാലം പൂർത്തിയായപ്പോൾ23കടിഞ്ഞൂലായ2 ആണൊക്കെയും കർത്താവിന് വിശുദ്ധം ആയിരിക്കണം എന്നു കർത്താവിന്റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നത് പോലെ24അവനെ കർത്താവിന് അർപ്പിക്കുവാനും, ഒരു ഇണ3 കുറുപ്രാവിനെയോ രണ്ടു പ്രാക്കുഞ്ഞിനെയോ കർത്താവിന്റെ ന്യായപ്രമാണത്തിൽ കല്പിച്ചതുപോലെ യാഗം കഴിക്കുവാനും അവർ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി.
25യെരൂശലേമിൽ ശിമ്യോൻ എന്നു പേരുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു; ഈ മനുഷ്യൻ നീതിമാനും യിസ്രായേലിന്റെ ആശ്വാസത്തിനായി കാത്തിരിക്കുന്നവനും ആയിരുന്നു; പരിശുദ്ധാത്മാവും അവന്റെ മേൽ ഉണ്ടായിരുന്നു.26കർത്താവിന്റെ ക്രിസ്തുവിനെ കാണുംമുമ്പെ മരിക്കുകയില്ല എന്നു പരിശുദ്ധാത്മാവിനാൽ അവന് അരുളപ്പാട് ഉണ്ടായിരുന്നു.
27അവൻ ആത്മാവ് നയിച്ചതനുസരിച്ച് ദൈവാലയത്തിൽ ചെന്ന്. യേശു എന്ന പൈതലിന് വേണ്ടി ന്യായപ്രമാണം അനുസരിച്ചുള്ള അനുഷ്ഠാനങ്ങൾ ചെയ്‌വാൻ അമ്മയും അപ്പനും അവനെ അകത്ത് കൊണ്ടുചെന്നപ്പോൾ28ശിമ്യോൻ അവനെ കയ്യിൽ എടുത്തു ദൈവത്തെ പുകഴ്ത്തി:
29“ഇപ്പോൾ നാഥാ തിരുവചനത്തിൽ പറയുന്നതുപോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയയ്ക്കേണമേ.
30ജാതികൾക്ക് വെളിപ്പെടുവാനുള്ള പ്രകാശവും നിന്റെ ജനമായ യിസ്രായേലിന്റെ മഹത്വവുമായി
31നീ സകല ജാതികളുടെയും മുമ്പിൽ ഒരുക്കിയിരിക്കുന്ന നിന്റെ രക്ഷയെ
32എന്റെ കണ്ണ് കണ്ടുവല്ലോ”
എന്നു പറഞ്ഞു.
33ഇങ്ങനെ യേശു പൈതലിനെക്കുറിച്ചു പറഞ്ഞത് കൊണ്ട് അവന്റെ അപ്പനും അമ്മയും ആശ്ചര്യപ്പെട്ടു.34പിന്നെ ശിമ്യോൻ അവരെ അനുഗ്രഹിച്ച് അവന്റെ അമ്മയായ മറിയയോടു: ഇവൻ യിസ്രായേലിൽ പലരേയും ദൈവത്തിൽ നിന്നു അകലുന്നവരും അടുക്കുന്നവരും ആക്കിത്തീർക്കും. അനേകരുടെ ഹൃദയങ്ങളിലെ വിചാരം വെളിപ്പെടുത്തും. എതിർക്കുന്നവർക്ക് അവൻ ഒരു അടയാളം ആയിരിക്കും.35നിന്റെ സ്വന്തപ്രാണനിൽക്കൂടി ഒരു വാൾ കടക്കുന്നത് പോലെ നിനക്ക് വലിയ പ്രയാസം ഉണ്ടാകും എന്നു പറഞ്ഞു.
36ആശേർ ഗോത്രത്തിൽ ഫനൂവേലിന്റെ മകളായ ഹന്നാ എന്നൊരു പ്രവാചകി ഉണ്ടായിരുന്നു; അവൾ വിവാഹ ശേഷം ഭർത്താവിനോടുകൂടെ ഏഴ് സംവത്സരം ജീവിച്ചു. എൺപത്തിനാല് സംവത്സരം വിധവയായി ജീവിച്ചു. ഇപ്പോൾ വളരെ വയസ്സു ചെന്ന്.37ദൈവാലയം വിട്ടു പിരിയാതെ ഉപവാസത്തോടും പ്രാർത്ഥനയോടും കൂടെ രാവും പകലും ആരാധന ചെയ്തു വരുന്നു.38ആ സമയത്ത് അവളും അടുത്തുനിന്ന് ദൈവത്തെ സ്തുതിച്ച്, യെരൂശലേമിന്റെ വീണ്ടെടുപ്പിനായി കാത്തിരുന്ന എല്ലാവരോടും അവനെക്കുറിച്ച് പ്രസ്താവിച്ചു.
39കർത്താവിന്റെ ന്യായപ്രമാണത്തിൽ കല്പിച്ചിരിക്കുന്നതൊക്കെയും നിവർത്തിച്ചശേഷം മറിയയും ജോസഫും ഗലീലയിൽ തങ്ങളുടെ പട്ടണമായ നസറെത്തിലേക്ക് മടങ്ങിപ്പോയി.

40പൈതൽ വളർന്ന് ജ്ഞാനം നിറഞ്ഞു, ആത്മാവിൽ ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേൽ ഉണ്ടായിരുന്നു.

41അവന്റെ അമ്മയപ്പന്മാർ എല്ലാ വർഷവും പെസഹ പെരുന്നാളിന് യെരൂശലേമിലേക്കു പോകും.42അവന് പന്ത്രണ്ട് വയസ്സായപ്പോൾ അവർ പതിവുപോലെ പെരുന്നാളിന് പോയി.43പെരുന്നാൾ കഴിഞ്ഞു മടങ്ങിപ്പോരുമ്പോൾ ബാലനായ യേശു യെരൂശലേമിൽ താമസിച്ചു; അമ്മയപ്പന്മാരോ അറിഞ്ഞില്ല.44അവരോടൊപ്പം യാത്ര ചെയ്യുന്നവരുടെ കൂട്ടത്തിൽ ഉണ്ടായിരിക്കും എന്നു അവർ വിചാരിച്ചിട്ട് ഒരു ദിവസത്തെ യാത്ര ചെയ്തു; പിന്നെ അവനെ ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയിൽ അന്വേഷിച്ചു.
45അവനെ കണ്ടില്ല അതുകൊണ്ട് അവർ അവനെ അന്വേഷിച്ചു യെരൂശലേമിലേക്കു മടങ്ങിപ്പോയി.46മൂന്നു ദിവസം കഴിഞ്ഞശേഷം അവൻ ദൈവാലയത്തിൽ ഗുരുക്കന്മാരുടെ ഇടയിൽ ഇരിക്കുന്നതും അവരുടെ ഉപദേശം കേൾക്കുകയും അവരോട് ചോദ്യങ്ങൾ ചോദിക്കുന്നതും കണ്ട്.47അവന്റെ വാക്ക് കേട്ടവർക്കെല്ലാവർക്കും അവന്റെ വിവേകത്തിലും ഉത്തരങ്ങളിലും വിസ്മയം തോന്നി. അവനെ കണ്ടിട്ട് അവർ അതിശയിച്ചു;
48അമ്മ അവനോട്: മകനേ, ഞങ്ങളോടു ഇങ്ങനെ ചെയ്തതു എന്ത്? നിന്റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ട് നിന്നെ കണ്ടുപിടിക്കാൻ വളരെ വിഷമിച്ചു എന്നു പറഞ്ഞു.49അവൻ അവരോട്: എന്നെ എന്തിനാണ് അന്വേഷിച്ചത് ? എന്റെ പിതാവിന്റെ ഭവനത്തിൽ ഞാൻ ഇരിക്കേണം എന്നു നിങ്ങൾ അറിയുന്നില്ലയോ. എന്നു പറഞ്ഞു.50അവൻ തങ്ങളോട് പറഞ്ഞ വാക്ക് അവർക്ക് മനസ്സിലായില്ല.
51പിന്നെ അവൻ അവരോടുകൂടെ നസറെത്തിൽ വന്നു മാതാപിതാക്കളെ അനുസരിച്ചു ജീവിച്ചു. ഈ കാര്യങ്ങൾ എല്ലാം അവന്റെ അമ്മ ഹൃദയത്തിൽ സംഗ്രഹിച്ചു.

52യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു.


1 2. 7 പശുക്കൾക്കുള്ള ആഹാരം ശേഖരിച്ചു വയ്ക്കുന്ന ഒരു വലിയ പാത്രം
2 2. 23 ആദ്യജാതനായ
3 2. 24 ഒരു ഇണ എന്നാൽ രണ്ട് അല്ലെങ്കിൽ ഒരു ജോടി

3

1തിബര്യാസ് കൈസരുടെ ഭരണത്തിന്റെ പതിനഞ്ചാം വർഷത്തിൽ, പൊന്തിയൊസ് പീലാത്തോസ് യെഹൂദ്യയിലെ ഗവർണ്ണർ ആയിരുന്നു. ഹെരോദാവ് ഗലീലയിലും, അവന്റെ സഹോദരനായ ഫീലിപ്പോസ് ഇതുര്യ, ത്രഖോനിത്തി ദേശങ്ങളിലും, ലുസാന്യാസ് അബിലേനയിലും ഇടപ്രഭുക്കന്മാർ ആയിരുന്നു.2അന്നത്തെ മഹാപുരോഹിതന്മാരായ ഹന്നാവിന്റേയും കയ്യഫാവിന്റേയും കാലത്തായിരുന്നു സെഖര്യാവിന്റെ മകനായ യോഹന്നാന് മരുഭൂമിയിൽവച്ച് ദൈവത്തിന്റെ അരുളപ്പാട് ഉണ്ടായത്.

3അവൻ യോർദ്ദാനരികെയുള്ള നാട്ടിൽ ഒക്കെയും ചെന്ന് പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചു.
4“മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദമാണിത്: കർത്താവിന്റെ വഴി ഒരുക്കുവിൻ; അവന്റെ പാത നിരപ്പാക്കുവിൻ.
5എല്ലാ താഴ്‌വരകളും നികന്നുവരും; എല്ലാ മലയും കുന്നും താഴുകയും നിരപ്പാവുകയും ചെയ്യും; വളഞ്ഞതു നേരെയാവുകയും ദുർഘടമായത് നിരന്ന വഴിയായും തീരും;
6സകല മനുഷ്യരും ദൈവത്തിന്റെ രക്ഷയെ കാണും”
എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നത് പോലെ സംഭവിച്ചു.

7തന്നിൽ നിന്നു സ്നാനം ഏൽക്കുവാൻ വന്ന പുരുഷാരത്തോട് യോഹന്നാൻ പറഞ്ഞത്: വിഷമുള്ള പാമ്പുകളെ പോലെ ദുഷ്ടത പ്രവർത്തിക്കുന്നവരാണു് നിങ്ങൾ. വരുവാനുള്ള കോപത്തിൽ നിന്നു ഒഴിഞ്ഞു പോകുവാൻ നിങ്ങൾക്ക് സാധ്യമല്ല.
8മാനസാന്തരത്തിന് യോഗ്യമായ ഫലം കായ്പിൻ. അബ്രഹാം ഞങ്ങൾക്കു പിതാവായിട്ടുണ്ട് എന്നു അഭിമാനിക്കുന്നതുകൊണ്ട് ഈ ശിക്ഷാവിധിയിൽ നിന്നു ഒഴിഞ്ഞുപോകുവാൻ സാധ്യമല്ല; കാരണം അബ്രഹാമിന് ഈ കല്ലുകളിൽ നിന്നു മക്കളെ ഉല്പാദിപ്പിക്കുവാൻ ദൈവത്തിന് കഴിയും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
9വൃക്ഷങ്ങളുടെ ചുവട്ടിന് കോടാലി വെച്ചിരിക്കുന്ന ഒരു മനുഷ്യനെ പോലെയാകുന്നു ദൈവം; നല്ല ഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു.
10എന്നാൽ ഞങ്ങൾ എന്ത് ചെയ്യേണം എന്നു പുരുഷാരം അവനോട് ചോദിച്ചു.11അതിന് ഉത്തരമായി അവൻ: രണ്ടു വസ്ത്രമുള്ളവൻ ഇല്ലാത്തവന് കൊടുക്കട്ടെ; ഭക്ഷണസാധനങ്ങൾ ഉള്ളവനും തന്നെ ചെയ്യട്ടെ എന്നു ഉത്തരം പറഞ്ഞു.
12ചുങ്കക്കാരും സ്നാനം ഏൽക്കുവാൻ വന്നു: ഗുരോ, ഞങ്ങൾ എന്തുചെയ്യണം എന്നു അവനോട് ചോദിച്ചു.13നിങ്ങളോടു റോമാ ഭരണകൂടം കല്പിച്ചതിൽ അധികം ഒന്നും പിരിക്കരുത് എന്നു അവൻ പറഞ്ഞു.
14പടയാളികൾ അവനോട്: ഞങ്ങളെക്കുറിച്ച് എന്ത് പറയുന്നു? ഞങ്ങൾ എന്ത് ചെയ്യേണം എന്നു ചോദിച്ചതിന്: ആരെയും നിബ്ബന്ധിച്ചു പണം വാങ്ങരുത്. ആരുടെ കയ്യിൽ നിന്നും ചതിവായി ഒന്നും വാങ്ങരുത്. നിങ്ങളുടെ ശമ്പളം കൊണ്ട് തൃപ്തിപ്പെടുക എന്നു അവരോട് പറഞ്ഞു.

15എന്നാൽ ജനമെല്ലാം ക്രിസ്തു വരുമെന്നു പ്രതീക്ഷിച്ചിരുന്നു; അതുകൊണ്ട് അവൻ ക്രിസ്തുവോ എന്നു എല്ലാവരും ഹൃദയത്തിൽ യോഹന്നാനെക്കുറിച്ച് വിചാരിച്ചു.16യോഹന്നാൻ എല്ലാവരോടും ഉത്തരം പറഞ്ഞത്: ഞാൻ നിങ്ങളെ വെള്ളംകൊണ്ട് സ്നാനം കഴിപ്പിക്കുന്നു; എന്നാൽ എന്നിലും ബലവാനായവൻ വരുന്നു; അവന്റെ ചെരിപ്പിന്റെ വാറ് അഴിക്കുവാൻ പോലും എനിക്ക് യോഗ്യതയില്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും.
17അവന്റെ കയ്യിൽ വീശുമുറം1 ഉണ്ട്; അവൻ കളത്തെ2 മുഴുവനും വൃത്തിയാക്കി ഗോതമ്പു കളപ്പുരയിൽ ശേഖരിച്ചുവെക്കുകയും പതിർ കെടാത്ത തീയിൽ ഇട്ട് ചുട്ടുകളകയും ചെയ്യും.

18ഇതു പോലെ മറ്റു പല ഉപദേശങ്ങളാൽ അവൻ ജനത്തോടു സുവിശേഷം അറിയിച്ചു.19എന്നാൽ ഇടപ്രഭുവായ ഹെരോദാവ് സഹോദരന്റെ ഭാര്യ ഹെരോദ്യയെ വിവാഹം ചെയ്തതിനാലും മറ്റു പല ദോഷങ്ങൾ ചെയ്തതിനാലും യോഹന്നാൻ അവനെ കുറ്റപ്പെടുത്തി.20അതിനാൽ ഹെരോദാവ് അവനെ തടവിൽ ആക്കി.

21അങ്ങനെ യോഹന്നാനോടൊപ്പം ഉണ്ടായിരുന്ന ജനം എല്ലാം സ്നാനം ഏറ്റുകൊണ്ടിരുന്നപ്പോൾ യേശുവും സ്നാനം ഏറ്റു. യേശു പ്രാർത്ഥിക്കുമ്പോൾ സ്വർഗ്ഗം തുറന്നു,22പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തിൽ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.

23യേശു തന്റെ ശുശ്രൂഷ ആരംഭിക്കുമ്പോൾ ഏകദേശം മുപ്പത് വയസ്സായിരുന്നു. അവൻ യോസഫിന്റെ മകൻ എന്നു ജനം വിചാരിച്ചു;24യോസഫ് ഹേലിയുടെ മകൻ, ഹേലി മത്ഥാത്തിന്റെ മകൻ, മത്ഥാത്ത് ലേവിയുടെ മകൻ, ലേവി മെല്ക്കിയുടെ മകൻ, മെല്ക്കി യന്നായിയുടെ മകൻ, യന്നായി
25യോസഫിന്റെ മകൻ, യോസഫ് മത്തഥ്യൊസിന്റെ മകൻ, മത്തഥ്യൊസ് ആമോസിന്റെ മകൻ, ആമോസ് നാഹൂമിന്റെ മകൻ, നാഹൂം എസ്ളിയുടെ മകൻ, എസ്ളി നഗ്ഗായിയുടെ മകൻ,26നഗ്ഗായി മയാത്തിന്റെ മകൻ, മയാത്ത് മത്തഥ്യൊസിന്റെ മകൻ, മത്തഥ്യൊസ് ശെമയിയുടെ മകൻ, ശെമയി യോസഫിന്റെ മകൻ, യോസഫ് യോദയുടെ മകൻ,
27യോദാ യോഹന്നാന്റെ മകൻ, യോഹന്നാൻ രേസയുടെ മകൻ, രേസ സൊരൊബാബേലിന്റെ മകൻ, സൊരൊബാബേൽ ശലഥീയേലിന്റെ മകൻ, ശലഥീയേൽ നേരിയുടെ മകൻ,28നേരി മെൽക്കിയുടെ മകൻ, മെൽക്കി അദ്ദിയുടെ മകൻ, അദ്ദി കോസാമിന്റെ മകൻ, കോസാം എല്മാദാമിന്റെ മകൻ, എല്മാദാം ഏരിന്റെ മകൻ,29ഏർ യോശുവിന്റെ മകൻ, യോശു എലീയേസരിന്റെ മകൻ, എലീയേസർ യോരീമിന്റെ മകൻ, യോരീം മത്ഥാത്തിന്റെ മകൻ, മത്ഥാത്ത് ലേവിയുടെ മകൻ,
30ലേവി ശിമ്യോന്റെ മകൻ, ശിമ്യോൻ യെഹൂദയുടെ മകൻ, യെഹൂദാ യോസഫിന്റെ മകൻ, യോസഫ് യോനാമിന്റെ മകൻ, യോനാം എല്യാക്കീമിന്റെ മകൻ,31എല്യാക്കീം മെല്യാവിന്റെ മകൻ, മെല്യാവു മെന്നയുടെ മകൻ, മെന്നാ മത്തഥയുടെ മകൻ, മത്തഥാ നാഥാന്റെ മകൻ, നാഥാൻ ദാവീദിന്റെ മകൻ,32ദാവീദ് യിശ്ശായിയുടെ മകൻ, യിശ്ശായി ഓബേദിന്റെ മകൻ, ഓബേദ് ബോവസിന്റെ മകൻ, ബോവസ് സല്മോന്റെ മകൻ, സല്മോൻ നഹശോന്റെ മകൻ,
33നഹശോൻ അമ്മീനാദാബിന്റെ മകൻ, അമ്മീനാദാബ് അരാമിന്റെ മകൻ, അരാം എസ്രോന്റെ മകൻ, എസ്രോൻ പാരെസിന്റെ മകൻ, പാരെസ് യെഹൂദയുടെ മകൻ,34യെഹൂദാ യാക്കോബിന്റെ മകൻ, യാക്കോബ് യിസ്ഹാക്കിന്റെ മകൻ, യിസ്ഹാക്ക് അബ്രഹാമിന്റെ മകൻ, അബ്രഹാം തേരഹിന്റെ മകൻ,35തേരഹ് നാഹോരിന്റെ മകൻ, നാഹോർ സെരൂഗിന്റെ മകൻ, സെരൂഗ് രെഗുവിന്റെ മകൻ, രെഗു ഫാലെഗിന്റെ മകൻ, ഫാലെഗ് ഏബെരിന്റെ മകൻ, ഏബെർ ശലാമിന്റെ മകൻ, ശലാം കയിനാന്റെ മകൻ,
36കയിനാൻ അർഫക്സാദിന്റെ മകൻ, അർഫക്സാദ് ശേമിന്റെ മകൻ, ശേം നോഹയുടെ മകൻ, നോഹ ലാമേക്കിന്റെ മകൻ,37ലാമേക്ക് മെഥൂശലയുടെ മകൻ, മെഥൂശലാ ഹാനോക്കിന്റെ മകൻ, ഹാനോക്ക് യാരെദിന്റെ മകൻ, യാരെദ് മലെല്യേലിന്റെ മകൻ, മലെല്യേൽ കയിനാന്റെ മകൻ,38കയിനാൻ എനോശിന്റെ മകൻ, എനോശ് ശേത്തിന്റെ മകൻ, ശേത്ത് ആദാമിന്റെ മകൻ, ആദാം ദൈവത്തിന്റെ മകൻ.


1 3. 17 വീശുമുറം എന്നാൽ ഗോതമ്പിനെയും, പതിരിനെയും തമ്മിൽ വേർതിരിക്കാനായി ഉപയോഗിക്കുന്ന ഒരു മുറം.
2 3. 17 കളം എന്നാൽ ഗോതമ്പ് വേർതിരിക്കാനായി കൊണ്ടിടുന്ന സ്ഥലം.

4

1യേശുവിന്റെ സ്നാനത്തിന് ശേഷം പരിശുദ്ധാത്മാവ് നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങി; ആത്മാവ് അവനെ മരുഭൂമിയിലേക്ക് നടത്തി; എന്നാൽ പിശാച് അവനെ നാല്പതു ദിവസം പരീക്ഷിച്ചുകൊണ്ടിരുന്നു.2ആ ദിവസങ്ങളിൽ അവൻ ഒന്നും ഭക്ഷിച്ചില്ല; അവ കഴിഞ്ഞപ്പോൾ അവന് വിശന്നു.

3അപ്പോൾ പിശാച് അവനോട്: നീ ദൈവപുത്രൻ എങ്കിൽ ഈ കല്ലിനോട് അപ്പമായിത്തീരുവാൻ കല്പിക്ക എന്നു പറഞ്ഞു.4യേശു അവനോട്: മനുഷ്യൻ അപ്പംകൊണ്ട് മാത്രമല്ല ജീവിക്കുന്നത് എന്നു തിരുവചനത്തിൽ1 എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
5പിന്നെ പിശാച് അവനെ ഉയർന്ന ഒരു സ്ഥലത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി ലോകത്തിലെ സകല രാജ്യങ്ങളെയും ഒരു നിമിഷം കൊണ്ട് അവനെ കാണിച്ചു:6ഈ അധികാരം ഒക്കെയും അതിന്റെ മഹത്വവും നിനക്ക് തരാം; അത് എന്നെ ഏല്പിച്ചിരിക്കുന്നു; എനിക്ക് താത്പര്യം ഉള്ളവർക്ക് ഞാൻ ഇതു കൊടുക്കുന്നു.7നീ എന്നെ നമസ്കരിച്ച് 2 ആരാധിച്ചാൽ അതെല്ലാം നിനക്ക് തരാം എന്നു അവനോട് പറഞ്ഞു.
8യേശു അവനോട്: നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവൂ എന്നു തിരുവചനത്തിൽ3 എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
9പിന്നെ അവൻ യേശുവിനെ യെരൂശലേമിലേക്ക് കൂട്ടിക്കൊണ്ട് പോയി ദൈവാലയത്തിന്റെ മുകളിൽ ഏറ്റവും ഉയരം കൂടിയ സ്ഥാനത്ത് നിർത്തി അവനോട്: നീ ദൈവപുത്രൻ എങ്കിൽ ഇവിടെ നിന്നു താഴോട്ടു ചാടുക.
10“നിന്നെ സംരക്ഷിക്കുവാൻ അവൻ തന്റെ ദൂതന്മാരോട് നിന്നെക്കുറിച്ച് കല്പിക്കുകയും
11നിന്റെ കാൽ കല്ലിനോട് തട്ടാതെ അവർ നിന്നെ കയ്യിൽ താങ്ങിക്കൊള്ളുകയും ചെയ്യും”
എന്ന് തിരുവചനത്തിൽ
4 എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.

12യേശു അവനോട്: നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത് എന്നും തിരുവെഴുത്തിൽ5 എഴുതിയിരിക്കുന്നുവല്ലോ എന്നു ഉത്തരം പറഞ്ഞു.

13അങ്ങനെ പിശാച് സകല പരീക്ഷയും പൂർത്തിയാക്കിയ ശേഷം കുറെ സമയത്തേക്ക് അവനെ വിട്ടുമാറി.

14യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലയ്ക്കു് തിരികെ പോയി; അവനെക്കുറിച്ചുള്ള വാർത്ത ചുറ്റുമുള്ള നാട്ടിൽ ഒക്കെയും പ്രസിദ്ധമായി.15അവൻ അവരുടെ പള്ളികളിൽ ഉപദേശിച്ചു; എല്ലാവരും അവനെ പ്രശംസിച്ചു.

16അങ്ങനെ അവൻ വളർന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്ന് വായിക്കുവാൻ എഴുന്നേറ്റുനിന്നു.17യെശയ്യാപ്രവാചകന്റെ പുസ്തകം അവന് കൊടുത്തു; അവൻ പുസ്തകം തുറന്നു:
18“ദരിദ്രരോട് സുവിശേഷം അറിയിക്കുവാൻ കർത്താവ് എന്നെ അഭിഷേകം ചെയ്തിരിക്കയാൽ അവന്റെ ആത്മാവ് എന്റെമേൽ ഉണ്ട്; തടവുകാ‍ർക്ക് വിടുതലും, അന്ധർക്ക് കാഴ്ചയും നൽകുമെന്ന് പ്രസംഗിക്കുവാനും, മർദ്ദിതരെ വിടുവിച്ചയയ്ക്കുവാനും,
19ജനങ്ങളോട് കാരുണ്യം കാട്ടുവാൻ കർത്താവിന്റെ വർഷം എത്തിയിരിക്കുന്നു എന്നു പ്രസംഗിക്കുവാനും എന്നെ അയച്ചിരിക്കുന്നു”
എന്നു എഴുതിയിരിക്കുന്ന സ്ഥലം കണ്ട്.
20പിന്നെ അവൻ പുസ്തകം മടക്കി ശുശ്രൂഷക്കാരന് തിരികെ കൊടുത്തിട്ട് ഇരുന്നു; പള്ളിയിലുള്ള എല്ലാവരും യേശുവിനെ ശ്രദ്ധിച്ചു നോക്കിക്കൊണ്ടിരുന്നു.21അവൻ അവരോട്: ഇന്ന് നിങ്ങൾ എന്റെ വചനം കേൾക്കുന്നത് കൊണ്ട് ഈ തിരുവെഴുത്തിൽ എഴുതിയിരിക്കുന്നത് പോലെ സംഭവിച്ചു എന്നു പറഞ്ഞുതുടങ്ങി.22എല്ലാവരും അവനെ പുകഴ്ത്തി, അവന്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യ വാക്കുകൾ നിമിത്തം ആശ്ചര്യപ്പെട്ടു; ഇവൻ യോസഫിന്റെ മകൻ അല്ലയോ എന്നു പറഞ്ഞു.
23യേശു അവരോട്: വൈദ്യാ, നിന്നെത്തന്നെ സൌഖ്യമാക്കുക എന്നുള്ള പഴഞ്ചൊല്ല് പോലെ കഫർന്നഹൂമിൽ ചെയ്തത് എല്ലാം ഈ നിന്റെ പിതാവിന്റെ നഗരത്തിലും ചെയ്ക എന്നും നിങ്ങൾ എന്നോട് പറയും നിശ്ചയം.24ഒരു പ്രവാചകനെയും തന്റെ പിതാവിന്റെ നഗരം സ്വീകരിക്കുകയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
25ഏലിയാവിന്റെ കാലത്ത് മൂന്നു ആണ്ടും ആറ് മാസവും മഴയില്ലാതെ ദേശത്തു എങ്ങും മഹാക്ഷാമം ഉണ്ടായപ്പോൾ യിസ്രായേലിൽ പല വിധവമാർ ഉണ്ടായിരുന്നു എന്നു ഞാൻ യഥാർത്ഥമായി നിങ്ങളോടു പറയുന്നു.26എന്നാൽ സീദോനിലെ സരെപ്തയിൽ ഉള്ള ഒരു വിധവയുടെ അടുക്കലേക്കല്ലാതെ അവരിൽ ആരുടെയും അടുക്കലേക്ക് ഏലിയാവിനെ അയച്ചില്ല.27അതുപോലെ എലീശാപ്രവാചകന്റെ കാലത്ത് യിസ്രായേലിൽ പല കുഷ്ഠരോഗികൾ ഉണ്ടായിരുന്നു. സുറിയക്കാരനായ നയമാൻ അല്ലാതെ വേറെ ആരും ശുദ്ധമായില്ല എന്നും അവൻ പറഞ്ഞു.
28പള്ളിയിലുള്ളവർ ഇതു കേട്ടിട്ട് എല്ലാവരും കോപിച്ച് എഴുന്നേറ്റ്29അവനെ പട്ടണത്തിൽ നിന്നു വെളിയിലാക്കി അവരുടെ പട്ടണം പണിതിരുന്ന മലയുടെ അറ്റത്ത് കൊണ്ടുപോയി തലകീഴായി തള്ളിയിടാം എന്നു വിചാരിച്ചു.30യേശുവോ അവരുടെ നടുവിൽ കൂടി കടന്നുപോയി.

31പിന്നീട് അവൻ ഗലീലയിലെ ഒരു പട്ടണമായ കഫർന്നഹൂമിൽ ചെന്ന്. ഒരു ശബ്ബത്തിൽ അവരെ ഉപദേശിക്കുകയായിരുന്നു.32അവൻ വചനം അധികാരത്തോടെ ഉപദേശിക്കുകയാൽ അവർ വിസ്മയിച്ചു.
33അവിടെ പള്ളിയിൽ അശുദ്ധഭൂതം ബാധിച്ച ഒരു മനുഷ്യൻ ഉണ്ടായിരുന്നു.34അവൻ നസറായനായ യേശുവേ, നീ ഞങ്ങളുടെ കാര്യത്തിൽ ഇടപെടുന്നത് എന്തിനാണ്? ഞങ്ങളെ നശിപ്പിക്കുവാനാണോ നീ വന്നിരിക്കുന്നത്! നീ ആർ എന്നു ഞാൻ അറിയുന്നു; ദൈവത്തിന്റെ പരിശുദ്ധൻ തന്നേ എന്നു ഉറക്കെ നിലവിളിച്ചു.
35മിണ്ടരുത്; അവനെ വിട്ടുപോക എന്നു യേശു അതിനെ ശാസിച്ചപ്പോൾ ഭൂതം അവനെ നടുവിൽ തള്ളിയിട്ട് ഒരു ഉപദ്രവവും വരുത്താതെ വിട്ടുപോയി.36എല്ലാവരും ആശ്ചര്യപ്പെട്ട്: ഈ വചനങ്ങൾ എത്ര അത്ഭുതകരം ആണ്. അവൻ അധികാരത്തോടും ശക്തിയോടുംകൂടെ അശുദ്ധാത്മാക്കളോട് കല്പിക്കുന്നു; അവ ഇറങ്ങിപ്പോകുന്നു എന്നു തമ്മിൽ പറഞ്ഞുകൊണ്ടിരുന്നു.37അവനെക്കുറിച്ചുള്ള വാർത്ത നാടെങ്ങും പരന്നു.

38അവൻ പള്ളിയിൽനിന്ന് ഇറങ്ങി ശിമോന്റെ വീട്ടിൽ ചെന്ന്. ശിമോന്റെ അമ്മാവിയമ്മ6 കഠിനമായ പനി കൊണ്ട് ബുദ്ധിമുട്ടിയിരിക്കുക ആയിരുന്നു. അവർ അവളെ സഹായിക്കണം എന്നു യേശുവിനോടു അപേക്ഷിച്ചു.39അവൻ അവളെ കുനിഞ്ഞു നോക്കി, പനി വിട്ടു പോകാൻ ആജ്ഞാപിച്ചു; അത് അവളെ വിട്ടുമാറി; അവൾ ഉടനെ എഴുന്നേറ്റ് അവന് ശുശ്രൂഷ ചെയ്തു.

40സൂര്യൻ അസ്തമിക്കുമ്പോൾ പലതരം അസുഖം ഉണ്ടായിരുന്നവരെ എല്ലാം അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ അവരുടെ മേൽ കൈവച്ചു അവരെ സൌഖ്യമാക്കി.41പലരിൽ നിന്നും ഭൂതങ്ങൾ; നീ ദൈവപുത്രനായ ക്രിസ്തു എന്നു നിലവിളിച്ചു പറഞ്ഞുകൊണ്ട് ഇറങ്ങി പോയി; താൻ ക്രിസ്തു എന്നു അവ അറിയുകകൊണ്ട് മിണ്ടുവാൻ അവൻ സമ്മതിക്കാതെ അവയെ ശാസിച്ചു.

42പ്രഭാതമായപ്പോൾ അവൻ ആരും ഇല്ലാത്ത ഒരു സ്ഥലത്തേയ്ക്ക് പോയി. പുരുഷാരം അവനെ അന്വേഷിച്ച് അവന്റെ അരികത്തുവന്ന് തങ്ങളെ വിട്ടു പോകാതിരിക്കുവാൻ അവനെ തടഞ്ഞു.43യേശു അവരോട്: ഞാൻ മറ്റുള്ള പട്ടണങ്ങളിലും ദൈവരാജ്യം സുവിശേഷിക്കേണ്ടതാകുന്നു; ഇതിനു വേണ്ടിയാണ് എന്നെ അയച്ചിരിക്കുന്നത് എന്നു പറഞ്ഞു.

44അങ്ങനെ അവൻ ഗലീലയിലെ പള്ളികളിൽ പ്രസംഗിച്ചു.


1 4. 4 ആവർത്തനം 8: 3
2 4. 7 വണങ്ങുക, വന്ദിക്കുക
3 4. 8 ആവർത്തനം 6: 13
4 4. 11 സങ്കീർത്തനം 91: 11, 12
5 4. 12 ആവർത്തനം 6: 16
6 4. 38 ഭാര്യയുടെ അമ്മ

5

1ഒരു ദിവസം അവൻ ഗന്നേസരത്ത് തടാകത്തിന്റെ കരയിൽ നില്ക്കുമ്പോൾ, പുരുഷാരം ദൈവവചനം കേൾക്കുന്നതിന് വേണ്ടി അവന്റെ ചുറ്റും കൂടി.2രണ്ടു പടക് കരയുടെ അടുത്തു നില്ക്കുന്നതു അവൻ കണ്ട്; അവയിൽ നിന്നു മീൻപിടിക്കുന്നവർ ഇറങ്ങി വല കഴുകുകയായിരുന്നു.3അതിൽ ശിമോന്റെ പടകിൽ അവൻ കയറി. കരയിൽ നിന്നു വെള്ളത്തിലേക്ക് അല്പം നീക്കേണം എന്നു അവനോട് അപേക്ഷിച്ചു; അവൻ പടകിൽ ഇരുന്നു പുരുഷാരത്തെ ഉപദേശിച്ചു.

4പുരുഷാരത്തെ ഉപദേശിച്ചു തീർന്നപ്പോൾ അവൻ ശിമോനോട്: ആഴമുള്ള സ്ഥലത്തേയ്ക്ക് നീക്കി മീൻപിടിക്കാനായി വല ഇറക്കുവിൻ എന്നു പറഞ്ഞു.5അതിന് ശിമോൻ: ഗുരോ, ഞങ്ങൾ രാത്രി മുഴുവനും അദ്ധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല; എങ്കിലും നീ പറഞ്ഞതനുസരിച്ച് ഞാൻ വല ഇറക്കാം എന്നു ഉത്തരം പറഞ്ഞു.6അവർ അങ്ങനെ ചെയ്തപ്പോൾ വളരെ ഏറെ മീൻകൂട്ടം അവർക്ക് ലഭിച്ചു. അവരുടെ വല കീറി പോകാറായി.7അവർ മറ്റെ പടകിലുള്ള കൂട്ടുകാരെ ആംഗ്യം കാണിച്ച് സഹായത്തിന് വിളിച്ചു. അവർ വന്നു രണ്ടു പടകും മുങ്ങുമാറാകുവോളും നിറച്ചു.
8ശിമോൻ പത്രൊസ് അത് കണ്ടിട്ട് യേശുവിന്റെ കാല്ക്കൽ മുട്ടുകുത്തി: കർത്താവേ, ഞാൻ പാപിയായ മനുഷ്യൻ ആകുന്നതുകൊണ്ട് എന്നെ വിട്ടുപോകേണമേ എന്നു പറഞ്ഞു.9അന്നത്തെ മീൻപിടുത്തത്തിൽ അവനും അവനോട് കൂടെയുള്ളവരും ആശ്ചര്യപ്പെട്ടിരുന്നു.10അതുപോലെ ശിമോന്റെ കൂട്ടുകാരായ യാക്കോബ്, യോഹന്നാൻ എന്ന സെബെദിമക്കളും ആശ്ചര്യപ്പെട്ടിരുന്നു. യേശു ശിമോനോട്: ഭയപ്പെടേണ്ടാ, ഇന്ന് മുതൽ നീ മനുഷ്യരെ പിടിക്കുന്നവൻ ആകും എന്നു പറഞ്ഞു.11പിന്നെ അവർ പടകുകളെ കരയുടെ അടുത്തേക്ക് അടുപ്പിച്ചിട്ടു സകലവും വിട്ടു അവനെ അനുഗമിച്ചു.

12ഒരു ദിവസം, അവൻ ഒരു പട്ടണത്തിൽ ഇരിക്കുമ്പോൾ കുഷ്ഠം നിറഞ്ഞ ഒരു മനുഷ്യൻ യേശുവിനെ കണ്ട് കവിണ്ണു വീണു: കർത്താവേ, നിനക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു അവനോട് അപേക്ഷിച്ചു.13യേശു കൈ നീട്ടി അവനെ തൊട്ടു: എനിക്ക് മനസ്സുണ്ട്; ശുദ്ധമാക എന്നു പറഞ്ഞു. ഉടനെ കുഷ്ഠം അവനെ വിട്ടു മാറി.
14യേശു അവനോട്: ഇതു ആരോടും പറയരുത്; എന്നാൽ പോയി നിന്നെത്തന്നെ പുരോഹിതന് കാണിച്ചു കൊടുക്കുക, അവർക്ക് സാക്ഷ്യത്തിനായി മോശെ കല്പിച്ചതുപോലെ നിന്റെ ശുദ്ധീകരണത്തിനുള്ള വഴിപാട് അർപ്പിക്ക എന്നു അവനോട് കല്പിച്ചു.
15എന്നാൽ യേശുവിനെക്കുറിച്ചുള്ള വാർത്ത ധാരാളം ആളുകൾ അറിയുവാൻ തുടങ്ങി. വളരെ പുരുഷാരം വചനം കേൾക്കേണ്ടതിനും, തങ്ങളുടെ രോഗങ്ങൾക്കു സൌഖ്യം കിട്ടേണ്ടതിനും അവന്റെ അടുക്കൽ വന്നു.16അവനോ ഏകാന്തമായ സ്ഥലങ്ങളിലേയ്ക്ക് പിൻവാങ്ങിപ്പോയി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.

17ഒരു ദിവസം അവൻ ഉപദേശിക്കുമ്പോൾ, ഗലീലയിലും യെഹൂദ്യയിലുമുള്ള സകലഗ്രാമത്തിൽനിന്നും, യെരൂശലേമിൽനിന്നും വന്ന പരീശന്മാരും ന്യായശാസ്ത്രിമാരും അവിടെ ഇരുന്നിരുന്നു. സൌഖ്യമാക്കുവാൻ കർത്താവിന്റെ ശക്തി അവനോടുകൂടെ ഉണ്ടായിരുന്നു.
18അപ്പോൾ ചില ആളുകൾ പക്ഷവാതം പിടിച്ച ഒരു മനുഷ്യനെ കിടക്കയിൽ എടുത്തുകൊണ്ടുവന്നു; അവനെ അകത്ത് കൊണ്ടുചെന്ന് അവന്റെ മുമ്പിൽ കിടത്തുവാൻ ശ്രമിച്ചു.19പുരുഷാരം കാരണം അവനെ അകത്ത് കൊണ്ടുചെല്ലുവാൻ വഴി കണ്ടില്ല. അതുകൊണ്ട് അവർ വീടിന്റെ മുകളിൽ കയറി ഓടു നീക്കി അവനെ കിടക്കയോടെ യേശുവിന്റെ മുമ്പിൽ ഇറക്കിവച്ചു.
20യേശു അവരുടെ വിശ്വാസം കണ്ടിട്ട്: മനുഷ്യാ, നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു.21ശാസ്ത്രികളും പരീശരും: ഇവൻ ദൈവദൂഷണം പറയുന്നു, ദൈവത്തിന് അല്ലാതെ പാപങ്ങളെ മോചിക്കുവാൻ മറ്റാർക്കും കഴിയില്ല എന്ന് ചിന്തിച്ചുതുടങ്ങി.
22യേശു അവരുടെ ചിന്തകളെ അറിഞ്ഞ് അവരോട്: നിങ്ങൾ ഹൃദയത്തിൽ ചിന്തിക്കുന്നത് എന്ത്?23നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റ് നടക്ക എന്നു പറയുന്നതോ ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു.24എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിക്കുവാൻ മനുഷ്യപുത്രന് അധികാരം ഉണ്ട് എന്നു നിങ്ങൾ അറിയേണ്ടതിന് - അവൻ പക്ഷവാതക്കാരനോട്: എഴുന്നേറ്റ് നിന്റെ കിടക്ക എടുത്തു വീട്ടിലേക്ക് പോക എന്നു ഞാൻ നിന്നോട് പറയുന്നു എന്നു പറഞ്ഞു.
25ഉടനെ എല്ലാവരും കാൺകെ അവൻ എഴുന്നേറ്റ്, താൻ കിടന്നിരുന്ന കിടക്ക എടുത്തു ദൈവത്തെ മഹത്വീകരിച്ചുംകൊണ്ട് വീട്ടിലേക്ക് പോയി.26എല്ലാവരും ആശ്ചര്യപ്പെട്ടു, ദൈവത്തെ മഹത്വപ്പെടുത്തി. അവർ ഭയം നിറഞ്ഞവരായി, “ഇന്ന് നാം അപൂർവകാര്യങ്ങൾ കണ്ട് “എന്നു പറഞ്ഞു.

27ഈ സംഭവങ്ങൾക്ക് ശേഷം യേശു അവിടെ നിന്നു പോകുമ്പോൾ, ലേവി എന്നു പേരുള്ള ഒരു നികുതി പിരിവുകാരൻ ചുങ്കസ്ഥലത്ത് ഇരിക്കുന്നത് കണ്ട്; എന്നെ അനുഗമിക്ക എന്നു അവനോട് പറഞ്ഞു.28അവൻ സകലവും വിട്ടു എഴുന്നേറ്റ് അവനെ അനുഗമിച്ചു.
29ലേവി തന്റെ വീട്ടിൽ അവന് ഒരു വലിയ വിരുന്നു ഒരുക്കി; അവിടെ നികുതി പിരിവുകാരും വലിയൊരു പുരുഷാരവും അവരോടുകൂടെ ഭക്ഷണം കഴിക്കുവാൻ ഇരുന്നു.30പരീശരും അവരുടെ ശാസ്ത്രികളും അവന്റെ ശിഷ്യന്മാരോട്: നിങ്ങൾ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകുടിക്കുന്നത് എന്ത് എന്നു പരാതി പറഞ്ഞു31യേശു അവരോട്: ദീനക്കാർക്കല്ലാതെ സൌഖ്യമുള്ളവർക്ക് വൈദ്യനെക്കൊണ്ട് ആവശ്യമില്ല;32ഞാൻ നീതിമാന്മാരെ അല്ല, പാപികളെയാണ് മാനസാന്തരത്തിന് വിളിക്കുവാൻ വന്നിരിക്കുന്നത് എന്നു ഉത്തരം പറഞ്ഞു.
33അവർ അവനോട്: യോഹന്നാന്റെ ശിഷ്യന്മാർ ഇടയ്ക്കിടെ ഉപവസിച്ചു പ്രാർത്ഥിക്കുന്നു; പരീശന്മാരുടെ ശിഷ്യന്മാരും അങ്ങനെതന്നെ ചെയ്യുന്നു; നിന്റെ ശിഷ്യന്മാരോ തിന്നുകയും കുടിക്കുകയും ചെയ്യുന്നു എന്നു പറഞ്ഞു.34യേശു അവരോട്: മണവാളൻ തോഴ്മക്കാരോടുകൂടെ ഉള്ളപ്പോൾ അവരെ ഉപവാസം ചെയ്യിപ്പാൻ കഴിയുമോ?35മണവാളൻ അവരെ വിട്ടുപിരിയുന്ന കാലം വരും; അന്ന്, ആ കാലത്ത്, അവർ ഉപവസിക്കും എന്നു പറഞ്ഞു.
36ഒരു ഉപമയും അവരോട് പറഞ്ഞു: ആരും പുതിയവസ്ത്രം കീറിയെടുത്ത് പഴയവസ്ത്രത്തോട് ചേർത്ത് തുന്നുമാറില്ല. തുന്നിയാലോ പുതിയത് കീറുകയും പുതിയ കഷണം പഴയതിനോട് ചേരാതിരിക്കയും ചെയ്യും.
37ആരും പുതിയവീഞ്ഞ് പഴയതുരുത്തിയിൽ1 പകരുമാറില്ല, പകർന്നാൽ പുതിയ വീഞ്ഞ് തുരുത്തിയെ പൊളിച്ച് ഒഴുകിപ്പോകും; തുരുത്തിയും നശിച്ചുപോകും;38പുതിയ വീഞ്ഞ് പുതിയ തുരുത്തിയിൽ അത്രേ പകർന്നുവയ്ക്കേണ്ടത്.39പിന്നെ പഴയത് കുടിച്ചിട്ട് ആരും പുതിയത് ഉടനെ ആഗ്രഹിക്കുന്നില്ല; പഴയത് ഏറെ നല്ലത് എന്നു പറയും.


1 5. 37 തോൽക്കുടം - വീഞ്ഞ് സൂക്ഷിക്കുവാനായി മൃഗങ്ങളുടെ തോൽ കൊണ്ട് ഉണ്ടാക്കിയ ഒരു കുടം

6

1ഒരു ശബ്ബത്തിൽ യേശു വിളഭൂമിയിൽ1 കൂടി കടന്നുപോകുമ്പോൾ അവന്റെ ശിഷ്യന്മാർ കതിർ2 പറിച്ചു കൈകൊണ്ട് തിരുമ്മിത്തിന്നു.2പരീശരിൽ ചിലർ “ശബ്ബത്തിൽ അനുവദിക്കാത്തത് എന്തിനാണ് നിങ്ങൾ ചെയ്തത്?” എന്നു ചോദിച്ചു.

3യേശു അവരോട്: ദാവീദ് തനിക്കും കൂടെയുള്ളവർക്കും വിശന്നപ്പോൾ എന്താണ് ചെയ്തത്? അവൻ ദൈവാലയത്തിൽ ചെന്ന്4പുരോഹിതന്മാർ മാത്രമല്ലാതെ ആരും തിന്നരുതാത്ത കാഴ്ചയപ്പം വാങ്ങി തിന്നുകയും കൂടെയുള്ളവർക്ക് കൊടുക്കുകയും ചെയ്തു എന്നുള്ളത് നിങ്ങൾ വായിച്ചിട്ടില്ലയോ എന്നു ഉത്തരം പറഞ്ഞു.5മനുഷ്യപുത്രൻ ശബ്ബത്തിനും കർത്താവ് ആകുന്നു എന്നും അവരോട് പറഞ്ഞു.

6മറ്റൊരു ശബ്ബത്തിൽ അവൻ പള്ളിയിൽ ചെന്ന് ഉപദേശിക്കുമ്പോൾ വലങ്കൈ ശോഷിച്ച ഒരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു.7ശാസ്ത്രികളും പരീശരും അവനിൽ കുറ്റം ചുമത്തുവാൻ എന്തെങ്കിലും കാരണം അന്വേഷിക്കുകയായിരുന്നു. അവൻ ശബ്ബത്തിൽ ആ മനുഷ്യനെ സൌഖ്യമാക്കുമോ എന്നു ശ്രദ്ധിച്ചുകൊണ്ടിരുന്നു.8അവരുടെ വിചാരം മനസ്സിലാക്കിയിട്ട് അവൻ ശോഷിച്ച കയ്യുള്ള മനുഷ്യനോടു: എഴുന്നേറ്റ് നടുവിൽ നില്ക്ക എന്നു പറഞ്ഞു;
9അവൻ എഴുന്നേറ്റ് നിന്നു. യേശു അവരോട്: ഞാൻ നിങ്ങളോടു ഒന്ന് ചോദിക്കട്ടെ: ശബ്ബത്തിൽ നന്മ ചെയ്കയോ തിന്മ ചെയ്കയോ ജീവനെ രക്ഷിയ്ക്കുകയോ നശിപ്പിക്കയോ ചെയ്യുന്നത് നിയമാനുസൃതമോ? എന്നു ചോദിച്ചു.10അവരെ എല്ലാം ചുറ്റും നോക്കീട്ട് ആ മനുഷ്യനോടു: കൈ നീട്ടുക എന്നു പറഞ്ഞു. അവൻ അങ്ങനെ ചെയ്തു, അവന്റെ കൈ സുഖമായി.11അവർക്ക് കഠിനമായ ദേഷ്യം തോന്നി. യേശുവിനെ എന്ത് ചെയ്യേണം എന്നു തമ്മിൽ തമ്മിൽ ആലോചിച്ചു.

12മറ്റൊരു ദിവസം അവൻ പ്രാർത്ഥിക്കുവാനായി ഒരു മലയിൽ ചെന്ന്. അവൻ ദൈവത്തോട് രാത്രി മുഴുവൻ പ്രാർത്ഥിച്ചു.13രാവിലെ അവൻ ശിഷ്യന്മാരെ അടുക്കൽ വിളിച്ചു, അവരിൽ പന്ത്രണ്ടുപേരെ തെരഞ്ഞെടുത്തു, അവർക്ക് അപ്പൊസ്തലന്മാർ എന്നും പേർ വിളിച്ചു.
14അവരുടെ പേരുകൾ: പത്രൊസ് എന്നു അവൻ പേർവിളിച്ച ശിമോൻ, അവന്റെ സഹോദരനായ അന്ത്രെയാസ്, യാക്കോബ്, യോഹന്നാൻ, ഫിലിപ്പോസ്, ബർത്തൊലൊമായി,15മത്തായി, തോമസ്, അല്ഫായിയുടെ മകനായ യാക്കോബ്, എരിവുകാരനായ ശിമോൻ,16യാക്കോബിന്റെ സഹോദരനായ യൂദാ, ദ്രോഹിയായ്തീർന്ന ഈസ്കര്യോത്ത് യൂദാ എന്നിവർ തന്നേ.
17അവൻ അവരോട് കൂടെ മലയിൽ നിന്നു താഴെ ഇറങ്ങി സമഭൂമിയിൽ നിന്നു; അവന്റെ ശിഷ്യന്മാരുടെ കൂട്ടവും, യെഹൂദ്യയിൽ എല്ലായിടത്തുനിന്നും, യെരൂശലേമിൽ നിന്നും സോർ, സീദോൻ എന്ന സമുദ്രതീരങ്ങളിൽ നിന്നും, അവന്റെ വചനം കേൾക്കുവാനും രോഗശാന്തി കിട്ടുവാനും വന്ന ബഹു പുരുഷാരവും ഉണ്ടായിരുന്നു.18അശുദ്ധാത്മാക്കൾ ബാധിച്ചവരും സൌഖ്യം പ്രാപിച്ചു.19അവനിൽ നിന്നു ശക്തി പുറപ്പെട്ടു എല്ലാവരെയും സൌഖ്യമാക്കുകകൊണ്ട് പുരുഷാരം ഒക്കെയും അവനെ തൊടുവാൻ ശ്രമിച്ചു.

20അനന്തരം അവൻ ശിഷ്യന്മാരെ നോക്കി പറഞ്ഞത്: ദരിദ്രന്മാരായ നിങ്ങൾ ഭാഗ്യവാന്മാർ; ദൈവരാജ്യം നിങ്ങൾക്കുള്ളത്.21ഇപ്പോൾ വിശക്കുന്നവരായ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾക്ക് തൃപ്തിവരും; ഇപ്പോൾ കരയുന്നവരായ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾ ചിരിക്കും.
22മനുഷ്യപുത്രൻ നിമിത്തം മനുഷ്യർ നിങ്ങളെ ദ്വേഷിച്ച് കൂട്ടത്തിൽനിന്ന് പുറന്തള്ളുകയും നിന്ദിക്കുകയും നിങ്ങൾ ദുഷ്ടർ എന്നു പറഞ്ഞ് നിങ്ങളെ തള്ളുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.23ആ നാളിൽ സന്തോഷിക്കുവിൻ; നിങ്ങളുടെ പ്രതിഫലം സ്വർഗ്ഗത്തിൽ വലിയത്; അവരുടെ പിതാക്കന്മാർ പ്രവാചകന്മാരോട് അങ്ങനെതന്നെ ചെയ്തുവല്ലോ.
24എന്നാൽ സമ്പന്നരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങളുടെ ആശ്വാസം നിങ്ങൾക്ക് നേരത്തേ ലഭിച്ചുപോയല്ലോ.25ഇപ്പോൾ തൃപ്തന്മാരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾക്ക് വിശക്കും. ഇപ്പോൾ ചിരിക്കുന്നവരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ ദുഃഖിച്ചു കരയും.
26സകല മനുഷ്യരും നിങ്ങളെ പുകഴ്ത്തിപ്പറയുമ്പോൾ നിങ്ങൾക്ക് അയ്യോ കഷ്ടം; അവരുടെ പിതാക്കന്മാർ കള്ളപ്രവാചകന്മാരെ അങ്ങനെ ചെയ്തുവല്ലോ.

27എന്നാൽ കേൾക്കുന്നവരായ നിങ്ങളോടു ഞാൻ പറയുന്നത്: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ സ്നേഹിക്കാതിരിക്കുന്നവർക്കു ഗുണം ചെയ്‌വിൻ.28നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിക്കുവിൻ; നിങ്ങളെ ദുഷിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുവിൻ.
29നിന്നെ ഒരു കവിളിൽ അടിക്കുന്നവന് മറ്റേതും കാണിച്ചുകൊടുക്കുക; നിന്റെ പുതപ്പ് എടുത്തുകളയുന്നവന് നിന്റെ ഉടുപ്പും എടുത്തുകളയുവാൻ അനുവദിക്കുക.30നിന്നോട് ചോദിക്കുന്ന എല്ലാവർക്കും കൊടുക്ക; നിനക്ക് അവകാശമുള്ള എന്തെങ്കിലും എടുത്തുകളയുന്നവനോട് മടക്കി ചോദിക്കരുത്.
31മനുഷ്യർ നിങ്ങൾക്ക് ചെയ്യേണം എന്നു നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ തന്നേ അവർക്കും ചെയ്‌വിൻ.32നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ നിങ്ങൾക്ക് എന്ത് ലാഭം കിട്ടും? പാപികളും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നുവല്ലോ.33നിങ്ങൾക്ക് നന്മചെയ്യുന്നവർക്ക് നന്മ ചെയ്താൽ നിങ്ങൾക്ക് എന്ത് ലാഭം കിട്ടും? പാപികളും അങ്ങനെതന്നെ ചെയ്യുന്നുവല്ലോ.34നിങ്ങൾക്ക് തിരിച്ചു നൽകും എന്നു പ്രതീക്ഷിക്കുന്നവർക്ക് കടം കൊടുത്താൽ നിങ്ങൾക്ക് എന്ത് കിട്ടും? പാപികളും കുറയാതെ മടക്കിവാങ്ങേണ്ടതിന് പാപികൾക്ക് കടം കൊടുക്കുന്നുവല്ലോ.
35നിങ്ങളോ ശത്രുക്കളെ സ്നേഹിപ്പിൻ; അവർക്ക് നന്മ ചെയ്‌വിൻ; ഒന്നും പകരം ആഗ്രഹിക്കാതെ കടം കൊടുക്കുവിൻ; എന്നാൽ നിങ്ങൾക്ക് വളരെ പ്രതിഫലം ലഭിക്കും; നിങ്ങൾ അത്യുന്നതന്റെ മക്കൾ ആകും; അവൻ നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയ കാണിക്കുന്നു.36അങ്ങനെ നിങ്ങളുടെ പിതാവ് കരുണയുള്ളവൻ ആകുന്നതുപോലെ നിങ്ങളും കരുണയുള്ളവർ ആകുവിൻ.
37ആരെയും വിധിക്കരുത്; എന്നാൽ നിങ്ങളും വിധിക്കപ്പെടുകയില്ല; ആർക്കും ശിക്ഷ വിധിക്കരുത്; എന്നാൽ നിങ്ങൾക്കും ശിക്ഷാവിധി ഉണ്ടാകയില്ല; എല്ലാവരോടും ക്ഷമിക്കുവിൻ; എന്നാൽ ദൈവം നിങ്ങളോടും ക്ഷമിയ്ക്കും.
38കൊടുക്കുവിൻ; എന്നാൽ നിങ്ങൾക്ക് കിട്ടും; അമർത്തി കുലുക്കി നിറഞ്ഞു കവിയുന്ന നല്ല അളവ് നിങ്ങളുടെ മടിയിൽ തരും; നിങ്ങൾ അളക്കുന്ന അതേ അളവിനാൽ നിങ്ങൾക്കും അളന്നുകിട്ടും.

39അവൻ ഒരുപമയും അവരോട് പറഞ്ഞു: ഒരു കുരുടന് മറ്റൊരു കുരുടനെ വഴി കാണിച്ചുകൊടുക്കുവാൻ കഴിയുമോ? രണ്ടുപേരും കുഴിയിൽ വീഴും. ശിഷ്യൻ ഗുരുവിനേക്കാൾ വലിയവനല്ല,40എന്നാൽ അഭ്യസനം പൂർത്തിയാക്കിയവൻ എല്ലാം ഗുരുവിനെപ്പോലെ ആകും.
41എന്നാൽ നീ സഹോദരന്റെ കണ്ണിലെ കരട് കാണുകയും സ്വന്തകണ്ണിലെ കോൽ ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നതു എന്ത്?42അല്ലെങ്കിൽ, സ്വന്തകണ്ണിലെ കോൽ നോക്കാതെ: സഹോദരാ, നിൽക്ക; നിന്റെ കണ്ണിലെ കരട് എടുത്തുകളയട്ടെ എന്നു സഹോദരനോട് പറയുവാൻ നിനക്ക് എങ്ങനെ കഴിയും? കപടഭക്തിക്കാരാ, ആദ്യം സ്വന്തകണ്ണിലെ കോൽ എടുത്തുകളയുക; എന്നാൽ സഹോദരന്റെ കണ്ണിലെ കരട് എടുത്തുകളയുവാൻ വ്യക്തമായി കാണുമല്ലോ.
43ചീത്തഫലം കായ്ക്കുന്ന നല്ല വൃക്ഷമില്ല; നല്ലഫലം കായ്ക്കുന്ന ചീത്ത വൃക്ഷവുമില്ല.44ഏത് വൃക്ഷത്തെയും ഫലംകൊണ്ട് അറിയാം. ആർക്കും മുള്ളിൽനിന്ന് അത്തിപ്പഴം ശേഖരിക്കുവാനും ഞെരിഞ്ഞിലിൽ നിന്നു മുന്തിരിങ്ങ പറിക്കുവാനും സാധിക്കുകയില്ല.
45നല്ലമനുഷ്യൻ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തിൽ നിന്നു നല്ലത് പുറപ്പെടുവിക്കുന്നു; ദുഷ്ടൻ ദോഷമായതിൽ നിന്നു ദോഷം പുറപ്പെടുവിക്കുന്നു. ഹൃദയത്തിൽ നിന്നു നിറഞ്ഞു കവിയുന്നതാണല്ലോ നാം സംസാരിക്കുന്നത്.

46നിങ്ങൾ എന്നെ കർത്താവേ, കർത്താവേ എന്നു വിളിക്കുകയും ഞാൻ പറയുന്നത് അനുസരിക്കാതിരിക്കുകയും ചെയ്യുന്നതു എന്ത്?47എന്റെ അടുക്കൽ വന്നു എന്റെ വചനം കേട്ട് അനുസരിക്കുന്നവൻ എല്ലാം ആരോടാണ് തുല്യൻ എന്നു ഞാൻ പറഞ്ഞു തരാം.48ആഴത്തിൽക്കുഴിച്ച് പാറമേൽ അടിസ്ഥാനം ഇട്ട് വീട് പണിയുന്ന മനുഷ്യനോടു അവൻ തുല്യൻ. വെള്ളപ്പൊക്കം ഉണ്ടായിട്ട് ഒഴുക്ക് വീടിനോട് അടിച്ചു; എന്നാൽ അത് നല്ലവണ്ണം പണിതിരിക്കുന്നതുകൊണ്ട് ഇളകിപ്പോയില്ല.
49എന്റെ വചനം കേട്ടിട്ട് അനുസരിക്കാത്തവനോ അടിസ്ഥാനം കൂടാതെ മണ്ണിന്മേൽ വീട് പണിത മനുഷ്യനോടു തുല്യൻ. ഒഴുക്ക് അടിച്ച ഉടനെ അത് വീണു; ആ വീടിന്റെ വീഴ്ച പൂർണ്ണവുമായിരുന്നു.


1 6. 1 ഗോതമ്പ് പാകിയിരിക്കുന്ന വലിയ കൃഷിസ്ഥലം
2 6. 1 ഗോതമ്പ് ചെടിയുടെ ഗോതമ്പ് ഉണ്ടാകുന്ന ഏറ്റവും മുകളിലുള്ള ഭാഗം.

7

1തന്റെ വചനങ്ങളെ ജനങ്ങളോട് അറിയിച്ചുതീർന്നശേഷം യേശു കഫർന്നഹൂമിൽ ചെന്ന്.

2അവിടെയുള്ള ശതാധിപന്റെ പ്രിയനായ ഒരു ദാസൻ അസുഖം പിടിച്ച് മരിക്കാറായിരുന്നു.3ശതാധിപൻ യേശുവിനെക്കുറിച്ച് കേട്ടിട്ട്, യേശു വന്നു തന്റെ ദാസനെ രക്ഷിക്കുന്നതിനായി അപേക്ഷിക്കുവാൻ, യെഹൂദന്മാരുടെ മൂപ്പന്മാരെ അവന്റെ അടുക്കൽ അയച്ചു.4അവർ യേശുവിന്റെ അടുക്കൽ വന്നു അവനോട് താല്പര്യമായി അപേക്ഷിച്ചു: നീ അത് ചെയ്തുകൊടുപ്പാൻ അവൻ യോഗ്യൻ;5അവൻ നമ്മുടെ ജനത്തെ സ്നേഹിക്കുന്നു; ഞങ്ങൾക്കു ഒരു പള്ളിയും പണിതു തന്നിരിക്കുന്നു എന്നു പറഞ്ഞു.
6യേശു അവരോടുകൂടെ പോയി, വീടിനോട് അടുക്കാറായപ്പോൾ ശതാധിപൻ സ്നേഹിതന്മാരെ അവന്റെ അടുക്കൽ അയച്ചു: കർത്താവേ, പ്രയാസപ്പെടേണ്ടാ; നീ എന്റെ വീട്ടിൽ വരുവാനുള്ള യോഗ്യത എനിക്കില്ല;7നിന്റെ അടുക്കൽ വരുവാൻ ഞാൻ യോഗ്യൻ എന്നു എനിക്ക് തോന്നീട്ടുമില്ല; ഒരു വാക്ക് കല്പിച്ചാൽ എന്റെ ദാസന് സൌഖ്യംവരും.8ഞാനും അധികാരത്തിന് കീഴിലുള്ള മനുഷ്യൻ ആണ്; എന്റെ കീഴിലും പടയാളികൾ ഉണ്ട്; ഒരുവനോട് പോക എന്നു പറഞ്ഞാൽ അവൻ പോകുന്നു; മറ്റൊരുവനോട് വരിക എന്നു പറഞ്ഞാൽ അവൻ വരുന്നു; എന്റെ ദാസനോട്: ഇതു ചെയ്ക എന്നു പറഞ്ഞാൽ അവൻ ചെയ്യുന്നു എന്നു പറയിച്ചു.
9യേശു അത് കേട്ടിട്ട് ആശ്ചര്യപ്പെട്ടു തിരിഞ്ഞുനോക്കി, തന്നെ അനുഗമിക്കുന്ന കൂട്ടത്തോട്: യിസ്രായേലിൽകൂടെ ഇങ്ങനെയുള്ള വിശ്വാസം ഞാൻ കണ്ടിട്ടില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു;10ശതാധിപൻ പറഞ്ഞയച്ചിരുന്നവർ വീട്ടിൽ മടങ്ങി വന്നപ്പോൾ ദാസനെ സൌഖ്യത്തോടെ കണ്ട്.

11പിറ്റെന്നാൾ അവൻ നയിൻ എന്ന പട്ടണത്തിലേക്ക് പോകുമ്പോൾ അവന്റെ ശിഷ്യന്മാരും വളരെ പുരുഷാരവും കൂടെ പോയി.12അവൻ പട്ടണത്തിന്റെ വാതിലോടു അടുത്തപ്പോൾ മരിച്ചുപോയ ഒരാളെ പുറത്തുകൊണ്ടുവരുന്നു; അവൻ അമ്മയ്ക്ക് ഏകജാതനായ മകൻ; അവളോ വിധവ ആയിരുന്നു. പട്ടണത്തിലെ ഒരു വലിയ പുരുഷാരവും അവളോടുകൂടെ ഉണ്ടായിരുന്നു.13അവളെ കണ്ടിട്ട് കർത്താവ് മനസ്സലിഞ്ഞ് അവളോട്: കരയണ്ട എന്നു പറഞ്ഞു. അവൻ അടുത്തു ചെന്ന് ശവമഞ്ചം1 തൊട്ടു; അപ്പോൾ അത് ചുമക്കുന്നവർ നിന്നു.14ബാല്യക്കാരാ, എഴുന്നേല്ക്ക എന്നു ഞാൻ നിന്നോട് പറയുന്നു എന്നു അവൻ പറഞ്ഞു.15മരിച്ചവൻ എഴുന്നേറ്റിരുന്ന് സംസാരിപ്പാൻ തുടങ്ങി; യേശു അവനെ അമ്മയ്ക്ക് ഏല്പിച്ചുകൊടുത്തു.
16എല്ലാവരും പരിഭ്രാന്തരായി: ഒരു വലിയ പ്രവാചകനെ നമ്മുടെ ഇടയിൽ നിന്നും എഴുന്നേല്പിച്ചിരിക്കുന്നു; ദൈവം തന്റെ ജനത്തെ സന്ദർശിച്ചിരിക്കുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്വീകരിച്ചു.17അവനെക്കുറിച്ചുള്ള ഈ ശ്രുതി യെഹൂദ്യയിൽ ഒക്കെയും ചുറ്റുമുള്ള നാടെങ്ങും പ്രസിദ്ധമായി.

18ഇതു ഒക്കെയും യോഹന്നാന്റെ ശിഷ്യന്മാർ അവനോട് അറിയിച്ചു.19അപ്പോൾ യോഹന്നാൻ തന്റെ ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ചു, വരുവാനുള്ളവൻ നീയോ? അല്ല, ഞങ്ങൾ മറ്റൊരുത്തനെ കാത്തിരിക്കേണമോ എന്നു കർത്താവിനോട് ചോദിക്കാൻ അവരെ പറഞ്ഞയച്ചു.20ആ പുരുഷന്മാർ യേശുവിന്റെ അടുക്കൽ വന്നു: വരുവാനുള്ളവൻ നീയോ? അല്ല, ഞങ്ങൾ മറ്റൊരുത്തനെ കാത്തിരിക്കേണമോ എന്നു ചോദിപ്പാൻ, യോഹന്നാൻസ്നാപകൻ ഞങ്ങളെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറഞ്ഞു.
21ആ സമയത്ത് യേശു വ്യാധികളും ദണ്ഡങ്ങളും ദുരാത്മാക്കളും പിടിച്ച പലരെയും സൌഖ്യമാക്കുകയും പല കുരുടന്മാർക്ക് കാഴ്ച നല്കുകയും ചെയ്തിട്ട് അവരോട്:22കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായ് തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നു; ദിരദ്രന്മാരോട് സുവിശേഷം അറിയിക്കുന്നു എന്നിങ്ങനെ നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നതു യോഹന്നാനെ ചെന്ന് അറിയിക്കുവിൻ.23എന്നാൽ എന്റെ പ്രവർത്തനം മൂലം എന്നെ അവിശ്വസിക്കാത്തവൻ ഭാഗ്യവാൻ എന്നു ഉത്തരം പറഞ്ഞു.

24യോഹന്നാന്റെ ദൂതന്മാർ പോയശേഷം അവൻ പുരുഷാരത്തോട് യോഹന്നാനെക്കുറിച്ച് പറഞ്ഞു തുടങ്ങിയത്: നിങ്ങൾ എന്ത് കാണാനാണ് മരുഭൂമിയിലേക്ക് പോയത്? കാറ്റിനാൽ ഉലയുന്ന ഓടയോ2 ?25അല്ല, എന്ത് കാണ്മാൻ പോയി? മാർദ്ദവവസ്ത്രം3 ധരിച്ച മനുഷ്യനെയോ? മോടിയുള്ള വസ്ത്രം ധരിച്ചു ആഡംബരമായി ജീവിക്കുന്നവർ രാജകൊട്ടരത്തിലാണ് ഉള്ളത്.26അല്ല, എന്ത് കാണ്മാൻ പോയി? ഒരു പ്രവാചകനെയോ? അതേ, പ്രവാചകനിലും മികച്ചവനെ തന്നേ എന്നു ഞാൻ നിങ്ങളോടു പറയുന്നു:
27“ഞാൻ എന്റെ ദൂതനെ നിനക്ക് മുമ്പായി അയയ്ക്കുന്നു; അവൻ നിന്റെ മുമ്പിൽ നിനക്ക് വഴി ഒരുക്കും”
എന്നു എഴുതിയിരിക്കുന്നത് അവനെക്കുറിച്ചാകുന്നു.
28സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാനേക്കാൾ വലിയവൻ ആരുമില്ല; ദൈവരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു. --
29എന്നാൽ ജനം ഒക്കെയും, ചുങ്കക്കാരും കേട്ടിട്ട് യോഹന്നാന്റെ സ്നാനം ഏറ്റതിനാൽ ദൈവത്തെ നീതീകരിച്ചു.30എങ്കിലും പരീശരും ന്യായശാസ്ത്രികളും അവനാൽ സ്നാനം ഏല്ക്കാതെ, തങ്ങളെക്കുറിച്ചുള്ള ദൈവത്തിന്റെ ആലോചന ത്യജിച്ച് കളഞ്ഞു. ---
31ഈ തലമുറയിലെ മനുഷ്യരെ ഞാൻ ഏതിനോട് ഉപമിക്കണം? അവർ ഏതിനോട് തുല്യം?32ഞങ്ങൾ നിങ്ങൾക്കായി കുഴലൂതി, നിങ്ങൾ നൃത്തം ചെയ്തില്ല; ഞങ്ങൾ നിങ്ങൾക്കായി വിലാപം പാടി, നിങ്ങൾ കരഞ്ഞില്ല എന്നു ചന്തസ്ഥലത്ത് ഇരുന്നു അന്യോന്യം വിളിച്ചു പറയുന്ന കുട്ടികളോട് അവർ തുല്യർ.
33യോഹന്നാൻസ്നാപകൻ അപ്പം തിന്നാതെയും വീഞ്ഞ് കുടിക്കാതെയും വന്നിരിക്കുന്നു; അതുകൊണ്ട് അവന് ഭൂതം ഉണ്ട് എന്നു നിങ്ങൾ പറയുന്നു.34മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ടു വന്നിരിക്കുന്നു; ഭക്ഷണപ്രിയനും മദ്യപാനിയുമായ മനുഷ്യൻ; ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ എന്നു നിങ്ങൾ പറയുന്നു.35ജ്ഞാനമോ തന്റെ എല്ലാ മക്കളാലും നീതീകരിക്കപ്പെട്ടിരിക്കുന്നു.

36പരീശരിൽ ഒരാൾ തന്നോടുകൂടെ ഭക്ഷണം കഴിക്കുവാൻ അവനെ ക്ഷണിച്ചു; അവൻ പരീശന്റെ വീട്ടിൽ ചെന്ന് ഭക്ഷണത്തിനിരുന്നു.37ആ പട്ടണത്തിൽ പാപിയായ ഒരു സ്ത്രീ, അവൻ പരീശന്റെ വീട്ടിൽ ഭക്ഷണത്തിനിരിക്കുന്നതു അറിഞ്ഞ് ഒരു വെങ്കൽഭരണി പരിമളതൈലം കൊണ്ടുവന്നു,38പുറകിൽ അവന്റെ കാല്ക്കൽ കരഞ്ഞുകൊണ്ട് നിന്നു കണ്ണുനീർ കൊണ്ട് അവന്റെ കാൽ നനച്ചുതുടങ്ങി; തലമുടികൊണ്ട് തുടച്ച് കാൽ ചുംബിച്ചു തൈലം പൂശി.
39അവനെ ക്ഷണിച്ച പരീശൻ അത് കണ്ടിട്ട്: ഇവൻ പ്രവാചകൻ ആയിരുന്നു എങ്കിൽ, തന്നെ തൊടുന്ന സ്ത്രീ ആരെന്നും എങ്ങനെയുള്ളവൾ എന്നും അറിയുമായിരുന്നു; അവൾ പാപിയല്ലോ എന്നു ഉള്ളിൽ പറഞ്ഞു40യേശു പരീശനോട് “ശിമോനേ, നിന്നോട് ഒന്ന് പറവാനുണ്ട്” എന്നു യേശു പറഞ്ഞതിന്: ഗുരോ, പറഞ്ഞാലും എന്നു അവൻ പറഞ്ഞു.
41കടം കൊടുക്കുന്ന ഒരാൾക്ക് രണ്ടു കടക്കാർ ഉണ്ടായിരുന്നു; ഒരാൾ അഞ്ഞൂറ് വെള്ളിക്കാശും മറ്റവൻ അമ്പത് വെള്ളിക്കാശും കൊടുക്കുവാനുണ്ടായിരുന്നു.42കടം വീട്ടുവാൻ അവർക്ക് വക ഇല്ലായ്കയാൽ അവൻ രണ്ടു പേർക്കും ഇളച്ചുകൊടുത്തു; എന്നാൽ അവരിൽ ആർ അവനെ അധികം സ്നേഹിക്കും?43അധികം ഇളച്ചുകിട്ടിയവൻ എന്നു ഞാൻ ഊഹിക്കുന്നു എന്നു ശിമോൻ പറഞ്ഞു. അവൻ അവനോട്: നീ വിധിച്ചതു ശരി എന്നു പറഞ്ഞു.
44സ്ത്രീയുടെ നേരെ തിരിഞ്ഞു ശിമോനോട് പറഞ്ഞത്: ഈ സ്ത്രീയെ കാണുന്നുവോ? ഞാൻ നിന്റെ വീട്ടിൽ വന്നു, നീ എന്റെ കാൽ കഴുകുവാൻ വെള്ളം തന്നില്ല; ഇവളോ കണ്ണുനീർകൊണ്ട് എന്റെ കാൽ നനച്ച് തലമുടികൊണ്ട് തുടച്ച്.45നീ എന്നെ ചുംബനം ചെയ്തു സ്വീകരിച്ചില്ല; ഇവളോ ഞാൻ അകത്ത് വന്നതുമുതൽ ഇടവിടാതെ എന്റെ കാൽ ചുംബിച്ചു.
46നീ എന്റെ തലയിൽ തൈലം പൂശിയില്ല; ഇവളോ പരിമള തൈലംകൊണ്ട് എന്റെ കാൽ പൂശി.447ആകയാൽ ഇവളുടെ അനേകമായ പാപങ്ങൾ മോചിച്ചിരിക്കുന്നു എന്നു ഞാൻ നിന്നോട് പറയുന്നു; അവൾ വളരെ സ്നേഹിച്ചുവല്ലോ; അല്പം മോചിച്ചുകിട്ടിയവൻ അല്പം സ്നേഹിക്കുന്നു.
48പിന്നെ അവൻ അവളോട്: നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്നു പറഞ്ഞു.49അവനോട് കൂടെ ഭക്ഷണത്തിന് ഇരുന്നവർ: പാപമോചനവും കൊടുക്കുന്ന ഇവൻ ആർ എന്നു തമ്മിൽ പറഞ്ഞുതുടങ്ങി.50അവനോ സ്ത്രീയോട്: നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു.


1 7. 13 മരിച്ച വ്യക്തിയുടെ ശവം കൊണ്ട് പോകുന്ന കിടക്ക
2 7. 24 ഓട എന്നത് ചതുപ്പ് സ്ഥലത്ത് വളരുന്ന ചെടിയാണ്. കാറ്റ് അടിക്കുമ്പോൾ വളഞ്ഞു പോകത്തക്കവണ്ണം ദുർബ്ബലം ആണത്.
3 7. 25 ഇങ്ങനെയുള്ള വസ്ത്രം വളരെ വില കൂടിയതാണ്.
4 7. 46 ആലിംഗനം ചെയ്യുക, കാൽ കഴുകുക, തലയിൽ തൈലം പൂശുക എന്നിവ ഒരു അതിഥി വരുമ്പോൾ ചെയ്യേണ്ട ആചാരങ്ങൾ ആകുന്നു.

8

1അതിനുശേഷം യേശു ഗ്രാമങ്ങളിലും പട്ടണങ്ങളിലും കൂടി സഞ്ചരിച്ചു. അവിടെ ദൈവരാജ്യം പ്രസംഗിക്കുകയും സുവിശേഷം അറിയിക്കുകയും ചെയ്തു.2അവനോടുകൂടെ പന്ത്രണ്ട് ശിഷ്യന്മാരും, അവൻ ദുരാത്മാക്കളെയും വ്യാധികളേയും നീക്കി സൌഖ്യം വരുത്തിയ ചില സ്ത്രീകളും, ഏഴ് ഭൂതങ്ങൾ വിട്ടുപോയ മഗ്ദലക്കാരത്തി മറിയയും3ഹെരോദാവിന്റെ കാര്യവിചാരകനായ കൂസയുടെ ഭാര്യ യോഹന്നയും, ശൂശന്നയും തങ്ങളുടെ വസ്തുവകകൊണ്ടു അവർക്ക് ശുശ്രൂഷ ചെയ്തു പോന്ന മറ്റു പല സ്ത്രീകളും ഉണ്ടായിരുന്നു.

4പിന്നെ വലിയൊരു പുരുഷാരവും, ഓരോ പട്ടണത്തിൽനിന്നു അവന്റെ അടുക്കൽ വന്നവരും, ഒരുമിച്ചു കൂടിയപ്പോൾ അവൻ അവരോട് ഒരു ഉപമ പറഞ്ഞു: ഒരു കൃഷിക്കാരൻ വിത്ത് വിതയ്ക്കുവാൻ പുറപ്പെട്ടു.5വിതയ്ക്കുമ്പോൾ ചിലത് വഴിയരികിൽ വീണു. ചിലത് മനുഷ്യർ ചവിട്ടുകയും, ചിലത് ആകാശത്തിലെ പറവജാതി തിന്നുകളകയും ചെയ്തു.6മറ്റു ചിലത് പാറമേൽ വീണു മുളച്ചു, നനവില്ലായ്കയാൽ ഉണങ്ങിപ്പോയി.
7മറ്റു ചിലത് മുള്ളിനിടയിൽ വീണു; മുള്ളും അതിനോടൊപ്പം മുളച്ചു അതിനെ ഞെരുക്കിക്കളഞ്ഞു.8മറ്റു ചിലത് നല്ല നിലത്ത് വീണു. അത് മുളച്ചു നൂറുമേനി ഫലം കൊടുത്തു. ഇതു പറഞ്ഞിട്ട്: കേൾക്കുവാൻ ചെവി ഉള്ളവൻ കേൾക്കട്ടെ എന്നു വിളിച്ചു പറഞ്ഞു.

9അവന്റെ ശിഷ്യന്മാർ അവനോട് ഈ ഉപമയുടെ അർത്ഥം എന്താണ്? എന്നു ചോദിച്ചു. അതിന് അവൻ മറുപടിയായി പറഞ്ഞത്:10ദൈവരാജ്യത്തിന്റെ രഹസ്യങ്ങളെ അറിയുവാൻ നിങ്ങൾക്ക് വരം ലഭിച്ചിരിക്കുന്നു; മറ്റുള്ളവർ കാണുന്നു എങ്കിലും അവർക്ക് ഒന്നും മനസ്സിലാകാതിരിക്കുവാനും, കേൾക്കുന്നു എങ്കിലും ഒന്നും ഗ്രഹിക്കാതിരിപ്പാനും ഉപമകളിലൂടെ ആണ് ഞാൻ പഠിപ്പിക്കുന്നത്.
11ഉപമയുടെ അർത്ഥം ഇതാകുന്നു: വിത്ത് ദൈവവചനം ആണ്;12വഴിയരികെയുള്ളവർ കേൾക്കുന്നവർ എങ്കിലും അവർ വിശ്വസിച്ചു രക്ഷിയ്ക്കപ്പെടാതിരിക്കുവാൻ പിശാച് വന്നു അവരുടെ ഹൃദയത്തിൽ നിന്നു വചനം എടുത്തുകളയുന്നു.13പാറമേലുള്ളവരോ കേൾക്കുമ്പോൾ വചനം സന്തോഷത്തോടെ കൈക്കൊള്ളുന്നവർ എങ്കിലും അവർക്ക് വേരില്ല; അവർ തല്ക്കാലം വിശ്വസിക്കയും പരീക്ഷാസമയത്ത് വിശ്വാസത്തിൽ നിന്നു മാറി പോവുകയും ചെയ്യുന്നു.
14മുള്ളിനിടയിൽ വീണതോ, വചനം കേൾക്കുന്നവർ എങ്കിലും, വിവിധ ചിന്തകളാലും, ധനത്താലും, ഈ ലോകത്തിലെ സന്തോഷങ്ങളാലും ഞെരുങ്ങി പൂർണ്ണമായി ഫലം കൊടുക്കാത്തവരത്രേ.15നല്ല മണ്ണിലുള്ളതോ വചനം കേട്ടിട്ട്, ഹൃദയത്തിൽ സംഗ്രഹിക്കുകയും, ക്ഷമയോടെ ഗുണമുള്ള നല്ലഫലം കൊടുക്കുകയും ചെയ്യുന്നവർ തന്നേ.

16വിളക്കു കത്തിച്ചിട്ട് ആരും അതിനെ പാത്രംകൊണ്ട് മൂടുകയോ കട്ടിലിന്റെ കീഴിൽ വെയ്ക്കുകയോ ചെയ്യുന്നില്ല. അകത്ത് വരുന്നവർക്ക് വെളിച്ചം കാണേണ്ടതിന് തണ്ടിന്മേൽ1 ആണ് വെയ്ക്കുന്നത്.17വെളിപ്പെടാതെ രഹസ്യമായിരിക്കുന്നതു ഒന്നുമില്ല; വെളിച്ചത്തു വരാതെ മറവായിരിക്കുന്നതും ഒന്നുമില്ല.18ആകയാൽ നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നു സൂക്ഷിച്ചുകൊള്ളുവിൻ, കാരണം ദൈവവചനം കേട്ടിട്ട് മനസ്സിലാകുന്നവനു കൂടുതൽ കിട്ടും; ഇല്ലാത്തവനോടോ ഉണ്ട് എന്നു തോന്നുന്നതും കൂടെ എടുത്തുകളയും.

19അവന്റെ അമ്മയും സഹോദരന്മാരും20അവനെ കാണുവാനായി അടുക്കൽ വന്നു. എന്നാൽ പുരുഷാരം കാരണം അവന്റെ അടുക്കലേക്ക് വരുവാൻ കഴിഞ്ഞില്ല. നിന്റെ അമ്മയും സഹോദരന്മാരും നിന്നെ കാണ്മാൻ ആഗ്രഹിച്ചുകൊണ്ട് പുറത്തു നില്ക്കുന്നു എന്നു ചിലർ അവനോട് അറിയിച്ചു.21അവരോട് അവൻ: ദൈവവചനം കേട്ട് അനുസരിക്കുന്നവർ എല്ലാം എന്റെ അമ്മയും സഹോദരന്മാരും ആകുന്നു എന്ന് ഉത്തരം പറഞ്ഞു.

22ഒരു ദിവസം അവൻ ശിഷ്യന്മാരുമായി പടകിൽ കയറി; നാം തടാകത്തിന്റെ അക്കരെ പോക എന്നു അവരോട് പറഞ്ഞു.23അവർ തുഴഞ്ഞുകൊണ്ടിരുന്നപ്പോൾ യേശു ഉറങ്ങിപ്പോയി
24തടാകത്തിൽ ഒരു ചുഴലിക്കാറ്റ് ഉണ്ടായി. പടകിൽ വെള്ളം നിറഞ്ഞു. അവർ പേടിച്ചു യേശുവിന്റെ അടുക്കെ ചെന്ന്: നാഥാ, നാഥാ, ഞങ്ങൾ മരിക്കാൻ പോകുന്നു എന്നു പറഞ്ഞു അവനെ ഉണർത്തി; അവൻ എഴുന്നേറ്റ് കാറ്റിനേയും രൂക്ഷമായ തിരമാലകളേയും ശാസിച്ചു; അവ അമർന്നു ശാന്തത ഉണ്ടായി. പിന്നെ അവരോട്:25നിങ്ങളുടെ വിശ്വാസം എവിടെ എന്നു പറഞ്ഞു; അവരോ ഭയപ്പെട്ടു: ഇവൻ ആർ? അവൻ കാറ്റിനോടും വെള്ളത്തോടും കല്പിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നു എന്നു തമ്മിൽ പറഞ്ഞു ആശ്ചര്യപ്പെട്ടു.

26യേശുവും ശിഷ്യന്മാരും ഗലീലയ്ക്ക് എതിരെയുള്ള ഗെരസേന്യദേശത്ത് എത്തി.27അവൻ കരയ്ക്ക് ഇറങ്ങിയപ്പോൾ വളരെ കാലമായി ഭൂതങ്ങൾ ബാധിച്ചൊരു മനുഷ്യൻ പട്ടണത്തിൽ നിന്നു അവർക്ക് എതിരെ വന്നു. അവൻ വളരെക്കാലമായി വസ്ത്രം ധരിക്കാതെയും വീട്ടിൽ പാർക്കാതെയും ശവക്കല്ലറകളിൽ ആയിരുന്നു താമസിച്ചത്.
28അവൻ യേശുവിനെ കണ്ടിട്ട് നിലവിളിച്ചു അവനെ നമസ്കരിച്ചു: യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, നീ എന്റെ കാര്യത്തിൽ ഇടപെടുന്നത് എന്തിന്? എന്നെ ഉപദ്രവിക്കരുതേ എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു ഉറക്കെ പറഞ്ഞു.29അവൻ അശുദ്ധാത്മാവിനോട് ആ മനുഷ്യനെ വിട്ടുപോകുവാൻ കല്പിച്ചിരുന്നു. അത് വളരെക്കാലമായി അവനെ ബാധിച്ചിരുന്നു; അവനെ ചങ്ങലയും വിലങ്ങും ഇട്ട് ബന്ധിച്ചു സൂക്ഷിച്ചിരുന്നിട്ടും അവൻ ബന്ധനങ്ങളെ തകർക്കുകയും ഭൂതം അവനെ കാടുകളിലേക്ക് ഓടിക്കയും ചെയ്യും.
30യേശു അവനോട്: നിന്റെ പേർ എന്ത് എന്നു ചോദിച്ചു. അനേകം ഭൂതങ്ങൾ അവനെ ബാധിച്ചിരുന്നതുകൊണ്ട്; ലെഗ്യോൻ എന്നു അവൻ പറഞ്ഞു.31പാതാളത്തിലേക്ക് പോകുവാൻ കല്പിക്കരുത് എന്നു അവ അവനോട് അപേക്ഷിച്ചു.
32അവിടെ മലയിൽ വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. അവയിൽ പ്രവേശിക്കുവാൻ അനുവാദം തരേണം എന്നു അവനോട് അപേക്ഷിച്ചു; അവൻ അനുവാദം കൊടുത്തു.33ഭൂതങ്ങൾ ആ മനുഷ്യനെ വിട്ടു പന്നികളിൽ കടന്നപ്പോൾ പന്നിക്കൂട്ടം വളരെ വേഗം തടാകത്തിലേക്ക് പാഞ്ഞു വീർപ്പുമുട്ടി ചത്തു.
34ഈ സംഭവിച്ചത് പന്നിയെ മേയ്ക്കുന്നവർ കണ്ടിട്ട് ഓടിപ്പോയി പട്ടണത്തിലും നാട്ടിലും അറിയിച്ചു.35അവിടെ സംഭവിച്ചത് കാണ്മാൻ അവർ പുറപ്പെട്ടു യേശുവിന്റെ അടുക്കൽ വന്നു, ഭൂതങ്ങൾ വിട്ടുപോയ മനുഷ്യൻ വസ്ത്രം ധരിച്ചും നല്ല ബോധത്തോടെയും യേശുവിന്റെ കാല്ക്കൽ ഇരിക്കുന്നത് കണ്ട് ഭയപ്പെട്ടു.
36ഭൂതം ബാധിച്ചവനു സൌഖ്യം വന്നത് എങ്ങനെ എന്നു കണ്ടവർ അവരോട് അറിയിച്ചു.37ഗെരസേന്യദേശത്തിലെ ജനസമൂഹം എല്ലാം ഭയപരവശരായി തങ്ങളെ വിട്ടുപോകേണം എന്നു അവനോട് അപേക്ഷിച്ചു; അങ്ങനെ അവൻ പടകുകയറി മടങ്ങിപ്പോന്നു.
38ഭൂതങ്ങൾ വിട്ടുപോയ ആൾ അവനോടുകൂടെ പോകുവാൻ അനുവാദം ചോദിച്ചു.39അതിന് അവൻ: നീ വീട്ടിൽ മടങ്ങിച്ചെന്നു ദൈവം നിനക്ക് ചെയ്തതു ഒക്കെയും അറിയിക്ക എന്നു പറഞ്ഞു അവനെ അയച്ചു. അവൻ പോയി യേശു തനിക്കു ചെയ്തതു ഒക്കെയും പട്ടണത്തിൽ എല്ലാടവും അറിയിച്ചു.

40യേശു മടങ്ങിവന്നപ്പോൾ പുരുഷാരം അവനെ സന്തോഷത്തോടെ സ്വീകരിച്ചു; അവർ എല്ലാവരും യേശുവിനായി കാത്തിരിക്കുകയായിരുന്നു.41അപ്പോൾ പള്ളിപ്രമാണിയായ യായിറോസ് എന്നു പേരുള്ളോരു മനുഷ്യൻ വന്നു യേശുവിന്റെ കാല്ക്കൽ വീണു.42അവന് ഏകദേശം പന്ത്രണ്ട് വയസ്സുള്ള ഏകജാതയായൊരു മകൾ ഉണ്ടായിരുന്നു; അവൾ മരിക്കാറായതു കൊണ്ട് തന്റെ വീട്ടിൽ വരേണം എന്നു അവനോട് അപേക്ഷിച്ചു; അവൻ പോകുമ്പോൾ പുരുഷാരം അവനെ ഞെരുക്കിക്കൊണ്ടിരുന്നു.

43അന്ന് പന്ത്രണ്ട് വർഷമായി രക്തസ്രവമുള്ള ഒരു സ്ത്രീ ഉണ്ടായിരുന്നു. അവൾ തന്റെ പണം എല്ലാം വൈദ്യന്മാർക്ക് കൊടുത്തിട്ടും ആർക്കും സൌഖ്യം വരുത്തുവാൻ സാധിച്ചിരുന്നില്ല44അവൾ യേശുവിന്റെ പുറകിൽ അടുത്തുചെന്ന് അവന്റെ വസ്ത്രത്തിന്റെ അറ്റത്ത് തൊട്ടു ഉടനെ അവളുടെ രക്തസ്രവം നിന്നു.
45എന്നെ തൊട്ടത് ആർ എന്നു യേശു ചോദിച്ചു. എല്ലാവരും ഞാനല്ല, ഞാനല്ല എന്നു പറഞ്ഞപ്പോൾ: ഗുരോ, പുരുഷാരം നിന്നെ തിക്കിത്തിരക്കുന്നു എന്നു പത്രൊസും കൂടെയുള്ളവരും പറഞ്ഞു.46യേശുവോ: ഒരാൾ എന്നെ തൊട്ടു; എന്നിൽനിന്ന് ശക്തി പുറപ്പെട്ടത് ഞാൻ അറിഞ്ഞ് എന്നു പറഞ്ഞു.
47താൻ മറഞ്ഞിരിക്കുന്നില്ല എന്നു സ്ത്രീ കണ്ട് വിറച്ചുംകൊണ്ടു വന്നു അവന്റെ മുമ്പിൽ വീണു, അവനെ തൊട്ട സംഗതിയും തൽക്ഷണം സൌഖ്യമായതും സകലജനവും കേൾക്കെ അറിയിച്ചു.48അവൻ അവളോട്: മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു.

49അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ പള്ളിപ്രമാണിയുടെ വീട്ടിൽ നിന്നു ഒരാൾ വന്നു: നിന്റെ മകൾ മരിച്ചുപോയി; ഗുരുവിനെ പ്രയാസപ്പെടുത്തേണ്ടാ എന്നു പറഞ്ഞു.50യേശു അതുകേട്ടപ്പോൾ: ഭയപ്പെടേണ്ടാ, വിശ്വസിച്ചാൽ മതി എന്നാൽ അവൾ രക്ഷപെടും എന്നു അവനോട് ഉത്തരം പറഞ്ഞു.
51വീട്ടിൽ എത്തിയപ്പോൾ പത്രൊസ്, യോഹന്നാൻ, യാക്കോബ് എന്നിവരെയും കുട്ടിയുടെ അപ്പനെയും അമ്മയെയും അല്ലാതെ ആരെയും അവൻ തന്നോടുകൂടെ അകത്ത് വരുവാൻ സമ്മതിച്ചില്ല.52എല്ലാവരും അവളെ ഓർത്തു കരയുകയും, ഉച്ചത്തിൽ നിലവിളിക്കുകയും ചെയ്യുമ്പോൾ: കരയണ്ട, അവൾ മരിച്ചില്ല, ഉറങ്ങുകയാണ് എന്ന് അവൻ പറഞ്ഞു.53അവരോ അവൾ മരിച്ചുപോയി എന്നു അറിയുന്നതുകൊണ്ട് അവനെ പരിഹസിച്ചു.
54എന്നാൽ യേശു അവളുടെ കൈയ്ക്ക് പിടിച്ച്; ബാലേ, എഴുന്നേല്ക്ക എന്നു അവളോട് ഉറക്കെ പറഞ്ഞു.55അവളുടെ ആത്മാവ് തിരിച്ചുവന്നു, അവൾ ഉടനെ എഴുന്നേറ്റ്; അവൾക്ക് ഭക്ഷണം കൊടുക്കുവിൻ എന്നു അവൻ കല്പിച്ചു.56അവളുടെ അമ്മയപ്പന്മാർ വിസ്മയിച്ചു. സംഭവിച്ചത് ആരോടും പറയരുത് എന്നു അവൻ അവരോട് കല്പിച്ചു.


1 8. 16 വിളക്കുകാൽ എന്നാൽ എല്ലാവർക്കും വെളിച്ചം കാണുന്നതിനായി വിളക്ക് തൂക്കിയിടുന്ന സ്ഥലം.

9

1അവൻ തന്റെ പന്ത്രണ്ട് ശിഷ്യരെയും അടുക്കൽ വിളിച്ചു, സകല ഭൂതങ്ങളെ പുറത്താക്കുവാനും രോഗങ്ങൾ സുഖമാക്കുവാനും അവർക്ക് ശക്തിയും അധികാരവും കൊടുത്തു;2ദൈവരാജ്യം പ്രസംഗിക്കുവാനും രോഗികളെ സുഖപ്പെടുത്തുവാനും അവരെ അയച്ചു. അവരോട് ഇപ്രകാരം പറഞ്ഞു:

3നിങ്ങൾ യാത്ര ചെയ്യുമ്പോൾ വടിയും പണസഞ്ചിയും അപ്പവും പണവും ഒന്നും എടുക്കരുത്; രണ്ടു ഉടുപ്പും എടുക്കരുത്.4നിങ്ങൾ ഏത് വീട്ടിൽ ചെന്നാലും അവിടം വിട്ടുപോകുന്നതുവരെ അവിടെ മാത്രം താമസിക്കുക.
5ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതിരുന്നാൽ ആ പട്ടണം വിട്ടു അവരുടെ നേരെ സാക്ഷ്യത്തിനായി നിങ്ങളുടെ കാലിൽനിന്ന് പൊടി തട്ടിക്കളവിൻ.6അവർ പുറപ്പെട്ടു എല്ലാ ഇടങ്ങളിലും സുവിശേഷം അറിയിച്ചും രോഗികളെ സുഖമാക്കിയുംകൊണ്ടു ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചു.

7ഈ സംഭവിച്ചത് എല്ലാം ഇടപ്രഭുവായ ഹെരോദാവ് കേട്ട്.8യോഹന്നാൻ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റു എന്നു ചിലരും, ഏലിയാവ് പ്രത്യക്ഷനായി എന്നു ചിലരും, പണ്ടത്തെ പ്രവാചകരിൽ ഒരാൾ ഉയിർത്തെഴുന്നേറ്റു എന്നു മറ്റുചിലരും പറയുന്നതുകൊണ്ട്9ഹെരോദാവ് അസ്വസ്ഥനായി. ഞാൻ യോഹന്നാന്റെ തല വെട്ടിക്കളഞ്ഞു; എന്നാൽ ഞാൻ ഇങ്ങനെ കേൾക്കുന്നത് ആരെ പറ്റി ആണ് എന്നു പറഞ്ഞു അവനെ കാണ്മാൻ ശ്രമിച്ചു.

10അപ്പൊസ്തലന്മാർ തിരിച്ചുവന്നിട്ട് അവർ ചെയ്തതു ഒക്കെയും യേശുവിനോടു അറിയിച്ചു. യേശുവും ശിഷ്യരും ബേത്ത്സയിദ എന്ന പട്ടണത്തിലേക്ക് പോയി.11എന്നാൽ അത് പുരുഷാരം അറിഞ്ഞ് അവനെ പിന്തുടർന്നു. അവൻ അവരെ സ്വീകരിച്ചു ദൈവരാജ്യത്തെക്കുറിച്ച് അവരോട് സംസാരിക്കുകയും രോഗശാന്തി വേണ്ടവരെ സൌഖ്യമാക്കുകയും ചെയ്തു.
12സന്ധ്യയായപ്പോൾ ശിഷ്യന്മാർ അടുത്തുവന്ന് അവനോട് : ഇവിടെ നാം മരുഭൂമിയിൽ ആകുന്നതുകൊണ്ട് പുരുഷാരം ചുറ്റുമുള്ള ഗ്രാമങ്ങളിൽ പോയി രാത്രി പാർക്കുവാനും ആഹാരം വാങ്ങുവാനും വേണ്ടി അവരെ പറഞ്ഞയയ്ക്കണം എന്നു പറഞ്ഞു.13അവൻ അവരോട്: നിങ്ങൾ തന്നേ അവർക്ക് ഭക്ഷിക്കുവാൻ കൊടുക്കുക എന്നു പറഞ്ഞതിന്: അഞ്ചപ്പവും രണ്ടുമീനും മാത്രമേ ഞങ്ങളുടെ കൈവശം ഉള്ളൂ; ഞങ്ങൾ പോയി ഈ എല്ലാവർക്കും വേണ്ടി ഭക്ഷണം വാങ്ങണോ എന്നു അവർ ചോദിച്ചു.14ഏകദേശം അയ്യായിരം പുരുഷന്മാർ ഉണ്ടായിരുന്നു. പിന്നെ അവൻ തന്റെ ശിഷ്യന്മാരോട്: അവരെ അമ്പതുപേർ വീതം വരിയായി ഇരുത്തുവിൻ എന്നു പറഞ്ഞു.
15അവർ അങ്ങനെ എല്ലാവരെയും ഇരുത്തി.16അവൻ ആ അഞ്ച് അപ്പവും രണ്ടു മീനും എടുത്തുകൊണ്ട് സ്വർഗ്ഗത്തേക്ക് നോക്കി, അവയെ അനുഗ്രഹിച്ചു, മുറിച്ച് പുരുഷാരത്തിന് വിളമ്പുവാൻ ശിഷ്യന്മാരുടെ കയ്യിൽ കൊടുത്തു.17എല്ലാവരും തിന്നു തൃപ്തരായി, അധികം വന്ന കഷണം പന്ത്രണ്ട് കൊട്ട ശേഖരിച്ചു.
18അവൻ തനിയെ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ശിഷ്യന്മാർ കൂടെ ഉണ്ടായിരുന്നു; അവൻ അവരോട്: പുരുഷാരം എന്നെ ആരെന്ന് പറയുന്നു എന്നു ചോദിച്ചു.19യോഹന്നാൻസ്നാപകൻ എന്നും, ചിലർ ഏലിയാവ് എന്നും, മറ്റു ചിലർ പുരാതന പ്രവാചകന്മാരിൽ ഒരാൾ ഉയിർത്തെഴുന്നേറ്റു എന്നും പറയുന്നു എന്നു അവർ ഉത്തരം പറഞ്ഞു.
20യേശു അവരോട്: എന്നാൽ നിങ്ങൾ എന്നെ ആരെന്ന് പറയുന്നു എന്നു ചോദിച്ചതിന്: ദൈവത്തിന്റെ ക്രിസ്തു എന്നു പത്രൊസ് ഉത്തരം പറഞ്ഞു.21ഇതു ആരോടും പറയരുതെന്ന് അവൻ അവരോട് അമർച്ചയായിട്ട് കല്പിച്ചു.22മനുഷ്യപുത്രൻ പലതും സഹിക്കുകയും, മൂപ്പന്മാർ മഹാപുരോഹിതർ ശാസ്ത്രികൾ എന്നിവർ അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും അവൻ മൂന്നാം ദിവസം ഉയിർത്തെഴുന്നേല്ക്കുകയും വേണം എന്നു പറഞ്ഞു.
23പിന്നെ അവൻ എല്ലാവരോടും പറഞ്ഞത്: എന്നെ അനുഗമിക്കുവാൻ ഒരാൾ ആഗ്രഹിക്കുന്നു എങ്കിൽ അവൻ സ്വന്ത ആഗ്രഹങ്ങൾ ത്യജിച്ച് ഓരോ ദിവസവും തന്റെ ക്രൂശ് എടുത്തുംകൊണ്ട് എന്നെ അനുഗമിക്കട്ടെ.24ആരെങ്കിലും തന്റെ ജീവനെ രക്ഷിക്കാൻ ആഗ്രഹിച്ചാൽ അതിനെ കളയും; എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാലോ അതിനെ രക്ഷിക്കും.25ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ട് തന്നെത്താൻ നഷ്ടമാക്കിക്കളകയോ ചേതം വരുത്തുകയോ ചെയ്താൽ അവന് എന്ത് പ്രയോജനം?
26ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ച് നാണിച്ചാൽ അവനെക്കുറിച്ച് മനുഷ്യപുത്രൻ തന്റെയും പിതാവിന്റെയും വിശുദ്ധ ദൂതന്മാരുടെയും മഹത്വത്തിൽ വരുമ്പോൾ നാണിക്കും.27എന്നാൽ ദൈവരാജ്യം കാണുന്നത് വരെ മരിക്കാത്തവർ ചിലർ ഇവിടെ നില്ക്കുന്നവരിൽ ഉണ്ട് സത്യം എന്നു ഞാൻ നിങ്ങളോടു പറയുന്നു.

28ഈ വാക്കുകൾ പറഞ്ഞിട്ട് ഏകദേശം എട്ട് ദിവസം കഴിഞ്ഞപ്പോൾ അവൻ പത്രൊസിനെയും യോഹന്നാനെയും യാക്കോബിനെയും കൂട്ടിക്കൊണ്ട് പ്രാർത്ഥിക്കുവാൻ മലയിൽ കയറിപ്പോയി.29അവൻ പ്രാർത്ഥിക്കുമ്പോൾ മുഖത്തിന്റെ ഭാവം മാറി, ഉടുപ്പ് തിളങ്ങുന്ന വെള്ളയായും തീർന്നു.
30രണ്ടു പുരുഷന്മാർ അവനോട് സംസാരിച്ചു; മോശെയും ഏലിയാവും തന്നേ.31അവർ തേജസ്സിൽ പ്രത്യക്ഷരായി യെരൂശലേമിൽ വച്ചു സംഭവിപ്പാനുള്ള യേശുവിന്റെ മരണത്തെക്കുറിച്ചു സംസാരിച്ചു.
32പത്രൊസും കൂടെയുള്ളവരും ഉറങ്ങുകയായിരുന്നു; ഉണർന്നശേഷം അവന്റെ തേജസ്സിനെയും അവനോട് കൂടെ നില്ക്കുന്ന രണ്ടു പുരുഷന്മാരെയും കണ്ട്.33അവർ അവനെ വിട്ടുപിരിയുമ്പോൾ പത്രൊസ് യേശുവിനോടു: ഗുരോ, നാം ഇവിടെ ഇരിക്കുന്നത് നല്ലത്; ഞങ്ങൾ മൂന്നു കുടിൽ ഉണ്ടാക്കട്ടെ, ഒന്ന് നിനക്കും ഒന്ന് മോശെക്കും ഒന്ന് ഏലിയാവിനും എന്നു താൻ പറയുന്നത് എന്താണ് എന്ന് അറിയാതെ പറഞ്ഞു.
34ഇതു പറയുമ്പോൾ ഒരു മേഘം വന്നു അവരുടെമേൽ നിഴലിട്ടു. അവർ മേഘത്തിൽ ആയപ്പോൾ പേടിച്ചു.35മേഘത്തിൽനിന്നു: ഇവൻ എന്റെ തിരഞ്ഞെടുക്കപ്പെട്ടവൻ; ഇവന് ചെവികൊടുപ്പിൻ എന്നു ഒരു ശബ്ദം ഉണ്ടായി.36ശബ്ദം ഉണ്ടായ നേരത്ത് യേശുവിനെ തനിയേ കണ്ട്; അവർ കണ്ടത് ഒന്നും ആ നാളുകളിൽ ആരോടും അറിയിക്കാതെ മൗനമായിരുന്നു.

37പിറ്റെന്നാൾ അവർ മലയിൽ നിന്നു ഇറങ്ങി വന്നപ്പോൾ ബഹുപുരുഷാരം അവനെ എതിരേറ്റു.38ആൾക്കൂട്ടത്തിൽനിന്ന് ഒരാൾ നിലവിളിച്ചു: ഗുരോ, എന്റെ മകനെ ഒന്ന് നോക്കേണമേ; അവൻ എനിക്ക് ഏകമകൻ ആകുന്നു.39ഒരു ദുരാത്മാവ് അവനെ ബാധിക്കുന്നു. അവൻ പെട്ടെന്ന് നിലവിളിക്കുന്നു; പിന്നെ അത് അവനെ ഞെരിക്കുകയും അവന്റെ വായിൽ നിന്നും നുരയും പതയും ഉണ്ടാകുകയും ചെയ്യുന്നു, പിന്നെ വിട്ടുമാറുന്നു.40അതിനെ പുറത്താക്കുവാൻ നിന്റെ ശിഷ്യന്മാരോട് അപേക്ഷിച്ചു എങ്കിലും അവർക്ക് കഴിഞ്ഞില്ല എന്നു പറഞ്ഞു.
41അതിന് യേശു: അവിശ്വാസവും കുറവുമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടുകൂടെ ഇരുന്നു നിങ്ങളെ സഹിക്കും? നിന്റെ മകനെ ഇവിടെ കൊണ്ടുവരിക എന്നു ഉത്തരം പറഞ്ഞു;42അവൻ വരുമ്പോൾ തന്നേ ഭൂതം അവനെ തള്ളിയിടുകയും വിറപ്പിക്കുകയും ചെയ്തു. യേശു അശുദ്ധാത്മാവിനെ ശാസിച്ചു ബാലനെ സൌഖ്യമാക്കി അപ്പനെ ഏല്പിച്ചു.
43എല്ലാവരും ദൈവത്തിന്റെ മഹത്വകരമായ ശക്തിയിൽ വിസ്മയിച്ചു.

യേശു ചെയ്യുന്നതിൽ ഒക്കെയും എല്ലാവരും ആശ്ചര്യപ്പെടുമ്പോൾ അവൻ തന്റെ ശിഷ്യന്മാരോട്:

44നിങ്ങൾ ഈ വാക്ക് ശ്രദ്ധിച്ചു കേട്ടുകൊൾവിൻ: മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടുവാൻ പോകുന്നു എന്നു പറഞ്ഞു.45ആ വാക്ക് അവർക്ക് മനസ്സിലായില്ല; അത് മനസ്സിലാകാൻ സാധിക്കത്തവിധം അതിന്റെ അർത്ഥം അവർക്ക് മറഞ്ഞിരുന്നു; ആ പറഞ്ഞത് എന്താണ് എന്നു ചോദിപ്പാൻ അവർ ഭയന്നു.

46അവരിൽ ആരാണ് വലിയവൻ എന്നു ഒരു വാദം അവരുടെ ഇടയിൽ നടന്നു.47യേശു അവരുടെ ഹൃദയത്തിലെ വിചാരം മനസ്സിലാക്കി ഒരു ശിശുവിനെ എടുത്തു അരികെ നിർത്തി:48ഈ ശിശുവിനെ എന്റെ നാമത്തിൽ ആരെങ്കിലും സ്വീകരിച്ചാൽ എന്നെയും സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവനോ എന്നെ അയച്ചവനെ സ്വീകരിക്കുന്നു; നിങ്ങളിൽ ചെറിയവൻ ആരാണോ അവനാണ് ഏറ്റവും വലിയവൻ ആകുന്നത് എന്നു അവരോട് പറഞ്ഞു.

49നാഥാ, ഒരാൾ നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നത് ഞങ്ങൾ കണ്ട്; ഞങ്ങളോടുകൂടെ നിന്നെ അനുഗമിക്കായ്കയാൽ അവനെ തടഞ്ഞു എന്ന് യോഹന്നാൻ പറഞ്ഞതിന്50യേശു അവനോട്: തടയരുത്; നിങ്ങൾക്ക് എതിരല്ലാത്തവൻ നിങ്ങൾക്ക് അനുകൂലമല്ലോ എന്നു പറഞ്ഞു.

51യേശുവിനു സ്വർഗ്ഗത്തിലേക്ക് പോകുവാൻ ഉള്ള സമയമായപ്പോൾ അവൻ യെരൂശലേമിലേക്കു യാത്രയാകുവാൻ തീരുമാനിച്ചു, തനിക്കു മുമ്പായി ദൂതന്മാരെ അയച്ചു.52അവർ പോയി അവനായി ഒരുക്കങ്ങൾ ചെയ്യാനായി ശമര്യക്കാരുടെ ഒരു ഗ്രാമത്തിൽ ചെന്ന്.53എന്നാൽ അവൻ യെരൂശലേമിലേക്കു പോകുവാൻ തീരുമാനിച്ചിരുന്നതിനാൽ അവർ അവനെ സ്വീകരിച്ചില്ല.
54അത് അവന്റെ ശിഷ്യന്മാരായ യാക്കോബും യോഹന്നാനും കണ്ടിട്ട്: കർത്താവേ, [ഏലിയാവ് ചെയ്തതുപോലെ] ആകാശത്തുനിന്ന് തീ ഇറങ്ങി അവരെ നശിപ്പിപ്പാൻ ഞങ്ങൾ പറയുന്നത് നിനക്ക് സമ്മതമോ എന്നു ചോദിച്ചു.55അവൻ തിരിഞ്ഞു അവരെ ശാസിച്ചു: [“നിങ്ങൾ ഏത് ആത്മാവിന് അധീനർ എന്നു നിങ്ങൾ അറിയുന്നില്ല;56മനുഷ്യപുത്രൻ മനുഷ്യരുടെ ജീവനെ നശിപ്പിപ്പാനല്ല രക്ഷിയ്ക്കുവാനത്രേ വന്നത്” എന്നു പറഞ്ഞു.] അവർ വേറൊരു ഗ്രാമത്തിലേക്ക് പോയി.

57അവർ പോകുമ്പോൾ ഒരുവൻ യേശുവിനോട്: നീ എവിടെപോയാലും ഞാൻ നിന്നെ അനുഗമിക്കാം എന്നു പറഞ്ഞു.58യേശു അവനോട്: കുറുനരികൾക്ക് താമസിക്കുവാനായി കുഴിയും ആകാശത്തിലെ പക്ഷികൾക്ക് താമസിക്കുവാനായി കൂടും ഉണ്ട്; എന്നാൽ മനുഷ്യപുത്രനോ തല ചായിപ്പാൻ സ്ഥലമില്ല എന്നു പറഞ്ഞു.
59വേറൊരുവനോട്: എന്നെ അനുഗമിക്ക എന്നു പറഞ്ഞപ്പോൾ അവൻ: ഞാൻ മുമ്പെ പോയി എന്റെ അപ്പനെ അടക്കുവാൻ അനുവാദം തരേണം എന്നു പറഞ്ഞു.60യേശു അവനോട്: മരിച്ചവർ തങ്ങളുടെ മരിച്ചവരെ അടക്കട്ടെ; നീയോ പോയി ദൈവരാജ്യം അറിയിക്ക എന്നു പറഞ്ഞു.
61മറ്റൊരുവൻ: കർത്താവേ, ഞാൻ നിന്നെ അനുഗമിക്കാം; ആദ്യം എന്റെ വീട്ടിലുള്ളവരോട് യാത്ര പറവാൻ അനുവാദം തരേണം എന്നു പറഞ്ഞു.62യേശു അവനോട്: കലപ്പയ്ക്ക്1 കൈ വെച്ച ശേഷം പുറകോട്ടു നോക്കുന്നവൻ ആരും ദൈവരാജ്യത്തിന് കൊള്ളാകുന്നവനല്ല എന്നു പറഞ്ഞു.


1 9. 62 നിലം ഉഴുന്നതിനുള്ള ഉപകരണം

10

1അതിന് ശേഷം കർത്താവ് വേറെ എഴുപത് പേരെ നിയമിച്ചു, താൻ ചെല്ലുവാനുള്ള ഓരോ പട്ടണത്തിലേക്കും സ്ഥലത്തിലേക്കും അവരെ തനിക്കു മുമ്പായി രണ്ടു പേർ വീതം അയച്ചു,2അവരോട് പറഞ്ഞത്: കൊയ്ത്ത് വളരെ ഉണ്ട് സത്യം; വേലക്കാരോ ചുരുക്കം; ആകയാൽ കൊയ്ത്തിന്റെ യജമാനനോടു തന്റെ കൊയ്ത്തിന് വേലക്കാരെ അയക്കേണ്ടതിന് അപേക്ഷിക്കുവിൻ.

3പോകുവിൻ; ചെന്നായ്ക്കളുടെ നടുവിൽ കുഞ്ഞാടുകൾ എന്നപോലെ ഞാൻ നിങ്ങളെ അയയ്ക്കുന്നു.4നിങ്ങൾ പണസഞ്ചിയും പൊക്കണവും1 ചെരിപ്പും എടുക്കരുത്; വഴിയിൽ വെച്ച് ആരെയും വന്ദനം ചെയ്യുവാനായി നിങ്ങളുടെ സമയം കളയരുത്;
5ഏത് വീട്ടിൽ പ്രവേശിക്കുമ്പോഴും: ഈ വീടിന് സമാധാനം എന്നു ആദ്യം പറയുക.6അവിടെ സമാധാനം പ്രിയപ്പെടുന്നവർ ഉണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അവരുടെ മേൽ വസിക്കും; ഇല്ലെങ്കിൽ നിങ്ങളിലേക്ക് മടങ്ങിവരും.7അവർ തരുന്നത് തിന്നും കുടിച്ചുംകൊണ്ടു ആ വീട്ടിൽ തന്നേ താമസിക്കുക; വേലക്കാരൻ തന്റെ കൂലിക്ക് യോഗ്യനാണല്ലോ; ഒരു വീട്ടിൽനിന്ന് മറ്റൊരു വീട്ടിലേക്ക് മാറിപ്പോകരുതു.
8ഏത് പട്ടണത്തിൽ ചെന്നാലും അവർ നിങ്ങളെ സ്വീകരിക്കുന്നു എങ്കിൽ നിങ്ങളുടെ മുമ്പിൽ വെയ്ക്കുന്നത് ഭക്ഷിക്കുക.9ആ പട്ടണത്തിലെ രോഗികളെ സുഖമാക്കി, ദൈവരാജ്യം നിങ്ങൾക്ക് സമീപിച്ചിരിക്കുന്നു എന്നു അവരോട് പറയുക.
10ഏതെങ്കിലും പട്ടണത്തിൽ അവർ നിങ്ങളെ സ്വീകരിക്കുന്നില്ലെങ്കിൽ അതിന്റെ തെരുവുകളിൽ പോയി:11നിങ്ങളുടെ പട്ടണത്തിൽനിന്നു ഞങ്ങളുടെ കാലിന് പറ്റിയ പൊടിയും ഞങ്ങൾ കുടഞ്ഞിട്ടുപോകുന്നു; എന്നാൽ ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ എന്നു പറയുക.12ന്യായവിധി നാളിൽ സൊദോമ്യർക്ക് ആ പട്ടണത്തേക്കാൾ സഹിക്കാൻ സാധിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
13കോരസീനേ, നിനക്ക് അയ്യോ കഷ്ടം; ബേത്ത്സയിദേ, നിനക്ക് അയ്യോ കഷ്ടം; നിങ്ങളിൽ നടന്ന അത്ഭുതപ്രവൃത്തികൾ സോരിലും സീദോനിലും നടന്നിരുന്നു എങ്കിൽ അവർ പണ്ടുതന്നെ രട്ടിലും2 വെണ്ണീറിലും3 ഇരുന്നു മാനസാന്തരപ്പെടുമായിരുന്നു.14എന്നാൽ ന്യായവിധിയിൽ നിങ്ങളേക്കാൾ സോരിനും സീദോനും സഹിക്കുവാൻ സാധിക്കും.15നീയോ കഫർന്നഹൂമേ, സ്വർഗ്ഗത്തോളം ഉയർന്നിരിക്കുമോ? നീ പാതാളത്തോളം താണുപോകും.
16യേശു വീണ്ടും ആ എഴുപത് പേരോടു പറഞ്ഞത്: നിങ്ങളുടെ വാക്ക് കേൾക്കുന്നവൻ എന്റെ വാക്ക് കേൾക്കുന്നു; നിങ്ങളെ സ്വീകരിക്കാത്തവൻ എന്നെ സ്വീകരിക്കുകയില്ല; എന്നെ സ്വീകരിക്കാത്തവൻ എന്നെ അയച്ചവനെ സ്വീകരിക്കുകയില്ല.

17ആ എഴുപതുപേർ സന്തോഷത്തോടെ മടങ്ങിവന്നു: കർത്താവേ, നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു എന്നു പറഞ്ഞു;18അവൻ അവരോട്: സാത്താൻ മിന്നൽപോലെ ആകാശത്തുനിന്ന് വീഴുന്നത് ഞാൻ കണ്ട്.19പാമ്പുകളെയും തേളുകളെയും ശത്രുവിന്റെ സകല ബലത്തെയും ചവിട്ടുവാൻ ഞാൻ നിങ്ങൾക്ക് അധികാരം തരുന്നു; എന്നാൽ അവ ഒന്നും നിങ്ങൾക്ക് ഒരിക്കലും ദോഷം വരുത്തുകയും ഇല്ല.20എങ്കിലും ഭൂതങ്ങൾ നിങ്ങൾക്ക് കീഴടങ്ങുന്നതിലല്ല നിങ്ങൾ സന്തോഷിക്കേണ്ടത്. നിങ്ങളുടെ പേർ സ്വർഗ്ഗത്തിൽ എഴുതിയിരിക്കുന്നതിൽ സന്തോഷിക്കുക.

21ആ സമയത്ത് യേശു പരിശുദ്ധാത്മാവിൽ ആനന്ദിച്ചു പറഞ്ഞത്: പിതാവേ, സ്വർഗ്ഗത്തിനും ഭൂമിക്കും കർത്താവായുള്ളോവേ, നീ ഇവ ജ്ഞാനികൾക്കും വിവേകികൾക്കും മറച്ചുവച്ച് ശിശുക്കൾക്ക് വെളിപ്പെടുത്തിയതുകൊണ്ട് ഞാൻ നിന്നെ വാഴ്ത്തുന്നു. അതേ, പിതാവേ, ഇങ്ങനെയല്ലോ നിനക്ക് പ്രസാദം തോന്നിയത്.
22എന്റെ പിതാവ് സകലവും എന്നിൽ ഭരമേല്പിച്ചിരിക്കുന്നു. പുത്രൻ ആരെന്ന് പിതാവല്ലാതെ ആരും അറിയുന്നില്ല; പിതാവ് ആരെന്ന് പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുക്കുവാൻ ആഗ്രഹിക്കുന്നവനും അല്ലാതെ ആരും അറിയുന്നതുമില്ല.
23പിന്നെ യേശു ശിഷ്യന്മാരോട്: നിങ്ങൾ കാണുന്നതിനെ കാണുന്ന കണ്ണ് ഭാഗ്യമുള്ളതു.24നിങ്ങൾ കാണുന്നതിനെ കാണ്മാൻ അനേകം പ്രവാചകന്മാരും രാജാക്കന്മാരും ആഗ്രഹിച്ചിട്ടും കണ്ടില്ല; നിങ്ങൾ കേൾക്കുന്നതിനെ കേൾക്കുവാൻ ആഗ്രഹിച്ചിട്ടും കേട്ടില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പ്രത്യേകം പറഞ്ഞു.

25അതിനുശേഷം ഒരു ന്യായശാസ്ത്രി എഴുന്നേറ്റ്: ഗുരോ, ഞാൻ നിത്യജീവന് അവകാശി ആയിത്തീരുവാൻ എന്ത് ചെയ്യേണം എന്നു അവനെ പരീക്ഷിച്ച് ചോദിച്ചു.26അവൻ അവനോട്: ന്യായപ്രമാണത്തിൽ എന്ത് എഴുതിയിരിക്കുന്നു; നീ എങ്ങനെ വായിക്കുന്നു എന്നു ചോദിച്ചതിന്27അവൻ: നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണശക്തിയോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം എന്നും കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം എന്നും തന്നെ എന്നു ഉത്തരം പറഞ്ഞു.28അവൻ അവനോട്: നീ പറഞ്ഞ ഉത്തരം ശരി; അങ്ങനെ ചെയ്ക; എന്നാൽ നീ ജീവിക്കും എന്നു പറഞ്ഞു.
29അവൻ സ്വയം ന്യായീകരിക്കുവാൻ ആഗ്രഹിച്ചിട്ട് യേശുവിനോടു: എന്റെ കൂട്ടുകാരൻ ആർ എന്നു ചോദിച്ചതിന്30യേശു ഉത്തരം പറഞ്ഞത്: ഒരു മനുഷ്യൻ യെരൂശലേമിൽ നിന്നു യെരീഹോവിലേക്കു പോകുമ്പോൾ കള്ളന്മാർ അവനെ ആക്രമിച്ചു. അവർ അവനെ വസ്ത്രം അഴിച്ച്, മുറിവേല്പിച്ചു, അർദ്ധപ്രാണനായി വിട്ടേച്ചു പോയി.
31ആ വഴിയായി യാദൃശ്ചികമായി ഒരു പുരോഹിതൻ വന്നു അവനെ കണ്ടിട്ട് മാറി കടന്നു പോയി.32അതുപോലെ ഒരു ലേവ്യനും ആ സ്ഥലത്തിൽ എത്തി അവനെ കണ്ടിട്ട് മാറി കടന്നുപോയി.
33എന്നാൽ ഒരു ശമര്യക്കാരൻ അതുവഴി പോകയിൽ അവന്റെ അടുക്കൽ എത്തി. അവനെ കണ്ടിട്ട് മനസ്സലിഞ്ഞ് അരികെ ചെന്ന്.34എണ്ണയും4 വീഞ്ഞും5 പകർന്നു അവന്റെ മുറിവുകളെ കെട്ടി അവനെ തന്റെ വാഹനത്തിൽ കയറ്റി വഴിയമ്പലത്തിൽ കൊണ്ടുപോയി രക്ഷിച്ചു.35പിറ്റെ ദിവസം അവൻ പുറപ്പെടുമ്പോൾ രണ്ടു വെള്ളിക്കാശ് എടുത്തു വഴിയമ്പലക്കാരന് കൊടുത്തു: ഇവന് ആവശ്യമുള്ള ശുശ്രൂഷ ചെയ്യേണം; അധികം വല്ലതും ചെലവായാൽ ഞാൻ മടങ്ങിവരുമ്പോൾ തന്നു കൊള്ളാം എന്നു അവനോട് പറഞ്ഞു.
36കള്ളന്മാരുടെ കയ്യിൽ അകപ്പെട്ടവന് ഈ മൂന്നു പേരിൽ ആർ കൂട്ടുകാരനായിത്തീർന്നു എന്നു നിനക്ക് തോന്നുന്നു?37അവനോട് കരുണ കാണിച്ചവൻ എന്നു അവൻ പറഞ്ഞു. യേശു അവനോട് നീയും പോയി അങ്ങനെ തന്നെ ചെയ്ക എന്നു പറഞ്ഞു.

38പിന്നെ അവർ യാത്രചെയ്ത് ഒരു ഗ്രാമത്തിൽ എത്തി; മാർത്താ എന്നു പേരുള്ള ഒരു സ്ത്രീ അവനെ വീട്ടിൽ സ്വീകരിച്ചു.39അവൾക്ക് മറിയ എന്ന ഒരു സഹോദരി ഉണ്ടായിരുന്നു. അവൾ കർത്താവിന്റെ കാൽക്കൽ ഇരുന്നു അവന്റെ വചനം കേട്ടുകൊണ്ടിരുന്നു.
40മാർത്തയോ ജോലി ചെയ്തു തളർന്നിട്ട് അടുക്കെവന്നു: കർത്താവേ, എന്റെ സഹോദരി വീട്ടുജോലികൾ ചെയ്യുവാൻ എന്നെ തനിച്ചു വിട്ടിരിക്കുന്നതിന് അങ്ങയ്ക്ക് വിചാരമില്ലയോ? എന്നെ സഹായിക്കുവാൻ അവളോട് കല്പിച്ചാലും എന്നു പറഞ്ഞു.41കർത്താവ് അവളോട്: മാർത്തയേ, മാർത്തയേ, നീ പലകാര്യങ്ങളെ പറ്റി ചിന്തിച്ച് നിന്റെ മനസ്സ് അസ്വസ്ഥമായിരിക്കുന്നു.42എന്നാൽ അല്പമേ വേണ്ടൂ; അല്ല, ഒന്ന് മതി. മറിയ നല്ല അംശം തിരഞ്ഞെടുത്തിരിക്കുന്നു; അത് ആരും അവളോട് അപഹരിക്കുകയുമില്ല.


1 10. 4 യാത്ര ചെയ്യുന്നവർ ഉപയോഗിക്കുന്ന ബാഗ്
2 10. 13 രട്ട് - ചാക്കുതുണി
3 10. 13 വെണ്ണീർ - ചാരം
4 10. 34 മുറിവിനെ മയപ്പെടുത്തി സുഖപ്പെടുത്തുവാൻ സഹായിക്കുന്നു
5 10. 34 മുറിവ് കഴുകാൻ ഉപയോഗിക്കുന്നു

11

1ഒരിക്കൽ യേശു ഒരു സ്ഥലത്ത് പ്രാർത്ഥിക്കുകയായിരുന്നു; പ്രാർത്ഥന തീർന്നശേഷം ശിഷ്യന്മാരിൽ ഒരാൾ അവനോട്: കർത്താവേ, യോഹന്നാൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാർത്ഥിക്കുവാൻ പഠിപ്പിക്കേണമേ എന്നു പറഞ്ഞു.

2അവൻ അവരോട് പറഞ്ഞത്: നിങ്ങൾ ഇപ്രകാരം പ്രാർത്ഥിക്കുക: [സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ] പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; [നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;]
3ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ഓരോ ദിവസവും തരേണമേ.4ഞങ്ങളോട് പാപം ചെയ്ത എല്ലാവരോടും ഞങ്ങളും ക്ഷമിക്കുന്നതിനാൽ ഞങ്ങളുടെ പാപങ്ങളെ ഞങ്ങളോടു ക്ഷമിക്കേണമേ; ഞങ്ങളെ പരീക്ഷയിലേക്ക് നയിക്കരുതേ; [ദുഷ്ടങ്കൽനിന്ന് ഞങ്ങളെ വിടുവിക്കേണമേ.]

5പിന്നെ അവൻ അവരോട് പറഞ്ഞത്: നിങ്ങളിൽ ആർക്കെങ്കിലും ഒരു സ്നേഹതിൻ ഉണ്ട് എന്നിരിക്കട്ടെ; അവൻ അർദ്ധരാത്രിക്ക് അവന്റെ അടുക്കൽ ചെന്ന്: സ്നേഹിതാ, എനിക്ക് മൂന്ന് അപ്പം കടം തരേണം;6എന്റെ ഒരു സ്നേഹിതൻ തന്റെ യാത്രാമദ്ധ്യേ എന്റെ അടുക്കൽ വന്നു; അവന് കൊടുക്കുവാൻ എന്റെ പക്കൽ ഒന്നും ഇല്ല എന്നു അവനോട് പറഞ്ഞു എന്ന് വിചാരിക്കുക:7അപ്പോൾ സ്നേഹിതൻ അകത്തുനിന്ന്, എന്നെ പ്രയാസപ്പെടുത്തരുത്; കതക് അടച്ചിരിക്കുന്നു; പൈതങ്ങളും എന്റെ കൂടെ കിടക്കുന്നു; എഴുന്നേറ്റ് തരുവാൻ എനിക്ക് കഴിയുകയില്ല എന്നു അകത്തുനിന്ന് ഉത്തരം പറഞ്ഞു എന്നു കരുതുക8അവൻ സ്നേഹിതനാകയാൽ എഴുന്നേറ്റ് അവന് കൊടുക്കുവാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിലും, അവൻ ലജ്ജകൂടാതെ വീണ്ടും വീണ്ടും ചോദിക്കുന്നത് കൊണ്ട് എഴുന്നേറ്റ് അവന് ആവശ്യം ഉള്ളത് കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
9യാചിപ്പിൻ, എന്നാൽ നിങ്ങൾക്ക് കിട്ടും; അന്വേഷിക്കുവിൻ, എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്ക് തുറക്കും.10യാചിക്കുന്നവനു ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവനു തുറക്കുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.
11എന്നാൽ നിങ്ങളിൽ ഒരു അപ്പനോട് മകൻ അപ്പം ചോദിച്ചാൽ അവന് കല്ല് കൊടുക്കുമോ? അല്ല, മീൻ ചോദിച്ചാൽ മീനിനു പകരം പാമ്പിനെ കൊടുക്കുമോ?12മുട്ട ചോദിച്ചാൽ തേളിനെ കൊടുക്കുമോ?13അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുക്കുവാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവ് തന്നോട് യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.

14ഒരിക്കൽ യേശു ഊമനായ ഒരാളിൽ നിന്നു ഭൂതത്തെ പുറത്താക്കി. ഭൂതം വിട്ടുപോയശേഷം ഊമൻ സംസാരിച്ചു, പുരുഷാരം ആശ്ചര്യപ്പെട്ടു.15അവരിൽ ചിലരോ: ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലെക്കൊണ്ടാകുന്നു അവൻ ഭൂതങ്ങളെ പുറത്താക്കുന്നത് എന്നു പറഞ്ഞു.
16വേറെ ചിലർ അവനെ പരീക്ഷിക്കാനായി ആകാശത്തുനിന്ന് ഒരു അടയാളം അവനോട് ചോദിച്ചു.17പക്ഷേ യേശുവിന് അവരുടെ ചിന്തകൾ അറിയാമായിരുന്നു. അതുകൊണ്ട് അവൻ അവരോട് പറഞ്ഞത്: തന്നിൽതന്നേ ഛിദ്രിച്ച1 രാജ്യം എല്ലാം നശിച്ചുപോകും; കുടുംബങ്ങളും നശിക്കും.
18സാത്താനും തന്നോട് തന്നേ ഛിദ്രിച്ചു എങ്കിൽ, അവന്റെ രാജ്യം എങ്ങനെ നിലനില്ക്കും? ബെയെത്സെബൂലെക്കൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു നിങ്ങൾ പറയുന്നുവല്ലോ.19ഞാൻ ബെയെത്സെബൂലെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ നിങ്ങളുടെ മക്കൾ ആരെക്കൊണ്ട് പുറത്താക്കുന്നു; അതുകൊണ്ട് അവർ നിങ്ങൾക്ക് ന്യായാധിപതികൾ ആകും.20എന്നാൽ ദൈവത്തിന്റെ ശക്തികൊണ്ട് ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു നിശ്ചയം.
21ബലവാൻ ആയുധം ധരിച്ചു താൻ താമസിക്കുന്ന വീട് കാക്കുമ്പോൾ അവന്റെ വസ്തുവക ഉറപ്പോടെ ഇരിക്കുന്നു.22അവനിലും ബലവാനായവൻ വന്നു അവനെ ജയിച്ചു എങ്കിലോ അവൻ ആശ്രയിച്ചിരുന്ന രക്ഷാകവചം പിടിച്ചുപറിച്ചു അവന്റെ കൊള്ള മുഴുവനും എടുക്കും.23എനിക്ക് അനുകൂലമല്ലാത്തവൻ എനിക്ക് പ്രതികൂലം ആകുന്നു; എന്നോടുകൂടെ ചേർക്കാത്തവൻ ചിതറിക്കുന്നു.
24അശുദ്ധാത്മാവ് ഒരു മനുഷ്യനെ വിട്ടുപോയിട്ട് വെള്ളം ഇല്ലാത്ത പ്രദേശങ്ങളിൽ തണുപ്പ് തിരഞ്ഞുനടക്കുന്നു. കാണാതാകുമ്പോൾ: ഞാൻ വിട്ടുപോന്ന വീട്ടിലേക്ക് മടങ്ങിപ്പോകും എന്നു പറഞ്ഞു ചെല്ലും.25അപ്പോൾ അത് അടിച്ചുവാരിയും അലങ്കരിച്ചും കാണുന്നു.26അപ്പോൾ അവൻ പോയി തന്നിലും ദുഷ്ടത ഏറിയ ഏഴ് ആത്മാക്കളെ കൂട്ടിക്കൊണ്ട് വരുന്നു; അവയും അതിൽ കടന്നു താമസിച്ചിട്ട് ആ മനുഷ്യന്റെ പിന്നത്തെ സ്ഥിതി ആദ്യത്തേതിനേക്കാൾ മോശമാകും.

27ഇതു പറയുമ്പോൾ പുരുഷാരത്തിൽ ഒരു സ്ത്രീ ഉച്ചത്തിൽ അവനോട്: നിന്നെ ചുമന്ന ഉദരവും നീ കുടിച്ച മുലയും ഭാഗ്യമുള്ളവ എന്നു പറഞ്ഞു.28അതിന് അവൻ: അല്ല, ദൈവത്തിന്റെ വചനം കേട്ട് പ്രമാണിക്കുന്നവർ അത്രേ ഭാഗ്യവാന്മാർ എന്നു പറഞ്ഞു.

29പുരുഷാരം വർദ്ധിച്ചു വന്നപ്പോൾ അവൻ പറഞ്ഞുതുടങ്ങിയത്: ഈ തലമുറ ദോഷമുള്ള തലമുറയാകുന്നു; അത് അടയാളം അന്വേഷിക്കുന്നു; യോനയുടെ അടയാളമല്ലാതെ അതിന് ഒരു അടയാളവും കൊടുക്കുകയില്ല.30യോനാ നിനവേക്കാർക്ക് അടയാളം ആയതുപോലെ മനുഷ്യപുത്രൻ ഈ തലമുറയ്ക്കും ആകും.
31തെക്കെ രാജ്ഞി ന്യായവിധിയിൽ ഈ തലമുറയിലെ ആളുകളോട് ഒന്നിച്ച് ഉയിർത്തെഴുന്നേറ്റ് അവരെ കുറ്റം വിധിക്കും; അവൾ ശലോമോന്റെ ജ്ഞാനം കേൾക്കുവാൻ ഭൂമിയുടെ അറ്റത്തുനിന്ന് വന്നുവല്ലോ. ഇവിടെ ഇതാ, ശലോമോനിലും വലിയവൻ.
32നിനവേക്കാർ ന്യായവിധിയിൽ ഈ തലമുറയോട് ഒന്നിച്ച് എഴുന്നേറ്റ് അതിനെ കുറ്റം വിധിക്കും; അവർ യോനയുടെ പ്രസംഗം കേട്ട് മാനസാന്തരപ്പെട്ടുവല്ലോ. ഇവിടെ ഇതാ, യോനയിലും വലിയവൻ.

33വിളക്കു കൊളുത്തീട്ട് ആരും നിലവറയിലോ2 പറയിൻ3 കീഴിലോ വെയ്ക്കാറില്ല. അകത്ത് വരുന്നവർക്ക് വെളിച്ചം കാണേണ്ടതിന് വിളക്കുകാലിന്മേൽ അത്രേ വെയ്ക്കുന്നത്.34ശരീരത്തിന്റെ വിളക്കു കണ്ണാകുന്നു; കണ്ണ് നല്ലതാണെങ്കിൽ ശരീരം മുഴുവനും പ്രകാശിതമായിരിക്കും; ദോഷമുള്ളതാകിലോ ശരീരവും ഇരുട്ടുള്ളതു തന്നേ.35ആകയാൽ നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിപ്പാൻ നോക്കുക.36നിന്റെ ശരീരം അന്ധകാരം ഒട്ടുമില്ലാതെ മുഴുവനും പ്രകാശിതമായിരുന്നാൽ, വിളക്കു അതിന്റെ തിളക്കംകൊണ്ട് നിന്നെ പ്രകാശിപ്പിക്കുംപോലെ ശരീരവും പ്രകാശമുള്ളത് ആയിരിക്കും.

37അവൻ സംസാരിക്കുമ്പോൾ തന്നേ ഒരു പരീശൻ തന്നോടുകൂടെ ഭക്ഷണം കഴിക്കുവാൻ അവനെ ക്ഷണിച്ചു; അവനും അകത്ത് കടന്ന് ഭക്ഷണത്തിനിരുന്നു.38എന്നാൽ യേശു ആഹാരത്തിനു മുമ്പ് കൈകാലുകൾ കഴുകിയില്ല എന്നു കണ്ടിട്ട് പരീശൻ ആശ്ചര്യപ്പെട്ടു.
39കർത്താവ് അവനോട്: പരീശന്മാരായ നിങ്ങൾ പാത്രങ്ങളുടെ പുറം വൃത്തിയാക്കുന്നു; നിങ്ങളുടെ ഉള്ളിലോ കവർച്ചയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു.40മൂഢന്മാരേ, പുറം ഉണ്ടാക്കിയവൻ തന്നെ ആണ് അകവും ഉണ്ടാക്കിയത്?41അകത്തുള്ളത് ഭിക്ഷയായി കൊടുക്കുവിൻ; എന്നാൽ സകലവും നിങ്ങൾക്ക് ശുദ്ധം ആകും എന്നു പറഞ്ഞു.

42പരീശരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ തുളസിയിലും അരൂതയിലും4 എല്ലാ ഇല ചെടികളിലും ദശാംശം കൊടുക്കുകയും ന്യായവും ദൈവസ്നേഹവും വിട്ടുകളയുകയും ചെയ്യുന്നു; നിങ്ങൾ ദൈവത്തെ സ്നേഹിക്കുകയും ന്യായം ചെയ്കയും അതോടൊപ്പം തന്നെ മറ്റ് കാര്യങ്ങളും ചെയ്യണം.
43പരീശരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾക്ക് പള്ളിയിൽ പ്രധാന സ്ഥാനവും പൊതുസ്ഥലങ്ങളിൽ വന്ദനവും പ്രിയമാകുന്നു. നിങ്ങൾക്ക് അയ്യോ കഷ്ടം;44നിങ്ങൾ വേർതിരിച്ചറിയാൻ കഴിയാത്ത കല്ലറകളെപ്പോലെ ആകുന്നു; അവ ഇന്നവയെന്നറിയാതെ മീതെ നടക്കുന്നവരെപ്പോലെയാകുന്നു നിങ്ങൾ.

45ന്യായശാസ്ത്രിമാരിൽ ഒരുവൻ അവനോട്: ഗുരോ, പരീശരെ പറ്റി ഇങ്ങനെ പറയുന്നതിനാൽ നീ ഞങ്ങളെയും അപമാനിക്കുന്നു എന്നു പറഞ്ഞു.46അതിന് അവൻ പറഞ്ഞത്: ന്യായശാസ്ത്രിമാരായ നിങ്ങൾക്കും അയ്യോ കഷ്ടം; എടുക്കുവാൻ പ്രയാസമുള്ള ചുമടുകളെ നിങ്ങൾ മനുഷ്യരെക്കൊണ്ട് എടുപ്പിക്കുന്നു; എന്നാൽ നിങ്ങൾ ഒരു വിരൽ കൊണ്ടുപോലും ആ ചുമടുകളെ തൊടുന്നില്ല.
47നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ പ്രവാചകന്മാരുടെ കല്ലറകളെ പണിയുന്നു; നിങ്ങളുടെ പിതാക്കന്മാർ അവരെ കൊന്നു.48അതിനാൽ നിങ്ങളുടെ പിതാക്കന്മാരുടെ പ്രവൃത്തികൾക്കു നിങ്ങൾ സാക്ഷികളായിരിക്കയും സമ്മതിക്കുകയും ചെയ്യുന്നു; അവർ അവരെ കൊന്നു; നിങ്ങൾ അവരുടെ കല്ലറകളെ പണിയുന്നു.
49അതുകൊണ്ട് ദൈവത്തിന്റെ ജ്ഞാനവും പറയുന്നത്: ഞാൻ പ്രവാചകന്മാരെയും അപ്പൊസ്തലന്മാരെയും അവരുടെ അടുക്കൽ അയയ്ക്കുന്നു; അവരിൽ ചിലരെ അവർ കൊല്ലുകയും ഉപദ്രവിക്കുകയും ചെയ്യും.50ഹാബെലിന്റെ രക്തം തുടങ്ങി യാഗപീഠത്തിനും ആലയത്തിനും നടുവിൽവച്ച് കൊല്ലപ്പെട്ട സെഖര്യാവിന്റെ5 രക്തം വരെ51ലോക സ്ഥാപനം മുതൽ ചൊരിഞ്ഞിരിക്കുന്ന സകല പ്രവാചകന്മാരുടെയും രക്തം ഈ തലമുറയോട് ചോദിപ്പാൻ ഇടവരേണ്ടതിനുതന്നെ. അതേ, ഈ തലമുറയോട് അത് ചോദിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
52ന്യായശാസ്ത്രിമാരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ ദൈവിക ജ്ഞാനം മറ്റുള്ളവർ അറിയാതിരിക്കാൻ ശ്രമിച്ചു. അത് ഒരു ഭവനത്തിന്റെ താ‍ക്കോൽ മറച്ചുവയ്ക്കുന്നതിനു തുല്യം ആണ്; നിങ്ങൾ അതിൽ കടന്നില്ല; കടക്കുന്നവരെ തടയുകയും ചെയ്തു.

53അവൻ അവിടംവിട്ട് പോകുമ്പോൾ ശാസ്ത്രിമാരും പരീശന്മാരും54അവനോട് എതിർക്കുവാനും തർക്കിക്കുവാനും തുടങ്ങി. യേശു പറയുന്ന ഉത്തരങ്ങളിൽ നിന്നു അവനെ കുടുക്കുവാനായി പല കുടുക്കുചോദ്യം ചോദിപ്പാനും തുടങ്ങി.


1 11. 17 ഛിദ്രിക്കുക എന്നാൽ കലഹിക്കുക, വേർപെടുക.
2 11. 33 നിലവറ എന്നാൽ തറ നിരപ്പിന് താഴയുള്ള സംഭരണമുറി.
3 11. 33 പറ എന്നാൽ ഒരു വലിയ അളവ് പാത്രം.
4 11. 42 ഭക്ഷണത്തിന് രുചിയും മണവും നൽകുന്ന ഇല ചെടികൾ
5 11. 50 2 ദിനവൃത്താന്തം 24: 22 യോഹന്നാൻ സ്നാപകന്റെ പിതാവല്ല.

12

1അതിനിടെ ആയിരക്കണക്കിന് ജനങ്ങൾ യേശുവിന് ചുറ്റും തിങ്ങി കൂടി. പരസ്പരം ചവിട്ടേൽക്കത്തക്ക നിലയിൽ പുരുഷാരം തിക്കിത്തിരക്കുകയായിരുന്നു. അവൻ ആദ്യം ശിഷ്യന്മാരോട് പറഞ്ഞു തുടങ്ങിയത്: പരീശരുടെ പുളിച്ചമാവായ കപടഭക്തി സൂക്ഷിച്ചുകൊള്ളുവിൻ.

2മറച്ചുവെച്ചത് ഒന്നും വെളിച്ചത്തു വരാതെയും ഗൂഢമായത് ഒന്നും അറിയാതെയും ഇരിക്കയില്ല.3ആകയാൽ നിങ്ങൾ ഇരുട്ടത്ത് പറഞ്ഞത് എല്ലാം വെളിച്ചത്തു കേൾക്കും; മുറികളിൽ വെച്ച് രഹസ്യമായി പറഞ്ഞത് പുരമുകളിൽ ഘോഷിക്കും.
4എന്നാൽ എന്റെ സ്നേഹിതന്മാരായ നിങ്ങളോടു ഞാൻ പറയുന്നത്: ശരീരത്തെ കൊന്നിട്ട് പിന്നെ വേറെ ഒന്നും ചെയ്‌വാൻ കഴിയാത്തവരെ ഭയപ്പെടേണ്ടാ.5ആരെ ഭയപ്പെടേണം എന്നു ഞാൻ നിങ്ങൾക്ക് കാണിച്ചുതരാം. കൊന്നിട്ട് നരകത്തിൽ തള്ളിക്കളവാൻ അധികാരമുള്ളവനെ ഭയപ്പെടുവിൻ: അതേ, അവനെ ഭയപ്പെടുവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു.
6അഞ്ച് കുരികിലിനെ1 രണ്ടു കാശിനല്ലേ വില്ക്കുന്നത്. എങ്കിലും അവയിൽ ഒന്നിനേപ്പോലും ദൈവം മറന്നുപോകുന്നില്ല.7നിങ്ങളുടെ തലയിലെ മുടിപോലും എല്ലാം എണ്ണിയിരിക്കുന്നു; അതുകൊണ്ട് ഭയപ്പെടേണ്ടാ; അനേകം കുരികിലിനെക്കാളും നിങ്ങൾ വിശേഷതയുള്ളവർ.
8മനുഷ്യരുടെ മുമ്പിൽ ആരെങ്കിലും എന്നെ ഏറ്റുപറഞ്ഞാൽ അവനെ മനുഷ്യപുത്രനും ദൈവദൂതന്മാരുടെ മുമ്പാകെ ഏറ്റുപറയും.9മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെ ദൈവദൂതന്മാരുടെ മുമ്പിൽ തള്ളിപ്പറയും.10മനുഷ്യപുത്രന് എതിരെ ഒരു വാക്ക് പറയുന്ന ഏവനോടും ക്ഷമിയ്ക്കും; എന്നാൽ പരിശുദ്ധാത്മാവിന്റെ നേരെ ദൈവദൂഷണം പറയുന്നവനോടോ ക്ഷമിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
11എന്നാൽ നിങ്ങളെ പള്ളികൾക്കും ഭരണകർത്താകൾക്കും അധികാരങ്ങൾക്കും മുമ്പിൽ കൊണ്ട് പോകുമ്പോൾ എങ്ങനെയാണോ മറുപടി പറയേണ്ടതു എന്നും, എന്താണോ പറയേണ്ടതു എന്നും വിചാരപ്പെടേണ്ടാ;12നിങ്ങൾക്ക് പറയേണ്ടതു പരിശുദ്ധാത്മാവ് തൽസമയം തന്നേ നിങ്ങളെ പഠിപ്പിക്കും.

13പുരുഷാരത്തിൽ ഒരുവൻ അവനോട്: ഗുരോ, എന്റെ സഹോദരനോട് പിതൃസ്വത്ത് പകുത്ത് നൽകുവാൻ കല്പിച്ചാലും എന്നു പറഞ്ഞു.14അവനോട് യേശു: മനുഷ്യാ, എന്നെ നിങ്ങൾക്ക് ന്യായകർത്താവോ പങ്കിടുന്നവനോ ആക്കിയത് ആർ എന്നു ചോദിച്ചു.15പിന്നെ അവരോട്: സകല അത്യാഗ്രഹങ്ങളിൽ നിന്നും സൂക്ഷിച്ച് ഒഴിഞ്ഞുകൊൾവിൻ; അവന് സമൃദ്ധി ഉണ്ടായാലും അവന്റെ വസ്തുവക അല്ല അവന്റെ ജീവന് അടിസ്ഥാനമായിരിക്കുന്നത് എന്നു പറഞ്ഞു.
16ഒരുപമയും അവരോട് പറഞ്ഞത്: ധനവാനായൊരു മനുഷ്യന്റെ ഭൂമി നന്നായി വിളഞ്ഞു.17അപ്പോൾ അവൻ: ഞാൻ എന്ത് ചെയ്യേണ്ടു? എന്റെ വിളവ് സൂക്ഷിച്ച് വെയ്ക്കുവാൻ സ്ഥലം പോരാ എന്നു ഉള്ളിൽ വിചാരിച്ചു.18പിന്നെ അവൻ പറഞ്ഞത്: ഞാൻ ഇതു ചെയ്യും; എന്റെ കളപ്പുരകളെ പൊളിച്ച് അധികം വലിയവ പണിതു എന്റെ വിളവും വസ്തുവകയും എല്ലാം അതിൽ കൂട്ടിവയ്ക്കും.19എന്നിട്ട് എന്നോടുതന്നെ; നിനക്ക് അനേക വർഷങ്ങൾക്കു മതിയായ അനവധി വസ്തുവക സ്വരൂപിച്ചുവെച്ചിരിക്കുന്നു; ആശ്വസിക്ക, തിന്നുക, കുടിക്ക, ആനന്ദിക്ക എന്നു പറയും. ദൈവമോ അവനോട്:
20മൂഢാ, ഈ രാത്രിയിൽ നിന്റെ പ്രാണനെ നിന്നോട് ചോദിക്കും. പിന്നെ നീ ഒരുക്കിവെച്ചത് ആർക്കാകും എന്നു പറഞ്ഞു.21ദൈവവിഷയമായി സമ്പന്നൻ ആകാതെ, വിലയേറിയ കാര്യങ്ങളെ തനിക്കു തന്നേ സൂക്ഷിച്ച് വെയ്ക്കുന്നവന്റെ കാര്യം ഇങ്ങനെ ആകുന്നു.

22അവൻ തന്റെ ശിഷ്യന്മാരോട് പറഞ്ഞത്: അതുകൊണ്ട് എന്ത് തിന്നും എന്നു ജീവനെ പറ്റിയും എന്ത് ഉടുക്കും എന്നു ശരീരത്തെ പറ്റിയും ഓർത്ത് വെറുതെ വിഷമിക്കണ്ട എന്നു ഞാൻ നിങ്ങളോടു പറയുന്നു.23ആഹാരത്തേക്കാൾ ജീവനും ഉടുപ്പിനേക്കാൾ ശരീരവും വലുതല്ലോ.
24കാക്കയെ നോക്കുവിൻ; അത് വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, അതിന് പാണ്ടികശാലയും2 കളപ്പുരയും3 ഇല്ല; എങ്കിലും ദൈവം അതിനെ സംരക്ഷിക്കുന്നു. പറവജാതിയേക്കാൾ നിങ്ങൾ എത്ര വിശേഷമുള്ളവർ!25പിന്നെ ഇങ്ങനെ ആകുലപ്പെടുന്നതുകൊണ്ട് തന്റെ നീളത്തിൽ ഒരു മുഴം4 കൂട്ടുവാൻ നിങ്ങളിൽ ആർക്ക് കഴിയും?26ഏറ്റവും ചെറിയ കാര്യങ്ങൾ ചെയ്യുവാൻ പോലും നിങ്ങൾക്ക് സാധിക്കുകയില്ല എങ്കിൽ ബാക്കി ഉള്ളതിനെക്കുറിച്ച് ആകുലപ്പെടുന്നത് എന്തിനാണ്?
27താമര എങ്ങനെ വളരുന്നു എന്നു ചിന്തിക്കുക; അവ അദ്ധ്വാനിക്കുന്നില്ല, നൂൽ ഉണ്ടാക്കുന്നതും ഇല്ല; എന്നാൽ ശലോമോൻ പോലും തന്റെ സകല മഹത്വത്തിലും ഇവയിൽ ഒന്നിനോളം ഒരുങ്ങിയിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.28ഇന്ന് കാണുന്നതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ഉടുപ്പിക്കുന്നു എങ്കിൽ, അല്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം?
29എന്ത് തിന്നും എന്ത് കുടിക്കും എന്നു നിങ്ങൾ ചിന്തിച്ചു ചഞ്ചലപ്പെടരുത്.30ഈ വക ഒക്കെയും ലോകജാതികൾ അന്വേഷിക്കുന്നു; നിങ്ങളുടെ പിതാവോ ഇവ നിങ്ങൾക്ക് ആവശ്യം എന്നു അറിയുന്നു.
31അവന്റെ രാജ്യം അന്വേഷിക്കുവിൻ; അതോടുകൂടെ നിങ്ങൾക്ക് ഇതും കിട്ടും.32ചെറിയ ആട്ടിൻ കൂട്ടമേ, ഭയപ്പെടരുതു; നിങ്ങളുടെ പിതാവ് രാജ്യം നിങ്ങൾക്ക് നല്കുവാൻ പ്രസാദിച്ചിരിക്കുന്നു.
33നിങ്ങൾക്കുള്ളത് വിറ്റ് ഭിക്ഷ കൊടുക്കുവിൻ; കള്ളൻ എടുക്കുകയോ, പുഴു തിന്നു നശിപ്പിക്കുകയോ ചെയ്യാത്ത സ്വർഗ്ഗത്തിൽ, പഴയതായി പോകാത്ത പണസഞ്ചികളും, തീർന്നുപോകാത്ത നിക്ഷേപവും നിങ്ങൾക്ക് ഉണ്ടാക്കിക്കൊൾവിൻ.34നിങ്ങളുടെ നിക്ഷേപം ഉള്ളിടത്ത് നിങ്ങളുടെ ഹൃദയവും ഇരിക്കും.

35നിങ്ങൾ അര കെട്ടി എപ്പോഴും ഒരുങ്ങിയിരിപ്പിൻ. നിങ്ങളുടെ വിളക്ക് എപ്പോഴും കത്തിക്കൊണ്ടിരിക്കട്ടെ36യജമാനൻ കല്യാണത്തിന് പോയിട്ട് തിരിച്ച് വന്നാൽ ഉടനെ വാതിൽ തുറന്നുകൊടുക്കേണ്ടതിന് അവൻ എപ്പോൾ മടങ്ങിവരും വന്നു കാത്തുനില്ക്കുന്ന ആളുകളോട് നിങ്ങൾ തുല്യരായിരിപ്പിൻ.
37യജമാനൻ വരുമ്പോൾ ഉണർന്നിരിക്കുന്ന ദാസന്മാർ ഭാഗ്യവാന്മാർ; അവൻ അര കെട്ടി5 അവരെ ഭക്ഷണത്തിനിരുത്തുകയും വന്നു അവർക്ക് ശുശ്രൂഷിക്കുകയും ചെയ്യും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.38അവൻ രണ്ടാം യാമത്തിൽ6 വന്നാലും മൂന്നാം യാമത്തിൽ7 വന്നാലും അങ്ങനെ കണ്ട് എങ്കിൽ അവർ ഭാഗ്യവാന്മാർ.
39കള്ളൻ ഏത് സമയത്ത് വരുന്നു എന്നു വീടിന്റെ ഉടമസ്ഥൻ അറിഞ്ഞിരുന്നു എങ്കിൽ അവൻ ഉണർന്നിരുന്നു തന്റെ വീട് പൊളിയ്ക്കുവാൻ സമ്മതിക്കുകയില്ല എന്നറിയുവിൻ.40അങ്ങനെ അറിയാത്ത സമയത്ത് മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ.

41കർത്താവേ, ഈ ഉപമ പറയുന്നത് ഞങ്ങളോടോ അതോ എല്ലാവരോടും കൂടെയോ എന്നു പത്രൊസ് ചോദിച്ചതിന് കർത്താവ് പറഞ്ഞത്:42കൃത്യ സമയത്ത് ആഹാരം കൊടുക്കേണ്ടതിന് യജമാനൻ തന്റെ വേലക്കാരുടെ മേൽ വിശ്വസ്തനും ബുദ്ധിമാനുമായ ഗൃഹവിചാരകനെ ആക്കി43യജമാനൻ വരുമ്പോൾ അങ്ങനെ ചെയ്തുകാണുന്ന ദാസൻ ഭാഗ്യവാൻ.44യജമാനൻ തനിക്കുള്ള സകലവും നോക്കി നടത്താൻ അവനെ വിചാരകനാക്കിവെക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
45എന്നാൽ ദാസൻ: യജമാനൻ താമസിച്ചേ വരികയുള്ളു എന്നു ഹൃദയത്തിൽ പറഞ്ഞു ബാല്യക്കാരെയും ബാല്യക്കാരത്തികളെയും തല്ലുവാനും തിന്നു കുടിച്ച് അഹങ്കരിക്കുവാനും തുടങ്ങിയാൽ,46അവൻ പ്രതീക്ഷിക്കാത്ത നാളിലും അറിയാത്ത സമയത്തും ആ ദാസന്റെ യജമാനൻ വന്നു അവനെ മുറിവേൽപ്പിക്കുകയും അവന് അവിശ്വാസികളോടുകൂടെ പങ്ക് കല്പിക്കുകയും ചെയ്യും.
47യജമാനന്റെ ഇഷ്ടം അറിഞ്ഞിട്ട് ഒരുങ്ങാതെയും അവന്റെ ഇഷ്ടം ചെയ്യാതെയുമിരിക്കുന്ന ദാസന് വളരെ അടികൊള്ളും.48എന്നാൽ ഇതൊന്നും അറിയാതെ അടിക്ക് യോഗ്യമായതു ചെയ്തവനോ കുറച്ച് അടി കൊള്ളും; വളരെ ലഭിച്ചവനോട് വളരെ ആവശ്യപ്പെടും; അധികം ഏറ്റുവാങ്ങിയവനോട് അധികം ചോദിക്കും.

49ഭൂമിയിൽ തീ ഇടുവാൻ ഞാൻ വന്നിരിക്കുന്നു; അത് ഇപ്പോഴേ കത്തിയെങ്കിൽ കൊള്ളാമായിരുന്നു എന്നല്ലാതെ ഞാൻ മറ്റെന്താണ് ആഗ്രഹിക്കേണ്ടത്?50എങ്കിലും എനിക്ക് ഒരു സ്നാനം ഏൽക്കുവാൻ ഉണ്ട്; അത് കഴിയുന്നത് വരെ ഞാൻ എത്ര ഞെരുങ്ങുന്നു.
51ഭൂമിയിൽ സമാധാനം നല്കുവാൻ ഞാൻ വന്നിരിക്കുന്നു എന്നു തോന്നുന്നുവോ? അല്ലല്ല, ഭിന്നത വരുത്തുവാൻ അത്രേ എന്നു ഞാൻ നിങ്ങളോടു പറയുന്നു.52ഇനിമേൽ ഒരു വീട്ടിൽ ഇരുവരോട് മൂവരും മൂവരോടു ഇരുവരും ഇങ്ങനെ അഞ്ചുപേർ തമ്മിൽ ഭിന്നിച്ചിരിക്കും.53അപ്പൻ മകനോടും മകൻ അപ്പനോടും അമ്മ മകളോടും മകൾ അമ്മയോടും അമ്മാവിയമ്മ മരുമകളോടും മരുമകൾ അമ്മാവിയമ്മയോടും ഭിന്നിച്ചിരിക്കും.

54പിന്നെ അവൻ പുരുഷാരത്തോട് പറഞ്ഞത്: പടിഞ്ഞാറുനിന്ന് മേഘം പൊങ്ങുന്നത് കാണുമ്പോൾ വലിയമഴ വരുന്നു എന്നു നിങ്ങൾ ഉടനെ പറയുന്നു; അങ്ങനെ സംഭവിക്കുകയും ചെയ്യുന്നു.55തെക്കൻ കാറ്റ് ഊതുന്നത് കണ്ടാലോ അത്യുഷ്ണം ഉണ്ടാകും എന്നു പറയുന്നു; അത് സംഭവിക്കുകയും ചെയ്യുന്നു.56കപടഭക്തിക്കാരേ, ഭൂമിയുടെയും ആകാശത്തിന്റെയും ഭാവത്തെ തിരിച്ചറിയാൻ നിങ്ങൾക്ക് കഴിയും;
57എന്നാൽ ഈ കാലത്തെ തിരിച്ചറിയാൻ സാധിക്കാത്തത് എന്തുകൊണ്ടാണ്? ന്യായമായത് എന്തെന്ന് നിങ്ങൾ സ്വയമായി വിധിക്കാത്തതും എന്ത്?58എതിരാളിയോടുകൂടെ അധികാരിയുടെ അടുക്കൽ പോകുമ്പോൾ വഴിയിൽവെച്ചു അവനോട് നിരന്നുകൊള്ളുവാൻ ശ്രമിക്കുക; അല്ലാഞ്ഞാൽ അവൻ നിന്നെ ന്യായാധിപന്റെ മുമ്പിൽ ഇഴച്ചുകൊണ്ട് പോകയും ന്യായാധിപൻ നിന്നെ ഉദ്യോഗസ്ഥന്റെ പക്കൽ ഏല്പിക്കും. ഉദ്യോഗസ്ഥൻ നിന്നെ തടവിലും ആക്കും.59അവസാനത്തെ കാശുപോലും കൊടുത്തുതീരുവോളം നീ അവിടെ നിന്നു പുറത്തു വരികയില്ല എന്നു ഞാൻ നിന്നോട് പറയുന്നു.


1 12. 6 കുരികിൽ എന്നാൽ ചെറിയ പക്ഷി
2 12. 24 ചരക്കുകൾ ശേഖരിച്ചു വയ്ക്കുന്ന സ്ഥലം
3 12. 24 ധാന്യങ്ങൾ ശേഖരിച്ചു വയ്ക്കുന്ന സ്ഥലം
4 12. 25 കൈമുട്ട് മുതൽ വിരൽ വരെ ഉള്ള അളവ്
5 12. 37 ശരീരത്തിൽ അയഞ്ഞു കിടക്കുന്ന വസ്ത്രങ്ങൾ മുറുക്കിക്കെട്ടി തയ്യാറാവുക.
6 12. 38 രണ്ടാം യാമം എന്നാൽ അർദ്ധരാത്രി (9: 30 നു ശേഷം)
7 12. 38 മൂന്നാം യാമം എന്നാൽ അതിരാവിലെ മൂന്നുമണിക്കു ശേഷം

13

1ചില ഗലീലക്കാർ യാഗം കഴിച്ച് കൊണ്ടിരുന്നപ്പോൾ പീലാത്തോസ് അവരെ കൊല്ലിച്ചതായും, അവരുടെ രക്തം അവരുടെ യാഗത്തിൽ കലർന്നതായും ഉള്ള വിവരം, ആ സമയത്ത് അവിടെ ഉണ്ടായിരുന്ന ചിലർ യേശുവിനോടു അറിയിച്ചു.2അതിന് അവൻ ഉത്തരം പറഞ്ഞത്: അവർ എല്ലാ ഗലീലക്കാരിലും പാപികൾ ആയിരുന്നത് കൊണ്ടാണോ അവർക്ക് അങ്ങനെ സംഭവിച്ചത് എന്നു നിങ്ങൾക്ക് തോന്നുന്നുവോ?3അല്ല, ഒരിയ്ക്കലും അല്ല, മാനസാന്തരപ്പെടാതിരുന്നാൽ നിങ്ങൾ എല്ലാവരും അങ്ങനെതന്നെ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

4അതുപോലെ ശീലോഹാമിലെ ഗോപുരം വീണു മരിച്ചുപോയ ആ പതിനെട്ടുപേർ യെരൂശലേമിൽ താമസിക്കുന്ന എല്ലാ മനുഷ്യരേക്കാളും കുറ്റക്കാർ ആയിരുന്നു എന്നു തോന്നുന്നുവോ?5അല്ല, ഒരിയ്ക്കലും അല്ല, മാനസാന്തരപ്പെടാതിരുന്നാൽ നിങ്ങൾ എല്ലാവരും അങ്ങനെതന്നെ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

6അവൻ ഒരു ഉപമ അവരോട് പറഞ്ഞു: ഒരാൾക്ക് ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. അയാൾ അതിൽ ഒരു അത്തിവൃക്ഷം നട്ടിരുന്നു; അവൻ അതിൽ ഫലമുണ്ടോ എന്ന് അന്വേഷിച്ചു. എന്നാൽ ഒന്നും കണ്ടില്ല.7അവൻ തോട്ടക്കാരനോട്: ഞാൻ ഇപ്പോൾ മൂന്നു വർഷമായി ഈ അത്തിയിൽ ഫലം അന്വേഷിക്കുന്നു. എന്നാൽ ഇതുവരെ കണ്ടില്ല; അത് നിലത്തെ നിഷ്ഫലമാക്കുന്നതിനാൽ അതിനെ വെട്ടിക്കളയുക എന്നു പറഞ്ഞു.
8അതിന് അവൻ: കർത്താവേ, ഒരു വർഷം കൂടെ നിൽക്കട്ടെ. ഞാൻ അതിന് ചുറ്റും കിളച്ച് വളം ഇടാം.9അടുത്ത വർഷം അതിൽ ഫലം ഇല്ലെങ്കിൽ വെട്ടിക്കളയാം എന്നു ഉത്തരം പറഞ്ഞു.

10ഒരു ശബ്ബത്തിൽ അവൻ ഒരു പള്ളിയിൽ ഉപദേശിച്ചുകൊണ്ടിരുന്നു;11അവിടെ പതിനെട്ട് വർഷമായി ഒരു രോഗാത്മാവു ബാധിച്ച്, കൂനിയായ ഒരു സ്ത്രീ ഉണ്ടായിരുന്നു. അവൾക്ക് ഒരിയ്ക്കലും നിവർന്നു നിൽക്കുവാൻ സാധിക്കുകയില്ലായിരുന്നു.
12യേശു അവളെ കണ്ട് അടുക്കെ വിളിച്ചു: “സ്ത്രീയേ, നിന്റെ രോഗത്തിൽ നിന്നും വിടുതൽ ലഭിച്ചിരിക്കുന്നു” എന്നു പറഞ്ഞു അവളുടെ മേൽ കൈവച്ചു.13അവൾ ഉടനെ നിവർന്നു ദൈവത്തെ മഹത്വപ്പെടുത്തി.14യേശു ശബ്ബത്തിൽ സുഖപ്പെടുത്തിയത് കൊണ്ട് പള്ളിപ്രമാണി കോപിച്ചു. അയാൾ പുരുഷാരത്തോട്: വേല ചെയ്‌വാൻ ആറുദിവസമുണ്ട്; അതിനകം വന്നു സൌഖ്യമാക്കിക്കൊള്ളുക; ശബ്ബത്തിൽ ഇതു സാധ്യമല്ല എന്നു പറഞ്ഞു.
15കർത്താവ് അവനോട്: കപടഭക്തിക്കാരേ, നിങ്ങളിൽ ഒരാൾ ശബ്ബത്തിൽ തന്റെ കാളയെയോ കഴുതയെയോ തൊഴുത്തിൽ നിന്നു അഴിച്ച് കൊണ്ടുപോയി വെള്ളം കുടിപ്പിക്കുന്നില്ലയോ?16എന്നാൽ സാത്താൻ പതിനെട്ട് വർഷമായി ബന്ധിച്ചിരുന്ന അബ്രഹാമിന്റെ മകളായ ഇവളെ ശബ്ബത്തുനാളിൽ ഈ ബന്ധനം അഴിച്ച് വിടേണ്ടതല്ലയോ എന്നു ഉത്തരം പറഞ്ഞു.
17അവൻ ഇതു പറഞ്ഞപ്പോൾ അവന്റെ എതിരാളികൾ എല്ലാവരും നാണിച്ചു; അവൻ ചെയ്യുന്ന എല്ലാ മഹത്വകരമായ പ്രവർത്തികളാലും പുരുഷാരം ഒക്കെയും സന്തോഷിച്ചു.

18പിന്നെ അവൻ പറഞ്ഞത്: ദൈവരാജ്യം ഏതിനോട് സദൃശം? ഏതിനോട് അതിനെ ഉപമിക്കണം?19ഒരു മനുഷ്യൻ തന്റെ തോട്ടത്തിൽ എറിഞ്ഞ കടുകുമണിയോട് അത് സദൃശം; അത് വളർന്ന് വൃക്ഷമായി, ആകാശത്തിലെ പക്ഷികളും വന്നു അതിന്റെ കൊമ്പുകളിൽ താമസിച്ചു.
20പിന്നെയും അവൻ: ദൈവരാജ്യത്തെ ഏതിനോട് ഉപമിക്കണം?21അത് പുളിച്ചമാവിനോട്1 തുല്യം; അത് ഒരു സ്ത്രീ എടുത്തു മൂന്നുപറ2 മാവിൽ ചേർത്ത് എല്ലാം പുളിച്ചുവരുന്നതു വരെ വച്ചു എന്നു പറഞ്ഞു.

22അവൻ പട്ടണങ്ങളും ഗ്രാമങ്ങളും സഞ്ചരിച്ചു യെരൂശലേമിലേക്കു യാത്ര ചെയ്തു.23അപ്പോൾ ഒരാൾ അവനോട്: കർത്താവേ, കുറച്ച് പേർ മാത്രമേ രക്ഷപെടുകയുള്ളോ എന്നു ചോദിച്ചതിന് അവനോട് പറഞ്ഞത്:24ഇടുങ്ങിയ വാതിലിലൂടെ അകത്ത് പ്രവേശിക്കുവാൻ പരിശ്രമിക്കുവിൻ. പലരും പ്രവേശിക്കുവാൻ ശ്രമിക്കും. എന്നാൽ കഴിയുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
25വീട്ടുടയവൻ എഴുന്നേറ്റ് കതക് അടച്ചശേഷം നിങ്ങൾ പുറത്തുനിന്ന്: കർത്താവേ, തുറന്നു തരേണമേ എന്നു പറഞ്ഞുകൊണ്ട് കതകിന് മുട്ടിത്തുടങ്ങുമ്പോൾ: നിങ്ങൾ എവിടെ നിന്നു വരുന്നു എന്ന് ഞാൻ അറിയുന്നില്ല എന്നു അവൻ ഉത്തരം പറയും.26അന്നേരം നിങ്ങൾ: നിന്റെ മുമ്പിൽ ഞങ്ങൾ തിന്നുകയും കുടിക്കുകയും ഞങ്ങളുടെ തെരുവുകളിൽ നീ പഠിപ്പിക്കയും ചെയ്തുവല്ലോ എന്നു പറയും.27അവനോ: നിങ്ങൾ എവിടെ നിന്നു വരുന്നു എന്നു ഞാൻ അറിയുന്നില്ല; അനീതി പ്രവൃത്തിക്കുന്നവരെ, എന്നെ വിട്ടുപോകുവിൻ എന്നു പറയും.
28അവിടെ അബ്രഹാമും യിസ്ഹാക്കും യാക്കോബും സകല പ്രവാചകന്മാരും ദൈവ രാജ്യത്തിൽ ഇരിക്കുന്നത് നിങ്ങൾ കാണും. എന്നാൽ നിങ്ങളെ പുറത്തു തള്ളിക്കളഞ്ഞു എന്നു നിങ്ങൾ കാണുമ്പോൾ, അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും.29കിഴക്കുനിന്നും പടിഞ്ഞാറുനിന്നും തെക്കുനിന്നും വടക്കുനിന്നും അനേകർ വന്നു ദൈവരാജ്യത്തിൽ അത്താഴത്തിന് ഇരിക്കും.30ചിലപ്പോൾ ആദ്യസ്ഥാനം ലഭിക്കുന്നതു അവസാനം വരുന്നവർക്കും ഒടുവിലത്തെ സ്ഥാനം ലഭിക്കുന്നതു ആദ്യം വന്നവർക്കും ആയിരിക്കും.

31ആ സമയത്തു തന്നേ ചില പരീശന്മാർ അടുത്തുവന്ന് യേശുവിനെ ഉപദേശിച്ചു: ഇവിടം വിട്ടു പൊയ്ക്കൊൾക; ഹെരോദാവ് നിന്നെ കൊല്ലുവാൻ ആഗ്രഹിക്കുന്നു എന്നു അവനോട് പറഞ്ഞു.32അവൻ അവരോട് പറഞ്ഞത്: നിങ്ങൾ പോയി ആ കുറുക്കനോട്: ഞാൻ ഇന്നും നാളെയും ഭൂതങ്ങളെ പുറത്താക്കുകയും രോഗശാന്തി നൽകുകയും ചെയ്യും; എന്നാൽ മൂന്നാം ദിവസം എന്റെ പ്രവൃത്തി ഞാൻ പൂർത്തീകരിക്കുകയും ചെയ്യും.33എങ്കിലും ഇന്നും നാളെയും മറ്റെന്നാളും ഞാൻ സഞ്ചരിക്കേണ്ടതാകുന്നു; യെരൂശലേമിനു പുറത്തുവച്ച് ഒരു പ്രവാചകൻ നശിച്ചുപോകാറില്ല എന്നു പറവിൻ.
34യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കുംപോലെ നിന്റെ മക്കളെ എത്ര പ്രാവശ്യം ചേർക്കുവാൻ എനിക്ക് മനസ്സായിരുന്നു; നിങ്ങൾക്കോ മനസ്സായില്ല.35നിങ്ങളുടെ ഭവനം ശൂന്യമായ്തീരും; കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്നു നിങ്ങൾ പറയുവോളം നിങ്ങൾ എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.


1 13. 21 പുളിച്ച മ‍ാവു എന്നാൽ യീസ്റ്റ്
2 13. 21 ഏകദേശം 25 കിലോഗ്രാം

14

1പരീശപ്രമാണികളിൽ ഒരാളിന്റെ വീട്ടിൽ അവൻ ഭക്ഷണം കഴിക്കുവാൻ ശബ്ബത്തിൽ ചെന്നപ്പോൾ അവർ യേശുവിനെ സൂക്ഷിച്ച് നോക്കിക്കൊണ്ടിരുന്നു.2അവന്റെ മുമ്പിൽ മഹോദരം1 എന്ന അസുഖം ബാധിച്ച ഒരു മനുഷ്യൻ ഉണ്ടായിരുന്നു.3യേശു ന്യായശാസ്ത്രികളോടും പരീശരോടും: ശബ്ബത്തിൽ സൌഖ്യമാക്കുന്നത് ശരിയോ അല്ലയോ എന്നു ചോദിച്ചു. അവരോ മിണ്ടാതിരുന്നു.

4യേശു അവനെ തൊട്ടു സൌഖ്യമാക്കി വിട്ടയച്ചു.5പിന്നെ അവരോട്: നിങ്ങളിൽ ഒരാളുടെ മകനോ കാളയോ ശബ്ബത്ത് നാളിൽ കിണറ്റിൽ വീണാൽ നിങ്ങൾ പെട്ടെന്ന് തന്നെ അതിനെ6വലിച്ചെടുക്കുകയില്ലയോ? എന്നു ചോദിച്ചു. അതിന് ഉത്തരം പറയുവാൻ അവർക്ക് കഴിഞ്ഞില്ല.

7എന്നാൽ ക്ഷണിച്ചവർ മുഖ്യസ്ഥാനം തിരഞ്ഞെടുക്കുന്നത് കണ്ടിട്ട് അവൻ അവരോട് ഒരുപമ പറഞ്ഞു:8ഒരാൾ നിങ്ങളെ കല്യാണത്തിന് വിളിച്ചാൽ മുഖ്യ സ്ഥാനത്ത് ഇരിക്കരുത്; ഒരു പക്ഷേ നിന്നിലും മാനമേറിയവനെ അവൻ വിളിച്ചിരിക്കാം.9പിന്നെ നിന്നെയും അവനെയും ക്ഷണിച്ചവൻ വന്നു: ഇവന് സ്ഥലം കൊടുക്ക എന്നു നിന്നോട് പറയുമ്പോൾ നീ നാണത്തോടെ അവസാനം പോയി ഇരിക്കേണ്ടിവരും.
10നിന്നെ ആരെങ്കിലും ക്ഷണിച്ചാൽ ചെന്ന് ഒടുവിലത്തെ സ്ഥാനത്ത് ഇരിക്ക; നിന്നെ ക്ഷണിച്ചവൻ വരുമ്പോൾ നിന്നോട്: സ്നേഹിതാ, മുമ്പോട്ടു വന്നു ഇരിക്ക എന്നു പറവാൻ ഇടവരട്ടെ; അപ്പോൾ വിരുന്നിന് നിന്നോടുകൂടെ ഇരിക്കുന്നവരുടെ മുമ്പിൽ നിനക്ക് മാനം ഉണ്ടാകും.11തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ ഉയർത്തപ്പെടും.

12തന്നെ ക്ഷണിച്ചവനോട് അവൻ പറഞ്ഞത്: നീ ഒരു മുത്താഴമോ2 അത്താഴമോ3 കഴിക്കുമ്പോൾ സ്നേഹിതന്മാരെയും സഹോദരന്മാരെയും ബന്ധുക്കളേയും സമ്പത്തുള്ള അയൽക്കാരെയും വിളിക്കരുത്; അവർ നിന്നെ അങ്ങോട്ടും വിളിച്ചിട്ട് നിനക്ക് പ്രത്യുപകാരം ചെയ്യും.
13അതുകൊണ്ട് നീ വിരുന്നു കഴിക്കുമ്പോൾ ദരിദ്രന്മാർ, അംഗഹീനന്മാർ, മുടന്തന്മാർ, കുരുടന്മാർ എന്നിവരെ ക്ഷണിക്ക;14എന്നാൽ നീ ഭാഗ്യവാനാകും; നിനക്ക് പ്രത്യുപകാരം ചെയ്‌വാൻ അവർക്ക് കഴിവില്ല; അതുകൊണ്ട് നീതിമാന്മാരുടെ പുനരുത്ഥാനത്തിൽ നിനക്ക് പ്രത്യുപകാരം ഉണ്ടാകും.

15അവനോട് കൂടെ വിരുന്നിലിരുന്നവരിൽ ഒരുവൻ ഇതു കേട്ടിട്ട്: ദൈവരാജ്യത്തിൽ ഭക്ഷണം കഴിക്കുന്നവൻ ഭാഗ്യവാൻ എന്നു അവനോട് പറഞ്ഞു;16അവനോട് അവൻ പറഞ്ഞത്: ഒരു മനുഷ്യൻ വലിയൊരു അത്താഴം ഒരുക്കി പലരെയും ക്ഷണിച്ചു.17അത്താഴസമയത്ത് അവൻ തന്റെ ദാസനെ അയച്ച് ആ ക്ഷണിച്ചവരോട്: എല്ലാം തയ്യാറായി; വരുവിൻ എന്നു പറയിച്ചു.
18എല്ലാവരും ഒരുപോലെ ഒഴികഴിവ് പറഞ്ഞുതുടങ്ങി; ഒന്നാമത്തവൻ അവനോട്: ഞാൻ ഒരു നിലം വാങ്ങിയതിനാൽ അത് ചെന്ന് കാണേണ്ടുന്ന ആവശ്യം ഉണ്ട്; എന്നോട് ക്ഷമിച്ചുകൊള്ളേണം എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു പറഞ്ഞു.19മറ്റൊരുത്തൻ: ഞാൻ അഞ്ച് ജോടി കാളയെ വാങ്ങിച്ചിട്ടുണ്ട്; എനിക്ക് അവയെ നോക്കാൻ പോകണം; എന്നോട് ക്ഷമിച്ചുകൊള്ളേണം എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു പറഞ്ഞു.20വേറൊരുത്തൻ: ഞാൻ ഇപ്പോൾ വിവാഹം കഴിച്ചിരിക്കുന്നു; എനിക്ക് വരുവാൻ സാധ്യമല്ല എന്നു പറഞ്ഞു.
21ആ ദാസൻ മടങ്ങിവന്നു യജമാനനോടു അറിയിച്ചു. അപ്പോൾ വീട്ടുടയവൻ കോപിച്ചു ദാസനോട്: നീ വേഗം പട്ടണത്തിലെ വീഥികളിലും തെരുവുകളിലും ചെന്ന് ദരിദ്രന്മാർ, അംഗഹീനന്മാർ, കുരുടന്മാർ, മുടന്തന്മാർ, എന്നിവരെ കൂട്ടിക്കൊണ്ടുവരിക എന്നു കല്പിച്ചു.22പിന്നെ ദാസൻ: യജമാനനേ, കല്പിച്ചത് ഞാൻ ചെയ്തിരിക്കുന്നു; ഇനിയും സ്ഥലം ഉണ്ട് എന്നു പറഞ്ഞു.
23യജമാനൻ ദാസനോട്: നീ പട്ടണത്തിന് വെളിയിലേക്ക് പോയി എല്ലാ പ്രധാന വഴികളിലും പോയി, എന്റെ വീടുനിറയേണ്ടതിന് കാണുന്നവരെ അകത്തുവരുവാൻ നിർബ്ബന്ധിക്ക.24ആദ്യം ക്ഷണിക്കപ്പെട്ട പുരുഷന്മാർ ആരും എന്റെ അത്താഴം ആസ്വദിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.

25ഒരു വലിയ പുരുഷാരം അവനോടുകൂടെ പോകുമ്പോൾ അവൻ തിരിഞ്ഞു അവരോട് പറഞ്ഞത്:26എന്റെ അടുക്കൽ വരികയും അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരികളെയും സ്വന്തജീവനെയും കൂടെ സ്നേഹിക്കാതിരിക്കയും ചെയ്യുന്നവന് എന്റെ ശിഷ്യനാകുവാൻ സാധിക്കും27തന്റെ ക്രൂശ് എടുത്തുകൊണ്ട് എന്റെ പിന്നാലെ വരുന്നവൻ എന്റെ ശിഷ്യനാകും.
28നിങ്ങളിൽ ആരെങ്കിലും ഒരു ഗോപുരം പണിയുവാൻ ആഗ്രഹിച്ചാൽ ആദ്യം അത് തീർക്കുവാൻ ആ‍വശ്യമായ പണം ഉണ്ടോ എന്നു ആലോചിക്കും.29അല്ലെങ്കിൽ അടിസ്ഥാനം ഇട്ടശേഷം തീർക്കുവാൻ പണം ഇല്ല എന്നു വന്നേക്കാം;30കാണുന്നവർ എല്ലാം; ഈ മനുഷ്യൻ പണിവാൻ തുടങ്ങി, പക്ഷേ തീർക്കുവാൻ സാധിക്കുന്നില്ല എന്നു പരിഹസിക്കുമല്ലോ.
31അല്ല, ഒരു രാജാവ് മറ്റൊരു രാജാവിനോടു യുദ്ധത്തിനു പുറപ്പെടുന്നതിന് മുമ്പ് ഇരുന്നു, ഇരുപതിനായിരവുമായി വരുന്നവനോട് താൻ പതിനായിരവുമായി എതിർത്താൽ മതിയോ എന്നു ആലോചിക്കും.32അത് സാധ്യമല്ലെങ്കിൽ അവൻ ദൂരത്തിരിക്കുമ്പോൾ തന്നേ ദൂതന്മാരെ അയച്ചു സമാധാനത്തിനായി അപേക്ഷിക്കുന്നു.33അങ്ങനെതന്നെ നിങ്ങളിൽ ആരെങ്കിലും തനിക്കുള്ളത് ഒക്കെയും വിട്ടുപിരിയുന്നു എങ്കിൽ അവന് എന്റെ ശിഷ്യനായിരിപ്പാൻ കഴിയും.
34ഉപ്പ് നല്ലത് തന്നെ; എന്നാൽ ഉപ്പിന്റെ രസം ഇല്ലാതെ പോയാൽ വീണ്ടും അതിന് എങ്ങനെ രസം വരുത്തും?35പിന്നെ നിലത്തിനും വളത്തിനും കൊള്ളുന്നതല്ല; അതിനെ പുറത്തു കളയും. കേൾക്കുവാൻ ചെവി ഉള്ളവൻ കേൾക്കട്ടെ.


1 14. 2 ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നീരു വരുന്ന ഒരുതരം അസുഖം
2 14. 12 ഉച്ചനേരത്തുള്ള ഭക്ഷണം
3 14. 12 രാത്രിയിലുള്ള ഭക്ഷണം

15

1ചുങ്കക്കാരും പാപികളും എല്ലാം അവന്റെ വചനം കേൾക്കുവാൻ അവന്റെ അടുക്കൽ വന്നു.2ഇവൻ പാപികളെ സ്വീകരിക്കുകയും അവരോടുകൂടി ഭക്ഷണം കഴിക്കുകയും ചെയ്യുന്നു എന്നു പരീശരും ശാസ്ത്രികളും പിറുപിറുത്തു.

3അവരോട് അവൻ ഈ ഉപമ പറഞ്ഞു:4നിങ്ങളിൽ ഒരു ആൾക്ക് നൂറു ആട് ഉണ്ട് എന്നു വിചാരിക്കുക. അതിൽ ഒന്ന് കാണാതെ പോയാൽ അവൻ തൊണ്ണൂറ്റൊമ്പതിനെയും മരുഭൂമിയിൽ വിട്ടേച്ചു, ആ കാണാതെപോയ ആടിനെ കണ്ടെത്തുന്നതുവരെ നോക്കി നടക്കാതിരിക്കുമോ?5കണ്ട് കിട്ടിയാൽ സന്തോഷിച്ച് ചുമലിൽ എടുത്തു വീട്ടിൽ വന്നു സ്നേഹിതന്മാരെയും അയൽക്കാരെയും വിളിച്ചുകൂട്ടി:
6കാണാതെ പോയ എന്റെ ആടിനെ കണ്ടുകിട്ടിയതുകൊണ്ട് എന്നോട് കൂടെ സന്തോഷിപ്പിൻ എന്നു അവരോട് പറയും.7അങ്ങനെതന്നെ മാനസാന്തരം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊമ്പത് നീതിമാന്മാരെക്കുറിച്ചുള്ളതിനേക്കാൾ മാനസാന്തരപ്പെടുന്ന ഒരു പാപിയെ കുറിച്ച് സ്വർഗ്ഗത്തിൽ അധികം സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

8അല്ല, ഒരു സ്ത്രീക്ക് പത്തു ദ്രഹ്മ1 ഉണ്ട് എന്നു വിചാരിക്കുക; ഒരു ദ്രഹ്മ കാണാതെ പോയാൽ അവൾ വിളക്കു കത്തിച്ച് വീട് തൂത്തുവാരി അത് കണ്ടുകിട്ടുന്നതുവരെ സൂക്ഷ്മത്തോടെ അന്വേഷിക്കും?9കണ്ടുകിട്ടിയാൽ സ്നേഹിതമാരെയും അയൽക്കാരികളെയും വിളിച്ചുകൂട്ടി: കാണാതെപോയ ദ്രഹ്മ കണ്ട് കിട്ടിയതുകൊണ്ട് എന്നോടുകൂടെ സന്തോഷിപ്പിൻ എന്നു പറയും.10അങ്ങനെതന്നെ മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ചു ദൈവദൂതന്മാരുടെ മദ്ധ്യേ സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

11പിന്നെയും അവൻ പറഞ്ഞത്: ഒരു മനുഷ്യന് രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു.12അവരിൽ ഇളയവൻ അപ്പനോട്: അപ്പാ, വസ്തുവിൽ എനിക്കുള്ള പങ്ക് തരേണമേ എന്നു പറഞ്ഞു; അവൻ അവർക്ക് വസ്തു പകുത്തുകൊടുത്തു.
13അധികനാൾ കഴിയുന്നതിന് മുമ്പെ ഇളയമകൻ സകലവും ശേഖരിച്ചു ദൂരദേശത്തേക്ക് യാത്രയായി. അവിടെ തനിക്കു ഉള്ള പണം മുഴുവൻ ആവശ്യമില്ലാതെ ചെലവഴിച്ചു ജീവിച്ചു.14എല്ലാം ചെലവഴിച്ചു കഴിഞ്ഞപ്പോൾ ആ ദേശത്തു കഠിനക്ഷാമം ഉണ്ടായി. അവന് പണത്തിന് ആവശ്യംവന്നു തുടങ്ങി.
15അവൻ ആ ദേശത്തിലെ പൗരന്മാരിൽ ഒരാൾക്ക് വേണ്ടി ജോലി ചെയ്യാൻ പോയി. അവൻ അവനെ തന്റെ വയലിൽ പന്നികൾക്ക് തീറ്റ കൊടുക്കുന്ന ജോലി കൊടുത്തു.16പന്നി തിന്നുന്ന വാളവര2 കൊണ്ട് വയറു നിറപ്പാൻ അവൻ ആഗ്രഹിച്ചു എങ്കിലും ആരും അവന് കൊടുത്തില്ല.
17അപ്പോൾ സുബോധം വന്നിട്ട് അവൻ: എന്റെ അപ്പന്റെ എത്ര കൂലിക്കാർ ഭക്ഷണം കഴിച്ചുകഴിഞ്ഞിട്ടും അധികം വരുന്നു; എന്നാൽ ഞാനോ വിശപ്പുകൊണ്ട് നശിച്ചുപോകുന്നു.18ഞാൻ എഴുന്നേറ്റ് അപ്പന്റെ അടുക്കൽ ചെന്ന് അവനോട്: അപ്പാ, ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു.19ഇനി നിന്റെ “മകൻ”3 എന്ന പേരിന് ഞാൻ യോഗ്യനല്ല; നിന്റെ ജോലിക്കാരിൽ ഒരാളെപ്പോലെ എന്നെ ആക്കേണമേ എന്നു പറയും എന്നു പറഞ്ഞു.
20അങ്ങനെ അവൻ എഴുന്നേറ്റ് അപ്പന്റെ അടുക്കൽ പോയി. ദൂരത്ത് നിന്നു തന്നേ അപ്പൻ അവനെ കണ്ട് മനസ്സലിഞ്ഞ് ഓടിച്ചെന്നു അവനെ കെട്ടിപ്പിടിച്ച് അവനെ ചുംബിച്ചു.21മകൻ അവനോട്: അപ്പാ, ഞാൻ ദൈവത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു; ഇനി നിന്റെ മകൻ എന്നു വിളിക്കുവാൻ യോഗ്യനല്ല എന്നു പറഞ്ഞു.
22അപ്പൻ തന്റെ ദാസന്മാരോട്: നിങ്ങൾ വേഗം പോയി മേന്മയുള്ള വസ്ത്രങ്ങൾ കൊണ്ടുവന്നു ഇവനെ ധരിപ്പിക്കുക; ഇവന്റെ കയ്യിൽ മോതിരവും കാലിൽ ചെരിപ്പും ഇടുവിക്കുക.23ഒരു തടിപ്പിച്ച കാളക്കുട്ടിയെ കൊണ്ടുവന്നു അറുത്ത് അതിനെ പാകം ചെയ്യുക; നമുക്കു തിന്നു ആനന്ദിക്കാം.24ഈ എന്റെ മകൻ മരിച്ചതുപോലെയായിരുന്നു; എന്നാൽ വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി.
25അവന്റെ മൂത്തമകൻ വയലിൽ ആയിരുന്നു; അവൻ വന്നു വീടിനോട് അടുത്തപ്പോൾ നൃത്തത്തിന്റെയും സംഗീത ഉപകരണങ്ങളുടെയും ശബ്ദം കേട്ട്,26ബാല്യക്കാരിൽ ഒരാളെ വിളിച്ചു: ഇവിടെ എന്താണ് സംഭവിക്കുന്നത്? എന്നു ചോദിച്ചു.27അവൻ അവനോട്: നിന്റെ സഹോദരൻ വന്നു; നിന്റെ അപ്പൻ അവനെ സൌഖ്യത്തോടെ കിട്ടിയതുകൊണ്ട് തടിപ്പിച്ച കാളക്കുട്ടിയെ അറുത്തു എന്നു പറഞ്ഞു.
28അപ്പോൾ അവൻ കോപിച്ചു, അകത്ത് കടക്കുവാൻ താത്പര്യം ഇല്ലാതെ നിന്നു; അപ്പൻ പുറത്തു വന്നു അവനോട് അപേക്ഷിച്ചു.29അവൻ അവനോട്: ഇത്ര കാലമായി ഞാൻ നിന്നെ സേവിക്കുന്നു; നിന്റെ കല്പന ഒരിക്കലും ലംഘിച്ചിട്ടില്ല; എന്നാൽ എന്റെ ചങ്ങാതികളുമായി ആനന്ദിക്കേണ്ടതിന് നീ ഒരിക്കലും എനിക്ക് ഒരു ആട്ടിൻകുട്ടിയെ തന്നിട്ടില്ല.30വേശ്യമാരോടുകൂടി നിന്റെ മുതൽ നശിപ്പിച്ച ഈ നിന്റെ മകൻ വന്നപ്പോഴേക്കോ തടിപ്പിച്ച കാളക്കുട്ടിയെ അവനുവേണ്ടി അറുത്തുവല്ലോ എന്നു ഉത്തരം പറഞ്ഞു.
31അതിന് അവൻ അവനോട്: മകനേ, നീ എപ്പോഴും എന്നോട് കൂടെ ഇരിക്കുന്നുവല്ലോ; എനിക്കുള്ളത് എല്ലാം നിന്റേത് ആകുന്നു.32നിന്റെ ഈ സഹോദരനോ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ട് കിട്ടിയിരിക്കുന്നു. അതുകൊണ്ട് ആനന്ദിച്ചു സന്തോഷിക്കേണ്ടത് ആവശ്യമായിരുന്നു എന്നു പറഞ്ഞു.


1 15. 8 ഒരു തരം വെള്ളി നാണയം
2 15. 16 പന്നികളുടെ ആഹാരം (ഒരു തരം പയറിന്റെ തൊലി)
3 15. 19 നിയമപരമായി പിതാവിന്റെ സ്വത്തിന്റെ ഒരു ഭാഗത്തിന് അവകാശി

16

1പിന്നെ അവൻ ശിഷ്യന്മാരോട് പറഞ്ഞത്: ധനവാനായൊരു മനുഷ്യന് ഒരു കാര്യവിചാരകൻ1 ഉണ്ടായിരുന്നു; അവൻ അവന്റെ വസ്തുവക അനാവശ്യമായി ചെലവാക്കുന്നു എന്നു ചിലർ അവനെ കുറ്റം പറഞ്ഞു.2അവൻ അവനെ വിളിച്ചു: നിന്നെക്കുറിച്ച് ഈ കേൾക്കുന്നത് എന്താണ്? നീ നിന്റെ കാര്യവിചാരകത്തിന്റെ കണക്ക് ഏല്പിച്ചുതരിക; നീ ഇനി എന്റെ കാര്യവിചാരകൻ ആയിരിക്കണ്ട എന്നു പറഞ്ഞു.

3അത് കേട്ടപ്പോൾ കാര്യവിചാരകൻ: ഞാൻ എന്ത് ചെയ്യും? യജമാനൻ എന്റെ ജോലിയിൽ നിന്നും എന്നെ നീക്കുവാൻ പോകുന്നു; കിളയ്ക്കുവാൻ ഉള്ള ശക്തി എനിക്കില്ല; മറ്റുള്ളവരോടു യാചിക്കുവാൻ ഞാൻ നാണിക്കുന്നു.4എന്നെ കാര്യവിചാരത്തിൽനിന്ന് നീക്കിയാൽ, ആളുകൾ എന്നെ അവരുടെ വീടുകളിൽ സ്വീകരിക്കണം. അതിനുവേണ്ടി എന്ത് ചെയ്യേണം എന്നു എനിക്ക് അറിയാം എന്നു ഉള്ളുകൊണ്ട് പറഞ്ഞു.
5പിന്നെ അവൻ യജമാനന്റെ കടക്കാരിൽ ഓരോരുത്തരെ വരുത്തി. ഒന്നാമത്തെ ആളിനോട് നീ യജമാനനോട് കടം വാങ്ങിയിട്ടുള്ളത് എന്താണ് എന്നു ചോദിച്ചു.6നൂറു കുടം2 എണ്ണ എന്നു അവൻ പറഞ്ഞു. കാര്യവിചാരകൻ അവനോട്: നിന്റെ കൈച്ചീട്ട് വാങ്ങി വേഗം അത് അമ്പത് എന്ന് എഴുതുക എന്നു പറഞ്ഞു.7അതിന്റെ ശേഷം മറ്റൊരു ആളിനോട്: നീ എന്താണ് കടം വാങ്ങിയിരിക്കുന്നത് എന്നു ചോദിച്ചു. നൂറു പറ3 ഗോതമ്പു എന്നു അവൻ പറഞ്ഞു; അവനോട്: നിന്റെ കൈച്ചീട്ട് വാങ്ങി എൺപത് എന്നു എഴുതുക എന്നു പറഞ്ഞു.
8ഈ അനീതിയുള്ള കാര്യവിചാരകൻ ബുദ്ധിയോടെ പ്രവർത്തിച്ചതുകൊണ്ട് യജമാനൻ അവനെ പുകഴ്ത്തി; വെളിച്ചത്തിന്റെ മക്കളേക്കാൾ ഈ ലോകത്തിന്റെ മക്കൾ തങ്ങളുടെ തലമുറയിൽ ബുദ്ധിയേറിയവരാണ്9അനീതിയുള്ള ധനംകൊണ്ട് നിങ്ങൾക്ക് സ്നേഹിതന്മാരെ ഉണ്ടാക്കിക്കൊൾവിൻ എന്നു യേശു അവരോട് പറഞ്ഞു. അത് ഇല്ലാതെയാകുമ്പോൾ അവർ സ്വർഗ്ഗത്തിൽ നിങ്ങളെ സ്വീകരിക്കും.
10ചെറിയ കാര്യങ്ങളിൽ വിശ്വസ്തനായവൻ വലിയ കാര്യങ്ങളിലും വിശ്വസ്തൻ ആയിരിക്കും; ചെറിയ കാര്യങ്ങളിൽ നീതി കാണിക്കാത്തവർ വലിയ കാര്യങ്ങളിലും നീതി കാണിക്കാത്തവർ ആയിരിക്കും.11അതുകൊണ്ട് നിങ്ങൾ, നീതി ഇല്ലാത്ത ഈ ലോകത്തിലെ ധനത്തിൽ വിശ്വസ്തരായില്ല എങ്കിൽ സത്യമായ ധനം നിങ്ങളെ ആരും ഏല്പിക്കുകയില്ല?12നിങ്ങളെ ഏൽപ്പിച്ച മറ്റുള്ളവരുടെ കാര്യങ്ങളിൽ നിങ്ങൾ വിശ്വസ്തരായില്ല എങ്കിൽ നിങ്ങൾക്ക് സ്വന്തമായത് ആരും ഏൽപ്പിച്ചുതരികയില്ല.
13രണ്ടു യജമാനന്മാരെ സേവിക്കുവാൻ ഒരു ദാസനും കഴിയുകയില്ല; അവൻ ഒരാളെ വെറുക്കുകയും മറ്റെ ആളിനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരാളോട് ആത്മാർത്ഥത കാണിക്കുകയും മറ്റെ ആളിനെ നിന്ദിക്കുകയും ചെയ്യും. നിങ്ങൾക്ക് ദൈവത്തെയും ധനത്തെയും സേവിക്കുവാൻ കഴിയുകയില്ല.

14ഇതൊക്കെയും അമിതമായി ധനം ആഗ്രഹിക്കുന്ന പരീശർ കേട്ട് അവനെ പരിഹസിച്ചു.15യേശു അവരോട് പറഞ്ഞത്: നിങ്ങൾ മനുഷ്യരുടെ മുൻപിൽ സ്വയം നീതീകരിക്കുന്നവർ ആകുന്നു; എന്നാൽ ദൈവം നിങ്ങളുടെ ഹൃദയം അറിയുന്നു; നല്ലതെന്ന് മനുഷ്യർ ചിന്തിക്കുന്ന കാര്യങ്ങൾ ദൈവം വെറുക്കുന്നു
16ന്യായപ്രമാണത്തിന്റെയും പ്രവാചകന്മാരുടെയും കാലം യോഹന്നാൻ വരെ ആയിരുന്നു; അന്നുമുതൽ ദൈവരാജ്യത്തെ സുവിശേഷിച്ചുവരുന്നു; എല്ലാവരും ദൈവരാജ്യത്തിൽ കയറുവാൻ വേണ്ടി പരിശ്രമിക്കുന്നു.17ന്യായപ്രമാണത്തിൽ ഒരു ചെറിയ അക്ഷരം മാറുന്നതിനേക്കൾ എളുപ്പം ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നത് ആയിരിക്കും.
18ഭാര്യയെ ഉപേക്ഷിച്ച് മറ്റാരെയെങ്കിലും വിവാഹം കഴിക്കുന്നവൻ എല്ലാം വ്യഭിചാരം ചെയ്യുന്നു; ഭർത്താവ് ഉപേക്ഷിച്ചവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.

19ഒരിടത്ത് ധനവാനായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു; അവൻ ധൂമ്രവസ്ത്രവും പട്ടും4 ധരിച്ചു ദിനമ്പ്രതി ആഡംബരത്തോടെ ജീവിച്ചിരുന്നു.20ലാസർ എന്നു പേരുള്ള ഒരു ദരിദ്രൻ ഉണ്ടായിരുന്നു. അവന്റെ ശരീരം മുഴുവൻ വ്രണങ്ങൾ 5 നിറഞ്ഞിരുന്നു. അവൻ ധനവാന്റെ പടിപ്പുരയ്ക്കൽ ആയിരുന്നു കിടന്നിരുന്നത്21ധനവാന്റെ മേശയിൽ നിന്നു വീഴുന്നത് തിന്നു വിശപ്പടക്കുവാൻ ആഗ്രഹിച്ചു; നായ്ക്കളും വന്നു അവന്റെ വ്രണം നക്കും.
22ആ ദരിദ്രൻ മരിച്ചപ്പോൾ ദൂതന്മാർ അവനെ അബ്രഹാമിന്റെ മടിയിലേക്കു കൊണ്ടുപോയി.23ധനവാനും മരിച്ചു അടക്കപ്പെട്ടു; പാതാളത്തിൽ കഷ്ടത അനുഭവിക്കുമ്പോൾ മേലോട്ടു നോക്കി ദൂരത്ത് നിന്നു അബ്രഹാമിനെയും അവന്റെ മടിയിൽ ലാസറിനെയും കണ്ട്:
24അബ്രഹാംപിതാവേ, എന്നോട് കനിവുണ്ടാകേണമേ; ലാസർ വിരലിന്റെ അറ്റം വെള്ളത്തിൽ മുക്കി എന്റെ നാവിനെ തണുപ്പിക്കേണ്ടതിന് അവനെ അയയ്ക്കേണമേ; ഞാൻ ഈ ജ്വാലയിൽ കിടന്ന് വേദന അനുഭവിക്കുന്നു എന്നു വിളിച്ചു പറഞ്ഞു.
25അബ്രഹാം: മകനേ, നിന്റെ ആയുസ്സിൽ നീ നന്മയും ലാസർ തിന്മയും പ്രാപിച്ചു എന്നു ഓർക്ക; ഇപ്പോൾ അവൻ ഇവിടെ ആശ്വസിക്കുന്നു: നീയോ വേദന അനുഭവിക്കുന്നു.26അത്രയുമല്ല ഞങ്ങൾക്കും നിങ്ങൾക്കും നടുവെ വലിയൊരു പിളർപ്പുണ്ടാക്കിയിരിക്കുന്നു. ഇവിടെ നിന്നു നിങ്ങളുടെ അടുക്കൽ കടന്നുവരുവാൻ ആഗ്രഹിക്കുന്നവർക്ക് സാധിക്കുകയില്ല; അവിടെനിന്ന് ഞങ്ങളുടെ അടുക്കൽ കടന്നു വരുവാനും സാധ്യമല്ല എന്നു പറഞ്ഞു.
27അതിന് അവൻ: എന്നാൽ പിതാവേ, അവനെ എന്റെ പിതാവിന്റെ വീട്ടിൽ അയയ്ക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു;28എനിക്ക് അഞ്ച് സഹോദരന്മാർ ഉണ്ട്; അവരും ഈ യാതനാസ്ഥലത്തു വരാതിരിപ്പാൻ അവൻ അവരോട് സാക്ഷ്യം പറയട്ടെ എന്നു പറഞ്ഞു.
29അബ്രഹാം അവനോട്: അവർക്ക് മോശെയും പ്രവാചകന്മാരും ഉണ്ടല്ലോ; അവരുടെ വാക്ക് അവർ കേൾക്കട്ടെ എന്നു പറഞ്ഞു.30അതിന് അവൻ: അങ്ങനെ അല്ല, അബ്രഹാംപിതാവേ, മരിച്ചവരിൽനിന്ന് ഒരുവൻ എഴുന്നേറ്റ് അവരുടെ അടുക്കൽ ചെന്ന് എങ്കിൽ അവർ മാനസാന്തരപ്പെടും എന്നു പറഞ്ഞു.31അവൻ അവനോട്: അവർ മോശെയുടെയും പ്രവാചകന്മാരുടെയും വാക്ക് കേൾക്കാഞ്ഞാൽ മരിച്ചവരിൽ നിന്നു ഒരുവൻ എഴുന്നേറ്റ് ചെന്നാലും വിശ്വസിക്കയില്ല എന്നു പറഞ്ഞു.


1 16. 1 വീട്ടുകാര്യങ്ങൾ നോക്കിനടത്തുന്ന ആൾ
2 16. 6 ഏകദേശം 3400 ലിറ്റർ എണ്ണ
3 16. 7 ഏകദേശം 22000 ഉണങ്ങിയ ധാന്യം
4 16. 19 വിലകൂടിയ വസ്ത്രങ്ങൾ
5 16. 20 മുറിവ്

17

1യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞത്: പാപത്തിന്റെ പ്രലോഭനങ്ങൾ നിശ്ചയമായും വരും; എന്നാൽ അവ വരുത്തുന്നവർക്കു അയ്യോ കഷ്ടം.2അവൻ ഈ ചെറിയവരിൽ ഒരാളെ പ്രലോഭിപ്പിക്കുന്നതിനേക്കാൾ നല്ലത് ഒരു വലിയ കല്ല് അവന്റെ കഴുത്തിൽ കെട്ടി അവനെ കടലിൽ എറിഞ്ഞുകളയുന്നത് ആകുന്നു.

3അതുകൊണ്ട് നിങ്ങൾ സൂക്ഷിച്ചുകൊള്ളുവിൻ; നിന്റെ സഹോദരൻ പാപം ചെയ്താൽ അവനെ ശാസിക്ക; അവൻ മാനസാന്തരപ്പെട്ടാൽ അവനോട് ക്ഷമിയ്ക്ക.4ഒരു ദിവസത്തിൽ ഏഴുപ്രാവശ്യം നിന്നോട് പാപം ചെയ്യുകയും ഏഴുപ്രാവശ്യവും നിന്റെ അടുക്കൽ വന്നു: ഞാൻ മാനസാന്തരപ്പെടുന്നു എന്നു പറകയും ചെയ്താൽ അവനോട് ക്ഷമിയ്ക്ക.

5അപ്പൊസ്തലന്മാർ കർത്താവിനോട്: ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിച്ചുതരേണമേ എന്നു പറഞ്ഞു.6അതിന് കർത്താവ് പറഞ്ഞത്: നിങ്ങൾക്ക് ഒരു ചെറിയ കടുകുമണിയോളം വിശ്വാസം ഉണ്ടെങ്കിൽ ഈ കാട്ടത്തിയോട്: വേരോടെ പറിഞ്ഞു കടലിൽ പോയി വളരുക എന്നു പറഞ്ഞാൽ അത് നിങ്ങളെ അനുസരിക്കും.
7നിങ്ങളിൽ ആർക്കെങ്കിലും നിലം ഉഴുകയോ ആടിനെ മേയ്ക്കുകയോ ചെയ്യുന്ന ഒരു ദാസൻ ഉണ്ടെന്നിരിക്കട്ടെ. അവൻ വയലിൽ നിന്നു ജോലി കഴിഞ്ഞു വരുമ്പോൾ: നീ പെട്ടെന്ന് തന്നെ വന്നു ഊണിനിരിക്ക എന്നു അവനോട് പറയുകയില്ല:8ആദ്യം എനിക്ക് അത്താഴം ഒരുക്കുക; ഞാൻ തിന്നുകുടിച്ചു തീരുന്നത് വരെ അരകെട്ടി1 എനിക്ക് ശുശ്രൂഷചെയ്ക; പിന്നെ നീയും തിന്നു കുടിച്ചുകൊൾക എന്ന് പറയുകയില്ലേ?
9തന്നോട് കല്പിച്ചത് ദാസൻ ചെയ്തതുകൊണ്ടു നീ അവനോട് ഒരിയ്ക്കലും നന്ദി പറയുകയില്ല.10അതുപോലെ നിങ്ങളോടു കല്പിച്ചത് ഒക്കെയും ചെയ്തശേഷം: ഞങ്ങൾ പ്രയോജനം ഇല്ലാത്ത ദാസന്മാർ; ചെയ്യേണ്ടതേ ചെയ്തിട്ടുള്ളു എന്നു നിങ്ങളും പറവിൻ.

11ഒരിയ്ക്കൽ യേശു യെരൂശലേമിലേക്കുള്ള യാത്രയ്ക്കിടയിൽ ശമര്യക്കും ഗലീലയ്ക്കും നടുവിൽകൂടി കടന്നുപോകുകയായിരുന്നു.12അവിടെ ഒരു ഗ്രാമത്തിൽ പ്രവേശിച്ചപ്പോൾ പത്തു കുഷ്ഠരോഗികൾ അവന് എതിരെ വന്നു.13അവർ ദൂരത്ത് നിന്നുകൊണ്ടു: യേശുവേ, നായക, ഞങ്ങളോടു കരുണയുണ്ടാകേണമേ എന്നു ഉറക്കെ പറഞ്ഞു.
14യേശു അവരെ കണ്ടിട്ട്: നിങ്ങൾ പോയി പുരോഹിതന്മാർക്കു2 നിങ്ങളെ തന്നേ കാണിച്ചു കൊടുക്കുക എന്നു പറഞ്ഞു; അങ്ങനെ അവർ പോകുന്ന സമയത്തു തന്നെ അവർ ശുദ്ധരായ്തീർന്നു.15അവരിൽ ഒരാൾ തനിക്കു സൌഖ്യംവന്നത് കണ്ട് ഉറക്കെ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് തിരിച്ചുവന്നു അവന്റെ കാൽക്കൽ കവിണ്ണു വീണു അവന് നന്ദി പറഞ്ഞു;16അവൻ ഒരു ശമര്യക്കാരൻ ആയിരുന്നു
17അപ്പോൾ യേശു അവനോട് ഉത്തരം പറഞ്ഞത്: കുഷ്ഠരോഗത്തിൽ നിന്നു പത്തുപേർ ശുദ്ധരായ്തീർന്നു, എന്നാൽ ബാക്കി ഒമ്പതുപേർ എവിടെ?18ഈ അന്യജാതിക്കാരൻ മാത്രമാണ് ദൈവത്തിന് മഹത്വം കൊടുക്കുവാൻ മടങ്ങിവന്നത്;19എഴുന്നേറ്റ് പൊയ്ക്കൊൾക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.

20ഒരിയ്ക്കൽ പരീശന്മാർ ദൈവരാജ്യം എപ്പോൾ വരും എന്നു ചോദിച്ചതിന്: ദൈവരാജ്യം കാണത്തക്കവണ്ണമല്ല വരുന്നത്;21ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറകയില്ല; ദൈവരാജ്യം നിങ്ങളുടെ ഇടയിൽ തന്നേ ഉണ്ടല്ലോ എന്നു അവൻ ഉത്തരം പറഞ്ഞു.

22പിന്നെ അവൻ തന്റെ ശിഷ്യന്മാരോട് പറഞ്ഞത്: നിങ്ങൾ മനുഷ്യപുത്രന്റെ ഒരു ദിവസം കാണ്മാൻ ആഗ്രഹിക്കുന്ന കാലം വരും;23എന്നാൽ കാണുകയില്ലതാനും. അന്ന് നിങ്ങളോടു: ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറയും; നിങ്ങൾ പോകരുത്, പിൻ ചെല്ലുകയുമരുത്.24മിന്നൽ ആകാശത്തിന്റെ കീഴെ ദിക്കോടുദിക്കെല്ലാം തിളങ്ങി മിന്നുന്നതുപോലെ മനുഷ്യപുത്രൻ തന്റെ ദിവസത്തിൽ ആകും.
25എന്നാൽ ആദ്യം അവൻ വളരെ കഷ്ടം അനുഭവിക്കയും ഈ തലമുറ അവനെ തള്ളിക്കളകയും വേണം.26നോഹയുടെ സമയത്തു സംഭവിച്ചതുപോലെ മനുഷ്യപുത്രന്റെ നാളിലും ഉണ്ടാകും.27നോഹ പെട്ടകത്തിൽ കടന്ന നാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന് കൊടുത്തും പോന്നു; ജലപ്രളയം വന്നു, അവരെ എല്ലാവരെയും നശിപ്പിച്ചുകളഞ്ഞു.
28ലോത്തിന്റെ കാലത്ത് സംഭവിച്ചതുപോലെയും തന്നേ; അവർ തിന്നും കുടിച്ചുംകൊണ്ടും വിറ്റും നട്ടും പണിതും പോന്നു.29എന്നാൽ ലോത്ത് സൊദോം വിട്ട നാളിൽ ആകാശത്തുനിന്ന് തീയും ഗന്ധകവും പെയ്ത് എല്ലാവരെയും നശിപ്പിച്ചുകളഞ്ഞു.
30മനുഷ്യപുത്രൻ വെളിപ്പെടുന്ന നാളിലും അതുപോലെതന്നെ സംഭവിക്കും.31അന്ന് വീടിന് മുകളിൽ ഇരിക്കുന്നവൻ വീടിനകത്തുള്ള സാധനം എടുക്കുവാൻ ഇറങ്ങിപ്പോകരുത്; അതുപോലെ വയലിൽ ഇരിക്കുന്നവനും വീട്ടിലേക്ക് പോകരുത്.
32ലോത്തിന്റെ ഭാര്യയെ ഓർത്തുകൊൾവിൻ.33തന്റെ ജീവനെ രക്ഷിക്കുവാൻ നോക്കുന്നവനെല്ലാം അതിനെ കളയും; എന്നാൽ എനിക്ക് വേണ്ടി തന്റെ ജീവനെ കളയുന്നവനെല്ലാം അതിനെ രക്ഷിക്കും.
34ആ രാത്രിയിൽ രണ്ടുപേർ ഒരു കിടക്കമേൽ ആയിരിക്കും; ഒരാളെ സ്വീകരിക്കും; മറ്റവനെ ഉപേക്ഷിക്കും.35രണ്ടുപേർ ഒന്നിച്ച് ധാന്യം പൊടിച്ചു കൊണ്ടിരിക്കും; ഒരുവളെ കൈക്കൊള്ളും;36മറ്റവളെ ഉപേക്ഷിക്കും [രണ്ടുപേർ വയലിൽ ഇരിക്കും; ഒരുവനെ കൈക്കൊള്ളും; മറ്റവനെ ഉപേക്ഷിക്കും] എന്നു ഞാൻ നിങ്ങളോടു പറയുന്നു.37അവർ അവനോട്: കർത്താവേ, എവിടെയാണ് ഇതു സംഭവിക്കുന്നത് എന്നു ചോദിച്ചതിന്: മൃതശരീരം ഉള്ളിടത്ത് ആണല്ലൊ കഴുകന്മാർ കൂടുന്നത് എന്നു അവൻ പറഞ്ഞു.


1 17. 8 യജമാനനെ അനുസരിക്കുന്നതിന്റെ അടയാളം, ജോലി ചെയ്യുന്നതിന് തടസ്സമായി അയഞ്ഞു കിടക്കുന്ന വസ്ത്രം കെട്ടിവയ്ക്കുക
2 17. 14 ഒര‍ാൾ കുഷ്ഠരോഗി ആണോ അല്ലയോ എന്നു പരിശോധിച്ചു സാക്ഷിക്കേണ്ടതു പുരോഹിതൻ ആണ്.

18

1മടുത്തുപോകാതെ എപ്പോഴും പ്രാർത്ഥിക്കണം എന്നതിന് യേശു അവരോട് ഒരു ഉപമ പറഞ്ഞത്:2ദൈവത്തെ ഭയവും മനുഷ്യനെ ബഹുമാനവുമില്ലാത്ത ഒരു ന്യായാധിപൻ ഒരു പട്ടണത്തിൽ ഉണ്ടായിരുന്നു.

3ആ പട്ടണത്തിൽ ഒരു വിധവയും1 ഉണ്ടായിരുന്നു. അവൾ ന്യായാധിപന്റെ അടുക്കൽ ചെന്ന്: എന്റെ എതിരാളിയിൽനിന്ന് നീതി ലഭിക്കുവാൻ എന്നെ സഹായിക്കണമേ എന്നു പറഞ്ഞു.4അവന് കുറെ സമയത്തേക്ക് അവളെ സഹായിക്കുവാൻ മനസ്സില്ലായിരുന്നു; പിന്നെ അവൻ: എനിക്ക് ദൈവത്തെ ഭയവും മനുഷ്യനെ പേടിയുമില്ല5എങ്കിലും വിധവ എന്നെ അസഹ്യപ്പെടുത്തുന്നതുകൊണ്ട് അവൾക്ക് നീതി ലഭിക്കാൻ സഹായിക്കും; അല്ലെങ്കിൽ അവൾ വീണ്ടും വന്നു എന്നെ ശല്യപ്പെടുത്തും എന്നു ഉള്ളുകൊണ്ട് പറഞ്ഞു.
6അനീതിയുള്ള ന്യായാധിപൻ പറഞ്ഞത് എന്തെന്ന് ശ്രദ്ധിക്കുക.7ആകയാൽ ദൈവം രാവും പകലും തന്നോട് നിലവിളിക്കുന്ന തന്റെ തെരെഞ്ഞെടുക്കപ്പെട്ട ജനങ്ങളോട് ദീർഘക്ഷമ കാണിക്കുകയും നീതി നടത്തി കൊടുക്കുകയും ചെയ്യും;8ദൈവം അവർക്ക് വേഗത്തിൽ നീതി നടത്തി കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ എന്നു കർത്താവ് പറഞ്ഞു.

9തങ്ങൾ നീതിമാന്മാർ എന്നു വിശ്വസിക്കുകയും മറ്റുള്ളവരെ നിന്ദിക്കുകയും ചെയ്യുന്ന ചിലരെക്കുറിച്ച് അവൻ ഇപ്രകാരം ഒരു ഉപമ പറഞ്ഞു:10രണ്ടു മനുഷ്യർ പ്രാർത്ഥിക്കുവാൻ ദൈവാലയത്തിൽ പോയി; ഒരാൾ പരീശൻ, മറ്റെയാൾ ചുങ്കക്കാരൻ.
11പരീശൻ നിന്നുകൊണ്ടു തന്നോട് തന്നെ: ദൈവമേ, പിടിച്ചുപറിക്കാർ, നീതികെട്ടവർ, വ്യഭിചാരികൾ തുടങ്ങിയ മറ്റ് മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ ഞാൻ അല്ല. അതുകൊണ്ട് ഞാൻ നിന്നെ വാഴ്ത്തുന്നു.12ആഴ്ചയിൽ രണ്ടു പ്രാവശ്യം ഉപവസിക്കുന്നു; ലഭിക്കുന്നതിൽ ഒക്കെയും ദശാംശം2 കൊടുത്തുവരുന്നു; എന്നിങ്ങനെ പ്രാർത്ഥിച്ചു.
13ചുങ്കക്കാരനോ ദൂരത്ത് നിന്നുകൊണ്ടു സ്വർഗ്ഗത്തേക്ക് നോക്കുവാൻപോലും ശ്രമിക്കാതെ മാറത്തടിച്ചു: ദൈവമേ, പാപിയായ എന്നോട് കരുണയുണ്ടാകേണമേ എന്നു പറഞ്ഞു.14അവൻ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്ക് പോയി; മറ്റവൻ അങ്ങനെയല്ല. തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

15ഒരിയ്ക്കൽ ചിലർ യേശു തൊട്ട് അനുഗ്രഹിക്കുന്നതിനായി ശിശുക്കളെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാർ അത് കണ്ട് അവരെ ശാസിച്ചു.16എന്നാൽ യേശു ശിശുക്കളെ തന്റെ അരികത്ത് വിളിച്ചു: പൈതങ്ങളെ എന്റെ അടുക്കൽ വരുവാൻ അനുവദിക്ക; അവരെ തടയരുത്; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേത് ആകുന്നു.17ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവൻ ആരും ഒരുനാളും അതിൽ പ്രവേശിക്കയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.

18ഒരു പ്രമാണി അവനോട്: നല്ല ഗുരോ, നിത്യജീവൻ ലഭിക്കേണ്ടതിനു ഞാൻ എന്ത് ചെയ്യേണം എന്നു ചോദിച്ചു.19അതിന് യേശു: എന്നെ നല്ലവൻ എന്നു പറയുന്നത് എന്ത്? ദൈവം അല്ലാതെ നല്ലവൻ മറ്റാരും ഇല്ല. വ്യഭിചാരം ചെയ്യരുത്;20കുല ചെയ്യരുത്; മോഷ്ടിക്കരുത്; കള്ള സാക്ഷ്യം പറയരുത്; നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിയ്ക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു.21ഇവ ഒക്കെയും ഞാൻ ചെറുപ്പംമുതൽ പാലിക്കുന്നുണ്ട് എന്നു അവൻ പറഞ്ഞു.
22ഇതു കേട്ടിട്ട് യേശു: ഇനി ഒരു കുറവ് നിനക്കുണ്ട്; നിനക്കുള്ളതൊക്കെയും വിറ്റ് ദരിദ്രർക്ക് കൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്ക് നിക്ഷേപം ഉണ്ടാകും; പിന്നീട് വന്നു എന്നെ അനുഗമിക്ക എന്നു പറഞ്ഞു.23എന്നാൽ അവൻ ധനവാനായത് കൊണ്ട് ഇതു കേട്ടിട്ട് അതിദുഃഖിതനായിത്തീർന്നു.
24യേശു അവനെ കണ്ടിട്ട്: സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ കടക്കുന്നത് എത്ര പ്രയാസം!25ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനേക്കാൾ ഒട്ടകം സൂചിക്കുഴയിലൂടെ3 കടക്കുന്നത് എളുപ്പം എന്നു പറഞ്ഞു.
26ഇതു കേട്ടവർ: എന്നാൽ രക്ഷപെടുവാൻ ആർക്ക് കഴിയും എന്നു പറഞ്ഞു.27അതിന് അവൻ: മനുഷ്യരാൽ അസാദ്ധ്യമായത് ദൈവത്താൽ സാദ്ധ്യമാകുന്നു എന്നു പറഞ്ഞു.
28ഇതാ, ഞങ്ങൾ സ്വന്തമായത് വിട്ടു നിന്നെ അനുഗമിച്ചിരിക്കുന്നു എന്നു പത്രൊസ് പറഞ്ഞു.29യേശു അവരോട്: ദൈവരാജ്യം നിമിത്തം വീടോ ഭാര്യയെയോ സഹോദരന്മാരെയോ അമ്മയപ്പന്മാരെയോ മക്കളെയോ വിട്ടുകളയുന്നവർക്ക്30ഈ കാലത്തിൽ തന്നേ പല മടങ്ങായും, വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കാത്തവൻ ആരും ഇല്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.

31അനന്തരം അവൻ തന്റെ പന്ത്രണ്ട് ശിഷ്യരെയും കൂട്ടിക്കൊണ്ട് അവരോട്: ഇതാ നാം യെരൂശലേമിലേക്കു പോകുന്നു; മനുഷ്യപുത്രനെക്കുറിച്ച് പ്രവാചകന്മാർ എഴുതിയിരിക്കുന്നത് എല്ലാം നിവൃത്തിയാകും.32അവനെ ജാതികൾക്ക് ഏല്പിച്ചുകൊടുക്കുകയും അവർ അവനെ പരിഹസിച്ചു അപമാനിച്ചു തുപ്പി തല്ലീട്ട് കൊല്ലുകയും33മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും എന്നു പറഞ്ഞു.
34അവർക്ക് ഇതു ഒന്നും മനസ്സിലായില്ല; ഈ പറഞ്ഞത് അവർക്ക് വ്യക്തമാകാതിരിക്കാനായി ദൈവം അവർക്ക് അത് മറച്ച് വെച്ചിരുന്നു.

35അവൻ യെരിഹോവിന് അടുത്തപ്പോൾ വഴിയരികെ ഒരു കുരുടൻ ഭിക്ഷ യാചിച്ചുകൊണ്ട് ഇരുന്നിരുന്നു.36പുരുഷാരം കടന്നു പോകുന്ന ശബ്ദം കേട്ട്: ഇതെന്താണ് എന്നു അവൻ ചോദിച്ചു.37നസറായനായ യേശു കടന്നുപോകുന്നു എന്നു അവർ അവനോട് അറിയിച്ചു.
38അപ്പോൾ അവൻ: യേശുവേ, ദാവീദുപുത്രാ, എന്നോട് കരുണ തോന്നേണമേ എന്നു നിലവിളിച്ചു.39ആൾക്കൂട്ടത്തിന്റെ മുന്നിൽ നടക്കുന്നവർ അവനെ മിണ്ടാതിരിക്കുവാൻ ശാസിച്ചു; അവനോ: ദിവീദുപുത്രാ, എന്നോട് കരുണ തോന്നേണമേ എന്നു കൂടുതൽ ഉച്ചത്തിൽ നിലവിളിച്ചു.
40യേശു അവിടെ നിന്നു, അവനെ തന്റെ അടുക്കൽ കൊണ്ടുവരുവാൻ കല്പിച്ചു.41അവൻ അടുക്കെ വന്നപ്പോൾ: ഞാൻ നിനക്ക് എന്ത് ചെയ്യേണം എന്നു ചോദിച്ചു. കർത്താവേ, എനിക്ക് കാഴ്ച കിട്ടേണം എന്നു അവൻ പറഞ്ഞു.
42യേശു അവനോട്: കാഴ്ച പ്രാപിക്ക; നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു എന്നു പറഞ്ഞു.43പെട്ടെന്ന് തന്നെ അവൻ കാഴ്ച പ്രാപിച്ചു ദൈവത്തെ മഹത്വീകരിച്ചുംകൊണ്ട് അവനെ അനുഗമിച്ചു; ജനം എല്ലാം ഇതു കണ്ടിട്ട് ദൈവത്തിന് പുകഴ്ച കൊടുത്തു.


1 18. 3 ഭർത്താവ് മരിച്ചു പോയ സ്ത്രീ
2 18. 12 പത്തിൽ ഒരംശം
3 18. 25 സൂചിയിലൂടെ നൂൽ കോർക്കുന്ന ചെറിയ ദ്വാരം

19

1അവൻ യെരീഹോവിൽ പ്രവേശിച്ച് അതിൽകൂടി കടന്നു പോവുകയായിരുന്നു.2അവിടെ ചുങ്കക്കാരിൽ പ്രമാണിയും ധനവാനുമായ സക്കായി എന്നു പേരുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു.

3യേശു ആരാണ് എന്നു കാണ്മാൻ ശ്രമിച്ചു എങ്കിലും അവന് ഉയരം കുറവായിരുന്നത് കൊണ്ട് പുരുഷാരം നിമിത്തം കഴിഞ്ഞില്ല.4അതുകൊണ്ട് അവൻ മുമ്പോട്ടു ഓടി, അവനെ കാണേണ്ടതിന് ഒരു കാട്ടത്തിമേൽ കയറി. യേശു ആ വഴിയായി വരികയായിരുന്നു.
5യേശു ആ സ്ഥലത്ത് എത്തിയപ്പോൾ മുകളിലേക്കു നോക്കി: സക്കായിയേ, വേഗം ഇറങ്ങിവാ; ഇന്ന് ഞാൻ നിന്റെ വീട്ടിൽ താമസിക്കാൻ വരുന്നു എന്നു അവനോട് പറഞ്ഞു.6അവൻ ബദ്ധപ്പെട്ട് ഇറങ്ങി സന്തോഷത്തോടെ യേശുവിനെ സ്വീകരിച്ചു.7അത് കണ്ടവർ എല്ലാം: അവൻ പാപിയായ ഒരു മനുഷ്യനോടു കൂടെ താമസിക്കുവാൻ പോയി എന്നു പറഞ്ഞു പിറുപിറുത്തു.
8സക്കായി കർത്താവിനോട്: കർത്താവേ, എന്റെ വസ്തുവകയിൽ പകുതി ഞാൻ ദരിദ്രർക്ക് കൊടുക്കുന്നു; എന്തെങ്കിലും മറ്റുള്ളവരെ ചതിച്ച് വാങ്ങിയിട്ടുണ്ടെങ്കിൽ നാലുമടങ്ങ് തിരിച്ചുക്കൊടുക്കുന്നു എന്നു പറഞ്ഞു.9യേശു അവനോട്: ഇവനും അബ്രഹാമിന്റെ മകൻ ആകയാൽ ഇന്ന് ഈ വീടിന് രക്ഷ വന്നു.10കാണാതെ പോയതിനെ കണ്ടുപിടിച്ചു രക്ഷിക്കാനാണ് മനുഷ്യപുത്രൻ വന്നത് എന്നു പറഞ്ഞു.

11പുരുഷാരം ഇതു കേട്ടുകൊണ്ടിരിക്കുമ്പോൾ യേശു യെരുശലേമിന് അടുത്ത് എത്തി. ദൈവരാജ്യം ഉടനെ പ്രത്യക്ഷമാകും എന്നു അവർ ചിന്തിച്ചു. അതുകൊണ്ട് യേശു അവരോട് ഒരു ഉപമ പറഞ്ഞു:12രാജാവായി മടങ്ങിവരേണം എന്നു വിചാരിച്ചു ഒരു പ്രഭു ദൂരദേശത്തേക്ക് യാത്രപോയി.
13അവൻ പത്തു ദാസന്മാരെ വിളിച്ചു അവർക്ക് പത്തു റാത്തൽ വെള്ളി 1 കൊടുത്തു ഞാൻ വരുന്നതുവരെ അവയുമായി വ്യാപാരം ചെയ്യുക എന്നു അവരോട് പറഞ്ഞു.14അവന്റെ പ്രജകൾക്ക് അവനോട് താല്പര്യമില്ലായിരുന്നു. അതുകൊണ്ട് അവന്റെ പിന്നാലെ പ്രതിനിധികളെ അയച്ചിട്ട് അവൻ ഞങ്ങൾക്കു രാജാവായിരിക്കുന്നതു ഞങ്ങൾക്കു സമ്മതമല്ല എന്നു അറിയിപ്പിച്ചു.15അവൻ രാജാവായി തിരിച്ചുവന്നപ്പോൾ താൻ പണം കൊടുത്തിരുന്ന ദാസന്മാർ വ്യാപാരം ചെയ്തു എന്ത് നേടി എന്നു അറിയേണ്ടതിന് അവരെ വിളിക്കുവാൻ കല്പിച്ചു.
16ഒന്നാമത്തെ ആൾ അടുത്തുവന്നു; കർത്താവേ, നീ തന്ന റാത്തൽകൊണ്ടു പത്തുറാത്തൽ സമ്പാദിച്ചിരിക്കുന്നു എന്നുപറഞ്ഞു.17അവൻ അവനോട്: വളരെ നല്ലത്. നീ ഒരു നല്ല ദാസൻ ആകുന്നു. ചെറിയ കാര്യങ്ങളിൽ നീ വിശ്വസ്തൻ ആയതുകൊണ്ട് പത്തു പട്ടണത്തിന് അധികാരമുള്ളവൻ ആയിരിക്ക എന്നു കല്പിച്ചു.
18രണ്ടാമത്തെ ആൾ വന്നു: കർത്താവേ, നീ തന്ന റാത്തൽകൊണ്ടു അഞ്ച് റാത്തൽ സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു.19നീയും അഞ്ച് പട്ടണത്തിന് അധികാരമുള്ളവൻ ആയിരിക്ക എന്നു അവൻ അവനോട് കല്പിച്ചു.
20മറ്റൊരാൾ വന്നു: കർത്താവേ, ഇതാ നിന്റെ റാത്തൽ; ഞാൻ അത് ഒരു തൂവാലയിൽ പൊതിഞ്ഞു വെച്ചിരുന്നു.21നീ വെയ്ക്കാത്തത് എടുക്കുകയും വിതയ്ക്കാത്തത് കൊയ്യുകയും ചെയ്യുന്ന കഠിനമനുഷ്യൻ ആകുന്നതു കൊണ്ട് ഞാൻ നിന്നെ ഭയപ്പെട്ടു എന്നു പറഞ്ഞു.
22അവൻ അവനോട്: ദുഷ്ടനായ ദാസനേ, നിന്റെ വാക്കുകൾ കൊണ്ടുതന്നേ ഞാൻ നിന്നെ ന്യായം വിധിക്കും. ഞാൻ വെയ്ക്കാത്തത് എടുക്കുകയും വിതയ്ക്കാത്തത് കൊയ്യുകയും ചെയ്യുന്ന കഠിനമനുഷ്യൻ എന്നു നീ അറിഞ്ഞുവല്ലോ.23ഞാൻ വന്നു എന്റെ ദ്രവ്യം പലിശയോടുകൂടെ വാങ്ങിക്കേണ്ടതിന് അത് നാണ്യപീഠത്തിൽ2 ഏല്പിക്കാഞ്ഞത് എന്ത്?
24പിന്നെ അവൻ അരികെ നില്ക്കുന്നവരോട്: ആ റാത്തൽ അവന്റെ പക്കൽ നിന്നു എടുത്തു പത്തു റാത്തലുള്ളവന് കൊടുക്കുവിൻ എന്നു പറഞ്ഞു.25കർത്താവേ, അവന് പത്തു റാത്തൽ ഉണ്ടല്ലോ എന്നു അവർ പറഞ്ഞു.
26ഉള്ളവന് പിന്നെയും കൊടുക്കും, ഇല്ലാത്തവനോട് ഉള്ളതുംകൂടെ എടുത്തുകളയും എന്നു ഞാൻ നിങ്ങളോടു പറയുന്നു.27എന്നാൽ ഞാൻ രാജാവ് ആകുന്നതു സമ്മതമില്ലാത്ത ശത്രുക്കളായവരെ ഇവിടെ കൊണ്ടുവന്നു എന്റെ മുമ്പിൽവച്ചു കൊന്നുകളയുവിൻ എന്ന് അവൻ കല്പിച്ചു.

28ഇതു പറഞ്ഞിട്ട് യേശു യെരുശലേമിലേക്ക് അവർക്ക് മുമ്പായി യാത്ര ചെയ്തു.

29അവൻ ഒലിവുമലയരികെ ബേത്ത്ഫാഗെക്കും ബേഥാന്യയ്ക്കും സമീപെ എത്തിയപ്പോൾ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ചു:30നിങ്ങൾക്ക് എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അവിടെ എത്തുമ്പോൾ ആരും ഒരിക്കലും കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നത് കാണും; അതിനെ അഴിച്ച് കൊണ്ടുവരുവിൻ.31അതിനെ അഴിക്കുന്നത് എന്തിന് എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ: കർത്താവിന് ഇതിനെക്കൊണ്ട് ആവശ്യം ഉണ്ട് എന്നു പറവിൻ എന്നു പറഞ്ഞു.
32യേശു അയച്ച ആ രണ്ടു ശിഷ്യന്മാർ പോയി തങ്ങളോട് പറഞ്ഞതുപോലെ കണ്ട്.33കഴുതക്കുട്ടിയെ അഴിക്കുമ്പോൾ അതിന്റെ ഉടമസ്ഥൻ: കഴുതക്കുട്ടിയെ അഴിക്കുന്നത് എന്തിന് എന്നു ചോദിച്ചതിന്:34കർത്താവിന് ഇതിനെക്കൊണ്ട് ആവശ്യം ഉണ്ട് എന്നു അവർ പറഞ്ഞു.35അതിനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു അവരുടെ വസ്ത്രം കഴുതക്കുട്ടിമേൽ ഇട്ട് യേശുവിനെ കയറ്റി.36അവൻ പോകുമ്പോൾ അവർ തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു.
37യേശു ഒലിവുമലയുടെ ഇറക്കത്തിന് അടുത്തപ്പോൾ ശിഷ്യന്മാർ എല്ലാം തങ്ങൾ കണ്ട സകല വീര്യപ്രവൃത്തികളെയും കുറിച്ച് സന്തോഷിച്ച് അത്യുച്ചത്തിൽ ദൈവത്തെ പുകഴ്ത്തി:38കർത്താവിന്റെ നാമത്തിൽ വരുന്ന രാജാവ് അനുഗ്രഹിക്കപ്പെട്ടവൻ; സ്വർഗ്ഗത്തിൽ സമാധാനവും അത്യുന്നതങ്ങളിൽ മഹത്വവും എന്നു പറഞ്ഞു.
39പുരുഷാരത്തിൽ ചില പരീശന്മാർ അവനോട്: ഗുരോ, നിന്റെ ശിഷ്യന്മാരെ ശാസിക്കുക എന്നു പറഞ്ഞു.40അതിന് അവൻ: ഇവർ മിണ്ടാതിരുന്നാൽ കല്ലുകൾ ആർത്തുവിളിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു ഉത്തരം പറഞ്ഞു.

41അവൻ യെരുശലേം നഗരത്തിന് സമീപെ എത്തിയപ്പോൾ അതിനെ കണ്ട് അതിൽ താമസിക്കുന്ന ജനങ്ങളെ ഓർത്തു കരഞ്ഞു:42ഈ ദിവസമെങ്കിലും നിനക്ക് സമാധാനം ലഭിക്കുന്നതു എങ്ങനെ എന്നു നീ അറിഞ്ഞ് എങ്കിൽ കൊള്ളാമായിരുന്നു. എന്നാൽ അത് നിന്റെ കണ്ണിന് മറഞ്ഞിരിക്കുന്നു.
43നിന്റെ സന്ദർശനകാലം നിനക്ക് അറിയില്ല. അതുകൊണ്ട് നിന്റെ ശത്രുക്കൾ നിനക്ക് ചുറ്റും ഒരു തടസ്സം ഉണ്ടാക്കി നിന്നെ വളഞ്ഞു നാല് വശത്ത് നിന്നും ഞെരുക്കി,44നിന്നെയും ഇവിടെ താമസിക്കുന്ന ജനങ്ങളെയും നിലത്തു തള്ളിയിട്ട്, അങ്ങനെ നിന്നിൽ കല്ലിന്മേൽ കല്ല് ശേഷിപ്പിക്കാതിരിക്കുന്ന കാലം നിനക്ക് വരും.

45പിന്നെ അവൻ ദൈവാലയത്തിൽ ചെന്ന് അവിടെ കച്ചവടം നടത്തിയവരെ പുറത്താക്കി:46എന്റെ ആലയം പ്രാർത്ഥനാലയം ആകും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹ ആക്കിത്തീർത്തിരിക്കുന്നു എന്ന് അവരോട് പറഞ്ഞു.

47അവൻ എല്ലാദിവസവും ദൈവാലയത്തിൽ ഉപദേശിച്ചുകൊണ്ടിരുന്നു; എന്നാൽ മഹാപുരോഹിതരും ശാസ്ത്രികളും ജനത്തിൽ പ്രധാനികളായവരും അവനെ നശിപ്പിപ്പാൻ അവസരം നോക്കി.48എങ്കിലും ജനം എല്ലാം വളരെ ശ്രദ്ധയോടെ അവന്റെ വചനം കേട്ട് കൊണ്ടിരിക്കുകയാൽ എന്ത് ചെയ്യേണം എന്നവർ അറിഞ്ഞില്ല.


1 19. 13 പത്ത് വിലകൂടിയ നാണയങ്ങൾ
2 19. 23 ബാങ്കിൽ

20

1ഒരു ദിവസം അവൻ ദൈവാലയത്തിൽ ജനത്തോടു ഉപദേശിച്ചു സുവിശേഷം അറിയിക്കുമ്പോൾ മഹാപുരോഹിതരും ശാസ്ത്രികളും മൂപ്പന്മാരുമായി അടുത്തുവന്ന് അവനോട്:2നീ എന്ത് അധികാരംകൊണ്ട് ഇതു ചെയ്യുന്നു? ഈ അധികാരം നിനക്ക് തന്നതു ആർ? ഞങ്ങളോടു പറക എന്നു പറഞ്ഞു.

3അതിന് അവൻ ഉത്തരമായി: ഞാനും നിങ്ങളോടു ഒരു വാക്ക് ചോദിക്കും; അത് എന്നോട് പറവിൻ.4യോഹന്നാന്റെ സ്നാനം സ്വർഗ്ഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ ഉണ്ടായത് എന്നു ചോദിച്ചു.
5അവർ തമ്മിൽ ആലോചിച്ചു: സ്വർഗ്ഗത്തിൽ നിന്നു എന്നു പറഞ്ഞാൽ പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാത്തത് എന്ത് എന്നു യേശു ചോദിക്കും.6മനുഷ്യരിൽനിന്ന് എന്നു പറഞ്ഞാൽ യോഹന്നാൻ ഒരു പ്രവാചകൻ എന്നു ജനം വിശ്വസിച്ചിരിക്കുന്നതുകൊണ്ട് നമ്മെ കല്ലെറിയും എന്നു പറഞ്ഞിട്ട്:
7എവിടെ നിന്നെന്ന് ഞങ്ങൾ അറിയുന്നില്ല എന്നു ഉത്തരം പറഞ്ഞു.8യേശു അവരോട്: എന്നാൽ ഞാൻ ഇതു ചെയ്യുന്നതു എന്ത് അധികാരം കൊണ്ടാകുന്നു എന്നുള്ളത് ഞാനും നിങ്ങളോടു പറയുന്നില്ല എന്നു പറഞ്ഞു.

9പിന്നീട് അവൻ ജനത്തോടു ഉപമ പറഞ്ഞു: ഒരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കി. അവൻ അത് കുടിയാന്മാരെ1 പാട്ടത്തിന് 2 ഏല്പിച്ചിട്ട് കുറേക്കാലം അന്യദേശത്ത് പോയി പാർത്തു.10സമയമായപ്പോൾ കുടിയാന്മാരോട് തോട്ടത്തിന്റെ ഫലം വാങ്ങേണ്ടതിന് അവരുടെ അടുക്കൽ ഒരു ദാസനെ അയച്ചു; അവനെ കുടിയാന്മാർ തല്ലി വെറുതെ അയച്ചുകളഞ്ഞു.
11അവൻ മറ്റൊരു ദാസനെ പറഞ്ഞയച്ചു; അവനെയും അവർ തല്ലി അപമാനിച്ചു വെറുതെ അയച്ചുകളഞ്ഞു.12അവൻ മൂന്നാമതു ഒരാളെയും കൂടെ പറഞ്ഞയച്ചു; അവർ അവനെയും മുറിവേല്പിച്ചു പുറത്താക്കിക്കളഞ്ഞു.
13അപ്പോൾ മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥൻ: ഞാൻ ഇനി എന്ത് ചെയ്യും? എന്റെ പ്രിയപുത്രനെ അയയ്ക്കാം; ഒരു പക്ഷേ അവർ അവനോട് ആദരവ് കാണിച്ചേക്കും എന്നു പറഞ്ഞു.14കുടിയാന്മാർ അവനെ കണ്ടിട്ട്: ഇവൻ അവകാശി ആകുന്നു; നമുക്കു അവനെ കൊന്നുകളയാം. അപ്പോൾ അവകാശം നമുക്കു ലഭിക്കും എന്നു അവർ തമ്മിൽ ആലോചിച്ചു.
15കുടിയാന്മാർ അവനെ തോട്ടത്തിൽ നിന്നു പുറത്താക്കി കൊന്നുകളഞ്ഞു. എന്നാൽ തോട്ടത്തിന്റെ ഉടമസ്ഥൻ അവരോട് എന്ത് ചെയ്യും?16അവൻ വന്നു ആ കുടിയാന്മാരെ കൊല്ലുകയും തോട്ടം മറ്റുള്ളവർക്ക് ഏല്പിച്ചുകൊടുക്കുകയും ചെയ്യും. അത് കേട്ടിട്ട് അവർ: ദൈവമേ, അങ്ങനെ ഒരുനാളും സംഭവിക്കരുതേ! എന്നു പറഞ്ഞു.
17അവനോ അവരെ നോക്കി: “എന്നാൽ വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായിത്തീർന്നു3 ” എന്നു എഴുതിയിരിക്കുന്നത് എന്തിനാണ്?18ആ കല്ലിന്മേൽ വീഴുന്ന ഏവനും തകർന്നുപോകും; അത് ആരുടെ മേൽ എങ്കിലും വീണാൽ അത് അവനെ നശിപ്പിക്കും എന്നു പറഞ്ഞു.

19ഈ ഉപമ തങ്ങളെക്കുറിച്ച് പറഞ്ഞു എന്നു ശാസ്ത്രികളും മഹാപുരോഹിതന്മാരും മനസ്സിലാക്കിയിട്ട് അപ്പോൾ തന്നേ അവനെ ബന്ധിയ്ക്കുവാൻ നോക്കി; എങ്കിലും ജനങ്ങളെ ഭയപ്പെടുന്നതു കൊണ്ട് അത് ചെയ്തില്ല.20പിന്നെ അവർ നീതിമാന്മാർ എന്നു സ്വയം ഭാവിക്കുന്ന ഒറ്റുകാരെ4 അയച്ചു. അവർ അവനെ വാക്കിൽ പിടിക്കേണ്ടതിന് തക്കം നോക്കി. അങ്ങനെ ഗവർണ്ണറുടെ നിയന്ത്രണത്തിലും അധികാരത്തിലും ഏല്പിക്കുവാൻ ശ്രമിച്ചു.
21അവർ അവനോട്: ഗുരോ, നീ നേർ പറഞ്ഞു ഉപദേശിക്കുകയും, ആരുടെയും പക്ഷം നോക്കാതെ ദൈവത്തിന്റെ വഴി യഥാർത്ഥമായി പഠിപ്പിക്കയും ചെയ്യുന്നു എന്നു ഞങ്ങൾ അറിയുന്നു.22നാം കൈസർക്ക് കരം കൊടുക്കുന്നത് നിയമപരമായി ശരിയോ അല്ലയോ എന്നു ചോദിച്ചു.
23യേശു അവരുടെ ഉപായം മനസ്സിലാക്കിയിട്ട് അവൻ അവരോട്: ഒരു വെള്ളിക്കാശ് കാണിക്കുക എന്നു പറഞ്ഞു;24അതിലുള്ള സ്വരൂപവും മേലെഴുത്തും ആരുടേത് എന്നു ചോദിച്ചതിന്: കൈസരുടേത് എന്നു അവർ പറഞ്ഞു.
25എന്നാൽ കൈസർക്കുള്ളത് കൈസർക്കും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുവിൻ എന്നു അവൻ അവരോട് പറഞ്ഞു.26അങ്ങനെ അവർ ജനത്തിന്റെ മുമ്പിൽ വെച്ച് അവനെ വാക്കിൽ പിടിപ്പാൻ കഴിയാതെ അവന്റെ ഉത്തരത്തിൽ ആശ്ചര്യപ്പെട്ടു മിണ്ടാതിരുന്നു.

27പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യരിൽ ചിലർ അടുത്തുവന്ന് അവനോട് ചോദിച്ചത്:28ഗുരോ, ഒരുവന്റെ സഹോദരൻ വിവാഹം കഴിച്ചിട്ട് മക്കളില്ലാതെ മരിച്ചുപോയാൽ അവന്റെ സഹോദരൻ അവന്റെ ഭാര്യയെ പരിഗ്രഹിച്ച് സഹോദരന് സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ എഴുതിയിരിക്കുന്നു.
29എന്നാൽ ഏഴ് സഹോദരന്മാർ ഉണ്ടായിരുന്നു; അവരിൽ ഒന്നാമത്തവൻ ഒരു സ്ത്രീയെ വിവാഹം കഴിച്ച് മക്കളില്ലാതെ മരിച്ചുപോയി.30രണ്ടാമത്തവനും മൂന്നാമത്തവനും അവളെ പരിഗ്രഹിച്ച്.31അപ്രകാരം ഏഴുപേരും ചെയ്തു മക്കളില്ലാതെ മരിച്ചുപോയി.32അവസാനം സ്ത്രീയും മരിച്ചു.33എന്നാൽ പുനരുത്ഥാനത്തിൽ അവൾ അവരിൽ ആരുടെ ഭാര്യയാകും? അവൾ ഏഴ് പേർക്കും ഭാര്യയായിരുന്നുവല്ലോ.
34അതിന് യേശു ഉത്തരം പറഞ്ഞത്: ഈ ലോകത്തിന്റെ മക്കൾ വിവാഹം കഴിക്കുകയും വിവാഹത്തിന് മക്കളെ കൊടുക്കുകയും ചെയ്യുന്നു.35എന്നാൽ ആ ലോകത്തിനും മരിച്ചവരിൽ നിന്നുള്ള പുനരുത്ഥാനത്തിനും യോഗ്യരായവർ വിവാഹം കഴിക്കുകയുമില്ല വിവാഹത്തിന് കൊടുക്കപ്പെടുകയുമില്ല; അവർക്ക് ഇനി മരിക്കുവാനും കഴിയുകയില്ല.36അവൻ പുനരുത്ഥാനപുത്രന്മാരാകയാൽ ദൈവദൂതതുല്യരും ദൈവ പുത്രന്മാരും ആകുന്നു.
37മോശെ മുൾപ്പടർപ്പിനെ കുറിച്ച് പറയുന്ന ഭാഗത്ത് കർത്താവിനെ അബ്രഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്നു പറയുന്നു. അതിനാൽ മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നു എന്ന് മോശെയും സൂചിപ്പിച്ചിരിക്കുന്നു.38ദൈവമോ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; എല്ലാവരും അവന് ജീവിച്ചിരിക്കുന്നുവല്ലോ.
39അതിന് ചില ശാസ്ത്രിമാർ: ഗുരോ, നീ പറഞ്ഞത് ശരി എന്നു ഉത്തരം പറഞ്ഞു.40പിന്നെ അവനോട് അവർ ഒന്നും ചോദിച്ചില്ല.

41എന്നാൽ അവൻ അവരോട്: ക്രിസ്തു ദാവീദിന്റെ പുത്രൻ എന്നു പറയുന്നത് എങ്ങനെ?
42“കർത്താവ് എന്റെ കർത്താവിനോട്: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം എന്റെ വലത്തുഭാഗത്തിരിക്ക എന്നു അരുളിച്ചെയ്തു”
43എന്നു സങ്കീർത്തനപുസ്തകത്തിൽ ദാവീദ് തന്നേ പറയുന്നുവല്ലോ.44ദാവീദ് അവനെ കർത്താവ് എന്നു വിളിക്കുന്നു; പിന്നെ അവന്റെ പുത്രൻ ആകുന്നത് എങ്ങനെ എന്നു ചോദിച്ചു.

45എന്നാൽ ജനം ഒക്കെയും കേൾക്കെ യേശു തന്റെ ശിഷ്യന്മാരോട്:46നിലയങ്കികളോടെ5 നടക്കുവാൻ ആഗ്രഹിക്കുകയും അങ്ങാടിയിൽ വന്ദനവും പള്ളിയിലും അത്താഴത്തിലും പ്രധാനസ്ഥലവും ഇഷ്ടപ്പെടുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊള്ളുവിൻ.47അവർ വിധവമാരുടെ വീടുകളെ നശിപ്പിക്കുകയും, ഉപായരൂപേണ ദീർഘമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു; അവർക്ക് ഏറ്റവും വലിയ ശിക്ഷാവിധി ലഭിക്കും.


1 20. 9 ഉടമസ്ഥനുവേണ്ടി കൂലിക്ക് കൃഷി ചെയ്യുന്നവർ
2 20. 9 ഉടമസ്ഥന് കൃഷിക്ക‍ാരൻ കരാർ പ്രക‍ാരം കൊടുക്കുന്ന വിളവ്
3 20. 17 കോണിൽ സ്ഥാപിക്കുന്ന
4 20. 20 രഹസ്യമായി അന്വേഷിക്കുന്നവർ, സൂക്ഷ്മമായി പരിശോധിക്കുന്നവർ
5 20. 46 നീളം കൂടിയ വസ്ത്രം. തങ്ങൾ പ്രാധാന്യം ഉള്ളവരാണെന്ന് ക‍ാണിക്കുവാൻ ധരിക്കുന്നു.

21

1യേശു തലപൊക്കി നോക്കിയപ്പോൾ ധനവാന്മാർ ഭണ്ഡാരത്തിൽ വഴിപാട് ഇടുന്നത് കണ്ട്.2ദരിദ്രയായ ഒരു വിധവ രണ്ടു കാശ്1 ഇടുന്നത് കണ്ടിട്ട് അവൻ:3ഈ ദരിദ്രയായ വിധവ എല്ലാവരേക്കാളും കൂടുതൽ ഇട്ടിരിക്കുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.4എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ നിന്നല്ലോ വഴിപാട് ഇട്ടത്; ഇവളോ തന്റെ ദാരിദ്ര്യത്തിൽ നിന്നു തന്റെ ഉപജീവനത്തിന് ഉള്ളത് മുഴുവനും ഇട്ടിരിക്കുന്നു.

5ചിലർ ദൈവാലയത്തെക്കുറിച്ച് അത് മനോഹരമായ കല്ലുകളാലും വഴിപാടുകളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞപ്പോൾ:6ഈ കാണുന്നത് എല്ലാം കല്ലിന്മേൽ കല്ല് ശേഷിക്കാതെ ഇടിഞ്ഞുപോകുന്ന കാലം വരും എന്നു അവൻ പറഞ്ഞു.
7ഗുരോ, അത് എപ്പോൾ സംഭവിക്കും? അത് സംഭവിക്കാറാകുമ്പോഴുള്ള അടയാളം എന്ത് എന്നു അവർ അവനോട് ചോദിച്ചു.8അതിന് അവൻ: ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ. ഞാൻ യേശു ആകുന്നു എന്നും, സമയം അടുത്തിരിക്കുന്നു എന്നും പറഞ്ഞു അനേകർ എന്റെ പേരിൽ വരും; പക്ഷേ അവരെ അനുഗമിക്കരുത്.9നിങ്ങൾ യുദ്ധങ്ങളെയും കലഹങ്ങളെയും കുറിച്ച് കേൾക്കുമ്പോൾ ഞെട്ടിപ്പോകരുത്; അത് ആദ്യം സംഭവിക്കേണ്ടത് തന്നേ; എന്നാൽ അന്ത്യം ഉടനെ സംഭവിക്കുകയില്ല എന്നു പറഞ്ഞു.
10പിന്നെ അവൻ അവരോട് പറഞ്ഞത്: ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും.11വലിയ ഭൂകമ്പവും ക്ഷാമവും പകർച്ചവ്യാധികളും അവിടവിടെ ഉണ്ടാകും; ഭയപ്പെടുത്തുന്ന കാഴ്ചകളും ആകാശത്തിൽ വലിയ അടയാളങ്ങളും ഉണ്ടാകും.
12എന്നാൽ ഇതു സംഭവിക്കുന്നതിന് മുമ്പെ, എന്റെ നാമം നിമിത്തം അവർ നിങ്ങളെ പിടിച്ച് ബന്ധിയ്ക്കുകയും, രാജാക്കന്മാരുടേയും നാടുവാഴികളുടേയും മുമ്പിൽ കൊണ്ടുപോയി ഉപദ്രവിക്കുകയും, പള്ളികളിലും തടവുകളിലും ഏല്പിക്കുകയും ചെയ്യും.13അത് നിങ്ങൾക്ക് സാക്ഷ്യം പറയുവാനുള്ള അവസരം ആകും.
14ആകയാൽ എന്ത് ഉത്തരം നൽകും എന്നുള്ളതിനെപ്പറ്റി നേരത്തേ ആലോചിക്കേണ്ട.15നിങ്ങളെ എതിർക്കുന്നവർക്ക് ആർക്കും ചെറുപ്പാനോ നിഷേധിക്കാനോ കഴിയാത്ത വാക്കും ജ്ഞാനവും ഞാൻ നിങ്ങൾക്ക് തരും.
16അമ്മയപ്പന്മാരും സഹോദരന്മാരും ബന്ധുക്കളും കൂട്ടുകാരും നിങ്ങളെ ഏല്പിച്ചുകൊടുക്കുകയും നിങ്ങളിൽ ചിലരെ കൊല്ലിക്കുകയും ചെയ്യും.17എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ വെറുക്കും.18നിങ്ങളുടെ തലയിലെ ഒരു രോമംപോലും നശിച്ചുപോകയില്ലതാനും.19നിങ്ങൾ സഹിഷ്ണതകൊണ്ട് നിങ്ങളുടെ പ്രാണനെ നേടും.

20സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ അത് നശിപ്പിക്കപ്പെടുവാൻ സമയം അടുത്തു എന്നു അറിഞ്ഞുകൊൾവിൻ.21അന്ന് യെഹൂദ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ; അതിന്റെ നടുവിലുള്ളവർ വേഗം പുറത്തേക്ക് പോകട്ടെ; നാട്ടുംപുറങ്ങളിലുള്ളവർ അതിൽ കടക്കരുത്.22എഴുതിയിരിക്കുന്നതെല്ലാം നിവൃത്തിയാകേണ്ടതിന് ആ നാളുകൾ പ്രതികാരത്തിന്റെ കാലം ആകുന്നു.
23ആ കാലത്ത് ഗർഭിണികൾക്കും മുല കുടിപ്പിക്കുന്നവർക്കും അയ്യോ കഷ്ടം! ദേശത്തു വലിയ ഞെരുക്കവും ഈ ജനത്തിന്മേൽ കോപവും ഉണ്ടാകും.24ചിലരെ അവർ വാളുകൊണ്ടു കൊല്ലുകയും, മറ്റു ചിലരെ അവർ പല രാജ്യങ്ങളിലേക്കും അടിമകളായി കൊണ്ടുപോകുകയും, ജാതികളുടെ കാലം കഴിയുന്നതുവരെ ജാതികൾ യെരൂശലേമിൽ വസിക്കുന്നവരെ നശിപ്പിക്കുകയും ചെയ്യും.
25സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും അടയാളങ്ങൾ ഉണ്ടാകും; കടലിന്റെയും തിരമാലകളുടെയും മുഴക്കം നിമിത്തം ഭൂമിയിലെ ജാതികൾക്ക് നിരാശയും പരിഭ്രമവും ഉണ്ടാകും.26ആകാശത്തിന്റെ ശക്തികൾ ഇളകുന്നതിനാൽ ഭൂമിയിൽ എന്ത് സംഭവിപ്പാൻ പോകുന്നു എന്നു പേടിച്ചും കാത്തിരുന്നുംകൊണ്ട് മനുഷ്യരുടെ ബോധം നശിച്ചുപോകും.
27അപ്പോൾ മനുഷ്യപുത്രൻ ശക്തിയോടും മഹാതേജസ്സോടും കൂടെ മേഘത്തിൽ വരുന്നത് അവർ കാണും.28ഇതൊക്കെയും സംഭവിക്കുന്നത് കാണുമ്പോൾ, നിങ്ങളുടെ വീണ്ടെടുപ്പ് അടുത്തുവരുന്നതുകൊണ്ട് നിവർന്നു തല പൊക്കുവിൻ.

29ഒരുപമയും അവരോട് പറഞ്ഞത്: അത്തി മുതലായ സകല വൃക്ഷങ്ങളെയും നോക്കുവിൻ.30അവ തളിർക്കുന്നത് നിങ്ങൾ കാണുമ്പോൾ വേനൽ അടുത്തു എന്നു നാം അറിയുന്നുവല്ലോ.31അതുപോലെ ഇതു സംഭവിക്കുന്നത് കാണുമ്പോൾ ദൈവരാജ്യം അടുത്തിരിക്കുന്നു എന്നു മനസ്സിലാക്കുവിൻ.
32സകലവും സംഭവിക്കുന്നത് വരെ ഈ തലമുറ മാറിപ്പോകയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.33ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല.

34നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ജീവിതത്തിലെ പല ചിന്തകളാലും ഭാരപ്പെട്ടിട്ട് ആ ദിവസം നിങ്ങൾക്ക് പെട്ടെന്ന് കെണി പോലെ വരാതിരിപ്പാൻ സൂക്ഷിച്ചു കൊൾവിൻ.35അത് സർവ്വഭൂതലത്തിലും വസിക്കുന്ന എല്ലാവർക്കും വരും.
36ആകയാൽ ഈ സംഭവിപ്പാനുള്ള എല്ലാറ്റിൽ നിന്നും രക്ഷപെടുവാനും മനുഷ്യപുത്രന്റെ മുമ്പിൽ നില്പാനും നിങ്ങൾ പ്രാപ്തരാകേണ്ടതിന് എപ്പോഴും ഉണർന്നും പ്രാർത്ഥിച്ചുംകൊണ്ടിരിക്കുവിൻ.

37അവൻ എല്ലാ ദിവസവും പകൽ ദൈവാലയത്തിൽ ഉപദേശിച്ചുപോന്നു; രാത്രി ഒലിവുമലയിൽ പോയി താമസിക്കും.38ജനം എല്ലാം അവന്റെ വചനം കേൾക്കേണ്ടതിന് അതികാലത്ത് ദൈവാലയത്തിൽ അവന്റെ അടുക്കൽ ചെല്ലും.


1 21. 2 ഏറ്റവും വിലകുറഞ്ഞ നാണയം

22

1പെസഹ എന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ അടുത്തു.2അപ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തെ ഭയപ്പെടുന്നതിനാൽ അവനെ കൊല്ലുവാനുള്ള കാരണങ്ങൾ അന്വേഷിച്ചു.

3എന്നാൽ പന്ത്രണ്ട് ശിഷ്യന്മാരുടെ കൂട്ടത്തിൽ ഉള്ള ഈസ്കര്യോത്താ യൂദയിൽ സാത്താൻ കടന്നു:4അവൻ ചെന്ന് മഹാപുരോഹിതന്മാരോടും പടനായകന്മാരോടും അവനെ അവർക്ക് കാണിച്ചുകൊടുക്കുന്ന വഴിയെക്കുറിച്ചു സംസാരിച്ചു.
5അവർക്ക് സന്തോഷമായി. യൂദയ്ക്ക് പണം കൊടുക്കാം എന്നു സമ്മതിച്ചു.6അവൻ അവർക്ക് വാക്ക് കൊടുത്തു, പുരുഷാരം ഇല്ലാത്ത സമയത്ത് അവനെ കാണിച്ചുകൊടുക്കുവാൻ അവസരം അന്വേഷിച്ചുപോന്നു.

7പെസഹ കുഞ്ഞാടിനെ അറുക്കേണ്ടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ആയപ്പോൾ8യേശു പത്രൊസിനെയും യോഹന്നാനെയും അയച്ചു: നിങ്ങൾ പോയി നമുക്കു പെസഹ കഴിക്കുവാൻ ഒരുക്കുവിൻ എന്നു പറഞ്ഞു.9ഞങ്ങൾ എവിടെ ഒരുക്കണം എന്നു അവർ ചോദിച്ചതിന്:
10നിങ്ങൾ പട്ടണത്തിൽ എത്തുമ്പോൾ ഒരു കുടം വെള്ളം ചുമന്നുകൊണ്ടു ഒരു മനുഷ്യൻ നിങ്ങൾക്ക് എതിരെ വരും; അവൻ പോകുന്ന വീട്ടിലേക്ക് നിങ്ങളും ചെല്ലുക. വീട്ടുടയവനോട്:11ഞാൻ എന്റെ ശിഷ്യന്മാരുമായി പെസഹ കഴിക്കുവാനുള്ള സ്ഥലം എവിടെ എന്നു ഗുരു നിന്നോട് ചോദിക്കുന്നു എന്നു പറയുക.
12അവൻ മുകളിലത്തെ നിലയിൽ വിരിച്ചൊരുക്കിയ ഒരു വലിയ മുറി കാണിച്ചുതരും; അവിടെ ഒരുക്കുവിൻ എന്നു അവരോട് പറഞ്ഞു.13അവർ പോയി തങ്ങളോട് പറഞ്ഞതുപോലെ കണ്ട് പെസഹ ഒരുക്കി.

14സമയം ആയപ്പോൾ അവൻ അപ്പൊസ്തലന്മാരുമായി ഭക്ഷണത്തിന് ഇരുന്നു.15അവൻ അവരോട്: ഞാൻ കഷ്ടം അനുഭവിക്കുംമുമ്പേ ഈ പെസഹ നിങ്ങളോടുകൂടെ കഴിക്കുവാൻ വളരെ ആഗ്രഹിച്ചു.16അത് ദൈവരാജ്യത്തിൽ പൂർത്തിയാകുന്നതു വരെ ഞാൻ ഇനി അത് കഴിക്കുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നുപറഞ്ഞു.
17പിന്നെ പാനപാത്രം എടുത്തു വാഴ്ത്തി: ഇതു വാങ്ങി പങ്കിട്ടുകൊൾവിൻ.18ദൈവരാജ്യം വരുന്നത് വരെ ഞാൻ മുന്തിരിവള്ളിയുടെ അനുഭവം ഇന്നുമുതൽ കുടിക്കുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
19പിന്നെ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവർക്ക് കൊടുത്തു: ഇതു നിങ്ങൾക്ക് വേണ്ടി നല്കുന്ന എന്റെ ശരീരം; എന്റെ ഓർമ്മയ്ക്കായി ഇതു ചെയ്‌വിൻ എന്നു പറഞ്ഞു.20അതുപോലെതന്നെ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും കൊടുത്തു: ഈ പാനപാത്രം നിങ്ങൾക്ക് വേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയനിയമം ആകുന്നു.
21എന്നാൽ എന്നെ കാണിച്ചുകൊടുക്കുന്നവനും എന്നോടൊപ്പം ഈ മേശയ്ക്കരികിൽ ഉണ്ട്.22ദൈവിക പദ്ധതിക്കനുസരിച്ച് മനുഷ്യപുത്രൻ പോകുന്നു സത്യം; എങ്കിലും അവനെ കാണിച്ചു കൊടുക്കുന്ന മനുഷ്യന് അയ്യോ കഷ്ടം എന്നു പറഞ്ഞു.23ഇതു ചെയ്‌വാൻ പോകുന്നവൻ തങ്ങളുടെ കൂട്ടത്തിൽ ആർ ആയിരിക്കും എന്നു ശിഷ്യന്മാർ തമ്മിൽ തമ്മിൽ ചോദിച്ചു തുടങ്ങി.

24തങ്ങളുടെ കൂട്ടത്തിൽ ആരെ ആകുന്നു വലിയവനായി എണ്ണേണ്ടത് എന്നതിനെച്ചൊല്ലി ഒരു തർക്കവും അവരുടെ ഇടയിൽ ഉണ്ടായി.25യേശു അവരോട് പറഞ്ഞത്: ജാതികളുടെ രാജാക്കന്മാർ അവരിൽ കർത്തൃത്വം നടത്തുന്നു; അവരുടെ മേൽ അധികാരം നടത്തുന്നവരെ ഉപകാരികൾ എന്നു പറയുന്നു.
26നിങ്ങളോ അങ്ങനെയല്ല; നിങ്ങളിൽ മൂത്തവൻ ഇളയവനെപ്പോലെയും നായകൻ ശുശ്രൂഷിക്കുന്നവനെപ്പോലെയും ആകട്ടെ.27ആരാകുന്നു വലിയവൻ? ഭക്ഷണത്തിനിരിക്കുന്നവനോ ശുശ്രൂഷിക്കുന്നവനോ? ഭക്ഷണത്തിനിരിക്കുന്നവൻ ആണ് വലിയവൻ. ഞാനോ നിങ്ങളുടെ ഇടയിൽ ശുശ്രൂഷിക്കുന്നവനെപ്പോലെ ആകുന്നു.
28നിങ്ങൾ ആകുന്നു എന്റെ പരീക്ഷകളിൽ എന്നോടുകൂടെ ഉണ്ടായിരുന്നവർ.29എന്റെ പിതാവ് രാജ്യത്തിന്റെ അധികാരം നൽകി എന്നെ നിയമിച്ചുതന്നതുപോലെ ഞാൻ നിങ്ങളെയും നിയമിക്കുന്നു.30നിങ്ങൾ എന്റെ രാജ്യത്തിൽ എന്നോടൊപ്പം ഭക്ഷിക്കുകയും പാനം ചെയ്യുകയും സിംഹാസനങ്ങളിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിനേയും ന്യായം വിധിക്കുകയും ചെയ്യും.
31ശിമോനേ, ശിമോനെ, സാത്താൻ നിങ്ങളെ ഗോതമ്പുപോലെ പാറ്റേണ്ടതിന് കല്പന ചോദിച്ചു.32ഞാനോ നിന്റെ വിശ്വാസം പോകാതിരിക്കുവാൻ നിനക്ക് വേണ്ടി അപേക്ഷിച്ചു; എന്നാൽ നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊൾക.
33പത്രൊസ് അവനോട്: കർത്താവേ, ഞാൻ നിന്നോടുകൂടെ തടവിലാകുവാനും മരിക്കുവാനും ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.34അതിന് അവൻ: പത്രൊസേ, നീ ഇന്ന് കോഴി കൂകുന്നതിനു മുമ്പെ എന്നെ അറിയുന്നില്ല എന്നു മൂന്നുവട്ടം തള്ളിപ്പറയും എന്നു ഞാൻ നിന്നോട് പറയുന്നു എന്നു പറഞ്ഞു.

35പിന്നെ അവൻ അവരോട്: ഞാൻ നിങ്ങളെ പണസഞ്ചിയും പൊക്കണവും ചെരിപ്പും കൂടാതെ അയച്ചപ്പോൾ വല്ല കുറവുമുണ്ടായോ എന്നു ചോദിച്ചതിന്: ഒരു കുറവുമുണ്ടായില്ല എന്നു അവർ പറഞ്ഞു.36അവൻ അവരോട്: എന്നാൽ ഇപ്പോൾ മടിശ്ശീലയുള്ളവൻ അത് എടുക്കട്ടെ; അതുപോലെതന്നെ പൊക്കണമുള്ളവനും; ഇല്ലാത്തവനോ തന്റെ വസ്ത്രം വിറ്റ് വാൾ വാങ്ങിക്കൊള്ളട്ടെ.
37അവനെ നിയമലംഘകരുടെ കൂട്ടത്തിൽ എണ്ണി എന്നു എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതിന് നിവൃത്തി വരേണ്ടതാകുന്നു എന്നു പറഞ്ഞു.38കർത്താവേ, ഇവിടെ രണ്ടു വാൾ ഉണ്ട് എന്നു അവർ പറഞ്ഞതിന്: ഇതു മതി എന്നു അവൻ അവരോട് പറഞ്ഞു.

39പിന്നെ അവൻ പതിവുപോലെ ഒലിവുമലയ്ക്ക് പുറപ്പെട്ടുപോയി; ശിഷ്യന്മാരും അവനെ അനുഗമിച്ചു.40ആ സ്ഥലത്ത് എത്തിയപ്പോൾ അവൻ അവരോട്: നിങ്ങൾ പരീക്ഷയിൽ അകപ്പെടാതിരിക്കുവാൻ പ്രാർത്ഥിക്കുവിൻ എന്നു പറഞ്ഞു.
41യേശു അവരെ വിട്ടു ഒരു കല്ലേറുദൂരത്തോളം ദൂരെപ്പോയി മുട്ടുകുത്തി;42പിതാവേ, നിനക്ക് മനസ്സുണ്ടെങ്കിൽ കഷ്ടതയുടെ ഈ പാനപാത്രം എന്നിൽ നിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടം തന്നെ ആകട്ടെ എന്നു പ്രാർത്ഥിച്ചു.
43അവനെ ശക്തിപ്പെടുത്തുവാൻ സ്വർഗ്ഗത്തിൽ നിന്നു ഒരു ദൂതൻ അവന് പ്രത്യക്ഷനായി.44പിന്നെ അവൻ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാർത്ഥിച്ചു; അവന്റെ വിയർപ്പ് നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി.
45അവൻ പ്രാർത്ഥന കഴിഞ്ഞു എഴുന്നേറ്റ് ശിഷ്യന്മാരുടെ അടുക്കൽ ചെന്ന്, അവർ വിഷാദത്താൽ ഉറങ്ങുന്നത് കണ്ട് അവരോട്:46നിങ്ങൾ ഉറങ്ങുന്നത് എന്ത്? പരീക്ഷയിൽ അകപ്പെടാതിരിക്കുവാൻ എഴുന്നേറ്റ് പ്രാർത്ഥിക്കുവിൻ എന്നു പറഞ്ഞു.

47അവൻ സംസാരിക്കുമ്പോൾ തന്നേ പുരുഷാരം അവന്റെ അടുക്കൽ വന്നു; പന്ത്രണ്ട് ശിഷ്യരിൽ ഒരുവനായ യൂദാ അവർക്ക് മുന്നിൽ നടന്നു യേശുവിനെ ചുംബിപ്പാൻ അടുത്തുവന്നു.48യേശു അവനോട്: യൂദയേ, മനുഷ്യപുത്രനെ ചുംബനംകൊണ്ടോ കാണിച്ചുകൊടുക്കുന്നത് എന്നു പറഞ്ഞു.
49അവിടെ സംഭവിപ്പാൻ പോകുന്നത് എന്താണ് എന്നു അവന്റെ കൂടെയുള്ളവർക്ക് മനസ്സിലായി: കർത്താവേ, ഞങ്ങൾ അവരെ വാൾകൊണ്ടു വെട്ടേണമോ എന്നു ചോദിച്ചു.50അവരിൽ ഒരുവൻ മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ വലത്തെ ചെവി അറുത്തു.51അപ്പോൾ യേശു; ഇത്രയും ചെയ്തത് മതി അവനെ വിടുവിൻ എന്നു പറഞ്ഞു അവന്റെ ചെവി തൊട്ടു സൌഖ്യമാക്കി.
52യേശു തന്റെ നേരെ വന്ന മഹാപുരോഹിതന്മാരോടും ദൈവാലയത്തിലെ പടനായകന്മാരോടും മൂപ്പന്മാരോടും: ഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങൾ വാളും വടിയുമായി എന്റെ നേരെ വരുന്നത് എന്തിനാണ്?53ഞാൻ ദിവസേന ദൈവാലയത്തിൽ നിങ്ങളോടുകൂടെ ഇരുന്നിട്ടും എന്റെ നേരെ കൈ ഓങ്ങിയില്ല; എന്നാൽ ഇതു നിങ്ങളുടെ നാഴികയും ഇരുളിന്റെ അധികാരവും ആകുന്നു എന്നു പറഞ്ഞു.

54അവർ യേശുവിനെ പിടിച്ച് മഹാപുരോഹിതന്റെ വീട്ടിൽ കൊണ്ടുപോയി; പത്രൊസും കുറച്ച് അകലം വിട്ടു അവരെ അനുഗമിച്ചു.55അവർ എല്ലാവരും നടുമുറ്റത്തിന്റെ1 മദ്ധ്യേ തീ കത്തിച്ച് കൊണ്ടിരുന്നപ്പോൾ പത്രൊസും അവരുടെ ഇടയിൽ ഇരുന്നു.
56അവൻ തീയുടെ വെളിച്ചത്തിനരികെ ഇരിക്കുന്നത് ഒരു ബാല്യക്കാരത്തി കണ്ട് അവനെ സൂക്ഷിച്ചു നോക്കി: ഇവനും യേശുവിനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു.57അവനോ; സ്ത്രീയേ, ഞാൻ അവനെ അറിയുന്നില്ല എന്നു തള്ളിപ്പറഞ്ഞു.58കുറച്ച് കഴിഞ്ഞപ്പോൾ മറ്റൊരുവൻ അവനെ കണ്ട്: നീയും അവരുടെ കൂട്ടത്തിലുള്ളവൻ എന്നു പറഞ്ഞു; പത്രൊസോ: മനുഷ്യാ, ഞാൻ അല്ല എന്നു പറഞ്ഞു.
59ഏകദേശം ഒരു മണിക്കൂർ നേരം കഴിഞ്ഞപ്പോൾ വേറൊരുവൻ: ഇവനും അവനോടുകൂടെ ആയിരുന്നു സത്യം; ഇവൻ ഗലീലക്കാരനല്ലോ എന്നു ഉറപ്പിച്ചു പറഞ്ഞു.60മനുഷ്യാ, നീ പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല എന്നു പത്രൊസ് പറഞ്ഞു. അവൻ സംസാരിക്കുമ്പോൾ തന്നേ പെട്ടെന്ന് കോഴി കൂകി.
61അപ്പോൾ കർത്താവ് തിരിഞ്ഞു പത്രൊസിനെ ഒന്ന് നോക്കി: ഇന്ന് കോഴി കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു കർത്താവ് തന്നോട് പറഞ്ഞ വാക്ക് പത്രൊസ് ഓർത്തു62പുറത്തിറങ്ങി അതിദുഃഖത്തോടെ കരഞ്ഞു.

63യേശുവിനെ പിടിച്ചവർ അവനെ പരിഹസിച്ചു കണ്ണുകെട്ടി തല്ലി:64പ്രവചിക്ക; നിന്നെ അടിച്ചവൻ ആർ എന്നു ചോദിച്ചു65അവർ ദൈവത്തെ നിന്ദിച്ച് യേശുവിനെതിരായി മറ്റു പലകാര്യങ്ങളും പറഞ്ഞു.

66രാവിലെ ജനത്തിന്റെ മൂപ്പന്മാരായ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും വന്നുകൂടി അവനെ ന്യായാധിപസംഘത്തിൽ വരുത്തി: നീ ക്രിസ്തു എങ്കിൽ ഞങ്ങളോടു പറക എന്നു പറഞ്ഞു.67അവൻ അവരോട്: ഞാൻ നിങ്ങളോടു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കയില്ല;68ഞാൻ ചോദിച്ചാൽ ഉത്തരം പറയുകയുമില്ല.
69എന്നാൽ ഇന്നുമുതൽ മനുഷ്യപുത്രൻ ദൈവശക്തിയുടെ വലത്തുഭാഗത്ത് ഇരിക്കും എന്നു പറഞ്ഞു.70എന്നാൽ നീ ദൈവപുത്രൻ തന്നെ ആകുന്നോ എന്നു എല്ലാവരും ചോദിച്ചതിന്: നിങ്ങൾ പറയുന്നത് ശരി; ഞാൻ ആകുന്നു എന്നു അവൻ പറഞ്ഞു.71അപ്പോൾ അവർ ഇനി സാക്ഷ്യംകൊണ്ട് നമുക്കു എന്ത് ആവശ്യം? അവൻ പറയുന്നത് തന്നേ നമ്മൾ കേട്ടുവല്ലോ എന്നു പറഞ്ഞു.


1 22. 55 നടുമുറ്റം എന്നാൽ മേൽക്കൂരയില്ലാതെ മതിലുകളാൽ ചുറ്റപ്പെട്ട സ്ഥലം

23

1പിന്നീട് അവർ എല്ലാവരും കൂടി അവനെ പീലാത്തോസിന്റെ അടുക്കൽ കൊണ്ടുപോയി:2ഇവൻ ഞങ്ങളുടെ ജാതിയെ വഴി തെറ്റിക്കുകയും, താൻ ക്രിസ്തു എന്ന രാജാവാകുന്നു എന്നു പറഞ്ഞുകൊണ്ട് കൈസർക്ക് കരം കൊടുക്കുന്നത് തടയുകയും ചെയ്യുന്നതായി ഞങ്ങൾ കണ്ട് എന്നു കുറ്റം ചുമത്തിത്തുടങ്ങി.

3പീലാത്തോസ് യേശുവിനോടു: നീ യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ചതിന്: ഞാൻ ആകുന്നു എന്നു ഉത്തരം പറഞ്ഞു.4പീലാത്തോസ് മഹാപുരോഹിതരോടും പുരുഷാരത്തോടും: ഞാൻ ഈ മനുഷ്യനിൽ കുറ്റം ഒന്നും കാണുന്നില്ല എന്നു പറഞ്ഞു.5അതിന് അവർ: അവൻ ഗലീല മുതൽ യെഹൂദ്യയിൽ ഇവിടെ വരെ പഠിപ്പിച്ച് ജനത്തെ കലഹിപ്പിക്കുന്നു എന്നു ഉറപ്പിച്ചു പറഞ്ഞു.
6ഇതു കേട്ടിട്ട് ഈ മനുഷ്യൻ ഗലീലക്കാരനാണോ എന്നു പീലാത്തോസ് ചോദിച്ചു;7യേശു ഹെരോദാവിന്റെ അധികാരത്തിൽ ഉൾപ്പെട്ടവൻ ആകുന്നു എന്നറിഞ്ഞിട്ട്, അന്ന് യെരൂശലേമിൽ വന്നു പാർക്കുന്ന ഹെരോദാവിന്റെ അടുക്കൽ അവനെ അയച്ചു.

8ഹെരോദാവ് യേശുവിനെ കണ്ടിട്ട് വളരെ അധികം സന്തോഷിച്ച്; അവനെക്കുറിച്ച് കേട്ടിരുന്നതുകൊണ്ട് അവനെ കാണ്മാൻ വളരെക്കാലമായി ആഗ്രഹിച്ചു, അവൻ വല്ല അടയാളവും ചെയ്യുന്നതു കാണാം എന്നു ആശിച്ചിരുന്നു.9എന്നാൽ ഹെരോദാവ് ചോദ്യങ്ങൾ ചോദിച്ചിട്ടും അവൻ അവനോട് ഉത്തരം ഒന്നും പറഞ്ഞില്ല.10മഹാപുരോഹിതന്മാരും ശാസ്ത്രിമാരും കഠിനമായി അവനെ കുറ്റം ചുമത്തിക്കൊണ്ട് നിന്നു.
11ഹെരോദാവ് തന്റെ പടയാളികളുമായി അവനെ പരിഹസിച്ചു നിസ്സാരനാക്കി വെളുത്ത വസ്ത്രം ധരിപ്പിച്ച് പീലാത്തോസിന്റെ അടുക്കൽ മടക്കി അയച്ചു.12അന്ന് ഹെരോദാവും പീലാത്തോസും തമ്മിൽ സ്നേഹിതന്മാരായിത്തീർന്നു; മുമ്പെ അവർ തമ്മിൽ എതിരാളികൾ ആയിരുന്നു.

13പീലാത്തോസ് മഹാപുരോഹിതന്മാരെയും പ്രമാണികളെയും ജനത്തെയും വിളിച്ചു കൂട്ടി.14അവരോട്: ഈ മനുഷ്യൻ ജനങ്ങളെ വഴി തെറ്റിക്കുന്നു എന്നു പറഞ്ഞു നിങ്ങൾ അവനെ എന്റെ അടുക്കൽ കൊണ്ടുവന്നുവല്ലോ; ഞാനോ നിങ്ങളുടെ മുമ്പാകെ വിസ്തരിച്ചിട്ടും നിങ്ങൾ ചുമത്തിയ കുറ്റം ഒന്നും ഇവനിൽ കണ്ടില്ല;
15ഹെരോദാവും കണ്ടില്ല; ഹെരോദാവ് യേശുവിനെ നമ്മുടെ അടുക്കൽ മടക്കി അയച്ചുവല്ലോ; ഇവൻ മരണയോഗ്യമായത് ഒന്നും പ്രവർത്തിച്ചിട്ടില്ല എന്ന് ഉറപ്പാണ്;16അതുകൊണ്ട് ഞാൻ അവനെ ശിക്ഷ കൊടുത്ത് വിട്ടയയ്ക്കും എന്നു പറഞ്ഞു.17പക്ഷേ ജനങ്ങൾ ഇവനെ നീക്കിക്കളക; ബറബ്ബാസിനെ വിട്ടു തരിക എന്നു നിലവിളിച്ചു.
18[ഉത്സവസമയത്ത് ഒരു തടവുകാരനെ മോചിപ്പിക്കുന്ന പതിവ് ഉണ്ടായിരുന്നു]19ബറബ്ബാസ് നഗരത്തിൽ ഉണ്ടായ ഒരു വഴക്കും കൊലപാതകവും കാരണം തടവിലായവൻ ആയിരുന്നു.
20പീലാത്തോസിന് യേശുവിനെ മോചിപ്പിക്കുവാൻ ആഗ്രഹം ഉണ്ടായിരുന്നു. അതുകൊണ്ട് പിന്നെയും അവരോട് സംസാരിച്ചു.21അവരോ: അവനെ ക്രൂശിയ്ക്ക, ക്രൂശിയ്ക്ക എന്നു എതിരെ നിലവിളിച്ചു.22അവൻ മൂന്നാമതും അവരോട്: അവൻ ചെയ്ത ദോഷം എന്ത്? മരണയോഗ്യമായത് ഒന്നും അവനിൽ കണ്ടില്ല; അതുകൊണ്ട് ഞാൻ അവനെ ശിക്ഷ കൊടുത്തു വിട്ടയയ്ക്കും എന്നു പറഞ്ഞു.
23അവരോ അവനെ ക്രൂശിക്കേണ്ടതിന് തുടർച്ചയായി നിലവിളിച്ചുകൊണ്ടിരുന്നു; അവരുടെ നിലവിളി ഫലിച്ചു;24അവരുടെ അപേക്ഷപോലെ ആകട്ടെ എന്നു പീലാത്തോസ് വിധിച്ചു,25വഴക്കും കൊലപാതകവും കാരണം തടവിലായവനെ അവരുടെ അപേക്ഷപോലെ വിട്ടുകൊടുക്കുകയും യേശുവിനെ അവരുടെ ഇഷ്ടത്തിന് ഏല്പിക്കുകയും ചെയ്തു.

26യേശുവിനെ ക്രൂശിക്കാനായി കൊണ്ടുപോകുമ്പോൾ വയലിൽ നിന്നു വരുന്ന ശിമോൻ എന്ന ഒരു കുറേനക്കാരനെ കണ്ട്. അവനെ കൊണ്ട് അവർ ക്രൂശ് ചുമപ്പിച്ചു. അവൻ യേശുവിന്റെ പിന്നാലെ നടന്നു.

27ഒരു വലിയ ജനസമൂഹവും അവനെച്ചൊല്ലി ദുഖിച്ചു കരയുന്ന അനേകം സ്ത്രീകളും അവന്റെ പിന്നാലെ ചെന്ന്.28യേശു തിരിഞ്ഞു അവരെ നോക്കി: യെരൂശലേം പുത്രിമാരേ, എന്നെച്ചൊല്ലി കരയണ്ട, നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരയുവിൻ.
29പ്രസവിക്കാത്ത ഉദരങ്ങളും കുടിപ്പിക്കാത്ത മുലകളും ഭാഗ്യമുള്ളവ എന്നു പറയുന്ന കാലം വരുന്നു.30അന്ന് മലകളോട്: ഞങ്ങളുടെ മേൽ വീഴുവിൻ എന്നും കുന്നുകളോട്: ഞങ്ങളെ മൂടുവിൻ എന്നും പറഞ്ഞു തുടങ്ങും.31പച്ചമരത്തോട് ഇങ്ങനെ അവർ ചെയ്യുന്നെങ്കിൽ ഉണങ്ങിയതിന് എന്താണ് സംഭവിക്കുക എന്നു പറഞ്ഞു.

32കുറ്റവാളികളായ വേറെ രണ്ടുപേരെയും അവനോടുകൂടെ കൊല്ലേണ്ടതിന് കൊണ്ടുപോയി.

33തലയോടിടം എന്ന സ്ഥലത്ത് എത്തിയപ്പോൾ അവർ അവിടെ അവനെയും കുറ്റവാളികളായ, ഒരുവനെ വലത്തും ഒരുവനെ ഇടത്തുമായി, ക്രൂശിച്ചു.34അപ്പോൾ യേശു: പിതാവേ, ഇവർ ചെയ്യുന്നതു എന്താണെന്ന് അറിയാത്തതുകൊണ്ട് ഇവരോട് ക്ഷമിക്കേണമേ എന്നു പറഞ്ഞു. പിന്നീട് അവർ അവന്റെ വസ്ത്രം പങ്കിടാനായി ചീട്ടിട്ടു.
35ജനം നോക്കിക്കൊണ്ട് നിന്നു. ഇവൻ മറ്റുള്ളവരെ രക്ഷിച്ചുവല്ലോ; ദൈവം തിരഞ്ഞെടുത്ത ക്രിസ്തു എങ്കിൽ സ്വയം രക്ഷിയ്ക്കട്ടെ എന്നു ഭരണകർത്താക്കളും പരിഹസിച്ചുപറഞ്ഞു.
36പടയാളികളും അവനെ പരിഹസിച്ചു അടുത്തുവന്ന് അവന് പുളിച്ചവീഞ്ഞ് കാണിച്ചു.37നീ യെഹൂദന്മാരുടെ രാജാവ് എങ്കിൽ നിന്നെത്തന്നെ രക്ഷിയ്ക്ക എന്നു പറഞ്ഞു.38ഇവൻ യെഹൂദന്മാരുടെ രാജാവ് എന്നു ഒരു തലക്കെട്ട് അവന്റെ മീതെ ഉണ്ടായിരുന്നു.

39അവനോടൊപ്പം തൂക്കിയ കുറ്റക്കാരിൽ ഒരുവൻ: നീ ക്രിസ്തു അല്ലയോ? നിന്നെയും ഞങ്ങളെയും രക്ഷിയ്ക്ക എന്നു പറഞ്ഞു അവനെ കളിയാക്കി.40മറ്റവനോ അവനെ ശാസിച്ചു: തുല്യശിക്ഷയ്ക്ക് വിധേയൻ ആയിട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലയോ?41നാമോ ന്യായമായിട്ട് ശിക്ഷ അനുഭവിക്കുന്നു; നാം പ്രവർത്തിച്ചതിന് യോഗ്യമായതല്ലോ കിട്ടുന്നത്; പക്ഷേ ഇവനോ തെറ്റ് ഒന്നും ചെയ്തിട്ടില്ല എന്നു പറഞ്ഞു.
42പിന്നെ അവൻ: യേശുവേ, നിന്റെ രാജ്യത്തിൽ നീ രാജാവായി വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ എന്നു പറഞ്ഞു.43യേശു അവനോട്: ഇന്ന് നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോട് പറയുന്നു എന്നു പറഞ്ഞു.

44ഏകദേശം ആറാം മണി1 നേരമായപ്പോൾ സൂര്യൻ ഇരുണ്ടുപോയിട്ട് ഒമ്പതാം മണിവരെ2 ദേശത്തു ഒക്കെയും അന്ധകാരം ഉണ്ടായി.45ദൈവമന്ദിരത്തിലെ തിരശ്ശീല നടുവെ കീറിപ്പോയി.
46യേശു അത്യുച്ചത്തിൽ പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ട് പ്രാണനെ വിട്ടു.47ഈ സംഭവിച്ചത് ശതാധിപൻ കണ്ടിട്ട്: ഈ മനുഷ്യൻ വാസ്തവമായി നീതിമാൻ ആയിരുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.
48കാണ്മാൻ കൂടി വന്ന പുരുഷാരം ഒക്കെയും സംഭവിച്ചത് കണ്ടിട്ട് മാറത്തടിച്ചുകൊണ്ടു മടങ്ങിപ്പോയി.49അവന്റെ പരിചയക്കാർ എല്ലാവരും ഗലീലയിൽ നിന്നു അവനെ അനുഗമിച്ച സ്ത്രീകളും ഇതു നോക്കിക്കൊണ്ട് ദൂരത്ത് നിന്നു.

50അരിമത്ഥ്യ എന്നൊരു യെഹൂദ്യപട്ടണക്കാരനായി നല്ലവനും നീതിമാനും ദൈവരാജ്യത്തെ കാത്തിരുന്നവനുമായ യോസഫ് എന്നൊരു മന്ത്രി ഉണ്ടായിരുന്നു.51അവൻ അവരുടെ ആലോചനയ്ക്കും പ്രവൃത്തിക്കും അനുകൂലമല്ലായിരുന്നു.
52അവൻ പീലാത്തോസിന്റെ അടുക്കൽ ചെന്ന് യേശുവിന്റെ ശരീരം ചോദിച്ചു,53അത് ഇറക്കി ഒരു തുണിയിൽ പൊതിഞ്ഞു, പാറയിൽ വെട്ടിയിരുന്നതും, ആരെയും ഒരിക്കലും വെച്ചിട്ടില്ലാത്തതുമായ കല്ലറയിൽ വെച്ച്.
54അന്ന് യെഹൂദന്മാരുടെ ഒരുക്കനാൾ ആയിരുന്നു, ശബ്ബത്തും ആരംഭിച്ചു.55ഗലീലയിൽ നിന്നു അവനോടുകൂടെ അനുഗമിച്ച സ്ത്രീകളും ചെന്ന് കല്ലറയും അവന്റെ ശരീരം വെച്ച വിധവും കണ്ടിട്ട്56മടങ്ങിപ്പോയി സുഗന്ധവർഗ്ഗവും പരിമളതൈലവും ഒരുക്കി; കല്പന അനുസരിച്ചു ശബ്ബത്തിൽ സ്വസ്ഥമായിരിന്നു.


1 23. 44 ഉച്ചയ്ക്ക് 12 മണി
2 23. 44 ഉച്ചയ്ക്ക് 3 മണി

24

1അവർ ഒരുക്കിയ സുഗന്ധവർഗ്ഗം എടുത്തു കൊണ്ട് ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം1 അതികാലത്ത് കല്ലറയ്ക്കൽ എത്തി,2കല്ലറയിൽ നിന്നു കല്ല് ഉരുട്ടിമാറ്റിയതായി കണ്ട്.3അകത്ത് കടന്നപ്പോൾ കർത്താവായ യേശുവിന്റെ ശരീരം കണ്ടില്ല.

4അതിനെക്കുറിച്ച് അവർ അമ്പരന്നിരിക്കുമ്പോൾ മിന്നുന്ന വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അരികെ നില്ക്കുന്നതു കണ്ട്.5അവർ ഭയപ്പെട്ടു മുഖം കുനിച്ച് നില്ക്കുമ്പോൾ പുരുഷന്മാർ അവരോട്: നിങ്ങൾ ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നത് എന്ത്?
6അവൻ ഇവിടെ ഇല്ല, ഉയിർത്തെഴുന്നേറ്റിരിക്കുന്നു;7മുമ്പെ അവൻ ഗലീലയിൽ ആയിരിക്കുമ്പോൾ തന്നേ അവൻ നിങ്ങളോടു: മനുഷ്യപുത്രനെ പാപികളായ മനുഷ്യരുടെ കയ്യിൽ ഏല്പിച്ചു ക്രൂശിക്കയും അവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കുകയും വേണം എന്നു പറഞ്ഞത് ഓർത്തുകൊൾവിൻ എന്നു പറഞ്ഞു
8അപ്പോൾ അവർ അവന്റെ വാക്ക് ഓർത്തു,9കല്ലറ വിട്ടു മടങ്ങിപ്പോയി പതിനൊന്നു ശിഷ്യർ മുതലായ എല്ലാവരോടും ഇതു ഒക്കെയും അറിയിച്ചു.10മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിന്റെ അമ്മ മറിയ, അവരോടുകൂടെയുള്ള മറ്റു സ്ത്രീകൾ എന്നിവരാണ് അത് അപ്പൊസ്തലന്മാരോട് പറഞ്ഞത്.
11ഈ വാക്ക് അവർക്ക് വെറും കഥപോലെ തോന്നി; അതുകൊണ്ട് അവർ വിശ്വസിച്ചില്ല.12[എന്നാൽ പത്രൊസ് എഴുന്നേറ്റ് കല്ലറയ്ക്കൽ ഓടിച്ചെന്നു കുനിഞ്ഞു നോക്കി, തുണി മാത്രം കണ്ട്, സംഭവിച്ചതെന്തെന്ന് ആശ്ചര്യപ്പെട്ടു മടങ്ങിപ്പോന്നു.]

13അന്നുതന്നെ അവരിൽ രണ്ടുപേർ യെരൂശലേമിൽനിന്നു ഏഴ് നാഴിക2 ദൂരമുള്ള എമ്മവുസ്സ് എന്ന ഗ്രാമത്തിലേക്ക് പോകുന്ന വഴിയിൽ14ഈ സംഭവിച്ചതിനെക്കുറിച്ച് ഒക്കെയും തമ്മിൽ സംസാരിച്ചുകൊണ്ടിരുന്നു.
15സംസാരിച്ചും ചോദിച്ചും കൊണ്ടിരിക്കുമ്പോൾ യേശുവും അടുത്തുചെന്ന് അവരോട് ചേർന്നുനടന്നു.16യേശുവിനെ തിരിച്ചറിയാതിരിക്കാനായി അവരുടെ കണ്ണ് മറച്ചിരുന്നു.
17അവൻ അവരോട്: നിങ്ങൾ വഴിനടന്നു തമ്മിൽ തർക്കിക്കുന്ന ഈ കാര്യം എന്ത് എന്നു ചോദിച്ചു; അവർ വാടിയ മുഖത്തോടെ നിന്നു.18അവരിൽ ക്ലെയോപ്പാവ് എന്നു പേരുള്ളവൻ; യെരൂശലേം നിവാസികളിൽ ഈ നാളുകളിൽ അവിടെ സംഭവിച്ച കാര്യം അറിയാതിരിക്കുന്നത് നീ മാത്രം ആകുന്നു പറഞ്ഞു.
19ഏത് കാര്യം എന്നു അവൻ അവരോട് ചോദിച്ചതിന് അവർ അവനോട് പറഞ്ഞത്: ദൈവത്തിനും സകലജനത്തിനും മുമ്പാകെ പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനായിരുന്ന നസറായനായ യേശുവിനെക്കുറിച്ചുള്ളതു തന്നേ.20നമ്മുടെ മഹാപുരോഹിതന്മാരും പ്രമാണികളും അവനെ മരണവിധിക്കു ഏല്പിച്ചു ക്രൂശിച്ചു.
21ഞങ്ങളോ അവൻ യിസ്രായേലിനെ വീണ്ടെടുപ്പാനുള്ളവൻ എന്നു ആശിച്ചിരുന്നു; അത്രയുമല്ല, ഇതു സംഭവിച്ചിട്ട് ഇന്ന് മൂന്നു നാൾ കഴിഞ്ഞു.
22ഞങ്ങളുടെ കൂട്ടത്തിൽ ചില സ്ത്രീകൾ രാവിലെ കല്ലറയ്ക്കൽ പോയി23പക്ഷേ അവന്റെ ശരീരം കാണാതെ മടങ്ങിവന്നു. അവൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞ ദൂതന്മാരുടെ ദർശനം കണ്ട് എന്നു പറഞ്ഞു.24ഞങ്ങളുടെ കൂട്ടത്തിൽ ചിലർ കല്ലറയ്ക്കൽ ചെന്ന് സ്ത്രീകൾ പറഞ്ഞതുപോലെ തന്നേ യേശുവിനെ കണ്ടില്ലതാനും.
25അവൻ അവരോട്: “അയ്യോ, ബുദ്ധിഹീനരേ, പ്രവാചകന്മാർ പറഞ്ഞിരിക്കുന്നത് എല്ലാം വിശ്വസിക്കാത്ത മന്ദബുദ്ധികളേ,26ക്രിസ്തു ഇങ്ങനെ കഷ്ടം അനുഭവിച്ചിട്ട് തന്റെ മഹത്വത്തിൽ പ്രവേശിക്കേണ്ടതല്ലയോ” എന്നു പറഞ്ഞു,27മോശെ തുടങ്ങി എല്ലാ പ്രവാചകന്മാരിൽ നിന്നും എല്ലാ തിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളത് യേശു അവർക്ക് വ്യക്തമാക്കി കൊടുത്തു.
28അവർക്ക് പോകേണ്ടിയിരുന്ന ഗ്രാമത്തോട് അടുത്തപ്പോൾ യേശു മുമ്പോട്ടു പോകുന്ന ഭാവം കാണിച്ചു.29അവരോ: ഞങ്ങളോടുകൂടെ താമസിക്കുക; നേരം വൈകി അസ്തമിക്കാറായല്ലോ എന്നു പറഞ്ഞു അവനെ നിബ്ബന്ധിച്ചു; അവൻ അവരോടുകൂടെ താമസിക്കുവാൻ ചെന്ന്.
30അവരുമായി ഭക്ഷണത്തിന് ഇരിക്കുമ്പോൾ യേശു അപ്പം എടുത്തു അനുഗ്രഹിച്ചു നുറുക്കി അവർക്ക് കൊടുത്തു.31ഉടനെ അവരുടെ കണ്ണ് തുറന്നു അവർ യേശുവിനെ തിരിച്ചറിഞ്ഞു; അവൻ അവർക്ക് അപ്രത്യക്ഷനായി32അവൻ വഴിയിൽ നമ്മോടു സംസാരിച്ചു തിരുവെഴുത്തുകളെ വ്യക്തമാക്കുമ്പോൾ നമ്മുടെ ഹൃദയം നമ്മുടെ ഉള്ളിൽ കത്തിക്കൊണ്ടിരുന്നില്ലയോ എന്നു അവർ തമ്മിൽ പറഞ്ഞു.
33അപ്പോൾ തന്നേ അവർ എഴുന്നേറ്റ് യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.34കർത്താവ് നിശ്ചയമായി ഉയിർത്തെഴുന്നേറ്റു ശിമോന് പ്രത്യക്ഷനായി എന്നു കൂടിയിരുന്നു പറയുന്ന പതിനൊന്നു ശിഷ്യരെയും കൂടെയുള്ളവരെയും കണ്ട്.35വഴിയിൽ വച്ച് സംഭവിച്ചതും അവൻ അപ്പം നുറുക്കിയപ്പോൾ തങ്ങൾക്കു യേശുവിനെ മനസ്സിലായതും അവർ വിവരിച്ചു പറഞ്ഞു.

36ഇങ്ങനെ അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ യേശു അവരുടെ നടുവിൽ നിന്നു: [നിങ്ങൾക്ക് സമാധാനം എന്നു പറഞ്ഞു.]37അവർ ഞെട്ടി ഭയപ്പെട്ടു; ഒരു ഭൂതത്തെ കാണുന്നു എന്നു അവർക്ക് തോന്നി.
38അവൻ അവരോട്: നിങ്ങൾ ഭയക്കുന്നതു എന്തിനാണ്? നിങ്ങൾ സംശയിക്കുന്നത് എന്താണ്?39ഞാൻ തന്നെ ആകുന്നു എന്നു എന്റെ കയ്യും കാലും നോക്കി മനസ്സിലാക്കുവിൻ; എന്നെ തൊട്ടുനോക്കുവിൻ; എന്നിൽ കാണുന്നതുപോലെ ഭൂതത്തിന് മാംസവും അസ്ഥിയും ഇല്ലല്ലോ എന്നു പറഞ്ഞു.40[ഇങ്ങനെ പറഞ്ഞിട്ട് അവൻ കയ്യും കാലും അവരെ കാണിച്ചു.]
41അവർ സന്തോഷത്താൽ വിശ്വസിക്കാതെ അതിശയിച്ചു നില്ക്കുമ്പോൾ അവരോട്: ഇവിടെ നിങ്ങളുടെ അടുത്ത് തിന്നുവാൻ വല്ലതും ഉണ്ടോ എന്നു ചോദിച്ചു.42അവർ ഒരു കഷണം വറുത്ത മീനും [തേൻകട്ടയും] അവന് കൊടുത്തു.43യേശു അത് വാങ്ങി അവർ കാൺകെ തിന്നു.

44പിന്നെ അവൻ അവരോട്: ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കുകൾ. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ച് എഴുതിയിരിക്കുന്നത് ഒക്കെയും നിവൃത്തിയാകേണം എന്നുള്ളത് തന്നേ എന്നു പറഞ്ഞു
45തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന് അവരുടെ ബുദ്ധിയെ തുറന്നു.46ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാം നാൾ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്ക്കുകയും47അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കുകയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.
48ഇതിനു നിങ്ങൾ സാക്ഷികൾ ആകുന്നു.49എന്റെ പിതാവ് വാഗ്ദത്തം ചെയ്തതിനെ ഞാൻ നിങ്ങളുടെ മേൽ അയയ്ക്കും. നിങ്ങളോ ഉയരത്തിൽനിന്ന് ശക്തി ലഭിക്കുന്നതു വരെ നഗരത്തിൽ പാർപ്പിൻ എന്നും അവരോട് പറഞ്ഞു.

50അതുകഴിഞ്ഞ് അവൻ അവരെ ബേഥാന്യ വരെ കൂട്ടിക്കൊണ്ടുപോയി കൈ ഉയർത്തി അവരെ അനുഗ്രഹിച്ചു.51അവരെ അനുഗ്രഹിക്കയിൽ അവൻ അവരെ വിട്ടു പിരിഞ്ഞു [സ്വർഗ്ഗാരോഹണം ചെയ്തു].
52അവർ [അവനെ നമസ്കരിച്ചു] മഹാസന്തോഷത്തോടെ യെരൂശലേമിലേക്കു മടങ്ങിച്ചെന്നു53എല്ലായ്പോഴും ദൈവാലയത്തിൽ ഇരുന്നു ദൈവത്തെ വാഴ്ത്തിപ്പോന്നു.


1 24. 1 ഞായറ‍ാഴ്ച
2 24. 13 11 കിലോമീറ്റർ

യോഹന്നാൻ

1
ആദിയിലെ വചനം.

1ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.2അവൻ, ഈ വചനം, ആദിയിൽ ദൈവത്തോടുകൂടെ ആയിരുന്നു.3സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതൊന്നും അവനെ കൂടാതെ ഉളവായതല്ല.

4അവനിൽ ജീവൻ ഉണ്ടായിരുന്നു; ആ ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു.5വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല.
6ദൈവം അയച്ചിട്ട് ഒരു മനുഷ്യൻ വന്നു; അവന്റെ പേരു യോഹന്നാൻ.7താൻ മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന് വെളിച്ചത്തെക്കുറിച്ച് സാക്ഷ്യം പറവാൻ തന്നേ അവൻ വന്നു.8യോഹന്നാൻ വെളിച്ചം ആയിരുന്നില്ല; വെളിച്ചത്തെക്കുറിച്ച് സാക്ഷ്യം പറയേണ്ടുന്നവനായിട്ടത്രേ അവൻ വന്നത്.
9എല്ലാവരെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.
10അവൻ ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻ മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല.11അവൻ തന്റെ സ്വന്തമായതിലേക്ക് വന്നു; സ്വന്തജനങ്ങളോ അവനെ സ്വീകരിച്ചില്ല.
12അവനെ കൈക്കൊണ്ട് അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.13അവർ രക്തത്തിൽ നിന്നല്ല, ജഡിക ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചത്.
14വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു വന്ന ഏകജാതനായവന്റെ തേജസ്സായി കണ്ട്.15യോഹന്നാൻ അവനെക്കുറിച്ച് സാക്ഷീകരിച്ചു: എന്റെ പിന്നാലെ വരുന്നവൻ എനിക്ക് മുമ്പനായി തീർന്നു; അവൻ എനിക്ക് മുമ്പെ ഉണ്ടായിരുന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ എന്നു വിളിച്ചുപറഞ്ഞു.
16അവന്റെ നിറവിൽ നിന്നു നമുക്കു എല്ലാവർക്കും കൃപമേൽ കൃപ ലഭിച്ചിരിക്കുന്നു.17ന്യായപ്രമാണം മോശെ മുഖാന്തരം ലഭിച്ചു; കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു.18ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന, ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.
സ്നാപകയോഹന്നാന്റെ സാക്ഷ്യം.

19നീ ആർ എന്നു യോഹന്നാനോടു ചോദിക്കേണ്ടതിന് യെഹൂദന്മാർ യെരൂശലേമിൽനിന്നു പുരോഹിതന്മാരെയും ലേവ്യരെയും അവന്റെ അടുക്കൽ അയച്ചപ്പോൾ അവന്റെ സാക്ഷ്യം എന്തെന്നാൽ20അവൻ മറുപടി പറയാൻ വിസമ്മതിക്കാതെ, ‘ഞാൻ ക്രിസ്തു അല്ല’ എന്ന് വ്യക്തമായി ഏറ്റുപറഞ്ഞു.21അവർ അവനോട് ചോദിച്ചു, എങ്കിൽ പിന്നെ ആരാണ് നീ? നീ ഏലിയാവോ എന്നു അവനോട് ചോദിച്ചതിന്: അല്ല എന്നു അവൻ പറഞ്ഞു. നീ ആ പ്രവാചകനോ? എന്നതിന്: അല്ല എന്നു അവൻ ഉത്തരം പറഞ്ഞു.
22അപ്പോൾ അവർ അവനോട്: നീ ആരാകുന്നു? ഞങ്ങളെ അയച്ചവരോട് ഉത്തരം പറയേണ്ടതിന് നീ നിന്നെക്കുറിച്ച് തന്നേ എന്ത് പറയുന്നു എന്നു ചോദിച്ചു.23അതിന് അവൻ: യെശയ്യാപ്രവാചകൻ പറഞ്ഞതുപോലെ: കർത്താവിന്റെ വഴി നേരെ ആക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം ആകുന്നു ഞാൻ എന്നു പറഞ്ഞു.
24അവിടെ പരീശന്മാരുടെ കൂട്ടത്തിൽനിന്ന് അയച്ചവർ ഉണ്ടായിരുന്നു.25അവർ അവനോട് നീ ക്രിസ്തുവല്ല, ഏലിയാവല്ല, ആ പ്രവാചകനും അല്ല എന്നു വരികിൽ നീ സ്നാനം കഴിപ്പിക്കുന്നത് എന്ത് എന്നു ചോദിച്ചു.
26അതിന് യോഹന്നാൻ: ഞാൻ വെള്ളം കൊണ്ട് സ്നാനപ്പെടുത്തുന്നു; എന്നാൽ നിങ്ങൾ തിരിച്ചറിയാത്ത ഒരുവൻ നിങ്ങളുടെ ഇടയിൽ നില്ക്കുന്നുണ്ട്;27എന്റെ പിന്നാലെ വരുന്നവൻ തന്നേ; അവന്റെ ചെരിപ്പിന്റെ വാറ് അഴിക്കുവാൻ ഞാൻ യോഗ്യൻ അല്ല എന്നു ഉത്തരം പറഞ്ഞു.28ഇവ യോർദ്ദാനക്കരെ യോഹന്നാൻ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന ബെഥാന്യയിൽ സംഭവിച്ചു.
യേശു ദൈവത്തിന്റെ കുഞ്ഞാട്.

29പിറ്റെന്നാൾ യേശു തന്റെ അടുക്കൽ വരുന്നത് യോഹന്നാൻ കണ്ടിട്ട്: ഇതാ, ലോകത്തിന്റെ പാപം ചുമന്നു നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്.30എന്റെ പിന്നാലെ ഒരു പുരുഷൻ വരുന്നു; അവൻ എനിക്ക് മുമ്പെ ഉണ്ടായിരുന്നതുകൊണ്ട് എനിക്ക് മുമ്പനായി തീർന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.31ഞാനോ അവനെ തിരിച്ചറിഞ്ഞില്ല; എങ്കിലും അവൻ യിസ്രായേലിന് വെളിപ്പെടേണ്ടതിന് ഞാൻ വെള്ളം കൊണ്ട് സ്നാനം കഴിപ്പിക്കുവാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.
32യോഹന്നാൻ പിന്നെയും സാക്ഷ്യം പറഞ്ഞത്: ആത്മാവ് ഒരു പ്രാവുപോലെ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവരുന്നത് ഞാൻ കണ്ട്; അത് അവന്റെമേൽ വസിച്ചു.33ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിക്കുവാൻ എന്നെ അയച്ചവൻ എന്നോട്: ആരുടെമേൽ ആത്മാവ് ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ തന്നെയാകുന്നു പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ എന്നു പറഞ്ഞു.34അങ്ങനെ ഞാൻ അത് കാണുകയും ഇവൻ തന്നേ ദൈവപുത്രൻ എന്നു സാക്ഷ്യം പറകയും ചെയ്തിരിക്കുന്നു.
യേശുവിന്റെ ആദ്യശിഷ്യന്മാർ.

35പിറ്റെന്നാൾ യോഹന്നാൻ പിന്നെയും തന്റെ ശിഷ്യന്മാരിൽ രണ്ടുപേരുമായി അവിടെ നില്ക്കുമ്പോൾ36യേശു നടന്നുപോകുന്നത് കണ്ടിട്ട്; ഇതാ, ദൈവത്തിന്റെ കുഞ്ഞാട് എന്നു പറഞ്ഞു.
37അവൻ പറഞ്ഞത് ആ രണ്ടു ശിഷ്യന്മാർ കേട്ട് യേശുവിനെ അനുഗമിച്ചു.38യേശു തിരിഞ്ഞു അവർ പിന്നാലെ വരുന്നത് കണ്ടിട്ട് അവരോട്: നിങ്ങൾക്ക് എന്ത് വേണം എന്നു ചോദിച്ചു; അവർ: റബ്ബീ1 , നീ എവിടെ താമസിക്കുന്നു എന്നു ചോദിച്ചു.39അവൻ അവരോട്: വന്നു കാണ്മിൻ എന്നു പറഞ്ഞു. അങ്ങനെ അവൻ വസിക്കുന്ന ഇടം അവർ വന്നുകണ്ടു; അപ്പോൾ ഏകദേശം പത്താം2 മണിനേരം ആയിരുന്നതുകൊണ്ട് അന്ന് അവനോടുകൂടെ താമസിച്ചു.
40യോഹന്നാൻ പറഞ്ഞത് കേട്ട് യേശുവിനെ അനുഗമിച്ച രണ്ടുപേരിൽ ഒരുവൻ ശിമോൻ പത്രൊസിന്റെ സഹോദരനായ അന്ത്രെയാസ് ആയിരുന്നു.41അവൻ ആദ്യം തന്റെ സഹോദരനായ ശിമോനെ കണ്ട് അവനോട്: ഞങ്ങൾ മശീഹയെ എന്നുവച്ചാൽ ക്രിസ്തുവിനെ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു.42അവൻ അവനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു; യേശു അവനെ നോക്കിയിട്ട്; നീ യോഹന്നാന്റെ പുത്രനായ ശിമോൻ ആകുന്നു; നീ കേഫാ എന്നു വിളിക്കപ്പെടും, അതിന്റെ അർത്ഥം പത്രൊസ് എന്നാകുന്നു.
ഫിലിപ്പോസും നഥനയേലും.

43പിറ്റെന്നാൾ യേശു ഗലീലയ്ക്കു് പുറപ്പെടുവാൻ ഭാവിച്ചപ്പോൾ ഫിലിപ്പൊസിനെ കണ്ട്: എന്നെ അനുഗമിക്ക എന്നു അവനോട് പറഞ്ഞു.44ഫിലിപ്പൊസോ അന്ത്രെയാസിന്റെയും പത്രൊസിന്റെയും പട്ടണമായ ബേത്ത്സയിദയിൽ നിന്നുള്ളവൻ ആയിരുന്നു.45ഫിലിപ്പൊസ് നഥനയേലിനെ കണ്ട് അവനോട്: ന്യായപ്രമാണത്തിൽ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവൻ യോസഫിന്റെ പുത്രനായ യേശു എന്ന നസറേത്ത്കാരൻ തന്നേ എന്നു പറഞ്ഞു.
46നഥനയേൽ അവനോട്: നസറെത്തിൽനിന്ന് വല്ല നന്മയും വരുമോ? എന്നു പറഞ്ഞു. ഫിലിപ്പൊസ് അവനോട്: വന്നു കാൺക എന്നു പറഞ്ഞു.47നഥനയേൽ തന്റെ അടുക്കൽ വരുന്നത് കണ്ടിട്ട് അവനെക്കുറിച്ച് യേശു: ഇതാ, സാക്ഷാൽ യിസ്രായേല്യൻ; ഇവനിൽ കപടം ഇല്ല എന്നു അവനെക്കുറിച്ച് പറഞ്ഞു.48നഥനയേൽ അവനോട്: നീ എന്നെ എങ്ങനെ അറിയും എന്നു ചോദിച്ചതിന്: ഫിലിപ്പൊസ് നിന്നെ വിളിക്കുംമുമ്പെ നീ അത്തിയുടെ കീഴിൽ ഇരിക്കുമ്പോൾ ഞാൻ നിന്നെ കണ്ട് എന്നു യേശു ഉത്തരം പറഞ്ഞു.
49നഥനയേൽ അവനോട്: റബ്ബീ, നീ ദൈവപുത്രൻ ആകുന്നു, നീ യിസ്രായേലിന്റെ രാജാവ് ആകുന്നു എന്നു ഉത്തരം പറഞ്ഞു.50യേശു അവനോട്: ഞാൻ നിന്നെ അത്തിയുടെ കീഴിൽ കണ്ട് എന്നു നിന്നോട് പറകകൊണ്ട് നീ വിശ്വസിക്കുന്നുവോ? നീ ഇതിനെക്കാൾ വലിയത് കാണും എന്നു ഉത്തരം പറഞ്ഞു.51സത്യം സത്യമായി ഞാൻ നിന്നോട് പറയുന്നു: സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്റെമേൽ ദൈവദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നതും നീ കാണും എന്നും അവനോട് പറഞ്ഞു.


1 1:38 റബ്ബീ എന്നു വെച്ചാൽ ഗുരു എന്നർത്ഥം
2 1. 39 വൈകിട്ട് 4 മണി മുതൽ വൈകിട്ട് 5 മണി വരെ

2
അടയാളങ്ങളുടെ ആരംഭം.

1മൂന്നാം നാൾ ഗലീലയിലെ കാനയിൽ ഒരു കല്യാണം ഉണ്ടായി; യേശുവിന്റെ അമ്മ അവിടെ ഉണ്ടായിരുന്നു.2യേശുവിനേയും ശിഷ്യന്മാരെയും കല്യാണത്തിന് ക്ഷണിച്ചിരുന്നു.

3വീഞ്ഞ് തീർന്നുപോയപ്പോൾ യേശുവിന്റെ അമ്മ അവനോട്: അവർക്ക് വീഞ്ഞ് ഇല്ല എന്നു പറഞ്ഞു.4അതിന് യേശു: സ്ത്രീയേ, അതിന് ഞാനുമായിട്ട് എന്ത് കാര്യം? എന്റെ നാഴിക ഇതുവരെ വന്നിട്ടില്ല എന്നു പറഞ്ഞു.5അവന്റെ അമ്മ വേലക്കാരോട്: അവൻ നിങ്ങളോടു പറയുന്നത് നിങ്ങൾ ചെയ്യുവിൻ എന്നു പറഞ്ഞു.
6അവിടെ യെഹൂദന്മാരുടെ ശുദ്ധീകരണ ആചാരം അനുസരിച്ച് രണ്ടോ മൂന്നോ പറ 1 വീതം കൊള്ളുന്ന ആറ് കല്പാത്രം ഉണ്ടായിരുന്നു.7യേശു അവരോട്: ഈ കല്പാത്രങ്ങളിൽ വെള്ളം നിറപ്പിൻ എന്നു പറഞ്ഞു; അവർ അവയെ വക്കോളവും നിറച്ചു.8ഇപ്പോൾ കുറച്ച് കോരിയെടുത്ത് കലവറക്കാരന് കൊണ്ടുപോയി കൊടുക്കുവിൻ എന്നു അവൻ പറഞ്ഞു; അവർ അപ്രകാരം ചെയ്തു.
9അത് എവിടെനിന്ന് എന്നു വെള്ളം കോരിയ ശുശ്രൂഷക്കാരല്ലാതെ കലവറക്കാരൻ അറിഞ്ഞില്ല. വീഞ്ഞായിത്തീർന്ന വെള്ളം കലവറക്കാരൻ രുചിനോക്കിയതിനുശേഷം മണവാളനെ വിളിച്ചു:10എല്ലാവരും ആദ്യം നല്ല വീഞ്ഞും ലഹരി പിടിച്ചശേഷം ഇളപ്പമായതും കൊടുക്കാറുണ്ട്; നീ നല്ല വീഞ്ഞ് ഇതുവരെയും സൂക്ഷിച്ചുവെച്ചുവല്ലോ എന്നു അവനോട് പറഞ്ഞു.
11യേശു ഇതിനെ അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനയിൽവച്ച് ചെയ്തു തന്റെ മഹത്വം വെളിപ്പെടുത്തി; അവന്റെ ശിഷ്യന്മാർ അവനിൽ വിശ്വസിച്ചു.

12അനന്തരം അവനും അവന്റെ അമ്മയും സഹോദരന്മാരും ശിഷ്യന്മാരും കഫർന്നഹൂമിലേക്ക് പോയി; അവിടെ അവർ ചുരുക്കംനാൾ താമസിച്ചു.
യേശു ദേവാലയം ശുദ്ധീകരിക്കുന്നു.

13യെഹൂദന്മാരുടെ പെസഹ സമീപിച്ചിരുന്നതുകൊണ്ടു യേശു യെരൂശലേമിലേക്കു പോയി.14ദൈവാലയത്തിൽ കാളകൾ, ആടുകൾ, പ്രാവുകൾ എന്നിവയെ വില്ക്കുന്നതും, നാണയമാറ്റക്കാർ അവിടെ ഇരിക്കുന്നതും കണ്ടിട്ട്
15കയറുകൊണ്ട് ഒരു ചമ്മട്ടി ഉണ്ടാക്കി അവരെല്ലാവരെയും, ആടുകളെയും കാളകളെയുംകൂടെ ദൈവാലയത്തിൽനിന്ന് പുറത്താക്കി; നാണയമാറ്റക്കാരുടെ നാണയങ്ങൾ ചിതറിച്ചുകളഞ്ഞു; മേശകളെ മറിച്ചിട്ടു;16പ്രാവുകളെ വില്ക്കുന്നവരോട്: ഇതു ഇവിടെനിന്ന് കൊണ്ടുപോകുവിൻ; എന്റെ പിതാവിന്റെ ആലയത്തെ കച്ചവടസ്ഥലം ആക്കുന്നത് നിർത്തുവിൻ എന്നു പറഞ്ഞു.
17അപ്പോൾ അവന്റെ ശിഷ്യന്മാർ: നിന്റെ ആലയത്തെക്കുറിച്ചുള്ള തീഷ്ണത എന്നെ തിന്നുകളയുന്നു എന്നു എഴുതിയിരിക്കുന്നത് ഓർത്തു.18എന്നാൽ യെഹൂദന്മാർ അവനോട്: നിനക്ക് ഇങ്ങനെ ചെയ്യാം എന്നതിന് നീ എന്ത് അടയാളം കാണിച്ചുതരും എന്നു ചോദിച്ചു.19യേശു അവരോട്: ഈ മന്ദിരം തകർക്കുവിൻ; മൂന്നു ദിവസത്തിനകം ഞാൻ അതിനെ ഉദ്ധരിക്കും എന്നു ഉത്തരം പറഞ്ഞു.
20യെഹൂദ അധികാരികൾ അവനോട്: ഈ മന്ദിരം നാല്പത്താറ് വർഷങ്ങൾകൊണ്ട് പണിതിരിക്കുന്നു; നീ മൂന്നു ദിവസത്തിനകം അതിനെ ഉദ്ധരിപ്പിക്കുമോ എന്നു ചോദിച്ചു.21എന്നാൽ അവനോ തന്റെ ശരീരം എന്ന മന്ദിരത്തെക്കുറിച്ചത്രേ പറഞ്ഞത്.22അവൻ ഇതു പറഞ്ഞു എന്നു അവൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റശേഷം ശിഷ്യന്മാർ ഓർത്തു തിരുവെഴുത്തും യേശു പറഞ്ഞ വചനവും വിശ്വസിച്ചു.

23പെസഹ പെരുന്നാളിൽ യെരൂശലേമിൽ ഇരിക്കുമ്പോൾ അവൻ ചെയ്ത അത്ഭുതകരമായ അടയാളങ്ങൾ കണ്ടിട്ട് പലരും അവന്റെ നാമത്തിൽ വിശ്വസിച്ചു.24യേശുവോ അവരെ എല്ലാവരെയും അറിയുകകൊണ്ട് തന്നെത്താൻ അവരിൽ വിശ്വസിച്ച് ഏൽപ്പിച്ചില്ല.25മനുഷ്യനിലുള്ളത് എന്ത് എന്നു സ്വതവേ അറിഞ്ഞിരിക്കയാൽ തനിക്കു മനുഷ്യനെക്കുറിച്ച് യാതൊരുത്തന്റെയും സാക്ഷ്യം ആവശ്യമായിരുന്നില്ല.


1 2. 6 80 ലി. മുതൽ 120 ലി. വരെ. [ഒരു പറ എന്നാൽ 40 ലി.]

3
യേശുവും നിക്കോദെമോസും

1നിക്കോദെമോസ് എന്നു പേരുള്ളോരു പരീശനുണ്ടായിരുന്നു, അവൻ യെഹൂദന്മാരുടെ ന്യായാധിപസംഘത്തിലെ അംഗമായിരുന്നു.2അവൻ രാത്രിയിൽ യേശുവിന്റെ അടുക്കൽ വന്നു അവനോട്: റബ്ബീ, നീ ദൈവത്തിന്റെ അടുക്കൽ നിന്നു ഉപദേഷ്ടാവായി വന്നിരിക്കുന്നു എന്നു ഞങ്ങൾ അറിയുന്നു; ദൈവം തന്നോടുകൂടെ ഇല്ലെങ്കിൽ നീ ചെയ്യുന്ന ഈ അടയാളങ്ങളെ ചെയ്‌വാൻ ആർക്കും കഴിയുകയില്ല എന്നു പറഞ്ഞു.

3യേശു അവനോട്: ആമേൻ, ആമേൻ, ഞാൻ നിന്നോട് പറയുന്നു; ഒരുവൻ പുതുതായി ജനിച്ചില്ല എങ്കിൽ അവന് ദൈവരാജ്യം കാണ്മാൻ കഴിയുകയില്ല എന്നു ഉത്തരം പറഞ്ഞു.4നിക്കോദെമോസ് അവനോട്: ഒരു മനുഷ്യൻ വൃദ്ധനായശേഷം ജനിക്കുന്നത് എങ്ങനെ? അവന് രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാൻ കഴിയുമോ എന്നു ചോദിച്ചു.
5അതിന് യേശു: ആമേൻ, ആമേൻ, ഞാൻ നിന്നോട് പറയുന്നു: ഒരുവൻ വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടക്കുവാൻ കഴിയുകയില്ല.6ജഡത്താൽ ജനിച്ചത് ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചത് ആത്മാവ് ആകുന്നു.
7നിങ്ങൾ പുതുതായി ജനിക്കേണം എന്നു ഞാൻ നിന്നോട് പറയുന്നതുകൊണ്ട് ആശ്ചര്യപ്പെടരുത്.8കാറ്റ് ഇഷ്ടമുള്ളേടത്ത് ഊതുന്നു; അതിന്റെ ശബ്ദം നീ കേൾക്കുന്നു; എങ്കിലും അത് എവിടെനിന്ന് വരുന്നു എന്നും എവിടേക്ക് പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാൽ ജനിച്ചവൻ എല്ലാം അതുപോലെ ആകുന്നു.
9നിക്കോദെമോസ് അവനോട്: ഇതു എങ്ങനെ സംഭവിക്കും എന്നു ചോദിച്ചു.10യേശു അവനോട് ഉത്തരം പറഞ്ഞത്: നീ യിസ്രായേലിന്റെ ഉപദേഷ്ടാവായിരുന്നിട്ടും ഈ കാര്യങ്ങളൊന്നും മനസ്സിലാകുന്നില്ലയോ?11ആമേൻ, ആമേൻ, ഞാൻ നിന്നോട് പറയുന്നു: ഞങ്ങൾ അറിയുന്നത് പ്രസ്താവിക്കുകയും കണ്ടത് സാക്ഷീകരിക്കയും ചെയ്യുന്നു; എന്നിട്ടും ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ അംഗീകരിക്കുന്നില്ല.
12ഭൂമിയിലുള്ള കാര്യങ്ങളെ കുറിച്ച് ഞാൻ നിങ്ങളോടു പറഞ്ഞിട്ട് നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ സ്വർഗ്ഗത്തിലുള്ള കാര്യങ്ങൾ നിങ്ങളോടു പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും?13സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്ന[വനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ] മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറിയിട്ടില്ല.
14മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു.15അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന് തന്നേ.
16തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.17ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചത് ലോകത്തെ വിധിപ്പാനല്ല ലോകം അവൻ മുഖാന്തരം രക്ഷിയ്ക്കപ്പെടുവാനത്രേ.18അവനിൽ വിശ്വസിക്കുന്നവന് ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന് ദൈവത്തിന്റെ ഏകജാതനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു.
19ന്യായവിധിയ്ക്ക് കാരണമോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളത് ആകയാൽ അവർ വെളിച്ചത്തേക്കാൾ ഇരുളിനെ സ്നേഹിച്ചത് തന്നെയാകുന്നു.20തിന്മ പ്രവർത്തിക്കുന്നവൻ എല്ലാം വെളിച്ചത്തെ വെറുക്കുന്നു; തന്റെ പ്രവൃത്തി വെളിപ്പെടാതിരിക്കേണ്ടതിന് വെളിച്ചത്തിങ്കലേക്ക് വരുന്നതുമില്ല.21സത്യം പ്രവർത്തിക്കുന്നവനോ, തന്റെ പ്രവൃത്തി ദൈവത്തോടുള്ള അനുസരണത്തിൽ ചെയ്തിരിക്കയാൽ അത് വെളിപ്പെടേണ്ടതിന് വെളിച്ചത്തിങ്കലേക്ക് വരുന്നു.
സ്നാപകയോഹന്നാൻ യേശുവിനെ സാക്ഷ്യപ്പെടുത്തുന്നു.

22അതിന്റെശേഷം യേശു ശിഷ്യന്മാരുമായി യെഹൂദ്യദേശത്ത് വന്നു അവരോടുകൂടെ താമസിക്കുകയും സ്നാനം കഴിപ്പിക്കുകയും ചെയ്തു.23യോഹന്നാനും ശലേമിന് അരികത്ത് ഐനോനിൽ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു; അവിടെ വളരെ വെള്ളം ഉണ്ടായിരുന്നതുകൊണ്ട് ആളുകൾ അവന്റെ അടുക്കൽ വന്നു സ്നാനം ഏറ്റു.24അന്ന് യോഹന്നാനെ തടവിൽ ആക്കിയിരുന്നില്ല.
25യോഹന്നാന്റെ ശിഷ്യന്മാരിൽ ചിലർക്കു ഒരു യെഹൂദനുമായി ശുദ്ധീകരണത്തെക്കുറിച്ച് തർക്കമുണ്ടായി;26അവർ യോഹന്നാന്റെ അടുക്കൽവന്ന് അവനോട്: റബ്ബീ, യോർദ്ദാനക്കരെ നിന്നോടുകൂടെ ഇരുന്നവൻ, നീ സാക്ഷീകരിച്ചുട്ടുള്ളവൻ തന്നേ, ഇതാ, സ്നാനം കഴിപ്പിക്കുന്നു; എല്ലാവരും അവന്റെ അടുക്കൽ ചെല്ലുന്നു എന്നു പറഞ്ഞു.
27അതിന് യോഹന്നാൻ: സ്വർഗ്ഗത്തിൽ നിന്നു കൊടുത്തിട്ടല്ലാതെ മനുഷ്യന് ഒന്നും ലഭിപ്പാൻ കഴിയുകയില്ല.28ഞാൻ ക്രിസ്തു അല്ല, അവന് മുമ്പായി അയയ്ക്കപ്പെട്ടവനത്രേ എന്നു ഞാൻ പറഞ്ഞതിന് നിങ്ങൾ തന്നേ എനിക്ക് സാക്ഷികൾ ആകുന്നു.
29മണവാട്ടി ഉള്ളവൻ മണവാളൻ ആകുന്നു; മണവാളന്റെ സ്നേഹിതനോ നിന്നു മണവാളന്റെ സ്വരം കേട്ടിട്ട് അത്യന്തം സന്തോഷിക്കുന്നു; ഈ എന്റെ സന്തോഷം പൂർത്തിയായിരിക്കുന്നു.30അവൻ വളരണം, ഞാനോ കുറയേണം എന്നു ഉത്തരം പറഞ്ഞു.

31ഉയരത്തിൽനിന്ന് വരുന്നവൻ എല്ലാവർക്കും മീതെയുള്ളവനാകുന്നു. ഭൂമിയിൽ നിന്നുള്ളവൻ ഭൗമികൻ ആകുന്നു; ഭൗമികമായതു സംസാരിക്കുന്നു; സ്വർഗ്ഗത്തിൽനിന്ന് വരുന്നവൻ എല്ലാവർക്കും മീതെയുള്ളവനായി താൻ കാണുകയും കേൾക്കുകയും ചെയ്തതു സാക്ഷീകരിക്കുന്നു;32എങ്കിലും അവന്റെ സാക്ഷ്യം ആരും സ്വീകരിക്കുന്നില്ല.33അവന്റെ സാക്ഷ്യം സ്വീകരിക്കുന്നവൻ ദൈവം സത്യവാൻ എന്നുള്ളതിന് മുദ്രയിടുന്നു.
34ദൈവം അയച്ചവൻ ദൈവത്തിന്റെ വചനം പ്രസ്താവിക്കുന്നു; അവൻ ആത്മാവിനെ അളവുകൂടാതെയല്ലോ കൊടുക്കുന്നത്.35പിതാവ് പുത്രനെ സ്നേഹിക്കുന്നു; സകലവും അവന്റെ കയ്യിൽ കൊടുത്തുമിരിക്കുന്നു.36പുത്രനിൽ വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ട്; എന്നാൽ പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നു.

4
യേശുവും ശമര്യക്കാരിയും

1യേശു യോഹന്നാനേക്കാൾ അധികം ആളുകളെ ശിഷ്യന്മാരാക്കി സ്നാനം കഴിപ്പിക്കുന്നു എന്നു പരീശന്മാർ കേട്ട് എന്നു കർത്താവ് അറിഞ്ഞപ്പോൾ2[ശിഷ്യന്മാർ അല്ലാതെ യേശു തന്നേ സ്നാനം കഴിപ്പിച്ചിരുന്നില്ലതാനും]3അവൻ യെഹൂദ്യദേശം വിട്ടു ഗലീലയ്ക്കു് യാത്രയായി.

4അവൻ ശമര്യയിൽ കൂടി കടന്നുപോകേണ്ടിവന്നു.5അങ്ങനെ അവൻ സുഖാർ എന്നൊരു ശമര്യപട്ടണത്തിൽ യാക്കോബ് തന്റെ പുത്രനായ യോസഫിന് കൊടുത്ത നിലത്തിനരികെ എത്തി.
6അവിടെ യാക്കോബിന്റെ കിണറുണ്ടായിരുന്നു. യേശു യാത്രചെയ്തു ക്ഷീണിച്ചിട്ട് ആ കിണറിനരികെ ഇരുന്നു; അപ്പോൾ ഏകദേശം ആറാം മണിനേരം1 ആയിരുന്നു.7ഒരു ശമര്യസ്ത്രീ വെള്ളം കോരുവാൻ വന്നു; യേശു അവളോട്: എനിക്ക് കുടിക്കുവാൻ കുറച്ച് വെള്ളം തരിക എന്നു പറഞ്ഞു.8അവന്റെ ശിഷ്യന്മാർ ഭക്ഷണം വാങ്ങുവാൻ പട്ടണത്തിൽ പോയിരുന്നു.
9ശമര്യസ്ത്രീ അവനോട്: നീ യെഹൂദൻ ആയിരിക്കെ ശമര്യക്കാരത്തിയായ എന്നോട് കുടിക്കുവാൻ ചോദിക്കുന്നത് എങ്ങനെ? യെഹൂദന്മാർക്കും ശമര്യർക്കും തമ്മിൽ സമ്പർക്കമില്ലല്ലോ എന്നു പറഞ്ഞു.10അതിന് യേശു: നീ ദൈവത്തിന്റെ ദാനവും, നിന്നോട് കുടിക്കുവാൻ തരിക എന്നു പറഞ്ഞവൻ ആരെന്നും അറിഞ്ഞ് എങ്കിൽ നീ അവനോട് ചോദിക്കയും അവൻ ജീവനുള്ള വെള്ളം നിനക്ക് തരികയും ചെയ്യുമായിരുന്നു എന്നു ഉത്തരം പറഞ്ഞു.
11സ്ത്രീ അവനോട്: യജമാനനേ, നിനക്ക് കോരുവാൻ പാത്രം ഇല്ലല്ലോ; കിണറ് ആഴമുള്ളതാകുന്നു; പിന്നെ ജീവനുള്ള വെള്ളം നിനക്ക് എവിടെ നിന്നു ലഭിക്കും?12നമ്മുടെ പിതാവായ യാക്കോബിനേക്കാൾ നീ വലിയവനോ? അവൻ ആകുന്നു ഈ കിണറ് ഞങ്ങൾക്കു തന്നതു; അവനും അവന്റെ മക്കളും മൃഗങ്ങളും ഇതിലെ വെള്ളം കുടിച്ചുപോന്നു എന്നു പറഞ്ഞു.
13യേശു അവളോട്: ഈ വെള്ളം കുടിക്കുന്നവനെല്ലാം പിന്നെയും ദാഹിക്കും.14ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവനോ ഒരുനാളും ദാഹിക്കയില്ല, മറിച്ച് ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്ക് പൊങ്ങിവരുന്ന നീരുറവായി തീരും എന്നു ഉത്തരം പറഞ്ഞു.
15സ്ത്രീ അവനോട്: യജമാനനേ, എനിക്ക് ദാഹിക്കാതെയും ഞാൻ വെള്ളം കോരുവാൻ ഇവിടേക്ക് വരാതെയുമിരിക്കേണ്ടതിന് ആ വെള്ളം എനിക്ക് തരേണം എന്നു പറഞ്ഞു.16യേശു അവളോട്: പോയി നിന്റെ ഭർത്താവിനെ വിളിച്ചുകൊണ്ടുവരിക എന്നു പറഞ്ഞു.
17എനിക്ക് ഭർത്താവ് ഇല്ല എന്നു സ്ത്രീ അവനോട് ഉത്തരം പറഞ്ഞതിന്: എനിക്ക് ഭർത്താവ് ഇല്ല എന്നു നീ പറഞ്ഞത് ശരി.18അഞ്ച് ഭർത്താക്കന്മാർ നിനക്ക് ഉണ്ടായിരുന്നു; ഇപ്പോൾ ഉള്ളവനോ നിന്റെ ഭർത്താവല്ല; നീ പറഞ്ഞത് ശരി തന്നേ എന്നു യേശു പറഞ്ഞു.
19സ്ത്രീ അവനോട്: യജമാനനേ, നീ ഒരു പ്രവാചകൻ എന്നു ഞാൻ മനസ്സിലാക്കുന്നു.20ഞങ്ങളുടെ പിതാക്കന്മാർ ഈ മലയിൽ ആരാധിച്ചുവന്നു; എന്നാൽ ആരാധിക്കേണ്ടുന്ന സ്ഥലം യെരൂശലേമിൽ ആകുന്നു എന്നു നിങ്ങൾ പറയുന്നു എന്നു പറഞ്ഞു.
21യേശു അവളോട് പറഞ്ഞത്: സ്ത്രീയേ, എന്നെ വിശ്വസിക്ക; നിങ്ങൾ പിതാവിനെ ആരാധിക്കുന്നത് ഈ മലയിലും അല്ല യെരൂശലേമിലും അല്ല എന്നുള്ള സമയം വരുന്നു.22നിങ്ങൾ അറിയാത്തതിനെ ആരാധിക്കുന്നു. ഞങ്ങളോ അറിയുന്നതിനെ ആരാധിക്കുന്നു; രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നത്.
23സത്യനമസ്ക്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നെ ആരാധിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കണം എന്നു പിതാവ് ആഗ്രഹിക്കുന്നു.24ദൈവം ആത്മാവ് ആകുന്നു; അവനെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലും ആരാധിക്കണം.
25സ്ത്രീ അവനോട്: മശീഹ [എന്നുവച്ചാൽ ക്രിസ്തു] വരുന്നു എന്നു ഞാൻ അറിയുന്നു; അവൻ വരുമ്പോൾ സകലവും അറിയിച്ചുതരും എന്നു പറഞ്ഞു.26യേശു അവളോട്: നിന്നോട് സംസാരിക്കുന്ന ഞാൻ തന്നേ മശീഹ എന്നു പറഞ്ഞു.

27ഇതിനിടയിൽ അവന്റെ ശിഷ്യന്മാർ വന്നു അവൻ സ്ത്രീയോട് സംസാരിക്കുകയാൽ ആശ്ചര്യപ്പെട്ടു എങ്കിലും: നീ എന്ത് ചോദിക്കുന്നു? അവളോട് എന്ത് സംസാരിക്കുന്നു എന്നു ആരും ചോദിച്ചില്ല.
28അനന്തരം സ്ത്രീ പാത്രം വെച്ചിട്ട് പട്ടണത്തിൽ ചെന്ന് ജനങ്ങളോട്:29ഞാൻ ചെയ്തതു ഒക്കെയും എന്നോട് പറഞ്ഞ ഒരു മനുഷ്യനെ വന്നുകാണ്മിൻ; അവൻ പക്ഷേ ക്രിസ്തു ആയിരിക്കുമോ എന്നു പറഞ്ഞു.30അവർ പട്ടണത്തിൽനിന്നു പുറപ്പെട്ടു അവന്റെ അടുക്കൽ വന്നു.
31അതേസമയം ശിഷ്യന്മാർ അവനോട്: റബ്ബീ, ഭക്ഷിച്ചാലും എന്നു അപേക്ഷിച്ചു.32അതിന് അവൻ: നിങ്ങൾ അറിയാത്ത ആഹാരം ഭക്ഷിക്കുവാൻ എനിക്ക് ഉണ്ട് എന്നു അവരോട് പറഞ്ഞു.33ആകയാൽ ആരെങ്കിലും അവന് ഭക്ഷിക്കുവാൻ കൊണ്ടുവന്നുവോ എന്നു ശിഷ്യന്മാർ തമ്മിൽ പറഞ്ഞു.
34യേശു അവരോട് പറഞ്ഞത്: എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്തു അവന്റെ പ്രവൃത്തി തികയ്ക്കുന്നത് തന്നേ എന്റെ ആഹാരം.35ഇനി നാല് മാസം കഴിഞ്ഞിട്ട് കൊയ്ത്ത് വരുന്നു എന്നു നിങ്ങൾ പറയുന്നില്ലയോ? നിങ്ങൾ തല പൊക്കി നോക്കിയാൽ വയലുകൾ ഇപ്പോൾ തന്നേ കൊയ്ത്തിന് വിളഞ്ഞിരിക്കുന്നതു കാണും എന്നു ഞാൻ നിങ്ങളോടു പറയുന്നു.36വിതയ്ക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ചു സന്തോഷിപ്പാൻ തക്കവണ്ണം കൊയ്യുന്നവൻ കൂലി വാങ്ങി നിത്യജീവങ്കലേക്ക് വിളവ് കൂട്ടിവയ്ക്കുന്നു.
37വിതയ്ക്കുന്നത് ഒരുവൻ, കൊയ്യുന്നത് മറ്റൊരുത്തൻ എന്നുള്ള ചൊല്ല് ഇതിൽ യാഥാർത്ഥ്യമായിരിക്കുന്നു.38നിങ്ങൾ അദ്ധ്വാനിച്ചിട്ടില്ലാത്തത് കൊയ്യുവാൻ ഞാൻ നിങ്ങളെ അയച്ചിരിക്കുന്നു; മറ്റുള്ളവർ അദ്ധ്വാനിച്ചു; അവരുടെ അദ്ധ്വാനഫലത്തിലേക്ക് നിങ്ങൾ പ്രവേശിച്ചിരിക്കുന്നു.

39ഞാൻ ചെയ്തതു ഒക്കെയും അവൻ എന്നോട് പറഞ്ഞു എന്നു സ്ത്രീ സാക്ഷ്യം പറഞ്ഞതുനിമിത്തം ആ പട്ടണത്തിലെ അനേകം ശമര്യക്കാർ അവനിൽ വിശ്വസിച്ചു.40അങ്ങനെ ശമര്യർ അവന്റെ അടുക്കൽ വന്നു തങ്ങളോടുകൂടെ പാർക്കേണം എന്നു അവനോട് അപേക്ഷിച്ചു; അവൻ രണ്ടുനാൾ അവിടെ താമസിച്ചു.
41ഏറ്റവും അധികംപേർ അവന്റെ വചനം കേട്ട് വിശ്വസിച്ചു:42ഇനി നിന്റെ വാക്കുകൊണ്ടല്ല ഞങ്ങൾ വിശ്വസിക്കുന്നത്; ഞങ്ങൾ തന്നേ കേൾക്കുകയും അവൻ സാക്ഷാൽ ലോകരക്ഷിതാവ് എന്നു അറിയുകയും ചെയ്തിരിക്കുന്നു എന്ന് അവർ സ്ത്രീയോട് പറഞ്ഞു.
രാജഭൃത്യന്റെ പുത്രനെ സുഖപ്പെടുത്തുന്നു

43ആ രണ്ടു ദിവസം കഴിഞ്ഞിട്ട് അവൻ അവിടം വിട്ട് ഗലീലയ്ക്കു് പോയി.44പ്രവാചകന് തന്റെ സ്വദേശത്ത് ബഹുമാനം ഇല്ല എന്ന് യേശു തന്നേ സാക്ഷ്യം പറഞ്ഞിരുന്നു.45അവൻ ഗലീലയിൽ എത്തിയപ്പോൾ ഗലീലക്കാർ അവനെ സ്വീകരിച്ചു. തങ്ങൾ പെരുന്നാളിന് യെരൂശലേമിൽ പോയിരുന്നതുകൊണ്ട്, അവൻ പെരുന്നാളിൽ ചെയ്തതു ഒക്കെയും കണ്ടിരുന്നു.

46അവൻ പിന്നെയും താൻ വെള്ളം വീഞ്ഞാക്കിയ ഗലീലയിലെ കാനയിൽ വന്നു. അന്ന് മകൻ രോഗിയായിരുന്നൊരു രാജഭൃത്യൻ കഫർന്നഹൂമിൽ ഉണ്ടായിരുന്നു.47യേശു യെഹൂദ്യദേശത്തുനിന്നു ഗലീലയിൽ വന്നു എന്നു അവൻ കേട്ട് അവന്റെ അടുക്കൽ ചെന്ന്, തന്റെ മകൻ മരിക്കാറായിരിക്കുന്നതുകൊണ്ട് അവൻ വന്നു അവനെ സൌഖ്യമാക്കേണം എന്നു അപേക്ഷിച്ചു.
48യേശു അവനോട്: നിങ്ങൾ അടയാളങ്ങളും അത്ഭുതങ്ങളും കണ്ടിട്ടല്ലാതെ വിശ്വസിക്കയില്ല എന്നു പറഞ്ഞു.49രാജഭൃത്യൻ അവനോട്: കർത്താവേ, പൈതൽ മരിക്കുംമുമ്പേ വരേണമേ എന്നു പറഞ്ഞു.50യേശു അവനോട്: പൊയ്ക്കൊൾക; നിന്റെ മകൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞു. യേശു പറഞ്ഞ വാക്ക് വിശ്വസിച്ചു ആ മനുഷ്യൻ പോയി.
51അവൻ പോകയിൽ അവന്റെ ദാസന്മാർ അവനെ എതിരേറ്റു മകൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞു.52അവന് ഭേദം വന്ന സമയം അവരോട് ചോദിച്ചതിന് അവർ അവനോട്: ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയ്ക്ക് പനി വിട്ടുമാറി എന്നു പറഞ്ഞു.
53ആകയാൽ നിന്റെ മകൻ ജീവിച്ചിരിക്കുന്നു എന്നു യേശു പറഞ്ഞ ആ സമയത്തുതന്നെ എന്നു അപ്പൻ ഗ്രഹിച്ചു താനും കുടുംബം ഒക്കെയും വിശ്വസിച്ചു.54യേശു യെഹൂദ്യയിൽനിന്നു ഗലീലയിൽ വന്നപ്പോൾ ഇതു രണ്ടാമത്തെ അടയാളമായിട്ട് ചെയ്തു.


1 4. 6 ഉച്ചയ്ക്ക് 12 മണി

5
ബേഥെസ്ദായിലെ രോഗസൗഖ്യം

1അതിനുശേഷം യെഹൂദന്മാരുടെ ഒരു ഉത്സവം ആയതുകൊണ്ട് യേശു യെരൂശലേമിലേക്കു പോയി.

2യെരൂശലേമിൽ ആട്ടുവാതില്ക്കൽ ബേഥെസ്ദാ എന്നു എബ്രായപേരുള്ള ഒരു കുളം ഉണ്ട്; അതിന് അഞ്ച് മണ്ഡപം ഉണ്ട്.3അവയിൽ വ്യാധിക്കാർ, കുരുടർ, മുടന്തർ, ക്ഷയരോഗികൾ ഇങ്ങനെ വലിയൊരു കൂട്ടം [വെള്ളത്തിന്റെ ഇളക്കം കാത്തുകൊണ്ട്] കിടന്നിരുന്നു.4[അതത് സമയത്ത് ഒരു ദൂതൻ കുളത്തിൽ ഇറങ്ങി വെള്ളം കലക്കും; വെള്ളം കലങ്ങിയ ശേഷം ആദ്യം ഇറങ്ങുന്നവൻ ഏത് വ്യാധിപിടിച്ചവനായിരുന്നാലും അവന് സൌഖ്യം വരും.]
5എന്നാൽ മുപ്പത്തെട്ടു വർഷമായി രോഗം പിടിച്ച് കിടന്നൊരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു.6അവൻ കിടക്കുന്നത് യേശു കണ്ട്, ഇങ്ങനെ അവൻ അവിടെ വളരെ കാലമായിരിക്കുന്നു എന്നറിഞ്ഞ്: നിനക്ക് സൌഖ്യമാകുവാൻ മനസ്സുണ്ടോ എന്നു അവനോട് ചോദിച്ചു.
7രോഗി അവനോട്: യജമാനനേ, വെള്ളം കലങ്ങുമ്പോൾ എന്നെ കുളത്തിൽ ആക്കുവാൻ എനിക്ക് ആരും ഇല്ല; ഞാൻ തന്നേ ചെല്ലുമ്പോൾ മറ്റൊരുത്തൻ എനിക്ക് മുമ്പായി ഇറങ്ങുന്നു എന്നു ഉത്തരം പറഞ്ഞു.8യേശു അവനോട്: എഴുന്നേറ്റ് നിന്റെ കിടക്ക എടുത്തു നടക്ക എന്നു പറഞ്ഞു.
9ഉടനെ ആ മനുഷ്യൻ സൌഖ്യമായി തന്റെ കിടക്ക എടുത്തു നടന്നു.

10എന്നാൽ അന്ന് ശബ്ബത്ത് ആയിരുന്നു. ആകയാൽ യെഹൂദന്മാർ സൌഖ്യം പ്രാപിച്ചവനോട്: ഇന്ന് ശബ്ബത്ത് ആകുന്നു; കിടക്ക ചുമക്കുവാൻ നിനക്ക് അനുവാദമില്ല എന്നു പറഞ്ഞു.11അവൻ അവരോട്: എന്നെ സൌഖ്യമാക്കിയവൻ കിടക്ക എടുത്ത നടക്ക എന്നു എന്നോട് പറഞ്ഞു എന്നു ഉത്തരം പറഞ്ഞു.
12അവർ അവനോട്: കിടക്ക എടുത്തു നടക്ക എന്നു നിന്നോട് പറഞ്ഞ മനുഷ്യൻ ആർ എന്നു ചോദിച്ചു.13എന്നാൽ അവിടെ പുരുഷാരം ഉണ്ടായിരിക്കയാൽ യേശു മാറിക്കളഞ്ഞതുകൊണ്ടു അവൻ ആരെന്ന് സൌഖ്യം പ്രാപിച്ചവൻ അറിഞ്ഞില്ല.
14അനന്തരം യേശു അവനെ ദൈവാലയത്തിൽവച്ച് കണ്ട് അവനോട്: നോക്കു, നിനക്ക് സൌഖ്യമായല്ലോ; അധികം തിന്മയായത് ഭവിക്കാതിരിക്കുവാൻ ഇനി പാപം ചെയ്യരുത് എന്നു പറഞ്ഞു.15ആ മനുഷ്യൻ പോയി തന്നെ സൌഖ്യമാക്കിയത് യേശു ആണെന്ന് യെഹൂദന്മാരോട് അറിയിച്ചു.
16യേശു ശബ്ബത്തിൽ അത് ചെയ്തതുകൊണ്ടു യെഹൂദന്മാർ അവനെ ഉപദ്രവിച്ചു.17യേശു അവരോട്: എന്റെ പിതാവ് ഇന്നുവരെയും പ്രവർത്തിക്കുന്നു; ഞാനും പ്രവർത്തിക്കുന്നു എന്നു ഉത്തരം പറഞ്ഞു.18അങ്ങനെ അവൻ ശബ്ബത്തിനെ ലംഘിച്ചതുകൊണ്ടു മാത്രമല്ല, ദൈവം സ്വന്തപിതാവ് എന്നു പറഞ്ഞു തന്നെത്താൻ ദൈവത്തോടു സമമാക്കിയതുകൊണ്ടും യെഹൂദന്മാർ അവനെ കൊല്ലുവാൻ അധികമായി ശ്രമിച്ചു പോന്നു.
പുത്രന്റെ അധികാരം

19ആകയാൽ യേശു അവരോട് ഉത്തരം പറഞ്ഞത്: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പിതാവ് ചെയ്തു കാണുന്നത് അല്ലാതെ പുത്രന് സ്വയമായി ഒന്നും ചെയ്‌വാൻ കഴിയുകയില്ല; അവൻ ചെയ്യുന്നതു എല്ലാം പുത്രനും അപ്രകാരം തന്നേ ചെയ്യുന്നു.20പിതാവ് പുത്രനെ സ്നേഹിക്കയും താൻ ചെയ്യുന്നതു ഒക്കെയും അവന് കാണിച്ചുകൊടുക്കുകയും ചെയ്യുന്നു; നിങ്ങൾ ആശ്ചര്യപ്പെടത്തക്കവിധം ഇവയിൽ വലിയ പ്രവൃത്തികളും അവന് കാണിച്ചുകൊടുക്കും.
21പിതാവ് മരിച്ചവരെ ഉയിർത്തെഴുന്നേല്പിച്ച് അവർക്ക് ജീവൻ നൽകുന്നതുപോലെതന്നെ പുത്രനും താൻ ഇച്ഛിക്കുന്നവർക്ക് ജീവൻ നൽകുന്നു.22എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന് പിതാവ് ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന് കൊടുത്തിരിക്കുന്നു.23പുത്രനെ ബഹുമാനിയ്ക്കാത്തവൻ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല.
24ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ട് എന്നെ അയച്ചവനെ വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ട്; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവങ്കലേക്ക് കടന്നിരിക്കുന്നു.
25ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: മരിച്ചവർ ദൈവപുത്രന്റെ ശബ്ദം കേൾക്കുകയും കേൾക്കുന്നവർ ജീവിക്കയും ചെയ്യുന്ന നാഴികവരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു.
26പിതാവിന് തന്നിൽതന്നേ ജീവനുള്ളതുപോലെ, പുത്രനും തന്നിൽതന്നേ ജീവനുണ്ടാകുവാൻ തക്കവണ്ണം അവൻ അങ്ങനെ നല്കിയിരിക്കുന്നു.27അവൻ മനുഷ്യപുത്രൻ ആകയാൽ ന്യായവിധി നടത്തുവാൻ പിതാവ് അവന് അധികാരവും നല്കിയിരിക്കുന്നു.
28ഇതിങ്കൽ ആശ്ചര്യപ്പെടരുത്; കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേൾക്കുവാനുള്ള സമയം വരുന്നു,29നന്മ ചെയ്തിട്ടുള്ളവർ ജീവന്റെ ഉയിർപ്പിനായും തിന്മ ചെയ്തിട്ടുള്ളവർ ശിക്ഷാവിധിയ്ക്കുള്ള ഉയിർപ്പിനായും പുറത്തു വരും.
യേശുവിന്റെ സാക്ഷ്യം

30എനിക്ക് സ്വന്തമായി ഒന്നും ചെയ്‌വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‌വാൻ ഇച്ഛിക്കുന്നതുകൊണ്ട് എന്റെ വിധി നീതിയുള്ളത് ആകുന്നു.31ഞാൻ എന്നെക്കുറിച്ച് തന്നേ സാക്ഷ്യം പറഞ്ഞാൽ എന്റെ സാക്ഷ്യം സത്യമല്ല.32എന്നെക്കുറിച്ച് സാക്ഷ്യം പറയുന്നത് മറ്റൊരുത്തൻ ആകുന്നു; അവൻ എന്നെക്കുറിച്ച് പറയുന്ന സാക്ഷ്യം സത്യം എന്നു ഞാൻ അറിയുന്നു.
33നിങ്ങൾ യോഹന്നാന്റെ അടുക്കൽ ആളയച്ച്; അവൻ സത്യത്തിന് സാക്ഷ്യം പറഞ്ഞിരിക്കുന്നു.34ഞാൻ മനുഷ്യരുടെ സാക്ഷ്യം സ്വീകരിക്കുന്നില്ല, എങ്കിലും നിങ്ങൾ രക്ഷിയ്ക്കപ്പെടുവാനത്രേ ഞാൻ ഇതു പറയുന്നത്.35യോഹന്നാൻ ജ്വലിച്ചു പ്രകാശിക്കുന്ന വിളക്കു ആയിരുന്നു; നിങ്ങൾ അല്പകാലത്തേക്ക് അവന്റെ വെളിച്ചത്തിൽ ഉല്ലസിക്കുവാൻ ഇച്ഛിച്ചു.
36എനിക്കോ അവന്റെ സാക്ഷ്യത്തിലും വലിയ സാക്ഷ്യം ഉണ്ട്; പിതാവ് എനിക്ക് അനുഷ്ഠിക്കുവാൻ തന്നിരിക്കുന്ന പ്രവൃത്തികൾ, ഞാൻ ചെയ്യുന്ന പ്രവൃത്തികൾ തന്നേ, പിതാവ് എന്നെ അയച്ചു എന്ന് എന്നെക്കുറിച്ച് സാക്ഷീകരിക്കുന്നു.37എന്നെ അയച്ച പിതാവുതന്നെ എന്നെക്കുറിച്ച് സാക്ഷ്യം പറഞ്ഞിരിക്കുന്നു; നിങ്ങൾ അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടുമില്ല, അവന്റെ രൂപം കണ്ടിട്ടുമില്ല;38അവൻ അയച്ചവനെ നിങ്ങൾ വിശ്വസിക്കാത്തതുകൊണ്ട് അവന്റെ വചനം നിങ്ങളുടെ ഉള്ളിൽ വസിക്കുന്നില്ല.
39നിങ്ങൾ തിരുവെഴുത്തുകളെ പരിശോധിക്കുന്നു; അവയിൽ നിങ്ങൾക്ക് നിത്യജീവൻ ഉണ്ട് എന്നു നിങ്ങൾ നിരൂപിക്കുന്നുവല്ലോ; എന്നാൽ അതേ തിരുവെഴുത്തുകൾ എന്നെക്കുറിച്ച് സാക്ഷ്യം പറയുന്നു.40എങ്കിലും ജീവൻ പ്രാപിക്കേണ്ടതിന് എന്റെ അടുക്കൽ വരുവാൻ നിങ്ങൾക്ക് മനസ്സില്ല.
41ഞാൻ മനുഷ്യരിൽനിന്ന് ബഹുമാനം സ്വീകരിക്കുന്നില്ല.42എന്നാൽ നിങ്ങളിൽ ദൈവസ്നേഹം ഇല്ല എന്നു ഞാൻ അറിഞ്ഞിരിക്കുന്നു.
43ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തൻ സ്വന്തനാമത്തിൽ വന്നാൽ അവനെ നിങ്ങൾ കൈക്കൊള്ളും.44തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ട് ഏകദൈവത്തിന്റെ പക്കൽ നിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്ക് എങ്ങനെ വിശ്വസിപ്പാൻ കഴിയും?
45ഞാൻ പിതാവിന്റെ മുമ്പിൽ നിങ്ങളെ കുറ്റം ചുമത്തും എന്നു നിങ്ങൾ വിചാരിക്കരുത്. നിങ്ങളെ കുറ്റം ചുമത്തുന്നവൻ ഉണ്ട്; നിങ്ങൾ പ്രത്യാശ വെച്ചിരിക്കുന്ന മോശെ തന്നേ.46നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അവൻ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു.47അവന്റെ എഴുത്തുകൾ നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്കുകൾ നിങ്ങൾ എങ്ങനെ വിശ്വസിക്കും?

6
അഞ്ചപ്പവും രണ്ടു മീനും അയ്യായിരംപേർക്ക്

1അനന്തരം യേശു തിബര്യാസ് കടൽ എന്നുകൂടി വിളിക്കപ്പെടുന്ന ഗലീലക്കടലിന്റെ അക്കരയ്ക്ക് പോയി.2അവൻ രോഗികളിൽ ചെയ്യുന്ന അടയാളങ്ങളെ കണ്ടിട്ട് ഒരു വലിയ പുരുഷാരം അവന്റെ പിന്നാലെ ചെന്ന്.3യേശു മലയിൽ കയറി ശിഷ്യന്മാരോടുകൂടെ അവിടെ ഇരുന്നു.

4യെഹൂദന്മാരുടെ പെസഹാപ്പെരുന്നാൾ സമീപിച്ചിരുന്നു.5യേശു വലിയൊരു പുരുഷാരം തന്റെ അടുക്കൽ വരുന്നത് കണ്ടിട്ട് ഫിലിപ്പൊസിനോട്: ഇവർക്ക് തിന്നുവാൻ നാം എവിടെ നിന്നു അപ്പം വാങ്ങും എന്നു ചോദിച്ചു.6ഇതു അവനെ പരീക്ഷിപ്പാനത്രേ ചോദിച്ചത്; താൻ എന്ത് ചെയ്‌വാൻ പോകുന്നു എന്നു താൻ അറിഞ്ഞിരുന്നു.
7ഫിലിപ്പൊസ് അവനോട്: ഓരോരുത്തന് അല്പമല്പം ലഭിക്കേണ്ടതിന് ഇരുനൂറ് പണത്തിന് അപ്പം മതിയാകയില്ല എന്നു ഉത്തരം പറഞ്ഞു.8ശിഷ്യന്മാരിൽ ഒരുവനും ശിമോൻ പത്രൊസിന്റെ സഹോദരനുമായ അന്ത്രെയാസ് അവനോട്:9ഇവിടെ ഒരു ബാലകൻ ഉണ്ട്; അവന്റെ പക്കൽ അഞ്ച് യവത്തപ്പവും രണ്ടു മീനും ഉണ്ട്; എങ്കിലും ഇത്രപേർക്ക് അത് എന്തുള്ളു എന്നു പറഞ്ഞു.
10ആളുകളെ ഇരുത്തുവിൻ എന്നു യേശു പറഞ്ഞു. ആ സ്ഥലത്ത് വളരെ പുല്ലുണ്ടായിരുന്നു; അയ്യായിരത്തോളം പുരുഷന്മാർ ഇരുന്നു.11പിന്നെ യേശു അപ്പം എടുത്തു വാഴ്ത്തി ഇരുന്നവർക്ക് പങ്കിട്ടുകൊടുത്തു; അങ്ങനെതന്നെ മീനും വേണ്ടുന്നിടത്തോളം കൊടുത്തു.12അവർക്ക് തൃപ്തിയായശേഷം അവൻ ശിഷ്യന്മാരോട്: ശേഷിച്ച കഷണം ഒന്നും നഷ്ടമാക്കാതെ ശേഖരിപ്പിൻ എന്നു പറഞ്ഞു.
13അഞ്ച് യവത്തപ്പത്തിൽ തിന്നു ശേഷിച്ച കഷണം അവർ ശേഖരിച്ചു പന്ത്രണ്ട് കൊട്ട നിറച്ചെടുത്തു.14അവൻ ചെയ്ത അടയാളം ആളുകൾ കണ്ടിട്ട്: ലോകത്തിലേക്കു വരുവാനുള്ള പ്രവാചകൻ ഇവൻ ആകുന്നു സത്യം എന്നു പറഞ്ഞു.
യേശു കടലിന്മീതെ നടന്നു വരുന്നു

15അവർ വന്നു തന്നെ ബലമായി പിടിച്ച് രാജാവാക്കുവാൻ ഭാവിക്കുന്നു എന്നു യേശു അറിഞ്ഞിട്ട് പിന്നെയും തനിച്ചു മലമുകളിലേക്കു പോയി.
16സന്ധ്യയായപ്പോൾ ശിഷ്യന്മാർ കടല്പുറത്തേക്ക് ഇറങ്ങി.17അവർ ഒരു പടകിൽ കയറി കടലിനക്കരെ കഫർന്നഹൂമിലേക്ക് യാത്രയായി; ഇരുട്ടായശേഷവും യേശു അവരുടെ അടുക്കൽ വന്നിരുന്നില്ല.18ആ സമയത്ത് ശക്തമായ കാറ്റ് അടിച്ചു, കടൽ ക്ഷോഭിച്ചു.
19അവർ ഇരുപത്തഞ്ച്-മുപ്പത് നാഴിക1 ദൂരത്തോളം വലിച്ചശേഷം യേശു കടലിന്മേൽ നടന്നു പടകിനോട് സമീപിക്കുന്നത് കണ്ട് പേടിച്ചു.20അവൻ അവരോട്: ഞാൻ ആകുന്നു; പേടിക്കേണ്ടാ എന്നു പറഞ്ഞു.21അപ്പോൾ അവർ അവനെ പടകിലേക്ക് കയറ്റുവാൻ തയ്യാറായി; ഉടനെ പടക് അവർ പോകുന്ന ദേശത്തു എത്തിപ്പോയി.

22പിറ്റെന്നാൾ കടലിനക്കരെ നിന്നിരുന്ന പുരുഷാരം, ഒരു പടകല്ലാതെ അവിടെ വേറെ ഇല്ലായിരുന്നു എന്നും യേശു ശിഷ്യന്മാരോടുകൂടെ പടകിൽ കയറാതെ ശിഷ്യന്മാർ മാത്രം പോയിരുന്നു എന്നും ഗ്രഹിച്ചു.23എന്നാൽ കർത്താവ് വാഴ്ത്തിയിട്ട് അവർ അപ്പം തിന്ന സ്ഥലത്തിന്നരികെ തിബര്യാസിൽനിന്ന് ചില പടകുകൾ എത്തിയിരുന്നു.
24യേശു അവിടെ ഇല്ല ശിഷ്യന്മാരും ഇല്ല എന്നു പുരുഷാരം കണ്ടപ്പോൾ തങ്ങളും പടക് കയറി യേശുവിനെ തിരഞ്ഞു കഫർന്നഹൂമിൽ എത്തി.
യേശു ജീവന്റെ അപ്പം

25കടലിനക്കരെ അവനെ കണ്ടെത്തിയപ്പോൾ: റബ്ബീ, നീ എപ്പോൾ ഇവിടെ വന്നു എന്നു ചോദിച്ചു.
26അതിന് യേശു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ അടയാളം കണ്ടതുകൊണ്ടല്ല, അപ്പം തിന്നു തൃപ്തരായതുകൊണ്ടത്രേ എന്നെ അന്വേഷിക്കുന്നത്.27നശിച്ചുപോകുന്ന ആഹാരത്തിനായിട്ടല്ല, നിത്യജീവങ്കലേക്ക് നിലനില്ക്കുന്ന ആഹാരത്തിനായിട്ടുതന്നെ പ്രവർത്തിപ്പിൻ; അത് മനുഷ്യപുത്രൻ നിങ്ങൾക്ക് തരും. അവനെ പിതാവായ ദൈവം മുദ്രയിട്ടിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
28അവർ അവനോട്: ദൈവത്തെ പ്രസാദിപ്പിക്കേണ്ടതിന് ഞങ്ങൾ എന്ത് പ്രവൃത്തികളെ ചെയ്യേണം എന്നു ചോദിച്ചു.29യേശു അവരോട്: ദൈവത്തിന് പ്രസാദമുള്ള പ്രവൃത്തി അവൻ അയച്ചവനിൽ നിങ്ങൾ വിശ്വസിക്കുന്നതത്രേ എന്നു ഉത്തരം പറഞ്ഞു.
30അവർ അവനോട്: ഞങ്ങൾ കണ്ട് നിന്നെ വിശ്വസിക്കേണ്ടതിന് നീ എന്ത് അടയാളം ചെയ്യുന്നു? എന്ത് പ്രവർത്തിക്കുന്നു?31നമ്മുടെ പിതാക്കന്മാർ മരുഭൂമിയിൽവച്ച് മന്ന തിന്നു; അവർക്ക് തിന്നുവാൻ സ്വർഗ്ഗത്തിൽ നിന്നു അപ്പം കൊടുത്തു എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
32യേശു അവരോട്: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: സ്വർഗ്ഗത്തിൽനിന്നുള്ള അപ്പം മോശെയല്ല നിങ്ങൾക്ക് തന്നതു, എന്റെ പിതാവത്രെ സ്വർഗ്ഗത്തിൽനിന്നുള്ള സാക്ഷാൽ അപ്പം നിങ്ങൾക്ക് തരുന്നത്.33ദൈവത്തിന്റെ അപ്പമോ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നു ലോകത്തിനു ജീവനെ കൊടുക്കുന്നത് ആകുന്നു എന്നു പറഞ്ഞു.34അവർ അവനോട്: കർത്താവേ, ഈ അപ്പം എപ്പോഴും ഞങ്ങൾക്കു തരേണമേ എന്നു പറഞ്ഞു.
35യേശു അവരോട് പറഞ്ഞത്: ഞാൻ ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കൽ വരുന്നവന് വിശക്കയില്ല; എന്നിൽ വിശ്വസിക്കുന്നവന് ഒരുനാളും ദാഹിക്കയുമില്ല.36എന്നാൽ നിങ്ങൾ എന്നെ കണ്ടിട്ടും വിശ്വസിക്കുന്നില്ല എന്നു ഞാൻ നിങ്ങളോടു പറഞ്ഞുവല്ലോ.37പിതാവ് എനിക്ക് തരുന്നത് ഒക്കെയും എന്റെ അടുക്കൽ വരും; എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും തള്ളിക്കളകയില്ല.
38ഞാൻ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‌വാൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്നത്.39അവൻ എനിക്ക് തന്നവരിൽ ഒരുവനേപ്പോലും ഞാൻ കളയാതെ എല്ലാവരെയും അവസാന നാളിൽ ഉയിർത്തെഴുന്നേല്പിക്കണം എന്നാകുന്നു എന്നെ അയച്ചവന്റെ ഇഷ്ടം.40പുത്രനെ നോക്കിക്കൊണ്ട് അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ ഉണ്ടാകണമെന്നാകുന്നു എന്റെ പിതാവിന്റെ ഇഷ്ടം; ഞാൻ അവനെ അവസാന നാളിൽ ഉയിർത്തെഴുന്നേല്പിക്കും.

41ഞാൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പം എന്നു അവൻ പറഞ്ഞതിനാൽ യെഹൂദന്മാർ അവനെക്കുറിച്ച് പിറുപിറുത്തു:42ഇവൻ യോസഫിന്റെ പുത്രനായ യേശു അല്ലയോ? അവന്റെ അപ്പനെയും അമ്മയെയും നാം അറിയുന്നുവല്ലോ; പിന്നെ ഞാൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നു എന്നു അവൻ പറയുന്നത് എങ്ങനെ എന്നു അവർ പറഞ്ഞു.
43യേശു അവരോട് ഉത്തരം പറഞ്ഞത്: നിങ്ങൾ തമ്മിൽ പിറുപിറുക്കേണ്ടാ;44എന്നെ അയച്ച പിതാവ് ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴിയുകയില്ല; ഞാൻ അവസാന നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും.45എല്ലാവരും ദൈവത്താൽ ഉപദേശിക്കപ്പെട്ടവർ ആകും എന്നു പ്രവാചകപുസ്തകങ്ങളിൽ എഴുതിയിരിക്കുന്നു. പിതാവിൽനിന്ന് കേട്ടുപഠിച്ചവൻ എല്ലാം എന്റെ അടുക്കൽ വരും.
46പിതാവിനെ ആരെങ്കിലും കണ്ടിട്ടുണ്ട് എന്നല്ല, ദൈവത്തിന്റെ അടുക്കൽ നിന്നു വന്നവൻ മാത്രമേ പിതാവിനെ കണ്ടിട്ടുള്ള.47ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ട്.
48ഞാൻ ജീവന്റെ അപ്പം ആകുന്നു.49നിങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽവച്ച് മന്ന തിന്നിട്ടും മരിച്ചുവല്ലോ.
50ഇതു സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പം ആകുന്നു, ഇതു തിന്നുന്നവൻ മരിക്കുകയില്ല.51സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിയ ജീവനുള്ള അപ്പം ഞാൻ ആകുന്നു; ആരെങ്കിലും ഈ അപ്പം തിന്നാൽ, അവൻ എന്നേക്കും ജീവിക്കും; ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ കൊടുക്കാനിരിക്കുന്ന അപ്പമോ എന്റെ മാംസം ആകുന്നു.

52ആകയാൽ യെഹൂദന്മാർ ദേഷ്യത്തോടെ: ഇവന്റെ മാംസം നമുക്കു തിന്നേണ്ടതിന് തരുവാൻ ഇവന് എങ്ങനെ കഴിയും എന്നു പറഞ്ഞു തമ്മിൽ വാദിച്ചു.53യേശു അവരോട് പറഞ്ഞത്: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ മനുഷ്യപുത്രന്റെ മാംസം തിന്നാതെയും അവന്റെ രക്തം കുടിക്കാതെയും ഇരുന്നാൽ നിങ്ങൾക്ക് ഉള്ളിൽ ജീവൻ ഉണ്ടായിരിക്കുകയില്ല.
54എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കുകയും ചെയ്യുന്നവന് നിത്യജീവൻ ഉണ്ട്; അവസാന നാളിൽ ഞാൻ അവനെ ഉയിർത്തെഴുന്നേല്പിക്കും.55എന്റെ മാംസം യഥാർത്ഥ ഭക്ഷണവും എന്റെ രക്തം യഥാർത്ഥ പാനീയവും ആകുന്നു.56എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു.
57ജീവനുള്ള പിതാവ് എന്നെ അയച്ചിട്ട് ഞാൻ പിതാവിൻമൂലം ജീവിക്കുന്നതുപോലെ എന്നെ തിന്നുന്നവൻ എന്മൂലം ജീവിക്കും.58സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്ന അപ്പം ഇതു ആകുന്നു; പിതാക്കന്മാർ തിന്നുകയും മരിക്കയും ചെയ്തതുപോലെ അല്ല; ഈ അപ്പം തിന്നുന്നവൻ എന്നേക്കും ജീവിക്കും.59അവൻ കഫർന്നഹൂമിലെ പള്ളിയിൽവെച്ച് ഉപദേശിച്ചുകൊണ്ടിരിക്കുമ്പോൾ ഈ കാര്യങ്ങൾ പറഞ്ഞു.
ശിഷ്യന്മാരിൽ പലരും യേശുവിനെ വിട്ടുപോകുന്നു

60അവന്റെ ശിഷ്യന്മാർ പലരും അത് കേട്ടിട്ട്: ഇതു കഠിനമായ ഉപദേശം, ഇതു ആർക്ക് അംഗീകരിക്കുവാൻ കഴിയും എന്നു പറഞ്ഞു.61ശിഷ്യന്മാർ അതിനെച്ചൊല്ലി പിറുപിറുക്കുന്നത് യേശു തന്നിൽ തന്നേ അറിഞ്ഞ് അവരോട്: ഇതു നിങ്ങൾക്ക് ഇടർച്ച ആകുന്നുവോ?
62മനുഷ്യപുത്രൻ മുമ്പെ ഇരുന്നിടത്തേക്ക് കയറിപ്പോകുന്നത് നിങ്ങൾ കണ്ടാലോ?63ജീവിപ്പിക്കുന്നത് ആത്മാവ് ആകുന്നു; മാംസം ഒന്നിനും ഉപകരിക്കുന്നില്ല; ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു.
64എങ്കിലും വിശ്വസിക്കാത്തവർ നിങ്ങളുടെ ഇടയിൽ ഉണ്ട് എന്നു പറഞ്ഞു, കാരണം അവർ ആരെന്നും തന്നെ ഒറ്റികൊടുക്കുന്നവൻ ആരെന്നും യേശു ആദിമുതൽ അറിഞ്ഞിരുന്നു.65ഇതുകൊണ്ടാണ് ഞാൻ നിങ്ങളോടു: പിതാവ് കൃപ നല്കീട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴിയുകയില്ല എന്നു പറഞ്ഞത് എന്നും അവൻ പറഞ്ഞു.

66ഇതിനുശേഷം അവന്റെ ശിഷ്യന്മാരിൽ പലരും പിൻമാറിപ്പോയി, പിന്നീടൊരിക്കലും അവനോടുകൂടെ സഞ്ചരിച്ചില്ല.67ആകയാൽ യേശു പന്തിരുവരോട്: നിങ്ങളും വിട്ടുപോകുവാൻ ആഗ്രഹിക്കുന്നുവോ? എന്നു ചോദിച്ചു.68ശിമോൻ പത്രൊസ് അവനോട്: കർത്താവേ, ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കൽ ഉണ്ട്.69നീ ദൈവത്തിന്റെ പരിശുദ്ധൻ എന്നു ഞങ്ങൾ വിശ്വസിച്ചും അറിഞ്ഞും ഇരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
70യേശു അവരോട്: നിങ്ങളെ പന്ത്രണ്ടുപേരെ ഞാൻ തിരഞ്ഞെടുത്തില്ലയോ? എങ്കിലും നിങ്ങളിൽ ഒരുവൻ ഒരു പിശാച് ആകുന്നു എന്നു ഉത്തരം പറഞ്ഞു. ഇതു അവൻ ശിമോൻ ഈസ്കര്യോത്താവിന്റെ മകനായ യൂദയെക്കുറിച്ചു പറഞ്ഞു.71ഇവൻ പന്തിരുവരിൽ ഒരുവൻ എങ്കിലും അവനെ കാണിച്ചുകൊടുക്കുവാനുള്ളവൻ ആയിരുന്നു.


1 6. 19 ഒരു നാഴിക എന്നാൽ 185 മീറ്റർ, 5-6 കിലോമീറ്റർ

7
യേശു കൂടാരപ്പെരുന്നാളിനുപോകുന്നു.

1അതിന്റെശേഷം യേശു ഗലീലയിൽ ചുറ്റിസഞ്ചരിച്ചു; യെഹൂദന്മാർ അവനെ കൊല്ലുവാൻ അന്വേഷിച്ചതുകൊണ്ട് യെഹൂദ്യയിൽ സഞ്ചരിപ്പാൻ അവന് മനസ്സില്ലായിരുന്നു.2എന്നാൽ യെഹൂദന്മാരുടെ കൂടാരപ്പെരുന്നാൾ അടുത്തിരുന്നു.

3അവന്റെ സഹോദരന്മാർ അവനോട്: നീ ചെയ്യുന്ന പ്രവൃത്തികളെ നിന്റെ ശിഷ്യന്മാരും കാണേണ്ടതിന് ഇവിടം വിട്ടു യെഹൂദ്യയിലേക്കു പോക.4പ്രസിദ്ധൻ ആകുവാൻ ആഗ്രഹിക്കുന്നവൻ ആരും രഹസ്യത്തിൽ ഒന്നും ചെയ്യുന്നില്ലല്ലോ; നീ ഇതു ചെയ്യുന്നു എങ്കിൽ ലോകത്തിനു നിന്നെത്തന്നെ വെളിപ്പെടുത്തുക എന്നു പറഞ്ഞു.
5അവന്റെ സഹോദരന്മാരും അവനിൽ വിശ്വസിച്ചില്ല.6യേശു അവരോട്: എന്റെ സമയം ഇതുവരെ വന്നിട്ടില്ല; നിങ്ങൾക്കോ എല്ലായ്പോഴും സമയം തന്നേ.7നിങ്ങളെ വെറുക്കാൻ ലോകത്തിനു കഴിയുന്നതല്ല; എന്നാൽ അതിന്റെ പ്രവൃത്തികൾ ദോഷമുള്ളവ എന്നു ഞാൻ അതിനെക്കുറിച്ച് സാക്ഷ്യം പറയുന്നതുകൊണ്ട് അത് എന്നെ വെറുക്കുന്നു.
8നിങ്ങൾ പെരുന്നാളിന് പോകുവിൻ; ഞാൻ ഈ പെരുന്നാളിന് പോകുന്നില്ല; എന്തുകൊണ്ടെന്നാൽ എന്റെ നാഴിക ഇതുവരെയും വന്നിട്ടില്ല.9ഇങ്ങനെ അവരോട് പറഞ്ഞിട്ട് ഗലീലയിൽ തന്നേ പാർത്തു.

10എന്നിരുന്നാലും അവന്റെ സഹോദരന്മാർ പെരുന്നാളിന് പോയശേഷം അവനും പരസ്യമായിട്ടല്ല രഹസ്യമായി തന്നേ പോയി.11എന്നാൽ യെഹൂദന്മാർ പെരുന്നാളിൽ: അവൻ എവിടെ എന്നു ചോദിച്ചു അവനെ അന്വേഷിച്ചു.
12പുരുഷാരത്തിൽ അവനെക്കുറിച്ച് വളരെ വാദപ്രതിവാദങ്ങൾ ഉണ്ടായി: അവൻ നല്ലവൻ എന്നു ചിലരും അല്ല, അവൻ പുരുഷാരത്തെ വഞ്ചിക്കുന്നു എന്നു മറ്റു ചിലരും പറഞ്ഞു.13എങ്കിലും യെഹൂദന്മാരെ പേടിച്ചിട്ട് ആരും പ്രസിദ്ധമായി അവനെക്കുറിച്ച് സംസാരിച്ചില്ല.
യേശു പെരുന്നാൾ ദിനത്തിൽ ഉപദേശിക്കുന്നു.

14പെരുന്നാൾ പകുതി കഴിഞ്ഞശേഷം യേശു ദൈവാലയത്തിൽ ചെന്ന് ഉപദേശിക്കുവാൻ തുടങ്ങി.15വിദ്യാഭ്യാസം ചെയ്യാത്ത ഇവൻ ഇത്രയധികം അറിയുന്നത് എങ്ങനെ എന്നു യെഹൂദന്മാർ പറഞ്ഞു ആശ്ചര്യപ്പെട്ടു.16യേശു അവരോട് ഉത്തരം പറഞ്ഞത്: എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ.
17ആരെങ്കിലും അവന്റെ ഇഷ്ടം ചെയ്‌വാൻ ഇച്ഛിക്കുന്നുവോ അവൻ ഈ ഉപദേശം ദൈവത്തിൽനിന്നുള്ളതോ ഞാൻ സ്വയമായി പ്രസ്താവിക്കുന്നതോ എന്നു അറിയും.18സ്വയമായി പ്രസ്താവിക്കുന്നവനെല്ലാം സ്വന്തമഹത്വം അന്വേഷിക്കുന്നു; എന്നാൽ തന്നെ അയച്ചവന്റെ മഹത്വം അന്വേഷിക്കുന്നവനോ സത്യവാൻ ആകുന്നു; നീതികേട് അവനിൽ ഇല്ല.
19മോശെ നിങ്ങൾക്ക് ന്യായപ്രമാണം തന്നിട്ടില്ലയോ? എങ്കിലും നിങ്ങളിൽ ആരും ന്യായപ്രമാണം ആചരിക്കുന്നില്ല. നിങ്ങൾ എന്നെ കൊല്ലുവാൻ അന്വേഷിക്കുന്നത് എന്ത്?20അതിന് പുരുഷാരം: നിനക്ക് ഒരു ഭൂതം ഉണ്ട്; ആരാണ് നിന്നെ കൊല്ലുവാൻ അന്വേഷിക്കുന്നത് എന്നു ഉത്തരം പറഞ്ഞു.
21യേശു അവരോട് ഉത്തരം പറഞ്ഞത്: ഞാൻ ഒരു പ്രവൃത്തി ചെയ്തു; അതിങ്കൽ നിങ്ങൾ എല്ലാവരും ആശ്ചര്യപ്പെടുന്നു.22മോശെ നിങ്ങൾക്ക് പരിച്ഛേദന നിയമിച്ചിരിക്കയാൽ [അത് മോശെയുടെ കാലത്തല്ല പിതാക്കന്മാരുടെ കാലത്തത്രേ തുടങ്ങിയത്], നിങ്ങൾ ശബ്ബത്തിൽ മനുഷ്യനെ പരിച്ഛേദന കഴിക്കുന്നു.
23മോശെയുടെ ന്യായപ്രമാണത്തിന് നീക്കം വരാതിരിപ്പാൻ ശബ്ബത്തിലും മനുഷ്യൻ പരിച്ഛേദന ഏല്ക്കുന്നു എങ്കിൽ ഞാൻ ശബ്ബത്തിൽ ഒരു മനുഷ്യനെ പൂർണ്ണമായി സൌഖ്യമാക്കിയതിനാൽ എന്നോട് ഈർഷ്യപ്പെടുന്നുവോ?24പുറമേയുള്ള കാഴ്ചപ്രകാരം വിധിക്കരുത്; നീതിയോടെ വിധിപ്പിൻ.
ഇവൻ ക്രിസ്തു ആകുന്നു.

25യെരൂശലേമിൽനിന്നുള്ള ചിലർ: അവർ കൊല്ലുവാൻ അന്വേഷിക്കുന്നവൻ ഇവൻ അല്ലയോ?26അവൻ പരസ്യമായി സംസാരിക്കുന്നുവല്ലോ; അവർ അവനോട് ഒന്നും പറയുന്നില്ല; ഇവൻ ക്രിസ്തു ആകുന്നു എന്നു അധികാരികൾ യഥാർത്ഥമായി ഗ്രഹിച്ചുവോ?27എങ്കിലും ഈ മനുഷ്യൻ എവിടെനിന്ന് വരുന്നു എന്നു നാം അറിയുന്നു; ക്രിസ്തു വരുമ്പോഴോ അവൻ എവിടെനിന്ന് വരുന്നു എന്നു ആരും അറിയുകയില്ല എന്നു പറഞ്ഞു.
28യേശു ദൈവാലയത്തിൽ ഉപദേശിക്കുമ്പോൾ: നിങ്ങൾ എന്നെ അറിയുന്നു; ഞാൻ എവിടെനിന്നെന്നും അറിയുന്നു. എന്നാൽ ഞാൻ സ്വയമായിട്ട് വന്നവനല്ല, എന്നെ അയച്ചവൻ സത്യവാൻ ആകുന്നു; അവനെ നിങ്ങൾ അറിയുന്നില്ല.29ഞാൻ അവന്റെ അടുക്കൽ നിന്നു വന്നതുകൊണ്ടും അവൻ എന്നെ അയച്ചതുകൊണ്ടും ഞാൻ അവനെ അറിയുന്നു എന്നു വിളിച്ചുപറഞ്ഞു.
30അവർ അവനെ പിടിപ്പാൻ അന്വേഷിച്ചു എങ്കിലും അവന്റെ നാഴിക വന്നിട്ടില്ലാത്തതുകൊണ്ട് ആരും അവന്റെമേൽ കൈ വെച്ചില്ല.31പുരുഷാരത്തിൽ പലരും: ക്രിസ്തു വരുമ്പോൾ ഇവൻ ചെയ്തതിൽ അധികം അടയാളങ്ങൾ ചെയ്യുമോ എന്നു പറഞ്ഞു അവനിൽ വിശ്വസിച്ചു.32പുരുഷാരം അവനെക്കുറിച്ച് ഇങ്ങനെ പിറുപിറുക്കുന്നു എന്നു പരീശന്മാർ കേട്ടപ്പോൾ അവനെ പിടിക്കേണ്ടതിന് മഹാപുരോഹിതന്മാരും പരീശന്മാരും പടയാളികളെ അയച്ചു.
33അപ്പോൾ യേശു: ഞാൻ ഇനി കുറച്ചുനേരം നിങ്ങളോടുകൂടെ ഇരിക്കുന്നു; പിന്നെ എന്നെ അയച്ചവന്റെ അടുക്കൽ പോകുന്നു.34നിങ്ങൾ എന്നെ അന്വേഷിക്കും എന്നാൽ കണ്ടെത്തുകയില്ല; ഞാൻ പോകുന്നിടത്തേക്ക് വരുവാൻ നിങ്ങൾക്ക് കഴിയുകയുമില്ല എന്നു പറഞ്ഞു.
35അത് കേട്ടിട്ട് യെഹൂദന്മാർ: നാം കണ്ടെത്താതവണ്ണം ഇവൻ എവിടേക്ക് പോകുവാൻ ഭാവിക്കുന്നു? യവനന്മാരുടെ ഇടയിൽ ചിതറിപ്പാർക്കുന്നവരുടെ അടുക്കൽ പോയി യവനരെ ഉപദേശിക്കുവാൻ ഭാവമോ?36നിങ്ങൾ എന്നെ അന്വേഷിക്കും, എന്നെ കണ്ടെത്തുകയില്ലതാനും; ഞാൻ പോകുന്നിടത്ത് വരുവാൻ നിങ്ങൾക്ക് കഴിയുകയുമില്ല എന്നു ഈ പറഞ്ഞ വാക്ക് എന്ത് എന്നു തമ്മിൽ തമ്മിൽ പറഞ്ഞു.
ജീവജലത്തിന്റെ നീരുറവകൾ.

37ഉത്സവത്തിന്റെ മഹാദിനമായ ഒടുവിലത്തെ നാളിൽ യേശു നിന്നുകൊണ്ട്: ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ.38എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽനിന്ന് തിരുവെഴുത്ത് പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും എന്നു വിളിച്ചുപറഞ്ഞു.
39അവൻ ഇതു തന്നിൽ വിശ്വസിക്കുന്നവർക്ക് ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ചാകുന്നു പറഞ്ഞത്; അതുവരെ ആത്മാവിനെ നൽകപെട്ടിട്ടില്ലായിരുന്നു എന്തുകൊണ്ടെന്നാൽ യേശു അന്ന് തേജസ്കരിക്കപ്പെട്ടിട്ടില്ലായിരുന്നു.
അധികാരികളുടെ അവിശ്വാസം.

40പുരുഷാരത്തിൽ പലരും ആ വാക്ക് കേട്ടിട്ട്: ഇതു തീർച്ചയായും ആ പ്രവാചകൻ ആകുന്നു എന്നു പറഞ്ഞു.41മറ്റുചിലർ: ഇവൻ ക്രിസ്തു ആകുന്നു എന്നുപറഞ്ഞു എന്നാൽ വേറെ ചിലർ: ഗലീലയിൽ നിന്നാണോ ക്രിസ്തു വരുന്നത്? എന്നു പറഞ്ഞു.42ദാവീദിന്റെ സന്തതിയിൽ നിന്നും ദാവീദ് പാർത്ത ഗ്രാമമായ ബേത്ത്ലേഹെമിൽനിന്നും ക്രിസ്തു വരുന്നു എന്നു തിരുവെഴുത്ത് പറയുന്നില്ലയോ എന്നും പറഞ്ഞു.
43അങ്ങനെ പുരുഷാരത്തിൽ അവനെച്ചൊല്ലി ഭിന്നത ഉണ്ടായി.44അവരിൽ ചിലർ അവനെ പിടിപ്പാൻ ഭാവിച്ചു എങ്കിലും ആരും അവന്റെമേൽ കൈ വെച്ചില്ല.

45ചേവകർ മഹാപുരോഹിതന്മാരുടെയും പരീശന്മാരുടെയും അടുക്കൽ മടങ്ങിവന്നപ്പോൾ അവർ അവരോട്: നിങ്ങൾ അവനെ കൊണ്ടുവരാഞ്ഞത് എന്ത് എന്നു ചോദിച്ചതിന്:46ഈ മനുഷ്യൻ സംസാരിക്കുന്നതുപോലെ ആരും ഒരുനാളും സംസാരിച്ചിട്ടില്ല എന്നു ചേവകർ ഉത്തരം പറഞ്ഞു.
47പരീശന്മാർ അവരോട്: നിങ്ങളെയും വഴിതെറ്റിച്ചുവോ?48അധികാരികളിൽ ആകട്ടെ പരീശന്മാരിൽ ആകട്ടെ ആരെങ്കിലും അവനിൽ വിശ്വസിച്ചിട്ടുണ്ടോ?49ന്യായപ്രമാണം അറിയാത്ത ഈ പുരുഷാരമോ ശപിക്കപ്പെട്ടവരാകുന്നു എന്നു ഉത്തരം പറഞ്ഞു.
50മുമ്പൊരിക്കൽ യേശുവിന്റെ അടുക്കൽ വന്നിരുന്നവനും പരീശന്മാരിൽ ഒരുവനുമായ നിക്കോദെമോസ് അവരോട്:51ഒരു മനുഷ്യന്റെ വാമൊഴി ആദ്യം കേട്ട്, അവൻ ചെയ്യുന്നതു ഇന്നത് എന്നു അറിഞ്ഞിട്ടല്ലാതെ നമ്മുടെ ന്യായപ്രമാണം അവനെ വിധിക്കുന്നുവോ എന്നു പറഞ്ഞു.52അവർ അവനോട്: നീയും ഗലീലക്കാരനോ? പരിശോധിച്ചുനോക്കുക; ഒരു പ്രവാചകനും ഗലീലയിൽ നിന്നു വരുന്നില്ലല്ലോ എന്നു ഉത്തരം പറഞ്ഞു.

53[അങ്ങനെ ഓരോരുത്തൻ താന്താന്റെ വീട്ടിൽ പോയി.

8
വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീ

1യേശു ഒലിവുമലയിലേക്ക് പോയി.2അതികാലത്ത് അവൻ പിന്നെയും ദൈവാലയത്തിൽ ചെന്ന്; ജനം ഒക്കെയും അവന്റെ അടുക്കൽ വന്നു; അവൻ ഇരുന്നു അവരെ ഉപദേശിച്ചു.3അപ്പോൾ ശാസ്ത്രിമാരും പരീശന്മാരും വ്യഭിചാരത്തിൽ പിടിച്ചിരുന്ന ഒരു സ്ത്രീയെ കൊണ്ടുവന്നു അവരുടെ നടുവിൽ നിർത്തി അവനോട്:

4ഗുരോ, ഈ സ്ത്രീയെ വ്യഭിചാരകർമ്മത്തിൽ തന്നേ പിടിച്ചിരിക്കുന്നു.5ഇങ്ങനെയുള്ളവരെ കല്ലെറിയണം എന്നു മോശെ ന്യായപ്രമാണത്തിൽ ഞങ്ങളോടു കല്പിച്ചിരിക്കുന്നു; നീ ഇവളെക്കുറിച്ച് എന്ത് പറയുന്നു എന്നു ചോദിച്ചു.6ഇതു അവനെ കുറ്റം ചുമത്തുവാൻ എന്തെങ്കിലും കാരണം കിട്ടേണ്ടതിന് അവനെ പരീക്ഷിച്ച് ചോദിച്ചതായിരുന്നു. യേശുവോ കുനിഞ്ഞു വിരൽകൊണ്ട് നിലത്തു എഴുതിക്കൊണ്ടിരുന്നു.
7അവർ അവനോട് ആവർത്തിച്ചു ചോദിച്ചുകൊണ്ടിരുന്നപ്പോൾ അവൻ നിവർന്നു: ‘നിങ്ങളിൽ പാപമില്ലാത്തവൻ ആകട്ടെ ആദ്യം അവളെ ഒരു കല്ല് എറിയുന്നവൻ’ എന്നു അവരോട് പറഞ്ഞു.8വീണ്ടും അവൻ കുനിഞ്ഞു വിരൽകൊണ്ട് നിലത്തു എഴുതിക്കൊണ്ടിരുന്നു.
9അവർ ഇതു കേട്ടപ്പോൾ മുതിർന്നവർ തുടങ്ങി ഓരോരുത്തനായി വിട്ടുപോയി; യേശു മാത്രവും അവരുടെ നടുവിൽ നിന്നിരുന്ന സ്ത്രീയും ശേഷിച്ചു.10യേശു നിവർന്നു അവളോട്: സ്ത്രീയേ, നിന്നെ കുറ്റം ചുമത്തിയവർ എവിടെ? നിനക്ക് ആരും ശിക്ഷ വിധിച്ചില്ലയോ എന്നു ചോദിച്ചതിന്:11ഇല്ല കർത്താവേ, എന്നു അവൾ പറഞ്ഞു. ഞാനും നിനക്ക് ശിക്ഷ വിധിക്കുന്നില്ല: പോക, ഇനിമേൽ പാപം ചെയ്യരുത് എന്നു യേശു പറഞ്ഞു].
യേശു ലോകത്തിന്റെ വെളിച്ചം

12യേശു പിന്നെയും അവരോട് സംസാരിച്ചു: ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും എന്നു പറഞ്ഞു.13പരീശന്മാർ അവനോട്: നീ നിന്നെക്കുറിച്ച് തന്നേ സാക്ഷ്യം പറയുന്നു; നിന്റെ സാക്ഷ്യം സത്യമല്ല എന്നു പറഞ്ഞു.
14യേശു അവരോട് ഉത്തരം പറഞ്ഞത്: ഞാൻ എന്നെക്കുറിച്ച് തന്നേ സാക്ഷ്യം പറഞ്ഞാലും എന്റെ സാക്ഷ്യം സത്യം ആകുന്നു; ഞാൻ എവിടെനിന്ന് വന്നു എന്നും എവിടേക്ക് പോകുന്നു എന്നും ഞാൻ അറിയുന്നു; നിങ്ങളോ, ഞാൻ എവിടെനിന്ന് വന്നു എന്നും എവിടേക്ക് പോകുന്നു എന്നും അറിയുന്നില്ല.15നിങ്ങൾ മാനുഷിക നിയമങ്ങൾക്കനുസരിച്ച് വിധിക്കുന്നു; ഞാൻ ആരെയും വിധിക്കുന്നില്ല.16ഞാൻ വിധിച്ചാലും ഞാൻ ഏകനല്ല, ഞാനും എന്നെ അയച്ച പിതാവും കൂടെയാകയാൽ എന്റെ വിധി സത്യമാകുന്നു.
17രണ്ടു മനുഷ്യരുടെ സാക്ഷ്യം സത്യം എന്നു നിങ്ങളുടെ ന്യായപ്രമാണത്തിലും എഴുതിയിരിക്കുന്നുവല്ലോ.18ഞാൻ എന്നെക്കുറിച്ച് തന്നേ സാക്ഷ്യം പറയുന്നു; എന്നെ അയച്ച പിതാവും എന്നെക്കുറിച്ച് സാക്ഷ്യം പറയുന്നു.
19അവർ അവനോട്: നിന്റെ പിതാവ് എവിടെ എന്നു ചോദിച്ചതിന് യേശു: നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞ് എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു എന്നു ഉത്തരം പറഞ്ഞു.20അവൻ ദൈവാലയത്തിൽ ഉപദേശിക്കുമ്പോൾ ഭണ്ഡാരസ്ഥലത്തിനരികെവെച്ച് ഈ വചനം പറഞ്ഞു; അവന്റെ നാഴിക അതുവരെയും വന്നിട്ടില്ലാത്തതുകൊണ്ട് ആരും അവനെ പിടിച്ചില്ല.
യേശു ഈ ലോകത്തിൽ നിന്നുള്ളവനല്ല

21അവൻ പിന്നെയും അവരോട്: ഞാൻ പോകുന്നു; നിങ്ങൾ എന്നെ അന്വേഷിക്കും; നിങ്ങളുടെ പാപത്തിൽ നിങ്ങൾ മരിക്കും; ഞാൻ പോകുന്ന ഇടത്തേക്ക് നിങ്ങൾക്ക് വരുവാൻ കഴിയുകയില്ല എന്നു പറഞ്ഞു.22ഞാൻ പോകുന്ന ഇടത്തേക്ക് നിങ്ങൾക്ക് വരുവാൻ കഴിയുകയില്ല എന്നു അവൻ പറഞ്ഞത്; അവൻ തന്നെത്താൻ കൊല്ലുമെന്നാണോ? എന്നു യെഹൂദന്മാർ പറഞ്ഞു.
23അവൻ അവരോട്: നിങ്ങൾ താഴെനിന്നുള്ളവർ, ഞാൻ മേലിൽനിന്നുള്ളവൻ; നിങ്ങൾ ഈ ലോകത്തിൽനിന്നുള്ളവർ, ഞാൻ ഈ ലോകത്തിൽ നിന്നുള്ളവനല്ല.24ആകയാൽ നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും എന്നു ഞാൻ നിങ്ങളോടു പറഞ്ഞു; ‘ഞാൻ ആകുന്നു’ എന്നു വിശ്വസിക്കാഞ്ഞാൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും എന്നു പറഞ്ഞു.
25അവർ അവനോട്: നീ ആർ ആകുന്നു എന്നു ചോദിച്ചതിന് യേശു: ആദിമുതൽ ഞാൻ നിങ്ങളോടു പറഞ്ഞിരുന്നത് തന്നേ.26നിങ്ങളെക്കുറിച്ച് വളരെ സംസാരിപ്പാനും വിധിപ്പാനും എനിക്ക് ഉണ്ട്; എങ്കിലും എന്നെ അയച്ചവൻ സത്യവാൻ ആകുന്നു; അവനിൽനിന്ന് കേട്ടതായ ഈ കാര്യങ്ങൾ തന്നേ ഞാൻ ലോകത്തോടു സംസാരിക്കുന്നു എന്നു പറഞ്ഞു.27പിതാവിനെക്കുറിച്ച് ആകുന്നു അവൻ തങ്ങളോട് പറഞ്ഞത് എന്നു അവർ ഗ്രഹിച്ചില്ല.
28ആകയാൽ യേശു: നിങ്ങൾ മനുഷ്യപുത്രനെ ഉയർത്തിയശേഷം ‘ഞാൻ ആകുന്നു’ അവൻ എന്നും ഞാൻ സ്വയമായിട്ട് ഒന്നും ചെയ്യാതെ പിതാവ് എനിക്ക് ഉപദേശിച്ചുതന്നതുപോലെ ഇതു സംസാരിക്കുന്നു എന്നും നിങ്ങൾ അറിയും.29എന്നെ അയച്ചവൻ എന്നോടുകൂടെ ഉണ്ട്; ഞാൻ എല്ലായ്പോഴും അവന് പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ട് അവൻ എന്നെ ഏകനായി വിട്ടിട്ടില്ല എന്നു പറഞ്ഞു.30അവൻ ഈ കാര്യങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അനേകർ അവനിൽ വിശ്വസിച്ചു.
സത്യം നിങ്ങളെ സ്വതന്ത്രരാക്കും

31തന്നിൽ വിശ്വസിച്ച യെഹൂദന്മാരോട് യേശു: എന്റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ യഥാർത്ഥമായി എന്റെ ശിഷ്യന്മാരായി32സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും എന്നു പറഞ്ഞു.33അവർ അവനോട്: ഞങ്ങൾ അബ്രഹാമിന്റെ സന്തതി; ആർക്കും ഒരുനാളും ദാസന്മാരായിരുന്നിട്ടില്ല; നിങ്ങൾ സ്വതന്ത്രന്മാർ ആകും എന്നു നീ പറയുന്നത് എങ്ങനെ എന്നു ഉത്തരം പറഞ്ഞു.
34അതിന് യേശു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പാപം ചെയ്യുന്നവൻ എല്ലാം പാപത്തിന്റെ ദാസൻ ആകുന്നു.35അടിമ എന്നേക്കും വീട്ടിൽ വസിക്കുന്നില്ല; പുത്രനോ എന്നേക്കും വസിക്കുന്നു.36അതുകൊണ്ട് പുത്രൻ നിങ്ങൾക്ക് സ്വാതന്ത്ര്യം വരുത്തിയാൽ നിങ്ങൾ സാക്ഷാൽ സ്വതന്ത്രർ ആകും.
അബ്രഹാമിന്റെ സന്തതികളോ? പിശാചിന്റെ സന്തതികളോ?

37നിങ്ങൾ അബ്രഹാമിന്റെ സന്തതി എന്നു ഞാൻ അറിയുന്നു; എങ്കിലും എന്റെ വചനത്തിന് നിങ്ങളിൽ ഇടം ഇല്ലാത്തതുകൊണ്ട് നിങ്ങൾ എന്നെ കൊല്ലുവാൻ നോക്കുന്നു.38പിതാവിന്റെ അടുക്കൽ കണ്ടിട്ടുള്ളത് ഞാൻ സംസാരിക്കുന്നു; നിങ്ങളുടെ പിതാവിനോട് കേട്ടിട്ടുള്ളത് നിങ്ങൾ ചെയ്യുന്നു എന്നു ഉത്തരം പറഞ്ഞു.
39അവർ അവനോട്: അബ്രഹാം ആകുന്നു ഞങ്ങളുടെ പിതാവ് എന്നു ഉത്തരം പറഞ്ഞതിന് യേശു അവരോട്: നിങ്ങൾ അബ്രഹാമിന്റെ മക്കൾ എങ്കിൽ അബ്രഹാമിന്റെ പ്രവൃത്തികളെ ചെയ്യുമായിരുന്നു.40എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു; അങ്ങനെ അബ്രഹാം ചെയ്തില്ലല്ലോ.41നിങ്ങളുടെ പിതാവിന്റെ പ്രവൃത്തികളെ നിങ്ങൾ ചെയ്യുന്നു എന്നു പറഞ്ഞു. അവർ അവനോട്: ഞങ്ങൾ പരസംഗത്താൽ ജനിച്ചവരല്ല; ഞങ്ങൾക്കു ഒരു പിതാവേയുള്ളു; ദൈവം തന്നേ എന്നു പറഞ്ഞു.
42യേശു അവരോട് പറഞ്ഞത്: ദൈവം നിങ്ങളുടെ പിതാവ് എങ്കിൽ നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു; ഞാൻ ദൈവത്തിന്റെ അടുക്കൽനിന്ന് വന്നിരിക്കുന്നു; ഞാൻ സ്വയമായി വന്നതല്ല, അവൻ എന്നെ അയച്ചതാകുന്നു.43എന്റെ വാക്കുകൾ നിങ്ങൾ ഗ്രഹിക്കാത്തത് എന്ത്? എന്റെ വചനം കേൾക്കുവാൻ നിങ്ങൾക്ക് മനസ്സില്ലാത്തതുകൊണ്ടത്രേ.44നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്‌വാനും ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കൊലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലാത്തതുകൊണ്ട് സത്യത്തിൽ നില്ക്കുന്നതുമില്ല. അവൻ ഭോഷ്ക് പറയുമ്പോൾ സ്വന്ത സ്വഭാവത്തിൽനിന്ന് എടുത്തു പറയുന്നു; എന്തുകൊണ്ടെന്നാൽ അവൻ ഭോഷ്ക് പറയുന്നവനും അതിന്റെ അപ്പനും ആകുന്നു.
45ഞാനോ സത്യം സംസാരിക്കുന്നു എന്നിട്ടും നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ല.46നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ച് ബോധം വരുത്തുന്നു? ഞാൻ സത്യം പറയുന്നു എങ്കിൽ നിങ്ങൾ എന്നെ വിശ്വസിക്കാത്തത് എന്ത്?47ദൈവത്തിൽ നിന്നുള്ളവർ ദൈവവചനം കേൾക്കുന്നു; നിങ്ങൾ ദൈവത്തിൽ നിന്നുള്ളവരല്ലായ്കകൊണ്ട് അവ കേൾക്കുന്നില്ല.
48യെഹൂദന്മാർ അവനോട്: നീ ഒരു ശമര്യൻ; നിനക്ക് ഭൂതം ഉണ്ട് എന്നു ഞങ്ങൾ പറയുന്നത് ശരിയല്ലയോ എന്നു പറഞ്ഞു.49അതിന് യേശു: എനിക്ക് ഭൂതമില്ല; ഞാൻ എന്റെ പിതാവിനെ ബഹുമാനിയ്ക്ക അത്രേ ചെയ്യുന്നതു; നിങ്ങളോ എന്നെ അപമാനിക്കുന്നു.
50ഞാൻ എന്റെ മഹത്വം അന്വേഷിക്കുന്നില്ല; അങ്ങനെ അന്വേഷിക്കുകയും വിധിക്കുകയും ചെയ്യുന്ന ഒരുവൻ ഉണ്ട്.
അബ്രഹാമിനുമുമ്പ് ഞാനുണ്ട് [യേശു].

51ആമേൻ, ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം കാൺകയില്ല എന്നു ഉത്തരം പറഞ്ഞു.
52യെഹൂദന്മാർ അവനോട്: നിനക്ക് ഭൂതം ഉണ്ട് എന്നു ഇപ്പോൾ ഞങ്ങൾക്കു മനസ്സിലായി; അബ്രഹാമും പ്രവാചകന്മാരും മരിച്ചു; നീയോ എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം ആസ്വദിക്കയില്ല എന്നു പറയുന്നു.53ഞങ്ങളുടെ പിതാവായ അബ്രഹാമിനെക്കാൾ നീ വലിയവനോ? അവൻ മരിച്ചു, പ്രവാചകന്മാരും മരിച്ചു; നിന്നെത്തന്നെ നീ ആർ ആക്കുന്നു എന്നു ചോദിച്ചതിന്
54യേശു: ഞാൻ എന്നെത്തന്നെ മഹത്വപ്പെടുത്തിയാൽ എന്റെ മഹത്വം ഏതുമില്ല; എന്നെ മഹത്വപ്പെടുത്തുന്നത് എന്റെ പിതാവ് ആകുന്നു; അവനെ നിങ്ങളുടെ ദൈവം എന്നു നിങ്ങൾ പറയുന്നു.55നിങ്ങൾ അവനെ അറിയുന്നില്ല എങ്കിലും ഞാൻ അവനെ അറിയുന്നു; അവനെ അറിയുന്നില്ല എന്നു ഞാൻ പറഞ്ഞാൽ നിങ്ങളെപ്പോലെ ഭോഷ്കുപറയുന്നവൻ ആകും; എന്നാൽ ഞാൻ അവനെ അറിയുന്നു; അവന്റെ വചനം പ്രമാണിക്കയും ചെയ്യുന്നു.56നിങ്ങളുടെ പിതാവായ അബ്രഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ട് ഉല്ലസിച്ചു; അവൻ കണ്ട് സന്തോഷിച്ചുമിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
57യെഹൂദന്മാർ അവനോട്: നിനക്ക് അമ്പത് വയസ്സ് ആയിട്ടില്ല; നീ അബ്രഹാമിനെ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചു.58യേശു അവരോട്: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: അബ്രഹാം ജനിച്ചതിന് മുമ്പ് ഞാൻ ഉണ്ട് എന്നു പറഞ്ഞു.59അപ്പോൾ അവർ അവനെ എറിയുവാൻ കല്ല് എടുത്തു; യേശുവോ മറഞ്ഞു ദൈവാലയം വിട്ടു പോയി.

9
കുരുടന് കാഴ്ച ലഭിക്കുന്നു

1യേശു കടന്നുപോകുമ്പോൾ ജന്മനാ കുരുടനായൊരു മനുഷ്യനെ കണ്ട്.2അവന്റെ ശിഷ്യന്മാർ അവനോട്: റബ്ബീ, ഇവൻ കുരുടനായി പിറക്കത്തക്കവണ്ണം ആർ പാപം ചെയ്തു? ഇവനോ ഇവന്റെ മാതാപിതാക്കളോ? എന്നു ചോദിച്ചു.

3അതിന് യേശു: അവനോ അവന്റെ മാതാപിതാക്കളോ പാപം ചെയ്തിട്ടല്ല, ദൈവപ്രവർത്തി അവനിൽ വെളിപ്പെടേണ്ടതിനത്രേ.4എന്നെ അയച്ചവന്റെ പ്രവൃത്തി പകൽ ഉള്ളിടത്തോളം നാം ചെയ്യേണ്ടതാകുന്നു; ആർക്കും പ്രവർത്തിക്കുവാൻ കഴിയാത്ത രാത്രി വരുന്നു.5ഞാൻ ലോകത്തിൽ ആയിരിക്കുമ്പോൾ ലോകത്തിന്റെ വെളിച്ചം ആകുന്നു എന്നു ഉത്തരം പറഞ്ഞു.
6ഇങ്ങനെ പറഞ്ഞിട്ട് അവൻ നിലത്തു തുപ്പി തുപ്പൽകൊണ്ട് ചേറുണ്ടാക്കി ചേറ് അവന്റെ കണ്ണിന്മേൽ തേച്ചു:7നീ ചെന്ന് ശിലോഹാം കുളത്തിൽ കഴുകുക എന്നു അവനോട് പറഞ്ഞു; ശിലോഹാം എന്നതിന് അയയ്ക്കപ്പെട്ടവൻ എന്നർത്ഥം. അവൻ പോയി കഴുകി, കണ്ണ് കാണുന്നവനായി മടങ്ങിവന്നു.
8അവന്റെ അയൽക്കാരും അവനെ മുമ്പെ യാചകനായി കണ്ടവരും: ഇവനല്ലയോ അവിടെ ഇരുന്നു ഭിക്ഷ യാചിച്ചവൻ എന്നു പറഞ്ഞു.9അവൻ തന്നേ എന്നു ചിലരും അല്ല, അവനെപ്പോലെയുള്ളവൻ എന്നു മറ്റുചിലരും പറഞ്ഞു; എന്നാൽ അത് ഞാൻ തന്നേ എന്നു അവൻ പറഞ്ഞു.
10അവർ അവനോട്: നിന്റെ കണ്ണ് തുറന്നത് എങ്ങനെ എന്നു ചോദിച്ചതിന് അവൻ:11യേശു എന്നു പേരുള്ള ഒരു മനുഷ്യൻ ചേറുണ്ടാക്കി എന്റെ കണ്ണിന്മേൽ തേച്ച്: ശിലോഹാം കുളത്തിൽ പോയി കഴുകുക എന്നു എന്നോട് പറഞ്ഞു; ഞാൻ പോയി കഴുകി കാഴ്ച പ്രാപിച്ചു എന്നു ഉത്തരം പറഞ്ഞു.12അവൻ എവിടെ എന്നു അവർ അവനോട് ചോദിച്ചതിന്: എനിക്കറിയില്ല എന്നു അവൻ പറഞ്ഞു.

13കുരുടനായിരുന്നവനെ അവർ പരീശന്മാരുടെ അടുക്കൽ കൊണ്ടുപോയി.14യേശു ചേറുണ്ടാക്കി അവന്റെ കണ്ണ് തുറന്നത് ശബ്ബത്ത് നാളിൽ ആയിരുന്നു.15അവൻ കാഴ്ച പ്രാപിച്ചത് എങ്ങനെ എന്നു പരീശന്മാരും അവനോട് ചോദിച്ചു. അവൻ അവരോട്: അവൻ എന്റെ കണ്ണിന്മേൽ ചേറ് തേച്ച് ഞാൻ കഴുകി; ഇപ്പോൾ എനിക്ക് കാണ്മാൻ കഴിയുന്നു എന്നു പറഞ്ഞു.
16പരീശന്മാരിൽ ചിലർ: ഈ മനുഷ്യൻ ദൈവത്തിന്റെ അടുക്കൽനിന്ന് വന്നവനല്ല; എന്തുകൊണ്ടെന്നാൽ അവൻ ശബ്ബത്ത് പ്രമാണിക്കുന്നില്ല എന്നു പറഞ്ഞു. മറ്റു ചിലർ: പാപിയായൊരു മനുഷ്യന് ഇങ്ങനെയുള്ള അടയാളങ്ങൾ ചെയ്‌വാൻ എങ്ങനെ കഴിയും എന്നു പറഞ്ഞു; അങ്ങനെ അവരുടെ ഇടയിൽ ഒരു ഭിന്നത ഉണ്ടായി.17അവർ പിന്നെയും കുരുടനോട്: നിന്റെ കണ്ണ് തുറന്നതുകൊണ്ട് നീ അവനെക്കുറിച്ച് എന്ത് പറയുന്നു എന്നു ചോദിച്ചതിന്: അവൻ ഒരു പ്രവാചകൻ ആകുന്നു എന്നു അവൻ പറഞ്ഞു.18കാഴ്ച പ്രാപിച്ചവന്റെ മാതാപിതാക്കളെ വിളിച്ചു ചോദിക്കുവോളം അവൻ കുരുടനായിരുന്നു എന്നും കാഴ്ച പ്രാപിച്ചു എന്നും യെഹൂദന്മാർ വിശ്വസിച്ചില്ല.
19കുരുടനായി ജനിച്ചു എന്നു നിങ്ങൾ പറയുന്ന നിങ്ങളുടെ മകൻ ഇവൻ തന്നെയോ? എന്നാൽ അവന് ഇപ്പോൾ കണ്ണ് കാണുന്നത് എങ്ങനെ എന്നു അവർ അവരോട് ചോദിച്ചു.20അതിന് അവന്റെ മാതാപിതാക്കൾ: ഇവൻ ഞങ്ങളുടെ മകൻ എന്നും കുരുടനായി ജനിച്ചവൻ എന്നും ഞങ്ങൾക്കു അറിയാം.21എന്നാൽ അവന് ഇപ്പോൾ കണ്ണ് കാണുന്നത് എങ്ങനെ എന്നും അവന്റെ കണ്ണ് ആർ തുറന്നു എന്നും ഞങ്ങൾ അറിയുന്നില്ല; അവനോട് ചോദിപ്പിൻ; അവന് പ്രായം ഉണ്ടല്ലോ; അവൻ തന്നേ പറയും എന്നു ഉത്തരം പറഞ്ഞു.
22യെഹൂദന്മാരെ ഭയപ്പെടുകകൊണ്ടത്രേ അവന്റെ മാതാപിതാക്കൾ ഇങ്ങനെ പറഞ്ഞത്; യേശുവിനെ ക്രിസ്തു എന്നു ഏറ്റുപറയുന്നവരെ പള്ളിയിൽനിന്ന് പുറത്താക്കേണം എന്നു യെഹൂദന്മാർ തമ്മിൽ പറഞ്ഞൊത്തിരുന്നു23അതുകൊണ്ടാണ് അവന്റെ മാതാപിതാക്കൾ അവന് പ്രായം ഉണ്ടല്ലോ; അവനോട് ചോദിപ്പിൻ എന്നു പറഞ്ഞത്.
24കുരുടനായിരുന്ന മനുഷ്യനെ അവർ രണ്ടാമതും വിളിച്ചു അവനോട്: ദൈവത്തിന് മഹത്വം കൊടുക്ക; ആ മനുഷ്യൻ ഒരു പാപി എന്നു ഞങ്ങൾ അറിയുന്നു എന്നു പറഞ്ഞു.25അതിന് അവൻ: അവൻ പാപിയോ അല്ലയോ എന്നു ഞാൻ അറിയുന്നില്ല; ഒന്ന് അറിയുന്നു; ഞാൻ കുരുടനായിരുന്നു, ഇപ്പോൾ കണ്ണ് കാണുന്നു എന്നു ഉത്തരം പറഞ്ഞു.
26അവർ അവനോട്: അവൻ നിനക്ക് എന്ത് ചെയ്തു? നിന്റെ കണ്ണ് എങ്ങനെ തുറന്നു എന്നു ചോദിച്ചു.27അതിന് അവൻ: ഞാൻ നിങ്ങളോടു പറഞ്ഞുവല്ലോ; നിങ്ങൾ ശ്രദ്ധിച്ചില്ല; വീണ്ടും കേൾക്കുവാൻ ഇച്ഛിക്കുന്നത് എന്ത്? നിങ്ങൾക്കും അവന്റെ ശിഷ്യന്മാർ ആകുവാൻ ആഗ്രഹമുണ്ടോ എന്നു ഉത്തരം പറഞ്ഞു.28അപ്പോൾ അവർ അവനെ ശകാരിച്ചു: നീ അവന്റെ ശിഷ്യൻ; ഞങ്ങൾ മോശെയുടെ ശിഷ്യന്മാർ.29മോശെയോടു ദൈവം സംസാരിച്ചു എന്നു ഞങ്ങൾ അറിയുന്നു; എന്നാൽ ഈ മനുഷ്യൻ എവിടെനിന്ന് എന്നു ഞങ്ങൾ അറിയുന്നില്ല എന്നു പറഞ്ഞു.
30ആ മനുഷ്യൻ അവരോട്: എന്റെ കണ്ണ് തുറന്നിട്ടും അവൻ എവിടെനിന്ന് എന്നു നിങ്ങൾ അറിയാത്തത് ആശ്ചര്യമായ കാര്യമാണ്.31പാപികളുടെ പ്രാർത്ഥന ദൈവം കേൾക്കുന്നില്ല എന്നും ദൈവഭക്തനായിരുന്നു അവന്റെ ഇഷ്ടം ചെയ്യുന്നവന്റെ പ്രാർത്ഥന കേൾക്കുന്നു എന്നും നാം അറിയുന്നു.
32കുരുടനായി പിറന്നവന്റെ കണ്ണ് ആരെങ്കിലും തുറന്നപ്രകാരം ലോകം ഉണ്ടായതുമുതൽ കേട്ടിട്ടില്ല.33ഈ മനുഷ്യൻ ദൈവത്തിന്റെ അടുക്കൽനിന്ന് വന്നവൻ അല്ലെങ്കിൽ അവന് ഒന്നും ചെയ്‌വാൻ കഴിയുകയില്ല എന്നു ഉത്തരം പറഞ്ഞു.34അവർ അവനോട്: നീ മുഴുവനും പാപത്തിൽ പിറന്നവൻ; ഇപ്പോൾ നീ ഞങ്ങളെ ഉപദേശിക്കുന്നുവോ എന്നു പറഞ്ഞു അവനെ പള്ളിയിൽനിന്ന് പുറത്താക്കിക്കളഞ്ഞു.

35അവനെ പള്ളിയിൽനിന്ന് പുറത്താക്കി എന്നു യേശു കേട്ട്; അവനെ കണ്ടപ്പോൾ: നീ ദൈവപുത്രനിൽ വിശ്വസിക്കുന്നുവോ എന്നു ചോദിച്ചു.36അതിന് അവൻ: യജമാനനേ, അവൻ ആരാകുന്നു? ഞാൻ അവനിൽ വിശ്വസിക്കാം എന്നു ഉത്തരം പറഞ്ഞു.37യേശു അവനോട്: നീ അവനെ കണ്ടിരിക്കുന്നു; നിന്നോട് സംസാരിക്കുന്നവൻ തന്നേ അവൻ എന്നു പറഞ്ഞു.38അപ്പോൾ അവൻ: ‘കർത്താവേ, ഞാൻ വിശ്വസിക്കുന്നു’ എന്നു പറഞ്ഞു അവനെ നമസ്കരിച്ചു.
39കാണാത്തവർ കാണ്മാനും കാണുന്നവർ കുരുടർ ആകുവാനും ഇങ്ങനെ ന്യായവിധിയ്ക്കായി ഞാൻ ഇഹലോകത്തിൽ വന്നു എന്നു യേശു പറഞ്ഞു.40അവനോടുകൂടെയുള്ള ചില പരീശന്മാർ ഇതു കേട്ടിട്ട്: ഞങ്ങളും കുരുടരോ എന്നു ചോദിച്ചു.41യേശു അവരോട്: നിങ്ങൾ കുരുടർ ആയിരുന്നു എങ്കിൽ നിങ്ങൾക്ക് പാപം ഉണ്ടാകുമായിരുന്നില്ല; എന്നാൽ: ഞങ്ങൾ കാണുന്നു എന്നു നിങ്ങൾ പറയുന്നതുകൊണ്ട് നിങ്ങളുടെ പാപം നിലനില്ക്കുന്നു എന്നു പറഞ്ഞു.

10
നല്ല ഇടയനും അവന്റെ ആടുകളും

1ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ആട്ടിൻതൊഴുത്തിലേക്ക് വാതിലിലൂടെ കടക്കാതെ മറ്റു വഴിയായി കയറുന്നവൻ കള്ളനും കവർച്ചക്കാരനും ആകുന്നു.2വാതിലിലൂടെ കടക്കുന്നവനോ ആടുകളുടെ ഇടയൻ ആകുന്നു.

3അവന് വാതിൽകാവല്ക്കാരൻ തുറന്നുകൊടുക്കുന്നു; ആടുകൾ അവന്റെ ശബ്ദം കേൾക്കുന്നു; തന്റെ ആടുകളെ അവൻ പേർചൊല്ലി വിളിച്ചു പുറത്തു കൊണ്ടുപോകുന്നു.4തനിക്കുള്ളവയെ ഒക്കെയും പുറത്തു കൊണ്ട് പോയശേഷം അവൻ അവയ്ക്ക് മുമ്പായി നടക്കുന്നു; ആടുകൾ അവന്റെ ശബ്ദം അറിയുന്നതുകൊണ്ട് അവനെ അനുഗമിക്കുന്നു.
5അന്യന്മാരുടെ ശബ്ദം അറിയായ്കകൊണ്ട് അവ ഒരു അപരിചിതനെ അനുഗമിക്കുകയില്ല മറിച്ച് അവനെ വിട്ടു ഓടിപ്പോകും.6ഈ ഉപമ യേശു അവരോട് പറഞ്ഞു; എന്നാൽ തങ്ങളോട് പറഞ്ഞ ഈ കാര്യങ്ങൾ എന്തെന്ന് അവർ ഗ്രഹിച്ചില്ല.

7യേശു പിന്നെയും അവരോട് പറഞ്ഞത്: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ആടുകളുടെ വാതിൽ ഞാൻ ആകുന്നു.8എനിക്ക് മുമ്പെ വന്നവർ ഒക്കെയും കള്ളന്മാരും കവർച്ചക്കാരും അത്രേ; എന്നാൽ ആടുകൾ അവരെ ചെവിക്കൊണ്ടില്ല.
9ഞാൻ വാതിൽ ആകുന്നു; ആരെങ്കിലും എന്നിലൂടെ അകത്ത് കടന്നാൽ അവൻ രക്ഷപെടും; അവൻ അകത്ത് വരികയും പുറത്തു പോകയും മേച്ചൽസ്ഥലം കണ്ടെത്തുകയും ചെയ്യും.10മോഷ്ടിപ്പാനും കൊല്ലുവാനും നശിപ്പിക്കുവാനും അല്ലാതെ കള്ളൻ വരുന്നില്ല; അവർക്ക് ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നത്.
11ഞാൻ നല്ല ഇടയൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്ക് വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു.12ഇടയനും ആടുകളുടെ ഉടമസ്ഥനുമല്ലാത്ത കൂലിക്കാരൻ ചെന്നായ് വരുന്നത് കണ്ട് ആടുകളെ ഉപേക്ഷിച്ച് ഓടിക്കളയുന്നു; ചെന്നായ് അവയെ പിടിക്കയും ചിന്നിച്ചുകളകയും ചെയ്യുന്നു.13അവൻ കൂലിക്കാരനും ആടുകളെക്കുറിച്ച് വിചാരമില്ലാത്തവനുമായതുകൊണ്ട് അവൻ ഓടിപോകുന്നു.
14ഞാൻ നല്ല ഇടയൻ; പിതാവ് എന്നെ അറിയുകയും ഞാൻ പിതാവിനെ അറിയുകയും ചെയ്യുന്നതുപോലെ ഞാൻ എനിക്കുള്ളവയെ അറിയുകയും എനിക്കുള്ളവ എന്നെ അറിയുകയും ചെയ്യുന്നു.15ആടുകൾക്ക് വേണ്ടി ഞാൻ എന്റെ ജീവനെ കൊടുക്കുന്നു.16ഈ തൊഴുത്തിൽ ഉൾപ്പെടാത്ത വേറെ ആടുകൾ എനിക്ക് ഉണ്ട്; അവയെയും ഞാൻ കൊണ്ടുവരേണ്ടതാകുന്നു; അവ എന്റെ ശബ്ദം കേൾക്കും; അങ്ങനെ ഒരാട്ടിൻ കൂട്ടവും ഒരിടയനും ആകും.
17എന്റെ ജീവനെ വീണ്ടും പ്രാപിക്കേണ്ടതിന് ഞാൻ അതിനെ കൊടുക്കുന്നതുകൊണ്ട് പിതാവ് എന്നെ സ്നേഹിക്കുന്നു.18ആരും അതിനെ എന്നിൽനിന്ന് എടുത്തുകളയുന്നില്ല; ഞാൻ തന്നേ അതിനെ കൊടുക്കുന്നു; അതിനെ കൊടുക്കുവാൻ എനിക്ക് അധികാരം ഉണ്ട്; വീണ്ടും എടുക്കുവാനും എനിക്ക് അധികാരം ഉണ്ട്; ഈ കല്പന എന്റെ പിതാവിങ്കൽ നിന്നു എനിക്ക് ലഭിച്ചിരിക്കുന്നു.

19ഈ വചനംനിമിത്തം യെഹൂദന്മാരുടെ ഇടയിൽ പിന്നെയും ഭിന്നത ഉണ്ടായി.20അവരിൽ പലരും; അവന് ഭൂതം ഉണ്ട്; അവൻ ഭ്രാന്തൻ ആകുന്നു; അവന്റെ വാക്ക് കേൾക്കുന്നത് എന്തിന് എന്നു പറഞ്ഞു.21മറ്റു ചിലർ: ഇതു ഭൂതഗ്രസ്തന്റെ വാക്കല്ല; ഭൂതത്തിന് കുരുടന്മാരുടെ കണ്ണ് തുറപ്പാൻ കഴിയുമോ എന്നു പറഞ്ഞു.
യെഹൂദന്മാർ യേശുവിനെ അവിശ്വസിക്കുന്നു

22അനന്തരം യെരൂശലേമിൽ പ്രതിഷ്ഠോത്സവം വന്നു; അന്ന് ശീതകാലമായിരുന്നു.23യേശു ദൈവാലയത്തിൽ ശലോമോന്റെ മണ്ഡപത്തിൽ നടക്കുകയായിരുന്നു.24അപ്പോൾ യെഹൂദന്മാർ അവനെ വളഞ്ഞു: നീ എത്രത്തോളം ഞങ്ങളെ ആശിപ്പിക്കുന്നു? നീ ക്രിസ്തു എങ്കിൽ വ്യക്തമായി ഞങ്ങളോടു പറക എന്നു അവനോട് പറഞ്ഞു.
25യേശു അവരോട് ഉത്തരം പറഞ്ഞത്: ഞാൻ നിങ്ങളോടു പറഞ്ഞിട്ടുണ്ട്; എങ്കിലും നിങ്ങൾ വിശ്വസിക്കുന്നില്ല; എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ എന്നെക്കുറിച്ചുള്ള സാക്ഷ്യം നൽകുന്നു.26എന്നിട്ടും നിങ്ങൾ വിശ്വസിക്കുന്നില്ല കാരണം നിങ്ങൾ എന്റെ ആടുകളല്ല.
27എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു; ഞാൻ അവയെ അറിയുകയും അവ എന്നെ അനുഗമിക്കുകയും ചെയ്യുന്നു.28ഞാൻ അവയ്ക്ക് നിത്യജീവൻ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചു പോകയില്ല; ആരും അവയെ എന്റെ കയ്യിൽ നിന്നു പിടിച്ചുപറിക്കയും ഇല്ല.
29അവയെ തന്നിരിക്കുന്ന എന്റെ പിതാവ് എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു അവയെ പിടിച്ചുപറിപ്പാൻ ആർക്കും കഴിയുകയില്ല30ഞാനും പിതാവും ഒന്നാകുന്നു.31അപ്പോൾ യെഹൂദന്മാർ അവനെ എറിയുവാൻ പിന്നെയും കല്ല് എടുത്തു.
32യേശു അവരോട്: പിതാവിൽനിന്ന് ഞാൻ പല നല്ല പ്രവൃത്തികൾ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏത് പ്രവൃത്തിനിമിത്തം നിങ്ങൾ എന്നെ കല്ലെറിയുന്നു എന്നു ചോദിച്ചു.33യെഹൂദന്മാർ അവനോട്: ഒരു നല്ല പ്രവൃത്തി നിമിത്തവുമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നെ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നത് എന്നു ഉത്തരം പറഞ്ഞു.
34യേശു അവരോട്: ‘നിങ്ങൾ ദേവന്മാർ ആകുന്നു എന്നു ഞാൻ പറഞ്ഞു’ എന്നു നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നില്ലയോ?35ദൈവത്തിന്റെ അരുളപ്പാട് ഉണ്ടായിട്ടുള്ളവരെ ദേവന്മാർ എന്നു പറഞ്ഞു എങ്കിൽ-തിരുവെഴുത്തിന് നീക്കം വരികയില്ലല്ലോ-36ഞാൻ ദൈവത്തിന്റെ പുത്രൻ എന്നു പറഞ്ഞതുകൊണ്ട്: നീ ദൈവദൂഷണം പറയുന്നു എന്നു പിതാവ് വിശുദ്ധീകരിച്ചു ലോകത്തിൽ അയച്ചവനോട് നിങ്ങൾ പറയുന്നുവോ?
37ഞാൻ എന്റെ പിതാവിന്റെ പ്രവൃത്തി ചെയ്യുന്നില്ലെങ്കിൽ എന്നെ വിശ്വസിക്കണ്ട;38ഞാൻ അവ ചെയ്യുന്നു എങ്കിലോ എന്നെ വിശ്വസിക്കാതിരുന്നാലും പിതാവ് എന്നിലും ഞാൻ പിതാവിലും എന്നു നിങ്ങൾ ഗ്രഹിച്ചു അറിയേണ്ടതിന് പ്രവൃത്തിയെ വിശ്വസിപ്പിൻ.39അവർ അവനെ പിന്നെയും പിടിപ്പാൻ നോക്കി; അവനോ അവരുടെ കയ്യിൽ നിന്നു ഒഴിഞ്ഞുപോയി.

40അവൻ യോർദ്ദാനക്കരെ യോഹന്നാൻ ആദ്യം സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന സ്ഥലത്ത് പിന്നെയും ചെന്ന് അവിടെ പാർത്തു.41അനേകർ അവന്റെ അടുക്കൽ വന്നു: യോഹന്നാൻ അടയാളം ഒന്നും ചെയ്തിട്ടില്ല; എന്നാൽ ഇവനെക്കുറിച്ച് യോഹന്നാൻ പറഞ്ഞ കാര്യങ്ങൾ ഒക്കെയും സത്യമായിരുന്നു എന്നു പറഞ്ഞു.42അവിടെ അനേകർ യേശുവിൽ വിശ്വസിച്ചു.

11
ലാസറിന്റെ മരണം

1എന്നാൽ ലാസർ എന്നു പേരുള്ള ഒരുവൻ ദീനമായ്ക്കിടന്നിരുന്നു. ഇവൻ മറിയയുടെയും അവളുടെ സഹോദരിയായ മാർത്തയുടെയും ഗ്രാമമായ ബെഥാന്യയിൽനിന്നുള്ളവനായിരുന്നു.2ഈ മറിയ ആയിരുന്നു കർത്താവിനെ പരിമള തൈലം പൂശി തന്റെ തലമുടികൊണ്ട് അവന്റെ കാൽ തുടച്ചത്. അവളുടെ സഹോദരനായ ലാസർ ആയിരുന്നു ദീനമായ്ക്കിടന്നത്.

3ആ സഹോദരിമാർ യേശുവിന്റെ അടുക്കൽ ആളയച്ച്: കർത്താവേ, നിനക്ക് പ്രിയനായവൻ ദീനമായ്ക്കിടക്കുന്നു എന്നു പറയിച്ചു.4യേശു അത് കേട്ടിട്ട്: ഈ ദീനം മരണത്തിൽ അവസാനിക്കുവാനായിട്ടല്ല, മറിച്ച് ദൈവത്തിന്റെ മഹത്വത്തിനും അത് മുഖാന്തരം ദൈവപുത്രൻ മഹത്വപ്പെടേണ്ടതിനുമായിട്ടത്രേ എന്നു പറഞ്ഞു.
5യേശു മാർത്തയെയും അവളുടെ സഹോദരിയെയും ലാസറിനെയും സ്നേഹിച്ചു.6അവൻ ദീനമായ്ക്കിടക്കുന്നു എന്നു കേട്ടപ്പോൾ താൻ ആയിരുന്ന സ്ഥലത്ത് രണ്ടു ദിവസംകൂടി പാർത്തു.7അതിന്റെശേഷം അവൻ ശിഷ്യന്മാരോട്: നാം വീണ്ടും യെഹൂദ്യയിലേക്കു പോക എന്നു പറഞ്ഞു.
8ശിഷ്യന്മാർ അവനോട്: റബ്ബീ, യെഹൂദന്മാർ ഇപ്പോൾ തന്നേ നിന്നെ കല്ലെറിയുവാൻ ഭാവിച്ചുവല്ലോ; നീ പിന്നെയും അവിടെ പോകുന്നുവോ എന്നു ചോദിച്ചു.9അതിന് യേശു: ഒരു ദിവസത്തിൽ പന്ത്രണ്ട് മണിക്കൂർ വെളിച്ചം ഇല്ലയോ? പകൽസമയത്ത് നടക്കുന്നവൻ പകൽവെളിച്ചം കാണുന്നതുകൊണ്ട് ഇടറുന്നില്ല.
10രാത്രിയിൽ നടക്കുന്നവനോ അവന് വെളിച്ചം ഇല്ലാത്തതുകൊണ്ട് ഇടറുന്നു എന്നു ഉത്തരം പറഞ്ഞു.11ഇതു പറഞ്ഞതിനുശേഷം അവൻ: നമ്മുടെ സ്നേഹിതനായ ലാസർ നിദ്രകൊള്ളുന്നു; എങ്കിലും ഞാൻ അവനെ ഉറക്കത്തിൽനിന്ന് ഉണർത്തുവാൻ പോകുന്നു എന്നു അവരോട് പറഞ്ഞു.
12ശിഷ്യന്മാർ അവനോട്: കർത്താവേ, അവൻ നിദ്രകൊള്ളുന്നു എങ്കിൽ അവന് സൌഖ്യം വരും എന്നു പറഞ്ഞു.13യേശു അവന്റെ മരണത്തെക്കുറിച്ചു ആയിരുന്നു പറഞ്ഞത്; എന്നാൽ വിശ്രമിക്കുന്ന ഉറക്കത്തെക്കുറിച്ചാണ് പറഞ്ഞതെന്ന് അവർ വിചാരിച്ചു.14അപ്പോൾ യേശു സ്പഷ്ടമായി അവരോട്: ലാസർ മരിച്ചുപോയി;
15ഞാൻ അവിടെ ഇല്ലാതിരുന്നതുകൊണ്ട് നിങ്ങളെ വിചാരിച്ചു സന്തോഷിക്കുന്നു; നിങ്ങൾ വിശ്വസിപ്പാൻ ഇടയാകുമല്ലോ; നാം അവന്റെ അടുക്കൽ പോക എന്നു പറഞ്ഞു.16ദിദിമൊസ് എന്നു പേരുള്ള തോമസ് സഹശിഷ്യന്മാരോട്: അവനോടുകൂടെ മരിക്കേണ്ടതിന് നാമും പോക എന്നു പറഞ്ഞു.
ലാസറിനെ ഉയിർപ്പിക്കുന്നു.

17യേശു അവിടെ എത്തിയപ്പോൾ അവനെ കല്ലറയിൽ വെച്ചിട്ട് നാലുദിവസമായി എന്നു അറിഞ്ഞ്.18ബെഥാന്യ യെരൂശലേമിനരികെ ഏകദേശം പതിനഞ്ച് നാഴിക1 ദൂരത്തായിരുന്നു.19അനേകം യെഹൂദന്മാർ മാർത്തയെയും മറിയയെയും അവരുടെ സഹോദരനെക്കുറിച്ച് ആശ്വസിപ്പിക്കേണ്ടതിന് അവരുടെ അടുക്കൽ വന്നിരുന്നു.20യേശു വരുന്നുണ്ടെന്നു കേട്ടപ്പോൾ മാർത്ത ചെന്ന് അവനെ കണ്ട്; എന്നാൽ മറിയയോ വീട്ടിൽത്തന്നെ ഇരുന്നു.
21മാർത്ത യേശുവിനോടു: കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു.22ഇപ്പോഴും നീ ദൈവത്തോട് എന്ത് അപേക്ഷിച്ചാലും ദൈവം നിനക്ക് തരും എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു.23യേശു അവളോട്: നിന്റെ സഹോദരൻ ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞു.
24മാർത്ത അവനോട്: ഒടുവിലത്തെ നാളിലെ പുനരുത്ഥാനത്തിൽ അവൻ ഉയിർത്തെഴുന്നേല്ക്കും എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു.25യേശു അവളോട്: ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.26ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരുനാളും മരിക്കയില്ല; ഇതു നീ വിശ്വസിക്കുന്നുവോ എന്നു പറഞ്ഞു.
27അവൾ അവനോട്: ഉവ്വ്, കർത്താവേ, ലോകത്തിൽ വരുവാനുള്ള ദൈവപുത്രനായ ക്രിസ്തു നീ തന്നേ എന്നു ഞാൻ വിശ്വസിച്ചിരിക്കുന്നു എന്നു പറഞ്ഞിട്ട്28പോയി തന്റെ സഹോദരിയായ മറിയയെ സ്വകാര്യമായി വിളിച്ചു: ഗുരു വന്നിട്ടുണ്ട്; നിന്നെ വിളിക്കുന്നു എന്നു പറഞ്ഞു.29അവൾ കേട്ട ഉടനെ എഴുന്നേറ്റ് അവന്റെ അടുക്കൽ ചെന്ന്.
30യേശു അതുവരെ ഗ്രാമത്തിൽ കടക്കാതെ മാർത്ത അവനെ എതിരേറ്റ സ്ഥലത്ത് തന്നേ ആയിരുന്നു.31വീട്ടിൽ മറിയയോടുകൂടെ ഇരുന്നു അവളെ ആശ്വസിപ്പിച്ചിരുന്ന യെഹൂദന്മാർ, മറിയ വേഗം എഴുന്നേറ്റ് പോകുന്നത് കണ്ടിട്ട് അവൾ കല്ലറയ്ക്കൽ കരയുവാൻ പോകുന്നു എന്നു വിചാരിച്ചു അവളെ പിൻചെന്നു.32യേശു ഇരിക്കുന്നിടത്ത് മറിയ എത്തി അവനെ കണ്ടപ്പോൾ കാല്ക്കൽ വീണു: കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു എന്നു പറഞ്ഞു.
33അവൾ കരയുന്നതും അവളോടുകൂടെ വന്ന യെഹൂദന്മാർ കരയുന്നതും യേശു കണ്ടിട്ട് ആത്മാവിൽ ഞരങ്ങി, അസ്വസ്ഥനായി:34അവനെ വെച്ചത് എവിടെ എന്നു ചോദിച്ചു. കർത്താവേ, വന്നു കാണുക എന്നു അവർ അവനോട് പറഞ്ഞു.35യേശു കണ്ണുനീർ വാർത്തു.
36അപ്പോൾ യെഹൂദന്മാർ: കണ്ടോ ഇവൻ ലാസറിനെ എത്ര സ്നേഹിച്ചിരുന്നു എന്നു പറഞ്ഞു.37ചിലരോ: കുരുടന്റെ കണ്ണ് തുറന്ന ഇവന് ഇവനെയും മരിക്കാതാക്കുവാൻ കഴിഞ്ഞില്ലയോ എന്നു പറഞ്ഞു.
38യേശു പിന്നെയും ഉള്ളം നൊന്ത് കല്ലറയ്ക്കൽ എത്തി; അത് ഒരു ഗുഹ ആയിരുന്നു; ഒരു കല്ലും അതിന്മേൽ വെച്ചിരുന്നു.39“ആ കല്ല് എടുത്തുമാറ്റുവിൻ” എന്നു യേശു പറഞ്ഞു. മരിച്ചവന്റെ സഹോദരിയായ മാർത്ത: കർത്താവേ, ഇപ്പോൾ ശരീരം ജീർണ്ണിച്ചിരിക്കും; അവൻ മരിച്ചിട്ട് നാലുദിവസമായല്ലോ എന്നു പറഞ്ഞു.40യേശു അവളോട്: വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും എന്നു ഞാൻ നിന്നോട് പറഞ്ഞില്ലയോ എന്നു പറഞ്ഞു.
41അവർ ആ കല്ല് എടുത്തുമാറ്റി. യേശു മേലോട്ടു നോക്കി: പിതാവേ, നീ എന്റെ അപേക്ഷ കേട്ടതിനാൽ ഞാൻ നിനക്ക് നന്ദി പറയുന്നു.42നീ എപ്പോഴും എന്റെ അപേക്ഷ കേൾക്കുന്നു എന്നു ഞാൻ അറിഞ്ഞിരിക്കുന്നു; എങ്കിലും നീ എന്നെ അയച്ചു എന്നു ചുറ്റും നില്ക്കുന്ന പുരുഷാരം വിശ്വസിക്കേണ്ടതിന് അവരുടെ നിമിത്തം ഞാൻ പറയുന്നു എന്നു പറഞ്ഞു.
43ഇങ്ങനെ പറഞ്ഞിട്ട് അവൻ: “ലാസറേ, പുറത്തു വരിക” എന്നു ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.44മരിച്ചവൻ പുറത്തു വന്നു; അവന്റെ കാലും കയ്യും ശീലകൊണ്ടു കെട്ടിയും മുഖം റൂമാൽകൊണ്ടു മൂടിയുമിരുന്നു. അവന്റെ കെട്ട് അഴിക്കുവിൻ; അവൻ പോകട്ടെ എന്നു യേശു അവരോട് പറഞ്ഞു.

45മറിയയുടെ അടുക്കൽ വന്ന യെഹൂദന്മാരിൽ പലരും അവൻ ചെയ്തതു കണ്ടിട്ട് അവനിൽ വിശ്വസിച്ചു.46എന്നാൽ ചിലർ പരീശന്മാരുടെ അടുക്കൽ പോയി യേശു ചെയ്തതു അവരോട് അറിയിച്ചു.
യേശുവിനെ കൊല്ലുവാൻ ആലോചിക്കുന്നു

47മുഖ്യപുരോഹിതന്മാരും പരീശന്മാരും ചേർന്ന് ആലോചനാസംഘം വിളിച്ചുകൂട്ടി: നാം എന്ത് ചെയ്യേണ്ടു? ഈ മനുഷ്യൻ വളരെ അടയാളങ്ങൾ ചെയ്യുന്നുവല്ലോ.48അവനെ ഇങ്ങനെ വിട്ടയച്ചാൽ എല്ലാവരും അവനിൽ വിശ്വസിക്കും; റോമക്കാരും വന്നു നമ്മുടെ സ്ഥലത്തെയും ജനത്തെയും എടുത്തുകളയും എന്നു പറഞ്ഞു.
49അവരിൽ ഒരുവൻ, ആ വർഷത്തെ മഹാപുരോഹിതനായ കയ്യഫാവ് തന്നേ, അവരോട്: നിങ്ങൾക്ക് ഒന്നും അറിഞ്ഞുകൂടാ;50ജാതി മുഴുവനും നശിച്ചുപോകുന്നതിനേക്കാൾ ഒരു മനുഷ്യൻ ജനങ്ങൾക്കുവേണ്ടി മരിക്കുന്നതു നല്ലത് എന്നു നിങ്ങൾ കണക്കാക്കുന്നതുമില്ല എന്നു പറഞ്ഞു.
51അവൻ ഇതു സ്വയമായി പറഞ്ഞതല്ല, താൻ ആ വർഷത്തെ മഹാപുരോഹിതൻ ആകയാൽ രാജ്യത്തിന് വേണ്ടി യേശു മരിക്കണം എന്നു പ്രവചിച്ചതത്രേ.52രാജ്യത്തിന് വേണ്ടി മാത്രമല്ല, പലസ്ഥലങ്ങളിലായി ചിതറിയിരിക്കുന്ന ദൈവമക്കളെ ഒന്നായിട്ട് ചേർക്കേണ്ടതിനും തന്നേ.53അന്നുമുതൽ അവർ യേശുവിനെ കൊല്ലുവാൻ ആലോചിച്ചുകൊണ്ടിരുന്നു.

54അതുകൊണ്ട് യേശു യെഹൂദന്മാരുടെ ഇടയിൽ പിന്നെ പരസ്യമായി നടക്കാതെ അവിടം വിട്ടു മരുഭൂമിക്കരികെ എഫ്രയീം എന്ന പട്ടണത്തിലേക്ക് പോയി ശിഷ്യന്മാരുമായി അവിടെ പാർത്തു.55യെഹൂദന്മാരുടെ പെസഹ അടുത്തിരിക്കുകയാൽ പലരും തങ്ങളെത്തന്നെ ശുദ്ധിവരുത്തുവാൻ പെസഹയ്ക്ക് മുമ്പെ നാട്ടിൽനിന്ന് യെരൂശലേമിലേക്കു പോയി.
56അവർ യേശുവിനെ അന്വേഷിച്ചു ദൈവാലയത്തിൽ നിന്നുകൊണ്ടു: എന്ത് തോന്നുന്നു? അവൻ പെരുന്നാൾക്ക് വരികയില്ലയോ എന്നു തമ്മിൽ പറഞ്ഞു.57എന്നാൽ മുഖ്യപുരോഹിതന്മാരും പരീശന്മാരും യേശുവിനെ പിടിക്കേണ്ടതിന് അവൻ എവിടെയാണെന്ന് ആരെങ്കിലും അറിഞ്ഞാൽ അറിവു തരേണമെന്ന് കല്പന കൊടുത്തിരുന്നു.


1 11. 18 ഏകദേശം മൂന്നു കി. മി. [ഒരു നാഴിക എന്നാൽ 185 മീ.]

12

1യേശു മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച ലാസർ പാർത്ത ബേഥാന്യയിലേക്കു പെസഹയ്ക്ക് ആറ് ദിവസം മുമ്പെ യേശു വന്നു.2അവിടെ അവർ അവന് ഒരു അത്താഴം ഒരുക്കി; ലാസർ യേശുവിനോടുകൂടെ പന്തിയിൽ ഇരുന്നവരിൽ ഒരുവൻ ആയിരുന്നു, മാർത്ത വിളമ്പി കൊടുക്കുകയായിരുന്നു.3അപ്പോൾ മറിയ വിലയേറിയ സ്വച്ഛജടാമാംസിതൈലം ഒരു റാത്തൽ എടുത്തു യേശുവിന്റെ കാലിൽ പൂശി തന്റെ തലമുടികൊണ്ട് കാൽ തുവർത്തി; തൈലത്തിന്റെ സൌരഭ്യംകൊണ്ട് വീട് നിറഞ്ഞു.

4എന്നാൽ അവന്റെ ശിഷ്യന്മാരിൽ ഒരുവനായി അവനെ കാണിച്ചുകൊടുക്കുവാനുള്ള യൂദാ ഈസ്കര്യോത്താവ്:5ഈ തൈലം മുന്നൂറു വെള്ളിക്കാശിന് വിറ്റ് ദരിദ്രന്മാർക്ക് കൊടുക്കാഞ്ഞത് എന്ത് എന്നു പറഞ്ഞു.6ഇതു ദരിദ്രന്മാരെക്കുറിച്ച് വിചാരം ഉണ്ടായിട്ടല്ല, അവൻ കള്ളൻ ആകകൊണ്ടും പണസഞ്ചി തന്റെ പക്കൽ ഏൽപ്പിച്ചിരിക്കയാൽ അതിൽ ഉള്ളതിൽനിന്ന് അവൻ എടുത്തിരുന്നതുകൊണ്ടും അത്രേ പറഞ്ഞത്.
7യേശു: അവളെ അസഹ്യപ്പെടുത്തേണ്ട; എന്റെ ശവസംസ്ക്കാര ദിവസത്തിനായി അവൾ ഇതു സൂക്ഷിച്ചു എന്നിരിക്കട്ടെ.8ദരിദ്രന്മാർ നിങ്ങൾക്ക് എല്ലായ്പോഴും അടുക്കെ ഉണ്ടല്ലോ; ഞാൻ എല്ലായ്പോഴും അടുക്കെ ഇല്ലതാനും എന്നു പറഞ്ഞു.

9അവൻ അവിടെ ഉണ്ടെന്ന് അറിഞ്ഞിട്ട് യെഹൂദന്മാരുടെ ഒരു വലിയ പുരുഷാരം യേശുവിന്റെ നിമിത്തം മാത്രമല്ല, അവൻ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച ലാസറെ കാണ്മാനായിട്ടുംകൂടെ വന്നു.10അവൻ നിമിത്തം അനേകം യെഹൂദന്മാർ ചെന്ന്11യേശുവിൽ വിശ്വസിക്കയാൽ ലാസറിനേയും കൊല്ലേണം എന്നു മുഖ്യപുരോഹിതന്മാർ ആലോചിച്ചു.
യേശുവിന്റെ രാജകീയപ്രവേശനം

12അടുത്ത ദിവസം പെരുന്നാൾക്ക് വലിയ പുരുഷാരം വന്നു. യേശു യെരൂശലേമിലേക്കു വരുന്നു എന്നു അവർ കേട്ടപ്പോൾ13ഈന്തപ്പനയുടെ ചില്ലകൾ എടുത്തുംകൊണ്ട് അവനെ എതിരേൽക്കുവാൻ ചെന്ന്: ഹോശന്നാ, യിസ്രായേലിന്റെ രാജാവായി കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ എന്നു ആർത്തു.
14യേശു ഒരു കഴുതക്കുട്ടിയെ കണ്ടിട്ട് അതിന്മേൽ കയറി ഇരുന്നു.15“സീയോൻ പുത്രി, ഭയപ്പെടേണ്ടാ; ഇതാ നിന്റെ രാജാവ് കഴുതക്കുട്ടിപ്പുറത്ത് കയറിവരുന്നു” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.
16ഇതു അവന്റെ ശിഷ്യന്മാർ ആദിയിൽ ഗ്രഹിച്ചില്ല; എന്നാൽ യേശുവിന് തേജസ്കരണം വന്നശേഷം അവനെക്കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നു എന്നും അവർ അവന് ഇങ്ങനെ ചെയ്തു എന്നും അവർക്ക് ഓർമ്മവന്നു.
17അവൻ ലാസറെ കല്ലറയിൽനിന്ന് വിളിച്ചു മരിച്ചവരിൽ നിന്നു എഴുന്നേല്പിച്ചപ്പോൾ അവനോടുകൂടെ ഉണ്ടായിരുന്ന പുരുഷാരം മറ്റുള്ളവരോടു സാക്ഷ്യം പറഞ്ഞു.18അവൻ ഈ അടയാളം ചെയ്തു എന്നു കേട്ടതുകൊണ്ടുകൂടിയാണ് പുരുഷാരം അവനെ എതിരേറ്റുചെന്നത്.19ആകയാൽ പരീശന്മാർ തമ്മിൽ തമ്മിൽ: നോക്കു നിങ്ങൾക്ക് ഒന്നും ചെയ്യുവാൻ സാധിക്കുന്നില്ല; ഇതാ ലോകം അവന്റെ പിന്നാലെ ആയിപ്പോയി എന്നു പറഞ്ഞു.

20പെരുന്നാളിൽ ആരാധിപ്പാൻ വന്നവരിൽ ചില യവനന്മാർ ഉണ്ടായിരുന്നു.21ഇവർ ഗലീലയിലെ ബേത്ത്സയിദക്കാരനായ ഫിലിപ്പൊസിന്റെ അടുക്കൽ ചെന്ന് അവനോട്: യജമാനനേ, ഞങ്ങൾക്കു യേശുവിനെ കാണ്മാൻ താല്പര്യമുണ്ട് എന്നു അപേക്ഷിച്ചു.22ഫിലിപ്പൊസ് ചെന്ന് അന്ത്രെയാസിനോട് പറഞ്ഞു. അന്ത്രെയാസും ഫിലിപ്പൊസും കൂടെ ചെന്ന് യേശുവിനോടു പറഞ്ഞു.
23യേശു അവരോട് ഉത്തരം പറഞ്ഞത്: മനുഷ്യപുത്രൻ തേജസ്കരിക്കപ്പെടുവാനുള്ള നാഴിക വന്നിരിക്കുന്നു.24ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: കോതമ്പുമണി നിലത്തു വീണു ചാകുന്നില്ല എങ്കിൽ അത് തനിയേ ഇരിക്കും; ചത്തു എങ്കിലോ അത് വളരെ ഫലം പുറപ്പെടുവിക്കും.
25തന്റെ ജീവനെ സ്നേഹിക്കുന്നവൻ അതിനെ കളയും; എന്നാൽ ഇഹലോകത്തിൽ തന്റെ ജീവനെ വെറുക്കുന്നവൻ അതിനെ നിത്യജീവനായി സൂക്ഷിക്കും.26എനിക്ക് ശുശ്രൂഷ ചെയ്യുന്നവൻ എന്നെ അനുഗമിക്കട്ടെ; ഞാൻ ഇരിക്കുന്നിടത്ത് എന്റെ ശുശ്രൂഷക്കാരനും ഇരിക്കും; എനിക്ക് ശുശ്രൂഷ ചെയ്യുന്നവനെ പിതാവ് മാനിയ്ക്കും.
27ഇപ്പോൾ എന്റെ ഉള്ളം കലങ്ങിയിരിക്കുന്നു; ഞാൻ എന്ത് പറയേണ്ടു? പിതാവേ, ഈ നാഴികയിൽനിന്ന് എന്നെ രക്ഷിക്കേണമേ; എങ്കിലും ഇതു നിമിത്തം ഞാൻ ഈ നാഴികയിലേക്ക് വന്നിരിക്കുന്നു.28പിതാവേ, നിന്റെ നാമത്തെ മഹത്വപ്പെടുത്തേണമേ. അപ്പോൾ സ്വർഗ്ഗത്തിൽനിന്ന്: “ഞാൻ മഹത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്വപ്പെടുത്തും” എന്നൊരു ശബ്ദം ഉണ്ടായി.29അത് കേട്ടിട്ട് അരികെ നില്ക്കുന്ന പുരുഷാരം: ഇടി ഉണ്ടായി എന്നു പറഞ്ഞു; മറ്റു ചിലർ: ഒരു ദൈവദൂതൻ അവനോട് സംസാരിച്ചു എന്നു പറഞ്ഞു.
30അതിന് യേശു: ഈ ശബ്ദം എന്റെ നിമിത്തമല്ല, നിങ്ങളുടെ നിമിത്തം അത്രേ ഉണ്ടായത്.31ഇപ്പോൾ ഈ ലോകത്തിന്റെ ന്യായവിധി ആകുന്നു; ഇപ്പോൾ ഈ ലോകത്തിന്റെ പ്രഭുവിനെ പുറത്തു തള്ളിക്കളയും.
32ഞാനോ ഭൂമിയിൽനിന്നു ഉയർത്തപ്പെട്ടാൽ എല്ലാവരെയും എങ്കലേക്ക് ആകർഷിക്കും എന്നു ഉത്തരം പറഞ്ഞു.33ഇതു താൻ മരിക്കുവാനുള്ള മരണവിധം സൂചിപ്പിച്ചു പറഞ്ഞതത്രേ.
34പുരുഷാരം അവനോട്: ക്രിസ്തു എന്നേക്കും ഇരിക്കും എന്നു ഞങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചുകേട്ടിരിക്കുന്നു; പിന്നെ മനുഷ്യപുത്രൻ ഉയർത്തപ്പെടേണ്ടിയിരിക്കുന്നു എന്നു നീ പറയുന്നത് എങ്ങനെ? ഈ മനുഷ്യപുത്രൻ ആർ എന്നു ചോദിച്ചു.35അതിന് യേശു അവരോട്: ഇനി കുറച്ചുകാലം മാത്രം വെളിച്ചം നിങ്ങളുടെ ഇടയിൽ ഇരിക്കും; ഇരുൾ നിങ്ങളെ പിടിക്കാതിരിപ്പാൻ നിങ്ങൾക്ക് വെളിച്ചം ഉള്ളിടത്തോളം നടന്നുകൊൾവിൻ. ഇരുളിൽ നടക്കുന്നവൻ താൻ എവിടെ പോകുന്നു എന്നു അറിയുന്നില്ലല്ലോ.36നിങ്ങൾ വെളിച്ചത്തിന്റെ മക്കൾ ആകേണ്ടതിന് വെളിച്ചം ഉള്ളിടത്തോളം വെളിച്ചത്തിൽ വിശ്വസിപ്പിൻ എന്നു പറഞ്ഞു.

37ഇതു സംസാരിച്ചിട്ട് യേശു അവരെ വിട്ടു മാറിപ്പോയി. അവർ കാൺകെ അവൻ ഇത്ര വളരെ അടയാളങ്ങളെ ചെയ്തിട്ടും അവർ അവനിൽ വിശ്വസിച്ചില്ല.
38“കർത്താവേ, ഞങ്ങൾ കേൾപ്പിച്ചത് ആർ വിശ്വസിച്ചിരിക്കുന്നു? കർത്താവിന്റെ ഭുജം ആർക്ക് വെളിപ്പെട്ടിരിക്കുന്നു?”
എന്നു യെശയ്യാപ്രവാചകൻ പറഞ്ഞ വചനം നിവൃത്തിയാവാൻ ഇടവന്നു.
39അവർക്ക് വിശ്വസിപ്പാൻ കഴിഞ്ഞില്ല; അതിന്റെ കാരണം യെശയ്യാവു വീണ്ടും പറയുന്നത്:
40“അവർ കണ്ണുകൊണ്ട് കാണുകയോ ഹൃദയംകൊണ്ട് ഗ്രഹിക്കയോ മനം തിരികയോ താൻ അവരെ സൌഖ്യമാക്കുകയോ ചെയ്യാതിരിക്കേണ്ടതിന് അവരുടെ കണ്ണ് അവൻ കുരുടാക്കി ഹൃദയം തടിപ്പിച്ചിരിക്കുന്നു.”

41യെശയ്യാവു യേശുവിന്റെ തേജസ്സ് കണ്ട് അവനെക്കുറിച്ച് സംസാരിച്ചത് കൊണ്ടാകുന്നു ഇതു പറഞ്ഞത്.42എന്നിട്ടും അധികാരികളിൽപ്പോലും അനേകർ അവനിൽ വിശ്വസിച്ചു; എന്നാൽ പള്ളിയിൽനിന്ന് പുറത്താക്കപ്പെടാതിരിപ്പാൻ പരീശന്മാർ നിമിത്തം ഏറ്റുപറഞ്ഞില്ലതാനും.43അവർ ദൈവത്താലുള്ള മാനത്തേക്കാൾ മനുഷ്യരാലുള്ള മാനത്തെ അധികം സ്നേഹിച്ചു.

44യേശു ഉറക്കെ വിളിച്ചുപറഞ്ഞത്: എന്നിൽ വിശ്വസിക്കുന്നവൻ എന്നിൽ മാത്രമല്ല എന്നെ അയച്ചവനിലും വിശ്വസിക്കുന്നു.45എന്നെ കാണുന്നവൻ എന്നെ അയച്ചവനെ കാണുന്നു.
46എന്നിൽ വിശ്വസിക്കുന്നവൻ ആരും ഇരുളിൽ വസിക്കാതിരിക്കുവാൻ ഞാൻ വെളിച്ചമായി ലോകത്തിൽ വന്നിരിക്കുന്നു.47എന്റെ വചനം കേട്ട് പ്രമാണിക്കാത്തവനെ ഞാൻ വിധിക്കുന്നില്ല; ലോകത്തെ വിധിപ്പാനല്ല, ലോകത്തെ രക്ഷിയ്ക്കുവാനത്രേ ഞാൻ വന്നിരിക്കുന്നത്.
48എന്റെ വചനങ്ങൾ കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ട്; ഞാൻ സംസാരിച്ച വചനങ്ങൾ തന്നേ അവസാന നാളിൽ അവനെ ന്യായം വിധിക്കും.49ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവ് തന്നേ ഞാൻ ഇന്നത് പറയേണം എന്നും എങ്ങനെ സംസാരിക്കണം എന്നും കല്പന തന്നിരിക്കുന്നു.50അവന്റെ കല്പന നിത്യജീവൻ എന്നു ഞാൻ അറിയുന്നു; ആകയാൽ ഞാൻ സംസാരിക്കുന്നത് പിതാവ് എന്നോട് അരുളിച്ചെയ്തതുപോലെ തന്നേ അവരോട് സംസാരിക്കുന്നു.

13
യേശു ശിഷ്യന്മാരുടെ കാൽ കഴുകുന്നു

1താൻ ഈ ലോകം വിട്ടു പിതാവിന്റെ അടുക്കൽ പോകുവാനുള്ള നാഴിക വന്നു എന്നു പെസഹാ പെരുന്നാളിന് മുമ്പെ യേശു അറിഞ്ഞിട്ട്, ലോകത്തിൽ തനിക്കു സ്വന്തമായവരെ സ്നേഹിച്ചു; അവസാനത്തോളം അവരെ സ്നേഹിച്ചു.2അത്താഴം ആയപ്പോൾ പിശാച്, ശിമോന്റെ മകനായ യൂദാ ഈസ്കര്യോത്താവിന്റെ ഹൃദയത്തിൽ യേശുവിനെ ഒറ്റികൊടുക്കുവാൻ തോന്നിച്ചിരുന്നു;

3പിതാവ് സകലവും തന്റെ കയ്യിൽ തന്നിരിക്കുന്നു എന്നും താൻ ദൈവത്തിന്റെ അടുക്കൽനിന്ന് വന്നു ദൈവത്തിന്റെ അടുക്കൽ പോകുന്നു എന്നും യേശു അറിഞ്ഞിരുന്നു.4അവൻ അത്താഴത്തിൽ നിന്നു എഴുന്നേറ്റ് മേൽവസ്ത്രം ഊരിവച്ച് ഒരു തുവർത്ത് എടുത്തു അരയിൽ ചുറ്റി5ഒരു പാത്രത്തിൽ വെള്ളം പകർന്നു ശിഷ്യന്മാരുടെ കാൽ കഴുകുവാനും അരയിൽ ചുറ്റിയിരുന്ന തുണികൊണ്ട് തുവർത്തുവാനും തുടങ്ങി.
6അവൻ ശിമോൻ പത്രൊസിന്റെ അടുക്കൽ വന്നപ്പോൾ അവൻ അവനോട്: കർത്താവേ, നീ എന്റെ കാൽ കഴുകുന്നുവോ എന്നു പറഞ്ഞു.7യേശു അവനോട്: ഞാൻ ചെയ്യുന്നതെന്തെന്ന് നീ ഇപ്പോൾ അറിയുന്നില്ല; എന്നാൽ പിന്നീട് അറിയും എന്നു ഉത്തരം പറഞ്ഞു.8നീ ഒരുനാളും എന്റെ കാൽ കഴുകുകയില്ല എന്നു പത്രൊസ് പറഞ്ഞു. അതിന് യേശു: ഞാൻ നിന്നെ കഴുകാഞ്ഞാൽ നിനക്ക് എന്നോടുകൂടെ പങ്കില്ല എന്നു ഉത്തരം പറഞ്ഞു. അപ്പോൾ ശിമോൻ പത്രൊസ്:9കർത്താവേ, എന്റെ കാൽ മാത്രമല്ല കയ്യും തലയും കൂടെ കഴുകേണമേ എന്നു പറഞ്ഞു.
10യേശു അവനോട്: കുളിച്ചിരിക്കുന്നവന് കാൽ അല്ലാതെ കഴുകുവാൻ ആവശ്യം ഇല്ല; അവൻ മുഴുവനും ശുദ്ധിയുള്ളവൻ; നിങ്ങൾ ശുദ്ധിയുള്ളവർ ആകുന്നു; എല്ലാവരും അല്ലതാനും എന്നു പറഞ്ഞു.11തന്നെ കാണിച്ചുകൊടുക്കുന്നവൻ ആരാണെന്ന് യേശു അറിഞ്ഞിരുന്നതുകൊണ്ടാണ് നിങ്ങൾ എല്ലാവരും ശുദ്ധിയുള്ളവരല്ല എന്നു പറഞ്ഞത്.

12അവൻ അവരുടെ കാൽ കഴുകിയിട്ട് വസ്ത്രം ധരിച്ചു വീണ്ടും ഇരുന്ന് അവരോട് പറഞ്ഞത്: ഞാൻ നിങ്ങൾക്ക് ചെയ്തതു എന്താണെന്ന് നിങ്ങൾ അറിയുന്നുവോ?13നിങ്ങൾ എന്നെ ഗുരുവെന്നും കർത്താവെന്നും വിളിക്കുന്നു; ഞാൻ അങ്ങനെ ആകകൊണ്ട് നിങ്ങൾ പറയുന്നത് ശരി.14കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാൽ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ കാൽ കഴുകേണ്ടതാകുന്നു.15ഞാൻ നിങ്ങൾക്ക് ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് ഞാൻ നിങ്ങൾക്ക് ഒരു മാതൃക തന്നിരിക്കുന്നു.
16ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ദാസൻ യജമാനനേക്കാൾ വലിയവൻ അല്ല; അയയ്ക്കപ്പെട്ടവൻ തന്നെ അയച്ചവനെക്കാൾ വലിയവനുമല്ല.17ഇതു നിങ്ങൾ അറിയുന്നു എങ്കിൽ അവയെ ചെയ്താൽ ഭാഗ്യവാന്മാർ.18ഞാൻ നിങ്ങളെ എല്ലാവരെയും കുറിച്ച് പറയുന്നില്ല; ഞാൻ തിരഞ്ഞെടുത്തവരെ ഞാൻ അറിയുന്നു; എന്നാൽ “എന്റെ അപ്പം തിന്നുന്നവൻ എന്റെ നേരെ കുതികാൽ ഉയർത്തിയിരിക്കുന്നു” എന്നുള്ള തിരുവെഴുത്തിന് നിവൃത്തി വരേണ്ടതിനാകുന്നു ഞാൻ ഇതു പറയുന്നത്.
19അത് സംഭവിക്കുമ്പോൾ “ഞാൻ ആകുന്നു” എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന് ഞാൻ ഇപ്പോൾ അത് സംഭവിക്കുംമുമ്പെ നിങ്ങളോടു പറയുന്നു.20ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ അയയ്ക്കുന്നവനെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു.
യൂദാസ് ഒറ്റികൊടുക്കുമെന്ന് പ്രവചിക്കുന്നു.

21ഇതു പറഞ്ഞിട്ട് യേശു ഉള്ളം കലങ്ങി: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റികൊടുക്കും എന്നു സാക്ഷീകരിച്ചു പറഞ്ഞു.22ഇതു ആരെക്കുറിച്ച് പറയുന്നു എന്നു ശിഷ്യന്മാർ സംശയിച്ചു തമ്മിൽ തമ്മിൽ നോക്കി.
23ശിഷ്യന്മാരിൽ വെച്ച് യേശു സ്നേഹിച്ച ഒരുവൻ യേശുവിന്റെ മാർവ്വിടത്തു ചാരിക്കൊണ്ടിരുന്നു.24ശിമോൻ പത്രൊസ് അവനോട് ആംഗ്യം കാട്ടി, അവൻ പറഞ്ഞത് ആരെക്കുറിച്ച് എന്നു ചോദിപ്പാൻ പറഞ്ഞു.25അവൻ യേശുവിന്റെ നെഞ്ചോട് ചാഞ്ഞു: കർത്താവേ, അത് ആർ എന്നു ചോദിച്ചു.
26ഞാൻ അപ്പക്കഷണം മുക്കി കൊടുക്കുന്നവൻതന്നെ എന്നു യേശു ഉത്തരം പറഞ്ഞു; അപ്പക്കഷണം മുക്കി ശിമോൻ ഈസ്കര്യോത്താവിന്റെ മകനായ യൂദയ്ക്ക് കൊടുത്തു.27അപ്പം വാങ്ങിയതിനുശേഷം സാത്താൻ അവനിൽ കടന്നു; യേശു അവനോട്: നീ ചെയ്യാനിരിക്കുന്നത് വേഗത്തിൽ ചെയ്ക എന്നു പറഞ്ഞു.
28എന്നാൽ ഇതു അവനോട് എന്തിന് പറഞ്ഞുവെന്ന് പന്തിയിൽ ഇരുന്നവരിൽ ആരും അറിഞ്ഞില്ല.29പണസഞ്ചി യൂദയുടെ പക്കൽ ആകയാൽ പെരുന്നാളിന് നമുക്ക് ആവശ്യമുള്ളതു വാങ്ങുവാനോ ദരിദ്രർക്ക് വല്ലതും കൊടുക്കുവാനോ യേശു അവനോട് കല്പിക്കുന്നു എന്നു ചിലർക്കു തോന്നി.30അപ്പം വാങ്ങിയ ഉടനെ അവൻ എഴുന്നേറ്റുപോയി, അപ്പോൾ രാത്രി ആയിരുന്നു.

31അവൻ പോയശേഷം യേശു പറഞ്ഞത്: ഇപ്പോൾ മനുഷ്യപുത്രൻ മഹത്വപ്പെട്ടിരിക്കുന്നു; ദൈവവും അവനിൽ മഹത്വപ്പെട്ടിരിക്കുന്നു;32ദൈവം അവനിൽ മഹത്വപ്പെട്ടിരിക്കുന്നു എങ്കിൽ ദൈവം അവനെ തന്നിൽ തന്നേ മഹത്വപ്പെടുത്തും; ക്ഷണത്തിൽ അവനെ മഹത്വപ്പെടുത്തും.33കുഞ്ഞുങ്ങളെ, ഞാൻ ഇനി കുറച്ചുസമയംകൂടി മാത്രം നിങ്ങളോടുകൂടെ ഇരിക്കും; നിങ്ങൾ എന്നെ അന്വേഷിക്കും; ഞാൻ പോകുന്ന ഇടത്ത് നിങ്ങൾക്ക് വരുവാൻ കഴിയുകയില്ല എന്നു ഞാൻ യെഹൂദന്മാരോട് പറഞ്ഞതുപോലെ ഇന്ന് നിങ്ങളോടും പറയുന്നു.
34നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു പുതിയൊരു കല്പന ഞാൻ നിങ്ങൾക്ക് തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു തന്നേ.35നിങ്ങൾക്ക് തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.
പത്രൊസ് തള്ളിപറയുമെന്ന് പ്രവചിക്കുന്നു

36ശിമോൻ പത്രൊസ് അവനോട്: കർത്താവേ, നീ എവിടെ പോകുന്നു എന്നു ചോദിച്ചതിന്: ഞാൻ പോകുന്ന ഇടത്തേക്ക് നിനക്ക് ഇപ്പോൾ എന്നെ അനുഗമിക്കുവാൻ കഴിയുകയില്ല; പിന്നത്തേതിൽ നീ എന്നെ അനുഗമിക്കും എന്നു യേശു അവനോട് ഉത്തരം പറഞ്ഞു.37പത്രൊസ് അവനോട്: കർത്താവേ, ഇപ്പോൾ എനിക്ക് നിന്നെ അനുഗമിക്കുവാൻ കഴിയാത്തത് എന്ത്? ഞാൻ എന്റെ ജീവനെ നിനക്ക് വേണ്ടി വെച്ചുകളയും എന്നു പറഞ്ഞു.38അതിന് യേശു: നിന്റെ ജീവനെ എനിക്കുവേണ്ടി വെച്ചുകളയുമോ? ആമേൻ, ആമേൻ, ഞാൻ നിന്നോട് പറയുന്നു: നീ മൂന്നു പ്രാവശ്യം എന്നെ തള്ളിപ്പറയുവോളം കോഴി കൂകുകയില്ല എന്നു ഉത്തരം പറഞ്ഞു.

14
വഴിയും സത്യവും ജീവനും യേശു

1നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത്; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.2എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ട്; ഇല്ലായിരുന്നു എങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്ക് സ്ഥലം ഒരുക്കുവാൻ പോകുന്നു.3ഞാൻ പോയി നിങ്ങൾക്ക് സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്ത് നിങ്ങളും ഇരിക്കേണ്ടതിന് പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും

4ഞാൻ പോകുന്ന ഇടത്തേക്കുള്ള വഴി നിങ്ങൾ അറിയുന്നു.5തോമസ് അവനോട്: കർത്താവേ, നീ എവിടെ പോകുന്നു എന്നു ഞങ്ങൾ അറിയുന്നില്ല; പിന്നെ വഴി എങ്ങനെ അറിയും എന്നു ചോദിച്ചു.6യേശു അവനോട്: ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.7നിങ്ങൾ എന്നെ അറിഞ്ഞ് എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു; ഇന്നുമുതൽ നിങ്ങൾ അവനെ അറിയുന്നു; അവനെ കണ്ടുമിരിക്കുന്നു എന്നു പറഞ്ഞു.
8ഫിലിപ്പൊസ് അവനോട്: കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം; ഞങ്ങൾക്കു അത് മതി എന്നു പറഞ്ഞു.9യേശു അവനോട് പറഞ്ഞത്: ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിഞ്ഞില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നത് എങ്ങനെ?
10ഞാൻ പിതാവിലും പിതാവ് എന്നിലും ആകുന്നു എന്നു നീ വിശ്വസിക്കുന്നില്ലയോ? ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നത്; പ്രത്യുത പിതാവ് എന്നിൽ വസിച്ചുകൊണ്ട് തന്റെ പ്രവൃത്തി ചെയ്യുന്നു.11ഞാൻ പിതാവിലും പിതാവ് എന്നിലും എന്നു എന്നെ വിശ്വസിപ്പിൻ; അല്ലെങ്കിൽ പ്രവൃത്തി നിമിത്തം എന്നെ വിശ്വസിപ്പിൻ.
12ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു; ഞാൻ ചെയ്യുന്ന പ്രവൃത്തി എന്നിൽ വിശ്വസിക്കുന്നവനും ചെയ്യും; ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതുകൊണ്ട് അതിൽ വലിയതും അവൻ ചെയ്യും.13നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതൊക്കെയും പിതാവ് പുത്രനിൽ മഹത്വപ്പെടേണ്ടതിന് ഞാൻ ചെയ്തുതരും.14നിങ്ങൾ എന്റെ നാമത്തിൽ എന്തെങ്കിലും ചോദിച്ചാൽ ഞാൻ അത് ചെയ്തുതരും.
പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്യുന്നു

15നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ എന്റെ കല്പനകളെ പ്രമാണിക്കും.16എന്നാൽ ഞാൻ പിതാവിനോട് ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവ് എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിന് നിങ്ങൾക്ക് തരും.17ഈ സത്യത്തിന്റെ ആത്മാവിനെ ലോകം കാണുകയോ അറിയുകയോ ചെയ്യായ്കയാൽ അതിന് അവനെ ലഭിപ്പാൻ കഴിയുകയില്ല; എന്നാൽ അവൻ നിങ്ങളോടു കൂടെ വസിക്കുകയും നിങ്ങളിൽ ഇരിക്കുകയും ചെയ്യുന്നതുകൊണ്ട് അവനെ നിങ്ങൾ അറിയുന്നു.
18ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ മടങ്ങിവരും.19കുറഞ്ഞോന്നു കഴിഞ്ഞാൽ ലോകം എന്നെ കാണുകയില്ല; നിങ്ങളോ എന്നെ കാണും; ഞാൻ ജീവിക്കുന്നതുകൊണ്ട് നിങ്ങളും ജീവിക്കും.20ഞാൻ എന്റെ പിതാവിലും നിങ്ങൾ എന്നിലും ഞാൻ നിങ്ങളിലും എന്നു നിങ്ങൾ അന്ന് അറിയും.
21എന്റെ കല്പനകൾ ലഭിച്ചു അവയെ പ്രമാണിക്കുന്നവനാകുന്നു എന്നെ സ്നേഹിക്കുന്നവൻ; എന്നെ സ്നേഹിക്കുന്നവനെ എന്റെ പിതാവ് സ്നേഹിക്കും; ഞാനും അവനെ സ്നേഹിച്ച് അവന് എന്നെത്തന്നെ വെളിപ്പെടുത്തും.22ഈസ്കര്യോത്താവല്ലാത്ത യൂദാ അവനോട്: കർത്താവേ, എന്ത് സംഭവിച്ചിട്ടാകുന്നു നീ ലോകത്തിനല്ല ഞങ്ങൾക്കത്രേ നിന്നെ വെളിപ്പെടുത്തുവാൻ പോകുന്നത് എന്നു ചോദിച്ചു.
23യേശു അവനോട്: എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പ്രമാണിക്കും; എന്റെ പിതാവ് അവനെ സ്നേഹിക്കും; ഞങ്ങൾ അവന്റെ അടുക്കൽ വന്നു അവനോടുകൂടെ വാസം ചെയ്യും.24എന്നെ സ്നേഹിക്കാത്തവൻ എന്റെ വചനം പ്രമാണിക്കുന്നില്ല; നിങ്ങൾ കേൾക്കുന്ന വചനം എന്റേതല്ല എന്നെ അയച്ച പിതാവിന്റേതത്രേ എന്നു ഉത്തരം പറഞ്ഞു.

25ഞാൻ നിങ്ങളോടുകൂടെ വസിക്കുമ്പോൾത്തന്നെ ഈ കാര്യങ്ങൾ നിങ്ങളോടു സംസാരിച്ചിരിക്കുന്നു.26എങ്കിലും പിതാവ് എന്റെ നാമത്തിൽ അയക്കുവാനുള്ള പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥൻ നിങ്ങൾക്ക് സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞത് ഒക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും.27സമാധാനം ഞാൻ നിങ്ങൾക്ക് തന്നിട്ടുപോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്ക് തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ ഇത് നിങ്ങൾക്ക് തരുന്നത്. നിങ്ങളുടെ ഹൃദയം കലങ്ങരുത്, ഭ്രമിക്കുകയും അരുത്.
28ഞാൻ പോകയും നിങ്ങളുടെ അടുക്കൽ മടങ്ങിവരികയും ചെയ്യും എന്നു ഞാൻ നിങ്ങളോടു പറഞ്ഞത് കേട്ടുവല്ലോ; നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതിനാൽ നിങ്ങൾ സന്തോഷിക്കുമായിരുന്നു; പിതാവ് എന്നേക്കാൾ വലിയവനല്ലോ.29അത് സംഭവിക്കുമ്പോൾ നിങ്ങൾ വിശ്വസിക്കേണ്ടതിന് ഞാൻ ഇപ്പോൾ അത് സംഭവിക്കുംമുമ്പെ നിങ്ങളോടു പറഞ്ഞിരിക്കുന്നു.30ഞാൻ ഇനി നിങ്ങളോടു വളരെ സംസാരിക്കുകയില്ല; ഈ ലോകത്തിന്റെ പ്രഭു വരുന്നു; അവന് എന്റെമേൽ ഒരു അധികാരവുമില്ല.31എങ്കിലും ഞാൻ പിതാവിനെ സ്നേഹിക്കുന്നു എന്നും പിതാവ് എന്നോട് കല്പിച്ചതുപോലെ ഞാൻ ചെയ്യുന്നു എന്നും ലോകം അറിയട്ടെ. എഴുന്നേല്പിൻ; നമുക്ക് ഇവിടെനിന്ന് പോകാം.

15
സാക്ഷാൽ മുന്തിരിവള്ളിയും കൊമ്പുകളും

1ഞാൻ സാക്ഷാൽ മുന്തിരിവള്ളിയും എന്റെ പിതാവ് തോട്ടക്കാരനും ആകുന്നു.2എന്നിലുള്ള കൊമ്പുകളിൽ ഫലം കായ്ക്കാത്തതിനെ ഒക്കെയും അവൻ നീക്കിക്കളയുന്നു; ഫലം കായ്ക്കുന്നതിനെ ഒക്കെയും അധികം ഫലം കായ്ക്കേണ്ടതിന് ചെത്തി വെടിപ്പാക്കുന്നു.

3ഞാൻ നിങ്ങളോടു സംസാരിച്ച വചനംനിമിത്തം നിങ്ങൾ ഇപ്പോൾ ശുദ്ധിയുള്ളവരാകുന്നു.4എന്നിൽ വസിക്കുവിൻ; ഞാൻ നിങ്ങളിലും വസിക്കും; കൊമ്പിന് മുന്തിരിവള്ളിയിൽ വസിച്ചിട്ടല്ലാതെ സ്വയമായി ഫലം കായ്പാൻ കഴിയാത്തതുപോലെ എന്നിൽ വസിച്ചിട്ടല്ലാതെ നിങ്ങൾക്കും കഴിയുകയില്ല.
5ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു; ഒരുവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായ്ക്കും; എന്നെ കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്‌വാൻ കഴിയുകയില്ല.6ആരെങ്കിലും എന്നിൽ വസിക്കാതിരുന്നാൽ അവനെ ഒരു കൊമ്പുപോലെ പുറത്തു കളഞ്ഞിട്ട് അവൻ ഉണങ്ങിപ്പോകുന്നു; മനുഷ്യർ ആ കൊമ്പുകൾ ചേർത്ത് തീയിലേക്ക് എറിയുകയും; അത് വെന്തുപോകുകയും ചെയ്യുന്നു.7നിങ്ങൾ എന്നിലും എന്റെ വചനങ്ങൾ നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നത് എന്തെങ്കിലും അപേക്ഷിക്കുവിൻ; അത് നിങ്ങൾക്ക് ലഭിക്കും.
8അങ്ങനെ നിങ്ങൾ എന്റെ ശിഷ്യന്മാരാകും; നിങ്ങൾ വളരെ ഫലം കായ്ക്കുന്നതിനാൽ എന്റെ പിതാവ് മഹത്വപ്പെടുന്നു;.9പിതാവ് എന്നെ സ്നേഹിച്ചതുപോലെ ഞാനും നിങ്ങളെ സ്നേഹിച്ചിരിക്കുന്നു; എന്റെ സ്നേഹത്തിൽ വസിക്കുവിൻ.
10ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ചു അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും.11എന്റെ സന്തോഷം നിങ്ങളിൽ ഇരിപ്പാനും നിങ്ങളുടെ സന്തോഷം പൂർണ്ണമാകുവാനും ഞാൻ ഈ കാര്യങ്ങൾ നിങ്ങളോടു സംസാരിച്ചിരിക്കുന്നു.
12ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നാകുന്നു എന്റെ കല്പന.13തന്റെ സ്നേഹിതന്മാർക്കുവേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല.
14ഞാൻ നിങ്ങളോടു കല്പിക്കുന്ന കാര്യങ്ങൾ നിങ്ങൾ ചെയ്യുന്നു എങ്കിൽ നിങ്ങൾ എന്റെ സ്നേഹിതന്മാർ തന്നേ15യജമാനൻ ചെയ്യുന്നതു ദാസൻ അറിയായ്കകൊണ്ട് ഞാൻ നിങ്ങളെ ദാസന്മാർ എന്നു ഇനി വിളിക്കുകയില്ല; ഞാൻ എന്റെ പിതാവിൽനിന്ന് കേട്ടത് എല്ലാം നിങ്ങളോട് അറിയിച്ചതുകൊണ്ട് നിങ്ങളെ സ്നേഹിതന്മാർ എന്നു വിളിച്ചിരിക്കുന്നു.
16നിങ്ങൾ എന്നെ തിരഞ്ഞെടുത്തു എന്നല്ല, ഞാൻ നിങ്ങളെ തിരഞ്ഞെടുത്തു, നിങ്ങൾ പോയി ഫലം കായ്ക്കേണ്ടതിനും നിങ്ങളുടെ ഫലം നിലനിൽക്കേണ്ടതിനും നിങ്ങളെ നിയോഗിച്ചുമിരിക്കുന്നു; നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോട് അപേക്ഷിക്കുന്നതൊക്കെയും അവൻ നിങ്ങൾക്ക് തരുവാനായിട്ടു തന്നേ.17നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണ്ടതിന് ഞാൻ ഈ കാര്യങ്ങൾ നിങ്ങളോടു കല്പിക്കുന്നു.
ലോകം നിങ്ങളെ വെറുക്കും

18ലോകം നിങ്ങളെ വെറുക്കുന്നു എങ്കിൽ അത് നിങ്ങൾക്ക് മുമ്പെ എന്നെ വെറുത്തിരിക്കുന്നു എന്നു അറിയുവിൻ.19നിങ്ങൾ ലോകക്കാർ ആയിരുന്നു എങ്കിൽ ലോകം തനിക്കു സ്വന്തമെന്നപോലെ നിങ്ങളെ സ്നേഹിക്കുമായിരുന്നു; എന്നാൽ നിങ്ങൾ ലോകക്കാരല്ലാത്തതുകൊണ്ടും, ഞാൻ നിങ്ങളെ ലോകത്തിൽ നിന്നു തിരഞ്ഞെടുത്തതുകൊണ്ടും ലോകം നിങ്ങളെ വെറുക്കുന്നു.
20ഒരു ദാസൻ അവന്റെ യജമാനനേക്കാൾ വലിയവനല്ല എന്നു ഞാൻ നിങ്ങളോടു പറഞ്ഞ വാക്ക് ഓർക്കുവിൻ; അവർ എന്നെ ഉപദ്രവിച്ചു എങ്കിൽ നിങ്ങളെയും ഉപദ്രവിക്കും; എന്റെ വചനം പ്രമാണിച്ചു എങ്കിൽ നിങ്ങളുടേതും പ്രമാണിക്കും.21എങ്കിലും എന്നെ അയച്ചവനെ അവർ അറിയാത്തതുകൊണ്ട് എന്റെ നാമം നിമിത്തം ഇതു ഒക്കെയും നിങ്ങളോടു ചെയ്യും.22ഞാൻ വന്നു അവരോട് സംസാരിക്കാതിരുന്നെങ്കിൽ അവർക്ക് പാപം ഇല്ലായിരുന്നു; ഇപ്പോഴോ അവരുടെ പാപത്തിന് ഒഴികഴിവില്ല.
23എന്നെ വെറുക്കുന്നവൻ എന്റെ പിതാവിനെയും വെറുക്കുന്നു.24മറ്റാരും ചെയ്തിട്ടില്ലാത്ത പ്രവൃത്തികളെ ഞാൻ അവരുടെ ഇടയിൽ ചെയ്തിരുന്നില്ല എങ്കിൽ അവർക്ക് പാപം ഇല്ലായിരുന്നു; എന്നാൽ ഇപ്പോൾ അവർ കാണുകയും എന്നെയും എന്റെ പിതാവിനെയും വെറുക്കുകയും ചെയ്തിരിക്കുന്നു.25“അവർ ഒരു കാരണവുമില്ലാതെ എന്നെ വെറുത്തു” എന്നു അവരുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന വചനം നിവൃത്തിയാകേണ്ടതിന് തന്നേ.
26ഞാൻ പിതാവിന്റെ അടുക്കൽനിന്ന് നിങ്ങൾക്ക് അയക്കുവാനുള്ള കാര്യസ്ഥനായി പിതാവിന്റെ അടുക്കൽ നിന്നു പുറപ്പെടുന്ന സത്യാത്മാവ് വരുമ്പോൾ അവൻ എന്നെക്കുറിച്ച് സാക്ഷ്യം പറയും.27നിങ്ങൾ ആദിമുതൽ എന്നോടുകൂടെ ഇരിക്കകൊണ്ട് നിങ്ങളും സാക്ഷ്യം പറയും.

16

1നിങ്ങൾ ഇടറിപ്പോകാതിരിക്കുവാൻ ഞാൻ ഈ കാര്യങ്ങൾ നിങ്ങളോടു സംസാരിച്ചിരിക്കുന്നു.2തീർച്ചയായും അവർ നിങ്ങളെ പള്ളിയിൽനിന്ന് പുറത്താക്കും; നിങ്ങളെ കൊല്ലുന്നവൻ എല്ലാം ദൈവത്തിനുവേണ്ടി നല്ലപ്രവൃത്തി ചെയ്യുന്നു എന്നു വിചാരിക്കുന്ന നാഴിക വരുന്നു.

3അവർ പിതാവിനെയോ എന്നെയോ അറിയാത്തതുകൊണ്ട് ഇങ്ങനെ ചെയ്യും.4അത് സംഭവിക്കുന്ന നാഴിക വരുമ്പോൾ ഞാൻ അത് നിങ്ങളോടു പറഞ്ഞിട്ടുണ്ടെന്ന് നിങ്ങൾ ഓർക്കേണ്ടതിന് ഈ കാര്യങ്ങൾ നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ആരംഭത്തിൽ ഈ കാര്യങ്ങളെക്കുറിച്ച് നിങ്ങളോടു പറയാതിരുന്നത് ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരുന്നതുകൊണ്ടത്രേ.
പരിശുദ്ധാത്മാവിന്റെ പ്രവർത്തനം

5ഇപ്പോഴോ ഞാൻ എന്നെ അയച്ചവന്റെ അടുക്കൽ പോകുന്നു: എന്നിട്ടും നീ എവിടെ പോകുന്നു എന്നു നിങ്ങൾ ആരും എന്നോട് ചോദിക്കുന്നില്ല.6എങ്കിലും ഞാൻ ഈ കാര്യങ്ങൾ നിങ്ങളോടു പറഞ്ഞതുകൊണ്ട് നിങ്ങളുടെ ഹൃദയത്തിൽ ദുഃഖം നിറഞ്ഞിരിക്കുന്നു.7എന്നാൽ ഞാൻ നിങ്ങളോടു സത്യം പറയുന്നു; ഞാൻ പോകുന്നത് നിങ്ങൾക്ക് നല്ലത്; ഞാൻ പോകുന്നില്ലെങ്കിൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാലോ അവനെ നിങ്ങളുടെ അടുക്കൽ അയയ്ക്കും.
8അവൻ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിനു ബോധം വരുത്തും;9അവർ എന്നിൽ വിശ്വസിക്കായ്കകൊണ്ട് പാപത്തെക്കുറിച്ചും10ഞാൻ പിതാവിന്റെ അടുക്കൽ പോകയും നിങ്ങൾ ഇനി എന്നെ കാണാതിരിക്കുകയും ചെയ്യുന്നതുകൊണ്ട് നീതിയെക്കുറിച്ചും11ഈ ലോകത്തിന്റെ പ്രഭു വിധിക്കപ്പെട്ടിരിക്കകൊണ്ട് ന്യായവിധിയെക്കുറിച്ചും ലോകത്തിനു ബോധ്യം വരുത്തും.
12എനിക്ക് വളരെ കാര്യങ്ങൾ നിങ്ങളോടു പറവാൻ ഉണ്ട്; എന്നാൽ അവയെ നിങ്ങൾക്ക് ഇപ്പോൾ മനസ്സിലാക്കുവാൻ കഴിയില്ല.13സത്യത്തിന്റെ ആത്മാവ് വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നത് സംസാരിക്കുകയും വരുവാനുള്ളതു നിങ്ങൾക്ക് അറിയിച്ചുതരികയും ചെയ്യും.14അവൻ എനിക്കുള്ളതിൽനിന്ന് എടുത്തു നിങ്ങൾക്ക് അറിയിച്ചുതരുന്നതുകൊണ്ട് എന്നെ മഹത്വപ്പെടുത്തും.
15പിതാവിനുള്ളത് ഒക്കെയും എനിക്കുള്ളത്; അതുകൊണ്ടത്രേ അവൻ എനിക്കുള്ളതിൽ നിന്നു എടുത്തു നിങ്ങൾക്ക് അറിയിച്ചുതരും എന്നു ഞാൻ പറഞ്ഞത്.
നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും

16കുറച്ചുസമയം കഴിഞ്ഞിട്ട് നിങ്ങൾ എന്നെ കാണുകയില്ല; പിന്നെയും കുറച്ചുസമയം കഴിഞ്ഞിട്ട് നിങ്ങൾ എന്നെ കാണും.
17അവന്റെ ശിഷ്യന്മാരിൽ ചിലർ: കുറച്ചുസമയം കഴിഞ്ഞിട്ട് നിങ്ങൾ എന്നെ കാണുകയില്ല; പിന്നെയും കുറച്ചുസമയം കഴിഞ്ഞിട്ട് എന്നെ കാണും എന്നും പിതാവിന്റെ അടുക്കൽ പോകുന്നു എന്നും അവൻ നമ്മോടു ഈ പറയുന്നത് എന്ത് എന്നു തമ്മിൽ ചോദിച്ചു.18‘കുറച്ചുസമയം കഴിഞ്ഞിട്ട്’ എന്നു ഈ പറയുന്നത് എന്താകുന്നു? അവൻ എന്ത് സംസാരിക്കുന്നു എന്നു നാം അറിയുന്നില്ല എന്നും അവർ പറഞ്ഞു.
19അവർ തന്നോട് ചോദിപ്പാൻ ആഗ്രഹിക്കുന്നു എന്നു അറിഞ്ഞ് യേശു അവരോട് പറഞ്ഞത്: കുറച്ചുസമയം കഴിഞ്ഞിട്ട് എന്നെ കാണുകയില്ല; പിന്നെയും കുറച്ചുസമയം കഴിഞ്ഞിട്ട് എന്നെ കാണും എന്നു ഞാൻ പറകയാൽ നിങ്ങൾ തമ്മിൽ തമ്മിൽ ചോദിക്കുന്നുവോ?20ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ കരഞ്ഞു വിലപിക്കും; എന്നാൽ ലോകം സന്തോഷിക്കും; നിങ്ങൾ ദുഃഖിക്കും; എന്നാൽ നിങ്ങളുടെ ദുഃഖം സന്തോഷമായിത്തീരും.21ഒരു സ്ത്രീക്ക് പ്രസവവേദന വരുമ്പോൾ തന്റെ പ്രസവസമയം വന്നതുകൊണ്ട് അവൾക്ക് ദുഃഖം ഉണ്ട്; എന്നാൽ കുഞ്ഞിനെ പ്രസവിച്ചശേഷമോ ഒരു കുഞ്ഞ് ലോകത്തിലേക്കു പിറന്നതിന്റെ സന്തോഷംനിമിത്തം അവൾ തന്റെ വേദന പിന്നെ ഓർക്കുന്നില്ല.
22അങ്ങനെ നിങ്ങൾക്കും ഇപ്പോൾ ദുഃഖം ഉണ്ട് എങ്കിലും ഞാൻ പിന്നെയും നിങ്ങളെ കാണും; നിങ്ങളുടെ ഹൃദയം സന്തോഷിക്കും; നിങ്ങളുടെ സന്തോഷം ആരും നിങ്ങളിൽനിന്ന് എടുത്തുകളയുകയുമില്ല.23അന്ന് നിങ്ങൾ എന്നോട് ഒരു ചോദ്യവും ചോദിക്കയില്ല. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ പിതാവിനോട് അപേക്ഷിക്കുന്നതൊക്കെയും അവൻ എന്റെ നാമത്തിൽ നിങ്ങൾക്ക് തരും.24ഇന്നുവരെ നിങ്ങൾ എന്റെ നാമത്തിൽ ഒന്നും അപേക്ഷിച്ചിട്ടില്ല; അപേക്ഷിക്കുവിൻ; എന്നാൽ നിങ്ങൾക്ക് ലഭിക്കും അങ്ങനെ നിങ്ങളുടെ സന്തോഷം പൂർണ്ണമാകും.
ധൈര്യപ്പെടുവിൻ ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു

25ഇതു ഞാൻ സദൃശമായി നിങ്ങളോടു സംസാരിച്ചിരിക്കുന്നു; എങ്കിലും ഞാൻ ഇനി സദൃശമായി നിങ്ങളോടു സംസാരിക്കാതെ പിതാവിനെ സംബന്ധിച്ച് സ്പഷ്ടമായി നിങ്ങളോടു അറിയിക്കുന്ന നാഴിക വരുന്നു.
26അന്ന് നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.27നിങ്ങൾ എന്നെ സ്നേഹിച്ച്, ഞാൻ പിതാവിന്റെ അടുക്കൽനിന്ന് വന്നിരിക്കുന്നു എന്നു വിശ്വസിച്ചിരിക്കകൊണ്ട് പിതാവുതാനും നിങ്ങളെ സ്നേഹിക്കുന്നു.28ഞാൻ പിതാവിന്റെ അടുക്കൽ നിന്നു പുറപ്പെട്ടു ലോകത്തിൽ വന്നിരിക്കുന്നു; പിന്നെയും ലോകത്തെ വിട്ടു പിതാവിന്റെ അടുക്കൽ പോകുന്നു.
29അതിന് അവന്റെ ശിഷ്യന്മാർ: ഇപ്പോൾ നീ സദൃശം ഒന്നും പറയാതെ സ്പഷ്ടമായി സംസാരിക്കുന്നു.30നീ സകലവും അറിയുന്നു എന്നും ആരും നിന്നോട് ചോദിപ്പാൻ നിനക്ക് ആവശ്യം ഇല്ല എന്നും ഞങ്ങൾ ഇപ്പോൾ അറിയുന്നു; ഇതിനാൽ നീ ദൈവത്തിന്റെ അടുക്കൽനിന്ന് വന്നിരിക്കുന്നു എന്നു ഞങ്ങൾ വിശ്വസിക്കുന്നു എന്നു പറഞ്ഞു.31യേശു അവരോട്: ഇപ്പോൾ നിങ്ങൾ വിശ്വസിക്കുന്നുവോ?
32നിങ്ങൾ ഓരോരുത്തൻ താന്താന്റെ സ്വന്തത്തിലേക്ക് ചിതറിപ്പോകയും എന്നെ ഏകനായി വിടുകയും ചെയ്യുന്ന നാഴിക വരുന്നു; വന്നുമിരിക്കുന്നു; പിതാവ് എന്നോടുകൂടെ ഉള്ളതുകൊണ്ട് ഞാൻ ഏകനല്ലതാനും.33നിങ്ങൾക്ക് എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന് ഈ കാര്യങ്ങൾ നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ലോകത്തിൽ നിങ്ങൾക്ക് കഷ്ടങ്ങൾ ഉണ്ട്; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു.

17
യേശുവിന്റെ പ്രാർത്ഥന

1ഇതു സംസാരിച്ചിട്ട് യേശു സ്വർഗ്ഗത്തേക്ക് നോക്കി പറഞ്ഞതെന്തെന്നാൽ: പിതാവേ, നാഴിക വന്നിരിക്കുന്നു; നിന്റെ പുത്രൻ നിന്നെ മഹത്വപ്പെടുത്തേണ്ടതിന് പുത്രനെ മഹത്വപ്പെടുത്തേണമേ.2നീ അവന് നല്കീട്ടുള്ളവർക്കെല്ലാവർക്കും അവൻ നിത്യജീവനെ കൊടുക്കേണ്ടതിന് നീ സകല ജഡത്തിന്മേലും അവന് അധികാരം നല്കിയിരിക്കുന്നുവല്ലോ.

3ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതുതന്നെ നിത്യജീവൻ ആകുന്നു.4നീ എനിക്ക് ചെയ്‌വാൻ തന്ന പ്രവൃത്തി തികച്ചുകൊണ്ട് ഞാൻ ഭൂമിയിൽ നിന്നെ മഹത്വപ്പെടുത്തിയിരിക്കുന്നു.5ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്ക് നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്നോടുകൂടെ മഹത്വപ്പെടുത്തേണമേ.
യേശു ശിഷ്യൻമാർക്കുവേണ്ടി പ്രാർത്ഥിക്കുന്നു

6നീ ലോകത്തിൽനിന്ന് എനിക്ക് തന്നിട്ടുള്ള മനുഷ്യർക്ക് ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു. അവർ നിനക്കുള്ളവർ ആയിരുന്നു; നീ അവരെ എനിക്ക് തന്നു; അവർ നിന്റെ വചനം പ്രമാണിച്ചുമിരിക്കുന്നു.7നീ എനിക്ക് തന്നതു എല്ലാം നിന്റെ പക്കൽ നിന്നു ആകുന്നു എന്നു അവർ ഇപ്പോൾ അറിഞ്ഞിരിക്കുന്നു.8നീ എനിക്ക് തന്ന വചനം ഞാൻ അവർക്ക് കൊടുത്തു; അവർ അത് സ്വീകരിക്കുകയും ഞാൻ നിന്റെ അടുക്കൽനിന്ന് വന്നിരിക്കുന്നു എന്നു സത്യമായിട്ട് അറിഞ്ഞും നീ എന്നെ അയച്ചു എന്നു വിശ്വസിച്ചുമിരിക്കുന്നു.
9ഞാൻ അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു; ലോകത്തിനു വേണ്ടി അല്ല; നീ എനിക്ക് തന്നിട്ടുള്ളവർ നിനക്കുള്ളവർ ആകകൊണ്ട് അവർക്ക് വേണ്ടിയത്രേ ഞാൻ പ്രാർത്ഥിക്കുന്നത്.10എന്റേത് എല്ലാം നിന്റേതും നിന്റേത് എന്റേതും ആകുന്നു; ഞാൻ അവരിൽ മഹത്വപ്പെട്ടുമിരിക്കുന്നു.11ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല; ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന് നീ എനിക്ക് തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ.
12അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്ക് തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു; ഞാൻ അവരെ സൂക്ഷിച്ച്; തിരുവെഴുത്തിന് നിവൃത്തി വരേണ്ടതിന് ആ നാശത്തിന്റെ പുത്രനല്ലാതെ അവരിൽ ആരും നശിച്ചുപോയിട്ടില്ല.13ഇപ്പോഴോ ഞാൻ നിന്റെ അടുക്കൽ വരുന്നു; എന്റെ സന്തോഷം അവർക്ക് ഉള്ളിൽ പൂർണ്ണമാകേണ്ടതിന് ഞാൻ ഇതു ലോകത്തിൽവെച്ചു സംസാരിക്കുന്നു.14ഞാൻ അവർക്ക് നിന്റെ വചനം കൊടുത്തിരിക്കുന്നു; ഞാൻ ലൗകികനല്ലാത്തതുപോലെ അവരും ലൗകികന്മാരല്ലാത്തതുകൊണ്ട് ലോകം അവരെ വെറുത്തു.
15അവരെ ലോകത്തിൽ നിന്നു എടുക്കണം എന്നല്ല, ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാൻ പ്രാർത്ഥിക്കുന്നത്.16ഞാൻ ലൗകികനല്ലാത്തതുപോലെ അവരും ലൗകികന്മാരല്ല.17സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ, നിന്റെ വചനം സത്യം ആകുന്നു.
18നീ എന്നെ ലോകത്തിലേക്കു അയച്ചു; ഞാൻ അവരെയും ലോകത്തിലേക്കു അയച്ചിരിക്കുന്നു.19അവരും സത്യത്താൽ വിശുദ്ധീകരിക്കപ്പെടേണ്ടതിന് അവർക്ക് വേണ്ടി ഞാൻ എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു.
യേശു എല്ലാ വിശ്വാസികൾക്കുവേണ്ടിയും പ്രാർത്ഥിക്കുന്നു

20ഇവർക്ക് വേണ്ടി മാത്രമല്ല, ഇവരുടെ വചനത്താൽ എന്നിൽ വിശ്വസിപ്പാനിരിക്കുന്നവർക്കു വേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നു.21അവർ എല്ലാവരും ഒന്നാകേണ്ടതിന്, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ആകേണ്ടതിനും, നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിക്കേണ്ടതിനും പ്രാർത്ഥിക്കുന്നു.
22നീ എനിക്ക് തന്നിട്ടുള്ള മഹത്വം ഞാൻ അവർക്ക് കൊടുത്തിരിക്കുന്നു:23നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിയുവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന് ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികഞ്ഞവരായിരിക്കേണ്ടതിന് തന്നെ.
24പിതാവേ, നീ ലോകസ്ഥാപനത്തിന് മുമ്പെ എന്നെ സ്നേഹിച്ചരിക്കകൊണ്ട് എനിക്ക് നല്കിയ മഹത്വം നീ എനിക്ക് തന്നിട്ടുള്ളവർ കാണേണ്ടതിന് ഞാൻ ഇരിക്കുന്ന ഇടത്ത് അവരും എന്നോട് കൂടെ ഇരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു.
25നീതിയുള്ള പിതാവേ, ലോകം നിന്നെ അറിഞ്ഞിട്ടില്ല; ഞാനോ നിന്നെ അറിഞ്ഞിരിക്കുന്നു; നീ എന്നെ അയച്ചിരിക്കുന്നു എന്നു ഇവരും അറിഞ്ഞിരിക്കുന്നു.26ഞാൻ നിന്റെ നാമം അവർക്ക് വെളിപ്പെടുത്തിയിരിക്കുന്നു; നീ എന്നെ സ്നേഹിക്കുന്ന സ്നേഹം അവരിൽ ആകുവാനും ഞാൻ അവരിൽ ആകുവാനുമായി ഇനിയും അത് വെളിപ്പെടുത്തും.

18
യൂദാസ് യേശുവിനെ ഒറ്റികൊടുക്കുന്നു

1ഇതു പറഞ്ഞിട്ട് യേശു തന്റെ ശിഷ്യന്മാരുമായി കിദ്രോൻ താഴ്വരയുടെ അക്കരയ്ക്ക് പോയി. അവിടെ ഒരു തോട്ടം ഉണ്ടായിരുന്നു; അതിൽ അവനും അവന്റെ ശിഷ്യന്മാരും കടന്നു.2യേശു പലപ്പോഴും ശിഷ്യന്മാരോടുകൂടെ അവിടെ പോയിരുന്നതുകൊണ്ട് അവനെ ഒറ്റികൊടുക്കാനുള്ളവനായ യൂദയും ആ സ്ഥലം അറിഞ്ഞിരുന്നു.3അങ്ങനെ യൂദാ പടയാളികളെയും മുഖ്യപുരോഹിതന്മാരിൽനിന്നും പരീശന്മാരിൽനിന്നും വന്ന ചേവകരെയും കൂട്ടിക്കൊണ്ട് വിളക്കുകളും പന്തങ്ങളും ആയുധങ്ങളുമായി അവിടെ വന്നു.

4തനിക്കു നേരിടുവാനുള്ളത് എല്ലാം അറിഞ്ഞിരുന്ന യേശു മുമ്പോട്ടു ചെന്ന്: നിങ്ങൾ ആരെ തിരയുന്നു എന്നു അവരോട് ചോദിച്ചു.5“നസറായനായ യേശുവിനെ” എന്നു അവർ ഉത്തരം പറഞ്ഞു. യേശു അവരോട്: “ഞാൻ ആകുന്നു” എന്നു പറഞ്ഞു; അവനെ കാണിച്ചുകൊടുക്കുന്ന യൂദയും അവരോടുകൂടെ നിന്നിരുന്നു.
6“ഞാൻ ആകുന്നു” എന്നു അവരോട് പറഞ്ഞപ്പോൾ അവർ പിൻവാങ്ങി നിലത്തുവീണു.7നിങ്ങൾ ആരെ തിരയുന്നു എന്നു അവൻ പിന്നെയും അവരോട് ചോദിച്ചതിന് അവർ വീണ്ടും: “നസറായനായ യേശുവിനെ” എന്നു പറഞ്ഞു.
8“അവൻ ഞാൻ ആകുന്നു” എന്നു നിങ്ങളോടു പറഞ്ഞുവല്ലോ; എന്നെ ആകുന്നു തിരയുന്നതെങ്കിൽ ഇവർ പൊയ്ക്കൊള്ളട്ടെ എന്നു യേശു ഉത്തരം പറഞ്ഞു.9‘നീ എനിക്ക് തന്നവരിൽ ആരും നഷ്ടമായിപ്പോയിട്ടില്ല’ എന്നു അവൻ പറഞ്ഞ വാക്ക് നിവൃത്തിയാകുവാൻ വേണ്ടിയായിരുന്നു ഇത്.
10അപ്പോൾ ശിമോൻ പത്രൊസ് തനിക്കുണ്ടായിരുന്ന വാൾ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ വലതുകാത് അറുത്തുകളഞ്ഞു; ആ ദാസന് മല്ക്കൊസ് എന്നു പേർ.11യേശു പത്രൊസിനോട്: വാൾ തിരികെ ഉറയിൽ ഇടുക; പിതാവ് എനിക്ക് തന്ന പാനപാത്രം ഞാൻ കുടിക്കേണ്ടതല്ലയോ എന്ന് ചോദിച്ചു.

12പടയാളികളും സഹസ്രാധിപനും യെഹൂദന്മാരുടെ ചേവകരും യേശുവിനെ പിടിച്ചുകെട്ടി13അവർ അവനെ ആദ്യം ഹന്നാവിന്റെ അടുക്കൽ കൊണ്ടുപോയി; അവൻ ആ വർഷത്തെ മഹാപുരോഹിതനായ കയ്യഫാവിന്റെ അമ്മാവിയപ്പൻ ആയിരുന്നു.14കയ്യഫാവോ: ജനത്തിനുവേണ്ടി ഒരു മനുഷ്യൻ മരിക്കുന്നതു നല്ലത് എന്നു യെഹൂദന്മാരോട് ആലോചന പറഞ്ഞവൻ തന്നേ.
പത്രൊസ് യേശുവിനെ തള്ളിപ്പറയുന്നു

15ശിമോൻ പത്രൊസും മറ്റൊരു ശിഷ്യനും യേശുവിന്റെ പിന്നാലെ ചെന്ന്; ആ ശിഷ്യൻ മഹാപുരോഹിതന് പരിചയമുള്ളവൻ ആകയാൽ യേശുവിനോടുകൂടെ മഹാപുരോഹിതന്റെ നടുമുറ്റത്ത് കടന്നു.16എന്നാൽ പത്രൊസ് വാതില്ക്കൽ പുറത്തുതന്നെ നില്ക്കുകയായിരുന്നു. അതുകൊണ്ട് മഹാപുരോഹിതന് പരിചയമുള്ള മറ്റെ ശിഷ്യൻ പുറത്തുവന്നു വാതില്കാവല്ക്കാരത്തിയോടു പറഞ്ഞു പത്രൊസിനെ അകത്ത് കയറ്റി.
17അപ്പോൾ വാതിൽ കാക്കുന്ന ബാല്യക്കാരത്തി പത്രൊസിനോട്: നീയും ഈ മനുഷ്യന്റെ ശിഷ്യന്മാരിൽ ഒരുവനോ എന്നു ചോദിച്ചു; അല്ല എന്നു അവൻ പറഞ്ഞു.18അന്ന് തണുപ്പായിരുന്നതിനാൽ ദാസന്മാരും ചേവകരും കനൽ കൂട്ടി അവിടെ നിന്നു തീ കായുകയായിരുന്നു; പത്രൊസും അവരോടുകൂടെ തീ കാഞ്ഞുകൊണ്ട് നിന്നു.

19മഹാപുരോഹിതൻ യേശുവിനോടു അവന്റെ ശിഷ്യന്മാരെയും ഉപദേശത്തെയും കുറിച്ച് ചോദിച്ചു.20അതിന് യേശു: ഞാൻ ലോകത്തോടു പരസ്യമായി സംസാരിച്ചിരിക്കുന്നു; പള്ളികളിലും എല്ലാ യെഹൂദന്മാരും കൂടുന്ന ദൈവാലയത്തിലും ഞാൻ എപ്പോഴും ഉപദേശിച്ചുകൊണ്ടിരുന്നു; ഞാൻ രഹസ്യമായി ഒന്നും സംസാരിച്ചിട്ടില്ല.21നീ എന്നോട് ചോദിക്കുന്നത് എന്ത്? ഞാൻ സംസാരിച്ചത് എന്തെന്ന് കേട്ടവരോട് ചോദിക്ക; ഞാൻ പറഞ്ഞത് ഈ ജനങ്ങൾ അറിയുന്നു എന്നു ഉത്തരം പറഞ്ഞു.
22അവൻ ഇങ്ങനെ പറഞ്ഞപ്പോൾ ചേവകരിൽ അരികെ നിന്ന ഒരുവൻ: മഹാപുരോഹിതനോട് ഇങ്ങനെയോ ഉത്തരം പറയുന്നത് എന്നു പറഞ്ഞു തന്റെ കൈകൊണ്ട് യേശുവിനെ അടിച്ചു.23യേശു അവനോട്: ഞാൻ മോശമായി സംസാരിച്ചു എങ്കിൽ തെളിവ് കൊടുക്ക; അല്ല ഞാൻ ശരിയായി സംസാരിച്ചു എങ്കിൽ എന്നെ തല്ലുന്നത് എന്ത് എന്നു പറഞ്ഞു.24അപ്പോൾ ഹന്നാവ് അവനെ ബന്ധിച്ച് മഹാപുരോഹിതനായ കയ്യഫാവിന്റെ അടുക്കൽ അയച്ചു.

25ശിമോൻ പത്രൊസ് തീ കാഞ്ഞുനില്ക്കുമ്പോൾ: നീയും അവന്റെ ശിഷ്യന്മാരിൽ ഒരുവനല്ലയോ എന്നു ചിലർ അവനോട് ചോദിച്ചു; അല്ല എന്നു അവൻ തള്ളിപറഞ്ഞു.26മഹാപുരോഹിതന്റെ ദാസന്മാരിൽ ഒരുവനും പത്രൊസ് കാതറുത്തവന്റെ ചാർച്ചക്കാരനുമായ ഒരുവൻ: ഞാൻ നിന്നെ അവനോടുകൂടെ തോട്ടത്തിൽ കണ്ടില്ലയോ എന്നു പറഞ്ഞു.27പത്രൊസ് പിന്നെയും തള്ളിപ്പറഞ്ഞു; ഉടനെ കോഴി കൂകി.
യേശു പീലാത്തോസിന്റെ മുമ്പിൽ

28പുലർച്ചയ്ക്ക് അവർ യേശുവിനെ കയ്യഫാവിന്റെ അടുക്കൽനിന്ന് ആസ്ഥാനത്തിലേക്ക് കൊണ്ടുപോയി; അവർക്ക് അശുദ്ധരാകാതെ പെസഹ ഭക്ഷിക്കേണ്ടതിനാൽ അവർ ആസ്ഥാനത്തിൽ കടന്നില്ല.29പീലാത്തോസ് അവരുടെ അടുക്കൽ പുറത്തുവന്നു: ഈ മനുഷ്യന്റെ നേരെ എന്ത് കുറ്റം ബോധിപ്പിക്കുന്നു എന്നു ചോദിച്ചു.30ഇവൻ തിന്മപ്രവൃത്തിക്കുന്നവൻ അല്ലായിരുന്നെങ്കിൽ ഞങ്ങൾ അവനെ നിന്റെ പക്കൽ ഏല്പിക്കയില്ലായിരുന്നു എന്നു അവർ അവനോട് ഉത്തരം പറഞ്ഞു.
31പീലാത്തോസ് അവരോട്: നിങ്ങൾ അവനെ കൊണ്ടുപോയി നിങ്ങളുടെ ന്യായപ്രമാണപ്രകാരം വിധിപ്പിൻ എന്നു പറഞ്ഞതിന് യെഹൂദന്മാർ അവനോട്: ന്യായപ്രമാണപ്രകാരം ആരെയും മരണശിക്ഷയ്ക്ക് ഏൽപ്പിക്കുവാനുള്ള അധികാരം ഞങ്ങൾക്കില്ല എന്നു പറഞ്ഞു.32അവർ ഇതു പറഞ്ഞതിനാൽ യേശു താൻ മരിക്കുവാനുള്ള മരണവിധം സൂചിപ്പിച്ചു പറഞ്ഞ വാക്കിന് നിവൃത്തിവന്നു.

33പീലാത്തോസ് പിന്നെയും ആസ്ഥാനത്തിൽ ചെന്ന് യേശുവിനെ വിളിച്ചു: നീ യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ചു.34അതിന് ഉത്തരമായി യേശു: ഇതു നീ സ്വയമായി പറയുന്നതോ മറ്റുള്ളവർ എന്നെക്കുറിച്ച് നിന്നോട് പറഞ്ഞിട്ടോ എന്നു ചോദിച്ചു.35പീലാത്തോസ് അതിന് ഉത്തരമായി: ഞാൻ യെഹൂദനല്ലല്ലോ? നിന്റെ ജനവും മുഖ്യപുരോഹിതന്മാരുമാണ് നിന്നെ എന്റെ പക്കൽ ഏല്പിച്ചിരിക്കുന്നത്; നീ എന്ത് ചെയ്തു എന്നു ചോദിച്ചു.
36അതിന് യേശു: എന്റെ രാജ്യം ഐഹികമല്ല; എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു; എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു.37പീലാത്തോസ് അവനോട്: അപ്പോൾ നീ രാജാവ് തന്നേയാണോ? എന്നു ചോദിച്ചതിന് യേശു: നീ പറഞ്ഞതുപോലെ ഞാൻ രാജാവ് തന്നേ; സത്യത്തിന് സാക്ഷിനില്ക്കേണ്ടതിന് ഞാൻ ജനിച്ചു അതിനായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യത്തിനുള്ളവർ എല്ലാം എന്റെ സ്വരം കേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു.
38പീലാത്തോസ് അവനോട് ചോദിച്ചു: എന്താണ് സത്യം? ഇതു പറഞ്ഞിട്ട് അവൻ വീണ്ടും യെഹൂദന്മാരുടെ അടുക്കൽ പുറത്തു ചെന്ന് അവരോട്: ഞാൻ അവനിൽ ഒരു കുറ്റവും കാണുന്നില്ല.39എന്നാൽ പെസഹയിൽ ഞാൻ നിങ്ങൾക്ക് ഒരുവനെ വിട്ടുതരിക പതിവുണ്ടല്ലോ; അതിനാൽ യെഹൂദന്മാരുടെ രാജാവിനെ നിങ്ങൾക്ക് വിട്ടുതരട്ടെ? എന്നു ചോദിച്ചതിന് അവർ പിന്നെയും:40ഇവനെ വേണ്ട; ബറബ്ബാസിനെ മതി എന്നു നിലവിളിച്ചു പറഞ്ഞു; ബറബ്ബാസോ ഒരു കവർച്ചക്കാരൻ ആയിരുന്നു.

19
യേശു ഉപദ്രവമേൽക്കുന്നു

1അനന്തരം പീലാത്തോസ് യേശുവിനെ കൊണ്ടുപോയി ചാട്ടകൊണ്ട് അടിപ്പിച്ചു.2പടയാളികൾ മുള്ളുകൊണ്ട് ഒരു കിരീടം മെടഞ്ഞു അവന്റെ തലയിൽ വെച്ച് ധൂമ്രവസ്ത്രം ധരിപ്പിച്ചു.3അവർ അവന്റെ അടുക്കൽ ചെന്ന്: യെഹൂദന്മാരുടെ രാജാവേ, ജയ ജയ എന്നു പറഞ്ഞ് അവരുടെ കൈകൾകൊണ്ട് അവനെ അടിച്ചു.

4പീലാത്തോസ് പിന്നെയും പുറത്തു വന്നു: ഞാൻ അവനിൽ ഒരു കുറ്റവും കാണുന്നില്ല എന്നു നിങ്ങൾ അറിയേണ്ടതിന് അവനെ നിങ്ങളുടെ അടുക്കൽ ഇതാ, പുറത്തു കൊണ്ടുവരുന്നു എന്നു പറഞ്ഞു.5അങ്ങനെ യേശു മുൾക്കിരീടവും ധൂമ്രവസ്ത്രവും ധരിച്ചു പുറത്തു വന്നു. പീലാത്തോസ് അവരോട്: ആ മനുഷ്യൻ ഇതാ എന്നു പറഞ്ഞു.6മുഖ്യപുരോഹിതന്മാരും ചേവകരും അവനെ കണ്ടപ്പോൾ: അവനെ ക്രൂശിയ്ക്ക, അവനെ ക്രൂശിയ്ക്ക! എന്നു ആർത്തുവിളിച്ചു. പീലാത്തോസ് അവരോട്: നിങ്ങൾ അവനെ കൊണ്ടുപോയി ക്രൂശിപ്പിൻ: ഞാനോ അവനിൽ കുറ്റം കാണുന്നില്ല എന്നു പറഞ്ഞു.
7യെഹൂദന്മാർ അവനോട്: ഞങ്ങൾക്കു ഒരു ന്യായപ്രമാണം ഉണ്ട്; അവൻ തന്നെത്താൻ ദൈവപുത്രൻ ആക്കിയതുകൊണ്ട് ആ ന്യായപ്രമാണപ്രകാരം അവൻ മരിക്കണ്ടതാകുന്നു എന്നു ഉത്തരം പറഞ്ഞു.8ഈ പ്രസ്താവന കേട്ടപ്പോൾ പീലാത്തോസ് ഏറ്റവും ഭയപ്പെട്ടു,9അവൻ പിന്നെയും ആസ്ഥാനത്തിൽ ചെന്ന്; ‘നീ എവിടെ നിന്നു ആകുന്നു’ എന്നു യേശുവിനോടു ചോദിച്ചു. യേശു അവനോട് മറുപടിയൊന്നും പറഞ്ഞില്ല.
10അപ്പോൾ പീലാത്തോസ് അവനോട്: നീ എന്നോട് സംസാരിക്കുന്നില്ലയോ? എനിക്ക് നിന്നെ ക്രൂശിപ്പാൻ അധികാരമുണ്ടെന്നും, നിന്നെ വിട്ടയപ്പാൻ അധികാരമുണ്ടെന്നും നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന്11യേശു അവനോട്: ഉയരത്തിൽനിന്ന് നൽകപ്പെട്ടില്ലായിരുന്നെങ്കിൽ എന്റെമേൽ നിനക്ക് ഒരധികാരവും ഉണ്ടാകയില്ലായിരുന്നു; അതുകൊണ്ട് എന്നെ നിന്റെ പക്കൽ ഏല്പിച്ചവന് അധികം പാപം ഉണ്ട് എന്നു ഉത്തരം പറഞ്ഞു.
12ഈ വാക്കുനിമിത്തം പീലാത്തോസ് അവനെ വിട്ടയപ്പാൻ ശ്രമിച്ചു. യഹൂദന്മാരോ: നീ ഇവനെ വിട്ടയച്ചാൽ കൈസരുടെ സ്നേഹിതൻ അല്ല; തന്നെത്താൻ രാജാവാക്കുന്നവൻ എല്ലാം കൈസരോട് മത്സരിക്കുന്നുവല്ലോ എന്നു ആർത്തുപറഞ്ഞു.
യേശുവിനെ ക്രൂശിക്കേണ്ടതിന് ഏൽപ്പിക്കുന്നു

13ഈ വാക്കുകൾ കേട്ടപ്പോൾ പീലാത്തോസ് യേശുവിനെ പുറത്തു കൊണ്ടുവന്നു, ‘കല്ത്തളമെന്നും’ എബ്രായഭാഷയിൽ ‘ഗബ്ബഥാ’ എന്നും വിളിക്കപ്പെടുന്ന സ്ഥലത്തുള്ള ന്യായാസനത്തിൽ ഇരുന്നു.
14അപ്പോൾ പെസഹയുടെ ഒരുക്കനാൾ ഏകദേശം ആറാം മണിനേരം ആയിരുന്നു. അവൻ യെഹൂദന്മാരോട്: “ഇതാ, നിങ്ങളുടെ രാജാവ്” എന്നു പറഞ്ഞു.15അവരോ: അവനെ കൊണ്ടുപോക, അവനെ കൊണ്ടുപോക; അവനെ ക്രൂശിയ്ക്ക! എന്നു നിലവിളിച്ചു. നിങ്ങളുടെ രാജാവിനെ ഞാൻ ക്രൂശിക്കേണമോ എന്നു പീലാത്തോസ് അവരോട് ചോദിച്ചു; അതിന് മുഖ്യപുരോഹിതന്മാർ: ഞങ്ങൾക്കു കൈസരല്ലാതെ മറ്റൊരു രാജാവില്ല എന്നു ഉത്തരം പറഞ്ഞു.16അപ്പോൾ അവൻ യേശുവിനെ ക്രൂശിക്കേണ്ടതിന് അവർക്ക് ഏല്പിച്ചുകൊടുത്തു.
യേശുവിനെ ക്രൂശിലേറ്റുന്നു

17അവർ യേശുവിനെ ഏറ്റുവാങ്ങി; അവൻ തന്നത്താൻ ക്രൂശിനെ ചുമന്നുകൊണ്ടു, എബ്രായഭാഷയിൽ ഗൊല്ഗോഥാ എന്നു പേരുള്ള തലയോടിടം എന്ന സ്ഥലത്തേയ്ക്ക് പോയി.18അവിടെ അവർ അവനെയും അവനോടുകൂടെ വേറെ രണ്ടു ആളുകളെയും ഒരുവനെ അപ്പുറത്തും ഒരുവനെ ഇപ്പുറത്തും യേശുവിനെ നടുവിലുമായി ക്രൂശിച്ചു.
19പീലാത്തോസ് ഒരു മേലെഴുത്തും എഴുതി ക്രൂശിന്മേൽ പതിപ്പിച്ചു; അതിൽ: “നസറായനായ യേശു യെഹൂദന്മാരുടെ രാജാവ്” എന്നു എഴുതിയിരുന്നു.20യേശുവിനെ ക്രൂശിച്ച സ്ഥലം നഗരത്തിന് സമീപം ആകയാൽ അനേകം യെഹൂദന്മാർ ഈ മേലെഴുത്ത് വായിച്ചു. അത് എബ്രായ, റോമ, യവന ഭാഷകളിൽ എഴുതിയിരുന്നു.
21ആകയാൽ യെഹൂദന്മാരുടെ മുഖ്യപുരോഹിതന്മാർ പീലാത്തോസിനോട്: യെഹൂദന്മാരുടെ രാജാവ് എന്നല്ല, ഞാൻ യെഹൂദന്മാരുടെ രാജാവ് എന്നു അവൻ പറഞ്ഞു എന്നത്രേ എഴുതേണ്ടത് എന്നു പറഞ്ഞു.22അതിന് പീലാത്തോസ്: ഞാൻ എഴുതിയത് എഴുതി എന്നു ഉത്തരം പറഞ്ഞു.
യേശുവിന്റെ വസ്ത്രങ്ങൾ പങ്കിട്ടെടുക്കുന്നു

23പടയാളികൾ യേശുവിനെ ക്രൂശിച്ച ശേഷം അവന്റെ വസ്ത്രം എടുത്തു ഓരോ പടയാളിക്ക് ഓരോ പങ്കായിട്ട് നാല് പങ്കാക്കി; അങ്കിയും എടുത്തു; അങ്കിയോ തുന്നൽ ഇല്ലാതെ മേൽതൊട്ട് മുഴുവനും നെയ്തതായിരുന്നു.24ഇതു കീറരുത്; ആർക്ക് വരും എന്നു ചീട്ടിടുക എന്നു അവർ തമ്മിൽ പറഞ്ഞു. “എന്റെ വസ്ത്രം അവർ പകുത്തെടുത്തു എന്റെ അങ്കിക്കായി ചീട്ടിട്ടു” എന്നുള്ള തിരുവെഴുത്തിന് ഇതിനാൽ നിവൃത്തി വന്നു. പടയാളികൾ ഇങ്ങനെ ഒക്കെയും ചെയ്തു.
യോഹന്നാനും യേശുവിന്റെ അമ്മയും

25യേശുവിന്റെ ക്രൂശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു.26യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും നില്ക്കുന്നതു കണ്ടിട്ട്: സ്ത്രീയേ, ഇതാ നിന്റെ മകൻ എന്നു അമ്മയോട് പറഞ്ഞു.27പിന്നെ ശിഷ്യനോട്: ഇതാ നിന്റെ അമ്മ എന്നും പറഞ്ഞു. ആ നാഴികമുതൽ ആ ശിഷ്യൻ അവളെ തന്റെ വീട്ടിൽ കൈക്കൊണ്ട്.
യേശുവിന്റെ മരണം

28അതിന്റെശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ട് തിരുവെഴുത്തുകൾ നിവൃത്തിയാകുംവണ്ണം: “എനിക്ക് ദാഹിക്കുന്നു” എന്നു പറഞ്ഞു.29അവിടെ പുളിച്ച വീഞ്ഞ് നിറഞ്ഞൊരു പാത്രം വെച്ചിട്ടുണ്ടായിരുന്നു; അവർ ഒരു സ്പോങ്ങ് പുളിച്ചവീഞ്ഞ് നിറച്ച് ഈസോപ്പുതണ്ടിന്മേൽ ആക്കി അവന്റെ വായോട് അടുപ്പിച്ചു.30യേശു പുളിച്ചവീഞ്ഞ് കുടിച്ചശേഷം: “ഇത് നിവൃത്തിയായിരിക്കുന്നു” എന്നു പറഞ്ഞു തല ചായ്‌ച്ച് ആത്മാവിനെ ഏല്പിച്ചുകൊടുത്തു.

31അന്ന് ഒരുക്കനാളും ആ ശബ്ബത്ത് നാൾ വലിയതും ആകകൊണ്ട് ശരീരങ്ങൾ ശബ്ബത്തിൽ ക്രൂശിന്മേൽ ഇരിക്കരുത് എന്നുവച്ച് അവരുടെ കാലുകൾ ഒടിച്ച് ശരീരങ്ങൾ താഴെയിറക്കേണം എന്നു യെഹൂദന്മാർ പീലാത്തോസിനോട് അപേക്ഷിച്ചു.32ആകയാൽ പടയാളികൾ വന്നു ഒന്നാമത്തവന്റെയും യേശുവിനോടുകൂടെ ക്രൂശിക്കപ്പെട്ട മറ്റവന്റെയും കാലുകൾ ഒടിച്ചു.33അവർ യേശുവിന്റെ അടുക്കൽ വന്നപ്പോൾ, അവൻ മരിച്ചുകഴിഞ്ഞിരുന്നു എന്നു കാൺകയാൽ അവന്റെ കാലുകൾ ഒടിച്ചില്ല.
34എങ്കിലും പടയാളികളിൽ ഒരുവൻ കുന്തംകൊണ്ട് അവന്റെ വിലാപ്പുറത്ത് കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.35ഇതു കണ്ടവൻ സാക്ഷ്യം പറഞ്ഞിരിക്കുന്നു; അവന്റെ സാക്ഷ്യം സത്യം ആകുന്നു; നിങ്ങളും വിശ്വസിക്കേണ്ടതിന് താൻ സത്യം പറയുന്നു എന്നു അവൻ അറിയുന്നു.
36“അവന്റെ ഒരു അസ്ഥിയും ഒടിഞ്ഞുപോകയില്ല” എന്നുള്ള തിരുവെഴുത്ത് നിവൃത്തിയാകേണ്ടതിന് ഇതു സംഭവിച്ചു.37“അവർ കുത്തിയവങ്കലേക്ക് നോക്കും” എന്നു മറ്റൊരു തിരുവെഴുത്തും പറയുന്നു.
യേശുവിനെ സംസ്കരിക്കുന്നു

38അനന്തരം, യെഹൂദന്മാരെ പേടിച്ചിട്ട് രഹസ്യത്തിൽ യേശുവിന്റെ ഒരു ശിഷ്യനായിരുന്ന അരിമത്ഥ്യയിലെ യോസഫ് യേശുവിന്റെ ശരീരം എടുത്തു കൊണ്ടുപോകുവാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവദിച്ചപ്പോൾ അവൻ വന്നു അവന്റെ ശരീരം എടുത്തു.39യേശുവിന്റെ അടുക്കൽ ആദ്യം രാത്രിയിൽ വന്ന നിക്കോദെമോസും ഏകദേശം നൂറു റാത്തൽ മൂറും അകിലും കൊണ്ടുള്ള ഒരു കൂട്ട് കൊണ്ടുവന്നു.
40അവർ യേശുവിന്റെ ശരീരം എടുത്തു യെഹൂദന്മാർ ശവം അടക്കുന്ന മര്യാദപ്രകാരം അതിനെ സുഗന്ധവർഗ്ഗത്തോടുകൂടെ ശീലപൊതിഞ്ഞു കെട്ടി.41അവനെ ക്രൂശിച്ച സ്ഥലത്തുതന്നെ ഒരു തോട്ടവും ആ തോട്ടത്തിൽ മുമ്പെ ആരെയും വെച്ചിട്ടില്ലാത്ത പുതിയൊരു കല്ലറയും ഉണ്ടായിരുന്നു.42യെഹൂദന്മാരുടെ ഒരുക്കനാൾ ആയിരുന്നതുകൊണ്ടും ആ കല്ലറ സമീപം ആയിരുന്നതുകൊണ്ടും അവർ യേശുവിനെ അതിൽ വെച്ച്.

20
യേശുവിന്റെ പുനരുത്ഥാനം

1ആഴ്ചയുടെ ഒന്നാം നാൾ മഗ്ദലക്കാരത്തി മറിയ രാവിലെ, ഇരുട്ടുള്ളപ്പോൾ തന്നേ കല്ലറയ്ക്കൽ ചെന്ന് കല്ലറവായ്ക്കൽ നിന്ന് കല്ല് നീങ്ങിയിരിക്കുന്നത് കണ്ട്.2അവൾ ഓടി ശിമോൻ പത്രൊസിന്റെയും യേശു സ്നേഹിച്ച മറ്റെ ശിഷ്യന്റെയും അടുക്കൽ വന്നു: അവർ കർത്താവിനെ കല്ലറയിൽനിന്ന് എടുത്തു കൊണ്ടുപോയി; അവനെ എവിടെ വെച്ച് എന്നു ഞങ്ങൾ അറിയുന്നില്ല എന്നു അവരോട് പറഞ്ഞു.

3അപ്പോൾ പത്രൊസും മറ്റെ ശിഷ്യനും പുറപ്പെട്ടു കല്ലറയ്ക്കൽ ചെന്ന്.4ഇരുവരും ഒന്നിച്ച് ഓടി; മറ്റെ ശിഷ്യൻ പത്രൊസിനേക്കാൾ വേഗത്തിൽ ഓടി ആദ്യം കല്ലറയ്ക്കൽ എത്തി;5കുനിഞ്ഞുനോക്കി ശീലകൾ അവിടെ കിടക്കുന്നത് കണ്ട്; എന്നാൽ അകത്ത് കടന്നില്ലതാനും.
6പിന്നീട് അവന്റെ പിന്നാലെ വന്ന ശിമോൻ പത്രൊസ് കല്ലറയിൽ കടന്നു7ശീലകൾ അവിടെ കിടക്കുന്നതും, അവന്റെ തലയിൽ ചുറ്റിയിരുന്ന റൂമാൽ ശീലകളോടുകൂടെ കിടക്കാതെ വേറിട്ടു ഒരിടത്ത് ചുരുട്ടിവെച്ചിരിക്കുന്നതും കണ്ട്.
8ആദ്യം കല്ലറയ്ക്കൽ എത്തിയ മറ്റെ ശിഷ്യനും അപ്പോൾ അകത്ത് ചെന്ന് കണ്ട് വിശ്വസിച്ചു.9അവൻ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേൽക്കേണ്ടതാകുന്നു എന്നുള്ള തിരുവെഴുത്ത് അവർ അതുവരെ അറിഞ്ഞില്ല.10അങ്ങനെ ശിഷ്യന്മാർ വീണ്ടും തങ്ങളുടെ വീടുകളിലേക്ക് മടങ്ങിപ്പോയി.
യേശു മറിയയ്ക്ക് പ്രത്യക്ഷപ്പെടുന്നു

11എന്നാൽ മറിയ കല്ലറയ്ക്ക് പുറത്തു കരഞ്ഞുകൊണ്ട് നിൽക്കുകയായിരുന്നു; കരയുന്നതിനിടയിൽ അവൾ കല്ലറയ്ക്കുള്ളിലേക്ക് കുനിഞ്ഞുനോക്കി.12യേശുവിന്റെ ശരീരം കിടന്നിരുന്നിടത്ത് വെള്ളവസ്ത്രം ധരിച്ച രണ്ടു ദൂതന്മാർ ഒരുവൻ തലയ്ക്കലും ഒരുവൻ കാൽക്കലും ഇരിക്കുന്നത് കണ്ട്.13അവർ അവളോട്: സ്ത്രീയേ, നീ കരയുന്നത് എന്ത് എന്നു ചോദിച്ചു. അവർ എന്റെ കർത്താവിനെ എടുത്തു കൊണ്ടുപോയി; അവനെ എവിടെ വെച്ച് എന്നു ഞാൻ അറിയുന്നില്ല എന്നു അവൾ അവരോട് പറഞ്ഞു.
14ഇതു പറഞ്ഞിട്ട് അവൾ പുറകോട്ട് തിരിഞ്ഞപ്പോൾ യേശു അവിടെ നില്ക്കുന്നതു കണ്ട്; എന്നാൽ അത് യേശു എന്നു അറിഞ്ഞില്ല താനും.15യേശു അവളോട്: സ്ത്രീയേ, നീ കരയുന്നത് എന്ത്? നീ ആരെ അന്വേഷിക്കുന്നു എന്നു ചോദിച്ചു. അത് തോട്ടക്കാരനാകുന്നു എന്നു നിരൂപിച്ചിട്ട് അവൾ: യജമാനനേ, നീ അവനെ എടുത്തുകൊണ്ട് പോയി എങ്കിൽ അവനെ എവിടെ വെച്ച് എന്നു പറഞ്ഞുതരിക; ഞാൻ അവനെ എടുത്തു കൊണ്ടുപൊയ്ക്കൊള്ളാം എന്നു അവനോട് പറഞ്ഞു.
16യേശു അവളോട്: മറിയയേ, എന്നു പറഞ്ഞു. അവൾ തിരിഞ്ഞു എബ്രായഭാഷയിൽ: ‘റബ്ബൂനി’ എന്നു പറഞ്ഞു; അതിന് ഗുരു എന്നർത്ഥം.17യേശു അവളോട്: എന്നെ തൊടരുത്; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്ന്: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോട് പറക എന്നു പറഞ്ഞു.18മഗ്ദലക്കാരത്തി മറിയ വന്നു: “ഞാൻ കർത്താവിനെ കണ്ട്” എന്നും അവൻ ഈ കാര്യങ്ങൾ തന്നോട് പറഞ്ഞു എന്നും ശിഷ്യന്മാരോട് അറിയിച്ചു.
യേശു ശിഷ്യൻമാർക്ക് പ്രത്യക്ഷപ്പെടുന്നു

19ആഴ്ചയുടെ ഒന്നാംനാളായ ആ ദിവസം, നേരം വൈകിയപ്പോൾ ശിഷ്യന്മാർ ഇരുന്ന സ്ഥലത്ത് യെഹൂദന്മാരെ പേടിച്ചു വാതിൽ അടച്ചിരിക്കെ യേശു വന്നു അവരുടെ നടുവിൽ നിന്നുകൊണ്ടു: “നിങ്ങൾക്ക് സമാധാനം” എന്നു അവരോട് പറഞ്ഞു.20ഇതു പറഞ്ഞിട്ട് അവൻ കയ്യും വിലാപ്പുറവും അവരെ കാണിച്ചു; അപ്പോൾ കർത്താവിനെ കണ്ടിട്ട് ശിഷ്യന്മാർ സന്തോഷിച്ചു.
21യേശു പിന്നെയും അവരോട്: “നിങ്ങൾക്ക് സമാധാനം;” പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു എന്നു പറഞ്ഞു.22ഇങ്ങനെ പറഞ്ഞശേഷം അവൻ അവരുടെമേൽ ഊതി അവരോട്: പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ.23ആരുടെ പാപങ്ങൾ നിങ്ങൾ മോചിക്കുന്നവോ അവർക്ക് മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങൾ നിർത്തുന്നുവോ അവർക്ക് നിർത്തിയിരിക്കുന്നു എന്നു പറഞ്ഞു.

24എന്നാൽ യേശു വന്നപ്പോൾ പന്തിരുവരിൽ ഒരുവനായ ദിദിമൊസ് എന്ന തോമസ് അവരോടുകൂടെ ഉണ്ടായിരുന്നില്ല.25പിന്നീട് മറ്റുള്ള ശിഷ്യന്മാർ അവനോട്: “ഞങ്ങൾ കർത്താവിനെ കണ്ട്” എന്നു പറഞ്ഞപ്പോൾ: ഞാൻ അവന്റെ കൈകളിൽ ആണിപ്പഴുത് കാണുകയും ആണിപ്പഴുതിൽ വിരൽ ഇടുകയും അവന്റെ വിലാപ്പുറത്ത് കൈ ഇടുകയും ചെയ്തിട്ടല്ലാതെ വിശ്വസിക്കയില്ല എന്നു അവൻ അവരോട് പറഞ്ഞു.

26എട്ട് ദിവസം കഴിഞ്ഞിട്ട് ശിഷ്യന്മാർ പിന്നെയും അകത്ത് കൂടിയിരിക്കുമ്പോൾ തോമസും ഉണ്ടായിരുന്നു. വാതിൽ അടച്ചിരിക്കെ യേശു വന്നു അവരുടെ നടുവിൽ നിന്നുകൊണ്ടു: “നിങ്ങൾക്ക് സമാധാനം” എന്നു പറഞ്ഞു.27പിന്നെ തോമസിനോട്: നിന്റെ വിരൽ ഇങ്ങോട്ട് നീട്ടി എന്റെ കൈകളെ കാണുക; നിന്റെ കൈ നീട്ടി എന്റെ വിലാപ്പുറത്ത് ഇടുക; അവിശ്വാസി ആകാതെ വിശ്വാസിയായിരിക്ക എന്നു പറഞ്ഞു.
28തോമസ് അവനോട്: എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ എന്നു ഉത്തരം പറഞ്ഞു.29യേശു അവനോട്: നീ എന്നെ കണ്ടതുകൊണ്ട് വിശ്വസിച്ചു; കാണാതെ വിശ്വസിച്ചവർ ഭാഗ്യവാന്മാർ എന്നു പറഞ്ഞു.

30ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതല്ലാതെ മറ്റു അനേകം അടയാളങ്ങളും യേശു തന്റെ ശിഷ്യന്മാരുടെ സാന്നിദ്ധ്യത്തിൽ ചെയ്തു.31എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിനും വിശ്വസിച്ചിട്ട് അവന്റെ നാമത്തിൽ നിങ്ങൾക്ക് ജീവൻ ഉണ്ടാകേണ്ടതിനും ഇതു എഴുതിയിരിക്കുന്നു.

21
യേശു തിബര്യാസ് കടല്ക്കരയിൽവച്ച് പ്രത്യക്ഷപ്പെടുന്നു.

1അതിന്റെശേഷം യേശു പിന്നെയും തിബര്യാസ് കടല്ക്കരയിൽവച്ച് ശിഷ്യന്മാർക്ക് പ്രത്യക്ഷനായി; പ്രത്യക്ഷനായത് ഈ വിധം ആയിരുന്നു:2ശിമോൻ പത്രൊസും ദിദിമൊസ് എന്ന തോമസും ഗലീലയിലുള്ള കാനയിലെ നഥനയേലും സെബെദിമക്കളും യേശുവിന്റെ ശിഷ്യന്മാരിൽ വേറെ രണ്ടുപേരും ഒരുമിച്ചു കൂടിയിരുന്നു.3ശിമോൻ പത്രൊസ് അവരോട്: ഞാൻ മീൻ പിടിപ്പാൻ പോകുന്നു എന്നു പറഞ്ഞു; ഞങ്ങളും പോരുന്നു എന്നു അവർ പറഞ്ഞു. അവർ പുറപ്പെട്ടു പടക് കയറി പോയി; എന്നാൽ ആ രാത്രിയിൽ അവർക്ക് ഒന്നും കിട്ടിയില്ല.

4പുലർച്ച ആയപ്പോൾ യേശു കരയിൽ നിന്നിരുന്നു; യേശു ആകുന്നു എന്നു ശിഷ്യന്മാർ അറിഞ്ഞില്ല.5യേശു അവരോട്: കുഞ്ഞുങ്ങളെ, നിങ്ങൾക്ക് കഴിക്കുവാൻ വല്ലതും ഉണ്ടോ എന്നു ചോദിച്ചു; ഇല്ല എന്നു അവർ ഉത്തരം പറഞ്ഞു.6പടകിന്റെ വലത്തുഭാഗത്ത് വല വീശുവിൻ; എന്നാൽ നിങ്ങൾക്ക് കിട്ടും എന്നു അവൻ അവരോട് പറഞ്ഞു; അവർ വീശി, മീനിന്റെ പെരുപ്പം ഹേതുവായി അത് വലിക്കുവാൻ കഴിഞ്ഞില്ല.
7യേശു സ്നേഹിച്ച ശിഷ്യൻ പത്രൊസിനോട്: അത് കർത്താവ് ആകുന്നു എന്നു പറഞ്ഞു; കർത്താവ് ആകുന്നു എന്നു ശിമോൻ പത്രൊസ് കേട്ടപ്പോൾ, താൻ അല്പം വസ്ത്രം മാത്രം ധരിച്ചിരുന്നതുകൊണ്ട്; തന്റെ പുറംവസ്ത്രമെടുത്ത് അരയിൽ ചുറ്റി കടലിൽ ചാടി.8മറ്റുള്ള ശിഷ്യന്മാർ കരയിൽ നിന്നു ഏകദേശം ഇരുനൂറ് മുഴത്തിൽ അധികം ദൂരത്തല്ലായ്കയാൽ മീൻ നിറഞ്ഞ വല ഇഴച്ചുംകൊണ്ട് പടകിൽ വന്നു.9കരയ്ക്ക് ഇറങ്ങിയപ്പോൾ അവർ തീക്കനലും അതിന്മേൽ മീൻ വെച്ചിരിക്കുന്നതും അപ്പവും കണ്ട്.
10യേശു അവരോട്: ഇപ്പോൾ പിടിച്ച മീൻ ചിലത് കൊണ്ടുവരുവിൻ എന്നു പറഞ്ഞു.11ശിമോൻ പത്രൊസ് കയറി നൂറ്റമ്പത്തി മൂന്ന് വലിയ മീൻ നിറഞ്ഞ വല കരയ്ക്ക് വലിച്ചു കയറ്റി; അത്രയധികം ഉണ്ടായിരുന്നിട്ടും വല കീറിയില്ല.
12യേശു അവരോട്: വന്നു പ്രാതൽ കഴിച്ചുകൊൾവിൻ എന്നു പറഞ്ഞു; ഇതു കർത്താവാകുന്നു എന്നു അറിഞ്ഞിരുന്നതുകൊണ്ട് ശിഷ്യന്മാരിൽ ഒരുവനും: നീ ആർ എന്നു അവനോട് ചോദിപ്പാൻ തുനിഞ്ഞില്ല.13യേശു വന്നു അപ്പം എടുത്തു അവർക്ക് കൊടുത്തു; മീനും അങ്ങനെതന്നെ.14യേശു മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റശേഷം ഇതു മൂന്നാമത്തെ പ്രാവശ്യമായിരുന്നു തന്നത്താൻ ശിഷ്യന്മാർക്ക് പ്രത്യക്ഷനായത്.

15അവർ പ്രാതൽ കഴിച്ചശേഷം യേശു ശിമോൻ പത്രൊസിനോട്: യോഹന്നാന്റെ മകനായ ശിമോനേ, നീ ഇവയിൽ അധികമായി എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന് അവൻ: ഉവ്വ്, കർത്താവേ; ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നു നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. എന്റെ കുഞ്ഞാടുകളെ മേയ്ക്ക എന്നു അവൻ അവനോട് പറഞ്ഞു.16രണ്ടാമതും അവനോട്: യോഹന്നാന്റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന് അവൻ ഉവ്വ് കർത്താവേ, ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നു നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. എന്റെ ആടുകളെ പാലിയ്ക്ക എന്നു അവൻ അവനോട് പറഞ്ഞു.
17മൂന്നാമതും അവനോട്: യോഹന്നാന്റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. എന്നെ സ്നേഹിക്കുന്നുവോ എന്നു മൂന്നാമതും ചോദിക്കയാൽ പത്രൊസ് ദുഃഖിച്ചു: കർത്താവേ, നീ സകലവും അറിയുന്നു; ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നും നീ അറിയുന്നു എന്നു അവനോട് പറഞ്ഞു. യേശു അവനോട്: എന്റെ ആടുകളെ മേയ്ക്ക.18ആമേൻ, ആമേൻ, ഞാൻ നിന്നോട് പറയുന്നു: നീ യൗവനക്കാരൻ ആയിരുന്നപ്പോൾ നീ തന്നേ അര കെട്ടി നിനക്ക് ഇഷ്ടമുള്ളേടത്ത് നടന്നു; വയസ്സനായശേഷമോ നീ കൈ നീട്ടുകയും മറ്റൊരുത്തൻ നിന്റെ അര കെട്ടി നിനക്ക് ഇഷ്ടമില്ലാത്ത ഇടത്തേക്ക് നിന്നെ കൊണ്ടുപോകുകയും ചെയ്യും എന്നു പറഞ്ഞു.
19യേശു ഇതു പറഞ്ഞത്, ഏത് വിധത്തിലുള്ള മരണത്താൽ പത്രൊസ് ദൈവത്തെ മഹത്വപ്പെടുത്തും എന്നു സൂചിപ്പിക്കാനാണ്. ഇതു പറഞ്ഞതിനുശേഷം: “എന്നെ അനുഗമിക്ക” എന്നു അവനോട് പറഞ്ഞു.
20പത്രൊസ് തിരിഞ്ഞു യേശു സ്നേഹിച്ച ശിഷ്യൻ അവരെ പിൻചെല്ലുന്നത് കണ്ട്; [അത്താഴത്തിൽ അവന്റെ നെഞ്ചോട് ചാഞ്ഞുകൊണ്ട്: കർത്താവേ, നിന്നെ കാണിച്ചുകൊടുക്കുന്നവൻ ആർ എന്നു ചോദിച്ചത് ഇവൻ തന്നേ].21അവനെ പത്രൊസ് കണ്ടിട്ട്: കർത്താവേ, ഈ മനുഷ്യന് എന്ത് ഭവിക്കും എന്നു യേശുവിനോടു ചോദിച്ചു.
22യേശു അവനോട്: ഞാൻ വരുവോളം ഇവൻ കാത്തിരിക്കേണമെന്ന് എനിക്ക് ഇഷ്ടം ഉണ്ടെങ്കിൽ അത് നിനക്ക് എന്ത്? നീ എന്നെ അനുഗമിക്ക എന്നു പറഞ്ഞു.23ആകയാൽ ആ ശിഷ്യൻ മരിക്കയില്ല എന്നൊരു ശ്രുതി സഹോദരന്മാരുടെ ഇടയിൽ പരന്നു. യേശുവോ: അവൻ മരിക്കയില്ല എന്നല്ല, ഞാൻ വരുവോളം ഇവൻ കാത്തിരിക്കേണം എന്നു എനിക്ക് ഇഷ്ടമുണ്ടെങ്കിൽ അത് നിനക്ക് എന്ത് എന്നത്രേ അവനോട് പറഞ്ഞത്.

24ഈ ശിഷ്യൻ ഇതിനെക്കുറിച്ച് സാക്ഷ്യം പറയുന്നവനും ഇതു എഴുതിയവനും ആകുന്നു; അവന്റെ സാക്ഷ്യം സത്യമാകുന്നു എന്നു ഞങ്ങൾ അറിയുന്നു.

25യേശു ചെയ്തതു മറ്റു പലതും ഉണ്ട്; അത് ഓരോന്നായി എഴുതിയാൽ എഴുതിയ പുസ്തകങ്ങൾ ലോകത്തിൽ തന്നെയും ഒതുങ്ങുകയില്ല എന്നു ഞാൻ നിരൂപിക്കുന്നു.

അപ്പൊ. പ്രവൃത്തികൾ

1
ആമുഖം

1തെയോഫിലോസേ, ഞാൻ ആദ്യം എഴുതിയിരുന്നത്: യേശു ശുശ്രൂഷിപ്പാനും പഠിപ്പിക്കുവാനും ആരംഭിച്ചതുമുതൽ അവൻ എടുക്കപ്പെട്ട നാളുകൾവരെ ചെയ്തതും,2അതിനുശേഷം, അവൻ തിരഞ്ഞെടുത്ത അപ്പൊസ്തലന്മാർക്ക് പരിശുദ്ധാത്മാവിലൂടെ നല്കിയ കല്പനകളെക്കുറിച്ചും,3യേശു തന്റെ കഷ്ടാനുഭവത്തിനുശേഷം വീഴ്ചകൂടാത്ത തെളിവുകളിലൂടെ താൻ അവർക്ക് തന്നെത്താൻ വെളിപ്പെട്ടതും, നാല്പത് നാളുകൾ അവർക്ക് കാണപ്പെട്ടതും ദൈവരാജ്യ സംബന്ധമായ കാര്യങ്ങളെപ്പറ്റി അവരോട് സംസാരിച്ചിരുന്നതുമായ സംഗതികളെക്കുറിച്ചും ആയിരുന്നുവല്ലോ.

4അങ്ങനെ യേശു അവരുമായി കൂടിയിരുന്നപ്പോൾ അവരോട് കല്പിച്ചത്; “നിങ്ങൾ യെരുശലേം വിട്ട് പോകാതെ, എന്നില്‍നിന്നും കേട്ടതുപോലെ പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം,5യോഹന്നാൻ വെള്ളംകൊണ്ട് സ്നാനം കഴിപ്പിച്ചു, എന്നാല്‍ ഇനി കുറച്ചുനാളുകൾക്കുള്ളിൽ നിങ്ങൾ പരിശുദ്ധാത്മാവുകൊണ്ട് സ്നാനം ചെയ്യപ്പെടും.”

6ഒരുമിച്ചു കൂടിയിരുന്നപ്പോൾ അവർ അവനോട്: “കർത്താവേ, നീ യിസ്രായേലിന് ഈ കാലത്തിലോ രാജ്യം യഥാസ്ഥാനപ്പെടുത്തുന്നത്?” എന്ന് ചോദിച്ചു.7അവൻ അവരോട്: “പിതാവ് തന്റെ സ്വന്ത അധികാരത്തിൽ നിര്‍ണയിച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളെയോ അറിയുന്നത് നിങ്ങൾക്കുള്ളതല്ല.8എന്നാൽ പരിശുദ്ധാത്മാവ് നിങ്ങളില്‍ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ട് യെരൂശലേമിലും യെഹൂദ്യയിൽ എല്ലായിടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും.”
യേശു സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടുന്നു

9കര്‍ത്താവായ യേശു ഇത് പറഞ്ഞശേഷം അവർ കാൺകെ ആരോഹണം ചെയ്തു; ഒരു മേഘം അവനെ മൂടിയിട്ട് അവൻ അവരുടെ കാഴ്ചയ്ക്ക് മറഞ്ഞു.10അവൻ പോകുന്നേരം അവർ ആകാശത്തിലേക്ക് ശ്രദ്ധയോടെ നോക്കുമ്പോൾ വെള്ള വസ്ത്രം ധരിച്ച രണ്ട് പുരുഷന്മാർ അവരുടെ അടുക്കൽനിന്ന്:11“അല്ലയോ ഗലീലാപുരുഷന്മാരേ, നിങ്ങൾ ആകാശത്തിലേക്ക് നോക്കിനില്ക്കുന്നത് എന്ത്? നിങ്ങളെ വിട്ട് സ്വർഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വർഗ്ഗത്തിലേക്ക് പോകുന്നവനായി നിങ്ങൾ കണ്ടതുപോലെതന്നെ അവൻ വീണ്ടും വരും” എന്ന് പറഞ്ഞു.
ഒരുമനപ്പെട്ട് മാളികമുറിയിൽ

12അവർ യെരൂശലേമിന് സമീപത്ത് ഒരു ശബ്ബത്ത് ദിവസത്തെ വഴിദൂരമുള്ള1 ഒലിവുമലവിട്ട് യെരൂശലേമിലേക്ക് മടങ്ങിപ്പോന്നു.13അവിടെ എത്തിയപ്പോൾ അവർ പാർത്തുകൊണ്ടിരുന്ന മാളികമുറിയിൽ കയറിപ്പോയി, പത്രൊസ്, യോഹന്നാൻ, യാക്കോബ്, അന്ത്രെയാസ്, ഫിലിപ്പൊസ്, തോമസ്, ബർത്തൊലൊമായി, മത്തായി, അൽഫായുടെ മകനായ യാക്കോബ്, എരിവുകാരനായ ശിമോൻ, യാക്കോബിന്റെ മകനായ യൂദാ ഇവർ എല്ലാവരും14സ്ത്രീകളോടും യേശുവിന്റെ അമ്മയായ മറിയയോടും അവന്റെ സഹോദരന്മാരോടും കൂടെ ഒരുമനപ്പെട്ട് ശ്രദ്ധയോടെ പ്രാർത്ഥന കഴിച്ചുപോന്നു.
മത്ഥിയാസിനെ തെരഞ്ഞെടുക്കുന്നു

15ആ കാലത്ത് ഏകദേശം നൂറ്റിരുപത് പേരുള്ള ഒരു സംഘം കൂടിയിരിക്കുമ്പോൾ പത്രൊസ് അവരുടെ നടുവിൽ എഴുന്നേറ്റുനിന്ന് പറഞ്ഞത്:16“സഹോദരന്മാരേ,2 യേശുവിനെ പിടിച്ചവർക്ക് വഴികാട്ടിയായിത്തീർന്ന യൂദയെക്കുറിച്ച് പരിശുദ്ധാത്മാവ് ദാവീദ് മുഖാന്തരം മുൻപറഞ്ഞ തിരുവെഴുത്ത് നിവൃത്തിയാകേണ്ടത് ആവശ്യമായിരുന്നു.
17അവൻ ഞങ്ങളിലൊരുവനായി ഈ ശുശ്രൂഷയിൽ പങ്ക് ലഭിച്ചിരുന്നുവല്ലോ.”18--അവൻ അനീതിയുടെ കൂലികൊണ്ട് ഒരു നിലം വാങ്ങി, തലകീഴായി വീണ് ശരീരം പിളർന്ന് അവന്റെ കുടലെല്ലാം പുറത്തുചാടി.19ഈ വിവരം യെരൂശലേമിൽ പാർക്കുന്ന എല്ലാവരും അറിഞ്ഞിരുന്നതിനാൽ ആ നിലത്തിന് അവരുടെ ഭാഷയിൽ രക്തനിലം എന്നർത്ഥമുള്ള അക്കല്ദാമാ എന്ന് പേര് വിളിച്ചു.
20“അവന്റെ വാസസ്ഥലം ശുന്യമായിപ്പോകട്ടെ; അതിൽ ആരും പാർക്കാതിരിക്കട്ടെ” എന്നും “അവന്റെ അദ്ധ്യക്ഷസ്ഥാനം മറ്റൊരുത്തന് ലഭിക്കട്ടെ” എന്നും സങ്കീർത്തനപുസ്തകത്തിൽ എഴുതിയിരിക്കുന്നു.
21ആകയാൽ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിന് സാക്ഷിയായി ഒരുവൻ നമ്മോടുകൂടെ ഇരിക്കേണം അവൻ22യോഹന്നാന്റെ സ്നാനം മുതൽ കർത്താവ് നമ്മെ വിട്ട് ആരോഹണം ചെയ്ത നാൾ വരെ നമ്മുടെ ഇടയിൽ ഉണ്ടായിരുന്നവരിൽ ഒരുവനുമായിരിക്കേണം.23അങ്ങനെ അവർ യുസ്തൊസ് എന്ന് മറുപേരുള്ള ബർശബാസ് എന്ന യോസഫ്, മത്ഥിയാസ് എന്നിവരുടെ പേരുകൾ നിർദ്ദേശിച്ചു:
24“സകല ഹൃദയങ്ങളെയും അറിയുന്ന കർത്താവേ, തന്റെ സ്ഥലത്തേയ്ക്ക് പോകേണ്ടതിന് യൂദാ ഒഴിഞ്ഞുപോയ ഈ ശുശ്രൂഷയുടെയും അപ്പൊസ്തലത്വത്തിന്റെയും സ്ഥാനം ലഭിക്കേണ്ടതിന്25ഈ ഇരുവരിൽ ആരെ നീ തിരഞ്ഞെടുത്തിരിക്കുന്നു എന്ന് കാണിച്ചുതരേണമേ” എന്ന് പ്രാർത്ഥിച്ച് അവരുടെ പേർക്ക് നറുക്കിട്ടു.26നറുക്ക് മത്ഥിയാസിനു വീഴുകയും അവനെ പതിനൊന്ന് അപ്പൊസ്തലന്മാരുടെ കൂട്ടത്തിൽ എണ്ണുകയും ചെയ്തു.


1 1:12 ഏകദേശം ഒരു കിലോമീറ്റർ ദൂരം.
2 1:16 മൂലഭാഷയിൽ സഹോദരന്മാരും സഹോദരിമാരും ഉൾപ്പെടുന്നു.

2
പരിശുദ്ധാത്മാവിന്റെ ആഗമനം

1പെന്തെക്കൊസ്ത്1 ദിനത്തിൽ അവർ എല്ലാവരും ഒരു സ്ഥലത്ത് ഒരുമിച്ചു കൂടിയിരുന്നു.2പെട്ടെന്ന് കൊടുങ്കാറ്റടിക്കുന്നതുപോലെ ആകാശത്തുനിന്ന് ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീട് മുഴുവനും നിറച്ചു.3അഗ്നിജ്വാലപോലുള്ള പിളർന്നിരിക്കുന്ന നാവുകൾ അവർക്ക് പ്രത്യക്ഷമായി അവരിൽ ഓരോരുത്തരുടെയും മേൽ പതിഞ്ഞു. അവർ എല്ലാവരും4പരിശുദ്ധാത്മാവ് നിറഞ്ഞവരായി ആത്മാവ് അവർക്ക് ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ2 സംസാരിച്ചു തുടങ്ങി.

5അന്ന് ആകാശത്തിൻ കീഴിലുള്ള സകല രാജ്യങ്ങളിൽ നിന്നും യെരൂശലേമിൽ വന്നു പാർക്കുന്ന യെഹൂദന്മാരായ ഭക്തിയുള്ള പുരുഷന്മാർ അവിടെ ഉണ്ടായിരുന്നു.6ഈ മുഴക്കം ഉണ്ടായപ്പോൾ പുരുഷാരം വന്നുകൂടി, തങ്ങളോരോരുത്തരുടെയും ഭാഷയിൽ അപ്പൊസ്തലന്മാർ സംസാരിക്കുന്നത് കേട്ട് അമ്പരന്നുപോയി.7എല്ലാവരും ഭ്രമിച്ച് ആശ്ചര്യപ്പെട്ടു പറഞ്ഞത്: “ഈ സംസാരിക്കുന്നവർ എല്ലാവരും ഗലീലക്കാർ അല്ലയോ?
8പിന്നെ നാം ഓരോരുത്തൻ നമ്മുടെ മാതൃഭാഷയിൽ അവർ സംസാരിച്ചു കേൾക്കുന്നത് എങ്ങനെ?

9പർത്ഥരും മേദ്യരും ഏലാമ്യരും മെസപ്പൊത്താമ്യയിലും യെഹൂദ്യയിലും കപ്പദോക്യയിലും10പൊന്തൊസിലും ആസ്യയിലും പ്രുഗ്യയിലും പംഫുല്യയിലും മിസ്രയീമിലും കുറേനയ്ക്ക് ചേർന്ന ലിബ്യാപ്രദേശങ്ങളിലും പാർക്കുന്നവരും റോമയിൽ നിന്ന് വന്ന് പാർക്കുന്നവരും യെഹൂദന്മാരും യെഹൂദമതാനുസാരികളും ക്രേത്യരും അറബിക്കാരുമായ നാം11ഈ നമ്മുടെ ഭാഷകളിൽ അവർ ദൈവത്തിന്റെ വലിയ പ്രവൃത്തികളെ പ്രസ്താവിക്കുന്നത് കേൾക്കുന്നുവല്ലോ” എന്ന് പറഞ്ഞു.
12എല്ലാവരും പരിഭ്രമിച്ച്, ചഞ്ചലിച്ചുകൊണ്ട്; “ഇത് എന്തായിരിക്കും” എന്ന് തമ്മിൽ തമ്മിൽ പറഞ്ഞു.13“ഇവർ പുതുവീഞ്ഞ് കുടിച്ച് ലഹരിപിടിച്ചിരിക്കുന്നു” എന്നു മറ്റ് ചിലർ പരിഹസിച്ച് പറഞ്ഞു.
പത്രൊസിന്റെ പ്രഭാഷണം

14അപ്പോൾ പത്രൊസ് മറ്റ് പതിനൊന്ന് അപ്പൊസ്തലന്മാരോടുകൂടെ നിന്നുകൊണ്ട് ഉറക്കെ പറഞ്ഞത്: “യെഹൂദാപുരുഷന്മാരും യെരൂശലേമിൽ പാർക്കുന്ന എല്ലാവരുമായുള്ളോരേ, എന്റെ വാക്ക് ശ്രദ്ധിച്ചുകൊൾവിൻ, ഇതു നിങ്ങൾ അറിഞ്ഞിരിക്കട്ടെ;.15നിങ്ങൾ വിചാരിക്കുന്നതുപോലെ ഇവർ ലഹരി പിടിച്ചവരല്ല; പകൽ മൂന്നാംമണിനേരമേ 3 ആയിട്ടുള്ളുവല്ലോ.
16ഇത് യോവേൽ പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതത്രേ; അതെന്തെന്നാൽ:
17‘അന്ത്യകാലത്ത് ഞാൻ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൗവനക്കാർ ദർശനങ്ങൾ ദർശിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും.
18എന്റെ ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും; അവരും പ്രവചിക്കും.19ഞാൻ മീതെ ആകാശത്തിൽ അത്ഭുതങ്ങളും താഴെ ഭൂമിയിൽ അടയാളങ്ങളും കാണിയ്ക്കും; രക്തവും തീയും പുകയാവിയും തന്നേ.
20കർത്താവിന്റെ വലുതും പ്രസിദ്ധവുമായ നാൾ വരുംമുമ്പെ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും.21എന്നാൽ കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിയ്ക്കപ്പെടും’ എന്നു ദൈവം അരുളിച്ചെയ്യുന്നു.
22യിസ്രായേൽ പുരുഷന്മാരേ, ഈ വചനം കേട്ട് കൊൾവിൻ. നിങ്ങൾ തന്നേ അറിയുംപോലെ ദൈവം യേശു മുഖാന്തരം നിങ്ങളുടെ നടുവിൽ ചെയ്യിച്ച മഹത്തായ പ്രവർത്തികളും അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ട്23അവൻ നിങ്ങൾക്ക് ഉറപ്പിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ അവൻ മുന്നമേ അറിഞ്ഞ് തീരുമാനിച്ചതുപോലെ നിങ്ങൾക്ക് ഏല്പിച്ചു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ ക്രൂശിൽ തറപ്പിച്ചു കൊന്നു;24എന്നാൽ ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ട് അവനെ ഉയിർത്തെഴുന്നേല്പിച്ചു. എന്തുകൊണ്ടെന്നാൽ മരണം അവനെ അടക്കി വെയ്ക്കുന്നത് അസാദ്ധ്യമായിരുന്നു.
25എന്നാൽ ദാവീദ് യേശുവിനെ കുറിച്ച്; ‘ഞാൻ കർത്താവിനെ എപ്പോഴും എന്റെ മുമ്പിൽ കണ്ടിരിക്കുന്നു; അവൻ എന്റെ വലഭാഗത്ത് ഇരിക്കയാൽ ഞാൻ കുലുങ്ങിപ്പോകയില്ല.26എന്റെ ഹൃദയം സന്തോഷിക്കുകയും എന്റെ നാവ് ആനന്ദിക്കുകയും എന്റെ ജഡവും ധൈര്യത്തോടെ വസിക്കുകയും ചെയ്യും.
27നീ എന്റെ പ്രാണനെ പാതാളത്തിൽ വിട്ടുകളയുകയില്ല; നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കുകയുമില്ല.28നീ ജീവന്റെ മാർഗ്ഗങ്ങളെ എനിക്ക് വെളിപ്പെടുത്തി; നിന്റെ സാന്നിദ്ധ്യംകൊണ്ട് എന്നെ സന്തോഷ പൂർണ്ണനാക്കും’
എന്നു പറയുന്നുവല്ലോ.
29സഹോദരന്മാരേ, ഗോത്രപിതാവായ ദാവീദിനെക്കുറിച്ച് അവൻ മരിച്ചു അടക്കപ്പെട്ടു എന്നു എനിക്ക് നിങ്ങളോടു ധൈര്യമായി പറയാം; അവന്റെ കല്ലറ ഇന്നുവരെ നമ്മുടെ ഇടയിൽ ഉണ്ടല്ലോ.30എന്നാൽ ദാവീദ്, പ്രവാചകൻ ആയിരുന്നതുകൊണ്ട് ദൈവം അവന്റെ കടിപ്രദേശത്തിന്റെ ഫലത്തിൽനിന്ന് ഒരുവനെ അവന്റെ സിംഹാസനത്തിൽ ഇരുത്തും എന്നു തന്നോട് സത്യം ചെയ്തു ഉറപ്പിച്ചിരുന്നു.31അത് മുൻകൂട്ടി അറിഞ്ഞതുകൊണ്ട് ക്രിസ്തുവിന്റെ പുനരുത്ഥാനത്തെക്കുറിച്ച്: അവനെ പാതാളത്തിൽ വിട്ടുകളഞ്ഞില്ല: അവന്റെ ജഡം ദ്രവത്വം കണ്ടതുമില്ല എന്ന് പ്രസ്താവിച്ചു.
32ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു; അതിന് ഞങ്ങൾ എല്ലാവരും സാക്ഷികൾ ആകുന്നു.33അവൻ ദൈവത്തിന്റെ വലഭാഗത്തേക്ക് ഉയർത്തപ്പെട്ടു, പരിശുദ്ധാത്മാവ് എന്ന വാഗ്ദത്തം പിതാവിനോട് വാങ്ങി, നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നത് പകർന്നുതന്നു.
34ദാവീദ് സ്വർഗ്ഗാരോഹണം ചെയ്തില്ല, എങ്കിലും അവൻ:
‘ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം
35നീ എന്റെ വലത്തുഭാഗത്ത് ഇരിക്ക എന്ന് കർത്താവ് എന്റെ കർത്താവിനോട് അരുളിച്ചെയ്തു’
എന്ന് പറയുന്നു.
36ആകയാൽ നിങ്ങൾ ക്രൂശിൽ തറച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവച്ചു എന്ന് യിസ്രായേൽ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.”
മൂവായിരം പേർ സഭയോട് ചേർക്കപ്പെടുന്നു

37ഇത് കേട്ടിട്ട് അവർ ഹൃദയത്തിൽ കുത്തുകൊണ്ട് പത്രൊസിനോടും ശേഷം അപ്പൊസ്തലന്മാരോടും: “സഹോദരന്മാരായ പുരുഷന്മാരേ, ഞങ്ങൾ എന്ത് ചെയ്യേണ്ടു?” എന്ന് ചോദിച്ചു.38പത്രൊസ് അവരോട്: “നിങ്ങൾ നിങ്ങളുടെ പാപസ്വഭാവങ്ങളെ വിട്ടുമാറി യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനമേൽപ്പിൻ; എന്നാൽ ദൈവം നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കുകയും പരിശുദ്ധാത്മാവ് എന്ന ദാനം നൽകുകയുംചെയ്യും.39ഈ വാഗ്ദത്തം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവ് വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവർക്കും ഉള്ളതല്ലോ” എന്ന് പറഞ്ഞു.
40മറ്റ് പല വാക്കുകളാലും പത്രൊസ് സാക്ഷ്യം പറഞ്ഞ് അവരെ പ്രബോധിപ്പിച്ചു: “ഈ വക്രതയുള്ള തലമുറയിൽനിന്ന് രക്ഷിയ്ക്കപ്പെടുവിൻ” എന്ന് പറഞ്ഞു.41അവന്റെ വാക്ക് കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്ന് മൂവായിരത്തോളം പേർ അവരോട് ചേർന്നു.42അവർ തുടർച്ചയായി അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടനുസരിച്ചും കൂട്ടായ്മ ആചരിച്ചും അപ്പം നുറുക്കിയും പ്രാർത്ഥന കഴിച്ചും പോന്നു.

43അപ്പൊസ്തലന്മാരാൽ ഏറിയ അത്ഭുതങ്ങളും അടയാളങ്ങളും നടന്നതുകൊണ്ട് എല്ലാവർക്കും ഭയമായി.44വിശ്വസിച്ചവർ എല്ലാവരും ഒരു സമൂഹമായിരുന്ന് തങ്ങൾക്കുള്ളതെല്ലാം പൊതുവക എന്ന് എണ്ണുകയും45തങ്ങളുടെ വസ്തുവകകളും കൈവശമുള്ളവയും വിറ്റ് ഓരോരുത്തർക്കും ആവശ്യമുള്ളതുപോലെ എല്ലാം പങ്കിടുകയും,
46ഒരുമനപ്പെട്ട് ദിനംപ്രതി ദൈവാലയത്തിൽ കൂടിവരികയും വീടുകളിൽ അപ്പം നുറുക്കിക്കൊണ്ട് ഉല്ലാസത്തോടും ഹൃദയപരമാർത്ഥതയോടും കൂടെ ഭക്ഷണം കഴിക്കുകയും47ദൈവത്തെ സ്തുതിക്കുകയും സകല ജനത്തിന്റെയും പ്രീതി അനുഭവിക്കയും ചെയ്തു. കർത്താവ് രക്ഷിയ്ക്കപ്പെടുന്നവരെ ദിനംപ്രതി സഭയോട് ചേർത്തുകൊണ്ടിരുന്നു.


1 2:1 പെന്തെക്കൊസ്ത് അമ്പത‍‍ാം ദിവസം
2 2:4 മറ്റുഭാഷകളിൽ
3 2:15 പകൽ ഒമ്പത് മണി

3
മുടന്തൻ സൗഖ്യമാകുന്നു

1ഒരിക്കൽ പത്രൊസും യോഹന്നാനും പ്രാർത്ഥനാസമയത്ത് ഒമ്പതാം മണിനേരം1 ദൈവാലയത്തിലേക്ക് പോകുമ്പോൾ2അമ്മയുടെ ഗർഭം മുതൽ മുടന്തനായ ഒരാളെ ചിലർ ചുമന്നുകൊണ്ടു വന്നു; അവനെ ദൈവാലയത്തിൽ ചെല്ലുന്നവരോട് ഭിക്ഷ യാചിക്കുവാൻ ദിനംപ്രതി ദൈവാലയത്തിന്റെ സുന്ദരം എന്ന ഗോപുരത്തിനരികെ ഇരുത്തുക പതിവായിരുന്നു.3അവൻ പത്രൊസും യോഹന്നാനും ദൈവാലയത്തിൽ പ്രവേശിക്കുവാൻ പോകുന്നത് കണ്ടിട്ട് ഭിക്ഷ ചോദിച്ചു.

4പത്രൊസ് യോഹന്നാനോടുകൂടെ അവനെ ഉറ്റുനോക്കി: “ഞങ്ങളെ നോക്കൂ” എന്ന് പറഞ്ഞു.5അവൻ തനിക്ക് വല്ലതും കിട്ടും എന്ന് കരുതി അവരെ ശ്രദ്ധിച്ചുനോക്കി.6അപ്പോൾ പത്രൊസ്: “നിനക്ക് നല്കാനായി വെളളിയും പൊന്നും എന്റെ പക്കൽ ഇല്ല; എന്നാൽ എന്റെ പക്കൽ ഉള്ളത് നിനക്കുതരുന്നു: നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക” എന്ന് പറഞ്ഞ്
7അവനെ വലങ്കൈയ്ക്ക് പിടിച്ച് എഴുന്നേല്പിച്ചു; ക്ഷണത്തിൽ അവന്റെ പാദങ്ങളും കണങ്കാലുകളും ഉറച്ചിട്ട് ചാടി എഴുന്നേറ്റ്;8നടന്നും തുള്ളിയും ദൈവത്തെ പുകഴ്ത്തിയുംകൊണ്ട് അവരോടുകൂടെ ദൈവാലയത്തിൽ പ്രവേശിച്ചു.
9അവൻ നടക്കുന്നതും ദൈവത്തെ പുകഴ്ത്തുന്നതും ജനം ഒക്കെയും കണ്ട്,10ഇവൻ സുന്ദരം എന്ന ദൈവാലയഗോപുരത്തിങ്കൽ ഭിക്ഷ യാചിച്ചുകൊണ്ട് ഇരുന്നവൻ എന്ന് അറിഞ്ഞ് അവന് സംഭവിച്ചതിനെക്കുറിച്ച് വിസ്മയവും ആശ്ചര്യവും നിറഞ്ഞവരായി തീർന്നു.

11അവൻ പത്രൊസിനോടും യോഹന്നാനോടും ചേർന്ന് നില്ക്കുമ്പോൾ ജനം എല്ലാം അത്ഭുതപ്പെട്ട് ശലോമോന്റെ പേരിൽ അറിയപ്പെട്ടിരുന്ന മണ്ഡപത്തിൽ, അവരുടെ അടുത്തേക്ക് ഒ‍ാടിയെത്തി.
പത്രൊസ് യേശുവിനെ മഹത്വപ്പെടുത്തി സംസാരിക്കുന്നു

12അത് കണ്ടിട്ട് പത്രൊസ് കൂടിവന്ന ജനങ്ങളോട് പറഞ്ഞത്: “യിസ്രായേൽ പുരുഷന്മാരേ, ഈ സംഭവത്തിൽ നിങ്ങൾ ആശ്ചര്യപ്പെടുന്നത് എന്ത്? ഞങ്ങളുടെ സ്വന്ത ശക്തിയും, ഭക്തിയും നിമിത്തം ഇവൻ നടക്കുവാൻ പ്രാപ്തനായി എന്ന നിലയിൽ ഞങ്ങളെ ഉറ്റുനോക്കുന്നതും എന്ത്?
13അബ്രഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ നമ്മുടെ പിതാക്കന്മാരുടെ ദൈവം തന്റെ ദാസനായ യേശുവിനെ മഹത്വപ്പെടുത്തി; പക്ഷേ നിങ്ങൾ അവനെ കൊലചെയ്യുവാൻ ഏല്പിച്ചുകൊടുക്കുകയും, വിട്ടയപ്പാൻ വിധിച്ച പീലാത്തോസിന്റെ മുമ്പിൽവച്ചു തള്ളിപ്പറയുകയും ചെയ്തു.14പരിശുദ്ധനും നീതിമാനുമായവനെ നിങ്ങൾ തള്ളിപ്പറഞ്ഞു, കൊലപാതകനായവനെ വിട്ടുതരണം എന്ന് ആവശ്യപ്പെട്ടു,
15ദൈവം മരിച്ചവരിൽനിന്നും ഉയിർത്തെഴുന്നേല്പിച്ചു ജീവന്റെ അധിപനെ നിങ്ങൾ കൊന്നുകളഞ്ഞു. അതിന് ഞങ്ങൾ സാക്ഷികൾ ആകുന്നു.16അവന്റെ നാമത്തിലെ വിശ്വാസത്താൽ, അവന്റെ നാമംതന്നെ നിങ്ങൾ കാണുകയും അറിയുകയും ചെയ്യുന്ന ഈ മനുഷ്യന് ബലം പ്രാപിക്കുവാൻ കാരണമായി തീർന്നു; അതെ, അവനിലുള്ള വിശ്വാസം തന്നെ അവന്, നിങ്ങളുടെ മുന്നിൽവച്ചു തന്നെ, പൂർണ്ണമായ സൗഖ്യം ലഭിക്കുവാൻ കാരണമായി തീർന്നു.
17സഹോദരന്മാരേ, നിങ്ങളുടെ അധികാരികളെപ്പോലെ നിങ്ങളും അറിവില്ലായ്മകൊണ്ട് പ്രവർത്തിച്ചു എന്നു ഞാൻ അറിയുന്നു.18ദൈവമോ തന്റെ ക്രിസ്തു കഷ്ടം അനുഭവിക്കും എന്ന് സകല പ്രവാചകന്മാർ മുഖാന്തരം മുന്നറിയിച്ചത് ഇങ്ങനെ നിവർത്തിച്ചു.
19ആകയാൽ നിങ്ങളുടെ പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിന് മാനസാന്തരപ്പെട്ട് തിരിഞ്ഞുകൊൾവിൻ; എന്നാൽ കർത്താവിന്റെ സന്നിധിയിൽ നിന്നും20ഉന്മേഷകാലങ്ങൾ വരികയും നിങ്ങൾക്കുവേണ്ടി മുൻനിയമിക്കപ്പെട്ട ക്രിസ്തുവായ യേശുവിനെ ദൈവം അയക്കുകയും ചെയ്യും.
21ദൈവം ലോകാരംഭം മുതൽ തന്റെ വിശുദ്ധപ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തത് ഒക്കെയും യഥാസ്ഥാനത്താകുന്ന കാലം വരുവോളം സ്വർഗ്ഗം അവനെ കൈക്കൊള്ളേണ്ടതാകുന്നു.
22‘ദൈവമായ കർത്താവ് നിങ്ങളുടെ സഹോദരന്മാരിൽനിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്ക് എഴുന്നേല്പിച്ചുതരും; അവൻ നിങ്ങളോട് സംസാരിക്കുന്ന സകലത്തിലും നിങ്ങൾ അവന്റെ വാക്ക് കേൾക്കണം.
23ആ പ്രവാചകന്റെ വാക്ക് കേൾക്കാത്ത ഏവനും ജനത്തിന്റെ ഇടയിൽ നിന്ന് ഛേദിക്കപ്പെടും’
എന്ന് മോശെ പറഞ്ഞുവല്ലോ.
24അത്രയുമല്ല ശമൂവേൽ മുതൽ സംസാരിച്ച പ്രവാചകന്മാർ ഒക്കെയും ഈ കാലത്തെക്കുറിച്ച് പ്രസ്താവിച്ചു.25‘ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും’
എന്ന് ദൈവം അബ്രഹാമിനോട് അരുളി നിങ്ങളുടെ പിതാക്കന്മാരോട് ചെയ്ത ഉടമ്പടിയുടേയും പ്രവാചകന്മാരുടെയും മക്കൾ തന്നെ നിങ്ങൾ.
2
26ദൈവം തന്റെ പുത്രനായ യേശുവിനെ ഉയിർത്തെഴുന്നേല്പിച്ച്, ഓരോരുത്തനെ അനുഗ്രഹിക്കുവാനും അവനവന്റെ അകൃത്യങ്ങളിൽ നിന്ന് പിൻതിരിക്കുവാനുമായി ആദ്യമേ നിങ്ങൾക്കായി അവനെ അയച്ചിരിക്കുന്നു.”


1 3:1 ഒമ്പതാംമണി നേരം എന്നത് 24 മണിക്കൂർ പ്രകാരം വൈകിട്ട് 3 മണി.
2

4
പത്രൊസും യോഹന്നാനും തടവിലാക്കപ്പെടുന്നു

1പത്രൊസും യോഹന്നാനും ജനത്തോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ പുരോഹിതന്മാരും ദൈവാലയത്തിലെ പടനായകനും സദൂക്യരും പത്രൊസിന്റെയും യോഹന്നാന്റെയും നേരെ വന്നു,2യേശുവിനേയും മരിച്ചവരിൽ നിന്നുള്ള തന്റെ പുനരുത്ഥാനത്തെയും കുറിച്ച് പത്രൊസും യോഹന്നാനും ജനത്തെ ഉപദേശിക്കുകയാൽ അവർ നീരസപ്പെട്ടു.3അവരെ പിടിച്ച് വൈകുന്നേരം ആകകൊണ്ട് പിറ്റെന്നാൾവരെ തടവിലാക്കി.4എന്നാൽ വചനം കേട്ടവരിൽ പലരും വിശ്വസിച്ചു; പുരുഷന്മാരുടെ 1 എണ്ണംതന്നെ അയ്യായിരത്തോളമായി.

5പിറ്റെന്നാൾ അവരുടെ ഭരണാധികാരികളും, മൂപ്പന്മാരും, ശാസ്ത്രിമാരും യെരൂശലേമിൽ ഒന്നിച്ചുകൂടി;6മഹാപുരോഹിതനായ ഹന്നാവും കയ്യഫാവും യോഹന്നാനും അലെക്സന്തരും മഹാപുരോഹിതവംശത്തിലുള്ളവർ ഒക്കെയും ഉണ്ടായിരുന്നു.7അവർ പത്രൊസിനെയും യോഹന്നാനെയും നടുവിൽ നിർത്തി: “എന്ത് അധികാരത്താലും ആരുടെ നാമത്തിലും ആകുന്നു നിങ്ങൾ ഇത് ചെയ്തത്?” എന്ന് ചോദിച്ചു.
8പത്രൊസ് പരിശുദ്ധാത്മാവ് നിറഞ്ഞവനായി അവരോട് പറഞ്ഞത്: “ജനത്തിന്റെ പ്രമാണികളും മൂപ്പന്മാരും ആയുള്ളോരേ,9ഈ രോഗിയായ മനുഷ്യന് ചെയ്ത നല്ല പ്രവൃത്തി നിമിത്തം ഇന്ന് ഞങ്ങളെ വിസ്തരിക്കുന്നു എങ്കിൽ, ഈ മനുഷ്യൻ സൗഖ്യം പ്രാപിച്ചത് എങ്ങനെ?10നിങ്ങൾ ക്രൂശിച്ചവനും ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായ നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽത്തന്നെ ഇവൻ സൗഖ്യമുള്ളവനായി നിങ്ങളുടെ മുമ്പിൽ നില്ക്കുന്നു എന്നു നിങ്ങൾ എല്ലാവരും യിസ്രായേൽ ജനം ഒക്കെയും അറിഞ്ഞുകൊൾവിൻ.
11വീടുപണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞ കല്ല് വീടിന്റെ മൂലക്കല്ലായിത്തീർന്ന ആ കല്ല് ഇവൻ തന്നേ.12മറ്റൊരുവനിലും രക്ഷ ഇല്ല; നാം രക്ഷിയ്ക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.”
ഭീഷണിപ്പെടുത്തി വിട്ടയയ്ക്കുന്നു

13അവർ പത്രൊസിന്റെയും യോഹന്നാന്റെയും ധൈര്യം കാൺകയാലും ഇവർ പഠിപ്പില്ലാത്തവരും സാമാന്യരുമായ മനുഷ്യരും മുൻപ് യേശുവിനോടുകൂടെ ആയിരുന്നവർ എന്നു ഗ്രഹിക്കയാലും അവർ ആശ്ചര്യപ്പെട്ടു;14സൗഖ്യം പ്രാപിച്ച മനുഷ്യൻ അവരോടുകൂടെ നില്ക്കുന്നതു കണ്ടതുകൊണ്ട് അവർക്ക് എതിർ പറവാൻ വകയില്ലായിരുന്നു.
15അപ്പൊസ്തലന്മാർ ന്യായാധിപസംഘത്തിൽനിന്നു പുറത്തുപോകുവാൻ കല്പിച്ചിട്ട് അവർ തമ്മിൽ ആലോചിച്ചു:16“ഈ മനുഷ്യരെ എന്ത് ചെയ്യേണ്ടു? അസാധാരണവും പ്രത്യക്ഷവുമായൊരു അത്ഭുതം അവർ ചെയ്തിരിക്കുന്നു എന്ന് യെരൂശലേമിൽ പാർക്കുന്ന എല്ലാവർക്കും പ്രസിദ്ധമല്ലോ; നിഷേധിപ്പാൻ നമുക്ക് കഴിയില്ല.17എങ്കിലും അത് ജനത്തിൽ അധികം പരക്കാതിരിപ്പാൻ അവർ യാതൊരു മനുഷ്യനോടും ഈ നാമത്തിൽ ഇനി സംസാരിക്കരുതെന്ന് നാം അവരെ താക്കീത് ചെയ്യേണം” എന്ന് പറഞ്ഞു.18പിന്നെ അവരെ വിളിച്ചിട്ട്: യേശുവിന്റെ നാമത്തിൽ സംസാരിക്കുകയോ ഉപദേശിക്കുകയോ അരുത് എന്ന് കല്പിച്ചു.
19അതിന് പത്രൊസും യോഹന്നാനും: “ദൈവത്തേക്കാൾ അധികം നിങ്ങളെ അനുസരിക്കുന്നത് ദൈവത്തിന്റെ മുമ്പാകെ ന്യായമോ എന്ന് നിങ്ങൾ വിധിപ്പിൻ.20ഞങ്ങൾക്കോ ഞങ്ങൾ കണ്ടും കേട്ടുമിരിക്കുന്നത് പ്രസ്താവിക്കാതിരിക്കുവാൻ കഴിയുന്നതല്ല” എന്ന് ഉത്തരം പറഞ്ഞു.
21എന്നാൽ ഈ സംഭവിച്ച കാര്യംകൊണ്ട് എല്ലാവരും ദൈവത്തെ മഹത്വപ്പെടുത്തുകയാൽ അവരെ ശിക്ഷിക്കുന്നതിന് ജനം നിമിത്തം വഴി ഒന്നും കാണായ്കകൊണ്ട് അവർ പിന്നെയും തർജ്ജനം ചെയ്ത് അവരെ വിട്ടയച്ചു.22ഈ അത്ഭുതത്താൽ സൗഖ്യം പ്രാപിച്ച മനുഷ്യൻ നാല്പതിൽ അധികം വയസ്സുള്ളവനായിരുന്നു.
പ്രതിസന്ധികളിൽ പ്രാർത്ഥനയോടെ മുന്നേറുന്നു

23വിട്ടയച്ചശേഷം അവർ തങ്ങളുടെ കൂട്ടാളികളുടെ അടുക്കൽ ചെന്ന് മഹാപുരോഹിതന്മാരും മൂപ്പന്മാരും തങ്ങളോട് പറഞ്ഞത് എല്ലാം അറിയിച്ചു.24അത് കേട്ടിട്ട് അവർ ഒരുമനപ്പെട്ട് ദൈവത്തോട് നിലവിളിച്ചു പറഞ്ഞത്: “ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ നാഥനേ,
25‘ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായത് നിരൂപിക്കുന്നതും എന്ത്?
26ഭൂമിയിലെ രാജാക്കന്മാർ അണിനിരക്കുകയും അധിപതികൾ കർത്താവിന് വിരോധമായും അവന്റെ അഭിഷിക്തന് വിരോധമായും ഒന്നിച്ചുകൂടുകയും ചെയ്തിരിക്കുന്നു’
എന്ന് നിന്റെ ദാസനായ ദാവീദ് മുഖാന്തരം പരിശുദ്ധാത്മാവിനാൽ അരുളിച്ചെയ്തവനേ,
27നീ അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസന് വിരോധമായി ഹെരോദാവും പൊന്തിയൊസ് പീലാത്തോസും ജാതികളും യിസ്രായേൽ ജനവുമായി ഈ നഗരത്തിൽ ഒന്നിച്ചുകൂടി,28സംഭവിക്കണം എന്ന് നിന്റെ കയ്യും നിന്റെ ആലോചനയും മുന്നിയമിച്ചത് ഒക്കെയും നിവർത്തിച്ചിരിക്കുന്നു സത്യം.
29ഇപ്പോഴോ കർത്താവേ, അവരുടെ ഭീഷണികളെ നോക്കേണമേ.30സൗഖ്യമാക്കുവാൻ നിന്റെ കൈ നീട്ടുന്നതിനാലും നിന്റെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്താൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുന്നതിനാലും നിന്റെ വചനം പൂർണ്ണധൈര്യത്തോടുകൂടെ പ്രസ്താവിപ്പാൻ നിന്റെ ദാസന്മാർക്ക് കൃപ നല്കേണമേ.”31ഇങ്ങനെ പ്രാർത്ഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു.
വിശ്വസിച്ചവർ ക്രിസ്തുവിന്റെ സാക്ഷ്യം വഹിക്കുന്നു

32വിശ്വസിച്ചവരുടെ വലിയ കൂട്ടം ഏകഹൃദയവും ഏകമനസ്സും ഉള്ളവരായിരുന്നു; തനിക്കുള്ളത് ഒന്നും സ്വന്തം എന്ന് ആരും പറഞ്ഞില്ല;33സകലവും അവർക്ക് പൊതുവായിരുന്നു. അപ്പൊസ്തലന്മാർ മഹാശക്തിയോടെ കർത്താവായ യേശുവിന്റെ പുനരുത്ഥാനത്തിന് സാക്ഷ്യം പറഞ്ഞുവന്നു; എല്ലാവർക്കും ധാരാളം കൃപ ലഭിച്ചിരുന്നു.
34കുറവ് ഉളളവരായി ആരും അവരിൽ ഉണ്ടായിരുന്നില്ല; നിലങ്ങളുടെയും വീടുകളുടെയും ഉടമകൾ അവ ഒക്കെയും വിറ്റ് വില കൊണ്ടുവന്ന്35അപ്പൊസ്തലന്മാരുടെ കാൽക്കൽ വെയ്ക്കും; പിന്നെ ഓരോരുത്തനും അവനവന്റെ ആവശ്യംപോലെ വിഭാഗിച്ചുകൊടുക്കും.

36പ്രബോധനപുത്രൻ എന്ന് അർത്ഥമുള്ള ബർന്നബാസ് എന്ന് അപ്പൊസ്തലന്മാർ മറുപേർ വിളിച്ച സൈപ്രസ് ദ്വീപുകാരനായ യോസഫ്37എന്നൊരു ലേവ്യൻ തനിക്കുണ്ടായിരുന്ന നിലം വിറ്റ് പണം കൊണ്ടുവന്ന് അപ്പൊസ്തലന്മാരുടെ കാൽക്കൽ വെച്ച്.


1 4:4 ആ കാലഘട്ടങ്ങളിൽ സ്ത്രീകളെയും കുട്ടികളെയും എണ്ണങ്ങളിൽ ഉൾപ്പെടുത്തിയിരുന്നില്ല.

5
അനന്യാസും സഫീറയും

1എന്നാൽ അനന്യാസ് എന്ന് പേരുള്ള ഒരു പുരുഷൻ തന്റെ ഭാര്യയായ സഫീറയോടുകൂടി ഒരു നിലം വിറ്റ്.2നിലം വിറ്റുകിട്ടിയ വിലയിൽനിന്ന് ഭാര്യയുടെ അറിവോടെ ഒരു ഭാഗം എടുത്തുവച്ചശേഷം ബാക്കിയുള്ളത് കൊണ്ടുവന്നു അപ്പൊസ്തലന്മാരുടെ കാല്ക്കൽ വെച്ച്.

3അപ്പോൾ പത്രൊസ്: “അനന്യാസേ, പരിശുദ്ധാത്മാവിനോട് വ്യാജം കാണിക്കുവാനും നിലത്തിന്റെ വിലയിൽ ഒരുഭാഗം എടുത്തുവയ്ക്കുവാനും സാത്താൻ നിന്റെ ഹൃദയം കൈവശം ആക്കുവാൻ നീ അനുവദിച്ചത് എന്ത്?4അത് വില്ക്കുന്നതിന് മുമ്പെ നിന്റേതായിരുന്നില്ലയോ? വിറ്റശേഷവും നിന്റെ കൈവശം ആയിരുന്നല്ലോ? പിന്നെ എന്തിന് നീ ഈ കാര്യത്തിന് മനസ്സുവെച്ചു? മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചത്” എന്ന് പറഞ്ഞു.5ഈ വാക്ക് കേട്ട ഉടനെ അനന്യാസ് താഴെ വീണ് പ്രാണനെ വിട്ടു; ഇതു കേട്ടവർ എല്ലാവർക്കും വളരെ ഭയം ഉണ്ടായി.6യൗവനക്കാർ മുന്നോട്ട് വന്ന് അവനെ ശീലകൊണ്ട് പൊതിഞ്ഞ് പുറത്തുകൊണ്ടുപോയി കുഴിച്ചിട്ടു.

7ഏകദേശം മൂന്ന് മണിക്കൂർ കഴിഞ്ഞപ്പോൾ അവന്റെ ഭാര്യ സഫീറ ഈ സംഭവിച്ചത് ഒന്നും അറിയാതെ അകത്തുവന്നു.8പത്രൊസ് അവളോട്: “ഈ തുകയ്ക്ക് തന്നെയോ നിങ്ങൾ നിലം വിറ്റത്? പറക” എന്ന് പറഞ്ഞു; “അതേ, ഈ തുകയ്ക്ക് തന്നെ” എന്ന് അവൾ പറഞ്ഞു.
9പത്രൊസ് അവളോട്: “കർത്താവിന്റെ ആത്മാവിനെ പരീക്ഷിപ്പാൻ നിങ്ങൾ തമ്മിൽ ഒത്തത് എന്ത്? ഇതാ, നിന്റെ ഭർത്താവിനെ കുഴിച്ചിട്ടവരുടെ കാൽ വാതിൽക്കൽ ഉണ്ട്; അവർ വന്ന് നിന്നെയും പുറത്തുകൊണ്ടുപോകും” എന്ന് പറഞ്ഞു.10ഉടനെ അവൾ പത്രൊസിന്റെ കാൽക്കൽ വീണ് പ്രാണനെ വിട്ടു; യൗവനക്കാർ അകത്ത് വന്ന് അവൾ മരിച്ചു എന്ന് കണ്ട് പുറത്തു കൊണ്ടുപോയി ഭർത്താവിന്റെ അരികെ കുഴിച്ചിട്ടു.11ഈ സംഭവത്തിൽ സഭയ്ക്ക് മുഴുവനും ഇത് കേട്ടവർക്ക് എല്ലാവർക്കും മഹാഭയം ഉണ്ടായി.
അപ്പൊസ്തലന്മാർ അനേകരെ സൗഖ്യമാക്കുന്നു

12അപ്പൊസ്തലന്മാരുടെ കൈകളാൽ ജനത്തിന്റെ ഇടയിൽ പല അടയാളങ്ങളും അത്ഭുതങ്ങളും നടന്നു; അവർ എല്ലാവരും ഏകമനസ്സോടെ ശലോമോന്റെ മണ്ഡപത്തിൽ കൂടിവരിക പതിവായിരുന്നു.13മറ്റുള്ളവർ ആരുംതന്നെ അവരോട് ചേരുവാൻ ധൈര്യപ്പെട്ടില്ല; എങ്കിലും ജനങ്ങൾ അവരെ അധികമായി ബഹുമാനിച്ചുപോന്നു
14അനവധി പുരുഷന്മാരും സ്ത്രീകളും കർത്താവിൽ വിശ്വസിച്ചു, അവരെല്ലാവരും വിശ്വാസികളുടെ കൂട്ടത്തോട് ചേർന്നുവന്നു.15രോഗികളെ പുറത്തുകൊണ്ടുവന്നു, പത്രൊസ് കടന്നുപോകുമ്പോൾ അവന്റെ നിഴൽ എങ്കിലും അവരിൽ വല്ലവരുടെയുംമേൽ വീഴേണ്ടതിന് വീഥികളിൽ വിരിപ്പിന്മേലും കിടക്കമേലും കിടത്തും,.16അതുകൂടാതെ യെരൂശലേമിന് ചുറ്റുപാടുമുള്ള പട്ടണങ്ങളിൽനിന്നും ജനങ്ങൾ വന്നുകൂടി രോഗികളെയും അശുദ്ധാത്മാക്കൾ ബാധിച്ചവരെയൊക്കെയും കൊണ്ടുവന്നു; അവർ എല്ലാവരും സൗഖ്യം പ്രാപിക്കുകയും ചെയ്തു.
അപ്പൊസ്തലന്മാർ കാരാഗൃഹത്തിലാക്കപ്പെടുന്നു.

17എന്നാൽ മഹാപുരോഹിതൻ എഴുന്നേറ്റ്, അവനോട് കൂടെ ഉണ്ടായിരുന്ന സദൂക്യരും ചേർന്നു18അസൂയ നിറഞ്ഞ് അപ്പൊസ്തലന്മാരെ പിടിച്ച് പൊതു കാരാഗൃഹത്തിൽ ആക്കി.
19എന്നാൽ രാത്രിയിൽ കർത്താവിന്റെ ദൂതൻ കാരാഗൃഹവാതിൽ തുറന്ന് അവരെ പുറത്തുകൊണ്ടുവന്നിട്ട് അവരോട്20“നിങ്ങൾ ദൈവാലയത്തിൽ ചെന്ന് ഈ ജീവന്റെ വചനം എല്ലാ ജനത്തോടും പ്രസ്താവിപ്പിൻ” എന്ന് പറഞ്ഞു.21അവർ അത് കേട്ട് പുലർച്ചയ്ക്ക് ദൈവാലയത്തിൽ ചെന്ന് ഉപദേശിച്ചു. എന്നാൽ മഹാപുരോഹിതനും കൂടെയുള്ളവരും വന്ന് ന്യായാധിപസംഘത്തെയും യിസ്രായേൽമക്കളുടെ മൂപ്പന്മാരെയും എല്ലാം വിളിച്ചുകൂട്ടി, അപ്പൊസ്തലന്മാരെ കൊണ്ടുവരുവാനായി കാരാഗൃഹത്തിലേക്ക് ആളയച്ച്.
22ചേവകർ ചെന്നപ്പോൾ അവരെ കാരാഗൃഹത്തിൽ കണ്ടില്ല അവർ മടങ്ങിവന്നിട്ട് പറഞ്ഞത്: “കാരാഗൃഹം നല്ല സൂക്ഷ്മത്തോടെ പൂട്ടിയിരിക്കുന്നതും കാവല്ക്കാർ വാതിൽക്കൽ നില്ക്കുന്നതും ഞങ്ങൾ കണ്ട്;23എന്നാൽ തുറന്നപ്പോഴോ അകത്ത് ആരെയും കണ്ടില്ല.”
24ഈ വാക്ക് കേട്ടിട്ട് ദൈവാലയത്തിലെ പടനായകനും മഹാപുരോഹിതന്മാരും അവരെക്കുറിച്ച് ഇത് എന്തായിത്തീരും എന്ന് വിചാരിച്ച് ചഞ്ചലിച്ച് കൊണ്ടിരുന്നു25അപ്പോൾ ഒരാൾ വന്ന്: “നിങ്ങൾ കാരാഗൃഹത്തിലാക്കിയ പുരുഷന്മാർ ദൈവാലയത്തിൽ നിന്നുകൊണ്ട് ജനത്തെ ഉപദേശിക്കുന്നു” എന്ന് അറിയിച്ചു.
26അതുകേട്ട് പടനായകൻ ചേവകരുമായി ചെന്ന്, ജനം തങ്ങളെ കല്ലെറിയും എന്ന് ഭയപ്പെടുകയാൽ, ബലാൽക്കാരം ചെയ്യാതെ അവരെ കൂട്ടിക്കൊണ്ടുവന്നു.27അങ്ങനെ അവരെ കൊണ്ടുവന്ന് ന്യായാധിപസംഘത്തിന്മുമ്പാകെ നിർത്തി; മഹാപുരോഹിതൻ അവരെ ചോദ്യംചെയ്തു28“യേശുവിന്റെ നാമത്തിൽ ഉപദേശിക്കരുത് എന്ന് ഞങ്ങൾ നിങ്ങളോട് അമർച്ചയായി കല്പിച്ചുവല്ലോ; നിങ്ങളോ യെരൂശലേമിലെ ജനങ്ങളെ മുഴുവൻ നിങ്ങളുടെ ഉപദേശംകൊണ്ട് നിറച്ചിരിക്കുന്നു; ആ യേശുവിന്റെ രക്തത്തിന്റെ കുറ്റം ഞങ്ങളുടെ മേൽ വരുത്തുവാൻ ഇച്ഛിക്കുന്നു” എന്ന് പറഞ്ഞു.
29അതിന് പത്രൊസും ശേഷം അപ്പൊസ്തലന്മാരും പറഞ്ഞത്: “മനുഷ്യരേക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു.30നിങ്ങൾ ക്രൂശിൽ തറച്ചുകൊന്ന യേശുവിനെ തന്നെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു;31യിസ്രായേലിന് മാനസാന്തരവും പാപമോചനവും നല്കുവാൻ, ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലതു ഭാഗത്തേക്ക് ഉയർത്തിയിരിക്കുന്നു.32ഈ സംഭവങ്ങൾക്ക് ഞങ്ങളും, ദൈവം തന്നെ അനുസരിക്കുന്നവർക്ക് നല്കിയ പരിശുദ്ധാത്മാവും സാക്ഷികൾ ആകുന്നു” എന്ന് ഉത്തരം പറഞ്ഞു.
ഗമാലിയേൽ ഇടപെടുന്നു

33ഇതു കേട്ടപ്പോൾ അവർ കോപപരവശരായി അപ്പൊസ്തലന്മാരെ കൊന്നുകളയുവാൻ ഭാവിച്ചു.34അപ്പോൾ എല്ലാജനങ്ങളും ബഹുമാനിക്കുന്ന ന്യായപ്രമാണത്തിന്റെ ഉപദേഷ്ടാവായ ഗമാലിയേൽ എന്നൊരു പരീശൻ ന്യായാധിപസംഘത്തിൽ എഴുന്നേറ്റ്, അപ്പൊസ്തലന്മാരെ കുറച്ചുനേരത്തേക്ക് പുറത്താക്കുവാൻ കല്പിച്ചു.
35അവരെ പുറത്താക്കിയതിന് ശേഷം അവൻ അവരോട്: “യിസ്രായേൽ പുരുഷന്മാരേ, ഈ മനുഷ്യരുടെ കാര്യത്തിൽ നിങ്ങൾ എന്ത് ചെയ്‌വാൻ തീരുമാനിക്കുന്നു എന്ന് സൂക്ഷിച്ചുകൊള്ളുവിൻ.36കുറച്ചുകാലങ്ങൾക്ക് മുൻപ് ത്യൂദാസ് എന്നൊരുവൻ എഴുന്നേറ്റ് താൻ മഹാൻ എന്ന് നടിച്ച്; ഏകദേശം നാനൂറ് പുരുഷന്മാർ അവനോടുകൂടെ ചേർന്നു എങ്കിലും അവൻ കൊല്ലപ്പെടുകയും അവനെ അനുഗമിച്ചവർ എല്ലാവരും ചിതറി ഒന്നുമില്ലാതാകുകയും ചെയ്തു.37അവന്റെ ശേഷം ഗലീലക്കാരനായ യൂദാ ജനസംഖ്യ കണക്കെടുപ്പിന്റെ കാലത്ത് എഴുന്നേറ്റ് ജനത്തെ തന്റെ പക്ഷം ചേരുവാൻ വശീകരിച്ചു; അവനും നശിച്ചു, അവനെ അനുസരിച്ചവർ ഒക്കെയും ചിതറിപ്പോയി.
38ആകയാൽ ഈ മനുഷ്യരെ വിട്ട് ഒഴിഞ്ഞുകൊൾവിൻ എന്ന് ഞാൻ നിങ്ങളോടു പറയുന്നു; ഇത് മാനുഷികമായ ആലോചനയോ പ്രവൃത്തിയോ ആണെങ്കിൽ അത് നശിച്ചുപോകും;39ദൈവികം എങ്കിലോ നിങ്ങൾക്ക് അത് നശിപ്പിപ്പാൻ കഴിയുകയില്ല; നിങ്ങൾ ദൈവത്തോട് പോരാടുന്നു എന്ന് വരരുതല്ലോ” എന്ന് പറഞ്ഞു. അവർക്ക് അത് ബോധിച്ചു.
40അവർ അപ്പൊസ്തലന്മാരെ അകത്ത് വരുത്തി അടിപ്പിച്ച്, ഇനി യേശുവിന്റെ നാമത്തിൽ സംസാരിക്കരുത് എന്ന് കല്പിച്ച് അവരെ വിട്ടയച്ചു.41തിരുനാമത്തിനുവേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ അവർ സന്തോഷിച്ചുംകൊണ്ട് ന്യായാധിപസംഘത്തിന്റെ മുമ്പിൽനിന്ന് പുറപ്പെട്ടുപോയി.42പിന്നീട് അവർ ദിനംപ്രതി ദൈവാലയത്തിലും വീടുതോറും ചെന്ന് യേശു തന്നെ ക്രിസ്തു എന്ന് പഠിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്തുകൊണ്ടിരുന്നു.

6
ശിഷ്യന്മാരുടെ വർദ്ധനയും, ശുശ്രൂഷകൾക്കായുള്ള തിരഞ്ഞെടുപ്പും

1ആ കാലങ്ങളിൽ ശിഷ്യന്മാർ വർദ്ധിച്ച് വരുന്നതിനാൽ തങ്ങളുടെ വിധവമാരെ ദിനംപ്രതിയുള്ള ഭക്ഷണ വിതരണത്തിൽ അവഗണിക്കുന്നു എന്ന് കരുതി യവനഭാഷക്കാരായ വിശ്വാസികൾ എബ്രായഭാഷക്കാരായ വിശ്വാസികളുടെ നേരെ പിറുപിറുത്തു.

2പന്ത്രണ്ട് പേരടങ്ങുന്ന അപ്പൊസ്തലന്മാർ വലിയ കൂട്ടമായി തീർന്ന ശിഷ്യസമൂഹത്തെ വിളിച്ചുവരുത്തി: “ഞങ്ങൾ ദൈവവചനം ഉപേക്ഷിച്ച് മേശകളിൽ ശുശ്രൂഷ ചെയ്യുന്നത് യോഗ്യമല്ല.3ആകയാൽ സഹോദരന്മാരേ, ആത്മാവും ജ്ഞാനവും നിറഞ്ഞ് നല്ല സാക്ഷ്യമുള്ള ഏഴ് പുരുഷന്മാരെ നിങ്ങളിൽ തന്നേ തിരഞ്ഞുകൊൾവിൻ; അവരെ മേശകളിൽ ശുശ്രൂഷിക്കുവാൻ നിയമിക്കാം.4ഞങ്ങളോ പ്രാർത്ഥനയിലും വചനശുശ്രൂഷയിലും ഉറ്റിരിക്കും” എന്ന് പറഞ്ഞു.
5ഈ വാക്ക് കൂട്ടത്തിന് ഒക്കെയും പ്രസാദമായി; വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞ പുരുഷനായ സ്തെഫാനൊസ്, ഫിലിപ്പൊസ്, പ്രൊഖൊരൊസ്, നിക്കാനോർ, തിമോൻ, പർമ്മെനാസ്, യെഹൂദമതാനുസാരിയായ അന്ത്യോക്യക്കാരൻ നിക്കൊലാവൊസ് എന്നിവരെ തിരഞ്ഞെടുത്തു,6വിശ്വാസികൾ ഈ പുരുഷന്മാരെ കൊണ്ടുവന്ന് അപ്പൊസ്തലന്മാരുടെ മുമ്പാകെ നിർത്തി; അവർ പ്രാർത്ഥിച്ച് അവരുടെ മേൽ കൈവച്ചു.

7ദൈവവചനം പരന്നു, യെരൂശലേമിൽ ശിഷ്യന്മാരുടെ എണ്ണം ഏറ്റവും പെരുകി, പുരോഹിതന്മാരിലും വലിയൊരു കൂട്ടം വിശ്വാസത്തിന് അധീനരായിത്തീർന്നു.
കൃപയും ശക്തിയും നിറഞ്ഞവനായ സ്തെഫാനൊസ്

8അനന്തരം സ്തെഫാനൊസ് കൃപയും ശക്തിയും നിറഞ്ഞവനായി ജനത്തിൽ വലിയ അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തു.9ലിബർത്തീനർ എന്ന് അറിയപ്പെട്ടിരുന്ന യഹൂദരിൽ അലെക്സന്ത്രിയ, കിലിക്യ, ആസ്യ എന്നീ ദേശക്കാരിൽ നിന്നും ചിലർ എഴുന്നേറ്റ് സ്തെഫാനൊസിനോട് തർക്കിച്ചു.
10എന്നാൽ അവൻ സംസാരിച്ച ജ്ഞാനത്തോടും ആത്മാവോടും എതിർത്തുനില്ക്കുവാൻ അവർക്ക് കഴിഞ്ഞില്ല.11അപ്പോൾ അവർ ചില പുരുഷന്മാരെ രഹസ്യമായി നിബ്ബന്ധിച്ചു: “ഇവൻ മോശെക്കും ദൈവത്തിനും വിരോധമായി ദൂഷണം പറയുന്നത് ഞങ്ങൾ കേട്ട്” എന്ന് പറയിച്ചു,
12അവർ ജനത്തെയും മൂപ്പന്മാരെയും ശാസ്ത്രിമാരെയും പ്രേരിപ്പിച്ച്, അവന്റെ നേരെ ചെന്ന് അവനെ പിടിച്ച് ന്യായാധിപസംഘത്തിൽ കൊണ്ടുപോയി13കള്ള സാക്ഷികളെ നിർത്തി: “ഈ മനുഷ്യൻ വിശുദ്ധസ്ഥലത്തിനും ന്യായപ്രമാണത്തിനും വിരോധമായി ഇടവിടാതെ സംസാരിച്ചുവരുന്നു;14ആ നസറായനായ യേശു ഈ സ്ഥലം നശിപ്പിച്ച് മോശെ നമുക്ക് ഏല്പിച്ച മര്യാദകളെ മാറ്റിക്കളയും എന്ന് ഇവൻ പറയുന്നത് ഞങ്ങൾ കേട്ട്” എന്ന് പറയിച്ചു.15ന്യായാധിപസംഘത്തിൽ ഇരുന്നവർ എല്ലാവരും അവനെ ഉറ്റുനോക്കി; അവന്റെ മുഖം ഒരു ദൈവദൂതന്റെ മുഖംപോലെ കണ്ട്.

7
സ്തെഫാനൊസിന്റെ പ്രസംഗം

1“ഈ കാര്യങ്ങൾ സത്യം തന്നെയോ” എന്ന് മഹാപുരോഹിതൻ ചോദിച്ചതിന് സ്തെഫാനൊസ് പറഞ്ഞത്:2“സഹോദരന്മാരും പിതാക്കന്മാരുമായ പുരുഷന്മാരേ, കേൾക്കുവിൻ. നമ്മുടെ പിതാവായ അബ്രഹാം ഹാരാനിലേക്ക് പോയി താമസിക്കുന്നതിന് മുമ്പെ, മെസൊപ്പൊത്താമ്യയിൽ ഇരിക്കുമ്പോൾ തന്നേ, തേജോമയനായ ദൈവം അവന് പ്രത്യക്ഷനായി:3‘നിന്റെ ദേശത്തെയും നിന്റെ സ്വന്ത ജനത്തേയും വിട്ട് ഞാൻ നിനക്ക് കാണിച്ചു തരുന്ന ദേശത്തിലേക്ക് ചെല്ലുക’ എന്ന് പറഞ്ഞു. അങ്ങനെ അബ്രഹാം കല്ദായരുടെ ദേശം വിട്ട് ഹാരാനിൽ വന്ന് പാർത്തു.

4അബ്രഹാമിന്റെ പിതാവ് മരിച്ചശേഷം ദൈവം അവനെ അവിടെനിന്ന് നിങ്ങൾ ഇപ്പോൾ പാർക്കുന്ന ഈ ദേശത്തിൽ കൊണ്ടുവന്ന് പാർപ്പിച്ചു.5ആ സമയത്ത് ദൈവം അവന് അതിൽ കാലുകുത്തുവാൻ ഒരടി നിലംപോലും അവകാശമായി കൊടുത്തില്ല; എന്നാൽ അവന് സന്തതിയില്ലാതിരിക്കെ അവനും അവന്റെ ശേഷം അവന്റെ സന്തതിയ്ക്കും ആ ദേശം കൈവശമായി നല്കുമെന്ന് അവനോട് വാഗ്ദത്തം ചെയ്തു.
6അവന്റെ സന്തതി അന്യദേശത്ത് ചെന്ന് പാർക്കും; ആ ദേശക്കാർ അവരെ അടിമകളാക്കി നാനൂറ് സംവത്സരം കഷ്ടപ്പെടുത്തും എന്നിങ്ങനെ ദൈവം അവനോട് പറഞ്ഞു.7‘അവരെ അടിമകളാക്കിയ ജാതിയെ ഞാൻ ന്യായം വിധിക്കും; അതിന്റെ ശേഷം അവർ പുറപ്പെട്ടുവന്ന് ഈ സ്ഥലത്ത് എന്നെ ആരാധിക്കും’ എന്ന് ദൈവം അരുളിച്ചെയ്തു.8പിന്നെ ദൈവം അബ്രഹാമിന് പരിച്ഛേദനയെന്ന ഉടമ്പടി കൊടുത്തു; അബ്രഹാമിൽനിന്ന് യിസ്ഹാക്ക് ജനിച്ചു, എട്ടാം നാൾ അവനെ പരിച്ഛേദന ചെയ്തു. യിസ്ഹാക്കിൽനിന്ന് യാക്കോബും യാക്കോബിൽനിന്ന് പന്ത്രണ്ട് ഗോത്രപിതാക്കന്മാരും ജനിച്ചു.
9ഗോത്രപിതാക്കന്മാർക്ക് യോസഫിനോടുള്ള അസൂയനിമിത്തം അവർ അവനെ മിസ്രയീമിലേക്ക് വിറ്റുകളഞ്ഞു.10എന്നാൽ ദൈവം അവനോടുകൂടെ ഇരുന്ന് അവന്റെ സകലകഷ്ടങ്ങളിൽനിന്നും അവനെ വിടുവിച്ച് മിസ്രയീംരാജാവായ ഫറവോന്റെ മുമ്പാകെ അവന് കൃപയും ജ്ഞാനവും കൊടുത്തു: ഫറവോൻ അവനെ മിസ്രയീമിനും തന്റെ സർവ്വഗൃഹത്തിനും അധിപതിയാക്കിവച്ചു.
11എന്നാൽ മിസ്രയീംദേശത്തിലും കനാനിലുമെല്ലാം ക്ഷാമവും മഹാകഷ്ടവും വന്നസമയത്ത് നമ്മുടെ പിതാക്കന്മാർക്ക് ആഹാരം കിട്ടാതെയായി.12അപ്പോൾ മിസ്രയീമിൽ ധാന്യം ഉണ്ടെന്ന് കേട്ടിട്ട് യാക്കോബ് നമ്മുടെ പിതാക്കന്മാരെ ആദ്യമായി അങ്ങോട്ട് അയച്ചു.13രണ്ടാം പ്രാവശ്യം യോസഫ് തന്റെ സഹോദരന്മാർക്ക് തന്നെത്തന്നെ വെളിപ്പെടുത്തി; യോസഫിന്റെ കുടുംബം ഫറവോനും അറിവായ് വന്നു.
14യോസഫ് സഹോദരന്മാരെ തിരിച്ചയച്ച് തന്റെ പിതാവായ യാക്കോബിനോട് തന്റെ കുടുംബത്തെ ഒക്കെയും മിസ്രയീമിലേക്ക് കൂട്ടിക്കൊണ്ടുവരുവാൻ പറഞ്ഞു. അവർ ആകെ എഴുപത്തഞ്ചുപേരായിരുന്നു.15യാക്കോബ് മിസ്രയീമിലേക്ക് പോയി; അവനും നമ്മുടെ പിതാക്കന്മാരും മരിച്ചു,16അവരെ ശേഖേമിൽ കൊണ്ടുവന്ന് അവിടെ എമ്മോരിന്റെ മക്കളോട് അബ്രഹാം വിലകൊടുത്ത് വാങ്ങിയ കല്ലറയിൽ അടക്കം ചെയ്തു.
17ദൈവം അബ്രഹാമിനോട് അരുളിച്ചെയ്ത വാഗ്ദത്തകാലം അടുത്തപ്പോൾ ജനം മിസ്രയീമിൽ പെരുകിയിരുന്നു.18ഒടുവിൽ യോസഫിനെ അറിയാത്ത വേറൊരു രാജാവ് മിസ്രയീമിൽ വാണു.19ആ രാജാവ് നമ്മുടെ വംശത്തോട് ഉപായം പ്രയോഗിച്ച് നമ്മുടെ പിതാക്കന്മാരെ കഷ്ടപ്പെടുത്തുകയും, അവരുടെ ശിശുക്കൾ ജീവനോടിരിക്കാതിരിപ്പാൻ തക്കവണ്ണം അവരെ ഉപേക്ഷിക്കുവാനും നിബ്ബന്ധിച്ചു.
20ആ കാലത്ത് മോശെ ജനിച്ചു; അവൻ ദൈവത്തിന്റെ മുമ്പാകെ അതിസുന്ദരനായിരുന്നു, അവനെ മൂന്ന് മാസം തന്റെ അപ്പന്റെ വീട്ടിൽ പോറ്റിവളർത്തി.21പിന്നെ അവനെ പുറത്തുകളഞ്ഞപ്പോൾ ഫറവോന്റെ മകൾ അവനെ എടുത്ത് തന്റെ സ്വന്തം മകനായി വളർത്തി.
22മോശെ മിസ്രയീമ്യരുടെ സകല ജ്ഞാനവും അഭ്യസിച്ചു, വാക്കിലും പ്രവൃത്തിയിലും സമർത്ഥനായിത്തീർന്നു.23അവന് നാല്പത് വയസ്സ് തികയാറായപ്പോൾ യിസ്രായേൽ മക്കളായ തന്റെ സഹോദരന്മാരെ ചെന്ന് കാണണമെന്ന് മനസ്സിൽ തോന്നി.24അവൻ യിസ്രായേല്യനായ ഒരുവൻ ഉപദ്രവിക്കപ്പെടുന്നത് കണ്ടിട്ട് അവനെ പിന്തുണച്ച് മിസ്രയീമ്യനെ അടിച്ചുകൊന്നു, ഉപദ്രവിക്കപ്പെട്ടവനുവേണ്ടി പ്രതികാരം ചെയ്തു.25താൻ മുഖാന്തരം ദൈവം അവർക്ക് രക്ഷ നൽകുമെന്ന് സഹോദരന്മാർ ഗ്രഹിക്കും എന്ന് മോശെ വിചാരിച്ചു; എങ്കിലും അവർ ഗ്രഹിച്ചില്ല.
26പിറ്റെന്നാൾ ചില യിസ്രായേല്യർ കലഹിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അവരുടെ അടുക്കൽ വന്ന് അവരെ സമാധാനപ്പെടുത്തുവാൻ ശ്രമിച്ചുകൊണ്ട് അവരോട്; ‘പുരുഷന്മാരെ, നിങ്ങൾ സഹോദരന്മാരല്ലോ; തമ്മിൽ അന്യായം ചെയ്യുന്നത് എന്ത്?’ എന്ന് പറഞ്ഞു.27എന്നാൽ കൂട്ടുകാരനോട് അന്യായം ചെയ്യുന്നവൻ അവനെ ഉന്തിക്കളഞ്ഞു: ‘നിന്നെ ഞങ്ങൾക്ക് അധികാരിയും ന്യായകർത്താവും ആക്കിയത് ആർ?28ഇന്നലെ മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാൻ ഭാവിക്കുന്നുവോ?’ എന്ന് പറഞ്ഞു.
29ഈ വാക്ക് കേട്ടിട്ട് മോശെ ഓടിപ്പോയി മിദ്യാൻദേശത്ത് ചെന്ന് അവിടെ പരദേശിയായി പാർത്തു, അവിടെവച്ച് അവന് രണ്ടു പുത്രന്മാർ ജനിച്ചു.30നാല്പത് വർഷം കഴിഞ്ഞപ്പോൾ സീനായ്‌ മലയുടെ മരുഭൂമിയിൽ ഒരു ദൈവദൂതൻ മുൾപ്പടർപ്പിലെ അഗ്നിജ്വാലയിൽ അവന് പ്രത്യക്ഷനായി.
31മോശെ ആ കാഴ്ച കണ്ട് ആശ്ചര്യപ്പെട്ടു, സൂക്ഷിച്ചുനോക്കുവാനായി അടുത്തുചെല്ലുമ്പോൾ:32‘ഞാൻ നിന്റെ പിതാക്കന്മാരുടെ ദൈവമാകുന്നു; അബ്രഹാമിന്റെയും, യിസ്ഹാക്കിന്റെയും, യാക്കോബിന്റെയും ദൈവം’ എന്ന കർത്താവിന്റെ ശബ്ദം കേട്ട്. മോശെ ഭയന്ന് വിറച്ചിട്ട് അങ്ങോട്ട് നോക്കുവാൻ ധൈര്യപ്പെട്ടില്ല.
33കർത്താവ് അവനോട്: ‘നീ നിൽക്കുന്ന സ്ഥലം വിശുദ്ധ ഭൂമിയാകയാൽ കാലിൽനിന്ന് ചെരിപ്പു ഊരിക്കളക.34മിസ്രയീമിൽ എന്റെ ജനത്തിന്റെ കഷ്ടത ഞാൻ നിശ്ചയമായിട്ടും കണ്ട്, അവരുടെ ഞരക്കവും കേട്ട്, അവരെ മോചിപ്പിക്കുവാൻ ഞാൻ ഇറങ്ങിവന്നിരിക്കുന്നു; ഇപ്പോൾ വരിക; ഞാൻ നിന്നെ മിസ്രയീമിലേക്ക് അയയ്ക്കും’ എന്ന് പറഞ്ഞു.
35‘നിന്നെ അധികാരിയും ന്യായകർത്താവും ആക്കിയതാർ?’ എന്നിങ്ങനെ അവർ തള്ളിപ്പറഞ്ഞ ഈ മോശെയെ തന്നെ ദൈവം മുൾപ്പടർപ്പിൽ പ്രത്യക്ഷനായ ദൂതൻ മുഖാന്തരം അധികാരിയും വീണ്ടെടുപ്പുകാരനും ആക്കി അയച്ചു.36അവൻ മിസ്രയീമിലും ചെങ്കടലിലും നാല്പതു സംവത്സരം മരുഭൂമിയിലും അതിശയങ്ങളും അടയാളങ്ങളും ചെയ്ത് അവരെ നയിച്ചുകൊണ്ടുവന്നു.37‘ദൈവം നിങ്ങളുടെ സഹോദരന്മാരിൽ നിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്ക് എഴുന്നേല്പിച്ചുതരും’ എന്ന് യിസ്രായേൽ മക്കളോടു പറഞ്ഞ മോശെ ഇവൻ തന്നേ.
38സീനായ്‌ മലയിൽ തന്നോട് സംസാരിച്ച ദൂതനോടും നമ്മുടെ പിതാക്കന്മാരോടും കൂടെ മരുഭൂമിയിലെ സഭയിൽ ഇരുന്നവനും നമുക്കു തരുവാൻ ജീവനുള്ള അരുളപ്പാട് ലഭിച്ചവനും ഇവൻ തന്നേ.39നമ്മുടെ പിതാക്കന്മാർ അവനെ അനുസരിക്കുവാൻ മനസ്സില്ലാതെ തള്ളിക്കളഞ്ഞു ഹൃദയംകൊണ്ട് മിസ്രയീമിലേക്ക് പിന്തിരിഞ്ഞു,40അവർ അഹരോനോട്; ‘ഞങ്ങളെ നയിപ്പാൻ ദൈവങ്ങളെ ഉണ്ടാക്കിത്തരിക, ഞങ്ങളെ മിസ്രയീമിൽനിന്ന് നയിച്ചുകൊണ്ടുവന്ന ആ മോശെക്ക് എന്ത് സംഭവിച്ചു എന്ന് ഞങ്ങൾ അറിയുന്നില്ലല്ലോ’ എന്ന് പറഞ്ഞു.
41അതുകൊണ്ട് അവർ ഒരു കാളക്കുട്ടിയെ ഉണ്ടാക്കി, ആ ബിംബത്തിന് ബലി കഴിച്ച് തങ്ങളുടെ കൈപ്പണിയിൽ ഉല്ലസിച്ചുകൊണ്ടിരുന്നു.42ദൈവവും പിന്തിരിഞ്ഞു. ആകാശത്തിലെ സൈന്യത്തെ ആരാധിപ്പാൻ അവരെ ഏല്പിച്ചുകൊടുത്തു.
‘യിസ്രായേൽ ഗൃഹമേ, നിങ്ങൾ മരുഭൂമിയിൽ എനിക്ക് നാല്പത് സംവത്സരം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചുവോ?
43നിങ്ങൾ നമസ്കരിപ്പാൻ ഉണ്ടാക്കിയ സ്വരൂപങ്ങളായ മൊലോക്കിന്റെ കൂടാരവും രേഫാൻദേവന്റെ നക്ഷത്രവും നിങ്ങൾ എടുത്തു നടന്നുവല്ലോ; എന്നാൽ ഞാൻ നിങ്ങളെ ബാബിലോണിനപ്പുറം നാടുകടത്തും’
എന്നു പ്രവാചകന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

44നമ്മുടെ പിതാക്കന്മാർക്ക് മരുഭൂമിയിൽ സാക്ഷ്യകൂടാരം ഉണ്ടായിരുന്നു, ദൈവം മോശെയോട് സംസാരിച്ചപ്പോൾ; അവൻ കണ്ട മാതൃക പോലെതന്നെ അതിനെ നിർമ്മിക്കണം എന്ന് അവനോട് കല്പിച്ചിരുന്നു.45നമ്മുടെ പിതാക്കന്മാർ, യോശുവയോടുകൂടെയുള്ള അവരുടെ തിരിച്ചുവരവിൽ ദേശത്തിലേക്ക് കൊണ്ടുവന്നത് ഈ കൂടാരമായിരുന്നു. ദൈവം നമ്മുടെ പിതാക്കന്മാരുടെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞ ജാതികളുടെ അവകാശത്തിലേക്ക് അവർ പ്രവേശിച്ചപ്പോഴാണ് ഇങ്ങനെ സംഭവിച്ചത്. ഇത് ദാവീദിന്റെ കാലംവരെ അങ്ങനെതന്നെയായിരുന്നു,46അവന് ദൈവത്തിന്റെ മുമ്പാകെ കൃപ ലഭിച്ചിരുന്നു, യാക്കോബിന്റെ ദൈവത്തിന് ഒരു കൂടാരം ഉണ്ടാക്കുവാൻ അവൻ ആഗ്രഹിച്ചു.
47എന്നാൽ ശലോമോൻ അവന് ഒരു ആലയം പണിതു.48അത്യുന്നതൻ കൈപ്പണിയായ ആലയത്തിൽ വസിക്കുന്നില്ലതാനും
49‘സ്വർഗ്ഗം എനിക്ക് സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു. നിങ്ങൾ എനിക്ക് പണിയുന്ന ആലയം ഏതുവിധം? എന്റെ വിശ്രമസ്ഥലവും ഏത്?
50ഇതൊക്കെയും എന്റെ കൈ അല്ലയോ ഉണ്ടാക്കിയത് എന്ന് കർത്താവ് അരുളിച്ചെയ്യുന്നു’
എന്നു പ്രവാചകൻ പറയുന്നുവല്ലോ.
51ദുശ്ശാഠ്യക്കാരും, ഹൃദയത്തിനും ചെവിയ്ക്കും പരിച്ഛേദന ഇല്ലാത്തവരുമായുള്ളോരേ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെ തന്നെ നിങ്ങളും എല്ലായ്പോഴും പരിശുദ്ധാത്മാവിനോട് എതിർത്ത് നില്ക്കുന്നു.52പ്രവാചകന്മാരിൽ ഏവനെ നിങ്ങളുടെ പിതാക്കന്മാർ ഉപദ്രവിക്കാതിരുന്നിട്ടുള്ളു? നീതിമാനായവന്റെ വരവിനെക്കുറിച്ച് മുൻകൂട്ടി അറിയിച്ചവരെ അവർ കൊന്നുകളഞ്ഞു;53അവരെപ്പോലെ നിങ്ങളും ഇപ്പോൾ വഞ്ചകരും കൊലപാതകരും ആയിത്തീർന്നിരിക്കുന്നു; നിങ്ങൾ ദൈവദൂതന്മാരുടെ നിയോഗങ്ങളായി ന്യായപ്രമാണം പ്രാപിച്ചു എങ്കിലും അത് പ്രമാണിച്ചിട്ടില്ല.”
സ്തെഫാനൊസിനെ കൊല്ലുന്നു

54ഇതു കേട്ടപ്പോൾ ന്യായാധിപസംഘത്തിലുള്ളവർ കോപപരവശരായി അവന്റെ നേരെ പല്ലുകടിച്ചു.55അവനോ പരിശുദ്ധാത്മാവ് നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്ക് ഉറ്റുനോക്കി, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്ത് യേശു നില്ക്കുന്നതും കണ്ട്:56“ഇതാ, സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തുഭാഗത്ത് നില്ക്കുന്നതും ഞാൻ കാണുന്നു” എന്ന് പറഞ്ഞു.
57ഇത് കേട്ടപ്പോൾ അവർ ഉറക്കെ നിലവിളിച്ചു, ചെവി പൊത്തിക്കൊണ്ട് ഒന്നിച്ച് അവന്റെ നേരെ പാഞ്ഞുചെന്നു,58അവനെ വലിച്ചിഴച്ചും കൊണ്ട് നഗരത്തിൽനിന്ന് പുറത്താക്കി കല്ലെറിഞ്ഞു. സാക്ഷികൾ തങ്ങളുടെ പുറംചട്ടകൾ ഊരി ശൗൽ എന്ന് പേരുള്ള ഒരു ബാല്യക്കാരന്റെ കാൽക്കൽ വെച്ച്.
59അവർ അവനെ കല്ലെറിഞ്ഞുകൊണ്ടിരിക്കയിൽ “കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളേണമേ” എന്ന് സ്തെഫാനൊസ് വിളിച്ചപേക്ഷിച്ചു.60അവൻ മുട്ടുകുത്തി: “കർത്താവേ, അവരോട് ഈ പാപം കണക്കിടരുതേ” എന്ന് ഉച്ചത്തിൽ നിലവിളിച്ചു. ഇതു പറഞ്ഞിട്ട് അവൻ നിദ്രപ്രാപിച്ചു.

8
യെരുശലേം സഭ പീഢനത്തിലൂടെ മുന്നേറുന്നു.

1സ്തെഫാനൊസിനെ കൊലചെയ്തത് ശൗലിന് സമ്മതമായിരുന്നു.

അന്ന് യെരൂശലേമിലെ സഭയ്ക്ക് ഒരു വലിയ പീഢനം നേരിട്ടു; അപ്പൊസ്തലന്മാർ ഒഴികെ എല്ലാവരും യെഹൂദ്യ ശമര്യ ദേശങ്ങളിൽ ചിതറിപ്പോയി.

2ദൈവഭക്തരായ പുരുഷന്മാർ സ്തെഫാനൊസിനെ അടക്കം ചെയ്തു, അവനെക്കുറിച്ച് വലിയൊരു വിലാപം കഴിച്ചു.3എന്നാൽ ശൌൽ വീടുതോറും ചെന്ന് പുരുഷന്മാരെയും സ്ത്രീകളെയും വലിച്ചിഴച്ചു തടവിൽ ഏല്പിച്ചുകൊണ്ട് സഭയ്ക്ക് ഹാനി വരുത്തിക്കൊണ്ടിരുന്നു.
ഫിലിപ്പോസ് ശമര്യയിലേക്ക്.

4ചിതറിപ്പോയവർ വചനം പ്രസംഗിച്ചുകൊണ്ട് അവിടവിടെ സഞ്ചരിച്ചു.5ഫിലിപ്പൊസ് ശമര്യ പട്ടണത്തിൽ ചെന്ന് അവിടെയുള്ളവരോട് ക്രിസ്തുവിനെ പ്രസംഗിച്ചു.
6ഫിലിപ്പൊസ് ചെയ്ത അടയാളങ്ങൾ ജനങ്ങൾ കേൾക്കുകയും കാൺകയും ചെയ്കയാൽ അവൻ പറയുന്നത് ഏകമനസ്സോടെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.7അശുദ്ധാത്മാക്കൾ ബാധിച്ച പലരിൽനിന്നും അവ ഉറക്കെ നിലവിളിച്ചുകൊണ്ട് പുറപ്പെട്ടു; അനേകം പക്ഷവാതക്കാരും മുടന്തരും സൗഖ്യം പ്രാപിച്ചു.8അങ്ങനെ ആ പട്ടണത്തിൽ വളരെ സന്തോഷം ഉണ്ടായി.
ശിമോൻ എന്ന ആഭിചാരകൻ.

9എന്നാൽ ശിമോൻ എന്ന് പേരുള്ളോരു പുരുഷൻ ആ പട്ടണത്തിൽ ആഭിചാരം ചെയ്ത്, താൻ മഹാൻ എന്ന് പറഞ്ഞ് ശമര്യ ജാതിയെ ഭ്രമിപ്പിച്ചുപോന്നു.10“മഹാൻ എന്ന് വിളിക്കപ്പെടുന്ന ദൈവശക്തി ഈ മനുഷ്യനാകുന്നു” എന്ന് പറഞ്ഞ് ശമര്യയിലുള്ള ചെറിയവർ മുതൽ വലിയവർ വരെ അവനെ ശ്രദ്ധിച്ചുവന്നു.11ഇവൻ ആഭിചാരംകൊണ്ട് ഏറിയ കാലം അവരെ ഭ്രമിപ്പിക്കുകയാൽ അത്രേ അവർ അവനെ ശ്രദ്ധിച്ചത്
12എന്നാൽ ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം അറിയിക്കുന്ന ഫിലിപ്പൊസിനെ അവർ വിശ്വസിച്ചപ്പോൾ പുരുഷന്മാരും സ്ത്രീകളും സ്നാനം ഏറ്റു.13ശിമോൻ താനും വിശ്വസിച്ച് സ്നാനം ഏറ്റു, ഫിലിപ്പൊസിനോട് ചേർന്നുനിന്നു; വലിയ അടയാളങ്ങളും വീര്യപ്രവൃത്തികളും നടക്കുന്നത് കണ്ടപ്പോൾ അവൻ ആശ്ചര്യപ്പെട്ടു.

14അനന്തരം യെരൂശലേമിലുള്ള അപ്പൊസ്തലന്മാർ, ശമര്യർ ദൈവവചനം കൈക്കൊണ്ടു എന്നു കേട്ടിട്ട് പത്രൊസിനെയും യോഹന്നാനെയും അവരുടെ അടുക്കൽ അയച്ചു.15അവർ അവിടെ എത്തിയിട്ട്, ചെന്ന്, അവർക്ക് പരിശുദ്ധാത്മാവ് ലഭിക്കേണ്ടതിന് പ്രാർത്ഥിച്ചു.16അന്നുവരെ അവരിൽ ആരുടെമേലും പരിശുദ്ധാത്മാവ് വന്നിരുന്നില്ല; അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റിരുന്നതേയുള്ളു.17അവർ അവരുടെമേൽ കൈ വെച്ചപ്പോൾ അവർക്ക് പരിശുദ്ധാത്മാവ് ലഭിച്ചു.
18അപ്പൊസ്തലന്മാർ കൈ വെച്ചതിനാൽ പരിശുദ്ധാത്മാവ് ലഭിച്ചത് ശിമോൻ കണ്ടതിനാൽ അവൻ അവർക്ക് കൊടുക്കുവാൻ പണം കൊണ്ടുവന്നു:19“ഞാൻ ഒരുവന്റെ മേൽ കൈ വെച്ചാൽ അവന് പരിശുദ്ധാത്മാവ് ലഭിപ്പാൻ തക്കവണ്ണം ഈ അധികാരം എനിക്കും തരേണം” എന്ന് പറഞ്ഞു.
20പത്രൊസ് അവനോട്: “ദൈവത്തിന്റെ ദാനം പണം കൊടുത്ത് വാങ്ങിക്കൊള്ളാം എന്ന് നീ നിരൂപിക്കകൊണ്ട് നിന്റെ പണം നിന്നോടുകൂടെ നശിച്ചുപോകട്ടെ.21നിന്റെ ഹൃദയം ദൈവ സന്നിധിയിൽ നേരുള്ളതല്ലായ്കകൊണ്ട് ഈ കാര്യത്തിൽ നിനക്ക് പങ്കും ഓഹരിയുമില്ല.22നിന്റെ ഹൃദയത്തിലെ ഈ വഷളത്വം വിട്ട് മാനസാന്തരപ്പെട്ട് കർത്താവിനോട് പ്രാർത്ഥിക്കുക; ഒരുപക്ഷേ നിന്റെ ഹൃദയത്തിലെ നിരൂപണം ക്ഷമിച്ചുകിട്ടുമായിരിക്കും.23നീ കടുത്ത അസൂയയിലും പാപത്തിന്റെ ബന്ധനത്തിലും അകപ്പെട്ടിരിക്കുന്നു എന്ന് ഞാൻ കാണുന്നു” എന്ന് പറഞ്ഞു.
24അതിന് ശിമോൻ: “നിങ്ങൾ പറഞ്ഞത് ഒന്നും എനിക്ക് ഭവിക്കാതിരിക്കുവാൻ കർത്താവിനോട് എനിക്കുവേണ്ടി പ്രാർത്ഥിക്കുവിൻ” എന്ന് ഉത്തരം പറഞ്ഞു.

25അവർ കർത്താവിന്റെ വചനം സാക്ഷീകരിച്ചു പ്രസംഗിച്ചശേഷം ശമര്യക്കാരുടെ അനേക ഗ്രാമങ്ങളിൽ സുവിശേഷം അറിയിച്ചുകൊണ്ട് യെരൂശലേമിലേക്ക് മടങ്ങിപ്പോയി.
ഫിലിപ്പോസ് ഗസയ്ക്കുള്ള നിർജജനപ്രദേശത്തേക്ക്.

26അനന്തരം കർത്താവിന്റെ ദൂതൻ ഫിലിപ്പൊസിനോട്: “നീ എഴുന്നേറ്റ് തെക്കോട്ട് യെരൂശലേമിൽ നിന്ന് ഗസയ്ക്കുള്ള നിർജ്ജനമായ വഴിയിലേക്കു പോക” എന്ന് പറഞ്ഞു.27അവൻ പുറപ്പെട്ടു ചെന്നപ്പോൾ കന്ദക്ക എന്ന എത്യോപ്യാരാജ്ഞിയുടെ ഒരു ഷണ്ഡനും മഹാനും അവളുടെ സകലഭണ്ഡാരത്തിനും മേൽവിചാരകനുമായ ഒരു എത്യോപ്യനെ കണ്ട്. അവൻ യെരൂശലേമിൽ നമസ്കരിപ്പാൻ വന്നിട്ട് മടങ്ങിപ്പോരുമ്പോൾ28തേരിൽ ഇരുന്ന് യെശയ്യാപ്രവാചകന്റെ പുസ്തകം വായിക്കുകയായിരുന്നു.
29ആത്മാവ് ഫിലിപ്പൊസിനോട്: “നീ അടുത്തുചെന്നു തേരിനോട് ചേർന്നുനടക്ക” എന്നു പറഞ്ഞു.30ഫിലിപ്പൊസ് ഓടിച്ചെല്ലുമ്പോൾ യെശയ്യാപ്രവാചകന്റെ പുസ്തകം അവൻ വായിക്കുന്നതു കേട്ട്: “നീ വായിക്കുന്നത് ഗ്രഹിക്കുന്നുവോ?” എന്ന് ചോദിച്ചതിന്:31“ഒരുവൻ ശരിയായി വിവരിച്ചു തരാഞ്ഞാൽ എങ്ങനെ ഗ്രഹിക്കും” എന്ന് അവൻ പറഞ്ഞു, ഫിലിപ്പൊസ് കയറി തന്നോടുകൂടെ ഇരിക്കേണം എന്ന് അപേക്ഷിച്ചു.
32തിരുവെഴുത്തിൽ ഈ ഭാഗം ആയിരുന്നു അവൻ വായിച്ചിരുന്നത്
“അറുക്കുവാനുള്ള ആടിനേപ്പോലെ അവനെ കൊണ്ടുപോയി; രോമം കത്രിക്കുന്നവന്റെ മുമ്പാകെ മിണ്ടാതിരിക്കുന്ന കുഞ്ഞാടിനെപ്പോലെ അവൻ വായ് തുറക്കാതിരുന്നു.
33അവന്റെ താഴ്ചയിൽ അവന് ന്യായം കിട്ടാതെ പോയി; അവന്റെ തലമുറയെ ആർ വിവരിക്കും? ഭൂമിയിൽ നിന്നു അവന്റെ ജീവനെ എടുത്തുകളയുന്നുവല്ലോ.”

34ഷണ്ഡൻ ഫിലിപ്പൊസിനോട്: “ഇത് പ്രവാചകൻ ആരെക്കുറിച്ച് പറയുന്നു? തന്നെക്കുറിച്ചോ മറ്റൊരുത്തനെക്കുറിച്ചോ എന്ന് പറഞ്ഞുതരേണം” എന്നു അപേക്ഷിച്ചു.35ഫിലിപ്പൊസ് ഈ തിരുവെഴുത്ത് ആധാരമാക്കി അവനോട് യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിക്കുവാൻ തുടങ്ങി.
36അവർ ഇങ്ങനെ വഴിപോകയിൽ വെള്ളമുള്ളൊരു സ്ഥലത്ത് എത്തിയപ്പോൾ ഷണ്ഡൻ: “ഇതാ വെള്ളം; ഞാൻ സ്നാനം ഏല്ക്കുന്നതിൽനിന്ന് എന്ത് എന്നെ തടസ്സപ്പെടുത്തുന്നു” എന്ന് പറഞ്ഞു.37[അതിന് ഫിലിപ്പൊസ്: “നീ പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം” എന്നു പറഞ്ഞു. “യേശുക്രിസ്തു ദൈവപുത്രൻ എന്ന് ഞാൻ വിശ്വസിക്കുന്നു” എന്ന് അവൻ ഉത്തരം പറഞ്ഞു.]38അങ്ങനെ അവൻ തേർ നിർത്തുവാൻ കല്പിച്ചു: ഫിലിപ്പൊസും ഷണ്ഡനും ഇരുവരും വെള്ളത്തിൽ ഇറങ്ങി, അവൻ അവനെ സ്നാനം കഴിപ്പിച്ചു.
39അവർ വെള്ളത്തിൽനിന്ന് കയറിയപ്പോൾ കർത്താവിന്റെ ആത്മാവ് ഫിലിപ്പൊസിനെ എടുത്തുകൊണ്ടുപോയി; ഷണ്ഡൻ അവനെ പിന്നെ കണ്ടില്ല; അവൻ സന്തോഷിച്ചുകൊണ്ട് തന്റെ വഴിക്കുപോയി.40ഫിലിപ്പൊസിനെ പിന്നെ അസ്തോദിൽ കണ്ട്; അവൻ ദേശത്തൂടെല്ലാം സഞ്ചരിച്ച് എല്ലാ പട്ടണങ്ങളിലും സുവിശേഷം അറിയിച്ചുകൊണ്ട് കൈസര്യയിൽ എത്തി.

9
ശൗലിന്റെ മാനസാന്തരം.

1ആ കാലത്ത് ശൌൽ കോപത്തോടെ കർത്താവിന്റെ ശിഷ്യന്മാരുടെ നേരെ വധഭീഷണി മുഴക്കിക്കൊണ്ട് മഹാപുരോഹിതന്റെ അടുക്കൽ ചെന്ന്,2ദമസ്കൊസിൽ യേശുവിന്റെ മാർഗ്ഗക്കാരായ വല്ല പുരുഷന്മാരെയോ സ്ത്രീകളെയോ കണ്ടാൽ അവരെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരുവാൻതക്കവണ്ണം അവിടുത്തെ പള്ളികളിലേക്കുള്ള അധികാരപത്രം മഹാപുരോഹിതനോട് വാങ്ങി.

3അവൻ പ്രയാണം ചെയ്ത് ദമസ്കൊസിന് സമീപിച്ചപ്പോൾ പെട്ടെന്ന് ആകാശത്തുനിന്ന് ഒരു വെളിച്ചം അവന്റെ ചുറ്റും മിന്നി;4അവൻ നിലത്തുവീണു; “ശൗലേ, ശൗലേ, നീ എന്നെ ഉപദ്രവിക്കുന്നത് എന്ത്?” എന്ന് തന്നോട് പറയുന്ന ഒരു ശബ്ദം കേട്ട്.
5അതിന് ശൗൽ; “നീ ആരാകുന്നു, കർത്താവേ?” എന്ന് ചോദിച്ചതിന് അവനോട്; “നീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാൻ.6നീ എഴുന്നേറ്റ് പട്ടണത്തിൽ ചെല്ലുക; നീ ചെയ്യേണ്ടുന്നത് അവിടെവച്ച് നിന്നോട് പറയും” എന്ന് പറഞ്ഞു.7അവനോടുകൂടെ പ്രയാണം ചെയ്ത പുരുഷന്മാർ ശബ്ദം കേട്ട് എങ്കിലും ആരെയും കാണാതെ സ്തംഭിച്ചുനിന്നു.
8ശൌൽ നിലത്തുനിന്ന് എഴുന്നേറ്റ് കണ്ണ് തുറന്നപ്പോൾ ഒന്നും കാണാൻ കഴിഞ്ഞില്ല; അതുകൊണ്ട് അവർ അവനെ കൈയ്ക്ക് പിടിച്ച് ദമസ്കൊസിലേക്ക് കൂട്ടിക്കൊണ്ടുപോയി;9അവൻ മൂന്നു ദിവസം കണ്ണ് കാണാതെയും തിന്നുകയോ കുടിയ്ക്കുകയോ ചെയ്യാതെയും ഇരുന്നു.
അനന്യാസിന്റെ ദർശനവും ശൗലിന്റെ സ്നാനവും

10എന്നാൽ അനന്യാസ് എന്നൊരു ശിഷ്യൻ ദമസ്കൊസിൽ ഉണ്ടായിരുന്നു; അവനോട് കർത്താവ് ഒരു ദർശനത്തിൽ; “അനന്യാസേ” എന്നു വിളിച്ചു. “കർത്താവേ, അടിയൻ ഇതാ” എന്ന് അവൻ വിളികേട്ടു.11കർത്താവ് അവനോട്: “നീ എഴുന്നേറ്റ് നേർവ്വീഥി എന്ന തെരുവിൽ, യൂദയുടെ വീട്ടിൽ ചെന്ന്, തർസൊസുകാരനായ ശൌൽ എന്നു പേരുള്ളവനെ അന്വേഷിക്ക; അവൻ പ്രാർത്ഥിക്കുന്നു;12അനന്യാസ് എന്നൊരു പുരുഷൻ അകത്തുവന്ന് താൻ കാഴ്ച പ്രാപിക്കേണ്ടതിന് തന്റെമേൽ കൈ വയ്ക്കുന്നത് അവൻ ദർശനത്തിൽ കണ്ടിരിക്കുന്നു” എന്നു കല്പിച്ചു.
13അതിന് അനന്യാസ്; “കർത്താവേ, ആ മനുഷ്യൻ യെരൂശലേമിൽ നിന്റെ വിശുദ്ധന്മാർക്ക് എത്ര ദോഷം ചെയ്തിരിക്കുന്നു എന്നു പലരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്.14ഇവിടെയും അങ്ങയുടെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരെ ഒക്കെയും പിടിച്ചുകെട്ടുവാൻ അവന് മഹാപുരോഹിതന്മാരുടെ അധികാരപത്രം ഉണ്ട്” എന്ന് ഉത്തരം പറഞ്ഞു.15കർത്താവ് അവനോട്: “നീ പോക; അവൻ എന്റെ നാമം ജാതികൾക്കും രാജാക്കന്മാർക്കും യിസ്രായേൽമക്കൾക്കും മുമ്പിൽ വഹിക്കുവാൻ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നൊരു പാത്രം ആകുന്നു.16എന്റെ നാമത്തിനുവേണ്ടി അവൻ എന്തെല്ലാം കഷ്ടം അനുഭവിക്കേണമെന്ന് ഞാൻ അവനെ കാണിയ്ക്കും” എന്ന് പറഞ്ഞു.
17അങ്ങനെ അനന്യാസ് ആ വീട്ടിൽ ചെന്ന് അവന്റെമേൽ കൈ വെച്ച്: “ശൌലേ, സഹോദരാ, നീ കാഴ്ച പ്രാപിക്കുകയും പരിശുദ്ധാത്മാവിനാൽ നിറയപ്പെടുകയും ചെയ്യേണ്ടതിന് നീ വന്ന വഴിയിൽ നിനക്ക് പ്രത്യക്ഷനായ യേശു എന്ന കർത്താവ് എന്നെ അയച്ചിരിക്കുന്നു” എന്ന് പറഞ്ഞു.18ഉടനെ അവന്റെ കണ്ണിൽനിന്ന് ചെതുമ്പൽപോലെ വീണു; അവന് കാഴ്ച ലഭിച്ചു. അവൻ എഴുന്നേറ്റ് സ്നാനം ഏൽക്കുകയും ആഹാരം കഴിച്ച് ബലം പ്രാപിക്കുകയും ചെയ്തു.
ശൗൽ യേശുവിനെ പ്രസംഗിക്കുന്നു.

19അവൻ ദമസ്കൊസിലുള്ള ശിഷ്യന്മാരോട് കൂടെ കുറേനാൾ പാർത്തു,
20യേശു തന്നേ ദൈവപുത്രൻ എന്നു പള്ളികളിൽ പ്രസംഗിച്ചു.21കേട്ടവർ എല്ലാവരും വിസ്മയിച്ചു: “യെരൂശലേമിൽ ഈ നാമം വിളിച്ചപേക്ഷിക്കുന്നവർക്ക് നാശം ചെയ്തവൻ ഇവനല്ലയോ? ഇവിടെയും അവരെ പിടിച്ചുകെട്ടി മഹാപുരോഹിതന്മാരുടെ അടുക്കൽ കൊണ്ടുപോകുവാനല്ലോ വന്നത്” എന്നു പറഞ്ഞു.22ശൌലാകട്ടെ അധികം ശക്തിപ്രാപിച്ചു, യേശു തന്നെ ക്രിസ്തു എന്നു പ്രസംഗിച്ചുകൊണ്ട് ദമസ്കൊസിൽ പാർക്കുന്ന യെഹൂദന്മാർക്ക് എതിർ പറവാൻ കഴിയാതാക്കി.

23കുറേനാൾ കഴിഞ്ഞപ്പോൾ യെഹൂദന്മാർ അവനെ കൊല്ലുവാൻ കൂടിയാലോചിച്ചു.24അവനെ കൊല്ലുവാൻ അവർ രാവും പകലും നഗര ഗോപുരങ്ങളിൽ കാവൽ വെച്ച്. എന്നാൽ ശൗലിന് അവരുടെ കൂട്ടുകെട്ടിനെ കുറിച്ച് അറിവ് കിട്ടി.25അതുകൊണ്ട് അവന്റെ ശിഷ്യന്മാർ രാത്രിയിൽ അവനെ ഒരു കൊട്ടയിലാക്കി മതിൽവഴിയായി ഇറക്കിവിട്ടു.

26അവൻ യെരൂശലേമിൽ എത്തിയപ്പോൾ ശിഷ്യന്മാരോട് ചേരുവാൻ ശ്രമിച്ചു; എന്നാൽ അവൻ ഒരു ശിഷ്യൻ എന്നു വിശ്വസിക്കാതെ എല്ലാവരും അവനെ പേടിച്ചു.27എന്നാൽ ബർന്നബാസോ അവനെ കൂട്ടിക്കൊണ്ട് അപ്പൊസ്തലന്മാരുടെ അടുക്കൽചെന്നു; അവൻ വഴിയിൽ വെച്ച് കർത്താവിനെ കണ്ടതും കർത്താവ് അവനോട് സംസാരിച്ചതും ദമസ്കൊസിൽ അവൻ യേശുവിന്റെ നാമത്തിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചതും എല്ലാം അവരോട് വിവരിച്ചു പറഞ്ഞു.
28പിന്നെ അവൻ യെരൂശലേമിൽ പാർക്കുകയും ശിഷ്യന്മാരോടുകൂടെ എല്ലായിടത്തും സഞ്ചരിച്ച് കർത്താവിന്റെ നാമത്തിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിക്കുകയും ചെയ്തുകൊണ്ടിരുന്നു.29യവനഭാഷക്കാരായ യെഹൂദന്മാരോടും അവൻ സംഭാഷിച്ചു തർക്കിച്ചു; അവരോ അവനെ കൊല്ലുവാൻ തക്കം നോക്കിക്കൊണ്ടിരുന്നു.30സഹോദരന്മാർ അത് അറിഞ്ഞ് അവനെ കൈസര്യയിലേക്ക് കൂട്ടിക്കൊണ്ടുപോയി, അവിടെനിന്ന് തർസോസിലേക്ക് അയച്ചു.

31അങ്ങനെ യെഹൂദ്യയിൽ എല്ലായിടത്തും, ഗലീല, ശമര്യ എന്നീ ദേശങ്ങളിൽ ഒക്കെയും സഭയ്ക്ക് സമാധാനം ഉണ്ടായി. സഭ ആത്മികവർദ്ധന പ്രാപിച്ചും കർത്താവിനോടുള്ള ഭക്തിയിലും പരിശുദ്ധാത്മാവിന്റെ സാന്ത്വനത്തിലും വളർന്ന് പെരുകിക്കൊണ്ടിരുന്നു.
ഐനെയാസിന്റെ സൗഖ്യം.

32പത്രൊസ് എല്ലായിടവും സഞ്ചരിച്ച് ലുദ്ദയിൽ പാർക്കുന്ന വിശുദ്ധന്മാരുടെ അടുക്കലും ചെന്ന്,
33അവിടെ പക്ഷവാതം പിടിച്ച് എട്ട് സംവത്സരമായി കിടപ്പിൽ ആയിരുന്ന ഐനെയാസ് എന്ന് പേരുള്ളോരു മനുഷ്യനെ കണ്ട്.34പത്രൊസ് അവനോട്: “ഐനെയാസേ, യേശുക്രിസ്തു നിന്നെ സൌഖ്യമാക്കുന്നു; എഴുന്നേറ്റ് നീ തന്നെ കിടക്ക വിരിച്ചുകൊൾക” എന്നു പറഞ്ഞു; ഉടനെ അവൻ എഴുന്നേറ്റ്.35ലുദ്ദയിലും ശാരോനിലും പാർക്കുന്നവർ എല്ലാവരും സൗഖ്യമായ അവനെ കണ്ട് കർത്താവിങ്കലേക്ക് തിരിഞ്ഞു.
തബീഥയെ പത്രൊസ് ഉയിർപ്പിക്കുന്നു.

36യോപ്പയിൽ “പേടമാൻ” എന്നർത്ഥമുള്ള തബീഥ എന്നു പേരുള്ളോരു ശിഷ്യ ഉണ്ടായിരുന്നു; അവൾ വളരെ സൽപ്രവൃത്തികളും ധർമ്മങ്ങളും ചെയ്തുപോന്നവളായിരുന്നു.37ആ കാലത്ത് അവൾ ദീനംപിടിച്ചു മരിച്ചു; അവർ അവളെ കുളിപ്പിച്ച് ഒരു മാളികമുറിയിൽ കിടത്തി.
38ലുദ്ദ യോപ്പയ്ക്ക് സമീപമാകയാൽ പത്രൊസ് അവിടെ ഉണ്ടെന്ന് ശിഷ്യന്മാർ കേട്ട്: “നീ താമസിയാതെ ഞങ്ങളുടെ അടുക്കലോളം വരേണം” എന്ന് അപേക്ഷിക്കുവാൻ രണ്ടുപേരെ അവന്റെ അടുക്കൽ അയച്ചു.39പത്രൊസ് എഴുന്നേറ്റ് അവരോടുകൂടെ ചെന്ന്. അവിടെ എത്തിയപ്പോൾ അവർ അവനെ മാളികമുറിയിൽ കൊണ്ടുപോയി; അവിടെ വിധവമാർ എല്ലാവരും കരഞ്ഞുകൊണ്ടും തബീഥ തങ്ങളോടുകൂടെ ഉള്ളപ്പോൾ ഉണ്ടാക്കിയ കുപ്പായങ്ങളും ഉടുപ്പുകളും കാണിച്ചുകൊണ്ടും അവന്റെ ചുറ്റും നിന്നു.
40പത്രൊസ് അവരെ ഒക്കെയും പുറത്തിറക്കി മുട്ടുകുത്തി പ്രാർത്ഥിച്ചു മൃതശരീരത്തിനു നേരെ തിരിഞ്ഞു: “തബീഥയേ, എഴുന്നേൽക്ക” എന്നു പറഞ്ഞു; അവൾ കണ്ണുതുറന്നു പത്രൊസിനെ കണ്ട് എഴുന്നേറ്റ് ഇരുന്നു.41അവൻ അവളെ കൈ പിടിച്ച് എഴുന്നേല്പിച്ച്, വിശുദ്ധന്മാരെയും വിധവമാരെയും വിളിച്ച് അവളെ ജീവനുള്ളവളായി അവരുടെ മുമ്പിൽ നിർത്തി.42ഇത് യോപ്പയിൽ എങ്ങും പ്രസിദ്ധമായി, അനേകർ കർത്താവിൽ വിശ്വസിച്ചു.43പിന്നെ പത്രൊസ് തുകൽ പണിക്കാരനായ ശിമോൻ എന്ന ഒരുവനോടുകൂടെ വളരെ നാൾ യോപ്പയിൽ പാർത്തു.

10
കൊർന്നൊല്യോസ് എന്ന ദൈവഭക്തൻ.

1കൈസര്യയിൽ ഇത്താലിക എന്ന പട്ടാള വിഭാഗത്തിൽ കൊർന്നൊല്യോസ് എന്നു പേരുള്ളോരു ശതാധിപൻ ഉണ്ടായിരുന്നു.2അവൻ ഭക്തനും തന്റെ കുടുംബാംഗങ്ങളോടുകൂടെ ദൈവത്തെ ഭയപ്പെടുന്നവനുമായി യെഹൂദാ ജനത്തിന് വളരെ ദാനം കൊടുത്തും എപ്പോഴും പ്രാർത്ഥിച്ചും പോന്നു.

3അവൻ പകൽ ഏകദേശം ഒമ്പതാം മണിനേരത്ത്1 ദർശനത്തിൽ ഒരു ദൈവദൂതൻ തന്റെ അടുക്കൽ അകത്തുവരുന്നത് സ്പഷ്ടമായി കണ്ട്: “കൊർന്നല്യോസേ!” എന്ന് തന്നോട് പറയുന്നതും കേട്ട്.4അവൻ ദൈവദൂതനെ ഉറ്റുനോക്കി ഭയപരവശനായി: “എന്താകുന്നു കർത്താവേ” എന്നു ചോദിച്ചു. അവൻ അവനോട്: “നിന്റെ പ്രാർത്ഥനയും എളിയവരോടുളള നിന്റെ ദാനവും ദൈവത്തിന് സ്വീകാര്യമായിരിക്കുന്നു.5ഇപ്പോൾ തന്നെ യോപ്പയിലേക്ക് ആളയച്ച്, പത്രൊസ് എന്ന് അറിയപ്പെടുന്ന ശിമോനെ വരുത്തുക.6അവൻ തോൽപ്പണി ചെയ്യുന്ന ശിമോൻ എന്നൊരുവനോടുകൂടെ പാർക്കുന്നു. അവന്റെ വീട് കടല്പുറത്ത് ആകുന്നു” എന്നു പറഞ്ഞു.
7അവനോട് സംസാരിച്ച ദൂതൻ പോയ ശേഷം അവൻ തന്റെ വേലക്കാരിൽ രണ്ടുപേരെയും അംഗരക്ഷകരിൽ ദൈവഭക്തനായൊരു പടയാളിയേയും8വിളിച്ച് സകലവും വിവരിച്ചുപറഞ്ഞ് യോപ്പയിലേക്ക് അയച്ചു.
പത്രൊസിന് ആത്മവിവശതയിൽ ലഭിച്ച ദർശനം.

9പിറ്റെന്നാൾ കൊർന്നല്യോസ് അയച്ചവർ യാത്രചെയ്തു പട്ടണത്തോട് സമീപിക്കുമ്പോൾ പത്രൊസ് ആറാം മണിനേരത്ത് പ്രാർത്ഥിക്കുവാൻ മാളികമുറിയിൽ കയറി.10അവൻ വളരെ വിശന്നിട്ട് ഭക്ഷിക്കുവാൻ ആഗ്രഹിച്ചു; അവർ ഭക്ഷണം ഒരുക്കുമ്പോഴേക്കും അവന് ഒരു വിവശത ഉണ്ടായി.11ആകാശം തുറന്നിരിക്കുന്നതും നാല് കോണും കെട്ടീട്ടുള്ള വലിയൊരു വിരിപ്പ് ഭൂമിയിലേക്കു ഇറക്കിവിട്ടൊരു പാത്രം പോലെ വരുന്നതും അവൻ കണ്ട്.12അതിൽ ഭൂമിയിലെ സകലവിധ നാൽക്കാലികളും ഇഴജാതികളും ആകാശത്തിലെ പറവകളും ഉണ്ടായിരുന്നു.
13“പത്രൊസേ, എഴുന്നേറ്റ് കൊന്നു തിന്നുക” എന്ന് ഒരു ശബ്ദം ഉണ്ടായി.14അതിന് പത്രൊസ്: “ഒരിക്കലും പാടില്ല, കർത്താവേ; മലിനമോ അശുദ്ധമോ ആയതൊന്നും ഞാൻ ഒരുനാളും തിന്നിട്ടില്ലല്ലോ.”15ആ ശബ്ദം രണ്ടാംപ്രാവശ്യം അവനോട്: “ദൈവം ശുദ്ധീകരിച്ചത് നീ മലിനമെന്നു വിചാരിക്കരുത്” എന്നു പറഞ്ഞു.16ഇങ്ങനെ മൂന്നു പ്രാവശ്യം ഉണ്ടായി; ഉടനെ പാത്രം തിരികെ ആകാശത്തിലേക്ക് വലിച്ചെടുക്കപ്പെട്ടു.

17ഈ കണ്ട ദർശനം എന്തായിരിക്കും എന്നു പത്രൊസ് ഉള്ളിൽ ആശങ്കപ്പെട്ടുകൊണ്ടിരിക്കുമ്പോൾ കൊർന്നല്യോസ് അയച്ച പുരുഷന്മാർ ശിമോന്റെ വീട് ചോദിച്ചുകൊണ്ട് പടിവാതിൽക്കൽ വന്നു:18പത്രൊസ് എന്ന് അറിയപ്പെടുന്ന ശിമോൻ ഇവിടെ പാർക്കുന്നുണ്ടോ എന്നു വിളിച്ചുചോദിച്ചു.
19പത്രൊസ് ദർശനത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ പരിശുദ്ധാത്മാവ് അവനോട്: “മൂന്നു പുരുഷന്മാർ നിന്നെ അന്വേഷിക്കുന്നു;20നീ എഴുന്നേറ്റ് ഇറങ്ങിച്ചെല്ലുക; ഞാൻ അവരെ അയച്ചിരിക്കുന്നു, ഒന്നും സംശയിക്കാതെ അവരോടുകൂടെ പോക” എന്നു പറഞ്ഞു.21പത്രൊസ് ആ പുരുഷന്മാരുടെ അടുക്കൽ ഇറങ്ങിച്ചെന്ന്: “നിങ്ങൾ അന്വേഷിക്കുന്നവൻ ഞാൻ തന്നെ; നിങ്ങൾ വന്ന കാര്യം എന്ത്” എന്നു ചോദിച്ചു.
22അതിന് അവർ: “നീതിമാനും ദൈവഭക്തനും യെഹൂദന്മാരുടെ സകലജാതിയാലും നല്ല സാക്ഷ്യംകൊണ്ടവനും ആയ കൊർന്നല്യോസ് എന്ന ശതാധിപന് നിന്നെ വീട്ടിൽ വരുത്തി നിന്റെ സന്ദേശം കേൾക്കണം എന്ന് ഒരു വിശുദ്ധദൂതനാൽ അരുളപ്പാടുണ്ടായിരിക്കുന്നു” എന്നു പറഞ്ഞു.23അവൻ അവരെ അകത്ത് വിളിച്ചു പാർപ്പിച്ചു; പിറ്റെന്നാൾ എഴുന്നേറ്റ് അവരോടുകൂടെ പുറപ്പെട്ടു; യോപ്പയിലെ സഹോദരന്മാർ ചിലരും അവനോടുകൂടെ പോയി.
പത്രൊസ് കൊർന്നല്യോസിന്റെ ഭവനത്തിലേക്ക്.

24പിറ്റെന്നാൾ കൈസര്യയിൽ എത്തി; അവിടെ കൊർന്നൊല്യോസ് ബന്ധുക്കളേയും അടുത്ത സ്നേഹിതന്മാരെയും കൂട്ടിവരുത്തി, അവർക്കായി കാത്തിരുന്നു.
25പത്രൊസ് അകത്ത് പ്രവേശിച്ചപ്പോൾ കൊർന്നല്യോസ് അവനെ എതിരേറ്റ് കാൽക്കൽ വീണു വണങ്ങി.26പത്രൊസ് അവനോട് “എഴുന്നേല്ക്കു, ഞാനും ഒരു മനുഷ്യനത്രെ” എന്നു പറഞ്ഞ് അവനെ എഴുന്നേല്പിച്ചു,
27അവനോട് സംസാരിച്ചുംകൊണ്ട് അകത്ത് ചെന്ന്, അനേകർ വന്നു കൂടിയിരിക്കുന്നത് കണ്ട് അവനോട്:28“അന്യജാതിക്കാരന്റെ അടുക്കൽ ചെല്ലുന്നതും അവനുമായി സഹകരിക്കുന്നതും യെഹൂദനു നിഷിദ്ധം എന്നു നിങ്ങൾ അറിയുന്നുവല്ലോ. എങ്കിലും ഒരു മനുഷ്യനെയും മലിനനോ അശുദ്ധനോ എന്നു പറയരുതെന്ന് ദൈവം എനിക്ക് കാണിച്ചുതന്നിരിക്കുന്നു.29അതുകൊണ്ടാകുന്നു നിങ്ങൾ ആളയച്ചപ്പോൾ ഞാൻ എതിർ പറയാതെ വന്നത്; എന്നാൽ എന്നെ വിളിപ്പിച്ചത് എന്തിന് എന്ന് അറിഞ്ഞാൽ കൊള്ളാം” എന്നു പറഞ്ഞു.
30അതിന് കൊർന്നൊല്യോസ്: “നാലുനാൾ മുൻപ് ഈ നേരത്ത് ഞാൻ വീട്ടിൽ ഒമ്പതാം മണി നേരത്തുളള പ്രാർത്ഥനയിൽ ആയിരിക്കുമ്പോൾ തേജസ്സുള്ള വസ്ത്രം ധരിച്ചൊരു പുരുഷൻ എന്റെ മുമ്പിൽ നിന്നു:31‘കൊർന്നൊല്യോസേ ദൈവം നിന്റെ പ്രാർത്ഥന കേട്ട്, എളിയവരോടുളള നിന്റെ ദാനധർമ്മം ഓർത്തിരിക്കുന്നു.32യോപ്പയിലേക്ക് ആളയച്ച് പത്രൊസ് എന്നു പേരുള്ള ശിമോനെ വിളിപ്പിക്കുക; അവൻ കടല്പുറത്ത് തോൽപ്പണി ചെയ്യുന്ന ശീമോന്റെ വീട്ടിൽ പാർക്കുന്നു’ എന്നു പറഞ്ഞു.33ഉടൻ തന്നെ ഞാൻ നിന്റെ അടുക്കൽ ആളയച്ച്; നീ ദയ തോന്നി വന്നത് ഉപകാരം. കർത്താവ് നിന്നോട് കല്പിച്ചതൊക്കെയും കേൾക്കുവാൻ ഞങ്ങൾ എല്ലാവരും ഇവിടെ ദൈവത്തിന്റെ മുമ്പാകെ സന്നിഹിതരായിരിക്കുന്നു” എന്നു പറഞ്ഞു.
പത്രൊസിന്റെ പ്രഭാഷണം

34അപ്പോൾ പത്രൊസ് വായ് തുറന്ന് പറഞ്ഞത്: “ദൈവത്തിന് മുഖപക്ഷമില്ല എന്നും35ഏത് ജാതിയിലും ദൈവത്തെ ഭയപ്പെട്ട് നീതി പ്രവർത്തിക്കുന്നവരെ അവൻ അംഗീകരിക്കുന്നു എന്നും ഇപ്പോൾ ഞാൻ യഥാർത്ഥമായി ഗ്രഹിക്കുന്നു.
36യിസ്രായേൽ മക്കൾക്ക് ദൈവം അയച്ചവചനം, എല്ലാവരുടെയും കർത്താവായ യേശുക്രിസ്തു പ്രസംഗിച്ച സമാധാനം,37യോഹന്നാൻ പ്രസംഗിച്ച സ്നാനത്തിന് ശേഷം ഗലീലയിൽ തുടങ്ങി യെഹൂദ്യയിൽ ഒക്കെയും പ്രസിദ്ധമായ ആ വചനം തന്നെ നിങ്ങൾ അറിയുന്നുവല്ലോ.38ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ട് നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും എങ്ങനെ അഭിഷേകം ചെയ്തതു എന്നും അവൻ നന്മചെയ്തതും പിശാചിനാൽ പീഢിപ്പിക്കപ്പെട്ടവരെ ഒക്കെയും എങ്ങനെ സൗഖ്യമാക്കി എന്നതും നിങ്ങൾ തന്നെ അറിയുന്നുവല്ലോ.
39അവർ കൊന്ന് മരത്തിൽ തൂക്കിയ അവൻ യെഹൂദ്യദേശത്തിലും യെരൂശലേമിലും ചെയ്ത സകലത്തിനും ഞങ്ങൾ സാക്ഷികൾ ആകുന്നു.40ദൈവം അവനെ മൂന്നാം നാൾ ഉയിർത്തെഴുന്നേല്പിച്ചു,41സകല ജനത്തിനുമല്ല, ദൈവം മുമ്പുകൂട്ടി നിയമിച്ച സാക്ഷികളായി, അവൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റശേഷം അവനോടുകൂടെ തിന്നുകുടിച്ചവരായ ഞങ്ങൾക്കുതന്നെ വെളിവാകുകയും,
42ജീവിച്ചിരിക്കുന്നവരേയും മരിച്ചവരേയും ന്യായം വിധിക്കേണ്ടതിന് ദൈവത്താൽ നിയമിക്കപ്പെട്ടവൻ അവൻ തന്നെ എന്ന് ജനത്തോടു പ്രസംഗിക്കുവാനും സാക്ഷീകരിക്കുവാനും അവൻ തന്നെ ഞങ്ങളോടു കല്പിക്കുകയും ചെയ്തു.43അവനിൽ വിശ്വസിക്കുന്ന ഏവനും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും എന്ന് ഇവനെക്കുറിച്ച് സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.”
വചനം കേട്ടവരിൽ പരിശുദ്ധാത്മാവ് ആവസിക്കുന്നു.

44ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾ തന്നേ വചനം കേട്ട എല്ലാവരുടെ മേലും പരിശുദ്ധാത്മാവ് വന്നു.45അവർ അന്യഭാഷകളിൽ സംസാരിക്കുന്നതും ദൈവത്തെ മഹത്വീകരിക്കുന്നതും കേൾക്കുകയാൽ
46പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ പരിശുദ്ധാത്മാവ് എന്ന ദാനം ജാതികളുടെ മേലും പകർന്നത് കണ്ട് വിസ്മയിച്ചു.47“നമ്മെപ്പോലെ പരിശുദ്ധാത്മാവ് ലഭിച്ച ഇവരെ വെള്ളത്തിൽ സ്നാനം കഴിപ്പിച്ചുകൂടാതവണ്ണം വിലക്കുവാൻ ആർക്ക് കഴിയും” എന്നു പറഞ്ഞു.48പത്രൊസ് അവരെ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം കഴിപ്പിക്കുവാൻ കല്പിച്ചു. അവൻ ചില ദിവസം കൂടെ അവിടെ താമസിക്കേണം എന്ന് അവർ അപേക്ഷിച്ചു.


1 10:3 വൈകിട്ട് 3 മണി (പതിവായുള്ള യെഹൂദന്റെ പ്രാർത്ഥനാ സമയം).

11
പത്രൊസ് തനിക്കു സംഭവിച്ച വസ്തുതകൾ വിവരിക്കുന്നു

1ദൈവവചനം ജാതികളും സ്വീകരിച്ചു എന്ന് അപ്പൊസ്തലന്മാരും യെഹൂദ്യയിലുള്ള സഹോദരന്മാരും കേട്ടതുകൊണ്ട്2പത്രൊസ് യെരൂശലേമിൽ എത്തിയപ്പോൾ പരിച്ഛേദനക്കാരായവർ1 അവനോട് വാദിച്ചു:3“നീ അഗ്രചർമികളുടെ അടുക്കൽ ചെന്ന് അവരോടുകൂടെ ഭക്ഷിച്ചു” എന്നു പറഞ്ഞു.

4പത്രൊസ് ആദിമുതൽ സംഭവിച്ചതെല്ലാം ക്രമമായി അവരോട് വിവരിച്ചുപറഞ്ഞു:5“ഞാൻ യോപ്പാ പട്ടണത്തിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ വിവശതയിൽ ഒരു ദർശനം കണ്ട്: ആകാശത്തിൽനിന്ന് നാല് കോണും കെട്ടിയിട്ടുള്ള വലിയ ഒരു വിരിപ്പ് ഒരു പാത്രം പോലെ എന്റെ അടുക്കലോളം വന്നു.6അതിൽ ഞാൻ സൂക്ഷിച്ചുനോക്കിയപ്പോൾ ഭൂമിയിലെ നാൽക്കാലികളെയും കാട്ടുമൃഗങ്ങളെയും ഇഴജാതികളെയും ആകാശത്തിലെ പറവകളെയും കണ്ട്:
7‘പത്രൊസേ, എഴുന്നേറ്റ് കൊന്നു തിന്നുക’ എന്ന് എന്നോട് പറയുന്നൊരു ശബ്ദവും കേട്ട്.8അതിന് ഞാൻ: ‘ഒരിക്കലും പാടില്ല, കർത്താവേ; മലിനമോ അശുദ്ധമോ ആയതൊന്നും ഞാൻ ഒരിക്കലും തിന്നിട്ടില്ലല്ലോ’ എന്നു പറഞ്ഞു.9ആ ശബ്ദം പിന്നെയും ആകാശത്തിൽനിന്ന്: ‘ദൈവം ശുദ്ധീകരിച്ചത് നീ മലിനം എന്നു വിചാരിക്കരുത്’ എന്ന് ഉത്തരം പറഞ്ഞു.10ഇത് മൂന്നു പ്രാവശ്യം ഉണ്ടായി; പിന്നെ എല്ലാം തിരികെ ആകാശത്തിലേക്ക് എടുക്കപ്പെട്ടു.
11അപ്പോൾ തന്നേ കൈസര്യയിൽനിന്ന് എന്റെ അടുക്കൽ അയച്ചിരുന്ന മൂന്നു പുരുഷന്മാർ ഞങ്ങൾ പാർത്ത വീടിന്റെ മുമ്പിൽ നിന്നിരുന്നു;12ഒന്നും സംശയിക്കാതെ അവരോടുകൂടെ പോകുവാൻ പരിശുദ്ധാത്മാവ് എന്നോട് കല്പിച്ചു. ഈ ആറ് സഹോദരന്മാരും എന്നോടുകൂടെ പോന്നു; ഞങ്ങൾ ആ പുരുഷന്റെ വീട്ടിൽ ചെന്ന്.13അവൻ തന്റെ വീട്ടിൽ ഒരു ദൂതൻ നില്ക്കുന്നതു കണ്ട് എന്നും ‘നീ യോപ്പയിലേക്ക് ആളയച്ച് പത്രൊസ് എന്ന് അറിയപ്പെടുന്ന ശിമോനെ വരുത്തുക;14നീയും നിന്റെ ഗൃഹം മുഴുവനും രക്ഷിയ്ക്കപ്പെടുവാനുള്ള വാക്കുകളെ അവൻ നിന്നോട് സംസാരിക്കും’ എന്നു ദൂതൻ പറഞ്ഞു എന്നും ഞങ്ങളോട് അറിയിച്ചു.
15ഞാൻ സംസാരിച്ചു തുടങ്ങിയപ്പോൾ പരിശുദ്ധാത്മാവ് ആദിയിൽ നമ്മുടെമേൽ വന്നതുപോലെ അവരുടെ മേലും വന്നു.16അപ്പോൾ ഞാൻ: ‘യോഹന്നാൻ വെള്ളംകൊണ്ട് സ്നാനം കഴിപ്പിച്ചു; നിങ്ങൾക്കോ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും’ എന്നു കർത്താവ് പറഞ്ഞ വാക്ക് ഓർത്തു.
17ആകയാൽ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചവരായ നമുക്കു ലഭിച്ചതുപോലെ അതേ ദാനത്തെ അവർക്കും ദൈവം കൊടുത്തു എങ്കിൽ ദൈവത്തെ തടയുവാൻ തക്കവണ്ണം ഞാൻ ആർ?”18അവർ ഇത് കേട്ടപ്പോൾ മിണ്ടാതിരുന്നു: “അങ്ങനെ ദൈവം ജാതികൾക്കും തങ്ങളുടെ പാപവഴികളിൽനിന്നും മാനസാന്തരപ്പെടുന്നതിനാൽ നിത്യജീവൻ പ്രാപിക്കാൻ കഴിയുമല്ലോ” എന്നു പറഞ്ഞ് ദൈവത്തെ മഹത്വപ്പെടുത്തി.
അന്ത്യൊക്യയിൽ സഭ ആരംഭിക്കുന്നു

19സ്തെഫാനൊസ് നിമിത്തം ഉണ്ടായ ഉപദ്രവത്താൽ ചിതറിപ്പോയവർ യെഹൂദന്മാരോടല്ലാതെ മറ്റാരോടും വചനം സംസാരിക്കാതെ ഫൊയ്നിക്യാ, കുപ്രൊസ്, അന്ത്യൊക്യ എന്നീ പ്രദേശങ്ങളോളം സഞ്ചരിച്ചു.20അവരിൽ ചിലർ കുപ്രൊസ്കാരും കുറേനക്കാരും ആയിരുന്നു; അവർ അന്ത്യൊക്യയിൽ എത്തിയശേഷം യവനന്മാരോടും കർത്താവായ യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിച്ചു.21കർത്താവിന്റെ കൈ അവരോടുകൂടെ ഉണ്ടായിരുന്നു; വലിയൊരു കൂട്ടം ജനങ്ങൾ വിശ്വസിച്ചു കർത്താവിങ്കലേക്ക് തിരിഞ്ഞു.
22അവരെക്കുറിച്ചുള്ള ഈ സന്ദേശം യെരൂശലേമിലെ സഭ കേട്ടപ്പോൾ അവർ ബർന്നബാസിനെ അന്ത്യൊക്യയിലേക്ക് പറഞ്ഞയച്ചു.23അവൻ ചെന്ന്, ദൈവകൃപ കണ്ട് സന്തോഷിച്ചു. എല്ലാവരും പൂർണ്ണഹൃദയത്തോടെ കർത്താവിനോട് ചേർന്നുനില്പാന്തക്കവണ്ണം പ്രബോധിപ്പിച്ചു.24ബർന്നബാസ് നല്ല മനുഷ്യനും പരിശുദ്ധാത്മാവും വിശ്വാസവും നിറഞ്ഞവനും ആയിരുന്നു; അനേകർ കർത്താവിനോട് ചേർന്നു.
25ബർന്നബാസ് ശൌലിനെ അന്വേഷിച്ച് തർസോസിലേക്ക് പോയി, അവനെ കണ്ടെത്തിയപ്പോൾ അന്ത്യൊക്യയിലേക്ക് കൂട്ടിക്കൊണ്ടുവന്നു.26അവർ ഒരു വർഷം മുഴുവനും സഭായോഗങ്ങളിൽ കൂടുകയും ബഹുജനത്തെ ഉപദേശിക്കുകയും ചെയ്തു; അങ്ങനെ അന്ത്യൊക്യയിൽവച്ച് ശിഷ്യന്മാർക്ക് ക്രിസ്ത്യാനികൾ എന്നു പേര് ലഭിച്ചു.
അഗബൊസിന്റെ പ്രവചനം

27ആ കാലത്ത് യെരൂശലേമിൽ നിന്ന് പ്രവാചകന്മാർ അന്ത്യൊക്യയിലേക്ക് വന്നു.28അവരിൽ അഗബൊസ് എന്നു പേരുള്ള ഒരുവൻ എഴുന്നേറ്റ് ലോകത്തിൽ ഒക്കെയും മഹാക്ഷാമം ഉണ്ടാകും എന്ന് ദൈവാത്മാവിനാൽ പ്രവചിച്ചു; അത് ക്ലൌദ്യൊസിന്റെ കാലത്ത് സംഭവിച്ചു.
29അപ്പോൾ യെഹൂദ്യയിൽ പാർക്കുന്ന സഹോദരന്മാരുടെ സഹായത്തിനായി ശിഷ്യന്മാരിൽ ഓരോരുത്തൻ പ്രാപ്തിപോലെ ധനശേഖരം കൊടുത്തയയ്ക്കുവാൻ നിശ്ചയിച്ചു.30അവർ അങ്ങനെ ചെയ്തു, ബർന്നബാസിന്റെയും ശൌലിന്റെയും കയ്യിൽ മൂപ്പന്മാർക്ക് കൊടുത്തയച്ചു.


1 11:2 മോശെയുടെ ന്യായപ്രമാണപ്രകാരം ക്രിസ്തു ശിഷ്യരെല്ലാം പരിച്ഛേദന ഏൽക്കണം എന്ന് പഠിപ്പിച്ചിരുന്ന വിഭാഗം.

12
യാക്കോബ് കൊല്ലപ്പെടുന്നു, പത്രൊസിനെ തടവിൽ ആക്കുന്നു.

1ആ കാലത്ത് ഹെരോദാരാജാവ് സഭയിൽ ചിലരെ അപായപ്പെടുത്തേണ്ടതിന് പദ്ധതിയിട്ടു.2യോഹന്നാന്റെ സഹോദരനായ യാക്കോബിനെ അവൻ വാൾകൊണ്ട് കൊന്നു.

3അത് യെഹൂദന്മാർക്ക് ഇഷ്ടമായി എന്നു തിരിച്ചറിഞ്ഞ ഹെരോദാവ് പത്രൊസിനെയും പിടിക്കുവാൻ നിർദ്ദേശിച്ചു. അപ്പോൾ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ആയിരുന്നു.4അവനെ പിടിച്ചശേഷം പെസഹ കഴിഞ്ഞിട്ട് ജനത്തിന്റെ മുമ്പിൽ നിർത്തുവാൻ ഭാവിച്ച് തടവിലാക്കി, കാക്കുവാൻ നാല് പേരടങ്ങുന്ന പടയാളികൾ ഉളള നാല് കൂട്ടത്തിനെ ഏല്പിച്ചു.
5ഇങ്ങനെ പത്രൊസിനെ തടവിൽ സൂക്ഷിച്ചുവരുമ്പോൾ സഭ ശ്രദ്ധയോടെ അവനുവേണ്ടി ദൈവത്തോട് പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
കാരാഗൃഹത്തിൽ ദൈവപ്രവർത്തി വെളിപ്പെടുന്നു

6ഹെരോദാവ് അവനെ ജനത്തിന്റെ മുമ്പിൽ നിർത്തുവാൻ തീരുമാനിച്ചതിന്റെ തലേരാത്രിയിൽ പത്രൊസ് രണ്ടു ചങ്ങലയാൽ ബന്ധിയ്ക്കപ്പെട്ടവനായി രണ്ട് പടയാളികളുടെ നടുവിൽ ഉറങ്ങുകയായിരുന്നു; വാതിലിന്റെ മുമ്പിൽ കാവല്ക്കാർ കാരാഗൃഹം കാത്തുകൊണ്ടിരുന്നു.
7ക്ഷണത്തിൽ കർത്താവിന്റെ ദൂതൻ അവിടെ പ്രത്യക്ഷനായി, അറയ്ക്കുള്ളിൽ ഒരു വെളിച്ചം പ്രകാശിച്ചു. അവൻ പത്രൊസിന്റെ വശത്ത് തട്ടി: “വേഗം എഴുന്നേൽക്ക” എന്നു പറഞ്ഞ് അവനെ ഉണർത്തി; ഉടനെ അവന്റെ ചങ്ങല കൈമേൽനിന്ന് അഴിഞ്ഞു വീണു.8ദൂതൻ അവനോട്: “അര കെട്ടി ചെരിപ്പിട്ട് മുറുക്കുക” എന്നു പറഞ്ഞു. അവൻ അങ്ങനെ ചെയ്തു; “നിന്റെ വസ്ത്രം പുതച്ച് എന്റെ പിന്നാലെ വരിക” എന്നു പറഞ്ഞു.
9അവൻ പിന്നാലെ ചെന്ന്, ദൂതൻ മുഖാന്തരം സംഭവിച്ചത് വാസ്തവം എന്ന് അറിയാതെ താൻ ഒരു ദർശനം കാണുന്നു എന്നു നിരൂപിച്ചു.10അവർ ഒന്നാം കാവലും രണ്ടാമത്തേതും കടന്നു പട്ടണത്തിൽ ചെല്ലുന്ന ഇരുമ്പുവാതിൽക്കൽ എത്തി. അത് അവർക്ക് തനിയെ തുറന്നു; അവർ പുറത്തിറങ്ങി ഒരു തെരുവ് കടന്നു, ഉടനെ ദൂതൻ അവനെ വിട്ടുപോയി.
11പത്രൊസിന് സുബോധം വന്നിട്ട്: “കർത്താവ് തന്റെ ദൂതനെ അയച്ച് ഹെരോദാവിന്റെ കയ്യിൽനിന്നും യെഹൂദജനത്തിന്റെ സകല പ്രതീക്ഷയിൽനിന്നും എന്നെ വിടുവിച്ചു എന്ന് ഞാൻ ഇപ്പോൾ വാസ്തവമായി അറിയുന്നു” എന്ന് അവൻ പറഞ്ഞു.12ഈ വസ്തുതകൾ തിരിച്ചറിഞ്ഞ ശേഷം അവൻ മർക്കൊസ് എന്നു വിളിക്കുന്ന യോഹന്നാന്റെ അമ്മ മറിയയുടെ വീട്ടിൽ ചെന്ന്. അവിടെ അനേകർ ഒരുമിച്ചുകൂടി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
13അവൻ പടിപ്പുരവാതിൽക്കൽ മുട്ടിയപ്പോൾ രോദാ എന്നൊരു ബാല്യക്കാരത്തി വിളികേൾപ്പാൻ അടുത്തുവന്നു.14പത്രൊസിന്റെ ശബ്ദം തിരിച്ചറിഞ്ഞു, സന്തോഷത്താൽ പടിവാതിൽ തുറക്കാതെ അകത്തേക്ക് ഓടി, “പത്രൊസ് പടിപ്പുരയ്ക്കൽ നില്ക്കുന്നു” എന്ന് അറിയിച്ചു.15അവർ അവളോട്: “നിനക്ക് ബുദ്ധിഭ്രമം പിടിച്ചിരിക്കുന്നു” എന്നു പറഞ്ഞു; അവളോ: അല്ല, ഉള്ളതുതന്നെ എന്ന് ഉറപ്പിച്ചു പറയുമ്പോൾ “അവന്റെ ദൂതൻ ആകുന്നു” എന്ന് അവർ പറഞ്ഞു.
16പത്രൊസ് മുട്ടിക്കൊണ്ടിരുന്നു; അവർ തുറന്നപ്പോൾ അവനെ കണ്ട് വിസ്മയിച്ചു.17അവർ മിണ്ടാതിരിക്കുവാൻ അവൻ ആംഗ്യം കാട്ടി, കർത്താവ് തന്നെ തടവിൽനിന്ന് പുറപ്പെടുവിച്ച വിവരം പറഞ്ഞു കേൾപ്പിച്ചു; “ഇത് യാക്കോബിനോടും ശേഷം സഹോദരന്മാരോടും അറിയിക്കുവിൻ” എന്നു പറഞ്ഞു; പിന്നെ അവൻ പുറപ്പെട്ട് വേറൊരു സ്ഥലത്തേയ്ക്ക് പോയി.
18നേരം വെളുത്തപ്പോൾ പത്രൊസ് എവിടെ പോയി എന്ന് പടയാളികൾക്ക് അല്പമല്ലാത്ത പരിഭ്രമം ഉണ്ടായി.19ഹെരോദാവ് അവനെ അന്വേഷിച്ചിട്ട് കാണായ്കയാൽ കാവൽക്കാരെ വിസ്തരിച്ച് അവരെ കൊല്ലുവാൻ കല്പിച്ചു; പിന്നെ അവൻ യെഹൂദ്യയിൽ നിന്നും കൈസര്യയിലേക്ക് പോയി അവിടെ പാർത്തു.
ഹെരോദാവിന്റെ അന്ത്യം

20ഹെരോദാ രാജാവ് സോര്യരുടെയും സിദോന്യരുടെയും നേരെ കോപാകുലനായിരിക്കവെ ആ ദേശത്തുനിന്ന് തങ്ങൾക്ക് ആഹാരം കിട്ടിവരികയാൽ അവർ ഏകമനസ്സോടെ അവന്റെ അടുക്കൽ ചെന്ന്, ഹെരോദാവിന്റെ വിശ്വസ്തസേവകനായ ബ്ലസ്തൊസിനെ വശത്താക്കി സന്ധിയ്ക്കായി അപേക്ഷിച്ചു.21നിശ്ചയിച്ച ദിവസത്തിൽ ഹെരോദാവ് രാജവസ്ത്രം ധരിച്ച് സിംഹാസനത്തിൽ ഇരുന്ന് അവരോട് പ്രസംഗിച്ചു.
22“ഇത് മനുഷ്യന്റെ ശബ്ദമല്ല ഒരു ദേവന്റെ ശബ്ദം അത്രേ” എന്ന് ജനം ആർത്തു.23അവൻ അത്യുന്നതനായ ദൈവത്തിന് മഹത്വം കൊടുക്കായ്കയാൽ കർത്താവിന്റെ ദൂതൻ ഉടനെ അവനെ അടിച്ചു, അവൻ കൃമിയ്ക്ക് ഇരയായി പ്രാണനെ വിട്ടു.

24എന്നാൽ ദൈവവചനം മേല്ക്കുമേൽ വ്യാപിച്ചും വിശ്വാസികളുടെ എണ്ണം പെരുകിയും കൊണ്ടിരുന്നു.

25ബർന്നബാസും ശൌലും ശുശ്രൂഷ നിവർത്തിച്ച ശേഷം മർക്കൊസ് എന്ന് മറുപേരുള്ള യോഹന്നാനെയും കൂട്ടിക്കൊണ്ട് യെരൂശലേം വിട്ട് മടങ്ങിപ്പോന്നു.

13
അന്ത്യൊക്യയിൽ നിന്നും ആദ്യത്തെ ദൗത്യ പ്രചാര യാത്ര ആരംഭിക്കുന്നു.

1അന്ത്യൊക്യയിലെ സഭയിൽ പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരും ആയ ബർന്നബാസ്, നീഗർ എന്നു പേരുള്ള ശിമോൻ, കുറേനക്കാരനായ ലൂക്യൊസ്, ഇടപ്രഭുവായ ഹെരോദാവോടുകൂടെ വളർന്ന മനായേൻ, ശൌൽ എന്നിവർ ഉണ്ടായിരുന്നു.2അവർ കർത്താവിനെ ആരാധിച്ചും ഉപവസിച്ചുംകൊണ്ടിരിക്കുമ്പോൾ: “ഞാൻ ബർന്നബാസിനെയും പൗലോസിനേയും വിളിച്ചിരിക്കുന്ന വേലയ്ക്കായിട്ട് വേർതിരിപ്പിൻ” എന്ന് പരിശുദ്ധാത്മാവ് അരുളിച്ചെയ്തു.3അങ്ങനെ അവർ ഉപവസിച്ചും പ്രാർത്ഥിച്ചും അവരുടെ മേൽ കൈവച്ച് അവരെ പറഞ്ഞയച്ചു.

4പരിശുദ്ധാത്മാവ് ബർന്നബാസിനെയും ശൌലിനെയും പറഞ്ഞയച്ചിട്ട് അവർ സെലൂക്യയിലേക്ക് ചെന്ന്; അവിടെനിന്ന് കപ്പൽ കയറി കുപ്രൊസ് ദ്വീപിലേക്ക് പുറപ്പെട്ടു,5സലമീസിൽ ചെന്ന് യെഹൂദന്മാരുടെ പള്ളിയിൽ ദൈവവചനം അറിയിച്ചു. യോഹന്നാൻ അവർക്ക് സഹായി ആയിട്ടുണ്ടായിരുന്നു.
6അവർ മൂവരും ദ്വീപിൽകൂടി പാഫൊസ് വരെ ചെന്നപ്പോൾ ബർയേശു എന്ന് പേരുള്ള യെഹൂദനായ കള്ളപ്രവാചകനായൊരു വിദ്വാനെ കണ്ട്.7അവൻ ബുദ്ധിമാനായ സെർഗ്ഗ്യൊസ് പൗലൊസ് എന്ന ദേശാധിപതിയോട് കൂടെ ആയിരുന്നു. സെർഗ്ഗ്യൊസ് പൗലൊസ് ബർന്നബാസിനെയും ശൌലിനെയും വരുത്തി ദൈവവചനം കേൾക്കുവാൻ ആഗ്രഹിച്ചു.8എന്നാൽ എലീമാസ് എന്ന ആഭിചാരകൻ (അവന്റെ പേരിന്റെ അർത്ഥം ഇതാണ്) അവരോട് എതിർത്തുനിന്ന് ദേശാധിപതിയുടെ വിശ്വാസം തടുത്തുകളവാൻ ശ്രമിച്ചു.
9അപ്പോൾ പൗലൊസ് എന്നും പേരുള്ള ശൌൽ പരിശുദ്ധാത്മപൂർണ്ണനായി അവനെ ഉറ്റുനോക്കി:10“ഹേ സകലകപടവും സകല ദുഷ്ടതയും നിറഞ്ഞവനേ, പിശാചിന്റെ മകനേ, സർവ്വനീതിയുടെയും ശത്രുവേ, കർത്താവിന്റെ നേർവഴികളെ മറിച്ചുകളയുന്നതിനുള്ള ശ്രമം നീ മതിയാക്കുകയില്ലയോ?
11ഇപ്പോൾ കർത്താവിന്റെ കരം നിന്നിൽ പതിക്കും; നീ ഒരു സമയത്തേക്ക് സൂര്യനെ കാണാതെ കുരുടനായിരിക്കും” എന്നു പറഞ്ഞു. ഉടൻ തന്നെ ഒരു തിമിരവും ഇരുട്ടും അവന്റെ മേൽ വീണു; കൈപിടിച്ച് നടത്തുന്നവരെ തിരഞ്ഞുകൊണ്ട് അവൻ തപ്പിനടന്നു.12ഈ ഉണ്ടായത് ദേശാധിപതി കണ്ടിട്ട് ആശ്ചര്യപ്പെടുകയും കർത്താവിന്റെ ഉപദേശത്തിൽ വിസ്മയിക്കുകയും, വിശ്വസിക്കുകയും ചെയ്തു.
അന്ത്യൊക്യയിലെ പിസിദ്യയിൽ പൗലൊസിന്റെ പ്രഭാഷണം

13പൗലൊസും കൂടെയുള്ളവരും പാഫൊസിൽനിന്ന് കപ്പൽ നീക്കി, പംഫുല്യാദേശത്തിലെ പെർഗ്ഗയ്ക്ക് ചെന്ന്. അവിടെവച്ച് യോഹന്നാൻ അവരെ വിട്ടുപിരിഞ്ഞ് യെരൂശലേമിലേക്കു മടങ്ങിപ്പോയി.14അവരോ പെർഗ്ഗയിൽനിന്ന് പുറപ്പെട്ട് പിസിദ്യാദേശത്തിലെ അന്ത്യൊക്യയിൽ എത്തി ശബ്ബത്ത് നാളിൽ യഹൂദന്മാരുടെ പള്ളിയിൽ ചെന്ന് ഇരുന്നു.15ന്യായപ്രമാണവും പ്രവാചകപുസ്തകങ്ങളും വായിച്ചുതീർന്നപ്പോൾ പള്ളിപ്രമാണികൾ അവരുടെ അടുക്കൽ ആളയച്ച്: “സഹോദരന്മാരേ, നിങ്ങൾക്ക് ജനത്തോട് സന്ദേശം വല്ലതും പ്രബോധിപ്പാൻ ഉണ്ടെങ്കിൽ അറിയിക്കാം” എന്ന് പറഞ്ഞു.
16പൗലൊസ് എഴുന്നേറ്റ് ആംഗ്യം കാട്ടി നിർദ്ദേശിച്ചത്: “യിസ്രായേൽ പുരുഷന്മാരും ദൈവഭക്തന്മാരും ആയുള്ളോരേ, ശ്രദ്ധിപ്പിൻ.

17“യിസ്രായേൽ ജനത്തിന്റെ ദൈവം നമ്മുടെ പിതാക്കന്മാരെ തിരഞ്ഞെടുത്തു, മിസ്രയീംദേശത്തിലെ പ്രവാസകാലത്ത് ജനത്തെ വർദ്ധിപ്പിച്ച്, തന്റെ കയ്യാൽ വീര്യം പ്രവർത്തിച്ചുകൊണ്ട് അവിടെനിന്ന് പുറപ്പെടുവിച്ചു,18മരുഭൂമിയിൽ നാല്പത് സംവത്സരകാലത്തോളം അവരുടെ ദുശ്ശാഠ്യം ഉളള സ്വഭാവം സഹിച്ചു,
19കനാൻദേശത്തിലെ ഏഴ് ജാതികളെ ഒടുക്കി, അവരുടെ ദേശം അവർക്ക് അവകാശമായി വിഭാഗിച്ചുകൊടുത്തു. അങ്ങനെ ഏകദേശം നാനൂറ്റമ്പത് സംവത്സരം കഴിഞ്ഞു.20അതിന്റെശേഷം ദൈവം അവർക്ക് ശമൂവേൽ പ്രവാചകൻ വരെ ന്യായാധിപതിമാരെ കൊടുത്തു,
21അനന്തരം യിസ്രയേൽ ജനം ഒരു രാജാവിനെ ചോദിച്ചു; ദൈവം അവർക്ക് ബെന്യാമിൻ ഗോത്രക്കാരനായ കീശിന്റെ മകൻ ശൗലിനെ നാല്പതാണ്ടേക്ക് നൽകി.22അവനെ തള്ളിക്കളഞ്ഞിട്ട് ദാവീദിനെ അവർക്ക് രാജാവായി വാഴിച്ചു: ‘ഞാൻ യിശ്ശായിയുടെ മകനായ ദാവീദിനെ എനിക്ക് ബോധിച്ച പുരുഷനായി കണ്ട്; അവൻ എന്റെ ഹിതം എല്ലാം നിവർത്തിയ്ക്കും’ എന്ന് അവനെക്കുറിച്ച് സാക്ഷ്യം പറഞ്ഞു.
23ദാവീദിന്റെ സന്തതിയിൽ നിന്ന് ദൈവം വാഗ്ദത്തം ചെയ്തതുപോലെ യിസ്രായേൽ ജനത്തിന് യേശു എന്ന രക്ഷിതാവിനെ കൊടുത്തു.24അവന്റെ വരവിന് മുമ്പെ യോഹന്നാൻ യിസ്രായേൽ ജനത്തിന് ഇടയിൽ ഒക്കെയും മാനസാന്തരത്തിന്റെ സ്നാനം പ്രസംഗിച്ചു.25യോഹന്നാൻ തന്റെ ദൗത്യം പൂർത്തിയാക്കാറായപ്പോൾ: ‘നിങ്ങൾ എന്നെ ആർ എന്ന് നിരൂപിക്കുന്നു? ഞാൻ മശീഹയല്ല; അവൻ എന്റെ പിന്നാലെ വരുന്നു; അവന്റെ കാലിലെ ചെരിപ്പു അഴിക്കുവാൻ ഞാൻ യോഗ്യനല്ല’ എന്നു പറഞ്ഞു.
26സഹോദരന്മാരേ, അബ്രഹാമിന്റെ വംശത്തിലെ മക്കളും അവരോട് ചേർന്ന ദൈവഭക്തന്മാരുമായുള്ളോരേ, നമുക്കായിട്ടാകുന്നു ഈ രക്ഷാവചനം അയച്ചുതന്നിരിക്കുന്നത്.27യെരൂശലേം നിവാസികളും അവരുടെ പ്രമാണികളും രക്ഷിതാവായ ക്രിസ്തുവിനെയോ ശബ്ബത്തുതോറും വായിച്ചുവരുന്ന പ്രവാചകന്മാരുടെ വചനങ്ങളെയോ തിരിച്ചറിയാതെ അവനെ ശിക്ഷയ്ക്ക് വിധിക്കുകയാൽ അവനെ പറ്റിയുള്ള തിരുവെഴുത്തുകൾ നിവൃത്തിവരുത്തുവാൻ ഇടയായി.
28മരണത്തിനായുള്ള ഒരു കാരണവും അവനിൽ കാണാഞ്ഞിട്ടും അവനെ കൊല്ലേണം എന്ന് അവർ പീലാത്തോസിനോട് അപേക്ഷിച്ചു.29അവനെക്കുറിച്ച് എഴുതിയിരിക്കുന്നത് ഒക്കെയും നിവർത്തിയായശേഷം അവർ അവനെ മരത്തിൽനിന്ന് ഇറക്കി ഒരു കല്ലറയിൽ വെച്ച്.
30ദൈവമോ അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചു;31അവൻ തന്നോടുകൂടെ ഗലീലയിൽനിന്ന് യെരൂശലേമിലേക്ക് വന്നവർക്ക് ഏറിയ ദിവസം പ്രത്യക്ഷനായി; അവർ ഇപ്പോൾ ജനത്തിന്റെ മുമ്പാകെ അവന്റെ സാക്ഷികൾ ആകുന്നു.
32ദൈവം പിതാക്കന്മാരോട് ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്ക് നിവർത്തിച്ചിരിക്കുന്നു എന്ന് ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു.33‘നീ എന്റെ പുത്രൻ; ഇന്ന് ഞാൻ നിന്നെ ജനിപ്പിച്ചു’ എന്നു രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നുവല്ലോ.34ഇനി ദ്രവത്വത്തിലേക്ക് തിരിയാതവണ്ണം ദൈവം അവനെ മരിച്ചവരിനിന്ന് എഴുന്നേല്പിച്ചതിനെക്കുറിച്ച് സങ്കീർത്തനക്കാരൻ: ‘ദാവീദിന്റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാൻ നിങ്ങൾക്ക് നല്കും’ എന്ന് പറഞ്ഞിരിക്കുന്നു
35മറ്റൊരു സങ്കീർത്തനത്തിലും: ‘നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ നീ അനുവദിക്കുകയില്ല’ എന്നും പറയുന്നു.36ദാവീദ് തന്റെ തലമുറയിൽ ദൈവത്തിന്റെ ആലോചനയ്ക്ക് ശുശ്രൂഷ ചെയ്തശേഷം നിദ്ര പ്രാപിച്ചു തന്റെ പിതാക്കന്മാരോട് ചേർന്ന് ദ്രവത്വം കണ്ട്.37ദൈവം ഉയിർത്തെഴുന്നേല്പിച്ചവനോ ദ്രവത്വം കണ്ടില്ല. ആകയാൽ സഹോദരന്മാരേ,
38ഉയിർത്തെഴുന്നേല്പിച്ചവൻമൂലം നിങ്ങളോട് പാപമോചനം അറിയിക്കുന്നു എന്നും39മോശെയുടെ ന്യായപ്രമാണത്താൽ നിങ്ങൾക്ക് നീതീകരണം പ്രാപിക്കുവാൻ കഴിയാത്ത സകലത്തിൽ നിന്നും വിശ്വസിക്കുന്ന ഏവനും ക്രിസ്തുവിനാൽ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങൾ അറിഞ്ഞുകൊൾവിൻ.
40ആകയാൽ:
‘ഹേ പരിഹസിക്കുന്നവരേ, നോക്കുവിൻ ആശ്ചര്യപ്പെട്ടു നശിച്ചുപോകുവിൻ. നിങ്ങളുടെ കാലത്ത് ഞാൻ ഒരു പ്രവൃത്തി ചെയ്യുന്നു; നിങ്ങളോടു വിവരിച്ചാൽ നിങ്ങൾ വിശ്വസിക്കാത്ത പ്രവൃത്തി തന്നേ’
41എന്ന് പ്രവാചകപുസ്തകങ്ങളിൽ അരുളിച്ചെയ്തിരിക്കുന്നത് നിങ്ങൾക്ക് സംഭവിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ.”

42അവർ പള്ളിവിട്ടു പോകുമ്പോൾ പിറ്റെ ശബ്ബത്തിൽ ഈ വചനം തങ്ങളോട് പറയേണം എന്ന് അവർ അപേക്ഷിച്ചു.43പള്ളി പിരിഞ്ഞശേഷം യെഹൂദന്മാരിലും ഭക്തിയുള്ള യെഹൂദമതാനുസാരികളിലും പലർ പൗലൊസിനെയും ബർന്നബാസിനെയും അനുഗമിച്ചു; അവർ അവരോട് സംസാരിച്ചു ദൈവ കൃപയിൽ നിലനിൽക്കേണ്ടതിന് അവരെ ഉത്സാഹിപ്പിച്ചു.
പൗലോസ് ജാതികളിലേക്ക് തിരിയുന്നു.

44പിറ്റെ ശബ്ബത്തിൽ ഏകദേശം പട്ടണം മുഴുവനും ദൈവവചനം കേൾക്കുവാൻ വന്നുകൂടി.45യെഹൂദന്മാരോ പുരുഷാരത്തെ കണ്ട് അസൂയ നിറഞ്ഞവരായി നിന്ദിച്ചുകൊണ്ട് പൗലൊസ് സംസാരിക്കുന്നതിന് എതിർ പറഞ്ഞു.
46അപ്പോൾ പൗലൊസും ബർന്നബാസും തികഞ്ഞ ധൈര്യത്തോടെ: “ദൈവവചനം ആദ്യം നിങ്ങളോടു പറയുന്നത് ആവശ്യമായിരുന്നു; എന്നാൽ നിങ്ങൾ അതിനെ തള്ളി നിങ്ങളെത്തന്നെ നിത്യജീവന് അയോഗ്യർ എന്ന് വിധിച്ചുകളയുന്നതിനാൽ ഇതാ, ഞങ്ങൾ ജാതികളിലേക്ക് തിരിയുന്നു.47‘നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന് ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു’
എന്നു കർത്താവ് ഞങ്ങളോടു കല്പിച്ചിട്ടുണ്ട്” എന്നു പറഞ്ഞു.
48ജാതികൾ ഇതുകേട്ട് സന്തോഷിച്ച് ദൈവവചനത്തെ പുകഴ്ത്തി, നിത്യജീവനായി നിയമിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു.49കർത്താവിന്റെ വചനം ആ നാട്ടിൽ എങ്ങും വ്യാപിച്ചു.
50യെഹൂദന്മാരോ ഭക്തിയുള്ള മാന്യസ്ത്രീകളെയും പട്ടണത്തിലെ പ്രധാനികളെയും സ്വാധീനിച്ച് പൗലൊസിന്റെയും ബർന്നബാസിന്റെയും നേരെ ഉപദ്രവമുണ്ടാക്കി അവരെ തങ്ങളുടെ അതിരുകളിൽ നിന്ന് പുറത്താക്കിക്കളഞ്ഞു.51എന്നാൽ അവർ തങ്ങളുടെ കാലിലെ പൊടി അവരുടെ നേരെ തട്ടിക്കളഞ്ഞ് ഇക്കോന്യയിലേക്ക് പോയി.52ശിഷ്യന്മാർ സന്തോഷവും പരിശുദ്ധാത്മാവും നിറഞ്ഞവരായിത്തീർന്നു.

14
അംഗീകരണവും തിരസ്കാരവും.

1പൗലോസും ബർന്നബാസും ഇക്കോന്യയിൽ യെഹൂദന്മാരുടെ പള്ളിയിൽ ചെന്ന് യെഹൂദ്യരും യവനന്മാരും ആയ ജനമദ്ധ്യത്തിൽ വിശ്വാസം ഉളവാകത്തക്കവണ്ണം സംസാരിച്ചു.2വിശ്വസിക്കാത്ത യെഹൂദന്മാരോ ജാതികളുടെ മനസ്സിൽ സഹോദരന്മാരുടെ നേരെ പകയും വിദ്വേഷവും ഉളവാക്കി.

3എന്നാൽ അവർ വളരെക്കാലം അവിടെ പാർത്ത് കർത്താവിൽ ആശ്രയിച്ച്, പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചുകൊണ്ടിരുന്നു; കർത്താവോ തന്റെ കൃപയുടെ വചനത്തിന് സാക്ഷിനിന്ന്, അവരുടെ കയ്യാൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുവാൻ വരം നല്കി.4എന്നാൽ പട്ടണത്തിലെ ഭൂരിഭാഗം ജനസമൂഹങ്ങളിലും ഭിന്നത ഉണ്ടായി ചിലർ യെഹൂദന്മാരുടെ പക്ഷത്തിലും ചിലർ അപ്പൊസ്തലന്മാരുടെ പക്ഷത്തിലും ആയി.
5പൗലോസിനെയും, ബർന്നബാസിനെയും പരിഹസിപ്പാനും കല്ലെറിയുവാനുമായി ജാതികളും യെഹൂദന്മാരും അവിടുത്തെ പ്രമാണികളോടുകൂടി ഒരു ആക്രമണം ഭാവിച്ചപ്പോൾ അവർ അത് ഗ്രഹിച്ച് ലുസ്ത്ര,6ദെർബ്ബ എന്ന ലുക്കവോന്യ പട്ടണങ്ങളിലേക്കും ചുറ്റുമുള്ള ദേശത്തിലേക്കും7ഓടിപ്പോയി അവിടെ സുവിശേഷം അറിയിച്ചുപോന്നു.

8ലുസ്ത്രയിൽ അമ്മയുടെ ഗർഭംമുതൽ മുടന്തനായി ഒരിക്കലും നടന്നിട്ടില്ലാതെയും കാലിന് ശക്തിയില്ലാതെയും ഉള്ളൊരു പുരുഷൻ ഇരുന്നിരുന്നു.9അവൻ പൗലൊസ് സംസാരിക്കുന്നത് കേട്ട്; പൗലോസ് അവനെ ഉറ്റുനോക്കി, സൗഖ്യം പ്രാപിക്കുവാൻ അവനിൽ വിശ്വാസമുണ്ട് എന്നു കണ്ടിട്ട്:10ഉച്ചത്തിൽ “നീ എഴുന്നേറ്റ് കാലൂന്നി നിവർന്നുനിൽക്ക” എന്ന് പറഞ്ഞു; അവൻ കുതിച്ചെഴുന്നേറ്റ് നടന്നു.
11പൗലൊസ് ചെയ്തത് പുരുഷാരം കണ്ടിട്ട്: ലുക്കവോന്യഭാഷയിൽ “ദേവന്മാർ മനുഷ്യരൂപത്തിൽ നമ്മുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു” എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു.12ബർന്നബാസിന് ഇന്ദ്രൻ എന്നും പൗലൊസ് മുഖ്യപ്രസംഗിയാകയാൽ അവന് ബുധൻ എന്നും പേർവിളിച്ചു.13പട്ടണത്തിന്റെ മുമ്പിലുള്ള ഇന്ദ്രക്ഷേത്രത്തിലെ പുരോഹിതൻ കാളകളെയും പൂമാലകളെയും പ്രവേശന കവാടത്തിൽ കൊണ്ടുവന്ന് പുരുഷാരത്തോടുകൂടെ യാഗം കഴിക്കുവാൻ ഭാവിച്ചു.
14ഇത് അപ്പൊസ്തലന്മാരായ ബർന്നബാസും പൗലൊസും കേട്ടിട്ട് വസ്ത്രം കീറിക്കൊണ്ട് പുരുഷാരത്തിന്റെ ഇടയിലേക്ക് ഓടിച്ചെന്ന് നിലവിളിച്ചു പറഞ്ഞത്:15“പുരുഷന്മാരേ, നിങ്ങൾ ഈ ചെയ്യുന്നത് എന്ത്? ഞങ്ങൾ നിങ്ങളേപ്പോലെ സമസ്വഭാവമുള്ള മനുഷ്യർ അത്രേ; നിങ്ങൾ ഈ വ്യർത്ഥകാര്യങ്ങളെ വിട്ട്, ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലത്തേയും ഉളവാക്കിയ ജീവനുള്ള ദൈവത്തിങ്കലേക്ക് തിരിയേണം എന്നുള്ള സുവിശേഷം ഞങ്ങൾ നിങ്ങളോട് അറിയിക്കുന്നു.16കഴിഞ്ഞ കാലങ്ങളിൽ അവൻ സകലജാതികളെയും തങ്ങളുടെ വഴികളിൽ നടപ്പാൻ അനുവദിച്ചു.
17എങ്കിലും അവൻ നന്മചെയ്കയും ആകാശത്തുനിന്ന് മഴയും ഫലപുഷ്ടിയുള്ള കാലങ്ങളും നിങ്ങൾക്ക് തരികയും ആഹാരവും സന്തോഷവും നല്കി നിങ്ങളെ തൃപ്തരാക്കുകയും ചെയ്തുപോന്നതിനാൽ തന്നെക്കുറിച്ച് സാക്ഷ്യം തരാതിരുന്നിട്ടില്ല.”18അവർ ഇങ്ങനെ ഉപദേശിച്ചുകൊണ്ട് തങ്ങൾക്ക് യാഗം കഴിക്കാതിരിക്കുവാനായി പുരുഷാരത്തെ പ്രയാസത്തോടെ തടുത്തു.

19എന്നാൽ അന്ത്യൊക്യയിൽ നിന്നും ഇക്കോന്യയിൽ നിന്നും യെഹൂദന്മാർ ലുസ്ത്രയിൽ വന്നുകൂടി പുരുഷാരത്തെ വശത്താക്കി പൗലൊസിനെ കല്ലെറിഞ്ഞു; അവൻ മരിച്ചു എന്ന് വിചാരിച്ചിട്ട് അവനെ പട്ടണത്തിന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി.20എന്നാൽ ശിഷ്യന്മാർ അവനെ ചുറ്റിനിൽക്കയിൽ അവൻ എഴുന്നേറ്റ് പട്ടണത്തിൽ ചെന്ന്; പിറ്റെന്നാൾ ബർന്നബാസിനോടുകൂടെ ദെർബ്ബയ്ക്ക് പോയി.
21ആ പട്ടണങ്ങളിലും സുവിശേഷം അറിയിച്ച് പലരെയും ശിഷ്യരാക്കിയശേഷം അവർ ലുസ്ത്ര, ഇക്കോന്യ, അന്ത്യൊക്യ എന്ന പട്ടണങ്ങളിലേക്ക് മടങ്ങിച്ചെന്നു,22ശിഷ്യന്മാരുടെ മനസ്സ് ഉറപ്പിക്കുകയും, വിശ്വാസത്തിൽ നില നിൽക്കേണം എന്നും നാം അനേകം കഷ്ടങ്ങളിൽ കൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു പോന്നു.
23സഭതോറും അവർക്ക് മൂപ്പന്മാരെ നിയമിക്കയും ഉപവസിച്ചും പ്രാർത്ഥിച്ചുംകൊണ്ട് തങ്ങൾ വിശ്വസിച്ച കർത്താവിങ്കൽ അവരെ ഭരമേല്പിക്കുകയും ചെയ്തു.24അവർ പിസിദ്യയിൽകൂടി കടന്നു പംഫുല്യയിൽ എത്തി,25പെർഗ്ഗയിൽ വചനം പ്രസംഗിച്ചശേഷം അത്തല്യയ്ക്ക് പോയി.26അവിടെ നിന്ന് കപ്പൽ കയറി തങ്ങൾ നിവർത്തിച്ച വേലയ്ക്കായി ദൈവകൃപയിൽ അവരെ ഭരമേല്പിച്ചയച്ച ഇടമായ അന്ത്യൊക്യയിലേക്ക് പോയി;.
27അവിടെ എത്തിയശേഷം സഭയെ ഒരുമിച്ചു കൂട്ടി, ദൈവം തങ്ങളോടുകൂടെ ഇരുന്ന് ചെയ്തതൊക്കെയും ജാതികൾക്ക് വിശ്വാസത്തിന്റെ വാതിൽ തുറന്നുകൊടുത്തതും അറിയിച്ചു.28പിന്നെ അവൻ ശിഷ്യന്മാരോടുകൂടെ കുറേക്കാലം അവിടെ പാർത്തു.

15
യെരുശലേമിലെ ആലോചനാസമിതി

1ചിലർ യെഹൂദ്യയിൽനിന്ന് വന്നു: “നിങ്ങൾ മോശെ കല്പിച്ച ആചാരം അനുസരിച്ചു പരിച്ഛേദന ഏൽക്കാഞ്ഞാൽ രക്ഷ പ്രാപിക്കുവാൻ കഴിയുകയില്ല” എന്ന് സഹോദരന്മാരെ ഉപദേശിച്ചു.2പൗലൊസിനും ബർന്നബാസിനും അവരോട് ശക്തമായ വാദവും തർക്കവും ഉണ്ടായിട്ട് പൗലൊസും ബർന്നബാസും അവരിൽ മറ്റു ചിലരും ഈ തർക്കസംഗതിയെപ്പറ്റി യെരൂശലേമിൽ അപ്പൊസ്തലന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ പോകേണം എന്ന് നിശ്ചയിച്ചു.

3സഭ അവരെ യാത്ര അയച്ചിട്ട് അവർ ഫൊയ്നിക്ക്യയിലും ശമര്യയിലും കൂടി കടന്ന് ജാതികളുടെ മാനസാന്തരവിവരം അറിയിച്ച് സഹോദരന്മാർക്കു മഹാസന്തോഷം ഉളവാക്കി.4അവർ യെരൂശലേമിൽ എത്തിയപ്പോൾ സഭയും അപ്പൊസ്തലന്മാരും മൂപ്പന്മാരും അവരെ കൈക്കൊണ്ടു; ദൈവം തങ്ങളോടുകൂടെ ഇരുന്ന് ചെയ്തതൊക്കെയും പൗലോസും ബർന്നബാസും അവരെ അറിയിച്ചു.
5എന്നാൽ പരീശപക്ഷത്തിൽനിന്ന് വിശ്വസിച്ചവർ ചിലർ എഴുന്നേറ്റ് “അവരെ പരിച്ഛേദന കഴിപ്പിക്കുകയും മോശെയുടെ ന്യായപ്രമാണം ആചരിപ്പാൻ കല്പിക്കുകയും വേണം” എന്നു പറഞ്ഞു.

6ഈ വിഷയങ്ങളെക്കുറിച്ച് ചിന്തിപ്പാനായി അപ്പൊസ്തലന്മാരും മൂപ്പന്മാരും വന്നുകൂടി.
7വളരെ വാഗ്വാദം ഉണ്ടായശേഷം പത്രൊസ് എഴുന്നേറ്റ് അവരോട് പറഞ്ഞത്:

“സഹോദരന്മാരേ, കുറെ നാൾ മുമ്പെ ദൈവം നിങ്ങളുടെ നടുവിൽവച്ച് ഞാൻ മുഖാന്തരം ജാതികൾ സുവിശേഷവചനം കേട്ട് വിശ്വസിക്കണം എന്നു നിശ്ചയിച്ചത് നിങ്ങൾ അറിയുന്നുവല്ലോ.

8ഹൃദയങ്ങളെ അറിയുന്ന ദൈവം നമ്മിൽ പകർന്നതുപോലെ വിശ്വാസത്താൽ അവർക്കും പരിശുദ്ധാത്മാവിനെ കൊടുത്തുകൊണ്ട് സാക്ഷിനിന്ന്9അവരുടെ ഹൃദയങ്ങളെയും ശുദ്ധീകരിച്ചതിനാൽ നമുക്കും അവർക്കും തമ്മിൽ ഒരു വ്യത്യാസവും വെച്ചിട്ടില്ല എന്ന് തെളിയിച്ചുവല്ലോ.
10ആകയാൽ നാമോ നമ്മുടെ പിതാക്കന്മാരോ വഹിക്കേണ്ടിയിരുന്നിട്ടില്ലാത്ത നുകം ശിഷ്യന്മാരുടെ കഴുത്തിൽ വയ്ക്കുവാൻ ഇപ്പോൾ ദൈവത്തെ പരീക്ഷിക്കുന്നത് എന്ത്?11കർത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്ന് നാം വിശ്വസിക്കുന്നതുപോലെ അവരും വിശ്വസിക്കുന്നു.”

12ജനസമൂഹം എല്ലാം മിണ്ടാതെ ബർന്നബാസും പൗലൊസും ദൈവം തങ്ങളെക്കൊണ്ട് ജാതികളുടെ ഇടയിൽ ചെയ്യിച്ച അടയാളങ്ങളും അത്ഭുതങ്ങളും എല്ലാം വിവരിക്കുന്നത് കേട്ടുകൊണ്ടിരുന്നു.
13അവർ പറഞ്ഞു നിർത്തിയശേഷം യാക്കോബ് ഉത്തരം പറഞ്ഞ് തുടങ്ങിയത് “സഹോദരന്മാരേ, എന്റെ വാക്ക് ശ്രദ്ധിച്ചു കൊൾവിൻ;

14“ദൈവം കൃപയാൽ ജാതികളിൽനിന്ന് തന്റെ നാമത്തിനായി ഒരു ജനത്തെ എടുത്തുകൊൾവാൻ ആദ്യമായി കടാക്ഷിച്ചത് ശിമോൻ വിവരിച്ചുവല്ലോ.
15ഇതിനോട് പ്രവാചകന്മാരുടെ വാക്യങ്ങളും ഒക്കുന്നു:
16‘അതിനുശേഷം ഞാൻ ദാവീദിന്റെ വീണുപോയ കൂടാരത്തെ വീണ്ടും പണിയും; അതിന്റെ ശൂന്യമായ ശേഷിപ്പുകളിൽ നിന്ന് വീണ്ടും പണിത് അതിനെ നിവർത്തും;
17മനുഷ്യരിൽ അവശേഷിക്കുന്നവരും എന്റെ നാമം വിളിച്ചിരിക്കുന്ന സകലജാതികളും കർത്താവിനെ അന്വേഷിക്കും എന്ന്18പൂർവ്വകാലം മുതൽക്കേ കർത്താവ് അരുളിച്ചെയ്യുന്നു’
എന്ന് എഴുതിയിരിക്കുന്നുവല്ലോ.
19ആകയാൽ ജാതികളിൽനിന്ന് ദൈവത്തിങ്കലേക്ക് തിരിയുന്നവരെ നാം അസഹ്യപ്പെടുത്താതെ20അവർ വിഗ്രഹങ്ങൾക്ക് അർപ്പിച്ചതും, പരസംഗം, ശ്വാസംമുട്ടിച്ചത്തത്, രക്തത്തോട് കൂടെയുള്ളവയും വർജ്ജിച്ചിരിപ്പാൻ നാം അവർക്ക് എഴുതേണം എന്ന് ഞാൻ അഭിപ്രായപ്പെടുന്നു.21മോശെയുടെ ന്യായപ്രമാണം ശബ്ബത്തുതോറും പള്ളികളിൽ വായിച്ചുവരുന്നതിനാൽ പൂർവ്വകാലം മുതൽ പട്ടണം തോറും അത് പ്രസംഗിക്കുന്നവർ ഉണ്ടല്ലോ.
ജാതികളിൽ നിന്നു ചേർന്നു വന്ന സഹോദരങ്ങൾക്കുള്ള കത്ത്.

22അപ്പോൾ തങ്ങളിൽ ചില പുരുഷന്മാരെ തിരഞ്ഞെടുത്ത് പൗലൊസിനോടും ബർന്നബാസിനോടുംകൂടെ അന്ത്യൊക്യയിലേക്ക് അയയ്ക്കേണം എന്ന് അപ്പൊസ്തലന്മാരും മൂപ്പന്മാരും സർവ്വസഭയും നിർണ്ണയിച്ചു, നേതൃത്വ നിരയിൽ നിന്നും ബർശബാസ് എന്ന യൂദയെയും ശീലാസിനെയും നിയോഗിച്ചു.23അവരുടെ കൈവശം എഴുതി അയച്ചതെന്തെന്നാൽ: അപ്പൊസ്തലന്മാരും മൂപ്പന്മാരും നിങ്ങളുടെ സഹോദരന്മാരും ആയവരും, അന്ത്യൊക്യയിലും സുറിയയിലും കിലിക്യയിലും ജാതികളിൽനിന്ന് ചേർന്നുവന്നിട്ടുള്ളവരും ആയ സഹോദരന്മാർക്ക് വന്ദനം.
24ഞങ്ങൾ കല്പന കൊടുക്കാതെ ചിലർ ഞങ്ങളുടെ ഇടയിൽനിന്ന് പുറപ്പെട്ട് നിങ്ങളെ വാക്കുകളാൽ അസ്വസ്ഥമാക്കുകയും നിങ്ങളുടെ ഹൃദയങ്ങളെ കലക്കിക്കളഞ്ഞു എന്നും കേട്ടതുകൊണ്ട്25നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിനുവേണ്ടി പ്രാണത്യാഗം ചെയ്തവരായ ചില പുരുഷന്മാരെ ഞങ്ങൾ തിരഞ്ഞെടുത്ത് അവരെ നമ്മുടെ26പ്രിയ ബർന്നബാസോടും പൗലൊസോടും കൂടെ നിങ്ങളുടെ അടുക്കൽ അയയ്ക്കേണം എന്ന് ഞങ്ങൾ ഒരുമനപ്പെട്ട് നിശ്ചയിച്ചു.
27ആകയാൽ ഞങ്ങൾ യൂദയെയും ശീലാസിനെയും അയച്ചിരിക്കുന്നു; അവർ വാമൊഴിയായും ഇതുതന്നെ അറിയിക്കും.28വിഗ്രഹങ്ങൾക്ക് അർപ്പിച്ചതും, പരസംഗം, ശ്വാസംമുട്ടിച്ചത്തത്, രക്തത്തോട് കൂടെയുള്ളവയും വർജ്ജിക്കുന്നത് ആവശ്യം എന്നല്ലാതെ അധികമായ ഭാരം ഒന്നും നിങ്ങളുടെ മേൽ ചുമത്തരുത്` എന്ന് പരിശുദ്ധാത്മാവിനും ഞങ്ങൾക്കും തോന്നിയിരിക്കുന്നു.29ഇവ വിട്ടുമാറി സൂക്ഷിച്ചാൽ നന്ന്; ശുഭമായിരിപ്പിൻ.

30അങ്ങനെ അവർ വിടവാങ്ങി അന്ത്യൊക്യയിൽ ചെന്ന് ജനസമൂഹത്തെ കൂട്ടിവരുത്തി ലേഖനം കൊടുത്തു.31അവർ അത് വായിച്ചപ്പോൾ, അതിനാലുള്ള പ്രോൽസാഹനം നിമിത്തം സന്തോഷിച്ചു.32യൂദയും ശീലാസും പ്രവാചകന്മാർ ആകകൊണ്ട് പല വചനങ്ങളാലും സഹോദരന്മാരെ പ്രബോധിപ്പിച്ച് ഉറപ്പിച്ചു.
33കുറേനാൾ താമസിച്ചശേഷം സഹോദരന്മാർ അവരെ അയച്ചവരുടെ അടുക്കലേക്ക് സമാധാനത്തോടെ പറഞ്ഞയച്ചു.34എന്നാൽ പൗലൊസും ബർന്നബാസും അന്ത്യൊക്യയിൽ പാർത്ത് മറ്റു പലരോടും കൂടി കർത്താവിന്റെ വചനം ഉപദേശിച്ചും സുവിശേഷിച്ചും കൊണ്ടിരുന്നു.
രണ്ടാം ദൗത്യ പ്രചരണ യാത്ര ആരംഭിക്കുന്നു.

35കുറേനാൾ കഴിഞ്ഞിട്ട് പൗലൊസ് ബർന്നബാസിനോട്: “നാം കർത്താവിന്റെ വചനം അറിയിച്ച പട്ടണംതോറും പിന്നെയും ചെന്ന് സഹോദരന്മാർ ക്രിസ്തുവിൽ എങ്ങനെയിരിക്കുന്നു എന്ന് അന്വേഷിക്കുക” എന്നു പറഞ്ഞു.
36മർക്കൊസ് എന്ന യോഹന്നാനെയും കൂട്ടിക്കൊണ്ട് പോകുവാൻ ബർന്നബാസ് ഇച്ഛിച്ചു.37പൗലൊസോ പംഫുല്യയിൽനിന്ന് തങ്ങളെ വിട്ട് പ്രവർത്തനങ്ങളിൽ തുടരാതെ പോയവനെ കൂട്ടിക്കൊണ്ട് പോകുന്നത് യോഗ്യമല്ല എന്ന് നിരൂപിച്ചു.38അങ്ങനെ അവർ തമ്മിൽ ഉഗ്രവാദമുണ്ടായിട്ട് വേർപിരിഞ്ഞു, ബർന്നബാസ് മർക്കൊസിനെ കൂട്ടി കപ്പൽകയറി കുപ്രൊസ് ദ്വീപിലേക്ക് പോയി.
39പൗലൊസോ ശീലാസിനെ തിരഞ്ഞെടുത്ത് സഹോദരന്മാരുടെ പ്രാർത്ഥനയാൽ കർത്താവിന്റെ കൃപയിൽ ഭരമേല്പിക്കപ്പെട്ടിട്ട്40യാത്ര പുറപ്പെട്ട് സുറിയാ കിലിക്യ ദേശങ്ങളിൽക്കൂടി സഞ്ചരിച്ച് സഭകളെ ഉറപ്പിച്ചു പോന്നു.

16
ലുസ്ത്രയിൽ നിന്നും തിമൊഥെയൊസ് പൗലൊസിനോടൊപ്പം.

1പൗലോസ് ദെർബ്ബയിലും ലുസ്ത്രയിലും ചെന്ന്. അവിടെ കർത്താവിൽ വിശ്വാസമുള്ളൊരു യെഹൂദസ്ത്രീയുടെ മകനായ തിമൊഥെയൊസ് എന്നു പേരുള്ള ഒരു ശിഷ്യൻ ഉണ്ടായിരുന്നു; അവന്റെ പിതാവ് യവനനായിരുന്നു.2അവൻ ലുസ്ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരന്മാരാൽ നല്ല സാക്ഷ്യം പ്രാപിച്ചവൻ ആയിരുന്നു.3അവൻ തന്നോടുകൂടെ പോരേണം എന്ന് പൗലൊസ് ഇച്ഛിച്ചു; അവന്റെ പിതാവ് യവനൻ എന്ന് ആ പ്രദേശങ്ങളിലുള്ള യഹൂദന്മാർ എല്ലാവരും അറിഞ്ഞിരുന്നതിനാൽ അവരെ വിചാരിച്ച് അവനെ പരിച്ഛേദന കഴിപ്പിച്ചു.

4അവർ പട്ടണം തോറും ചെന്ന് യെരൂശലേമിലെ അപ്പൊസ്തലന്മാരും മൂപ്പന്മാരും മുൻ നിർണ്ണയിച്ച പ്രബോധനങ്ങൾ അനുസരിക്കേണ്ടതിന് അവർക്ക് ഏല്പിച്ചുകൊടുത്തു.5അങ്ങനെ സഭകൾ വിശ്വാസത്തിൽ ശക്തിപ്പെടുകയും ദിവസേന എണ്ണത്തിൽ പെരുകുകയും ചെയ്തു.
ത്രോവാസിലെ മക്കെദോന്യ ദർശനം.

6അവർ ആസ്യയിൽ വചനം പ്രസംഗിക്കരുതെന്ന് പരിശുദ്ധാത്മാവ് വിലക്കുകയാൽ ഫ്രുഗ്യയിലും ഗലാത്യദേശത്തിലും കൂടി സഞ്ചരിച്ച്,7മുസ്യയിൽ എത്തി ബിഥുന്യയ്ക്ക് പോകുവാൻ ശ്രമിച്ചു; അവിടെയും യേശുവിന്റെ ആത്മാവ് അവരെ സമ്മതിച്ചില്ല.8അവർ മുസ്യ കടന്ന് ത്രോവാസിൽ എത്തി.
9അവിടെവച്ച് പൗലൊസ് രാത്രിയിൽ മക്കെദോന്യക്കാരനായൊരു പുരുഷൻ അരികെ നിന്ന്: “നീ മക്കെദോന്യെയിലേക്ക് കടന്നുവന്ന് ഞങ്ങളെ സഹായിക്ക” എന്നു തന്നോട് അപേക്ഷിക്കുന്നതായി ഒരു ദർശനം കണ്ട്.10ഈ ദർശനം കണ്ടിട്ട് അവരോട് സുവിശേഷം അറിയിക്കുവാൻ ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നു എന്ന് നിശ്ചയിച്ച്, ഞങ്ങൾ ഉടനെ മക്കെദോന്യയ്ക്ക് പുറപ്പെട്ടു.
ലുദിയായും കുടുംബവും സ്നാനം ഏൽക്കുന്നു.

11അങ്ങനെ ഞങ്ങൾ ത്രോവാസിൽനിന്ന് കപ്പൽ നീക്കി നേരെ സമൊത്രൊക്കയിലേക്കും പിറ്റെന്നാൾ നവപൊലിക്കും അവിടെനിന്ന് ഫിലിപ്പിയിലേക്കും ചെന്ന്.12റോമക്കാർ കുടിയേറിപ്പാർത്തിരുന്ന ഫിലിപ്പിയ എന്ന മക്കെദോന്യയുടെ പ്രധാനപട്ടണത്തിൽ ഞങ്ങൾ ചില ദിവസങ്ങൾ പാർത്തു.13ശബ്ബത്തുനാളിൽ പ്രാർത്ഥനാസ്ഥലം ഉണ്ടായിരിക്കും എന്ന് വിചാരിച്ചു ഞങ്ങൾ പട്ടണ വാതിലിന് പുറത്തേക്ക് പോയി അവിടെ പുഴവക്കത്ത് ഇരുന്നു, അവിടെ കൂടിവന്ന സ്ത്രീകളോട് സംസാരിച്ചു.
14തുയഥൈരാ പട്ടണക്കാരത്തിയും രക്താംബരം വില്ക്കുന്നവളുമായി ലുദിയ എന്ന് പേരുള്ള ദൈവ ഭക്തയായൊരു സ്ത്രീ ഞങ്ങളുടെ വാക്ക് കേട്ടുകൊണ്ടിരുന്നു. പൗലൊസ് സംസാരിച്ചത് ശ്രദ്ധിക്കേണ്ടതിന് കർത്താവ് അവളുടെ ഹൃദയം തുറന്നു.15അവളും കുടുംബവും സ്നാനം ഏറ്റ ശേഷം: “നിങ്ങൾ എന്നെ കർത്താവിൽ വിശ്വസ്ത എന്ന് എണ്ണിയിരിക്കുന്നുവെങ്കിൽ എന്റെ വീട്ടിൽ വന്നു പാർപ്പിൻ” എന്ന് അപേക്ഷിച്ച് ഞങ്ങളെ നിർബ്ബന്ധിച്ചു.
പൗലൊസ് വെളിച്ചപ്പാടത്തിയിലുള്ള ഭൂതത്തെ ശാസിക്കുന്നു

16ഞങ്ങൾ പ്രാർത്ഥനാ സ്ഥലത്തേക്ക് ചെല്ലുമ്പോൾ വെളിച്ചപ്പാടത്തിയായി ലക്ഷണം പറഞ്ഞ് യജമാനന്മാർക്ക് വളരെ ലാഭം വരുത്തുന്ന ഒരു ബാല്യക്കാരത്തി ഞങ്ങളെ എതിരേറ്റു.17അവൾ പൗലൊസിന്റെയും ഞങ്ങളുടെയും പിന്നാലെ വന്ന്: “ഈ മനുഷ്യർ അത്യുന്നതനായ ദൈവത്തിന്റെ ദാസന്മാർ, രക്ഷാമാർഗ്ഗം നിങ്ങളോട് അറിയിക്കുന്നവർ” എന്ന് വിളിച്ചുപറഞ്ഞു.18ഇങ്ങനെ അവൾ ചില ദിവസങ്ങൾ ചെയ്തുവന്നു. പൗലൊസ് വളരെ നീരസപ്പെട്ടിട്ട് തിരിഞ്ഞുനോക്കി അവളിലുള്ള ഭൂതത്തോട്: “അവളെ വിട്ടുപോകുവാൻ ഞാൻ യേശുക്രിസ്തുവിന്റെ നാമത്തിൽ നിന്നോട് കല്പിക്കുന്നു” എന്നു പറഞ്ഞു. ആ നാഴികയിൽ തന്നേ ഭൂതം അവളെ വിട്ടുപോയി.
കാരാഗൃഹ പ്രമാണിയും കുടുംബവും സ്നാനം ഏൽക്കുന്നു.

19അവളുടെ യജമാനന്മാർ തങ്ങളുടെ ലാഭപ്രതീക്ഷ നഷ്ടപ്പെട്ടത് കണ്ടിട്ട് പൗലൊസിനെയും ശീലാസിനെയും പിടിച്ച്, ചന്തസ്ഥലത്ത് പ്രമാണികളുടെ അടുക്കലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി20അധിപതികളുടെ മുമ്പിൽ നിർത്തി; “യെഹൂദന്മാരായ ഈ മനുഷ്യർ നമ്മുടെ പട്ടണത്തിൽ കലാപം ഉണ്ടാക്കുന്നു,21റോമാക്കാരായ നമുക്ക് അംഗീകരിക്കുവാനും അനുസരിക്കുവാനും ന്യായമല്ലാത്ത ആചാരങ്ങളെ പ്രസംഗിക്കുന്നു” എന്നു പറഞ്ഞു.
22പുരുഷാരവും അവരുടെ നേരെ ഇളകി; അധിപതികൾ അവരുടെ വസ്ത്രം പറിച്ചുരിഞ്ഞ് കോൽകൊണ്ട് അവരെ അടിക്കുവാൻ കല്പിച്ചു.23അവരെ വളരെ അടിപ്പിച്ചശേഷം തടവിൽ ആക്കി കാരാഗൃഹപ്രമാണിയോട് അവരെ സൂക്ഷ്മത്തോടെ കാക്കുവാൻ കല്പിച്ചു.24അവൻ ഇങ്ങനെയുള്ള കല്പന കിട്ടുകയാൽ അവരെ അകത്തെ തടവിൽ ആക്കി അവരുടെ കാൽ തടികൾകൊണ്ടുള്ള ആമത്തിൽ ഇട്ട് പൂട്ടി.
25അർദ്ധരാത്രിക്ക് പൗലൊസും ശീലാസും പ്രാർത്ഥിച്ച് ദൈവത്തെ പാടി സ്തുതിച്ചു; തടവുകാർ ശ്രദ്ധിച്ചുകൊണ്ടിരുന്നു.26പെട്ടെന്ന് വലിയൊരു ഭൂകമ്പം ഉണ്ടായി, കാരാഗൃഹത്തിന്റെ അടിസ്ഥാനം കുലുങ്ങി വാതിൽ ഒക്കെയും തുറന്നുപോയി, എല്ലാവരുടെയും ചങ്ങല അഴിഞ്ഞുവീണു.
27കാരാഗൃഹപ്രമാണി ഉറക്കം ഉണർന്ന് കാരാഗൃഹത്തിന്റെ വാതിലുകൾ തുറന്നിരിക്കുന്നത് കണ്ടിട്ട് തടവുകാർ രക്ഷപെട്ടിരിക്കും എന്ന് ചിന്തിച്ച് വാളൂരി തന്നെത്താൻ കൊല്ലുവാൻ ഭാവിച്ചു.28അപ്പോൾ പൗലൊസ്: “നിനക്ക് ഒരു ദോഷവും ചെയ്യരുത്, ഞങ്ങൾ എല്ലാവരും ഇവിടെ ഉണ്ടല്ലോ”എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു.
29അവൻ വെളിച്ചം ചോദിച്ച് അകത്തേക്ക് ചാടി വിറച്ചുകൊണ്ട് പൗലൊസിന്റെയും ശീലാസിന്റെയും മുമ്പിൽ വീണു.30അവരെ പുറത്ത് കൊണ്ടുവന്ന്: “യജമാനന്മാരേ, രക്ഷ പ്രാപിക്കുവാൻ ഞാൻ എന്ത് ചെയ്യേണം?” എന്നു ചോദിച്ചു.31“കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും” എന്ന് അവർ പറഞ്ഞു.
32പിന്നെ അവർ കർത്താവിന്റെ വചനം അവനോടും അവന്റെ വീട്ടിലുള്ള എല്ലാവരോടും പ്രസംഗിച്ചു.33അവൻ രാത്രിയിൽ, ആ നാഴികയിൽത്തന്നെ, അവരെ കൂട്ടിക്കൊണ്ടുപോയി അവരുടെ മുറിവുകളെ കഴുകി; താനും തനിക്കുള്ളവരെല്ലാവരും വേഗത്തിൽ സ്നാനം ഏറ്റു.34പിന്നെ അവരെ വീട്ടിൽ കൈക്കൊണ്ട് അവർക്ക് ഭക്ഷണം കൊടുത്തു, ദൈവത്തിൽ വിശ്വസിച്ചതിൽ വീടടക്കം ആനന്ദിച്ചു.

35നേരം പുലർന്നപ്പോൾ അധിപതികൾ ആളെ അയച്ചു: “ആ മനുഷ്യരെ വിട്ടയയ്ക്കണം” എന്ന് പറയിച്ചു.36കാരാഗൃഹപ്രമാണി ഈ വാക്ക് പൗലൊസിനോട് അറിയിച്ചു: “നിങ്ങളെ വിട്ടയപ്പാൻ അധിപതികൾ ആളയച്ചിരിക്കുന്നു; ആകയാൽ സമാധാനത്തോടെ പോകുവിൻ” എന്നു പറഞ്ഞു.
37പൗലൊസ് അവരോട്: “റോമാപൗരന്മാരായ ഞങ്ങളെ അവർ വിസ്താരം കൂടാതെ പരസ്യമായി അടിപ്പിച്ച് തടവിലാക്കിയല്ലോ; ഇപ്പോൾ രഹസ്യമായി ഞങ്ങളെ പുറത്താക്കുന്നുവോ? അങ്ങനെ അല്ല; അവർ തന്നെ വന്ന് ഞങ്ങളെ പുറത്തുകൊണ്ടുപോകട്ടെ” എന്നു പറഞ്ഞു.38കാവൽക്കാർ ആ വാക്ക് അധിപതികളോട് ബോധിപ്പിച്ചപ്പോൾ അവർ റോമ പൗരന്മാർ എന്നു കേട്ട് അധിപതികൾ ഭയപ്പെട്ട് ചെന്ന് അവരോട് നല്ല വാക്ക് പറഞ്ഞു.39അവരെ പുറത്ത് കൊണ്ടുവന്നതിനു ശേഷം പട്ടണം വിട്ടുപോകേണം എന്ന് അപേക്ഷിച്ചു.
40അവർ തടവ് വിട്ടു ലുദിയയുടെ വീട്ടിൽ ചെന്ന് സഹോദരന്മാരെ കണ്ട് ധൈര്യപ്പെടുത്തി പുറപ്പെട്ടുപോയി.

17
പൗലോസും ശീലാസും തെസ്സലോനിക്യയിൽ

1പൗലോസും ശീലാസും അംഫിപൊലിസിലും അപ്പൊലോന്യയിലുംകൂടി യാത്രചെയ്ത് തെസ്സലോനിക്യയിൽ എത്തി; അവിടെ യെഹൂദന്മാരുടെ ഒരു പള്ളി ഉണ്ടായിരുന്നു.2പൗലൊസ് താൻ പതിവായി ചെയ്യാറുള്ളതുപോലെ അവരുടെ അടുക്കൽ ചെന്ന് മൂന്നു ശബ്ബത്ത് ദിവസങ്ങളിൽ തിരുവെഴുത്തുകളെ ആധാരമാക്കി യേശു തന്നെ ക്രിസ്തു എന്ന് അവരോട് സംവാദിച്ചു.

3ക്രിസ്തു കഷ്ടം അനുഭവിക്കയും മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്ക്കുകയും വേണം എന്നും, ഞാൻ നിങ്ങളോട് അറിയിക്കുന്ന ഈ യേശു തന്നെ ക്രിസ്തു എന്നും തെളിയിച്ചും വിവരിച്ചും കൊണ്ടിരുന്നു.4കേൾവിക്കാരിൽ ചിലരും ഭക്തിയുള്ള യവനന്മാരിൽ ഒരു വലിയ കൂട്ടവും മാന്യസ്ത്രീകളിൽ അനേകരും വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ട് വിശ്വസിച്ച് പൗലൊസിനോടും ശീലാസിനോടും ചേർന്നു.
5യെഹൂദന്മാരോ അസൂയപൂണ്ട്, ചന്തസ്ഥലത്ത് മിനക്കെട്ടുനടക്കുന്ന ചില ദുഷ്ടന്മാരെ ചേർത്ത് പുരുഷാരത്തെ ഇളക്കി പട്ടണത്തിൽ കലഹം ഉണ്ടാക്കി യാസോന്റെ വീട് വളഞ്ഞ് അവരെ ജനസമൂഹത്തിൽ കൊണ്ടുവരുവാൻ ശ്രമിച്ചു.6പൗലൊസിനെയും ശീലാസിനെയും കാണാഞ്ഞിട്ട് യാസോനെയും ചില സഹോദരന്മാരെയും നഗരാധിപന്മാരുടെ അടുക്കലേക്ക് വലിച്ച് ഇഴച്ചുകൊണ്ട്: “ഭൂലോകത്തെ കലഹിപ്പിച്ചവർ ഇവിടെയും എത്തി;7യാസോൻ അവരെ സ്വീകരിച്ചും ഇരിക്കുന്നു; അവർ ഒക്കെയും യേശു എന്ന മറ്റൊരുവൻ രാജാവ് എന്നു പറഞ്ഞുകൊണ്ട് കൈസരുടെ നിയമങ്ങൾക്ക് പ്രതികൂലമായി പ്രവർത്തിക്കുന്നു” എന്ന് നിലവിളിച്ചു.
8ഇത് കേട്ടിട്ട് പുരുഷാരവും നഗരാധിപന്മാരും അസ്വസ്ഥരായി.9പിന്നീട് യാസോൻ മുതലായവരോട് ജാമ്യം വാങ്ങി അവരെ വിട്ടയച്ചു.
പൗലൊസും ശീലാസും ബെരോവയിൽ.

10സഹോദരന്മാർ ഉടനെ, രാത്രിയിൽ തന്നെ, പൗലൊസിനെയും ശീലാസിനെയും ബെരോവയ്ക്ക് പറഞ്ഞയച്ചു. അവിടെ എത്തിയപ്പോൾ അവർ യെഹൂദന്മാരുടെ പള്ളിയിൽ പോയി.11അവർ തെസ്സലോനിക്യയിലുള്ളവരേക്കാൾ ഉന്നത ചിന്താശീലം ഉള്ളവർ ആയിരുന്നു. അവർ ശ്രദ്ധിക്കുന്ന വചനം പൂർണ്ണജാഗ്രതയോടെ സ്വീകരിക്കുക മാത്രമല്ല അത് അങ്ങനെ തന്നെയോ എന്ന് ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു.12സമൂഹത്തിൽ സ്വാധീനം ഉള്ള ചില മാന്യരായ യവനസ്ത്രീകളിലും പുരുഷന്മാരിലും അനേകരും വിശ്വസിച്ചു.
13പൗലൊസ് ബെരോവയിലും ദൈവവചനം അറിയിച്ചത് തെസ്സലോനിക്യയിലെ യെഹൂദന്മാർ അറിഞ്ഞ് അവിടെയും വന്ന് പുരുഷാരത്തിനിടയിൽ ഭിന്നത ഉളവാക്കി ഭ്രമിപ്പിച്ചു.14ഉടനെ സഹോദരന്മാർ പൗലൊസിനെ സമുദ്രതീരത്തേക്ക് പറഞ്ഞയച്ചു; ശീലാസും തിമൊഥെയോസും അവിടെത്തന്നെ താമസിച്ചു.15പൗലൊസിനോടുകൂടെ വഴികാട്ടുവാനായി പോയവർ അവനെ അഥേനയോളം കൊണ്ടുപോയി; ശീലാസും തിമൊഥെയോസും കഴിയുന്ന വേഗത്തിൽ തന്റെ അടുക്കൽ വരേണം എന്നുള്ള കല്പന പൗലൊസിൽനിന്നും വാങ്ങി മടങ്ങിപ്പോന്നു.
അഥേനയിലെ പ്രഭാഷണം.

16പൗലൊസ് അഥേനയിൽ അവരെ കാത്തിരിക്കവെ നഗരത്തിൽ ബിംബങ്ങൾ നിറഞ്ഞിരിക്കുന്നത് കണ്ട് ആത്മാവിൽ അവൻ കലങ്ങിപ്പോയി.17അതുകൊണ്ട്, അവൻ പള്ളിയിൽവെച്ച് യെഹൂദന്മാരോടും ദൈവഭക്തന്മാരോടും ചന്ത സ്ഥലത്ത് ദിവസേന കണ്ടവരോടും തർക്കിച്ചുപോന്നു.
18എപ്പിക്കൂര്യരും സ്തോയിക്കരും ആയ തത്വജ്ഞാനികളിൽ ചിലർ അവനോട് വാദിച്ചു: “ഈ വായാടി എന്ത് പറവാൻ പോകുന്നു?” എന്ന് ചിലരും അവൻ യേശുവിനെയും പുനരുത്ഥാനത്തെയും പ്രസംഗിക്കകൊണ്ട്: “ഇവൻ അന്യദേവതകളെ ഘോഷിക്കുന്നവൻ എന്ന് തോന്നുന്നു” എന്നു മറ്റുചിലരും പറഞ്ഞു.
19പിന്നെ അവനെ പിടിച്ച് അരയോപഗക്കുന്നിന്മേൽ കൊണ്ടുചെന്ന്: “നീ പ്രസ്താവിക്കുന്ന ഈ നവീനോപദേശം ഇന്നത് എന്ന് ഞങ്ങൾക്ക് അറിവുള്ളതോ?20നീ അപൂർവങ്ങളായ ചില കാര്യങ്ങളെ ഞങ്ങളുടെ ചെവിയിൽ കടത്തുന്നുവല്ലോ; അത് എന്ത് എന്ന് അറിവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” എന്നു പറഞ്ഞു.21(എന്നാൽ അഥേനരും അവിടെ വന്നുപാർക്കുന്ന പരദേശികളും, പുതിയ കാര്യങ്ങൾ വല്ലതും പറയുകയോ കേൾക്കുകയോ ചെയ്യുന്നതിനല്ലാതെ മറ്റൊന്നിനും അവരുടെ സമയം ചിലവഴിച്ചിരുന്നില്ല).
അരയോപഗമദ്ധ്യേ പൗലൊസിന്റെ പ്രഭാഷണം.

22പൗലൊസ് അരയോപഗമദ്ധ്യേ നിന്നുകൊണ്ട് പറഞ്ഞത്, “അഥേനപുരുഷന്മാരേ, നിങ്ങൾ എല്ലാറ്റിലും അതിഭക്തന്മാർ എന്ന് ഞാൻ കാണുന്നു.23ഞാൻ ചുറ്റിനടന്ന് നിങ്ങളുടെ പൂജാസ്ഥാനങ്ങളെ നോക്കുമ്പോൾ ‘അജ്ഞാതദേവന് ’ എന്ന് എഴുത്തുള്ള ഒരു ബലിപീഠം കണ്ട്; എന്നാൽ നിങ്ങൾ അറിയാതെ പൂജിക്കുന്നതുതന്നെ ഞാൻ നിങ്ങളോട് അറിയിക്കുന്നു.
24ലോകവും അതിലുള്ളത് ഒക്കെയും ഉണ്ടാക്കിയ ദൈവം സ്വർഗ്ഗത്തിനും ഭൂമിക്കും നാഥനാകകൊണ്ട് കൈപ്പണിയായ ക്ഷേത്രങ്ങളിൽ വാസം ചെയ്യുന്നില്ല.25താൻ എല്ലാവർക്കും ജീവനും ശ്വാസവും മറ്റാവശ്യമായ സകലവും കൊടുക്കുന്നവൻ ആകയാൽ വല്ലതിനും മുട്ടുള്ളവൻ എന്നപോലെ മാനുഷകൈകളാൽ ശുശ്രൂഷ ആവശ്യപ്പെടുന്നില്ല.
26ഭൂതലത്തിൽ എങ്ങും വസിക്കുവാനായി അവൻ ഒരുവനിൽനിന്ന് മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന് അതിരുകളും കാലങ്ങളും നിശ്ചയിച്ചു.27തങ്ങൾക്ക് ദൈവത്തെ ആവശ്യം ഉണ്ട് എന്ന് അവർ തിരിച്ചറിഞ്ഞ് ദൈവത്തെ അന്വേഷിക്കേണ്ടതിനുതന്നെ. അവൻ നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ലതാനും.
28അവനിലല്ലോ നാം ജീവിക്കയും ചരിക്കയും നിലനിൽക്കുകയും ചെയ്യുന്നത്. അങ്ങനെ നിങ്ങളുടെ കവിവരന്മാരിലും ചിലർ: ‘നാം അവന്റെ സന്താനമല്ലോ’ എന്ന് പറഞ്ഞിരിക്കുന്നു.29നാം ദൈവത്തിന്റെ സന്താനം എന്ന് വരികയാൽ ദൈവം മനുഷ്യന്റെ ശില്പവിദ്യയും സങ്കല്പവുംകൊണ്ട് കൊത്തിത്തീർക്കാവുന്ന പൊന്ന്, വെള്ളി, കല്ല് എന്നിവയോട് സദൃശപ്പെടുത്തുവാൻ കഴിയും എന്ന് നിരൂപിക്കേണ്ടതില്ല.
30എന്നാൽ അറിയായ്മയുടെ കാലങ്ങളെ ദൈവം അവഗണിച്ചിട്ട് ഇപ്പോൾ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടണമെന്ന് മനുഷ്യരോടു കല്പിക്കുന്നു.31ലോകത്തെ നീതിയിൽ ന്യായം വിധിപ്പാനായി നിയമിച്ച പുരുഷൻ മുഖാന്തരം ദൈവം ഒരു ദിവസത്തെ നിശ്ചയിച്ചു; അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പ് നല്കിയുമിരിക്കുന്നു.”

32മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ച് കേട്ടിട്ട് ചിലർ പരിഹസിക്കുകയും; മറ്റുചിലർ: “ഞങ്ങൾ ഇതിനെപ്പറ്റി പിന്നെയും നിന്റെ പ്രസംഗം കേൾക്കാം” എന്നു പറഞ്ഞു.33അങ്ങനെ പൗലൊസ് അവരുടെ നടുവിൽനിന്ന് പോയി.34ചില പുരുഷന്മാർ അവനോട് ചേർന്ന് വിശ്വസിച്ചു; അവരിൽ അരയോപഗസ്ഥാനിയായ ദിയൊനുസ്യോസും ദമരീസ് എന്നു പേരുള്ളോരു സ്ത്രീയും മറ്റ് ചിലരും ഉണ്ടായിരുന്നു.

18
പൗലൊസ് കൊരിന്തിൽ.

1അതിനുശേഷം പൗലൊസ് അഥേന വിട്ട് കൊരിന്തിൽ ചെന്ന്.2അവിടെ അവൻ പൊന്തൊസിൽ ജനിച്ചവനും യെഹൂദന്മാർ എല്ലാവരും റോമാനഗരം വിട്ടു പോകണം എന്ന് ക്ലൌദ്യൊസ് കല്പന കൊടുത്തതുകൊണ്ട് ആ ഇടയ്ക്ക് ഇറ്റലിയിൽനിന്ന് വന്നവനുമായ അക്വിലാസ് എന്നു പേരുള്ളോരു യെഹൂദനെയും അവന്റെ ഭാര്യ പ്രിസ്കില്ലയെയും കണ്ട് അവരുടെ അടുക്കൽ ചെന്ന്.3പൗലോസിന്റെയും അവരുടെയും തൊഴിൽ ഒന്നാകകൊണ്ട് അവൻ അവരോടുകൂടെ പാർത്ത് വേല ചെയ്തുപോന്നു; തൊഴിലോ കൂടാരപ്പണിയായിരുന്നു.

4എന്നാൽ ശബ്ബത്ത്തോറും അവൻ പള്ളിയിൽച്ചെന്ന് യെഹൂദന്മാരോടും യവനന്മാരോടും യേശുവിനെ കുറിച്ച് കാര്യകാരണസഹിതം പറഞ്ഞ് അവരെ സമ്മതിപ്പിച്ചു.

5എന്നാൽ ശീലാസും തിമൊഥെയൊസും മക്കെദോന്യയിൽനിന്ന് വന്നപ്പോൾ പൗലൊസ് ആത്മാവിനാൽ പ്രേരിതനായി തീഷ്ണതയോടെ യേശു തന്നെ ക്രിസ്തു എന്ന് യെഹൂദന്മാരോട് സാക്ഷീകരിച്ചു.6അവർ പൗലോസിനോട് എതിർ പറയുകയും ദുഷിക്കയും ചെയ്തപ്പോൾ അവൻ വസ്ത്രം കുടഞ്ഞു: “നിങ്ങളുടെ നാശത്തിന് നിങ്ങൾ തന്നെ ഉത്തരവാദികൾ; ഞാൻ നിർമ്മലൻ; ഇനിമേൽ ഞാൻ ജാതികളുടെ അടുക്കൽ പോകും” എന്ന് അവരോട് പറഞ്ഞു.
7അവൻ അവിടം വിട്ട്, തീത്തൊസ് യുസ്തൊസ് എന്ന ഒരു ദൈവഭക്തന്റെ വീട്ടിൽ ചെന്ന്; അവന്റെ വീട് പള്ളിയുടെ അടുത്തായിരുന്നു.8പള്ളി പ്രമാണിയായ ക്രിസ്പൊസ് തന്റെ സകല കുടുംബത്തോടുംകൂടെ കർത്താവിൽ വിശ്വസിച്ചു; കൊരിന്ത്യരിൽ മറ്റ് അനേകരും പൗലോസിൽനിന്ന് വചനം കേട്ട് യേശുവിൽ വിശ്വസിച്ചു സ്നാനം ഏറ്റു.
9രാത്രിയിൽ കർത്താവ് ദർശനത്തിൽ പൗലൊസിനോട്: “നീ ഭയപ്പെടാതെ പ്രസംഗിക്കുക; മിണ്ടാതിരിക്കരുത്;10ഞാൻ നിന്നോടുകൂടെ ഉണ്ട്; ആരും നിന്നെ അപായപ്പെടുത്തുകയില്ല; ഈ പട്ടണത്തിൽ എനിക്ക് വളരെ ജനമുണ്ട് ” എന്ന് അരുളിച്ചെയ്തു.11അങ്ങനെ അവൻ ഒരുവർഷവും ആറുമാസവും അവരുടെ ഇടയിൽ ദൈവവചനം പഠിപ്പിച്ചുകൊണ്ട് താമസിച്ചു.

12ഗല്ലിയോൻ അഖായയിൽ ഭരണാധികാരിയായി വാഴുമ്പോൾ യെഹൂദന്മാർ പൗലൊസിന്റെ നേരെ ഒരുമനപ്പെട്ട് എഴുന്നേറ്റ്, അവനെ ന്യായാസനത്തിന്റെ മുമ്പാകെ കൊണ്ടുചെന്ന്:13“ഇവൻ ന്യായപ്രമാണത്തിന് വിരോധമായി ദൈവത്തെ ആരാധിക്കുവാൻ മനുഷ്യരെ സമ്മതിപ്പിക്കുന്നു” എന്നു പറഞ്ഞു.
14പൗലൊസ് സംസാരിക്കാൻ ഭാവിക്കുമ്പോൾ ഗല്ലിയോൻ യെഹൂദന്മാരോട്: “യെഹൂദന്മാരേ, വല്ല അന്യായമോ കുറ്റകൃത്യമോ ആയിരുന്നെങ്കിൽ ഞാൻ ക്ഷമയോടെ നിങ്ങളുടെ സങ്കടം കേൾക്കുമായിരുന്നു.15എന്നാൽ വചനത്തെയും നാമങ്ങളെയും നിങ്ങളുടെ ന്യായപ്രമാണത്തെയും സംബന്ധിച്ചുള്ള തർക്കസംഗതികൾ ആണെങ്കിൽ നിങ്ങൾ തന്നെ നോക്കിക്കൊൾവിൻ; ഈ വകയ്ക്ക് ന്യായാധിപതി ആകുവാൻ എനിക്ക് മനസ്സില്ല” എന്ന് പറഞ്ഞ്
16അവരെ ന്യായാസനത്തിങ്കൽനിന്ന് പുറത്താക്കി.17എല്ലാവരും പള്ളിപ്രമാണിയായ സോസ്ഥനേസിനെ പിടിച്ച് ന്യായാസനത്തിന്റെ മുമ്പിൽവച്ച് അടിച്ചു; ഇതു ഒന്നും ഗല്ലിയോൻ കാര്യമാക്കിയില്ല.

18പൗലൊസ് പിന്നെയും കുറേനാൾ കൊരിന്തിൽ പാർത്തശേഷം സഹോദരന്മാരോട് യാത്ര പറഞ്ഞിട്ട്, താൻ ഒരു നേർച്ച ചെയ്തതിനാൽ കെംക്രയയിൽവച്ച് തല ക്ഷൗരം ചെയ്യിച്ചിട്ട് പ്രിസ്കില്ലയോടും അക്വിലാസിനോടും കൂടെ കപ്പൽ കയറി സുറിയയിലേക്ക് പുറപ്പെട്ടു,19എഫെസൊസിൽ എത്തി അവരെ അവിടെ വിട്ടിട്ട്; അവൻ പള്ളിയിൽ ചെന്ന് യെഹൂദന്മാരോട് യേശുവിനെ കുറിച്ച് സംഭാഷിച്ചു.
20കുറെ കൂടെ താമസിക്കേണം എന്ന് യെഹൂദന്മാർ അപേക്ഷിച്ചിട്ടും അവൻ സമ്മതിക്കാതെ:21“ദൈവഹിതമുണ്ടെങ്കിൽ ഞാൻ നിങ്ങളുടെ അടുക്കൽ മടങ്ങിവരും” എന്നു പറഞ്ഞു വിടവാങ്ങി എഫെസൊസിൽനിന്ന് കപ്പൽ കയറി,
22കൈസര്യയിൽ വന്നിറങ്ങി, യെരൂശലേമിലേക്കു ചെന്ന്, സഭയെ വന്ദനം ചെയ്തിട്ട് അന്ത്യൊക്യയിലേക്ക് പോയി.23അവിടെ കുറേനാൾ താമസിച്ച ശേഷം പുറപ്പെട്ട്, ഗലാത്യദേശത്തിലൂടെയും ഫ്രുഗ്യയിലൂടെയും സഞ്ചരിച്ച് ശിഷ്യന്മാരെ ഒക്കെയും പ്രോത്സാഹിപ്പിച്ചു.
അപ്പൊല്ലോസ് എഫെസൊസിൽ എത്തുന്നു.

24ആ സമയത്ത് തിരുവെഴുത്തുകളിൽ സാമർത്ഥ്യവും വാഗ്വൈഭവവുമുള്ള അപ്പൊല്ലോസ് എന്ന് പേരുള്ള അലെക്സന്ത്രിയക്കാരനായ ഒരു യെഹൂദൻ എഫെസൊസിൽ എത്തി.25അവന് കർത്താവിന്റെ മാർഗ്ഗത്തെ കുറിച്ച് ഉപദേശം ലഭിച്ചിരുന്നു; അവൻ ആത്മാവിൽ എരിവുള്ളവനാകയാൽ യേശുവിനെ കുറിച്ച് കൃത്യമായി ഉപദേശിച്ചിരുന്നു എങ്കിലും അവൻ യോഹന്നാന്റെ സ്നാനത്തെക്കുറിച്ച് മാത്രമേ അറിഞ്ഞിരുന്നുള്ളു.26അവൻ പള്ളിയിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചുതുടങ്ങി; എന്നാൽ അക്വിലാസും പ്രിസ്കില്ലയും അവന്റെ പ്രസംഗം കേട്ടപ്പോൾ സ്നേഹഭാവത്തോടെ അവനെ ചേർത്തുകൊണ്ട് ദൈവത്തിന്റെ മാർഗ്ഗം അധികം സ്പഷ്ടമായി അവന് തെളിയിച്ചുകൊടുത്തു.
27അവൻ അഖായയിലേക്ക് പോകുവാൻ ഇച്ഛിച്ചപ്പോൾ സഹോദരന്മാർ അവനെ ഉത്സാഹിപ്പിക്കയും അവനെ സ്വീകരിക്കേണ്ടതിന് അഖായയിലെ ശിഷ്യന്മാർക്ക് എഴുതുകയും ചെയ്തു; അവിടെ എത്തിയപ്പോൾ അവൻ ദൈവകൃപയാൽ യേശുവിൽ വിശ്വസിച്ചവർക്ക് വളരെ പ്രയോജനമായിത്തീർന്നു.28അവൻ തിരുവെഴുത്തുകളാൽ യേശു തന്നെ ക്രിസ്തു എന്ന് ശക്തമായി തെളിയിച്ച് യെഹൂദന്മാരെ പരസ്യമായി ഖണ്ഡിച്ചുകളഞ്ഞു.

19
പൗലോസ് എഫെസൊസിൽ.

1അപ്പൊല്ലോസ് കൊരിന്തിൽ ഇരിക്കുമ്പോൾ പൗലോസ് ഉൾപ്രദേശങ്ങളിൽ കൂടി സഞ്ചരിച്ച് എഫെസൊസിൽ എത്തി ചില ശിഷ്യന്മാരെ കണ്ട്:2“നിങ്ങൾ വിശ്വസിച്ചിട്ട് പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ?” എന്ന് അവരോട് ചോദിച്ചതിന്: “പരിശുദ്ധാത്മാവ് ഉണ്ടെന്നുപോലും ഞങ്ങൾ കേട്ടിട്ടില്ല” എന്ന് അവർ പറഞ്ഞു.

3“എന്നാൽ ഏതായിരുന്നു നിങ്ങളുടെ സ്നാനം?” എന്ന് അവൻ അവരോട് ചോദിച്ചതിന്: “യോഹന്നാന്റെ സ്നാനം” എന്ന് അവർ പറഞ്ഞു.4അതിന് പൗലൊസ്: “യോഹന്നാൻ മനസാന്തരസ്നാനമത്രേ കഴിപ്പിച്ചത്, തന്റെ പിന്നാലെ വരുന്നവനായ യേശുവിൽ വിശ്വസിക്കണം എന്ന് ജനത്തോടു പറഞ്ഞു” എന്നു പറഞ്ഞു.
5ഇതു കേട്ടപ്പോൾ അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റു.6പൗലൊസ് അവരുടെ മേൽ കൈവച്ചപ്പോൾ പരിശുദ്ധാത്മാവ് അവരുടെമേൽ വന്നു, അവർ അന്യഭാഷകളിൽ സംസാരിക്കുകയും പ്രവചിക്കയും ചെയ്തു.7ആ പുരുഷന്മാർ എല്ലാം കൂടി പന്ത്രണ്ടോളം ആയിരുന്നു.

8പിന്നെ അവൻ പള്ളിയിൽ ചെന്ന് മൂന്നു മാസത്തോളം ദൈവരാജ്യത്തെക്കുറിച്ച് ധൈര്യത്തോടെ സംവാദിക്കുകയും സ്വാധീനിക്കുകയും ചെയ്തുകൊണ്ട് പ്രസംഗിച്ചു പോന്നു.9എന്നാൽ ചില യഹൂദന്മാർ കഠിനപ്പെട്ട് അനുസരിക്കാതെ ജനങ്ങളുടെ മുമ്പാകെ ഈ മാർഗ്ഗത്തെ ദുഷിച്ചുപറഞ്ഞപ്പോൾ പൗലോസ് അവരെ വിട്ടു ശിഷ്യന്മാരെ അവരിൽനിന്ന് വേർതിരിച്ച്, തുറന്നൊസിന്റെ പാഠശാലയിൽ കൊണ്ടുപോയി അവിടെ ദിനംപ്രതി വചനം സംവാദിച്ചുപോന്നു.10അത് രണ്ടു വർഷത്തോളം നടക്കയാൽ ആസ്യയിൽ പാർക്കുന്ന യെഹൂദന്മാരും യവനന്മാരും എല്ലാം കർത്താവിന്റെ വചനം കേൾക്കുവാൻ ഇടയായി.
11ദൈവം പൗലൊസ് മുഖാന്തരം അസാധാരണമായ വീര്യപ്രവൃത്തികളെ ചെയ്യിക്കയാൽ12അവന്റെ ശരീരത്തിൽ ധരിച്ചുവന്ന റൂമാലും മേൽവസ്ത്രവും രോഗികളുടെമേൽ കൊണ്ടുവന്നിടുമ്പോൾ അവർ സൗഖ്യമാകുകയും ദുരാത്മാക്കൾ അവരെ വിട്ടുമാറുകയും ചെയ്തു.

13എന്നാൽ സഞ്ചാരികളായി നടക്കുന്ന മന്ത്രവാദികളായ ചില യെഹൂദന്മാർ ദുരാത്മാവ് ബാധിച്ചവരോട്: “പൗലൊസ് പ്രസംഗിക്കുന്ന യേശുവിന്റെ നാമത്തിൽ ഞാൻ നിങ്ങളോടു കൽപ്പിക്കുന്നു” എന്ന് പറഞ്ഞ് യേശുവിന്റെ നാമം ചൊല്ലുവാൻ തുനിഞ്ഞു.14ഇങ്ങനെ ചെയ്തവർ മഹാപുരോഹിതനായ സ്കേവാ എന്ന ഒരു യെഹൂദന്റെ ഏഴ് പുത്രന്മാർ ആയിരുന്നു.
15ദുരാത്മാവ് അവരോട്: “യേശുവിനെ ഞാൻ അറിയുന്നു; പൗലൊസിനെയും പരിചയമുണ്ട്; എന്നാൽ നിങ്ങൾ ആർ?” എന്നു ചോദിച്ചു.16പിന്നെ ദുരാത്മാവുള്ള മനുഷ്യൻ അവരുടെമേൽ ചാടിവീണ് അവരെ തോല്പിച്ച് കീഴടക്കി; അവർ നഗ്നരും മുറിവേറ്റവരുമായി ആ വീട്ടിൽനിന്ന് ഓടിപ്പോയി.17ഇത് എഫെസൊസിൽ പാർക്കുന്ന സകല യെഹൂദന്മാരും യവനന്മാരും അറിഞ്ഞ്; അവർക്ക് ഒക്കെയും ഭയം തട്ടി, കർത്താവായ യേശുവിന്റെ നാമം മഹിമപ്പെട്ടു.
18വിശ്വസിച്ചവരിൽ അനേകരും വന്ന് തങ്ങളുടെ തെറ്റുകളെ അംഗീകരിച്ച് ഏറ്റുപറഞ്ഞു.19ക്ഷുദ്രപ്രയോഗം ചെയ്തിരുന്ന പലരും തങ്ങളുടെ പുസ്തകങ്ങളെ കൊണ്ടുവന്ന് എല്ലാവരും കാൺകെ ചുട്ടുകളഞ്ഞു; അവയുടെ വില കണക്കുകൂട്ടിയപ്പോൾ അമ്പതിനായിരം വെള്ളിക്കാശ് എന്നു കണ്ട്.20ഇങ്ങനെ കർത്താവിന്റെ വചനം ശക്തിയോടെ പരന്നു അനേകർ യേശുവിൽ വിശ്വസിച്ചു.

21അങ്ങനെ എഫെസൊസിലെ ശുശ്രൂഷ കഴിഞ്ഞതിനുശേഷം പൗലൊസ് മക്കെദോന്യയിലും അഖായയിലും കൂടി കടന്ന് യെരൂശലേമിലേക്ക് പോകേണം എന്ന് മനസ്സിൽ നിശ്ചയിച്ചു: “അവിടെ എത്തിയതിനുശേഷം റോമിലും പോകേണം” എന്നു പറഞ്ഞു.22തന്റെ ശിഷ്യന്മാരായി തന്നെ സഹായിച്ചിരുന്നവരിൽ തിമൊഥെയൊസ്, എരസ്തൊസ് എന്ന രണ്ടുപേരെ മക്കെദോന്യയിലേക്ക് അയച്ചിട്ട് താൻ കുറേക്കാലം ആസ്യയുടെ പ്രവിശ്യയിലുള്ള എഫെസൊസിൽ താമസിച്ചു.
എഫെസൊസിലെ കലഹം.

23ആ കാലത്ത് ക്രിസ്തുമാർഗ്ഗത്തെച്ചൊല്ലി വലിയ കലഹം ഉണ്ടായി.24വെള്ളികൊണ്ട് അർത്തെമിസ് ദേവിയുടെ ക്ഷേത്രരൂപങ്ങളെ ഉണ്ടാക്കുന്ന ദെമേത്രിയൊസ് എന്ന തട്ടാൻ ഈ വക തൊഴിൽക്കാർക്ക് വളരെ ലാഭം വരുത്തി വന്നു.25അവൻ അവരെയും ആ വകയിൽ ഉൾപ്പെട്ട വേലക്കാരെയും കൂട്ടിവരുത്തി: “പുരുഷന്മാരേ, നമ്മുടെ സമ്പാദ്യം ഈ തൊഴിൽകൊണ്ട് ആകുന്നു എന്ന് നിങ്ങൾക്ക് അറിയാമല്ലോ.
26എന്നാൽ ഈ പൗലൊസ് എന്നവൻ കയ്യാൽ തീർത്തത് ദേവന്മാർ അല്ല എന്നു പറഞ്ഞുകൊണ്ട് എഫെസൊസിൽ മാത്രമല്ല, മിക്കവാറും ആസ്യയിൽ ഒക്കെയും വളരെ ജനങ്ങളെ സമ്മതിപ്പിച്ച് പിൻതിരിപ്പിച്ചുകളഞ്ഞു എന്ന് നിങ്ങൾ കണ്ടും കേട്ടും ഇരിക്കുന്നുവല്ലോ.27അതുമൂലം നമ്മുടെ ഈ തൊഴിൽ ആവശ്യമില്ലാതെയാകും എന്ന അപായംമാത്രമല്ലാതെ അർത്തെമിസ് മഹാദേവിയുടെ ക്ഷേത്രം ഏതുമില്ല എന്ന് വരികയും ആസ്യമുഴുവനും ഭൂതലവും ഭജിച്ചു പോരുന്നവളുടെ മാഹാത്മ്യം ഏതുമില്ലാതെയായിപോകുകയും ചെയ്യും” എന്നു പറഞ്ഞു.
28അവർ ഇതുകേട്ട് ക്രോധം നിറഞ്ഞവരായി: “എഫെസ്യരുടെ അർത്തെമിസ് മഹാദേവി” എന്ന് ആർത്തു.29പട്ടണം മുഴുവനും കലഹംകൊണ്ട് നിറഞ്ഞു, അവർ പൗലൊസിന്റെ കൂട്ടുയാത്രക്കാരായ ഗായൊസ് അരിസ്തർഹൊസ് എന്ന മക്കെദോന്യരെ പിടിച്ചുകൊണ്ട് പൊതുമണ്ഡപത്തിലേക്ക് ഒരുമനപ്പെട്ട് പാഞ്ഞുചെന്നു.
30പൗലൊസ് ജനസമൂഹത്തിൽ ചെല്ലുവാൻ ഭാവിച്ചപ്പോൾ ശിഷ്യന്മാർ അവനെ വിട്ടില്ല.31ആസ്യാധിപന്മാരിൽ ചിലർ പൗലൊസിന്റെ സ്നേഹിതന്മാർ ആയതുകൊണ്ട്: പൊതുമണ്ഡപത്തിലേക്ക് ചെന്നുപോകരുത് എന്ന് അവരും അവന്റെ അടുക്കൽ ആളയച്ച് അപേക്ഷിച്ചു.32ജനസംഘം ആശയക്കുഴപ്പത്തിലായതുകൊണ്ട് മിക്കപേരും തങ്ങൾ വന്നുകൂടിയ സംഗതി എന്തെന്നുപോലും അറിയായ്കയാൽ ചിലർ ഇങ്ങനെയും ചിലർ അങ്ങനെയും ആർത്തു.
33യെഹൂദന്മാർ മുമ്പോട്ടുകൊണ്ടുവന്ന അലെക്സന്തരിനെ പുരുഷാരത്തിൽ ചിലർ സംസാരിപ്പാൻ ഉത്സാഹിപ്പിച്ചു; അലെക്സന്തർ ആംഗ്യം കാട്ടി ജനസമൂഹത്തോട് പ്രതിവാദിക്കുവാൻ ഭാവിച്ചു.34എന്നാൽ അവൻ യെഹൂദൻ എന്ന് അറിഞ്ഞപ്പോൾ: “എഫെസ്യരുടെ അർത്തെമിസ് മഹാദേവി” എന്ന് എല്ലാവരും കൂടി രണ്ടു മണിക്കൂറോളം ഏകശബ്ദത്തോടെ ആർത്തുകൊണ്ടിരുന്നു.
35പിന്നെ നഗരാധികാരി പുരുഷാരത്തെ ശാന്തമാക്കി പറഞ്ഞത്: “എഫെസ്യപുരുഷന്മാരേ, എഫെസൊസ് പട്ടണം അർത്തെമിസ് മഹാദേവിക്കും, ദേവലോകത്തുനിന്ന് വീണ അവളുടെ ബിംബത്തിനും ക്ഷേത്രപാലിക എന്ന് അറിയാത്ത മനുഷ്യൻ ആരുള്ളു?36ഇത് എതിർമൊഴിയില്ലാത്തതാകയാൽ നിങ്ങൾ തിടുക്കമായി ഒന്നും ചെയ്യാതെ അടങ്ങിപ്പാർക്കേണ്ടതാകുന്നു.37ഈ പുരുഷന്മാരെ നിങ്ങൾ കൂട്ടിക്കൊണ്ടുവന്നുവല്ലോ; അവർ ക്ഷേത്രം കവർച്ച ചെയ്യുന്നവരല്ല, നമ്മുടെ ദേവിയെ ദുഷിക്കുന്നവരുമല്ല.
38എന്നാൽ ദെമേത്രിയൊസിനും കൂടെയുള്ള തൊഴിൽക്കാർക്കും വല്ലവന്റെയും നേരെ ഒരു സംഗതി ഉണ്ടെങ്കിൽ വിസ്താരദിവസങ്ങൾ വെച്ചിട്ടുണ്ട്; ദേശാധിപതികളും ഉണ്ട്; തമ്മിൽ വ്യവഹരിക്കട്ടെ.39വേറെ കാര്യം ചൊല്ലി ആകുന്നു വാദം എങ്കിൽ ധർമ്മസഭയിൽ തീർക്കാമല്ലോ.40ഇന്നത്തെ കലഹത്തിന് കാരണമില്ലായ്കയാൽ അതുനിമിത്തം നമ്മുടെ പേരിൽ കുറ്റം ചുമത്തുവാൻ ഇടയുണ്ട് സ്പഷ്ടം; ഈ ആൾക്കൂട്ടത്തിന് ഉത്തരം പറവാൻ നമുക്ക് വക ഒന്നുമില്ലല്ലോ.”41ഇങ്ങനെ പറഞ്ഞ് അവൻ സഭയെ പിരിച്ചുവിട്ടു.

20
പൗലൊസ് മക്കെദോന്യെക്കും യവനദേശത്തേക്കും പോകുന്നു.

1കലഹം ശമിച്ചശേഷം പൗലൊസ് ശിഷ്യന്മാരെ കൂട്ടിവരുത്തി പ്രബോധിപ്പിച്ചു പിന്നീട് അവരോട് യാത്രപറഞ്ഞ് മക്കെദോന്യെക്കു പുറപ്പെട്ടുപോയി.2ആ പ്രദേശങ്ങളിൽ കൂടി സഞ്ചരിച്ച് അവിടെയുള്ളവരെ ധൈര്യപ്പെടുത്തുവാൻ വളരെയധികം പ്രബോധിപ്പിച്ചതിനുശേഷം യവനദേശത്തേക്ക് പോയി.3അവിടെ മൂന്ന് മാസം കഴിച്ചിട്ട് സുറിയയ്ക്ക് കപ്പൽ കയറിപ്പോകുവാൻ ഭാവിക്കുമ്പോൾ യെഹൂദന്മാർ അവന് വിരോധമായി കൂട്ടുകെട്ട് ഉണ്ടാക്കുകയാൽ വീണ്ടും മക്കെദോന്യ വഴിയായി മടങ്ങിപ്പോകുവാൻ നിശ്ചയിച്ചു.

4ബെരോവയിലെ പുറൊസിന്റെ മകൻ സോപത്രൊസും, തെസ്സലോനിക്യരായ അരിസ്തർഹൊസും സെക്കുന്തൊസും, ദെർബ്ബക്കാരനായ ഗായൊസും, തിമൊഥെയൊസും, ആസ്യക്കാരായ തുഹിക്കൊസും ത്രൊഫിമൊസും ആസ്യവരെ അവനോടൊപ്പം ഉണ്ടായിരുന്നു.5എന്നാൽ അവർ മുമ്പെ പോയി ത്രോവാസിൽ ഞങ്ങൾക്കായി കാത്തിരുന്നു.6ഞങ്ങളോ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ കഴിഞ്ഞിട്ട് ഫിലിപ്പിയിൽനിന്ന് കപ്പൽ കയറി അഞ്ച് ദിവസംകൊണ്ട് ത്രോവാസിൽ അവരുടെ അടുക്കൽ എത്തി, ഏഴ് ദിവസം അവിടെ പാർത്തു.
യൂത്തിക്കൊസിനെ ഉയിർപ്പിക്കുന്നു.

7ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തിൽ ഞങ്ങൾ അപ്പം നുറുക്കുവാൻ കൂടിവന്നപ്പോൾ പൗലൊസ് പിറ്റെന്നാൾ പുറപ്പെടുവാൻ ഭാവിച്ചതുകൊണ്ട് അവരോട് പാതിരവരെയും സംഭാഷിച്ചുകൊണ്ടിരുന്നു.8ഞങ്ങൾ കൂടിയിരുന്ന മാളികയിൽ വളരെ വിളക്കുകൾ ഉണ്ടായിരുന്നു. അവിടെ യൂത്തിക്കൊസ് എന്ന യൗവനക്കാരൻ കിളിവാതിൽക്കൽ ഇരുന്ന് ഗാഢനിദ്ര പിടിച്ച്,
9പൗലൊസ് വളരെ നേരം സംഭാഷിക്കയാൽ നിദ്രാവശനായി മൂന്നാം തട്ടിൽ നിന്ന് താഴെ വീണു; അവനെ മരിച്ചവനായി എടുത്തുകൊണ്ട് വന്നു.10പൗലൊസ് താഴെ ഇറങ്ങി അവന്റെ നേരെ ചെന്ന് അവനെ വാരിപുണർന്നു; എന്നിട്ട് “ഭ്രമിക്കണ്ട; അവൻ ജീവിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
11പിന്നെ പൗലൊസ് മുകളിലേക്ക് കയറിച്ചെന്ന് അപ്പം നുറുക്കി തിന്ന് പുലരുവോളം സംഭാഷിച്ച് പുറപ്പെട്ടുപോയി.12അവർ ആ യൗവനക്കാരനെ ജീവനുള്ളവനായി കൊണ്ടുവന്ന് അത്യന്തം ആശ്വസിച്ചു.

13ഞങ്ങൾ പൗലൊസിന് മുമ്പായി കപ്പൽ കയറി അസ്സൊസിലേക്ക് പോയി എന്നാൽ അവൻ അവിടംവരെ കരയിലൂടെ സഞ്ചരിച്ചതിനുശേഷം ഞങ്ങളുടെകൂടെ കപ്പൽ കയറുമെന്ന് തീരുമാനിച്ചിരുന്നു.14അവൻ അസ്സൊസിൽ ഞങ്ങളോടു ചേർന്നപ്പോൾ അവനെ കപ്പലിൽ കയറ്റി മിതുലേനയിലേക്ക് പോയി;
15അവിടെനിന്ന് നീക്കി, പിറ്റെന്നാൾ ഖിയൊസ്ദ്വീപിന്റെ എതിർവശത്തെത്തി, മറുനാൾ സാമൊസ്ദ്വീപിൽ അണഞ്ഞു, പിറ്റേന്ന് മിലേത്തൊസ് പട്ടണത്തിൽ എത്തി.16കഴിയും എങ്കിൽ പെന്തെക്കൊസ്തുനാളേക്ക് യെരൂശലേമിൽ എത്തേണ്ടതിന് പൗലൊസ് ബദ്ധപ്പെടുകയാൽ ആസ്യയിൽ ഒട്ടും സമയം ചെലവഴിക്കാതിരിക്കേണ്ടതിന് എഫെസൊസിൽ അടുക്കാതെ ഓടേണം എന്ന് നിശ്ചയിച്ചിരുന്നു.
എഫെസൊസിലെ മൂപ്പന്മാരോട് പൗലൊസിന്റെ യാത്രാമൊഴി.

17അതുകൊണ്ട് മിലേത്തൊസിൽനിന്ന് അവൻ എഫെസൊസിലേക്ക് ആളയച്ച് സഭയിലെ മൂപ്പന്മാരെ വരുത്തി.18അവർ അവന്റെ അടുക്കൽ വന്നപ്പോൾ അവൻ അവരോട് പറഞ്ഞത്:

“ഞാൻ ആസ്യയിൽ വന്ന ഒന്നാം നാൾ മുതൽ എല്ലായ്പോഴും നിങ്ങളോടുകൂടെ എങ്ങനെയിരുന്നു എന്നും,

19വളരെ താഴ്മയോടും കണ്ണുനീരോടും, എനിക്കെതിരെ യെഹൂദന്മാരുടെ കൂട്ടുകെട്ടുകളാൽ ഉണ്ടായ കഷ്ടങ്ങളോടും കൂടെ കർത്താവിനെ സേവിച്ചു വന്നു എന്നും,20പ്രായോജനമുള്ളത് ഒന്നും മറച്ചുവെക്കാതെ പരസ്യമായും വീടുതോറും നിങ്ങളോടു അറിയിക്കുകയും ഉപദേശിക്കുകയും ചെയ്തു എന്നും,21ദൈവത്തിങ്കലേക്കുള്ള മാനസാന്തരവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും യെഹൂദന്മാർക്കും യവനന്മാർക്കും ഉപദേശിച്ചു എന്നും നിങ്ങൾ അറിയുന്നുവല്ലോ.
22ഇപ്പോൾ ഇതാ, ഞാൻ പരിശുദ്ധാത്മാവിനാൽ നിർബ്ബന്ധിക്കപ്പെട്ടവനായി യെരൂശലേമിലേക്ക് പോകുന്നു.23എല്ലാ പട്ടണങ്ങളിലും ബന്ധനങ്ങളും കഷ്ടങ്ങളും എനിക്കായി കാത്തിരിക്കുന്നു എന്ന് പരിശുദ്ധാത്മാവ് സാക്ഷ്യം പറയുന്നതല്ലാതെ അവിടെ എനിക്ക് നേരിടുവാനുള്ളത് ഒന്നും ഞാൻ അറിയുന്നില്ല.24എങ്കിലും ഞാൻ എന്റെ പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല; എന്റെ ഓട്ടവും ദൈവകൃപയുടെ സുവിശേഷത്തിന് സാക്ഷ്യം പറയേണ്ടതിന് കർത്താവായ യേശു തന്ന ശുശ്രൂഷയും തികയ്ക്കേണം എന്നേ എനിക്കുള്ളൂ.
25എന്നാൽ നിങ്ങളുടെ ഇടയിൽ ദൈവരാജ്യം പ്രസംഗിച്ചുകൊണ്ടു നടന്നവനായ എന്റെ മുഖം നിങ്ങൾ ആരും ഇനി കാൺകയില്ല എന്ന് ഞാൻ അറിയുന്നു.26അതുകൊണ്ട് നിങ്ങളിൽ ആരെങ്കിലും നശിച്ചുപോയാൽ ഞാൻ കുറ്റക്കാരനല്ല എന്ന് ഞാൻ ഇന്നേ ദിവസം നിങ്ങളോടു സാക്ഷ്യം പറയുന്നു.27ദൈവത്തിന്റെ ആലോചന ഒട്ടും മറച്ചുവെക്കാതെ ഞാൻ മുഴുവനും അറിയിച്ചുതന്നിരിക്കുന്നുവല്ലോ.
28ദൈവം തന്റെ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്ക്കുവാൻ, നിങ്ങളെത്തന്നെയും പരിശുദ്ധാത്മാവ് നിങ്ങളെ അദ്ധ്യക്ഷരാക്കിവച്ച ആട്ടിൻ കൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊള്ളുവിൻ.29ഞാൻ പോയ ശേഷം ആട്ടിൻ കൂട്ടത്തെ ആദരിക്കാത്ത ദുഷ്ടത നിറഞ്ഞ ചെന്നായ്ക്കൾ നിങ്ങളുടെ ഇടയിൽ കടക്കും എന്നു ഞാൻ അറിയുന്നു.30ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളയുവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാർ നിങ്ങളുടെ ഇടയിൽ നിന്നും എഴുന്നേല്ക്കും.
31അതുകൊണ്ട് ഉണർന്നിരിപ്പിൻ; ഞാൻ മൂന്ന് വർഷക്കാലം രാപ്പകൽ ഇടവിടാതെ കണ്ണുനീർ വാർത്തുംകൊണ്ട് ഓരോരുത്തന് നിർദ്ദേശിച്ചുതന്നത് ഓർത്തുകൊൾവിൻ.32നിങ്ങൾക്ക് ആത്മികവർദ്ധന വരുത്തുവാനും സകല വിശുദ്ധന്മാരോടുംകൂടെ അവകാശം തരുവാനും കഴിയുന്ന ദൈവത്തിലും അവന്റെ കൃപയുടെ വചനത്തിലും ഞാൻ ഇപ്പോൾ നിങ്ങളെ ഭരമേല്പിക്കുന്നു.
33ആരുടെയും വെള്ളിയോ പൊന്നോ വസ്ത്രമോ ഞാൻ മോഹിച്ചിട്ടില്ല.34എന്റെ ആവശ്യങ്ങൾക്കും എന്നോടുകൂടെയുള്ളവർക്കും വേണ്ടി ഞാൻ ഈ കൈകളാൽ അദ്ധ്വാനിച്ചു എന്ന് നിങ്ങൾ തന്നെ അറിയുന്നുവല്ലോ.35ഇങ്ങനെ പ്രയത്നം ചെയ്ത് പ്രാപ്തിയില്ലാത്തവരെ സഹായിക്കുകയും, ‘വാങ്ങുന്നതിനേക്കാൾ കൊടുക്കുന്നത് ഭാഗ്യം’ എന്ന് കർത്താവായ യേശു താൻ പറഞ്ഞ വാക്ക് ഓർത്തുകൊൾകയും വേണം എന്ന് ഞാൻ എല്ലാംകൊണ്ടും നിങ്ങൾക്ക് ദൃഷ്ടാന്തം കാണിച്ചിരിക്കുന്നു.”

36ഇങ്ങനെ പറഞ്ഞിട്ട് അവൻ മുട്ടുകുത്തി അവരെല്ലാവരോടും കൂടെ പ്രാർത്ഥിച്ചു.37എല്ലാവരും വളരെ കരഞ്ഞു.38ഇനിമേൽ അവന്റെ മുഖം കാണുകയില്ല എന്നു പറഞ്ഞ വാക്കിനാൽ അവർ ഏറ്റവും ദുഃഖിച്ചു പൗലൊസിന്റെ കഴുത്തിൽ കെട്ടിപ്പിടിച്ച് അവനെ ചുംബിച്ചു കപ്പലോളം അവനോടുകൂടെ വന്ന് അവനെ യാത്രയയച്ചു.

21

1അവരെ വിട്ടുപിരിഞ്ഞ് നീക്കിയശേഷം ഞങ്ങൾ നേരെ സഞ്ചരിച്ച് കോസ് പട്ടണത്തിലും പിറ്റെന്നാൾ രൊദൊസിലും അവിടം വിട്ട് പത്തരയിലും എത്തി.2ഫൊയ്നിക്ക്യയിലേക്ക് പോകുന്ന ഒരു കപ്പൽ കണ്ടിട്ട് ഞങ്ങൾ അതിൽ കയറി ഓടി.

3ഇടതുഭാഗത്ത് കുപ്രോസ് ദ്വീപ് കണ്ട്, അവിടം വിട്ട് സുറിയയിലേക്ക് ഓടി സോരിൽ വന്നിറങ്ങി; കപ്പൽ അവിടെ ചരക്ക് ഇറക്കുവാനുള്ളതായിരുന്നു;4ഞങ്ങൾ ശിഷ്യന്മാരെ കണ്ടെത്തി ഏഴുനാൾ അവിടെ പാർത്തു; അവർ പൗലൊസിനോടു യെരൂശലേമിൽ പോകരുത് എന്ന് ആത്മാവിനാൽ പറഞ്ഞു.
5അവിടുത്തെ താമസം കഴിഞ്ഞിട്ട് ഞങ്ങൾ വിട്ടുപോകുമ്പോൾ അവർ എല്ലാവരും തങ്ങളുടെ ഭാര്യമാരും കുട്ടികളുമായി പട്ടണത്തിന് പുറത്തോളം ഞങ്ങളോടുകൂടെ വന്നു6കടൽക്കരയിൽ മുട്ടുകുത്തി പ്രാർത്ഥിച്ചു, തമ്മിൽ യാത്ര പറഞ്ഞിട്ട് ഞങ്ങൾ കപ്പൽ കയറി; അവർ വീട്ടിലേക്ക് മടങ്ങിപ്പോയി.

7ഞങ്ങൾ സോരിൽ നിന്ന് യാത്രതിരിച്ച് പ്തൊലെമായിസിൽ എത്തി, അവിടെ സഹോദരന്മാരെ വന്ദനം ചെയ്ത് ഒരു ദിവസം അവരോടുകൂടെ പാർത്തു.8പിറ്റെന്നാൾ ഞങ്ങൾ പുറപ്പെട്ട് കൈസര്യയിൽ എത്തി, യെരുശലേമിൽ വെച്ച് തിരഞ്ഞെടുക്കപ്പെട്ട ഏഴുപേരിൽ ഒരുവനായ ഫിലിപ്പൊസ് എന്ന സുവിശേഷകന്റെ വീട്ടിൽ ചെന്ന് അവനോടുകൂടെ പാർത്തു.9അവന് കന്യകമാരും പ്രവചിക്കുന്നവരുമായ നാല് പുത്രിമാർ ഉണ്ടായിരുന്നു.
10ഞങ്ങൾ അവിടെ ചില ദിവസങ്ങൾ താമസിച്ചുകൊണ്ടിരിക്കുമ്പോൾ അഗബൊസ് എന്ന ഒരു പ്രവാചകൻ യെഹൂദ്യയിൽനിന്നു വന്നു.11അവൻ ഞങ്ങളുടെ അടുക്കൽ വന്ന് പൗലൊസിന്റെ അരക്കച്ച എടുത്ത് തന്റെ സ്വന്തം കൈകാലുകളെ കെട്ടി: “‘ഈ അരക്കച്ചയുടെ ഉടമസ്ഥനെ യെഹൂദന്മാർ യെരൂശലേമിൽ ഇങ്ങനെ കെട്ടി ജാതികളുടെ കയ്യിൽ ഏല്പിക്കും’ എന്ന് പരിശുദ്ധാത്മാവ് പറയുന്നു” എന്നു പറഞ്ഞു.
12ഇതു കേട്ടപ്പോൾ യെരൂശലേമിൽ പോകരുത് എന്ന് പൗലോസിനോട് ഞങ്ങളും അവിടത്തുകാരും അപേക്ഷിച്ചു.13അതിന് പൗലൊസ് : “നിങ്ങൾ കരഞ്ഞ് എന്റെ ഹൃദയം ഇങ്ങനെ തകർക്കുന്നത് എന്ത്? കർത്താവായ യേശുവിന്റെ നാമത്തിനുവേണ്ടി ബന്ധിയ്ക്കപ്പെടുവാൻ മാത്രമല്ല യെരൂശലേമിൽ മരിക്കുവാനും ഞാൻ ഒരുങ്ങിയിരിക്കുന്നു” എന്ന് ഉത്തരം പറഞ്ഞു.14അവനെ സമ്മതിപ്പിക്കാൻ കഴിയാതെവന്നപ്പോൾ: “കർത്താവിന്റെ ഇഷ്ടം നടക്കട്ടെ” എന്ന് പറഞ്ഞ് ഞങ്ങൾ മിണ്ടാതിരുന്നു.

15അവിടുത്തെ താമസം കഴിഞ്ഞിട്ട് ഞങ്ങൾ യാത്രയ്ക്ക് ഒരുങ്ങി യെരൂശലേമിലേക്ക് പോയി.16കൈസര്യയിലെ ശിഷ്യന്മാരിൽ ചിലരും ഞങ്ങളോടുകൂടെ പോന്നു, ഞങ്ങൾ താമസിക്കേണ്ടിയിരുന്നത് കുപ്രൊസ്കാരനായ മ്നാസോൻ എന്ന ഒരു ആദ്യകാല ശിഷ്യനോടുകൂടെയായിരുന്നു. അതുകൊണ്ട് അവർ അവനെയും കൂടെക്കൊണ്ടു പോന്നു.
പൗലോസ് യെരുശലേമിൽ എത്തുന്നു.

17യെരൂശലേമിൽ എത്തിയപ്പോൾ സഹോദരന്മാർ ഞങ്ങളെ സന്തോഷത്തോടെ സ്വീകരിച്ചു.18പിറ്റെന്ന് പൗലൊസും ഞങ്ങളും യാക്കോബിന്റെ അടുക്കൽ പോയി; മൂപ്പന്മാരും എല്ലാം അവിടെ വന്നുകൂടി.19പൗലോസ് അവരെ വന്ദനം ചെയ്തു, തന്റെ ശുശ്രൂഷയാൽ ദൈവം ജാതികളുടെ ഇടയിൽ ചെയ്യിച്ചത് ഓരോന്നായി വിവരിച്ചുപറഞ്ഞു.
20അവർ കേട്ട് ദൈവത്തെ മഹത്വപ്പെടുത്തി. പിന്നെ അവനോട് പറഞ്ഞത്: “സഹോദരാ, യെഹൂദന്മാരുടെ ഇടയിൽ വിശ്വസിച്ചിരിക്കുന്നവർ എത്ര ആയിരം ഉണ്ട് എന്ന് നീ കാണുന്നുവല്ലോ; അവർ എല്ലാവരും ന്യായപ്രമാണം അനുസരിക്കുവാൻ തീരുമാനിച്ചിരിക്കുന്നവരുമാകുന്നു.21എന്നാൽ മക്കളെ പരിച്ഛേദന ചെയ്യരുത് എന്നും നമ്മുടെ പഴയ ആചാരങ്ങൾ അനുസരിച്ചു നടക്കരുത് എന്നും നീ ജാതികളുടെ ഇടയിലുള്ള സകല യെഹൂദന്മാരോടും പറഞ്ഞ് മോശെയെ ഉപേക്ഷിച്ചുകളയുവാൻ ഉപദേശിക്കുന്നു എന്നും അവർ നിന്നെക്കുറിച്ച് ധരിച്ചിരിക്കുന്നു.
22ആകയാൽ എന്താകുന്നു വേണ്ടത്? നീ വന്നിട്ടുണ്ട് എന്ന് അവർ കേൾക്കും നിശ്ചയം.23ഞങ്ങൾ നിന്നോട് ഈ പറയുന്നത് ചെയ്ക; നേർച്ചയുള്ള നാല് പുരുഷന്മാർ ഞങ്ങളുടെ ഇടയിൽ ഉണ്ട്.24അവരെ കൂട്ടിക്കൊണ്ടുപോയി അവരോടുകൂടെ നീയും നിന്നെത്തന്നെ ശുദ്ധിവരുത്തി അവരുടെ തല ക്ഷൗരം ചെയ്യേണ്ടതിനുള്ള ചെലവ് നീ ചെയ്ക; എന്നാൽ നിന്നെക്കുറിച്ച് കേട്ടത് വാസ്തവമല്ല എന്നും നീയും ന്യായപ്രമാണത്തെ ആചരിച്ച് ക്രമമായി നടക്കുന്നവൻ എന്നും എല്ലാവരും അറിയും.
25വിശ്വസിച്ചിരിക്കുന്ന യഹൂദരല്ലാത്തവരെ സംബന്ധിച്ചോ, അവർ വിഗ്രഹാർപ്പിതവും രക്തവും ശ്വാസംമുട്ടിച്ചത്തതും പരസംഗവും മാത്രം ഒഴിഞ്ഞിരിക്കേണം എന്ന് നിർദ്ദേശിച്ച് എഴുതി അയച്ചിട്ടുണ്ടല്ലോ.”26അങ്ങനെ പൗലൊസ് ആ പുരുഷന്മാരെ കൂട്ടിക്കൊണ്ട് പിറ്റെന്നാൾ അവരോടുകൂടെ തന്നെയും ശുദ്ധിവരുത്തി; ദൈവാലയത്തിൽ ചെന്ന് അവരിൽ ഓരോരുത്തനുവേണ്ടി വഴിപാട് കഴിക്കുവാനുള്ള ശുദ്ധീകരണകാലം തികഞ്ഞു എന്നു ബോധിപ്പിച്ചു.
പൗലൊസ് ദൈവാലായത്തിൽവച്ച് ഉപദ്രവിക്കപ്പെടുന്നു.

27ആ ഏഴ് ദിവസം തീരാറായപ്പോൾ ആസ്യയിൽനിന്ന് വന്ന യെഹൂദന്മാർ അവനെ ദൈവാലയത്തിൽ കണ്ടിട്ട് പുരുഷാരത്തെ ഒക്കെയും പ്രകോപിപ്പിച്ച് അവനെ പിടിച്ച്:28“യിസ്രായേൽ പുരുഷന്മാരേ, സഹായിക്കുവാൻ; ഇവൻ ആകുന്നു ജനത്തിനും ന്യായപ്രമാണത്തിനും ഈ സ്ഥലത്തിനും വിരോധമായി എല്ലായിടത്തും എല്ലാവരെയും ഉപദേശിക്കുന്നവൻ; മാത്രമല്ല അവൻ യവനന്മാരെയും ദൈവാലയത്തിൽ കൂട്ടിക്കൊണ്ടുവന്ന് ഈ വിശുദ്ധ സ്ഥലം മലിനമാക്കി” എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു.29അവർ മുമ്പെ എഫെസ്യനായ ത്രൊഫിമോസിനെ അവനോടുകൂടെ നഗരത്തിൽ കണ്ടതിനാൽ പൗലൊസ് അവനെ ദൈവാലയത്തിൽ കൂട്ടിക്കൊണ്ടുവന്നു എന്നു വിചാരിച്ചു.
30നഗരത്തിലുള്ള ജനങ്ങളെല്ലാം പ്രകോപിതരായി ഓടിക്കൂടി പൗലൊസിനെ പിടിച്ച് ദൈവാലയത്തിന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി; ഉടനെ വാതിലുകൾ അടച്ചുകളഞ്ഞു.31അവർ അവനെ കൊല്ലുവാൻ ശ്രമിക്കുമ്പോൾ യെരൂശലേം ഒക്കെയും കലഹത്തിൽ ആയി എന്ന് പട്ടാളത്തിന്റെ സഹസ്രാധിപന് വർത്തമാനം എത്തി.
32അവൻ ക്ഷണത്തിൽ പടയാളികളെയും ശതാധിപന്മാരെയും കൂട്ടിക്കൊണ്ട് അവരുടെ നേരെ പാഞ്ഞുവന്നു; അവർ സഹസ്രാധിപനെയും പടയാളികളെയും കണ്ടപ്പോൾ പൗലൊസിനെ അടിക്കുന്നത് നിർത്തി.33സഹസ്രാധിപൻ അടുത്തുവന്ന് പൗലോസിനെ പിടിച്ച് അവനെ രണ്ടു ചങ്ങലകൊണ്ട് ബന്ധിയ്ക്കുവാൻ കല്പിച്ചു; അവൻ ആർ എന്നും എന്ത് ചെയ്തു എന്നും ചോദിച്ചു.
34പുരുഷാരത്തിൽ ചിലർ ഇങ്ങനെയും ചിലർ അങ്ങനെയും വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു; അങ്ങനെ അവരുടെ ബഹളം നിമിത്തം നിശ്ചയമായി ഒന്നും അറിഞ്ഞുകൂടായ്കയാൽ അവനെ കോട്ടയിലേക്ക് കൊണ്ടുപോകുവാൻ കല്പിച്ചു.35കോട്ടയുടെ പടിക്കെട്ടിന്മേൽ ആയപ്പോൾ: പുരുഷാരത്തിന്റെ ഉപദ്രവം പേടിച്ചിട്ട് പടയാളികൾ അവനെ എടുക്കേണ്ടിവന്നു.36“അവനെ കൊന്നുകളക” എന്നു ആർത്തുകൊണ്ട് ജനസമൂഹം പിൻചെന്നുകൊണ്ടിരുന്നു.
പൗലോസ് യെരുശലേമിലെ ജനസമൂഹത്തോട് പ്രസംഗിക്കുന്നു.

37കോട്ടയിൽ കടക്കാറായപ്പോൾ പൗലൊസ് സഹസ്രാധിപനോട് യവനഭാഷയിൽ: “എനിക്ക് നിന്നോട് ഒരു വാക്ക് പറയാമോ?” എന്നു ചോദിച്ചു. അതിന് അവൻ: “നിനക്ക് യവനഭാഷ അറിയാമോ?38കുറേനാൾ മുമ്പെ കലഹം ഉണ്ടാക്കി നാലായിരം കൊലയാളികളെ മരുഭൂമിയിലേക്ക് കൂട്ടിക്കൊണ്ടുപോയ മിസ്രയീമ്യൻ നീ അല്ലയോ?” എന്നു ചോദിച്ചു.
39അതിന് പൗലൊസ്: “ഞാൻ കിലിക്യയിൽ തർസൊസ് എന്ന പ്രസിദ്ധ നഗരത്തിലെ പൗരനായൊരു യെഹൂദൻ ആകുന്നു. ജനത്തോട് സംസാരിപ്പാൻ അനുവദിക്കേണം എന്ന് അപേക്ഷിക്കുന്നു” എന്നു പറഞ്ഞു.40അവൻ അനുവദിച്ചപ്പോൾ പൗലൊസ് പടിക്കെട്ടിന്മേൽ നിന്നുകൊണ്ട് ജനത്തോട് ആംഗ്യം കാട്ടി, അവർ പൂർണ്ണ നിശബ്ദരായ ശേഷം എബ്രായഭാഷയിൽ ഇപ്രകാരം വിളിച്ചുപറഞ്ഞു:

22

1“സഹോദരന്മാരും പിതാക്കന്മാരുമായുള്ളോരേ, എനിക്ക് ഇന്ന് നിങ്ങളോടുള്ള പ്രതിവാദം കേട്ടുകൊൾവിൻ.”

2(എന്നാൽ പൗലോസ് എബ്രായഭാഷയിൽ സംസാരിക്കുന്നത് കേട്ടിട്ട് അവർ അധികം മൗനമായി നിന്നു. അവൻ പറഞ്ഞതെന്തെന്നാൽ:)

3“ഞാൻ കിലിക്യയിലെ തർസോസിൽ ജനിച്ച യെഹൂദനും ഈ നഗരത്തിൽ വളർന്ന് ഗമാലിയേലിന്റെ കാല്ക്കൽ ഇരുന്ന് പിതാക്കന്മാരുടെ ന്യായപ്രമാണം സൂക്ഷ്മതയോടെ അഭ്യസിച്ചവനുമാകയാൽ നിങ്ങൾ എല്ലാവരും ഇന്ന് ഇരിക്കുന്നതുപോലെ ദൈവസേവയിൽ തീഷ്ണതയുള്ളവനായിരുന്നു.4ഞാൻ ഈ മാർഗ്ഗക്കാരായ പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചുകെട്ടി തടവിൽ ഏല്പിച്ചും കൊല്ലുവാനും മടിക്കാതെ ഉപദ്രവിച്ചും വന്നു.5അതിന് മഹാപുരോഹിതനും മൂപ്പന്മാരുടെ സംഘം ഒക്കെയും എനിക്ക് സാക്ഷികൾ; അവരോട് സഹോദരന്മാർക്കായി എഴുത്ത് വാങ്ങിക്കൊണ്ട് ദമസ്കൊസിൽ പാർക്കുന്നവരെയും പിടിച്ചുകെട്ടി ശിക്ഷിക്കുന്നതിനായി യെരൂശലേമിലേക്ക് കൊണ്ടുവരേണ്ടതിന് ഞാൻ അവിടേക്ക് യാത്രയായി.
6അങ്ങനെ പ്രയാണം ചെയ്ത് ദമസ്കൊസിനോട് അടുത്തപ്പോൾ ഏകദേശം ഉച്ചയ്ക്ക് പെട്ടെന്ന് ആകാശത്തുനിന്ന് വലിയൊരു വെളിച്ചം എന്റെ ചുറ്റും മിന്നി.7ഞാൻ നിലത്തുവീണു: ‘ശൌലേ, ശൌലേ, നീ എന്നെ ഉപദ്രവിക്കുന്നത് എന്ത്?’ എന്നു എന്നോട് പറയുന്ന ഒരു ശബ്ദം കേട്ട്.8‘കർത്താവേ, നീ ആരാകുന്നു?’ എന്ന് ഞാൻ ചോദിച്ചതിന്: ‘നീ ഉപദ്രവിക്കുന്ന നസറായനായ യേശു ആകുന്നു ഞാൻ’ എന്ന് അവൻ എന്നോട് പറഞ്ഞു.
9എന്നോട് കൂടെയുള്ളവർ വെളിച്ചം കണ്ട് എങ്കിലും എന്നോട് സംസാരിക്കുന്നവന്റെ ശബ്ദം കേട്ടില്ല.10‘കർത്താവേ, ഞാൻ എന്ത് ചെയ്യേണം?’ എന്നു ചോദിച്ചതിന് കർത്താവ് എന്നോട്; ‘എഴുന്നേറ്റ് ദമസ്കൊസിലേക്ക് പോക; നീ ചെയ്യേണ്ടുന്ന കാര്യങ്ങളെല്ലാം അവിടെവച്ച് നിന്നോട് പറയും’ എന്നു കല്പിച്ചു.11ആ വെളിച്ചത്തിന്റെ തേജസ്സ് മുഖാന്തരം എനിക്ക് കണ്ണ് കാണായ്കയാൽ കൂടെയുള്ളവർ എന്നെ കൈയ്ക്കുപിടിച്ചു നടത്തി; അങ്ങനെ ഞാൻ ദമസ്കൊസിൽ എത്തി.
12അവിടെ പാർക്കുന്ന സകല യെഹൂദന്മാരാലും നല്ല സാക്ഷ്യം കൊണ്ടവനായി, ന്യായപ്രമാണപ്രകാരം ഭക്തിയുള്ള പുരുഷനായ അനന്യാസ് എന്നൊരുവൻ എന്റെ അടുക്കൽ വന്നുനിന്നു:13‘സഹോദരനായ ശൗലേ, കാഴ്ചപ്രാപിക്ക’ എന്നു പറഞ്ഞു; ആ നാഴികയിൽ തന്നേ ഞാൻ കാഴ്ച പ്രാപിച്ച് അവനെ കണ്ട്.
14അപ്പോൾ അവൻ എന്നോട്: ‘നമ്മുടെ പിതാക്കന്മാരുടെ ദൈവം നിന്നെ തന്റെ ഇഷ്ടം അറിയുവാനും നീതിമാനായവനെ കാണ്മാനും അവന്റെ സ്വന്ത വായിൽ നിന്നും വചനം കേൾക്കുവാനും തിരഞ്ഞെടുത്തിരിക്കുന്നു.15നീ കാൺകയും കേൾക്കുകയും ചെയ്തതിനെക്കുറിച്ച് സകലമനുഷ്യർക്കും നീ അവന്റെ സാക്ഷിയായിത്തീരും.16ഇനി താമസിക്കുന്നത് എന്ത്? എഴുന്നേറ്റ് സ്നാനം ഏൽക്കുക, അവന്റെ നാമം വിളിച്ചപേക്ഷിച്ച് നിന്റെ പാപങ്ങളെ കഴുകിക്കളക’ എന്നു പറഞ്ഞു.
17പിന്നെ ഞാൻ യെരൂശലേമിൽ മടങ്ങിച്ചെന്ന് ദൈവാലയത്തിൽ പ്രാർത്ഥിക്കുമ്പോൾ ഒരു ദർശനത്തിൽ യേശുവിനെ കണ്ട്:18‘നീ ബദ്ധപ്പെട്ട് വേഗം യെരൂശലേം വിട്ടുപോക; എന്തുകൊണ്ടെന്നാൽ നീ എന്നെക്കുറിച്ച് പറയുന്ന സാക്ഷ്യം അവർ കൈക്കൊൾകയില്ല’ എന്ന് എന്നോട് കല്പിച്ചു
19അതിന് ഞാൻ: ‘കർത്താവേ, നിന്നിൽ വിശ്വസിക്കുന്നവരെ ഞാൻ തടവിൽ ആക്കുകയും പള്ളിതോറും അടിപ്പിക്കുകയും ചെയ്തു എന്നും20നിന്റെ സാക്ഷിയായ സ്തെഫാനൊസിന്റെ രക്തം ചൊരിഞ്ഞപ്പോൾ ഞാനും സമ്മതിച്ച് അരികെ നിന്ന് അവനെ കൊല്ലുന്നവരുടെ വസ്ത്രം കാത്തുകൊണ്ടിരുന്നു എന്നും അവർ അറിയുന്നുവല്ലോ’ എന്നു പറഞ്ഞു.21എന്നാൽ കർത്താവ് എന്നോട്: ‘നീ പോക; ഞാൻ നിന്നെ ദൂരത്ത് ജാതികളുടെ അടുക്കലേക്ക് അയയ്ക്കും’ എന്നു കല്പിച്ചു.”
പൗലോസ് ഒരു റോമൻ പൗരൻ.

22ഇതു പറയുന്നതുവരെ അവർ അവനെ കേട്ടുകൊണ്ടിരുന്നു; പിന്നെ: “ഇങ്ങനത്തവനെ കൊന്നുകളക; അവൻ ജീവിച്ചിരിക്കുന്നത് യോഗ്യമല്ല” എന്ന് നിലവിളിച്ചു പറഞ്ഞു.23അവർ ആക്രോശിച്ചുകൊണ്ട് തങ്ങളുടെ പുറംവസ്ത്രം കീറിക്കളഞ്ഞും പൂഴി വാരി മേലോട്ട് എറിഞ്ഞും കൊണ്ടിരിക്കുമ്പോൾ24അവർ ഇങ്ങനെ അവന്റെ നേരെ ആർക്കുവാൻ കാര്യം എന്ത് എന്ന് അറിയേണ്ടതിന് അവനെ കോട്ടയിലേക്ക് കൊണ്ടുപോയി ചമ്മട്ടികൊണ്ടടിച്ച് അവനെ ചോദ്യം ചെയ്യേണം എന്ന് സഹസ്രാധിപൻ കല്പിച്ചു.
25തന്നെ തോൽകയർ കൊണ്ട് കെട്ടുമ്പോൾ പൗലൊസ് അരികെ നില്ക്കുന്ന ശതാധിപനോട്: “റോമാപൗരനും വിസ്താരം കഴിയാത്തവനുമായ മനുഷ്യനെ ചമ്മട്ടികൊണ്ട് അടിക്കുന്നത് ന്യായമോ?” എന്നു ചോദിച്ചു.26ഇതു കേട്ടപ്പോൾ ശതാധിപൻ ചെന്ന് സഹസ്രാധിപനോട്: “നീ എന്ത് ചെയ്‌വാൻ പോകുന്നു? ഈ മനുഷ്യൻ റോമാപൗരൻ ആകുന്നു” എന്നു ബോധിപ്പിച്ചു.
27സഹസ്രാധിപൻ വന്ന്: “നീ റോമാപൗരൻ തന്നെയോ? എന്നോട് പറക” എന്നു ചോദിച്ചതിന്: “അതെ” എന്ന് പൗലോസ് പറഞ്ഞു.28“ഞാൻ ഏറിയ മുതൽ കൊടുത്ത് ഈ പൗരത്വം സമ്പാദിച്ചു” എന്നു സഹസ്രാധിപൻ പറഞ്ഞതിന്: “ഞാനോ റോമൻ പൗരനായി ജനിച്ചിരിക്കുന്നു” എന്ന് പൗലൊസ് പറഞ്ഞു.29ചോദ്യം ചെയ്‌വാൻ ഭാവിച്ചവർ ഉടനെ അവനെ വിട്ടുമാറി; സഹസ്രാധിപനും അവൻ റോമാപൗരൻ എന്ന് അറിഞ്ഞപ്പോൾ അവനെ ബന്ധിച്ചതുകൊണ്ട് ഭയപ്പെട്ടു.
പൗലോസ് ന്യായാധിപസംഘത്തിന് മുമ്പാകെ.

30പിറ്റേന്ന് യെഹൂദന്മാർ പൗലൊസിന്മേൽ ചുമത്തുന്ന കുറ്റത്തിന്റെ സത്യാവസ്ഥ അറിവാൻ ഇച്ഛിച്ചിട്ട് അവൻ മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും കൂടിവരുവാൻ കല്പിച്ചു, പൗലോസിനെ കെട്ടഴിച്ച് താഴെ കൊണ്ടുചെന്ന് അവരുടെ മുമ്പിൽ നിർത്തി.

23
ന്യായാധിപസംഘത്തിന്റെ മുമ്പാകെ പൗലൊസിന്റെ പ്രതിവാദം.

1പൗലൊസ് ന്യായാധിപസംഘത്തെ ഉറ്റുനോക്കി: “സഹോദരന്മാരേ, ഞാൻ ഈ ദിവസം വരെ നിശ്ചയമായും നല്ല മനസ്സാക്ഷിയോടുകൂടെ ദൈവത്തിന്റെ മുമ്പാകെ നടന്നിരിക്കുന്നു” എന്നു പറഞ്ഞു.2അപ്പോൾ മഹാപുരോഹിതനായ അനന്യാസ് അരികെ നില്ക്കുന്നവരോട് അവന്റെ വായ്ക്ക് അടിയ്ക്കുവിൻ എന്ന് കല്പിച്ചു.3പൗലൊസ് മഹാപുരോഹിതനോട്: “വെള്ള തേച്ച ചുവരേ; ദൈവം നിന്നെ അടിക്കും, നീ ന്യായപ്രമാണപ്രകാരം എന്നെ വിസ്തരിപ്പാൻ ഇരിക്കുകയും ന്യായപ്രമാണത്തിന് വിരോധമായി എന്നെ അടിക്കുവാൻ കല്പിക്കുകയും ചെയ്യുന്നുവോ?” എന്നു പറഞ്ഞു.

4അരികെ നിന്നിരുന്നവർ: “നീ ദൈവത്തിന്റെ മഹാപുരോഹിതനെ ശകാരിക്കുന്നുവോ?” എന്നു ചോദിച്ചു.5അതിനുത്തരമായി പൗലൊസ്: “സഹോദരന്മാരേ, മഹാപുരോഹിതൻ എന്ന് ഞാൻ അറിഞ്ഞില്ല; ‘നിന്റെ ജനത്തിന്റെ അധിപതിയെ ദുഷിക്കരുത്’ എന്ന് എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.
6എന്നാൽ ന്യായാധിപസംഘത്തിൽ ഒരു ഭാഗം സദൂക്യരും മറുഭാഗം പരീശന്മാരും ആകുന്നു എന്ന് പൗലൊസ് തിരിച്ചറിഞ്ഞിട്ട് “സഹോദരന്മാരേ, ഞാൻ ഒരു പരീശനും, പരീശന്റെ മകനും ആകുന്നു; മരിച്ചവരുടെ പ്രത്യാശയെയും പുനരുത്ഥാനത്തെയും കുറിച്ച് ഞാൻ വിസ്താരത്തിലായിരിക്കുന്നു” എന്ന് വിളിച്ചുപറഞ്ഞു.7അവൻ ഇതു പറഞ്ഞപ്പോൾ പരീശന്മാരും സദൂക്യരും തമ്മിൽ വാഗ്വാദം ഉണ്ടായിട്ട് സംഘം ഭിന്നിച്ചു.8പുനരുത്ഥാനം ഇല്ല, ദൂതനും ആത്മാവും ഇല്ല എന്ന് സദൂക്യർ പറയുന്നു; പരീശന്മാരോ രണ്ടും ഉണ്ടെന്ന് വിശ്വസിക്കുന്നു.
9അങ്ങനെ വലിയൊരു ലഹള ഉണ്ടായി; പരീശ പക്ഷത്തിലെ ശാസ്ത്രിമാരിൽ ചിലർ എഴുന്നേറ്റ് വാദിച്ചു: “ഈ മനുഷ്യനിൽ ഞങ്ങൾ ഒരു കുറ്റവും കാണുന്നില്ല; ആത്മാവോ ദൂതനോ അവനോട് സംസാരിച്ചിരിക്കും” എന്നു പറഞ്ഞു.10അങ്ങനെ അക്രമാസക്തമായ വലിയ ലഹള ആയതുകൊണ്ട് അവർ പൗലൊസിനെ ചീന്തിക്കളയും എന്ന് സഹസ്രാധിപൻ ഭയപ്പെട്ടു, പടയാളികൾ ഇറങ്ങിവന്ന് അവനെ അവരുടെ നടുവിൽനിന്ന് പിടിച്ചെടുത്ത് കോട്ടയിൽ കൊണ്ടുപോകുവാൻ കല്പിച്ചു.

11രാത്രിയിൽ കർത്താവ് അവന്റെ അടുക്കൽ നിന്ന്: “ധൈര്യമായിരിക്ക; നീ എന്നെക്കുറിച്ച് യെരൂശലേമിൽ സാക്ഷിയായതുപോലെ റോമയിലും സാക്ഷിയാകേണ്ടതാകുന്നു” എന്ന് അരുളിച്ചെയ്തു.
പൗലൊസിനെ കൊല്ലുവാൻ പദ്ധതിയിടുന്നു

12പ്രഭാതമായപ്പോൾ ചില യെഹൂദന്മാർ തമ്മിൽ യോജിച്ച് പൗലൊസിനെ കൊന്നുകളയുന്നതുവരെ ഒന്നും തിന്നുകയോ കുടിയ്ക്കുകയോ ചെയ്കയില്ല എന്ന് ശപഥം ചെയ്തു.13ഇങ്ങനെ ശപഥം ചെയ്തവർ നാല്പതിൽ അധികംപേർ ആയിരുന്നു.
14അവർ മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ ചെന്ന്: “ഞങ്ങൾ പൗലൊസിനെ കൊന്നുകളയുവോളം ഒന്നും ഭക്ഷിക്കുകയില്ല എന്നൊരു കഠിനശപഥം ചെയ്തിരിക്കുന്നു.15ആകയാൽ നിങ്ങൾ അവന്റെ കാര്യം അധികം സൂക്ഷ്മതയോടെ പരിശോധിക്കേണം എന്നുള്ള ഭാവത്തിൽ അവനെ നിങ്ങളുടെ അടുക്കൽ താഴെ കൊണ്ടുവരുവാൻ ന്യായാധിപസംഘവുമായി സഹസ്രാധിപനോട് അപേക്ഷിക്കുവിൻ; എന്നാൽ അവൻ ഇവിടെ എത്തും മുമ്പെ ഞങ്ങൾ അവനെ കൊന്നുകളയുവാൻ ഒരുങ്ങിയിരിക്കുന്നു” എന്നു പറഞ്ഞു.
16ഈ പതിയിരിപ്പിനെക്കുറിച്ച് പൗലൊസിന്റെ പെങ്ങളുടെ മകൻ കേട്ടിട്ട് ചെന്ന് കോട്ടയിൽ കടന്ന് പൗലൊസിനോട് വസ്തുതകൾ അറിയിച്ചു.17പൗലൊസ് ശതാധിപന്മാരിൽ ഒരുവനെ വിളിച്ച്: “ഈ യൗവനക്കാരന് സഹസ്രാധിപനോട് ഒരു കാര്യം അറിയിക്കുവാനുള്ളതിനാൽ അവനെ അങ്ങോട്ട് കൊണ്ടുപോകണം” എന്ന പറഞ്ഞു.
18ശതാധിപന്മാരിൽ ഒരുവൻ യൗവനക്കാരനെ കൂട്ടി സഹസ്രാധിപന്റെ അടുക്കൽ കൊണ്ടുചെന്ന്: “തടവുകാരനായ പൗലൊസ് എന്നെ വിളിച്ച്, നിന്നോട് ഒരു കാര്യം പറവാനുള്ള ഈ യൗവനക്കാരനെ നിന്റെ അടുക്കൽ കൊണ്ടുവരുവാൻ എന്നോട് അപേക്ഷിച്ചു” എന്നു പറഞ്ഞു.19സഹസ്രാധിപൻ അവനെ കൈയ്ക്ക് പിടിച്ച് സ്വകാര്യസ്ഥലത്തേക്ക് മാറിനിന്ന്: “എന്നോട് ബോധിപ്പിക്കുവാനുള്ളത് എന്ത്?” എന്ന് രഹസ്യമായി ചോദിച്ചു.
20അതിന് അവൻ: “യെഹൂദന്മാർ പൗലൊസിനെക്കുറിച്ച് അധികം സൂക്ഷ്മത്തോടെ വിസ്താരം കഴിക്കണമെന്നുള്ള വ്യാജഭാവത്തിൽ വന്ന് നാളെ അവനെ ന്യായാധിപസംഘത്തിലേക്ക് കൊണ്ടുവരേണ്ടതിന് നിന്നോട് അപേക്ഷിക്കുവാൻ ഒത്തുകൂടിയിരിക്കുന്നു.21നീ അവരെ വിശ്വസിച്ച് പൗലൊസിനെ വിട്ടുകൊടുക്കരുത്; അവരിൽ നാല്പതിൽ അധികം പേർ അവനെ കൊന്നുകളയുവോളം ഒന്നും തിന്നുകയോ കുടിയ്ക്കുകയോ ചെയ്കയില്ല എന്ന് ശപഥംചെയ്ത് അവനായി പതിയിരിക്കുന്നു; നിന്റെ വാഗ്ദത്തം കിട്ടും എന്ന് ആശിച്ച് അവർ ഇപ്പോൾ ഒരുങ്ങി നില്ക്കുന്നു” എന്നു പറഞ്ഞു.
22“നീ ഇത് എന്നോട് അറിയിച്ചു എന്ന് ആരോടും പറയരുത് ” എന്നു സഹസ്രാധിപൻ കല്പിച്ചു, യൗവനക്കാരനെ പറഞ്ഞയച്ചു.23പിന്നെ അവൻ ശതാധിപന്മാരിൽ രണ്ടുപേരെ വരുത്തി: “ഈ രാത്രിയിൽ മൂന്നാം മണിനേരത്ത് കൈസര്യയ്ക്ക് പോകുവാൻ ഇരുനൂറ് പടയാളികളെയും എഴുപത് കുതിരച്ചേവകരെയും ഇരുനൂറ് കുന്തക്കാരെയും ഒരുക്കുവിൻ.24പൗലൊസിനെ കയറ്റി ദേശാധിപതിയായ ഫേലിക്സിന്റെ അടുക്കൽ ക്ഷേമത്തോടെ എത്തിക്കുവാൻ മൃഗവാഹനങ്ങളെയും സജ്ജീകരിപ്പിൻ” എന്നു കല്പിച്ചു.
25താഴെ പറയുന്ന വിധത്തിൽ ഒരു എഴുത്തും എഴുതി:
ഫെലിക്സിനുള്ള കത്ത്.

26“ ശ്രേഷ്ഠനായ രാജശ്രീ ഫേലിക്സ് ദേശാധിപതിക്ക് ക്ലൌദ്യൊസ് ലുസിയാസ് വന്ദനം ചൊല്ലുന്നു.27ഈ പുരുഷനെ യെഹൂദന്മാർ പിടിച്ച് കൊല്ലുവാൻ ഭാവിച്ചപ്പോൾ റോമാപൗരൻ എന്ന് അറിഞ്ഞ് ഞാൻ പട്ടാളത്തോടുകൂടെ നേരിട്ടു ചെന്ന് അവനെ വിടുവിച്ചു.
28അവന്റെമേൽ കുറ്റം ചുമത്തുന്ന സംഗതി ഗ്രഹിപ്പാൻ ഇച്ഛിച്ചിട്ട് അവരുടെ ന്യായാധിപസംഘത്തിലേക്ക് അവനെ കൊണ്ടുചെന്നു.29എന്നാൽ അവരുടെ ന്യായപ്രമാണം സംബന്ധിച്ചുള്ള തർക്കങ്ങളെക്കുറിച്ച് കുറ്റം ചുമത്തുന്നതല്ലാതെ മരണത്തിനോ തടവുശിക്ഷക്കോ യോഗ്യമായത് ഒന്നും ഇല്ല എന്ന് കണ്ട്.30അനന്തരം ഈ പുരുഷന്റെ നേരെ അവർ കൂട്ടുകെട്ട് ഉണ്ടാക്കുന്നു എന്നുള്ള ഗൂഢാലോചനയെപ്പറ്റി അറിവ് കിട്ടിയപ്പോൾ ഞാൻ തൽക്ഷണം അവനെ നിന്റെ അടുക്കലേക്ക് അയച്ചിരിക്കുന്നു; അവന്റെ നേരെയുള്ള അന്യായം ദേശാധിപതിയുടെ സാന്നിദ്ധ്യത്തിൽ ബോധിപ്പിക്കുവാൻ വാദികളോട് കല്പിച്ചുമിരിക്കുന്നു; ശുഭമായിരിക്കട്ടെ.”

31പടയാളികൾ അവരുടെ കല്പനകൾ അനുസരിച്ചു പൗലൊസിനെ കൂട്ടി രാത്രിയിൽ അന്തിപത്രിസോളം കൊണ്ടുചെന്നു,32പിറ്റെന്നാൾ കുതിരച്ചേവകരെ അവനോടുകൂടെ അയച്ച് പടയാളികൾ കോട്ടയിലേക്ക് മടങ്ങിപ്പോന്നു.33മറ്റവർ കൈസര്യയിൽ എത്തി ദേശാധിപതിക്ക് കത്ത് കൊടുത്ത് പൗലൊസിനെയും അവന്റെ മുമ്പിൽ നിർത്തി.
34അവൻ കത്ത് വായിച്ചിട്ട് ഏത് സംസ്ഥാനക്കാരൻ എന്നു ചോദിച്ചു. കിലിക്യക്കാരൻ എന്നു കേട്ടാറെ:35“വാദികളും കൂടെ വന്നുചേരുമ്പോൾ നിന്നെ വിസ്തരിക്കാം” എന്നു പറഞ്ഞ് ഹെരോദാവിന്റെ കൊട്ടാരത്തിൽ അവനെ കാത്തുകൊൾവാൻ കല്പിച്ചു.

24
ന്യായാധിപ സംഘം ഫെലിക്സിന്റെ മുമ്പാകെ.

1അഞ്ചുനാൾ കഴിഞ്ഞശേഷം മഹാപുരോഹിതനായ അനന്യാസ് മൂപ്പന്മാരോടും തെർത്തുല്ലൊസ് എന്ന വാക്ചാതുര്യം ഉള്ള ഒരുവനോടും കൂടി വന്നു, പൗലൊസിന്റെ നേരെയുള്ള അന്യായം ദേശാധിപതിയുടെ മുമ്പാകെ ബോധിപ്പിച്ചു.2പൗലൊസിനെ വിളിച്ചു വരുത്തിയതിന് ശേഷം തെർത്തുല്ലൊസ് അന്യായം വിവരിച്ചു പറഞ്ഞതെന്തെന്നാൽ:

3“വിശിഷ്ടനായ ശ്രീ ഫേലിക്സേ, നിന്റെ പരിപാലനത്താൽ ഈ ജാതിയ്ക്ക് ഏറിയ ഗുണങ്ങൾ സാധിച്ചിരിക്കുന്നതും വളരെ സമാധാനം അനുഭവിക്കുന്നതും ഞങ്ങൾ എപ്പോഴും എല്ലായിടത്തും പൂർണ്ണനന്ദിയോടുംകൂടെ അംഗീകരിക്കുന്നു.
4എങ്കിലും നിന്നെ അധികം അസഹ്യപ്പെടുത്തരുത് എന്നുവച്ച് ക്ഷമയോടെ സംക്ഷിപ്തമായി ഞങ്ങളുടെ അന്യായം കേൾക്കണം എന്ന് അപേക്ഷിക്കുന്നു.5ഈ പുരുഷൻ ഒരു ഉപദ്രവകാരിയും ലോകത്തിലുള്ള സകല യെഹൂദന്മാരുടെയും ഇടയിൽ കലഹമുണ്ടാക്കുവാൻ പ്രേരിപ്പിക്കുന്നവനും നസറായമതത്തിന് തലവനും എന്ന് ഞങ്ങൾ കണ്ടിരിക്കുന്നു.6അവൻ ദൈവാലയം അശുദ്ധമാക്കുവാൻ ശ്രമിച്ചതുകൊണ്ട് ഞങ്ങൾ അവനെ പിടിച്ച് ഞങ്ങളുടെ ന്യായപ്രമാണപ്രകാരം വിസ്തരിപ്പാൻ വിചാരിച്ചു.
7എങ്കിലും സഹസ്രാധിപനായ ലുസിയാസ് വന്ന് ഞങ്ങളുടെ കയ്യിൽനിന്ന് വളരെ ബലത്തോടുകൂടെ അവനെ പിടിച്ചുകൊണ്ടുപോയി,8അവനുവേണ്ടി വാദിക്കുന്നവർ നിന്റെ മുമ്പാകെ വരുവാൻ കല്പിച്ചു നീ തന്നേ അവനെ വിസ്തരിച്ചാൽ ഞങ്ങൾ അന്യായം ബോധിപ്പിക്കുന്ന ഈ സകല സംഗതികളും സത്യം എന്ന് അറിഞ്ഞുകൊൾവാൻ ഇടയാകും.”9അത് അങ്ങനെതന്നെ എന്ന് യെഹൂദന്മാരും യോജിച്ചു പറഞ്ഞു.
ഫെലിക്സിന്റെ മുമ്പിൽ പൗലൊസിന്റെ പ്രതിവാദം

10സംസാരിക്കാം എന്ന് ദേശാധിപതി ആംഗ്യം കാട്ടിയപ്പോൾ പൗലൊസ് ഉത്തരം പറഞ്ഞത്:

“ഈ യഹൂദജാതികൾക്ക് നീ അനേകസംവത്സരമായി ന്യായാധിപതി ആയിരിക്കുന്നു എന്ന് അറിയുകകൊണ്ട് എന്റെ കാര്യത്തിൽ ഞാൻ ധൈര്യത്തോടെ പ്രതിവാദം ചെയ്യുന്നു.

11ഞാൻ യെരൂശലേമിൽ ആരാധിപ്പാൻ പോയിട്ട് പന്ത്രണ്ട് നാളിൽ അധികമായില്ല എന്ന് നിനക്ക് അറിയാകുന്നുവല്ലോ.12യെരൂശലേം ദൈവാലയത്തിലോ യഹൂദന്മാരുടെ പള്ളികളിലോ നഗരങ്ങളിലോവച്ച് ആരോടെങ്കിലും വാദിക്കുകയോ പുരുഷാരത്തിൽ കലഹം ഉണ്ടാക്കുകയോ ചെയ്യുന്നവനായി അവർ ആരെങ്കിലും എന്നെ കണ്ടിട്ടുണ്ടോ?13ഇന്ന് എന്റെ നേരെ ബോധിപ്പിക്കുന്ന അന്യായം നിന്റെ മുമ്പാകെ തെളിയിപ്പാൻ അവർക്ക് കഴിയുന്നതുമല്ല.
14എന്നാൽ ഒന്ന് ഞാൻ സമ്മതിക്കുന്നു: മതഭേദം എന്ന് ഇവർ വിശേഷിപ്പിക്കുന്ന ഈ മാർഗ്ഗപ്രകാരം ഞാൻ പിതാക്കന്മാരുടെ ദൈവത്തെ ആരാധിക്കുകയും ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും എഴുതിയിരിക്കുന്നത് ഒക്കെയും വിശ്വസിക്കയും ചെയ്യുന്നു.15നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും എന്ന് ഇവർ കാത്തിരിക്കുന്നതുപോലെ ഞാനും ദൈവത്തിങ്കൽ ആശവച്ച് ഉറച്ചിരിക്കുന്നു.16അതുകൊണ്ട് എനിക്ക് ദൈവത്തോടും മനുഷ്യരോടും കുറ്റമില്ലാത്ത മനസ്സാക്ഷി എല്ലായ്പോഴും ഉണ്ടായിരിക്കുവാൻ ഞാൻ പരിശ്രമിക്കുന്നു.
17പലസംവത്സരം കൂടീട്ട് ഞാൻ എന്റെ ജാതിക്കാർക്ക് സാമ്പത്തിക സഹായം കൊണ്ടുവരുവാനും വഴിപാട് കഴിക്കുവാനും വന്നു.18അത് അനുഷ്ഠിക്കുമ്പോൾ അവർ എന്നെ ദൈവാലയത്തിൽവച്ച് ശുദ്ധീകരണം കഴിഞ്ഞവനായി കണ്ട്; പുരുഷാരത്തോടോ കലഹത്തോടോ കൂടിയല്ല.19എന്നാൽ ആസ്യക്കാരായ ചില യെഹൂദന്മാർ ഉണ്ടായിരുന്നു; അവർക്ക് എന്റെ നേരെ അന്യായം ഉണ്ടെങ്കിൽ നിന്റെ മുമ്പിൽ വന്ന് ബോധിപ്പിക്കേണ്ടതായിരുന്നു.
20അല്ല, ഞാൻ ന്യായാധിപസംഘത്തിന്റെ മുമ്പിൽ നില്ക്കുമ്പോൾ ‘മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ച് ഇന്ന് നിങ്ങൾ എന്നെ വിസ്തരിക്കുന്നു’ എന്ന് ഞാൻ വിളിച്ചുപറഞ്ഞൊരു വാക്കല്ലാതെ21അവിടെവച്ച് എന്റെ പക്കൽ വല്ല കുറ്റവും കണ്ടിട്ടുണ്ടെങ്കിൽ ഇവർതന്നെ പറയട്ടെ.”
ഫെലിക്സിന്റെ മറുപടി.

22ഫേലിക്സിന് ഈ മാർഗ്ഗം സംബന്ധിച്ച് സൂക്ഷ്മമായ അറിവ് ഉണ്ടായിരുന്നിട്ടും: “ലുസിയാസ് സഹസ്രാധിപൻ വരുമ്പോൾ ഞാൻ നിങ്ങളുടെ കാര്യം തീർച്ചപ്പെടുത്തും” എന്നു പറഞ്ഞ് അവധിവച്ച്,23ശതാധിപനോട് അവനെ തടവിൽത്തന്നെ സൂക്ഷിച്ച് ദയകാണിപ്പാനും അവന്റെ സ്നേഹിതന്മാർ അവന് ശുശ്രൂഷ ചെയ്യുന്നത് വിരോധിക്കാതിരിപ്പാനും കല്പിച്ചു.
പൗലൊസിനെ വരുത്തി പ്രസംഗം കേൾക്കുന്നു.

24കുറേനാൾ കഴിഞ്ഞിട്ട് ഫേലിക്സ് യെഹൂദ സ്ത്രീയായ തന്റെ ഭാര്യ ദ്രുസില്ലയുമായി വന്ന്, പൗലൊസിനോട് സംസാരിക്കേണ്ടതിനായി അവനെ വരുത്തി ക്രിസ്തുയേശുവിൽ വിശ്വസിക്കേണ്ടതിനെക്കുറിച്ചുള്ള അവന്റെ വാക്കുകൾ കേട്ട്.25എന്നാൽ അവൻ നീതി, ഇന്ദ്രിയജയം, വരുവാനുള്ള ന്യായവിധി എന്നിവയെക്കുറിച്ച് സംസാരിക്കുമ്പോൾ ഫേലിക്സ് ഭയപരവശനായി: “തൽക്കാലം പോകാം; അവസരം ഉള്ളപ്പോൾ വീണ്ടും നിന്നെ വിളിപ്പിക്കാം” എന്നു പറഞ്ഞു.
26പൗലൊസ് തനിക്ക് പണം തരും എന്ന് ആഗ്രഹിച്ച് പലപ്പോഴും അവനെ വരുത്തി അവനോട് സംഭാഷിച്ചുപോന്നു.27രണ്ടാണ്ട് കഴിഞ്ഞിട്ട് ഫേലിക്സിനുശേഷം പൊർക്ക്യൊസ് ഫെസ്തൊസ് വന്നപ്പോൾ ഫേലിക്സ് യെഹൂദന്മാരുടെ പ്രീതി സമ്പാദിക്കേണ്ടതിനായി പൗലൊസിനെ സ്വതന്ത്രനാക്കാതെ തടവുകാരനായി വിട്ടേച്ചുപോയി.

25
സംസ്ഥാനാധിപനായ ഫെസ്തൊസ്.

1ഫെസ്തൊസ് സംസ്ഥാനാധിപനായി ചുമതലയേറ്റിട്ട് മൂന്നു നാൾ കഴിഞ്ഞശേഷം കൈസര്യയിൽനിന്ന് യെരൂശലേമിലേക്കു പോയി.2അപ്പോൾ മഹാപുരോഹിതന്മാരും യെഹൂദന്മാരിൽ പ്രമുഖരും ആയവർ ഫെസ്തോസിന്റെ മുമ്പാകെ പൗലോസിനെതിരെ അന്യായം ബോധിപ്പിച്ചു.3പൗലോസിനെ വഴിയിൽവച്ച് പതിയിരുപ്പുകാരെ നിർത്തി കൊന്നുകളയണം എന്ന് ആലോചിച്ചുകൊണ്ട്,

4അവനെ യെരുശലേമിലേക്കു വരുത്തുവാൻ ദയവുണ്ടാകേണം എന്ന് അവർ പൗലോസിന് പ്രതികൂലമായി ഉപായബുദ്ധിയോടെ ഫെസ്തോസിനോട് അപേക്ഷിച്ചു. അതിന് ഫെസ്തൊസ്: “പൗലൊസിനെ കൈസര്യയിൽ തടവുകാരനായി സൂക്ഷിച്ചിരിക്കുന്നു; ഞാൻ വേഗം അവിടേക്ക് പോകുന്നുണ്ട്;5നിങ്ങളിൽ പ്രാപ്തിയുള്ളവർ കൂടെ വന്ന് ആ മനുഷ്യന്റെ നേരെ അന്യായം ഉണ്ടെങ്കിൽ ബോധിപ്പിക്കട്ടെ” എന്ന് ഉത്തരം പറഞ്ഞു.
പൗലൊസ് ഫെസ്തോസിന്റെ മുൻപാകെ.

6അവൻ ഏകദേശം എട്ട് പത്തു ദിവസം യെരുശലേമിൽ അവരുടെ ഇടയിൽ താമസിച്ചശേഷം കൈസര്യയ്ക്ക് മടങ്ങിപ്പോയി; പിറ്റെന്ന് ന്യായാസനത്തിൽ ഇരുന്ന് പൗലൊസിനെ വരുത്തുവാൻ കല്പിച്ചു.7അവൻ വന്നതിനുശേഷം യെരൂശലേമിൽ നിന്ന് വന്ന യെഹൂദന്മാർ ചുറ്റും നിന്ന് പൗലൊസിന് നേരെ കഠിനമായ കുറ്റങ്ങൾ പലതും ബോധിപ്പിച്ചു.8പൗലൊസോ: “യെഹൂദന്മാരുടെ ന്യായപ്രമാണത്തോടാകട്ടെ ദൈവാലയത്തോടാകട്ടെ കൈസരോടാകട്ടെ ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല” എന്ന് പ്രതിവാദിച്ചാറെ ആ കുറ്റങ്ങളെ തെളിയിപ്പാൻ അവർക്ക് കഴിഞ്ഞില്ല.
9എന്നാൽ ഫെസ്തൊസ് യെഹൂദന്മാരുടെ പ്രീതി സമ്പാദിപ്പാൻ ആഗ്രഹിച്ച് പൗലൊസിനോട്: “യെരൂശലേമിലേക്ക് ചെന്ന് അവിടെ എന്റെ മുമ്പിൽവച്ച് ഈ സംഗതികളെക്കുറിച്ച് വിസ്താരം നടത്തുവാൻ നിനക്ക് സമ്മതമുണ്ടോ?” എന്നു ചോദിച്ചതിന് പൗലൊസ്: “ഞാൻ കൈസരുടെ ന്യായാസനത്തിന് മുമ്പാകെ നില്ക്കുന്നു;10അവിടുന്ന് എന്നെ വിസ്തരിക്കേണ്ടതാകുന്നു; നീയും നന്നായി അറിഞ്ഞിരിക്കുന്നതുപോലെ യെഹൂദന്മാരോട് ഞാൻ ഒരു അന്യായവും ചെയ്തിട്ടില്ല;
11ഞാൻ അന്യായം ചെയ്ത് മരണയോഗ്യമായത് വല്ലതും പ്രവൃത്തിച്ചിട്ടുണ്ടെങ്കിൽ മരണശിക്ഷ ഏല്ക്കുന്നതിന് എനിക്ക് വിരോധമില്ല. ഇവർ എന്റെനേരെ ബോധിപ്പിക്കുന്ന അന്യായം നേരല്ല എന്നു വരികിലോ എന്നെ അവർക്ക് ഏല്പിച്ചുകൊടുക്കുവാൻ ആർക്കും കഴിയുന്നതല്ല;12ഞാൻ കൈസരെ അഭയംചൊല്ലുന്നു” എന്നു പറഞ്ഞു. അപ്പോൾ ഫെസ്തൊസ് തന്റെ ആലോചനാസഭയോട് സംസാരിച്ചിട്ട്: “കൈസരെ നീ അഭയം ചൊല്ലിയിരിക്കുന്നു; കൈസരുടെ അടുക്കലേക്ക് നീ പോകും” എന്ന് ഉത്തരം പറഞ്ഞു.
അഗ്രിപ്പാരാജാവും ബെർന്നീക്കയും കൈസര്യയിൽ.

13ചില ദിവസങ്ങൾക്കുശേഷം അഗ്രിപ്പാരാജാവും ബെർന്നീക്കയും ഫെസ്തോസിനെ വന്ദനം ചെയ്‌വാൻ കൈസര്യയിൽ എത്തി.14കുറെ നാൾ അവിടെ പാർക്കുമ്പോൾ ഫെസ്തൊസ് പൗലൊസിന്റെ സംഗതി രാജാവിനോടു വിവരിച്ചു പറഞ്ഞത്: “ഫേലിക്സ് വിട്ടേച്ചുപോയൊരു തടവുകാരൻ ഉണ്ട്.15ഞാൻ യെരൂശലേമിൽ ചെന്നപ്പോൾ യെഹൂദന്മാരുടെ മഹാപുരോഹിതന്മാരും മൂപ്പന്മാരും എന്റെ അടുക്കൽ വന്ന് പൗലൊസ് എന്നു പേരുള്ള അവന്റെ നേരെ അന്യായം ബോധിപ്പിച്ച്. വിധിക്ക് അപേക്ഷിച്ചു.16എന്നാൽ പ്രതിവാദികളെ അഭിമുഖമായി കണ്ട് അന്യായത്തെക്കുറിച്ച് പ്രതിവാദിക്കുവാൻ അവസരം കിട്ടും മുമ്പെ യാതൊരു മനുഷ്യനെയും ഏല്പിച്ചു കൊടുക്കുന്നത് റോമർക്ക് മര്യാദയല്ല എന്ന് ഞാൻ അവരോട് ഉത്തരം പറഞ്ഞു.
17ആകയാൽ അവർ ഇവിടെ വന്നതിന് ശേഷം ഞാൻ ഒട്ടും താമസിയാതെ പിറ്റെന്ന് തന്നെ ന്യായാസനത്തിൽ ഇരുന്നു; തുടർന്ന് ആ പുരുഷനെ കൊണ്ടുവരുവാൻ കല്പിച്ചു.18വാദികൾ അവന്റെ ചുറ്റും നിന്ന് അന്യായം ബോധിപ്പിക്കയിൽ ഞാൻ നിരൂപിച്ചിരുന്ന ഗൗരവതരമായ കുറ്റം19ഒന്നും ബോധിപ്പിക്കാതെ സ്വന്തമതത്തെക്കുറിച്ചും ജീവിച്ചിരിക്കുന്നു എന്ന് പൗലൊസ് പറയുന്ന മരിച്ചുപോയ യേശു എന്നൊരുവനെക്കുറിച്ചും ചില തർക്കസംഗതികളെ കൊണ്ടുവന്നതേയുള്ളു.20ഇങ്ങനെയുള്ള വിഷയങ്ങളിൽ വിചാരണ നടത്തേണ്ടത് എങ്ങനെയെന്ന് ഞാൻ അറിയായ്കയാൽ: നിനക്ക് യെരൂശലേമിലേക്കു പോയി അവിടെ ഈ സംഗതികളെക്കുറിച്ച് വിസ്താരം നടപ്പാൻ സമ്മതമുണ്ടോ എന്നു ചോദിച്ചു.
21എന്നാൽ പൗലൊസ് ചക്രവർത്തിതിരുമനസ്സിലെ വിധിക്കായി തന്നെ സൂക്ഷിക്കേണം എന്ന് അഭയം ചൊല്ലുകയാൽ കൈസരുടെ അടുക്കൽ അയയ്ക്കുവോളം അവനെ സൂക്ഷിക്കുവാൻ കല്പിച്ചു.”22“ആ മനുഷ്യന്റെ പ്രസംഗം കേൾക്കുവാൻ എനിക്കും ആഗ്രഹമുണ്ടായിരുന്നു” എന്ന് അഗ്രിപ്പാവ് ഫെസ്തൊസിനോടു പറഞ്ഞതിന്: “നാളെ കേൾക്കാം” എന്നു അവൻ പറഞ്ഞു.
പൗലൊസ് അഗ്രിപ്പാവിന്റെ മുമ്പാകെ.

23അടുത്ത ദിവസം അഗ്രിപ്പാവ് ബെർന്നീക്കയുമായി വളരെ പ്രൗഡിയോടെ സഹസ്രാധിപതികളോടും നഗരത്തിലെ പ്രധാനികളോടും കൂടെ വിചാരണമണ്ഡപത്തിൽ വരികയും തുടർന്ന് ഫെസ്തൊസിന്റെ കല്പനയാൽ പൗലൊസിനെ കൊണ്ടുവരികയും ചെയ്തു.24അപ്പോൾ ഫെസ്തൊസ് പറഞ്ഞത്: “അഗ്രിപ്പാരാജാവും, സന്നിഹിതരായിരിക്കുന്ന സകല പുരുഷന്മാരുമായുള്ളോരേ, യെഹൂദന്മാരുടെ സമൂഹം എല്ലാം യെരൂശലേമിലും ഇവിടെയും വച്ച് എന്നോട് അപേക്ഷിക്കുകയും അവനെ ജീവനോടെ വെച്ചേക്കരുത് എന്ന് നിലവിളിക്കുകയും ചെയ്ത ഈ മനുഷ്യനെ നിങ്ങൾ കാണുന്നുവല്ലോ.
25അവൻ മരണയോഗ്യമായത് ഒന്നും ചെയ്തിട്ടില്ല എന്ന് ഞാൻ ഗ്രഹിച്ചു; അവൻ തന്നെയും ചക്രവർത്തിതിരുമനസ്സിലെ അഭയം ചൊല്ലുകയാൽ അവനെ അയയ്ക്കേണം എന്ന് ഞാൻ തീരുമാനിച്ചിരിക്കുന്നു.26അവനെക്കുറിച്ച് തിരുമനസ്സിലേക്ക് എഴുതുവാൻ ശരിയായി ഒന്നുംതന്നെ എന്റെ പക്കലില്ല; അതുകൊണ്ട് വിസ്താരം കഴിഞ്ഞിട്ട് എഴുതുവാൻ വല്ലതും ഉണ്ടാകേണ്ടതിന് അവനെ താങ്കളുടെ മുമ്പിലും, വിശേഷാൽ അഗ്രിപ്പാരാജാവേ, അങ്ങയുടെ മുമ്പിലും തന്നെ വരുത്തിയിരിക്കുന്നു.27തടവുകാരനെ അയയ്ക്കുമ്പോൾ അവന്റെ പേരിലുള്ള കുറ്റം ബോദ്ധ്യപ്പെടുത്താതിരിക്കുന്നത് യുക്തമല്ല എന്ന് എനിക്ക് തോന്നുന്നു.”

26
പൗലോസിന്റെ പ്രതിവാദം.

1അഗ്രിപ്പാവ് പൗലൊസിനോട്: “നിന്റെ കാര്യംപറയുവാൻ അനുവാദം ഉണ്ട്” എന്നു പറഞ്ഞപ്പോൾ പൗലൊസ് കൈനീട്ടി1 പ്രതിവാദിച്ചതെന്തെന്നാൽ:

2“അഗ്രിപ്പാരാജാവേ, യെഹൂദന്മാർ എന്റെ മേൽ ചുമത്തുന്ന എല്ലാ കുറ്റങ്ങളെയും കുറിച്ച് ഇന്ന് തിരുമുമ്പാകെ പ്രതിവാദിക്കുവാൻ ഇടവന്നതുകൊണ്ട്,3വിശേഷാൽ നീ യെഹൂദന്മാരുടെ ഇടയിലെ ആചാരങ്ങളും പ്രശ്നങ്ങളും സംബന്ധിച്ച് നിനക്ക് നന്നായി അറിയാമെന്ന് മനസ്സിലാക്കിയിട്ടുള്ളതിനാൽ ഞാൻ സന്തോഷിക്കുന്നു. അതുകൊണ്ട് എന്റെ പ്രതിവാദം ക്ഷമയോടെ കേൾക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു.
4എന്റെ സ്വന്തം ജനങ്ങളുടെ ഇടയിലും യെരൂശലേമിലും ഞാൻ ബാല്യംമുതൽ ജീവിച്ചതെങ്ങനെയെന്ന് യെഹൂദന്മാർ എല്ലാവർക്കും അറിയാം.5ഞാൻ നമ്മുടെ മതാനുഷ്ഠാനങ്ങൾ ഏറ്റവും കർക്കശമായി പ്രമാണിക്കുന്ന പരീശവിഭാഗത്തിൽ ഒരുവനായി ജീവിച്ചു എന്ന് അവർ ആദിമുതൽ അറിയുന്നു; അത് അവർ അംഗീകരിക്കേണ്ടതുമാകുന്നു.
6എന്നാൽ ഞാൻ ഇപ്പോൾ വിസ്താരത്തിൽ ആയിരിക്കുന്നത് ദൈവത്താൽ നമ്മുടെ പിതാക്കന്മാർക്ക് ലഭിച്ച വാഗ്ദത്തത്തിൽ പ്രത്യാശ വെച്ചത് കൊണ്ടത്രേ.7നമ്മുടെ പന്ത്രണ്ട് ഗോത്രങ്ങളും രാപ്പകൽ ശ്രദ്ധയോടെ ദൈവത്തെ സേവിച്ചുംകൊണ്ട്, എത്തിപ്പിടിക്കുവാൻ ആശിക്കുന്നതായ അതേ വാഗ്ദത്തത്തിലുള്ള പ്രത്യാശയെച്ചൊല്ലി ആകുന്നു, രാജാവേ, യെഹൂദന്മാർ എന്റെമേൽ കുറ്റം ചുമത്തുന്നത്.8ദൈവം മരിച്ചവരെ ഉയിർപ്പിക്കും എന്നുള്ളത് വിശ്വസിക്കാൻ സാധിക്കുന്നതല്ല എന്ന് നിങ്ങൾക്ക് തോന്നുന്നത് എന്ത്?
9നസറായനായ യേശുവിന്റെ നാമത്തിന് വിരോധമായി പലതും പ്രവർത്തിക്കേണം എന്ന് ഞാനും ഒരുസമയത്ത് വിചാരിച്ചിരുന്നു സത്യം.10അത് ഞാൻ യെരൂശലേമിൽ ചെയ്തിട്ടുമുണ്ട്; മഹാപുരോഹിതന്മാരോട് അധികാരപത്രം വാങ്ങി വിശുദ്ധന്മാരിൽ പലരെയും തടവിൽ ആക്കി അടച്ചു; അവരെ കൊല്ലുന്ന സമയത്ത് ഞാനും സമ്മതം കൊടുത്തു.11ഞാൻ എല്ലാ പള്ളികളിലും അവരെ പലപ്പോഴും ദണ്ഡിപ്പിച്ചുംകൊണ്ട് യേശുവിനെ ദുഷിച്ചുപറവാൻ നിബ്ബന്ധിക്കയും അവരുടെ നേരെ അത്യന്തം ഭ്രാന്തുപിടിച്ച് അന്യപട്ടണങ്ങളോളവും ചെന്ന് അവരെ ഉപദ്രവിക്കുകയും ചെയ്തു.
12ഇങ്ങനെ ചെയ്തുവരികയിൽ ഞാൻ മഹാപുരോഹിതന്മാരുടെ അധികാരത്തോടും ആജ്ഞയോടും കൂടെ ദമസ്കൊസിലേക്ക് യാത്രപോകുമ്പോൾ,13രാജാവേ, നട്ടുച്ചയ്ക്ക് ഞാൻ വഴിയിൽവച്ച് സൂര്യന്റെ പ്രകാശത്തെ കവിഞ്ഞൊരു വെളിച്ചം ആകാശത്തിൽനിന്ന് എന്നെയും എന്നോടുകൂടെ യാത്രചെയ്യുന്നവരെയും ചുറ്റി പ്രകാശിക്കുന്നത് കണ്ട്.14ഞങ്ങൾ എല്ലാവരും നിലത്തുവീണപ്പോൾ: ‘ശൌലേ, ശൌലേ, നീ എന്നെ ഉപദ്രവിക്കുന്നത് എന്ത്? മുള്ളിന്റെ നേരെ എതിരിടുന്നത് നിനക്ക് പ്രയാസം ആകുന്നു’ എന്ന് എബ്രായഭാഷയിൽ എന്നോട് പറയുന്നൊരു ശബ്ദം ഞാൻ കേട്ട്.
15‘നീ ആരാകുന്നു കർത്താവേ?’ എന്നു ഞാൻ ചോദിച്ചതിന് കർത്താവ്: ‘നീ ഉപദ്രവിക്കുന്ന യേശു തന്നെ ഞാൻ;16എങ്കിലും എഴുന്നേറ്റ് നിവിർന്നുനിൽക്ക; ഇപ്പോൾ നീ എന്നെ കണ്ടതിനും ഇനി ഞാൻ നിനക്ക് കാണിക്കുവാനിരിക്കുന്നതായ കാര്യങ്ങൾക്കും നിന്നെ ശുശ്രൂഷകനും സാക്ഷിയുമായി നിയമിപ്പാൻ തന്നെ ഞാൻ നിനക്ക് പ്രത്യക്ഷനായി.17യഹൂദാജനത്തിന്റെയും ജാതികളുടെയും കയ്യിൽനിന്ന് ഞാൻ നിന്നെ രക്ഷിക്കും.18അവരുടെ കണ്ണ് തുറപ്പാനും അവരെ ഇരുളിൽനിന്ന് വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽനിന്ന് ദൈവത്തിങ്കലേക്കും തിരിപ്പാനും അങ്ങനെ അവർക്ക് പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന് ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയയ്ക്കുന്നു’ എന്നു കല്പിച്ചു.
19അതുകൊണ്ട് അഗ്രിപ്പാരാജാവേ, ഞാൻ സ്വർഗ്ഗീയദർശനത്തിന് അനുസരണക്കേട് കാണിക്കാതെ20ആദ്യം ദമസ്കൊസിലും യെരൂശലേമിലും യെഹൂദ്യദേശത്തെങ്ങും ഉള്ളവരോടും പിന്നെ ജാതികളോടും മാനസാന്തരപ്പെട്ട് ദൈവത്തിങ്കലേക്ക് തിരിഞ്ഞ് മാനസാന്തരത്തിന് യോഗ്യമായ പ്രവൃത്തികൾ ചെയ്യേണം എന്ന് പ്രസംഗിച്ചു.21ഇത് നിമിത്തം യെഹൂദന്മാർ ദൈവാലയത്തിൽവച്ച് എന്നെ പിടിച്ച് കൊല്ലുവാൻ ശ്രമിച്ചു.
22എന്നാൽ ദൈവത്തിന്റെ സഹായം ലഭിക്കയാൽ ഞാൻ ഇന്നുവരെ നിൽക്കയും ചെറിയവരോടും വലിയവരോടും സാക്ഷ്യം പറഞ്ഞ് പോരുകയും ചെയ്യുന്നു.23ക്രിസ്തു കഷ്ടം അനുഭവിക്കയും മരിച്ചവരുടെ പുനരുത്ഥാനത്തിൽ ആദ്യനായി, യഹൂദജനത്തോടും ജാതികളോടും വെളിച്ചം അറിയിക്കുകയും ചെയ്യും എന്ന് പ്രവാചകന്മാരും മോശെയും ഭാവികാലത്തെക്കുറിച്ച് പ്രസ്താവിച്ചതൊഴികെ വേറെയൊന്നും ഞാൻ പറയുന്നില്ല.”

24പൗലോസ് ഇങ്ങനെ പ്രതിവാദിച്ചപ്പോൾ ഫെസ്തൊസ്: “പൗലൊസേ, നിനക്ക് ഭ്രാന്തുണ്ട്; വിദ്യാബഹുത്വത്താൽ നിനക്ക് ഭ്രാന്ത് പിടിച്ചിരിക്കുന്നു” എന്ന് ഉറക്കെ പറഞ്ഞു.25അതിന് പൗലൊസ്: “അതിവിശിഷ്ടനായ ഫെസ്തൊസേ, എനിക്ക് ഭ്രാന്തില്ല; ഞാൻ സത്യവും സുബോധവുമായ വാക്കത്രേ സംസാരിക്കുന്നത്.26രാജാവിന് ഇതിനെക്കുറിച്ച് അറിവുള്ളതുകൊണ്ട് അവനോട് ഞാൻ പ്രാഗത്ഭ്യത്തോടെ സംസാരിക്കുന്നു; അവന് ഇത് ഒന്നും മറവായിരിക്കുന്നില്ല എന്ന് എനിക്ക് നിശ്ചയമുണ്ട്; കാരണം അത് രഹസ്യമായി നടന്നതല്ല.
27അഗ്രിപ്പാരാജാവേ, പ്രവാചകന്മാരെ വിശ്വസിക്കുന്നുവോ? വിശ്വസിക്കുന്നു എന്ന് ഞാൻ അറിയുന്നു” എന്നു പറഞ്ഞു.28അഗ്രിപ്പാ പൗലൊസിനോട്: “ഞാൻ ക്രിസ്ത്യാനിയായിത്തീരുവാൻ നീ എന്നെ അല്പസമയംകൊണ്ട് സമ്മതിപ്പിക്കുന്നു” എന്നു പറഞ്ഞു.29അതിന് പൗലൊസ്: “നീ മാത്രമല്ല, ഇന്ന് എന്റെ പ്രസംഗം കേൾക്കുന്നവർ എല്ലാവരും അല്പം കൊണ്ടാകട്ടെ അധികം കൊണ്ടാകട്ടെ ഈ ചങ്ങല ഒഴികെ എന്നെപ്പോലെ ആകണം എന്ന് ഞാൻ ദൈവത്തോട് അപേക്ഷിക്കുന്നു” എന്നു പറഞ്ഞു.

30അപ്പോൾ രാജാവും ദേശാധിപതിയും ബെർന്നീക്കയും അവരോടുകൂടെ ഇരുന്നവരും എഴുന്നേറ്റ് മാറി നിന്നു.31അവർ ആ മുറിവിട്ട് പോകുമ്പോൾ: “ഈ മനുഷ്യൻ മരണത്തിനോ ചങ്ങലയ്ക്കോ യോഗ്യമായത് ഒന്നും ചെയ്തിട്ടില്ല” എന്ന് തമ്മിൽ പറഞ്ഞു.32“കൈസരെ അഭയം ചൊല്ലിയിരുന്നില്ലെങ്കിൽ അവനെ വിട്ടയപ്പാൻ കഴിയുമായിരുന്നു” എന്ന് അഗ്രിപ്പാവ് ഫെസ്തൊസിനോടു പറഞ്ഞു.


1 26:1 ബഹുമാനസൂചകമായി

27
പൗലോസിന്റെ റോമിലേക്കുള്ള കപ്പൽയാത്ര

1ഞങ്ങൾ കപ്പൽ കയറി ഇതല്യയ്ക്ക് പോകേണം എന്ന് കല്പനയായപ്പോൾ പൗലൊസിനെയും മറ്റ് ചില തടവുകാരെയും ഔഗുസ്ത്യപട്ടാളത്തിലെ ശതാധിപനായ യൂലിയൊസിനെ ഏല്പിച്ചു.2അങ്ങനെ ഞങ്ങൾ ആസ്യക്കര പറ്റി ഓടുവാനുള്ള ഒരു അദ്രമുത്ത്യകപ്പലിൽ കയറി നീക്കി; തെസ്സലോനിക്യയിൽ നിന്നുള്ള മക്കദോന്യക്കാരനായ അരിസ്തർഹൊസും ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു.

3പിറ്റേന്ന് ഞങ്ങൾ സീദോനിൽ എത്തി; യൂലിയൊസ് പൗലൊസിനോട് ദയ കാണിച്ചു, സ്നേഹിതന്മാരുടെ അടുക്കൽ പോയി സൽക്കാരം കൈക്കൊൾവാൻ അനുവദിച്ചു.4അവിടെനിന്ന് ഞങ്ങൾ കപ്പൽ നീക്കി, കാറ്റ് പ്രതികൂലമാകയാൽ കാറ്റിന്റെ മറയുള്ള കുപ്രൊസ് ദ്വീപിന്റെ അരികത്തുകൂടി ഓടി;5കിലിക്യ പംഫുല്യ കടൽവഴിയായി ചെന്ന് ലുക്കിയയിലെ മുറാപ്പട്ടണത്തിൽ എത്തി.6അവിടെ ശതാധിപൻ ഇതല്യയ്ക്ക് പോകുന്ന ഒരു അലെക്സന്ത്രിയക്കപ്പൽ കണ്ട് ഞങ്ങളെ അതിൽ കയറ്റി.
7പിന്നെ ഞങ്ങൾ വളരെദിവസം പതുക്കെ ഓടി, ക്നീദൊസിന് സമീപത്ത് പ്രയാസത്തോടെ എത്തി, കാറ്റ് പ്രതികൂലമാകയാൽ ക്രേത്തദ്വീപിന്റെ മറപറ്റി ശല്മോനയ്ക്ക് എതിരെ ഓടി,8പ്രയാസത്തോടെ കരപറ്റി ലസയ്യപട്ടണത്തിന്റെ സമീപത്ത് ശുഭതുറമുഖം എന്നു പേരുള്ള സ്ഥലത്ത് എത്തി.
9ഇങ്ങനെ വളരെ നാൾ ചെന്നശേഷം യഹൂദന്മാരുടെ നോമ്പുകാലവും കഴിഞ്ഞിരിക്കെ കപ്പലോട്ടം അപകടകരമാകകൊണ്ട് പൗലൊസ്:10“പുരുഷന്മാരേ, ഈ യാത്രയിൽ ചരക്കിനും കപ്പലിനും മാത്രമല്ല നമ്മുടെ പ്രാണങ്ങൾക്കും ഏറിയ കഷ്ടനഷ്ടങ്ങൾ വരും എന്നു ഞാൻ കാണുന്നു” എന്ന് അവർക്ക് മുന്നറിയിപ്പ് നൽകി.11ശതാധിപനോ പൗലൊസ് പറഞ്ഞതിനേക്കാൾ കപ്പിത്താന്റെയും കപ്പലുടമസ്ഥന്റെയും വാക്ക് അധികം വിശ്വസിച്ചു.
12ആ തുറമുഖം ശീതകാലം കഴിക്കുവാൻ നല്ലതല്ലായ്കയാൽ അവിടെനിന്ന് നീക്കി തെക്കുപടിഞ്ഞാറായും വടക്കുപടിഞ്ഞാറായും തുറന്നു കിടക്കുന്ന ഫൊയ്നീക്യ എന്ന ക്രേത്തതുറമുഖത്ത് കഴിയുമെങ്കിൽ ചെന്ന് ശീതകാലം കഴിക്കണം എന്ന് മിക്കപേരും ആലോചന പറഞ്ഞു.13തെക്കൻ കാറ്റ് മന്ദമായി ഊതുകയാൽ, വിചാരിച്ചതുപോലെ യാത്ര ചെയ്യാം എന്ന് തോന്നി, അവർ അവിടെനിന്ന് നങ്കൂരം എടുത്ത് ക്രേത്ത ദ്വീപിന്റെ തീരംചേർന്ന് ഓടി.
14എന്നാൽ കുറച്ച് കഴിഞ്ഞപ്പോൾ അതിനുനേരേ ദ്വീപിൽനിന്ന് വടക്കുകിഴക്കൻ എന്ന കൊടുങ്കാറ്റ് അടിക്കുവാൻ തുടങ്ങി.15കപ്പലിന് കാറ്റിന്റെ നേരെ നില്പാൻ കഴിയാതവണ്ണം കുടുങ്ങുകയാൽ ഞങ്ങൾ കാറ്റിന് വഴങ്ങി അതിന്റെ വഴിക്കുതന്നെ പോയി.16ക്ലൌദ എന്ന ചെറിയ ദ്വീപിന്റെ മറപറ്റി ഓടീട്ട് പ്രയാസത്തോടെ തോണി കൈവശമാക്കി.
17അത് വലിച്ചുകയറ്റിയിട്ട് അവർ കപ്പലിന്റെ വശത്തോട് ചുറ്റിക്കെട്ടിയും മറ്റും ഉറപ്പുവരുത്തി; പിന്നെ മണൽത്തിട്ടമേൽ അകപ്പെടും എന്നു പേടിച്ചു പായ് ഇറക്കി, അങ്ങനെ കാറ്റിന്റെ ദിശയ്ക്ക് നീക്കി.18ഞങ്ങൾ കൊടുങ്കാറ്റിനാൽ അത്യന്തം അലയുകകൊണ്ട് പിറ്റേന്ന് അവർ ചരക്ക് പുറത്തുകളഞ്ഞു.
19മൂന്നാം നാൾ അവർ സ്വന്തകയ്യാൽ കപ്പൽകോപ്പും കടലിൽ ഇട്ടുകളഞ്ഞു.20വളരെ നാളായിട്ട് സൂര്യനെയോ നക്ഷത്രങ്ങളെയോ കാണാതെയും വല്ലാത്ത കൊടുങ്കാറ്റ് അടിച്ചുകൊണ്ടും ഇരിക്കയാൽ ഞങ്ങൾ രക്ഷപെടും എന്നുള്ള ആശ ഒക്കെയും അറ്റുപോയി.
21അവർ വളരെ പട്ടിണി കിടന്നശേഷം പൗലോസ് അവരുടെ നടുവിൽ നിന്നുകൊണ്ടു പറഞ്ഞത്: “പുരുഷന്മാരേ, എന്റെ വാക്ക് അനുസരിച്ചു ക്രേത്തയിൽനിന്ന് നീക്കാതെയും ഈ കഷ്ടനഷ്ടങ്ങൾ ഉണ്ടാകാതെയും ഇരിക്കേണ്ടതായിരുന്നു.22എങ്കിലും ഇപ്പോൾ ധൈര്യത്തോടിരിപ്പാൻ ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു; കപ്പലിന് അല്ലാതെ നിങ്ങളിൽ ആരുടെയും പ്രാണന് ഹാനി വരികയില്ല.
23എന്റെ ഉടയവനും ഞാൻ സേവിച്ചുവരുന്നവനുമായ ദൈവത്തിന്റെ ദൂതൻ കഴിഞ്ഞ രാത്രിയിൽ എന്റെ അടുക്കൽനിന്ന്:24‘പൗലൊസേ, ഭയപ്പെടരുത്; നീ കൈസരുടെ മുമ്പിൽ നിൽക്കേണ്ടതാകുന്നു; നിന്നോടുകൂടെ യാത്രചെയ്യുന്നവരെ ഒക്കെയും ദൈവം നിനക്ക് ദാനം ചെയ്തിരിക്കുന്നു’ എന്നു പറഞ്ഞു.25അതുകൊണ്ട് പുരുഷന്മാരേ, ധൈര്യത്തോടിരിപ്പിൻ; എന്നോട് അരുളിച്ചെയ്തതുപോലെ തന്നെ സംഭവിക്കും എന്നു ഞാൻ ദൈവത്തെ വിശ്വസിക്കുന്നു.26എങ്കിലും നാം ഒരു ദ്വീപിന്മേൽ മുട്ടി വീഴേണ്ടതാകുന്നു.”
കപ്പൽ തകരുന്നു

27പതിനാലാം രാത്രിയായപ്പോൾ ഞങ്ങൾ അദ്രിയക്കടലിൽ അലയുന്നേരം അർദ്ധരാത്രിയിൽ ഒരു കരയ്ക്ക് സമീപിക്കുന്നു എന്ന് കപ്പൽക്കാർക്ക് തോന്നി.28അവർ ഈയം ഇട്ട് ഇരുപത് മാറെന്ന്1 കണ്ട്; കുറച്ച് അപ്പുറം പോയിട്ട് വീണ്ടും ഈയം ഇട്ട് പതിനഞ്ച് മാറെന്ന്2 കണ്ട്.29പാറ സ്ഥലങ്ങളിൽ ഇടിക്കുമോ എന്നു പേടിച്ച് അവർ അമരത്തുനിന്ന് നാല് നങ്കൂരം ഇട്ട്, വേഗം നേരം വെളുപ്പാൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
30എന്നാൽ കപ്പൽക്കാർ കപ്പൽ വിട്ട് ഓടിപ്പോകുവാൻ വിചാരിച്ച് അണിയത്തുനിന്ന് നങ്കൂരം ഇടുവാൻ പോകുന്നു എന്നുള്ള ഭാവത്തിൽ തോണി കടലിൽ ഇറക്കി.31അപ്പോൾ പൗലൊസ് ശതാധിപനോടും പടയാളികളോടും: “ഇവർ കപ്പലിൽ താമസിച്ചല്ലാതെ നിങ്ങൾക്ക് രക്ഷപെടുവാൻ കഴിയുന്നതല്ല” എന്നു പറഞ്ഞു.32പടയാളികൾ തോണിയുടെ കയറ് അറുത്ത് അത് വീഴിച്ചുകളഞ്ഞു.
33നേരം വെളുക്കാറായപ്പോൾ പൗലൊസ് എല്ലാവരോടും ഭക്ഷണം കഴിക്കേണ്ടതിന് അപേക്ഷിച്ചു: “നിങ്ങൾ ഒന്നും ഭക്ഷിക്കാതെ കാത്തുകൊണ്ട് പട്ടിണി കിടക്കുന്നത് ഇന്ന് പതിനാലാം ദിവസം ആകുന്നുവല്ലോ.34അതുകൊണ്ട് ആഹാരം കഴിക്കണം എന്ന് ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു; അത് നിങ്ങളുടെ രക്ഷയ്ക്കുള്ളതല്ലോ; നിങ്ങളിൽ ഒരുവന്റെയും തലയിലെ ഒരു രോമംപോലും നഷ്ടമാകയില്ല നിശ്ചയം” എന്നു പറഞ്ഞു.35ഇങ്ങനെ പറഞ്ഞിട്ട് അപ്പം എടുത്ത് എല്ലാവരും കാൺകെ ദൈവത്തെ വാഴ്ത്തിയിട്ട് നുറുക്കി തിന്നുതുടങ്ങി.
36അപ്പോൾ എല്ലാവരും ധൈര്യപ്പെട്ട് ഭക്ഷണം കഴിച്ചു.37കപ്പലിൽ ഞങ്ങൾ ആകപ്പാടെ ഇരുനൂറ്റെഴുപത്താറ് ആൾ ഉണ്ടായിരുന്നു.38അവർ തിന്ന് തൃപ്തിവന്നശേഷം ധാന്യം കടലിൽ കളഞ്ഞ് കപ്പലിന്റെ ഭാരം കുറച്ച്.
39വെളിച്ചമായപ്പോൾ ഇന്ന ദേശം എന്ന് അവർ അറിഞ്ഞില്ല എങ്കിലും കരയുള്ളൊരു തുറ കണ്ട്, കഴിയും എങ്കിൽ കപ്പൽ അതിലേക്ക് ഓടിക്കേണം എന്നു ഭാവിച്ചു.40നങ്കൂരം അറുത്ത് കടലിൽ വിട്ട് ചുക്കാന്റെ കെട്ടും അഴിച്ച് പെരുമ്പായ് കാറ്റുമുഖമായി ഉയർത്തിക്കെട്ടി കരയ്ക്ക് നേരെ ഓടി.41ഇരുകടൽ കൂടിയൊരു സ്ഥലത്തിന്മേൽ ചെന്ന് കയറുകയാൽ കപ്പൽ അടിഞ്ഞ്, അണിയം ഉറച്ച് ഇളക്കമില്ലാതെയായി; അമരം തിരയുടെ ശക്തിയാൽ ഉടഞ്ഞുപോയി.
42തടവുകാരിൽ ആരും നീന്തി ഓടിപ്പോകാതിരിപ്പാൻ അവരെ കൊല്ലേണം എന്ന് പടയാളികൾ ആലോചിച്ചു.43ശതാധിപനോ പൗലൊസിനെ രക്ഷിക്കാൻ ആഗ്രഹിച്ചിട്ട് അവരുടെ ആലോചനയെ തടുത്തു, നീന്തുവാൻ കഴിയുന്നവർ ആദ്യം ചാടി കരയ്ക്ക് പറ്റുവാനും44ശേഷമുള്ളവർ പലകമേലും കപ്പലിന്റെ ഖണ്ഡങ്ങളുടെ മേലുമായി എത്തുവാനും കല്പിച്ചു; ഇങ്ങനെ എല്ലാവരും സുരക്ഷിതരായി കരയിൽ എത്തി.


1 27:28 40 മീറ്റർ (ഒരു മാറ് എന്നാൽ ആറ് അടി അതായത് 72 ഇഞ്ച്).
2 27:28 30മീറ്റർ

28
പൗലോസ് മെലിത്ത ദ്വീപിൽ

1രക്ഷപെട്ടശേഷം ദ്വീപിന്റെ പേർ മെലിത്ത എന്ന് ഞങ്ങൾ മനസ്സിലാക്കി.2അവിടുത്തെ സ്ഥലവാസികൾ ഞങ്ങൾക്ക് അസാധാരണ ദയ കാണിച്ചു, മഴയും തണുപ്പുമായിരുന്നതുകൊണ്ട് തീ കൂട്ടി ഞങ്ങളെ ഒക്കെയും സ്വീകരിച്ചു.

3പൗലൊസ് കുറെ വിറക് പെറുക്കി തീയിൽ ഇട്ടപ്പോൾ ഒരു അണലി, ചൂടുനിമിത്തം പുറപ്പെട്ട് അവന്റെ കൈയ്ക്ക് ചുറ്റി.4അണലി അവന്റെ കൈമേൽ തൂങ്ങുന്നത് ആ സ്ഥലവാസികൾ കണ്ടപ്പോൾ: “ഈ മനുഷ്യൻ ഒരു കൊലപാതകൻ സംശയമില്ല; കടലിൽനിന്ന് രക്ഷപെട്ടിട്ടും നീതിദേവി അവനെ ജീവിച്ചിരിപ്പാൻ സമ്മതിക്കുന്നില്ല” എന്ന് തമ്മിൽ പറഞ്ഞു.
5അവനോ അതിനെ തീയിൽ കുടഞ്ഞ് കളഞ്ഞു, അവന് ദോഷം ഒന്നും പറ്റിയതുമില്ല.6അവൻ വീർക്കുകയോ പെട്ടെന്ന് ചത്തു വീഴുകയോ ചെയ്യും എന്ന് വിചാരിച്ച് അവർ കാത്തുനിന്നു; വളരെ നേരം കാത്തുനിന്നിട്ടും അവന് ആപത്ത് ഒന്നും ഭവിക്കുന്നില്ല എന്ന് കണ്ട് മനസ്സ് മാറി അവൻ ഒരു ദേവൻ എന്നു പറഞ്ഞു.
പുബ്ലിയോസിന്റെ പിതാവിന്റെ സൗഖ്യം

7ആ സ്ഥലത്തിന്റെ സമീപത്ത് പുബ്ലിയൊസ് എന്ന് പേരുള്ള ആ ദ്വീപുപ്രമാണിയ്ക്ക് ഒരു ജന്മഭൂമി ഉണ്ടായിരുന്നു; അവൻ ഞങ്ങളെ സ്വീകരിച്ച് മൂന്ന് ദിവസം ആദരവോടെ ഞങ്ങളെ സൽക്കരിക്കുകയും ചെയ്തു.8പുബ്ലിയൊസിന്റെ അപ്പൻ പനിയും അതിസാരവും പിടിച്ച് കിടപ്പായിരുന്നു. പൗലൊസ് അവന്റെ അടുക്കൽ അകത്ത് ചെന്ന് പ്രാർത്ഥിച്ച് അവന്റെമേൽ കൈവച്ച് സുഖപ്പെടുത്തി.9ഇത് സംഭവിച്ചശേഷം ദ്വീപിലുണ്ടായിരുന്ന മറ്റ് രോഗികളും വന്ന് സൗഖ്യം പ്രാപിച്ചു.10അവരും ഏറിയ സമ്മാനങ്ങൾ തന്ന് ഞങ്ങളെ മാനിച്ചു; ഞങ്ങൾ കപ്പൽയാത്രയ്ക്കായ് ഒരുങ്ങുമ്പോൾ ഞങ്ങൾക്കാവശ്യമുള്ളതെല്ലാം കൊണ്ടുവന്ന് തന്നു.
പൗലോസ് റോമിൽ.

11മൂന്നു മാസം കഴിഞ്ഞശേഷം ആ ദ്വീപിൽ ശീതകാലം കഴിച്ച് കിടന്നിരുന്ന സിയുസ് ദേവന്റെ ഇരട്ടമക്കളുടെ ചിഹ്നമുള്ളോരു അലെക്സന്ത്രിയകപ്പലിൽ ഞങ്ങൾ കയറി പുറപ്പെട്ടു,12സുറക്കൂസ് പട്ടണത്തിന്റെ കരയ്ക്കിറിങ്ങി അവിടെ മൂന്നു നാൾ പാർത്തു; അവിടെനിന്ന് ഓടി രേഗ്യൊയും എന്ന പട്ടണത്തിൽ എത്തി.
13ഒരു ദിവസം കഴിഞ്ഞിട്ട് തെക്കൻ കാറ്റ് അടിച്ചതിനാൽ രണ്ടാംദിവസം ഞങ്ങൾ പുത്യൊലി പട്ടണത്തിൽ എത്തി.14അവിടെ ചില സഹോദരന്മാരെ കണ്ട്, തങ്ങളോടുകൂടെ ഏഴ് നാൾ താമസിക്കേണം എന്ന് അവർ അപേക്ഷിച്ചു; പിന്നെ ഞങ്ങൾ റോമിൽ എത്തി.15അവിടുത്തെ സഹോദരന്മാർ ഞങ്ങളുടെ വർത്തമാനം കേട്ടിട്ട് അപ്യപുരവും ത്രിമണ്ഡപവും1 വരെ ഞങ്ങളെ എതിരേറ്റുവന്നു; അവരെ കണ്ടിട്ട് പൗലൊസ് ദൈവത്തെ വാഴ്ത്തുകയും ധൈര്യം പ്രാപിക്കുകയും ചെയ്തു.

16റോമയിൽ എത്തിയശേഷം തനിക്ക് കാവലായ പടയാളിയോടുകൂടെ വേറിട്ട് പാർപ്പാൻ പൗലൊസിന് അനുവാദം കിട്ടി.
റോമിലെ യഹൂദന്മാരോട് പൗലൊസ് സാക്ഷ്യം പറയുന്നു.

17മൂന്ന് ദിവസം കഴിഞ്ഞിട്ട് അവൻ യെഹൂദന്മാരിൽ പ്രധാനികളായവരെ വിളിപ്പിച്ചു. അവർ വന്നുകൂടിയപ്പോൾ അവരോട് പറഞ്ഞത്: “സഹോദരന്മാരേ, ഞാൻ ജനത്തിനോ പിതാക്കന്മാരുടെ ആചാരങ്ങൾക്കോ വിരോധം ഒന്നും ചെയ്തിട്ടില്ലാതിരിക്കെ എന്നെ യെരൂശലേമിൽനിന്ന് ബദ്ധനായി റോമക്കാരുടെ കയ്യിൽ ഏല്പിച്ചു.18അവർ വിസ്തരിച്ചപ്പോൾ മരണയോഗ്യമായത് ഒന്നും എന്നിൽ കാണാത്തതുകൊണ്ട് എന്നെ വിട്ടയപ്പാൻ അവർ ആഗ്രഹിച്ചിരുന്നു.
19എന്നാൽ അവരുടെ ആഗ്രഹത്തിന് യെഹൂദന്മാർ എതിർപറഞ്ഞതുകൊണ്ട്; എന്റെ ജനങ്ങൾക്കെതിരെ അന്യായം ബോധിപ്പിക്കുവാൻ എനിക്ക് യാതൊന്നും ഇല്ലെങ്കിലും ഞാൻ കൈസരെ അഭയം ചൊല്ലേണ്ടിവന്നു.20ഇതു മുഖാന്തരം നിങ്ങളെ കണ്ട് സംസാരിക്കണം എന്നുവിചാരിച്ച് ഞാൻ നിങ്ങളെ വിളിപ്പിച്ചു. യിസ്രായേലിന്റെ ദൃഢവിശ്വാസത്തിനുവേണ്ടിയാകുന്നു ഞാൻ ഈ ചങ്ങലയാൽ ബന്ധിയ്ക്കപ്പെട്ടിരിക്കുന്നത്.”
21അവർ അവനോട്: “നിന്റെ സംഗതിയ്ക്ക് യെഹൂദ്യയിൽനിന്ന് ഞങ്ങൾക്ക് എഴുത്തു വരികയോ സഹോദരന്മാരിൽ ആരും വന്ന് നിന്നെക്കുറിച്ച് യാതൊരു ദോഷവും പറകയോ ചെയ്തിട്ടില്ല.22എങ്കിലും എല്ലായിടത്തും ഈ വിഭാഗം ജനങ്ങൾക്ക് വിരോധമായി സംസാരിക്കുന്നു എന്ന് ഞങ്ങൾ അറിയുന്നതുകൊണ്ട് നിന്റെ വിശ്വാസം ഇന്നത് എന്ന് നീ തന്നെ പറഞ്ഞുകേൾപ്പാൻ ആഗ്രഹിക്കുന്നു” എന്നു പറഞ്ഞു.

23ഒരു ദിവസം നിശ്ചയിച്ചിട്ട് അനേകർ അവന്റെ പാർപ്പിടത്തിൽ അവന്റെ അടുക്കൽ വന്നു; അവൻ അവരോട് ദൈവരാജ്യത്തിന് സാക്ഷ്യം പറഞ്ഞു, മോശെയുടെ ന്യായപ്രമാണവും പ്രവാചകപുസ്തകങ്ങളും ആധാരമാക്കി യേശുവിനെക്കുറിച്ച് അവർ വിശ്വസിക്കാൻ തക്കവണ്ണം രാവിലെ തുടങ്ങി സന്ധ്യവരെ വിവരിച്ചു.24അവൻ പറഞ്ഞത് ചിലർ സമ്മതിച്ചു; മറ്റുള്ളവർ വിശ്വസിച്ചില്ല.
25അവർ തമ്മിൽ യോജിക്കാതെ പിരിഞ്ഞുപോകുമ്പോൾ പൗലൊസ് അവരോട് ഒരു വാക്ക് പറഞ്ഞതെന്തെന്നാൽ:
26“ ‘നിങ്ങൾ ചെവികൊണ്ട് കേട്ടിട്ടും ഗ്രഹിക്കാതിരിക്കും; കണ്ണുകൊണ്ട് കണ്ടിട്ടും കാണാതിരിക്കും; കണ്ണുകൊണ്ട് കാണാതെയും ചെവികൊണ്ട് കേൾക്കാതെയും ഹൃദയംകൊണ്ട് ഗ്രഹിച്ച് മനന്തിരിയാതെയും.
27ഞാൻ അവരെ സൗഖ്യമാക്കാതെയും ഇരിക്കേണ്ടതിന് ഈ ജനത്തിന്റെ ഹൃദയം തടിച്ചിരിക്കുന്നു. അവരുടെ ചെവി കേൾക്കുവാൻ മന്ദമായിരിക്കുന്നു; അവരുടെ കണ്ണ് അടച്ചിരിക്കുന്നു എന്ന് ഈ ജനത്തിന്റെ അടുക്കൽ പോയി പറക’
എന്നിങ്ങനെ പരിശുദ്ധാത്മാവ് യെശയ്യാപ്രവാചകൻ മുഖാന്തരം നിങ്ങളുടെ പിതാക്കന്മാരോട് പറഞ്ഞിരിക്കുന്നത് ശരിതന്നെ.
28ആകയാൽ ദൈവം തന്റെ ഈ രക്ഷ ജാതികൾക്ക് അയച്ചിരിക്കുന്നു; അവർ കേൾക്കും എന്നു നിങ്ങൾ അറിഞ്ഞുകൊൾവിൻ.”

29അവൻ സ്വന്തമായി വാടകയ്ക്കെടുത്ത വീട്ടിൽ രണ്ട് വർഷം മുഴുവൻ താമസിച്ച്, തന്റെ അടുക്കൽ വരുന്നവരെ ഒക്കെയും സ്വീകരിച്ചു.
30പൂർണ്ണ പ്രാഗത്ഭ്യത്തോടെ യാതൊരു വിഘ്നവും കൂടാതെ ദൈവരാജ്യം പ്രസംഗിച്ചും കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ച് ഉപദേശിച്ചും പോന്നു.


1 28:15 അപ്യപുരവും ത്രിമണ്ഡപവും അപ്യപുരം,റോമിൽനിന്നും 64 കി.മീ. ദൂരെയും ത്രിമണ്ഡപം 45 കി.മീ. ദൂരെയും ആയിരുന്നു.

റോമർ

1

1ദൈവത്തിന്റെ പുത്രനും നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള ദൈവത്തിന്റെ സുവിശേഷം,2തന്റെ പ്രവാചകന്മാർ മുഖാന്തരം എഴുതപ്പെട്ട വിശുദ്ധരേഖകളിൽ മുമ്പുകൂട്ടി വാഗ്ദത്തം ചെയ്തിട്ടുള്ളതാണ്.3ഈ സുവിശേഷം പ്രസംഗിക്കുന്നതിനായി വേർതിരിച്ച് വിളിക്കപ്പെട്ട അപ്പൊസ്തലനും യേശുക്രിസ്തുവിന്റെ ദാസനുമായ പൗലോസ് റോമയിൽ ദൈവത്തിന് പ്രിയമുള്ളവരും വിശുദ്ധന്മാരായി വിളിക്കപ്പെട്ട എല്ലാവർക്കും എഴുതുന്നത്.

4നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ.5മനുഷ്യനെന്ന നിലയിൽ ദാവീദിന്റെ വംശാവലിയിൽ ജനിക്കുകയും മരിച്ചിട്ട് ഉയിർത്തെഴുന്നേല്ക്കയാൽ വിശുദ്ധിയുടെ ആത്മാവിനാൽ ദൈവപുത്രൻ എന്ന് ശക്തിയോടെ പ്രഖ്യാപിക്കപ്പെടുകയും ചെയ്തിരിക്കുന്നവനാലല്ലോ ഞങ്ങൾ6അവന്റെ നാമത്തിനായി സകലജാതികളുടെയും ഇടയിൽ വിശ്വാസത്തിന് അനുസരണം വരുത്തേണ്ടതിന് കൃപയും അപ്പൊസ്തലത്വവും പ്രാപിച്ചത്.
7അവരിൽ യേശുക്രിസ്തുവിനുള്ളവരായി വിളിക്കപ്പെട്ട നിങ്ങളും ഉൾപ്പെട്ടിരിക്കുന്നു.

8നിങ്ങളുടെ വിശ്വാസം ലോകം മുഴുവനും പ്രസിദ്ധമായിരിക്കുന്നതിനാൽ ഞാൻ ആദ്യം തന്നെ നിങ്ങൾക്കെല്ലാവർക്കും വേണ്ടി എന്റെ ദൈവത്തിന് യേശുക്രിസ്തു മുഖാന്തരം സ്തോത്രം ചെയ്യുന്നു.9ഞാൻ ഇടവിടാതെ നിങ്ങളെ ഓർത്തുകൊണ്ട് ദൈവേഷ്ടത്താൽ എപ്പോൾ എങ്കിലും നിങ്ങളുടെ അടുക്കൽ വരുവാൻ സാധിക്കേണ്ടതിന് എന്റെ പ്രാർത്ഥനയിൽ എപ്പോഴും യാചിക്കുന്നു10എന്നുള്ളതിന് അവന്റെ പുത്രനെക്കുറിച്ചുള്ള സുവിശേഷഘോഷണത്തിൽ ഞാൻ എന്റെ ആത്മാവിൽ സേവിക്കുന്ന ദൈവം എനിക്ക് സാക്ഷി.
11നിങ്ങളെ ഉറപ്പിക്കേണ്ടതിനായി ചില ആത്മികവരം നിങ്ങൾക്ക് നല്കേണ്ടതിന്,12അതായത് നിങ്ങൾക്കും എനിക്കുമുള്ള വിശ്വാസത്താൽ നിങ്ങളോടുകൂടെ എനിക്കും ഒരുമിച്ച് പ്രോത്സാഹനം ലഭിക്കേണ്ടതിന് ഞാൻ നിങ്ങളെ കാണുവാൻ വാഞ്ചിക്കുന്നു.
13എന്നാൽ സഹോദരന്മാരേ, എനിക്ക് മറ്റുള്ള ജാതികളുടെയിടയിൽ ഉള്ളതുപോലെ നിങ്ങളുടെയിടയിലും ചില ഫലം ഉണ്ടാകേണ്ടതിന് നിങ്ങളുടെ അടുക്കൽ വരുവാൻ പലപ്പോഴും ഭാവിച്ചു എങ്കിലും ഇതുവരെ മുടക്കം വന്നു എന്നു നിങ്ങൾ അറിയാതിരിക്കരുത് എന്നു ഞാൻ ആഗ്രഹിക്കുന്നു.14പരിഷ്കൃതർക്കും അപരിഷ്കൃതർക്കും, ജ്ഞാനികൾക്കും ബുദ്ധിഹീനർക്കും ഞാൻ കടക്കാരൻ ആകുന്നു.15അങ്ങനെ റോമയിലുള്ള നിങ്ങളോടും സുവിശേഷം അറിയിക്കുവാൻ എന്നാൽ ആവോളം ഞാൻ ഒരുങ്ങിയിരിക്കുന്നു.
16സുവിശേഷത്തെക്കുറിച്ചു എനിക്ക് ലജ്ജയില്ല; വിശ്വസിക്കുന്ന ഏവനും, ആദ്യം യെഹൂദനും പിന്നെ യവനനും അത് രക്ഷയ്ക്കായി ദൈവശക്തിയാകുന്നുവല്ലോ.17അതിൽ ദൈവത്തിന്റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിനായിക്കൊണ്ടും വെളിപ്പെടുന്നു. “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നു എഴുതിയിരിക്കുന്നുവല്ലോ.

18അനീതികൊണ്ട് സത്യത്തെ തടഞ്ഞുവെയ്ക്കുന്ന മനുഷ്യരുടെ സകല അഭക്തിക്കും അനീതിക്കും എതിരെ ദൈവത്തിന്റെ കോപം സ്വർഗ്ഗത്തിൽ നിന്നു വെളിപ്പെടുന്നു.19എന്തുകൊണ്ടെന്നാൽ ദൈവത്തെക്കുറിച്ച് അറിയുവാൻ കഴിയുന്നിടത്തോളം അവർക്ക് വെളിവായിരിക്കുന്നു; ദൈവം അവർക്ക് വെളിപ്പെടുത്തിയല്ലോ.
20ദൈവത്തിന്റെ നിത്യശക്തിയും ദിവ്യസ്വഭാവവും പ്രപഞ്ചസൃഷ്ടിമുതൽ സൃഷ്ടികളിൽക്കൂടി വെളിപ്പെട്ടിരിക്കുന്നു; അതുകൊണ്ട് അവർക്ക് ഒഴിവുകഴിവൊന്നും പറയാനാകില്ല.21അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമായി മഹത്വപ്പെടുത്തുകയോ നന്ദി കരേറ്റുകയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ മൂഢരായിത്തീർന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി.
22ജ്ഞാനികൾ എന്നു അവകാശപ്പെട്ടുകൊണ്ട് അവർ മൂഢരായിപ്പോയി;23അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ അവർ ക്ഷയമുള്ള മനുഷ്യൻ, പക്ഷി, നാൽക്കാലി, ഇഴജാതി എന്നിവയുടെ രൂപസാദൃശ്യങ്ങളായി മാറ്റിക്കളഞ്ഞു.

24അതുകൊണ്ട് ദൈവം അവരെ തങ്ങളുടെ ഹൃദയങ്ങളിലെ മോഹങ്ങളിൽ സ്വന്തശരീരങ്ങളെ തമ്മിൽ തമ്മിൽ അപമാനിക്കേണ്ടതിന് അശുദ്ധിയിൽ ഏല്പിച്ചു.25ദൈവത്തിന്റെ സത്യം അവർ വ്യാജമാക്കി മാറ്റിക്കളഞ്ഞു, സൃഷ്ടാവിന് പകരം സൃഷ്ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു എന്നാൽ ദൈവം എന്നേക്കും വാഴ്ത്തപ്പെട്ടവൻ. ആമേൻ.

26അതുകൊണ്ട് ദൈവം അവരെ അപമാനരാഗങ്ങളിൽ ഏല്പിച്ചു; അവരുടെ സ്ത്രീകൾ തങ്ങളുടെ സ്വാഭാവികഭോഗത്തെ പ്രകൃതിവിരുദ്ധമാക്കി മാറ്റിക്കളഞ്ഞു.27അതുപോലെതന്നെ പുരുഷന്മാരും സ്വാഭാവികസ്ത്രീഭോഗം വിട്ടു അന്യോന്യം കാമം ജ്വലിച്ചു ആണോട് ആൺ അവലക്ഷണമായത് പ്രവർത്തിച്ചു. ഇങ്ങനെ അവർക്ക് തങ്ങളുടെ വക്രതയ്ക്കു യോഗ്യമായ ശിക്ഷ തങ്ങളിൽ തന്നേ ലഭിച്ചു.

28ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം അവർ അംഗീകരിക്കാത്തതുകൊണ്ട്; അവൻ അവരെ ക്രമമല്ലാത്തത് ചെയ്‌വാൻ നികൃഷ്ടബുദ്ധിയിൽ ഏല്പിച്ചു.
29അവർ സകല അനീതിയും ദുഷ്ടതയും അത്യാഗ്രഹവും ദുർബ്ബുദ്ധിയും നിറഞ്ഞവർ; അസൂയ, കൊല, പിണക്കം, വഞ്ചന, ദുശ്ശീലം എന്നിവയിൽ മുഴുകിയവർ,30അപവാദികൾ, ഏഷണിക്കാർ, ദൈവദ്വേഷികൾ, നിഷ്ഠൂരന്മാർ, ഗർവ്വിഷ്ഠന്മാർ, ആത്മപ്രശംസക്കാർ, പുതുദോഷം സങ്കല്പിക്കുന്നവർ, മാതാപിതാക്കന്മാരെ അനുസരിക്കാത്തവർ,31ബുദ്ധിഹീനർ, അവിശ്വസ്തർ, വാത്സല്യമില്ലാത്തവർ, കരുണയില്ലാത്തവർ.
32ഇത്തരം കാര്യങ്ങൾ പ്രവൃത്തിക്കുന്നവർ മരണയോഗ്യർ എന്നുള്ള ദൈവന്യായം അവർ അറിഞ്ഞിട്ടും അവ പ്രവർത്തിക്കുക മാത്രമല്ല അവയെ പ്രവർത്തിക്കുന്നവരെ അംഗീകരിക്കുകയുംകൂടെ ചെയ്യുന്നു.

2

1അതുകൊണ്ട് വിധിക്കുന്ന ഏത് മനുഷ്യനുമായുള്ളോവേ, നിനക്ക് ഒഴിവുകഴിവില്ല; അന്യനെ വിധിക്കുന്നതിൽ നീ നിന്നെത്തന്നെ കുറ്റം വിധിക്കുന്നു; കാരണം വിധിക്കുന്ന നീ അതുതന്നെ പ്രവർത്തിക്കുന്നു.2എന്നാൽ ആ വക പ്രവർത്തിക്കുന്നവരുടെ നേരെ ദൈവത്തിന്റെ വിധി സത്യാനുസരണമായിരിക്കുന്നു എന്നു നാം അറിയുന്നു.

3ആവക പ്രവർത്തിക്കുന്നവരെ വിധിക്കുകയും എന്നാൽ, അതുതന്നെ പ്രവർത്തിക്കയും ചെയ്യുന്ന മനുഷ്യാ, നീ ദൈവത്തിന്റെ വിധിയിൽനിന്നു തെറ്റി ഒഴിയും എന്നു ചിന്തിക്കുന്നുവോ?4അല്ല, ദൈവത്തിന്റെ ദയ നിന്നെ മാനസാന്തരത്തിലേക്കു നടത്തുന്നു എന്നു അറിയാതെ നീ അവന്റെ ദയ, ക്ഷമ, ദീർഘക്ഷാന്തി എന്നിവ നിസ്സാരമാക്കി ചിന്തിക്കുന്നുവോ?
5എന്നാൽ നിന്റെ കാഠിന്യത്താലും അനുതാപമില്ലാത്ത ഹൃദയത്താലും നീ ദൈവത്തിന്റെ നീതിയുള്ള വിധി വെളിപ്പെടുന്ന കോപദിവസത്തേക്ക് നിനക്കുതന്നെ കോപം സംഭരിച്ചുവെക്കുന്നു.6അവൻ ഓരോരുത്തന് അവനവന്റെ പ്രവൃത്തിക്കു തക്ക അളവിൽ പകരം കൊടുക്കും.7നല്ല പ്രവൃത്തിക്കു വേണ്ടുന്ന സ്ഥിരതയോടെ തേജസ്സും മാനവും അക്ഷയതയും അന്വേഷിക്കുന്നവർക്ക് നിത്യജീവനും,
8സ്വാർത്ഥരായി സത്യം അനുസരിക്കാതെ അനീതി അനുസരിക്കുന്നവർക്ക് കോപവും ക്രോധവും കൊടുക്കും.9തിന്മ പ്രവർത്തിക്കുന്ന ഏത് മനുഷ്യാത്മാവിനും ദുരിതവും തീവ്രദുഃഖവും ആദ്യം യെഹൂദനും പിന്നെ യവനനും വരും.
10എന്നാൽ നല്ലത് പ്രവർത്തിക്കുന്ന ഏവനും മഹത്വവും മാനവും സമാധാനവും ആദ്യം യെഹൂദനും പിന്നെ യവനനും ലഭിക്കും.11ദൈവത്തിന്റെ പക്കൽ മുഖപക്ഷം ഇല്ലല്ലോ.12ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണം കൂടാതെ നശിച്ചുപോകും; ന്യായപ്രമാണം ഉണ്ടായിട്ട് പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണത്താൽ വിധിക്കപ്പെടും.
13ന്യായപ്രമാണം കേൾക്കുന്നവരല്ല ദൈവസന്നിധിയിൽ നീതിമാന്മാർ; ന്യായപ്രമാണം ആചരിക്കുന്നവരത്രേ നീതികരിക്കപ്പെടുന്നത്.14ന്യായപ്രമാണമില്ലാത്ത ജാതികൾ ന്യായപ്രമാണത്തിലുള്ള കാര്യങ്ങൾ സ്വാഭാവികമായി ചെയ്യുമ്പോൾ ന്യായപ്രമാണമില്ലാത്ത അവർ തങ്ങൾക്കു തന്നേ ഒരു ന്യായപ്രമാണം ആകുന്നു.
15ഇതിനാൽ, അവരുടെ മനസ്സാക്ഷി അവരോടുകൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങൾ തമ്മിൽ കുറ്റം ചുമത്തുകയോ പ്രതിവാദിയ്ക്കുകയോ ചെയ്തുംകൊണ്ട് അവർ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്നതായി കാണിക്കുന്നു;16ദൈവം യേശുക്രിസ്തു മുഖാന്തരം മനുഷ്യരുടെ രഹസ്യങ്ങളെ എന്റെ സുവിശേഷപ്രകാരം ന്യായം വിധിക്കുന്ന നാളിൽ തന്നേ.

17നീയോ, യെഹൂദൻ എന്നു വിളിക്കപ്പെട്ടും, ന്യായപ്രമാണത്തിൽ ആശ്രയിച്ചും18ദൈവത്തിൽ പ്രശംസിച്ചും, ന്യായപ്രമാണത്തിൽ നിന്നു പഠിക്കയാൽ ദൈവത്തിന്റെ ഇഷ്ടം അറിഞ്ഞും ഉത്തമമായത് തിരഞ്ഞെടുത്തും19ജ്ഞാനത്തിന്റെയും സത്യത്തിന്റെയും സാരാംശം ന്യായപ്രമാണത്തിൽ നിന്നു നിനക്ക് ലഭിക്കുകയും ചെയ്തതുകൊണ്ടു നീ കുരുടർക്ക് വഴി കാട്ടുന്നവൻ,20ഇരുട്ടിലുള്ളവർക്ക് വെളിച്ചം, മൂഢരെ പഠിപ്പിക്കുന്നവൻ, ശിശുക്കൾക്ക് ഉപദേഷ്ടാവ് എന്നു ഉറച്ചുമിരിക്കുന്നെങ്കിൽ-
21അന്യനെ ഉപദേശിക്കുന്ന നീ, നിന്നെത്തന്നെ ഉപദേശിക്കാത്തത് എന്ത്? മോഷ്ടിക്കരുത് എന്നു പ്രസംഗിക്കുന്ന നീ മോഷ്ടിക്കുന്നുവോ?22വ്യഭിചാരം ചെയ്യരുത് എന്നു പറയുന്ന നീ വ്യഭിചാരം ചെയ്യുന്നുവോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ ക്ഷേത്രം കവർച്ച ചെയ്യുന്നുവോ?
23ന്യായപ്രമാണത്തിൽ പ്രശംസിക്കുന്ന നീ ന്യായപ്രമാണലംഘനത്താൽ ദൈവത്തെ അപമാനിക്കുന്നുവോ?
24“നിങ്ങൾ നിമിത്തം ദൈവത്തിന്റെ നാമം ജാതികളുടെ ഇടയിൽ ദുഷിക്കപ്പെടുന്നു”
എന്നു എഴുതിയിരിക്കുന്നുവല്ലോ.
25നീ ന്യായപ്രമാണം അനുസരിച്ചാൽ പരിച്ഛേദന പ്രയോജനമുള്ളതു സത്യം; എന്നാൽ ന്യായപ്രമാണലംഘിയായാലോ നിന്റെ പരിച്ഛേദന അഗ്രചർമമായിത്തീരുന്നു.26അങ്ങനെയെങ്കിൽ, അഗ്രചർമി ന്യായപ്രമാണത്തിന്റെ നിയമങ്ങളെ പ്രമാണിച്ചാൽ അവന്റെ അഗ്രചർമം പരിച്ഛേദന എന്നു എണ്ണുകയില്ലയോ?27സ്വാഭാവികമായി അഗ്രചർമിയായവൻ ന്യായപ്രമാണം അനുഷ്ഠിക്കുന്നു എങ്കിൽ തിരുവെഴുത്തും പരിച്ഛേദനയുമുള്ള ന്യായപ്രമാണലംഘിയായ നിന്നെ അവൻ വിധിക്കുകയില്ലയോ?
28പുറമെ മാത്രം യെഹൂദനായവൻ യെഹൂദനല്ല; പുറമെ മാത്രം ജഡത്തിലുള്ളത് പരിച്ഛേദനയുമല്ല;29അകമേ യെഹൂദനായവനത്രേ യെഹൂദൻ; അക്ഷരത്തിലല്ല ആത്മാവിലുള്ള ഹൃദയപരിച്ഛേദനയത്രേ പരിച്ഛേദന; അങ്ങനെയുള്ളവന് മനുഷ്യരാലല്ല ദൈവത്താൽ തന്നേ പുകഴ്ച ലഭിക്കും.

3

1എന്നാൽ യെഹൂദന് എന്ത് വിശേഷതയാണുള്ളത്? പരിച്ഛേദനകൊണ്ട് എന്ത് പ്രയോജനമാണുള്ളത്?2സകലവിധത്തിലും വളരെ ഉണ്ട്; ഒന്നാമത് ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ വിശ്വസിച്ചേൽപ്പിച്ചിരിക്കുന്നതു തന്നേ.

3ചില യഹൂദർ വിശ്വസിച്ചില്ല എങ്കിൽ എന്ത്, അവരുടെ അവിശ്വാസത്താൽ ദൈവത്തിന്റെ വിശ്വസ്തതയ്ക്ക് നീക്കം വരുമോ?4ഒരുനാളും ഇല്ല.
“നിന്റെ വാക്കുകളിൽ നീ നീതീകരിക്കപ്പെടുവാനും നിന്റെ ന്യായവിസ്താരത്തിൽ ജയിപ്പാനും”
എന്നു എഴുതിയിരിക്കുന്നതുപോലെ സകല മനുഷ്യരും ഭോഷ്ക് പറയുന്നവരായാലും ദൈവം സത്യവാൻ എന്നു തെളിയും.
5എന്നാൽ നമ്മുടെ അനീതി ദൈവത്തിന്റെ നീതിയെ പ്രസിദ്ധമാക്കുന്നു എങ്കിൽ നാം എന്ത് പറയും? ശിക്ഷ നടത്തുന്ന ദൈവം നീതിയില്ലാത്തവൻ എന്നോ? — ഞാൻ മാനുഷരീതിയിൽ പറയുന്നു — ഒരുനാളുമല്ല;6അല്ലെങ്കിൽ ദൈവം ലോകത്തെ എങ്ങനെ വിധിക്കും?
7ദൈവത്തിന്റെ സത്യം പ്രകാശിതമാകുകയും അവന്റെ മഹത്വം വർദ്ധിക്കുകയും ചെയ്യുന്നതിന് എന്റെ അസത്യം ഉപകരിക്കുന്നുവെങ്കിൽ, എന്നെ പാപി എന്നു വിധിക്കുന്നതു എന്തിന്?8നല്ലത് വരേണ്ടതിന് തിന്മ ചെയ്ക എന്നു പറയരുതോ? ഞങ്ങൾ അങ്ങനെ പറയുന്നു എന്നു ചിലർ ഞങ്ങളെ ദുഷിച്ചുപറയുന്നുവല്ലോ. ഇവർക്ക് വരുന്ന ശിക്ഷാവിധി നീതിയുള്ളത് തന്നെ.

9ആകയാൽ എന്ത്? നമുക്കു ഒഴിവുകഴിവുണ്ടോ? ഒരിക്കലുമില്ല; യെഹൂദന്മാരും യവനന്മാരും ഒരുപോലെ പാപത്തിൻ കീഴാകുന്നു എന്നു നാം മുമ്പെ ആരോപിച്ചുവല്ലോ.
10“നീതിമാൻ ആരുമില്ല. ഒരുവൻ പോലുമില്ല.
11ഗ്രഹിക്കുന്നവൻ ഇല്ല, ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല.12എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല, ഒരുവൻ പോലും ഇല്ല.
13അവരുടെ തൊണ്ട തുറന്ന ശവക്കുഴി: നാവുകൊണ്ട് അവർ ചതിക്കുന്നു; സർപ്പവിഷം അവരുടെ അധരങ്ങൾക്ക് കീഴെ ഉണ്ട്.14അവരുടെ വായിൽ ശാപവും കയ്പും നിറഞ്ഞിരിക്കുന്നു.
15അവരുടെ കാൽ രക്തം ചൊരിയുവാൻ ബദ്ധപ്പെടുന്നു.16നാശവും കഷ്ടതയും അവരുടെ വഴികളിൽ ഉണ്ട്.17സമാധാനമാർഗ്ഗം അവർ അറിഞ്ഞിട്ടില്ല.18അവരുടെ ദൃഷ്ടിയിൽ ദൈവഭയം ഇല്ല”
എന്നിങ്ങനെ എഴുതിയിരിക്കുന്നുവല്ലോ.

19ന്യായപ്രമാണം പറയുന്നതെല്ലാം ന്യായപ്രമാണത്തിൻ കീഴുള്ളവരോട് പ്രസ്താവിക്കുന്നു എന്നു നാം അറിയുന്നു. അങ്ങനെ ഏത് വായും അടഞ്ഞു സർവ്വലോകവും ദൈവസന്നിധിയിൽ ശിക്ഷായോഗ്യമായിത്തീരേണ്ടതത്രേ.20അതുകൊണ്ട് ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും അവന്റെ ദൃഷ്ടിയിൽ നീതീകരിക്കപ്പെടുകയില്ല; ന്യായപ്രമാണത്താൽ പാപത്തിന്റെ പരിജ്ഞാനമത്രെ വരുന്നത്.
21ഇപ്പോഴോ ദൈവത്തിന്റെ നീതി, വിശ്വസിക്കുന്ന എല്ലാവർക്കും, യേശുക്രിസ്തുവിങ്കലെ വിശ്വാസത്താലുള്ള ദൈവനീതിതന്നെ, ന്യായപ്രമാണം കൂടാതെ വെളിപ്പെട്ടുവന്നിരിക്കുന്നു.22അതിന് ന്യായപ്രമാണവും പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.
23ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സ് ഇല്ലാത്തവരായിത്തീർന്നു,24അവന്റെ കൃപയാൽ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൗജന്യമായത്രേ നീതീകരിക്കപ്പെടുന്നത്.
25വിശ്വസിക്കുന്നവർക്ക് അവൻ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിർത്തിയിരിക്കുന്നു. ദൈവം തന്റെ ദീർഘക്ഷമയിൽ കഴിഞ്ഞ കാലങ്ങളിലെ പാപങ്ങളെ ശിക്ഷിക്കാതെ വിടുകനിമിത്തം തന്റെ നീതിയെ പ്രദർശിപ്പിക്കുവാൻ,26താൻ നീതിമാനും യേശുവിൽ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനും ആകേണ്ടതിന് ഇക്കാലത്ത് തന്റെ നീതിയെ പ്രദർശിപ്പിക്കുവാൻതന്നെ അങ്ങനെ ചെയ്തത്.
27ആകയാൽ പ്രശംസ എവിടെ? അത് പൊയ്പോയി. ഏത് അടിസ്ഥാനത്തിൽ? പ്രവൃത്തിയാലോ? അല്ല, വിശ്വാസത്തിന്റെ അടിസ്ഥാനത്തിലത്രെ.28അതുകൊണ്ട് മനുഷ്യൻ ന്യായപ്രമാണത്തിന്റെ പ്രവൃത്തികൂടാതെ വിശ്വാസത്താൽതന്നെ നീതീകരിക്കപ്പെടുന്നു എന്നു നാം അനുമാനിക്കുന്നു.
29അല്ല, ദൈവം യെഹൂദന്മാരുടെ ദൈവം മാത്രമോ? ജാതികളുടെയും ദൈവമല്ലയോ? അതേ, ജാതികളുടെയും ദൈവം ആകുന്നു.30ദൈവം ഏകനല്ലോ; വിശ്വാസംമൂലം പരിച്ഛേദനക്കാരെയും വിശ്വാസത്താൽ അഗ്രചർമികളെയും അവൻ നീതീകരിക്കുന്നു.
31ആകയാൽ നാം വിശ്വാസത്താൽ ന്യായപ്രമാണത്തെ ദുർബ്ബലമാക്കുന്നുവോ? ഒരു നാളും ഇല്ല; നാം ന്യായപ്രമാണത്തെ ഉറപ്പിക്കുകയത്രേ ചെയ്യുന്നത്.

4

1എന്നാൽ നമ്മുടെ പൂർവ്വപിതാവായ അബ്രഹാം ജഡപ്രകാരം എന്ത് പ്രാപിച്ചു എന്നു പറയേണ്ടു?2അബ്രഹാം പ്രവൃത്തിയാൽ നീതീകരിക്കപ്പെട്ടു എങ്കിൽ അവന് പ്രശംസിക്കുവാൻ ഒരു കാരണമുണ്ടായിരുന്നു; എന്നാൽ ദൈവസന്നിധിയിൽ ഇല്ലതാനും,3തിരുവെഴുത്ത് എന്ത് പറയുന്നു? “അബ്രഹാം ദൈവത്തെ വിശ്വസിച്ചു; അത് അവന് നീതിയായി കണക്കിട്ടു” എന്നു തന്നേ.

4എന്നാൽ പ്രവർത്തിക്കുന്നവന് പ്രതിഫലം കണക്കിടുന്നത് കൃപയായിട്ടല്ല കടമായിട്ടത്രേ.5എന്നാൽ പ്രവർത്തിക്കാത്തവൻ എങ്കിലും അഭക്തനെ നിതീകരിക്കുന്നവനിൽ വിശ്വസിക്കുന്നു എങ്കിൽ അവന്റെ വിശ്വാസം നീതിയായി കണക്കിടുന്നു.
6ദൈവം പ്രവൃത്തികൂടാതെ നീതികണക്കിടുന്ന മനുഷ്യന്റെ ഭാഗ്യം ദാവീദും വർണ്ണിക്കുന്നത്:
7“അധർമ്മം മോചിച്ചും പാപം മറച്ചും കിട്ടിയവർ ഭാഗ്യവാന്മാർ.
8കർത്താവ് പാപം കണക്കിടാത്ത മനുഷ്യൻ ഭാഗ്യവാൻ.”
9ഈ ഭാഗ്യവർണ്ണനം പരിച്ഛേദന ചെയ്തവർക്ക് മാത്രമോ? അതോ ചെയ്യാത്തവർക്കും കൂടെയോ? തന്റെ വിശ്വാസം അബ്രഹാമിന് നീതിയായി കണക്കിടപ്പെട്ടു എന്നല്ലോ നാം പറയുന്നത്.10എപ്പോഴാണ് കണക്കിടപ്പെട്ടത്? പരിച്ഛേദനാകർമ്മത്തിന് മുമ്പോ പിമ്പോ? തീർച്ചയായും പരിച്ഛേദനയ്ക്കു മുൻപു തന്നേ.
11പരിച്ഛേദനക്കുമുമ്പേ അബ്രഹാമിനുണ്ടായിരുന്ന വിശ്വാസനീതിക്ക് മുദ്രയായിട്ടാണ് പരിച്ഛേദന എന്ന അടയാളം അവന് ലഭിച്ചത്; പരിച്ഛേദനയില്ലാതെ വിശ്വസിക്കുന്നവർക്കും കൂടെ നീതി കണക്കിടപ്പെടുവാന്തക്കവണ്ണം താൻ അവർക്ക് എല്ലാവർക്കും പിതാവായിരിക്കേണ്ടതിനും,12പരിച്ഛേദന മാത്രമുള്ളവരല്ല നമ്മുടെ പിതാവായ അബ്രഹാമിന് പരിച്ഛേദനക്കുമുമ്പുണ്ടായിരുന്ന വിശ്വാസത്തെ അനുഗമിക്കുന്നവരുമായ പരിച്ഛേദനക്കാർക്ക് പിതാവായിരിക്കേണ്ടതിനും തന്നെ.
13ലോകത്തിന്റെ അവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രഹാമിനോ അവന്റെ സന്തതിയ്ക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയിലൂടെയാണ് ലഭിച്ചത്.14എന്നാൽ ന്യായപ്രമാണമുള്ളവരാണ് അവകാശികൾ എങ്കിൽ വിശ്വാസം വ്യർത്ഥവും വാഗ്ദത്തം ദുർബ്ബലവും എന്നു വരും.15ന്യായപ്രമാണമോ കോപത്തിന് ഹേതുവാകുന്നു; ന്യായപ്രമാണം ഇല്ലാത്തിടത്ത് ലംഘനവുമില്ല.
16അതുകൊണ്ട് ഇതു കൃപയാൽ എന്നു വരേണ്ടതിന് വിശ്വാസത്താലത്രേ അവകാശികൾ ആകുന്നത്; വാഗ്ദത്തം സകലസന്തതിക്കും, ന്യായപ്രമാണമുള്ളവർക്ക് മാത്രമല്ല, അബ്രഹാമിന്റെ വിശ്വാസത്തിൽ നിന്നുള്ളവർക്കും കൂടെ ഉറപ്പാകേണ്ടതിനുതന്നെ.17മരിച്ചവരെ ജീവിപ്പിക്കയും ഇല്ലാത്തതിനെ ഉള്ളതിനെപ്പോലെ വിളിക്കുകയും ചെയ്യുന്നവനായി താൻ വിശ്വാസം അർപ്പിച്ച ദൈവത്തിന്റെ സന്നിധിയിൽ അവൻ നമുക്കെല്ലാവർക്കും പിതാവാകേണ്ടതിന് തന്നേ. “ഞാൻ നിന്നെ ബഹുജാതികൾക്കു പിതാവാക്കിവെച്ചു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
18“നിന്റെ സന്തതി ഇപ്രകാരം ആകും” എന്ന് അരുളിച്ചെയ്തിരിക്കുന്നതുപോലെ താൻ ബഹുജാതികൾക്കു പിതാവാകും എന്ന് സഹചര്യങ്ങൾക്ക് വിരോധമായി അവൻ ഉറപ്പോടെ ദൈവത്തിൽ വിശ്വസിച്ചു.19അവൻ ഏകദേശം നൂറു വയസ്സുള്ളവനാകയാൽ തന്റെ ശരീരം നിർജ്ജീവമായിപ്പോയതും, സാറായുടെ ഗർഭപാത്രത്തിന്റെ നിർജ്ജീവത്വം ഗ്രഹിച്ചിട്ടും വിശ്വാസത്തിൽ ക്ഷീണിച്ചില്ല.
20ദൈവത്തിന്റെ വാഗ്ദത്തത്തെ അവിശ്വാസത്താൽ സംശയിക്കാതെ വിശ്വാസത്തിൽ ശക്തിപ്പെട്ടു ദൈവത്തിന് മഹത്വം കൊടുത്തു,21ദൈവം വാഗ്ദത്തം ചെയ്തതു പ്രവർത്തിപ്പാനും ശക്തൻ എന്നു അവന് പൂർണ്ണമായി ബോധ്യമുണ്ടായിരുന്നു.22അതുകൊണ്ട് അത് അവന് നീതിയായി കണക്കിട്ടു.
23അവന് കണക്കിട്ടു എന്നു എഴുതിയിരിക്കുന്നത് അവനെ വിചാരിച്ചു മാത്രം അല്ല,24നമ്മെ വിചാരിച്ചുംകൂടെ ആകുന്നു. നമ്മുടെ അതിക്രമങ്ങൾ നിമിത്തം മരണത്തിന് ഏല്പിച്ചും നമ്മുടെ നീതീകരണത്തിനായി ഉയിർപ്പിച്ചുമിരിക്കുന്ന25നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവനിൽ വിശ്വസിക്കുന്ന നമുക്കും കണക്കിടുവാനുള്ളതാകയാൽ തന്നേ.

5

1വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ട് നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ദൈവത്തോടു സമാധാനം ഉണ്ട്.2നാം നില്ക്കുന്ന ഈ കൃപയിലേക്ക് നമുക്കു അവൻ മുഖാന്തരം വിശ്വാസത്താൽ പ്രവേശനവും ലഭിച്ചിരിക്കുന്നു; നാം ദൈവതേജസ്സിന്റെ പ്രത്യാശയിൽ ആനന്ദിക്കുന്നു.

3അത് മാത്രമല്ല, കഷ്ടത സഹിഷ്ണതയെയും സഹിഷ്ണത സിദ്ധതയെയും, സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്ന് അറിഞ്ഞ്4നാം കഷ്ടങ്ങളിലും ആനന്ദിക്കുന്നു.5ഈ പ്രത്യാശ നമ്മെ നിരാശപ്പെടുത്തുകയില്ല; എന്തുകൊണ്ടെന്നാൽ ദൈവത്തിന്റെ സ്നേഹം നമുക്കു നല്കപ്പെട്ട പരിശുദ്ധാത്മാവിനാൽ നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്നുവല്ലോ.
6നാം ബലഹീനർ ആയിരിക്കുമ്പോൾ തന്നേ ക്രിസ്തു തക്കസമയത്ത് അഭക്തർക്കുവേണ്ടി മരിച്ചു.7നീതിമാനുവേണ്ടി ആരെങ്കിലും മരിക്കുന്നതു ദുർല്ലഭം; ഗുണവാനുവേണ്ടി ഒരുപക്ഷേ മരിക്കുവാൻ തുനിയുമായിരിക്കും.
8ക്രിസ്തുവോ, നാം പാപികൾ ആയിരിക്കുമ്പോൾതന്നെ നമുക്കുവേണ്ടി മരിച്ചു. അങ്ങനെ ദൈവം നമ്മോടുള്ള അവന്റെ സ്നേഹത്തെ പ്രദർശിപ്പിച്ചിരിക്കുന്നു.9അവന്റെ രക്തത്താൽ നീതീകരിക്കപ്പെട്ടശേഷമോ നാം അവനാൽ എത്ര അധികമായി ദൈവകോപത്തിൽ നിന്നു രക്ഷിയ്ക്കപ്പെടും.
10നാം ശത്രുക്കളായിരിക്കുമ്പോൾത്തന്നെ നമുക്ക് അവന്റെ പുത്രന്റെ മരണത്താൽ ദൈവത്തോടു നിരപ്പു വന്നു എങ്കിൽ നിരന്നശേഷം നാം അവന്റെ ജീവനാൽ എത്ര അധികമായി രക്ഷിയ്ക്കപ്പെടും.11അതുമാത്രമല്ല, നമുക്കു ഇപ്പോൾ നിരപ്പു ലഭിച്ചതിന് കാരണമായ നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നാം ദൈവത്തിൽ ആനന്ദിക്കുകയും ചെയ്യുന്നു.

12അതുകൊണ്ട് ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ പ്രവേശിച്ച്, ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും വ്യാപിച്ചു.13പാപമോ ന്യായപ്രമാണംവരെ ലോകത്തിൽ ഉണ്ടായിരുന്നു; എന്നാൽ ന്യായപ്രമാണം ഇല്ലാതിരിക്കുമ്പോൾ പാപത്തെ കണക്കിടുന്നില്ല.
14എങ്കിലും വരുവാനുള്ളവന്റെ പ്രതിരൂപമായ ആദാമിന്റെ ലംഘനത്തിന് തുല്യമായ പാപം ചെയ്യാത്തവരിലും മരണം ആദാം മുതൽ മോശെവരെ വാണിരുന്നു.15എന്നാൽ കൃപാദാനം അതിക്രമം പോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു, എന്നാൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കുവേണ്ടി ഏറ്റവും അധികമായി കവിഞ്ഞിരിക്കുന്നു.
16ഏകൻ പാപം ചെയ്തതിന്റെ ഫലം പോലെയല്ല ഈ ദാനം; ഒരു ഭാഗത്ത് ഏകന്റെ ലംഘനം ശിക്ഷാവിധി കല്പിക്കുവാൻ ഹേതുവായിത്തീർന്നു. എന്നാൽ മറുഭാഗത്ത് ഈ കൃപാദാനം അനേക ലംഘനങ്ങളെ മോചിക്കുന്ന നീതീകരണ വിധിക്കു ഹേതുവായിത്തീർന്നു.17ഏകന്റെ ലംഘനത്താൽ മരണം ആ ഏകൻ നിമിത്തം വാണു എങ്കിൽ കൃപയുടെയും നീതിദാനത്തിന്റെയും സമൃദ്ധിലഭിക്കുന്നവർ യേശുക്രിസ്തു എന്ന ഏകൻ നിമിത്തം ഏറ്റവും അധികമായി ജീവനിൽ വാഴും.
18അങ്ങനെ ഏകലംഘനത്താൽ സകലമനുഷ്യർക്കും ശിക്ഷാവിധിവന്നതുപോലെ ഏകനീതിപ്രവൃത്തിയാൽ സകലമനുഷ്യർക്കും ജീവകാരണമായ നീതീകരണവും വന്നു.19ഏകമനുഷ്യന്റെ ലംഘനത്താൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും.
20എന്നാൽ ലംഘനം പെരുകേണ്ടതിന് ന്യായപ്രമാണവും ഇടയിൽ ചേർന്നുവന്നു; എങ്കിലും പാപം പെരുകിയിടത്ത് കൃപ അതിലേറെ വർദ്ധിച്ചു.21പാപം മരണത്തിൽകൂടെ വാണതുപോലെ കൃപയും നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നീതിയാൽ നിത്യജീവനായി വാഴേണ്ടതിന് തന്നേ.

6

1ആകയാൽ നാം എന്ത് പറയേണ്ടു? കൃപ പെരുകേണ്ടതിന് പാപത്തിൽതന്നെ തുടരുക എന്നോ? ഒരുനാളും അരുത്.2പാപസംബന്ധമായി മരിച്ചവരായ നാം ഇനി അതിൽ ജീവിക്കുന്നത് എങ്ങനെ?3അല്ല, ക്രിസ്തുയേശുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ?

4അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ അടക്കപ്പെട്ടു; ക്രിസ്തു മരിച്ചിട്ട് പിതാവിന്റെ മഹിമയാൽ ഉയിർത്തെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന് തന്നേ.5അവന്റെ മരണത്തിന്റെ സാദൃശ്യത്തോട് നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തോടും ഏകീഭവിക്കും.
6നാം ഇനി പാപത്തിന് അടിമപ്പെടാതവണ്ണം പാപശരീരം നശിക്കേണ്ടതിന് നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു.7അങ്ങനെ മരിച്ചവൻ പാപത്തോടുള്ള ബന്ധത്തിൽ നീതിമാനായി പ്രാഖ്യാപിക്കപ്പെട്ടിരിക്കുന്നു.
8നാം ക്രിസ്തുവിനോടുകൂടെ മരിച്ചു എങ്കിൽ അവനോടുകൂടെ ജീവിക്കും എന്നു വിശ്വസിക്കുന്നു.9ക്രിസ്തു മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റിരിക്കയാൽ ഇനി മരിക്കയില്ല; മരണത്തിന് അവന്റെമേൽ ഇനി കർത്തൃത്വമില്ല എന്നു നാം അറിയുന്നുവല്ലോ.
10അവൻ മരിച്ചതു പാപസംബന്ധമായി എല്ലാവർക്കുംവേണ്ടി ഒരിക്കലായിട്ട് മരിച്ചു; അവൻ ജീവിക്കുന്നതോ ദൈവത്തിനുവേണ്ടി ജീവിക്കുന്നു.11അതുപോലെതന്നെ നിങ്ങളും; ഒരുവശത്ത് പാപസംബന്ധമായി മരിച്ചവർ എന്നും, മറുവശത്ത് ക്രിസ്തുയേശുവിൽ ദൈവത്തിനായി ജീവിക്കുന്നവർ എന്നും നിങ്ങളെത്തന്നെ എണ്ണുവിൻ.

12ആകയാൽ പാപം നിങ്ങളുടെ മർത്യശരീരത്തിൽ അതിന്റെ മോഹങ്ങളെ അനുസരിക്കുംവിധം ഇനി വാഴരുത്,13നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി പാപത്തിന് സമർപ്പിക്കയും അരുത്. നിങ്ങളെത്തന്നേ മരിച്ചിട്ട് ജീവിക്കുന്നവരായും നിങ്ങളുടെ അവയവങ്ങളെ നീതിയുടെ ആയുധങ്ങളായും ദൈവത്തിന് സമർപ്പിച്ചുകൊൾവിൻ.14നിങ്ങൾ ന്യായപ്രമാണത്തിനല്ല, കൃപയ്ക്കത്രേ അധീനരാകയാൽ പാപം നിങ്ങളുടെമേൽ കർത്തൃത്വം നടത്തുകയില്ല.

15എന്നാൽ എന്ത്? ന്യായപ്രമാണത്തിനല്ല കൃപയ്ക്കത്രേ അധീനരാകയാൽ നാം പാപം ചെയ്ക എന്നോ? ഒരുനാളും അരുത്.16നിങ്ങൾ ദാസന്മാരായി അനുസരിക്കുവാൻ നിങ്ങളെത്തന്നേ സമർപ്പിക്കയും നിങ്ങൾ അനുസരിച്ചു പോരുകയും ചെയ്യുന്നവന് നിങ്ങൾ ദാസന്മാർ ആകുന്നു എന്നു അറിയുന്നില്ലയോ? ഒന്നുകിൽ മരണത്തിനായി പാപത്തിന്റെ ദാസന്മാർ, അല്ലെങ്കിൽ നീതിയ്ക്കായി അനുസരണത്തിന്റെ ദാസന്മാർ തന്നേ.
17എന്നാൽ നിങ്ങൾ പാപത്തിന്റെ ദാസന്മാർ ആയിരുന്നുവെങ്കിലും നിങ്ങളെ പഠിപ്പിച്ച ഉപദേശരൂപത്തെ ഹൃദയപൂർവ്വം അനുസരിച്ച്,18പാപത്തിൽനിന്ന് സ്വാതന്ത്ര്യം ലഭിച്ചു നീതിയ്ക്ക് ദാസന്മാരായിത്തീർന്നതുകൊണ്ട് ദൈവത്തിന് നന്ദി.
19നിങ്ങളുടെ ജഡത്തിന്റെ ബലഹീനതനിമിത്തം ഞാൻ മാനുഷരീതിയിൽ പറയുന്നു. നിങ്ങളുടെ അവയവങ്ങളെ അധർമ്മത്തിനായി അശുദ്ധിക്കും അധർമ്മത്തിനും അടിമകളാക്കി സമർപ്പിച്ചതുപോലെ ഇപ്പോൾ നിങ്ങളുടെ അവയവങ്ങളെ വിശുദ്ധീകരണത്തിനായി നീതിയ്ക്ക് അടിമകളാക്കി സമർപ്പിപ്പിൻ20നിങ്ങൾ പാപത്തിന് ദാസന്മാരായിരുന്നപ്പോൾ നീതിയെ സംബന്ധിച്ച് സ്വതന്ത്രരായിരുന്നുവല്ലോ.21നിങ്ങൾക്ക് അന്ന് എന്തൊരു ഫലം ഉണ്ടായിരുന്നു? ഇപ്പോൾ നിങ്ങൾക്ക് ലജ്ജ തോന്നുന്നതു തന്നേ. അതിന്റെ അനന്തരഫലം മരണമാകുന്നു.
22എന്നാൽ ഇപ്പോൾ പാപത്തിൽനിന്ന് സ്വാതന്ത്ര്യം പ്രാപിച്ചു ദൈവത്തിന് ദാസന്മാരായിരിക്കയാൽ നിങ്ങൾക്ക് ലഭിക്കുന്ന ഫലം വിശുദ്ധീകരണവും അതിന്റെ അനന്തരഫലം നിത്യജീവനും ആകുന്നു.23പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൽ നിത്യജീവൻ തന്നെ.

7

1സഹോദരന്മാരേ, ന്യായപ്രമാണം അറിയുന്നവരോടല്ലോ ഞാൻ സംസാരിക്കുന്നത്: മനുഷ്യൻ ജീവനോടിരിക്കും കാലത്തൊക്കെയും ന്യായപ്രമാണത്തിന് അവന്റെമേൽ അധികാരം ഉണ്ട് എന്നു നിങ്ങൾ അറിയുന്നില്ലയോ?

2വിവാഹിതയായ സ്ത്രീ, ഭർത്താവ് ജീവിച്ചിരിക്കുന്ന കാലത്തോളം അവനോട് നിയമത്താൽ ബന്ധിയ്ക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഭർത്താവ് മരിച്ചാൽ അവൾ വിവാഹനിയമത്തിൽനിന്ന് ഒഴിവുള്ളവളായി.3ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ അവൾ മറ്റൊരു പുരുഷനോടുകൂടെ ജീവിച്ചാൽ വ്യഭിചാരിണി എന്നു വിളിക്കപ്പെടും; ഭർത്താവ് മരിച്ചു എങ്കിലോ അവൾ മറ്റൊരുപുരുഷനോടുകൂടെ ജീവിച്ചാൽ വ്യഭിചാരിണി എന്നു വരാതവണ്ണം അവൾ നിയമത്തിൽനിന്ന് സ്വതന്ത്രയാകുന്നു.
4അതുകൊണ്ട് സഹോദരന്മാരേ, നിങ്ങളും മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റവനായ മറ്റൊരുവനോട് ചേർന്ന് നാം ദൈവത്തിന് ഫലം പുറപ്പെടുവിക്കേണ്ടതിന്, ക്രിസ്തുവിന്റെ ശരീരം മുഖാന്തരം ന്യായപ്രമാണസംബന്ധമായി മരിച്ചിരിക്കുന്നു.5നാം ജഡത്തിലായിരുന്നപ്പോൾ ന്യായപ്രമാണത്താൽ ഉളവായ പാപവികാരങ്ങൾ മരണത്തിന് ഫലം കായ്ക്കത്തക്കവണ്ണം നമ്മുടെ അവയവങ്ങളിൽ പ്രവൃത്തിച്ചുപോന്നു.
6ഇപ്പോഴോ, നമ്മെ പിടിച്ചടക്കിയിരുന്ന ന്യായപ്രമാണം സംബന്ധിച്ച് മരിച്ചിരിക്കകൊണ്ട് അക്ഷരത്തിന്റെ പഴക്കത്തിലല്ല ആത്മാവിന്റെ പുതുക്കത്തിൽത്തന്നെ സേവിക്കേണ്ടതിന് നാം ന്യായപ്രമാണത്തിൽനിന്ന് ഒഴിവുള്ളവരായിരിക്കുന്നു.

7ആകയാൽ നാം എന്ത് പറയേണ്ടു? ന്യായപ്രമാണം പാപം എന്നോ? ഒരുനാളും അല്ല. എങ്കിലും ന്യായപ്രമാണത്താൽ അല്ലാതെ ഞാൻ പാപത്തെ അറിഞ്ഞില്ല; “നീ മോഹിക്കരുത്” എന്നു ന്യായപ്രമാണം പറയാതിരുന്നെങ്കിൽ ഞാൻ മോഹത്തെ അറിയുകയില്ലായിരുന്നു.8പാപമോ കല്പനയിലൂടെ അവസരമെടുത്തിട്ട് എന്നിൽ സകലവിധ മോഹത്തെയും ജനിപ്പിച്ചു; ന്യായപ്രമാണം കൂടാതെ പാപം നിർജ്ജീവമാകുന്നു.
9ഞാൻ ഒരുകാലത്ത് ന്യായപ്രമാണം കൂടാതെ ജീവിച്ചിരുന്നു; എന്നാൽ കല്പന വന്നപ്പോൾ പാപം വീണ്ടും ജീവിക്കയും ഞാൻ മരിക്കയും ചെയ്തു.10ഇങ്ങനെ ജീവൻ കൊണ്ടുവരേണ്ടിയിരുന്ന കല്പന മരണത്തിനായിത്തീർന്നു എന്നു ഞാൻ കണ്ട്.
11പാപത്തിന് കല്പനയിലൂടെ അവസരം ലഭിച്ചിട്ട് എന്നെ ചതിക്കയും, അത് കൽപ്പനയിലൂടെ എന്നെ കൊല്ലുകയും ചെയ്തു.12ആകയാൽ ന്യായപ്രമാണം വിശുദ്ധം; കല്പന വിശുദ്ധവും ന്യായവും നല്ലതും തന്നേ.
13എന്നാൽ നന്മയായുള്ളത് എനിക്ക് മരണകാരണമായിത്തീർന്നു എന്നോ? ഒരുനാളും അല്ല, പാപമത്രേ മരണമായിത്തീർന്നത്; അത് നന്മയായുള്ളതിനെക്കൊണ്ട് എനിക്ക് മരണം ഉളവാക്കുന്നതിനാൽ പാപം എന്നു തെളിയേണ്ടതിനും, കല്പനയാൽ അത്യന്തം പാപമായിത്തീരേണ്ടതിനും തന്നെ.14ന്യായപ്രമാണം ആത്മികം എന്നു നാം അറിയുന്നുവല്ലോ; ഞാനോ ജഡത്തിൽനിന്നുള്ളവൻ, പാപത്തിന് ദാസനായി വിൽക്കപ്പെട്ടവൻ തന്നെ.
15ഞാൻ പ്രവർത്തിക്കുന്നതെന്തെന്ന് യഥാർത്ഥമായി എനിക്ക് മനസ്സിലാകുന്നില്ല; കാരണം ഞാൻ ഇച്ഛിക്കുന്നതിനെ അല്ല, വെറുക്കുന്നതിനെ അത്രേ ചെയ്യുന്നതു.16ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ ന്യായപ്രമാണം നല്ലത് എന്നു ഞാൻ സമ്മതിക്കുന്നു.
17ആകയാൽ അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ.18എന്നിൽ എന്നുവച്ചാൽ എന്റെ ജഡത്തിൽ നന്മ വസിക്കുന്നില്ല എന്നു ഞാൻ അറിയുന്നു; നന്മ ചെയ്‌വാനുള്ള താല്പര്യം എനിക്കുണ്ട്; എന്നാൽ അത് പ്രവർത്തിക്കാൻ കഴിയുന്നില്ല.
19ഞാൻ ചെയ്യുവാൻ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ല; ഇച്ഛിക്കാത്ത തിന്മയത്രെ പ്രവർത്തിക്കുന്നത്.20ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല, എന്നിൽ വസിക്കുന്ന പാപമത്രേ.21അങ്ങനെ നന്മ ചെയ്യുവാൻ ഇച്ഛിക്കുന്ന ഞാൻ തിന്മ എന്റെ പക്കൽ ഉണ്ട് എന്നൊരു പ്രമാണം കാണുന്നു.
22ഉള്ളംകൊണ്ട് ഞാൻ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ ആനന്ദിക്കുന്നു.23എങ്കിലും എന്റെ മനസ്സിന്റെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാൻ എന്റെ അവയവങ്ങളിൽ കാണുന്നു; അത് എന്റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന് എന്നെ ബദ്ധനാക്കിക്കളയുന്നു.
24അയ്യോ, ഞാൻ അരിഷ്ടമനുഷ്യൻ! ഈ മരണത്തിന് അധീനമായ ശരീരത്തിൽനിന്ന് എന്നെ ആർ വിടുവിക്കും?25എന്നാൽ നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം ദൈവത്തിന് സ്തോത്രം. ഇങ്ങനെ ഒരുവശത്ത് ഞാൻ എന്റെ മനസ്സുകൊണ്ടു ദൈവത്തിന്റെ പ്രമാണത്തെയും മറുവശത്ത് ജഡംകൊണ്ട് പാപത്തിന്റെ പ്രമാണത്തെയും സേവിക്കുന്നു.

8

1അതുകൊണ്ട് ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്ക് ഒരു ശിക്ഷാവിധിയും ഇല്ല.2ജീവന്റെ ആത്മാവിന്റെ പ്രമാണം എനിക്ക് പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൽനിന്ന് ക്രിസ്തുയേശുവിൽ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു.

3ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന് കഴിയാഞ്ഞതിനെ (സാധിപ്പാൻ) ദൈവം തന്റെ സ്വന്ത പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിൽ, പാപത്തിന് ഒരു യാഗമാകേണ്ടതിന് അയച്ചു, പാപത്തിന് ജഡത്തിൽ ശിക്ഷ വിധിച്ചു.4ഇതു ജഡത്തെ അനുസരിച്ചല്ലാതെ ആത്മാവിനെ അനുസരിച്ചു നടക്കുന്ന നമ്മിൽ ന്യായപ്രമാണത്തിന്റെ നീതി നിവൃത്തിയാകേണ്ടതിന് തന്നെ.5ജഡത്തെ അനുസരിച്ചു നടക്കുന്നവർ ജഡത്തിനുള്ളതും, ആത്മാവിനെ അനുസരിച്ചു നടക്കുന്നവർ ആത്മാവിനുള്ളതും ചിന്തിക്കുന്നു.
6ജഡത്തിന്റെ ചിന്ത മരണം; ആത്മാവിന്റെ ചിന്തയോ ജീവനും സമാധാനവും തന്നേ.7ജഡത്തിന്റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു; അത് ദൈവത്തിന്റെ ന്യായപ്രമാണത്തിന് കീഴ്‌പെടുന്നില്ല, കീഴ്‌പെടുവാൻ അതിന് കഴിയുന്നതുമല്ല.8ജഡസ്വഭാവമുള്ളവർക്ക് ദൈവത്തെ പ്രസാദിപ്പിക്കുവാൻ കഴിയുകയില്ല.
9നിങ്ങളോ, യഥാർത്ഥമായി ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എങ്കിൽ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ. എന്നാൽ ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ അവനുള്ളവനല്ല.10ക്രിസ്തു നിങ്ങളിൽ ഉണ്ടെങ്കിലോ ഒരുവശത്ത് ശരീരം പാപംനിമിത്തം മരിക്കേണ്ടതെങ്കിലും മറുവശത്ത് ആത്മാവ് നീതിനിമിത്തം ജീവനാകുന്നു.
11യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എങ്കിൽ ക്രിസ്തുയേശുവിനെ മരണത്തിൽനിന്നു ഉയിർപ്പിച്ചവൻ നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവിനെക്കൊണ്ട് നിങ്ങളുടെ മർത്യശരീരങ്ങളെയും ജീവിപ്പിക്കും.

12ആകയാൽ സഹോദരന്മാരേ, നാം ജഡത്തെ അനുസരിച്ചു ജീവിക്കേണ്ടതിന് ജഡത്തിനല്ല കടപ്പെട്ടവർ.13നിങ്ങൾ ജഡത്തെ അനുസരിച്ചു ജീവിക്കുന്നു എങ്കിൽ മരിക്കും നിശ്ചയം; ആത്മാവിനാൽ ശരീരത്തിന്റെ പ്രവൃത്തികളെ മരിപ്പിക്കുന്നു എങ്കിലോ നിങ്ങൾ ജീവിക്കും.
14ദൈവത്തിന്റെ ആത്മാവിനാൽ നയിക്കപ്പെട്ടവർ ഏല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു.15നിങ്ങൾ പിന്നെയും ഭയപ്പെടേണ്ടതിന്നു അടിമത്തത്തിന്റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ, എന്നു വിളിക്കുന്ന പുത്രത്വത്തിൻ ആത്മാവിനെ അത്രേ പ്രാപിച്ചത്.
16നാം ദൈവത്തിന്റെ മക്കൾ എന്നു ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു.17നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ഒരു വശത്ത് ദൈവത്തിന്റെ അവകാശികളും, മറുവശത്ത് ക്രിസ്തുവിനോടുകൂടെ കൂട്ടവകാശികളും തന്നേ; നാം അവനോടുകൂടെ കഷ്ടമനുഭവിക്കുന്നു എങ്കിൽ; അവനോടുകൂടെ തേജസ്കരിക്കപ്പെടുകയും ചെയ്യും.

18നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സിനോട്; ഈ കാലത്തിലെ കഷ്ടങ്ങളെ താരതമ്യം ചെയ്യാൻ കഴിയില്ല എന്നു ഞാൻ കരുതുന്നു.19സൃഷ്ടി ദൈവപുത്രന്മാരുടെ വെളിപ്പെടുത്തലിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
20സൃഷ്ടി ദ്രവത്വത്തിലേക്കുള്ള ദാസ്യത്തിൽനിന്ന് വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും എന്നുള്ള ആശയോടെ വ്യർത്ഥതയ്ക്കു് കീഴ്പെട്ടിരിക്കുന്നു;21മനഃപൂർവ്വമായിട്ടല്ല, അതിനെ കീഴ്പെടുത്തിയവന്റെ കല്പന നിമിത്തമത്രേ.22സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി പ്രസവവേദനയോടിരിക്കുന്നു എന്നു നാം അറിയുന്നുവല്ലോ.
23അതുമാത്രമല്ല, ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന് കാത്തുകൊണ്ട് ഉള്ളിൽ ഞരങ്ങുന്നു.24പ്രത്യാശയാലല്ലോ നാം രക്ഷിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. കാണുന്ന പ്രത്യാശയോ പ്രത്യാശയല്ല; ഒരുവൻ ഇപ്പോൾ കാണുന്നതിനായി ഇനി പ്രത്യാശിക്കുന്നത് എന്തിന്?25നാം കാണാത്തതിനായി പ്രത്യാശിയ്ക്കുന്നു എങ്കിലോ അതിനായി ക്ഷമയോടെ കാത്തിരിക്കുന്നു.

26അതുപോലെതന്നെ ആത്മാവ് നമ്മുടെ ബലഹീനതയിൽ സഹായിക്കുന്നു. വേണ്ടുംപോലെ പ്രാർത്ഥിക്കേണ്ടത് എങ്ങനെയെന്ന് നാം അറിയുന്നില്ലല്ലോ. ആത്മാവ് തന്നേ ഉച്ചരിച്ചു കൂടാത്ത ഞരക്കങ്ങളാൽ നമുക്കു വേണ്ടി പക്ഷവാദം ചെയ്യുന്നു.27എന്നാൽ ആത്മാവ് വിശുദ്ധർക്ക് വേണ്ടി ദൈവഹിതപ്രകാരം പക്ഷവാദം ചെയ്യുന്നതുകൊണ്ട് ആത്മാവിന്റെ ചിന്ത ഇന്നതെന്ന് ഹൃദയങ്ങളെ പരിശോധിക്കുന്നവൻ അറിയുന്നു.
28എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്ക്, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു.29അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന് അവന്റെ സ്വരൂപത്തോട് അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.30മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.

31ഇതു സംബന്ധിച്ച് നാം എന്ത് പറയേണ്ടു? ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ?32സ്വന്തപുത്രനെ ആദരിക്കാതെ നമുക്കു എല്ലാവർക്കും വേണ്ടി ഏല്പിച്ചുതന്നവൻ അവനോടുകൂടെ സകലവും നമുക്കു ദാനമായി നല്കാതിരിക്കുമോ?
33ദൈവം തിരഞ്ഞെടുത്തവരെ ആർ കുറ്റം ചുമത്തും? നീതീകരിക്കുന്നവൻ ദൈവം.34ശിക്ഷ വിധിക്കുന്നവൻ ആർ? ക്രിസ്തുയേശു മരിച്ചവൻ; അതിനേക്കാളുപരിയായി മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റവൻ തന്നെ; അവൻ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കുകയും ചെയ്യുന്നു.
35ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്ന് നമ്മെ വേർപിരിക്കുന്നതാർ? കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?
36“നിന്റെ നിമിത്തം ഞങ്ങളെ ഇടവിടാതെ കൊല്ലുന്നു; അറുക്കുവാനുള്ള ആടുകളെപ്പോലെ ഞങ്ങളെ എണ്ണുന്നു”
എന്നു എഴുതിയിരിക്കുന്നുവല്ലോ.
37നാമോ നമ്മെ സ്നേഹിച്ചവൻ മുഖാന്തരം ഇതിൽ ഒക്കെയും പൂർണ്ണജയം പ്രാപിക്കുന്നു.38മരണത്തിനോ ജീവനോ ദൂതന്മാർക്കോ വാഴ്ചകൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിനോ വരുവാനുള്ളതിനോ ഉയരത്തിനോ ആഴത്തിനോ മറ്റു യാതൊരു സൃഷ്ടിക്കോ39നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽ നിന്നു നമ്മെ വേർപിരിപ്പാൻ കഴിയുകയില്ല എന്നു ഞാൻ ഉറച്ചിരിക്കുന്നു.

9

1ഞാൻ ക്രിസ്തുവിൽ സത്യം പറയുന്നു; ഞാൻ പറയുന്നത് ഭോഷ്കല്ല;2എനിക്ക് വലിയ ദുഃഖവും ഹൃദയത്തിൽ ഇടവിടാതെ നോവും ഉണ്ട് എന്നു എന്റെ മനസ്സാക്ഷി എനിക്ക് പരിശുദ്ധാത്മാവിൽ സാക്ഷിയായിരിക്കുന്നു.

3ജഡപ്രകാരം എന്റെ വംശക്കാരായ എന്റെ സഹോദരന്മാർക്കു വേണ്ടി ഞാൻ തന്നേ ക്രിസ്തുവിനോട് വേർപെട്ട് ശാപഗ്രസ്തനാവാൻ ഞാൻ ആഗ്രഹിക്കാമായിരുന്നു.4അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും ഉടമ്പടികളും ന്യായപ്രമാണത്തിന്റെ ദാനവും ദൈവത്തിന്റെ ആരാധനയും വാഗ്ദത്തങ്ങളും അവർക്കുണ്ട്;5പിതാക്കന്മാരും അവർക്കുള്ളവർ തന്നെ; ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉത്ഭവിച്ചത്; അവൻ സർവ്വത്തിനും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ. ആമേൻ.
6ദൈവത്തിന്റെ വാഗ്ദത്തം വൃഥാവായിപ്പോയി എന്നല്ല; യിസ്രായേലിൽനിന്ന് ഉത്ഭവിച്ചവർ എല്ലാം യഥാർത്ഥമായി യിസ്രായേല്യർ എന്നും7അബ്രഹാമിന്റെ സന്തതിയാകയാൽ എല്ലാവരും യഥാർത്ഥമായി അവന്റെ മക്കൾ എന്നും വരികയില്ല;
“യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്നു വിളിക്കപ്പെടും”
എന്നേയുള്ളു.
8അതായത് : ജഡപ്രകാരം ജനിച്ച മക്കൾ അല്ല ദൈവത്തിന്റെ മക്കൾ; വാഗ്ദത്തപ്രകാരം ജനിച്ച മക്കളെയത്രേ സന്തതി എന്നു എണ്ണുന്നത്.
9“ഈ സമയത്തേക്ക് ഞാൻ വരും; അപ്പോൾ സാറായ്ക്കു ഒരു മകൻ ഉണ്ടാകും”
എന്നല്ലോ വാഗ്ദത്തവചനം.
10അതുമാത്രമല്ല, റിബെക്കായും നമ്മുടെ പിതാവായ യിസ്ഹാക്ക് എന്ന ഏകനാൽ ഗർഭം ധരിച്ചു,11കുട്ടികൾ ജനിക്കയോ ഗുണമാകട്ടെ ദോഷമാകട്ടെ ഒന്നും പ്രവർത്തിക്കയോ ചെയ്യുംമുമ്പേ തിരഞ്ഞെടുപ്പിൻ പ്രകാരമുള്ള ദൈവനിർണ്ണയം പ്രവൃത്തികൾ നിമിത്തമല്ല വിളിച്ചവന്റെ ഇഷ്ടം നിമിത്തംതന്നെ എന്നു വരേണ്ടതിന്:
12“മൂത്തവൻ ഇളയവനെ സേവിക്കും”
എന്നു അവളോട് അരുളിച്ചെയ്തു.
13“ഞാൻ യാക്കോബിനെ സ്നേഹിച്ച് ഏശാവിനെ ദ്വേഷിച്ചിരിക്കുന്നു”
എന്നു എഴുതിയിരിക്കുന്നതുപോലെതന്നെ.

14ആകയാൽ നാം എന്ത് പറയേണ്ടു? ദൈവത്തിന്റെ പക്കൽ അനീതി ഉണ്ടോ? ഒരു നാളും ഇല്ല.
15“എനിക്ക് കരുണയുള്ളവനോട് കരുണ തോന്നുകയും എനിക്ക് കനിവുള്ളവനോട് കനിവ് തോന്നുകയും ചെയ്യും”
എന്നു അവൻ മോശെയോടു അരുളിച്ചെയ്യുന്നു.
16അതുകൊണ്ട് ഇച്ഛിക്കുന്നവനാലുമല്ല, ഓടുന്നവനാലുമല്ല, കരുണ തോന്നുന്ന ദൈവത്താലത്രെ.
17“ഇതിനായിട്ട് തന്നേ ഞാൻ നിന്നെ നിർത്തിയിരിക്കുന്നത്; നിന്നിൽ എന്റെ ശക്തി വെളിപ്പെടുത്തേണ്ടതിനും എന്റെ നാമം സർവ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിനും തന്നേ”
എന്നു തിരുവെഴുത്തിൽ ഫറവോനോട് അരുളിച്ചെയ്യുന്നു.
18അങ്ങനെ തനിക്കു മനസ്സുള്ളവനോട് അവന് കരുണ തോന്നുന്നു; തനിക്കു മനസ്സുള്ളവരെ അവൻ കഠിനരാക്കുന്നു.

19ആകയാൽ അവൻ പിന്നെ കുറ്റം കണ്ടുപിടിക്കുന്നത് എന്ത്? ആർ അവന്റെ ഇഷ്ടത്തോട് എതിർത്തുനില്ക്കുന്നു? എന്നു നീ എന്നോട് ചോദിക്കും.20അയ്യോ, മനുഷ്യാ, ദൈവത്തോട് പ്രത്യുത്തരം പറയുന്ന നീ ആർ? മനഞ്ഞിരിക്കുന്നതു മനഞ്ഞവനോടു: നീ എന്നെ ഇങ്ങനെ ചമച്ചത് എന്ത് എന്നു ചോദിക്കുമോ?21അല്ല, കുശവന് ഒരേ പിണ്ഡത്തിൽനിന്ന് ഒരു പാത്രം വിശേഷ ഉപയോഗത്തിനും മറ്റൊരു പാത്രം ദിവസേനയുള്ള ഉപയോഗത്തിനും ഉണ്ടാക്കുവാൻ കളിമണ്ണിന്മേൽ അധികാരം ഇല്ലയോ?
22എന്നാൽ ദൈവം തന്റെ കോപം കാണിക്കുവാനും ശക്തി വെളിപ്പെടുത്തുവാനും യെഹൂദന്മാരിൽനിന്നു മാത്രമല്ല,23ജാതികളിൽനിന്നും വിളിച്ചു തേജസ്സിനായി മുന്നൊരുക്കിയ കരുണാപാത്രങ്ങളായ നമ്മിൽ24തന്റെ തേജസ്സിന്റെ ധനം വെളിപ്പെടുത്തുവാൻ ഇച്ഛിച്ചിട്ട് നാശയോഗ്യമായ കോപപാത്രങ്ങളെ വളരെ ദീർഘക്ഷമയോടെ സഹിച്ചു എങ്കിൽ എന്ത്?
25“എന്റെ ജനമല്ലാത്തവരെ എന്റെ ജനം എന്നും, പ്രിയപ്പെട്ടവളല്ലാത്തവളെ പ്രിയപ്പെട്ടവൾ എന്നും ഞാൻ വിളിക്കും.26നിങ്ങൾ എന്റെ ജനമല്ല എന്നു അവരോട് പറഞ്ഞ ഇടത്തിൽ അവർ ജീവനുള്ള ദൈവത്തിന്റെ മക്കൾ എന്നു വിളിക്കപ്പെടും”
എന്നു ഹോശേയാപുസ്തകത്തിലും അരുളിച്ചെയ്യുന്നുവല്ലോ.
27യെശയ്യാവോ യിസ്രായേലിനെക്കുറിച്ച്:
“യിസ്രായേൽമക്കളുടെ എണ്ണം കടൽക്കരയിലെ മണൽപോലെ ആയിരുന്നാലും ശേഷിപ്പത്രേ രക്ഷിയ്ക്കപ്പെടൂ.
28കർത്താവ് ഭൂമിയിൽ തന്റെ വചനം നിവർത്തിച്ചു ക്ഷണത്തിൽ തീർക്കും”
എന്നു വിളിച്ചു പറയുന്നു.
29“സൈന്യങ്ങളുടെ കർത്താവ് നമുക്കു സന്തതിയെ ശേഷിപ്പിച്ചില്ലെങ്കിൽ നാം സൊദോമെപ്പോലെ ആകുമായിരുന്നു, ഗൊമോറയ്ക്ക് സദൃശമാകുമായിരുന്നു”
എന്നു യെശയ്യാവ് മുമ്പുകൂട്ടി പറഞ്ഞിരിക്കുന്നുവല്ലോ.

30ആകയാൽ നാം എന്ത് പറയേണ്ടു? നീതിയെ പിന്തുടരാത്ത ജാതികൾ നീതിപ്രാപിച്ചു, വിശ്വാസത്താലുള്ള നീതി തന്നേ.31നീതിയുടെ പ്രമാണം പിന്തുടർന്ന യിസ്രായേലോ അതിങ്കൽ എത്തിയില്ല.
32അതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവർ വിശ്വാസത്താലല്ല, പ്രവൃത്തികളാൽ അന്വേഷിച്ചതുകൊണ്ടുതന്നെ അവർ ഇടർച്ചക്കല്ലിന്മേൽ തട്ടി ഇടറി:
33“ഇതാ, ഞാൻ സീയോനിൽ ഇടർച്ചക്കല്ലും തടങ്ങൽ പാറയും വെയ്ക്കുന്നു; അവനിൽ വിശ്വസിക്കുന്നവൻ ലജ്ജിച്ചു പോകയില്ല”
എന്നു എഴുതിയിരിക്കുന്നുവല്ലോ.

10

1സഹോദരന്മാരേ, അവർ രക്ഷിയ്ക്കപ്പെടണം എന്നുതന്നെ എന്റെ ഹൃദയവാഞ്ഛയും അവർക്കുവേണ്ടി ദൈവത്തോടുള്ള യാചനയും ആകുന്നു.2അവർ പരിജ്ഞാനപ്രകാരം അല്ലെങ്കിലും ദൈവത്തിനുവേണ്ടി എരിവുള്ളവർ എന്നു ഞാൻ അവർക്ക് സാക്ഷ്യം പറയുന്നു.3അവർ ദൈവത്തിന്റെ നീതി അറിയാതെ സ്വന്ത നീതി സ്ഥാപിക്കുവാൻ അന്വേഷിച്ചുകൊണ്ട് ദൈവത്തിന്റെ നീതിയ്ക്ക് കീഴ്പെട്ടില്ല.

4വിശ്വസിക്കുന്ന ഏവനും നീതികരിക്കപ്പെടേണ്ടതിന് ക്രിസ്തു ന്യായപ്രമാണത്തിന്റെ പൂർത്തീകരണം ആകുന്നു.5ന്യായപ്രമാണത്താലുള്ള നീതി സംബന്ധിച്ച്:
“ന്യായപ്രമാണത്തിന്റെ നീതി ചെയ്ത മനുഷ്യൻ അതിനാൽ ജീവിക്കും”
എന്നു മോശെ എഴുതിയിരിക്കുന്നുവല്ലോ.
6വിശ്വാസത്താലുള്ള നീതിയോ ഇപ്രകാരം പറയുന്നു:
“ക്രിസ്തുവിനെ ഇറക്കണം എന്നു വിചാരിച്ചു ആർ സ്വർഗ്ഗത്തിൽ കയറും എന്നോ,
7ക്രിസ്തുവിനെ മരിച്ചവരുടെ ഇടയിൽ നിന്നു കയറ്റണം എന്നു വിചാരിച്ചു ആർ പാതാളത്തിൽ ഇറങ്ങും എന്നോ നിന്റെ ഹൃദയത്തിൽ പറയരുത്.”
8എന്നാൽ അത് എന്ത് പറയുന്നു?
“വചനം നിനക്ക് സമീപമായി, നിന്റെ വായിലും നിന്റെ ഹൃദയത്തിലും ഇരിക്കുന്നു;”
അത് ഞങ്ങൾ പ്രസ്താവിക്കുന്ന വിശ്വാസ വചനം തന്നേ.
9യേശുവിനെ കർത്താവ് എന്നു വായ് കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ട് വിശ്വസിക്കയും ചെയ്താൽ നീ രക്ഷിയ്ക്കപ്പെടും.10ഹൃദയംകൊണ്ട് നീതിയ്ക്കായി വിശ്വസിക്കയും വായ് കൊണ്ട് രക്ഷയ്ക്കായി ഏറ്റുപറയുകയും ചെയ്യുന്നു.
11“അവനിൽ വിശ്വസിക്കുന്നവൻ ഒരുവനും ലജ്ജിച്ചു പോകയില്ല”
എന്നു തിരുവെഴുത്തിൽ അരുളിച്ചെയ്യുന്നുവല്ലോ.
12യെഹൂദൻ എന്നും യവനൻ എന്നും വ്യത്യാസമില്ല; എല്ലാവർക്കും കർത്താവ് ഒരുവൻ തന്നേ; അവൻ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും നൽകുവാന്തക്കവണ്ണം സമ്പന്നൻ ആകുന്നു.
13“കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷിയ്ക്കപ്പെടും”
എന്നുണ്ടല്ലോ.
14എന്നാൽ അവർ വിശ്വസിക്കാത്തവനെ എങ്ങനെ വിളിച്ചപേക്ഷിക്കും? അവർ കേട്ടിട്ടില്ലാത്തവനിൽ എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവൻ ഇല്ലാതെ എങ്ങനെ അവർ കേൾക്കും?15അവർ അയയ്ക്കപ്പെടാതെ എങ്ങനെ പ്രസംഗിക്കും?
“നന്മ സുവിശേഷിക്കുന്നവരുടെ കാൽ എത്ര മനോഹരം”
എന്നു എഴുതിയിരിക്കുന്നുവല്ലോ.

16എങ്കിലും അവർ എല്ലാവരും സുവിശേഷം അനുസരിച്ചിട്ടില്ല:
“കർത്താവേ, ഞങ്ങളുടെ സന്ദേശം ആർ വിശ്വസിച്ചു?”
എന്നു യെശയ്യാവു പറയുന്നുവല്ലോ.
17ആകയാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു.
18എന്നാൽ അവർ കേട്ടില്ലയോ എന്നു ഞാൻ ചോദിക്കുന്നു. കേട്ടിരിക്കുന്നു നിശ്ചയം:
“അവരുടെ ശബ്ദം സർവ്വഭൂമിയിലും അവരുടെ വചനം ലോകത്തിന്റെ അറ്റത്തോളവും പരന്നു.”
19എന്നാൽ യിസ്രായേൽ ഗ്രഹിച്ചില്ലയോ എന്നു ഞാൻ ചോദിക്കുന്നു.
“ജനമല്ലാത്തവരെക്കൊണ്ട് ഞാൻ നിങ്ങൾക്ക് എരിവു വരുത്തും; മൂഢജാതിയെക്കൊണ്ട് നിങ്ങൾക്ക് കോപം ജനിപ്പിക്കും”
എന്നു ഒന്നാമത് മോശെ പറയുന്നു.
20യെശയ്യാവോ:
“എന്നെ അന്വേഷിക്കാത്തവർ എന്നെ കണ്ടെത്തി; എന്നെ ചോദിക്കാത്തവർക്ക് ഞാൻ പ്രത്യക്ഷനായി”
എന്നു ധൈര്യത്തോടെ പറയുന്നു.
21യിസ്രായേലിനേക്കുറിച്ചോ:
“അനുസരിക്കാത്തതും മറുത്തുപറയുന്നതുമായ ജനത്തിങ്കലേക്ക് ഞാൻ ഇടവിടാതെ കൈനീട്ടി”
എന്നു അവൻ പറയുന്നു.

11

1എന്നാൽ ദൈവം തന്റെ ജനത്തെ തള്ളിക്കളഞ്ഞുവോ എന്നു ഞാൻ ചോദിക്കുന്നു. ഒരു നാളും ഇല്ല; ഞാനും ഒരു യിസ്രായേല്യനല്ലോ; അബ്രഹാമിന്റെ സന്തതിയിൽ ബെന്യാമിൻ ഗോത്രത്തിൽ ജനിച്ചവൻ തന്നേ.2ദൈവം മുന്നറിഞ്ഞിട്ടുള്ള തന്റെ ജനത്തെ തള്ളിക്കളഞ്ഞിട്ടില്ല. ഏലിയാവിനെ കുറിച്ച് തിരുവെഴുത്ത് പറയുന്നത് നിങ്ങൾ അറിയുന്നില്ലയോ?3അവൻ യിസ്രായേലിന് വിരോധമായി:

“കർത്താവേ, അവർ നിന്റെ പ്രവാചകന്മാരെ കൊന്നു നിന്റെ യാഗപീഠങ്ങളെ ഇടിച്ചുകളഞ്ഞു; ഞാൻ ഒരുവൻ മാത്രം ശേഷിച്ചിരിക്കുന്നു; അവർ എനിക്കും ജീവഹാനി വരുത്തുവാൻ നോക്കുന്നു”
4എന്നു ദൈവത്തോടു വാദിക്കുമ്പോൾ അവന് അരുളപ്പാട് ഉണ്ടായത് എന്ത്?
“ബാലിന് മുട്ടുമടക്കാത്ത ഏഴായിരം പേരെ ഞാൻ എനിക്കായി ശേഷിപ്പിച്ചിരിക്കുന്നു”
എന്നു തന്നേ.
5അങ്ങനെ ഈ കാലത്തിലും കൃപയാലുള്ള തിരഞ്ഞെടുപ്പിൻ പ്രകാരം ഒരു ശേഷിപ്പുണ്ട്.
6കൃപയാൽ എങ്കിൽ പ്രവൃത്തിയാലല്ല; അല്ലെങ്കിൽ കൃപ ഒരിക്കലും കൃപയാകുകയില്ല.7ആകയാൽ എന്ത്? യിസ്രായേൽ അന്വേഷിച്ചത് പ്രാപിച്ചില്ല; തിരഞ്ഞെടുക്കപ്പെട്ടവർ അത് പ്രാപിച്ചു: ശേഷമുള്ളവരോ കഠിനപ്പെട്ടിരിക്കുന്നു.
8“ദൈവം അവർക്ക് ഇന്നുവരെ ഉദാസീനതയുടെ ആത്മാവും കാണാത്ത കണ്ണും കേൾക്കാത്ത ചെവിയും കൊടുത്തു”
എന്നു എഴുതിയിരിക്കുന്നതുപോലെതന്നെ.
9“അവരുടെ മേശ അവർക്ക് കണിയും കുടുക്കും ഇടർച്ചക്കല്ലും പ്രതികാരവുമായിത്തീരട്ടെ;
10അവരുടെ കണ്ണ് കാണാതവണ്ണം ഇരുണ്ടുപോകട്ടെ; അവരുടെ മുതുകു എല്ലായ്പോഴും കുനിയിക്കേണമേ”
എന്നു ദാവീദും പറയുന്നു.
11എന്നാൽ അവർ വീഴേണ്ടതിനോ ഇടറിയത് എന്നു ഞാൻ ചോദിക്കുന്നു. ഒരു നാളും അല്ല; അവർക്ക് എരിവു വരുത്തുവാൻ, അവരുടെ പരാജയം നിമിത്തം ജാതികൾക്ക് രക്ഷ വന്നു എന്നേയുള്ളു.12എന്നാൽ അവരുടെ പരാജയം ലോകത്തിനു ധനവും അവരുടെ നഷ്ടം ജാതികൾക്ക് സമ്പത്തും വരുവാൻ കാരണമായി എങ്കിൽ അവരുടെ പൂർത്തീകരണം എത്ര അധികമായിരിക്കും?

13എന്നാൽ ജാതികളായ നിങ്ങളോടു ഞാൻ പറയുന്നത്: ജാതികളുടെ അപ്പൊസ്തലനായിരിക്കയാൽ ഞാൻ എന്റെ ശുശ്രൂഷയിൽ പ്രശംസിക്കുന്നു;14അത് ഒരുപക്ഷേ ഞാൻ എന്റെ സ്വജാതിയിലുള്ളവരിൽ എരിവ് ഉളവാക്കി, അവരിൽ ചിലരെയെങ്കിലും രക്ഷിക്കാൻ ഇടയാകുമല്ലോ.
15അവരുടെ തിരസ്കരണം ലോകത്തിന്റെ നിരപ്പിന് ഹേതുവായി എങ്കിൽ അവരുടെ അംഗീകരണം മരിച്ചവരുടെ ഉയിർപ്പെന്നല്ലാതെ എന്താകും?16കുഴച്ചമാവിൽനിന്ന് ആദ്യഫലം വിശുദ്ധം എങ്കിൽ അത് മുഴുവനും അങ്ങനെതന്നെ; വേർ വിശുദ്ധം എങ്കിൽ കൊമ്പുകളും അങ്ങനെതന്നെ.
17കൊമ്പുകളിൽ ചിലത് ഒടിച്ചിട്ട് കാട്ടൊലിവായ നിന്നെ അവയുടെ ഇടയിൽ ഒട്ടിച്ചു ചേർത്ത് ഒലിവുമരത്തിന്റെ ഫലപ്രദമായ വേരിന് പങ്കാളിയായിത്തീർന്നു എങ്കിലോ,18കൊമ്പുകളുടെ നേരെ പ്രശംസിക്കരുത്; പ്രശംസിക്കുന്നുവെങ്കിൽ, നീ വേരിനെ അല്ല താങ്ങുന്നത് വേർ നിന്നെയത്രേ താങ്ങുന്നത്.
19എന്നാൽ എന്നെ ഒട്ടിക്കേണ്ടതിന് കൊമ്പുകളെ ഒടിച്ചു കളഞ്ഞു എന്നു നീ പറയും.20ശരി; അവിശ്വാസത്താൽ അവ ഒടിഞ്ഞുപോയി; നിന്റെ വിശ്വാസത്താൽ നീ നില്ക്കുന്നു; അഹങ്കരിക്കാതെ ഭയപ്പെടുക.21സ്വാഭാവികകൊമ്പുകളെ ദൈവം ആദരിക്കാതെ പോയെങ്കിൽ നിന്നെയും ആദരിക്കാതെ വന്നേക്കും.
22ആകയാൽ ദൈവത്തിന്റെ ദയയും കാഠിന്യവും കാൺക; ഒരുവശത്ത് വീണുപോയ യഹൂദരിൽ ദൈവത്തിന്റെ കാഠിന്യവും; മറുവശത്ത് നീ ദൈവത്തിന്റെ ദയയിൽ നിലനിന്നാൽ നിന്നിൽ അവന്റെ ദയയും തന്നേ; അല്ലെങ്കിൽ നീയും ഛേദിക്കപ്പെടും.
23എങ്കിലും അവർ അവരുടെ അവിശ്വാസത്തിൽതന്നെ തുടരാതിരുന്നാൽ അവരെയുംകൂടെ തിരികെ ഒട്ടിച്ചുചേർക്കും; അവരെ വീണ്ടും ഒട്ടിക്കുവാൻ ദൈവം ശക്തനല്ലോ.24സ്വഭാവത്താൽ കാട്ടൊലിവായ മരത്തിൽനിന്നു നിന്നെ മുറിച്ചെടുത്ത് സ്വഭാവത്തിന് വിരോധമായി നല്ല ഒലിവുമരത്തിൽ ഒട്ടിച്ചു എങ്കിൽ, സ്വാഭാവികകൊമ്പുകളായ ഈ യഹൂദരെ അവരുടെ സ്വന്തമായ ഒലിവുമരത്തിൽ എത്ര അധികമായി തിരികെ ഒട്ടിക്കും.

25സഹോദരന്മാരേ, നിങ്ങൾ ബുദ്ധിമാന്മാരെന്നു നിങ്ങൾക്ക് തന്നേ തോന്നാതിരിപ്പാൻ ഈ രഹസ്യം അറിയാതിരിക്കരുത് എന്നു ഞാൻ ആഗ്രഹിക്കുന്നു: അതായത് യിസ്രായേലിൽ ഒരു ഭാഗം മാത്രമേ കാഠിന്യമായിരിക്കുന്നുള്ളു. അതും ജാതികൾ പൂർണ്ണമായി ചേരുന്നതുവരെമാത്രം
26അങ്ങനെ യിസ്രായേൽ മുഴുവനും രക്ഷിയ്ക്കപ്പെടും.
27“വിടുവിക്കുന്നവൻ സീയോനിൽനിന്നു വരും; അവൻ യാക്കോബിൽ നിന്നു അഭക്തിയെ മാറ്റും. ഞാൻ അവരുടെ പാപങ്ങളെ എടുത്തു നീക്കുമ്പോൾ ഇതു ഞാൻ അവരോട് ചെയ്യുന്ന ഉടമ്പടി”
എന്നു എഴുതിയിരിക്കുന്നതുപോലെതന്നെ.
28ഒരു വശത്ത് സുവിശേഷം സംബന്ധിച്ച് അവർ നിങ്ങൾ നിമിത്തം വെറുക്കപ്പെട്ടു; എന്നാൽ മറുവശത്ത് ദൈവത്തിന്റെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പിതാക്കന്മാർനിമിത്തം അവർ പ്രിയപ്പെട്ടവർ.29എന്തെന്നാൽ ദൈവത്തിന്റെ കൃപാവരങ്ങളും വിളിയും മാറ്റമില്ലാത്തവയല്ലോ.
30നിങ്ങൾ മുമ്പെ ദൈവത്തെ അനുസരിക്കാതിരുന്നിട്ട് അവരുടെ അനുസരണക്കേടിനാൽ ഇപ്പോൾ കരുണ ലഭിച്ചതുപോലെ,31നിങ്ങൾക്ക് ലഭിച്ച കരുണയാൽ ഈ യഹൂദർക്കു കരുണ ലഭിക്കേണ്ടതിന്, അവരും ഇപ്പോൾ അനുസരിക്കാതിരിക്കുന്നു.32ദൈവം എല്ലാവരോടും കരുണ കാണിക്കേണ്ടതിന് എല്ലാവരെയും അനുസരണക്കേടിൽ അടച്ചുകളഞ്ഞു.

33ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികൾ എത്ര അപ്രമേയവും അവന്റെ വഴികൾ എത്ര അഗോചരവും ആകുന്നു.34കർത്താവിന്റെ മനസ്സ് അറിഞ്ഞവൻ ആർ? അവന് മന്ത്രിയായിരുന്നവൻ ആർ?
35അവന് വല്ലതും മുമ്പെ കൊടുത്തിട്ട് പ്രതിഫലം വാങ്ങുന്നവൻ ആർ?36സകലവും അവനിൽ നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന് എന്നേക്കും മഹത്വം. ആമേൻ.

12

1സഹോദരന്മാരേ, ഞാൻ ദൈവത്തിന്റെ മനസ്സലിവു ഓർമ്മിപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നത്: നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധിയും ദൈവത്തിന് സ്വീകാര്യവുമായ ജീവനുള്ള യാഗമായി സമർപ്പിപ്പിൻ; ഇതല്ലോ നിങ്ങളുടെ ആത്മിക ആരാധന.2ഈ ലോകത്തിനു അനുരൂപമാകാതെ നല്ലതും സ്വീകാര്യവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്ന് തിരിച്ചറിയേണ്ടതിന് മനസ്സ് പുതുക്കി രൂപാന്തരപ്പെടുവിൻ.

3ഭാവിക്കേണ്ടതിന് മീതെ ഭാവിച്ചുയരാതെ ദൈവം അവനവന് വിശ്വാസത്തിന്റെ അളവ് പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കണമെന്ന് ഞാൻ എനിക്ക് ലഭിച്ച കൃപയാൽ നിങ്ങളിൽ ഓരോരുത്തനോടും പറയുന്നു.
4ഒരു ശരീരത്തിൽ നമുക്കു പല അവയവങ്ങൾ ഉണ്ടല്ലോ; എല്ലാ അവയവങ്ങൾക്കും പ്രവൃത്തി ഒന്നല്ലതാനും;5അതുപോലെ പലരായ നാം ക്രിസ്തുവിൽ ഒരു ശരീരവും എല്ലാവരും തമ്മിൽ അവയവങ്ങളും ആകുന്നു.
6ആകയാൽ നമുക്കു നൽകപ്പെട്ടിട്ടുള്ള കൃപക്കനുസരിച്ച് വ്യത്യസ്തമായ വരങ്ങളും നമുക്കുണ്ട്. ഒരുവന് പ്രവചനവരമാണെങ്കിൽ അത് അവന്റെ വിശ്വാസത്തിന് ഒത്തവണ്ണം ചെയ്യട്ടെ,7ശുശ്രൂഷിപ്പാനുള്ള വരമാണെങ്കിൽ അവൻ ശുശ്രൂഷിക്കട്ടെ, ഉപദേശിക്കുവാനുള്ള വരമാണെങ്കിൽ അവൻ ഉപദേശിക്കട്ടെ,8പ്രോത്സാഹിപ്പിക്കാനുള്ള വരമാണെങ്കിൽ അവൻ പ്രോത്സാഹിപ്പിക്കട്ടെ; കൊടുക്കുവാനുള്ള വരമാണെങ്കിൽ അവൻ അത് ഉദാരമായും, നയിക്കുവാനുള്ള വരമാണെങ്കിൽ അത് കരുതലോടെയും, കരുണകാണിക്കുവാനുള്ള വരമാണെങ്കിൽ അത് പ്രസന്നതയോടെയും ചെയ്യട്ടെ.
9സ്നേഹം കപടമില്ലാത്തതായിരിക്കട്ടെ; തിന്മയായതിനെ വെറുത്തു നല്ലതിനെ മുറുകെപ്പിടിക്കുവിൻ.10സഹോദരസ്നേഹത്തെക്കുറിച്ച്; അന്യോന്യം വാത്സല്യത്തോടെയും, ബഹുമാനിക്കുന്നതിൽ; അന്യോന്യം ആദരിക്കുകയും ചെയ്‌വിൻ.
11ഉത്സാഹത്തിൽ മടുപ്പില്ലാതെ; ആത്മാവിൽ എരിവുള്ളവരായി; കർത്താവിനെ സേവിപ്പിൻ;12ആശയിൽ സന്തോഷിപ്പിൻ;13കഷ്ടതയിൽ സഹിഷ്ണത കാണിക്കുവിൻ; പ്രാർത്ഥനയിൽ ഉറ്റിരിക്കുവിൻ; വിശുദ്ധന്മാരുടെ ആവശ്യങ്ങളിൽ കൂട്ടായ്മ കാണിക്കുകയും അതിഥിസൽക്കാരം ആചരിക്കുകയും ചെയ്‌വിൻ.
14നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിക്കുവിൻ; ശപിക്കാതെ അനുഗ്രഹിക്കുവിൻ.15സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കയും കരയുന്നവരോടുകൂടെ കരയുകയും ചെയ്‌വിൻ.16തമ്മിൽ ഐകമത്യമുള്ളവരായിരിപ്പിൻ. വലിപ്പം ഭാവിക്കാതെ എളിയവരെ കൈക്കൊള്ളുവിൻ; നിങ്ങളെത്തന്നേ ബുദ്ധിമാന്മാർ എന്നു വിചാരിക്കരുത്.
17ആർക്കും തിന്മയ്ക്ക് പകരം തിന്മ ചെയ്യാതെ സകലമനുഷ്യരുടെയും മുമ്പിൽ നന്മ പ്രവൃത്തിപ്പിൻ.18കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ.
19പ്രിയമുള്ളവരേ, നിങ്ങൾ തന്നേ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന് ഇടംകൊടുപ്പിൻ; പ്രതികാരം എനിക്കുള്ളത്; ഞാൻ പകരം ചെയ്യും എന്നു കർത്താവ് അരുളിച്ചെയ്യുന്നു. എന്നാൽ
20“നിന്റെ ശത്രുവിന് വിശക്കുന്നു എങ്കിൽ അവന് തിന്മാൻ കൊടുക്ക; ദാഹിക്കുന്നു എങ്കിൽ കുടിക്കുവാൻ കൊടുക്ക; അങ്ങനെ ചെയ്താൽ നീ അവന്റെ തലമേൽ തീക്കനൽ കൂനകൂട്ടും”
എന്നു എഴുതിയിരിക്കുന്നുവല്ലോ.
21തിന്മയോട് തോല്ക്കാതെ നന്മയാൽ തിന്മയെ ജയിക്കുക.

13

1ഏത് മനുഷ്യനും മേലാധികാരികളെ അനുസരിക്കട്ടെ, ദൈവത്തിൽ നിന്നല്ലാതെ ഒരധികാരവുമില്ലല്ലോ; നിലവിലുള്ള അധികാരങ്ങളോ ദൈവത്താൽ നിയമിക്കപ്പെട്ടിരിക്കുന്നു.2ആകയാൽ ആ അധികാരത്തെ എതിർക്കുന്നവൻ ദൈവകൽപ്പനയെ ധിക്കരിക്കുന്നു; ധിക്കരിക്കുന്നവർ തങ്ങളുടെമേൽ ശിക്ഷാവിധി പ്രാപിക്കും.

3ഭരണാധികാരികൾ സൽപ്രവൃത്തിക്കല്ല ദുഷ്പ്രവൃത്തിക്കത്രേ ഭയങ്കരം. നിങ്ങൾ അധികാരസ്ഥനെ ഭയപ്പെടാതിരിപ്പാൻ ഇച്ഛിക്കുന്നുവോ? നന്മചെയ്ക; എന്നാൽ അതിൽ നിന്നു പുകഴ്ച ലഭിക്കും.4നിന്റെ നന്മയ്ക്കായിട്ടല്ലോ അവൻ ദൈവശുശ്രൂഷക്കാരൻ ആയിരിക്കുന്നത്. നീ തിന്മ ചെയ്തു എങ്കിലോ ഭയപ്പെടുക; വെറുതെ അല്ല അവൻ വാൾ വഹിക്കുന്നതു; അവൻ ദോഷം പ്രവർത്തിക്കുന്നവന്റെ ശിക്ഷയ്ക്കായി പ്രതികാരിയായ ദൈവശുശ്രൂഷക്കാരൻ തന്നേ.5അതുകൊണ്ട് ശിക്ഷയെ മാത്രമല്ല മനസ്സാക്ഷിയെയും വിചാരിച്ചു കീഴടങ്ങുക ആവശ്യം.
6അധികാരികൾ ദൈവശുശ്രൂഷകന്മാരും ആ കാര്യം നിരന്തരമായി നോക്കുന്നവരുമാകുന്നതുകൊണ്ടു തന്നെ നിങ്ങൾ നികുതിയും കൊടുക്കുന്നു.7എല്ലാവർക്കും കടമായുള്ളത് കൊടുക്കുവിൻ; നികുതി കൊടുക്കേണ്ടവന് നികുതി; ചുങ്കം കൊടുക്കേണ്ടവന് ചുങ്കം; ഭയം കാണിക്കേണ്ടവന് ഭയം; ബഹുമാനം കാണിക്കേണ്ടവന് ബഹുമാനം.

8അന്യോന്യം സ്നേഹിക്കുന്നത് അല്ലാതെ ആരോടും ഒന്നും കടമ്പെട്ടിരിക്കരുത്; അയൽക്കാരനെ സ്നേഹിക്കുന്നവൻ ന്യായപ്രമാണം നിവർത്തിച്ചിരിക്കുന്നുവല്ലോ.9വ്യഭിചാരം ചെയ്യരുത്, കുല ചെയ്യരുത്, മോഷ്ടിക്കരുത്, മോഹിക്കരുത്, എന്നുള്ളതും മറ്റു ഏത് കല്പനയും “നിന്റെ അയൽക്കാരനെ നിന്നെപ്പോലെ സ്നേഹിക്ക” എന്ന വാക്യത്തിൽ സംക്ഷേപിച്ചിരിക്കുന്നു.10സ്നേഹം അയൽക്കാരന് ദോഷം പ്രവർത്തിക്കുന്നില്ല; അതുകൊണ്ട് സ്നേഹം ന്യായപ്രമാണത്തിന്റെ നിവൃത്തി തന്നേ.

11ഇതു ചെയ്യേണ്ടത്, ഉറക്കത്തിൽനിന്ന് ഉണരുവാൻ നാഴിക വന്നിരിക്കുന്നു എന്നിങ്ങനെ നിങ്ങൾ സമയത്തെ അറിയുകയാൽ തന്നേ; നാം ആദ്യം വിശ്വസിച്ച സമയത്തേക്കാൾ രക്ഷ ഇപ്പോൾ നമുക്കു അധികം അടുത്തിരിക്കുന്നു.12രാത്രി കഴിയാറായി, പകൽ അടുത്തിരിക്കുന്നു; അതുകൊണ്ട് നമുക്ക് ഇരുട്ടിന്റെ പ്രവൃത്തികളെ മാറ്റിവെച്ച്, വെളിച്ചത്തിന്റെ ആയുധവർഗ്ഗം ധരിക്കാം.
13പകൽസമയത്ത് എന്നപോലെ നാം മര്യാദയായി നടക്ക; വെറിക്കൂത്തുകളിലും മദ്യപാനങ്ങളിലുമല്ല, ശയനമോഹങ്ങളിലും ദുഷ്കാമങ്ങളിലുമല്ല, പിണക്കത്തിലും അസൂയയിലുമല്ല.14കർത്താവായ യേശുക്രിസ്തുവിനെത്തന്നെ ധരിച്ചുകൊൾവിൻ. ജഡത്തിനോ, അതിന്റെ മോഹങ്ങൾക്ക് അവസരം കൊടുക്കരുത്.

14

1വിശ്വാസത്തിൽ ബലഹീനനായവനെ സ്വീകരിക്കുവിൻ; എങ്കിലും ഇങ്ങനെയുള്ള അഭിപ്രായവ്യത്യാസങ്ങളെ വിധിക്കരുത്.2ഒരു വശത്ത്, ഒരുവന് എല്ലാം തിന്നാമെന്നുള്ള വിശ്വാസമുണ്ട്; മറുവശത്ത് ബലഹീനനായവൻ സസ്യാദികളെ മാത്രം തിന്നുന്നു.

3എല്ലാം തിന്നുന്നവൻ എല്ലാം തിന്നാത്തവനെ ധിക്കരിക്കരുത്; എല്ലാം തിന്നാത്തവൻ എല്ലാം തിന്നുന്നവനെ വിധിക്കുകയുമരുത്; ദൈവം അവനെ കൈക്കൊണ്ടിരിക്കുന്നുവല്ലോ.4മറ്റൊരുത്തന്റെ ദാസനെ വിധിപ്പാൻ നീ ആർ? അവൻ നില്ക്കുന്നതോ വീഴുന്നതോ അവന്റെ സ്വന്തയജമാനന്റെ മുമ്പിലത്രേ; അവനെ നിർത്തുവാൻ കർത്താവ് ശക്തനായതുകൊണ്ട് അവൻ നില്ക്കുവാൻ പ്രാപ്തനായി.
5ഒരുവൻ ഒരു ദിവസത്തേക്കാൾ മറ്റൊരു ദിവസത്തെ വിലമതിക്കുന്നു; വേറൊരുവൻ സകലദിവസങ്ങളെയും ഒരുപോലെ വിലമതിക്കുന്നു; ഓരോരുത്തൻ താന്താന്റെ മനസ്സിൽ ഉറച്ചിരിക്കട്ടെ.6ദിവസത്തെ ആദരിക്കുന്നവൻ കർത്താവിനായി ആദരിക്കുന്നു; തിന്നുന്നവൻ കർത്താവിനായി തിന്നുന്നു; അവൻ ദൈവത്തെ സ്തുതിക്കുന്നുവല്ലോ; തിന്നാത്തവൻ കർത്താവിനായി തിന്നാതിരിക്കുന്നു; അവനും ദൈവത്തെ സ്തുതിക്കുന്നു.
7നമ്മിൽ ആരും തനിക്കായി തന്നേ ജീവിക്കുന്നില്ല. ആരും തനിക്കായി തന്നേ മരിക്കുന്നതുമില്ല.8ജീവിക്കുന്നു എങ്കിൽ നാം കർത്താവിനായി ജീവിക്കുന്നു; മരിക്കുന്നു എങ്കിൽ കർത്താവിനായി മരിക്കുന്നു; അതുകൊണ്ട് ജീവിക്കുന്നു എങ്കിലും മരിക്കുന്നു എങ്കിലും നാം കർത്താവിനുള്ളവർ തന്നേ.9മരിച്ചവർക്കും ജീവിച്ചിരിക്കുന്നവർക്കും കർത്താവ് ആകേണ്ടതിനല്ലോ ക്രിസ്തു മരിക്കുകയും ഉയിർക്കുകയും ചെയ്തതു.
10എന്നാൽ നീ നിന്റെ സഹോദരനെ വിധിക്കുന്നതു എന്ത്? അല്ല, നീ നിന്റെ സഹോദരനെ ധിക്കരിക്കുന്നത് എന്ത്? നാം എല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിന് മുമ്പാകെ നിൽക്കേണ്ടിവരും.
11“ഞാൻ ജീവിച്ചിരിക്കുന്നതുകൊണ്ട്, എന്റെ മുമ്പിൽ എല്ലാമുഴങ്കാലും മടങ്ങും, എല്ലാനാവും ദൈവത്തെ സ്തുതിക്കും എന്നു കർത്താവ് അരുളിച്ചെയ്യുന്നു”
എന്നു എഴുതിയിരിക്കുന്നുവല്ലോ.
12ആകയാൽ നമ്മിൽ ഓരോരുത്തൻ ദൈവത്തോടു തങ്ങളുടെ കണക്ക് ബോധിപ്പിക്കേണ്ടിവരും.

13അതുകൊണ്ട് നാം ഇനി അന്യോന്യം വിധിക്കരുത്; സഹോദരന് ഇടർച്ചക്കല്ലോ കെണിയോ വെയ്ക്കാതിരിപ്പാൻ മാത്രം തീരുമാനിച്ചുകൊൾവിൻ.
14യാതൊന്നും സ്വതവേ മലിനമല്ല എന്നു ഞാൻ കർത്താവായ യേശുവിൽ അറിഞ്ഞും ഉറച്ചുമിരിക്കുന്നു. വല്ലതും മലിനം എന്നു എണ്ണുന്നവനുമാത്രം അത് മലിനം ആകുന്നു.15ഭക്ഷണംനിമിത്തം നിന്റെ സഹോദരനെ വ്യസനിപ്പിച്ചാൽ, നീ സ്നേഹപ്രകാരം നടക്കുന്നില്ല. ആർക്കുവേണ്ടി ക്രിസ്തു മരിച്ചുവോ അവനെ നിന്റെ ഭക്ഷണംകൊണ്ടു നശിപ്പിക്കരുത്.
16നിങ്ങളുടെ നല്ല പ്രവർത്തനങ്ങൾ മറ്റുള്ളവർക്ക് അവരെ പരിഹസിക്കുന്നതിന് കാരണമാകരുത്.17ദൈവരാജ്യം ഭക്ഷണത്തെയും പാനീയത്തെയും കുറിച്ചല്ല, മറിച്ച് നീതിയെയും സമാധാനത്തെയും പരിശുദ്ധാത്മാവിൽ സന്തോഷത്തെയും കുറിച്ചത്രേ.
18അതിൽ ക്രിസ്തുവിനെ സേവിക്കുന്നവൻ ദൈവത്തിന് സ്വീകാര്യനും മനുഷ്യരാൽ അംഗീകരിക്കപ്പെട്ടവനും ആകുന്നു.19ആകയാൽ നാം സമാധാനത്തിനും അന്യോന്യം ആത്മികവർദ്ധനയ്ക്കും ഉള്ളതിന് ശ്രമിച്ചുകൊൾക.
20ഭക്ഷണംനിമിത്തം ദൈവത്തിന്റെ പ്രവൃത്തിയെ അഴിക്കരുത്. എല്ലാ വസ്തുക്കളം ശുദ്ധം തന്നെ; എങ്കിലും ഇടർച്ചക്ക് കാരണമാകത്തക്കവിധം തിന്നുന്ന മനുഷ്യന് അത് ദോഷമത്രേ.21മാംസം തിന്നാതെയും വീഞ്ഞ് കുടിക്കാതെയും, സഹോദരന് ഇടർച്ച വരുത്തുന്ന യാതൊന്നും ചെയ്യാതെയും ഇരിക്കുന്നത് നല്ലത്.
22നിനക്കുള്ള ഈ പ്രത്യേകമായ വിശ്വാസത്തെ നിനക്കും ദൈവത്തിനും ഇടയിൽ സൂക്ഷിക്കുക. താൻ അംഗീകരിക്കുന്നതിൽ തന്നെത്താൻ വിധിക്കാത്തവൻ ഭാഗ്യവാൻ.23എന്നാൽ സംശയിക്കുന്നവൻ തിന്നുന്നു എങ്കിൽ അത് വിശ്വാസത്തിൽ നിന്നല്ലായ്കകൊണ്ട് അവൻ വിധിക്കപ്പെട്ടിരിക്കുന്നു. വിശ്വാസത്തിൽ നിന്നു ഉത്ഭവിക്കാത്തതൊക്കെയും പാപമത്രേ.

15

1എന്നാൽ ശക്തരായ നാം അശക്തരുടെ ബലഹീനതകളെ ചുമക്കുകയും നമ്മിൽ തന്നേ പ്രസാദിക്കാതിരിക്കയും വേണം.2നമ്മിൽ ഓരോരുത്തൻ തന്റെ അയൽക്കാരന്റെ നന്മയ്ക്കായി, ആത്മികമായ വളർച്ചയ്ക്കായി അവനെ പ്രസാദിപ്പിക്കണം.

3“നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെ മേൽ വീണു”
എന്നു എഴുതിയിരിക്കുന്നതുപോലെ ക്രിസ്തുവും തന്നിൽ തന്നേ പ്രസാദിച്ചില്ല.
4എന്നാൽ മുന്നെഴുതിയിരിക്കുന്നതു ഒക്കെയും നമ്മുടെ ഉപദേശത്തിനായിട്ട്, നമുക്കു തിരുവെഴുത്തുകളാൽ ഉളവാകുന്ന സഹനത്താലും പ്രോത്സാഹനത്താലും പ്രത്യാശ ഉണ്ടാകേണ്ടതിന് തന്നേ എഴുതിയിരിക്കുന്നു.
5എന്നാൽ നിങ്ങൾ ഐകമത്യപ്പെട്ട്, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ ഏകമനസ്സോടെ ഒരു വായിനാൽ മഹത്വീകരിക്കേണ്ടതിന്6സഹനത്തിന്റെയും പ്രോത്സാഹനത്തിന്റെയും ദൈവം തന്നെ നിങ്ങൾക്ക് ക്രിസ്തുയേശുവിന് അനുരൂപമായി തമ്മിൽ ഒരേ മനസ്സോടിരിക്കുവാൻ കൃപ നല്കുമാറാകട്ടെ.7അതുകൊണ്ട് ക്രിസ്തു ദൈവത്തിന്റെ മഹത്വത്തിനായി നിങ്ങളെ കൈക്കൊണ്ടതുപോലെ നിങ്ങളും അന്യോന്യം കൈക്കൊൾവിൻ.
8പിതാക്കന്മാർക്കു നൽകിയ വാഗ്ദത്തങ്ങളെ ഉറപ്പിക്കേണ്ടതിന്9ക്രിസ്തു ദൈവത്തിന്റെ സത്യം നിമിത്തം പരിച്ഛേദനയ്ക്ക് ശുശ്രൂഷക്കാരനായിത്തീർന്നു എന്നും ജാതികൾ ദൈവത്തെ അവന്റെ കരുണനിമിത്തം മഹത്വീകരിക്കേണം എന്നും ഞാൻ പറയുന്നു.
10“അതുകൊണ്ട് ഞാൻ ജാതികളുടെ ഇടയിൽ നിന്നെ വാഴ്ത്തി, നിന്റെ നാമത്തിന് സ്തുതി പാടും”
എന്നു എഴുതിയിരിക്കുന്നുവല്ലോ.
11വീണ്ടും:
“ജാതികളേ, അവന്റെ ജനത്തോടു ഒന്നിച്ച് ആനന്ദിപ്പിൻ”
എന്നു പറയുന്നു.
“സകല ജാതികളുമായുള്ളോരേ, കർത്താവിനെ സ്തുതിപ്പിൻ, സകല ജനങ്ങളും അവനെ സ്തുതിക്കട്ടെ”
എന്നും പറയുന്നു.
12“യിശ്ശായിയുടെ വേരും ജാതികളെ ഭരിക്കുവാൻ എഴുന്നേല്ക്കുന്നവനുമായവൻ ഉണ്ടാകും; അവനിൽ ജാതികൾ പ്രത്യാശ വെയ്ക്കും”
എന്നു യെശയ്യാവു പറയുന്നു.
13എന്നാൽ പ്രത്യാശയുടെ ദൈവം പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിങ്ങൾ പ്രത്യാശയിൽ സമൃദ്ധിയുള്ളവരായി വിശ്വസിക്കുന്നതിലുള്ള സകല സന്തോഷവും സമാധാനവും കൊണ്ട് നിങ്ങളെ നിറയ്ക്കുമാറാകട്ടെ.

14സഹോദരന്മാരേ, നിങ്ങൾ തന്നേ ദയാപൂർണ്ണരും സകല ജ്ഞാനവും നിറഞ്ഞവരും അന്യോന്യം പ്രബോധിപ്പിക്കുവാൻ പ്രാപ്തരും ആകുന്നു എന്നു ഞാൻ നിങ്ങളെക്കുറിച്ച് ഉറച്ചിരിക്കുന്നു.
15എങ്കിലും ജാതികളുടെ വഴിപാട് പരിശുദ്ധാത്മാവിനാൽ വിശുദ്ധീകരിക്കപ്പെട്ട വസ്തുവായി സ്വീകരിക്കപ്പെടേണ്ടതിന്, ഞാൻ ദൈവത്തിന്റെ സുവിശേഷം പുരോഹിതനായി അർപ്പിച്ചുകൊണ്ട് ജാതികളിലേക്ക് അയയ്ക്കപ്പെട്ടവനായി ക്രിസ്തുയേശുവിന്റെ ശുശ്രൂഷകനായിരിക്കേണ്ടതിന്16ദൈവം എനിക്ക് നല്കിയ കൃപ നിമിത്തം നിങ്ങളെ വീണ്ടും ഓർമ്മപ്പെടുത്തുവാനായി ചില കാര്യങ്ങൾ അതിധൈര്യമായി നിങ്ങൾക്ക് എഴുതിയിരിക്കുന്നു.
17അതുകൊണ്ട് ക്രിസ്തുയേശുവിൽ എനിക്ക് ദൈവസംബന്ധമായ കാര്യങ്ങളിൽ പ്രശംസ ഉണ്ട്.18ജാതികളുടെ അനുസരണത്തിനായിട്ട് വചനത്താലും പ്രവൃത്തിയാലും അടയാളങ്ങളുടെയും അത്ഭുതങ്ങളുടെയും ശക്തികൊണ്ടും, പരിശുദ്ധാത്മാവിന്റെ ശക്തികൊണ്ടും ക്രിസ്തു എന്നിലൂടെ പ്രവർത്തിച്ചത് അല്ലാതെ മറ്റൊന്നും പറയുവാൻ ഞാൻ തുനിയുകയില്ല.19അങ്ങനെ ഞാൻ യെരൂശലേം മുതൽ ഇല്ലുര്യദേശത്തോളം ചുറ്റിസഞ്ചരിച്ചു ക്രിസ്തുവിന്റെ സുവിശേഷം പൂർത്തീകരിക്കുവാനിടയായി.
20ഞാൻ മറ്റൊരുവന്റെ അടിസ്ഥാനത്തിന്മേൽ പണിയാതിരിക്കേണ്ടതിന് ക്രിസ്തുവിന്റെ നാമം അറിഞ്ഞിട്ടുള്ള ഇടത്തിലല്ല,
21“അവനെക്കുറിച്ച് അറിവു കിട്ടിയിട്ടില്ലാത്തവർ കാണും; കേട്ടിട്ടില്ലാത്തവർ ഗ്രഹിക്കും”
എന്നു എഴുതിയിരിക്കുന്നതുപോലെ അത്രേ, സുവിശേഷം അറിയിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നത്.

22അതുകൊണ്ടുതന്നെ ഞാൻ നിങ്ങളുടെ അടുക്കൽ വരുന്നതിന് പലപ്പോഴും തടസ്സം വന്നു.23ഇപ്പോഴോ എനിക്ക് ഈ ദിക്കുകളിൽ ഇനി സ്ഥലമില്ലായ്കയാലും നിങ്ങളുടെ അടുക്കൽ വരുവാൻ അനേകസംവത്സരമായി വാഞ്ചിക്കുകയാലും,
24ഞാൻ സ്പെയിനിലേക്ക് യാത്ര ചെയ്യുമ്പോഴൊക്കെയും, പോകുന്ന വഴിക്ക് നിങ്ങളെ കാണ്മാനും നിങ്ങളെ കണ്ട് സന്തോഷിച്ചശേഷം നിങ്ങളാൽ യാത്ര അയയ്ക്കപ്പെടുവാനും ആശിക്കുന്നു.25ഇപ്പോഴോ ഞാൻ വിശുദ്ധന്മാർക്ക് ശുശ്രൂഷ ചെയ്‌വാൻ യെരൂശലേമിലേക്കു പോകുന്നു.
26യെരൂശലേമിലെ വിശുദ്ധന്മാരിൽ ദരിദ്രരായവർക്ക് ഏതാനും ചില സംഭാവന നൽകുവാൻ മക്കെദോന്യയിലും അഖായയിലും ഉള്ളവർക്ക് വളരെ സന്തോഷം തോന്നി.27അവർക്ക് വളരെ സന്തോഷം തോന്നി എന്നു മാത്രമല്ല, അത് അവർക്ക് കടപ്പാടും ആകുന്നു; ജാതികൾ അവരുടെ ആത്മിക കാര്യങ്ങളിൽ കൂട്ടാളികൾ ആയെങ്കിൽ ഭൗതിക കാര്യങ്ങളിൽ അവർക്ക് ശുശ്രൂഷ ചെയ്‌വാൻ കടമ്പെട്ടിരിക്കുന്നുവല്ലോ.
28ഞാൻ അത് നിവർത്തിച്ചു ഈ ഫലം അവർക്ക് ഏല്പിച്ചു ബോദ്ധ്യം വരുത്തിയ ശേഷം നിങ്ങളുടെ വഴിയായി സ്പെയിനിലേക്ക് പോകും.29ഞാൻ നിങ്ങളുടെ അടുക്കൽ വരുമ്പോൾ, ക്രിസ്തുവിന്റെ അനുഗ്രഹനിറവിൽ വരും എന്നു ഞാൻ അറിയുന്നു.

30എന്നാൽ സഹോദരന്മാരേ, യെഹൂദ്യയിലെ അവിശ്വാസികളുടെ കയ്യിൽനിന്ന് എന്നെ രക്ഷിക്കേണ്ടതിനും യെരൂശലേമിലെ എന്റെ ശുശ്രൂഷ വിശുദ്ധന്മാർക്ക്31സ്വീകാര്യമായിത്തീരേണ്ടതിനും, അങ്ങനെ ഞാൻ ദൈവഹിതത്താൽ സന്തോഷത്തോടെ നിങ്ങളുടെ അടുക്കൽ വന്നു നിങ്ങളോടുകൂടെ ആശ്വസിക്കേണ്ടതിനും നിങ്ങൾ എനിക്ക് വേണ്ടി ദൈവത്തോടുള്ള പ്രാർത്ഥനയിൽ എന്നോടുകൂടെ പോരാടണം32എന്നു നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെയും ആത്മാവിന്റെ സ്നേഹത്തെയും ഓർമ്മിപ്പിച്ചു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു.
33സമാധാനത്തിന്റെ ദൈവം നിങ്ങളെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ. ആമേൻ.

16

1നമ്മുടെ സഹോദരിയും കെംക്രയസഭയിലെ ശുശ്രൂഷക്കാരത്തിയുമായ ഫേബയെ2നിങ്ങൾ വിശുദ്ധന്മാർക്ക് യോഗ്യമാംവണ്ണം കർത്താവിന്റെ നാമത്തിൽ കൈക്കൊണ്ട്, അവൾക്ക് നിങ്ങളുടെ സഹായം വേണ്ടുന്ന ഏത് കാര്യത്തിലും സഹായിക്കേണ്ടതിന് ഞാൻ നിങ്ങളെ ഭരമേല്പിക്കുന്നു. അവൾ പലർക്കും വിശേഷാൽ എനിക്കും സഹായം ആയിത്തീർന്നിട്ടുണ്ട്.

3ക്രിസ്തുയേശുവിൽ എന്റെ കൂട്ടുവേലക്കാരായ പ്രിസ്കയെയും അക്വിലാവെയും വന്ദനം ചെയ്‌വിൻ.4അവർ എന്റെ പ്രാണന് വേണ്ടി തങ്ങളുടെ സ്വന്ത ജീവൻ വെച്ചുകൊടുത്തവരാകുന്നു; അവർക്ക് ഞാൻ മാത്രമല്ല, ജാതികളുടെ സകലസഭകളും കൂടെ നന്ദിപറയുന്നു.5അവരുടെ വീട്ടിലെ സഭയെയും വന്ദനം ചെയ്‌വിൻ; ആസ്യയിൽ ക്രിസ്തുവിന് ആദ്യഫലമായി എനിക്ക് പ്രിയനായ എപ്പൈനത്തൊസിന് വന്ദനം ചൊല്ലുവിൻ.
6നിങ്ങൾക്ക് വേണ്ടി കഠിനാദ്ധ്വാനം ചെയ്തവളായ മറിയയ്ക്ക് വന്ദനം ചൊല്ലുവിൻ.7എന്റെ ചാർച്ചക്കാരും സഹബദ്ധന്മാരായ അന്ത്രൊനിക്കൊസിനും യൂനിയാവിനും വന്ദനം ചൊല്ലുവിൻ; അവർ അപ്പൊസ്തലന്മാരുടെ ഇടയിൽ പ്രധാനപ്പെട്ടവരും എനിക്ക് മുമ്പെ ക്രിസ്തുവിൽ വിശ്വസിച്ചവരും ആകുന്നു.8കർത്താവിൽ എനിക്ക് പ്രിയനായ അംപ്ലിയാത്തൊസിന് വന്ദനം ചൊല്ലുവിൻ.
9ക്രിസ്തുവിൽ ഞങ്ങളുടെ കൂട്ടുവേലക്കാരനായ ഉർബ്ബാനൊസിനും എനിക്ക് പ്രിയനായ സ്താക്കുവിനും വന്ദനം ചൊല്ലുവിൻ.10ക്രിസ്തുവിൽ അംഗീകരിക്കപ്പെട്ടവനായ അപ്പെലേസിന് വന്ദനം ചൊല്ലുവിൻ. അരിസ്തൊബൂലൊസിന്റെ ഭവനക്കാർക്കു വന്ദനം ചൊല്ലുവിൻ.11എന്റെ ചാർച്ചക്കാരനായ ഹെരോദിയോന് വന്ദനം ചൊല്ലുവിൻ; നർക്കിസ്സൊസിന്റെ ഭവനക്കാരിൽ കർത്താവിലുള്ളവർക്ക് വന്ദനം ചൊല്ലുവിൻ.
12കർത്താവിൽ അദ്ധ്വാനിക്കുന്നവരായ ത്രുഫൈനയ്ക്കും ത്രുഫോസയ്ക്കും വന്ദനം ചൊല്ലുവിൻ. കർത്താവിൽ വളരെ അദ്ധ്വാനിച്ചവളായ പ്രിയ പെർസിസിന് വന്ദനം ചൊല്ലുവിൻ.13കർത്താവിൽ തിരഞ്ഞെടുക്കപ്പെട്ട രൂഫൊസിനെയും, എനിക്കും അമ്മയായ അവന്റെ അമ്മയെയും വന്ദനം ചെയ്യുവിൻ.14അസുംക്രിതൊസിനും പ്ലെഗോനും ഹെർമ്മോസിനും പത്രൊബാസിനും ഹെർമ്മാസിനും അവരുടെ കൂടെയുള്ള സഹോദരന്മാർക്കും വന്ദനം ചൊല്ലുവിൻ.
15ഫിലൊലൊഗൊസിനും യൂലിയയ്ക്കും നെരെയുസിനും അവന്റെ സഹോദരിക്കും ഒലുമ്പാസിനും അവരോടുകൂടെയുള്ള സകല വിശുദ്ധന്മാർക്കും വന്ദനം ചൊല്ലുവിൻ.16വിശുദ്ധചുംബനംകൊണ്ട് അന്യോന്യം വന്ദനം ചെയ്‌വിൻ. ക്രിസ്തുവിന്റെ സകലസഭകളും നിങ്ങളെ വന്ദനം ചെയ്യുന്നു.

17സഹോദരന്മാരേ, നിങ്ങൾ പഠിച്ച ഉപദേശത്തിനുമപ്പുറമായി വിഭാഗീയതകളും ഇടർച്ചകളും ഉണ്ടാക്കുന്നവരെ സൂക്ഷിച്ചുകൊള്ളേണമെന്ന് ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. അവരിൽനിന്ന് അകന്നു മാറുവിൻ.18അങ്ങനെയുള്ളവർ നമ്മുടെ കർത്താവായ ക്രിസ്തുവിനെ അല്ല, തങ്ങളുടെ തന്നെ വയറിനെയത്രേ സേവിക്കുന്നത്. ചക്കരവാക്കും മുഖസ്തുതിയും പറഞ്ഞു അവർ നിഷ്കളങ്കരുടെ ഹൃദയങ്ങളെ വഞ്ചിച്ചുകളയുന്നു.
19നിങ്ങളുടെ മാതൃകയുള്ള അനുസരണം എല്ലാവർക്കും പ്രസിദ്ധമായിരിക്കുന്നു; അതുകൊണ്ട് ഞാൻ നിങ്ങൾ നിമിത്തം സന്തോഷിക്കുന്നു; എങ്കിലും നിങ്ങൾ നന്മയ്ക്ക് ജ്ഞാനികളും തിന്മയ്ക്ക് നിഷ്കളങ്കരും ആകണം എന്നു ഞാൻ ഇച്ഛിക്കുന്നു.20സമാധാനത്തിന്റെ ദൈവമോ വേഗത്തിൽ സാത്താനെ നിങ്ങളുടെ കാൽക്കീഴെ ചതച്ചുകളയും. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.

21എന്റെ കൂട്ടുവേലക്കാരനായ തിമൊഥെയൊസും എന്റെ ചാർച്ചക്കാരായ ലൂക്യൊസും യാസോനും സോസിപത്രൊസും നിങ്ങളെ വന്ദനം ചെയ്യുന്നു.22ഈ ലേഖനം എഴുതിയെടുത്ത തെർതൊസ് എന്ന ഞാൻ നിങ്ങളെ കർത്താവിൽ വന്ദനം ചെയ്യുന്നു.
23എനിക്കും സർവ്വസഭയ്ക്കും അതിഥിസൽക്കാരം ചെയ്യുന്ന ഗായൊസ് നിങ്ങളെ വന്ദനം ചെയ്യുന്നു. പട്ടണത്തിന്റെ ഭണ്ഡാരവിചാരകനായ എരസ്തൊസും സഹോദരനായ ക്വർത്തൊസുംകൂടെ നിങ്ങളെ വന്ദനം ചെയ്യുന്നു.

24വളരെ കാലങ്ങളായി രഹസ്യമായി സൂക്ഷിച്ചതും, നിത്യദൈവത്തിന്റെ കല്പനപ്രകാരം സകലജാതികൾക്കും വിശ്വാസത്തിന്റെ അനുസരണത്തിനായി പ്രവാചകന്മാരുടെ എഴുത്തുകളാൽ
25വെളിപ്പെടുത്തിയിരിക്കുന്നതുമായ മർമ്മത്തിന്റെ വെളിപാടിന് അനുസരിച്ചുള്ള എന്റെ സുവിശേഷത്തിനും യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രസംഗത്തിനും ഒത്തവണ്ണം നിങ്ങളെ സ്ഥിരപ്പെടുത്തുവാൻ കഴിയുന്ന26ഏകജ്ഞാനിയായ ദൈവത്തിന് യേശുക്രിസ്തു മുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ.

1 . കൊരിന്ത്യർ

1
പൗലോസിന്റെ അഭിവാദ്യം

1ദൈവഹിതപ്രകാരം ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായി വിളിക്കപ്പെട്ട പൗലൊസും സഹോദരനായ സോസ്ഥനേസും, കൊരിന്തിലുള്ള ദൈവസഭയ്ക്ക്,2ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ടവർക്ക്, എല്ലായിടത്തും നമ്മുടെയും അവരുടെയും കർത്താവായ യേശുക്രിസ്തുവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരോടുംകൂടെ വിളിക്കപ്പെട്ട, വിശുദ്ധന്മാരുമായവർക്ക് തന്നെ, എഴുതുന്നത്;3നമ്മുടെ പിതാവായ ദൈവത്തിൽ നിന്നും കർത്താവായ യേശുക്രിസ്തുവിൽ നിന്നും നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ.

പൗലോസിന്റെ നന്ദിവാക്കുകൾ

4ക്രിസ്തുയേശുവിൽ നിങ്ങൾക്ക് ലഭിച്ച ദൈവകൃപനിമിത്തം ഞാൻ നിങ്ങൾക്കു വേണ്ടി എന്റെ ദൈവത്തിന് എപ്പോഴും സ്തോത്രം ചെയ്യുന്നു.5ക്രിസ്തുവിന്റെ സാക്ഷ്യം നിങ്ങളിൽ ഉറപ്പായിരിക്കുന്നതുപോലെ6അവനിൽ നിങ്ങൾ സകലത്തിലും, സകല വചനത്തിലും, സകല പരിജ്ഞാനത്തിലും സമ്പന്നരായിത്തീർന്നു.
7ഇങ്ങനെ നിങ്ങൾ ഒരു കൃപാവരത്തിലും കുറവില്ലാത്തവരായി, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ വരവിനായി കാത്തിരിക്കുന്നു.8നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന് അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കുകയും ചെയ്യും.9തന്റെ പുത്രനും നമ്മുടെ കർത്താവും ആയ യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്ക് നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തൻ.
സഭയിലെ ഭിന്നത

10സഹോദരന്മാരേ, നിങ്ങൾ എല്ലാവരും ഒന്നു തന്നെ സംസാരിക്കുകയും, നിങ്ങളുടെ ഇടയിൽ ഭിന്നതയില്ലാതെ, ഏകമനസ്സിലും ഏകാഭിപ്രായത്തിലും പൂർണ്ണമായി യോജിച്ചിരിക്കുകയും വേണം എന്ന് ഞാൻ നിങ്ങളെ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമം ചൊല്ലി പ്രബോധിപ്പിക്കുന്നു.11എന്തെന്നാൽ സഹോദരന്മാരേ, നിങ്ങളുടെ ഇടയിൽ തർക്കം ഉണ്ടെന്ന് ക്ലോവയുടെ ആളുകൾ എനിക്ക് അറിവ് നൽകിയിരിക്കുന്നു.
12നിങ്ങളിൽ ഓരോരുത്തരും: ഞാൻ പൗലൊസിന്റെ പക്ഷക്കാരൻ, ഞാൻ അപ്പൊല്ലോസിന്റെ പക്ഷക്കാരൻ, ഞാൻ കേഫാവിന്റെ പക്ഷക്കാരൻ, ഞാൻ ക്രിസ്തുവിന്റെ പക്ഷക്കാരൻ എന്നിങ്ങനെ പറയുന്നതിനാൽ തന്നെ ഞാൻ ഇപ്പോൾ ഇത് പറയുന്നു.13ക്രിസ്തു വിഭാഗിക്കപ്പെട്ടിരിക്കുന്നുവോ? പൗലൊസ് നിങ്ങൾക്കുവേണ്ടി ക്രൂശിക്കപ്പെട്ടുവോ? അല്ല, പൗലൊസിന്റെ നാമത്തിൽ നിങ്ങൾ സ്നാനം ഏറ്റുവോ?
14എന്റെ നാമത്തിൽ ഞാൻ സ്നാനം കഴിപ്പിച്ചു എന്ന് ആരും പറയാതിരിക്കുവാനായി15ക്രിസ്പൊസിനെയും ഗായൊസിനെയും ഒഴികെ നിങ്ങളിൽ ആരെയും ഞാൻ സ്നാനം കഴിപ്പിക്കാത്തതിനാൽ ഞാൻ ദൈവത്തിന് സ്തോത്രം ചെയ്യുന്നു.16സ്തെഫാനാസിന്റെ ഭവനക്കാരെയും ഞാൻ സ്നാനം കഴിപ്പിച്ചു; അതല്ലാതെ മറ്റ് ആരെയെങ്കിലും സ്നാനം കഴിപ്പിച്ചുവോ എന്ന് ഞാൻ ഓർക്കുന്നില്ല.
17എന്തെന്നാൽ, സ്നാനം കഴിപ്പിക്കുവാൻ അല്ല, സുവിശേഷം അറിയിക്കുവാനത്രേ ക്രിസ്തു എന്നെ അയച്ചത്; എന്നാൽ, ക്രിസ്തുവിന്റെ ക്രൂശ് നിഷ്ഫലമാകാതിരിക്കേണ്ടതിന് ജ്ഞാനത്തിന്റെ വാക്കുകളോടെ അല്ലതാനും.
ദൈവത്തിന്റെ ജ്ഞാനം

18എന്തെന്നാൽ, ക്രൂശിന്റെ വചനം നശിച്ചുപോകുന്നവർക്ക് ഭോഷത്തവും രക്ഷിയ്ക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു.
19“ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കുകയും ബുദ്ധിമാന്മാരുടെ ബുദ്ധി വിഫലമാക്കുകയും ചെയ്യും”
എന്ന് എഴുതിയിരിക്കുന്നുവല്ലോ.
20ജ്ഞാനി എവിടെ? ശാസ്ത്രി എവിടെ? ഈ ലോകത്തിലെ താർക്കികൻ എവിടെ? ഈ ലോകത്തിന്റെ ജ്ഞാനം ദൈവം ഭോഷത്തം ആക്കിയില്ലയോ?21ദൈവത്തിന്റെ ജ്ഞാനത്തിൽ, ലോകം അതിന്റെ ജ്ഞാനത്താൽ, ദൈവത്തെ അറിയായ്കകൊണ്ട് ഞങ്ങളുടെ പ്രസംഗത്തിന്റെ ഭോഷത്തത്താൽ വിശ്വസിക്കുന്നവരെ രക്ഷിക്കുവാൻ ദൈവത്തിന് പ്രസാദം തോന്നി.
22എന്തെന്നാൽ, യെഹൂദന്മാർ അടയാളം ചോദിക്കുകയും യവനന്മാർ ജ്ഞാനം അന്വേഷിക്കുകയും ചെയ്യുന്നു;23ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു; യെഹൂദന്മാർക്ക് ഇടർച്ചയും,
24ജാതികൾക്ക് ഭോഷത്തവുമെങ്കിലും, യെഹൂദന്മാരാകട്ടെ യവനന്മാരാകട്ടെ വിളിക്കപ്പെട്ട ഏവർക്കും ക്രിസ്തു ദൈവശക്തിയും ദൈവജ്ഞാനവും തന്നെ.25എന്തെന്നാൽ, ദൈവത്തിന്റെ ഭോഷത്തം മനുഷ്യരേക്കാൾ ജ്ഞാനമേറിയതും ദൈവത്തിന്റെ ബലഹീനത മനുഷ്യരേക്കാൾ ബലമേറിയതും ആകുന്നു.

26സഹോദരന്മാരേ, നിങ്ങളുടെ വിളിയെ നോക്കുവിൻ: ലോകത്തിന്റെ മാനദണ്ഡപ്രകാരം നിങ്ങളിൽ ജ്ഞാനികൾ ഏറെയില്ല; ബലവാന്മാർ ഏറെയില്ല, കുലീനന്മാരും ഏറെയില്ല.27എന്നാൽ ജ്ഞാനികളെ ലജ്ജിപ്പിക്കുവാൻ ദൈവം ലോകത്തിന്റെ ഭോഷത്തമായതു തിരഞ്ഞെടുത്തു; ബലമുള്ളതിനെ ലജ്ജിപ്പിക്കുവാൻ ദൈവം ലോകത്തിന്റെ ബലഹീനമായത് തിരഞ്ഞെടുത്തു.
28ഉള്ളതിനെ ഇല്ലാതാക്കുവാൻ ദൈവം ലോകത്തിൽ നികൃഷ്ടവും നിസ്സാരവുമായതും ഏതുമില്ലാത്തതും തിരഞ്ഞെടുത്തു;29ദൈവസന്നിധിയിൽ ആരും പ്രശംസിക്കാതിരിക്കുവാൻ തന്നെ.
30നിങ്ങൾ ഇപ്പോൾ അവനാൽ ക്രിസ്തുയേശുവിൽ ഇരിക്കുന്നു. അവൻ നമുക്ക് ദൈവത്തിങ്കൽ നിന്ന് ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പുമായിത്തീർന്നു.
31“പ്രശംസിക്കുന്നവൻ കർത്താവിൽ പ്രശംസിക്കട്ടെ”
എന്ന് എഴുതിയിരിക്കുന്നതുപോലെ തന്നെ.

2

1സഹോദരന്മാരേ, ഞാൻ നിങ്ങളുടെ അടുക്കൽ വന്നപ്പോൾ പ്രസംഗത്തിന്റെയോ ജ്ഞാനത്തിന്റെയോ വൈഭവം കൂടാതെയത്രേ ദൈവത്തിന്റെ സാക്ഷ്യം നിങ്ങളോട് പ്രസ്താവിക്കുവാൻ വന്നത്.2എന്തെന്നാൽ ക്രൂശിക്കപ്പെട്ടവനായ യേശുക്രിസ്തുവിനെ അല്ലാതെ മറ്റൊന്നും അറിയാത്തവനായി നിങ്ങളുടെ ഇടയിൽ ഇരിക്കേണം എന്ന് ഞാൻ ആഗ്രഹിച്ചു.

3ഞാൻ ബലഹീനതയോടും ഭയത്തോടും വളരെ വിറയലോടുംകൂടെ നിങ്ങളുടെ ഇടയിൽ ഇരുന്നു.4നിങ്ങളുടെ വിശ്വാസത്തിന് മനുഷ്യരുടെ ജ്ഞാനമല്ല, ദൈവത്തിന്റെ ശക്തി തന്നെ ആധാരമായിരിക്കേണ്ടതിന്,5എന്റെ വചനവും എന്റെ പ്രസംഗവും മാനുഷികജ്ഞാനത്തിന്റെ വശീകരണവാക്കുകളാൽ അല്ല, ആത്മാവിന്റെയും ശക്തിയുടെയും പ്രദർശനത്താലത്രേ ആയിരുന്നത്.
ആത്മാവിൽ നിന്നുള്ള ജ്ഞാനം

6എന്നിരുന്നാലും, പക്വത പ്രാപിച്ചവരുടെ ഇടയിൽ, ഞങ്ങൾ ജ്ഞാനം സംസാരിക്കുന്നു; ഈ കാലത്തിന്റെയോ, മാറ്റപ്പെടുന്നവരായ ഈ കാലഘട്ടത്തിലെ ഭരണാധിപന്മാരുടെയോ ജ്ഞാനമല്ല,7ദൈവം ലോകസൃഷ്ടിക്ക് മുമ്പെ നമ്മുടെ തേജസ്സിനായി മുന്നിയമിച്ചതും ഇതുവരെ മറഞ്ഞിരുന്നതുമായ ദൈവത്തിന്റെ ജ്ഞാനമത്രേ മർമ്മമായി ഞങ്ങൾ പ്രസ്താവിക്കുന്നു.
8അത് ഈ കാലഘട്ടത്തിലെ ഭരണാധികാരികൾ ആരും അറിഞ്ഞിരുന്നില്ല; അറിഞ്ഞിരുന്നു എങ്കിൽ അവർ തേജസ്സിന്റെ കർത്താവിനെ ക്രൂശിക്കുമായിരുന്നില്ല.
9“ദൈവം തന്നെ സ്നേഹിക്കുന്നവർക്ക് ഒരുക്കിയിട്ടുള്ളത് കണ്ണ് കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്റെയും ഹൃദയത്തിൽ തോന്നിയിട്ടുമില്ല”
എന്ന് എഴുതിയിരിക്കുന്നതുപോലെ തന്നെ.
10നമുക്കോ ദൈവം അത് തന്റെ ആത്മാവിനാൽ വെളിപ്പെടുത്തിയിരിക്കുന്നു; എന്തെന്നാൽ, ആത്മാവ് സകലത്തെയും, ദൈവത്തിന്റെ ആഴങ്ങളെപ്പോലും ആരായുന്നു.11മനുഷ്യനിലുള്ളത് അവനിലെ മാനുഷാത്മാവല്ലാതെ മനുഷ്യരിൽ ആർ അറിയും? അതുപോലെതന്നെ ദൈവത്തിലുള്ളത് ദൈവാത്മാവല്ലാതെ ആരും ഗ്രഹിച്ചിട്ടില്ല.
12നാമോ ലോകത്തിന്റെ ആത്മാവിനെ അല്ല, ദൈവം നമുക്ക് ദാനമായി നല്കിയിരിക്കുന്നത് അറിയുവാനായി ദൈവത്തിൽനിന്നുള്ള ആത്മാവിനെ അത്രേ പ്രാപിച്ചത്.13അത് ഞങ്ങൾ മാനുഷികജ്ഞാനത്താൽ ഉപദേശിക്കുന്ന വചനങ്ങളാൽ അല്ല, ആത്മാവ് ഉപദേശിക്കുന്ന വചനങ്ങളാൽ തന്നെ പ്രസ്താവിച്ചുകൊണ്ട് ആത്മികന്മാർക്ക് ആത്മികമായത് തെളിയിക്കുന്നു.
14എന്നാൽ അനാത്മികമനുഷ്യൻ ദൈവാത്മാവിന്റെ ഉപദേശം കൈക്കൊള്ളുന്നില്ല; അത് അവന് ഭോഷത്തം ആകുന്നു; ആത്മികമായി വിവേചിക്കേണ്ടതാകയാൽ അത് അവന് ഗ്രഹിക്കുവാൻ കഴിയുന്നതുമല്ല.15ആത്മികനോ സകലത്തെയും വിവേചിക്കുന്നു; താൻ ആരാലും വിവേചിക്കപ്പെടുന്നതുമില്ല.16എന്തെന്നാൽ, കർത്താവിന്റെ മനസ്സ് അറിഞ്ഞ് അവനെ ഉപദേശിക്കുന്നവൻ ആർ? നാമോ ക്രിസ്തുവിന്റെ മനസ്സുള്ളവർ ആകുന്നു.

3
ഞങ്ങൾ ദൈവത്തിന്റെ ശുശ്രൂഷക്കാർ

1എന്നാൽ, സഹോദരന്മാരേ, നിങ്ങളോട് എനിക്ക് ആത്മികരോട് എന്നപോലെ അല്ല, ജഡികരോട് എന്നപോലെ, ക്രിസ്തുവിൽ ശിശുക്കളോട് എന്നപോലെ, അത്രേ സംസാരിക്കുവാൻ കഴിഞ്ഞത്.2കട്ടിയായ ആഹാരമല്ല, പാൽ അത്രേ ഞാൻ നിങ്ങൾക്ക് തന്നത്; എന്തെന്നാൽ, ഭക്ഷിക്കുവാൻ നിങ്ങൾക്ക് കഴിവില്ലായിരുന്നു; ഇപ്പോഴും കഴിവായിട്ടില്ല; ഇന്നും നിങ്ങൾ ജഡികരല്ലോ.

3നിങ്ങളുടെ ഇടയിൽ അസൂയയും പിണക്കവും ഇരിക്കെ, നിങ്ങൾ ജഡികരും ശേഷം മനുഷ്യരേപ്പോലെ നടക്കുന്നവരുമല്ലയോ?4എന്തെന്നാൽ, ഒരാൾ: ഞാൻ പൗലൊസിന്റെ പക്ഷക്കാരൻ എന്നും മറ്റൊരാൾ: ഞാൻ അപ്പൊല്ലോസിന്റെ പക്ഷക്കാരൻ എന്നും പറയുമ്പോൾ നിങ്ങൾ സാധാരണമനുഷ്യരല്ലയോ?5അപ്പൊല്ലോസ് ആർ? പൗലൊസ് ആർ? കർത്താവ് അവർക്ക് നൽകിയതുപോലെ, നിങ്ങൾ വിശ്വസിക്കുവാൻ കാരണമായിത്തീർന്ന, ശുശ്രൂഷകരത്രേ.
6ഞാൻ നട്ടു, അപ്പൊല്ലോസ് നനച്ചു, ദൈവമത്രേ വളരുമാറാക്കിയത്.7ആകയാൽ വളരുമാറാക്കുന്ന ദൈവത്തിനാണ് പ്രാധാന്യം; നടുന്നവനോ നനയ്ക്കുന്നവനോ ഏതുമില്ല.
8നടുന്നവനും നനയ്ക്കുന്നവനും ഒരുപോലെ; ഓരോരുത്തർക്കും അവരുടെ അദ്ധ്വാനത്തിനുള്ള കൂലി കിട്ടും.9എന്തെന്നാൽ, ഞങ്ങൾ ദൈവത്തിന്റെ കൂട്ടുവേലക്കാർ; നിങ്ങൾ ദൈവത്തിന്റെ കൃഷിത്തോട്ടം, ദൈവത്തിന്റെ ഗൃഹനിർമ്മാണം.

10ദൈവം എനിക്ക് നൽകിയ കൃപയ്ക്ക് ഒത്തവണ്ണം ഞാൻ വിദഗ്ദ്ധനായ ഒരു പ്രധാനശില്പിയായി അടിസ്ഥാനം ഇട്ടിരിക്കുന്നു; മറ്റൊരാൾ അതിന് മീതെ പണിയുന്നു; എന്നാൽ, താൻ എങ്ങനെ പണിയുന്നു എന്ന് ഓരോരുത്തനും നോക്കിക്കൊള്ളട്ടെ.11എന്തെന്നാൽ, യേശുക്രിസ്തു എന്ന അടിസ്ഥാനമല്ലാതെ മറ്റൊരു അടിസ്ഥാനം ഇടുവാൻ ആർക്കും കഴിയുകയില്ല.
12ആ അടിസ്ഥാനത്തിന്മേൽ ആരെങ്കിലും പൊന്ന്, വെള്ളി, വിലയേറിയ രത്നങ്ങൾ, മരം, പുല്ല്, വൈക്കോൽ എന്നിവകൊണ്ട് പണിയുന്നു എങ്കിൽ അവരുടെ പ്രവൃത്തി വെളിപ്പെട്ടുവരും;13ആ ദിവസം അതിനെ തെളിവാക്കും; അത് തീയാൽ വെളിപ്പെട്ടുവരും; ഓരോരുത്തരുടെയും പ്രവൃത്തി ഏതു വിധത്തിലുള്ളതെന്ന് തീ തന്നെ ശോധന ചെയ്യും.
14ഒരുവൻ പണിത പ്രവൃത്തി നിലനില്ക്കും എങ്കിൽ അവന് പ്രതിഫലം കിട്ടും.15ഒരുവന്റെ പ്രവൃത്തി വെന്തുപോയെങ്കിൽ അവൻ നഷ്ടം അനുഭവിക്കും; താനോ രക്ഷിയ്ക്കപ്പെടും; എന്നാൽ തീയിൽകൂടി എന്നപോലെ അത്രേ.

16നിങ്ങൾ ദൈവത്തിന്റെ മന്ദിരം ആണെന്നും ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?17ദൈവത്തിന്റെ മന്ദിരം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും; എന്തെന്നാൽ, ദൈവത്തിന്റെ മന്ദിരം വിശുദ്ധമല്ലോ; നിങ്ങളാകുന്നുവല്ലോ ആ ആലയം.

18ആരും സ്വയം വഞ്ചിക്കരുത്; നിങ്ങളിൽ ആരെങ്കിലും ഈ കാലഘട്ടത്തിൽ ജ്ഞാനി എന്ന് കരുതുന്നുവെങ്കിൽ അവൻ ജ്ഞാനിയാകേണ്ടതിന് ഭോഷനായിത്തീരട്ടെ.19എന്തെന്നാൽ ഈ ലോകത്തിന്റെ ജ്ഞാനം ദൈവസന്നിധിയിൽ ഭോഷത്തമത്രേ.
“അവൻ ജ്ഞാനികളെ അവരുടെ കൗശലത്തിൽ കുടുക്കുന്നു”
എന്നും
20“കർത്താവ് ജ്ഞാനികളുടെ ചിന്തകൾ വ്യർത്ഥം എന്നറിയുന്നു”
എന്നും എഴുതിയിരിക്കുന്നുവല്ലോ.
21ആകയാൽ ആരും മനുഷ്യരെക്കുറിച്ച് പ്രശംസിക്കരുത്; സകലവും നിങ്ങൾക്കുള്ളതല്ലോ.22പൗലൊസോ, അപ്പൊല്ലോസോ, കേഫാവോ, ലോകമോ, ജീവനോ, മരണമോ, ഇപ്പോഴുള്ളതോ, വരുവാനുള്ളതോ സകലവും നിങ്ങൾക്കുള്ളത്.23നിങ്ങളോ ക്രിസ്തുവിനുള്ളവർ; ക്രിസ്തു ദൈവത്തിനുള്ളവൻ.

4
ക്രിസ്തുവിന്റെ അപ്പൊസ്തൊലന്മാർ

1ഞങ്ങളെ, ക്രിസ്തുവിന്റെ ശുശ്രൂഷക്കാരും ദൈവികമർമ്മങ്ങളുടെ ഗൃഹവിചാരകന്മാരും ആയി ഓരോരുത്തൻ കരുതട്ടെ.2ഗൃഹവിചാരകന്മാരിൽ ആവശ്യമായിരിക്കുന്നതോ, അവർ വിശ്വസ്തരായിരിക്കണം എന്നത്രേ.

3എന്നാൽ, നിങ്ങളോ, മനുഷ്യനിർമ്മിതമായ കോടതികളോ, എന്നെ വിധിക്കുന്നത് എനിക്ക് വളരെ ചെറിയ കാര്യമാണ്; ഞാൻ എന്നെത്തന്നെ വിധിക്കുന്നതുമില്ല.4എന്തെന്നാൽ എന്റെ യാതൊരു കുറ്റത്തെക്കുറിച്ചും എനിക്ക് ബോധ്യമില്ലെങ്കിലും, ഞാൻ കുറ്റവിമുക്തൻ എന്നു വരികയില്ല; എന്നെ വിധിക്കുന്നത് കർത്താവ് ആകുന്നു.
5ആകയാൽ കർത്താവ് വരുവോളം സമയത്തിനു മുമ്പെ ഒന്നും വിധിക്കരുത്; അവൻ ഇരുട്ടിൽ മറഞ്ഞിരിക്കുന്നത് വെളിച്ചത്താക്കുകയും ഹൃദയങ്ങളുടെ ആലോചനകളെ വെളിപ്പെടുത്തുകയും ചെയ്യും; അന്ന് ഓരോരുത്തർക്കും ദൈവത്തിൽ നിന്ന് പുകഴ്ച ലഭിക്കും.

6സഹോദരന്മാരേ, ഇത് ഞാൻ നിങ്ങൾ നിമിത്തം എന്നെയും അപ്പൊല്ലോസിനെയും ഉദ്ദേശിച്ച് പറഞ്ഞതാകുന്നു: എഴുതിയിരിക്കുന്നതിന് അപ്പുറം ഭാവിക്കാതിരിക്കുക എന്നതിന് ഞങ്ങളുടെ ദൃഷ്ടാന്തം കണ്ടു പഠിക്കേണ്ടതിനും, ആരും ഒരുവനു നേരെ മറ്റൊരുവനെ അനുകൂലിച്ച് നിഗളിക്കാതിരിക്കേണ്ടതിനും തന്നെ.7എന്തെന്നാൽ, നിങ്ങളെ റ്വിശേഷതയുള്ളവരാക്കുന്നതാരാണ്? ലഭിച്ചതല്ലാതെ നിങ്ങൾക്ക് എന്തുള്ളു? ലഭിച്ചിട്ടുണ്ടെങ്കിലോ, ലഭിച്ചിട്ടില്ല എന്നതുപോലെ പ്രശംസിക്കുന്നത് എന്ത്? ഇപ്പോൾ നിങ്ങൾ തൃപ്തരാണ്,
8ഇപ്പോൾ സമ്പന്നരുമാണ്; ഞങ്ങളെ കൂടാതെ രാജാക്കന്മാരായി. തീർച്ചയായും, നിങ്ങളോടുകൂടെ ഞങ്ങളും വാഴേണ്ടതിന് നിങ്ങൾ രാജാക്കന്മാരായിരുന്നു എങ്കിൽ കൊള്ളാമായിരുന്നു.9എന്തെന്നാൽ ഞങ്ങൾ ലോകത്തിന്, ദൂതന്മാർക്കും മനുഷ്യർക്കും തന്നെ, കാഴ്ചവസ്തുവായി തീർന്നിരിക്കുന്നതിനാൽ, ദൈവം അപ്പൊസ്തലന്മാരായ ഞങ്ങളെ അവസാനം നിൽക്കുന്നവരായി, മരണവിധിയിൽ ഉൾപ്പെട്ടവരെപ്പോലെ, പ്രദർശിപ്പിച്ചിരിക്കുന്നു എന്ന് എനിക്ക് തോന്നുന്നു. .
10ഞങ്ങൾ ക്രിസ്തുനിമിത്തം ഭോഷന്മാർ; നിങ്ങൾ ക്രിസ്തുവിൽ വിവേകികൾ; ഞങ്ങൾ ബലഹീനർ, നിങ്ങൾ ബലവാന്മാർ; നിങ്ങൾ ബഹുമാനിതർ, ഞങ്ങൾ മാനഹീനർ അത്രേ.11ഈ സമയം വരെ ഞങ്ങൾ വിശന്നും, ദാഹിച്ചും, വേണ്ടുംവണ്ണം വസ്ത്രം ധരിക്കുവാൻ ഇല്ലാതെയും, മൃഗീയമായി മർദ്ദിക്കപ്പെട്ടും, ഭവനരഹിതരായും ഇരിക്കുന്നു.
12സ്വന്തകയ്യാൽ വേലചെയ്ത്, കഠിനമായി അദ്ധ്വാനിക്കുന്നു; ശകാരം കേട്ടിട്ട് അനുഗ്രഹിക്കുന്നു; ഉപദ്രവം ഏറ്റിട്ട് സഹിക്കുന്നു; ദൂഷണം കേട്ടിട്ട് നല്ലവാക്ക് പറയുന്നു.13ഞങ്ങൾ ലോകത്തിലെ പാഴ്‌വസ്തുക്കളായും ഇന്നുവരെയും സകലത്തിന്റെയും അഴുക്കായും തീർന്നിരിക്കുന്നു.

14ഞാൻ ഇത് എഴുതുന്നത് നിങ്ങളെ നാണിപ്പിക്കുവാനല്ല, എന്റെ പ്രിയ മക്കൾ എന്ന നിലയിൽ നിങ്ങളെ ബുദ്ധി ഉപദേശിക്കുന്നതിനു വേണ്ടിയാണ്.15എന്തെന്നാൽ, നിങ്ങൾക്ക് ക്രിസ്തുവിൽ പതിനായിരം അദ്ധ്യാപകർ ഉണ്ടെങ്കിലും പിതാക്കന്മാർ ഏറെയില്ല; ക്രിസ്തുയേശുവിൽ ഞാനല്ലോ നിങ്ങളെ സുവിശേഷത്താൽ ജനിപ്പിച്ചത്.16ആകയാൽ എന്റെ അനുകാരികൾ ആകുവിൻ എന്ന് ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു.
17ഇതുനിമിത്തമാകുന്നു കർത്താവിൽ പ്രിയനും വിശ്വസ്തനുമായ എന്റെ മകൻ തിമൊഥെയോസിനെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നത്. ഞാൻ എല്ലായിടത്തും ഏതു സഭയിലും പഠിപ്പിക്കുന്നതുപോലെ ക്രിസ്തുവിലുള്ള എന്റെ വഴികൾ അവൻ നിങ്ങളെ ഓർമ്മിപ്പിക്കും.18എങ്കിലും ഞാൻ നിങ്ങളുടെ അടുക്കൽ വരികയില്ല എന്നുവച്ച് ചിലർ അഹങ്കരിക്കുന്നു.
19എന്നാൽ കർത്താവിന് ഇഷ്ടം എങ്കിൽ ഞാൻ വേഗം നിങ്ങളുടെ അടുക്കൽ വരും. അപ്പോൾ ഞാൻ അഹങ്കരിച്ചിരിക്കുന്നവരുടെ വാക്കല്ല ശക്തി തന്നെ കണ്ടറിയും.20എന്തെന്നാൽ, ദൈവരാജ്യം വചനത്തിലല്ല ശക്തിയിലത്രേ ആകുന്നു.21നിങ്ങൾക്ക് ഏത് വേണം? ഞാൻ വടിയോടുകൂടെയോ സ്നേഹത്തിലും സൗമ്യാത്മാവിലുമോ നിങ്ങളുടെ അടുക്കൽ വരേണ്ടത്?

5
സഭയിലെ ദുർന്നടപ്പ്

1നിങ്ങളുടെ ഇടയിൽ ദുർന്നടപ്പ് ഉണ്ടെന്നു കേൾക്കുന്നു. ഒരാൾ തന്റെ പിതാവിന്റെ ഭാര്യയുമായി അവിഹിതബന്ധം പുലർത്തുന്നു; അത് ജാതികളിൽപോലും ഇല്ലാത്ത ദുർന്നടപ്പ് തന്നെ.2എന്നിട്ടും നിങ്ങൾ അഹങ്കരിക്കുന്നു; ഈ ദുഷ്കർമ്മം ചെയ്തവനെ നിങ്ങളുടെ ഇടയിൽ നിന്ന് പുറത്താക്കുവാൻ തക്കവണ്ണം നിങ്ങൾ ദുഃഖിച്ചിട്ടുമില്ല.

3ഞാനോ ശരീരംകൊണ്ട് ദൂരസ്ഥൻ ആണെങ്കിലും ആത്മാവുകൊണ്ട് കൂടെയുള്ളവൻ ആയി ഞാൻ നിങ്ങളുടെ മദ്ധ്യേ ഇരിക്കുന്നു എന്നപോലെ ഈ ദുഷ്കർമ്മം ചെയ്തവനെക്കുറിച്ച്, നമ്മുടെ കർത്താവായ യേശുവിന്റെ നാമത്തിൽ4നിങ്ങളും, എന്റെ ആത്മാവും നമ്മുടെ കർത്താവായ യേശുവിന്റെ ശക്തിയോടെ ഒന്നിച്ചുകൂടിയിരുന്ന്, അവന്റെ5ആത്മാവ് കർത്താവായ യേശുവിന്റെ നാളിൽ രക്ഷിയ്ക്കപ്പെടേണ്ടതിന്, അവനെ ജഡത്തിന്റെ നാശത്തിനായി സാത്താനെ ഏല്പിക്കണം എന്ന് വിധിച്ചിരിക്കുന്നു.
6നിങ്ങളുടെ പ്രശംസ നല്ലതല്ല; അല്പം പുളിമാവ് മാവിനെ മുഴുവനും പുളിപ്പിക്കുന്നു എന്ന് അറിയുന്നില്ലയോ?7നിങ്ങൾ വാസ്തവമായും പുളിപ്പില്ലാത്തവരായതിനാൽ, പുതിയ മാവ് ആകേണ്ടതിന് പഴയ പുളിമാവിനെ നീക്കിക്കളയുവിൻ. എന്തെന്നാൽ, നമ്മുടെ പെസഹ കുഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു: അത് ക്രിസ്തു തന്നെ.8അതുകൊണ്ട് നാം പഴയ പുളിമാവുകൊണ്ടല്ല, തിന്മയും ദുഷ്ടതയും ആയ പുളിമാവുകൊണ്ടുമല്ല, നിർമ്മലവും സത്യവുമായ പുളിപ്പില്ലാത്ത അപ്പം കൊണ്ടു തന്നെ ഉത്സവം ആചരിക്കുക.

9ദുർന്നടപ്പുകാരോട് സംസർഗ്ഗം അരുത് എന്ന് ഞാൻ എന്റെ ലേഖനത്തിൽ നിങ്ങൾക്ക് എഴുതിയിട്ടുണ്ടല്ലോ.10അത് ഈ ലോകത്തിലെ ദുർന്നടപ്പുകാരോടോ, അത്യാഗ്രഹികളും വഞ്ചകരും ആയവരോടോ, വിഗ്രഹാരാധികളോടോ അരുത് എന്നല്ല; അങ്ങനെ എങ്കിൽ നിങ്ങൾ ഈ ലോകം വിട്ട് പോകേണ്ടിവരും.
11എന്നാൽ സഹോദരൻ എന്നു പേരുള്ള ഒരാൾ ദുർന്നടപ്പുകാരനോ അത്യാഗ്രഹിയോ, വിഗ്രഹാരാധിയോ, അസഭ്യം പറയുന്നവനോ, മദ്യപനോ, വഞ്ചകനോ ആകുന്നു എങ്കിൽ അവനോട് സംസർഗ്ഗം അരുത്; അങ്ങനെയുള്ളവനോടുകൂടെ ഭക്ഷണം കഴിക്കുകപോലും അരുത് എന്നത്രേ ഞാൻ നിങ്ങൾക്ക് എഴുതിയത്.12എന്തുകൊണ്ടെന്നാൽ, പുറത്തുള്ളവരെ വിധിക്കുവാൻ എനിക്ക് എന്തു കാര്യം? നിങ്ങൾ അകത്തുള്ളവരെ അല്ലയോ വിധിക്കുന്നത്; എന്നാൽപുറത്തുള്ളവരെ ദൈവം വിധിക്കുന്നു.13ആ ദുഷ്ടനെ നിങ്ങളുടെ ഇടയിൽനിന്ന് നീക്കിക്കളയുവിൻ.

6
വ്യവഹാരങ്ങൾ വിശ്വാസികളുടെ ഇടയിൽ

1നിങ്ങളിൽ ഒരാൾക്ക് മറ്റൊരാളോട് ഒരു അന്യായം ഉണ്ടെങ്കിൽ വിശുദ്ധന്മാരുടെ മുമ്പാകെ പരിഹാരത്തിന് പോകാതെ അഭക്തന്മാരുടെ മുൻപിൽ പോകുവാൻ തുനിയുന്നുവോ?2വിശുദ്ധന്മാർ ലോകത്തെ വിധിക്കും എന്ന് നിങ്ങൾ അറിയുന്നില്ലയോ? ലോകത്തെ നിങ്ങൾ വിധിക്കുമെങ്കിൽ ഏറ്റവും ചെറിയ സംഗതികളെയും വിധിക്കുവാൻ നിങ്ങൾക്ക് സാധിക്കുകയില്ലയോ?3നാം ദൂതന്മാരെ വിധിക്കും എന്ന് നിങ്ങൾ അറിയുന്നില്ലയോ? എന്നാൽ ഈ ജീവിതത്തെ സംബന്ധിക്കുന്നവയെ എത്ര അധികം?

4അതുകൊണ്ട് നിങ്ങൾക്ക് ഈ ജീവിതത്തെ സംബന്ധിച്ച കാര്യങ്ങളിൽ അന്യായം ഉണ്ടെങ്കിൽ വിധിക്കുവാൻ സഭ ഗണ്യമാക്കാത്തവരെ നിയമിക്കുന്നുവോ?5നിങ്ങളുടെ ലജ്ജയ്ക്കായി ഞാൻ ഇത് പറയുന്നു. സഹോദരന്മാർക്കു മദ്ധ്യേ കാര്യം തീർപ്പാക്കുവാൻ പ്രാപ്തിയുള്ളൊരു ജ്ഞാനിയും നിങ്ങളുടെ ഇടയിൽ ഇല്ലയോ?6എന്നാൽ, ഒരു വിശ്വാസി മറ്റൊരു വിശ്വാസിയോടു വ്യവഹരിക്കുന്നു; അതും അവിശ്വാസികളുടെ മുമ്പിൽ തന്നെ.
7നിങ്ങളുടെ ഇടയിൽ അന്യായം ഉണ്ടാകുന്നത് തന്നെ കേവലം പോരായ്മയാകുന്നു; അതിനു പകരം നിങ്ങൾ അന്യായം സഹിച്ചുകൊള്ളാത്തത് എന്ത്? നഷ്ടം ഏറ്റുകൊള്ളാത്തത് എന്ത്?8പക്ഷേ, നിങ്ങൾ തന്നെ സഹോദരന്മാർക്കു അന്യായം ചെയ്യുകയും, നഷ്ടം വരുത്തുകയും ചെയ്യുന്നു;
9അനീതി ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്ന് അറിയുന്നില്ലയോ? നിങ്ങളെത്തന്നെ വഞ്ചിക്കാതിരിക്കുവിൻ; ദുർന്നടപ്പുകാരോ, വിഗ്രഹാരാധികളോ, വ്യഭിചാരികളോ, സ്വയഭോഗികളോ, പുരുഷകാമികളോ,10കള്ളന്മാരോ, അത്യാഗ്രഹികളോ, മദ്യപന്മാരോ, അസഭ്യം പറയുന്നവരോ, വഞ്ചകന്മാരോ ദൈവരാജ്യം അവകാശമാക്കുകയില്ല.11നിങ്ങളും ചിലർ ഈ വകക്കാരായിരുന്നു; എങ്കിലും നിങ്ങൾ കഴുകപ്പെട്ടിരിക്കുന്നു, നിങ്ങൾ ശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു; കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങൾ നീതീകരണവും പ്രാപിച്ചിരിക്കുന്നു.
ദുർന്നടപ്പ്

12എല്ലാം എനിക്ക് നിയമാനുസൃതമാണ് എങ്കിലും സകലവും പ്രയോജനമുള്ളതല്ല; എല്ലാം എനിക്ക് നിയമാനുസൃതമാണ് എങ്കിലും ഞാൻ യാതൊന്നിനും അടിമപ്പെടുകയില്ല.13ആഹാരം വയറിനും വയറ് ആഹാരങ്ങൾക്കും ഉള്ളത്; എന്നാൽ ദൈവം ഇതിനെയും അതിനെയും ഇല്ലാതെയാക്കും. ശരീരമോ ദുർന്നടപ്പിനല്ല, കർത്താവിനത്രേ; കർത്താവ് ശരീരത്തിനും.
14എന്നാൽ ദൈവം കർത്താവിനെ ഉയിർപ്പിച്ചതുപോലെ നമ്മെയും തന്റെ ശക്തിയാൽ ഉയിർപ്പിക്കും.15നിങ്ങളുടെ ശരീരങ്ങൾ ക്രിസ്തുവിന്റെ അവയവങ്ങൾ ആകുന്നു എന്ന് അറിയുന്നില്ലയോ? ക്രിസ്തുവിന്റെ അവയവങ്ങളെ ഞാൻ എടുത്ത് വേശ്യയുടെ അവയവങ്ങൾ ആക്കുമോ? ഒരുനാളും അരുത്.
16വേശ്യയോട് പറ്റിച്ചേരുന്നവൻ അവളുമായി ഏകശരീരമാകുന്നു എന്ന് നിങ്ങൾ അറിയുന്നില്ലയോ? ഇരുവരും ഒരു ദേഹമായിത്തീരും എന്നുണ്ടല്ലോ.17എന്നാൽ കർത്താവിനോട് പറ്റിച്ചേരുന്നവനോ അവനുമായി ഏകാത്മാവ് ആകുന്നു.
18ദുർന്നടപ്പു വിട്ട് ഓടുവിൻ. മനുഷ്യൻ ചെയ്യുന്ന ഏത് പാപവും ശരീരത്തിന് പുറത്താകുന്നു. ദുർന്നടപ്പുകാരനോ സ്വന്തശരീരത്തിന് വിരോധമായി പാപം ചെയ്യുന്നു.
19ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലയ്ക്കു വാങ്ങിയിരിക്കുകയാൽ നിങ്ങൾ ഇനി നിങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?20ആകയാൽ നിങ്ങളുടെ ശരീരംകൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തുവിൻ.

7
വിവാഹം

1ഇനി നിങ്ങൾ എഴുതി അയച്ച സംഗതികളെക്കുറിച്ച് എന്റെ അഭിപ്രായം എന്തെന്നാൽ: സ്ത്രീയെ തൊടാതിരിക്കുന്നത് മനുഷ്യന് നല്ലത്.2എങ്കിലും ദുർന്നടപ്പു നിമിത്തം ഓരോ പുരുഷനും സ്വന്തഭാര്യയും, ഓരോ സ്ത്രീക്കും സ്വന്തഭർത്താവും ഉണ്ടായിരിക്കട്ടെ.

3ഭർത്താവ് ഭാര്യയോടും, ഭാര്യ ഭർത്താവിനോടുമുള്ള ഉത്തരവാദിത്തം നിർവഹിക്കണം.4ഭാര്യയുടെ ശരീരത്തിന്മേൽ അവൾക്കല്ല ഭർത്താവിനത്രേ അധികാരമുള്ളത്; അങ്ങനെ ഭർത്താവിന്റെ ശരീരത്തിന്മേൽ അവനല്ല ഭാര്യക്കത്രേ അധികാരം.
5പ്രാർത്ഥനയ്ക്കു നിങ്ങളെത്തന്നെ സമർപ്പിക്കുവാനല്ലാതെ, അല്പസമയത്തേക്ക് നിങ്ങൾ തമ്മിൽ പരസ്പരസമ്മതമില്ലാ‍തെ വേർപിരിഞ്ഞിരിക്കരുത്. എന്നാൽ നിങ്ങളുടെ ആത്മസംയമനമില്ലായ്മ നിമിത്തം, സാത്താൻ നിങ്ങളെ പരീക്ഷിക്കാതിരിക്കേണ്ടതിന് വീണ്ടും ചേർന്നിരിക്കുക.6ഞാൻ ഇത് കല്പനയായിട്ടല്ല അനുവാദമായിട്ടത്രേ പറയുന്നത്.7സകല മനുഷ്യരും എന്നെപ്പോലെ ആയിരിക്കണം എന്ന് ഞാൻ ഇച്ഛിക്കുന്നു. എങ്കിലും ഒരുവന് ഇങ്ങനെയും ഒരുവന് അങ്ങനെയും വരം ദൈവം നല്കിയിരിക്കുന്നു.

8വിവാഹം കഴിയാത്തവരോടും വിധവമാരോടും: എന്നെപ്പോലെ താമസിക്കുന്നത് അവർക്ക് കൊള്ളാം എന്ന് ഞാൻ പറയുന്നു.9എന്നാൽ, ആത്മസംയമനം ഇല്ലെങ്കിൽ അവർ വിവാഹം ചെയ്യട്ടെ; വികാരാസക്തികൊണ്ട് എരിയുന്നതിനെക്കാൾ വിവാഹം ചെയ്യുന്നത് നല്ലത്.
10വിവാഹം കഴിഞ്ഞവരോടോ ഞാൻ-ഞാനല്ല കർത്താവ് തന്നെ- കല്പിക്കുന്നത്:11ഭാര്യ ഭർത്താവിനെ വേർപിരിയരുത്; പിരിഞ്ഞു എന്നു വരികിലോ വിവാഹം കൂടാതെ പാർക്കേണം; അല്ലെങ്കിൽ ഭർത്താവിനോട് യോജിപ്പിലെത്തണം; ഭർത്താവ് ഭാര്യയെ ഉപേക്ഷിക്കുകയുമരുത്.
12എന്നാൽ മറ്റുള്ളവരോട് കർത്താവല്ല ഞാൻ തന്നെ പറയുന്നത്: ഒരു സഹോദരന് അവിശ്വാസിയായ ഭാര്യ ഉണ്ടായിരിക്കുകയും അവൾ അവനോടുകൂടെ പാർക്കുവാൻ സമ്മതിക്കുകയും ചെയ്താൽ അവളെ ഉപേക്ഷിക്കരുത്.13അവിശ്വാസിയായ ഭർത്താവുള്ള ഒരു സ്ത്രീയും, അവൻ അവളോടുകൂടെ പാർക്കുവാൻ സമ്മതിക്കുന്നു എങ്കിൽ, ഭർത്താവിനെ ഉപേക്ഷിക്കരുത്.14എന്തെന്നാൽ,അവിശ്വാസിയായ ഭർത്താവ് ഭാര്യ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടും, അവിശ്വാസിയായ ഭാര്യ സഹോദരൻ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടുമിരിക്കുന്നു; അല്ലെങ്കിൽ നിങ്ങളുടെ മക്കൾ അശുദ്ധർ എന്ന് വരുമല്ലോ; ഇപ്പോഴോ അവർ വിശുദ്ധർ ആകുന്നു.
15എങ്കിലും അവിശ്വാസി വേർപിരിയുന്നു എങ്കിൽ പിരിയട്ടെ; ഈ വക കാ‍ാര്യങ്ങളിൽ സഹോദരനോ സഹോദരിയോ ബദ്ധരായിരിക്കുന്നില്ല; എന്നാൽ സമാധാനത്തിൽ ജീവിക്കുവാൻ ദൈവം നമ്മെ വിളിച്ചിരിക്കുന്നു.16ഭാര്യയേ, നീ ഭർത്താവിന് രക്ഷ വരുത്തും എന്ന് നിനക്ക് എങ്ങനെ അറിയാം? ഭർത്താവേ, നീ ഭാര്യയ്ക്ക് രക്ഷ വരുത്തും എന്ന് നിനക്ക് എങ്ങനെ അറിയാം?
17എന്നാൽ ഓരോരുത്തന് കർത്താവ് വിഭാഗിച്ച് കൊടുത്തതു പോലെയും ഓരോരുത്തനെ ദൈവം വിളിച്ചതുപോലെയും അവനവൻ നടക്കട്ടെ; ഇങ്ങനെ ആകുന്നു ഞാൻ സകല സഭകളിലും ആജ്ഞാപിക്കുന്നത്.18ഒരുവൻ പരിച്ഛേദനയോടെ വിളിക്കപ്പെട്ടുവോ? അഗ്രചർമം വരുത്തരുത്; ഒരുവൻ അഗ്രചർമത്തോടെ വിളിക്കപ്പെട്ടുവോ? പരിച്ഛേദന ഏൽക്കരുത്.19പരിച്ഛേദന ഒന്നുമില്ല, അഗ്രചർമവും ഒന്നുമില്ല, ദൈവകല്പന പ്രമാണിക്കുന്നതത്രേ കാര്യം.
20ഓരോരുത്തൻ വിളിക്കപ്പെട്ട സ്ഥിതിയിൽ തന്നെ നിലനിൽക്കട്ടെ.21നീ ദാസനായിരിക്കുമ്പോൾ വിളിക്കപ്പെട്ടുവോ? വ്യസനിക്കരുത്. സ്വതന്ത്രൻ ആകുവാൻ കഴിയുമെങ്കിൽ അതിൽത്തന്നെ ഇരുന്നുകൊള്ളുക.22എന്തെന്നാൽ ദാസനായി കർത്താവിൽ വിളിക്കപ്പെട്ടവൻ കർത്താവിന്റെ സ്വതന്ത്രൻ ആകുന്നു. അങ്ങനെ തന്നെ സ്വതന്ത്രനായി വിളിക്കപ്പെട്ടവൻ ക്രിസ്തുവിന്റെ ദാസനാകുന്നു.23നിങ്ങളെ വിലയ്ക്ക് വാങ്ങിയിരിക്കുന്നു; മനുഷ്യർക്ക് ദാസന്മാരാകരുത്.24സഹോദരന്മാരേ, ഓരോരുത്തൻ വിളിക്കപ്പെട്ട അതേ സ്ഥിതിയിൽ തന്നെ ദൈവസന്നിധിയിൽ വസിക്കട്ടെ.

25കന്യകമാരെക്കുറിച്ച് എനിക്കു കർത്താവിന്റെ കല്പനയില്ല; എങ്കിലും കർത്താവ് തന്റെ കരുണയിൽ വിശ്വസ്തൻ ആക്കിയ ഞാൻ അഭിപ്രായം പറയുന്നു.26ഇപ്പോഴത്തെ കഷ്ടത നിമിത്തം, മനുഷ്യൻ ആയിരിക്കുന്നതുപോലെ തന്നെ നിൽക്കുന്നത് അവന് നന്ന് എന്ന് എനിക്ക് തോന്നുന്നു.
27നീ ഭാര്യയോടു ബന്ധിക്കപ്പെട്ടിരിക്കുന്നുവോ? വേർപാട് അന്വേഷിക്കരുത്. നീ ഭാര്യ ഇല്ലാത്തവനോ? ഭാര്യയെ അന്വേഷിക്കരുത്.28എന്നാൽ നീ വിവാഹം ചെയ്താൽ പാപം ചെയ്യുന്നില്ല; കന്യകയും വിവാഹം ചെയ്താൽ പാപം ചെയ്യുന്നില്ല; എങ്കിലും വിവാഹിതർക്ക് ജഡത്തിൽ കഷ്ടത ഉണ്ടാകും; അത് നിങ്ങൾക്ക് വരരുത് എന്ന് എന്റെ ആഗ്രഹം.
29എന്നാൽ സഹോദരന്മാരേ, ഒന്ന് ഞാൻ പറയുന്നു: സമയം വളരെ ചുരുക്കമാകുന്നു;30ആകയാൽ ഇനി ഭാര്യമാരുള്ളവർ ഇല്ലാത്തവരെപ്പോലെയും, കരയുന്നവർ കരയാത്തവരെപ്പോലെയും, സന്തോഷിക്കുന്നവർ സന്തോഷിക്കാത്തവരെപ്പോലെയും വിലയ്ക്ക് വാങ്ങുന്നവർ കൈവശമാക്കാത്തവരെപ്പോലെയും31ലോകത്തെ അനുഭവിക്കുന്നവർ അതിനെ അനുഭവിക്കാത്തവരെപ്പോലെയും ആയിരിക്കണം. എന്തെന്നാൽ ഈ ലോകത്തിന്റെ രൂപം ഒഴിഞ്ഞുപോകുന്നുവല്ലോ.
32നിങ്ങൾ ആകുലചിന്ത ഇല്ലാത്തവരായിരിക്കേണം എന്ന് ഞാൻ ഇച്ഛിക്കുന്നു. വിവാഹം ചെയ്യാത്തവൻ കർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവച്ച് കർത്താവിന്റെ കാര്യങ്ങളെപ്പറ്റി ചിന്തിക്കുന്നു;33വിവാഹം ചെയ്തവൻ ഭാര്യയെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവച്ച് ലോകത്തിന്റെ കാ‍ര്യങ്ങളെപ്പറ്റി ചിന്തിക്കുന്നു.34അവന്റെ താല്പര്യങ്ങൾ വിഭജിക്കപ്പെട്ടിരിക്കുന്നു; വിവാഹം കഴിയാ‍ത്തവളോ കന്യകയോ ശരീരത്തിലും ആത്മാവിലും വിശുദ്ധയാകേണ്ടതിന് കർത്താവിന്റെ കാര്യങ്ങളെപ്പറ്റി ചിന്തിക്കുന്നു; വിവാഹം കഴിഞ്ഞവൾ ഭർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവച്ചു ലോകത്തിന്റെ കാര്യത്തെപ്പറ്റി ചിന്തിക്കുന്നു.
35ഞാൻ ഇത് നിങ്ങളുടെമേൽ നിയന്ത്രണം ഇടുവാനല്ല, എന്നാൽ ഉചിതമായത് ചെയ്യുവാനും, നിങ്ങൾ ഏകാഗ്രതയോടെ കർത്താവിനെ സേവിക്കേണ്ടതിനും നിങ്ങളുടെ ഉപകാരത്തിനായിട്ടത്രേ പറയുന്നത്.
36എന്നാൽ ഒരാൾ തന്റെ കന്യകയ്ക്ക്1 പ്രായം കടന്നു എന്നതിനാൽ, താൻ ചെയ്യുന്നത് അനുചിതം എന്ന് വിചാരിക്കുന്നു എങ്കിൽ അങ്ങനെ വേണ്ടിവന്നാൽ ഇഷ്ടംപോലെ ചെയ്യട്ടെ; അവൻ പാപം ചെയ്യുന്നില്ല; അവർ വിവാഹം ചെയ്യട്ടെ.37എങ്കിലും നിർബ്ബന്ധമില്ലാതെ തന്റെ ഇഷ്ടം നടത്തുവാൻ അധികാരമുള്ളവനും ഹൃദയത്തിൽ സ്ഥിരതയുള്ളവനുമായ ഒരുവൻ തന്റെ കന്യകയെ സൂക്ഷിച്ചുകൊള്ളുവാൻ സ്വന്ത ഹൃദയത്തിൽ തീരുമാനിച്ചു എങ്കിൽ അവൻ ചെയ്യുന്നത് നന്ന്.38അങ്ങനെ ഒരുവൻ തന്റെ കന്യകയെ വിവാഹം കഴിപ്പിക്കുന്നത് നന്ന്; വിവാഹം കഴിപ്പിക്കാതിരിക്കുന്നത് ഏറെ നന്ന്.
39ഭർത്താവ് ജീവിച്ചിരിക്കുന്ന കാലത്തോളം ഭാര്യ ബന്ധിയ്ക്കപ്പെട്ടിരിക്കുന്നു; ഭർത്താവ് മരിച്ചുപോയാൽ തനിക്ക് മനസ്സുള്ളവനുമായി വിവാഹം കഴിക്കുവാൻ സ്വാതന്ത്ര്യം ഉണ്ട്; കർത്താവിൽ വിശ്വസിക്കുന്നവനുമായി മാത്രമേ ആകാവൂ.40എന്നാൽ അവൾ അങ്ങനെ തന്നെ ആയിരുന്നാൽ ഭാഗ്യമേറിയവൾ എന്ന് എന്റെ അഭിപ്രായം; ദൈവാത്മാവ് എനിക്കും ഉണ്ട് എന്ന് തോന്നുന്നു.


1 7:36 കന്യക എന്നാൽ വിവാഹപ്രായമായ യുവതി.

8
വിഗ്രഹാർപ്പിതം

1വിഗ്രഹാർപ്പിതങ്ങളുടെ1 കാര്യത്തെക്കുറിച്ച് നമുക്കെല്ലാവർക്കും അറിവുണ്ട് എന്ന് നമുക്കറിയാം. അറിവ് ഒരാളെ അഹങ്കാരി ആക്കുന്നു; എന്നാൽ സ്നേഹമോ ആത്മികവർദ്ധന വരുത്തുന്നു.2താൻ വല്ലതും അറിയുന്നു എന്ന് ഒരുവൻ വിചാരിക്കുന്നു എങ്കിൽ അറിയേണ്ടതുപോലെ അവൻ ഇന്നുവരെ ഒന്നും അറിഞ്ഞിട്ടില്ല.3ഒരുവൻ ദൈവത്തെ സ്നേഹിക്കുന്നു എങ്കിലോ അവനെ ദൈവം അറിഞ്ഞിരിക്കുന്നു.

4അതുകൊണ്ട് വിഗ്രഹാർപ്പിതങ്ങളെ തിന്നുന്നതിനെക്കുറിച്ചോ, ലോകത്തിൽ വിഗ്രഹം ഏതുമില്ല എന്നും, ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു.5എന്നാൽ സ്വർഗ്ഗത്തിലോ ഭൂമിയിലോ ദേവന്മാർ എന്ന് പേരുള്ളവർ ഉണ്ടെങ്കിലും- പല ദേവന്മാരും പല കർത്താക്കന്മാരും ഉള്ളതുപോലെ -6പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവനിലാണ് സകലവും, നാം അവനായിട്ടും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്ക് ഉണ്ട്; സകലവും അവനിലാണ്, അവൻ മുഖാന്തരം നാമും ആകുന്നു.
7എന്നാൽ എല്ലാവരിലും ഈ അറിവില്ല. ചിലർ ഇന്നുവരെ വിഗ്രഹപരിചയം ഹേതുവായി വിഗ്രഹാർപ്പിതം എന്നുവച്ച് തിന്നുന്നു;
8അവരുടെ മനസ്സാക്ഷി ബലഹീനമാകയാൽ മലിനമായിത്തീരുന്നു. എന്നാൽ ആഹാരം നമ്മെ ദൈവത്തോട് അടുപ്പിക്കുന്നില്ല; തിന്നാതിരുന്നാൽ നമുക്ക് നഷ്ടമില്ല; തിന്നാൽ ആദായവുമില്ല.9എന്നാൽ നിങ്ങളുടെ ഈ സ്വാതന്ത്ര്യം ബലഹീനന്മാർക്ക് യാതൊരു വിധത്തിലും തടസ്സം ആകാതിരിക്കുവാൻ നോക്കുവിൻ.10എന്തെന്നാൽ അറിവുള്ളവനായ നീ ക്ഷേത്രത്തിൽ ഭക്ഷണത്തിനിരിക്കുന്നത് ഒരുവൻ കണ്ടാൽ, ബലഹീനനെങ്കിൽ അവന്റെ മനസ്സാക്ഷി വിഗ്രഹാർപ്പിതങ്ങളെ തിന്നുവാൻ തക്കവണ്ണം അവനെ പ്രേരിപ്പിക്കുകയില്ലയോ?
11ആർക്കുവേണ്ടി ക്രിസ്തു മരിച്ചുവോ, ആ ബലഹീന സഹോദരൻ ഇങ്ങനെ നിന്റെ അറിവിനാൽ നശിച്ചുപോകുന്നു.12ഇങ്ങനെ സഹോദരന്മാരുടെ നേരെ പാപം ചെയ്യുകയും, അവരുടെ ബലഹീന മനസ്സാക്ഷിയെ മുറിവേൽപ്പിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ ക്രിസ്തുവിനോട് പാപം ചെയ്യുന്നു.13ആകയാൽ ആഹാരം എന്റെ സഹോദരന് ഇടർച്ചയായിത്തീരും എങ്കിൽ എന്റെ സഹോദരന് ഇടർച്ച വരുത്താതിരിക്കേണ്ടതിന് ഞാൻ ഒരുനാളും മാംസം തിന്നുകയില്ല.


1 8:1 വിഗ്രഹങ്ങൾക്ക് അർപ്പിച്ച ഭക്ഷണ സാധനങ്ങൾ.

9
അപ്പൊസ്തലന്റെ അവകാശം

1ഞാൻ സ്വതന്ത്രൻ അല്ലയോ? ഞാൻ അപ്പൊസ്തലൻ അല്ലയോ? നമ്മുടെ കർത്താവായ യേശുവിനെ ഞാൻ കണ്ടിട്ടില്ലയോ? കർത്താവിൽ ഞാൻ ചെയ്ത പ്രവൃത്തിയുടെ ഫലം നിങ്ങൾ അല്ലയോ?2മറ്റുള്ളവർക്ക് ഞാൻ അപ്പൊസ്തലൻ അല്ലെങ്കിൽ നിങ്ങൾക്കെങ്കിലും ആകുന്നു; എന്തെന്നാൽ കർത്താവിൽ എന്റെ അപ്പൊസ്തലത്വത്തിന്റെ മുദ്ര1 നിങ്ങളല്ലോ.

3എന്നെ വിധിക്കുന്നവരോട് എനിക്കുള്ള പ്രതിവാദം ഇതാകുന്നു.4തിന്നുവാനും കുടിക്കുവാനും ഞങ്ങൾക്ക് അധികാരമില്ലയോ?5മറ്റ് അപ്പൊസ്തലന്മാരും, കർത്താവിന്റെ സഹോദരന്മാരും, കേഫാവും ചെയ്യുന്നതുപോലെ വിശ്വാസിനിയായ ഭാര്യയോടുകൂടെ സഞ്ചരിക്കുവാൻ ഞങ്ങൾക്ക് അധികാരമില്ലയോ?6അല്ല, വേല ചെയ്യാതിരിക്കുവാൻ എനിക്കും ബർന്നബാസിനും മാത്രം അധികാരമില്ല എന്നുണ്ടോ?
7സ്വന്ത ചെലവിന്മേൽ യുദ്ധസേവ ചെയ്യുന്നവൻ ആർ? മുന്തിരിത്തോട്ടം ഉണ്ടാക്കുകയും അതിന്റെ ഫലം തിന്നാതിരിക്കുകയും ചെയ്യുന്നവൻ ആർ? ആട്ടിൻകൂട്ടത്തെ മേയിക്കുകയും കൂട്ടത്തിന്റെ പാൽ കുടിക്കാതിരിക്കുകയും ചെയ്യുന്നവൻ ആർ?8ഞാൻ ഇത് മനുഷ്യരുടെ മര്യാദപ്രകാരമോ പറയുന്നത്? ന്യായപ്രമാണവും ഇങ്ങനെ പറയുന്നില്ലയോ?
9“മെതിക്കുന്ന2 കാളയ്ക്ക് മുഖക്കൊട്ട3 കെട്ടരുത്”
എന്ന് മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നുവല്ലോ; ദൈവം കാളയ്ക്ക് വേണ്ടിയോ ചിന്തിക്കുന്നത്?
10അല്ല, കേവലം നമുക്ക് വേണ്ടി പറയുന്നതോ? അതേ, ഉഴുന്നവൻ4 ആശയോടെ ഉഴുകയും, മെതിക്കുന്നവൻ കൊയ്ത്തുവീതം കിട്ടും എന്നുള്ള ആശയോടെ മെതിക്കുകയും വേണ്ടതാകയാൽ നമുക്ക് വേണ്ടി എഴുതിയിരിക്കുന്നതത്രെ.11ഞങ്ങൾ ആത്മികമായത് നിങ്ങൾക്ക് വിതക്കുന്നു എങ്കിൽ നിങ്ങളുടെ ഭൗതികമായത് കൊയ്യുന്നത് വലിയ കാര്യമോ?
12മറ്റുള്ളവർക്ക് നിങ്ങളുടെ മേൽ ഈ അധികാരം ഉണ്ടെങ്കിൽ ഞങ്ങൾക്ക് എത്ര അധികം? എങ്കിലും ഞങ്ങൾ ഈ അധികാരം പ്രയോഗിച്ചിട്ടില്ല; ക്രിസ്തുവിന്റെ സുവിശേഷത്തിന് യാതൊരു തടസ്സവും വരുത്താതിരിക്കുവാൻ സകലവും സഹിക്കുന്നു.13ദൈവാലയകർമ്മങ്ങൾ നടത്തുന്നവർ ദൈവാലയത്തിലെ ഭക്ഷണം കഴിക്കുന്നു എന്നും യാഗപീഠത്തിങ്കൽ ശുശ്രൂഷചെയ്യുന്നവർ യാഗപീഠത്തിലെ വഴിപാടുകളിൽ ഓഹരിക്കാർ ആകുന്നു എന്നും നിങ്ങൾ അറിയുന്നില്ലയോ?14അതുപോലെ കർത്താവും സുവിശേഷം അറിയിക്കുന്നവർ സുവിശേഷത്താൽ ഉപജീവിക്കണം എന്ന് കല്പിച്ചിരിക്കുന്നു.

15എങ്കിലും എനിക്ക് അർഹതപ്പെട്ടത് ഒന്നും ഞാൻ അവകാശപ്പെട്ടില്ല; ഇങ്ങനെ എനിക്ക് കിട്ടേണം എന്നുവച്ച് ഞാൻ ഇത് എഴുതുന്നതും അല്ല; എന്തെന്നാൽ ആരെങ്കിലും എന്റെ പ്രശംസ നഷ്ടപ്പെടുത്തുന്നതിനേക്കാൾ മരിക്കുന്നത് തന്നെ എനിക്ക് നല്ലത്.16ഞാൻ സുവിശേഷം അറിയിക്കുന്നു എങ്കിൽ എനിക്ക് പ്രശംസിക്കുവാൻ ഒന്നുമില്ല. നിർബ്ബന്ധം എന്റെ മേൽ കിടക്കുന്നു. ഞാൻ സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്ക് അയ്യോ കഷ്ടം!
17ഞാൻ അത് മനഃപൂർവ്വം നടത്തുന്നു എങ്കിൽ എനിക്ക് പ്രതിഫലം ഉണ്ട്; മനഃപൂർവ്വമല്ലെങ്കിലും, ഉത്തരവാദിത്തം എന്നിൽ ഭരമേല്പിച്ചിരിക്കുന്നു.18എന്നാൽ എന്റെ പ്രതിഫലം എന്ത്? സുവിശേഷം അറിയിക്കുമ്പോൾ സുവിശേഷഘോഷണത്തിലുള്ള അധികാരം മുഴുവനും ഉപയോഗിക്കാതെ ഞാൻ സുവിശേഷഘോഷണം ചെലവുകൂടാതെ നടത്തുന്നത് തന്നെ.
19ഇങ്ങനെ ഞാൻ കേവലം സ്വതന്ത്രൻ എങ്കിലും അധികംപേരെ നേടേണ്ടതിന് ഞാൻ എന്നെത്തന്നെ എല്ലാവർക്കും ദാസനാക്കി.20യെഹൂദന്മാരെ നേടേണ്ടതിന് ഞാൻ യെഹൂദന്മാർക്ക് യെഹൂദനെപ്പോലെ ആയി; ന്യായപ്രമാണത്തിൻ കീഴുള്ളവരെ നേടേണ്ടതിന് ഞാൻ ന്യായപ്രമാണത്തിൻ കീഴുള്ളവൻ അല്ല എങ്കിലും ന്യായപ്രമാണത്തിൻ കീഴുള്ളവർക്ക് ന്യായപ്രമാണത്തിൻ കീഴുള്ളവനെപ്പോലെ ആയി.
21ദൈവത്തിന് ന്യായപ്രമാണമില്ലാത്തവൻ ആകാതെ ക്രിസ്തുവിന്റെ ന്യായപ്രമാണത്തിന്റെ കീഴുള്ളവനായിരിക്കെ, ന്യായപ്രമാണമില്ലാത്തവരെ നേടേണ്ടതിന് ഞാൻ ന്യായപ്രമാണമില്ലാത്തവർക്ക് ന്യായപ്രമാണമില്ലാത്തവനെപ്പോലെ ആയി.22ബലഹീനന്മാരെ നേടേണ്ടതിന് ഞാൻ ബലഹീനർക്ക് ബലഹീനനായി; ഏതുവിധത്തിലും ചിലരെ രക്ഷിക്കേണ്ടതിന് ഞാൻ എല്ലാവർക്കും എല്ലാമായിത്തീർന്നു.23സുവിശേഷത്തിൽ ഒരു പങ്കാളിയാകേണ്ടതിന് ഞാൻ സകലവും സുവിശേഷം നിമിത്തം ചെയ്യുന്നു.
24ഓട്ടക്കളത്തിൽ ഓടുന്നവർ എല്ലാവരും ഓടുന്നു എങ്കിലും ഒരുവനേ പ്രതിഫലം ലഭിക്കുകയുള്ളു എന്ന് അറിയുന്നില്ലയോ? നിങ്ങളും പ്രതിഫലം ലഭിക്കുവാനായി ഓടുവിൻ.25ഓട്ടത്തിൽ പങ്കെടുക്കുന്നവർ എല്ലാവരും സകലത്തിലും സ്വയം നിയന്ത്രണം പാലിക്കുന്നു. അത്, അവർ വാടുന്ന കിരീടം പ്രാപിക്കേണ്ടതിനും, നാമോ വാടാത്ത കിരീടത്തിനും വേണ്ടിത്തന്നെ.26ആകയാൽ ഞാൻ ലക്ഷ്യമില്ലാത്തവണ്ണമല്ല ഓടുന്നത്; വായുവിൽ കൈ ചുരുട്ടി ഇടിക്കുന്നതുപോലെയല്ല ഞാൻ മല്ലയുദ്ധം ചെയ്യുന്നത്.27എന്നാൽ മറ്റുള്ളവരോട് പ്രസംഗിച്ചശേഷം ഞാൻ തന്നെ കൊള്ളരുതാത്തവനായി പോകാതിരിക്കേണ്ടതിന് എന്റെ ശരീരത്തെ നിയന്ത്രിച്ച് അടിമയാക്കുകയത്രേ ചെയ്യുന്നത്.


1 9:2 മുദ്ര എന്നാൽ അടയാളം.
2 9:9 മെതിക്കുക എന്നാൽ ധാന്യം വേർതിരിക്കുക.
3 9:9 മുഖക്കൊട്ട എന്നാൽ മൃഗങ്ങളുടെ വായും മൂക്കും കെട്ടാൻ ഉപയോഗിക്കുന്ന ഉപകരണം.
4 9:10 ഉഴുക എന്നാൽ കൃഷിസ്ഥലം ഇളക്കിമറിക്കുക.

10
യിസ്രായേലിന്റെ ചരിത്രത്തിൽനിന്നുള്ള മുന്നറിയിപ്പ്

1സഹോദരന്മാരേ, നമ്മുടെ പിതാക്കന്മാർ എല്ലാവരും മേഘത്തിൻകീഴിൽ ആയിരുന്നു എന്നും;2എല്ലാവരും സമുദ്രത്തിൽ കൂടി കടന്ന് എല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനം ഏറ്റ്3മോശെയോടുകൂടെ ചേർന്നു എന്നും എല്ലാവരും4ഒരേ ആത്മികാഹാരം തിന്നുകയും ഒരേ ആത്മികപാനീയം കുടിക്കുകയും ചെയ്തു –അവരെ അനുഗമിച്ച ആത്മികപാറയിൽനിന്നല്ലോ അവർ കുടിച്ചത്; ആ പാറ ക്രിസ്തു ആയിരുന്നു–

5എങ്കിലും അവരിൽ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല, അവരെ മരുഭൂമിയിൽ തള്ളിയിട്ടുകളഞ്ഞു എന്നും നിങ്ങൾ അറിയണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.6അവർ മോഹിച്ചതുപോലെ നാമും തിന്മ മോഹിക്കാതിരിക്കേണ്ടതിന് ഇത് നമുക്ക് ഒരു ദൃഷ്ടാന്തമായി സംഭവിച്ചു;
7“ജനം തിന്നുവാനും കുടിക്കുവാനും ഇരുന്നു, കളിക്കുവാൻ എഴുന്നേറ്റു”
എന്ന് എഴുതിയിരിക്കുന്നപ്രകാരം അവരിൽ ചിലരെപ്പോലെ നിങ്ങൾ വിഗ്രഹാരാധികൾ ആകരുത്.
8അവരിൽ ചിലർ ദുർന്നടപ്പിൽ മുഴുകി, ഒരു ദിവസത്തിൽ ഇരുപത്തിമൂവായിരംപേർ മരിച്ചുപോയതുപോലെ നാമും ദുർന്നടപ്പുകാർ ആകരുത്.
9അവരിൽ ചിലർ കർത്താവിനെ പരീക്ഷിച്ച് സർപ്പങ്ങളാൽ നശിച്ചുപോയതുപോലെ നാമും കർത്താവിനെ പരീക്ഷിക്കരുത്.10അവരിൽ ചിലർ പിറുപിറുത്ത്1 സംഹാരകനാൽ നശിച്ചുപോയതുപോലെ നിങ്ങൾ പിറുപിറുക്കരുത്.
11ഇത് ഒരു ദൃഷ്ടാന്തത്തിനായി അവർക്ക് സംഭവിക്കുകയും ലോകാവസാനം വന്നെത്തിയിരിക്കുന്ന നമ്മുടെ ഗുണദോഷത്തിനായി എഴുതിയുമിരിക്കുന്നു.12അതുകൊണ്ട് താൻ നില്ക്കുന്നു എന്ന് തോന്നുന്നവൻ വീഴാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളട്ടെ.13മനുഷ്യർക്ക് സാധാരണമല്ലാത്ത പരീക്ഷ നിങ്ങൾക്ക് നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തൻ ആകുന്നു; നിങ്ങളുടെ കഴിവിന് മീതെ പരീക്ഷിക്കപ്പെടുവാൻ അവൻ അനുവദിക്കുകയില്ല. നിങ്ങൾക്ക് സഹിക്കുവാൻ കഴിയേണ്ടതിന് പരീക്ഷയോടുകൂടെ രക്ഷയ്ക്കുള്ള മാർഗവും അവൻ നൽകും.
ഭൂതങ്ങളുടെ വിരുന്ന്

14അതുകൊണ്ട് എന്റെ പ്രിയരേ, വിഗ്രഹാരാധന വിട്ടോടുവിൻ.15നിങ്ങൾ വിവേകികൾ എന്നുവച്ചു ഞാൻ പറയുന്നു; ഞാൻ പറയുന്നത് വിലയിരുത്തുവിൻ.16നാം അനുഗ്രഹിക്കുന്ന അനുഗ്രഹപാത്രം ക്രിസ്തുവിന്റെ രക്തത്തിന്റെ കൂട്ടായ്മ അല്ലയോ? നാം നുറുക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിന്റെ കൂട്ടായ്മ അല്ലയോ?17അപ്പം ഒന്നാകകൊണ്ട് പലരായ നാം ഒരു ശരീരം ആകുന്നു; നാം എല്ലാവരും ആ ഒരേ അപ്പത്തിൽ പങ്കാളികൾ ആകുന്നുവല്ലോ.
18ജഡപ്രകാരമുള്ള യിസ്രായേലിനെ നോക്കുവിൻ; യാഗങ്ങൾ ഭക്ഷിക്കുന്നവർ യാഗപീഠത്തിന്റെ കൂട്ടാളികൾ അല്ലയോ?19വിഗ്രഹങ്ങൾക്ക് അർപ്പിച്ചതിന് പ്രാധാന്യം ഉണ്ടെന്നോ അല്ലെങ്കിൽ വിഗ്രഹത്തിന് പ്രാധാന്യം വല്ലതും ഉണ്ടെന്നോ ആണോ ഞാൻ പറയുന്നത്?
20അല്ല, ജാതികൾ ബലി കഴിക്കുന്നത് ദൈവത്തിനല്ല ഭൂതങ്ങൾക്ക് കഴിക്കുന്നു എന്നത്രേ; എന്നാൽ നിങ്ങൾ ഭൂതങ്ങളുടെ കൂട്ടാളികൾ ആകുവാൻ എനിക്ക് മനസ്സില്ല.21നിങ്ങൾക്ക് കർത്താവിന്റെ പാനപാത്രത്തിൽ നിന്നും ഭൂതങ്ങളുടെ പാനപാത്രത്തിൽ നിന്നും കുടിക്കുവാൻ സാധിക്കുകയില്ല; നിങ്ങൾക്ക് കർത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും പങ്കാളികൾ ആകുവാനും സാ‍ധിക്കുകയില്ല.22അല്ല, നാം കർത്താവിന് കോപം ജ്വലിപ്പിക്കുവാൻ ശ്രമിക്കുന്നുവോ? അവനേക്കാൾ നാം ബലവാന്മാരോ?
ദൈവത്തെ മഹത്വപ്പെടുത്തുവാൻ ജീവിക്കുക

23എല്ലാം എനിക്ക് നിയമാനുസൃതമാണ്, എങ്കിലും സകലവും പ്രയോജനമുള്ളതല്ല; എല്ലാം എനിക്ക് നിയമാനുസൃതമാണ്, എങ്കിലും സകലവും ആത്മികവർദ്ധന വരുത്തുന്നില്ല.24ഓരോരുത്തൻ സ്വന്തം ഗുണമല്ല, മറ്റുള്ളവന്റെ ഗുണം അന്വേഷിക്കട്ടെ.
25കടയിൽ വിൽക്കുന്നത് എല്ലാം മനസ്സാക്ഷി നിമിത്തം ഒന്നും അന്വേഷിക്കാതെ കഴിക്കുവിൻ.26ഭൂമിയും അതിന്റെ പൂർണ്ണതയും കർത്താവിനുള്ളതല്ലോ.27അവിശ്വാസികളിൽ ഒരുവൻ നിങ്ങളെ ക്ഷണിക്കുകയും, നിങ്ങൾക്ക് പോകുവാൻ മനസ്സുമുണ്ടെങ്കിൽ നിങ്ങളുടെ മുമ്പിൽ വിളമ്പുന്നത് എന്തായാലും മനസ്സാക്ഷി നിമിത്തം ഒന്നും അന്വേഷിക്കാതെ ഭക്ഷിക്കുവിൻ.
28എങ്കിലും ഒരുവൻ: ഇത് വിഗ്രഹാർപ്പിതം എന്നു നിങ്ങളോട് പറഞ്ഞാൽ ആ അറിയിച്ചവൻ നിമിത്തവും മനസ്സാക്ഷി നിമിത്തവും തിന്നരുത്.29മനസ്സാക്ഷി എന്നു ഞാൻ പറയുന്നത് നിങ്ങളുടേതല്ല, അത് മറ്റവന്റേതത്രേ. എന്തെന്നാൽ, എന്റെ സ്വാതന്ത്ര്യം മറ്റൊരുവന്റെ മനസ്സാക്ഷിയാൽ വിധിക്കപ്പെടുന്നത് എന്തിന്?30സ്തോത്രത്തോടെ ഞാൻ അനുഭവിക്കുന്നുവെങ്കിൽ, സ്തോത്രംചെയ്ത ഭക്ഷണം നിമിത്തം ഞാൻ ദുഷിക്കപ്പെടുന്നത് എന്തിന്?
31ആകയാൽ, നിങ്ങൾ ഭക്ഷിച്ചാലും കുടിച്ചാലും എന്തുചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിനായി ചെയ്യുവിൻ.32യെഹൂദന്മാർക്കോ യവനന്മാർക്കോ ദൈവസഭയ്ക്കോ ബുദ്ധിമുട്ട് ഉണ്ടാക്കാതിരിക്കുവിൻ.33ഞാനും എന്റെ ഗുണമല്ല, പലർ രക്ഷിയ്ക്കപ്പെടേണ്ടതിന് അവരുടെ ഗുണംതന്നെ അന്വേഷിച്ചുകൊണ്ട് എല്ലാവരെയും എല്ലാംകൊണ്ടും പ്രസാദിപ്പിക്കുന്നുവല്ലോ.


1 10:10 പിറുപിറുക്കുക എന്നാൽ വെറുപ്പ് പ്രകടിപ്പിക്കാനായി താണശബ്ദത്തിൽ സംസാരിക്കുക

11

1ഞാൻ ക്രിസ്തുവിനെ അനുകരിക്കുന്നതുപോലെ നിങ്ങളും എന്നെ അനുകരിക്കുവിൻ.

മൂടുപടം ഇടുക

2നിങ്ങൾ സകലത്തിലും എന്നെ ഓർക്കുകയും ഞാൻ നിങ്ങളെ ഏല്പിച്ച നടപടിക്രമങ്ങൾ അപ്രകാരം തന്നെ പ്രമാണിക്കുകയും ചെയ്യുകയാൽ നിങ്ങളെ പുകഴ്ത്തുന്നു.3എന്നാൽ ഏതു പുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ, ക്രിസ്തുവിന്റെ തല ദൈവം എന്ന് നിങ്ങൾ അറിയണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.4മൂടുപടം1 ഇട്ട് പ്രാർത്ഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന ഏത് പുരുഷനും തന്റെ തലയെ അപമാനിക്കുന്നു.
5എന്നാൽ മൂടുപടമില്ലാതെ പ്രാർത്ഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന ഏത് സ്ത്രീയും തന്റെ തലയെ അപമാനിക്കുന്നു; അത് അവൾ ക്ഷൗരം2 ചെയ്യിച്ചതു പോലെയല്ലോ.6സ്ത്രീ മൂടുപടമിടുന്നില്ലെങ്കിൽ മുടി മുറിച്ചുകളയട്ടെ. മുറിക്കുന്നതോ ക്ഷൗരം ചെയ്യിക്കുന്നതോ സ്ത്രീക്ക് ലജ്ജയെങ്കിൽ മൂടുപടം ഇട്ടുകൊള്ളട്ടെ.
7പുരുഷൻ ദൈവത്തിന്റെ പ്രതിമയും തേജസ്സും ആകയാൽ മൂടുപടം ഇടേണ്ടതല്ല. എന്നാൽ സ്ത്രീ പുരുഷന്റെ തേജസ്സ് ആകുന്നു.8പുരുഷൻ സ്ത്രീയിൽ നിന്നല്ലല്ലോ സ്ത്രീ പുരുഷനിൽ നിന്നത്രേ ഉണ്ടായത്.
9പുരുഷൻ സ്ത്രീക്കായിട്ടല്ല സ്ത്രീ പുരുഷനായിട്ടല്ലോ സൃഷ്ടിക്കപ്പെട്ടത്.10അതുകൊണ്ട് ദൂതന്മാർ നിമിത്തം അധികാരത്തിന്റെ 3 പ്രതീകമായ മൂടുപടം സ്ത്രീക്ക് ഉണ്ടായിരിക്കേണം.
11എന്നാൽ കർത്താവിൽ പുരുഷനെ കൂടാതെ സ്ത്രീയുമില്ല സ്ത്രീയെ കൂടാതെ പുരുഷനുമില്ല.12എന്തെന്നാൽ സ്ത്രീ പുരുഷനിൽനിന്ന് ഉണ്ടായതുപോലെ പുരുഷനും സ്ത്രീ മുഖാന്തരം ഉണ്ടാകുന്നു; എന്നാൽ സകലവും ദൈവത്തിൽ നിന്നാകുന്നു.
13നിങ്ങൾ തന്നെ വിധിക്കുവിൻ; സ്ത്രീ മൂടുപടം ഇടാതെ ദൈവത്തോട് പ്രാർത്ഥിക്കുന്നത് യോഗ്യമോ?14പുരുഷൻ മുടി നീട്ടിയാൽ അത് അവന് അപമാനം എന്നും15സ്ത്രീ മുടി നീട്ടിയാലോ, അത് മൂടുപടമായി നല്കിയിരിക്കുകകൊണ്ട് അവൾക്ക് മാനം ആകുന്നു എന്നും പ്രകൃതി തന്നെ നിങ്ങളെ പഠിപ്പിക്കുന്നില്ലയോ?16ഒരുവൻ തർക്കിക്കുവാൻ ഭാവിച്ചാൽ ഇതല്ലാതെയുള്ള ഒരു മര്യാദ ഞങ്ങൾക്കില്ല, ദൈവസഭകൾക്കുമില്ല എന്ന് ഓർക്കട്ടെ.
കർത്താവിന്റെ മേശ

17ഇനിയും നിർദ്ദേശിക്കുവാൻ പോകുന്ന കാര്യങ്ങളിൽ ഞാൻ നിങ്ങളെ പ്രശംസിക്കുന്നില്ല; കാരണം നിങ്ങൾ കൂടിവരുന്നത് നല്ലതിനായല്ല, ദോഷത്തിനായിട്ടത്രേ.18ഒന്നാമത്, നിങ്ങൾ സഭയായി ഒന്നിച്ചുകൂടുമ്പോൾ നിങ്ങളുടെ ഇടയിൽ ഭിന്നത ഉണ്ടെന്നു ഞാൻ കേൾക്കുന്നു; അത് ഭാഗികമായി ഞാൻ വിശ്വസിക്കുകയും ചെയ്യുന്നു.19നിങ്ങളിൽ യോഗ്യരായവരെ തിരിച്ചറിയേണ്ടതിന് നിങ്ങളുടെ ഇടയിൽ ഭിന്നത ഉണ്ടാകേണ്ടത് ആവശ്യം.
20നിങ്ങൾ കൂടിവരുമ്പോൾ കർത്താവിന്റെ അത്താഴം ഭക്ഷിക്കുവാനല്ല വരുന്നത്.21എന്തെന്നാൽ, ഭക്ഷണം കഴിക്കുമ്പോൾ ഓരോരുത്തരും അവരവരുടെ അത്താഴം ആദ്യം കഴിക്കുന്നു. അങ്ങനെ ഒരുവൻ വിശന്നും മറ്റൊരുവൻ ലഹരിപിടിച്ചും ഇരിക്കുന്നു.22തിന്നുവാനും കുടിക്കുവാനും നിങ്ങൾക്ക് വീടുകൾ ഇല്ലയോ? അല്ല, ദൈവത്തിന്റെ സഭയെ നിങ്ങൾ നിന്ദിക്കുകയും, ഇല്ലാത്തവരെ ലജ്ജിപ്പിക്കുകയും ചെയ്യുന്നുവോ? നിങ്ങളോട് എന്ത് പറയേണ്ടു? നിങ്ങളെ പുകഴ്ത്തുകയോ? ഇതിൽ ഞാൻ നിങ്ങളെ പുകഴ്ത്തുന്നില്ല.
23ഞാൻ കർത്താവിൽ നിന്നു പ്രാപിച്ച്, നിങ്ങൾക്ക് ഏല്പിക്കുന്നത് എന്തെന്നാൽ: കർത്താവായ യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ അവൻ അപ്പം എടുത്ത് സ്തോത്രം ചൊല്ലി നുറുക്കി:24ഇത് നിങ്ങൾക്കുവേണ്ടിയുള്ള എന്റെ ശരീരം; എന്റെ ഓർമ്മയ്ക്കായി ഇത് ചെയ്യുവിൻ എന്ന് പറഞ്ഞു.
25അതുപോലെതന്നെ അത്താഴം കഴിഞ്ഞശേഷം, അവൻ പാനപാത്രവും എടുത്തു; ഈ പാനപാത്രം എന്റെ രക്തത്തിൽ പുതിയനിയമം ആകുന്നു; ഇത് കുടിക്കുമ്പോഴൊക്കെയും എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ എന്ന് പറഞ്ഞു.26അങ്ങനെ നിങ്ങൾ ഈ അപ്പം തിന്നുകയും ഈ പാനപാത്രം കുടിക്കുകയും ചെയ്യുമ്പോഴൊക്കെയും കർത്താവ് വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു.
27അതുകൊണ്ട് അയോഗ്യമായ രീതിയിൽ അപ്പം തിന്നുകയോ കർത്താവിന്റെ പാനപാത്രം കുടിയ്ക്കുകയോ ചെയ്യുന്നവൻ എല്ലാം കർത്താവിന്റെ ശരീരവും രക്തവും സംബന്ധിച്ച് കുറ്റക്കാരൻ ആകും.28മനുഷ്യൻ തന്നെത്താൻ പരിശോധിച്ചിട്ടുവേണം ഈ അപ്പം തിന്നുകയും പാനപാത്രത്തിൽനിന്ന് കുടിക്കുകയും ചെയ്യുവാൻ.29അതുകൊണ്ട്, ശരീരത്തെ വിവേചിക്കാതെ4 തിന്നുകയും കുടിക്കുകയും ചെയ്യുന്നവൻ തനിക്കു തന്നെ ശിക്ഷാവിധി ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുന്നു.30അതു കാരണം നിങ്ങളിൽ പലരും ബലഹീനരും രോഗികളും ആകുന്നു; അനേകരും നിദ്രകൊള്ളുന്നു.
31നാം നമ്മെത്തന്നെ വിധിച്ചാൽ വിധിക്കപ്പെടുകയില്ല.32എന്നാൽ നാം വിധിക്കപ്പെടുന്നു എങ്കിലോ ലോകത്തോടുകൂടെ ശിക്ഷാവിധിയിൽ അകപ്പെടാതിരിക്കേണ്ടതിന് കർത്താവ് നമുക്ക് ശിക്ഷണം നൽകുകയാകുന്നു.
33ആകയാൽ സഹോദരന്മാരേ, നിങ്ങൾ ഭക്ഷണം കഴിക്കുവാൻ കൂടുമ്പോൾ അന്യോന്യം കാത്തിരിക്കുവിൻ.34വല്ലവനും വിശക്കുന്നു എങ്കിൽ നിങ്ങൾ ഒരുമിച്ച് കൂടുന്നത് ന്യായവിധിയ്ക്ക് കാരണം ആകാതിരിക്കേണ്ടതിന് അവൻ വീട്ടിൽവച്ച് ഭക്ഷണം കഴിക്കട്ടെ. ശേഷം കാര്യങ്ങളെ ഞാൻ വന്നിട്ട് ക്രമപ്പെടുത്തും.

12
ആത്മികവരങ്ങൾ

1സഹോദരന്മാരേ, ആത്മികവരങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിവില്ലാതിരിക്കരുത് എന്ന് ഞാൻ ആഗ്രഹിക്കുന്നു.2നിങ്ങൾ ജാതികൾ ആയിരുന്നപ്പോൾ നിങ്ങളെ വഴിതെറ്റിച്ചുകളഞ്ഞ ഊമവിഗ്രഹങ്ങളാൽ നടത്തപ്പെട്ടിരുന്നു എന്ന് അറിയുന്നുവല്ലോ.3ആകയാൽ ദൈവാത്മാവിൽ സംസാരിക്കുന്നവൻ ആരും യേശു ശപിക്കപ്പെട്ടവൻ എന്ന് പറയുകയില്ല; പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവ് എന്ന് പറയുവാൻ ആർക്കും കഴിയുകയുമില്ല എന്ന് ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.

4എന്നാൽ കൃപാവരങ്ങളിൽ വ്യത്യാസം ഉണ്ട്; എങ്കിലും ആത്മാവ് ഒന്നത്രേ.5ശുശ്രൂഷകളിൽ വ്യത്യാസം ഉണ്ട്; എങ്കിലും കർത്താവ് ഒരുവൻ.6പ്രവൃത്തികളിൽ വ്യത്യാസം ഉണ്ട്; എങ്കിലും എല്ലാവരിലും എല്ലാം പ്രവർത്തിക്കുന്ന ദൈവം ഒരുവൻ തന്നെ.
7എന്നാൽ ഓരോരുത്തർക്കും ആത്മാവിന്റെ പ്രകാശനം പൊതുപ്രയോജനത്തിനായി നല്കപ്പെടുന്നു.8ഒരാൾക്ക് ആത്മാവിനാൽ ജ്ഞാനത്തിന്റെ വചനവും മറ്റൊരാൾക്ക് അതേ ആത്മാവിനാൽ പരിജ്ഞാനത്തിന്റെ വചനവും നല്കപ്പെടുന്നു;
9വേറൊരാൾക്ക് അതേ ആത്മാവിനാൽ വിശ്വാസം, മറ്റൊരാൾക്ക് അതേ ആത്മാവിനാൽ രോഗശാന്തികളുടെ വരങ്ങൾ;10ഒരാൾക്ക് വീര്യപ്രവൃത്തികൾ; മറ്റൊരാൾക്ക് പ്രവചനം; മറ്റൊരുവന് ആത്മാക്കളുടെ വിവേചനം; വേറൊരുവന് പലവിധ ഭാഷകൾ; മറ്റൊരാൾക്ക് ഭാഷകളുടെ വ്യാഖ്യാനം.11എന്നാൽ ഇത് എല്ലാം പ്രവർത്തിക്കുന്നത് താൻ ഇച്ഛിക്കുംപോലെ അവനവന് അതത് വരം പകുത്തുകൊടുക്കുന്ന ഒരേ ആത്മാവ് തന്നെ.
12ശരീരം ഒന്നാണെങ്കിലും അതിന് പല അവയവങ്ങൾ ഉണ്ടല്ലോ. ശരീരത്തിന്റെ അവയവങ്ങൾ പലതായിരിക്കെ അവ എല്ലാം ചേർന്ന് ഒരു ശരീരം ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും.13യെഹൂദന്മാരോ യവനന്മാരോ ദാസനോ സ്വതന്ത്രനോ നാം എല്ലാവരും ഏകശരീരമാകുമാറ് ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.
14ശരീരം ഒരു അവയവമല്ല പലതത്രേ.15ഞാൻ കൈ അല്ലായ്കകൊണ്ട് ശരീരത്തിലുള്ളതല്ല എന്ന് കാൽ പറയുന്നു എങ്കിൽ അതിനാൽ അത് ശരീരത്തിലുള്ളതല്ല എന്ന് വരികയില്ല.16ഞാൻ കണ്ണ് അല്ലായ്കകൊണ്ട് ശരീരത്തിലുള്ളതല്ല എന്ന് ചെവി പറയുന്നു എങ്കിൽ അതിനാൽ അത് ശരീരത്തിലുള്ളതല്ല എന്നും വരികയില്ല.17ശരീരം മുഴുവൻ കണ്ണായാൽ കേൾവി എവിടെ? മുഴുവൻ ശ്രവണം ആയാൽ ഘ്രാണം1 എവിടെ?
18ദൈവമോ തന്റെ ഇഷ്ടപ്രകാരം അവയവങ്ങളെ ശരീരത്തിൽ വച്ചിരിക്കുന്നു.19എല്ലാം ഒരു അവയവം എങ്കിൽ ശരീരം എവിടെ?20എന്നാൽ അവയവങ്ങൾ പലതെങ്കിലും ശരീരം ഒന്നു തന്നെ.
21കണ്ണ് കയ്യോട്: നിന്നെക്കൊണ്ട് എനിക്ക് ആവശ്യമില്ല എന്നും തല കാലുകളോട്: നിങ്ങളെക്കൊണ്ട് എനിക്ക് ആവശ്യമില്ല എന്നും പറയുവാൻ കഴിയുകയില്ല.22നേരെ മറിച്ച്, ശരീരത്തിൽ ബലം കുറഞ്ഞവ എന്നു തോന്നുന്ന അവയവങ്ങൾ തന്നെ നമുക്ക് ആവശ്യമുള്ളവയാകുന്നു.23ശരീരത്തിൽ മാനം കുറഞ്ഞവ എന്നു തോന്നുന്നവയ്ക്ക് നാം അധികം മാനം അണിയിക്കുന്നു; നമ്മിൽ അഴക് കുറഞ്ഞവയ്ക്ക് അധികം അഴക് വരുത്തുന്നു;24നമ്മിൽ അഴകുള്ള അവയവങ്ങൾക്ക് അത് ആവശ്യമില്ലല്ലോ.
25എന്നാൽ, ശരീരത്തിൽ ഭിന്നത വരാതെ അവയവങ്ങൾ അന്യോന്യം ഒരുപോലെ കരുതേണ്ടതിനായി കുറവുള്ളതിന് അധികം മാനം കൊടുത്തുകൊണ്ട് ശരീരത്തെ ദൈവം കൂട്ടിച്ചേർത്തിരിക്കുന്നു.26അതിനാൽ ഒരു അവയവം കഷ്ടം അനുഭവിക്കുന്നു എങ്കിൽ അവയവങ്ങൾ ഒക്കെയും അതിനോടുകൂടെ കഷ്ടം അനുഭവിക്കുന്നു; ഒരു അവയവത്തിന് മാനം വന്നാൽ അവയവങ്ങൾ ഒക്കെയും അതിനോടുകൂടെ സന്തോഷിക്കുന്നു.27എന്നാൽ നിങ്ങൾ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തൻ വെവ്വേറെയായി അവയവങ്ങളും ആകുന്നു.
28ദൈവം സഭയിൽ ഒന്നാമത് അപ്പൊസ്തലന്മാർ, രണ്ടാമത് പ്രവാചകന്മാർ, മൂന്നാമത് ഉപദേഷ്ടാക്കന്മാർ, ഇങ്ങനെ ഓരോരുത്തരെ നിയമിക്കുകയും, പിന്നെ വീര്യപ്രവൃത്തികൾ, രോഗശാന്തികളുടെ വരങ്ങൾ, സഹായം ചെയ്യുവാനുള്ള വരം, പരിപാലനവരം, വിവിധഭാഷാവരം എന്നിവ നല്കുകയും ചെയ്തു.29എല്ലാവരും അപ്പൊസ്തലന്മാരല്ല. എല്ലാവരും പ്രവാചകന്മാരല്ല. എല്ലാവരും ഉപദേഷ്ടാക്കന്മാരല്ല. എല്ലാവരും വീര്യപ്രവൃത്തികൾ ചെയ്യുന്നവരല്ല.
30എല്ലാവർക്കും രോഗശാന്തിക്കുള്ള വരം ഇല്ല. എല്ലാവരും അന്യഭാഷകളിൽ സംസാരിക്കുന്നില്ല.31എല്ലാവരും വ്യാഖ്യാനിക്കുന്നില്ല. ശ്രേഷ്ഠവരങ്ങളെ വാഞ്ചിക്കുക; ഇനി അതിശ്രേഷ്ഠമായൊരു മാർഗ്ഗം ഞാൻ നിങ്ങൾക്ക് കാണിച്ചുതരാം.


1 12:17 ഘ്രാണം എന്നാൽ മണം

13
സ്നേഹത്തിന്റെ ശ്രേഷ്ഠത

1ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരിക്കുന്നു എങ്കിലും എനിക്ക് സ്നേഹം ഇല്ല എങ്കിൽ ഞാൻ മുഴങ്ങുന്ന ചേങ്കിലയോ ചിലമ്പുന്ന കൈത്താളമോ1 അത്രേ.2എനിക്ക് പ്രവചനവരം ഉണ്ടായിട്ട് സകല മർമ്മങ്ങളും സകല ജ്ഞാനവും ഗ്രഹിച്ചാലും, മലകളെ നീക്കുവാൻതക്ക വിശ്വാസം ഉണ്ടായാലും സ്നേഹമില്ല എങ്കിൽ ഞാൻ ഏതുമില്ല.3എനിക്കുള്ളതെല്ലാം ദരിദ്രരെ പോറ്റുവാൻ ദാനം ചെയ്താലും, എന്റെ ശരീരം ചുടുവാൻ ഏല്പിച്ചാലും, സ്നേഹം ഇല്ല എങ്കിൽ എനിക്ക് ഒരു പ്രയോജനവും ഇല്ല.

4സ്നേഹം ദീർഘമായി ക്ഷമിക്കുന്നു; ദയ കാണിക്കുന്നു; സ്നേഹം അസൂയപ്പെടുന്നില്ല,5ആത്മപ്രശംസ നടത്തുന്നില്ല, സ്നേഹം അഹങ്കരിക്കുന്നില്ല, അയോഗ്യമായി നടക്കുന്നില്ല, സ്വാർത്ഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല;6അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു;7എല്ലാം ക്ഷമിക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിയ്ക്കുന്നു, എല്ലാം സഹിക്കുന്നു.
8സ്നേഹം ഒരുനാളും അവസാനിക്കുന്നില്ല. പ്രവചനവരമോ, അത് നീങ്ങിപ്പോകും; ഭാഷാവരമോ, അത് നിന്നുപോകും; ജ്ഞാനമോ, അത് നീങ്ങിപ്പോകും.9എന്തെന്നാൽ, ഭാഗികമായി മാത്രം നാം അറിയുന്നു; ഭാഗികമായി മാത്രം പ്രവചിക്കുന്നു;10പൂർണ്ണമായത് വരുമ്പോഴോ ഭാഗികമായത് നീങ്ങിപ്പോകും.
11ഞാൻ ശിശുവായിരുന്നപ്പോൾ ശിശുവിനെപ്പോലെ സംസാരിച്ചു, ശിശുവിനെപ്പോലെ ചിന്തിച്ചു, ശിശുവിനെപ്പോലെ നിരൂപിച്ചു; പുരുഷനായ ശേഷമോ ഞാൻ ശിശുവിനുള്ളത് ത്യജിച്ചുകളഞ്ഞു.12എന്തെന്നാൽ ഇപ്പോൾ നാം കണ്ണാടിയിൽ അവ്യക്തമായി കാണുന്നു; അപ്പോൾ മുഖാമുഖമായി കാണും; ഇപ്പോൾ ഞാൻ ഭാഗികമായി അറിയുന്നു; അപ്പോഴോ ഞാൻ പൂർണ്ണമായി അറിയപ്പെട്ടതുപോലെ ഞാൻ പൂർണ്ണമായി തന്നെ അറിയും.13ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു; ഇവയിൽ വലിയതോ സ്നേഹം തന്നെ.


1 13:1 കൈത്താളം എന്നാൽ ഒരു വാദ്യോപകരണം.

14
പ്രവചനവരവും ഭാഷാവരവും

1സ്നേഹം ആചരിക്കുവാൻ ഉത്സാഹിക്കുവിൻ! ആത്മികവരങ്ങളും വിശേഷാൽ പ്രവചനവരവും വാഞ്ഛിക്കുവിൻ.2എന്തെന്നാൽ അന്യഭാഷയിൽ സംസാരിക്കുന്നവൻ മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നു; ആരും തിരിച്ചറിയുന്നില്ലല്ലോ; എങ്കിലും അവൻ ആത്മാവിൽ മർമ്മങ്ങൾ സംസാരിക്കുന്നു.3പ്രവചിക്കുന്നവൻ ആത്മികവർദ്ധനയ്ക്കും പ്രബോധനത്തിനും ആശ്വാസത്തിനുമായി മനുഷ്യരോട് സംസാരിക്കുന്നു.4അന്യഭാഷയിൽ സംസാരിക്കുന്നവൻ തനിക്കുതന്നെ ആത്മികവർദ്ധന വരുത്തുന്നു; എന്നാൽ പ്രവചിക്കുന്നവൻ സഭയ്ക്ക് ആത്മികവർദ്ധന വരുത്തുന്നു.

5നിങ്ങൾ എല്ലാവരും അന്യഭാഷകളിൽ സംസാരിക്കണം എന്നും കൂടുതലായി പ്രവചിക്കണം എന്നും ഞാൻ ആഗ്രഹിക്കുന്നു. അന്യഭാഷകളിൽ സംസാരിക്കുന്നവൻ സഭയ്ക്ക് ആത്മികവർദ്ധന ലഭിക്കേണ്ടതിന്, താൻ സംസാരിച്ചത് വ്യാഖ്യാനിക്കുന്നില്ലെങ്കിൽ പ്രവചിക്കുന്നവൻ അവനേക്കാൾ വലിയവൻ.6സഹോദരന്മാരേ, ഞാൻ വെളിപ്പാടായിട്ടോ ജ്ഞാനമായിട്ടോ പ്രവചനമായിട്ടോ ഉപദേശമായിട്ടോ നിങ്ങളോട് സംസാരിക്കാതെ അന്യഭാഷകളിൽ സംസാരിച്ചുകൊണ്ട് നിങ്ങളുടെ അടുക്കൽ വന്നാൽ നിങ്ങൾക്ക് എന്ത് പ്രയോജനം?
7കുഴൽ, വീണ എന്നിങ്ങനെ ശബ്ദം ഉണ്ടാക്കുന്ന നിർജ്ജീവസാധനങ്ങൾ തന്നെയും ശബ്ദവ്യത്യാസം കാണിക്കാതിരുന്നാൽ ഊതിയതോ മീട്ടിയതോ എതാണെന്ന് എങ്ങനെ അറിയും?8കാഹളം ഊതുമ്പോൾ അതിന്റെ ശബ്ദം വ്യക്തമായി പുറപ്പെടുവിച്ചില്ലെങ്കിൽ യുദ്ധത്തിനു ആർ ഒരുങ്ങും?9അതുപോലെ നിങ്ങളും നാവുകൊണ്ട് വ്യക്തമായ വാക്ക് ഉച്ചരിക്കാതിരുന്നാൽ സംസാരിക്കുന്നത് എന്തെന്ന് എങ്ങനെ അറിയും? നിങ്ങൾ കാറ്റിനോട് സംസാരിക്കുന്നവരെ പോലെ ആകുമല്ലോ.
10ലോകത്തിൽ വിവിധ ഭാഷകൾ അനവധി ഉണ്ട്; അവയിൽ ഒന്നും അർത്ഥമില്ലാത്തതല്ല.11ഞാൻ ഭാഷയുടെ അർത്ഥം അറിയാതിരുന്നാൽ സംസാരിക്കുന്നവന് ഞാൻ ബർബ്ബരൻ1 ആയിരിക്കും; സംസാരിക്കുന്നവൻ എനിക്കും ബർബ്ബരൻ ആയിരിക്കും.
12അതുപോലെ നിങ്ങളും ആത്മവരങ്ങളെക്കുറിച്ച് തീക്ഷ്ണതയുള്ളവരാകയാൽ സഭയുടെ ആത്മിക വർദ്ധനയ്ക്കായി, ശ്രേഷ്ഠമായതിനു വേണ്ടി പരിശ്രമിക്കുവിൻ.13അതുകൊണ്ട് അന്യഭാഷയിൽ സംസാരിക്കുന്നവൻ വ്യാഖ്യാനവരത്തിനായി പ്രാർത്ഥിക്കട്ടെ.14എന്തെന്നാൽ ഞാൻ അന്യഭാഷയിൽ പ്രാർത്ഥിക്കുന്നു എങ്കിൽ എന്റെ ആത്മാവ് പ്രാർത്ഥിക്കുന്നു; എന്റെ ബുദ്ധിയോ ഫലമില്ലാത്തതായിരിക്കുന്നു.
15അപ്പോൾ ഞാൻ എന്ത് ചെയ്യേണം? ഞാൻ ആത്മാവുകൊണ്ട് പ്രാർത്ഥിക്കും; ബുദ്ധികൊണ്ടും പ്രാർത്ഥിക്കും; ആത്മാവുകൊണ്ട് പാടും; ബുദ്ധികൊണ്ടും പാടും.16അല്ല, നീ ആത്മാവുകൊണ്ട് സ്തോത്രം ചൊല്ലിയാൽ ആത്മവരമില്ലാത്തവന് നീ പറയുന്നത് മനസ്സിലാകാത്തതുകൊണ്ട് നിന്റെ സ്തോത്രത്തിന് എങ്ങനെ ആമേൻ പറയും?
17നീ നന്നായി സ്തോത്രം ചൊല്ലുന്നു സത്യം; എങ്കിലും കേൾക്കുന്നവന് ആത്മികവർദ്ധന വരുന്നില്ലതാനും.18നിങ്ങളെല്ലാവരിലും അധികം ഞാൻ അന്യഭാഷകളിൽ സംസാരിക്കുന്നതുകൊണ്ട് ഞാൻ ദൈവത്തെ സ്തുതിക്കുന്നു.19എങ്കിലും സഭയിൽ പതിനായിരം വാക്ക് അന്യഭാഷയിൽ സംസാരിക്കുന്നതിനേക്കാൾ അധികം, മറ്റുള്ളവരെയും പഠിപ്പിക്കേണ്ടതിന് ബുദ്ധികൊണ്ട് അഞ്ചുവാക്ക് പറയുവാൻ ഞാൻ ഇച്ഛിക്കുന്നു.

20സഹോദരന്മാരേ, ബുദ്ധിയിൽ കുഞ്ഞുങ്ങൾ ആകരുത്; എങ്കിലും, തിന്മയ്ക്ക് ശിശുക്കൾ ആയിരിക്കുവിൻ; ബുദ്ധിയിലോ മുതിർന്നവരാകുവിൻ.
21“അന്യഭാഷകളാലും അന്യന്മാരുടെ അധരങ്ങളാലും ഞാൻ ഈ ജനത്തോട് സംസാരിക്കും എങ്കിലും അവർ എന്റെ വാക്ക് കേൾക്കുകയില്ല എന്ന് കർത്താവ് അരുളിച്ചെയ്യുന്നു”
എന്ന് ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നു.
22അതുകൊണ്ട് അന്യഭാഷകൾ അടയാളമായിരിക്കുന്നത് വിശ്വാസികൾക്കല്ല, അവിശ്വാസികൾക്കത്രേ; പ്രവചനമോ അവിശ്വാസികൾക്കല്ല, വിശ്വാസികൾക്ക് തന്നെ.23സഭ ഒക്കെയും ഒരുമിച്ചുകൂടി എല്ലാവരും അന്യഭാഷകളിൽ സംസാരിക്കുന്നു എങ്കിൽ ആത്മവരമില്ലാത്തവരോ അവിശ്വാസികളോ അകത്ത് വന്നാൽ നിങ്ങൾക്ക് ഭ്രാന്തുണ്ട് എന്ന് പറയുകയില്ലയോ?
24എല്ലാവരും പ്രവചിക്കുന്നു എങ്കിലോ അവിശ്വാസിയോ ആത്മവരമില്ലാത്തവനോ അകത്തുവന്നാൽ എല്ലാവരുടെ വാക്കിനാലും അവന് പാപബോധം വരും; അവൻ എല്ലാവരാലും വിലയിരുത്തപ്പെടും.25അവന്റെ ഹൃദയരഹസ്യങ്ങളും വെളിപ്പെട്ടുവരും; അങ്ങനെ അവൻ കവിണ്ണുവീണ്, ദൈവം വാസ്തവമായി നിങ്ങളുടെ ഇടയിൽ ഉണ്ട് എന്ന് ഏറ്റുപറഞ്ഞ് ദൈവത്തെ നമസ്കരിക്കും.
ക്രമപ്രകാരമുള്ള ആരാധന

26ആകയാൽ എന്ത്? സഹോദരന്മാരേ, നിങ്ങൾ കൂടിവരുമ്പോൾ ഓരോരുത്തന് സങ്കീർത്തനം ഉണ്ട്, ഉപദേശം ഉണ്ട്, വെളിപ്പാട് ഉണ്ട്, അന്യഭാഷ ഉണ്ട്, വ്യാഖ്യാനം ഉണ്ട്, സകലവും ആത്മികവർദ്ധനയ്ക്കുവേണ്ടി ചെയ്യട്ടെ.27അന്യഭാഷയിൽ സംസാരിക്കുന്നു എങ്കിൽ രണ്ടുപേരോ ഏറിയാൽ മൂന്നുപേരോ ആകട്ടെ; അവർ ഓരോരുത്തനായി സംസാരിക്കുകയും ഒരുവൻ വ്യാഖ്യാനിക്കുകയും ചെയ്യട്ടെ.28എന്നാൽ, വ്യാഖ്യാനി ഇല്ലാതിരുന്നാൽ അന്യഭാഷക്കാരൻ സഭയിൽ മിണ്ടാതെ, തന്നോടും ദൈവത്തോടും സംസാരിക്കട്ടെ.
29പ്രവാചകന്മാർ രണ്ട് മൂന്ന് പേർ സംസാരിക്കുകയും മറ്റുള്ളവർ വിലയിരുത്തുകയും ചെയ്യട്ടെ.30എന്നാൽ സഭയിൽ ഇരിക്കുന്നവനായ മറ്റൊരുവന് വെളിപ്പാടുണ്ടായാലോ ഒന്നാമത്തവൻ മിണ്ടാതിരിക്കട്ടെ.
31എന്തെന്നാൽ എല്ലാവരും പഠിക്കുവാനും എല്ലാവർക്കും പ്രബോധനം ലഭിക്കുവാനുമായി നിങ്ങൾക്ക് എല്ലാവർക്കും ഓരോരുത്തനായി പ്രവചിക്കാമല്ലോ.32പ്രവാചകന്മാരുടെ ആത്മാക്കൾ പ്രവാചകന്മാർക്ക് കീഴടങ്ങിയിരിക്കുന്നു.33ദൈവം കലക്കത്തിന്റെ ദൈവമല്ല, മറിച്ച് സമാധാനത്തിന്റെ ദൈവമത്രേ.

34വിശുദ്ധന്മാരുടെ സർവ്വസഭകളിലും എന്നപോലെ സ്ത്രീകൾ സഭായോഗങ്ങളിൽ മിണ്ടാതിരിക്കട്ടെ; എന്തെന്നാൽ ന്യായപ്രമാണവും പറയുന്നതുപോലെ കീഴടങ്ങിയിരിക്കുവാനല്ലാതെ സംസാരിക്കുവാൻ അവർക്ക് അനുവാദമില്ല.35അവർ വല്ലതും പഠിക്കുവാൻ ഇച്ഛിക്കുന്നു എങ്കിൽ വീട്ടിൽവച്ച് ഭർത്താക്കന്മാരോടു ചോദിച്ചുകൊള്ളട്ടെ; സ്ത്രീ സഭയിൽ സംസാരിക്കുന്നത് അനുചിതമല്ലോ.36ദൈവവചനം നിങ്ങളുടെ ഇടയിൽനിന്നോ പുറപ്പെട്ടത്? അല്ല, നിങ്ങൾക്ക് മാത്രമോ വന്നത്?

37താൻ പ്രവാചകൻ എന്നോ ആത്മികൻ എന്നോ ഒരാൾക്ക് തോന്നുന്നു എങ്കിൽ, ഞാൻ നിങ്ങൾക്ക് എഴുതുന്നത് കർത്താവിന്റെ കല്പന ആകുന്നു എന്ന് അവൻ അറിഞ്ഞുകൊള്ളട്ടെ.38ഒരുവൻ അറിയുന്നില്ലെങ്കിൽ അവൻ അറിയാതിരിക്കട്ടെ.

39അതുകൊണ്ട് സഹോദരന്മാരേ, പ്രവചനവരം വാഞ്ചിക്കുവിൻ; അന്യഭാഷകളിൽ സംസാരിക്കുന്നത് വിലക്കുകയുമരുത്.40എന്നാൽ, സകലവും ഉചിതമായും ക്രമമായും നടക്കട്ടെ.


1 14. 11 ബർബ്ബരൻ എന്നാൽ അപരിഷ്കൃതർ.

15
ക്രിസ്തുവിന്റെ പുനരുത്ഥാനം

1എന്നാൽ സഹോദരന്മാരേ, ഞാൻ നിങ്ങളോട് പ്രസംഗിച്ചതും നിങ്ങൾ സ്വീകരിച്ചതും, നിങ്ങൾ നിലനില്ക്കുന്നതും2നിങ്ങൾ രക്ഷിയ്ക്കപ്പെട്ടതുമായ സുവിശേഷം നിങ്ങൾ മുറുകെപ്പിടിക്കുക. അല്ലെങ്കിൽ നിങ്ങൾ വിശ്വസിച്ചത് വെറുതെ ആയിപ്പോകും എന്ന് ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കുന്നു.

3ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി തിരുവെഴുത്തുകളിൻപ്രകാരം മരിച്ച്4അടക്കപ്പെട്ടു തിരുവെഴുത്തുകളിൻപ്രകാരം മൂന്നാംദിവസം ഉയിർത്തെഴുന്നേറ്റു.
5കേഫാവിനും1 പിന്നെ പന്ത്രണ്ട് പേർക്കും പ്രത്യക്ഷനായി എന്നിങ്ങനെ ഏറ്റവും പ്രധാനമായി ഞാൻ മനസ്സിലാക്കിയതുതന്നെ നിങ്ങൾക്ക് ഏല്പിച്ചുതന്നുവല്ലോ.6അതിന് ശേഷം അവൻ അഞ്ഞൂറിൽ അധികം സഹോദരന്മാർക്ക് ഒരുമിച്ച് പ്രത്യക്ഷനായി; അവർ മിക്കപേരും ഇന്നുവരെ ജീവനോടിരിക്കുന്നു; ചിലരോ നിദ്രപ്രാപിച്ചിരിക്കുന്നു.7പിന്നീട് അവൻ യാക്കോബിനും ശേഷം, അപ്പൊസ്തലന്മാർ എല്ലാവർക്കും പ്രത്യക്ഷനായി.
8എല്ലാവർക്കും ഒടുവിൽ, സമയം തെറ്റി ജനിച്ച എനിക്കും പ്രത്യക്ഷനായി;9എന്തെന്നാൽ ഞാൻ അപ്പൊസ്തലന്മാരിൽ ഏറ്റവും ചെറിയവനല്ലോ; ദൈവസഭയെ ഉപദ്രവിച്ചതിനാൽ അപ്പൊസ്തലൻ എന്ന പേരിന് യോഗ്യനുമല്ല.
10എങ്കിലും ഞാൻ ആകുന്നത് ദൈവകൃപയാൽ ആകുന്നു; എന്നോടുള്ള അവന്റെ കൃപ വ്യർത്ഥമായതുമില്ല; അവരെല്ലാവരെക്കാളും ഞാൻ കൂടുതൽ അദ്ധ്വാനിച്ചിരിക്കുന്നു; എന്നാൽ ഞാനല്ല എന്നോടുകൂടെയുള്ള ദൈവകൃപയത്രേ.11ഞാനാകട്ടെ അവരാകട്ടെ ഇപ്രകാരം ഞങ്ങൾ പ്രസംഗിക്കുന്നു; അത് നിങ്ങൾ വിശ്വസിച്ചുമിരിക്കുന്നു.
മരിച്ചവരുടെ പുനരുത്ഥാനം

12ക്രിസ്തു മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റു എന്ന് പ്രസംഗിക്കപ്പെടുന്നു എങ്കിൽ, മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എന്ന് നിങ്ങളിൽ ചിലർ പറയുന്നത് എങ്ങനെ?13എന്നാൽ മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കിൽ ക്രിസ്തുവും ഉയിർത്തെഴുന്നേറ്റിട്ടില്ല.14ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥമാണ്; നിങ്ങളുടെ വിശ്വാസവും വ്യർത്ഥമാണ്.
15മരിച്ചവർ ഉയിർക്കപ്പെടുന്നില്ല എന്ന് വരികിൽ ദൈവം ഉയിർപ്പിച്ചിട്ടില്ലാത്ത ക്രിസ്തുവിനെ അവൻ ഉയിർപ്പിച്ചു എന്ന് ദൈവത്തിന് വിരോധമായി സാക്ഷ്യം പറയുകയാൽ ഞങ്ങൾ ദൈവത്തിന് കള്ള സാക്ഷികൾ എന്നറിയപ്പെടും.16എന്തെന്നാൽ മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നില്ല എങ്കിൽ ക്രിസ്തുവും ഉയിർത്തിട്ടില്ല.17ക്രിസ്തു ഉയിർത്തിട്ടില്ല എങ്കിൽ നിങ്ങളുടെ വിശ്വാസം വ്യർത്ഥമത്രേ; നിങ്ങൾ ഇന്നും നിങ്ങളുടെ പാപങ്ങളിൽ ഇരിക്കുന്നു.
18അപ്പോൾ ക്രിസ്തുവിൽ മരിച്ചവരും നശിച്ചുപോയി.19ഈ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശ വച്ചിരിക്കുന്നു എങ്കിൽ നാം സകല മനുഷ്യരിലും ദയനീയരത്രേ.

20എന്നാൽ ക്രിസ്തു നിദ്രകൊണ്ടവരുടെ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തിരിക്കുന്നു.21എന്തെന്നാൽ മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.
22ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടും.23എന്നാൽ ഓരോരുത്തരും അവനവന്റെ ക്രമത്തിൽ ആയിരിക്കും; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിനുള്ളവർ അവന്റെ വരവിങ്കൽ;
24പിന്നെ അവസാനം; അന്ന് അവൻ എല്ലാ വാഴ്ചയ്ക്കും അധികാരത്തിനും ശക്തിക്കും നീക്കം വരുത്തിയിട്ട് രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും.25എന്തെന്നാൽ അവൻ സകലശത്രുക്കളെയും തന്റെ കാൽക്കീഴാക്കുവോളം വാഴേണ്ടതാകുന്നു.26അവസാനത്തെ ശത്രുവായിട്ട് മരണം നീങ്ങിപ്പോകും.
27സകലത്തെയും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു എന്നുണ്ടല്ലോ; എന്നാൽ സകലവും അവന് കീഴ്പെട്ടിരിക്കുന്നു എന്ന് അവൻ പറഞ്ഞാൽ, സകലത്തെയും കീഴാക്കിക്കൊടുത്തവൻ ഒഴികെയത്രേ എന്ന് സ്പഷ്ടം.28എന്നാൽ അവന് സകലവും കീഴ്പെട്ടുവന്നശേഷം ദൈവം സകലത്തിലും സകലവും ആകേണ്ടതിന്, പുത്രൻ താനും സകലവും തനിക്ക് കീഴാക്കിക്കൊടുത്തവന് കീഴ്പെട്ടിരിക്കും.

29അല്ല, മരിച്ചവർക്കുവേണ്ടി സ്നാനം ഏല്ക്കുന്നവർ എന്ത് ചെയ്യും? മരിച്ചവർ ഉയിർക്കുന്നില്ലെങ്കിൽ അവർക്കുവേണ്ടി സ്നാനം ഏല്ക്കുന്നത് എന്തിന്?30ഞങ്ങളും ഓരോ മണിക്കൂറും പ്രാണഭയത്തിൽ കഴിയുന്നത് എന്തിന്?
31സഹോദരന്മാരേ, നമ്മുടെ കർത്താവായ ക്രിസ്തുയേശുവിങ്കൽ എനിക്ക് നിങ്ങളിലുള്ള പ്രശംസയാണ ഞാൻ ദിവസേന മരിക്കുന്നു.32ഞാൻ എഫെസൊസിൽവച്ച് വന്യമൃഗങ്ങളോട് യുദ്ധം ചെയ്തത് വെറും മാനുഷികം എന്നുവരികിൽ എനിക്ക് എന്ത് പ്രയോജനം? മരിച്ചവർ ഉയിർക്കുന്നില്ലെങ്കിൽ നാം തിന്നുക, കുടിക്കുക, നാളെ ചാകുമല്ലോ.
33വഞ്ചിക്കപ്പെടരുത്, “ദുഷിച്ച കൂട്ടുകെട്ട് സദാചാരം നശിപ്പിക്കുന്നു.”34സുബോധമുള്ളവരായി ഉണരുവിൻ; പാപം ചെയ്യാതിരിക്കുവിൻ; എന്തെന്നാൽ ചിലർക്ക് ദൈവത്തെക്കുറിച്ച് പരിജ്ഞാനമില്ല; ഞാൻ നിങ്ങൾക്ക് ലജ്ജയ്ക്കായി പറയുന്നു.
ശരീരത്തിന്റെ പുനരുത്ഥാനം

35പക്ഷേ ചിലർ ചോദിച്ചേക്കാം; “മരിച്ചവർ എങ്ങനെ ഉയിർക്കുന്നു?” “ഏതുവിധം ശരീരത്തോടെ അവർ വരും?”36മൂഢാ, നീ വിതയ്ക്കുന്നത് ചത്തില്ല എങ്കിൽ ജീവിക്കുന്നില്ല.
37നീ വിതയ്ക്കുന്നതോ ഉണ്ടാകുവാനുള്ള ശരീരമല്ല, ഗോതമ്പിന്റെയോ മറ്റു വല്ലതിന്റെയോ വെറും മണിയത്രേ വിതയ്ക്കുന്നത്;38ദൈവമോ തന്റെ ഇഷ്ടംപോലെ അതിന് ഒരു ശരീരവും, ഓരോ വിത്തിന് അതതിന്റെ ശരീരവും കൊടുക്കുന്നു.39സകല മാംസവും ഒരുപോലെയുള്ള മാംസമല്ല; മനുഷ്യരുടെ മാംസം വേറെ, മൃഗങ്ങളുടെ മാംസം വേറെ, പക്ഷികളുടെ മാംസം വേറെ, മത്സ്യങ്ങളുടെ മാംസവും വേറെ.
40സ്വർഗ്ഗീയ ശരീരങ്ങളും ഭൗമശരീരങ്ങളും ഉണ്ട്; എന്നാൽ, സ്വർഗ്ഗീയശരീരങ്ങളുടെ തേജസ്സ് വേറെ, ഭൗമ ശരീരങ്ങളുടെ തേജസ്സ് വേറെ.41സൂര്യന്റെ തേജസ്സ് വേറെ, ചന്ദ്രന്റെ തേജസ്സ് വേറെ, നക്ഷത്രങ്ങളുടെ തേജസ്സ് വേറെ; നക്ഷത്രവും നക്ഷത്രവും തമ്മിൽ തേജസ്സുകൊണ്ട് വ്യത്യാസം ഉണ്ടല്ലോ.
42മരിച്ചവരുടെ പുനരുത്ഥാനവും അപ്രകാരം തന്നെ. നശ്വരമായതിൽ വിതയ്ക്കപ്പെടുന്നു, അനശ്വരമായതിൽ ഉയിർക്കുന്നു;43അപമാനത്തിൽ വിതയ്ക്കപ്പെടുന്നു, തേജസ്സിൽ ഉയിർക്കുന്നു; ബലഹീനതയിൽ വിതയ്ക്കപ്പെടുന്നു, ശക്തിയിൽ ഉയിർക്കുന്നു;44ഭൗമികശരീരം വിതയ്ക്കപ്പെടുന്നു, ആത്മികശരീരം ഉയിർക്കുന്നു; ഭൗമികശരീരം ഉണ്ടെങ്കിൽ ആത്മിക ശരീരവും ഉണ്ട്.
45ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു എന്ന് എഴുതിയുമിരിക്കുന്നുവല്ലോ; ഒടുവിലത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി.46എന്നാൽ ആത്മികമല്ല പ്രാകൃതമത്രേ ഒന്നാമത്തേത്; ആത്മികം പിന്നത്തേതിൽ വരുന്നു.
47ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്ന് മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ.48മണ്ണുകൊണ്ടുള്ളവനെപ്പോലെ മണ്ണുകൊണ്ടുള്ളവരും സ്വർഗ്ഗീയനെപ്പോലെ സ്വർഗ്ഗീയന്മാരും ആകുന്നു;49നാം മണ്ണുകൊണ്ടുള്ളവന്റെ പ്രതിമ ധരിച്ചതുപോലെ സ്വർഗ്ഗീയന്റെ പ്രതിമയും ധരിക്കും.

50സഹോദരന്മാരേ, മാംസരക്തങ്ങൾക്ക് ദൈവരാജ്യത്തെ അവകാശമാക്കുവാൻ കഴിയുകയില്ല, നശ്വരമായത് അനശ്വരമായതിനെ അവകാശമാക്കുകയുമില്ല എന്ന് ഞാൻ പറയുന്നു.51ഞാൻ ഒരു മർമ്മം നിങ്ങളോട് പറയാം: നാം എല്ലാവരും നിദ്രകൊള്ളുകയില്ല;
52എന്നാൽ അവസാനത്തെ കാഹളം ധ്വനിക്കുമ്പോൾ പെട്ടെന്ന് കണ്ണിമയ്ക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. എന്തെന്നാൽ, കാഹളം ധ്വനിക്കും, മരിച്ചവർ അക്ഷയരായി ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും.53ഈ നശ്വരമായത് അനശ്വരമായതിനെയും ഈ മർത്യമായത് അമർത്യത്വത്തെയും ധരിക്കേണ്ടതല്ലയോ.
54ഈ ദ്രവത്വമുള്ളത് അദ്രവത്വത്തെയും ഈ മർത്യമായത് അമർത്യത്വത്തെയും ധരിക്കുമ്പോൾ “മരണം നീങ്ങി ജയം വന്നിരിക്കുന്നു” എന്ന് എഴുതിയ വചനം നിവൃത്തിയാകും.55ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ള് എവിടെ?
56മരണത്തിന്റെ വിഷമുള്ള് പാപം; പാപത്തിന്റെ ശക്തിയോ ന്യായപ്രമാണം.57എന്നാൽ നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്ക് ജയം നല്കുന്ന ദൈവത്തിന് സ്തോത്രം.
58ആകയാൽ എന്റെ പ്രിയ സഹോദരന്മാരേ, നിങ്ങൾ ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കർത്താവിൽ വ്യർത്ഥമല്ല എന്ന് അറിഞ്ഞിരിക്കുകയാൽ കർത്താവിന്റെ വേലയിൽ എപ്പോഴും വർദ്ധിച്ചുവരുന്നവരും ആകുവിൻ.


1 15:5 പത്രൊസിന്റെ മറ്റൊരു പേരാണ് കേഫാവ്

16
ദൈവജനത്തിനുവേണ്ടിയുള്ള ധർമ്മശേഖരം

1വിശുദ്ധന്മാർക്ക് വേണ്ടിയുള്ള ധനശേഖരണത്തിന്റെ കാര്യത്തിലോ ഞാൻ ഗലാത്യസഭകളോട് ആജ്ഞാപിച്ചതുപോലെ നിങ്ങളും ചെയ്യുവിൻ.2ഞാൻ വരുമ്പോൾ ശേഖരണം നടത്താതിരിക്കേണ്ടതിന്, എല്ലാ ആഴ്ചയുടെ ഒന്നാം ദിവസംതോറും നിങ്ങളിൽ ഓരോരുത്തൻ തന്റെ കഴിവിനനുസരിച്ച് മാറ്റി വച്ചു സൂക്ഷിക്കണം.

3ഞാൻ എത്തിയശേഷം നിങ്ങളുടെ ദാ‍നം യെരൂശലേമിലേക്ക് കൊണ്ടുപോകുവാൻ നിങ്ങൾ അംഗീകരിക്കുന്നവരെ ഞാൻ എഴുത്തോടുകൂടെ അയയ്ക്കും.4ഞാനും പോകണമെന്നത് യോഗ്യമായിരുന്നാൽ അവർക്ക് എന്നോടുകൂടെ പോരാം.
വ്യക്തിപരമായ അപേക്ഷകൾ

5മക്കെദോന്യയിൽകൂടി കടന്ന ശേഷം ഞാൻ നിങ്ങളുടെ അടുക്കൽ വരും; മക്കെദോന്യയിൽകൂടി ആകുന്നു ഞാൻ വരുന്നത്.6ഞാൻ പോകുന്നിടത്തേക്ക് നിങ്ങൾ എന്നെ യാത്ര അയക്കുവാൻ തക്കവണ്ണം ഒരുപക്ഷേ നിങ്ങളോടുകൂടെ പാർക്കും; തണുപ്പുകാലംകൂടെ കഴിക്കുമായിരിക്കും.
7കർത്താവ് അനുവദിച്ചാൽ കുറേക്കാലം നിങ്ങളോടുകൂടെ പാർക്കുവാൻ ആശിക്കുന്നതുകൊണ്ട് ഞാൻ ഈ പ്രാവശ്യം കടന്നുപോകുംവഴിയിൽ അല്ല നിങ്ങളെ കാണുവാൻ ഇച്ഛിക്കുന്നത്.8എന്നാൽ എഫെസൊസിൽ ഞാൻ പെന്തെക്കൊസ്ത് വരെ പാർക്കും.9എന്തെന്നാൽ എനിക്ക് വലിയതും സഫലവുമായൊരു വാതിൽ തുറന്നിരിക്കുന്നു; എതിരാളികളും പലർ ഉണ്ട്.

10തിമൊഥെയൊസ് വന്നാൽ അവൻ നിങ്ങളുടെ ഇടയിൽ നിർഭയനായിരിക്കുവാൻ നോക്കുവിൻ; എന്നെപ്പോലെ തന്നെ അവൻ കർത്താവിന്റെ വേല ചെയ്യുന്നുവല്ലോ.11അതുകൊണ്ട്, ആരും അവനെ തുഛീകരിക്കരുത്; ഞാൻ സഹോദരന്മാരുമായി അവനെ കാത്തിരിക്കുകകൊണ്ട് എന്റെ അടുക്കൽ വരുവാൻ അവനെ സമാധാനത്തോടെ യാത്ര അയക്കുവിൻ.12സഹോദരനായ അപ്പൊല്ലോസിന്റെ കാര്യമോ, അവൻ സഹോദരന്മാരോടുകൂടെ നിങ്ങളുടെ അടുക്കൽ വരേണം എന്ന് ഞാൻ അവനോട് വളരെ അപേക്ഷിച്ചു എങ്കിലും ഇപ്പോൾ വരുവാൻ അവന് ഒട്ടും താല്പര്യമില്ല; അവസരം കിട്ടിയാൽ അവൻ വരും.

13ഉണർന്നിരിക്കുവിൻ; വിശ്വാസത്തിൽ നിലനിൽക്കുവിൻ; പുരുഷത്വം കാണിക്കുവിൻ; ശക്തിപ്പെടുവിൻ.14നിങ്ങൾ ചെയ്യുന്നതെല്ലാം സ്നേഹത്തിൽ ചെയ്യുവിൻ.

15സഹോദരന്മാരേ, സ്തെഫാനാസിന്റെ കുടുംബം അഖായയിലെ ആദ്യഫലം എന്നും അവർ വിശുദ്ധന്മാരുടെ ശുശ്രൂഷയ്ക്ക് തങ്ങളെത്തന്നെ ഏല്പിച്ചിരിക്കുന്നു എന്നും നിങ്ങൾ അറിയുന്നുവല്ലോ.16ഇങ്ങനെയുള്ളവർക്കും അവരോടുകൂടെ പ്രവർത്തിക്കുകയും അദ്ധ്വാനിക്കുകയും ചെയ്യുന്ന ഏവനും നിങ്ങളും കീഴ്പെട്ടിരിക്കണം എന്ന് ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു.
17സ്തെഫാനാസും ഫൊർത്തുനാതൊസും അഖായിക്കൊസും വന്നത് എനിക്ക് സന്തോഷമായി. നിങ്ങളുടെ ഭാഗത്ത് കുറവായിരുന്നത് അവർ നികത്തിയിരിക്കുന്നു.18എന്തെന്നാൽ അവർ എന്റെ മനസ്സിലും നിങ്ങളുടെ മനസ്സിലും ഉന്മേഷം പകർന്നതുകൊണ്ട് ഇങ്ങനെയുള്ളവരെ മാനിച്ചുകൊള്ളുവിൻ.
അന്ത്യാഭിവാദനങ്ങൾ

19ആസ്യയിലെ സഭകൾ നിങ്ങളെ വന്ദനം ചെയ്യുന്നു; അക്വിലാവും പ്രിസ്കയും അവരുടെ ഭവനത്തിലെ സഭയോടുകൂടെ കർത്താവിൽ നിങ്ങളെ ഹൃദ്യമായി വന്ദനം ചെയ്യുന്നു.20സകല സഹോദരന്മാരും നിങ്ങളെ വന്ദനം ചെയ്യുന്നു; വിശുദ്ധചുംബനത്താൽ അന്യോന്യം വന്ദനം ചെയ്യുവിൻ.

21പൗലൊസ് എന്ന ഞാൻ എന്റെ സ്വന്തകയ്യാൽ വന്ദനം ചെയ്യുന്നു.22കർത്താവിനെ സ്നേഹിക്കാത്തവൻ ഏവനും ശപിക്കപ്പെട്ടവൻ! നമ്മുടെ കർത്താവ് വരുന്നു.23കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.24ക്രിസ്തുയേശുവിൽ എന്റെ സ്നേഹം നിങ്ങളെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ. ആമേൻ.

൨. കൊരിന്ത്യർ

1
അഭിവാദനം

1ദൈവഹിതത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലൊസും, സഹോദരനായ തിമൊഥെയൊസും കൊരിന്തിലെ ദൈവസഭയ്ക്കും അഖായയിൽ എല്ലായിടങ്ങളിലുമുള്ളതായ സകലവിശുദ്ധന്മാർക്കും കൂടെ എഴുതുന്നത്:2നമ്മുടെ പിതാവായ ദൈവത്തിങ്കൽ നിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ.

സകല ആശ്വാസങ്ങളുടെയും ദൈവം

3കരുണ നിറഞ്ഞ പിതാവും സർവ്വ ആശ്വാസത്തിന്റെ ദൈവവുമായ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.4ദൈവം നമ്മെ ആശ്വസിപ്പിച്ചിരിക്കുന്ന ആശ്വാസത്താൽ ഏതെങ്കിലും കഷ്ടങ്ങളിലായിരിക്കുന്നവരെ ആശ്വസിപ്പിക്കുവാൻ കഴിവുള്ളവരായിത്തീരത്തക്കവണ്ണം നമ്മുടെ കഷ്ടങ്ങളിൽ ഒക്കെയും അവൻ നമ്മെ ആശ്വസിപ്പിച്ചിരിക്കുന്നു.
5എന്തെന്നാൽ ക്രിസ്തുവിന്റെ കഷ്ടങ്ങൾ ഞങ്ങളിൽ പെരുകുന്നതുപോലെ തന്നെ ക്രിസ്തുവിനാൽ ഞങ്ങളുടെ ആശ്വാസവും പെരുകുന്നു.6ഞങ്ങൾ കഷ്ടം അനുഭവിക്കുന്നു എങ്കിൽ അത് നിങ്ങളുടെ ആശ്വാസത്തിനും രക്ഷയ്ക്കും ആകുന്നു; ഞങ്ങൾക്ക് ആശ്വാസം വരുന്നു എങ്കിൽ അത് ഞങ്ങൾ സഹിക്കുന്ന കഷ്ടങ്ങൾ തന്നെ നിങ്ങളും സഹിക്കുന്നതിൽ നിങ്ങളുടെ ആശ്വാസത്തിനായി ഫലിക്കുന്നു.7നിങ്ങൾ കഷ്ടങ്ങൾക്ക് കൂട്ടാളികൾ ആകുന്നതുപോലെ ആശ്വാസത്തിനും കൂട്ടാളികൾ എന്നറിയുകയാൽ നിങ്ങൾക്ക് വേണ്ടി ഞങ്ങളുടെ പ്രത്യാശ നിശ്ചയമുള്ളത് തന്നെ.
8സഹോദരന്മാരേ, ആസ്യയിൽ ഞങ്ങൾക്ക് ഉണ്ടായ കഷ്ടങ്ങളെക്കുറിച്ച് നിങ്ങൾ അറിവില്ലാത്തവരായിരിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല; ജീവനോടിരിക്കുമോ എന്ന് നിരാശ തോന്നുമാറ്, ഞങ്ങളുടെ ശക്തിക്കുമീതെ അത്യന്തം ഭാരപ്പെട്ടു .9വാസ്തവമായും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെന്ന് ഞങ്ങൾക്ക് തോന്നിയതുകൊണ്ട്, ഞങ്ങളിൽ തന്നെ അല്ല, മരിച്ചവരെ ഉയിർപ്പിക്കുന്ന ദൈവത്തിൽ തന്നെ ആശ്രയം വച്ചു.10ഇത്ര ഭയങ്കരമായ മരണവിപത്തിൽ നിന്ന് ദൈവം ഞങ്ങളെ വിടുവിച്ചു; വിടുവിക്കുകയും ചെയ്യും; അവൻ മേലാലും വിടുവിക്കും എന്ന് ഞങ്ങൾ അവനിൽ ഉറച്ചുമിരിക്കുന്നു.
11അതിന് നിങ്ങളും ഞങ്ങൾക്കുവേണ്ടിയുള്ള പ്രാർത്ഥനയാൽ തുണയാകുന്നു; അങ്ങനെ പലരുടെ പ്രാർത്ഥന മുഖാന്തരം ഞങ്ങൾക്ക് കിട്ടിയ കൃപയ്ക്ക് വേണ്ടി പലരാലും ഞങ്ങൾനിമിത്തം ദൈവത്തിന് നന്ദി കരേറ്റുവാൻ ഇടവരും.
പൗലോസിന്റെ പദ്ധതിയുടെ മാറ്റം

12ലോകത്തിൽ ഞങ്ങളുടെ പെരുമാറ്റം, വിശേഷാൽ നിങ്ങളോട്, മാനുഷികജ്ഞാനത്തിൽ അല്ല, ദൈവകൃപയിൽ തന്നെ, നിർമ്മലതയിലും ദൈവിക പരമാർത്ഥതയിലും ആയിരുന്നു എന്ന ഞങ്ങളുടെ മനസ്സാക്ഷിയുടെ സാക്ഷ്യമാണ് ഞങ്ങളുടെ അഭിമാനകരമായ പ്രശംസ.13നിങ്ങൾക്കു വായിക്കുവാനും ഗ്രഹിക്കുവാനും കഴിയാത്തതൊന്നും ഞങ്ങൾ എഴുതുന്നില്ല;14നമ്മുടെ കർത്താവായ യേശുവിന്റെ നാളിൽ നിങ്ങൾ ഞങ്ങൾക്ക് എന്നപോലെ ഞങ്ങൾ നിങ്ങൾക്കും പ്രശംസ ആകുന്നു എന്ന് നിങ്ങൾ ഞങ്ങളെ ഭാഗികമായി മനസ്സിലാക്കിയിരിക്കുന്നതുപോലെ, പൂർണ്ണമായി ഗ്രഹിക്കും എന്ന് ഞാൻ ഉറച്ചിരിക്കുന്നു.

15അതുകൊണ്ട് ഈ ഉറപ്പിൽ രണ്ട് അനുഗ്രഹം നിങ്ങൾക്ക് ഉണ്ടാകേണ്ടതിനായി,16മുമ്പെ നിങ്ങളുടെ അടുക്കൽ വരുവാനും അങ്ങനെ ആ വഴിയായി മക്കെദോന്യയ്ക്കു പോയി പിന്നെയും മക്കെദോന്യയിൽനിന്ന് നിങ്ങളുടെ അടുക്കൽ വരുവാനും നിങ്ങളാൽ യെഹൂദ്യയിലേക്ക് യാത്ര അയയ്ക്കപ്പെടുവാനും ഞാൻ വിചാരിച്ചിരുന്നു.
17ഇങ്ങനെ വിചാരിച്ചതിൽ ഞാൻ ചാഞ്ചാടുകയായിരുന്നുവോ? അല്ലെങ്കിൽ എന്റെ വാക്ക് ഉവ്വ്, ഉവ്വ് എന്നും; ഇല്ല, ഇല്ല എന്നും ആകേണ്ടതിന് എന്റെ ഉദ്ദേശ്യം മാനുഷികമായിരുന്നുവോ?18ദൈവം വിശ്വസ്തനായിരിക്കുന്നതുപോലെ, നിങ്ങളോടുള്ള ഞങ്ങളുടെ വചനം ഒരിക്കൽ ഉവ്വ് എന്നും മറ്റൊരിക്കൽ ഇല്ല എന്നും ആയിരുന്നില്ല.
19എന്തെന്നാൽ, ഞാനും സില്വാനൊസും തിമൊഥെയോസും നിങ്ങളുടെ ഇടയിൽ പ്രസംഗിച്ച ദൈവപുത്രനായ യേശുക്രിസ്തു ഒരിക്കൽ ഉവ്വ് എന്നും മറ്റൊരിക്കൽ ഇല്ല എന്നും ആയിരുന്നില്ല; അവനിൽ ഉവ്വ് എന്ന് മാത്രമേയുള്ളു.20ദൈവത്തിന്റെ എല്ലാ വാഗ്ദത്തങ്ങളും ക്രിസ്തുവിൽ ഉവ്വ് എന്നത്രേ; അതുകൊണ്ട് ഞങ്ങൾ നിമിത്തം ദൈവത്തിന് മഹത്വം ഉണ്ടാകുമാറ് ക്രിസ്തുവിൽ ആമേൻ എന്നും തന്നെ.
21ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവിൽ ഉറപ്പിക്കുന്നതും നമ്മെ നിയോഗിച്ചതും ദൈവമല്ലോ.22അവൻ നമ്മെ മുദ്രയിട്ടും നമ്മുടെ ഉറപ്പിനായി ആത്മാവിനെ നമ്മുടെ ഹൃദയങ്ങളിൽ തന്നുമിരിക്കുന്നു.

23പക്ഷേ എന്നാണ, നിങ്ങളെ ആദരിച്ചിട്ടത്രേ ഞാൻ പിന്നെയും കൊരിന്തിൽ വരാതിരുന്നത് എന്നതിന് ദൈവം സാക്ഷി.24നിങ്ങളുടെ വിശ്വാസത്തിന്മേൽ കർത്തൃത്വം നടത്തുന്നവരായിട്ടല്ല, നിങ്ങളുടെ സന്തോഷത്തിന് ഞങ്ങൾ നിങ്ങളോടുകൂടെ പ്രവർത്തിക്കുന്നവർ എന്നത്രേ; എന്തെന്നാൽ, നിങ്ങളുടെ വിശ്വാസത്തിൽ നിങ്ങൾ ഉറച്ചുനില്ക്കുന്നുവല്ലോ.

2

1എന്നാൽ ഞാൻ വീണ്ടും നിങ്ങളുടെ അടുക്കൽ വരുന്നത് ദുഃഖത്തോടെ ആകരുത് എന്ന് ഞാൻ സ്വയം തീരുമാനിച്ചു.2ഞാൻ നിങ്ങളെ ദുഃഖിപ്പിച്ചാൽ, എന്നെ സന്തോഷിപ്പിക്കുന്നത് ഞാൻ മൂലം ദുഃഖിതനായവൻ അല്ലാതെ ആരുള്ളു?

3ഞാൻ ഇത് എഴുതിയതിന് കാരണം ഞാൻ വന്നാൽ എന്നെ സന്തോഷിപ്പിക്കേണ്ടിയവരാൽ ദുഃഖം ഉണ്ടാകരുത് എന്നും, എന്റെ സന്തോഷം നിങ്ങൾക്ക് എല്ലാവർക്കും സന്തോഷം ആയിരിക്കും എന്ന് നിങ്ങളെ എല്ലാവരെയും കുറിച്ച് ഉറപ്പുള്ളതുകൊണ്ടും ആകുന്നു.4വളരെ കഷ്ടവും മനോവ്യസനവും ഉണ്ടായിട്ടും വളരെ കണ്ണുനീരോടുകൂടെ ഞാൻ നിങ്ങൾക്ക് എഴുതിയത് നിങ്ങൾ ദുഃഖിക്കേണ്ടതിനല്ല, എനിക്ക് നിങ്ങളോടുള്ള വലിയ സ്നേഹം നിങ്ങൾ അറിയേണ്ടതിനത്രേ.
ദുഃഖമുളവാക്കിയവനോട് ക്ഷമിക്കുക

5ഒരുവൻ എന്റെ ദുഃഖത്തിന് കാരണമായി എങ്കിൽ അവൻ എന്നെയല്ല ഒരളവിൽ (ഞാൻ പരുഷമായി ഏറെ പറയരുതല്ലോ )നിങ്ങളെ എല്ലാവരേയും ദുഃഖിപ്പിച്ചിരിക്കുന്നു.6ഭൂരിപക്ഷത്താൽ ഉണ്ടായ ഈ ശിക്ഷ അവന് മതി.7മറിച്ച്, അവൻ അതിദുഃഖത്തിൽ മുങ്ങിപ്പോകാതിരിക്കേണ്ടതിന് നിങ്ങൾ അവനോട് ക്ഷമിക്കുകയും അവനെ ആശ്വസിപ്പിക്കുകയും അത്രേ വേണ്ടത്.
8അതുകൊണ്ട് നിങ്ങളുടെ സ്നേഹം അവന് ഉറപ്പിച്ചുകൊടുക്കുവാൻ ഞാൻ നിങ്ങളെ ഉത്സാഹിപ്പിക്കുന്നു.9നിങ്ങൾ സകലത്തിലും അനുസരണമുള്ളവരോ എന്ന് പരീക്ഷിച്ചറിയേണ്ടതിനായിരുന്നു ഞാൻ എഴുതിയത്.
10നിങ്ങൾ വല്ലതും ക്ഷമിക്കുന്നവനോട് ഞാനും ക്ഷമിക്കുന്നു; എന്നാൽ ഞാൻ വല്ലതും ക്ഷമിച്ചിരിക്കുന്നു എങ്കിൽ നിങ്ങൾ നിമിത്തം ക്രിസ്തുവിന്റെ സാന്നിദ്ധ്യത്തിൽ ക്ഷമിച്ചിരിക്കുന്നു.11സാത്താൻ നമ്മിൽ നിന്ന് നേട്ടം ഉണ്ടാക്കാതിരിക്കേണ്ടതിനു തന്നെ; എന്തെന്നാൽ, അവന്റെ തന്ത്രങ്ങളെ പറ്റി നാം അറിവില്ലാത്തവരല്ലല്ലോ.
പുതിയനിയമത്തിന്റെ ശുശ്രൂഷകന്മാർ

12എന്നാൽ ഞാൻ ക്രിസ്തുവിന്റെ സുവിശേഷം അറിയിക്കുവാൻ ത്രോവാസിൽ വരികയും, കർത്താവ് എനിക്ക് ഒരു വാതിൽ തുറന്നു തരികയും ചെയ്തപ്പോൾ,13എന്റെ സഹോദരനായ തീത്തോസിനെ കാണാതിരുന്നതിനാൽ മനസ്സിൽ സമാധാനമില്ലാതെ ഞാൻ അവരോട് യാത്രപറഞ്ഞ് മക്കദോന്യെയിലേക്ക് മടങ്ങി.
14എന്നാൽ ക്രിസ്തുവിൽ ഞങ്ങളെ എല്ലായ്പോഴും ജയോത്സവമായി നടത്തുകയും എല്ലാ ഇടങ്ങളിലും ഞങ്ങളിലൂടെ തന്റെ പരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിന് സ്തോത്രം.15എന്തെന്നാൽ രക്ഷിയ്ക്കപ്പെടുന്നവരുടെ ഇടയിലും നശിക്കുന്നവരുടെ ഇടയിലും ഞങ്ങൾ ദൈവത്തിന് ക്രിസ്തുവിന്റെ സൗരഭ്യവാസന ആകുന്നു;
16ഇവർക്ക് മരണത്തിൽനിന്ന് മരണത്തിലേക്കുള്ള വാസന, അവർക്കോ ജീവനിൽനിന്ന് ജീവനിലേക്കുള്ള വാസന തന്നെ. എന്നാൽ ഇതിന് ആർ യോഗ്യൻ?17ഞങ്ങൾ ആദായത്തിനായി ദൈവവചനം വിൽക്കുന്ന അനേകരെപ്പോലെ അല്ല, പകരം പരമാർത്ഥതയോടും ദൈവത്താൽ നിയോഗിയ്ക്കപ്പെട്ടവരെപ്പോലെയും ദൈവസന്നിധിയിൽ ക്രിസ്തുവിൽ സംസാരിക്കുന്നു.

3
പുതിയ ഉടമ്പടിയുടെ ശുശ്രൂഷകന്മാർ

1ഞങ്ങൾ പിന്നെയും ഞങ്ങളെത്തന്നെ പ്രശംസിക്കുവാൻ തുടങ്ങുന്നുവോ? അല്ല, ചിലർ ചെയ്യുന്നതുപോലെ നിങ്ങൾക്ക് ശുപാർശക്കത്ത് തരുവാനോ നിങ്ങളിൽനിന്നു വാങ്ങുവാനോ ഞങ്ങൾക്ക് ആവശ്യമോ?2ഞങ്ങളുടെ ഹൃദയങ്ങളിൽ എഴുതിയതായി, സകലമനുഷ്യരും അറിയുന്നതും വായിക്കുന്നതുമായ ഞങ്ങളുടെ കത്ത് നിങ്ങൾ തന്നെ.3ഞങ്ങളുടെ ശുശ്രൂഷയാൽ ഉണ്ടായ ക്രിസ്തുവിന്റെ കത്തായി നിങ്ങൾ വെളിപ്പെടുന്നുവല്ലോ. അത് മഷികൊണ്ടല്ല, ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാൽ അത്രേ. കല്പലകയിൽ അല്ല, ഹൃദയമെന്ന മാംസപ്പലകയിൽ തന്നെ എഴുതിയിരിക്കുന്നു.

4ഇപ്രകാരം ഉള്ള ഉറപ്പ് ഞങ്ങൾക്ക് ദൈവത്തിൽ ക്രിസ്തുവിലൂടെ ഉണ്ട്5ഞങ്ങളിൽനിന്ന് തന്നെ വരുന്നതുപോലെ സ്വയമായി വല്ലതും അവകാശപ്പെടാൻ ഞങ്ങൾ പ്രാപ്തർ എന്നല്ല; എന്നാൽ ഞങ്ങളുടെ പ്രാപ്തി ദൈവത്തിന്റെ ദാനമത്രേ.6അവൻ ഞങ്ങളെ പുതിയ ഉടമ്പടിയുടെ ശുശ്രൂഷകന്മാർ ആകുവാൻ പ്രാപ്തരാക്കി; അക്ഷരത്തിന്റെ ശുശ്രൂഷകന്മാരല്ല, ആത്മാവിന്റെ ശുശ്രൂഷകന്മാരത്രെ; എന്തെന്നാൽ, അക്ഷരം കൊല്ലുന്നു, ആത്മാവ് ജീവിപ്പിക്കുന്നു.
7എന്നാൽ കല്ലിൽ അക്ഷരമായി കൊത്തിയിരുന്ന മരണത്തിന്റെ ശുശ്രൂഷ, മങ്ങിപ്പോകുന്നതായ മോശെയുടെ മുഖതേജസ്സുനിമിത്തം യിസ്രായേൽമക്കൾക്ക് അവന്റെ മുഖത്ത് നോക്കിക്കൂടാതവണ്ണം8തേജസ്സുള്ളതായെങ്കിൽ ആത്മാവിന്റെ ശുശ്രൂഷ അധികം തേജസ്സുള്ളതാകയില്ലയോ?
9ശിക്ഷാവിധിയുടെ ശുശ്രൂഷ തേജസ്സാകുന്നു എങ്കിൽ നീതിയുടെ ശുശ്രൂഷ തേജസ്സേറിയതായിരിക്കും.10അതേ, തേജസ്സോടുകൂടിയത് ഈ കാര്യത്തിൽ ഈ അതിമഹത്തായ തേജസ്സുനിമിത്തം ഒട്ടും തേജസ്സില്ലാത്തതായി.11മങ്ങിപ്പോകുന്നത് തേജസ്സുള്ളതായിരുന്നെങ്കിൽ, നിലനില്ക്കുന്നത് എത്ര അധികം തേജസ്സുള്ളതായിരിക്കും!

12ഇങ്ങനെയുള്ള പ്രത്യാശ ഞങ്ങൾക്കുള്ളതുകൊണ്ട് വളരെ പ്രാഗത്ഭ്യത്തോടെ സംസാരിക്കുന്നു.13മങ്ങിപ്പോകുന്നതിന്റെ അന്തം യിസ്രായേൽ മക്കൾ നോക്കാതിരിക്കുവാൻ വേണ്ടി തന്റെ മുഖത്ത് മൂടുപടം ഇട്ട മോശെയെപ്പോലെ അല്ല.
14എന്നാൽ അവരുടെ മനസ്സ് കഠിനപ്പെട്ടുപോയി. പഴയനിയമം വായിക്കുമ്പോഴൊക്കെയും ആ മൂടുപടം നീങ്ങാതെ ഇന്നുവരെ ഇരിക്കുന്നുവല്ലോ; അത് ക്രിസ്തുവിൽ നീങ്ങിപ്പോയി.15മോശെയുടെ പുസ്തകം വായിക്കുമ്പോഴൊക്കെയും മൂടുപടം ഇന്നയോളം അവരുടെ ഹൃദയത്തിന്മേൽ കിടക്കുന്നു.16എന്നാൽ, ഒരുവൻ കർത്താവിലേക്ക് തിരിയുമ്പോൾ മൂടുപടം നീങ്ങിപ്പോകുന്നു.
17കർത്താവ് ആത്മാവാകുന്നു; കർത്താവിന്റെ ആത്മാവുള്ളേടത്ത് സ്വാതന്ത്ര്യം ഉണ്ട്.18എന്നാൽ നാം എല്ലാവരും, മൂടുപടം നീങ്ങിയ മുഖത്തോടുകൂടെ കണ്ണാടിയിലെന്നപോലെ കർത്താവിന്റെ തേജസ്സ് പ്രതിബിംബിക്കുന്നവരായി, ആത്മാവാകുന്ന കർത്താവിൽനിന്നെന്നപോലെ, തേജസ്സിൽ നിന്ന് തേജസ്സിലേക്ക് അതേ പ്രതിബിംബമായി രൂപാന്തരപ്പെടുന്നു.

4
സുവിശേഷത്തിന്റെ വെളിച്ചം

1അതുകൊണ്ട് ഞങ്ങൾക്ക് കരുണ ലഭിച്ചിട്ട് ഈ ശുശ്രൂഷ ലഭിക്കുകയാൽ ഞങ്ങൾ അധൈര്യപ്പെടാതെ2ലജ്ജാകരമായ രഹസ്യങ്ങളെ ത്യജിച്ച് ഉപായത്തോടെയോ, ദൈവവചനത്തിൽ കൂട്ട് ചേർക്കുകയോ ചെയ്യാതെ, സത്യം വെളിപ്പെടുത്തുന്നതിനാൽ ദൈവസന്നിധിയിൽ സകലമനുഷ്യരുടെയും മനസ്സാക്ഷിക്ക് ഞങ്ങളെത്തന്നെ ബോദ്ധ്യമാക്കുന്നു.

3എന്നാൽ ഞങ്ങളുടെ സുവിശേഷം മറയപ്പെട്ടിരിക്കുന്നു എങ്കിൽ നശിച്ചുപോകുന്നവർക്കത്രേ മറഞ്ഞിരിക്കുന്നത്.4ദൈവപ്രതിച്ഛായ ആയ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശം ശോഭിക്കാതിരിക്കുവാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സ് കുരുടാക്കി.
5ഞങ്ങളെത്തന്നെ അല്ല, ക്രിസ്തുയേശുവിനെ കർത്താവ് എന്നും ഞങ്ങളെയോ യേശു നിമിത്തം നിങ്ങളുടെ ദാസന്മാർ എന്നും അത്രേ ഞങ്ങൾ പ്രസംഗിക്കുന്നത്.6എന്തെന്നാൽ, ഇരുളിൽ നിന്നും വെളിച്ചം പ്രകാശിക്കണം എന്ന് അരുളിച്ചെയ്ത ദൈവം യേശുക്രിസ്തുവിന്റെ മുഖത്തുള്ള ദൈവതേജസ്സിന്റെ പരിജ്ഞാനത്തിന്റെ വെളിച്ചം തരേണ്ടതിന്, ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രകാശിച്ചിരിക്കുന്നു.
മൺപാത്രങ്ങളിലെ നിക്ഷേപം

7എങ്കിലും ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്റേതത്രേ എന്നു വരേണ്ടതിന്, ഈ നിക്ഷേപം ഞങ്ങൾക്കു മൺപാത്രങ്ങളിൽ ആകുന്നു ഉള്ളത്.8ഞങ്ങൾ സകലവിധത്തിലും കഷ്ടം സഹിക്കുന്നവർ എങ്കിലും ഞെരുങ്ങിപ്പോകുന്നില്ല; കുഴങ്ങിയിരിക്കുന്നവർ എങ്കിലും നിരാശപ്പെടുന്നില്ല;9ഉപദ്രവം അനുഭവിക്കുന്നവർ എങ്കിലും ഉപേക്ഷിക്കപ്പെടുന്നില്ല; അടിയേറ്റ് വീണവർ എങ്കിലും നശിച്ചുപോകുന്നില്ല;10യേശുവിന്റെ ജീവൻ ഞങ്ങളുടെ ശരീരത്തിൽ വെളിപ്പെടേണ്ടതിന് യേശുവിന്റെ മരണം ശരീരത്തിൽ എപ്പോഴും വഹിക്കുന്നു.
11ഞങ്ങളുടെ മർത്യശരീരത്തിൽ യേശുവിന്റെ ജീവൻ വെളിപ്പെടേണ്ടതിന് ജീവിച്ചിരിക്കുന്ന ഞങ്ങൾ എല്ലായ്പോഴും യേശു നിമിത്തം മരണത്തിന് ഏല്പിക്കപ്പെടുന്നു.12അങ്ങനെ ഞങ്ങളിൽ മരണവും നിങ്ങളിൽ ജീവനും പ്രവർത്തിക്കുന്നു.
13അതുകൊണ്ട് വിശ്വാസത്തിന്റെ അതേ ആത്മാവ് ഞങ്ങൾക്കുള്ളതിനാൽ “ഞാൻ വിശ്വസിച്ചു അതുകൊണ്ട് ഞാൻ സംസാരിച്ചു” എന്ന് എഴുതിയിരിക്കുന്നതുപോലെ
ഞങ്ങളും വിശ്വസിക്കുന്നു; അതുകൊണ്ട് സംസാരിക്കുന്നു.
14കർത്താവായ യേശുവിനെ ഉയിർപ്പിച്ചവൻ ഞങ്ങളെയും യേശുവിനോടുകൂടെ ഉയിർപ്പിച്ച് നിങ്ങളോടുകൂടെ തിരുസന്നിധിയിൽ നിർത്തും എന്ന് ഞങ്ങൾ അറിയുന്നു.15കൃപ അനേകരിലേക്ക് വ്യാപിച്ച്, ദൈവത്തിന്റെ മഹിമയ്ക്കായി സ്തോത്രാർപ്പണം വർദ്ധിപ്പിക്കേണ്ടതിന് സകലവും നിങ്ങൾ നിമിത്തമല്ലോ ആകുന്നത്.

16അതുകൊണ്ട് ഞങ്ങൾ അധൈര്യപ്പെടാതെ, ഞങ്ങളുടെ പുറമേയുള്ള മനുഷ്യൻ ക്ഷയിച്ചുപ്പോകുന്നു എങ്കിലും, ഞങ്ങളുടെ അകമേയുള്ളവൻ നാൾക്കുനാൾ പുതുക്കം പ്രാപിക്കുന്നു.17നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായ തേജസ്സിന്റെ നിത്യഘനത്തിനുവേണ്ടി ഞങ്ങളെ ഒരുക്കുന്നു.18കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നു; എന്തെന്നാൽ, കാണുന്നത് താൽക്കാലികം, കാണാത്തതോ നിത്യം.

5
സ്വർഗീയ വാസസ്ഥലം

1കൂടാരമെന്ന നമ്മുടെ ഭൗമഭവനം നശിച്ചുപോയാൽ കൈകളാൽ പണിതിട്ടില്ലാത്ത ദൈവത്തിന്റെ ഒരു ഭവനം നമുക്ക് നിത്യമായി, സ്വർഗ്ഗത്തിൽ ഉണ്ടെന്ന് നാം അറിയുന്നു.2ഈ കൂടാരത്തിൽ ഞരങ്ങിക്കൊണ്ട് സ്വർഗ്ഗീയമായ ഭവനം ധരിക്കുവാൻ ഞങ്ങൾ വാഞ്ചിക്കുന്നു.3അങ്ങനെ ധരിക്കുന്നതുകൊണ്ട് ഞങ്ങൾ നഗ്നരായി കാണപ്പെടുകയില്ലല്ലോ.

4ഈ കൂടാരത്തിൽ ഇരിക്കുന്ന ഞങ്ങൾ ഭാരപ്പെട്ട് ഞരങ്ങുന്നു; മർത്യത ജീവനാൽ നീങ്ങിപ്പോകേണ്ടതിന്, നാം നഗ്നരായിത്തീരും എന്നുള്ളതുകൊണ്ടല്ല, പിന്നെയോ വസ്ത്രം ധരിക്കപ്പെടും എന്നുള്ളതുകൊണ്ട് തന്നെ.5അതിനായി ഞങ്ങളെ ഒരുക്കിയത്, നമ്മുടെ ഉറപ്പിനായി ആത്മാവിനെ നമുക്ക് നൽകിയ ദൈവം തന്നെ.
6ആകയാൽ ഞങ്ങൾ എല്ലായ്പോഴും ധൈര്യപ്പെട്ടും ശരീരമാകുന്ന ഭവനത്തിൽ വസിക്കുമ്പോൾ കർത്താവിൽ നിന്ന് അകന്നിരിക്കുന്നു എന്ന് അറിഞ്ഞും ഇരിക്കുന്നു.7എന്തെന്നാൽ, കാഴ്ചയാൽ അല്ല, വിശ്വാസത്താലത്രേ ഞങ്ങൾ നടക്കുന്നത്.8ഇങ്ങനെ ഞങ്ങൾ ധൈര്യപ്പെട്ട് ശരീരത്തിൽനിന്നകന്ന് കർത്താവിനോടുകൂടെ ഭവനത്തിൽ ഇരിക്കുവാൻ അധികം ഇഷ്ടപ്പെടുന്നു.
9അതുകൊണ്ട് ശരീരത്തിൽ വസിച്ചാലും ശരീരത്തിൽ നിന്നകന്നാലും ഞങ്ങൾ അവനെ പ്രസാദിപ്പിക്കുന്നത് ലക്ഷ്യമാക്കുന്നു.10എന്തെന്നാൽ, അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തത് നല്ലതാകിലും തീയതാകിലും അതിനു തക്കവണ്ണം പ്രാപിക്കേണ്ടതിന് നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു.
നിരപ്പിന്റെ ശുശ്രൂഷ

11ആകയാൽ കർത്താവിനെ ഭയപ്പെടേണം എന്ന് അറിഞ്ഞിട്ട് ഞങ്ങൾ മനുഷ്യരെ പ്രോത്സാഹിപ്പിക്കുന്നു; എന്നാൽ ദൈവത്തിനു ഞങ്ങൾ വെളിപ്പെട്ടിരിക്കുന്നു; നിങ്ങളുടെ മനസ്സാക്ഷികളിലും വെളിപ്പെട്ടിരിക്കുന്നു എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.12ഞങ്ങൾ പിന്നെയും ഞങ്ങളെത്തന്നെ നിങ്ങളോട് പ്രശംസിക്കുകയല്ല, ഹൃദയം നോക്കിയിട്ടല്ലാതെ, മുഖം നോക്കിയിട്ട് പ്രശംസിക്കുന്നവരോട് ഉത്തരം പറയുവാൻ നിങ്ങൾക്ക് വക ഉണ്ടാകേണ്ടതിന് ഞങ്ങളെക്കുറിച്ച് പ്രശംസിക്കുവാൻ നിങ്ങൾക്ക് കാരണം തരികയത്രേ ചെയ്യുന്നത്.
13ഞങ്ങൾ സുബോധമില്ലാത്തവർ എന്നുവരികിൽ ദൈവത്തിനും, സുബോധമുള്ളവർ എന്നുവരികിൽ നിങ്ങൾക്കും ആകുന്നു.14ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിയന്ത്രിക്കുന്നു; എല്ലാവർക്കും വേണ്ടി ഒരുവൻ മരിച്ചിരിക്കെ എല്ലാവരും മരിച്ചു എന്നും15ജീവിച്ചിരിക്കുന്നവർ ഇനി തങ്ങൾക്കായിട്ടല്ല, തങ്ങൾക്കു വേണ്ടി മരിച്ച് ഉയിർത്തെഴുന്നേറ്റവനായിട്ടുതന്നെ ജീവിക്കേണ്ടതിന് അവൻ എല്ലാവർക്കും വേണ്ടി മരിച്ചു എന്നും ഞങ്ങൾ ഉറച്ചിരിക്കുന്നു.
16ആകയാൽ ഞങ്ങൾ ഇന്നുമുതൽ ആരെയും മാനുഷികനിലയിൽ കണക്കാക്കുന്നില്ല; ക്രിസ്തുവിനെയും മാനുഷികനിലയിൽ അറിഞ്ഞിരുന്നു എങ്കിലും ഇനിയും തുടർന്ന് അങ്ങനെ അറിയുന്നില്ല.

17അതുകൊണ്ട് ഒരുവൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയത് നീങ്ങിപ്പോയി, ഇതാ, എല്ലാം പുതുതായിത്തീർന്നിരിക്കുന്നു.
18ഇതൊക്കെയും ദൈവത്തിൽ നിന്നാകുന്നു; അവൻ നമ്മെ ക്രിസ്തുമൂലം തന്നോട് നിരപ്പിക്കുകയും, നിരപ്പിന്റെ ശുശ്രൂഷ ഞങ്ങൾക്ക് തരികയും ചെയ്തിരിക്കുന്നു.19അതായത്, അവരുടെ ലംഘനങ്ങളെ അവരോട് കണക്കിടാതെ ലോകത്തെ തന്നിൽ തന്നെ നിരപ്പിക്കുവാൻ ദൈവം ക്രിസ്തുവിലായി. ഈ നിരപ്പിന്റെ വചനം ഞങ്ങളെ ഭരമേല്പിച്ചുമിരിക്കുന്നു.

20ആകയാൽ ഞങ്ങൾ ക്രിസ്തുവിന് വേണ്ടി സ്ഥാനാപതികളായി ദൈവത്തോട് നിരന്നുകൊള്ളുവിൻ എന്ന് ക്രിസ്തുവിന് വേണ്ടി അപേക്ഷിക്കുന്നു; അത് ദൈവം ഞങ്ങൾ മുഖാന്തരം പ്രബോധിപ്പിക്കുന്നതുപോലെ ആകുന്നു.21പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്, അവൻ നമുക്ക് വേണ്ടി പാപം ആക്കി.

6

1അതുകൊണ്ട് സഹപ്രവർത്തകരായ ഞങ്ങൾ നിങ്ങൾക്ക് ദൈവത്തിന്റെ കൃപ ലഭിച്ചത് വ്യർത്ഥമായിത്തീരരുത് എന്ന് അപേക്ഷിക്കുന്നു.

2“പ്രസാദകാലത്ത് ഞാൻ നിങ്ങളെ കേട്ടു; രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു”
എന്ന് അവൻ അരുളിച്ചെയ്യുന്നുവല്ലോ. ഇപ്പോൾ ആകുന്നു പ്രസാദകാലം; ഇപ്പോൾ ആകുന്നു രക്ഷാദിവസം.
പൗലോസിന്റെ കഷ്ടതകൾ

3ശുശ്രൂഷയ്ക്ക് ആക്ഷേപം വരാതിരിക്കേണ്ടതിന് ഞങ്ങൾ ഒന്നിലും ഇടർച്ചക്ക് കാരണം ആകാതെ,
4സകലത്തിലും ഞങ്ങളെത്തന്നെ ദൈവത്തിന്റെ ശുശ്രൂഷകന്മാരായി ഏൽപ്പിക്കുന്നു; ബഹുസഹിഷ്ണതയിലും, കഷ്ടതയിലും, ബുദ്ധിമുട്ടിലും, സങ്കടത്തിലും, തല്ലിലും,5തടവിലും, കലഹത്തിലും, അദ്ധ്വാനത്തിലും, ഉറക്കിളപ്പിലും, പട്ടിണിയിലും, നിർമ്മലതയാലും, പരിജ്ഞാനത്താലും,6ദീർഘക്ഷമയാലും, ദയയാലും, പരിശുദ്ധാത്മാവിനാലും, നിർവ്യാജസ്നേഹത്താലും,7സത്യവചനത്താലും, ദൈവശക്തിയാലും ഇടത്തും വലത്തും നീതിയുടെ ആയുധങ്ങളാലും,
8മാനാപമാനങ്ങളാലും ദുഷ്കീർത്തിസൽക്കീർത്തികളാലും സത്യവാന്മാർ എങ്കിലും ചതിയന്മാരായി,9എല്ലാവരും നല്ലവണ്ണം അറിയുന്നവർ എങ്കിലും ആരും അറിയാത്തവരായി, ഇതാ, ഞങ്ങൾ ജീവിക്കുന്നവരെങ്കിലും മരിക്കുന്നവരായി, കൊല്ലപ്പെടാത്തവർ എങ്കിലും ശിക്ഷിക്കപ്പെട്ടവരായി,10സന്തോഷിക്കുന്നവർ എങ്കിലും ദുഃഖിതരായി, പലരെയും സമ്പന്നർ ആക്കുന്നവർ എങ്കിലും ദരിദ്രരായി, എല്ലാം കൈവശമുള്ളവരെങ്കിലും ഒന്നും ഇല്ലാത്തവർ ആയിത്തന്നെ.

11അല്ലയോ കൊരിന്ത്യരേ, ഞങ്ങളുടെ വായി നിങ്ങളോട് തുറന്നിരിക്കുന്നു; ഞങ്ങളുടെ ഹൃദയം വിശാലമായിരിക്കുന്നു.12ഞങ്ങളാൽ നിങ്ങൾ വിലക്കപ്പെട്ടിട്ടില്ല, നിങ്ങളുടെ ഹൃദയങ്ങളിൽ നിങ്ങൾ വിലക്കപ്പെട്ടിരിക്കുന്നു.13ഇതിന് യോഗ്യമായ പ്രതിഫലമായി നിങ്ങളും വിശാലതയുള്ളവരായിരിക്കുവിൻ എന്ന് ഞാൻ മക്കളോട് എന്നപോലെ നിങ്ങളോട് പറയുന്നു.
അവിശ്വാസികളെക്കുറിച്ചുള്ള മുന്നറിയിപ്പ്

14നിങ്ങൾ അവിശ്വാസികളുമായി ചേർച്ചയില്ലാത്തവിധം കൂടിയോജിക്കരുത്; എന്തെന്നാൽ, നീതിക്കും അധർമ്മത്തിനും തമ്മിൽ എന്ത് പങ്കാളിത്തം ആണുള്ളത്? അല്ല, വെളിച്ചത്തിന് ഇരുളിനോട് എന്ത് കൂട്ടായ്മയാണുള്ളത്?15ക്രിസ്തുവിന് ബെലീയാലിനോട് എന്ത് യോജിപ്പ്? അല്ല, വിശ്വാസിക്ക് അവിശ്വാസിയുമായി എന്ത് ഓഹരി?16ദൈവാലയത്തിന് വിഗ്രഹങ്ങളോട് എന്ത് ഉടമ്പടി? നാം ജീവനുള്ള ദൈവത്തിന്റെ ആലയമല്ലോ,
“ഞാൻ അവരിൽ വസിക്കുകയും അവരുടെ ഇടയിൽ നടക്കുകയും ചെയ്യും; ഞാൻ അവർക്ക് ദൈവവും അവർ എന്റെ ജനവും ആകും”
എന്ന് ദൈവം അരുളിച്ചെയ്തിരിക്കുന്നുവല്ലോ.
17അതുകൊണ്ട്,
“അവരുടെ നടുവിൽ നിന്ന് പുറപ്പെട്ട് വേർപെട്ടിരിക്കുവിൻ എന്ന് കർത്താവ് അരുളിച്ചെയ്യുന്നു; അശുദ്ധമായത് ഒന്നും തൊടരുത്; എന്നാൽ ഞാൻ നിങ്ങളെ കൈക്കൊണ്ട്
18നിങ്ങൾക്ക് പിതാവും നിങ്ങൾ എനിക്ക് പുത്രന്മാരും പുത്രിമാരും ആയിരിക്കും”
എന്ന് സർവ്വശക്തനായ കർത്താവ് അരുളിച്ചെയ്യുന്നു.

7

1പ്രിയമുള്ളവരേ, ഈ വാഗ്ദത്തങ്ങൾ നമുക്കുള്ളതുകൊണ്ട് ജഡത്തിലേയും ആത്മാവിലെയും സകല അശുദ്ധിയിൽ നിന്നും നമ്മെത്തന്നെ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ പൂർണ്ണമാക്കുക.

പൗലോസിന്റെ സന്തോഷം

2ഞങ്ങൾക്ക് നിങ്ങളുടെ ഹൃദയത്തിൽ ഇടം തരുവിൻ; ഞങ്ങൾ ആരോടെങ്കിലും അന്യായം ചെയ്യുകയോ, ആരെ എങ്കിലും വഴിതെറ്റിക്കുകയോ, ആരോടും ഒന്നും വഞ്ചിച്ചെടുക്കുകയോ ചെയ്തിട്ടില്ല.3കുറ്റം വിധിക്കുവാനല്ല ഞാൻ ഇത് പറയുന്നത്; ഒരുമിച്ച് മരിക്കുവാനും ഒരുമിച്ച് ജീവിക്കുവാനും നിങ്ങൾ ഞങ്ങളുടെ ഹൃദയങ്ങളിൽ ഇരിക്കുന്നു എന്ന് ഞാൻ മുമ്പുതന്നെ പറഞ്ഞിട്ടുണ്ടല്ലോ.4നിങ്ങളിൽ എനിക്കുള്ള ആത്മവിശ്വാസം മഹത്തരം; നിങ്ങളെക്കുറിച്ച് എന്റെ പ്രശംസ വലിയത്. ഞാൻ ആശ്വാസത്താൽ നിറഞ്ഞിരിക്കുന്നു, ഞങ്ങളുടെ സകല കഷ്ടതയിലും സന്തോഷം എന്നിൽ കവിഞ്ഞിരിക്കുന്നു.

5ഞങ്ങൾ മക്കെദോന്യയിൽ എത്തിയപ്പോൾ ഞങ്ങളുടെ ശരീരത്തിന് ഒട്ടും വിശ്രമമില്ലായിരുന്നു, പകരം എല്ലാവിധത്തിലും കഷ്ടമത്രേ ഉണ്ടായത്; പുറത്ത് പോരാട്ടങ്ങൾ, അകത്ത് ഭയം.6എങ്കിലും നിരാശിതരെ ആശ്വസിപ്പിക്കുന്ന ദൈവം തീത്തോസിന്റെ വരവിനാൽ ഞങ്ങളെ ആശ്വസിപ്പിച്ചു.7അവന്റെ വരവിനാൽ മാത്രമല്ല, അവന് നിങ്ങളിൽ നിന്നും ലഭിച്ച ആശ്വാസത്തിനാലുംകൂടെ; നിങ്ങളുടെ വാഞ്ഛ, നിങ്ങളുടെ വിലാപം, എനിക്കായുള്ള നിങ്ങളുടെ തീക്ഷ്ണത എന്നിവ ഞങ്ങളോട് അറിയിക്കുകയും ചെയ്തതുകൊണ്ട് ഞാൻ അധികമായി സന്തോഷിച്ചു.

8ഞാൻ എന്റെ കത്തിനാൽ നിങ്ങളെ ദുഃഖിപ്പിച്ചു എങ്കിലും ഞാൻ അനുതപിക്കുന്നില്ല; ആ കത്ത് നിങ്ങളെ അല്പനേരത്തേക്കെങ്കിലും ദുഃഖിപ്പിച്ചു എന്ന് കാണുന്നതുകൊണ്ട് മുമ്പ് അനുതപിച്ചു; എങ്കിലും ഇപ്പോൾ ഞാൻ സന്തോഷിക്കുന്നു.9നിങ്ങൾ ദുഃഖിച്ചതിനാലല്ല, മാനസാന്തരത്തിനായി ദുഃഖിച്ചതിനാൽ അത്രേ. നിങ്ങൾക്ക് ഞങ്ങളാൽ ഒന്നിലും നഷ്ടം വരാതവണ്ണം ദൈവഹിതപ്രകാരമല്ലോ നിങ്ങൾ ദുഃഖിച്ചത്.10എന്തെന്നാൽ, ദൈവഹിതപ്രകാരമുള്ള ദുഃഖം രക്ഷയിലേക്കു നയിക്കുന്ന മാനസാന്തരത്തെ ഉളവാക്കുന്നു; അതിൽ ഖേദിക്കേണ്ടതില്ല; ലോകത്തിന്റെ ദുഃഖമോ മരണത്തെ ഉളവാക്കുന്നു.
11ദൈവഹിതപ്രകാരം നിങ്ങൾ ദുഃഖിച്ചു എന്നുള്ള ഇതേ കാര്യം നിങ്ങളിൽ എത്ര ഉത്സാഹം, എത്ര പ്രതിവാദം, എത്ര ധാർമ്മിക 1 രോഷം, എത്ര ഭയം, എത്ര വാഞ്ഛ, എത്ര തീക്ഷ്ണത, എത്ര പ്രതികാരം നിങ്ങളിൽ ഉളവാക്കി! ഈ കാര്യത്തിലെല്ലാം നിങ്ങൾ കുറ്റമില്ലാത്തവർ എന്ന് എല്ലാവിധത്തിലും കാണിച്ചിരിക്കുന്നു.12ഞാൻ നിങ്ങൾക്ക് എഴുതിയത് അന്യായം ചെയ്തവൻനിമിത്തമോ, അന്യായം അനുഭവിച്ചവൻ നിമിത്തമോ അല്ല, ഞങ്ങൾക്ക് വേണ്ടിയുള്ള നിങ്ങളുടെ ഉത്സാഹം ദൈവത്തിനു മുമ്പാകെ നിങ്ങൾക്കു വെളിപ്പെടേണ്ടതിന് തന്നെ.
13അതുകൊണ്ട് ഞങ്ങൾ ആശ്വസിച്ചിരിക്കുന്നു; ഞങ്ങളുടെ ആശ്വാസം കൂടാതെ, തീത്തോസിന്റെ മനസ്സിന് നിങ്ങളെല്ലാവരാലും ഉന്മേഷം വന്നതുകൊണ്ട്, അവനുണ്ടായ സന്തോഷംനിമിത്തം ഞങ്ങൾ എത്രയും അധികം സന്തോഷിച്ചു.14അവനോട് നിങ്ങളെക്കുറിച്ച് വല്ലതും പ്രശംസിച്ചിട്ടുണ്ടെങ്കിൽ ഞാൻ ലജ്ജിച്ചു പോയിട്ടില്ല; എന്നാൽ, ഞങ്ങൾ നിങ്ങളോട് സകലവും സത്യമായി പറഞ്ഞതുപോലെ തീത്തോസിനോട് ഞങ്ങൾ പ്രശംസിച്ചതും സത്യമായി തെളിഞ്ഞു.
15അവനെ ഭയത്തോടും വിറയലോടും കൈക്കൊണ്ടതിൽ നിങ്ങളെല്ലാവരും കാണിച്ച അനുസരണം അവൻ ഓർക്കുമ്പോൾ നിങ്ങളോടുള്ള അവന്റെ വാത്സല്യം അത്യന്തം വർദ്ധിക്കുന്നു.16നിങ്ങളെ സംബന്ധിച്ച് എല്ലാ കാര്യത്തിലും ആത്മവിശ്വാസം ഉള്ളതിനാൽ ഞാൻ സന്തോഷിക്കുന്നു.


1 7:11 ഒരാൾ നമ്മോട് തെറ്റായ രീതിയിൽ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന കോപം.

8
ഔദാര്യദാനം

1സഹോദരന്മാരേ, മക്കെദോന്യ സഭകൾക്ക് ലഭിച്ച ദൈവകൃപയെക്കുറിച്ച് നിങ്ങൾ അറിയണം എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.2കഷ്ടതയുടെ കഠിന ശോധനയിലും അവരുടെ സന്തോഷബഹുത്വവും മഹാദാരിദ്ര്യവും ഔദാര്യതയുടെ സമൃദ്ധിയിൽ കവിഞ്ഞൊഴുകി.

3അവർ പ്രാപ്തിപോലെയും പ്രാപ്തിയ്ക്കു മീതെയും സ്വമനസ്സാലെ കൊടുത്തു എന്നതിന് ഞാൻ സാക്ഷി.4വിശുദ്ധന്മാരുടെ ശുശ്രൂഷാസഹായത്തിനായുള്ള കൂട്ടായ്മയിൽ അവസരം ലഭിക്കേണ്ടതിന് അവർ വളരെ താല്പര്യത്തോടെ ഞങ്ങളോട് അപേക്ഷിച്ചു.5അതും ഞങ്ങൾ പ്രതീക്ഷിച്ചതുപോലെയല്ല; അവർ മുമ്പെ തങ്ങളെത്തന്നെ കർത്താവിനും പിന്നെ ദൈവഹിതത്തിനൊത്തവണ്ണം ഞങ്ങൾക്കും ഏല്പിച്ചു.
6അങ്ങനെ തീത്തൊസ് ആരംഭിച്ചതുപോലെ, നിങ്ങളുടെ ഇടയിൽ ഈ കൃപയുടെ പ്രവൃത്തി നിവർത്തിക്കേണം എന്ന് ഞങ്ങൾ അവനെ പ്രോത്സാഹിപ്പിച്ചു.7എന്നാൽ വിശ്വാസത്തിലും, വാക്കിലും, അറിവിലും, സകല ഉത്സാഹത്തിലും, ഞങ്ങളോടുള്ള സ്നേഹത്തിലും ഇങ്ങനെ എല്ലാറ്റിലും നിങ്ങൾ ശ്രേഷ്ഠരായിരിക്കുന്നതുപോലെ ഈ കൃപയുടെ പ്രവൃത്തിയിലും ശ്രേഷ്ഠരാകുവിൻ.
8ഞാൻ ഇത് കല്പനയായിട്ടല്ല, നിങ്ങളുടെ സ്നേഹത്തിന്റെ പരമാർത്ഥത, മറ്റുള്ളവരുടെ ഉത്സാഹത്താൽ തെളിയിക്കപ്പെടേണ്ടതിനത്രേ പറയുന്നത്.9നമ്മുടെ കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും, അവന്റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നർ ആകേണ്ടതിന്, നിങ്ങൾ നിമിത്തം ദരിദ്രനായിത്തീർന്ന കൃപ നിങ്ങൾ അറിയുന്നുവല്ലോ.
10ഞാൻ ഇതിൽ എന്റെ അഭിപ്രായം പറയുന്നു; പ്രവർത്തിക്കുവാൻ മാത്രമല്ല, താൽപ്പര്യപ്പെടുവാനും കൂടെ ഒരു വർഷം മുമ്പെ തന്നെ ആദ്യമായി തുടങ്ങിയ നിങ്ങൾക്ക് അത് പ്രയോജകരം.11എന്നാൽ താല്പൎയ്യപ്പെടുവാൻ മനസ്സൊരുക്കം ഉണ്ടായതുപോലെ നിങ്ങളുടെ പ്രാപ്തിക്കു ഒത്തവണ്ണം പൂർത്തീകരണം ഉണ്ടാകേണ്ടതിന് ഇപ്പോൾ ഇത് പ്രവൃത്തിക്കുവിൻ.12ഒരുവന് മനസ്സൊരുക്കം ഉണ്ടെങ്കിൽ തനിക്ക് ഇല്ലാത്തതനുസരിച്ചല്ല, തനിക്കുള്ളതനുസരിച്ച് കൊടുത്താൽ അത് പ്രസാദകരം ആയിരിക്കും.

13മറ്റുള്ളവർ ആശ്വസിക്കേണ്ടതിനും നിങ്ങൾ ഭാരപ്പെടേണ്ടതിനും അല്ല, തുല്യതയ്ക്കു വേണ്ടിയത്രേ.14തുല്യത ഉണ്ടാകുവാൻ തക്കവണ്ണം, അവരുടെ സമൃദ്ധി നിങ്ങളുടെ ഇല്ലായ്മയ്ക്ക് ഉതകേണ്ടതിന്, ഇക്കാലത്തുള്ള നിങ്ങളുടെ സമൃദ്ധി അവരുടെ ഇല്ലായ്മയ്ക്ക് ഉതകട്ടെ.
15“ഏറെ പെറുക്കിയവന് ഏറെയും കുറച്ചു പെറുക്കിയവന് കുറവും കണ്ടില്ല”
എന്ന് എഴുതിയിരിക്കുന്നതുപോലെ തന്നെ.
തീത്തോസിനെ കൊരിന്തിലേക്ക് അയയ്ക്കുന്നു

16നിങ്ങൾക്കുവേണ്ടി തീത്തോസിന്റെ ഹൃദയത്തിലും ഇതേ ഉത്സാഹം നല്കിയ ദൈവത്തിന് സ്തോത്രം.17എന്തെന്നാൽ, അവൻ അപേക്ഷ കൈക്കൊണ്ടു എന്ന് മാത്രമല്ല, അത്യുത്സാഹിയാകയാൽ സ്വമനസ്സാലെ നിങ്ങളുടെ അടുക്കലേക്ക് പുറപ്പെട്ടു.
18ഞങ്ങൾ അവനോടുകൂടെ ഒരു സഹോദരനെയും അയച്ചിരിക്കുന്നു; സുവിശേഷസംബന്ധമായുള്ള അവന്റെ പുകഴ്ച സകലസഭകളിലും വ്യാപിച്ചിരിക്കുന്നു,19അതുമാത്രമല്ല, കർത്താവിന്റെ മഹത്വത്തിനായും നമ്മുടെ മനസ്സൊരുക്കം കാണിക്കുവാനായും ഞങ്ങളുടെ ശുശ്രൂഷയാൽ നടക്കുന്ന ഈ കൃപയുടെ പ്രവൃത്തിയിൽ അവൻ ഞങ്ങൾക്ക് കൂട്ടുയാത്രക്കാരനായി സഭകളാൽ തിരഞ്ഞെടുക്കപ്പെട്ടവനും ആകുന്നു.
20ഞങ്ങൾ നടത്തിവരുന്ന ഈ ഉദാരമായ സംഭാവനയുടെ കാര്യത്തിൽ, ആരും ഞങ്ങളെ അപവാദം പറയാതിരിക്കുവാൻ,21ഞങ്ങൾ കർത്താവിന്റെ മുമ്പാകെ മാത്രമല്ല മനുഷ്യരുടെ മുമ്പാകെയും യോഗ്യമായത് മുൻകരുതുന്നു.
22ഞങ്ങൾ പലപ്പോഴും ശോധനചെയ്ത്, പലതിലും ഉത്സാഹിയായി കണ്ടും, ഇപ്പോഴോ തനിക്ക് നിങ്ങളിലുള്ള വലിയ ആത്മവിശ്വാസം നിമിത്തം അത്യുത്സാഹിയായുമിരിക്കുന്ന നമ്മുടെ സഹോദരനെയും അവരോടുകൂടെ അയച്ചിരിക്കുന്നു.23തീത്തൊസ് എനിക്ക് കൂട്ടാളിയും നിങ്ങൾക്ക് കൂട്ടുവേലക്കാരനും ആകുന്നു; നമ്മുടെ സഹോദരന്മാർ സഭകളുടെ ദൂതന്മാരും ക്രിസ്തുവിന് മഹത്വവും തന്നെ.24ആകയാൽ നിങ്ങളുടെ സ്നേഹത്തിനും, നിങ്ങളെച്ചൊല്ലി ഞങ്ങളുടെ പ്രശംസയ്ക്കും ഉള്ള തെളിവ് സഭകൾ കാൺകെ അവർക്ക് കാണിച്ചുകൊടുക്കുവിൻ.

9
വിശുദ്ധന്മാർക്കുവേണ്ടിയുള്ള ദ്രവ്യശേഖരം

1വിശുദ്ധന്മാർക്കുവേണ്ടി നടത്തുന്ന ശുശ്രൂഷയെക്കുറിച്ച് ഞാൻ നിങ്ങൾക്ക് എഴുതുവാൻ ആവശ്യമില്ലല്ലോ?2എന്തെന്നാൽ, അഖായ1 യിലുള്ളവർ ഒരു വർഷം മുമ്പ് ഒരുങ്ങിയിരിക്കുന്നു എന്ന് മക്കെദോന്യരോട് നിങ്ങളെക്കുറിച്ച് ഞാൻ പ്രശംസിച്ചുവരുന്ന നിങ്ങളുടെ മനസ്സൊരുക്കം ഞാൻ അറിയുകയും, നിങ്ങളുടെ തീക്ഷ്ണത മിക്കപേർക്കും പ്രചോദനമായിരിക്കുകയും ചെയ്യുന്നതുകൊണ്ടു തന്നെ .

3എന്നാൽ, നിങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ പ്രശംസ ഈ കാര്യത്തിൽ വ്യർത്ഥമാകാതെ ഞാൻ പറഞ്ഞതുപോലെ നിങ്ങൾ ഒരുങ്ങിയിരിക്കേണ്ടതിനത്രേ ഞാൻ സഹോദരന്മാരെ അയച്ചത്.4അല്ലെങ്കിൽ ചില മക്കെദോന്യർ എന്നോടുകൂടെ വരികയും നിങ്ങളെ ഒരുങ്ങാത്തവരായി കാണുകയും ചെയ്താൽ -നിങ്ങൾ എന്നല്ല- ഞങ്ങളും നിങ്ങളെക്കുറിച്ചുള്ള ഈ ആത്മവിശ്വാസം നിമിത്തം ലജ്ജിച്ചുപോകേണ്ടിവരുമല്ലോ.5ആകയാൽ സഹോദരന്മാർ ഞങ്ങൾക്ക് മുമ്പായി വരികയും, നിർബ്ബന്ധത്താലല്ല ഉദാരമായിട്ട് തന്നെ നിങ്ങൾ മുമ്പെ വാഗ്ദത്തം ചെയ്ത അനുഗ്രഹം കരുതിയിരിക്കുവാൻ തക്കവണ്ണം മുമ്പുകൂട്ടി ഒരുക്കിവയ്ക്കുകയും ചെയ്യേണ്ടതിന് സഹോദരന്മാരെ ഉത്സാഹിപ്പിക്കുവാൻ ആവശ്യം എന്ന് എനിക്കു തോന്നി.
ഔദാര്യമായി വിതയ്ക്കുക

6എന്നാൽ അല്പമായി വിതയ്ക്കുന്നവൻ അല്പമായി കൊയ്യും; ധാരാളമായി വിതയ്ക്കുന്നവൻ ധാരാളമായി കൊയ്യും എന്ന് ഓർത്തുകൊള്ളുവിൻ.7അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുത്; നിർബ്ബന്ധത്താലുമരുത്; എന്തെന്നാൽ, സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു.
8നിങ്ങൾ സകലത്തിലും എപ്പോഴും പൂർണ്ണതൃപ്തിയുള്ളവരായി സകല സൽപ്രവൃത്തിയിലും വർദ്ധിച്ചു വരുമാറ് നിങ്ങളിൽ സകലകൃപയും വർദ്ധിപ്പിക്കുവാൻ ദൈവം ശക്തൻ ആകുന്നു.
9“അവൻ വാരിവിതറി ദരിദ്രന്മാർക്ക് കൊടുക്കുന്നു; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു”
എന്ന് എഴുതിയിരിക്കുന്നുവല്ലോ.
10എന്നാൽ വിതയ്ക്കുന്നവന് വിത്തും, ഭക്ഷിക്കുവാൻ അപ്പവും നല്കുന്നവൻ, വിതയ്ക്കാനുള്ള നിങ്ങളുടെ വിത്ത് നൽകി പലമടങ്ങാക്കുകയും, നിങ്ങളുടെ നീതിയുടെ വിളവ് വർദ്ധിപ്പിക്കുകയും ചെയ്യും.

11ഇങ്ങനെ ദൈവത്തിന് ഞങ്ങളാൽ സ്തോത്രം വരുവാൻ കാരണമായിരിക്കുന്ന ഔദാര്യം ഒക്കെയും കാണിക്കേണ്ടതിന് നിങ്ങൾ സകലത്തിലും സമ്പന്നർ ആകും.
12ഈ നടത്തുന്ന ശുശ്രൂഷാസേവനം വിശുദ്ധന്മാരുടെ ആവശ്യങ്ങൾക്ക് ഉതകുന്നതു മാത്രമല്ലാതെ, ദൈവത്തിന് അനവധി സ്തോത്രം വരുവാൻ കാരണവും ആകുന്നു.13ഈ ശുശ്രൂഷയുടെ അംഗീകാരം ഹേതുവായി ക്രിസ്തുവിന്റെ സുവിശേഷം നിങ്ങൾ സ്വീകരിച്ച അനുസരണം നിമിത്തവും അവരോടും എല്ലാവരോടും നിങ്ങൾ കാണിക്കുന്ന ഔദാര്യകൂട്ടായ്മ നിമിത്തവും അവർ ദൈവത്തെ മഹത്വപ്പെടുത്തും.14നിങ്ങൾക്ക് ലഭിച്ച അതിമഹത്തായ ദൈവകൃപനിമിത്തം അവർ നിങ്ങളെ കാണുവാൻ വാഞ്ഛിച്ച് നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു.15പറഞ്ഞറിയിക്കുവാൻ പറ്റാത്ത ദാനം നിമിത്തം ദൈവത്തിന് സ്തോത്രം.


1 9:2 കൊരിന്ത് തലസ്ഥാനമായുള്ള ഗ്രീസിലെ ഒരു പ്രവിശ്യയാണ് അഖായ.

10
പൗലോസിന്റെ ശുശ്രൂഷയുടെ വിവരണം

1നിങ്ങളുടെ സമീപെ എളിയവനും നിങ്ങളുടെ അസാന്നിദ്ധ്യത്തിൽ നിങ്ങളോട് ധൈര്യപ്പെടുന്നവനുമായ പൗലൊസ് എന്ന ഞാൻ ക്രിസ്തുവിന്റെ സൗമ്യതയാലും ശാന്തതയാലും നിങ്ങളോട് അപേക്ഷിക്കുന്നു.2ഞങ്ങൾ ജഡത്തെ അനുസരിച്ച് നടക്കുന്നു എന്ന് നിരൂപിക്കുന്ന ചിലരോട് ധീരത കാണിക്കുവാൻ ഞാൻ ഭാവിക്കുന്നു; ഞാൻ നിങ്ങളുടെ അടുക്കൽ വരുമ്പോൾ അങ്ങനെ ആത്മവിശ്വാസത്തോടെ ധൈര്യം കാണിക്കുവാൻ ഇടവരരുത് എന്നും അപേക്ഷിക്കുന്നു.

3ഞങ്ങൾ ജഡത്തിൽ സഞ്ചരിക്കുന്നവർ എങ്കിലും ജഡപ്രകാരം പോരാടുന്നില്ല.4എന്തെന്നാൽ, ഞങ്ങളുടെ യുദ്ധത്തിന്റെ ആയുധങ്ങളോ ജഡികങ്ങൾ അല്ല, എന്നാൽ കോട്ടകളെ 1 തകർക്കുവാൻ തക്ക ദൈവിക ശക്തിയുള്ളവ തന്നെ.
5അവയാൽ ദൈവത്തിന്റെ പരിജ്ഞാനത്തിന് വിരോധമായി പൊങ്ങുന്ന എല്ലാ ഉയർന്ന വാദങ്ങളേയും തകർത്തുകളയുകയും, ഏത് വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിനായിട്ട് പിടിച്ചടക്കുകയും ചെയ്യുന്നു.6ഇങ്ങനെ നിങ്ങളുടെ അനുസരണം തികഞ്ഞുവരുമ്പോൾ എല്ലാ അനുസരണക്കേടിനും ശിക്ഷിക്കുവാനും തയ്യാറാവുന്നു. നിങ്ങൾ പുറമെയുള്ളതു നോക്കുന്നു.

7താൻ ക്രിസ്തുവിനുള്ളവൻ എന്ന് ഒരുവന് ബോദ്ധ്യപ്പെട്ടിരിക്കുന്നു എങ്കിൽ താൻ ക്രിസ്തുവിനുള്ളവൻ ആയിരിക്കുന്നതുപോലെ ഞങ്ങളും ക്രിസ്തുവിനുള്ളവർ എന്ന് അവൻ പിന്നെയും തന്നെത്താൻ ഓർത്തുകൊള്ളട്ടെ.8നിങ്ങളെ ഇടിച്ചുകളയുവാനല്ല പണിയുവാനായിട്ട്, കർത്താവ് ഞങ്ങൾക്ക് തന്ന അധികാരത്തെക്കുറിച്ച് ഏറെക്കുറെ പ്രശംസിച്ചാലും ഞാൻ ലജ്ജിച്ചുപോകയില്ല.
9ഞാൻ കത്തുകളാൽ നിങ്ങളെ ഭയപ്പെടുത്തുന്നു എന്ന് തോന്നരുത്.10എന്തെന്നാൽ അവന്റെ കത്തുകൾ ഗൗരവവും ശക്തിയുള്ളതും തന്നെ; എന്നാൽ ശാരീരികസാന്നിദ്ധ്യമോ ബലഹീനവും സംസാരം നിന്ദ്യവുമത്രെ എന്നു ചിലർ പറയുന്നുവല്ലോ.
11അകലെയിരിക്കുമ്പോൾ ഞങ്ങൾ കത്തുകളിലൂടെയുള്ള വാക്കിൽ എങ്ങനെയുള്ളവരോ, അരികത്തിരിക്കുമ്പോൾ പ്രവൃത്തിയിലും അങ്ങനെയുള്ളവർ തന്നെ എന്ന് അവർ നിരൂപിക്കട്ടെ.12തങ്ങളെത്തന്നെ പ്രശംസിക്കുന്ന ചിലരിൽനിന്ന് ഞങ്ങളെത്തന്നെ വേർതിരിക്കുവാനോ, താരതമ്യപ്പെടുത്തുവാനോ തുനിയുന്നില്ല; എന്നാൽ, അവർ തങ്ങളാൽ തന്നെ തങ്ങളെ അളക്കുകയും തങ്ങളോട് തന്നെ തങ്ങളെ താരതമ്യപ്പെടുത്തുകയും ചെയ്യുന്നതുകൊണ്ട് തിരിച്ചറിവുള്ളവരല്ല.
13ഞങ്ങളോ അളവില്ലാത്തവണ്ണമല്ല, നിങ്ങളുടെ അടുക്കലോളം എത്തുംവിധം ദൈവം ഞങ്ങൾക്ക് അനുവദിച്ചുതന്ന അതിരിന്റെ അളവിന് ഒത്തവണ്ണമത്രേ പ്രശംസിക്കുന്നത്.14ഞങ്ങൾ നിങ്ങളുടെ അടുക്കലോളം എത്താതെ ഞങ്ങളെത്തന്നെ അതിർ കടത്തുന്നില്ല; എന്തെന്നാൽ ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഞങ്ങൾ നിങ്ങളുടെ അടുക്കലോളം വന്നിട്ടുണ്ടല്ലോ.
15ഞങ്ങൾ മറ്റുള്ളവരുടെ പ്രയത്നത്തിൽ അളവില്ലാതെ പ്രശംസിക്കുന്നു എന്നുമില്ല. നിങ്ങളുടെ വിശ്വാസം വർദ്ധിച്ചാൽ, ഞങ്ങളുടെ അതിരിനകത്ത് നിന്ന് നിങ്ങളുടെ ഇടയിൽ ഞങ്ങളുടെ പ്രവർത്തനമേഖല വിസ്തൃതമാക്കി,16മറ്റൊരുത്തന്റെ അതിരിനകത്ത് നേടിയതിൽ പ്രശംസിക്കാതെ, നിങ്ങളുടെ ദിക്കുകൾക്കും അപ്പുറത്ത് സുവിശേഷം പ്രസംഗിക്കുവാൻ ആശിക്കുകയത്രേ ചെയ്യുന്നു.
17എന്നാൽ, പ്രശംസിക്കുന്നവൻ കർത്താവിൽ പ്രശംസിക്കട്ടെ.18തന്നെത്താൻ പ്രശംസിക്കുന്നവനല്ല, കർത്താവ് പ്രശംസിക്കുന്നവനത്രേ അംഗീകരിക്കപ്പെട്ടവൻ.


1 10:4 എങ്ങും എത്തിക്കുവാൻ കഴിയാത്ത വഴിതെറ്റിക്കുന്ന വാദങ്ങൾ

11
പൗലോസും കള്ളഅപ്പൊസ്തലന്മാരും

1നിങ്ങൾ എന്നിലുള്ള അല്പം ബുദ്ധിശൂന്യത സഹിക്കുമെങ്കിൽ നന്നായിരുന്നു; അതേ, നിങ്ങൾ എന്നെ സഹിച്ചുകൊള്ളുന്നുവല്ലോ.2ഞാൻ നിങ്ങളെക്കുറിച്ച് ദൈവികതീക്ഷ്ണതയോടെ തീക്ഷ്ണതയുള്ളവനായിരിക്കുന്നു; എന്തെന്നാൽ, ഞാൻ ക്രിസ്തു എന്ന ഏകഭർത്താവിന് നിങ്ങളെ നിർമ്മലകന്യകയായി ഏല്പിക്കുവാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു.

3എന്നാൽ സർപ്പം ഹവ്വായെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സ് ക്രിസ്തുവിനോടുള്ള പരമാർത്ഥതയും നിർമ്മലതയും വിട്ട് വഴിതെറ്റിപ്പോകുമോ എന്ന് ഞാൻ ഭയപ്പെടുന്നു.4ഒരുവൻ വന്ന് ഞങ്ങൾ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കുകയോ, നിങ്ങൾക്ക് ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും, നിങ്ങൾ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും സ്വീകരിക്കുകയോ ചെയ്യുമ്പോൾ, നിങ്ങൾ സഹിക്കുന്നത് ആശ്ചര്യം.
5ഞാൻ അതിശ്രേഷ്ഠതയുള്ള അപ്പൊസ്തലന്മാരെക്കാൾ ഒട്ടും കുറഞ്ഞവനല്ല എന്ന് ചിന്തിക്കുന്നു.6ഞാൻ പ്രസംഗത്തിൽ പ്രാവീണ്യം ഇല്ലാത്തവനെങ്കിലും പരിജ്ഞാനമില്ലാത്തവനല്ല; ഞങ്ങൾ അത് നിങ്ങൾക്ക് എല്ലായ്പോഴും എല്ലാവിധത്തിലും വെളിപ്പെടുത്തിയിരിക്കുന്നുവല്ലോ.
7അല്ലെങ്കിൽ ഞാൻ ദൈവത്തിന്റെ സുവിശേഷം നിങ്ങൾക്ക് സൗജന്യമായി പ്രസംഗിച്ചുകൊണ്ട്, നിങ്ങൾ ഉയരേണ്ടതിന്, എന്നെത്തന്നെ താഴ്ത്തുകയാൽ പാപം ചെയ്തുവോ?8നിങ്ങൾക്കു ശുശ്രൂഷ ചെയ്യുവാൻ ഞാൻ മറ്റു സഭകളിൽ നിന്ന് ചെലവിന് വാങ്ങി അവരെ കവർന്നു .9ഞാൻ നിങ്ങളോടൊപ്പം ഇരിക്കുകയും ആവശ്യം വരികയും ചെയ്തപ്പോൾ ആരെയും ഭാരപ്പെടുത്തിയില്ല. മക്കെദോന്യയിൽ നിന്ന് വന്ന സഹോദരന്മാർ അത്രേ എന്റെ ആവശ്യങ്ങളിൽ സഹായമായത്. ഞാൻ എല്ലാ വിധത്തിലും നിങ്ങൾക്ക് ഭാരമായിത്തീരാതവണ്ണംഎന്നെത്തന്നെ സൂക്ഷിച്ചു; മേലാലും അങ്ങനെതന്നെ ചെയ്യും.
10ക്രിസ്തുവിന്റെ സത്യം എന്നിൽ ഉള്ളതിനാൽ അഖായപ്രദേശങ്ങളിൽ ആരും എന്റെ ഈ പ്രശംസ ഇല്ലാതാക്കുകയില്ല.11അത് എന്തുകൊണ്ട്? ഞാൻ നിങ്ങളെ സ്നേഹിക്കായ്കകൊണ്ടോ? ദൈവം അറിയുന്നു.
12അവർ പ്രശംസിക്കുന്ന കാര്യത്തിൽ ഞങ്ങളും തുല്യരായി പരിഗണിക്കപ്പെടുവാൻ അവസരം അന്വേഷിക്കുന്നവരുടെ അവസരം ഇല്ലാതേക്കേണ്ടതിന് ഞാൻ ചെയ്യുന്നത് മേലാലും ചെയ്യും.13എന്തെന്നാൽ, ഇങ്ങനെയുള്ളവർ കള്ളയപ്പൊസ്തലന്മാർ, കപടവേലക്കാർ, ക്രിസ്തുവിന്റെ അപ്പൊസ്തലന്മാരുടെ വേഷം ധരിക്കുന്നവരത്രേ;
14അത് ആശ്ചര്യവുമല്ല; സാത്താൻ താനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ.15ആകയാൽ സാത്താന്റെ ശുശ്രൂഷക്കാർ നീതിയുടെ ശുശ്രൂഷക്കാരുടെ വേഷം ധരിച്ചാൽ അതിശയമല്ല; അവരുടെ അവസാനം അവരുടെ പ്രവൃത്തികൾക്ക് ഒത്തതായിരിക്കും.
പൗലോസിന്റെ കഷ്ടങ്ങളിലെ പ്രശംസ

16ഞാൻ പിന്നെയും പറയുന്നു; ആരും എന്നെ ബുദ്ധിഹീനൻ എന്ന് വിചാരിക്കരുത്; വിചാരിച്ചാലോ, ഞാനും അല്പം പ്രശംസിക്കേണ്ടതിന് ഒരു ബുദ്ധിഹീനനെപ്പോലെയെങ്കിലും എന്നെ കൈക്കൊള്ളുവിൻ.17ഞാൻ സംസാരിക്കുന്നത് കർത്താവിന്റെ ഹിതത്തോടെ അല്ല, പ്രശംസിക്കുന്ന ഈ അതിധൈര്യത്തോടെ ബുദ്ധിഹീനനെപ്പോലെ അത്രേ .18പലരും ജഡപ്രകാരം പ്രശംസിക്കുകയാൽ ഞാനും പ്രശംസിക്കുന്നു.
19നിങ്ങൾ ബുദ്ധിമാന്മാർ ആകയാൽ ബുദ്ധിഹീനരെ സന്തോഷത്തോടെ സഹിക്കുന്നുവല്ലോ.20എന്തെന്നാൽ, നിങ്ങളെ ഒരുവൻ അടിമപ്പെടുത്തിയാലും ഒരുവൻ നിങ്ങളെ ഇരയാക്കിയാലും, ഒരുവൻ നിങ്ങളെക്കൊണ്ട് നേട്ടം ഉണ്ടാക്കിയാലും, ഒരുവൻ വെറുതെ പ്രശംസിച്ചാലും, ഒരുവൻ നിങ്ങളുടെ മുഖത്ത് അടിച്ചാലും നിങ്ങൾ സഹിക്കുന്നുവല്ലോ.21അതിൽ ഞങ്ങൾ ബലഹീനരായിരുന്നു എന്ന് ഞാൻ അപമാനത്തോടെ പറയുന്നു. എന്നാൽ ആരെങ്കിലും ധൈര്യപ്പെടുന്ന കാര്യത്തിൽ-ഞാൻ ബുദ്ധിഹീനനായി പറയുന്നു-ഞാനും ധൈര്യപ്പെടുന്നു.
22അവർ എബ്രായരോ? ഞാനും അതേ; അവർ യിസ്രായേല്യരോ? ഞാനും അതേ; അവർ അബ്രഹാമിന്റെ സന്തതിയോ? ഞാനും അതേ;23അവർ ക്രിസ്തുവിന്റെ ശുശ്രൂഷക്കാരോ? -ഞാൻ ബുദ്ധിഭ്രമമായി സംസാരിക്കുന്നു-ഞാൻ അധികം; ഞാൻ ഏറ്റവും അധികം അദ്ധ്വാനിച്ചു, അധികം പ്രാവശ്യം തടവിലായി, അനവധി അടികൊണ്ടു, പലപ്പോഴും മരണകരമായ അപകടത്തിൽ അകപ്പെട്ടു;
24യെഹൂദരാൽ ഞാൻ ഒന്ന് കുറച്ച് നാല്പത് അടി അഞ്ചുതവണ കൊണ്ടു;25മൂന്നുതവണ വടികൊണ്ടുള്ള അടിയേറ്റു; ഒരിക്കൽ കല്ലേറ് കൊണ്ടു, മൂന്നുതവണ കപ്പൽനാശത്തിൽ അകപ്പെട്ടു, ഒരു രാപ്പകൽ വെള്ളത്തിൽ കഴിച്ചു.26കൂടെക്കൂടെ യാത്ര ചെയ്തു; നദികളിലെ ആപത്ത്, കള്ളന്മാരാലുള്ള ആപത്ത്, സ്വജനത്താലുള്ള ആപത്ത്, ജാതികളാലുള്ള ആപത്ത്, പട്ടണത്തിലെ ആപത്ത്, നിർജ്ജനപ്രദേശത്തെ ആപത്ത്, കടലിലെ ആപത്ത്, കപടസഹോദരന്മാരാലുള്ള ആപത്ത്;
27അദ്ധ്വാനവും കഷ്ടപ്പാടും, ഉറക്കം നഷ്ടപ്പെട്ട പല രാത്രികൾ, ദാഹവും വിശപ്പും, പലതവണ പട്ടിണി, ശീതം, നഗ്നത28എന്നീ സംഗതികൾ കൂടാതെ, എനിക്ക് ദിവസേന സർവ്വസഭകളെയും കുറിച്ചുള്ള ചിന്താഭാരം എന്ന സമ്മർദവും ഉണ്ട്.29ആർ ബലഹീനനായിട്ട് ഞാൻ ബലഹീനനാകാതെ ഇരിക്കുന്നു? ആർ പാപത്തിലേക്ക് നയിക്കപ്പെട്ടിട്ട് ഞാൻ കോപത്താൽ തിളയ്ക്കാതെ ഇരിക്കുന്നു?
30പ്രശംസിക്കണമെങ്കിൽ എന്റെ ബലഹീനത സംബന്ധിച്ച് ഞാൻ പ്രശംസിക്കും.31നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നത് എന്നറിയുന്നു.
32ദമസ്കൊസിലെ അരേതാരാജാവിന്റെ നാടുവാഴി എന്നെ പിടിക്കുവാൻ ഇച്ഛിച്ച്, തന്റെ പട്ടണത്തെ കാവൽ വച്ചു കാത്തു.33എന്നാൽ അവർ എന്നെ മതിലിലുള്ള ഒരു കിളിവാതിൽ വഴിയായി ഒരു കൊട്ടയിൽ ഇറക്കിവിട്ടു; അങ്ങനെ ഞാൻ അവന്റെ കൈയിൽനിന്നും രക്ഷപെട്ടു.

12
പൗലൊസിന്റെ ദർശനവും മുള്ളും

1പ്രശംസിക്കുന്നതിനാൽ പ്രയോജനമില്ല എങ്കിലും അത് ആവശ്യമായിരിക്കുന്നു. ഞാൻ കർത്താവിന്റെ ദർശനങ്ങളെയും വെളിപ്പാടുകളെയും കുറിച്ച് പറയുവാൻ പോകുന്നു.2ക്രിസ്തുവിലുള്ള ഒരു മനുഷ്യനെ ഞാൻ അറിയുന്നു: അവൻ പതിനാല് വർഷം മുമ്പെ മൂന്നാം സ്വർഗ്ഗത്തോളം എടുക്കപ്പെട്ടു; ശരീരത്തോടെയോ എന്ന് ഞാൻ അറിയുന്നില്ല, ശരീരം കൂടാതെയോ എന്നുമറിയുന്നില്ല; ദൈവം അറിയുന്നു.

3ആ മനുഷ്യൻ പറുദീസയോളം എടുക്കപ്പെട്ടു എന്നും- ശരീരത്തോടെയോ എന്ന് ഞാൻ അറിയുന്നില്ല; ശരീരം കൂടാതെയോ എന്നും അറിയുന്നില്ല; ദൈവം അറിയുന്നു-4മനുഷ്യന് ഉച്ചരിക്കുവാൻ പാടില്ലാത്തതും പറഞ്ഞുകൂടാത്തതുമായ വാക്കുകളെ അവൻ കേട്ടു എന്നും ഞാൻ അറിയുന്നു.5അങ്ങനെയുള്ള ഒരുവനെക്കുറിച്ച് ഞാൻ പ്രശംസിക്കും; എന്നെക്കുറിച്ചോ എന്റെ ബലഹീനതകളിൽ അല്ലാതെ ഞാൻ പ്രശംസിക്കുകയില്ല.
6ഞാൻ പ്രശംസിക്കുവാൻ ആശിച്ചാലും മൂഢനാകയില്ല; എന്തെന്നാൽ ഞാൻ സത്യം പറയും; എങ്കിലും എന്നെ കാണുന്നതിനും എന്നിൽ നിന്ന് കേൾക്കുന്നതിനും ഉപരി ആരും എന്നെക്കുറിച്ച് ചിന്തിക്കരുത് എന്നുവച്ച് ഞാൻ അതിൽനിന്ന് അകന്നുനിൽക്കുന്നു.7വെളിപ്പാടുകളുടെ ആധിക്യം നിമിത്തം ഞാൻ എന്നെത്തന്നെ അതിയായി ഉയർത്താതിരിക്കുവാൻ എനിക്ക് ജഡത്തിൽ ഒരു ശൂലം തന്നിരിക്കുന്നു; ഞാൻ എന്നെത്തന്നെ അതിയായി ഉയർത്താതിരിക്കേണ്ടതിന് എന്നെ കുത്തുവാൻ സാത്താന്റെ ദൂതനെ തന്നെ.
8അത് എന്നെ വിട്ടു നീങ്ങേണ്ടതിന് ഞാൻ മൂന്നു പ്രാവശ്യം കർത്താവിനോട് അപേക്ഷിച്ചു.9അവൻ എന്നോട്: എന്റെ കൃപ നിനക്കു മതി; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നുവല്ലോ എന്ന് പറഞ്ഞു. ആകയാൽ ക്രിസ്തുവിന്റെ ശക്തി എന്റെമേൽ ആവസിക്കേണ്ടതിന് ഞാൻ അതിസന്തോഷത്തോടെ എന്റെ ബലഹീനതകളിൽ പ്രശംസിക്കും.10അതുകൊണ്ട് ഞാൻ ക്രിസ്തുവിനുവേണ്ടി ബലഹീനത, അപമാനം, ദുരിതം, ഉപദ്രവം, ബുദ്ധിമുട്ട് എന്നിവ സഹിക്കുന്നതിൽ ഞാൻ സംതൃപ്തിയുള്ളവനായിരിക്കുന്നു; എന്തെന്നാൽ, ബലഹീനനായിരിക്കുമ്പോൾ തന്നെ ഞാൻ ശക്തനാകുന്നു.
കൊരിന്ത്യയിലുള്ളവരെപ്പറ്റിയുള്ള പൗലൊസിന്റെ കരുതൽ

11ഞാൻ മൂഢനായിപ്പോയി; നിങ്ങൾ എന്നെ നിർബ്ബന്ധിച്ചു; നിങ്ങൾ എന്നെ പ്രശംസിക്കേണ്ടതായിരുന്നു; എന്തെന്നാൽ, ഞാൻ ഒന്നുമല്ല എങ്കിലും, അതിശ്രേഷ്ഠതയുള്ള അപ്പൊസ്തലന്മാരിൽ ഒട്ടും കുറഞ്ഞവനല്ല.12യഥാർത്ഥ അപ്പൊസ്തലന്റെ ലക്ഷണങ്ങൾ പൂർണ്ണ സഹിഷ്ണതയിലും അടയാളങ്ങളാലും അത്ഭുതങ്ങളാലും വീര്യപ്രവൃത്തികളാലും നിങ്ങളുടെ ഇടയിൽ വെളിപ്പെട്ടു.13ഞാൻ നിങ്ങൾക്ക് ഭാരമായിത്തീർന്നില്ല എന്നുള്ളതല്ലാതെ ശേഷം സഭകളേക്കാൾ നിങ്ങളെ ഏതുകാര്യത്തിൽ കുറവുള്ളവരാക്കി? ഈ അന്യായം ക്ഷമിച്ചുകൊള്ളുവിൻ.

14ഈ മൂന്നാം പ്രാവശ്യവും നിങ്ങളുടെ അടുക്കൽ വരുവാൻ ഞാൻ ഒരുങ്ങിയിരിക്കുന്നു; എന്നാൽ നിങ്ങൾക്ക് ഭാരമായിത്തീരുകയുമില്ല; എന്തുകൊണ്ടെന്നാൽ, നിങ്ങൾക്കുള്ളതിനെയല്ല നിങ്ങളെത്തന്നെ ഞാൻ അന്വേഷിക്കുന്നു; മക്കൾ അമ്മയപ്പന്മാർക്കല്ല അമ്മയപ്പന്മാർ മക്കൾക്കായിട്ടല്ലോ സമ്പാദിച്ചുവയ്ക്കേണ്ടത്.15ഞാൻ അതിസന്തോഷത്തോടെ നിങ്ങളുടെ ജീവനുവേണ്ടി ചെലവിടുകയും ചെലവായിപ്പോകയും ചെയ്യും. ഞാൻ നിങ്ങളെ അധികമായി സ്നേഹിച്ചാൽ നിങ്ങൾ എന്നെ അല്പമായി സ്നേഹിക്കുന്നുവോ?
16എന്നാൽ, ഞാൻ നിങ്ങൾക്ക് ഭാരമായിത്തീർന്നില്ല എങ്കിലും കൗശലക്കാരനാകയാൽ വഞ്ചനകൊണ്ട് നിങ്ങളെ കൈവശമാക്കി എന്ന് നിങ്ങൾ പറയുമായിരിക്കും.17ഞാൻ നിങ്ങളുടെ അടുക്കൽ അയച്ചവരിൽ ആരെയെങ്കിലുംകൊണ്ട് നിങ്ങളെ ചൂഷണം ചെയ്തെടുത്തുവോ?18ഞാൻ തീത്തൊസിനെ ഉത്സാഹിപ്പിച്ച്, ആ സഹോദരനെയും അവന്റെ കൂടെ അയച്ചിരുന്നു; തീത്തൊസ് നിങ്ങളെ ചൂഷണം ചെയ്തുവോ? ഞങ്ങൾ നടന്നത് അതേ ആത്മാവിൽ അല്ലയോ? അതേ കാൽച്ചുവടുകളിൽ അല്ലയോ?

19ഇത്രനേരം ഞങ്ങൾ നിങ്ങളോട് പ്രതിവാദിക്കുന്നു എന്ന് നിങ്ങൾക്ക് തോന്നുന്നുവോ? ദൈവത്തിന്മുമ്പാകെ ക്രിസ്തുവിൽ ആകുന്നു ഞങ്ങൾ സംസാരിക്കുന്നത്; പ്രിയമുള്ളവരേ, സകലവും നിങ്ങളുടെ ആത്മികവർദ്ധനയ്ക്കായിട്ടത്രേ.
20ഞാൻ വരുമ്പോൾ ഞാൻ ആഗ്രഹിക്കാത്തവിധത്തിൽ നിങ്ങളെ കാണുകയും നിങ്ങൾ ആഗ്രഹിക്കാത്ത വിധത്തിൽ എന്നെ കാണുകയും ചെയ്യുമോ എന്നും, പിണക്കം, അസൂയ, കോപം, പക, ഏഷണി, പരദൂഷണം, നിഗളം, കലഹം എന്നിവ ഉണ്ടാകുമോ എന്നും ഞാൻ ഭയപ്പെടുന്നു.21ഞാൻ വീണ്ടും വരുമ്പോൾ എന്റെ ദൈവം എന്നെ നിങ്ങളുടെ ഇടയിൽ താഴ്ത്തുവാനും, മുമ്പ് പാപംചെയ്യുകയും തങ്ങൾ പ്രവർത്തിച്ച അശുദ്ധി, ദുർന്നടപ്പ്, ദുഷ്കാമം എന്നിവയെക്കുറിച്ച് മാനസാന്തരപ്പെടുകയും ചെയ്യാത്ത പലരെയും ചൊല്ലി വിലപിക്കുവാനും ഇടയാകുമോ എന്നും ഞാൻ ഭയപ്പെടുന്നു.

13
കൊരിന്ത്യരോടുള്ള അന്ത്യശാസനം

1ഇത് മൂന്നാം പ്രാവശ്യം ആണ് ഞാൻ നിങ്ങളുടെ അടുക്കൽ വരുന്നത്

“രണ്ടോ മൂന്നോ സാക്ഷികളുടെ സാക്ഷ്യത്താൽ ഏത് കാര്യവും ഉറപ്പാക്കപ്പെടും”
2ഞാൻ രണ്ടാം പ്രാവശ്യം നിങ്ങളുടെ ഇടയിൽ ഇരുന്നപ്പോൾ: ഞാൻ വീണ്ടും വന്നാൽ ക്ഷമിക്കുകയില്ല എന്ന് പറഞ്ഞതുപോലെ ഞാൻ ഇപ്പോൾ ദൂരത്തിരുന്നുകൊണ്ട്, മുമ്പു പാപം ചെയ്തവരോടും മറ്റെല്ലാവരോടും മുൻകൂട്ടി പറയുന്നു.
3ക്രിസ്തു എന്നിൽ സംസാരിക്കുന്നു എന്നതിന് നിങ്ങൾ തെളിവ് അന്വേഷിക്കുന്നുവല്ലോ. നിങ്ങളോടുള്ള ബന്ധത്തിൽ അവൻ ബലഹീനനല്ല, നിങ്ങളിൽ ശക്തൻ തന്നെ.4ബലഹീനതയിൽ അവൻ ക്രൂശിക്കപ്പെട്ടിട്ടും ദൈവശക്തിയാൽ ജീവിക്കുന്നു; ഞങ്ങളും അവനിൽ ബലഹീനർ എങ്കിലും അവനോട് കൂടെ ദൈവശക്തിയാൽ നിങ്ങൾക്കായി ജീവിക്കുന്നു.
5നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്ന് നിങ്ങളെത്തന്നെ പരീക്ഷിക്കുവിൻ; നിങ്ങളെത്തന്നെ പരിശോധിക്കുവിൻ. നിങ്ങൾ അയോഗ്യരായി തെളിയുന്നില്ല എന്നുവരികിൽ, യേശുക്രിസ്തു നിങ്ങളിൽ ഉണ്ട് എന്ന് നിങ്ങൾ നിങ്ങളെക്കുറിച്ച് തിരിച്ചറിയുന്നില്ലയോ?6എന്നാൽ ഞങ്ങൾ അയോഗ്യരായി തെളിഞ്ഞില്ല എന്ന് നിങ്ങൾ അറിയും എന്ന് ഞാൻ വിശ്വസിക്കുന്നു.
7നിങ്ങൾ ഒരു ദോഷവും ചെയ്യാതിരിക്കേണ്ടതിന് ഞങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കുന്നു; ഞങ്ങൾ യോഗ്യരായി തോന്നേണ്ടതിനല്ല, ഞങ്ങൾ അയോഗ്യർ എന്നപോലെ ഇരുന്നാലും, നിങ്ങൾ നന്മ ചെയ്യേണ്ടതിനത്രേ.8സത്യത്തിന് അനുകൂലമല്ലാതെ സത്യത്തിന് പ്രതികൂലമായി ഞങ്ങൾക്ക് ഒന്നും ചെയ്യുവാൻ കഴിവില്ലല്ലോ.
9ഞങ്ങൾ ബലഹീനരും നിങ്ങൾ ശക്തരും ആയിരിക്കുമ്പോൾ ഞങ്ങൾ സന്തോഷിക്കുന്നു; നിങ്ങൾ തികഞ്ഞവരാകേണ്ടതിന് തന്നെ ഞങ്ങൾ പ്രാർത്ഥിക്കുന്നു.10അതുനിമിത്തം ഞാൻ വരുമ്പോൾ ഇടിച്ചുകളയുവാനല്ല, പണിയുവാനായിത്തന്നെ കർത്താവ് തന്ന അധികാരത്തിന് ഒത്തവണ്ണം, പരുഷമായി പെരുമാറാതിരിക്കേണ്ടതിന് ദൂരത്തുനിന്ന് ഇത് എഴുതുന്നു.
അന്ത്യാഭിവാദനം

11ഒടുവിൽ സഹോദരന്മാരേ, സന്തോഷിക്കുവിൻ; യഥാസ്ഥാനപ്പെടുവിൻ; ആശ്വസിച്ചുകൊള്ളുവിൻ; ഏകമനസ്സുള്ളവരാകുവിൻ; സമാധാനത്തോടെ ഇരിക്കുവിൻ; സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൈവം നിങ്ങളോടുകൂടെ ഇരിക്കും.12വിശുദ്ധചുംബനംകൊണ്ട് അന്യോന്യം വന്ദനം ചെയ്യുവിൻ.

13വിശുദ്ധന്മാർ എല്ലാവരും നിങ്ങൾക്ക് വന്ദനം ചൊല്ലുന്നു.

14കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.

ഗലാത്യർ

1

1(മനുഷ്യരിൽ നിന്നല്ല മനുഷ്യനാലുമല്ല; എന്നാൽ യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിച്ചവനായ പിതാവായ ദൈവത്താലുമത്രേ) അപ്പൊസ്തലനായ പൗലൊസും2എന്നോട് കൂടെയുള്ള സകല സഹ വിശ്വാസികളും ഗലാത്യസഭകൾക്ക് എഴുതുന്നത്:

3നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ.4നമ്മുടെ ദൈവവും പിതാവുമായവന്റെ ഇഷ്ടപ്രകാരം ഇപ്പോഴത്തെ ദുഷ്കാലത്തിൽനിന്ന് നമ്മെ വിടുവിക്കേണ്ടതിന് നമ്മുടെ പാപങ്ങൾക്കായി അവൻ തന്നെത്താൻ ഏല്പിച്ചുകൊടുത്തു.5അവന് എന്നെന്നേക്കും മഹത്വം. ആമേൻ.

6ക്രിസ്തുവിന്റെ കൃപയിലേക്ക് നിങ്ങളെ വിളിച്ചവനിൽ നിന്ന് മാറിപ്പോയി ഇത്രവേഗത്തിൽ മറ്റൊരു സുവിശേഷത്തിലേക്ക് നിങ്ങൾ തിരിഞ്ഞതുകൊണ്ട് ഞാൻ ആശ്ചര്യപ്പെടുന്നു.7മറ്റൊരു സുവിശേഷം എന്നൊന്നില്ല, എന്നിരുന്നാലും ക്രിസ്തുവിന്റെ സുവിശേഷം വളച്ചൊടിക്കുന്നവരും നിങ്ങളെ കലക്കുന്നവരുമായ ചില മനുഷ്യർ ഉണ്ട്.
8എന്നാൽ ഞങ്ങൾ നിങ്ങളോട് അറിയിച്ചതിന് വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്ന് ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.9ഞങ്ങൾ മുൻപറഞ്ഞതുപോലെ ഞാൻ ഇപ്പോൾ പിന്നെയും പറയുന്നു: നിങ്ങൾ കൈക്കൊണ്ട സുവിശേഷത്തിന് വിപരീതമായി ആരെങ്കിലും നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.10ഇപ്പോൾ എനിക്ക് മനുഷ്യന്റെയോ അതോ ദൈവത്തിന്റെയോ അംഗീകാരം വേണ്ടത്? അല്ല, ഞാൻ മനുഷ്യരെ പ്രസാദിപ്പിക്കുവാൻ നോക്കുന്നുവോ? ഇന്നും ഞാൻ മനുഷ്യരെ പ്രസാദിപ്പിക്കുന്നു എങ്കിൽ ഞാൻ ക്രിസ്തുവിന്റെ ദാസനല്ല.

11സഹോദരന്മാരേ, ഞാൻ അറിയിച്ച സുവിശേഷം കേവലം മാനുഷികമല്ല എന്ന് നിങ്ങൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.12അത് ഞാൻ മനുഷ്യരിൽ നിന്ന് സ്വീകരിച്ചിട്ടില്ല, ഞാൻ പഠിച്ചിട്ടുമില്ല, പ്രത്യുത എന്നോടുള്ള യേശുക്രിസ്തുവിന്റെ വെളിപാടിനാൽ അത്രേ ഞാൻ പ്രാപിച്ചത്.
13യെഹൂദമതത്തിലെ എന്റെ മുമ്പത്തെ ജീവിതത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാൻ ദൈവത്തിന്റെ സഭയെ അത്യന്തം ഉപദ്രവിക്കുകയും അതിനെ മുടിക്കുകയും14എന്റെ പിതൃപാരമ്പര്യത്തെക്കുറിച്ച് എനിക്ക് അത്യന്തം എരിവേറി, ഞാൻ എന്റെ സമപ്രായക്കാരായ യെഹൂദന്മാരിൽ പലരേക്കാളും യെഹൂദമതത്തിൽ അധികം മുന്നേറുകയും ചെയ്തുപോന്നു.
15എങ്കിലും എന്റെ അമ്മയുടെ ഉദരത്തിൽവച്ചു തന്നെ എന്നെ വേർതിരിച്ച് തന്റെ കൃപയാൽ എന്നെ വിളിച്ചിരിക്കുന്ന ദൈവം16ഞാൻ ജാതികളുടെ ഇടയിൽ അവനെ പ്രസംഗിക്കേണ്ടതിന് പുത്രനെ എന്നിൽ വെളിപ്പെടുത്തുവാൻ പ്രസാദിച്ചപ്പോൾ മനുഷ്യരോട് ആലോചിക്കുകയോ17എനിക്ക് മുമ്പെ അപ്പൊസ്തലന്മാരായവരുടെ അടുക്കൽ യെരൂശലേമിലേക്ക് പോകയോ ചെയ്യാതെ അറേബ്യരാജ്യത്തിലേക്ക് പോകുകയും പിന്നെ ദമസ്കൊസ് പട്ടണത്തിലേക്ക് മടങ്ങിപ്പോരുകയും ചെയ്തു.

18പിന്നെ മൂന്ന് വർഷം കഴിഞ്ഞിട്ട് കേഫാവുമായി 1 മുഖപരിചയമാകേണ്ടതിന് ഞാൻ യെരൂശലേമിലേക്ക് പോയി പതിനഞ്ചുദിവസം ഞാൻ അവനോടുകൂടെ പാർത്തു.19എന്നാൽ കർത്താവിന്റെ സഹോദരനായ യാക്കോബിനെ അല്ലാതെ അപ്പൊസ്തലന്മാരിൽ വേറൊരുവനെയും ഞാൻ കണ്ടില്ല.20ദൈവമുമ്പിൽ ഞാൻ നിങ്ങൾക്ക് എഴുതുന്നത് ഭോഷ്കല്ല.
21പിന്നെ ഞാൻ സുറിയ, കിലിക്യ ഭൂപ്രദേശങ്ങളിലേക്കു പോയി.22യെഹൂദ്യപ്രദേശത്തിലുള്ള ക്രിസ്തുസഭകൾക്കോ ഞാൻ മുഖപരിചയം ഇല്ലാത്തവൻ ആയിരുന്നു;23മുമ്പെ നമ്മെ ഉപദ്രവിച്ചവൻ താൻ മുമ്പെ തകർത്ത വിശ്വാസത്തെ ഇപ്പോൾ പ്രസംഗിക്കുന്നു എന്ന് മാത്രം24അവർ കേട്ട് എന്നെച്ചൊല്ലി ദൈവത്തെ മഹത്വപ്പെടുത്തി.


1 1:18 കേഫാവുമായി, പത്രൊസിന്റെ മറ്റൊരു പേര് കേഫാവ്.

2

1പിന്നെ പതിനാല് വർഷം കഴിഞ്ഞിട്ട് ഞാൻ ബർന്നബാസുമായി തീത്തൊസിനെയും കൂട്ടിക്കൊണ്ട് വീണ്ടും യെരൂശലേമിലേക്കു പോയി.2ഞാൻ ഒരു വെളിപാട് അനുസരിച്ചത്രേ പോയത്; ഞാൻ ഓടുന്നതോ ഓടിയതോ വെറുതെ എന്നു വരാതിരിപ്പാൻ ഞാൻ ജാതികളുടെ ഇടയിൽ പ്രസംഗിക്കുന്ന സുവിശേഷം അവരോട്, എന്നാൽ പ്രത്യേകിച്ച് മറ്റുള്ളവരെ നയിക്കുന്ന പ്രമാണികളോട് വ്യക്തിപരമായി വിവരിച്ചു.

3എന്നാൽ എന്റെ കൂടെയുള്ള തീത്തൊസ്, യവനൻ 1 എങ്കിലും പരിച്ഛേദന ഏൽക്കുവാൻ നിർബ്ബന്ധിച്ചില്ല.4ക്രിസ്തുയേശുവിൽ നമുക്കുള്ള സ്വാതന്ത്ര്യം ഒറ്റുനോക്കുവാൻ രഹസ്യമായി അയച്ച കള്ള സഹോദരന്മാർ നിമിത്തമായിരുന്നു നിർബ്ബന്ധിക്കാഞ്ഞത്. അവർ ന്യായപ്രമാണത്തിന് നമ്മെ അടിമകളാക്കുവാൻ ആഗ്രഹിച്ചു.5നിങ്ങളോടുള്ള സുവിശേഷത്തിന്റെ സത്യം മാറ്റംവരാതെ നിലനിൽക്കേണ്ടതിന് ഞങ്ങൾ അവർക്ക് ഒരു മണിക്കൂറുപോലും വഴങ്ങിക്കൊടുത്തില്ല.
6എന്നാൽ മറ്റുള്ളവർ പ്രമാണികൾ എന്ന് പറയുന്നവർ എനിക്ക് ഒന്നും ഗ്രഹിപ്പിച്ചു തന്നിട്ടില്ല. അവർ എങ്ങനെയുള്ളവർ ആയിരുന്നാലും എനിക്ക് ഏതുമില്ല; ദൈവം മനുഷ്യന്റെ മുഖം നോക്കുന്നില്ല.7നേരേമറിച്ച് പരിച്ഛേദനക്കാരുടെ അപ്പൊസ്തലത്വത്തിനായി പത്രൊസിൽ വ്യാപരിച്ചവനായ ദൈവം ജാതികൾക്കായി എന്നിലും വ്യാപരിച്ചതുകൊണ്ട്8പത്രൊസിന് പരിച്ഛേദനക്കാരോട് സുവിശേഷം ഘോഷിക്കേണ്ടതുപോലെ എന്നെ അഗ്രചർമക്കാരോട് സുവിശേഷം ഘോഷിക്കുവാൻ
9ഭരമേല്പിച്ചിരിക്കുന്നു എന്ന് അവർ കാണുകയും എനിക്ക് ലഭിച്ച കൃപ അറിഞ്ഞുംകൊണ്ട് നായകരായി എണ്ണപ്പെട്ടിരുന്ന യാക്കോബും കേഫാവും 2 യോഹന്നാനും, ഞങ്ങൾ ജാതികളോടും 3 അവർ പരിച്ഛേദനക്കാരോടും സുവിശേഷം അറിയിക്കുവാൻ പോകേണ്ടതിന് എനിക്കും ബർന്നബാസിനും കൂട്ടായ്മയുടെ വലങ്കൈ തന്നു.10ദരിദ്രരെ ഞങ്ങൾ ഓർത്തുകൊള്ളേണം എന്നും അവർ പറഞ്ഞു; അങ്ങനെ ചെയ്‌വാൻ ഞാൻ ഉത്സാഹിച്ചുമിരിക്കുന്നു.

11കേഫാവ് അന്ത്യൊക്യപട്ടണത്തില്‍ വന്നപ്പോൾ അവനിൽ കുറ്റം കാണുകയാൽ ഞാൻ അഭിമുഖമായി അവനോട് എതിർത്തുനിന്നു.12യാക്കോബിന്റെ അടുക്കൽനിന്ന് ചിലർ വരും മുമ്പെ കേഫാവ് ജാതികളോടുകൂടെ തിന്നു പോന്നു; എന്നാൽ അവർ വന്നപ്പോഴോ അവൻ പരിച്ഛേദനക്കാരെ ഭയപ്പെട്ടു ജാതികളിൽ നിന്നു പിൻവാങ്ങി പിരിഞ്ഞു നിന്നു.
13ശേഷം യെഹൂദസഹോദരന്മാരും കേഫാവിനോടുകൂടെ ഈ കപടം കാണിച്ചു. അതുകൊണ്ട് ബർന്നബാസും അവരുടെ കപടത്താൽ തെറ്റിപ്പോവാൻ ഇടവന്നു.14എന്നാൽ, അവർ സുവിശേഷത്തിന്റെ സത്യം പിന്തുടരുന്നില്ല എന്നു കണ്ടിട്ട് ഞാൻ എല്ലാവരുടെയും മുമ്പിൽവച്ച് കേഫാവിനോട് പറഞ്ഞത്: യെഹൂദനായ നീ യെഹൂദമര്യാദപ്രകാരമല്ല ജാതികളുടെ മര്യാദപ്രകാരം ജീവിക്കുന്നു എങ്കിൽ നീ ജാതികളെ യെഹൂദമര്യാദ അനുസരിക്കുവാൻ നിബ്ബന്ധിക്കുന്നത് എങ്ങനെ?
15നാം ജാതികളായ പാപികളല്ല, ജനനംകൊണ്ട് യെഹൂദന്മാരത്രെ;16യേശുക്രിസ്തുവിലുള്ള വിശ്വാസത്താലല്ലാതെ ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ആരും നീതികരിക്കപ്പെടുന്നില്ല എന്ന് അറിഞ്ഞിരിക്കകൊണ്ട് നാമും ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാലല്ല ക്രിസ്തുവിലുള്ള വിശ്വാസത്താൽ തന്നെ നാം നീതീകരിക്കപ്പെടേണ്ടതിന് ക്രിസ്തുയേശുവിൽ വിശ്വസിച്ചു; ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും നീതീകരിക്കപ്പെടുകയില്ലല്ലോ.
17എന്നാൽ ക്രിസ്തുവിൽ നമ്മൾ ദൈവത്താലുള്ള നീതീകരണം അന്വേഷിക്കയിൽ നാമും പാപികൾ എന്നു വരുന്നു എങ്കിൽ ക്രിസ്തു പാപത്തിന്റെ ദാസൻ എന്നോ? ഒരുനാളും അല്ല.18ഞാൻ പൊളിച്ചുമാറ്റിയ ന്യായപ്രമാണത്തിലെ എന്റെ ആശ്രയത്തെ വീണ്ടും പണിതുവന്നാൽ, ഞാൻ എന്നെത്തന്നെ നിയമലംഘിയായി കാണിക്കുന്നു.19ഞാൻ ദൈവത്തിനായി ജീവിക്കേണ്ടതിന് ന്യായപ്രമാണത്താൽ ന്യായപ്രമാണ സംബന്ധമായി മരിച്ചു.
20ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നത് ഞാനല്ല ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നു; ഇപ്പോൾ ഞാൻ ശരീരത്തിൽ ജീവിക്കുന്നതോ എന്നെ സ്നേഹിച്ച് എനിക്കുവേണ്ടി തന്നെത്താൻ ഏല്പിച്ചുകൊടുത്ത ദൈവപുത്രനിലുള്ള വിശ്വാസത്താലത്രേ ഞാൻ ജീവിക്കുന്നത്.21ഞാൻ ദൈവത്തിന്റെ കൃപ വൃഥാവാക്കുന്നില്ല; ന്യായപ്രമാണത്താൽ നീതി നിലനിൽക്കുന്നു എങ്കിൽ ക്രിസ്തു മരിച്ചത് വെറുതെയല്ലോ.


1 2:3 യവനൻ എന്നാൽ യെഹൂദനല്ലാത്തവൻ.
2 2:9 കേഫാവും പത്രൊസിന്റെ മറ്റൊരു പേര് കേഫാവ്.
3 2:9 ജാതികളോടും, ജാതികൾ എന്നാൽ യെഹൂദരല്ലാത്തവർ.

3

1ഹാ ബുദ്ധിയില്ലാത്ത ഗലാത്യരേ, നിങ്ങളെ ക്ഷുദ്രംചെയ്ത് മയക്കിയത് ആർ? യേശുക്രിസ്തു ക്രൂശിക്കപ്പെട്ടവനായി നിങ്ങളുടെ കണ്ണിന് മുമ്പിൽ വരച്ചുകിട്ടിയിട്ടില്ലേ?2ഞാൻ ഇതൊന്നു മാത്രം നിങ്ങളിൽ നിന്ന് ഗ്രഹിപ്പാൻ ഇച്ഛിക്കുന്നു; നിങ്ങൾക്ക്പരിശുദ്ധാത്മാവ് ലഭിച്ചത് ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ അതോ നിങ്ങൾ കേട്ടത് വിശ്വസിച്ചതിനാലോ?3നിങ്ങൾ ഇത്ര ബുദ്ധികെട്ടവരോ? നിങ്ങൾ ആത്മാവിൽ ആരംഭിച്ചിട്ട് ഇപ്പോൾ ജഡത്തിലോ അവസാനിപ്പിക്കുന്നത്?

4അതെല്ലാം വെറുതെ അത്രേ എന്നു വരികിൽ ഇത്ര എല്ലാം വെറുതെ അനുഭവിച്ചുവോ?5അതുകൊണ്ട് നിങ്ങൾക്ക് തന്‍റെ ആത്മാവിനെ നല്കി നിങ്ങളുടെ ഇടയിൽ വീര്യപ്രവൃത്തികളെ ചെയ്യുന്ന ദൈവം ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്താലുള്ള കേൾവിയാലോ അങ്ങനെ ചെയ്യുന്നത്?
6അബ്രഹാം ദൈവത്തിൽ വിശ്വസിച്ചു; അത് അവന് നീതിയായി കണക്കിട്ടു എന്നുണ്ടല്ലോ.7അതുകൊണ്ട്, വിശ്വസിക്കുന്നവർ അത്രേ അബ്രഹാമിന്റെ സന്തതികള്‍ എന്ന് അറിയുവിൻ.8ദൈവം വിശ്വാസംമൂലം ജാതികളെ നീതീകരിക്കുന്നു എന്ന് തിരുവെഴുത്ത് മുൻകണ്ടിട്ട്: “നിന്നിൽ സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നുള്ള സുവിശേഷം അബ്രഹാമിനോട് മുമ്പുകൂട്ടി അറിയിച്ചു.9അങ്ങനെ വിശ്വാസമുള്ളവർ വിശ്വാസിയായ അബ്രഹാമിനോടുകൂടെ അനുഗ്രഹിക്കപ്പെടുന്നു.
10ന്യായപ്രമാണത്തിന്റെ പ്രവൃത്തിയിൽ ആശ്രയിക്കുന്ന ഏവരും ശാപത്തിൻ കീഴാകുന്നു; ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതൊക്കെയും ചെയ്‌വാൻ തക്കവണ്ണം അതിൽ നിലനിൽക്കാത്തവൻ എല്ലാം ശപിക്കപ്പെട്ടവൻ എന്ന് എഴുതിയിരിക്കുന്നുവല്ലോ.11എന്നാൽ ന്യായപ്രമാണത്താൽ ദൈവം ആരെയും നീതീകരിക്കുന്നില്ല എന്നത് വ്യക്തം; “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നല്ലോ ഉള്ളത്.12ന്യായപ്രമാണത്തിനോ വിശ്വാസമല്ല ആധാരമായിരിക്കുന്നത്; “അത് ചെയ്യുന്നവൻ അതിനാൽ ജീവിക്കും”1 എന്നുണ്ടല്ലോ.
13ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീർന്നപ്പോൾ ന്യായപ്രമാണത്തിന്റെ ശാപത്തിൽനിന്ന് അവൻ നമ്മെ വീണ്ടെടുത്തു. “മരത്തിന്മേൽ തൂങ്ങുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ” എന്ന് തിരുവെഴുത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.14അബ്രഹാമിന്മേലുള്ള അനുഗ്രഹം ക്രിസ്തുയേശുവിൽ ജാതികൾക്ക് വരേണ്ടതിന് നാം ആത്മാവെന്ന വാഗ്ദത്തം വിശ്വാസത്താൽ പ്രാപിക്കുവാൻ തന്നെ.

15സഹോദരന്മാരേ, ഞാൻ മാനുഷികരീതിയിൽ പറയാം: അത് മാനുഷികമായ ഒരു ഉടമ്പടി ആയിരുന്നാലും അതിന് ഉറപ്പുവന്നാൽ ആരും അതിനെ ദുർബ്ബലമാക്കുകയോ അതിനോട് കൂട്ടുകയോ ചെയ്യുന്നില്ല.16എന്നാൽ അബ്രഹാമിനും അവന്റെ സന്തതിയ്ക്കും വാഗ്ദത്തങ്ങൾ ലഭിച്ചു; സന്തതികൾക്കും എന്ന് അനേകരെക്കുറിച്ചല്ല, എന്നാൽ നിന്റെ സന്തതിയ്ക്കും എന്ന് ഏകനെക്കുറിച്ചത്രേ പറയുന്നത്; അത് ക്രിസ്തു തന്നെ.
17ഇപ്പോൾ ഞാൻ പറയുന്നതിന്റെ താല്പര്യമോ: നാനൂറ്റിമുപ്പത് വർഷം കഴിഞ്ഞിട്ട് ഉണ്ടായ ന്യായപ്രമാണം വാഗ്ദത്തത്തെ നീക്കുവാൻ തക്കവണ്ണം ദൈവം മുമ്പ് ഉറപ്പാക്കിയ നിയമത്തെ ദുർബ്ബലമാക്കുന്നില്ല.18അവകാശം ന്യായപ്രമാണം നിമിത്തം വന്നു എങ്കിൽ അത് ഇനിമേൽ വാഗ്ദത്തം നിമിത്തമല്ല വരുന്നത്; എന്നാൽ അബ്രഹാമിനോ ദൈവം അവകാശം വാഗ്ദത്തം നിമിത്തം സൗജന്യമായി നല്കി.
19പിന്നെ ന്യായപ്രമാണം എന്തിന്? വാഗ്ദത്തം ലഭിച്ച അബ്രഹാമിന്റെ സന്തതിവരുവോളം, ന്യായപ്രമാണം ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതും ദൂതന്മാർ മുഖാന്തരം മദ്ധ്യസ്ഥന്റെ കയ്യിൽ ഏല്പിച്ചതുമത്രേ.20ഒരുവൻ മാത്രം എങ്കിൽ മദ്ധ്യസ്ഥൻ വേണ്ടിവരികയില്ല; ദൈവമോ ഒരുവൻ മാത്രം.
21അതുകൊണ്ട് ന്യായപ്രമാണം ദൈവവാഗ്ദത്തങ്ങൾക്ക് വിരോധമോ? ഒരിക്കലും അല്ല; ജീവിപ്പിപ്പാൻ കഴിയുന്നൊരു ന്യായപ്രമാണം നല്കിയിരുന്നു എങ്കിൽ നീതി വാസ്തവമായി ആ ന്യായപ്രമാണത്താൽ വരുമായിരുന്നു.22എന്നാൽ വിശ്വസിക്കുന്ന ഏവർക്കും യേശുക്രിസ്തുവിലെ വിശ്വാസത്തിന്റെ വാഗ്ദാനം നൽകുവാൻ തക്കവണ്ണം തിരുവെഴുത്ത് എല്ലാറ്റിനെയും പാപത്തിൻ കീഴിൽ ആക്കിക്കളഞ്ഞു.

23എന്നാൽ വിശ്വാസം വരുംമുമ്പെ പിന്നീട് വെളിപ്പെടുവാനിരുന്ന വിശ്വാസത്തിനായി നമ്മെ ന്യായപ്രമാണത്തിൻ കീഴ് അടച്ചുസൂക്ഷിച്ചിരുന്നു.24അങ്ങനെ നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന് ന്യായപ്രമാണം ക്രിസ്തുവിന്റെ വരവു വരെ നടത്തുവാൻ നമുക്ക് ശിശുപാലകനായി തീർന്നു.25ആ വിശ്വാസം ഇപ്പോൾ വന്നിരിക്കുന്നു, നാം ഇനി ശിശുപാലകന്റെ കീഴിൽ അല്ല.26ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു.
27ക്രിസ്തുവിനോട് ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങൾ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.28അതിൽ യെഹൂദനും യവനനും എന്നില്ല, അടിമയും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നത്രേ.29ക്രിസ്തുവിനുള്ളവർ എങ്കിലോ നിങ്ങൾ അബ്രഹാമിന്റെ സന്തതിയും വാഗ്ദത്തപ്രകാരം അവകാശികളും ആകുന്നു.


1 3:12 സത്യമായി ജീവിക്കും

4

1അവകാശി മുഴുവൻ സ്വത്തിനും ഉടമയെങ്കിലും ശിശുവായിരിക്കുന്നിടത്തോളം അടിമയേക്കാൾ ഒട്ടും വിശേഷതയുള്ളവനല്ല,2എന്നാൽ പിതാവ് നിശ്ചയിച്ച സമയത്തോളം സംരക്ഷകന്മാർക്കും ഗൃഹവിചാരകന്മാർക്കും കീഴ്പെട്ടവനത്രേ എന്നു ഞാൻ പറയുന്നു.

3അതുപോലെ നാമും ശിശുക്കൾ ആയിരുന്നപ്പോൾ പ്രപഞ്ചത്തിന്റെ ആദി പാഠങ്ങളിൽ അടിമപ്പെട്ടിരുന്നു.4എന്നാൽ തക്ക കാലസമ്പൂർണ്ണത വന്നപ്പോൾ ദൈവം തന്റെ പുത്രനായ യേശുവിനെ സ്ത്രീയിൽനിന്ന് ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴിൽ ജനിച്ചവനായി അയച്ചത്5അവൻ ന്യായപ്രമാണത്തിൻ കീഴിലുള്ളവരെ വീണ്ടെടുത്തിട്ട് നാം ദത്തുപുത്രത്വം പ്രാപിക്കേണ്ടതിനു തന്നെ.
6നിങ്ങൾ മക്കൾ ആകകൊണ്ട് അബ്ബാ പിതാവേ എന്നു വിളിക്കുന്ന സ്വപുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിൽ അയച്ചു.7അതുകൊണ്ട് നീ ഇനി അടിമയല്ല പുത്രനത്രെ: നീ പുത്രനെങ്കിലോ ദൈവത്താൽ അവകാശിയും ആകുന്നു.

8മുമ്പ് നിങ്ങൾ ദൈവത്തെ അറിയാതിരുന്നപ്പോൾ സ്വഭാവത്താൽ ദൈവങ്ങളല്ലാത്തവർക്ക് അടിമപ്പെട്ടിരുന്നു.9എന്നാൽ ഇപ്പോഴോ ദൈവത്തെ അറിഞ്ഞും വിശേഷാൽ ദൈവം നിങ്ങളെ അറിഞ്ഞുമിരിക്കെ നിങ്ങൾ പിന്നെയും ബലഹീനവും വിലയില്ലാത്തതുമായ ആദിപാഠങ്ങളിലേക്ക് തിരിയുന്നത് എന്തിന്? നിങ്ങൾ അവയ്ക്ക് പിന്നെയും അടിമപ്പെടുവാൻ ഇച്ഛിക്കുന്നുവോ?
10നിങ്ങൾ വിശേഷ ദിവസങ്ങളും മാസങ്ങളും കാലങ്ങളും വർഷങ്ങളും നിഷ്ഠയായി അനുഷ്ഠിക്കുന്നു.11ഞാൻ നിങ്ങൾക്കുവേണ്ടി അദ്ധ്വാനിച്ചത് വെറുതെയായി എന്നു ഞാൻ ഭയപ്പെടുന്നു.

12സഹോദരന്മാരേ, ഞാൻ നിങ്ങളെപ്പോലെ ആകയാൽ നിങ്ങളും എന്നെപ്പോലെ ആകുവാൻ ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു. നിങ്ങൾ എന്നോട് ഒരു അന്യായവും ചെയ്തിട്ടില്ല.13എന്നാൽ ഞാൻ ശരീരത്തിലെ ബലഹീനതനിമിത്തം ഒന്നാമത് നിങ്ങളോടു സുവിശേഷം അറിയിക്കുവാന്‍ അവസരം ലഭിച്ചു എന്നു നിങ്ങൾ അറിയുന്നുവല്ലോ.14എന്റെ ശരീരസംബന്ധമായി നിങ്ങൾക്കുണ്ടായ പരീക്ഷനിമിത്തം നിങ്ങൾ നിന്ദിക്കുകയോ വെറുക്കുകയോ ചെയ്യാതെ, ദൈവദൂതനെപ്പോലെ, ക്രിസ്തുയേശുവിനെപ്പോലെ എന്നെ സ്വീകരിച്ചു.
15ഇപ്പോൾ നിങ്ങളുടെ സന്തോഷം എവിടെ? കഴിയും എങ്കിൽ നിങ്ങളുടെ കണ്ണ് ചൂഴ്ന്നെടുത്ത് എനിക്ക് തരുമായിരുന്നു എന്നത് ഞാൻ നിങ്ങളോടു സാക്ഷികരിക്കുന്നു.16അങ്ങനെയിരിക്കെ നിങ്ങളോടു സത്യം പറകകൊണ്ട് ഞാൻ നിങ്ങൾക്ക് ശത്രുവായിപ്പോയോ?
17അവർ നിങ്ങളെക്കുറിച്ച് എരിവ് കാണിക്കുന്നത് ഗുണത്തിനായിട്ടല്ല; നിങ്ങൾ അവരെ അനുഗമിക്കേണ്ടതിന് നിങ്ങളെ എന്നിൽ നിന്നും അകറ്റിക്കളയുവാൻ ഇച്ഛിക്കയത്രെ ചെയ്യുന്നത്.18ഞാൻ നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ മാത്രമല്ല എല്ലായ്പോഴും നല്ല കാര്യത്തിൽ എരിവ് കാണിക്കുന്നത് നല്ലത്.
19എന്റെ കുഞ്ഞുങ്ങളെ,1 ക്രിസ്തു നിങ്ങളിൽ ഉരുവാകുവോളം ഞാൻ നിങ്ങൾക്കായി പിന്നെയും പ്രസവവേദനപ്പെടുന്നു.20ഞാൻ നിങ്ങളെക്കുറിച്ച് വിഷമിക്കുന്നതുകൊണ്ട് ഇപ്പോൾ നിങ്ങളുടെ അടുക്കൽ ഇരിക്കുവാനും എന്റെ സ്വരം മാറ്റുവാനും കഴിഞ്ഞിരുന്നു എങ്കിൽ കൊള്ളാമായിരുന്നു.

21ന്യായപ്രമാണത്തിൻ കീഴിരിക്കുവാൻ ഇച്ഛിക്കുന്നവരേ, ന്യായപ്രമാണം പറയുന്നത് എന്ത് എന്ന് നിങ്ങൾ കേൾക്കുന്നില്ലയോ? എന്നോട് പറവിൻ.22അബ്രഹാമിന് രണ്ട് പുത്രന്മാർ ഉണ്ടായിരുന്നു; ഒരുവൻ ദാസിയാൽ, ഒരുവൻ സ്വതന്ത്രയാൽ എന്ന് എഴുതിയിരിക്കുന്നുവല്ലോ.23ദാസിയാലുള്ളവൻ ജഡപ്രകാരവും എന്നാൽ സ്വതന്ത്രയാലുള്ളവനോ ദൈവ വാഗ്ദത്തത്താലും ജനിച്ചിരുന്നു.
24ഇത് സാദൃശ്യമാകുന്നു. ഈ സ്ത്രീകൾ രണ്ടു ഉടമ്പടികൾ അത്രേ; ഒന്ന് സീനായ് മലയിൽനിന്ന് ഉണ്ടായി അടിമകളെ പ്രസവിക്കുന്നു; അത് ഹാഗർ.25ഇപ്പോൾ ഹാഗർ എന്നത് അറബിദേശത്ത് സീനായ് മലയെക്കുറിക്കുന്നു. അത് ഇപ്പോഴത്തെ യെരൂശലേമിനോട് ഒക്കുന്നു; അത് തന്റെ മക്കളോടുകൂടെ അടിമത്തത്തിൽ അല്ലോ ഇരിക്കുന്നത്.
26എന്നാൽ മീതെയുള്ള യെരൂശലേമോ സ്വതന്ത്രയാകുന്നു. അവൾ തന്നേ നമ്മുടെ അമ്മ.
27“പ്രസവിക്കാത്ത മച്ചിയേ, ആനന്ദിക്ക; നോവുകിട്ടാത്തവളേ, പൊട്ടി ആർക്കുക; ഏകാകിനിയുടെ മക്കൾ ഭർത്താവുള്ളവളുടെ മക്കളേക്കാൾ അധികം”
എന്ന്തിരുവെഴുത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
28സഹോദരന്മാരേ, ഇപ്പോൾ നിങ്ങളും, യിസ്ഹാക്കിനേപ്പോലെ വാഗ്ദത്തത്തിന്റെ മക്കൾ ആകുന്നു.29എന്നാൽ അന്ന് ജഡപ്രകാരം ജനിച്ചവൻ ആത്മപ്രകാരം ജനിച്ചവനെ ഉപദ്രവിച്ചതുപോലെ ഇന്നും അങ്ങനെതന്നെ.
30തിരുവെഴുത്തോ എന്ത് പറയുന്നു? ദാസിയെയും മകനെയും പുറത്താക്കിക്കളക; ദാസിയുടെ മകൻ സ്വതന്ത്രയുടെ മകനോടുകൂടെ അവകാശി ആകയില്ല.31അങ്ങനെ സഹോദരന്മാരേ, നാം ദാസിയുടെ മക്കളല്ല എന്നാൽ സ്വതന്ത്രയുടെ മക്കളത്രേ.


1 4:19 പ്രിയപ്പെട്ട പുതിയ വിശ്വാസികളേ

5

1`സ്വാതന്ത്ര്യത്തിനായിട്ട് ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറച്ചുനില്പിൻ; അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുത്.

2നിങ്ങൾ പരിച്ഛേദന ഏറ്റാൽ ക്രിസ്തുവിനെക്കൊണ്ട് നിങ്ങൾക്ക് ഒരു പ്രയോജനവുമില്ല എന്ന് പൗലൊസായ ഞാൻ നിങ്ങളോടു പറയുന്നു.
3പരിച്ഛേദന ഏല്ക്കുന്ന ഏത് മനുഷ്യനോടും: അവൻ ന്യായപ്രമാണം മുഴുവനും പ്രമാണിക്കുവാൻ കടപ്പെട്ടിരിക്കുന്നു എന്ന് ഞാൻ പിന്നെയും സാക്ഷീകരിക്കുന്നു.4ന്യായപ്രമാണത്താൽ നീതീകരിക്കപ്പെടും എന്നുള്ള നിങ്ങൾക്ക് ക്രിസ്തു ഒന്നും അല്ലാതായി. നിങ്ങൾ കൃപയിൽനിന്ന് വീണുപോയി.
5ഞങ്ങളോ വിശ്വാസത്താൽ നീതി ലഭിക്കും എന്നുള്ള പ്രത്യാശാനിവൃത്തിയെ ദൈവത്തിന്‍റെ ആത്മാവിനാൽ കാത്തിരിക്കുന്നു.6ക്രിസ്തുയേശുവിൽ പരിച്ഛേദനയല്ല അഗ്രചർമവുമല്ല സ്നേഹത്താൽ വ്യാപരിക്കുന്ന വിശ്വാസമത്രേ കാര്യം.7നിങ്ങൾ നന്നായി ഓടിയിരുന്നു; സത്യം അനുസരിക്കാതിരിക്കുവാൻ നിങ്ങളെ ആർ തടുത്തു?8അങ്ങനെ നിങ്ങളെ പ്രേരിപ്പിച്ചത് നിങ്ങളെ വിളിച്ച ദൈവത്തിന്‍റെ പ്രവൃത്തിയല്ല.
9അല്പം പുളിമാവ് പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു.10നിങ്ങൾക്ക് ഭിന്നാഭിപ്രായമുണ്ടാകുകയില്ല എന്ന് ഞാൻ കർത്താവിൽ ഉറച്ചിരിക്കുന്നു; നിങ്ങളെ കലക്കുന്നവൻ ആരായാലും ശിക്ഷാവിധി ചുമക്കും.
11ഞാനോ, സഹോദരന്മാരേ, ഇപ്പോഴും പരിച്ഛേദന പ്രസംഗിക്കുന്നു എന്നു വരികിൽ ഇനിയും ഉപദ്രവം സഹിക്കുന്നത് എന്ത്? അങ്ങനെ എങ്കിൽ ക്രൂശിന്റെ തടസ്സം നീങ്ങിപ്പോയല്ലോ.12നിങ്ങളെ വഴിതെറ്റിപ്പിക്കുന്നവർ അംഗച്ഛേദം ചെയ്തുകൊണ്ടാൽ കൊള്ളാമായിരുന്നു എന്ന് ഞാൻ ഇച്ഛിക്കുന്നു.

13സഹോദരന്മാരേ, ദൈവം നിങ്ങളെ സ്വാതന്ത്ര്യത്തിനായി വിളിച്ചിരിക്കുന്നു; നിങ്ങളുടെ സ്വാതന്ത്ര്യം ജഡത്തിന് അവസരമാക്കുക മാത്രം ചെയ്യാതെ സ്നേഹത്താൽ അന്യോന്യം സേവിപ്പിൻ.14“അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം” എന്നുള്ള ഏക കല്പനയിൽ ന്യായപ്രമാണം മുഴുവനും നിവർത്തിയായിരിക്കുന്നു.15എന്നാൽ നിങ്ങൾ അന്യോന്യം കടിക്കുകയും തിന്നുകളകയും ചെയ്താലോ ഒരുവനാൽ ഒരുവൻ നശിച്ചുപ്പോകാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ.

16പരിശുദ്ധാത്മാവിനെ അനുസരിച്ചുനടപ്പിൻ; എന്നാൽ നിങ്ങൾ ജഡത്തിന്റെ മോഹം നിവർത്തിയ്ക്കയില്ല എന്നു ഞാൻ പറയുന്നു.17ജഡമോഹങ്ങൾ പരിശുദ്ധാത്മാവിനും പരിശുദ്ധാത്മാവിന്‍റെ പ്രവർത്തികൾ ജഡത്തിനും വിരോധമായിരിക്കുന്നു. നിങ്ങൾ ഇച്ഛിക്കുന്നത് ചെയ്യാതവണ്ണം അവ തമ്മിൽ പ്രതികൂലമല്ലോ.18എന്നാൽ പരിശുദ്ധാത്മാവ് നിങ്ങളെ നയിക്കുന്നു എങ്കിൽ നിങ്ങൾ ന്യായപ്രമാണത്തിൻ കീഴുള്ളവരല്ല.
19ജഡത്തിന്റെ പ്രവൃത്തികളോ ദുർന്നടപ്പ്, വ്യഭിചാരം, അശുദ്ധി, ഭോഗാസക്തി, വിഗ്രഹാരാധന,20ആഭിചാരം, പക, വിവാദം, മത്സരം, ഉഗ്രകോപം, സ്പർദ്ധ,21അസൂയ, ഹത്യ, മദ്യപാനം, വെറിക്കൂത്ത് മുതലായവ എന്ന് വെളിവാകുന്നു; ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്ന് ഞാൻ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുൻകൂട്ടി പറയുന്നു.
22എന്നാൽ ആത്മാവിന്റെ ഫലമോ1 : സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത,23ഇന്ദ്രിയജയം; ഈ വകയ്ക്ക് വിരോധമായി ഒരു ന്യായപ്രമാണവുമില്ല.24ക്രിസ്തുയേശുവിനുള്ളവർ ജഡത്തെ അതിന്റെ ആസക്തികളോടും ദുർമോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു.

25പരിശുദ്ധാത്മാവിനാൽ നാം ജീവിക്കുന്നു എങ്കിൽ പരിശുദ്ധാത്മാവിനെ അനുസരിച്ചു നടക്കുക.26നാം പരസ്പരം പ്രകോപിപ്പിച്ചും പരസ്പരം അസൂയപ്പെട്ടുംകൊണ്ട് വൃഥാഭിമാനികൾ ആകരുത്.


1 5:22 ആത്മാവിന്റെ പ്രവൃത്തിയോ

6

1സഹോദരന്മാരേ, ഒരു മനുഷ്യൻ വല്ലതെറ്റിലും അകപ്പെട്ടുപോയെങ്കിൽ ആത്മികരായ നിങ്ങൾ അങ്ങനെയുള്ളവനെ സൌമ്യതയുടെ ആത്മാവിൽ യഥാസ്ഥാനപ്പെടുത്തുവിൻ; നീയും പരീക്ഷയിൽ അകപ്പെടാതിരിക്കുവാൻ സൂക്ഷിച്ചുകൊൾക.2തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ; ഇങ്ങനെ ക്രിസ്തുവിന്റെ ന്യായപ്രമാണം നിവർത്തിപ്പിൻ.

3താൻ നിസ്സാരനായിരിക്കെ മഹാൻ ആകുന്നു എന്ന് ഒരുവൻ നിരൂപിച്ചാൽ തന്നെത്താൻ വഞ്ചിക്കുന്നു.4ഓരോരുത്തൻ താന്താന്റെ പ്രവൃത്തി ശോധന ചെയ്യട്ടെ; അപ്പോൾ അവൻ തന്റെ പ്രശംസ മറ്റൊരുത്തനുമായി താരതമ്യം ചെയ്യാതെ തന്നിൽ തന്നെ അടക്കി വെയ്ക്കും.5ഓരോരുത്തൻ താന്താന്റെ ചുമട് ചുമക്കുമല്ലോ.

6വചനം പഠിക്കുന്നവൻ പഠിപ്പിക്കുന്നവന് എല്ലാനന്മയിലും ഓഹരി കൊടുക്കേണം.7വഞ്ചിക്കപ്പെടാതിരിപ്പിൻ; ദൈവത്തെ പരിഹസിച്ചുകൂടാ; മനുഷ്യൻ വിതയ്ക്കുന്നത് തന്നെ കൊയ്യും.8തന്റെ ജഡത്തിൽ വിതയ്ക്കുന്നവൻ ജഡത്തിൽനിന്ന് നാശം കൊയ്യും; എന്നാൽ ആത്മാവിൽ വിതയ്ക്കുന്നവൻ ആത്മാവിൽനിന്ന് നിത്യജീവനെ കൊയ്യും.
9നന്മ ചെയ്കയിൽ നാം മടുത്തുപോകരുത്; തളർന്നുപോകാഞ്ഞാൽ തക്കസമയത്ത് നാം കൊയ്യും.10ആകയാൽ അവസരം കിട്ടുംപോലെ നാം എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നന്മ ചെയ്ക.

11നോക്കുവിൻ: എത്ര വലിയ അക്ഷരമായി ഞാൻ നിങ്ങൾക്ക് സ്വന്ത കൈപ്പടയിൽതന്നെ എഴുതിയിരിക്കുന്നു.12ജഡത്തിൽ പ്രകടനം കാണിക്കുവാൻ ഇച്ഛിക്കുന്നവർ ഒക്കെയും ക്രിസ്തുവിന്റെ ക്രൂശ് നിമിത്തം ഉപദ്രവം സഹിക്കാതിരിക്കേണ്ടതിന് മാത്രം നിങ്ങളെ പരിച്ഛേദന ഏൽക്കുവാൻ നിർബ്ബന്ധിക്കുന്നു.13പരിച്ഛേദനക്കാർ തന്നെയും ന്യായപ്രമാണം പാലിക്കുന്നില്ലല്ലോ; എന്നാൽ നിങ്ങളുടെ ജഡത്തിൽ പ്രശംസിക്കണം എന്നുവച്ച് നിങ്ങൾ പരിച്ഛേദന ഏല്ക്കുവാൻ അവർ ഇച്ഛിക്കുന്നതേയുള്ളൂ.
14എനിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ക്രൂശിൽ അല്ലാതെ പ്രശംസിക്കുവാൻ ഇടവരരുത്; അവനാൽ ലോകം എനിക്കും ഞാൻ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു.15പരിച്ഛേദനയല്ല അഗ്രചർമവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം.16ഈ പ്രമാണം അനുസരിച്ചുനടക്കുന്ന ഏവർക്കും ദൈവത്തിന്റെ യിസ്രായേലിനും സമാധാനവും കരുണയും ഉണ്ടാകട്ടെ.

17ഇനി ആരും എനിക്ക് പ്രയാസം വരുത്തരുത്; ഞാൻ യേശുവിന്റെ ചൂടടയാളം എന്റെ ശരീരത്തിൽ വഹിക്കുന്നു.

18സഹോദരന്മാരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളുടെ ആത്മാവിനോടുകൂടെ ഇരിക്കുമാറാകട്ടെ. ആമേൻ.

എഫെസ്യർ

1
അഭിവാദനം

1ദൈവഹിതത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലൊസ് എഫെസോസിലുള്ള വിശുദ്ധർക്കും ക്രിസ്തുയേശുവിൽ വിശ്വസിക്കുന്നവർക്കും എഴുതുന്നത്:2നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ.

ക്രിസ്തുവിലുള്ള ആത്മികാനുഗ്രഹം

3സ്വർഗ്ഗത്തിലെ എല്ലാവിധ ആത്മികാനുഗ്രഹങ്ങളാലും ക്രിസ്തുവിൽ നമ്മെ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ.

4അത്, നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകുന്നതിനുവേണ്ടി, അവൻ നമ്മെ ലോകസ്ഥാപനത്തിന് മുമ്പെ ക്രിസ്തുവിൽ തിരഞ്ഞെടുത്തപ്രകാരമത്രേ.

5തിരുഹിതത്തിന്റെ പ്രസാദപ്രകാരം, യേശുക്രിസ്തു മുഖാന്തരം നമ്മെ ദത്തെടുക്കേണ്ടതിന്,6അവൻ പ്രിയനായവനിൽ നമുക്ക് സൗജന്യമായി നല്കിയ തന്റെ കൃപാമഹത്വത്തിന്റെ പുകഴ്ചയ്ക്കായി, സ്നേഹത്തിൽ നമ്മെ മുന്നിയമിക്കുകയും ചെയ്തുവല്ലോ;
7അവനിൽ നമുക്ക് തന്റെ രക്തത്താൽ അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പ് ഉണ്ട്.8അത്, അവൻ നമ്മോട് ധാരാളമായി കാണിച്ച കൃപാധനപ്രകാരമത്രേ.
9അവനിൽ താൻ മുന്നിൎണ്ണയിച്ച തന്റെ പ്രസാദത്തിനു തക്കവണ്ണം തന്റെ ഹിതത്തിന്റെ മർമ്മം സകല ജ്ഞാനത്തിലും വിവേകത്തിലും അവൻ നമ്മോട് അറിയിച്ചു.10അത് സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകലവും ക്രിസ്തുവിൽ ഒന്നായിച്ചേർക്കുക എന്ന കാലസമ്പൂർണ്ണതയിലെ വ്യവസ്ഥയ്ക്കുവേണ്ടി തന്നെ.
11അവനിൽ നാം അവകാശവും പ്രാപിച്ച്, തന്റെ ഹിതത്തിന്റെ ആലോചനപോലെ സകലവും പ്രവർത്തിക്കുന്നവന്റെ നിർണ്ണയപ്രകാരം ക്രിസ്തുവിൽ നാം മുൻനിയമിക്കപ്പെടുകയും ചെയ്തു.12അത്, ക്രിസ്തുവിൽ മുന്നമേ ആശവച്ചവരായ ഞങ്ങൾ അവന്റെ മഹത്വത്തിന്റെ പുകഴ്ചയ്ക്കാകേണ്ടതിന് തന്നെ.
13അവനിൽ നിങ്ങളും, നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം കേട്ട്, വിശ്വസിക്കുകയും ചെയ്തിട്ട്,14തന്റെ മഹത്വത്തിന്റെ പുകഴ്ചയ്ക്കായി, തന്റെ സ്വന്ത ജനത്തിന്റെ വീണ്ടെടുപ്പിനായുള്ള നമ്മുടെ അവകാശത്തിന്റെ ഉറപ്പായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിടപ്പെട്ടിരിക്കുന്നു.
കൃതജ്ഞതയും പ്രാർത്ഥനയും

15അതുനിമിത്തം നിങ്ങൾക്ക് കർത്താവായ യേശുവിലുള്ള വിശ്വാസത്തെയും, സകലവിശുദ്ധന്മാരോടുമുള്ള സ്നേഹത്തെയും കുറിച്ച് ഞാൻ കേട്ടിട്ട്,16എന്റെ പ്രാർത്ഥനയിൽ നിങ്ങളെ ഓർത്ത്, നിങ്ങൾക്ക് വേണ്ടി ഇടവിടാതെ സ്തോത്രം ചെയ്യുന്നു.
17നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വമുള്ള പിതാവുമായവൻ തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ, ജ്ഞാനത്തിന്റെയും വെളിപാടിന്റെയും ആത്മാവിനെ നിങ്ങൾക്ക് തരുമാറാകട്ടെ.18നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ട്, അവന്റെ വിളിയാലുള്ള ആശ എന്തെന്നും, വിശുദ്ധന്മാരിൽ അവന്റെ അവകാശത്തിന്റെ മഹിമാധനം എന്തെന്നും,
19വിശ്വസിക്കുന്ന നമുക്കുവേണ്ടിയുള്ള അവന്റെ ശക്തിയുടെ അളവറ്റ വലിപ്പം എന്തെന്നും നിങ്ങൾ അറിയേണ്ടതിനും പ്രാർത്ഥിക്കുന്നു. അവന്റെ ബലത്തിൻ വല്ലഭത്വത്താൽ പ്രവർത്തിക്കുന്ന ആ ശക്തി തന്നെ20ക്രിസ്തുവിലും പ്രവർത്തിച്ച് അവനെ മരിച്ചവരുടെ ഇടയിൽ നിന്ന് ഉയിർപ്പിക്കുകയും,21എല്ലാ വാഴ്ചയ്ക്കും അധികാരത്തിനും ശക്തിക്കും കർത്തൃത്വത്തിനും, ഈ ലോകത്തിൽ മാത്രമല്ല, വരുവാനുള്ളതിലും വിളിക്കപ്പെടുന്ന സകലനാമത്തിനും അത്യന്തം മീതെയായി സ്വർഗ്ഗസ്ഥലങ്ങളിൽ, തന്റെ വലത്തുഭാഗത്ത് ഇരുത്തുകയും ചെയ്തു.
22സർവ്വവും അവന്റെ കാൽക്കീഴാക്കിവയ്ക്കുകയും,23എല്ലാറ്റിലും എല്ലാം നിറയ്ക്കുന്നവന്റെ നിറവായിരിക്കുന്ന അവന്റെ ശരീരമായ സഭയ്ക്കായി സവ്വത്തിനും മീതെ അവനെ തലയാക്കുകയും ചെയ്തിരിക്കുന്നു.

2
ക്രിസ്തുവിൽ ജീവിപ്പിക്കുന്നു

1അതിക്രമങ്ങളും പാപങ്ങളും നിമിത്തം മരിച്ചവരായിരുന്ന നിങ്ങളെയും അവൻ ഉയിർപ്പിച്ചു.2അവയിൽ നിങ്ങൾ മുമ്പെ ഈ ലോകത്തിന്റെ കാലഗതിക്ക് തക്കവണ്ണവും വായു മണ്ഡലത്തിലെ അധികാരങ്ങൾക്കും, അനുസരണമില്ലാത്ത തലമുറകളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിനും അധിപതിയായവനെയും അനുസരിച്ചു നടന്നു.3അവരുടെ ഇടയിൽ നാം എല്ലാവരും മുമ്പെ നമ്മുടെ ജഡമോഹങ്ങളിൽ നടന്നു ജഡത്തിനും മനോവികാരങ്ങൾക്കും ഇഷ്ടമായത് ചെയ്തുംകൊണ്ടു മറ്റുള്ളവരെപ്പോലെ സ്വഭാവത്താൽ കോപത്തിന്റെ മക്കൾ ആയിരുന്നു.

4കരുണാസമ്പന്നനായ ദൈവമോ നമ്മെ സ്നേഹിച്ച മഹാസ്നേഹം നിമിത്തം5അതിക്രമങ്ങളാൽ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടുകൂടെ ജീവിപ്പിക്കുകയും—കൃപയാലത്രേ നിങ്ങൾ രക്ഷിയ്ക്കപ്പെട്ടിരിക്കുന്നത് —6ക്രിസ്തുയേശുവിൽ നമ്മോടുള്ള ദയയാൽ തന്റെ കൃപയുടെ അത്യന്തധനത്തെ വരും കാലങ്ങളിൽ കാണിക്കേണ്ടതിന്7ക്രിസ്തുയേശുവിൽ നമ്മെ അവനോടുകൂടെ ഉയിർത്തെഴുന്നേല്പിച്ചു സ്വർഗ്ഗത്തിൽ ഇരുത്തുകയും ചെയ്തു.

8കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിയ്ക്കപ്പെട്ടിരിക്കുന്നത്; അതിനും നിങ്ങൾ കാരണക്കാരല്ല; അത് ദൈവത്തിന്റെ ദാനമത്രേയാകുന്നു.9ആരും പ്രശംസിക്കാതിരിക്കുവാൻ പ്രവൃത്തികളും കാരണമല്ല.10നാം ദൈവത്തിന്റെ കൈവേലയായി സൽപ്രവൃത്തികൾക്കായിട്ട് ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തുപോരേണ്ടതിന് ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു.
ദൂരസ്ഥരായിരുന്ന നാം ക്രിസ്തുവിന്റെ രക്തത്താൽ സമീപസ്ഥർ

11അതുകൊണ്ട് നിങ്ങൾ മുമ്പെ സ്വഭാവത്താൽ ജാതികളായിരുന്നു; ശരീരത്തിൽ കയ്യാലുള്ള പരിച്ഛേദന ഏറ്റ പരിച്ഛേദനക്കാർ എന്നു പേരുള്ളവരാൽ ‘അഗ്രചർമക്കാർ’ എന്നു നിങ്ങൾ വിളിക്കപ്പെട്ടിരുന്നു;12അക്കാലത്ത് നിങ്ങൾ ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേൽ പൗരതയോടു ബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്റെ നിയമങ്ങൾക്ക് അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും ആയിരുന്നു എന്നു ഓർത്തുകൊള്ളുവിൻ.
13മുമ്പെ ദൂരസ്ഥരായിരുന്ന നിങ്ങൾ ഇപ്പോൾ ക്രിസ്തുയേശുവിൽ, ക്രിസ്തുവിന്റെ രക്തത്താൽ സമീപസ്ഥരായിത്തീർന്നു.14അവൻ നമ്മുടെ സമാധാനം; അവൻ ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്റെ ജഡത്താൽ നീക്കി വേർപാടിന്റെ നടുച്ചുവർ ഇടിച്ചുകളഞ്ഞത്,15സമാധാനം ഉണ്ടാക്കിക്കൊണ്ട് ഇരുപക്ഷത്തെയും തന്നിൽ ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിക്കുവാനും,16ക്രൂശിന്മേൽവച്ച് ശത്രുത്വം ഇല്ലാതാക്കി അതിനാൽ ഇരുപക്ഷത്തെയും ഏകശരീരത്തിൽ ദൈവത്തോടു നിരപ്പിക്കുവാനും തന്നെ.
17അവൻ വന്നു ദൂരത്തും സമീപത്തുമുള്ളവർക്കു സമാധാനം സുവിശേഷിച്ചു.18ക്രിസ്തുയേശു മുഖാന്തരം നമുക്കു ഇരുപക്ഷക്കാർക്കും ഏകാത്മാവിനാൽ പിതാവിങ്കലേക്ക് പ്രവേശനം സാധ്യമായി.
19ആകയാൽ നിങ്ങൾ ഇനി അന്യന്മാരും പരദേശികളുമല്ല വിശുദ്ധന്മാരുടെ 1 സഹപ‍ൗരന്മാരും ദൈവത്തിന്റെ ഭവനക്കാരുമത്രേ.
ക്രിസ്തു തന്നെ മൂലക്കല്ല്

20ക്രിസ്തുയേശു തന്നെ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു.21അവനിൽ കെട്ടിടം മുഴുവനും യുക്തമായി ചേർന്ന് കർത്താവിനുവേണ്ടി വിശുദ്ധ മന്ദിരമായി വളരുന്നു.22അവനിൽ നിങ്ങളെയും ദൈവത്തിന്റെ നിവാസമാകേണ്ടതിന് ആത്മാവിനാൽ ഒന്നിച്ച് പണിതുവരുന്നു.


1 2:19 വിശുദ്ധരുടെ

3
കാര്യവിചാരകനായ പൗലൊസ്

1അതുനിമിത്തം പൗലൊസ് എന്ന ഞാൻ ജാതികളായ നിങ്ങൾക്ക് വേണ്ടി ക്രിസ്തുയേശുവിനാൽ ബന്ധിതനായിരിക്കുന്നു.2നിങ്ങൾക്കായി എന്നെ ഭരമേല്പിച്ചിരിക്കുന്ന ദൈവകൃപയുടെ വ്യവസ്ഥയെക്കുറിച്ച്

3ഞാൻ മുന്നമേ ചുരുക്കത്തിൽ എഴുതിയതുപോലെ വെളിപാടിനാൽ എനിക്ക് ഒരു മർമ്മം അറിവായിവന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.4നിങ്ങൾ അത് വായിച്ചാൽ ക്രിസ്തുവിനെ സംബന്ധിച്ച മർമ്മത്തെ പറ്റി എനിക്കുള്ള ഉൾക്കാഴ്ച നിങ്ങൾക്ക് ഗ്രഹിക്കാം.5ആ മർമ്മം ഇപ്പോൾ അവന്റെ വിശുദ്ധ അപ്പൊസ്തലന്മാർക്കും പ്രവാചകന്മാർക്കും ആത്മാവിനാൽ വെളിപ്പെട്ടതുപോലെ മുൻ തലമുറകളിലെ മനുഷ്യർക്ക് അറിവായിവന്നിരുന്നില്ല.
6ആ മർമ്മം എന്നതോ ജാതികൾ സുവിശേഷത്താൽ ക്രിസ്തുയേശുവിൽ കൂട്ടവകാശികളും ഏകശരീരസ്ഥരും വാഗ്ദത്തത്തിൽ പങ്കാളികളും ആകണം എന്നുള്ളത് തന്നെ.7ആ സുവിശേഷത്തിന് ഞാൻ അവന്റെ ശക്തിയുടെ വ്യാപാരപ്രകാരം എനിക്ക് ലഭിച്ച ദൈവത്തിന്റെ കൃപാദാനത്താൽ ശുശ്രൂഷക്കാരനായിത്തീർന്നു.
8സകല വിശുദ്ധരിലും ഏറ്റവും ചെറിയവനായ എനിക്ക് ജാതികളോട് ക്രിസ്തുവിന്റെ അതിരറ്റ സമ്പന്നതയെക്കുറിച്ചു പ്രസംഗിക്കുവാനും9സകലവും സൃഷ്ടിച്ച ദൈവത്തിൽ അനാദികാലം മുതൽ മറഞ്ഞുകിടന്ന മർമ്മത്തിന്റെ വ്യവസ്ഥ ഇന്നതെന്ന് എല്ലാവർക്കും പ്രകാശിപ്പിക്കുവാനുമായി ഈ കൃപ എനിക്ക് നല്കിയിരിക്കുന്നു.
10അതിന്റെ ഫലമായി ഇപ്പോൾ സ്വർഗ്ഗത്തിൽ വാഴ്ചകൾക്കും അധികാരങ്ങൾക്കും ദൈവത്തിന്റെ ബഹുവിധമായ ജ്ഞാനം,11ദൈവം നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ നിവർത്തിച്ച അനാദികാലം മുതലുള്ള നിർണ്ണയപ്രകാരം സഭ മുഖാന്തരം വെളിപ്പെട്ടുവരുന്നു.
12ക്രിസ്തുയേശുവിലുള്ള വിശ്വാസം നിമിത്തം അവനിൽ നമുക്കു ധൈര്യവും ദൈവത്തിങ്കലേക്കുള്ള പ്രവേശനവും ഉണ്ട്.13അതുകൊണ്ട് ഞാൻ നിങ്ങൾക്കുവേണ്ടി സഹിക്കുന്ന കഷ്ടങ്ങൾ നിങ്ങളുടെ മഹത്വമാകയാൽ എന്റെ കഷ്ടങ്ങളെ ഓർത്ത് അധൈര്യപ്പെട്ടുപോകരുത് എന്നു ഞാൻ അപേക്ഷിക്കുന്നു.
ദൈവിക നിറവിലേക്ക് നയിക്കുന്ന ക്രിസ്തുവിന്റെ സ്നേഹം

14നിങ്ങൾക്കായുള്ള ഈ ദൈവികപ്രവർത്തി നിമിത്തം ഞാൻ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല കുടുംബത്തിനും15പേർ വരുവാൻ കാരണമായ പിതാവിന്റെ സന്നിധിയിൽ മുട്ടുകുത്തുന്നു.16അവൻ, തന്റെ മഹത്വത്തിന്റെ ധനത്തിന് ഒത്തവണ്ണം നിങ്ങളിലുള്ള അവന്റെ ആത്മാവിനാൽ നിങ്ങളുടെ അകത്തെ മനുഷ്യൻ ശക്തിയോടെ ബലപ്പെടേണ്ടതിനും
17ക്രിസ്തു, വിശ്വാസത്താൽ നിങ്ങളുടെ ഹൃദയങ്ങളിൽ വസിക്കേണ്ടതിനും വരം നല്കേണം എന്നും നിങ്ങൾ സ്നേഹത്തിൽ വേരൂന്നി അടിസ്ഥാനമുള്ളവരായി18ക്രിസ്തുസ്നേഹത്തിന്റെ വീതിയും നീളവും ഉയരവും ആഴവും എന്ത് എന്നു സകല വിശുദ്ധന്മാരോടുംകൂടെ ഗ്രഹിക്കുവാനും19പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിന്റെ സ്നേഹത്തെ അറിയുവാൻ പ്രാപ്തരാകയും, ദൈവത്തിന്റെ എല്ലാ നിറവിനോളം നിറഞ്ഞുവരികയും വേണം എന്നും പ്രാർത്ഥിക്കുന്നു.

20എന്നാൽ നാം ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും അത്യന്തം പരമായി ചെയ്യുവാൻ നമ്മിൽ പ്രവർത്തിക്കുന്ന ശക്തിയാൽ കഴിയുന്നവന്21സഭയിലും ക്രിസ്തുയേശുവിലും എന്നേക്കും തലമുറതലമുറയായും മഹത്വം ഉണ്ടാകട്ടെ. ആമേൻ.

4
ആത്മാവിന്റെ ഐക്യം സമാധാന ബന്ധത്തിൽ

1അതുകൊണ്ട് കർത്തൃസേവനിമിത്തം ബന്ധിതനായിരിക്കുന്ന ഞാൻ പ്രബോധിപ്പിക്കുന്നത്: നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമാംവണ്ണം,2പൂർണ്ണവിനയത്തോടും സൗമ്യതയോടും ദീർഘക്ഷമയോടുംകൂടെ നടക്കുകയും സ്നേഹത്തിൽ അന്യോന്യം സഹിഷ്ണതയോടെ പെരുമാറുകയും ചെയ്യുവിൻ.3ആത്മാവിന്റെ ഐക്യം സമാധാനബന്ധത്തിൽ കാക്കുവാൻ പരമാവധി ശ്രമിക്കുകയും ചെയ്യുവിൻ.

4നിങ്ങളെ വിളിച്ചപ്പോൾ ഏകപ്രത്യാശയ്ക്കായി നിങ്ങളെ വിളിച്ചതുപോലെ ശരീരം ഒന്ന്, ആത്മാവ് ഒന്ന്,5കർത്താവ് ഒരുവൻ, വിശ്വാസം ഒന്ന്, സ്നാനം ഒന്ന്, എല്ലാവർക്കും മീതെയുള്ളവനും6എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.
ക്രിസ്തുവിന്റെ ദാനമായ വിവിധ കൃപാവരങ്ങൾ

7എന്നാൽ നമ്മിൽ ഓരോരുത്തർക്കും ക്രിസ്തുവിന്റെ ദാനത്തിന്റെ അളവിന് ഒത്തവണ്ണം വരം ലഭിച്ചിരിക്കുന്നു.8അതുകൊണ്ട്:
“അവൻ ബദ്ധന്മാരെ പിടിച്ചുകൊണ്ടു പോയി
ഉയരത്തിൽ കയറി മനുഷ്യർക്ക് ദാനങ്ങളെ കൊടുത്തു”
എന്നു പറയുന്നു.
9കയറി എന്നതിനാൽ അവൻ ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങി എന്നും വരുന്നില്ലയോ?10ഇറങ്ങിയവൻ സകലത്തെയും നിറയ്ക്കേണ്ടതിന് സ്വർഗ്ഗാധിസ്വർഗ്ഗത്തിന് മീതെ കയറിയവനും ആകുന്നു.
11അവൻ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ചിലരെ ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു;12അത് നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്റെ സമ്പൂൎണ്ണതയായ പ്രായത്തിന്റെ അളവും പ്രാപിക്കുവോളം.13വിശുദ്ധന്മാരുടെ യഥാസ്ഥാനത്വത്തിനായുള്ള ശുശ്രൂഷയുടെ വേലയ്ക്കും ക്രിസ്തുവിന്റെ ശരീരത്തിന്റെ ആത്മികവർദ്ധനയ്ക്കും ആകുന്നു.
14അങ്ങനെ നാം ഇനി മനുഷ്യരുടെ ചതിയാലും ഉപായത്താലും തെറ്റിച്ചുകളയുന്ന തന്ത്രങ്ങളിൽ കുടുങ്ങിപ്പോകുവാൻ തക്കവണ്ണം ഉപദേശത്തിന്റെ ഓരോ കാറ്റിനാൽ ചാഞ്ചാടി ഉഴലുന്ന ശിശുക്കൾ ആയിരിക്കാതെ,15സ്നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ട് ക്രിസ്തു എന്ന തലയോളം സകലത്തിലും വളരുവാൻ ഇടയാകും.16ശരീരം മുഴുവനും യുക്തമായി ചേർന്നും ഏകീഭവിച്ചും ഓരോ അംഗത്തിനും അതതിന്റെ പ്രവൃത്തിക്ക് തക്കവണ്ണം സഹായം ലഭിക്കുവാനുള്ള ഓരോ സന്ധിയാലും സ്നേഹത്തിലുള്ള വർദ്ധനയ്ക്കായി അവനിൽ നിന്നു വളർച്ച പ്രാപിക്കുന്നു.
പുതുമനുഷ്യനെ ധരിച്ചു ജീവിക്കുവാനുള്ള ആഹ്വാനം.

17ആകയാൽ ഞാൻ കർത്താവിൽ പ്രബോധിപ്പിക്കുന്നത് എന്തെന്നാൽ: ജാതികൾ തങ്ങളുടെ വ്യർത്ഥബുദ്ധി അനുസരിച്ചു നടക്കുന്നതുപോലെ നിങ്ങൾ ഇനി നടക്കരുത്.18ചിന്തകൾ ഇരുണ്ടുപോയ അവർ, അജ്ഞാനം നിമിത്തം, ദൈവത്തിന്റെ ജീവനിൽ നിന്നു അകന്നു മനം തഴമ്പിക്കുകയും19ഹൃദയകാഠിന്യം നിമിത്തം, അത്യാഗ്രഹത്തോടെ സകല അശുദ്ധിയും പ്രവർത്തിക്കുവാൻ ദുഷ്കാമത്തിന് തങ്ങളെത്തന്നെ ഏല്പിച്ചിരിക്കുന്നു.
20നിങ്ങളോ യേശുവിൽ സത്യം ഉള്ളതുപോലെ അവനെക്കുറിച്ച് കേൾക്കുകയും അവനെ കുറിച്ച് ഉപദേശം ലഭിക്കുകയും ചെയ്തു എങ്കിൽ21ക്രിസ്തുവിനെക്കുറിച്ച് ഇങ്ങനെയല്ല പഠിച്ചത്.22മുമ്പിലത്തെ നടപ്പ് സംബന്ധിച്ച് ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ച്,
23നിങ്ങളുടെ ഉള്ളിലെ ആത്മാവ് സംബന്ധമായി പുതുക്കം പ്രാപിച്ച്,24സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊള്ളുവിൻ.
നാം ഉപേക്ഷിക്കേണ്ട തിന്മകൾ

25ആകയാൽ ഭോഷ്ക് ഉപേക്ഷിച്ച് ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോട് സത്യം സംസാരിക്കുവിൻ; നാം ഒരേ ശരീരത്തിന്റെ അവയവങ്ങളല്ലോ.26കോപിക്കുമ്പോൾ പാപം ചെയ്യാതിരിക്കുവിൻ. സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വച്ചുകൊണ്ടിരിക്കരുത്.27പിശാചിന് അവസരം കൊടുക്കരുത്.
28മോഷ്ടാവ് ഇനി മോഷ്ടിക്കരുത്; ആവശ്യത്തിലിരിക്കുന്നവർക്ക് സഹായം ചെയ്യുവാനുണ്ടാകേണ്ടതിന് സ്വന്ത കൈകൊണ്ട് അദ്ധ്വാനിച്ച് മാന്യമായ ജോലികൾ ചെയ്യട്ടെ.29കേൾക്കുന്നവൎക്ക് കൃപ ലഭിക്കേണ്ടതിന് ആവശ്യംപോലെ ആത്മികവർദ്ധനയ്ക്കുതകുന്ന നല്ല വാക്കല്ലാതെ മലിനമാക്കുന്നത് ഒന്നും നിങ്ങളുടെ വായിൽ നിന്നു പുറപ്പെടരുത്; പകരം കേൾവിക്കാരുടെ ആവശ്യങ്ങളിൽ പ്രയോജനപ്പെടുംവിധം സംസാരിക്കുവിൻ.30ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത്; അവനാലല്ലോ നിങ്ങൾ വീണ്ടെടുപ്പുനാളിനായി മുദ്രയിടപ്പെട്ടത്.
31എല്ലാ കയ്പും കോപവും ക്രോധവും ദേഷ്യത്തോടെ ഉറക്കെ സംസാരിക്കുന്നതും, ദൂഷണവും സകലദുർഗ്ഗുണവും നിങ്ങളെ വിട്ടു ഒഴിഞ്ഞുപോകട്ടെ.32നിങ്ങൾ തമ്മിൽ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിക്കുവിൻ.

5
വെളിച്ചത്തിന്റെ പ്രവൃത്തികൾ ചെയ്യുക

1അതുകൊണ്ട് ദൈവത്തിന്റെ പ്രിയമക്കൾ എന്നപോലെ ദൈവത്തെ അനുകരിക്കുവിൻ.2ക്രിസ്തുവും നിങ്ങളെ സ്നേഹിച്ച് നമുക്കു വേണ്ടി തന്നെത്താൻ ദൈവത്തിന് സൗരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ചതുപോലെ സ്നേഹത്തിൽ നടക്കുവിൻ.

3ദുർന്നടപ്പും യാതൊരു അശുദ്ധിയും അത്യാഗ്രഹവും നിങ്ങളുടെ ഇടയിൽ പേർ പറകപോലും അരുത്; അങ്ങനെ ആകുന്നു വിശുദ്ധന്മാർക്ക് ഉചിതം.4ചീത്തത്തരം, പൊട്ടച്ചൊൽ, മ്ലേച്ഛസംസാരം ഇങ്ങനെ ചേർച്ചയല്ലാത്തവ ഒന്നും അരുത്; സ്തോത്രമത്രേ വേണ്ടത്.
5ദുർന്നടപ്പുകാരൻ, അശുദ്ധൻ, വിഗ്രഹാരാധിയായ ദ്രവ്യാഗ്രഹി ഇവർക്ക് ആർക്കും ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ അവകാശമില്ല എന്നു നിങ്ങൾ അറിയുന്നുവല്ലോ.6ഈ വക പ്രവൃത്തികൾ നിമിത്തമല്ലോ ദൈവകോപം അനുസരണം കെട്ടവരുടെ മേൽ വരുന്നത്. അതുകൊണ്ട് വ്യർത്ഥവാക്കുകൾ വിശ്വസിപ്പിച്ച് ആരും നിങ്ങളെ ചതിക്കരുത്.7നിങ്ങൾ അവരുടെ കൂട്ടാളികൾ ആകരുത്.
8മുമ്പെ നിങ്ങൾ ഇരുളായിരുന്നു; ഇപ്പോഴോ കർത്താവിൽ വെളിച്ചം ആകുന്നു.9അതുകൊണ്ട് കർത്താവിന് പ്രസാദമായത് എന്തെന്ന് പരിശോധിച്ചുകൊണ്ടു വെളിച്ചത്തിലുള്ളവരായി നടന്നുകൊള്ളുവിൻ.10സകല സൽഗുണവും നീതിയും സത്യവുമല്ലോ വെളിച്ചത്തിന്റെ ഫലം.11ഇരുട്ടിന്റെ നിഷ്ഫലപ്രവൃത്തികളിൽ കൂട്ടാളികൾ ആകരുത്; അവയെ വെളിപ്പെടുത്തുകയത്രേ വേണ്ടത്.12അവർ ഗൂഢമായി ചെയ്യുന്നതു പറയുവാൻ പോലും ലജ്ജയാകുന്നു.
13സകലതും വെളിച്ചത്താൽ തെളിവാകുന്നു, കാരണം വെളിച്ചം എല്ലാത്തിന്മേലും പ്രകാശിക്കുന്നുവല്ലോ.14അതുകൊണ്ട്: “ഉറങ്ങുന്നവനേ, ഉണർന്നു മരിച്ചവരുടെ ഇടയിൽ നിന്നു എഴുന്നേൽക്കുക; എന്നാൽ ക്രിസ്തു നിന്റെ മേൽ പ്രകാശിക്കും” എന്നു ചൊല്ലുന്നു.

15ആകയാൽ സൂക്ഷ്മതയോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടു തന്നെ ജീവിക്കുവാൻ നോക്കുവിൻ.16ഇത് ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊള്ളുവിൻ.17ബുദ്ധിഹീനരാകാതെ കർത്താവിന്റെ ഇഷ്ടം ഇന്നതെന്ന് ഗ്രഹിച്ചുകൊള്ളുവിൻ.
18വീഞ്ഞ് കുടിച്ച് മത്തരാകരുത്; അത് നിങ്ങളെ നാശത്തിലേക്ക് നയിക്കും. മറിച്ച്, ആത്മാവ് നിറഞ്ഞവരായി സങ്കീർത്തനങ്ങളാലും19സ്തുതികളാലും ആത്മിക ഗീതങ്ങളാലും തമ്മിൽ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തിൽ കർത്താവിന് പാടിയും കീർത്തനം ചെയ്തും20നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന് എല്ലായ്പോഴും എല്ലാറ്റിനുവേണ്ടിയും സ്തോത്രം ചെയ്തുകൊള്ളുവിൻ.21ക്രിസ്തുവിനോടുള്ള ബഹുമാനത്തെപ്രതി അന്യോന്യം കീഴ്പെട്ടിരിക്കുവിൻ.
ഭാര്യാഭർത്താക്കന്മാരുടെ കടമകൾ

22ഭാര്യമാരേ, കർത്താവിന് എന്നപോലെ സ്വന്ത ഭർത്താക്കന്മാർക്ക് കീഴടങ്ങുവിൻ.23ക്രിസ്തു ശരീരത്തിന്റെ രക്ഷിതാവായി സഭയ്ക്കു് തലയാകുന്നതുപോലെ ഭർത്താവ് ഭാര്യയ്ക്കു തലയാകുന്നു.24എന്നാൽ സഭ ക്രിസ്തുവിന് കീഴടങ്ങിയിരിക്കുന്നതുപോലെ ഭാര്യമാരും ഭർത്താക്കന്മാർക്കു സകലത്തിലും കീഴടങ്ങിയിരിക്കേണം.
25ഭർത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കുവിൻ.26അവൻ അവളെ വചനത്തോടുകൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിനും27കറ, ചുളുക്കം മുതലായത് ഒന്നും ഇല്ലാതെ സഭയെ ശുദ്ധയും നിഷ്കളങ്കയുമായി തനിക്കു തന്നെ തേജസ്സോടെ മുന്നിറുത്തേണ്ടതിനും തന്നെത്താൻ അവൾക്ക് വേണ്ടി ഏല്പിച്ചുകൊടുത്തു.
28അപ്രകാരം ഭർത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു. തന്റെ ഭാര്യയെ സ്നേഹിക്കുന്നവൻ തന്നെത്താൻ സ്നേഹിക്കുന്നു.29ആരും തന്റെ ശരീരത്തെ ഒരുനാളും വെറുത്തിട്ടില്ലല്ലോ; മറിച്ച് അവൻ അതിനെ സ്നേഹിച്ച് പോറ്റി പുലർത്തുകയത്രേ ചെയ്യുന്നത്; ഇതുപോലെയാണ് ക്രിസ്തുവും സഭയെ കരുതുന്നത്.30നാം അവന്റെ ശരീരത്തിന്റെ അവയവങ്ങളല്ലോ.
31അതുനിമിത്തം ഒരു മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായിത്തീരും.32ഈ മർമ്മം വലിയത്; ഞാൻ ക്രിസ്തുവിനെയും സഭയെയും ഉദ്ദേശിച്ചത്രേ പറയുന്നത്.33എന്നാൽ നിങ്ങളും അങ്ങനെ തന്നെ ഓരോരുത്തൻ താന്താന്റെ ഭാര്യയെ തന്നെപ്പോലെ തന്നെ സ്നേഹിക്കേണം. ഭാര്യയോ ഭർത്താവിനെ ബഹുമാനിക്കേണ്ടതാകുന്നു.

6
കുഞ്ഞുങ്ങളും മാതാപിതാക്കന്മാരും

1കുഞ്ഞുങ്ങളേ, നിങ്ങളുടെ മാതാപിതാക്കന്മാരെ കർത്താവിൽ അനുസരിക്കുവിൻ; അത് ന്യായമല്ലോ.2“നീ ശുഭമായിരിക്കുവാനും, ഭൂമിയിൽ ദീർഘായുസ്സോടിരിക്കുവാനും3നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിയ്ക്കുക” എന്നത് വാഗ്ദത്തത്തോടുകൂടിയ ആദ്യകല്പന ആകുന്നു.

4പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർത്താവിന്റെ ശിക്ഷണത്തിലും ഉപദേശത്തിലും പോറ്റി വളർത്തുവിൻ.
ദാസന്മാരും യജമാനന്മാരും

5ദാസന്മാരേ, നിങ്ങളുടെ ലോകപ്രകാരമുള്ള യജമാനന്മാരെ ക്രിസ്തുവിനെയെന്നപോലെ ആദരവോടും വിറയലോടും ഹൃദയപരമാർത്ഥതയോടും കൂടെ അനുസരിക്കുവിൻ.6മനുഷ്യർ ശ്രദ്ധിക്കുമ്പോൾ മാത്രം അവരെ പ്രസാദിപ്പിക്കുന്നവരെപ്പോലെ അല്ല, ക്രിസ്തുവിന്റെ ദാസന്മാരെപ്പോലെ ദൈവേഷ്ടം മനസ്സോടെ ചെയ്തും,7മനുഷ്യരെയല്ല, കർത്താവിനെ തന്നെ സന്തോഷത്തോടെ സേവിച്ചുംകൊണ്ട് അനുസരിക്കുവിൻ.8ദാസനോ സ്വതന്ത്രനോ ഓരോരുത്തൻ ചെയ്യുന്ന നന്മയ്ക്ക് കർത്താവിൽനിന്ന് പ്രതിഫലം പ്രാപിക്കും എന്നു നിങ്ങൾ അറിയുന്നുവല്ലോ.
9അങ്ങനെതന്നെ യജമാനന്മാരേ, നിങ്ങളും ഇതേ രീതിയിൽ തന്നെ ദാസന്മാരോട് പെരുമാറുവിൻ. അവരെ ഭീഷണിപ്പെടുത്തരുത്. നിങ്ങളുടെയും അവരുടെയും യജമാനൻ സ്വർഗ്ഗത്തിലുണ്ടെന്നും ദൈവത്തിന് മുഖപക്ഷം ഇല്ലെന്നും അറിയുവിൻ.
ദൈവത്തിന്റെ സർവ്വായുധങ്ങൾ

10അവസാനമായി കർത്താവിലും അവന്റെ അമിതബലത്തിലും ശക്തിപ്പെടുവിൻ.11പിശാചിന്റെ തന്ത്രങ്ങളോട് എതിർത്തുനില്ക്കുവാൻ കഴിയേണ്ടതിന് ദൈവത്തിന്റെ സർവ്വായുധങ്ങളും ധരിച്ചുകൊള്ളുവിൻ.
12നമുക്കു പോരാട്ടം ഉള്ളത് ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും ആത്മീയ അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകതലങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ.13അതുകൊണ്ട് നിങ്ങൾ ഈ ദുഷ്കാലങ്ങളിൽ എതിർത്തുനില്ക്കുവാനും എല്ലാ കർത്തവ്യങ്ങളും നിറവേറ്റിക്കൊണ്ട് ഉറച്ചു നില്ക്കുവാനും കഴിയേണ്ടതിന് ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊള്ളുവിൻ.
14നിങ്ങളുടെ അരയ്ക്ക് സത്യം കെട്ടിയും നീതി എന്ന കവചം ധരിച്ചും15സമാധാനസുവിശേഷത്തിനായുള്ള ഒരുക്കം കാലിന് ചെരിപ്പാക്കിയും16എല്ലാറ്റിനും മീതെ ദുഷ്ടന്റെ തീയമ്പുകളെ ഒക്കെയും കെടുക്കുവാന്തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ടും നിൽക്കുവിൻ.
17രക്ഷ എന്ന ശിരസ്ത്രവും ദൈവവചനം എന്ന ആത്മാവിന്റെ വാളും കൈക്കൊള്ളുവിൻ.18സകല പ്രാർത്ഥനയാലും യാചനയാലും ഏത് നേരത്തും ആത്മാവിൽ പ്രാർത്ഥിച്ചും, അവന്റെ മറുപടിക്കായി ജാഗരിച്ചുംകൊണ്ട് സകലവിശുദ്ധന്മാർക്കും എനിക്കും വേണ്ടി പ്രാർത്ഥനയിൽ സ്ഥിരോത്സാഹം കാണിക്കുവിൻ.
19എന്റെ കാരാഗൃഹവാസത്തിൽ ഞാൻ ചങ്ങല ധരിച്ചു സ്ഥാനാപതിയായി സേവിക്കുന്ന സുവിശേഷത്തിന്റെ മർമ്മം പ്രാഗത്ഭ്യത്തോടെ അറിയിക്കുവാൻ എന്റെ വായ് തുറക്കുമ്പോൾ എനിക്ക് വചനം നല്കപ്പെടേണ്ടതിനും20ഞാൻ സംസാരിക്കേണ്ടുംവണ്ണം അതിൽ പ്രാഗത്ഭ്യത്തോടെ സംസാരിക്കേണ്ടതിനും എനിക്ക് വേണ്ടി പ്രാർത്ഥിക്കുവിൻ.

21ഞാൻ എങ്ങനെയിരിക്കുന്നു എന്നു എന്റെ അവസ്ഥ നിങ്ങളും അറിയേണ്ടതിന് പ്രിയ സഹോദരനും കർത്താവിൽ വിശ്വസ്ത ശുശ്രൂഷകനുമായ തിഹിക്കൊസ് നിങ്ങളോടു സകലവും അറിയിക്കും.22നിങ്ങൾ ഞങ്ങളുടെ വസ്തുത അറിയുവാനും അവൻ നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിക്കുവാനുമായി ഞാൻ അവനെ നിങ്ങളുടെ അടുക്കലേക്ക് അയച്ചിരിക്കുന്നു.
23പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും സഹോദരന്മാർക്കു സമാധാനവും വിശ്വാസത്തോടുകൂടിയ സ്നേഹവും ഉണ്ടാകട്ടെ.24നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെ അനശ്വരമായ സ്നേഹത്താൽ സ്നേഹിക്കുന്ന എല്ലാവരോടും കൂടെ കൃപ ഇരിക്കുമാറാകട്ടെ.

ഫിലിപ്യർ

1

1ക്രിസ്തുയേശുവിന്റെ ദാസന്മാരായ പൗലൊസും തിമൊഥെയൊസും ഫിലിപ്പിയിൽ ക്രിസ്തുയേശുവിലുള്ള സകല വിശുദ്ധന്മാർക്കും അദ്ധ്യക്ഷന്മാർക്കും ശുശ്രൂഷകന്മാർക്കും കൂടെ എഴുതുന്നത്:2നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ.

പൗലോസിന്റെ പ്രാർത്ഥന

3നിങ്ങളിൽ നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ യേശുക്രിസ്തുവിന്റെ നാളോളം അതിനെ തികയ്ക്കും എന്ന് ഞാൻ ഉറച്ച്,4ഒന്നാം നാൾ മുതൽ ഇതുവരെയും സുവിശേഷഘോഷണത്തിൽ നിങ്ങൾക്കുള്ള കൂട്ടായ്മ നിമിത്തം,5നിങ്ങൾക്ക് എല്ലാവർക്കും വേണ്ടി കഴിക്കുന്ന സകല പ്രാർത്ഥനയിലും എപ്പോഴും സന്തോഷത്തോടെ പ്രാർത്ഥിച്ച്,6നിങ്ങളെ ഓർക്കുമ്പോൾ ഒക്കെയും എന്റെ ദൈവത്തിന് ഞാൻ സ്തോത്രം ചെയ്യുന്നു.
7എന്റെ ബന്ധനങ്ങളിലും സുവിശേഷത്തിന്റെ പ്രതിവാദത്തിലും സ്ഥിരീകരണത്തിലും ,കൃപയിൽ എനിക്ക് കൂട്ടാളികളായ നിങ്ങളെ ഒക്കെയും ഞാൻ എന്റെ ഹൃദയത്തിൽ വഹിച്ചിരിക്കുകകൊണ്ട് നിങ്ങളെ എല്ലാവരെയും കുറിച്ച് അങ്ങനെ വിചാരിക്കുന്നത് എനിക്ക് ന്യായമല്ലോ.8ക്രിസ്തുയേശുവിന്റെ ആർദ്രതയോടെ ഞാൻ നിങ്ങളെ എല്ലാവരെയും കാണുവാൻ എത്ര വാഞ്ചിക്കുന്നു എന്നതിന് ദൈവം സാക്ഷി.
9നിങ്ങളുടെ സ്നേഹം മേല്ക്കുമേൽ ജ്ഞാനത്തിലും സകലവിവേചനത്തിലും വർദ്ധിച്ചു വന്നിട്ട്10ക്രിസ്തുവിന്റെ നാളിലേക്ക് നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായി, നിങ്ങൾ ഉത്തമമായത് അംഗീകരിച്ച്,11ദൈവത്തിന്റെ മഹത്വത്തിനും പുകഴ്ചയ്ക്കുമായിട്ട് യേശുക്രിസ്തുവിനാൽ നീതിഫലങ്ങൾ നിറഞ്ഞവരാകുവാൻ ഞാൻ പ്രാർത്ഥിക്കുന്നു.
സുവിശേഷത്തിന്റെ അഭിവൃദ്ധി

12സഹോദരന്മാരേ, എനിക്ക് ഭവിച്ചത് സുവിശേഷത്തിന്റെ അഭിവൃദ്ധിക്ക് കാരണമായിത്തീർന്നു എന്ന് നിങ്ങൾ ഇപ്പോൾ അറിയുവാൻ ഞാൻ ഇച്ഛിക്കുന്നു.13അതുകൊണ്ട് എന്റെ ബന്ധനങ്ങൾ ക്രിസ്തു നിമിത്തമാകുന്നു എന്ന് അകമ്പടിപട്ടാളത്തിൽ ഒക്കെയും ശേഷം എല്ലാവർക്കും തെളിവായി വരികയും14സഹോദരന്മാർ മിക്കപേരും എന്റെ ബന്ധനങ്ങളാൽ കർത്താവിൽ ധൈര്യം പൂണ്ട് ദൈവത്തിന്റെ വചനം ഭയം കൂടാതെ അധികമായി പ്രസ്താവിക്കുവാൻ ധൈര്യത്തോടെ ഇരിക്കുകയും ചെയ്യുന്നു.
15ചിലർ ക്രിസ്തുവിനെ പ്രസംഗിക്കുന്നത് അസൂയയും പിണക്കവും നിമിത്തമാണ്;16ചിലരോ നല്ല മനസ്സോടെ തന്നെ. അവർ സുവിശേഷത്തിന്റെ പ്രതിവാദത്തിനായി എന്നെ നിയമിച്ചിരിക്കുന്നു എന്ന് അറിഞ്ഞിട്ട് അത് സ്നേഹത്തിൽ നിന്ന് ചെയ്യുന്നു.17എന്നാൽ മറ്റവരോ, എന്റെ ബന്ധനങ്ങളിൽ എനിക്ക് പ്രയാസം വരുത്തുവാൻ ഭാവിച്ചുകൊണ്ട് നിർമ്മലതയോടെയല്ല, സ്വാർത്ഥതയിൽ നിന്നത്രേ ക്രിസ്തുവിനെ പ്രസംഗിക്കുന്നത്.
18പിന്നെ എന്ത്? അഭിനയമായിട്ടോ സത്യമായിട്ടോ ഏതുവിധമായാലും ക്രിസ്തുവിനെ അത്രേ പ്രസംഗിക്കുന്നത്. ഇതിൽ ഞാൻ സന്തോഷിക്കുന്നു; ഇനിയും സന്തോഷിക്കും.19എന്തെന്നാൽ നിങ്ങളുടെ പ്രാർത്ഥനയാലും യേശുക്രിസ്തുവിന്റെ ആത്മാവിന്റെ സഹായത്താലും അത് എനിക്ക് വിടുതലായിത്തീരും എന്ന് ഞാൻ അറിയുന്നു.
20ഒന്നിലും ഞാൻ ലജ്ജിച്ചുപോകയില്ല എന്നത് എന്റെ ദൃഢമായ പ്രതീക്ഷയും പ്രത്യാശയും ആകുന്നു. എന്നാൽ എപ്പോഴും എന്നപോലെ ഇപ്പോഴും പൂർണ്ണധൈര്യത്തോടു കൂടെ ജീവനാൽ ആകട്ടെ മരണത്താൽ ആകട്ടെ ക്രിസ്തു എന്റെ ശരീരത്തിൽ മഹിമപ്പെടും.21എന്തെന്നാൽ എനിക്ക് ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവും ആകുന്നു.
22എന്നാൽ ജഡത്തിൽ ജീവിക്കുന്നു എങ്കിൽ അത് ഫലകരമായ എന്റെ വേലയ്ക്കു വേണ്ടിത്തന്നെ; എങ്കിലും ഏത് തിരഞ്ഞെടുക്കേണം എന്ന് ഞാൻ അറിയുന്നില്ല.23എന്നാൽ ഇവ രണ്ടിനാലും ഞാൻ ഞെരുങ്ങുന്നു; വിട്ടുപിരിഞ്ഞ് ക്രിസ്തുവിനോടുകൂടെ ഇരിക്കുവാൻ എനിക്ക് ആഗ്രഹമുണ്ട്; അത് അത്യുത്തമമല്ലോ.24എങ്കിലും ഞാൻ ശരീരത്തിൽ ഇരിക്കുന്നത് നിങ്ങൾ നിമിത്തം ഏറെ ആവശ്യം.
25ഇതിനെക്കുറിച്ച് ഉറച്ചുകൊണ്ട് നിങ്ങളുടെ വിശ്വാസത്തിന്റെ അഭിവൃദ്ധിക്കും സന്തോഷത്തിനുമായിത്തന്നെ ഞാൻ ജീവനോടിരിക്കും എന്നും നിങ്ങളോട് എല്ലാവരോടുംകൂടെ ഇരിക്കും എന്നും അറിയുന്നു.26അങ്ങനെ ഞാൻ നിങ്ങളുടെ അടുക്കൽ മടങ്ങിവരുന്നതിനാൽ, എന്നിലുള്ള നിങ്ങളുടെ പ്രശംസ ക്രിസ്തുയേശുവിൽ വർദ്ധിക്കുവാൻ ഇടയാകും.27ഞാൻ നിങ്ങളെ വന്ന് കണ്ടിട്ടോ, ദൂരത്തിരുന്നോ, നിങ്ങൾ ഏകാത്മാവിൽ ഉറച്ചുനിന്ന്, ഏകമനസ്സോടെ സുവിശേഷത്തിന്റെ വിശ്വാസത്തിനായി ഒന്നിച്ച് പോരാട്ടം കഴിക്കുന്നു എന്ന് നിങ്ങളേക്കുറിച്ച് കേൾക്കേണ്ടതിന്, ക്രിസ്തുവിന്റെ സുവിശേഷത്തിന് യോഗ്യമാംവണ്ണം മാത്രം പെരുമാറുവിൻ.
28നിങ്ങളെ എതിർക്കുന്നവരാൽ ഒന്നിലും ഭയപ്പെടേണ്ട; ഇത് അവരുടെ നാശത്തിനും നിങ്ങളുടെ രക്ഷയ്ക്കും ഒരു അടയാളമാകുന്നു;29അത് ദൈവത്തിൽ നിന്നുള്ളതാകുന്നു. എന്തെന്നാൽ, അവനിൽ വിശ്വസിക്കുവാൻ മാത്രമല്ല, അവനു വേണ്ടി കഷ്ടം അനുഭവിക്കുവാനും കൂടെ ഇത് നിങ്ങൾക്ക് ക്രിസ്തു നിമിത്തം അനുവദിച്ചിരിക്കുന്നു.30അങ്ങനെ നിങ്ങൾ എന്നിൽ കണ്ടതും ഇപ്പോൾ എന്നെക്കുറിച്ച് കേൾക്കുന്നതുമായ അതേ പോരാട്ടം നിങ്ങൾക്കും ഉണ്ടല്ലോ.

2
ക്രിസ്തുവിന്റെ താഴ്മ അനുകരിക്കുക

1അതുകൊണ്ട് ക്രിസ്തുവിൽ വല്ല പ്രബോധനവും ഉണ്ടെങ്കിൽ, സ്നേഹത്തിന്റെ വല്ല ആശ്വാസവും ഉണ്ടെങ്കിൽ, ആത്മാവിന്റെ വല്ല കൂട്ടായ്മയും ഉണ്ടെങ്കിൽ, വല്ല ആർദ്രതയും മനസ്സലിവും ഉണ്ടെങ്കിൽ, 12നിങ്ങൾ ഏകമനസ്സുള്ളവരായി ഏകസ്നേഹം പൂണ്ട് ആത്മാവിൽ ഐകമത്യപ്പെട്ട് ഏക ഉദ്ദേശ്യമുള്ളവരായി എന്റെ സന്തോഷം പൂർണ്ണമാക്കുവിൻ.

3സ്വാർത്ഥതയാലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ, താഴ്മയോടെ ഓരോരുത്തൻ മറ്റുള്ളവരെ തന്നെക്കാൾ ശ്രേഷ്ഠൻ എന്ന് എണ്ണിക്കൊള്ളുവിൻ.4ഓരോരുത്തൻ സ്വന്ത താല്പര്യങ്ങളല്ല, എന്നാൽ മറ്റുള്ളവന്റെ താല്പര്യം കൂടെ നോക്കേണം.
5ക്രിസ്തുയേശുവിലുള്ള മനോഭാവം തന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ.6അവൻ ദൈവരൂപത്തിൽ ഇരിക്കെ, ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളേണം എന്ന് വിചാരിക്കാതെ,7തന്നെത്താൻ ശൂന്യമാക്കി, ദാസരൂപം എടുത്ത്, മനുഷ്യസാദൃശ്യത്തിലായി, വേഷത്തിൽ മനുഷ്യനായി കാണപ്പെട്ടു,8തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നെ, അനുസരണമുള്ളവനായിത്തീർന്നു.
9അതുകൊണ്ട് ദൈവവും അവനെ ഏറ്റവും ഉയർത്തുകയും സകലനാമത്തിനും മേലായ നാമം നൽകുകയും ചെയ്തു;10അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും11എല്ലാ നാവും “യേശുക്രിസ്തു ആകുന്നു കർത്താവ്” എന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി ഏറ്റുപറയുകയും ചെയ്യും
നക്ഷത്രങ്ങളെപ്പോലെ വിളങ്ങുക

12അതുകൊണ്ട്, പ്രിയമുള്ളവരേ, നിങ്ങൾ എല്ലായ്പോഴും അനുസരിച്ചതുപോലെ എന്റെ സാന്നിദ്ധ്യത്തിൽ മാത്രമല്ല, എന്റെ അസാന്നിദ്ധ്യത്തിലും ഏറ്റവും അധികമായി ഭയത്തോടും വിറയലോടും കൂടെ നിങ്ങളുടെ രക്ഷയ്ക്കായി പ്രവർത്തിക്കുവിൻ.13എന്തെന്നാൽ, തന്റെ പ്രസാദത്തിനുവേണ്ടി ഇച്ഛിക്കുവാനും പ്രവർത്തിക്കുവാനുമായി നിങ്ങളിൽ ദൈവമാണ് പ്രവർത്തിക്കുന്നത്.
14വക്രവും വഴിപിഴച്ചതുമായ തലമുറയുടെ നടുവിൽ, നിങ്ങൾ അനിന്ദ്യരും പരമാർത്ഥികളുമായ, ദൈവത്തിന്റെ നിഷ്കളങ്കമക്കളും ആകേണ്ടതിന്, എല്ലാം പിറുപിറുപ്പും വാദവും കൂടാതെ ചെയ്യുവിൻ.15അവരുടെ ഇടയിൽ നിങ്ങൾ ജീവന്റെ വചനം മുറുകെപ്പിടിച്ചുകൊണ്ട് ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു.16അങ്ങനെ ഞാൻ ഓടിയതോ അദ്ധ്വാനിച്ചതോ വെറുതെയായില്ല എന്ന് ക്രിസ്തുവിന്റെ നാളിൽ എനിക്ക് പ്രശംസിക്കുവാൻ കാരണമാകും.
17എന്നാൽ നിങ്ങളുടെ വിശ്വാസത്തിന്റെ യാഗത്തിലും ശുശ്രൂഷയിലും പാനീയയാഗമായി എന്നെ ഒഴിക്കേണ്ടിവന്നാലും ഞാൻ സന്തോഷിക്കും; നിങ്ങളോട് എല്ലാവരോടും കൂടെ സന്തോഷിക്കും.18അങ്ങനെ തന്നെ നിങ്ങളും സന്തോഷിക്കുവിൻ; എന്നോടുകൂടെ സന്തോഷിക്കുവിൻ.
തിമോഥെയൊസും എപ്പഫ്രൊദിത്തൊസും

19എന്നാൽ നിങ്ങളുടെ അവസ്ഥ അറിഞ്ഞിട്ട് ഞാൻ ഉന്മേഷവാനാകേണ്ടതിന്, തിമൊഥെയൊസിനെ വേഗത്തിൽ അങ്ങോട്ട് അയയ്ക്കാം എന്ന് കർത്താവായ യേശുവിൽ ആശിക്കുന്നു.20എന്തുകൊണ്ടെന്നാൽ നിങ്ങൾക്കുവേണ്ടി പരമാർത്ഥമായി കരുതുവാൻ അവനെപ്പോലെ എനിക്ക് മറ്റാരുമില്ല.21യേശുക്രിസ്തുവിന്റെ കാര്യമല്ല സ്വന്ത കാര്യമല്ലോ എല്ലാവരും നോക്കുന്നത്.
22എന്നാൽ ഒരു മകൻ തന്റെ അപ്പനെ ശുശ്രൂഷിക്കുന്നതുപോലെ, എന്നോടുകൂടെ സുവിശേഷഘോഷണത്തിൽ സേവചെയ്ത് അവൻ യോഗ്യനെന്ന് തെളിയിച്ചത് നിങ്ങൾ അറിയുന്നുവല്ലോ.23ആകയാൽ എന്റെ കാര്യം എങ്ങനെ ആകും എന്ന് അറിയുന്ന ഉടനെ ഞാൻ അവനെ അയക്കുവാൻ ആശിക്കുന്നു.24എന്നിരുന്നാലും ഞാൻ വേഗം വരും എന്ന് കർത്താവിൽ ഉറച്ചിരിക്കുന്നു.
25എന്നാൽ എന്റെ സഹോദരനും കൂട്ടുവേലക്കാരനും സഹഭടനും നിങ്ങളുടെ ദൂതനും എന്റെ ആവശ്യത്തിൽ ശുശ്രൂഷിച്ചവനുമായ എപ്പഫ്രൊദിത്തൊസിനെ നിങ്ങളുടെ അടുക്കൽ അയയ്ക്കുന്നത് അനിവാര്യം എന്ന് എനിക്ക് തോന്നി.26എന്തുകൊണ്ടെന്നാൽ, അവൻ നിങ്ങളോട് എല്ലാവരോടും കൂടെ ഇരിക്കുവാൻ വാഞ്ചിച്ചും, താൻ രോഗിയായി കിടന്നു എന്ന് നിങ്ങൾ കേട്ടതുകൊണ്ട് വ്യസനിച്ചുമിരുന്നു.27അവൻ രോഗം പിടിച്ച് മരിക്കാറായിരുന്നു സത്യം; എങ്കിലും ദൈവം അവനോട് കരുണചെയ്തു; അവനോട് മാത്രമല്ല, എനിക്ക് ദുഃഖത്തിന്മേൽ ദുഃഖം വരാതിരിക്കുവാൻ എന്നോടും കരുണ ചെയ്തു.
28ആകയാൽ നിങ്ങൾ അവനെ വീണ്ടും കാണുമ്പോൾ സന്തോഷിക്കുവാനും, എനിക്ക് ദുഃഖം കുറയുവാനും ഞാൻ അവനെ അധികം താല്പര്യത്തോടെ അയച്ചിരിക്കുന്നു.29കർത്താവിൽ അവനെ പൂർണ്ണസന്തോഷത്തോടെ സ്വീകരിക്കുവിൻ; ഇങ്ങനെയുള്ളവരെ ബഹുമാനിതരായി കരുതുവിൻ.30എന്തെന്നാൽ എനിക്ക് വേണ്ടിയുള്ള നിങ്ങളുടെ ശുശ്രൂഷയിലുള്ള കുറവ് തീർക്കുവാനായി അവൻ തന്റെ പ്രാണനെ അപകടത്തിലാക്കി, ക്രിസ്തുവിന്റെ വേല നിമിത്തം മരണത്തോളം ആയി.


1 2:1 ഉണ്ടെങ്കിൽ, ഇതിൽ പരാമർശിച്ചിരിക്കുന്ന കാര്യങ്ങൾ ഇല്ലാത്തതുകൊണ്ടല്ല, എല്ലാം ഉള്ളതുകൊണ്ടാണ് സന്തോഷം പൂർണ്ണമാക്കേണ്ടത്

3
യഥാർത്ഥ നീതി

1ഒടുവിൽ എന്റെ സഹോദരന്മാരേ, കർത്താവിൽ സന്തോഷിക്കുവിൻ. അതേ കാര്യം നിങ്ങൾക്ക് പിന്നെയും എഴുതുന്നതിൽ എനിക്ക് മടുപ്പില്ല; അത് നിങ്ങൾക്ക് സംരക്ഷണം ആകുന്നു.2നായ്ക്കളെ 1 സൂക്ഷിക്കുവിൻ; ദുഷ്ടവേലക്കാരെ സൂക്ഷിക്കുവിൻ; അംഗച്ഛേദനക്കാരെ 2 സൂക്ഷിക്കുവിൻ.3എന്തെന്നാൽ നാമല്ലോ സത്യപരിച്ഛേദനക്കാർ; ദൈവാത്മാവിൽ ആരാധിക്കുകയും ക്രിസ്തുയേശുവിൽ പ്രശംസിക്കുകയും ജഡത്തിൽ ആശ്രയിക്കാതിരിക്കുകയും ചെയ്യുന്ന നാം തന്നെ.

4എന്നിരുന്നാലും, എനിക്ക് ജഡത്തിലും ആശ്രയിക്കുവാൻ വകയുണ്ട്; മറ്റാർക്കെങ്കിലും ജഡത്തിൽ ആശ്രയിക്കാം എന്ന് തോന്നിയാൽ എനിക്ക് അധികം;5എട്ടാം നാളിൽ പരിച്ഛേദന ഏറ്റവൻ; യിസ്രായേൽ ജാതിക്കാരൻ; ബെന്യാമിൻ ഗോത്രക്കാരൻ; എബ്രായരിൽനിന്ന് ജനിച്ച എബ്രായൻ; ന്യായപ്രമാണം സംബന്ധിച്ച് പരീശൻ;
6ശുഷ്കാന്തി സംബന്ധിച്ച് സഭയെ ഉപദ്രവിച്ചവൻ; ന്യായപ്രമാണത്തിലെ നീതി സംബന്ധിച്ച് അനിന്ദ്യൻ.7എങ്കിലും എനിക്ക് ലാഭമായിരുന്നത് ഒക്കെയും ഞാൻ ക്രിസ്തുനിമിത്തം നഷ്ടം എന്ന് എണ്ണിയിരിക്കുന്നു.
8അത്രയുമല്ല, എന്റെ കർത്താവായ ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രേഷ്ഠതനിമിത്തം ഞാൻ ഇപ്പോഴും എല്ലാം നഷ്ടം എന്ന് എണ്ണുന്നു. അവനു വേണ്ടി ഞാൻ എല്ലാ നഷ്ടവും അനുഭവിക്കുകയും, ക്രിസ്തുവിനെ നേടേണ്ടതിനും,9ന്യായപ്രമാണത്തിൽനിന്നുള്ള എന്റെ സ്വന്തനീതിയല്ല, പ്രത്യുത, ക്രിസ്തുവിലുള്ള വിശ്വാസംമൂലം, ദൈവം വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ നൽകുന്ന നീതി തന്നെ ലഭിച്ച്,10അവനിൽ ഇരിക്കേണ്ടതിനും, അവന്റെ മരണത്തിനോട് അനുരൂപപ്പെട്ടിട്ട് അവനെയും അവന്റെ പുനരുത്ഥാനത്തിന്റെ ശക്തിയെയും11അവന്റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയെയും അറിയേണ്ടതിനും, അങ്ങനെ വല്ലവിധേനയും മരിച്ചവരുടെ ഇടയിൽനിന്നുള്ള പുനരുത്ഥാനം ഞാൻ പ്രാപിക്കേണ്ടതിനും തന്നെ സകലവും ചവറായി കണക്കാക്കുകയും ചെയ്യുന്നു.
12ഇവ ലഭിച്ചുകഴിഞ്ഞു എന്നോ തികഞ്ഞവനായി എന്നോ അല്ല, ഞാൻ ക്രിസ്തുയേശുവിനാൽ പിടിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് എനിക്കും അത് പിടിക്കാമോ എന്നുവച്ച് പിന്തുടരുന്നതേയുള്ളു.13സഹോദരന്മാരേ, ഞാൻ അത് പിടിച്ചിരിക്കുന്നു എന്ന് നിരൂപിക്കുന്നില്ല.14എന്നാൽ ഒന്ന് ഞാൻ ചെയ്യുന്നു: പിമ്പിലുള്ളത് മറന്നും മുമ്പിലുള്ളതിനായി ആഞ്ഞുംകൊണ്ട്, ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ പ്രതിഫലത്തിനായി ലക്ഷ്യത്തിലേക്ക് ഓടുന്നു.
15നമ്മിൽ തികഞ്ഞവർക്ക് ഒക്കെയും ഈ മനോഭാവം ഉണ്ടാകട്ടെ; വല്ലതിലും നിങ്ങൾക്ക് വേറെ വിധമായി ചിന്തിച്ചാൽ ദൈവം അതും നിങ്ങൾക്ക് വെളിപ്പെടുത്തിത്തരും.16എന്നിരുന്നാലും നാം പ്രാപിച്ചിരിക്കുന്നതനുസരിച്ചു തന്നെ നടക്കുക.

17സഹോദരന്മാരേ, എന്നെ അനുകരിക്കുന്നതിൽ ചേരുക; ഞങ്ങൾ നിങ്ങൾക്ക് കാണിച്ച മാതൃകപ്രകാരം നടക്കുന്നവരെയും ശ്രദ്ധിച്ചുകൊള്ളുവിൻ.18എന്തെന്നാൽ, ഞാൻ പലപ്പോഴും നിങ്ങളോട് പറഞ്ഞതുപോലെ അനേകർ ക്രിസ്തുവിന്റെ ക്രൂശിന്റെ ശത്രുക്കളായിരിക്കുന്നു എന്ന് ഇപ്പോൾ കരഞ്ഞുംകൊണ്ട് പറയുന്നു.19അവരുടെ അവസാനം നാശം; അവരുടെ ദൈവം വയറ്; ലജ്ജയായതിൽ അവർക്ക് മാനം തോന്നുന്നു; അവരുടെ മനസ്സ് ഭൂമിയിലുള്ള കാര്യങ്ങളിലാകുന്നു.
20നമ്മുടെ പൗരത്വമോ സ്വർഗ്ഗത്തിൽ ആകുന്നു; കർത്താവായ യേശുക്രിസ്തു എന്ന രക്ഷിതാവ് അവിടെനിന്നും വരുമെന്ന് നാം താല്പര്യത്തോടെ കാത്തിരിക്കുന്നു.21സകലവും തനിക്ക് കീഴ്പെടുത്തുവാനും കഴിയുന്ന തന്റെ വ്യാപാരശക്തികൊണ്ട്, നമ്മുടെ താഴ്ചയുള്ള ശരീരത്തെ, തന്റെ മഹത്വമുള്ള ശരീരത്തോടനുരൂപമായി അവൻ രൂപാന്തരപ്പെടുത്തും.


1 3:2 നായ്ക്കൾ എന്നത് സുവിശേഷത്തെ വികലമാക്കുന്ന (ദുർവ്യാഖ്യാനം ചെയ്യുന്ന) ദുരുപദേശക്കാരായ യെഹൂദക്രിസ്ത്യാനികളെ സൂചിപ്പിക്കുന്നു.
2 3:2 പരിച്ഛേദനക്കാരെ പരിഹസിച്ച് അംഗച്ഛേദനക്കാരെന്ന് സംബോധന ചെയ്യുന്നു.

4

1അതുകൊണ്ട്, എന്റെ പ്രിയരും ഞാൻ കാണുവാൻ ആഗ്രഹിക്കുന്നവരുമായ സഹോദരന്മാരേ, എന്റെ സന്തോഷവും കിരീടവുമായുള്ളോരേ, ഇങ്ങനെ കർത്താവിൽ ഉറച്ചുനിൽക്കുവിൻ, പ്രിയമുള്ളവരേ.

പ്രബോധനം

2കർത്താവിൽ ഒരേ മനസ്സോടെയിരിക്കുവാൻ ഞാൻ യുവൊദ്യയെയോടും സുന്തുകയെയോടും പ്രബോധിപ്പിക്കുന്നു.3സാക്ഷാൽ എന്റെ വിശ്വസ്തരായ കൂട്ടുവേലക്കാരേ, ആ സ്ത്രീകളെ സഹായിക്കണം എന്ന് ഞാൻ നിന്നോടും അപേക്ഷിക്കുന്നു; ജീവപുസ്തകത്തിൽ പേരുള്ള ക്ലേമന്ത് മുതലായ എന്റെ കൂട്ടുവേലക്കാരോടൊന്നിച്ച്, അവർ എന്നോടുകൂടെ സുവിശേഷഘോഷണത്തിൽ അദ്ധ്വാനിച്ചിരിക്കുന്നു.

4കർത്താവിൽ എപ്പോഴും സന്തോഷിക്കുവിൻ; സന്തോഷിക്കുവിൻ എന്ന് ഞാൻ പിന്നെയും പറയുന്നു.5നിങ്ങളുടെ സൗമ്യത സകല മനുഷ്യരും അറിയട്ടെ; കർത്താവ് വരുവാൻ അടുത്തിരിക്കുന്നു.6ഒന്നിനേക്കുറിച്ചും വിചാരപ്പെടരുത്; പ്രത്യുത, എല്ലാറ്റിലും പ്രാർത്ഥനയാലും യാചനയാലും നിങ്ങളുടെ അപേക്ഷകൾ സ്തോത്രത്തോടുകൂടെ ദൈവത്തോട് അറിയിക്കട്ടെ.7എന്നാൽ സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.

8ഒടുവിൽ, സഹോദരന്മാരേ, സത്യമായത് ഒക്കെയും മാന്യമായത് ഒക്കെയും നീതിയായത് ഒക്കെയും നിർമ്മലമായത് ഒക്കെയും ഹൃദ്യമായത് ഒക്കെയും സല്ക്കീർത്തിയായത് ഒക്കെയും സൽഗുണമോ പുകഴ്ചയോ അത് ഒക്കെയും ചിന്തിച്ചുകൊള്ളുവിൻ.9എന്നോട് പഠിച്ചും ഗ്രഹിച്ചും കേട്ടും കണ്ടുമുള്ള കാര്യങ്ങൾ പ്രവർത്തിക്കുവിൻ; എന്നാൽ സമാധാനത്തിന്റെ ദൈവം നിങ്ങളോടുകൂടെ ഇരിക്കും.
ദാനത്തിനുള്ള നന്ദി

10നിങ്ങൾ പിന്നെയും എനിക്ക് വേണ്ടി വിചാരിക്കുവാൻ തുടങ്ങിയതിനാൽ ഞാൻ കർത്താവിൽ വളരെ സന്തോഷിച്ചു; മുമ്പെ തന്നെ നിങ്ങൾക്ക് വിചാരമുണ്ടായിരുന്നു. എങ്കിലും സഹായിക്കുവാൻ അവസരം കിട്ടിയില്ല.11ആവശ്യം നിമിത്തമല്ല ഞാൻ പറയുന്നത്; എന്തെന്നാൽ ഏത് സാഹചര്യത്തിലും സംതൃപ്തിയോടിരിക്കുവാൻ ഞാൻ പഠിച്ചിട്ടുണ്ട്.12താഴ്ചയിൽ എങ്ങനെ ഇരിക്കണം എന്നും സമൃദ്ധിയിൽ എങ്ങനെ ജീവിക്കണമെന്നും എനിയ്ക്കറിയാം; തൃപ്തനായിരിക്കുന്നതിന്റെയും വിശന്നിരിക്കുന്നതിന്റെയും സമൃദ്ധിയിൽ ഇരിക്കുന്നതിന്റെയും ബുദ്ധിമുട്ട് അനുഭവിക്കുന്നതിന്റെയും രഹസ്യം എന്തെന്ന് എല്ലാ സാഹചര്യങ്ങളിലും ഞാൻ പഠിച്ചിരിക്കുന്നു.13എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം എനിക്ക് എല്ലാം ചെയ്യുവാൻ കഴിയും.
14എങ്കിലും എന്റെ കഷ്ടതയിൽ നിങ്ങൾ കൂട്ടായ്മ കാണിച്ചത് നന്നായി.15ഫിലിപ്പ്യരേ, സുവിശേഷഘോഷണത്തിന്റെ ആരംഭത്തിൽ ഞാൻ മക്കെദൊന്യയിൽനിന്ന് പുറപ്പെട്ടപ്പോൾ നിങ്ങൾ മാത്രമല്ലാതെ ഒരു സഭയും വരവുചെലവുകാര്യത്തിൽ എന്നോട് കൂട്ടായ്മ കാണിച്ചില്ല എന്ന് നിങ്ങളും അറിയുന്നു.16എന്തെന്നാൽ ഞാൻ തെസ്സലോനിക്യയിൽ ആയിരുന്നപ്പോൾ പോലും എന്റെ ആവശ്യങ്ങൾക്ക് നിങ്ങൾ ഒന്നിലധികം തവണ അയച്ചുതന്നുവല്ലോ.17ഞാൻ ദാനം അന്വേഷിക്കുന്നു എന്നല്ല, നിങ്ങളുടെ കണക്കിലേക്ക് ഏറുന്ന പ്രതിഫലം അത്രേ അന്വേഷിക്കുന്നത്.
18എന്നാൽ എനിക്ക് വേണ്ടുന്നത് എല്ലാം ഉണ്ട്; സമൃദ്ധിയായുമിരിക്കുന്നു; നിങ്ങൾ അയച്ചുതന്നത് സൗരഭ്യവാസനയായി, ദൈവത്തിന് പ്രസാദമായ ഒരു സ്വീകാര്യയാഗമായി എപ്പഫ്രൊദിത്തൊസിൽനിന്ന് ഞാൻ സ്വീകരിച്ച് തൃപ്തനായിരിക്കുന്നു.19എന്റെ ദൈവമോ നിങ്ങളുടെ ആവശ്യങ്ങളൊക്കെയും തന്റെ മഹത്വത്തിന്റെ ധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവിൽ നൽകിത്തരും.20ഇപ്പോൾ നമ്മുടെ ദൈവവും പിതാവുമായവന് എന്നെന്നേക്കും മഹത്വം. ആമേൻ.
അന്തിമ വന്ദനം

21ക്രിസ്തുയേശുവിലുള്ള ഓരോ വിശുദ്ധർക്കും വന്ദനം ചെയ്യുവിൻ. എന്നോടുകൂടെയുള്ള സഹോദരന്മാർ നിങ്ങളെ വന്ദനം ചെയ്യുന്നു.22വിശുദ്ധന്മാർ എല്ലാവരും, വിശേഷാൽ കൈസരുടെ കൊട്ടാരത്തിലുള്ളവരും നിങ്ങളെ വന്ദനം ചെയ്യുന്നു.

23കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളുടെ ആത്മാവിനോടുകൂടെ ഇരിക്കുമാറാകട്ടെ.

കൊലൊസ്സ്യർ

1
വന്ദനവും സ്തോത്രാർപ്പണവും

1ദൈവഹിതത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായിരിക്കുന്ന പൗലോസും നമ്മുടെ സഹോദരനായ തിമൊഥെയോസും122കൊലൊസ്സ്യപട്ടണത്തിലുള്ള വിശുദ്ധന്മാർക്കും ക്രിസ്തുവിൽ വിശ്വസ്ത സഹോദരന്മാരായവർക്കും എഴുതുന്നത്: പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽ നിന്നും നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ.

3നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന് സ്തോത്രം ചെയ്യുകയും, എപ്പോഴും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു.
4എന്തെന്നാൽ സുവിശേഷത്തിന്റെ സത്യവചനത്തിൽ നിങ്ങൾ മുമ്പ് കേട്ടതായി സ്വർഗ്ഗത്തിൽ നിങ്ങൾക്കായി സംഗ്രഹിച്ചിരിക്കുന്ന പ്രത്യാശ നിമിത്തം5ക്രിസ്തുയേശുവിൽ നിങ്ങളുടെ വിശ്വാസത്തെയും സകലവിശുദ്ധത്മാരോടും നിങ്ങൾക്കുള്ള സ്നേഹത്തെയും കുറിച്ച് ഞങ്ങൾ കേട്ടിരിക്കുന്നു.6ആ സുവിശേഷം സർവ്വലോകത്തിലും എന്നപോലെ നിങ്ങളുടെ അടുക്കലും എത്തി; നിങ്ങൾ ദൈവകൃപയെ യഥാർത്ഥമായി കേട്ടറിഞ്ഞ നാൾമുതൽ നിങ്ങളുടെ ഇടയിൽ എന്നപോലെ സർവ്വലോകത്തിലും ഫലം കായിച്ചും വർദ്ധിച്ചും വരുന്നു.
7ഇങ്ങനെ നിങ്ങൾ ഞങ്ങളുടെ പ്രിയ സഹഭൃത്യനായ എപ്പഫ്രാസിനോട് പഠിച്ചിട്ടുണ്ടല്ലോ;8അവൻ നിങ്ങൾക്ക് വേണ്ടി ക്രിസ്തുവിന്റെ വിശ്വസ്ത ശുശ്രൂഷകനും നിങ്ങൾക്ക് ഞങ്ങളോടുള്ള ആത്മാവിലുള്ള സ്നേഹത്തെ അറിയിച്ചവനും ആകുന്നു.
കർത്താവിന് യോഗ്യമാകുംവണ്ണം നടക്കേണ്ടതിനായുള്ള പ്രാർത്ഥന

9അതുകൊണ്ട് ഈ സ്നേഹം നിമിത്തം ഞങ്ങൾ നിങ്ങളെക്കുറിച്ച് കേട്ട നാൾ മുതൽ നിങ്ങൾ ആത്മികമായ സകല ജ്ഞാനത്തിലും വിവേകത്തിലും അവന്റെ ഇഷ്ടത്തിന്റെ പരിജ്ഞാനംകൊണ്ട് നിറഞ്ഞുവരേണം എന്ന് നിരന്തരമായി പ്രാർത്ഥിക്കുന്നതും കൂടാതെ,10നിങ്ങൾ കർത്താവിന് യോഗ്യമാകുംവണ്ണം നടന്ന് എല്ലാറ്റിലും അംഗീകാരം പ്രാപിച്ചവരായി, സകല സൽപ്രവൃത്തിയിലും ഫലം കായ്ച് ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ വളരണമെന്നും ഞങ്ങൾ പ്രാർത്ഥിക്കുന്നു.
11സകല സഹിഷ്ണതയ്ക്കും ദീർഘക്ഷമയ്ക്കുമായി അവന്റെ മഹത്വത്തിന്റെ വല്ലഭത്വത്തിന് ഒത്തവണ്ണം പൂർണ്ണശക്തിയോടെ ബലപ്പെടണമെന്നും12തനിക്കുവേണ്ടി വേർതിരിക്കപ്പെട്ടവർക്ക് വെളിച്ചത്തിലുള്ള അവകാശത്തിനായി നമ്മെ പ്രാപ്തന്മാരാക്കുകയും
13നമ്മെ ഇരുട്ടിന്റെ അധികാരത്തിൽ3 നിന്ന് വിടുവിച്ച് തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കിവെയ്ക്കുകയും ചെയ്ത പിതാവായദൈവത്തിനു സന്തോഷത്തോടെ സ്തോത്രം ചെയ്യുന്നവരാകേണം എന്നും അപേക്ഷിക്കുന്നു.
പുത്രൻ അദൃശ്യനായ ദൈവത്തിന്റെ സാദൃശ്യം

14തന്റെ പുത്രനിൽ നമുക്ക് പാപമോചനമെന്ന വീണ്ടെടുപ്പ് ഉണ്ട്.
15പുത്രനായ ക്രിസ്തുഅദൃശ്യനായ ദൈവത്തിന്റെ സാദൃശ്യവും, സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു.16സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും ആധിപത്യങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ ഭരണവ്യവസ്ഥകൾ ആകട്ടെ അധികാരങ്ങൾ ആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖാന്തരവും അവനായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.17അവൻ സർവ്വത്തിനും മുമ്പേയുള്ളവൻ; അവൻ സകലത്തെയും വഹിക്കുന്നവനും ആകുന്നു.
18അവൻ സഭ എന്ന ശരീരത്തിന്റെ തലയും, സകല ഉത്ഭവങ്ങളുടെയും അധിപതിയും, സകലത്തിലും താൻ പ്രഥമസ്ഥാനീയനാകേണ്ടതിന്, അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽനിന്ന് ആദ്യനായി എഴുന്നേറ്റവനും ആകുന്നു.19അവനിൽ സർവ്വസമ്പൂർണ്ണതയും വസിക്കുവാനും20അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തംകൊണ്ട് അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ട് തന്നോട് നിരപ്പിപ്പാനും പിതാവിന് പ്രസാദം തോന്നി.
വിശ്വസത്തിൽ സ്ഥിരതയോടെ

21ഒരിക്കൽ ദുഷ്പ്രവൃത്തികളാൽ മനസ്സുകൊണ്ട് ദൈവത്തിൽ നിന്ന് അകന്നവരും ശത്രുക്കളുമായിരുന്ന നിങ്ങളെ22അവന്റെ മുമ്പിൽ വിശുദ്ധരും നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായി നിർത്തേണ്ടതിന് ക്രിസ്തു ഇപ്പോൾ തന്റെ ജഡശരീരത്തിൽ തന്റെ മരണത്താൽ നിരപ്പിച്ചു.23നിങ്ങൾ കേട്ടിരിക്കുന്നതായ സുവിശേഷത്തിന്റെ പ്രത്യാശയിൽനിന്ന് ഇളകാതെ അടിസ്ഥാനപ്പെട്ടവരും സ്ഥിരതയുള്ളവരുമായി വിശ്വാസത്തിൽ നിലനിൽക്കുവാൻ നിങ്ങളെ പ്രാപ്തമാക്കിയ സന്ദേശം, ആകാശത്തിൻകീഴെ സകലസൃഷ്ടികളുടേയും ഇടയിൽ പൗലോസ് എന്ന ഞാൻ പ്രഘോഷിക്കുകയും, അതേ സുവിശേഷത്തിന്റെ ശുശ്രൂഷകനായി തീരുകയും ചെയ്തിരിക്കുന്നു.
ക്രിസ്തുവിന്റെ കഷ്ടങ്ങളിൽ കുറവായുള്ളത്

24ഇപ്പോൾ ഞാൻ നിങ്ങൾക്ക് വേണ്ടി അനുഭവിക്കുന്ന കഷ്ടാനുഭവങ്ങളിൽ സന്തോഷിച്ച് ക്രിസ്തുവിന്റെ കഷ്ടങ്ങളിൽ കുറവായുള്ളത് എന്റെ ജഡത്തിൽ സഭയായ അവന്റെ ശരീരത്തിന് വേണ്ടി പൂരിപ്പിക്കുന്നു.25നിങ്ങൾക്ക് വേണ്ടി ദൈവപ്രവർത്തിക്ക് അനുസാരമായി എനിക്ക് നല്കിയിരിക്കുന്ന നിയോഗപ്രകാരം ദൈവവചനപ്രഘോഷണം നിവർത്തിക്കേണ്ടതിന് ഞാൻ സഭയുടെ ശുശ്രൂഷകനായിരിക്കുന്നു.
ജാതികളുടെ ഇടയിൽ വെളിപ്പെട്ട മർമ്മം

26അത് യുഗങ്ങൾക്കും തലമുറകൾക്കും മറഞ്ഞുകിടന്ന സത്യം എങ്കിലും ഇപ്പോൾ അവന്റെ വിശുദ്ധന്മാർക്ക് വെളിപ്പെട്ടിരിക്കുന്നു.27അവരോട് ജാതികളുടെ ഇടയിൽ ഈ മർമ്മത്തിന്റെ മഹിമാധനം എന്തെന്ന് അറിയിക്കുവാൻ ദൈവത്തിന് ഇഷ്ടമായി; ആ മർമ്മം മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ ഇരിക്കുന്നു എന്നുള്ളത് തന്നെ.
28അവനെ ഞങ്ങൾ അറിയിക്കുന്നതിൽ ഏത് മനുഷ്യനേയും ക്രിസ്തുവിൽ തികഞ്ഞവനായി നിർത്തേണ്ടതിന് ഏത് മനുഷ്യനേയും ഗുണദോഷിക്കുകയും ഏത് മനുഷ്യനോടും സകല ജ്ഞാനത്തോടും കൂടെ ഉപദേശിക്കുകയും ചെയ്യുന്നു.29അതിനായി ഞാൻ എന്നിൽ ബലത്തോടെ വ്യാപരിച്ച് തന്റെ കർത്തവ്യം എന്നിലൂടെ നിവർത്തിയ്ക്കുന്ന അവന്റെ ശക്തിയ്ക്ക് ഒത്തവണ്ണം പോരാടിക്കൊണ്ട് അദ്ധ്വാനിക്കുന്നു.


1 1:1
2 1:1 പൌലോസാണ്‌ ഈ ലേഖനം എഴുതിയത്.തിമോഥെയോസ് പൌലോസിനോടൊപ്പം വന്ദനം കരേറ്റുന്നു
3 1:13 ഇരുട്ടിന്റെ അധികാരം -പിശാചിന്‍റെ അധികാരം

2
തത്വജ്ഞാനമല്ല, ക്രിസ്തു എന്ന ദൈവമർമ്മത്തിനൊത്തത്

1നിങ്ങൾക്കും, ലവുദിക്യപട്ടണത്തിലുള്ളവർക്കും ജഡത്തിൽ എന്റെ മുഖം കണ്ടിട്ടില്ലാത്ത എല്ലാവർക്കും വേണ്ടി,2അവർ പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മത്തിന്റെ പരിജ്ഞാനവും വിവേകപൂർണ്ണതയുടെ സമ്പത്തും പ്രാപിക്കുവാൻവേണ്ടി സ്നേഹത്തിൽ ബന്ധിതരായി ഹൃദയങ്ങൾക്ക് സാന്ത്വനം ലഭിക്കണം എന്നുവച്ച് ഞാൻ എത്ര വലിയ പോരാട്ടം കഴിക്കുന്നു എന്ന് നിങ്ങൾ അറിവാൻ ഞാൻ ഇച്ഛിക്കുന്നു.3ക്രിസ്തുവില്‍ ജ്ഞാനത്തിന്റെയും അറിവിന്റേയും നിക്ഷേപങ്ങൾ ഒക്കെയും മറഞ്ഞിരിക്കുന്നു.

4വശീകരണവാക്കുകൊണ്ട് ആരും നിങ്ങളെ ചതിക്കാതിരിപ്പാൻ ഞാൻ ഇത് പറയുന്നു.5ഞാൻ ശരീരംകൊണ്ട് ദൂരസ്ഥനെങ്കിലും ആത്മാവുകൊണ്ട് നിങ്ങളോട് കൂടെയുള്ളവനായി നിങ്ങളുടെ നല്ല ക്രമങ്ങളും ക്രിസ്തുവിൽ നിങ്ങൾക്കുള്ള വിശ്വാസത്തിന്റെ ശക്തിയും കണ്ട് സന്തോഷിക്കുന്നു.

6ആകയാൽ കർത്താവായ ക്രിസ്തുയേശുവിനെ നിങ്ങൾ കൈക്കൊണ്ടതുപോലെ അവനിൽ നടപ്പിൻ;7അവനിൽ ഉറപ്പോടെ വേരൂന്നുകയും, പണിയപ്പെടുകയും ചെയ്യുന്നവരായും, നിങ്ങൾക്ക് ഉപദേശിച്ചുതന്നതിന് ഒത്തവണ്ണം വിശ്വാസത്താൽ ഉറച്ചും, സ്തോത്രത്തിൽ കവിഞ്ഞും ഇരിപ്പിൻ.

8തത്വജ്ഞാനവും പൊള്ളയായ വഞ്ചനയുംകൊണ്ട് ആരും നിങ്ങളെ കീഴടക്കാതിരിക്കുവാൻ സൂക്ഷിപ്പിൻ; അത് മനുഷ്യരുടെ പാരമ്പര്യോപദേശങ്ങൾക്കും, ലോകത്തിന്റെ പാപകാരണമായ വിശ്വാസ സമ്പ്രദായങ്ങൾക്കും ഒത്തവണ്ണം അല്ലാതെ ക്രിസ്തുവിന് ഒത്തവണ്ണമുള്ളതല്ല.9ക്രിസ്തുവിന്‍റെ ശരീരത്തിലല്ലോ ദൈവത്തിന്റെ സർവ്വസമ്പൂർണ്ണതയുടെ സ്വഭാവങ്ങളും ദേഹരൂപമായി വസിക്കുന്നത്.
10എല്ലാ അധികാരത്തിനും, ആധിപത്യത്തിനും തലയായ ക്രിസ്തുവിൽ നിങ്ങൾ പരിപൂർണ്ണരായിരിക്കുന്നു.11ക്രിസ്തുവിന്റെ പരിച്ഛേദനയാൽ നിങ്ങൾക്കും ജഡശരീരം ഉരിഞ്ഞുകളയുന്നതായ കൈകൊണ്ടല്ലാത്ത പരിച്ഛേദനയും ലഭിച്ചിരിക്കുന്നു.12സ്നാനത്തിൽ നിങ്ങൾ ക്രിസ്തുവിനോടുകൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ച് ദൈവത്തിന്റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താൽ അവനോടുകൂടെ ഉയിർത്തെഴുന്നേല്ക്കുകയും ചെയ്തു,
13അതിക്രമങ്ങളാലും നിങ്ങളുടെ ജഡത്തിന്റെ അഗ്രചർമം നിമിത്തവും മരിച്ചവരായിരുന്ന നിങ്ങളെയും ദൈവം ക്രിസ്തുവിനോടുകൂടെ ജീവിപ്പിക്കയും; അതിക്രമങ്ങൾ ഒക്കെയും നമ്മോടു ക്ഷമിക്കുകയും ചെയ്തു.14നമുക്ക് പ്രതികൂലവുമായിരുന്ന ചട്ടങ്ങളുടെ കയ്യെഴുത്ത് മായിച്ച് ക്രൂശിൽ തറച്ച് നമ്മുടെ നടുവിൽനിന്ന് നീക്കിക്കളഞ്ഞു;15അധികാരങ്ങളേയും ശക്തികളേയും പിടിച്ചടക്കി ക്രൂശിൽ അവരുടെമേൽ ജയോത്സവം ആഘോഷിച്ച് അവരെ പരസ്യമായ കാഴ്ചയാക്കിത്തീർത്തു.
മതാനുഷ്ഠാനങ്ങളിൽ നിന്ന് സ്വാതന്ത്ര്യം.

16അതുകൊണ്ട് ഭക്ഷണപാനീയങ്ങൾ, പെരുന്നാളുകൾ, വാവ്, ശബ്ബത്ത്, എന്നീ കാര്യങ്ങളിൽ ആരും നിങ്ങളെ വിധിക്കരുത്.17ഇവ വരുവാനിരുന്നവയുടെ നിഴലത്രേ; എന്നാൽ യാഥാർത്ഥ്യമായതോ ക്രിസ്തുവത്രേ.
18വ്യാജമായ താഴ്മയിലും, ദൂതന്മാരെ ആരാധിക്കുന്നതുമൂലം കാണാത്ത കാര്യങ്ങളിൽ ഇടപെടുകയും തന്റെ ജഡമനസ്സിനാൽ അനാവശ്യമായി നിഗളിക്കുകയും ചെയ്യുന്ന ആരും തന്നെ നിങ്ങൾക്കുള്ള പ്രതിഫലം വൃഥാവാക്കരുത്.19ക്രിസ്തുവാകുന്ന തലയെ മുറുകെ പിടിക്കാതിരിക്കുന്ന ഒരുവനും നിങ്ങളെ കവർന്നു കളയരുത്, തലയായവനിൽ നിന്നല്ലോ ശരീരം മുഴുവൻ സന്ധിഞരമ്പുകളെ പോഷിപ്പിച്ച് ഒന്നായിച്ചേർത്ത് ദൈവവർദ്ധയ്ക്കനുസാരമായി വളർച്ച പ്രാപിക്കുന്നത്.

20നിങ്ങൾ ക്രിസ്തുവിനോടുകൂടെ ലോകത്തിന്റെ പാപകാരണമായ വിശ്വാസ വ്യവസ്ഥകൾ സംബന്ധിച്ച് മരിച്ചുവെങ്കിൽ ലോകത്തിൽ ജീവിക്കുന്നവരെപ്പോലെ21മാനുഷകല്പനകൾക്കും ഉപദേശങ്ങൾക്കും അനുസരണമായി: പിടിക്കരുത്, രുചിക്കരുത്, തൊടരുത് എന്നുള്ള ചട്ടങ്ങൾക്ക് കീഴ്പെടുന്നത് എന്ത്?22ഇതെല്ലാം ഉപയോഗത്താൽ നശിച്ചു പോകുന്നതത്രേ.23ഇതൊക്കെയും സ്വന്ത ഇഷ്ടത്തിനൊത്ത ആരാധനയിലും താഴ്മയിലും ശരീരത്തെ തൃജിക്കുന്നതിലും രസിക്കുന്നവർക്കുള്ളതാണ്; എന്നാൽ ജഡാഭിലാഷം നിയന്ത്രിക്കുന്നതിന് പര്യാപ്തമല്ല.

3
ഉയരത്തിലുള്ളത് അന്വേഷിക്കുവിൻ

1അതുകൊണ്ട് ദൈവം ക്രിസ്തുവിനോടൊപ്പം നിങ്ങളെയും ഉയിർപ്പിച്ചിരിക്കുന്നുവെങ്കിൽ, ക്രിസ്തു ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുന്നിടമായ ഉയരത്തിലുള്ളത് അന്വേഷിക്കുവിൻ.2ഭൂമിയിലുള്ളതിനെക്കുറിച്ചല്ല ഉയരത്തിലുള്ളതുതന്നെ ചിന്തിപ്പിൻ.3നിങ്ങൾ മരിച്ചു, നിങ്ങളുടെ ജീവൻ ദൈവം ക്രിസ്തുവിൽ മറച്ചിരിക്കുന്നു.4നമ്മുടെ ജീവനായ ക്രിസ്തു വെളിപ്പെടുമ്പോൾ നിങ്ങളും അവനോടുകൂടെ തേജസ്സിൽ വെളിപ്പെടും.

പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നുവല്ലോ

5ആകയാൽ വ്യഭിചാരം, അശുദ്ധി, അമിതവികാരം, ദുർമ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ പാപാഭിലാഷങ്ങളെ മരിപ്പിക്കുവീൻ.6ഈ വകനിമിത്തം ദൈവകോപം അനുസരണം കെട്ടവരുടെമേല്‍ വരുന്നു.7അവയിൽ ജീവിച്ചിരുന്ന കാലം നിങ്ങളും മുമ്പെ അവയിൽ നടന്നുപോന്നു.8ഇപ്പോഴോ നിങ്ങളും കോപം, ക്രോധം, ദുരുദ്ദേശങ്ങൾ, അപമാനങ്ങൾ, വായിൽനിന്ന് വരുന്ന ലജ്ജാകരവും, അശ്ലീലവുമായ ദുർഭാഷണങ്ങൾ; ഇവയൊക്കെയും വിട്ടുകളയുവിൻ.
9അന്യോന്യം ഭോഷ്കു് പറയരുത്; നിങ്ങൾ പഴയമനുഷ്യനെ അവന്റെ ശീലങ്ങളോടുകൂടെ ഉരിഞ്ഞുകളഞ്ഞ്10തന്നെ സൃഷ്ടിച്ചവന്റെ സ്വരൂപപ്രകാരം പരിജ്ഞാനത്തിനായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നുവല്ലോ.11ഈ അറിവിൽ യവനനും യെഹൂദനും എന്നില്ല, പരിച്ഛേദനയും അഗ്രചർമവും എന്നില്ല, അപരിഷ്കൃതൻ പരിഷ്കൃതൻ, ദാസൻ സ്വതന്ത്രൻ എന്നുമില്ല; ക്രിസ്തുവത്രേ എല്ലാവരിലും എല്ലാം ആകുന്നു.
ക്രിസ്തുവിന്റെ വചനം നിങ്ങളിൽ വസിക്കട്ടെ

12അതുകൊണ്ട് ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവരും വിശുദ്ധന്മാരും പ്രിയരുമായി മനസ്സലിവ്, ദയ, താഴ്മ, സൌമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ട്13അന്യോന്യം സഹിക്കുകയും ഒരുവനോട് ഒരുവന് വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്‌വിൻ; കർത്താവ് നിങ്ങളോട് ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്‌വിൻ.14എല്ലാറ്റിനും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്നേഹം ധരിപ്പിൻ.
15ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിൽ വാഴട്ടെ; അതിനല്ലോ നിങ്ങൾ ഏകശരീരമായി വിളിക്കപ്പെട്ടുമിരിക്കുന്നത്; നന്ദിയുള്ളവരായും ഇരിപ്പിൻ.16സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും തമ്മിൽ പഠിപ്പിച്ചും ബുദ്ധിയുപദേശിച്ചും നന്ദിയോടെ നിങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തിന് പാടിയും ഇങ്ങനെ ക്രിസ്തുവിന്റെ വചനം അത്യധികമായി സകലജ്ഞാനത്തോടുംകൂടെ നിങ്ങളിൽ വസിക്കട്ടെ.17വാക്കിനാലോ ക്രിയയാലോ എന്ത് ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന് സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ.
ക്രിസ്തീയ ബന്ധങ്ങളിലെ കൂട്ടുത്തരവാദിത്വങ്ങൾ.

18ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്ക് കർത്താവിന് ഉചിതമാകുംവണ്ണം കീഴടങ്ങുവിൻ.19ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ; അവരോട് കയ്പായിരിക്കയുമരുത്.20മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ സകലത്തിലും അനുസരിക്കുവിൻ. ഇത് കർത്താവിന് പൂർണ്ണമായും പ്രസാദകരമല്ലോ.21പിതാക്കന്മാരേ, നിങ്ങളുടെ മക്കൾ നിരുത്സാഹപ്പെടാതിരിക്കേണ്ടതിന് അവരെ കോപിപ്പിക്കരുത്.
22ദാസന്മാരേ, ജഡപ്രകാരമുള്ള യജമാനന്മാരെ സകലത്തിലും അനുസരിക്കുവിൻ; മനുഷ്യരെ പ്രസാദിപ്പിക്കുന്നവരെപ്പോലെ ദൃഷ്ടിസേവകളാലല്ല കർത്താവിനെ ഭയപ്പെട്ടുകൊണ്ട് ഹൃദയത്തിന്റെ ആത്മാർത്ഥതയോടെ അത്രേ അനുസരിക്കേണ്ടത്.23നിങ്ങൾ ചെയ്യുന്നത് ഒക്കെയും മനുഷ്യർക്കെന്നല്ല കർത്താവിന് എന്നപോലെ മനസ്സോടെ ചെയ്‌വിൻ.24അവകാശമെന്ന പ്രതിഫലം കർത്താവ് തരും എന്നറിഞ്ഞ് കർത്താവായ ക്രിസ്തുവിനെ സേവിപ്പിൻ.25അന്യായം ചെയ്യുന്നവൻ താൻ ചെയ്ത അന്യായത്തിന് ഒത്തത് പ്രാപിക്കും; യാതൊരു മുഖപക്ഷവും ഇല്ലല്ലോ.

4
കൃപ നിറഞ്ഞ ക്രിസ്തീയ ജീവിതത്തിനായുള്ള ഉപദേശങ്ങൾ

1യജമാനന്മാരേ, നിങ്ങൾക്കും സ്വർഗ്ഗത്തിൽ ഒരു യജമാനനായ ദൈവം ഉണ്ട് എന്നറിഞ്ഞ് ദാസന്മാർക്ക് നീതിയായതും ന്യായമായതും നൽകുവിൻ.

2പ്രാർത്ഥനയിൽ ഉറ്റിരിക്കുവിൻ; സ്തോത്രത്തോടെ അതിൽ ജാഗരിപ്പിൻ.3എനിക്ക് ബന്ധനകാരണമായ ക്രിസ്തുവിന്റെ മർമ്മം പ്രസ്താവിപ്പാൻ തക്കവണ്ണം ദൈവം ഞങ്ങൾക്ക് വചനത്തിന്റെ വാതിൽ തുറന്നുതരികയും4ഞാൻ സംസാരിക്കേണ്ടുംവണ്ണം അതിനെ വെളിപ്പെടുത്തുകയും ചെയ്യേണ്ടതിന് ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കുവിൻ.
5സമയം തക്കത്തിൽ ഉപയോഗിച്ചുകൊണ്ട് അവിശ്വാസികളോടു ജ്ഞാനത്തോടെ പെരുമാറുവിൻ.6ഓരോരുത്തനോട് നിങ്ങൾ എങ്ങനെ ഉത്തരം പറയേണം എന്ന് അറിയേണ്ടതിന് നിങ്ങളുടെ സംസാരം എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ.

7എന്റെ അവസ്ഥ ഒക്കെയും കർത്താവിൽ പ്രിയസഹോദരനും വിശ്വസ്തശുശ്രൂഷകനും സഹഭൃത്യനുമായ തിഹിക്കൊസ് നിങ്ങളോട് അറിയിക്കും.8നിങ്ങൾ ഞങ്ങളുടെ അവസ്ഥ അറിയുവാനും അവൻ നിങ്ങളുടെ ഹൃദയങ്ങളെ പ്രോത്സാഹിപ്പിക്കുവാനുമായി9ഞാൻ അവനെ നിങ്ങളിൽ ഒരുവനായ ഒനേസിമൊസ് എന്ന വിശ്വസ്തനും പ്രിയനുമായ സഹോദരനോടുകൂടെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇവിടത്തെ അവസ്ഥ എല്ലാം അവർ നിങ്ങളോട് അറിയിക്കും.

10എന്റെ സഹതടവുകാരനായ അരിസ്തർഹൊസും ബർന്നബാസിന്റെ ബന്ധുവായ മർക്കൊസും — അവനെക്കുറിച്ച് നിങ്ങൾക്ക് കല്പന കിട്ടീട്ടുണ്ടല്ലോ; അവൻ നിങ്ങളുടെ അടുക്കൽ വന്നാൽ അവനെ കൈക്കൊൾവിൻ —11യുസ്തൊസ് എന്ന് പറയുന്ന യേശുവും നിങ്ങളെ വന്ദനം ചെയ്യുന്നു; യഹൂദവിശ്വാസികളില്‍ ഇവർ മൂവരും മാത്രം ദൈവരാജ്യത്തിന് കൂട്ടുവേലക്കാരായിട്ട് എനിക്ക് ആശ്വാസമായിത്തീർന്നു.
12നിങ്ങളിൽ ഒരുവനായ യേശുക്രിസ്തുവിന്റെ ദാസനായ എപ്പഫ്രാസ് നിങ്ങളെ വന്ദനം ചെയ്യുന്നു; നിങ്ങൾ തികവുള്ളവരും ദൈവഹിതം സംബന്ധിച്ചൊക്കെയും പൂർണ്ണനിശ്ചയമുള്ളവരുമായി നില്ക്കേണ്ടതിന് അവൻ പ്രാർത്ഥനയിൽ നിങ്ങൾക്കുവേണ്ടി എപ്പോഴും പോരാടുന്നു.13നിങ്ങൾക്കും ലവുദിക്യപട്ടണത്തിലും ഹിയരപൊലിപട്ടണത്തിലുമുള്ള വിശ്വാസികള്‍ക്കും വേണ്ടി അവൻ വളരെ പ്രയാസപ്പെടുന്നു എന്നുള്ളതിന് ഞാൻ സാക്ഷി.
അഭിവാദനങ്ങൾ

14വൈദ്യനായ പ്രിയ ലൂക്കോസും ദേമാസും നിങ്ങളെ വന്ദനം ചെയ്യുന്നു.
15ലവുദിക്യയിലെ സഹോദരന്മാർക്കും നുംഫെയ്ക്കും അവളുടെ വീട്ടിലെ സഭയ്ക്കും വന്ദനം ചൊല്ലുവിൻ.16നിങ്ങളുടെ ഇടയിൽ ഈ ലേഖനം വായിച്ച് തീർന്നശേഷം ലവുദിക്യസഭയിൽ കൂടെ വായിപ്പിക്കുകയും ലവുദിക്യയിൽനിന്നുള്ളത് നിങ്ങളും വായിക്കുകയും ചെയ്‌വിൻ.17അർഹിപ്പൊസിനോട് കർത്താവിൽ ലഭിച്ച ശുശ്രൂഷ നിവർത്തിപ്പാൻ നോക്കേണം എന്ന് പറവിൻ.

18പൗലൊസായ എന്റെ സ്വന്തകയ്യാലെ അഭിവാദനം; എന്റെ ബന്ധനങ്ങളെ ഓർത്തുകൊൾവിൻ. കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.

1 . തെസ്സലോനിക്യർ

1
വന്ദനം

1പൗലൊസും സില്വാനൊസും തിമൊഥെയൊസും പിതാവായ ദൈവത്തിലും കർത്താവായ യേശുക്രിസ്തുവിലും ഉള്ള തെസ്സലോനിക്യസഭയ്ക്ക് എഴുതുന്നത്: നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ.

തെസ്സലോനിക്യസഭയുടെ അനുകരണീയ മാതൃകകൾക്കായുള്ള അഭിനന്ദനം

2ഞങ്ങളുടെ പ്രാർത്ഥനയിൽ നിങ്ങളെ സ്മരിച്ചുകൊണ്ട് നിങ്ങളുടെ വിശ്വാസത്തിന്റെ വേലയും സ്നേഹനിർഭരമായ പ്രയത്നങ്ങളും3നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രത്യാശയുടെ സ്ഥിരതയും ഇടവിടാതെ നമ്മുടെ ദൈവവും പിതാവുമായവന്റെ സന്നിധിയിൽ ഓർത്തു ഞങ്ങൾ നിങ്ങൾക്കെല്ലാവർക്കും വേണ്ടി എപ്പോഴും ദൈവത്തിന് സ്തോത്രം ചെയ്യുന്നു.
4ദൈവത്താൽ സ്നേഹിക്കപ്പെട്ട സഹോദരന്മാരേ, നിങ്ങളുടെ തിരഞ്ഞെടുപ്പിനെ പറ്റി ഞങ്ങൾ അറിയുന്നു.5ഞങ്ങളുടെ സുവിശേഷം കേവലം വാക്കുകളായിമാത്രമല്ല, പരിശുദ്ധാത്മ ശക്തിയോടും ബഹുനിശ്ചയത്തോടും കൂടെ ആയിരുന്നു നിങ്ങളുടെ അടുക്കൽ വന്നത്; നിങ്ങൾക്ക് വേണ്ടി ഞങ്ങൾ നിങ്ങളുടെ ഇടയിൽ എങ്ങനെ പെരുമാറിയിരുന്നു എന്നു നിങ്ങൾ അറിഞ്ഞിരിക്കുന്നുവല്ലോ.
6ബഹുകഷ്ടം സഹിക്കേണ്ടിവന്നിട്ടും പരിശുദ്ധാത്മാവ് നല്കിയ സന്തോഷത്തോടെ നിങ്ങൾ വചനം കൈക്കൊണ്ട് ഞങ്ങൾക്കും കർത്താവിനും അനുകാരികളായിത്തീർന്നു.7അങ്ങനെ നിങ്ങൾ മക്കെദൊന്യയിലും അഖായയിലും വിശ്വസിക്കുന്നവർക്ക് എല്ലാവർക്കും മാതൃകയായിത്തീർന്നു.
8നിങ്ങളുടെ അടുക്കൽ നിന്നു കർത്താവിന്റെ വചനം മുഴങ്ങിച്ചെന്നത് മക്കെദൊന്യയിലും അഖായയിലും മാത്രമല്ല, മറ്റ് എല്ലായിടങ്ങളിലും ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസം പ്രസിദ്ധമായിരിക്കുന്നു; അതുകൊണ്ട് ഒന്നും തന്നെ ഞങ്ങൾ പറയേണ്ട ആവശ്യമില്ല.9ഞങ്ങൾക്കു നിങ്ങളുടെ അടുക്കൽ എങ്ങനെയുള്ള സ്വീകരണം ലഭിച്ചു എന്നും ജീവനുള്ള സത്യദൈവത്തെ സേവിക്കുവാനും10അവൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർപ്പിച്ച തന്റെ പുത്രനും വരുവാനുള്ള കോപത്തിൽനിന്ന് നമ്മെ വിടുവിക്കുന്നവനുമായ യേശു സ്വർഗ്ഗത്തിൽനിന്ന് വരുന്നത് കാത്തിരിക്കുവാനും നിങ്ങൾ വിഗ്രഹങ്ങളെ വിട്ടു ദൈവത്തിങ്കലേക്ക് എങ്ങനെ തിരിഞ്ഞുവന്നു എന്നും അവർ തന്നേ പറയുന്നു.

2
തെസ്സലോനിക്യയിലുള്ള പൗലൊസിന്റെ ശുശ്രൂഷ

1സഹോദരന്മാരേ, ഞങ്ങൾ നിങ്ങളുടെ അടുക്കൽ വന്നത് വ്യർത്ഥമായില്ല എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ.2ഫിലിപ്പിയിൽവച്ച് ഞങ്ങൾ കഷ്ടവും അപമാനവും സഹിക്കേണ്ടിവന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ! എങ്കിലും വലിയ എതിർപ്പിന്റെ നടുവിൽ ദൈവത്തിന്റെ സുവിശേഷം നിങ്ങളോടു പ്രസംഗിക്കുവാൻ ഞങ്ങൾ ഞങ്ങളുടെ ദൈവത്തിൽ ധൈര്യപ്പെട്ടിരുന്നു.

3ഞങ്ങളുടെ പ്രബോധനം അബദ്ധത്തിൽനിന്നോ അശുദ്ധിയിൽനിന്നോ വ്യാജത്തോടെയോ വന്നതല്ല.4സുവിശേഷം ഞങ്ങളെ ഭരമേല്പിക്കേണ്ടതിന് ദൈവത്തിന് കൊള്ളാകുന്നവരായി ഞങ്ങൾ തെളിഞ്ഞതുപോലെ മനുഷ്യരെ പ്രസാദിപ്പിക്കുവാനല്ല, ഞങ്ങളുടെ ഹൃദയം ശോധനചെയ്യുന്ന ദൈവത്തെത്തന്നെ പ്രസാദിപ്പിച്ചുകൊണ്ടത്രേ ഞങ്ങൾ സംസാരിക്കുന്നത്.
5നിങ്ങൾ അറിയുംപോലെ മുഖസ്തുതിയോ ദ്രവ്യാഗ്രഹത്തിന്റെ ഉപായമോ ഞങ്ങൾ ഒരിക്കലും പ്രയോഗിച്ചിട്ടില്ല; ദൈവം സാക്ഷി.6ക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ എന്ന പദവിയിൽ വലിപ്പം ഭാവിക്കുവാൻ കഴിയുമായിരുന്നിട്ടും ഞങ്ങൾ നിങ്ങളോടാകട്ടെ, മറ്റുള്ളവരോടാകട്ടെ മാനം അന്വേഷിച്ചില്ല;
7ഒരു അമ്മ തന്റെ കുഞ്ഞുങ്ങളെ പോറ്റുംപോലെ ഞങ്ങൾ നിങ്ങളുടെ ഇടയിൽ ആർദ്രതയുള്ളവരായിരുന്നു.8ഇങ്ങനെ വാത്സല്യത്തോടെ ദൈവത്തിന്റെ സുവിശേഷം പങ്കുവെപ്പാൻ മാത്രമല്ല, നിങ്ങൾ ഞങ്ങൾക്കു പ്രിയരാകയാൽ ഞങ്ങളുടെ പ്രാണനും കൂടെ വെച്ചുതരുവാൻ ഒരുക്കമായിരുന്നു.9സഹോദരന്മാരേ, ഞങ്ങളുടെ കഠിനാദ്ധ്വാനങ്ങൾ നിങ്ങൾ ഓർമ്മിക്കുന്നുണ്ടല്ലോ നിങ്ങളിൽ ആർക്കും ഭാരമായിത്തീരരുതു എന്നു വെച്ച് ഞങ്ങൾ രാവും പകലും വേല ചെയ്തു നിങ്ങളോടു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചു.
10വിശ്വസിക്കുന്ന നിങ്ങളുടെ ഇടയിൽ ഞങ്ങൾ എത്ര വിശുദ്ധിയോടും നീതിയോടും കുറ്റമില്ലാത്തവരായും നടന്നു എന്നതിന് നിങ്ങളും ദൈവവും സാക്ഷി.11നിങ്ങൾ അറിയുന്നതുപോലെ തന്റെ രാജ്യത്തിനും മഹത്വത്തിനും നിങ്ങളെ വിളിക്കുന്ന ദൈവത്തിന് യോഗ്യമായി നടപ്പാൻ തക്കവണ്ണം12ഞങ്ങൾ നിങ്ങളിൽ ഓരോരുത്തരെയും അപ്പൻ മക്കളെ എന്നപോലെ പ്രബോധിപ്പിച്ചും ഉത്സാഹിപ്പിച്ചും സാക്ഷ്യം പറഞ്ഞും പോന്നു.
കഷ്ടങ്ങളിൽ കൂട്ടാളി ആകുവാനുള്ള ആഹ്വാനം

13ഞങ്ങൾ പ്രസംഗിച്ച ദൈവവചനം നിങ്ങൾ കേട്ട്, മനുഷ്യന്റെ വചനമായിട്ടല്ല സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായിട്ട് തന്നേ കൈക്കൊണ്ടതിനാലും വിശ്വസിക്കുന്ന നിങ്ങളിൽ ആ ദൈവവചനം വ്യാപരിച്ചുകൊണ്ടിരിക്കുന്നതിനാലും, ഞങ്ങൾ ദൈവത്തെ ഇടവിടാതെ സ്തുതിക്കുന്നു;
14സഹോദരന്മാരേ, യെഹൂദ്യയിൽ ക്രിസ്തുയേശുവിലുള്ള ദൈവസഭകൾക്ക് നിങ്ങൾ അനുകാരികളായിത്തീർന്നിരിക്കുന്നു. അവർ യെഹൂദരാൽ സഹിച്ചത് തന്നേ നിങ്ങളും സ്വജാതിക്കാരാൽ സഹിച്ചുവല്ലോ.15യെഹൂദർ കർത്താവായ യേശുവിനെയും സ്വന്തപ്രവാചകന്മാരെയും കൊന്നവരും ഞങ്ങളെ ഓടിച്ചുകളഞ്ഞവരും ദൈവത്തെ പ്രസാദിപ്പിക്കാത്തവരും സകലമനുഷ്യർക്കും വിരോധികളുമല്ലോ.16ജാതികൾ രക്ഷിയ്ക്കപ്പെടേണ്ടതിനായി ഞങ്ങൾ അവരോട് പ്രസംഗിക്കുന്നത് വിലക്കുന്നവരും ആകുന്നു; അങ്ങനെ അവർ തങ്ങളുടെ പാപങ്ങളെ എപ്പോഴും പൂരിപ്പിക്കുന്നു. എന്നാൽ ദൈവക്രോധം അവരുടെമേൽ വന്നെത്തിയിരിക്കുന്നു.
തെസ്സലോനിക്യരെ കാണുവാനുള്ള അഭിവാഞ്ച

17സഹോദരന്മാരേ, ഞങ്ങൾ അല്പനേരത്തേക്ക് ഹൃദയംകൊണ്ടല്ല, ഞങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് നിങ്ങളെ വിട്ടുപിരിഞ്ഞിട്ട് അതിയായ ആഗ്രഹത്തോടെ വീണ്ടും നിങ്ങളുടെ മുഖം കാണ്മാൻ ഏറ്റവും അധികം ശ്രമിച്ചു.18അതുകൊണ്ട് നിങ്ങളുടെ അടുക്കൽ വരുവാൻ ഞങ്ങൾ, വിശേഷാൽ പൗലൊസായ ഞാൻ ഒന്ന് രണ്ടു പ്രാവശ്യം വിചാരിച്ചു, എന്നാൽ സാത്താൻ ഞങ്ങളെ തടുത്തു.19നമ്മുടെ കർത്താവായ യേശുവിന്റെ മുമ്പാകെ അവന്റെ പ്രത്യക്ഷതയിൽ ഞങ്ങളുടെ ആശയും സന്തോഷവും പ്രശംസാകിരീടവും ആർ ആകുന്നു? മറ്റുള്ളവരോടൊപ്പം നിങ്ങളും അല്ലയോ?20ഞങ്ങളുടെ മഹത്വവും സന്തോഷവും നിങ്ങൾ തന്നേ.

3
പ്രബോധനത്തിനായി തിമൊഥെയൊസിനെ അയയ്ക്കുന്നു

1അതുകൊണ്ട് ഈ വേർപിരിയൽ സഹിച്ചുകൂടാഞ്ഞിട്ട് ഞങ്ങൾ അഥേനയിൽ തനിച്ച് ഇരിക്കേണ്ടിവന്നാലും വേണ്ടതില്ല എന്നുവിചാരിച്ചു.2നിങ്ങളിൽ ആരും ഈ കഷ്ടങ്ങളിൽ കുലുങ്ങിപ്പോകാതിരിക്കേണ്ടതിന്, നിങ്ങളെ വിശ്വാസത്തിൽ സ്ഥിരപ്പെടുത്തുവാനും ധൈര്യപ്പെടുത്തുവാനുമായി നമ്മുടെ സഹോദരനും ക്രിസ്തുവിന്റെ സുവിശേഷഘോഷണത്തിൽ ദൈവത്തിന്റെ ശുശ്രൂഷകനുമായ തിമൊഥെയൊസിനെ അയച്ചു.3കഷ്ടം അനുഭവിക്കുവാൻ നാം നിയമിക്കപ്പെട്ടിരിക്കുന്നു എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ.

4ഞങ്ങൾ നിങ്ങളോടു കൂടെ ഇരുന്നപ്പോൾ നാം കഷ്ടമനുഭവിക്കേണ്ടിവരും എന്നു മുമ്പുകൂട്ടി പറഞ്ഞത് പോലെ തന്നേ സംഭവിച്ചു എന്നു നിങ്ങൾ അറിയുന്നു.5ഈ കാരണത്താൽ എനിക്ക് ഒട്ടും സഹിച്ചുകൂടാഞ്ഞിട്ട് പരീക്ഷകൻ നിങ്ങളെ പരീക്ഷിച്ചുവോ? ഞങ്ങളുടെ പ്രയത്നം വെറുതെയായിപ്പോയോ? എന്നീ ചിന്തകളാൽ നിങ്ങളുടെ വിശ്വാസത്തിന്റെ വസ്തുത അറിയേണ്ടതിന് ആളയച്ച്.
6ഇപ്പോഴോ, തിമൊഥെയൊസ് നിങ്ങളുടെ അടുക്കൽനിന്ന് വന്നു നിങ്ങളുടെ വിശ്വാസത്തെയും സ്നേഹത്തെയും പറ്റിയും ഞങ്ങൾ നിങ്ങളെ കാണ്മാൻ വാഞ്ചിക്കുന്നതുപോലെ നിങ്ങൾ ഞങ്ങളെയും കാണ്മാൻ വാഞ്ചിച്ചുകൊണ്ട് ഞങ്ങളെക്കുറിച്ച് നിങ്ങൾക്ക് എപ്പോഴും നല്ല ഓർമ്മ ഉണ്ട് എന്ന് ഞങ്ങളോടു ശുഭവാർത്ത അറിയിച്ച കാരണത്താൽ,7സഹോദരന്മാരേ, ഞങ്ങളുടെ സകല കഷ്ടത്തിലും സങ്കടത്തിലും ക്രിസ്തുയേശുവിലുള്ള നിങ്ങളുടെ വിശ്വാസം ഹേതുവായി ഞങ്ങൾ നിങ്ങളെക്കുറിച്ച് ആശ്വാസം പ്രാപിച്ചു.
8നിങ്ങൾ കർത്താവിൽ നിലനില്ക്കുന്നു എന്നു അറിഞ്ഞ് ഞങ്ങൾ ഇപ്പോൾ വാസ്തവമായും ജീവിക്കുന്നു.9നിങ്ങൾ നിമിത്തം നമ്മുടെ ദൈവത്തിന്റെ സന്നിധിയിൽ ഞങ്ങൾ സന്തോഷിക്കുന്ന സകല സന്തോഷത്തിനും എത്രത്തോളം ദൈവത്തിന് സ്തോത്രം കരേറ്റുവാൻ ഞങ്ങളാൽ കഴിയും!10നിങ്ങളുടെ മുഖം കാണ്മാനും നിങ്ങളുടെ വിശ്വാസത്തിന്റെ കുറവ് തീർപ്പാനുമായി ഞങ്ങൾ രാവും പകലും വളരെ താല്പര്യത്തോടെ പ്രാർത്ഥിച്ചുപോരുന്നു.

11നമ്മുടെ ദൈവവും പിതാവുമായവനും നമ്മുടെ കർത്താവായ യേശുവും ഞങ്ങൾ നിങ്ങളുടെ അടുക്കൽ വരുവാൻ വഴി ഒരുക്കിത്തരുമാറാകട്ടെ.12എന്നാൽ ഞങ്ങൾക്കു നിങ്ങളോടുള്ള സ്നേഹം വർദ്ധിക്കുന്നതുപോലെ കർത്താവ് നിങ്ങൾക്ക് തമ്മിൽ തമ്മിലും മറ്റുള്ളവരോടുമുള്ള സ്നേഹം വർദ്ധിപ്പിച്ച് കവിയുമാറാക്കുകയും13ഇങ്ങനെ നമ്മുടെ കർത്താവായ യേശു തന്റെ സകലവിശുദ്ധന്മാരുമായി വരുന്ന പ്രത്യക്ഷതയിൽ നമ്മുടെ ദൈവവും പിതാവുമായവന്റെ മുമ്പാകെ വിശുദ്ധീകരണത്തിൽ അനിന്ദ്യരായി വെളിപ്പെടുംവണ്ണം നിങ്ങളുടെ ഹൃദയങ്ങളെ സ്ഥിരപ്പെടുത്തുകയും ചെയ്യുമാറാകട്ടെ.

4
ജീവിതം ദൈവപ്രസാദത്തിനായുള്ളത്

1ഒടുവിലായി, സഹോദരന്മാരേ, ദൈവ പ്രസാദം ലഭിപ്പാന്തക്കവണ്ണം നിങ്ങൾ എങ്ങനെ ജീവിക്കണം എന്നു ഞങ്ങളിൽ നിന്നു ഗ്രഹിച്ചറിഞ്ഞതുപോലെ — ഇപ്പോൾ നിങ്ങൾ ജീവിക്കുന്നതുപോലെ തന്നേ — ഇനിയും അധികം വർദ്ധിച്ചു വരേണ്ടതിന് ഞങ്ങൾ കർത്താവായ യേശുവിന്റെ നാമത്തിൽ നിങ്ങളോടു അപേക്ഷിച്ചു പ്രബോധിപ്പിക്കുന്നു.2കർത്താവായ യേശുവിന്റെ ആജ്ഞയാൽ ഞങ്ങൾ ഈ കല്പനകളെ തന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ.

3ദൈവത്തിന്റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണം തന്നേ, നിങ്ങൾ ദുർന്നടപ്പ് വിട്ടൊഴിഞ്ഞ്4ഓരോരുത്തൻ ദൈവത്തെ അറിയാത്ത ജാതികളെപ്പോലെ കാമവികാരത്തോടെയല്ല,5പ്രത്യുത വിശുദ്ധീകരണത്തിലും മാന്യതയിലും താന്താന്റെ ശരീരത്തെ നിയന്ത്രിക്കേണ്ടത് എങ്ങനെ എന്ന് അറിഞ്ഞിരിക്കട്ടെ.6ഈ കാര്യങ്ങളിൽ ആരും പാപംചെയ്യുകയോ സഹോദരനെ ചതിക്കയോ അരുത്; ഞങ്ങൾ മുമ്പെ നിങ്ങളോടു പറഞ്ഞതുപോലെയും മുന്നറിയിപ്പ് തന്നതു പോലെയും ഈ കാര്യങ്ങൾക്ക് ഒക്കെയും പ്രതികാരം ചെയ്യുന്നവൻ കർത്താവല്ലോ.
7ദൈവം നമ്മെ അശുദ്ധിയിലേക്കല്ല, വിശുദ്ധി പ്രാപിക്കുവാൻ അത്രേ വിളിച്ചത്.8അതുകൊണ്ട് ഇത് അവഗണിക്കുന്നവൻ മനുഷ്യനെ അല്ല, തന്റെ പരിശുദ്ധാത്മാവിനെ നിങ്ങൾക്ക് തരുന്ന ദൈവത്തെത്തന്നെ അവഗണിക്കുന്നു.

9അന്യോന്യം സ്നേഹിക്കുവാൻ നിങ്ങൾ ദൈവത്താൽ ഉപദേശം പ്രാപിച്ചതുകൊണ്ട് സഹോദരസ്നേഹത്തെക്കുറിച്ചു നിങ്ങൾക്ക് എഴുതുവാൻ ആവശ്യമില്ല;10തീർച്ചയായും മക്കെദോന്യയിൽ എങ്ങുമുള്ള സഹോദരന്മാരോട് ഒക്കെയും നിങ്ങൾ അങ്ങനെതന്നെ ആചരിച്ചും പോരുന്നുവല്ലോ. എന്നാൽ സഹോദരന്മാരേ, അതിൽ നിങ്ങൾ അധികമായി വർദ്ധിച്ചുവരേണം എന്നും11ക്രിസ്തുവിശ്വാസികൾ അല്ലാത്തവരോട് ബഹുമാനത്തോടെ പെരുമാറുവാനും, ഒന്നിനും ഒരു കുറവില്ലാത്തവരായിരിക്കുവാനും വേണ്ടി12ഞങ്ങൾ നിങ്ങളോടു ആജ്ഞാപിച്ചതുപോലെ ശാന്തരായി ജീവിക്കുവാനും സ്വന്തകർത്തവ്യങ്ങളെ നിറവേറ്റുവാനും സ്വന്തകൈകൊണ്ടു വേല ചെയ്‌വാനും ഉത്സാഹിക്കണം എന്നുംകൂടി നിങ്ങളെ പ്രബോധിപ്പിക്കുന്നു.
കർത്താവിന്റെ മടങ്ങിവരവ്

13സഹോദരന്മാരേ, നിങ്ങൾ പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖിക്കാതിരിക്കേണ്ടതിന് നിദ്രകൊള്ളുന്നവരെക്കുറിച്ച് അറിവില്ലാതിരിക്കരുത് എന്നു ഞങ്ങൾ ആഗ്രഹിക്കുന്നു.14യേശു മരിക്കയും ജീവിച്ചെഴുന്നേൽക്കയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു എങ്കിൽ അങ്ങനെതന്നെ ക്രിസ്തുവിൽ നിദ്രകൊണ്ടവരെയും ദൈവം യേശു മുഖാന്തരം അവനോടുകൂടെ വരുത്തും.15കർത്താവിന്റെ പ്രത്യക്ഷതവരെ ജീവനോടെ ശേഷിക്കുന്നവരായ നാം നിദ്രകൊണ്ടവർക്ക് മുമ്പന്മാരായി ഉയിർക്കുകയില്ല്ല എന്നു ഞങ്ങൾ കർത്താവിന്റെ വചനം നിമിത്തം നിങ്ങളോടു പറയുന്നു.
16കർത്താവ് താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും.17പിന്നെ ജീവിച്ചിരിക്കുന്നവരായ നാം മുമ്പെ ഉയിർത്തെഴുന്നേറ്റവരോട് ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേൽക്കുവാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും.18ഈ വചനങ്ങളെക്കൊണ്ടു അന്യോന്യം ആശ്വസിപ്പിച്ചുകൊൾവിൻ.

5
കർത്താവിന്റെ നാളിനായുള്ള ഒരുക്കം

1സഹോദരന്മാരേ, കാലങ്ങളെയും സമയങ്ങളെയും കുറിച്ച് നിങ്ങളെ എഴുതിയറിയിക്കുവാൻ ആവശ്യമില്ലല്ലോ.2രാത്രിയിൽ കള്ളൻ വരുന്നതുപോലെ കർത്താവിന്റെ നാൾ വരുന്നു എന്നു നിങ്ങൾ തന്നേ നന്നായി അറിഞ്ഞിരിക്കുന്നുവല്ലോ.3അവർ സമാധാനമെന്നും സുരക്ഷിതത്വമെന്നും പറഞ്ഞിരിക്കുമ്പോൾതന്നെ ഗർഭിണിക്ക് പ്രസവവേദന വരുമ്പോലെ അവർക്ക് പെട്ടെന്ന് നാശം വന്നു ഭവിക്കും; അവർക്ക് രക്ഷപെടുവാൻ കഴിയുകയുമില്ല.

4എന്നാൽ സഹോദരന്മാരേ, ആ നാൾ കള്ളൻ എന്നപോലെ നിങ്ങളെ കീഴ്പെടുത്തുവാൻ നിങ്ങൾ ഇരുട്ടിലുള്ളവരല്ല;5നിങ്ങൾ എല്ലാവരും വെളിച്ചത്തിന്റെയും പകലിന്റെയും മക്കളും ആകുന്നു; നാം രാത്രിക്കും ഇരുളിനുമുള്ളവരല്ല.6ആകയാൽ നാം ശേഷമുള്ളവരെപ്പോലെ ഉറങ്ങാതെ ഉണർന്നും സുബോധമായും ഇരിക്ക.7ഉറങ്ങുന്നവർ രാത്രിയിൽ ഉറങ്ങുന്നു; മദ്യപിക്കുന്നവർ രാത്രിയിൽ മദ്യപിക്കുന്നു.
8നാമോ പകലിന്റെ മക്കളാകയാൽ വിശ്വാസം, സ്നേഹം എന്നീ കവചവും രക്ഷയുടെ പ്രത്യാശ എന്ന ശിരസ്ത്രവും ധരിച്ചുകൊണ്ടു സുബോധമായിരിക്ക.9ദൈവം നമ്മെ കോപത്തിനല്ല,10നാം ഉണർന്നിരുന്നാലും ഉറങ്ങിയാലും തന്നോടുകൂടെ ജീവിക്കേണ്ടതിന് നമുക്കു വേണ്ടി മരിച്ച നമ്മുടെ കർത്താവായ യേശുക്രിസ്തു മൂലം രക്ഷയെ പ്രാപിക്കുവാനത്രേ നിയമിച്ചിരിക്കുന്നത്.11ആകയാൽ നിങ്ങൾ ചെയ്തുവരുന്നതുപോലെ അന്യോന്യം ധൈര്യപ്പെടുത്തുകയും തമ്മിൽ ആത്മിക വർദ്ധന വരുത്തുകയും ചെയ്‌വീൻ.
പ്രായോഗിക ഉപദേശങ്ങൾ

12സഹോദരന്മാരേ, നിങ്ങളുടെ ഇടയിൽ അദ്ധ്വാനിക്കുകയും കർത്താവിൽ നിങ്ങളെ ഭരിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്യുന്നവരെ അംഗീകരിച്ചും അവരുടെ വേലനിമിത്തം13ഏറ്റവും സ്നേഹത്തോടെ പരിഗണിക്കണം എന്നു നിങ്ങളോടു അപേക്ഷിക്കുന്നു. അന്യോന്യം സമാധാനമായിരിപ്പിൻ.14സഹോദരന്മാരേ, ഞങ്ങൾ നിങ്ങളെ പ്രബോധിപ്പിക്കുന്നത്: അലസന്മാരെ ബുദ്ധിയുപദേശിപ്പിൻ; ഉൾക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുവിൻ; ബലഹീനരെ താങ്ങുവിൻ; എല്ലാവരോടും ദീർഘക്ഷമ കാണിക്കുവിൻ.
15ആരും തിന്മയ്ക്ക് പകരം തിന്മ ചെയ്യാതിരിപ്പാൻ നോക്കുവിൻ; തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്തുകൊണ്ടിരിപ്പിൻ;16എപ്പോഴും സന്തോഷിപ്പിൻ;17ഇടവിടാതെ പ്രാർത്ഥിക്കുവിൻ18എല്ലാറ്റിനും സ്തോത്രം ചെയ്‌വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ച് ക്രിസ്തുയേശുവിൽ ദൈവേഷ്ടം.
19ആത്മാവിനെ വിലക്കരുത്.20പ്രവചനങ്ങളെ നിസ്സാരമാക്കരുത്.21സകലവും ശോധന ചെയ്ത് നല്ലത് മുറുകെ പിടിപ്പിൻ.22സകലവിധദോഷവും വിട്ടകലുവിൻ.

23സമാധാനത്തിന്റെ ദൈവം തന്നേ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ.24നിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തൻ ആകുന്നു; അവൻ അത് നിവർത്തിയ്ക്കും.
ആശിർവാദം

25സഹോദരന്മാരേ, ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുവിൻ.

26സകല സഹോദരന്മാരെയും വിശുദ്ധചുംബനത്താൽ വന്ദനം ചെയ്‌വിൻ.27കർത്താവിന്റെ നാമത്തിൽ ഞാൻ ഓർമ്മിപ്പിക്കുന്നു, സഹോദരന്മാരെ ഒക്കെയും ഈ ലേഖനം വായിച്ചു കേൾപ്പിക്കണം.

28നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.

2 . തെസ്സലോനിക്യർ

1

1പൗലൊസും സില്വാനൊസും തിമൊഥെയൊസും പിതാവായ ദൈവത്തിലും കർത്താവായ യേശുക്രിസ്തുവിലുമുള്ള തെസ്സലോനിക്യസഭയ്ക്ക് എഴുതുന്നത്:2പിതാവായ ദൈവത്തിങ്കൽ നിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ.

പ്രാർത്ഥനയും നന്ദികരേറ്റലും.

3സഹോദരന്മാരേ, നിങ്ങളുടെ വിശ്വാസം ഏറ്റവും വർദ്ധിച്ചും നിങ്ങൾ ഓരോരുത്തർക്കും അന്യോന്യം സ്നേഹം പെരുകിയും വരികയാൽ ഞങ്ങൾ ഉചിതമാകുംവണ്ണം ദൈവത്തിന് എപ്പോഴും നിങ്ങളെക്കുറിച്ച് സ്തോത്രം ചെയ്‌വാൻ കടപ്പെട്ടിരിക്കുന്നു.4അതുകൊണ്ട് നിങ്ങൾ സഹിക്കുന്ന സകല ഉപദ്രവങ്ങളിലും കഷ്ടങ്ങളിലുമുള്ള നിങ്ങളുടെ സഹിഷ്ണുതയും വിശ്വാസവും നിമിത്തം ഞങ്ങൾ ദൈവത്തിന്റെ സഭകളിൽ നിങ്ങളെക്കുറിച്ച് പ്രശംസിക്കുന്നു.5അത് നിങ്ങൾ കഷ്ടപ്പെടുവാൻ കാരണമായിരിക്കുന്ന ദൈവരാജ്യത്തിന് നിങ്ങളെ യോഗ്യന്മാരായി എണ്ണും എന്നിങ്ങനെ ദൈവത്തിന്റെ നീതിയുള്ള വിധിക്കു വ്യക്തമായ അടയാളം ആകുന്നു.
6കർത്താവായ യേശു തന്റെ ശക്തിയുള്ള ദൂതന്മാരുമായി സ്വർഗ്ഗത്തിൽ നിന്നു അഗ്നിജ്വാലയിൽ പ്രത്യക്ഷനായി7ദൈവത്തെ അറിയാത്തവർക്കും നമ്മുടെ കർത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവർക്കും പ്രതികാരം കൊടുക്കുമ്പോൾ8നിങ്ങളെ പീഢിപ്പിക്കുന്നവർക്ക് പീഢയും പീഢ അനുഭവിക്കുന്ന നിങ്ങൾക്ക് ഞങ്ങളോടു കൂടെ ആശ്വാസവും പകരം നല്കുന്നത് ദൈവസന്നിധിയിൽ നീതിയല്ലോ.
9സുവിശേഷം അനുസരിക്കാത്തവർ കർത്താവിന്റെ സന്നിധാനവും അവന്റെ ശക്തിയുടെ മഹത്വവും വിട്ടകന്നു നിത്യനാശം എന്ന ശിക്ഷാവിധി അനുഭവിക്കും.10അവൻ വരുന്ന നാളിൽ തന്റെ വിശുദ്ധന്മാരാൽ മഹത്വപ്പെടേണ്ടതിനും ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ വിശ്വസിച്ചതുപോലെ വിശ്വസിച്ച എല്ലാവരിലും താൻ അതിശയവിഷയം ആകേണ്ടതിനും തന്നേ.
11അതുകൊണ്ട് നമ്മുടെ ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും കൃപയാൽ നമ്മുടെ കർത്താവായ യേശുവിന്റെ നാമം നിങ്ങളിലും നിങ്ങൾ അവനിലും മഹത്വപ്പെടേണ്ടതിന്12നമ്മുടെ ദൈവം നിങ്ങളെ തന്റെ വിളിക്കു യോഗ്യരായി എണ്ണി സൽഗുണത്തിലുള്ള എല്ലാ ആഗ്രഹങ്ങളും, ശക്തിയോടെയുള്ള വിശ്വാസത്തിന്റെ ഓരോ പ്രവൃത്തിയും പൂർണ്ണമാക്കിത്തരേണം എന്നു നിങ്ങൾക്ക് വേണ്ടി എപ്പോഴും ഞങ്ങൾ പ്രാർത്ഥിക്കുന്നു.

2
അധർമ്മമൂർത്തി.

1ഇനി സഹോദരന്മാരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ മടങ്ങിവരവും, അവനോടുകൂടെ നമ്മൾ ഒരുമിച്ചുകൂടുന്നതിനെക്കുറിച്ചും ഞങ്ങൾ നിങ്ങളോടു അപേക്ഷിക്കുന്നത്:2കർത്താവിന്റെ ദിവസം വന്നുകഴിഞ്ഞു എന്നു സൂചിപ്പിക്കുന്ന വല്ല ആത്മാവിനാലോ വചനത്താലോ, ഞങ്ങൾ എഴുതി എന്നു അവകാശപ്പെടുന്ന ലേഖനത്താലോ നിങ്ങൾ വേഗത്തിൽ മനസ്സിടറുകയും അസ്വസ്ഥരാകയുമരുത്.

3ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുത്; ആദ്യമേ വിശ്വാസത്യാഗം സംഭവിക്കുകയും നാശത്തിന്റെ പുത്രനായ അധർമ്മത്തിന്റെ മനുഷ്യൻ വെളിപ്പെടുകയും വേണം.4അവൻ ദൈവാലയത്തിൽ ഇരുന്നുകൊണ്ട്, ദൈവം എന്നു വിളിക്കപ്പെടുന്നതോ, ആരാധിക്കപ്പെടുന്നതോ ആയ സകലത്തിനും മീതെ തന്നെത്താൻ ദൈവമായി ഉയർത്തുന്ന എതിരാളി അത്രേ.
5നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ തന്നേ ഞാൻ ഇതു നിങ്ങളോടു പറഞ്ഞു എന്നു ഓർക്കുന്നില്ലയോ?6അവൻ സമയത്തിനു മുമ്പെ വെളിപ്പെടാതിരിക്കേണ്ടതിന് ഇപ്പോൾ തടുക്കുന്നത് എന്ത് എന്നു നിങ്ങൾ അറിയുന്നു.7അധർമ്മത്തിന്റെ മർമ്മം ഇപ്പോഴേ പ്രവൃത്തിക്കുന്നുണ്ട്; ഇതുവരെ തടുക്കുന്നവൻ വഴിയിൽനിന്നു നീങ്ങിപ്പോയാൽ മാത്രം മതി.
8അപ്പോൾ അധർമ്മമൂർത്തി വെളിപ്പെട്ടുവരും; അവനെ കർത്താവായ യേശു തന്റെ വായിലെ ശ്വാസത്താൽ സംഹരിച്ച് തന്റെ പ്രത്യക്ഷതയുടെ പ്രഭാവത്താൽ നശിപ്പിക്കും.9അധർമ്മമൂർത്തി നശിച്ചുപോകുന്നവർക്ക് വെളിപ്പെടുന്നത് സാത്താന്റെ വ്യാപാരശക്തിക്ക് ഒത്തവണ്ണം വ്യാജമായ സകലശക്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടും അനീതിയുടെ സകല വഞ്ചനയോടും കൂടെ ആയിരിക്കും;10എന്തുകൊണ്ടെന്നാൽ അവർ രക്ഷിയ്ക്കപ്പെടുവാന്തക്കവണ്ണം സത്യത്തെ സ്നേഹിച്ച് കൈക്കൊള്ളായ്കയാൽ തന്നേ അങ്ങനെ ഭവിക്കും.
11സത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്ന എല്ലാവർക്കും ന്യായവിധി വരേണ്ടതിന്12ദൈവം അവർക്ക് ഭോഷ്ക് വിശ്വസിക്കുവാനായി വ്യാജത്തിന്റെ വ്യാപാരശക്തി അയയ്ക്കുന്നു.
സ്ഥിരതയോടെ നില്ക്കുക.

13ഞങ്ങളോ, കർത്താവിന് പ്രിയരായ സഹോദരന്മാരേ, ദൈവം നിങ്ങളെ രക്ഷയ്ക്കുള്ള ആദ്യഫലമായി ആത്മാവിന്റെ വിശുദ്ധീകരണത്തിലും സത്യത്തിന്റെ വിശ്വാസത്തിലും തിരഞ്ഞെടുത്തതുകൊണ്ട് നിങ്ങൾ നിമിത്തം ദൈവത്തെ എപ്പോഴും സ്തുതിപ്പാൻ കടമ്പെട്ടിരിക്കുന്നു.14നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ മഹത്വം പ്രാപിക്കുവാനല്ലോ അവൻ ഞങ്ങളുടെ സുവിശേഷഘോഷണത്താൽ നിങ്ങളെ രക്ഷയ്ക്ക് വിളിച്ചത്.15ആകയാൽ സഹോദരന്മാരേ, ഞങ്ങൾ വാക്കിനാലോ ലേഖനത്താലോ ഉപദേശിച്ചുതന്ന പ്രമാണങ്ങളെ മുറുകെ പിടിച്ച് അതിൽ ഉറച്ചുനിന്നുകൊൾവിൻ.

16നമ്മുടെ കർത്താവായ യേശുക്രിസ്തു തന്നെയും നമ്മെ സ്നേഹിച്ച് നിത്യാശ്വാസവും നല്ല പ്രത്യാശയുടെ ഉറപ്പും കൃപയാലെ നല്കിയിരിക്കുന്ന നമ്മുടെ പിതാവായ ദൈവവും17നിങ്ങളുടെ ഹൃദയങ്ങളെ എല്ലാ നല്ല പ്രവൃത്തിയിലും വാക്കിലും ആശ്വസിപ്പിച്ച് സ്ഥിരപ്പെടുത്തുമാറാകട്ടെ.

3
പ്രാർത്ഥന ആവശ്യപ്പെടുന്നു.

1ഒടുവിൽ സഹോദരന്മാരേ, കർത്താവിന്റെ വചനം നിങ്ങളുടെ അടുക്കൽ എത്തിയതുപോലെ വേഗം വ്യാപിച്ചു മഹത്വപ്പെടുവാനും2വല്ലാത്തവരും ദുഷ്ടന്മാരുമായ മനുഷ്യരുടെ കയ്യിൽ നിന്നു ഞങ്ങൾ വിടുവിക്കപ്പെടുവാനും ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുവിൻ; വിശ്വാസം എല്ലാവർക്കും ഇല്ലല്ലോ.3എന്നാൽ കർത്താവ് വിശ്വസ്തൻ; അവൻ നിങ്ങളെ ഉറപ്പിച്ചു ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം കാത്തുകൊള്ളും.

4ഞങ്ങൾ ആജ്ഞാപിക്കുന്നത് നിങ്ങൾ ചെയ്യുന്നു എന്നും മേലാലും ചെയ്യും എന്നും ഞങ്ങൾ നിങ്ങളെക്കുറിച്ച് കർത്താവിൽ ഉറച്ചിരിക്കുന്നു.5കർത്താവ് താൻ നിങ്ങളുടെ ഹൃദയങ്ങളെ ദൈവത്തിന്റെ സ്നേഹത്തിലേക്കും ക്രിസ്തുവിന്റെ സഹിഷ്ണതയിലേക്കും തിരിക്കുമാറാകട്ടെ.
അലസരാകാതിരിക്കുവാൻ നിർദ്ദേശിക്കുന്നു

6സഹോദരന്മാരേ, ഞങ്ങളോടു പ്രാപിച്ച പ്രമാണം വിട്ടു അലസമായി നടക്കുന്ന ഏത് സഹോദരനോടും അകന്നുകൊള്ളേണം എന്നു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞങ്ങൾ നിങ്ങളോടു ആജ്ഞാപിക്കുന്നു.7ഞങ്ങളെ അനുകരിക്കേണ്ടത് എങ്ങനെ എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ. ഞങ്ങൾ നിങ്ങളുടെ ഇടയിൽ അലസമായി നടന്നിട്ടില്ല,8ആരുടെയും ആഹാരം വെറുതെ അനുഭവിച്ചിട്ടുമില്ല; നിങ്ങളിൽ ആർക്കും ഭാരമായിത്തീരരുതു എന്നുവച്ച് ഞങ്ങൾ അദ്ധ്വാനത്തോടും പ്രയാസത്തോടും കൂടെ രാപ്പകൽ വേലചെയ്തു പോന്നത്9അധികാരമില്ലാഞ്ഞിട്ടല്ല, അനുകരിക്കുവാൻ നിങ്ങൾക്ക് ഞങ്ങളെ മാതൃകയാക്കിത്തരേണ്ടതിനത്രേ.
10വേലചെയ്‌വാൻ മനസ്സില്ലാത്തവൻ തിന്നുകയുമരുത് എന്നു ഞങ്ങൾ നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ തന്നേ ആജ്ഞാപിച്ചിട്ടുണ്ടല്ലോ.11നിങ്ങളിൽ ചിലർ ഒട്ടും വേല ചെയ്യാതെ പരകാര്യം നോക്കി അലസരായി നടക്കുന്നു എന്നു കേൾക്കുന്നു.12ഇങ്ങനെയുള്ളവരോട്: സാവധാനത്തോടെ വേല ചെയ്തു അഹോവൃത്തി കഴിക്കണം എന്നു കർത്താവായ യേശുക്രിസ്തുവിൽ ഞങ്ങൾ ആജ്ഞാപിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്യുന്നു.
13നിങ്ങളോ, സഹോദരന്മാരേ, നന്മ ചെയ്യുന്നതിൽ തളർന്നു പോകരുത്.14ഈ ലേഖനത്തിലുള്ള ഞങ്ങളുടെ വാക്ക് അനുസരിക്കാത്തവൻ നാണിക്കേണ്ടതിന് അവനോടുള്ള സംസർഗ്ഗം വിട്ടു അവനെ വേർതിരിപ്പിൻ.15എങ്കിലും ശത്രു എന്നു വിചാരിക്കാതെ സഹോദരൻ എന്നുവച്ച് അവനെ ബുദ്ധിയുപദേശിക്കയത്രേ വേണ്ടത്.

16സമാധാനത്തിന്റെ കർത്താവായവൻ താൻ നിങ്ങൾക്ക് എല്ലായ്പോഴും സകലവിധത്തിലും സമാധാനം നല്കുമാറാകട്ടെ; കർത്താവ് നിങ്ങളെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ.

17പൗലൊസായ എന്റെ കയ്യാൽ വന്ദനം; ഞാൻ എഴുതുന്ന സകല ലേഖനത്തിലും ഇതുതന്നെ അടയാളം.18നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.

1 . തിമൊഥെയൊസ്

1
പൗലൊസിന്റെ അഭിവാദനങ്ങൾ

1ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലൊസ് നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെയും നമ്മുടെ പ്രത്യാശയായ ക്രിസ്തുയേശുവിന്റെയും കല്പനപ്രകാരം,2വിശ്വാസത്തിൽ യഥാർത്ഥ പുത്രനായ തിമൊഥെയൊസിന് എഴുതുന്നത്: പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ കർത്താവായ ക്രിസ്തുയേശുവിങ്കൽ നിന്നും നിനക്ക് കൃപയും കനിവും സമാധാനവും ഉണ്ടാകട്ടെ.

ദുരുപദേശങ്ങൾക്കെതിരെയുള്ള മുന്നറിയിപ്പ്

3മറ്റു യാതൊരുവിധ ഉപദേശങ്ങളും പഠിപ്പിക്കുകയോ വിശ്വാസത്താലുള്ള ദൈവഹിതത്തേക്കാൾ തർക്കങ്ങൾക്ക് മാത്രം ഉതകുന്ന കെട്ടുകഥകളെയും അന്തമില്ലാത്ത വംശാവലികളെയും ശ്രദ്ധിക്കുകയോ ചെയ്യരുതെന്ന് ചിലരോട് കല്പിക്കേണ്ടതിന്,4നീ എഫെസൊസിൽ താമസിക്കേണം എന്നു ഞാൻ മക്കെദോന്യെക്കു പോകുമ്പോൾ ഉത്സാഹിപ്പിച്ചതുപോലെ ഇപ്പോഴും ഉത്സാഹിപ്പിക്കുന്നു.
5കല്പിച്ചതിന്റെ ഉദ്ദേശ്യമോ: ശുദ്ധഹൃദയത്തിൽനിന്നും, നല്ല മനസ്സാക്ഷിയിൽനിന്നും, നിർവ്യാജവിശ്വാസത്തിൽ നിന്നും ഉളവാകുന്ന സ്നേഹം തന്നെ.6ചിലർ ഇവ വിട്ടുമാറി അർത്ഥശൂന്യമായ സംസാരത്തിലേക്ക് തിരിഞ്ഞ്,7തങ്ങൾ പറയുന്നത് എന്തെന്നോ, സ്ഥാപിക്കുന്നത് ഇന്നതെന്നോ ഗ്രഹിക്കാതെ, ന്യായപ്രമാണത്തിന്റെ ഉപദേഷ്ടാക്കന്മാരായിരിക്കുവാൻ ഇച്ഛിക്കുന്നു.8ന്യായപ്രമാണമോ നീതിമാനു വേണ്ടിയല്ല, പ്രത്യുത, അധർമ്മികൾ, അനുസരണംകെട്ടവർ, അഭക്തർ, പാപികൾ, അശുദ്ധർ, ലൗകികർ, മാതാപിതാക്കളെ കൊല്ലുന്നവർ, കൊലപാതകർ,
9ദുർന്നടപ്പുകാർ, സ്വവർഗഭോഗികൾ, മനുഷ്യക്കടത്തുകാർ, ഭോഷ്കുപറയുന്നവർ, കള്ളസാക്ഷികൾ എന്നീ വകക്കാർക്കും10ആരോഗ്യകരമായ ഉപദേശത്തിന് വിപരീതമായ മറ്റേതിനും അത്രേ വച്ചിരിക്കുന്നത് എന്നു ഗ്രഹിച്ചുകൊണ്ട് ന്യായപ്രമാണത്തെ കൃത്യമായി ആചരിച്ചാൽ ന്യായപ്രമാണം നല്ലതു തന്നെ എന്നു നാം അറിയുന്നു.11എങ്കൽ ഭരമേല്പിച്ചിരിക്കുന്ന, ധന്യനായ ദൈവത്തിന്റെ മഹത്വമുള്ള സുവിശേഷത്തിന് അനുസൃതമായതാണ് ഈ ആരോഗ്യകരമായ ഉപദേശം.
ദൈവകൃപ ഓർത്തുള്ള കൃതജ്ഞത

12എനിക്ക് ശക്തി നല്കിയ ക്രിസ്തുയേശു എന്ന നമ്മുടെ കർത്താവ് എന്നെ വിശ്വസ്തൻ എന്നെണ്ണി ശുശ്രൂഷയ്ക്ക് ആക്കിയതുകൊണ്ട് ഞാൻ അവനെ സ്തുതിക്കുന്നു.13മുമ്പെ ഞാൻ ദൂഷകനും ഉപദ്രവിയും ധിക്കാരിയും ആയിരുന്നു; എങ്കിലും അവിശ്വാസത്തിൽ അറിവില്ലാതെ ചെയ്തതാകകൊണ്ട് എനിക്ക് കരുണ ലഭിച്ചു;14നമ്മുടെ കർത്താവിന്റെ കൃപ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തോടും സ്നേഹത്തോടുംകൂടെ അത്യന്തം വർദ്ധിച്ചു കവിഞ്ഞുമിരിക്കുന്നു.
15ക്രിസ്തുയേശു പാപികളെ രക്ഷിക്കുവാൻ ലോകത്തിൽ വന്നു എന്നുള്ളത് വിശ്വാസ്യവും എല്ലാവരും അംഗീകരിക്കുവാൻ യോഗ്യവുമായ വചനം തന്നെ; ആ പാപികളിൽ ഒന്നാമൻ ഞാൻ തന്നെ.16എന്നിട്ടും, നിത്യജീവനായി തന്നിൽ വിശ്വസിക്കുവാനുള്ളവർക്ക് ദൃഷ്ടാന്തത്തിനായി യേശുക്രിസ്തു സകലദീർഘക്ഷമയും ഒന്നാമനായ എന്നിൽ കാണിക്കേണ്ടതിന് എനിക്ക് കരുണ ലഭിച്ചു.17നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന് എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.
തിമൊഥെയൊസിന്റെ ഉത്തരവാദിത്വങ്ങൾ

18മകനേ, തിമൊഥെയൊസേ, നിന്നെക്കുറിച്ച് മുമ്പുണ്ടായ പ്രവചനങ്ങൾക്ക് ഒത്തവണ്ണം ഞാൻ ഈ കല്പന നിന്നെ ഏല്പിക്കുന്നു; നീ വിശ്വാസവും നല്ല മനസ്സാക്ഷിയും ഉള്ളവനായി അവയാൽ നല്ല യുദ്ധസേവ ചെയ്യുക.19ചിലർ ഈ വിശ്വാസവും നല്ല മനസ്സാക്ഷിയും തള്ളിക്കളഞ്ഞതു നിമിത്തം കപ്പൽഛേതം സംഭവിച്ചതുപോലെ അവരുടെ വിശ്വാസം തകർന്നുപോയി;20ഹുമനയൊസും അലെക്സന്തരും ഈ കൂട്ടത്തിൽ ഉള്ളവർ ആകുന്നു; അവർ ദൈവദുഷണം പറയാതിരിക്കുവാൻ പഠിക്കേണ്ടതിന് ഞാൻ അവരെ സാത്താന് ഏല്പിച്ചിരിക്കുന്നു.

2
പ്രാർത്ഥന സകലമനുഷ്യർക്കായും

1അതുകൊണ്ട് നാം സർവ്വഭക്തിയോടും മാന്യതയോടും ശാന്തവും സമാധാനപൂർണ്ണവുമായ ജീവിതം നയിക്കേണ്ടതിന്, സകല മനുഷ്യർക്കും, വിശേഷാൽ രാജാക്കന്മാർക്കും സകല അധികാരസ്ഥർക്കും വേണ്ടി2യാചനയും പ്രാർത്ഥനയും മദ്ധ്യസ്ഥതയും സ്തോത്രവും കരേറ്റണം എന്നു ഞാൻ സകലത്തിനും മുമ്പെ പ്രബോധിപ്പിക്കുന്നു.3അത് നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ സന്നിധിയിൽ നല്ലതും പ്രസാദകരവും ആകുന്നു.4ഈ ദൈവം സകല മനുഷ്യരും രക്ഷ പ്രാപിക്കുവാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു.

5എന്തെന്നാൽ, ദൈവം ഒരുവനും, ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവനത്രേ6എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ,7എന്നുള്ള ഈ സാക്ഷ്യം തക്കസമയത്ത് അറിയിക്കേണ്ടതിനായി ഞാൻ പ്രസംഗിയും അപ്പൊസ്തലനുമായി - ഭോഷ്കല്ല, പരമാർത്ഥം തന്നെ പറയുന്നു - ജാതികളെ വിശ്വാസത്തിലും സത്യത്തിലും ഉപദേശിക്കുന്നവനുമായി നിയമിക്കപ്പെട്ടിരിക്കുന്നു.
മാതൃകാജീവിതത്തോടെയുള്ള പ്രാർത്ഥന

8ആകയാൽ പുരുഷന്മാർ എവിടെയും കോപവും തർക്കവും കൂടാതെ വിശുദ്ധകൈകളെ ഉയർത്തി പ്രാർത്ഥിക്കണം എന്നു ഞാൻ ആഗ്രഹിക്കുന്നു.9അപ്രകാരം സ്ത്രീകളും വിനയത്തോടും സുബോധത്തോടും കൂടെ യോഗ്യമായ വസ്ത്രം ധരിച്ച്, തങ്ങളെ അലങ്കരിക്കേണം.10തലമുടി പിന്നിയും, പൊന്നോ, മുത്തോ, വിലയേറിയ വസ്ത്രമോ എന്നിവയും കൊണ്ടല്ല, പ്രത്യുത, ദൈവഭക്തിയെ വെളിപ്പെടുത്തുന്ന സ്ത്രീകൾക്ക് ഉചിതമാകുംവണ്ണം സൽപ്രവൃത്തികളെക്കൊണ്ടത്രേ അലങ്കരിക്കേണ്ടത്.
11സ്ത്രീ മൗനമായിരുന്ന് പൂർണ്ണാനുസരണത്തോടും കൂടെ പഠിക്കട്ടെ.12മൗനമായിരിക്കുവാൻ അല്ലാതെ, ഉപദേശിക്കുവാനോ പുരുഷന്റെമേൽ അധികാരം നടത്തുവാനോ ഞാൻ സ്ത്രീയെ അനുവദിക്കുന്നില്ല.
13എന്തെന്നാൽ ആദാം ആദ്യം നിർമ്മിക്കപ്പെട്ടു, പിന്നെ ഹവ്വാ;14ആദാം അല്ല വഞ്ചിക്കപ്പെട്ടത്, സ്ത്രീ അത്രേ വഞ്ചിക്കപ്പെട്ട് ലംഘനത്തിൽ അകപ്പെട്ടത്.15എന്നാൽ വിശ്വാസത്തിലും സ്നേഹത്തിലും വിശുദ്ധീകരണത്തിലും സുബോധത്തോടെ പാർക്കുന്നു എങ്കിൽ അവൾ മക്കളെ പ്രസവിച്ച് രക്ഷ പ്രാപിക്കും.

3
അദ്ധ്യക്ഷനുണ്ടായിരിക്കേണ്ട യോഗ്യതകൾ

1ഒരുവൻ അദ്ധ്യക്ഷസ്ഥാനം കാംക്ഷിക്കുന്നു എങ്കിൽ നല്ല പ്രവൃത്തി ആഗ്രഹിക്കുന്നു എന്നുള്ളത് വിശ്വാസയോഗ്യം ആകുന്നു.2അതുകൊണ്ട് അദ്ധ്യക്ഷൻ കുറ്റമില്ലാത്തവനും ഏകഭാര്യയുടെ ഭർത്താവും സമചിത്തനും സുബോധശീലനും ആദരണീയനും അതിഥിപ്രിയനും ഉപദേശിക്കുവാൻ സമർത്ഥനും ആയിരിക്കണം;3മദ്യപാനിയും കലഹക്കാരനും അരുത്; എന്നാൽ, ശാന്തനും സമാധാനകാംക്ഷിയും ദ്രവ്യാഗ്രഹമില്ലാത്തവനും

4സ്വന്തകുടുംബത്തെ നന്നായി നിയന്ത്രിക്കുന്നവനും, മക്കൾ പൂർണ്ണബഹുമാനത്തോടെ അനുസരിക്കുന്നവരും ആയിരിക്കണം.5സ്വന്തകുടുംബത്തെ നിയന്ത്രിക്കുവാൻ അറിയാത്തവൻ ദൈവസഭയെ എങ്ങനെ പരിപാലിക്കും?
6നിഗളിയായി തീർന്ന്, പിശാചിന് വന്നുഭവിച്ചതുപോലെ ശിക്ഷാവിധിയിൽ അകപ്പെടാതിരിക്കുവാൻ പുതിയ ശിഷ്യനും 1 അരുത്.7കൂടാതെ, നിന്ദയിലും പിശാചിന്റെ കെണിയിലും അകപ്പെടാതിരിക്കുവാൻ പുറമേയുള്ളവരാൽ നല്ല സാക്ഷ്യം പ്രാപിച്ചവനും ആയിരിക്കണം.
8അപ്രകാരം ശുശ്രൂഷകന്മാർ ആദരണീയർ ആയിരിക്കണം; ഇരുവാക്കുകാരും മദ്യപന്മാരും ദുർല്ലാഭമോഹികളും ആകരുത്.9അവർ വിശ്വാസത്തിന്റെ മർമ്മം ശുദ്ധമനസ്സാക്ഷിയോടെ സൂക്ഷിക്കുന്നവർ ആയിരിക്കണം.10അവരും ആദ്യം പരിശോധിക്കപ്പെടട്ടെ; കുറ്റമില്ലാത്തവരായി തെളിഞ്ഞാൽ അവർ ശുശ്രൂഷ ഏല്ക്കട്ടെ.
11അപ്രകാരം സ്ത്രീകളും2 ആദരണീയരും ഏഷണി പറയാത്തവരും എന്നാൽ സമചിത്തരും സകലത്തിലും വിശ്വസ്തമാരുമായിരിക്കണം.12ശുശ്രൂഷകന്മാർ ഏകഭാര്യയുള്ള ഭർത്താക്കന്മാരും മക്കളെയും സ്വന്തകുടുംബകാര്യങ്ങളെയും നന്നായി നിയന്ത്രിക്കുന്നവരും ആയിരിക്കണം.13എന്തെന്നാൽ നന്നായി ശുശ്രൂഷ ചെയ്തിട്ടുള്ളവർ തങ്ങൾക്കു തന്നെ നല്ല നിലയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്തിൽ വളരെ പ്രാഗത്ഭ്യവും സമ്പാദിക്കുന്നു.
സഭയിൽ നടക്കേണ്ടുന്നത്

14ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരുവാൻ ആശിക്കുന്നു എങ്കിലും,15താമസിച്ചുപോയാലോ, തൂണും സത്യത്തിന്റെ അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ പെരുമാറേണ്ടത് എങ്ങനെയെന്ന് നീ അറിയുവാനായി എഴുതുന്നു.
16അവൻ ജഡത്തിൽ വെളിപ്പെട്ടു;
ആത്മാവിനാൽ നീതീകരിക്കപ്പെട്ടു;
ദൂതന്മാർക്ക് പ്രത്യക്ഷനായി;
ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു;
ലോകത്തിൽ വിശ്വസിക്കപ്പെട്ടു;
തേജസ്സിൽ എടുക്കപ്പെട്ടു
എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം വലിയതാകുന്നു എന്ന് സമ്മതമാംവണ്ണം അംഗീകരിക്കുന്നു.


1 3:6 ശിഷ്യനും പുതിയതായി ഈ മാർഗ്ഗത്തിൽ വന്ന വ്യക്തി
2 3:11 സ്ത്രീകളും ശുശ്രൂഷകന്മാരുടെ ഭാര്യമാരും എന്നും വ്യാഖാനിക്കാം

4
കപട ഉപദേശങ്ങൾ തിരിച്ചറിയുക

1എന്നാൽ ഭാവികാലത്ത് ചിലർ വ്യാജാത്മാക്കളിലും ഭൂതങ്ങളുടെ ഉപദേശങ്ങളിലും ശ്രദ്ധ ചെലുത്തി ഭോഷ്ക് പറയുന്നവരുടെ കപടത്താൽ വിശ്വാസം ത്യജിക്കും എന്ന് ആത്മാവ് തെളിവായി പറയുന്നു.2അവർ സ്വന്തമനസ്സാക്ഷിയിൽ ചൂടു പിടിച്ചവരായി,

3വിവാഹം വിലക്കുകയും, വിശ്വസിക്കുകയും സത്യം തിരിച്ചറിയുകയും ചെയ്തവർ സ്തോത്രത്തോടെ അനുഭവിക്കുവാൻ ദൈവം സൃഷ്ടിച്ച ഭക്ഷ്യവസ്തുക്കളെ വർജ്ജിക്കണം എന്നു കല്പിക്കുകയും ചെയ്യുന്നു.4എന്തെന്നാൽ ദൈവത്തിന്റെ സൃഷ്ടി എല്ലാം നല്ലത്; സ്തോത്രത്തോടെ അനുഭവിക്കുന്നു എങ്കിൽ ഒന്നും വർജ്ജിക്കേണ്ടതില്ല;5ദൈവവചനത്താലും പ്രാർത്ഥനയാലും അവ വിശുദ്ധീകരിക്കപ്പെടുന്നുവല്ലോ.
ക്രിസ്തുയേശുവിന്റെ നല്ല ശുശ്രൂഷകൻ

6ഇതു സഹോദരന്മാരെ ഗ്രഹിപ്പിച്ചാൽ നീ പിൻപറ്റിയ വിശ്വാസത്തിന്റെയും സദുപദേശത്തിന്റെയും വചനത്താൽ പോഷിപ്പിക്കപ്പെട്ടവനായി ക്രിസ്തുയേശുവിന്റെ നല്ല ശുശ്രൂഷകൻ ആകും.7എന്നാൽ ഭക്തിവിരുദ്ധമായതും അമ്മൂമ്മക്കഥകളും ഒഴിവാക്കി ദൈവഭക്തിയ്ക്ക് തക്കവണ്ണം നിന്നെത്തന്നെ പരിശീലിപ്പിക്കുക.8ശരീരവ്യായാമം അല്പം പ്രയോജനമുള്ളതത്രേ; എന്നാൽ ഇപ്പോഴുള്ളതും വരുവാനുള്ളതുമായ ജീവന്റെ വാഗ്ദത്തമുള്ളതാകയാൽ, ദൈവഭക്തിയോ സകലത്തിനും പ്രയോജനകരമാകുന്നു.
9ഇതു വിശ്വാസ്യവും എല്ലാവരും അംഗീകരിക്കുവാൻ യോഗ്യവുമായ വചനം തന്നെ.10അതിനുവേണ്ടി തന്നെ, സകലമനുഷ്യരുടെയും പ്രത്യേകാൽ വിശ്വാസികളുടെയും രക്ഷിതാവായ ജീവനുള്ള ദൈവത്തിൽ പ്രത്യാശവച്ച്, നാം അദ്ധ്വാനിച്ചും പോരാടിയും വരുന്നു.
11ഇതു നീ ആജ്ഞാപിക്കുകയും ഉപദേശിക്കുകയും ചെയ്ക.12ആരും നിന്റെ യൗവനം വിലയില്ലാതാക്കരുത്; എന്നാൽ വാക്കിലും സ്വഭാവത്തിലും സ്നേഹത്തിലും വിശ്വാസത്തിലും നിർമ്മലതയിലും വിശ്വാസികൾക്ക് മാതൃകയായിരിക്കുക.13ഞാൻ വരുവോളം വായന, 1 പ്രബോധനം, ഉപദേശം എന്നിവയിൽ ശ്രദ്ധിച്ചിരിക്കുക.
14മൂപ്പന്മാരുടെ കൈവെപ്പോടുകൂടെ പ്രവചനത്താൽ നിനക്ക് ലഭിച്ചതായ നിന്നിലുള്ള കൃപാവരം15ഉപേക്ഷയായി വിചാരിക്കാതെ, നിന്റെ പുരോഗതി എല്ലാവർക്കും കാണേണ്ടതിന് ഇത് ചിന്തിച്ചുകൊണ്ടിരിക്കുക; ഇതിൽ തന്നെ ഇരുന്നുകൊള്ളുക.16നിന്നെത്തന്നെയും ഉപദേശത്തെയും സൂക്ഷിച്ചുകൊള്ളുക; ഇതിൽ ഉറച്ചുനിൽക്കുക; അങ്ങനെ ചെയ്താൽ നീ നിന്നെയും നിന്റെ പ്രസംഗം കേൾക്കുന്നവരെയും രക്ഷിക്കും.


1 4:13 വായന, പൊതുവിലുള്ള വായനയാണ് സൂചിപ്പിക്കുന്നത്

5
വിധവമാരോടുള്ള നിർദ്ദേശങ്ങൾ

1പ്രായത്തിൽ മൂത്തവനെ ശകാരിക്കാതെ പിതാവിനെപ്പോലെയും ഇളയവരെ സഹോദരന്മാരെപ്പോലെയും2പ്രായമായ സ്ത്രീകളെ മാതാക്കളെപ്പോലെയും ഇളയ സ്ത്രീകളെ പൂർണ്ണനിർമ്മലതയോടെ സഹോദരികളെപ്പോലെയും പ്രബോധിപ്പിക്കുക.

3യഥാർത്ഥ വിധവമാരായിരിക്കുന്നവരെ മാനിയ്ക്കുക.4ഏതെങ്കിലും വിധവയ്ക്ക് മക്കളും കൊച്ചുമക്കളും ഉണ്ടെങ്കിൽ, അവർ മുമ്പെ സ്വന്തകുടുംബത്തിൽ ഭക്തി കാണിക്കുവാനും അമ്മയപ്പന്മാർക്ക് പ്രത്യുപകാരം ചെയ്യുവാനും പഠിക്കട്ടെ; എന്തുകൊണ്ടെന്നാൽ ഇത് ദൈവസന്നിധിയിൽ പ്രസാദകരമാകുന്നു.
5യഥാർത്ഥ വിധവയും കൈവിടപ്പെട്ടവളുമായവൾ ദൈവത്തിൽ പ്രത്യാശവയ്ക്കുകയും രാപ്പകൽ യാചനയിലും പ്രാർത്ഥനയിലും തുടരുകയും ചെയ്യുന്നു.6എന്നാൽ സുഖഭോഗജീവിതം ആഗ്രഹിക്കുന്നവളോ ജീവിച്ചിരിക്കയിൽ തന്നെ മരിച്ചവൾ ആകുന്നു.
7അവർ അപവാദമില്ലാത്തവർ ആയിരിക്കേണ്ടതിന് നീ ഇത് ആജ്ഞാപിക്കുക.8തനിക്കുള്ളവരോടും പ്രത്യേകിച്ച് സ്വന്ത കുടുംബത്തോടും കരുതലില്ലാത്തവൻ, റ്വിശ്വാസം തള്ളിക്കളയുകയും അവിശ്വാസിയെക്കാൾ വഷളനായിത്തീരുകയും ചെയ്യുന്നു.
9വിധവയായി തിരഞ്ഞെടുക്കപ്പെടേണ്ടവളോ, അറുപതു വയസ്സിന് താഴെയല്ലാത്തവളും ഏകഭർത്താവിന്റെ ഭാര്യയായിരുന്നവളും,10മക്കളെ വളർത്തുകയോ അതിഥികളെ സൽക്കരിക്കുകയോ വിശുദ്ധന്മാരുടെ കാലുകളെ കഴുകുകയോ ഞെരുക്കമുള്ളവർക്ക് മുട്ടുതീർക്കുകയോ സർവ്വസൽപ്രവൃത്തിയ്ക്കും സമർപ്പിക്കപ്പെടുകയോ ചെയ്ത് സൽപ്രവൃത്തികളാൽ അറിയപ്പെട്ടവളും ആയിരിക്കണം.
11ഇളയ വിധവമാരെ ഒഴിവാക്കുക; എന്തെന്നാൽ ക്രിസ്തുവിന് വിരോധമായി അവരുടെ ശാരീരിക മോഹങ്ങൾ വർദ്ധിച്ചുവരുമ്പോൾ വിവാഹം ചെയ്യുവാൻ ഇച്ഛിക്കും.12അവരുടെ ആദ്യ പ്രതിജ്ഞ തള്ളിക്കളയുകയാൽ അവർക്ക് ശിക്ഷാവിധി ഉണ്ട്.13അത്രയുമല്ല അവർ വീടുതോറും നടന്ന് അലസരായിരിക്കുവാനും ശീലിക്കും; അലസരായിരിക്കുക മാത്രമല്ല, അപവാദികളും പരകാര്യത്തിൽ ഇടപെടുന്നവരുമായി അരുതാത്തത് സംസാരിക്കുകയും ചെയ്യും.
14ആകയാൽ ഇളയ വിധവമാർ വിവാഹിതരായി, പുത്രസമ്പത്തുണ്ടാക്കി, വീട്ടുകാര്യം നോക്കി, വിരോധിക്ക് അപവാദത്തിന് അവസരം ഒന്നും കൊടുക്കാതിരിക്കണം എന്ന് ഞാൻ ഇച്ഛിക്കുന്നു.15ഇപ്പോൾ തന്നെ ചിലർ സാത്താന്റെ പിന്നാലെ പോയല്ലോ.16ഏതെങ്കിലും വിശ്വാസിനിക്ക് വിധവമാർ1 ഉണ്ടെങ്കിൽ, അവൾ തന്നെ അവരെ സംരക്ഷിക്കട്ടെ; സഭയ്ക്കു് ഭാരം വരുത്തരുത്; യഥാർത്ഥ വിധവമാരായവരെ സംരക്ഷിക്കാമല്ലോ!
മൂപ്പന്മാരെ ആദരിക്കുക

17നന്നായി ഭരിക്കുന്ന മൂപ്പന്മാരെ, പ്രത്യേകാൽ വചനത്തിലും ഉപദേശത്തിലും 2 അദ്ധ്വാനിക്കുന്നവരെ തന്നെ, ഇരട്ടി മാനത്തിന് യോഗ്യരായി പരിഗണിക്കുക.18എന്തെന്നാൽ “മെതിക്കുമ്പോൾ കാളയുടെ വായ് മൂടിക്കെട്ടരുത്”3 എന്നും ; “വേലക്കാരൻ തന്റെ കൂലിക്ക് യോഗ്യൻ” എന്നും തിരുവെഴുത്ത് പറയുന്നുവല്ലോ.
19രണ്ടു മൂന്നു സാക്ഷികളുടെ തെളിവിന്റെ അടിസ്ഥാനത്തിലല്ലാതെ ഒരു മൂപ്പന്റെ നേരെ കുറ്റാരോപണം ഉന്നയിക്കരുത്.20പാപത്തിൽ തുടരുന്നവരെ, ശേഷമുള്ളവർക്കും ഭയത്തിനായി എല്ലാവരും കേൾക്കെ ശാസിക്കുക.
21നീ മുൻവിധിയോടെ പക്ഷപാതപരമായി ഒന്നും ചെയ്യാതെ ഈ നിയമങ്ങളെ പ്രമാണിച്ചുകൊള്ളണം എന്ന് ഞാൻ ദൈവത്തെയും ക്രിസ്തുയേശുവിനെയും തിരഞ്ഞെടുക്കപ്പെട്ട ദൂതന്മാരെയും സാക്ഷിയാക്കി നിന്നോട് കല്പിക്കുന്നു.22യാതൊരുത്തന്റെ മേലും വേഗത്തിൽ കൈ വയ്ക്കുകയോ അന്യന്മാരുടെ പാപങ്ങളിൽ ഓഹരിക്കാരനാകുകയോ അരുത്. നിന്നെത്തന്നെ നിർമ്മലനായി കാത്തുകൊള്ളുക.
23ഇനി വെള്ളം മാത്രം കുടിക്കാതെ, നിന്റെ ദഹനക്കുറവും കൂടെക്കൂടെയുള്ള ക്ഷീണവും നിമിത്തം അല്പം വീഞ്ഞും സേവിച്ചുകൊള്ളുക.24ചില മനുഷ്യരുടെ പാപങ്ങൾ ന്യായവിധിയ്ക്കു മുമ്പെ തന്നെ വ്യക്തമാകുന്നു; എന്നാൽ ചിലരുടെ പാപങ്ങളോ ക്രമേണയത്രേ.25സൽപ്രവൃത്തികളും അങ്ങനെതന്നെ വ്യക്തമാകുന്നു; വ്യക്തമാകാത്തവയ്ക്കും മറഞ്ഞിരിക്കുവാൻ കഴിയുകയില്ല.


1 5:16 വിശ്വാസിനിക്ക് വിധവമാർ വിശ്വാസിനിയെ ബന്ധുവായ വിധവ
2 5:17 വചനത്തിലും ഉപദേശത്തിലും പ്രസംഗത്തിലും ഉപദേശിക്കുന്നതിലും എന്നാണ്
3 5. 18 മുഖക്കൊട്ട (വായ് മൂടിക്കെട്ടുന്ന പട്ട) ആവർത്തനം 25: 4.

6
വിശ്വാസികളായ യജമാനന്മാരെ ബഹുമാനിക്കുവിൻ

1നുകത്തിൻകീഴിൽ അടിമകളായിരിക്കുന്നവർ ഒക്കെയും ദൈവനാമവും ഉപദേശവും ദുഷിക്കപ്പെടാതിരിക്കുവാൻ തങ്ങളുടെ യജമാനന്മാരെ സകലബഹുമാനത്തിനും യോഗ്യന്മാർ എന്ന് എണ്ണേണ്ടതാകുന്നു.2വിശ്വാസികളായ യജമാനന്മാരുള്ളവർ, അവർ സഹോദരന്മാർ ആയതുകൊണ്ട് അവരെ ആദരിക്കാതിരിക്കരുത്; തങ്ങളെക്കൊണ്ടുള്ള ഉപകാരം അനുഭവിക്കുന്നവർ വിശ്വാസികളും പ്രിയരും ആകകൊണ്ട് അവരെ നന്നായി സേവിക്കുകയത്രേ വേണ്ടത്; ഇത് നീ ഉപദേശിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്യുക.

ദുരുപദേശവും ദ്രവ്യാഗ്രഹവും ഒഴിഞ്ഞിരിക്കുക

3നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ഉറപ്പുള്ള വചനത്തോടും ഭക്തിക്കൊത്ത ഉപദേശത്തോടും യോജിക്കാതെ ആരെങ്കിലും വ്യത്യസ്തമായി ഉപദേശിച്ചാൽ,4അവൻ ഒന്നും തിരിച്ചറിയാതെ അഹങ്കാരത്താൽ ചീർത്ത്, തർക്കത്തിനും വാഗ്വാദത്തിനും വേണ്ടി അനാരോഗ്യപരമായ ആർത്തി പിടിച്ചവനായിരിക്കുന്നു; അവയാൽ അസൂയ, പിണക്കം, ദൂഷണം, ദുസ്സംശയം എന്നിവയും,5ദുർബ്ബുദ്ധികളും സത്യത്യാഗികളുമായ മനുഷ്യരുടെ ഇടയിൽ തുടർമാനമായ കലഹവും ഉളവാകുന്നു; അവർ ദൈവഭക്തി ആദായമാർഗം എന്നു വിചാരിക്കുന്നു.
6എന്നാൽ സംതൃപ്തിയോടുകൂടിയ ദൈവഭക്തി മഹത്തായ ആദായം ആകുന്നുതാനും.7എന്തെന്നാൽ ഇഹലോകത്തിലേക്ക് നാം ഒന്നും കൊണ്ടുവന്നിട്ടില്ല; ഇവിടെനിന്ന് യാതൊന്നും കൊണ്ടുപോകുവാൻ കഴിയുന്നതുമല്ല.8ഉണ്ണുവാനും ഉടുക്കുവാനും ഉണ്ടെങ്കിൽ നാം സംതൃപ്തർ ആകുന്നു.
9എന്നാൽ ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കെണിയിലും കുടുങ്ങുകയും മനുഷ്യരെ സംഹാരത്തിലേക്കും നാശത്തിലേക്കും നയിക്കുന്ന ചിന്താശൂന്യവും ഹാനികരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു.10എന്തെന്നാൽ ദ്രവ്യാഗ്രഹം സകലവിധദോഷത്തിനും മൂലകാരണമല്ലോ. ചിലർ ഇത് വാഞ്ചിച്ചിട്ട് വിശ്വാസം വിട്ടകന്ന് ബഹുദുഃഖങ്ങൾക്ക് അധീനരായിത്തീർന്നിരിക്കുന്നു.
വിശ്വാസത്തിന്റെ നല്ല പോരാട്ടം

11എന്നാൽ ദൈവമനുഷ്യനായ നീ, ഈ വക കാര്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി നീതി, ഭക്തി, വിശ്വാസം, സ്നേഹം, ക്ഷമ, സൗമ്യത എന്നിവയെ പിന്തുടരുക.12വിശ്വാസത്തിന്റെ നല്ല പോർ പൊരുതുക; നിത്യജീവനെ പിടിച്ചുകൊള്ളുക; അതിനായി നീ വിളിക്കപ്പെട്ട് അനേകം സാക്ഷികളുടെ മുമ്പാകെ നല്ല സാക്ഷ്യം വഹിച്ചുവല്ലോ.
13നീ നിഷ്കളങ്കനും യാതൊരു അപവാദവും ഏൽക്കാത്തവനായി ഈ കല്പന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതവരെ പ്രമാണിച്ചുകൊള്ളണം14എന്ന് സകലത്തെയും ജീവിപ്പിക്കുന്ന ദൈവത്തെയും, പൊന്തിയൊസ് പീലാത്തോസിന്റെ മുമ്പിൽ നല്ല സാക്ഷ്യം വഹിച്ച ക്രിസ്തുയേശുവിനെയും സാക്ഷി നിർത്തി ഞാൻ നിന്നോട് കല്പിക്കുന്നു.
15ധന്യനും ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും16താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണുവാൻ കഴിയാത്തവനുമായവൻ തക്കസമയത്ത് ആ പ്രത്യക്ഷത വരുത്തും. അവന് ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ.

17ഈ ലോകത്തിലെ ധനവാന്മാരോട്, ഉന്നതഭാവം കൂടാതെയോ നിശ്ചയമില്ലാത്ത ധനത്തിൽ ആശ്രയിക്കാതെയോ ഇരിക്കുവാനും, നമുക്ക് സകലവും ധാരാളമായി അനുഭവിക്കുവാൻ തരുന്ന ദൈവത്തിൽ18ആശ വയ്ക്കുവാനും നന്മചെയ്ത് സൽപ്രവൃത്തികളിൽ സമ്പന്നരായി ദാനശീലരും ഔദാര്യം ഉള്ളവരുമായി19സാക്ഷാലുള്ള ജീവനെ പിടിച്ചുകൊള്ളേണ്ടതിന് വരുംകാലത്തേക്കു തങ്ങൾക്കുതന്നെ നല്ലൊരു അടിസ്ഥാനം നിക്ഷേപിച്ചുകൊള്ളുവാനും ആജ്ഞാപിക്കുക.
20അല്ലയോ തിമൊഥെയൊസേ, നിന്റെ പക്കൽ ഏല്പിച്ചിരിക്കുന്ന ഉപനിധി കാത്തുകൊണ്ട് ജ്ഞാനം എന്നു വ്യാജമായി പേർ പറയുന്നതിന്റെ ഭക്തിവിരുദ്ധമായ വാദങ്ങളേയും തർക്കങ്ങളെയും ഒഴിവാക്കുക.21ആ ജ്ഞാനം ചിലർ സ്വീകരിച്ച് വിശ്വാസം വിട്ടു തെറ്റിപ്പോയിരിക്കുന്നു.22കൃപ നിങ്ങളോടു കൂടെ ഇരിക്കുമാറാകട്ടെ.

2 . തിമൊഥെയൊസ്

1
പൗലോസിന്റെ അഭിവാദനങ്ങൾ

1ക്രിസ്തുയേശുവിലുള്ള ജീവന്റെ വാഗ്ദത്തപ്രകാരം ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലൊസ് പ്രിയമകനായ തിമൊഥെയൊസിന് എഴുതുന്നത്:2പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ കർത്താവായ ക്രിസ്തുയേശുവിങ്കൽ നിന്നും നിനക്ക് കൃപയും കനിവും സമാധാനവും ഉണ്ടാകട്ടെ.

വിശ്വസ്തനായിരിക്കുക

3എന്റെ പ്രാർത്ഥനയിൽ രാവും പകലും ഇടവിടാതെ നിന്നെ സ്മരിച്ചും നിന്റെ കണ്ണുനീർ ഓർത്ത് നിന്നെ കണ്ട് സന്തോഷപൂർണ്ണനാകുവാൻ വാഞ്ചിച്ചുംകൊണ്ട്4ഞാൻ പൂർവ്വന്മാരുടെ ദൃഷ്ടാന്തം അനുസരിച്ച് നിർമ്മലമനസ്സാക്ഷിയോടെ സേവിക്കുന്ന ദൈവത്തിന് നിന്റെ നിർവ്യാജവിശ്വാസത്തിന്റെ ഓർമ്മ നിമിത്തം സ്തോത്രം ചെയ്യുന്നു.5ആ വിശ്വാസം ആദ്യം നിന്റെ വലിയമ്മ ലോവീസിലും അമ്മ യുനീക്കയിലും ഉണ്ടായിരുന്നു; നിന്നിലും ഉണ്ടെന്ന് ഞാൻ ഉറച്ചിരിക്കുന്നു.
6അതുകൊണ്ട് എന്റെ കൈവെപ്പിനാൽ നിന്നിലുള്ള ദൈവത്തിന്റെ കൃപാവരം വീണ്ടും ജ്വലിപ്പിക്കേണം എന്നു നിന്നെ ഓർമ്മപ്പെടുത്തുന്നു.7എന്തുകൊണ്ടെന്നാൽ, ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നത്.
8അതുകൊണ്ട് നമ്മുടെ കർത്താവിന്റെ സാക്ഷ്യത്തെയോ അവന്റെ ബദ്ധനായ എന്നെയോ കുറിച്ച് ലജ്ജിക്കാതെ സുവിശേഷത്തിനായി ദൈവശക്തിയ്ക്ക് ഒത്തവണ്ണം നീയും എന്നോടുകൂടെ കഷ്ടം സഹിക്കുക.9അവൻ നമ്മെ രക്ഷിയ്ക്കുകയും വിശുദ്ധവിളികൊണ്ടു വിളിക്കുകയും ചെയ്തത് നമ്മുടെ പ്രവൃത്തികൾ നിമിത്തമല്ല, സകലകാലത്തിനും മുമ്പെ ക്രിസ്തുയേശുവിൽ നമുക്കു നല്കിയിരിക്കുന്നതും10മരണം നീക്കുകയും സുവിശേഷം കൊണ്ട് ജീവനും അക്ഷയതയും വെളിച്ചത്തിലേക്ക് വരുത്തുകയും ചെയ്ത നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിന്റെ പ്രത്യക്ഷതയാൽ വെളിപ്പെട്ടിരിക്കുന്നതുമായ തന്റെ സ്വന്ത നിർണ്ണയത്തിനും കൃപയ്ക്കും ഒത്തവണ്ണമത്രേ.11ആ സുവിശേഷത്തിന് ഞാൻ പ്രസംഗിയും അപ്പൊസ്തലനും ഉപദേഷ്ടാവുമായി നിയമിക്കപ്പെട്ടിരിക്കുന്നു.
12അതുനിമിത്തം തന്നെ ഞാൻ ഇതൊക്കെയും സഹിക്കുന്നു; എങ്കിലും ലജ്ജിക്കുന്നില്ല; എന്തെന്നാൽ ഞാൻ ആരെ വിശ്വസിച്ചിരിക്കുന്നു എന്നറിയുന്നു; അവൻ എന്റെ ഉപനിധി ആ ദിവസം വരെ സൂക്ഷിക്കുവാൻ ശക്തൻ എന്ന് ഉറച്ചുമിരിക്കുന്നു.13എന്നോട് കേട്ട ഉറപ്പുള്ള വചനം നീ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിലും സ്നേഹത്തിലും മാതൃകയാക്കിക്കൊള്ളുക.14നിന്നെ ഭരമേല്പിച്ച ആ നല്ല ഉപനിധി നമ്മിൽ അധിവസിക്കുന്ന പരിശുദ്ധാത്മാവിനാൽ സൂക്ഷിച്ചുകൊള്ളുക.

15ആസ്യക്കാർ എല്ലാവരും എന്നെ വിട്ടുപൊയ്ക്കളഞ്ഞു എന്ന് നീ അറിയുന്നുവല്ലോ; ഫുഗലൊസും ഹെർമ്മെഗനേസും ആ കൂട്ടത്തിൽ ഉള്ളവർ ആകുന്നു.16പലപ്പോഴും എനിക്ക് ഉന്മേഷം വരുത്തിയതിനാൽ ഒനേസിഫൊരൊസിന്റെ കുടുംബത്തിന് കർത്താവ് കരുണ നല്കുമാറാകട്ടെ.17അവൻ എന്റെ ചങ്ങലയെക്കുറിച്ച് ലജ്ജിക്കാതെ, എന്നാൽ ഞാൻ റോമിൽ എത്തിയ ഉടനെ താല്പര്യത്തോടെ എന്നെ തിരയുകയും കണ്ടെത്തുകയും ചെയ്തു.18ആ ദിവസത്തിൽ കർത്താവിന്റെ പക്കൽ കരുണ കണ്ടെത്തുവാൻ കർത്താവ് അവനെ സഹായിക്കട്ടെ. എഫെസൊസിൽവച്ച് അവൻ എനിക്ക് എന്തെല്ലാം ശുശ്രൂഷ ചെയ്തു എന്ന് നീ നല്ലവണ്ണം അറിയുന്നുവല്ലോ.

2
ക്രിസ്തുവിന്റെ നല്ല ഭടൻ

1അതുകൊണ്ട് എന്റെ മകനേ, ക്രിസ്തുയേശുവിലുള്ള കൃപയിൽ ശക്തിപ്പെടുക.2നീ പല സാക്ഷികളുടെ മുമ്പാകെ എന്നോട് കേട്ടതെല്ലാം മറ്റുള്ളവരെ ഉപദേശിക്കുവാൻ സമർത്ഥരായ വിശ്വസ്തമനുഷ്യരെ ഭരമേല്പിക്കുക.

3ക്രിസ്തുയേശുവിന്റെ നല്ല ഭടനായി നീയും കഷ്ടതയിൽ പങ്കാളിയാകുക.4പടയിൽ ചേർത്തവനെ പ്രസാദിപ്പിക്കേണ്ടതിന് യാതൊരു പടയാളിയും ജീവനകാര്യങ്ങളിൽ ഇടപെടാതിരിക്കുന്നു.5കായികമൽസരത്തിൽ പങ്കെടുക്കുന്നവൻ നിയമപ്രകാരം മത്സരിച്ചില്ലെങ്കിൽ കിരീടം പ്രാപിക്കുകയില്ല.
6അദ്ധ്വാനിക്കുന്ന കൃഷിക്കാരൻ ആകുന്നു ഫലത്തിന്റെ പങ്ക് ആദ്യം അനുഭവിക്കേണ്ടത്.7കർത്താവ് സകലത്തിലും നിനക്ക് ബുദ്ധി നല്കുമെന്നതിനാൽ ഞാൻ പറയുന്നത് ചിന്തിച്ചുകൊള്ളുക.
8ദാവീദിന്റെ സന്തതിയായി ജനിച്ച് മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊള്ളുക.9അത് ആകുന്നു എന്റെ സുവിശേഷം. അത് നിമിത്തം ഞാൻ ദുഷ്പ്രവൃത്തിക്കാരൻ എന്നപോലെ കഷ്ടം സഹിച്ച് ബന്ധനസ്ഥൻ പോലും ആകേണ്ടി വരുന്നു; എന്നാൽ ദൈവവചനത്തിനോ ബന്ധനം ഇല്ല.10അതുകൊണ്ട് ക്രിസ്തുയേശുവിലുള്ള രക്ഷ നിത്യതേജസ്സോടുകൂടെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് കിട്ടേണ്ടതിന് ഞാൻ അവർക്കായി സകലവും സഹിക്കുന്നു.
11നാം അവനോടുകൂടെ മരിച്ചു എങ്കിൽ കൂടെ ജീവിക്കും; സഹിക്കുന്നു എങ്കിൽ കൂടെ വാഴും;12നാം അവനെ തള്ളിപ്പറയും എങ്കിൽ അവൻ നമ്മെയും തള്ളിപ്പറയും.13നാം അവിശ്വസ്തരായിത്തീർന്നാലും അവൻ വിശ്വസ്തനായി പാർക്കുന്നു; എന്തെന്നാൽ തന്റെ സ്വഭാവം ത്യജിക്കുവാൻ അവന് കഴിയുകയില്ലല്ലോ; ഈ വചനം വിശ്വാസയോഗ്യമാകുന്നു.
വിശ്വസ്ത ഭൃത്യൻ

14കേൾക്കുന്നവരെ നശിപ്പിച്ചുകളയുന്നതിനല്ലാതെ ഒന്നിനും കൊള്ളാത്ത വാഗ്വാദം ചെയ്യാതിരിക്കേണമെന്ന് കർത്താവിനെ സാക്ഷിയാക്കി അവരെ ഓർമ്മപ്പെടുത്തി ആജ്ഞാപിക്കുക.15സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ട് ലജ്ജിക്കുവാൻ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിന് കൊള്ളാകുന്നവനെന്ന് നിന്നെത്തന്നെ കാണിക്കുവാൻ ശ്രമിക്കുക.
16എന്നാൽ ഭക്തിവിരുദ്ധമായ വ്യർത്ഥസംസാരങ്ങളെ ഒഴിഞ്ഞിരിക്കുക; അങ്ങനെയുള്ളവർക്ക് അഭക്തി അധികമധികം വർദ്ധിച്ചുവരും;17അവരുടെ വാക്ക് അർബ്ബുദവ്യാധിപോലെ തിന്നുകൊണ്ടിരിക്കും.18ഹുമനയൊസും ഫിലേത്തൊസും അവരുടെ കൂട്ടത്തിൽ ഉള്ളവരാകുന്നു; അവർ സത്യം വിട്ടു തെറ്റി, പുനരുത്ഥാനം കഴിഞ്ഞു എന്നു പറയുകയും ചിലരുടെ വിശ്വാസം മറിച്ചുകളയുകയും ചെയ്യുന്നു.
19എങ്കിലും ദൈവത്തിന്റെ സ്ഥിരമായ അടിസ്ഥാനം നിലനില്ക്കുന്നു; “കർത്താവ് തനിക്കുള്ളവരെ അറിയുന്നു” എന്നും “കർത്താവിന്റെ നാമം ഉച്ചരിക്കുന്നവൻ എല്ലാം അനീതി വിട്ടകന്നുകൊള്ളട്ടെ” എന്നും ആകുന്നു അതിന്റെ മുദ്ര.20എന്നാൽ ഒരു വലിയ വീട്ടിൽ പൊന്നും വെള്ളിയും കൊണ്ടുള്ള പാത്രങ്ങൾ മാത്രമല്ല, മരവും മണ്ണുംകൊണ്ടുള്ളവയും ഉണ്ട്; ചിലത് മാന്യകാര്യത്തിനും ചിലത് ഹീനകാര്യത്തിനും ഉപയോഗിക്കുന്നു.21ഒരുവൻ ഹീനകാര്യങ്ങളിൽ നിന്ന് തന്നെത്താൻ വെടിപ്പാക്കുകയാണെങ്കിൽ, അവൻ വിശുദ്ധവും ഉടമസ്ഥന് ഉപയോഗവുമായി നല്ല വേലയ്ക്ക് ഒക്കെയും ഒരുങ്ങിയിരിക്കുന്ന മാന്യകാര്യത്തിനുള്ള പാത്രം ആയിരിക്കും.
22അതുകൊണ്ട് യൗവനമോഹങ്ങളെ വിട്ടോടുക; എന്നാൽ ശുദ്ധഹൃദയത്തിൽ നിന്ന് കർത്താവിനെ വിളിച്ചപേക്ഷിക്കുന്നവരോടു കൂടെ നീതിയും വിശ്വാസവും സ്നേഹവും സമാധാനവും പിന്തുടരുക.23ബുദ്ധിയില്ലാത്തതും ഭോഷത്വവുമായ തർക്കം ശണ്ഠക്കിടയാക്കുന്നു എന്നറിഞ്ഞ് അത് ഒഴിഞ്ഞിരിക്കുക.
24കർത്താവിന്റെ ദാസൻ കലഹിക്കാതെ എല്ലാവരോടും ശാന്തനും ഉപദേശിക്കുവാൻ സമർത്ഥനും ദോഷം സഹിക്കുന്നവനും ആയിരിക്കണം.25വിരോധികൾക്കു ദൈവം സത്യത്തിന്റെ പരിജ്ഞാനത്തിനായി മാനസാന്തരം നല്കുമോ എന്നും26പിശാചിനാൽ പിടിപെട്ടു കുടുങ്ങിയവരാകയാൽ, അവർ സുബോധം പ്രാപിച്ച് അവന്റെ കെണിയിൽ നിന്ന് ഒഴിഞ്ഞ് ദൈവേഷ്ടം ചെയ്യുമോ എന്നും വച്ച് അവരെ സൗമ്യതയോടെ പഠിപ്പിക്കേണ്ടതും ആകുന്നു.

3
അന്ത്യകാലത്തെ അഭക്തി

1അന്ത്യകാലത്ത് ദുർഘടസമയങ്ങൾ വരും എന്നറിയുക.2എന്തുകൊണ്ടെന്നാൽ മനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും3വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും ഇന്ദ്രിയജയം ഇല്ലാത്തവരും ക്രൂരന്മാരും4സൽഗുണദ്വേഷികളും ദ്രോഹികളും വീണ്ടുവിചാ‍രമില്ലാത്തവരും തന്റേടികളും ദൈവത്തെ സ്നേഹിക്കാതെ സുഖമോഹികളായും

5ഭക്തിയുടെ വേഷം ധരിച്ച് അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും. ഇങ്ങനെയുള്ളവരെ വിട്ടൊഴിയുക.6വീടുകളിൽ നുഴഞ്ഞുകടക്കുകയും പാപങ്ങളെ ചുമന്നുകൊണ്ട് പലതരം മോഹങ്ങൾക്കും അധീനരായി,7എപ്പോഴും പഠിക്കുകയും ഒരിക്കലും സത്യത്തിന്റെ പരിജ്ഞാനം പ്രാപിക്കുവാൻ കഴിയാത്തവരുമായ ബലഹീനസ്ത്രീകളെ സ്വാധീനമാക്കുകയും ചെയ്യുന്നവർ ഈ കൂട്ടത്തിലുള്ളവർ ആകുന്നു.
8യന്നേസും യംബ്രേസും മോശെയോട് എതിർത്തുനിന്നതുപോലെ തന്നെ ഇവരും സത്യത്തോട് മറുത്തുനില്ക്കുന്നു; അവർ ദുർബ്ബുദ്ധികളും വിശ്വാസം സംബന്ധിച്ച് അയോഗ്യരുമത്രേ.9എന്നാൽ മേല്പറഞ്ഞവരുടെ ബുദ്ധികേട് വെളിപ്പെട്ടതുപോലെ ഇവരുടെ ബുദ്ധികേടും എല്ലാവർക്കും വെളിപ്പെടും എന്നതിനാൽ അവർ അധികം മുന്നോട്ടുപോകയില്ല.
10നീയോ എന്റെ ഉപദേശം, സ്വഭാവം, ഉദ്ദേശം, വിശ്വാസം, ദീർഘക്ഷമ, സ്നേഹം, സഹിഷ്ണത എന്നിവയും11അന്ത്യൊക്യയിലും ഇക്കോന്യയിലും ലുസ്ത്രയിലും എനിക്ക് സംഭവിച്ച ഉപദ്രവവും കഷ്ടാനുഭവവും കണ്ടറിഞ്ഞിരിക്കുന്നു; ഞാൻ എന്തെല്ലാം ഉപദ്രവം സഹിച്ചു; അവ എല്ലാറ്റിൽ നിന്നും കർത്താവ് എന്നെ വിടുവിച്ചു.12ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിക്കുവാൻ മനസ്സുള്ളവർക്ക് എല്ലാം ഉപദ്രവം ഉണ്ടാകും നിശ്ചയം.13ദുഷ്ടമനുഷ്യരും കപടശാലികളുമോ വഞ്ചിച്ചും വഞ്ചിക്കപ്പെട്ടും കൊണ്ട് മേല്ക്കുമേൽ ദോഷത്തിൽ മുതിർന്നുവരും.
14എന്നാൽ നീയോ ആരിൽനിന്ന് പഠിച്ചു എന്ന് അറിയുകയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്താൽ നിന്നെ രക്ഷയ്ക്ക് ജ്ഞാനിയാക്കുവാൻ മതിയായ തിരുവെഴുത്തുകളെ ബാല്യംമുതൽ അറിയുകയും ചെയ്യുന്നതുകൊണ്ട്15നീ പഠിച്ചും നിശ്ചയം പ്രാപിച്ചുമിരിക്കുന്നതിൽ നിലനിൽക്കുക.
16എല്ലാ തിരുവെഴുത്തും ദൈവശ്വാസീയവും, ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും ഒരുക്കപ്പെട്ട് തികഞ്ഞവൻ ആകേണ്ടതിന്17ഉപദേശത്തിനും ശാസനത്തിനും തിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും പ്രയോജനമുള്ളതും ആകുന്നു.

4
വചനം പ്രസംഗിക്കുക

1ദൈവത്തെയും, ജീവിക്കുന്നവർക്കും മരിച്ചവർക്കും ന്യായവിസ്താരം നടത്തുവാനുള്ള ക്രിസ്തുയേശുവിനെയും സാക്ഷിനിർത്തി അവന്റെ പ്രത്യക്ഷതയും രാജ്യവും നിമിത്തം ഗൗരവപൂർവം ഞാൻ കല്പിക്കുന്നത്:2വചനം പ്രസംഗിക്കുക; സമയത്തിലും അസമയത്തിലും ഒരുങ്ങിനിൽക്കുക; സകല ദീർഘക്ഷമയോടും ഉപദേശത്തോടുംകൂടെ ശാസിക്കുക; തർജ്ജനം ചെയ്യുക; പ്രബോധിപ്പിക്കുക.

3എന്തെന്നാൽ ജനങ്ങൾ ആരോഗ്യകരമായ ഉപദേശം സ്വീകരിക്കാതെ, കർണ്ണരസത്തിനായി സ്വന്ത മോഹങ്ങൾക്കൊത്തവണ്ണം ഉപദേഷ്ടാക്കന്മാരെ തങ്ങൾക്കായി വിളിച്ചുകൂട്ടുകയും4സത്യത്തിന് ചെവികൊടുക്കാതെ, കെട്ടുകഥ കേൾക്കുവാൻ തിരിയുകയും ചെയ്യുന്ന കാലം വരും.5നീയോ സകലത്തിലും സമചിത്തൻ ആയിരിക്കുക; കഷ്ടം സഹിക്കുക; സുവിശേഷകന്റെ പ്രവൃത്തിചെയ്യുക; നിന്റെ ശുശ്രൂഷ നിവർത്തിക്കുക.
6ഞാനോ ഇപ്പോൾതന്നെ പാനീയയാഗമായി ഒഴിക്കപ്പെടുന്നു; എന്റെ നിര്യാണകാലവും അടുത്തിരിക്കുന്നു.7ഞാൻ നല്ല പോർ പൊരുതി, ഓട്ടം തികച്ചു, വിശ്വാസം കാത്തു.8ഇനി നീതിയുടെ കിരീടം എനിക്കായി കരുതിവച്ചിരിക്കുന്നു; അത് നീതിയുള്ള ന്യായാധിപതിയായ കർത്താവ് ആ ദിവസത്തിൽ എനിക്ക് നല്കും; എനിക്ക് മാത്രമല്ല, അവന്റെ പ്രത്യക്ഷത പ്രിയംവച്ച ഏവർക്കുംകൂടെ.
വ്യക്തിപരമായ പരാമർശം

9വേഗത്തിൽ എന്റെ അടുക്കൽ വരുവാൻ ഉത്സാഹിക്കുക.10എന്തെന്നാൽ ദേമാസ് ഈ ലോകത്തെ സ്നേഹിച്ചിട്ട് എന്നെ വിട്ട് തെസ്സലോനിക്യയിലേക്ക് പോയി. ക്രേസ്കസ് ഗലാത്യയ്ക്കും തീത്തോസ് ദല്മാത്യയ്ക്കും പോയി;
11ലൂക്കോസ് മാത്രമേ എന്നോടുകൂടെ ഉള്ളൂ; മർക്കൊസ് എനിക്ക് ശുശ്രൂഷയ്ക്കായി ഉപയോഗമുള്ളവൻ ആകയാൽ അവനെ കൂട്ടിക്കൊണ്ട് വരിക.12തിഹിക്കൊസിനെ ഞാൻ എഫെസോസിലേക്ക് അയച്ചിരിക്കുന്നു.13ഞാൻ ത്രോവാസിൽ കർപ്പൊസിന്റെ പക്കൽ വച്ചിട്ട് പോന്ന പുതപ്പും പുസ്തകങ്ങളും വിശേഷാൽ ചർമ്മലിഖിതങ്ങളും നീ വരുമ്പോൾ കൊണ്ടുവരിക.
14ചെമ്പുപണിക്കാരൻ അലെക്സന്തർ എനിക്ക് വളരെ ദോഷം ചെയ്തു; അവന്റെ പ്രവൃത്തികൾക്കു തക്കവണ്ണം കർത്താവ് അവന് പകരം ചെയ്യും.15അവൻ നമ്മുടെ പ്രസംഗത്തോട് അത്യന്തം എതിർത്തുനിന്നതുകൊണ്ട് നീയും അവനെ സൂക്ഷിച്ചുകൊള്ളുക.16എന്റെ ഒന്നാം പ്രതിവാദത്തിൽ ആരും എനിക്ക് തുണ നിന്നില്ല; എല്ലാവരും എന്നെ കൈവിട്ടു; അത് അവർക്ക് എതിരെ കണക്കിടാതിരിക്കട്ടെ.
17എന്നാൽ കർത്താവ് എന്നോട് കൂടെ നിന്ന് പ്രസംഗം എന്നെക്കൊണ്ട് നിവർത്തിക്കുവാനും സകല ജാതികളും കേൾക്കുവാനും എന്നെ ശക്തീകരിച്ചു; അങ്ങനെ ഞാൻ സിംഹത്തിന്റെ വായിൽനിന്നു രക്ഷ പ്രാപിച്ചു.18കർത്താവ് എന്നെ സകല ദുഷ്പ്രവൃത്തിയിൽനിന്നും വിടുവിച്ച് തന്റെ സ്വർഗ്ഗീയരാജ്യത്തിനായി കാത്തുസൂക്ഷിക്കും; അവന് എന്നെന്നേക്കും മഹത്വം. ആമേൻ.
ആശംസകൾ

19പ്രിസ്കെക്കും അക്വിലാവിനും ഒനേസിഫൊരൊസിന്റെ കുടുംബത്തിനും വന്ദനം ചൊല്ലുക.20എരസ്തൊസ് കൊരിന്തിൽ താമസിച്ചു; എന്നാൽ ത്രൊഫിമൊസിനെ ഞാൻ മിലേത്തിൽ രോഗിയായി വിട്ടിട്ടുപോന്നു.21കഴിവതും ശീതകാലത്തിന് മുമ്പെ വരുവാൻ ശ്രമിക്കുക. യൂബൂലൊസും പൂദെസും ലീനൊസും ക്ലൌദിയയും സഹോദരന്മാർ എല്ലാവരും നിനക്ക് വന്ദനം ചൊല്ലുന്നു.

22കർത്താവ് നിന്റെ ആത്മാവോടുകൂടെ ഇരിക്കട്ടെ. കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.

തീത്തൊസ്

1

1നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ കല്പനപ്രകാരം എന്നെ ഭരമേല്പിച്ച പ്രസംഗത്താൽ തക്കസമയത്ത് തന്റെ വചനം വെളിപ്പെടുത്തിയ,2ഭോഷ്ക് പറയാത്ത ദൈവം സകലകാലത്തിനും മുമ്പെ വാഗ്ദത്തം ചെയ്ത നിത്യജീവന്റെ പ്രത്യാശയിൽ3താൻ തിരഞ്ഞെടുത്തവരുടെ വിശ്വാസത്തിനും ഭക്തിക്കനുസാരമായ സത്യത്തിന്റെ പരിജ്ഞാനത്തിനുമായി, ദൈവത്തിന്റെ ദാസനും യേശുക്രിസ്തുവിന്റെ അപ്പൊസ്തലനുമായ പൗലൊസ്,

4നമ്മുടെ പൊതുവിശ്വാസത്തിൽ യഥാർത്ഥപുത്രനായ തീത്തൊസിന് എഴുതുന്നത്: പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിങ്കൽനിന്നും നിനക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ.
തീത്തോസിന്റെ ക്രേത്തയിലെ ദൗത്യം

5ഞാൻ ക്രേത്തയിൽ നിന്നെ വിട്ടിട്ടുപോന്നത്: ശേഷിച്ച കാര്യങ്ങളെ ക്രമത്തിലാക്കേണ്ടതിനും ഞാൻ നിന്നോട് ആജ്ഞാപിച്ചതുപോലെ എല്ലാ പട്ടണത്തിലും മൂപ്പന്മാരെ നിയമിക്കേണ്ടതിനും തന്നെ.
6മൂപ്പൻ കുറ്റമില്ലാത്തവനും ഏകഭാര്യയുള്ളവനും ദുർന്നടപ്പിന്റെ ശ്രുതിയോ അനുസരണക്കേടോ ഇല്ലാത്ത വിശ്വാസികളായ മക്കളുള്ളവനും ആയിരിക്കണം.7അദ്ധ്യക്ഷൻ ദൈവത്തിന്റെ ഗൃഹവിചാരകനാകയാൽ കുറ്റമില്ലാത്തവനായിരിക്കേണം; തന്നിഷ്ടക്കാരനും മുൻകോപിയും മദ്യപ്രിയനും കലഹക്കാരനും ദുർല്ലാഭമോഹിയും അരുത്.
8എന്നാൽ അതിഥിപ്രിയനും സൽഗുണപ്രിയനും സുബോധശീലനും നീതിമാനും നിർമ്മലനും ഇന്ദ്രിയജയമുള്ളവനും9ആരോഗ്യകരമായ ഉപദേശത്താൽ പ്രബോധിപ്പിക്കുവാനും വിരോധികൾക്കു ബോധം വരുത്തുവാനും ശക്തനാകേണ്ടതിന്, ഉപദേശപ്രകാരമുള്ള വിശ്വാസ്യവചനം മുറുകെപ്പിടിക്കുന്നവനും ആയിരിക്കണം.

10വൃഥാവാചാലന്മാരും, ജനങ്ങളെ വഞ്ചിക്കുന്നവരുമായ കീഴടങ്ങാത്ത പലരും ഉണ്ട്; വിശേഷാൽ പരിച്ഛേദനക്കാർ തന്നെ.11അവരുടെ വായ് അടയ്ക്കേണ്ടതാകുന്നു. അവർ ദുരാദായത്തിനു വേണ്ടി, ഉപദേശിക്കരുതാത്തത് ഉപദേശിച്ചുകൊണ്ട് കുടുംബങ്ങളെ മുഴുവനും മറിച്ചുകളയുന്നു.
12“ക്രേത്തർ സദാ നുണയന്മാരും, ദുഷ്ടജന്തുക്കളും മടിയന്മാരായ പെരുവയറന്മാരും അത്രേ” എന്ന് അവരിൽ ഒരുവൻ, അവരുടെ ഒരു പ്രവാചകൻ തന്നെ, പറഞ്ഞിരിക്കുന്നു.13ഈ സാക്ഷ്യം സത്യം തന്നെ; അതുകൊണ്ട് അവർ വിശ്വാസത്തിൽ ആരോഗ്യമുള്ളവരായിത്തീരേണ്ടതിനും
14യെഹൂദകെട്ടുകഥകളെയും സത്യം വിട്ടകലുന്ന മനുഷ്യരുടെ കല്പനകളെയും ശ്രദ്ധിക്കാതിരിക്കേണ്ടതിനും അവരെ കഠിനമായി ശാസിക്കുക.
15ശുദ്ധിയുള്ളവർക്കു് എല്ലാം ശുദ്ധം തന്നെ; എന്നാൽ മലിനന്മാർക്കും അവിശ്വാസികൾക്കും ഒന്നും ശുദ്ധമല്ല; അവരുടെ ഹൃദയവും മനസ്സാക്ഷിയും മലിനമായിത്തീർന്നിരിക്കുന്നു.16അവർ ദൈവത്തെ അറിയുവാൻ പ്രഖ്യാപിക്കുന്നുവെങ്കിലും പ്രവൃത്തികളാൽ അവനെ നിഷേധിക്കുന്നു. അവർ അറപ്പുളവാക്കുന്നവരും അനുസരണംകെട്ടവരും യാതൊരു നല്ലകാര്യത്തിനും കൊള്ളരുതാത്തവരുമാകുന്നു.

2
ആരോഗ്യകരമായ ഉപദേശം

1നീയോ ആരോഗ്യകരമായ ഉപദേശത്തിന് യോഗ്യമായത് പ്രസ്താവിക്കുക.2വൃദ്ധന്മാർ സമചിത്തരും ആദരണീയരും സുബോധം ഉള്ളവരും വിശ്വാസത്തിലും സ്നേഹത്തിലും സഹിഷ്ണുതയിലും ദൃഢതയുള്ളവരും ആയിരിക്കണം എന്നും

3വൃദ്ധമാരും അങ്ങനെ തന്നെ സ്വഭാവത്തിൽ മാന്യതയുള്ളവരും ഏഷണി പറയാത്തവരോ വീഞ്ഞിന് അടിമപ്പെടാത്തവരോ ആയിരിക്കണം എന്നും4ദൈവവചനം ദുഷിക്കപ്പെടാതിരിക്കേണ്ടതിന് യൗവനക്കാരത്തികളെ തങ്ങളുടെ ഭർത്താക്കന്മാരേയും കുട്ടികളെയും സ്നേഹിക്കുന്നവരായും5സുബോധവും പാതിവ്രത്യവുമുള്ളവരും വീട്ടുകാര്യം നോക്കുന്നവരും ദയയുള്ളവരും തങ്ങളുടെ സ്വന്ത ഭർത്താക്കന്മാർക്ക് കീഴ്പെടുന്നവരും ആയിരിക്കുവാൻ പരിശീലിപ്പിക്കേണ്ടതിന് നന്മ ഉപദേശിക്കുന്നവരായിരിക്കണം എന്നും പ്രബോധിപ്പിക്കുക.
6അപ്രകാരം യൗവനക്കാരെയും സുബോധമുള്ളവരായിരിക്കുവാൻ പ്രബോധിപ്പിക്കുക.7വിരോധി നമ്മെക്കൊണ്ട് ഒരു തിന്മയും പറയുവാൻ വകയില്ലാതെ ലജ്ജിക്കേണ്ടതിന് സകലത്തിലും നിന്നെത്തന്നെ സൽപ്രവൃത്തികൾക്ക് മാതൃകയാക്കി കാണിക്കുകയും,8നിന്റെ ഉപദേശത്തിൽ സത്യസന്ധതയും ഗൗരവവും വാക്കുകളിൽ ആക്ഷേപിക്കാൻ കഴിയാത്ത കൃത്യതയും വേണം.
9ദാസന്മാർ നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ഉപദേശത്തെ സകലത്തിലും അലങ്കരിക്കേണ്ടതിന് യജമാനന്മാർക്ക് കീഴടങ്ങി സകലവിധത്തിലും പ്രസാദം വരുത്തുന്നവരും10എതിർ പറയുകയോ വഞ്ചിച്ചെടുക്കുകയോ ചെയ്യാതെ, എന്നാൽ സകലത്തിലും നല്ല വിശ്വസ്തത കാണിക്കുന്നവരുമായിരിക്കണം.
11സകലമനുഷ്യർക്കും രക്ഷാകരമായ ദൈവകൃപ ഉദിച്ചുവല്ലോ;12ഭാഗ്യകരമായ പ്രത്യാശയ്ക്കായിട്ടും നമ്മുടെ മഹാദൈവവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതയ്ക്കായിട്ടും നാം കാത്തുകൊണ്ട്,13ഭക്തികേടും ലൗകികമോഹങ്ങളും വർജ്ജിക്കുവാനും, ഈ ലോകത്തിൽ സുബോധത്തോടും നീതിയോടും ദൈവഭക്തിയോടുംകൂടെ ജീവിക്കുവാനും അത് നമ്മെ ശിക്ഷിച്ചുവളർത്തുന്നു.
14അവൻ നമ്മെ സകല അധർമ്മത്തിൽനിന്നും വീണ്ടെടുക്കുവാനും സൽപ്രവൃത്തികളിൽ ശുഷ്കാന്തിയുള്ളൊരു സ്വന്തജനമായി തനിക്ക് ശുദ്ധീകരിക്കേണ്ടതിനും തന്നെത്താൻ നമുക്കുവേണ്ടി കൊടുത്തു.

15ഇത് പൂർണ്ണ അധികാരത്തോടെ പ്രസംഗിക്കുകയും പ്രബോധിപ്പിക്കുകയും ശാസിക്കുകയും ചെയ്ക. ആരും നിന്നെ തുച്ഛീകരിക്കരുത്.

3
സൽപ്രവൃത്തികൾ ചെയ്യുക

1ഭരണകർത്താക്കൾക്കും അധികാരികൾക്കും കീഴടങ്ങുവാനും അനുസരിക്കുവാനും സകലസൽപ്രവൃത്തിക്കും ഒരുങ്ങിയിരിക്കുവാനും2ആരെയും കുറിച്ച് ദൂഷണം പറയാതെയും കലഹിക്കാതെയും ശാന്തന്മാരായി സകലമനുഷ്യരോടും പൂർണ്ണസൗമ്യത കാണിക്കുവാനും അവരെ ഓർമ്മപ്പെടുത്തുക.

3മുമ്പെ നാമും ഭോഷന്മാരും അനുസരണമില്ലാത്തവരും വഞ്ചിക്കപ്പെട്ടവരും നാനാമോഹങ്ങൾക്കും ഭോഗങ്ങൾക്കും അധീനരും വിദ്വേഷത്തിലും അസൂയയിലും കാലം കഴിക്കുന്നവരും നിന്ദിതരും അന്യോന്യം വെറുക്കുന്നവരും ആയിരുന്നുവല്ലോ.
4എന്നാൽ നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ദയയും മനുഷ്യനോടുള്ള സ്നേഹവും ഉദിച്ചപ്പോൾ,5അവൻ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്റെ കാരുണ്യം കൊണ്ടും വീണ്ടും ജനനത്തിന്റെ ശുദ്ധീകരണം കൊണ്ടും പരിശുദ്ധാത്മാവിനാലുള്ള നവീകരണം കൊണ്ടുമത്രേ രക്ഷിച്ചത്.
6നാം അവന്റെ കൃപയാൽ നീതീകരിക്കപ്പെട്ടിട്ട് നിത്യജീവന്റെ പ്രത്യാശപ്രകാരം അവകാശികളായിത്തീരേണ്ടതിന്,7നമ്മുടെ രക്ഷിതാവായ യേശുക്രിസ്തു മുഖാന്തരം നമ്മുടെമേൽ അതേ പരിശുദ്ധാത്മാവിനെ ധാരാളമായി പകർന്നു.
8ഈ വചനം വിശ്വാസയോഗ്യം; ദൈവത്തിൽ വിശ്വസിച്ചവർ സൽപ്രവൃത്തികളിൽ ഉത്സാഹികളായിരിക്കുവാൻ കരുതേണ്ടതിന് നീ ഇത് ഉറപ്പിച്ചു പറയേണം എന്ന് ഞാൻ ഇച്ഛിക്കുന്നു. ഇത് ശുഭവും മനുഷ്യർക്കു് ഉപകാരവും ആകുന്നു.
9എന്നാൽ മൂഢതർക്കവും വംശാവലികളും കലഹവും ന്യായപ്രമാണത്തെക്കുറിച്ചുള്ള വാദവും ഒഴിഞ്ഞുനിൽക്കുക. ഇവ നിഷ്പ്രയോജനവും വ്യർത്ഥവുമല്ലോ.10നിങ്ങൾക്കിടയിൽ ഭിന്നത വരുത്തുന്ന മനുഷ്യനോട് ഒന്നുരണ്ട് വട്ടം മുന്നറിയിപ്പ് കൊടുത്തശേഷം അവനെ ഒഴിവാക്കുക;11ഇങ്ങനെയുള്ളവൻ വക്രത കാണിച്ചും പാപം ചെയ്തും തന്നെത്താൻ കുറ്റം വിധിച്ചിരിക്കുന്നു എന്ന് നിനക്ക് അറിയാമല്ലോ.

12ഞാൻ അർത്തെമാസിനെയോ തിഹിക്കൊസിനേയോ അങ്ങോട്ട് അയയ്ക്കുമ്പോൾ നിക്കൊപ്പൊലിസിൽ വന്ന് എന്നോട് ചേരുവാൻ ആവതും ശ്രമിക്കുക. എന്തെന്നാൽ അവിടെ ഞാൻ ശീതകാലം കഴിക്കുവാൻ നിശ്ചയിച്ചിരിയ്ക്കുന്നു.13ന്യായശാസ്ത്രിയായ സേനാസിനും അപ്പൊല്ലോസിനും ഒന്നിനും കുറവില്ലാതെയിരിക്കുവാൻ ഉത്സാഹിച്ച് യാത്ര അയയ്ക്കുക.
14നമുക്കുള്ളവരും ഫലമില്ലാത്തവർ ആകാതെ, അത്യാവശ്യസംഗതികളിൽ ഉപകരിക്കേണ്ടതിന് സൽപ്രവൃത്തികൾക്ക് ഉത്സാഹികളായിരിക്കുവാൻ പഠിക്കട്ടെ.
സ്നേഹവന്ദനം

15എന്നോടുകൂടെയുള്ളവർ എല്ലാവരും നിനക്ക് വന്ദനം ചൊല്ലുന്നു. ഞങ്ങളെ വിശ്വാസത്തിൽ സ്നേഹിക്കുന്നവർക്ക് വന്ദനം ചൊല്ലുക.

കൃപ നിങ്ങളോടെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.

ഫിലേമോൻ

1

1ക്രിസ്തുയേശുവിനുവേണ്ടി തടവുകാരനായ പൗലൊസും, സഹോദരനായ തിമൊഥെയൊസും, ഞങ്ങളുടെ പ്രിയനും കൂട്ടുവേലക്കാരനുമായ ഫിലേമോൻ എന്ന നിനക്കും2സഹോദരിയായ അപ്പിയയ്ക്കും ഞങ്ങളുടെ സഹഭടനായ അർക്കിപ്പൊസിനും നിന്റെ വീട്ടിലെ സഭയ്ക്കും എഴുതുന്നത്:3നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ.

ഫിലേമോന്റെ സ്നേഹവും വിശ്വാസവും

4കർത്താവായ യേശുവിനോടും സകലവിശുദ്ധന്മാരോടും നിനക്കുള്ള സ്നേഹത്തെയും വിശ്വാസത്തെയും കുറിച്ച് ഞാൻ കേട്ടിട്ട്,5ക്രിസ്തുയേശു നിമിത്തം നമ്മിലുള്ള എല്ലാ നന്മയുടെയും പരിജ്ഞാനത്താൽ നിന്റെ വിശ്വാസത്തിന്റെ കൂട്ടായ്മ സഫലമാകേണ്ടതിന്,6എന്റെ പ്രാർത്ഥനയിൽ നിന്നെ ഓർത്ത് എപ്പോഴും എന്റെ ദൈവത്തിന് സ്തോത്രം ചെയ്യുന്നു.7സഹോദരാ, വിശുദ്ധന്മാരുടെ ഹൃദയങ്ങൾക്ക് നീ ഉന്മേഷം പകർന്നതുകൊണ്ട് നിന്റെ സ്നേഹത്തിൽ എനിക്ക് വളരെ സന്തോഷവും ആശ്വാസവും ഉണ്ടായി.
ഒനേസിമൊസിനു വേണ്ടിയുള്ള അപേക്ഷ

8ആകയാൽ ഉചിതമായത് നിന്നോട് കല്പിക്കുവാൻ ക്രിസ്തുവിൽ എനിക്ക് വളരെ ധൈര്യം ഉണ്ടെങ്കിലും,9പൗലൊസ് എന്ന വയസ്സനും ഇപ്പോൾ ക്രിസ്തുയേശുവിനു വേണ്ടി തടവുകാരനുമായിരിക്കുന്ന ഈ ഞാൻ സ്നേഹം നിമിത്തം അപേക്ഷിക്കുകയത്രേ ചെയ്യുന്നത്.
10തടവിൽ ഇരിക്കുമ്പോൾ ഞാൻ ജനിപ്പിച്ച എന്റെ മകനായ ഒനേസിമൊസിനു വേണ്ടി ആകുന്നു നിന്നോട് അപേക്ഷിക്കുന്നത്.11അവൻ മുമ്പെ നിനക്ക് പ്രയോജനമില്ലാത്തവൻ ആയിരുന്നു; ഇപ്പോൾ നിനക്കും എനിക്കും പ്രയോജനമുള്ളവൻ തന്നെ.12എനിക്ക് പ്രാണപ്രിയനായ അവനെ ഞാൻ മടക്കി അയച്ചിരിക്കുന്നു.13സുവിശേഷം നിമിത്തമുള്ള തടവിൽ എന്നെ ശുശ്രൂഷിക്കേണ്ടതിന് അവനെ നിനക്ക് പകരം എന്റെ അടുക്കൽ തന്നെ നിർത്തിക്കൊൾവാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു.
14എങ്കിലും നിന്റെ നന്മ നിർബ്ബന്ധത്താൽ അല്ല, മനസ്സോടെ ആകേണ്ടതിന്, നിന്റെ സമ്മതം കൂടാതെ ഒന്നും ചെയ്യുവാൻ എനിക്ക് താല്പര്യമില്ലായിരുന്നു.15അവൻ അല്പകാലം വേർപിരിഞ്ഞിരുന്നത് അവനെ സദാകാലത്തേക്കും നിനക്ക് ലഭിക്കേണ്ടതിന് ആയിരിക്കാം;16അവൻ ഇനി ദാസനല്ല, ദാസനേക്കാൾ ഉപരി പ്രിയ സഹോദരൻ തന്നെ; അവൻ വിശേഷാൽ എനിക്ക് പ്രിയൻ എങ്കിൽ നിനക്ക് ജഡപ്രകാരവും കർത്താവിലും എത്ര അധികം?
17ആകയാൽ നീ എന്നെ കൂട്ടാളി എന്ന് കരുതുന്നു എങ്കിൽ അവനെ എന്നെപ്പോലെ സ്വീകരിക്കുക.18അവൻ നിന്നോട് വല്ലതും അന്യായം ചെയ്യുകയോ കടപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത് എന്റെ പേരിൽ കണക്കിട്ടുകൊൾക.19പൗലൊസ് എന്ന ഞാൻ സ്വന്തകയ്യാൽ എഴുതിയിരിക്കുന്നു; ഞാൻ തന്ന് തീർക്കാം. നീ നിന്നെത്തന്നെ എനിക്ക് തരുവാൻ കടംപെട്ടിരിക്കുന്നു എന്ന് ഞാൻ പറയേണ്ടതില്ലല്ലോ.20അതേ സഹോദരാ, നിന്നിൽനിന്ന് കർത്താവിൽ ഒരു ഉപകാരം എനിക്ക് ആവശ്യമായിരിക്കുന്നു; ക്രിസ്തുവിൽ എന്റെ ഹൃദയത്തിന് ഉന്മേഷം പകരുക.
21നിന്റെ അനുസരണത്തെപ്പറ്റി എനിക്ക് നിശ്ചയം ഉണ്ട്; ഞാൻ പറയുന്നതിലുമധികം നീ ചെയ്യും എന്നറിഞ്ഞിട്ടാകുന്നു ഞാൻ എഴുതുന്നത്.22അത്രയുമല്ല, നിങ്ങളുടെ പ്രാർത്ഥനയാൽ ഞാൻ നിങ്ങൾക്ക് നൽകപ്പെടുമെന്ന് പ്രത്യാശ ഉള്ളതുകൊണ്ട് എനിക്ക് താമസസൗകര്യം ഒരുക്കിക്കൊള്ളുക.

23ക്രിസ്തുയേശുവിനു വേണ്ടി എന്നോട് കൂടെ തടവിലാക്കപ്പെട്ട എപ്പഫ്രാസും24എന്റെ കൂട്ടുവേലക്കാരനായ മർക്കൊസും അരിസ്തർക്കൊസും ദേമാസും ലൂക്കോസും നിനക്ക് വന്ദനം ചൊല്ലുന്നു.

25നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളുടെ ആത്മാവോടുകൂടെ ഇരിക്കുമാറാകട്ടെ. ആമേൻ.

എബ്രായർ

1
ക്രിസ്തുവിലുള്ള ദൈവിക വെളിപാട്

1ആദികാലങ്ങളിൽ ദൈവം മുന്‍തലമുറകളിലുള്ള പിതാക്കന്മാരോട് പ്രവാചകന്മാർ മുഖാന്തരം വിവിധ വിധങ്ങളിലൂടെ സംസാരിച്ചിട്ടുണ്ട്.2ഈ കാലത്താകട്ടെ, ദൈവം തന്റെ പുത്രനിലൂടെ നമ്മോടു സംസാരിച്ചിരിക്കുന്നു. ആ പുത്രനെ ദൈവം സകലത്തിനും അവകാശിയാക്കി വെയ്ക്കുകയും, അവൻ മുഖാന്തരം ലോകത്തെ സൃഷ്ടിക്കുകയും ചെയ്തു.3തന്റെ പുത്രൻ, പിതാവായ ദൈവത്തിന്റെ തേജസ്സിന്റെ പ്രതിഫലനവും, ദൈവത്തിന്റെ സത്തയുടെ പ്രതിബിംബവും, സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ സംരക്ഷിക്കുന്നവനും ആകുന്നു. അവൻ മനുഷ്യരെ അവരുടെ പാപങ്ങളിൽ നിന്ന് ശുദ്ധീകരിച്ച ശേഷം ഉയരത്തിൽ ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുന്നു.

4പുത്രന്‍ ദൈവദൂതന്മാരേക്കാൾ അത്യുന്നതനായിരിക്കുന്നു, താൻ അവകാശമാക്കിയ നാമം ദൂതന്മാരുടെ നാമത്തേക്കാൾ എത്രയോ ശ്രേഷ്ഠമായിരിക്കുന്നു.5“നീ എന്റെ പുത്രൻ; ഞാൻ ഇന്ന് നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നും “ഞാൻ അവന് പിതാവും അവൻ എനിക്ക് പുത്രനും ആയിരിക്കും” എന്നും ദൂതന്മാരിൽ ആരെപ്പറ്റിയെങ്കിലും എപ്പോഴെങ്കിലും ദൈവം പറഞ്ഞിട്ടുണ്ടോ?
6കൂടാതെ, ആദ്യജാതനെ ഭൂമിയിലേക്ക് അയയ്ക്കുമ്പോൾ: “ദൈവത്തിന്റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം” എന്നും താൻ പറഞ്ഞിരിക്കുന്നു.7എന്നാൽ ദൂതന്മാരെക്കുറിച്ച് ദൈവം പറയുന്നത്: “അവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആയി സൃഷ്ടിച്ചു” എന്നത്രേ.
8പിതാവായ ദൈവം പുത്രനോടോ: “ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളത്; നിന്റെ ആധിപത്യത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോൽ,9നീ നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ വെറുക്കുകയും ചെയ്തിരിക്കയാൽ ദൈവമേ, നിന്റെ ദൈവം നിന്റെ കൂട്ടുകാരിൽ അധികമായി നിന്നെ ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തിരിക്കുന്നു” എന്നും
10“കർത്താവേ, നീ ആദികാലത്ത് ഭൂമിക്കു അടിസ്ഥാനം ഇട്ട്, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.11അവ നശിക്കും; നീയോ നിലനില്ക്കും; അവ എല്ലാം വസ്ത്രംപോലെ പഴകിപ്പോകും;12ഉടുപ്പുപോലെ നീ അവയെ ചുരുട്ടും; വസ്ത്രംപോലെ അവ മാറിപ്പോകും; നീയോ മാറ്റമില്ലാതെ നിലനിൽക്കുന്നവൻ; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല” എന്നും പറയുന്നു.
13“ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദങ്ങൾക്ക് പീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക” എന്നു ദൂതന്മാരിൽ ആരോടെങ്കിലും എപ്പോഴെങ്കിലും കല്പിച്ചിട്ടുണ്ടോ?14എന്നെ നമസ്കരിക്കുവാനും, രക്ഷ അവകാശമാക്കുവാനുള്ളവരുടെ സംരക്ഷണത്തിനായി അയയ്ക്കപ്പെടുന്ന സേവകാത്മാക്കളല്ലയോ, ദൂതന്മാർ?

2
ഇത്ര വലിയ രക്ഷ നാം അഗണ്യമാക്കുകയോ?

1അതുകൊണ്ട്, തീർച്ചയായും നാം തെറ്റിപ്പോകാതിരിക്കേണ്ടതിന് കേട്ട വചനം വളരെയധികം ശ്രദ്ധയോടെ കരുതിക്കൊള്ളേണ്ടതാകുന്നു.

2ദൂതന്മാർ മുഖാന്തരം നമ്മുടെ മുന്‍തലമുറയിലുള്ള പിതാക്കന്മാരോടു അരുളിച്ചെയ്ത വചനം സ്ഥിരമായിരിക്കുകയും ഓരോരോ ലംഘനത്തിനും അനുസരണക്കേടിനും ന്യായമായ ശിക്ഷ ലഭിക്കുകയും ചെയ്തു എങ്കിൽ,3ഇത്ര വലിയ രക്ഷ നാം അവഗണിച്ചാൽ എങ്ങനെ ശിക്ഷയിൽനിന്ന് ഒഴിഞ്ഞുമാറും? രക്ഷ എന്നതോ ആദ്യം കർത്താവ് അരുളിച്ചെയ്തതും കേട്ടവർ നമുക്കു ഉറപ്പിച്ചുതന്നതും,4ദൈവം അടയാളങ്ങളാലും അത്ഭുതങ്ങളാലും വിവിധ വീര്യപ്രവൃത്തികളാലും, മാത്രമല്ല തന്റെ ഹിതപ്രകാരം പരിശുദ്ധാത്മാവിന്റെ വിവിധ ദാനങ്ങൾ കൊണ്ടും സാക്ഷ്യപ്പെടുത്തിയതുമാണ്.
ക്രിസ്തു തന്റെ സഹോദരന്മാരോട് സകലത്തിലും അനുരൂപപ്പെട്ടവൻ

5നാം പ്രസ്താവിക്കുന്ന ആ വരുവാനുള്ള ലോകത്തെ ദൈവം ദൂതന്മാരുടെ ആധിപത്യത്തിൻ കീഴിൽ അല്ല ആക്കിയിരിക്കുന്നത്.6പകരം, ദാവീദ്1 തിരുവെഴുത്തിലെ സങ്കീര്‍ത്തനങ്ങളില്‍2 ഒരിക്കൽ സാക്ഷ്യപ്പെടുത്തിയത് പോലെ “മനുഷ്യനെ നീ ഓർക്കേണ്ടതിന് അവൻ എന്ത്? മനുഷ്യപുത്രനെ സംരക്ഷിക്കേണ്ടതിന് അവൻ എന്തുമാത്രം?
7നീ അവനെ ദൂതന്മാരേക്കാൾ അല്പം മാത്രം താഴ്ത്തി; തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു; നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതി ആക്കി,8സകലവും മനുഷ്യരാശിക്ക് അധീനമാക്കിയിരിക്കുന്നു”. സകലവും അവന് അധീനമാക്കിയതിനാൽ ഒന്നിനേയും അധീനമാക്കാതെ വിട്ടിട്ടില്ല എന്ന് സ്പഷ്ടം. എന്നാൽ ഇപ്പോൾ സകലവും അവന് അധീനമായതായി കാണുന്നില്ല.
9എങ്കിലും ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരേക്കാൾ അല്പം താഴ്ച വന്നവനായ യേശു കഷ്ടാനുഭവങ്ങളും മരണവും അനുഭവിച്ചതുകൊണ്ട് മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം അവനെ കാണുന്നു.10അനേകം പുത്രന്മാരെ തേജസ്സിലേക്ക് നയിക്കുവാൻ അവരുടെ രക്ഷയ്ക്ക് കാരണമായ യേശുവിനെ കഷ്ടാനുഭവങ്ങളാൽ സമ്പൂർണനാക്കുന്നത്, സകലത്തേയും സൃഷ്ടിച്ച് സംരക്ഷിക്കുന്ന ദൈവത്തെ സംബന്ധിച്ചിടത്തോളം ഉചിതമായിരുന്നു.
11വിശുദ്ധീകരിക്കുന്ന യേശുവിനേയും അവനാല്‍ വിശുദ്ധീകരിക്കപ്പെടുന്ന ഏവരുടെയും പിതാവ് ദൈവം തന്നെ. അത് ഹേതുവായി വിശുദ്ധീകരിക്കുന്നവനായ ക്രിസ്തു അവരെ സഹോദരന്മാർ എന്നു വിളിക്കുവാൻ ലജ്ജിക്കാതെ:12അവന്‍ ദൈവത്തോട്“ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോട് കീർത്തിക്കും; സഭാമദ്ധ്യേ ഞാൻ നിന്നെ സ്തുതിക്കും”3
13എന്നും “ഞാൻ അവനിൽ ആശ്രയിക്കും” എന്നും “ഇതാ, ഞാനും ദൈവം എനിക്ക് തന്ന മക്കളും4 ” എന്നും പറയുന്നു.14അതുകൊണ്ട് മാംസരക്തങ്ങളോട് കൂടിയ മക്കളെപ്പോലെ, ക്രിസ്തുവും മാംസരക്തങ്ങളോട് കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ15തന്റെ മരണത്താൽ നിർവീര്യനാക്കി, ജീവകാലത്തുടനീളം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.
16എങ്കിലും തീർച്ചയായും ദൂതന്മാരെ സഹായിക്കുവാനല്ല അബ്രഹാമിന്റെ സന്തതികളെ സഹായിക്കുവാനത്രേ ക്രിസ്തു വന്നത്.17അതുകൊണ്ട് ജനത്തിന്റെ പാപങ്ങൾക്ക് പ്രായശ്ചിത്തം വരുത്തുവാൻ അവൻ കരുണയുള്ളവനും ദൈവകാര്യത്തിൽ വിശ്വസ്തമഹാപുരോഹിതനും ആകേണ്ടതിന് സകലത്തിലും തന്റെ സഹോദരന്മാരോട് അനുരൂപപ്പെടേണ്ടത് ആവശ്യമായിരുന്നു.18എന്തെന്നാൽ യേശുവും പരീക്ഷിക്കപ്പെടുകയും പീഢനങ്ങൾ സഹിക്കുകയും ചെയ്തതിനാൽ പരീക്ഷിക്കപ്പെടുന്നവരെ സഹായിക്കുവാൻ കഴിവുള്ളവൻ ആകുന്നു.


1 2. 6 സങ്കീർത്തനം 8: 4.
2 2:6
3 2:12 സങ്കീര്‍ത്തനം 22:22
4 2:13 യെശയ്യാവ് 8:18

3
യേശുക്രിസ്തു മോശെയേക്കാൾ അധിക മഹത്വത്തിന് യോഗ്യൻ

1അതുകൊണ്ട് സ്വർഗ്ഗീയവിളിയിൽ പങ്കാളികളായ വിശുദ്ധ സഹോദരന്മാരേ, നാം സ്വീകരിച്ച് ഏറ്റുപറയുന്ന വിശ്വാസത്തിന്റെ അപ്പൊസ്തലനും, മഹാപുരോഹിതനുമായ യേശുവിനെ ശ്രദ്ധിച്ചുനോക്കുവിൻ.2മോശെ ദൈവഭവനത്തിൽ1 ഒക്കെയും വിശ്വസ്തനായിരുന്നതുപോലെ യേശുവും തന്നെ നിയമിച്ചാക്കിയ ദൈവത്തിന് മുമ്പാകെ വിശ്വസ്തൻ ആകുന്നു.3ഭവനത്തെക്കാളും ഭവനം നിർമ്മിച്ചവന് അധിക മഹത്വമുള്ളതുപോലെ യേശുവും മോശയേക്കാൾ അധികം മഹത്വത്തിന് യോഗ്യൻ എന്ന് വെളിപ്പെട്ടിരിക്കുന്നു.4ഏത് ഭവനവും നിർമ്മിപ്പാൻ ഒരാൾ വേണം; സർവ്വവും നിർമ്മിച്ചവൻ ദൈവം തന്നേ.

5മോശെ വാസ്തവമായും ദൈവ ഭവനത്തിൽ ഒക്കെയും വിശ്വസ്ത ശുശ്രൂഷക്കാരനായിരുന്നത്, ദൈവം ഭാവിയിൽ അരുളിച്ചെയ്യുവാനിരുന്ന കാര്യങ്ങൾക്ക് സാക്ഷ്യം പറയേണ്ടതിനത്രേ.6എന്നാൽ ക്രിസ്തുവോ തന്റെ ഭവനത്തിന് അധികാരം ഭരമേല്പിക്കപ്പെട്ട പുത്രനായിട്ട് തന്നേ വന്നു; നമുക്ക് അവനിലുള്ള ദൃഢവിശ്വാസവും, നാം പ്രത്യാശിക്കുന്നതിലുള്ള അഭിമാനവും അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാൽ നാം തന്നേ അവന്റെ ഭവനം ആകുന്നു.
അവിശ്വാസം നിമിത്തം

7അതുകൊണ്ട് പരിശുദ്ധാത്മാവ് അരുളിച്ചെയ്യുന്നതുപോലെ:
“ഇന്ന് നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നുവെങ്കിൽ
8മരുഭൂമിയിൽവച്ച് പരീക്ഷാസമയങ്ങളിലെ മത്സരത്തിൽ, നിങ്ങളുടെ പൂർവികരായ യിസ്രായേൽ മക്കൾ ചെയ്തതുപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്.
9അവിടെവച്ച് നിങ്ങളുടെമുന്‍ തലമുറകളിലുള്ള പിതാക്കന്മാർ ദൈവത്തോട് മത്സരിക്കുകയും നാല്പതു ആണ്ട് എന്റെ പ്രവർത്തികളെ കണ്ടിട്ടും എന്നെ പരീക്ഷിക്കുകയും ചെയ്തു.10അതുകൊണ്ട് എനിക്ക് ആ തലമുറയോട് നീരസം ഉണ്ടായി. അവർ എപ്പോഴും തെറ്റിപ്പോകുന്ന ഹൃദയമുള്ളവർ എന്നും എന്റെ വഴികളെ അറിയാത്തവർ എന്നും ഞാൻ പറഞ്ഞു:11അവർക്ക് ഞാൻ നൽകാനിരുന്ന സ്വസ്ഥതയുള്ള ദേശത്ത് അവർ പ്രവേശിക്കയില്ല എന്നു ഞാൻ എന്റെ കോപത്തിൽ സത്യം ചെയ്തു.”
12സഹോദരന്മാരേ, ജീവനുള്ള ദൈവത്തെ ത്യജിച്ചുകളയുന്ന അവിശ്വാസമുള്ള ദുഷ്ടഹൃദയം നിങ്ങളിൽ ആർക്കും ഉണ്ടാകാതിരിക്കുവാൻ ജാഗ്രതയുള്ളവരായിരിക്കുക.13പ്രത്യുത, നിങ്ങളിൽ ആരും പാപത്തിന്റെ ചതിയാൽ വഞ്ചിക്കപ്പെടാതിരിക്കേണ്ടതിന് “ഇന്ന്” എന്നു പറയുന്ന ദിവസങ്ങൾ ഉള്ളിടത്തോളം കാലം ഓരോ ദിവസവും അന്യോന്യം പ്രബോധിപ്പിച്ചുകൊൾവിൻ.
14നമ്മുടെ വിശ്വാസം, ആദി മുതൽ അന്ത്യം വരെ ദൃഢമായിപ്പിടിച്ചുകൊണ്ടിരുന്നാൽ നാം ക്രിസ്തുവിൽ പങ്കാളികളായിത്തീർന്നിരിക്കുന്നു.
15“ഇന്ന് നിങ്ങൾ അവന്റെ ശബ്ദം ശ്രദ്ധിക്കുന്നുവെങ്കിൽ, ദൈവത്തോടുള്ള മത്സരത്തിൽ ഹൃദയങ്ങളെ യിസ്രയേല്യർ കഠിനമാക്കിയതുപോലെ നിങ്ങളുടെ ഹൃദയങ്ങളെ കഠിനമാക്കരുത്”
എന്നു തിരുവെഴുത്ത് പറയുന്നതിൽ
16ആരാകുന്നു ദൈവശബ്ദം കേട്ടിട്ട് മത്സരിച്ചവർ? മിസ്രയീമിൽനിന്ന് മോശെ മുഖാന്തരം വിമോചിതരായ എല്ലാവരുമല്ലോ.17നാല്പതു ആണ്ട് ദൈവം ആരോട് കോപിച്ചു? പാപം ചെയ്തവരോടല്ലയോ? അവരുടെ ശവങ്ങൾ മരുഭൂമിയിൽ വീണുപോയി.18എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ല എന്നു ആണയിട്ടത് അനുസരണംകെട്ടവരോടല്ലാതെ പിന്നെ ആരോടാകുന്നു?19ഇങ്ങനെ അവരുടെ അവിശ്വാസം നിമിത്തം അവർക്ക്എന്‍റെ സ്വസ്ഥതയില്‍ പ്രവേശിക്കുവാൻ കഴിഞ്ഞില്ല എന്നു നാം കാണുന്നു.


1 3:2 ദൈവഭവനം-ദൈവജനമായ യിസ്രായേല്‍മക്കളെ മിസ്രയീമില്‍ നിന്നും നയിക്കുന്ന ദൌത്യം

4
ദൈവജനത്തിന് ശേഷിച്ചിരിക്കുന്ന വിശ്രമം

1അതുകൊണ്ട്, ദൈവത്തിന്റെ വിശ്രമത്തിൽ പ്രവേശിക്കുവാനുള്ള വാഗ്ദത്തം ശേഷിച്ചിരിക്കയാൽ നിങ്ങളിൽ ആർക്കെങ്കിലും അത് ലഭിക്കാതെപോയി എന്നു വരാതിരിപ്പാൻ നാം ജാഗ്രതയുള്ളവരായിരിക്കുക.2അവരെപ്പോലെ നാമും ദൈവിക വിശ്രമത്തെക്കുറിച്ചുള്ള ഈ സദ് വാർത്ത കേട്ടവർ ആകുന്നു; എങ്കിലും കേട്ടവർ വിശ്വാസത്തോടെ അംഗീകരിക്കായ്കകൊണ്ട് കേട്ട സന്ദേശം അവർക്ക് ഉപകാരമായി തീർന്നില്ല.

3വിശ്വസിച്ചവരായ നാമല്ലോ വിശ്രമത്തിൽ പ്രവേശിക്കുന്നത്; ലോകസ്ഥാപനത്തിങ്കൽ സൃഷ്ടികർമ്മങ്ങൾ പൂർത്തിയായ ശേഷവും: “അവർ എന്റെ വിശ്രമത്തിൽ പ്രവേശിക്കയില്ല എന്നു ഞാൻ എന്റെ കോപത്തിൽ സത്യം ചെയ്തു” എന്നു അരുളിച്ചെയ്തിരിക്കുന്നുവല്ലോ.4“ഏഴാം നാളിൽ ദൈവം തന്റെ സകല പ്രവൃത്തികളും പൂർത്തിയാക്കി വിശ്രമിച്ചു” എന്നു ഏഴാം നാളിനെക്കുറിച്ച് വേദഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്നു.5“എന്റെ വിശ്രമത്തിൽ അവർ പ്രവേശിക്കയില്ല” എന്നു ഇവിടെ വീണ്ടും അരുളിച്ചെയ്യുന്നു.
6അതുകൊണ്ട് ചിലർ അതിൽ പ്രവേശിക്കുവാൻ അവസരം ശേഷിച്ചിരിക്കയാലും മുമ്പ് സദ് വാർത്ത കേട്ടവർ അനുസരണക്കേടുനിമിത്തം പ്രവേശിക്കാതെ പോകയാലും,7മുമ്പ് ഉദ്ധരിച്ചതു പോലെ വളരെ കാലത്തിന് ശേഷം ദൈവം ദാവീദിലൂടെ, “ഇന്ന്” എന്നൊരു ദിവസം പിന്നെയും നിശ്ചയിച്ചിരിയ്ക്കുന്നു എന്നു വെളിപ്പെടുത്തുന്നു; “ഇന്ന് അവന്റെ ശബ്ദം കേൾക്കുന്നു എങ്കിൽ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്” എന്ന് ദാവീദിലൂടെ അരുളിച്ചെയ്യുന്നു.
8യോശുവ അവരെ സ്വസ്ഥതയുള്ള ദേശത്ത് പ്രവേശിപ്പിച്ചിരുന്നു എങ്കിൽ ദൈവം മറ്റൊരു ദിവസത്തെക്കുറിച്ച് വീണ്ടും പറയുകയില്ലായിരുന്നു.9ആകയാൽ ദൈവ ജനത്തിന് ഒരു ശബ്ബത്തനുഭവം ലഭിക്കുവാനിരിക്കുന്നു.10ദൈവം തന്റെ പ്രവൃത്തികളിൽനിന്നു വിമുക്തനായതു പോലെ അവന്റെ വിശ്രമത്തിൽ പ്രവേശിച്ച ഏതൊരുവനും തന്റെ പ്രവൃത്തികളിൽനിന്നു വിമുക്തനായിത്തീർന്ന് വിശ്രമിക്കുന്നു.11അതുകൊണ്ട് നാം ആരും യിസ്രായേൽ ജനത ചെയ്തതുപോലുള്ള അനുസരണക്കേടിന്റെ അതേ അവസ്ഥയിൽ വീഴാതിരിക്കേണ്ടതിന് ആ ദൈവിക വിശ്രമത്തിൽ പ്രവേശിക്കുവാൻ ഉത്സാഹമുള്ളവരായിരിക്ക.
12ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏത് വാളിനേക്കാളും മൂർച്ചയേറിയതും ദേഹിയെ ആത്മാവിൽനിന്നും, സന്ധികളെ മജ്ജകളിൽനിന്നും വേർപിരിക്കുംവരെ തുളച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തകളെയും ഉദ്ദേശങ്ങളെയും വിവേചിച്ചറിയുന്നതും ആകുന്നു.13അവന്റെ ദൃഷ്ടിയ്ക്ക് മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്റെ കണ്ണിന് വ്യക്തവും, മറവില്ലാത്തതുമായി കിടക്കുന്നു; അങ്ങനെയുള്ള ദൈവത്തിന്റെ മുമ്പിലാണു നാം കണക്ക് ബോദ്ധ്യപ്പെടുത്തേണ്ടത്.

14ആകയാൽ സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്ത ദൈവപുത്രനായ യേശു ശ്രേഷ്ഠമഹാപുരോഹിതനായി നമുക്കു ഉള്ളതുകൊണ്ട് നാം നമ്മുടെ വിശ്വാസം മുറുകെപ്പിടിച്ചുകൊൾക.15നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിക്കുവാൻ കഴിയാത്തവനല്ല; പകരം സർവ്വത്തിലും നമുക്കു തുല്യനായി പ്രലോഭിക്കപ്പെട്ടിട്ടും പാപം ഇല്ലാത്തവനായിരുന്നു.16അതുകൊണ്ട് കരുണ ലഭിപ്പാനും തത്സമയത്ത് സഹായത്തിനുള്ള കൃപ പ്രാപിക്കുവാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന് അടുത്തു ചെല്ലുക.

5
മൽക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും മഹാപുരോഹിതൻ

1മനുഷ്യരുടെ ഇടയിൽനിന്ന് എടുക്കുന്ന ഏത് മഹാപുരോഹിതനും മനുഷ്യർക്കുവേണ്ടി പാപപരിഹാര വഴിപാടും യാഗവും അർപ്പിക്കുവാൻ ദൈവകാര്യത്തിൽ നിയമിക്കപ്പെടുന്നു.2താനും ബലഹീനതയുള്ളവനാകയാൽ അറിവില്ലാത്തവരോടും വഴി തെറ്റിപ്പോകുന്നവരോടും സഹതാപം കാണിക്കുവാൻ കഴിയുന്നവനും3ബലഹീനതനിമിത്തം ജനത്തിന് വേണ്ടി എന്നപോലെ തനിക്കു വേണ്ടിയും പാപയാഗം അർപ്പിക്കേണ്ടിയവനും ആകുന്നു.

4എന്നാൽ അഹരോനെപ്പോലെ ദൈവം വിളിക്കുന്നവനല്ലാതെ ആരും മഹാപുരോഹിതന്‍റെ സ്ഥാനം സ്വതവേ എടുക്കുന്നില്ല.5അതുപോലെ ക്രിസ്തുവും മഹാപുരോഹിതൻ ആകുവാനുള്ള പദവി സ്വതവേ എടുത്തിട്ടില്ല; “നീ എന്റെ പുത്രൻ; ഇന്ന് ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നു അവനോട് അരുളിച്ചെയ്ത ദൈവം അവന് കൊടുത്തതത്രേ.
6അങ്ങനെ തിരുവെഴുത്തില്‍ മറ്റൊരിടത്ത്: “നീ മൽക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും ഒരു പുരോഹിതൻ” എന്നു പറയുന്നു.
7ക്രിസ്തു ഈ ലോകത്തിൽ ജീവിച്ചിരുന്ന കാലത്ത് തന്നെ മരണത്തിൽനിന്നു രക്ഷിക്കാൻ കഴിയുന്ന ദൈവത്തോട് ഉച്ചത്തിലുള്ള നിലവിളിയോടും കണ്ണുനീരോടുംകൂടെ പ്രാർത്ഥനയും, അഭയയാചനയും നടത്തുകയും, ദൈവത്തോടുള്ള ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കുകയും ചെയ്തു.8താൻ ദൈവപുത്രൻ ആണെങ്കിലും , കഷ്ടാനുഭവങ്ങളിലൂടെ അനുസരണം പഠിച്ച് പരിപൂർണ്ണനായി,
9തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ കാരണവുമായിത്തീർന്നു.10മൽക്കീസേദെക്കിനെ പോലെയുള്ള മഹാപുരോഹിതൻ എന്ന് ദൈവത്താൽ നാമകരണം ചെയ്യപ്പെട്ടും ഇരിക്കുന്നു.
ദൈവവചനമെന്ന കട്ടിയായുള്ള ആഹാരം

11ഈ യേശുവിനെക്കുറിച്ചു ഞങ്ങൾക്കു വളരെ പറവാനുണ്ട്; എങ്കിലും നിങ്ങൾ കേൾക്കുവാൻ ഉത്സാഹമില്ലാത്തവരാകയാൽ വിവരിച്ച് തരുവാൻ പ്രയാസം.
12കാലയളവ് കണക്കാക്കി നോക്കിയാൽ ഇപ്പോൾ ഉപദേഷ്ടാക്കന്മാർ ആയിരിക്കേണ്ടവരാണ് നിങ്ങൾ, എങ്കിലും ദൈവത്തിന്റെ അരുളപ്പാടുകളുടെ ആദ്യപാഠങ്ങളെ തന്നേ നിങ്ങൾക്ക് വീണ്ടും ഉപദേശിച്ചു തരേണ്ടിവന്നിരിക്കുന്നു; കട്ടിയായുള്ള ആഹാരമല്ല, പാലത്രേ നിങ്ങൾക്ക് ആവശ്യമെന്ന് വന്നിരിക്കുന്നു.13പാൽ മാത്രം കുടിക്കുന്നവൻ ശിശുവിനെപ്പോലെ നീതിയുടെ വചനത്തിൽ അനുഭവപരിചയമില്ലാത്തവനത്രേ.14നേരേ മറിച്ച് കട്ടിയായുള്ള ആഹാരം മുതിർന്നവർക്കുള്ളതാണ്; ശരിയെ തെറ്റിൽ നിന്ന് വിവേചിച്ചറിയുവാനും നന്മതിന്മകളെ തിരിച്ചറിയുവാനുമായി അനുഭവങ്ങളാൽ അഭ്യസനം തികഞ്ഞ പക്വത പ്രാപിച്ചവർക്കേ അത് പറ്റുകയുള്ളൂ.

6
പൂർണ്ണവളർച്ച പ്രാപിക്കുവാനുള്ള മുന്നറിയിപ്പ്

1അതുകൊണ്ട് ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യപാഠങ്ങളെ വിട്ട് പൂർണ്ണവളർച്ച പ്രാപിക്കുവാൻ തുടർച്ചയായി നിർബ്ബന്ധപൂർവം ശ്രമിക്കുക. നിർജ്ജീവ പ്രവൃത്തികളെക്കുറിച്ചുള്ള മാനസാന്തരം, ദൈവത്തിലുള്ള വിശ്വാസം,2സ്നാനങ്ങളെക്കുറിച്ചുള്ള അടിസ്ഥാന ഉപദേശം, കൈവെപ്പ്, മരിച്ചവരുടെ പുനരുത്ഥാനം, നിത്യശിക്ഷാവിധി എന്നിങ്ങനെയുള്ള അടിസ്ഥാനം നാം പിന്നെയും ഇടേണ്ടതില്ല.3ദൈവം അനുവദിക്കുന്ന പക്ഷം നാം പൂർണ്ണ പരിജ്ഞാനം നേടും.

4എന്നാൽ ഒരിക്കൽ ദൈവത്തിന്റെ പ്രകാശനം ലഭിക്കുകയും സ്വർഗ്ഗീയദാനം ആസ്വദിക്കുകയും പരിശുദ്ധാത്മാവിൽ പങ്കാളികളാകയും5ദൈവത്തിന്റെ നല്ല വചനവും വരുവാനുള്ള ലോകത്തിന്റെ ശക്തിയും ആസ്വദിക്കുകയും ചെയ്തവർ6വീണുപോയെങ്കിൽ അവരെ യഥാസ്ഥാനപ്പെടുത്തുന്നത് അസാധ്യമാണ്. അവർ സ്വയം ദൈവപുത്രനെ വീണ്ടും ക്രൂശിക്കുന്നവരും അവന് ലോകാപവാദം വരുത്തുന്നവരും ആകകൊണ്ട് അവരെ പിന്നെയും മാനസാന്തരത്തിലേക്കു പുതുക്കുന്നത് അസാധ്യമാണ്.
7പലപ്പോഴായി പെയ്ത മഴവെള്ളം സ്വീകരിച്ചിട്ട്, കൃഷി ചെയ്യുന്നവർക്ക് ഫലപ്രദമായ സസ്യാദികളെ വിളയിക്കുകയാണെങ്കിൽ ഭൂമി ദൈവത്തിൽ നിന്ന് അനുഗ്രഹം പ്രാപിക്കുന്നു.8മുള്ളും ഞെരിഞ്ഞിലും മുളപ്പിച്ചാലോ അത് നിഷ്പ്രയോജനവും ശാപഗ്രസ്തവുമാകുന്നു; ചുട്ടുകളക അത്രേ അതിന്റെ അവസാനം.

9എന്നാൽ ഞങ്ങൾ ഇങ്ങനെ സംസാരിക്കുന്നു എങ്കിലും പ്രിയമുള്ളവരേ, ഉത്തമവും രക്ഷയുടെ ശ്രേഷ്ഠവുമായ അനുഭവങ്ങൾ നിങ്ങളിലുണ്ടെന്ന് വളരെ ഉറപ്പും ഞങ്ങൾക്കുണ്ട്.10നിങ്ങളുടെ പ്രവൃത്തികളും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും ദൈവ നാമത്തോട് കാണിച്ച സ്നേഹവും മറന്നുകളയുവാൻ തക്കവണ്ണം അവൻ അനീതിയുള്ളവനല്ല.
11എന്നാൽ നിങ്ങൾ ഓരോരുത്തരും പ്രത്യാശയുടെ പൂർണ്ണനിശ്ചയം പ്രാപിക്കുവാൻ അവസാനത്തോളം ഒരുപോലെ ഉത്സാഹം കാണിക്കണമെന്ന് ഞങ്ങൾ അതിയായി ആഗ്രഹിക്കുന്നു.12അങ്ങനെ നിങ്ങൾ ഉത്സാഹം കെട്ടവരാകാതെ, വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്ദത്തങ്ങളെ അവകാശമാക്കുന്നവരുടെ അനുകാരികളായിത്തീരുവിൻ.
ദൈവിക വാഗ്ദത്തത്തിന്മേലുള്ള ഉറപ്പ്

13ദൈവം അബ്രഹാമിനോട് വാഗ്ദത്തം ചെയ്യുമ്പോൾ തന്നെക്കാൾ വലിയവനെക്കൊണ്ട് സത്യം ചെയ്‌വാൻ ഇല്ലാതിരുന്നിട്ട് തന്റെ നാമത്തിൽ തന്നേ സത്യം ചെയ്തു:14“ഞാൻ നിന്നെ അനുഗ്രഹിക്കയും നിന്നെ വർദ്ധിപ്പിക്കുകയും ചെയ്യും” എന്നു അരുളിച്ചെയ്തു.15അങ്ങനെ അബ്രഹാം ക്ഷമയോടെ ദീർഘകാലം കാത്തിരുന്ന് വാഗ്ദത്തവിഷയം1 നേടുകയും ചെയ്തു.
16തങ്ങളേക്കാൾ വലിയവനെക്കൊണ്ടല്ലോ മനുഷ്യർ സത്യം ചെയ്യുന്നത്; അങ്ങനെ ഇടുന്ന ആണ അവർക്ക് ഉറപ്പും തർക്കമില്ലാത്തതുമാകുന്നു.17അതുകൊണ്ട് ദൈവം വാഗ്ദത്തത്തിന്റെ അവകാശികൾക്ക് തന്റെ ഉദ്ദേശം മാറാത്തത് എന്ന് അധികം സ്പഷ്ടമായി കാണിക്കുവാൻ തീരുമാനിച്ചിട്ട് ഒരു ആണയാലും ഉറപ്പുകൊടുത്തു.18ദൈവം ഉറപ്പുകൊടുത്ത രണ്ടു കാര്യങ്ങളായ “ഞാൻ നിന്നെ അനുഗ്രഹിക്കയും നിന്നെ വർദ്ധിപ്പിക്കുകയും ചെയ്യും” എന്ന വാഗ്ദത്തത്തിൽ ഉറച്ചുനിൽക്കുകയും ദൈവത്തിൽ ശരണത്തിനായി ഓടിവന്ന നാം മാറിപ്പോകാത്തതും ദൈവത്തിന്റെ വാക്ക് വ്യാജമല്ല എന്ന് തെളിയിക്കപ്പെട്ടതും ശക്തിയുള്ളതുമായ ഈ പ്രബോധനം പ്രാപിക്കുവാൻ ഇടവരുന്നു.
19ആ പ്രത്യാശ നമുക്കു ആത്മാവിന്റെ ഒരു നങ്കൂരം തന്നേ; അത് നിശ്ചിതവും സുസ്ഥിരവും തിരശ്ശീലക്കപ്പുറത്തുള്ള അതിവിശുദ്ധ സ്ഥലത്തേയ്ക്ക് കടക്കുന്നതുമാകുന്നു.20അവിടേക്ക് യേശു മൽക്കീസേദെക്കിനെ പോലെ എന്നേക്കും മഹാപുരോഹിതനായി മുമ്പുകൂട്ടി നമുക്കുവേണ്ടി പ്രവേശിച്ചിരിക്കുന്നു.


1 6:15 വാഗ്ദത്ത വിഷയം-ദൈവത്തിന്‍റെ വാഗ്ദത്തപ്രകാരം അബ്രഹാമിന് തന്‍റെ പുത്രന്‍ യിസ്ഹാക്കിനെ ലഭിച്ചു

7
മൽക്കീസേദെക്കിന്റെ മഹത്വം

1ശാലേം രാജാവും അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനുമായ ഈ മൽക്കീസേദെക്ക്, രാജാക്കന്മാരെ നിഗ്രഹിച്ച് മടങ്ങിവരുന്ന അബ്രഹാമിനെ എതിരേറ്റു ചെന്ന് അനുഗ്രഹിച്ചു.2അബ്രഹാം മൽക്കീസേദെക്കിന് താൻ പിടിച്ചടക്കിയ സകലത്തിൽ നിന്നും പത്തിലൊന്ന് വീതം കൊടുത്തു. മൽക്കീസേദെക്ക് എന്ന പേരിന് നീതിയുടെ രാജാവെന്നും, ശലേംരാജാവ് എന്നതിന് സമാധാനത്തിന്റെ രാജാവ് എന്നും അർത്ഥം ഉണ്ട്.3അവന് പിതാവില്ല, മാതാവില്ല, വംശാവലിയില്ല, ജീവാരംഭവും ജീവാവസാനവും ഇല്ല; അവൻ ദൈവപുത്രന് തുല്യനായി എന്നേക്കും പുരോഹിതനായിരിക്കുന്നു.

4ഇവൻ എത്ര മഹാൻ എന്നു ശ്രദ്ധിക്കുവിൻ; നമ്മുടെ പൂർവ്വപിതാവായ അബ്രഹാംകൂടെയും യുദ്ധത്തിൽ പിടിച്ചെടുത്ത വിശേഷസാധനങ്ങളിൽ നിന്നും പത്തിലൊന്ന് അവന് കൊടുത്തുവല്ലോ.5ലേവിപുത്രന്മാരിൽ പൗരോഹിത്യം ലഭിക്കുന്നവർക്കു ന്യായപ്രമാണപ്രകാരം ജനത്തോടു ദശാംശം വാങ്ങുവാൻ കല്പന ഉണ്ട്; അത് അബ്രഹാമിന്റെ സന്തതികളായി തീർന്ന യിസ്രായേല്യരോടാകുന്നു വാങ്ങുന്നതു.6എന്നാൽ മൽക്കീസേദെക്ക് ലേവിയുടെ വംശാവലിയിൽ ഉൾപ്പെടാത്തവൻ ആണെങ്കിലും അബ്രഹാമിനോട് ദശാംശം വാങ്ങിയും ദൈവത്തിൽനിന്ന് വാഗ്ദത്തങ്ങൾ പ്രാപിച്ചവനെ അനുഗ്രഹിച്ചുമിരിക്കുന്നു.
7ഉയർന്നവൻ താണവനെ അനുഗ്രഹിക്കുന്നു എന്നതിന് തർക്കം ഏതുമില്ലല്ലോ.8ഇവിടെ മരിക്കുന്ന പുരോഹിതർ ദശാംശം വാങ്ങുന്നു; എന്നാൽ അവിടെയോ അങ്ങനെയല്ല എന്നേക്കും ജീവിച്ചിരിക്കുന്നു എന്ന സാക്ഷ്യം പ്രാപിച്ചവൻ തന്നേ ദശാംശം വാങ്ങുന്നു.9ദശാംശം വാങ്ങുന്ന ലേവിയും അബ്രഹാം മുഖാന്തരം ദശാംശം കൊടുത്തിരിക്കുന്നു എന്നു ഒരു വിധത്തിൽ പറയാം.10അവന്റെ പിതാവിനെ മൽക്കീസേദെക്ക് എതിരേറ്റപ്പോൾ ലേവി അവന്റെ ശരീരത്തിൽ അടങ്ങിയിരുന്നുവല്ലോ.
യേശു മൽക്കീസേദെക്കിനേക്കാൾ ശ്രേഷ്ഠൻ

11ലേവി പൗരോഹിത്യത്താൽ ജനത്തിന് ന്യായപ്രമാണം ലഭിച്ച് സമ്പൂർണ്ണത വന്നെങ്കിൽ, അഹരോന്റെ ക്രമപ്രകാരം എന്നു പറയാതെ മൽക്കീസേദെക്കിന്റെ ക്രമപ്രകാരം വേറൊരു പുരോഹിതൻ വരുവാനുള്ള ആവശ്യം എന്തായിരുന്നു?12പൗരോഹിത്യം മാറിപ്പോകുന്നതാണെങ്കിൽ ന്യായപ്രമാണത്തിനും കൂടെ മാറ്റം വരേണ്ടത് ആവശ്യമായിരിക്കുന്നു.
13എന്നാൽ ഇതു ആരെക്കുറിച്ച് പറഞ്ഞിരിക്കുന്നുവോ അവൻ വേറൊരു ഗോത്രത്തിലുള്ളവൻ; ആ ഗോത്രത്തിൽ ആരും യാഗപീഠത്തിങ്കൽ പുരോഹിത ശുശ്രൂഷ ചെയ്തിട്ടില്ല.14യെഹൂദഗോത്രത്തിൽ നിന്ന് നമ്മുടെ കർത്താവ് ഉദയം ചെയ്തു എന്നു സ്പഷ്ടമല്ലോ; ആ ഗോത്രത്തെപ്പറ്റി മോശെ പൗരോഹിത്യം സംബന്ധിച്ച് ഒന്നും കല്പിച്ചിട്ടില്ല.
15ഈ പുതിയ പുരോഹിതൻ ന്യായപ്രമാണപ്രകാരം എഴുതിയിരിക്കുന്ന മാനുഷിക വംശപരമ്പരയിലല്ല, അഴിഞ്ഞുപോകാത്ത ജീവന്റെ ശക്തിയാൽ ഉളവായ16മൽക്കീസേദെക്കിന് സദൃശനായി മറ്റൊരു പുരോഹിതൻ എന്ന് പറഞ്ഞിരിക്കുന്നതിനാൽ ഇത് ഏറ്റവുമധികം വ്യക്തമാകുന്നു.17തിരുവചനം അവനെപ്പറ്റി സാക്ഷ്യം പറയുന്നത്: “നീ മൽക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും പുരോഹിതൻ” എന്നാണല്ലോ.
18മുൻ കാലങ്ങളിലെ കല്പനകൾ, അതിന്റെ ബലഹീനതയും നിഷ്പ്രയോജനവും നിമിത്തം മാറ്റമുണ്ടായി.19ന്യായപ്രമാണം ഒന്നിനേയും പൂർത്തീകരിച്ചിട്ടില്ലല്ലോ —എന്നിരുന്നാലും നാം ദൈവത്തോടു അടുക്കുന്നതിനുള്ള ഏറെ നല്ല പ്രത്യാശയും വന്നിരിക്കുന്നു.
20ഈ നല്ല പ്രത്യാശ ആണയോടുകൂടെ അത്രേ സംഭവിച്ചത്, എന്നാൽ മറ്റുള്ളവരോ ആണ കൂടാതെ പുരോഹിതന്മാരായിത്തീർന്നു.21എന്നാൽ ദൈവം: ഇവനോ: “നീ എന്നേക്കും പുരോഹിതൻ എന്നു സത്യം ചെയ്തു, അനുതപിക്കുകയുമില്ല” എന്ന് ആണയോടുകൂടെ തന്നെ യേശുവിനെക്കുറിച്ച് പറയുന്നു.
22ഇത് കൊണ്ട് തന്നെ യേശു ഈ ശ്രേഷ്ഠ ഉടമ്പടിയുടെ ഉറപ്പുമായിതീർന്നിരിക്കുന്നു.23വാസ്തവമായും മരണം തടയുന്നത് നിമിത്തം പുരോഹിതന്മാർക്ക് നിത്യമായി ശുശ്രൂഷ തുടരുവാൻ കഴിയായ്കകൊണ്ട് പുരോഹിതന്മാർ ഓരോരുത്തരായി ശുശ്രൂഷതുടർന്നവർ അനേകർ ആകുന്നു.24ഇവനോ, എന്നേക്കും ജീവിച്ചിരിക്കുന്നതുകൊണ്ട് എന്നേക്കും നിലനിൽക്കുന്ന പൗരോഹിത്യം ആകുന്നു പ്രാപിച്ചിരിക്കുന്നത്.
25അതുകൊണ്ട് താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കുവേണ്ടി പക്ഷവാദം ചെയ്‌വാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പരിപൂർണ്ണമായി രക്ഷിക്കാൻ അവൻ പ്രാപ്തനാകുന്നു.

26ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്കു വാസ്തവമായും വേണ്ടിയിരുന്നത്: പാപമില്ലാത്തവൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോട് വേർപെട്ടവൻ, സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ;
27മുൻപുള്ള മഹാപുരോഹിതന്മാരെപ്പോലെ ആദ്യം സ്വന്തപാപങ്ങൾക്കായും പിന്നെ ജനത്തിന്റെ പാപങ്ങൾക്കായും ദിനംപ്രതി യാഗം അർപ്പിക്കുവാൻ ആവശ്യമില്ലാത്തവൻതന്നെ. അത് അവൻ ഒരിക്കൽ എല്ലാവർക്കുമായി തന്നെത്താൻ യാഗം അർപ്പിച്ചുകൊണ്ട് ചെയ്തുതീർത്തുവല്ലോ.28ന്യായപ്രമാണം അപൂര്‍ണ്ണ മനുഷ്യരെ മഹാപുരോഹിതന്മാരാക്കുന്നു; ന്യായപ്രമാണത്തിന് ശേഷമോ, ദൈവം ചെയ്ത വാഗ്ദത്തപ്രകാരം എന്നേക്കും പൂർണ്ണനായിത്തീർന്ന പുത്രനെ മഹാപുരോഹിതനാക്കുന്നു.

8
ക്രിസ്തു ശ്രേഷ്ഠവും പുതിയതുമായ ഉടമ്പടിയുടെ മദ്ധ്യസ്ഥൻ

1നാം ഈ പറയുന്നതിന്റെ ഉദ്ദേശം എന്തെന്നാൽ: സ്വർഗ്ഗത്തിൽ ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരുന്നവനായി,2വിശുദ്ധസ്ഥലത്തിന്റെയും ദൈവം സ്ഥാപിച്ച സത്യകൂടാരത്തിന്റെയും1 ശുശ്രൂഷകനായ മഹാപുരോഹിതൻ നമുക്കുണ്ട്. താൻ കേവലം നശ്വരനായ മനുഷ്യനല്ല.

3ഏത് മഹാപുരോഹിതനും വഴിപാടും യാഗവും അർപ്പിക്കുവാനായി നിയമിക്കപ്പെടുന്നു; ആകയാൽ അർപ്പിക്കുവാൻ അത്യാവശ്യമായും വല്ലതും വേണം.4എന്നാൽ ക്രിസ്തു ഭൂമിയിൽ ആയിരുന്നെങ്കിൽ ഒരിക്കലും പുരോഹിതൻ ആകയില്ലായിരുന്നു; കാരണം ന്യായപ്രമാണപ്രകാരം വഴിപാട് അർപ്പിക്കുന്ന പുരോഹിതർ ഭൂമിയിൽ ഉണ്ടല്ലോ.5അവർ സ്വർഗ്ഗീയമായതിന്റെ ദൃഷ്ടാന്തവും നിഴലുമായതിൽ ശുശ്രൂഷ ചെയ്യുന്നു, “പർവ്വതത്തിൽ നിനക്ക് കാണിച്ച മാതൃക പ്രകാരം നീ സകലവും ചെയ്‌വാൻ നോക്കുക” എന്നു അരുളിച്ചെയ്തതിനനുസാരമായി മോശെ കൂടാരം തീർപ്പാൻ ആരംഭിച്ചു.
6എന്നാൽ ക്രിസ്തുവോ വിശേഷതയേറിയ വാഗ്ദത്തങ്ങളിന്മേൽ സ്ഥാപിക്കപ്പെട്ട മികച്ച ഉടമ്പടിയുടെ മദ്ധ്യസ്ഥനാകയാൽ, അതിന്റെ വിശേഷതയ്ക്ക് ഒത്തവണ്ണം വിശേഷതയേറിയ ശുശ്രൂഷയും പ്രാപിച്ചിരിക്കുന്നു.7ഒന്നാമത്തെ നിയമം കുറവില്ലാത്തതായിരുന്നു എങ്കിൽ രണ്ടാമതൊന്നിനു വേണ്ടി ഇടം അന്വേഷിക്കയില്ലായിരുന്നു.
8എന്നാൽ ദൈവം അവരുടെ കുറവുകളെ കണ്ട് അരുളിച്ചെയ്യുന്നത്:
“ഞാൻ യിസ്രായേൽ ഗൃഹത്തോടും യഹൂദാഗൃഹത്തോടും പുതിയൊരു നിയമം ചെയ്യുന്ന കാലം വരും എന്നു കർത്താവിന്റെ അരുളപ്പാട്.
9ഞാൻ അവരുടെ മുന്‍ തലമുറകളിലുള്ള പിതാക്കന്മാരെ കൈയ്ക്ക് പിടിച്ച് മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളിൽ ഞാൻ അവരോട് ചെയ്ത നിയമംപോലെ അല്ല; അവർ എന്റെ നിയമത്തിൽ നിലനിന്നില്ല; ഞാൻ അവരെ ആദരിച്ചതുമില്ല എന്ന് കർത്താവിന്റെ അരുളപ്പാട്.
10ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽ ഗൃഹത്തോട് ചെയ്‌വാനിരിക്കുന്ന നിയമം ഇങ്ങനെ ആകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്ക് ദൈവമായും അവർ എനിക്ക് ജനമായും ഇരിക്കും.
11ഇനി അവരിൽ ആരും തന്റെ കൂട്ടുകാരനെയും തന്റെ സഹോദരനെയും ദൈവത്തെ അറിയുക എന്നു പറഞ്ഞു പഠിപ്പിക്കേണ്ടതില്ല; അവർ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും.12ഞാൻ അവരുടെ അകൃത്യങ്ങളെക്കുറിച്ച് കരുണയുള്ളവൻ ആകും; അവരുടെ പാപങ്ങളെ ഇനി ഓർക്കയുമില്ല എന്ന് കർത്താവിന്റെ അരുളപ്പാട്.”
13പുതിയത് എന്നു പറയുന്നതിനാൽ ആദ്യ ഉടമ്പടിയെ പഴയതാക്കിയിരിക്കുന്നു; എന്നാൽ പഴയതാകുന്നതും ജീർണ്ണിക്കുന്നതും എല്ലാം താമസിയാതെ ഇല്ലാതെയാകും.


1 8:2 സത്യകൂടാരം-കൂടാരമാകുന്ന ആലയം

9
ആദ്യ ഉടമ്പടിയിലെ ആരാധനാ നിയമങ്ങൾ

1എന്നാൽ ആദ്യ ഉടമ്പടിക്കു പോലും ഭൂമിയിൽ ആരാധനയ്ക്കായുള്ള സ്ഥലങ്ങളും ക്രമങ്ങളും ഉണ്ടായിരുന്നു.2സമാഗമനകൂടാരത്തിനുള്ളിൽ ആദ്യഭാഗത്ത് നിലവിളക്കും മേശയും കാഴ്ചയപ്പവും ഉണ്ടായിരുന്നു. അതിന് വിശുദ്ധസ്ഥലം എന്നു പേർ.

3രണ്ടാം തിരശ്ശീലയ്ക്ക് പിന്നിലോ അതിവിശുദ്ധം എന്ന ഭാഗം.4അതിൽ പൊന്നുകൊണ്ടുള്ള ധൂപപീഠവും മുഴുവനും പൊന്നു പൊതിഞ്ഞ നിയമപെട്ടകവും അതിനകത്ത് മന്ന ഇട്ട് വെച്ച പൊൻപാത്രവും അഹരോന്റെ തളിർത്തവടിയും നിയമത്തിന്റെ കല്പലകകളും5അതിന് മീതെ കൃപാസനത്തെ മൂടുന്ന തേജസ്സിന്റെ കെരൂബുകളും ഉണ്ടായിരുന്നു. അത് ഇപ്പോൾ ഓരോന്നായി വിവരിപ്പാൻ കഴിയുന്നില്ല.
6ഇവ ഇങ്ങനെ തീർന്ന ശേഷം പുരോഹിതന്മാർ നിത്യം മുൻകൂടാരത്തിൽ ചെന്ന് ശുശ്രൂഷ കഴിക്കും.7രണ്ടാമത്തേതിലോ ആണ്ടിൽ ഒരിക്കൽ മഹാപുരോഹിതൻ മാത്രം ചെല്ലും; രക്തം കൂടാതെ അല്ല; അത് അവൻ തനിക്കുവേണ്ടിയും ജനത്തിന്റെ മന:പൂർവ്വമല്ലാത്ത തെറ്റുകൾക്കുവേണ്ടിയും അർപ്പിക്കും.
8ഈ മുൻകൂടാരം നില്ക്കുന്നേടത്തോളം കാലം വിശുദ്ധമന്ദിരത്തിലേക്കുള്ള വഴി വെളിപ്പെട്ടില്ല എന്ന് പരിശുദ്ധാത്മാവ് ഇതിനാൽ വെളിപ്പെടുത്തുന്നു.9ആ സമാഗമനകൂടാരം ഈ കാലത്തേക്ക് ഒരു സാദൃശ്യമത്രേ. ആരാധകന്റെ മനസ്സാക്ഷിയിൽ പൂർണ്ണ സമാധാനം വരുത്തുവാൻ പര്യാപ്തമല്ലാത്ത വഴിപാടും യാഗവുമാണ് അന്ന് അർപ്പിച്ചുപോന്നത്.10അവ ഭക്ഷണങ്ങൾ, പാനീയങ്ങൾ, ആചാരസംബന്ധമായ ശുദ്ധീകരണങ്ങൾ, എന്നിവയോട് കൂടിയ ആ ബാഹ്യാചാരങ്ങൾ, ദൈവം പുതിയ വ്യവസ്ഥിതികൾ ഏർപ്പെടുത്തുന്നത് വരെ അനുഷ്ഠിക്കുവാനുള്ളതായിരുന്നു.
ക്രിസ്തു പരിപൂർണ്ണമായ യാഗം

11ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ട്, കൈപ്പണിയല്ലാത്തതായി, എന്നുവച്ചാൽ ഈ ലോക സൃഷ്ടിയിൽ ഉൾപ്പെടാത്തതായി മഹത്വവും പൂർണ്ണവുമായ ഒരു കൂടാരത്തിൽ കൂടി12ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ട് വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ച് എന്നേക്കുമുള്ളൊരു വീണ്ടെടുപ്പ് ഉറപ്പാക്കി.
13ആചാരപ്രകാരം ആട്ടുകൊറ്റന്മാരുടെയും കാളകളുടെയും രക്തവും പശുഭസ്മവും മലിനപ്പെട്ടവരുടെ മേൽ തളിക്കുന്നതു നിമിത്തം അവർക്ക് ശാരീരികശുദ്ധി വരുത്തുന്നു എങ്കിൽ,14നിത്യദൈവാത്മാവിനാൽ ദൈവത്തിന് തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്റെ രക്തം, നിങ്ങളുടെ മനസ്സാക്ഷിയെ നിർജ്ജീവ അനുഷ്ഠാനങ്ങളിൽ നിന്നും മോചിപ്പിച്ച്, ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ എത്ര അധികമായി ശുദ്ധീകരിക്കും?15അത് നിമിത്തം ആദ്യ ഉടമ്പടിയിൻ കീഴിലുള്ളവരുടെ ലംഘനങ്ങൾക്കുള്ള ശിക്ഷയായ മരണത്തിൽ നിന്നുള്ള വീണ്ടെടുപ്പിനായി ഒരു മരണം ഉണ്ടാകയും, അതിലൂടെ നിത്യാവകാശത്തിന്റെ വാഗ്ദത്തം ദൈവത്താൽ വിളിക്കപ്പെട്ടവർക്കു ലഭിക്കേണ്ടതിന് ക്രിസ്തു പുതിയ നിയമത്തിന്റെ മദ്ധ്യസ്ഥൻ ആകുകയും ചെയ്തു.
16വിൽപത്രം ഉള്ള ഇടത്ത് അത് എഴുതിയ ആളിന്റെ മരണം തെളിയിക്കപ്പെടേണ്ടത് ആവശ്യം.17വിൽപത്രം തയ്യാറാക്കിയ ആളിന്റെ ജീവകാലത്തോളം അതിന് ഉറപ്പില്ല; മരണശേഷമാണ് അത് പ്രാബല്യത്തിൽ വരുന്നത്.
18അതുകൊണ്ട് ആദ്യഉടമ്പടിയും രക്തം കൂടാതെ പ്രതിഷ്ഠിച്ചതല്ല.19മോശെ ന്യായപ്രമാണത്തിലെ സകല കല്പനയും ജനത്തോടു പ്രസ്താവിച്ച ശേഷം പശുക്കിടാക്കളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തെ വെള്ളവും ചുവന്ന ആട്ടുരോമവും ഈസോപ്പുമായി എടുത്തു പുസ്തക ചുരുളുകളിന്മേലും സകല ജനത്തിന്മേലും തളിച്ചു:20“ഇതു ദൈവം നിങ്ങളോടു കല്പിച്ച ഉടമ്പടിയുടെ രക്തം” എന്നു പറഞ്ഞു.
21അങ്ങനെതന്നെ അവൻ കൂടാരത്തിന്മേലും ആരാധനയ്ക്കുള്ള ഉപകരണങ്ങളിന്മേലും എല്ലാം രക്തം തളിച്ചു.22ന്യായപ്രമാണപ്രകാരം ഏകദേശം സകലവും രക്തത്താൽ ശുദ്ധീകരിക്കപ്പെടുന്നു: രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല.
23ആകയാൽ സ്വർഗ്ഗത്തിലുള്ളവയുടെ പ്രതിബിംബങ്ങളെ ഈവകയാൽ ശുദ്ധമാക്കുന്നത് ആവശ്യം എങ്കിൽ, സ്വർഗ്ഗീയമായവയ്ക്കോ ഇവയേക്കാൾ നല്ല യാഗങ്ങൾ ആവശ്യം.24ക്രിസ്തു വാസ്തവമായതിന്റെ പ്രതിബിംബമായി മനുഷ്യനിർമ്മിതമായ ഒരു വിശുദ്ധ മന്ദിരത്തിലേക്കല്ല, ഇപ്പോൾ നമുക്കു വേണ്ടി ദൈവസന്നിധിയിൽ പ്രത്യക്ഷനാകുവാൻ സ്വർഗ്ഗത്തിലേക്കത്രേ പ്രവേശിച്ചത്.
25മഹാപുരോഹിതൻ ആണ്ടുതോറും തന്റേതല്ലാത്ത രക്തത്തോടുകൂടെ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കുന്നതുപോലെ, ക്രിസ്തു തന്നെത്താൻ വീണ്ടും വീണ്ടും അർപ്പിക്കേണ്ടിയ ആവശ്യമില്ല.26അങ്ങനെയായാൽ ലോകസ്ഥാപനം മുതൽ അവൻ പലപ്പോഴും കഷ്ടമനുഭവിക്കേണ്ടിയിരുന്നു. എന്നാൽ അവൻ കാലസമ്പൂർണതയിൽ സ്വന്ത യാഗംകൊണ്ടു പാപപരിഹാരം വരുത്തുവാൻ ഒരിക്കൽ മാത്രം പ്രത്യക്ഷനായി.
27മനുഷ്യരെല്ലാം ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയുണ്ടാകുകയും ചെയ്യുന്നു.28ക്രിസ്തുവും അങ്ങനെതന്നെ അനേകരുടെ പാപങ്ങളെ നീക്കുവാൻ ഒരിക്കൽ യാഗമായി അർപ്പിക്കപ്പെട്ടു. ഇനിയും വരുന്നത് പാപത്തിന് പരിഹാരം വരുത്തുവാനല്ല, പ്രത്യുത തനിക്കായി ക്ഷമയോടെ കാത്തുനില്ക്കുന്നവരുടെ രക്ഷയ്ക്കായി രണ്ടാമത് പ്രത്യക്ഷനാകും.

10
പാപപരിഹാരത്തിനായുള്ള ക്രിസ്തുവിന്റെ ഏകയാഗം

1ന്യായപ്രമാണം വരുവാനുള്ള നന്മകളുടെ നിഴൽ എന്നല്ലാതെ, കാര്യങ്ങളുടെ യഥാർത്ഥ രൂപമല്ലാത്തതുകൊണ്ട്, ആണ്ടുതോറും ആവർത്തിക്കുന്ന അതേ യാഗങ്ങൾ കൊണ്ട് അടുത്തുവരുന്നവർക്ക് സൽഗുണപൂർത്തി വരുത്തുവാൻ ഒരുനാളും കഴിവുള്ളതല്ല.2അല്ലായെങ്കിൽ ആരാധനക്കാർക്ക് ഒരിക്കൽ ശുദ്ധിവന്നതിന്റെ ശേഷം പാപങ്ങളെക്കുറിച്ചുള്ള മനോബോധം പിന്നെ ഉണ്ടാകാത്തതിനാൽ യാഗം കഴിക്കുന്നത് നിന്നുപോകയില്ലയോ?3ഇപ്പോഴോ ആണ്ടുതോറും യാഗങ്ങളാൽ പാപങ്ങളുടെ ഓർമ്മ ഉണ്ടാകുന്നു.4കാളകളുടെയും ആടുകളുടെയും രക്തത്തിന് പാപങ്ങളെ നീക്കുവാൻ കഴിയുന്നത് അസാധ്യമത്രെ.

5ആകയാൽ ക്രിസ്തു ലോകത്തിൽ വന്നപ്പോൾ താൻ പറയുന്നു:
“ഹനനയാഗവും വഴിപാടും നീ ആഗ്രഹിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.
6സർവ്വാംഗ ഹോമങ്ങളിലും പാപപരിഹാര യാഗങ്ങളിലും നീ പ്രസാദിച്ചില്ല.7അപ്പോൾ ഞാൻ പറഞ്ഞു: ഇതാ, ഞാൻ വരുന്നു; പുസ്തകച്ചുരുളിൽ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു; ദൈവമേ, നിന്റെ ഇഷ്ടം ചെയ്‌വാൻ ഞാൻ വരുന്നു”
എന്നു അവൻ പറയുന്നു.
8ന്യായപ്രമാണപ്രകാരം കഴിച്ചുവരുന്ന യാഗങ്ങളും വഴിപാടുകളും സർവ്വാംഗ ഹോമങ്ങളും പാപപരിഹാര യാഗങ്ങളും നീ ഇച്ഛിച്ചില്ല, അവയിൽ പ്രസാദിച്ചതുമില്ല എന്നിങ്ങനെ പറഞ്ഞശേഷം:9ഇതാ, നിന്റെ ഇഷ്ടം ചെയ്‌വാൻ ഞാൻ വരുന്നു എന്നു പറഞ്ഞുകൊണ്ട് അവൻ രണ്ടാമത്തേതിനെ സ്ഥാപിക്കുവാൻ ഒന്നാമത്തെ ആചാരങ്ങളെ നീക്കിക്കളയുന്നു.10ആ രണ്ടാമത്തെ അനുഷ്ഠാനങ്ങളാൽ, അതായത് യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താൽ നാം വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു.
11വാസ്തവമായും ഏത് പുരോഹിതനും ദിവസേന ശുശ്രൂഷിച്ചിട്ടും ഒരുനാളും പാപങ്ങളെ പരിഹരിപ്പാൻ കഴിയാത്ത അതേ യാഗങ്ങളെ വീണ്ടും വീണ്ടും അർപ്പിച്ചും കൊണ്ട് നില്ക്കുന്നു.12ക്രിസ്തുവോ പാപങ്ങൾക്ക് വേണ്ടി ഒരിക്കലായി യാഗം അർപ്പിച്ചിട്ട് എന്നേക്കും ദൈവത്തിന്റെ വലത്തു ഭാഗത്ത്,13ശത്രുക്കൾ തന്റെ പാദപീഠം ആകുവോളം കാത്തിരിക്കുന്നു.14ഏകയാഗത്താൽ അവൻ വിശുദ്ധീകരിക്കപ്പെടുന്നവർക്ക് സദാകാലത്തേക്കും സൽഗുണപൂർത്തി വരുത്തിയിരിക്കുന്നു.
15അത് പരിശുദ്ധാത്മാവും നമ്മോട് സാക്ഷീകരിക്കുന്നു.16“ഈ കാലം കഴിഞ്ഞശേഷം ഞാൻ അവരോട് ചെയ്‌വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും എന്നു കർത്താവിന്റെ അരുളപ്പാട്” എന്നു അരുളിച്ചെയ്തശേഷം:
17“അവരുടെ പാപങ്ങളെയും അകൃത്യങ്ങളെയും ഞാൻ ഇനി ഓർക്കയുമില്ല” എന്നു കൂടി അരുളിച്ചെയ്യുന്നു.18ആകയാൽ പാപങ്ങളുടെ മോചനം നടന്നിരിക്കുന്നതിനാൽ, ഇനിമേൽ പാപങ്ങൾക്ക് വേണ്ടി ഒരു യാഗവും ആവശ്യമില്ല.
പ്രത്യാശയുടെ ഉറപ്പ് നാം മുറുകെ പിടിച്ചുകൊൾക

19അതുകൊണ്ട് സഹോദരന്മാരേ, യേശുവിന്റെ രക്തത്താൽ നാം ധൈര്യത്തോടെ അതിവിശുദ്ധസ്ഥലത്തേക്ക് പ്രവേശിക്കേണ്ടതിനായി,20യേശു തന്റെ ദേഹം എന്ന തിരശ്ശീലയിൽകൂടി നമുക്കു വേണ്ടി ജീവനുള്ള പുതുവഴി തുറക്കുകയും ചെയ്തു.21കൂടാതെ ദൈവ ഭവനത്തിൽ നമുക്ക് ഒരു മഹാപുരോഹിതനേയും ലഭിച്ചിരിക്കുന്നതിനാൽ,22നാം ദുർമ്മനസ്സാക്ഷി നീങ്ങിയവരായി തളിച്ചു ശുദ്ധീകരിച്ച ഹൃദയത്തോടെയും ശുദ്ധവെള്ളത്താൽ കഴുകപ്പെട്ട ശരീരത്തോടെയും വിശ്വാസത്തിന്റെ പൂർണ്ണനിശ്ചയം പൂണ്ട് പരമാർത്ഥ ഹൃദയത്തോടെ അടുത്തു ചെല്ലുക.
23പ്രത്യാശയുടെ ഉറപ്പ് നാം മുറുകെ പിടിച്ചുകൊൾക; വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ.24സ്നേഹത്തിനും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിക്കുവാൻ അന്യോന്യം പ്രോൽസാഹിപ്പിക്കുവാൻ ശ്രദ്ധിക്കുക.25ചിലർ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ട്, കർത്താവിന്റെ നാൾ സമീപിക്കുന്നു എന്നു കാണും തോറും അത് അധികമധികമായി ചെയ്യേണ്ടതാകുന്നു.
മനഃപൂർവ്വ പാപങ്ങൾക്കെതിരായ ഗൗരവമായ മുന്നറിയിപ്പ്

26സത്യത്തിന്റെ പരിജ്ഞാനം ലഭിച്ചശേഷം നാം മനഃപൂർവ്വം പാപം ചെയ്താൽ പാപപരിഹാരത്തിന് വേണ്ടി ഇനി ഒരു യാഗവും അവശേഷിക്കുന്നില്ല.27മറിച്ച് ഭയങ്കരമായ ന്യായവിധിയേയും ദൈവത്തെ എതിർക്കുന്നവരെ ദഹിപ്പിക്കുവാനുള്ള ക്രോധാഗ്നിയേയും ആകുന്നു നേരിടേണ്ടി വരിക.
28മോശെയുടെ ന്യായപ്രമാണം ലംഘിക്കുന്നവന് കരുണ കൂടാതെ രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴിയാൽ മരണശിക്ഷ കല്പിക്കുന്നുവല്ലോ.29ദൈവപുത്രനെ ചവിട്ടക്കളകയും തന്നെ വിശുദ്ധീകരിച്ച നിയമ രക്തത്തെ മലിനം എന്നു നിരൂപിക്കയും കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവൻ എത്ര കഠിനമേറിയ ശിക്ഷയ്ക്ക് പാത്രമാകും എന്നു നിങ്ങൾ ചിന്തിച്ചു നോക്കുവിൻ.
30“പ്രതികാരം എനിക്കുള്ളത്, ഞാൻ പകരം വീട്ടും” എന്നും “കർത്താവ് തന്റെ ജനത്തെ ന്യായം വിധിക്കും” എന്നും അരുളിച്ചെയ്തവനെ നാം അറിയുന്നുവല്ലോ.31ജീവനുള്ള ദൈവത്തിന്റെ കയ്യിൽ വീഴുന്നത് ഭയങ്കരം.

32നിങ്ങൾക്ക് പ്രകാശനം ലഭിച്ചശേഷം, പരസ്യമായ നിന്ദകളാലും പീഢകളാലും നിങ്ങൾ കഷ്ടതയനുഭവിച്ചു.33കൂടാതെ, ആ വക കഷ്ടതകൾ അനുഭവിക്കുന്നവർക്ക് കൂട്ടാളികളായിത്തീർന്നും ഇങ്ങനെ കഷ്ടങ്ങളാൽ വളരെ പോരാട്ടം കഴിച്ച പൂർവ്വകാലം ഓർത്തുകൊൾവിൻ.34തടവുകാരോട് നിങ്ങൾ സഹതാപം കാണിച്ചു. കൂടാതെ സ്വർഗ്ഗത്തിൽ നിലനില്ക്കുന്ന ഉത്തമസമ്പത്ത് നിങ്ങൾക്ക് ഉണ്ട് എന്നറിഞ്ഞ് സമ്പത്തുകളുടെ അപഹാരവും സന്തോഷത്തോടെ സഹിച്ചുവല്ലോ.
35അതുകൊണ്ട് മഹാ പ്രതിഫലമുള്ള നിങ്ങളുടെ ആത്മധൈര്യം തള്ളിക്കളയരുത്.36ദൈവേഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിക്കുവാൻ നിങ്ങൾക്ക് സഹിഷ്ണത ആവശ്യം.37“ഇനി എത്രയും അല്പകാലം കഴിഞ്ഞിട്ട് വരുവാനുള്ളവൻ തീർച്ചയായും വരും, താമസിക്കയുമില്ല;”
38എന്നാൽ “എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും; പിൻമാറുന്നു എങ്കിൽ ഞാൻ അവനിൽ പ്രസാദിക്കയില്ല”എന്നിങ്ങനെ തിരുവെഴുത്തുണ്ടല്ലോ?39നാമോ നാശത്തിലേക്കു പിന്മാറുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലത്രേ ആകുന്നു.

11
പ്രായോഗിക വിശ്വാസത്തിന്റെ ചില മാതൃകകൾ

1എന്നാൽ വിശ്വാസം എന്നതോ, ധൈര്യത്തോടെ ചിലത് പ്രതീക്ഷിക്കുന്ന ഒരുവന്റെ ഉറപ്പാണ്. അത് കാണാൻ കഴിയാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.2ഇപ്രകാരമല്ലോ പൂർവ്വപിതാക്കന്മാർക്ക് തങ്ങളുടെ വിശ്വാസം നിമിത്തം ദൈവത്തിന്റെ അംഗീകാരം ലഭിച്ചത്.3ഈ പ്രപഞ്ചം ദൈവത്തിന്റെ കൽപ്പനയാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നും, നാം കാണുന്ന ഈ ലോകത്തിനു, ദൃശ്യമായതല്ല കാരണം, പ്രത്യുത പ്രപഞ്ചം ദൈവത്തിന്റെ വചനത്താൽ സൃഷ്ടിക്കപ്പെട്ടു എന്നും നാം വിശ്വാസത്താൽ മനസ്സിലാക്കുന്നു.

4വിശ്വാസത്താൽ ഹാബെൽ ദൈവത്തിന് കയീന്റേതിലും ഉത്തമമായ യാഗം കഴിച്ച്; അതിനാൽ അവന് നീതിമാൻ എന്ന സാക്ഷ്യം ലഭിച്ചു. ദൈവം അവന്റെ വഴിപാടിന് സാക്ഷ്യം കല്പിച്ചു. മരിച്ചശേഷവും അവൻ വിശ്വാസത്താൽ സംസാരിച്ചുകൊണ്ടിരിക്കുന്നു.
5വിശ്വാസത്താൽ ഹാനോക്ക് മരണം കാണാതെ എടുക്കപ്പെട്ടു; ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി. അവൻ ദൈവത്തെ പ്രസാദിപ്പിച്ചു എന്നു അവൻ എടുക്കപ്പെട്ടതിനു മുമ്പെ സാക്ഷ്യം പ്രാപിച്ചു.6എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുക അസാധ്യം തന്നെ; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം വാഴുന്നു എന്നും തന്നെ അന്വേഷിക്കുന്നവർക്ക് പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടത് ആവശ്യമാകുന്നു.
7വിശ്വാസത്താൽ നോഹ അതുവരെ കാണാത്തവയെക്കുറിച്ച് മുന്നറിയിപ്പുണ്ടായിട്ട് ദൈവിക ഭയത്തോടെ തന്റെ കുടുംബത്തിന്റെ രക്ഷയ്ക്കായിട്ട് ഒരു പെട്ടകം തീർത്തു; അങ്ങനെ ആ അനുസരണത്തിന്റെ പ്രവർത്തി നിമിത്തം അവൻ ലോകത്തെ കുറ്റം വിധിക്കുകയും വിശ്വാസത്താലുള്ള നീതിയ്ക്ക് അവകാശിയായി തീരുകയും ചെയ്തു.
8വിശ്വാസത്താൽ അബ്രഹാം തനിക്കു അവകാശമായി കിട്ടുവാനിരുന്ന ദേശത്തേക്ക് പോകുവാനുള്ള വിളികേട്ടപ്പോൾ, അനുസരണത്തോടെ എവിടേക്ക് പോകുന്നു എന്നറിയാതെ പുറപ്പെട്ടു.9വിശ്വാസത്താൽ അവൻ വാഗ്ദത്തദേശത്ത് ഒരു പരദേശി എന്നപോലെ ചെന്ന് വാഗ്ദത്തത്തിന് കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ കൂടാരങ്ങളിൽ പാർത്തു.10ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിനായി താൻ ദർശനത്തോടെ കാത്തിരുന്നു.
11വിശ്വാസത്താൽ അബ്രഹാമും, സാറായും തങ്ങൾക്ക് ഒരു മകനെ നൽകും എന്നു വാഗ്ദത്തം ചെയ്തവനെ വിശ്വസ്തൻ എന്നു എണ്ണുകയാൽ പ്രായം കഴിഞ്ഞിട്ടും പുത്രോല്പാദനത്തിന് ശക്തി പ്രാപിച്ചു.12അതുകൊണ്ട് മൃതപ്രായനായവനായ ഈ ഒരുവനിൽനിന്ന് തന്നെയാണ്, പെരുപ്പത്തിൽ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടല്പുറത്തെ എണ്ണിക്കൂടാത്ത മണൽപോലെയും സന്തതികൾ ജനിച്ചത്.

13ഇവർ എല്ലാവരും വാഗ്ദത്ത നിവൃത്തി പ്രാപിച്ചില്ലെങ്കിലും ദൂരത്തുനിന്ന് അത് കണ്ട് സ്വാഗതം ചെയ്തും ഭൂമിയിൽ തങ്ങൾ അന്യരും പരദേശികളും എന്നു ഏറ്റുപറഞ്ഞും കൊണ്ട് വിശ്വാസത്തിൽ മരിച്ചു.14ഇങ്ങനെ പറയുന്നവർ ഒരു പിതൃദേശം അവർക്കായി അന്വേഷിക്കുന്നു എന്നു വ്യക്തമാക്കുന്നു.
15വാസ്തവമായും അവർ വിട്ടുപോന്ന ദേശത്തെ ഓർത്തിരുന്നു എങ്കിൽ മടങ്ങിപ്പോകുവാൻ അവസരം ഉണ്ടായിരുന്നുവല്ലോ.16പക്ഷേ അവരോ അധികം നല്ല ദേശത്തെ തന്നെ, അതായത് സ്വർഗ്ഗീയമായതിനെ തന്നേ പ്രതീക്ഷിച്ചിരുന്നു; അതുകൊണ്ട് ദൈവം അവരുടെ ദൈവം എന്നു വിളിക്കപ്പെടുവാൻ ലജ്ജിക്കുന്നില്ല; അവൻ അവർക്കായി ഒരു നഗരം ഒരുക്കിയിരിക്കുന്നുവല്ലോ.

17വിശ്വാസത്താൽ അബ്രഹാം താൻ പരീക്ഷിക്കപ്പെട്ടപ്പോൾ യിസ്ഹാക്കിനെ യാഗം അർപ്പിച്ചു. അതെ, വാഗ്ദത്തങ്ങളെ സന്തോഷത്തോടെ കൈക്കൊണ്ടവൻ തന്റെ ഏകജാതനെ യാഗം അർപ്പിച്ചു;18മുന്നമേ യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്നു വിളിക്കപ്പെടും എന്ന അരുളപ്പാട് അവന് ലഭിച്ചിരുന്നു19യിസ്ഹാക്കിനെ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിക്കുവാൻ ദൈവം ശക്തൻ എന്ന് അബ്രഹാം വിശ്വസിക്കുകയും, മരിച്ചവരുടെ ഇടയിൽനിന്ന് എഴുന്നേറ്റവനെപ്പോലെ അവനെ തിരികെ പ്രാപിക്കുകയും ചെയ്തു.
20വിശ്വാസത്താൽ യിസ്ഹാക്ക് യാക്കോബിനെയും ഏശാവിനെയും ഭാവികാലം സംബന്ധിച്ച് അനുഗ്രഹിച്ചു.21വിശ്വാസത്താൽ യാക്കോബ് മരണകാലത്തിങ്കൽ യോസഫിന്റെ മക്കളെ ഇരുവരെയും അനുഗ്രഹിക്കയും തന്റെ ഊന്നുവടിയുടെ അറ്റത്തു ചാരിക്കൊണ്ട് നമസ്കരിക്കയും ചെയ്തു.22വിശ്വാസത്താൽ യോസഫ് താൻ മരിക്കാറായപ്പോൾ യിസ്രായേൽമക്കളുടെ പുറപ്പാടിന്റെ കാര്യം ഓർമ്മിപ്പിച്ചു, തന്റെ അസ്ഥികൾ അവരോടൊപ്പം എടുക്കണം എന്ന് കല്പനകൊടുത്തു.

23മോശെ ജനിച്ചപ്പോൾ ശിശു സുന്ദരൻ എന്നു അമ്മയപ്പന്മാർ കണ്ടിട്ട്, വിശ്വാസത്താൽ രാജാവിന്റെ കല്പന ഭയപ്പെടാതെ അവനെ മൂന്നു മാസം ഒളിപ്പിച്ചുവച്ചു.24വിശ്വാസത്താൽ മോശെ താൻ വളർന്നപ്പോൾ ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും,25പകരം പാപത്തിന്റെ അല്പകാലത്തെ സന്തോഷത്തേക്കാളും ദൈവജനത്തോട് കൂടെ കഷ്ടമനുഭവിക്കുന്നത് നല്ലതെന്ന് കണ്ട് അത് തിരഞ്ഞെടുക്കുകയും ചെയ്തു.26ഭാവിയിൽ ലഭിക്കുവാനുള്ള പ്രതിഫലം നോക്കിയതുകൊണ്ട് മിസ്രയീമിലെ നിക്ഷേപങ്ങളേക്കാൾ ക്രിസ്തു നിമിത്തമുള്ള നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.
27വിശ്വാസത്താൽ മോശെ മിസ്രയീം വിട്ടുപോന്നു. അവൻ കാണാനാകാത്ത ദൈവത്തെ കണ്ടതുപോലെ ഉറച്ചുനില്ക്കുകയാൽ രാജാവിന്റെ കോപത്തെ ഭയപ്പെട്ടില്ല.28വിശ്വാസത്താൽ അവൻ തങ്ങളുടെ കടിഞ്ഞൂലുകളെ സംഹാരകൻ തൊടാതിരിപ്പാൻ പെസഹ ആചരിക്കുകയും വാതിലുകളിൽ രക്തംതളിക്കുകയും ചെയ്തു.
29വിശ്വാസത്താൽ അവർ ഉണങ്ങിയ നിലത്തു കൂടെ എന്നപോലെ ചെങ്കടലിൽ കൂടി കടന്നു; അത് മിസ്രയീമ്യർ ചെയ്‌വാൻ നോക്കിയപ്പോൾ ചെങ്കടൽ അവരെ വിഴുങ്ങികളഞ്ഞു.30വിശ്വാസത്താൽ അവർ ഏഴ് ദിവസം യെരിഹോപട്ടണ മതിലിനു ചുറ്റും നടന്നപ്പോൾ മതിൽ ഇടിഞ്ഞുവീണു.31വിശ്വാസത്താൽ രാഹാബ് എന്ന വേശ്യ ഒറ്റുകാരെ സമാധാനത്തോടെ കൈക്കൊണ്ടതിനാൽ അനുസരണം കെട്ടവരോടു കൂടെ നശിക്കാതിരുന്നു.
32ഇനി ഞാൻ എന്ത് പറയേണ്ടു? ഗിദ്യോൻ, ബാരാക്ക്, ശിംശോൻ, യിപ്താഹ്, ദാവീദ് എന്നവരെയും ശമൂവേൽ മുതലായ പ്രവാചകന്മാരെയും കുറിച്ച് വിവരിപ്പാൻ സമയം പോരാ.33വിശ്വാസത്താൽ അവർ രാജ്യങ്ങളെ കീഴടക്കി, നീതി പ്രവർത്തിച്ചു, വാഗ്ദത്തം പ്രാപിച്ചു, സിംഹങ്ങളുടെ വായില്‍ നിന്നും വിടുവിക്കപ്പെട്ടു,34തീയുടെ ബലം കെടുത്തി, വാൾമുനയിൽ നിന്നും രക്ഷപ്രാപിച്ചു, രോഗത്തിൽ സൗഖ്യം പ്രാപിച്ചു, യുദ്ധത്തിൽ വീരന്മാരായ്തീർന്നു, അന്യന്മാരുടെ സൈന്യങ്ങളെ ഓടിച്ചു.
35സ്ത്രീകൾക്ക് തങ്ങളുടെ മരിച്ചവരെ ഉയിർത്തെഴുന്നേറ്റതിനാൽ തിരികെ ലഭിച്ചു; മറ്റു ചിലർ ഏറ്റവും നല്ലൊരു ഉയിർത്തെഴുന്നേല്പ് ലഭിക്കേണ്ടതിന് മോചനം സ്വീകരിക്കാതെ പീഢനം ഏറ്റു.36വേറെ ചിലർ പരിഹാസം, ചാട്ടവാർ, ചങ്ങല, തടവ് ഇവയാലുള്ള പരീക്ഷ അനുഭവിച്ച്.37കല്ലേറ് ഏറ്റു, ഈർച്ചവാളാൽ രണ്ടായി അറുക്കപ്പെട്ടു, പരീക്ഷിക്കപ്പെട്ടു, വാളാൽ കൊല്ലപ്പെട്ടു, ജടയാടുകളുടെയും കോലാടുകളുടെയും തോൽ ധരിച്ചു, ബുദ്ധിമുട്ടും ഉപദ്രവവും കഷ്ടവും സഹിച്ചു.38കാടുകളിലും മലകളിലും ഗുഹകളിലും ഭൂമിയുടെ പിളർപ്പുകളിലും ഉഴന്നു വലഞ്ഞു; ലോകം അവർക്ക് യോഗ്യമായിരുന്നില്ല.
39അവർ എല്ലാവരും വിശ്വാസത്താൽ സാക്ഷ്യം ലഭിച്ചിട്ടും വാഗ്ദത്തനിവൃത്തി പ്രാപിച്ചില്ല.40അവർ നമ്മെ കൂടാതെ രക്ഷാപൂർത്തി പ്രാപിക്കാതിരിക്കേണ്ടതിന് ദൈവം നമുക്കു വേണ്ടി ഏറ്റവും നല്ലതൊന്നു മുൻകരുതിയിരുന്നു.

12
പൂർണ്ണ മാതൃകയായ ക്രിസ്തുവിൽ ദൃഷ്ടി ഉറപ്പിക്കുക

1ആകയാൽ സാക്ഷികളുടെ ഇത്ര വലിയൊരു സമൂഹം നമുക്കു ചുറ്റും നില്ക്കുന്നതുകൊണ്ട് നമ്മെ ബലഹീനമാക്കുന്ന സകല ഭാരങ്ങളും എറിഞ്ഞു കളഞ്ഞിട്ട്, നമ്മെ വേഗത്തിൽ മുറുകെ പിടിക്കുന്ന പാപങ്ങളെ വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന മത്സര ഓട്ടം സ്ഥിരനിശ്ചയത്തോടെ ഓടുക.2വിശ്വാസത്തിന്റെ കാരണക്കാരനും, പൂർത്തി വരുത്തുന്നവനുമായ യേശുക്രിസ്തുവിങ്കൽ നമ്മുടെ കണ്ണുകൾ ഉറപ്പിക്കുക; ക്രിസ്തു, തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്ത് ക്രൂശിനെ സഹിക്കുകയും അതിന്റെ അപമാനം അവഗണിച്ച് ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുകയും ചെയ്തു.3നിങ്ങൾ മാനസികമായി ക്ഷീണിച്ച് തളരാതിരിപ്പാൻ, പാപികൾ തനിക്കു വിരോധമായി പറഞ്ഞ ഹീനമായതും വെറുപ്പോടെയുമുള്ള കുറ്റപ്പെടുത്തലുകളെ സഹിച്ച ക്രിസ്തുവിനെ ധ്യാനിച്ചുകൊൾവിൻ.

4പാപത്തോടുള്ള പോരാട്ടത്തിൽ രക്തച്ചൊരിച്ചിലോളം നിങ്ങൾ ഇതുവരെ എതിർത്ത് നിന്നിട്ടില്ലല്ലോ.5മക്കളോടു എന്നപോലെ ദൈവം നിങ്ങളോടു അരുളിച്ചെയ്ത പ്രബോധനം നിങ്ങൾ മറന്നുകളഞ്ഞുവോ? “എന്റെ മകനേ, കർത്താവിന്റെ ശിക്ഷയെ ലഘുവായി കാണരുത്; അവൻ ശാസിക്കുമ്പോൾ ഹൃദയത്തിൽ മടുപ്പുണ്ടാകുകയുമരുത്.6കർത്താവ് താൻ സ്നേഹിക്കുന്ന ഏവനെയും ശിക്ഷിക്കുന്നു; താൻ കൈക്കൊള്ളുന്ന ഏത് മകനെയും തല്ലുന്നു” എന്നിങ്ങനെ,
7ശിക്ഷണത്തിന്റെ ഭാഗമായി പരീക്ഷണങ്ങൾ സഹിക്കുന്ന നിങ്ങളോടു ദൈവം മക്കളോടു എന്നപോലെ പെരുമാറുന്നു; അപ്പൻ ശിക്ഷിക്കാത്ത മകൻ എവിടെയുള്ളു?8എല്ലാവരും പ്രാപിക്കുന്ന ശിക്ഷണം കൂടാതിരിക്കുന്നു എങ്കിൽ നിങ്ങൾ മക്കളല്ല അപ്പൻ ഏതെന്നറിയാത്ത സന്തതികളത്രേ.
9നമ്മുടെ ജഡസംബന്ധമായ പിതാക്കന്മാർ നമ്മെ ശിക്ഷിച്ചപ്പോഴും നാം അവരെ ബഹുമാനിച്ചിരുന്നുവല്ലോ; എങ്കിൽ ആത്മാക്കളുടെ പിതാവിന് ഏറ്റവും അധികമായി നാം കീഴടങ്ങി ജീവിക്കേണ്ടതല്ലയോ?10നിശ്ചയമായും നമ്മുടെ പിതാക്കന്മാർ ശിക്ഷിച്ചത് തൽക്കാലത്തേക്കും തങ്ങൾക്കു ബോധിച്ച പ്രകാരവുമത്രേ; എന്നാൽ ദൈവമോ, നാം അവന്റെ വിശുദ്ധി പ്രാപിക്കേണ്ടതിന് നമ്മുടെ ഗുണത്തിനായി തന്നേ ശിക്ഷിക്കുന്നു.11ഏത് ശിക്ഷയും തൽക്കാലം സന്തോഷകരമല്ല ദുഃഖകരമത്രേ; പിന്നത്തേതിലോ അതിനാൽ ശിക്ഷണം ലഭിച്ചവർക്ക് നീതി എന്ന സമാധാനഫലം ലഭിക്കും.
ഗൗരവതരമായ ചില നിർദ്ദേശങ്ങൾ

12ആകയാൽ നിങ്ങളുടെ തളർന്നിരിക്കുന്ന കരങ്ങളെ ഉയർത്തുവിൻ, ബലഹീനമായിരിക്കുന്ന മുട്ടുകളെ ശക്തിപ്പെടുത്തുവിൻ.13നിങ്ങളുടെ പാദങ്ങൾക്ക് നേരായ പാത ഒരുക്കുവിൻ; മുടന്തുള്ളത് വീണ്ടും തളർന്നുപോകാതെ സൗഖ്യം പ്രാപിക്കട്ടെ.

14എല്ലാവരോടും സമാധാനത്തോടും, വിശുദ്ധിയോടും കൂടെ പെരുമാറുവിൻ; ശുദ്ധീകരണം കൂടാതെ ആരും കർത്താവിനെ കാണുകയില്ല.15ജാഗ്രതയായിരിപ്പീൻ; ആരും ദൈവകൃപ വിട്ടു പിൻമാറുവാനും, വല്ല കയ്പുമുള്ള വേരും മുളച്ചു പൊങ്ങി കലക്കമുണ്ടാക്കി അനേകർ അതിനാൽ മലിനപ്പെടുവാനും ഇടയാകുമല്ലോ,16ആരും ദുർന്നടപ്പുകാരനോ, ഒരു ഊണിന് ജ്യേഷ്ഠാവകാശം വിറ്റുകളഞ്ഞ ഏശാവിനേപ്പോലെ അഭക്തനോ ആയിത്തീരുകയും ചെയ്യാതിരിപ്പാൻ കരുതിക്കൊൾവിൻ17അവൻ പിന്നത്തേതിൽ അനുഗ്രഹം ലഭിപ്പാൻ ആഗ്രഹിച്ചു എങ്കിലും, തന്റെ പിതാവിന്റെ മുൻപാകെ മാനസാന്തരത്തിനായി ഒരവസരം അന്വേഷിക്കാഞ്ഞതുകൊണ്ട്, കണ്ണുനീരോടുകൂടെ അപേക്ഷിച്ചിട്ടും തള്ളപ്പെട്ടു എന്നു നിങ്ങൾ അറിയുന്നുവല്ലോ.

18സ്പർശിക്കാവുന്നതും തീ കത്തുന്നതുമായ പർവ്വതത്തിനും മേഘതമസ്സ്, കൂരിരുട്ട്, കൊടുങ്കാറ്റ്,19കാഹളനാദം, വാക്കുകളുടെ ശബ്ദം എന്നിവയ്ക്കും അടുക്കൽ അല്ലല്ലോ നിങ്ങൾ വന്നിരിക്കുന്നത്. ആ ശബ്ദം കേട്ടവർ ഇനി ഒരു വചനവും തങ്ങളോട് പറയരുതേ എന്നു അപേക്ഷിച്ചു.20എന്തെന്നാൽ ഒരു മൃഗം പോലും ആ പർവ്വതത്തെ തൊട്ടാൽ അതിനെ കല്ലെറിഞ്ഞു കൊല്ലേണം എന്നുള്ള ദൈവകല്പന അവർക്ക് സഹിക്കുവാൻ കഴിയുമായിരുന്നില്ല.21ഞാൻ അത്യന്തം പേടിച്ചു വിറയ്ക്കുന്നു എന്നു മോശെയും പറയത്തക്കവണ്ണം ആ കാഴ്ച ഭീകരമായിരുന്നു.
22എന്നാൽ നിങ്ങൾ സീയോൻ പർവ്വതത്തിനും, ജീവനുള്ള ദൈവത്തിന്റെ നഗരമായ സ്വർഗ്ഗീയയെരൂശലേമിനും, അനേകായിരം ദൂതന്മാരുടെ സർവ്വസംഘത്തിനും,23സ്വർഗ്ഗത്തിൽ പേരെഴുതിയിരിക്കുന്ന ആദ്യജാതന്മാരുടെ സഭയ്ക്കും എല്ലാവരുടെയും ദൈവമായ ന്യായാധിപതിയ്ക്കും പൂർണ്ണരായ നീതിമാന്മാരുടെ ആത്മാക്കൾക്കും,24പുതുനിയമത്തിന്റെ മദ്ധ്യസ്ഥനായ യേശുവിനും, ഹാബെലിന്റെ രക്തത്തേക്കാൾ ശ്രേഷ്ഠമായത് വാഗ്ദാനം ചെയ്യുന്ന ശുദ്ധീകരണ രക്തത്തിനും അടുക്കലത്രേ വന്നിരിക്കുന്നത്.
25അതുകൊണ്ട് അരുളിച്ചെയ്യുന്നവനെ ഒരിക്കലും നിരസിക്കാതിരിപ്പാൻ നോക്കുവിൻ. ഭൂമിയിൽ അരുളിച്ചെയ്തവനെ നിരസിച്ചവർ രക്ഷപെടാതെ പോയി എങ്കിൽ, സ്വർഗ്ഗത്തിൽനിന്ന് അരുളിച്ചെയ്യുന്നവനെ നാം വിട്ടുമാറിയാൽ എങ്ങനെ രക്ഷ പ്രാപിക്കും.26അവന്റെ ശബ്ദം അന്ന് ഭൂമിയെ ഇളക്കി; ഇപ്പോഴോ “ഞാൻ ഇനി ഒരിക്കൽ ഭൂമിയെ മാത്രമല്ല, ആകാശത്തെയും ഇളക്കും” എന്നു അവൻ പ്രതിജ്ഞ ചെയ്തു.
27“ഇനി ഒരിക്കൽ” എന്നത്, ഇളക്കമില്ലാത്തത് നിലനിൽക്കേണ്ടതിന് നിർമ്മിതമായ ഇളക്കമുള്ളതിന് മാറ്റം വരും എന്നു സൂചിപ്പിക്കുന്നു.28ആകയാൽ ഇളകാത്ത രാജ്യം പ്രാപിക്കുന്നതുകൊണ്ട് നാം നന്ദിയുള്ളവരായി ദൈവത്തിന് അംഗീകരിക്കപ്പെടും വിധം ഭക്തിയോടും ഭയത്തോടുംകൂടെ സേവ ചെയ്ക.29നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയല്ലോ.

13
സമാപന സാന്മാർഗീക ഉപദേശങ്ങൾ

1സഹോദര സ്നേഹം തുടരട്ടെ.2അപരിചിതരെ സ്വീകരിക്കുന്നത് മറക്കരുത് ഇങ്ങനെ ചെയ്യുന്നതുകൊണ്ട് ചിലർ അറിയാതെ ദൈവദൂതന്മാരെയും സൽക്കരിച്ചിട്ടുണ്ടല്ലോ.

3നിങ്ങളും തടവുകാർ എന്നപോലെ തടവുകാരെയും നിങ്ങളും ശരീരത്തിൽ ഇരിക്കുന്നവരാകയാൽ കഷ്ടമനുഭവിക്കുന്നവരെയും ഓർത്തുകൊൾവിൻ.4വിവാഹം എല്ലാവരാലും ബഹുമാനിയ്ക്കപ്പെടട്ടെ, വിവാഹിതരുടെ കിടക്ക നിർമ്മലവും ആയിരിക്കട്ടെ; എന്നാൽ ദുർന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.

5നിങ്ങളുടെ ജീവിതവഴികളിൽ ദ്രവ്യാഗ്രഹമില്ലാതിരിക്കട്ടെ; ഉള്ളതുകൊണ്ട് സംതൃപ്തിപ്പെടുവിൻ: “ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കുകയുമില്ല” എന്നു ദൈവം തന്നെ അരുളിച്ചെയ്തിരിക്കുന്നുവല്ലോ.6ആകയാൽ “കർത്താവ് എനിക്ക് തുണ; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോട് എന്ത് ചെയ്യും” എന്നു ധൈര്യത്തോടെ പറയേണ്ടതിന് നമുക്ക് സംതൃപ്തരായിരിക്കാം.

7നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓർത്തുകൊൾവിൻ; അവരുടെ ജീവിതത്തിന്റെ സഫലത ഓർത്ത് അവരുടെ വിശ്വാസം അനുകരിക്കുവിൻ.8യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും മാറ്റമില്ലാത്തവൻ തന്നേ.
9വിവിധവും അന്യവുമായ ഉപദേശങ്ങളാൽ ആരും നിങ്ങളെ വലിച്ചുകൊണ്ടുപോകരുത്; ആചരിച്ചുപോന്നവർക്ക് പ്രയോജനമില്ലാത്ത ഭക്ഷണനിയമങ്ങളാലല്ല, ദൈവകൃപയാൽ തന്നേ ആന്തരികശക്തി പ്രാപിക്കുന്നത് നല്ലത്.10സമാഗമനകൂടാരത്തിനുള്ളിൽ ശുശ്രൂഷിക്കുന്നവർക്ക് ഭക്ഷിക്കുവാൻ അവകാശമില്ലാത്ത ഒരു യാഗപീഠം നമുക്കുണ്ട്.11മഹാപുരോഹിതൻ പാപപരിഹാരമായി രക്തം വിശുദ്ധമന്ദിരത്തിലേക്കു കൊണ്ടുപോകുന്ന മൃഗങ്ങളുടെ ഉടൽ പാളയത്തിന് പുറത്തുവച്ച് ചുട്ടുകളയുന്നു.
12അങ്ങനെ യേശുവും സ്വന്തരക്തത്താൽ ജനത്തെ വിശുദ്ധീകരിക്കേണ്ടതിന് നഗരവാതിലിന് പുറത്തുവച്ച് കഷ്ടം അനുഭവിച്ചു.13ആകയാൽ നാം അവന്റെ നിന്ദ ചുമന്നുകൊണ്ടു പാളയത്തിന് പുറത്തു അവന്റെ അടുക്കൽ ചെല്ലുക.14ഇവിടെ നമുക്കു നിലനില്ക്കുന്ന നഗരമില്ലല്ലോ, വരുവാനുള്ള നഗരമത്രേ നാം അന്വേഷിക്കുന്നത്.
15അതുകൊണ്ട് അവൻ മുഖാന്തരം നാം ദൈവത്തിന് അവന്റെ നാമത്തെ ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക.16നന്മചെയ്‌വാനും കൂട്ടായ്മ കാണിക്കുവാനും മറക്കരുത്. ഈവക യാഗത്തിലല്ലോ ദൈവം വളരെ പ്രസാദിക്കുന്നത്.17നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിൻ; അവർ കണക്ക് ബോധിപ്പിക്കേണ്ടുന്നവരാകയാൽ നിങ്ങളുടെ ആത്മാക്കൾക്ക് വേണ്ടി ജാഗരിച്ചിരിക്കുന്നു; ഇതു അവർ ദുഃഖത്തോടെയല്ല സന്തോഷത്തോടെ ചെയ്‌വാൻ ഇടവരുത്തുവിൻ; അല്ലാഞ്ഞാൽ നിങ്ങൾക്ക് നന്നല്ല.
ആശിർവാദവും ആശംസകളും

18ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുവിൻ. സകലത്തിലും നല്ലവരായി നടപ്പാൻ ഇച്ഛിക്കകൊണ്ട് ഞങ്ങൾക്കു നല്ല മനസ്സാക്ഷി ഉണ്ടെന്ന് ഞങ്ങൾ ഉറച്ചിരിക്കുന്നു.19ഞാൻ നിങ്ങളുടെ അടുക്കൽ വേഗത്തിൽ വീണ്ടും വരേണ്ടതിന് നിങ്ങൾ പ്രാർത്ഥിക്കണം എന്നു ഞാൻ വിശേഷാൽ അപേക്ഷിക്കുന്നു.

20നിത്യനിയമത്തിന്റെ രക്തത്താൽ ആടുകളുടെ വലിയ ഇടയനായ നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരുടെ ഇടയിൽനിന്ന് മടക്കി വരുത്തിയ സമാധാനത്തിന്റെ ദൈവം,21നിങ്ങളെ അവന്റെ ഇഷ്ടം ചെയ്‌വാൻ തക്കവണ്ണം എല്ലാനന്മയിലും യഥാസ്ഥാനപ്പെടുത്തി തനിക്കു പ്രസാദമുള്ളതു യേശുക്രിസ്തു മുഖാന്തരം നമ്മിൽ നിവർത്തിയ്ക്കുമാറാകട്ടെ; അവന് എന്നേക്കും മഹത്വം. ആമേൻ.

22സഹോദരന്മാരേ, ഈ ചുരുങ്ങിയ പ്രബോധനം ക്ഷമയോടെ സ്വീകരിക്കണം എന്നു ഞാൻ അപേക്ഷിക്കുന്നു; ചുരുക്കമായിട്ടല്ലോ ഞാൻ എഴുതിയിരിക്കുന്നത്.23സഹോദരനായ തിമോഥെയോസ് തടവിൽനിന്ന് ഇറങ്ങി എന്നു അറിയുവിൻ. അവൻ വേഗത്തിൽ വന്നാൽ ഞാൻ അവനുമായി നിങ്ങളെ വന്നു കാണും.

24നിങ്ങളെ നടത്തുന്നവർക്ക് എല്ലാവർക്കും സകലവിശുദ്ധന്മാർക്കും വന്ദനം ചൊല്ലുവിൻ. ഇതല്യക്കാർ നിങ്ങൾക്ക് വന്ദനം ചൊല്ലുന്നു.

25കൃപ നിങ്ങളോടെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ. ആമേൻ.

യാക്കോബ്

1

1ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും ദാസനായ യാക്കോബ് എഴുതുന്നത്: പലയിടങ്ങളിലായി ചിതറിപ്പാർക്കുന്ന പന്ത്രണ്ട് ഗോത്രങ്ങൾക്കും വന്ദനം.

പരിശോധനയും പരീക്ഷയും

2എന്റെ സഹോദരന്മാരേ, നിങ്ങൾ വിവിധ പരിശോധനകളിൽ അകപ്പെടുമ്പോൾ അത് മഹാസന്തോഷം എന്ന് എണ്ണുവിൻ.3നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന നിങ്ങളിൽ സഹിഷ്ണത ഉളവാക്കുന്നു എന്ന് അറിയുന്നുവല്ലോ.
4എന്നാൽ നിങ്ങൾ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണ്ണരും ആകേണ്ടതിന് സഹിഷ്ണത അതിന്റെ പൂർണ്ണ പ്രവൃത്തി ചെയ്യട്ടെ.

5നിങ്ങളിൽ ഒരാൾക്ക് ജ്ഞാനം കുറവാകുന്നു എങ്കിൽ , ശകാരിക്കാതെയും സന്തോഷത്തോടെ എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്നവനുമായ ദൈവത്തോട് യാചിക്കട്ടെ; അപ്പോൾ അവന് ലഭിക്കും.
6എന്നാൽ അവൻ ഒന്നും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കണം; സംശയിക്കുന്നവൻ കാറ്റടിച്ച് അലയുന്ന കടൽത്തിരയ്ക്ക് തുല്യനാകുന്നു.7ഇങ്ങനെയുള്ള മനുഷ്യൻ കർത്താവിങ്കൽനിന്ന് വല്ലതും ലഭിക്കും എന്ന് ചിന്തിക്കരുത്.8ഇരുമനസ്സുള്ള മനുഷ്യൻ തന്റെ വഴികളിൽ ഒക്കെയും അസ്ഥിരൻ ആകുന്നു.

9ദരിദ്രസഹോദരൻ തന്റെ ഉന്നതസ്ഥാനത്തിലും,10ധനവാനോ പുല്ലിന്റെ പൂവ് പോലെ കൊഴിഞ്ഞു പോകുന്നവനാകയാൽ തന്റെ എളിമയിലും പ്രശംസിക്കട്ടെ.11എന്തെന്നാൽ സൂര്യൻ ഉദിച്ചിട്ട് കടുത്ത ചൂടുകൊണ്ട് പുല്ല് ഉണങ്ങി പൂവുതിർന്ന് അതിന്റെ രൂപഭംഗി ഇല്ലാതെ പോകുന്നു. അതുപോലെ ധനവാനും തന്റെ പ്രയത്നങ്ങളിൽ വാടിപ്പോകും.

12പരിശോധന സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; എന്തുകൊണ്ടെന്നാൽ അവൻ പരിശോധനകളെ അതിജീവിച്ചാൽ, കർത്താവ് തന്നെ സ്നേഹിക്കുന്നവർക്ക് വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും.13പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്ന് ആരും പറയരുത്. എന്തെന്നാൽ ദൈവത്തെ ദോഷങ്ങളാൽ പരീക്ഷിക്കുവാൻ കഴിയുന്നതല്ല; ദൈവം ആരെയും പരീക്ഷിക്കുന്നതുമില്ല.
14എന്നാൽ സ്വന്തമോഹത്തിൽ കുടുങ്ങി വശീകരിക്കപ്പെടുന്നതിനാൽ ഓരോരുത്തരും പരീക്ഷിക്കപ്പെടുന്നു.15അങ്ങനെ മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം പൂർണ്ണവളർച്ച പ്രാപിച്ചിട്ട് മരണത്തെ പ്രസവിക്കുന്നു.16എന്റെ പ്രിയസഹോദരന്മാരേ, വഞ്ചിക്കപ്പെടരുത്.
17എല്ലാ നല്ല ദാനവും പൂർണ്ണവരം ഒക്കെയും ഉയരത്തിൽനിന്ന്, വെളിച്ചങ്ങളുടെ പിതാവിങ്കൽനിന്ന് ഇറങ്ങിവരുന്നു. അവന് ചാഞ്ചല്യമോ, നിഴൽ മാറുന്നതു പോലുള്ള മാറ്റമോ ഇല്ല.18നാം അവന്റെ സൃഷ്ടികളിൽ ആദ്യഫലമാകേണ്ടതിന് അവൻ തന്റെ ഇഷ്ടത്താൽ സത്യത്തിന്റെ വചനം കൊണ്ട് നമ്മെ ജനിപ്പിച്ചിരിക്കുന്നു.
കേൾവിയും പ്രവൃത്തിയും

19എന്റെ പ്രിയ സഹോദരന്മാരേ, നിങ്ങൾ അത് അറിയുന്നുവല്ലോ. എന്നാൽ ഏത് മനുഷ്യനും കേൾക്കുവാൻ വേഗതയും പറയുവാൻ താമസവും കോപത്തിന് താമസവും ഉള്ളവൻ ആയിരിക്കട്ടെ;20എന്തെന്നാൽ മനുഷ്യന്റെ കോപം മൂലം ദൈവത്തിന്റെ നീതി നിർവ്വഹിക്കപ്പെടുന്നില്ല.21ആകയാൽ എല്ലാ അഴുക്കും ദുഷ്ടതയുടെ ആധിക്യവും വിട്ട് നിങ്ങളുടെ ആത്മാക്കളെ രക്ഷിക്കുവാൻ ശക്തിയുള്ളതും ഉൾനട്ടതുമായ വചനം സൗമ്യതയോടെ കൈക്കൊൾവിൻ.
22എങ്കിലും വചനം കേൾക്കുക മാത്രം ചെയ്ത് തങ്ങളെത്തന്നെ ചതിക്കാതെ അതിനെ പ്രവൃത്തിക്കുന്നവരായും ഇരിക്കുവിൻ.23എന്തെന്നാൽ, ഒരുവൻ വചനം കേൾക്കുന്നവൻ എങ്കിലും പ്രവർത്തിക്കാതിരുന്നാൽ അവൻ തന്റെ മുഖം കണ്ണാടിയിൽ നോക്കുന്ന ആളോട് തുല്യനാകുന്നു;24അവൻ സ്വന്തരൂപം കാണുകയും താൻ ഇന്ന രൂപം ആയിരുന്നു എന്ന് ഉടനെ മറന്നുപോകുകയും ചെയ്യുന്നു.25എന്നാൽ സ്വാതന്ത്ര്യത്തിന്റെ തികഞ്ഞ ന്യായപ്രമാണം ശ്രദ്ധയോടെ നോക്കുകയും അതിൽ നിലനിൽക്കുകയും ചെയ്യുന്നവനോ കേട്ട് മറക്കുന്നവനല്ല, പ്രവൃത്തി ചെയ്യുന്നവനായി താൻ ചെയ്യുന്നതിൽ ഭാഗ്യവാൻ ആകും.
26നിങ്ങളിൽ ഒരുവൻ താൻ ഭക്തൻ എന്ന് നിരൂപിച്ച് തന്റെ നാവിന് കടിഞ്ഞാണിടാതെ ഇരുന്നാൽ തന്റെ ഹൃദയത്തെ വഞ്ചിക്കുന്നു; അവന്റെ ഭക്തി വ്യർത്ഥം അത്രേ.27പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിർമ്മലവുമായുള്ള ഭക്തിയോ: അനാഥരേയും വിധവമാരെയും അവരുടെ കഷ്ടതയിൽ ചെന്ന് കാണുന്നതും ലോകത്താലുള്ള കളങ്കം പറ്റാതെ സ്വയം കാത്തുസൂക്ഷിക്കുന്നതും ആകുന്നു.

2
മുഖപക്ഷം എന്ന പാപം

1എന്റെ സഹോദരന്മാരേ, തേജസ്സുള്ളവനായ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന നിങ്ങൾ മുഖപക്ഷം കാണിക്കരുത്.2നിങ്ങളുടെ പള്ളിയിൽ മോടിയുള്ള വസ്ത്രവും പൊന്മോതിരവും ധരിച്ചുകൊണ്ട് ഒരുവനും, മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു ദരിദ്രനും വന്നാൽ,3നിങ്ങൾ മോടിയുള്ള വസ്ത്രം ധരിച്ചവനെ നോക്കി: ഇവിടെ ഇരുന്നാലും എന്നും, ദരിദ്രനോട്: നീ അവിടെ നിൽക്കുക; അല്ലെങ്കിൽ എന്റെ പാദപീഠത്തിൽ ഇരിക്കുക എന്നും പറയുന്നു എങ്കിൽ,4നിങ്ങൾ നിങ്ങളുടെ ഇടയിൽ വേർതിരിവ് ഉണ്ടാക്കുകയും ദുഷ്ടവിചാരത്തോടെ വിധിക്കുകയും അല്ലയോ ചെയ്യുന്നത്?

5എന്റെ പ്രിയ സഹോദരന്മാരേ, കേൾക്കുവിൻ: ദൈവം ലോകത്തിൽ ദരിദ്രരായവരെ വിശ്വാസത്തിൽ സമ്പന്നരും തന്നെ സ്നേഹിക്കുന്നവർക്ക് വാഗ്ദത്തം ചെയ്ത രാജ്യത്തിന്റെ അവകാശികളുമാകേണ്ടതിന് തിരഞ്ഞെടുത്തില്ലയോ? നിങ്ങളോ ദരിദ്രനെ അപമാനിച്ചിരിക്കുന്നു.6ധനവാന്മാർ അല്ലയോ നിങ്ങളെ പീഢിപ്പിക്കുന്നത്? അവർ അല്ലയോ നിങ്ങളെ കോടതികളിലേക്ക് വലിച്ചുകൊണ്ടുപോകുന്നത്?7നിങ്ങളുടെമേൽ വിളിക്കപ്പെട്ടിരിക്കുന്ന നല്ല നാമത്തെ അവർ അല്ലയോ ദുഷിക്കുന്നത്?
8എന്നാൽ “അയൽക്കാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കേണം” എന്ന തിരുവെഴുത്തിൻപ്രകാരമുള്ള രാജകീയ ന്യായപ്രമാണം നിങ്ങൾ നിവർത്തിയ്ക്കുന്നു എങ്കിൽ നിങ്ങൾ നന്നായി ചെയ്യുന്നു.9മുഖപക്ഷം കാണിച്ചാലോ പാപം ചെയ്യുന്നു; നിങ്ങൾ ലംഘനക്കാർ എന്നു ന്യായപ്രമാണത്താൽ തെളിയുന്നു.
10എന്തെന്നാൽ ഒരുവൻ ന്യായപ്രമാണം മുഴുവനും അനുസരിച്ച് നടന്നിട്ടും ഒന്നിൽ തെറ്റിയാൽ അവൻ സകലത്തിനും കുറ്റക്കാരനായിത്തീരുന്നു;11വ്യഭിചാരം ചെയ്യരുത് എന്നു കല്പിച്ചവൻ കൊല ചെയ്യരുത് എന്നും കല്പിച്ചിരിക്കുന്നുവല്ലോ. നീ വ്യഭിചാരം ചെയ്യുന്നില്ലെങ്കിലും കൊല ചെയ്യുന്നു എങ്കിൽ ന്യായപ്രമാണം ലംഘിക്കുന്നവനായിത്തീരുന്നു.
12സ്വാതന്ത്ര്യത്തിന്റെ ന്യായപ്രമാണത്താൽ വിധിക്കപ്പെടുവാനുള്ളവരെപ്പോലെ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്‌വിൻ.13കരുണ കാണിക്കാത്തവന് കരുണയില്ലാത്ത ന്യായവിധി ഉണ്ടാകും എന്നതിനാൽ തന്നെ; കരുണ ന്യായവിധിയെ ജയിക്കുന്നു!
വിശ്വാസവും പ്രവൃത്തിയും

14എന്റെ സഹോദരന്മാരേ, ഒരുവൻ തനിക്ക് വിശ്വാസം ഉണ്ട് എന്ന് പറയുകയും പ്രവൃത്തികൾ ഇല്ലാതിരിക്കുകയും ചെയ്താൽ എന്ത് പ്രയോജനം ? ആ വിശ്വാസത്താൽ അവന് രക്ഷ പ്രാപിക്കുവാൻ സാധിക്കുമോ?15ഒരു സഹോദരനോ, സഹോദരിയോ വസ്ത്രവും ദൈനംദിന ആഹാരവും ഇല്ലാതിരിക്കെ നിങ്ങളിൽ ഒരുവൻ അവരോട്:16“സമാധാനത്തോടെ പോയി തണുപ്പകറ്റുകയും വിശപ്പടക്കുകയും ചെയ്‌വിൻ” എന്ന് പറയുന്നതല്ലാതെ ദേഹരക്ഷയ്ക്ക് ആവശ്യമുള്ളത് അവർക്ക് കൊടുക്കാതിരുന്നാൽ ഉപകാരമെന്ത്?17അങ്ങനെ പ്രവൃത്തികൾ കൂടാതെയുള്ള വിശ്വാസം സ്വതവേ നിർജ്ജീവമാകുന്നു.
18എന്നാൽ ഒരുവൻ: “നിനക്ക് വിശ്വാസം ഉണ്ട്; എനിക്ക് പ്രവൃത്തികൾ ഉണ്ട്” എന്ന് പറയുമായിരിക്കും. നിന്റെ വിശ്വാസം പ്രവൃത്തികൾ കൂടാതെ കാണിച്ചുതരിക; ഞാനും എന്റെ വിശ്വാസം പ്രവൃത്തികളാൽ കാണിച്ചു തരാം.19ദൈവം ഏകൻ എന്ന് നീ വിശ്വസിക്കുന്നുവോ? കൊള്ളാം; ഭൂതങ്ങളും അങ്ങനെ വിശ്വസിക്കുകയും വിറക്കുകയും ചെയ്യുന്നു.20വ്യർത്ഥമനുഷ്യാ, പ്രവൃത്തിയില്ലാത്ത വിശ്വാസം നിഷ്ഫലമെന്ന് ഗ്രഹിക്കുവാൻ നിനക്ക് മനസ്സുണ്ടോ?
21നമ്മുടെ പിതാവായ അബ്രഹാം തന്റെ മകനായ യിസ്ഹാക്കിനെ യാഗപീഠത്തിന്മേൽ അർപ്പിച്ചപ്പോൾ, പ്രവൃത്തിയാൽ അല്ലയോ നീതീകരിക്കപ്പെട്ടത്.22അവന്റെ പ്രവൃത്തിയോടുകൂടെ വിശ്വാസം വ്യാപരിച്ചു എന്നും പ്രവൃത്തിയാൽ വിശ്വാസം പൂർണ്ണമായി എന്നും നീ കാണുന്നുവല്ലോ.23“അബ്രഹാം ദൈവത്തെ വിശ്വസിക്കുകയും അത് അവന് നീതിയായി കണക്കിടുകയും ചെയ്തു” എന്നുള്ള തിരുവെഴുത്ത് നിവൃത്തിയാവുകയും, അവന് ദൈവത്തിന്റെ സ്നേഹിതൻ എന്ന് പേർ ലഭിക്കുകയും ചെയ്തു.24അങ്ങനെ മനുഷ്യൻ വിശ്വാസത്താൽ മാത്രമല്ല, പ്രവൃത്തികളാൽ തന്നെ നീതീകരിക്കപ്പെടുന്നു എന്ന് നിങ്ങൾ കാണുന്നു.
25അതുപോലെ രാഹാബ് എന്ന വേശ്യയും ദൂതരെ കൈക്കൊള്ളുകയും വേറൊരു വഴിയായി പറഞ്ഞയയ്ക്കുകയും ചെയ്തതിൽ പ്രവൃത്തികളാൽ അല്ലയോ നീതീകരിക്കപ്പെട്ടത്?26ഇങ്ങനെ ആത്മാവില്ലാത്ത ശരീരം നിർജ്ജീവമായിരിക്കുന്നതു പോലെ പ്രവൃത്തിയില്ലാത്ത വിശ്വാസവും നിർജ്ജീവമാകുന്നു.

3
നാവിനു കടിഞ്ഞാൺ

1എന്റെ സഹോദരന്മാരേ, അധികം ശിക്ഷാവിധി വരും എന്നറിയുന്നതിനാൽ നിങ്ങളിൽ അനേകർ ഉപദേഷ്ടാക്കന്മാർ ആകരുത്.2നാം എല്ലാവരും പലതിലും തെറ്റിപ്പോകുന്നു; ഒരുവൻ വാക്കിൽ തെറ്റാതിരുന്നാൽ അവൻ സൽഗുണപൂർത്തിയുള്ള പുരുഷൻ ആയി, തന്റെ ശരീരത്തെ മുഴുവനും കടിഞ്ഞാണിടുവാൻ കഴിവുള്ളവൻ ആകുന്നു.

3കുതിരയെ അനുസരിപ്പിക്കുവാൻ വായിൽ കടിഞ്ഞാൺ ഇടുന്നതിനാൽ അതിന്റെ ശരീരം മുഴുവനും നാം തിരിക്കുന്നുവല്ലോ.4കപ്പലും, എത്ര വലിയത് ആയാലും കൊടുങ്കാറ്റടിച്ച് ഓടുന്നതായാലും അമരക്കാരൻ ഏറ്റവും ചെറിയ ചുക്കാൻ1 കൊണ്ട് താൻ ആഗ്രഹിക്കുന്ന ദിക്കിലേക്ക് തിരിക്കുന്നു.
5അങ്ങനെതന്നെ നാവും ചെറിയ അവയവം എങ്കിലും വലിയ കാര്യങ്ങളെക്കുറിച്ച് വീരവാദം പറയുന്നു. തീർച്ചയായും, ഒരു ചെറിയ തീപ്പൊരി വലിയ കാട് കത്തിക്കുന്നു;6അതെ നാവും ഒരു തീ ആകുന്നു; അനീതിയുടെ ലോകം തന്നെ. അങ്ങനെ നാവും അവയവങ്ങളിൽ ഒന്നായി ശരീരത്തെ മുഴുവനും ദുഷിപ്പിക്കുകയും പ്രകൃതിചക്രത്തെ കത്തിക്കുകയും ചെയ്യുന്നു; നരകത്തിലെ തീയാൽ തന്നെ കത്തിക്കുന്നു.
7എല്ലാ തരം മൃഗങ്ങളും, പക്ഷികളും, ഇഴജാതികളും, ജലജന്തുക്കളും മനുഷ്യരോട് ഇണങ്ങുന്നു; ഇണക്കിയുമിരിക്കുന്നു.8എന്നാൽ നാവിനെയോ മനുഷ്യർക്കാർക്കും മെരുക്കുവാൻ സാധ്യമല്ല; അത് നിയന്ത്രിക്കുവാനാവാത്ത ദോഷം; മരണകരമായ വിഷം നിറഞ്ഞത്.
9അതേ നാവിനാൽ നാം കർത്താവും പിതാവുമായവനെ സ്തുതിക്കുന്നു; ദൈവത്തിന്റെ സാദൃശ്യത്തിൽ ഉണ്ടാക്കപ്പെട്ട മനുഷ്യരെ ശപിക്കുകയും ചെയ്യുന്നു.10ഒരു വായിൽനിന്നു തന്നെ സ്തോത്രവും ശാപവും പുറപ്പെടുന്നു. എന്റെ സഹോദരന്മാരേ, ഇങ്ങനെ ആയിരിക്കുന്നത് ഉചിതമല്ല.
11ഉറവിന്റെ2 ഒരേ ദ്വാരത്തിൽനിന്ന് മധുരവും കയ്പും ഉള്ള വെള്ളം പുറപ്പെട്ടു വരുമോ?12എന്റെ സഹോദരന്മാരേ, അത്തിവൃക്ഷത്തിന് ഒലിവുപഴമോ, മുന്തിരിവള്ളിക്ക് അത്തിപ്പഴമോ കായിക്കുവാൻ കഴിയുമോ? അല്ല, ഉപ്പുറവയിൽനിന്ന് മധുരമുള്ള വെള്ളം പുറപ്പെടുകയുമില്ല.
ഉയരത്തിൽനിന്നുള്ള ജ്ഞാനം

13നിങ്ങളിൽ ജ്ഞാനിയും വിവേകിയുമായവൻ ആർ? അവൻ ജ്ഞാനലക്ഷണമായ സൗമ്യതയോടെ, ഉത്തമസ്വഭാവത്താൽ തന്റെ പ്രവൃത്തികളെ കാണിക്കട്ടെ.14എന്നാൽ നിങ്ങളുടെ ഹൃദയങ്ങളിൽ കടുത്ത അസൂയയും സ്വാർത്ഥമോഹവും ഉണ്ടെങ്കിൽ, അഹങ്കരിക്കുകയും സത്യത്തിന് വിരോധമായി കള്ളം പറയുകയുമരുത്.
15ഇത് ഉയരത്തിൽ നിന്ന് വരുന്ന ജ്ഞാനമല്ല, ലൗകികവും പ്രാകൃതവും പൈശാചികവും ആയതത്രേ.16അസൂയയും സ്വാർത്ഥമോഹവും ഉള്ളിടത്ത് കലക്കവും സകല ദുഷ്പ്രവൃത്തിയും ഉണ്ട്.17ഉയരത്തിൽനിന്നുള്ള ജ്ഞാനമോ ഒന്നാമത് നിർമ്മലവും പിന്നെ സമാധാനവും ശാന്തതയും കീഴടങ്ങുന്നതും കരുണയും സൽഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു.18എന്നാൽ സമാധാനം ഉണ്ടാക്കുന്നവർ സമാധാനത്തിൽ വിതച്ച് നീതി കൊയ്യുന്നു.


1 3:4 ചുക്കാൻ എന്നാൽ കപ്പലിനെ നിയന്ത്രിക്കുന്ന ഉപകരണം.
2 3:11 ഉറവ് എന്നാൽ ജലാശയങ്ങളിൽ വെള്ളം ഉത്ഭവിക്കുന്ന സ്ഥലം.

4
ദൈവത്തിനു കീഴ്പെടുക

1നിങ്ങളുടെ ഇടയിൽ കലഹവും തർക്കവും എവിടെ നിന്ന് വന്നു? അത് നിങ്ങളുടെ അവയവങ്ങളിൽ പോരാടുന്ന ഭോഗതാല്പര്യങ്ങളിൽ നിന്നല്ലയോ?2നിങ്ങൾ ആഗ്രഹിച്ചിട്ടും പ്രാപിക്കുന്നില്ല; നിങ്ങൾ കൊല്ലുകയും അസൂയപ്പെടുകയും ചെയ്തിട്ടും ഒന്നും നേടുന്നില്ല; നിങ്ങൾ കലഹിക്കുകയും ശണ്ഠയിടുകയും ചെയ്തിട്ടും യാചിക്കാത്തതുകൊണ്ട് പ്രാപിക്കുന്നില്ല.3നിങ്ങൾ യാചിക്കുന്നു എങ്കിലും നിങ്ങളുടെ ഭോഗതാല്പര്യങ്ങൾക്കായി ചെലവിടേണ്ടതിന് തെറ്റായി യാചിക്കുകകൊണ്ട് ഒന്നും ലഭിക്കുന്നില്ല.

4വ്യഭിചാരിണികളായുള്ളോരേ, ലോകസ്നേഹം ദൈവത്തോട് ശത്രുത്വം ആകുന്നു എന്ന് നിങ്ങൾ അറിയുന്നില്ലയോ? ആകയാൽ ലോകത്തിന്റെ സ്നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവൻ ദൈവത്തിന്റെ ശത്രുവായി തന്നത്താൻ ആക്കുന്നു.5“അവൻ നമ്മിൽ വസിക്കുമാറാക്കിയ ആത്മാവ് അസൂയയ്ക്കായി കാംക്ഷിക്കുന്നു” എന്ന് തിരുവെഴുത്ത് വെറുതെ സംസാരിക്കുന്നു എന്ന് തോന്നുന്നുവോ?
6എന്നാൽ അവൻ അധികം കൃപ നല്കുന്നു; അതുകൊണ്ട് “ദൈവം അഹങ്കാരികളോട് എതിർത്തുനില്ക്കുകയും താഴ്മയുള്ളവർക്ക് കൃപ നല്കുകയും ചെയ്യുന്നു” എന്ന് പറഞ്ഞിരിക്കുന്നു.7അതുകൊണ്ട് നിങ്ങൾ ദൈവത്തിന് കീഴടങ്ങുവിൻ; പിശാചിനോട് എതിർത്തുനിൽക്കുവിൻ; എന്നാൽ അവൻ നിങ്ങളെ വിട്ട് ഓടിപ്പോകും.
8ദൈവത്തോട് അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോട് അടുത്തുവരും. പാപികളേ, കൈകളെ വെടിപ്പാക്കുവിൻ; ഇരുമനസ്സുള്ളവരേ, ഹൃദയങ്ങളെ ശുദ്ധീകരിക്കുവിൻ;9വിലപിക്കുകയും ദുഃഖിക്കുകയും കരയുകയും ചെയ്യുവിൻ; നിങ്ങളുടെ ചിരി ദുഃഖമായും സന്തോഷം വിഷാദമായും തീരട്ടെ.10കർത്താവിന്റെ സന്നിധിയിൽ താഴുവിൻ; എന്നാൽ അവൻ നിങ്ങളെ ഉയർത്തും.

11സഹോദരന്മാരേ, അന്യോന്യം കുറ്റപ്പെടുത്തരുത്; തന്റെ സഹോദരനെ കുറ്റപ്പെടുത്തുകയോ വിധിക്കുകയോ ചെയ്യുന്നവൻ ന്യായപ്രമാണത്തെ കുറ്റപ്പെടുത്തുകയും വിധിക്കുകയും ചെയ്യുന്നു. ന്യായപ്രമാണത്തെ വിധിക്കുന്നു എങ്കിൽ നീ ന്യായപ്രമാണത്തെ അനുഷ്ഠിക്കുന്നവനല്ല, വിധിക്കുന്നവനത്രെ.12ന്യായപ്രമാണകർത്താവും ന്യായാധിപതിയും ഒരുവനേയുള്ളു: രക്ഷിയ്ക്കുവാനും നശിപ്പിക്കുവാനും കഴിവുള്ളവൻ തന്നെ; എന്നാൽ അയൽക്കാരനെ വിധിക്കുവാൻ നീ ആർ?
നാളയെക്കുറിച്ചുള്ള പ്രശംസ

13“ഇന്നോ നാളെയോ ഞങ്ങൾ ഇന്നിന്ന പട്ടണത്തിൽ പോയി അവിടെ ഒരുവർഷം താമസിച്ച് വ്യാപാരം ചെയ്ത് ലാഭം ഉണ്ടാക്കും” എന്ന് പറയുന്നവരേ, കേൾക്കുവിൻ:14നാളെ എന്ത് സംഭവിക്കും എന്ന് നിങ്ങൾ അറിയുന്നില്ലല്ലോ; നിങ്ങളുടെ ജീവൻ എങ്ങനെയുള്ളത്? അല്പനേരത്തേക്ക് കാണുന്നതും പിന്നെ മറഞ്ഞു പോകുന്നതുമായ മൂടൽമഞ്ഞ് പോലെയാകുന്നു .
15പ്രത്യുത, കർത്താവിന് ഇഷ്ടമുണ്ടെങ്കിൽ ഞങ്ങൾ ജീവിച്ചിരുന്ന് ഇന്നിന്നത് ചെയ്യും എന്നാണ് പറയേണ്ടത്.16എന്നാൽ നിങ്ങളോ അഹങ്കാരത്താൽ പ്രശംസിക്കുന്നു; ഈവക പ്രശംസ എല്ലാം ദോഷം ആകുന്നു.17നന്മ ചെയ്യുവാൻ അറിഞ്ഞിട്ടും ചെയ്യാത്തവന് അത് പാപം തന്നെ.

5
ധനവാന്മാർക്കുള്ള മുന്നറിയിപ്പ്

1അല്ലയോ ധനവാന്മാരേ, നിങ്ങൾക്ക് വരുവാൻ പോകുന്ന പ്രയാസങ്ങൾ ഓർത്ത് അലമുറയിട്ട് കരയുവിൻ.2നിങ്ങളുടെ ധനം നശിച്ചും, ഉടുപ്പ് പുഴുവരിച്ചും പോയി.3നിങ്ങളുടെ പൊന്നും വെള്ളിയും കറപിടിച്ചു; ആ കറ നിങ്ങളുടെ നേരെ സാക്ഷിയാകുകയും തീപോലെ നിങ്ങളുടെ ശരീരത്തെ തിന്നുകളയുകയും ചെയ്യും. അന്ത്യകാലത്ത് നിങ്ങൾ നിക്ഷേപങ്ങളെ ശേഖരിച്ചിരിക്കുന്നു.

4നിങ്ങളുടെ നിലങ്ങൾ കൊയ്ത വേലക്കാരുടെ കൂലി നിങ്ങൾ പിടിച്ചുവച്ചിരിക്കുന്നുവല്ലോ; ഇതാ അത് നിങ്ങളുടെ അടുക്കൽനിന്ന് നിലവിളിക്കുകയും കൊയ്തവരുടെ കരച്ചിൽ സൈന്യങ്ങളുടെ കർത്താവിന്റെ ചെവിയിൽ എത്തുകയും ചെയ്തിരിക്കുന്നു.5നിങ്ങൾ ഭൂമിയിൽ ആഡംബരത്തോടെയും സുഖിച്ചും ജീവിക്കുന്നു; കൊലദിവസത്തിൽ എന്നപോലെ നിങ്ങൾ നിങ്ങളുടെ ഹൃദയത്തെ പോഷിപ്പിച്ചിരിക്കുന്നു.6നിങ്ങൾ നീതിമാനെ കുറ്റം വിധിച്ച് കൊന്നു; അവൻ നിങ്ങളോട് എതിർക്കുന്നതുമില്ല.
കഷ്ടതയിൽ സഹനം

7അതുകൊണ്ട് സഹോദരന്മാരേ, കർത്താവിന്റെ പ്രത്യക്ഷത വരെ ക്ഷമയോടെ കാത്തിരിക്കുവിൻ; കൃഷിക്കാരൻ ഭൂമിയുടെ വിലയേറിയ ഫലത്തിന് കാത്തുകൊണ്ട് മുന്മഴയും പിന്മഴയും അതിന് കിട്ടുവോളം ക്ഷമയോടെ കാത്തിരിക്കുന്നുവല്ലോ.8നിങ്ങളും ക്ഷമയോടെ കാത്തിരിക്കുവിൻ; കർത്താവിന്റെ പ്രത്യക്ഷത സമീപിച്ചിരിക്കുകയാൽ നിങ്ങളുടെ ഹൃദയം സ്ഥിരമാക്കുവിൻ;
9സഹോദരന്മാരേ, വിധിക്കപ്പെടാതിരിക്കുവാൻ ഒരുവന്റെ നേരെ ഒരുവൻ പിറുപിറുക്കരുത്; ഇതാ, ന്യായാധിപതി വാതിൽക്കൽ നില്ക്കുന്നു.10സഹോദരന്മാരേ, കർത്താവിന്റെ നാമത്തിൽ സംസാരിച്ച പ്രവാചകന്മാരെ, കഷ്ടാനുഭവത്തിനും ദീർഘക്ഷമയ്ക്കും മാതൃകയാക്കികൊള്ളുവിൻ.11സഹിഷ്ണത കാണിച്ചവരെ നാം ഭാഗ്യവാന്മാർ എന്ന് പുകഴ്ത്തുന്നുവല്ലോ. ഇയ്യോബിന്റെ സഹിഷ്ണത നിങ്ങൾ കേട്ടും കർത്താവ് വരുത്തിയ അവസാനം കണ്ടുമിരിക്കുന്നു; കർത്താവ് മഹാകരുണയും മനസ്സലിവുമുള്ളവനല്ലോ.

12എന്നാൽ എന്റെ സഹോദരങ്ങളേ, എല്ലാറ്റിനുമുപരി, സ്വർഗ്ഗത്തെയോ ഭൂമിയേയോ മറ്റു യാതൊന്നിനെയുമോ ചൊല്ലി സത്യം ചെയ്യരുത്; ശിക്ഷാവിധിയിൽ അകപ്പെടാതിരിക്കുവാൻ നിങ്ങൾ“ ഉവ്വ്” എന്ന് പറഞ്ഞാൽ “ഉവ്വ് ”എന്നും “ഇല്ല” എന്ന് പറഞ്ഞാൽ “ഇല്ല” എന്നും ഇരിക്കട്ടെ.
പ്രാർത്ഥനയുടെ ശക്തി

13നിങ്ങളിൽ കഷ്ടമനുഭവിക്കുന്നവൻ പ്രാർത്ഥിക്കട്ടെ; സുഖം അനുഭവിക്കുന്നവൻ പാട്ടു പാടട്ടെ.14നിങ്ങളിൽ രോഗിയായി കിടക്കുന്നവൻ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവർ കർത്താവിന്റെ നാമത്തിൽ അവനെ എണ്ണ പൂശി അവന് വേണ്ടി പ്രാർത്ഥിക്കട്ടെ.15എന്നാൽ വിശ്വാസത്തോടുകൂടിയ പ്രാർത്ഥന രോഗിയെ രക്ഷിക്കും; കർത്താവ് അവനെ എഴുന്നേല്പിക്കും; അവൻ പാപം ചെയ്തിട്ടുണ്ടെങ്കിൽ അവനോട് ക്ഷമിയ്ക്കും.
16അതുകൊണ്ട് നിങ്ങൾക്ക് രോഗശാന്തി വരേണ്ടതിന് അന്യോന്യം പാപങ്ങളെ ഏറ്റുപറഞ്ഞ് ഒരുവന് വേണ്ടി ഒരുവൻ പ്രാർത്ഥിക്കുവിൻ. നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർത്ഥന വളരെ ഫലപ്രദം ആകുന്നു.17ഏലിയാവ് നമുക്ക് സമസ്വഭാവമുള്ള മനുഷ്യൻ ആയിരുന്നു; മഴ പെയ്യാതിരിക്കേണ്ടതിന് അവൻ പ്രാർത്ഥനയിൽ അപേക്ഷിച്ചു; മൂന്ന് വർഷവും ആറ് മാസവും ദേശത്ത് മഴ പെയ്തില്ല.18അവൻ വീണ്ടും പ്രാർത്ഥിച്ചപ്പോൾ ആകാശത്തുനിന്ന് മഴ പെയ്ത്, ഭൂമി അതിന്റെ വിളവ് തന്നു.

19എന്റെ സഹോദരന്മാരേ, നിങ്ങളിൽ ഒരുവൻ സത്യംവിട്ട് തെറ്റിപ്പോകയും അവനെ ഒരുവൻ തിരിച്ചുവരുത്തുകയും ചെയ്താൽ,20പാപിയെ നേർവഴിയ്ക്ക് ആക്കുന്നവൻ അവന്റെ പ്രാണനെ മരണത്തിൽനിന്ന് രക്ഷിയ്ക്കുകയും, അവന്റെ പാപങ്ങളുടെ ബഹുത്വത്തെ മറയ്ക്കുകയും ചെയ്യും എന്ന് അവൻ അറിഞ്ഞുകൊള്ളട്ടെ.

1 . പത്രൊസ്

1
പരദേശികളും, തിരഞ്ഞെടുക്കപ്പെട്ട വ്യതന്മാരുമായവർക്ക് വന്ദനം

1യേശുക്രിസ്തുവിന്റെ ഒരു അപ്പൊസ്തലനായ പത്രൊസ്,പ്രദേശങ്ങളായ പൊന്തൊസിലും ഗലാത്യയിലും കപ്പദോക്യയിലും ആസ്യയിലും ബിഥുന്യയിലും ആകമാനം ചിതറിപ്പാർക്കുന്നവരും,2യേശുക്രിസ്തുവിനോടുള്ള അനുസരണത്തിനാലും അവന്റെ രക്തത്താൽ തളിക്കപ്പെട്ടതിനാലും ആത്മാവിന്റെ വിശുദ്ധീകരണം പ്രാപിച്ച് പിതാവായ ദൈവത്തിന്റെ മുന്നറിവിൻ പ്രകാരം തിരഞ്ഞെടുക്കപ്പെട്ടവരുമായ പരദേശികളായ ദൈവജനങ്ങള്‍ക്ക് എഴുതുന്നത്: നിങ്ങൾക്ക് കൃപയും സമാധാനവും വർദ്ധിച്ച് വരുമാറാകട്ടെ.

ജീവനുള്ള പ്രത്യാശയ്ക്കായി, വീണ്ടും ജനിപ്പിച്ചിരിക്കുന്നു

3നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ. മരിച്ചവരിൽനിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ തന്റെ കരുണാധിക്യപ്രകാരം തന്റെ ജീവനുള്ള പ്രത്യാശയ്ക്കായി, അവൻ നമ്മെ വീണ്ടും ജനിപ്പിച്ചിരിക്കുന്നു.4അതുമൂലം അഴുകിപ്പോകാത്തതും മാലിന്യപ്പെടാത്തതും വാടിപ്പോകാത്തതുമായ ഒരു അവകാശം സ്വർഗ്ഗത്തിൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു.5വിശ്വാസത്താൽ രക്ഷയ്ക്കായി, ദൈവശക്തിയിൽ കാത്ത് സൂക്ഷിക്കപ്പെട്ടിരിക്കുന്ന നിങ്ങൾക്ക് ഇത് അന്ത്യനാളുകളിൽ വെളിപ്പെട്ട് വരും.
6ഇപ്പോൾ നിങ്ങൾ അല്പനേരത്തേക്ക് വിവിധ പരീക്ഷകളാൽ ഭാരപ്പെട്ടിരിക്കുന്നത് ആവശ്യമെങ്കിലും അത് മൂലം വളരെ സന്തോഷിച്ചു കൊൾവിൻ.7നശിച്ചു പോകുന്ന പൊന്നിനേക്കാൾ വിലയേറിയതായ നിങ്ങളുടെ വിശ്വാസത്തിന്റെ ശോധന, തീയിനാൽ പരീക്ഷിക്കപ്പെടുമെങ്കിലും, യേശുക്രിസ്തുവിന്റെ രണ്ടാം വരവിന്‍റെ പ്രത്യക്ഷതയിൽ പുകഴ്ചയ്ക്കും മാനത്തിനും മഹത്വത്തിനുമായി കാണ്മാൻ ഇടവരും.
വിശ്വാസത്തിന്റെ അന്തമായ ആത്മരക്ഷ

8കണ്ടിട്ടില്ലെങ്കിലും നിങ്ങൾ അവനെ സ്നേഹിക്കുന്നു; അവനെ ഇപ്പോൾ കാണുന്നില്ലെങ്കിലും, നിങ്ങൾ അവനെ വിശ്വസിക്കുന്നതിനാൽ മഹത്വമേറിയതും വിവരിക്കാനാകാത്തതുമായ സന്തോഷത്താൽ ഉല്ലസിക്കുവിൻ.9അങ്ങനെ നിങ്ങളുടെ വിശ്വാസത്തിന്റെ പൂർത്തിയായ ആത്മരക്ഷ പ്രാപിക്കുവിൻ.10നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന കൃപയെക്കുറിച്ച് പ്രവചിച്ച പ്രവാചകന്മാർ ഈ രക്ഷയെ അന്വേഷിക്കുകയും പരിശോധിക്കുകയും ചെയ്തിരുന്നു.
11അവരിലുള്ള ക്രിസ്തുവിൻ ആത്മാവ് ക്രിസ്തുവിന് വരേണ്ടുന്ന കഷ്ടങ്ങളെയും പിൻവരുന്ന മഹിമയേയും1 മുമ്പിൽകൂട്ടി സാക്ഷീകരിച്ചപ്പോൾ സൂചിപ്പിച്ച സമയം ഏതോ എങ്ങനെയുള്ളതോ എന്ന് പ്രവാചകന്മാർ ആരാഞ്ഞുനോക്കി,12എന്നാൽ അവർ ശുശ്രൂഷ ചെയ്തത് അവർക്കായിട്ടല്ല നമുക്കുവേണ്ടിയത്രെ എന്ന് അവർക്ക് വെളിപ്പെട്ടു; ദൈവദൂതന്മാർ പോലും അറിയുവാൻ ആഗ്രഹിക്കുന്ന ഇക്കാര്യങ്ങൾ സ്വർഗ്ഗത്തിൽ നിന്നു അയയ്ക്കപ്പെട്ട പരിശുദ്ധാത്മാവിനോട് ചേർന്ന് നിങ്ങളോട് ഇപ്പോൾ പ്രസംഗിച്ച സുവിശേഷകരാൽ അറിയിക്കപ്പെട്ടതുതന്നെ.
എല്ലാനടപ്പിലും വിശുദ്ധരാകുവിൻ

13ആകയാൽ നിങ്ങളുടെ മനസ്സ് ഉറപ്പിച്ചും, ചിന്തയിൽ ഗൗരവമുള്ളവരായും യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിങ്കൽ നിങ്ങൾക്ക് വരുവാനുള്ള കൃപയിൽ പൂർണ്ണ പ്രത്യാശ വെച്ചുകൊൾവിൻ.14പണ്ട് നിങ്ങളുടെ അജ്ഞാനകാലത്ത് ഉണ്ടായിരുന്ന മോഹങ്ങളെ മാതൃകയാക്കരുത്
15എന്നാൽ വിശുദ്ധനായവൻ നിങ്ങളെ വിളിച്ചിരിക്കുന്നതുകൊണ്ട് ജീവിതത്തിലെ എല്ലാപെരുമാറ്റങ്ങളിലും നിങ്ങൾ വിശുദ്ധരായിരിപ്പിൻ.16“ഞാൻ വിശുദ്ധൻ ആകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ” എന്ന് എഴുതിയിരിക്കുന്നുവല്ലോ.17ഓരോരുത്തരുടെയും പ്രവൃത്തിക്ക് തക്കവണ്ണം നിഷ‌്പക്ഷമായി ന്യായം വിധിക്കുന്നവനെ നിങ്ങൾ പിതാവായ ദൈവം എന്ന് വിളിക്കുന്നു എങ്കിൽ നിങ്ങളുടെ പ്രവാസകാലം ഭയഭക്തിയോടെ ജീവിക്കുവിൻ.
18പിതാക്കന്മാരിൽനിന്ന് പഠിച്ച വ്യർത്ഥമായ പെരുമാറ്റങ്ങളിൽ നിന്ന് നിങ്ങളെ വീണ്ടെടുത്തിരിക്കുന്നത്, പൊന്ന്, വെള്ളി, മുതലായ നശിച്ചുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല,19ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ ശ്രേഷ്ഠമേറിയ രക്തംകൊണ്ടത്രേ എന്ന് നിങ്ങൾ അറിയുന്നുവല്ലോ.
നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നത്

20ക്രിസ്തു ലോകസ്ഥാപനത്തിന് മുൻപ് തിരഞ്ഞെടുക്കപ്പെട്ടവനും ഈ അന്ത്യകാലത്ത് നിങ്ങൾക്ക് വെളിപ്പെട്ടവനും ആകുന്നു.21അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തിൽ വെച്ചുകൊള്ളേണ്ടതിന് ദൈവം അവനെ മരിച്ചവരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ചു, അവന് തേജസ്സ് കൊടുത്തുമിരിക്കുന്നു.
22എന്നാൽ സത്യം അനുസരിക്കുകയാൽ നിങ്ങളുടെ ആത്മാക്കളെ നിർവ്യാജമായ സഹോദരപ്രീതിക്കായി നിർമ്മലീകരിച്ചിരിക്കകൊണ്ട് ഹൃദയപൂർവ്വം അന്യോന്യം ഉറ്റുസ്നേഹിക്കുവിൻ.23നശിച്ചുപോകുന്ന ബീജത്താലല്ല നശിക്കാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നെ നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.
24“സകലജഡവും പുല്ലുപോലെയും അതിന്റെ മഹത്വം എല്ലാം പുല്ലിന്റെ പൂപോലെയും ആകുന്നു; പുല്ല് വാടിയും, പൂവ് വീണും പോകുന്നു;25കർത്താവിന്റെ വചനമോ എന്നേക്കും നിലനില്ക്കുന്നു.” അത് ആകുന്നു നിങ്ങളോടു പ്രസംഗിച്ച സുവിശേഷം.


1 1:11 പിന്‍ വരുന്ന മഹിമ-പുനരുത്ഥാനത്തിലുണ്ടാകുന്ന തേജസ്കരണം

2
തിരഞ്ഞെടുക്കപ്പെട്ട ജാതിയും, രാജകീയപുരോഹിതവർഗ്ഗവും

1അതുകൊണ്ട് സകല ദുഷ്ടതയും എല്ലാ ചതിവും വ്യാജഭാവവും അസൂയയും അപവാദങ്ങളും നീക്കിക്കളഞ്ഞ്2ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷയിൽ വളരുവാൻ വചനം എന്ന മായമില്ലാത്ത ആത്മീയ പാൽ കുടിക്കുവാൻ വാഞ്ചിപ്പിൻ.3തിരുവെഴുത്തില്‍ എഴുതിയിരിക്കുന്നതുപോലെ കർത്താവ് ദയയുള്ളവൻ എന്ന് നിങ്ങൾ ആസ്വദിച്ചിട്ടുണ്ടല്ലോ.

4മനുഷ്യർ തള്ളിയതെങ്കിലും ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവനും, വിലയേറിയവനുമായ ജീവനുള്ള കല്ലായ ക്രിസ്തുവിന്റെ അടുക്കൽ വന്നിട്ട്5നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മികഗൃഹമായി യേശുക്രിസ്തു മുഖാന്തരം ദൈവത്തിന് പ്രസാദമുള്ള ആത്മികയാഗം അർപ്പിക്കുന്ന വിശുദ്ധ പുരോഹിതവർഗ്ഗമാകേണ്ടതിന് പണിയപ്പെടുന്നു.
6“ഇതാ ഞാൻ വിലയേറിയതും തിരഞ്ഞെടുക്കപ്പെട്ടതുമായൊരു മൂലക്കല്ല്1 സീയോനിൽ2 ഇടുന്നു; അവനിൽ വിശ്വസിക്കുന്നവൻ ലജ്ജിതനാകയില്ല” എന്ന് തിരുവെഴുത്തിൽ കാണുന്നുവല്ലോ.
7വിശ്വസിക്കുന്ന നിങ്ങൾക്ക് ആ ആദരവുണ്ട്; “വീട് പണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് തന്നേ മൂലക്കല്ലും ഇടർച്ചക്കല്ലും തടങ്ങൽ പാറയുമായിത്തീർന്നു.”8തിരുവെഴുത്ത് വീണ്ടും പറയുന്നു അവർ വചനം അനുസരിക്കായ്കയാൽ ഇടറിപ്പോകുന്നു; അതിന് അവരെ നിയമിച്ചുമിരിക്കുന്നു.
9എന്നാൽ നിങ്ങളോ അന്ധകാരത്തിൽ നിന്ന് തന്റെ അത്ഭുത പ്രകാശത്തിലേക്ക് നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.10നിങ്ങൾ ഒരിക്കൽ ദൈവജനമല്ലാത്തവർ ആയിരുന്നു; ഇപ്പോഴോ ദൈവത്തിന്റെ ജനം; ദൈവത്തില്‍ നിന്നും കരുണ ലഭിക്കാത്തവർ ആയിരുന്നു; ഇപ്പോഴോ കരുണ ലഭിച്ചവർ തന്നേ.
ജാതികളുടെ ഇടയിൽ നിങ്ങളുടെ പെരുമാറ്റം

11പ്രിയമുള്ളവരേ, പരദേശികളും പ്രവാസികളുമായ നിങ്ങളുടെ ആത്മാവിനോട് യുദ്ധം ചെയ്യുന്ന പാപാഭിലാഷങ്ങളെ വിട്ടകന്ന്12ജാതികൾ നിങ്ങളെ ദുഷ്പ്രവൃത്തിക്കാർ എന്ന് ദുഷിക്കുന്തോറും നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ട് ക്രിസ്തു തിരികെ വരുന്ന നാളിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന് അവരുടെ ഇടയിൽ നിങ്ങളുടെ പെരുമാറ്റം നന്നായിരിക്കേണം എന്ന് ഞാൻ പ്രബോധിപ്പിക്കുന്നു.
എല്ലാവരെയും ബഹുമാനിക്കുവിൻ

13സകല മാനുഷിക അധികാരങ്ങൾക്കും കർത്താവിൻ നിമിത്തം കീഴടങ്ങുവിൻ.14സർവ്വാധികാരി എന്നുവച്ച് രാജാവിനും ദുഷ്പ്രവൃത്തിക്കാരുടെ ദണ്ഡനത്തിനും സൽപ്രവൃത്തിക്കാരുടെ മാനത്തിനുമായി അവനാൽ അയയ്ക്കപ്പെട്ടവർ എന്നുവച്ച് നാടുവാഴികൾക്കും കീഴടങ്ങുവിൻ.15നിങ്ങൾ നന്മചെയ്തുകൊണ്ട് ബുദ്ധിയില്ലാത്ത മനുഷ്യരുടെ ഭോഷത്തം നിശബ്ദമാക്കേണം എന്നുള്ളത് ദൈവേഷ്ടം ആകുന്നു.16സ്വതന്ത്രരായും സ്വാതന്ത്ര്യം ദുഷ്ടതയ്ക്ക് മറയാക്കാതെ ദൈവത്തിന്റെ ദാസന്മാരായും നടപ്പിൻ.17എല്ലാവരെയും ബഹുമാനിക്കുവിൻ; സാഹോദര സമൂഹത്തെ സ്നേഹിപ്പിൻ; ദൈവത്തെ ഭയപ്പെടുവിൻ; രാജാവിനെ ആദരിപ്പിൻ.
ദൈവത്തിങ്കലേക്കുള്ള മനസ്സാക്ഷി നിമിത്തം

18വേലക്കാരേ, പൂർണ്ണബഹുമാനത്തോടെ യജമാനന്മാരോടും, നല്ലവരോടും ശാന്തന്മാരോടും മാത്രമല്ല, കഠിനഹൃദയമുള്ളവർക്കും കൂടെ നിങ്ങൾ കീഴടങ്ങിയിരിപ്പിൻ.19അന്യായമായി കഷ്ടത അനുഭവിക്കുന്നവൻ ദൈവത്തെക്കുറിച്ചുള്ള മനോബോധം നിമിത്തം ആ വേദന ക്ഷമയോടെ സഹിക്കുന്നുവെങ്കിൽ അത് പ്രസാദകരമാകുന്നു.20നിങ്ങൾ കുറ്റം ചെയ്തിട്ട് പീഢനം സഹിച്ചാൽ എന്ത് പ്രശംസയുള്ളു? അല്ല, നന്മ ചെയ്തിട്ട് കഷ്ടം സഹിച്ചാൽ അത് ദൈവത്തിന് പ്രസാദം ആകുന്നു.
ക്രിസ്തു നമ്മെ ഭരമേല്പിച്ച മാതൃക

21ഇതിന് വേണ്ടിയല്ലോ ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നത്. ക്രിസ്തുവും നിങ്ങൾക്ക് വേണ്ടി കഷ്ടം അനുഭവിച്ച്, നിങ്ങൾ അവന്റെ കാൽച്ചുവട് പിന്തുടരുവാൻ ഒരു മാതൃക ഭരമേല്പിച്ച് പോയിരിക്കുന്നു.22അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല.23തന്നെ അധിക്ഷേപിച്ചിട്ട് പകരം അധിക്ഷേപിക്കാതെയും കഷ്ടം അനുഭവിച്ചിട്ട് ഭീഷണിപ്പെടുത്താതെയും ന്യായമായി വിധിക്കുന്നവനിൽ കാര്യം ഭരമേല്പിക്കയത്രേ ചെയ്തത്.
24നാം പാപത്തിന് മരിച്ച് നീതിയ്ക്ക് ജീവിക്കേണ്ടതിന് അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ട് ക്രൂശിന്മേൽ കയറി; അവന്റെ അടിയേറ്റ മുറിവുകളാൽ നിങ്ങൾക്ക് സൗഖ്യം വന്നിരിക്കുന്നു.25നിങ്ങൾ അലഞ്ഞു നടക്കുന്ന ആടുകളെപ്പോലെ ആയിരുന്നു; ഇപ്പോഴോ നിങ്ങളുടെ ആത്മാക്കളുടെ ഇടയനും പാലകനുമായവങ്കലേക്ക് മടങ്ങിവന്നിരിക്കുന്നു.


1 2:6 മൂലക്കല്ല്-ക്രിസ്തു
2 2:6 സീയോന്‍-യെരുശലേം

3
ഭാര്യമാരുടെയും ഭർത്താക്കന്മാരുടെയും കർത്തവ്യം

1അതുപോലെ, ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്ക് കീഴടങ്ങിയിരിപ്പിൻ; അവരിൽ വല്ലവരും വചനം അനുസരിക്കാത്തപക്ഷം ഭയത്തോടുകൂടിയ നിങ്ങളുടെ നിർമ്മലമായ പെരുമാറ്റം കണ്ടറിഞ്ഞ്2വചനം കൂടാതെ ഭാര്യമാരുടെ പെരുമാറ്റത്താൽ അവരെ നേടിയെടുക്കുവാൻ ഇടയാകും.

3നിങ്ങളുടെ അലങ്കാരമാക്കേണ്ടത് തലമുടി പിന്നുന്നതും, പൊന്നണിയുന്നതും, മോടിയുള്ള വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല,4മറിച്ച് സൗമ്യതയും പ്രശാന്തവുമായ മനസ്സ് എന്ന നശിക്കാത്ത ആഭരണമായ അന്തരാത്മാവ് തന്നേ ആയിരിക്കട്ടെ; അത് ദൈവസന്നിധിയിൽ വിലയേറിയതാകുന്നു.
5ഇങ്ങനെയല്ലോ പണ്ട് ദൈവത്തിൽ പ്രത്യാശ വച്ചിരുന്ന വിശുദ്ധസ്ത്രീകൾ തങ്ങളെത്തന്നെ അലങ്കരിച്ച് തങ്ങളുടെ സ്വന്തം ഭർത്താക്കന്മാർക്ക് കീഴടങ്ങിയിരുന്നത്.6അങ്ങനെ സാറാ അബ്രഹാമിനെ യജമാനൻ എന്ന് വിളിച്ച് അനുസരിച്ചിരുന്നു; നന്മ ചെയ്യുകയും, യാതൊരുവിധ ബുദ്ധിമുട്ടുകളേയും ഭയപ്പെടാതെയും ഇരുന്നാൽ നിങ്ങളും അവളുടെ മക്കൾ ആയിത്തീരുന്നു.

7അങ്ങനെതന്നെ ഭർത്താക്കന്മാരേ, പ്രാർത്ഥനയ്ക്ക് മുടക്കം വരാതിരിക്കേണ്ടതിന് വിവേകത്തോടെ ഭാര്യമാരോടുകൂടെ വസിച്ച്, സ്ത്രീപങ്കാളി ബലഹീനപാത്രം എന്നും അവർ ജീവന്റെ കൃപയ്ക്ക് കൂട്ടവകാശികൾ എന്നും ഓർത്ത് അവർക്ക് ബഹുമാനം കൊടുക്കുവിൻ.
നന്മ ചെയ്യുന്നതിൽ ശുഷ്കാന്തിയുള്ളവരായിരിപ്പിൻ

8ഒടുവിൽ എല്ലാവരോടും ഐകമത്യവും സഹതാപവും സഹോദരപ്രീതിയും മനസ്സലിവും വിനയവുമുള്ളവരായിരിപ്പിൻ.9ദോഷത്തിന് ദോഷവും ശകാരത്തിന് ശകാരവും പകരം ചെയ്യാതെ നിങ്ങൾ അനുഗ്രഹം അനുഭവിക്കേണ്ടതിന് വിളിക്കപ്പെട്ടതുകൊണ്ട് അനുഗ്രഹിക്കുന്നവരായിരിപ്പിൻ.
10“ജീവനെ ആഗ്രഹിക്കയും ശുഭകാലം കാണ്മാൻ ഇച്ഛിക്കുകയും ചെയ്യുന്നവൻ ദോഷം ചെയ്യാതെ തന്റെ നാവിനേയും വ്യാജം പറയാതെ അധരത്തെയും അടക്കിക്കൊള്ളട്ടെ.11അവൻ ദോഷം വിട്ടകന്ന് ഗുണം ചെയ്കയും സമാധാനം അന്വേഷിച്ച് പിന്തുടരുകയും ചെയ്യട്ടെ.12കർത്താവിന്റെ കണ്ണ് നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ പ്രാർത്ഥനയ്ക്കും തുറന്നിരിക്കുന്നു; എന്നാൽ കർത്താവിന്റെ മുഖം ദുഷ്പ്രവൃത്തിക്കാർക്ക് പ്രതികൂലമായിരിക്കുന്നു.”
13നിങ്ങൾ നന്മ ചെയ്യുന്നതിൽ ശുഷ്കാന്തിയുള്ളവർ ആകുന്നു എങ്കിൽ നിങ്ങൾക്ക് ദോഷം ചെയ്യുന്നവൻ ആർ?14നീതിനിമിത്തം കഷ്ടം സഹിക്കേണ്ടി വന്നാലും നിങ്ങൾ അനുഗ്രഹീതർ. അവർ ഭയപ്പെടുന്നതിനെ ഭയപ്പെടുകയും, കലങ്ങുകയുമരുത്;
15പകരം ക്രിസ്തുവിനെ കർത്താവായി നിങ്ങളുടെ ഹൃദയങ്ങളിൽ വേർതിരിപ്പിൻ. നിങ്ങൾ ദൈവത്തിൽ പ്രത്യാശ വെച്ചിരിക്കുന്നത് എന്ത് എന്ന് ചോദിക്കുന്ന ഏവരോടും സൗമ്യതയോടും ബഹുമാനത്തോടുംകൂടി മറുപടി പറയുവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ.16ക്രിസ്തുവിൽ നിങ്ങൾക്കുള്ള നല്ല ജീവിതത്തെ ദുഷിക്കുന്നവർ നിങ്ങളെ പഴിച്ച് പറയുന്നതിൽ ലജ്ജിക്കേണ്ടതിന് നല്ലമനസ്സാക്ഷിയുള്ളവരായിരിപ്പിൻ.17നിങ്ങൾ കഷ്ടം സഹിക്കണം എന്ന് ദൈവം ഇച്ഛിക്കുന്നു എങ്കിൽ തിന്മ ചെയ്തിട്ടല്ല, നന്മ ചെയ്തിട്ട് സഹിക്കുന്നത് ഏറ്റവും നന്ന്.
18നീതിമാനായ ക്രിസ്തുവും ഒരിക്കൽ നീതികെട്ടവരായ നമ്മെ ദൈവത്തോട് അടുപ്പിക്കേണ്ടതിന് നമ്മുടെ പാപം നിമിത്തം കഷ്ടം അനുഭവിക്കുകയും, ജഡത്തിൽ മരണശിക്ഷ ഏൽക്കുകയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു.19ആത്മാവിൽ അവൻ ചെന്ന്, പണ്ട് നോഹയുടെ കാലത്ത് പെട്ടകം ഒരുക്കുന്ന സമയം ദൈവം ദീർഘക്ഷമയോടെ കാത്തിരിക്കുമ്പോൾ അനുസരിക്കാത്തവരായി തടവിലുള്ള ആത്മാക്കളോട് പ്രസംഗിച്ചു.20ആ പെട്ടകത്തിൽ കുറച്ച് ജനം, എന്നുവച്ചാൽ എട്ടുപേർ, വെള്ളത്തിൽകൂടി രക്ഷ പ്രാപിച്ചു.
21അത് സ്നാനത്തിന് ഒരു പ്രതീകം. സ്നാനമോ ഇപ്പോൾ ശരീരത്തിന്റെ അഴുക്ക് നീക്കുന്നതിനായിട്ടല്ല, ദൈവത്തോട് നല്ല മനസ്സാക്ഷിയ്ക്കായുള്ള അപേക്ഷയത്രെ. അത് മുഖാന്തരം യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിലൂടെ നാം രക്ഷ പ്രാപിക്കുന്നു.22അവൻ സ്വർഗ്ഗത്തിലേക്ക് പോയി ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുന്നു. ദൂതന്മാരും അധികാരങ്ങളും ശക്തികളും അവന് കീഴ്പെട്ടുമിരിക്കുന്നു.

4
ജഡിക താല്പര്യങ്ങൾ നിവർത്തിച്ചുകൊണ്ട് സമയം പാഴാക്കിയത് മതി

1അതുകൊണ്ട് ക്രിസ്തു ജഡത്തിൽ കഷ്ടമനുഭവിച്ചതുകൊണ്ട് നിങ്ങളും ആ മനോഭാവം തന്നെ ആയുധമായി ധരിപ്പിൻ. ജഡത്തിൽ കഷ്ടമനുഭവിച്ചവൻ പാപം വിട്ടൊഴിഞ്ഞിരിക്കുന്നു.2ജഡത്തിൽ ശേഷിച്ചിരിക്കുംകാലം ഇനി മനുഷ്യരുടെ മോഹങ്ങൾക്കല്ല, ദൈവത്തിന്റെ ഇഷ്ടത്തിനത്രേ ജീവിക്കുന്നത്.

3ഭോഗേച്ഛകളിലും, കാമവികാരങ്ങളിലും, മദ്യപാനത്തിലും, മദോന്മത്തതയിലും, അറപ്പുളവാക്കുന്ന വിഗ്രഹാരാധനയിലും നടന്ന് മറ്റ് ജനതകളുടെ ഇഷ്ടം പ്രവർത്തിച്ചുകൊണ്ട് സമയം പാഴാക്കിയത് മതി.4ഈ വക കാര്യങ്ങൾ അവരോടൊപ്പം ചേർന്ന് നിങ്ങൾ ചെയ്യാത്തത് അപൂർവകാര്യം എന്നുചിന്തിച്ച് അവർ നിങ്ങൾക്ക് എതിരെ ദൂഷണം പറയുന്നു.5ജീവനുള്ളവരെയും മരിച്ചവരേയും ന്യായം വിധിപ്പാൻ ഒരുങ്ങിയിരിക്കുന്ന ദൈവത്തിന് അവർ കണക്ക് ബോധിപ്പിക്കേണ്ടിവരും.6ഈ ലക്ഷ്യത്തോടെയല്ലോ മരിച്ചവരോടും സുവിശേഷം അറിയിച്ചത്. അവർ ജഡസംബന്ധമായി മനുഷ്യരേപ്പോലെ വിധിക്കപ്പെടുകയും ആത്മാവ് സംബന്ധമായി ദൈവത്തിനൊത്തവണ്ണം ജീവിക്കയും ചെയ്യേണ്ടതിന് തന്നെ.
ശുശ്രൂഷ ദൈവം യേശുക്രിസ്തുമൂലം മഹത്വപ്പെടുവാൻ

7എന്നാൽ എല്ലാറ്റിന്റേയും അവസാനം സമീപിച്ചിരിക്കുന്നു; അതുകൊണ്ട് പ്രാർത്ഥനയ്ക്കുവേണ്ടി സുബോധമുള്ളവരും ആത്മനിയന്ത്രണമുള്ളവരും ആയിരിപ്പിൻ.8സകലത്തിനും മുമ്പെ തമ്മിൽ ഉറ്റസ്നേഹം ഉള്ളവരായിരിക്കുവിൻ. സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറക്കുന്നു.9പരാതിപ്പെടാതെ പരസ്പരം അതിഥിസൽക്കാരം ആചരിപ്പിൻ.
10ഓരോരുത്തർക്കും വരം ലഭിച്ചതുപോലെ വിവിധമായുള്ള ദൈവകൃപാവരങ്ങളുടെ നല്ല ഗൃഹവിചാരകന്മാരായി അവയെക്കൊണ്ട് അന്യോന്യം ശുശ്രൂഷിപ്പിൻ.11ഒരുവൻ പ്രസംഗിക്കുന്നു എങ്കിൽ ദൈവത്തിന്റെ അരുളപ്പാട് പ്രസ്താവിക്കുന്നു എന്നപോലെയും ഒരുവൻ ശുശ്രൂഷിക്കുന്നു എങ്കിൽ ദൈവം നല്കുന്ന പ്രാപ്തിയ്ക്ക് ഒത്തവണ്ണവും ആകട്ടെ. എല്ലാറ്റിലും ദൈവം യേശുക്രിസ്തുമൂലം മഹത്വപ്പെടുവാൻ ഇടവരട്ടെ. മഹത്വവും ബലവും എന്നെന്നേക്കും അവനുള്ളത് ആമേൻ.
ക്രിസ്തുവിന്റെ കഷ്ടങ്ങളിൽ പങ്കാളികൾ

12പ്രിയമുള്ളവരേ, നിങ്ങൾക്ക് പരീക്ഷയ്ക്കായി സംഭവിച്ചിരിക്കുന്ന അഗ്നിശോധനയിങ്കൽ ഒരു അപൂർവകാര്യം സംഭവിച്ചു എന്നതിനാൽ അതിശയിച്ചുപോകരുത്.13ക്രിസ്തുവിന്റെ കഷ്ടങ്ങളിൽ എത്രത്തോളം പങ്കുള്ളവരാകുമോ അത്രത്തോളം സന്തോഷിച്ചുകൊൾവിൻ. അങ്ങനെ നിങ്ങൾ അവന്റെ തേജസ്സിന്റെ പ്രത്യക്ഷതയിൽ ഉല്ലസിച്ചാനന്ദിക്കുവാൻ ഇടവരും.14ക്രിസ്തുവിന്റെ നാമം ഹേതുവായി നിന്ദ സഹിക്കേണ്ടിവന്നാൽ നിങ്ങൾ ഭാഗ്യവാന്മാർ; മഹത്വത്തിന്റെ ആത്മാവായ ദൈവാത്മാവ് നിങ്ങളുടെമേൽ ആവസിക്കുന്നുവല്ലോ.
15നിങ്ങളിൽ ആരും കൊലപാതകനോ കള്ളനോ ദുഷ്പ്രവൃത്തിക്കാരനോ ആയിട്ടല്ല കഷ്ടം സഹിക്കേണ്ടത്; അനാവശ്യകാര്യങ്ങളിൽ ഇടപെടുന്നവനായിട്ടുമല്ല;16ക്രിസ്ത്യാനിയായിട്ട് കഷ്ടം സഹക്കേണ്ടിവന്നാലോ ലജ്ജിക്കരുത്; ഈ നാമം ധരിച്ചിട്ട് ദൈവത്തെ മഹത്വപ്പെടുത്തുകയത്രേ വേണ്ടത്.
17ന്യായവിധി ആദ്യമായി ദൈവഗൃഹമായ അവന്‍റെ ജനത്തിൽ ആരംഭിപ്പാൻ സമയമായല്ലോ. അത് നമ്മിൽ തുടങ്ങിയാൽ ദൈവത്തിന്റെ സുവിശേഷം അനുസരിക്കാത്തവരുടെ അവസാനം എന്താകും?18നീതിമാൻ പ്രയാസത്തോടെ രക്ഷപ്രാപിക്കുന്നു എങ്കിൽ അഭക്തന്റെയും പാപിയുടെയും ഗതി എന്തായിത്തീരും?19അതുകൊണ്ട് ദൈവേഷ്ടപ്രകാരം കഷ്ടം സഹിക്കുന്നവർ നന്മ ചെയ്തുകൊണ്ട് തങ്ങളുടെ പ്രാണനെ വിശ്വസ്തനായ സ്രഷ്ടാവിൽ ഭരമേല്പിക്കട്ടെ.

5
ആട്ടിൻ കൂട്ടത്തിന് മാതൃകകളായുള്ള നേതൃത്വം

1നിങ്ങളുടെ ഇടയിലുള്ള മൂപ്പന്മാരോട് അവരിൽ ഒരുവനായ, ക്രിസ്തുവിന്റെ കഷ്ടാനുഭവത്തിന് സാക്ഷിയും വെളിപ്പെടുവാനുള്ള തേജസ്സിന് കൂട്ടാളിയുമായ ഞാൻ പ്രബോധിപ്പിക്കുന്നത്:2അതുകൊണ്ട് നിങ്ങളുടെ വിചാരണയിലുള്ള ദൈവത്തിന്റെ ആട്ടിൻ കൂട്ടത്തെ മേയിച്ചുകൊൾവിൻ. നിർബ്ബന്ധത്താലല്ല, ദൈവത്തിന് ഹിതമാംവണ്ണം മനഃപൂർവ്വമായും, അധർമ്മമായ ലാഭമോഹംകൊണ്ടല്ല, ഉന്മേഷത്തോടെയും3നിങ്ങളുടെ പരിപാലനത്തിൻ കീഴുള്ളവരുടെ മേൽ യജമാനനെപ്പോലെ അധികാര പ്രമത്തത കാട്ടുകയല്ല, ആട്ടിൻ കൂട്ടത്തിന് മാതൃകകളായിത്തീർന്നുകൊണ്ടത്രെ വേണ്ടത്.4എന്നാൽ ഇടയശ്രേഷ്ഠൻ1 പ്രത്യക്ഷനാകുമ്പോൾ നിങ്ങൾ തേജസ്സിന്റെ വാടാത്ത കിരീടം പ്രാപിക്കും.

5അതുപോലെതന്നെ ഇളയവരേ, മൂപ്പന്മാർക്ക് കീഴടങ്ങുവിൻ. എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മ ധരിച്ചുകൊണ്ട് അന്യോന്യം സേവിപ്പിൻ; ദൈവം അഹങ്കാരികളോട് എതിർത്തുനില്ക്കുന്നു; താഴ്മയുള്ളവർക്കോ കൃപ നല്കുന്നു.6അതുകൊണ്ട് ദൈവത്തിന്റെ ബലമുള്ള കൈക്കീഴ് താണിരിപ്പിൻ; അങ്ങനെ എങ്കിൽ അവൻ തക്കസമയത്ത് നിങ്ങളെ ഉയർത്തും.7ദൈവം നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെ മേൽ ഇട്ടുകൊൾവിൻ.
8ആത്മനിയന്ത്രണമുള്ളവർ ആയിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്ന് തിരഞ്ഞു ചുറ്റി നടക്കുന്നു.9ലോകത്തിൽ നിങ്ങൾക്കുള്ള വിശ്വാസസഹോദരവർഗ്ഗത്തിന് ആവക കഷ്ടപ്പാടുകൾ സഹിക്കേണ്ടിവന്നു എന്നറിയുവിൻ. വിശ്വാസത്തിൽ സ്ഥിരതയുള്ളവരായി അവനോട് എതിർത്ത് നില്പിൻ.
10എന്നാൽ അല്പകാലത്തേക്ക് കഷ്ടം സഹിക്കുന്ന നിങ്ങളെ ക്രിസ്തുവിൽ തന്റെ നിത്യതേജസ്സിനായി വിളിച്ചിരിക്കുന്ന സർവ്വകൃപാലുവായ ദൈവം തന്നെ പരിപൂർണ്ണരാക്കി, യഥാസ്ഥാനപ്പെടുത്തി, ഉറപ്പിച്ച്, ശക്തീകരിക്കും.11ആധിപത്യം എന്നെന്നേക്കും അവനുള്ളത്. ആമേൻ.
ഉപസംഹാരം

12ഞാൻ നിങ്ങൾക്ക് വിശ്വസ്തസഹോദരൻ എന്നു വില മതിക്കുന്ന സില്വാനൊസ് മുഖാന്തരം ചുരുക്കത്തിൽ എഴുതിയിരിക്കുന്നു, നിങ്ങൾ ഈ നില്ക്കുന്നത് ദൈവത്തിന്റെ സത്യകൃപയിൽ ആകുന്നു എന്നു സാക്ഷീകരിച്ചും കൊണ്ട് പ്രബോധിപ്പിക്കുന്നു.13നിങ്ങളോടൊപ്പം തിരഞ്ഞെടുക്കപ്പെട്ട ബാബിലോണിലെ സഭയും എനിക്ക് മകനായ മർക്കൊസും നിങ്ങൾക്ക് വന്ദനം ചൊല്ലുന്നു.14കൈ കൊടുത്തു തമ്മിൽ വന്ദനം ചെയ്‌വിൻ.

ക്രിസ്തുവിലുള്ള നിങ്ങൾക്ക് എല്ലാവർക്കും സമാധാനം ഉണ്ടാകട്ടെ.


1 5:4 ഇടയശ്രേഷ്ഠന്‍-ക്രിസ്തു

൨. പത്രൊസ്

1

1യേശുക്രിസ്തുവിന്റെ ദാസനും അപ്പൊസ്തലനുമായ ശിമോൻ പത്രൊസ്; നമ്മുടെ ദൈവത്തിന്റെയും രക്ഷിതാവായ യേശുക്രിസ്തുവിന്റെയും നീതിയാൽ ഞങ്ങൾക്കു ലഭിച്ചതുപോലെ അതേ വിലയേറിയ വിശ്വാസം ലഭിച്ചവർക്ക് എഴുതുന്നത്:2ദൈവത്തിന്റെയും നമ്മുടെ കർത്താവായ യേശുവിന്റെയും പരിജ്ഞാനത്തിൽ നിങ്ങൾക്ക് കൃപയും സമാധാനവും വർദ്ധിക്കുമാറാകട്ടെ.

3തന്റെ മഹത്വത്താലും വീര്യത്താലും നമ്മെ വിളിച്ച ദൈവത്തിന്‍റെ പരിജ്ഞാനത്താൽ അവന്റെ ദിവ്യശക്തി ജീവനും ഭക്തിക്കും വേണ്ടിയത് ഒക്കെയും നമുക്ക് നൽകിയിരിക്കുന്നുവല്ലോ.4അവയാൽ അവൻ നമുക്ക് വിലയേറിയതും അതിമഹത്വവുമായ വാഗ്ദത്തങ്ങളും നല്കിയിരിക്കുന്നു. ഇവയാൽ നിങ്ങൾ ലോകത്തിന്റെ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ട് ദിവ്യസ്വഭാവത്തിന് കൂട്ടാളികളായിത്തീരുവാൻ ഇടവരുന്നു.
5ഈ കാരണത്താൽ തന്നെ നിങ്ങൾ പരമാവധി ഉത്സാഹിച്ച്, നിങ്ങളുടെ വിശ്വാസത്തോട് വീര്യവും വീര്യത്തിലൂടെ പരിജ്ഞാനവും6പരിജ്ഞാനത്തിലൂടെ ഇന്ദ്രിയജയവും ഇന്ദ്രിയജയത്തിലൂടെ സ്ഥിരതയും സ്ഥിരതയിലൂടെ ഭക്തിയും7ഭക്തിയിലൂടെ സഹോദരപ്രീതിയും സഹോദരപ്രീതിയാൽ സ്നേഹവും കൂട്ടിക്കൊൾവിൻ.
8ഈ കാര്യങ്ങളെല്ലാം നിങ്ങളിൽ ഉണ്ടായിരിക്കുകയും വർദ്ധിക്കുകയും ചെയ്യുന്നു എങ്കിൽ നിങ്ങൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പരിജ്ഞാനം സംബന്ധിച്ച് വ്യർത്ഥന്മാരും നിഷ്ഫലന്മാരും ആയിരിക്കയില്ല.9എന്നാൽ അവയില്ലാത്തവനോ കുരുടൻ അത്രേ; അവൻ ഹ്രസ്വദൃഷ്ടിയുള്ളവനും തന്റെ മുമ്പിലത്തെ പാപങ്ങളുടെ ശുദ്ധീകരണം മറന്നവനും തന്നെ.
10അതുകൊണ്ട് സഹോദരന്മാരേ, നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കുവാൻ അധികം ശ്രമിപ്പിൻ.11ഇങ്ങനെ ചെയ്താൽ നിങ്ങൾ ഒരുനാളും ഇടറിപ്പോകുകയില്ല. അങ്ങനെ നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ നിത്യരാജ്യത്തിലേക്കുള്ള പ്രവേശനം ധാരാളമായി പ്രാപിക്കുകയും ചെയ്യും.

12അതുകൊണ്ട് ഇപ്പോൾ നിങ്ങൾ അവയെ അറിഞ്ഞവരും ലഭിച്ച സത്യത്തിൽ ഉറച്ചുനില്ക്കുന്നവരും എന്നു വരികിലും ഈ കാര്യങ്ങൾ നിങ്ങളെ ഓർമ്മിപ്പിക്കുവാൻ ഞാൻ എപ്പോഴും ഒരുങ്ങിയിരിക്കും.13നമ്മുടെ കർത്താവായ യേശുക്രിസ്തു എനിക്ക് അറിവു തന്നതുപോലെ എന്റെ കൂടാരമായ ശരീരം പൊളിഞ്ഞുപോകുവാൻ അടുത്തിരിക്കുന്നു എന്ന് അറിഞ്ഞിരിക്കയാൽ14ഞാൻ ഈ കൂടാരത്തിൽ ഇരിക്കുന്നിടത്തോളം നിങ്ങളെ ഓർമ്മിപ്പിച്ചുണർത്തുക യുക്തം എന്ന് വിചാരിക്കുന്നു.15എന്റെ വേർപാടിന്റെ ശേഷവും നിങ്ങൾ ഈ കാര്യങ്ങൾ എപ്പോഴും ഓർത്തുകൊള്ളുവാൻ തക്കവണ്ണം വേണ്ടത് ഞാൻ ചെയ്യും.
16ഞങ്ങൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ശക്തിയും പ്രത്യക്ഷതയാകുന്ന മടങ്ങിവരവും നിങ്ങളോട് അറിയിച്ചത് സമർത്ഥമായി മെനഞ്ഞെടുത്ത കഥകളുടെ അടിസ്ഥാനത്തിലല്ല, അവന്റെ മഹിമ കണ്ട സാക്ഷികളായിത്തീർന്നിട്ടത്രേ.17“ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്നുള്ള ശബ്ദം അതിശ്രേഷ്ഠതേജസ്സിങ്കൽനിന്ന് വന്നപ്പോൾ പിതാവായ ദൈവത്താൽ അവന് ബഹുമാനവും മഹത്വവും ലഭിച്ചു.18ഞങ്ങൾ അവനോടുകൂടെ വിശുദ്ധപർവ്വതത്തിൽ ഇരിക്കുമ്പോൾ സ്വർഗ്ഗത്തിൽ നിന്നും ഈ ശബ്ദം ഉണ്ടായത് കേട്ട്.
19പ്രവാചകവാക്യം അധികം ഉറപ്പായിട്ട് നമുക്കുണ്ട്. നേരം വെളുക്കുകയും നിങ്ങളുടെ ഹൃദയങ്ങളിൽ ഉദയനക്ഷത്രം ഉദിക്കുകയും ചെയ്‌വോളം ഇരുണ്ട സ്ഥലത്ത് പ്രകാശിക്കുന്ന വിളക്കുപോലെ അതിനെ കരുതിയാൽ നല്ലത്.20തിരുവെഴുത്തിലെ പ്രവചനം ഒന്നും തന്നെ പ്രവാചകന്റെ സ്വയമായ വ്യാഖ്യാനത്താൽ ഉളവായതല്ല എന്നു ആദ്യം തന്നെ അറിഞ്ഞുകൊള്ളേണം.21പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല, ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ട് സംസാരിച്ചതത്രേ.

2

1എന്നാൽ കള്ളപ്രവാചകന്മാർ യിസ്രായേൽ ജനത്തിന്റെ ഇടയിൽ ഉണ്ടായിരുന്നു. അങ്ങനെ നിങ്ങളുടെ ഇടയിലും ദുരുപദേഷ്ടാക്കന്മാർ വരും; അവർ രഹസ്യമായി നാശകരമായ ദുരുപദേശങ്ങളെ കൊണ്ടുവരികയും തങ്ങളെ വിലയ്ക്ക് വാങ്ങിയ നാഥനെ തള്ളിപ്പറഞ്ഞ് തങ്ങൾക്കുതന്നെ ശീഘ്രനാശം വരുത്തുകയും ചെയ്യും.2അവരുടെ ദുഷ്കാമപ്രവൃത്തികളെ പലരും അനുകരിക്കും; അവർ നിമിത്തം സത്യമാർഗ്ഗം ദുഷിക്കപ്പെടും.3അവർ ദ്രവ്യാഗ്രഹത്താൽ കൗശലവാക്ക് പറഞ്ഞ് നിങ്ങളെ ചൂഷണം ചെയ്യും. അവർക്ക് പൂർവ്വകാലം മുതൽ നിശ്ചയിച്ചിരിയ്ക്കുന്ന ശിക്ഷാവിധി താമസിയാതെവരും; അവരുടെ നാശം നിശ്ചയമാണ്.

4പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ നരകത്തിലാക്കി, അന്ധതമസ്സിൽ ചങ്ങലയിട്ട് ന്യായവിധിയ്ക്കായി കാക്കുവാൻ ഏല്പിക്കുകയും5പുരാതനലോകത്തെയും ആദരിക്കാതെ ഭക്തികെട്ടവരുടെ ലോകത്തിൽ ജലപ്രളയം വരുത്തിയപ്പോൾ നീതിപ്രസംഗിയും എട്ടാമത്തവനുമായ1 നോഹയെ പാലിക്കയും6സൊദോം ഗൊമോറ എന്ന പട്ടണങ്ങളെ ഭസ്മീകരിച്ച് ഉന്മൂലനാശത്താൽ ന്യായം വിധിച്ച് മേലാൽ ഭക്തികെട്ട് നടക്കുന്നവർക്ക് എന്ത് സംഭവിക്കുമെന്നുള്ളതിന് ഒരു ദൃഷ്ടാന്തമാക്കിവെക്കുകയും;
7അധർമ്മികളുടെ ഇടയിൽ വസിച്ചിരിക്കുമ്പോൾ നാൾതോറും അധർമ്മപ്രവൃത്തി കണ്ടും കേട്ടും തന്റെ നീതിയുള്ള മനസ്സിൽ നൊന്ത്8അവരുടെ ദുഷ്കാമപ്രവൃത്തിയാൽ വലഞ്ഞുപോയ നീതിമാനായ ലോത്തിനെ വിടുവിക്കയും ചെയ്തു.9കർത്താവ് ഭക്തന്മാരെ പരീക്ഷയിൽനിന്ന് വിടുവിയ്ക്കുവാനും നീതികെട്ടവരെ, വിശേഷാൽ മലിനമോഹംകൊണ്ട് ജഡത്തെ അനുസരിച്ചു നടക്കയും കർത്തൃത്വത്തെ നിന്ദിക്കയും ചെയ്യുന്നവരെ തന്നേ,
10ന്യായവിധിദിവസത്തിലെ ദണ്ഡനത്തിനായി കാക്കുവാനും അറിയുന്നുവല്ലോ.11ബലവും ശക്തിയും ഏറിയ ദൂതന്മാർ കർത്താവിന്റെ സന്നിധിയിൽ അവരുടെ നേരെ ദൂഷണവിധി ഉച്ചരിക്കാതിരിക്കെ, ആ ധാർഷ്ട്യമുള്ള തന്നിഷ്ടക്കാർ മഹിമകളാകുന്ന ഉന്നത ശക്തികളെ ദുഷിപ്പാൻ ശങ്കിക്കുന്നില്ല.
12സ്വാഭാവികമായി പിടിപെട്ട് കൊല്ലപ്പെടുവാൻ സൃഷ്ടിക്കപ്പെട്ട ബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെതന്നെ, അറിയാത്തതിനെക്കുറിച്ച് ദുഷിക്കയാൽ അവരും നശിച്ചുപോകും.13അവരുടെ അനീതിയുടെ പ്രതിഫലം തന്നെ അവർക്ക് ഹാനിയായി ഭവിച്ചു. പട്ടാപ്പകൽ തിമിർത്തുല്ലസിക്കുന്നത് അവർ ആനന്ദപ്രദമായെണ്ണുന്നു. അവർ നിങ്ങളോടൊത്ത് ഭക്ഷണം കഴിക്കുമ്പോൾ കുടിച്ച് മദിച്ചുകൊണ്ട് വഞ്ചന പ്രവർത്തിക്കുന്നു. അവർ അശുദ്ധരും കളങ്കമുള്ളവരും ആകുന്നു.14അവർ വ്യഭിചാരിണിയെ കണ്ട് രസിക്കുകയും പാപം കണ്ട് തൃപ്തിപ്പെടാതിരിക്കയും ചെയ്യുന്ന കണ്ണുള്ളവരും അസ്ഥിരരായ ദേഹികളെ തെറ്റിലേക്ക് വശീകരിക്കുന്നവരും ദ്രവ്യാഗ്രഹത്തിൽ അഭ്യാസം തികഞ്ഞ ഹൃദയമുള്ളവരുമായ ശപിക്കപ്പെട്ട സന്തതികളാണ്.
15അവർ നേർവഴി വിട്ടുമാറി അനീതിയുടെ കൂലി കൊതിച്ചവനും ബെയോരിന്റെ മകനുമായ ബിലെയാമിന്റെ മാർഗ്ഗത്തെയാണ് പിന്തുടർന്നത്.16എന്നാൽ അവന് തന്റെ അകൃത്യത്തിന് ശാസന കിട്ടി; സംസാരിക്കാത്ത കഴുത മനുഷ്യസ്വരത്തിൽ സംസാരിച്ചുകൊണ്ട് പ്രവാചകന്റെ ബുദ്ധിഭ്രമത്തെ തടുത്തുവല്ലോ.
17ഇങ്ങനെയുള്ള മനുഷ്യർ വെള്ളമില്ലാത്ത കിണറുകളും കൊടുങ്കാറ്റുകൊണ്ട് ഓടുന്ന മേഘങ്ങളും പോലെയാകുന്നു; അവർക്കായി കൂരിരുട്ട് സംഗ്രഹിച്ച് വെച്ചിരിക്കുന്നു.18വഴിതെറ്റി നടക്കുന്നവരിൽനിന്ന് രക്ഷപെടുവാൻ ശ്രമിക്കുന്നവരെ ഇവർ വെറും വമ്പുപറഞ്ഞ് ദുഷ്കാമവൃത്തികളാൽ കാമഭോഗങ്ങളിൽ കുടുക്കുന്നു.19തങ്ങൾ തന്നെ നാശത്തിന്റെ അടിമകളായിരിക്കെ അവർ മറ്റുള്ളവർക്ക് സ്വാതന്ത്ര്യത്തെ വാഗ്ദത്തം ചെയ്യുന്നു. ഒരുവനെ എന്ത് കീഴ്പെടുത്തുന്നുവോ അതിന് അവൻ അടിമയത്രേ.
20കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്താൽ ലോകത്തിന്റെ മാലിന്യത്തിൽനിന്ന് രക്ഷപെട്ടവർ അതേ മാലിന്യത്തിലേക്കുതന്നെ വീണ്ടും തിരിച്ചുപോയാൽ അവരുടെ സ്ഥിതി ആദ്യത്തേതിനേക്കാൾ അധികം വഷളായിപ്പോയി.21തങ്ങൾക്ക് ഏല്പിച്ചുകിട്ടിയ വിശുദ്ധകല്പനയെ നീതിയുടെ വഴി അറിഞ്ഞശേഷം വിട്ടുകളയുന്നതിനേക്കാൾ അത് അറിയാതിരിക്കുന്നത് അവർക്ക് നന്നായിരുന്നു.22എന്നാൽ ‘സ്വന്ത ഛർദ്ദിയ്ക്ക് തിരിഞ്ഞ നായ’ എന്നും ‘കുളിച്ചിട്ട് ചെളിയിൽ ഉരുളുവാൻ തിരിഞ്ഞ പന്നി’ എന്നും ഉള്ള പഴഞ്ചൊല്ല് അവരെ സബന്ധിച്ച് ശരിയാണ്.


1 2:5 എട്ടാമത്തവനുമായ ആദാമിന് ശേഷം എട്ടാം തലമുറ.

3

1പ്രിയമുള്ളവരേ, ഞാൻ ഇപ്പോൾ നിങ്ങൾക്ക് എഴുതുന്നത് രണ്ടാം ലേഖനമല്ലോ.2വിശുദ്ധ പ്രവാചകന്മാർ മുൻപറഞ്ഞ വചനങ്ങളും നിങ്ങളുടെ അപ്പൊസ്തലന്മാർ മുഖാന്തരം കർത്താവും രക്ഷിതാവുമായവൻ തന്ന കല്പനയും ഓർത്തുകൊള്ളേണമെന്ന് ഈ ലേഖനം രണ്ടിനാലും ഞാൻ നിങ്ങളെ ഓർമ്മപ്പെടുത്തി നിങ്ങളുടെ പരമാർത്ഥമനസ്സ് ഉണർത്തുന്നു.

3അവന്റെ പ്രത്യക്ഷതയാകുന്ന മടങ്ങിവരവിന്റെ വാഗ്ദത്തം എവിടെ?4പിതാക്കന്മാർ മരിച്ച ശേഷം സകലവും സൃഷ്ടിയുടെ ആരംഭത്തിൽ ഇരുന്നതുപോലെ തന്നെ ഇരിക്കുന്നു എന്ന് പറഞ്ഞ് സ്വന്തമോഹങ്ങളെ അനുസരിച്ചുനടക്കുന്ന പരിഹാസികൾ പരിഹാസത്തോടെ അന്ത്യകാലത്ത് വരുമെന്ന് വിശേഷാൽ അറിഞ്ഞുകൊൾവിൻ.
5ആകാശവും വെള്ളത്തിൽനിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ട് ദൈവത്തിന്റെ വചനത്താൽ ഉണ്ടായി എന്നും6അതേ വചനത്താലും വെള്ളത്താലും അന്നുണ്ടായിരുന്ന ലോകം മുങ്ങി നശിച്ചു എന്നും7ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താൽ തീയ്ക്കായി സൂക്ഷിച്ചും, ഭക്തികെട്ട മനുഷ്യരുടെ ന്യായവിധിയും നാശവും സംഭവിപ്പാനുള്ള ദിവസത്തേക്കായി കാത്തുമിരിക്കുന്നു എന്നും അവർ മനസ്സോടെ മറന്നുകളയുന്നു.

8എന്നാൽ പ്രിയമുള്ളവരേ, കർത്താവിന് ഒരു ദിവസം ആയിരം സംവത്സരംപോലെയും ആയിരം സംവത്സരം ഒരു ദിവസംപോലെയും ഇരിക്കുന്നു എന്നീ കാര്യം നിങ്ങൾ മറക്കരുത്.9ചിലർ താമസം എന്ന് വിചാരിക്കുന്നതുപോലെ കർത്താവ് തന്റെ വാഗ്ദത്തം നിവർത്തിപ്പാൻ താമസിക്കുന്നതല്ല, മറിച്ച് അവൻ നിങ്ങളോട് ക്ഷമകാണിക്കുന്നതത്രേ. നിങ്ങൾ ആരും നശിച്ചുപോകരുതെന്ന് ഇച്ഛിച്ച്, എല്ലാവരും മാനസാന്തരപ്പെടുവാനായി അവൻ സമയം അനുവദിച്ചു തന്നതേയുള്ളു.
10കർത്താവിന്റെ മടങ്ങിവരവിന്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്ന് ആകാശം വലിയ ശബ്ദത്തോടെ ഒഴിഞ്ഞുപോകും; മൂലപദാർത്ഥങ്ങൾ കത്തിയെരിയുകയും, ഭൂമിയും അതിലുള്ള പ്രവർത്തികളും വിധിക്കപ്പെടുകയും ചെയ്യും.
11ഇപ്രകാരം ഇവ ഒക്കെയും നശിച്ചുപോകുവാനുള്ളതായിരിക്കയാൽ നിങ്ങൾ വിശുദ്ധജീവിതവും ഭക്തിയും സംബന്ധിച്ച് എങ്ങനെയുള്ളവർ ആയിരിക്കണം?12ആകാശം കത്തി എരിയുവാനും മൂലപദാർത്ഥങ്ങൾ വെന്തുരുകുവാനും ഉള്ള ദൈവത്തിന്റെ ആ ഭരണദിവസത്തെ പ്രതീക്ഷിക്കുകയും ബദ്ധപ്പെടുകയും ചെയ്യുവിൻ.13എന്നാൽ നാം അവൻ വാഗ്ദത്തം ചെയ്ത നീതിയിൽ വസിക്കുന്ന പുതിയ ആകാശത്തിനും പുതിയ ഭൂമിക്കുമായിട്ട് കാത്തിരിക്കുന്നു.

14അതുകൊണ്ട് പ്രിയമുള്ളവരേ, നിങ്ങൾ ഇവയ്ക്കായി കാത്തിരിക്കയാൽ അവൻ നിങ്ങളെ കറയും കളങ്കവും ഇല്ലാത്തവരായും അവനോടുകൂടെ സമാധാനമുള്ളവരായും കാണ്മാൻതക്കവണ്ണം കഴിവതും ഉത്സാഹിപ്പിൻ.15നമ്മുടെ കർത്താവിന്റെ ദീർഘക്ഷമ രക്ഷയ്ക്കായിട്ടാണ് എന്ന് വിചാരിപ്പിൻ. നമ്മുടെ പ്രിയ സഹോദരനായ പൗലൊസും തനിക്കു ലഭിച്ച ജ്ഞാനത്തിനനുസരിച്ച് നിങ്ങൾക്ക്16എഴുതിയിരിക്കുന്ന സകല ലേഖനങ്ങളിലും ഇതിനെക്കുറിച്ച് അങ്ങനെതന്നെ പറഞ്ഞിട്ടുണ്ടല്ലോ. അവയിൽ ഗ്രഹിപ്പാൻ പ്രയാസമുള്ളത് ചിലതുണ്ട്. അറിവില്ലാത്തവരും അസ്ഥിരന്മാരുമായവർ ശേഷം തിരുവെഴുത്തുകളെപ്പോലെ അതും തങ്ങളുടെ നാശത്തിനായി കോട്ടിക്കളയുന്നു.
17എന്നാൽ പ്രിയമുള്ളവരേ, നിങ്ങൾ മുമ്പുകൂട്ടി ഈ കാര്യങ്ങൾ അറിഞ്ഞിരിക്കകൊണ്ട് അധർമ്മികളുടെ വഞ്ചനയിൽ കുടുങ്ങി സ്വന്ത സ്ഥിരതവിട്ട് വീണുപോകാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുവിൻ.18കൃപയിലും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്തിലും വളരുവിൻ. അവന് ഇപ്പോഴും എന്നെന്നേക്കും മഹത്വം. ആമേൻ.

1 . യോഹന്നാൻ

1
ജീവന്റെ വചനം

1ആദിമുതലുള്ളതും ഞങ്ങൾ കേട്ടതും ഞങ്ങളുടെ കണ്ണുകൊണ്ട് കണ്ടതും ഞങ്ങൾ നോക്കിയതും2ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്റെ വചനം സംബന്ധിച്ച് — ജീവൻ പ്രത്യക്ഷമായി, ഞങ്ങൾ കണ്ട് സാക്ഷീകരിക്കുകയും പിതാവിനോടുകൂടെയിരുന്ന് ഞങ്ങൾക്കു പ്രത്യക്ഷമായ നിത്യജീവനെ നിങ്ങളോട് അറിയിക്കുകയും ചെയ്യുന്നു —

3ഞങ്ങൾ കണ്ടും കേട്ടുമുള്ളത് നിങ്ങൾക്ക് ഞങ്ങളോട് കൂട്ടായ്മ ഉണ്ടാകേണ്ടതിന് നിങ്ങളോടും അറിയിക്കുന്നു. ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടുകൂടെയും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടുകൂടെയും ആകുന്നു.4അങ്ങനെ നിങ്ങളുടെ സന്തോഷം പൂർണ്ണമാകുവാൻ ഞങ്ങൾ ഇത് നിങ്ങൾക്ക് എഴുതുന്നു.
വെളിച്ചത്തിൽ നടക്കുക

5ദൈവം വെളിച്ചം ആകുന്നു; അവനിൽ ഇരുട്ട് അശേഷം ഇല്ല എന്നത് ഞങ്ങൾ അവനിൽനിന്ന് കേട്ട്, നിങ്ങളോട് അറിയിക്കുന്ന ദൂതാകുന്നു.6അവനോട് കൂടെ കൂട്ടായ്മ ഉണ്ട് എന്ന് പറയുകയും ഇരുട്ടിൽ നടക്കുകയും ചെയ്താൽ നാം ഭോഷ്കു് പറയുന്നു; സത്യം പ്രവർത്തിക്കുന്നതുമില്ല.7എന്നാൽ അവൻ വെളിച്ചത്തിൽ ഇരിക്കുന്നതുപോലെ നാം വെളിച്ചത്തിൽ നടക്കുന്നുവെങ്കിൽ നമുക്ക് അന്യോന്യം കൂട്ടായ്മ ഉണ്ട്; അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു.
8നമുക്ക് പാപം ഇല്ല എന്ന് പറയുന്നു എങ്കിൽ നമ്മൾ നമ്മെത്തന്നെ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി.9എന്നാൽ നമ്മുടെ പാപങ്ങളെ നമ്മൾ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോട് പാപങ്ങളെ ക്ഷമിച്ച് സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിക്കുവാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.10നാം പാപം ചെയ്തിട്ടില്ല എന്നു പറയുന്നുവെങ്കിൽ നമ്മൾ അവനെ നുണയൻ ആക്കുന്നു; അവന്റെ വചനം നമ്മിൽ ഇല്ലാതെയായി.

2

1എന്റെ പ്രിയ കുഞ്ഞുങ്ങളേ, നിങ്ങൾ പാപം ചെയ്യാതിരിക്കുവാൻ ഞാൻ ഇത് നിങ്ങൾക്ക് എഴുതുന്നു. എന്നാൽ ആരെങ്കിലും പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന മദ്ധ്യസ്ഥൻ നമുക്ക് പിതാവിന്റെ അടുക്കൽ ഉണ്ട്.2അവൻ നമ്മുടെ പാപങ്ങൾക്ക് പ്രായശ്ചിത്തം ആകുന്നു; നമ്മുടേതിന് മാത്രം അല്ല, സർവ്വലോകത്തിന്റെ പാപത്തിനും തന്നെ.3നാം അവന്റെ കല്പനകളെ പ്രമാണിക്കുന്നു എങ്കിൽ അവനെ നാം അറിഞ്ഞിരിക്കുന്നു എന്ന് അതിനാൽ അറിയുന്നു.

4‘ഞാൻ ദൈവത്തെ അറിയുന്നു’ എന്ന് പറയുകയും അവന്റെ കല്പനകളെ പ്രമാണിക്കാതിരിക്കുകയും ചെയ്യുന്നവൻ നുണയൻ ആകുന്നു; സത്യം അവനിൽ ഇല്ല.5എന്നാൽ ആരെങ്കിലും അവന്റെ വചനം പ്രമാണിക്കുന്നു എങ്കിൽ സത്യമായി ദൈവസ്നേഹം അവനിൽ തികഞ്ഞിരിക്കുന്നു. നാം അവനിൽ ഇരിക്കുന്നു എന്ന് ഇതിനാൽ നമുക്ക് അറിയാം.6‘ദൈവത്തിൽ വസിക്കുന്നു’ എന്ന് പറയുന്നവൻ യേശുക്രിസ്തു നടന്നതുപോലെ നടക്കുവാൻ കടപ്പെട്ടവനാണ്.

7പ്രിയമുള്ളവരേ, പുതിയൊരു കല്പനയല്ല ആദിമുതൽ നിങ്ങൾക്കുള്ള പഴയ കല്പനയത്രേ ഞാൻ നിങ്ങൾക്ക് എഴുതുന്നത്. ആ പഴയ കല്പന നിങ്ങൾ കേട്ട വചനം തന്നെ.8ക്രിസ്തുവിലും നിങ്ങളിലും സത്യമായിരിക്കുന്ന പുതിയൊരു കല്പന ഞാൻ നിങ്ങൾക്ക് എഴുതുന്നു എന്നും പറയാം; കാരണം, ഇരുട്ട് നീങ്ങിപ്പോകുന്നു; സത്യവെളിച്ചം ഇപ്പോൾതന്നെ പ്രകാശിക്കുന്നു.
9വെളിച്ചത്തിൽ ഇരിക്കുന്നു എന്ന് പറയുകയും സഹോദരനെ പകയ്ക്കുകയും ചെയ്യുന്നവൻ ഇന്നയോളം ഇരുട്ടിൽ ഇരിക്കുന്നു.10തന്റെ സഹോദരനെ സ്നേഹിക്കുന്നവൻ വെളിച്ചത്തിൽ വസിക്കുന്നു; ഇടർച്ചക്ക് അവനിൽ കാരണമില്ല.11എന്നാൽ സഹോദരനെ വെറുക്കുന്നവനോ ഇരുട്ടിൽ ഇരിക്കുന്നു; ഇരുട്ടിൽ നടക്കുകയും ചെയ്യുന്നു. ഇരുട്ട് അവന്റെ കണ്ണ് കുരുടാക്കുകയാൽ എവിടേക്ക് പോകുന്നു എന്ന് അവൻ അറിയുന്നില്ല.

12പ്രിയകുഞ്ഞുങ്ങളേ, അവന്റെ നാമം നിമിത്തം നിങ്ങളുടെ പാപങ്ങൾ മോചിച്ചിരിക്കുകയാൽ ഞാൻ നിങ്ങൾക്ക് എഴുതുന്നു.13പിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കുകയാൽ ഞാൻ നിങ്ങൾക്ക് എഴുതുന്നു. യൗവനക്കാരേ, നിങ്ങൾ ദുഷ്ടനെ ജയിച്ചിരിക്കുകയാൽ ഞാൻ നിങ്ങൾക്ക് എഴുതുന്നു. കുഞ്ഞുങ്ങളേ, നിങ്ങൾ പിതാവിനെ അറിഞ്ഞിരിക്കുകയാൽ ഞാൻ നിങ്ങൾക്ക് എഴുതിയിരിക്കുന്നു.14പിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കുകയാൽ ഞാൻ നിങ്ങൾക്ക് എഴുതിയിരിക്കുന്നു. യൗവനക്കാരേ, നിങ്ങൾ ശക്തരാകയാലും ദൈവവചനം നിങ്ങളിൽ വസിക്കുകയാലും നിങ്ങൾ ദുഷ്ടനെ ജയിച്ചിരിക്കുകയാലും ഞാൻ നിങ്ങൾക്ക് എഴുതിയിരിക്കുന്നു.
ലോകത്തെ സ്നേഹിക്കരുത്

15ലോകത്തെയോ ലോകത്തിലുള്ളതിനെയോ സ്നേഹിക്കരുത്. ആരെങ്കിലും ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല.16ജഡമോഹം, കണ്മോഹം, ജീവിതത്തെക്കുറിച്ചുള്ള നിഗളഭാവം ഇങ്ങനെ ലോകത്തിലുള്ളത് 1 എല്ലാം പിതാവിന്റേതല്ല, എന്നാൽ ലോകത്തിന്റേതത്രെ ആകുന്നു.17ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; എന്നാൽ ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും നിലനിൽക്കുന്നു.
എതിർക്രിസ്തുവിനെക്കുറിച്ചുള്ള മുന്നറിയിപ്പ്

18കുഞ്ഞുങ്ങളേ, ഇത് അന്ത്യകാലമാകുന്നു; എതിർക്രിസ്തു വരുന്നു എന്ന് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഇപ്പോൾ അനേകം എതിർക്രിസ്തുക്കൾ വന്നിരിക്കുകയാൽ അന്ത്യകാലമാകുന്നു എന്ന് നമുക്ക് അറിയാം.19അവർ നമ്മുടെ ഇടയിൽനിന്ന് പുറത്തുപോയി; എന്നാൽ അവർ നമുക്കുള്ളവർ അല്ലായിരുന്നു; അവർ നമുക്കുള്ളവർ ആയിരുന്നു എങ്കിൽ അവർ നമ്മോടുകൂടെ ഉണ്ടാകുമായിരുന്നു; എന്നാൽ അവർ പുറത്തുപോയതുകൊണ്ട് അവരാരും നമുക്കുള്ളവർ അല്ലെന്ന് കാണിക്കുന്നു.
20എന്നാൽ നിങ്ങൾ പരിശുദ്ധനിൽ നിന്നുള്ള അഭിഷേകം പ്രാപിക്കുകയും എല്ലാം അറിയുകയും ചെയ്യുന്നു.21നിങ്ങൾ സത്യം അറിയാത്തതുകൊണ്ടല്ല, നിങ്ങൾ അത് അറിയുകയാലും ഭോഷ്ക് ഒന്നും സത്യത്തിൽനിന്ന് വരായ്കയാലുമത്രേ ഞാൻ നിങ്ങൾക്ക് എഴുതിയിരിക്കുന്നത്.
22യേശുവിനെ ക്രിസ്തുവല്ല എന്ന് നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നെ എതിർക്രിസ്തു ആകുന്നു.23പുത്രനെ നിഷേധിക്കുന്നവനൊന്നും പിതാവില്ല; പുത്രനെ സ്വീകരിക്കുന്നവന് പിതാവും ഉണ്ട്.
24നിങ്ങൾ ആദിമുതൽ കേട്ടത് നിങ്ങളിൽ വസിക്കട്ടെ. ആദിമുതൽ കേട്ടത് നിങ്ങളിൽ വസിക്കുന്നു എങ്കിൽ നിങ്ങൾ പുത്രനിലും പിതാവിലും വസിക്കും.25ഇതാകുന്നു അവൻ നമുക്ക് തന്ന വാഗ്ദത്തം: നിത്യജീവൻ തന്നെ.26നിങ്ങളെ വഞ്ചിക്കുന്നവർ നിമിത്തം ഞാൻ ഇത് നിങ്ങൾക്ക് എഴുതിയിരിക്കുന്നു.
27അവനിൽ നിന്ന് സ്വീകരിച്ച അഭിഷേകം നിങ്ങളിൽ വസിക്കുന്നു; ആരും നിങ്ങളെ ഉപദേശിക്കുവാൻ ആവശ്യമില്ല; എന്നാൽ അവന്റെ അഭിഷേകം തന്നെ നിങ്ങൾക്ക് സകലത്തെക്കുറിച്ചും ഉപദേശിച്ചുതരികയാലും അത് ഭോഷ്കല്ല സത്യം തന്നെ ആയിരിക്കുകയാലും അത് നിങ്ങളെ ഉപദേശിച്ചതുപോലെ നിങ്ങൾ അവനിൽ വസിക്കുവിൻ.
ദൈവത്തിന്റെ മക്കൾ

28ഇപ്പോഴോ പ്രിയ കുഞ്ഞുങ്ങളേ, അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവന്റെ മുമ്പിൽ ലജ്ജിച്ചുപോകാതിരിക്കേണ്ടതിനും അവന്റെ വരവിൽ നമുക്ക് ധൈര്യം ഉണ്ടാകേണ്ടതിനും അവനിൽ വസിക്കുവിൻ.29അവൻ നീതിമാൻ എന്ന് നിങ്ങൾ അറിയുന്നു എങ്കിൽ നീതി ചെയ്യുന്നവരെല്ലാം അവനിൽനിന്ന് ജനിച്ചിരിക്കുന്നു എന്നും നിങ്ങൾ അറിയുന്നു.


1 2:16 ജീവിതത്തെക്കുറിച്ചുള്ള നിഗളഭാവം ഇങ്ങനെ ലോകത്തിലുള്ളത് ഭൗതികസമൃദ്ധിയുടെ നിഗളം ആണ് ഇവിടെ ഉദ്ദേശിക്കുന്നത്

3

1കാണ്മിൻ, നാം ദൈവമക്കൾ എന്ന് വിളിക്കപ്പെടുവാൻ പിതാവ് നമ്മിൽ എത്ര അധികം സ്നേഹം പകർന്നിരിക്കുന്നു; നാം അങ്ങനെ തന്നെ ആകുന്നു. ലോകം അവനെ അറിഞ്ഞിട്ടില്ലായ്കകൊണ്ട് നമ്മെയും അറിയുന്നില്ല.2പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം എന്ത് ആകും എന്ന് ഇതുവരെ വെളിപ്പെട്ടിട്ടില്ല. എന്നാൽ അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെപ്പോലെ ആകും എന്ന് നാം അറിയുന്നു. എന്തെന്നാൽ, അവൻ ആയിരിക്കുന്നതുപോലെ നാം അവനെ കാണുമല്ലോ.3അവനിൽ ഈ പ്രത്യാശയുള്ളവരെല്ലാം അവൻ നിർമ്മലനായിരിക്കുന്നതുപോലെ തന്നെത്തന്നെ നിർമ്മലീകരിക്കുന്നു.

4പാപം ചെയ്യുന്നവൻ എല്ലാം നിയമലംഘനവും നടത്തുന്നു; പാപം നിയമലംഘനം തന്നെ.5പാപങ്ങളെ നീക്കുവാൻ അവൻ വെളിപ്പെട്ടു എന്ന് നിങ്ങൾ അറിയുന്നു; അവനിൽ പാപം ഇല്ല.6അവനിൽ വസിക്കുന്നവൻ ആരും പാപത്തിൽ തുടരുന്നില്ല. പാപം ചെയ്യുന്നവൻ ആരും അവനെ കണ്ടിട്ടുമില്ല, അറിഞ്ഞിട്ടുമില്ല.
7പ്രിയ കുഞ്ഞുങ്ങളേ, ആരും നിങ്ങളെ വഞ്ചിക്കരുത്; അവൻ നീതിമാനായിരിക്കുന്നതുപോലെ നീതി ചെയ്യുന്നവൻ നീതിമാൻ ആകുന്നു.8പാപം ചെയ്യുന്നവൻ പിശാചിൽ നിന്നുള്ളവൻ ആകുന്നു. കാരണം പിശാച് ആദിമുതൽ പാപം ചെയ്യുന്നുവല്ലോ. പിശാചിന്റെ പ്രവൃത്തികളെ ഇല്ലാതാക്കുന്നതിനായി ദൈവപുത്രൻ വെളിപ്പെട്ടു.
9ദൈവത്തിൽനിന്ന് ജനിച്ചവർ ആരും പാപത്തിൽ തുടരുന്നില്ല; കാരണം ദൈവത്തിന്റെ പ്രകൃതം അവനിൽ വസിക്കുന്നു; ദൈവത്തിൽനിന്ന് ജനിച്ചതിനാൽ അവന് പാപത്തിൽ തുടരുവാൻ കഴിയുകയുമില്ല.10ദൈവത്തിന്റെ മക്കൾ ആരെന്നും പിശാചിന്റെ മക്കൾ ആരെന്നും ഇതിനാൽ വെളിപ്പെടുന്നു; നീതി പ്രവർത്തിക്കാത്തവനോ സഹോദരനെ സ്നേഹിക്കാത്തവനോ ദൈവത്തിൽനിന്നുള്ളവനല്ല.
അന്യോന്യം സ്നേഹിക്കണം

11നിങ്ങൾ ആദിമുതൽ കേട്ട ദൂത് ഇതാണ്: നമ്മൾ അന്യോന്യം സ്നേഹിക്കേണം.12കയീൻ ദുഷ്ടനിൽനിന്നുള്ളവനായും സഹോദരനെ കൊന്നതുപോലെയും ആകരുത്; അവനെ കൊല്ലുവാൻ സംഗതി എന്ത്? തന്റെ പ്രവൃത്തി ദോഷവും സഹോദരന്റേത് നീതിയുള്ളതും ആയിരുന്നതുകൊണ്ടത്രേ.

13എന്റെ സഹോദരന്മാരേ, ലോകം നിങ്ങളെ വെറുക്കുന്നു എങ്കിൽ ആശ്ചര്യപ്പെടരുത്.14നമ്മൾ മരണം വിട്ട് ജീവനിൽ കടന്നിരിക്കുന്നു എന്ന് സഹോദരന്മാരെ സ്നേഹിക്കുന്നതിനാൽ നമുക്ക് അറിയാം. സ്നേഹിക്കാത്തവൻ മരണത്തിൽ വസിക്കുന്നു.15തന്റെ സഹോദരനെ പകയ്ക്കുന്നവൻ ആരായാലും കൊലപാതകൻ ആകുന്നു. യാതൊരു കൊലപാതകന്റെയും ഉള്ളിൽ നിത്യജീവൻ വസിച്ചിരിക്കുന്നില്ല എന്നു നിങ്ങൾ അറിയുന്നു.
16ക്രിസ്തു നമുക്കുവേണ്ടി തന്റെ പ്രാണനെ വച്ചുകൊടുത്തതിനാൽ നാം സ്നേഹം എന്ത് എന്ന് അറിഞ്ഞിരിക്കുന്നു; നാമും സഹോദരന്മാർക്കുവേണ്ടി പ്രാണനെ വച്ചുകൊടുക്കേണ്ടതാകുന്നു.17എന്നാൽ ഈ ലോകത്തിലെ വസ്തുവകയുള്ളവൻ ആരെങ്കിലും തന്റെ സഹോദരൻ ആവശ്യക്കാരനാണെന്ന് കണ്ടിട്ടും, അവന്റെ നേരെ തന്റെ ഹൃദയം അടച്ചുകളഞ്ഞാൽ ദൈവത്തിന്റെ സ്നേഹം അവനിൽ എങ്ങനെ വസിക്കും?18എന്റെ പ്രിയ കുഞ്ഞുങ്ങളേ, നാം വാക്കിനാലോ നാവിനാലോ അല്ല, പ്രവൃത്തിയിലും സത്യത്തിലും തന്നെ സ്നേഹിക്കുക.
19നാം സത്യത്തിൽനിന്നുള്ളവരാണ് എന്ന് ഇതിനാൽ നമുക്ക് അറിയാം;20നമ്മുടെ ഹൃദയം നമ്മെ കുറ്റം വിധിക്കുന്നു എങ്കിൽ, ദൈവം നമ്മുടെ ഹൃദയത്തെക്കാൾ വലിയവനും എല്ലാം അറിയുന്നവനും ആകുന്നതുകൊണ്ട് നമ്മുടെ ഹൃദയത്തെ ദൈവസന്നിധിയിൽ ഉറപ്പിക്കാം.21പ്രിയമുള്ളവരേ, ഹൃദയം നമ്മെ കുററം വിധിക്കുന്നില്ലെങ്കിൽ നമുക്ക് ദൈവത്തോടു പ്രാഗത്ഭ്യം ഉണ്ട്.22അവന്റെ കല്പനകളെ നാം പ്രമാണിക്കുകയും അവന് പ്രസാദമുള്ളത് പ്രവൃത്തിക്കുകയും ചെയ്കകൊണ്ട് നാം എന്ത് യാചിച്ചാലും അവനിൽനിന്ന് നമുക്ക് ലഭിക്കും.
23അവന്റെ പുത്രനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നാം വിശ്വസിക്കുകയും അവൻ നമ്മോട് കല്പിച്ചതുപോലെ അന്യോന്യം സ്നേഹിക്കുകയും വേണം എന്നുള്ളതാണ് അവന്റെ കല്പന.24ദൈവത്തിന്റെ കല്പനകളെ പ്രമാണിക്കുന്നവൻ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു. അവൻ നമ്മിൽ വസിക്കുന്നു എന്ന് അവൻ നമുക്ക് തന്ന ആത്മാവിനാൽ തന്നെ നാം അറിയുന്നു.

4

1പ്രിയമുള്ളവരേ, അനേകം കള്ളപ്രവാചകന്മാർ ലോകത്തിലേക്കു പുറപ്പെട്ടിരിക്കുകയാൽ ഏത് ആത്മാവിനെയും വിശ്വസിക്കാതെ, ആത്മാക്കൾ ദൈവത്തിൽനിന്നുള്ളവയോ എന്ന് ശോധന ചെയ്‌വിൻ.2ദൈവാത്മാവിനെ നിങ്ങൾക്ക് ഇതിനാൽ അറിയാം: യേശുക്രിസ്തു ജഡത്തിൽ വന്നു എന്ന് സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽനിന്നുള്ളത്.3യേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽനിന്നുള്ളതല്ല. അത് എതിർക്രിസ്തുവിന്റെ ആത്മാവ് തന്നെ; അത് വരുന്നു എന്ന് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ; അത് ഇപ്പോൾതന്നെ ലോകത്തിൽ ഉണ്ട്.

4പ്രിയ കുഞ്ഞുങ്ങളേ, നിങ്ങൾ ദൈവത്തിൽനിന്നുള്ളവർ ആകുന്നു; എതിർക്രിസ്തുവിന്റെ ആത്മാക്കളെ ജയിച്ചുമിരിക്കുന്നു. കാരണം നിങ്ങളിലുള്ളവൻ ലോകത്തിൽ ഉള്ളവനേക്കാൾ വലിയവനല്ലോ.5അവർ ലോകത്തിനുള്ളവർ ആകുന്നു, അതുകൊണ്ട് അവർ ലോകത്തിലുള്ളത് സംസാരിക്കുന്നു; ലോകം അവരെ ശ്രദ്ധിക്കുന്നു.6ഞങ്ങൾ ദൈവത്തിൽനിന്നുള്ളവരാകുന്നു; ദൈവത്തെ അറിയുന്നവൻ ഞങ്ങളുടെ വാക്ക് ശ്രദ്ധിക്കുന്നു. ദൈവത്തിൽനിന്നല്ലാത്തവൻ ഞങ്ങളുടെ വാക്ക് ശ്രദ്ധിക്കുന്നില്ല. സത്യത്തിന്റെ ആത്മാവ് ഏത് എന്നും അസത്യത്തിന്റെ ആത്മാവ് ഏത് എന്നും ഇതിനാൽ നമുക്ക് അറിയാം.
ദൈവത്തിന്റെയും നമ്മുടെയും സ്നേഹം

7പ്രിയമുള്ളവരേ, നാം അന്യോന്യം സ്നേഹിക്കുക; കാരണം സ്നേഹം ദൈവത്തിൽനിന്നുള്ളതാണ്. സ്നേഹിക്കുന്നവരെല്ലാം ദൈവത്തിൽനിന്ന് ജനിച്ചിരിക്കുന്നു, ദൈവത്തെ അറിയുകയും ചെയ്യുന്നു.8ദൈവം സ്നേഹം തന്നെയായതിനാൽ, സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല.
9നാം അവനാൽ ജീവിക്കേണ്ടതിന്, ദൈവം തന്റെ ഏകജാതനായ പുത്രനെ ലോകത്തിലേക്ക് അയച്ചു എന്നതിനാൽ ദൈവത്തിന് നമ്മോടുള്ള സ്നേഹം വെളിപ്പെട്ടു.10നാം ദൈവത്തെ സ്നേഹിച്ചു എന്നതല്ല, അവൻ നമ്മെ സ്നേഹിക്കുകയും തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്ക് പ്രായശ്ചിത്തം ആകുവാൻ അയയ്ക്കുകയും ചെയ്തു എന്നത് തന്നെ സാക്ഷാൽ സ്നേഹം .
11പ്രിയമുള്ളവരേ, ദൈവം നമ്മെ ഇങ്ങനെ സ്നേഹിച്ചു എങ്കിൽ നാമും അന്യോന്യം സ്നേഹിക്കേണ്ടതാകുന്നു.12ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല. നാം അന്യോന്യം സ്നേഹിക്കുന്നുവെങ്കിൽ ദൈവം നമ്മിൽ വസിക്കുന്നു; അവന്റെ സ്നേഹം നമ്മിൽ തികഞ്ഞുമിരിക്കുന്നു.13അവൻ തന്റെ ആത്മാവിനെ നമുക്ക് തന്നതിനാൽ നാം അവനിലും അവൻ നമ്മിലും വസിക്കുന്നു എന്ന് നാം അറിയുന്നു.14പിതാവ് ലോകരക്ഷിതാവായിട്ട് പുത്രനെ അയച്ചിരിക്കുന്നു എന്ന് ഞങ്ങൾ കണ്ടും സാക്ഷ്യം പറയുകയും ചെയ്യുന്നു.
15യേശു ദൈവപുത്രൻ എന്ന് സ്വീകരിക്കുന്നവനിൽ ദൈവവും, അവൻ ദൈവത്തിലും വസിക്കുന്നു.16ഇങ്ങനെ ദൈവത്തിന് നമ്മോടുള്ള സ്നേഹത്തെ നാം അറിഞ്ഞും വിശ്വസിച്ചുമിരിക്കുന്നു. ദൈവം സ്നേഹം തന്നെ; സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിൽ വസിക്കുന്നു; ദൈവം അവനിലും വസിക്കുന്നു.
17അവൻ ആയിരിക്കുന്നതുപോലെ നാം ഈ ലോകത്തിൽ ആയിരിക്കുന്നതുകൊണ്ട്, ന്യായവിധിദിവസത്തിൽ നമുക്ക് ധൈര്യം ഉണ്ടാകുവാൻ തക്കവണ്ണം ഇങ്ങനെ സ്നേഹം നമ്മിൽ തികഞ്ഞുവന്നിരിക്കുന്നു.18സ്നേഹത്തിൽ ഭയമില്ല; ശിക്ഷയിൽ ഭയം ഉള്ളതിനാൽ തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കിക്കളയുന്നു; എന്നാൽ ഭയപ്പെടുന്നവൻ സ്നേഹത്തിൽ തികഞ്ഞവനല്ല.
19ദൈവം ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ട് നാം സ്നേഹിക്കുന്നു.20ഒരുവൻ, ‘ഞാൻ ദൈവത്തെ സ്നേഹിക്കുന്നു’ എന്നു പറയുകയും, തന്റെ സഹോദരനെ വെറുക്കുകയും ചെയ്താൽ അവൻ നുണയനാകുന്നു. കാരണം, താൻ കണ്ടിട്ടുള്ള തന്റെ സഹോദരനെ സ്നേഹിക്കാത്തവന് കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിക്കുവാൻ കഴിയുന്നതല്ല.21ദൈവത്തെ സ്നേഹിക്കുന്നവൻ തന്റെ സഹോദരനെയും സ്നേഹിക്കേണം എന്ന ഈ കല്പന നമുക്ക് അവങ്കൽനിന്ന് ലഭിച്ചിരിക്കുന്നു.

5
ദൈവപുത്രനിൽ ഉള്ള വിശ്വാസം

1യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ ഏവനും ദൈവത്തിൽനിന്ന് ജനിച്ചിരിക്കുന്നു. ജനിപ്പിച്ചവനെ സ്നേഹിക്കുന്നവരെല്ലാം അവനാൽ ജനിച്ചവനെയും സ്നേഹിക്കുന്നു.2നാം ദൈവത്തെ സ്നേഹിക്കുകയും അവന്റെ കല്പനകളെ പ്രമാണിക്കുകയും ചെയ്യുന്നതിനാൽ ദൈവമക്കളെ സ്നേഹിക്കുന്നു എന്ന് നമുക്ക് അറിയാം.3അവന്റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അവന്റെ കല്പനകൾ ഭാരമുള്ളവയല്ല.

4കാരണം, ദൈവത്തിൽനിന്ന് ജനിച്ചവരൊക്കെയും ലോകത്തെ ജയിക്കുന്നു: ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നെ.5എന്നാൽ യേശു ദൈവപുത്രൻ എന്ന് വിശ്വസിക്കുന്നവൻ അല്ലാതെ ആരാകുന്നു ലോകത്തെ ജയിക്കുന്നവൻ?
6ജലത്താലും രക്തത്താലും വന്നവൻ ഇവൻ ആകുന്നു: യേശുക്രിസ്തു തന്നെ; ജലത്താൽ മാത്രമല്ല, ജലത്താലും രക്തത്താലും തന്നെ.7ആത്മാവ് സത്യമായതിനാൽ ആത്മാവും സാക്ഷ്യം പറയുന്നു.8സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ട്: ആത്മാവ്, ജലം, രക്തം; ഈ മൂന്നിന്റേയും സാക്ഷ്യം ഒന്ന് തന്നെ.
9നാം മനുഷ്യരുടെ സാക്ഷ്യം കൈക്കൊള്ളുന്നു എങ്കിൽ ദൈവത്തിന്റെ സാക്ഷ്യം അതിലും വലിയതാകുന്നു. എന്തെന്നാൽ, ദൈവത്തിന്റെ സാക്ഷ്യമോ, അവൻ തന്റെ പുത്രനെക്കുറിച്ച് സാക്ഷീകരിച്ചിരിക്കുന്നത് തന്നെ.10ദൈവപുത്രനിൽ വിശ്വസിക്കുന്നവന് ഉള്ളിൽ ആ സാക്ഷ്യം ഉണ്ട്. ദൈവത്തെ വിശ്വസിക്കാത്തവൻ ദൈവം തന്റെ പുത്രനെക്കുറിച്ച് പറഞ്ഞ സാക്ഷ്യം വിശ്വസിക്കായ്കകൊണ്ട് അവനെ നുണയനാക്കുന്നു.
11ആ സാക്ഷ്യമോ, ദൈവം നമുക്ക് നിത്യജീവൻ തന്നു; ആ ജീവൻ അവന്റെ പുത്രനിൽ ഉണ്ട് എന്നുള്ളത് തന്നെ.12പുത്രനുള്ളവന് ജീവൻ ഉണ്ട്; ദൈവപുത്രനില്ലാത്തവന് ജീവൻ ഇല്ല.
ഉപസംഹാരം

13ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്ന നിങ്ങൾക്ക് നിത്യജീവൻ ഉണ്ടെന്ന് നിങ്ങൾ അറിയേണ്ടതിന് ഞാൻ ഇത് നിങ്ങൾക്ക് എഴുതിയിരിക്കുന്നു.14അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും ചോദിച്ചാൽ അവൻ നമ്മെ കേൾക്കുന്നു എന്നുള്ളത് നമുക്ക് അവനിലുള്ള ധൈര്യമാകുന്നു.15നമ്മൾ എന്ത് ചോദിച്ചാലും അവൻ നമ്മെ കേൾക്കുന്നു എന്നറിയുന്നുവെങ്കിൽ അവനോട് ചോദിച്ച അപേക്ഷകൾ നമുക്ക് ലഭിച്ചു എന്നും അറിയുന്നു.
16സഹോദരൻ മരണത്തിനല്ലാത്ത പാപം ചെയ്യുന്നത് ആരെങ്കിലും കണ്ടാൽ പ്രാർത്ഥിക്കാം; ദൈവം അവന് ജീവനെ കൊടുക്കും; മരണത്തിനല്ലാത്ത പാപം ചെയ്യുന്നവർക്ക് തന്നെ; മരണത്തിനുള്ള പാപം ഉണ്ട്; അവൻ അതിനെക്കുറിച്ച് അപേക്ഷിക്കണം എന്ന് ഞാൻ പറയുന്നില്ല.17എല്ലാ അനീതിയും പാപം ആകുന്നു; എന്നാൽ മരണത്തിനല്ലാത്ത പാപവും ഉണ്ട്.

18ദൈവത്തിൽനിന്ന് ജനിച്ചിരിക്കുന്നവൻ ആരും പാപത്തിൽ തുടരുന്നില്ല എന്ന് നാം അറിയുന്നു; ദൈവത്തിൽനിന്ന് ജനിച്ചവൻ അവനെ സൂക്ഷിക്കുന്നു; ദുഷ്ടൻ അവനെ തൊടുന്നതുമില്ല.19നാം ദൈവത്തിൽനിന്നുള്ളവർ എന്ന് നാം അറിയുന്നു. സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.
20ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിയുവാൻ നമുക്ക് വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നെ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു.21കുഞ്ഞുങ്ങളേ, വിഗ്രഹങ്ങളിൽനിന്ന് നിങ്ങളെത്തന്നെ സൂക്ഷിക്കുവിൻ.

2 . യോഹന്നാൻ

1

1നമ്മിൽ വസിക്കുന്നതും നമ്മോടുകൂടെ എന്നേക്കും ഇരിക്കുന്നതുമായ സത്യം നിമിത്തം ഞാൻ മാത്രമല്ല,2സത്യത്തെ അറിഞ്ഞിരിക്കുന്നവർ എല്ലാവരും, ഞാൻ സത്യത്തിൽ സ്നേഹിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട വനിതയ്ക്കും അവളുടെ മക്കൾക്കും മൂപ്പനായ ഞാൻ എഴുതുന്നത്:3പിതാവായ ദൈവത്തിങ്കൽനിന്നും പിതാവിന്റെ പുത്രനായ യേശുക്രിസ്തുവിങ്കൽനിന്നും സ്നേഹത്തിലും സത്യത്തിലും കൃപയും കനിവും സമാധാനവും നമുക്ക് ഉണ്ടാകുമാറാകട്ടെ.

4നമുക്ക് പിതാവിങ്കൽനിന്ന് കല്പന ലഭിച്ചതുപോലെ നിന്റെ മക്കളിൽ ചിലർ സത്യത്തിൽ നടക്കുന്നത് ഞാൻ കണ്ട് അത്യന്തം സന്തോഷിച്ചു.5ഇപ്പോഴോ വനിതയേ, നാം അന്യോന്യം സ്നേഹിക്കേണം എന്ന് ഞാൻ അപേക്ഷിക്കുന്നു; അത് പുതിയ കല്പനയായല്ല, എന്നാൽ ആദിമുതൽ നമുക്ക് ഉണ്ടായിരുന്നതു തന്നെ ഞാൻ നിനക്ക് എഴുതുന്നു.6നാം അവന്റെ കല്പനകളെ അനുസരിച്ചു നടക്കുന്നതു തന്നെ സ്നേഹം ആകുന്നു. നിങ്ങൾ ആദിമുതൽ കേട്ടതുപോലെ സ്നേഹത്തിൽ നടക്കണം എന്നുള്ളതാണ് ഈ കല്പന.
7യേശുക്രിസ്തുവിനെ ജഡത്തിൽ വന്നവൻ എന്ന് സ്വീകരിക്കാത്ത വഞ്ചകന്മാർ പലരും ലോകത്തിലേക്ക് പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിർക്രിസ്തുവും ഇങ്ങനെയുള്ളവൻ ആകുന്നു.8ഞങ്ങളുടെ 1 പ്രയത്നഫലം നഷ്ടപ്പെടുത്താതെ നിങ്ങൾ പൂർണ്ണപ്രതിഫലം പ്രാപിക്കേണ്ടതിന് നിങ്ങളെത്തന്നെ സൂക്ഷിച്ചുകൊള്ളുവിൻ.
9ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്നവന് ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്ക്കുന്നവനോ പിതാവും പുത്രനും ഉണ്ട്.10ഈ ഉപദേശവും കൊണ്ടല്ലാതെ ആരെങ്കിലും നിങ്ങളുടെ അടുക്കൽ വന്നാൽ അവനെ നിങ്ങളുടെ വീട്ടിൽ സ്വീകരിക്കുകയും വന്ദനം ചെയ്യുകയും അരുത്.11അവനെ വന്ദനം ചെയ്യുന്നവൻ അവന്റെ ദുഷ്പ്രവൃത്തികളിൽ പങ്കാളിയല്ലോ.

12നിങ്ങൾക്ക് എഴുതുവാൻ പലതും ഉണ്ട്; എങ്കിലും കടലാസ്സിലും മഷികൊണ്ടും എഴുതുവാൻ എനിക്ക് മനസ്സില്ല. എന്നാൽ നമ്മുടെ സന്തോഷം പൂർണ്ണമാകേണ്ടതിന് നിങ്ങളുടെ അടുക്കൽ വന്ന് മുഖാമുഖമായി സംസാരിക്കുവാൻ ആശിക്കുന്നു.13നിന്റെ തിരഞ്ഞെടുക്കപ്പെട്ട സഹോദരിയുടെ മക്കൾ നിനക്ക് വന്ദനം ചൊല്ലുന്നു.


1 1:8 ഞങ്ങളുടെ ചില കയ്യെഴുത്തുപ്രതികളിൽ ഞങ്ങളുടെ എന്നതിന് പകരം നിങ്ങളുടെ എന്നാണ്

3 . യോഹന്നാൻ

1

1മൂപ്പനായ ഞാൻ സത്യത്തിൽ സ്നേഹിക്കുന്ന പ്രിയ ഗായൊസിന് എഴുതുന്നത്:

2പ്രിയനേ, നിന്റെ ആത്മാവ് ശുഭമായിരിക്കുന്നതുപോലെ നീ സകലത്തിലും ശുഭമായും ആരോഗ്യവാനായും ഇരിക്കേണം എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.3സഹോദരന്മാർ വന്നപ്പോൾ നീ സത്യത്തിൽ നടക്കുന്നു എന്നതായ നിന്റെ സത്യത്തിന് സാക്ഷ്യം പറയുകയാൽ ഞാൻ അത്യന്തം സന്തോഷിച്ചു.4എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്ന് കേൾക്കുന്നതിനേക്കാൾ വലിയ സന്തോഷം എനിക്കില്ല.

5പ്രിയനേ, നീ സഹോദരന്മാർക്കും വിശേഷാൽ അപരിചിതർക്കും 1 വേണ്ടി അദ്ധ്വാനിക്കുമ്പോഴെല്ലാം വിശ്വസ്തത കാണിക്കുന്നു.6അവർ സഭയുടെ മുമ്പാകെ നിന്റെ സ്നേഹത്തിന് സാക്ഷ്യം പറഞ്ഞിരിക്കുന്നു; നീ അവരെ ദൈവത്തിന് യോഗ്യമാകുംവണ്ണം യാത്ര അയച്ചാൽ നന്നായിരിക്കും.7തിരുനാമം നിമിത്തമല്ലോ അവർ ജാതികളിൽനിന്ന് ഒന്നും വാങ്ങാതെ പുറപ്പെട്ടത്.8ആകയാൽ നാം സത്യത്തിനു കൂട്ടുവേലക്കാർ ആകേണ്ടതിന് ഇങ്ങനെയുള്ളവർക്ക് കൈത്താങ്ങൽ കൊടുക്കേണ്ടതാകുന്നു.

9സഭയ്ക്കു് ഞാൻ ചിലതെഴുതിയിരുന്നു: എങ്കിലും അവരിൽ ഒന്നാമനാകുവാൻ ആഗ്രഹിക്കുന്ന ദിയൊത്രെഫേസ് ഞങ്ങളെ അംഗീകരിക്കുന്നില്ല.10അതുകൊണ്ട് ഞാൻ വന്നാൽ അവൻ ഞങ്ങൾക്ക് എതിരെ ദുർവ്വാക്കുകൾ പറഞ്ഞ് അവഹേളിച്ചുകൊണ്ട് ചെയ്യുന്ന പ്രവൃത്തികൾ അവന് ഓർമ്മവരുത്തും. അവൻ ഇങ്ങനെ ചെയ്യുന്ന പ്രവൃത്തികളിൽ തൃപ്തനാകാതെ താൻ സഹോദരന്മാരെ കൈക്കൊള്ളാതിരിക്കുന്നത് മാത്രമല്ല, അതിന് മനസ്സുള്ളവരെ വിരോധിക്കുകയും സഭയിൽനിന്ന് പുറത്താക്കുകയും ചെയ്യുന്നു.
11പ്രിയനേ, നന്മയല്ലാതെ തിന്മ അനുകരിക്കരുത്; നന്മ ചെയ്യുന്നവൻ ദൈവത്തിൽനിന്നുള്ളവൻ ആകുന്നു; തിന്മ ചെയ്യുന്നവൻ ദൈവത്തെ കണ്ടിട്ടില്ല.12ദെമേത്രിയൊസിന് എല്ലാവരാലും സത്യത്താൽ തന്നെയും സാക്ഷ്യം ലഭിച്ചിട്ടുണ്ട്; ഞങ്ങളും സാക്ഷ്യം പറയുന്നു; ഞങ്ങളുടെ സാക്ഷ്യം സത്യം എന്ന് നീ അറിയുന്നു.

13നിനക്ക് എഴുതി അയക്കുവാൻ പലതും ഉണ്ടായിരുന്നു എങ്കിലും മഷിയും തൂവലുംകൊണ്ട് എഴുതുവാൻ എനിക്ക് ആഗ്രഹമില്ല.14എന്നാൽ ഞാൻ വേഗത്തിൽ നിന്നെ കാണ്മാൻ ആശിക്കുന്നു. അപ്പോൾ നമുക്ക് മുഖാമുഖമായി സംസാരിക്കാം.15നിനക്ക് സമാധാനം. സ്നേഹിതന്മാർ നിനക്ക് വന്ദനം ചൊല്ലുന്നു. സ്നേഹിതന്മാർക്ക് പേരുപേരായി വന്ദനം ചൊല്ലുക.


1 1:5 അപരിചിതർക്കും അപരിചിതരെ അതിഥികളായി കരുതി ആദരിക്കുന്നതിനെ സൂചിപ്പിക്കുന്നു.

യൂദാ

1

1യേശുക്രിസ്തുവിന്റെ ദാസനും യാക്കോബിന്റെ സഹോദരനുമായ യൂദാ, പിതാവായ ദൈവത്തിൽ സ്നേഹിക്കപ്പെട്ടും യേശുക്രിസ്തുവിനായി സൂക്ഷിക്കപ്പെട്ടും ഇരിക്കുന്നവരായ വിളിക്കപ്പെട്ടവർക്ക് എഴുതുന്നത്:2നിങ്ങൾക്ക് കരുണയും സമാധാനവും സ്നേഹവും വർദ്ധിക്കുമാറാകട്ടെ.

3പ്രിയരേ, നമ്മുടെ പൊതുവിലുള്ള രക്ഷയെക്കുറിച്ച് നിങ്ങൾക്ക് എഴുതുവാൻ സകലപ്രയത്നവും ചെയ്തുകൊണ്ടിരിക്കുമ്പോൾ, വിശുദ്ധന്മാർക്ക് ഒരിക്കലായിട്ട് ഭരമേല്പിച്ചിരിക്കുന്ന വിശ്വാസത്തിനുവേണ്ടി പോരാടേണ്ടതിന് നിങ്ങളെ പ്രബോധിപ്പിച്ചെഴുതുവാൻ ആവശ്യം എന്ന് എനിക്ക് തോന്നി.4നമ്മുടെ ദൈവത്തിന്റെ കൃപയെ ദുഷ്കാമവൃത്തിക്ക് ഹേതുവാക്കി ഏകനാഥനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുന്ന അഭക്തരായ ചില മനുഷ്യർ നുഴഞ്ഞ് വന്നിരിക്കുന്നു; അവരുടെ ഈ ശിക്ഷാവിധി പണ്ടുതന്നെ തിരുവെഴുത്തില്‍ എഴുതിയിരിക്കുന്നു.

5നിങ്ങൾക്ക് സകലവും അറിയാമെങ്കിലും നിങ്ങളെ ഓർമ്മിപ്പിക്കുവാൻ ഞാൻ ഇച്ഛിക്കുന്നതെന്തെന്നാൽ: കർത്താവ് ജനത്തെ മിസ്രയീമിൽനിന്ന് രക്ഷിച്ചിട്ടും വിശ്വസിക്കാത്തവരെ പിന്നത്തേതിൽ നശിപ്പിച്ചു.6തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്തവാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ട് അന്ധകാരത്തിൻ കീഴിൽ സൂക്ഷിച്ചിരിക്കുന്നു.
7അതുപോലെ സൊദോമും ഗൊമോറയും അതിന് ചുറ്റുമുള്ള പട്ടണങ്ങളും അവർക്ക് സമമായി വ്യഭിചാരത്തിലും ഭോഗാസക്തിയിലും നടന്നതിനാൽ നിത്യാഗ്നിയുടെ ശിക്ഷാവിധി അനുഭവിച്ചുകൊണ്ട് ദൃഷ്ടാന്തമായി കിടക്കുന്നു.8അങ്ങനെതന്നെ ഇവരും സ്വപ്നാവസ്ഥയിലായി തങ്ങളുടെ ശരീരങ്ങളെ മലിനമാക്കുകയും ദൈവീകകര്‍ത്തൃത്വത്തെ തിരസ്കരിക്കുകയും ഉന്നതശക്തികളെ ദുഷിച്ചുപറയുകയും ചെയ്യുന്നു.
9എന്നാൽ പ്രധാനദൂതനായ മീഖായേൽ മോശെയുടെ ശവശരീരത്തെക്കുറിച്ച് പിശാചിനോട് തർക്കിച്ച് വാദിക്കുമ്പോൾ ഒരു ദൂഷണവിധി ഉച്ചരിപ്പാൻ തുനിയാതെ: ‘കർത്താവ് നിന്നെ ഭത്സിക്കട്ടെ’ എന്നു പറഞ്ഞതേ ഉള്ളൂ.10ഇവരോ തങ്ങൾക്ക് മനസ്സിലാകാത്ത സകല കാര്യങ്ങളെയും ദുഷിക്കുന്നു; ബുദ്ധിയില്ലാത്ത മൃഗങ്ങളേപ്പോലെ സ്വാഭാവികമായി മനസ്സിലാക്കുന്ന കാര്യങ്ങൾകൊണ്ട് അവർ തങ്ങളെത്തന്നെ നശിപ്പിക്കുന്നു.11അവർക്ക് അയ്യോ കഷ്ടം! അവർ കയീന്റെ വഴിയിൽ നടക്കയും കൂലി കൊതിച്ച് ബിലെയാമിന്റെ വഞ്ചനയിൽ തങ്ങളെത്തന്നെ ഏല്പിക്കുകയും കോരഹിന്റെ മത്സരത്തിൽ നശിച്ചുപോകയും ചെയ്യുന്നു.
12ഇവർ നിങ്ങളുടെ സ്നേഹസദ്യകളിൽ മറഞ്ഞുകിടക്കുന്ന പാറകൾ1 ; നിങ്ങളോടുകൂടെ വിരുന്നുകഴിക്കുമ്പോൾ ഭയംകൂടാതെ ഭക്ഷിക്കുന്നവർ; കാറ്റിൽ പാറിനടക്കുന്ന മേഘങ്ങൾ; ഫലം ഉണങ്ങിപ്പോയും ഫലമില്ലാതെയും, രണ്ടു തവണ ചത്തതും വേരോടെ പിഴുതെടുക്കപ്പെട്ടതുമായ വൃക്ഷങ്ങൾ;13സ്വന്തം നാണക്കേട് നുരച്ചുതള്ളുന്ന കൊടിയ കടൽത്തിരകൾ; സദാകാലത്തേക്കും അന്ധതമസ്സ് സൂക്ഷിച്ചുവെച്ചിരിക്കുന്ന വഴിതെറ്റി അലയുന്ന നക്ഷത്രങ്ങൾ തന്നെ.
14ആദാമിൽനിന്ന് ഏഴാംതലമുറക്കാരനായ ഹാനോക്കും ഇവരെക്കുറിച്ച്:15“ഇതാ കർത്താവ് എല്ലാവരെയും വിധിപ്പാനും അവർ അഭക്തിയോടെ ചെയ്ത ഭക്തിവിരുദ്ധമായ സകലപ്രവൃത്തികൾ നിമിത്തവും, ഭക്തികെട്ട പാപികൾ തന്റെ നേരെ പറഞ്ഞ സകല ക്രൂരവാക്കുകൾ നിമിത്തവും, ഭക്തികെട്ടവരെ ഒക്കെയും ബോധം വരുത്തുവാനും ആയിരമായിരം വിശുദ്ധന്മാരോടുകൂടെ വന്നിരിക്കുന്നു” എന്ന് പ്രവചിച്ചു.16അവർ പിറുപിറുപ്പുകാർ, ആവലാതി പറയുന്നവർ, തങ്ങളുടെ ദുരാഗ്രഹങ്ങളുടെ പുറകെനടക്കുന്നവർ, വമ്പുപറയുന്നവർ, കാര്യസാദ്ധ്യത്തിനായി മുഖസ്തുതി പ്രയോഗിക്കുന്നവർ.

17നിങ്ങളോ, പ്രിയരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ മുൻപറഞ്ഞ വാക്കുകളെ ഓർക്കുവിൻ.18അന്ത്യകാലത്ത് ഭക്തികെട്ട മോഹങ്ങളെ അനുസരിച്ചുനടക്കുന്ന പരിഹാസികൾ ഉണ്ടാകും എന്ന് അവർ നിങ്ങളോട് പറഞ്ഞുവല്ലോ.19അവർ ഭിന്നത ഉണ്ടാക്കുന്നവർ, ലൗകികന്മാർ,ദൈവാത്മാവില്ലാത്തവർ.
20നിങ്ങളോ, പ്രിയമുള്ളവരേ, നിങ്ങളുടെ അതിവിശുദ്ധ വിശ്വാസത്തിൽ നിങ്ങൾക്കുതന്നെ ആത്മികവർദ്ധന വരുത്തിയും പരിശുദ്ധാത്മാവിൽ പ്രാർത്ഥിച്ചും21നിത്യജീവനായിട്ട് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കരുണയ്ക്കായി കാത്തിരുന്നുംകൊണ്ട് ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നെ സൂക്ഷിച്ചുകൊള്ളുവിൻ.
22ചഞ്ചലപ്പെടുന്നവരായ ചിലരോട് കരുണ ചെയ്‌വിൻ;23ജഡത്താൽ കറപിടിച്ച അങ്കിപോലും വെറുത്തുകൊണ്ട് ചിലരെ ഭയത്തോടെ തീയിൽനിന്നും വലിച്ചെടുത്ത് രക്ഷിപ്പിൻ.

24വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ച്, അവന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി മഹാസന്തോഷത്തോടെ നിർത്തുവാൻ കഴിയുന്നവന്,25നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിനുതന്നെ, സർവ്വകാലത്തിന് മുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.


1 1:12 വെള്ളത്തിനടിയിലുള്ള അപകടകരമായ പാറകൾ.

വെളിപാട്

1

1യേശുക്രിസ്തുവിന്റെ വെളിപാട്: വേഗത്തിൽ സംഭവിക്കുവാനുള്ളത് തന്റെ ദാസന്മാരെ കാണിക്കേണ്ടതിന് ദൈവം അത് അവന് കൊടുത്തു. അവൻ അത് തന്റെ ദൂതൻ മുഖാന്തരം അയച്ച് തന്റെ ദാസനായ യോഹന്നാനെ കാണിച്ചു.2യോഹന്നാൻ ദൈവവചനവും യേശുക്രിസ്തുവിനെക്കുറിച്ചുള്ള സാക്ഷ്യവുമായി താൻ കണ്ടതെല്ലാം സാക്ഷീകരിച്ചു.3സമയം അടുത്തിരിക്കുന്നതുകൊണ്ട് ഈ പ്രവചനത്തിന്റെ വാക്കുകളെ വായിക്കുന്നവനും അവയെ കേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്നത് അനുസരിക്കുന്നവരും ഭാഗ്യവാന്മാർ.

4യോഹന്നാൻ ആസ്യയിലെ ഏഴ് സഭകൾക്കും എഴുതുന്നത്: ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായവങ്കൽ നിന്നും, അവന്റെ സിംഹാസനത്തിന്മുമ്പിലുള്ള ഏഴ് ആത്മാക്കളുടെ അടുക്കൽ നിന്നും,5വിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യജാതനും ഭൂമിയിലെ രാജാക്കന്മാർക്കു ഭരണകർത്താവുമായ യേശുക്രിസ്തുവിങ്കൽ നിന്നും, നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ.6നമ്മെ സ്നേഹിച്ചവനും തന്റെ രക്തത്താൽ നമ്മുടെ പാപങ്ങളിൽ നിന്നു നമ്മെ മോചിപ്പിച്ചു തന്റെ പിതാവായ ദൈവത്തിന് നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീർത്തവനുമായവന് എന്നെന്നേക്കും മഹത്വവും ബലവും; ആമേൻ.
7ഇതാ, അവൻ മേഘാരൂഢനായി വരുന്നു; ഏത് കണ്ണും, അവനെ കുത്തിത്തുളച്ചവരും അവനെ കാണും; ഭൂമിയിലെ സകല ഗോത്രങ്ങളും അവനെച്ചൊല്ലി വിലപിക്കും. അതെ, ആമേൻ.

8ഞാൻ അല്ഫയും ഓമേഗയും ആകുന്നു എന്ന് ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായ സർവ്വശക്തിയുള്ള ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു.

9നിങ്ങളുടെ സഹോദരനും യേശു ക്രിസ്തുവിന്റെ കഷ്ടതയിലും രാജ്യത്തിലും സഹനത്തിലും പങ്കാളിയുമായ യോഹന്നാൻ എന്ന ഞാൻ, ദൈവവചനവും യേശുവിനെക്കുറിച്ചുള്ള സാക്ഷ്യം അറിയിച്ചതു നിമിത്തവും പത്മൊസ് എന്ന ദ്വീപിൽ ആയിരുന്നു.10കർത്തൃദിവസത്തിൽ1 ഞാൻ പരിശുദ്ധാത്മവിവശതയിലായി: കാഹളനാദം പോലെ വലിയൊരു ശബ്ദം എന്റെ പുറകിൽ കേട്ട്;11ഞാൻ അല്ഫയും ഓമേഗയും ആകുന്നു; ആദ്യനും അന്ത്യനും തന്നെ. നീ കാണുന്നത് ഒരു പുസ്തകത്തിൽ എഴുതി എഫെസൊസ്, സ്മുർന്നാ, പെർഗ്ഗമൊസ്, തുയഥൈരാ, സർദ്ദിസ്, ഫിലദെൽഫ്യ, ലവൊദിക്ക്യാ എന്നീപട്ടണങ്ങളിലുള്ള ഏഴ് സഭകൾക്കും അയയ്ക്കുക.
12എന്നോട് സംസാരിച്ച ശബ്ദം ആരുടേതെന്ന് കാണുവാൻ ഞാൻ തിരിഞ്ഞു.13തിരിഞ്ഞപ്പോൾ ഏഴ് പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കിയും മാറത്ത് പൊൻകച്ചയും ധരിച്ചവനായി മനുഷ്യപുത്രനെപ്പോലെയുള്ളവനെയും കണ്ട്.
14അവന്റെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ ഹിമത്തോളം വെള്ളയും കണ്ണ് അഗ്നിജ്വാലപോലെയും15കാൽ ഉലയിൽ ശുദ്ധീകരിച്ച് തേച്ചുമിനുക്കിയ വെള്ളോടുപോലെയും അവന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരച്ചിൽപോലെയും ആയിരുന്നു. അവന്റെ വലങ്കയ്യിൽ ഏഴ് നക്ഷത്രം ഉണ്ട്;16അവന്റെ വായിൽ നിന്നു മൂർച്ചയുള്ള ഇരുവായ്ത്തലയുള്ള വാൾ പുറപ്പെടുന്നു; അവന്റെ മുഖം സൂര്യൻ ശോഭയോടെ പ്രകാശിക്കുന്നതുപോലെ ആയിരുന്നു.
17അവനെ കണ്ടപ്പോൾ ഞാൻ മരിച്ചവനെപ്പോലെ അവന്റെ കാല്ക്കൽ വീണു. അവൻ വലങ്കൈ എന്റെ മേൽ വെച്ചിട്ട് എന്നോട്: ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവിച്ചിരിക്കുന്നവനും ആകുന്നു.18ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിക്കുന്നു; ആമേൻ, മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കയ്യിൽ ഉണ്ട്.
19അതുകൊണ്ട് നീ കണ്ടതും ഇപ്പോൾ ഉള്ളതും ഇതിനുശേഷം സംഭവിപ്പാനിരിക്കുന്നതും20എന്റെ വലങ്കയ്യിൽ കണ്ട ഏഴ് നക്ഷത്രത്തിന്റെ മർമ്മവും ഏഴ് പൊൻനിലവിളക്കിന്റെ വിവരവും എഴുതുക. ഏഴ് നക്ഷത്രം ഏഴ് സഭകളുടെ ദൂതന്മാരാകുന്നു; നീ കണ്ട ഏഴ് നിലവിളക്കുകൾ ഏഴ് സഭകൾ ആകുന്നു.


1 1:10 കര്‍ത്തൃദിവസം-ആഴചവട്ടത്തിന്റെ ഒന്നാം ദിവസമായ ഞായറാഴ്ച

2

1എഫെസൊസിലെ സഭയുടെ ദൂതന് എഴുതുക: ഏഴ് നക്ഷത്രം വലങ്കയ്യിൽ പിടിച്ചുംകൊണ്ട് ഏഴ് പൊൻനിലവിളക്കുകളുടെ നടുവിൽ നടക്കുന്നവൻ അരുളിച്ചെയ്യുന്നത്:2ഞാൻ നിന്റെ പ്രവൃത്തിയും കഠിനാദ്ധ്വാനവും സഹനവും കൊള്ളരുതാത്തവരെ നിനക്ക് സഹിക്കുവാൻ കഴിയാത്തതും അപ്പൊസ്തലന്മാരല്ലാതിരിക്കെ തങ്ങൾ അപ്പൊസ്തലന്മാർ എന്നു പറയുന്നവരെ നീ പരിശോധിച്ച് കള്ളന്മാർ എന്നു കണ്ടെത്തിയതും അറിയുന്നു.

3കൂടാതെ നിന്റെ സഹനശക്തിയും എന്റെ നാമം നിമിത്തം നീ അദ്ധ്വാനിച്ചതും ക്ഷീണിച്ചുപോകാഞ്ഞതും ഞാൻ അറിയുന്നു.4എങ്കിലും നിന്റെ ആദ്യസ്നേഹം വിട്ടുകളഞ്ഞ് എന്ന ഒരു കുറ്റം എനിക്ക് നിന്നെക്കുറിച്ച് പറയുവാനുണ്ട്.5അതുകൊണ്ട് നീ എവിടെനിന്ന് വീണിരിക്കുന്നു എന്ന് ഓർത്തു മാനസാന്തരപ്പെട്ട് ആദ്യത്തെ പ്രവൃത്തി ചെയ്യുക; അല്ലെങ്കിൽ ഞാൻ നിന്റെ അടുക്കൽ വേഗം വരുകയും, നീ മാനസാന്തരപ്പെടാഞ്ഞതിനാൽ നിന്റെ നിലവിളക്ക് അതിന്റെ സ്ഥാനത്തുനിന്ന് നീക്കി കളയുകയും ചെയ്യും.
6എങ്കിലും നിക്കൊലാവ്യരുടെ1 പ്രവൃത്തി നീ വെറുക്കുന്നു എന്നൊരു നന്മ നിനക്കുണ്ട്. അത് ഞാനും വെറുക്കുന്നു.7ആത്മാവ് സഭകളോടു പറയുന്നത് എന്തെന്ന് കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന് ഞാൻ ദൈവത്തിന്റെ പറുദീസയിൽ ഉള്ള ജീവവൃക്ഷത്തിന്റെ ഫലം ഭക്ഷിക്കുവാൻ കൊടുക്കും.

8സ്മുർന്നയിലെ സഭയുടെ ദൂതന് എഴുതുക: മരിച്ചവനായിരുന്നു എങ്കിലും വീണ്ടും ജീവിക്കയും ചെയ്ത ആദ്യനും അന്ത്യനുമായവൻ അരുളിച്ചെയ്യുന്നത്:9ഞാൻ നിന്റെ പ്രവൃത്തിയും കഷ്ടതയും ദാരിദ്ര്യവും — നീ സമ്പന്നനാകുന്നു താനും — തങ്ങൾ യെഹൂദർ എന്നു പറയുന്നുവെങ്കിലും യെഹൂദരല്ലാത്ത, സാത്താനെ അനുസരിക്കുന്നവരുടെ കൂട്ടരായ പള്ളിക്കാരായവരുടെ ദൈവദുഷണവും അറിയുന്നു.
10നീ സഹിക്കുവാനുള്ളതിനെ ഭയപ്പെടേണ്ടാ; ഇതാ; നിന്നെ പരീക്ഷിക്കേണ്ടതിന് പിശാച് നിങ്ങളിൽ ചിലരെ തടവിൽ ആക്കുവാൻ പോകുന്നു; പത്തു ദിവസം നിനക്ക് ഉപദ്രവം ഉണ്ടാകും; മരണംവരെ വിശ്വസ്തനായിരിക്ക; എന്നാൽ ഞാൻ ജീവകിരീടം2 നിനക്ക് തരും.11ആത്മാവ് സഭകളോടു പറയുന്നത് എന്തെന്ന് കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന് രണ്ടാം മരണത്താൽ3 ദോഷം വരികയില്ല.

12പെർഗ്ഗമൊസിലെ സഭയുടെ ദൂതന് എഴുതുക: മൂർച്ചയുള്ള ഇരുവായ്ത്തലവാൾ ഉള്ളവൻ അരുളിച്ചെയ്യുന്നത്:13നിന്റെ പ്രവൃത്തിയും നീ എവിടെ താമസിക്കുന്നു എന്നും അത് സാത്താന്റെ സിംഹാസനം ഉള്ള സ്ഥലം എന്നും ഞാൻ അറിയുന്നു; എന്നിട്ടും നീ എന്റെ നാമം മുറുകെ പിടിച്ചിരിക്കുന്നു; നിങ്ങളുടെ ഇടയിൽ, സാത്താൻ താമസിക്കുന്നിടത്ത് തന്നേ, എന്റെ സാക്ഷിയും വിശ്വസ്തനുമായ അന്തിപ്പാസ് കൊല ചെയ്യപ്പെട്ട കാലത്തുപോലും നീ എന്നിലുള്ള വിശ്വാസം നിഷേധിച്ചിട്ടില്ല.
14എങ്കിലും നിന്നെക്കുറിച്ച് അല്പം കുറ്റം പറയുവാൻ എനിക്കുണ്ട്; യിസ്രായേൽമക്കൾ വിഗ്രഹാർപ്പിതം ഭക്ഷിക്കേണ്ടതിനും ദുർന്നടപ്പ് ആചരിക്കേണ്ടതിനും അവരുടെ മുമ്പിൽ തടസ്സംവെപ്പാൻ ബാലാക്കിന്4 ഉപദേശിച്ചുകൊടുത്ത ബിലെയാമിന്റെ ഉപദേശം മുറുകെപ്പിടിച്ചിരിക്കുന്നവർ അവിടെ നിനക്കുണ്ട്.15അതുപോലെ ഞാൻ വെറുക്കുന്ന നിക്കൊലാവ്യരുടെ ഉപദേശം മുറുകെപ്പിടിച്ചിരിക്കുന്ന ചിലർ നിനക്കും ഉണ്ട്.
16അതുകൊണ്ട് മാനസാന്തരപ്പെടുക; അല്ലാതിരുന്നാൽ ഞാൻ വേഗത്തിൽ വന്നു എന്റെ വായിൽ നിന്നു വരുന്ന വാളുകൊണ്ടു അവർക്കെതിരെ യുദ്ധം ചെയ്യും.17ആത്മാവ് സഭകളോടു പറയുന്നത് എന്തെന്ന് കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന് ഞാൻ മറഞ്ഞിരിക്കുന്ന മന്ന5 തിന്മാൻ കൊടുക്കും; ഞാൻ അവന് വെള്ളക്കല്ലും, ലഭിക്കുന്നവനല്ലാതെ മറ്റാരും അറിയാത്തതും ആ കല്ലിന്മേൽ എഴുതിയിരിക്കുന്നതുമായ പുതിയ ഒരു നാമവും കൊടുക്കും.

18തുയഥൈരയിലെ സഭയുടെ ദൂതന് എഴുതുക: അഗ്നിജ്വാല പോലെ കണ്ണും തേച്ചുമിനുക്കിയ വെള്ളോട്ടിന് സമമായ കാലും ഉള്ള ദൈവപുത്രൻ അരുളിച്ചെയ്യുന്നത്:19ഞാൻ നിന്റെ പ്രവൃത്തിയും നിന്റെ സ്നേഹം, വിശ്വാസം, ശുശ്രൂഷ, സഹനശക്തി എന്നിവയും നിന്റെ ഇപ്പോഴുള്ള പ്രവൃത്തി ആദ്യം ചെയ്തതിലും അധികമെന്നും അറിയുന്നു.
20എങ്കിലും, നിനക്കെതിരെ ചിലത് പറയുവാനുണ്ട്; താൻ പ്രവാചകി എന്ന് സ്വയം അവകാശപ്പെടുകയും എന്റെ ദാസന്മാരെ ദുർന്നടപ്പിൽ ഏർപ്പെടുവാനും വിഗ്രഹാർപ്പിതം ഭക്ഷിക്കുവാനും തക്കവണ്ണം വശീകരിക്കുകയും പറ്റിക്കുകയും ചെയ്യുന്ന ഈസബേൽ എന്ന സ്ത്രീയെ നീ അനുവദിക്കുന്നു.21ഞാൻ അവൾക്ക് മാനസാന്തരപ്പെടുവാൻ അവസരം കൊടുത്തിട്ടും അധാർമ്മികത വിട്ടു അവൾ മാനസാന്തരപ്പെട്ടില്ല.
22ജാഗ്രതയായിരിക്ക! അവൾ മാനസാന്തരപ്പെടാതിരുന്നാൽ ഞാൻ അവളെ രോഗകിടക്കയിലും അവളുമായി വ്യഭിചരിക്കുന്നവരെ വലിയ കഷ്ടതയിലും ആക്കിക്കളയും.23ഞാൻ അവളുടെ അനുയായികളെയും കൊന്നുകളയും; ഞാൻ മനസ്സിനേയും ഹൃദയവിചാരങ്ങളെയും ശോധന ചെയ്യുന്നവൻ എന്നു സകലസഭകളും അറിയും; നിങ്ങളുടെ പ്രവർത്തികൾക്കൊത്തവിധം ഞാൻ നിങ്ങൾക്ക് ഓരോരുത്തർക്കും പകരം ചെയ്യും.
24എന്നാൽ നിങ്ങളോടും, ഈ ഉപദേശം സ്വീകരിക്കാതെയും അവർ പറയുന്നത് പോലെ സാത്താനെക്കുറിച്ച് ആഴമായ കാര്യങ്ങൾ ഗ്രഹിക്കാതെയും ഇരിക്കുന്ന തുയഥൈരയിലെ ശേഷമുള്ളവരോടും മറ്റ് വലിയ ഭാരം ഒന്നുംതന്നെ ഞാൻ ചുമത്തുന്നില്ല.25എന്തുതന്നെ ആയാലും ഞാൻ വരുംവരെ നിനക്കുള്ളത് മുറുകെപ്പിടിച്ചുകൊൾവിൻ.
26ജയിക്കയും എന്റെ പ്രവൃത്തികളെ അവസാനത്തോളം കാത്തുകൊള്ളുകയും ചെയ്യുന്നവന് എന്റെ പിതാവിൽനിന്നും എനിക്ക് ലഭിച്ചതുപോലെ ഞാൻ ജാതികളുടെമേൽ അധികാരം കൊടുക്കും.27അവൻ ഇരുമ്പുചെങ്കോൽകൊണ്ട് അവരെ ഭരിക്കും; മൺപാത്രങ്ങൾപോലെ അവരെ ഉടച്ചുകളയും.28ഞാൻ അവന് ഉദയനക്ഷത്രവും കൊടുക്കും.29ആത്മാവ് സഭകളോടു പറയുന്നത് എന്തെന്ന് കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ.


1 2:6 നിക്കോലാവോസ് എന്ന വ്യക്തിയുടെ അനുയായികള്‍.അവര്‍ സഭയുടെ ഉപദേശങ്ങള്‍ക്ക് എതിരായിരുന്നു.വിഗ്രഹങ്ങളെ ആരാധിച്ചിരുന്നു.അപ്പൊസ്തലന്‍മാര്‍ അവരുടെ പ്രവര്‍ത്തികളെയും ഉപദേശങ്ങളെയുംഎതിര്‍ത്തിരുന്നു
2 2:10 ജീവകിരീടം-നിത്യജീവന്‍
3 2:11 ഒന്നാം മരണം-ശാരീരിക മരണം.രണ്ടാം മരണം-നിത്യമായ മരണം
4 2:14 ബാലാക്ക്-മോവാബ് രാജാവ്.ബിലയാം-ബാബിലോണ്യ കള്ളപ്രവാചകന്‍ സംഖ്യ 31:16
5 2:17 മറഞ്ഞിരിക്കുന്ന മന്ന-സ്വര്‍ഗത്തി നിന്നും നല്‍കപ്പെടുന്ന രഹസ്യ ഭക്ഷണം

3

1സർദ്ദിസിലെ സഭയുടെ ദൂതന് എഴുതുക: ദൈവത്തിന്റെ ഏഴ് ആത്മാക്കളും ഏഴ് നക്ഷത്രവും വഹിക്കുന്നവൻ അരുളിച്ചെയ്യുന്നത്: ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു. ജീവനുള്ളവൻ എന്നു നിനക്ക് ഒരു പേർ ഉണ്ട് എങ്കിലും നീ മരിച്ചവനാകുന്നു.2ഉണരുക; മരിക്കാറായ ശേഷിപ്പുകളെ ശക്തീകരിക്ക; എന്തുകൊണ്ടെന്നാൽ ഞാൻ നിന്റെ പ്രവൃത്തി ദൈവത്തിന്റെ കണ്ണിൽ പൂർണ്ണതയുള്ളതായി കണ്ടില്ല.

3അതുകൊണ്ട് നീ പ്രാപിക്കുകയും കേൾക്കുകയും ചെയ്തതു എന്ത് എന്നു ഓർത്ത് കാത്തു സൂക്ഷിക്കുകയും മാനസാന്തരപ്പെടുകയും ചെയ്ക. നീ ഉണരാതിരുന്നാൽ ഞാൻ ഒരു കള്ളനെപ്പോലെ വരും; ഏത് സമയത്ത് ഞാൻ നിനക്കെതിരെ വരും എന്നു നീ അറിയുകയും ഇല്ല.4എങ്കിലും തങ്ങളുടെ വസ്ത്രം അഴുക്കാക്കാത്ത കുറെ പേർ സർദ്ദിസിലുണ്ട്. അവർ യോഗ്യതയുള്ളവരാകയാൽ വെള്ളധരിച്ചുംകൊണ്ട് എന്നോടുകൂടെ നടക്കും.
5ജയിക്കുന്നവൻ വെള്ളവസ്ത്രം ധരിക്കും; അവന്റെ പേരു ഞാൻ ഒരിക്കലും ജീവപുസ്തകത്തിൽനിന്ന് മായിച്ചു കളയാതെ എന്റെ പിതാവിന്റെ സന്നിധിയിലും അവന്റെ ദൂതന്മാരുടെ മുമ്പാകെയും ഞാൻ ഏറ്റുപറയും.6ആത്മാവ് സഭകളോടു പറയുന്നത് എന്തെന്ന് കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ.

7ഫിലദെൽഫ്യയിലെ സഭയുടെ ദൂതന് എഴുതുക: വിശുദ്ധനും സത്യവാനും ദാവീദിന്റെ താക്കോൽ കയ്യിൽ ഉള്ളവനും ആർക്കും അടച്ചുകൂടാതവണ്ണം തുറക്കുന്നവനും ആർക്കും തുറക്കാനാകാത്ത വിധം അടയ്ക്കുകയും ചെയ്യുന്നവൻ അരുളിച്ചെയ്യുന്നത്:8ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു. ഇതാ, ആർക്കും അടയ്ക്കുവാൻ കഴിയാത്തതായ ഒരു തുറന്ന വാതിൽ ഞാൻ നിന്റെ മുമ്പിൽ വെച്ചിരിക്കുന്നു; നിനക്ക് അല്പം ശക്തി1 മാത്രമേയുള്ളൂ എങ്കിലും നീ എന്റെ വചനം അനുസരിച്ചു, എന്റെ പേർ തള്ളികളഞ്ഞിട്ടും ഇല്ല.
9ജാഗ്രതയായിരിക്ക! യെഹൂദരല്ലാതിരിക്കെ യഹൂദരെന്ന് കളവായി പറയുന്ന സാത്താന്റെ പള്ളിക്കാരായവരെ ഞാൻ വരുത്തുകയും നിന്റെ പാദത്തിൽ നമസ്കരിപ്പാനും ഞാൻ നിന്നെ സ്നേഹിച്ചു എന്നു അവർ അറിയുവാനും ഇടവരുത്തും.10ക്ഷമയോടുകൂടി ഇരിപ്പാനുള്ള എന്റെ കല്പന നീ കാത്തുസൂക്ഷിച്ചതിനാൽ ഭൂമിയിൽ ഒക്കെയും ഉള്ളവരെ ശോധന ചെയ്യേണ്ടതിന് ലോകത്തിൽ വരുവാനുള്ള ശോധനാകാലത്ത് ഞാനും നിന്നെ കാത്തുസൂക്ഷിക്കും.11ഞാൻ വേഗം വരുന്നു; നിന്റെ കിരീടം ആരും തട്ടിയെടുക്കാതിരിക്കുവാൻ തക്കവണ്ണം നിനക്കുള്ളത് മുറുകെപ്പിടിച്ചുകൊൾക.
12ജയിക്കുന്നവനെ ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിൽ ഒരു തൂണാക്കും; അവൻ ഒരിക്കലും അതിൽനിന്ന് പുറത്തുപോകയില്ല; എന്റെ ദൈവത്തിന്റെ പേരും എന്റെ ദൈവത്തിൽ നിന്നു, സ്വർഗ്ഗത്തിൽനിന്ന് തന്നേ ഇറങ്ങിവരുന്ന, പുതിയ യെരൂശലേം എന്ന എന്റെ ദൈവത്തിൻ നഗരത്തിന്റെ പേരും എന്റെ പുതിയ പേരും ഞാൻ അവന്റെ മേൽ എഴുതും.13ആത്മാവ് സഭകളോടു പറയുന്നത് എന്തെന്ന് കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ.

14ലവൊദിക്ക്യയിലെ സഭയുടെ ദൂതന് എഴുതുക: ആമേൻ എന്ന വിശ്വസ്തനും സത്യസാക്ഷിയും ദൈവസൃഷ്ടിയുടെ ആരംഭവും ആയിരിക്കുന്നവൻ അരുളിച്ചെയ്യുന്നത്:15ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു; നീ ചൂടുള്ളവനുമല്ല; തണുപ്പുള്ളവനുമല്ല; നീ തണുപ്പുള്ളവനോ ചൂടുള്ളവനോ2 ആയിരുന്നെങ്കിൽ കൊള്ളാമായിരുന്നു.16അതുകൊണ്ട്, നീ തണുപ്പും ചൂടും ഉള്ളവനാകാതെ, അല്പം മാത്രം ചൂടുള്ളവനാകയാൽ ഞാൻ നിന്നെ എന്റെ വായിൽ നിന്നു തുപ്പിക്കളയും.
17ഞാൻ ധനവാൻ; എനിക്ക് ഭൗതിക സ്വത്തുക്കൾ ധാരാളം ഉണ്ട്. എനിക്ക് ഒന്നും തന്നെ ആവശ്യം ഇല്ല എന്നു നീ പറയുന്നതുകൊണ്ടും; നീ ഏറ്റവും ദുരിതപൂർണ്ണനും ഗതിയില്ലാത്തവനും കെട്ടവനും ദരിദ്രനും കുരുടനും നഗ്നനും എന്ന് അറിയായ്കകൊണ്ടും;18നീ സമ്പന്നൻ ആകേണ്ടതിന് തീയിൽ ഊതിക്കഴിച്ച പൊന്നും നിന്റെ നഗ്നത വെളിവാകാതവണ്ണം ധരിക്കേണ്ടതിന് തിളങ്ങുന്ന ശുഭ്രവസ്ത്രവും, നിനക്ക് കാഴ്ച ലഭിക്കേണ്ടതിന് കണ്ണിൽ പുരട്ടുവാൻ ലേപവും എന്നോട് വിലയ്ക്കുവാങ്ങുക എന്ന എന്റെ ഉപദേശം കേൾക്കുക.
19എനിക്ക് പ്രിയമുള്ളവരെ ഒക്കെയും ഞാൻ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു; അതുകൊണ്ട് നീ ജാഗ്രതയുള്ളവനായിരിക്ക; മാനസാന്തരപ്പെടുക.20ഇതാ, ഞാൻ വാതില്ക്കൽ നിന്നു മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ട് വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെല്ലുകയും ഞാൻ അവനോടും അവൻ എന്നോടും കൂടെ ആഹാരം കഴിക്കുകയും ചെയ്യും.
21ജയിക്കുന്നവന് ഞാൻ എന്നോടുകൂടെ എന്റെ സിംഹാസനത്തിൽ ഇരിക്കുവാൻ അവകാശം നല്കും; ഞാനും ജയിച്ചു എന്റെ പിതാവിനോടുകൂടെ അവന്റെ സിംഹാസനത്തിൽ ഇരുന്നതുപോലെ തന്നേ.22ആത്മാവ് സഭകളോടു പറയുന്നത് എന്തെന്ന് കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ.


1 3:8 അല്‍പം ശക്തി-കുറവ് അംഗങ്ങള്‍ മാത്രമുള്ള സഭ
2 3:15 ആത്മികമായി ജീവനോ ആത്മികമായി മരണമോ ഇല്ലാത്തതായ അവസ്ഥ

4

1അതിനുശേഷം ഞാൻ നോക്കിയപ്പോൾ സ്വർഗ്ഗത്തിൽ ഒരു വാതിൽ തുറന്നിരിക്കുന്നത് കണ്ട്; ആദ്യമായി ഞാൻ കേട്ടത് കാഹളനാദംപോലെ എന്നോട് സംസാരിച്ചുകൊണ്ടിരുന്ന ഒരു ശബ്ദം ആയിരുന്നു. അത് എന്നോട് പറഞ്ഞത്: ഇവിടെ കയറിവരിക; ഇനിയും സംഭവിപ്പാനുള്ളത് എന്തെന്ന് ഞാൻ നിന്നെ കാണിയ്ക്കും.2അപ്പോൾ തന്നെ ഞാൻ പരിശുദ്ധാത്മ വിവശതയിലായി, സ്വർഗ്ഗത്തിൽ ഒരു സിംഹാസനം വെച്ചിരിക്കുന്നതും അതിൽ ഒരുവൻ ഇരിക്കുന്നതും ഞാൻ കണ്ട്.3അതിൽ ഇരിക്കുന്നവൻ കാഴ്ചയ്ക്ക് സൂര്യകാന്തത്തേയും പത്മരാഗത്തേയും പോലെ ഉള്ളവൻ; സിംഹാസനത്തിന്റെ ചുറ്റും കാഴ്ചയ്ക്ക് മരതകത്തോടു തുല്യമായൊരു പച്ചവില്ല്;

4സിംഹാസനത്തിന്റെ ചുറ്റിലും ഇരുപത്തിനാല് ഇരിപ്പിടം; ഇരിപ്പിടങ്ങളിൽ വെള്ളവസ്ത്രം ധരിച്ചുംകൊണ്ട് ഇരുപത്തിനാല് മൂപ്പന്മാർ ഇരുന്നിരുന്നു.5സിംഹാസനത്തിൽനിന്ന് മിന്നലും, ഇടിമുഴക്കവും, ശബ്ദഘോഷവും പുറപ്പെട്ടിരുന്നു; ദൈവത്തിന്റെ ഏഴ് ആത്മാക്കളായ ഏഴുവിളക്കുകൾ സിംഹാസനത്തിന്റെ മുമ്പിൽ കത്തിക്കൊണ്ടിരുന്നു;
6സിംഹാസനത്തിന്റെ മുമ്പിൽ സ്ഫടിക തുല്യമായ കണ്ണാടിക്കടൽ; സിംഹാസനത്തിന്റെ ചുറ്റിലും, മുമ്പിലും പുറകിലും കണ്ണുകൾ നിറഞ്ഞിരുന്ന നാല് ജീവികൾ.
7ഒന്നാം ജീവി സിംഹത്തെപ്പോലെ; രണ്ടാം ജീവി കാളയെപ്പോലെ മൂന്നാം ജീവി മനുഷ്യനെപ്പോലെ മുഖമുള്ളത്; നാലാം ജീവി പറക്കുന്ന കഴുകന് സമം.8നാല് ജീവികൾക്കും ആറ് ചിറകുകൾ വീതം, അവയ്ക്കുള്ളിൽ നിറയെ കണ്ണുകളും ഉണ്ടായിരുന്നു. ഇരുന്നവനും ഇരിക്കുന്നവനും വരുന്നവനുമായ സർവ്വശക്തനായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നു അവർ രാപ്പകൽ ഭേദം കൂടാതെ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു.
9എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനായി സിംഹാസനത്തിൽ ഇരിക്കുന്നവന് ആ ജീവികൾ മഹത്വവും ബഹുമാനവും സ്തോത്രവും കൊടുക്കുമ്പോഴൊക്കെയും10സിംഹാസനത്തിൽ ഇരിക്കുന്നവന്റെ മുമ്പിൽ ഇരുപത്തിനാല് മൂപ്പന്മാരും വീണു, എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെ നമസ്കരിക്കുകയും അവരുടെ കിരീടങ്ങളെ സിംഹാസനത്തിൻ മുമ്പിൽ ഇട്ടുകൊണ്ട്,11ഞങ്ങളുടെ കർത്താവേ, മഹത്വവും, ബഹുമാനവും ശക്തിയും സ്വീകരിക്കുവാൻ നീ യോഗ്യൻ. നിന്റെ സന്തോഷത്തിനായി അവ ഉളവാകുകയും സൃഷ്ടിക്കപ്പെടുകയും ചെയ്തിരിക്കുന്നു എന്നു പറഞ്ഞുകൊണ്ടിരിക്കുന്നു.

5

1പിന്നെ ഞാൻ സിംഹാസനത്തിൽ ഇരിക്കുന്നവന്റെ വലങ്കയ്യിൽ അകത്തും പുറകിലും എഴുതിയിരിക്കുന്നതും ഏഴ് മുദ്രയാൽ മുദ്രയിട്ടിരിക്കുന്നതുമായ ഒരു ചുരുൾ കണ്ട്.2ആ ചുരുൾ തുറപ്പാനും അതിന്റെ മുദ്ര പൊട്ടിയ്ക്കുവാനും യോഗ്യൻ ആർ? എന്നു അത്യുച്ചത്തിൽ വിളംബരം ചെയ്യുന്ന ശക്തനായൊരു ദൂതനെയും ഞാൻ കണ്ട്.

3ചുരുൾ തുറക്കുവാനോ അത് ഒന്ന് നോക്കുവാൻ പോലുമോ സ്വർഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും ആർക്കും കഴിഞ്ഞില്ല.4ചുരുൾ തുറക്കുവാനോ അത് വായിക്കുവാനോ നോക്കുവാനോ യോഗ്യതയുള്ള ആരെയും കണ്ടെത്തായ്കകൊണ്ട് ഞാൻ അതിദുഃഖത്തോടെ കരഞ്ഞു.5എങ്കിലും മൂപ്പന്മാരിൽ ഒരുവൻ എന്നോട് പറഞ്ഞത്: കരയണ്ട; നോക്കൂ, യെഹൂദാഗോത്രത്തിലെ സിംഹവും1 ദാവീദിന്റെ വേരുമായവൻ ചുരുൾ തുറക്കുവാനും അതിന്റെ ഏഴുമുദ്രയും അഴിപ്പാനും തക്കവണ്ണം ജയം പ്രാപിച്ചിരിക്കുന്നു.
6സിംഹസനത്തിന്റെയും നാല് ജീവികളുടെയും നടുവിലും മൂപ്പന്മാരുടെ മദ്ധ്യത്തിലും ഒരു കുഞ്ഞാട് അറുക്കപ്പെട്ടതുപോലെ നില്ക്കുന്നതു ഞാൻ കണ്ട്: അവന് ഏഴ് കൊമ്പും ഭൂമിയിൽ എല്ലായിടത്തേക്കും അയച്ചിരിക്കുന്ന ദൈവത്തിന്റെ ഏഴ് ആത്മാക്കളായ ഏഴ് കണ്ണും ഉണ്ട്.7അവൻ ചെന്ന് സിംഹാസനത്തിൽ ഇരിക്കുന്നവന്റെ വലങ്കയ്യിൽ നിന്നു ചുരുൾ വാങ്ങി.
8അവൻ ചുരുൾ വാങ്ങിയപ്പോൾ നാലുജീവികളും ഇരുപത്തിനാല് മൂപ്പന്മാരും കുഞ്ഞാടിന്റെ മുമ്പാകെ വീണു. ഓരോരുത്തനു വീണയും വിശുദ്ധന്മാരുടെ പ്രാർത്ഥന എന്ന സുഗന്ധം നിറഞ്ഞ സ്വർണ്ണപാത്രവും ഉണ്ടായിരുന്നു.
9അവർ ഒരു പുതിയ പാട്ട് പാടി: ചുരുൾ വാങ്ങുവാനും അതിന്റെ മുദ്ര തുറക്കുവാനും നീ യോഗ്യൻ; “നീ അറുക്കപ്പെട്ടു നിന്റെ രക്തംകൊണ്ടു സകലഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ള ജനങ്ങളെ നീ ദൈവത്തിനായി വിലയ്ക്കു വാങ്ങി;10ഞങ്ങളുടെ ദൈവത്തിനായി നീ ഞങ്ങളെ രാജ്യവും പുരോഹിതന്മാരും ആക്കിവെച്ചു; അവർ ഭൂമിയിൽ വാഴും.”
11പിന്നെ ഞാൻ നോക്കിയപ്പോൾ സിംഹാസനത്തിന്റെയും ജീവികളുടെയും മൂപ്പന്മാരുടെയും ചുറ്റിലും അനേകം ദൂതന്മാരുടെ ശബ്ദം കേട്ട്; അവരുടെ എണ്ണം പതിനായിരം ഇരട്ടി പതിനായിരവും ആയിരം ആയിരവും ആയിരുന്നു.12അവർ അത്യുച്ചത്തിൽ പറഞ്ഞത്: “അറുക്കപ്പെട്ട കുഞ്ഞാട് ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്വവും സ്തോത്രവും ലഭിപ്പാൻ യോഗ്യൻ.”
13സ്വർഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും സമുദ്രത്തിലും ഉള്ള സകല സൃഷ്ടിയും അവയിലുള്ളത് ഒക്കെയും പറയുന്നതായി ഞാൻ കേട്ടത്: “സിംഹാസനത്തിൽ ഇരിക്കുന്നവനും കുഞ്ഞാടിനും സ്തോത്രവും ബഹുമാനവും മഹത്വവും അധികാരവും എന്നെന്നേക്കും ഉണ്ടായിരിക്കട്ടെ.”14അപ്പോൾ നാല് ജീവികളും, “ആമേൻ!”എന്നു പറഞ്ഞു; ഇരുപത്തിനാല് മൂപ്പന്മാരും എന്നെന്നേക്കും ഇരിക്കുന്നവനെ വീണു ആരാധിച്ചു.


1 5:5 യഹൂദാ ഗോത്രത്തിലെ സിംഹം-യഹൂദാ ഗോത്രത്തിലെ ശക്തിയുള്ള ജയിക്കുന്നവനും ദാവീദിന്‍റെ മഹത്വമുള്ള പിന്തുടര്‍ച്ചക്കാരനുമായക്രിസ്തു

6

1കുഞ്ഞാട് ഏഴ് മുദ്രകളിൽ ഒന്ന് പൊട്ടിച്ചപ്പോൾ ഞാൻ കണ്ടത്: “വരിക!” എന്നു നാല് ജീവികളിൽ ഒന്ന് ഇടിമുഴക്കത്തിനൊത്ത ശബ്ദത്തിൽ പറയുന്നതായിരുന്നു. ഞാൻ അത് കേൾക്കുകയും ചെയ്തു.2ഞാൻ നോക്കിയപ്പോൾ ഇതാ ഒരു വെള്ളക്കുതിര; അതിന്റെ പുറത്ത് ഇരിക്കുന്നവൻ ഒരു വില്ല് പിടിച്ചിരിക്കുന്നു; അവന് ഒരു കിരീടവും കൊടുത്തു; അവൻ ജയിക്കുന്നവനായും ജയാളിയായും പുറപ്പെട്ടു.

3അവൻ രണ്ടാം മുദ്ര പൊട്ടിച്ചപ്പോൾ: “വരിക!” എന്നു രണ്ടാം ജീവി പറയുന്നത് ഞാൻ കേട്ട്.4അപ്പോൾ തീപോലെ ചുവപ്പു നിറമുള്ള മറ്റൊരു കുതിര പുറപ്പെട്ടു; അതിന്റെ പുറത്ത് ഇരിക്കുന്നവന് മനുഷ്യർ അന്യോന്യം കൊല്ലുവാൻ തക്കവണ്ണം ഭൂമിയിൽ നിന്നു സമാധാനം എടുത്തുകളയേണ്ടതിന് അധികാരം കൊടുത്തു; ഒരു വലിയ വാളും അവന് കൊടുത്തു.

5അവൻ മൂന്നാം മുദ്ര പൊട്ടിച്ചപ്പോൾ: “വരിക!” എന്നു മൂന്നാം ജീവി പറയുന്നത് ഞാൻ കേട്ട്. അപ്പോൾ ഞാൻ ഒരു കറുത്ത കുതിരയെ കണ്ട്; അതിന്റെ പുറത്ത് ഇരിക്കുന്നവൻ ഒരു ത്രാസ് കയ്യിൽ പിടിച്ചിരുന്നു.6ഒരു ദിവസക്കൂലിയായ ഒരു പണത്തിന് ഒരിടങ്ങഴി ഗോതമ്പു;ഒരു ദിവസക്കൂലിയായ ഒരു പണത്തിന് മൂന്നിടങ്ങഴി യവം; എന്നാൽ എണ്ണയ്ക്കും വീഞ്ഞിനും കേട് വരുത്തരുത് എന്നു നാല് ജീവികളുടെയും ഇടയിൽ നിന്നും ഒരു ശബ്ദവും ഞാൻ കേട്ട്.

7അവൻ നാലാം മുദ്ര പൊട്ടിച്ചപ്പോൾ: “വരിക!” എന്നു നാലാം ജീവി പറയുന്ന ശബ്ദം ഞാൻ കേട്ട്.8അപ്പോൾ ഞാൻ ചാരനിറമുള്ള ഒരു കുതിരയെ കണ്ട്; അതിന്മേൽ ഇരിക്കുന്നവന് മരണം എന്നു പേർ; പാതാളം അവനെ പിന്തുടർന്നു; അവർക്ക് വാളുകൊണ്ടും ക്ഷാമംകൊണ്ടും മഹാവ്യാധികൊണ്ടും ഭൂമിയിലെ കാട്ടുമൃഗങ്ങളെക്കൊണ്ടും കൊന്നുകളയുവാൻ ഭൂമിയുടെ നാലിലൊന്നിന്മേൽ അധികാരം നൽകപ്പെട്ടു.

9അവൻ അഞ്ചാം മുദ്ര പൊട്ടിച്ചപ്പോൾ: ദൈവവചനം നിമിത്തവും തങ്ങൾ ഉറപ്പോടെ കാത്തുകൊണ്ട സാക്ഷ്യം നിമിത്തവും കൊല്ലപ്പെട്ടവരുടെ ആത്മാക്കളെ ഞാൻ യാഗപീഠത്തിന്റെ കീഴിൽ കണ്ട്;10വിശുദ്ധനും സത്യവാനുമായ കർത്താവേ, ഭൂമിയിൽ ജീവിക്കുന്നവരോട് ന്യായവിധിയും ഞങ്ങളുടെ രക്തത്തിനുള്ള പ്രതികാരവും നീ എത്രത്തോളം നടത്താതെയിരിക്കും എന്നു അവർ ഉറക്കെ നിലവിളിച്ചു.11അപ്പോൾ അവരിൽ ഓരോരുത്തർക്കും വെള്ളയങ്കി നൽകപ്പെട്ടു; അവർ കൊല്ലപ്പെട്ടതുപോലെ അവരുടെ സഹശുശ്രുഷകന്മാരും ക്രിസ്തീയ സഹോദരന്മാരും കൊല്ലപ്പെടുന്നതുവരെ അല്പകാലം കൂടെ അവർ കാത്തിരിക്കണം എന്നു അവർക്ക് അരുളപ്പാടുണ്ടായി.

12അവൻ ആറാം മുദ്ര പൊട്ടിച്ചപ്പോൾ; ഞാൻ നോക്കുകയിൽ ഒരു വലിയ ഭൂമികുലുക്കം ഉണ്ടായി; സൂര്യൻ കരിമ്പടംപോലെ കറുത്തു; ചന്ദ്രൻ രക്തതുല്യമായിത്തീർന്നു.13അത്തിവൃക്ഷം കൊടുങ്കാറ്റുകൊണ്ട് കുലുങ്ങിയിട്ട് തണുപ്പുകാലത്ത് കായ് ഉതിർക്കുമ്പോലെ ആകാശത്തിലെ നക്ഷത്രങ്ങൾ ഭൂമിയിൽ വീണു.14ചുരുൾ മുകളിലേക്കു ചുരുട്ടുംപോലെ ആകാശം ഇല്ലാതായി; എല്ലാ മലയും ദ്വീപും സ്വസ്ഥാനത്തുനിന്ന് നീങ്ങിപ്പോയി.
15അപ്പോൾ ഭൂമിയിലെ രാജാക്കന്മാരും പ്രധാനികളും സഹസ്രാധിപന്മാരും ധനവാന്മാരും ബലവാന്മാരും അടിമകളും സ്വതന്ത്രരും ഗുഹകളിലും മലകളിലെ പാറകളുടെ ഇടയിലും ഒളിച്ചുകൊണ്ട് മലകളോടും പാറകളോടും;16“ഞങ്ങളുടെ മേൽ വീഴുവിൻ; സിംഹാസനത്തിൽ ഇരിക്കുന്നവന്റെ ദൃഷ്ടിയിൽനിന്നും കുഞ്ഞാടിന്റെ കോപത്തിൽ നിന്നും ഞങ്ങളെ മറയ്ക്കുവിൻ.17അവന്റെ മഹാകോപദിവസം വന്നിരിക്കുന്നു; ആർക്ക് നില്ക്കുവാൻ കഴിയും?” എന്നു പറഞ്ഞു.

7

1ഇതിനുശേഷം ഭൂമിമേലും കടലിന്മേലും യാതൊരു വൃക്ഷത്തിന്മേലും നാല് ദൂതന്മാർ ഭൂമിയിലെ നാല് കാറ്റും പിടിച്ചുകൊണ്ടു ഭൂമിയുടെ നാല് ദിക്കിലും നില്ക്കുന്നതു ഞാൻ കണ്ട്.2ജീവനുള്ള ദൈവത്തിന്റെ മുദ്രയുണ്ടായിരുന്ന മറ്റൊരു ദൂതൻ, കിഴക്കുനിന്ന് മുകളിലേക്കു വരുന്നത് ഞാൻ കണ്ട്. അവൻ ഭൂമിക്കും സമുദ്രത്തിനും കേടുവരുത്തുവാൻ അനുവാദം കൊടുക്കപ്പെട്ട നാല് ദൂതന്മാരോട്:3നമ്മുടെ ദൈവത്തിന്റെ ദാസന്മാരുടെ നെറ്റികളിൽ ഞങ്ങൾ ഒരു മുദ്രയിട്ട് തീരുവോളം ഭൂമിക്കോ, സമൂദ്രത്തിനോ, വൃക്ഷങ്ങൾക്കോ കേടുവരുത്തരുത് എന്നു ഉറക്കെ വിളിച്ചുപറഞ്ഞു.

4മുദ്രയേറ്റവരുടെ എണ്ണവും ഞാൻ കേട്ട്; യിസ്രായേൽ ജനങ്ങളുടെ എല്ലാ ഗോത്രത്തിലും നിന്നു മുദ്രയേറ്റവർ 144, 000.
5യെഹൂദാഗോത്രത്തിൽ നിന്നു മുദ്രയേറ്റവർ പന്ത്രണ്ടായിരം;
രൂബേൻഗോത്രത്തിൽ നിന്നു പന്ത്രണ്ടായിരം;
ഗാദ്ഗോത്രത്തിൽ നിന്നു പന്ത്രണ്ടായിരം.
6ആശേർഗോത്രത്തിൽ നിന്നു പന്ത്രണ്ടായിരം;
നഫ്താലിഗോത്രത്തിൽ നിന്നു പന്ത്രണ്ടായിരം;
മനശ്ശെഗോത്രത്തിൽ നിന്നു പന്ത്രണ്ടായിരം.
7ശിമെയോൻ ഗോത്രത്തിൽ നിന്നു പന്ത്രണ്ടായിരം;
ലേവിഗോത്രത്തിൽ നിന്നു പന്ത്രണ്ടായിരം;
യിസ്സാഖാർ ഗോത്രത്തിൽ നിന്നു പന്ത്രണ്ടായിരം;
8സെബൂലൂൻഗോത്രത്തിൽ നിന്നു പന്ത്രണ്ടായിരം;
യോസഫ്ഗോത്രത്തിൽ നിന്നു പന്ത്രണ്ടായിരം;
ബെന്യാമിൻ ഗോത്രത്തിൽ നിന്നു മുദ്രയേറ്റവർ പന്ത്രണ്ടായിരവും ആയിരുന്നു.
9ഈ സംഭവങ്ങൾക്കുശേഷം ഞാൻ നോക്കിയപ്പോൾ, എല്ലാ ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്ന് സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ നില്ക്കുന്ന, ആർക്കും എണ്ണിത്തീർക്കുവാൻ കഴിയാത്ത വെള്ള നിലയങ്കി ധരിച്ചും കൈകളിൽ കുരുത്തോലകൾ പിടിച്ചും ഉള്ള ഒരു മഹാപുരുഷാരത്തെ കണ്ട്. അവർ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞത്:10“രക്ഷ സിംഹാസനത്തിൽ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിനും കുഞ്ഞാടിനും ഉള്ളത്.”
11സകലദൂതന്മാരും സിംഹാസനത്തിന്റെയും മൂപ്പന്മാരുടെയും നാല് ജീവികളുടെയും ചുറ്റും നിന്നു, അവർ സിംഹാസനത്തിന്റെ മുമ്പിൽ കവിണ്ണു വീണു ദൈവത്തെ ആരാധിച്ചും കൊണ്ട് പറഞ്ഞത്: “ആമേൻ;”12നമ്മുടെ ദൈവത്തിന് എന്നെന്നേക്കും സ്തുതിയും മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും ശക്തിയും ബലവും; ആമേൻ.
13അപ്പോൾ മൂപ്പന്മാരിൽ ഒരുവൻ എന്നോട്: വെള്ളനിലയങ്കി ധരിച്ചിരിക്കുന്ന ഇവർ ആർ? അവർ എവിടെ നിന്നു വന്നു എന്നു ചോദിച്ചു.14യജമാനന് അറിയാമല്ലോ എന്നു ഞാൻ പറഞ്ഞതിന് അവൻ എന്നോട് പറഞ്ഞത്: ഇവർ മഹാകഷ്ടത്തിൽനിന്ന് വന്നവർ; അവർ കുഞ്ഞാടിന്റെ രക്തത്തിൽ1 അവരുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു.
15അതുകൊണ്ട് അവർ ദൈവത്തിന്റെ സിംഹാസനത്തിൻ മുമ്പിലിരുന്ന് അവന്റെ ആലയത്തിൽ രാവും പകലും അവനെ ആരാധിക്കുന്നു; സിംഹാസനത്തിൽ ഇരിക്കുന്നവൻ അവരോട് കൂടെ വസിക്കും.16ഇനി അവർക്ക് വിശക്കയില്ല ദാഹിക്കയും ഇല്ല; സൂര്യവെളിച്ചവും മറ്റ് ചൂടും അവരെ ബാധിക്കുകയില്ല.17സിംഹാസനത്തിന്റെ മദ്ധ്യേ ഉള്ള കുഞ്ഞാട് അവരെ പോറ്റുകയും അവരെ ജീവജലത്തിന്റെ ഉറവുകളിലേക്ക് നയിക്കുകയും ചെയ്യും. ദൈവം അവരുടെ കണ്ണിൽനിന്ന് കണ്ണുനീർ എല്ലാം തുടച്ചുകളയുകയും ചെയ്യും.


1 7:14 കുഞ്ഞാടിന്റെ രക്തം-ക്രിസ്തുവിന്‍റെ പാപപരിഹാരയാഗം

8

1കുഞ്ഞാട് ഏഴാം മുദ്ര പൊട്ടിച്ചപ്പോൾ സ്വർഗ്ഗത്തിൽ ഏകദേശം അരമണിക്കൂറോളം നിശബ്ദത ഉണ്ടായി.2അപ്പോൾ ഞാൻ ദൈവസന്നിധിയിൽ നില്ക്കുന്ന ഏഴ് ദൂതന്മാരെ കണ്ട്, അവർക്ക് ഏഴ് കാഹളം കൊടുക്കുകയും ചെയ്തു.

3മറ്റൊരു ദൂതൻ വന്നു ഒരു സ്വർണ്ണധൂപപാത്രം പിടിച്ചുകൊണ്ടു യാഗപീഠത്തിനരികെ നിന്നു. സിംഹാസനത്തിൻ മുമ്പിലുള്ള സ്വർണ്ണയാഗപീഠത്തിന്മേൽ സകലവിശുദ്ധജനങ്ങളുടെയും പ്രാർത്ഥനയോടു കൂടെ അത് അർപ്പിക്കേണ്ടതിന് ധാരാളം സുഗന്ധദ്രവ്യവും അവന് കൊടുത്തു.4സുഗന്ധദ്രവ്യത്തിന്റെ പുക വിശുദ്ധന്മാരുടെ പ്രാർത്ഥനയോടുകൂടെ ദൂതന്റെ കയ്യിൽനിന്ന് ദൈവസന്നിധിയിലേക്ക് ഉയർന്നു.5ദൂതൻ സുഗന്ധധൂപം എടുത്തു യാഗപീഠത്തിൽ നിന്നും കനൽ നിറച്ച് ഭൂമിയിലേക്കു എറിഞ്ഞു; അവിടെ ഇടിമുഴക്കങ്ങളും, ശബ്ദകോലാഹലങ്ങളും, മിന്നലുകളും, ഭൂകമ്പവും ഉണ്ടായി.

6ഏഴ് കാഹളങ്ങളുള്ള ഏഴ് ദൂതന്മാർ കാഹളം ഊതുവാൻ ഒരുങ്ങിനിന്നു.

7ഒന്നാമത്തെ ദൂതൻ കാഹളം ഊതി; അപ്പോൾ രക്തം കലർന്ന കൽമഴയും തീയും ഭൂമിയിൽ പതിച്ചു; ഭൂമിയിൽ മൂന്നിലൊന്നു വെന്തുപോയി; വൃക്ഷങ്ങളിൽ മൂന്നിലൊന്നു വെന്തുപോയി; എല്ലാ പച്ചപ്പുല്ലും വെന്തുപോയി.

8രണ്ടാമത്തെ ദൂതൻ കാഹളം ഊതി; അപ്പോൾ തീ കത്തുന്ന വൻമലപോലെയൊന്ന് സമുദ്രത്തിലേക്കു വീണിട്ട് കടൽ മൂന്നിലൊന്നു രക്തമായിത്തീർന്നു.9സമുദ്രത്തിൽ ജീവനുണ്ടായിരുന്ന സൃഷ്ടികളിൽ മൂന്നിലൊന്നു ചത്തുപോയി; കപ്പലുകളിലും മൂന്നിലൊന്നു നശിച്ചുപോയി.

10മൂന്നാമത്തെ ദൂതൻ കാഹളം ഊതി; അപ്പോൾ ദീപംപോലെ ജ്വലിക്കുന്ന ഒരു മഹാനക്ഷത്രം ആകാശത്തുനിന്ന് നദികളിൽ മൂന്നിലൊന്നിന്മേലും നീരുറവുകളിന്മേലും വീണു.11ആ നക്ഷത്രത്തിന് കാഞ്ഞിരം എന്നു പേർ; വെള്ളങ്ങളിൽ മൂന്നിലൊന്നു വിഷമയം ആയിത്തീർന്നു. കയ്പായ വെള്ളത്താൽ മനുഷ്യരിൽ പലരും മരിച്ചുപോയി.

12നാലാമത്തെ ദൂതൻ കാഹളം ഊതി; അപ്പോൾ സൂര്യനിൽ മൂന്നിലൊന്നും ചന്ദ്രനിൽ മൂന്നിലൊന്നും നക്ഷത്രങ്ങളിൽ മൂന്നിലൊന്നും ബാധിക്കപ്പെട്ടു; അതുകൊണ്ട് അവയിൽ മൂന്നിലൊന്നു ഇരുണ്ടുപോയി; മൂന്നിലൊന്നു പകലും മൂന്നിലൊന്നു രാവും വെളിച്ചമില്ലാതെയായി.

13ഇനിയും ഊതുവാനുള്ള മൂന്നു ദൂതന്മാരുടെ കാഹളനാദം നിമിത്തം ഭൂമിയിൽ ജീവിക്കുന്നവർക്ക് കഷ്ടം, കഷ്ടം, കഷ്ടം എന്നു ഉറക്കെ പറഞ്ഞുകൊണ്ട് ആകാശമധ്യേ പറന്നുകൊണ്ടിരിക്കുന്ന ഒരു കഴുകനെ ഞാൻ കാണുകയും അതിന്റെ ശബ്ദം കേൾക്കുകയും ചെയ്തു.

9

1പിന്നെ അഞ്ചാമത്തെ ദൂതൻ കാഹളം ഊതി; അപ്പോൾ ഒരു നക്ഷത്രം ആകാശത്തുനിന്ന് ഭൂമിയിൽ വീഴുന്നത് ഞാൻ കണ്ട്; അഗാധഗർത്തത്തിന്റെ താക്കോൽ അവന് കൊടുത്തു.2അവൻ അഗാധഗർത്തം തുറന്നു; ഒരു വലിയ ചൂളയിൽ നിന്നുള്ള പുകപോലെ ഗർത്തത്തിൽനിന്ന് പുകപൊങ്ങി; ഗർത്തത്തിൽ നിന്നും ഉയർന്ന പുകയാൽ സൂര്യനും അന്തരീക്ഷവും ഇരുണ്ടുപോയി.

3പുകയിൽനിന്ന് വെട്ടുക്കിളികൾ ഭൂമിമേൽ വന്നു, അവയ്ക്ക് ഭൂമിയിലെ തേളുകൾക്കുള്ളതുപോലെയുള്ള ശക്തി കൊടുക്കപ്പെടുകയും ചെയ്തു.4നെറ്റിയിൽ ദൈവത്തിന്റെ മുദ്രയില്ലാത്ത മനുഷ്യർക്കല്ലാതെ ഭൂമിയിലുള്ള പുല്ലിനും, യാതൊരു പച്ചയായ സസ്യത്തിനും, വൃക്ഷത്തിനും കേടുവരുത്തരുത് എന്നു അതിന് കല്പന ലഭിച്ചു.
5അവരെ കൊല്ലുവാനല്ല, എന്നാൽ അഞ്ചുമാസക്കാലം അവരെ ഉപദ്രവിക്കുവാനത്രേ അവയ്ക്ക് അനുവാദം നൽകിയത്; അവരുടെ വേദന, തേൾ മനുഷ്യനെ കുത്തുമ്പോൾ ഉണ്ടാകുന്ന വേദനപോലെ തന്നെ.6ആ കാലത്ത് മനുഷ്യർ മരണം അന്വേഷിക്കും; പക്ഷേ അത് കണ്ടെത്തുകയില്ല; അവർ മരിക്കുവാൻ ആശിക്കും; എന്നാൽ മരണം അവരിൽ നിന്നു പറന്നുപോകും.
7വെട്ടുക്കിളികളുടെ രൂപം യുദ്ധത്തിന് ഒരുക്കിയ കുതിരകളെപ്പോലെ; അവയുടെ തലകളിൽ സ്വർണ്ണകിരീടങ്ങൾ പോലെ എന്തോ ഉണ്ടായിരുന്നു; അവയുടെ മുഖങ്ങൾ മനുഷ്യരുടെ മുഖങ്ങൾ പോലെയും ആയിരുന്നു.8സ്ത്രീകളുടെ മുടിപോലെ അവയ്ക്ക് മുടി ഉണ്ടായിരുന്നു; അവയുടെ പല്ലുകൾ സിംഹത്തിന്റെ പല്ലുകൾ പോലെ ആയിരുന്നു.9ഇരുമ്പുകവചംപോലെ അവയ്ക്ക് കവചങ്ങൾ ഉണ്ട്; അവയുടെ ചിറകുകളുടെ ശബ്ദം യുദ്ധത്തിനു ഓടുന്ന അനേകം രഥങ്ങളും കുതിരകളും ഉണ്ടാക്കുന്ന ശബ്ദം പോലെയും ആയിരുന്നു.
10അവയ്ക്ക് തേളുകളെപ്പോലെ വാലുകൾ ഉണ്ട്; അവയിൽ വിഷമുള്ളുകളും ഉണ്ടായിരുന്നു; മനുഷ്യരെ അഞ്ചുമാസക്കാലം ഉപദ്രവിക്കുവാനുള്ള ശക്തി അവയ്ക്ക് ഉണ്ടായിരുന്നു.11അഗാധഗർത്തത്തിന്റെ ദൂതൻ അവയുടെമേൽ രാജാവായി ഉണ്ടായിരുന്നു; അവന്റെ പേര് എബ്രായഭാഷയിൽ അബദ്ദോൻ1 എന്നാകുന്നു, എന്നാൽ ഗ്രീക്ക് ഭാഷയിൽ അത് അപ്പൊല്ലുവോൻ എന്നും ആകുന്നു.

12ആദ്യത്തെ കഷ്ടം കഴിഞ്ഞുപോയി. ജാഗ്രതയായിരിക്ക! ഇനിയും രണ്ട് കഷ്ടങ്ങൾ കൂടെ വരുവാനുണ്ട്.

13ആറാമത്തെ ദൂതൻ കാഹളം ഊതി; അപ്പോൾ ദൈവസന്നിധിയിലുള്ള സ്വർണ്ണയാഗപീഠത്തിലെ നാല് കൊമ്പുകളിൽനിന്ന് ഒരു ശബ്ദം വരുന്നത് ഞാൻ കേട്ട്.14ആ ശബ്ദം കാഹളം കയ്യിലുള്ള ആറാം ദൂതനോട് പറഞ്ഞത്, “യൂഫ്രട്ടീസ് എന്ന മഹാനദിക്കരികെ ബന്ധിച്ചിരിക്കുന്ന നാല് ദൂതന്മാരെ അഴിച്ചുവിടുക.”15മനുഷ്യരിൽ മൂന്നിലൊന്നിനെ കൊല്ലുവാനായി, ഒരു മണിക്കൂറിനും ഒരു ദിവസത്തിനും ഒരു മാസത്തിനും ഒരു വർഷത്തിനും ഒരുക്കിയിരുന്ന നാല് ദൂതന്മാരെ അഴിച്ചുവിട്ടു.
16കുതിരപ്പടയുടെ സംഖ്യ ആയിരം മടങ്ങ് രണ്ടുലക്ഷം എന്നു ഞാൻ കേട്ട്.17ഞാൻ കുതിരകളെയും കുതിരപ്പുറത്ത് ഇരിക്കുന്നവരെയും എന്റെ ദർശനത്തിൽ കണ്ടത് എങ്ങനെ എന്നാൽ: അവരുടെ മാർകവചങ്ങൾ തീകൊണ്ടുള്ളതും, ചുവന്ന സ്ഫടികവും ഗന്ധകവും പോലെ ഉള്ളതും ആയിരുന്നു; കുതിരകളുടെ തല സിംഹങ്ങളുടെ തലപോലെ ആയിരുന്നു; അവയുടെ വായിൽ നിന്നും തീയും പുകയും ഗന്ധകവും വമിച്ചു.
18അവയുടെ വായിൽ നിന്നു പുറപ്പെട്ട തീ, പുക, ഗന്ധകം എന്നിവയാൽ മനുഷ്യരിൽ മൂന്നിലൊന്നു കൊല്ലപ്പെട്ടു.19അവയുടെ ശക്തി വായിലും വാലിലും ആയിരുന്നു; അവയുടെ വാലുകൾ സർപ്പങ്ങളെപ്പോലെ ആയിരുന്നു; മനുഷ്യനെ ദണ്ഡിപ്പിക്കുന്നതിന് അവയ്ക്ക് തലകളും ഉണ്ടായിരുന്നു.
20ഈ ബാധകളാൽ കൊല്ലപ്പെടാത്ത ബാക്കി മനുഷ്യരോ അവർ ചെയ്തിരുന്ന പ്രവൃത്തി വിട്ടു മാനസാന്തരപ്പെട്ടില്ല, ദുർഭൂതങ്ങളെയും, കാണുവാനും കേൾക്കുവാനും നടക്കുവാനും കഴിയാത്ത പൊന്നു, വെള്ളി, ചെമ്പു, കല്ല്, മരം എന്നിവകൊണ്ടുള്ള ബിംബങ്ങളെയും ആരാധിക്കുന്നതും അവർ നിർത്തിയില്ല.21അവരുടെ കൊലപാതകം, മന്ത്രവാദം, ദുർന്നടപ്പ്, മോഷണം എന്നീ പ്രവർത്തികൾ വിട്ടു മാനസാന്തരപ്പെട്ടതുമില്ല.


1 9:11 അബദ്ദോന്‍-നാശം,അപ്പല്ലുവോന്‍-നശിപ്പിക്കുന്നവന്‍

10

1അപ്പോൾ മേഘം ധരിച്ചുകൊണ്ട് ബലവാനായ മറ്റൊരു ദൂതൻ സ്വർഗ്ഗത്തിൽനിന്നും ഇറങ്ങിവരുന്നത് ഞാൻ കണ്ട്. അവന്റെ തലയ്ക്ക് മീതെ ഒരു മഴവില്ലും ഉണ്ടായിരുന്നു. അവന്റെ മുഖം സൂര്യനെപ്പോലെയും അവന്റെ പാദങ്ങൾ തീത്തൂണുകൾപോലെയും ആയിരുന്നു.2അവൻ കയ്യിൽ തുറന്നിരുന്ന ഒരു ചെറിയ ചുരുൾ പിടിച്ചിരുന്നു. അവൻ വലത്തെ കാൽ സമുദ്രത്തിന്മേലും ഇടത്തെ കാൽ ഭൂമിമേലും വെച്ച്.

3പിന്നെ അവൻ സിംഹത്തിന്റെ ഗർജ്ജനം പോലെ അത്യുച്ചത്തിൽ ആർത്തു പറഞ്ഞു; ആർത്തപ്പോൾ ഏഴ് ഇടികളും നാദം മുഴക്കി.4ഏഴ് ഇടികളും നാദം മുഴക്കിയപ്പോൾ, ഞാൻ എഴുതുവാൻ തുനിഞ്ഞു; എന്നാൽ ഏഴ് ഇടിമുഴക്കങ്ങൾ പറഞ്ഞത്, ഒന്നും എഴുതാതെ മുദ്രയിട്ട് സൂക്ഷിക്കുന്നു എന്ന് പറയുന്ന ഒരു ശബ്ദം സ്വർഗ്ഗത്തിൽനിന്ന് ഞാൻ കേട്ട്.
5പിന്നെ സമുദ്രത്തിന്മേലും ഭൂമിമേലും നില്ക്കുന്നവനായി ഞാൻ കണ്ട ദൂതൻ വലത്തെ കൈ ആകാശത്തേക്ക് ഉയർത്തി:6‘ഇനി കാലം ഉണ്ടാകയില്ല’ എന്ന് എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും, ആകാശത്തെയും അതിലുള്ള സർവ്വത്തിനേയും ഭൂമിയേയും അതിലുള്ള സർവ്വത്തിനേയും സമുദ്രത്തേയും അതിലുള്ള സർവ്വത്തിനേയും സ്രഷ്ടിച്ചവനെ ചൊല്ലി സത്യം ചെയ്തു.7എന്നാൽ ഏഴാം ദൂതന്റെ ശബ്ദം ഉണ്ടാകുന്ന കാലത്ത്, അവൻ കാഹളം ഊതുവാൻ തുടങ്ങുമ്പോൾ തന്നെ, ദൈവം തന്റെ ദാസരായ പ്രവാചകന്മാരോട് അരുളിച്ചെയ്ത പ്രകാരം ദൈവിക മർമ്മത്തിനു പൂർത്തിയുണ്ടാകും.
8ഞാൻ സ്വർഗ്ഗത്തിൽ നിന്നു കേട്ട ശബ്ദം പിന്നെയും എന്നോട്: “പോകുക, സമുദ്രത്തിന്മേലും ഭൂമിമേലും നില്ക്കുന്ന ദൂതന്റെ കയ്യിലുള്ള തുറന്നിരിക്കുന്ന ചെറിയ ചുരുൾ എടുക്കുക.”എന്ന് പറഞ്ഞു.9പിന്നെ ഞാൻ ദൂതന്റെ അടുക്കൽ ചെന്ന് ചെറിയ ചുരുൾ എനിക്ക് തരിക എന്ന് പറഞ്ഞു. അവൻ എന്നോട്: ചുരുൾ എടുത്തു തിന്നുക; അത് നിന്റെ വയറ്റിൽ കയ്പായിരിക്കും എങ്കിലും നിന്റെ വായിൽ അത് തേൻ പോലെ മധുരിക്കും എന്നു പറഞ്ഞു.
10ഞാൻ ദൂതന്റെ കയ്യിൽ നിന്നു ചെറിയ ചുരുൾ എടുത്തു തിന്നു; അത് എന്റെ വായിൽ തേൻ പോലെ മധുരമായിരുന്നു; എന്നാൽ ഞാൻ അത് തിന്ന ഉടനെ എന്റെ വയറു കയ്പായി.11അപ്പോൾ ആ ദൂതന്‍ 1 എന്നോട്: നീ ഇനിയും അനേകം വംശങ്ങളുടേയും ജാതികളുടേയും ഭാഷകളുടേയും രാജാക്കന്മാരുടേയും മുമ്പാകെ പ്രവചിക്കേണം എന്നു പറഞ്ഞു.


1 10:11 ആ ദൂതന്‍-അവന്‍ അല്ലെങ്കില്‍ ദൈവം

11

1പിന്നെ അളവുകോൽപോലെയുള്ള ഒരു ദണ്ഡ് എനിക്ക് നൽകി. ദൂതൻ നിന്നുകൊണ്ട് എന്നോട് പറഞ്ഞത്: “എഴുന്നേറ്റ് ദൈവത്തിന്റെ ആലയത്തെയും യാഗപീഠത്തെയും അതിൽ ആരാധിക്കുന്നവരെയും അളക്കുക.2എന്നാൽ ആലയത്തിന് പുറത്തുള്ള പ്രാകാരം വിട്ടേക്കുക, അത് അളക്കരുത്; അത് ജാതികൾക്ക് കൊടുത്തിരിക്കുന്നു; അവർ വിശുദ്ധനഗരത്തെ നാല്പത്തിരണ്ട് മാസം ചവിട്ടി മെതിക്കും.

3ചണവസ്ത്രം ധരിച്ചുകൊണ്ട് ആയിരത്തിരുനൂറ്ററുപത് ദിവസം പ്രവചിക്കുവാനുള്ള അധികാരം ഞാൻ എന്റെ രണ്ടു സാക്ഷികൾക്കു കൊടുക്കും.”4ഇവർ ഭൂമിയുടെ കർത്താവിന്റെ സന്നിധിയിൽ നില്ക്കുന്ന രണ്ടു ഒലിവുവൃക്ഷവും രണ്ടു നിലവിളക്കും ആകുന്നു.5ആരെങ്കിലും അവരെ ഉപദ്രവിച്ചാൽ അവരുടെ വായിൽ നിന്നു തീ പുറപ്പെടുകയും അവരുടെ ശത്രുക്കളെ ദഹിപ്പിച്ചുകളയുകയും ചെയ്യും; അവരെ ഉപദ്രവിക്കുന്നവൻ ആരായിരുന്നാലും അവൻ ഇങ്ങനെ കൊല്ലപ്പെടേണ്ടിവരും.
6അവർ പ്രവചിക്കുന്ന കാലത്ത് മഴപെയ്യാതെവണ്ണം ആകാശം അടച്ചുകളയുവാൻ അവർക്ക് അധികാരം ഉണ്ട്. അവർ ആഗ്രഹിക്കുമ്പോഴൊക്കെയും വെള്ളത്തെ രക്തമാക്കുവാനും സകലവിധബാധകൊണ്ട് ഭൂമിയെ ദണ്ഡിപ്പിക്കുവാനും അവർക്ക് അധികാരം ഉണ്ട്.7അവർ അവരുടെ സാക്ഷ്യം പൂർത്തീകരിക്കുമ്പോൾ, അഗാധഗർത്തത്തിൽ നിന്നും കയറി വരുന്ന മൃഗം അവർക്കെതിരെ യുദ്ധം ചെയ്യുകയും അവരെ ജയിക്കുകയും കൊല്ലുകയും ചെയ്യും.
8അവരുടെ ശവശരീരങ്ങൾ നമ്മുടെ കർത്താവ് ക്രൂശിക്കപ്പെട്ടതും പ്രതീകാത്മകമായി സൊദോം എന്നും മിസ്രയീം എന്നും വിളിക്കപ്പടുന്നതുമായ മഹാനഗരത്തിന്റെ1 തെരുവിൽ കിടക്കും.9മൂന്നരദിവസത്തേക്ക് എല്ലാ വംശങ്ങളിലും ഗോത്രങ്ങളിലും ഭാഷകളിലും ജാതികളിലും ഉള്ളവർ അവരുടെ മൃതശരീരങ്ങൾ കാണുകയും അവരുടെ ശവങ്ങൾ കല്ലറയിൽ അടക്കുവാൻ അനുവദിക്കാതിരിക്കുകയും ചെയ്യും.
10ഈ പ്രവാചകന്മാർ ഇരുവരും ഭൂമിയിൽ ജീവിച്ചിരുന്നവരെ ദണ്ഡിപ്പിച്ചതുകൊണ്ട് ഭൂവാസികൾ അവർ നിമിത്തം സന്തോഷിക്കുകയും ആനന്ദഘോഷം നടത്തുകയും അന്യോന്യം സമ്മാനങ്ങൾ കൊടുത്തയയ്ക്കുകയും ചെയ്യും.11എന്നാൽ മൂന്നര ദിവസത്തിനുശേഷം ദൈവത്തിൽനിന്നുള്ള ജീവന്റെ ആത്മാവ് അവരിൽ പ്രവേശിച്ച് അവർ കാൽ ഊന്നിനിന്നു. അവരെ കണ്ടവർക്കെല്ലാം വലിയ ഭയം ഉണ്ടായി.12അപ്പോൾ “ഇവിടെ കയറിവരുവിൻ!” എന്നു സ്വർഗ്ഗത്തിൽനിന്ന് ഒരു മഹാശബ്ദം അവരോട് പറയുന്നത് അവർ കേട്ട്. അവരുടെ ശത്രുക്കൾ അവരെ നോക്കിക്കൊണ്ടിരിക്കുമ്പോൾ തന്നെ അവർ മേഘത്തിൽ സ്വർഗ്ഗത്തിലേക്ക് കയറി.
13ആ നാഴികയിൽ തന്നെ അവിടെ വലിയൊരു ഭൂകമ്പം ഉണ്ടായി; നഗരത്തിൽ പത്തിലൊന്ന് തകർന്നു പോയി; ഭൂകമ്പത്തിൽ ഏഴായിരം പേർ കൊല്ലപ്പെട്ടു; ശേഷമുള്ളവർ ഭയപരവശരാവുകയും സ്വർഗ്ഗത്തിലെ ദൈവത്തിന് മഹത്വം കൊടുക്കുകയും ചെയ്തു.

14രണ്ടാമത്തെ കഷ്ടം കഴിഞ്ഞു; ജാഗ്രതയായിരിക്ക! മൂന്നാമത്തെ കഷ്ടം വേഗം വരുന്നു.

15പിന്നെ ഏഴാമത്തെ ദൂതൻ കാഹളം ഊതി: “ലോകരാജ്യങ്ങൾ നമ്മുടെ കർത്താവിന്റെയും2 അവന്റെ ക്രിസ്തുവിന്റെയും രാജ്യങ്ങൾ ആയിത്തീർന്നിരിക്കുന്നു; അവൻ എന്നെന്നേക്കും വാഴും” എന്നു സ്വർഗ്ഗത്തിൽ മഹാഘോഷം ഉണ്ടായി.
16അപ്പോൾ ദൈവമുമ്പാകെ സിംഹാസനങ്ങളിൽ ഇരിക്കുന്ന ഇരുപത്തിനാല് മൂപ്പന്മാരും കവിണ്ണുവീണു ദൈവത്തെ നമസ്കരിച്ചുകൊണ്ട്17പറഞ്ഞത്: ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായ സർവ്വശക്തനായ ദൈവമേ, നീ നിന്റെ മഹാശക്തിയോടെ വാഴ്ച ആരംഭിച്ചതിനാൽ ഞങ്ങൾ നിനക്ക് നന്ദി കരേറ്റുന്നു.
18ജാതികൾ കോപിച്ചു: എന്നാൽ നിന്റെ ക്രോധം വന്നിരിക്കുന്നു: മരിച്ചവരെ ന്യായം വിധിപ്പാനും നിന്റെ ദാസന്മാരായ പ്രവാചകന്മാർക്കും വിശുദ്ധന്മാർക്കും നിന്നെ ഭയപ്പെടുന്ന ചെറിയവരും വലിയവരുമായ എല്ലാവർക്കും പ്രതിഫലം കൊടുക്കുവാനുള്ള സമയവും ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കുവാൻ ഉള്ള നിന്റെ സമയവും വന്നിരിക്കുന്നു.

19അപ്പോൾ സ്വർഗ്ഗത്തിലെ ദൈവാലയം തുറന്നു, അവന്റെ നിയമപ്പെട്ടകം അവന്റെ ആലയത്തിൽ കാണപ്പെടുകയും ചെയ്തു; അവിടെ മിന്നലുകളും ശബ്ദകോലാഹലങ്ങളും ഇടിമുഴക്കങ്ങളും ഭൂകമ്പവും വലിയ കൊടുങ്കാറ്റും ഉണ്ടായി.


1 11:8 മഹാനഗരം-യെരുശലേം
2 11:15 ഇത് പിതാവായ ദൈവത്തെ സൂചിപ്പിക്കുന്നു.

12

1സ്വർഗ്ഗത്തിൽ വലിയൊരു അടയാളം കാണ്മാനായി: സൂര്യനെ അണിഞ്ഞൊരു സ്ത്രീ; അവളുടെ കാൽക്കീഴിൽ ചന്ദ്രനും അവളുടെ തലയിൽ പന്ത്രണ്ട് നക്ഷത്രംകൊണ്ടുള്ളൊരു കിരീടവും ഉണ്ടായിരുന്നു.2അവൾ ഗർഭിണിയായി പ്രസവവേദനയാൽ നോവുകിട്ടി നിലവിളിച്ചു.

3സ്വർഗ്ഗത്തിൽ മറ്റൊരു അടയാളം കൂടി കാണപ്പെട്ടു: ഏഴ് തലയും പത്തു കൊമ്പും തലയിൽ ഏഴ് കിരീടവും ഉള്ളതായി വലിയ ഒരു ചുവന്ന മഹാസർപ്പം.4അതിന്റെ വാൽ ആകാശത്തിലെ നക്ഷത്രങ്ങളിൽ മൂന്നിലൊന്നിനെ വലിച്ചുകൂട്ടി ഭൂമിയിലേക്കു എറിഞ്ഞുകളഞ്ഞു. പ്രസവിപ്പാറായ സ്ത്രീ പ്രസവിക്കുമ്പോൾ അവളുടെ ശിശുവിനെ വിഴുങ്ങിക്കളവാൻ സർപ്പം അവളുടെ മുമ്പിൽ നിന്നു.
5അവൾ സകലജാതികളെയും ഇരുമ്പുകോൽകൊണ്ട് ഭരിക്കുവാനുള്ളോരു ആൺകുട്ടിയെ പ്രസവിച്ചു; അവളുടെ ശിശു ദൈവത്തിന്റെ അടുക്കലേക്കും അവന്റെ സിംഹാസനത്തിലേക്കും പെട്ടെന്ന് എടുക്കപ്പെട്ടു.6ആയിരത്തിരുന്നൂറ്ററുപത് ദിവസം അവളെ പോറ്റുന്നതിനായി മരുഭൂമിയിൽ അവൾക്കായി ദൈവം ഒരുക്കിയിരുന്നൊരു സ്ഥലത്തേയ്ക്ക് സ്ത്രീ ഓടിപ്പോകയും ചെയ്തു.

7പിന്നെ സ്വർഗ്ഗത്തിൽ യുദ്ധം ഉണ്ടായി; മീഖായേലും1 അവന്റെ ദൂതന്മാരും മഹാസർപ്പത്തിനെതിരെ പോരാടി; സർപ്പവും അവന്റെ ദൂതന്മാരും തിരിച്ച് പോരാടിയെങ്കിലും8ജയിക്കുവാൻ കഴിഞ്ഞില്ല; സ്വർഗ്ഗത്തിൽ അവർക്ക് ഇടവും ഇല്ലാതായി.9ലോകത്തെ മുഴുവനും ചതിക്കുന്ന സാത്താൻ എന്നും പിശാച് എന്നും വിളിക്കുന്ന പഴയ പാമ്പായ വലിയ സർപ്പത്തെ ഭൂമിയിലേക്കു പുറത്താക്കിക്കളഞ്ഞു; അവനെയും അവന്റെ അവന്റെ ദൂതന്മാരെയും ഭൂമിയിലേക്ക് തള്ളിക്കളഞ്ഞു.
10അപ്പോൾ ഞാൻ സ്വർഗ്ഗത്തിൽ ഒരു മഹാശബ്ദം കേട്ടത്: ഇപ്പോൾ രക്ഷയും ശക്തിയും നമ്മുടെ ദൈവത്തിന്റെ രാജ്യവും അവന്റെ ക്രിസ്തുവിന്റെ അധികാരവും വന്നിരിക്കുന്നു; നമ്മുടെ സഹോദരന്മാരെ രാവും പകലും ദൈവത്തിന്റെ സന്നിധിയിൽ കുറ്റം ചുമത്തുന്ന അപവാദിയെ താഴേക്ക് എറിഞ്ഞുകളഞ്ഞുവല്ലോ.
11അവർ അവനെ കുഞ്ഞാടിന്റെ രക്തത്താലും അവരുടെ സാക്ഷ്യവചനത്താലും ജയിച്ചു; മരണത്തോളം അവരുടെ ജീവനെ അവർ സ്നേഹിച്ചതുമില്ല.12ആകയാൽ സ്വർഗ്ഗവും അതിൽ വസിക്കുന്നവരും ആയുള്ളോരേ, ആനന്ദിപ്പിൻ; എന്നാൽ, അല്പസമയം മാത്രമേ തനിക്കുള്ളൂ എന്നറിഞ്ഞ് പിശാച് മഹാകോപത്തോടെ നിങ്ങളുടെ അടുക്കലേക്ക് വന്നിരിക്കുന്നതുകൊണ്ട് ഭൂമിയിലും സമുദ്രത്തിലും വസിക്കുന്നവരേ, നിങ്ങൾക്ക് അയ്യോ കഷ്ടം;

13തന്നെ ഭൂമിയിലേക്കു എറിഞ്ഞുകളഞ്ഞു എന്നു സർപ്പം മനസ്സിലാക്കിയപ്പോൾ, അവൻ ആൺകുട്ടിയെ പ്രസവിച്ച സ്ത്രീയെ പിന്തുടർന്ന് ദ്രോഹിച്ചു.14എന്നാൽ മഹാസർപ്പത്തിന്റെ പിടിയിൽപ്പെടാതെ ഒരുകാലവും കാലങ്ങളും അരക്കാലവും സംരക്ഷിക്കപ്പെടുവാൻ മരുഭൂമിയിൽ അവൾക്കായി ഒരുക്കിയിരിക്കുന്ന സ്ഥലത്തേയ്ക്ക് പരന്നുപോകേണ്ടതിന് കഴുകന്റെ വലിയ രണ്ട് ചിറകുകൾ അവൾക്ക് കൊടുത്തു.
15സർപ്പം സ്ത്രീയെ വെള്ളപ്പൊക്കത്താൽ ഒഴുക്കിക്കളയേണ്ടതിന് തന്റെ വായിൽ നിന്നു നദിപോലെ വെള്ളം പുറപ്പെടുവിച്ചു.16എന്നാൽ ഭൂമി സ്ത്രീയെ സഹായിച്ചു; മഹാസർപ്പം തന്റെ വായിൽനിന്നു പുറപ്പെടുവിച്ച നദിയെ ഭൂമി വായ്തുറന്ന് വിഴുങ്ങിക്കളഞ്ഞു.17അപ്പോൾ സർപ്പം സ്ത്രീയോട് കോപിക്കുകയും ദൈവകല്പന അനുസരിക്കുന്നവരും യേശുക്രിസ്തുവിന്റെ സാക്ഷ്യം ഉള്ളവരുമായ അവളുടെ സന്തതിയിൽ ശേഷിപ്പുള്ളവരോട് യുദ്ധം ചെയ്യുവാൻ പുറപ്പെടുകയും ചെയ്തു. പിന്നെ സർപ്പം കടൽപ്പുറത്തെ മണലിന്മേൽ നിന്നു2 .


1 12:7 മീഖായേല്‍-ദൈവത്തിന്‍റെ പ്രധാന ദൂതന്‍
2 12:17 കടല്‍പ്പുറത്തെ മണലിന്മേല്‍നിന്നത്-സര്‍പ്പം അല്ലെങ്കില്‍ ഞാന്‍

13

1അപ്പോൾ പത്തു കൊമ്പുകളും ഏഴ് തലകളും കൊമ്പുകളിൽ പത്തു കിരീടങ്ങളും തലയിൽ ദൈവത്തെ നിന്ദിക്കുന്ന പേരുകളും ഉള്ളൊരു മൃഗം സമുദ്രത്തിൽ നിന്നു കയറി വരുന്നത് ഞാൻ കണ്ട്.2ഞാൻ കണ്ട മൃഗം പുള്ളിപ്പുലിയെപ്പോലെയും അതിന്റെ കാലുകൾ കരടിയുടെ കാലുകൾ പോലെയും വായ് സിംഹത്തിന്റെ വായ്പോലെയും ആയിരുന്നു. അതിന് സർപ്പം തന്റെ ശക്തിയും ഇരിപ്പിടവും വലിയ അധികാരവും കൊടുത്തു.

3മൃഗത്തിന്റെ തലകളിൽ ഒന്നിൽ മാരകമായ ഒരു മുറിവുള്ളതായി കാണപ്പെട്ടു; എന്നാൽ മാരകമായ ആ മുറിവ് സൗഖ്യമായി; സർവ്വഭൂമിയും മൃഗത്തെ കണ്ട് അതിശയിച്ചു.4മൃഗത്തിന് തന്റെ അധികാരം കൊടുത്ത മഹാസർപ്പത്തെ അവർ ആരാധിച്ചു: മൃഗത്തെപ്പോലെ ആരുള്ളു? അതിന് എതിരെ പൊരുതുവാൻ ആർക്ക് കഴിയും? എന്നു പറഞ്ഞുകൊണ്ട് അവർ മൃഗത്തെയും ആരാധിച്ചു.
5അഹങ്കാരവും ദൈവനിന്ദയും പറയുന്നതിനുള്ള ഒരു വായ് അതിന് ലഭിച്ചു; നാല്പത്തിരണ്ട് മാസം പ്രവർത്തിപ്പാൻ അതിന് അധികാരം ഉണ്ടായി.6ദൈവത്തേയും അവന്റെ നാമത്തേയും അവന്റെ കൂടാരത്തേയും സ്വർഗ്ഗത്തിൽ വസിക്കുന്നവരെയും നിന്ദിപ്പാൻ വായ്തുറന്നു.
7വിശുദ്ധന്മാരോട് യുദ്ധം ചെയ്യുവാനും അവരെ ജയിക്കുവാനും അതിന് സാധിക്കുമായിരുന്നു. സകല വംശത്തിന്മേലും ഭാഷമേലും ജാതിമേലും കർത്തൃത്വം നടത്തുവാൻ അവന് അധികാരം ഉണ്ടായിരുന്നു.8ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ടതായ കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേർ എഴുതപ്പെട്ടിട്ടില്ലാത്തവരായ ഭൂവാസികൾ എല്ലാവരും അതിനെ ആരാധിക്കും.
9കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ.10അടിമത്തത്തിലേക്ക് നയിക്കുന്നവർ അടിമത്തത്തിലായിപ്പോകും; ആരെങ്കിലും വാൾകൊണ്ടു കൊല്ലുന്നവൻ വാളാൽ കൊല്ലപ്പെടേണ്ടിവരും; വിശുദ്ധന്മാരുടെ സഹനവും വിശ്വാസവും ഇവിടെ ആവശ്യം.

11പിന്നെ മറ്റൊരു മൃഗം ഭൂമിയിൽ നിന്നു കയറി വരുന്നത് ഞാൻ കണ്ട്; അതിന് കുഞ്ഞാടിനുള്ളതുപോലെ രണ്ടു കൊമ്പുണ്ടായിരുന്നു; അത് മഹാസർപ്പം എന്നപോലെ സംസാരിച്ചു.12അതിന് മുമ്പുണ്ടായിരുന്ന ഒന്നാമത്തെ മൃഗത്തിന്റെ അധികാരം എല്ലാം അത് ഏറ്റെടുക്കുകയും ഭൂമിയെയും അതിൽ വസിക്കുന്നവരെയും മാരകമായ മുറിവ് സൗഖ്യമായ ഒന്നാം മൃഗത്തെ ആരാധിപ്പാൻ ഇടയാക്കുകയും ചെയ്യുന്നു.
13അത് ജനങ്ങളുടെ മുമ്പിൽ ആകാശത്തുനിന്ന് ഭൂമിയിലേക്കു തീ ഇറക്കുന്നതുപോലെയുള്ള അത്ഭുതങ്ങൾ പ്രവർത്തിക്കയും14ആദ്യമൃഗത്തിന്റെ ദൃഷ്ടിയിൽ ചെയ്യുവാൻ തനിക്കു ലഭിച്ച അനുവാദം കൊണ്ട് അത്ഭുതങ്ങൾ പ്രവർത്തിച്ച് ഭൂമിയിൽ ജീവിക്കുന്നവരെ വഞ്ചിക്കുകയും വാളാൽ മുറിവേറ്റിട്ടും ജീവിച്ചിരിക്കുന്ന മൃഗത്തിന്റെ പ്രതിമ ഉണ്ടാക്കുവാൻ ഭൂമിയിൽ ജീവിക്കുന്നവരോട് പറയുകയും ചെയ്യുന്നു.
15മൃഗത്തിന്റെ പ്രതിമയ്ക്ക് ജീവൻ നൽകുവാനും, പ്രതിമ സംസാരിക്കേണ്ടതിനും മൃഗത്തിന്റെ പ്രതിമയെ ആരാധിക്കാത്തവരെ എല്ലാം കൊല്ലേണ്ടതിനും അതിന് അധികാരം ഉണ്ടായിരുന്നു.16അത് ചെറിയവരും വലിയവരും സമ്പന്നന്മാരും സാധുക്കളും സ്വതന്ത്രന്മാരും അടിമകളുമായ എല്ലാവരെയും വലങ്കൈമേലോ നെറ്റിയിലോ ഒരു മുദ്ര സ്വീകരിക്കുവാനും;17മുദ്രയോ, മൃഗത്തിന്റെ പേരോ, പേരിന്റെ സംഖ്യയോ ഇല്ലാത്ത ആർക്കും തന്നെ വാങ്ങുവാനോ വില്ക്കുവാനോ അനുവദിക്കാതിരിക്കുകയും ചെയ്യുന്നു.
18ഇവിടെ ജ്ഞാനംകൊണ്ട് ആവശ്യം. ബുദ്ധിയുള്ളവൻ മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടട്ടെ: അത് ഒരു മനുഷ്യന്റെ സംഖ്യയത്രേ. അവന്റെ സംഖ്യ 666.

14

1ഞാൻ നോക്കിയപ്പോൾ സീയോൻമലയിൽ കുഞ്ഞാട് നില്ക്കുന്നതു കണ്ട്. അവന്റെ നാമവും അവന്റെ പിതാവിന്റെ നാമവും നെറ്റിയിൽ എഴുതിയിരിക്കുന്നവരായ 1, 44, 000 പേർ അവനോടുകൂടെ ഉണ്ടായിരുന്നു.2പെരുവെള്ളത്തിന്റെ ഇരച്ചിൽപോലെയും വലിയൊരു ഇടിമുഴക്കംപോലെയും സ്വർഗ്ഗത്തിൽനിന്ന് ഒരു ഘോഷം ഞാൻ കേട്ട്; ഞാൻ കേട്ട ഘോഷം വീണ വായനക്കാർ അവരുടെ വീണകൾ മീട്ടുന്നതുപോലെയും ആയിരുന്നു.

3അവർ സിംഹാസനത്തിനും നാല് ജീവികൾക്കും മൂപ്പന്മാർക്കും മുമ്പാകെ ഒരു പുതിയ പാട്ടുപാടി; ഭൂമിയിൽ നിന്നു വീണ്ടെടുക്കപ്പെട്ടവരായ 1, 44, 000 പേർക്കല്ലാതെ ആർക്കും ആ പാട്ടു പഠിപ്പാൻ കഴിഞ്ഞില്ല.4അവർ സ്ത്രീകളാൽ മാലിന്യപ്പെടാത്തവർ; ശുദ്ധിയുള്ളവരായി1 സൂക്ഷിച്ചവർ തന്നെ. കുഞ്ഞാട് പോകുന്നേടത്തൊക്കെയും അവർ അവനെ അനുഗമിക്കുന്നു; ദൈവത്തിനും കുഞ്ഞാടിനും ആദ്യഫലമായി മനുഷ്യരുടെ ഇടയിൽനിന്ന് വീണ്ടെടുക്കപ്പെട്ടവർ ആയിരുന്നു ഇവർ.5കള്ളം അവരുടെ വായിൽ ഉണ്ടായിരുന്നില്ല; ദൈവസിംഹാസനത്തിന്മുമ്പിൽ അവർ കുറ്റമില്ലാത്തവർ തന്നേ.

6വേറൊരു ദൂതൻ ആകാശമധ്യേ പറക്കുന്നത് ഞാൻ കണ്ട്; ഭൂമിയിൽ വസിക്കുന്ന സകലജാതിയും ഗോത്രവും ഭാഷയും വംശവും ആയവരോട് അറിയിക്കുവാൻ അവന്റെ പക്കൽ നിത്യസുവിശേഷം ഉണ്ടായിരുന്നു.7ദൈവത്തെ ഭയപ്പെട്ടു അവന് മഹത്വം കൊടുക്കുവിൻ; അവന്റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു. ആകാശവും ഭൂമിയും സമുദ്രവും നീരുറവകളും ഉണ്ടാക്കിയവനെ ആരാധിപ്പിൻ എന്നു അവൻ അത്യുച്ചത്തിൽ പറഞ്ഞുകൊണ്ടിരുന്നു.

8വേറൊരു ദൂതൻ പിൻചെന്നു: വീണുപോയി! തന്റെ ദുർന്നടപ്പിന്റെ ക്രോധമദ്യം സകലജാതികളെയും കുടിപ്പിച്ചതുകൊണ്ട് മഹാനഗരമായ ബാബിലോൺ വീണുപോയി എന്നു പറഞ്ഞുകൊണ്ടിരുന്നു.

9മൂന്നാമതു വേറൊരു ദൂതൻ അവരുടെ പിന്നാലെ ചെന്ന് അത്യുച്ചത്തിൽ പറഞ്ഞത്: മൃഗത്തെയോ അതിന്റെ പ്രതിമയേയോ ആരാധിക്കുകയും തന്റെ നെറ്റിയിലോ കൈമേലോ അവന്റെ മുദ്ര സ്വീകരിക്കുകയും ചെയ്യുന്നവൻ ആരായിരുന്നാലും10അവൻ ദൈവകോപത്തിന്റെ പാനപാത്രത്തിൽ കലർപ്പില്ലാതെ പകർന്നിരിക്കുന്ന ദൈവത്തിന്റെ ക്രോധമദ്യം കുടിക്കേണ്ടിവരും; അവൻ വിശുദ്ധദൂതന്മാരുടേയും കുഞ്ഞാടിന്റെയും മുമ്പാകെ തീയിലും ഗന്ധകത്തിലും ദണ്ഡിപ്പിക്കപ്പെടുകയും ചെയ്യും.
11അവരുടെ ദണ്ഡനത്തിന്റെ പുക എന്നെന്നേക്കും പൊങ്ങിക്കൊണ്ടിരിക്കും; മൃഗത്തെയും അതിന്റെ പ്രതിമയേയും ആരാധിക്കുന്നവർക്കും അതിന്റെ പേരിന്റെ മുദ്ര സ്വീകരിക്കുന്ന ഏവർക്കും രാവും പകലും ഒരു സ്വസ്ഥതയും ഉണ്ടാകയില്ല.12ദൈവകല്പന അനുസരിക്കുന്നവരും യേശുവിങ്കലുള്ള വിശ്വാസവും കാത്തുകൊള്ളുന്നവരുമായ വിശുദ്ധന്മാരുടെ സഹനം കൊണ്ട് ഇവിടെ ആവശ്യം.

13സ്വർഗ്ഗത്തിൽനിന്ന് ഒരു ശബ്ദം എന്നോട് പറയുന്നത് ഞാൻ കേട്ട്; “ഇതു എഴുതുക: ഇന്ന് മുതൽ കർത്താവിൽ മരിക്കുന്ന മൃതന്മാർ ഭാഗ്യവാന്മാർ; അതെ, അവരുടെ അദ്ധ്വാനങ്ങളിൽ നിന്നു അവർ വിശ്രമിക്കേണ്ടതാകുന്നു; അവരുടെ പ്രവൃത്തികൾ അവരെ പിന്തുടരും എന്നു ആത്മാവ് പറയുന്നു.”

14പിന്നെ ഞാൻ നോക്കിയപ്പോൾ, ഇതാ ഒരു വെളുത്ത മേഘം, മേഘത്തിന്മേൽ മനുഷ്യപുത്രനെപ്പോലെ ഒരുവൻ ഇരിക്കുന്നത് ഞാൻ കണ്ട്. അവന്റെ തലയിൽ ഒരു സ്വർണ്ണകിരീടവും കയ്യിൽ മൂർച്ചയുള്ളൊരു അരിവാളും ഉണ്ടായിരുന്നു.15പിന്നെ മറ്റൊരു ദൂതൻ ദൈവാലത്തിൽ നിന്നു പുറത്തു വന്നു, മേഘത്തിന്മേൽ ഇരിക്കുന്നവനോട്: നിന്റെ അരിവാൾ എടുത്തു കൊയ്യുവാൻ തുടങ്ങുക; ഭൂമിയിലെ വിളവ് വിളഞ്ഞിരിക്കുന്നതിനാൽ കൊയ്ത്തിന് സമയം ആയിരിക്കുന്നു എന്നു ഉറക്കെ വിളിച്ചു പറഞ്ഞു.16അപ്പോൾ മേഘത്തിന്മേൽ ഇരിക്കുന്നവൻ അവന്റെ അരിവാൾ ഭൂമിക്കു മീതെ വീശി, ഭൂമിയിലെ വിളവെടുക്കപ്പെടുകയും ചെയ്തു.

17മറ്റൊരു ദൂതൻ സ്വർഗ്ഗത്തിലെ ആലയത്തിൽനിന്ന് പുറത്തു വന്നു; മൂർച്ചയുള്ളൊരു അരിവാൾ അവനും ഉണ്ടായിരുന്നു.18പിന്നീട് തീയുടെമേൽ അധികാരമുള്ള വേറൊരു ദൂതൻ യാഗപീഠത്തിങ്കൽ നിന്നു പുറത്തു വന്നു, അവൻ മൂർച്ചയുള്ള അരിവാൾ പിടിച്ചിരുന്നവനോട്: മുന്തിരിങ്ങ നന്നായി പഴുത്തിരിക്കയാൽ നിന്റെ മൂർച്ചയുള്ള അരിവാൾ എടുത്തു ഭൂമിയിലെ മുന്തിരിക്കുലകളെ അറുത്തെടുക്കുക ഉറക്കെ വിളിച്ചു പറഞ്ഞു.
19ദൂതൻ തന്റെ അരിവാൾ ഭൂമിയിലേക്കു വീശി, ഭൂമിയിലെ മുന്തിരിക്കുലകൾ ശേഖരിച്ച്, ദൈവകോപത്തിന്റെ വലിയ മുന്തിരിച്ചക്കിൽ ഇട്ട്.20മുന്തിരിച്ചക്ക് നഗരത്തിന് പുറത്തുവച്ച് ചവിട്ടി; ചക്കിൽനിന്ന് രക്തം രണ്ടു മീറ്റര്‍ ഉയരത്തില്‍ മുന്നൂറ്കിലോമീറ്ററോളം 2 ദൂരത്തോളം ഒഴുകി.


1 14:4 ശുദ്ധിയുള്ളവര്‍-വിഗ്രഹത്തെ ആരാധിക്കാത്തവര്‍
2 14:20 .രണ്ടുമീറ്റര്‍ ഉയരത്തില്‍ മുന്നൂറ് കിലോമീറ്ററോളം-ഇരുനൂറ് നാഴിക.1600 സ്താദിയോണ്‍

15

1പിന്നെ വലുതും അത്ഭുതകരവുമായ മറ്റൊരു അടയാളം ഞാൻ സ്വർഗ്ഗത്തിൽ കണ്ട്; അവിടെ അവസാനത്തെ ഏഴ് ബാധകളുള്ള ഏഴ് ദൂതന്മാരെ തന്നെ. ദൈവക്രോധം ഇവരിൽ പൂർത്തിയായി.

2തീ കലർന്ന പളുങ്കുകടൽ പോലെയൊന്നും അതിനരികെ മൃഗത്തെയും അതിന്റെ പ്രതിമയേയും മൃഗത്തിന്റെ പേരിന്റെ സംഖ്യയേയും ജയിച്ചവർ, ദൈവം നൽകിയ വീണകൾ പിടിച്ചുംകൊണ്ട് നില്ക്കുന്നതും ഞാൻ കണ്ട്.
3അവർ ദൈവത്തിന്റെ ദാസനായ മോശെയുടെ പാട്ടും കുഞ്ഞാടിന്റെ പാട്ടും പാടിക്കൊണ്ടിരുന്നു: സകലത്തെയും ഭരിക്കുന്നവനായ ദൈവമായ കർത്താവേ, നിന്റെ പ്രവൃത്തികൾ വലുതും അത്ഭുതങ്ങളുമായവ; സർവ്വശക്തനായ കർത്താവും വിശുദ്ധരുടെ രാജാവേ, നിന്റെ വഴികൾ നീതിയും സത്യവുമുള്ളവ.4കർത്താവേ, ആർ നിന്നെ ഭയപ്പെടാതെയും നിന്റെ നാമത്തെ മഹത്വപ്പെടുത്താതെയും ഇരിക്കും? എന്തെന്നാൽ നീ മാത്രം പരിശുദ്ധൻ; നിന്റെ ന്യായവിധികൾ വെളിപ്പെട്ടിരിക്കുന്നതിനാൽ സകല ജാതികളും വന്നു തിരുസന്നിധിയിൽ ആരാധിക്കും.

5ഈ സംഭവങ്ങൾക്ക് ശേഷം ഞാൻ നോക്കിയപ്പോൾ, സ്വർഗ്ഗത്തിലെ സാക്ഷ്യകൂടാരത്തിന്റെ ആലയം തുറന്നതായി കണ്ട്.6ഏഴ് ബാധകൾ കയ്യിലുള്ള ഏഴ് ദൂതന്മാരും ശുദ്ധമായ വെള്ളവസ്ത്രം ധരിച്ചും മാറത്ത് പൊൻകച്ച കെട്ടിയുംകൊണ്ട് അതിവിശുദ്ധസ്ഥലത്ത് നിന്നു പുറത്തുവന്നു.
7നാല് ജീവികളിൽ ഒന്ന് എന്നെന്നേക്കും ജീവിച്ചിരിക്കുന്ന ദൈവത്തിന്റെ ക്രോധം നിറഞ്ഞ ഏഴ് സ്വർണ്ണപാത്രങ്ങൾ ആ ഏഴ് ദൂതന്മാർക്ക് കൊടുത്തു.8ദൈവത്തിന്റെ തേജസ്സിനാലും ശക്തിയാലും അതിവിശുദ്ധസ്ഥലം പുകകൊണ്ട് നിറഞ്ഞു; ഏഴ് ദൂതന്മാരുടെ ബാധ ഏഴും പൂർത്തിയാകുവോളം അതിവിശുദ്ധസ്ഥലത്ത് പ്രവേശിക്കുവാൻ ആർക്കും കഴിഞ്ഞില്ല.

16

1നിങ്ങൾ പോയി ദൈവക്രോധത്തിന്റെ പാത്രം ഏഴും ഭൂമിയിൽ ഒഴിച്ചുകളവിൻ എന്നു ഏഴ് ദൂതന്മാരോടും വിളിച്ചു പറയുന്ന ഒരു മഹാശബ്ദം അതിവിശുദ്ധ സ്ഥലത്തിൽ നിന്നു ഞാൻ കേട്ട്.

2ഒന്നാമത്തെ ദൂതൻ പോയി തന്റെ പാത്രം ഭൂമിയിൽ ഒഴിച്ചു; മൃഗത്തിന്റെ മുദ്രയുള്ളവരും അതിന്റെ പ്രതിമയെ ആരാധിച്ചവരുമായ മനുഷ്യരുടെ മേൽ നാറ്റമുണ്ടാക്കുന്ന ദുഷിച്ച വ്രണം ഉണ്ടായി.

3രണ്ടാമത്തെ ദൂതൻ തന്റെ പാത്രം സമുദ്രത്തിൽ ഒഴിച്ചു; അത് മരിച്ചവന്റെ രക്തംപോലെ ആയിത്തീർന്നു; സമുദ്രത്തിലെ ജീവജന്തു ഒക്കെയും ചത്തുപോയി.

4മൂന്നാമത്തെ ദൂതൻ തന്റെ പാത്രം നദികളിലും നീരുറവുകളിലും ഒഴിച്ചു, അവ രക്തമായിത്തീർന്നു.5അപ്പോൾ ജലത്തിനധിപനായ ദൂതൻ പറയുന്നതായി ഞാൻ കേട്ടത്: “ഇരിക്കുന്നവനും ഇരുന്നവനും വരുവാനുള്ളവനുമായ കർത്താവേ, നീ ഇങ്ങനെ ഈ ന്യായവിധി നടത്തിയതുകൊണ്ട് നീ നീതിമാൻ ആകുന്നു.6വിശുദ്ധന്മാരുടെയും പ്രവാചകന്മാരുടെയും രക്തം അവർ ഒഴുക്കിയതുകൊണ്ട് നീ അവർക്ക് രക്തം കുടിക്കുവാൻ കൊടുത്തു; അതിന് അവർ അർഹർ തന്നെ.”7അതുപോലെ യാഗപീഠത്തിൽ നിന്നും: “അതേ, സർവ്വശക്തനായ ദൈവമായ കർത്താവേ, നിന്റെ ന്യായവിധികൾ സത്യവും നീതിയുമുള്ളവ” എന്ന് പറയുന്നതായി ഞാൻ കേട്ട്.

8നാലാമത്തെ ദൂതൻ തന്റെ പാത്രം സൂര്യനിൽ ഒഴിച്ചു; അപ്പോൾ തീകൊണ്ട് മനുഷ്യരെ ചുട്ടുപൊള്ളിക്കുവാൻ അതിന് അധികാരം കൊടുത്തു.9മനുഷ്യർ കൊടുംചൂടിനാൽ വെന്തുപോയി; എങ്കിലും ഈ ബാധകളുടെമേൽ അധികാരമുള്ള ദൈവത്തിന്റെ നാമത്തെ നിന്ദിച്ചതല്ലാതെ, അവന് മഹത്വം കൊടുക്കുവാൻ തക്കവണ്ണം അവർ മാനസാന്തരപ്പെട്ടില്ല.

10അഞ്ചാമത്തെ ദൂതൻ തന്റെ പാത്രം മൃഗത്തിന്റെ ഇരിപ്പിടത്തിന്മേൽ ഒഴിച്ചു; അപ്പോൾ അതിന്റെ രാജ്യം ഇരുണ്ടുപോയി. അതിവേദനയാൽ അവർ നാവ് കടിച്ചു.11വേദനയും വ്രണങ്ങളും നിമിത്തം സ്വർഗ്ഗത്തിലെ ദൈവത്തെ നിന്ദിച്ചതല്ലാതെ അപ്പോഴും അവർ ചെയ്തിരുന്ന പ്രവൃത്തി വിട്ടു മാനസാന്തരപ്പെട്ടില്ല.

12ആറാമത്തെ ദൂതൻ തന്റെ പാത്രം യൂഫ്രട്ടീസ് എന്ന മഹാനദിയിൽ ഒഴിച്ചു: കിഴക്ക് നിന്നു വരുന്ന രാജാക്കന്മാർക്കു വഴി ഒരുങ്ങേണ്ടതിന് അതിലെ വെള്ളം വറ്റിപ്പോയി.13മഹാസർപ്പത്തിന്റെയും മൃഗത്തിന്റെയും കള്ളപ്രവാചകന്റെയും1 വായിൽനിന്ന് തവളകളെപ്പോലെ മൂന്നു അശുദ്ധാത്മാക്കൾ പുറത്തുവരുന്നത് ഞാൻ കണ്ട്.14ഇവ ഭൂതലത്തിലെങ്ങും ഉള്ള രാജാക്കന്മാരെ ഒക്കെയും സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിന് കൂട്ടിച്ചേർക്കുവാൻ തക്കവണ്ണം അത്ഭുതങ്ങൾ ചെയ്തുകൊണ്ട് അവരുടെ അടുക്കലേക്ക് ചെല്ലുന്ന ഭൂതാത്മാക്കൾ തന്നേ. —
15ജാഗ്രതയായിരിക്ക! ഞാൻ കള്ളനെപ്പോലെ വരും; സൂക്ഷിച്ച് തന്റെ വസ്ത്രം വൃത്തിയായി കാത്തുകൊള്ളുന്നവൻ ഭാഗ്യവാൻ. അല്ലെങ്കിൽ, അവർ നഗ്നരായി നടക്കുകയും മറ്റുള്ളവർ അവരുടെ ലജ്ജ കാണുകയും ചെയ്യും.16അവൻ അവരെ എബ്രായഭാഷയിൽ ഹർമ്മഗെദ്ദോൻ2 എന്നു പേരുള്ള സ്ഥലത്ത് കൂട്ടിക്കൊണ്ട് വന്നു.

17ഏഴാമത്തെ ദൂതൻ തന്റെ പാത്രം ആകാശത്തിൽ ഒഴിച്ചു; അപ്പോൾ: ചെയ്തു തീർന്നു എന്നു പറയുന്ന ഒരു മഹാശബ്ദം സിംഹാസനത്തിൽ നിന്നും അതിവിശുദ്ധസ്ഥലത്ത് നിന്നും പുറപ്പെട്ടു.18അപ്പോൾ ശബ്ദകോലാഹലങ്ങളും ഇടിമുഴക്കവും മിന്നലുകളും ഭൂമിയിൽ മനുഷ്യർ ഉണ്ടായതുമുതൽ ഇന്നോളം ഉണ്ടായിട്ടില്ലാത്തതുമായ വലുതായൊരു ഭൂകമ്പവും ഉണ്ടായി.19മഹാനഗരം മൂന്ന് ഭാഗമായി പിരിഞ്ഞു; ജാതികളുടെ പട്ടണങ്ങളും വീണു പോയി; അപ്പോൾ ദൈവക്രോധത്തിന്റെ തീഷ്ണതയുള്ള മദ്യം നിറഞ്ഞിരിക്കുന്ന പാനപാത്രം കൊടുക്കുവാൻ തക്കവണ്ണം മഹാബാബിലോണിനെ ദൈവം ഓർത്തു.
20സകലദ്വീപും ഓടി മറഞ്ഞു; പർവ്വതങ്ങൾ കാണ്മാനില്ലാതെയായി.21മനുഷ്യരുടെ മേൽ ആകാശത്ത് നിന്നും വലിയ കൽമഴ പെയ്ത്. ഓരോ കല്ലിനും ഒരു താലന്ത്3 ഭാരം ഉണ്ടായിരുന്നു. കൽമഴയുടെ ബാധ ഏറ്റവും കഠിനമായിരുന്നതുകൊണ്ട് മനുഷ്യർ ആ ബാധനിമിത്തം ദൈവത്തെ ദുഷിച്ചു.


1 16:13 കള്ളപ്രവാചകന്‍-ഭൂമിയില്‍ നിന്ന് കയറി വന്ന രണ്ടാമത്തെ മൃഗം,ref വെളിപ്പാട് 13:1
2 16:16 ഹര്‍മ്മഗദോന്‍-Heb മഗിദ്ദോന്‍-കുന്ന്
3 16:21 ഒരു താലന്തോളം 40 കിലോഗ്രാം.

17

1ഏഴ് പാത്രമുള്ള ഏഴ് ദൂതന്മാരിൽ ഒരുവൻ വന്നു എന്നോട് സംസാരിച്ച് പറഞ്ഞത്: “വരിക, ഭൂമിയിലെ രാജാക്കന്മാർ വേശ്യാവൃത്തി ചെയ്ത്, തന്റെ വേശ്യാവൃത്തിയുടെ മദ്യത്താൽ2ഭൂവാസികളെ മത്തരാക്കി പെരുവെള്ളത്തിന്മീതെ ഇരിക്കുന്ന മഹാവേശ്യയുടെ ന്യായവിധി ഞാൻ നിനക്ക് കാണിച്ചുതരാം.”

3ആ ദൂതൻ എന്നെ ആത്മാവിൽ മരുഭൂമിയിലേക്ക് കൊണ്ടുപോയി. അപ്പോൾ ഏഴ് തലകളും പത്തു കൊമ്പുകളും ഉള്ള, ദൂഷണനാമങ്ങൾ നിറഞ്ഞു കടുഞ്ചുവപ്പുള്ളൊരു മൃഗത്തിന്മേൽ ഒരു സ്ത്രീ ഇരിക്കുന്നത് ഞാൻ കണ്ട്.4ആ സ്ത്രീ ധൂമ്രവർണ്ണവും കടുഞ്ചുവപ്പ് നിറവും ഉള്ള വസ്ത്രം ധരിച്ചു പൊന്നും രത്നവും മുത്തും അണിഞ്ഞവളായി, അവളുടെ വേശ്യാവൃത്തിയുടെ മ്ലേച്ഛതയും അശുദ്ധിയും നിറഞ്ഞ സ്വർണ്ണപാനപാത്രം കയ്യിൽ പിടിച്ചിരുന്നു.5മർമ്മം: മഹതിയാം ബാബിലോൺ; വേശ്യകളുടേയും ഭൂമിയിലെ മ്ലേച്ഛതകളുടെയും മാതാവ് എന്നൊരു പേർ അവളുടെ നെറ്റിയിൽ എഴുതീട്ടുണ്ട്.
6വിശുദ്ധന്മാരുടെ രക്തവും യേശുവിനു വേണ്ടി സാക്ഷികളായവരുടെ രക്തവും കുടിച്ച് സ്ത്രീ മത്തയായിരിക്കുന്നതു ഞാൻ കണ്ട്; അവളെ കണ്ടപ്പോൾ, ഞാൻ അത്യന്തം ആശ്ചര്യപ്പെട്ടു.7ദൂതൻ എന്നോട് പറഞ്ഞത്: നീ ആശ്ചര്യപ്പെടുന്നത് എന്ത്? ഈ സ്ത്രീയുടെയും ഏഴ് തലയും പത്തു കൊമ്പും ഉള്ള അവളെ ചുമക്കുന്ന മൃഗത്തിന്റെയും അർത്ഥം ഞാൻ നിനക്ക് വിശദീകരിച്ചു തരാം.
8നീ കണ്ട മൃഗമോ ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതും ഇനി അഗാധഗർത്തത്തിൽനിന്നും കയറി നാശത്തിലേക്കു പോകുവാൻ ഉള്ളതും ആകുന്നു; ലോകസ്ഥാപനം മുതൽ ജീവപുസ്തകത്തിൽ പേർ എഴുതപ്പെടാതിരിക്കുന്ന ഭൂവാസികൾ ഒക്കെയും, ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതും വരുവാനുള്ളതുമായ മൃഗത്തെ കാണുമ്പോൾ അതിശയിക്കും.
9ഇവിടെ ജ്ഞാനമുള്ള മനസ്സ് ആവശ്യം; തല ഏഴും സ്ത്രീ ഇരിക്കുന്ന ഏഴ് മലകളാകുന്നു.10അവ ഏഴ് രാജാക്കന്മാരും ആകുന്നു; അഞ്ചുരാജാക്കന്മാർ വീണുപോയി; ഒരുവൻ ഉണ്ട്; മറ്റൊരുവൻ ഇതുവരെ വന്നിട്ടില്ല; അവൻ വരുമ്പോൾ, അവന് അല്പകാലം ഇരിക്കേണ്ടിവരും.
11ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതുമായ മൃഗം എട്ടാമത്തവനും എഴുവരിൽ ഒരുവനും നാശത്തിലേക്കു പോകുന്നവനും ആകുന്നു.
12നീ കണ്ട പത്തു കൊമ്പുകളും ഇതുവരെ രാജത്വം പ്രാപിച്ചിട്ടില്ലാത്ത പത്തു രാജാക്കന്മാർ; എന്നാൽ അവർ മൃഗത്തോടു കൂടെ ഒരു നാഴിക നേരത്തേക്ക് രാജാക്കന്മാരേപ്പോലെ അധികാരം പ്രാപിക്കും.13ഇവർ ഒരേ മനസ്സുള്ളവർ; അവർ അവരുടെ ശക്തിയും അധികാരവും മൃഗത്തിന് ഏല്പിച്ചുകൊടുക്കും.14അവർ കുഞ്ഞാടിനെതിരെ യുദ്ധം ചെയ്യും; എന്നാൽ താൻ കർത്താധികർത്താവും രാജാധിരാജാവും ആയതുകൊണ്ട് കുഞ്ഞാട് അവരുടെ മേൽ ജയം പ്രാപിക്കും. അവനോട് കൂടെയുള്ളവർ തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരും എന്ന് വിളിക്കപ്പെടും
15ദൂതൻ എന്നോട് പറഞ്ഞത്: നീ കണ്ടതും വേശ്യ ഇരിക്കുന്നതുമായ വെള്ളം വംശങ്ങളും ജനങ്ങളും ജാതികളും ഭാഷകളും അത്രേ.
16നീ കണ്ട മൃഗത്തിന്മേലുള്ള കൊമ്പുകളും വേശ്യയെ വെറുക്കുകയും അവർ അവളെ നിർമ്മൂലവും നഗ്നയുമാക്കി അവളുടെ മാംസം തിന്നുകളയുകയും അവളെ തീകൊണ്ട് ചുട്ടുകളയുകയും ചെയ്യും.17ദൈവത്തിന്റെ വചനം നിവൃത്തിയാകുവോളം, ദൈവഹിതം നടത്തുന്നതിന്, മൃഗത്തിനു ഏല്പിച്ചു കൊടുക്കുവാൻ തക്കവണ്ണം ദൈവം അവരുടെ ഹൃദയങ്ങളിൽ ആലോചന നൽകി.
18നീ കണ്ട സ്ത്രീയോ ഭൂരാജാക്കന്മാരുടെ മേൽ വാഴുന്ന മഹാനഗരം തന്നേ.

18

1ഈ സംഭവങ്ങൾക്കുശേഷം വലിയ അധികാരമുള്ള മറ്റൊരു ദൂതൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങി വരുന്നത് ഞാൻ കണ്ട്; അവന്റെ തേജസ്സിനാൽ ഭൂമി മുഴുവനും പ്രകാശിച്ചു.2അവൻ ഉറക്കെ വിളിച്ചുപറഞ്ഞത്: “വീണുപോയി! മഹതിയാം ബാബിലോൺ വീണുപോയി; അവൾ ഭൂതങ്ങളുടെ പാർപ്പിടവും സകല അശുദ്ധാത്മാക്കളുടെയും വാസസ്ഥലവും അശുദ്ധിയും അറപ്പുമുണ്ടാക്കുന്ന സകലപക്ഷികളുടെയും താവളവുമായിത്തീർന്നിരിക്കുന്നു.3അവളുടെമേൽ വേശ്യാവൃത്തിയുടെ ക്രോധമദ്യം സകലജാതികളും കുടിച്ചിരിക്കുന്നു; ഭൂമിയിലെ രാജാക്കന്മാർ അവളോട് വേശ്യാസംഗം ചെയ്തു; ഭൂമിയിലെ വ്യാപാരികൾ അവളുടെ അതിമോഹത്താൽ സമ്പന്നരായിത്തീർന്നു.”

4പിന്നെ വേറൊരു ശബ്ദം സ്വർഗ്ഗത്തിൽ നിന്നു പറയുന്നതായി ഞാൻ കേട്ട്: എന്റെ ജനങ്ങളേ, അവളുടെ പാപങ്ങളിൽ പങ്കാളികളാകാതെയും അവളുടെ ബാധകൾ ഒന്നും തന്നെ തട്ടാതെയുമിരിപ്പാൻ അവളെ വിട്ടു പോരുവിൻ.5അവളുടെ പാപം സ്വർഗ്ഗത്തോളം കൂമ്പാരമായിരിക്കുന്നു; അവളുടെ ദുഷ്കർമ്മങ്ങൾ ദൈവം ഓർത്തിട്ടുമുണ്ട്.6അവൾ നിങ്ങൾക്ക് ചെയ്തതുപോലെ നിങ്ങൾ അവൾക്കും പകരം ചെയ്‌വിൻ; അവളുടെ പ്രവൃത്തികൾക്കു തക്കവണ്ണം അവൾക്ക് ഇരട്ടിയിരട്ടിയായി പകരം കൊടുക്കുവിൻ; അവൾ നിറച്ചു തന്ന പാനപാത്രത്തിൽ തന്നെ അവൾക്ക് ഇരട്ടി നിറച്ചു കൊടുക്കുവിൻ;
7അവൾ എത്രത്തോളം തന്നെത്താൻ പുകഴ്ത്തി മോഹപരവശയായി ജീവിച്ചുവോ, അത്രത്തോളം പീഢയും ദുഃഖവും അവൾക്ക് കൊടുക്കുവിൻ. രാജ്ഞിയായി ഞാൻ ഇരിക്കുന്നു; ഞാൻ വിധവയല്ല; ഞാൻ ഒരിക്കലും ദുഃഖം കാണുകയില്ല എന്നു അവൾ ഹൃദയംകൊണ്ട് പറയുന്നു.8അതുകൊണ്ട് മരണം, വിലാപം, ക്ഷാമം എന്നിങ്ങനെ അവളുടെ ബാധകൾ ഒരു ദിവസത്തിൽ തന്നേ വരും; അവളെ തീയിൽ ഇട്ട് നിശേഷം ചുട്ടുകളയും; അവളെ ന്യായം വിധിക്കുന്ന ദൈവമായ കർത്താവ് ശക്തനല്ലോ.
9അവളോട് കൂടെ വേശ്യാസംഗം ചെയ്ത് മോഹപരവശരായിരുന്ന ഭൂരാജാക്കന്മാർ അവളുടെ ദഹനത്തിന്റെ പുക കണ്ട് അവളെച്ചൊല്ലി മുറയിടുകയും വിലപിക്കുകയും ചെയ്യും.10അവളുടെ പീഢ കണ്ട് ഭയപ്പെട്ട് ദൂരെ നിന്നു കൊണ്ട്, മഹാനഗരമായ ബാബിലോണേ, ബലമേറിയ പട്ടണമേ, കഷ്ടം, കഷ്ടം!, ഒരു മണിക്കൂറുകൊണ്ടു നിന്റെ ന്യായവിധി വന്നല്ലോ എന്നു പറയും
11പൊന്നു, വെള്ളി, രത്നം, മുത്ത്, നേരിയ തുണി, ധൂമ്ര വസ്ത്രം, പട്ട്, കടുഞ്ചുവപ്പ്, ചന്ദനത്തരങ്ങൾ,12ആനക്കൊമ്പുകൊണ്ടുള്ള സകലവിധ പാത്രങ്ങൾ, വിലയേറിയ മരം പിച്ചള ഇരുമ്പ് മർമ്മരക്കല്ല് എന്നിവ കൊണ്ടുള്ള സകല സാമാനങ്ങളും,13ലവംഗം, സുഗന്ധദ്രവ്യങ്ങൾ, ലേപനങ്ങൾ, ധൂപവർഗ്ഗങ്ങൾ, വീഞ്ഞ്, എണ്ണ, നേരിയ മാവു, കോതമ്പ്, കന്നുകാലി, ആട്, കുതിര, രഥങ്ങൾ, അടിമകൾ, മാനുഷപ്രാണൻ എന്നിങ്ങനെ അവളുടെ ചരക്കുകൾ ഇനി ആരും വാങ്ങായ്കയാൽ ഭൂമിയിലെ വ്യാപാരികൾ അവളെച്ചൊല്ലി കരഞ്ഞു വിലപിക്കും.
14നിന്റെ മുഴുശക്തിയോടെ നീ ഏറ്റവും കൊതിച്ച കായ്കനികൾ നിനക്ക് നഷ്ടമായി; നിന്റെ സ്വാദിഷ്ട ഭോജ്യങ്ങളും അവയുടെ രുചിയും ഇല്ലാതെയായി; നീ ഇനി ഒരിക്കലും അവ കാണുകയില്ല.
15ഈ സാധനങ്ങളെകൊണ്ട് അവളാൽ സമ്പന്നരായ വ്യാപാരികൾ അവളുടെ പീഢ കണ്ട് ഭയപ്പെട്ട് കരഞ്ഞും അലമുറയിട്ടും കൊണ്ട് ദൂരത്ത് മാറിനിൽക്കും:16നേരിയ തുണിയും ധൂമ്രവർണ്ണവും കടുഞ്ചുവപ്പും ധരിച്ച് പൊന്നും രത്നവും മുത്തും അണിഞ്ഞ മഹാനഗരമേ, കഷ്ടം, കഷ്ടം! ഇത്രവലിയ സമ്പത്ത് ഒരു മണിക്കൂറുകൊണ്ടു നശിച്ചുപോയല്ലോ എന്നു അവർ പറയും.17എല്ലാ കപ്പിത്താന്മാരും ഓരോ ദിക്കിലേക്കും കപ്പലേറി പോകുന്നവരും നാവികരും കടലിൽ വ്യാപാരം ചെയ്യുന്നവരൊക്കെയും
18ദൂരത്തുനിന്ന് അവളുടെ ദഹനത്തിന്റെ പുക കണ്ടപ്പോൾ, ഈ മഹാനഗരത്തോട് തുല്യമായി മറ്റേത് നഗരം ഉണ്ട്? എന്ന് നിലവിളിച്ചുപറഞ്ഞു.19അവർ തലയിൽ പൂഴി വാരിയിട്ടുംകൊണ്ട്: കടലിൽ കപ്പലുള്ളവർക്കെല്ലാം തന്റെ ധനത്താൽ സമ്പത്ത് വർദ്ധിപ്പിച്ച മഹാനഗരമേ, കഷ്ടം, കഷ്ടം! ഒറ്റ മണിക്കൂറുകൊണ്ടു അവൾ നശിച്ചു പോയല്ലോ എന്നു പറഞ്ഞ് അവർ വിലപിച്ചും നിലവിളിച്ചും കരഞ്ഞു.20സ്വർഗ്ഗമേ, വിശുദ്ധ അപ്പൊസ്തലന്മാരും പ്രവാചകന്മാരുമേ, ആനന്ദിക്ക! ദൈവം നിങ്ങൾക്കുവേണ്ടി അവളോട് പ്രതികാരം നടത്തിയല്ലോ.

21പിന്നെ, ശക്തനായൊരു ദൂതൻ തിരികല്ല് പോലെ വലിയ ഒരു കല്ല് എടുത്തു സമുദ്രത്തിൽ എറിഞ്ഞു പറഞ്ഞത്: ഇങ്ങനെ ബാബിലോൺ എന്ന മഹാനഗരത്തെ ശക്തിയോടെ എറിഞ്ഞുകളയും; ഇനി അതിനെ ഒരിക്കലും കാണുകയില്ല.22വീണ വായിക്കുന്നവരുടെയും, സംഗീതക്കാരുടെയും, കുഴലൂത്തുകാരുടെയും, കാഹളക്കാരുടെയും സ്വരം നിന്നിൽ ഇനി ഒരിക്കലും കേൾക്കുകയില്ല; ഒരു തരത്തിലുമുള്ള കൗശലപ്പണിക്കാരും നിന്നിൽ ഇനി കാണുകയില്ല; തിരികല്ലിന്റെ ഒച്ച ഒരിക്കലും നിന്നിൽ കേൾക്കുകയുമില്ല.
23വിളക്കിന്റെ വെളിച്ചം ഇനി നിന്നിൽ പ്രകാശിക്കുകയില്ല; മണവാളന്റെയും മണവാട്ടിയുടെയും സ്വരം ഇനി നിന്നിൽ കേൾക്കുകയില്ല; നിന്റെ വ്യാപാരികൾ ഭൂമിയിലെ മഹത്തുക്കൾ ആയിരുന്നു; നിന്റെ മന്ത്രവാദത്താൽ എല്ലാ ജാതികളും വഞ്ചിക്കപ്പെട്ടിരുന്നു.24പ്രവാചകന്മാരുടെയും വിശുദ്ധന്മാരുടെയും ഭൂമിയിൽവെച്ചു കൊല ചെയ്യപ്പെട്ട എല്ലാവരുടെയും രക്തം അവളിൽ അല്ലോ കണ്ടത്.

19

1ഈ സംഭവങ്ങൾക്ക് ശേഷം സ്വർഗ്ഗത്തിൽ വലിയൊരു പുരുഷാരത്തിന്റെ മഹാഘോഷം ഞാൻ കേട്ട്: “ഹല്ലെലൂയ്യാ!1 രക്ഷയും മഹത്വവും ബഹുമാനവും ശക്തിയും നമ്മുടെ ദൈവത്തിനുള്ളത്.2തന്റെ വേശ്യാവൃത്തികൊണ്ട് ഭൂമിയെ വഷളാക്കിയ മഹാവേശ്യയെ അവൻ ന്യായം വിധിച്ചതുകൊണ്ട് അവന്റെ ന്യായവിധികൾ സത്യവും നീതിയുമുള്ളവ. അവൾ ചൊരിഞ്ഞ അവന്റെ ദാസന്മാരുടെ രക്തത്തിന് അവൻ പ്രതികാരം ചെയ്തു. “

3അവർ രണ്ടാംപ്രാവശ്യം, ഹല്ലെലൂയ്യാ! എന്ന് പാടി. അവളിൽ നിന്നും പുക എന്നെന്നേക്കും പൊങ്ങിക്കൊണ്ടിരുന്നു.4ഇരുപത്തിനാല് മൂപ്പന്മാരും നാല് ജീവികളും, ‘ആമേൻ, ഹല്ലെലൂയ്യാ!’ എന്നു പറഞ്ഞു സിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെ വീണു നമസ്കരിച്ചു.
5അവന്റെ ദൈവത്തിന്റെ സകലദാസന്മാരും അവനെ ഭയപ്പെടുന്നവരുമായി ചെറിയവരും വലിയവരും ആയുള്ളോരേ, അവനെ വാഴ്ത്തുവിൻ എന്നു പറയുന്നൊരു ശബ്ദം സിംഹാസനത്തിൽ നിന്നു പുറപ്പെട്ടു.
6അപ്പോൾ വലിയ പുരുഷാരത്തിന്റെ ഘോഷംപോലെയും പെരുവെള്ളത്തിന്റെ ഇരച്ചിൽപോലെയും തകർത്ത ഇടിമുഴക്കംപോലെയും പറയുന്നത് ഞാൻ കേട്ട്; ഹല്ലെലൂയ്യാ! പരിപൂർണ്ണാധികാരി ആയ ദൈവമായ കർത്താവ് വാഴുന്നു.
7നമുക്ക് സന്തോഷിക്കാം, ആനന്ദിക്കാം അവന് ബഹുമാനം കൊടുക്കാം. കുഞ്ഞാടിന്റെ കല്യാണം വനന്നിരിക്കുന്നു. അവന്റെ മണവാട്ടിയും തന്നെത്താൻ ഒരുങ്ങിയിരിക്കുന്നു.8അവളെ ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രം കൊണ്ട് അലങ്കരിക്കുവാൻ അനുവാദം ലഭിച്ചിരിക്കുന്നു; ആ വിശേഷവസ്ത്രം വിശുദ്ധന്മാരുടെ നീതിപ്രവൃത്തികൾ തന്നേ.
9അവൻ എന്നോട് പറഞ്ഞത്: ഇതു എഴുതുക, കുഞ്ഞാടിന്റെ കല്യാണസദ്യയ്ക്ക് ക്ഷണിക്കപ്പെട്ടവർ ഭാഗ്യവാന്മാർ; “ഇതു ദൈവത്തിന്റെ സത്യവചനങ്ങൾ ആകുന്നു.”എന്നും അവൻ എന്നോട് പറഞ്ഞു.10ഞാൻ അവനെ നമസ്കരിക്കേണ്ടതിന് അവന്റെ കാല്ക്കൽ വീണു; എന്നാൽ അവൻ എന്നോട് പറഞ്ഞത്: “നീ അത് ചെയ്യരുത്; ഞാൻ നിനക്കും യേശുവിനെകുറിച്ചു സാക്ഷ്യം ഉള്ള നിന്റെ സഹോദരന്മാർക്കും കൂട്ടുദാസനത്രേ; ദൈവത്തെ ആരാധിക്ക; പ്രവചനത്തിന്റെ ആത്മാവ് എന്നത് യേശുവിനെകുറിച്ചുള്ള സാക്ഷ്യം തന്നേ.”

11പിന്നെ സ്വർഗ്ഗം തുറന്നിരിക്കുന്നത് ഞാൻ കണ്ട്; ഞാൻ നോക്കിയപ്പോൾ ഒരു വെള്ളക്കുതിര; അതിന്മേൽ ഇരിക്കുന്നവന് വിശ്വസ്തനും സത്യവാനും എന്നു പേർ, അവൻ നീതിയോടെ ന്യായം വിധിക്കുകയും പോരാടുകയും ചെയ്യുന്നു.12അവന്റെ കണ്ണ് അഗ്നിജ്വാലപോലെ; അവന്റെ തലയിൽ അനേകം കിരീടങ്ങൾ; അവനല്ലാതെ മറ്റാർക്കും അറിഞ്ഞുകൂടാതെ എഴുതപ്പെട്ടിട്ടുള്ള ഒരു നാമവും അവനുണ്ട്.13രക്തത്തിൽ മുക്കിയിരിക്കുന്ന ഒരു അങ്കിയും അവൻ ധരിച്ചിരിക്കുന്നു; ദൈവവചനം എന്നു അവന് പേർ പറയുന്നു.
14സ്വർഗ്ഗത്തിലെ സൈന്യം ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിച്ച് വെള്ളക്കുതിരകളുടെ പുറത്തു അവനെ അനുഗമിച്ചു.15ജാതികളെ വെട്ടേണ്ടതിന് അവന്റെ വായിൽ നിന്നു മൂർച്ചയുള്ള ഒരു പുറപ്പെടുന്നു. ഇരുമ്പുകോൽ കൊണ്ട് അവൻ അവരെ ഭരിക്കും; സർവ്വശക്തനായ ദൈവത്തിന്റെ ക്രോധവും കോപാഗ്നിയുമായ മുന്തിരിച്ചക്ക് അവൻ മെതിക്കുന്നു.16രാജാധിരാജാവും കർത്താധികർത്താവും എന്നൊരു നാമം അവന്റെ അങ്കിമേലും തുടമേലും എഴുതിയിരിക്കുന്നു.

17ഒരു ദൂതൻ സൂര്യനിൽ നില്ക്കുന്നതു ഞാൻ കണ്ട്; അവൻ ആകാശത്തുകൂടി പറക്കുന്ന സകല പക്ഷികളോടും: “ദൈവത്തിന്റെ വലിയ അത്താഴത്തിന് വന്നുകൂടുവിൻ,18രാജാക്കന്മാരുടെ മാംസവും സേനാധിപന്മാരുടെ മാംസവും വീരന്മാരുടെ മാംസവും കുതിരകളുടെയും അതിന്റെ പുറത്തു ഇരിക്കുന്നവരുടെയും മാംസവും സ്വതന്ത്രന്മാരും അടിമകളും ചെറിയവരും വലിയവരുമായ സകലമനുഷ്യരുടെയും മാംസവും ഭക്ഷിക്കുവിൻ” എന്നു ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.

19കുതിരപ്പുറത്തിരിക്കുന്നവനോടും അവന്റെ സൈന്യത്തോടും യുദ്ധം ചെയ്‌വാൻ മൃഗവും ഭൂമിയിലെ രാജാക്കന്മാരും അവരുടെ സൈന്യങ്ങളും ഒന്നിച്ച് കൂടിയത് ഞാൻ കണ്ട്.20മൃഗത്തെയും അതിന്റെ മുമ്പാകെ താൻ ചെയ്ത അടയാളങ്ങളാൽ മനുഷ്യരെ ചതിച്ച് മൃഗത്തിന്റെ മുദ്ര ഏല്പിക്കുകയും അതിന്റെ പ്രതിമയെ ആരാധിപ്പിക്കുകയും ചെയ്ത കള്ളപ്രവാചകനെയും പിടിച്ച് കെട്ടി. അവർ ഇരുവരെയും ഗന്ധകം കത്തുന്ന തീപ്പൊയ്കയിൽ ജീവനോടെ തള്ളിക്കളഞ്ഞു.
21ശേഷിച്ചവർ കുതിരപ്പുറത്തിരിക്കുന്നവന്റെ വായിൽ നിന്നു പുറപ്പെട്ട വാളിനാൽ കൊല്ലപ്പെട്ടു, അവരുടെ മാംസം സകല പക്ഷികളും തിന്ന് തൃപ്തരായി.


1 19:1 ഹലെ്ലലൂയ്യ-ദൈവത്തിനു സ്തുതി

20

1പിന്നെ ഒരു ദൂതൻ അഗാധഗർത്തത്തിന്റെ താക്കോലും വലിയ ഒരു ചങ്ങലയും പിടിച്ചുകൊണ്ടു സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങി വരുന്നത് ഞാൻ കണ്ട്.2അവൻ പിശാചും സാത്താനും എന്ന പഴയ പാമ്പായ മഹാസർപ്പത്തെ പിടിച്ച് ആയിരം വർഷത്തേക്ക് ബന്ധിച്ചു.3ആയിരം വർഷക്കാലം ജാതികളെ വഞ്ചിക്കാതിരിപ്പാൻ ദൂതൻ അവനെ അഗാധഗർത്തത്തിലേക്ക് തള്ളിയിട്ട് അടച്ചുപൂട്ടുകയും മീതെ മുദ്രയിടുകയും ചെയ്തു. അതിന്റെ ശേഷം അല്പസമയത്തേക്ക് അവനെ അഴിച്ചുവിടേണ്ടതാകുന്നു.

4പിന്നെ ഞാൻ സിംഹാസനങ്ങളെയും അവയിൽ ഇരിക്കുന്നവരെയും കണ്ട്; ന്യായം വിധിപ്പാനുള്ള അധികാരം അവർക്ക് കൊടുത്തു; യേശുവിന്റെ സാക്ഷ്യവും ദൈവവചനവും നിമിത്തം തലയറുക്കപ്പെട്ട്, മൃഗത്തെയോ അതിന്റെ പ്രതിമയെയോ ആരാധിക്കാതെ നെറ്റിയിലോ കൈമേലോ അവന്റെ മുദ്ര ഏൽക്കാതിരുന്നവരുടെ ആത്മാക്കളെയും ഞാൻ കണ്ട്; അവർ ജീവിച്ചു ആയിരം വർഷം ക്രിസ്തുവിനോടുകൂടി വാണു.
5ശേഷം മരിച്ചവർ ആയിരം വർഷക്കാലം ജീവിച്ചില്ല. ഇതു ഒന്നാമത്തെ പുനരുത്ഥാനം.6ഒന്നാമത്തെ പുനരുത്ഥാനത്തിൽ പങ്കുള്ളവൻ ഭാഗ്യവാനും വിശുദ്ധനും ആകുന്നു; ഇങ്ങനെയുള്ളവരുടെ മേൽ രണ്ടാം മരണത്തിന് അധികാരം ഇല്ല; അവർ ദൈവത്തിനും ക്രിസ്തുവിനും പുരോഹിതന്മാരായി ക്രിസ്തുവിനോടുകൂടെ ആയിരം വർഷം വാഴും.

7ആയിരം വർഷം കഴിയുമ്പോഴോ സാത്താനെ തടവിൽ നിന്നു മോചിപ്പിക്കും.8അവൻ ഭൂമിയുടെ നാല് ദിക്കിലുമുള്ള ജാതികളായി, ഗോഗ്, മാഗോഗ് എന്നിവരെ, വഞ്ചന ചെയ്തുകൊണ്ട്, യുദ്ധത്തിനായി കൂട്ടിച്ചേർക്കേണ്ടതിന് പുറപ്പെടും. അവർ സംഖ്യയിൽ കടല്പുറത്തെ മണൽ പോലെ ആയിരുന്നു.
9അവർ ഭൂമിയിൽ പരക്കെ ചെന്ന് വിശുദ്ധന്മാരുടെ പാളയത്തെയും പ്രിയനഗരത്തെയും വളഞ്ഞു. എന്നാൽ സ്വർഗ്ഗത്തിലെ ദൈവത്തിൽ നിന്ന് തീ ഇറങ്ങി അവരെ ദഹിപ്പിച്ചുകളഞ്ഞു.10അവരെ വഞ്ചിച്ച പിശാചിനെ, മൃഗവും കള്ളപ്രവാചകനും ഉള്ള ഗന്ധകത്തീപ്പൊയ്കയിലേക്ക് തള്ളിയിട്ടു; അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം അനുഭവിക്കേണ്ടിവരും.

11പിന്നെ ഞാൻ വലിയൊരു വെള്ള സിംഹാസനവും അതിൽ ഇരിക്കുന്നവനെയും കണ്ട്; അവന്റെ സന്നിധിയിൽനിന്ന് ഭൂമിയും ആകാശവും ഓടിപ്പോയി; അവയ്ക്ക് അവിടെ സ്ഥാനമില്ലായിരുന്നു.12വലിയവരും ചെറിയവരുമായ മരിച്ചവർ സിംഹാസനത്തിന്റെ മുമ്പിൽ നില്ക്കുന്നതു ഞാൻ കണ്ട്; പുസ്തകങ്ങൾ തുറന്നു; ജീവന്റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളിൽ എഴുതിയിരുന്നതിന് ഒത്തവണ്ണം മരിച്ചവർക്ക് അവർ ചെയ്ത പ്രവൃത്തികൾക്കുള്ള ന്യായവിധി ഉണ്ടായി.
13സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; അവർ ഓരോരുത്തനും അവനവൻ ചെയ്ത പ്രവൃത്തികൾക്കനുസരിച്ച് ന്യായവിധി ഉണ്ടായി.14മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു. ഇതു രണ്ടാമത്തെ മരണം1 .15ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും.


1 20:14 രണ്ടാമത്തെ മരണം-നിത്യമരണം

21

1പിന്നെ ഞാൻ പുതിയ ഒരു ആകാശവും പുതിയ ഒരു ഭൂമിയും കണ്ട്; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഇല്ലാതെ ആയി; സമുദ്രവും ഇനിമേൽ ഇല്ല.2ഭർത്താവിനായി അണിയിച്ചൊരുക്കിയ മണവാട്ടിയെപ്പോലെ പുതിയ യെരൂശലേം എന്ന വിശുദ്ധനഗരം സ്വർഗ്ഗത്തിൽ, ദൈവസന്നിധിയിൽനിന്ന് തന്നേ, ഇറങ്ങി വരുന്നത് ഞാൻ കണ്ട്.

3സിംഹാസനത്തിൽനിന്ന് ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടത്: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ തന്നെ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും.4അവൻ അവരുടെ കണ്ണിൽ നിന്നു കണ്ണുനീർ എല്ലാം തുടച്ചുകളയും. ഇനിമേൽ മരണമോ ദുഃഖമോ കരച്ചിലോ വേദനയോ ഉണ്ടാവുകയില്ല; മുമ്പിലുണ്ടായിരുന്നത് കഴിഞ്ഞുപോയി.
5സിംഹാസനത്തിൽ ഇരിക്കുന്നവൻ എന്നോട് പറഞ്ഞത്: ഇതാ, ഞാൻ സകലവും പുതിയതാക്കുന്നു. അവൻ എന്നോട് പറഞ്ഞത്: എഴുതുക; ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു.6പിന്നെയും അവൻ എന്നോട് അരുളിച്ചെയ്തത്: അത് സംഭവിച്ചുതീർന്നു; ഞാൻ അല്ഫയും ഓമേഗയും ആദിയും അന്തവും ആകുന്നു; ദാഹിക്കുന്നവന് ജിവനീരുറവിൽ നിന്നു സൗജന്യമായി ഞാൻ കൊടുക്കും.
7ജയിക്കുന്നവൻ എല്ലാം അവകാശമാക്കും; ഞാൻ അവന് ദൈവവും അവൻ എനിക്ക് മകനുമായിരിക്കും.8എന്നാൽ ഭീരുക്കൾക്കും, അവിശ്വാസികൾക്കും, അറപ്പുണ്ടാക്കുന്നവർക്കും, കുലപാതകന്മാർക്കും, ദുർന്നടപ്പുകാർക്കും, ക്ഷുദ്രക്കാർക്കും, ബിംബാരാധികൾക്കും, ഭോഷ്കുപറയുന്ന ഏവർക്കും ഉള്ള പങ്ക്, തീയും ഗന്ധകം കത്തുന്ന തീപൊയ്കയിലത്രെ; ഇതു രണ്ടാമത്തെ മരണം.1

9അന്ത്യബാധകൾ ഏഴും നിറഞ്ഞ ഏഴ് പാത്രങ്ങൾ ഉണ്ടായിരുന്ന ഏഴ് ദൂതന്മാരിൽ ഒരുവൻ എന്റെ അടുക്കൽ വന്നു പറഞ്ഞത്: “ഇവിടെ വരിക, ഞാൻ കുഞ്ഞാടിന്റെ കാന്തയാകുവാനുള്ള മണവാട്ടിയെ കാണിച്ചുതരാം. “10അവൻ എന്നെ ആത്മാവിൽ ഉയർന്നതും വലിയതും ആയ ഒരു മലയിൽ കൊണ്ടുപോയി, വിശുദ്ധ യെരൂശലേമെന്ന വലിയ നഗരം സ്വർഗ്ഗത്തിൽനിന്ന്, ദൈവസന്നിധിയിൽനിന്ന് തന്നേ, ദൈവമഹത്വത്തോടെ ഇറങ്ങി വരുന്നത് എനിക്ക് കാണിച്ചുതന്നു.
11അതിന്റെ ജ്യോതിസ്സ് ഏറ്റവും വിലയേറിയ രത്നത്തിന് തുല്യമായി സ്ഫടികസ്വച്ഛമായുള്ള സൂര്യകാന്തംപോലെ ആയിരുന്നു.12അതിന് വലിയ ഉയരമുള്ള മതിലും പന്ത്രണ്ട് വാതിലുകളും, വാതിലുകളിൽ പന്ത്രണ്ട് ദൂതന്മാരും ഉണ്ട്; യിസ്രായേൽ മക്കളുടെ പന്ത്രണ്ട് ഗോത്രങ്ങളുടെയും പേരുകൾ വാതിലുകളിൽ കൊത്തീട്ടും ഉണ്ടായിരുന്നു.13കിഴക്ക് മൂന്നു വാതിലുകൾ, വടക്കു മൂന്നു വാതിലുകൾ, തെക്ക് മൂന്നു വാതിലുകൾ പടിഞ്ഞാറു മൂന്നു വാതിലുകൾ.
14നഗരത്തിന്റെ മതിലിന് പന്ത്രണ്ട് അടിസ്ഥാനങ്ങളും അവയിൽ കുഞ്ഞാടിന്റെ പന്ത്രണ്ട് അപ്പൊസ്തലന്മാരുടെ പേരുകളും ഉണ്ട്.15എന്നോട് സംസാരിച്ചവന് നഗരത്തെയും അതിന്റെ വാതിലുകളെയും അതിന്റെ മതിലിനെയും അളക്കേണ്ടതിന് ഒരു സ്വർണ്ണകോൽ ഉണ്ടായിരുന്നു.
16നഗരം സമചതുരമായി കിടക്കുന്നു; അതിന്റെ വീതിയും നീളവും സമം. അളവുകോൽകൊണ്ട് അവൻ നഗരത്തെ അളന്നു; ആയിരത്തിരുനൂറ് നാഴിക; അതിന്റെ നീളവും വീതിയും ഉയരവും സമം തന്നേ.17അവൻ അതിന്റെ മതിലും അളന്നു; നൂറ്റിനാല്പത്തിനാല് മുഴം ഘനം; മനുഷ്യന്റെ അളവിന് എന്നുവച്ചാൽ ദൂതന്റെ അളവിന് തന്നേ.
18മതിലിന്റെ പണി സൂര്യകാന്തവും നഗരം സ്വച്ഛസ്ഫടികത്തിനൊത്ത തങ്കവും ആയിരുന്നു.19മതിലിന്റെ അടിസ്ഥാനങ്ങൾ സകലവിധ രത്നങ്ങളുംകൊണ്ട് അലങ്കരിച്ചിരുന്നു; ഒന്നാം അടിസ്ഥാനം സൂര്യകാന്തം രണ്ടാമത്തേത് നീലരത്നം, മൂന്നാമത്തേതു മാണിക്യം, നാലാമത്തേത് മരതകം,20അഞ്ചാമത്തേത് സ്ഫടികക്കല്ല്, ആറാമത്തേത് ചുവപ്പുകല്ല്, ഏഴാമത്തേത് ചന്ദ്രകാന്തം, എട്ടാമത്തേത് ഗോമേദകം, ഒമ്പതാമത്തേത് പുഷ്യരാഗം, പത്താമത്തേത് വൈഡൂര്യം, പതിനൊന്നാമത്തേത് പത്മരാഗം, പന്ത്രണ്ടാമത്തേത് സുഗന്ധിരത്നം.
21പന്ത്രണ്ട് വാതിലുകളൂം പന്ത്രണ്ട് മുത്ത്; ഓരോ വാതിലും ഓരോ മുത്തുകൊണ്ടുള്ളതും നഗരത്തിന്റെ വീഥികൾ സ്വച്ഛസ്ഫടികത്തിന് തുല്യമായ തങ്കവും ആയിരുന്നു.22ഒരു ആലയവും നഗരത്തിൽ ഞാൻ കണ്ടില്ല; സർവ്വശക്തനായ ദൈവമായ കർത്താവും കുഞ്ഞാടും അതിന്റെ ആലയം ആകുന്നു.
23ദൈവതേജസ്സ് നഗരത്തെ പ്രകാശിപ്പിച്ചിരുന്നതുകൊണ്ട് അതിൽ സൂര്യന്റേയോ ചന്ദ്രന്റേയോ ആവശ്യമില്ലായിരുന്നു; കുഞ്ഞാടും അതിന്റെ വിളക്കു ആകുന്നു.24രക്ഷിയ്ക്കപ്പെട്ട ജാതികൾ അതിന്റെ വെളിച്ചത്തിൽ നടക്കും; ഭൂമിയിലെ രാജാക്കന്മാർ അവരുടെ മഹത്വവും ബഹുമാനവും അതിലേക്ക് കൊണ്ടുവരും.25അതിന്റെ വാതിലുകൾ പകൽക്കാലത്ത് അടയ്ക്കുകയില്ല; രാത്രി അവിടെ ഇല്ലല്ലോ.
26അവർ ജാതികളുടെ മഹത്വവും ബഹുമാനവും അതിലേക്ക് കൊണ്ടുവരും.27കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേർ എഴുതിയിരിക്കുന്നവരല്ലാതെ2 അശുദ്ധി ഉണ്ടാക്കുന്നതോ, ഏതെങ്കിലും ചതിവോ മ്ലേച്ഛതയോ പ്രവർത്തിക്കുന്നതോ ആയ ഒന്നും തന്നെ അതിൽ കടക്കുകയില്ല.


1 21:8 രണ്ടാമത്തെ മരണം-നിത്യ മരണം
2 21:27 ജീവപുസ്തകത്തിൽ പേരില്ലെങ്കിൽ അതിൽ കടക്കുകയില്ല എന്ന അർത്ഥത്തിലാണ് ഈ പ്രയോഗം.

22

1പിന്നെ അവൻ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തിൽ നിന്നും പുറപ്പെടുന്ന പളുങ്കുപോലെ നിർമ്മലമായ ജീവജലനദി എന്നെ കാണിച്ചു.2അതിന്റെ വിധിയുടെ നടുവിൽ നദിയ്ക്ക് ഇക്കരെയും അക്കരെയും ജീവവൃക്ഷം ഉണ്ടായിരുന്നു; അത് പന്ത്രണ്ടുവിധം ഫലം കായിച്ച് മാസംതോറും അതത് ഫലം കൊടുത്തിരുന്നു; വൃക്ഷത്തിന്റെ ഇലകൾ ജാതികൾക്ക് രോഗശാന്തിക്കു നൽകിയിരുന്നു.

3യാതൊരു ശാപവും ഇനി ഉണ്ടാകയില്ല; ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം അതിൽ ഇരിക്കും; അവന്റെ ദാസന്മാർ അവനെ സേവിക്കും.4അവർ അവന്റെ മുഖംകാണും; അവന്റെ പേർ അവരുടെ നെറ്റിയിൽ ഉണ്ടായിരിക്കും.5ഇനി രാത്രി അവിടെ ഉണ്ടാകയില്ല; ദൈവമായ കർത്താവ് അവർക്ക് പ്രകാശം നൽകുന്നതുകൊണ്ട് വിളക്കിന്റെ വെളിച്ചമോ സൂര്യപ്രകാശമോ അവർക്ക് ആവശ്യമില്ല. അവർ എന്നെന്നേക്കും വാഴും.

6അവൻ എന്നോട്: ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു; വിശുദ്ധ പ്രവാചകന്മാരുടെ കർത്താവായ ദൈവം വേഗത്തിൽ സംഭവിപ്പാനുള്ളത് തന്റെ ദാസന്മാരെ കാണിക്കേണ്ടതിന് തന്റെ ദൂതനെ അയച്ചു.7ഇതാ, ഞാൻ വേഗം വരുന്നു; ഈ പുസ്തകത്തിലെ പ്രവചനത്തിന്റെ വചനങ്ങളെ കാത്തുകൊള്ളുന്നവൻ ഭാഗ്യവാൻ.

8യോഹന്നാൻ എന്ന ഞാൻ ഈ കാര്യങ്ങൾ എല്ലാം കാണുകയും കേൾക്കുകയും ചെയ്തു. ഞാൻ കേൾക്കുകയും കാൺകയും ചെയ്തപ്പോൾ അത് എനിക്ക് കാണിച്ചുതന്ന ദൂതനെ നമസ്കരിക്കേണ്ടതിന് ഞാൻ കാൽക്കൽ വീണു.9അവൻ എന്നോട്: നീ അത് ചെയ്യരുത്: ഞാൻ നിന്റെയും നിന്റെ സഹോദരന്മാരായ പ്രവാചകന്മാരുടേടെയും ഈ പുസ്തകത്തിലെ വചനം അനുസരിക്കുന്നവരുടെയും ഉള്ള കൂട്ടുദാസനത്രേ; ദൈവത്തെ ആരാധിക്ക എന്നു പറഞ്ഞു.

10അവൻ എന്നോട് പറഞ്ഞത്: സമയം അടുത്തിരിക്കുകയാൽ ഈ പുസ്തകത്തിലെ പ്രവചനത്തിന്റെ വചനങ്ങളെ മുദ്രയിടരുതു.11അനീതിയുള്ളവൻ ഇനിയും അനീതി ചെയ്യട്ടെ; മ്ലേച്ഛനായവൻ ഇനിയും മ്ലേച്ഛനായിരിക്കട്ടെ; നീതിമാൻ ഇനിയും നീതിമാനായിരിക്കട്ടെ; വിശുദ്ധൻ ഇനിയും വിശുദ്ധനായിരിക്കട്ടെ.
12ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തനും അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുക്കുവാൻ പ്രതിഫലം എന്റെ അടുക്കൽ ഉണ്ട്.13ഞാൻ അല്ഫയും ഓമേഗയും ആരംഭവും അവസാനവും ആദിയും അന്ത്യവും ആകുന്നു.
14ജീവന്റെ വൃക്ഷത്തിൽ പങ്ക് ലഭിക്കേണ്ടതിനും വാതിലുകളിൽ കൂടി നഗരത്തിൽ കടക്കേണ്ടതിനും അവന്‍റെ പ്രമാണങ്ങളെ അനുസരിക്കുന്നവരായ തങ്ങളുടെ വസ്ത്രങ്ങളെ അലക്കുന്നവര്‍ 1 ഭാഗ്യവാന്മാർ.15നായ്ക്കളും ക്ഷുദ്രക്കാരും ദുർന്നടപ്പുകാരും കുലപാതകന്മാരും ബിംബാരാധികളും വ്യാജത്തെ ഇഷ്ടപ്പെടുകയും പ്രവർത്തിക്കയും ചെയ്യുന്ന എല്ലാവരും പുറത്തു തന്നെ.

16സഭകളിൽ ഈ കാര്യങ്ങൾ സാക്ഷീകരിക്കേണ്ടതിന് യേശു എന്ന ഞാൻ എന്റെ ദൂതനെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു; ഞാൻ ദാവീദിന്റെ വേരും വംശവും തേജസ്സുള്ള ഉദയനക്ഷത്രവുമാകുന്നു.

17വരിക എന്നു ആത്മാവും മണവാട്ടിയും പറയുന്നു; കേൾക്കുന്നവനും വരിക എന്നു പറയട്ടെ; ദാഹിക്കുന്നവൻ വരട്ടെ; ആശിക്കുന്നവൻ ജീവജലം സൗജന്യമായി വാങ്ങട്ടെ.

18ഈ പുസ്തകത്തിലെ പ്രവചനത്തിന്റെ വാക്കുകൾ കേൾക്കുന്ന ഏവനോടും ഞാൻ സാക്ഷീകരിക്കുന്നത്: അതിനോട് ആരെങ്കിലും കൂട്ടിയാൽ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ബാധകൾ ദൈവം അവന് വരുത്തും.19ഈ പ്രവചന പുസ്തകത്തിലെ വചനങ്ങളിൽ നിന്നു ആരെങ്കിലും എന്തെങ്കിലും നീക്കിക്കളഞ്ഞാൽ ജീവന്റെ പുസ്തകത്തിലേയും വിശുദ്ധനഗരത്തിലേയും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന മറ്റെല്ലാത്തിലേയും അവനുള്ള ഓഹരി ദൈവം നീക്കിക്കളയും.

20ഈ കാര്യങ്ങളെ സാക്ഷീകരിക്കുന്നവൻ അരുളിച്ചെയ്യുന്നത്: തീർച്ചയായും, ഞാൻ വേഗം വരുന്നു. ആമേൻ, അതെ, കർത്താവായ യേശുവേ, വരേണമേ.

21കർത്താവായ യേശുവിന്റെ കൃപ നിങ്ങളോടെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ; ആമേൻ.


1 22:14 തങ്ങളുടെ വസ്ത്രങ്ങളെ അലക്കുന്നവര്‍-പ്രമാണങ്ങളെ അനുസരിക്കുന്നവര്‍